Showing posts with label ബാബറി മസ്ജിദ്. Show all posts
Showing posts with label ബാബറി മസ്ജിദ്. Show all posts

Friday, October 2, 2020

തോൽവികളേറ്റുവാങ്ങി സിബിഐ

 സുപ്രധാന കേസുകളിൽ ദയനീയമായി പരാജയപ്പെടുന്ന പതിവ്‌ ബാബ്‌റിമസ്‌ജിദ്‌ ഗൂഢാലോചനക്കേസിലും സിബിഐ മാറ്റിയില്ല.  2ജി കേസിലേതുപോലെത്തന്നെ പ്രതിപ്പട്ടികയിലെ ഒരാൾക്കുപോലും ശിക്ഷ വാങ്ങിക്കൊടുക്കാനാകാതെ നാണംകെട്ടു.  കുറ്റാരോപണങ്ങൾ സ്ഥാപിക്കാൻ തെളിവുകളോ മൊഴികളോ ഹാജരാക്കാത്ത സിബിഐയെ‌  കുറ്റപ്പെടുത്തിയാണ്‌ ഈ കേസുകളിലെ പ്രതികളെയെല്ലാം കോടതികൾ കുറ്റവിമുക്തരാക്കിയത്‌.

നജീബ്‌ എവിടെ ?

ജെഎൻയു വിദ്യാർഥി നജീബ്‌ അഹമദിന്റെ ദുരൂഹമായ തിരോധാനത്തിന്‌ ഉത്തരം കണ്ടെത്താൻ സിബിഐക്ക്‌ കഴിഞ്ഞില്ല.

2016 ഒക്ടോബർ 15ന്‌ ഹോസ്‌റ്റലിൽ എബിവിപി നേതാക്കൾ നജീബിനെ കൈയേറ്റം ചെയ്‌തിരുന്നു. ഇതിനുപിന്നാലെയാണ്‌ കാണാതായത്‌.  ഹൈക്കോടതി നിർദേശാനുസരണം 2017 മേയിൽ‌ സിബിഐ കേസ്‌ ഏറ്റെടുത്തു‌. നജീബിനെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന്‌ 2018 ഒക്ടോബറിൽ സിബിഐ കോടതിയിൽ അന്തിമ റിപ്പോർട്ട്‌ നൽകി.

‘തിരക്കഥ’യിലൊതുങ്ങിയ ആരുഷി കേസ്‌

ആരുഷി തൽവാർ കേസിൽ  വിചാരണക്കോടതി കുറ്റക്കാരെന്ന്‌ കണ്ടെത്തിയ മാതാപിതാക്കളെ കുറ്റവിമുക്തരാക്കി 2017 ഒക്ടോബറിൽ അലഹബാദ്‌ ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങൾ സിബിഐയുടെ പിടിപ്പുകേടിനുള്ള ഉദാഹരണങ്ങളാണ്‌.

കുറ്റകൃത്യത്തിന്‌ പിന്നിലെ ഉദ്ദേശ്യമെന്തെന്ന്‌ തെളിയിക്കാൻപോലും സിബിഐക്ക്‌ കഴിഞ്ഞില്ലെന്ന്‌ കോടതി നിരീക്ഷിച്ചു. വിശദമായ സംഭവപരമ്പരകൾ  എഴുതിവച്ചെങ്കിലും അതൊന്നും സ്ഥാപിക്കാനുള്ള തെളിവുകൾ ഹാജരാക്കിയില്ല.

യെദ്യൂരപ്പയെ വിശുദ്ധനാക്കി‌

അനധികൃത ഖനി ഇടപാടിൽ ബിജെപി നേതാവ്‌ ബി എസ്‌ യെദ്യൂരപ്പയ്‌ക്ക്‌ സിബിഐ പ്രത്യേക കോടതി 2016 ഒക്ടോബറിലാണ്‌ ക്ലീൻചിറ്റ്‌ നൽകിയത്‌. യെദ്യൂരപ്പ, മക്കളായ ബി വൈ വിജയേന്ദ്ര, ബി വൈ രാഘവേന്ദ്ര, മരുമകൻ ആർ എൻ സോഹൻകുമാർ തുടങ്ങി പ്രതിപ്പട്ടികയിലെ 13 പേരെയും കുറ്റവിമുക്തരാക്കി. രണ്ട്‌ ഖനനകമ്പനികൾക്ക്‌ അനധികൃതമായി സഹായങ്ങൾ ചെയ്‌തുകൊടുത്തെന്നും അതിന്റെ പാരിതോഷികം പ്രേരണാട്രസ്‌റ്റ്‌ വഴി കൈപ്പറ്റിയെന്നുമാണ്‌ കേസ്‌. തെളിവുകളുടെ അഭാവമാണ്‌ പ്രതികളെ വെറുതെവിടാനുള്ള കാരണം.

കോടതികൾക്ക്‌ അസംതൃപ്‌തി

2005 മെയ്‌ 31ന്‌ ‌ ബൊഫോഴ്‌സ്‌ കമ്പനിക്കും ഹിന്ദുജസഹോദരൻമാർക്കുമെതിരായ കുറ്റങ്ങൾ റദ്ദാക്കിയ ഡൽഹി ഹൈക്കോടതി സിബിഐ അന്വേഷണം പൊതുഖജനാവിന്‌ 250 കോടി നഷ്ടമുണ്ടാക്കിയതായി വിമർശിച്ചു.

രാജീവ്‌ഗാന്ധി വധവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിൽ സുപ്രീംകോടതി അസംതൃപ്‌തി രേഖപ്പെടുത്തി. കാലിത്തീറ്റ കുംഭകോണ കേസിലും പ്രതീക്ഷകൾക്കൊത്തുയരാത്ത അന്വേഷണമാണ്‌ സിബിഐയുടേതെന്ന്‌‌ സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.

എല്ലാം നേതാക്കൾ പറഞ്ഞിട്ട്‌ ; വെളിപ്പെടുത്തലുകളുമായി കർസേവകർ

 എൽ കെ അദ്വാനി അടക്കമുള്ള സംഘപരിവാർ നേതാക്കളുടെ നിർദേശപ്രകാരമാണ്‌ ബാബ്‌റി മസ്‌ജിദ്‌ തകർത്തതെന്ന വെളിപ്പെടുത്തലുമായി നിരവധി കർസേവകർ. ബാബ്‌റി മസ്‌‌ജിദ്‌ ധ്വംസനത്തിന്റെ 25–-ാം വാർഷികത്തിൽ ഒരു വാർത്താപോർട്ടലിന്‌ നൽകിയ അഭിമുഖത്തിലാണ്‌ നേതാക്കളുടെ നിർദേശപ്രകാരമാണ്‌ പള്ളിപൊളിച്ചതെന്ന‌ തുറന്നുപറച്ചിൽ. സിബിഐ കുറ്റപത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ കർസേവകനായ സന്തോഷ്‌ ദൂബെയടക്കമുള്ളവരാണ്‌ നേതാക്കളുടെ നിർദേശപ്രകാരം പള്ളി തകർത്തതെന്ന്‌ വ്യക്തമാക്കിയത്‌.



അദ്വാനി പറഞ്ഞത്‌

1992 ഡിസംബർ മൂന്നിന്‌ യുപിയിലെ റവന്യൂ മന്ത്രിയും ബിജെപി നേതാവുമായ ബ്രംദത്ത്‌ ദ്വിവേദി ഫൈസാബാദിലെ ദൂബെയുടെ വസതിയിലെത്തി. അദ്വാനി കാണാൻ താൽപ്പര്യപ്പെടുന്നതായി അറിയിച്ചു. അയോധ്യയിലെ ഹനുമാൻബാഗ്‌ ക്ഷേത്രത്തിൽ മുതിർന്ന ബിജെപി–- വിഎച്ച്‌പി നേതാക്കളുടെ യോഗത്തിലായിരുന്നു അദ്വാനി. ഒരു വെല്ലുവിളി ഏറ്റെടുക്കാൻ ആവശ്യപ്പെടുംവിധമാണ്‌ അദ്വാനി സംസാരിച്ചത്‌. പള്ളിയാണ്‌ ക്ഷേത്രനിർമാണത്തിന്‌ തടസ്സം. രാമനുവേണ്ടി ജീവൻത്യാഗത്തിന്‌ ഒരുക്കമുള്ള മുന്നൂറ്‌ യുവാക്കളെ തനിക്ക്‌ വേണം. ഡിസംബർ ആറിനുശേഷം പള്ളി അവിടെ കാണാൻ പാടില്ല. പള്ളി തകർക്കാനുള്ളതെല്ലാം നിങ്ങൾക്ക്‌ കിട്ടും. നമ്മുടെ സർക്കാരാണ്‌ ഭരിക്കുന്നത്‌–- അദ്വാനി പറഞ്ഞതായി ദൂബെ വെളിപ്പെടുത്തി. ചുറ്റിക, കൂന്താലി, മൺവെട്ടി, മൂർച്ചയേറിയ ഇരുമ്പുദണ്ഡുകൾ, കയറുകൾ, ഡ്രില്ലിങ്‌ യന്ത്രങ്ങൾ, സ്‌ഫോടകവസ്‌തുക്കൾ തുടങ്ങിയവയെല്ലാം ലഭിച്ചു. ‌ പദ്ധതിപ്രകാരം അഞ്ചുമണിക്കൂർകൊണ്ട്‌ പള്ളി പൊളിച്ചു–- ദൂബെ പഞ്ഞു.

പ്രവീൺ ശർമയെ കേൾക്കൂ

കർസേവകനായിരുന്ന പ്രവീൺ ശർമയ്‌ക്ക്‌ പള്ളി പൊളിക്കുമ്പോൾ പ്രായം 20 വയസ്സ്‌. ക്ഷേത്രനിർമാണത്തിനുള്ള കർസേവയെന്നാണ്‌ നേതാക്കൾ ആദ്യം പറഞ്ഞത്‌. പിന്നീട്‌ ആയുധങ്ങളും മറ്റും നൽകി. അദ്വാനിയുടെയും ഉമാ ഭാരതിയുടെയുമൊക്കെ പ്രസംഗങ്ങൾ പ്രകോപനപരമായിരുന്നു. ആളുകൾ സുരക്ഷാവലയം ഭേദിച്ച്‌ പള്ളിക്ക്‌ നേരെ നീങ്ങി. അന്ന്‌ സംഭവിച്ച കാര്യങ്ങളിൽ ഇന്ന്‌ നിരാശയുണ്ട്‌–- ശർമ പറഞ്ഞു.

ആയുധങ്ങൾ നേരത്തേ ലഭിച്ചു

കുറ്റപത്രത്തിൽ പേരുകാരനായ ലക്ഷ്‌മൺസേനാ നേതാവ്‌ രാംജി ഗുപ്‌തയ്‌ക്ക്‌ പള്ളി പൊളിക്കുമ്പോൾ 40 വയസ്സ്‌. രാമജന്മഭൂമിയുടെ ചുമതല ഗുപ്‌തയ്‌ക്കായിരുന്നു. നേരത്തേതന്നെ ആയുധങ്ങൾ ലഭിച്ചിരുന്നു. പദ്ധതിപ്രകാരം സുരക്ഷാവലയം ഭേദിച്ച്‌ ചെറുസംഘങ്ങളായി പള്ളിക്ക്‌ സമീപത്തേക്ക്‌ നീങ്ങി. കമ്പിവടികളും മറ്റും ഉപയോഗിച്ച്‌ കെട്ടിടം ദുർബലപ്പെടുത്തി. തുടർന്ന്‌, കയറുകെട്ടി വലിച്ചിട്ടു–- ഗുപ്‌ത പറഞ്ഞു. 

സൗകര്യമൊരുക്കി സുരക്ഷാ ഭടന്മാർ

കർസേവകർ ആയുധങ്ങളുമായി സമീപിച്ചപ്പോൾ സുരക്ഷാഭടൻമാർ സ്വയം ഒഴിഞ്ഞുതന്നുവെന്ന്‌ കർസേവകനായ വിജയ്‌ തിവാരി പറഞ്ഞു. പള്ളി പൊളിക്കുമ്പോൾ 18 വയസ്സുമാത്രമാണ്‌ വിജയ്‌ തിവാരിക്ക്‌ പ്രായം. നേതാക്കൾ തലേന്നുതന്നെ ആയുധങ്ങൾ എത്തിച്ചിരുന്നു. നാനൂറ്‌ വർഷമായുള്ള അടിമത്വത്തിന്റെ ചിഹ്‌നം ഇടിച്ചുകളയാനായിരുന്നു നേതാക്കളുടെ ആഹ്വാനമെന്നും തിവാരി പറഞ്ഞു.

ബാബ്‌റി മസ്‌ജിദ്‌ ഗൂഢാലോചന കേസ്‌ : അപ്പീൽ ആവശ്യത്തിൽ നിലപാടെടുക്കാതെ സിബിഐ

ബാബ്‌റി മസ്‌ജിദ്‌ ഗൂഢാലോചന കേസിലെ പ്രതികളെ മുഴുവൻ കുറ്റവിമുക്തരാക്കിയ പ്രത്യേക കോടതി വിധിക്കെതിരെ സിബിഐ അപ്പീൽ നൽകണമെന്ന ആവശ്യം ശക്തം. രാഷ്ട്രീയപാർടികളും പ്രമുഖ വ്യക്തികളും ഈ ആവശ്യവുമായി രംഗത്തെത്തി‌. എന്നാൽ, സിബിഐ ഇതുസംബന്ധിച്ച്‌ നിലപാട്‌ കൈക്കൊണ്ടിട്ടില്ല.

ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന്‌ ചില സാമൂഹ്യസംഘടനകളും അഭിഭാഷകരും അറിയിച്ചിട്ടുണ്ട്‌. എൽ കെ അദ്വാനി ഉൾപ്പടെയുള്ളവർക്ക്‌ എതിരായ ഗൂഢാലോചനക്കുറ്റം ആദ്യം വിചാരണക്കോടതി ഒഴിവാക്കിയിരുന്നു. വിചാരണക്കോടതി നടപടിക്ക്‌ എതിരെ സിബിഐ അലഹബാദ്‌ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ഉണ്ടായില്ല. 2017ൽ സുപ്രീംകോടതിയാണ്‌ ഗൂഢാലോചന കുറ്റം പുനഃസ്ഥാപിച്ചത്‌. വിചാരണ നടത്തിയ സിബിഐ പ്രത്യേക കോടതിയാകട്ടെ സുപ്രീംകോടതിയുടെ ഉത്തരവിന്‌ വിരുദ്ധമായി ബാബ്‌റി മസ്‌ജിദ്‌ തകർത്തതിനു പിന്നിൽ ഗൂഢാലോചന ഇല്ലെന്ന നിലപാടാണ്‌ സ്വീകരിച്ചത്‌. സുപ്രീംകോടതി നിയോഗിച്ച വിചാരണക്കോടതി സുപ്രീംകോടതിയുടെ ഉത്തരവിന്‌ വിരുദ്ധമായ നിലപാട്‌ സ്വീകരിച്ചതിൽ ഗുരുതരമായ വൈരുധ്യമുണ്ടെന്ന്‌ നിയമവിദഗ്‌ധർ ചൂണ്ടിക്കാണിക്കുന്നു. ഇക്കാര്യമുന്നയിച്ച്‌ അപ്പീൽ നൽകാനാണ്‌ പലരും ആലോചിക്കുന്നത്‌. പ്രത്യേക കോടതിയുടെ 2300 പേജുള്ള വിധിന്യായം സിബിഐ നിയമവിഭാഗം വിശകലനം ചെയ്യാൻ തുടങ്ങി‌. അതിനുശേഷമേ അപ്പീൽകാര്യത്തിൽ തീരുമാനമുണ്ടാകൂ.

Thursday, October 1, 2020

ബാബ്‌റി കേസിൽ നീതി നടപ്പായെന്ന്‌ ഏഷ്യാനെറ്റ്‌ ന്യൂസ്‌ ഉടമ രാജീവ്‌ ചന്ദ്രശേഖർ എം.പി; മൂന്ന്‌ പതിറ്റാണ്ട്‌ നീണ്ട വ്യാജ ഗൂഢാലോചനയെന്നും വാദം

 ബാബ്‌റി മസ്‌ജിദ്‌ തകർത്തതുമായി ബന്ധപ്പെട്ട കേസിൽ ബിജെപി നേതാക്കളെ വെറുതെവിട്ട കോടതി വിധിയിൽ സന്തോഷം പ്രകടിപ്പിച്ച്‌ ഏഷ്യാനെറ്റ്‌ ന്യൂസ്‌ ഉടമ രാജീവ്‌ ചന്ദ്രശേഖർ. വ്യാജ ഗൂഢാലോചനയ്‌ക്കാണ് കോടതി വിധിയിലൂടെ അവസാനമായിരിക്കുന്നതെന്ന്‌ രാജീവ്‌ ചന്ദ്രശേഖറിന്റേതായി ഏഷ്യാനെറ്റ്‌ ഓൺലൈനിൽ പ്രസിദ്ധീകരിച്ച വാർത്തയിൽ പറയുന്നു. രാജ്യം കണ്ട ഏറ്റവും വലിയ ജനാധിപത്യധ്വംസനത്തെയാണ്‌ ഏഷ്യാനെറ്റ്‌ ന്യൂസിന്റെ തലവനായ ബിജെപി എംപി രാജീവ്‌ ചന്ദ്രശേഖർ വെള്ളപൂശുന്നത്‌.

നേരത്തെ ബാബ്‌റി പള്ളി ഇരുന്ന സ്ഥാലത്ത്‌ ക്ഷേത്രം പണിയാൻ അനുമതി നൽകിയപ്പോഴും ഏഷ്യാനെറ്റും സഹോദര സ്ഥാപനമായ സുവർണ ന്യൂസും സംഘ്‌പരിവാർ അനുകൂല വാർത്തകളാണ്‌ നൽകിയിരുന്നത്‌. വാജ്‌പേയ്‌ ബീഫ്‌ കഴിച്ചതുമായി ബന്ധപ്പെട്ട വാർത്ത നൽകിയതിന്‌ രണ്ട്‌ ജീവനക്കാരെ സസ്‌പെൻഡ്‌ ചെയ്‌ത സംഭവവും ഏഷ്യാനെറ്റിന്റെ തിരുവനന്തപുരം ഓഫീസിൽ ഉണ്ടായിരുന്നു.

ബാബറി മസ്‌ജിദ് തകര്‍ത്ത സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചന കുറ്റം ചുമത്തി സിബിഐ കേസ് എടുക്കാന്‍ മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നരസിംഹ റാവു സര്‍ക്കാറില്‍ കോണ്‍ഗ്രസ് സമ്മര്‍ദ്ദം ചെലുത്തിയെന്നും, ബാബറി മസ്ജിദ് തകര്‍ത്ത സംഭവം ആള്‍ക്കൂട്ടത്തിന്‍റെ ആകസ്‌മിക ആക്രമണമായിരുന്നു എന്നുമാണ്‌ രാജീവ്‌ ചന്ദ്രശേഖർ പറയുന്നത്‌. അദ്വാനി അടക്കമുള്ള ബിജെപി നേതാക്കള്‍ ആ ആള്‍ക്കൂട്ടത്തെ പള്ളി തകര്‍ക്കുന്നതില്‍ നിന്ന് തടയാനാണ് ശ്രമിച്ചതെന്നും അദ്ദേഹം ന്യായീകരിക്കുന്നു.

ഇന്ത്യന്‍ ക്രിമിനല്‍ നിയമശാസ്‌ത്ര‌ത്തില്‍ കുറ്റം തെളിയുന്നതുവരെ പ്രതി നിരപരാധിയാണ്. തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തില്‍ കിമിനല്‍ ഗൂഢാലോചനയും കുറ്റവും തെളിയിക്കേണ്ടത് സിബിഐ ആണ്. എന്നാല്‍ അവര്‍ക്ക് അതിന് കഴിഞ്ഞില്ല, കാരണം അവരുടെ പക്കല്‍ ഗൂഢാലോചനാ കുറ്റം തെളിയിക്കാന്‍ മതിയായ തെളിവുകളില്ല എന്നുമാണ്‌ രാജീവ്‌ പറയുന്നത്‌

ബാബ്‌റി മസ്‌ജിദ്‌ തകർത്ത ദിവസത്തെ ഫോട്ടോകളും വീഡിയോദൃശ്യങ്ങളും ഓഡിയോ ടേപ്പുകളും മാധ്യമവാർത്തകളും തെളിവുകളായി കോടതി അംഗീകരിച്ചില്ല. ഫോട്ടോകളിൽ അത്‌ എടുത്ത ആളുടെ ഒപ്പില്ലാത്തതും ഫോട്ടോയ്‌ക്ക് ഒപ്പം അവയുടെ നെ​ഗറ്റീവില്ലാത്തതുമാണ് കാരണമായി ചൂണ്ടിക്കാട്ടിയത്. ഹാജരാക്കിയ വീഡിയോ ദൃശ്യം എഡിറ്റ്‌ ചെയ്‌തവയാണെന്നും ചില വീഡിയോകളിൽ സംഭവദിവസം സ്ഥലത്ത്‌ ഇല്ലാത്തവരുമുണ്ടെന്നും പറഞ്ഞു.

