Showing posts with label റെയില്‍‌വേ. Show all posts
Showing posts with label റെയില്‍‌വേ. Show all posts

Monday, June 14, 2021

മോഡി കാണുമോ ബ്രിട്ടന്റെ നയംമാറ്റം - ആർ ജി പിള്ള എഴുതുന്നു

1994ൽ തന്നെ സ്വകാര്യവൽക്കരിക്കപ്പെട്ട ബ്രിട്ടീഷ്‌ റെയിൽവേ "ഗ്രേറ്റ്‌ ബ്രിട്ടീഷ്‌ റെയിൽവേ" എന്ന പേരിൽ സമ്പൂർണ ഗവണ്മെന്റ് ഉടമസ്ഥതയിലും നിയന്ത്രണത്തിലും പുനസ്സംഘടിപ്പിക്കപ്പെട്ടിരിക്കുന്നു. 1994 വരെ പൊതു ഉടമസ്ഥതയിൽ ആയിരുന്ന ബ്രിട്ടീഷ്‌ റെയിൽവേ, 25 ട്രെയിൻ ഓപ്പറേറ്റിംഗ് കമ്പനികൾ, റെയിൽട്രാക്ക്, സിഗ്നലുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവക്കായി പ്രത്യേകം കമ്പനികൾ എന്നിങ്ങനെ വിഭജിച്ച്‌ സ്വകാര്യവല്ക്കരിക്കുകയായിരുന്നു. ഏതാനും വർഷങ്ങൾക്കകം തന്നെ ട്രെയിനുകളുടെ സമയക്രമം അവതാളത്തിലാകുകയും  അപകടങ്ങൾ നിത്യസംഭവങ്ങളാകുകയും ചെയ്തു. തുടർന്ന് റെയിൽവേ ട്രാക്ക്, സിഗ്‌നലുകൾ, റെയിൽവേസ്റ്റേഷനുകൾ തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളുടെ ഉടമസ്ഥതയും പരിപാലനവും നടത്തിപ്പും എല്ലാംഗവണ്മെന്റ് രൂപീകരിച്ച നെറ്റ് വർക്ക്‍ റെയിലിന് കൈമാറേണ്ടിവന്നു. സ്വകാര്യ ട്രെയിൻ ഓപ്പറേറ്റിംഗ് കമ്പനികളാകട്ടെ വരുമാനം കൂടുതൽ ‍ഉള്ള സമയക്രമത്തിലും റൂട്ടുകളിലും മാത്രമായി സർവീസുകൾ ‍പരിമിതപ്പെടുത്തി. മറ്റു സർവീസുകൾ ‍റദ്ദാക്കപ്പെട്ടു. പല സുപ്രധാന റെയിൽവേലൈനുകളും അടച്ചുപൂട്ടപ്പെട്ടു. തിരക്കേറിയ ട്രെയിനുകളും റദ്ദാക്കപ്പെട്ട സർവീസുകളും ഉയർന്ന ചാർജും എന്നതായി ബ്രിട്ടീഷ്‌ റെയിൽവേ. റെയിൽ യാത്ര ജനങ്ങൾക്ക് ഏറെ ദുഷ്കരമായി.

ലാഭം മാത്രം ലാക്കാക്കുന്ന ട്രെയിൻ ഓപ്പറേറ്റിംഗ് കമ്പനികൾ കോവിഡ് മഹാമാരിക്കാലത്ത് സർവിസുകൾ ‍നിർത്തിവച്ചു. റെയിൽവേയുടെ ഉപയോഗം 100ൽനിന്നും 4.6% ആയി കുറഞ്ഞു. തുടർന്ൻ ഗവണ്മെന്റ് കമ്പനികൾ ഏറ്റെടുക്കുകയും 12ബല്ല്യന് ‍പൌണ്ട്സ് സബ്സിഡി നൽകി സർവിസുകളൾ ‍നിലനിർത്തുകയും ചെയ്തു. അതോടൊപ്പം റെയിൽവേ പുനസ്സംഘടനയെക്കുറിച്ച് പഠിച്ച് റിപ്പോർട്ട്‌ നല്കാൻ ‍'''വില്ല്സ്ഷെയിം'' കമ്മിറ്റിയെ നിയോഗിക്കുകയുമുണ്ടായി. പ്രസ്തുത കമ്മിറ്റിയുടെ ശുപാർശകൾ ‍അംഗീകരിച്ചുകൊണ്ടാണ് ഗ്രേറ്റ്‌ ബ്രിട്ടീഷ്‌ റെയിൽവേ ഗവർന്മെന്റ് രൂപീകരിച്ചത്. മാത്രമല്ല, സ്വകാര്യവൽക്കരണം മൂലം അടച്ചുപൂട്ടപ്പെട്ട   ലൈനുകൾ പ്രവർത്തനക്ഷമമാക്കുന്നതിനും പുതിയ ലൈനുകൾക്കും ആധുനീകരണത്തിനുമായി വൻനിക്ഷേപം നടത്താനും ഗവണ്മെന്റ് തീരുമാനിച്ചു.

നേരത്തെ തന്നെ സ്കോട്ട്‌ ലൻഡ്‌, വെൽഷ് പ്രവിശ്യകൾ തങ്ങളുടെ പരിധിക്കുള്ളിലുള്ള ട്രെയിനുകൾ ഏറ്റെടുത്തിരുന്നു. ബ്രിട്ടീഷ്‌ റെയിൽവേക്ക് സമാനമായി നേരത്തേ സ്വകാര്യവൽക്കരണം നടപ്പാക്കിയ അർജൻന്റീനിയൻ റെയിൽവേയും വൻ തകർച്ചയെ തുടർന്ന് ഗവണ്മെന്റ് ഏറ്റെടുക്കുകയും  വീണ്ടും ഗതാഗതയോഗ്യമാക്കുന്നതിനു വൻനിക്ഷേപം നടത്തുകയുമാണ്. 2020ലെ നെൽസൺ ‍മണ്ടേല അനുസ്മരണ പ്രഭാഷണം നടത്തിക്കൊണ്ട് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്‌  പറഞ്ഞത് പ്രത്യേകം പ്രസക്തമാണ്‌. "കോവിഡ് മഹാമാരിക്കാലം ഒരു എക്സ്റെയിൽ എന്ന പോലെ നമ്മുടെ ദുർബലമായ സാമൂഹ്യഘടനയിലെ പൊട്ടലുകൾ വ്യക്തമാക്കിത്തരുന്നു. എല്ലാവർക്കും ആരോഗ്യരക്ഷ. പൊതുഗതാഗതം. അടിസ്ഥാന വരുമാനം തുടങ്ങിയ ഒരു പുതുതലമുറ സാമൂഹ്യ സംരക്ഷണ നടപടികൾ ഇന്ന് അനിവാര്യമായിരിക്കുന്നു. വളർന്നു വരുന്ന അസമത്വം അങ്ങേയറ്റം സ്ഫോടനാത്‌മകമായ സ്ഥിതിയിൽ എത്തിയിരിക്കുന്നു. ലോകത്തിലെ 26 അതിസമ്പന്നരുടെ സ്വത്ത് ജനസംഖ്യയിൽ ‍50ശതമാനത്തിന്റേതിനു തുല്യമായിരിക്കുന്നു". ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ബോറിസ്ജോൺസൻ ആകട്ടെ കോവിഡ് മുക്തൻ ‍ആയ ശേഷമുള്ള  ആദ്യത്തെ പത്രസമ്മേളനത്തില് ‍പറഞ്ഞതും വ്യത്യസ്തമല്ല. "താൻ ഒരു ഇടതുപക്ഷക്കാരൻ അല്ല" എന്ന് മുൻ‌ കൂർജാമ്യം എടുത്തുകൊണ്ടു അദ്ദേഹം പറഞ്ഞു "ആരോഗ്യ_ഗതാഗതമേഖലകൾ ‍അടക്കമുള്ള സേവനത്തുറകൾ പൊതുമേഖലയിൽ ആയിരിക്കണമെന്ന് കോവിഡ് കാലം എന്നെ പഠിപ്പിച്ചു" ഇത് പെട്ടെന്ന് ഉണ്ടായ വെളിപാട്‌ അല്ല എന്ന് ബ്രിട്ടനിലെ സംഭവ വികാസങ്ങള് ‍നിരീക്ഷിച്ചിട്ടുള്ള ഏതൊരാൾക്കും ബോധ്യമാകും.

ബ്രിട്ടീഷ്‌ റെയിൽവേ പുനർദേശസാൽക്കരിക്കണം എന്നത് കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിൽ ലേബർ പാർട്ടിയുടെ മുഖ്യ തെരഞ്ഞെടുപ്പു മുദ്രാവാക്യങ്ങളിൽ ‍ഒന്നായിരുന്നു. പൊതുസമൂഹത്തിൽ ‍വ്യാപകമായ പിന്തുണയും അതിനു ലഭിച്ചിരുന്നു. മാത്രമല്ല 1989ൽ തന്നെ നടപ്പാക്കിയ ജലവിതരണ രംഗത്തിന്റെ സ്വകാര്യവൽക്കരണം, പ്രൊബേഷൻ ‍സർവീസ്, ശിശുപരിപാലനകേന്ദ്രങ്ങൾ, നഴ്‌സറികൾ, ലണ്ടൻ അണ്ടർ ഗ്രൌണ്ട് റെയിൽവേ, ബ്രിട്ടീഷ്‌ എയറൊസ്പേസ്(1981) എന്നിവകളുടെ സ്വകാര്യവൽക്കരണം എന്നിവ ഗവർന്മേന്റിനു വൻസാമ്പത്തിക നഷ്ടത്തിനും സേവനങ്ങളുടെയാകെ തകർച്ചക്കും സാമൂഹ്യമായി കടുത്ത പ്രത്യാഘാതങ്ങൾക്കുമാണിടയാക്കിയത്. ഇതു സംബന്ധമായ അന്വേഷണ റിപ്പോർട്ടുകൾ ഇന്ന് സർക്കാരിന്റെ  സജീവ പരിഗണനയിലുമാണ്.

നവലിബറൽ നയങ്ങളുടെ സത്ത പൊതുസേവനങ്ങളുടെയും സ്വത്തുക്കളുടെയും സ്വകാര്യവൽക്കരണം ആണല്ലോ. ആ വക നയങ്ങളുടെ മുഖ്യശില്പി മാർഗരറ്റ്‌ താച്ചർ അവകാശപ്പെട്ടതുപോലെ ഷെയർ ഉടമാ ജനാധിപത്യം ആയിരുന്നില്ല. പൊതുസ്വത്ത് അതിസമ്പന്നർക്കും അധികാരകേന്ദ്രങ്ങളോടുള്ള അടുപ്പക്കാർക്കുമായി കൈമാറ്റം ചെയ്യപ്പെടുകയായിരുന്നു. പൊതുമേഖലാ വിൽപ്പനയുടെ ആദ്യഘട്ടത്തിൽ ‍ഷെയർ ‍ഉടമസ്ഥരായ തൊഴിലാളികൾ പെട്ടെന്നുതന്നെ അവ വിറ്റ്‌ കൈയൊഴിഞ്ഞു. ഗവർന്മെന്റ് എല്ലാ മേഖലകളിൽ ‍നിന്നും വിട്ടു നില്ക്കുകയും സമ്പന്നരുടെ മേലുള്ള നികുതി വേണ്ടെന്നു വച്ചു സർവതന്ത്ര സ്വതന്ത്രമായി കമ്പോള ശക്തികളെ കയറൂരി വിടുകയും ആണ് വേണ്ടെതെന്നാണ് നിയോ ലിബറൽ വക്താക്കൾ ഘോഷിച്ചിരുന്നത്. എന്നാൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട അമേരിക്കൻ പ്രസിഡന്റ്‌   ജോർജ് ബൈഡൻ ആകട്ടെ കോർപറേറ്റുകൾക്ക് കൂടുതൽ നികുതി ചുമത്താനും (3.6 ട്രില്ല്യൻ‍ ഡോളർ) 6 ട്രില്ല്യൻ ‍ഡോളർ ആയി ഗവണ്മെന്റ് ചെലവ്‌ വർധിപ്പിക്കാനും തീരുമാനിച്ചു. വരുമാനത്തിന്റെ പുനർവിതരണം വഴി സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്തുകയാണ് ലക്‌ഷ്യം. തൊഴിലില്ലാത്തവർക്കും തൊഴിൽ നഷ്ടപ്പെട്ടവർക്കും നേരിട്ട് സാമ്പത്തിക സഹായം നൽകുന്നു. സൗജന്യ വിദ്യാഭ്യാസം, ശിശുപരിപാലനം, തൊഴിലാളികൾക്ക് ശമ്പളത്തോടെ അവധി, രക്ഷിതാക്കൾക്ക് പ്രതിമാസ സാമ്പത്തിക സഹായം, മിനിമം വേതനം മണിക്കൂറിനു 15 ഡോളർ ആയി വർധിപ്പിക്കൽ, എന്നിവ ഉൾക്കൊള്ളുന്നതാണ് കർമപരിപാടി. വരുമാനം മുകളിൽനിന്നും താഴേതട്ടിലേക്ക് കിനിഞ്ഞിറങ്ങും എന്ന നിയോ ലിബറൽ സിദ്ധാന്തം പാടേ പരാജയപ്പെട്ടു.

താഴേ തട്ടിൽപണം എത്തിച്ചു മാത്രമേ സമ്പൽവ്യവസ്ഥയുടെ ഉത്തേജനം സാധ്യമാകൂ എന്ന തിരിച്ചറിവ് ഉണ്ടായിരിക്കുന്നു. ഇത് ഉൾക്കൊണ്ട് ഇന്ന് ജി 7 രാജ്യങ്ങളും കുറഞ്ഞ കോർപറേറ്റു നികുതി 15% ആകണമെന്ന് നിഷ്കർഷിച്ചിരിക്കുന്നു. ഈ സംഭവ വികാസങ്ങൾ ‍ഒന്നും മോഡി സർക്കാർ കണക്കിലെടുക്കുന്നില്ല എന്നതു വിചിത്രം തന്നെ. കോവിഡ് കാലത്തെ ഒരുസുവർണ അവസരമായി കണ്ടു "ഇപ്പോഴില്ലെങ്കിൽ ഇനിയൊരിക്കലും ഇല്ല" എന്ന് ഉരുവിട്ട് രാഷ്ട്രസമ്പത്ത് മുഴുവൻ ‍ഒരുപിടി കോർപ്പറേറ്റുകൾക്ക് കൈമാറാനാണ് തിടുക്കം കാട്ടുന്നത്. കോവിഡ് മഹാമാരിക്കാലത്ത് തൊഴിൽ ‍നഷ്ടപ്പെട്ടവർക്ക് ഒരു സാമ്പത്തിക സഹായവും നൽകുന്നില്ല. എന്നാൽ നവരത്ന കമ്പനികളായ ബി പി സി ൽ ,സ്റ്റീൽ ‍അതോറിറ്റി, ബി ഇ എം എൽ , ലൈഫ് ഇൻ‍ഷുറൻസ്, ബാങ്കുകൾ, എല്ലാം വിൽക്കുന്ന തിരക്കിലാണ് മോഡി സർക്കാർ. ഇന്ത്യൻ ജനതയുടെ പൈതൃക സ്വത്തായ റെയിൽവേ കഷണം കഷണം ആക്കി വില്പനയ്ക്കു വച്ചിരിക്കുന്നു. ട്രെയിനുകൾ, കോച്ചു ഫാക്ടറികൾ, എഞ്ചിൻ നിർമാണശാലകള്,‍ വർക്ക് ഷോപ്പുകൾ , റെയിൽവേ സ്റ്റേഷനുകൾ , ഭൂമി, കോളനികൾ, സ്പോർട്സ് സ്റ്റേഡിയം വരെ വില്പനയ്ക്കു വച്ചിരിക്കുകയാണ്.

ഏകോപിത പ്രവർത്തനം റെയിൽവേയുടെ കാര്യക്ഷമതക്കു അനിവാര്യമാണെന്ന് ബ്രിട്ടീഷ്, അർജന്റീനിയൻ ‍അനുഭവങ്ങൾ ബോധ്യപ്പെടുത്തുമ്പോൾ ‍ആണ് നാം ഇത്തരത്തിൽ മുന്നോട്ടുപോകുന്നത് എന്നത് ദൗർഭാഗ്യകരമാണ്. കോവിഡ് മഹാമാരി പകർന്നു നൽകിയ അനുഭവങ്ങൾ ഉൾക്കൊണ്ടു കൊണ്ട് പ്രത്യയ ശാസ്ത്ര മുൻവിധികൾ മാറ്റിവച്ച് ലോകമെങ്ങും ഇടതു- വലതു ഭേദമെന്യേ ഭരണാധികാരികൾ സക്രിയമായി ഇടപെടുമ്പോൾ മോഡി ഗവർന്മേന്റിനു തങ്ങളുടെ അനങ്ങാപ്പാറ നയവുമായി എങ്ങനെ, എത്രനാൾ‍ മുന്നോട്ടു പോകാനാകും? ഇനിയെങ്കിലും ഒരു പുനർവിചിന്തനത്തിനു മോഡി സർക്കാർ തയ്യാറാകുമെങ്കിൽ നല്ലത്. അല്ലാത്തപക്ഷം ട്രേഡ് യൂണിയൻ–-തൊഴിലാളി-–-കർഷക സംഘടനകളുടെ ദേശീയ ഐക്യവേദി നടത്തിവരുന്ന പ്രക്ഷോഭ സമര പരിപാടികൾ ഇനിയും സജീവമാകും. റെയിൽവേ ഉൾപ്പെടെയുള്ള പൊതുമേഖലയുടെ സ്വകാര്യവക്കരണ നടപടികൾക്കെതിരെ ലേബർ ‍കോഡുകൾക്കും കാർഷികനിയമങ്ങൾക്കുമെതിരെ , സാമ്പത്തികസഹായവും സൗജന്യറേഷനും ആവശ്യപ്പെട്ട്‌ സമരം ശക്തിപ്പെടുത്തണം. മറ്റു മാർഗങ്ങളില്ല. രാഷ്ട്രീയ–-സംഘടനാ ഭേദമെന്യേ തൊഴിലാളികളും കൃഷിക്കാരും മറ്റ് അധ്വാനിക്കുന്ന ജനവിഭാഗങ്ങളും ഒറ്റക്കെട്ടായി അണിനിരക്കുമ്പോൾ വിജയം സുനിശ്ചിതം.

