Sunday, July 11, 2021

സഹകരണമേഖലയിലും മോഡിയുടെ കച്ചവടക്കണ്ണ്‌

കൊട്ടുംകുരവയുമായി നരേന്ദ്ര മോഡി ജൂലൈ ഏഴിന്‌ നടപ്പാക്കിയ മന്ത്രിസഭാ പുനഃസംഘടന ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പലവിധ ഗൂഢതാൽപ്പര്യങ്ങൾ നിറഞ്ഞതാണ്‌. എന്നാൽ, മാധ്യമങ്ങൾ അതെല്ലാം മറച്ചുവച്ച്‌ സ്‌തുതിഗീതങ്ങൾ മുഴക്കുകയാണെന്നു കാണാം. 2022ൽ നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ്‌, ഗുജറാത്ത്‌ സംസ്ഥാനങ്ങൾക്ക്‌ പ്രാതിനിധ്യത്തിന്റെ സന്തുലിതാവസ്ഥ തകിടംമറിക്കുംവിധം അമിത പ്രാധാന്യമാണ്‌ നൽകിയത്‌. അന്ധമായ കോർപറേറ്റ്‌ പ്രീണനത്തിനും ലക്കില്ലാത്ത ആസ്‌തി വിൽപ്പനയ്‌ക്കും പച്ചക്കൊടിയെന്നതാണ്‌ മറ്റൊരു ദിശ. നേർവിപരീതവും വ്യത്യസ്‌തവുമായ താൽപ്പര്യങ്ങളുള്ള രാസവള‐ ആരോഗ്യ മന്ത്രാലയങ്ങൾ ഒരാളുടെ കീഴിലാക്കിയതും പ്രധാനം. വ്യവസായമന്ത്രി ഉപഭോക്‌തൃകാര്യത്തിന്റെയും ചുമതല നിർവഹിക്കുമെന്നതും പതിവല്ല. ഇതുവരെ ഘനവ്യവസായ മന്ത്രാലയത്തിന്‌ കീഴിലുണ്ടായ പൊതുമേഖലാ വകുപ്പിനെ ധനമന്ത്രാലയത്തിന്റെ ഭാഗമാക്കി കണ്ണുംപൂട്ടിയുള്ള വിറ്റുതുലയ്‌ക്കൽ പരിപാടി ത്വരിതഗതിയിലാക്കുമെന്ന പേടിപ്പെടുത്തുന്ന സൂചനയും നൽകിയിരിക്കുകയാണ്‌.

വിപുലമായ അസ്തിവാരമുള്ള രാജ്യത്തെ സഹകരണ പ്രസ്ഥാനത്തിലാണ്‌ കോർപറേറ്റ്‌ ഹിന്ദുത്വ വ്യവസായികളുടെയും അവരുടെ യജമാനന്മാരായ നേതൃത്വങ്ങളുടെയും പുതിയ കച്ചവടക്കണ്ണ്‌. ഭരണഘടന പ്രകാരം പൂർണമായും സംസ്ഥാന വിഷയമായിരുന്നിട്ടും സഹകരണരംഗത്തിന്‌ പുതിയ മന്ത്രാലയം രൂപീകരിച്ച്‌ അമിത്‌ ഷായെ ഏൽപ്പിച്ചിരിക്കുകയാണ്‌ മോഡി. ബ്രിട്ടീഷ്‌ കാലഘട്ടത്തോളം ചരിത്രമുള്ള ഗുജറാത്തിലെ സഹകരണ സ്ഥാപനങ്ങളെ കോൺഗ്രസിൽനിന്ന്‌ അടർത്തിയെടുത്ത്‌ ബിജെപിയുടെ കൈപ്പിടിയിലാക്കിയതിന്റെ മുഖ്യആസൂത്രകനാണ്‌ അദ്ദേഹം. കോൺഗ്രസ്‌ വിമുക്ത ഗുജറാത്തിലേക്കുള്ള ആദ്യ ചുവടായി ഷാ ഉപയോഗിച്ചത് സഹകരണ ബാങ്കുകളെയും ക്ഷീരോൽപ്പാദന സംഘങ്ങളെയുമാണ്.

ആ സംസ്ഥാനത്ത്‌ ബിജെപി പടിപടിയായി എത്തിപ്പിടിച്ച മേൽക്കൈക്കും അപ്രമാദിത്വത്തിനുമുള്ള പ്രധാനകാരണം അമിത് ഷാ രണ്ടു പതിറ്റാണ്ടുമുമ്പ്‌ സഹകരണമേഖലയിൽ ആരംഭിച്ച കാവിവൽക്കരണമായിരുന്നു. അമൂൽ കുര്യനെ ക്ഷീര സഹകരണ മേഖലയിൽനിന്ന്‌ പുകച്ചുപുറത്തു ചാടിച്ചതിനുപിന്നിലും സമാനമായ കുതന്ത്രങ്ങളായിരുന്നു. ആ സംസ്ഥാനത്തെ സഹകരണമേഖല ബിജെപിയുടെ പ്രധാന രാഷ്ട്രീയ‐ സാമ്പത്തിക അടിത്തറയാണ്. ആ വെട്ടിപ്പിടിക്കൽ പരീക്ഷണത്തിന്റെ ആദ്യരംഗം തലസ്ഥാന നഗരിയിലെ സഹകരണ ബാങ്കുകളായിരുന്നുവെന്നത്‌ മറ്റൊരു കഥ. തുടർന്ന്‌, അവശേഷിച്ച ധാർമികമൂല്യങ്ങളും ദരിദ്രാഭിമുഖ്യവും മതനിരപേക്ഷ ഉള്ളടക്കവും ഇല്ലാതാകുകയും സഹകരണമേഖല പൂർണമായും അമിത് ഷായുടെ ഉരുക്കുമുഷ്‌ടിയിൽ അമരുകയുംചെയ്‌തു.

സഹകരണമേഖലയുടെ പോരായ്‌മകൾ തീർക്കാനും അവയെ ശക്തിപ്പെടുത്താനും പ്രത്യേക ഭരണനിർവഹണ–- നിയമപരിപാലന–- നയ ചട്ടക്കൂടിന്‌ രൂപം നൽകലാണ്‌ ലക്ഷ്യമെന്ന്‌ കേന്ദ്ര ഗവൺമെന്റ്‌ പരസ്യമായി അവകാശപ്പെടുമ്പോഴും മന്ത്രാലയത്തിന്റെ അധികാര വിസ്‌തൃതിയും പ്രവർത്തന രീതികളും അതിന്റെ വിശദാംശങ്ങളും വ്യക്തമാക്കിയിട്ടില്ല. സഹകരണസ്ഥാപനങ്ങളെ കേന്ദ്ര നിയന്ത്രണത്തിലേക്കെത്തിക്കലാണ്‌ മനസ്സിലിരിപ്പെന്ന്‌ വ്യക്തം. വിവിധ സംസ്ഥാനങ്ങളിൽ നേരിട്ട്‌ തോന്നുംപടി സഹകരണ സ്ഥാപനങ്ങൾ പടുത്തുയർത്താനും കേന്ദ്രഗവൺമെന്റ്‌ ലക്ഷ്യമിടുന്നു. ഇതെല്ലാം കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ഉരസലുകൾക്കും ഏറ്റുമുട്ടലുകൾക്കും വഴിതുറക്കും. കോർപറേറ്റുകൾക്കായി പൊതുമേഖലാ ബാങ്കുകളെ കൊള്ളയടിക്കുകയും അവയെ അനാകർഷകമാക്കി ഉപഭോക്താക്കളെ അകറ്റുകയുംചെയ്‌ത മോഡി സർക്കാർ സഹകരണമേഖലയിൽ കൈവയ്‌ക്കുന്നത്‌ ഫെഡറലിസത്തിന്‌ വിരുദ്ധമാണ്‌. വിനാശകരമായ ഈ നീക്കത്തെ പാർലമെന്റിന്റെ മഴക്കാല സമ്മേളനത്തിൽ ശക്തിയുക്തം എതിർക്കുമെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിരിക്കുകയാണ്‌. പ്രശ്‌നത്തിന്റെ ഗൗരവം ഊന്നി മറ്റ്‌ പ്രതിപക്ഷ പാർടികളുമായി ചർച്ചകളും തുടങ്ങിക്കഴിഞ്ഞു. ഭരണഘടനയുടെ ഏഴാംപട്ടികയിലെ ‘സംസ്ഥാന പട്ടിക’യിൽ 32–-ാമതായിവരുന്ന സഹകരണ സംഘങ്ങളുടെ രൂപീകരണവും നിയന്ത്രണവും സംസ്ഥാനങ്ങളുടെ അധികാരമാണ്. ആ കാഴ്‌ചപ്പാടിനെ ദുർബലമാക്കുന്ന നടപടിയാണ് ഇപ്പോഴത്തേത്. പ്രാഥമിക കൂടിയാലോചനയ്‌ക്കുപോലും കേന്ദ്രം തയ്യാറായതുമില്ല.

സഹകരണ മന്ത്രാലയ രൂപീകരണത്തിലൂടെ സംഘപരിവാറും മോഡിസർക്കാരും മുഖ്യമായും ലക്ഷ്യമിടുന്നത്‌ കേരളത്തെയാണ്‌. സംസ്ഥാനത്തെ രണ്ടര ലക്ഷം കോടിയുടെ നിക്ഷേപം കൊത്തിവലിക്കാൻ കുത്തകകൾക്ക്‌ അവസരമൊരുക്കാനാണ്‌ വെട്ടിപ്പിടിത്തങ്ങളുടെ രാജാവായ അമിത്‌ ഷായ്‌ക്കുതന്നെ ചുമതല നൽകിയതും. ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ ഊടുംപാവുമായ ഈ‌‌ സമാന്തര സംരംഭത്തിന്റെ അടിത്തറയിലാണ്‌ ഇവിടത്തെ മതനിരപേക്ഷ സമൂഹം നിലനിൽക്കുന്നത്‌. അതിനെ തകർക്കുക കുറച്ചു വർഷങ്ങളായി ആർഎസ്‌എസ്‌ നേതൃത്വത്തിലുള്ള സംഘപരിവാർ ബുദ്ധികേന്ദ്രങ്ങളുടെ രാഷ്‌ട്രീയ ലക്ഷ്യമാണ്‌. അതിനാൽ സഹകരണമേഖലയെ മൂലധന താൽപ്പര്യങ്ങളുടെ കാൽക്കീഴിൽ വയ്‌ക്കുന്നത്‌ സർവശക്തിയുമുപയോഗിച്ച്‌ എതിർക്കേണ്ടതുണ്ട്‌.

deshabhimani editorial 1072021

സഹകരണ മന്ത്രാലയം അമിത്‌ ഷായ്‌ക്ക്‌ നൽകിയത്‌ ഗൂഢതാൽപ്പര്യം: പ്രതിഷേധം ശക്തമാകുന്നു

ന്യൂഡൽഹി > പുതിയ കേന്ദ്രസഹകരണ മന്ത്രാലയത്തിനെതിരെ പ്രതിഷേധം ശക്തിപ്പെടുത്തി പ്രതിപക്ഷ പാർടികൾ. ഇടതുപക്ഷ പാർടികൾക്ക്‌ പുറമെ കോൺഗ്രസ്‌, എൻസിപി തുടങ്ങിയവയും മന്ത്രാലയ രൂപീകരണത്തിനെതിരെ രംഗത്തുവന്നു. സഹകരണമേഖല ശക്തമായ മഹാരാഷ്ട്ര, ഗുജറാത്ത്‌, കേരളം തുടങ്ങിയ സംസ്ഥാനങ്ങളെ ലക്ഷ്യമിട്ടാണ്‌ നീക്കമെന്ന്‌ പ്രതിപക്ഷ പാർടികൾ ആരോപിച്ചു. മന്ത്രാലയചുമതല അമിത്‌ ഷായ്‌ക്ക്‌ നൽകിയതിലും ഗൂഢലക്ഷ്യങ്ങളുണ്ടെന്ന്‌ ഇവർ കുറ്റപ്പെടുത്തി.

കൃഷി മന്ത്രാലയത്തിന്‌ കീഴിൽ സഹകരണവകുപ്പാണ്‌ ഇതുവരെ കേന്ദ്രത്തിലുണ്ടായിരുന്നത്‌. ഭരണതലത്തിൽ വലിയ മാറ്റമുണ്ടാവില്ലെങ്കിലും മന്ത്രാലയം അമിത്‌ ഷായുടെ നിയന്ത്രണത്തിലാണെന്നത്‌ അപകടസൂചനയാണ്‌. പഞ്ചസാര മേഖലയടക്കം സഹകരണപ്രസ്ഥാനം ശക്തമായ മഹാരാഷ്ട്രയിൽ കൂടുതൽ സ്ഥാപനങ്ങളും കോൺഗ്രസ്‌ – എൻസിപി നിയന്ത്രണത്തിലാണ്‌. ബിജെപിക്കെതിരെ ശരത്‌ പവാറിന്റെയും മറ്റും നേതൃത്വത്തിൽ കൂട്ടായ്‌മ രൂപപ്പെടുന്ന ഘട്ടത്തിലാണ്‌ പുതിയ നീക്കം.

സഹകരണ വകുപ്പുള്ളപ്പോൾ പ്രത്യേക മന്ത്രാലയത്തിന്റെ ആവശ്യമെന്താണെന്ന്‌ മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും കോൺഗ്രസ്‌ നേതാവുമായ പൃഥ്വിരാജ്‌ ചവാൻആരാഞ്ഞു. വകുപ്പ്‌ കൈകാര്യംചെയ്യുന്നത്‌ അമിത്‌ ഷായാണെന്നത്‌ ഗൗരവമുള്ള വിഷയമാണ്‌. സഹകരണ സ്ഥാപനങ്ങൾ നിർണായകമായ മഹാരാഷ്ട്രയും ഗുജറാത്തും ബിജെപിക്ക്‌ പ്രധാനവുമാണ്‌. ഗുജറാത്തിൽ 2022ൽ നിയമസഭാ തെരഞ്ഞെടുപ്പുണ്ട്‌. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മഹാസഖ്യംതുടർന്നാൽ മഹാരാഷ്ട്രയിൽ ബിജെപി പാടെ തകരും. ഈ പശ്‌ചാത്തലത്തിലാണ്‌  അമിത്‌ ഷാ കളത്തിലിറങ്ങുന്നത്‌. സഹകരണ സ്ഥാപനങ്ങൾക്ക്‌ വലിയ സ്വാധീനമുള്ളതിനാൽ അവയ്‌ക്ക്‌ മേൽ പിടിമുറുക്കുകയാണ്‌ ബിജെപിയുടെ ലക്ഷ്യം–- ചവാൻ പറഞ്ഞു.

സർക്കാർനീക്കം ഫെഡറൽ തത്വങ്ങളുടെ ലംഘനമാണെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്‌. സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട സഹകരണ മേഖലയിൽ ആഭ്യന്തര മന്ത്രിക്ക്‌ എന്താണ്‌ കാര്യമെന്ന്‌ സിപിഐ ജനറൽ സെക്രട്ടറി ഡി രാജ ചോദിച്ചു. സംസ്ഥാനങ്ങളുടെ അധികാരവും അവകാശവും അപഹരിക്കുകയാണെന്നും രാജ പറഞ്ഞു.

കേന്ദ്രം സഹകരണരംഗം കയ്യടക്കുന്നു: കെ മുരളീധരന്‍

കോഴിക്കോട്> സഹകരണ സ്ഥാപനങ്ങളുടെ അധികാരം കേന്ദ്രസര്‍ക്കാര്‍ കയ്യാളുകയാണെന്ന് കെ മുരളീധരന്‍ എംപി. ഓരോ മേഖലയായി മോഡി സര്‍ക്കാര്‍ രാഷ്ട്രീയവല്‍ക്കരിക്കയാണ്. സഹകരണമന്ത്രിയായുള്ള അമിത്ഷായുടെ വരവ് ഇതിന്റെ ഭാഗമാണ്.

പെട്രോള്‍ വില ദിവസവും കൂട്ടി ജനദ്രോഹം തുടരുന്നവര്‍  എന്ത് മുഖം മിനുക്കിയാലും നന്നാവില്ല- ഇന്ധനവിലവര്‍ധനക്കെതിരായ യുഡിഎഫ് സമരം ഉദ്ഘാടനം ചെയ്ത് മുരളീധരന്‍ പറഞ്ഞു.

സഹകരണ മന്ത്രാലയം; ‘ഹിന്ദു ബാങ്കി’ന്‌ നിലമൊരുക്കൽ

തിരുവനന്തപുരം > കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌‌ ഷായുടെ ചുമതലയിൽ സഹകരണമന്ത്രാലയം രൂപീകരിക്കുന്നതിന്റെ മുഖ്യലക്ഷ്യങ്ങളിലൊന്ന്‌ കേരളത്തിൽ ബിജെപിക്കാർ തുടങ്ങിയ ‘ഹിന്ദു ബാങ്കു’കൾക്ക്‌ അടിത്തറയൊരുക്കൽ. ഹിന്ദുക്കളുടെ പണം ഹിന്ദുക്കൾക്ക് എന്നാണ് ഈ ബാങ്കുകളുടെ മുദ്രാവാക്യം.

കേന്ദ്രസർക്കാരിന്റെ 2014ലെ നിധി റൂൾ പ്രകാരം പ്രവർത്തിക്കുന്ന ബാങ്കേതര ധനസ്ഥാപനങ്ങളാണിവ. 870 കമ്പനി കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന്‌ ബിജെപി കേന്ദ്രങ്ങൾ പറയുന്നു. ഇവയിലൊരുഭാഗം കേന്ദ്ര സഹകരണ നിയമപ്രകാരമുള്ള അന്തർ സംസ്ഥാന സംഘങ്ങളാണ്. അതിലൊന്നാണ്‌ നിക്ഷേപകരുടെ പണം തട്ടി മുങ്ങിയ ചെർപ്പുളശേരി ഹിന്ദു ബാങ്ക്. ഹിന്ദുനിധി കമ്പനികളെ അന്തർസംസ്ഥാന സഹകരണ സംഘങ്ങളാക്കാനോ പുതിയവ ആരംഭിക്കാനോ ആയിരിക്കും മന്ത്രാലയത്തിന്റെ ശ്രമം. ഹിന്ദു ബാങ്കുകൾക്ക് ധനസഹായത്തിന്‌ കേന്ദ്ര സർക്കാർ മുൻകൈയിൽ അന്തർ സംസ്ഥാന സഹകരണ ബാങ്ക്‌ ആരംഭിക്കാനുള്ള സാധ്യതയും തള്ളാനാകില്ലന്ന്‌ മുൻ ധനമന്ത്രി ഡോ. ടി എം തോമസ്‌ ഐസക്‌ പറഞ്ഞു.

കേരളത്തിലെ നൂറ്റാണ്ട്‌ പഴക്കമുള്ള ജനകീയ സംഘങ്ങളെ തകർക്കാൻ റിസർവ്‌ ബാങ്കിനെയാകും ഉപയോഗിക്കുകയെന്ന്‌ ഐസക്‌ വിലയിരുത്തി. ബാങ്കിങ്‌ നിയന്ത്രണ നിയമഭേദഗതിയിലൂടെ അർബൻ ബാങ്കുകളെയും സംസ്ഥാന സഹകരണ ബാങ്കിനെയും റിസർവ്‌ ബാങ്ക്‌ കൈപ്പിടിയിലാക്കി. പ്രാഥമിക കാർഷിക സംഘങ്ങൾക്കും കാർഷിക വികസന സംഘങ്ങൾക്കും ബാങ്ക് വിശേഷണം നിഷേധിക്കപ്പെടാം.  ഇതോടെ അമിത് ഷായുടെ ചൊൽപ്പടിക്കുനിൽക്കുന്ന അന്തർ സംസ്ഥാന സഹകരണ ബാങ്കുകളും അനുബന്ധ സ്ഥാപനങ്ങളും സംസ്ഥാന സഹകരണ മേഖല നിയന്ത്രിക്കും. വായ്‌പാ സംഘങ്ങൾ വരുതിയിലാക്കി മറ്റു സംഘങ്ങളെയും കീഴ്‌പ്പെടുത്തുകയാകും തന്ത്രം.

ചെർപ്പുളശ്ശേരിയിൽ ബിജെപിയുടെ "ഹിന്ദു ബാങ്ക്‌' തട്ടിപ്പ്‌; നിക്ഷേപകരെ പറ്റിച്ചത്‌ കോടികൾ

ചെർപ്പുളശേരി > ചെർപ്പുളശേരിയിൽ ഹിന്ദുസ്ഥാൻ ഡെവലപ്മെന്റ് ബാങ്കി (ഹിന്ദു ബാങ്ക്‌) ന്റെ പേരിൽ സംഘപരിവാർ നടത്തിയത്‌ കോടി കണക്കിന്‌ രൂപയുടെ തട്ടിപ്പ്‌. നിരവധി നിക്ഷേപകരില്‍ നിന്നും വാങ്ങിയ പണം തിരിച്ചു നല്‍കാത്തതിനെ തുടർന്നാണ്‌ ബാങ്ക് കഴിഞ്ഞദിവസം പൂട്ടിയത്. സജീവ ആർഎസ്എസ് പ്രവർത്തകനും സംഘപരിവാറിന്റെ സോഷ്യൽമീഡിയ ചുമതലക്കാരനുമായ ബാങ്കിന്റെ ചെയർമാൻ സുരേഷ് കൃഷ്‌ണക്കെതിരെ 15 പേർ ചെർപ്പുളശേരി പൊലീസിൽ പരാതി നൽകി. ഇവരിൽ നിന്ന് 97 ലക്ഷം രൂപ സ്വരൂപിച്ചെന്നാണ് പരാതി. ബാങ്കിന് വേണ്ടി വാങ്ങിയ വാഹനങ്ങൾ ചെയർമാൻ സ്വന്തം പേരിൽ രജിസ്റ്റർ ചെയ്‌തെന്നും ആരോപണമുണ്ട്‌. അതേസമയം, ബാങ്കിന്റെ ഡയറക്‌ടർമാർ തന്നെ ചെയർമാനെതിരെ പരാതി നൽകി നിക്ഷേപകരെ കബളിപ്പിക്കാനാണ്‌ ആർഎസ്എസ് - ബിജെപി നേതാക്കളുടെ നീക്കം.

നിക്ഷേപകരിൽനിന്ന് കോടിക്കണക്കിന്‌ രൂപ സമാഹരിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ആർഎസ്എസ് -ബിജെപി നേതാക്കളായ ഡയറക്‌ട‌ർമാരെ രക്ഷപ്പെടുത്താനാണ്‌ ഭരണസമിതിയിലെ ഒരാൾക്കെതിരെ പരാതി നൽകിയത്‌. ഈ തട്ടിപ്പ് ആർഎസ്എസ് - ബിജെപി നേതാക്കളുടെ അറിവോടെയാണ്. പണം എങ്ങോട്ട് പോയി എന്നതിൽ വിശദമായ അന്വേഷണം നടത്താനാണ്‌ പൊലീസ്‌ ശ്രമിക്കുന്നത്‌.

ഹിന്ദുക്കളുടെ ഉന്നമനത്തിനായി ലാഭം വിനിയോഗിക്കും എന്നായിരുന്നു ഹിന്ദുസ്ഥാൻ ഡെവലപ്മെന്റ് ബാങ്കിന്റെ പേരിലുള്ള പ്രചാരണം. പേര് പിന്നീട് എച്ച്ഡിബി നിധി ലിമിറ്റഡ് എന്നാക്കി മാറ്റി. നിരവധി പേരിൽ നിന്ന് 16 ശതമാനം വരെ പലിശ നൽകാം എന്ന് വിശ്വസിപ്പിച്ചാണ്‌ നിക്ഷേപം സ്വീകരിച്ചതെന്ന്‌ പരാതിയിൽ പറയുന്നു‌. ഉയർന്ന പലിശ ലഭിക്കുമെന്ന്‌ വിശ്വസിച്ച ഒരു ബിജെപി പ്രവർത്തകൻ ഭാര്യയുടെ സ്വർണം മറ്റു ബാങ്കിൽ പണയപ്പെടുത്തി പണം ഇവിടെ നിക്ഷേപിച്ചു. ആർഡി എന്ന പേരിൽ 2500 രൂപയും വ്യാപകമായി പിരിച്ചു.

ജോലി വാഗ്‌ദാനം ചെയ്‌തും ബിജെപി പ്രവർത്തകരായ ചിലരിൽനിന്നും പണം വാങ്ങി. കോടികൾ തട്ടിയെടുത്ത ഈ കൊള്ളയുടെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തു വരും. കൂടുതൽ നിക്ഷേപകർ പണം തിരിച്ചു ലഭിക്കുന്നതിന് പരാതിയുമായി രംഗത്തുവരുമെന്നും പറയുന്നു. ബാങ്കിന്റെ മുഴുവൻ ഡയറക്‌ട‌‌ർമാരും ബിജെപി - ആർഎസ്‌എസ്‌ പ്രവർത്തകരാണ്‌.

ബാങ്ക് തുടങ്ങി ഒരു വർഷത്തിൽ കോടികൾ സമാഹരിച്ച ശേഷമാണ് പൂട്ടുന്നതെന്ന് നിക്ഷേപകർ പരാതിയില്‍ പറയുന്നു. ബാങ്ക് അധികൃതരുടെ നിലപാടില്‍ അനിഷ്‌ട‌‌മുണ്ടായ ഇടപാടുകാര്‍ നിക്ഷേപം തിരികെ ചോദിച്ചതിനു ശേഷമാണ് ബാങ്ക് പൂട്ടിയത്. പണം നഷ്‌ടപ്പെട്ടവര്‍ ബാങ്ക് അധികൃതരോട് പണം ആവശ്യപ്പെട്ടെങ്കിലും പണം നൽകാൻ തയ്യാറായില്ല.

വലിയ പലിശ വാഗ്‌ദാനം ചെയ്‌താണ് സുരേഷ്‌കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘം നിക്ഷേപം സമാഹരിച്ചത്. സ്ഥാപനം "ഹിന്ദു ബാങ്ക്' എന്ന പേരിലും ഇവർ പ്രചരിപ്പിച്ചിരുന്നു. ബിജെപി, ആർഎസ്എസ് പ്രവർത്തകരും പണം നിക്ഷേപിച്ചവരിലുണ്ട്. സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടത്തി​ന്റെ ഉടമയെയും മാസങ്ങളായി വാടക നല്‍കാതെ വഞ്ചിച്ചു. കള്ളപ്പണവും കുഴൽപ്പണവും തട്ടിയെന്ന പരാതിയിൽ ബിജെപി സംസ്ഥാന നേതാക്കൾ സംശയത്തിന്റെ നിഴലിൽ നിൽക്കുമ്പോഴാണ് ചെർപ്പുളശേരിയില്‍ ബാങ്കിന്റെ മറവിലുള്ള പണം തട്ടിപ്പ്.

ചെർപ്പുളശേരി ഹിന്ദു ബാങ്ക്‌ തട്ടിപ്പ്‌: ഡയറക്ടർമാരുടെ ബിജെപി ബന്ധം പുറത്തുവിട്ട്‌ ചെയർമാൻ

പാലക്കാട്‌> ചെർപ്പുളശേരിയിൽ സംഘപരിവാർ നേതൃത്വത്തിൽ ആരംഭിച്ച ഹിന്ദുസ്ഥാൻ ഡെവലപ്മെന്റ് ബാങ്ക് (ഹിന്ദു ബാങ്ക്) പൂട്ടി നിക്ഷേപകരെ കബളിപ്പിച്ച സംഭവത്തിൽ ബിജെപി ബന്ധം പുറത്തുവിട്ട്‌ ബാങ്ക്‌ ചെയർമാൻ സുരേഷ്‌ കൃഷ്‌ണ. ബാങ്ക്‌ നടത്തിപ്പിൽ പങ്കില്ലെന്ന്‌ ബിജെപി നേതൃത്വം ആവർത്തിക്കുന്നതിനിടെയാണ്‌ ഡയറക്ടർമാരെല്ലാം ബിജെപി–ആർഎസ്‌എസ്‌ നേതാക്കളാണെന്ന് ചെയർമാൻ സാമൂഹ്യമാധ്യമം വഴി പുറത്തുവിട്ടത്‌. തന്റെ ജീവന്‌ ഭീഷണിയുണ്ടെന്നും ഇയാള്‍ പറയുന്നു.