ബാബറി മസ്ജിദ്: എല്ലാ 'തൂണു'കളും എന്നും തുണച്ചത് ഹിന്ദുത്വ വര്‍ഗീയവാദികളെ

 ബാബറി മസ്ജിദ് തര്‍ക്കപ്രശ്‌നമാക്കിയതും തകര്‍ക്കുന്നതിലേക്കെത്തിച്ചതും ഇന്ത്യന്‍ ഭരണകൂടത്തിന്റെയും കോടതികളുടെയും സഹായത്തോടു  കൂടിയായിരുന്നുവെന്നത് ലജ്ജാകരവും ഭീതിതവുമായൊരു സത്യമാണ്. ലെജിസ്ലേച്ചറും എക്സിക്യൂട്ടിവും ജുഡീഷ്യറിയും ഹിന്ദുത്വവര്‍ഗീയ വാദികള്‍ക്കൊപ്പമായിരുന്നുവെന്നാണ് ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്. ജുഡീഷ്യറി പോലും ഹിന്ദുത്വ വാദങ്ങള്‍ക്ക് വഴങ്ങി കൊടുക്കുന്ന അത്യന്തം അപമാനകരമായ വിധി പ്രസ്താവനകളാണ് അയോധ്യ കേസുകളില്‍ വിവിധ കോടതികളില്‍ നിന്നുണ്ടായത്.അതായത് ബാബറിമസ്ജിദ് കാര്യത്തില്‍ ഇന്ത്യയിലെ മതനിരപേക്ഷ ജനാധിപത്യവിശ്വാസികളോടും മുസ്ലിം ജനസമൂഹത്തോടും ഇന്ത്യന്‍ ഭരണകൂടവും നമ്മുടെ കോടതികളും ഒരിക്കല്‍ പോലും നീതി കാണിച്ചിരുന്നില്ലായെന്നതാണ് ദു:ഖകരമായ യാഥാര്‍ത്ഥ്യം.

ബാബറി മസ്ജിദ് തര്‍ക്കപ്രശ്‌നമാക്കി അടച്ചിട്ടതു മുതലുള്ള 70 വര്‍ഷകാലത്തെ ചരിത്രം ഒരു ജനതയോട് ഇന്ത്യന്‍ ഭരണകൂടം കാണിച്ച അനീതികരവും പക്ഷപാതപരവുമായ സമീപനങ്ങളുടേതാണെന്ന് കാണാം.1949 മുതല്‍ 2020 സപ്തംബര്‍ 30 ന്റെ വിധി വരെയുള്ള ഇന്ത്യന്‍ കോടതി ഇടപെടലുകളെല്ലാം അങ്ങേയറ്റം അനീതികരവും പള്ളിയില്‍ അതിക്രമിച്ച് കയറി വിഗ്രഹങ്ങള്‍ സ്ഥാപിച്ച് അവകാശ തര്‍ക്കമുയര്‍ത്തിയ ഹിന്ദുത്വവാദികള്‍ക്കനുകൂലവുമായിരുന്നുവെന്നും കാണാം.

നിഷ്പക്ഷമെന്ന് സാധാരണ പൗരന്മാര്‍ കരുതുന്ന ജുഡീഷ്യറിയും, ലെജിസ്ലേച്ചറിനേയും എക്‌സിക്യൂട്ടിവിനേയും പോലെ നീതിയുക്തമായൊരു സമീപനം സ്വീകരിച്ചില്ലായെന്നതാണ് രോഷജനകമായ യാഥാര്‍ത്ഥ്യം.ഒരു ജനാധിപത്യ സമൂഹത്തില്‍ ജുഡീഷ്യറിയില്‍ നിന്നു തന്നെയാണ് ജനങ്ങള്‍ നീതി പ്രതീക്ഷിക്കുന്നത്. എന്നാല്‍ ബാബറി മസ്ജിദിന്റെ കാര്യത്തില്‍ നീതിയുക്തമായൊരു നിലപാട് സ്വീകരിക്കാന്‍ സുപ്രിംകോടതി മുതലുള്ള നീതിന്യായ സംവിധാനങ്ങള്‍ തയ്യാറായില്ല.

2010 ലെയും 2019ലെയും 2020ലെയും ഹൈക്കോടതി, സുപ്രിം കോടതി വിധികളും ഇപ്പോഴത്തെ സിബിഐ കോടതി വിധിയുമെല്ലാം മതനിരപേക്ഷവാദികളെ സംബന്ധിച്ചടുത്തോളം നിരാശജനകമായിരുന്നു. വസ്തുതകളെയും യുക്തിയെയും നീതിയെയുമൊന്നുമല്ലാ വിധിന്യായങ്ങളില്‍ അടിസ്ഥാനമാക്കിയത്.

ഹിന്ദുക്കളുടെ വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും അടിസ്ഥാനത്തിലാണ്  വിധിയെഴുതിയതെന്നത് രാജ്യമെത്തപ്പെട്ട ആപല്‍ക്കരമായൊരു രാഷ്ട്രീയ സാഹചര്യത്തെ കൂടിയാണ് പ്രതിഫലിപ്പിക്കുന്നത്. വിശ്വാസങ്ങള്‍ക്കും ചരിത്രമുണ്ടെന്നും എന്നു മുതലാണ് അയോധ്യ രാമന്റെ ജന്മസ്ഥലമാണെന്ന് വിശ്വസിക്കാന്‍ തുടങ്ങിയതെന്നുമൊന്നും 2010 ലെ അലഹബാദ് ഹൈക്കോടതി പരിശോധിക്കാന്‍ തയ്യാറായില്ലെന്ന് വിധി പ്രസ്താവന വ്യക്തമാക്കുന്നു. ഏകപക്ഷീയമായി രാമന്റെ ജന്മഭൂമിയില്‍ ക്ഷേത്രം പണിയാന്‍ ഹിന്ദുക്കള്‍ക്ക് അവകാശമുണ്ടെന്ന് വിധിയെഴുതുകയായിരുന്നു.

ചരിത്രാതീതകാലം മുതല്‍ ഹിന്ദുക്കള്‍ ആരാധിക്കുന്ന സ്ഥലമാണ് അയോധ്യയെന്നൊക്കെ ഒരു ജഡ്ജി വിധിന്യായത്തില്‍ എഴുതിവെക്കുമ്പോള്‍ നാമെന്താണ് മനസിലാക്കേണ്ടത്. ചരിത്ര കാലഘട്ടങ്ങളെ സംബന്ധിച്ച വാസ്തവികമായ എന്തു തെളിവുകളാണ് ഉള്ളതെന്ന കാര്യം ഈ ന്യായാധിപന്മാരെ അലട്ടുന്നുണ്ടാവില്ല. പക്ഷെ ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് അത്തരം അവാസ്തിക പ്രസ്താവനകള്‍ അംഗീകരിച്ചു പോവാനാവില്ല.കഴിഞ്ഞ കുറെക്കാലം കൊണ്ട് ഹിന്ദുവര്‍ഗിയവാദികളും കോര്‍പ്പറേറ്റ് മീഡിയായും സൃഷ്ടിച്ചെടുത്ത പൊതുബോധത്തിനനുസൃതമായ രീതിയില്‍ ചരിത്രവും യുക്തിയും വസ്തുതയും നീതിയും മറന്നുള്ള വിധിന്യായങ്ങളിലേക്ക് നമ്മുടെ ജുഡിഷ്യറി പോലും എത്തുന്ന അവസ്ഥ ഭീകരമാണെന്ന് കാണണം.

1992 ഡിസംബര്‍ ആറിന് ബാബറിപള്ളി തകര്‍ത്തത്, 1981 മുതല്‍ ഹിന്ദുത്വ ശക്തികള്‍ നടത്തിവന്ന സംഘടിതവും അക്രമോത്സുകമായ അയോധ്യ കാമ്പയിന്റ തുടര്‍ച്ചയിലാണെന്ന കാര്യവും അതിന്റെ രാഷ്ട്രീയ നേതൃത്വമായിരുന്നതു ബി ജെ പിയുമായിരുന്നുവെന്ന കാര്യവും ആര്‍ക്കാണറിയാത്തത്.  കുറ്റമാരോപിക്കപ്പെട്ട അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും സ്വാമിനിമാരായ ഉമാഭാരതിക്കും റിതാംബരക്കുമെതിരെ തെളിവില്ലെന്നും അവരെല്ലാം പള്ളി പൊളിക്കുന്നത് തടയാനായി അയോധ്യയിലെത്തിയ വിശുദ്ധാത്മക്കളാണെന്ന് വിധിന്യായത്തില്‍ എഴുതി വെക്കുമ്പോള്‍ കോടതി നമ്മുടെ നീതിന്യായ വ്യവസ്ഥയെ തന്നെയാണ് പരിഹാസ്യമാക്കുന്നത്. ആവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കണ്ടെത്തിയ കോടതി പ്രതികളെ കുറ്റമുക്തരാക്കുമ്പോള്‍ എന്തുകൊണ്ടാണ് പുനരന്വേഷണമാവശ്യമാണെന്ന് പോലും വിധിന്യായത്തില്‍ സൂചിപ്പിക്കാതിരുന്നത്.

ഇന്ത്യന്‍ ജനതയെയും നമ്മുടെ സംസ്‌കാരത്തെയും ലോകത്തിന് മുന്നില്‍ അപമാനിച്ച ഒരിക്കലും മാപ്പ് കൊടുക്കാന്‍ പാടില്ലാത്ത ഒരപരാധത്തിന് ഉത്തരവാദികളായവര്‍ ശിക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് തിരിച്ചറിയാനാവാതെ പോകുന്നത് ബാബറി മസ്ജിദ് തകര്‍ത്തതിന് സമാനമായൊരു അപരാധം തന്നെയാണ്.നമ്മുടെ രാജ്യത്തിന്റെ ബഹുസ്വരതയ്ക്കും മതനിരപേക്ഷ ദേശീയപാരമ്പര്യത്തിനും

നീതിന്യായവ്യവസ്ഥക്കും നേരെയാണ് മസ്ജിദ് തകര്‍ത്തവര്‍ ഭീഷണി ഉയര്‍ത്തിയത്.പ്രാകൃതവും വിധ്വംസകവുമായ ഒരു രാഷ്ട്രീയ സംസ്‌കാരത്തിന്റെ രഥയാത്രകളും  നരഹത്യകളെ ആഘോഷമാക്കി മാറ്റിയ ഹിന്ദുത്വ വര്‍ഗീയതയുടെ ജൈത്രയാത്രയുമാണ് ബാബറി മസ്ജിദിന്റ തകര്‍ച്ചയിലൂടെ രാജ്യത്താരംഭിച്ചത്.ലിബറാന്‍ കപീഷന്‍ ചൂണ്ടിക്കാട്ടിയത് പോലെ മഹത്തായൊരു മതേതരരാജ്യത്തെ സാമുദായിക ധ്രുവീകരണത്തിന്റെരത്തേക്ക് തള്ളിവിടുകയായിരുന്നു മസ്ജിദ് തകര്‍ത്തു കൊണ്ട് ഹിന്ദുത്വ വാദികള്‍. വര്‍ഗീയ കലാപങ്ങളിലൂടെ നഗ്‌നമായ നരഹത്യകള്‍ നടത്തുകയായിരുന്നു.

ഇപ്പോഴത്തെ വിധിയിലൂടെ എക്‌സിക്യൂട്ടിവിന്റെയും ലെജിസ്ലേച്ചറിന്റെയും ഇംഗിതങ്ങള്‍ക്ക് വഴങ്ങി കൊടുക്കുകയാണ് കോടതികള്‍ ചെയ്തതെന്ന് ആരെങ്കിലും ചിന്തിച്ചാല്‍ കുറ്റപ്പെടുത്താനാവില്ല.

മസ്ജിദ് തര്‍ക്കത്തിന്റെ ചരിത്രവുമതാണ് സാക്ഷ്യപ്പെടുത്തുന്നത്.പള്ളിക്കകത്ത് അതിക്രമിച്ച് കടന്നു വിഗ്രഹങ്ങള്‍ സ്ഥാപിച്ചതിനെ തുടര്‍ന്ന്, അയോധ്യ പൊലീസ് 1949 ഡിസംബര്‍ 23ന് തയ്യാറാക്കിയ പ്രഥമ വിവര റിപ്പോര്‍ട്ട് വ്യക്തമാക്കിയ ഒരു കാര്യം; 'ഇരുട്ടിന്റെ മറവില്‍ ഒരു സംഘം സന്യാസിമാരാണ് വിഗ്രഹങ്ങള്‍ ഒളിച്ചു കടത്തി സ്ഥാപിച്ചതെന്നതാണ്.നിലവിലുള്ള നിയമനുസരിച്ച് തന്നെ ഗുരുതരമായ കുറ്റകൃത്യമായിരുന്നത്.

മാതാപ്രസാദ് എന്ന പൊലീസുകാരന്‍ അയോധ്യയിലെ സബ് ഇന്‍സ്‌പെക്ടര്‍ മുമ്പാകെ നല്‍കിയ എഫ് ഐആറില്‍ ആ സംഭവം വിവരിക്കുന്നത്; തലേന്ന് രാത്രി ബാബറി മസ്ജിദിന്റെ പൂട്ട് പൊളിച്ച് ഒരു സംഘം ആളുകള്‍ പള്ളിക്കകത്ത് പ്രവേശിച്ചു. അവിടെ ശ്രീരാമചന്ദ്രന്റെ പ്രതിമ പ്രതിഷ്ഠിച്ചു. അവര്‍ പള്ളിക്കകത്ത് ബലമായി കടക്കുകയും വിശുദ്ധി നശിപ്പിക്കുകയും ചെയ്തു'.

1950 ഏപ്രില്‍ 24ന് ഫൈസാബാദ് ഡപ്യൂട്ടി കമ്മീഷണര്‍ ജെ എന്‍ അഗര്‍വാള്‍ മുമ്പാകെ ഹാജാരാക്കിയ തെളിവുകള്‍ ആരാണ് കുറ്റവാളികളെന്ന് വ്യക്തമാക്കുന്നതായിരുന്നു.ബാബാ രാഘവദാസ് (ഇയാള്‍ പിന്നീട് അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് ലോക്‌സഭാ മണ്ഡലത്തില്‍ ആചാര്യ നരേന്ദ്ര ദേവിനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ചുവെന്നതും ചരിത്രം), ദിഗ്വിജയനാഥ്, ബാബറൂള്‍ പത്‌നി എന്നിവരെല്ലാമടങ്ങിയ ഹിന്ദുമഹാസഭാ നേതാക്കളായിരുന്നു ഈ കുറ്റകൃത്യത്തിന് നേതൃത്വം നല്‍കിയത്.

9 ദിവസം നീണ്ടു നിന്ന രാമായണ മാസാചരണ അനുബന്ധ പരിപാടികളുടെ ഭാഗമായി പള്ളിയോട് ചേര്‍ന്നുള്ള ശ്മശാനം കിളച്ചു മറിക്കുകയും പള്ളിയില്‍ കയറി വിഗ്രഹങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 295, 297വകുപ്പുകള്‍ പ്രകാരം ശിക്ഷാര്‍ഹമായ കുറ്റകൃത്യമായിരുന്നുവെന്ന കാര്യം മനസിലാക്കി അന്ന് കേസെടുക്കാന്‍ ശ്രമിച്ച ലോക്കല്‍ പൊലീസിനെ യുപിയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തടയുകയായിരുന്നു. ഏതെങ്കിലും മതവിഭാഗങ്ങളുടെ ശ്മശാനം, ആരാധാനലയങ്ങള്‍ എന്നിവയ്ക്ക് നേരെ നടത്തപ്പെടുന്ന, അതിക്രമിച്ച് കടക്കുന്നതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ക്ക് നേരെയുള്ള വകുപ്പുകള്‍ ഇട്ട് കൊണ്ടാണ് അയോധ്യ പൊലീസ്‌കേസെടുത്ത് അന്വേഷണം തുടങ്ങിയത്.

പക്ഷെ യു പിയിലെ കോണ്‍ഗ്രസ് സര്‍ക്കാരും ഫൈസാബാദ് ജില്ലാ ഭരണകൂടവും ഇത്തരം വകുപ്പുകള്‍ ഒഴിവാക്കി ഒരവകാശ തര്‍ക്കമാക്കി പള്ളി അടച്ചിടുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചു.

400 ലേറെ വര്‍ഷം മുസ്ലിങ്ങള്‍ തലമുറകളായി നിസ്‌കരിച്ച് പോന്ന പള്ളി ഹിന്ദുമഹാസഭയുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങി തര്‍ക്കഭൂമിയാക്കിയടച്ചത് യുപി മുഖ്യമന്ത്രി ജി വി പാന്തും ഫൈസാബാദ് ജില്ലാ മജിസ്‌ട്രേറ്റു കൂടിയായിരുന്ന കെ.കെ നായരുമായിരുന്നു. നെഹറുവിന്റെ കല്‍പനകളെ തള്ളിക്കൊണ്ട് കോണ്‍ഗ്രസിലെ ഹിന്ദുത്വ വാദികള്‍ മസ്ജിദിനെ തര്‍ക്ക സ്ഥലമാക്കാന്‍ കൂട്ടുനിന്നു.

അതോടെയാണ് രാമജന്മഭൂമി പ്രസ്ഥാനത്തിന് കൊമ്പും ദംഷ്ട്രകളും മുളച്ചുതുടങ്ങിയത്.

കെ ടി കുഞ്ഞിക്കണ്ണൻ

ബാബ്‌റി മസ്ജിദ്: നിയമപരമായ തുടര്‍ നടപടികള്‍ സ്വീകരിച്ച് കുറ്റവാളികളെ ശിക്ഷിക്കണം; മത നിരപേക്ഷതയെ കൂടുതല്‍ മുറിവേല്‍പ്പിക്കരുത്: മുഖ്യമന്ത്രി

കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാന്‍ നിയമപരമായ തുടര്‍ നടപടികള്‍ക്ക് അന്വേഷണ ഏജന്‍സിയായ സിബിഐക്കും കേന്ദ്ര സര്‍ക്കാരിനും ഉത്തരവാദിത്തമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത് അവര്‍ നിറവേറ്റണമെന്നും അതില്‍ നിന്ന് ഒഴിഞ്ഞു മാറി ജനാധിപത്യത്തെയും മത നിരപേക്ഷതയെയും കൂടുതല്‍ മുറിവേല്‍പ്പിക്കരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബാബ്‌റി മസ്ജിദ്  തകര്‍ക്കലുമായി ബന്ധപ്പെട്ട കോടതി വിധിയില്‍ പ്രതികരിക്കുകയായിരുന്നു  അദ്ദേഹം

അയോദ്ധ്യയിലെ ഭൂമി തര്‍ക്കത്തെ തുടര്‍ന്നുടലെടുത്ത കേസിലെ അന്തിമ വിധി പ്രസ്താവിക്കുമ്പോള്‍ 1949 ഡിസംബര്‍ 22 ന് രാത്രി തര്‍ക്കഭൂമിയില്‍ രാമവിഗ്രഹം സ്ഥാപിച്ചത് ആസൂത്രിത നടപടിയായിരുന്നു എന്നാണ് സുപ്രീം കോടതി പറഞ്ഞത്. 1992 ഡിസംബര്‍ 6ന് ബാബ്‌റി മസ്ജിദ് പൊളിച്ച നടപടിയെ നിയമവാഴ്ചയുടെ കടുത്ത ലംഘനം എന്നാണ് കഴിഞ്ഞ നവംബര്‍ 9 ന്റെ വിധിപ്രസ്താവത്തില്‍ സുപ്രീം കോടതി വിശേഷിപ്പിച്ചത്.

കടുത്ത നിയമലംഘനം എന്ന്  രാജ്യത്തെ പരമോന്നത കോടതി തന്നെ വിശേഷിപ്പിച്ച സംഭവമാണ് ബാബ്‌റി മസ്ജിദ് ധ്വംസനം. മസ്ജിദ് തകര്‍ക്കുന്നതിന് മുന്നോടിയായി നടത്തിയ രഥയാത്ര, അതിനു നേതൃത്വം നല്‍കിയവര്‍, അവരുടെ സഹായികള്‍, കര്‍സേവക്ക് ആഹ്വാനം ചെയ്തവര്‍, അതിനൊക്കെ ആളും അര്‍ത്ഥവും പ്രദാനം ചെയ്ത സംഘടനകള്‍, ആ ഘട്ടത്തില്‍ തങ്ങളെ തടയാന്‍ കോടതി ആരാണ് എന്ന് ചോദിച്ചവര്‍ എന്നിങ്ങനെ ആ കടുത്ത നിയമലംഘനത്തിനു ഉത്തരവാദികള്‍ നമ്മുടെ കണ്മുന്നില്‍ ഉണ്ട്. അത്തരം കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതിരിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്.

 ഇന്ത്യന്‍ മത നിരപേക്ഷതയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്തിനുള്ള ശിക്ഷ അവര്‍ അര്‍ഹിക്കുന്നു.ഇന്ത്യന്‍ മതേതരത്വത്തിന് ഏറ്റവും വലിയ പോറലേല്‍പിച്ച ഈ കടുത്ത നിയമ ലംഘന നടപടിയുടെ ഉത്തരവാദിത്വം സംഘപരിവാര്‍ ശക്തികള്‍ക്കാണ്. അതിലേക്ക് നയിച്ച സംഭവങ്ങള്‍ക്ക് കാരണമായതിന്റെയും ഒത്താശ ചെയ്തുകൊടുത്തതിന്റെയും അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ചതിന്റെയും ഉത്തരവാദിത്തം കോണ്‍ഗ്രസിനും  ചങ്ങാതിമാര്‍ക്കുമുണ്ട്.