ആർ ജി പിള്ള

(ദക്ഷിൺ റെയിൽവേ എംപ്ലോയീസ് യൂണിയൻ ജോയിൻറ് ജനറൽ സെക്രട്ടറിയാണ്‌ ലേഖകൻ)

Saturday, June 5, 2021

കളിക്കളങ്ങൾ കൈവിട്ട്‌ റെയിൽവേ ; സ്‌പോർട്‌സ്‌ കോംപ്ലക്‌സുകളും 
സ്റ്റേഡിയങ്ങളും 
വാണിജ്യകേന്ദ്രങ്ങളാക്കും

ഇന്ത്യൻ കായിക ഭൂപടത്തിൽ സുപ്രധാന സ്ഥാനമുള്ള റെയിൽവേ സ്വന്തം ഉടമസ്ഥതയിലുള്ള കളിക്കളങ്ങൾ ഉപേക്ഷിക്കുന്നു. റെയിൽവേയുടെ കീഴിലുള്ള 15 സ്‌പോർട്‌സ്‌ കോംപ്ലക്‌സുകളും സ്റ്റേഡിയങ്ങളും സ്വകാര്യവൽക്കരിക്കാനും വാണിജ്യവൽക്കരിക്കാനും ലക്ഷ്യമിട്ടാണിത്‌.

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മണ്ഡലമായ വാരണാസിയിലെ സ്‌പോർട്‌സ്‌ കോംപ്ലക്‌സ്‌, ബംഗളൂരു യെലഹങ്കയിലെ ക്രിക്കറ്റ്‌ സ്‌റ്റേഡിയം, റാഞ്ചിയിലെ ഹോക്കി സ്‌റ്റേഡിയം  എന്നിവ ഇതിൽപെടും. കളിക്കളങ്ങൾ വാണിജ്യവൽക്കരിക്കാനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ റെയിൽ ലാൻഡ് ഡെവലപ്‌മെന്റ് അതോറിറ്റിയെ(ആർഎൽഡിഎ) ഏൽപ്പിക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചു. മെയ്‌ 18നാണ്‌ ഇതുസംബന്ധിച്ച്‌ ഉത്തരവിറങ്ങിയത്‌. എല്ലാ സോണൽ മേധാവികളും ഇതുമായി സഹകരിക്കണമെന്നും ആവശ്യമായ രേഖകൾ അതോറിറ്റിക്ക്‌ കൈമാറണമെന്നും നിർദേശിച്ചു.

ബ്രിട്ടീഷ്‌ കാലത്ത്‌ നിർമിച്ച പ്രധാന കളിക്കളങ്ങളാണ്‌ ഇനി ഓർമയാവുക. പ്രധാന റെയിൽവേ കേന്ദ്രങ്ങളിൽ സജീവമായിരുന്ന സ്‌പോർട്‌സ്‌ കേന്ദ്രങ്ങളും സ്റ്റേഡിയങ്ങളും  ഒട്ടേറെ ഒളിമ്പ്യന്മാരെ  സംഭാവന ചെയ്‌തു. റെയിൽവേയുടെ ഫുട്‌ബോൾ, ഹോക്കി, ക്രിക്കറ്റ്‌ താരങ്ങളെല്ലാം പരിശീലിച്ച സ്‌റ്റേഡിയങ്ങളാണ്‌ ഇനി വാണിജ്യകേന്ദ്രങ്ങളാവുന്നത്‌.   സ്‌പോർട്സ് കോംപ്ലക്‌സുകൾ അടക്കം സ്വകാര്യവൽക്കരിക്കുന്നത്‌ കായിക രംഗത്തുള്ള റെയിൽവേയുടെ പങ്ക്‌ ഇല്ലാതാക്കും.  

സ്വകാര്യവൽക്കരണത്തിന് വേഗം കൂട്ടുന്നതിന്റെ ഭാഗമായാണ്‌ റെയിൽവേയുടെ കളിക്കളങ്ങൾക്കും പൂട്ട്‌ വീഴുന്നത്‌. റെയിൽവേ മന്ത്രാലയത്തിന്റെ നീക്കത്തിനെതിരെ റെയിൽവേ തൊഴിലാളികളും കായികപ്രേമികളും ശബ്ദമുയർത്തണമെന്ന്‌ ദക്ഷിണ റെയിൽവേ എംപ്ലോയീസ്‌ യൂണിയൻ(ഡിആർഇയു) കേന്ദ്ര കമ്മിറ്റി അഭ്യർഥിച്ചു.

വാണിജ്യവൽക്കരിക്കുന്ന 
സ്‌റ്റേഡിയങ്ങളും കോംപ്ലക്‌സുകളും

 സ്‌പോർട്‌സ്‌ കോംപ്ലക്‌സ്‌, ബിഎൽഡബ്ല്യു, വാരണാസി

ഇൻഡോർ സ്‌റ്റേഡിയം ആൻഡ്‌ ക്രിക്കറ്റ്‌ ഗ്രൗണ്ട്‌, പറേൽ, മുംബൈ

സ്‌റ്റേഡിയം, ഭുവനേശ്വർ

ഇൻഡോർ സ്‌റ്റേഡിയം, പട്‌ന

സ്‌റ്റേഡിയം, ബെഹല, കൊൽക്കത്ത

സ്‌പോർട്‌സ്‌ കോംപ്ലക്‌സ്‌, ചെന്നൈ

സ്‌പോർട്‌സ്‌ കോംപ്ലക്‌സ്‌, റായ്‌ബറേലി

സ്‌പോർട്‌സ്‌ കോംപ്ലക്‌സ്‌, മലിഗവോൺ, ഗുവാഹത്തി

സ്‌പോർട്‌സ്‌ കോംപ്ലക്‌സ്‌, കപുർത്തല

ക്രിക്കറ്റ്‌ സ്‌റ്റേഡിയം, യെലഹങ്ക, ബംഗളൂരു

സ്‌പോർട്‌സ്‌ കോംപ്ലക്‌സ്‌, സെക്കന്തരാബാദ്‌

സ്‌റ്റേഡിയം, മഹാലക്ഷ്‌മി, മുംബൈ

ഹോക്കി സ്‌റ്റേഡിയം, റാഞ്ചി

ക്രിക്കറ്റ്‌ സ്‌റ്റേഡിയം, ലക്‌നോ

ഗോരഖ്‌പുർ സ്‌റ്റേഡിയം, ഗോരഖ്‌പുർ

പി വിജയൻ 

Tuesday, February 2, 2021

കോവിഡിൽ റെയിൽവേക്ക്‌ ഉത്തേജക പാക്കേജില്ല ; കോച്ച്‌, എൻജിൻ നിർമാണം സ്വകാര്യമേഖലയ്‌ക്ക്‌

കോവിഡ് കാലത്ത്‌ ഉത്തേജക പാക്കേജായി കേന്ദ്ര ബജറ്റിൽ റെയിൽവേ വികസനത്തിന്‌ കൂടുതൽ ഫണ്ട്‌ വകയിരുത്തുമെന്ന പ്രതീക്ഷ അസ്ഥാനത്തായി. നാഷണൽ റെയിൽ പ്ലാൻ പ്രകാരം ട്രാക്ക്, സിഗ്നൽ തുടങ്ങി അടിസ്ഥാന സൗകര്യവികസനത്തിനായി 2032നുള്ളിൽ 39 ലക്ഷം കോടി രൂപയുടെ വികസനം ലക്ഷ്യമിടുമ്പോഴാണിത്.

കോച്ചുകളും എൻജിനുകളും നിർമിക്കുന്നത് സ്വകാര്യമേഖലയ്ക്ക് വിട്ടുകൊടുക്കും. 2030 ആകുമ്പോഴേക്കും ചരക്കുഗതാഗതം ഏറെക്കുറെ പൂർണമായി സ്വകാര്യമേഖലയ്ക്ക് കൈമാറും.   ഫലത്തിൽ, വരുമാനമാർഗങ്ങൾ സ്വകാര്യ മേഖലക്കും നഷ്ടം  പൊതുമേഖലയ്‌ക്കും.

അടുത്ത വർഷത്തെ പദ്ധതി അടങ്കൽ 2.15ലക്ഷം കോടി രൂപയായി നിശ്ചയിച്ചതിൽ 1,10,000 കോടിരൂപയാണ് റെയിൽവേയ്‌ക്ക്‌ ബജറ്റ് വിഹിതം. അതിൽ  10,000 കോടി റോഡ് സുരക്ഷാ ഫണ്ട്‌ വിഹിതവും 15,000 കോടി റെയിൽവേ സുരക്ഷാ ഫണ്ടുമാണ്. ബാക്കി വായ്‌പയായി ഐആർഎഫ്‌സി വഴി കണ്ടെത്തണം.

ചോദ്യചിഹ്നമായി  കോച്ച്‌ ഫാക്ടറി

കേരളത്തിന്റെ ചിരകാലസ്വപ്നമായ കോച്ച്‌ ഫാക്ടറി ഇക്കുറിയുമില്ല. കഞ്ചിക്കോട്ടെ മതിൽ കെട്ടിത്തിരിച്ച ഭൂമി ചോദ്യചിഹ്നമായി അവശേഷിക്കുന്നു. ശബരിമല റെയിൽവേ, നിലമ്പൂർ–നഞ്ചൻകോട്‌ പാത, ഷൊർണൂർ–-മംഗളൂരു മുന്നുവരി പാത, എറണാകുളം–-ഷെർണൂർ  മൂന്നാം പാത തുടങ്ങി പുതിയ പാതകളുടെ നിർദേശങ്ങൾ വെളിച്ചം കണ്ടില്ല. തിരുവനന്തപുരം–- -കാസർകോട്‌ അതിവേഗ  റെയിൽ ഇടനാഴിയെക്കുറിച്ചും പരാമർശമില്ല.

നിയമന നിരോധനം തുടരും

ജീവനക്കാരുടെ റിക്രൂട്ട്മെന്റ് മരവിപ്പിച്ചതും ജീവനക്കാരുടെ തടഞ്ഞുവച്ച ക്ഷാമബത്തയും മറ്റ്‌ ആനുകൂല്യങ്ങളും സംബന്ധിച്ച്‌ നിർദേശമില്ല. ജീവനക്കാരോടോ റെയിൽവേ ഉപഭോക്താക്കളോടോ നീതി പുലർത്താത്തതാണ്‌ കേന്ദ്ര ബജറ്റെന്ന്‌ ഡിആർഇയു കേന്ദ്ര കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു.

പി വിജയൻ

Sunday, January 24, 2021

പുരോഗമിക്കുന്നത് 25,000 കോടിയുടെ നിർമാണം: മുഖ്യമന്ത്രി

അടിസ്ഥാന സൗകര്യവികസനരംഗത്ത്  പൊതുമരാമത്ത് വകുപ്പിന്റെ 25,000 കോടി രൂപയുടെ നിർമാണങ്ങൾ‌ സംസ്ഥാനത്ത്‌ പുരോഗമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 10 റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണം വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചിറയിൻകീഴ്, മാളിയേക്കൽ (കരുനാഗപ്പള്ളി), ഇരവിപുരം, ഗുരുവായൂർ, ചിറങ്ങര (ചാലക്കുടി), അകത്തേത്തറ (മലമ്പുഴ), വാടാനാംകുറുശ്ശി (പട്ടാമ്പി), താനൂർ- തെയ്യാല, ചേലാരി- ചെട്ടിപ്പടി (തിരൂരങ്ങാടി), കൊടുവള്ളി (തലശേരി) എന്നിവിടങ്ങളിലായാണ് മേൽപ്പാലം നിർമിക്കുന്നത്. റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ്‌ കോർപറേഷനാണ് 251.48 കോടി മുതൽമുടക്കുള്ള  പ്രവൃത്തികളുടെ നിർമാണ ചുമതല. കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള നിർമാണം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കും.

സ്റ്റീൽ കോൺക്രീറ്റ് കോമ്പോസിറ്റ് സ്ട്രക്ചറായാണ് നിർമാണം. എല്ലായിടത്തും രണ്ടുവരി നടപ്പാതയും ഉണ്ടാകും. പൈൽ, പൈൽ ക്യാപ്പ് എന്നിവ കോൺക്രീറ്റിലും പിയർ, പിയർ ക്യാപ്പ്, ഗർഡർ എന്നിവ സ്റ്റീലിലും ഡെക് സ്ലാബ് കോൺക്രീറ്റിലുമായാണ് നിർമിക്കുന്നത്. സംസ്ഥാനത്ത്‌ ഇത്തരത്തിലുള്ള ആദ്യ നിർമാണമാണ്‌. കിഫ്ബി, റീബിൽഡ് കേരള, കെഎസ്ടിപി, വാർഷിക പദ്ധതികൾ എന്നിവ വഴി 25,000 കോടി രൂപയുടെ നിർമാണങ്ങളാണ് പുരോഗമിക്കുന്നത്. 2021–-22 ൽ 10,000 കോടി രൂപയുടെ പ്രവൃത്തികൾ പൂർത്തിയാക്കും. ഈ വർഷം 8383 കിലോമീറ്റർ റോഡുകൾ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങിൽ മന്ത്രി ജി സുധാകരൻ അധ്യക്ഷനായി. മന്ത്രി ഡോ. തോമസ് ഐസക് മുഖ്യാതിഥിയായി. മന്ത്രിമാർ, എംഎൽഎമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ വിവിധ ജില്ലകളിൽ ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുത്തു.

കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ റെയില്‍ വികസനത്തിന് അര്‍ഹമായ വിഹിതം അനുവദിക്കണം: ജി സുധാകരന്‍

തിരുവനന്തപുരം > കേരളത്തിന്റെ അടിസ്ഥാന റെയില്‍വേ വികസനത്തിന് മുതല്‍ക്കൂട്ടാകുന്ന തിരുവനന്തപുരം - കാസര്‍കോട് സെമി ഹൈസ്പീഡ് റെയില്‍വേ ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികള്‍ക്ക് 2021-2022 കേന്ദ്രബജറ്റില്‍ അര്‍ഹമായ വിഹിതം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര റെയില്‍വേ മന്ത്രിക്ക് റെയില്‍വേയുടെ ചുമതലയുളള പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി ജി സുധാകരന്‍ കത്തയച്ചു.

കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ തത്വത്തിലുളള അംഗീകാരം ലഭിച്ച പദ്ധതിയാണ് തിരുവനന്തപുരം-കാസര്‍കോട് സെമി ഹൈസ്പീഡ് റെയില്‍ കോറിഡോര്‍.  അറുപത്തി ആറായിരം കോടി രൂപ ചെലവില്‍ റെയില്‍വേയുടേയും സംസ്ഥാന സര്‍ക്കാരിന്റെയും സംയുക്ത സംരംഭക കമ്പനിയായ കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനാണ് നിര്‍മ്മാണ ചുമതല. കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുളള ഈ പദ്ധതിയുടെ ഡിപിആര്‍ അംഗീകരിക്കുന്നതിനും 2021-2022 റെയില്‍വേ പിങ്ക് ബുക്കില്‍ ഉള്‍പ്പെടുത്തി വിഹിതം അനുവദിക്കുന്നതിനും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളത്തിന്റെ ദീര്‍ഘകാല ആവശ്യങ്ങളിലൊന്നായ അങ്കമാലി-ശബരി റെയില്‍വേ പദ്ധതിയുടെ നിര്‍മ്മാണ ചെലവിന്റെ അമ്പത് ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് റെയില്‍വേയെ അറിയിച്ചിട്ടുളള സാഹചര്യത്തില്‍ പ്രസ്തുത പദ്ധതി അടിയന്തിരമായി ആരംഭിക്കേണ്ടതുണ്ട്. 2013-ല്‍ തറക്കല്ലിട്ട റെയില്‍വേ കോച്ച് ഫാക്ടറിയുടെ പൂര്‍ത്തീകരണത്തിനും വിഹിതം അനുവദിക്കണം. എറണാകുളം-പൊന്നുരുന്നിയിലെ മാര്‍ഷലിംഗ് യാര്‍ഡ് കോച്ചിംഗ് ടെര്‍മിനലായും സ്റ്റേഷന്‍ സമുച്ചയമായും പുനര്‍നിര്‍മ്മിക്കണം. നേമം റെയില്‍വേ സ്റ്റേഷന്റെ വികസനത്തിനും തിരുവനന്തപുരം-കന്യാകുമാരി റെയില്‍പാത ഇരട്ടിപ്പിക്കലിനും അര്‍ഹമായ വിഹിതം അനുവദിക്കണം. കൊച്ചുവേളി ഉള്‍പ്പെടെയുളള റെയില്‍വേ സ്റ്റേഷനുകള്‍ വികസിപ്പിക്കുന്നിന് അര്‍ഹമായ പരിഗണന നല്‍കണം. എറണാകുളം-അമ്പലപ്പുഴ തീരദേശ പാത ഇരട്ടിപ്പിക്കലിന് മുന്‍ഗണന നല്‍കി കേരളത്തിന്റെ റെയില്‍വേ വികസനത്തിനാവശ്യമായ ഫണ്ട് അനുവദിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

തിരുവനന്തപുരം-കണ്ണൂര്‍ ശതാബ്ദി എക്‌സ്പ്രസ്സ് ഉള്‍പ്പെടെ അധിക ട്രെയിനുകള്‍ അനുവദിക്കണമെന്ന ദീര്‍ഘകാല ആവശ്യവും ഹ്രസ്വദൂര യാത്രക്കാര്‍ക്ക് ഏറ്റവും സഹായകരമാകുന്ന മെമു ട്രെയിനുകള്‍ പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളില്‍ കൂടുതലായി അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 2021-22 കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ റെയില്‍വേ അടിസ്ഥാന സൗകര്യ വികസനത്തിന് അര്‍ഹമായ പരിഗണന നല്‍കി ആവശ്യമായ വിഹിതം അനുവദിക്കണമെന്ന് കേന്ദ്ര മന്ത്രിക്ക് അയച്ച കത്തില്‍ മന്ത്രി ആവശ്യപ്പെട്ടു.

