Thursday, January 31, 2013

യുഡിഎഫ് ഭരണത്തിനേറ്റ കനത്ത പ്രഹരം: പിണറായി


സൂര്യനെല്ലി കേസിലെ സുപ്രീംകോടതി വിധി യുഡിഎഫ് ഭരണത്തിന്റെ കരണത്തിനേറ്റ കനത്ത പ്രഹരമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പ്രതികളെ വിട്ടയച്ച ഹൈക്കോടതി വിധി റദ്ദാക്കിയ സുപ്രീംകോടതി, ഹൈക്കോടതി വിധിയില്‍ നടുക്കവും അത്ഭുതവും പ്രകടിപ്പിച്ചതിലൂടെ ജുഡീഷ്യറിയുടെ വിശ്വാസ്യത സുപ്രീംകോടതി കാത്തുസൂക്ഷിച്ചിരിക്കുകയാണ്. 16 വയസ് മാത്രമുണ്ടായിരുന്ന പെണ്‍കുട്ടിയെ 40 ദിവസത്തോളം തുടര്‍ച്ചയായി 42 പേര്‍ പീഡിപ്പിച്ച കേസിലെ പ്രതികളെ ഹൈക്കോടതി വിട്ടയയ്ക്കുന്നതിന് വഴിയൊരുക്കിക്കൊടുത്തത് മുന്‍ യുഡിഎഫ് ഭരണമാണ്. അതുകൊണ്ടുതന്നെ, കേസ് അട്ടിമറിക്കാന്‍ നടത്തിയ നിഗൂഢമായ പരിശ്രമങ്ങളെയും ലൈംഗിക പീഡനക്കേസിലെ പ്രതികളെ രക്ഷിക്കാന്‍ ഭരണസംവിധാനം ദുരുപയോഗപ്പെടുത്തിയതിനെയും പറ്റി സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സമഗ്രമായ പ്രത്യേക അന്വേഷണം നടത്തണം.

ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ നടന്ന കേസില്‍ പെണ്‍കുട്ടിക്കുവേണ്ടി വാദിക്കേണ്ട സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരാകാതെ കേസ് നീട്ടിക്കൊണ്ടുപോയി പ്രതികളെ രക്ഷിക്കാനും പരിശ്രമിച്ചിരുന്നു. അത് ഇപ്പോഴത്തെ യുഡിഎഫ് ഭരണത്തിലാണ് ഉണ്ടായത്. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സംരക്ഷണത്തിനും സ്ത്രീ പീഡനക്കാര്‍ക്ക് ശിക്ഷ നല്‍കുന്നതിനും യുഡിഎഫ് ഭരണത്തിന്റെ താല്‍പ്പര്യം എത്രമാത്രമാണെന്ന് വിളിച്ചറിയിക്കുന്നതാണ് സൂര്യനെല്ലി കേസിലെ സംഭവവികാസങ്ങള്‍. കേസിലെ ഇരയായ പെണ്‍കുട്ടിയെ കള്ളക്കേസില്‍ പെടുത്തി വീണ്ടും വേട്ടയാടുന്നതിനുള്ള നീചശ്രമങ്ങളും നടക്കുന്നുണ്ട്. ഇരയ്ക്ക് നീതി ഉറപ്പാക്കാനും കൂടുതല്‍ സംരക്ഷണം നല്‍കാനും പ്രതികളുടെ ശിക്ഷ ഉറപ്പുവരുത്താനും ശക്തമായ ചുവടുവെപ്പ് സംസ്ഥാന സര്‍ക്കാര്‍ നടത്തണമെന്ന് പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

സൂര്യനെല്ലിക്കേസില്‍ വൈകിയാണെങ്കിലും നീതി നടപ്പാകുന്നതില്‍ സന്തോഷമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. സുപ്രീം കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് സൂര്യനെല്ലി പെണ്‍കുട്ടിയുടെ പിതാവ് വ്യക്തമാക്കി. കേസില്‍ തങ്ങള്‍ക്ക് നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. സുപ്രീം കോടതി വിധി മാതൃകാപരമാണെന്ന് സിപിഐ എം കേന്ദ്രകമ്മറ്റിയംഗം പി കെ ശ്രീമതി അഭിപ്രായപ്പെട്ടു. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ സുപ്രീം കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് സിബി മാത്യൂസ് പ്രതികരിച്ചു.

deshabhimani

സൂര്യനെല്ലി കേസ്: ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി


സൂര്യനെല്ലി ലൈംഗിക പീഡനകേസില്‍ പ്രതികളെ വെറുതെവിട്ട കേരള ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. ഹൈക്കോടതി വിധി ഞെട്ടിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി കേസ് വീണ്ടും പരിഗണിക്കാന്‍ ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കി. പ്രതികള്‍ മുന്നാഴ്ചക്കകം കീഴടങ്ങാനും കോടതി ആവശ്യപ്പെട്ടു. അവരുടെ ജാമ്യം കോടതി റദ്ദാക്കി.കേസ് ആറുമാസത്തിനകം തീർപ്പാക്കാനും കോടതി നിർദേശിച്ചു.

2005 മുതല്‍ കേസ് സുപ്രീംകോടതിയില്‍ കെട്ടികിടന്ന കേസ് കോടതി പെട്ടെന്ന് പരിഗണിക്കുകയായിരുന്നു. ഇത്തരം കേസുകള്‍ കേള്‍ക്കാന്‍ സുപ്രീംകോടതിയില്‍ രൂപീകരിച്ച ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജ. എ കെ പട്നായ്ക്ക്. ജ. ഗ്യാന്‍സുധ മിശ്ര എന്നിവരടങ്ങിയതാണ് ബെഞ്ച്. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരും പെണ്‍കുട്ടിയും

പതിനാറ് വയസ്സുമാത്രം പ്രായമുള്ള പെണ്‍കുട്ടിയെ നാല്‍പ്പതുദിവസത്തോളം തുടര്‍ച്ചയായി പീഡിപ്പിച്ച കേസില്‍ 39 പ്രതികളാണ് ഉായിരുന്നത്. ഇവരില്‍ 35 പേരെ പ്രത്യേക കോടതി ശിക്ഷിച്ചു. എന്നാല്‍ അപ്പീലില്‍ പ്രതികളില്‍ ഒരാളൊഴികെ എല്ലാവരെയും ഹൈക്കോടതി വെറുതേവിട്ടു. പ്രധാനപ്രതി ധര്‍മരാജന് വിചാരണ കോടതി വിധിച്ച ജീവപര്യന്തം തടവ് ഹൈക്കോടതി അഞ്ചു വര്‍ഷമായി ചുരുക്കിയിരുന്നു. ഈ വിധിക്കെതിരെ സര്‍ക്കാര്‍ 2005 നവംബര്‍ 11ന് സമര്‍പ്പിച്ച അപ്പീലാണ് സുപ്രീംകോടതിയിലുായിരുന്നത്. 1996 ലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 40 ദിവസത്തോളം പീഡിപ്പിച്ച കേസുായത്.

റദ്ദായത് കളങ്കമായ വിധി

കൊച്ചി: സൂര്യനെല്ലികേസില്‍ വ്യാഴാഴ്ചത്തെ സുപ്രീകോടതിവിധിയിലൂടെ റദ്ദായത് ഇന്ത്യന്‍ നീതിന്യായവ്യവസ്ഥക്ക് തന്നെ കളങ്കമായ വിധി. പ്രതികളെ വെറുതെവിട്ടുകൊണ്ടുള്ള 2005 ജനുവരി 21 ലെ ഹൈക്കോടതി വിധി അന്നുതന്നെ രൂക്ഷ വിമര്‍ശനത്തിനിരയായിരുന്നു. ബലാല്‍സംഗകേസുകളില്‍; സുപ്രികോടതി നിഷ്കര്‍ഷിച്ചു വരുന്ന മാനദണ്ഡങ്ങള്‍ അടക്കം ലംഘിച്ചുണ്ടായ അന്നത്തെ വിധിയെപ്പറ്റി ദേശാഭിമാനി 2005 ജനുവരി 21,22 തീയതികളില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ ചുവടെ.:

സുപ്രിംകോടതിയുടെ നിരീക്ഷണങ്ങളും സുപ്രധാന മൊഴികളും അവഗണിച്ചു

തിരു: ബലാല്‍സംഗകേസുകളില്‍; സുപ്രികോടതി 1958 മുതല്‍ നിഷ്കര്‍ഷിച്ചു വരുന്ന മാനദണ്ഡവും മറ്റു ചില പ്രധാന വസ്തുതകളും സൂര്യനെല്ലിക്കേസില്‍ ഹൈക്കോടതി കണക്കിലെടുത്തിട്ടില്ലെന്ന് നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

ബലാല്‍സംഗകേസുകളില്‍ ദൃക്സാക്ഷികള്‍ ഇല്ലാത്ത സാഹചര്യത്തില്‍ പ്രധാന സാക്ഷിയായ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മൊഴി അവിശ്വസിക്കാന്‍ പാടില്ലെന്നാണ് സുപ്രിംകോടതി നിഷ്കര്‍ഷിച്ചു വരുന്നത്. 1958ല്‍ പഞ്ചാബിലുണ്ടായ ഒരു ബലാല്‍സംഗകേസിലാണ് സുപ്രിംകോടതി ഈ അഭിപ്രായം രേഖപ്പെടുത്തിയത്. അന്നുമുതല്‍ ഇത്തരം കേസുകള്‍ വിചാരണചെയ്യുമ്പോള്‍ ഇക്കാര്യം പരിഗണിക്കാറുണ്ട്.

പെണ്‍കുട്ടിയെ ആദ്യം ചികില്‍സിച്ച അടിമാലി ആശുപത്രി സൂപ്രണ്ട് നല്‍കിയ സര്‍ട്ടിഫിക്കറ്റ്, കുട്ടിയെ പഠിപ്പിച്ച അധ്യാപകരുടെ മൊഴികള്‍, നാട്ടുകാരുടെ അഭിപ്രായം എന്നിവയും ഹൈക്കോടതി പരിഗണിച്ചില്ല. ജനുവരി 16ന് കാണാതായ പെണ്‍കുട്ടിയെ ഫെബ്രുവരി 26നാണ് അവശനിലയില്‍ പ്രതികള്‍ ഉപേക്ഷിച്ചത്. പിറ്റേന്ന് കുട്ടിയെ അടിമാലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലൈംഗികാവയവങ്ങള്‍ നീരുവന്ന് വീര്‍ത്ത് അണുബാധയുണ്ടായ അവസ്ഥയിലായിരുന്നെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. വി കെ ഭാസ്കരന്‍ നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. നിരന്തര ലൈംഗികവേഴ്ചയ്ക്ക് വിധേയമാക്കിയെന്നും പഴുപ്പ് കെട്ടിയിരുന്നെന്നും മലവിസര്‍ജനം നടത്തിയിട്ട് ഏഴു ദിവസമായെന്നും അതിനു മുമ്പ് പരിശോധിച്ച ഡോക്ടറുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതെല്ലാം പരിഗണിച്ചിരുന്നെങ്കില്‍ കേസിെന്‍റ ഗതി മറ്റൊരു വിധത്തിലാകുമായിരുന്നെന്ന് നിയമവൃത്തങ്ങള്‍ പറഞ്ഞു.

ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയുടെ മൊഴി വിശ്വസിക്കാന്‍ പറ്റില്ലെന്നും വേറെ തെളിവു വേണമെന്നും പറയുന്നത് സ്ത്രീത്വത്തെ അപമാനിക്കുന്നതിനു തുല്യമാണെന്നാണ് "58ല്‍ സുപ്രിംകോടതി വ്യക്തമാക്കിയത്. സംഭവസമയത്ത് മൗനം പാലിക്കുകയോ തിരികെ ആക്രമിക്കുകയോ ചെയ്യാതിരിക്കുന്നത് സമ്മതത്തിെന്‍റ ചിഹ്നമായി കാണാന്‍ പാടില്ലെന്നും സുപ്രിംകോടതി അഭിപ്രായപ്പെട്ടു. രാജ്യത്ത് പിന്നീട് വിചാരണയ്ക്ക് വന്ന ബലാല്‍സംഗകേസുകളിലെല്ലാം വിധി പറയുമ്പോള്‍ സുപ്രിംകോടതിയുടെ ഈ അഭിപ്രായം അടിസ്ഥാന മാര്‍ഗനിര്‍ദേശമായി അംഗീകരിച്ചത് കാണാമെന്ന് അഭിഭാഷകര്‍ പറയുന്നു.

എന്നാല്‍, സൂര്യനെല്ലിക്കേസില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് രക്ഷപ്പെടാന്‍ നിരവധി അവസരങ്ങളുണ്ടായിരുന്നതായാണ് ഹൈക്കോടതി അഭിപ്രായപ്പെട്ടത്. പെണ്‍കുട്ടിയുടെ സ്വഭാവരീതി വെളിപ്പെടുത്തുന്ന സുപ്രധാന മൊഴികള്‍ കുട്ടിയുടെ അധ്യാപകരും ബന്ധുക്കളും നല്‍കിയിരുന്നു. ഇതും ഹൈക്കോടതി പരിഗണിച്ചില്ല. പെട്ടെന്ന് അനുസരിക്കുന്ന പ്രകൃതമാണ് പെണ്‍കുട്ടിയുടേതെന്നാണ് അധ്യാപകരുടെ മൊഴി. ആര്‍ക്കും ഭയപ്പെടുത്താന്‍ കഴിയുമെന്ന് പെണ്‍കുട്ടിയുടെ വീട്ടില്‍നിന്ന് പഠിച്ച മാതൃസഹോദരനും മൊഴി നല്‍കിയിരുന്നു. ഇതൊന്നും കോടതി കണക്കിലെടുത്തില്ലെന്ന് അഭിഭാഷകര്‍ പറയുന്നു.

1996 ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് സൂര്യനെല്ലി ക്കേസിന് ആസ്പദമായ ലൈംഗികപീഡനം നടന്നത്. ആദ്യഘട്ടത്തില്‍ പെണ്‍കുട്ടിയുടെ മൊഴി കണക്കിലെടുക്കാന്‍പോലും പൊലീസ് തയ്യാറായില്ല. എ കെ ആന്‍റണിയായിരുന്നു മുഖ്യമന്ത്രി. പൊലീസ് നിലപാടിനെതിരെ വന്‍ പ്രതിഷേധം ഉയരുകയും പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെ പ്രശ്നത്തില്‍ ഇടപെടുകയും ചെയ്തശേഷമാണ് കേസ് അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയത്. രണ്ടു സിഐമാര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ അന്വേഷിച്ച ശേഷമാണ് സിബിമാത്യുവിെന്‍റ നേതൃത്വത്തിലുള്ള പ്രത്യേകസംഘത്തെ അന്വേഷണച്ചുമതല ഏല്‍പിച്ചത്. ആദ്യഘട്ടത്തില്‍ അന്വേഷിച്ച ഒരു സിഐ രേഖപ്പെടുത്തിയ മൊഴിയാണ് ഇപ്പോള്‍ ഹൈക്കോടതി പ്രതികളുടെ ആവശ്യപ്രകാരം പരിഗണിച്ചത്. സിഐ തയ്യാറാക്കിയ ഈ മൊഴി വിശ്വസനീയമല്ലാത്തതിനാല്‍ പ്രത്യേക കോടതിയില്‍ പ്രോസിക്യൂഷന്‍ ഇത് ഹാജരാക്കിയിരുന്നില്ല. ഈ മൊഴി കണ്ടെത്തുന്നതില്‍ വീഴ്ച വരുത്തിയെന്നാണ് ഹൈക്കോടതിയുടെ വിമര്‍ശനം.

നീതിനിഷേധത്തിെന്‍റ ലജ്ജാകരമായ അധ്യായം
ദില്ലി ബ്യൂറോ

ദില്ലി: സൂര്യനെല്ലിക്കേസിലെ ഒരാളൊഴികെ 35 പ്രതികളെയും ദുര്‍ബലമായ കാരണത്താല്‍ വെറുതെവിട്ട കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിെന്‍റ വിധിയെ അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍ അപലപിച്ചു. പെണ്‍കുട്ടിക്ക് നീതിനല്‍കിയ പ്രത്യേക കോടതിവിധി അസാധുവാക്കിയ ഹൈക്കോടതിവിധി സ്ത്രീകള്‍ക്കെതിരായ നീതിനിഷേധത്തിന് ലജ്ജാകരമായ പുതിയൊരു അധ്യായം എഴുതിച്ചേര്‍ത്തിരിക്കയാണ്.പ്രതിലോമകരമായ വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് അസോസിയേഷന്‍ പ്രസിഡണ്ട് സുഭാഷിണി അലിയും വൈസ് പ്രസിഡണ്ട് വൃന്ദാകാരാട്ടും ആവശ്യപ്പെട്ടു.

പതിനാറുവയസ്സുള്ള പെണ്‍കുട്ടി അവസരമുണ്ടായിട്ടും രക്ഷപ്പെട്ടില്ലെന്നും കൃത്യത്തിന് അവളുടെ സമ്മതമുണ്ടായിരുന്നുവെന്നുമുള്ള അത്യന്തം എതിര്‍ക്കപ്പെടേണ്ട കാരണങ്ങളാണ് വിധി മുന്നോട്ടുവെച്ചത്. ബ്ലാക്ക്മെയില്‍ ചെയ്തതും ഭയപ്പെടുത്തി പീഡിപ്പിച്ചതും സംഭവത്തെത്തുടര്‍ന്ന് തകര്‍ന്ന അവളുടെ മാനസികാവസ്ഥയും കണ്ടില്ലെന്നുനടിക്കാന്‍ നിര്‍വികാരമായ ഒരു കോടതിക്കേ കഴിയു. 35 പേരുമായി ലൈംഗികവേഴ്ച നടത്താന്‍ 16 വയസ്സുള്ള ഒരു പെണ്‍കുട്ടി സമ്മതംനല്‍കി എന്നുപറയുന്നത് അങ്ങേയറ്റം വൈകൃതമായ യുക്തിയാണ്. മഥുര ബലാല്‍സംഗക്കേസിലെ വിധിക്കു സമാനമായ വാദങ്ങളാണ് ഇവിടെയും മുന്നോട്ടുവെച്ചിട്ടുള്ളത്.

യുവതിയുടെ ശരീരത്തില്‍ അടയാളങ്ങളൊന്നുമില്ലാതിരുന്നത്, ശാരീരികമായി എതിര്‍ത്തിരുന്നില്ലെന്നും സമ്മതത്തോടുകൂടിയാണ് കൃത്യം ചെയ്തതെന്നുമുള്ള നിഗമനമാണ് മഥുര കേസില്‍ കോടതി കണ്ടെത്തിയത്. യുക്തിഹീനമായ ഇത്തരം കാരണംകണ്ടെത്തലിനെതിരെ ദേശവ്യാപക പ്രതിഷേധമുയര്‍ന്നപ്പോഴാണ് ബലാല്‍സംഗക്കേസുകളിലെ "സമ്മത"ത്തെ നിര്‍വചിച്ചുള്ള നിയമം രൂപപ്പെട്ടത്. സൂര്യനെല്ലിക്കേസിലെ വിധി ഈ നിയമത്തിനും നിരവധി മറ്റു വിധികള്‍ക്കും എതിരാണ്- പ്രസ്താവന തുടര്‍ന്നു.

വിധിക്കെതിരെ സ്ത്രീകളുടെ നാടകം

തിരു: സൂര്യനെല്ലിക്കേസിലെ പ്രതികളെ കുറ്റക്കാരല്ലെന്നുകണ്ടെത്തിയ കോടതിവിധിക്കെതിരെ സെക്രട്ടറിയറ്റിനു മുന്നില്‍ സ്ത്രീസംഘടനകളുടെ ആഭിമുഖ്യത്തില്‍ തെരുവുനാടകം സംഘടിപ്പിച്ചു. നാടകം കോടതിവിധിക്കെതിരെ ശക്തമായ പ്രതികരണമായി. അധികാരവര്‍ഗങ്ങള്‍ തീര്‍ക്കുന്ന വലയില്‍ കുടുങ്ങുന്ന സ്കൂള്‍ വിദ്യാര്‍ഥിനിയുടെ രക്ഷാമാര്‍ഗങ്ങള്‍ നീതിപീഠത്തിെന്‍റ പ്രതിനിധികളടക്കം തടസ്സപ്പെടുത്തുന്നു. പെണ്‍കുട്ടി രക്ഷപ്പെടാത്തത് അവളുടെ കുറ്റമെന്ന് ഒടുവില്‍ കോടതി വിധിക്കുന്നതായിരുന്നു നാടകത്തിെന്‍റ പ്രമേയം.

"അഭിനയ"യുടെ സഹകരണത്തോടെ നിരീക്ഷ നാടകസംഘമാണ് നാടകം അവതരിപ്പിച്ചത്. ലളിതാലെനിന്‍ ഉദ്ഘാടനം ചെയ്തു. ആര്‍ പാര്‍വതീദേവി, മേഴ്സി അലക്സാണ്ടര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പ്രകടനവും നടത്തി.

നിയമവ്യവസ്ഥയ്ക്ക് ഭൂഷണമല്ലാത്ത വിധി

(2005 ജനുവരി 22 ന്റെ മുഖപ്രസംഗം)

ഏറെ കോളിളക്കം സൃഷ്ടിച്ച സൂര്യനെല്ലി പെണ്‍വാണിഭക്കേസില്‍ ഹൈക്കോടതി വ്യാഴാഴ്ച പുറപ്പെടുവിച്ച വിധി കേരളത്തെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. സൂര്യനെല്ലി പെണ്‍കുട്ടിയെ പെണ്‍വാണിഭത്തിന് പ്രേരിപ്പിച്ച പ്രധാനപ്രതി ധര്‍മരാജന്‍ ഒഴികെ, പെണ്‍കുട്ടിയെ ബലാല്‍സംഗത്തിനിരയാക്കിയെന്ന് ആരോപിക്കപ്പെട്ട 35 പ്രതികളുടെയും ശിക്ഷ ഹൈക്കോടതി റദ്ദാക്കി. ധര്‍മരാജെന്‍റ ജീവപര്യന്തം ശിക്ഷ അഞ്ചുവര്‍ഷത്തെ കഠിനതടവായും ഇളവുചെയ്തു. ഇപ്പോള്‍ വിട്ടയക്കപ്പെട്ട മറ്റ് 35 പ്രതികള്‍ക്ക് കോട്ടയം പ്രത്യേക കോടതി ഏഴുവര്‍ഷം മുതല്‍ 13 വര്‍ഷംവരെയാണ് നേരത്തെ ശിക്ഷ വിധിച്ചിരുന്നത്.

ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ് ഹൈക്കോടതിവിധി.കേരളത്തില്‍ വിവിധ കോടതികളിലായി അരഡസനിലേറെ പെണ്‍വാണിഭക്കേസുകള്‍ നിലവിലുണ്ട്. ഈ വിധിയുടെ അലകള്‍ ഈ കേസുകളെ എത്രത്തോളം സ്വാധീനിക്കുമെന്ന് പരക്കെ ആശങ്കയുണ്ട്. കേരളത്തിലെ പൊലീസിെന്‍റ കാര്യക്ഷമതയുടെയും കര്‍മകുശലതയുടെയും മാറ്റുരച്ചതായിരുന്നു സൂര്യനെല്ലികേസ്. ഭരണനിര്‍വഹണവിഭാഗം, നിയമത്തെ അതിെന്‍റ വഴിക്കുതന്നെ വിട്ട് ഈ കേസില്‍ മാതൃകകാട്ടിയിരുന്നു. അതുകൊണ്ടാണ് മുഴുവന്‍ പ്രതികളെയും കോട്ടയം പ്രത്യേക കോടതി കുറ്റവാളികളായിക്കണ്ട് ശിക്ഷിച്ചത്. എന്നാല്‍, നീതിവ്യവസ്ഥയുടെ കൂടുതല്‍ ഉയര്‍ന്നതലത്തിലൂടെ ഈ കേസ് കടന്നുവന്നപ്പോഴുള്ള ബാക്കിപത്രം, നമ്മുടെ നിയമവ്യവസ്ഥയുടെ ദൗര്‍ബല്യങ്ങള്‍ മുഴച്ചുനില്‍ക്കുന്നതാണ്. ഈ വിധിയിലെ ന്യായാന്യായങ്ങള്‍ പരമോന്നത നീതിപീഠത്തിലൂടെ ഇനിയും പരിശോധിക്കപ്പെടാന്‍ അവസരമുണ്ടെന്നതാണ് ഒരാശ്വാസം. അതിനുള്ള നടപടി സര്‍ക്കാര്‍ വൈകാതെ കൈക്കൊള്ളണം.

വേദകാലംമുതലേ നമ്മുടെ നിയമസംസ്കൃതി സാമൂഹ്യധര്‍മത്തിെന്‍റ നെടുംതൂണുകളില്‍ സ്ഥാപിച്ചിട്ടുള്ളതാണ്. എന്നാല്‍, ചിലപ്പോഴൊക്കെ നിയമത്തിന് ധര്‍മത്തോടും നീതിയോടും മുഖാമുഖം നോക്കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. നീതി ലഭിക്കുന്നതിനുള്ള ഒരു ഉപകരണമാണ് നിയമം. നമ്മുടെ ഭരണഘടനയുടെയും നിയമവ്യവസ്ഥയുടെയും വ്യാഖ്യാതാക്കള്‍ നീതിപീഠമാണ്. നിയമവ്യാഖ്യാനത്തിനുപറ്റുന്ന തെറ്റ് സമൂഹത്തിന് വലിയ കെടുതിയായി മാറും.

സൂര്യനെല്ലി പെണ്‍കുട്ടിയുടെ സമ്മതപ്രകാരമാണ് ലൈംഗികവേഴ്ച നടന്നിട്ടുള്ളതെന്നും അതില്‍ പെണ്‍കുട്ടിക്ക് എന്തെങ്കിലും എതിര്‍പ്പുള്ളതായി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതുമാണ് 35 പ്രതികളുടെ ശിക്ഷ റദ്ദാക്കാന്‍ ഹൈക്കോടതി കണ്ട ന്യായം. അതുകൊണ്ടാണ് ലൈംഗികവേഴ്ചയ്ക്ക് പ്രേരിപ്പിച്ച പ്രധാനപ്രതി ധര്‍മരാജനെ മാത്രം ശിക്ഷിക്കുകയും അതില്‍ പങ്കാളികളായ 35 പ്രതികളെ വിട്ടയക്കുകയും ചെയ്തത്. കേരളത്തില്‍ സമാനതകളില്ലാത്ത ഒരു വിധിയാണിതെന്നുവേണം കരുതാന്‍. ഇത് എത്രമാത്രം നീതിക്കു നിരക്കുന്നതാണെന്നത് നിയമവിദഗ്ധരുടെയും ഭരണാധികാരികളുടെയും ഗൗരവതരമായ പരിചിന്തനത്തിന് വിഷയമാകേണ്ടതാണ്.