നിക്ഷേപകരെ കബളിപ്പിച്ച്‌ ലക്ഷങ്ങൾ തട്ടിയെന്ന്‌ ചെർപ്പുളശേരി പൊലീസിൽ പരാതി നൽകിയത്‌ ബാങ്ക്‌ ഡറക്ടർമാർതന്നെയാണ്‌. എന്നാൽ, ഒരു വ്യക്തിക്ക്‌ മാത്രമായി തട്ടിപ്പ്‌ നടത്താനാകില്ലെന്നും ഡയറക്ടർമാരുടെ അറിവോടെമാത്രമേ അതിന്‌ കഴിയൂവെന്നും സുരേഷ്‌ കൃഷ്‌ണ പറയുന്നു.

ബിജെപി ഷൊർണൂർ നിയോജക മണ്ഡലം സെക്രട്ടറിമാരായ വിനോദ് കുളങ്ങര,- രാജു കൂട്ടാല,  ആർഎസ്എസ് ചെർപ്പുളശേരി ഖണ്ഡ് സഹകാര്യവാഹ് അനൂപ് തരുവക്കോണം,ആർഎസ്എസ് ചെർപ്പുളശേരി നഗർ ശാരീരിക് പ്രമുഖ് മനീഷ്-, സേവാഭാരതി ചെർപ്പുളശേരി മുനിസിപ്പൽ സെക്രട്ടറി കാർത്തിക്, കൃഷ്ണപ്രഭ തൂത, ആർഎസ്എസ് നെല്ലായ പ്രമുഖ് അനിൽകുമാർ, ആർഎസ്എസ് ചെർപ്പുളശേരി ഖണ്ഡ് സേവാപ്രമുഖ് പ്രശാന്ത്- എന്നിവരാണ്‌ ബാങ്ക്‌ ഡയറക്ടർമാർ. ചെയർമാൻ സുരേഷ്‌ കൃഷ്‌ണ -ആർഎസ്എസ് മുൻ ജില്ലാ ജാഗരൺ പ്രമുഖാണ്‌.

ബാങ്കുമായി ബന്ധപ്പെട്ട് മുപ്പതോളം വരുന്ന ആർഎസ്‌എസ്‌ പ്രവർത്തകർ വീട്ടിൽ കയറി കുടുംബാംഗങ്ങളെ അധിക്ഷേപിച്ചു. അതിനാൽ തന്റെ ജീവന്‌ ഭീഷണിയുണ്ടെന്നും സുരേഷ്‌ കൃഷ്‌ണ ഫെയ്‌സ്‌ ബുക്ക്‌ പോസ്‌റ്റിൽ പറയുന്നു. നിക്ഷേപകര്‍ക്ക് 97 ലക്ഷം രൂപ നഷ്ടമായെന്നാണ്‌ പരാതി.

ചെർപ്പുളശേരി ഹിന്ദു ബാങ്ക്‌; പണം തട്ടിയത്‌ ആർഎസ്‌എസ്‌ നേതാവിന്റെ നേതൃത്വത്തിൽ

ചെർപ്പുളശേരി > ചെർപ്പുളശേരിയിൽ സംഘപരിവാർ നേതൃത്വത്തിലുള്ള ഹിന്ദുസ്ഥാൻ ഡെവലപ്‌മെന്റ്‌ ബാങ്കി(ഹിന്ദു ബാങ്ക്‌)ന്റെ പേരിൽ തട്ടിപ്പ്‌ നടന്നതായി മുൻ ഡയറക്‌ടർ. ആർഎസ്എസ് നെല്ലായ മണ്ഡൽ മുൻ ബൗദ്ധിക്പ്രമുഖായ അനിൽകുമാറാണ്‌ വാർത്താസമ്മേളനത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. ഓഹരിയായും നിക്ഷേപമായും പണം സ്വീകരിച്ചായിരുന്നു തട്ടിപ്പ്‌.

ബാങ്ക്‌ ചെയർമാനും ആർഎസ്‌എസ്‌ മുൻ ജില്ലാ ജാഗരൺ പ്രമുഖുമായ സുരേഷ്‌ കൃഷ്‌ണ, ബിജെപി നേതാവ്‌ പ്രശാന്ത്‌ ആച്ചങ്ങാട്ട്‌ എന്നിവരാണ്‌ പണം പിരിച്ചത്‌. എസ്‌ ബി അക്കൗണ്ട്‌ എന്ന പേരിലായിരുന്നു പണപ്പിരിവ്‌. കഴിഞ്ഞ വർഷം ആരംഭിച്ച സ്ഥാപനം ഉപയോഗിച്ച്‌ ചെയർമാൻ സുരേഷ്‌ കൃഷ്‌ണ വൻ തോതിൽ സാമ്പത്തിക ഇടപാട്‌ നടത്തി. 2010ൽ ഒരുബൈക്ക്‌ മാത്രമുണ്ടായിരുന്ന ഇയാൾക്ക്‌ ഇപ്പോൾ മാരുതി ഈക്കോ നാലെണ്ണം,  മാരുതി സ്വിഫ്‌റ്റ്‌, ടൊയോട്ട ഗ്ലാൻസ, ബൊലേറൊ, നാല്‌ ബൈക്ക്‌ എന്നിവയുണ്ട്‌. തൃശൂർ ഹൈസൺ ജീപ്പ്‌ ഷോറൂമിൽ ജീപ്പ്‌ കോംപസ്‌ ബുക്ക്‌ ചെയ്യാൻ 50,000 രൂപ അഡ്വാൻസും നൽകി. ഈ പണമെല്ലാം ബാങ്കിന്റെ മറവിൽ തട്ടിയതാണ്‌. സുരേഷ്‌ കൃഷ്‌ണ, ഭാര്യ ഉമാ ദാക്ഷായണി, പ്രശാന്ത്‌ ആച്ചങ്ങാട്ടിൽ, വിനീത ദേവൻ എന്നിവരാണ്‌ തട്ടിപ്പിന് കൂട്ടുനിന്നത്‌. ഏഴ്‌ ഡയറക്‌ടർമാരുണ്ട്‌ എന്ന്‌ തെറ്റിദ്ധരിപ്പിച്ചു. യഥാർഥത്തിൽ മൂന്ന്‌ പേരാണ്‌ ഡയറക്‌ടർമാർ.

സ്ഥാപനം നടത്തിപ്പും ഓഹരി നിക്ഷേപിച്ചതും സംഘപരിവാർ ബന്ധമുള്ളവരാണ്‌. എല്ലാ ഡയറക്‌ടർമാർക്കും ഉത്തരവാദിത്തമുണ്ടെന്ന സുരേഷ്‌ കൃഷ്‌ണയുടെ ആരോപണത്തെ തുടർന്നാണ് ഈ തുറന്നു പറച്ചിൽ. ബാങ്കിങ്‌ സ്ഥാപനം നടത്താനുള്ള അനുമതിയില്ലാതെ പണമിടപാട്‌ നടത്തുന്നത്‌ നിയമവിരുദ്ധമാണെന്ന്‌ ബോധ്യപ്പെട്ടതിനാൽ കഴിഞ്ഞ വർഷം ഡിസംബറിൽ ഡയറക്‌ടർസ്ഥാനം രാജിവച്ചതായും അനിൽകുമാർ പറഞ്ഞു. ബിജെപി നേതാക്കളായ വിനോദ് കുളങ്ങര, രാജു കൂട്ടാല, കാർത്തിക് കറുത്തേടത്ത്, അനൂപ് തരുവക്കോണം, മനീഷ്, കൃഷ്‌ണപ്രഭ എന്നിവരും വാർത്താസമ്മേളനത്തിൽപങ്കെടുത്തു.

നിക്ഷേപാനുകൂലമല്ല കേരളം എന്ന വാദം അപമാനിക്കാനുള്ള ആസൂത്രിത നീക്കം: മുഖ്യമന്ത്രി

തിരുവനന്തപുരം> കാലഹരണപ്പെട്ടതും  വസ്തുതകള്‍ക്ക് മുന്നില്‍ പരാജയപ്പെട്ട് പോകുന്നതുമായ വാദമാണ് കേരളം നിക്ഷേപാനുകൂലമല്ല എന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍  മാധ്യമങ്ങളോട് വ്യക്തമാക്കി . കേരളത്തെ അപമാനിക്കാനുള്ള ആസൂത്രിത നീക്കമാണെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ തലത്തില്‍ മികച്ച നിക്ഷേപ സൗഹൃദ അന്തരീക്ഷം നിലവിലുള്ള സംസ്ഥാനമാണ് ഇന്ന് കേരളം. വിജ്ഞാന സമ്പദ്ഘടനയിലേക്കുള്ള  മാറ്റമാണ് നാം ലക്ഷ്യം വെക്കുന്നത്. അതിനുള്ള  നടപടികളാണ് നാം സ്വീകരിച്ചുപോന്നത്. നീതി ആയോഗ്  ഈ മാസം പ്രസിദ്ധപ്പെടുത്തിയ   സുസ്ഥിര വികസന സൂചികയില്‍ കേരളം ഒന്നാമതാണ്. 75 സ്‌കോര്‍ നേടിയാണ് നമ്മുടെ സംസ്ഥാനം ഒന്നാമതെത്തിയത്.

സൂചികയിലെ പ്രധാന പരിഗണനാവിഷയമായ വ്യവസായ വികസനമാണ്  ഈ നേട്ടം കൈവരിക്കാന്‍ സഹായകമായത്. നീതി ആയോഗിന്റെ തന്നെ മറ്റൊരു സൂചികയായ ഇന്ത്യ ഇന്നവേഷന്‍ സൂചികയില്‍  മികച്ച ബിസിനസ് സാഹചര്യം, മനുഷ്യ മൂലധനം എന്നീ വിഭാഗങ്ങളില്‍ രണ്ടാം സ്ഥാനവും മെച്ചപ്പെട്ട നിക്ഷേപ സാഹചര്യങ്ങള്‍ എന്ന വിഭാഗത്തില്‍  നാലാം സ്ഥാനവും കേരളത്തിന്  കൈവരിക്കാനായി.

നാഷണല്‍ കൗണ്‍സില്‍ ഓഫ്  അപ്ലൈഡ്  എക്കണോമിക്‌സ് റിസര്‍ച്ചിന്റെ 2018 ലെ നിക്ഷേപ സാധ്യത സൂചികയില്‍ കേരളം നാലാമതായിരുന്നു. ഭൂമി, തൊഴില്‍, രാഷ്ട്രീയ സ്ഥിരത, ബിസിനസ് അവബോധം  തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചാണിത്.ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനു  ശേഷം 2016 മുതല്‍ സുപ്രധാനമായ വ്യവസായ നിക്ഷേപാനുകൂല നടപടികള്‍ സ്വീകരിക്കുകയുണ്ടായി. വ്യവസായ തര്‍ക്ക പരിഹാരത്തിനായി സ്റ്റാറ്റിയൂട്ടറി സ്വഭാവത്തോടെ ജില്ലാതല സമിതികള്‍ ഏര്‍പ്പെടുത്താന്‍ ആദ്യ മന്ത്രിസഭായോഗം തന്നെ തീരുമാനിച്ചു.

വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനക്കായി കേന്ദ്രീകൃത സംവിധാനം രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി  സോഫ്റ്റ് വെയര്‍ അധിഷ്ഠിത പരാതി രഹിത  സംവിധാനമുണ്ടാക്കും. നിലവിലുള്ള ത്രിതല സംവിധാനത്തിന് പുറമേ സംസ്ഥാനത്തെ എല്ലാ വ്യവസായ പാര്‍ക്കുകളിലും സംരംഭകര്‍ക്ക് അതിവേഗം അനുമതി ലഭ്യമാക്കുന്നതിന് ഏകജാലക ബോര്‍ഡുകള്‍ രൂപീകരിക്കുകയാണ്.

എംഎസ്എംഇകള്‍ക്ക് കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി മറികടക്കുന്നതിന് 1416 കോടി രൂപയുടെ സഹായ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

പൊതുമേഖലാ സ്ഥാപനങ്ങളുടെ നവീകരണത്തിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുകയാണ്. കൊച്ചി  ബാംഗ്ലൂര്‍ വ്യവസായ ഇടനാഴിക്കായി സ്ഥലം ഏറ്റെടുക്കുന്ന പ്രക്രിയ  ഡിസംബറില്‍ പൂര്‍ത്തിയാക്കും. നിയമങ്ങളില്‍ മാറ്റം വരുത്തിയും നടപടികള്‍ ലളിതമാക്കിയും നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും അനുകൂല സാഹചര്യം സൃഷ്ടിക്കാന്‍ ഒട്ടേറെ നടപടികളാണ്  എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

വ്യവസായ നിക്ഷേപത്തിനുള്ള നടപടികള്‍ ലളിതമാക്കാന്‍  ഏഴു നിയമങ്ങളും 10 ചട്ടങ്ങളും ഭേദഗതി ചെയ്ത് കേരള  ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ്

ഫെസിലിറ്റേഷന്‍ ആക്ട് 2018 നടപ്പാക്കി.നിക്ഷേപത്തിനുള്ള  ലൈസന്‍സും അനുമതികളും വേഗത്തില്‍ ലഭ്യമാക്കാന്‍ കേരള സിംഗിള്‍ വിന്‍ഡോ ഇന്റര്‍ഫേസ് ഫോര്‍ ഫാസ്റ്റ് ആന്‍ഡ് ട്രാന്‍സ്പരന്റ് ക്ലിയറന്‍സ് (കെ സ്വിഫ്റ്റ്) എന്ന പേരില്‍ ഓണ്‍ലൈന്‍ ക്ലിയറന്‍സ് സംവിധാനം ആവിഷ്‌കരിച്ചു.

മുപ്പതോളം വകുപ്പുകളുടെ അനുമതിക്കായി ഏകീകൃത അപേക്ഷാഫോറം ഇതിന്റെ ഭാഗമായി തയ്യാറാക്കി. 30 ദിവസത്തിനകം അപേക്ഷകളില്‍ തീരുമാനം ഇല്ലെങ്കില്‍  കല്‍പിത അനുമതി ലഭിച്ചതായി കണക്കാക്കും എന്ന് വ്യവസ്ഥ ചെയ്തു.

മുന്‍കൂര്‍ അനുമതിയില്ലാതെ എം എസ് എം ഇ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് കേരള സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ സുഗമമാക്കല്‍ നിയമം പാസാക്കി. ഒരു സാക്ഷ്യപത്രം മാത്രം നല്‍കി വ്യവസായം തുടങ്ങാം.  മൂന്നുവര്‍ഷം കഴിഞ്ഞ്  ആറു മാസത്തിനകം ലൈസന്‍സും അനുമതികളും നേടിയാല്‍ മതി. ഈ സ്ഥിതി നിലവിലുള്ള ഏക സംസ്ഥാനമാണ് കേരളം.

കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ മാത്രം 70,946 ചെറുകിട വ്യവസായ യൂണിറ്റുകള്‍ പുതുതായി ആരംഭിച്ചു. 6612 കോടി രൂപയുടെ നിക്ഷേപമെത്തി. 2 ലക്ഷം യൂണിറ്റുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു.നൂറുകോടി രൂപ വരെ  മുതല്‍മുടക്കുള്ള വ്യവസായങ്ങള്‍ക്ക് ഒരാഴ്ചയ്ക്കകം അനുമതി നല്‍കാന്‍ നിയമഭേദഗതി കൊണ്ടുവന്നു. നിക്ഷേപകര്‍ ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കിയാല്‍ ഒരാഴ്ചക്കകം ആവശ്യമായ അംഗീകാരം നല്‍കും. കെ സ്വിഫ്റ്റ് വഴി അപേക്ഷ നല്‍കാം.

എം എസ് എം ഇ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനുള്ള അപേക്ഷകളില്‍ നടപടികള്‍ വേഗത്തിലാക്കാന്‍ കെ എസ് ഐ ഡി സി എംഡി കണ്‍വീനറായി നിക്ഷേപം സുഗമമാക്കല്‍ ബ്യൂറോ രൂപീകരിച്ചു.സംരംഭകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാനുള്ള ടോള്‍ ഫ്രീ സൗകര്യം, സംരംഭക അനുമതിക്കുള്ള അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് രൂപീകരിച്ച ഇന്‍വെസ്റ്റ്‌മെന്റ് ഫെസിലിറ്റേഷന്‍ സെന്റര്‍,  ഇന്‍വെസ്റ്റ് കണക്ട് ന്യൂസ് ലെറ്റര്‍, വ്യവസായ ലൈസന്‍സ് കാലാവധി 5 വര്‍ഷമായി വര്‍ധിപ്പിക്കാനുള്ള നടപടി, ലൈസന്‍സ് പുതുക്കുന്നതിന് ഓട്ടോ റിന്യൂവല്‍ സൗകര്യം, സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്കുള്ള അനുമതി,  അസെന്‍ഡ് നിക്ഷേപക സംഗമം  തുടങ്ങിയവ  നിക്ഷേപം ആകര്‍ഷിക്കുന്നതിന്  കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ സ്വീകരിച്ച നടപടികളും പദ്ധതികളുമാണ്.

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗില്‍ പത്താം സ്ഥാനത്തേക്ക് ഈ വര്‍ഷമെത്താനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ഇതിനിടയില്‍ ഒറ്റപ്പെട്ട എന്തെങ്കിലും  ചൂണ്ടിക്കാണിച്ച്  സംസ്ഥാനത്തിന്റെ  വ്യവസായ പുരോഗതിക്ക് തടസ്സം സൃഷ്ടിക്കാനുള്ള ശ്രമം നല്ലതല്ല. അത്തരം നീക്കങ്ങള്‍ നാടിന്റെ മുന്നോട്ടുള്ള പോക്കിനെ തകര്‍ക്കാനുള്ളതായി വിലയിരുത്തപ്പെടും.  

നിയമവും ചട്ടങ്ങളും പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ് . പരാതികള്‍ ഉയര്‍ന്നാല്‍ പരിശോധിക്കും. അത്തരം പരിശോധനകള്‍ സ്വാഭാവികമാണ്. അത് വേട്ടയാടലല്ല. ആരെയും വേട്ടയാടാന്‍ ഈ സര്‍ക്കാര്‍ തയാറല്ല.

അതുകൊണ്ട് കേരളത്തിലെ വ്യാവസായിക അന്തരീക്ഷം കൂടുതല്‍ സൗഹൃദമാക്കാന്‍, നിക്ഷേപസൗഹൃദ അന്തരീക്ഷം നല്ല രീതിയില്‍ വളര്‍ത്തി കൊണ്ടുവരാനും സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ നല്ല രീതിയില്‍ തന്നെ മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

കേരളം വ്യവസായ സൗഹൃദം: വി ഡി സതീശൻ

കേരളത്തിൽ മികച്ച വ്യവസായ സൗഹൃദ അന്തരീക്ഷമാണുള്ളതെന്നും അതിന്‌ വിരുദ്ധമായ  പ്രചാരണം ശരിയല്ലെന്നും പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ പറഞ്ഞു. ഇവിടെ വ്യവസായ സൗഹൃദ അന്തരീക്ഷമല്ലെന്ന സന്ദേശം നൽകുമ്പോൾ നമ്മുടെ നിക്ഷേപത്തെയും തൊഴിലിനെയും ബാധിക്കും. പരാതി ഉയരുമ്പോൾ പരിശോധിക്കണം. എന്നാൽ വ്യവസായികളെ പീഡിപ്പിക്കരുതെന്നും കേസരി സ്‌മാരക ട്രസ്‌റ്റ്‌ സംഘടിപ്പിച്ച മീറ്റ്‌ ദ പ്രസിൽ അദ്ദേഹം പറഞ്ഞു‌.

കേരളത്തിൽ മിലിറ്റന്റ്‌ ട്രേഡ്‌ യൂണിയനിസം ഇല്ല. ട്രേഡുയൂണിയനുകളും ഉടമകളും നല്ല സൗഹൃദത്തിലാണ്‌.  പോക്‌സോ കേസിലെ പ്രതിയെ മാത്യു കുഴൽനാടൻ എംഎൽഎ സംരക്ഷിക്കുന്നെന്ന പരാതിയിൽ ഡിസിസി അന്വേഷണം നടത്തുന്നുണ്ട്‌. കുറ്റകൃത്യം അറിഞ്ഞിട്ടും പൊലീസിൽ അറിയിച്ചില്ലെന്നാണ്‌ യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌ ഷാൻമുഹമ്മദിനെതിരായ പരാതി. പോക്‌സോ നിയമ പ്രകാരം അത്‌ തെറ്റല്ലെ എന്ന്‌ ചോദിച്ചപ്പോൾ അങ്ങനെയാണ്‌ നിയമമെന്ന്‌ സതീശൻ പറഞ്ഞു.

കോവിഡ്‌ മരണനിരക്ക്‌ കൃത്യമായി അറിയിക്കണം. പത്ത്‌ ദിവസത്തിനകം നടപടിയില്ലെങ്കിൽ എന്ത്‌ വേണമെന്ന്‌ പ്രതിപക്ഷം ആലോചിക്കും. ഡെത്ത്‌ ഓഡിറ്റ്‌ കമ്മിറ്റിക്കെതിരെ അന്വേഷണം വേണം. യുഡിഎഫ്‌ കൺവീനറുമായി ബന്ധപ്പെട്ട കാര്യം തങ്ങളുടെ ആഭ്യന്തര കാര്യമാണെന്നും സതീശൻ  പറഞ്ഞു.

കിറ്റെക്‌സ്‌ പോകുന്നത്‌ ശൂന്യമായ പാർക്കിലേക്ക്‌; ഒരു സംരംഭവുമില്ലാതെ കാകതീയ

ന്യൂഡൽഹി > കേരളത്തെ തള്ളിപ്പറഞ്ഞ്‌ തെലങ്കാനയിലേക്ക്‌ പോകാനൊരുങ്ങുന്ന കിറ്റെക്‌സ്‌, ആയിരം കോടിയുടെ നിക്ഷേപത്തിനൊരുങ്ങുന്നത്‌ നാലു വർഷത്തോളമായി ശൂന്യമായി കിടക്കുന്ന ടെക്‌സ്‌റ്റൈൽ പാർക്കിൽ. വാറങ്കലിലെ കാകതീയ മെഗാ ടെക്‌സ്‌റ്റൈൽ പാർക്കിലേക്കാണ്‌ തെലങ്കാന കിറ്റെക്‌സിനെ കൊണ്ടുപോകുന്നത്‌. 2017 സെപ്‌തംബർ 22നാണ്‌ മുഖ്യമന്ത്രി കെ ചന്ദ്രശേഖർറാവു പാർക്ക്‌ ഉദ്‌ഘാടനം ചെയ്‌തത്‌. കോടികളുടെ നിക്ഷേപമുണ്ടാകുമെന്നും ആയിരക്കണക്കിനാളുകൾക്ക്‌ തൊഴിലവസരമുണ്ടാകുമെന്നും ടിആർഎസ്‌ സർക്കാർ അവകാശപ്പെട്ടെങ്കിലും ഒരു കമ്പനിപോലും എത്തിയില്ല.

പാർക്കിന്റെ ഉദ്‌ഘാടനവേളയിൽ 22 കമ്പനിയുമായി ധാരണപത്രമായെന്നും 3900 കോടി രൂപയുടെ നിക്ഷേപമുണ്ടാകുമെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നു. 27,000 പേർക്ക്‌ നേരിട്ടും അരലക്ഷം പരോക്ഷമായും തൊഴിൽ ലഭിക്കുമെന്നും പറഞ്ഞു. എന്നാൽ, ധാരണപത്രത്തിനപ്പുറം കാര്യങ്ങൾ നീങ്ങിയില്ല. 1200 ഏക്കർ പാർക്ക്‌ നോക്കുകുത്തിയായത്‌ വലിയ രാഷ്ട്രീയ വിവാദവുമായി. മുഖ്യമന്ത്രിയുടെ മകൻ കെ ടി രാമറാവുവാണ്‌ സംസ്ഥാന കൈത്തറി മന്ത്രി. നിക്ഷേപമൊന്നും വരാത്തത്‌ മന്ത്രിയുടെ പിടിപ്പുകേടാണെന്ന്‌ പ്രതിപക്ഷം കുറ്റപ്പെടുത്തി. വാറങ്കലിൽ ഏപ്രിലിൽ നടന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ പ്രധാന ചർച്ചാവിഷയമായതും ടെക്‌സ്‌റ്റൈൽ പാർക്കാണ്‌. ആറു മാസത്തിനകം പാർക്ക്‌ പ്രവർത്തിക്കുമെന്നും അല്ലെങ്കിൽ രാജിവയ്‌ക്കുമെന്നും പഞ്ചായത്തീരാജ്‌ മന്ത്രി ഇ ദയാകർ റാവു പ്രതിപക്ഷത്തെ വെല്ലുവിളിച്ചിരുന്നു.

മൂന്നുമാസം പിന്നിട്ടിട്ടും കാര്യങ്ങൾ മാറിയില്ല. അതിനിടെയാണ്‌ കിറ്റെക്‌സ്‌ ചെയർമാൻ സാബു എം ജേക്കബിന്റെ  പ്രഖ്യാപനം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടത്‌. പാർക്കിൽ ഒരു യൂണിറ്റെങ്കിലും തുടങ്ങി മുഖംരക്ഷിക്കാനാണ്‌ തെലങ്കാന സർക്കാർ കിണഞ്ഞുശ്രമിക്കുന്നത്‌.

കിറ്റക്‌സിനെതിരെ കോൺഗ്രസ്‌ എംഎൽഎമാർ പരാതി നൽകിയിട്ടുണ്ടെന്ന്‌ വി ഡി സതീശൻ; പരിശോധന സ്വാഭാവികം

 കിറ്റക്‌സിനെതിരെ നടപടി ആവശ്യപ്പെട്ട് സര്‍ക്കാരിന് പ്രതിപക്ഷ എംഎല്‍എമാരുടെ കത്ത്

തിരുവനന്തപുരം > മലിനീകരണ പ്രശ്‌നത്തില്‍ കിഴക്കമ്പലം കിറ്റക്‌സ് കമ്പനിക്കെതിരെ നടപടി ആവശ്യപ്പെട്ട് യുഡിഎഫ് എംഎല്‍എമാര്‍ മുഖ്യമന്ത്രിക്കയച്ച കത്ത് പുറത്ത്. പി ടി തോമസ്, എല്‍ദോസ് കുന്നപ്പിള്ളില്‍, മാത്യു കുഴല്‍നാടന്‍, ടി ജെ വിനോദ് എന്നിവര്‍ കഴിഞ്ഞ ജൂണ്‍ 2ന് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്താണ് പുറത്തുവന്നിരിക്കുന്നത്.

ആധുനിക മലിനജല ശുദ്ധീകരണപ്ലാന്റ് സ്ഥാപിക്കുമെന്ന് കിറ്റക്‌സ് നല്‍കിയ ഉറപ്പിന്മേലാണ് കമ്പനിക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അനുമതി നല്‍കിയതെന്നും, എന്നാല്‍ നാളിതുവരെയായിട്ടും പ്ലാന്റ് സ്ഥാപിക്കുവാന്‍ കിറ്റക്‌സ് തയ്യാറായിട്ടില്ലെന്നും കത്തില്‍ പറയുന്നു. ആയതിനാല്‍ വ്യവസ്ഥ ലംഘിച്ച കിറ്റക്‌സ് കമ്പനിയുടെ പ്രവര്‍ത്തനം ആധുനിക ശുദ്ധീകരണ പ്ലാന്റ് സജ്ജമാക്കുന്നതുവരെ നിര്‍ത്തിവെക്കണമെന്നും എംഎല്‍എമാര്‍ ആവശ്യപ്പെട്ടു.