പൂട്ടിക്കിടന്ന ബാബ്‌റി മസ്ജിദ് സംഘപരിവാറിനായി തുറന്നു കൊടുത്തത്കോണ്‍ഗ്രസാണ്.ശിലാന്യാസത്തിലൂടെ ക്ഷേത്രത്തിന് തറക്കല്ലിടാന്‍ അനുവാദം കൊടുത്തത് കോണ്‍ഗ്രസാണ്. കര്‍സേവയിലൂടെ അതൊരു മണ്ഡപമാക്കാന്‍ അനുവാദം കൊടുത്തതും കോണ്‍ഗ്രസ്. ഇതിന്റെയൊക്കെ സ്വാഭാവിക പരിണിതിയെന്ന നിലയില്‍ സംഘപരിവാര്‍ ബാബ്‌റി മസ്ജിദ് തകര്‍ത്തു തരിപ്പണമാക്കിയപ്പോള്‍ കര്‍മരാഹിത്യത്തിലൂടെ  മൗനം ആചരിച്ച് അത് അനുവദിച്ചു കൊടുത്തതും കോണ്‍ഗ്രസ് തന്നെ.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സവിശേഷത  അത് മതനിരപേക്ഷ സ്വഭാവത്തെ മുറുകെപിടിക്കുന്നു എന്നത് തന്നെയാണ്.  ഉന്നതമായ മാനവിക മൂല്യങ്ങളെ ഉയര്‍ത്തി പിടിച്ചുകൊണ്ടാണ് വിവിധ ജനവിഭാഗങ്ങളുടെ യോജിച്ചുള്ള പ്രക്ഷോഭങ്ങളിലൂടെ ഇന്ത്യന്‍ ജനത വൈദേശിക ആധിപത്യത്തിനെതിരെ പോരാടിയതും അതിനെ തറപറ്റിച്ചതും. ഇന്നത്തെ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ വര്‍ഗ്ഗീയ ആധിപത്യത്തിനെതിരെ പൊരുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അത് നമ്മുടെ ജനാധിപത്യത്തെയും മതനിരപേക്ഷതയെയും സംരക്ഷിക്കേണ്ടതിനു ഒഴിച്ചുകൂടാനാവാത്തനാണ്.

ബാബ്‌റി മസ്ജിദ് ധ്വംസനം  കേവലം ഒരു പള്ളി പൊളിക്കലല്ല- ഗാന്ധി വധം പോലെ രാജ്യത്തെ  അഗാധമായി മുറിവേല്‍പ്പിച്ച, താരതമ്യമില്ലാത്ത  കുറ്റകൃത്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

'രാഹുല്‍ ഗാന്ധിക്കെതിരായ പൊലീസ് നടപടി ജനാധിപത്യ സമൂഹത്തിന് അനുവദിച്ചു കൊടുക്കാനാവില്ല', അപലപിച്ച് മുഖ്യമന്ത്രി

 തിരുവനന്തപുരം > ദലിത് പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ഉത്തര്‍പ്രദേശിലെ ഹത്രാസിലേക്കുള്ള യാത്രാമധ്യേ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്‌ത‌ സംഭവം ജനാധിപത്യത്തിന് വിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് നടപടി ജനാധിപത്യ സമൂഹത്തിന് അനുവദിച്ചു കൊടുക്കാനാവില്ല. രാഹുല്‍ ഗാന്ധിയെ വിലക്കിയതും കയ്യേറ്റം ചെയ്‌തതും പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്നും അദ്ദേഹം പ്രസ്‌താവനയില്‍ വ്യക്തമാക്കി.

ഉത്തര്‍പ്രദേശിലെ ഹത്രാസിലേക്ക് ക്രൂരമായ പീഡനത്തിനിരയായി കൊല ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോകവെയാണ് രാഹുല്‍ഗാന്ധിയെ ഉത്തര്‍പ്രദേശില്‍ അവിടത്തെ പോലീസും ഭരണകക്ഷിക്കാരും കയ്യേറ്റം ചെയ്‌തത്. രാഹുല്‍ ഗാന്ധിക്ക് ഹത്രാസിലേക്ക് പോകാന്‍ എല്ലാ ജനാധിപത്യ അവകാശങ്ങളുമുണ്ട്. ഭരണഘടനാപരമായ സ്വാതന്ത്ര്യവുമുണ്ട്. അതിനെയൊക്കെ ഇല്ലായ്മ ചെയ്യുന്ന നീക്കം ആത്യന്തികമായി ജനാധിപത്യത്തിന് വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രസ്‌താവനയുടെ പൂർണരൂപം:-

'രാഹുൽ ഗാന്ധിയെ കയ്യേറ്റം ചെയ്‌ത നടപടിയെ മുഖ്യമന്ത്രി പിണറായി വിജയൻ അപലപിച്ചു. ഉത്തർപ്രദേശിലെ ഹത്രാസിലേക്ക് ക്രൂരമായ പീഡനത്തിനിരയായി കൊല ചെയ്യപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാൻ പോകവെയാണ് രാഹുൽഗാന്ധിയെ ഉത്തർപ്രദേശിൽ അവിടത്തെ പോലീസും ഭരണകക്ഷി ക്കാരും കയ്യേറ്റം ചെയ്‌തത്.

രാഹുൽ ഗാന്ധിക്ക് ഹത്രാസിലേക്ക് പോകാൻ എല്ലാ ജനാധിപത്യ അവകാശങ്ങളുമുണ്ട്. ഭരണഘടനാപരമായ സ്വാതന്ത്ര്യവുമുണ്ട്. അതിനെയൊക്കെ ഇല്ലായ്‌മ ചെയ്യുന്ന നീക്കം ആത്യന്തികമായി ജനാധിപത്യത്തിന് വിരുദ്ധമാണ്. ഇത് ജനാധിപത്യ സമൂഹത്തിന് അനുവദിച്ചു കൊടുക്കാനാവില്ല. പ്രതിഷേധാർഹവും അപലപനീയവുമാണ് രാഹുൽ ഗാന്ധിയെ വിലക്കിയതും കയ്യേറ്റം ചെയ്‌തതും.'

ഡല്‍ഹി- യു.പി അതിര്‍ത്തിയായ ഗ്രേറ്റര്‍ നോയിഡയിലാണ് രാഹുലിന്റെയും പ്രിയങ്കയുടെയും വാഹനങ്ങള്‍ തടഞ്ഞത്. ഇതേത്തുടര്‍ന്ന് ഇരുവരും കാറില്‍നിന്നിറങ്ങി കാല്‍നടയായി യാത്ര ആരംഭിക്കുകയായിരുന്നു. പിന്നാലെയായിരുന്നു അറസ്റ്റും കയ്യേറ്റവും ഉള്‍പ്പെടെയുള്ള നടപടികള്‍ അരങ്ങേറിത്.

"അയോധ്യ ബാബ്‌റി സിർഫ്‌ ജാൻകി ഹേ: കാശി മഥുര അബ്‌ ബാക്കി ഹേ" ; ഇനി കാശിയും മഥുരയും

 1992 ഡിസംബർ ആറ്‌. അയോധ്യയിൽ ബാബ്‌‌റി മസ്‌ജിദ്‌ തകർക്കുന്നതിനുള്ള കർസേവ നടക്കവെ രണ്ട്‌ സ്‌ത്രീകൾ–- ഉമ ഭാരതിയും സ്വാധി ഋതാംബരയും– ഉറക്കെ വിളിച്ചു പറഞ്ഞു ‘-അയോധ്യ ബാബ്‌റി സിർഫ്‌ ജാൻകി ഹേ: കാശി മഥുര അബ്‌ ബാക്കി ഹേ’ (അയോധ്യ ബാബ്‌റി ഒരു തുടക്കംമാത്രം: അടുത്തത്‌ കാശിയും മഥുരയും). 28 വർഷംമുമ്പ്‌ ബാബ്‌റി മസ്‌ജിദ്‌ തകർത്ത ഗൂഢാലോചന കേസിൽനിന്ന്‌ അദ്വാനിയും ഉമ ഭാരതിയും ഋതാംബരയും കുറ്റവിമുക്തരാക്കപ്പെടുമ്പോൾ ‘ഇനി കാശിയും മഥുരയുമെന്ന’ മുദ്രാവാക്യവും യാഥർഥ്യത്തിലേക്ക്‌ നീങ്ങുമെന്ന ആശങ്ക ഉയരുകയാണ്‌.

ഹിന്ദുത്വവാദികൾ അയോധ്യ മുദ്രാവാക്യം ഉയർത്തിയ ഘട്ടത്തിൽത്തന്നെയാണ്‌ കാശിയിലും മഥുരയിലുമുള്ള പള്ളികളും തകർക്കണമെന്ന മുദ്രാവാക്യവും ഉയർന്നത്‌. മഥുരയിലെ ശ്രീകൃഷ്‌ണ ക്ഷേത്രവളപ്പിലെ ഷാഹി ഈദ്‌ഗാഹും കാശിയിലെ വിശ്വനാഥ ക്ഷേത്രത്തിനടുത്തെ ഗ്യാൻവ്യാപി പള്ളിയും തകർത്ത്‌ ആ പ്രദേശം ക്ഷേത്രങ്ങൾക്ക്‌ വിട്ടുനൽകണമെന്ന വാദമാണ്‌ സംഘപരിവാർ ഉയർത്തുന്നത്‌. യഥാർഥത്തിൽ അയോധ്യ, കാശി, മഥുര എന്ന മുദ്രാവാക്യം ആദ്യം ഉയരുന്നത്‌ 1949 ലാണ്‌. ഹിന്ദു മഹാസഭയാണ്‌ ഈ മുദ്രാവാക്യം ഉയർത്തിയത്‌. 1983–-84 വർഷത്തിലാണ്‌ ഇത്‌ വീണ്ടും സജീവമായത്‌. 1984ലാണ്‌ ബാബ്‌റി മസ്‌ജിദ്‌ നിലനിൽക്കുന്ന സ്ഥലം രാമക്ഷേത്ര നിർമാണത്തിന്‌ നൽകണമെന്ന്‌ വിശ്വഹിന്ദു പരിഷത്ത്‌ ആവശ്യപ്പെട്ടത്‌‌. 1989ൽ അത്‌ ബിജെപി ഏറ്റെടുത്തു. ബാബ്‌റി മസ്‌ജിദ്‌ തകർക്കപ്പെട്ടതോടെതന്നെ കാശി, മഥുര അജൻഡ സംഘപരിവാർ മുന്നോട്ടുവച്ചിരുന്നു. അന്ന്‌ അദ്വാനി പറഞ്ഞത്‌ ഉടൻ ഈ അജൻഡ പുറത്തെടുക്കില്ലെന്ന്‌ മാത്രമായിരുന്നു. അതൊരിക്കലും ഉയർത്തില്ലെന്ന്‌ അദ്വാനി പറഞ്ഞിരുന്നില്ലെന്ന്‌ വിഎച്ച്‌പി നേതാവായ അശോക്‌ സിംഗാൾ വിശദീകരിക്കുകയും ചെയ്‌തു.

അയോധ്യയിൽ ആഗസ്‌ത്‌ അഞ്ചിന്‌ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽത്തന്നെ ക്ഷേത്രനിർമാണത്തിനുള്ള ഭൂമി പൂജൻ നടന്നതോടെ അടുത്ത ലക്ഷ്യം മഥുരയാണെന്ന്‌ സംഘപരിവാർ പ്രഖ്യാപിച്ചു. ബാബ്‌റി മസ്‌ജിദ്‌ തകർത്ത സ്ഥലം രാമക്ഷേത്ര നിർമാണത്തിന്‌ വിട്ടുകൊടുത്തുകൊണ്ടുള്ള സുപ്രീംകോടതി വിധി വന്നതോടെതന്നെ മഥുരയിലെ പള്ളി തകർക്കണമെന്ന പ്രസ്ഥാനത്തിന്‌ തുടക്കമിട്ടിരുന്നു. കഴിഞ്ഞവർഷത്തെ പാർലമെന്റിന്റെ‌ ശീതകാല സമ്മേളനത്തിൽ ഹർണാഥ്‌ സിങ്‌ എന്ന ബിജെപി എംപി ജയ്‌ ശ്രീകൃഷ്‌ണ എന്ന്‌ എഴുതിയ പച്ചനിറത്തിലുള്ള വസ്‌ത്രവുമണിഞ്ഞാണ്‌ എത്തിയത്‌. അടുത്തത്‌ മഥുരയും വാരാണസിയുമാണെന്ന്‌ വിളിച്ചുപറയുകയായിരുന്നു ഹർണാഥ്‌ സിങ്‌. അയോധ്യയിൽ ഭൂമി പൂജൻ നടക്കുമ്പോൾ ബിജെപി നേതാവായ വിനയ്‌ കത്യാർ പറഞ്ഞത്‌ കാശി, മഥുര വിഷയം ഉയർത്താൻ ഇനിയും അമാന്തിക്കരുതെന്നായിരുന്നു.

മാർച്ച്‌ ആദ്യം ഹിന്ദുസന്യാസിമാരുടെ വിശാല കൂട്ടുകെട്ടായ അഖിൽ ഭാരതീയ സന്ത്‌ സമിതി വാരാണസിയിൽ യോഗം ചേർന്ന്‌ ശ്രീ കാശി ഗ്യാൻവ്യാപി മുക്ത്‌ യജ്ഞസമിതിക്ക്‌ രൂപം നൽകുകയുണ്ടായി. കാശി വിശ്വനാഥ ക്ഷേത്രത്തിന്‌ അടുത്തുള്ള പള്ളി പൊളിച്ചുനീക്കുകയാണ്‌ ലക്ഷ്യം. സുബ്രഹ്‌മണ്യ സ്വാമിയായിരുന്നു ഈ സമിതിയുടെ അധ്യക്ഷൻ.

(ബാബ്‌റി പള്ളി പൊളിക്കുന്നതിന്‌ സംഘപരിവാർ ആദ്യം രൂപംകൊടുത്തത്‌ രാമജന്മഭൂമി മുക്തി യജ്ഞ സമിതിക്കാണെന്ന്‌ ഓർക്കുക. 1984ൽ) ലോക്‌ഡൗൺ പ്രഖ്യാപിച്ചതോടെ സമിതിയുടെ പ്രവർത്തനം മുന്നോട്ടുപോയില്ലെന്നുമാത്രം.

എന്നാൽ, മഹാമാരിക്കാലത്തും ജൂലൈ 23ന്‌ ശ്രീകൃഷ്‌ണ ജന്മഭൂമി മുക്തി ആന്ദോളൻ ട്രസ്റ്റിന്‌‌ രൂപം നൽകുകയുണ്ടായി. ഈ മാസം ആദ്യം അലഹബാദിൽ ചേർന്ന അഖിൽ ഭാരതീയ അഖാഡ പരിഷത്തും ഇതേ ലക്ഷ്യംവച്ചുള്ളതായിരുന്നു. ആർഎസ്‌എസ്‌ മേധാവി മോഹൻ ഭാഗവതിന്റെ അടുത്ത അനുയായികൂടിയായ നരേന്ദ്ര ഗിരിയാണ്‌ പരിഷത്തിന്റെ അധ്യക്ഷൻ. ആർഎസ്‌എസിന്റെ പിന്തുണയോടെയാണ്‌ കാശി, മഥുര മുദ്രാവാക്യം സജീവമാകുന്നത്‌. മഥുരയിലും കാശിയിലും ക്ഷേത്രങ്ങൾ മുസ്ലിങ്ങൾ തകർത്തെന്നു പറഞ്ഞ്‌ എഫ്‌ഐആർ ഫയൽ ചെയ്യാനും പരിഷത്ത്‌ തീരുമാനിക്കുകയുണ്ടായി. കേന്ദ്രത്തിലും ഉത്തർപ്രദേശിലും ബിജെപി സർക്കാരായതിനാൽ ലക്ഷ്യം നേടാൻ വിഷമമുണ്ടാകില്ലെന്നും നരേന്ദ്ര ഗിരി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഏറ്റവും അവസാനമായി മഥുരയിൽ മസ്‌ജിദ്‌ നിലനിൽക്കുന്ന സ്ഥലത്തിന്‌ അവകാശവാദമുന്നയിച്ച്‌ രഞ്‌ജന അഗ്നിഹോത്രി എന്ന അഭിഭാഷക പ്രാദേശിക കോടതിയിൽ ഹർജി ഫയൽ ചെയ്‌തു. ഈ ഹർജി കോടതി തള്ളി. പള്ളി ഇവിടെനിന്ന്‌ നീക്കം ചെയ്യണമെന്നാണ്‌ ശ്രീകൃഷ്‌ണ വിരാജ്‌മാന്റെ പേരിൽ നൽകിയ ഹർജിയിൽ വാദിച്ചത്‌. 1968ലെ ശ്രീകൃഷ്‌‌ണ ജന്മഭൂമി ട്രസ്റ്റും ഈദ്‌ഗാഹ്‌ കമ്മിറ്റിയും തമ്മിലുള്ള കരാറിനെ വെല്ലുവിളിക്കുന്നതാണ്‌ ഈ ഹർജി. 1993ൽ മോഹൻലാൽ ശർമ എന്നൊരാളും കരാറിനെ ചോദ്യംചെയ്‌ത്‌ കോടതിയെ സമീപിച്ചിരുന്നു. സ്വാതന്ത്ര്യത്തിനുശേഷമുള്ള ആരാധനാലയങ്ങളുടെ മതപരമായ സ്വഭാവം അതേപടി നിലനിർത്തണമെന്ന 1991ലെ നിയമം മരവിപ്പിക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടു. ഇതേ ആവശ്യമുയർത്തി വിശ്വഭദ്ര പൂജാരി പുരോഹിത്‌ മഹാസംഘും സുപ്രീംകോടതിയിൽ ഹർജി നൽകിയിട്ടുണ്ട്‌.

ഇതെല്ലാം സൂചിപ്പിക്കുന്നത്‌ മുസ്ലിങ്ങളുടെയും ക്രിസ്‌ത്യാനികളുടെയും മറ്റും ആരാധനാലയങ്ങൾ പിടിച്ചെടുക്കുന്നതിനുള്ള വലിയ ഗൂഢാലോചന അരങ്ങേറുന്നുവെന്നാണ്‌. ഇതുവഴി കുഗ്രാമങ്ങളിൽപ്പോലും വർഗീയധ്രുവീകരണം ശക്തമാക്കി സ്വാധീനം ഉറപ്പിക്കാൻ കഴിയുമെന്നാണ്‌ സംഘപരിവാർ കരുതുന്നത്‌. 1993 ജനുവരിയിൽ ‘കമ്യൂണലിസം കോമ്പാറ്റ്’ ‌എന്ന മാസിക ഹിന്ദുത്വവാദികൾ ലക്ഷ്യംവയ്‌ക്കുന്ന ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു.

30,000 ആരാധനാലയമാണ്‌ ഇങ്ങനെ സംഘപരിവാർ ലക്ഷ്യമിട്ടിട്ടുള്ളത്‌. രാജ്യത്തെ വർഗീയതയാകുന്ന മഹാമാരിയിലേക്ക്‌ വീഴ്‌ത്തി പ്രധാന വിഷയങ്ങളിൽനിന്ന്‌ ജനശ്രദ്ധ തിരിച്ചുവിട്ട്‌ അധികാരം ഉറപ്പിക്കാനാണ് സംഘപരിവാർ പദ്ധതിയിടുന്നത്‌.

വി ബി പരമേശ്വരൻ 

ലിബർഹാൻ കമീഷൻ എണ്ണിപ്പറഞ്ഞു ; ഇതാ തെളിവുകള്‍

 പ്രത്യേക സിബിഐ കോടതി വിട്ടയച്ച സംഘപരിവാർ നേതാക്കള്‍ ബാബ്‌റി പള്ളി പൊളിക്കാൻ ഏതെല്ലാംവിധം ഗൂഢാലോചന നടത്തിയെന്ന്‌ അക്കമിട്ട് നിരത്തിയിട്ടുണ്ട് ജസ്റ്റിസ് മൻമോഹൻ സിങ്‌ ലിബർഹാൻ തന്റെ കമീഷൻ റിപ്പോർട്ടിൽ. പള്ളി പൊളിച്ച്‌ പത്താം ദിവസമാണ്‌ പഞ്ചാബ്‌–- ഹരിയാന ഹൈക്കോടതി സിറ്റിങ്‌ ജഡ്‌ജി എം എസ്‌ ലിബർഹാനെ അന്വേഷണ കമീഷനായി നരസിം​ഹറാവു സര്‍ക്കാര്‍ നിയമിച്ചത്.

മൂന്നുമാസത്തിനകം റിപ്പോർട്ട്‌ നല്‍കാനായിരുന്നു നിര്‍ദേശം. 48 വട്ടം കാലാവധി നീട്ടി 2009 ജൂൺ 30നാണ്‌ റിപ്പോർട്ട്‌ സമർപ്പിച്ചത്‌. പള്ളിപൊളിച്ചതിൽ വാജ്‌പേയിയും അദ്വാനിയും അടക്കമുള്ളവര്‍ക്ക്‌ പങ്കുണ്ടെന്ന റിപ്പോർട്ട്‌ പിന്നീട്‌ പാർലമെന്റ്‌ അംഗീകരിച്ചു.