പെണ്‍കുട്ടിയുടെ പശ്ചാത്തലംകൂടി ഇത്തരം കേസുകളില്‍ പരിശോധനാവിഷയമാകേണ്ടതല്ലേ? നമ്മുടെ സാമൂഹ്യവ്യവസ്ഥയുടെ സ്ഥിതിയും ഇവിടെ പ്രധാനമാണ്. വലിയൊരുവിഭാഗം ജനതയും പിന്നോക്കാവസ്ഥയിലാണ്; നിരാലംബരും അശരണരുമാണ്. ദാരിദ്ര്യരേഖ അവരുടെ തലയ്ക്ക് ഏറെ മുകളിലാണ്. ഇത്തരം പീഡനത്തിനിരയാകുന്നവര്‍ പലപ്പോഴും ഭരണനിര്‍വഹണവിഭാഗത്തെയോ നീതിപീഠത്തെയോ സമീപിക്കാന്‍ കെല്‍പില്ലാത്തവരാണ്. നാല്‍പതു ദിവസത്തിലേറെ പെണ്‍വാണിഭറാക്കറ്റുകളുടെ കയ്യിലായിരുന്നു സൂര്യനെല്ലി പെണ്‍കുട്ടി. ഇത്തരം കുടുക്കുകളില്‍പെട്ടുപോയ പെണ്‍കുട്ടികള്‍ക്ക് ഇതില്‍നിന്ന് ഒരിക്കലും രക്ഷപ്പെടാനാകില്ലെന്ന ചിന്ത സ്വാഭാവികമല്ലേ. രക്ഷപ്പെടുന്നതും പലപ്പോഴും പ്രായോഗികമല്ല. ഒരിക്കലും പക്വതവന്ന മനസ്സാകില്ല അവരുടേത്. ഗൂഢസംഘത്തിെന്‍റ കയ്യിലകപ്പെട്ട പെണ്‍കുട്ടി എന്തുകൊണ്ട് അന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചില്ലെന്ന്, ഇന്നത്തെ സാഹചര്യത്തില്‍ വിലയിരുത്തുന്നതിലെ യുക്തിയും തര്‍ക്കവിഷയമാണ്.

സമൂഹത്തിലെ പ്രബലരായ ആളുകളുടെ പിന്‍ബലത്തിലാണ് ഈ പെണ്‍വാണിഭസംഘം പ്രവര്‍ത്തിച്ചിരുന്നതെന്നതും വിസ്മരിച്ചുകൂടാ. ഇതുപോലുള്ള അതിക്രമത്തിന് ഇരയാകുന്ന പെണ്‍കുട്ടി, കുറ്റവാളികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാന്‍ ഭാവിയില്‍ ചിന്തിക്കാന്‍തന്നെ കെല്‍പില്ലാതാക്കുന്നതാണ് ഈ വിധി. സ്ത്രീക്ക് സമൂഹത്തില്‍ ലഭിക്കേണ്ട പ്രത്യേക പരിഗണനയും സുരക്ഷിതത്വവും മുന്‍നിര്‍ത്തിയാണ് പല നിയമനിര്‍മാണങ്ങളും കാലാകാലങ്ങളില്‍ നടത്തിയിട്ടുള്ളത്. പെണ്‍കുട്ടിയെ അടിമയാക്കിയോ കീഴ്പ്പെടുത്തിയോവെക്കുന്നത് അവളുടെ സമ്മതത്തോടെയാണെങ്കില്‍ അത് കുറ്റകരമല്ലെന്ന് വരുന്നത് സമൂഹത്തിന് ഭൂഷണമല്ല. ദേവദാസി സമ്പ്രദായത്തില്‍നിന്ന് സമൂഹം എത്രയോ മാറി. പതിനാറ് വയസ്സു തികഞ്ഞ പെണ്‍കുട്ടിക്ക് ലൈംഗികവേഴ്ചയ്ക്ക് സമ്മതം മൂളാന്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 375-ാം വകുപ്പുപ്രകാരം അവകാശമുള്ളതുകൊണ്ട് ഈ പെണ്‍കുട്ടിയുമായി 35 പ്രതികള്‍ നടത്തിയ ലൈംഗികവേഴ്ചയില്‍ കുറ്റമാരോപിക്കാനാകില്ലെന്ന നിയമവ്യാഖ്യാനവും വിചിത്രംതന്നെ.

സൂര്യനെല്ലി പെണ്‍കുട്ടിയുടെ പ്രായം കേസ് സമയത്ത് 16 വയസ്സും മൂന്നുമാസവുമായിരുന്നു. അതാണ് പ്രതികളെ ശിക്ഷിക്കാന്‍ തടസ്സമായി നിന്നതത്രേ. പ്രായം മൂന്നുമാസം കുറവായിരുന്നെങ്കില്‍ പ്രതികള്‍ രക്ഷപ്പെടില്ലായിരുന്നുവെന്നോ! ക്രിമിനല്‍ നടപടി സംഹിതയും തെളിവു നിയമവും മറ്റും കോടതികള്‍ വ്യാഖ്യാനിക്കുന്നത് ജനങ്ങളുടെ അഭിലാഷത്തിനും അനീതിചെറുക്കുന്നതിനും ധാര്‍മികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനുമാകണം. കേരളഹൈക്കോടതിതന്നെ ഇതിനു ദൃഷ്ടാന്തമാണ്. 18 വയസ്സ് പൂര്‍ത്തിയായ ഏതൊരു പെണ്‍കുട്ടിക്കും തനിക്ക് ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിക്കാന്‍ നിയമം അനുവദിക്കുന്നുണ്ട്. എന്നാല്‍, 18 വയസ്സ് തികഞ്ഞ ഒറ്റക്കാരണംകൊണ്ട് ഇഷ്ടപ്പെട്ടയാളോട് ഒപ്പം പോകാന്‍ പെണ്‍കുട്ടിയെ അനുവദിക്കാത്ത ഹേബിയസ് കോര്‍പ്പസ് കേസുകള്‍ കേരള ഹൈക്കോടതിയില്‍ എത്രയോ ഉണ്ടായിട്ടുണ്ട്. പെണ്‍കുട്ടിയുടെ പക്വതയും വീണ്ടും ആലോചിക്കാനുള്ള സാവകാശവും മറ്റും മുന്‍നിര്‍ത്തി 18 വയസ്സ് പൂര്‍ത്തിയായ പെണ്‍കുട്ടിയെ ഇഷ്ടപ്പെട്ടയാളോടൊപ്പമല്ലാതെ രക്ഷിതാക്കളോടൊപ്പംതന്നെ കോടതി വിട്ടിട്ടുണ്ട്. എന്നാല്‍, ആ ഉദാരവും യുക്തിസഹവുമായ സമീപനം സൂര്യനെല്ലികേസില്‍ ഉണ്ടായോ എന്നതും പരിശോധനാര്‍ഹമാണ്.

ഈ നിയമത്തിലെ ചില അപര്യാപ്തത കോടതിക്കുപോലും ബോധ്യപ്പെട്ടതുകൊണ്ടാണ് ചില അടിയന്തര പരിഷ്കാര നടപടികള്‍ക്ക് കോടതി ആത്മാര്‍ഥമായ അഭ്യര്‍ഥന നടത്തിയത്. നിയമവ്യവസ്ഥ നിശ്ചലമായ സങ്കല്‍പമല്ല. അനീതിക്കിരയാകുന്നവര്‍ക്ക് ഗുണം ലഭിക്കാത്ത വ്യവസ്ഥകള്‍ നിയമവ്യവസ്ഥയില്‍ ഉണ്ടായിക്കൂടാ. സൂര്യനെല്ലികേസിലാകട്ടെ നീതിന്യായപരമായ പരിഹാരത്തിനുള്ള ഒരു പെണ്‍കുട്ടിയുടെ അവകാശം നിയമവ്യവസ്ഥയിലെ ഒരു പഴുതിലൂടെ വെട്ടിമുറിക്കപ്പെട്ടിരിക്കുകയാണ്. ഈ പഴുത് അടച്ചില്ലെങ്കില്‍ അത് നിയമവ്യവസ്ഥയ്ക്കുതന്നെ വെല്ലുവിളിയാകും.

deshabhimani

ആയുധക്കോഴ: സുബി മല്ലിയുടെ വിദേശബന്ധങ്ങള്‍ വെളിച്ചത്തുവരുന്നു


ആയുധനിര്‍മാണത്തിനുള്ള സ്‌പെയര്‍ പാര്‍ട്‌സ് ഇടപാടില്‍ കോഴ തട്ടിപ്പ് നടത്തിയ കേസിലെ വിവാദ ഇടനിലക്കാരി സുബി മല്ലിയുടെ വിദേശ ബന്ധങ്ങള്‍ വെളിപ്പെടുത്തുന്ന ഇ മെയില്‍ സന്ദേശം പുറത്തുവന്നു. സുബി മല്ലി കേസിലെ പ്രതി കൂടിയായ സ്റ്റീല്‍ ആന്റ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിങ് ലിമിറ്റഡിന്റെ (എസ്‌ഐഎഫ്എല്‍) മാര്‍ക്കറ്റിങ്ങ് മാനേജരായ വത്സന് അയച്ച ഇ മെയില്‍ സന്ദേശങ്ങളാണ് മാധ്യമങ്ങള്‍ക്ക് ലഭിച്ചത്.  നിലവില്‍ സിബിഐയുടെ കസ്റ്റഡിയിലുള്ള സന്ദേശം സുബി മല്ലിയുടെ തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാക്കിയിട്ടും ഇവരെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ചത് ഏറെ ദുരൂഹതയും ഉയര്‍ത്തുന്നു.

എസ്‌ഐഎഫ്എല്ലില്‍ ടോണി ഹാമ്മര്‍ എന്ന പദ്ധതി നടപ്പാക്കാമെന്നും ഇതിനായി ഉക്രെയിനിലും ഡല്‍ഹിയിലുമുള്ള കക്ഷികളെ ബന്ധപ്പെടാമെന്നുമാണ് മുംബൈയിലെ സുബിഷി ഇംപെക്‌സ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ എംഡിയായ സുബി മല്ലി വ്യക്തമാക്കുന്നത്. ഇതു സംബന്ധിച്ച് നിലവിലുള്ള ടെണ്ടര്‍ റദ്ദാക്കി പുതിയ ടെന്‍ഡര്‍ വെയ്ക്കാമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ നേവി, എല്‍ആന്റ്ടി എന്നിവയുടെ കരാര്‍ പോലും ലഭ്യമാക്കാമെന്നും ഇതില്‍ 15 ശതമാനം ഷെയര്‍ തനിക്ക് ലഭിക്കണമെന്നും സുബി വ്യക്തമാക്കുന്നു. സുബിക്ക് പുറമെ ഇവരുടെ ജീവനക്കാരന്‍ ഷെട്ടി അയച്ച ഇമെയില്‍ സന്ദേശവും പുറത്തായിട്ടുണ്ട്.

രാജ്യത്തെ തന്ത്ര പ്രധാനമായ ആയുധ ഇടപാട് കേസില്‍ തട്ടിപ്പ് നടത്തിയ സുബി മല്ലിയുടെ വിദേശ ബന്ധങ്ങള്‍ ആശങ്ക ഉയര്‍ത്തുന്നതാണ്. ഇതു സംബന്ധിച്ച് വിവരം ലഭിച്ചിട്ടും ഇവരെ അറസ്റ്റ് ചെയ്യാതെ വിട്ടയക്കുകയാണ് സിബിഐ അധികൃതര്‍ ചെയ്തത്. ചോദ്യം ചെയ്യലിന്റെ ഒരു ഘട്ടത്തില്‍ ഇടപാടുമായി ബന്ധമുള്ള രാഷ്ട്രീയ നേതാവിന്റെ കാര്യവും സുബി വെളിപ്പെടുത്തിയതായി സൂചനയുണ്ടെങ്കിലും ഇക്കാര്യവും സിബിഐ നിഷേധിക്കുകയാണ്. കേസില്‍ സുബിയെ മാപ്പുസാക്ഷിയാക്കി ഈ വഴിക്കുള്ള അന്വേഷണവും അട്ടിമറിക്കാന്‍ നീക്കവുമുണ്ട്.

അതിനിടെ കേസിലെ പ്രതിയായ എസ്‌ഐഎഫ്എല്‍ മുന്‍ എം ഡി ഡോ. എസ് ഷാനവാസിന്റെ ബാങ്ക് ലോക്കറില്‍ നിന്നും കണ്ടെടുത്ത കേസ് ഡയറി അദ്ദേഹം പ്രതിയായ പീഡന കേസിന്റേതാണെന്ന് സിബിഐ സ്ഥിരീകരിച്ചു. 2008-ല്‍ ആലുവയിലെ ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂര്‍ ലിമിറ്റഡ് എംഡിയായിരിക്കെ റിസപ്ഷനിസ്റ്റായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു കേസ്. ഈ കേസില്‍ ഷാനവാസിനെ കോടതി വെറുതെ വിടുകയായിരുന്നു.

ഇടപാടുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലില്‍ പേരുകള്‍ ലഭ്യമായ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും മറ്റും വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യുമെന്ന് സിബിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

janayugom

മാധ്യമങ്ങള്‍ സ്വയം അജന്‍ഡ തയ്യാറാക്കുന്നു: ശശികുമാര്‍


കൊച്ചി: ദൃശ്യമാധ്യമങ്ങള്‍ സ്വയം അജന്‍ഡ തയ്യാറാക്കുന്നതായി ചെന്നൈ ഏഷ്യന്‍ സ്കൂള്‍ ഓഫ് ജേര്‍ണലിസം ചെയര്‍മാന്‍ ശശികുമാര്‍ അഭിപ്രായപ്പെട്ടു. തങ്ങളുടെ അജന്‍ഡയിലേക്കു നീങ്ങുന്ന രീതിയിലുള്ള ചര്‍ച്ചകള്‍ സംഘടിപ്പിച്ച് ലക്ഷ്യത്തിലേക്ക് എത്തിക്കുകയാണ് പിന്നീട് ചെയ്യുക. ഇത് അപകടം പിടിച്ച കളിയാണെന്ന് "വാര്‍ത്താമാധ്യമങ്ങളുടെ സാമൂഹ്യ ഓഡിറ്റിങ്" എന്ന വിഷയത്തില്‍ കേരള പ്രസ് അക്കാദമി സംഘടിപ്പിച്ച എന്‍ എന്‍ സത്യവ്രതന്‍ സ്മാരക പ്രഭാഷണത്തില്‍ ശശികുമാര്‍ പറഞ്ഞു.

അടുത്തിടെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ അസ്വാരസ്യങ്ങളും ഡല്‍ഹിയിലെ സംഭവവികാസങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ പരിശോധിച്ചാല്‍ ഇതു കാണാം. തൂക്കുമരമാണ് ബലാത്സംഗംചെയ്യുന്നവനു നല്‍കേണ്ടതെന്ന് ദേശീയ ദൃശ്യമാധ്യമങ്ങള്‍ അജന്‍ഡ തയ്യാറാക്കി. അതിനെതിരെ സംസാരിക്കുന്നവന്‍ ബലാത്സംഗത്തെ അനുകൂലിക്കുന്നവനാണെന്ന തോന്നലുണ്ടാക്കി. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത് മാധ്യമങ്ങള്‍ സ്വയം ശവക്കുഴി തോണ്ടുന്നതിനു തുല്യമാണ്. മാധ്യമങ്ങളുടെ വിശ്വാസ്യത മുമ്പത്തെക്കാളും കുറഞ്ഞു. മാധ്യമങ്ങള്‍ സ്വയം, വാര്‍ത്തകളെ വിമര്‍ശന വിധേയമാക്കണം- ശശികുമാര്‍ പറഞ്ഞു. എന്‍ എന്‍ സത്യവ്രതന്റെ മാധ്യമപഠന ഗ്രന്ഥമായ "വാര്‍ത്തയുടെ ശില്‍പ്പശാല"യുടെ രണ്ടാം പതിപ്പിന്റെ പ്രകാശനം തോമസ് ജേക്കബ് വി രാജഗോപാലിനു നല്‍കി നിര്‍വഹിച്ചു. പ്രസ് അക്കാദമി ചെയര്‍മാന്‍ എന്‍ പി രാജേന്ദ്രന്‍ അധ്യക്ഷനായി

deshabhimani 310113

കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണം: പിണറായി


എന്‍എസ്എസും കോണ്‍ഗ്രസും തമ്മില്‍ തെരഞ്ഞെടുപ്പുധാരണ ഉണ്ടാക്കിയെന്ന എന്‍എസ്എസിന്റെ അഭിപ്രായത്തെക്കുറിച്ച് കോണ്‍ഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ജാതിസംഘടനകള്‍ക്ക് എന്തു ധിക്കാരവും വിളിച്ചുപറയാനുള്ള ധാര്‍ഷ്ട്യം കൈവന്നിരിക്കയാണ്. ആഭ്യന്തരമന്ത്രിയെ ഒരു സമുദായനേതാവ് ഭള്ളുപറഞ്ഞപ്പോള്‍ അതു പറയാനുള്ള അവകാശം അദ്ദേഹത്തിനുണ്ടെന്നാണ് മന്ത്രി പ്രതികരിച്ചത്. ഇങ്ങനെ കീഴ്പ്പെടാന്‍ ഇവിടെ നാടുവാഴിത്തമാണോയെന്ന് പിണറായി ചോദിച്ചു.

ചെറിയാന്‍ ഫിലിപ്പിന്റെ "ചെറിയാന്‍ ഫിലിപ്പ് പ്രതികരിക്കുന്നു" എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിലെ തര്‍ക്കത്തില്‍ ജാതിസംഘടനകളെ ഉപയോഗിച്ചതായി തെളിഞ്ഞിരിക്കുകയാണെന്ന് പിണറായി പറഞ്ഞു. ഇത്തരം ശക്തികളെ നിയന്ത്രിച്ചില്ലെങ്കില്‍ കേരളം വീണ്ടും ഭ്രാന്താലയമാകുന്ന അവസ്ഥയിലേക്ക് തിരിച്ചുപോകും. ജാതിക്ക് കീഴടങ്ങിയാല്‍ ഭാവിതലമുറ അപകടത്തിലാകും. കേരളത്തിന്റെ തിരിച്ചുപോക്കിന് അത് വഴിവയ്ക്കും. മതനിരപേക്ഷ നിലപാട് ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാ രാഷ്ട്രീയകക്ഷികളും തയ്യാറാകണം. ജാതീയവും മതാധിഷ്ഠിതവുമായ കേരളത്തെ സൃഷ്ടിക്കുന്നത് ഭാവിയോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റായിരിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിന് വളരെ മുമ്പുതന്നെ സമുദായ നേതാക്കളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ആലോചനകള്‍ തുടങ്ങിയെന്നാണ് സുകുമാരന്‍നായര്‍ വെളിപ്പെടുത്തിയത്. പാര്‍ടിയില്‍ സ്ഥാനം നിശ്ചയിക്കാനുള്ള അവകാശം ജാതി-മതസംഘടനകള്‍ക്ക് തീറുകൊടുത്താല്‍ എന്തായിരിക്കും സ്ഥിതി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരാളെ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യവുമായി ചിലര്‍ ഞങ്ങളെ സമീപിച്ചു. സ്ഥാനാര്‍ഥി ആരാകണമെന്ന് തീരുമാനിക്കാനുള്ള അവകാശമെങ്കിലും ഞങ്ങള്‍ക്ക് വിട്ടുതരണമെന്നാണ് ഞാന്‍ ചിരിച്ചുകൊണ്ടുപറഞ്ഞത്. ഇത്തരം നിലപാടു സ്വീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. ജാതിസംഘടനകള്‍ എന്തു പറഞ്ഞാലും വേണ്ടില്ല, തല്‍ക്കാലം പിന്തുണ പോരട്ടെയെന്നാണ് അവര്‍ നിലപാടെടുത്തത്. രാജ്യത്തെ ഏറ്റവും വലിയ മതേതര പാര്‍ടിയായ കോണ്‍ഗ്രസ് മതനിരപേക്ഷ നിലപാട് പലപ്പോഴും സ്വീകരിക്കാറില്ല. കേന്ദ്ര ആഭ്യന്തരമന്ത്രിക്കെതിരെ ആര്‍എസ്എസ് ആരോപണവുമായി രംഗത്തു വന്നപ്പോള്‍ കോണ്‍ഗ്രസ് പ്രതിരോധിക്കാന്‍ തയ്യാറായില്ല. പാര്‍ടി മന്ത്രിയെ കൈയൊഴിയുകയാണ് ചെയ്തത്. ഏതെങ്കിലും ഒരു പാര്‍ടിയിലെ അസംതൃപ്തര്‍ പടച്ചുവിടുന്ന നുണക്കഥകള്‍ ഏറ്റുപറയുന്നവരായി മാധ്യമപ്രവര്‍ത്തകര്‍ മാറരുതെന്ന് പിണറായി പറഞ്ഞു.

ചാരക്കേസിന് പിന്നിലെ ഗൂഢാലോചന അനുഭവപാഠമായി ഉള്‍ക്കൊള്ളാന്‍ മാധ്യമപ്രവര്‍ത്തകര്‍ തയ്യാറാകണം. പാര്‍ടിയില്‍ അസംതൃപ്തിയുള്ളവരുണ്ടാകും. അവര്‍ സ്വാഭാവികമായും നുണ പ്രചരിപ്പിക്കും. അത് ഏറ്റുപിടിക്കാതെ ശരിയായ കാര്യങ്ങളാണ് അറിയിക്കുന്നതെന്ന ബോധ്യം മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉണ്ടാകണം. ചെറിയാന്‍ ഫിലിപ്പിന്റെ പുസ്തകത്തിലെ പല നിരീക്ഷണങ്ങളോടും യോജിക്കാന്‍ കഴിയില്ലെന്ന് പിണറായി പറഞ്ഞു. കാലതാമസത്തിന്റെ പേരില്‍ ഉദ്യോഗസ്ഥരെ മാത്രം കുറ്റപ്പെടുത്തുന്നതിനോട് യോജിപ്പില്ല. ഉദ്യോഗസ്ഥര്‍ തെറ്റായി പെരുമാറിയാല്‍ നേതൃത്വം കൊടുക്കുന്ന മന്ത്രിക്കും അതില്‍ പങ്കുണ്ട്. ഉദ്യോഗസ്ഥരുടെ വീഴ്ച മന്ത്രി ഇടപെട്ട് പരിഹരിക്കണം. ഒരു ഫയല്‍ എത്രനാള്‍ കൈവശം വയ്ക്കാമെന്ന കാര്യത്തില്‍ ഒരു വ്യക്തതയുമില്ലാത്ത സ്ഥിതി മാറണം. ഇതുസംബന്ധിച്ച് വ്യവസ്ഥയുണ്ടാക്കാന്‍ ഭരണകര്‍ത്താക്കള്‍ തയ്യാറാകണമെന്നും പിണറായി പറഞ്ഞു.

deshabhimani 310113

സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ചെന്നിത്തല


കാഞ്ഞങ്ങാട്: കേരള മോഡല്‍ വികസനം അട്ടിമറിച്ചതായി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ ആര്‍എസ്പി ബി സംഘടിപ്പിച്ച ബേബിജോണ്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനംചെയ്യവെയാണ് ഉമ്മന്‍ചാണ്ടിഭരണത്തിനെതിരെ ചെന്നിത്തല ഒളിയമ്പുകള്‍ തൊടുത്തത്.

ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ കേരളം ആര്‍ജിച്ച നേട്ടങ്ങളെല്ലാം തകര്‍ന്നു. ബന്ധപ്പെട്ട വകുപ്പുകള്‍ നിര്‍ജീവാവസ്ഥയിലാണ്. ഒന്നും നടക്കുന്നില്ല. സര്‍ക്കാര്‍ ഓഫീസുകളില്‍ കൈക്കൂലി കൊടുക്കാതെ കാര്യങ്ങള്‍ നടക്കാത്ത സാഹചര്യമാണുള്ളത്. സാധാരണക്കാരന് നീതി ലഭിക്കുന്നില്ല. കേരളത്തേക്കാള്‍ വികസനം നടക്കുന്നത് തൊട്ടടുത്ത സംസ്ഥാനങ്ങളിലാണ്. ഐടി മേഖലകളില്‍ അയല്‍സംസ്ഥാനങ്ങള്‍ വളരെയേറെ മുന്നേറുമ്പോള്‍ നമുക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. എന്‍ജിനിയറിങ് ബിരുദം പൂര്‍ത്തിയാക്കിയിറങ്ങുന്നവരുടെ മനുഷ്യശേഷിയെ വേണ്ടവിധം ഉപയോഗിക്കാനും നിലവില്‍ കഴിയുന്നില്ല. ഒരുകാലത്ത് കേരളത്തെക്കുറിച്ച് അഭിമാനിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ എല്ലാം നഷ്ടമായി. രാഷ്ട്രീയത്തിനതീതമായി വികസനത്തെ കാണാന്‍ തയ്യാറാകണം. അമ്പതുകളിലെ രാഷ്ട്രീയ പ്രവര്‍ത്തനമല്ല ഇന്ന് കേരളത്തിനാവശ്യം. പുതിയ കാലത്തിനുസരിച്ച് മാറാന്‍ ഭരണക്കാര്‍ തയ്യാറാകണം. കേരളത്തില്‍ പുതിയൊരു വികസന മാതൃക രൂപപ്പെടുത്തണമെന്നും ചെന്നിത്തല പറഞ്ഞു.

എന്‍എസ്എസുമായുള്ള പ്രശ്നങ്ങള്‍ അടഞ്ഞ അധ്യായം: ചെന്നിത്തല

കാഞ്ഞങ്ങാട്: എന്‍എസ്എസുമായുള്ള പ്രശ്നങ്ങള്‍ അടഞ്ഞ അധ്യായമാണെന്നും ഇനി അതിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. സുകുമാരന്‍ നായരുടെ അഭിപ്രായത്തെക്കുറിച്ച് കൂടുതലൊന്നും പറയാനില്ല. ആരുടെയും വായമൂടിക്കെട്ടാന്‍ ആര്‍ക്കും കഴിയില്ലെന്നും ചെന്നിത്തല കാഞ്ഞങ്ങാട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗതികേടുകൊണ്ടാണ് ചെന്നിത്തല വാര്‍ത്താസമ്മേളനം നടത്തി യതെന്ന സുകുമാരന്‍ നായരുടെ അഭിപ്രായത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം മറുപടി പറയാതെ ഒഴിഞ്ഞുമാറി. കേന്ദ്രനേതൃത്വവുമായി ധാരണയുണ്ടോയെന്ന് ചോദിക്കാനുള്ള അധികാരമൊന്നും കെപിസിസി പ്രസിഡന്റിനില്ലെന്നും അദ്ദേഹം പറഞ്ഞു.

deshabhimani 310113

സപ്ലൈകോയെ വേര്‍പെടുത്തുന്നു


ലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതില്‍ പ്രധാനപങ്കു വഹിക്കുന്ന സപ്ലൈകോയെ സിവില്‍ സപ്ലൈസ് വകുപ്പില്‍നിന്ന് വേര്‍പെടുത്താന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. സപ്ലൈകോയ്ക്ക് സ്വതന്ത്രപദവി നല്‍കി സര്‍ക്കാര്‍ ബാധ്യത ഒഴിവാക്കുന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ വ്യാഴാഴ്ച ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം ചേരും. സ്വതന്ത്രപദവി ലഭിക്കുന്ന സ്ഥാപനത്തിലെ മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍ തസ്തികകളിലേക്ക് നിയമനത്തിന്ലേലം വിളിയും ആരംഭിച്ചിട്ടുണ്ട്. വേര്‍പെടുത്തല്‍ തീരുമാനത്തിന്റെ ഭാഗമായി സപ്ലൈകോയിലേക്ക് സ്ഥിരമായി പോകാന്‍ സിവില്‍സപ്ലൈസ് വകുപ്പ് ജീവനക്കാരില്‍നിന്ന് ഓപ്ഷന്‍ ക്ഷണിക്കും. 1295 തസ്തികകളിലേക്ക് വകുപ്പില്‍നിന്നുള്ള ജീവനക്കാരെ ഡെപ്യൂട്ടേഷനില്‍ മാറിമാറി നിയമിക്കുന്ന നിലവിലുള്ള സമ്പ്രദായം അവസാനിപ്പിക്കും. എന്നാല്‍, ഭൂരിപക്ഷം പേരും സപ്ലൈകോയിലേക്ക് പോകാന്‍ തയ്യാറാവില്ലെന്നാണ് അറിയുന്നത്.