പ്രതിദിന മലിനജല ഉല്‍പാദനം കുറയ്ക്കണമെന്ന നിര്‍ദേശം കമ്പനി പാലിക്കണം, ജല ഉപഭോഗവും മലിനജല ഉല്‍പാദനവും കൃത്യമായി അറിയുവാന്‍ വാട്ടര്‍ മീറ്റേഴ്‌സ് സ്ഥാപിക്കണം, തുടങ്ങിയ ആറ് ആവശ്യങ്ങളടങ്ങിയ കത്തിന്റെ കോപ്പി പരിസ്ഥിതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ എന്നിവര്‍ക്കും എംഎല്‍എമാര്‍ നല്‍കിയിട്ടുണ്ട്.

കിറ്റക്‌സിനെതിരെ സര്‍ക്കാര്‍ ഏകപക്ഷീയമായി നടപടിയെടുക്കുന്നു എന്ന് പ്രചരണം നടക്കുന്നതിനിടെയാണ് പ്രതിപക്ഷ എംഎല്‍എമാരുടെ കത്തും പുറത്തുവന്നിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ കൂടി ആവശ്യത്തിലായിരുന്നു കിറ്റക്‌സ് കമ്പനികളിലെ പരിശോധനയെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞിരുന്നു.

കിറ്റക്‌സിനെതിരെ കോൺഗ്രസ്‌ എംഎൽഎമാർ പരാതി നൽകിയിട്ടുണ്ടെന്ന്‌ വി ഡി സതീശൻ; പരിശോധന സ്വാഭാവികം

കൊച്ചി > കിറ്റക്‌സ്‌ കമ്പനിക്കെതിരെ എറണാകുളം ജില്ലയിലെ നാലു കോൺഗ്രസ്‌ എംഎൽഎമാർ പരാതി നൽകിയെന്നത്‌ സത്യമാണെന്ന്‌  പ്രതിപക്ഷനേതാവ്‌ വി ഡി സതീശൻ പറഞ്ഞു. കടമ്പ്രയാർ മലീനീകരണമാണ്‌ എംഎൽഎമാർ പ്രധാനമായും പരാതിയിൽ ഉന്നയിച്ചത്‌. ജനപ്രതിനിധികളുശട പരാതി ലഭിച്ചാൽ സർക്കാർ പരിശോധന നടത്തുന്നത്‌ സ്വാഭാവിക നടപടിയാണ്‌. അതിൽ തെറ്റില്ലെന്നും അദ്ദേഹം  വാർത്താലേഖകരോടു പറഞ്ഞു.

ജനപ്രതിനിധികൾക്കുമാത്രമല്ല സാധാരണക്കാർക്കും പരാതി നൽകാം. പൊതുമേഖലാ സ്ഥാപനത്തിനെതിരെപൊലും പരാതി ലഭിച്ചാൽ പരിശോധിക്കേണ്ടത്‌ സർക്കാരിന്റെ കടമയാണ്‌. കിറ്റക്‌സിന്‌ ഇക്കാര്യത്തിൽ പ്രത്യേക അവകാശം ഇല്ല. കേരളം വ്യവസായ സൗഹൃദ സംസ്ഥാനം തന്നെയാണെന്ന്‌ വി ഡി സതീശൻ ആവർത്തിച്ചു. മറിച്ചുള്ള പ്രചാരണം സംസ്ഥാനത്തിന്റെ മഹിമ കളയുമെന്നും അദ്ദേഹം പറഞ്ഞു.

കേരള സർക്കാർ എപ്പോഴും വ്യവസായങ്ങൾക്ക്‌ പിന്തുണ നൽകുന്നവർ; സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ നിക്ഷേപമുള്ള വ്യവസായി ഹര്‍ഷ് ഗോയെങ്ക

കൊച്ചി > കേരള സര്‍ക്കാര്‍ വ്യവസായ സംരംഭങ്ങളുമായി ഏറ്റവും നന്നായി സഹകരിക്കുന്നവരാണെന്ന് ആര്‍പിജി ഗ്രൂപ്പ് ചെയര്‍മാനും വ്യവസായിയുമായ ഹര്‍ഷ് വര്‍ധന്‍ ഗോയെങ്ക. വ്യാവസായിക മുതൽമുടക്കിന് കേരളം അനുകൂലമല്ല എന്ന് പ്രചരിപ്പിക്കാൻ സംഘ്‌ പരിവാർ / ട്വൻറി ട്വൻറി അണികൾ വ്യാപകമായി ശ്രമിക്കുന്നതിനിടെയാണ്‌ കേരളത്തിൽ ഏറ്റവും കൂടുതൽ നിക്ഷേപം നടത്തിയിട്ടുള്ള വ്യവസായി ഹർഷ് ഗോയെങ്ക തന്നെ വാദങ്ങൾക്ക്‌ മറുപടി നൽകിയത്‌. സാമ്പത്തിക വിദഗ്‌ധ‌ ഷാമിക രവിയ്ക്കാണ്‌ ഗോയെങ്ക ട്വിറ്ററിൽ മറുപടി നൽകിയത്‌.

കിഴക്കമ്പലത്തെ കിറ്റെക്‌സ് ഗ്രൂപ്പ് കേരളത്തിലെ വ്യവസായ പദ്ധതി ഉപേക്ഷിക്കാന്‍ പോകുന്നുവെന്നും അതിന്‌ കാരണം സിപിഐ എം നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ പീഡനം മൂലമാണെന്നും ആരോപിച്ചുകൊണ്ടുള്ള സ്വരാജ്യ മാഗസീനിന്റെ ലേഖനം ഷാമിക റീട്വീറ്റ്‌ ചെയ്‌തിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു ഹര്‍ഷ് ഗോയെങ്ക.

‘ഞങ്ങളാണ് കേരളത്തിലെ ഏറ്റവും വലിയ തൊഴില്‍ദാതാക്കള്‍. കേരള സര്‍ക്കാര്‍ അത്യധികം പിന്തുണ നല്‍കുന്നവരായിട്ടാണ് ഞങ്ങള്‍ക്ക് അനുഭവപ്പെട്ടിട്ടുള്ളത്,’ - ഹര്‍ഷ് ഗോയെങ്ക ട്വീറ്റിൽ പറഞ്ഞു.

സ്വകാര്യ കമ്പനിയായ കിറ്റെക്‌സ് കേരളവുമായി ചേര്‍ന്നുള്ള പദ്ധതി ഉപേക്ഷിച്ചെന്നും അവരെ തമിഴ്‌നാട് വ്യവസായം ആരംഭിക്കുന്നതിനായി ക്ഷണിച്ചെന്നും കാണിച്ച് സ്വരാജ്യ മാഗസിന്‍ പ്രസിദ്ധീകരിച്ച ലേഖനമായിരുന്നു ഷാമിക റീട്വീറ്റ് ചെയ്‌തത്. 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതിക്ക് കിറ്റെക്‌സിനെ തമിഴ്‌നാട് സര്‍ക്കാര്‍ ക്ഷണിച്ചുവെന്നായിരുന്നു എം ഡി സാബു ജേക്കബ് പറഞ്ഞത്.

കേരളത്തിലെ പുതിയ നിക്ഷേപ പദ്ധതിയില്‍ നിന്നും പിന്മാറുന്നതായി കിറ്റെക്‌സ് അറിയിച്ചതിന് പിന്നാലെയാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ ക്ഷണമെന്നും സാബു പറഞ്ഞിരുന്നു. എന്നാൽ ഇതിന്റെ ആധികാരികത ഇപ്പോഴും വ്യക്തമായിട്ടില്ല. അനാവശ്യ പരിശോധനകള്‍ നടത്തുന്നുവെന്നാരോപിച്ചാണ് കേരള സര്‍ക്കാരുമായി ഉണ്ടാക്കിയ ധാരണാപത്രത്തില്‍ നിന്ന് പിന്മാറുന്നതായി സാബു ജേക്കബ് അറിയിച്ചത്.

അതേസമയം വ്യവസായ വകുപ്പിന്റെ നേതൃത്വത്തിലുള്ള പരിശോധനകളൊന്നും കിറ്റെക്‌സില്‍ നടന്നിട്ടില്ലെന്നും മറ്റ് ചില വകുപ്പുകളുടേയും സെക്‌ട‌ര്‍ മജിസ്‌ട്രേറ്റിന്റേയും പരിശോധനയാണ് നടന്നതെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കിയിരുന്നു. കിറ്റെക്‌സ് ഉന്നയിച്ച പരാതികള്‍ പരിശോധിക്കാന്‍ വ്യവസായ വകുപ്പ് സെക്രട്ടറിയെ അപ്പോള്‍ തന്നെ ചുമതലപ്പെടുത്തുകയും ചെയ്‌തു.

നിയമപ്രകാരം വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാനും നടത്താനും ആഗ്രഹിക്കുന്ന ആര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളം മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനം; ഹർഷ്‌ ഗോയെങ്കയുടെ വാക്കുകൾക്ക്‌ നന്ദി അറിയിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം > കേരളം രാജ്യത്തെതന്നെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളിലൊന്നാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ആര്‍പിജി ഗ്രൂപ്പ് ചെയര്‍മാനും വ്യവസായിയുമായ ഹര്‍ഷ് ഗോയെങ്കയുടെ പ്രശംസ ട്വീറ്റിന്‌ മറുപടിയായാണ്‌ മുഖ്യമന്ത്രിയുടെ ട്വീറ്റ്‌.

എൽഡിഎഫ്‌ സർക്കാർ നിക്ഷേപ/വ്യവസായ സൗഹൃദ നയം തുടരുമെന്നും, വ്യവസായ സംരംഭങ്ങളുടെ സുസ്ഥിരമായ നിലനിൽപ്പ്‌ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി ഗോയെങ്കയ്‌ക്ക്‌ റീട്വീറ്റ്‌ ചെയ്‌തുകൊണ്ട്‌ പറഞ്ഞു. കേരളത്തിലെ ഏറ്റവും വലിയ തൊഴില്‍ദാതാക്കള്‍ തങ്ങളാണെന്നും സര്‍ക്കാറില്‍ നിന്ന് നല്ല പിന്തുണയാണ് ലഭിക്കുന്നതെന്നുമാണ് വ്യവയായി ഹര്‍ഷ് ഗോയെങ്ക ട്വീറ്റ് ചെയ്‌തത്.

വ്യാവസായിക മുതൽമുടക്കിന് കേരളം അനുകൂലമല്ല എന്ന് പ്രചരിപ്പിക്കാൻ സംഘ്‌ പരിവാർ / ട്വൻറി ട്വൻറി അണികൾ വ്യാപകമായി ശ്രമിക്കുന്നതിനിടെയാണ്‌ കേരളത്തിൽ ഏറ്റവും കൂടുതൽ നിക്ഷേപം നടത്തിയിട്ടുള്ള വ്യവസായി ഹർഷ് ഗോയെങ്ക തന്നെ വാദങ്ങൾക്ക്‌ മറുപടി നൽകിയത്‌. സാമ്പത്തിക വിദഗ്‌ധ‌ ഷാമിക രവിയ്ക്കാണ്‌ ഗോയെങ്ക ട്വിറ്ററിൽ മറുപടി നൽകിയത്‌.

കിഴക്കമ്പലത്തെ കിറ്റെക്‌സ് ഗ്രൂപ്പ് കേരളത്തിലെ വ്യവസായ പദ്ധതി ഉപേക്ഷിക്കാന്‍ പോകുന്നുവെന്നും അതിന്‌ കാരണം സിപിഐ എം നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ പീഡനം മൂലമാണെന്നും ആരോപിച്ചുകൊണ്ടുള്ള സ്വരാജ്യ മാഗസീനിന്റെ ലേഖനം ഷാമിക റീട്വീറ്റ്‌ ചെയ്‌തിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു ഹര്‍ഷ് ഗോയെങ്ക.

Monday, July 5, 2021

സംസ്ഥാന സര്‍ക്കാരോ വകുപ്പുകളോ മുന്‍കൈ എടുത്ത്‌ ഒരു പരിശോധനയും കിറ്റക്‌സിൽ നടത്തിയിട്ടില്ല: പി രാജീവ്‌

കൊച്ചി > സംസ്ഥാനസര്‍ക്കാരോ ഏതെങ്കിലും വകുപ്പുകളോ മുന്‍കൈ എടുത്തോ ബോധപൂര്‍വ്വമോ ഒരു പരിശോധനയും കിറ്റക്‌സില്‍ നടത്തിയിട്ടില്ലെന്ന്‌ വ്യക്തമാക്കി മന്ത്രി പി രാജീവ്‌. ബെന്നി ബെഹനാന്‍ എം.പി ദേശീയ മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതി, തൃക്കാക്കര എംഎല്‍എ പി ടി തോമസ് നിയമസഭയില്‍ ഉന്നയിച്ച ആരോപണം, കമ്പനി മാനേജ്മെന്‍റ് ജീവനക്കാരോട്  മോശമായി പെരുമാറുന്നു എന്ന് പരാതിപ്പെടുന്ന  വനിതാ ജീവനക്കാരിയുടേതെന്ന് കരുതുന്ന ശബ്‌ദ‌ സന്ദേശത്തിൽ ഹൈക്കോടതി ഉൾപ്പെടെ നൽകിയ നിർദ്ദേശം എന്നിവയുടെ അടിസ്ഥാനത്തിലുള്ള പരിശോധനകളാണ്‌ നടന്നത്‌. ഈ പരിശോധനകളില്‍ ഏതെങ്കിലും പരാതിയുള്ളതായി കിറ്റക്‌സ് മാനേജ്മെന്‍റ് വ്യവസായ വകുപ്പ് ഉള്‍പ്പെടെ ഒരു വകുപ്പിനേയും ഔദ്യോഗികമായി അറിയിച്ചിട്ടില്ല. - രാജീവ്‌ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

കിറ്റക്‌സില്‍ ഏതാനും പരിശോധനകള്‍ നടന്നതിനെ തുടര്‍ന്ന് അത് കേരളത്തിന് എതിരായ വിപുലമായ പ്രചാരണത്തിനായി ചിലര്‍ ഉപയോഗിക്കുകയുണ്ടായി. ഇത് സംബന്ധിച്ച പ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍  നിന്ന് ശ്രദ്ധയില്‍പ്പെട്ട ഉടനെ തന്നെ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‌കാന്‍ വ്യവസായ വകുപ്പിന് നിര്‍ദ്ദേശം നൽകിയിരുന്നു. അതോടൊപ്പം തന്നെ മറ്റ് വകുപ്പുകളുടെയും വിശദമായ റിപ്പോര്‍ട്ട് തേടുകയും ഉണ്ടായി.  അതിന്‍റെ തുടര്‍ച്ചയില്‍ മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത വിവിധ വകുപ്പുകളുടെ യോഗവും നടന്നു.

ബെന്നി ബെഹനാന്‍ എം.പി ദേശീയ മനുഷ്യാവകാശ കമ്മീഷന് കിറ്റക്‌സുമായി ബന്ധപ്പെട്ട് പരാതി നൽകിയിരുന്നു. ഈ പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നൽകാന്‍ എറണാകുളം ജില്ലാ കലക്‌ടർക്ക് കൈമാറി. പരാതിയെ കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നൽകാന്‍ 2021 ഫെബ്രൂവരി 20 ന് ജില്ലാ കലക്‌ടര്‍ കുന്നത്തുനാട് തഹസീല്‍ദാര്‍, എറണാകുളം റീജിയണല്‍ ലേബര്‍ കമ്മീഷണര്‍ എന്നിവര്‍ക്ക് നിര്‍ദ്ദേശം നൽകി. ഇതിന്‍റെ അടിസ്ഥാനത്തില്‍ കുന്നത്തുനാട് തഹസീല്‍ദാരും അസിസ്റ്റന്‍റ് ലേബര്‍ ഓഫീസറും സ്ഥാപനത്തില്‍ പരിശോധന നടത്തി. പരിശോധനയുടെ റിപ്പോര്‍ട്ട് റീജിയണല്‍ ലേബര്‍ കമ്മീഷണര്‍ 2021 മാര്‍ച്ച് 24 നും തഹസീല്‍ദാര്‍ 2021 ഏപ്രില്‍ 15 നും ജില്ലാ കലക്‌ടര്‍ക്ക് നൽകി. 2021 ഏപ്രില്‍ 16 ന് ദേശീയ മനുഷ്യാവകാശ കമ്മീഷന് ജില്ലാ കളക്‌ടര്‍ റിപ്പോര്‍ട്ട് നൽകി.

കിറ്റക്‌സിനെതിരെ തൃക്കാക്കര എംഎല്‍എ പി ടി തോമസ്  നിയമസഭയില്‍ 2021 ജൂണ്‍ 1 ന് ആരോപണം ഉന്നയിച്ചിരുന്നു. ദേശീയ ഹരിത ട്രിബ്യൂണലിന്‍റെ  നിര്‍ദ്ദേശ പ്രകാരം മലിനീകരണ  നിയന്ത്രണത്തിനുള്ള ലിക്വിഡ് ഡിസ്‌ചാര്‍ജ് സിസ്റ്റം കിറ്റക്‌സില്‍ സ്ഥാപിച്ചിട്ടില്ലെന്നായിരുന്നു ആരോപണം. കമ്പനി പുറം തള്ളുന്ന രാസമാലിന്യം   കടമ്പ്രയാറിലേക്ക് ഒഴുക്കി കിറ്റക്‌സ്‌ ജലമലിനീകരണം നടത്തുന്നതായും തൃക്കാക്കര, കുന്നത്തുനാട്, ആലുവ, കളമശ്ശേരി, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലെ 10 ലക്ഷത്തോളം ജനങ്ങളുടെ കുടിവെള്ളസ്രോതസ്സിനെ ഇതു ബാധിക്കുന്നതായും അദ്ദേഹം ആരോപണം ഉന്നയിച്ചു.  ഇതു സംബന്ധിച്ച അന്വേഷണവും നടന്നു.

കോവിഡ് പരിശോധനാ സൗകര്യങ്ങളോ നിയമാനുസൃത അവധിയോ നൽകാതെ കമ്പനി മാനേജ്മെന്‍റ് ജീവനക്കാരോട്  മോശമായി പെരുമാറുന്നു എന്ന് പരാതിപ്പെടുന്ന  വനിതാ ജീവനക്കാരിയുടേതെന്ന് കരുതുന്ന ഒരു  ശബ്ദ സന്ദേശം വാട്ട്സാപ്പ് ഗ്രൂപ്പുകള്‍ വഴിയും ചില മാധ്യമങ്ങള്‍ വഴിയും പ്രചരിച്ചിരുന്നു. എറണാകുളം ഡെപ്യൂട്ടി  കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഇതേ കുറിച്ച് പരിശോധന നടത്തി  കുന്നത്തുനാട് തഹസീല്‍ദാരും ജില്ലാ ലേബര്‍ ഓഫീസറും 2021 മെയ് 11 ന് ജില്ലാ കളക്‌ടര്‍ക്ക് റിപ്പോര്‍ട്ട് നല്കി.

ഇതിന് സമാനമായ പരാതി ബഹു. കേരള ഹൈക്കോടതിക്കും ലഭിക്കുകയുണ്ടായി.  ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം കേരള ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറിയായ ജില്ലാ ജഡ്‌ജി ശ്രീ. നിസാറിന്‍റെ നിര്‍ദ്ദേശ പ്രകാരം ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറിയായ സബ്‌ജഡ്‌ജി ശ്രീ. സുരേഷ് 2021 മെയ് 29 ന് അസിസ്റ്റന്‍റ് ലേബര്‍ ഓഫീസര്‍, ദേശീയ ആരോഗ്യമിഷന്‍ പ്രതിനിധി എന്നിവര്‍ക്കൊപ്പം കമ്പനിയില്‍  പരിശോധന നടത്തി. വനിതാ ജീവനക്കാരിയുടെ ശബ്ദസന്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ മലയിടംതുരുത്ത് പ്രാധമികാരോഗ്യ കേന്ദ്രത്തിലെ വനിതാ ഹെല്‍ത്ത് ഇന്‍സ്പെ‌‌ക്‌ടര്‍ 2021 മെയ് 10 ന് കമ്പനിയില്‍ പരിശോധന നടത്തി.  വേതനം ലഭിക്കുന്നില്ല എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ലേബര്‍ കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം ജില്ലാ കളക്ടറുടെ അറിവോടെ ജില്ലാ ലേബര്‍ ഓഫീസറും ആരോഗ്യപ്രവര്‍ത്തകരും ചേര്‍ന്ന് 2021 ജൂണ്‍ 8 ന് കമ്പനിയില്‍ പരിശോധന നടത്തി.  കണ്ടെത്തിയ ക്രമക്കേടുകള്‍ പരിശോധിക്കാന്‍ സ്ഥാപനത്തിന് നോട്ടീസ് നല്കി.  ഇത് സംബന്ധിച്ച് ജില്ലാ ലേബര്‍ ഓഫീസര്‍ ലേബര്‍ കമ്മീഷണര്‍ക്ക് 2021 ജൂണ്‍ 29 ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.  മിനിമം വേതനം ലഭിക്കുന്നില്ല എന്നായിരുന്നു ചില തൊഴിലാളികളുടെ മൊഴി.  അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയുടെ കേരള പ്രസിഡന്‍റ് ഇ. എം. ജോസഫ് മുഖ്യമന്ത്രിക്ക് 2021 മെയ് 13 ന് നല്കിയ പരാതിയില്‍ കുന്നത്തുനാട് പോലീസ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

കിറ്റക്‌സ് കമ്പനിയുടെ ഷെഡ്ഡുകളില്‍ സൗകര്യമൊരുക്കാതെ തൊഴിലാളികളെ പാര്‍പ്പിച്ചതായ പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ ലേബര്‍ കമ്മീഷണറേറ്റില്‍ നിന്ന് ഫാക്ടറീസ് ആന്‍റ് ബോയിലേഴ്സ് വകുപ്പിനെ ചുമതലപ്പെടുത്തുകയും വകുപ്പിന്‍റെ ആലുവ ഓഫീസ് ഇതേക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു.  കടമ്പ്രയാറില്‍ മാലിന്യം തള്ളുന്നുവെന്ന് ചൂണ്ടിക്കാട്ടി     പി. ടി. തോമസ് എം.എല്‍.എ, ജോണ്‍ ഡാനിയേല്‍ എന്നിവര്‍ നല്കിയ പരാതിയില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിശോധന നടത്തി.  ഈ മാസം 3 ന് നടന്ന ജില്ലാ വികസന സമിതിയോഗത്തില്‍          പി. ടി. തോമസ് എം. എല്‍.എ ഇതേ പരാതി വീണ്ടും ഉന്നയിച്ചിരുന്നു.

ഇതില്‍ നിന്ന് വ്യക്തമാകുന്ന വസ്‌തുതകള്‍ ഇവയാണ്.

1.   സംസ്ഥാനസര്‍ക്കാരോ ഏതെങ്കിലും വകുപ്പുകളോ മുന്‍കൈ എടുത്തോ ബോധപൂര്‍വ്വമോ ഒരു പരിശോധനയും കിറ്റക്സില്‍ നടത്തിയിട്ടില്ല.

2.   ദേശീയ മനുഷ്യാവകാശ കമ്മീഷന് പാര്‍ലമെന്‍റംഗമായ ബെന്നി ബഹനാന്‍ നല്കിയ പരാതി പി. ടി. തോമസ് എം.എല്‍.എ. ഉന്നയിച്ച ആരോപണം, വനിതാ ജീവനക്കാരിയുടെ പേരില്‍ പ്രചരിച്ച വാട്ട്സാപ്പ് സന്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍  ഹൈക്കോടതി ഉള്‍പ്പെടെ നല്കിയ നിര്‍ദ്ദേശം എന്നിവയുടെ അടിസ്ഥാനത്തിലുള്ള പരിശോധനകളാണ് നടന്നത്.

3.   ഈ പരിശോധനകളില്‍ ഏതെങ്കിലും പരാതിയുള്ളതായി കിറ്റക്സ് മാനേജ്മെന്‍റ് വ്യവസായ വകുപ്പ് ഉള്‍പ്പെടെ ഒരു വകുപ്പിനേയും ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

4.   പരിശോധനാ വേളയില്‍ സ്ഥാപന ഉടമയോ പ്രതിനിധികളോ തടസ്സമൊന്നും ഉന്നയിച്ചിട്ടില്ലെന്ന് പരിശോധനക്ക് നേതൃത്വം നല്കിയ ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചിട്ടുണ്ട്.

വസ്തുതകള്‍ ഇതായിരിക്കെ സംസ്ഥാനത്തിനും സര്‍ക്കാരിനും എതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് കിറ്റക്‌സ്  ഉന്നയിച്ചത്.  അവ പൂര്‍ണ്ണമായും വസ്‌തുതാ വിരുദ്ധമാണ്. ദേശീയതലത്തില്‍ തന്നെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ അന്തരീക്ഷമുള്ള സംസ്ഥാനമാണ് ഇന്ന് കേരളം. നീതി ആയോഗ് ഈ മാസം പ്രസിദ്ധപ്പെടുത്തിയ ഏറ്റവും പുതിയ സുസ്ഥിര വികസന സൂചികയില്‍ ഒന്നാം സ്ഥാനം കേരളത്തിനാണ്.  നീതി ആയോഗിന്‍റെ തന്നെ മറ്റൊരു സൂചികയായ ഇന്ത്യ ഇന്നവേഷന്‍ സൂചികയില്‍ മികച്ച ബിസിനസ് സാഹചര്യം ഉള്ള സംസ്ഥാനമെന്ന വിഭാഗത്തില്‍ കേരളം രണ്ടാം സ്ഥാനത്ത് എത്തുകയുണ്ടായി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലും മുന്‍കൈയിലുമാണ് വ്യവസായ നിക്ഷേപം ഉള്‍പ്പെടെയുള്ള മേഖലയില്‍ വലിയ കുതിച്ചുചാട്ടം സൃഷ്‌ടിച്ചത്.

യു.പി പോലുള്ള സംസ്ഥാനങ്ങളെ കേരളം മാതൃകയാക്കണമെന്ന വാദം അപഹാസ്യമാണ്.  തൊഴില്‍ രഹിതരായ യുവാക്കളുടെ പട്ടിക ഉന്നയിച്ചുള്ള കിറ്റക്‌സ് എം. ഡിയുടെ വാദം ഏതോ  നിഗൂഡ ലക്ഷ്യം വച്ചാണ്. കിറ്റക്‌സില്‍ നടന്ന പരിശോധനകളുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പിന് ഒരു പരാതിയും ലഭിച്ചിട്ടില്ല. പരാതികള്‍ ഉന്നയിക്കുന്നതിനുള്ള ടോള്‍ ഫ്രീ സൗകര്യം മുതല്‍ വ്യവസായ മന്ത്രിയേയോ മുഖ്യമന്ത്രിയേയോ നേരില്‍ സമീപിക്കാനുള്ള  സാഹചര്യം വരെ ഉണ്ടായിട്ടും അത് ഉപയോഗിച്ചില്ല.  പകരം സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരോപണങ്ങള്‍ ഉന്നയിക്കുയാണ് ചെയ്തത്.  അത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ജൂണ്‍ 28 ന് വ്യവസായ മന്ത്രി കിറ്റക്സ് എം. ഡി. സാബു ജേക്കബ്ബിനെ വിളിച്ചു. അദ്ദേഹത്തെ ലഭിക്കാതെ വന്നപ്പോള്‍ സഹോദരന്‍ ബോബി ജേക്കബ്ബിനെ വിളിക്കുകയും പ്രശ്നം തിരക്കുകയും ചെയ്തു.  എറണാകുളം ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജരും സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ അന്വേഷിക്കാമെന്ന് ഉറപ്പ് നല്കി.  ജൂണ്‍ 29 ന് നിക്ഷേപ പദ്ധതിയില്‍ നിന്ന് പിന്‍മാറുന്നു എന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടപ്പോഴും സാബു ജേക്കബ്ബിനെ ബന്ധപ്പെടാന്‍ ശ്രമിച്ചു.  കേരളം വ്യവസായത്തിന് പറ്റുന്ന നാടല്ല എന്ന് വരുത്തി തീര്‍ക്കാനാണ്  സാബു ജേക്കബ് ശ്രമിച്ചത്. ഇതിനു പിന്നിലുള്ള താതപര്യം വ്യക്തമാക്കേണ്ടതും.