പതിനേഴ്‌ വർഷമാണ്‌ ലിബർഹാൻ കമീഷന്റെ അന്വേഷണം നീണ്ടത്‌. ഇത്രയും കാലതാമസമെടുത്ത ഒരു ജുഡീഷ്യൽ അന്വേഷണം ഇന്ത്യയിൽ മുമ്പുണ്ടായിട്ടില്ല. കോൺഗ്രസ്‌ കേന്ദ്രം ഭരിച്ച ഘട്ടത്തിൽപ്പോലും സർക്കാർ സംവിധാനങ്ങളുടെ പിന്തുണ തനിക്ക്‌ ലഭിച്ചിട്ടില്ലെന്ന്‌ ജസ്റ്റിസ്‌ ലിബർഹാൻ അഭിമുഖത്തിൽ വെളിപ്പെടുത്തി. 998 പേജുള്ള റിപ്പോർട്ടിലെ പ്രസക്ത ഭാഗങ്ങൾ:

● സംഘപരിവാറിന്റെ ദേശീയ–- പ്രാദേശിക നേതാക്കളുടെ സാന്നിധ്യത്തിലാണ്‌ പള്ളി പൊളിച്ചത്‌. ആർഎസ്‌എസ്‌, ബജ്‌രംഗ്‌ദൾ, വിഎച്ച്‌പി, ബിജെപി, ശിവസേന എന്നീ സംഘടനകളുടെ നേതാക്കളും പ്രവർത്തകരുമുണ്ടായിരുന്നു. അവർ പ്രത്യക്ഷമായോ പരോക്ഷമായോ തകർക്കലിനെ സഹായിച്ചു 

● പള്ളിപൊളിക്കൽ പ്രസ്ഥാനത്തെ സഹായിക്കാൻ‌ ഫണ്ട്‌ ശേഖരണം നടത്തിയത്‌ പരിവാർ സംഘടനകളാണ്‌. അജ്ഞാത സ്രോതസ്സുകളിൽനിന്നടക്കം കോടികൾ സമാഹരിച്ച്‌ രാമജന്മഭൂമി ന്യാസ്‌, വിഎച്ച്‌പി, ഭാരത്‌ കല്യാൺ പ്രതിഷ്‌ഠാൻ തുടങ്ങിയ സംഘടനകളുടെ അക്കൗണ്ടുകളിൽ എത്തിച്ചു. ഗിരിരാജ്‌ കിഷോർ, അശോക്‌ സിംഗാൾ, നൃത്യഗോപാൽദാസ്‌ തുടങ്ങിയവരാണ്‌ അക്കൗണ്ടുകൾ കൈകാര്യം ചെയ്‌തത്‌

● ഫണ്ട്‌ സമാഹരണവും മറ്റും ആസൂത്രണത്തിന്‌ തെളിവ്‌. അയോധ്യയിൽ കർസേവകരെ ആസൂത്രിതമായി എത്തിച്ചതാണ്‌

● പള്ളിപൊളിക്കൽ പെട്ടെന്നുള്ള വികാരപ്രകടനമായിരുന്നില്ല. പള്ളിക്ക്‌ മുകളിൽ കയറിയ കർസേവകർ മുഖംമറച്ചതും മകുടങ്ങൾക്ക്‌ കീഴിലെ വിഗ്ര​ഹങ്ങളും ഭണ്ഡാരപ്പെട്ടിയും എടുത്തുമാറ്റി പിന്നീട്‌ താൽക്കാലിക ഷെഡ്ഡിൽ സ്ഥാപിച്ചതും ആസൂത്രണത്തിന്‌ തെളിവ്‌.

● അദ്വാനി, വാജ്‌പേയി, ജോഷി തുടങ്ങിയവർ പരിവാർതന്ത്രം അറിഞ്ഞിരുന്നില്ലെന്ന്‌ വിശ്വസിക്കാനാകില്ല.

● മതത്തിന്റെയും മതഅജൻഡകളുടെയും അടിസ്ഥാനമുള്ള സർക്കാരുകളെ വിലക്കണം. അവ ഭരണഘടനയെ പുച്ഛിച്ചുതള്ളും.

എം പ്രശാന്ത‌് 

നീതി എവിടെ ? മസ്‌ജിദ്‌ തകർത്തത്‌ അരാജകവാദികളായ കർസേവകർ, വീഡിയോ ദൃശ്യങ്ങളും ഫോട്ടോകളും തെളിവുകൾ അല്ലെന്നും സിബിഐ കോടതി

 ബാബ്‌റി മസ്‌ജിദ്‌ തകര്‍ത്തതിലെ ക്രിമിനൽ ഗൂഢാലോചന കേസില്‍ എൽ കെ അദ്വാനി അടക്കം 32 പ്രതികളെയും ലഖ്‌നൗ സിബിഐ പ്രത്യേക കോടതി വെറുതെ വിട്ടു. ബിജെപി നേതാക്കളായ മുരളീമനോഹർ ജോഷി, ഉമ ഭാരതി, കല്യാൺസിങ്‌, സിറ്റിങ്‌ എംപിമാരായ സാക്ഷി മഹാരാജ്‌, ലല്ലു സിങ്‌, ബ്രിജ്‌ഭൂഷൺ ശരൺസിങ്‌, വിഎച്ച്‌പി– ബജ്‌രംഗ്‌ദൾ നേതാക്കൾ തുടങ്ങിയവര്‍ക്കാണ് ക്ലീന്‍ചിറ്റ്.

ബാബ്‌റി മസ്‌ജിദ്‌ തകർത്തത് ആസൂത്രിതമല്ലെന്നും ഗൂഢാലോചന ഇല്ലെന്നും ‌ജഡ്‌ജി എസ്‌ കെ യാദവ്‌ 2300 പേജുള്ള വിധിന്യായത്തിൽ അവകാശപ്പെട്ടു. ‘‘1992 ഡിസംബർ ആറ്‌ പകൽ 12 വരെ പ്രദേശത്ത്‌ കാര്യമായ സംഘർഷമുണ്ടായിരുന്നില്ല. മന്ദിരത്തിനു ചുറ്റും കർസേവകരുടെ നിരവധി സംഘം ഒത്തുകൂടി. ഇക്കൂട്ടത്തിൽ നേതാക്കളെ അനുസരിക്കാത്ത വിഭാഗമാണ്‌ പ്രശ്‌നത്തിന്‌ തുടക്കമിട്ടത്‌.  അരാജകവാദികളായ കർസേവകർ കല്ലേറ്‌ തുടങ്ങിയതോടെ സാഹചര്യം നിയന്ത്രണാതീതമായി. മന്ദിരത്തിനുള്ളിൽ ഹിന്ദുക്കൾ സ്ഥാപിച്ച ശ്രീരാമവിഗ്രഹംകൂടി ഉണ്ടായിരുന്നു. അതുകൊണ്ട്‌, വിഎച്ച്‌പി നേതാവ്‌ അശോക്‌ സിംഗാൾ മന്ദിരം തകർക്കാൻ കുതിച്ച കർസേവകരെ തടയാനും ശ്രമിച്ചു. എന്നാൽ, യഥാർഥ രാമഭക്തരല്ലാത്ത ആ തെമ്മാടികൾ നേതാവിന്റെ വാക്ക്‌ ചെവിക്കൊണ്ടില്ല. ഇതിന്റെ ഫലമായാണ്‌ കെട്ടിടം തകർക്കപ്പെട്ടത് ‌’’–- ജഡ്‌ജി നിരീക്ഷിച്ചു.

ഫോട്ടോ തെളിവല്ല

ബാബ്‌റി മസ്‌ജിദ്‌ തകർത്ത ദിവസത്തെ ഫോട്ടോകളും വീഡിയോദൃശ്യങ്ങളും ഓഡിയോ ടേപ്പുകളും മാധ്യമവാർത്തകളും തെളിവുകളായി കോടതി അംഗീകരിച്ചില്ല. ഫോട്ടോകളിൽ അത്‌ എടുത്ത ആളുടെ ഒപ്പില്ലാത്തതും ഫോട്ടോയ്‌ക്ക് ഒപ്പം അവയുടെ നെ​ഗറ്റീവില്ലാത്തതുമാണ് കാരണമായി ചൂണ്ടിക്കാട്ടിയത്. ഹാജരാക്കിയ വീഡിയോ ദൃശ്യം എഡിറ്റ്‌ ചെയ്‌തവയാണെന്നും ചില വീഡിയോകളിൽ സംഭവദിവസം സ്ഥലത്ത്‌ ഇല്ലാത്തവരുമുണ്ടെന്നും പറഞ്ഞു. വീഡിയോദൃശ്യങ്ങൾക്ക്‌ വ്യക്തത ഇല്ലാത്തതും കാസറ്റുകൾ സീൽ ചെയ്യാത്തതും തെളിവുകളുടെ വിശ്വാസ്യത ഇല്ലാതാക്കിയെന്നും കോടതി വിലയിരുത്തി.

പ്രകോപനത്തിനും തെളിവില്ലെന്ന്

പ്രസംഗങ്ങളിലൂടെയും മുദ്രാവാക്യങ്ങളിലൂടെയും പ്രതികൾ മതസ്‌പർധ ഉണ്ടാക്കാനും സാമുദായിക മൈത്രി തകർക്കാനും ശ്രമിച്ചെന്ന വാദം സ്ഥിരീകരിക്കുന്ന തെളിവ് ഇല്ലെന്നും കോടതി പറഞ്ഞു. പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന പേരില്‍ ശിക്ഷിക്കാൻ പറ്റില്ല. പ്രസംഗത്തിന്റെ ശബ്ദരേഖയും അത്‌ നടത്തിയവരുടെ ശബ്ദവും ഒന്നാണെന്ന്‌ തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ പ്രോസിക്യൂഷന്‌ കഴിഞ്ഞില്ല. ജഡ്‌ജി കൂട്ടിച്ചേർത്തു.

5 വർഷം വാദംകേട്ട് അവസാനത്തെ വിധി

ബാബ്‌റി മസ്‌ജിദ്‌ കേസിൽ വിധി പുറപ്പെടുവിക്കാൻ ഇറങ്ങുംമുമ്പ്‌ പൂജ നടത്തി പ്രത്യേക കോടതി ജഡ്‌ജി സുരേന്ദ്രകുമാർ യാദവ്‌. വീട്ടിൽ ഇഷ്ട ദൈവങ്ങൾക്കു മുന്നിൽ പൂജ അർപ്പിച്ച്,‌  കുടുംബാംഗങ്ങളുമായി അൽപ്പസമയം ചെലവിട്ടശേഷമാണ്‌ കോടതിയിലേക്ക്‌ ഇറങ്ങിയത്‌.

സർവീസിന്റെ അവസാനദിനമാണ് ഇതെന്ന പ്രത്യേകതകൂടി ഉണ്ടായിരുന്നു.  ‘ഇതുവരെ വിധി പുറപ്പെടുവിച്ചതിൽ ഏറ്റവും വലിയ കേസാണ് ഇതെന്ന കാര്യത്തിൽ സംശയമില്ല’–- അദ്ദേഹം പറഞ്ഞു. അഞ്ചു വർഷം ദൈനംദിനാടിസ്ഥാനത്തിൽ വാദംകേട്ടാണ്‌ വിധി പറഞ്ഞത്‌. സുപ്രീംകോടതി നൽകിയ അന്ത്യശാസനം ബുധനാഴ്‌ച അവസാനിക്കുന്നതിനാൽ ഒരു മാസത്തോളം രാപ്പകൽ അധ്വാനിച്ചാണ്‌ 2300 പേജുള്ള വിധിന്യായം എഴുതിയത്‌. ഏകദേശം 350 സാക്ഷി മൊഴിയും ആയിരക്കണക്കിനു പേജുള്ള രേഖകളും വീഡിയോ, ഓഡിയോ ദൃശ്യങ്ങളും പരിശോധിച്ചത്രേ. കഴിഞ്ഞവർഷം വിരമിക്കേണ്ട ജഡ്‌ജിക്ക്‌ സുപ്രീംകോടതി കാലാവധി നീട്ടി നല്‍കി.

തുടക്കം രഥയാത്രയിൽനിന്ന്‌

എൽ കെ അദ്വാനിയുടെ നേതൃത്വത്തിൽ ബിജെപി രാമജന്മഭൂമി പ്രസ്ഥാനം ഏറ്റെടുത്തത്‌ 1989ലാണ്‌. വി പി സിങ്‌ സർക്കാർ അയോധ്യപ്രശ്‌നം സമാധാനപരമായി പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ബിജെപിയും കോൺഗ്രസും ഒരുപോലെ എതിർത്തു. തുടര്‍ന്ന് അദ്വാനി രാമക്ഷേത്രനിർമാണം ലക്ഷ്യമായി പ്രഖ്യാപിച്ച്‌ 1990 സെപ്‌തംബർ 25ന്‌ സോമനാഥ‌ ക്ഷേത്രത്തിൽനിന്ന്‌ രഥയാത്ര തുടങ്ങി.

വിഷലിപ്‌തമായ വർഗീയപ്രചാരണമാണ്‌ അരങ്ങേറിയത്‌. അയോധ്യതർക്കത്തെ രാമനും ബാബറും തമ്മിലുള്ള യുദ്ധമായി ചിത്രീകരിച്ചു. ആയുധങ്ങളുമായി നേതാക്കൾ വേദികളിലെത്തി. ഈ ആയുധങ്ങൾ പ്രയോഗിച്ചാൽ ഒറ്റദിവസത്തിൽ രാമജന്മഭൂമി മോചിപ്പിക്കാൻ കഴിയുമെന്ന്‌ പ്രഖ്യാപിച്ചു. രഥയാത്ര കടന്നുപോയ സ്ഥലങ്ങളിൽ വർഗീയലഹളകളുണ്ടായി. ഒക്ടോബർ 23ന്‌ ബിഹാറിൽ‌ അദ്വാനി അറസ്റ്റിലായി. ലാലുപ്രസാദ്‌ യാദവ്‌ ആയിരുന്നു മുഖ്യമന്ത്രി.

എന്നാല്‍, കർസേവകർ അയോധ്യയിലേക്ക്‌ നീങ്ങി. ആയിരക്കണക്കിനാളുകളെ ഉത്തർപ്രദേശിലെ മുലായംസിങ്‌ സർക്കാർ അറസ്‌റ്റ്‌ ചെയ്‌തു. 1991ലെ തെരഞ്ഞെടുപ്പിനുശേഷം നരസിംഹറാവു കേന്ദ്രത്തിലും കല്യാൺസിങ്‌ ഉത്തർപ്രദേശിലും അധികാരത്തിലെത്തി. 

ബിജെപി കർസേവയുമായി മുന്നോട്ടുപോയി. ബിജെപി, വിഎച്ച്‌പി, ആർഎസ്‌എസ്‌ പ്രമുഖർ അയോധ്യയിൽ തമ്പടിച്ചു. മസ്‌ജിദ്‌ സംരക്ഷിക്കുമെന്ന്‌ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സുപ്രീംകോടതിയിൽ സത്യവാങ്‌മൂലം നൽകി. ആയിരക്കണക്കിന്‌ പൊലീസുകാരെയും അർധസൈനികരെയും നിയോഗിച്ചു. എന്നാല്‍, മസ്‌ജിദ്‌ തകർക്കുന്നതിന്‌ അവര്‍ മൂകസാക്ഷികളായി.

സിബിഐ പൂർണ പരാജയം: കോടതി

ബാബ്‌റിമസ്‌ജിദ്‌ തകർക്കാൻ‌ ക്രിമിനൽ ഗൂഢാലോചന നടന്നെന്ന വസ്‌തുത സ്ഥാപിക്കാൻ വിശ്വസനീയമായ തെളിവുകൾ ഹാജരാക്കുന്നതിൽ സിബിഐ ദയനീയമായി പരാജയപ്പെട്ടെന്ന്‌ പ്രത്യേക കോടതി. ബിജെപി, വിഎച്ച്‌പി നേതാക്കളുടെ പ്രകോപനപരമായ പ്രസംഗം കേട്ട്‌ പ്രചോദിതമായാണ്‌ മസ്‌ജിദ്‌ തകർത്തതെന്ന്‌ സമ്മതിക്കുന്ന ഒരാളുടെ മൊഴി പോലും സിബിഐ ഹാജരാക്കിയില്ല. ഹാജരാക്കിയ വീഡിയോ കാസറ്റുകളും ഫോട്ടോകളും സീൽ ചെയ്‌ത്‌ ഭദ്രമാക്കിയില്ല.

തെളിവുകൾ ഫോറൻസിക്‌ പരിശോധനയ്‌ക്ക്‌ വിധേയമാക്കിയില്ല. ക്രിമിനൽ നടപടി ചട്ട പ്രകാരമുള്ള അന്വേഷണമല്ല നടത്തിയതെന്നും സിബിഐ പ്രത്യേക കോടതി ജഡ്‌ജി എസ്‌ കെ യാദവ്‌ കുറ്റപ്പെടുത്തി. പള്ളി തകർത്തതിനെ തുടർന്ന്‌ 425 പേർക്ക്‌ പരിക്കേറ്റതായി സിബിഐ സമ്മതിക്കുന്നു‌. അതിൽ ഒരാളുടെപോലും മൊഴിയെടുക്കാൻ ശ്രമിച്ചില്ല. പരിക്കേറ്റവരുടെ മൊഴി കേസിൽ പ്രസക്തമായ തെളിവായിരുന്നു. അത്‌ ശേഖരിക്കാതിരുന്നത്‌ ദൗർഭാഗ്യകരമാണ്‌.

ഗൂഢാലോചന നടന്നെന്ന നിരവധി മാധ്യമറിപ്പോർട്ടുകളുടെ പകർപ്പുകൾ സിബിഐ ഹാജരാക്കി. എന്നാൽ, തെളിവ്‌ നിയമപ്രകാരം സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ സ്വീകരിച്ചില്ല. പത്ര ഓഫീസുകളിൽനിന്ന്‌ നേരിട്ട്‌ റിപ്പോർട്ടുകൾ ശേഖരിച്ചതാണെന്ന്‌ സിബിഐ അവകാശപ്പെടുന്നു. റിപ്പോർട്ടുകൾ നൽകിയെന്നതിന്‌ മാധ്യമസ്ഥാപനങ്ങളുടെ സാക്ഷ്യപത്രമോ, റിപ്പോർട്ട്‌ കൈപ്പറ്റിയതിന്‌ സിബിഐ നൽകിയ രസീതുകളോ ഹാജരാക്കിയിട്ടില്ല.

റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ള വസ്‌തുതകൾ ശരിയാണോയെന്ന്‌ നേരിട്ട്‌ പരിശോധിച്ച്‌ ബോധ്യപ്പെട്ടിട്ടില്ലെന്ന്‌ അന്വേഷണ ഉദ്യോഗസ്ഥർതന്നെ സമ്മതിച്ചിട്ടുണ്ട്‌. ഈ സാഹചര്യത്തിൽ സിബിഐ ഹാജരാക്കിയ തെളിവുകളോ സാക്ഷി മൊഴികളോ അംഗീകരിക്കാൻ പറ്റില്ലെന്നും ജഡ്‌ജി നിരീക്ഷിച്ചു.