സപ്ലൈകോയെ നേരിട്ടുള്ള നിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കുന്നത് സര്‍ക്കാരിന്റെ വിപണിയിടപെടലിനെയും ബാധിക്കും. പ്രതിവര്‍ഷം കോടിക്കണക്കിന് രൂപ ചെലവിട്ടാണ് സര്‍ക്കാര്‍ ഇപ്പോള്‍ സബ്സിഡി നിരക്കില്‍ സപ്ലൈകോ വഴി നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കുന്നത്. സ്വതന്ത്ര പദവി ലഭിക്കുന്നതോടെ സ്വന്തം കാലില്‍ നില്‍ക്കാന്‍ സപ്ലൈകോ നിര്‍ബന്ധിതരാകും. സര്‍ക്കാര്‍ സഹായം നാമമാത്രവുമാവും. 1974ലാണ് സപ്ലൈകോ പ്രവര്‍ത്തനം ആരംഭിച്ചത്. 1980ലെ നായനാര്‍ മന്ത്രിസഭയുടെ കാലത്ത് മാവേലി സ്റ്റോറുകള്‍ക്ക് തുടക്കമായതോടെ സര്‍ക്കാരിന്റെ വിലക്കയറ്റ നിയന്ത്രണ പരിപാടികള്‍ സജീവമായി. തുടര്‍ന്ന്, ഇടതുപക്ഷ സര്‍ക്കാരുകള്‍ നല്‍കിയ പിന്തുണയിലൂടെ വളര്‍ന്ന സപ്ലൈകോയുടെ കീഴില്‍ ഇന്ന് 857 മാവേലി സ്റ്റോറും 333 സൂപ്പര്‍മാര്‍ക്കറ്റും 14 പീപ്പിള്‍സ് ബസാറും എട്ട് മൊബെല്‍ മാവേലിയും ഒന്നു വീതം അപ്നാ സ്റ്റോറും പ്രീമിയം മാര്‍ക്കറ്റും മൂന്ന് ഹൈപ്പര്‍ മാര്‍ക്കറ്റും 95 മാവേലി മെഡിക്കല്‍ സ്റ്റോറും 13 പെട്രോള്‍ ബങ്കും 10 റേഷന്‍ ഡിപ്പോയും നാല് എല്‍പിജി ഔട്ട്ലെറ്റും പ്രവര്‍ത്തിക്കുന്നു.

ടി എച്ച് മുസ്തഫ ഭക്ഷ്യമന്ത്രിയായിരിക്കെ സപ്ലൈകോയെ വേര്‍പെടുത്താന്‍ ശ്രമിച്ചിരുന്നു. അന്ന് ജീവനക്കാര്‍ നടത്തിയ പ്രക്ഷോഭമാണ് ആ നീക്കം അവസാനിപ്പിച്ചത്. വിഭജനീക്കം സജീവമാക്കിയത് കോഴ നിയമനങ്ങള്‍ ലക്ഷ്യമിട്ടാണെന്ന് കരുതുന്നു. താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് തുല്യമായി സപ്ലൈകോയില്‍ നിലവിലുള്ള അസിസ്റ്റന്റ് മാനേജര്‍ തസ്തികയില്‍ 76 പേര്‍ വകുപ്പില്‍നിന്ന് ഡെപ്യൂട്ടേഷനില്‍ എത്തുന്നവരാണ്. 16 എണ്ണം നേരിട്ടുള്ള നിയമനവും. ഡെപ്യൂട്ടേഷന്‍ അവസാനിപ്പിക്കുന്ന സാഹചര്യത്തില്‍ 76 തസ്തികയിലേക്കും നേരിട്ട് നിയമനം നടത്താനുള്ള ശ്രമങ്ങളും തുടങ്ങി. 25 ലക്ഷം രൂപയാണ് മിനിമം നിരക്ക്. മാനേജരടക്കമുള്ള ഉയര്‍ന്ന തസ്തികകളിലേക്ക് നിരക്ക് ഉയരും. വിഭജനത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ വ്യാഴാഴ്ച ചേരുന്ന ഉന്നതതല യോഗത്തില്‍ ചീഫ് സെക്രട്ടറിക്കു പുറമെ ഭക്ഷ്യ-ധന വകുപ്പ് സെക്രട്ടറിമാര്‍, സപ്ലൈകോ മാനേജിങ് ഡയറക്ടര്‍, ജനറല്‍ മാനേജര്‍, ആസൂത്രണബോര്‍ഡ് പ്രതിനിധി തുടങ്ങിയവരും പങ്കെടുക്കും.
(ആര്‍ സാംബന്‍)

deshabhimani 310113

എന്‍എസ്എസുമായി ധാരണയില്ല: ഹൈക്കമാന്‍ഡ്


കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ്, എന്‍എസ്എസുമായി കോണ്‍ഗ്രസ് നേതൃത്വം രഹസ്യധാരണയൊന്നും ഉണ്ടാക്കിയിട്ടില്ലെന്ന് എഐസിസി വക്താവ് പി സി ചാക്കോ പറഞ്ഞു. കോണ്‍ഗ്രസ് ആസ്ഥാനത്ത് വാര്‍ത്താസമ്മേളനത്തിലാണ് ചാക്കോ ഇക്കാര്യം വ്യക്തമാക്കിയത്. ഹൈക്കമാന്‍ഡ് ഒരു സാമുദായിക സംഘടനയ്ക്കും ഉറപ്പുനല്‍കിയിട്ടില്ല. കോണ്‍ഗ്രസിന്റെ കാര്യങ്ങള്‍ പുറത്തുള്ളവരല്ല തീരുമാനിക്കുന്നതെന്നും ചാക്കോ പറഞ്ഞു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും എന്‍എസ്എസ് നേതൃത്വവുമായി എന്തെങ്കിലും കരാറുണ്ടാക്കിയതായി തനിക്കറിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആവര്‍ത്തിച്ചു.

ചെന്നിത്തലക്കെതിരെ ഗൂഢാലോചന നടത്തുന്നതാരാണെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തണമെന്നും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. കെപിസിസി പ്രസിഡന്റിന് സീറ്റ് കിട്ടാന്‍ കരാറുകളുടെ ആവശ്യമില്ല. അതിന് മറ്റാരുടെയും സഹായം വേണ്ട. മത്സരിക്കണോയെന്ന് ചെന്നിത്തല നിശ്ചയിച്ചാല്‍ മതി. വിലാസ് റാവു ദേശ്മുഖ് എന്‍എസ്എസ് ആസ്ഥാനത്തു ചെന്ന് എന്തെങ്കിലും കരാര്‍ ഉണ്ടാക്കിയോ എന്ന് അറിയില്ല. അദ്ദേഹത്തെ പലതവണ കണ്ടിരുന്നു. അപ്പോഴൊന്നും കരാറിന്റെ കാര്യം പറഞ്ഞില്ല. ഇപ്പോള്‍ അദ്ദേഹം ജീവിച്ചിരിപ്പില്ല. കരാറുണ്ടാക്കിയെന്ന് ആവര്‍ത്തിക്കുന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി കള്ളം പറയുകയാണോയെന്നു ചോദിച്ചപ്പോള്‍ കരാറിന്റെ കാര്യം തനിക്കറിയില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി.

സോണിയ പറയട്ടെ: സുകുമാരന്‍ നായര്‍

ചങ്ങനാശേരി: എന്‍എസ്എസുമായി ഹൈക്കമാന്‍ഡുണ്ടാക്കിയ ധാരണയെന്തെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി വ്യക്തമാക്കണമെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. സോണിയ അഭിപ്രായം പറഞ്ഞശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും പെരുന്നയില്‍ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയും ചെന്നിത്തലയും എന്‍എസ്എസിനെ വഞ്ചിച്ചു. കരാറില്ലെന്ന പി സി ചാക്കോയുടെ ഇപ്പോഴത്തെ പ്രസ്താവന ആസൂത്രിതമാണ്. സോണിയാഗാന്ധി പറഞ്ഞിട്ടാണ് എന്‍എസ്എസുമായി ധാരണയുണ്ടാക്കാന്‍ ഹൈക്കമാന്റ് പ്രതിനിധിയായി വിലാസ് റാവു ദേശ്മുഖ് പെരുന്നയില്‍ എത്തിയത്. എ കെ ആന്റണി, രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, പി ജെ കുര്യന്‍ എന്നിവര്‍ക്ക് ഇക്കാര്യം അറിയാം. കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളെ ചര്‍ച്ചക്ക് വിട്ടാല്‍ കുഴപ്പമാകുമെന്ന് കരുതിയാണ് വിലാസ്റാവു ദേശ്മുഖിനെ സോണിയാഗാന്ധി അയച്ചത്. ദേശ്മുഖ് മഖേന എന്‍എസ്എസ് സോണിയാഗാന്ധിക്ക് നിവേദനവും നല്‍കി. ഇതു പരിഗണിച്ച് എന്‍എസ്എസിന് അനുകൂലമായ നിലപാടാണ് സോണിയ സ്വീകരിച്ചത്.

ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്ത് വന്ന ദേശ്മുഖിനെ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമാണ് സ്വീകരിച്ചത്. എന്‍എസ്എസ് ആസ്ഥാനത്തേക്ക് അദ്ദേഹത്തെ കൊണ്ടുവന്നത് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരനാണ്. എന്നിട്ടും സംഗതിയൊന്നും അറിഞ്ഞിട്ടില്ലെന്നു പറയുന്നതാണ് വഞ്ചന-സുകുമാരന്‍ നായര്‍ പറഞ്ഞു

deshabhimani 310113

മതനിരപേക്ഷ ഇടമില്ലെങ്കില്‍ രാജ്യംവിടും: കമല്‍ഹാസന്‍


ചെന്നൈ: ഇന്ത്യയില്‍ മതനിരപേക്ഷ ഇടം കണ്ടെത്താനായില്ലെങ്കില്‍ രാജ്യത്തു നിന്ന് പലായനം ചെയ്യേണ്ടിവരുമെന്ന് സൂപ്പര്‍താരം കമല്‍ഹാസന്റെ മുന്നറിയിപ്പ്. "മതനിരപേക്ഷ സമൂഹത്തില്‍ ജീവിക്കാനാണ് താല്‍പര്യം. എന്നെ പുറത്താക്കാനാണ് തമിഴ്നാടിന്റെ ശ്രമം. തമിഴ്നാട് ഒഴികെ കേരളം മുതല്‍ കശ്മീര്‍ വരെയുള്ള സംസ്ഥാനങ്ങളില്‍ ജീവിക്കാന്‍ മതനിരപേക്ഷ ഇടം കണ്ടെത്താനായില്ലെങ്കില്‍ രാജ്യം വിടേണ്ടിവരും. എം എഫ് ഹുസൈന്‍ അതു ചെയ്തു. ഇനി കമല്‍ഹാസനും അതുവേണ്ടിവരും.

"വിശ്വരൂപം" മതതീവ്രവാദികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ നിരോധിച്ചതിനെ തുടര്‍ന്നുള്ള സംഭവവികാസങ്ങളോട്,സ്വന്തം വീട്ടില്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ വികാരാധീനായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബുധനാഴ്ച രാവിലെ കമലിന്റെ വാര്‍ത്താസമ്മേളനത്തോടെ സിനിമക്ക് എതിരെ രംഗത്തുള്ള നിരവധി മുസ്ലീം മതനേതാക്കള്‍ അദ്ദേഹവുമായി ചര്‍ച്ച നടത്താന്‍ സന്നദ്ധത അറിയിച്ചു. ചര്‍ച്ചയില്‍ ഇവര്‍ നിര്‍ദേശിച്ച ചില രംഗങ്ങള്‍ ഒഴിവാക്കാന്‍ കമല്‍ തയാറായി. ചിത്രം വീണ്ടും എഡിറ്റ് ചെയ്ത് ഇറക്കുന്നതോടെ എല്ലാം രമ്യമായി പരിഹരിക്കപ്പെടുമെന്ന് കമല്‍ മാധ്യമങ്ങളോട് പറഞ്ഞു.തൊട്ടു പിന്നാലെ സിനിമ വീണ്ടും നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു.

ചെന്നൈയിലും മറ്റും സ്വന്തമായുള്ളതെല്ലാം പണയം വച്ചാണ് സിനിമ നിര്‍മ്മിച്ചതെന്ന് കമല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാരിന്റേയും കോടതിയുടേയും ഇടപെടല്‍ മൂലം സിനിമയുടെ റിലീസ് അനന്തമായി നീളുകയാണെങ്കില്‍ സ്വന്തം വീട് അടക്കം എല്ലാം നഷ്ടമാകും. കോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍ നടത്തിയ പ്രദര്‍ശനങ്ങള്‍ പൊലീസ് നിര്‍ത്തിവയ്പ്പിച്ചു. മുസ്ലീം സഹോദരങ്ങള്‍ക്ക് ഒപ്പം താനും രാഷ്ട്രീയക്കളിയുടെ ഭാഗമായി മാറി. ആരാണിതിനു പിന്നിലെന്ന് ആറിയില്ല. ഏതെങ്കിലും ഒരു പക്ഷത്തോട് പ്രത്യേക ചായ്വില്ലാതെയാണ് ഇത്രനാളും പ്രവര്‍ത്തിച്ചത്. സിനിമ നിരോധിച്ചത് എന്തുകൊണ്ടാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. നിരവധി കാരണങ്ങള്‍ നിരത്തുന്നുണ്ടെങ്കിലും ഒന്നിലും യുക്തിയില്ല. കോടതിയില്‍ കയറി ഇറങ്ങിയിട്ടും നീതി ലഭിച്ചില്ല- വികാരനിര്‍ഭരമായ വാക്കുകളില്‍ കമല്‍ പറഞ്ഞു.

deshabhimani 310113

Wednesday, January 30, 2013

ഇന്ത്യയിലെ കള്ളപ്പണം 25 ലക്ഷം കോടി രൂപന്യൂഡല്‍ഹി: ഇന്ത്യയിലെ  കള്ളപ്പണം 25 ലക്ഷം കോടി. സമ്പദ്ഘടനയിലെ ഈ കള്ളപ്പണം രാജ്യത്തെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 30 ശതമാനത്തോളം വരും. 1985നു ശേഷം ആദ്യമായാണ് ഇത്തരം ഒരു കണക്ക് പുറത്ത് വരുന്നത്.

നാഷണല്‍ കൗണ്‍സില്‍ ഫോര്‍ അപ്‌ളൈഡ് എകണോമിക് റിസര്‍ച്ച് ( എന്‍ സി എ ഇ ആര്‍), നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പബഌക് ഫിനാന്‍സ് ആന്‍ഡ് പോളിസി(എന്‍ ഐ പി എഫ് പി), നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് (എന്‍ ഐ എഫ് എം) എന്നിവ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.  ഡിസംബറില്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കള്ളപ്പണ വ്യവഹാരത്തിന്റെ മൂന്നിലൊന്നുഭാഗവും നടക്കുന്നത് റിയല്‍ എസ്റ്റേറ്റ് മേഖലയിലൂടെയാണ്.  സ്വര്‍ണവും അനുബന്ധ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണ വാണിഭ പ്രവര്‍ത്തനങ്ങളിലൂടെയാണ് മറ്റൊരു ഭാഗം നടക്കുന്നത്.

സ്രോതസ്സ് വെളിപ്പെടുത്താനാകാത്ത അന്‍പതിനായിരം കോടി രൂപയാണ് മൂന്നു വര്‍ഷംകൊണ്ട് കേന്ദ്രം കണ്ടെത്തിയത്. നികുതി വെട്ടിച്ച ഇനത്തില്‍ വിദേശബാങ്കുകളില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം ആയിരം കോടിയിലേറെയാണ് കണ്ടെത്തിയത്.

വിദേശരാജ്യങ്ങളില്‍ ഇന്ത്യന്‍ പൗരന്‍മാരുടെ ആസ്തി സൂചിപ്പിക്കുന്ന 12,500ഓളം നിക്ഷേപങ്ങളാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്നത്.  ഇതേക്കുറിച്ചുള്ള അന്വേഷണം നടന്ന് വരികയാണ്.
ഇതേസമയം, 2001-10 കാലയളവില്‍ ഇന്ത്യയില്‍ നിന്നും പുറം രാജ്യത്തേയ്ക്ക് ഒഴുകിയത് 123 ബില്യണ്‍ ഡോളറിന്റെ കള്ളപ്പണമാണെന്ന് യു എസ് ഗവേഷണ സ്ഥാപനമായ ഗ്‌ളോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റി കണ്ടെത്തിയിരുന്നു. പൂഴ്ത്തിവയ്ക്കപ്പെട്ട 25 ലക്ഷം കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തി 30 ശതമാനം നികുത ഈടാക്കിയാല്‍ രാജ്യത്തിന് ലഭിക്കുന്നത് 8.5 ലക്ഷം കോടി രൂപയാണ്. രാജ്യത്തെ 626 ജില്ലകളലായി 2,000 സൂപ്പര്‍ സെപഷ്യാലിറ്റി ആശുപത്രികള്‍ തുടങ്ങാന്‍ ഇത് ഉപകരിക്കും.  ബജറ്റ് അവതരണവേളയില്‍ ധനമന്ത്രി പി ചിദംബരം പുറത്തുവിടുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

janayugom

പൊതുവിതരണ സമ്പ്രദായത്തെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടുന്നു


അവശ്യ വസ്തുക്കള്‍ വാങ്ങുന്നതിന് പൊതുവിതരണ സമ്പ്രദായത്തെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടുന്നു. നഗരങ്ങളിലും ഗ്രാമങ്ങളിലും സ്ഥിതി വ്യത്യസ്തമല്ലെന്ന് 2009-10 കാലയളവില്‍ നടത്തിയ ദേശീയ സാമ്പിള്‍ സര്‍വെയില്‍ തെളിഞ്ഞു.

അരി, ഗോതമ്പ്, പഞ്ചസാര, മണ്ണെണ്ണ എന്നിവയുടെ പൊതുവിതരണം 2004-05 ല്‍ നടന്ന മുന്‍ സര്‍വെയുടെ കാലയളവിലുണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ വര്‍ധിച്ചിട്ടുണ്ട്. 2002 ന് ശേഷം പൊതുവിതരണ സമ്പ്രദായത്തിലൂടെ വിതരണം ചെയ്യുന്ന സാധനങ്ങളുടെ വില വര്‍ധിപ്പിച്ചിരുന്നില്ലായെന്നത് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിന് കാരണമായി. മണ്ണെണ്ണയുടെ വില 2011 ജൂണില്‍ വര്‍ധിപ്പിച്ചിരുന്നു.

എല്ലാ സാധനങ്ങളും പൊതുവിതരണ സമ്പ്രദായത്തിലൂടെ വാങ്ങുന്നതില്‍ നഗരവാസികളെക്കാള്‍ മുന്നില്‍ നില്‍ക്കുന്നത് ഗ്രാമീണരാണ്. പൊതുവിതരണ സമ്പ്രദായത്തിലൂടെ സാധനങ്ങള്‍ വാങ്ങുന്നതില്‍ ആന്ധ്രപ്രദേശും തമിഴ്‌നാടുമാണ് മുന്നില്‍. എന്നാല്‍ അരി മുഖ്യ ആഹാരവസ്തുവായ പശ്ചിമബംഗാള്‍, ജാര്‍ഖണ്ഡ്, ബിഹാര്‍ സംസ്ഥാനങ്ങളിലാണ് പൊതുവിതരണ സമ്പ്രദായത്തിലൂടെ വാങ്ങുന്നവര്‍ കുറവ്. അരി ഉല്‍പ്പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ സ്വന്തമായി ഉല്‍പ്പാദിപ്പിച്ച അരി തന്നെയാണ് ഏറെപേരും ഉപഭോഗം ചെയ്യുന്നത്. എന്നാല്‍ സ്വന്തമായി ഉല്‍പാദിപ്പിച്ച അരിയുടെ ഉപഭോഗവും കുറയുകയാണ്. 2004-05 ല്‍ 30 ശതമാനമായിരുന്നത് 2009-10 ല്‍ 25 ശതമാനമായി കുറഞ്ഞു. ഗോതമ്പിന്റെ പൊതുവിതരണ സമ്പ്രദായം ഉപയോഗപ്പെടുത്തുന്നതില്‍ മധ്യപ്രദേശാണ് മുന്നില്‍. ഗോതമ്പുല്‍പ്പാദിപ്പിക്കുന്ന പഞ്ചാബും ഹര്യാനയും പിന്നിലാണ്. സ്വന്തമായി ഉല്‍പ്പാദിപ്പിച്ച ഗോതമ്പിന്റെ ഉപഭോഗം മുന്‍ സര്‍വെ കാലഘട്ടത്തിലെ 40 ശതമാനത്തില്‍ നിന്നും 37 ശതമാനമായി കുറഞ്ഞു.

പൊതുവിതരണ സമ്പ്രദായത്തിലൂടെ മണ്ണെണ്ണ വാങ്ങുന്ന നഗരവാസികള്‍ ഏറെയുള്ളത് കേരളത്തിലും പശ്ചിമബംഗാളിലുമാണ്. ജാര്‍ഖണ്ഡ്, അസം എന്നീ രണ്ട് സംസ്ഥാനങ്ങളിലൊഴികെ പൊതുവിതരണ സമ്പ്രദായത്തിലൂടെ മണ്ണെണ്ണ വാങ്ങുന്ന ഗ്രാമീണരുടെയും നഗരവാസികളുടെയും എണ്ണം മറ്റെല്ലായിടത്തും ഉയര്‍ന്നതാണ്.

ക്ഷീരകര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന പാല്‍ സ്വന്തം ഉപയോഗത്തിനെക്കാള്‍ കൂടുതല്‍ വില്‍ക്കുകയാണ്. മുന്‍ സര്‍വെ കാലഘട്ടത്തില്‍ സ്വന്തം ഉപയോഗം 62 ശതമാനമായിരുന്നത് ഇപ്പോള്‍ 59 ശതമാനമായി കുറഞ്ഞു. പാല്‍ വില്‍ക്കുന്നതാണ് കര്‍ഷകര്‍ക്ക് കൂടുതല്‍ ആദായകരം എന്നതിലാണിത്.

janayugom

ഗൂഢാലോചനയെക്കുറിച്ച് ചെന്നിത്തലയോട് ചോദിക്കണം


തനിക്കെതിരെ ആസൂത്രിത ഗൂഢാലോചന നടക്കുന്നതായി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞതിനെക്കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തെരഞ്ഞെടുപ്പില്‍ എന്‍എസ്എസുമായി കോണ്‍ഗ്രസ് നേതൃത്വം ധാരണയുണ്ടാക്കിയോ എന്ന കാര്യം തനിക്കറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിലാസ് റാവു ദേശ്മുഖുമായി ചര്‍ച്ച ചെയ്തെന്നാണ് എന്‍എസ്എസ് പറഞ്ഞത്. എന്നാല്‍ അതിന്ശേഷം നിരവധി തവണ ദേശ്മുഖിനെ കണ്ടെങ്കിലും ഇങ്ങനെയൊര് കരാറിനെപ്പറ്റി അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ല. എന്‍എസ്എസ് വിഷയത്തില്‍ രമേശ് ചെന്നിത്തല പറഞ്ഞത് ശരിയാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. തിരുവനന്തപുരത്ത് മന്ത്രിസഭാ യോഗ തീരുമാനം വിശദീകരിച്ച് വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.

പറമ്പികുളം-ആളിയാര്‍ കരാര്‍ തമിഴ്നാട് സര്‍ക്കാര്‍ ലംഘിക്കുന്നതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ സര്‍വകക്ഷിയോഗത്തില്‍ തീരുമാനമായതായി മുഖ്യമന്ത്രി അറിയിച്ചു. കരാര്‍ ലംഘനംമൂലം പാലക്കാട് ജില്ലയിലെ കൃഷി നശിച്ചു. കുടിവെള്ളപ്രശ്നവും രൂക്ഷമാണ്. കരാറനുസരിച്ച് കേരളത്തിന് ലഭിക്കേണ്ട വെള്ളം ലഭിക്കാനും തമിഴ്നാടിന്റെ കരാര്‍ലംഘനം മൂലം കേരളത്തിനുണ്ടായ നാശനഷ്ടങ്ങള്‍ നഷ്ടപരിഹാരം ലഭിക്കാനും അടിയന്തര നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

deshabhimani

കയര്‍മേള: വാര്‍ത്ത തെറ്റ്


കയര്‍മേള ബഹിഷ്കരി ക്കുന്നതിനുള്ള സിഐടിയു തീരുമാനം സി.പി.ഐ (എം) ഇടപെട്ട് തടഞ്ഞു എന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

കയര്‍ കേരള പ്രദര്‍ശനം ബഹിഷ്കരിക്കുവാനുള്ള കയര്‍ വര്‍ക്കേഴ്സ് സെന്ററിന്റെ തീരുമാനത്തെ പാര്‍ടി ഇടപെട്ട് തടഞ്ഞു എന്നാണ് ചില മാധ്യമങ്ങളില്‍ വാര്‍ത്ത. തൊഴിലാളി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത് ആ സംഘടനകളുടെ ഭരണഘടനയുടെയും പരിപാടിയുടെയും അടിസ്ഥാനത്തിലാണ്. ഓരോ ഘട്ടത്തിലും ഉയര്‍ന്നുവരുന്ന പ്രശ്നങ്ങളില്‍ ഇതിന്റെ അടിസ്ഥാനത്തില്‍ അതാത് സംഘടനകള്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുകയാണ് പതിവ്. ഇത്തരം കാര്യങ്ങളിലൊന്നും പാര്‍ടി ഇടപെടല്‍ ഉണ്ടാകാറില്ല. കയര്‍ മേഖലയിലെ പ്രശ്നങ്ങളെ സംബന്ധിച്ച് ചര്‍ച്ച ചെയ്ത സംഘടന ആ മേഖലയിലെ പ്രക്ഷോഭങ്ങളുടെ സ്വഭാവം തീരുമാനിക്കുകയാണുണ്ടായത്.

വസ്തുത ഇതായിരിക്കെ പാര്‍ടിക്കകത്ത് ഇതുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ ഉണ്ട് എന്ന് വ്യാഖ്യാനിച്ച്് വാര്‍ത്തകള്‍ പടച്ചുവിടുന്നത് ദുരുദ്ദേശത്തോടുകൂടിയാണ്. വലതുപക്ഷ മാധ്യമങ്ങളുടെ ഇത്തരം കള്ള പ്രചാരവേലകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani

രമേശ് 'ആയുധം'വച്ച് കീഴടങ്ങുന്നു


കൂടുതല്‍ കളിച്ചാല്‍ 'മാലിസ്റ്റെലില്‍' കളിപഠിപ്പിക്കുമെന്ന ഭരണത്തിന്റെ കൊമ്പത്തുനിന്നു തന്നെയുണ്ടായ വിരട്ടല്‍ ഫലിച്ചു. കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ സാഷ്ടാംഗ പ്രണാമത്തോടെയുള്ള കീഴടങ്ങലിന് ഇന്നലെ രാഷ്ട്രീയ കേരളം സാക്ഷ്യം വഹിച്ചു.