3500 കോടി രൂപയുടെ നിക്ഷേപം സംബന്ധിച്ച് താത്പര്യപത്രം മാത്രമാണ് കിറ്റക്സ് നല്കിയിട്ടുള്ളത്.  ധാരണാ പത്രം ഒപ്പു വച്ചിട്ടില്ല.  ഇതിന്‍റെ തുടര്‍ച്ചയില്‍ പിന്നീട് നടപടി ഒന്നും സ്വീകരിച്ചില്ല.  2020 ജനുവരി 9, 10 തീയതികളിലാണ് അസന്‍റ് നിക്ഷേപക സംഗമം     നടന്നത്.  കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 10 ന്  വ്യവസായ വകുപ്പ് അധികൃതര്‍  സാബു. എം. ജേക്കബ്ബുമായി വീണ്ടും ചര്‍ച്ച നടത്തുകയുണ്ടായി.  ഇതില്‍ ചില ആവശ്യങ്ങള്‍ അദ്ദേഹം മുന്നോട്ടു വച്ചു.  ഭൂപരിഷ്കരണ നിയമത്തില്‍ മാറ്റം, പഞ്ചായത്ത് ബില്‍ഡിംഗ് റൂള്‍സിലെ മാറ്റം, ഫാക്ടറീസ് ആക്റ്റിലെ മാറ്റം,  കെ.എസ്.ഐ,ഡി.സി. വായ്പാ പരിധി 100 കോടിയായി ഉയര്‍ത്തണം തുടങ്ങിയ ആവശ്യങ്ങള്‍ അദ്ദേഹം        ഉന്നയിച്ചു.  അസന്‍റില്‍ ഉയര്‍ന്ന പൊതു നിര്‍ദ്ദേശങ്ങള്‍ തന്നെയായിരുന്നു ഇവയും.  നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഉന്നയിക്കപ്പെട്ട പ്രധാന ആവശ്യങ്ങളില്‍ തീരുമാനമെടുക്കുകയും ചെയ്തു.  എന്നാല്‍ തുടര്‍ ചര്‍ച്ചകള്‍ക്ക് കിറ്റക്സ് താത്പര്യം പ്രകടിപ്പിച്ചില്ല.  പാലക്കാട് 50 ഏക്കറില്‍ സ്വകാര്യ വ്യവസായ എസ്റ്റേറ്റിനുള്ള ഒരു പദ്ധതിക്കായി 2020 ജൂലൈ 8 ന് അപേക്ഷ സമര്‍പ്പിച്ചു.  സെപ്റ്റംബര്‍ 11 ന്   ഇതേക്കുറിച്ച് കിന്‍ഫ്ര പരിശോധന നടത്തി  അനുകൂല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.  എന്നാല്‍ മിച്ച ഭൂമിയുമായി ബന്ധപ്പെട്ട ഒരു കേസ് പദ്ധതി പ്രദേശത്ത് നിലവിലുള്ളതായി താലൂക്ക് ലാന്‍റ് ബോര്‍ഡ് അറിയിച്ചിരിക്കുകയാണ്.  ഇക്കാര്യം കിറ്റക്സിനെ അറിയിച്ചിട്ടുണ്ട്.

അസന്‍റില്‍ പ്രഖ്യാപിച്ച പദ്ധതികളൊന്നും നടന്നിട്ടില്ല എന്ന സാബു ജേക്കബ്ബിന്‍റെ ആരോപണവും വസ്തുതാപരമല്ല.  540.16 കോടി രൂപയുടെ 19 പദ്ധതികള്‍ ഇതിനകം യാഥാര്‍ത്ഥ്യമായി.  7223 കോടി രൂപയുടെ 60 പദ്ധതികള്‍ പുരോഗമിക്കുകയാണ്.  കോവിഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്ന് 41 പദ്ധതികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.  28 പദ്ധതികള്‍ പരിശോധനകളുടെ അടിസ്ഥാനത്തില്‍ ഒഴിവാക്കപ്പെട്ടു.  അസന്‍റില്‍ ഒപ്പു വെച്ച 148 ല്‍ 19 പദ്ധതികളും (12.83%) പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.  52%  പദ്ധതികള്‍ നിര്‍മ്മാണ ഘട്ടത്തിലാണ്.  27.7%  പദ്ധതികള്‍ നിര്‍ത്തിവച്ചിരിക്കുന്നു.  18.9% ഒഴിവാക്കപ്പെടുകയും ചെയ്തു.  കഴിഞ്ഞ സര്‍ക്കാര്‍ തുടക്കം കുറിച്ച  ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്  നടപടികളുടേയും കേരളാ ഇന്‍വെസ്റ്റ്മെന്‍റ് ആന്‍റ് ഫെസിലിറ്റേഷന്‍ ആക്റ്റിന്‍റേയും തുടര്‍ച്ചയായി  നിയമാനുസൃത പരാതി പരിഹാര സംവിധാനത്തിന് രൂപം നല്കാന്‍ ഈ സര്‍ക്കാരിന്‍റെ ആദ്യ മന്ത്രിസഭാ യോഗം തന്നെ തീരുമാനമെടുത്തു. ഇതിനുള്ള കരട് ബില്ലിന് താമസിയാതെ മന്ത്രസഭാ യോഗം അംഗീകാരം നല്കും.

കേന്ദ്രീകൃതമായ ഒരു പരിശോധനാ സംവിധാനത്തിന് രൂപം നല്കാനും ഈ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.  ലോ, മീഡിയം, ഹൈ റിസ്ക്ക് വിഭാഗങ്ങളിലായി  വ്യവസായങ്ങളെ തരം തിരിക്കും. ലോ റിസ്ക്ക് വ്യവസായങ്ങളില്‍ വര്‍ഷത്തില്‍ ഒരിയ്ക്കലോ ഓണ്‍ലൈനായോ മാത്രമേ പരിശോധന നടത്തൂ.  ഹൈ റിസ്ക്ക് വിഭാഗത്തില്‍ നോട്ടീസ് നല്കി മാത്രമേ വര്‍ഷത്തില്‍ ഒരിയ്ക്കല്‍ പരിശോധന      നടത്തൂ.  ഓരോ വകുപ്പും പ്രത്യേകം പരിശോധന നടത്തുന്നതിനു പകരം കേന്ദ്രീകൃത പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തും.  ഓരോ വകുപ്പും പരിശോധനക്ക് പോകേണ്ട ഉദ്യോഗസ്ഥരുടെ പട്ടിക      തയ്യാറാക്കും.  അതില്‍ നിന്ന് സിസ്റ്റം തന്നെ പരിശോധനക്ക് പോകേണ്ടവരെ തീരുമാനിക്കും.  ഏത് പരിശോധന കഴിഞ്ഞാലും 48 മണിക്കൂറിനുള്ളില്‍ പരിശോധനാ റിപ്പോര്‍ട്ട് സ്ഥാപന ഉടമയ്ക്ക് നല്കുകയും വെബ് പോര്‍ട്ടലില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്യും.

രാജ്യത്തെ  ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിന് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളോട് ക്രീയാത്മകമായാണ് വ്യവസായ സമൂഹം പൊതുവില്‍ പ്രതികരിക്കു ന്നത്.  സംസ്ഥാനത്തിന്‍റെ പൊതു താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ   സമീപനം ആരില്‍ നിന്നും ഉണ്ടാകരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.  കിറ്റക്സ് അനുവര്‍ത്തിച്ച രീതിയോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും അതിന്‍റെ അടിസ്ഥാനത്തിലുള്ള ഒരു സമീപനവും സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നും ഉണ്ടാകില്ല.  എല്ലാ സംരംഭകരേയും ചേര്‍ത്ത് നിര്‍ത്തി സര്‍ക്കാര്‍ മുന്നോട്ട് പോകും-മന്ത്രി പറഞ്ഞു.

Saturday, July 3, 2021

വ്യവസായത്തെ തകർക്കാനല്ല; തൊഴിലാളികളുടെ പരാതികൾ പരിഹരിക്കാനാണ്‌ ശ്രമിച്ചത്; ഈ ചിത്രങ്ങൾ അത്‌ വ്യക്‌തമാക്കുമെന്ന്‌ ശ്രീനിജൻ എംഎൽഎ

കൊച്ചി> കിഴക്കമ്പലത്തെ കമ്പനിതൊഴിലാളികളുടേതടക്കമുള്ള പരാതികളിൽ ഒരു ജനപ്രതിനിധി എന്ന നിലയിൽ പരിഹാരം കാണാനാണ്‌ താൻ ശ്രമിച്ചതെന്ന്‌ പി വി ശ്രീനിജൻ എംഎൽഎ ഫേസ്‌ബുക്ക്‌ പോസ്‌റ്റിൽ പറഞ്ഞു. ഒരു വ്യവസായിയെ താൻ തകർക്കാൻ ശ്രമിക്കുന്നു എന്ന രീതിയിൽ വ്യക്‌തിപരമായി അധിക്ഷേപിക്കുവാനാണ് ചിലർ ശ്രമിക്കുന്നത്‌. എന്നാൽ സാധാരണക്കാരോടൊപ്പം നിന്ന്‌ പ്രവർത്തിക്കുന്ന ഒരു പൊതു പ്രവർത്തകൻ മാത്രമാണ്‌ താൻ . പരാതികളിൽ ഇടപെട്ട്‌ വരുത്തിയ മാറ്റങ്ങൾ ചിത്രസഹിതം നൽകിയാണ്‌ വിമർശനങ്ങൾക്ക്‌ ശ്രീനിജൻ മറുപടി നൽകിയിട്ടുള്ളത്‌.

പോസ്‌റ്റ്‌ ചുവടെ

കഴിഞ്ഞ കുറെ ദിവസങ്ങളിലായി വ്യക്തിപരമായി എന്നെ അധിക്ഷേപിച്ചുകൊണ്ട് ദൃശ്യമാധ്യങ്ങളിലും സാമൂഹ്യമാധ്യങ്ങളിലും "ചില തല്പരകക്ഷികൾ" തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു. ഞാൻ ഒരു വ്യവാസായിയെ തകർക്കാൻ ശ്രമിക്കുന്നു എന്നാണ് ഇവർ പ്രചരപ്പിച്ചുകൊണ്ടിരിക്കുന്നത്.

സാധാരണക്കാരയ ജനങ്ങളുടെ കൂടെനിന്ന് അവരോടൊപ്പം പ്രവർത്തിക്കുവാൻ ഇഷ്ടപ്പെടുന്ന ഒരാൾ എന്നനിലയിൽ എനിക്ക് ലഭിക്കുന്ന പരാതികളിൽ കാലതാമസം കൂടാതെ പരിഹാരം തേടാൻ ഞാൻ ശ്രമിക്കാറുണ്ട്. എനിക്ക് ദിനംപ്രതി ലഭിക്കുന്നനിരവധി പരാതികളിൽ ഒന്നുമാത്രമാണ് കിഴക്കമ്പലത്തെ കമ്പനിതൊഴിലാളികളുടേത്. ഒരു ജനപ്രതിനിധി എന്ന നിലയിൽ ഇത്തരം പരാതികളിൽ പരിഹാരം കാണാൻ ഞാൻ ശ്രമിക്കാറുമുണ്ട്.

ചാനൽ മുറിയിലെ Ac മുറിയിലിരുന്ന് വിമർശിക്കുവരോട് ഒരു വിരോധവമില്ല . ഈ കോവിഡ് കാലത്തും ജനങ്ങളുടെ കൂടെനിന്ന് പ്രവർത്തിക്കുന്ന നിരവധി പ്രാതുപ്രവർത്തകരിൽ ഒരാൾ മാത്രമാണ് ഞാൻ. പരാതിക്കുമുൻപും അതിനു ശേഷമുള്ള ചിത്രങ്ങൾ ഞാനിവിടെ ഷെയർ ചെയ്യുകയാണ്, വിലയിരുത്തുക. വ്യവസായത്തെ തകർക്കാനല്ല ഞാൻ ശ്രമിച്ചത് മറിച്ച് തൊഴിലാളികളുടെ മൗലികമായ ആവശ്യങ്ങൾ സംരക്ഷിക്കാനാണ് ശ്രമിച്ചത്.

സ്‌കൂൾ വിദ്യാഭ്യാസം : മികവിൽ തിളങ്ങി കേരളം ; ഡിജിറ്റൽ പഠന സൗകര്യത്തിൽ കേരളം കുതിച്ചെന്ന്‌ കേന്ദ്രസർക്കാർ റിപ്പോർട്ട്‌

ദേശീയ സ്‌കൂൾ വിദ്യാഭ്യാസമേഖലയിൽ തിളക്കമാർന്ന പ്രകടനവുമായി കേരളം. കേന്ദ്ര വിദ്യാഭ്യാസമന്ത്രി പുറത്തിറക്കിയ യൂണിഫൈഡ്‌ ഡിസ്‌ട്രിക്‌റ്റ്‌ ഇൻഫർമേഷൻ സിസ്‌റ്റം ഫോർ എഡ്യൂക്കേഷൻ പ്ലസ്‌ (യുഡിഐഎസ്‌ഇ പ്ലസ്‌ 2019–-2020 ) റിപ്പോർട്ട്‌ വിവിധ മേഖലകളിലെ കേരളത്തിന്റെ നേട്ടങ്ങൾ അക്കമിട്ടുനിരത്തി.

കേരളത്തിൽ 93.41 ശതമാനം സ്‌കൂളുകളിൽ കംപ്യൂട്ടറും 88 ശതമാനം സ്‌കൂളുകളിൽ ഇന്റർനെറ്റുണ്ട്‌.  2019–-2020ൽ രാജ്യത്ത്‌ 22 ശതമാനം സ്‌കൂളുകളിൽ മാത്രമാണ്‌ ഇന്റർനെറ്റുള്ളത്‌. 62 ശതമാനം സ്‌കൂളുകളിൽ ഇപ്പോഴും കംപ്യൂട്ടറില്ല. കോവിഡ്‌ കാലത്ത്‌ ഡിജിറ്റൽ സംവിധാനങ്ങളെയാണ്‌ പഠനത്തിന്‌ ആശ്രയിക്കുന്നത്‌. മിക്ക സംസ്ഥാനങ്ങളിലും കംപ്യൂട്ടർ, ഇന്റർനെറ്റ്‌ സൗകര്യങ്ങൾ കുറവായതിനാൽ വിദ്യാർഥികളും അധ്യാപകരും കടുത്ത പ്രതിസന്ധിയിലാണ്‌. എന്നാൽ, ഡിജിറ്റൽ സൗകര്യങ്ങൾ ഉറപ്പാക്കി പഠനം സുഗമമാക്കുന്നതിൽ കേരളത്തിന്റേത്‌ അഭിമാനകരമായ നേട്ടമാണ്‌. കംപ്യൂട്ടർ, ഇന്റർനെറ്റ്‌ സൗകര്യങ്ങൾക്ക്‌ പുറമേ സ്‌കൂളുകളിൽ മറ്റ്‌ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിലും കേരളം മുന്നിലാണ്‌.

സംസ്ഥാനത്ത്‌  96.47 ശതമാനം സ്‌കൂളുകളിലും മികച്ച ലൈബ്രറിയുണ്ട്‌. 99.62 ശതമാനം സ്‌കൂൾ പരിസരങ്ങളിലും കുടിവെള്ളവും 16,665 സ്‌കൂളിൽ 16,526 എണ്ണത്തിലും വൈദ്യുതിയുമുണ്ട്‌. സ്‌കൂളുകളിൽ ടോയ്‌ലെറ്റ്‌ സൗകര്യങ്ങൾ, കൈകൾ ശുചിയാക്കാനുള്ള സംവിധാനം തുടങ്ങിയവയുമുണ്ട്‌. കേരളത്തിൽ പ്രീപ്രൈമറി മുതൽ 12–-ാം ക്ലാസ്‌ വരെ 64,64,071 വിദ്യാർഥികൾ പഠിക്കുന്നു. 17,25,686 വിദ്യാർഥികൾ സർക്കാർ സ്‌കൂളുകളിലും 27,40,593 വിദ്യാർഥികൾ സർക്കാർ എയ്‌ഡഡ്‌ സ്‌കൂളുകളിലും 18,21,731 വിദ്യാർഥികൾ അംഗീകൃത അൺഎയ്‌ഡഡ്‌ സ്‌കൂളുകളിലും 1,76,061 വിദ്യാർഥികൾ മറ്റ്‌ സ്‌കൂളുകളിലുമാണ്‌.

Friday, July 2, 2021

സിപിസി ശതവാർഷികം ; കരുത്തിന്റെ കാഹളമായി ആഘോഷസമാപനം

ചൈനയുടെയും ചൈനീസ്‌ കമ്യൂണിസ്‌റ്റ്‌ പാർടിയുടെയും(സിപിസി) കരുത്തിന്റെ കാഹളമായി പാർടി ശതാബ്ദി ആഘോഷ സമാപനം. സൈനികാഭ്യാസവും വർണാഭമായ പരിപാടികളുമായി ചരിത്ര മുഹൂർത്തം അവിസ്മരണീയമായി. 71  വർഷം പിന്നിട്ട റിപബ്ലിക്കിന്റെ  സൈനികശക്തി വിളിച്ചോതി 71 വിമാനം അണിനിരന്ന വ്യോമാഭ്യാസത്തോടെയാണ്‌ ആഘോഷം തുടങ്ങിയത്‌. ഏറ്റവും പുതിയ 20 സ്‌റ്റെൽത് ജെറ്റ്‌ വിമാനങ്ങളും ഹെലികോപ്ടറുകളും പരിശീലന പോർ വിമാനങ്ങളും കാഴ്‌ചയുടെ വസന്തം സമ്മാനിച്ചു.

100 വർഷം മുമ്പ്‌ പാർടി സ്ഥാപന വേളയിലെ മൗ സെ ദൊങ്ങിനെ അനുസ്മരിപ്പിക്കും വിധം ചാരനിറത്തിലുള്ള സ്യൂട്ടണിഞ്ഞാണ്‌ ഷി ജിൻപിങ്‌ ടിയാനൻമെൻ ഗേറ്റിന്റെ മട്ടുപ്പാവിൽ എത്തിയത്‌. ജനകീയ റിപ്പബ്ലിക്കിന്റെ സ്ഥാപകനായ മൗവിന്റെ കൂറ്റൻ ചിത്രത്തിന്ന്‌ മുന്നിൽ, വർത്തമാന ചൈനയെ രൂപപ്പെടുത്തുന്നതിൽ മഹത്തായ പങ്ക്‌ വഹിച്ച നേതാക്കൾ ഓരോരുത്തരെയും പ്രത്യേകം പരാമർശിച്ചായിരുന്നു അദ്ദേഹത്തിന്റെ മണിക്കൂറിലേറെ നീണ്ട പ്രസംഗം.  സിപിസി മുൻ നേതാക്കൾ ഹു ജിന്താവോ, വെൻ ജിയാബോ എന്നിവരും പങ്കെടുത്തു. മുൻ ജനറൽ സെക്രട്ടറി ജിയാങ്‌ സെമിൻ, സു റോങ്‌ജി എന്നിവർക്ക്‌ പ്രായാധിക്യം മൂലം എത്താനായില്ല. അതേസമയം ഇന്ത്യയടക്കം ചില രാജ്യങ്ങളിൽ ചൈനാവിരുദ്ധർ സിപിസിക്കെതിരെ പ്രകടനം നടത്തി.

വിരട്ടൽ ചൈനയോട്‌ വേണ്ട: ഷി ജിൻപിങ്‌

ചൈനയെ വിരട്ടാനും അടിച്ചമർത്താനും കീഴ്‌പ്പെടുത്താനും ഒരു വിദേശശക്തിയേയും അനുവദിക്കില്ലെന്ന്‌ പ്രസിഡന്റ്‌ ഷി ജിൻപിങ്‌. മറ്റ്‌ രാജ്യങ്ങളെ തകർക്കാനോ കീഴ്‌പ്പെടുത്താനോ ചൈന ഒരിക്കലും ശ്രമിച്ചിട്ടില്ല. ശ്രമിക്കുകയുമില്ല. എന്നാൽ ചൈനയുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്ന ഏത്‌ ശക്തിയും 140 കോടി ജനങ്ങൾ ഒറ്റക്കെട്ടായി തീർക്കുന്ന വൻമതിലിന്റെ കരുത്തിനെ നേരിടേണ്ടി വരും. ചൈനീസ്‌ കമ്യൂണിസ്‌റ്റ്‌ പാർടിയുടെ ശതാബ്ദി ആഘോഷ സമാപനത്തിലാണ്‌ പാർടി ജനറൽ സെക്രട്ടറി കൂടിയായ അദ്ദേഹം അമേരിക്കയുടെ പേര്‌ പറയാതെ മുന്നറിയിപ്പ്‌ നൽകിയത്‌.

രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാനുള്ള ചൈനീസ്‌ ജനതയുടെ നിശ്ചയദാർഢ്യം വിലകുറച്ചു കാണുന്നത്‌ മണ്ടത്തരമാകുമെന്നും ഷി മുന്നറിയിപ്പ്‌ നൽകി. ‘ചൈനീസ്‌ സൈന്യത്തിന്റെ നവീകരണം വേഗത്തിൽ പൂർത്തിയാക്കി ലോകോത്തര നിലവാരത്തിൽ എത്തിക്കും. ലോകസമാധാനവും രാജ്യത്തിന്റെ പരാമാധികാരവും വികസന താൽപ്പര്യങ്ങളും സംരക്ഷിക്കാൻ ഇത്‌ അത്യന്താപേക്ഷിതമാണ്‌. ചൈന ആർജിച്ച പുരോഗതി കമ്യൂണിസ്റ്റ്‌ പാർടിയെ ഒഴിച്ചുനിർത്തി സാധ്യമാകുമായിരുന്നില്ല. തുടർന്നും മാർക്സിസത്തിൽ ഊന്നിയും അത്‌ രാജ്യത്തിന്റെ സാഹചര്യത്തിന്‌ അനുസൃതമായി സ്വാംശീകരിച്ചും കൂടുതൽ കരുത്താർന്ന ചൈന കെട്ടിപ്പടുക്കും. പാർടിയെ തളർത്താൻ ശ്രമിക്കുന്ന വൈറസുകളെ തുടച്ചുനീക്കും. സിൻജിയാങ്‌, ഹോങ്കോങ്‌ അനുഭവങ്ങളിൽനിന്ന്‌ പാഠം ഉൾക്കൊള്ളും. മറ്റ്‌ രാജ്യങ്ങളിൽനിന്നടക്കം ക്രിയാത്മകമായ ഏത്‌ വിമർശനവും അർഹമായ ബഹുമാനത്തോടെ സ്വീകരിക്കും. എന്നാൽ, മറ്റുള്ളവരെ ഗുണദോഷിക്കാൻ അവകാശമുള്ളവരെന്ന്‌ നടിക്കുന്നവരുടെ വാചകമടി തള്ളും.

പട്ടിണിയകറ്റാനും അഴിമതി നിയന്ത്രിക്കാനും സമൂഹ്യപുരോഗതി സാധ്യമാക്കാനും രാജ്യത്തിനായി. സാമൂഹ്യ–- സാമ്പത്തിക നവീകരണത്തിൽ ഇനി ശ്രദ്ധയൂന്നണം. ഹോങ്കോങ്ങിലും മകാവുവിലും ഇതിനനുസൃതമായ നയം നടപ്പാക്കും’. തായ്‌വാനെ രാജ്യത്തിന്റെ ഭാഗമാക്കി ഉറപ്പിക്കുകയെന്നത്‌ സിപിസിയുടെ ചരിത്രപരമായ ദൗത്യമാണെന്നും ഷി പറഞ്ഞു. കോവിഡ്‌ മാനദണ്ഡം പാലിച്ച്‌ ചടങ്ങിനെത്തിയ 70,000 പാർടി പ്രവർത്തകരും സ്കൂൾ കുട്ടികളുമടങ്ങിയ സദസ്‌ കരഘോഷത്തോടെ പ്രസിഡന്റിന്റെ പ്രഖ്യാപനത്തെ പിന്തുണച്ചു.

Thursday, July 1, 2021

മഹാത്ഭുതത്തിന് 100; ശതവാർഷിക ആഘോഷത്തിന്‌ ഇന്ന്‌ സമാപനം

ബീജിങ്‌ > വൻമതിൽ മാത്രമല്ല, ചൈന തന്നെ ഇന്ന്‌ ലോകത്തിന്‌ മഹാത്ഭുതമാണ്‌. 70 വർഷംമുമ്പ്‌ ഏഷ്യയിലെ പരമദരിദ്രമായിരുന്ന രാജ്യം. 50 വർഷം മുമ്പുവരെ ഐക്യരാഷ്‌ട്ര സംഘടനയിൽ അംഗത്വം പോലും നിഷേധിക്കപ്പെട്ട്‌ ബഹിഷ്‌കരിക്കപ്പെട്ടിരുന്ന രാജ്യം. ഇന്നത്‌ ലോകത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയാണ്‌. സാമ്പത്തികരംഗത്ത്‌ മാത്രമല്ല, ശാസ്‌ത്രത്തിലും സാങ്കേതികവിദ്യാ മുന്നേറ്റങ്ങളിലും കായികരംഗത്തും സൈനികശേഷിയിലുമെല്ലാം ചൈന ഇന്ന്‌ അപ്രതിരോധ്യശക്തിയായി വളർന്നിരിക്കുന്നു. ലോകത്തെ ഏറ്റവും വലിയ ജനതയെ ഈ അഭിമാനകരമായ നേട്ടത്തിനുടമകളാക്കിയ കമ്യൂണിസ്‌റ്റ്‌ പാർടിയുടെ(സിപിസി) ശതവാർഷികാഘോഷത്തിന്റെ സമാപനമാണ്‌ വ്യാഴാഴ്‌ച.

1921 ജൂലൈ ഒന്നിന്‌ അതീവരഹസ്യമായി ഷാങ്‌ഹായിൽ ചേർന്ന 12 കമ്യൂണിസ്‌റ്റുകാരുടെ യോഗമാണ്‌ സിപിസി രൂപീകരിച്ചത്‌. 57 പേർ മാത്രമായിരുന്നു ആദ്യവർഷം അംഗങ്ങൾ. 1927 ആയപ്പോഴേക്ക്‌ 57967 ആയി അംഗസംഖ്യ ഉയർന്നെങ്കിലും അടുത്തവർഷം അത്‌ പതിനായിരമായി ചുരുങ്ങി. പതിനായിരക്കണക്കിന്‌ കമ്യൂണിസ്‌റ്റുകാരെയും അനുഭാവികളെയും രാജ്യം ഭരിച്ച കുമിന്താങ്ങുകൾ കൊന്നൊടുക്കി. അതിക്രമങ്ങളെ നേരിട്ട്‌, കുമിന്താങ്ങുകളോടും ജപ്പാന്റെ അധിനിവേശസേനയോടും പോരാടി വീണ്ടും വളർന്ന പാർടി 1949ൽ പുതുയുഗത്തിന്‌ തുടക്കം കുറിച്ചു. ആ ഒക്‌ടോബർ ഒന്നിനാണ്‌ മൗ സെ ദൊങ്‌ ജനകീയ ചൈന റിപബ്ലിക്കിന്റെ ഉദയം പ്രഖ്യാപിച്ചത്‌. അപ്പോഴേക്ക്‌ പാർടി അംഗങ്ങളുടെ എണ്ണം 45 ലക്ഷമായി ഉയർന്നിരുന്നു. ഇപ്പോൾ 9.2 കോടി അംഗങ്ങൾ.