Thursday, January 21, 2021

കെ-റെയില്‍: ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല: മുഖ്യമന്ത്രി

നെല്‍പ്പാടങ്ങളും കൃഷിയിടങ്ങളും സംരക്ഷിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഗ്രീന്‍ഫീല്‍ഡ് പ്രദേശങ്ങളില്‍ കൃഷിയിടങ്ങള്‍ക്ക് കോട്ടം വരുത്താതെ തൂണുകള്‍ക്ക് മുകളില്‍ റെയില്‍പാളം നിര്‍മ്മിച്ചാണ് കെ റെയില്‍  പദ്ധതി നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി. 115 കിലോമീറ്റര്‍ പാടശേഖരങ്ങളില്‍ 88 കിലോമീറ്റര്‍ ദൂരവും ഈ രീതിയിലാണ് പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ജലാശയങ്ങളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കപ്പെടും. കെ-റെയില്‍ പദ്ധതി കൃഷിയിടങ്ങളെ നശിപ്പിക്കുമെന്നും ജനവാസകേന്ദ്രങ്ങളില്‍ താമസിക്കുന്നവരെ പ്രതികൂലമായി ബാധിക്കുമെന്നുമാണ് പ്രധാനമായും പറയുന്നത്. പദ്ധതി വിഭാവനം ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിച്ചിട്ടുണ്ട്. സാമൂഹിക പ്രശ്‌നങ്ങള്‍ അവഗണിച്ചുകൊണ്ടല്ല ഈ വികസന പദ്ധതി നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി

നിര്‍ദിഷ്ട പാത കടന്നുപോകുന്ന 11 ജില്ലകളിലെ ആരാധനാലയങ്ങളെയും പാടങ്ങളെയും കാവുകളെയും ബാധിക്കാത്ത രീതിയിലാണ് പ്രസ്തുത പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ഈ പദ്ധതി സംസ്ഥാനത്തൊട്ടാകെ വീടുകള്‍ ഉള്‍പ്പെടെ 9,314 കെട്ടിടങ്ങളെ മാത്രമാണ് ബാധിക്കുക. അവരുടെ പുനരധിവാസം ഉറപ്പാക്കും. നിര്‍ദ്ദിഷ്ട റെയില്‍പാതയുടെ ആകെ നീളമായ 530 കിലോമീറ്ററില്‍ തിരൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള 220 കിലോമീറ്ററില്‍ നിര്‍ദ്ദിഷ്ട പാത  നിലവിലുള്ള റെയില്‍പാതയുടെ സമാന്തരമായാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.

ഈ പദ്ധതി അന്തരീക്ഷമലിനീകരണം കുറയ്ക്കാനും സഹായിക്കും. ഏകദേശം 19,000 വാഹനങ്ങള്‍ ഇന്നത്തെ സ്ഥിതിയില്‍ സംസ്ഥാനത്തെ തിരക്കേറിയ റോഡുകളില്‍ നിന്നും മാറും. ഈ പദ്ധതി നടപ്പില്‍വരുത്താനായി ഡി.പി.ആര്‍ തയ്യാറാക്കിയിട്ടുണ്ട്. വിശദമായ സാമൂഹിക ആഘാതപഠനം നടത്തുന്നതാണ്. പാരിസ്ഥിതിക പഠനം നടന്നുകഴിഞ്ഞിട്ടുണ്ട്. പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്റെ തത്വത്തില്‍ അംഗീകാരം 2019 ഡിസംബര്‍ 17 ന് ലഭിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ  വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് അംഗീകാരത്തിന് സമര്‍പ്പിച്ചിരിക്കുകയാണ്. ഇത് ലഭ്യമാകുന്ന മുറയ്ക്ക് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിയും.

മുന്‍കാലങ്ങളിലെ വികസനപദ്ധതികളുടെ ദുരവസ്ഥ എന്തായിരുന്നു?. എല്ലാ അംഗീകാരവും ലഭിച്ച ശേഷമാണ് പ്രാരംഭ പ്രവര്‍ത്തനങ്ങളെപ്പറ്റി ആലോചിക്കുന്നത്. ഇതിനായി ഏറെ സമയം ചിലവാകുന്നു. കാലതാമസവും അധിക പണച്ചെലവും ഉണ്ടാകുന്നു. ഇത്തരം കാലവിളംബരം ഉണ്ടാകാന്‍ പാടില്ലെന്ന നിഷ്‌ക്കര്‍ഷ ഈ സര്‍ക്കാരിനുണ്ട്. അതിനാലാണ് ലാന്റ് അക്വിസിഷന്‍ യൂണിറ്റുകള്‍ രൂപീകരിക്കാനുള്ള  നടപടികള്‍ ആരംഭിച്ചത്.

ജനങ്ങളുടെ ആശങ്കകള്‍ പരിഗണിക്കാത്ത ഒരു നടപടിയും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ല. സംസ്ഥാനത്തിന്റെ വികസനത്തിന് പുതിയൊരു പാത വെട്ടിത്തുറക്കുന്ന ഈ പദ്ധതിയെ അനാവശ്യമായ ഭയപ്പാടുകള്‍ ഉയര്‍ത്തി തുരങ്കം വെയ്ക്കാനുള്ള നീക്കങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല. മുന്‍ സര്‍ക്കാര്‍ തുടങ്ങിവച്ച സബര്‍ബന്‍ റെയില്‍ പദ്ധതി ഉപേക്ഷിച്ചിട്ടാണ് നിര്‍ദ്ദിഷ്ട പദ്ധതി ആരംഭിച്ചത് എന്നതാണ് ആക്ഷേപം. ഇത് വസ്തുതാപരമല്ല. തിരുവനന്തപുരം മുതല്‍ ചെങ്ങന്നൂര്‍ വരെയുള്ള പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായ 126 കി.മി. സ്ഥലത്താണ് റാപ്പിഡ് റെയില്‍ ട്രാന്‍സിസ്റ്റ് സിസ്റ്റം വിഭാവനം ചെയ്തത്.

പക്ഷേ, കേന്ദ്ര റെയില്‍ മന്ത്രാലയം സബര്‍ബന്‍ റെയില്‍ പോളിസിയില്‍ മാറ്റം വരുത്തുകയും ഈ പദ്ധതി നടപ്പാക്കാന്‍ കഴിയില്ലെന്ന് സംസ്ഥാന സര്‍ക്കാരിനെ 2017 ഡിസംബര്‍ 7 ന് കത്ത് മുഖാന്തിരം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് കേന്ദ്രസര്‍ക്കാരുമായി നടത്തിയ ഉന്നതതല ചര്‍ച്ചയിലാണ് സെമി ഹൈസ്പീഡ് റെയില്‍ പദ്ധതി കുറച്ചുകൂടി ഉചിതമായിരിക്കുമെന്ന ആശയം ഉയര്‍ന്നത്.

ഏറെ തവണ ഉന്നയിച്ച മറ്റൊരു ആക്ഷേപം കൂടി പ്രമേയവതാരകന്‍ ഉന്നയിക്കുന്നുണ്ട്. ഈ പദ്ധതി സംസ്ഥാനത്തെ വലിയ കടക്കെണിയില്‍ ആക്കുമെന്നാണ് പറയുന്നത്. പശ്ചാത്തലസൗകര്യം വികസിക്കുമ്പോള്‍ നിക്ഷേപങ്ങള്‍ ഉണ്ടാകുകയും സാമ്പത്തികവളര്‍ച്ചക്ക് ആക്കം കൂടുകയും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും. ഇങ്ങനെയുണ്ടാകുന്ന സാമ്പത്തിക വളര്‍ച്ച പശ്ചാത്തലസൗകര്യവികസനത്തിനായി എടുക്കുന്ന കടത്തെ അതിജീവിക്കാന്‍ സഹായകമാകും.

മൂലധന  ചിലവുകള്‍ക്കായും പശ്ചാത്തലസൗകര്യവികസനത്തിനായും കടമെടുക്കാത്ത ഏതെങ്കിലും സര്‍ക്കാര്‍ ഏതെങ്കിലും കാലത്ത് ലോകത്തിന്റെ ഏതെങ്കിലും ഭാഗത്ത് ഉണ്ടായിരുന്നോ എന്നുകൂടി ഈ ആക്ഷേപം ഉന്നയിക്കുന്നവര്‍ പരിശോധിക്കണം.ഹൈസ്പീഡ് റെയില്‍ കോറിഡോറില്‍ ഈ പദ്ധതി ഉള്‍പ്പെടുത്താന്‍ പരിശ്രമിച്ചില്ല എന്ന ഒരു ആക്ഷേപം കൂടി പ്രമേയത്തില്‍ ഉന്നയിച്ചിട്ടുണ്ട്. സെമി ഹൈസ്പീഡ് പദ്ധതിക്ക് ഏകദേശം 66,000 കോടി രൂപയുടെ ചിലവ് വരും. ഇതിന്റെ ഒരു ഇരട്ടിയോളം വരും ഹൈസ്പീഡ് റെയിലിന്. പ്രായോഗികമായ സമീപനമാണ് ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.

മറ്റൊരു കാര്യം കേന്ദ്രത്തിന്റെ ഹൈസ്പീഡ് റെയില്‍ കോറിഡോറില്‍ ഉള്‍പ്പെടാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചില്ല എന്നാണ്. ഇത് അടിസ്ഥാനരഹിതമാണ്. ഹൈസ്പീഡ് റെയില്‍ കോറിഡോര്‍ ഇന്ത്യയിലെ പ്രധാന പട്ടണങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ്. ഡല്‍ഹി-മുംബൈ, ചെന്നൈ-ബാംഗ്ലൂര്‍ ഇത്തരം വന്‍നഗരങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന പദ്ധതിയാണ് ഹൈസ്പീഡ് റെയില്‍. പ്രധാനമായും ഒരു സംസ്ഥാനത്തിനുള്ളില്‍ നഗരങ്ങളെയും പട്ടണങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു പദ്ധതിയല്ല ഹൈസ്പീഡ് റെയില്‍ കോറിഡോര്‍.

സെമി ഹൈസ്പീഡ് റെയില്‍ കേരളം വിഭാവനം ചെയ്ത തനതായ പദ്ധതിയാണ്. കേരള റെയില്‍ ഡവലപ്പ്‌മെന്റ്  കോര്‍പ്പറേഷന്‍ എന്ന കമ്പനി മുഖാന്തിരമാണ് പദ്ധതി നടപ്പാക്കുന്നത്. ഇതില്‍ 51 ശതമാനം കേരള സര്‍ക്കാരിനും 49 ശതമാനം കേന്ദ്രസര്‍ക്കാരിന്റെ റെയില്‍വേ മന്ത്രാലയത്തിനുമാണ്. അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും കുറഞ്ഞ പലിശയ്ക്ക് ലഭിക്കുന്ന വായ്പയാണ് ഈ പദ്ധതിക്കായി ചിലവഴിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Saturday, January 16, 2021

ശബരി പാത: കിഫ്‌ബിയിൽനിന്ന്‌ 2000 കോടി ; കൊച്ചി മെട്രോ: പേട്ട –- തൃപ്പൂണിത്തുറ എക്സ്റ്റൻഷൻ 20-22ൽ പൂർത്തിയാകും

ശബരി റെയിൽപ്പാതയുടെ നിർമാണത്തിന്‌ ആവശ്യമായ 2000 കോടി രൂപയിലധികം വരുന്ന തുക കിഫ്ബിയിൽനിന്ന്‌ അനുവദിക്കും. ശബരിമലയുടെ ദേശീയ പ്രാധാന്യം പരിഗണിച്ച് റെയിൽവേയുടെ ചെലവിൽ ശബരി പാത നിർമിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം നടപ്പാക്കാത്ത പശ്ചാത്തലത്തിലാണിത്‌.‌ പദ്ധതിച്ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. 

കൊച്ചി മെട്രോയുടെ പേട്ടമുതൽ തൃപ്പൂണിത്തുറവരെയുള്ള രണ്ട്‌ കിലോമീറ്റർ എക്സ്റ്റൻഷൻ 2021-–-22ൽ പൂർത്തിയാകും. ഇതിനുള്ള വിഭവസമാഹരണം ഉറപ്പാക്കിയിട്ടുണ്ട്. 1957 കോടി രൂപ ചെലവിൽ കലൂർ സ്റ്റേഡിയംമുതൽ കാക്കനാട് ഐടി സിറ്റിവരെയുള്ള 11 കിലോമീറ്റർ റെയിൽപ്പാതയുടെ നിർമാണവും നടക്കും.

തിരുവനന്തപുരം–കോഴിക്കോട് ലൈറ്റ് മെട്രോയുടെ പുതിയ ഡിപിആർ കേന്ദ്രസർക്കാരിന്റെ പുതുക്കിയ മാനദണ്ഡ പ്രകാരം തയ്യാറാവുകയാണ്. ശബരിമല എയർപോർട്ടിന്റെയും ഇടുക്കി, വയനാട്, കാസർകോട് ജില്ലകളിലെ എയർ സ്ട്രിപ്പുകളുടെയും ഡിപിആർ തയ്യാറാവുന്നു. ഒമ്പത്‌ കോടി ഇതിനായി വകയിരുത്തി. 60000 കോടി രൂപയുടെ സിൽവർ ലൈൻ സെമി ഹൈസ്പീഡ് റെയിൽ പദ്ധതി കേരള റെയിൽ ഡെവലപ്‌മെന്റ് കോർപറേഷൻ എന്ന കേന്ദ്ര–-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭം വഴിയാണ് നടപ്പാക്കുന്നത്.

പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കും. കെആർഡിസി തന്നെയാണ് തലശേരി - മൈസൂർ, നിലമ്പൂർ - നഞ്ചങ്കോട് തുടങ്ങിയ റെയിൽ ലൈനുകളും നിർമിക്കുന്നത്.

Sunday, January 10, 2021

ശബരി പാത : ജീവൻവയ്‌ക്കുന്നത്‌ 25 വർഷമായി മുടങ്ങിക്കിടന്ന പദ്ധതിക്ക്‌

ശബരിമലയുടെ വികസനത്തിന്‌ അനിവാര്യമായ അങ്കമാലി–- -ശബരി റെയിൽപാതയുടെ ചെലവിന്റെ പകുതിയും സംസ്ഥാന സർക്കാർ വഹിക്കും. 111 കിലോമീറ്ററുള്ള പാതയ്‌ക്ക്‌ 2815 കോടിയാണ്‌ ചെലവ്‌ പ്രതീക്ഷിക്കുന്നത്‌. ഇതിന്റെ അമ്പതു ശതമാനം സംസ്ഥാനം ഏറ്റെടുക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കിഫ്ബി മുഖേന പണം ലഭ്യമാക്കും. കാൽനൂറ്റാണ്ടായി അനിശ്‌ചിതത്വത്തിൽ കിടന്ന പദ്ധതിയാണ്‌ ജീവൻവയ്‌ക്കുന്നത്‌.

1998 ലെ റെയിൽവേ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണ് എരുമേലി വഴിയുള്ള ശബരിപാത. ശബരിമല ദർശനത്തിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന തീർഥാടകരുടെ സൗകര്യവും സംസ്ഥാന വികസനവും മുന്നിൽക്കണ്ടാണ്  പദ്ധതി വിഭാവനം ചെയ്തത്. എന്നാൽ,  റെയിൽവേ താൽപ്പര്യം കാണിച്ചില്ല. പദ്ധതി പ്രഖ്യാപിക്കുമ്പോൾ ചെലവ് 517 കോടി രൂപയായിരുന്നെങ്കിൽ ഇപ്പോൾ അത് പലമടങ്ങായി. എട്ട്‌  കിലോമീറ്റർ ദൂരം മാത്രമാണ്‌ ഇപ്പോൾ പൂർത്തിയായത്‌. നിർമാണച്ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കണമെന്ന നിലപാട് പിന്നീട് റെയിൽവേ എടുത്തു. ദേശീയ തീർഥാടന കേന്ദ്രമെന്ന നിലയിൽ റെയിൽവേയുടെ ചെലവിൽത്തന്നെ പദ്ധതി നടപ്പാക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി അഭ്യർഥിച്ചെങ്കിലും ഫലം കണ്ടില്ല.

ഭൂവുടമകൾക്കും രക്ഷയാകും

പാതയ്‌ക്കായി ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി കാലടി മുതൽ തൊടുപുഴ മണക്കാട്‌, കരിങ്കുന്നം വരെയുള്ള  68 കിലോമീറ്റർ സ്ഥലത്ത്‌ 20വർഷം‌ മുമ്പുതന്നെ ഭൂമിയുടെ ക്രയവിക്രയം മരവിപ്പിച്ചിരിന്നു. മൂന്നും അഞ്ചും സെന്റുള്ള 900ത്തോളം പേരുടെ ഭൂമിയും വീടുമാണ്‌ ഇങ്ങിനെ അനിശ്‌ചിതത്വത്തിലായത്‌.  ഇവർക്ക്‌ ഭൂമി വിൽക്കാനോ ഈട്‌ വയ്‌ക്കാനോ കഴിയാത്ത അവസ്ഥയാണ്‌. എൽഡിഎഫ്‌ സർക്കാർ തീരുമാനം ഇവർക്കും രക്ഷയാകും.

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത്‌ ജോയ്‌സ്‌ജോർജ്‌ എംപിയുടെ നേതൃത്വത്തിൽ കാലടി മുതൽ തൊടുപുഴ വരെ നടന്ന പദയാത്രയും പ്രക്ഷോഭവുമാണ്‌ പദ്ധതിയെ വീണ്ടും ജനശ്രദ്ധയിലേക്ക്‌ കൊണ്ടുവന്നത്‌. ‌ പിണറായി വിജയൻ സർക്കാർ അധികാരമേറ്റ ആദ്യബജറ്റിൽ തന്നെ ഇതിനായി തുക വകകൊള്ളിച്ചു.