തന്റെ തലതൊട്ടപ്പനായി അവതരിച്ച എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെപ്പോലും തള്ളിപ്പറഞ്ഞ അദ്ദേഹം ശരീരഭാഷകൊണ്ടും രോഷാവേശപ്രകടനത്തിലൂടെയും തന്റെ ഗതികേടിന്റെ ചിത്രം വാര്‍ത്താ സമ്മേളനത്തില്‍ സ്വയംവരച്ചു കാട്ടി, നിമിഷങ്ങള്‍ക്കുള്ളില്‍ എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി തിരിച്ചടിച്ചു. സമ്മര്‍ദ്ദം താങ്ങാനാവാതെ ഗതികേടുകൊണ്ടാണ് രമേശ് ചെന്നിത്തല ആ പ്രസ്താവന നടത്തിയത്.

ഗതികേടിന് ആധാരമായ സമ്മര്‍ദ്ദം ഏത് 'ആയുധ രൂപത്തി'ലാണ് കെ പി സി സി പ്രസിഡന്റിനെതിരെ പാഞ്ഞുവന്നതെന്ന് സുകുമാരന്‍ നായര്‍ തെളിച്ചു പറഞ്ഞില്ലെങ്കിലും എന്തോ 'ആയുധം'കാട്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രമേശിനെ വരുതിയിലാക്കിയെന്ന ധ്വനിയാണ് ആ വാക്കുകളില്‍ നിറഞ്ഞുനിന്നത്. സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് ഫോര്‍ജിംഗ് എന്ന പൊതുമേഖലാ സ്ഥാപനം ആയുധ ഇടപാടിലെ അഴിമതിയില്‍ കുളിച്ചു നില്‍ക്കുന്നതിനെക്കുറിച്ച് സി ബി ഐ നടത്തുന്ന അന്വേഷണത്തിലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നതിനിടയില്‍ രമേശ് തിരക്കിട്ടു വിളിച്ചൂകൂട്ടിയ വാര്‍ത്താ സമ്മേളനം യാദൃശ്ചികമായിരുന്നില്ല.

തന്റെ രാഷ്ട്രീയ ജീവന്മരണ പോരാട്ടത്തില്‍ എന്‍ എസ് എസിനേയും ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരേയും പോലും തള്ളിപ്പറഞ്ഞതില്‍ നിന്നും രമേശ് അനുഭവിക്കുന്ന കടുത്ത സമ്മര്‍ദ്ദത്തിന്റെ ചുഴിയും മലരിയും ഊഹിക്കാവുന്നതേയുള്ളു.

തന്റെ മതേതരപ്രതിഛായ തകര്‍ക്കാന്‍ ആസൂത്രിത ഗൂഢാലോചന നടക്കുന്നുവെന്ന് രമേശ് ആരോപിച്ചു. അതു കോണ്‍ഗ്രസില്‍ നിന്നാണോ ഘടക കക്ഷികളില്‍ നിന്നാണോ അതോ പുറത്തുനിന്നാണോ എന്ന് ഒരു 'ക്ലൂ' തരാമോ എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോള്‍ ആ അന്വേഷണത്തിന്റെ പന്ത് മാധ്യമ മൈതാനത്തേയ്ക്കു തന്നെ അദ്ദേഹം തട്ടിക്കയറ്റിയതും കൗതുകമായി. ഹൈക്കമാന്‍ഡിനെ വരുതിയിലാക്കി എന്‍ എസ് എസിന്റെ ഉപമുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തങ്ങള്‍ കൊണ്ടുവന്നയാളാണ് രമേശ് ചെന്നിത്തലയെന്ന സുകുമാരന്‍ നായരുടെ അവകാശവാദം തെല്ലൊന്നുമല്ല രമേശിനു രാഷ്ട്രീയമായ കേടുണ്ടാക്കിയത്. കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് ഒരു എന്‍ എസ് എസുകാരനെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നതെന്ന തോന്നല്‍ കോണ്‍ഗ്രസില്‍ ഉണ്ടാക്കിയതും രമേശിനു വിനയായി.

ആ താക്കോല്‍ പ്രയോഗം പാഠഭേദത്തോടെ സുകുമാരന്‍ നായര്‍ ഏറ്റുപിടിച്ചതാണ് ഭരണരാഷ്ട്രീയത്തിലെ കൊടുങ്കാറ്റിളക്കത്തിനു കാരണമായത്. രമേശിനെ ഭരണത്തിന്റെ താക്കോല്‍ സ്ഥാനത്തിരുത്തിയില്ലെങ്കില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ വലിച്ചു താഴെയിടുമെന്ന എന്‍ എസ് എസ് ജനറല്‍ സെക്രട്ടറിയുടെ ഭീഷണിയുടെ ബലൂണ്‍ ഇന്നലെ പക്ഷേ രമേശ് തന്നെ കുത്തിപ്പൊട്ടിച്ചതും കൗതുകമായി.

കെ പി സി സി പ്രസിഡന്റ് എന്ന നിലയില്‍ താനിപ്പോഴും താക്കോല്‍ സ്ഥാനത്തു തന്നെയാണിരിക്കുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടത് ബലികര്‍മ്മത്തിന് ദര്‍ഭയും കുചയുമില്ലെങ്കില്‍ നറുങ്ങണപ്പുല്ലായാലും മതിയെന്ന ചൊല്ലിനെയാണ് ഓര്‍മ്മിപ്പിക്കുന്നത്. ആയുധ ഇടപാടില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ ആവശ്യത്തെ സ്വാഗതം ചെയ്ത രമേശ് ഈ വാര്‍ത്ത പുറത്തുകൊണ്ടുവന്ന 'ജനയുഗ'ത്തിനെതിരേ പേരെടുത്തു പറയാതെ പുലയാട്ടു നടത്താനും ഭീഷണി മുഴക്കാനും മറന്നില്ല. എന്തായാലും വരുംനാളുകളില്‍ രമേശിന്റെ പദവിയല്ല ആയുധ ഇടപാടില്‍ അദ്ദേഹത്തിനു പങ്കുണ്ടോ ഇല്ലയോ എന്നവിഷയമായിരിക്കും കേരള രാഷ്ട്രീയത്തില്‍ കത്തിക്കാളാന്‍ പോകുന്നതെന്നും നിരീക്ഷകര്‍ പ്രവചിക്കുന്നു.

രമേശ് സമ്മര്‍ദ്ദത്തിന്റെ മുള്‍മുനയില്‍: എന്‍ എസ് എസ്

ചങ്ങനാശ്ശേരി: രമേശ് ചെന്നിത്തലയെ കോണ്‍ഗ്രസ് നേതൃത്വം സമ്മര്‍ദ്ദത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി മറുപടി പറയിപ്പിക്കുകയാണെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍. നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് എന്‍ എസ് എസും കോണ്‍ഗ്രസും തമ്മില്‍ ധാരണ ഉണ്ടാക്കിയിട്ടില്ലെന്ന രമേശിന്റെ പ്രസ്താവന ഗതികേടുകൊണ്ടാണെന്നും സുകുമാരന്‍നായര്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കടന്നുകൂടണമെങ്കില്‍ എന്‍ എസ് എസിന്റെ പിന്തുണ അനിവാര്യമാണെന്നു തോന്നിയതിനാലാണ് കോണ്‍ഗ്രസ് നേതൃത്വം തങ്ങളോടു ചര്‍ച്ച നടത്തിയത്.
ചെന്നിത്തല ഹരിപ്പാട് മത്‌സരിച്ചത് അന്നുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണെന്ന് സുകുമാരന്‍നായര്‍ ആവര്‍ത്തിച്ചു. ഹൈക്കമാന്‍ഡിനു മാത്രമല്ല, ഉമ്മന്‍ചാണ്ടിയ്ക്കും അതൊക്കെ നന്നായറിയാം. പക്ഷെ, മറ്റാരെയോ പ്രീണിപ്പിക്കാന്‍ അദ്ദേഹം അതെല്ലാം സൗകര്യപൂര്‍വം അറിഞ്ഞില്ലെന്നു നടിക്കുകയാണെന്ന് സുകുമാരന്‍നായര്‍ കുറ്റപ്പെടുത്തി.എന്‍ എസ് എസ് സമുദായ സംഘടനയാണെങ്കിലും ആരംഭകാലം മുതല്‍ രാജ്യതാല്പര്യം കരുതി പൊതുവിഷയങ്ങളില്‍ ഇടപെടാറുണ്ടെന്നും ആ പ്രവര്‍ത്തനശൈലിയില്‍ മാറ്റംവരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും സുകുമാരന്‍നായര്‍ പറഞ്ഞു.

എന്നാല്‍ ഏതെങ്കിലും കാര്യസാധ്യത്തിനോ ശുപാര്‍ശക്കോ ഒരു പാര്‍ട്ടിയുടെയും നേതാവിന്റെയും പിറകെപോയപാരമ്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാന്‍ തനിക്ക് താല്പര്യമില്ല.  ഭൂരിപക്ഷ സമുദായത്തിന്റെ പിന്തുണ നേടാന്‍ തിരഞ്ഞെടുപ്പുകാലത്ത് രമേശിന്റെ പേര് മുന്നോട്ടുവച്ചത് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം തന്നെയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

deshabhimani 300113

എസ്എസ്എ 343 കോടി ലാപ്സാക്കി


സര്‍വശിക്ഷാ അഭിയാന്‍ (എസ്എസ്എ) പദ്ധതിയില്‍ കേന്ദ്രസര്‍ക്കാര്‍ ഈ അധ്യയന വര്‍ഷത്തേക്ക് അനുവദിച്ച 543 കോടി രൂപയില്‍ 343 കോടിയും ചെലവഴിക്കാതെ സര്‍ക്കാര്‍ നഷ്ടമാക്കി. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും മുഴുവന്‍ വിദ്യാലയങ്ങളിലെയും എട്ടാം ക്ലാസ് വരെയുള്ള പഠനിലവാരം ഉയര്‍ത്താനുമായി നടപ്പാക്കുന്ന പദ്ധതി യുഡിഎഫ് അധികാരത്തിലെത്തിയതോടെയാണ് വഴിമുട്ടിയത്. അധ്യയനവര്‍ഷം അവസാനിക്കാന്‍ രണ്ടുമാസമാണ് അവശേഷിക്കുന്നത്. പരീക്ഷാ കാലമായതിനാല്‍ പണം ചെലവഴിക്കാന്‍ എസ്എസ്എയ്ക്ക് പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യാനാകില്ല. കഴിഞ്ഞ അധ്യയനവര്‍ഷം അനുവദിച്ച 473 കോടി രൂപയില്‍200 കോടിയും ചെലവഴിക്കാതെ കേരളം നഷ്ടപ്പെടുത്തിയിരുന്നു. രണ്ട് അധ്യയന വര്‍ഷംകൊണ്ട് നഷ്ടമാക്കിയത് അഞ്ഞൂറു കോടിയിലേറെ രൂപ.

വിദ്യാഭ്യാസവകുപ്പ് കൈയാളുന്ന മുസ്ലിംലീഗിന്റെ സമ്പൂര്‍ണ നിയന്ത്രണത്തില്‍ എസ്എസ്എയെ കൊണ്ടുവന്നതോടെയാണ് പൊതുവിദ്യാഭ്യാസമേഖലയുടെ മുഖച്ഛായ മാറ്റുമായിരുന്ന പദ്ധതി നിശ്ചലമായത്. ലീഗിന്റെ വിദ്യാഭ്യാസ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മനംമടുത്ത് എസ്എസ്എ ഡയറക്ടര്‍ രാമാനുജന്‍ മൂന്നുമാസം മുമ്പ് രാജിവച്ചു. വിദ്യാഭ്യാസ വിദഗ്ധരെയും ഡയറ്റ് അധ്യാപകരെയും സഹകരിപ്പിച്ച് വിജയകരമാക്കിയ പദ്ധതിയിലെ മുഴുവന്‍ കോ-ഓഡിനേറ്റര്‍മാരെയും പ്രോഗ്രാം ഓഫീസര്‍മാരെയും സര്‍ക്കാര്‍ കൂട്ടത്തോടെ പിരിച്ചുവിട്ടത് പ്രതിസന്ധി രൂക്ഷമാക്കി. അധ്യാപകര്‍ക്ക് മാസംതോറും ക്ലസ്റ്റര്‍ പരിശീലനം നല്‍കണമെന്നാണ് വ്യവസ്ഥ. 1135 ക്ലസ്റ്ററാണ് സംസ്ഥാനത്തുള്ളത്. ഈ വര്‍ഷം ഒരു ക്ലസ്റ്റര്‍ പരിശീലനമേ നടന്നുള്ളൂ. അതും പ്രഹസനമായി. രണ്ട് ദിവസത്തെ പരിശീലനം നിശ്ചയിച്ചെങ്കിലും പരിശീലകരില്ലാത്തതിനാല്‍ മുടങ്ങി. 159 ബ്ലോക്ക് റിസോഴ്സ് സെന്ററും (ബിആര്‍സി) നഗരങ്ങളിലെ എട്ട് അര്‍ബന്‍ റിസോഴ്സ് സെന്ററും(യുആര്‍സി) നാഥനില്ലാത്ത അവസ്ഥയിലാണ്. എസ്എസ്എ ഡയറക്ടര്‍ രാജിവച്ച് മൂന്ന് മാസം പിന്നിട്ടിട്ടും പുതിയ ഡയറക്ടറെ നിയമിച്ചിട്ടില്ല. ചുമതല വഹിക്കുന്ന അഡീഷണല്‍ ഡയറക്ടറാകട്ടെ എട്ടുവര്‍ഷം മുമ്പ് പദ്ധതി ആവിഷ്കരിക്കുന്ന ഘട്ടം മുതല്‍ വിവാദങ്ങളില്‍ മുങ്ങിയ ആളുമാണ്. ഇദ്ദേഹത്തിന്റെ നിയന്ത്രണത്തിലായതോടെ പ്രാദേശിക മുസ്ലിംലീഗ് പ്രവര്‍ത്തകരുടെ താവളമായി എസ്എസ്എ ആസ്ഥാനം മാറി.
(എം വി പ്രദീപ്)

4614 സ്കൂള്‍ ലാഭകരമല്ലെന്ന് സര്‍ക്കാര്‍

തിരു: സംസ്ഥാനത്തെ 4614 സ്കൂള്‍ ലാഭകരമല്ലെന്ന് സര്‍ക്കാര്‍. ആകെ വിദ്യാലയങ്ങളുടെ 37 ശതമാനമാണിത്. 2271 സര്‍ക്കാര്‍ സ്കൂളും 2343 എയ്ഡഡ് സ്കൂളുമാണ് പട്ടികയില്‍. വിവരാവകാശ രേഖയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ലാഭകരമല്ലാത്തവയില്‍ 3701 എണ്ണവും പ്രാഥമിക വിദ്യാലയങ്ങളാണ്. പത്തില്‍ താഴെമാത്രം വിദ്യാര്‍ഥികളുള്ള 60 സ്കൂളും 25ല്‍ താഴെ വിദ്യാര്‍ഥികളുള്ള 538 സ്കൂളും കേരളത്തിലുണ്ട്. ലാഭകരമല്ലാത്ത സ്കൂളുകളിലെ കുട്ടികളില്‍ 21 ശതമാനവും (55,231 പേര്‍) ദളിത്-ആദിവാസി വിഭാഗങ്ങളില്‍പ്പെട്ടതാണ്. സംസ്ഥാനത്തെ 80 ശതമാനം പ്രാഥമിക വിദ്യാലയങ്ങളും ലാഭകരമല്ലാത്തവയുടെ പട്ടികയിലാണ്.


എയ്ഡഡ് പദവി: യുഡിഎഫില്‍ ഭിന്നതയുണ്ട്- തങ്കച്ചന്‍

തിരു: മലബാറിലെ 33 സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് മന്ത്രിസഭയാണെന്നും ഇക്കാര്യത്തില്‍ യുഡിഎഫില്‍ രണ്ട് അഭിപ്രായമുണ്ടെന്നും കണ്‍വീനര്‍ പി പി തങ്കച്ചന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍, പ്രോ വൈസ് ചാന്‍ലസര്‍ നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒരു പാക്കേജായി എടുക്കാന്‍ യുഡിഎഫ് തീരുമാനിച്ചു. ഇതില്‍ സാമുദായികതാല്‍പ്പര്യം പരിഗണിക്കും. കൊച്ചി, മലബാര്‍, തിരുവിതാംകൂര്‍, കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡുകളില്‍ അംഗങ്ങളെ നിയമിക്കുന്നതില്‍ കെ എം മാണിയും മുസ്ലിംലീഗും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ ഡീസല്‍ സബ്സിഡി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സംഘം പ്രധാനമന്ത്രിയെ കാണും. നെല്ലിയാമ്പതി ഉപസമിതി റിപ്പോര്‍ട്ട്, പട്ടയവിതരണം, പരിയാരം തുടങ്ങിയ വിഷയങ്ങള്‍ 11ന് ചേരുന്ന യുഡിഎഫ് യോഗം ചര്‍ച്ച ചെയ്യും. നെല്‍വയല്‍ സംരക്ഷണ നിയമ ഭേദഗതി ചര്‍ച്ച ചെയ്തില്ലെന്നും തങ്കച്ചന്‍ പറഞ്ഞു.


deshabhimani 300113

ആയുധ ലോഹ ഇടപാട് ലീഗ് നേതാക്കളും അങ്കലാപ്പില്‍


തൃശൂര്‍: വിവാദമായ ആയുധ ലോഹ ഇടപാട് കേസില്‍ ലീഗ് നേതാക്കള്‍ക്കും ബന്ധമെന്ന് സൂചന. കേസുമായി ബന്ധപ്പെട്ടുണ്ടായ വിവാദം മറച്ചുവയ്ക്കാന്‍ ശ്രമങ്ങള്‍ നടക്കുമ്പോഴാണ് യുഡിഎഫ് മന്ത്രി സഭയിലെ രണ്ടാം കക്ഷിയായ ലീഗിനെതിരെയും ആരോപണം ഉയരുന്നത്.

വ്യവസായ വകുപ്പിന് കീഴില്‍ വരുന്ന സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ തൃശൂരിലെ സ്റ്റീല്‍ ഇന്‍സ്ഡ്രീസ് ഫോര്‍ജിങ് ലിമിറ്റഡ് ചെയര്‍മാന്‍ ഹംസക്ക് കോഴ ഇടപാടില്‍ പങ്കുണ്ടെന്ന് മുന്‍ എം ഡിയും കേസിലെ പ്രതിയുമായ ഡോ.എസ് ഷാനവാസാണ് സി ബി ഐക്ക് മൊഴി നല്‍കിയത്.

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഷാനവാസിന്റെ മൊഴി സംശയകരമായാണ് സിബിഐ എടുത്തിരിക്കുന്നത്. ഹംസക്ക് മാത്രമെ കേസില്‍ ബന്ധമുള്ളൂവെന്നാണ് മൊഴി. തനിക്ക് യാതൊരു കമ്മിഷനും ലഭിച്ചില്ലെന്നും ഇയാള്‍ സിബിഐയെ അറിയിച്ചു. എന്നാല്‍, വ്യവസായ മന്ത്രിക്കോ മറ്റു ലീഗ് നേതാക്കള്‍ക്കോ കേസില്‍ ബന്ധമുണ്ടോ എന്ന അന്വേഷണവും സിബിഐ ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.

യുഡിഎഫിനെ തകിടം മറിക്കുന്ന ആയുധ ലോഹ ഇടപാട് കേസ് വിവാദം മറച്ചുവക്കാനുള്ള ഊര്‍ജിത ശ്രമമാണ് അണിയറയില്‍. സി ബി ഐക്കുപുറമെ വിജിലന്‍സ് അന്വേഷണവും നടത്തണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ പത്രസമ്മേളനത്തെപ്പോലും സി പി എമ്മിലെ ആഭ്യന്തര പ്രശ്‌നങ്ങളുമായി ബന്ധപ്പെടുത്തി വഴിതിരിച്ചുവിടാനുള്ള ശ്രമവും ഇതിന്റെ ഭാഗമായിരുന്നു.

താന്‍ നായര്‍ സമുദായത്തിന്റെ ആളല്ലെന്നും തനിക്കെതിരെ ആസൂത്രിത നീക്കം നടക്കുന്നെന്നും ചൂണ്ടിക്കാട്ടി കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല നടത്തിയ പത്രസമ്മേളനം ഇതിന്റെ ആക്കംകൂട്ടി. ഗതികേടുകൊണ്ടാണ് രമേശ് ഇത്തരം നിലപാടെടുത്തതെന്ന സുകുമാരന്‍ നായരുടെ പ്രതികരണത്തോടെ ആയുധ ലോഹ ഇടപാട് സംബന്ധിച്ച വിവാദത്തെ തണുപ്പിക്കാനാണ് ശ്രമം.
സംസ്ഥാന സര്‍ക്കാരിന്റെ നിരുത്തരവാദിത്വപരമായ നയങ്ങളാല്‍ കെ എസ് ആര്‍ ടി സി തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയതിനുപിറകെയാണ് ആയുധ ലോഹ ഇടപാട് കേസും ഉയര്‍ന്നുവന്നത്. സര്‍ക്കാരിന്റെയും കോണ്‍ഗ്രസിന്റെയും പ്രതിച്ഛായ തകര്‍ക്കുന്ന ഈ സംഭവങ്ങളെ താക്കോല്‍സ്ഥാന വിവാദം ഉയര്‍ത്തിക്കൊണ്ട് വന്ന് ഇല്ലാതാക്കുകയായിരുന്നു തല്‍പ്പര കക്ഷികളുടെ ലക്ഷ്യം.
(വത്സന്‍ രാമംകുളത്ത്)

janayugom 300113

1000 റൂട്ട് സ്വകാര്യ ബസുകള്‍ക്ക്


കെഎസ്ആര്‍ടിസിക്ക് രണ്ടുമാസത്തേക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 28 കോടി കിട്ടിയാലും പ്രതിസന്ധി നീങ്ങില്ല. ആയിരത്തോളം സര്‍വീസുകള്‍ അപ്പോഴും കട്ടപ്പുറത്ത് തന്നെ തുടരും. ഈ ആയിരം ബസുകള്‍ക്ക് പകരം സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കി ഘട്ടംഘട്ടമായി പൊതുഗതാഗത സംവിധാനത്തെ പൂര്‍ണമായും സ്വകാര്യവല്‍ക്കരിക്കാനുള്ള തന്ത്രമാണ് സര്‍ക്കാര്‍ മെനയുന്നത്.

തലസ്ഥാനത്ത് കഴിഞ്ഞ ദിവസം എട്ട് സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് നീട്ടി നല്‍കി. നഗരത്തില്‍ സര്‍വീസ് നടത്തുന്ന ഈ ബസുകളുടെ സര്‍വീസ് ഗ്രാമങ്ങളിലേക്ക് നീട്ടി നല്‍കുകയായിരുന്നു. നഗരത്തില്‍നിന്ന് പേരൂര്‍ക്കട വരെ സര്‍വീസ് നടത്തിയിരുന്ന ബസുകള്‍ക്ക് നെടുമങ്ങാട്ടേക്കും മറ്റുമാണ് റൂട്ട് നീട്ടിനല്‍കിയത്. ദേശസാല്‍ക്കൃ ത റൂട്ടായ കാസര്‍കോട്- മംഗലാപുരം റൂട്ടില്‍ സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കിയതിന്റെ തുടര്‍ച്ചയാണിത്. പ്രതിമാസം 64 കോടി രൂപയോളം ബാധ്യത വരുന്ന കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 14 കോടി രൂപ കൊണ്ട് പ്രതിസന്ധിയുടെ ചെറിയ അംശം പോലും മറികടക്കാനാകില്ല. പുതിയ വിലവര്‍ധനയനുസരിച്ച് ഡീസല്‍ വാങ്ങി മുഴുവന്‍ ബസുകളും സര്‍വീസ് നടത്തണമെങ്കില്‍ത്തന്നെ പ്രതിമാസം 16 കോടി രൂപ അധികം ചെലവ് വരും. 14 കോടിയെന്ന കണക്ക് കഴിഞ്ഞ ഏതാനും നാളുകളായി റദ്ദാക്കുന്ന ആയിരത്തോളം സര്‍വീസുകള്‍ക്കുള്ള ഇന്ധനം ഒഴിവാക്കിയുള്ളതാണ്.

കോര്‍പറേഷന് പ്രതിസന്ധി തരണംചെയ്യാന്‍ രണ്ടുമാസത്തേക്ക് 28 കോടി രൂപ അനുവദിച്ചെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലേക്കാണ് ഈ തുക അനുവദിച്ചത്. എന്നാല്‍, ജനുവരി 17 മുതല്‍ ശരാശരി ഒരു കോടിയിലധികം രൂപയുടെ നഷ്ടമാണുള്ളത്. ചൊവ്വാഴ്ച വരെ 13 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. 31വരെയുള്ള നഷ്ടം 15 കോടി രൂപ കവിയും. ഇങ്ങനെയായാല്‍ സ്പെയര്‍പാര്‍ട്സ് വാങ്ങല്‍ പൂര്‍ണമായും നിലയ്ക്കും. പ്രതിമാസം ആറു കോടിയിലധികം രൂപ സ്പെയര്‍പാര്‍ട്സ് വാങ്ങാന്‍ വേണം. ഇപ്പോള്‍, സ്പെയര്‍പാര്‍ട്സ് വില വര്‍ധിച്ച സാഹചര്യത്തില്‍ ചെലവ് കൂടും. നിലവില്‍ വര്‍ക്ഷോപ്പുകളില്‍ കയറ്റിയിട്ടിട്ടുള്ള ബസുകളുടെ എണ്ണം ആയിരത്തിലേറെയാണ്. അതായത് ദിവസം അറ്റകുറ്റപ്പണിക്ക് എത്തുന്ന ബസുകള്‍ക്ക്, വര്‍ക്ഷോപ്പില്‍ കിടക്കുന്ന ബസുകളില്‍നിന്ന് സ്പെയര്‍പാര്‍ട്സ് മാറ്റിയിടും. ഇതോടെ കട്ടപ്പുറത്തുള്ള ബസുകള്‍ ഇനി നിരത്തിലിറക്കാന്‍ കഴിയാത്തതാകും. നിലവില്‍ 5560 ഷെഡ്യൂളുകളാണ് കെഎസ്ആര്‍ടിസിക്കുള്ളത്. ആറായിരം ബസുണ്ടെങ്കില്‍ ഈ ഷെഡ്യൂളുകള്‍ കൃത്യമായി പ്രവര്‍ത്തിപ്പിക്കാനാകും. 6110 ബസും ആവശ്യത്തിന് ജീവനക്കാരുമുണ്ടായിട്ടും മുഴുവന്‍ ഷെഡ്യൂളും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് കോര്‍പറേഷന്‍. സര്‍ക്കാര്‍ സഹായമുണ്ടെങ്കിലേ ഷെഡ്യൂളുകള്‍ പൂര്‍ണമായും പ്രവര്‍ത്തിക്കാനാകൂ.

deshabhimani 300113

തുറന്ന പോര്


രമേശ് ചെന്നിത്തല കുന്തമുന തൊടുത്തത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു നേരെ. അന്തഃഛിദ്രവും സ്വജനപക്ഷപാതവും അരങ്ങുതകര്‍ക്കുന്ന യുഡിഎഫ് സര്‍ക്കാരിനു കീഴില്‍ കെപിസിസി പ്രസിഡന്റിനുപോലും രക്ഷയില്ലെന്ന് ചെന്നിത്തലയുടെ ഗുരുതരമായ ആരോപണം വെളിപ്പെടുത്തുന്നു. ആസൂത്രിതമായ വലിയൊരു ഗൂഢാലോചനയുടെ ഇരയാണ് താനെന്ന ചെന്നിത്തലയുടെ ഏറ്റുപറച്ചില്‍ അധികാരക്കൊതി മൂത്ത കോണ്‍ഗ്രസും യുഡിഎഫും കേരള രാഷ്ട്രീയത്തെ എന്തുമാത്രം മലിനപ്പെടുത്തുകയാണെന്നതിന്റെ സാക്ഷ്യപത്രമാണ്. നാല്‍പ്പതുവര്‍ഷത്തെ മതേതരപ്രതിച്ഛായ ഇല്ലാതാക്കി തന്നെ നശിപ്പിക്കാന്‍ കരുക്കള്‍ നീങ്ങുന്നതായി ചൂണ്ടിക്കാട്ടിയ ചെന്നിത്തല പറയാതെ പറഞ്ഞത് കോണ്‍ഗ്രസിനകത്തു നിന്നുതന്നെയാണ് തനിക്കെതിരായ ആക്രമണം എന്നാണ്.

ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയകുതന്ത്രങ്ങളുടെ അടുത്ത ഇരയാകാന്‍ പോകുകയാണ് താനെന്ന് തിരിച്ചറിഞ്ഞാണ് ചെന്നിത്തലയുടെ ഇപ്പോഴത്തെ നീക്കങ്ങള്‍. ഇത്തരം ഗൂഢാലോചനയ്ക്ക് അങ്ങനെയങ്ങ് വഴിപ്പെടാന്‍ ഒരുക്കമല്ലെന്ന പ്രഖ്യാപനംകൂടിയാണ് ചൊവ്വാഴ്ചത്തെ വെളിപ്പെടുത്തല്‍. ആന്റണി- കരുണാകരന്‍ ഗ്രൂപ്പ് യുദ്ധം അവസാനിച്ചശേഷം യുഡിഎഫ് രാഷ്ട്രീയത്തിലുണ്ടായ എല്ലാ വിവാദങ്ങളുടെയും ഗുണഭോക്താവ് ഉമ്മന്‍ ചാണ്ടി മാത്രമാണ്. ഇത് തിരിച്ചറിഞ്ഞാണ്, കരുണാകരനും ആന്റണിക്കും ഉമ്മന്‍ ചാണ്ടിയില്‍നിന്നു നേരിടേണ്ടി വന്ന ദുരനുഭവത്തിന് നിന്നുകൊടുക്കില്ലെന്ന്് ചെന്നിത്തല വ്യക്തമാക്കുന്നത്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ ഭീഷണി വന്ന് മൂന്നാം ദിവസമാണ് ചെന്നിത്തല മറുപടി പറയാന്‍ വാര്‍ത്താസമ്മേളനം വിളിച്ചത്. അതാകട്ടെ ശക്തമായി പ്രതികരിക്കണമെന്ന സമ്മര്‍ദത്തിനു ശേഷവും.

ചെന്നിത്തലയെ സംസ്ഥാന രാഷ്ട്രീയത്തില്‍നിന്ന് നാടുകടത്താന്‍ നേരത്തെയും ശ്രമമുണ്ടായതാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യത്തിനു പിന്നിലെ ലക്ഷ്യം ഇതായിരുന്നു. എന്നാല്‍, ചെന്നിത്തല അതിനു വഴിപ്പെട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് വെറുമൊരു എംഎല്‍എ ആയിരിക്കാനല്ലെന്ന് എല്ലാ കോണ്‍ഗ്രസുകാര്‍ക്കുമറിയാം. ഉപമുഖ്യമന്ത്രിപദത്തോടെ ആഭ്യന്തരവകുപ്പ് കൈമാറാന്‍ നിര്‍ദേശം വരുമെന്ന ആശങ്കയിലാണ് ഹൈക്കമാന്‍ഡോ കെപിസിസിയോ കെപിസിസി പ്രസിഡന്റ് പോലുമോ അറിയാതെ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഉമ്മന്‍ ചാണ്ടി പൊടുന്നനെ ആഭ്യന്തരമന്ത്രിയാക്കിയത്. ചെന്നിത്തലയുടെ മന്ത്രിസഭാപ്രവേശനത്തിന് മുന്‍കൂട്ടി തടയിടുകയായിരുന്നു ഉമ്മന്‍ ചാണ്ടി. ഉമ്മന്‍ ചാണ്ടിയുടെ ഇപ്പോഴത്തെ എല്ലാ നീക്കങ്ങള്‍ക്കും പിന്നില്‍ നിഴല്‍പോലെ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെ സി ജോസഫുമുണ്ട്. മറ്റ് മന്ത്രിമാരെപ്പോലും ഈ മൂവര്‍ സംഘം നോക്കുകുത്തികളാക്കി.
(കെ എം മോഹന്‍ദാസ്)

deshabhimani 300113

Tuesday, January 29, 2013

"വിശ്വരൂപം" പ്രദര്‍ശിപ്പിക്കാം


ചെന്നൈ: വിശ്വരൂപം തമിഴ്നാട്ടില്‍ പ്രദര്‍ശിപ്പിക്കാന്‍ മദ്രാസ് ഹൈക്കോടതി അനുമതി നല്‍കി. തമിഴ്നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്കിനെതിരേ കമല്‍ഹാസനാണ് കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ജെ.വെങ്കിട്ടരാമനാണ് ഹര്‍ജിയില്‍ വിധി പ്രസ്താവിച്ചത്.

സിനിമ കണ്ട് വിലയിരുത്തിയശേഷമേ വിലക്ക് നീക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനം എടുക്കൂ എന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ന്യൂനപക്ഷ സംഘടനകളുടെ പരാതിയെ തുടര്‍ന്ന് തമിഴ്നാട് സര്‍ക്കാര്‍ രണ്ടാഴ്ചത്തേക്ക് പ്രദര്‍ശനാനുമതി ചിത്രം ജഡ്ജിക്കുവേണ്ടി പ്രത്യേകമായി പ്രദര്‍ശിപ്പിക്കുകയായിരുന്നു.

അതിനിടെ ചിത്രത്തിന്റെ റിലീസിങ് തമിഴ്നാട്ടില്‍ തടഞ്ഞത് അഭിപ്രായസ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടി കൂടുതല്‍ തമിഴ് സംഘടനകള്‍ രംഗത്ത് എത്തി. സിനിമയ്ക്കെതിരായ പ്രതിഷേധം അവസാനിപ്പിക്കണമെന്ന് ഡിഎംകെ നേതാവ് എം കരുണാനിധി അഭ്യര്‍ഥിച്ചു. കമലുമായി ചര്‍ച്ച നടത്തി ഉചിത പരിഹാരത്തിന് ശ്രമിക്കണമെന്ന് സൗത്ത് ഇന്ത്യന്‍ ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ തമിഴ്നാട് സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. പിന്തുണയുമായി പാട്ടാണി മക്കള്‍ കച്ചിയും രംഗത്തുവന്നു. കമലിന് പിന്തുണയുമായി കഴിഞ്ഞ ദിവസം സൂപ്പര്‍താരം രജനീകാന്ത് രംഗത്ത് എത്തിയിരുന്നു. സെന്‍സര്‍ബോര്‍ഡ് അംഗീകരിച്ച സിനിമയുടെ പ്രദര്‍ശനം തടഞ്ഞത് കലാകാരന്മാര്‍ക്കെതിരായ നീക്കമാണെന്ന് സംവിധായകന്‍ ഭാരതിരാജ പറഞ്ഞു.

ന്യൂനപക്ഷസംഘടനകളുടെ പ്രതിഷേധം ചിലയിടങ്ങളില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതോടെ സിനിമയുടെ റിലീങ് കര്‍ണാടകത്തില്‍ മാറ്റിവച്ചു.

deshabhimani

പ്രതിരോധ ഇടപാട് തുറുപ്പു ചീട്ടാക്കി ചെന്നിത്തലയെ ഉമ്മന്‍ചാണ്ടി ഒതുക്കി


തൃശൂര്‍: എന്‍ എസ് എസ് സമ്മര്‍ദ്ദത്തിനുമേല്‍ അതേനാണയത്തില്‍ തിരിച്ചടിച്ച് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കേന്ദ്രനേതൃത്വവും കൂച്ചുവിലങ്ങിട്ടു. കഴിഞ്ഞ ദിവസം പുറത്തുവന്ന ആയുധ ലോഹ ഇടപാട് കേസിലെ പ്രതി സുബി മല്ലിയുടെ വെളിപ്പെടുത്തലുകള്‍ വിവാദമാകാതിരിക്കാന്‍ എന്‍ എസ് എസ് കളിച്ച രാഷ്ട്രീയ നാടകത്തിനാണ് ശക്തമായ തിരിച്ചടിയാവുന്നത്. അതേസമയം, വിവാദമായ ആയുധ ലോഹ ഇടപാട് കേസ് തേച്ചുമാച്ചുകളയാനുള്ള കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ ശ്രമവും ശക്തമായി. മന്ത്രിസഭാ പുനഃസംഘടനാ വിവാദം കൊഴുപ്പിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് പ്രതിരോധ മന്ത്രി ആന്റണിയുടെയും നിര്‍ദേശം.

മന്ത്രിസഭ പുനഃസംഘടിപ്പിക്കണമെന്ന എന്‍ എസ് എസിന്റെ സ്വപ്‌നം യാഥാര്‍ഥ്യമാക്കില്ലെന്ന് തറപ്പിച്ചു പറഞ്ഞ ഉമ്മന്‍ചാണ്ടി, പ്രശ്‌നം കൂടുതല്‍ വഷളാവാതിരിക്കാന്‍ സുകുമാരന്‍ നായരുള്‍പ്പടെയുള്ള സാമുദായിക നേതാക്കളെ നിയന്ത്രിക്കാന്‍ ചെന്നിത്തലക്ക് അന്തിമ നിര്‍ദേശവും നല്‍കിയിരിക്കുകയാണ്. ആയുധ ഇടപാട് കേസും ഇടനിലക്കാരി സുബി മല്ലിയുമായുള്ള ബന്ധവും വിവാദമാക്കുമെന്ന ഭീഷണിയുടെ പിറകെ രമേശ് ചെന്നിത്തല തന്റെ 'നിലപാട്' അറിയിക്കുകയും ചെയ്തു. പാര്‍ട്ടിയും അടുത്ത ലോകസഭാ തെരഞ്ഞെടുപ്പും മാത്രമാണ് തന്റെ മുന്നിലെ പ്രധാനലക്ഷ്യമെന്ന കെ പി സി സി അധ്യക്ഷന്റെ നിലപാട് ഗതികേടിനെ തുടര്‍ന്നായിരുന്നു. 'ചെന്നിത്തലയ്ക്ക് തന്നോടോ മറിച്ചോ യാതൊരു എതിരഭിപ്രായങ്ങളില്ലെന്നും സര്‍ക്കാരിനെ ഏറ്റവും അധികം സഹായിക്കുന്നത് ചെന്നിത്തലയാണെന്നും താന്‍ ഈ പറയുന്നത് കാലം തെളിയിക്കുമെന്നു'മാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത്. സുബി മല്ലിയെയും ആയുധ കേസിനെയും മറപറ്റിയുള്ള മുഖ്യമന്ത്രിയുടെ ഈ ഭീഷണിക്ക് പിറകെയാണ് ലോകസഭാ തെരഞ്ഞെടുപ്പും പാര്‍ട്ടിയും മാത്രമേ തന്റെ മുന്നിലുള്ളൂവെന്ന് ചെന്നിത്തല പറഞ്ഞുതീര്‍ത്തത്.

ആയുധ ലോഹ ഇടപാടുകാരി സുബി മല്ലി സി ബി ഐക്ക് നല്‍കിയ മൊഴി കോണ്‍ഗ്രസ് നേതൃത്വത്തെയാകെ ഞെട്ടിച്ചിരുന്നു. വാര്‍ത്ത വിവാദമാകാതിരിക്കാനുള്ള എന്‍ എസ് എസ്-ചെന്നിത്തല തന്ത്രമാണ് ഇപ്പോഴത്തെ പുനഃസംഘടനാ വിവാദമെന്ന ഉറച്ച വിശ്വാസത്തിലാണ് ഉമ്മന്‍ചാണ്ടിയുടെ ക്യാമ്പ്. ഇത് കണ്ടറിഞ്ഞുള്ള നീക്കത്തില്‍ ഹൈക്കമാണ്ടിനെയും പ്രതിരോധ മന്ത്രി എ കെ ആന്റണിയെയും ഫലപ്രദമായി ഉപയോഗിക്കാനും ഉമ്മന്‍ചാണ്ടിക്കായി. യുഡിഎഫിലെ ലീഗുള്‍പ്പടെയുള്ള ഘടകകക്ഷികളെക്കൊണ്ടും വിഷയത്തില്‍ ശക്തമായി ഇടപെടീക്കാനും അദ്ദേഹത്തിനായി.

കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറിയുണ്ടാക്കിയ സുബി മല്ലിയുടെ വെളിപ്പെടുത്തല്‍ പുറത്ത് കാര്യമായി പ്രചരിക്കാതിരിക്കാന്‍ ലക്ഷങ്ങളൊഴുകിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. ആദ്യദിവസം വാര്‍ത്ത പ്രസിദ്ധീകരിച്ച പ്രമുഖ 'മലയാള' പത്രമടക്കം ഈ കേസില്‍ തുടര്‍ച്ച നടത്തിയില്ല. കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കുന്ന വാര്‍ത്ത ചാനലുകളും കൈകാര്യം ചെയ്തില്ല.

കേസില്‍ പ്രധാന പ്രതിയായ സുബി മല്ലിയെ കൊച്ചിയില്‍ നാലുദിവസം ചോദ്യം ചെയ്ത സി ബി ഐ ഉദ്യോഗസ്ഥര്‍ അവരുടെ പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത ശേഷമാണ് വിട്ടയച്ചത്. ആയുധ ലോഹ ഇടപാടിനായി കേരളത്തില്‍ സഹായിച്ച രാഷ്ട്രീയ നേതാവിന്റേതുള്‍പ്പടെ മുഴുവന്‍ വിവരങ്ങളും ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. കേസിന്റെ മറ്റു എല്ലാകാര്യങ്ങളും ഏറ്റുപറയാമെന്ന് സമ്മതിച്ച സുബി മല്ലിയെ മാപ്പുസാക്ഷിയാക്കാനാണ് സി ബി ഐ ശ്രമം. കേസിലെ ബഹുഭൂരിപക്ഷം പ്രതികളും പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥരാണെന്നതാണ് ഈ നീക്കത്തിന് പിന്നില്‍. കേരള രാഷ്ട്രീയത്തില്‍ ഇപ്പോള്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ കേസിന് ഗുണകരമായെന്ന സൂചനയും സി ബി ഐ ഉദ്യോഗസ്ഥര്‍ നല്‍കുന്നു.
(വത്സന്‍ രാമംകുളത്ത്) janayugom

ആയുധ ഇടപാടിലെ അഴിമതി; ഉദ്യോഗസ്ഥരെ ഇന്ന് സിബിഐ ചോദ്യം ചെയ്യും

കൊച്ചി: പ്രതിരോധ സ്ഥാപനങ്ങളിലേക്ക് സ്‌പെയര്‍ പാര്‍ട്‌സ് വാങ്ങിയതിലെ ചെയ്തതിലെ അഴിമതി അന്വേഷിക്കുന്ന സി ബി ഐ സംഘം ആയുധ ഫാക്ടറികളിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യലിനായി കൊച്ചിയിലേക്ക് വിളിപ്പിച്ചു. ഇന്നും നാളെയുമായി ഉദ്യോഗസ്ഥരെ കൊച്ചിയിലെ സി ബി ഐ ഓഫീസില്‍ ചോദ്യം ചെയ്യും. ഹൈദരാബാദിലെ മേഡക് ഓര്‍ഡനന്‍സ് ഫാക്ടറിയിലെയും ചെന്നൈയിലെ ആവഡി ഹെവി വെഹിക്കിള്‍സ് ഫാക്ടറിയിലെയും കരാറുകള്‍ നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥരെയാണ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇവര്‍ കേസില്‍ പ്രതികളാകില്ലെന്നാണ് സൂചന. സ്‌പെയര്‍പാര്‍ട്‌സ് ഇടപാടിലെ ഇടനിലക്കാരിയായ സുബി മല്ലിയുമായി വ്യക്തി ബന്ധമുള്ള ചില ഉന്നത ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം എത്തിക്കുന്നതിന് മുന്നോടിയായാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് മൊഴിയെടുക്കുന്നതെന്നാണ് സി ബി ഐ വൃത്തങ്ങള്‍ അറിയിച്ചത്. രണ്ട് ആയുധ ഫാക്ടറികളിലും സി ബി ഐ കഴിഞ്ഞ 16ന് നടത്തിയ റെയ്ഡില്‍ കരാര്‍ ക്രമക്കേട് വ്യക്തമാക്കുന്ന രേഖകള്‍ പിടിച്ചെടുത്തിരുന്നു. ആദ്യം കുറഞ്ഞ നിരക്കില്‍ മറ്റൊരു കമ്പനിക്ക് നല്‍കിയ കരാര്‍ റദ്ദാക്കി റിടെന്‍ഡര്‍ വിളിച്ചാണ് മുന്‍ഗണന മറികടന്ന് സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ സ്റ്റീല്‍ ആന്റ്് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിംഗ്‌സ് ലിമിറ്റഡിന് കൂടിയ തുകക്ക് ഉറപ്പിച്ച് നല്‍കിയത്. സുബി മല്ലിയുടെ സ്വാധീനത്തിന് വഴങ്ങി ടെണ്ടറില്‍ ക്രമക്കേട് കാട്ടിയ ഉന്നത ഉദ്യോസ്ഥര്‍ക്കെതിരായ തെളിവുകള്‍ ശേഖരിക്കുകയാണ് സി ബി ഐ ഇപ്പോള്‍. 1.55 കോടി രൂപയുടെ കരാറാണ് എസ് ഐ എഫ് എല്ലിന് നല്‍കിയിരുന്നത്. ഇതില്‍ നിന്ന് കമ്മീഷനായി സുബി മല്ലിക്ക് ലഭിച്ച 18 ലക്ഷത്തില്‍ എത്രരൂപ ആയുധ ഫാക്ടറി ഉദ്യോഗസ്ഥന്റെ എക്കൗണ്ടിലെത്തിയെന്നാണ് സിബിഐ പരിശോധിക്കുന്നത്.

അതേസമയം സി ബി ഐ കഴിഞ്ഞ 16ന് നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകള്‍ പരിശോധന പൂര്‍ത്തിയാക്കി ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ചു. 150 തരം രേഖകളാണ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്. ആവഡി, മേഡക് ആയുധ ഫാക്ടറികളില്‍ നിന്നും തൃശൂര്‍ എസ് ഐ എഫ് എല്ലില്‍ നന്നും പിടിച്ചെടുത്തിട്ടുള്ള കരാറുമായി ബന്ധപ്പെട്ട ഫയലുകള്‍, സുബിമല്ലിയുടെ മുംബൈയിലെ ഓഫീസില്‍ നിന്നും വസതിയില്‍ നിന്നും പിടിച്ചെടുത്ത  രേഖകള്‍, എസ് ഐ എഫ് എല്‍ എം ഡിയായിരുന്ന ഡോ. എസ് ഷാനവാസിന്റെും സീനിയര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ വല്‍സന്റെയും വസതികളില്‍ നിന്ന് പിടിച്ചെടുത്ത രേഖകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. ഇവരുടെ വസതികളില്‍ നിന്ന് പിടിച്ചെടുത്ത രണ്ട് ലാപ് ടോപ്പുകള്‍, മൂന്ന് കമ്പ്യൂട്ടറുകളുടെ ഹാര്‍ഡ് ഡിസ്‌കുകള്‍ എന്നിവ കോടതിയുടെ അനുമതി ലഭിക്കുന്ന മുറക്ക് വിശദമായ പരിശോധനക്കായി സെന്‍ട്രല്‍ ഫോറന്‍സിക് ലാബിലേക്കയക്കും.

janayugom 290113

എന്‍എസ്എസിനെ വിമര്‍ശിക്കാതെ ചെന്നിത്തല


തന്റെ മതേതര പ്രതിച്ഛായ തകര്‍ക്കാന്‍ ആസൂത്രിതമായ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ ആരോപണങ്ങള്‍ക്ക് മറുപടിയായി നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുകുമാരന്‍ നായരുടെ അഭിപ്രായത്തെ ചോദ്യം ചെയ്യുന്നില്ലെന്നും അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ തന്നെ വലിച്ചിഴയ്ക്കേണ്ട കാര്യമില്ലായിരുന്നെന്നും ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസ് ഹൈക്കമാന്റാണ് തന്നെ സ്ഥാനാര്‍ഥിയാക്കിയതെന്നും എന്‍എസ്എസുമായി കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പ് ധാരണയില്ലായിരുന്നെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ അഭിപ്രായത്തെ ചെന്നിത്തല തള്ളിക്കളയാതിരുന്നത് ശ്രദ്ധേയമായി. സമുദായിക സാമൂഹ്യ സംഘടനകളും നേതാക്കളും അവരുടെ അതിര്‍വരമ്പ് വിട്ട് പ്രവര്‍ത്തിക്കുന്നത് കേരളത്തിന്റെ മതേതരത്വ കാഴ്ചപ്പാടിന് ദോഷം ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു.

ഉമ്മന്‍ചാണ്ടി മന്ത്രി സഭയിലേക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് തീരുമാന പ്രകാരമാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചത്. മന്ത്രിസഭയിലേക്കില്ലെന്നും കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് ഉറച്ചുനില്‍ക്കുമെന്നും നേരത്തെ വ്യക്തമാക്കിയതാണ്. തന്റെ മന്ത്രിസഭാ പ്രവേശനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്ന ചര്‍ച്ചകളും വിവാദങ്ങളും ദൗര്‍ഭാഗ്യകരമാണ്.

40 വര്‍ഷമായി കറതീര്‍ന്ന മതേതര വാദിയായാണ് താന്‍ പൊതുജീവിതം നയിക്കുന്നത്. തെരഞ്ഞെടുപ്പുകളില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണം ലഭിച്ചിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും താല്‍പര്യം സംരക്ഷിക്കാന്‍ തനിക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാമുദായിക സാംസ്കാരിക സംഘടനകളുമായി കോണ്‍ഗ്രസ് എന്നും വിശാലമായ നിലപാടാണ് സ്വീകരിച്ചത്. ഒരു സാമുദായിക സംഘടന നേതാക്കളെയും അപമാനിക്കുന്ന നിലപാട് കോണ്‍ഗ്രസിനില്ലെന്നും ചെന്നിത്തല പറഞ്ഞു.

സുകുമാരന്‍ നായരുടെ വിമര്‍ശനത്തിന് നേതൃത്വം മറുപടി പറയണമെന്ന് തിരുവഞ്ചൂര്‍

കണ്ണൂര്‍: സുകുമാരന്‍ നായരുടെ വിമര്‍ശനത്തിന് നേതൃത്വം മറുപടി പറയണമെന്ന് അഭ്യന്തമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വിമര്‍ശനത്തോട് രാഷ്ട്രീയ നേതൃത്വങ്ങളാണ് പ്രതികരിക്കേണ്ടത്. കേരളത്തില്‍ സര്‍ക്കാരുകള്‍ക്ക് നിലനില്‍ക്കാന്‍ ചില സമവാക്യങ്ങള്‍ ശരിയാകണമെന്നും കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് തിരുവഞ്ചൂര്‍ പറഞ്ഞു.

എന്‍എസ്എസ് ഇപ്പോള്‍ നടത്തിയ വിമര്‍ശനത്തിന്റെ രാഷ്ട്രീയം തനിക്കറിയില്ല. നാല്‍പാടി വാസു വധക്കേസില്‍ പുനരന്വേഷണം നടത്താനാവില്ല. 93ല്‍ നടന്ന കൊലപാതകം സംബന്ധിച്ച് 97ല്‍ വീണ്ടും അന്വേഷണം നടന്നതാണ്. അതിനാല്‍ ഇതിന് നിയമസാധുത ഇല്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.


ധാരണയില്ലെന്ന് ചെന്നിത്തല പറയുന്നത് ഗതികേടുകൊണ്ട്

കൊല്ലം: എന്‍എസ്എസുമായി കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പ് ധാരണയില്ലായിരുന്നെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവന ഗതികേടുകൊണ്ടാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. ന്യൂനപക്ഷ സമുദായത്തിന്റെ പ്രതിനിധിയായി ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെത്തുമ്പോള്‍ ഭൂരിപക്ഷ സമുദായത്തിന്റെ പ്രതിനിധിയായി ചെന്നിത്തല മന്ത്രിസഭയിലുണ്ടാകുമെന്ന ധാരണ മുന്നോട്ട് വെച്ചത് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വമാണ്. അതിനാല്‍ എന്‍എസ്എസുമായുണ്ടാക്കിയ ധാരണ അട്ടിമറിച്ചതിനെക്കുറിച്ച് കോണ്‍ഗ്രസിന്റെ കേന്ദ്ര നേതൃത്വം പ്രതികരിക്കണം.

നായരായത് കൊണ്ടല്ല ഭൂരിപക്ഷ സമുദായ അംഗത്തെ ഭരണത്തിന്റെ താക്കോല്‍ സ്ഥാനത്തെത്തിക്കാനാണ് ചെന്നിത്തലയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന് പറയുന്നതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. മന്ത്രിസഭാ രൂപീകരണം മുതല്‍ അട്ടിമറി നടന്നിട്ടുണ്ട്.

ചെന്നിത്തലയെ സമ്മര്‍ദ്ദത്തിലാക്കിയാണ് ചൊവ്വാഴ്ച പത്രസമ്മേളനം നടത്തിച്ചത്. ഗതികേട് കൊണ്ടാണ് ചെന്നിത്തല പത്രസമ്മേളനം നടത്തിയത്. രമേശ് ചെന്നിത്തലയുടെ മതേതര നിലപാടിനെ എന്‍എസ്എസ് ചോദ്യം ചെയ്തിട്ടില്ല. നിലവിലെ വിവാദങ്ങള്‍ക്ക് മറപടി പറയേണ്ടത് കോണ്‍ഗ്രസിന്റെ കേന്ദ്ര നേതൃത്വമാണെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.


deshabhimani

ആയുധ ഇടപാട് സമഗ്രമായി അന്വേഷിക്കണം: വി എസ്


സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സ്റ്റീല്‍ ഫോര്‍ജിങ്സ് ലിമിറ്റഡ് ഉള്‍പ്പെട്ട ആയുധ ഇടപാടുകളെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ഇടപാടിന് ഇടനിലക്കാരിയായി പ്രവര്‍ത്തിച്ച സുബി മല്ലിയുമായി കേരളത്തിലെ ഉന്നത നേതാവിന് ബന്ധമുള്ളതായി വാര്‍ത്ത വന്നിട്ടുണ്ട്. കമ്മീഷന്‍ ഏര്‍പ്പാടാക്കി കൊടുത്ത കാര്യത്തിലും ഈ നേതാവിന് പങ്കുണ്ടെന്നും ആക്ഷേപമുണ്ട്. ഇക്കാര്യവും അന്വേഷിക്കണം. സിബിഐ അന്വേഷണത്തിനൊപ്പം സംസ്ഥാനത്ത് വിജിലന്‍സ് അന്വേഷണവും നടക്കണം. കമ്പനിയുടെ ചെയര്‍മാനെയും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെയും നീക്കിയിട്ടില്ല. എംഡി ഷാനവാസ് യുഡിഎഫ് ഭരണകാലത്ത് പലസ്ഥാപനങ്ങളുടെയും ചുമതല വഹിച്ചിട്ടുണ്ട്. അപ്പോഴെല്ലാം വന്‍തോതില്‍ അഴിമതി നടത്തിയതായും ആരോപണമുണ്ട്. ഇക്കാരയത്തില്‍ കുറ്റമറ്റ അന്വേഷണം നടക്കണമെന്നും വി എസ് ആവശ്യപ്പെട്ടു.

