Showing posts with label മഅ്ദനി. Show all posts
Showing posts with label മഅ്ദനി. Show all posts

Thursday, May 5, 2011

ജഡ്ജിമാര്‍ക്ക് ഭിന്നാഭിപ്രായം; മഅ്ദനിയുടെ ജാമ്യാപേക്ഷ പുതിയ ബെഞ്ചിന്

ബംഗളൂരു സ്ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ബംഗളൂരു ജയിലില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതിയുടെ പുതിയ ബെഞ്ച് കേള്‍ക്കും. ബുധനാഴ്ച ജാമ്യപേക്ഷ പരിഗണിച്ചപ്പോള്‍ രണ്ടംഗബെഞ്ചിലെ ജഡ്ജിമാര്‍ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചതിനെതുടര്‍ന്നാണ് മറ്റൊരു ബെഞ്ചിന് വിട്ടത്. ജാമ്യാപേക്ഷ ഏത് ബെഞ്ച് കേള്‍ക്കണമെന്ന് ഇനി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തീരുമാനിക്കും.

ജസ്റ്റിസുമാരായ മാര്‍ക്കണ്ഡേയ കാട്ജു, ഗ്യാന്‍സുധ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ജാമ്യം നല്‍കണമെന്ന് ജസ്റ്റിസ് കാട്ജു അഭിപ്രായപ്പെട്ടപ്പോള്‍ , ഗ്യാന്‍സുധ മിശ്ര വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചു. തുടര്‍ന്നാണ് പുതിയ ബെഞ്ച് കേള്‍ക്കട്ടെയെന്ന നിലപാടില്‍ കോടതിയെത്തിയത്. കോടതി വേനലവധിക്ക് പിരിയുന്നതിനുമുമ്പ് ഹര്‍ജി പരിഗണിക്കണമെന്ന മഅ്ദനിയുടെ അപേക്ഷയും പുതിയ ബെഞ്ച് രൂപീകരിക്കണമെന്ന ആവശ്യത്തോടൊപ്പം ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് കോടതി അറിയിച്ചു. ബംഗളൂരു സ്ഫോടനത്തില്‍ പങ്കുണ്ടെന്നതിന് തെളിവുകള്‍ കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്നും മഅ്ദനിക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശാന്തിഭൂഷനും അഡോള്‍ഫ് മാത്യുവും അഭ്യര്‍ഥിച്ചു. കോയമ്പത്തൂര്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ദീര്‍ഘനാള്‍ മഅ്ദനി ജയിലില്‍ കിടന്നതും ഒടുവില്‍ കോടതി നിരപരാധിയെന്നു കണ്ടെത്തി വെറുതെ വിട്ടതും അവര്‍ ശ്രദ്ധയില്‍പ്പെടുത്തി.

എന്നാല്‍ , ഈ വാദങ്ങള്‍ കര്‍ണാടക സര്‍ക്കാര്‍ ഖണ്ഡിച്ചു. മഅ്ദനിക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് സര്‍ക്കാരിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അന്ത്യാര്‍ജുനയും സ്റ്റാന്‍ഡിങ് കൗണ്‍സല്‍ അനിത ഷേണായിയും വാദിച്ചു. ഫോണില്‍ സംസാരിച്ചെന്നതുകൊണ്ടുമാത്രം കേസില്‍ കുറ്റക്കാരനായി കണക്കാക്കാനാകില്ലെന്നും ശാസ്ത്രീയ തെളിവുകളല്ല കര്‍ണാടക പൊലീസിന്റെ പക്കലുള്ളതെന്നും ജസ്റ്റിസ് കാട്ജു അഭിപ്രായപ്പെട്ടു. ഫോണില്‍ എന്താണ് സംസാരിച്ചതെന്ന് മനസ്സിലാക്കാതെ ഇതിനെ തെളിവായി കാണാനാകില്ല. മൂന്നാംമുറയിലൂടെ തെളിവ് ശേഖരിക്കുന്ന രീതി മാറേണ്ട കാലം അതിക്രമിച്ചു. ശാസ്ത്രീയ തെളിവാണ് വേണ്ടത്. മഅ്ദനിക്കെതിരെ തെളിവുകളായി ഉയര്‍ത്തുന്ന കാര്യങ്ങളൊന്നും ശാസ്ത്രീയമല്ല. ആരോഗ്യനില കണക്കിലെടുക്കുമ്പോള്‍ പ്രതിക്ക് ജാമ്യം അനുവദിക്കാവുന്നതാണ്- കാട്ജു പറഞ്ഞു. മഅ്ദനിക്ക് സ്ഫോടനത്തില്‍ പങ്കുണ്ടോ ഇല്ലയോ എന്നതല്ല കോടതി പരിശോധിക്കുന്നതെന്നും ജാമ്യാപേക്ഷമാത്രമാണെന്നും ജസ്റ്റിസ് ഗ്യാന്‍സുധ മിശ്ര പറഞ്ഞു. കര്‍ണാടക സര്‍ക്കാരിന്റെ വാദങ്ങള്‍ തള്ളിക്കളയാനാകില്ലെന്നും ജസ്റ്റിസ് മിശ്ര പറഞ്ഞു.