സിപിസി രൂപീകരണത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച്‌ വിപുലമായ പരിപാടികളാണ്‌ ചൈനയിൽ നടന്നുവരുന്നത്‌. വ്യാഴാഴ്‌ച ആഘോഷത്തിന്റെ പരിസമാപ്‌തിയിൽ ഷി ജിൻപിങ്ങിന്റെ പ്രഭാഷണം ആണ്‌ പ്രധാനം.

രണ്ട് വ്യവസ്ഥിതികൾ രണ്ട് രാജ്യങ്ങളോട് ചെയ്തത് 

ചൈനയ്‌ക്കെതിരായ യുഎസ്‌ ഭീഷണികൾ

കൊള്ളമുതലിൽ കഴുകൻ കണ്ണുകളുള്ള സഖ്യശക്തികളെയും അന്താരാഷ്ട്ര മാധ്യമസന്നാഹങ്ങളെയും പ്രസാധക ഗൃഹങ്ങളെയും പണം പറ്റുന്ന വലതുപക്ഷ ബുദ്ധിജീവികളെയും സിഐഎ പോലുള്ള ചാരസംവിധാനങ്ങളെയും പൗരാവകാശലംഘനങ്ങൾക്ക്‌ കുപ്രസിദ്ധമായ എഫ്‌ബിഐയെയും ഉപയോഗിച്ച്‌ അമേരിക്ക സോഷ്യലിസ്റ്റ്‌ രാജ്യങ്ങൾക്കെതിരെ പതിറ്റാണ്ടുകളായി നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങൾ കുപ്രസിദ്ധങ്ങളാണ്‌. ചൈനയും ക്യൂബയും വടക്കൻ കൊറിയയും വിയത്‌നാമും മറ്റും രാഷ്ട്രീയ‐സൈനിക‐സാമ്പത്തിക ഉപരോധങ്ങളുടെ  എത്രയോ കെടുതികൾ അനുഭവിക്കുകയും ശ്രമകരമായി അതിജീവിക്കുകയും ചെയ്‌തു. എണ്ണസമ്പന്നമായ വെനസ്വേലയാണ്‌ മറ്റൊരു ഇര.

കോവിഡ്‌ മഹാമാരി ഭൂഗോളത്തെ പിടിച്ചുകുലുക്കുംവിധം സംഹാര താണ്ഡവമാടിയപ്പോൾ ചൈനയ്‌ക്കെതിരെ തുറന്നുവിട്ട വ്യാജപ്രചാരണങ്ങൾ ലോകം കണ്ടു. ഈ പശ്ചാത്തലത്തിലാണ്‌ ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാർടി (സിപിസി)യെ തകർക്കാൻ തയ്യാറാക്കിയ പുതിയ പദ്ധതിയെയും വിലയിരുത്തേണ്ടത്‌. പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ട്രംപിന്റെ വിജയത്തിലെ  മുഖ്യ ബുദ്ധികേന്ദ്രങ്ങളിലൊരാളും തുടർന്ന്‌ പ്രത്യുപകാരമായി 2017 ആഗസ്‌ത്‌ 18 വരെ പ്രസിഡന്റിന്റെ മുഖ്യ തന്ത്രജ്ഞനായി അവരോധിക്കപ്പെടുകയും ചെയ്‌ത സ്റ്റീവ്‌  ബാനൺ, ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാർടിയെ നേരിടാനും മറിച്ചിടാനും ട്രംപ്‌ ഗവൺമെന്റ്‌ സംയോജിതമായ ‘യുദ്ധപദ്ധതി’ ഏകോപിപ്പിച്ചതായി പറഞ്ഞു. ട്രംപിന്റെ സ്വന്തം ചാനലെന്ന്‌ അറിയപ്പെടുന്ന ‘ഫോക്‌സ്‌ ന്യൂസ്‌’ നടത്തിയ അഭിമുഖത്തിലായിരുന്നു ഈ തുറന്നടിക്കൽ. വെള്ളക്കൊട്ടാരത്തിലെ ഒന്നാം നിരക്കാരനായിരുന്ന ബാനൺ നടത്തിയ വെളിപ്പെടുത്തലിൽ ഇന്ത്യയെ യുഎസ്‌ അട്ടിമറി നീക്കത്തിന്റെ അഭേദ്യ ഭാഗമാക്കാനുള്ള ഗൂഢോദ്ദേശ്യവും  തെളിഞ്ഞിട്ടുണ്ട്‌.

ടിബത്തൻ  അതിർത്തിയിൽ ഇന്ത്യയിലെ കൂട്ടാളികളെ സഹായിക്കുകകൂടി  പുതിയ പദ്ധതിയുടെ ഭാഗമാണ്‌. നവംബറിൽ നടക്കാനിരിക്കുന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ട്രംപിന്റെ  ജയംകൂടി ലക്ഷ്യമിട്ട്‌ ക്രൈസ്‌തവ പ്രതീകങ്ങൾ ഉപയോഗിച്ചാണ്‌ ബാനൺ പദ്ധതിയുടെ വിശദാംശങ്ങൾ ഫോക്‌സ്‌ ന്യൂസിനോട്‌ ആഹ്ലാദപൂർവം വിവരിച്ചതെന്നതും പ്രധാനം. സിപിസിക്കെതിരെ  ‘അന്തിമ നാശത്തിന്റെ നാല്‌ കുതിരക്കാർ’ അടങ്ങുന്ന പ്രസിഡന്റിന്റെ തനതായ യുദ്ധ കൗൺസിലിനാണ്‌ രൂപംനൽകിയിട്ടുള്ളതത്രെ. സ്‌റ്റേറ്റ്‌ സെക്രട്ടറി മൈക്‌ പോംപിയോ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ റോബർട്ട്‌ ഒബ്രീൻ, എഫ്‌ബിഐ മുൻ ഡയറക്ടർ   ക്രിസ്റ്റഫർ ആഷർ വ്രേ, അറ്റോർണി ജനറൽ വില്യം പെൽഹാം ബാർ എന്നിവർ. അതിൽ ഒബ്രീനും  വ്രേയും ബാറും ചൈനയ്‌ക്കെതിരെ  കടുത്ത ഭീഷണി ചുഴറ്റിയ  മൂന്ന്‌ അതിക്രമ  പ്രസംഗങ്ങൾ നടത്തിക്കഴിഞ്ഞു. സിപിസിക്കെതിരെ വിവരസാങ്കേതികവിദ്യാ, വാർത്താ, ധനകാര്യ യുദ്ധങ്ങൾക്കാണ്‌ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്‌.  തുടർന്ന്‌ കൂട്ടാളികൾക്കൊപ്പം തെക്കൻ ചൈനാ കടലിൽ നിലപാടെടുക്കുകയും ചെയ്യും.  കഴിഞ്ഞദിവസം ചൈനയെ വിമർശിച്ച്‌ ദേശീയ പ്രതിരോധ അധികാര നിയമ( എൻഡിഎഎ)ത്തിന്‌ അമേരിക്കൻ  പ്രതിനിധിസഭ ഭേദഗതി പാസാക്കിയത്‌ ഇതോട്‌ ചേർത്താണ്‌ വിലയിരുത്തേണ്ടത്‌.

ചൈനീസ്‌ കോൺസുലേറ്റ്‌

ഹൂസ്റ്റണിലെ ചൈനീസ്‌ കോൺസുലേറ്റ്‌ 48 മണിക്കൂർ മാത്രം  സാവകാശം നൽകി അടച്ചുപൂട്ടാനും മൂന്നു ദിവസത്തിനുള്ളിൽ ടെക്‌സാസ്‌ നഗരത്തിലെ അതിന്റെ എല്ലാ പ്രവർത്തനവും അവസാനിപ്പിക്കാനും  അമേരിക്ക പുറപ്പെടുവിച്ച   അന്ത്യശാസനം പോലുള്ള ഉത്തരവ്‌ അത്യന്തം പ്രകോപനപരമാണ്‌. അമേരിക്കൻ ബൗദ്ധിക സ്വത്തും സ്വകാര്യ വ്യക്തിവിവരങ്ങളും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന  ന്യായീകരണമാണ്‌ അതിനു നിരത്തിയത്‌. തീരുമാനം അറിയിച്ച സ്‌റ്റേറ്റ്‌  ഡിപ്പാർട്ട്‌‌മെന്റ്‌  ചൈനക്കാർ തങ്ങളുടെ  പൗരന്മാരുടെ തൊഴിൽ വലിയതോതിൽ കവരുന്നതായും  ആരോപിച്ചു. കോൺസുലേറ്റ് സാധാരണപോലെ പ്രവർത്തിച്ചുവരികയായിരുന്നുവെന്നും അതിനാൽ അന്താരാഷ്‌ട്ര നിയമങ്ങളുടെ കടുത്ത ലംഘനമാണ്‌ അമേരിക്കയുടേതെന്നുമാണ്‌  ചൈനീസ് വിദേശ  വക്താവ് വാങ്‌  വെൻബിൻ പ്രതികരിച്ചത്‌.  തീരുമാനം പിൻവലിച്ചില്ലെങ്കിൽ ശക്തമായ തിരിച്ചടി നേരിടേണ്ടിവരും. നയതന്ത്ര പ്രതിനിധികളുടെ എണ്ണമെടുത്താൻ ചൈനയിൽ കൂടുതൽ അമേരിക്കക്കാരുണ്ടെന്നത്‌ മറക്കരുത്‌.   ചൈന‐ യുഎസ് ബന്ധം  അട്ടിമറിക്കുന്ന നീചവും നീതിരഹിതവുമായ ഇത്തരം നീക്കത്തെ ശക്തമായി അപലപിക്കുന്നു.  തെറ്റായ തീരുമാനം ഉടൻ പിൻലിക്കണമെന്നും അല്ലെങ്കിൽ  പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും വാങ് വെൻബിൻ മുന്നറിയിപ്പു നൽകി.

കുറച്ചുകാലമായി, അമേരിക്കൻ ഭരണകൂടം ചൈനീസ്‌  വ്യവസ്ഥയെ അപകീർത്തിപ്പെടുത്തുകയും അകാരണമായി  കടന്നാക്രമിക്കുകയും സംശയത്തിന്റെ നിഴലിൽ നിർത്തുകയുമാണ്‌. യുഎസിലെ ചൈനീസ് നയതന്ത്ര, കോൺസുലേറ്റ് ഉദ്യോഗസ്ഥരെയും പ്രതിനിധികളെയും  ഉപദ്രവിക്കുന്നതും  ചൈനീസ് വിദ്യാർഥികളെ ഭീഷണിപ്പെടുത്തുന്നതും  ചോദ്യം ചെയ്യുന്നതും അവരുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുക്കുന്നതും ശീലമാക്കിയ മട്ടാണ്‌. ചൈനീസ്‌ വംശജരായ മാധ്യമപ്രവർത്തകരോടും നിറഞ്ഞ അസഹിഷ്‌ണുത തന്നെ. നിസ്സാര കാര്യങ്ങൾക്കുപോലും  തടങ്കലിലാക്കുന്ന സംഭവങ്ങളും  അപൂർവമല്ല.  യുഎസിലെ  ചൈനീസ്‌ എംബസിയിലും കോൺസുലേറ്റുകളിലും അടുത്തിടെ വധഭീഷണികളും എത്തി. സ്‌ഫോടകവസ്‌തുക്കളും കണ്ടെടുക്കുകയുണ്ടായി. തെരഞ്ഞെടുപ്പ്‌ മുന്നിൽ കണ്ട്‌ ട്രംപും ഉപദേശകരുമെടുത്തു ചുഴറ്റുന്ന ചൈനീസ്‌ വിരുദ്ധത തുറന്നു കാണിക്കുകകൂടി സാമ്രാജ്യത്വവിരുദ്ധ ശക്തികളുടെ അടിയന്തര കടമയാണ്‌.

ശാസ്‌ത്രത്തിലും 
വിസ്‌മയക്കുതിപ്പ്‌

ശാസ്‌ത്ര, സാങ്കേതികവിദ്യാ രംഗങ്ങളിൽ ചൈനയുടെ കുതിച്ചുചാട്ടം അത്ഭുതാവഹമാണ്‌. രാജ്യത്തിന്റെ പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിനും ശാസ്‌ത്ര, സാങ്കേതികവിദ്യാ മേഖലകളിൽ കുതിപ്പ്‌ അനിവാര്യമാണെന്ന ബോധ്യത്തിലൂന്നിയുള്ള പ്രവർത്തനമാണ്‌ ഇതിന്‌ അടിസ്ഥാനം. ഈ മേഖലയിലെ ഗവേഷണത്തിനും പഠനങ്ങൾക്കും നൽകുന്ന ഊന്നലും പ്രോത്സാഹനവും വലിയ കുതിപ്പിന്‌ കരുത്തായി. തൊണ്ണൂറുകൾക്കുശേഷം അതിശയകരമായ വളർച്ചയാണ്‌ ഈ രംഗത്തുണ്ടായത്‌. ശാസ്‌ത്ര–-സാങ്കേതിക രംഗത്ത്‌ വൻനിക്ഷേപം ഇക്കാലത്തുണ്ടായി. ശാസ്‌ത്രസാങ്കേതിക വിദഗ്‌ധരുടെ എണ്ണവും നാലിരട്ടിയിലേറെ വർധിച്ചു. 1956ൽ ശാസ്‌ത്ര ആസൂത്രണ കമീഷന്റെ രൂപീകരണമാണ്‌ ചൈനയുടെ ആധുനിക ശാസ്‌ത്രസാങ്കേതിക മേഖലയ്‌ക്ക്‌ വഴിത്തിരിവായത്‌. 56–-67 കാലത്തേക്കായി ദീർഘകാല പദ്ധതി തന്നെ തയ്യാറാക്കി നടപ്പാക്കി, വലിയ തുടക്കമിട്ടു.

പിന്നീടങ്ങോട്ട്‌ തിരിഞ്ഞുനോക്കേണ്ടി വന്നില്ല. വ്യവസായം, അടിസ്ഥാനസൗകര്യ വികസനം തുടങ്ങിയ രംഗങ്ങളിലടക്കം വൻ പുരോഗതി നേടാൻ ഇത്‌ മൂലമായി. ഇലക്‌ട്രോണിക്, എൻജിനിയറിങ്‌ മേഖലകളിലും ചൈന ഇന്ന്‌ ലോകശക്തിയാണ്‌. പേറ്റന്റുകളുടെ കാര്യത്തിൽ അമേരിക്കയെയും പിന്തള്ളി. ശാസ്‌ത്രസാങ്കേതിക സ്ഥാപനങ്ങൾ, ഗവേഷണസ്ഥാപനങ്ങൾ എന്നിവയുടെ എണ്ണവും കുതിച്ചുയർന്നു. പടുകൂറ്റൻ നിർമിതികൾ, അതിവേഗ യാത്രായാനങ്ങൾ, കമ്പ്യൂട്ടർ ആപ്ലിക്കേഷനുകൾ, നിർമിതബുദ്ധി തുടങ്ങിയവയിലും ചൈന മുൻനിരയിലാണ്‌. ശാസ്‌ത്രസാങ്കേതിക രംഗത്തെ സ്വയംപര്യാപ്‌തതയാണ്‌ അവർ ലക്ഷ്യമിടുന്നത്‌. ഈ രംഗത്തേക്ക്‌ കൂടുതൽ യുവാക്കളെയും വനിതകളെയും ആകർഷിക്കാനുള്ള പദ്ധതികളും ഏറെ ഗുണകരമായി. കാർഷികമേഖലയിലും ശാസ്‌ത്രനേട്ടങ്ങൾ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നു.  ബഹിരാകാശ ഗവേഷണത്തിൽ മറ്റു രാജ്യങ്ങളുടെ സഹായമില്ലാതെയുള്ള ചൈനയുടെ മുന്നേറ്റം അത്ഭുതകരമാണ്‌. ഏറ്റവുമൊടുവിൽ സ്വന്തമായ ബഹിരാകാശനിലയം നിർമിച്ച്‌ അവിടെ ആളുകളെയും എത്തിച്ചു അവർ. ടിയാൻഗോങ് എന്ന ആകാശനിലയത്തിൽ മൂന്നു യാത്രികരെ എത്തിച്ചത്‌ ദിവസങ്ങൾക്കുമുമ്പാണ്‌. 

നാസയുടെ നേതൃത്വത്തിലുള്ള അന്താരാഷ്‌ട്ര ബഹിരാകാശനിലയ പദ്ധതിയിൽ ചൈനയെ സഹകരിപ്പിക്കാത്തതിനുള്ള മധുരപ്രതികാരംകൂടിയാണ്‌ ഇത്‌. തങ്ങളുടെ പദ്ധതിയുമായി മറ്റു രാജ്യങ്ങളെ സഹകരിപ്പിക്കുമെന്ന്‌ ചൈന പ്രഖ്യാപിച്ചു. റഷ്യയും താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്‌. അടുത്ത 11 ദൗത്യങ്ങളിലൂടെ  നിലയം പൂർത്തീകരിക്കുകയാണ്‌ ചൈനയുടെ ലക്ഷ്യം. ഇതിനായി 18 യാത്രികരെയാണ്‌ തെരഞ്ഞെടുത്തിരിക്കുന്നത്‌.

ചൊവ്വയിൽ സുരക്ഷിതമായി മനുഷ്യനെ ഇറക്കാനും ദീർഘകാലം താമസിക്കാനുമുള്ള ദൗത്യങ്ങളിലേക്കും ചൈന ചിന്തിച്ചുതുടങ്ങി. ഇതിന്റെ ഭാഗമായി ചൊവ്വാ പര്യവേക്ഷണവും ആരംഭിച്ചു. ആദ്യ ശ്രമത്തിൽത്തന്നെ ലാൻഡറും റോവറും ചൊവ്വയിൽ ഇറക്കി. കഴിഞ്ഞ ഫെബ്രുവരിയിൽ ചൊവ്വാ പഥത്തിൽ എത്തിയ ടിയാവെൻ–-1 പേടകത്തിൽനിന്ന്‌ കൃത്യതയോടെ ചൊവ്വയുടെ ‘ഉട്ടോപ്യ’യിലാണ്‌ ഇവ ഇറങ്ങിയത്‌. 2029 ചൊവ്വയിൽനിന്ന്‌ സാമ്പിളുമായി മടങ്ങുന്ന മറ്റൊരു ദൗത്യത്തിനും രൂപംനൽകിയിട്ടുണ്ട്‌.

1964ലാണ്‌ ചൈന ബഹിരാകാശ പദ്ധതികൾക്ക്‌ തുടക്കമിട്ടത്‌. തുടർന്ന്‌ ഒട്ടേറെ ദൗത്യം. 2003ൽ ആദ്യ ചൈനാക്കാരൻ ബഹിരാകാശത്ത്‌ എത്തി. 21 മണിക്കൂർ ചെലവഴിച്ചു. 2007 ആദ്യ ഓർബിറ്റർ ചന്ദ്രനെ ചുറ്റി. 2012 ആദ്യ ചൈനക്കാരിയെ ബഹിരാകാശത്ത്‌ എത്തിച്ചു. കഴിഞ്ഞവർഷം ചാങ്‌–-3 ചന്ദ്രനിൽ ഇറങ്ങി, ആറരയടി കുഴിച്ച്‌ രണ്ട്‌ കിലോ സാമ്പിൾ ശേഖരിച്ചു. അതുമായി ഡിസംബർ 17ന്‌ ഭൂമിയിൽ വിജയകരമായി തിരിച്ചെത്തി. ചന്ദ്രന്റെ മറുപുറത്തെപ്പറ്റി പഠിക്കുന്ന മറ്റൊരു ദൗത്യവും മുന്നേറുകയാണ്‌. ഭൂമിയുടെ സമീപം കടന്നുപോകുന്ന ഉൽക്കകളെപ്പറ്റി പഠിക്കാനുള്ള ഉപഗ്രഹം ചൈന വിക്ഷേപിച്ചത്‌ കഴിഞ്ഞ മാസമാണ്‌.

ദിലീപ്‌ മലയാലപ്പുഴ 

ഏഷ്യയുടെ 
കായികവിളക്ക്‌

‘ചാമ്പ്യന്മാർ പിറക്കുന്നത്‌ ജിംനേഷ്യങ്ങളിലല്ല. അവരവരുടെ സ്വപ്‌നങ്ങളിലൂടെ, അതിയായ ആഗ്രഹങ്ങളിലൂടെ, ഭാവനാപരമായ ഉൾക്കാഴ്‌ചകളിലൂടെ..’

മുഹമ്മദലി (ബോക്‌സിങ് ഇതിഹാസം)

ഇടിക്കൂട്ടിലെ ഇതിഹാസം മുഹമ്മദലി പറഞ്ഞത്‌ ചൈനയെ ഉദ്ദേശിച്ചല്ല. പക്ഷേ, ലോക കായികശക്തിയായി ചൈന വളർന്നതിന്‌ പിന്നിൽ ഇവയെല്ലാമുണ്ട്‌. അമേരിക്കയും സോവിയറ്റ്‌ യൂണിയനും ജർമനിയും കൊടികുത്തി വാണിരുന്ന  സ്‌പോർട്‌സിൽ, അതിന്റെ  ആഗോള പ്രശസ്‌തി വൈകിയാണ്‌ ചൈന തിരിച്ചറിഞ്ഞത്‌. പക്ഷേ ആ തിരിച്ചറിവ്‌ നൽകിയ ഊർജം ചെറുതായിരുന്നില്ല. ഏഷ്യയിൽ ഒതുങ്ങിനിന്നിരുന്ന കായിക മികവുകൾ തേച്ചുമിനുക്കി ലോകത്തിനുമുന്നിൽ അവതരിപ്പിച്ചപ്പോൾ അതൊരു ചരിത്രമായി. 2008ൽ ഒളിമ്പിക്‌സിന്‌ ആതിഥേയരായതോടെ ചൈനയുടെ ശക്തി ലോകം തിരിച്ചറിഞ്ഞു.

Image Credit: Olympics.com

തലസ്ഥാനമായ ബീജിങ്ങിൽ നടന്ന ആ ഒളിമ്പിക്‌സിൽ ചരിത്രത്തിലാദ്യമായി ചൈന ഓവറോൾ ചാമ്പ്യൻപട്ടമണിഞ്ഞു. 51 സ്വർണവും 21 വെള്ളിയും 28 വെങ്കലുമടക്കം 100 മെഡൽ. ലോകം അത്ഭുതത്തോടെയാണ്‌ ഈ നേട്ടത്തെ നോക്കിക്കണ്ടത്‌.  സംഘാടന മികവിലും പ്രകടനമികവിലും  അമേരിക്കയെ പിന്തള്ളിയ ഒളിമ്പിക്‌സ്‌. ചരിത്രത്തിലെ ഏറ്റവും വലിയ സ്വർണക്കുതിപ്പ്‌.

ആ നേട്ടം ഒറ്റ രാത്രികൊണ്ട്‌ ഉണ്ടായതല്ല. അതിൽ മുഹമ്മദലി പറഞ്ഞ സ്വപ്‌നമുണ്ടായിരുന്നു. ഭാവനാപൂർണമായ പദ്ധതിയും ആസൂത്രണ മികവുമുണ്ടായിരുന്നു. കേന്ദ്രീകൃതവും സുസംഘടിതവുമായ മുന്നേറ്റം. 1988ലെ ഒളിമ്പിക്‌സിൽ അഞ്ച്‌ സ്വർണമടക്കം നേടി പതിനൊന്നാം സ്ഥാനത്തായിരുന്നു. 20 വർഷത്തെ അധ്വാനത്തിനൊടുവിൽ ചൈന ലോക കായിക ഭൂപടം മാറ്റിവരച്ചു.

വിപ്ലവകരമായ മാറ്റത്തിന്‌ വഴിയൊരുക്കിയത്‌ 1995ലെ കായിക നിയമമാണ്‌. സ്‌പോർട്‌സ്‌ പൂർണമായും സർക്കാരിന്‌ കീഴിലാക്കിയതാണ്‌ നിയമത്തിന്റെ കാതൽ. താരങ്ങൾ രാജ്യസ്‌നേഹവും കൂട്ടായ്‌മയും സോഷ്യലിസവും പാലിക്കണമെന്ന്‌ നിയമം അനുശാസിക്കുന്നു. സർക്കാർ നിയന്ത്രണത്തിലെ ഏകീകൃത കായിക സംവിധാനം പുതിയ മുന്നേറ്റത്തിന്‌ അടിത്തറയായി. 

സർക്കാർ നേരിട്ട്‌ പദ്ധതികൾക്ക്‌ നേതൃത്വം നൽകി. സ്‌പോർട്‌സിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ്‌ പാഠ്യപദ്ധതികൾ തയ്യാറാക്കി. കുട്ടികളെ ചെറുപ്രായത്തിൽ കളികളിലേക്ക്‌ കൊണ്ടുവന്നു. എല്ലാ കുട്ടികൾക്കും തുടക്കത്തിൽ വ്യായാമത്തിന്റെ പാഠങ്ങൾ പകർന്ന്‌ കായികവിനോദങ്ങളിലേക്ക്‌ ആകർഷിച്ചു. കൃത്യവും ചിട്ടയുമായ പരിശീലനം. അടിസ്ഥാനസൗകര്യ വികസനത്തിൽ വൻ കുതിപ്പുണ്ടായി. സ്‌പോർട്‌സിനായി ബജറ്റിൽ വൻ തുകമാറ്റിവച്ചു. മൂവായിരത്തോളം ആധുനിക സ്‌പോർട്‌സ്‌ സ്‌കൂളുകളിലായി നാല്‌ ലക്ഷത്തിലേറെ കായികതാരങ്ങൾ സദാസജ്ജരായി.

2008 ഒളിമ്പിക്‌സ്‌ വേദി എട്ടുവർഷം മുമ്പ്‌ പ്രഖ്യാപിക്കപ്പെട്ടതോടെ ചൈന ഒളിമ്പിക്‌സിനായി കണ്ണുവച്ചു. കായികരംഗത്ത്‌ സോവിയറ്റ്‌ യൂണിയൻ പിന്തുടർന്ന നല്ല മാതൃകകൾ ചൈന സ്വീകരിച്ചു. നാടിനായി ഒരു കായികസംസ്‌കാരമുണ്ടായി. സ്‌പോർട്‌സിലെ നേട്ടം രാജ്യത്തിന്റെയാകെ നേട്ടമായി അവതരിപ്പിച്ചു. എല്ലാം സർക്കാർ നേരിട്ട്‌ നിയന്ത്രിച്ചു. ഏത്‌ ഇനത്തിലും മികച്ചവർ എന്ന ഒറ്റമാനദണ്ഡം പാലിച്ചു. പണവും പരിശീലനവും ഉറപ്പാക്കി. കളിക്കളങ്ങളും ആധുനിക പരിശീലന കേന്ദ്രങ്ങളും നിറഞ്ഞു. മികവുകാട്ടാറുള്ള പരമ്പരാഗത ഇനങ്ങളിൽ മെഡൽ ഉറപ്പാക്കുന്ന പരിശീലനം. അതിനൊപ്പം മറ്റ്‌ ഇനങ്ങളിലും പരീക്ഷണം. ബാഡ്‌മിന്റൺ, ടേബിൾടെന്നീസ്‌, ജിംനാസ്‌റ്റിക്‌സ്‌, ഡൈവിങ്, ഭാരോദ്വഹനം, അമ്പെയ്‌ത്ത്‌ തുടങ്ങിയ  ഇനങ്ങളിൽ കൂടുതൽ ശ്രദ്ധിച്ചു. പരമ്പരാഗത ഇനങ്ങളിൽ ആർക്കും മേധാവിത്വം വിട്ടുകൊടുക്കാതിരിക്കുന്നതാണ്‌ രീതി. അതോടൊപ്പം പുതിയ ഇനങ്ങളിലേക്ക്‌ കൂടുതൽ ശ്രദ്ധയും. ആ കരുതലിന്റെ ഫലമായിരുന്നു 2008ലെ ബീജിങ് ഒളിമ്പിക്‌സ്‌ കമ്യൂണിസ്‌റ്റ്‌, സോഷ്യലിസ്‌റ്റ്‌ പ്രത്യയശാസ്‌ത്രത്തിന്റെ അടിത്തറയിൽ ചൈന വികസന പുരോഗതിയിലേക്ക്‌ ചുവടുവച്ചപ്പോൾ സ്‌പോർട്‌സും മാറിനിന്നില്ല. ആ അടിത്തറയിൽതന്നെ കളികളും കളിക്കാരും ലോകം വെട്ടിപ്പിടിച്ചു.