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പ്രസ്താവന ശരിയെന്ന് പറയാന്‍ ചെന്നിത്തലയ്ക്കും എതിര്‍ത്തുപറയാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ധൈര്യമില്ലെന്നും വി എസ് പറഞ്ഞു.

deshabhimani

റിപ്പോ, കരുതല്‍ ധനാനുപാത നിരക്കുകള്‍ കാല്‍ ശതമാനം കുറച്ചു


റിപ്പോ നിരക്കും കരുതല്‍ ധനാനുപാത നിരക്കും(സിആര്‍ആര്‍) കാല്‍ ശതമാനം കുറച്ചുകൊണ്ട് റിസര്‍വ് ബാങ്ക് മൂന്നാം പാദ വായ്പാനയം പ്രഖ്യാപിച്ചു. നിരക്ക് കുറച്ചതോടെ വ്യക്തിഗത, ഭവന, വാഹന വായ്പകളുടെ പലിശ നിരക്ക് കുറയാന്‍ സാധ്യതയുണ്ട്. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്ക് 8 ശതമാനത്തില്‍ നിന്ന് 7.75 ശതമാനമായും ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കേണ്ട കരുതല്‍ ധനത്തിന്റെ അനുപാതം(സിആര്‍ആര്‍) 4.25 ശതമാനത്തില്‍ നിന്ന് 4മായാണ് കുറച്ചത്.

പുതിയ നിരക്കുകള്‍ ഫെബ്രുവരി 9ന് നിലവില്‍ വരും. കരുതല്‍ ധനാനുപാതം കുറച്ചതോടെ 18,000 കോടി രൂപ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ടുള്ള തീരുമാനമാണ് കൈക്കൊണ്ടതെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. പണപ്പെരുപ്പനിരക്ക് മൂന്നുവര്‍ഷത്തെ താഴ്ന്ന നിലയിലായതിന്റെ പിന്‍ബലത്തിലാണ് നിരക്ക് കുറച്ചത്. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഒന്നോ, രണ്ടോ തവണകൂടി നിരക്ക് കുറയ്ക്കാനുള്ള സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്.

സമ്പദ് വ്യവസ്ഥ മന്ദഗതിയിലാകുകയും പണപ്പെരുപ്പം ഉയരുകയും ചെയ്തതോടെ പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി റിസര്‍വ് ബാങ്ക് 2011 മാര്‍ച്ചിനുശേഷം 13 തവണ മുഖ്യവായ്പാ പലിശനിരക്ക് വര്‍ധിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഭവന, വാഹന വായ്പ ഉള്‍പ്പെടെ എല്ലാത്തരം വായ്പകളുടെയും പലിശനിരക്ക് 3.5 ശതമാനംവരെ ഉയര്‍ന്ന് സാധാരണക്കാര്‍ക്ക് അപ്രാപ്യമായി. ഇത് കാരണം സമ്പദ് വ്യവസ്ഥയില്‍ കടുത്ത പ്രത്യാഘാതങ്ങളുണ്ടാകുകയും വ്യവസായരംഗം മന്ദീഭവിക്കുകയും ചെയ്തിരുന്നു. 25 ശതമാനം കുറവ് വിപണിയില്‍ വലിയ പ്രതിഫലനമുണ്ടാക്കാന്‍ സാധ്യതയില്ലെങ്കിലും ശുഭാപ്തിവിശ്വാസം കൈവരാന്‍ സഹായിക്കുമെന്നാണ് വിദഗ്ധരുടെ പ്രതീക്ഷ.

deshabhimani

റേഷന്‍ അരിക്ക് പല വില


വിലക്കയറ്റം തടയാന്‍ റേഷന്‍ കട വഴി കൂടുതല്‍ അരി വിതരണംചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. വിലക്കയറ്റം ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേന്ദ്രം അധികമായി അനുവദിച്ച ഒന്നര ലക്ഷം ടണ്‍ ഭക്ഷ്യധാന്യം വിവിധ വില ഈടാക്കി വിതരണംചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എപിഎല്‍ വിഭാഗക്കാര്‍ കിലോയ്ക്ക് 8.90 രൂപതന്നെ കൊടുക്കണം. വിപണിവിലയ്ക്ക് എഫ്സിഐ അനുവദിച്ച അരി, കിലോയ്ക്ക് 19.50 രൂപ നിരക്കില്‍ വിതരണംചെയ്യും. റേഷന്‍ വിതരണത്തിനായി നല്‍കുന്ന അതേ അരി തന്നെയാണിത്. ബിപിഎല്‍ വിഭാഗത്തിലുള്ള 26.30 ലക്ഷം കുടുംബങ്ങള്‍ക്ക് കിലോയ്ക്ക് 6.20 രൂപ നിരക്കില്‍ അരിയും 4.70 നിരക്കില്‍ ഗോതമ്പും നല്‍കും. 14.50 ലക്ഷം ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് അഞ്ചു കിലോ അരിയും രണ്ടു കിലോ ഗോതമ്പും ബിപിഎല്‍ പട്ടികയിലുള്ള 11.8 ലക്ഷം കുടുംബങ്ങള്‍ക്ക് 19 കിലോ അരിയും ആറു കിലോ ഗോതമ്പും. നാലു മാസത്തേക്കാണിത്. 80.20 ലക്ഷം കാര്‍ഡുടമകളാണ് സംസ്ഥാനത്തുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇവരില്‍ ബിപിഎല്‍ വിഭാഗക്കാര്‍ക്കുമാത്രമേ കേന്ദ്രത്തിന്റെ പ്രത്യേക അലോട്ട്മെന്റില്‍നിന്നുള്ള അരി നല്‍കൂ. ഇവര്‍ക്ക് നിലവില്‍ ലഭിക്കുന്ന ഒരു രൂപ അരിക്ക് പുറമെയാണിത്. സപ്ലൈകോ വഴി മാസം 20 കിലോ അരി നല്‍കും. മട്ട 16 രൂപ, കുറുവ 19, ജയ 21 എന്നിങ്ങനെയാണ് വില. ഇതിന് റേഷന്‍ കാര്‍ഡ് വേണം. കണ്‍സ്യൂമര്‍ഫെഡ് വഴി സപ്ലൈകോ വിലയില്‍ ആഴ്ചയില്‍ ആറു കിലോ അരി വീതം നല്‍കും.

സപ്ലൈകോയ്ക്ക് 50ഉം കണ്‍സ്യൂമര്‍ഫെഡിന് 25ഉം കോടി രൂപ അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു. വിപണി ഇടപെടലിനെത്തുടര്‍ന്ന് സപ്ലൈകോയ്ക്കും കണ്‍സ്യൂമര്‍ഫെഡിനും ഹോര്‍ട്ടികോര്‍പ്പിനും വന്ന ബാധ്യത മുഴുവന്‍ സര്‍ക്കാര്‍ വഹിക്കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ധനം, സിവില്‍ സപ്ലൈസ്, സഹകരണം, കൃഷി, വകുപ്പ് സെക്രട്ടറിമാരും ബന്ധപ്പെട്ട കോര്‍പറേഷന്‍ എംഡിമാരും ചര്‍ച്ച നടത്തി തുടര്‍നടപടി സ്വീകരിക്കും. നെല്ല് സംഭരണം കാര്യക്ഷമമാക്കും. നെല്ല് സംഭരിച്ച ഇനത്തില്‍ കൃഷിക്കാര്‍ക്കുള്ള കുടിശ്ശിക പൂര്‍ണമായും നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

deshabhimani 290113

നിയമസഭയുടെ ചരിത്രത്തിലേക്ക് കണ്‍തുറന്ന് ...


കോഴിക്കോട്: 1888ല്‍ രൂപീകരിച്ച ആദ്യ നിയമസഭയായ ട്രാവന്‍കൂര്‍ നിയമസഭയുടെ വിശേഷങ്ങളില്‍നിന്ന് തുടങ്ങി 13-ാം നിയമസഭയിലെത്തി നില്‍ക്കുന്ന ചരിത്രത്തിന്റെ കൈയൊപ്പുകള്‍. മലബാര്‍ കലാപത്തെക്കുറിച്ചുള്ള സെക്രട്ടറിയുടെ റിപ്പോര്‍ട്ട്, ക്ഷേത്രപ്രവേശന വിളംബര ഉത്തരവ്, ഇ എം എസിനെ കണ്ടുപിടിക്കുന്നവര്‍ക്ക് 1000രൂപ വാഗ്ദാനം ചെയ്തുള്ള പൊലീസ് അറിയിപ്പ്... കാലത്തിന്റെ അടയാളപ്പെടുത്തലുകള്‍ വിസ്മയമുണര്‍ത്തി വെളിച്ചം പരത്തുമ്പോള്‍ തെളിയുന്നത് മായ്ക്കാനാവാത്ത ചരിത്രസാക്ഷ്യങ്ങള്‍. നിയമനിര്‍മാണ സഭകളുടെ 125-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ടൗണ്‍ഹാളില്‍ നടക്കുന്ന പ്രദര്‍ശനം കേരളത്തിന്റെ ജനാധിപത്യ ചരിത്രത്തിലേക്കുള്ള സുവര്‍ണവഴികള്‍ തുറക്കുകയാണ്. ഡയറക്ടറേറ്റ് ഓഫ് അഡ്വര്‍ടൈസിങ് ആന്‍ഡ് വിഷ്വല്‍ പബ്ലിസിറ്റി, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, പുരാരേഖ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പ്രദര്‍ശനം.

സംസ്ഥാനത്ത് ആദ്യം രൂപീകരിച്ച ട്രാവന്‍കൂര്‍ നിയമസഭയുടെയും സഭാംഗങ്ങളുടെയും ചിത്രങ്ങളുമായാണ് പ്രദര്‍ശനം ആരംഭിക്കുന്നത്. തുടര്‍ന്ന് കൊച്ചി നിയമസഭയുടെയും അംഗങ്ങളുടെയും വിവരങ്ങളും ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. തിരു-കൊച്ചി സംയോജന റിപ്പോര്‍ട്ട് എന്‍ എം ബുച്ച് ഒപ്പുവയ്ക്കുന്ന ചരിത്രപ്രാധാന്യമുള്ള ഫോട്ടോയും പ്രദര്‍ശനത്തിലുണ്ട്. 1941ല്‍ ഇ എം എസിനെ കണ്ടുപിടിക്കാന്‍ സഹായിക്കുന്നവര്‍ക്ക് 1000 രൂപ വാഗ്ദാനം ചെയ്തുള്ള ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ അറിയിപ്പും പ്രദര്‍ശനത്തില്‍ ശ്രദ്ധേയമാണ്. മലബാറുമായി ബന്ധപ്പെട്ടുള്ള സുപ്രധാന രേഖകളുടെയും ഉത്തരവുകളുടെയും കോപ്പികളുമുണ്ട്. കേരള നിയമസഭയുടെ സുവര്‍ണ ജൂബിലി- സില്‍വര്‍ ജൂബിലി -വെബ്സൈറ്റ് ഉദ്ഘാടനവേള ഫോട്ടോകള്‍, മന്ത്രിസഭാ സത്യപ്രതിജ്ഞാ ചടങ്ങുകള്‍, 1957 ലെ ആദ്യ മന്ത്രിസഭയെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു അഭിസംബോധന ചെയ്യുന്നത്, നിയമസഭാ സംബന്ധമായ പഴയ പത്രവാര്‍ത്തകള്‍, മുഖ്യമന്ത്രിമാര്‍, സ്പീക്കര്‍മാര്‍, ഗവര്‍ണര്‍മാര്‍ തുടങ്ങിയവരുടെ പടങ്ങള്‍ എന്നിങ്ങനെ സംസ്ഥാനവും നിയമസഭയുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം പ്രദര്‍ശനത്തിലുണ്ട്. പ്രദര്‍ശനം 30ന് സമാപിക്കും.

നിയമനിര്‍മാണ സഭകളുടെ 125-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുള്ള ചരിത്രപ്രദര്‍ശനത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മന്ത്രി എം കെ മുനീര്‍ നിര്‍വഹിച്ചു. ആറ് ജില്ലകളിലാണ് പ്രദര്‍ശനം നടക്കുക. ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ എ പ്രദീപ് കുമാര്‍ എംഎല്‍എ അധ്യക്ഷനായി. മേയര്‍ എ കെ പ്രേമജം, എംഎല്‍എമാരായ സി കെ നാണു, കെ കുഞ്ഞമ്മദ് , പുരുഷന്‍ കടലുണ്ടി, വി എം ഉമ്മര്‍ എന്നിവര്‍ സംസാരിച്ചു. കലക്ടര്‍ കെ വി മോഹന്‍കുമാര്‍ സ്വാഗതവും പി ജി നിര്‍മല്‍ കുമാര്‍ രാജു നന്ദിയും പറഞ്ഞു. നിയമസഭാംഗങ്ങളായിരുന്ന സിറിയക് ജോണ്‍, കുഞ്ഞുമുഹമ്മദ് പണാറത്ത്, എന്‍ പി മൊയ്തീന്‍, കെ മൂസ്സക്കുട്ടി, എ കെ പത്മനാഭന്‍, ഇ നാരായണന്‍ നായര്‍, പി ശങ്കരന്‍, ടി പി എം സാഹിര്‍, പി എം എ സലാം, യു സി രാമന്‍, എം കെ പ്രേമനാഥ്, എം ടി പത്മ, പി വിശ്വന്‍ എന്നിവരെ ആദരിച്ചു.

deshabhimani 290113

പ്രത്യേക സംഘത്തിന് മൊഴി നല്‍കാതിരുന്നത് പൊലീസിനെ ഭയന്ന്: സൂര്യനെല്ലി പെണ്‍കുട്ടി


കോട്ടയം: ഓഫീസില്‍ സഹപ്രവര്‍ത്തകന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച പരാതിയില്‍ പ്രത്യേക അന്വേഷണസംഘത്തിന് മൊഴി നല്‍കാതിരുന്നത് പൊലീസിനെ ഭയന്നിട്ടാണെന്ന് സൂര്യനെല്ലി പെണ്‍കുട്ടിയും കുടുംബവും. തന്റെ അഭിഭാഷകയുടെ സാന്നിധ്യത്തില്‍ മാത്രമേ മൊഴി നല്‍കാന്‍ കഴിയൂ എന്ന് പെണ്‍കുട്ടി കഴിഞ്ഞദിവസം അന്വേഷണസംഘത്തോട് വ്യക്തമാക്കിയിരുന്നു. "അവള്‍ക്ക് ഇപ്പോഴും ഭയമുണ്ട്, പൊലീസ് അറസ്റ്റ് ചെയ്യാനാണോ വിളിപ്പിക്കുന്നതെന്ന് അറിയില്ലല്ലോ" പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിലുള്ളവര്‍ കഴിഞ്ഞദിവസം മൊഴിയെടുക്കാന്‍ പെണ്‍കുട്ടി ജോലി ചെയ്യുന്ന നാഗമ്പടത്തെ ഓഫീസില്‍ എത്തിയിരുന്നു. ചങ്ങനാശേരിയില്‍ ആദായനികുതി ഓഫീസില്‍ ജോലി ചെയ്യവേ ആയിരുന്നു പീഡനശ്രമം. ഓഫീസ് സമയം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ ഉന്നതഉദ്യോഗസ്ഥന്‍ കൈയ്ക്കുപിടിച്ച് തിരിക്കുകയും അപമാനിക്കാന്‍ ശ്രമിച്ചെന്നും ഇത് എതിര്‍ത്തപ്പോള്‍ തന്നെ കള്ളക്കേസില്‍ കുടുക്കിയെന്നുമായിരുന്നു പെണ്‍കുട്ടിയുടെ പരാതി. പണംതിരിമറിയുടെ പേരില്‍ ആരോപണവിധേയമായ പെണ്‍കുട്ടിയെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. സുപ്രീംകോടതിയില്‍ ആരംഭിക്കുന്ന സൂര്യനെല്ലി കേസിന്റെ അന്തിമവാദത്തില്‍ തങ്ങള്‍ക്ക് നീതിലഭിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും പിതാവ് പറഞ്ഞു. ജനാധിപത്യമഹിളാ അസോസിയേഷന്‍ നിയോഗിച്ച അഭിഭാഷകന്‍ കേസ് നന്നായി നടത്തുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സൂര്യനെല്ലി കേസില്‍ സര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണം: പി കെ ശ്രീമതി

തിരു: സൂര്യനെല്ലി പെണ്‍വാണിഭ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി ആവശ്യപ്പെട്ടു. പെണ്‍കുട്ടിയുടെ രക്ഷിതാവ് ആവശ്യപ്പെട്ട അഭിഭാഷകനെപ്പോലും നിയമിക്കാന്‍ തയ്യാറാകാത്തത് ദുരൂഹമാണ്. സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിട്ടും നിസ്സംഗത തുടരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം. 16 വര്‍ഷത്തിലേറെയായി നീതിക്കുവേണ്ടി പൊരുതുന്ന കുട്ടിയോടും കുടുംബത്തോടും സര്‍ക്കാര്‍ കടുത്ത നീതിനിഷേധമാണ് കാട്ടുന്നതെന്നും പ്രസ്താവനയില്‍ പറഞ്ഞു.

വര്‍മ കമീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ നടപ്പാക്കണം: കെ കെ ശൈലജ

കണ്ണൂര്‍: ജസ്റ്റിസ് ജെ എസ് വര്‍മ കമീഷന്‍ റിപ്പോര്‍ട്ട് വിരല്‍ചൂണ്ടുന്നത് ഇന്ത്യന്‍ ഭരണവര്‍ഗത്തിന്റെ പരാജയത്തിലേക്കാണെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ കെ ശൈലജ പ്രസ്താവനയില്‍ പറഞ്ഞു. സ്ത്രീകളുടെ സുരക്ഷയും അവകാശവുമായി ബന്ധപ്പെട്ട് പുരോഗമനപരമായ നിരവധി നിര്‍ദേശങ്ങളാണ് കമീഷന്‍ മുന്നോട്ടുവച്ചത്. മഹിളാ അസോസിയേഷന്‍ നല്‍കിയ ശുപാര്‍ശകളില്‍ മിക്കതും കമീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലും ക്രിമിനല്‍ നടപടിച്ചട്ടങ്ങളിലും തെളിവുനിയമത്തിലും അനിവാര്യമായ നിരവധി ഭേദഗതികള്‍ കമീഷന്‍ ശുപാര്‍ശ ചെയ്യുന്നു. ഇന്ത്യന്‍ സമൂഹവും മതപരമായ ആചാരാനുഷ്ഠാനങ്ങളുമെല്ലാം സ്ത്രീകളുടെ മൗലികാവകാശങ്ങള്‍ നിഷേധിക്കുന്നതായി നിരീക്ഷിച്ച കമീഷന്‍ സ്ത്രീയുടെ സ്വാതന്ത്ര്യം പുരുഷന്റെ ദാനമല്ലെന്നും അവകാശമാണെന്നും പറയുന്നു. ശിക്ഷ സംബന്ധിച്ച് വളരെ വിശദമായ നിര്‍ദേശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. ഈ റിപ്പോര്‍ട്ട് അടിയന്തരമായി നടപ്പാക്കുകയാണെങ്കില്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ സ്ത്രീസുരക്ഷയിലും അവകാശസംരക്ഷണത്തിലും വിപ്ലവകരമായ മുന്നേറ്റമുണ്ടാകും. എത്രയും വേഗം റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് കെ കെ ശൈലജ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

സ്ത്രീകള്‍ക്കെതിരായ അതിക്രമം: ബഹുജനസംഘടനകള്‍ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കും

ന്യൂഡല്‍ഹി: ജസ്റ്റിസ് വര്‍മ സമിതി നിര്‍ദേശങ്ങള്‍ എത്രയുംവേഗം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ അസോസിയേഷന്‍, ഡിവൈഎഫ്ഐ, എസ്എഫ്ഐ, സിഐടിയു സംഘടനകള്‍ പ്രധാനമന്ത്രിക്ക് നിവേദനം സമര്‍പ്പിക്കും. ആയിരക്കണക്കിന് ആളുകളുടെ ഒപ്പോടുകൂടിയാകും നിവേദനം സമര്‍പ്പിക്കുക. ഒപ്പുശേഖരണം റിപ്പബ്ലിക് ദിനത്തില്‍ ആരംഭിച്ചു. അടുത്ത പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതു വരെ തുടരും. സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചുള്ളതാണ് പ്രധാനമന്ത്രിക്കുള്ള നിവേദനം. സ്ത്രീകള്‍ക്കെതിരായ അതിക്രമക്കേസുകളില്‍ വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കുക, മൂന്നുമാസത്തിനകം ശിക്ഷ വിധിക്കുക, കൂട്ടബലാത്സംഗം, കുട്ടികളെ ബലാത്സംഗം ചെയ്യുക, കസ്റ്റഡിയില്‍ വച്ചുള്ള ബലാത്സംഗം തുടങ്ങിയ കേസുകളില്‍ ജീവപര്യന്തം നിര്‍ബന്ധമാക്കുക എന്നീ ആവശ്യങ്ങള്‍ നിവേദനത്തിലുണ്ട്.

deshabhimani

പ്രകാശ് ബക്ഷി കമ്മിറ്റി റിപ്പോര്‍ട്ട് സഹകരണ ബാങ്കിങ് മേഖലയെ തകര്‍ക്കും: കടകംപള്ളി


റിസര്‍വ് ബാങ്ക് നിയോഗിച്ച പ്രകാശ് ബക്ഷി കമ്മിറ്റി റിപ്പോര്‍ട്ട് കേരളത്തിലെ സഹകരണ ബാങ്കിങ് മേഖലയെ തകര്‍ക്കുമെന്ന് സംസ്ഥാന സഹകരണബാങ്ക് മുന്‍ പ്രസിഡന്റ് കടകംപള്ളി സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഹ്രസ്വകാല സഹകരണവായ്പ ത്രിതല ഘടനയെക്കുറിച്ച് പരിശോധിച്ച് നബാര്‍ഡ് ചെയര്‍മാന്‍ ബക്ഷി അധ്യക്ഷനായ കമ്മിറ്റി പുനഃസംഘടനാ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുകയാണ്. പ്രാഥമിക കാര്‍ഷിക സഹകരണസംഘങ്ങളെ ത്രിതല സഹകരണ ബാങ്കിങ് രംഗത്തുനിന്ന് ഒഴിവാക്കണമെന്നും സംസ്ഥാന സഹകരണബാങ്കും ജില്ലാ സഹകരണബാങ്കും ചേര്‍ന്ന ദ്വിതലസംവിധാനം നടപ്പാക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു. പ്രാഥമിക സഹകരണബാങ്കില്‍ നിലവില്‍ നിക്ഷേപമുള്ളവരെയും വായ്പ എടുത്തവരെയും ജില്ലാ ബാങ്കുകളില്‍ നേരിട്ട് വോട്ടവകാശമുള്ള ആക്ടീവ് അംഗങ്ങളാക്കണം, പ്രാഥമിക സഹകരണസംഘങ്ങളുടെ സേവനം ജില്ലാ സഹകരണബാങ്കുകളില്‍ ബിസിനസ് കറസ്പോണ്ടന്റ് എന്ന രീതിയില്‍ പ്രയോജനപ്പെടുത്തണം, പ്രാഥമിക സംഘങ്ങള്‍ക്ക് സ്വന്തം നിലയ്ക്ക് ഫീസീടാക്കി സാമ്പത്തിക-ഇതര സേവനങ്ങള്‍ ചെയ്യാമെങ്കിലും ബാങ്കിങ് പ്രവര്‍ത്തനം പാടില്ല എന്നിവയാണ് റിപ്പോര്‍ട്ടിലെ മറ്റ് നിര്‍ദേശങ്ങള്‍.

സഹകരണ ബാങ്കിങ് മേഖലയിലെ മൊത്തം നിക്ഷേപങ്ങളുടെയും വായ്പയുടെയും പകുതിയിലേറെയും പ്രാഥമിക സഹകരണ സംഘങ്ങളുടേതായതിനാല്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള റിപ്പോര്‍ട്ട് സഹകരണ ബാങ്കിങ് മേഖലയെ തകര്‍ക്കുന്നതാണ്. 35,000 കോടി രൂപയിലേറെ നിക്ഷേപവും അതില്‍കൂടുതലുള്ള വായ്പയും പ്രാഥമിക സഹകരണസംഘങ്ങളിലുണ്ട്. 35,000 സ്ഥിരം ജീവനക്കാരും ഈ മേഖലയിലുണ്ട്. റിപ്പോര്‍ട്ടനുസരിച്ച് ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സംഘങ്ങളുടെ ഭരണസമിതിക്ക് അധികാരമില്ലാതെയാകും എന്നതിനാല്‍ ബക്ഷി റിപ്പോര്‍ട്ട് ഗ്രാമീണ സാമ്പത്തികമേഖലയുടെ നാശത്തിനിടയാക്കും. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമിക സഹകരണസംഘങ്ങളെക്കുറിച്ചോ ജീവനക്കാരെക്കുറിച്ചോ റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നില്ല. ഇതിനാല്‍ ആവശ്യമായ തിരുത്തലുകള്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിലും റിസര്‍വ് ബാങ്കിലും സമ്മര്‍ദംചെലുത്തണമെന്നും കടകംപള്ളി പറഞ്ഞു. ജില്ലാ സഹകരണബാങ്കുകള്‍ക്ക് മറ്റ് ബാങ്കുകളുമായി സാമ്പത്തിക ഇടപാടുകള്‍ നടത്താമെന്ന നിര്‍ദേശം സഹകരണരംഗത്തെ വിഭവചോര്‍ച്ചയ്ക്കും കെട്ടുറപ്പ് നഷ്ടപ്പെടുത്തുന്നതിനും ഇടയാക്കും.