കേസിന്റെ നാൾവഴി

● 1992 ഡിസംബർ ആറിന്‌ ബാബ്‌റി മസ്‌ജിദ്‌ തകർക്കപ്പെട്ടതിനു പിന്നാലെ ഫൈസാബാദ്‌ രാമജന്മഭൂമി പൊലീസ്‌ സ്‌റ്റേഷനിൽ രണ്ട്‌ എഫ്‌ഐആര്‍ രജിസ്റ്റർ ചെയ്‌തു.‌ പള്ളിയിൽ അതിക്രമിച്ച്‌ കയറി കെട്ടിടം തകർത്ത ലക്ഷക്കണക്കിനു കർസേവകർക്ക്‌ എതിരെ ആദ്യത്തേത്. അദ്വാനി, മുരളീമനോഹർ ജോഷി, ഉമ ഭാരതി, വിനയ്‌ കത്യാർ തുടങ്ങിയ എട്ട്‌  നേതാക്കൾക്കെതിരെ രണ്ടാംകേസ്  

● 1992 ഡിസംബർ 12ന്‌ നേതാക്കള്‍ക്കെതിരായ കേസ് സിബിഐക്ക്‌ വിട്ടു

● 1993 ഒക്ടോബർ അഞ്ചിന്‌ സിബിഐ ലഖ്‌നൗ കോടതിയിൽ 40 പേർക്കെതിരെ കുറ്റപത്രം  

● 1997 സെപ്‌തംബറിൽ കുറ്റപത്രം അംഗീകരിച്ചു. ബാബ്‌റി മസ്‌ജിദ്‌ തകർത്തതില്‍ ഗൂഢാലോചന ഉണ്ടെന്നും അദ്വാനി ഉൾപ്പെടെയുള്ളവർക്ക്‌ എതിരെ ഗൂഢാലോചനക്കുറ്റം ചുമത്തണമെന്നും സിബിഐ ‌. 1998ൽ മൊത്തം പ്രതികളുടെ എണ്ണം 48  

● 2001 ഫെബ്രുവരിയിൽ പ്രതികളിൽ 32 പേർ ഹൈക്കോടതിയെ സമീപിച്ചു

● 2001 മെയിൽ വിചാരണക്കോടതി അദ്വാനി ഉൾപ്പെടെയുള്ളവരുടെ കുറ്റം റദ്ദാക്കി  

● ഹൈക്കോടതി അപ്പീല്‍ തള്ളിയതോടെ സിബിഐ സുപ്രീംകോടതിയെ സമീപിച്ചു  

● അദ്വാനി ഉൾപ്പെടെയുള്ളവരുടെ കുറ്റങ്ങൾ 2017ൽ സുപ്രീംകോടതി പുനഃസ്ഥാപിച്ചു

പ്രതിപ്പട്ടികയിലുണ്ടായിരുന്ന 32 പേർ

1)ബിജെപി സ്ഥാപക നേതാവ്‌ എൽ കെ അദ്വാനി

2)ബിജെപി മുൻ ദേശീയ അധ്യക്ഷൻ മുരളീമനോഹർ ജോഷി

3)ഉത്തർപ്രദേശ്‌ മുൻ മുഖ്യമന്ത്രി കല്യാൺസിങ്‌

4)മുൻ കേന്ദ്രമന്ത്രി ഉമാഭാരതി

5)ഫൈസാബാദ്‌ മുൻ എംപി വിനയ്‌ കത്യാർ

6)സിറ്റിങ്‌ എംപി സാക്ഷി മഹാരാജ്

7)വിഎച്ച്‌പി നേതാവ്‌ സാധ്വി ഋതംബര

8)രാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്‌റ്റ്‌ പ്രസിഡന്റ്‌ മഹന്ത്‌ നൃത്യ ഗോപാൽ ദാസ്‌

9) മുൻ എംപി രാംവിലാസ്‌ വേദാന്തി

10) വിഎച്ച്‌പി വൈസ്‌പ്രസിഡന്റ്‌ ചംപത്ത്‌ റായ്‌

11) ശിവസേനാനേതാവും മുൻ എംപിയുമായ സതീഷ്‌ പ്രധാൻ

12) സിറ്റിങ്‌ എംപി ലല്ലുസിങ്‌

13) സിറ്റിങ്‌ എംപി ബ്രിജ്‌ഭൂഷൺ ശരൺ സിങ്

14) മുൻ എംഎൽഎ പവൻ പാണ്ഡെ

15) മധ്യപ്രദേശ്‌ മുൻ മന്ത്രി ജയ്‌ഭാൻസിങ്‌ പവയ്യാ

16) ബജ്രംങ്ദൾ നേതാവ്‌ ധർമേന്ദ്രസിങ്‌ ഗുർജർ

17) രാഷ്ട്രവാദി ശിവസേന പ്രസിഡന്റ്‌ ജയ്‌ ഭഗവാൻ ഗോയൽ

18) ഫൈസാബാദ്‌ മുൻ ജില്ലാമജിസ്‌ട്രേറ്റ്‌ ആർ എം ശ്രീവാസ്‌തവ

19) ലക്ഷ്‌മൺ സേന നേതാവ്‌ രാംജി ഗുപ്‌ത

20) നിർവാണി അഘാഡ മഹന്ത്‌ ധരംദാസ്

21) ബജ്രംങ്ദൾ നേതാവ്‌ പ്രകാശ്‌ശർമ ധർമേന്ദ്രദേവ്‌

കർസേവകർ

22)രാമചന്ദ്ര കത്രി

23)സുധീർ കക്കർ

24)അമർനാഥ്‌ ഗോയൽ

25)സന്തോഷ്‌ദുബേ

26)വിനയ്‌കുമാർ റായ്

27)കമലേഷ്‌ത്രിപാഠി

28)ഗാന്ധിയാദവ്‌

29)വിജയ്‌ബഹാദുർ സിങ്‌

30)നവീൻലാൽശുക്ല

31) രാംനാരായൺ ദാസ്‌

32) ഓം പ്രകാശ് പാണ്ഡ

വിചാരണകാലയളവിൽ മരിച്ചവർ

1)  അശോക്‌സിംഗാൾ

2 ) ബാൽതാക്കറേ

3) വിഷ്‌ണുഹരി ഡാൽമിയ

4) ഗിരിരാജ്‌ കിഷോർ

5) മൊറേശ്വർ സഹായ്‌

6) മഹന്ത്‌ അവൈദ്യനാഥ്‌

7) വിനോദ്‌കുമാർ വത്സ്‌സ്‌

8 )ലക്ഷ്‌മി നാരായൺ ദാസ്‌ മഹാത്യാഗി

9) ഹർഗോവിന്ദ്‌സിങ്ങ്‌

10) രമേശ്‌പ്രതാപ്‌സിങ്ങ്‌

11) മഹാമണ്ഡലേശ്വർ ജഗദീഷ്‌ മുനി മഹാരാജ്‌

12) വിജയ രാജെ സിന്ധ്യ

13) പരമഹൻസ്‌ രാമചന്ദ്രദാസ്‌

14) ഡോ. സതീഷ്‌കുമാർ നഗർ

15) ബൈകുണ്ഡ്‌ ലാൽ ശർമ

16) ദേവേന്ദ്ര ബഹാദുർ റായ്‌

*

എം അഖിൽ 

രാജ്യം വീണ്ടും വഞ്ചിക്കപ്പെടുന്നു

 മതനിരപേക്ഷ ഇന്ത്യയുടെ അടിത്തറ പൊളിച്ച ഒരു ക്രിമിനൽ കുറ്റത്തിലെ പ്രതികൾ ഒടുവിൽ വിട്ടയക്കപ്പെടുന്നു. 28 വർഷംമുമ്പ് രാജ്യത്തെ നടുക്കിക്കൊണ്ട് ബാബ്‌റി മസ്‌ജിദിന്റെ മിനാരങ്ങൾ തകർത്തെറിഞ്ഞവർ കുറ്റവിമുക്തരാകുന്നു. പള്ളി തകർത്ത ഗൂഢാലോചനയിൽ കുറ്റം ചുമത്തപ്പെട്ട മുതിർന്ന ബിജെപി നേതാക്കളായ എൽ കെ അദ്വാനി, മുരളീമനോഹർ ജോഷി, ഉമാഭാരതി, കല്യാൺസിങ്‌ തുടങ്ങിയവരടക്കം 32 പേരെയാണ് ലഖ്‌നൗവിലെ സിബിഐ പ്രത്യേക കോടതി ബുധനാഴ്‌ച വെറുതെ വിട്ടത്. കുറ്റം തെളിയിക്കാൻ ആവശ്യമായ തെളിവുകൾ കോടതിക്കുമുമ്പിൽ എത്തിയില്ല എന്നാണ്‌ വിധിയിൽ പറയുന്നത്.

കെട്ടിടം പൊളിക്കാൻ പറ്റിയ ആയുധങ്ങളും പള്ളിപൊളിക്കുമെന്ന മുദ്രാവാക്യവുമായി അക്രമാസക്തരായ ജനക്കൂട്ടത്തെ മുന്നിൽനിന്ന്‌ നയിച്ച നേതാക്കൾ ഈ വിധിയോടെ, നിയമപ്രക്രിയക്ക് പുറത്തായി. മിനാരങ്ങൾ തകർന്നുവീണതിൽ ഇവർ പരസ്യമായി ആഹ്ലാദം പ്രകടിപ്പിക്കുന്ന ചിത്രങ്ങൾ പള്ളി പൊളിച്ചതിന്റെ പിറ്റേന്ന് മാധ്യമങ്ങളിൽ വന്നിരുന്നു. എന്നാൽ, ആ നേതാക്കൾ ജനക്കൂട്ടത്തെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന വിചിത്രമായ കണ്ടെത്തലാണ് ഇപ്പോൾ കോടതി നടത്തിയിരിക്കുന്നത്. എന്നുമാത്രമല്ല, പള്ളി പൊളിച്ചവർ ഏതോ സാമൂഹ്യ വിരുദ്ധർ ആണെന്നും വിധിയിൽ വിവരിക്കുന്നു. അങ്ങനെ സ്വതന്ത്രഭാരതത്തിലെ ഏറ്റവും ഹീനമായ കുറ്റകൃത്യങ്ങളിലൊന്നിൽ ഉൾപ്പെട്ടവരെയെല്ലാം കോടതി വെള്ളപൂശുന്നു.

പള്ളി തകർത്തതിനു പിന്നിൽ ഒരു ഗൂഢാലോചനയും ഇല്ലെന്ന്‌ പത്തുകൊല്ലംമുമ്പ് അലഹബാദ് ഹൈക്കോടതി ഒരിക്കൽ വിധിച്ചിരുന്നു. ആ വിധിക്കെതിരെ ഏറെ വിമർശവും ഉയർന്നു. പിന്നീട് 2017ൽ ഒരു പരാതി പരിഗണിച്ച സുപ്രീംകോടതിയാണ് അദ്വാനിയിലും മറ്റും ഗൂഢാലോചനക്കുറ്റം ചുമത്തി വിചാരണ തുടരാൻ വിധിച്ചത്. ഈ കേസിലാണ് തീർത്തും നിരാശാജനകമായ ഇപ്പോഴത്തെ വിധി വന്നിരിക്കുന്നത്. കഴിഞ്ഞവർഷം നവംബർ എട്ടിന്റെ അയോധ്യ വിധിന്യായത്തിൽ പള്ളി പൊളിച്ചതിനെ കടുത്ത നിയമലംഘനമെന്നാണ് സുപ്രീംകോടതി വിശേഷിപ്പിച്ചത്. ഇപ്പോൾ ലഖ്‌നൗ കോടതിയിൽ ആ കുറ്റകൃത്യംതന്നെ ഇല്ലതാകുംവിധം കേസിലെ പ്രധാന കുറ്റവാളികൾ മുഴുവൻ കുറ്റക്കാരല്ലെന്ന് കണ്ടെത്തുന്നു.

സിബിഐക്കായിരുന്നു അന്വേഷണച്ചുമതല. കേസിന്റെ എല്ലാ ഘട്ടത്തിലും സിബിഐ വീഴ്ച വരുത്തിയതായി വിമർശം ഉയർന്നിരുന്നു. വീഡിയോ, ഓഡിയോ തെളിവുകൾ അടക്കമുണ്ടായിരുന്ന കേസിൽ തെളിവുകളുടെ ആധികാരികത കോടതിയെ ബോധ്യപ്പെടുത്താൻ സിബിഐ ശ്രമിച്ചില്ല എന്ന ആക്ഷേപമുണ്ട്. ആ തെളിവുകൾ വിശ്വസനീയമല്ലെന്ന വിധിയിലെ നിഗമനത്തിന് കാരണം ആ അലംഭാവമാകാം. ഭരണകക്ഷിയുടെ രാഷ്ട്രീയതാല്പര്യം സംരക്ഷിക്കാൻ എത്ര വേണമെങ്കിലും തരംതാഴാൻ മടിയില്ലാത്ത സിബിഐയിൽനിന്ന് എന്തും പ്രതീക്ഷിക്കാം. എന്നാൽ, അന്വേഷണ ഏജൻസികളുടെ വീഴ്ചകൾപോലും മറികടന്ന് നീതി നടപ്പാക്കാൻ കോടതികൾ സ്വയം കരുത്തുകാട്ടിയ സന്ദർഭങ്ങൾ രാജ്യത്ത്‌ മുമ്പുണ്ടായിട്ടുണ്ട്. ഇവിടെ അതും ഉണ്ടായില്ല. ബാബ്‌റി മസ്ജിദ് തകർക്കൽ ഒരു ചതിയായിരുന്നു. കോടതിയിൽ പള്ളി സംരക്ഷിക്കും എന്ന് ഉറപ്പുനൽകിയ അന്നത്തെ ഉത്തർപ്രദേശ് സർക്കാരും അവർക്ക് ഒത്താശ ചെയ്ത കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാരും ഒന്നിച്ചുനിന്ന് ചെയ്ത ചതി. ഇപ്പോൾ ഈ വിധിയോടെ ഭരണഘടനയിൽ മതനിരപേക്ഷത എഴുതിച്ചേർത്തിട്ടുള്ള നമ്മുടെ രാജ്യം ഒരിക്കൽക്കൂടി വഞ്ചിക്കപ്പെടുന്നു.

ബാബ്‌റി മസ്ജിദ് തകർത്ത് രാമക്ഷേത്രം പണിയും എന്ന ഭ്രാന്തൻ മുദ്രാവാക്യത്തിനു പിന്നിൽ ജനക്കൂട്ടത്തെ അണിനിരത്തി കെട്ടിപ്പടുത്ത വർഗീയകക്ഷിക്കാണ് ഇന്ന് രാജ്യഭരണം. പള്ളി തകർത്ത സ്ഥലത്ത് അമ്പലം പണിയാൻ കല്ലിടാൻ ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ പ്രധാനമന്ത്രിതന്നെ ഓടിയെത്തുന്നത് നമ്മൾ കണ്ടു. അവർ അവരുടെ അജൻഡ പല ചുവടുകൾ മുന്നോട്ട് നീക്കുകയാണ്. അന്വേഷണ ഏജൻസികൾ അവരുടെ ചൊൽപ്പടിക്കുണ്ട്. പക്ഷേ, ജുഡീഷ്യറികൂടി ഈ സമീപനം സ്വീകരിച്ചാൽ അതെത്ര ഭീതിജനകമാണെന്ന് ചിന്തിക്കാവുന്നതേയുള്ളൂ. സമീപകാലത്ത് ജുഡീഷ്യറിക്കെതിരെ ഉയർന്ന പല വിമർശങ്ങൾക്കും അടിവരയിടുകകൂടിയാണ് ഈ വിധിന്യായത്തിലൂടെ ലഖ്‌നൗവിലെ സിബിഐ പ്രത്യേക കോടതി ചെയ്തത്.

കൂടുതൽ അക്രമാസക്തമായ ഒരു ഭരണകൂടത്തെ ഇനി നമുക്ക് കാണേണ്ടിവരും. അയോധ്യക്കുശേഷം മഥുര, കാശി എന്നൊക്കെയുള്ള അവരുടെ മുദ്രാവാക്യങ്ങൾ ഇനി വെറുംവാക്കാവില്ല; പ്രയോഗത്തിൽ വരും. അതിനെ ചെറുക്കാൻ ജുഡീഷ്യറിപോലും ഉണ്ടാകില്ല. ഈ കേസിൽ സിബിഐ അപ്പീൽ പോകണം എന്ന ആവശ്യം ഉയർന്നിട്ടുണ്ട്. അതുപോലും പരിഗണിക്കപ്പെടുമെന്ന് ഉറപ്പില്ല.

ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുള്ള ജനകീയ മുന്നേറ്റത്തിനുമാത്രമേ രാജ്യത്തെ രക്ഷിക്കാനാകൂ. ആ പരിശ്രമത്തിൽ പങ്കാളിയാകുക എന്നത് ഓരോ ഇന്ത്യൻ പൗരന്റെയും ഉത്തരവാദിത്തമായി മാറുന്നു.

deshabhimani editorial 01102020

കോൺഗ്രസിന്റെ കൈ ; ഹിന്ദുരാഷ്ട്രത്തിലേക്ക്‌ സംഘപരിവാറിന്‌ വഴിയൊരുക്കിയത്‌ കോൺഗ്രസ്‌

 ബാബ്‌റിപ്പള്ളി പൊളിക്കാനും ഹിന്ദുരാഷ്ട്രത്തിലേക്ക്‌ രഥമുരുട്ടാനും സംഘപരിവാറിന്‌ വഴിയൊരുക്കിയത്‌ കോൺഗ്രസ്‌.

അയോധ്യയിൽ പള്ളിപൊളിക്കലിന്‌ കോൺഗ്രസ്‌ കൂട്ടുനിന്നത്‌ മുഖ്യമായും നാല്‌ ഘട്ടത്തിലായാണ്‌.

ജി ബി പന്തും കെ കെ നായരും

1949 ഡിസംബർ 22ന്‌ രാത്രി ബാബ്‌റിപ്പള്ളിയിൽ ഒരു സംഘം സന്ന്യാസിമാർ ബാലനായ രാമന്റെ വിഗ്രഹം ഒളിച്ചുകടത്തിയതാണ്‌ ആദ്യഘട്ടം. യുപി അന്ന്‌ ഐക്യപ്രവിശ്യ‌. കോൺഗ്രസുകാരനായ ജി ബി പന്താണ്‌ പ്രവിശ്യപ്രധാനമന്ത്രി. കെ കെ നായരെന്ന സംഘപരിവാറുകാരനായ മലയാളി ഫൈസാബാദ്‌ ജില്ലാ മജിസ്‌ട്രേറ്റ്‌. പള്ളിക്കകത്ത്‌ വിഗ്രഹം സ്ഥാപിക്കാന്‍ പന്ത് പിന്തുണ നല്കി. കെ കെ നായർ അടക്കമുള്ള ഉദ്യോഗസ്ഥർ കൂട്ടുനിന്നു. നെഹ്‌റു കത്തയച്ചിട്ടും വിഗ്രഹങ്ങൾ മാറ്റിയില്ല. നായർ പിന്നീട്‌ ജനസംഘം എംപിയായി.

​ഗേറ്റ് തുറന്ന് രാജീവ്

1986 ഫെബ്രുവരി ഒന്നിന്‌ പള്ളിയുടെ ഗേറ്റുകൾ തുറന്ന്‌‌ രാമവിഗ്രഹത്തിൽ പ്രാർഥന അനുമതി നൽകിയതാണ്‌ കോൺഗ്രസ്‌–- പരിവാർ കൂട്ടുകെട്ടിന്റെ രണ്ടാം ഘട്ടം. ജില്ലാ ജഡ്‌ജിയുടെ ഉത്തരവ്‌ പ്രകാരമായിരുന്നു നടപടി. ഈ ഉത്തരവ്‌ ഡൽഹിയിൽനിന്നുള്ള നിർദേശത്തെ തുടർന്നായിരുന്നു. ഉത്തരവ്‌ വന്ന്‌ ഒരു മണിക്കൂറിനകം പള്ളിയുടെ കവാടം തുറന്നു. ഇത്‌ ചിത്രീകരിക്കാൻ ദൂരദർശൻ സംഘവുമെത്തി. ഷാബാനു കേസിനെ തുടർന്ന്‌ ഭൂരിപക്ഷ വിഭാഗത്തെ പ്രീണിപ്പെടുത്താനുള്ള രാജീവ്‌ ഗാന്ധി സർക്കാരിന്റെ താൽപ്പര്യപ്രകാരമായിരുന്നു ഈ നീക്കം. അയോധ്യ‌  രാഷ്ട്രീയആയുമാണെന്ന് സംഘപരിവാർ തിരിച്ചറിഞ്ഞത്‌ ഈ ഘട്ടത്തിൽ.

ശിലാന്യാസിന് അനുമതി

1989 നവംബർ ഒമ്പതിന്‌ ബാബ്‌റിഭൂമിയിൽ ശിലാന്യാസ്‌ നടത്താൻ വിഎച്ച്‌പിക്ക്‌ രാജീവ്‌ ഗാന്ധി സർക്കാർ അനുമതി കൊടുത്തതാണ്‌ മൂന്നാംഘട്ടം. ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ മുന്നിൽകണ്ടായിരുന്നു ഈ നടപടി. നേട്ടമുണ്ടായത്‌ ബിജെപി‌ക്കാണെന്നുമാത്രം.

1992 ഡിസംബർ ആറിന്‌ പള്ളിതകർത്തപ്പോൾ കേന്ദ്രത്തിലെ റാവു സർക്കാർ നോക്കുകുത്തിയായിനിന്നതാണ്‌ കോൺഗ്രസ്‌–- പരിവാർ കൂട്ടുകെട്ടിലെ നാലാം ഘട്ടം.

ഭരണഘടന നിശ്‌ചലം ; അങ്ങേയറ്റം പരിഹാസ്യമായ നീതി ; പ്രകാശ്‌ കാരാട്ട്‌ പ്രതികരിക്കുന്നു

 അയോധ്യയിൽ ബാബ്‌റി മസ്‌ജിദ്‌ 1992 ഡിസംബർ ആറിന്‌ തകർത്ത കേസിലെ പ്രതികളെ ലഖ്‌നൗ സിബിഐ പ്രത്യേക കോടതി കുറ്റക്കാരല്ലെന്നു കണ്ട്‌ വിട്ടയച്ചതിനോട്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം പ്രകാശ്‌ കാരാട്ട്‌ പ്രതികരിക്കുന്നു. പ്രമുഖ ബിജെപി, വിഎച്ച്‌പി, ആർഎസ്‌എസ്‌ നേതാക്കളുടെ സാന്നിധ്യത്തിൽ മസ്‌ജിദ്‌ പൊളിക്കുന്നത്‌ ലോകം മുഴുവൻ കണ്ടതാണ്‌. മിനാരങ്ങൾ തകർന്നുവീണപ്പോൾ അവർ ആഹ്ലാദിക്കുകയും ചെയ്‌തു. ഭരണഘടനാ സ്ഥാപനങ്ങൾ നിയമപരമായി രാജ്യത്ത്‌ പ്രവർത്തിക്കുന്നില്ലെന്ന്‌ ആവർത്തിച്ച്‌ വ്യക്തമാക്കുന്നതാണ്‌ ഇപ്പോഴത്തെ കോടതി വിധിയെന്ന്‌ അദ്ദേഹം പറഞ്ഞു.

തയാറാക്കിയത്‌: സാജൻ എവുജിൻ


ചോദ്യം: ലഖ്‌നൗ സിബിഐ പ്രത്യേക കോടതി വിധിയുടെ പ്രത്യഘാതം എന്താണ്‌? ബിജെപി ഭാവി പദ്ധതികൾക്കായി ഈ വിധി എങ്ങനെ ഉപയോഗിക്കും?

