Showing posts with label കിനാലൂര്‍. Show all posts
Showing posts with label കിനാലൂര്‍. Show all posts

Wednesday, June 5, 2013

കിനാലൂര്‍ കേസ് പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയത് റൂറല്‍ എസ് പി

ബാലുശേരി: ഡിവൈഎസ്പി ഉള്‍പ്പെടെ 12 പൊലീസുകാര്‍ക്ക് നേരെ മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയും ചാണകവെള്ളം തളിക്കുകയും ചെയ്ത കിനാലൂര്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തരവകുപ്പിന് നിര്‍ദേശം നല്‍കിയത് റൂറല്‍ എസ് പി. ഇത് പൊലീസുകാര്‍ക്കിടയില്‍ കടുത്ത അമര്‍ഷത്തിനിടയാക്കി. 2010 മെയ് ആറിനാണ് കിനാലൂരില്‍ സര്‍വെക്കെത്തിയ ഉദ്യോഗസ്ഥ സംഘത്തെ കോണ്‍ഗ്രസ്-ലീഗ്-ബിജെപി-സോളിഡാരിറ്റി സംഘടനകളുടെ നേതൃത്വത്തില്‍ തടഞ്ഞത്. കേരളത്തിന്റെ സമര ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത രൂപത്തില്‍ പൊലീസിനു നേരെ ചാണകം തളിക്കുകയും അന്നത്തെ താമരശേരി ഡിവൈഎസ്പി കുബേരന്‍ നമ്പൂതിരിയുടെ തലക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇന്നത്തെ ബാലുശേരി എസ്ഐ എന്‍ സുനില്‍കുമാറിനും അക്രമത്തില്‍ പരിക്കേറ്റിരുന്നു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്, ബിജെപി ജില്ലാ കമ്മിറ്റി അംഗം, സോളിഡാരിറ്റി പ്രവര്‍ത്തകരും തുടങ്ങി 60ഓളം പേര്‍ കേസില്‍ പ്രതികളായിരുന്നു.
സാധാരണയായി കേസ് തീര്‍ക്കുമ്പോള്‍ കേസിലെ പ്രതികളോ പ്രതികള്‍ക്കുവേണ്ടി വക്കീലോ ഹാജരാവണമെന്നാണ് ചട്ടം. എന്നാല്‍ കിനാലൂര്‍ കേസില്‍ ഇതൊന്നുമില്ലാതെ പ്രത്യേക താല്‍പര്യപ്രകാരം കേസ് പിന്‍വലിക്കുകയായിരുന്നു. മാര്‍ച്ച് 16നാണ് കേസ് പിന്‍വലിച്ചതായി ഉത്തരവിറങ്ങിയത്. കോണ്‍ഗ്രസിനകത്തെ ഗ്രൂപ്പ് പോരും കേസ് പിന്‍വലിക്കുന്നതിന് ആക്കംകൂട്ടി. യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന ഒരു വിഭാഗത്തിന്റെ നിലപാടും ഇതിന് ആക്കം കൂട്ടിയതാണെന്നാണ് സൂചന. കിനാലൂര്‍ കെഎസ്ഐഡിസി ഭൂമിയില്‍ വ്യവസായ വികസനം ലക്ഷ്യമാക്കിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ റോഡ് നിര്‍മിക്കാന്‍ ശ്രമം തുടങ്ങിയത്. കിനാലൂരിലെ വികസനം അട്ടിമറിക്കാനാണ് ജനജാഗ്രത സമിതിയുണ്ടാക്കി യുഡിഎഫും ബിജെപിയും സോളിഡാരിറ്റിയും ശ്രമിച്ചത്.

deshabhimani

Wednesday, August 8, 2012

195 കോടിയുടെ മതിപ്പുവിലയും സര്‍ക്കാര്‍ പരിഗണിച്ചില്ല


കിനാലൂര്‍ എസ്റ്റേറ്റ് വില്‍പനക്ക് സര്‍ക്കാര്‍ നിശ്ചയിച്ച വില മതിപ്പുവിലയിലും (ഫെയര്‍വാല്യൂ) 150 കോടി രൂപ കുറവ്. സര്‍ക്കാര്‍ നിശ്ചയിച്ച മതിപ്പുവില പ്രകാരം എസ്റ്റേറ്റിന് 195 കോടി രൂപയാണ് കണക്കാക്കിയിരുന്നത്. ഇത് കണക്കാക്കാതെയാണ് എസ്റ്റേറ്റ് 40 കോടിക്ക് വന്‍കിടകൃഷിക്കാര്‍ക്ക് കൈമാറാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ മുമ്പ് നിശ്ചയിച്ച മതിപ്പുവില നല്‍കാമെന്ന് വന്‍കിടതോട്ടമുടമകള്‍ സമ്മതിച്ചിരുന്നു. എന്നാല്‍ അതും തള്ളിയാണ് എസ്റ്റേറ്റ് വില്‍പനക്ക് സര്‍ക്കാര്‍ കളമൊരുക്കുന്നത്. എസ്റ്റേറ്റിനു 700 കോടി രൂപയാണ് വിപണി വില കണക്കാക്കിയിട്ടുള്ളത്. ഈ ഭൂമിക്ക് ഏക്കറിന് 50 ലക്ഷം വിലയുണ്ടെന്ന് കോടതിയില്‍ കൃഷിക്കാര്‍ സമര്‍പ്പിച്ച രേഖകളിലുണ്ട്.

എസ്റ്റേറ്റുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിളിച്ച വിവിധയോഗങ്ങളിലുണ്ടാക്കിയ ധാരണയും അതിന്റെ മിനുട്സുമെല്ലാം അഴിമതിക്ക് തെളിവാണ്. എസ്റ്റേറ്റിന് ഫെയര്‍വാല്യു അടയ്ക്കാന്‍ തയ്യാറാണെന്ന് കൃഷിക്കാര്‍ അറിയിച്ചിരുന്നു. ഈ വര്‍ഷം ജനുവരി 24ന് തിരുവനന്തപുരത്ത് വിളിച്ച യോഗത്തിലാണ് കര്‍ഷകര്‍ ഫെയര്‍വാല്യു അടയ്ക്കാമെന്ന് അറിയിച്ചത്. ഫെയര്‍വാല്യു കുറയ്ക്കാന്‍ സന്നദ്ധമല്ലെങ്കില്‍ ആ തുക അടയ്ക്കാന്‍ തയ്യാറാണെന്നാണ് എഴുതി അറിയിച്ചത്. സര്‍ക്കാര്‍ നിശ്ചയിക്കുന്ന തുക മന്ത്രിക്ക് കൈമാറാമെന്ന് ഔദ്യോഗികമായി അറിയിച്ചശേഷവും ഇളവുനല്‍കി.

എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ച് ഉത്തരവിട്ടപ്പോള്‍ കൈയേറ്റക്കാരായി ആരോപിക്കപ്പെട്ട കൃഷിക്കാരുടെ കാര്യം പരിഗണിച്ചിരുന്നില്ല. ഇത് സംബന്ധിച്ച് കോടതിയില്‍ കേസുള്ളതടക്കം മാനിച്ചായിരുന്നു ഈ നടപടി. തൊഴിലാളികളുടെ താല്‍പര്യം പൂര്‍ണമായി ഉറപ്പാക്കിയാണ് 2010-ല്‍ സര്‍ക്കാര്‍ എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ ഉത്തരവിട്ടത്. ഈ തീരുമാനം മറയാക്കിയാണ് യുഡിഎഫ് സര്‍ക്കാര്‍ കച്ചവടത്തിന് കോപ്പുകൂട്ടുന്നത്. ജനുവരി 24ന് വിളിച്ച യോഗത്തില്‍ തൊഴിലാളി സംഘടനാപ്രതിനിധികളെ വിളിച്ചില്ല. വന്‍കിട ഭൂവുടമകള്‍ മാത്രമാണ് പങ്കെടുത്തത്. കൈയേറ്റക്കാരെന്ന് ആരോപിക്കപ്പെട്ട പി കെ സി അഹമ്മദ്കുട്ടി, ജോസ് കൈനടി, മാര്‍ടിന്‍ തോമസ് തുടങ്ങിയവരും അവരുടെ അഭിഭാഷകരുമുള്‍പ്പെടെ19 പേര്‍ യോഗത്തിലുണ്ടായി. ഭരണകക്ഷിനേതാക്കളും മന്ത്രി ബന്ധുക്കളും ഇതില്‍പ്പെടും.
(പി വി ജീജോ)

deshabhimani 080812

Tuesday, August 7, 2012

700 കോടിയുടെ കിനാലൂര്‍ എസ്റ്റേറ്റ് 40 കോടിക്ക് വില്‍ക്കുന്നു


കഴിഞ്ഞ സര്‍ക്കാര്‍ ഏറ്റെടുത്ത 2400 ഏക്കറുള്ള കിനാലൂര്‍ എസ്റ്റേറ്റ് തുച്ഛമായ വിലയ്ക്ക് വന്‍കിട ഭൂവുടമകള്‍ക്ക് വില്‍ക്കുന്നു. മുഖ്യമന്ത്രിയുടെ മുന്‍കൈയില്‍ ഭൂവുടമകളുടെ യോഗം ചേര്‍ന്നാണ് കൈമാറ്റം തീരുമാനിച്ചത്. 700 കോടിയോളം രൂപ വിലമതിക്കുന്ന ഭൂമി 40 കോടി രൂപക്ക് കൈമാറാനാണ് ധാരണ. കിനാലൂര്‍ റബ്ബര്‍ എസ്റ്റേറ്റ് കൈയേറിയതായി ആരോപണം നേരിടുന്ന കൃഷിക്കാര്‍ക്കാണ് ഭൂമി കൈമാറുന്നത്.

ഭൂപരിഷ്കരണനിയമം അട്ടിമറിച്ച് എസ്റ്റേറ്റ് മുറിച്ചുവില്‍ക്കാനും അനുമതിയുണ്ട്. മുഖ്യമന്ത്രിയുടെ പ്രത്യേക താല്‍പര്യത്തിലാണ് തീരുമാനം. ഇതിനു പിന്നില്‍ വന്‍അഴിമതി ആരോപണമുയര്‍ന്നിട്ടുണ്ട്. കര്‍ഷകരില്‍നിന്ന് വന്‍തോതില്‍ പണപ്പിരിവും ആരംഭിച്ചു. ഭൂമിവിലയില്‍ കുറവ് വരുത്തുന്നതിന് പുറമെ വില്‍പനയ്ക്ക് നികുതിയിളവ്, ആദായനികുതിയിളവ് എന്നിവ അനുവദിക്കാനും ധാരണയായി. എല്‍ഡിഎഫ് സര്‍ക്കാര്‍ 2010-ല്‍ തൊഴിലാളികളുടെയടക്കം താല്‍പര്യം സംരക്ഷിച്ചാണ് കിനാലൂര്‍ എസ്റ്റേറ്റ് ഏറ്റെടുത്തത്. തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരമായി നല്‍കേണ്ട ഭൂമിയും ലഭ്യമാക്കിയായിരുന്നു ഏറ്റെടുക്കലിന് ഇടതുമുന്നണി സര്‍ക്കാര്‍ തീരുമാനിച്ചത്. അന്നത്തെ ഉത്തരവ് നിലനില്‍ക്കെയാണ് സര്‍ക്കാര്‍ വന്‍കിടക്കാര്‍ക്കായി ഇപ്പോള്‍ നിയമവിരുദ്ധമായ തീരുമാനമെടുത്തത്. കിനാലൂരിലെ 987.27 ഹെക്ടറിന്റെ ഉടമസ്ഥര്‍ ദി കൊച്ചിന്‍ മലബാര്‍ എസ്റ്റേറ്റ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ (ലിമിറ്റഡ് ) കമ്പനിയാണ്. ഇവര്‍ എസ്റ്റേറ്റിന്റെ വില്‍പനക്കുണ്ടാക്കിയ കരാര്‍ റദ്ദാക്കി പത്രപരസ്യം നല്‍കിയതാണ്. ഇത് അവഗണിച്ചാണ് മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ച് കൈമാറ്റത്തിന് ധാരണയുണ്ടാക്കിയത്്. നിയമസഭാസമ്മേളനത്തിനിടെ ജൂലൈയില്‍ തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍ കൈമാറ്റം വേഗത്തിലാക്കാന്‍ തീരുമാനിച്ചു. തൊഴിലാളി സംഘടനാപ്രതിനിധികളെ ഒഴിവാക്കി തോട്ടമുടമകളുടെ പ്രതിനിധികളെ മാത്രം പങ്കെടുപ്പിച്ചായിരുന്നു ചര്‍ച്ച. ഈ വര്‍ഷം മാര്‍ച്ച് 20-നാണ് കിനാലൂര്‍ എസ്റ്റേറ്റ് കൈമാറാന്‍ സര്‍ക്കാര്‍ ആദ്യം യോഗം വിളിച്ചത്. മുമ്പ് കൃഷിക്കാര്‍ കമ്പനിക്ക് നല്‍കിയ 16 കോടിക്ക് പുറമെ 24 കോടി രൂപയും 2009 മുതല്‍ ഏഴ് ശതമാനം പലിശയും നല്‍കിയാല്‍ ഭൂമി രജിസ്റ്റര്‍ ചെയ്ത് കൈമാറാനായിരുന്നു യോഗതീരുമാനം. കൂടാതെ ഭൂമി വിലയും വിപണിവിലയും തമ്മിലുള്ള വ്യത്യാസത്തിന് രജിസ്ട്രേഷന്‍ നികുതി ഒഴിവാക്കും. നികുതിയിളവുകളിലൂടെ പൊതുഖജനാവിന് കോടികള്‍ നഷ്ടമാക്കുന്ന തീരുമാനമാണ് എടുത്തത്. തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരമായി നല്‍കേണ്ട ഭൂമിയുടെ രജിസ്ട്രേഷന്‍ ത്വരിതപ്പെടുത്താനാണ് എസ്റ്റേറ്റ് വില്‍പനക്ക് തീരുമാനമെന്നാണ് അന്നത്തെ യോഗതീരുമാനമായി രേഖപ്പെടുത്തിയത്.

മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, ആര്യാടന്‍ മുഹമ്മദ്, ഷിബുബേബിജോണ്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. ഭൂമി തുണ്ടംതുണ്ടമായി മുറിച്ചുകൊടുക്കാനും യോഗം തീരുമാനിച്ചു. തോട്ടങ്ങള്‍ മുറിച്ചുവില്‍ക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രിമാരും മുഖ്യമന്ത്രിയും ആവര്‍ത്തിച്ച് പറയുന്നതിനിടെയാണ് ഈ നടപടി. കിനാലൂര്‍ എസ്റ്റേറ്റ് വന്‍കിടക്കാരായ ചിലര്‍ക്ക് കൈമാറാന്‍ ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവായിരിക്കെ പലതവണ മധ്യസ്ഥനായി ഇടപെട്ടിരുന്നു. ഈ ആക്ഷേപം ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ തീരുമാനം. മുഖ്യമന്ത്രി നേരിട്ട് എസ്റ്റേറ്റ് വില്‍പനക്ക് നടപടികള്‍ ആരംഭിച്ചതോടെ കൃഷിക്കാരില്‍നിന്ന് വന്‍തോതില്‍ പണപ്പിരിവ് തുടങ്ങി. വന്‍കിട തോട്ടമുടമയും മുസ്ലിംലീഗുകാരനായ ജനപ്രതിനിധിയുമാണ് പിരിവിന് നേതൃത്വം നല്‍കുന്നത്.
(പി വി ജീജോ )

deshabhimani 070812

Thursday, May 31, 2012

കിനാലൂര്‍ അക്രമം: കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നീക്കം


ബാലുശേരി: കിനാലൂര്‍ വ്യവസായ കേന്ദ്രത്തിലേക്കുള്ള റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് സര്‍വേക്കെത്തിയ ഉദ്യോഗസ്ഥരെയും സംരക്ഷണത്തിന് വന്ന പൊലീസിനെയും ആക്രമിച്ച വധശ്രമം ഉള്‍പ്പെടെയുള്ള കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നീക്കം. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ബാലുശേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത നാല് കേസുകളാണ് പിന്‍വലിക്കാന്‍ നീക്കമുള്ളത്. ശക്തമായ രാഷ്ട്രീയ സമ്മര്‍ദത്തിന് വഴങ്ങിയാണ് കേസ് പിന്‍വലിക്കാന്‍ ആഭ്യന്തരവകുപ്പ് തയ്യാറാകുന്നത്. കേസ് ഫയല്‍ ആഭ്യന്തരവകുപ്പിന് നല്‍കിയതായാണ് സൂചന.

കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റും ജമാഅത്തെ ഇസ്ലാമിയുടെ പ്രാദേശിക നേതാക്കളും ഉള്‍പ്പെടുന്ന കേസ് പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സമ്മര്‍ദമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് സമ്മേളനത്തിന് ബാലുശേരിയിലെത്തിയ കെപിസിസി പ്രസിഡന്റ് ചെന്നിത്തലയോട് കേസ് പിന്‍വലിക്കണമെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് കിനാലൂരില്‍ പുതിയ വ്യവസായ സംരംഭം തുടങ്ങുന്നതിനുള്ള ശ്രമമാരംഭിച്ചത്. ഇതിനാവശ്യമായ റോഡ്നിര്‍മാണത്തിന് സര്‍ക്കാര്‍ സര്‍വെ നടപടികളാരംഭിച്ചിരുന്നു.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ വ്യവസായ നയത്തെ തകിടംമറിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് യുഡിഎഫ് - സോളിഡാരിറ്റി സംഘടനകള്‍ ചേര്‍ന്ന് ജനജാഗ്രതാ സമിതി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയത്. 2010 മെയ് ആറിന് കിനാലൂര്‍ ഏഴുകണ്ടിയില്‍ സര്‍വേക്കെത്തിയ ഉദ്യോഗസ്ഥരെയും സംരക്ഷണത്തിനുവന്ന പൊലീസുദ്യോഗസ്ഥരെയുമാണ് ആക്രമിച്ചത്. താമരശേരി ഡിവൈഎസ്പി കുബേരന്‍ നമ്പൂതിരിയുടെ തലയ്ക്ക് അടിയേറ്റ് ഗുരുതര പരിക്കേറ്റിരുന്നു. നിരവധി പൊലീസുദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിരുന്നു. ഉന്നത പൊലീസുദ്യോഗസ്ഥന്റെ തല അടിച്ചുപൊട്ടിച്ചിട്ടും യുഡിഎഫ് നേതൃത്വത്തിന്റെ സമ്മര്‍ദത്തിന് വഴങ്ങി കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് തയ്യാറാവുകയാണ്.

deshabhimani 310512

Tuesday, January 4, 2011

കിനാലൂരില്‍നിന്ന് ആദ്യയൂണിറ്റ്

കോഴിക്കോട്: കിനാലൂര്‍ വ്യവസായ പാര്‍ക്കില്‍ ആദ്യത്തെ ഫുട് വെയര്‍ യൂണിറ്റ് ബുധനാഴ്ച തുറക്കുന്നു. പ്രമുഖ ചെരുപ്പു നിര്‍മാതാക്കളായ വികെസി ഗ്രൂപ്പിന്റേതാണ് പ്രഥമ സംരംഭം. ഡിമെസ്കോ ഫുട് കെയര്‍ ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനം ബുധനാഴ്ച വൈകിട്ട് നാലിന് മന്ത്രി എളമരം കരീം ഉദ്ഘാടനംചെയ്യും. എ കെ ശശീന്ദ്രന്‍ എംഎല്‍എ അധ്യക്ഷനാകും.

കേരളത്തില്‍ വളരെ കുറഞ്ഞ ഉല്‍പാദനം മാത്രമുള്ള കാന്‍വാസ് ഷൂസും സ്കൂള്‍ ഷൂസ് എന്നിവയാണ് ഡിമെസ്കോയില്‍ നിര്‍മിക്കുക. കേരളത്തിന്റെ ആവശ്യങ്ങള്‍ക്ക് ആവശ്യമുള്ളത്രയും കാന്‍വാസ് ഷൂസും സ്കൂള്‍ ഷൂസും ഇപ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നാണ് കൊണ്ടുവരുന്നത്. ഇത് പരിഹരിക്കാന്‍ ഡിമെസ്കോയ്ക്കു സാധിക്കുമെന്നാണ് കരുതുന്നത്. ഒന്നര കോടി രൂപ ചെലവിലാണ് പദ്ധതി ഒരുക്കിയത്. പ്രത്യക്ഷമായും പരോക്ഷമായും നൂറ്റി ഇരുപത്തിയഞ്ചോളം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന് വികെസി ഗ്രൂപ്പ് ചെയര്‍മാന്‍ വി കെ സി മമ്മദ്കോയ പറഞ്ഞു. വര്‍ഷം ഒമ്പത് ലക്ഷം ജോടി ഷൂസ് ഉല്‍പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

വ്യവസായ മന്ത്രി എളമരം കരീം മുന്‍കൈയെടുത്താണ് കിനാലൂരില്‍ ചെറുകിട ഗ്രൂപ്പുകള്‍ തുടങ്ങാനും അതുവഴി വ്യവസായ വളര്‍ച്ചയിലേക്കുമുള്ള വാതില്‍ തുറന്നത്. നാല്‍പതോളം ചെറുകിട സ്ഥാപനങ്ങള്‍ കിനാലൂരില്‍ യൂണിറ്റ് തുടങ്ങാന്‍ ഇതിനകം സന്നദ്ധമായിട്ടുണ്ട്.

ദേശാഭിമാനി

Thursday, November 11, 2010

കിനാലൂര്‍ ഫുട്‌വെയര്‍ പാര്‍ക്കിലേക്ക് യന്ത്രങ്ങളെത്തി

ബാലുശേരി: കിനാലൂര്‍ വ്യവസായ വളര്‍ച്ചാകേന്ദ്രത്തില്‍ ആരംഭിച്ച ഫുട്‌വെയര്‍ പാര്‍ക്കിലേക്ക് ആധുനിക യന്ത്രസാമഗ്രികള്‍ എത്തിത്തുടങ്ങി. ഒരുകോടിയോളം രൂപ വിലവരുന്ന ഇവ തായ്‌വാനില്‍നിന്നാണ് എത്തിച്ചിരിക്കുന്നത്. ഡിമസ്കോ ഫുട്‌വെയര്‍ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിനുവേണ്ടിയുള്ള റോട്ടറി പി വി സി ഇന്‍ജക്ഷന്‍ സോളിങ് മെഷീനാണ് ഇവ. കൊച്ചിയില്‍നിന്ന് 40 ഫീറ്റ് കണ്ടെയ്നര്‍ ലോറിയിലാണ് കിനാലൂരിലേക്ക് ഇവയെത്തിച്ചത്. ഫുട്‌വെയര്‍ പാര്‍ക്കില്‍ ഷൂ നിര്‍മാണത്തിനെത്തിച്ച ആദ്യത്തെ മെഷീനാണിത്.