deshabhimani 050511

Saturday, April 30, 2011

മഅ്ദനിക്ക് ജാമ്യത്തിന് അര്‍ഹതയുണ്ട്: സുപ്രീംകോടതി

ന്യൂഡല്‍ഹി: ബംഗളൂരു സ്ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ ആരോഗ്യനില പരിശോധിക്കുമ്പോള്‍ ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി. മഅ്ദനിയുടെ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിച്ചപ്പോഴാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. ഹര്‍ജി ബുധനാഴ്ച വീണ്ടും പരിഗണിക്കും. മഅ്ദനിയുടെ ഹര്‍ജി പരിഗണിക്കുന്നത് നീട്ടിക്കൊണ്ടുപോകാന്‍ കര്‍ണാടക സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും ജസ്റിസുമാരായ അല്‍ത്തമാസ് കബീര്‍, ഗ്യാന്‍സുധ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് അനുവദിച്ചില്ല. മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് കേസ് പരിഗണിച്ചപ്പോള്‍ കര്‍ണാടകയ്ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അന്ത്യാര്‍ജുന അഭ്യര്‍ഥിച്ചു. എന്നാല്‍, കേസ് നീട്ടാനാകില്ലെന്നും വെള്ളിയാഴ്ചതന്നെ സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു. തുടര്‍ന്ന് വൈകിട്ടോടെ കര്‍ണാടക സര്‍ക്കാര്‍ സത്യവാങ്മൂലം ഫയല്‍ചെയ്തു. കര്‍ണാടകയുടെ വാദങ്ങള്‍ക്ക് മറുപടി നല്‍കാനുണ്ടെങ്കില്‍ ചൊവ്വാഴ്ച സമര്‍പ്പിക്കണമെന്ന് കോടതി മഅ്ദനിക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശാന്തിഭൂഷനോട് ആവശ്യപ്പെട്ടു. കേസ് ബുധനാഴ്ച കേള്‍ക്കുമെന്നും കോടതി അറിയിച്ചു.

കഴിഞ്ഞയാഴ്ച മഅ്ദനിയുടെ ഹര്‍ജി സ്വീകരിച്ച കോടതി ഒരാഴ്ചയ്ക്കകം മറുപടി സമര്‍പ്പിക്കാന്‍ കര്‍ണാടകയോട് ആവശ്യപ്പെട്ടിരുന്നു. രാവിലെ കേസ് പരിഗണിച്ചപ്പോള്‍ മറുപടി ഫയല്‍ചെയ്യുന്നതിന് സമയം അനുവദിക്കണമെന്ന് കര്‍ണാടക ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, ശാന്തിഭൂഷണ്‍ ഇതിനെ എതിര്‍ത്തു. കേസ് നീട്ടിക്കൊണ്ടുപോകാനാകില്ലെന്നും അടിയന്തരമായി തീര്‍പ്പുണ്ടാകണമെന്നും ശാന്തിഭൂഷണ്‍ പറഞ്ഞു. മഅ്ദനി പലവിധ രോഗത്താല്‍ കഷ്ടപ്പെടുകയാണ്. കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ ഒമ്പതരവര്‍ഷം വിചാരണത്തടവുകാരനായി ജയിലില്‍ കഴിഞ്ഞ വ്യക്തിയാണ് അദ്ദേഹം. ഒടുവില്‍ നിരപരാധിയെന്നു കണ്ട് വെറുതെ വിടുകയായിരുന്നു. ബംഗളൂരു കേസിലും ആദ്യ രണ്ടു കുറ്റപത്രങ്ങളില്‍ മഅ്ദനിയുടെ പേരുണ്ടായിരുന്നില്ല. മൂന്നാമത്തെ കുറ്റപത്രത്തിലാണ് പ്രതിചേര്‍ത്തത്. ഇപ്പോള്‍ എട്ടുമാസമായി ജയിലില്‍ കഴിയുകയാണ്. എന്നാല്‍, ഒരു തെളിവും മദനിക്കെതിരെയില്ല. അന്യായമായി തടങ്കലില്‍ കഴിയുകയാണ്. അംഗവൈകല്യംമൂലം ബുദ്ധിമുട്ടുന്ന മഅ്ദനി ഒട്ടേറെ രോഗത്താലും കഷ്ടപ്പെടുകയാണ്. ന്യായമായും ജാമ്യത്തിന് അര്‍ഹതയുണ്ട്- ശാന്തിഭൂഷണ്‍ പറഞ്ഞു.