നടത്തിപ്പ്‌ റെയിൽവേ ഏറ്റെടുക്കണം

പാതയുടെ നടത്തിപ്പും പരിപാലനവും റെയിൽവേതന്നെ നിർവഹിക്കണമെന്ന വ്യവസ്ഥയോടെയാണ് പകുതി ചെലവു വഹിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. സ്റ്റേഷനുകളുടെ വികസനം പൊതു-സ്വകാര്യ പങ്കാളിത്തമുള്ള പ്രത്യേക കമ്പനി വഴിയും നടപ്പാക്കാം. ഇതുവഴി ലഭിക്കുന്ന വരുമാനത്തിൽ ചെലവു കഴിച്ചുള്ള തുക സംസ്ഥാനവും റെയിൽവേയും പങ്കിടണം. ഈ പാത കൊല്ലം  ജില്ലയിലെ പുനലൂർവരെ ദീർഘിപ്പിച്ചാൽ പിന്നീട്‌ തമിഴ്നാട്ടിലേക്ക് നീട്ടാൻ കഴിയും.

വീരവാദം മുഴക്കാൻ കേന്ദ്രം പദ്ധതി നടപ്പാക്കാൻ പിണറായി സർക്കാർ

കേന്ദ്രസർക്കാരിന്റെ തുടർച്ചയായ അനാസ്ഥയിൽ മരവിച്ചുപോയ വികസനസ്വപ്നത്തിന്‌ വീണ്ടും ജീവൻ വയ്‌ക്കുന്നു. മലയോരജനതയുടെയും ശബരിമല തീർഥാടകരുടെയും ചിരകാലാഭിലാഷമായ ശബരി റെയിൽപ്പാത യാഥാർഥ്യമാക്കാൻ പിണറായി സർക്കാർ എടുത്ത ധീരമായ ചുവടുവയ്‌പ്‌ കേരളം ആവേശത്തോടെ നെഞ്ചേറ്റുന്നു‌. ചെലവ്‌ പ്രതീക്ഷിക്കുന്ന 2815 കോടി രൂപയിൽ പകുതിയും സംസ്ഥാന സർക്കാർ ചെലവാക്കുമെന്ന് പ്രഖ്യാപിച്ചതോടെ പദ്ധതി യാഥാർഥ്യത്തിലേക്ക്‌ നീങ്ങുകയാണ്‌.

1997–-98ലെ റെയിൽബജറ്റിൽ മന്ത്രി രാംവിലാസ്‌ പസ്വാൻ 517 കോടി രൂപ ചെലവ് പ്രതീക്ഷിച്ച്‌ പ്രഖ്യാപിച്ച പദ്ധതിയാണ്‌ അങ്കമാലി–-ശബരി റെയിൽപ്പാത. കേന്ദ്രസർക്കാർ പൂർണമായും ചെലവുവഹിച്ച്‌ നടപ്പാക്കുമെന്ന്‌ പ്രഖ്യാപിച്ച പദ്ധതിയാണിത്‌. കേന്ദ്രത്തിൽ കോൺഗ്രസ്‌, ബിജെപി സർക്കാരുകൾ മാറിമാറി വന്നു. കേരളത്തിലും കേന്ദ്രത്തിലും കോൺഗ്രസ്‌ സർക്കാരുകൾ ഒരുമിച്ച് ഭരിച്ചിട്ടും പദ്ധതി നടപ്പാക്കാൻ ശ്രമമുണ്ടായില്ല. കേന്ദ്രത്തിൽ ബിജെപി വന്നപ്പോൾ, കേരളത്തിൽനിന്ന്‌ ഒ രാജഗോപാൽ റെയിൽ സഹമന്ത്രിയായി. എന്നിട്ടും ശബരിമല തീർഥാടകർക്കടക്കം ഗുണമുള്ള പദ്ധതി അനങ്ങിയില്ല.  

ശബരിമലയിലേക്കുള്ള റെയിൽപ്പാതയായതിനാൽ കേന്ദ്രം പദ്ധതിചെലവ്‌ വഹിക്കുമെന്ന്‌ പ്രധാനമന്ത്രി പലവട്ടം പ്രഖ്യാപിച്ചെങ്കിലും ഒന്നും ചെയ്‌തില്ല. ഉയർന്ന വിലമൂലം സ്ഥലം ഏറ്റെടുക്കാനുള്ള ബുദ്ധിമുട്ട് പറഞ്ഞ്‌ കേന്ദ്രമന്ത്രിമാർ ചോദ്യങ്ങളിൽനിന്ന്‌ രക്ഷപ്പെട്ടു‌. അങ്കമാലി–-കാലടി റെയിൽവേ ലൈൻ വലിച്ചതും കാലടിയിൽ സ്‌റ്റേഷനും പ്ലാറ്റ്‌ഫോമും നിർമിച്ചതും മാത്രമാണ്‌ 22 വർഷത്തിനിടെ നടന്നത്‌. അതിനിടയിൽ സ്ഥലവില ഉയർന്നു. പദ്ധതിചെലവ്‌ 1556 കോടിയായി പുതുക്കി. ഇപ്പോൾ 2815 കോടി രൂപയുമായി. ദേശീയപാതവികസനം എളുപ്പമാക്കാൻ, ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ പകുതിവില സംസ്ഥാനം നൽകുമെന്ന്‌ പ്രഖ്യാപിച്ചതുപോലെ ഇപ്പോൾ അങ്കമാലി–-ശബരി പാതയ്‌ക്കും എൽഡിഎഫ്‌ സർക്കാർ പകുതി ചെലവ്‌ വഹിക്കാമെന്ന് പ്രഖ്യാപിക്കുകയാണ്‌.

എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയും കോട്ടയം, ഇടുക്കി ജില്ലകളിലെ കാർഷികമേഖലയും റെയിൽവേ ഭൂപടത്തിൽ എത്തുന്നതോടെ മധ്യകേരളത്തിലെ വികസനമുന്നേറ്റത്തിന്‌ പുതിയ ദൂരവും വേഗവും കൈവരും. എരുമേലിവരെ റെയിൽപ്പാത എത്തുന്നതോടെ ശബരിമലയ്‌ക്കുള്ള റെയിൽയാത്ര സുഗമമാകും. കോട്ടയം, ഇടുക്കി ജില്ലകളിലെ വിനോദസഞ്ചാരമേഖലയുടെ വികസനത്തിനും ഗുണകരമാകും.

കേരളത്തിന്റെ സ്വപ്നപദ്ധതി തകർക്കാൻ ശ്രമിച്ചത്‌ കേന്ദ്രം

ശബരി റെയിൽപ്പാതയ്‌ക്കായി പദ്ധതി ആവിഷ്കരിച്ചപ്പോൾ ഇല്ലാതിരുന്ന നിബന്ധന പിന്നീട്‌ ഉന്നയിച്ച കേന്ദ്രസർക്കാർ ശ്രമിച്ചത്‌ കേരളത്തിന്റെ ചിരകാല പ്രതീക്ഷ ഇല്ലാതാക്കാൻ. പദ്ധതിക്ക്‌ സ്ഥലമെടുക്കുന്നതിനൊപ്പം നിർമാണച്ചെലവിന്റെ പകുതികൂടി വഹിക്കണമെന്ന നിബന്ധന വർഷങ്ങൾക്കുശേഷമാണ്‌ കേന്ദ്രം മുന്നോട്ടുവച്ചത്‌. അപ്പോഴേക്കും സംസ്ഥാനത്തെ സ്ഥലവില ഉയർന്നു. പാതയുടെ നിർമാണച്ചെലവ്‌ അഞ്ചിരട്ടി വർധിച്ചു. കഴിഞ്ഞവർഷത്തെ കേന്ദ്ര റെയിൽവേ ബജറ്റിൽ ഒരു കോടിരൂപ മാത്രമാണ്‌ പദ്ധതിക്കായി നീക്കിയത്‌.

ശബരിമല തീർഥാടനത്തിന്‌ ഏറെ പ്രയോജനമാകുന്ന ശബരി റെയിൽപ്പാത 1997–-98ലെ റെയിൽവേ ബജറ്റിലാണ്‌ പ്രഖ്യാപിച്ചത്‌. അങ്കമാലിമുതൽ എരുമേലിവരെ 116 കിലോമീറ്റർ റെയിൽപ്പാത നിർമാണത്തിന്‌ 517 കോടി രൂപയാണ്‌ അന്ന്‌ കണക്കാക്കിയത്‌. ഭൂമി കൈമാറണമെന്ന നിബന്ധന മാത്രമാണ്‌ അപ്പോഴുണ്ടായിരുന്നത്‌. എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലായി 416 ഹെക്‌ടർ ഭൂമിയാണ്‌ ഏറ്റെടുക്കേണ്ടിയിരുന്നത്‌. അതിനുള്ള നടപടികൾ സംസ്ഥാനം ആരംഭിച്ചു. രണ്ട്‌ തഹസിൽദാർമാരെ നിയോഗിച്ചു. അങ്കമാലിമുതൽ കാലടിവരെ 24.4 ഹെക്‌ടർ ഭൂമി ഏറ്റെടുത്ത്‌ കൈമാറി. കാലടി റെയിൽവേ സ്‌റ്റേഷന്റെയും പ്ലാറ്റ്‌ഫോമിന്റെയും നിർമാണം പൂർത്തിയാക്കി. പെരുമ്പാവൂർ, കൂവപ്പടി, വേങ്ങൂർ, അശമന്നൂർ, രായമംഗലം, ചേലാമറ്റം, എരമല്ലൂർ, മുളവൂർ, വെള്ളൂർക്കുന്നം, മൂവാറ്റുപുഴ, കോതമംഗലം, മഞ്ഞള്ളൂർ വില്ലേജുകളിൽ ഭൂമിയുടെ സർവേ പൂർത്തിയാക്കി. എന്നാൽ, കല്ലിടൽപോലും റെയിൽവേ ഇതുവരെ പൂർത്തിയാക്കിയിട്ടില്ല.

സ്ഥലമേറ്റെടുക്കാൻ മൂവാറ്റുപുഴയിൽ തുടങ്ങിയ ഓഫീസ്‌ റെയിൽവേ പണം അനുവദിക്കാതായതോടെ 2015ൽ അടച്ചുപൂട്ടി.

ഈ സാഹചര്യത്തിലാണ്‌ പുതിയ നിബന്ധന‌. ഭൂമി സൗജന്യമായി നൽകുന്നതോടൊപ്പം നിർമാണച്ചെലവിന്റെ പകുതി വഹിക്കണമെന്നായിരുന്നു ആവശ്യം. റെയിൽവേ സ്വകാര്യവൽക്കരണത്തിന്റെ ഭാഗമായിരുന്നു ഈ തീരുമാനവും. മുഴുവൻ ചെലവും റെയിൽവേ വഹിക്കുമെന്നായിരുന്നു 1997–-98ലെ കേന്ദ്ര റെയിൽ ബജറ്റ്‌ പ്രഖ്യാപനം. സംസ്ഥാന സർക്കാർ സഹകരിക്കാത്തതിനാലാണ്‌ പദ്ധതി നടപ്പാകാത്തതെന്ന ആരോപണമാണ്‌ കേന്ദ്ര സർക്കാർ ഉയർത്തിയത്‌.

2005 ആകുമ്പോൾ നിർമാണച്ചെലവ്‌ 1,234 കോടിയും 2011ൽ‌ 1,566 കോടിയുമായി ഉയർന്നു. നിലവിൽ 2,815 കോടി രൂപയാണ്‌ കണക്കാക്കുന്നത്‌. 2019–-20ലെ റെയിൽ ബജറ്റിൽ ഒരുകോടി രൂപമാത്രം പദ്ധതിക്കായി നീക്കിയതും കേന്ദ്ര സർക്കാരിന്റെ നയംമാറ്റത്തിന്‌ തെളിവാണ്‌.

ഇടുക്കിയിലേക്കും ട്രെയിൻ ചൂളം വിളിച്ചെത്തുന്നു ; കാലടിയിൽ സ‌്റ്റേഷൻ റെഡി

ഇടുക്കിയിലെ തൊടുപുഴ, മണക്കാട‌്, കരിങ്കുന്നം വില്ലേജുകളിലായി എട്ടു കിലോമീറ്ററിലൂടെയാണ‌് നിർദിഷ്ട ശബരി റെയിൽപാത കടന്നുപോവുക. തൊടുപുഴയിൽ മണക്കാട‌്﹣-തൊടുപുഴ റോഡും കോലാനി﹣- വെങ്ങല്ലൂർ ബൈപാസും സന്ധിക്കുന്നിടത്ത‌് റെയിൽപാത ഫ്ലൈ ഓവറിലൂടെ കടന്നുപോകും. ഇവിടെനിന്ന‌് കോലാനി, നടുക്കണ്ടം, നെല്ലാപ്പാറ വഴി കോട്ടയം ജില്ലയിലേക്ക‌് പ്രവേശിക്കും. നടുക്കണ്ടത്തും നെല്ലാപ്പാറയിലും റെയിൽപ്പാത ടണലിലൂടെയാണ‌് കടന്നുപോകുക. നെല്ലാപ്പാറയിൽ ഒരു കിലോമീറ്ററോളം ദൈർഘ്യമുള്ള ടണൽ പൂർത്തീകരിക്കും. കുറിഞ്ഞിക്ക‌് സമീപമാണ‌് ടണൽ അവസാനിക്കുന്നത‌്. തൊടുപുഴയും കരിങ്കുന്നവും കഴിഞ്ഞാൽ രാമപുരത്താണ‌് അടുത്ത സ‌്റ്റേഷൻ.

പാലായിൽ ചെത്തിമറ്റത്തായിരുന്നു ആദ്യം റെയിൽവേ സ‌്റ്റേഷൻ പറഞ്ഞിരുന്നത‌്. പിന്നീട‌് ഭരണങ്ങാനമായി. ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി റോഡ‌് റെയിൽവെ സ‌്റ്റേഷനുകൾ പിന്നിട്ട‌് എരുമേലിയിൽ ശബരിപാത അവസാനിക്കും. പിഴക‌് വരെ സ്ഥലമേറ്റെടുക്കാൻ 2006ലാണ‌് നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചിരുന്നത‌്. റെയിൽവേ കല്ലിട്ട‌് സ്ഥലവും അടയാളപ്പെടുത്തി. ഇവിടെവരെ റെയിൽവേയും റവന്യൂ വിഭാഗവും ചേർന്ന‌് പരിശോധന പൂർത്തീകരിച്ചിട്ടുണ്ട‌്.

ശബരിമല, ഭരണങ്ങാനം അൽഫോൻസാ തീർഥാടനകേന്ദ്രം, രാമപുരം പള്ളി, എരുമേലി വാവരുപള്ളി എന്നിങ്ങനെ സംസ്ഥാനത്തെ പ്രധാന തീർഥാടന ടൂറിസം സർക്യൂട്ടാണിത‌്. എരുമേലയിൽനിന്ന‌് പുനലൂർക്ക‌് പാതയെ ബന്ധിപ്പിക്കാം. കൊല്ലം﹣ചെങ്കോട്ട റെയിൽവേ ലൈനുമായി ചേർന്ന‌് സർവേ പൂർത്തിയാക്കിയിട്ടുണ്ട‌്. മധുര, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള ‌എളുപ്പ മാർഗവുമാകും. അന്തിനാടുനിന്ന‌് 15 കിലോമീറ്റർ ദൈർഘ്യത്തിൽ ഏറ്റുമാനൂർക്ക‌് ശബരിപാത ബന്ധിപ്പിച്ചാൽ തിരുവനന്തപുരം പാതയിലേക്കും വഴിതുറക്കും

ജോയ്‌സ‌് ജോർജ‌് എംപിയായിരിക്കെ നടത്തിയ  ഇടപെടലിൽ ബജറ്റ‌് വിഹിതമായി ശബരിപാതക്ക‌് 380 കോടിരൂപ അനുവദിച്ചിരുന്നു. ഭൂമി ഏറ്റെടുക്കുന്നതിനായുള്ള രണ്ട‌് ഓഫീസുകൾ പുനഃസ്ഥാപിക്കുകയും ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ‌്തതും ജോയ്‌സ‌് ജോർജിന്റെ ഇടപെടലിലൂടെയാണ‌്. വീതികുറഞ്ഞ അലൈൻമെന്റ‌് അനുസരിച്ച‌് കല്ലിട്ട‌് തിരിച്ചതും ഇദ്ദേഹത്തിന്റെ ശ്രമഫലമായാണ്‌.

ആകെ 25 സ്റ്റേഷനുകൾ

ശബരി റെയിൽ പദ്ധതിയിൽ 25 റെയിൽവേ സ്‌റ്റേഷനുകളാണ്‌ വിഭാവനം ചെയ്യുന്നത്‌. ആകെയുള്ള 111 കിലോമീറ്ററിൽ അങ്കമാലിമുതൽ കാലടിവരെ എട്ടു കിലോമീറ്ററാണ്‌ നിർമാണം നടന്നത്‌. കാലടിയിൽ സ്റ്റേഷനും നിർമിച്ചു.

പദ്ധതിയുടെ ആദ്യഘട്ടം പെരുമ്പാവൂർ, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, പാലാ, ഈരാറ്റുപേട്ട, പെൻകുന്നം, എരുമേലി എന്നിവിടങ്ങളിലാണ്‌ സ്റ്റേഷനുകൾ നിർമിക്കുക. രണ്ടാംഘട്ടം റാന്നി, പത്തനംതിട്ട, കോന്നി, കൂടൽ, പത്തനാപുരം, പുനലൂർ എന്നിവിടങ്ങളിലും സ്റ്റേഷൻ നിർമിക്കും. മൂന്നാംഘട്ടം അഞ്ചൽ, കടക്കൽ, പാലോട്‌, നെടുമങ്ങാട്‌, നേമം എന്നിവിടങ്ങളിലാണ്‌ സ്റ്റേഷൻ നിർമാണം.