വ്യവസായ വളര്‍ച്ച ലക്ഷ്യമിട്ട് കിനാലൂരില്‍ കഴിഞ്ഞ ഏപ്രിലിലാണ് ഫുട്‌വെയര്‍ പാര്‍ക്ക് തുടങ്ങിയത്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ ഇടപെടലാണ് കിനാലൂരിന്റെ വളര്‍ച്ചക്ക് നിദാനമായതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായില്‍ കുറുമ്പൊയില്‍ പറഞ്ഞു. രണ്ട് ഘട്ടങ്ങളിലായി 50 സ്ത്രീകള്‍ ഇവിടെനിന്ന് ചെരിപ്പ് നിര്‍മാണത്തില്‍ പരിശീലനവും പൂര്‍ത്തിയാക്കി. ജില്ലാ ദാരിദ്ര്യനിര്‍മാര്‍ജന യൂണിറ്റിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും സഹകരണത്തോടെ നിലവിലുള്ള സാധ്യതകളെ പ്രയോജനപ്പെടുത്തി ഫുട്‌വെയര്‍ പാര്‍ക്കില്‍ നിരവധിപേര്‍ക്ക് തൊഴില്‍നല്‍കാന്‍ കഴിയുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

deshabhimani 111110

Monday, November 1, 2010

കിനാലൂരില്‍ എല്‍ഡിഎഫ്; മാറാട് വീണ്ടും ഇടത്തോട്ട്

കോഴിക്കോട്: കിനാലൂര്‍ നാലുവരിപ്പാതയുടെ മറവില്‍ കേരളത്തിലെ നന്ദിഗ്രാം എന്ന് മാധ്യമങ്ങളും യുഡിഎഫും അധിക്ഷേപിച്ച പനങ്ങാട് പഞ്ചായത്തില്‍ എല്‍ഡിഎഫിന് തിളക്കമാര്‍ന്ന വിജയം. എല്ലാ നുണപ്രചാരണങ്ങളെയും അവിശുദ്ധ സഖ്യത്തെയും പരാജയപ്പെടുത്തി, ആകെയുള്ള 21 വാര്‍ഡില്‍ 11ലും എല്‍ഡിഎഫ് മിന്നുന്ന വിജയം നേടി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കേരളം ഉറ്റുനോക്കിയ മണ്ണാണ് പനങ്ങാട് പഞ്ചായത്തിലെ കിനാലൂര്‍ ഗ്രാമം. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തരംഗം ആവര്‍ത്തിക്കുമെന്ന് സ്വപ്നം കണ്ടവര്‍ ഒടുക്കം നിരാശരായി. നന്ദിഗ്രാം ആവര്‍ത്തിക്കുകയാണെന്ന് അപമാനിച്ചവര്‍ക്കും കിനാലൂര്‍ വ്യവസായവികസനത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്കും തെരഞ്ഞെടുപ്പ് വിധി കനത്ത പ്രഹരമായി.

വ്യവസായപാര്‍ക്ക് അടങ്ങുന്ന നിര്‍ദിഷ്ടപ്രദേശത്തെ രണ്ട്, ആറ്, ഒന്‍പത് വാര്‍ഡുകള്‍ എല്‍ഡിഎഫ് നേടി. കിനാലൂര്‍ പ്രദേശമടങ്ങുന്ന ബ്ളോക്ക് ഡിവിഷനില്‍ എല്‍ഡിഎഫിലെ റംല 336 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. ജനകീയ ഐക്യവേദിയെന്ന ലേബലില്‍ ജമാ അത്തെ ഇസ്ളാമിയും എസ്ഡിപിഐയും യുഡിഎഫും ബിജെപിയും ചേര്‍ന്നാണ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ നേരിട്ടത്. കിനാലൂരില്‍ വ്യവസായ വികസനത്തിന് അടിസ്ഥാന സൌകര്യമുണ്ടാക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ടികളും സമ്മതിച്ചതിനാലാണ് നിര്‍ദിഷ്ട വ്യവസായ പാര്‍ക്കിലേക്കുള്ള നാലുവരിപ്പാതയ്ക്ക് സര്‍വേ തുടങ്ങിയത്. തദ്ദേശവാസികളല്ലാത്ത ക്രിമിനലുകളെ സംഘടിപ്പിച്ച് യുഡിഎഫും ചില വികസനവിരുദ്ധരും ചേര്‍ന്ന് സര്‍വേ തടയുകയും പൊലീസ് സംഘത്തെ ആക്രമിക്കുകയുമായിരുന്നു. തുടര്‍ന്നാണ് മാധ്യമങ്ങളുടെ സഹായത്തോടെ നുണക്കഥകള്‍ പ്രചരിപ്പിച്ചത്. നാടിന്റെ വികസനത്തിന് വഴിതുറക്കുന്ന സംരംഭത്തെ തടയാന്‍ ശ്രമിച്ചവര്‍ക്കെതിരെയുള്ള ജനഹിതമാണ് പനങ്ങാട്ടുണ്ടായത്.
(പി കെ സജിത്)

മാറാട് വീണ്ടും ഇടത്തോട്ട്

കോഴിക്കോട്: വര്‍ഗീയതയുടെ വിഷശരങ്ങള്‍ തീമഴയായി പെയ്ത മാറാടിന്റെ മണ്ണില്‍ സമാധാനത്തിന്റെ കുളിര്‍കാറ്റുമായി വീണ്ടും എല്‍ഡിഎഫ്. കോര്‍പ്പറേഷനിലെ 49-ാം വാര്‍ഡായ മാറാടില്‍ കോണ്‍ഗ്രസിലെ രമേഷ് നമ്പിയത്തിനെ 474 വോട്ടിന് പരാജയപ്പെടുത്തി എല്‍ഡിഎഫിലെ പൊന്നത്ത് ദേവരാജന്‍ (സിപിഐ എം) ഉജ്വലവിജയം നേടി. വര്‍ഗീയതയുടെ തീക്കനലുകള്‍ ഊതിക്കത്തിക്കാന്‍ സദാ ശ്രമിക്കുന്ന ബിജെപി ഇവിടെ മൂന്നാംസ്ഥാനത്തായി. ബേപ്പൂര്‍ പഞ്ചായത്തിലെ 1, 17, 22, വാര്‍ഡുകളിലുള്ള മാറാട് പ്രദേശമാണ് കലാപത്തിന്റെ വിളഭൂമിയായത്. ഇവിടെ 2005 ല്‍ നടന്ന ഗ്രാമപഞ്ചായത്ത്തെരഞ്ഞെടുപ്പില്‍ മൂന്നുവാര്‍ഡിലും എല്‍ഡിഎഫ് ഉജ്വലവിജയം നേടി. കൂട്ടക്കൊല നടന്ന 22ാം വാര്‍ഡില്‍ ലീഗ് സ്ഥാനാര്‍ഥിയെ 370 ന് വോട്ടിന് തോല്‍പ്പിച്ച് സിപിഐ എമ്മിലെ ടി മനോഹരി വിജയക്കൊടി നാട്ടി. 17-ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയെ 410 വോട്ടിന് തോല്‍പിച്ച് സിപിഐ എമ്മിലെ എന്‍ ശോഭനയും, ഒന്നാം വാര്‍ഡില്‍ അരയസമാജം പ്രസിഡന്റു കൂടിയായ ബിജെപിയിലെ ദേവദാസനെ 307 വോട്ടിന് തോല്‍പിച്ച് സിപിഐ എമ്മിലെ പി പീതാംബരനും മതേതരത്വത്തിന്റെ കരുത്തു തെളിയിച്ചു.

ദേശാഭിമാനി 011110

Wednesday, June 9, 2010

കിനാലൂര്‍ വികസനം- റോഡ് അത്യാവശ്യം: പനങ്ങാട് പഞ്ചായത്ത്

കോഴിക്കോട്: കിനാലൂര്‍ വ്യവസായ വികസനകേന്ദ്രത്തിലേക്ക് റോഡ് നിര്‍മിക്കേണ്ടത് അത്യാവശ്യമാണെന്ന് പനങ്ങാട് പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍. അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ക്ക് തൊഴില്‍ ലഭിക്കാന്‍ കിനാലൂരില്‍ വന്‍കിട പദ്ധതികള്‍ ഉയര്‍ന്നുവരണമെന്നത് ഗ്രാമവാസികളുടെ ചിരകാല സ്വപ്നമാണെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

15 വര്‍ഷമായി കാടുകയറിക്കിടന്നിടത്താണ് വ്യവസായകേന്ദ്രം വരുന്നത്. ഇവിടേക്ക് നല്ല റോഡ് നിര്‍മിക്കേണ്ടത് അത്യാവശ്യമാണ്. ഇതിന്റെ തെളിവാണ് സ്ഥലം കൈമാറുന്നതിന് 122 കുടുംബങ്ങള്‍ ധനമന്ത്രി മുഖേന മുഖ്യമന്ത്രിക്ക് നല്‍കിയ സമ്മതപത്രം. വട്ടോളി ബസാറില്‍നിന്ന് കിനാലൂര്‍ വരെയുള്ള റോഡ് 3.47 കി. മീറ്റര്‍ നീളത്തില്‍ 20 മീറ്റര്‍ വീതി കൂട്ടുന്നതിന് സ്ഥലം വിട്ടുകൊടുക്കാമെന്ന് ഉപാധികളോടെ നാട്ടുകാര്‍ സമ്മതിച്ചിട്ടുണ്ട്. മിക്കവര്‍ക്കും സെന്റിന് ലക്ഷം രൂപവരെ ലഭിക്കും. റോഡിന്റെ ഇരുഭാഗത്തും താമസിക്കുന്നവരും ഉടമകളുമാണിവര്‍. സര്‍ക്കാര്‍ നിര്‍ദേശിച്ച സ്പെഷ്യല്‍ പാക്കേജ് പ്രകാരം ഭൂമി നല്‍കാമെന്ന് ഉടമകള്‍ സമ്മതപത്രം നല്‍കിയിട്ടും റോഡ് നിര്‍മാണം സംബന്ധിച്ച് ചില തല്‍പരകക്ഷികള്‍ തെറ്റിദ്ധാരണ പടര്‍ത്തുകയാണ്. കടുത്ത സമ്മര്‍ദത്തെ അവഗണിച്ച് ഇത്രയും കുടുംബങ്ങള്‍ സമ്മതപത്രവും നല്‍കി. 80 ശതമാനത്തോളം പേരും ഭൂമി വിട്ടുകൊടുക്കുന്നതിന് തയ്യാറായിട്ടുണ്ട്. ശേഷിക്കുന്നവരും അനുകൂല നിലപാടിലാണ്. റോഡിനെ എതിര്‍ക്കുന്നത് ചില നിക്ഷിപ്ത താല്‍പര്യക്കാരാണ്.

ഒന്നരപ്പതിറ്റാണ്ട് മുമ്പ് അക്വയര്‍ ചെയ്യപ്പെട്ട കിനാലൂര്‍ വ്യവസായ വികസനകേന്ദ്രത്തില്‍ വ്യവസായ ശൃംഖലകള്‍ ആരംഭിക്കുന്നതിന്മുമ്പ് നിരവധി ഗ്രൂപ്പുകള്‍ മുന്നോട്ടുവന്നു. എന്നാല്‍ വെള്ളം, വൈദ്യുതി, റോഡ് ഗതാഗതം തുടങ്ങിയ അടിസ്ഥാനസൌകര്യത്തിന്റെ അഭാവംമൂലം ഇവര്‍ പിന്‍വലിഞ്ഞു. മലേഷ്യന്‍ സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള സിഐഡിബി എന്ന പൊതുമേഖലാസ്ഥാപനവും കെഎസ്ഐഡിസിയും ചേര്‍ന്ന് നടപ്പാക്കാനുദ്ദേശിച്ച് പ്രാഥമിക ധാരണാപത്രം ഒപ്പുവെച്ചതിനെത്തുടര്‍ന്ന് വെള്ളം, വൈദ്യുതി എന്നീ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്താനായി. എന്നാല്‍ റോഡിന്റെ പരിമിതിപദ്ധതിയെ വഴിമുട്ടിച്ചു. കിനാലൂരിനെ തുറമുഖനഗരവുമായി ബന്ധിപ്പിക്കാന്‍ കഴിയുന്ന റോഡിന്റെ അപര്യാപ്തത പദ്ധതികള്‍ക്ക് തടസ്സമാകുന്നു. ഈ സഹചര്യത്തിലാണ് കിനാലൂര്‍-മാളിക്കടവ് നാലുവരിപ്പാതയെന്ന ആശയം കെഎസ്ഐഡിസി മുന്നോട്ടുവെച്ചത്.

നാലുവരിപ്പാത സംബന്ധിച്ച് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ കണ്‍സള്‍ട്ടന്‍സി തയ്യാറാക്കിയ മൂന്ന് നിര്‍ദേശങ്ങള്‍ പനങ്ങാട് പഞ്ചായത്ത് ഭരണസമിതി പരിശോധിച്ചിരുന്നു. കൂടുതല്‍ കുടുംബങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാവാത്ത വിധത്തില്‍ മാളിക്കടവ്-കിനാലൂര്‍ നാലുവരിപ്പാത വരുന്നതാണ് അനുയോജ്യമെന്ന് പഞ്ചായത്ത് വിലയിരുത്തി. ഈ റോഡിന്റെ ദൈര്‍ഘ്യം 22.75 കിലോ മീറ്ററും വീതി 20 മുതല്‍ 30 മീറ്റര്‍ വരെ ആയിരിക്കണമെന്നും നിര്‍ദേശിച്ചു. കോഴിക്കോട് നിന്നും കിനാലൂരിലേക്ക് നിലവിലുള്ള റോഡില്‍ രണ്ടുഭാഗത്തായി ആറ് കി. മീറ്റര്‍ നീളത്തില്‍ റോഡിന്റെ ഇരുഭാഗത്തുനിന്നും നാല് മീറ്റര്‍ വീതം അക്വയര്‍ ചെയ്ത് 20 മീറ്റര്‍ വീതിയുള്ള റോഡായി വികസിപ്പിക്കാനാണ് ഉദ്ദേശ്യം. ശേഷിക്കുന്ന 16.75 കി. മീറ്റര്‍ നീളത്തില്‍ പുതിയ റോഡ് 30 മീറ്റര്‍ വരെ വീതിയില്‍ നിര്‍മിച്ച് നാലുവരിപ്പാത പൂര്‍ത്തിയാക്കാനും കെഎസ്ഐഡിസി ലക്ഷ്യമിടുന്നു.

ഭൂവുടമകളുടെ ആശങ്കകള്‍ അകറ്റാന്‍ ജനുവരി 25 ന് വട്ടോളിബസാറില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ വ്യവസായമന്ത്രി പദ്ധതി വിശദീകരിച്ചതാണ്. ഇതിനുമുമ്പ്, ജനുവരി 18ന് റോഡ് വികസനത്തിന് ഭൂമി വിട്ടുകൊടുക്കാന്‍ തയ്യാറാണെന്ന് ഭൂവുടമകള്‍ കലക്ടറെയും അറിയിച്ചു. തുടര്‍ന്നാണ് സര്‍വെ ആരംഭിച്ചതും ദൌര്‍ഭാഗ്യകരമായ ചില പ്രശ്നങ്ങള്‍ ഉണ്ടായതും. പ്രശ്നം പരിഹരിക്കുന്നതിന് സമവായം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് പഞ്ചായത്ത്. ഇതിന്റെ ഭാഗമായാണ് നിരവധി കുടുംബങ്ങള്‍ സമ്മതപത്രം നല്‍കിയത്. വികസനസ്വപ്നം സാക്ഷാത്കരിക്കുന്നതിന് വിവാദങ്ങള്‍ മാറ്റിവെച്ച് മുഴുവന്‍ രാഷ്ട്രീയകക്ഷി നേതാക്കളും സാമൂഹ്യ-സാംസ്കാരിക സംഘടനകളും യോജിച്ച് പ്രവര്‍ത്തിക്കണം. വാര്‍ത്താസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ബാലകൃഷ്ണന്‍, വൈസ് പ്രസിഡന്റ് ഇസ്മയില്‍ കുറുമ്പൊയില്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി എസ് ഭാരതി, പഞ്ചായത്തംഗങ്ങളായ വി വി വിജയന്‍, എം കെ സജിനി, പി കമല, ബിന്ദു, ലോഹിതാക്ഷന്‍, സ്ഥലം വിട്ടുകൊടുക്കാന്‍ സമ്മതപത്രം നല്‍കിയ അബ്ദുള്ള യൂസഫ് എന്നിവരും പങ്കെടുത്തു.

deshabhimani news

Thursday, May 27, 2010

ജമാഅത്തെ ഇസ്ളാമിയുടെ ശീര്‍ഷാസനം

ജമാഅത്തെ ഇസ്ളാമി ഏതെന്നും എന്തെന്നും കേരളീയ സമൂഹത്തിന് സംശയമില്ലാതെ അറിയാം. ആ സംഘടനയുടെ യഥാര്‍ഥ മുഖം സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തുറന്നുകാട്ടിയത് അതിന്റെ നേതാക്കളെ വിറളിപിടിപ്പിച്ചുവെന്ന് അവരുടെ സമചിത്തതയില്ലാത്ത പ്രതികരണങ്ങള്‍ ബോധ്യമാക്കുന്നു. സംഘടനയുടെ കേരള അമീര്‍ ടി ആരിഫലി മാധ്യമത്തിന്റെ ഒന്നാംപേജിലും മറ്റൊരു നേതാവ് ഉള്‍പ്പേജിലുമായി സിപിഐ എമ്മിനും പിണറായിക്കുമെതിരെ സമനിലവിട്ട ആക്രമണമാണ് അടുത്തനാള്‍ കെട്ടഴിച്ചുവിട്ടത്. അതിപ്പോഴും തുടരുന്നു. ഇതിനായി ചില പ്രത്യയശാസ്ത്രനിലപാടുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പുവിജയത്തിനായി എല്ലാ ജാതി- മത- വര്‍ഗീയതയെയും ഉപയോഗപ്പെടുത്താനാണ് പിണറായി വിജയന്‍ ആഹ്വാനം നല്‍കിയിരിക്കുന്നതെന്ന ആക്ഷേപം ആരിഫലി ഉയര്‍ത്തി.

ജാതി- മത- വര്‍ഗീയ പ്രീണനമാണ് സിപിഐ എമ്മിന്റേതെങ്കില്‍ ജമാഅത്തെ ഇസ്ളാമിയെ പേരുപറഞ്ഞ് പിണറായി വിമര്‍ശിക്കുന്നതെന്തിന്? ജമാഅത്തെ ഇസ്ളാമിയുടെ പ്രത്യയശാസ്ത്രത്തോടും നയപരിപാടിയോടും ഒരിക്കലും വിട്ടുവീഴ്ച സിപിഐ എം കാട്ടിയിട്ടില്ല; ഇടതുപക്ഷത്തെ തെരഞ്ഞെടുപ്പില്‍ സഹായിക്കുന്ന നിലപാട് അവര്‍ സ്വമേധയാ പ്രകടിപ്പിച്ച അപൂര്‍വ അവസരങ്ങളില്‍പ്പോലും. 1941ല്‍ ലാഹോറില്‍ പിറന്ന ജമാഅത്തെ ഇസ്ളാമി രാജ്യാതിര്‍ത്തികള്‍ കടന്ന വര്‍ഗീയസംഘടനയാണ്. ഇവരിപ്പോള്‍ യുഡിഎഫിന്റെ വീട്ടിലെ പൊറുതിക്കാരാകാന്‍ ഭാണ്ഡംകെട്ടി ഇറങ്ങിയിരിക്കയാണ്. അതിനായി മുസ്ളിംലീഗ് നേതാക്കളുമായി 12 തവണ രഹസ്യചര്‍ച്ച കഴിഞ്ഞു. പുതിയ മുസ്ളിംപാര്‍ടിയുണ്ടാക്കി യുഡിഎഫില്‍ ചേക്കേറാമെന്ന് ആരിഫലിയും പുതിയ പാര്‍ടി വേണ്ട ഞങ്ങളുടെ ചിറകിന്നടിയില്‍ കഴിഞ്ഞ് മുന്നണിയുടെ സ്വാദ് നുകരാമെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും. ഇതുസംബന്ധിച്ച തര്‍ക്കം തീര്‍ന്നില്ലെങ്കിലും യുഡിഎഫ് കുടിയില്‍ അന്തിയുറങ്ങാമെന്ന് ജമാഅത്തെ ഇസ്ളാമി ഉറച്ചു. ഈ രാഷ്ട്രീയ അജന്‍ഡയെ ശക്തിപ്പെടുത്താനുള്ള വാദമുഖവും വിമര്‍ശവുമാണ് ആരിഫലിയും കൂട്ടരും ഉയര്‍ത്തുന്നത്.

അതുകൊണ്ടാണ് 1987ല്‍ ഭൂരിപക്ഷസമുദായവികാരത്തെ സ്വാധീനിക്കാന്‍ പാകത്തില്‍ ഇ എം എസ് ശരീഅത്ത് വികാരം ഇളക്കിയ കാര്‍ഡ് പിണറായി പുതിയ രൂപത്തില്‍ ഇറക്കുന്നുവെന്ന് ആക്ഷേപിക്കുന്നത്. മുസ്ളിം ജനസമുദായത്തിലെ പാവപ്പെട്ടവരെയും ചിന്തിക്കുന്നവരെയും കൂടെനിര്‍ത്തിക്കൊണ്ടാണ് ആ സമുദായത്തിലെ സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി ഇ എം എസ് ശബ്ദിച്ചത്. അന്ന് 'എട്ടും കെട്ടും, പത്തും കെട്ടും, ഇ എം എസിന്റെ മോളേം കെട്ടും' എന്ന് മുദ്രാവാക്യം വിളിച്ച യാഥാസ്ഥിതികപക്ഷത്തിന്റെ കൂടെയല്ല, മുസ്ളിം സമുദായത്തിലെ പാവപ്പെട്ടവര്‍ അണിനിരന്നത്. ബഹുഭാര്യാത്വത്തിന്റെ ഇരകളായ സ്ത്രീകളടക്കം വോട്ടുചെയ്താണ് 1987ല്‍ എല്‍ഡിഎഫിനെ അധികാരത്തില്‍ എത്തിച്ചത്. അല്ലാതെ, ന്യൂനപക്ഷത്തിനെതിരെ ഭൂരിപക്ഷവികാരം ഉല്‍പ്പാദിപ്പിച്ചല്ല ഇടതുപക്ഷം വിജയം നേടിയത്. ന്യൂനപക്ഷത്തിലെയും ഭൂരിപക്ഷത്തിലെയും ആപല്‍ക്കരമായ വര്‍ഗീയതയെ നേരിടുന്നതില്‍ സിപിഐ എമ്മിന് അന്നും ഇന്നും സന്ധിയില്ല. ഈ രാഷ്ട്രീയത്തെ മറച്ചുവച്ചുകൊണ്ടാണ് ഭൂരിപക്ഷവര്‍ഗീയതയെ പ്രീണിപ്പിക്കുന്നുവെന്ന ആക്ഷേപം സിപിഐ എമ്മിനും പിണറായിക്കുമെതിരെ ഉന്നയിക്കുന്നത്.

യുഡിഎഫും ആര്‍എസ്എസും ബിജെപിയും തമ്മിലുള്ള വോട്ടുകച്ചവടത്തിന്റെയും കൂട്ടുകച്ചവടത്തിന്റെയും കഥ ബിജെപിയുടെ മുന്‍ നേതാവായിരുന്ന രാമന്‍പിള്ള തന്റെ ആത്മകഥയില്‍ പ്രതിപാദിച്ചിട്ടുണ്ട്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കും തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ യുഡിഎഫിലെ ഘടകകക്ഷിയാകാന്‍ ജമാഅത്തെ ഇസ്ളാമി പരിശ്രമിക്കുകയാണല്ലോ. അതിന്റെ ഭാഗമായ ചര്‍ച്ചയാണ് മുസ്ളിംലീഗ് നേതാക്കളും ആരിഫലി ഉള്‍പ്പെടെയുള്ളവരും കോഴിക്കോട്ട് നടത്തിയത്. ഇതിനെ തുറന്നുകാട്ടേണ്ടത് തൊഴിലാളിവര്‍ഗരാഷ്ട്രീയത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനത്തിന്റെ കടമയാണ്. അത് ചെയ്യുമ്പോള്‍ വര്‍ഗീയ- ജാതീയ ധ്രുവീകരണത്തിലൂടെ എല്‍ഡിഎഫിന് നേട്ടമുണ്ടാക്കാനുള്ള കുത്സിതശ്രമം നടത്തുന്നുവെന്ന് ആക്ഷേപിക്കുന്നത് വാദിയെ പ്രതിയാക്കലാണ്.