ഈ വാദങ്ങളെ എതിര്‍ത്ത കര്‍ണാടക സര്‍ക്കാര്‍ അഭിഭാഷകന്‍ ബംഗളൂരുകേസില്‍മാത്രമല്ല അഹമ്മദാബാദ്, സൂറത്ത് സ്ഫോടനങ്ങളിലും മഅ്ദനി പങ്കാളിയാണെന്ന് വാദിച്ചു. വ്യക്തമായ തെളിവുകള്‍ മഅ്ദനിക്കെതിരെയുണ്ട്. അത് ഹാജരാക്കാം. ഗൂഢാലോചനക്കുറ്റമാണ് മഅ്ദനിക്കെതിരെയുള്ളത്. ഗൂഢാലോചനയ്ക്ക് അംഗവൈകല്യം തടസ്സമല്ല- അന്ത്യാര്‍ജുന പറഞ്ഞു.

deshabhimani 300411

Saturday, August 21, 2010

മാതൃഭൂമിയുടെ ദുഷ്‌ടലാക്ക്

പിഡിപി ചെയർമാന്‍ അബ്‌ദുൾനാസർ മഅ്ദനിയുടെ അറസ്‌റ്റ് നീണ്ടുപോയെന്നാരോപിച്ച് 'എന്തിനായിരുന്നു ഈ നാടകം' എന്ന തലക്കട്ടിൽ മാതൃഭൂമി ആഗസ്ത് 18ന് എഴുതിയ മുഖപ്രസംഗം ആ പത്രത്തിന്റെ ദുഷ്‌ടലാക്കും പ്രതികാരമനോഭാവവും രാഷ്‌ടീയവിദ്വേഷവും ധാർമികമായ അധഃപതനവും ഒരേപോലെ വെളിപ്പെടുത്താന്‍ പര്യാപ്തമാണെന്ന് ഖേദത്താടെ പറയട്ടെ. "പിഡിപി ചെയർമാന്‍ അബ്‌ദുൾ നാസർ മഅ്ദനിയുടെ അറസ്‌റ്റ് ഇത്രയും നീളാന്‍ കാരണം കേരളസർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ അക്ഷന്തവ്യമായ കാപട്യമാണെന്ന് വ്യൿതമായിരിക്കുന്നു'' എന്നാണ് മുഖപ്രസംഗത്തിലെ ആദ്യവാചകം. കാപട്യം എന്താണെന്ന് പക്ഷെ പറയുന്നില്ല.

ഇതുമായി ബന്ധപ്പെട്ട യഥാർഥ വസ്തുതകൾ എന്താക്കെയാണെന്ന് ആഭ്യന്തരമന്ത്രിയുടെ ലേഖനത്തിൽ സംശയരഹിതമായി വിശദീകരിച്ചിട്ടുണ്ട്. 2008ൽ ബംഗളൂരുവിൽ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട കേസിൽ മഅ്ദനിയെ പ്രതിയാക്കുന്നത് മാസങ്ങൾക്കുമുമ്പാണ്. അതിന്റെ ന്യായാന്യായങ്ങൾ കോടതിയുടെ പരിഗണനയ്ക്ക് വരുന്ന വിഷയമാകയാൽ ഇവിടെ പരാമർശിക്കുന്നില്ല.