കെ എസ്‌ ഷൈജു 

Monday, September 7, 2020

ഡല്‍ഹിയിലെ 3 ലക്ഷം ദരിദ്രരെ കുടിയിറക്കരുത് ; എളമരം കരീം നരേന്ദ്ര മോഡിക്ക്‌ കത്ത്‌ നൽകി

 ഡൽഹിയിൽ റെയിൽവേ ട്രാക്കുകള്‍ക്ക് സമീപം കഴിയുന്ന മൂന്നുലക്ഷത്തോളം ദരിദ്രരെ സംരക്ഷിക്കാൻ അടിയന്തരമായി ഇടപെടണമെന്ന്‌ ആവശ്യപ്പെട്ട്‌ സിപിഐ എം രാജ്യസഭാകക്ഷി നേതാവ്‌ എളമരം കരീം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക്‌ കത്ത്‌ നൽകി.

കോളനികൾ മൂന്ന്‌ മാസത്തിനകം ഒഴിപ്പിക്കണമെന്നാണ്‌ സുപ്രീംകോടതി വിധി. ഇവരെ പുനരധിവസിപ്പിക്കാതെ നിലവിലെ താമസസ്ഥലത്തുനിന്ന്‌ ഇറക്കിവിടരുത്. ഇക്കാര്യം‌ ഡൽഹി ഹൈക്കോടതി വിധിയിലുണ്ടെങ്കിലും സുപ്രീംകോടതിയിൽ ചേരിനിവാസികളുടെ വാദം ഉന്നയിക്കാൻ ആരുമുണ്ടായില്ല. 4,800 താൽക്കാലിക ഭവനങ്ങളിലാണ്‌ സ്‌ത്രീകളും കുട്ടികളും അടക്കം മൂന്നുലക്ഷത്തോളം പേർ കഴിയുന്നത്‌. രാജ്യം ഭരിച്ച സർക്കാരുകളുടെ നയങ്ങളാണ്‌ ഇവരെ ഈ അവസ്ഥയിൽ എത്തിച്ചത്‌. പാർപ്പിടത്തിനുള്ള അവകാശം ഔദാര്യമല്ല; സർക്കാരുകളുടെ ഉത്തരവാദിത്തമാണ്‌. കോവിഡ്‌ കാലത്ത്‌ ഇവരെ ഇറക്കിവിടുന്നത്‌ വൻദുരന്തത്തിനു കാരണമാകുമെന്നും കത്തിൽ ചൂണ്ടിക്കാട്ടി.

കോവിഡിന്റെ പേരിൽ ട്രെയിനും സ്റ്റോപ്പും കൂട്ടത്തോടെ നിർത്തുന്നു ; ലക്ഷ്യം സ്വകാര്യവൽക്കരണം

 കോവിഡിന്റെ പേരിൽ ട്രെയിനുകളും സ്റ്റോപ്പുകളും കൂട്ടത്തോടെ നിർത്തലാക്കുന്നത് സ്വകാര്യവൽക്കരണം ലക്ഷ്യമിട്ട്. രാജ്യത്ത് 500 ട്രെയിനും പതിനായിരം സ്‌റ്റോപ്പും നിർത്തലാക്കാനാണ് നീക്കം. സംസ്ഥാനത്തെ ചില പാസഞ്ചർ ട്രെയിനുകളും നിലവിലുള്ള പ്രധാന സ്റ്റോപ്പുകൾ എടുത്തുകളഞ്ഞേക്കും. മുംബൈ ഐഐടിയുടെ പഠന റിപ്പോർട്ടിന്റെ മറവിലാണ് റെയിൽവേ ബോർഡ് നീക്കം. എന്നാൽ സ്വകാര്യ ട്രെയിൻ സർവീസുകൾക്ക് ലാഭകരമായ റൂട്ട് ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന്‌‌ ആക്ഷേപമുണ്ട്‌.

50 ശതമാനത്തിൽ താഴെ യാത്രക്കാരുള്ള ട്രെയിനുകൾ റദ്ദാക്കാനും ദീർഘദൂര ട്രെയിനുകൾക്ക് 200 കിലോമീറ്റർ പരിധിയിലുള്ള സ്റ്റോപ്പ് എടുത്തുകളയാനുമാണ് നീക്കം. രാജ്യത്ത് 28 റൂട്ടുകളിലെ 150 ട്രെയിനാണ്‌ സ്വകാര്യ ഏജൻസികൾക്ക്‌ കൈമാറുന്നത്‌. ഇതിൽ തിരുവനന്തപുരം -എറണാകുളം റൂട്ടും ഉൾപ്പെടും. സ്വകാര്യ ട്രെയിൻ ഓടുന്ന റൂട്ടിൽ ഒരു മണിക്കൂർ മുമ്പും പിമ്പും മറ്റു സർവീസുകൾ നടത്തരുതെന്ന് നിബന്ധനയുണ്ട്. ഇ‌തോടെ നിലവിലുള്ള പല ട്രെയിനും പിൻവലിക്കേണ്ടി വരും.

ഇപ്പോഴത്തെ സർവീസ് പുനഃക്രമീകരണം ഇതിനു വേണ്ടിയാണെന്നാണ് ആക്ഷേപം. തൽക്കാൽ നിരക്കിനേക്കാൾ 25 ശതമാനം അധികമാണ്‌ സ്വകാര്യ ട്രെയിനുകളിലെ അടിസ്ഥാന നിരക്ക്‌. മുതിർന്ന പൗരന്മാർക്ക്‌ ലഭിക്കുന്ന ഇളവ്‌ ഉൾപ്പെടെ യാത്രാസൗജന്യങ്ങളും  ലഭിക്കില്ല.

കേരളത്തിൽ 31 സ്‌റ്റോപ്പ്‌ ഇല്ലാതാകും

കേരളത്തിലോടുന്ന ദീർഘദൂര ട്രെയിനുകളുടെ 31 സ്റ്റോപ്പുകൾ റദ്ദാക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. ഒറ്റപ്പാലം, തിരൂർ, അങ്കമാലി, തൃപ്പൂണിത്തുറ, ചങ്ങനാശ്ശേരി, മാവേലിക്കര തുടങ്ങിയ സ്റ്റോപ്പാണ് നിർത്തലാക്കാൻ തീരുമാനിച്ചത്. സംസ്ഥാനത്തെ ജനസാന്ദ്രതയും ട്രെയിൻ യാത്രക്കാരുടെ എണ്ണവും പരിഗണിച്ച് തീരുമാനം പിൻവലിക്കണമെന്ന് സംസ്ഥാനം  ആവശ്യപ്പെട്ടിരുന്നു. ജയന്തി ജനത പുണെ വരെയാക്കാനും തിരുവനന്തരം - സിൽചർ അരോണ എക്സ്പ്രസ് കോയമ്പത്തൂർ വരെയാക്കി വെട്ടിച്ചുരുക്കാനും കൊല്ലം- എറണാകുളം മെമു ആലപ്പുഴ വരെയാക്കാനും നീക്കമുണ്ട്. കൊച്ചുവേളിയിൽനിന്ന് പുറപ്പെടുന്ന അമൃത്സർ, ഡെറാഡൂൺ, ചണ്ഡിഗഡ് ട്രെയിനുകൾ എറണാകുളത്തു നിന്നാക്കാനും നീക്കമുണ്ട്‌. യാത്രക്കാരുടെ തിരക്കിന് അനുസരിച്ച് ട്രെയിൻ സർവീസ് പുനഃക്രമീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ബന്ധപ്പെട്ട പഠന റിപ്പോർട്ടിന്മേൽ അന്തിമ തീരുമാനം കൈക്കൊണ്ടില്ലെന്നുമാണ് റെയിൽവേ ബോർഡ് വിശദീകരണം.

റെയിൽവേ സ്വകാര്യവൽക്കരണം : ചിത്തരഞ്‌ജൻ ലോക്കോമോട്ടീവ് ഓര്‍മയാകും

റെയിൽവേ സ്വകാര്യവൽക്കരണത്തോടെ മാഞ്ഞുപോകുന്നത്  സ്വതന്ത്രഇന്ത്യയുടെ ചരിത്രശേഷിപ്പുകൾ പേറുന്നതും ലോകത്തെ എണ്ണപ്പെടുന്നതുമായ റെയിൽവേ എൻജിൻ നിർമാണകേന്ദ്രം‌. സ്വാതന്ത്ര്യസമരസേനാനിയും രാഷ്ട്രതന്ത്രജ്ഞനുമായ ദേശബന്ധു ചിത്തരഞ്‌ജൻദാസിന്റെ സ്‌മരണപേറുന്ന ചിത്തരഞ്‌ജൻ ലോക്കോമോട്ടീവ്‌ വർക്ക്‌സ്‌ ലോകത്തെ ഏറ്റവും വലിയ റെയിൽവേ എൻജിൻ നിർമാണകേന്ദ്രങ്ങളിൽ ഒന്നാണ്‌. 

രാജ്യത്തിന്റെ അഭിമാനസ്‌തംഭം വൈകാതെ കോർപറേറ്റുകളുടെ കരങ്ങളിലെത്തും. 1950 ജനുവരി 26ന്‌ ഫാക്ടറി നിർമാണം ഉദ്‌ഘാടനം ചെയ്‌തത്‌ ചിത്തരഞ്‌ജൻ ദാസിന്റെ ഭാര്യ ബസന്തി ദേവിയാണ്‌. ആദ്യത്തെ 22 വർഷം 2351 ആവിഎൻജിൻ നിർമിച്ചു. 1968–-93 കാലത്ത്‌ 842 ഡീസൽ എൻജിനും 1961 മുതൽ കഴിഞ്ഞ മാർച്ച്‌ 31 വരെ 7212 ഇലക്‌ട്രിക്‌ എൻജിനും നിർമിച്ചു. 2018–-19ൽ 402 എൻജിൻ നിർമിച്ച്‌ ലോകറെക്കോഡിട്ടു. 305 എൻജിൻ എന്ന 2017–-18ലെ സ്വന്തം റെക്കോഡാണ്‌ മറികടന്നത്‌.

കൊൽക്കത്തയിൽനിന്ന്‌ 237 കിലോമീറ്റർ അകലെയുള്ള 18.34 ചതുരശ്ര കിലോമീറ്റർ വിസ്‌തീർണമുള്ള ചിത്തരഞ്‌ജൻ ഫാക്ടറി ടൗൺഷിപ്‌ ആയിരക്കണക്കിനു കോടി രൂപ വിലമതിക്കുന്ന ആസ്‌തിയാണ്‌. പതിനായിരത്തോളം ക്വാർട്ടേഴ്‌സുകളും 43 സ്‌കൂളും കോളേജ്‌, തിയറ്റർ, സ്‌റ്റേഡിയം എന്നിവയുമുണ്ട്‌.  നികുതിപ്പണവും തൊഴിലാളികളുടെ അധ്വാനവും വഴി കെട്ടിപ്പടുത്ത ആസ്‌തികളാണ്‌ മോഡിസർക്കാർ കൈയൊഴിയുന്നത്‌. റെയിൽവേയുടെ ഏഴ്‌ നിർമാണകേന്ദ്രം ചേർത്ത്‌ ഒറ്റ കോർപറേറ്റ്‌ സ്ഥാപനമാക്കുമെന്നാണ്‌ പ്രഖ്യാപനം.

Sunday, September 6, 2020

ഐആർസിടിസി വിൽപ്പന നടപടി അടുത്തയാഴ്‌ചമുതൽ; വേഗത്തിലാക്കി കേന്ദ്ര സർക്കാർ

 കൊച്ചി > ട്രെയിനുകളിലെ ഓൺലൈൻ ടിക്കറ്റ്‌ ബുക്കിങ്ങിനും കാറ്ററിങ്ങിനും ടൂറിസത്തിനും ചുമതലയുള്ള, ഇന്ത്യൻ റെയിൽവേയുടെ കമ്പനിയായ, ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ്‌ ടൂറിസം കോർപറേഷന്റെ (ഐആർസിടിസി) വിൽപ്പന വേഗത്തിലാക്കി കേന്ദ്ര സർക്കാർ. ഐആർസിടിസിയിൽ കേന്ദ്ര സർക്കാരിനുള്ള ഓഹരിയാണ്‌ വിറ്റഴിക്കുന്നത്‌. ടെൻഡർ നടപടികൾ 11ന്‌ ആരംഭിക്കുമെന്നും അതിനുമുമ്പുള്ള പ്രത്യേക യോഗം (പ്രീ ബിഡ്‌ മീറ്റിങ്‌) ‌മൂന്നിന്‌ നടക്കുമെന്നുമാണ്‌‌ റെയിൽവേ  ആദ്യം അറിയിച്ചിരുന്നത്‌. എന്നാൽ, പ്രത്യേക യോഗം അടുത്തയാഴ്‌ചത്തേ‌ക്ക് മാറ്റി‌. ടെൻഡർ നടപടികൾ തുടർന്ന്‌ നടക്കും.

ലേല മാതൃകയിലുള്ള ഓഫർ ഫോർ സെയിൽ (ഒഎഫ്‌എസ്‌) മാർഗമാണ്‌ ഇതിന്‌ ഉപയോഗിക്കുക‌. കുറഞ്ഞത്‌ 25 ശതമാനം ഓഹരി മ്യൂചൽ ഫണ്ടുകൾ, ഇൻഷുറൻസ്‌ കമ്പനികൾപോലെയുള്ള സ്ഥാപന നിക്ഷേപകർക്കായി മാറ്റിവയ്‌ക്കും‌. ഇത്‌ വിജയകരമായി പൂർത്തീകരിച്ചാൽ മറ്റ്‌ 26 ശതമാനം ഓഹരി വിറ്റഴിക്കാനുള്ള അണിയറനീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്‌. 5000 കോടി രൂപ മതിപ്പുവിലയുള്ള ഐആർസിടിസിയിൽ കേന്ദ്രസർക്കാരിനുള്ള 12.6 ശതമാനം ഓഹരി 2019 ഒക്‌ടോബറിൽ വിറ്റഴിച്ച്‌ 645 കോടി രൂപ സമാഹരിച്ചിരുന്നു.

അടുത്ത സാമ്പത്തികവർഷം വിൽപ്പന പൂർത്തിയാകുന്നതോടെ ഓൺലൈൻ ടിക്കറ്റ്‌ ബുക്കിങ്‌ നിരക്കുകൾ കൂടിയേക്കാം. റെയിൽവേ സ്‌റ്റേഷനുകളിലെയും ട്രെയിനുകളിലെയും ഭക്ഷണ നിരക്കുകളും ടൂറിസം പാക്കേജ്‌ നിരക്കുകളും ഉയരാൻ സാധ്യതയുണ്ട്‌. ഐആർസിടിസിയിലെ അഞ്ഞൂറോളം സ്ഥിരം ജീവനക്കാരുടെ ജോലിയും അരക്ഷിതാവസ്ഥയിലാകും. കരാർ ജീവനക്കാരെ കൂടുതൽ നിയമിക്കാനാകും സ്വകാര്യ ഏജൻസികൾ താൽപ്പര്യപ്പെടുക. കോവിഡിനുമുമ്പ്‌ ആറു ലക്ഷത്തോളം ഓൺലൈൻ ടിക്കറ്റ്‌ ബുക്കിങ്ങുകളാണ്‌ ദിവസവും  ഐആർസിടിസി വഴി നടത്തിയിരുന്നത്‌.

അടുത്തിടെ റെയിൽവേ സ്‌റ്റേഷനുകളുടെ നടത്തിപ്പ്‌ ചുമതലയുള്ള ഇന്ത്യൻ റെയിൽവേ സ്‌റ്റേഷൻ ഡെവലപ്‌മെന്റ്‌ കോർപറേഷൻ (ഐആർഎസ്‌ഡിസി) രാജ്യത്തെ 20 സ്‌റ്റേഷനുകളുടെ ചുമതല സ്വകാര്യ ഏജൻസികൾക്ക്‌ കൈമാറാൻ തീരുമാനിച്ചിരുന്നു. പുണെ റെയിൽവേ സ്‌റ്റേഷൻ ചുമതല ലഭിച്ച സ്വകാര്യ ഏജൻസി ബിവിജി, പ്ലാറ്റ്‌ഫോം ടിക്കറ്റ്‌ നിരക്കുകൾ 10 രൂപയിൽനിന്ന്‌ 50 ആക്കി. സംഭവം വിവാദമായതോടെ, കോവിഡ്‌ കാലത്ത്‌ പ്ലാറ്റ്‌ഫോമിൽ ആൾക്കൂട്ടം തടയുന്നതിനാണ്‌ നിരക്ക്‌ ഉയർത്തിയതെന്നും ഭാവിയിൽ പിൻവലിക്കുമെന്നും വിശദീകരണം നൽകി റെയിൽവേ തടിയൂരി.

ശ്രീരാജ‌് ഓണക്കൂർ

ദേശാഭിമാനി 06092020

Friday, September 4, 2020

റെയിൽവേ മൊത്തം വിൽക്കും ; ഏഴ്‌ നിർമാണഫാക്ടറി ഒറ്റ കമ്പനിയാക്കി ഓഹരി വിപണിയിലേക്ക്

 റെയിൽവേ ബോർഡ്‌  അഴിച്ചുപണിതും നിർമാണഫാക്ടറികളെ ഒറ്റ കമ്പനിയാക്കിയും  ഇന്ത്യൻ റെയിൽവേയെ പൂർണമായി സ്വകാര്യവൽക്കരിക്കാനുള്ള നീക്കം കേന്ദ്രസർക്കാർ  വേ​ഗത്തിലാക്കി. റെയിൽവേ ബോർഡ്‌ ചെയർമാൻ വി കെ യാദവിന്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസർ (സിഇഒ) സ്ഥാനം നൽകി. ബോർഡിൽ മൂന്ന്‌ സുപ്രധാന തസ്‌തിക റദ്ദാക്കി. സ്‌റ്റാഫ്‌, എൻജിനിയറിങ്‌, മെറ്റീരിയൽസ്‌ മാനേജ്‌മെന്റ്‌ വിഭാഗങ്ങളുടെ ചുമതല വഹിച്ചുവന്ന ബോർഡ്‌ അംഗങ്ങളുടെ തസ്‌തികയാണ് എടുത്തുകളഞ്ഞത്‌. ബോർഡിൽ കോർപറേറ്റ് പ്രതിനിധികളെ ഉൾപ്പെടുത്താനും നീക്കം‌.