ഭയരഹിതരായി മനുഷ്യരെ കൊല്ലുന്നത് സാക്ഷാല്‍ ദൈവാരാധനയാണെന്നു കണ്ട മുംബൈയിലെ ഭീകരാക്രമണകാരികള്‍ക്ക് പരോക്ഷമായി തുണയേകുന്ന പ്രത്യയശാസ്ത്രവീര്യമാണ് ജമാഅത്തെ ഇസ്ളാമിയുടേത്. ഇസ്ളാം എന്ന സൌമ്യപദത്തില്‍നിന്ന് ഇസ്ളാംഭീകരത എന്ന വിഷലിപ്തമായ വര്‍ഗീയ ആശയം ഉയര്‍ത്തിക്കൊണ്ടുവരുന്നതിനും അതിനെ വര്‍ഗീയലക്ഷ്യങ്ങള്‍ക്ക് ആയുധമാക്കുന്നതിനും സമര്‍ഥമായി ഇടപെടുന്ന സംഘടനകളെ ഒറ്റപ്പെടുത്തേണ്ടത് സ്വസമുദായത്തിലെ ഭൂരിപക്ഷത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യമാണ്. അതിനനുഗുണമായ നിലപാടാണ് സിപിഐ എം സ്വീകരിക്കുന്നത്.

കഴിഞ്ഞ നിയമസഭ- ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ ജമാഅത്തെ ഇസ്ളാമി ഭാഗികമായി ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിക്കുന്നതിന് അവര്‍ പ്രഖ്യാപിച്ച ന്യായം, ആഗോളവല്‍ക്കരണത്തെയും അമേരിക്കന്‍ സാമ്രാജ്യത്വത്തെയും ഭൂരിപക്ഷവര്‍ഗീയവിപത്തിനെയും ഒറ്റപ്പെടുത്താന്‍ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തണമെന്നതായിരുന്നു. ആ നിലപാട് ഉപേക്ഷിച്ച് കോണ്‍ഗ്രസ് നയിക്കുന്ന രണ്ടാം യുപിഎ സര്‍ക്കാരിന്റെ പക്ഷത്തേക്ക് നീങ്ങാന്‍ എന്തു രാഷ്ട്രീയമാറ്റമാണ് ഇന്ത്യയില്‍ സംഭവിച്ചത്? അമേരിക്കന്‍ സാമ്രാജ്യത്വം സസ്യഭുക്കായോ? ഒന്നാം യുപിഎ സര്‍ക്കാരിന് നാലാംവര്‍ഷം ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചത് വിദേശനയത്തിന്റെയും ആണവകരാറിന്റെയും വിപത്തിന്മേലായിരുന്നല്ലോ. ബുഷ് സായ്പിനെ കണ്ടപ്പോള്‍ കവാത്ത് മറന്ന പ്രധാനമന്ത്രിയായി മന്‍മോഹന്‍സിങ് അധഃപതിച്ചു. രാജ്യത്തിന്റെ വിദേശനയം അമേരിക്കയ്ക്ക് അടിയറവച്ച് ആണവകരാറുണ്ടാക്കി. ഇടതുപക്ഷത്തിന്റെ പിന്തുണയില്ലാത്ത രണ്ടാം യുപിഎ സര്‍ക്കാര്‍ അമേരിക്കന്‍ ദാസ്യവൃത്തി യഥേഷ്ടം തുടരുന്നു. എന്നിട്ടാണ് ജമാഅത്തെ ഇസ്ളാമി യുഡിഎഫിനെ ശക്തിപ്പെടുത്താന്‍ ഇറങ്ങിയിരിക്കുന്നത്. സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ നായകനായിരുന്ന ഈജിപ്തിലെ ജമാല്‍ അബ്ദുല്‍ നാസറിനെ ഇസ്ളാമിന്റെ അന്തകനായും യുഎസ് സാമ്രാജ്യത്വത്തെ ഇസ്ളാമിന്റെ രക്ഷകനായും ചിത്രീകരിച്ച പാരമ്പര്യത്തിലേക്ക് ഈ സംഘടന മടങ്ങുകയാണോ. അഫ്ഗാനില്‍ നജീബുള്ള ഭരണത്തിനെതിരെ അമേരിക്ക നീങ്ങിയപ്പോഴും അവരുടെ പക്ഷത്തായിരുന്നുവല്ലോ ഈ ശീര്‍ഷാസനക്കാര്‍.

യഥാര്‍ഥത്തില്‍ സാമ്രാജ്യത്വത്തിനെതിരായ സമരത്തെ വര്‍ഗീയതയ്ക്കെതിരായ സമരത്തില്‍നിന്ന് വേര്‍തിരിക്കാന്‍ കഴിയില്ല. ആഗോളവല്‍ക്കരണത്തിന്റെയും വര്‍ഗീയതയുടെയും താല്‍പ്പര്യങ്ങള്‍ ഒത്തുചേരുക സ്വാഭാവികമാണ്. ഇതുവരെ ജമാഅത്തെ ഇസ്ളാമി ആഗോളവല്‍ക്കരണ സംസ്കാരത്തിനും നയത്തിനുമെതിരായി നടത്തിയ പ്രസംഗവും ലിഖിതവും പൊള്ളയായിരുന്നുവെന്ന്, ആഗോളവല്‍ക്കരണത്തിന്റെ ഇന്ത്യയിലെ സംരക്ഷണക്കുത്തക ഏറ്റെടുത്ത കോണ്‍ഗ്രസ് പാര്‍ടി നയിക്കുന്ന യുഡിഎഫിനെ തുണയ്ക്കുന്ന നയത്തിലേക്ക് പോകുമ്പോള്‍ വ്യക്തമാകുന്നു. ആഗോളവല്‍ക്കരണത്തിനുകീഴില്‍ ഇന്ത്യയുടെ സാമ്പത്തികപരമാധികാരത്തെ അട്ടിമറിക്കുന്നതിനുള്ള എല്ലാ ശ്രമത്തിനും തടയായി, പൊതുമേഖലയെ നിലനിര്‍ത്തുന്നതിന് ഏറ്റവും ശക്തമായി പോരാടുന്നത് കമ്യൂണിസ്റ്റുകാരാണ്.

ചൂഷണവ്യവസ്ഥയ്ക്കെതിരായ ഇടതുപക്ഷത്തിന്റെ ബദല്‍നയങ്ങളെ ദുര്‍ബലപ്പെടുത്താന്‍ ആഗോളവല്‍ക്കരണശക്തിയും വര്‍ഗീയതയും കൂട്ടുചേര്‍ന്നതാണ് കിനാലൂരില്‍ കണ്ടത്. ജനങ്ങളെ ഭിന്നിപ്പിക്കാനും സംഘടിതപ്രസ്ഥാനങ്ങളെ ശിഥിലമാക്കാനും നടത്തിയ പരിശ്രമമാണ് കിനാലൂരിലുണ്ടായത്. വ്യവസായത്തിന് പശ്ചാത്തലസൌകര്യം വേണം. എന്നാല്‍, അതിനുവേണ്ടി ജനങ്ങളെ എല്‍ഡിഎഫ് സര്‍ക്കാര്‍ വഴിയാധാരമാക്കില്ല. ഈ സത്യം മറച്ചുവച്ച് നുണ ഉല്‍പ്പാദിപ്പിച്ച് സ്ത്രീകളെ സമരത്തിലെ ഇരകളാക്കിയതിലൂടെ ഇടതുപക്ഷപ്രസ്ഥാനത്തിന്റെ വിശ്വാസ്യതയില്‍ പോറലേല്‍പ്പിക്കുക എന്ന ലക്ഷ്യമായിരുന്നു ജമാഅത്തെ ഇസ്ളാമിക്ക്. ദുരിതമയമായ ജീവിതപരിതസ്ഥിതിക്കെതിരായ ജനങ്ങളുടെ സമരത്തെ നയിക്കുന്ന പ്രസ്ഥാനമാണ് ഇന്ത്യയിലെ സിപിഐ എം. ആന്ധ്രയിലെയും വയനാട്ടിലെയും ഭൂസമരത്തിലടക്കം കാണുന്നത് അതാണ്. എന്നാല്‍, ഇതിനെ പാര്‍ടിയുടെ ഭൂമി പിടിച്ചെടുക്കല്‍ എന്നു ചിത്രീകരിച്ച് ഭൂരഹിതരുടെയും പാവപ്പെട്ടവരുടെയും പോരാട്ടത്തെ താഴ്ത്തിക്കെട്ടാന്‍ ആഗോളവല്‍ക്കരണകക്ഷിയും വര്‍ഗീയസംഘടനയും യോജിച്ചു. ഇക്കൂട്ടര്‍ കിനാലൂരില്‍ മറ്റൊരു മു:ഖം കാട്ടി. അവകാശസമരം നയിക്കുമ്പോഴെന്നപോലെ അരാജക സമര കോലാഹലങ്ങളെ എതിര്‍ക്കുമ്പോഴും സിപിഐ എമ്മിന്റെ മേക്കിട്ടുകേറുകയെന്ന അജന്‍ഡയാണ് ജമാഅത്തെ ഇസ്ളാമിക്ക്.

ജനാധിപത്യസംഘടനയാണ് തന്റേതെന്ന് സ്ഥാപിക്കാന്‍ ആരിഫലി അടിയന്തരാവസ്ഥയ്ക്കെതിരായി പോരാടിയ നാളുകളെ അനുസ്മരിക്കുന്നുണ്ട്. പക്ഷേ, അതേ അടിയന്തരാവസ്ഥ കക്ഷിയുടെ ചിറകിനടിയിലല്ലേ ഇപ്പോള്‍ അഭയം തേടുന്നത്. സംഘടിതപ്രസ്ഥാനങ്ങളെ ശിഥിലീകരിക്കാന്‍ ജമാഅത്തെ ഇസ്ളാമി പരിശ്രമിക്കുന്നുവെന്ന പിണറായിയുടെ ആക്ഷേപം നേരിട്ട് നിഷേധിക്കാതെ ആരിഫലി ഒരു കുയുക്തി നിരത്തിയിട്ടുണ്ട്. സിപിഐ എമ്മിനെ ശിഥിലീകരിക്കാന്‍ അകത്തുള്ളവര്‍തന്നെ ആ പണി നടത്തുന്നുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. സിപിഐ എമ്മിനെ ശിഥിലീകരിക്കാന്‍ എം എന്‍ വിജയനാദികളും മാര്‍ക്സിസ്റ്റ് പത്രികക്കാരും പാഠം മാസികക്കാരുമെല്ലാം വല്ലാതെ പരിശ്രമിച്ചിരുന്നു. അന്നെല്ലാം അവരുടെ ആശയഗതിക്ക് കൂടുതല്‍ പ്രചാരം നല്‍കിയത് ജമാഅത്തെ ഇസ്ളാമിയും അവരുടെ മുഖപത്രമായ മാധ്യമവുമായിരുന്നു. ഇ എം എസിന്റെ മുഖ്യകാര്‍മികത്വത്തില്‍ നായനാര്‍ സര്‍ക്കാര്‍ നടപ്പാക്കിയ ജനകീയാസൂത്രണം, സിഐഎയുടെ പരിപാടിയാണെന്നുവരെ പ്രചരിപ്പിച്ചപ്പോള്‍ അതിന് ചൂടും വെളിച്ചവും പകര്‍ന്നില്ലേ? അതുവഴി ഇ എം എസ്, ഇ കെ നായനാര്‍ തുടങ്ങിയ കമ്യൂണിസ്റ്റ് മഹാരഥന്മാരെ താഴ്ത്തിക്കെട്ടാനും അവരുടെ പ്രസ്ഥാനത്തെ ശിഥിലീകരിക്കാനും നോക്കിയില്ലേ.

പക്ഷേ, നിങ്ങള്‍ കമ്യൂണിസ്റ്റ് പുരോഗമനപ്രസ്ഥാനത്തിനുനേരെ നീട്ടുന്ന പട്ടില്‍ പൊതിഞ്ഞ കമ്പിക്കൊളുത്ത് മരണമാണെന്ന് തിരിച്ചറിയാനുള്ള സാമാന്യബുദ്ധി ഇവിടത്തെ പുരോഗമനജനവിഭാഗങ്ങള്‍ക്കുണ്ട്. അതുകൊണ്ടാണ് ഇ എം എസിന്റെയും നായനാരുടെയും പ്രസ്ഥാനം ഇവിടെ തകരാതെയും പിളരാതെയും മുന്നേറുന്നത്. യുഡിഎഫിന്റെ ശ്വാസംമുട്ടല്‍ മാറ്റാന്‍, വരുന്ന തെരഞ്ഞെടുപ്പില്‍ വിഴുങ്ങാന്‍ അധികാരമത്സ്യം ജമാഅത്തെ ഇസ്ളാമി വിചാരിച്ചാല്‍ കൊടുക്കുമെന്ന ഹുങ്കിലാണ് അതിന്റെ നേതാക്കള്‍. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മലബാറിലെ ഇടതുപക്ഷ വിജയത്തിന് നിദാനം ജമാഅത്തെ ഇസ്ളാമിയാണെന്ന അതിരുകടന്ന അവകാശവാദം ഇതേഹുങ്കിന്റെ മറുപുറമാണ്. ഇതിലൂടെ കേരളം ആരു ഭരിക്കണമെന്ന് ജമാഅത്തെ ഇസ്ളാമി തീരുമാനിക്കുമെന്ന തീസിസിലേക്കാണ് പോക്ക്. ഈ ഹുങ്ക് വകവച്ചുകൊടുക്കാന്‍ ഒരു സമുദായത്തിലെയും പാവപ്പെട്ടവരും പുരോഗമനചിന്താഗതിക്കാരും സമാധാനകാംക്ഷികളും ഉള്‍ക്കൊള്ളുന്ന പ്രബുദ്ധ കേരള തയ്യാറാകില്ലെന്ന് ആരിഫലിയും കൂട്ടരും മനസ്സിലാക്കിയാലും.

ആര്‍.എസ്. ബാബു ദേശാഭിമാനി 27052010

Monday, May 24, 2010

ഞങ്ങളുടെ നാവ് കെട്ടിയിട്ടിട്ടില്ലെന്ന് വീരന്‍ ഓര്‍ക്കണം

സിപിഐ എമ്മിനും അതിന്റെ നേതാക്കള്‍ക്കുമെതിരെ വല്ലാതെ പറയുമ്പോള്‍ ഞങ്ങളുടെ നാവ് കെട്ടിയിട്ടിട്ടില്ലെന്ന് വീരേന്ദ്രകുമാര്‍ ഓര്‍ക്കുന്നത് നല്ലതാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. മൈലാമ്പാടിയില്‍(കോഴിക്കോട്) സിപിഐ എം പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്ന അദ്ദേഹം.

ഒരു പത്രത്തിന്റെ പിന്‍ബലമുണ്ടെന്ന് കരുതി എന്തും വിളിച്ചുപറയാമെന്നാണ് വീരന്‍ കരുതുന്നത്. പേരാമ്പ്രയില്‍ ഒരു വിദ്വാന്‍ മാവോയിസ്റ്റുകളെ ന്യായീകരിച്ച് പൊതുയോഗത്തില്‍ പറഞ്ഞപ്പോള്‍ കേള്‍വിക്കാര്‍ പ്രതിഷേധിച്ചതിന്റെ പിന്നില്‍ പിണറായി വിജയനാണെന്നാണ് വീരന്‍ പറയുന്നത്. ലാവ്ലിന്‍ സംബന്ധിച്ച് ആ വിദ്വാന്‍ പുസ്തകം എഴുതിയതിന് പ്രതികാരമായി പിണറായി ചെയ്യിക്കുന്നതാണിതെന്നും വീരന്‍ കണ്ടെത്തുന്നു. ലാവ്ലിനെക്കുറിച്ച് വീരനും ഒരുപാട് എഴുതിയിട്ടുണ്ടല്ലോ. വീരന്‍ പടച്ചുവിട്ട കുമാരന്മാരും കേരളമാകെ പറഞ്ഞുനടക്കുന്നുണ്ട്. അവര്‍ക്കാര്‍ക്കെങ്കിലും എന്തെങ്കിലും സംഭവിച്ചോ?

സ്വന്തം മാന്യതപോലും കണക്കാക്കാതെ വീരന്‍ സംസാരിക്കുകയാണിപ്പോള്‍. ഇതിന് മറുപടിയായി വീരന്‍കഥ പറയാന്‍ ഞങ്ങള്‍ ശ്രമിച്ചിരുന്നില്ല. എന്നാല്‍ ഇനി പറഞ്ഞുതുടങ്ങും. പേരാമ്പ്രയില്‍ കിരാതമായ അക്രമമാണെന്നാണ് വീരന്‍ പറഞ്ഞത്. എന്നാല്‍ തന്റെ നിലപാടിനൊപ്പം നില്‍ക്കാതെ, ജനതാദളില്‍ ഉറച്ചുനിന്ന ലോഹ്യ എന്ന യുവനേതാവിനെ കോഴിക്കോട് നഗരത്തിലിട്ട് പൊതിരെ തല്ലി ആശുപത്രിയിലാക്കിയപ്പോള്‍ വീരനില്‍ എന്തേ ജനാധിപത്യബോധം ഉണര്‍ന്നില്ല? അന്ന്, ലോഹ്യയെ ആദ്യം തല്ലിയത് താനാണെന്നുപറഞ്ഞ് വീരന്റെ മുന്നില്‍ നില്‍ക്കാന്‍ ജില്ലാ നേതാക്കള്‍ മത്സരിക്കുകയായിരുന്നില്ലേ. അതെന്തേ നമ്മുടെ മാധ്യമങ്ങള്‍ക്ക് പ്രധാന വാര്‍ത്തയായില്ല?

സിപിഐ എമ്മിന്റെ വിശ്വാസ്യത കൂടിവരുന്നതുകൊണ്ടാണ് എന്ത് പ്രശ്നമുണ്ടാകുമ്പോഴും അതിനെ പാര്‍ടിയുമായി കൂട്ടിക്കെട്ടി വിവാദമുണ്ടാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. മലയാളികളുടെ പ്രിയങ്കരനായ നേതാവ് ഇ കെ നായനാരുടെ പേരില്‍ കണ്ണൂരിലുണ്ടാക്കുന്ന സ്മാരകത്തിന് പണം കണ്ടെത്താന്‍ പ്രവാസി മലയാളികളെ സമീപിച്ചതിന്റെ പേരിലും വിവാദമുണ്ടാക്കാന്‍ ശ്രമിച്ചു. പക്ഷെ അത് വേണ്ടവിധം കാറ്റുപിടിക്കാതെ പോയപ്പോഴാണ് പുതിയ കഥകളെന്നും പിണറായി പറഞ്ഞു.

ജമാഅത്തെ ഇസ്ളാമിയുടെ നിലപാട് യുഡിഎഫ് സ്വീകരിക്കരുത്: പിണറായി

ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ വികസനം പാടില്ലെന്ന ജമാഅത്തെ ഇസ്ളാമിയുടെ സമീപനം യുഡിഎഫും സ്വീകരിക്കുന്നത് നാടിന് ആപത്താണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. മൈലാമ്പാടിയില്‍ പാര്‍ടിയുടെ രണ്ട് ബ്രാഞ്ചുകള്‍ക്കായി പണിത പി കൃഷ്ണപിള്ള സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഏത് നല്ല കാര്യത്തെയും എതിര്‍ക്കുക എന്നത് നയമായി കരുതുന്ന പാര്‍ടിയാണ് സോളിഡാരിറ്റി. ഇസ്ളാമിക രാഷ്ട്രത്തിനായി നിലകൊള്ളുന്നവരാണവര്‍. മുസ്ളിം സമുദായത്തിലെ മറ്റ് സംഘടനകളെല്ലാം ഇന്ത്യന്‍ മതേതരത്വം അംഗീകരിച്ച് മതകാര്യങ്ങളില്‍ അവരുടേതായ അഭിപ്രായം പറയുന്നവരാണ്. അവര്‍ക്കൊന്നുമില്ലാത്ത മുഖമാണ് ജമാഅത്തെ ഇസ്ളാമിക്ക്. സ്ഥാപക നേതാവിന്റെ ആശയങ്ങളെപ്പോലും തള്ളിപ്പറഞ്ഞാണ് ഇപ്പോഴത്തെ പ്രവര്‍ത്തനം. ഈ പൊയ്മുഖം ഇപ്പോള്‍ അഴിഞ്ഞുതുടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് എന്‍ഡിഎഫ് എന്ന ഭീകര സംഘടനയെ കൂടെനിര്‍ത്തിയിരിക്കുന്ന മുസ്ളിംലീഗിനുപോലും ജമാഅത്തെ ഇസ്ളാമിയെ തള്ളിപ്പറയേണ്ടിവന്നത്. എന്‍ഡിഎഫിനൊപ്പം ജമാഅത്തെ ഇസ്ളാമിയെയും കൂടെനിര്‍ത്തി രാഷ്ട്രീയം കളിക്കാമെന്നായിരുന്നു ലീഗിന്റെ പ്രതീക്ഷ. അതാണിപ്പോള്‍ തകര്‍ന്നത്. കഴിഞ്ഞ നാല് കൊല്ലത്തിനിടയില്‍ പല തവണ രഹസ്യയോഗം ചേര്‍ന്നിട്ടുണ്ടെന്ന് ജമാഅത്തെയുടെ അമീറിനു തന്നെ പറയേണ്ടിവന്നു. തങ്ങളുടെ പൊയ്മുഖം പുറത്തായതിന്റെ ദേഷ്യമാണ് അമീര്‍ സിപിഐ എമ്മിനോട് കാട്ടുന്നത്. അതില്‍ തങ്ങള്‍ക്ക് ഒട്ടും ഭയമില്ല.

ഈ സംഘടനയൊടൊപ്പം ചേര്‍ന്നാണ് വികസനവിരുദ്ധ പോരാട്ടം യുഡിഎഫ് നയിക്കുന്നത്. കിനാലൂരിലെ നാലുവരിപ്പാതക്കെതിരായ സമരം ഇതിലൊന്നാണ്. നാഷണല്‍ ഹൈവേ വീതിയുടെ കാര്യത്തിലുള്ള യുഡിഎഫ് നിലപാടും കേരളത്തിന് ഗുണകരമല്ല. 60 മീറ്റര്‍ വീതിയില്‍ പാതയില്ലെങ്കില്‍ സാമ്പത്തിക സഹായം നല്‍കില്ലെന്നായിരുന്നു കേന്ദ്ര നിലപാട്. ഇതിനുപുറമെ ടോള്‍ വാങ്ങണമെന്നും നിര്‍ബന്ധമാക്കി. ടോള്‍ പിരിക്കാതെ കേന്ദ്ര ഫണ്ട് ചെലവിട്ട് റോഡ് നന്നാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. അറ്റകുറ്റപ്പണിപോലും ചെയ്യാതെ തിരിച്ചടിക്കുകയാണ് കേന്ദ്രം ചെയ്തത്.

പാലക്കാട്- തൃശൂര്‍ റോഡില്‍ കാല്‍നടപോലും പറ്റാത്തവിധം റോഡ് തകര്‍ന്നു. ഇതിന്റെ പേരിലും സംസ്ഥാനത്തെ കുറ്റപ്പെടുത്താനാണ് കോണ്‍ഗ്രസ് തയ്യാറായത്. ഒടുവില്‍ വീതി 45 മീറ്ററിലൊതുക്കണമെന്ന സംസ്ഥാനത്തിന്റെ അഭ്യര്‍ഥന കേന്ദ്രം അംഗീകരിച്ചു. ഉമ്മന്‍ചാണ്ടി അപ്പോള്‍ പറഞ്ഞത് കേരളത്തിലെ ദേശീയപാത 30 മീറ്ററില്‍ മതിയെന്നാണ്. എല്ലാവര്‍ക്കും ഇത് സ്വീകാര്യമാണെങ്കില്‍ 30 മീറ്ററാക്കാമെന്ന് സംസ്ഥാന സര്‍ക്കാരും അറിയിച്ചു. ഇതേത്തുടര്‍ന്ന് ദില്ലിയില്‍ പോയി സര്‍വകക്ഷി നിവേദനം നല്‍കി. എന്നാല്‍ അതിനുശേഷവും കേന്ദ്രമന്ത്രി പറയുന്നത് 45 മീറ്ററില്‍ കുറഞ്ഞ വീതി ഒരു കാരണവശാലും അംഗീകരിക്കില്ലെന്നാണ്.