മഅ്ദനിയെ അറസ്‌റ്റ്ചെയ്യാത്തത് സംബന്ധിച്ച് കോടതിയിൽനിന്ന് രൂക്ഷമായ വിമർശം വന്നപ്പാഴാണ് അറസ്‌റ്റ്ചെയ്യുന്നതിന് കർണാടക പൊലീസിന്റെ ഒരു സിഐയും രണ്ട് കോൺ‌സ്‌റ്റബിൾമാരും ആഗസ്ത് 10ന് വൈകിട്ട് കൊല്ലം ജില്ലാ പൊലീസ് സൂപ്രണ്ടിനെ സമീപിച്ചത്. ഈ ഉദ്യോഗസ്‌ഥർ ആദ്യം കൊച്ചിയിൽ വരികയും കൊച്ചി മുതൽ ചാനലുകളുടെ അകമ്പടിയോടെ കൊല്ലത്തെത്തുകയുമായിരുന്നെന്ന് കേരള ആഭ്യന്തരമന്ത്രി പറയുന്നു. സാധാരണഗതിയിൽ ഒരു പ്രതിയെ പിടികൂടാന്‍ സ്വീകരിക്കുന്ന മാർഗങ്ങളിൽനിന്ന് വ്യത്യസ്തമായിരുന്നു ഈ നടപടിക്രമം.

ആഗസ്ത് 12ന് കർണാടക ആഭ്യന്തരമന്ത്രി കേരള ആഭ്യന്തരമന്ത്രിയെ ബന്ധപ്പെടുകയും അറസ്‌റ്റ് നടത്താനാവശ്യമായ സഹായം ആവശ്യപ്പടുകയും ചെയ്തു. ഇതേ സന്ദർഭത്തിലാണ് രാഷ്‌ടപതിയുടെ മൂന്നുദിവസത്ത കേരളസന്ദർശനം. അതുകാരണം കേരള പൊലീസിന് രാഷ്‌ടപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് മൂന്നുദിവസവും ആഗസ്ത് 15ന് സ്വാതന്ത്യദിനം സംബന്ധിച്ചും വളരെയേറെ ഗൌരവമുള്ള ചുമതലകൾ നിർവഹിക്കാനുണ്ടെന്നും 15 കഴിഞ്ഞാൽ സഹായിക്കാമെന്നും കേരള ആഭ്യന്തരമന്ത്രി അറിയിച്ചു. ആഗസ്ത് പതിനാലോടെ അന്‍വാർശേരി പൊലീസ് വലയം ചെയ്തുകഴിഞ്ഞിരുന്നു. മഅ്ദനി പുറത്ത് പോകാതിരിക്കുന്നതിനും പുറത്തുനിന്ന് ആളുകൾ അകത്ത് കടക്കാതിരിക്കുന്നതിനും ആവശ്യമായ ക്രമീകരണമൊരുക്കിയതും ഏത് സ്‌ഥിതിവിശേഷതേയും നേരിടാന്‍ പൊലീസിനെ സജ്ജമാക്കിയിരുന്നതായും കേരള ആഭ്യന്തരമന്ത്രി വെളിപ്പടുത്തിയിരുന്നു.

മഅ്ദനി ആഗസ്ത് 16ന് കോടതിയിൽ കീഴടങ്ങുമെന്ന് പരസ്യമായി പ്രഖ്യാപിച്ചു. ആഗസ്ത് 17ന് അദ്ദഹം പത്രസമ്മളനം നടത്തി. കീഴടങ്ങൽ നീണ്ടുപോയി. ഒരുമണിക്കും മഅ്ദനി പുറത്തിറങ്ങാതെവന്നപ്പാൾ 1.15ന് കർണാടക പൊലീസ് അറസ്‌റ്റ് രേഖപ്പടുത്തുകയാണുണ്ടായത്. മഅ്ദനി സഞ്ചരിക്കാന്‍ തീരുമാനിച്ച വാഹനത്തിൽ കയറിയ ഉടന്‍തന്നെ വാഹനം കർണാടക പൊലീസ് ക‌സ്‌റ്റഡിയിലെടുത്തു. അറസ്‌റ്റ്ചെയ്ത് തിരുവനന്തപുരത്തുകൊണ്ടുപോയി വിമാനത്തിൽ ബംഗളൂരുവിൽ എത്തിക്കുകയുംചെയ്തു.