ഏഷ്യാ ഭൂഖണ്ഡം ലോക കായികഭൂപടത്തിൽ എവിടെയുമുണ്ടായിരുന്നില്ല. ട്രാക്കിൽ ആഫ്രിക്കയും ഫീൽഡ്‌ ഇനങ്ങളിൽ യൂറോപ്പും മേധാവിത്വം പുലർത്തിയകാലം. അതിനിടെയാണ്‌ ഏഷ്യൻ കായികശക്തിയായി ചൈനയുടെ വളർച്ച. ഏഷ്യയെ കായികശക്തിയായി ലോകം അംഗീകരിച്ചത്‌ ചൈനയുടെ കുതിപ്പിലൂടെയാണ്‌. ആ അർഥത്തിൽ ചൈനയാണ്‌ ഏഷ്യയുടെ വഴികാട്ടി, ഭൂഖണ്ഡത്തിന്റെ കായിക വിളക്ക്‌.

ഇന്നിപ്പോൾ കായികരംഗത്ത്‌ ചൈന കൈവയ്‌ക്കാത്ത മേഖലകളില്ല.  പുതിയ നൂറ്റാണ്ടിൽ  അമേരിക്കയുടെ ആധിപത്യത്തെ വെല്ലുവിളിക്കാൻ മറ്റാരുമില്ല. എല്ലാ കായിക പദ്ധതികളിലും ചൈന കായികതാരങ്ങളോട്‌ പറയുന്നത്‌ പുതിയ ലക്ഷ്യത്തിലേക്ക്‌ കുതിക്കാനാണ്‌. ആ ഓർമപ്പെടുത്തലാണ്‌ വിജയത്തിന്റെ അടിസ്ഥാനം, ഇന്ന്‌ മാത്രമല്ല നാളേയും.

ആർ രഞ്‌ജിത്‌ 

അതിവേഗം പായുന്നു, 
ദെങ്ങിന്റെ സ്വപ്നം

ചെെനയുടെ സാമ്പത്തിക പുരോഗതിക്ക് വഴിയൊരുക്കി പരിഷ്കാരങ്ങളുടെ സൂത്രധാരൻ ദെങ് സിയാഒപിങ് കണ്ട സ്വപ്നമാണ് ചെെനയിലെ അതിവേഗ റെയിൽ. ജപ്പാൻ സന്ദർശനത്തിനിടെ ഷിങ്കാൻസൺ കണ്ടപ്പോഴാണ് ചെെനയിലും അതിവേഗം പായുന്ന തീവണ്ടിയെന്ന ആഗ്രഹം ഉടലെടുത്തത്. ആ സ്വപ്നമാണ് നാലു പതിറ്റാണ്ട് അപ്പുറം ചെെനയെ ലോകത്തിന്റെ നെറുകയിൽ നിർത്തുന്നവയിൽ ഒന്നായി മാറിയത്. വികസനത്തിന്റെ സോഷ്യലിസ്റ്റ്‌ മാതൃക തീർക്കുന്ന ചൈനയിലെ‌ അതിവേഗ റെയിൽ ഗതാഗതം ഇന്ന്‌ ലോകത്തിലെ ഏറ്റവും വലുതാണ്‌. ലോക അതിവേഗ റെയിൽ ഗതാഗതത്തിന്റെ 60 ശതമാനവും ചൈനയിലാണ്‌.

കുറഞ്ഞ ചെലവിൽ വേഗയാത്ര

ഈ തീവണ്ടികളുടെ വരവോടെ കുറഞ്ഞ ചെലവിൽ ഏറ്റവും വേഗം സുഖകരമായ യാത്രയെന്ന നേട്ടത്തിൽ ചെെനയെത്തി. ബീജിങ്ങിൽനിന്ന്‌ ഷാങ്ഹായിലേക്കുള്ള യാത്രസമയം 37 മണിക്കൂറിൽനിന്ന്‌ നാലായാണ് കുറഞ്ഞത്. ഏറ്റവും കുറവ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നതും ചെെനയാണ്. 480 കിലോമീറ്റർ വേഗതയിൽ പായുമ്പോഴും ഒരു നാണയം വിജയകരമായി തുലനം ചെയ്യാൻ കഴിയുന്നത്ര സുഖകരമായി യാത്ര ചെയ്യാൻ കഴിയും. 2008ൽ ആദ്യ അതിവേഗ റെയിൽ ആരംഭിച്ച ചെെനയിൽ നിലവിൽ 43,000 കിലോമീറ്റർ വ്യാപിച്ച ശൃംഖലയാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ 80 ശതമാനത്തിലധികം ഉൾക്കൊള്ളുന്നതാണിത്‌. 2035ഓടെ 70,000 കിലോമീറ്ററിലേക്ക് ഉയർത്താനാണ് ലക്ഷ്യമിടുന്നത്. രണ്ടാമതുള്ള സ്പെയിനിൽ അതിവേഗ റെയിൽ ശൃംഖല 3200 കിലോമീറ്ററോളം മാത്രമാണ്.

നൂറോളം രാജ്യത്തിന്‌ സഹായം

അതിവേഗ റെയിൽ പദ്ധതി തുടങ്ങിയപ്പോൾ വിദേശ സാങ്കേതിക വിദ്യയെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ, ചെെനയുടെ റെയിൽ മാതൃകയോട് പൂർണമായും ഇണങ്ങാത്തവ ആയിരുന്നു അവ. തുടർന്ന് ചെെനീസ് എൻജിനിയർമാർ അതിനെ പുനർനിർമിക്കുകയായിരുന്നു. നിലവിൽ സ്വതന്ത്രമായി വികസിപ്പിച്ചെടുത്തതാണ് ഉപയോഗിക്കുന്നത്. ഇപ്പോൾ ചെെനയുടെ റെയിൽ ഉൽപ്പന്നങ്ങളും സാങ്കേതികവിദ്യയും നൂറോളം രാജ്യത്തിലേക്ക് കയറ്റിയയക്കുന്നുണ്ട്. മറ്റു രാജ്യങ്ങൾ ചെെനയുടെ അതിവേഗ റെയിൽ നിർമാണമാതൃക പിന്തുടരുന്നത് നന്നായിരിക്കുമെന്നാണ് ലോക ബാങ്കിന്റെ റിപ്പോർട്ടിൽ പറയുന്നത്.

കെ എ നിധിൻനാഥ് 

പാതിയാകാശത്തിന്റെ അധിപർ

‘പകുതി ആകാശം ഉയർത്തിപ്പിടിക്കുന്നവർ.’ സ്ത്രീകളെപ്പറ്റി മൗ സെ ദൊങ്‌ പറഞ്ഞതാണ്‌. ആ വാക്കുകൾ അന്വർഥമാക്കി, നൂറ്റാണ്ടുകളായി സ്ത്രീകളെ പിന്നോക്കം തള്ളിയിരുന്ന പുരുഷാധിപത്യവ്യവസ്ഥകൂടി ഉടച്ചുവാർത്താണ്‌ പീപ്പിൾസ്‌ റിപ്പബ്ലിക്‌ ഓഫ്‌ ചൈന ഇന്ന്‌ ലോകത്തെ വൻശക്തികളിൽ ഒന്നായി നിൽക്കുന്നത്‌. രണ്ടാംതരം പൗരരിൽനിന്ന്‌ പകുതി ആകാശത്തിന്റെ അവകാശികളും പിന്നീട്‌ സ്വന്തം ആകാശം സ്വയം കെട്ടിപ്പടുക്കുന്നവരുമായി സ്ത്രീകളെ മാറ്റിയതിനു പിന്നിൽ ലിംഗസമത്വത്തിൽ ഊന്നിയ ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാർടിയുടെ ശക്തമായ നയംതന്നെ.

ചിങ്‌ രാജവംശത്തിന്റെ അവസാനംവരെയും പിന്നീടുള്ള കുറച്ചുകാലവും പുരുഷകേന്ദ്രീകൃത സാമൂഹ്യവ്യവസ്ഥിതിയുടെ ഒന്നാം നമ്പർ ഉദാഹരണമായിരുന്നു ചൈന. ഭ്രൂണഹത്യമുതൽ പൈതൃക സ്വത്തവകാശംവരെ; എണ്ണിയാലൊടുങ്ങാത്ത വേർതിരിവുകൾ. സഞ്ചാരസ്വാതന്ത്ര്യം കേട്ടുകേൾവി പോലുമില്ല. ഉള്ളംകാൽ ഉടച്ച്‌ വലിഞ്ഞുകെട്ടി അതിന്റെ രൂപവും വലുപ്പവും മാറ്റി പെൺകുട്ടികളെ ‘സുന്ദരി’കളാക്കുന്ന ‘ഫൂട്ട്‌ ബൈൻഡിങ്‌’ ആചാരം കുപ്രസിദ്ധമായിരുന്നു. 1942ലാണ്‌ ഇത്‌ നിർത്തലാക്കിയത്‌.

ജനസംഖ്യാ നിയന്ത്രണത്തിനായി 1979ൽ നടപ്പാക്കിയ ‘ഒറ്റക്കുട്ടി’ നയം സ്ത്രീകളുടെ സാമ്പത്തികമുന്നേറ്റം യാഥാർഥ്യമാക്കാനും സഹായിച്ചു. ‘അമ്മ’ വേഷത്തിലൊതുങ്ങാതെ, വീടിന്‌ പുറത്തുവരാനും വിദ്യാഭ്യാസവും തൊഴിലുംനേടി തുല്യ അവകാശവും അന്തസ്സും ഉള്ളവരാകാനും ഈ നയം സ്ത്രീകൾക്കു നൽകിയ സ്വാതന്ത്ര്യം ചെറുതല്ല. 2019ലെ കണക്കുപ്രകാരം രാജ്യത്തെ 15നും 60നും ഇടയിൽ പ്രായമുള്ള 60.4 ശതമാനം സ്ത്രീകളും ജോലി ചെയ്യുന്നവരോ സംരംഭകരോ ആണ്‌. വിവാഹിതരായ 40ൽ താഴെ പ്രായമുള്ള 33 ശതമാനം സ്ത്രീകൾക്ക്‌ പങ്കാളിയേക്കാൾ  വരുമാനമുണ്ട്‌. 19 ശതമാനം സ്ത്രീകൾ സമപ്രായക്കാരായ പുരുഷന്മാരേക്കാൾ വരുമാനമുള്ളവർ. ലോകത്തെ സ്വയംവളർന്ന പ്രധാന ശതകോടീശ്വരുടെ പട്ടികയിൽ 49 പേർ ചൈനീസ്‌ വനിതകളാണ്‌.

പെൺകുട്ടികൾക്ക്‌ വിദ്യാഭ്യാസവും സ്ത്രീകൾക്ക്‌ തൊഴിലവവകാശവും ഉറപ്പാക്കാനും സ്വത്തവകാശത്തിൽ തുല്യാവകാശം നൽകാനും 1992ൽ പ്രൊട്ടക്‌ഷൻ ഓഫ്‌ റൈറ്റ്‌സ്‌ ആൻഡ്‌ ഇന്ററസ്റ്റ്‌സ്‌ ഓഫ്‌ വിമെൻ നിയമം നടപ്പാക്കി. സ്ത്രീകളുടെ സമഗ്രവികസനം പത്തുവർഷത്തിനുള്ളിൽ മൂന്നു മടങ്ങ്‌ വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 1995ൽ പ്രത്യേക പരിപാടി നടപ്പാക്കി. 2016ൽ ഗാർഹിക പീഡന വിരുദ്ധനിയമം നടപ്പാക്കി.2016–-20 ലെ ദേശീയ മനുഷ്യാവകാശ കർമപദ്ധതി സ്ത്രീമുന്നേറ്റത്തിന്‌ ഊന്നൽനൽകി. ഓരോ നിയമവും നിർമിക്കുമ്പോഴും നടപ്പാക്കുമ്പോഴും ലിംഗസമത്വം ഉറപ്പാക്കാൻ പ്രവിശ്യകളിൽ സമിതികൾ രൂപീകരിച്ചു.

രാഷ്ട്രീയത്തിലും സ്ത്രീസാന്നിധ്യം വർധിച്ചുവരുന്നു. ചൈനീസ് കമ്യൂണിസ്റ്റ്‌ പാർടിയുടെ മൊത്തം അംഗങ്ങളിൽ 28.8 ശതമാനവും സ്ത്രീകളാണ്‌. ചൊവ്വാഴ്ച ഷി ജിൻപിങ്‌ മെഡൽ നൽകി ആദരിച്ച മികച്ച 29 പ്രവർത്തകരിൽ ഷൊയ്‌ഗർ, ഷാങ്‌ ഗുയ്‌മേയി എന്നീ സ്‌ത്രീകളുമുണ്ട്‌. 2018ലെ കണക്കുപ്രകാരം വിദേശത്തുള്ള ചൈനീസ്‌ നയതന്ത്രജ്ഞരിൽ  2065പേർ സ്‌ത്രീകളാണ്‌. 2005ൽ 1695 ആയിരുന്നു.

വി കെ അനുശ്രീ 

വൻമതിലിലെ ചെങ്കൊടിക്ക് ശതാബ്ദി - എം എ ബേബി എഴുതുന്നു

1921 ജൂലൈ ഒന്നിനാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർടിയുടെ (സിപിസി) പിറവി. 28 വർഷത്തിനുള്ളിൽ 1949ൽ ജനകീയ ജനാധിപത്യ വിപ്ലവം അവിടെ വിജയശ്രീലാളിതമായി. റഷ്യയിൽ സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർടിയെന്ന ബോൾഷെവിക്‌ പാർടിയുടെ മുൻഗാമി രൂപീകരിക്കപ്പെട്ടത് 1898ലെന്ന്‌ കണക്കാക്കുമ്പോൾ 19 വർഷത്തിനുള്ളിൽ മഹത്തായ ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവം വിജയിച്ചെന്നും ഓർക്കാം. 

ഫ്രഞ്ച് സാമ്രാജ്യത്വ നിയന്ത്രണത്തിലായിരുന്ന ഷാങ്ഹായി നഗരത്തിലെ ഒരു സ്ഥലത്തുവച്ചാണ് സിപിസി സ്ഥാപകസമ്മേളനം സംഘടിപ്പിച്ചത്. 57 പാർടി അംഗങ്ങളെ പ്രതിനിധാനംചെയ്‌ത്‌ 12 പ്രതിനിധികളായിരുന്നു. ഫ്രഞ്ച്‌ പൊലീസ് തടസ്സപ്പെടുത്തിയതിനെ തുടർന്ന് സഖാക്കൾ ഒരു നൗകയിൽ, ഷിജിയാങ് പ്രവിശ്യയിലെ ദക്ഷിണ തടാകത്തിൽ സഞ്ചരിച്ചുകൊണ്ടാണ് സമ്മേളന നടപടികൾ പൂർത്തീകരിച്ചത്. ഇന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാർടിയിലെ അംഗസംഖ്യ ഒമ്പത്‌ കോടിയിൽ അധികമാണ്. സാഹസികമായി സമാരംഭിച്ച ചൈനയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം അസംഖ്യം വളവുതിരിവുകളും മുന്നേറ്റങ്ങളും പിന്നോട്ടടികളും അതിജീവിച്ചാണ് ഇന്നത്തെ നിലയിലേക്ക് വളർന്നത്. മനുഷ്യരാശിയുടെ ചരിത്രത്തിൽ ജനകീയ ചൈനയ്ക്ക് ഇന്നുള്ള സ്ഥാനം അനന്യമാണ്. ഈ അടുത്ത നാളുകളിൽ നടന്ന ജി 7 ഉച്ചകോടി ചർച്ച ചെയ്ത വിഷയത്തിലൊന്ന് ചൈനയുടെ ‘ബെൽറ്റ് റോഡ് പദ്ധതിയെ നേരിടാ’നുള്ള ബദൽമാർഗങ്ങളായിരുന്നു. ലോക സമ്പദ്ഘടനയെ ചലിപ്പിക്കുന്ന എൻജിനാണ് ചൈനയെന്നും സാമ്പത്തികവിദഗ്‌ധർ പറയാറുണ്ട്. കോവിഡ് –-19 ആദ്യം കണ്ടെത്തിയ രാജ്യമെന്നനിലയിൽ ഡോണൾഡ് ട്രംപിനെപ്പോലെ ചിലർ ഉപരിവിപ്ലവമായി ചൈനയെ വിമർശിക്കാറുണ്ടെന്നും നമുക്കറിയാം. ഈ പശ്ചാത്തലത്തിൽ സിപിസിയുടെയും ആധുനികചൈനയുടെയും ചരിത്രം എന്താണെന്ന്, ഈ ശതാബ്ദി ആചരണവേളയിൽ ഹ്രസ്വമായി അവലോകനം ചെയ്യുന്നത് പ്രസക്തമാണ്.

സിപിസിയുടെ രൂപീകരണ സമ്മേളനത്തിൽ പങ്കെടുത്ത 12 പേരിൽ മൗ സെ ദൊങ്ങും  ഉണ്ടായിരുന്നു. എങ്കിലും അതിന്റെ പ്രവിശ്യാതല നേതൃത്വത്തിലും ചൈനീസ് സമൂഹത്തെപ്പറ്റിയുള്ള ചില സൂക്ഷ്മ പഠനങ്ങളിലുമായിരുന്നു ആദ്യഘട്ടത്തിൽ മൗ കൂടുതൽ ശ്രദ്ധിച്ചത്. 1923ൽ നടന്ന മൂന്നാം സിപിസി കോൺഗ്രസിലാണ് മൗ കേന്ദ്ര കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 12 വർഷത്തിനുശേഷം ചുവപ്പുസേനയുടെ കമാൻഡർ ഇൻ ചീഫായി മൗ ചുമതല ഏറ്റെടുത്തതോടെ ചൈനീസ് വിപ്ലവത്തിന്റെ മുഖ്യ നേതൃശക്തിയായി മൗ മാറി. 1924ൽ കാന്റണിൽ  കുമിന്താങ് അതിന്റെ ഒന്നാം ദേശീയ കോൺഗ്രസ്‌ ചേർന്നു. കമ്യൂണിസ്റ്റ് ഇന്റർ നാഷണലിന്റെ ഐക്യമുന്നണി നയം പിന്തുടർന്നുകൊണ്ട് കുമിന്താങ് സമ്മേളനത്തിലും  കുമിന്താങ് പാർടിയിലും കമ്യൂണിസ്റ്റുകാരും പങ്കെടുത്തു. സൺയത്‌ സെന്നിന്റെ നേതൃത്വത്തിലുള്ള കുമിന്താങ്ങിലെ ഇടതുപക്ഷവും കമ്യൂണിസ്റ്റുകാരും സഹകരിച്ച്, സാമ്രാജ്യത്വത്തിനും നാടുവാഴിത്തത്തിനും കുമിന്താങ്ങിലെ വലതുപക്ഷത്തിനും എതിരായ സമരം ശക്തിപ്പെടുത്തിയ ഘട്ടമായിരുന്നു അത്. ഇതിന്റെ ഭാഗമായി സിപിസിയും കുമിന്താങ്ങും ചേർന്ന് ക്വാങ്ടങ് സംസ്ഥാനത്ത് ഒരു വിപ്ലവ സർക്കാരും സൈനിക പരിശീലനകേന്ദ്രവും സ്ഥാപിച്ചു. പ്രതിലോമ ശക്തികൾക്കെതിരെ ‘യാത്രായുദ്ധം’ നടത്താനും അതോടൊപ്പം തൊഴിലാളികൾ, കൃഷിക്കാർ, യുവാക്കൾ, മഹിളകൾ തുടങ്ങിയവരെ സംഘടിപ്പിക്കാനും ഈ ഘട്ടത്തിൽ സിപിസി പ്രത്യേകം താൽപ്പര്യമെടുത്തു. 1925 മാർച്ചിൽ സൺയത് സെന്നിന്റെ മരണവും ചിയാങ് കൈഷേക്കിന്റെ നേതൃത്വാരോഹണവും സിപിസിയും കുമിന്താങ്ങും തമ്മിലുള്ള സഹകരണത്തിന് ആഘാതമായി. ചിയാങ് വലതുപക്ഷത്തിന്റെ ഭാഗമായി കമ്യൂണിസ്റ്റുകാരെ വേട്ടയാടാൻ തുടങ്ങി.

ചൈനീസ് കമ്യൂണിസ്റ്റ് പാർടി സംഘടനയുടെ ആവിർഭാവത്തിന് ‘1919ലെ മെയ് നാല്’ പ്രസ്ഥാനം പശ്ചാത്തലം ഒരുക്കിയെങ്കിൽ 1925ലെ ‘മെയ് 30 പ്രസ്ഥാനം’ കമ്യൂണിസ്റ്റ് മുന്നേറ്റത്തിന് വൻ ഉത്തേജനം നൽകി. ആദ്യത്തേത് പീക്കിങ്ങിൽ (ഇപ്പോൾ ബീജിങ്) ഉത്ഭവിച്ച് രാജ്യത്താകെ പടർന്നെങ്കിൽ രണ്ടാമത്തേത് ഷാങ്ഹായിൽ പൊട്ടിപ്പുറപ്പെട്ട് രാജ്യത്തെയാകെ ഇളക്കിമറിച്ചു. സാമ്രാജ്യത്വത്തിനും നാടുവാഴിത്തത്തിനുമെതിരെ വിദ്യാർഥികളും തൊഴിലാളികളും കൃഷിക്കാരും കച്ചവടക്കാരും ത്യാഗപൂർവം സമരഭൂമിയിൽ കൈകോർത്തു. ബ്രിട്ടീഷ് –- അമേരിക്കൻ –- ജാപ്പനീസ് പൊലീസ് സംഘങ്ങൾ വെടിയുണ്ടയുതിർത്ത് പ്രക്ഷോഭകരെ കൊന്നുവീഴ്ത്തി. തൊഴിലാളികൾ പൊതുപണിമുടക്ക് പ്രഖ്യാപിച്ച് സമര നേതൃത്വത്തിലെത്തി. സമരം മറ്റു പ്രവിശ്യകളിലേക്ക് വ്യാപിച്ചു.

ക്വാങ്ടങ്ങിലെ ദേശീയ വിപ്ലവസേന വളരെ വേഗം സംസ്ഥാനത്തെ ഏകീകരിച്ചു. പെക്കിങ്‌ കേന്ദ്രമാക്കി സാമ്രാജ്യത്വസേവ ചെയ്തിരുന്ന നാടുവാഴിത്ത ഭരണത്തെ നിഷ്‌കാസനം ചെയ്യാനായി 1926 ജൂലൈയിൽ ‘വടക്കൻ യുദ്ധയാത്ര’ ആരംഭിച്ചു. വിപ്ലവസേനയിലേക്ക് പതിനായിരക്കണക്കിന് പോരാളികൾ അണിചേരാൻ തുടങ്ങി. ഈ മുന്നേറ്റാന്തരീക്ഷം ട്രേഡ് യൂണിയനെയും കർഷകസംഘത്തെയും ഉത്തേജിപ്പിച്ചു. ടിയു അംഗസംഖ്യ 28 ലക്ഷമായി. കർഷകസംഘം അംഗത്വം 95 ലക്ഷം. മെയ് 30 പ്രസ്ഥാനത്തിനുമുമ്പ് സിപിസിയിൽ 900 അംഗങ്ങളായിരുന്നെങ്കിൽ സമരമുന്നേറ്റങ്ങളുടെ സ്വാധീനത്തിൽ അത് 57,900 ആയി ഉയർന്നു.

1927 മാർച്ച് 24ന് വടക്കൻ യുദ്ധയാത്രാസൈന്യം നാങ്കിങ് കീഴ്പ്പെടുത്തി. ബ്രിട്ടൻ, യുഎസ്എ, ജപ്പാൻ, ഫ്രാൻസ്, ഇറ്റലി എന്നിവരുടെ നാവിക സൈന്യങ്ങൾ കടൽത്തീര പട്ടണങ്ങൾ ബോംബിട്ട്‌ തകർത്തു. അവരോട് കൂട്ടുചേർന്ന് വഞ്ചകനായ ചിയാങ് കൈഷേക്ക് പ്രതിവിപ്ലവ നീക്കം നടത്തി. ഷാങ്ഹായ് കീഴടക്കി കമ്യൂണിസ്റ്റുകാരെയും തൊഴിലാളികളെയും കൂട്ടത്തോടെ കൊന്നൊടുക്കി.

ജനകീയ ചൈന റിപ്പബ്ലിക്

1927 ജൂലൈ 15ന് വുഹാനിൽ  കുമിന്താങ് കമ്യൂണിസ്റ്റുകാരുമായുള്ള കൂട്ടുകെട്ട് ഔപചാരികമായി വിച്ഛേദിച്ചു. സിപിസിയുടെ ചരിത്രത്തിന്റെ ആദ്യഘട്ടമായി കണക്കാക്കുന്ന, ഒന്നാം വിപ്ലവ ആഭ്യന്തരയുദ്ധം (1921 –-1927) പരാജയത്തിൽ കലാശിച്ചു. ഇതിൽനിന്ന് ശരിയായ പാഠങ്ങൾ പഠിച്ചുകൊണ്ടാണ് രണ്ടാം വിപ്ലവ ആഭ്യന്തരയുദ്ധവും (1927–-1936) ജാപ്പ് ആക്രമണത്തിനെതിരായ ചെറുത്തുനിൽപ്പുയുദ്ധവും. (1937–- 45) മൂന്നാം വിപ്ലവ ആഭ്യന്തര യുദ്ധവും ചൈനീസ് ജനകീയ റിപ്പബ്ലിക്കിന്റെ സ്ഥാപനവും (1945–-1949) അതിസങ്കീർണമായ സാഹചര്യത്തിലാണ്‌ സിപിസി വിജയകരമായി പൂർത്തീകരിച്ചത്. വിവരണാതീതമായ ത്യാഗവും പോരാട്ടധീരതയും കൈമുതലാക്കിയ ലക്ഷക്കണക്കിന് കമ്യൂണിസ്റ്റ് പോരാളികളുടെ രക്തസാക്ഷിത്വത്തിന്റെ ബാക്കിപത്രമാണ് 1949 ഓക്ടോബർ ഒന്നിന് മൗ സെ ദൊങ്‌ പ്രഖ്യാപിച്ച ജനകീയ ചൈന റിപ്പബ്ലിക്കിന്റെ ഉദയം.

മഹത്തായ ഈ ചരിത്രത്തിലെ അവിസ്മരണീയമായ ഭാഗമാണ് ലോങ് മാർച്ച്. 370 ദിവസം നീണ്ടുനിന്ന 9000 കിലോമീറ്ററുകളിലേറെ സഞ്ചരിച്ച ഒന്നിലേറെ മാർച്ച്‌ ഇതിന്റെ ഭാഗമായി നടന്നു. കുമിന്താങ് സേനയുടെ മാരകാക്രമണങ്ങൾ മറികടക്കാൻ സുരക്ഷിത താവളത്തിലേക്കുള്ള ഒഴിഞ്ഞുമാറലായിരുന്നു ഐതിഹാസികമായി പരിണമിച്ച വിപ്ലവസേനയുടെ ലോങ് മാർച്ച്. ജാപ്പ് അധിനിവേശ യുദ്ധത്തിന്റെ കാലഘട്ടത്തിൽ സിപിസി മുന്നോട്ടുവച്ച കുമിന്താങ്ങുമായി ചേർന്ന് ജാപ്പ് വിരുദ്ധ ഐക്യമുന്നണിയെന്ന ആശയം ചിയാങ് കൈഷേക്ക് തള്ളിക്കളഞ്ഞു. തെറ്റായ ആ നിലപാടുകാരനായ ചിയാങ് കൈഷേക്കിനെ, കുമിന്താങ് ഭടന്മാർ തന്നെ അറസ്റ്റുചെയ്ത നാടകീയ സംഭവവും കമ്യൂണിസ്റ്റുകാർ ഇടപെട്ട് ചിയാങ്ങിനെ മോചിതനാക്കിയ കൗതുകകരമായ അനുഭവവും മറ്റും ഇവിടെ വിവരിക്കുന്നില്ല. ‘ചൈനയ്ക്കുമേൽ ചുവപ്പ്താരം’ എന്ന എഡ്ഗാർസേനായുടെ പ്രശസ്തമായ ഗ്രന്ഥത്തിൽ ഇതെല്ലാം പ്രതിപാദിച്ചിട്ടുണ്ട്.