കേരളത്തിലെ കോണ്‍ഗ്രസും യുഡിഎഫും ഇക്കാര്യത്തില്‍ സംസ്ഥാന താല്പര്യം പരിഗണിക്കാനാണ് തയാറാകേണ്ടത്. എന്നാല്‍ അതിന് അവര്‍ തയാറാകുന്നില്ല. ഏത് വഴിയിലൂടെയായാലും എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ജനരോഷം ഉയരണമെന്നാണ് ഇവരുടെ നിലപാട്. ഇത് തികഞ്ഞ അല്പത്തമാണെന്നും പിണറായി പറഞ്ഞു.

ദേശാഭിമാനി 24052010

Wednesday, May 19, 2010

കരുത്ത് പകര്‍ന്ന് നായനാര്‍ സ്മരണ


സ. ഇ കെ നായനാരുടെ ആറാം ചരമ വാര്‍ഷികദിനമാണിന്ന്. നായനാര്‍ക്കു തുല്യന്‍ നായനാര്‍മാത്രമാണ്. മഹാനായ ആ നേതാവിന്റെ സ്മരണ ഒരിക്കലും അണയാത്തതും. ബാലസംഘത്തിലൂടെ പൊതുപ്രവര്‍ത്തനമാരംഭിച്ച് നാടിന്റെയാകെ നേതാവായി ഉയര്‍ന്ന് ജനമനസ്സുകളില്‍ അതുല്യ സ്ഥാനം നേടിയ സഖാവിന്റെ രാഷ്ട്രീയജീവിതം ആധുനികകേരള ചരിത്രത്തിലെ സുപ്രധാന ഏടാണ്. ദേശീയപ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ത്തന്നെ കര്‍ഷകപോരാട്ടങ്ങളുടെയും രാഷ്ട്രീയത്തിന്റെയും സംഘാടകനും നേതാവുമായി സ. നായനാര്‍ ഉയര്‍ന്നു. ലാളിത്യവും നിര്‍ഭയത്വവും സമന്വയിച്ച ആ ജീവിതം മാതൃകാപരമായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ടി കെട്ടിപ്പടുക്കുന്നതില്‍ മുന്‍നിരയില്‍നിന്ന നായനാര്‍ സംഘാടകന്‍, ഭരണാധികാരി, പ്രസംഗകന്‍ എന്നിങ്ങനെ മാത്രമല്ല, ജനകീയപ്രശ്നങ്ങളോടു പ്രതികരിക്കുന്ന പത്രാധിപരെന്ന നിലയിലും ശ്രദ്ധേയപ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. പാര്‍ലമെന്റിതര പ്രവര്‍ത്തനങ്ങളില്‍ എന്നപോലെ പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളിലും നായനാരുടെ വ്യക്തിമുദ്ര പതിഞ്ഞു. ആരുമായി ഇടപഴകുമ്പോഴും തന്റെ കാഴ്ചപ്പാടുകളില്‍നിന്ന് അണുവിട വ്യതിചലിക്കാതെ പ്രവര്‍ത്തിക്കാന്‍ സഖാവ് കാണിച്ച ശേഷി എടുത്തുപറയേണ്ടതാണ്.

ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനും എതിരായി നാട്ടില്‍ രൂപപ്പെട്ട ബഹുജനമുന്നേറ്റങ്ങളുടെ അടിത്തറയില്‍നിന്നുകൊണ്ടാണ് ആ വ്യക്തിത്വം രൂപപ്പെട്ടത്. ആദ്യം കോണ്‍ഗ്രസ്, പിന്നീട് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടി, അതിനുശേഷം കമ്യൂണിസ്റ്റ് പാര്‍ടി എന്നിങ്ങനെ കാലത്തിനനുസരിച്ച് വളര്‍ന്ന വിപ്ളവകരമായ മുന്നേറ്റങ്ങളുടെ ഭാഗമായാണ് നായനാരുടെ രാഷ്ട്രീയനിലപാട് വികസിച്ചത്. പ്രസ്ഥാനത്തിനകത്ത് പ്രത്യക്ഷപ്പെട്ട ഇടത്-വലതു പ്രവണതകള്‍ക്കെതിരായി സന്ധിയില്ലാതെ പൊരുതുന്നതിനും പാര്‍ടിയെ വിപ്ളവപന്ഥാവിലൂടെ മുന്നോട്ടു നയിക്കുന്നതിലും സഖാവ് ആശയവ്യക്തതയാര്‍ന്ന മുന്‍കൈയെടുത്തു. അവതരണത്തിന്റെ ശൈലിയും അതില്‍ ഉള്‍ക്കൊള്ളിക്കുന്ന രാഷ്ട്രീയസമീപനവും നിഷ്കളങ്കമായ ഇടപെടലും നായനാരെ ജനങ്ങളുടെ പ്രിയങ്കരനാക്കി. ജനങ്ങളുടെ ദുഃഖങ്ങളില്‍ ഒപ്പം കരയാനും സന്തോഷങ്ങളെ അതേപോലെ ഉള്‍ക്കൊള്ളാനും കഴിയുന്ന വിധമായിരുന്നു നായനാരുടെ ഇടപെടല്‍. പൊളിറ്റ്ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി, ദേശാഭിമാനി ചീഫ് എഡിറ്റര്‍ എന്നീ നിലകളില്‍ സഖാവ് ഏറെക്കാലം പ്രവര്‍ത്തിച്ചു. കേരളത്തിന്റെ ഏതു പ്രദേശവും അവിടങ്ങളിലെ സവിശേഷപ്രശ്നവും നായനാര്‍ക്ക് ഹൃദിസ്ഥമായിരുന്നു. സമരസംഘാടകനായും സമഗ്രപോരാളിയായും ജ്വലിച്ചുനിന്ന സഖാവിന്റെ ഇടപെടല്‍ സര്‍വരും അംഗീകരിച്ചു. എതിരാളികളുടെയും ആദരം പിടിച്ചുപറ്റുംവിധം ഔന്നത്യത്തിലായിരുന്നു ആ വ്യക്തിത്വം.

കേരളത്തില്‍ ഏറ്റവും അധികംകാലം മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചത് നായനാരാണ്. കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, മാവേലിസ്റോറുകള്‍, സമ്പൂര്‍ണ സാക്ഷരത, ജനകീയാസൂത്രണം തുടങ്ങിയ കേരള വികസനത്തിലെ നാഴികക്കല്ലുകളായി മാറിയ പരിഷ്കാരങ്ങളുടെയെല്ലാം അമരക്കാരനായി നായനാര്‍ ഉണ്ടായിരുന്നു. 1957ലെ സര്‍ക്കാര്‍ അടിത്തറയിട്ട വികസനപ്രക്രിയയെ മുന്നോട്ടുകൊണ്ടുപോകുന്നതിന് സഖാവ് നല്‍കിയ സംഭാവനകള്‍ അവിസ്മരണീയമാണ്. അഭിപ്രായങ്ങള്‍ ശക്തമായി പാര്‍ടിക്കകത്ത് അവതരിപ്പിക്കുക, പാര്‍ടി തീരുമാനമെടുത്താല്‍ അത് നടപ്പാക്കുന്ന കാര്യത്തില്‍ മുമ്പന്തിയില്‍ നില്‍ക്കുക- ഈ മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് സംഘടനാ ശൈലി എക്കാലത്തും സഖാവ് ഉയര്‍ത്തിപ്പിടിച്ചു. എഡിഎഫ് സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക് കടന്ന വേളയിലാണ് ഇത്തവണ സ. നായനാര്‍ ദിനം ആചരിക്കുന്നത്.

ജനങ്ങളുടെ ജീവിതത്തെ ദുരിത പൂര്‍ണമാക്കുന്ന ആഗോളവല്‍ക്കരണനയങ്ങള്‍ കേന്ദ്ര യുപിഎ സര്‍ക്കാര്‍ നടപ്പാക്കുമ്പോള്‍ അതിന് ബദല്‍ ഉയര്‍ത്തി ജനകീയ ആവശ്യങ്ങള്‍ തൃപ്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളുടെ വിജയകരമായ നാലുവര്‍ഷമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പിന്നിട്ടത്. അടിസ്ഥാനമേഖലയിലെ സര്‍ക്കാര്‍ ഇടപെടല്‍, സാമൂഹ്യസുരക്ഷിതത്വത്തിനുള്ള പ്രാധാന്യം, ക്രിയാത്മകമായ ധനമാനേജ്മെന്റ് എന്നിവയെ സംയോജിപ്പിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ സംസ്ഥാനത്തിന് അഭൂതപൂര്‍വമായ കുതിപ്പിനുള്ള സാഹചര്യമാണ് സര്‍ക്കാര്‍ സൃഷ്ടിച്ചത്. കാര്‍ഷികമേഖലയില്‍ 2.8 ശതമാനം വളര്‍ച്ചാനിരക്ക് നേടി. കഴിഞ്ഞ രണ്ടുവര്‍ഷമായി നെല്ലുല്‍പ്പാദനം വര്‍ധന രേഖപ്പെടുത്തുന്നു. കാര്‍ഷികമേഖലയിലെ നിക്ഷേപം 50 ശതമാനത്തിലേറെ വര്‍ധിപ്പിച്ചു. പൊതുമേഖലാ വ്യവസായങ്ങള്‍ എല്ലാ പ്രതിസന്ധിയെയും അതിജീവിച്ച് ത്വരിതവളര്‍ച്ചയുടെ പാതയിലാണ്. നഷ്ടക്കണക്കുകളില്‍നിന്ന് കുതറിമാറി, 200 കോടി രൂപ ലാഭത്തിലേക്ക് അവ എത്തി. പുതിയ എട്ട് പൊതുമേഖലാ വ്യവസായസ്ഥാപനം ആരംഭിക്കുന്നതിന് 121 കോടി രൂപ നീക്കിവച്ചിരിക്കുന്നു. പരമ്പരാഗത വ്യവസായമേഖലയില്‍ സര്‍ക്കാരിന്റെ സഹായവും ഇടപെടലും എത്താത്ത ഒരിടവുമില്ല. മത്സ്യത്തൊഴിലാളി കടാശ്വാസനിയമം, ദിനേശ് ബീഡി തൊഴിലാളികള്‍ക്ക് 45 വയസ്സില്‍ റിട്ടയര്‍ ചെയ്യാനുള്ള സംവിധാനവും 500 രൂപ പ്രതിമാസപെന്‍ഷനും, ഖാദിത്തൊഴിലാളികള്‍ക്ക് 25 ശതമാനം വേതനവര്‍ധന, കൈത്തറി-നെയ്ത്ത് തൊഴിലാളികള്‍ക്ക് ഗ്രൂപ്പ് ഇന്‍ഷുറന്‍സ് എന്നിങ്ങനെ ചെയ്തകാര്യങ്ങളുടെ പട്ടിക നീണ്ടതാണ്.

ആവശ്യത്തിന് ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിച്ചും മെഡിക്കല്‍ കോളേജുകളുള്‍പ്പെടെയുള്ള ആശുപത്രികളിലെ സൌകര്യങ്ങള്‍ മെച്ചപ്പെടുത്തിയും ആരോഗ്യ പരിപാലനരംഗത്ത് കേരളത്തിന്റെ യശസ്സ് കൂടുതല്‍ ഉയരത്തിലേക്കെത്തിച്ചു. ജനങ്ങള്‍ക്ക് അടിസ്ഥാന സൌകര്യം ഒരുക്കുന്നതില്‍ കര്‍ക്കശമായ നിഷ്കര്‍ഷയാണ് പാലിക്കുന്നത്.

എല്ലാവര്‍ക്കും കുടിവെള്ളമെത്തിക്കുന്നതിന് 1058 കോടി രൂപ ബജറ്റില്‍ നീക്കിവച്ചു. എല്ലാവര്‍ക്കും പാര്‍പ്പിടത്തിനുള്ള ഇ എം എസ് ഭവനനിര്‍മാണപദ്ധതി ജനകീയപദ്ധതിയായി അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. 35 ലക്ഷം കുടുംബത്തിന് രണ്ടുരൂപയ്ക്ക് അരി നല്‍കുന്നതിനുള്ള പദ്ധതി അടിസ്ഥാന ജനവിഭാഗത്തിനോടുള്ള ഉറച്ച പ്രതിബദ്ധതയുടെ ഫലമാണ്. അധികാരമേല്‍ക്കുമ്പോള്‍ ക്ഷേമപെന്‍ഷനുകള്‍ 110 രൂപ ആയിരുന്നത് 300 രൂപയായി വര്‍ധിപ്പിച്ചു. പെന്‍ഷന്‍ പരിധിയിലേക്ക് കൂടുതല്‍ ജനവിഭാഗങ്ങളെ കൊണ്ടുവന്നു. പട്ടികജാതി-വര്‍ഗ വിഭാഗത്തിലുള്ള ആനൂകൂല്യങ്ങള്‍ 50 ശതമാനത്തിലേറെ വര്‍ധിപ്പിച്ചു. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ട പാലോളി കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കാന്‍ ഈ വര്‍ഷംമാത്രം ബജറ്റില്‍ 10 കോടി രൂപ നീക്കിവച്ചു.

ലോഡ്ഷെഡ്ഡിങ്ങും പവര്‍കട്ടുമില്ലാത്ത നാലുവര്‍ഷമാണ് കടന്നുപോയത്. സമ്പൂര്‍ണ വൈദ്യുതീകരണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഊര്‍ജസംരക്ഷണത്തിനായി ഒന്നരക്കോടി സിഎഫ്എല്‍ നല്‍കുന്ന പദ്ധതി വന്‍ വിജയമായി മാറുകയാണ്. വിദ്യാഭ്യാസമേഖലയിലെ നിക്ഷേപം ഈ വര്‍ഷത്തെ ബജറ്റില്‍ 50 ശതമാനമാണ് വര്‍ധിച്ചത്. 4000 കോടി രൂപയുടെ മുതല്‍മുടക്കോടെയുള്ള ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങള്‍ കൊണ്ടുവരുന്നതിനു കഴിഞ്ഞു. യുഡിഎഫ് വെട്ടിക്കുറച്ച എല്ലാ ആനുകൂല്യവും ജീവനക്കാര്‍ക്ക് നല്‍കുന്നതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറായി. പുതിയ ശമ്പള കമീഷനെ നിയോഗിച്ചു. സ്ത്രീകളുടെ പ്രസവാവധി 135 ദിവസത്തില്‍ നിന്ന് 180 ആക്കി വര്‍ധിപ്പിച്ചു. സഹകരണമേഖലയുടെ ഫലപ്രദമായ ഇടപെടല്‍, വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന് ഏറെ സഹായകമായി. സ്ത്രീകള്‍ക്കുവേണ്ടി 620 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റില്‍ നല്‍കിയത്.

ഇങ്ങനെ നാനാവിധത്തിലും ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നും ആഗോളവല്‍ക്കരണനയങ്ങള്‍ക്ക് ബദല്‍ ഉയര്‍ത്തിയും മുന്നോട്ട് പോകുന്ന സംസ്ഥാനസര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമം വലതുപക്ഷ ശക്തികള്‍ സംഘടിപ്പിക്കുകയാണ്. വികസനകാര്യത്തില്‍ തങ്ങള്‍ക്ക് ചെയ്യാനാകാത്തത് മറ്റാരും ചെയ്യരുതെന്ന അറുപിന്തിരിപ്പന്‍ നിലപാടാണ് വലതുപക്ഷത്തിന്റേത്. അവര്‍ വികസനം തടയുന്നു; അതിനായി ഉപജാപങ്ങളെയും സമ്മര്‍ദതന്ത്രത്തെയും ആശ്രയിക്കുന്നു. കിനാലൂരിലാണ് അത്തരം അട്ടിമറിക്കാരുടെ ഏറ്റവുമൊടുവിലത്തെ വിധ്വംസക ആക്രമണമുണ്ടായത്. കിനാലൂരില്‍ ഭൂമി നഷ്ടപ്പെടുമെന്ന ഭീതിയില്‍ എത്തിയവരല്ല ആക്രമണം നടത്തിയത്. മറിച്ച്, നാട്ടില്‍ അസ്വസ്ഥത സൃഷ്ടിച്ച് രാഷ്ട്രീയമുതലെടുപ്പിന് ശ്രമിക്കുന്ന വ്യത്യസ്ത വിഭാഗങ്ങളാണ്. അതില്‍ മതമൌലികശക്തികളും ഇടതുതീവ്രവാദികളടക്കമുള്ള മറ്റുപല സങ്കുചിത ഗ്രൂപ്പുകളുമുണ്ട്. വികസനമേ പാടില്ലെന്ന സമീപനം ആര്‍ക്കും അംഗീകരിക്കാനാകില്ല. പ്രത്യേക ലക്ഷ്യംവച്ച് ഒത്തുകൂടി വ്യാജ പ്രചാരണങ്ങളുടെ അകമ്പടിയുമായി സമരാഭാസം സംഘടിപ്പിക്കുന്ന ഇത്തരക്കാരെ ജനങ്ങള്‍ ഒറ്റക്കെട്ടായി ചെറുക്കേണ്ടതുണ്ട്.

കിനാലൂരില്‍ മഹാഭൂരിപക്ഷം ജനങ്ങളും അട്ടിമറിക്കാര്‍ക്കെതിരാണ്. ആ വസ്തുത മൂടിവച്ചും പൊലീസിനെതിരായ ആക്രമണം കണ്ടില്ലെന്നു നടിച്ചും തെറ്റായ പ്രചാരണമാണ് ഒരുവിഭാഗം മാധ്യമങ്ങള്‍ നടത്തിയത്. ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ചര്‍ച്ചചെയ്യപ്പെടുന്നത് തടയാന്‍ വിവാദങ്ങള്‍ക്ക് തീകൊളുത്തുകയുമാണ് അവര്‍. നാട്ടില്‍ ഒരുതരത്തിലുള്ള വികസന പ്രവര്‍ത്തനവും അനുവദിക്കില്ലെന്ന തെറ്റായ കാഴ്ചപ്പാടിനെ തുറന്നുകട്ടേണ്ടതുണ്ട്. വികസന വിരുദ്ധ-മൌലികവാദ ശക്തികള്‍ക്കെതിരായ ജനമുന്നേറ്റത്തിന്റെ പ്രാധാന്യത്തിന് അടിവരയിടുന്നതാണ് കിനാലൂരടക്കമുള്ള സംഭവവികാസങ്ങള്‍. അവസാനശ്വാസംവരെ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച സഖാവായിരുന്നു നായനാര്‍.

സാര്‍വദേശീയ-ദേശീയ തലത്തിലെ അമേരിക്കന്‍ ഇടപെടലുകളെ പ്രതിരോധിക്കുന്ന പോരാട്ടം നടത്തുന്നതോടൊപ്പം ജനോപകാരപ്രദമായി പ്രവര്‍ത്തിക്കുന്ന കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തവും പിന്തിരിപ്പന്‍ രാഷ്ട്രീയത്തിനെതിരായ കരുത്തന്‍സമരവും നമുക്ക് ഏറ്റെടുക്കാനുണ്ട്. ഇത്തരം പോരാട്ടങ്ങള്‍ക്ക് എന്നും ആവേശമായിരുന്ന നായനാരുടെ സ്മരണ വഴികാട്ടിയായി നമ്മെ നയിക്കുന്നു.

പിണറായി വിജയന്‍ ദേശാഭിമാനി 19052010

Sunday, May 16, 2010

കിനാലൂരിന് പിന്നില്‍

കിനാലൂരിന് പിന്നില്‍ പ്രതിപക്ഷത്തിന്റെ പിന്തിരിപ്പന്‍ നിലപാട്: പിണറായി

നാടിന്റെ വികസനകാര്യത്തില്‍ തങ്ങള്‍ക്കു ചെയ്യാനാകാത്തത് മറ്റാരും ചെയ്യരുതെന്ന അറുപിന്തിരിപ്പന്‍ നിലപാടുമാണ് കിനാലൂര്‍ പ്രശ്നത്തിനു പിന്നിലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. വസ്തുതകള്‍ മറച്ചുവച്ച് പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നു. എല്‍ഡിഎഫിനെ നേരിടുന്നെങ്കില്‍ രാഷ്ട്രീയമായി വേണം. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന് പച്ചക്കള്ളം പ്രചരിപ്പിച്ച് നാടിന്റെ വികസനത്തെ തുരങ്കംവയ്ക്കുന്നത് നല്ലതല്ലെന്നും പിണറായി പറഞ്ഞു. ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ളോയീസ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം ആലുവയില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

യുഡിഎഫ് അധികാരത്തിലിരുന്നപ്പോഴൊന്നും ചെയ്യാനാകാത്ത കാര്യങ്ങളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. സമൂഹപുരോഗതി ആഗ്രഹിക്കുന്നവര്‍ ഒപ്പം നില്‍ക്കണം. എന്നാല്‍, പ്രതിപക്ഷ പാര്‍ടികളും ചില മാധ്യമങ്ങളും വികൃതസമീപനമാണ് സ്വീകരിച്ചത്. ഈ സര്‍ക്കാരല്ല കിനാലൂരിലെ ഭൂമി വ്യവസായ പാര്‍ക്കിന് ഏറ്റെടുത്തത്. വളരെ വര്‍ഷങ്ങള്‍മുമ്പ് ഏറ്റെടുത്തതാണ്. റോഡ് ഉള്‍പ്പെടെ പശ്ചാത്തലസൌകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ വ്യവസായം വന്നില്ല. 20 മീറ്റര്‍ റോഡുണ്ടാക്കാനായിരുന്നു പദ്ധതി. എന്നാല്‍, 100 മീറ്റര്‍ റോഡ്് എന്നാണ് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി പരസ്യമായി പ്രസംഗിച്ചത്. മുസ്ളിംസമൂഹം തള്ളിക്കളഞ്ഞ ജമാഅത്തെ ഇസ്ളാമി എന്ന സംഘടനയുടെ യുവജനവിഭാഗമായ സോളിഡാരിറ്റിയാണ് എതിര്‍പ്പുമായി വന്നത്. സിപിഐ എമ്മില്‍നിന്നു പുറത്തായവരും എല്‍ഡിഎഫിനെതിരാണെങ്കില്‍ പിന്തുണ നല്‍കാന്‍ തയ്യാറുള്ള ഒരു കൂട്ടവും ഇവര്‍ക്കുപിന്നില്‍ നിരന്നു. ഒന്നും മറച്ചുവയ്ക്കാനില്ലാത്തതിനാല്‍ പലവട്ടം സര്‍ക്കാര്‍ ഇവരുമായി ചര്‍ച്ചനടത്തി. അങ്ങനെയാണ് സര്‍വേ ആരംഭിച്ചത്. സര്‍വേയ്ക്ക് സംരക്ഷണം നല്‍കാനെത്തിയ പൊലീസിനെ സ്ത്രീകളെയും കുട്ടികളെയും മറയാക്കി ആക്രമിക്കുകയായിരുന്നു. ആഭാസകരമായ ആക്രമണം. പൊലീസിനുമേല്‍ ചാണകവെള്ളമൊഴിച്ചു. ചാണകത്തില്‍ മുക്കിയ ചൂലുകൊണ്ടു തല്ലി.