കേരളസർക്കാരിന്റെ ക്രൈസിസ് മാനേജ്‌മെന്റിലെ വൈദഗ്ധ്യമാണ് തെളിയിക്കപ്പട്ടതെന്ന് ആഭ്യന്തരമന്ത്രി പറയുമ്പാൾ അത് അക്ഷരംപ്രതി ശരിയാണെന്ന് കേരളത്തിലെ ജനങ്ങളും അംഗീകരിക്കുന്നു. മാതൃഭൂമിയിൽതന്നെ മൂന്ന് ലേഖകന്മാർ കൂട്ടായി തയ്യാറാക്കിയ ലേഖനം ലീഡ് വാർത്തയായി ഒന്നാംപേജിൽ കൊടുത്തിട്ടുണ്ടെല്ലാ. അതിലെ അവസാനത്ത വാചകം മുഖപ്രസംഗം എഴുതിയ പത്രാധിപർ വായിച്ചിരുന്നെങ്കിൽ ഇത്രയും തരംതാണ മാന്യതയില്ലാത്ത പദപ്രയോഗങ്ങളെങ്കിലും ഒഴിവാക്കാന്‍ കഴിയുമായിരുന്നു. അവസാനത്ത വാചകം ഇതാണ്. "ഒടുവിൽ ഇലയ്ക്കും മുള്ളിനും കേടില്ലാത്തവിധത്തിൽ അറ‌സ്‌റ്റും''. ഇതിലപ്പുറം എന്താണ് മാതൃഭൂമിക്ക് വേണ്ടതെന്ന് മനസ്സിലായില്ല.

അബ്‌ദുൾ നാസർ മഅ്ദനിയുടെ അറസ്‌റ്റ് ഒരു സംഘട്ടനവുമില്ലാതെ സമാധാനപരമായി നിർവഹിക്കാന്‍ കഴിഞ്ഞതിൽ കേരളസർക്കാരിന് അഭിമാനിക്കാന്‍ വകയുണ്ട് എന്നാണ് ഹിന്ദുപത്രത്തിൽ പ്രത്യേക ലേഖകന്‍ എഴുതിയത്. അതാണല്ലോ സത്യം. മാതൃഭൂമി അന്‍വാർശേരിയിൽ യുദ്ധസമാനമായ അന്തരീക്ഷമുണ്ടെന്നാണ് പ്രചരിപ്പിച്ചത്. പിഡിപി പ്രവർത്തകർക്കെതിരെ ലാത്തിച്ചാർജ് നടക്കുമെന്നും രൿതച്ചൊരിച്ചിലുണ്ടാകുമെന്നും അതുവഴി മുസ്ലിം വികാരം കേരള സർക്കാരിനെതിരെ തിരിച്ചുവിടാന്‍ കഴിയുമെന്നും കണക്കുകൂട്ടി. അതൊന്നും ഉണ്ടായില്ല. നയതന്ത്രതയോടെ പ്രശ്നം കൈകാര്യം ചെയ്യാനുള്ള അസാമാന്യമായ കഴിവാണ് ആഭ്യന്തരവകുപ്പ് പ്രകടിപ്പിച്ചത്. കർണാടകത്തിലെ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കേരള ആഭ്യന്തരമന്ത്രിയെയും കേരളപൊലീസിനെയും നന്ദി അറിയിക്കുകയും അഭിനന്ദിക്കുകയുംചെയ്തു. എന്നാൽ, മാതൃഭൂമി കർണാടക ഗവമെന്റിനുവേണ്ടി വൃഥാവാദം തുടരുകയാണ്.

യുഡിഎഫ് സർക്കാരിന്റെ 2001 മുതൽ 2006 വരെയുള്ള ഭരണകാലത്താണ് മാറാട് കലാപമുണ്ടായത്. 14 പേർ രണ്ടുഘട്ടമായി മരിക്കാനിടയായ സംഭവം. വയനാട്ടിൽ മുത്തങ്ങയിൽ സി കെ ജാനുവിനെയും അനുയായികളെയും ഒഴിപ്പിക്കാന്‍ നടത്തിയ ബലപ്രയോഗം ടെലിവിഷന്‍ ചാനലിലൂടെ ജനങ്ങൾ കണ്ടതാണ്. പാമ്പിനെയോ പേയിളകിയ പട്ടിയെയോ തല്ലുന്നതുപോലെ അതിക്രൂരമായാണ് ആദിവാസികളെ പൊലീസ് മർദിച്ചത്. ഒരു പൊലീസുകാരനും ഒരു ആദിവാസിയും കൊല്ലപ്പട്ടു. ചെങ്ങറയിൽ എസ്‌റ്റേറ്റ് ഭൂമി കൈയേറിയ ആദിവാസികളടക്കമുള്ളവരെ ഒരു തുള്ളി രൿതം ഒഴുക്കാതെ ഒരു മൺതരിപോലും ആരുടെ ശരീരത്തിലും വീഴ്ത്താതെ ഒഴിപ്പിക്കാനും പ്രശ്നം പരിഹരിക്കാനും കഴിഞ്ഞു. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലാണ് ഒത്തുതീർപ്പുണ്ടാക്കിയത്.
ഇടതുപക്ഷജനാധിപത്യമുന്നണിയുടെ പൊലീസ് നയം യുഡിഎഫിൽനിന്ന് തികച്ചും വ്യത്യസ്തമായതാണ്. ഇതിൽ മാതൃഭൂമിയുൾപ്പെടെയുള്ള വലതുപക്ഷപത്രങ്ങൾക്ക് വേവലാതിയുണ്ടാവുക സ്വാഭാവികം. ഞങ്ങൾക്കൊന്നേ പറയാനുള്ളൂ. സാർഥവാഹകസംഘം ധീരമായി മുന്നോട്ടുതന്നെ പോകും. നിങ്ങളുടെ നുണപ്രചാരണം അനുസ്യൂതം തുടരാം. അതിനെ നേരിടാനും അതിജീവിക്കാനുമുള്ള ശേഷിയും കരുത്തും ഇടതുപക്ഷജനാധിപത്യ മുന്നണിക്കുണ്ട്.