സ്‌റ്റേഷനുകളുടെ സ്വകാര്യവൽക്കരണം, 151 സ്വകാര്യ ട്രെയിൻ, ചരക്ക്‌ ഇടനാഴികളിൽ സ്വകാര്യ പങ്കാളിത്തം എന്നിവയ്‌ക്ക്‌ പിന്നാലെ നിർമാണശാലകളും സ്വകാര്യവൽക്കരിക്കാൻ നടപടി തുടങ്ങി. ഇതിനായി റെയിൽവേയുടെ  ഏഴ്‌ നിർമാണഫാക്ടറികളെ ഇന്ത്യൻ റെയിൽവേയ്‌സ്‌ റോളിങ്‌ സ്‌റ്റോക്ക്‌ കമ്പനി എന്ന ഒറ്റ സ്ഥാപനമാക്കി മാറ്റും. ചിത്തരഞ്‌ജൻ ലോക്കോമോട്ടീവ്‌ വർക്ക്‌സ്‌, വാരാണസി ഡീസൽ ലോക്കോമോട്ടീവ്‌ വർക്ക്‌സ്‌, പട്യാല ഡീസൽ ലോക്കോ മോഡണൈസേഷൻ വർക്ക്‌സ്‌, ചെന്നൈ ഇന്റഗ്രൽ കോച്ച്‌ ഫാക്ടറി, കപൂർത്തല റെയിൽകോച്ച്‌ ഫാക്ടറി, ബംഗളൂരു വീൽ ആൻഡ്‌ ആക്‌സിൽ ഫാക്ടറി, റായ്‌ബറേലി മോഡേൺ റെയിൽ കോച്ച്‌ ഫാക്ടറി എന്നിവയാണ്‌ ഒറ്റ കോർപറേറ്റ്‌ കമ്പനിയാക്കുന്നത്. തുടര്‍ന്ന്, ഓഹരിവിൽപ്പന തുടങ്ങും.  വിവിധ സ്ഥലങ്ങളിലെ റെയിൽവേഭൂമി ദീർഘകാലത്തേയ്‌ക്ക്‌ പാട്ടത്തിനു നൽകും.

ജീവനക്കാരുടെ എണ്ണം വൻതോതിൽ വെട്ടിക്കുറയ്‌ക്കുകയാണ്. മൂന്നരലക്ഷം തസ്‌തിക ഒഴിഞ്ഞുകിടക്കുന്നു. നിയമനനിരോധനം പരസ്യമായി പ്രഖ്യാപിച്ചു‌. കരാർനിയമനം വ്യാപകമാക്കി‌. ഇക്കാര്യത്തിൽ ജീവനക്കാരുടെ അംഗീകൃത ഫെഡറേഷനുകളുടെ മൗനം ദുരൂഹമാണ്‌.

ഡിആർഇയു, അഖിലേന്ത്യ ലോക്കോ റണ്ണിങ്‌ സ്‌റ്റാഫ്‌ അസോസിയേഷൻ, സ്‌റ്റേഷൻ മാസ്‌റ്റർമാരുടെയും ഗാർഡുകളുടെയും സംഘടനകൾ എന്നിവ സ്വകാര്യവൽക്കരണത്തിനെതിരെ ശക്തമായി രംഗത്തുണ്ട്‌. സിഐടിയു ജൂലൈയിൽ നടത്തിയ പ്രതിഷേധത്തിൽ കശ്‌മീർ മുതൽ കന്യകുമാരി വരെയുള്ള ജീവനക്കാർ അണിനിരന്നു.

Sunday, August 30, 2020

ചരക്ക്‌ ഇടനാഴിയും സ്വകാര്യ മേഖലയ്‌ക്ക്‌

 ന്യൂഡൽഹി ചരക്കുകടത്തിലും സ്വകാര്യവൽക്കരണത്തിന്‌ റെയിൽവേ നീക്കം. 81,459 കോടി രൂപ ചെലവിട്ട്‌ നിർമിക്കുന്ന പൂർവ, പശ്ചിമ ചരക്ക്‌ ഇടനാഴികളിൽ(ഡിഎഫ്‌സി) സ്വകാര്യപങ്കാളിത്തം അനുവദിക്കാനാണ്‌ പദ്ധതി.  ഈ ഇടനാഴികളുടെ നിർമാണത്തിൽ കാലതാമസം നേരിടുന്നതിനിടെയാണ്‌‌ സ്വകാര്യവൽക്കരണം.

വരുമാനം പങ്കിടൽ സംവിധാനത്തിൽ  ഡിഎഫ്‌സിയിൽ സ്വകാര്യപങ്കാളികളെ  നിയോഗിക്കാനാണ്‌ ഉദ്ദേശ്യം‌. കമ്പോളനിരക്കിലാണ്‌ വരുമാനം നിശ്ചയിക്കുക. എന്നാൽ 3,000ൽപ്പരം  കിലോമീറ്ററുള്ള ഡിഎഫ്‌സിയിൽ 500 കിലോമീറ്റർ മാത്രമാണ്‌ പൂർത്തീകരിച്ചത്‌. 2022 ജൂണിൽ രണ്ട്‌ ഇടനാഴിയും പൂർത്തീകരിക്കാനായിരുന്നു പദ്ധതി. പഞ്ചാബിലെ ലുധിയാനയിൽനിന്നാരംഭിച്ച്‌ ഹരിയാന, ഉത്തർപ്രദേശ്‌, ബിഹാർ, ജാർഖണ്ഡ്‌ വഴി പശ്ചിമബംഗാളിലെ ദാങ്കുനിയിൽ എത്തുന്നതാണ്‌ പൂർവ ഇടനാഴി(1856 കിലോമീറ്റർ). ഉത്തർപ്രദേശിലെ ദാദ്രിയിൽനിന്ന്‌ തുടങ്ങി മുബൈയിലെ ജെഎൻപിടി തുറമുഖത്ത്‌ എത്തുന്നതാണ്‌ പശ്ചിമ ഇടനാഴി(1504 കിലോമീറ്റർ). ഇത്‌ ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്‌ വഴിയാണ്‌ മഹാരാഷ്ട്രയിൽ എത്തുക.

സ്ഥലം ഏറ്റെടുക്കുന്നതിലുള്ള ബുദ്ധിമുട്ടാണ്‌ നിർമാണം വൈകാൻ ഇടയാക്കുന്നത്‌.   ഉത്തർപ്രദേശ്‌, ബിഹാർ, ഗുജറാത്ത്‌ സംസ്ഥാനങ്ങളിൽ  റെയിൽവേ മേൽപ്പാലങ്ങൾ നിർമിക്കാൻ വൻതോതിൽ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്‌. ബിഹാറിൽ 29, ഗുജറാത്തിൽ ഏഴ്‌ വീതം മേൽപ്പാലങ്ങളുടെ പണി വൈകുന്നു. 

കോവിഡ്‌ അടച്ചുപൂട്ടൽ നിർമാണജോലികൾ  തടസ്സപ്പെടാൻ ഇടയാക്കി.

Tuesday, May 27, 2014

തിരക്കുള്ള സ്റ്റേഷനിലും സ്റ്റോപ്പില്ല; വ്യാപക പ്രതിഷേധം

തിരു: സംസ്ഥാനത്ത് 159 ട്രെയിന്‍ സ്റ്റോപ്പ് എടുത്തുകളഞ്ഞു. തിരക്കുള്ള സ്റ്റേഷനില്‍പ്പോലും സ്റ്റോപ്പ് അനുവദിക്കാതെയാണ് റെയില്‍വേയുടെ യാത്രക്കാരോടുള്ള കടുത്ത അനീതി. നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സംസ്ഥാനത്തെ പ്രധാന സ്റ്റേഷനുകള്‍ക്കുള്‍പ്പെടെ അനുവദിച്ച സ്റ്റോപ്പുകള്‍ എടുത്തുകളഞ്ഞ ഉത്തരവ് ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. എന്നാല്‍, വരുമാനം കുറഞ്ഞവയും ആറുമാസംമുമ്പ് താല്‍ക്കാലികമായി അനുവദിച്ച സ്റ്റോപ്പുകളുമാണ് നിര്‍ത്തലാക്കുന്നത് എന്നാണ് റെയില്‍വേയുടെ വശദീകരണം.

സംസ്ഥാനത്ത് യാത്രക്കാര്‍ ഏറെയുള്ള സ്റ്റേഷനുകളില്‍ അനുവദിച്ച സ്റ്റോപ്പുകളും റദ്ദാക്കുന്ന പട്ടികയിലുണ്ട്. നാഗര്‍കോവില്‍- മംഗളൂരു ഏറനാട് എക്സ്പ്രസിന്റെ ഒമ്പത് സ്റ്റോപ്പും പുനലൂര്‍-ഗുരുവായൂര്‍ ഫാസ്റ്റ് പാസഞ്ചറിന്റെ 12 സ്റ്റോപ്പും നിര്‍ത്തലാക്കും. കൊച്ചുവേളി- ഡെറാഡൂണ്‍ സൂപ്പര്‍ഫാസ്റ്റിന്റെ തൃശൂര്‍ സ്റ്റോപ്പും കൊച്ചുവേളി ഭാവ്നഗര്‍ എക്സ്്പ്രസിന്റെ ചെങ്ങന്നൂര്‍, തിരുവല്ല സ്റ്റോപ്പുകളും ഹിമസാഗര്‍ എക്സ്പ്രസിന്റെ കായംകുളം സ്റ്റോപ്പും നിര്‍ത്തലാക്കി. നേത്രാവതി എക്സ്പ്രസ് (വര്‍ക്കല, കരുനാഗപ്പള്ളി), പരശുറാം എക്സ്പ്രസ് (പരവൂര്‍, ശാസ്താംകോട്ട, തൃപ്പൂണിത്തുറ), കൊച്ചുവേളി -ബിക്കാനീര്‍ എക്സ്പ്രസ് (ആലുവ, തിരൂര്‍, കൊയിലാണ്ടി, മടക്കയാത്രയില്‍ ചെങ്ങന്നൂര്‍), എറണാകുളം കണ്ണൂര്‍ ഇന്റര്‍സിറ്റി (അങ്കമാലി, ചാലക്കുടി, താനൂര്‍, പരപ്പനങ്ങാടി, മാഹി), തിരു-കോഴിക്കോട് ജനശതാബ്ദി (ചേര്‍ത്തല, ആലുവ), കൊച്ചുവേളി- ബംഗളൂരു എക്സ്പ്രസ് (കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, ചേര്‍ത്തല, ആലുവ), ഐലന്‍ഡ് എക്സ്പ്രസ് (ചിറയിന്‍കീഴ്, പാറശാല, കടയ്ക്കാവൂര്‍, പരവൂര്‍, ശാസ്താംകോട്ട, തൃപ്പൂണിത്തുറ, പുതുക്കാട്), വെരാവല്‍ എക്സ്പ്രസ് (വടകര, കാഞ്ഞങ്ങാട്), ഓഖ എക്സ്പ്രസ് (കൊയിലാണ്ടി, കാഞ്ഞങ്ങാട്), ആലപ്പുഴ-ധന്‍ബാദ് (മാരാരിക്കുളം, തുറവൂര്‍), കേരള സൂപ്പര്‍ഫാസ്റ്റ് (മാവേലിക്കര, ചങ്ങനാശേരി, വൈക്കം റോഡ്, ഒറ്റപ്പാലം) എന്നീ സ്റ്റോപ്പുകളാണ് റദ്ദാക്കിയത്.

പ്രധാന സ്റ്റേഷനുകളിലെ സ്റ്റോപ്പ് റദ്ദാക്കിയതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ട്രെയിനുകളുടെ സ്റ്റോപ്പുകള്‍ എടുത്തുകളയാനുള്ള റെയില്‍വേയുടെ നീക്കം പിന്‍വലിക്കണമെന്ന് റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. റെയില്‍വേയുടെ നീക്കം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം റെയില്‍വേ ഡിവിഷണല്‍ ഓഫീസിലേക്ക് യാത്രക്കാരുടെ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് പരവൂര്‍ സജീബ് പറഞ്ഞു. പാതയിരട്ടിപ്പിക്കലും വൈദ്യുതീകരണവും സിഗ്നല്‍ നവീകരണവും പൂര്‍ത്തിയാക്കിയാല്‍ ട്രെയിനുകളുടെ വേഗം വര്‍ധിപ്പിക്കാമെന്നിരിക്കെ അതിന് മുതിരാതെ സ്റ്റേഷനുകളിലെ സ്റ്റോപ്പുകള്‍ നിര്‍ത്താലാക്കുന്നത് യാത്രക്കാരെ ദ്രോഹിക്കലാണെന്നാണ് പാസഞ്ചര്‍ അസോസിയേഷനുകളുടെ നിലപാട്. ആലുവ സ്റ്റേഷനില്‍ ട്രെയിനുകള്‍ക്ക്സ്റ്റോപ്പുകള്‍ എടുത്തുകളഞ്ഞതിനെതിരെ യാത്രക്കാര്‍തന്നെ രംഗത്തെത്തി. നേത്രാവതിക്കും ചെന്നൈ സൂപ്പര്‍ഫാസ്റ്റിനും വര്‍ക്കലയില്‍ ഉണ്ടായിരുന്ന സ്റ്റോപ്പ് റദ്ദാക്കരുതെന്ന് എ സമ്പത്ത് എംപി റെയില്‍വേയോട് ആവശ്യപ്പെട്ടിരുന്നു.

ആറ് ട്രെയിന്‍ സൂപ്പര്‍ ഫാസ്റ്റാക്കി

കണ്ണൂര്‍: കേരളത്തിലൂടെ ഓടുന്ന ആറ് എക്സ്പ്രസ് ട്രെയിനുകള്‍ സൂപ്പര്‍ഫാസ്റ്റാക്കി മാറ്റി. യാത്രാനിരക്ക് വര്‍ധിപ്പിക്കാതെ സൂപ്പര്‍ഫാസ്റ്റ് ചാര്‍ജ് ഈടാക്കി യാത്രക്കാരെ പിഴിയുന്നതിന്റെ ഭാഗമാണിത്. സൂപ്പര്‍ഫാസ്റ്റ് ട്രെയിനിന് 25മുതല്‍ 60 രൂപവരെ അധിക ചാര്‍ജ് നല്‍കേണ്ടി വരും. ജൂലൈ ഏഴുമുതല്‍ നടപ്പാക്കാനാണ് നീക്കം. 16628(22637 സൂപ്പര്‍ഫാസ്റ്റ് നമ്പര്‍) മംഗളൂരു- ചെന്നൈ വെസ്റ്റ്കോസ്റ്റ് എക്സ്പ്രസ്, 16042(22640) ആലപ്പുഴ- ചെന്നൈ എക്സ്പ്രസ്, 16309 (22643)എറണാകുളം- പട്ന എക്സ്പ്രസ്, 16328(22648) തിരുവനന്തപുരം-കോര്‍ബാ എക്സ്പ്രസ്, 16323(22641) തിരുവനന്തപുരം- ഷാലിമാര്‍ എക്സ്പ്രസ്, 16326(22646) തിരുവനന്തപുരം-ഇന്‍ഡോര്‍ അഹല്യ നഗര്‍ എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് സൂപ്പര്‍ ഫാസ്റ്റാക്കിയത്.

deshabhimani

Sunday, May 11, 2014

തകര്‍ന്ന പാളത്തിലൂടെ വാചകമടിയുടെ അതിവേഗവണ്ടി

കേരളത്തിന്റെ റെയില്‍വേ വികസനത്തിന്റെ അടിസ്ഥാനപ്രശ്നങ്ങള്‍ പരിഹരിക്കാതെ കിടക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ മിഷന്‍ 676 പദ്ധതിപ്രകാരമുള്ള റെയില്‍വേ പദ്ധതിപ്രഖ്യാപനങ്ങള്‍. പാതിവഴിയില്‍ കിടക്കുന്ന പാതയിരട്ടിപ്പിക്കല്‍, ഇഴഞ്ഞുനീങ്ങുന്ന വൈദ്യുതീകരണം, ഫണ്ടില്ലാതെ നിര്‍മാണം നിലച്ച പാതകളുടെ ഗേജ്മാറ്റം, ബജറ്റ് പ്രഖ്യാപനത്തിലൊതുങ്ങിയ പുതിയ പാതകളുടെ നിര്‍മാണം, പുതിയ പാതകളുടെ സര്‍വേ...

കേരളത്തിന്റെ റെയില്‍വേ വികസനത്തിന് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഒരുപോലെ പരാജയപ്പെട്ടു. മുന്‍ സംസ്ഥാനബജറ്റുകളില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പ്രഖ്യാപനമായി അവശേഷിക്കുമ്പോഴാണ് പുതിയ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വീണ്ടും എത്തിയത്. മുന്‍ പ്രഖ്യാപനമായ തിരുവനന്തപുരം- കാസര്‍കോട് അതിവേഗ റെയില്‍ ഇടനാഴി എന്ന ബൃഹദ്പദ്ധതിയെക്കുറിച്ച് മിഷന്‍ 676ല്‍ പരാമര്‍ശമേയില്ല. 45,000 കോടി രൂപ ചെലവുവരുന്ന പദ്ധതിക്ക് 2012-13 ബജറ്റില്‍ 50 കോടി രൂപ നീക്കിവച്ചിരുന്നു. ഹൈസ്പീഡ് റെയില്‍ കോറിഡോര്‍ കോര്‍പറേഷന്‍ എംഡിയായി ടി ബാലകൃഷ്ണനെ നിയമിക്കുകയും ചെയ്തിരുന്നു. ഈ പദ്ധതി പ്രഖ്യാപിച്ചതല്ലാതെ നടപ്പാക്കാനുള്ള കാര്യമായ ശ്രമങ്ങളൊന്നും നടന്നുമില്ല.