കിനാലൂരില്‍ മനുഷ്യവേട്ട എന്നു മുറവിളിച്ച മാധ്യമങ്ങള്‍ ഇതൊക്കെ തമസ്കരിച്ചു.ഭൂമി നഷ്ടപ്പെടുന്ന പ്രദേശവാസികളല്ല ആക്രമണം നടത്തിയത്. പ്രദേശവാസികളില്‍ ഭൂരിപക്ഷവും സ്വമേധയാ സ്ഥലം നല്‍കാന്‍ തയ്യാറായിരുന്നു. സോളിഡാരിറ്റിയും മറ്റും കൊണ്ടുവന്നവരാണ് ആക്രമണം അഴിച്ചുവിട്ടത്. ഇതും ചില മാധ്യമങ്ങള്‍ മറച്ചുപിടിച്ചു.ജോസഫ് വിഭാഗം എല്‍ഡിഎഫ് വിട്ടുപോയതിനുപിന്നില്‍ നാടിന്റെ മതനിരപേക്ഷതയ്ക്കു ചേരാത്ത ചില ഇടപെടലുകള്‍ ഉണ്ടായി. ഇത് ഭാവിയില്‍ ദോഷകരമായ പ്രത്യാഘാതമുണ്ടാക്കും. യുക്തമായ രീതിയില്‍ അത് തള്ളിപ്പറയാന്‍ ബന്ധപ്പെട്ടവര്‍തന്നെ മുന്നോട്ടുവരണമെന്നും പിണറായി വിജയന്‍ പറഞ്ഞു.

കിനാലൂരിലെ വികസന വിരുദ്ധര്‍ക്ക് താക്കീതായി എല്‍ഡിഎഫ് റാലി


കിനാലൂരിന്റെ വികസനസ്വപ്നങ്ങള്‍ ആര്‍ക്കും അടിയറ വയ്ക്കില്ലെന്ന് പ്രഖ്യാപിച്ച് എല്‍ഡിഎഫിന്റെ പടുകൂറ്റന്‍ റാലി. നിര്‍ദിഷ്ട നാലുവരിപ്പാത കടന്നുപോകുന്ന മോരിക്കര മുതല്‍ വട്ടോളി ബസാര്‍ വരെ നടന്ന റാലിയില്‍ സ്ത്രീകളടക്കം ആയിരങ്ങള്‍ അണിനിരന്നു. 'കിനാലൂരിന്റെ വികസനം തകര്‍ക്കരുത്, മാധ്യമ ഗൂഢാലോചനയെ ചെറുക്കുക' എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയായിരുന്നു റാലി. കിനാലൂരിന്റെ വികസനം ഒറ്റുകൊടുക്കുന്ന വികസന വിരുദ്ധരെയും മതതീവ്രവാദികളെയും വികസനത്തിന് തുരങ്കം വയ്ക്കുന്ന വലതുപക്ഷ മാധ്യമങ്ങളെയും തുറന്നു കാണിക്കുന്നതായിരുന്നു ബഹുജനമുന്നേറ്റം. തീ പാറുന്ന വെയിലിനെ കൂസാതെ പ്രതിഷേധത്തില്‍ അണിചേര്‍ന്നവര്‍ ഉശിരന്‍ മുദ്രാവാക്യങ്ങളുയര്‍ത്തി. കിനാലൂരിലെ 'ചാണക സമര'ക്കാര്‍ക്ക് കനത്ത ജനമുന്നേറ്റം താക്കീതായി.

കിനാലൂരിലേക്ക് നിര്‍മിക്കാനുദ്ദേശിക്കുന്ന നാലുവരിപ്പാതയുടെ വീതി 30 മീറ്ററാണെന്ന് വ്യവസായമന്ത്രിയടക്കമുള്ളവര്‍ നിരവധി തവണ വ്യക്തമാക്കിയിരുന്നു. പാതയുടെ അലൈന്‍മെന്റ് ഇനിയും തീരുമാനിച്ചിട്ടില്ല. കഴിഞ്ഞ ദിവസം സാധ്യതാ സര്‍വേ മാത്രമാണ് നടത്തിയതെന്നും വിശദമാക്കി. എന്നിട്ടും ഇത് മറച്ച്വച്ച യുഡിഎഫിനെയും വലതുപക്ഷ മാധ്യമങ്ങളെയും ജനമധ്യത്തില്‍ പൊളിച്ചു കാട്ടിയ റാലിക്ക് ആവേശോജ്വല സ്വീകരണമാണ് ജനങ്ങള്‍ നല്‍കിയത്. സത്യം അവര്‍ തിരിച്ചറിയുകയായിരുന്നു.

deshabhimani 16052010

Saturday, May 15, 2010

കിനാലൂര്‍ 1750 ഏക്കര്‍കൂടി ഏറ്റെടുക്കും

കോഴിക്കോട്: കിനാലൂര്‍ എസ്റ്റേറ്റില്‍ തൊഴിലാളികളുടെ കൈവശമുള്ളതൊഴികെ 1750 ഏക്കര്‍ ഭൂമിയും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് വ്യവസായമന്ത്രി എളമരം കരീം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ ഭൂമി കൈവശംവച്ചവരെ സഹായിക്കാനാണ് നാലുവരിപ്പാത നിര്‍മിക്കുന്നതെന്നാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മറ്റും ആരോപിച്ചത്. എന്നാല്‍ ഏപ്രില്‍ 28ന് ഭൂമി ഏറ്റെടുക്കാന്‍ കെഎസ്ഐഡിസി ധാരണയിലെത്തി. യോഗ മിനുട്സില്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. പൊലീസിനുനേരെ അക്രമവും,ലാത്തിച്ചാര്‍ജും ഉണ്ടായ മെയ് ആറിന് ദിവസങ്ങള്‍ക്കുമുമ്പായിരുന്നു ഇത്. തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരമായി ലഭിച്ച 600 ഏക്കറോളം ഭൂമിക്ക് പുറമെയുള്ള 1750 ഏക്കര്‍ വാങ്ങിയത് ഭൂമാഫിയയാണെന്നും വ്യവസായമന്ത്രി ഈ മാഫിയയുടെ ഭാഗമാണെന്നുമാണ് ഉമ്മന്‍ചാണ്ടി പ്രചരിപ്പിച്ചത്. എന്നാല്‍ തങ്ങള്‍ മാഫിയകളല്ലെന്നും പേരുവിവരം ആര്‍ക്ക്വേണമെങ്കിലും തരാമെന്നും ഭൂമിയുടെ ഉടമകള്‍ വാര്‍ത്താസമ്മേളനം വിളിച്ചറിയിച്ചു. ഒന്നര വര്‍ഷമായി അവരുടെ മധ്യസ്ഥനായി പ്രവര്‍ത്തിക്കുന്നത് ഉമ്മന്‍ചാണ്ടിയാണെന്നും പരസ്യമായി പറഞ്ഞു. ഇതോടെ, ഭൂമാഫിയയുണ്ടെങ്കില്‍ അവരെ സഹായിക്കുന്നതാരാണെന്ന് എല്ലാവര്‍ക്കും ബോധ്യമായി.

വന്‍ വ്യവസായസംരംഭത്തിന് കോഴിക്കോട്ട് മറ്റൊരു സ്ഥലവുമില്ലാത്തതിനാലാണ് കിനാലൂര്‍ എസ്റ്റേറ്റ് മുഴുവന്‍ ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത്. വെള്ളം, വെളിച്ചം, റോഡ് തുടങ്ങി എല്ലാ ഭൌതിക സാഹചര്യങ്ങളും നല്ല നിലയില്‍ ആയാലേ വന്‍കിട സംരംഭകരെ ആകര്‍ഷിക്കാനാവൂ. അതിനാണ് നാലുവരിപ്പാത നിര്‍മിക്കുന്നത്. ബഹുഭൂരിപക്ഷം ജനങ്ങളും ഇതിന് അനുകൂലമായതിനാലാണ് സര്‍വേ നടപടികള്‍ തുടങ്ങിയത്. കുഴപ്പം ഉണ്ടായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ സര്‍വകക്ഷിയോഗം ചേരുന്നുണ്ട്. അതിലെ തീരുമാനമനുസരിച്ചേ ഇനി മുന്നോട്ടുനീങ്ങൂ.

പാതയുടെ സാറ്റലൈറ്റ് പഠനം നടത്തിയ കമ്പനി മുന്നോട്ടുവച്ച മൂന്ന് റിപ്പോര്‍ട്ടില്‍ ഏറ്റവും കുറഞ്ഞ ഒഴിപ്പിക്കലും ലാഭകരവുമായ പാതയിലാണ് സര്‍വേ തുടങ്ങാന്‍ ആലോചിച്ചത്. മൂന്ന് റിപ്പോര്‍ട്ടിലും പൊതുവായി വരുന്ന സ്ഥലം വട്ടോളി മുതല്‍ കിനാലൂര്‍ വരെയാണ്. ഈ റോഡ് ഭൂരിഭാഗവും കെഎസ്ഐഡിസിയുടേതാണ്. ജനവാസവും ഇവിടെ കുറവാണ്. സാധാരണനിലയില്‍ ഒരെതിര്‍പ്പും ഉണ്ടാകാനിടയില്ലാത്ത ഇവിടുത്തെ സര്‍വേയാണ് അട്ടിമറിച്ചത്. വരാന്‍പോകുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് ഈ നാടകമെന്ന് എല്ലാവര്‍ക്കും മനസ്സിലാകും. കേരളത്തിലെ 37 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 32 എണ്ണം നാലുവര്‍ഷം കൊണ്ട് 239.75 കോടി രൂപയുടെ സാമ്പത്തിക ലാഭം കൈവരിച്ചു. ഈ മുന്നേറ്റം ഇവിടെ വ്യവസായം നടത്താനുദ്ദേശിക്കുന്ന സ്വകാര്യസംരംഭകര്‍ക്ക് പ്രോത്സാഹനമാണെന്നും മന്ത്രി പറഞ്ഞു.

deshabhimani 16052010

Friday, May 14, 2010

വികസനം തകര്‍ക്കാന്‍ ആക്രമണം

കിനാലൂര്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ഭാഗം 2

ആദ്യഭാഗം കിനാലൂര്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ - ഭാഗം ഒന്ന്

സര്‍വേ നടത്തുന്ന ദിവസം 46 വീടിനു മുമ്പില്‍ സര്‍വേ നടപടി സ്വാഗതംചെയ്തുകൊണ്ട് സ്ഥലമുടമകള്‍ ബോര്‍ഡ് സ്ഥാപിച്ചിരുന്നു. കിനാലൂരിലെ ബഹുഭൂരിപക്ഷം ജനങ്ങളും വികസന പദ്ധതിക്ക് അനുകൂലമായിരുന്നു. സര്‍വേ ഉദ്യോഗസ്ഥരെ സഹയിക്കാന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വലിയൊരു ജനക്കൂട്ടം സന്നിഹിതരായിരുന്നു. രാവിലെ 9.30ന് സര്‍വേ അരംഭിച്ചു. അല്‍പ്പസമയം കഴിഞ്ഞാണ് ഒരു സംഘം ആളുകള്‍ സംഘടിച്ചെത്തി സര്‍വേ തടയാന്‍ ശ്രമിച്ചത്. അവരില്‍ ബഹുഭൂരിഭാഗവും ആ പ്രദേശത്തുകാര്‍ ആയിരുന്നില്ല. സോളിഡാരിറ്റി പ്രവര്‍ത്തകര്‍ പല ഭാഗത്തുനിന്നായി സംഘടിപ്പിച്ചെത്തിയവരായിരുന്നു 'സമരക്കാര്‍'. യുഡിഎഫ്, ബിജെപി, എസ്ഡിപിഐ എന്നീ സംഘടനകളുടെ ഏതാനും പ്രവര്‍ത്തകരും ഉണ്ടായിരുന്നു. സമരക്കാരില്‍ ഏതാനും സ്ത്രീകളും കുട്ടികളുമുണ്ടായിരുന്നു. സ്ത്രീകളെയും കുട്ടികളെയും മുന്നില്‍നിര്‍ത്തി പിന്നില്‍നിന്ന് പൊലീസിനുനേരെ ശക്തമായ ആക്രമണം അഴിച്ചുവിട്ടു. എറിയാനുള്ള കല്ലും വടിയും മുന്‍കൂട്ടി ശേഖരിച്ചിരുന്നു. കുടിവെള്ളം ശേഖരിച്ചുവച്ചതാണെന്ന് തോന്നുംവിധം രണ്ടു ബക്കറ്റ് കടലാസുകൊണ്ട് മൂടി സമരക്കാര്‍ക്ക് മുന്നിലുണ്ടായിരുന്നു. ആ ബക്കറ്റില്‍ ചാണകം കലക്കിയതായിരുന്നു. സമരക്കാര്‍ ചാണകവെള്ളം പൊലീസുകാരുടെയും ഉദ്യോഗസ്ഥരുടെയും ദേഹത്ത് കോരി ഒഴിച്ചു. സംസ്ഥാനത്ത് ഇന്നുവരെ നടന്ന ഒരു സമരത്തിലും കേള്‍ക്കാത്ത സമരമുറയാണ് അവിടെ കണ്ടത്. സ്ത്രീകളെയും കുട്ടികളെയും കവചങ്ങളാക്കി അക്രമം നടത്തുന്ന തീവ്രവാദികളുടെ സമരരീതിയാണ് കിനാലൂരില്‍ കണ്ടത്. വ്യക്തമായ ആസൂത്രണം ഈ അക്രമത്തിനു പിന്നിലുണ്ടായിരുന്നെന്ന് വ്യക്തമാണ്.
സമരക്കാരുടെ കല്ലേറില്‍ ഡിവൈഎസ്പി ഉള്‍പ്പെടെ 22 പൊലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇക്കൂട്ടത്തില്‍ വനിതാ പൊലീസുകാരും ഉള്‍പ്പെടും. സ്ത്രീകള്‍ക്ക് നേരെ അക്രമമെന്ന് മുറവിളികൂട്ടുന്നവര്‍ ഇതൊന്നും കണ്ടില്ല. താമരശേരി ഡിവൈഎസ്പി കുബേരന്‍ നമ്പൂതിരിയുടെ തലയ്ക്ക് മാരകമായ മുറിവേറ്റു. എട്ടു പൊലീസുകാരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നു. സമരക്കാരില്‍ രണ്ടുപേര്‍ മാത്രമാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയത്. സംഭവത്തില്‍ ആര്‍ക്കാണ് കൂടുതല്‍ പരിക്കേറ്റതെന്ന് ഇതില്‍നിന്ന് വ്യക്തമാണല്ലോ?
ആത്മരക്ഷാര്‍ഥമാണ് പൊലീസ് സമരക്കാരെ നേരിട്ടത്. കല്ലെറിഞ്ഞ സംഘം ഉടന്‍ സ്ഥലംവിട്ടു. ബാക്കിയുള്ളവരെ പൊലീസ് നീക്കംചെയ്തു. സര്‍വേ നടപടികള്‍ തുടര്‍ന്നു. തുടര്‍ന്നും അക്രമസംഭവങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കാന്‍, ഉച്ചയ്ക്ക്, 2.5 കിലോമീറ്റര്‍ സര്‍വേ പൂര്‍ത്തിയായശേഷം നിര്‍ത്തിവച്ചു.
ഒരു വികസന പദ്ധതിയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ, സോളിഡാരിറ്റി ആസൂത്രണംചെയ്തതാണ് ഈ അക്രമം. അവര്‍ക്ക് മറ്റ് ചില തീവ്രവാദ സംഘടനകളുടെ പിന്‍ബലവും കിട്ടിയിരിക്കാന്‍ സാധ്യതയുണ്ട്. വിവിധ തലത്തില്‍ കൂടിയാലോചിച്ചും ആശ്വാസപദ്ധതികള്‍ പ്രഖ്യാപിച്ചും സ്ഥലമുടമകളെ ബോധ്യപ്പെടുത്തിയും നടത്തിയ സര്‍വേ എന്തിന് തടസ്സപ്പെടുത്തി എന്ന് യുഡിഎഫ് നേതാക്കള്‍ ആലോചിക്കണം. ഈ പ്രവണതയ്ക്ക് വളംവച്ചുകൊടുത്താല്‍, നാട്ടില്‍ ഒരു വികസന പ്രവര്‍ത്തനവും നടത്താന്‍ പറ്റാത്ത അവസ്ഥ വരും. ഇപ്പോള്‍ നാം ഉപയോഗിക്കുന്ന റോഡുകളെല്ലാം ഇപ്രകാരം സ്ഥലമുടമകളില്‍നിന്ന് പല സന്ദര്‍ഭങ്ങളിലായി, നഷ്ടപരിഹാരം കൊടുത്ത് ഏറ്റെടുത്തതാണെന്ന കാര്യം മറക്കരുത്.

കിനാലൂര്‍ എസ്റേറ്റുവരെ വീതി കൂടിയ റോഡ് പണി തീര്‍ന്നാല്‍ നിലവിലുള്ള വ്യവസായ എസ്റ്റേറ്റ് വികസിപ്പിക്കാനാകും. പുതിയ സംരംഭകരെ കൊണ്ടുവരാന്‍ സാധിക്കും. ആ സാധ്യതകൂടി കണക്കിലെടുത്ത്, കൊച്ചിന്‍ മലബാര്‍ എസ്റ്റേറ്റിലെ ബാക്കി ഭൂമികൂടി (ഏകദേശം 1800 ഏക്കര്‍) ഏറ്റെടുക്കുന്നതിനുള്ള നടപടി കൈക്കൊള്ളാന്‍ ഞാന്‍ കെഎസ്ഐഡിസിക്ക് നിര്‍ദേശം നല്‍കി. ഏപ്രില്‍ 28നാണ് ഈ നിര്‍ദേശം നല്‍കിയത്. അതിന്റെ അടിസ്ഥാനത്തില്‍ കെഎസ്ഐഡിസി ആ ഭൂമിയുടെ വിശദാംശം ശേഖരിച്ച്, ഏറ്റെടുക്കാനുള്ള നിര്‍ദേശം തയ്യാറാക്കുകയാണ്.

മെയ് ആറിന്റെ സംഭവത്തിനുശേഷം യുഡിഎഫ് നേതാക്കളും ചില അരാജക പരിസ്ഥിതിവാദികളും കിനാലൂര്‍ സന്ദര്‍ശിച്ച് സര്‍ക്കാരിനും എനിക്കുമെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉയര്‍ത്തുകയാണ്. ചില മാധ്യമങ്ങളും ഈ നുണപ്രചാരണങ്ങള്‍ ഏറ്റുപിടിക്കുന്നു.
ജനുവരി ഏഴിന് ബാലുശേരിയില്‍ നടന്ന എല്‍ഡിഎഫ് റാലിയുടെ വേദിയില്‍ 51 സ്ഥലമുടമകള്‍ ഒന്നിച്ചുവന്ന് സമ്മതപത്രം ഏല്‍പ്പിക്കുകയുണ്ടായി. പനങ്ങാട് പഞ്ചായത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും കക്ഷി ഭേദമെന്യേ റോഡ് വികസനത്തെ പരസ്യമായി അനുകൂലിക്കുന്നു. വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചിട്ടും ജോലിക്കുവേണ്ടി നാടുവിട്ടു പോകേണ്ടിവരുന്ന തങ്ങളുടെ മക്കള്‍ക്ക്, വീട്ടുമുറ്റത്തുതന്നെ ഒരു ജോലി കിട്ടുന്ന പദ്ധതികളെ തകര്‍ക്കുന്ന വികസനവിരുദ്ധരുടെ നിലപാടില്‍ നാട്ടുകാര്‍ കടുത്ത അമര്‍ഷത്തിലാണ്.

കിനാലൂര്‍ സംഭവം കേരളീയ സമൂഹത്തിനുമുമ്പില്‍ ഉയര്‍ത്തുന്ന ചോദ്യം വ്യക്തമാണ്. ഇവിടെ ഒരു വികസനപദ്ധതിയും വേണ്ടേ? ഏത് വികസനപദ്ധതി വന്നാലും വിവാദങ്ങളും അക്രമങ്ങളുമുണ്ടാക്കി തടസ്സപ്പെടുത്തിയാല്‍, കേരളത്തിന്റെ ഭാവി എന്താണ്? എച്ച്എംടി ഭൂമിവിവാദം, 60,000 പേര്‍ക്ക് നേരിട്ട് ജോലി ലഭിക്കുമായിരുന്ന ഐടി പദ്ധതിയെ രണ്ടുവര്‍ഷം തടസ്സപ്പെടുത്തി. ഒടുവില്‍ സുപ്രീംകോടതിവരെ പോയി തോറ്റതിനുശേഷമാണ് ചിലര്‍ അടങ്ങിയത്. ആര്‍ക്കാണതിന്റെ നേട്ടം? 75,000 പേര്‍ക്ക് നേരിട്ട് ജോലി വാഗ്ദാനംചെയ്ത ശോഭ ഹൈടെക് സിറ്റി വിവാദങ്ങളുണ്ടാക്കി തടസ്സപ്പെടുത്തി. ഒരു ലക്ഷം പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുമായിരുന്ന മാവൂരിലെ പദ്ധതിയും ആരംഭിക്കാന്‍ പല കാരണങ്ങളാല്‍ ഇതുവരെ സാധിച്ചില്ല. മൊത്തത്തില്‍ മൂന്നു ലക്ഷം പേര്‍ക്കെങ്കിലും നേരിട്ട് തൊഴില്‍ ലഭിക്കുമായിരുന്ന നാല് വന്‍കിട പദ്ധതികളാണ് വികസനവിരുദ്ധരുടെ നിലപാടുമൂലം തടസ്സപ്പെട്ടത്. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ രൂക്ഷമായ കേരളത്തിലെ ചെറുപ്പക്കാരോട് കാണിച്ച ഈ ക്രൂരത മാപ്പര്‍ഹിക്കുന്നില്ല. ജനവിരുദ്ധരെയും വികസനവിരുദ്ധരെയും പ്രബുദ്ധരായ കേരളജനത തിരിച്ചറിയുകതന്നെചെയ്യും. തീര്‍ച്ച.