ഉത്തരം: അങ്ങേയറ്റം പരിഹാസ്യമായ നീതിയാണ്‌ ഈ വിധി. നീണ്ട 28 വർഷത്തിനുശേഷമാണ്‌ വിധി പറഞ്ഞത്‌, എന്നിട്ടും നീതിനിർവഹണം നടന്നില്ല. പ്രമുഖ ബിജെപി, വിഎച്ച്‌പി, ആർഎസ്‌എസ്‌ നേതാക്കളുടെ സാന്നിധ്യം ബാബ്‌റി മസ്‌ജിദ്‌ നിന്ന സ്ഥലത്തുണ്ടായിരുന്നു. അവർ പ്രകോപനപരമായി പ്രസംഗിച്ചിരുന്നു. മസ്‌ജിദ്‌ പൊളിച്ചതിൽ അവർക്ക്‌ പങ്കില്ലെന്നത്‌ പൂർണമായും തെറ്റാണ്‌. ഹിന്ദുത്വ ആശയങ്ങൾ പിടിമുറുക്കുകയാണ്‌. ഭരണഘടനാ സ്ഥാപനങ്ങളെയും ഇത്‌ ബാധിക്കുന്നു. മോഡി ഭരണത്തിൽ സർവമേഖലയിലും ഈ പ്രവണത പ്രകടമാണ്‌. മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്‌ എന്ന നിലയിലുള്ള ഇന്ത്യയുടെ നിലനിൽപ്പിനെ ഇത്‌ ബാധിക്കും.

ചോദ്യം: മസ്‌ജിദ്‌ തകർത്തതിനെക്കുറിച്ച്‌ അന്വേഷിച്ച ജസ്റ്റിസ്‌ ലിബർഹാൻ കമീഷൻ റിപ്പോർട്ടിൽ ഗൂഢാലോചനകൾ വ്യക്തമായി പറയുന്നു. എന്നാൽ, സിബിഐ അന്വേഷണത്തിൽ ഇക്കാര്യം തെളിഞ്ഞില്ലെന്ന്‌ കോടതി പറയുന്നു.

ഉത്തരം: ബാബ്‌റി മസ്‌ജിദ്‌ തകർക്കപ്പെട്ടപ്പോൾ അവിടെ ഉണ്ടായിരുന്ന ബിജെപി, ആർഎസ്‌എസ്‌, വിഎച്ച്‌പി സംഘടനകളുടെ പ്രമുഖർ വിജയം ആഘോഷിച്ചു. ഉത്തർപ്രദേശ്‌ മുഖ്യമന്ത്രിയായിരുന്ന കല്യാൺസിങ്ങും കേസിൽ പ്രതിയായിരുന്നു. കേടുപാട്‌ ഉണ്ടാകാതെ മസ്‌ജിദ്‌ സംരക്ഷിക്കുമെന്ന്‌ മുഖ്യമന്ത്രി എന്ന നിലയിൽ കല്യാൺസിങ്‌ സുപ്രീംകോടതിയിൽ സത്യവാങ്‌മൂലം നൽകിയതാണ്‌. മസ്‌ജിദ്‌ സംരക്ഷിക്കാൻ വൻതോതിൽ പൊലീസിനെ നിയോഗിച്ചു. എന്നാൽ, മസ്‌ജിദിനുനേരെ ആക്രമണം തുടങ്ങിയപ്പോൾ പൊലീസ്‌ അനങ്ങിയില്ല. ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്‌തിരുന്നുവെന്നതിന്റെ‌ തെളിവാണ് ഇത്‌. അനങ്ങരുതെന്ന്‌ പൊലീസിനോട്‌‌‌ നിർദേശിച്ചിരുന്നു.

ബിജെപിയുടെ താൽപ്പര്യമാണ്‌ പൊലീസ്‌ സംരക്ഷിച്ചത്‌. സുപ്രീംകോടതിയിൽ നൽകിയ ഉറപ്പ്‌ കല്യാൺസിങ്‌ പാലിച്ചില്ല. ഇതേത്തുടർന്ന്‌ ‌കല്യാൺസിങ്ങിന്റെ പേരിൽ സുപ്രീംകോടതി നടപടി സ്വീകരിച്ചു. കോടതിയലക്ഷ്യകുറ്റത്തിന്‌ ശിക്ഷിച്ചു. മസ്‌ജിദിനു പുറത്തുള്ള സ്ഥലത്ത്‌ പൂജ നടത്താൻമാത്രമാണ്‌ പോകുന്നതെന്ന്‌ ബിജെപി നേതാക്കൾ പറഞ്ഞിരുന്നു. എന്നാൽ, അവർ നിയമലംഘനം നടത്തി.  പ്രകോപനപരമായി പ്രസംഗിച്ചു. ആ വീഡിയോ ദൃശ്യങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തു. നേതാക്കൾ ആഹ്ലാദിക്കുന്നതിന്റെ ദൃശ്യങ്ങൾ എല്ലാവരും കണ്ടതാണ്‌. ഇതൊക്കെ തെളിവല്ലാതായി മാറുന്നത്‌ എങ്ങനെ?

ചോദ്യം: ഡൽഹി വർഗീയകലാപം അടക്കമുള്ള കേസുകളിൽ നിരപരാധികളെയും മതനിരപേക്ഷവാദികളെയും കുടുക്കുന്നു. കുറ്റകൃത്യങ്ങളിലെ പങ്കാളികൾ രക്ഷപ്പെടുന്നു. ഇതിനെ എങ്ങിനെ കാണുന്നു?

ഉത്തരം: പൗരത്വ നിയമഭേദഗതിക്ക്‌ എതിരായ സമാധാനപരമായ പ്രതിഷേധങ്ങളിൽ പങ്കെടുത്തവരെ ആഭ്യന്തരമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഡൽഹി പൊലീസ്‌ വേട്ടയാടുന്നു. 20 പേർക്കെതിരെ യുഎപിഎ പ്രകാരം കേസെടുത്തു. നിയമവാഴ്‌ചയും ഭരണഘടനാതത്വങ്ങളും അട്ടിമറിക്കപ്പെട്ടു. നീതിന്യായവ്യവസ്ഥയും ഇതിന്റെ സ്വാധീനത്തിലാണ്‌. കഴിഞ്ഞ നവംബർ എട്ടിന്‌ അയോധ്യ കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഇതിന്‌ തെളിവാണ്‌. ഹിന്ദുകക്ഷികൾക്ക്‌ അവരുടെ സ്ഥലത്തിന്മേലുള്ള അവകാശത്തിന്‌ തെളിവുണ്ടെന്നും മുസ്ലിംകക്ഷികൾക്ക്‌ കൈവശാവകാശത്തിന്‌ തെളിവില്ലെന്നും വിധിയിൽ പറഞ്ഞു. ഭൂമിതർക്ക കേസിനെ ഇത്തരത്തിൽ വ്യാഖ്യാനിച്ചത്‌ കോടതിയും ഹിന്ദുത്വആശയങ്ങളുടെ സ്വാധീനത്തിലായെന്ന്‌ വ്യക്തമാക്കുന്നു.

ചോദ്യം: ഇപ്പോഴത്തെ വിധി മതനിരപേക്ഷ പ്രതിപക്ഷത്തിന്‌ നൽകുന്ന സന്ദേശം എന്താണ്‌?

ഉത്തരം: ഇന്ത്യയിൽമാത്രമല്ല, പുറത്തും രാജ്യത്തിന്റെ മതനിരപേക്ഷ, ജനാധിപത്യ സംവിധാനത്തെക്കുറിച്ച്‌ ചോദ്യങ്ങൾ ഉയരുകയാണ്‌. മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്കിനെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാനാണ്‌ ശ്രമം. മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി ഇന്ത്യയെ സംരക്ഷിക്കാൻ വിട്ടുവീഴ്‌ചയില്ലാത്ത പോരാട്ടമാണ്‌ വേണ്ടത്‌. ഇക്കാര്യം എല്ലാ പ്രതിപക്ഷ കക്ഷികളും, പ്രത്യേകിച്ച്‌ കോൺഗ്രസ്‌ മനസ്സിലാക്കണം. മൃദുഹിന്ദുത്വംകൊണ്ട്‌ തീവ്രഹിന്ദുത്വത്തെ നേരിടാൻ കഴിയില്ല.

Wednesday, September 30, 2020

പരിഹാസ്യമായ നീതി; ബാബ്‌റി മസ്ജിദ് തനിയെ തകർന്നതാണോ? യെച്ചൂരി

 ന്യൂഡൽഹി > ബാബ്‌റി മസ്ജിദ് തകർക്കൽ ഗൂഢാലോചനാക്കേസിൽ ഉൾപ്പെട്ട എല്ലാവരെയും കുറ്റമുക്തരാക്കിയ സിബിഐ കോടതി വിധി പരിഹാസ്യമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഗൂഢാലോചനയിൽ കുറ്റാരോപിതരെല്ലാം നിരപരാധികളായി! പിന്നെ മസ്ജിദ് തകർന്നടിഞ്ഞതാണോ? -യെച്ചൂരി ചോദിച്ചു.

അന്നത്തെ ചീഫ് ജസ്റ്റിസിന്റെ കീഴിലുള്ള ഭരണഘടന ബെഞ്ച് പള്ളിപൊളിക്കലിനെ 'അസാമാന്യമായ' നിയമലംഘനം എന്നായിരുന്നു വിശേഷിപ്പിച്ചത്. എന്നിട്ടാണ് ഇപ്പോൾ ഈ വിധി! അപമാനകരമാണിതെന്നും യെച്ചൂരി ട്വീറ്റ് ചെയ്തു.

വിധി മതേതര -ജനാധിപത്യ രാജ്യമെന്ന ഇന്ത്യയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തും;സിബിഐ ഉടൻ അപ്പീൽ നൽകണം: പി.ബി

ബാബറി മസ്ജിദ് തകർത്ത കേസിലെ 32 പ്രതികളെയും കുറ്റവിമുക്തരാക്കിയ ലഖ്‌നൗവിലെ പ്രത്യേക സിബിഐ കോടതി വിധി നീതിയുടെ പ്രഹസനമാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ പ്രസ്‌താവനയിൽ പറഞ്ഞു. ഈ വിധി പുറപ്പെടുവിക്കാൻ നീണ്ട 28 വർഷങ്ങളെടുത്തു, എന്നിട്ടും നീതി നടപ്പാക്കപ്പെട്ടില്ല. കുറ്റകൃത്യത്തിന് നേതൃത്വം നൽകാൻ സംഭവസ്ഥലത്തുണ്ടായിരുന്ന, പള്ളി പൊളിക്കാനുള്ള ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട എല്ലാ ബിജെപി- വിഎച്ച്പി- ആർ‌എസ്‌എസ് ഉന്നതനേതാക്കളും നിരപരാധികളാണെന്ന കണ്ടെത്തലാണ് ഉണ്ടായത്.

കഴിഞ്ഞ വർഷം നവംബർ 8ന് പുറപ്പെടുവിച്ച അയോദ്ധ്യ വിധിന്യായത്തിൽ പള്ളി പൊളിച്ചതിനെ കടുത്ത നിയമലംഘനമെന്ന് സുപ്രീംകോടതി വിശേഷിപ്പിച്ചിരുന്നു. ഇപ്പോൾ ലഖ്‌നൗ കോടതി ഈ കുറ്റകൃത്യത്തിലെ പ്രധാന കുറ്റവാളികൾ മുഴുവൻ കുറ്റക്കാരല്ലെന്ന് കണ്ടെത്തിയിരിക്കുന്നു. ഈ വിധി, ഭരണഘടനയാൽ നയിക്കപ്പെടുന്ന മതേതര-ജനാധിപത്യ രാജ്യമെന്നുള്ള, ഇന്ത്യയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തും. ഈ വിധിക്കെതിരെ സിബിഐ ഉടൻ തന്നെ അപ്പീൽ നൽകണം - പ്രസ്‌താവനയിൽ പറഞ്ഞു.

ജനാധിപത്യ സമൂഹത്തെ ഭയപ്പെടുത്തുന്ന വിധി; രാഷ്ട്രീയ ആവശ്യത്തിന് ബിജെപി അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നതിന്‌ തെളിവ്‌: കോടിയേരി

തിരുവനന്തപുരം > ബാബറി മസ്‌ജിദ് തകർത്ത കേസിൽ സി ബി ഐ കോടതിയുടെ വിധി, മതനിരപേക്ഷ ജനാധിപത്യ സമൂഹത്തെ ഭയപ്പെടുത്തുന്നതും ആശങ്കപ്പെടുത്തുന്നതുമാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. കോൺഗ്രസ് ഇന്ത്യ ഭരിക്കുന്ന കാലത്താണ് മസ്‌ജിദ് തകർത്തത്. മഹാത്മാഗാന്ധിയുടെ കൊലപാതകത്തിന് ശേഷം ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ ഭീകരപ്രവർത്തനമായിരുന്നു മസ്‌ജിദ് തകർക്കൽ. ടെലിവിഷൻ ചാനലുകളിലൂടെ ലോകം മുഴുവനുള്ളവർ മസ്‌ജിദ് പൊളിച്ചവരാരാണ് എന്നത് വ്യക്തമായി കണ്ടു. എന്നിട്ടും ഒന്നിനും തെളിവില്ലെന്ന വിചിത്രമായ നിലപാടാണ് കോടതി സ്വീകരിച്ചിരിക്കുന്നത്.

ഒരു തെളിവും കണ്ടെത്താനോ, ഹാജരാക്കാനോ സി ബി ഐ തയ്യാറായില്ല. ബിജെപി രാഷ്ട്രീയ ആവശ്യത്തിന് വേണ്ടി അന്വേഷണ ഏജൻസികളെ എങ്ങിനെയാണ് ഉപയോഗപ്പെടുത്തുന്നത് എന്നതിൻ്റെ പ്രത്യക്ഷമായ തെളിവാണ് ഈ കോടതി വിധിയിലൂടെ വ്യക്തമായിരിക്കുന്നത്.

ജുഡീഷ്യറിയിൽ ജനങ്ങൾക്കുള്ള വിശ്വാസം നിലനിർത്താനുള്ള തുടർനടപടികളാണ് ഇനി ഉണ്ടാവേണ്ടത്. മത ന്യൂനപക്ഷങ്ങൾക്ക്, അവരുടെ ജീവനും സ്വത്തിനും ആരാധനാലയങ്ങൾക്കും ബി ജെ പി ഭരണത്തിൽ സുരക്ഷിതത്വമില്ലെന്ന സന്ദേശമാണ് ഉണ്ടായിരിക്കുന്നത്. ഈ കോടതിവിധി ആർ എസ് എസുകാർക്ക് നിയമം കൈയ്യിലെടുക്കാൻ ഉത്തേജനം നൽകുന്നതാണ്. മത ന്യൂനപക്ഷങ്ങളുടെ പല ആരാധനാലയങ്ങൾക്കുമെതിരെ ആർ എസ് എസുകാർ ഭീഷണിയും അവകാശവാദവും ഉയർത്തുന്ന സന്ദർഭത്തിൽ വളരെയേറെ ആശങ്ക ഉണ്ടാക്കുന്നതാണ് സി ബി ഐ കോടതി വിധി - കോടിയേരി പറഞ്ഞു.

പള്ളി തകർത്തത് ആൾക്കൂട്ടമെന്ന് സിബിഐ കോടതി, ഗൂഢാലോചനയില്ല; മുഴുവൻ പ്രതികളെയും വെറുതെവിട്ടു

 ലഖ്‌നൗ > ബാബ്‌റി മസ്ജിദ് തകർത്തതിനു പിന്നിലെ ഗൂഢാലോചനക്കേസിൽ എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി ഉൾപ്പെടെ 32 പ്രതികളെയും കോടതി വെറുതെവിട്ടു.

മസ്‌ജിദ് തകർത്തത് മുൻകൂട്ടി ആസൂത്രണം ചെയ്‌തിട്ടല്ലെന്നും ഗൂഢാലോചനയ്‌ക്കു തെളിവില്ലെന്നും സിബിഐ പ്രത്യേക കോടതി ജഡ്‌ജി എസ്‌കെ യാദവ് വിധിച്ചു. കേസ് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി പറഞ്ഞു. മസ്ജിദ് തകർത്തത് സമൂഹ വിരുദ്ധരാണ്. ഇവരെ തടയാനാണ് ബിജെപി നേതാക്കൾ ശ്രമിച്ചതെന്നും കോടതി പറഞ്ഞു.

പള്ളി തകർത്തത് പെട്ടെന്നുണ്ടായ വികാരത്തിന്റെ അടിസ്ഥാനത്തിലാണ്. അല്ലാതെ ആസത്രിതമല്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ. പള്ളി തകർത്തതിന്റെ ദൃശ്യങ്ങളുടെ ആധികാരികത തെളിയിക്കാനായില്ലെന്നും കോടതി പറഞ്ഞു.

എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി, കല്യാൺ സിങ് തുടങ്ങിയ ബിജെപി നേതാക്കളായിരുന്നു പ്രതികൾ. 32ൽ 26 പേരും കോടതിയിൽ ഹാജരായിരുന്നു. മുരളി മനോഹർ ജോഷി, എൽ കെ അദ്വാനി, ഉമാഭാരതി, കല്യാൺസിങ്, മഹന്ത് നിത് ഗോപാൽ ദാസ് തുടങ്ങി അഞ്ച് പേർ അനാരോഗ്യം മൂലം എത്താൻ കഴിയില്ലെന്ന് കോടതിയെ അറിയിച്ചിരുന്നു. മൊത്തം 48 പ്രതികളിൽ 16 പേർ വിചാരണക്കാലയളവിൽ മരിച്ചു.

11മണിക്കാണ് വിധി പ്രസ്താവം ആരംഭിച്ചത്. കോവിഡിന്റെ പശ്ചാത്തലത്തിൽ കേസിലെ കക്ഷികളെയും അവരുടെ അഭിഭാഷകരെയും ഒഴികെ മറ്റാരെയും കോടതിയിൽ പ്രവേശിപ്പിച്ചിരുന്നില്ല. കോടതിയുടെ പരിസരത്തും അയോധ്യയിലും സുരക്ഷ ശക്തമാക്കി. അയോധ്യയിൽ രാമജന്മഭൂമി പരിസരത്തും കൂടുതൽ പൊലീസിനെയും അർധസൈനികരെയും വിന്യസിച്ചിട്ടുണ്ട്.

ഗൂഢാലോചന, മതസ്പർധ വളർത്തൽ, ദേശീയോദ്ഗ്രഥനത്തിന് എതിരായ പ്രസ്താവനകൾ നടത്തൽ തുടങ്ങിയ കുറ്റങ്ങളാണ് സംഘപരിവാർ നേതാക്കൾക്ക്‌മേൽ ചുമത്തിയിരുന്നത്‌. അദ്വാനി ഉൾപ്പെടെയുള്ളവർക്ക് എതിരായ ഗൂഢാലോചനക്കുറ്റം നിലനിൽക്കുമെന്ന് 2017ൽ സുപ്രീംകോടതി ഉത്തരവുണ്ട്. വർഷങ്ങളായി തുടരുന്ന കേസിൽ  2 വർഷം കൊണ്ടു വിചാരണ പൂർത്തിയാക്കി വിധി പറയണമെന്ന് സുപ്രീം കോടതി 2017 ഏപ്രിൽ 19ന് ഉത്തരവിട്ടിരുന്നു. പിന്നീട് ആദ്യം ഈ വർഷം ഓഗസ്റ്റ് 31 വരെയും തുടർന്ന് സെപ്തംബർ 30വരെയും തീയതി നീട്ടിക്കൊടുത്തു. 32 പ്രതികളിൽ 25 പേർക്കും വേണ്ടി ഹാജരായത് കെ കെ മിശ്രയാണ്. ലളിത് സിങ്ങാണ് സിബിഐ അഭിഭാഷകൻ. 351 സാക്ഷികളെ വിസ്തരിച്ച കോടതി 600 രേഖകൾ പരിശോധിച്ചു.

ഉടഞ്ഞ മതനിരപേക്ഷത

1992 ഡിസംബർ ആറിനാണ് ഉത്തർപ്രദേശിലെ സരയൂനദിക്കരയിൽ സ്ഥിതിചെയ്യുന്ന അയോധ്യയിൽ ബാബ്റി മസ്ജിദ് എന്ന മുസ്ലിം ദേവാലയം ഹിന്ദുത്വ തീവ്രവാദികളായ കർസേവകർ തകർത്തത്. അക്രമികളെ  നയിച്ചത് എൽ കെ അദ്വാനി ഉൾപ്പെട്ട സംഘപരിവാർ നേതാക്കൾ ആയിരുന്നു.

1528ൽ മുഗൾ രാജവംശത്തിന്റെ സ്ഥാപകനായ ബാബറിന്റെ ജനറലായ മീർഭാക്കി അയോധ്യയിൽ സ്ഥാപിച്ചതാണ് ബാബ്റി മസ്ജിദ്. അത് രാമക്ഷേത്രം തകർത്തിട്ടാണ് പണിതത് എന്നാണ് ഹിന്ദുത്വവാദികളുടെ ആരോപണം. ഹിന്ദുമഹാസഭയും ജനസംഘവും ആർഎസ്എസും വിശ്വഹിന്ദുപരിഷത്തും ബജ്‌റംഗ്ദളും ശിവസേനയും ബിജെപിയും ഈ വാദമുയർത്തുന്നു. 1984ൽ വിശ്വഹിന്ദുപരിഷത്തും അദ്വാനിയും ഇതിനായുള്ള സംയുക്തസംരംഭം തുടങ്ങി. സാംസ്‌കാരിക ദേശീയതയുടെ പേരിൽ വർഗീയത ആളിക്കത്തിക്കാൻ ശ്രമിച്ചു. ഇതിനെ പ്രതിരോധിക്കാനായി ഭരണകക്ഷിയായ കോൺഗ്രസും പ്രധാനമന്ത്രിയായിരുന്ന രാജിവ് ഗാന്ധിയും ഹിന്ദുക്കൾക്ക് ബാബ്റി മസ്ജിദ് -- രാമജന്മഭൂമിയിൽ പ്രാർഥനയ്ക്കുള്ള അനുവാദം കൊടുത്തു.