ഇത്തവണ മിഷന്‍ 676 പദ്ധതിയില്‍ സബര്‍ബന്‍ റെയില്‍പദ്ധതിയും തിരുവനന്തപുരം- കോഴിക്കോട് മോണോറെയിലുമാണ് ഇടംപിടിച്ചിരിക്കുന്നത്. ഈ രണ്ടു പദ്ധതികളും മുന്‍ ബജറ്റുകളിലും ഉണ്ടായിരുന്നു. എന്നാല്‍, പദ്ധതിനടത്തിപ്പ് പ്രഖ്യാപനത്തിലൊതുങ്ങി. 20 കോടി രൂപമാത്രമാണ്് ഇരുപദ്ധതികള്‍ക്കുമായി നീക്കിവച്ചത്. പദ്ധതി നടപ്പാക്കുന്നതിനുള്ള ആഗോള ടെന്‍ഡറിന്റെ കാലാവധി മെയ് 31ന് അവസാനിക്കും. നവംബര്‍ ഒന്നിന് നിര്‍മാണം തുടങ്ങുമെന്നാണ് ഇപ്പോഴത്തെ പ്രഖ്യാപനം. തിരുവനന്തപുരംമുതല്‍ ചെങ്ങന്നൂര്‍വരെയാണ് നിര്‍ദിഷ്ട സബര്‍ബന്‍ പദ്ധതി. മുംബൈ റെയില്‍ വികാസ് കോര്‍പറേഷന്‍ പദ്ധതിയുടെ പ്രാരംഭറിപ്പോര്‍ട്ട് നല്‍കിയതല്ലാതെ മറ്റു പ്രവര്‍ത്തനങ്ങളൊന്നും നടന്നിട്ടില്ല. 3370 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. പാതയിരട്ടിപ്പിക്കലും വൈദ്യുതീകരണവുംപോലും പാതിവഴിയില്‍ കിടക്കുമ്പോഴാണ് സബര്‍ബന്‍ പദ്ധതിയെക്കുറിച്ചുള്ള പ്രഖ്യാപനം. പാതയിരട്ടിപ്പിക്കല്‍, വൈദ്യുതീകരണം എന്നിവ പൂര്‍ത്തിയാക്കാതെ കേരളത്തിന്റെ റെയില്‍വേ വികസനം സാധ്യമാകില്ല.

കേരളത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിന് ആവശ്യമായ ബജറ്റുവിഹിതം ഓരോവര്‍ഷവും റെയില്‍വേ വെട്ടിക്കുറയ്ക്കുകയാണ്. സംസ്ഥാനത്തെ റെയില്‍വേ പദ്ധതികള്‍ പൂര്‍ത്തീകരിക്കണമെങ്കില്‍ പകുതി പണം സംസ്ഥാനം മുടക്കണമെന്നാണ് ഇപ്പോള്‍ റെയില്‍വേയുടെ നിലപാട്. എറണാകുളം- കുമ്പളം പാതയിരട്ടിപ്പിക്കലിനും ശബരി പാത നിര്‍മാണത്തിനും പകുതി പണം സംസ്ഥാനം ചെലവഴിക്കണമെന്നു കാണിച്ച് റെയില്‍വേ നല്‍കിയ കത്തിന് പണം നല്‍കാനാകില്ലെന്നു കാട്ടി കേരളം മറുപടി നല്‍കിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ പാതയിരട്ടിപ്പിക്കല്‍ജോലികള്‍ പാതിവഴിയില്‍ നിലച്ചു. എറണാകുളം സൗത്ത്മുതല്‍ (ആലപ്പുഴ വഴി) കായംകുളംവരെയുള്ള 100.67 കിലോമീറ്ററില്‍ 14 കിലോമീറ്റര്‍മാത്രമേ പാത ഇരട്ടിപ്പിച്ചിട്ടുള്ളൂ. എറണാകുളംമുതല്‍ ഹരിപ്പാടുവരെയും മുളന്തുരുത്തിമുതല്‍ ചെങ്ങന്നൂര്‍വരെയും പാത ഇരട്ടിപ്പിച്ചിട്ടില്ല. തിരുവനന്തപുരം- നാഗര്‍കോവില്‍ റൂട്ടിലും പാതയിരട്ടിപ്പിക്കല്‍ പൂര്‍ത്തിയായിട്ടില്ല.

സുമേഷ് കെ ബാലന്‍ deshabhimani

Friday, May 2, 2014

തൊഴിലാളി പണിമുടക്ക്: ലണ്ടനില്‍ ഭൂഗര്‍ഭ റയില്‍വെ മുടങ്ങി

ലണ്ടന്‍ : ലോകത്തിലെ ഏറ്റവും പഴയതും വലുതുമായ ലണ്ടന്‍ ഭൂഗര്‍ഭ റെയില്‍വേ നിശ്ചലമായി. ആയിരത്തിലേറെ തൊഴിലാളികളെ പിരിച്ചുവിടാനും മറ്റു സേവനങ്ങള്‍ വെട്ടിക്കുറയ്ക്കാനുമുള്ളതടക്കമുള്ള നടപടികള്‍ക്കെതിരെ ബ്രിട്ടണിലെ ഏറ്റവും വലിയ ട്രാന്‍സ്പോര്‍ട്ട് തൊഴിലാളി സംഘടനയായ റെയില്‍ മാരിടൈം ട്രാന്‍സ്പോര്‍ട്ട് യൂണിയന്‍ (ആര്‍എംടി) ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ പണിമുടക്കിനെ തുടര്‍ന്നാണിത്. എണ്‍പതു ശതമാനത്തില്‍ അധികം ട്രാന്‍സ്പോര്‍ട്ട് തൊഴിലാളികള്‍ പങ്കു ചേര്‍ന്നു. തൊണ്ണൂറു ശതമാനം സര്‍വീസുകളും നടത്താനായില്ല.

ഈ വര്‍ഷംമുതല്‍ ലണ്ടനിലെ ഗതാഗത സംവിധാനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായം പന്ത്രണ്ടര ശതമാനത്തോളം വെട്ടിക്കുറച്ചിരുന്നു. തൊള്ളായിരത്തോളം ടിക്കറ്റ് ഓഫീസുകള്‍ അടച്ചു പൂട്ടാനും തീരുമാനമെടുത്തിട്ടുണ്ട്. ഓട്ടോമാറ്റിക് ടിക്കറ്റ് സംവിധാനങ്ങള്‍ നടപ്പിലാക്കുന്നത്തോടെ ടിക്കറ്റ് ഓഫീസുകളുടെ ആവശ്യം ഇല്ലാതാകും എന്നാണ് സര്ക്കാര്‍ അവകാശപ്പെടുന്നത്. മാനേജര്‍ മുതലായ തസ്തികകള്‍ നിലനിര്ത്തിക്കൊണ്ട് മറ്റു ഡ്യൂട്ടി സ്റ്റാഫ് തൊഴിലാളികളെ പിരിച്ചു വിടുക എന്നതാണ് പുതിയ നയം. എന്നാല്‍ നിലവില്‍ ലണ്ടന്‍ ട്യൂബ് ഉപയോഗിക്കുന്ന അഞ്ചില്‍ ഒന്ന് ആളുകളും ടിക്കറ്റ് ഓഫീസുകളെ ആശ്രയിച്ചാണ് യാത്ര ചെയ്യുന്നത് എന്ന് കണക്കുകള്‍ ഉദ്ധരിച്ച് ആര്‍എംടി പറയുന്നു. മാത്രവുമല്ല പുതുതായി രാജ്യത്ത് എത്തി ചേരുന്നവര്, വികലാംഗരായ യാത്രക്കാര്‍, സഹായം ആവശ്യമുള്ളവര്‍ തുടങ്ങിയവര്‍ക്ക് ടിക്കറ്റ് ഓഫീസുകളെയും മറ്റുതൊഴിലാളികളെയും ആശ്രയിക്കാതെ ഗതാഗത സേവനങ്ങള്‍് ഉപയോഗിക്കുവാനും കഴിയില്ല. നിലവില് ഓണ്ലൈന്‍ സംവിധാനങ്ങളും കാര്‍ഡ് മെഷീനുകളും അത്ര കാര്യക്ഷമമല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

കൂടാതെ പൂര്‍ണമായും സ്വകാര്യവല്‍ക്കരിച്ച് ലണ്ടന്‍ ട്യൂബ് ജോലികള് കരാര്‍ അടിസ്ഥാനത്തില്‍ പുറത്തുള്ള ഏജന്സികള്‍ക്ക് നല്‍കി ലാഭം ഉണ്ടാക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. സേവനമേഖലയില്‍ നിന്ന് സര്‍ക്കാര്‍ പൂര്ണമായും പിന്‍് വാങ്ങാനുള്ള സര്‍ക്കാര്‍ നീക്കം ഇതിനോടകം തന്നെ ജനരോഷം ഉയര്‍ത്തിയിട്ടുണ്ട്. നിരവധി സേര്‍വേകളില്‍ പൊതുജനവികാരം യൂണിയനുകള്‍ക്ക് അനുകൂലമാണ്. കഴിഞ്ഞ വര്‍ഷം നൂറു കോടിയില് ഏറെ യാത്രക്കാര് ആണ് ലണ്ടന് അണ്ടര്‍്ഗ്രൗണ്ട് ട്യൂബ് റെയില്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയത് .

അധിക ചെലവുകളും ധൂര്ത്തും ഒഴിവാക്കി സര്‍വീസ് കാര്യക്ഷമമാക്കുവാന്‍ നിരവധി നിര്ദേശങ്ങള്‍ തൊഴിലാളി യൂണിയനുകള്‍ മുന്നോട്ടുവച്ചിട്ടും അതൊന്നും കണ്ടില്ലെന്നു നടിക്കുകയാണ് അധികാരികള്‍ും ആക്ഷേപമുണ്ട് .തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരെ കൂടുതല്‍ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് സെക്രട്ടറി മൈക്ക് കാഷ് പ്രസ്താവനയില്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി മെയ് അഞ്ചിന് തൊഴിലാളികള്‍ വീണ്ടും 72 മണിക്കുര്‍ പണിമുടക്ക. തുടങ്ങും.

വി എസ് ശ്യാം deshabhimani

Wednesday, April 23, 2014

റെയില്‍വേ ശുചീകരണ തൊഴിലാളികള്‍ പണിമുടക്കില്‍

കോഴിക്കോട്: റെയില്‍വേ സ്റ്റേഷനിലെ ശുചീകരണ തൊഴിലാളികള്‍ക്ക് ശമ്പളം ലഭിച്ചിട്ട് രണ്ടുമാസം. വേതനം ലഭിക്കാത്തതിനെ തുടര്‍ന്ന് ചൊവ്വാഴ്ച തൊഴിലാളികള്‍ പണിമുടക്കിയതോടെ സ്റ്റേഷനില്‍ മാലിന്യങ്ങള്‍ കുമിഞ്ഞു. ട്രാക്കുകളില്‍ മാലിന്യം നിറഞ്ഞതിനാല്‍ പ്ലാറ്റ്ഫോമിലൂടെ യാത്രക്കാര്‍ക്ക് മൂക്കുപൊത്താതെ നടക്കാന്‍ വയ്യ. കോഴിക്കോട് സ്റ്റേഷനിലെ കരാര്‍ ശുചീകരണ തൊഴിലാളികള്‍ക്ക് വേതനം ലഭിച്ചിട്ട് രണ്ടുമാസത്തിലേറെയായി. വിഷുവിനടക്കം ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ നല്‍കിയില്ല. ഇനി ശമ്പളം ലഭിച്ചാലേ ജോലിക്കിറങ്ങൂവെന്ന് തൊഴിലാളികള്‍ പറഞ്ഞു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കല്‍പ്പതാര കമ്പനിയാണ് സ്റ്റേഷന്‍ ശുചീകരിക്കാന്‍ റെയില്‍വേയുമായി കരാറുണ്ടാക്കിയത്. എന്നാല്‍ കരാറില്‍ പറയുന്നതുപോലെ വേതനമോ മറ്റാനുകൂല്യങ്ങളോ നല്‍കാതെ അമിതഭാരം അടിച്ചേല്‍പ്പിച്ച് തങ്ങളെ ചൂഷണംചെയ്യുകയാണ്. മാസങ്ങളായിട്ടും ശമ്പളം ലഭിക്കാത്തതിനെത്തുടര്‍ന്ന് പലതവണ കരാറുകാരുമായി ബന്ധപ്പെട്ടെങ്കിലും ഇതുവരെയും ശമ്പളം നല്‍കിയില്ല. ഇതേത്തുടര്‍ന്നാണ് ചൊവ്വാഴ്ച മുതല്‍ തൊഴില്‍ ബഹിഷ്കരിക്കുന്നതെന്ന് തൊഴിലാളികള്‍ പറഞ്ഞു. തിങ്കളാഴ്ച മുഴുവന്‍ ശമ്പളം നല്‍കുമെന്ന് അറിയിച്ചതോടെ കഴിഞ്ഞദിവസവും ജോലിക്കിറങ്ങി. ചൊവ്വാഴ്ചയായിട്ടും കമ്പനി അധികൃതര്‍ ശമ്പളം നല്‍കിയില്ല. പണിമുടക്കിയ തൊഴിലാളികളോട് ചില ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ കയര്‍ത്തെങ്കിലും പ്രശ്നത്തിന് പരിഹാരം കാണാതെ തൊഴിലിലേര്‍പ്പെടില്ലെന്ന് തൊഴിലാളികള്‍ വ്യക്തമാക്കി.

"പലപ്പോഴും ഡബിള്‍ ഡ്യൂട്ടിയെടുക്കണം. കാശിനുചോദിക്കുമ്പോള്‍ കൈ മലര്‍ത്തുകയാ പതിവ്. ഇനിയേതായാലും ഇങ്ങനെ തുടരാന്‍ വയ്യ. പ്ലാറ്റ്ഫോമിലോ ട്രാക്കിലോ മാലിന്യം കണ്ടാല്‍ എല്ലാവരുടെയും മുന്നിലിട്ട് അസഭ്യംപറയുന്നവര്‍ വേതനകാര്യത്തിലും ഇടപെട്ടാല്‍ ദാരിദ്ര്യമില്ലാതെ ജീവിക്കാമായിരുന്നെന്ന് തൊഴിലാളിയായ വിമല പറഞ്ഞു. 2010 മുതലാണ് ശുചീകരണ തൊഴിലാളികളായി ഇവര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയത്. നിലവില്‍ 33 തൊഴിലാളികളാണുള്ളത്. പ്ലാറ്റ്ഫോമും ട്രാക്കും ശുചീകരിക്കുന്നതിനുപുറമെ മറ്റുപല ജോലികളും കരാറുകാര്‍ നിര്‍ബന്ധപൂര്‍വം അടിച്ചേല്‍പ്പിക്കുകയാണ്. സ്റ്റേഷനിലെ സ്റ്റാളുകളിലെയും മറ്റും മാലിന്യങ്ങള്‍ ശേഖരിച്ച് കല്ലായിയില്‍ തള്ളേണ്ടതും ഇവരുടെ ജോലിയാണ്. രണ്ടുഘട്ടങ്ങളിലായി തൊഴിലെടുക്കുന്നവര്‍ക്ക് പ്രതിദിനം 257 രൂപയാണ് നല്‍കുന്നത്. ഇതില്‍ ഇഎസ്ഐയുടെയും പിഎഫിന്റെയും പേരുപറഞ്ഞ് കരാറുകാര്‍ തുക ഈടാക്കുന്നുണ്ടെങ്കിലും തങ്ങള്‍ക്ക് പ്രൊവിഡന്റ് ഫണ്ടോ ഇഎസ്ഐ ആനുകൂല്യങ്ങളോ ലഭിക്കുന്നില്ലെന്നും തൊഴിലാളികള്‍ പറഞ്ഞു.

deshabhimani

Saturday, April 19, 2014

പാലക്കാട് റെയില്‍വേ ഡിവിഷനില്‍ ടിക്കറ്റ് വിതരണം സ്വകാര്യവല്‍ക്കരിക്കുന്നു

ഒറ്റപ്പാലം: പാലക്കാട് റെയില്‍വേ ഡിവിഷനിലെ ടിക്കറ്റ്വിതരണം സ്വകാര്യവല്‍ക്കരിക്കുന്നു. വരുമാനം കുറഞ്ഞ "ഇ" വിഭാഗത്തില്‍പ്പെട്ട 18 സ്റ്റേഷനുകളിലെ ടിക്കറ്റ് വിതരണമാണ് ആദ്യഘട്ടത്തില്‍ സ്വകാര്യവല്‍ക്കരിക്കുന്നത്. ഇതിനായി കരാര്‍ ക്ഷണിച്ച് പരസ്യവും നല്‍കി. റെയില്‍വേ തസ്തികകള്‍ വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണിത്. റെയില്‍വേയുടെ ചരിത്രത്തില്‍ ആദ്യമായാണ് സ്റ്റേഷനുള്ളില്‍ സ്വകാര്യഏജന്‍സിയെ ടിക്കറ്റ്വിതരണം ഏല്‍പ്പിക്കുന്നത്. ഒരു വര്‍ഷത്തേക്കാണ് കരാര്‍.