ചൈന മാറ്റത്തിന്റെ പാതയിലൂടെ

വിപ്ലവാനന്തരം ചൈന ആദ്യദശകത്തിൽ മൗവിന്റെ നേതൃത്വത്തിൽ ആവേശകരമായ മുന്നേറ്റങ്ങൾ നേടി. ഭൂപരിഷ്‌കരണവും പഞ്ചവത്സര പദ്ധതിയും സാക്ഷരതാ പ്രസ്ഥാനവും ജനകീയ ആരോഗ്യ നയവും ജനകീയ കമ്യൂണുകളും വലിയ മാറ്റങ്ങൾക്ക് വഴിതെളിച്ചു. എന്നാൽ “മഹത്തായ കുതിച്ചുചാട്ടം’’ എന്ന് നാമകരണം ചെയ്ത് ഗ്രാമങ്ങളെ ഒറ്റയടിക്ക് മാറ്റിത്തീർക്കാമെന്ന മൗവിന്റെ വിപ്ലവ സ്വപ്നം നടപ്പാക്കിയതിലെ വൈകല്യങ്ങൾ വലിയ തിരിച്ചടിയായി . “പരാജിതരെന്നും, വലതുപക്ഷക്കാരെന്നും’’ മുദ്രയടിക്കപ്പെടുമെന്ന് ഭയന്ന് കമ്യൂണുകളുടെ ചുമതലക്കാർ കാർഷിക പുരോഗതി സംബന്ധിച്ച് പെരുപ്പിച്ച കണക്കുകൾ ഇക്കാലത്ത് നൽകി. ക്ഷാമത്തിനും മരണങ്ങൾക്കും അതു വഴിവച്ചു. യഥാർഥത്തിൽ വൻ വിളവെടുപ്പുണ്ടായി എന്ന് വ്യാജ കണക്ക്‌ നൽകുകയും കൃഷിക്കാർക്ക് ഭക്ഷിക്കാൻ വേണ്ടതുപോലും ബാക്കിവയ്‌ക്കാതെ ധാന്യങ്ങൾ ഏറ്റെടുക്കുകയും ചെയ്തതുപോലുള്ള തെറ്റുകൾ ഉണ്ടായതാണ് പ്രതിസന്ധി സൃഷ്‌ടിച്ചത്. ഒന്നര കോടി മരണം ഇക്കാലഘട്ടത്തിൽ (1958 –- 1962) ഉണ്ടായതായി ആരോപിക്കപ്പെടുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് പാർടി ചെയർമാൻ സ്ഥാനത്തുമാത്രം മൗ തുടരുകയും രാജ്യത്തിന്റെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഒഴിവാകുകയും ചെയ്തത്.

1966 ൽ ആരംഭിച്ച് ഒരു പതിറ്റാണ്ട് നീണ്ടുനിന്ന “സാംസ്കാരിക വിപ്ലവം’’ ലോകത്തിന് ഒരു പുതിയ അനുഭവമായിരുന്നു. വിപ്ലവാനന്തരം സാംസ്കാരികമായ പോരാട്ടം സമൂഹത്തിലും വിപ്ലവപ്രസ്ഥാനത്തിനുള്ളിലും അനുപേക്ഷണീയമാണ് എന്ന കാഴ്ചപ്പാടോടുകൂടിയാണ് ഇത് ആരംഭിച്ചത്. “നൂറു പൂക്കൾ വിരിയട്ടെ, നൂറ് ചിന്താഗതികൾ ഏറ്റുമുട്ടട്ടെ’’ എന്ന കാവ്യാത്മകമായ മുദ്രാവാക്യം ലോകത്തിന്‌ നൽകിയ മൗവാണ് ഇത് നയിച്ചത് എന്നതുമൂലം വലിയ പ്രതീക്ഷയോടെയാണ് പൊതുവെ ഇത് വീക്ഷിക്കപ്പെട്ടത്. നല്ല കാഴ്ചപ്പാടോടുകൂടിയ ഒരു പ്രസ്ഥാനം എങ്ങനെ വഴിതെറ്റാമെന്നാണ് പക്ഷെ, തുടർന്ന് വ്യക്തമായത്. അധികം വൈകാതെ സർവ നിയന്ത്രണങ്ങളും വിട്ട് തെരുവുയുദ്ധങ്ങളായി അതു മാറി. സാങ്കൽപ്പിക കുറ്റങ്ങളാരോപിച്ച് കമ്യൂണിസ്റ്റ് പാർടി നേതൃത്വത്തിലും സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലും ശ്രദ്ധേയരായവർ മുതൽ പലതലങ്ങളിൽ പ്രവർത്തിച്ച അസംഖ്യം പേർ സ്ഥാന ഭ്രഷ്ടരാവുകയോ ഗ്രാമങ്ങളിലേക്ക് കൃഷിപ്പണിചെയ്യാൻ നാടുകടത്തപ്പെടുകയോ ചെയ്തു. ലിയുഷാവോചി (എങ്ങനെ നല്ല കമ്യൂണിസ്റ്റാകാം എന്ന പഠന കൃതിയുടെ രചയിതാവും ചൈനീസ് പ്രസിഡന്റുമായിരുന്നു.) ദെങ്സിയാവോപിങ് (സി പി സി ജനറൽ സെക്രട്ടറി) തുടങ്ങിയവർ വേട്ടയാടപ്പെട്ടവരിൽ ഉൾപ്പെടും. മൗവിന്റെ കാലത്തുതന്നെ ദെങ്സിയാവോ പിങ്ങിനെ നേതൃത്വത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്ന നീക്കം ആരംഭിക്കുകയുണ്ടായി. 1976 സെപ്തംബറിൽ മൗവിന്റെ മരണത്തിന് ശേഷമാണ് തെറ്റുകൾ തിരുത്താനുള്ള സാഹചര്യം രൂപപ്പെട്ടത്. “മുന്നോട്ടുള്ള വൻ കുതിച്ചുചാട്ടത്തിൽ’’ സംഭവിച്ച പിശകുകളും സാസ്കാരിക വിപ്ലവത്തിന്റെ അനന്തരഘട്ടത്തിലുണ്ടായ ദുരന്തങ്ങളും “നാൽവർ സംഘ’’ത്തിന്റെ നേതൃത്വത്തിൽ സംഭവിച്ച അപകടങ്ങളും തിരുത്തുന്നതിൽ ദെങ്സിയോവോ പിങ്, ഹുയാവോബാങ്, ഷാവോ ഷിയാൻ എന്നിവരുടെ നേതൃത്വത്തിൽ സമാരംഭിച്ച നടപടികൾ ചൈനയുടെ ചരിത്രത്തിൽ ഒരു പുതിയഘട്ടമായിരുന്നു. അതിൽ ദെങ്ങിന്റെ സംഭാവനകൾ പ്രത്യേകം പ്രസ്താവ്യമാണ്.

ഇതിന്റെ ഭാഗമായാണ് നാല് ആധുനീകരണ പരിപാടികൾ ആവിഷ്‌കരിച്ചത്. 1. കൃഷി, 2. വ്യവസായം, 3. ശാസ്ത്രവും സാങ്കേതിക വിദ്യയും, 4. പ്രതിരോധം എന്നീ മേഖലകളിൽ സമഗ്രമായ അഴിച്ചുപണി പ്രഖ്യാപിച്ചു. കമ്യൂണിസ്റ്റ് പാർടിയുടെ നേതൃത്വത്തിലുള്ള ഭരണ സംവിധാനത്തിന്റെ നിയന്ത്രണത്തിലും മേൽനോട്ടത്തിലും സോഷ്യലിസ്റ്റ് കമ്പോള വ്യവസ്ഥ എന്ന ആശയവും അന്ന് മുന്നോട്ട് വയ്‌ക്കപ്പെട്ടു. ചൈനയ്ക്ക് ഒത്ത സോഷ്യലിസ്റ്റ് പരീക്ഷണത്തിന്റെ ഭാഗമെന്ന നിലയിലാണ് ഈ പരിഷ്കാരങ്ങൾ ആരംഭിച്ചത്. പൊതു ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ തമ്മിൽ ആരോഗ്യകരമായ മത്സരം ഉൽപ്പാദനക്ഷമത ഉയർത്തും എന്നതായിരുന്നു കാഴ്ചപ്പാട്. ഇതിന്റെ ഭാഗമായി രാഷ്ട്രീയ സാമ്പത്തിക അധികാരങ്ങൾ ഒരു പരിധിവരെ പ്രവിശ്യകളിലേക്കും മേഖലകളിലേക്കും വിഭജിച്ച് നൽകിയത് വളരെ പ്രധാനമാണെന്ന് ഡേവിഡ് ഹാർവി (എ ബ്രീഫ്‌ ഹിസ്‌റ്ററി ഓഫ്‌ നിയോ ലിബറലിസം ) എന്ന കൃതിയിൽ അഭിപ്രായപ്പെടുന്നു.

പ്രാദേശിക മുൻകൈ വളർത്തിയെടുക്കാൻ ഈ നയം വലിയ പ്രചോദനമായി. വിദേശ വാണിജ്യം, വിദേശ നിക്ഷേപം എന്നിവയുടെ സാധ്യതകൾ കമ്യൂണിസ്റ്റ് ഗവൺമെന്റിന്റെ സൂക്ഷ്മ ദൃഷ്ടിക്കുകീഴിൽ ഉപയോഗപ്പെടുത്താനും തീരുമാനിച്ചു. ഇത് തുടക്കത്തിൽ ഹോങ്കോങ്ങിനെ തൊട്ടുകിടക്കുന്ന ഗ്വാങ്ഡോങ് പ്രവിശ്യയിലാണ് പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയത്. സാങ്കേതിക വിദ്യ ലഭ്യമാക്കാനും കൃഷിയിലും വ്യവസായത്തിലും സേവനമേഖലയിലും അത് ഉപയോഗപ്പെടുത്തി മികച്ച സാമ്പത്തിക വളർച്ച നേടാനും ശാസ്ത്ര സാങ്കേതിക വൈജ്ഞാനിക ഗവേഷണ മേഖലകളിൽ മുന്നേറാനും ഇക്കഴിഞ്ഞ നാലുപതിറ്റാണ്ടുകാലത്ത് ചൈനയ്ക്ക് സാധ്യത തുറന്നുകൊടുത്തത് ഈ നവ നയങ്ങളാണ്. ലെനിൻ പുതിയ സാമ്പത്തിക നയമെന്ന പേരിൽ (എൻ ഇ പി) വിപ്ലവാനന്തര റഷ്യയിൽ നടപ്പാക്കാൻ ശ്രമിച്ചത് ചൈനീസ് സാഹചര്യത്തിൽ ആറുപതിറ്റാണ്ടുകൾക്ക് ശേഷം നടപ്പാക്കാനാണ് സി പി സി, ദെങ്ങിന്റെ നേതൃത്വത്തിൽ മുന്നോട്ട് വന്നത്. 1998 ൽ ഇ എം എസ് നടത്തിയ ഒരു നിരീക്ഷണത്തിൽ ഇത് ചൂണ്ടിക്കാണിക്കുകയുണ്ടായി.

ബ്രിട്ടൻ കൈവശം വച്ചിരുന്ന ഹോങ്കോങ് ജനകീയ ചൈന ഏറ്റെടുക്കുന്നത് സംബന്ധിച്ച ചർച്ചകൾ എവിടെയെത്തുമെന്ന് ലോകം ആശങ്കപ്പെട്ട നാളുകൾ മറക്കാറായിട്ടില്ല. “ഒരു രാഷ്ട്രം രണ്ട് വ്യവസ്ഥകൾ’’ എന്ന സിദ്ധാന്തം മുന്നോട്ട് വച്ചുകൊണ്ട് ദെങ് അതിന് അസാധാരണകരമായ പരിഹാരം കണ്ടെത്തി. ചൈനയുടെ ഭാഗമായാലും ഹോങ്കോങ്ങിൽ മുതലാളിത്ത വ്യവസ്ഥ ഉടനടി അവസാനിപ്പിക്കുകയില്ല എന്നാണ് ആ പ്രസ്താവനയുടെ വിശദീകരണം. ഈ സമീപനത്തിനുള്ളിൽനിന്ന്‌ ഹോങ്കോങ്ങും മക്കാവുവും ഇന്ന് ചൈനയുടെ ഭാഗമായി. തൈവാൻ വിഘടിതപ്രദേശമായി തുടരുകയാണ്.

നേട്ടങ്ങളിൽ അഭിമാനിച്ച്‌ പിശകുകൾ തിരുത്തി മുന്നോട്ട്‌ 

2019ൽ 14.4 ലക്ഷം കോടി ഡോളറായി ചൈനയുടെ മൊത്തം ആഭ്യന്തര ഉൽപ്പാദനം വർധിച്ചിരിക്കുന്നു. അമേരിക്കയ്ക്കുപിന്നിൽ ലോകത്തിലെ രണ്ടാമത്തെ സാമ്പത്തികശക്തിയായി ചൈന വളർന്നു എന്നാണ് ഇതിന്റെ അർഥം. ഇന്ത്യയുടെ അഞ്ചുമടങ്ങിലധികമാണ് ചൈനയുടെ മൊത്തം ആഭ്യന്തര ഉൽപ്പാദനം എന്നും ഓർക്കാം. സിപിസി രൂപീകരണത്തിന്റെ ശതാബ്ദി ആചരണം 2021ൽ നടക്കുമ്പോൾ കൊടും ദരിദ്രരില്ലാത്ത രാജ്യമായി ചൈനയെ ഉയർത്തണം എന്ന ലക്ഷ്യം പ്രഖ്യാപിച്ചിരുന്നു. അത് ഇപ്പോൾ ചൈന സാക്ഷാൽക്കരിച്ചു കഴിഞ്ഞു.

ഇനി 28 വർഷം കഴിഞ്ഞാൽ ജനകീയ ചൈന റിപ്പബ്ലിക് സ്ഥാപിതമായതിന്റെ 100 വർഷം പൂർത്തിയാകും. അപ്പോഴേക്കും മിതമായ വളർച്ച നേടിയ സോഷ്യലിസ്റ്റു രാജ്യമായി ചൈനയെ വളർത്തുക എന്ന ലക്ഷ്യമാണ് സിപിസി പ്രഖ്യാപിച്ചിട്ടുള്ളത്. സിപിസിയുടെ പൊതുപരിപാടി ഇപ്രകാരം പ്രഖ്യാപിക്കുന്നു. “ചൈന സോഷ്യലിസത്തിന്റെ പ്രാഥമിക ഘട്ടത്തിലാണ്; ദീർഘകാലം അതങ്ങനെ തുടരുകയും ചെയ്യും. സാമ്പത്തികമായും സാംസ്കാരികമായും പിന്നോക്കത്തിലായിരുന്ന ചൈനയുടെ സോഷ്യലിസ്റ്റ് ആധുനികവൽക്കരണത്തിൽ ചാടിക്കടക്കാവുന്ന ഒരു ചരിത്രഘട്ടമല്ല ഇത്. നൂറുകൊല്ലത്തിലധികമെടുത്താകും ഇതവസാനിക്കുക. സോഷ്യലിസ്റ്റ് നിർമാണത്തിൽ നമ്മുടെ സവിശേഷ സ്ഥിതിഗതികളിൽനിന്ന് നാം മുന്നേറുകയും ചൈനീസ് സവിശേഷതകളോടുകൂടിയ സോഷ്യലിസ്റ്റ് പാതയിലേക്ക് നീങ്ങുകയും വേണം.’’ ഇതിന്റെ അർഥം ജനകീയ ചൈന പ്രശ്നങ്ങളൊന്നും അഭിമുഖീകരിക്കുന്നില്ല എന്നല്ല. സിപിസി ജനറൽ സെക്രട്ടറിയും ചൈനയുടെ പ്രസിഡന്റുമായ ഷീ ജിൻപിങ്ങ് മൂന്ന് മേഖലയിൽ പാർടിയും ഭരണസംവിധാനവും ശ്രദ്ധചെലുത്തേണ്ടതുണ്ടെന്ന് ആവർത്തിച്ച് സൂചിപ്പിച്ചു.

സാമ്പത്തിക അസമത്വം സാമ്പത്തികവളർച്ചയ്ക്കൊപ്പം തുടരുന്നതാണ് ഏറ്റവും പ്രധാന വിഷയം. പലതലങ്ങളിലും അഴിമതി വ്യാപിക്കുന്നതിനെതിരെ ശക്തമായ തിരുത്തൽ ജാഗ്രതയോടെ ഏറ്റെടുക്കണമെന്നതാണ്‌ സഖാവ് അടിവരയിടുന്ന രണ്ടാമത്തെ പ്രശ്നം. പാരിസ്ഥിതിക സന്തുലനം അഭിമുഖീകരിക്കുന്ന വെല്ലുവിളികളാണ് മൂന്നാമത്തെ ഗുരുതരമായ പ്രശ്നം. ചുരുക്കത്തിൽ നേട്ടങ്ങളിൽ അഭിമാനിക്കുമ്പോൾത്തന്നെ സ്വയം വിമർശപരമായി പിശകുകളും കുറവുകളും തിരിച്ചറിഞ്ഞ് തിരുത്താനുള്ള കമ്യൂണിസ്റ്റ് സമീപനം സിപിസി പിന്തുടരുന്നു. ഇത് എത്രത്തോളം വിജയിക്കുമെന്നതിൽ നമുക്കെല്ലാം താൽപ്പര്യമുണ്ട്. ലോക ജനസംഖ്യയിൽ ഒന്നാമതുള്ള, (നൂറ്റി നാൽപ്പത്തി നാലുകോടി) ചൈന കടുത്ത ദാരിദ്ര്യമില്ലാത്ത ഒരു സമൂഹം സൃഷ്ടിച്ചത് ചരിത്ര വിജയമാണ്. “കിഴക്കിന്റെ രോഗിയെന്ന്’’ വിളിക്കപ്പെട്ട രാജ്യം, ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി ഇന്ത്യയിൽനിന്ന് കറുപ്പ്‌ തുടങ്ങിയ മയക്കുമരുന്നുകൾ കൊണ്ടുചെന്ന് വിറ്റഴിച്ച് രോഗാതുരമാക്കപ്പെട്ട ജനത; ദല്ലാൾ (കോംപ്രദോർ) ബൂർഷ്വാസിയാലും വ്യത്യസ്ത സാമ്രാജ്യത്വശക്തികളാലും ചൂഷണം ചെയ്യപ്പെട്ടുപോന്ന പിന്നണി രാജ്യം, ഏഴു പതിറ്റാണ്ടിൽ കൈവരിച്ച പുരോഗതി വിസ്മയകരമാണ്. അതിന്റെ പിന്നിലെ മുഖ്യശക്തി കമ്യൂണിസ്റ്റ് പ്രസ്ഥാനവും അതിന്റെ നേതൃത്വത്തിലുള്ള നിലയ്ക്കാത്ത ബഹുജന സമരങ്ങളും സദാ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾ മൂർത്തമായി പരിശോധിച്ച് സാധ്യമായത്ര ശാസ്ത്രീയമായി ഇടപെടുന്ന സമീപനവുമാണ്.

ചൈനയുടെ പ്രതിശീർഷ ദേശീയ വരുമാനം 1978ൽ കേവലം 200 ഡോളർ ആയിരുന്നെങ്കിൽ 2019ൽ അത് 10,410 ഡോളറായി ഉയർന്നു. ഇതേ കാലയളവിൽ 85 കോടി ജനതയെ ദാരിദ്ര്യത്തിൽനിന്ന് ചൈന കരകയറ്റുകയുണ്ടായി. അതിസമ്പന്നരുടെ വരുമാനവർധനകൊണ്ടും ശരാശരി പ്രതിശീർഷ വരുമാനം ഉയരുമല്ലോ എന്ന വിമർശപരമായ ആശങ്കയ്ക്കുള്ള മറുപടിയാണ് ചൈനയിൽ നടന്ന സാമ്പത്തിക മഹാത്ഭുതം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ദാരിദ്ര്യനിർമാർജന യജ്ഞത്തിന്റെ മഹാവിജയം. സമൂഹത്തിന്റെ സർവ മേഖലയിലും ശ്രദ്ധേയമായ മുന്നേറ്റം ചൈന കൈവരിച്ചിട്ടുണ്ടെന്നത് തർക്കമറ്റകാര്യമാണ്. സോഷ്യലിസ്റ്റ് ജനാധിപത്യ മാതൃകകൾ വികസിപ്പിച്ചെടുക്കുന്നതിലും ചൈന മികച്ച വിജയം നേടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

ചൈന പിന്തുടരുന്ന സവിശേഷമായ സോഷ്യലിസ്റ്റ് നിർമാണപാത ചർച്ച ചെയ്യുമ്പോൾ ഒരു പ്രധാനകാര്യം ഓർമയിൽവയ്ക്കേണ്ടതുണ്ട്. സമത്വപൂർണമായ ഒരു സമൂഹം എപ്രകാരം കെട്ടിപ്പടുക്കണമെന്ന ഏറ്റവും സുപ്രധാനമായ കാര്യത്തെപ്പറ്റി കാൾ മാർക്സും എംഗൽസും വളരെക്കുറച്ചു മാത്രമേ പറഞ്ഞിട്ടുള്ളൂ. ആ ചുമതല ഭാവിയിൽ ഏറ്റെടുക്കേണ്ടിവരുന്ന വിപ്ലവകാരികൾക്കാകും കൂടുതൽ പ്രായോഗികമായി ചിന്തിക്കാനും പ്രവർത്തിക്കാനുമാകുക എന്നാണോ അവർ വിചാരിച്ചിട്ടുണ്ടാകുക എന്നറിഞ്ഞുകൂടാ. ചൂഷണവ്യവസ്ഥ എങ്ങനെ പ്രവർത്തിക്കുന്നു എന്നും അതിന്റെ ചലന നിയമങ്ങൾ എങ്ങനെ കൂടുതൽ ഉയർന്ന മറ്റൊരു സാമ്പത്തിക–-സാമൂഹ്യ വ്യവസ്ഥയ്ക്ക് വഴിമാറിക്കൊടുക്കാൻ നിർബന്ധിതരാകുമെന്നും അവർ സാധ്യമായത്ര ശാസ്ത്രീയമായി ചൂണ്ടിക്കാട്ടി. മാത്രമല്ല, ആ മാറ്റത്തിൽ തൊഴിലാളിവർഗം, കൃഷിക്കാർ, അടിച്ചമർത്തപ്പെടുന്നവർ, ചൂഷകവർഗത്തിൽനിന്നുതന്നെ നിലപാടുമാറ്റി വിമോചന പോരാട്ടത്തിനൊപ്പം അണിനിരക്കുന്നവർ തുടങ്ങി ഒരു വലിയ സമരനിര രൂപപ്പെടുമെന്നും ഓരോ രാജ്യത്തെയും സാഹചര്യ വ്യത്യാസങ്ങൾകൂടി കണക്കിലെടുത്താണ് അത് സംഭവിക്കുക എന്നും ചുരുക്കം വാക്കുകളിൽ അവർ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽത്തന്നെ സൂചിപ്പിച്ചിട്ടുണ്ട്. ഭാവിസമൂഹത്തെപ്പറ്റി “ ഗോഥാ പരിപാടിയുടെ വിമർശ”ത്തിലാണ് ഇതിനു പുറമേ ചില പ്രധാനനിരീക്ഷണങ്ങളുള്ളത്.

ചൂഷണാനന്തരം, സമത്വപൂർണമായ സമൂഹനിർമിതി വളരെ സങ്കീർണമായ വിപ്ലവം വിജയിപ്പിക്കുന്നതുപോലയോ അതിലുമേറെയോ ശ്രമകരമായ ഒരു പ്രക്രിയയാണ്. ബോൾഷെവിക്ക് വിപ്ലവാനന്തരമുള്ള റഷ്യയുടെയും കിഴക്കൻ യൂറോപ്പിന്റെയും ജനകീയ ചൈനയുടെയും അനുഭവങ്ങൾ പല അർഥതലങ്ങളിൽ ഈ വസ്തുതയ്ക്ക് അടിവരയിടുന്നുണ്ട്. സോഷ്യലിസ്റ്റ് സമൂഹനിർമിതിക്ക് സർവരാജ്യത്തിനും ഒരുപോലെ ബാധകമായ കുറിപ്പടികളില്ല; ചില പൊതു മാർഗരേഖകളെ ഉള്ളൂ എന്നർഥം. അതിന്റെ വെളിച്ചത്തിൽ ഓരോ ചരിത്രഘട്ടത്തിലും ഓരോ സമൂഹത്തിന്റെയും സവിശേഷതകൾ സൂക്ഷ്മമായി അപഗ്രഥിച്ച് ആ രാജ്യത്തെ വിപ്ലവപ്രസ്ഥാനം ഓരോ സാഹചര്യത്തിനും അനുയോജ്യമായ സമരപരിപാടികളും നയസമീപനങ്ങളും പ്രവർത്തനപദ്ധതികളും വൈരുധ്യാത്മകമായി ആവിഷ്കരിച്ച് നടപ്പാക്കുകയാണ് വേണ്ടത്. അത് പ്രയോഗത്തിൽ വരുത്തുമ്പോഴുള്ള നാനാതരം അനുഭവങ്ങൾ വിലയിരുത്തി വേണ്ട തിരുത്തലുകളും വേണ്ടിവരും. ഇത് സൂക്ഷ്മമായി നിർവഹിക്കുന്നതിൽ വീഴ്ച വരുത്തിയാൽ ചെറുതും വലുതുമായ തിരിച്ചടികളും ഉണ്ടാകും. ഈ വസ്തുതകളാണ് നൂറ്റാണ്ട് പൂർത്തിയാക്കുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർടിയുടെ സംഭവബഹുലമായ ചരിത്രം–-മഹാനേട്ടങ്ങളുടെയും ഗൗരവമുള്ള കോട്ടങ്ങളുടെയും ചരിത്രം ലോകത്തോട് പറയുന്നത്.

എം എ ബേബി

ലോകത്തിന്റെ നെറുകയിൽ കമ്യൂണിസ്‌റ്റ്‌ ചൈന

ലോകം ഉറ്റുനോക്കുന്ന വൻശക്തികളിലൊന്നായി അതിവേഗം മാറുകയാണ്‌ അയൽരാജ്യമായ ചൈന. മൊത്തം ആഭ്യന്തര ഉൽപ്പാദന തോത്‌ അനുസരിച്ച്‌ അമേരിക്ക കഴിഞ്ഞാൽ ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയാണിന്ന്‌ ചൈന. 14 ലക്ഷം കോടി ഡോളർ മൂല്യമുള്ള സമ്പദ്‌വ്യവസ്ഥയായി ചൈന വളർന്നിരിക്കുന്നു. ലോക ജിഡിപിയുടെ 17.1 ശതമാനം വരുമിത്‌.  ഏഷ്യയിലൂടെ, മധ്യപൗരസ്‌ത്യദേശത്തിലൂടെ ആഫ്രിക്കയിലേക്ക്‌ നീങ്ങുന്ന ചൈനയുടെ ബെൽറ്റ്‌ ആൻഡ്‌ റോഡ്‌ പദ്ധതി വൻശക്തിയായി ചൈന മാറുകയാണെന്നതിന്റെ പ്രഖ്യാപനംകൂടിയാണ്‌.  സൈനികരംഗത്ത്‌ വെല്ലാൻ ഇനിയും കഴിഞ്ഞിട്ടില്ലെങ്കിലും നാവികസേനാരംഗത്ത്‌ ഉൾപ്പെടെ ചൈന ഇതിനകം അമേരിക്കയെ മറികടന്നിട്ടുണ്ട്‌.