എളമരം കരീം ദേശാഭിമാനി 14052010

Thursday, May 13, 2010

പി ടി ഉഷയുടെ സ്കൂള്‍ സന്ദര്‍ശിച്ചതിനും പിണറായിക്ക് പഴി

കോഴിക്കോട്: ഇന്ത്യയുടെ സ്പ്രിന്റ് റാണി പി ടി ഉഷയുടെ ക്ഷണം സ്വീകരിച്ച് കിനാലൂരിലെ അവരുടെ പ്രശസ്തമായ സ്കൂള്‍ സന്ദര്‍ശിക്കാന്‍ പോയതിനും പിണറായി വിജയന് പഴി. 'കിനാലൂരിലെ ഭൂമാഫിയക്കുവേണ്ടി നാലുവരിപ്പാത നിര്‍മിക്കാന്‍ തീരുമാനിക്കുന്നതിന് മുന്നോടിയായി പിണറായി വിജയന്‍ മാര്‍ച്ച് 20ന് കിനാലൂരില്‍ രഹസ്യസന്ദര്‍ശനം നടത്തി'യെന്ന് യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് കെ എം ഷാജിയാണ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്. കേട്ടപാതി വന്‍ പ്രാധാന്യം നല്‍കി ചാനലുകളും പത്രങ്ങളും ഇത് പ്രസിദ്ധീകരിച്ചു. എം ദാസന്‍ മെമ്മോറിയല്‍ കോ-ഓപ്പറേറ്റീവ് എന്‍ജിനിയറിങ് കോളേജിന് തറക്കല്ലിടാന്‍ ഉള്ള്യേരിയില്‍ എത്തിയതായിരുന്നു പിണറായി വിജയന്‍. അദ്ദേഹത്തിന്റെ പരിപാടിയറിഞ്ഞ് പി ടി ഉഷ തന്റെ സ്കൂളിലേക്ക് സ്നേഹപൂര്‍വം ക്ഷണിച്ചു. വൈകിട്ട് നാലിന് ചടങ്ങ് കഴിഞ്ഞയുടന്‍ ഉഷയും ഭര്‍ത്താവ് ശ്രീനിവാസനും പിണറായിയെ നേരില്‍കണ്ടും അഭ്യര്‍ഥിച്ചു. തുടര്‍ന്ന് ചടങ്ങിനെത്തിയ അതേ കാറില്‍ പ്രാദേശിക നേതാക്കളോടൊപ്പമാണ് പിണറായി കിനാലൂരിലെ 'പി ടി ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സ്' സന്ദര്‍ശിച്ചത്.
സി.പി.ഐ എം സംസ്താന കമ്മിറ്റി അംഗം പി സതീദേവി, എന്‍.സി.പി നേതാവും സ്ഥലം എം.എല്‍.എയുമായ എ.കെ ശശീന്ദ്രന്‍, സി.പി.ഐ. എം ബാലുശേരി ഏരിയാ സെക്രട്ടറി വി.എം.കുട്ടികൃഷ്ണന്‍, ലോക്കല്‍ സെക്രട്ടറി വി വി ബാലന്‍ നായര്‍, പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായില്‍ കുറുമ്പൊയില്‍ തുടങ്ങിയവരും പിണറായിക്കൊപ്പമുണ്ടായിരുന്നു. സ്കൂളിലെത്തിയ പിണറായി കായിക താരങ്ങളെ പരിചയപ്പെട്ട ശേഷം അവരുടെ ജിംനേഷ്യം, താമസസ്ഥലം, ഗ്രൌണ്ട് തുടങ്ങിയവയെല്ലാം നടന്നു കണ്ടു. ഉഷയുടെ നിര്‍ബന്ധത്തിന് വഴങ്ങി ലഘുഭക്ഷണംകൂടി കഴിച്ച് അദ്ദേഹം മടങ്ങുകയും ചെയ്തു. ഉള്ള്യേരിയിലെ ചടങ്ങ് റിപ്പോര്‍ട്ട് ചെയ്യാന്‍ ദേശാഭിമാനി, കൈരളി എന്നിവക്ക് പുറമെ അമൃത, ഏഷ്യാനെറ്റ്, ജീവന്‍, മനോരമ തുടങ്ങിയ ചാനലുകളും വിവിധ പത്രങ്ങളുടെ പ്രാദേശിക റിപ്പോര്‍ട്ടര്‍മാരും എത്തിയിരുന്നു. ഉഷ സ്കൂളിലേക്ക് പിണറായി പോകുന്ന വിവരം ഇവരെല്ലാം അറിഞ്ഞിരുന്നു. എന്നാല്‍ ദേശാഭിമാനിയും അമൃതയും മാത്രമാണ് പിണറായിയെ പിന്തുടര്‍ന്നത്. മറ്റുള്ളവര്‍ ഉള്ള്യേരിയിലെ പ്രസംഗം നല്‍കാനുണ്ടെന്ന് പറഞ്ഞ് മടങ്ങി. പിണറായി എവിടെയെല്ലാം പോയീന്നതിന് അമൃതാ ടി.വി ബ്യൂറോ ചീഫ് ദീപക് ധര്‍മ്മടം, ക്യാമറാ മാന്‍ ബിജു മുരളിധരന്‍ എന്നിവര്‍ സാക്ഷികളാണ്. പിണറായിയുടെ സന്ദര്‍ശന വാര്‍ത്ത അന്നു തന്നെ അമൃതയും പിറ്റേന്ന് ഫോട്ടോ സഹിതം ദേശാഭിമാനിയും റിപ്പോര്‍ട്ട് ചെയ്തു.
ഇത്ര പരസ്യമായി നടന്ന സന്ദര്‍ശനത്തെയാണ് രഹസ്യസന്ദര്‍ശനമാക്കി യൂത്ത്ലീഗ് ആരോപിച്ചതും മാധ്യമങ്ങള്‍ ഉപ്പുകൂട്ടാതെ വിഴുങ്ങിയതും. സന്ദര്‍ശനം പ്രാദേശിക നേതാക്കള്‍ അറിഞ്ഞില്ലെന്ന് പറഞ്ഞ ‘ചന്ദ്രിക’ കാറില്‍ അജ്ഞാതരുണ്ടായിരുന്നുവെന്നു കൂടി തട്ടിവിട്ടു. ഒന്നാം പേജില്‍ സൂപ്പര്‍ലീഡായി പ്രത്യേക വാര്‍ത്തയാക്കിയാണ് ലീഗ് പത്രം ഇത് അവതരിപ്പിച്ചത്. മംഗളം അഞ്ചു കോളം തലക്കെട്ട് നല്‍കി ഗൌരവം വര്‍ദ്ധിപ്പിച്ചു. മറ്റ് പത്രങ്ങളും കാര്യമന്വേഷിക്കാതെ വാര്‍ത്താ സമ്മേളനത്തിന് അമിത പ്രാധാന്യം നല്‍കി.

ദേശാഭിമാനി 13052010

കിനാലൂര്‍: യുഡിഎഫ് മലര്‍ന്നുകിടന്ന് തുപ്പുന്നു

കോഴിക്കോട്: കിനാലൂര്‍ സംഭവത്തില്‍ സിപിഐ എമ്മിനും വ്യവസായമന്ത്രി എളമരം കരീമിനും എതിരായി മാഫിയാ ബന്ധമാരോപിക്കുന്ന യുഡിഎഫ് മലര്‍ന്നു കിടന്ന് തുപ്പുകയാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. 1995ല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത 300 ഏക്കര്‍ സ്ഥലത്ത് വ്യവസായ സംരംഭങ്ങളാരംഭിക്കാനുള്ള പശ്ചാത്തല സൌകര്യമൊരുക്കാന്‍ വട്ടോളി ബസാര്‍മുതല്‍ കിനാലൂര്‍ വരെ വ്യവസായ വികസന കോര്‍പ്പറേഷന്റെ അധീനതയിലുള്ള റോഡ് വീതികൂട്ടുന്നതിനുള്ള പ്രാഥമിക സര്‍വേയാണ് കഴിഞ്ഞ ദിവസം ആരംഭിച്ചത്. നിലവില്‍ 12 മീറ്റര്‍ വീതിയുള്ള റോഡ് 20 മീറ്റര്‍ വീതി ലഭിക്കത്തക്കവണ്ണം റോഡിന്റെ ഇരുവശത്തുനിന്നും തുല്യ അളവില്‍ ഭൂമി വിട്ടുകിട്ടുന്നതിനുള്ള വ്യവസ്ഥാപിതമായ ഇടപെടലുകളാണ് അധികൃതര്‍ നടത്തിയത്. ഇതിന് വിവിധ ഘട്ടങ്ങളിലായി 11 തവണ സ്ഥലമുടമകളുടേതടക്കമുള്ളവരുടെ യോഗം അധികൃതര്‍ വിളിച്ചിട്ടുണ്ട്. റോഡിനിരുവശത്തുമായി നാല് മീറ്റര്‍ വീതിയില്‍ വിട്ടുകൊടുക്കുന്ന സ്ഥലത്തിന് മാന്യമായ നഷ്ടപരിഹാരവും ഭൂമി വിട്ടുകൊടുക്കുന്ന കുടുംബത്തിലെ ഒരാള്‍ക്ക് വ്യവസായ പാര്‍ക്കില്‍ ജോലിയും നല്‍കുമെന്ന ധാരണയില്‍ ബഹുഭൂരിപക്ഷം ഉടമകളും സ്ഥലം വിട്ടുനല്‍കാന്‍ സന്നദ്ധമായിരുന്നു. വീട് ഭാഗികമായി നഷ്ടമാകുന്ന ആറ് കുടുംബങ്ങള്‍ക്ക് റോഡിനോട് ചേര്‍ന്ന് വീട് നിര്‍മിക്കാന്‍ സ്ഥലം ഏറ്റെടുത്ത് നല്‍കുമെന്നും ധാരണയായതാണ്.

ഇതിന്റെ അടിസ്ഥാനത്തില്‍ പ്രദേശവാസികളുടെയും പഞ്ചായത്ത് അധികൃതരുടെയും സാന്നിധ്യത്തില്‍ സര്‍വേ നടക്കുന്നതിനിടയിലാണ് പുറമെനിന്ന് എത്തിയ ഒരുകൂട്ടം ആളുകള്‍ പൊലീസിന്റെയും ഉദ്യോഗസ്ഥരുടെയും ദേഹത്ത് ചാണകവെള്ളമൊഴിക്കുകയും ആക്രമിക്കുകയും ചെയ്തത്. ഇത് രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലകളിലെ മാവോയിസ്റ്റ് ആക്രമണത്തെയാണ് ഓര്‍മപ്പെടുത്തുന്നത്. തീവ്രവാദവും വര്‍ഗീയവാദവും മുഖമുദ്രയായി സ്വീകരിച്ച, സ്വന്തം സമുദായത്തില്‍പോലും നാമമാത്രമായ സ്വാധീനമില്ലാത്ത ചില സംഘടനകളാണ് ഈ പേക്കൂത്തിന് നേതൃത്വം നല്‍കിയത്.

റോഡ് വികസനവുമായി ബന്ധപ്പെട്ട ആലോചനകളുടെ എല്ലാ ഘട്ടത്തിലും അനുകൂല നിലപാട് സ്വീകരിച്ച് പിന്തുണ പ്രഖ്യാപിച്ച യുഡിഎഫ് ചുവടുമാറ്റി മതതീവ്രവാദികളുടെയും വികസന വിരുദ്ധരുടെയും പിന്നാലെ പോകാന്‍ പ്രേരിപ്പിച്ച ചേതോവികാരം ജനങ്ങള്‍ തിരിച്ചറിയും.

20 മീറ്റര്‍ വീതിയിലാണ് റോഡ് നിര്‍മിക്കാനുദ്ദേശിക്കുന്നത് എന്ന് ബന്ധപ്പെട്ടവര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയെപ്പോലുള്ള ഉത്തരവാദിത്തമുള്ള നേതാക്കള്‍ 100 മീറ്റര്‍ വീതിയിലാണ് റോഡ് എന്ന് പ്രചരിപ്പിക്കുന്നത് തെറ്റിദ്ധാരണയുണ്ടാക്കി അന്തരീക്ഷം കലുഷിതമാക്കാനേ സഹായിക്കൂ. ഉത്തരവാദപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മതതീവ്രവാദികളും വികസന വിരുദ്ധരുമായ ചിലരുടെ പിന്നാലെ പോകുന്നത് നിരുത്തരവാദപരമാണ്.

യുഡിഎഫിന്റെ കെടുകാര്യസ്ഥതയുടെ ഫലമായി തകര്‍ന്ന കേരളത്തിന്റെ വ്യവസായ മേഖലയെ മുന്നേറ്റത്തിന്റെ പാതയിലേക്ക് നയിക്കാന്‍ നേതൃത്വം നല്‍കിയ മന്ത്രി എളമരം കരീമിനെ വ്യക്തിപരമായി ആക്ഷേപിക്കാനും ഭൂമാഫിയയുടെ വക്താവായി ചിത്രീകരിക്കാനുമാണ് ഇടതുപക്ഷ വിരോധികളായ മാധ്യമങ്ങളും യുഡിഎഫും ശ്രമിക്കുന്നത്. കിനാലൂരില്‍ ഭൂമി വാങ്ങിക്കൂട്ടിയവരുടെ പേര് വെളിപ്പെടുത്തുമെന്ന് കോണ്‍ഗ്രസ് ഐ ജില്ലാ നേതൃത്വം പ്രസ്താവിച്ചതായി കണ്ടു. ഒരു പ്രദേശത്തിന്റെ വികസനത്തിന് വഴിയൊരുക്കുന്ന സംരംഭങ്ങള്‍ വരുമ്പോള്‍ ആ മേഖലയില്‍ ഭൂമിക്ക് വില കൂടുക സ്വാഭാവികമാണ്. ഭൂമി വാങ്ങിയവരുടെ പേര് വെളിപ്പെടുത്തുമെന്ന് പറയുന്നവര്‍ അതിന് ആര്‍ജവം പ്രകടിപ്പിക്കണം. യുഡിഎഫിന്റെ സമുന്നത നേതൃത്വത്തിലുള്ള ചിലര്‍ കിനാലൂരില്‍ ഇടപെട്ടത് ജനം സംശയത്തോടെയാണ് കാണുന്നത്. വ്യവവസായ മന്ത്രിക്കും സിപിഐ എമ്മിനും എതിരെ ഉറഞ്ഞുതുള്ളുന്ന പലരുടെയും താല്‍പ്പര്യങ്ങളും പങ്കും വ്യക്തമാകാനിരിക്കുന്നതേയുള്ളൂ.

കിനാലൂര്‍ സംഭവവുമായി ബന്ധപ്പെട്ട് മുസ്ളിങ്ങളെ വ്യവസായമന്ത്രി തീവ്രവാദികളായി ചിത്രീകരിക്കുന്നു എന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം അവജ്ഞയോടെയേ ജനങ്ങള്‍ക്ക് കാണാനാവൂ. മുസ്ളിം സമുദായത്തിലെ മഹാഭൂരിപക്ഷവും മതനിരപേക്ഷ വാദികളും തീവ്രവാദ വിരുദ്ധനിലപാട് സ്വീകരിക്കുന്നവരുമാണെന്നത് സിപിഐ എം എക്കാലത്തും ഉയര്‍ത്തിപ്പിടിച്ച നിലപാടാണ്. ഇപ്പോള്‍ സമരത്തിന് ചാണകവെള്ളമേ ഉപയോഗിച്ചിട്ടുള്ളൂ എന്നും തുടര്‍ന്നങ്ങോട്ട് ഇതിനേക്കള്‍ വൃത്തികെട്ട സമരരീതി സ്വീകരിക്കുമെന്നുമുള്ള യൂത്ത് ലീഗിന്റെ പ്രതികരണം ലീഗിന്റെ ഉപശാലയിലടക്കം നടന്ന ആലോചനയുടെ ഭാഗമാണ് കിനാലൂര്‍ ആക്രമവും എന്ന് തെളിയിക്കുന്നു.

സിപിഐ എമ്മിനും വ്യവസായമന്ത്രിക്കും എതിരെ യുഡിഎഫ് നേതൃത്വം ആരോപിക്കുന്ന മാഫിയാ ബന്ധത്തിന്റെ തൊപ്പി യുഡിഎഫിന്റെ തലയ്ക്കാണ് ചേരുക. പതിനായിരക്കണക്കിനാളുകള്‍ക്ക് ജോലി ലഭിക്കാനിടയുള്ളതും നാടിന്റെ വ്യവസായ വളര്‍ച്ചക്ക് അസ്തിവാരമിടുന്നതുമായ പദ്ധതി തകിടം മറിക്കാനും തീവ്രവാദികളും വര്‍ഗീയ വാദികളുമായ ഒരുപറ്റം ആളുകളെ മുന്നില്‍ നിര്‍ത്തി സാമൂഹ്യ ജീവിതം തകര്‍ക്കാനുമുള്ള ഗൂഢനീക്കം ജാഗ്രതയോടെ കണ്ട് ചെറുത്തുതോല്‍പ്പിക്കണമെന്നും സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

ദേശാഭിമാനി 13052010

ഭൂമി വില്‍പ്പന: മധ്യസ്ഥനായത് ഉമ്മന്‍ചാണ്ടിയാണെന്ന് കര്‍ഷകര്‍

കോഴിക്കോട്: കിനാലൂരിലേക്ക് നാലുവരിപ്പാത പണിയുന്നത് വ്യവസായ വളര്‍ച്ചാകേന്ദ്രത്തിനടുത്ത് എസ്റ്റേറ്റ് ഭൂമി വാങ്ങിക്കൂട്ടിയ ഭൂമാഫിയകളെ സഹായിക്കാനാണെന്ന ആരോപണം ഉമ്മന്‍ചാണ്ടിയെ തിരിഞ്ഞുകൊത്തുന്നു. വ്യവസായവകുപ്പ് ഏറ്റെടുത്ത 309 ഏക്കര്‍ ഭൂമിക്കടുത്തുള്ള 1750 ഏക്കറോളം ഭൂമി 558 കര്‍ഷകര്‍ വിലകൊടുത്ത് വാങ്ങിയതാണെന്നും ഇതിന്റെ രജിസ്ട്രേഷന്‍ കാര്യങ്ങള്‍ക്ക് ഒന്നരവര്‍ഷമായി മധ്യസ്ഥനായി പ്രവര്‍ത്തിക്കുന്നത് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയാണെന്നും കര്‍ഷകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഭൂമി വാങ്ങിയവരുടെയെല്ലാം പേരുകള്‍ ഹൈക്കോടതിയിലുണ്ടെന്നും സംശയമുണ്ടെങ്കില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് എല്ലാ രേഖകളും കൈമാറാമെന്നും ഇവര്‍ വ്യക്തമാക്കി.

കര്‍ഷകസമിതി കണ്‍വീനര്‍ മാര്‍ട്ടിന്‍ തോമസിന്റെ നേതൃത്വത്തില്‍ ഒരുസംഘം കര്‍ഷകരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്. 'തങ്ങളാരും ഭൂമാഫിയകളല്ലെന്നും ദയവായി അങ്ങനെ വിളിക്കരുതെന്നും' ഇവര്‍ അഭ്യര്‍ഥിച്ചു. ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റുമടക്കമുള്ള യുഡിഎഫ് നേതാക്കളാണ് ഇത് പറയുന്നതെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ "ഒന്നരവര്‍ഷമായി ഉമ്മന്‍ചാണ്ടിസാര്‍ തങ്ങള്‍ക്കുവേണ്ടി എസ്റ്റേറ്റ് ഉടമകളുമായി സംസാരിക്കുന്നുണ്ടെന്ന്'' മാര്‍ട്ടിന്‍ തോമസ് അറിയിച്ചു. ഭൂമി രജിസ്റ്റര്‍ചെയ്ത് തരാതെ എസ്റ്റേറ്റ് ഉടമകള്‍ ഇടക്കിടെ തുക കൂട്ടിപ്പറയുന്നതുകൊണ്ടാണ് മധ്യസ്ഥരെ ഏര്‍പ്പെടുത്തേണ്ടിവന്നത്.

സിഐടിയു നേതാവ് കെ മൂസക്കുട്ടിയുടെ നേതൃത്വത്തില്‍ 2006ല്‍ ഒത്തുതീര്‍പ്പുണ്ടാക്കിയെങ്കിലും കമ്പനി അത് പാലിക്കാന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയുടെ സഹായം തേടിയത്. ഒന്നരവര്‍ഷത്തിനിടയില്‍ നാലോ അഞ്ചോ തവണ അദ്ദേഹം പങ്കെടുത്ത് ഒത്തുതീര്‍പ്പ് ചര്‍ച്ചയുണ്ടായി. ഞങ്ങള്‍ ഇടക്കിടെ തിരുവനന്തപുരത്തും മറ്റും പോയി അദ്ദേഹത്തെ സ്ഥിതിഗതികള്‍ അറിയിക്കാറുണ്ട്. ഏറ്റവും ഒടുവില്‍ ഉമ്മന്‍ചാണ്ടിയുടെ മധ്യസ്ഥചര്‍ച്ചയനുസരിച്ച് ഭൂമിവിലയായി 24 കോടിരൂപ കര്‍ഷകരില്‍നിന്ന് പിരിച്ച് എസ്റ്റേറ്റ് ഉടമക്ക് നല്‍കാന്‍ ഡിഡിയാക്കി ബാങ്ക് ലോക്കറിലിട്ടിട്ടുണ്ടെന്നും കര്‍ഷകര്‍ പറഞ്ഞു.

കൊച്ചിന്‍ മലബാര്‍ എസ്റ്റേറ്റ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് കമ്പനിയുടെ കൈയിലുള്ള കിനാലൂര്‍ എസ്റ്റേറ്റില്‍ 2659 ഏക്കര്‍ ഭൂമിയാണുള്ളത്. ഇതില്‍ 309 ഏക്കര്‍ 1995ല്‍ വ്യവസായപാര്‍ക്കിന് വേണ്ടി കെഎസ്ഐഡിസി ഏറ്റെടുത്തു. കമ്പനി സാമ്പത്തിക പ്രതിസന്ധിയിലായി പൂട്ടേണ്ടിവന്നപ്പോള്‍ തൊഴിലാളികള്‍ക്കുള്ള നഷ്ടപരിഹാരം നല്‍കാന്‍ കഴിയാതായി. എസ്റ്റേറ്റ് വിറ്റ് പ്രശ്നം തീര്‍ക്കാന്‍ എല്ലാവരും ധാരണയിലെത്തി. ഇതനുസരിച്ച് പി കെ സി അഹമ്മദ്കുട്ടിയെ കണ്‍സള്‍ട്ടന്റായി നിയോഗിച്ചു. നഷ്ടപരിഹാരതുകക്ക് പുറമെ ഓരോ തൊഴിലാളിക്കും 1.03 ഏക്കര്‍ ഭൂമികൂടി വിതരണം ചെയ്തു. ഇത്പ്രകാരം 550 തൊഴിലാളികള്‍ക്ക് 600 ഏക്കര്‍ ഭൂമി നല്‍കി. ബാക്കി 1750 ഏക്കര്‍ ഭൂമി 558 കര്‍ഷകര്‍ മാര്‍ക്കറ്റ് വില കൊടുത്താണ് വാങ്ങിയത്. ഇതില്‍ അഞ്ച്സെന്റ് മുതല്‍ രണ്ട് ഏക്കര്‍വരെ ഭൂമി 308 കര്‍ഷകരുടെ കൈയിലുണ്ട്. 167പേര്‍ രണ്ട് ഏക്കര്‍ മുതല്‍ അഞ്ചു ഏക്കര്‍വരെ ഭൂമിവാങ്ങി. അഞ്ച് ഏക്കറിനും പത്ത് ഏക്കറിനും ഇടയില്‍ ഭൂമി വാങ്ങിയവര്‍ 64 പേരാണ്. പത്തിനും 25നും ഇടയില്‍ ഭൂമിയുള്ളവര്‍ 17പേര്‍. 25 ഏക്കറിന്മുകളില്‍ രണ്ടുപേരെയുള്ളുവെന്നും കര്‍ഷകര്‍ പറഞ്ഞു.

30 കോടി രൂപയായിരുന്നു കമ്പനി ആദ്യം വില പറഞ്ഞത്. ഇതില്‍ 22 കോടി 80ലക്ഷം രൂപ നല്‍കി. അപ്പോള്‍ കമ്പനി കൂടുതല്‍ തുക ആവശ്യപ്പെട്ടു. ഇതിനിടെ കേസായി. കോഴിക്കോട് സബ്കോടതി ഭൂമിയുടെ രജിസ്ട്രേഷന്‍ നടപടികള്‍ സ്റ്റേചെയ്തു. തൊഴിലാളികളും കര്‍ഷകരും ഒറ്റക്കെട്ടായി ഹൈക്കോടതിയില്‍ നടത്തിയ നിയമയുദ്ധത്തിനുശേഷം സ്റ്റേ നീക്കി. ഇപ്പോള്‍ ഭൂമി കൈവശംവച്ച് ആദായമെടുക്കുന്നു. എന്നാല്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയായിട്ടില്ല. ഈ പ്രശ്നം പരിഹരിക്കാനാണ് ഉമ്മന്‍ചാണ്ടിയെ മധ്യസ്ഥനാക്കിയത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്ന് 24 കോടി രൂപകൂടി നല്‍കാന്‍ ധാരണയായി. കമ്പനി വീണ്ടും വാക്കുമാറിയതിനാലാണ് തുക നല്‍കാത്തത്. അത് ബാങ്ക് ലോക്കറിലുണ്ട്. കര്‍ഷകരായ ഞങ്ങളുടെയും തൊഴിലാളികളുടെയും പ്രശ്നം പരിഹരിക്കാതെ രാഷ്ട്രീയ നേട്ടത്തിന് തങ്ങളെ കരുവാക്കരുതെന്നും ഇവര്‍ അഭ്യര്‍ഥിച്ചു. വ്യവസായപാര്‍ക്കിന് ചുറ്റുമുള്ള എസ്റ്റേറ്റിന്റെ ബാക്കി ഭൂമി മുഴുവന്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന വ്യവസായമന്ത്രിയുടെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് തങ്ങളുടെ ഭൂമിയാണെന്നും സര്‍ക്കാര്‍ ഏറ്റെടുക്കരുതെന്നും കര്‍ഷകര്‍ പറഞ്ഞു.സണ്ണി പൊന്നാമറ്റം, ജോസ് കൈനടി, ജോളി കൈലത്ത്, ബേബിക്കുട്ടി എബ്രഹാം എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.