സോഫ്ട്വെയര്‍ റെയില്‍വേ നല്‍കും. വിതരണം ഒഴികെയുള്ള ബാക്കിജോലി സ്റ്റേഷന്‍ മാസ്റ്റര്‍ ചെയ്യണം. ഉള്ളാള്‍, കണ്ണൂര്‍ സൗത്ത്, എടക്കാട്, തിക്കോടി, കടലുണ്ടി, വെസ്റ്റ്ഹില്‍, കല്ലായി, തിരുന്നാവായ, പള്ളിപ്പുറം, കാരക്കാട്, മാന്നന്നൂര്‍, ലെക്കിടി, മങ്കര, പറളി, കഞ്ചിക്കോട്, വാളയാര്‍, എട്ടിമടൈ, മധുക്കര എന്നീ സ്റ്റേഷനുകളിലെ ടിക്കറ്റ്വിതരണമാണ് ആദ്യഘടത്തില്‍ സ്വകാര്യവല്‍ക്കരിക്കുന്നത്. ഒരുലക്ഷംരൂപയ്ക്ക് നാലായിരംരൂപയാണ് കമീഷന്‍ ലഭിക്കുക. മാസം ചുരുങ്ങിയത് 500രൂപയ്ക്ക് ടിക്കറ്റ് നല്‍കണം. കൊമേഴ്സ്യല്‍ ക്ലാര്‍ക്ക്, ബുക്കിങ് ക്ലാര്‍ക്ക്, തസ്തികകള്‍ ക്രമേണവ്യാപകമായി വെട്ടിക്കുറയ്ക്കാന്‍ പുതിയ നീക്കം വഴിയൊരുക്കും. റെയില്‍വേ ജീവനക്കാര്‍ക്കിടയില്‍ ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കേരളത്തിലെ എംപിമാര്‍വഴി ഈ നീക്കത്തെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് ഡിആര്‍ഇയു.

deshabhimani

Tuesday, April 15, 2014

പുനലൂര്‍-ചെങ്കോട്ട ഗേജ്മാറ്റം സ്തംഭിച്ചു

പുനലൂര്‍ - ചെങ്കോട്ട ഗേജ്മാറ്റം സ്തംഭനാവസ്ഥയില്‍. പുനലൂര്‍ മുതല്‍ ഇടമണ്‍വരെയുള്ള റീച്ചില്‍ മാത്രമാണ് നിലവില്‍ ഗേജ്മാറ്റ ജോലികള്‍ അല്‍പമെങ്കിലും നടക്കുന്നത്. ഇടമണ്‍ -കഴുതുരുട്ടി, കഴുതുരുട്ടി - ഭഗവതിപുരം, ഭഗവതിപുരം- ചെങ്കോട്ട റീച്ചുകളില്‍ നിര്‍മാണം നിലച്ചിട്ട് മാസങ്ങളായി. ഈ റീച്ചുകളില്‍ മൂന്നു വര്‍ഷമായി 20 ശതമാനം ജോലികള്‍ പോലും നടന്നിട്ടില്ല. പുനലൂര്‍ റീച്ചില്‍ കല്ലട പാലത്തിന്റെ തൂണിലെ ജാക്കറ്റിങ്ജോലികള്‍ മാത്രമാണ് നടക്കുന്നത്. പുനലൂര്‍ പത്തനാപുരം റോഡിനോടു ചേര്‍ന്നുള്ള തൂണില്‍ റോഡ് നിരപ്പുവരെ ജാക്കറ്റിങ് നടന്നു. എന്നാല്‍ കല്ലടപാലത്തിലെ മീറ്റര്‍ഗേജ് ഗര്‍ഡര്‍ മാറ്റി ബ്രോഡ്ഗേജ് ഗര്‍ഡര്‍ സ്ഥാപിക്കല്‍, പുനലൂര്‍ മുതല്‍ ഇടമണ്‍വരെ മണ്ണ്വേലകള്‍ പൂര്‍ത്തിയായ സ്ഥലങ്ങളില്‍ റെയില്‍പാളങ്ങള്‍ സ്ഥാപിക്കല്‍ എന്നിവ ആരംഭിച്ചിട്ടില്ല. മാര്‍ച്ചില്‍ ഇടമണ്‍ പുനലൂര്‍ പാതയില്‍ ബ്രോഡ്ഗേജ് ട്രെയിന്‍ ട്രയല്‍റണ്‍ നടത്തുമെന്നായിരുന്നു റെയില്‍വെ മന്ത്രാലയത്തിന്റെ ആദ്യ പ്രഖ്യാപനം. എന്നാല്‍ ഗേജ്മാറ്റത്തിന്റെ ഫണ്ട് സര്‍ക്കാര്‍ ലഭ്യമാക്കാത്തതിനാല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടു. മെയ് മാസത്തില്‍ ട്രാക്ക് സ്ഥാപിക്കല്‍ തുടങ്ങുമെന്നാണ് കരാറുകാര്‍ പറയുന്നത്. സെപ്തംബറില്‍ ട്രയല്‍റണ്‍ നടത്താനാകുമെന്നും ഇവര്‍ പറയുന്നു. ഡിസംബറില്‍ പുനലൂര്‍ ഇടമണ്‍പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കി കമീഷന്‍ ചെയ്യാന്‍ കഴിഞ്ഞേക്കുമെന്നാണ് റെയില്‍വെ അധികൃതര്‍ പറയുന്നത്.

പുനലൂര്‍ റെയില്‍വെസ്റ്റേഷനടുത്ത് പേപ്പര്‍മില്‍ റോഡിലേക്ക് അടിപ്പാത നിര്‍മാണ നടപടികളും അനന്തമായി വൈകുകയാണ്. ഇടമണിലെ റെയില്‍വെസ്റ്റേഷന്‍ നിര്‍മാണം ആരംഭിച്ചിട്ടില്ല. പുനലൂര്‍ - ഇടമണ്‍ റീച്ചിന്റെ കമീഷനിങ് നടക്കണമെങ്കില്‍ സ്റ്റേഷന്‍ നിര്‍മിക്കണം. പക്ഷേ റെയില്‍വെസ്റ്റേഷന്‍ ഭാഗം ഇടമണ്‍ - കഴുതുരുട്ടി റീച്ചിലാണ് ഉള്‍പ്പെടുന്നത്. ഇടമണ്‍ - ഭഗവതിപുരം റീച്ചുകളിലെ പണികള്‍ പൂര്‍ത്തിയാകണമെങ്കില്‍ 10 വര്‍ഷത്തെ കാത്തിരിപ്പ് വേണ്ടിവന്നേക്കും. ചെങ്കോട്ട - ഭഗവതിപുരം റീച്ചില്‍ അഞ്ചു കിലോമീറ്റര്‍ ദൂരത്തില്‍ മാത്രം റെയില്‍പാളങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. റെയില്‍വേസ്റ്റേഷനുകളുടെ നിര്‍മാണവും നിലച്ചിരിക്കുന്നു. കോട്ടവാസല്‍, തെന്മല ഉള്‍പ്പെടെ നാല് തുരങ്കങ്ങളുടെ വീതി വര്‍ധിപ്പിക്കല്‍ ബലപ്പെടുത്തല്‍ ജോലികളും നിലച്ചിട്ട് ഏറെ മാസങ്ങളായി. പതിമൂന്ന് കണ്ണറ പാലത്തിന്റെ തനിമ നിലനിര്‍ത്തി ജാക്കറ്റിങ്ജോലികള്‍ നടത്താനും കരാറുകാര്‍ രംഗത്തെത്തിയിട്ടില്ല. തമിഴ്നാടുമായുള്ള വ്യാപാര വാണിജ്യബന്ധങ്ങള്‍ ഗേജ്മാറ്റത്തിനായി ട്രെയിന്‍ സര്‍വീസ് നിര്‍ത്തിയതോടെ ഭാഗികമായി തടസ്സപ്പെട്ട നിലയിലാണ്. റോഡ്മാര്‍ഗമുള്ള ചരക്കുനീക്കം ഭീമമായ സാമ്പത്തികബാധ്യതയാണ് വ്യാപാരികള്‍ക്കുണ്ടാക്കുന്നത്. യാത്രാക്ലേശവും രൂക്ഷമാണ്.

അരുണ്‍ മണിയാര്‍ deshabhimani

Saturday, April 12, 2014

"ദൗത്യം" തീര്‍ന്നു; മെമു നാടുകടന്നു

വോട്ട്പിടിക്കാന്‍ ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് തിരക്കിട്ട് ഉദ്ഘാടനം ചെയ്ത കൊല്ലം-എറണാകുളം മെമുവിന്റെ റേക്ക് (കോച്ച്) വോട്ടെടുപ്പുകഴിഞ്ഞ ദിവസംതന്നെ നാടുകടത്തി. ആലപ്പുഴവഴിയും കോട്ടയംവഴിയും സര്‍വീസ് നടത്തിയിരുന്ന മെമുവാണ് വോട്ടെടുപ്പുദിവസംമുതല്‍ കാണാതായത്. മെമുവിന് അനുവദിച്ച സമയത്ത് പാസഞ്ചര്‍ റേക്ക് സര്‍വീസ് തുടങ്ങി. മെമുവിന്റെ വരവ് തെരഞ്ഞെടുപ്പു പ്രമാണിച്ചായിരുന്നെന്ന് വ്യക്തമായ സ്ഥിതിക്ക് കേരളത്തിനു ലഭിച്ചതെന്നു പ്രചരിപ്പിച്ച മെമു റേക്ക് എന്നന്നേക്കുമായി നഷ്ടപ്പെടാനാണ് സാധ്യത.

ഇതിനുമുമ്പത്തെ ബജറ്റില്‍ പ്രഖ്യാപിച്ച മെമു സര്‍വീസാണ് ഒരു വര്‍ഷം കഴിഞ്ഞ്, തെരഞ്ഞെടുപ്പിനു മുന്നോടിയായി തുടങ്ങിയത്. മെമു വരാത്തതില്‍ പരക്കെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ചെന്നൈയില്‍നിന്നു സംഘടിപ്പിച്ച് കൊണ്ടുവന്നതാണിത്. കോച്ചുകള്‍ മാറിയെങ്കിലും മെമുവിന്റെ സമയത്തുതന്നെയാണ് പാസഞ്ചറും സര്‍വീസ് നടത്തുന്നത്. രാവിലെ 5.15ന് എറണാകുളത്തുനിന്നു പുറപ്പെട്ട് കോട്ടയംവഴി കൊല്ലത്ത് എത്തുന്ന ട്രെയിന്‍, രാത്രി 12.10ന് ആലപ്പുഴവഴി തിരിച്ച് എറണാകുത്തേക്ക് എത്തും. പുലര്‍ച്ചെ 4.25നാണ് ട്രെയിന്‍ എറണാകുളത്തെത്തുന്നത്. ഈ സര്‍വീസിന്റെ സമയവും ലോക്കോ പൈലറ്റുമാരുടെ ജോലിഭാരവും സംബന്ധിച്ച് ഏറെ വിവാദങ്ങള്‍ നിലനില്‍ക്കെയാണ് മെമു പിന്‍വലിച്ചത്.

ആറ് കോച്ചുകള്‍ അടങ്ങുന്ന മെമുവിന്റെ റേക്ക് മാറ്റി പാസഞ്ചര്‍ റേക്ക് ആക്കിയെങ്കിലും ഏറെ പരാതികളുള്ള നിലവിലെ സമയക്രമത്തില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുലര്‍ച്ചെ എറണാകുളത്തെത്തുന്ന ട്രെയിനില്‍ വന്നിറങ്ങുന്നവര്‍ക്ക് കണക്ടിങ് ട്രെയിന്‍ ലഭിക്കാത്തതിനാല്‍ പുലര്‍ച്ചെ അറിന് എത്തുന്ന രീതിയില്‍ സമയം പരിഷ്കരിക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. സംസ്ഥാനസര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന വൈദ്യുതി ഉപയോഗിച്ച് ഓടുന്ന മെമു ആളില്ലാ വണ്ടിയായാണ് ഓടിക്കൊണ്ടിരുന്നത്. യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ സമയം മാറ്റി സര്‍വീസ് നടത്തിയാല്‍ ഇതിന് മാറ്റമുണ്ടായേക്കും.

deshabhimani

Sunday, March 30, 2014

സെന്‍ട്രല്‍ സ്റ്റേഷന്‍: "ലോക നിലവാരം" അസൗകര്യങ്ങളില്‍

ലോകനിലവാരത്തില്‍ ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ച തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ അസൗകര്യങ്ങള്‍കെണ്ട് വീര്‍പ്പുമുട്ടുന്നു. തെരഞ്ഞെടുപ്പില്‍ സ്ഥലം എംപി ശശി തരൂര്‍ പ്രധാന നേട്ടമായി അവകാശപ്പെടുന്നത് സെന്‍ട്രല്‍ സ്റ്റേഷന്‍ ലോകനിലവാരത്തിലുള്ള സ്റ്റേഷനാക്കിമാറ്റിയെന്നാണ്. ലോകനിലവാരത്തിലുള്ള റെയില്‍വേ സ്റ്റേഷനാക്കി ഉയര്‍ത്തുന്നതിന് കുറഞ്ഞത് 400 കോടി രൂപയെങ്കിലും മാനദണ്ഡപ്രകാരം ചെലവഴിക്കേണ്ടതുണ്ട്. എന്നാല്‍, 10 കോടി രൂപ മാത്രമാണ് ഇതുവരെ റെയില്‍വേ അനുവദിച്ചിട്ടുള്ളത്. ഈ പണമുപയോഗിച്ച് രണ്ട് എസ്കലേറ്ററുകളുടെ നിര്‍മാണം നടക്കുന്നുണ്ട്. എന്നാല്‍, എറണാകുളം, പാലക്കാട്, കോഴിക്കോട് റെയില്‍വേ സ്റ്റേഷനുകളില്‍ നേരത്തെ തന്നെ എസ്കലേറ്ററുകള്‍ സ്ഥാപിച്ചിരുന്നു. പ്രതിദിനം പതിനായിരങ്ങള്‍ യാത്രചെയ്യാന്‍ ആശ്രയിക്കുന്ന സെന്‍ട്രല്‍ സ്റ്റേഷനില്‍നിന്ന് കേള്‍ക്കുന്നത് അസൗകര്യങ്ങളുടെ ചൂളംവിളിയാണ്. ആകെയുള്ള അഞ്ച് പ്ലാറ്റ്ഫോമില്‍ ഇപ്പോഴുള്ള ട്രെയിനുകള്‍ക്ക് വന്നുപോകാനുള്ള സൗകര്യംപോലുമില്ല. ഇതേസമയം, ചെന്നൈയില്‍ 15 പ്ലാറ്റ്ഫോമുണ്ട്. ആവശ്യത്തിന് പ്ലാറ്റ്ഫോമില്ലാത്തതിനാല്‍ സ്റ്റേഷനിലേക്ക് കയറാന്‍ കഴിയാതെ പേട്ടയിലും മറ്റും ട്രെയിനുകള്‍ പിടിച്ചിടുകയാണ്. രാവിലെ 10ന് ഓഫീസിലെത്താന്‍ കഴിയാതെ വലയുകയാണ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍. സെന്‍ട്രല്‍ സ്റ്റേഷനിലെ വര്‍ക്ഷോപ് നേമത്തേക്ക് മാറ്റിയാലേ സെന്‍ട്രല്‍ സ്റ്റേഷനിലെ വികസനം സാധ്യമാകൂ.

ലോകനിലവാരത്തിലുയര്‍ന്നില്ലെങ്കിലും യാത്രക്കാരുടെ തിരക്കിനുസരിച്ച് കുറഞ്ഞത് 15 ടിക്കറ്റ് കൗണ്ടറെങ്കിലും സെന്‍ട്രല്‍ സ്റ്റേഷനില്‍ ആവശ്യമാണ്. 10 കൗണ്ടര്‍പോലും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. റിസര്‍വേഷന്‍ ഓഫീസില്‍ കുറഞ്ഞത് എട്ട് കൗണ്ടര്‍ തുറക്കാനുള്ള സൗകര്യം നിലവിലുണ്ട്. എന്നാല്‍, അഞ്ച് കൗണ്ടറാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ജീവനക്കാരുടെ എണ്ണം കുറച്ചതോടെ കൗണ്ടറുകളുടെ എണ്ണം ഇനിയും കുറയും. സെന്‍ട്രല്‍ സ്റ്റേഷനിലെ റിസര്‍വേഷന്‍ കേന്ദ്രത്തില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. തത്കാല്‍ ടിക്കറ്റെടുക്കാന്‍ തലേന്ന് രാത്രി തന്നെ ക്യൂ നില്‍ക്കുന്ന സ്ഥിതിയാണ് സെന്‍ട്രല്‍ സ്റ്റേഷനില്‍ ഇപ്പോഴുമുള്ളത്. പട്ടത്തെ ടിക്കറ്റ് റിസര്‍വേഷന്‍ കേന്ദ്രം അടച്ചുപൂട്ടാന്‍ നീക്കം നടന്നിരുന്നു. പ്രതിഷേധത്തെത്തുടര്‍ന്ന് അടച്ചുപൂട്ടല്‍ നീക്കം ഉപേക്ഷിച്ചെങ്കിലും അഞ്ച് ജീവനക്കാരെ വെട്ടിക്കുറയ്ക്കുകയും ബള്‍ക്ക് ബുക്കിങ് സംവിധാനം നിര്‍ത്തലാക്കുകയും ചെയ്തിരുന്നു.

പേട്ടയിലെ റെയില്‍വേ മെഡിക്കല്‍ കോളേജും നേമം, കൊച്ചുവേളി സ്റ്റേഷനുകളും അവഗണനയുടെ പടുകുഴിയിലാണ്. ലോകനിലവാരത്തിലുയര്‍ത്തുമെന്ന് പ്രഖ്യാപിച്ച സ്റ്റേഷനിലെ ശുചീകരണത്തൊഴിലാളികള്‍ക്ക് മിനിമം കൂലിയോ ആനുകൂല്യങ്ങളോ നല്‍കുന്നില്ല. പണം നല്‍കാത്തതിനാല്‍ ജീവനക്കാര്‍ക്കുള്ള തലസ്ഥാനത്തെ റഫറല്‍ ആശുപത്രികളുടെ സേവനം റെയില്‍വേ നേരത്തെ റദ്ദാക്കിയിരുന്നു. നിലവില്‍ 12 മാസത്തിലൊരിക്കല്‍ നാലായിരത്തോളം ബോഗികളാണ് ചെന്നൈയിലേക്ക് അറ്റകുറ്റപ്പണിക്കായി കൊണ്ടുപോകുന്നത്. നേമത്തെ സ്ഥലത്ത് പീരിയോഡിക്കല്‍ ഓവര്‍ഹോളിങ് വര്‍ക്ക് യൂണിറ്റ് ആരംഭിച്ചാല്‍ ഈ അധികച്ചെലവ് ഒഴിവാക്കാനാകും. ചെന്നൈയിലേക്ക് കൊണ്ടുപോകുന്നത് പുതിയ കോച്ചുകളാണെങ്കില്‍ മടങ്ങിവരുന്നത് പഴഞ്ചന്‍ കോച്ചുകളാണ്.

deshabhimani