സംസ്ഥാന ബാങ്കുകളില്‍ സ്റ്റാറ്റ്യൂട്ടറി ഓഡിറ്റര്‍മാരെ നിയമിക്കാനുള്ള അധികാരം റിസര്‍വ് ബാങ്കില്‍ നിക്ഷിപ്തമാകുന്നതോടെ സഹകരണ ഓഡിറ്റ് വിഭാഗം ഇല്ലാതാകും. മാര്‍ച്ച് 31നകം നാല് ശതമാനം മൂലധനപര്യാപ്തത കൈവരിക്കാത്ത സംസ്ഥാന സഹകരണബാങ്കുകള്‍ക്കും ജില്ലാ ബാങ്കുകള്‍ക്കും എതിരെ കര്‍ശന നടപടി റിസര്‍വ് ബാങ്കിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പടിപടിയായി ജില്ലാ സഹകരണബാങ്കുകളുടെ മൊത്തം വായ്പയില്‍ 70 ശതമാനവും കാര്‍ഷികവായ്പയായിരിക്കണമെന്ന് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. റിപ്പോര്‍ട്ട് അതേപടി നടപ്പാക്കിയാല്‍ കേരളത്തിലെ സഹകരണ ബാങ്കിങ് മേഖല തകരുമെന്ന് കടകംപള്ളി പറഞ്ഞു.

deshabhimani 290113

റെയില്‍ ബജറ്റ്: എംപിമാരുടെ യോഗം പ്രഹസനമായി


 റെയില്‍ ബജറ്റിനുമുന്നോടിയായി റെയില്‍വേ വിളിച്ചുചേര്‍ത്ത എംപിമാരുടെ യോഗം പ്രഹസനമായി. ബജറ്റിനുള്ള അടിസ്ഥാന ഒരുക്കങ്ങളും സമയക്രമവും പൂര്‍ത്തിയായശേഷം വൈകി യോഗം വിളിച്ചാണ് റെയില്‍വേ നാടകം കളിച്ചത്. പതിവുപോലെ വളരെ നേരത്തെ യോഗം ചേര്‍ന്ന് സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ റെയില്‍മന്ത്രാലയത്തെ അറിയിക്കുന്നതിനുപകരം വളരെ വൈകി യോഗം വിളിച്ചതില്‍ ഇടതുപക്ഷ എംപിമാര്‍ ശക്തിയായി പ്രതിഷേധിച്ചു. എംപിമാരായ പി കരുണാകരന്‍, കെ എന്‍ ബാലഗോപാല്‍, എ സമ്പത്ത്, എം പി അച്യുതന്‍ എന്നിവര്‍ സമയത്തിന് യോഗം വിളിക്കാത്തതിലുള്ള പ്രതിഷേധം അറിയിച്ചു.

കേരളത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ഇനിയെങ്കിലും ശക്തമായ നടപടി വേണമെന്ന് പി കരുണാകരന്‍ ആവശ്യപ്പെട്ടു. കേരളത്തിന് അനുവദിച്ച പദ്ധതികള്‍ നടപ്പാക്കുന്നില്ല. ബജറ്റില്‍ പ്രഖ്യാപിച്ച വണ്ടികള്‍പോലും ഓടുന്നില്ല. പാത ഇരട്ടിപ്പിക്കല്‍ ഇഴഞ്ഞുനീങ്ങുന്നു. കോച്ചുകളുടെ സ്ഥിതി അത്യന്തം ദയനീയം. യാത്രക്കാരുടെ, വിശേഷിച്ചും സ്ത്രീയാത്രക്കാരുടെ സുരക്ഷയ്ക്ക് നടപടി എടുക്കുന്നില്ല. പ്രശ്നങ്ങള്‍ക്ക് അടിയന്തരമായി പരിഹാരം കാണണമെന്നും പി കരുണാകരന്‍ ആവശ്യപ്പെട്ടു. പാലക്കാട് കോച്ച് ഫാക്ടറി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുന്നതുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ കെ എന്‍ ബാലഗോപാല്‍ ഉള്‍പ്പെടെയുള്ള എംപിമാരും ചൂണ്ടിക്കാട്ടി.

റായ്ബറേലിയില്‍ റെയില്‍വേ സ്വന്തം നിലയില്‍ സ്ഥലം ഏറ്റെടുത്ത് ഫാക്ടറിനിര്‍മാണം തുടങ്ങിയപ്പോള്‍ കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് നല്‍കിയിട്ടും റെയില്‍വേ അവഗണന തുടരുന്നു. അവിടെ റെയില്‍വേ നേരിട്ട് നിര്‍മാണം ഏറ്റെടുത്തപ്പോള്‍ ഇവിടെ പിപിപിയാക്കിയും തടസ്സം സൃഷ്ടിച്ചു. സ്ത്രീയാത്രക്കാരുടെ സുരക്ഷയ്ക്ക് കൂടുതല്‍ വനിതാ പൊലീസുകാരെ ആര്‍പിഎഫ് നിയോഗിക്കണമെന്നും എംപിമാര്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് നല്‍കുന്നതില്‍ വരുത്തുന്ന കാലതാമസവും മണ്ണ് കിട്ടാത്തതും വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യോഗത്തില്‍ മുഖംകാണിച്ച് മടങ്ങി. കേന്ദ്ര മന്ത്രിമാരായ ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ്, എംപിമാരായ പി സി ചാക്കോ, പി ടി തോമസ്, ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ രാകേഷ് മിശ്ര, ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാരായ വി ജയകുമാരന്‍, ഡാനി തോമസ് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. അതേസമയം, ബജറ്റ് തയ്യാറാക്കുന്നതിനു മുന്നോടിയായി ജനറല്‍ മാനേജര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ പ്രധാന സ്റ്റേഷനുകള്‍ സന്ദര്‍ശിച്ചിരുന്നു. പാസഞ്ചേഴ്സ് അസോസിയേഷനുകള്‍ നല്‍കിയ നിവേദനം പരിഗണിക്കുമെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് സമ്മര്‍ദമുണ്ടായാലേ പുതിയ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കൂ. എന്നാല്‍ അത്തരം നീക്കം ഇതുവരെ ഉണ്ടായിട്ടില്ല. മറ്റു സംസ്ഥാനങ്ങളെല്ലാം മാസങ്ങള്‍ക്ക് മുമ്പേ ആവശ്യങ്ങള്‍ റെയില്‍വേ ബോര്‍ഡിന് മുന്നില്‍ സമര്‍പ്പിച്ചിരുന്നു. റെയില്‍വേ വികസനത്തിന് തടസ്സം ഫണ്ടിന്റെ ലഭ്യത കുറവാണെന്ന് പറഞ്ഞിരുന്നെങ്കിലും ടിക്കറ്റ് നിരക്കിലെ വര്‍ധനയോടെ കോടിക്കണക്കിന് രൂപയുടെ അധിക വരുമാനം റെയില്‍വേക്ക് ലഭിക്കുന്നുണ്ട്. യാത്രാനിരക്കില്‍ വര്‍ധനവുണ്ടായിട്ടും യാത്രക്കാര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലം നഷ്ടമാകുകയാണ്.

deshabhimani 290113

കെഎസ്ആര്‍ടിസിയെ സംരക്ഷിക്കാന്‍ സെക്രട്ടറിയറ്റിലേക്ക് എല്‍ഡിഎഫ് മാര്‍ച്ച്


കെഎസ്ആര്‍ടിസിയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് സെക്രട്ടറിയറ്റിലേക്ക് ജനകീയ മാര്‍ച്ച് നടത്തി. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനംചെയ്തു. കെഎസ്ആര്‍ടിസിയെ തകര്‍ക്കുന്ന നയങ്ങള്‍ തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. പാളയം രക്തസാക്ഷി മണ്ഡപത്തിനു സമീപത്തുനിന്ന് ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിനാളുകള്‍ അണിനിരന്നു.

നാല്‍പ്പതുലക്ഷത്തിലേറെ യാത്രക്കാര്‍ ആശ്രയിക്കുന്ന പൊതുയാത്രാസംവിധാനമാണ് വികലനയത്തിലൂടെ തകരുന്നത്. ഏകദേശം 40,000 ജീവനക്കാരും 37,000 പെന്‍ഷന്‍കാരും ഈ വ്യവസായത്തെ ആശ്രയിച്ചുകഴിയുന്നുണ്ട്. യാത്രാക്ലേശത്തിന്റെ മറവില്‍ ദേശസാല്‍ക്കൃതറൂട്ടില്‍ ഉള്‍പ്പെടെ സ്വകാര്യ പെര്‍മിറ്റ് നല്‍കി സ്വകാര്യവല്‍ക്കരണം ത്വരിതപ്പെടുത്താനാണ് നീക്കം. ഇങ്ങനെ 1000 ബസ് സര്‍വീസ് ഇല്ലാതാകുമ്പോള്‍ ഏഴായിരത്തിലേറെ ജീവനക്കാരാണ് തൊഴില്‍രഹിതരാവുക. വന്‍കിട ഉപയോക്താവ് എന്ന പ്രശ്നം തരണംചെയ്യാന്‍ പ്രാദേശികമായി ഡീസല്‍ അടിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കണം. സിപിഐ നിയമസഭാ കക്ഷി നേതാവ് സി ദിവാകരന്‍ എംഎല്‍എ അധ്യക്ഷനായി. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, മാത്യു ടി തോമസ്, വി സുരേന്ദ്രന്‍പിള്ള, അമ്പലത്തറ ശ്രീധരന്‍നായര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ഉഴവൂര്‍ വിജയന്‍ എന്നിവര്‍ സംസാരിച്ചു.

കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരെയും വേട്ടയാടുന്നു

തൃശൂര്‍: കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയിലാക്കിയ സര്‍ക്കാര്‍ പെന്‍ഷന്‍കാരെയും വേട്ടയാടുന്നു. ആദ്യ ആഴ്ചയില്‍ നല്‍കാറുള്ള പെന്‍ഷന്‍ ജനുവരിയില്‍ വിതരണം ചെയ്തത് 28ന്. അതെത്തുംമുമ്പ് പാലക്കാട് തേങ്കുറുശിയില്‍ എന്‍ മണി സാമ്പത്തിക പ്രയാസത്താല്‍ ജീവനൊടുക്കി. ഇതാദ്യമായാണ് സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ജീവനക്കാരന്‍ പെന്‍ഷന്‍ ലഭിക്കാതെ ആത്മഹത്യ ചെയ്യുന്നത്. പെന്‍ഷന്‍ വിതരണം ഇത്രയും താമസിക്കുന്നതും ആദ്യം. പെന്‍ഷന്‍ ബാധ്യത ഏറ്റെടുക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്തതാണ് ഇതിന് കാരണമെന്ന് ജീവനക്കാരുടെ സംഘടനകള്‍ ചൂണ്ടിക്കാട്ടി.

കെഎസ്ആര്‍ടിസിയില്‍ നിന്ന് വിരമിച്ച 37,000 പേരാണുള്ളത്. പെന്‍ഷന് 31 കോടി രൂപ പ്രതിമാസം വേണം. വിവിധ ബാധ്യതകള്‍ കൂടിയതിനാല്‍ കെടിഡിഎഫ്സിയില്‍ നിന്നും മറ്റും കടം വാങ്ങിയാണ് പെന്‍ഷനും ശമ്പളവും നല്‍കുന്നത്. കെടിഡിഎഫ്സിയിലെ കടം മാത്രം 1100 കോടി രൂപ കവിഞ്ഞു. ഇതിന്റെ പ്രതിമാസ ഗഡുവും പലിശയും കൂടി 27 കോടി രൂപ അടയ്ക്കണം. ഇതിനു പുറമെ മാസം 15 കോടി രൂപയുടെ അധിക ബാധ്യതയാണ് ഡീസല്‍ വിലവര്‍ധനയിലൂടെ ഉണ്ടായത്. ഇപ്പോള്‍ പെന്‍ഷന്‍ മുടങ്ങിയപോലെ ശമ്പളവും മുടങ്ങിയേക്കുമെന്ന ഭയത്തിലാണ് നാല്‍പ്പതിനായിരത്തോളം വരുന്ന ജീവനക്കാര്‍. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കാനുള്ള ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കെഎസ്ആര്‍ടിഇഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് ജേക്കബ് പറഞ്ഞു. കെടിഡിഎഫ്സിക്കു നല്‍കാനുള്ള വായ്പബാധ്യത സര്‍ക്കാര്‍ ഏറ്റെടുത്താലേ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാനാകൂവെന്നും അദ്ദേഹം പറഞ്ഞു.

deshabhimani 290113

ഒരുവിഭാഗത്തിന്റെ ആവശ്യം എന്‍എസ്എസ് ഏറ്റെടുത്തു: വി എസ്


കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ ആവശ്യമാണ് ഇപ്പോള്‍ എന്‍എസ്എസ് ഏറ്റെടുത്തിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ലീഗിന്റെ അഞ്ചാംമന്ത്രി സ്ഥാനത്തെ കോണ്‍ഗ്രസിലെ ഒരു വിഭാഗംതന്നെ എതിര്‍ത്തിരുന്നു. ഉമ്മന്‍ചാണ്ടിയെ ഇറക്കിവിട്ടേ അടങ്ങൂ എന്നാണ് എന്‍എസ്എസ് ഇപ്പോള്‍ പറയുന്നത്. സമുദായങ്ങള്‍ പരസ്പരമുള്ള തമ്മിലടിയാണ് എന്‍എസ്എസിന്റെ പ്രഖ്യാപനത്തിനു പിന്നിലുള്ളത്. മുസ്ലിംലീഗിന്റെ നേതാവ് ഒരു ഗര്‍ജനം നടത്തുമ്പോള്‍ മറ്റൊരു സാമുദായിക നേതാവ് മറ്റൊരു ഗര്‍ജനം നടത്തുകയാണെന്നും വി എസ് പറഞ്ഞു

എന്‍എസ്എസിനെ എതിര്‍ക്കാതെ ചെന്നിത്തല

തിരു: കോൺഗ്രസ് പാര്ട്ടിയെ ശക്തിപ്പെടുത്തുക മാത്രമാണ് തന്റെ അജണ്ടയെന്നും മറ്റൊര് അജണ്ടയും മുന്നിലില്ലെന്നും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്നും എൻഎസ്എസിന്റെ പരാമർശങ്ങളോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് പാര്ട്ടിയെ സജ്ജമാക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം സമുദായ സംഘടനകളല്ല, കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ് മന്ത്രിസഭ പുനഃസംഘടന തീരുമാനിക്കുന്നതെന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ പറഞ്ഞു. സി എം സ്റ്റീഫന്‍ ഫൗണ്ടേഷന്റെ അവാര്‍ഡ് ദാനം ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എഐസിസിയെ സമീപിക്കുമെന്ന എന്‍എസ്എസ് നിലപാട് പ്രതികരണം അര്‍ഹിക്കുന്നില്ല. സമുദായ സംഘടനകളുടെ ആവശ്യങ്ങളിലും അഭിപ്രായങ്ങളിലും ഉള്‍ക്കൊള്ളേണ്ടത് ഉള്‍ക്കൊള്ളും. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഒരു മതവിഭാഗത്തിന്റെയും പ്രതിനിധികളല്ല. പുനഃസംഘടന ഇപ്പോള്‍ യുഡിഎഫിന്റെ അജണ്ടയിലില്ലെന്നും തങ്കച്ചന്‍ പറഞ്ഞു.

സുകുമാരൻ നായരുടെ പ്രസ്താവനയെ പി സി വിഷ്ണുനാഥ്, രാജ് മോഹൻ ഉണ്ണിത്താൻ, വി ടി ബലറാം എന്നിവരും എതിർത്തു. എന്നാൽ കേന്ദ്രമന്ത്രി കെ സി വേണുഗോപാൽ പ്രതികരിക്കാൻ വിസമ്മതിച്ചു

അധികാരത്തിലെത്തിക്കുന്നത് സമുദായ സംഘടനകളല്ല: മുനീര്‍

കോഴിക്കോട്: അധികാരത്തിലെത്തിക്കുന്നതും ഇറക്കുന്നതും സമുദായ സംഘടനകളല്ലെന്ന് മന്ത്രി എം കെ മുനീര്‍ പറഞ്ഞു. എല്ലാ വിഷയങ്ങളെയും ജാതീയമായും വര്‍ഗീയമായും കാണുന്നതിനോട് യോജിപ്പില്ല. ഒരു ഭാഗത്ത് സാമൂഹിക നീതി നിഷേധിക്കുന്നു എന്നു പറയുമ്പോള്‍ മറുഭാഗത്തെ നീതിനിഷേധം കാണാതിരുന്നുകൂടാ. മന്ത്രിസഭാ പുനഃസംഘടനയൊന്നും ഇപ്പോള്‍ ചര്‍ച്ചചെയ്തിട്ടില്ല. 33 അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്നത് ലീഗ് വിഷയമല്ലെന്നും മുനീര്‍ പറഞ്ഞു.

അധിക്ഷേപം കേട്ടിരുന്ന നേതാക്കള്‍ അപമാനം

തിരു: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍ മുഖ്യമന്ത്രിയെയും കെപിസിസി പ്രസിഡന്റിനെയും അധിക്ഷേപിക്കുന്നത് ഖദറുമുടുത്ത് മിണ്ടാപ്രാണികളെപ്പോലെ കേട്ടിരുന്ന മന്ത്രിമാരും നേതാക്കളും കോണ്‍ഗ്രസിന് അപമാനമാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍. സുകുമാരന്‍നായര്‍ അധിക്ഷേപിക്കുമ്പോള്‍ പ്രതികരിക്കാന്‍ കഴിവില്ലെങ്കില്‍ എഴുന്നേറ്റുപോകാനുള്ള സാമാന്യമര്യാദയെങ്കിലും കാണിക്കണമായിരുന്നു എന്നും ഉണ്ണിത്താന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സുകുമാരന്‍നായരുടെ അധിക്ഷേപം പദവിക്കു ചേര്‍ന്നതല്ല. എന്‍എസ്എസുമായി ചേര്‍ന്നതുകൊണ്ടാണ് 120 സീറ്റ് കിട്ടേണ്ട സ്ഥാനത്ത് യുഡിഎഫിന് 72 മാത്രമായത്. യോഗ്യത മാനദണ്ഡമാക്കി സ്ഥാനാര്‍ഥികളെ നിശ്ചയിക്കാത്തതിനാലാണ് ഗ്രഹണസമയത്തെ നീര്‍ക്കോലികളെപ്പോലെ ചിലര്‍ തലപൊക്കുന്നതെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

സാമുദായിക സംഘടനകള്‍ ഇടപെടേണ്ട: മുല്ലപ്പള്ളി

കോഴിക്കോട്: കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യങ്ങള്‍ കോണ്‍ഗ്രസ് തീരുമാനിക്കുമെന്ന് കേന്ദ്രസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഇത്തരം കാര്യങ്ങളില്‍ സാമുദായിക സംഘടനകള്‍ ഇടപെടുന്നത് നല്ല കീഴ്വഴക്കമല്ല. മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഹൈക്കമാന്‍ഡുമാണ്്. ജനാധിപത്യപാര്‍ടിയെന്ന നിലയ്ക്ക് എല്ലാ ഘടകകക്ഷികളുടെയും അഭിപ്രായവും സ്വീകരിക്കും. ഒരു സാമുദായിക സംഘടനയെയും പ്രത്യേകമായി പരിഗണിക്കുന്ന പാര്‍ടിയല്ല കോണ്‍ഗ്രസ്. പ്രത്യേക സമുദായത്തിനായി കോണ്‍ഗ്രസ് തീരുമാനമെടുക്കില്ലെന്നും മുല്ലപ്പള്ളി വാര്‍ത്താലേഖകരോട് പറഞ്ഞു.

എന്‍എസ്എസ് പ്രതികരണം അര്‍ഹിക്കുന്നില്ല: തങ്കച്ചന്‍

കൊച്ചി: സമുദായ സംഘടനകളല്ല, കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ് മന്ത്രിസഭ പുനഃസംഘടന തീരുമാനിക്കുന്നതെന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എഐസിസിയെ സമീപിക്കുമെന്ന എന്‍എസ്എസ് നിലപാട് പ്രതികരണം അര്‍ഹിക്കുന്നില്ല. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഒരു മതവിഭാഗത്തിന്റെയും പ്രതിനിധികളല്ല. പുനഃസംഘടന ഇപ്പോള്‍ യുഡിഎഫിന്റെ അജന്‍ഡയിലില്ലെന്നും തങ്കച്ചന്‍ പറഞ്ഞു.

എന്‍എസ്എസിനെ കോണ്‍ഗ്രസ്സ് തള്ളിപ്പറയണം: ജമാ അത്ത് കൗണ്‍സില്‍

ആലപ്പുഴ: യുഡിഎഫ് ഭരണത്തിലെത്തുമ്പോള്‍ അനാവശ്യവിവാദങ്ങളും സമ്മര്‍ദ്ദങ്ങളും ചെലുത്തി ചുളിവില്‍ ആനുകൂല്യങ്ങള്‍ നേടിയെടുക്കുക എന്ന എന്‍എസ്എസ് സ്വീകരിക്കുന്ന വിലകുറഞ്ഞ നിലപാടിനെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണമെന്ന് കേരള ജമാ അത്ത് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി അഡ്വ. എ പൂക്കുഞ്ഞ് ആവശ്യപ്പെട്ടു. കേരള ജനസംഖ്യയില്‍ 12 ശതമാനം മാത്രമുള്ള നായര്‍വിഭാഗത്തില്‍ പകുതിയില്‍താഴെയുള്ളവരേ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നുള്ളു. രമേശ് ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കാന്‍ എന്‍എസ്എസിന്റെ വക്കാലത്ത് ആവശ്യമുണ്ടോയെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കണം. ഭരണത്തില്‍ പിന്‍സീറ്റ് നിയന്ത്രണത്തിന് ശ്രമിക്കുന്ന എന്‍എസ്എസ്സിന്റെയും മറ്റു സമുദായ സംഘടനാ നേതൃത്വങ്ങളുടെ നിലപാടുകളെ പിന്തുണയ്ക്കുന്ന സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും സമീപനത്തില്‍ പ്രതിഷേധിച്ച് മന്ത്രിസഭയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ മുസ്ലിംലീഗ് ആലോചിക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

deshabhimani 290113

മത്സ്യബന്ധനപരിധി നിയന്ത്രിക്കാന്‍ നിയമം വരുന്നു


തലശേരി: പരമ്പരാഗത തൊഴിലാളികള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധനത്തിനുള്ള ദൂരപരിധി കര്‍ശനമാക്കാന്‍ നിയമത്തിന് നീക്കം. കടല്‍ക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരാണ് നിയമത്തിന്റെ സാധ്യത തേടുന്നത്. സമുദ്രാതിര്‍ത്തി ലംഘിക്കുന്ന മത്സ്യബന്ധന തൊഴിലാളികള്‍ക്കെതിരെ കര്‍ശന നടപടിയടക്കം നിര്‍ദിഷ്ടനിയമത്തില്‍ വ്യവസ്ഥയുണ്ട്. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ 12 നോട്ടിക്കല്‍ മൈലിനുള്ളിലേ യന്ത്രവല്‍കൃത ബോട്ടുകള്‍ക്കും പരമ്പരാഗത യാനങ്ങള്‍ക്കും മത്സ്യബന്ധനത്തിന് അനുമതിയുള്ളൂ. നിയമം വരുന്നതോടെ അതിര്‍ത്തി ലംഘിക്കുന്ന പരമ്പരാഗത വള്ളങ്ങളെ മറൈന്‍ എന്‍ഫോഴ്സ്മെന്റ് തടയും. ലൈസന്‍സ് റദ്ദാക്കി കണ്ടുകെട്ടുകയുംചെയ്യും. മൂന്നുവര്‍ഷം തടവും ഒമ്പതുലക്ഷം രൂപവരെ പിഴയും ഈടാക്കുംവിധത്തിലാകും നിയമം. യന്ത്രവല്‍കൃത ബോട്ടുകളും തോണിയും അതിര്‍ത്തി കടക്കുന്നത് തടഞ്ഞാല്‍ കപ്പലിടിച്ച് തുടരെയുണ്ടാകുന്ന അപകടം ഒഴിവാക്കാമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍. അടുത്തിടെയുണ്ടായ കപ്പലപകടങ്ങളില്‍ കേരളതീരത്തുമാത്രം ഏഴു മത്സ്യത്തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. അഞ്ചുപേര്‍ കപ്പലിടിച്ച് ബോട്ട് തകര്‍ന്നും രണ്ടുപേര്‍ ഇറ്റാലിയന്‍ സൈനികരുടെ വെടിയേറ്റും. സമുദ്രാതിര്‍ത്തി ലംഘിക്കുന്ന കപ്പലുകള്‍ക്കെതിരെ നടപടിയെടുക്കാതെ പരമ്പരാഗത തൊഴിലാളികളെ നിയന്ത്രിക്കാനാണ് ആലോചന.

സമുദ്രാതിര്‍ത്തി നിയന്ത്രണം പരമ്പരാഗതതൊഴിലാളികളെയാണ് ദോഷകരമായി ബാധിക്കുക. അതിര്‍ത്തി ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി വരുന്നതോടെ മീന്‍പിടിത്തം അസാധ്യമാകും. സ്രാവും അയക്കൂറയും ഉള്‍പ്പെടെയുള്ളവ പിടിക്കാന്‍ തൊഴിലാളികള്‍ ആഴക്കടലില്‍ ദിവസങ്ങളോളം തങ്ങാറുണ്ട്. മീന്‍തേടിയുള്ള യാത്രയില്‍ പലപ്പോഴും ഇവര്‍ക്ക് അതിര്‍ത്തി കടക്കേണ്ടിവരും. നിയമം വരുന്നതോടെ നിശ്ചിതപരിധിക്കപ്പുറം കടന്ന് മീന്‍പിടിക്കുന്നത് കടുത്ത നടപടി ക്ഷണിച്ചുവരുത്തും. പന്ത്രണ്ട് നോട്ടിക്കല്‍ മൈലിനപ്പുറം അപകടം നടന്നാല്‍ ഉത്തരവാദിത്തത്തില്‍നിന്ന് കപ്പലുകാര്‍ക്കും സര്‍ക്കാരിനും രക്ഷപ്പെടാം. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കുള്ള നിയന്ത്രണത്തിലൂടെ വിദേശ കപ്പലുകള്‍ക്ക് അതിര്‍ത്തിക്കുള്ളില്‍ കടന്ന് മത്സ്യബന്ധനം നടത്താന്‍ സൗകര്യമൊരുക്കുകയാണ് കേന്ദ്രം. തീരദേശത്ത് മത്സ്യസമ്പത്ത് ഗണ്യമായി കുറയുന്നെന്ന പരാതി നിലനില്‍ക്കുമ്പോഴാണ് മീന്‍പിടിത്തത്തിന് നിയന്ത്രണമേര്‍പ്പെടുത്തുന്നത്. വന്‍കിട കപ്പലുകള്‍ക്ക് ആഴക്കടല്‍ മത്സ്യസമ്പത്ത് പൂര്‍ണമായും കൊള്ളയടിക്കാന്‍ സൗകര്യമൊരുക്കുന്നതാകും നടപടി.

deshabhimani 290113

വൈദ്യുതി ഉല്‍പ്പാദനച്ചെലവും കുത്തനെ ഉയരും


കല്‍ക്കരി, പ്രകൃതിവാതക മേഖലയിലെ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിരേഖ കേരളത്തിന് കനത്ത ആഘാതമാകും. സ്വകാര്യമേഖലയെ സഹായിക്കുന്ന നിര്‍ദേശങ്ങള്‍ കേന്ദ്രനിലയങ്ങളില്‍നിന്ന് ലഭിക്കുന്ന വൈദ്യുതിയുടെ വില ഉയര്‍ത്തും. കേരളത്തിലെ പ്രകൃതിവാതക വൈദ്യുതി പദ്ധതികളും അട്ടിമറിക്കപ്പെടും. സ്വകാര്യ ഉല്‍പ്പാദകര്‍ക്ക് വൈദ്യുതി കമ്പോളത്തില്‍ ആദായകരമായി വൈദ്യുതി വില്‍ക്കുന്നതിനായി, പൊതുമേഖലാസ്ഥാപനമായ കോള്‍ ഇന്ത്യ ലിമിറ്റഡ് വഴി ഇറക്കുമതി നടത്തണമെന്നാണ് നിര്‍ദേശം. തദ്ദേശീയ കല്‍ക്കരിയുടെ കുറഞ്ഞ വിലയുമായി ഇറക്കുമതി കല്‍ക്കരിയുടെ വില ഏകീകരിച്ചു കൊടുക്കണമെന്നും പദ്ധതിരേഖ ആവശ്യപ്പെടുന്നു. ഇത് ഇറക്കുമതി കല്‍ക്കരിയെ ആശ്രയിക്കുന്ന സ്വകാര്യ കമ്പനികളുടെ ഉല്‍പ്പാദനച്ചെലവ് കുറയ്ക്കും. എന്‍ടിപിസി അടക്കമുള്ള പൊതുമേഖലാ കമ്പനികളുടെ ഉല്‍പ്പാദനച്ചെലവ് ഉയരാനും ആസൂത്രണ കമീഷന്റെ ശുപാര്‍ശ ഇടയാക്കും. താല്‍ച്ചര്‍, രാമഗുണ്ടം, സിംഹാദ്രി എന്നിവിടങ്ങളില്‍നിന്ന് കേരളത്തിന് ലഭിക്കുന്ന വൈദ്യുതിയുടെ വില ഇതോടെ കുതിച്ചുയരും.