1989ൽ രാജീവ് ഗാന്ധി പൊതുതെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് രാമക്ഷേത്രശിലാന്യാസം നടത്താൻ വിശ്വഹിന്ദു പരിഷത്തിന് അനുവാദം നൽകി. പക്ഷേ, തെരഞ്ഞെടുപ്പ് ജയിച്ചില്ല. പിന്നീട് അധികാരത്തിൽ വന്ന ഗവൺമെന്റിന് ബിജെപി പുറത്തുനിന്ന് പിന്തുണ നൽകി. പ്രധാനമന്ത്രി വി പി സിങ്ങിന്റെ മണ്ഡൽ പരിഷ്‌കരണത്തിന് മറുപടിയായി അദ്വാനി അയോധ്യ രഥയാത്ര പ്രഖ്യാപിച്ചു. 1989ൽ രാമക്ഷേത്രനിർമാണം ഒരു പരിപാടിയായി ബിജെപിയുടെ പാലംപുർ സമ്മേളനം അംഗീകരിച്ചിരുന്നു. പക്ഷേ, അദ്വാനിയുടെ ഒന്നാം രഥയാത്ര വിജയിച്ചില്ല. അതോടെ വി പി സിങ് ഗവൺമെന്റ് വീണു. 1992ൽ രണ്ടാം രഥയാത്ര ബാബ്റി മസ്ജിദിന്റെ തകർച്ചയിൽ കലാശിച്ചു.

ബാബ്റി മസ്ജിദ് തകർത്തതിനെക്കുറിച്ച് അന്വേഷിക്കാൻ നിയമിച്ച എം എസ് ലിബർഹാൻ കമീഷൻ കണ്ടെത്തിയത് പള്ളി തകർക്കൽ യാദൃച്ഛികമോ മുൻകൂട്ടി ആസൂത്രണം ചെയ്യാത്തതോ ആയ ഒരു സംഭവം അല്ലെന്നാണ്. പ്രസ്തുത കേസിൽ സുപ്രീംകോടതിയും മസ്ജിദ് ഭേദനത്തെ നിന്ദ്യമായ നിയമലംഘനമെന്ന് വിശേഷിപ്പിക്കുകയുണ്ടായി. മസ്ജിദ് തകർക്കലിനെത്തുടർന്ന് ബിജെപി ഭരിക്കുന്ന നാല് സംസ്ഥാനങ്ങളിലെ ഗവൺമെന്റുകളെ (ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ്) പ്രസിഡന്റ് പിരിച്ചുവിട്ടു.

കേസിന്റെ നാൾവഴി

കേസിന്റെ ആദ്യത്തെ എഫ്‌ഐആറിൽ (നമ്പർ 197) പള്ളി പൊളിച്ചതിന് അറിയപ്പെടാത്ത കർസേവകരെയാണ് കുറ്റവാളികളായി പഴിചാരിയിരിക്കുന്നത്. രണ്ടാമത്തെ എഫ്‌ഐആറിൽ (നമ്പർ 198) അദ്വാനി, അശോക് സിംഘാൾ, ഗിരിരാജ് കിഷോർ, മുരളി മനോഹർ ജോഷി, ഉമാഭാരതി, വിഷ്ണു ?ദാൽമിയ, സാധ്വി റിതംബര തുടങ്ങിയവർക്കെതിരെ പ്രകോപനപരവും വെറുപ്പും വിദ്വേഷവും കലർന്നതുമായ പ്രസംഗം നടത്തിയതിന്റെ പേരിലുമാണ് കുറ്റം ചുമത്തിയത്. അദ്വാനിയും മറ്റും ചെയ്ത തെറ്റ് പ്രകോപനപരമായ പ്രസംഗം നടത്തിയതാണ്. ആദ്യത്തെ കേസ് സിബിഐക്കും രണ്ടാമത്തെ കേസ് സംസ്ഥാന സിഐഡിക്കും നൽകാനായിരുന്നു തീരുമാനം. പക്ഷേ, 1993ൽ എല്ലാ കേസുകളും 47 വേറെ എഫ്‌ഐആറും ഉള്ളതുകൊണ്ട് (വസ്തു നശീകരണം തുടങ്ങി) സിബിഐ 1996ൽ അദ്വാനിക്കും മറ്റും എതിരെ ഗൂഢാലോചന കേസ് (120 ബി)ചുമത്തി. എന്നാൽ, പിന്നീട് കോടതി ഇത് വേണ്ടെന്ന് വച്ചു. ഹൈക്കോടതിയും ഇത് അംഗീകരിച്ചു.

പള്ളി തകർത്തതിന്റെ പിന്നിൽ ഒരു 'ഗൂഢാലോചന'യും ഇല്ലെന്ന വാദം അലഹബാദ് ഹൈക്കോടതി 2010 മെയ് 20ന് ശരിവച്ചതോടെ കേസ് തീർത്തും ശുഷ്‌കമാകുകയായിരുന്നു. എന്നാൽ, 2017ൽ സുപ്രീംകോടതി ഒരു പരാതിയിന്മേൽ ഗൂഢാലോചനക്കുറ്റം അദ്വാനിയിലും മറ്റും ചുമത്തി വിചാരണ തുടരാൻ വിധി പറഞ്ഞു. അദ്വാനി ഉൾപ്പെടെ പ്രതികളെല്ലാം ഗൂഢാലോചനക്കുറ്റം നിരസിച്ചു. പള്ളി തകർത്തവരെ തടയാനാണ് തങ്ങൾ ശ്രമിച്ചതെന്ന് അവർ വാദിച്ചു. ഉമാഭാരതി അവർ കുറ്റവാളിയല്ലെന്ന് പറഞ്ഞു.

2019 നവംബർ ഒമ്പതിന് അയോധ്യ ഭൂമിതർക്കക്കേസിൽ സുപ്രീംകോടതി വിധി പറഞ്ഞു. ബാബ്‌റി മസ്ജിദ്-രാമജന്മഭൂമി തർക്കം നിലനിന്ന 2.77 ഏക്കർ ഭൂമിയിൽ കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിൽ ട്രസ്റ്റ് രൂപീകരിച്ച് രാമക്ഷേത്രം പണിയണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. പള്ളി നിർമിക്കാൻ അയോധ്യയിൽ അഞ്ച് ഏക്കർ സ്ഥലം സുന്നി വഖഫ് ബോർഡിന് നൽകണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. തർക്കത്തിലുള്ള ഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹബാദ് ഹൈക്കോടതിയുടെ 2010 സെപ്തംബർ 30ലെ വിധി അസാധുവാക്കിയാണ് രാമക്ഷേത്രം പണിയാൻ സുപ്രീംകോടതി അനുമതി നൽകിയത്. തുടർന്ന് കഴിഞ്ഞ ആഗസ്ത് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരിട്ടെത്തി രാമക്ഷേത്ര നിർമാണത്തിന് ശിലയിട്ടു. ഉമാഭാരതി ഉൾപ്പെടെയുള്ള സംഘപരിവാർ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഭൂമീപൂജയ്‌ക്ക് പിന്തുണയുമായി മുതിർന്ന കോൺഗ്രസ് നേതാക്കളും എത്തി.

Tuesday, September 29, 2020

ഭരണഘടനയുടെ വിധിദിവസം

 1992 ഡിസംബർ ആറിന്‌ ഞായറാഴ്ച ഉത്തർപ്രദേശിലെ സരയൂനദിക്കരയിൽ സ്ഥിതിചെയ്യുന്ന അയോധ്യയിൽ ബാബ്‌റി മസ്ജിദ് എന്ന മുസ്ലിം ദേവാലയം ഹിന്ദുത്വ തീവ്രവാദികളായ ഒരു സംഘം കർസേവകർ തകർത്തു. അവരെ നയിച്ചത് എൽ കെ അദ്വാനി ഉൾപ്പെട്ട സംഘപരിവാർ നേതാക്കന്മാർ ആയിരുന്നു. ഈ സംഭവത്തിന് അനേകം ദേശീയ വിദേശീയ മാധ്യമപ്രവർത്തകരെപ്പോലെ ഞാനും ദൃക്‌സാക്ഷി ആയിരുന്നു. ആധുനിക ഭാരതത്തിന്റെ ചരിത്രത്തിലെ ഒരു കറുത്ത അധ്യായമായിരുന്നു ബാബ്‌റി മസ്ജിദ് ഭേദനം.

28 വർഷത്തിനുശേഷം ഈ കേസിന്റെ വിധി ലഖ്‌നൗവിലെ സിബിഐ പ്രത്യേക കോടതി സെപ്തംബ‍ർ 30ന്‌ പറയുകയാണ്. ഇത് വളരെ പ്രധാനപ്പെട്ട ഒരു വിധിപ്രഖ്യാപനമാണ്. 2019 നവംബ‍ർ ഒമ്പതിന് അയോധ്യ ഭൂമിത‍ർക്കക്കേസിൽ വിധി ഹിന്ദുത്വകക്ഷികൾക്ക് അനുകൂലമായി ഏകപക്ഷീയമായി വന്നതിനുശേഷം വരുന്ന ഒന്നായതുകൊണ്ട് ഇത് വളരെ ​ഗൗരവപൂ‍‍ർവം ശ്രദ്ധിക്കപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ ഇതിനെ ഇന്ത്യയുടെ മതനിരപേക്ഷ ഭരണഘടനയുടെ വിധിദിവസമായും കണക്കാക്കാം.

ഈ കേസിന്റെ ആദ്യത്തെ എഫ്ഐആറിൽ (നമ്പ‍‍ർ 197) പള്ളി പൊളിച്ചതിന് അറിയപ്പെടാത്ത കർസേവകരെയാണ് കുറ്റവാളികളായി പഴിചാരിയിരിക്കുന്നത്. രണ്ടാമത്തെ എഫ്ഐആറിൽ (നമ്പ‍‍ർ 198) അദ്വാനി, അശോക് സിംഘാൾ, ​ഗിരിരാജ് കിഷോ‍ർ, മുരളി മനോഹ‍ർ ജോഷി, ഉമാഭാരതി, വിഷ്ണു ​ദാൽമിയ, സാധ്വി റിതംബര തുടങ്ങിയവർക്കെതിരെ പ്രകോപനപരവും വെറുപ്പും വിദ്വേഷവും കലർന്നതുമായ പ്രസം​ഗം നടത്തിയതിന്റെ പേരിലുമാണ് കുറ്റം ചുമത്തിയത്. അപ്പോൾ പള്ളി തക‍ർത്തത് അറിയപ്പെടാത്ത കർസേവകർ ആണ്. അദ്വാനിയും മറ്റും ചെയ്ത തെറ്റ് പ്രകോപനപരമായ പ്രസം​ഗം നടത്തിയതാണ്‌. സംഭവം നിസ്സാരം. ആദ്യത്തെ കേസ് സിബിഐക്കും രണ്ടാമത്തെ കേസ് സംസ്ഥാന സിഐഡിക്കും നൽകാനായിരുന്നു തീരുമാനം. പക്ഷേ, 1993ൽ എല്ലാ കേസുകളും 47 വേറെ എഫ്ഐആറും ഉള്ളതുകൊണ്ട് (വസ്തു നശീകരണം തുടങ്ങി) സിബിഐ 1996ൽ അ​ദ്വാനിക്കും മറ്റും എതിരെ ​ഗൂഢാലോചന കേസ് (120 ബി)ചുമത്തി. എന്നാൽ, പിന്നീട് കോടതി ഇത് വേണ്ടെന്ന് വച്ചു. ഹൈക്കോടതിയും ഇത് അംഗീകരിച്ചു.

ഇതിന്റെ അർഥം ബാബ്‌റി മസ്ജിദ് തകർത്ത കേസ്‌ വളരെ ലഘുവായി മാറുകയായിരുന്നുവെന്നാണ്. തകർത്തത് അറിയപ്പെടാത്ത കർസേവകർ. അദ്വാനിയും മറ്റും കുറ്റം പ്രകോപനപരമായ പ്രസംഗം നടത്തിയതുമാത്രം. പള്ളി തകർത്തതിന്റെ പിന്നിൽ ഒരു ‘ഗൂഢാലോചന’യും ഇല്ല. അലഹബാദ് ഹൈക്കോടതി ഇത് 2010 മെയ് 20ന് ശരിവച്ചതോടെ കേസ് തീർത്തും ശുഷ്കമാകുകയായിരുന്നു. അതിന്റെ രാഷ്ട്രീയ–-മത–-ചരിത്ര പശ്ചാത്തലം തേച്ചുമായ്ക്കപ്പെടുകയായിരുന്നു. എന്നാൽ, 2017ൽ സുപ്രീംകോടതി ഒരു പരാതിയിന്മേൽ ഗൂഢാലോചനക്കുറ്റം അദ്വാനിയിലും മറ്റും ചുമത്തി വിചാരണ തുടരാൻ വിധി പറഞ്ഞു.

അദ്വാനി ഉൾപ്പെടെ പ്രതികളെല്ലാം ഗൂഢാലോചനക്കുറ്റം നിരസിച്ചു. പള്ളി തകർത്തവരെ തടയാനാണ് തങ്ങൾ ശ്രമിച്ചതെന്ന് അവർ വാദിച്ചു. ഉമാഭാരതി അവർ കുറ്റവാളിയല്ലെന്ന് പറഞ്ഞു. പള്ളി പൊളിച്ചതിന്റെ പിന്നിൽ ഒരു ഗൂഢാലോചനയും ഇല്ലെന്ന് അവർ സമർഥിച്ചു. അയോധ്യ ഒരു തുറന്ന മുന്നേറ്റമായിരുന്നു, അടിയന്തരാവസ്ഥ വിരുദ്ധസമരംപോലെ ഭാരതി വാദിച്ചു. പക്ഷേ, ഗൂഢാലോചന കേസ് വീണ്ടും ചുമത്തിയപ്പോൾ ഇന്ത്യൻ ഭരണഘടനയുടെ മതനിരപേക്ഷതയെ ഉലച്ച ഒരു നടപടിയായിരുന്നു പള്ളി തകർക്കലെന്ന് സുപ്രീംകോടതി രേഖപ്പെടുത്തി.

ബാബ്‌റി മസ്ജിദ് ഭേദനത്തിന്റെ മതവും രാഷ്ട്രീയവും എല്ലാവർക്കും സുവ്യക്തമാണ്. 1528ൽ മുഗൾ രാജവംശത്തിന്റെ സ്ഥാപകനായ ബാബറിന്റെ ജനറലായ മീർഭാക്കി അയോധ്യയിൽ സ്ഥാപിച്ചതാണത്രെ ബാബ്‌റി മസ്ജിദ്. അത് രാമക്ഷേത്രം തകർത്തിട്ടാണ് പണിതത്‌ എന്നാണ് ഹിന്ദുത്വവാദികളുടെ ആരോപണം. ഹിന്ദുമഹാസഭയും ജനസംഘവും ആർഎസ്എസും വിശ്വഹിന്ദുപരിഷത്തും ബജ്റംഗ്‌ദളും ശിവസേനയും ബിജെപിയും ഇത് വിശ്വസിക്കുന്നു. ബാബ്‌റി മസ്ജിദ് തകർത്ത്‌ അവിടെ രാമക്ഷേത്രം നിർമിക്കുക എന്നതായിരുന്നു അവരുടെ രാഷ്ട്രീയ അജൻഡ. രാമക്ഷേത്രം മുദ്രാവാക്യത്തിലൂടെ ഹൈന്ദവ വോട്ടുകളുടെ ധ്രുവീകരണവും തദ്വാര അധികാര കൈയാളലും ബിജെപി ഉന്നം വച്ചു. 1984ൽ വിശ്വഹിന്ദുപരിഷത്തും അദ്വാനിയും ഇതിനായുള്ള സംയുക്തസംരംഭം തുടങ്ങി. അവർ സാംസ്കാരിക ദേശീയതയുടെ പേരിൽ വർഗീയത ആളിക്കത്തിക്കാൻ ശ്രമിച്ചു. ഇതിനെ പ്രതിരോധിക്കാനായി ഭരണകക്ഷിയായ കോൺഗ്രസും പ്രധാനമന്ത്രിയായിരുന്ന രാജിവ് ഗാന്ധിയും ഹിന്ദുക്കൾക്ക്‌ ബാബ്‌റി മസ്ജിദ് -- രാമജന്മഭൂമിയിൽ പ്രാർഥനയ്ക്കുള്ള അനുവാദം കൊടുത്തു. 

1989ൽ രാജീവ് ഗാന്ധി പൊതുതെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് രാമക്ഷേത്രശിലാന്യാസം നടത്താൻ വിശ്വഹിന്ദു പരിഷത്തിന് അനുവാദം നൽകി. പക്ഷേ, തെരഞ്ഞെടുപ്പ് ജയിച്ചില്ല. പിന്നീട് അധികാരത്തിൽ വന്ന ഗവൺമെന്റിന് ബിജെപി പുറത്തുനിന്ന്‌ പിന്തുണ നൽകി. പ്രധാനമന്ത്രി വി പി സിങ്ങിന്റെ മണ്ഡൽ പരിഷ്കരണത്തിന് മറുപടിയായി അദ്വാനി അയോധ്യ രഥയാത്ര പ്രഖ്യാപിച്ചു. 1989ൽ രാമക്ഷേത്രനിർമാണം ഒരു പരിപാടിയായി ബിജെപിയുടെ പാലംപുർ സമ്മേളനം അംഗീകരിച്ചിരുന്നു. പക്ഷേ, അദ്വാനിയുടെ ഒന്നാം രഥയാത്ര വിജയിച്ചില്ല. അതോടെ വി പി സിങ് ഗവൺമെന്റ് വീണു. 1992ൽ രണ്ടാം രഥയാത്ര ബാബ്‌റി മസ്ജിദിന്റെ തകർച്ചയിൽ കലാശിച്ചു. ഇത് ഒരു ആകസ്മിക സംഭവമായിട്ടാണ് രഥയാത്രികനും സംഘവും കൊട്ടിഘോഷിക്കുന്നത്. ബാബ്‌റി മസ്ജിദ് ഒരു നയനപ്രകോപനകാരിയാണെന്ന് പറഞ്ഞ (ഒക്കുലർ പ്രൊവൊക്കേഷൻ) അദ്വാനിതന്നെയാണ് ബാബ്‌റി മസ്ജിദ് തകർത്ത ദിവസമാണ് തന്റെ ജീവിതത്തിലെ ഏറ്റവും സങ്കടകരമായ ദിവസമെന്ന് പറഞ്ഞത്; എന്ത് വിരോധാഭാസം!

ബാബ്‌റി മസ്ജിദ് തകർത്തതിനെക്കുറിച്ച് അന്വേഷിക്കാൻ നിയമിച്ച എം എസ് ലിബർഹാൻ കമീഷൻ കണ്ടെത്തിയത് പള്ളി തകർക്കൽ യാദൃച്ഛികമോ മുൻകൂട്ടി ആസൂത്രണം ചെയ്യാത്തതോ ആയ ഒരു സംഭവം അല്ലെന്നാണ്. പ്രസ്തുത കേസിൽ സുപ്രീംകോടതിയും മസ്ജിദ് ഭേദനത്തെ നിന്ദ്യമായ നിയമലംഘനമെന്ന് വിശേഷിപ്പിക്കുകയുണ്ടായി. മസ്ജിദ് തകർക്കലിനെത്തുടർന്ന് ബിജെപി ഭരിക്കുന്ന നാല് സംസ്ഥാനങ്ങളിലെ ഗവൺമെന്റുകളെ (ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ്) പ്രസിഡന്റ് പിരിച്ചുവിടുകയുണ്ടായി. ആർഎസ്എസിനെ നിരോധിച്ചു. മസ്ജിദ് തകർത്തതിന്റെ പിറകിലുള്ള രാഷ്ട്രീയനേതൃത്വം ശിക്ഷിക്കപ്പെടുമോ? അതിന്റെ പിറകിലുള്ള വിഭാഗീയതയുടെ മതവിദ്വേഷത്തിന്റെ തത്വശാസ്ത്രം തുറന്നുകാട്ടപ്പെടുമോ?ഇന്ത്യയുടെ മതനിരപേക്ഷ ഘടനയ്ക്ക് ഏറ്റ കളങ്കം കഴുകിക്കളയുമോ സെപ്തംബർ 30ലെ കോടതിയുടെ വിധിന്യായം.

പി വി തോമസ്

Saturday, April 5, 2014

ബാബറി മസ്ജിദ് തകര്‍ത്തത് കോണ്‍ഗ്രസ് പിന്തുണയോടെ

ന്യൂഡല്‍ഹി: സംഘപരിവാര്‍ 1992ല്‍ ബാബറി മസ്ജിദ് തകര്‍ത്തത് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പിന്തുണയോടെയും അറിവോടെയുമായിരുന്നെന്ന് വെളിപ്പെടുത്തല്‍. പള്ളിപൊളിക്കാനുള്ള "കര്‍സേവ"നയിച്ചവരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വാര്‍ത്താപോര്‍ട്ടല്‍കോബ്രപോസ്റ്റാണ് ഒളിക്യാമറ ഓപ്പറേഷനിലൂടെ ഇക്കാര്യം തെളിവുസഹിതം പുറത്തുവിട്ടത്.