ദേശാഭിമാനി വാര്‍ത്ത 13052010

Wednesday, May 12, 2010

കിനാലൂര്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ - ഭാഗം ഒന്ന്

'കിനാലൂര്‍' എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ രാഷ്ട്രീയ പ്രചാരണത്തിനുള്ള ആയുധമാക്കി യുഡിഎഫും സോളിഡാരിറ്റിയും വികസനവിരുദ്ധ ശക്തികളും ഉപയോഗിക്കുകയാണ്. ഒരു വിഭാഗം മാധ്യമങ്ങള്‍ ഈ പ്രചാരണം ആവേശത്തോടെ ഏറ്റെടുത്തിരിക്കുന്നു. പ്രതിപക്ഷ നേതാവുള്‍പ്പെടെ യുഡിഎഫ് നേതാക്കള്‍ തികച്ചും വസ്തുതാവിരുദ്ധമായ പ്രചാരണമാണ് അഴിച്ചുവിട്ടത്. 'നൂറു മീറ്റര്‍' വീതിയുള്ള റോഡ് എന്തിനാണ് എന്നാണ് ഒരു ചോദ്യം. കിനാലൂരില്‍ എന്ത് വ്യവസായപദ്ധതിയാണ് വരുന്നത് എന്ന് മറ്റൊരു ചോദ്യം. കിനാലൂരിലെ കൊച്ചിന്‍ മലബാര്‍ എസ്റ്റേറ്റ് തൊഴിലാളികളെ പിരിച്ചുവിട്ടശേഷം, റബര്‍തോട്ടം തുണ്ടുകളാക്കി വില്‍പ്പന നടത്തിയപ്പോള്‍, വിലയ്ക്കു വാങ്ങിയവര്‍ക്കുവേണ്ടി (ഭൂമാഫിയ)യാണ് ഈ റോഡ് എന്നും ഇക്കൂട്ടര്‍ വാദിക്കുന്നു. ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന ഇത്തരം പ്രചാരവേലകള്‍ നടക്കുമ്പോള്‍ വസ്തുതകള്‍ ജനങ്ങളറിയണം.

വ്യാവസായികമായി പിന്നോക്കം നില്‍ക്കുന്ന ജില്ലകളുടെ സാമൂഹ്യ-സാമ്പത്തിക ഉന്നമനം ലക്ഷ്യംവച്ച് കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയാണ് വ്യവസായ വളര്‍ച്ചാകേന്ദ്രങ്ങള്‍. ഈ പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍ ജില്ലയില്‍ കൂത്തുപറമ്പ് വലിയവെളിച്ചം 278 ഏക്കര്‍, കോഴിക്കോട് ജില്ലയിലെ കിനാലൂര്‍ 312 ഏക്കര്‍, മലപ്പുറം ജില്ലയിലെ പാണക്കാട് 258 ഏക്കര്‍, ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല 278 ഏക്കര്‍ എന്നിങ്ങനെ ഭൂമി, കേരള സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ (കെഎസ്ഐഡിസി) 1995ല്‍ ഏറ്റെടുത്തു. എന്നാല്‍, ഈ വ്യവസായ പാര്‍ക്കുകളില്‍ അടിസ്ഥാനസൌകര്യങ്ങള്‍, റോഡ്, വൈദ്യുതി, ജലവിതരണം തുടങ്ങിയവ വികസിപ്പിക്കാന്‍ കെഎസ്ഐഡിസിക്ക് കഴിഞ്ഞില്ല. തല്‍ഫലമായി കാര്യമായ വ്യവസായപദ്ധതികളൊന്നും ഈ വ്യവസായപാര്‍ക്കുകളില്‍ വന്നില്ല. കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ നാലു വ്യവസായപാര്‍ക്കിലായി ആകെയുള്ള 1126 ഏക്കര്‍ ഭൂമിയില്‍, 23 ഏക്കര്‍ ഭൂമിയില്‍ മാത്രമാണ് ചില ചെറിയ വ്യവസായ യൂണിറ്റുകള്‍ വന്നത്. 45 ഏക്കര്‍ ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അനുവദിച്ചു. 1058 ഏക്കര്‍ ഭൂമി വര്‍ഷങ്ങളായി വെറുതെ കിടക്കുന്നു. വ്യാവസായിക ആവശ്യങ്ങള്‍ക്കും മറ്റ് വികസനപദ്ധതികള്‍ക്കും ഭൂമി കണ്ടെത്താന്‍ പ്രയാസപ്പെടുമ്പോഴാണ് ഇത്രയും ഭൂമി വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്നത് എന്ന് ഓര്‍ക്കണം. ഈ പ്രശ്നം വിശകലനംചെയ്തപ്പോള്‍ മനസ്സിലായത് അടിസ്ഥാനസൌകര്യങ്ങളുടെ അഭാവമാണ് ഇത്രയും ഭൂമി വെറുതെ കിടക്കാന്‍ കാരണമായത് എന്നാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ എല്ലാ വ്യവസായപാര്‍ക്കുകളിലും അടിസ്ഥാനസൌകര്യങ്ങള്‍ അടിയന്തരമായി വികസിപ്പിക്കാന്‍ നടപടി കൈക്കൊള്ളണമെന്ന് സര്‍ക്കാര്‍ കെഎസ്ഐഡിസിക്ക് നിര്‍ദേശം നല്‍കി. അതനുസരിച്ച്, കൂത്തുപറമ്പ് വ്യവസായപാര്‍ക്കിലേക്ക് 4.2 കോടി രൂപ ചെലവഴിച്ച് കെഎസ്ഐഡിസി നിലവിലുണ്ടായിരുന്ന റോഡ് വികസിപ്പിച്ചു. ജലവിതരണപദ്ധതി പൂര്‍ത്തിയാക്കി. വൈദ്യുതിവിതരണം മെച്ചപ്പെടുത്താന്‍ പുതിയ സബ് സ്റേഷന്‍ സ്ഥാപിക്കാനുള്ള നടപടി ആരംഭിച്ചു. ഇത്രയും ചെയ്തപ്പോള്‍, കൂത്തുപറമ്പ് വ്യവസായപാര്‍ക്കില്‍ പുതിയ പദ്ധതികള്‍ വരാന്‍ തുടങ്ങി. അവിടെ ആരംഭിച്ച അപ്പാരല്‍ പാര്‍ക്കില്‍ 800 തൊഴിലാളികള്‍ക്ക് ജോലികിട്ടി. 50 ഏക്കര്‍ ഭൂമിയില്‍ ചെറുകിട വ്യവസായപാര്‍ക്ക് ആരംഭിച്ചു. പുതിയ അപേക്ഷകള്‍ സംരംഭകര്‍ നല്‍കുന്നത് കണക്കിലെടുത്ത്, 300 ഏക്കര്‍ ഭൂമികൂടി പരിസരത്ത് ഏറ്റെടുക്കാന്‍ കെഎസ്ഐഡിസി തീരുമാനിച്ചു.

കിനാലൂരില്‍ 2500 കോടി രൂപ മുതല്‍മുടക്കുള്ള ഒരു പ്രോജക്ട് സ്ഥാപിക്കാന്‍, മലേഷ്യന്‍ സര്‍ക്കാര്‍ സ്ഥാപനമായ സിഐഡിബി മുന്നോട്ട് വരികയും കെഎസ്ഐഡിസിയുമായി ധാരണാപത്രം ഒപ്പിടുകയുംചെയ്തു. ഈ പദ്ധതി നിലവില്‍വരാന്‍ സിഐഡിബി മുന്നോട്ടുവച്ച നിബന്ധനകളില്‍ ഒന്ന് കോഴിക്കോട് നഗരത്തില്‍നിന്ന് കിനാലൂര്‍വരെ നാലുവരി പാത വേണമെന്നതായിരുന്നു. 15,000 ത്തില്‍പരം യുവജനങ്ങള്‍ക്ക് നേരിട്ടും ഇരട്ടിയിലധികം പേര്‍ക്ക് പരോക്ഷമായും ജോലി കിട്ടുന്നതായിരുന്നു ഈ വ്യവസായപദ്ധതി. കോഴിക്കോട് ജില്ലയിലെ ജനങ്ങള്‍ വലിയ പ്രതീക്ഷയോടെ നോക്കിയ പദ്ധതി, റോഡ് വികസനം വൈകിയതിനാല്‍ നടക്കാതെ പോയി. അഭ്യസ്തവിദ്യരായ പതിനായിരക്കണക്കിനു യുവതീയുവാക്കള്‍ സംസ്ഥാനത്തിന് പുറത്തേക്ക് പോയിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ്, ആയിരക്കണക്കിനു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ഒരു പദ്ധതി നഷ്ടമായത്.

ഈ സാഹചര്യത്തില്‍ പുതിയ പദ്ധതികള്‍ക്കായി കെഎസ്ഐഡിസി ശ്രമം ആരംഭിച്ചു. കോഴിക്കോട് ജില്ലയില്‍ നന്നായി വികസിച്ച 'ഫുട്‌വെയര്‍' ഉല്‍പ്പാദന വ്യവസായം കൂടുതല്‍ വികസിപ്പിക്കാന്‍ ഒരു ഇന്റഗ്രേറ്റഡ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിനായി 70 ഏക്കര്‍ ഭൂമി കിനാലൂരില്‍ അനുവദിക്കാന്‍ തീരുമാനിച്ചു. 50 ഏക്കര്‍ ഭൂമി ഫുഡ് പ്രോസസിങ് വ്യവസായപര്‍ക്ക് വികസിപ്പിക്കാന്‍, കിന്‍ഫ്രയ്ക്ക് കൈമാറാനും തീരുമാനമായി. യുഎഇയില്‍നിന്നുള്ള ഒരു പ്രമുഖല്ലസ്ഥാപനം ഒരു 'മെഡിസിറ്റി' സ്ഥാപിക്കാനുള്ള നിര്‍ദേശവുമായി കെഎസ്ഐഡിസിയെ സമീപിച്ചു. കഴിഞ്ഞ ഏപ്രിലില്‍ അവര്‍ കിനാലൂര്‍ സന്ദര്‍ശിച്ച് സ്ഥലം അനുയോജ്യമാണെന്ന് ബോധ്യപ്പെട്ടു. മേയ് 17ന് തുടര്‍ചര്‍ച്ചയ്ക്കായി അവര്‍ വീണ്ടും സംസ്ഥാനത്തെത്തുന്നുണ്ട്. മലേഷ്യന്‍ കമ്പനി നേരത്തെ നിര്‍ദേശിച്ചതിനേക്കാള്‍ വലിയ പദ്ധതിയാണ് ഇപ്പോള്‍ വന്നിട്ടുള്ള നിര്‍ദേശം.

ഇത്തരമൊരു പദ്ധതി നിലവില്‍വരണമെങ്കില്‍ റോഡ് വികസനം അനിവാര്യമാണ്. ചര്‍ച്ചയെല്ലാം കഴിഞ്ഞ് ഒടുവില്‍ റോഡ് സൌകര്യമില്ലെന്നു പറഞ്ഞ് യുഎഇ കമ്പനിയും ഒഴിഞ്ഞുപോകാന്‍ ഇടവരരുതെന്ന് സര്‍ക്കാര്‍ കരുതുന്നു. മലേഷ്യന്‍ കമ്പനിയുമായി ധാരണാപത്രം ഒപ്പിട്ടത് ഒന്നരവര്‍ഷംമുമ്പാണ്. അന്നുമുതലാണ് പുതിയ റോഡിനെക്കുറിച്ചുള്ള ആലോചന വന്നത്. 2008-09 വര്‍ഷത്തെ ബജറ്റില്‍ 25 കോടി രൂപ ഈ റോഡ് നിര്‍മാണത്തിനായി നീക്കിവച്ചു. റോഡ് നിര്‍മാണത്തിന്റെ ചുമതല കെഎസ്ഐഡിസിക്കായിരുന്നു. പുതിയ റോഡിന്റെ 'അലൈന്‍മെന്റ്' നിശ്ചയിക്കാന്‍ 'ഇന്‍കെലി'നെ (ഇന്‍ഫ്രാ സ്ട്രക്ചേഴ്സ് കേരള ലിമിറ്റഡ്) ചുമതലപ്പെടുത്തി. ഇന്‍കലാണ് 'വില്‍ബര്‍ സ്മിത്ത്' എന്ന സ്ഥാപനത്തെ കണ്‍സള്‍ട്ടന്റായി തെരഞ്ഞെടുത്തത്. ഈ സ്ഥാപനം നാലു നിര്‍ദേശം തയ്യാറാക്കി. അവ പരിശോധിച്ച് ഏറ്റവും ചെലവ് കുറഞ്ഞതും ഏറ്റവും കുറച്ച് വീടുകളെ ബാധിക്കുന്നതുമായ നിര്‍ദേശം സര്‍വേചെയ്യാന്‍ തീരുമാനിച്ചു. ഈ റോഡിന് എത്ര മീറ്റര്‍ വീതിവേണം, എത്ര ഭൂമിവേണം എന്നെല്ലാം സര്‍വേക്കുശേഷമേ തീരുമാനിക്കാനാകൂ.

സര്‍ക്കാര്‍ പണം ചെലവഴിച്ച് നിര്‍മിക്കുന്ന റോഡായതിനാല്‍ ഇത് പൊതുറോഡാണ്. 'ബിഒടി' റോഡാണെന്ന ദുഷ്പ്രചാരണം നടത്തിയത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്. 100 മീറ്റര്‍ വീതിയുള്ള റോഡ് എന്നതും വസ്തുതാ വിരുദ്ധമാണ്. സര്‍വേ നടത്തുന്നതിനുമുമ്പ്, ജില്ലയിലെ മുഴുവന്‍ രാഷ്ട്രീയ പാര്‍ടികളുടെയും ജന പ്രതിനിധികളുടെയും യോഗം കലക്ടറേറ്റില്‍ വിളിച്ചുചേര്‍ത്തു. വ്യവസായമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കോഴിക്കോട് എംപി, എംഎല്‍എമാര്‍, കലക്ടര്‍ എന്നിവരും റോഡിനെതിരെ രൂപംകൊണ്ട സോളിഡാരിറ്റി നേതൃത്വം നല്‍കുന്ന 'ജന ജാഗ്രതാ സമിതി' ഭാരവാഹികളും പങ്കെടുത്തു. വിശദമായ ചര്‍ച്ചയ്ക്കുശേഷം റോഡ് സര്‍വേ നടത്താന്‍ തീരുമാനിച്ചു. സര്‍വേ നടത്താന്‍ ചെന്ന ഉദ്യോഗസ്ഥരെ സോളിഡാരിറ്റി നേതൃത്വം നല്‍കുന്ന സമരസമിതി പ്രവര്‍ത്തകര്‍ തടഞ്ഞു. തുടര്‍ന്ന് കലക്ടര്‍, വിവിധ തലങ്ങളില്‍ പത്ത് യോഗം നടത്തി. കക്കോടി, ചേളന്നൂര്‍, നന്‍മണ്ട, കാക്കൂര്‍, ഉണ്ണികുളം, പനങ്ങാട് പഞ്ചായത്ത് ബോര്‍ഡ് പ്രസിഡന്റുമാരും ബാലുശേരി, കൊടുവള്ളി മണ്ഡലം എംഎല്‍എമാരും റോഡ് പദ്ധതിയുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാരിനോടഭ്യര്‍ഥിച്ചു. പനങ്ങാട് പഞ്ചായത്ത് ബോര്‍ഡിന്റെ നേതൃത്വത്തില്‍ വട്ടോളി ബസാറില്‍ വലിയ ബഹുജനറാലി സംഘടിപ്പിച്ച്, വികസനപദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചു. റോഡ് വികസനവുമായി മുന്നോട്ടു പോകണമെന്നഭ്യര്‍ഥിച്ച് സര്‍ക്കാരിന് നിവേദനം നല്‍കി.

ഈ സാഹചര്യത്തില്‍ റോഡ് വികസനത്തിന്റെ സര്‍വേ ആരംഭിക്കാന്‍ കെഎസ്ഐഡിസി തീരുമാനിച്ചു. ആദ്യഘട്ടമെന്ന നിലയില്‍ വട്ടോളി ബസാര്‍മുതല്‍ കിനാലൂര്‍ വ്യവസായപാര്‍ക്കുവരെയുള്ള ഭാഗം സര്‍വേ നടത്തിയാല്‍ മതിയെന്ന് തീരുമാനിച്ചിരുന്നു. വട്ടോളി ബസാര്‍മുതല്‍ കിനാലൂര്‍ വ്യവസായപാര്‍ക്കുവരെയുള്ള നിലവിലുള്ള റോഡ് നേരത്തെ കെഎസ്ഐഡിസി നിര്‍മിച്ചതാണ്. അത് വീതി കൂട്ടാന്‍ 82 ഭൂ ഉടമകളുടെ ഭൂമിയാണ് എടുക്കേണ്ടത്. സ്ഥല ഉടമകളുടെ യോഗം കലക്ടര്‍ പനങ്ങാട് പഞ്ചായത്ത് ഓഫീസില്‍ വിളിച്ചുചേര്‍ത്തു. സ്ഥലമെടുപ്പിന് താഴെപറയുന്ന പാക്കേജ് കലക്ടര്‍ ഭൂഉടമകളെ അറിയിച്ചു.

1. വിട്ടു നല്‍കേണ്ടി വരുന്ന ഭൂമിക്ക് ന്യായമായ വില നല്‍കും

2. വീട് നഷ്ടപ്പെടുന്നവര്‍ക്ക്, നഷ്ടപരിഹാരത്തിനു പുറമെ, റോഡ് സൈഡില്‍ അഞ്ച് സെന്റ് ഭൂമി സൌജന്യമായി നല്‍കും.

3. വീടും ഭൂമിയും വിട്ടുനല്‍കുന്നവരുടെ കുടുംബത്തില്‍നിന്ന് ഓരോരുത്തര്‍ക്ക്, കിനാലൂരില്‍ വരുന്ന വ്യവസായങ്ങളില്‍ അനുയോജ്യമായ ജോലി നല്‍കും.

4. ഭൂമി വിട്ടുനല്‍കുന്നവര്‍ക്ക് അവശേഷിക്കുന്ന ഭൂമിയില്‍ കെട്ടിടങ്ങള്‍ ഉണ്ടാക്കാന്‍ ആവശ്യമാണെങ്കില്‍ ചട്ടങ്ങളില്‍ ഇളവു നല്‍കും.

ഈ പാക്കേജ് ഭൂരിപക്ഷം ഭൂഉടമകളും അംഗീകരിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് മെയ് ആറിന് സര്‍വേ നടത്താന്‍ തീരുമാനിച്ചത്.

(രണ്ടാം ഭാഗം വികസനം തകര്‍ക്കാന്‍ ആക്രമണം)

എളമരം കരീം ദേശാഭിമാനി 13052010/14052010

കിനാലൂര്‍ - റോഡിനു100 മീറ്റര്‍ വീതിയെന്ന പെരും നുണ

വ്യവസായ വളര്‍ച്ചാകേന്ദ്രം ഇല്ലാതാക്കാന്‍ കള്ളക്കഥ

കോഴിക്കോട്: അടിസ്ഥാനമില്ലാത്ത ആരോപണങ്ങളും അനാവശ്യമായ വിവാദവും ഉയര്‍ത്തി കിനാലൂരിലെ നിര്‍ദിഷ്ട വ്യവസായ വളര്‍ച്ചാകേന്ദ്രം ഇല്ലാതാക്കാന്‍ യുഡിഎഫ് ശ്രമം. 15 വര്‍ഷംമുമ്പ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുത്ത് വ്യവസായ കേരളത്തിന് സമര്‍പ്പിച്ച ഈ മണ്ണിലേക്ക് അടിസ്ഥാനസൌകര്യമില്ലെന്ന കാരണത്താല്‍ ഒറ്റ വ്യവസായിയും ഇതുവരെ തിരിഞ്ഞുനോക്കിയിരുന്നില്ല. ഇത് മനസ്സിലാക്കി നല്ല റോഡും വെള്ളവും വെളിച്ചവും എത്തിക്കാനുള്ള സര്‍ക്കാര്‍ ശ്രമമാണ് തകര്‍ക്കാന്‍ നോക്കുന്നത്. ചില മാധ്യമങ്ങളും ഇതിന് കൂട്ടുനില്‍ക്കുന്നു. 100 മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മിക്കാന്‍ പോകുന്നുവെന്നാണ് പ്രചാരണം. എന്നാല്‍ നിര്‍ദിഷ്ട റോഡിന്റെ വീതി 30 മീറ്ററേയുള്ളു.

1995-96ല്‍ കിനാലൂര്‍ ഉള്‍പ്പെടെ നാല് സ്ഥലങ്ങളിലായി 1240 ഏക്കര്‍ ഭൂമിയാണ് വ്യവസായ വളര്‍ച്ചാകേന്ദ്രത്തിനായി സര്‍ക്കാര്‍ ഏറ്റെടുത്തത്. കിനാലൂര്‍ (300 ഏക്കര്‍), ചേര്‍ത്തല (300 ഏക്കര്‍), മലപ്പുറം (320 ഏക്കര്‍), കൂത്തുപറമ്പ് (320 ഏക്കര്‍) എന്നിങ്ങനെ. ഭൂമി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കുമ്പോഴേക്കും സര്‍ക്കാരിന്റെ കാലാവധി കഴിഞ്ഞു. തുടര്‍ന്ന് വന്ന യുഡിഎഫ് സര്‍ക്കാര്‍ ഈ ഭൂമിയില്‍ ഒരു കുഴല്‍ക്കിണര്‍പോലും കുഴിച്ചില്ല. ഈ സര്‍ക്കാരും വ്യവസായമന്ത്രി എളമരം കരീമും മുന്‍കൈ എടുത്ത് നാലിടങ്ങളിലും പുരോഗതിയുണ്ടാക്കാന്‍ ശ്രമം തുടങ്ങി. കൂത്തുപറമ്പിലേക്കുള്ള റോഡ് വീതികൂട്ടുകയും വെള്ളവും വെളിച്ചവും എത്തിക്കുകയുംചെയ്തു. ഇതേത്തുടര്‍ന്ന് അവിടെ 800 പേര്‍ക്ക് ജോലികിട്ടുന്ന മരിയന്‍ അപ്പാരല്‍ പാര്‍ക്ക് ആരംഭിച്ചു. ഇനിയും വ്യവസായങ്ങള്‍ വരാന്‍ പോകുന്നു. മലപ്പുറത്തും റോഡ് വീതികൂട്ടാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് കിനാലൂരിലേക്ക് നാലുവരിപ്പാത നിര്‍മിക്കാന്‍ ആലോചന തുടങ്ങിയത്. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, എംഎല്‍എ തുടങ്ങിയവര്‍ വിശദമായി പരിശോധിച്ചശേഷമാണ് മാവിളിക്കടവ്-കിനാലൂര്‍ വഴി റോഡ് നിര്‍മിക്കാന്‍ സര്‍വേ ആരംഭിക്കാന്‍ തീരുമാനിച്ചത്-26.52 കിലോമീറ്ററാണ് ദൂരം. പ്രാഥമിക പഠനമനുസരിച്ച് 235 കെട്ടിടങ്ങളെയാണ് റോഡ് ബാധിക്കുക. വേറെയും മൂന്ന് നിര്‍ദേശങ്ങള്‍ വന്നുവെങ്കിലും ഒഴിപ്പിക്കല്‍ ഏറ്റവും കുറഞ്ഞതും പരിസ്ഥിതിക്ക് ദോഷം വരാത്തതുമായ നിര്‍ദേശമാണ് സ്വീകരിച്ചത്.