യൂണിറ്റിന് ശരാശരി 2.70 നിരക്കിലാണ് ഒറീസയിലെ താല്‍ച്ചറില്‍നിന്ന് വൈദ്യുതി കിട്ടുന്നത്. രാമഗുണ്ടത്തുനിന്ന് 250 മെഗവാട്ട് മൂന്നു രൂപയില്‍ താഴെ നിരക്കിലും സിംഹാദ്രയില്‍നിന്ന് 80 മെഗാവാട്ട് മൂന്നര രൂപയ്ക്കും കിട്ടുന്നുണ്ട്. ഈയിടെ പ്രവര്‍ത്തനം തുടങ്ങിയ വള്ളൂരില്‍നിന്ന് കല്‍ക്കരി വൈദ്യുതിയാണ് കേരളത്തിന് കിട്ടുന്നത്. കേന്ദ്ര അണ്‍ അലോക്കേറ്റഡ് വിഹിതത്തിലും കല്‍ക്കരി വൈദ്യുതിക്ക് ഗണ്യമായ പങ്കുണ്ട്. ഇറക്കുമതി വിലയുമായി തദ്ദേശീയവില ഏകീകരിക്കുന്നത് ഈ നിലയങ്ങളിലെ വൈദ്യുതി ഉല്‍പ്പാദനച്ചെലവ് ഉയര്‍ത്തും. കെഎസ്ഇബിയുടെ സാമ്പത്തികസ്ഥിതി ഇത് കൂടുതല്‍ അപകടത്തിലാക്കും.

പ്രകൃതിവാതകത്തിന്റെ കാര്യത്തിലുള്ള നിര്‍ദേശവും കേരളത്തിന് തിരിച്ചടിയാകും. ഇറക്കുമതി പ്രകൃതിവാതകത്തെ മാത്രം ആശയിക്കേണ്ടിവരുന്ന കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ ആഭ്യന്തര പ്രകൃതിവാതകത്തിന്റെ വിലയും ഇറക്കുമതിവിലയും ഏകീകരിക്കണമെന്നാണ് നിരന്തരം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, അത് നിരാകരിച്ച കമീഷന്‍ ആഭ്യന്തര പ്രകൃതിവാതകത്തിന്റെ വില ഇറക്കുമതിവിലയിലേക്ക് ഉയര്‍ത്തണമെന്നാണ് നിര്‍ദേശിച്ചിരുക്കുന്നത്. ആഭ്യന്തര പ്രകൃതിവാതക ഉല്‍പ്പാദനത്തില്‍ കുത്തകയുള്ള റിലയന്‍സലിന് കൊള്ളലാഭം കൊയ്യാന്‍ ഇത് അവസരമൊരുക്കും. ആഭ്യന്തര പ്രകൃതിവാതകത്തിന്റെ വിലയേക്കാള്‍ നാലിരട്ടിയാണ് ഇറക്കുമതി ചെയ്യുന്നതിന്റെ വില. ഈ വിലയ്ക്ക് പ്രകൃതിവാതകം വാങ്ങി വൈദ്യുതി ഉല്‍പ്പാദിപ്പിക്കുമ്പോള്‍ യൂണിറ്റിന് എട്ടു രൂപയോളം ചെലവു വരും. ബ്രഹ്മപുരം (1026 മെഗാവാട്ട്), കായംകുളം എക്സ്പാന്‍ഷന്‍ (1950) ചീമേനി (1200) തുടങ്ങിയ വമ്പന്‍ പദ്ധതികള്‍ പ്രകൃതിവാതകത്തെ ആശ്രയിച്ചാണ് കേരളം വിഭാവനം ചെയ്തിരുന്നത്. നിലവിലുള്ള താപനിലയങ്ങള്‍ പ്രകൃതിവാതകത്തിലേക്ക് മാറ്റാനും പദ്ധതിയുണ്ട്. എന്നാല്‍, പ്രകൃതിവാതകത്തിന്റെ വിലയില്‍ ഏകീകരണമില്ലെങ്കില്‍ ഈ പദ്ധതികളെല്ലാം അവതാളത്തിലാകും. ഗൗരവമായ ചര്‍ച്ചയില്ലാതെ, ദേശീയ വികസന കൗണ്‍സില്‍ യോഗം പദ്ധതിരേഖ അംഗീകരിച്ചുകഴിഞ്ഞു. ഇനി മന്ത്രിസഭ അംഗീകരിച്ച് ഉത്തരവിറങ്ങുന്നതോടെ ഇത് നടപ്പാകും.
(ആര്‍ സാംബന്‍)

പാവങ്ങള്‍ക്ക് വൈദ്യുതിയില്ല: എ കെ ബാലന്‍

മഞ്ചേരി: വൈദ്യുതി മേഖലയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയതിന്റെ അഞ്ചിലൊന്ന് വികസനമെങ്കിലും നടപ്പാക്കാന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിനെ വെല്ലുവിളിക്കുന്നതായി മുന്‍ വൈദ്യുതി മന്ത്രിയും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ എ കെ ബാലന്‍. ഇതേ സാഹചര്യങ്ങളില്‍ ഇതേ ഉദ്യോഗസ്ഥരെ വച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ വൈദ്യുതി മേഖലയെ പ്രതിസന്ധിരഹിതമാക്കിയത്. ഇക്കാര്യത്തില്‍ നിലവിലെ വൈദ്യുതിമന്ത്രിയെ വെല്ലുവിളിക്കുകയാണ്. മഞ്ചേരിയില്‍ കെ സെയ്താലിക്കുട്ടി അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈദ്യുതി പോസ്റ്റ് സൗജന്യമായി നല്‍കിയും ചോദിക്കുന്ന എല്ലാവര്‍ക്കും കണക്ഷന്‍ നല്‍കിയും പവര്‍കട്ട് ഇല്ലാതെയാണ് ഇടതുസര്‍ക്കാര്‍ അഞ്ചുവര്‍ഷം ഭരിച്ചത്. ഇപ്പോള്‍ 17,300 രൂപ നല്‍കിയാലേ പോസ്റ്റ് ലഭിക്കൂ. കെഎസ്ഇബിയെ സ്വകാര്യവത്കരിക്കില്ലെന്ന് പലതവണ ആണയിട്ടയാളാണ് ആര്യാടന്‍. എന്നാല്‍ ഇപ്പോള്‍ റിലയന്‍സുമായി ധാരണയായിക്കഴിഞ്ഞു. കുഞ്ഞാലിക്കുട്ടി എത്ര പണംമുടക്കി പ്രചാരണം നടത്തിയിട്ടും കാര്യമില്ല. വ്യവസായം വരണമെങ്കില്‍ മിതമായ നിരക്കില്‍ വൈദ്യുതിനല്‍കാന്‍ കഴിയണം. സര്‍ക്കാര്‍ പാവപ്പെട്ടവരെ പാടെ അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

deshabhimani

കസ്റ്റഡിയിലെടുത്തവരെ മോചിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പൊലീസ്സ്റ്റേഷന്‍ ആക്രമിച്ചു


കാലടി: കസ്റ്റഡിയിലെടുത്തവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടെത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പൊലീസ്സ്റ്റേഷന്‍ ആക്രമിച്ചു. എസ്ഐ അടക്കമുള്ള പൊലീസുകാരെ മര്‍ദിച്ചവശരാക്കി. അയ്യമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ബിജു കാവുങ്ങയുടെ നേതൃത്വത്തതിലുള്ള സംഘമാണ് അയ്യമ്പുഴ പൊലീസ്സ്റ്റേഷന്‍ ആക്രമിച്ചത്. സബ്ഇന്‍സ്പെക്ടര്‍ സി കെ അയ്യപ്പന്‍കുട്ടിയെ ഇവര്‍ മര്‍ദിച്ച് അവശനാക്കി. തടയാന്‍ചെന്ന സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സതീശനെ അടിച്ചുവീഴ്ത്തി. സബ്ഇന്‍സ്പെക്ടറുടെ മേശയുടെ മുകളിലുള്ള ചില്ല് ഇടിച്ചുടച്ചശേഷം സംഘം സ്ഥലം വിട്ടു. പരിക്കേറ്റ പൊലീസുകാര്‍ കാലടി ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സതേടി. വയറ്റത്തു ചവിട്ടേറ്റ സബ്ഇന്‍സ്പെക്ടറോട് സ്കാനിങ്ങിന് വിധേയനാകാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു.

ചുള്ളിയിലെ എംസാന്‍ഡ് നിര്‍മാണ യൂണിറ്റില്‍നിന്ന് ലോഡുമായി വന്ന ലോറികള്‍ അമിതിവേഗവും പരിസരമലിനീകരണവും ആരോപിച്ച് നാട്ടുകാര്‍ തടഞ്ഞിരുന്നു. രാവിലെ ഏഴിന് ആരംഭിച്ച വാഹന ഉപരോധക്കാരെ ഒമ്പതരയോടെ പൊലീസ് അറസ്റ്റുചെയ്തുനീക്കാന്‍ ശ്രമിച്ചു. ഇതില്‍ ക്ഷുഭിതരായ ചിലര്‍ പൊലീസിനെതിരെ തിരിഞ്ഞു. ഇതേത്തുടര്‍ന്ന് 10 പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. കസ്റ്റഡിയിലെടുത്തവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പഞ്ചായത്ത് പ്രസിഡന്റും കൂട്ടരും പൊലീസ്സ്റ്റേഷനില്‍ കയറി അതിക്രമം കാണിച്ചത്. എംസാന്‍ഡ് നിര്‍മാണ യൂണിറ്റിന്റെ മലിനീകരണമടക്കമുള്ള വിഷയങ്ങളില്‍ പാറമട, ക്രഷര്‍ പ്രതിനിധികളും പഞ്ചായത്ത് ഭരണസമിതിയും പൊലീസും ചേര്‍ന്ന് ചര്‍ച്ചചെയ്യാന്‍ തീരുമാനിച്ച സന്ദര്‍ഭത്തിലാണ് പഞ്ചായത്ത് പ്രസിഡന്റും സംഘവും പൊലീസ്സ്റ്റേഷനില്‍ അതിക്രമം കാണിച്ചത്. റോഡ് ഉപരോധിച്ചതിന് അറസ്റ്റ്ചെയ്ത 10 പേരില്‍ എട്ടുപേരെ പൊലീസ് പിന്നീട് ജാമ്യംനല്‍കി വിട്ടയച്ചു. ജിന്റോ ജോണ്‍ (28), ജിനോ ജോണ്‍ (24) എന്നിവരെ കോടതിയില്‍ ഹാജരാക്കും. ഇതിനിടെ ഇവരെ പൊലീസ് ഇവരെ അങ്കമാലി എല്‍എഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ബിജു കാവുങ്ങ, പഞ്ചായത്ത് അംഗം സാജു മൂഞ്ഞേലി, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഫ്രാന്‍സിസ് എന്നിവര്‍ക്കെതിരെ കേസെടുത്തുവെന്ന് കാലടി പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജോണ്‍ വര്‍ഗീസ് പറഞ്ഞു.

deshabhimani 290113

Monday, January 28, 2013

അയോധ്യയില്‍ തല്‍സ്ഥിതി തുടരണമെന്ന് സുപ്രീംകോടതി


അയോധ്യയില്‍ ബാബറി മസ്ജിദ് നിലനിന്നതിന് സമീപമുള്ള 67 ഏക്കര്‍ ഭൂമിയില്‍ തല്‍സ്ഥിതി നിലനിര്‍ത്തണമെന്ന് സുപ്രീംകോടതി ആവര്‍ത്തിച്ചു. സമീപപ്രദേശങ്ങളില്‍ കുഴിച്ചുപരിശോധനയും മറ്റും നടത്തുന്നത് തല്‍സ്ഥിതി നിലനിര്‍ത്തിയാവണമെന്ന് ജസ്റ്റിസുമാരായ അഫ്താബ് ആലവും രഞ്ജന പ്രകാശ് ദേശായിയും ഉള്‍പ്പെട്ട ബെഞ്ച് നിര്‍ദേശിച്ചു. അയോധ്യയില്‍ സംഘപരിവാര്‍ സംഘടനകള്‍ നിര്‍മിച്ചിട്ടുള്ള താല്‍ക്കാലിക ക്ഷേത്രത്തിന്റെ പന്തല്‍ മാറ്റാന്‍ അനുമതി തേടിയുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതി നിലപാട് ആവര്‍ത്തിച്ചത്. രണ്ടാഴ്ച കൂടുമ്പോള്‍ അയോധ്യ സന്ദര്‍ശിച്ച് സ്ഥിതിവിവരങ്ങള്‍ അറിയിക്കുന്നതിന് അലഹബാദ് ഹൈക്കോടതി നിയോഗിച്ച രണ്ട് ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെ ചുമതലയില്‍നിന്ന് ഒഴിവാക്കണമെന്നും സുപ്രീംകോടതി പരിഗണിക്കുന്ന ഹര്‍ജിയില്‍ ആവശ്യമുണ്ട്. 2003ലാണ് ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെ നിയമിച്ചത്. താല്‍ക്കാലിക ക്ഷേത്രത്തിന്റെ അറ്റകുറ്റപ്പണികള്‍ക്ക് സുപ്രീംകോടതിയുടെ അനുമതി ആവശ്യമാണെന്നും ഫൈസാബാദ് ജില്ലാകമീഷണര്‍ അറിയിച്ചു. ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്തരം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. ഹര്‍ജി വിശദവാദം കേള്‍ക്കുന്നതിനായി ഫെബ്രുവരി 18ലേക്ക് മാറ്റി. ഹര്‍ജിയിലെ ആവശ്യങ്ങള്‍ കേള്‍ക്കാമെന്ന് അറിയിച്ച കോടതി പുതിയതായി ആരെയും കക്ഷിചേര്‍ക്കില്ലെന്നും വ്യക്തമാക്കി.

ബാബറി മസ്ജിദ് നിലനിന്ന സ്ഥലത്തെ മൂന്നായി വിഭജിച്ചുകൊണ്ടായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ്. ഇത് ചോദ്യംചെയ്ത് ഒട്ടനവധി ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് എത്തിയിട്ടുണ്ട്. ഹര്‍ജികള്‍ പരിഗണിച്ച കോടതി 2010 സെപ്തംബറില്‍ ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നത് സ്റ്റേ ചെയ്തിരുന്നു. കേസിലെ കക്ഷികള്‍ ഭൂമി വിഭജിക്കണമെന്ന് ആവശ്യപ്പെടാതിരുന്നിട്ടും മൂന്നായി വിഭജിച്ചുള്ള ഹൈക്കോടതി ഉത്തരവ് ആശ്ചര്യകരമാണെന്ന് സുപ്രീംകോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. പ്രദേശത്ത് തല്‍സ്ഥിതി തുടരാന്‍ ഉത്തരവിട്ട കോടതി പള്ളി നിലനിന്ന സ്ഥലത്തോട് ചേര്‍ന്നുള്ള 67 ഏക്കര്‍ ഭൂമിയില്‍ മതാനുഷ്ഠാനങ്ങളൊന്നും പാടില്ലെന്നും നിര്‍ദേശിച്ചിരുന്നു.

deshabhimani 290113

കേള്‍ക്കാന്‍ ഇഷ്ടമില്ലാത്തവര്‍ വീട്ടിലിരിക്കണം: മുഖ്യമന്ത്രി


ജി സുകുമാരന്‍നായരുടെ ഭീഷണിയോട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിച്ചില്ല. വലിച്ചുതാഴെയിടുമെന്നും മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ചു പറയാന്‍ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്നും സുകുമാരന്‍നായര്‍ പറഞ്ഞതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ സ്ഥാനങ്ങളിരിക്കുന്നവര്‍ ഇതൊക്കെ കേള്‍ക്കേണ്ടിവരുമെന്നും ഇല്ലെങ്കില്‍ വീട്ടിലിരിക്കണമെന്നും പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. സുകുമാരന്‍നായരുടെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ രമേശ് ചെന്നിത്തലയുമായി അഭിപ്രായവ്യത്യാസമില്ലെന്നായിരുന്നു മറുപടി. താന്‍ വിവാദത്തിനില്ല. പറയാനുള്ളതൊക്കെ നേരത്തെ പറഞ്ഞിട്ടുണ്ട്. അതു ശരിയാണെന്ന് കാലം തെളിയിക്കും.

ചെന്നിത്തലയുടെ സ്ഥാനാര്‍ഥിത്വം എന്‍എസ്എസ് തീരുമാനപ്രകാരമാണെന്ന പരാമര്‍ശത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ താനറിയാത്ത കാര്യത്തെക്കുറിച്ച് പറയുന്നില്ലെന്നായി മുഖ്യമന്ത്രി. സമുദായസംഘടനകളുടെ സമ്മര്‍ദം സമൂഹത്തില്‍ പ്രത്യാഘാതങ്ങളുണ്ടാക്കുമോയെന്ന് എല്ലാവരും ചിന്തിക്കണം. ഇടതുപക്ഷം അധികാരത്തിലിരിക്കുമ്പോള്‍ സമുദായസംഘടനകള്‍ ഇത്തരം ഭീഷണി ഉയര്‍ത്തുന്നില്ലല്ലോയെന്ന ചോദ്യത്തിന് കോണ്‍ഗ്രസ് വലിയ സംഘടനയാണെന്നായിരുന്നു പ്രതികരണം. കോണ്‍ഗ്രസിന് വന്മതിലോ അടച്ചിട്ട വാതിലോ ഇല്ല. അഭിപ്രായം പറയാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ മെയ് മാസത്തിനപ്പുറം പോകില്ലെന്ന പരാമര്‍ശത്തോട്, നമുക്ക് അപ്പോഴും കാണാമെന്നായിരുന്നു പ്രതികരണം.

തന്റേടമുള്ളവര്‍ ഖണ്ഡിക്കൂ: സുകുമാരന്‍ നായര്‍

കോട്ടയം: നിയമസഭാതെരഞ്ഞെടുപ്പിന് മുമ്പുണ്ടാക്കിയ ധാരണ കോണ്‍ഗ്രസ് സംസ്ഥാനനേതൃത്വം തെറ്റിച്ചതുകൊണ്ടാണ് താന്‍ തുറന്ന പ്രസ്താവന നടത്തിയതെന്നും തന്റേടമുള്ളവര്‍ ഇത് ഖണ്ഡിക്കട്ടെയെന്നും എന്‍എസ്എസ് ജനറല്‍സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ഇനിയും ഇത്തരം വെളിപ്പെടുത്തലുകള്‍ നടത്തുമെന്നും പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് എത്തിയ മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു.

അഞ്ചാംമന്ത്രി വിഷയത്തിലല്ല സര്‍ക്കാരിനോട് എതിര്‍പ്പ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് കോണ്‍ഗ്രസ് കേന്ദ്രനേതൃത്വവുമായി ഉണ്ടാക്കിയ ധാരണ തെറ്റിച്ചതുകൊണ്ടാണ് അസ്വാരസ്യം ഉണ്ടായത്. ധാരണ അട്ടിമറിച്ചത് സംസ്ഥാനത്തെ ചില നേതാക്കള്‍ തന്നെയാണ്. യുഡിഎഫിന് 72 സീറ്റെങ്കിലും കിട്ടാന്‍ കാരണം ചെന്നിത്തല മത്സരരംഗത്ത് വന്നതുകൊണ്ടാണ്. അല്ലെങ്കില്‍ പ്രതിപക്ഷത്തിരുന്നേനെ. ചെന്നിത്തലയോടുള്ള ബന്ധം തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി ഇല്ല. കെപിസിസി പ്രസിഡന്റ് രമേശ്ചെന്നിത്തലയെ മത്സരിപ്പിച്ചത് എംഎല്‍എ ആക്കാന്‍ മാത്രമല്ല. എ-ഐ ഗ്രൂപ്പ് പ്രശ്നം ഇല്ലാതാക്കാന്‍ ചെന്നിത്തല താക്കോല്‍സ്ഥാനത്തെത്തണം. കോണ്‍ഗ്രസിനേയും യുഡിഎഫിനേയും നിലനിര്‍ത്തുകയാണ് എന്‍എസ്എസിന്റെ ലക്ഷ്യം. അല്ലാതെ ഗ്രൂപ്പ് വിജയിപ്പിക്കലല്ലെന്ന് അദ്ദേഹം പറഞ്ഞു.

എന്‍എസ്എസിനെ ഒതുക്കാന്‍ ലീഗ്

കോഴിക്കോട്: എന്‍എസ്എസില്‍നിന്ന് തുടര്‍ച്ചയായി വിമര്‍ശം നേരിടുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് മുസ്ലിംലീഗിന്റെ പിന്തുണ. മന്ത്രിസഭാ വികസനമടക്കമുള്ള വിഷയങ്ങളില്‍ എന്‍എസ്എസിനോട് ശക്തമായ വിയോജിപ്പാണ് ലീഗിന്. എന്‍എസ്എസിനെ മുന്‍നിര്‍ത്തിയുള്ള രമേശ് ചെന്നിത്തലയുടെ നീക്കങ്ങളെ അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് മന്ത്രിമാരടക്കമുള്ള ലീഗ് നേതാക്കള്‍. യുഡിഎഫിനകത്ത് എന്‍എസ്എസിനെതിരെ കര്‍ശനിലപാട് ആവര്‍ത്തിക്കും. മുഖ്യമന്ത്രിയെ പിന്തുണയ്ക്കാനും നേതൃതലത്തില്‍ ധാരണയായി. പ്രശ്നത്തില്‍ പരസ്യമായി പ്രതികരിക്കില്ല.

എന്‍എസ്എസിന്റെ തുടര്‍ച്ചയായ ആക്രമണത്തില്‍ അസ്വസ്ഥരാണ് ലീഗ് നേതാക്കള്‍. എന്‍എസ്എസിനെ ഒതുക്കാനുള്ള നല്ലൊരായുധമായാണ് ജി സുകുമാരന്‍ നായരുടെ പ്രസ്താവനയെ കാണുന്നത്. ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തലയെയും ബന്ധപ്പെടുത്തിയുള്ള പ്രശ്നത്തില്‍ ഇടപെട്ട് സ്വാധീനവും സമ്മര്‍ദവും വിപുലമാക്കാമെന്നാണ് വിലയിരുത്തല്‍. മന്ത്രിസഭയെ താഴെയിറക്കുമെന്ന എന്‍എസ്എസ് പ്രസ്താവന വെല്ലുവിളിയായെടുക്കണമെന്ന് ലീഗ് നേതാക്കള്‍ സൂചിപ്പിക്കുന്നു. മന്ത്രി എം കെ മുനീര്‍ ഇത് പരസ്യമായി പ്രകടിപ്പിച്ചു. എന്നാല്‍ പരസ്യപ്രതികരണത്തിനില്ലെന്ന് ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദ് പറഞ്ഞു. ഉമ്മന്‍ചാണ്ടിയെ പിന്തുണയ്ക്കുക വഴി ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ സഹായം ലീഗ് പ്രതീക്ഷിക്കുന്നു. പരസ്യമായി പിന്തുണച്ച് കോണ്‍ഗ്രസില്‍ ചേരിതിരിവുണ്ടാക്കുന്നെന്ന പഴി കേള്‍ക്കേണ്ടെന്നതിനാലാണ് തന്ത്രപരമായ സമീപനം.

എന്‍എസ്എസ് അതിരുവിടുന്നെന്ന വികാരം കുറേക്കാലമായി ലീഗ്നേതാക്കള്‍ പ്രകടിപ്പിച്ചതാണ്. അഞ്ചാംമന്ത്രി പ്രശ്നത്തില്‍ ഒറ്റപ്പെടുത്തുന്നതിലും വര്‍ഗീയമുദ്ര ചാര്‍ത്തുന്നതിലും വിദ്യാഭ്യാസവകുപ്പുമായി ബന്ധപ്പെടുത്തി അനാവശ്യവിവാദങ്ങള്‍ സൃഷ്ടിക്കുന്നതിലും എന്‍എസ്എസിന് പങ്കുണ്ടെന്ന് മുതിര്‍ന്ന നേതാക്കളടക്കം കരുതുന്നു. 33 സ്കൂളിന് എയ്ഡഡ്്പദവി തീരുമാനത്തില്‍ ലീഗ് പരസ്യമായി പ്രതികരിച്ചത് ഇതിനാലാണ്. 11 സ്കൂളിന് എയ്ഡഡ് പദവി നല്‍കിയപ്പോള്‍ മതവും ജാതിയും കാണാത്തവരാണ് എതിര്‍പ്പുമായി വന്നതെന്ന് മജീദ് പറഞ്ഞത് എന്‍എസ്എസിനെയും ചില കോണ്‍ഗ്രസ് നേതാക്കളെയും ലക്ഷ്യമിട്ടാണ്. എന്‍എസ്എസിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നിലപാടെന്ന സംശയവും ലീഗിനുണ്ട്. എന്‍എസ്എസും എസ്എന്‍ഡിപിയും കെപിസിസി നേതൃ തീരുമാനങ്ങളെയടക്കം സ്വാധീനിക്കുന്നുവെന്ന അഭിപ്രായവുമുണ്ട്. ഏറെക്കാലമായി എന്‍എസ്എസിനെതിരായുയര്‍ന്ന രോഷം തുറന്ന് പ്രകടിപ്പിക്കാനുള്ള നല്ല സന്ദര്‍ഭമായാണ് ലീഗ്നേതാക്കള്‍ ഇപ്പോഴത്തെ സാഹചര്യത്തെ കാണുന്നത്.ഉമ്മന്‍ചാണ്ടിക്കൊപ്പംനിന്ന് ഈയവസരം മുതലാക്കാനാകും ലീഗിന്റെ വരും ദിവസങ്ങളിലെ ഇടപെടല്‍.
(പി വി ജീജോ)

എന്‍എസ്എസിന് പിന്തുണയുമായി എസ്എന്‍ഡിപി

കൊല്ലം: എന്‍എസ്എസിന് പിന്തുണയുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എന്‍എസ്എസിന്റെ ആവശ്യങ്ങള്‍ ന്യായമാണെന്നും എന്‍എസ്എസ് നേതൃത്വവും യുഡിഎഫും പല കാര്യങ്ങളിലും ധാരണയിലെത്തിയിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം എന്‍എസ്എസ് സെക്രട്ടറി സുകുമാരന്‍ നായര്‍ തന്റെ നിലപാട് ആവര്‍ത്തിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് ഉണ്ടാക്കിയ ധാരണ തെറ്റിച്ചതാണ് അസ്വാരസ്യങ്ങള്‍ക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. താന്‍ പറയുന്നതില്‍ തെറ്റുണ്ടെന്ന് തന്റേടമുള്ളവര്‍ പറയട്ടെയെന്നും കോണ്‍ഗ്രസിനെയും യുഡിഎഫിനെയും നിലനിര്‍ത്താനാണ് എന്‍എസ്എസ് ഇടപെടുന്നതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

deshabhimani 290113