പള്ളി പൊളിക്കാന്‍ നരസിംഹറാവുസര്‍ക്കാര്‍ ഏതൊക്കെ വിധം സഹായിച്ചുവെന്ന് ബിജെപി എംപി വിനയ് കത്യാര്‍, ബി എല്‍ ശര്‍മ, സന്തോഷ് ദുബെ, സാക്ഷി മഹാരാജ്, മഹന്ത് രാംവിലാസ് വേദാന്തി എന്നിവര്‍ വെളിപ്പെടുത്തി. യുപിയില്‍ കല്യാണ്‍സിങ്ങിന്റെ ബിജെപി സര്‍ക്കാരും കേന്ദ്രത്തില്‍ പി വി നരസിംഹറാവുവിന്റെ കോണ്‍ഗ്രസ് സര്‍ക്കാരുമായിരുന്നു. പള്ളി പൊളിക്കുമെന്ന വിവരം കേന്ദ്രത്തിന് മുന്‍കൂട്ടി അറിയാമായിരുന്നു- വിനയ് കത്യാറും കൂട്ടരും പറയുന്നു.

പള്ളി പൊളിക്കുന്നതിനെ പ്രധാനമന്ത്രിയടക്കം അനുകൂലിച്ചു. കേന്ദ്രസേന ഇടപെടില്ലെന്ന് ഉറപ്പാക്കി. സംസ്ഥാന പൊലീസും സര്‍ക്കാര്‍സംവിധാനവും സഹായിച്ചു. ആക്രമിക്കുമ്പോള്‍ ആരും തടഞ്ഞില്ല. അതിനാല്‍ എളുപ്പത്തില്‍ എല്ലാം തീര്‍ത്തു. ഡിസംബര്‍ ആറിന് രാവിലെ പ്രധാനമന്ത്രി നരസിംഹറാവു ബിജെപി നേതാക്കളെ ഫോണില്‍ വിളിച്ച് കാര്യങ്ങളുടെ പുരോഗതി തിരക്കി. രാത്രി വീണ്ടും വിശേഷം ചോദിച്ചറിഞ്ഞു.

1990ലെ കര്‍സേവയില്‍നിന്ന് വ്യത്യസ്തമായിരുന്നു 1992ല്‍. 1990ല്‍ കേന്ദ്രത്തിലും യുപിയിലും ജനതാദള്‍ ഭരണം. കേന്ദ്രത്തില്‍ പ്രധാനമന്ത്രി വി പി സിങ്ങും ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി മുലായംസിങ് യാദവും സംഘപരിവാറിനെതിരെ കര്‍ക്കശനിലപാടെടുത്തു. പള്ളി ആക്രമിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ വെടിവച്ചു. പൊലീസ് കര്‍ക്കശമായി ഇടപെടുമെന്ന് ഉറപ്പായപ്പോള്‍ കര്‍സേവകര്‍ പിന്‍വാങ്ങി. കേന്ദ്രത്തിലെയും യുപിയിലെയും അധികാരമാറ്റമാണ് 1992 ഡിസംബര്‍ ആറിന് വീണ്ടും കര്‍സേവയ്ക്ക് സംഘപരിവാറിനെ പ്രേരിപ്പിച്ചത്. പള്ളി പൊളിക്കുമെന്നത് ചുരുക്കം ചില നേതാക്കള്‍മാത്രമാണ് അറിഞ്ഞിരുന്നതെന്ന് കര്‍സേവയില്‍ സജീവപങ്കാളികളായ 23 പേരുമായി നടത്തിയ സംഭാഷണങ്ങളില്‍ കോബ്രപോസ്റ്റ് വെളിപ്പെടുത്തുന്നു. "ഓപ്പറേഷന്‍ ജന്മഭൂമി" എന്ന പേരിലായിരുന്നു പദ്ധതി. ഇതിനായി 1992 ജൂണില്‍ ബജ്രംഗ്ദള്‍ 38 പേര്‍ക്ക് സൈനികസമാനമായ പരിശീലനം നല്‍കി. സൈന്യത്തില്‍നിന്ന് വിരമിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥരായിരുന്നു പരിശീലകര്‍. അയോധ്യയിലെ നീല്‍ടിലയിലും പരിശീലനമുണ്ടായി. പിന്നീട് ഇവരുടെ നേതൃത്വത്തില്‍ 1200 ആര്‍എസ്എസുകാരെ ഉള്‍പ്പെടുത്തി ലക്ഷ്മണ്‍സേനയുണ്ടാക്കി. ഇവരെ പത്തുപേരടങ്ങുന്ന സംഘമായി തിരിച്ചു. കപ്പി, കൊളുത്ത്, പിക്കാസ്, കയര്‍ തുടങ്ങിയ സാമഗ്രികള്‍ നല്‍കി. ബലിദാനിസംഘം എന്ന ചാവേര്‍പ്പടയെയും ഒരുക്കി.

ശിവസേനയും പള്ളി തകര്‍ക്കാന്‍ പ്രത്യേക സംഘമുണ്ടാക്കി. ഇവരുടെ പക്കല്‍ ഡൈനാമിറ്റും പെട്രോള്‍ബോംബുമുണ്ടായിരുന്നു. ഡിസംബര്‍ ആറിന് ആയിരക്കണക്കിന് കര്‍സേവകര്‍ ഒത്തുകൂടി. രാംവിലാസ് വേദാന്തി പ്രതിജ്ഞചൊല്ലിയതിനുപിന്നാലെയായിരുന്നു ആക്രമണം. 1949ല്‍ ബാബറിപള്ളിയില്‍ പെട്ടെന്ന് രാമവിഗ്രഹം പ്രത്യക്ഷമായത് എങ്ങനെയെന്നും കോബ്രപോസ്റ്റ് വെളിപ്പെടുത്തുന്നു. രണ്ടുവട്ടം കിഴക്കന്‍ ഡല്‍ഹി എംപിയായിരുന്ന വൈകുണ്ഠലാല്‍ ശര്‍മയുടേതാണ് വെളിപ്പെടുത്തല്‍.

1949 ഡിസംബര്‍ 15ന് ഫൈസാബാദ് ജില്ലാ മജിസ്ട്രേട്ട് കെ കെ നയാരും മജിസ്ട്രേട്ട് ഗുരുദത്ത് സിങ്ങും രാമചന്ദ്രദാസ് എന്ന പുരോഹിതനും ചേര്‍ന്ന് വിഗ്രഹം സ്ഥാപിക്കുകയായിരുന്നു. ഫൈസാബാദില്‍ സൈന്യത്തില്‍ വാറന്റ് ഓഫീസറായിരുന്ന വൈകുണ്ഠലാല്‍ വിഗ്രഹം സ്ഥാപിക്കുന്നതിന് സാക്ഷിയാണ്. കെ കെ നയാര്‍ "52ല്‍ സ്വയം വിരമിച്ച് ജനസംഘത്തില്‍ ചേര്‍ന്നു. "67ല്‍ എംപിയായി. "86ല്‍ രാജീവ്ഗാന്ധി സര്‍ക്കാര്‍ പൂജ നടത്താന്‍ ബാബറിപള്ളി തുറന്നുകൊടുത്തതോടെയാണ് വിഷയം വീണ്ടും സജീവമായതെന്നും കോബ്രപോസ്റ്റ് വെളിപ്പെടുത്തി.

എം പ്രശാന്ത് ദേശാഭിമാനി

Friday, April 4, 2014

ബാബറി മസ്ജിദ് തകര്‍ത്തത് ആസൂത്രിതമെന്ന് വെളിപ്പെടുത്തല്‍

ബാബറി മസ്ജിദ് തകര്‍ത്തതിന് പിന്നില്‍ ആസൂത്രിത നീക്കമെന്ന് വെളിപ്പെടുത്തല്‍. മസ്ജിദ് തകര്‍ത്തതില്‍ പങ്കെടുത്ത 23 പേരുടെ ഒളിക്യാമറ അഭിമുഖത്തിലാണ് വിവാദ വെളിപ്പെടുത്തല്‍. കോബ്ര പോസ്റ്റ് വെബ്സൈറ്റാണ് അഭിമുഖം നടത്തിയത്.

അന്ന് പ്രധാനമന്ത്രിയായിരുന്ന പി വി നരസിംഹ റാവുവിനും മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനിയ്ക്കും ഇത് അറിയാമായിരുന്നു. അന്നത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കല്ല്യാണ്‍ സിങ്ങ്, ഉമാഭാരതി തുടങ്ങിയവരും ഗൂഢാലോചനയില്‍ പങ്കെടുത്തെന്നും വെളിപ്പെടുത്തലുണ്ട്.

1992 ജൂണില്‍ ബജ്രംഗലില്‍ ഒരു ക്യാമ്പ് നടത്തിയിരുന്നു. സര്‍ക്കേജ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ 38 പേര്‍ക്ക് ആക്രമണത്തിനുള്ള വിദഗ്ധ പരിശീലനവും നല്‍കി. ഇതിലാണ് കര്‍സേവകര്‍ക്ക് മസ്ജിദ് തകര്‍ക്കാനുള്ള നിര്‍ദ്ദേശം നല്‍കിയത്.

മസ്ജിദ് തകര്‍ക്കാന്‍ 1990ല്‍ നടത്തിയ ആദ്യ ശ്രമം പൊലീസ് നടത്തിയ വെടിവെപ്പിനെ തുടര്‍ന്ന് പരാജയപ്പെട്ടതായും വെളിപ്പെടുത്തലിലുണ്ട്. 1992 ഡിസംബര്‍ 6നാണ് കര്‍സേവകര്‍ ബാബറി മസ്ജിദ് തകര്‍ത്തത്.

deshabhimani

Wednesday, October 23, 2013

നടപടികള്‍ വിഫലം; വ്യാജനോട്ട് പെരുകുന്നു

കള്ളനോട്ട് തടയാനുള്ള നടപടികള്‍ വിഫലമാക്കി രാജ്യത്ത് വ്യാജനോട്ടുകളുടെ എണ്ണത്തില്‍ വന്‍വര്‍ധന. 2011-12 സാമ്പത്തികവര്‍ഷം ആയിരത്തിന്റെ 83,280 കള്ളനോട്ടുകളാണ് കണ്ടെത്തിയതെങ്കില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇത് 98,459 ആയി. 18 ശതമാനം വര്‍ധന. കണ്ടെത്താതെ വിപണിയില്‍ വിഹരിക്കുന്ന നോട്ടുകളുടെ എണ്ണം ഇതിന്റെ പലമടങ്ങ് വരും. കഴിഞ്ഞ സാമ്പത്തികവര്‍ഷം രാജ്യത്താകെ കണ്ടെത്തിയ വ്യാജനോട്ടുകളുടെ എണ്ണം 4,98,252 ആണ്. ഇതില്‍ 5.9 ശതമാനം റിസര്‍വ് ബാങ്കും 94.1 ശതമാനം ഇതര ബാങ്കുകളുമാണ് കണ്ടെത്തിയത്. അഞ്ഞൂറിന്റെ വ്യാജനില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 6.8 ശതമാനവും നൂറ് രൂപാ നോട്ടില്‍ 12 ശതമാനവും വര്‍ധനയുണ്ടായി. ചെറിയ നോട്ടുകള്‍ കള്ളനോട്ടുകാര്‍ അച്ചടിക്കുന്നില്ല.

കള്ളനോട്ടുകളുടെ പ്രചാരം തടയാന്‍ റിസര്‍വ് ബാങ്ക് ഇറക്കിയ സര്‍ക്കുലറുകള്‍ ഫലം കാണുന്നില്ലെന്ന് വ്യാജന്മാര്‍ പെരുകുന്നതിലൂടെ വ്യകതമാകുന്നു. ബാങ്കില്‍ നല്‍കുന്ന നോട്ടുകളോടൊപ്പം ഒന്നോ രണ്ടോ വ്യാജനുണ്ടെന്ന് കണ്ടെത്തിയാല്‍ 25 ശതമാനം തുക മടക്കി നല്‍കുമെന്ന് ജൂലൈ ഒന്നിന് റിസര്‍വ് ബാങ്ക് ഇറക്കിയ ഉത്തരവില്‍ പറഞ്ഞിരുന്നു. എന്നാല്‍, ഈ പണം കിട്ടാന്‍ കാലതാമസമുണ്ടാകും. വ്യാജ നോട്ടുകള്‍ ഇടപാടുകാരന്റെ ബാങ്ക് റിസര്‍വ് ബാങ്കിന് കൈമാറണം. ഗവണ്‍മെന്റ് പ്രസിലെ പരിശോധനയ്ക്കു ശേഷമേ വ്യാജനാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കൂ. 25 ശതമാനം തുക റിസര്‍വ് ബാങ്ക് ഇടപാടുകാരന് നല്‍കുമ്പോള്‍ ബാക്കി 75 ശതമാനം ബാങ്ക് സഹിക്കണം. അതുകൊണ്ടുതന്നെ ബാങ്കുകള്‍ക്ക് ഇതില്‍ താല്‍പ്പര്യമില്ല. നോട്ടുകള്‍ ഉപയോക്താവിന്റെ സാന്നിധ്യത്തില്‍ നശിപ്പിക്കുന്ന പഴയ രീതി തന്നെ ബാങ്കുകള്‍ക്ക് പഥ്യം. ഇതിന് തയ്യാറായില്ലെങ്കില്‍ പൊലീസിന് കേസ് കൈമാറുമെന്ന ഭീഷണിയുമുണ്ടാകും. പിന്നെ പൊല്ലാപ്പിനു നില്‍ക്കാതെ നോട്ട് നശിപ്പിക്കാന്‍ ഉപയോക്താവ് തയ്യാറാകും.

കള്ളനോട്ട് കണ്ടെത്തിയാല്‍ ഇടപാടുകാരന്റെ പേരില്‍ ബാങ്കുകാര്‍ രസീത് തയ്യാറാക്കുന്നതും റിസര്‍വ് ബാങ്ക് തടഞ്ഞു. ഒറ്റ ഇടപാടില്‍ നാല് കള്ളനോട്ടുകള്‍ വരെ കണ്ടെത്തിയാല്‍ റിപ്പോര്‍ട്ട് സഹിതം ജില്ലകളിലെ നോഡല്‍ പൊലീസിന് കൈമാറും. ഒറ്റ ഇടപാടില്‍ അഞ്ചോ അതിലധികമോ നോട്ട് കണ്ടെത്തിയാല്‍ ലോക്കല്‍ കേസ് പൊലീസിന് കൈമാറും. അതിലും ഇടപാടുകാരന്റെ പേര് ചേര്‍ക്കണമെന്ന് റിസര്‍വ് ബാങ്ക് പറയുന്നില്ല. പക്ഷേ, ഇടപാടുകാരനെ ചോദ്യംചെയ്യാതെ പൊലീസ് അന്വേഷണം ഫലപ്രദമാകുമോയെന്ന ചോദ്യം ബാക്കി.
 (ആര്‍ സാംബന്‍)

കള്ളനോട്ടുകേസുകള്‍ അട്ടിമറിക്കാന്‍ പൊലീസ് ശ്രമം

നെടുമങ്ങാട്: നെടുമങ്ങാട് കേന്ദ്രീകരിച്ച് ഏറെക്കാലമായി നടന്നുവരുന്നതായി പൊലീസ് കണ്ടെത്തിയ കള്ളനോട്ട് അച്ചടി-വിനിമയ കേസുകള്‍ പൊലീസ് തന്നെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി ആക്ഷേപം. പ്രിന്റിങ് മെഷീനും അനുബന്ധ ഉപകരണങ്ങളും നോട്ടുകെട്ടുകളുമുള്‍പ്പെടെ പിടികൂടിയിട്ടും കേസ് ഗൗരവമായി അന്വേഷിക്കുന്നതിനോ പ്രതികള്‍ക്ക് ബന്ധമുള്ള ഉന്നത കള്ളനോട്ട് ലോബികളെ കണ്ടെത്തുന്നതിനോ പൊലീസ് ഒരു താല്‍പ്പര്യവും കാണിക്കുന്നില്ല. വീട് റെയ്ഡ് ചെയ്ത ദിവസം വീട്ടിലുണ്ടായിരുന്ന രാഗേഷിന്റെ പിതാവിനെയും അനുജനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ പിന്നീട് കിളിമാനൂര്‍ പൊലീസ് രഹസ്യമായി വിട്ടയച്ചു. കേസില്‍നിന്നും തടിയൂരാനുള്ള എല്ലാ പഴുതും ഒരുക്കിയശേഷം രാഗേഷ് പിന്നീട് പൊലീസിനു കീഴടങ്ങി.

ഒന്നാം പ്രതിയാക്കിയും മുഖ്യവകുപ്പ് ചുമത്തിയുമാണ് രാഗേഷിനെതിരെ പൊലീസ് ആദ്യം കേസെടുത്തത്. എന്നാല്‍, വീട്ടില്‍ മറ്റൊരാള്‍ കള്ളനോട്ട് അടിക്കാന്‍ ഉപയോഗിച്ച പ്രിന്റര്‍ സൂക്ഷിച്ചു എന്ന വകുപ്പുമാത്രമാണ് ഇപ്പോള്‍ ചുമത്തിയിരിക്കുന്നത്. കേസ് സംബന്ധിച്ച് പത്രങ്ങള്‍ക്ക് വാര്‍ത്ത നല്‍കുമ്പോള്‍ രാഗേഷിെന്‍റ ഫോട്ടോയും അനുബന്ധ വിവരങ്ങളും പൊലീസ് ഒഴിവാക്കി. വട്ടച്ചെലവിന് പണം കണ്ടെത്താന്‍ കള്ളനോട്ട് വിനിമയംചെയ്യാന്‍പോയ വിദ്യാര്‍ഥികളുള്‍പ്പെടെയുള്ള നാലംഗ സംഘത്തിനുമേല്‍ മാത്രം കേസ് ചുമത്തി ഉന്നതരെ രക്ഷിക്കാനുള്ള തീവ്രശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനെതിരെ നാട്ടില്‍ പ്രതിഷേധം ശക്തമായി. സിപിഐ എം, ഡിവൈഎഫ്ഐ പൂവത്തൂര്‍ ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് പ്രക്ഷോഭപരിപാടികള്‍ക്ക് രൂപംനല്‍കി.

deshabhimani

Saturday, April 6, 2013

ബാബറി മസ്ജിദ് പൊളിച്ചതില്‍ അഭിമാനിക്കണം: അദ്വാനി


അയോധ്യയിലെ ബാബ്‌റി മസ്ജിദ് പൊളിച്ചതില്‍ ബി ജെ പി പ്രവര്‍ത്തകര്‍ ഖേദിക്കുകയല്ല അഭിമാനിക്കുകയാണ് വേണ്ടതെന്ന്  ബി ജെ പി നേതാവ് എല്‍ കെ അദ്വാനി. ഡല്‍ഹിയില്‍ പാര്‍ട്ടിയുടെ മുപ്പത്തിമൂന്നാം സ്ഥാപക ദിനാഘോഷത്തില്‍ സംസാരിക്കവേയാണ് അദ്വാനിയുടെ വിവാദ പരാമര്‍ശം. അയോധ്യയില്‍ അമ്പലമുണ്ടെന്ന് വശ്വസിക്കുകയോ അതിനായി പ്രക്ഷോഭം നടത്തുകയോ ചെയ്താല്‍ അതില്‍ ഒട്ടും ഖേദിക്കേണ്ടതില്ല പകരം അഭിമാനിക്കുകയാണ് വേണ്ടതെന്ന് അദ്വാനി പറഞ്ഞു.

മുലായം സിംഗ് തന്നെ പ്രകീര്‍ത്തിച്ചപ്പോള്‍ ചിലര്‍ ആശങ്കപ്പെട്ടു. അതില്‍ ശങ്കിക്കുകയോ മറ്റ് അപകര്‍ഷതകള്‍ വച്ചുപുലര്‍ത്തുകയോ ചെയ്യരുതെന്ന് പറഞ്ഞുകൊണ്ടായിരുന്നു അദ്വാനിയുടെ അഭിപ്രായപ്രകടനം.ഇന്നത്തെ ബിജെപി തന്റെ ആശയത്തിലുള്ള പാര്‍ട്ടിയില്‍ നിന്നും ഏറെ വ്യതിചലിച്ചെന്ന തോന്നലാണ് ഉളവാക്കുന്നതെന്നും അദ്വാനി പറഞ്ഞു.

ബാബ്‌റി മസ്ജിദ് പ്രചാരണ വിഷയമാക്കിയപ്പോഴെല്ലാം ബി ജെ പി തെരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടുണ്ടെന്ന പരാമര്‍ശവും അദ്വാനിയുടെ പ്രസംഗത്തിലുണ്ടായിരുന്നു. ബി ജെ പിയും ജനസംഘവും ഇന്നീനിലയിലെത്തിയത് അയോധ്യ പ്രശ്‌നം ഉയര്‍ത്തിയാണെന്ന് ചിലര്‍ വിമര്‍ശിക്കുന്നുണ്ട്. പക്ഷേ അതിലും താന്‍ അഭിമാനിക്കുന്നുവെന്ന് പറഞ്ഞ അദ്വാനി  അയോധ്യ പ്രശ്‌നം ഒരു രാഷ്ട്രീയ നീക്കം മാത്രമല്ലെന്നും ഒരു സാംസ്‌ക്കാരിക മുന്നേറ്റമാണെന്നും  അഭിപ്രായപ്പെട്ടു. ബി ജെ പി പ്രവര്‍ത്തകര്‍ അഴിമതിയോട് അനുരഞ്ജനം കാട്ടരുതെന്നും അദ്വാനി ഉപദേശിച്ചു.

janayugom