മാവിളിക്കടവ്-കിനാലൂര്‍ റോഡ് വന്നാല്‍ 350 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവരുമെന്നാണ് ചൊവ്വാഴ്ചത്തെ മുഖപ്രസംഗത്തില്‍ മനോരമ തട്ടിവിട്ടത്. പാതക്കെതിരെ സമരം നയിക്കുന്ന സോളിഡാരിറ്റിയുടെ പ്രചാരണം അതേപടി ഉദ്ധരിക്കുകയാണ് പത്രം. ഉപഗ്രഹപഠനം മാത്രമേ റോഡ് സംബന്ധിച്ച് ഇതുവരെ നടന്നിട്ടുള്ളു. അതില്‍ 235 കെട്ടിടങ്ങള്‍ എന്നു മാത്രമേ പറയുന്നുള്ളു. ഇതില്‍ വീടും കടയുമെല്ലാം വരും. ആള്‍താമസമുള്ള വീട് എത്രയെണ്ണം വരുമെന്ന് വിശദമായ റവന്യൂ സര്‍വേയിലൂടെയേ മനസ്സിലാക്കാനാവൂ. റോഡ് വന്നാല്‍ മഴക്കാലത്ത് 1700 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവരുമെന്നും മനോരമ എഴുതുന്നു. നിര്‍ദിഷ്ട റോഡിന് 64 ഹെക്ടറിനടുത്ത് ഭൂമി ഏറ്റെടുക്കേണ്ടിവരുമെന്നാണ് ഉപഗ്രഹപഠന റിപ്പോര്‍ട്ട്. ഇതിനും സ്ഥലത്തിനുമായി 97 കോടി രൂപ ചെലവ് വരുമെന്നും കണക്കാക്കുന്നു. 21.02 കി.മീറ്റര്‍ വരുന്ന പുതിയ റോഡിന് 30 മീറ്റര്‍ വീതിയേ പഠനഏജന്‍സി പറയുന്നുള്ളു.

നാലുവരിപ്പാതയുടെ ദേശീയനിലവാരം ഇതാണ്. 5.5 മീറ്റര്‍ വരുന്ന നിലവിലുള്ള റോഡ് 20 മീറ്റര്‍ വീതിയാക്കണമെന്നും ശുപാര്‍ശയിലുണ്ട്. വിശദമായ സര്‍വേയിലൂടെ ഇതില്‍ എന്തു മാറ്റം വരുത്താനും സര്‍ക്കാരിന് അധികാരവുമുണ്ട്. 192 കോടി രൂപയാണ് റോഡിന് ആകെ ചെലവ് പ്രതീക്ഷിക്കുന്നത്. കോഴിക്കോട്- വയനാട് ദേശീയപാതയില്‍ താമരശേരി വഴി കിനാലൂരിലേക്ക് റോഡ് നിര്‍മിച്ചാല്‍പോരേയെന്ന സമരക്കാരുടെ ചോദ്യം മനോരമയും ഉന്നയിക്കുന്നു. 26.5 കിലോമീറ്റര്‍ ദൂരത്തിന് പകരം കോഴിക്കോട്ട്നിന്ന് 30 കി.മീറ്റര്‍ കിഴക്കോട്ട് പോയി വീണ്ടും എട്ടു കിലോമീറ്ററിലധികം പടിഞ്ഞാറോട്ട് വരണമെന്ന ഉപദേശം ഏതു വ്യവസായിയാണ് അംഗീകരിക്കുക. മാത്രമല്ല, കോഴിക്കോട്- വയനാട് റോഡില്‍ ഇപ്പോള്‍തന്നെ കനത്ത വാഹനഗതാഗതമാണ്. പോരാത്തതിന് വളഞ്ഞുപുളഞ്ഞുപോകുന്ന വഴിയും.

ഉമ്മന്‍ചാണ്ടിയുടെ കണ്ടുപിടിത്തം കിനാലൂര്‍ നാലുവരിപ്പാത 100 മീറ്റര്‍ വീതിയില്‍

കോഴിക്കോട്: കിനാലൂരിലെ നിര്‍ദിഷ്ട വ്യവസായ വളര്‍ച്ചാകേന്ദ്രത്തിലേക്കുള്ള നാലുവരിപ്പാതക്ക് 30 മീറ്റര്‍ വീതിയാണ് ഇതേക്കുറിച്ച് പഠിക്കുന്ന കസള്‍ട്ടന്‍സിയുടെ ശുപാര്‍ശ. ഈ റിപ്പോര്‍ട്ട് കെഎസ്ഐഡിസിയിലും കലക്ടറേറ്റിലുമുണ്ട്. എന്നാല്‍, റോഡുണ്ടാക്കുന്നത് 100 മീറ്റര്‍ വീതിയിലാണെന്ന് പ്രതിപക്ഷ നേതാവിന്റെ 'കണ്ടെത്തല്‍'. 'കേരളത്തില്‍ ഒരിടത്തുമില്ലാത്ത നൂറുമീറ്റര്‍ വീതിയുള്ള പാത കിനാലൂരില്‍ മാത്രം എന്തിനാണെ'ന്നാണ് ഉമ്മന്‍ചാണ്ടിയുടെ ചോദ്യം. കൊച്ചിയില്‍ നടന്ന ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസിന്റെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്ത് ഇദ്ദേഹമുന്നയിച്ച സംശയം പ്രാധാന്യത്തോടെ മനോരമ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച ബാലുശേരിയിലെത്തി പൊതുയോഗത്തില്‍ സംസാരിക്കുമ്പോഴും ഈ മണ്ടത്തരം പ്രതിപക്ഷനേതാവ് ആവര്‍ത്തിച്ചു. വി എം സുധീരനും ചിലയിടങ്ങളില്‍ ഇത് തട്ടിവിടുന്നുണ്ട്.

മാവിളിക്കടവില്‍നിന്ന് ആരംഭിച്ച് വട്ടോളി വഴി കിനാലൂരിലെത്തുന്ന പാതയ്ക്ക് 26.52 കിലോമീറ്ററാണ് ദൂരം. ഇതില്‍ വട്ടോളിമുതല്‍ കിനാലൂര്‍വരെ നാലു കിലോമീറ്റര്‍ കെഎസ്ഐഡിസി റോഡാണ്. 21.02 കിലോമീറ്റര്‍ പുതിയ റോഡ് നിര്‍മിക്കണം. ഒന്നര കിലോമീറ്റര്‍ നിലവിലുള്ള റോഡ് വീതികൂട്ടലാണ്. പുതിയ റോഡിന് 30 മീറ്ററും നിലവിലുള്ള റോഡിന് 20 മീറ്ററുമാണ് സാറ്റലൈറ്റ് പഠനം നടത്തുന്ന ബംഗളൂരുവിലെ വില്‍ബര്‍സ്മിത്ത് കണ്‍സള്‍ട്ടന്‍സി ശുപാര്‍ശ ചെയ്യുന്നത്.

സോളിഡാരിറ്റിക്കാര്‍ പറയുന്നത് അതേപടി ആവര്‍ത്തിക്കുകയാണ് പ്രതിപക്ഷ നേതാവ് ചെയ്യുന്നതെന്ന് മന്ത്രി എളമരം കരീം പറഞ്ഞു. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന് ഇത്തരം നിരുത്തരവാദപരമായ കാര്യങ്ങള്‍ പറയുന്നത് ഇനിയെങ്കിലും നിര്‍ത്തണം. നാടിന്റെ വ്യവസായ വികസനമാണ് ഇത്തരം പ്രസ്താവനകളിലൂടെ തകര്‍ക്കപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു. കിനാലൂരിലേക്ക് നിര്‍ദേശിച്ച നാലുവരിപ്പാതയില്‍ ഒരിടത്തും 100 മീറ്റര്‍ വീതി ഇല്ലെന്ന് ജില്ലാകലക്ടര്‍ പി ബി സലീമും ദേശാഭിമാനിയോട് പറഞ്ഞു. ഇതേക്കുറിച്ച് ശുപാര്‍ശ ചെയ്ത കസള്‍ട്ടന്‍സിയുടെ റിപ്പോര്‍ട്ട് കലക്ടറേറ്റിലുണ്ട്. ജനപ്രതിനിധികളെയും സമരസമിതിക്കാരെയുമെല്ലാം ഇക്കാര്യം വിശദമായി അറിയിച്ചതാണ്. സംശയമുള്ളവര്‍ക്ക് ഇനിയും ഇത് വിശദീകരിച്ചുകൊടുക്കാമെന്നും കലക്ടര്‍ പറഞ്ഞു.

deshabhimani 12052010

Saturday, May 8, 2010

വ്യവസായം വേണ്ടെന്നോ?

എല്‍ഡിഎഫ് സര്‍ക്കാര്‍ കോഴിക്കോട് ജില്ലയിലെ ബാലുശേരിക്കടുത്ത കിനാലൂരില്‍ കേരള ചെറുകിട വ്യവസായ വികസന കോര്‍പറേഷന്റെ കൈവശമുള്ള സ്ഥലത്ത് ഒരു വ്യവസായ പാര്‍ക്ക് സ്ഥാപിക്കാന്‍ തീരുമാനിച്ചത് വലിയ കുറ്റമാണോ? 1995ല്‍ കേന്ദ്രസര്‍ക്കാരിന്റെ ഫണ്ടുപയോഗിച്ച് വാങ്ങിയതാണ് ഭൂമി. 15 വര്‍ഷമായി ഭൂമി വിനിയോഗിക്കപ്പെട്ടിട്ടില്ല. 30 ഏക്കര്‍ പി ടി ഉഷാ സ്കൂളിന് നല്‍കി. ബാക്കി സ്ഥലത്ത് മലേഷ്യന്‍ കമ്പനിയുമായി യോജിച്ച് വ്യവസായ പാര്‍ക്ക് സ്ഥാപിക്കാന്‍ ധാരണയായി. ബഹുരാഷ്ട്ര കുത്തകയെ സഹായിക്കുന്നുവെന്നായിരുന്നു അന്നത്തെ ആരോപണം. ആഗോള സാമ്പത്തികമാന്ദ്യം കാരണമാണെന്നു പറയുന്നു മലേഷ്യക്കാര്‍ പിറകോട്ടുപോയി. എങ്കിലും വ്യവസായസംരംഭം വഴിമുട്ടാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അനുവദിച്ചില്ല. ചെറുകിട വ്യവസായികള്‍ സന്നദ്ധതയോടെ രംഗത്തെത്തി. മുപ്പതിലധികം ചെരിപ്പ് വ്യവസായ യൂണിറ്റുകള്‍ അവിടെ അനുവദിക്കാന്‍ തീരുമാനിച്ചു. 5000 പേര്‍ക്ക് ഇതുമൂലം തൊഴില്‍ ലഭിക്കും. കൂടുതല്‍ വ്യവസായികളെ ഇനിയും ആകര്‍ഷിക്കാന്‍ കഴിയും. അതിനുള്ള പശ്ചാത്തലസൌകര്യം ഒരുക്കണം. അതിനാണ് ജനങ്ങളുടെ സഹകരണത്തോടെ ശ്രമിച്ചുവരുന്നത്.

കോഴിക്കോട്ടുനിന്ന് കിനാലൂര്‍വരെ 28 കിലോമീറ്റര്‍ നാലുവരിപ്പാത നിര്‍മിക്കണം. 20 മീറ്ററാണ് പാതയുടെ വീതി. ഇതിന് കുറച്ച് സ്ഥലം വേണം. പ്രാഥമിക സര്‍വേ നടന്നാലേ വ്യക്തമായ ചിത്രം ലഭിക്കൂ. കോഴിക്കോട് കലക്ടര്‍ മുന്‍കൈയെടുത്ത് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു. വ്യവസായമന്ത്രി പങ്കെടുത്തു. രാഷ്ട്രീയപാര്‍ടികളുടെ പ്രതിനിധികളെ വിളിച്ചുചേര്‍ത്തു. കോണ്‍ഗ്രസിനുവേണ്ടി സ്ഥലം എംപി എം കെ രാഘവന്‍ പങ്കെടുത്തു. റോഡ് പണിയാന്‍ ധാരണയായി. റോഡിനുവേണ്ടി സ്ഥലം എടുക്കുമ്പോള്‍ ന്യായമായ വില ഉടമയ്ക്ക് നല്‍കുമെന്ന് ഉറപ്പുനല്‍കി. വീട് നഷ്ടപ്പെടുന്നവര്‍ക്ക് വീടുവയ്ക്കാനുള്ള സ്ഥലം സൌജന്യമായി നല്‍കുമെന്നും അവരെ ബോധ്യപ്പെടുത്തി. വീടും ഭൂമിയും വിട്ടുനല്‍കുന്നവര്‍ക്ക് ന്യായവിലയ്ക്കുപുറമെ വ്യവസായത്തില്‍ അനുയോജ്യമായ ജോലിയും ഉറപ്പുവരുത്തി. സ്ഥലം ഉടമകളില്‍ ബഹുഭൂരിപക്ഷംപേരും സ്ഥലം പൂര്‍ണമനസ്സോടെ വിട്ടുകൊടുക്കാന്‍ തയ്യാറായി. മാത്രമല്ല, വ്യവസായ പാര്‍ക്കിന് സ്വാഗതമോതിക്കൊണ്ട് വീടിനുമുമ്പില്‍ ബോര്‍ഡുവച്ചു. 11 തവണ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചാണ് ധാരണയുണ്ടാക്കിയത്. ഈ സാഹചര്യത്തിലാണ് റോഡിന് സ്ഥലം സര്‍വേ ചെയ്യാന്‍ ആര്‍ഡിഒയുടെ നേതൃത്വത്തില്‍ സര്‍വേ ഉദ്യോഗസ്ഥരും റവന്യൂ അധികാരികളും സ്ഥലത്തെത്തിയത്.

ഉദ്യോഗസ്ഥരെ തടയുന്നതിനും അവര്‍ക്ക് സംരക്ഷണം നല്‍കാന്‍ ബാധ്യതപ്പെട്ട പൊലീസ് മേധാവികളെ ക്രൂരമായി ആക്രമിക്കാനും ഒരു സംഘം ഗൂഢാലോചന നടത്തി. ഉപരോധം സൃഷ്ടിക്കാന്‍ സ്ത്രീകളെയും കുട്ടികളെയും മുമ്പില്‍ നിര്‍ത്തി. ഇതാണ് നന്ദിഗ്രാമിലും ചെയ്തത്. കോണ്‍ഗ്രസ്, മുസ്ളിംലീഗ്, സോളിഡാരിറ്റി (ജമാ അത്തെ ഇസ്ളാമിയുടെ പോഷകസംഘടന) എസ്ഡിപിഐ തുടങ്ങിയ പാര്‍ടികളുടെയും സംഘടനകളുടെയും ഏതാനും പ്രവര്‍ത്തകരാണ് രംഗത്തുവന്നത്. വലത്-ഇടത് തീവ്രവാദികള്‍ തികഞ്ഞ യോജിപ്പോടെയാണ് വ്യവസായസംരംഭം തടയാന്‍ ഒരുങ്ങി പുറപ്പെട്ടത്. ഭീകരപ്രവര്‍ത്തന പാരമ്പര്യമുള്ള ചില ഗ്രൂപ്പുകള്‍ക്കും പങ്കാളത്തമുണ്ടെന്ന് വിവരമുണ്ട്.

ചാണകം കലക്കിയ വെള്ളത്തില്‍ ചൂലുമുക്കി പൊലീസിനെ അടിക്കുന്ന സമരമുറ മുമ്പ് കേട്ടുകേള്‍വിയില്ലാത്തതാണെങ്കിലും അതും പ്രയോഗിച്ചു. ചാണകം വാരി പൊലീസിനുനേരെ എറിഞ്ഞു. പിന്നെ കല്ലേറാണുണ്ടായത്. കല്ല് മുന്‍കൂട്ടി ശേഖരിച്ചുവച്ചിരുന്നു. മാതൃഭൂമി ലേഖകന്‍ സംഭവത്തെപ്പറ്റി എഴുതിയതിങ്ങനെയാണ്:

"സമരക്കാരെ അറസ്റ്റുചെയ്ത് നീക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. പ്രകടനമായെത്തിയ സമരക്കാര്‍ റോഡില്‍ കുത്തിയിരുന്ന് സര്‍വെ തടഞ്ഞു. തുടര്‍ന്ന് പൊലീസ് ഇവരോട് അറസ്റ്റുവരിക്കാന്‍ ആവശ്യപ്പെട്ടു. ഇതിനിടെ പൊലീസിനെതിരെ ചാണകമേറുണ്ടായി. അതോടെ ബലംപ്രയോഗിച്ച് അറസ്റ്റുചെയ്ത് നീക്കാന്‍ പൊലീസ് ശ്രമിച്ചു. പ്രകോപിതരായ സമരക്കാര്‍ പ്രതിരോധിച്ചുനിന്നു. ഏറെ നേരം ഉന്തുംതള്ളുമുണ്ടായി. അതിനിടെയാണ് പൊലീസിനെതിരെ കല്ലേറ് വന്നത്. തുടര്‍ന്ന് പൊലീസ് ലാത്തിവീശി. ശക്തമായ കല്ലേറാണുണ്ടായത്. ഇതില്‍ ഡിവൈഎസ്പിയടക്കം 25 പൊലീസുകാര്‍ക്ക് സാരമായി പരിക്കേറ്റതോടെ മുന്നില്‍ കണ്ടവരെയെല്ലാം അവര്‍ ക്രൂരമായി മര്‍ദിച്ചു''.

ഈ റിപ്പോര്‍ട്ട് വായിക്കുന്ന ഏതൊരാള്‍ക്കും പൊലീസ് അസാമാന്യമായ സംയമനംപാലിച്ചെന്നു വ്യക്തമാകും. കല്ലേറില്‍ പരിക്കേറ്റ 44 പൊലീസുകാരെ ആശുപത്രിയിലെത്തിച്ചു എന്നാണ് മറ്റൊരു പത്രം റിപ്പോര്‍ട്ട് ചെയ്തത്. യഥാര്‍ഥത്തില്‍ അവിടെ നടന്നത് നിയമപാലകരായ പൊലീസിനു നേരെയുള്ള യുദ്ധമായിരുന്നു. പൊലീസ് ആത്മരക്ഷാര്‍ഥമായാണ് ചെറിയതോതില്‍ ബലപ്രയോഗം നടത്തിയതെന്ന് വ്യക്തം.

ഈ സമരം എന്തിനാണ്?

കേരളം സമ്പൂര്‍ണ സാക്ഷരത കൈവരിച്ച സംസ്ഥാനമാണ്. വിദ്യാഭ്യാസം, ആരോഗ്യം, കുടുംബക്ഷേമം തുടങ്ങി എല്ലാരംഗങ്ങളിലും മുമ്പന്തിയിലാണ്. ശിശുമരണനിരക്ക് ഏറ്റവും അധികം ഇന്ത്യയിലാണ്. ഏറ്റവും കുറവ് കേരളത്തിലാണ്. എന്നാല്‍, ദീര്‍ഘനാളത്തെ കേന്ദ്രസര്‍ക്കാരിന്റെ കുറ്റകരമായ അവഗണനമൂലം വ്യാവസായികമായി കേരളം ഏറെ പിന്നിലാണ്. കേരളത്തിലെ ജനസംഖ്യ നാലുശതമാനത്തില്‍ താഴെയാണെങ്കിലും തൊഴിലില്ലായ്മ പത്തുശതമാനത്തിലധികമാണ്. കാര്‍ഷിക-വ്യവസായികമേഖലയില്‍ കുതിച്ചുചാട്ടമുണ്ടായാലേ ഈ ദയനീയാവസ്ഥയ്ക്ക് അറുതിവരുത്താന്‍ കഴിയൂ.

കേരളസംസ്ഥാന രൂപീകരണത്തിന് നാലുമാസംമുമ്പ് ജൂണ്‍ 22-24 തീയതികളില്‍ തൃശൂരില്‍ ചേര്‍ന്ന അവിഭക്തകമ്യൂണിസ്റ്റ് പാര്‍ടിയുടെ സംസ്ഥാനസമ്മേളനം കേരളത്തിന്റെ ഭാവിവികസനത്തെപ്പറ്റി വ്യക്തതയുള്ള ഒരു പ്രമേയം അംഗീകരിച്ചു. 94 കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തി. അതില്‍ പത്താമത്തെ പരിപാടി ഇതായിരുന്നു.

"കേരളത്തിലെ വ്യവസായികളും വ്യവസായവികസനത്തില്‍ താല്‍പ്പര്യമുള്ളവരുമായി കൂടിയാലോചിച്ച് സ്വകാര്യമേഖലയില്‍ വ്യവസായങ്ങള്‍ വികസിപ്പിക്കാനുള്ള ഒരു പ്രായോഗികപരിപാടി തയ്യാറാക്കുകയും അതനുസരിച്ച് പുതിയ വ്യവസായ ധനസഹായകോര്‍പറേഷന്‍വഴി ആവശ്യമായ സഹായം നല്‍കാന്‍ ഏര്‍പ്പാടുണ്ടാക്കുകയും ചെയ്ക''.

1957ല്‍ അധികാരത്തില്‍വന്ന ഇ എം എസ് സര്‍ക്കാര്‍ കുത്തകമുതലാളിയായ ബിര്‍ളയെ ക്ഷണിച്ചുകൊണ്ടുവന്നു. മാവൂരില്‍ റയോസ് ഫാക്ടറി ആരംഭിച്ചു. ആയിരക്കണക്കിനാളുകള്‍ക്ക് നേരിട്ടും പരോക്ഷമായും തൊഴില്‍ ലഭിച്ചു. നാടിന് അഭിവൃദ്ധിയുണ്ടായി. ഭൂമി സര്‍ക്കാര്‍ പൊന്നുംവിലയ്ക്കെടുത്തുകൊടുത്തതാണ്. വില ഉടമ നല്‍കി. ടണ്ണിന് ഒരു രൂപ വിലയ്ക്ക് സര്‍ക്കാര്‍ വനത്തില്‍നിന്ന് മുള നല്‍കി. ഇടതുപക്ഷം കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ തുടര്‍ച്ചയായ ശ്രമം നടത്തി. ഇപ്പോള്‍ നിക്ഷേപസൌഹൃദസംസ്ഥാനമായി കേരളം മാറി. പൊതുമേഖല വന്‍തോതില്‍ അഭിവൃദ്ധിപ്പെട്ടു. 69 കോടി രൂപ നഷ്ടം 200 കോടി ലാഭമായി മാറി. ഇതൊക്കെ യുഡിഎഫിനും കൂട്ടാളികള്‍ക്കും രാഷ്ട്രീയമായി ക്ഷീണമുണ്ടാക്കുമെന്നാണ് അവര്‍ കാണുന്നത്.

കേരളം ആര് ഭരിച്ചാലും ഇവിടെ വ്യവസായം വേണം. അത് തടസ്സപ്പെടുത്തുന്നത് രാജ്യദ്രോഹമാണ്. സാമൂഹ്യദ്രോഹമാണ്. അത് മനസ്സിലാക്കി സാമൂഹ്യദ്രോഹികളെ ഒറ്റപ്പെടുത്തണം. അതിന് യുവാക്കള്‍ മുന്‍കൈയെടുക്കണം. കിനാലൂരില്‍ സര്‍വേ തടഞ്ഞവരെ രംഗത്തുനിന്നുമാറ്റി അഞ്ചു കിലോമീറ്റര്‍ സര്‍വേ പൂര്‍ത്തിയാക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്. സര്‍വേ തുടങ്ങണം. വ്യവസായ പാര്‍ക്ക് വരണം. പൊലീസിനെ നിര്‍വീര്യമാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. കേന്ദ്രത്തില്‍ ഭരണം നടത്തുന്ന കോണ്‍ഗ്രസും ഇത്തരം വികസനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത് അവര്‍ക്ക് ദോഷമായി ഭവിക്കുമെന്ന് ഓര്‍ക്കുന്നത് നല്ലതാണ്. കേരളത്തിലെ വ്യവസായസംരംഭങ്ങളെ തടയാന്‍ ആരെയും അനുവദിച്ചുകൂടാ.

ദേശാഭിമാനി മുഖപ്രസംഗം 08052010