ലോകത്തിൽ ഏറ്റവും അധികം ജനസംഖ്യയുള്ള രാജ്യമായിട്ടും ദാരിദ്ര്യം തുടച്ചുനീക്കാൻ  കഴിഞ്ഞുവെന്നത്‌ ചൈന പിന്തുടരുന്ന സോഷ്യലിസ്‌റ്റ്‌ പാതയുടെ വിജയം തന്നെയാണ്‌. ‘സോഷ്യലിസം എന്നാൽ ദാരിദ്ര്യമാണെന്ന’ വലതുപക്ഷ പ്രചാരണത്തിന്റെ മുന ഒടിച്ചിരിക്കുകയാണ്‌ ചൈന. സാങ്കേതിക വിദ്യയിലായാലും ശാസ്‌ത്ര ഗവേഷണങ്ങളിലായാലും അതിവേഗ റെയിൽപാത നിർമാണത്തിലായാലും ബഹിരാകാശ പര്യവേക്ഷണത്തിലായാലും ലോകം അത്ഭുതത്തോടെയാണ്‌ ചൈനയുടെ മുന്നേറ്റത്തെ നോക്കി കാണുന്നത്‌. ആരോഗ്യ വിദ്യാഭ്യാസ മേഖലയിലും വൻനേട്ടമാണ്‌ അവർ കൈവരിച്ചിട്ടുള്ളത്‌. കോവിഡ്‌ ആദ്യം ബാധിച്ച ചൈന ദിവസങ്ങൾക്കകം തന്നെ വ്യാപനം തടഞ്ഞുനിർത്തിയത്‌ ആരോഗ്യമേഖലയിൽ ചൈന നടത്തിയ വൻ പൊതുനിക്ഷേപത്തിന്റെ ഫലമായാണെന്ന്‌ ലോകം അംഗീകരിച്ചുകഴിഞ്ഞിട്ടുണ്ട്‌.

ചൈനയുടെ ഈ വളർച്ച സാധ്യമാക്കിയത്‌ അവിടെ ഭരണം നടത്തുന്ന ചൈനീസ്‌ കമ്യൂണിസ്‌റ്റ്‌ പാർടിയുടെ നയങ്ങളുടെയും ദീർഘവീക്ഷണത്തിന്റെയും ഫലമാണെന്ന്‌ നിസ്സംശയം പറയാം. ചൈനയെ സോഷ്യലിസ്‌റ്റ്‌ നിർമാണത്തിലേക്ക്‌  നയിച്ചുകൊണ്ടിരിക്കുന്ന കമ്യൂണിസ്‌റ്റ്‌ പാർടിക്ക്‌ ഇന്ന്‌ നൂറുവയസ്സായിരിക്കുന്നു. സേവിയറ്റ്‌ യൂണിയന്റെ തകർച്ചയോടെ വലതുപക്ഷ മുതലാളിത്ത ശക്തികൾ കമ്യൂണിസത്തിന്റെ അന്ത്യം പ്രവചിച്ചുവെങ്കിലും ചൈനീസ്‌ കമ്യൂണിസ്‌റ്റ്‌ പാർടി അധികാരത്തിൽ   തുടരുകയാണ്‌.  ലോകത്തിലെ തന്നെ ഏറ്റവും വലിയ രാഷ്ട്രീയപാർടിയാണ്‌ ഇന്നിത്‌. 1921 ജൂലൈ ഒന്നിന്‌ ലി ദഷവോ, ചെൻ ദുക്‌സിയു, മൗ സെ ദൊങ്‌ തുടങ്ങി 12 പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽവച്ച്‌ രൂപംകൊണ്ട പാർടിയിന്ന്‌  ഒമ്പതരക്കോടി അംഗങ്ങളുള്ള പാർടിയായി വളർന്നിരിക്കുന്നു. ഇതിൽ 27 ശതമാനം പേർ സ്‌ത്രീകളാണ്‌. 34 ശതമാനം പേരും 40 വയസ്സിൽ താഴെയുള്ളവരാണ്‌. ചൈനയുടെ പ്രത്യേക സാഹചര്യത്തിൽ മാർക്‌സിസം–-ലെനിനിസവും മാവോ ചിന്തയും പ്രയോഗത്തിൽ വരുത്തി മുന്നേറുകയാണ്‌ കമ്യൂണിസ്‌റ്റ്‌ പാർടി.

എണ്ണമറ്റ സമരങ്ങളിലുടെയും പോരാട്ടങ്ങളിലൂടെയും ആശയസംവാദത്തിലൂടെയുമാണ്‌  ചൈനയിലെ കമ്യൂണിസ്‌റ്റ്‌ പാർടി വളർന്നുപന്തലിച്ചത്‌. കൊളോണിയൽ മേധാവികൾക്കെതിരെയും ഫ്യൂഡൽ മാടമ്പിമാർക്കെതിരെയും  പൊരുതിനിന്ന്‌, കർഷകരും തൊഴിലാളികളും ഉൾപ്പെടുന്ന ആബാലവൃദ്ധം ജനങ്ങളുടെ പിന്തുണ ആർജിച്ചാണ്‌ കമ്യുണിസ്‌റ്റ്‌ പാർടി വളർന്നത്‌. 1917 ലെ റഷ്യൻ വിപ്ലവത്തിന്റെയും 1919 ലെ സാമ്രാജ്യത്വവിരുദ്ധ മെയ്‌ നാല്‌ പ്രസ്ഥാനത്തിന്റെയും  സ്വാധീനത്തിലാണ്‌ കമ്യൂണിസ്‌റ്റ്‌ പാർടിക്ക്‌ രൂപം നൽകുന്നത്‌. വലതുപക്ഷ കുമിന്താങ്ങുകളുമായി സഹകരിച്ചും എതിർത്തും മുന്നോട്ടുനീങ്ങിയ കമ്യൂണിസ്‌റ്റ്‌ പാർടി ജാപ് അധിനിവേശത്തെയും ധീരോദാത്തമായി പ്രതിരോധിച്ചു. ഒരു വേള കമ്യൂണിസ്‌റ്റ്‌ പാർടിയെ വളഞ്ഞിട്ട്‌ നശിപ്പിക്കാൻ ശ്രമമുണ്ടായപ്പോഴാണ്‌ പ്രസിദ്ധമായ ലോങ്  മാർച്ച്‌ നടന്നത്‌. 370 ദിവസം സഞ്ചരിച്ചാണ്‌ മാവോയും ചൂട്ടെയും ചൗ എൻ ലായ്‌യും മറ്റും കമ്യൂണിസ്‌റ്റ്‌ പാർടിയെ കാത്തുസുക്ഷിച്ചത്‌. ആറു ലക്ഷം കമ്യൂണിസ്‌റ്റ്‌ കേഡർമാരെ നഷ്‌ടപ്പെടുത്തിയായാലും ജാപ് സാമ്രാജ്യത്വത്തെ പരാജയപ്പെടുത്താനും റെഡ്‌ ആർമിക്കായി. 1949 ഒക്ടോബർ ഒന്നിന്‌  ചൈനീസ്‌ വിപ്ലവം വിജയിക്കുകയും കമ്യൂണിസ്‌റ്റ്‌ പാർടി അധികാരത്തിൽ വരികയും ചെയ്‌തു.

മാവോയുടെ നേതൃത്വത്തിലുള്ള ഭരണം ഭൂപരിഷ്‌കരണം നടപ്പിലാക്കുകയും വ്യവസായമേഖലയിൽ പൊതുമേഖലാവൽക്കരണം നടപ്പിലാക്കുകയും , സ്‌ത്രീകൾക്ക്‌ സമൂഹത്തിൽ തുല്യ അവകാശം ഉറപ്പാക്കുകയും ചെയ്‌തു. 1953 ൽ ആരംഭിച്ച പഞ്ചവത്സര പദ്ധതിയിലൂടെ സമഗ്രമായ അടിസ്ഥാന വികസനത്തിന്‌ തുടക്കം കുറിച്ചു. എന്നാൽ കമ്യൂണിസ്‌റ്റ്‌ പാർടിയെ ജനങ്ങളിൽനിന്നും അകറ്റിയ ‘മഹത്തായ കുതിച്ചുചാട്ടം’  ‘സാംസ്‌കാരിക വിപ്ലവം’ തുടങ്ങിയ തെറ്റായ പ്രവണതകളും ഇക്കാലത്ത്‌ തലപൊക്കി. വ്യക്തിപ്രഭാവം, ഇടതുപക്ഷ സാഹസികത തുടങ്ങിയ വ്യതിയാനങ്ങളും കമ്യൂണിസ്‌റ്റ്‌ പാർടിയെ സ്വാധീനിച്ചു. 1976 ൽ മാവോ അന്തരിച്ചതോടെ നാൽവർസംഘം അധികാരം പിടിക്കാനുള്ള ശ്രമവും നടത്തി. എന്നാൽ ഇതിനെയെല്ലാം അതിജീവിക്കാൻ ചൈനയിലെ കമ്യൂണിസ്‌റ്റ്‌ പാർടിക്കായി.

1978ൽ ചേർന്ന പാർടിയുടെ 11‐ാം കേന്ദ്രകമ്മിറ്റിയുടെ മൂന്നാമത്‌ പ്ലീനറി സമ്മേളനത്തിൽ വച്ച്‌ ദെങ് സിയാവോ പിങ്ങിന്റെ സാമ്പത്തിക നവീകരണ പ്രവർത്തനം ആരംഭിച്ചതോടെയാണ്‌ ചൈന മറ്റൊരു യുഗത്തിലേക്ക്‌ കടക്കുന്നത്‌. കമ്യൂണിസ്‌റ്റ്‌ പാർടി സോഷ്യലിസ്‌റ്റ്‌ ആധുനികവൽക്കരണം എന്ന്‌ വിശേഷിപ്പിച്ച ഈ പ്രക്രിയയാണ്‌ ചൈനയെ ഒരു കരുത്തുറ്റ ശക്തിയായി വളർത്തിയത്‌. ഈ പരിഷ്‌കരണത്തിന്റെ മറപറ്റി സോഷ്യലിസ്‌റ്റ്‌ വ്യവസ്ഥയെ അട്ടിമറിക്കാനും അമേരിക്കൻ മോഡൽ നടപ്പിലാക്കാനും 1989 ൽ ടിയാനെൻമെൻ ചത്വരത്തിൽ നടന്ന വിദ്യാർഥികലാപം കരുവാക്കി ശ്രമമുണ്ടായെങ്കിലും അതിനെയും   അതിജീവിക്കാൻ കമ്യൂണിസ്‌റ്റ്‌ പാർടിക്കായി. ദെങ് തുടക്കം കുറിച്ച ചൈനീസ്‌ സവിശേഷതകളോടെയുള്ള സോഷ്യലിസ്‌റ്റ്‌ വ്യവസ്ഥ ജിയാങ് സെമിന്റെയും ഹു ജിന്താവോവിന്റെയും കാലത്തും തുടർന്നു. 2012 ഷി ജിൻ പിങ് പാർടി സെക്രട്ടറിയായും പ്രസിഡന്റായും നിയമിതമായതോടെ ചൈനയെ ലോകത്തിലെ വൻശക്തിയായി ഉയർത്താനുള്ള ശ്രമങ്ങൾക്ക്‌ ആക്കം കൂടി. അതോടൊപ്പം ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനും അഴിമതി തുടച്ചുനീക്കാനും ശക്തമായ നീക്കങ്ങളാണ്‌ ഷി ജിൻ പിങ്ങിന്റെ ഭാഗത്തുനിന്നും ഉണ്ടായത്‌. എന്നും ജനങ്ങൾക്കൊപ്പം നിലകൊണ്ട്‌ അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന കമ്യൂണിസ്‌റ്റ്‌ പാർടിക്കും ഗവൺമെന്റിനും ഇനിയും ഉയരങ്ങൾ കീഴടക്കാനാകുമെന്നതിൽ സംശയമില്ല.

ദേശാഭിമാനി മുഖപ്രസംഗം 010721

മൗ സെ ദൊങ്: വിപ്ലവദർശനത്തിന്റെ സർഗാത്മകത - സുനിൽ പി ഇളയിടം എഴുതുന്നു

മൗ സെ ദൊങ്ങിന്റെ പല ജീവിതചരിത്രങ്ങളിലും കാണുന്ന കൗതുകകരമായ ഒരു വസ്തുതയുണ്ട്: കൗമാരം പിന്നിടാറായ കാലത്താണ് മൗ ആദ്യമായി ഒരു പത്രം കാണുന്നതത്രേ! താരതമ്യേന മെച്ചപ്പെട്ട സാമ്പത്തികസ്ഥിതിയിലുള്ള കർഷകന്റെ മകനായി 1893 ഡിസംബർ 26നാണ് മൗ ജനിച്ചത്; ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ ഷാവോഷാനിൽ. അച്ഛന്റെ സാമ്പത്തികശേഷിയുടെ പിൻബലത്തിൽ മൗ കുട്ടിക്കാലത്തുതന്നെ അക്ഷരാഭ്യാസം നേടി. അന്ന് ചൈനയിൽ പ്രത്യക്ഷമായിരുന്ന ക്ലാസിക്കൽ വിജ്ഞാനവും കൺഫ്യൂഷൻ ആശയങ്ങളുമായിരുന്നു മൗവിന്റെയും വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനം.  ലോകകാര്യങ്ങളെക്കുറിച്ച് കാര്യമായറിയാതെ, അതേക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു പത്രംപോലും കാണാതെ, 15 വയസ്സോളം മൗ ജീവിച്ചു. മൗവിന്റെ മാത്രമല്ല ചൈനീസ് ജനതയിൽ മഹാഭൂരിപക്ഷത്തിന്റെയും ജീവിതാവസ്ഥയും ജീവിതനിലവാരവും ഇതിനേക്കാളും എത്രയോ പിൻനിലയിലായിരുന്നു. നാഗരികതയുടെയും വിജ്ഞാനത്തിന്റെയും പ്രഭവങ്ങളിലൊന്നായി ലോകം വാഴ്ത്തിയ ചൈന അക്കാലമായപ്പോഴേക്കും ഒരു ‘മയങ്ങുന്ന വ്യാളി’യായി മാറിക്കഴിഞ്ഞിരുന്നു.

വിനാശകരവും ഭീമാകാരവുമായ ഈ മയക്കത്തിൽനിന്നാണ് മൗ ചൈനയെ ഒരു ലോകശക്തിയായി ഉണർത്തിയത്. ഒരു നൂറ്റാണ്ടിനിപ്പുറം, ഏറ്റവും വലിയ സാമ്പത്തിക–- സൈനികശക്തി എന്ന പദവിയിലേക്ക് ഏതാനും പടവുകൾമാത്രം ബാക്കിയുള്ള രാജ്യമായി ചൈന മാറിയതിന്റെ തുടക്കം അതായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ മാർക്സിസ്റ്റ് രാഷ്ട്രീയപ്രയോഗത്തിന്റെ അനന്യവും അസാധാരണവുമായ ആവിഷ്കാരമായിരുന്നു അത്. കോടാനുകോടി കർഷകരെ വിപ്ലവപരമായ നിർവഹണശേഷിയുടെ മുൻനിരപ്പോരാളികളാക്കി അണിനിരത്തിയും ഗറില്ലാ സമരതന്ത്രങ്ങൾ ആവിഷ്കരിച്ചും മൗ ചൈനയെ വിപ്ലവ വഴിയിലേക്ക് നയിച്ചു. ഈ രണ്ട് വഴിയും അസാധാരണമായിരുന്നു. അത് തൊഴിലാളിവർഗ വിപ്ലവത്തെക്കുറിച്ചുള്ള പ്രഖ്യാപിതമായ കാഴ്ചപ്പാടുകളുമായി ഒത്തുപോകുന്നതായിരുന്നില്ല. എങ്കിലും മൗവിന്റെ അത്യന്തം നിശിതമായ രാഷ്ട്രീയ ജാഗ്രതയും അനുഭവജ്ഞാനവും അതിൽ പടുത്തുയർത്തിയ സമരതന്ത്രവും മാർക്സിസ്റ്റ് രാഷ്ട്രീയത്തിന്റെ ചരിത്രത്തെതന്നെ വഴിതിരിച്ചുവിടാൻ പോന്നതായി.

മാർക്സിസ്റ്റ് രാഷ്ട്രീയപ്രയോഗത്തിന് മൗ നൽകിയ മൗലിക സംഭാവനകളെക്കുറിച്ച് ചർച്ചചെയ്യുമ്പോൾ മാർക്സിസ്റ്റ് പഠിതാക്കളിൽ പ്രധാനിയായ സ്റ്റുവർട്ട് ഷ്റാം നാല്‌ കാര്യം എടുത്തു പറയുന്നുണ്ട്. അതിൽ ഒന്നാമത്തേത് ബഹുജന ലൈൻ എന്ന ആശയമാണ്. സാമാന്യജനങ്ങളുടെ ജനാധിപത്യപരമായ പങ്കാളിത്തം രാഷ്ട്രീയപ്രയോഗത്തെക്കുറിച്ചുള്ള മാർക്സിസ്റ്റ് സങ്കല്പത്തിലും പ്രയോഗരൂപങ്ങളിലും സന്നിവേശിപ്പിക്കാൻ മൗവിന്‌ കഴിഞ്ഞു. ഇത് വിപ്ലവസമരത്തെയപ്പാടെയോ ഭരണനിർവഹണത്തെയോ ആൾക്കൂട്ടത്തിന് കൈമാറുക എന്ന അരാജകത്വമല്ല. മറിച്ച് താഴെത്തട്ടിലുള്ള ജനവിഭാഗങ്ങളുടെ ജനാധിപത്യപരമായ പങ്കാളിത്തം, വിപ്ലവഭരണകൂട സങ്കല്പങ്ങളുമായി ഒത്തിണക്കി മാർക്സിസ്റ്റ് സമീക്ഷയെ വികസിപ്പിക്കുക എന്നതാണ്. വിപ്ലവവിജയത്തിൽ മൗവിന്റെ നിർണായകമായ ഈ പുനർവ്യാഖ്യാനത്തിന് വലിയ പങ്കുള്ളതായി പിൽക്കാലത്ത് പൊതുവെ വിലയിരുത്തിയിട്ടുണ്ട്.

മാനുഷികമായ നിർവാഹകത്വത്തെ വിപ്ലവപ്രയോഗത്തിന്റെ അനിവാര്യഭാഗമായി പറഞ്ഞുറപ്പിച്ചു എന്നതാണ് രണ്ടാമത്തെ കാര്യം. സൈദ്ധാന്തികമായ തലത്തിൽ ഇതൊട്ടും പുതിയകാര്യമല്ല. ‘മനുഷ്യർ ചരിത്രം നിർമിക്കുന്നു; തങ്ങളുടെ ഇച്ഛയ്ക്കനുസരിച്ചല്ല, ലഭ്യമായ സാഹചര്യങ്ങളിൽ' എന്ന മാർക്സിന്റെ പ്രസിദ്ധമായ പ്രസ്താവന (ലൂയി നെപ്പോളിയന്റെ ബ്രൂമെയർ പതിനെട്ട്‌ എന്ന കൃതിയിൽ) ചരിത്രപ്രക്രിയയിൽ മാനുഷികമായ ഇച്ഛയ്ക്കും നിർവഹണശേഷിക്കുമുള്ള പ്രാധാന്യം കൃത്യമായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മാനുഷികമായ ഈ നിർവഹണശേഷിക്ക് അമിതമായ ഊന്നൽ നൽകുന്നത് മാനവവാദത്തിലേക്കുള്ള വഴിതെറ്റലാകും. പിൽക്കാലത്ത് ചില ഫ്രാങ്ക്ഫർട്ട് ചിന്തകരും പടിഞ്ഞാറൻ മാർക്സിസ്റ്റുകളിൽ വലിയൊരു വിഭാഗവും മാനവവാദമാർക്സിസത്തിൽ എത്തപ്പെട്ടതും അങ്ങനെയാണ്. ഉല്പാദനവ്യവസ്ഥയിലെ പരിവർത്തനങ്ങളുടെ അനുബന്ധരൂപം മാത്രമായി ചരിത്രപരിണാമത്തെ ലഘൂകരിക്കുന്ന യാന്ത്രികവാദപരമായ സമീപനവും ഇതേ തെറ്റിന്റെ മറുപുറമാണ്. മാനുഷിക ഇച്ഛയുടെ പൂർണ നിരാകരണമാണ് അത്. രണ്ടു നിലപാടും വൈരുധ്യാത്മക സമീപനത്തിന്റെ നിരാസമാണ്. മൂന്നാം ഇന്റർനാഷണലിന്റെ ഘട്ടത്തിൽ  ഉയർന്നുവന്ന യാന്ത്രിക ലഘൂകരണങ്ങൾക്കെതിരെ മാനുഷികമായ ഇച്ഛയ്ക്ക് വിപ്ലവപരമായ സാമൂഹ്യപ്രവർത്തനത്തിലുള്ള പ്രാധാന്യം മൗ ഉയർത്തിപ്പിടിച്ചു. ആ നിലയിൽ മാർക്സിസ്റ്റ് വിപ്ലവദർശനത്തിന്റെ വൈരുധ്യാത്മകമാനത്തിന്റെ വീണ്ടെടുപ്പുകൂടിയായി മാറിത്തീരുകയും ചെയ്തു. 

ദേശീയവിപ്ലവവും സോഷ്യലിസ്റ്റ് വിപ്ലവവും തമ്മിലുള്ള പരസ്പര ബന്ധത്തെക്കുറിച്ചുള്ള മാർക്സിസ്റ്റ് കാഴ്ചപ്പാടിന് ഇരുപതാം നൂറ്റാണ്ടിൽ കൈവന്ന ഏറ്റവും സമഗ്രവും സമ്പൂർണവുമായ ആവിഷ്കാരമായി ചൈനീസ് വിപ്ലവത്തെ മൗ മാറ്റിത്തീർത്തു എന്നതാണ് മൂന്നാമത്തെ കാര്യം. ഏഷ്യൻ രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം വിപ്ലവപരമായ സാമൂഹ്യപരിവർത്തനത്തിന് ദേശീയ വിപ്ലവത്തെ ഒരുതരത്തിലും ഒഴിവാക്കാനാകില്ല എന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. കർഷകർക്കും തൊഴിലാളികൾക്കുമൊപ്പം ഇതരവിഭാഗങ്ങളെ വിപ്ലവമുന്നണിയുടെ ഭാഗമായി മാറ്റേണ്ടതുണ്ട്. ഈ ആശയം ലെനിനും സ്റ്റാലിനും ഏറെ മുമ്പേ അവതരിപ്പിച്ചതാണ്. എന്നാൽ, അതിന് മൂർത്തരൂപം നൽകിക്കൊണ്ട് ദേശീയവും ജനകീയവുമായ വിപ്ലവങ്ങളെ കൂട്ടിയിണക്കുന്ന പ്രക്രിയയിൽ വലിയൊരു ചുവട് മുന്നോട്ടുവയ്ക്കാൻ മൗവിന്റെ ഇടപെടലിന് കഴിഞ്ഞു.

പിന്നോക്കനിലവാരത്തിലുള്ള ഒരു കർഷകസമൂഹത്തിനുള്ളിൽ തൊഴിലാളിവർഗ വിപ്ലവം സാക്ഷാൽക്കരിക്കുക എന്ന അത്യന്തം പ്രയാസകരവും പലപ്പോഴും പ്രഖ്യാപിതമായ മാർക്സിസ്റ്റ് നിലപാടുകളിൽനിന്ന് വേറിട്ടുനിൽക്കുന്നതുമായ ദൗത്യം ഏറ്റെടുക്കുകയും പൂർത്തിയാക്കുകയുമാണ് മൗ ചെയ്തത്. കർഷക കമ്യൂണുകളുടെ വിപ്ലവപരമായ സാധ്യതകളെക്കുറിച്ച് വേരാ സസൂലിച്ചുമായുള്ള കത്തിടപാടുകളിൽ മാർക്സുതന്നെ സൂചിപ്പിക്കുന്നുണ്ടെങ്കിലും സാന്ദർഭികമായ ഒരു പരാമർശം എന്നതിനപ്പുറം പോകുന്ന പ്രാധാന്യം അതിന് കൈവന്നിട്ടില്ല. എന്നുതന്നെയല്ല, സമഗ്രമായ ഒരു വിപ്ലവകാര്യപരിപാടിയുടെ തലത്തിലേക്ക് മാർക്സ് തന്റെ നിഗമനത്തെ വികസിപ്പിച്ചിരുന്നുമില്ല. വികസിത മുതലാളിത്തരാജ്യമായ ഇംഗ്ലണ്ടിലോ ജർമനിയിലോ ആകും വിപ്ലവം പൊട്ടിപ്പുറപ്പെടുക എന്ന പ്രതീക്ഷയെ മറികടന്ന് റഷ്യൻ വിപ്ലവത്തിന് നേതൃത്വം നൽകിയ ലെനിനെ ആ നിലയ്ക്ക് മൗവിന്റെ പൂർവഗാമിയായി ശരിയായിത്തന്നെ പരിഗണിക്കാവുന്നതാണ്.

വിപ്ലവപരമായ സാമൂഹ്യപരിവർത്തനത്തിൽ തൊഴിലാളിവർഗത്തിനുള്ള മേൽക്കൈ മൗ നിരസിച്ചില്ല. എന്നാൽ, നഗരമേഖലയിലെ വ്യവസായത്തൊഴിലാളിമാത്രമാണ് തൊഴിലാളിവർഗത്തെ രൂപപ്പെടുത്തുന്നത് എന്ന കാഴ്ചപ്പാട് മൗ പങ്കുവച്ചതുമില്ല. ഗർഭപാത്രമല്ലാതെ മറ്റൊന്നും സ്വന്തം ഉടമാവകാശത്തിലില്ലാത്ത സ്ത്രീകളെയാണ് ‘പ്രോലിറ്റേറിയറ്റ്’ എന്ന പദത്തിന്റെ മൂലാർഥം സൂചിപ്പിക്കുന്നതെന്ന് പിൽക്കാലത്ത് ടെറി ഈഗിൾട്ടൺ ചൂണ്ടിക്കാണിക്കുന്നുണ്ട്. മൗവിന്റെ നിലപാടും ഇതിനോടൊത്തുപോകുന്ന ഒന്നായിരുന്നു. പ്രോലിറ്റേറിയറ്റ് എന്ന പദത്തിന്റെ ചൈനീസ് ഭാഷാന്തരം ഉൾക്കൊള്ളുന്ന ‘സ്വത്തില്ലാത്തവർ’ എന്ന സൂചനയ്ക്ക് മൗ പ്രാധാന്യം നൽകി.  സമരതന്ത്രംമുതൽ സൈദ്ധാന്തികസ്വരൂപംവരെയുള്ള തലങ്ങളിൽ മാർക്സിസത്തിന് തന്റേതായ സംഭാവന നൽകിക്കൊണ്ടും അവയെ മുൻനിർത്തി ചൈനയുടെ വിപ്ലവതന്ത്രം വിഭാവനം ചെയ്ത് സഫലമായി നടപ്പാക്കിക്കൊണ്ടുമാണ് മൗ സെ ദൊങ് ഇരുപതാം നൂറ്റാണ്ടിന്റെയും തൊഴിലാളിവർഗ വിമോചനത്തിന്റെയും വഴിയിൽ ഇടംപിടിച്ചത്.

സുനിൽ പി ഇളയിടം