കോയമ്പത്തൂർ പൊലീസ് ചാർജ്ചെയ്ത കേസിൽ മഅ്ദനിയെ അറസ്‌റ്റ്ചെയ്തപ്പാൾ മഅ്ദനിയെ നായനാർ പിടിച്ചുകൊടുത്തുവെന്നാണ് പ്രചരിപ്പിച്ചത്. ഇപ്പാൾ പറയുന്നത് അന്നും ഇന്നും മഅ്ദനിയെ അറസ്‌റ്റ്ചെയ്തത് ഇടതുപക്ഷജനാധിപത്യമുന്നണി ഭരണ കാലത്താണെന്നാണ്. ഒമ്പതുവർഷവും നാലുമാസവും മഅ്ദനിയെ ജയിലിലടച്ച് പീഡിപ്പിച്ചു. ഒടുവിൽ കോടതി കുറ്റക്കാരനല്ലെന്ന് വിധിച്ചു. അദ്ദഹം മോചിപ്പിക്കപ്പട്ടു. ഹൈക്കാടതിയിൽ അപ്പീൽപോയി. ഹൈക്കാടതിയും കുറ്റക്കാരനല്ലെന്ന് വിധിച്ചു. നിരപരാധി ഒമ്പതരവർഷം ജയിൽവാസം അനുഭവിച്ചതിന്റെ കുറ്റം ആരാണേറ്റെടുക്കുക. അത് വീണ്ടും ആവർത്തിക്കാനിടവരുമോ എന്ന ആശങ്ക സ്വാഭാവികമാണ്.

എത്രതന്ന കടുത്ത കുറ്റവാളിയായാലും വിചാരണകൂടാതെ അനിശ്‌ചിതകാലം തടവിലിട്ട് പീഡിപ്പിക്കുന്നത് മനുഷ്യാവകാശലംഘനമാണെന്നും ഓർക്കേണ്ടതുണ്ട്. കർണാടക പൊലീസ് മഅ്ദനിയെ അറസ്‌റ്റ്ചെയ്തതോടെ ഈ അറസ്‌റ്റ് കേരളത്തിലെ എൽഡിഎഫ് സർക്കാരിനെതിരെ ഉപയോഗപ്പടുത്താന്‍ കഴിയുമോ എന്നാണ് പരിശോധന. അതിന്റെ സൂചനകൾ വലതുപക്ഷമാധ്യമങ്ങളിൽ കണ്ടുതുടങ്ങി. അത് തുടരുമെന്നും ജനങ്ങൾക്കറിയാം. ജനങ്ങൾ അത്ര വിഡ്ഢികളല്ല എന്നോർത്താൽ മതി.

ദേശാഭിമാനി മുഖപ്രസംഗം 21082010

Friday, August 20, 2010

കലാപം മോഹിച്ചവര്‍ക്ക് നിരാശ

ബാംഗ്ളൂര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് കര്‍ണാടക പൊലീസ് ചാര്‍ജ് ചെയ്ത കേസില്‍പ്രതിചേര്‍ക്കപ്പെട്ട പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദ്നിയെ കേരളത്തില്‍നിന്ന് അറസ്റ് ചെയ്തതുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള പ്രചാരണങ്ങളും നടക്കുന്നു. ഇതോടനുബന്ധിച്ച് കേരളത്തില്‍ല്‍വലിയ തോതിലുള്ള ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുമെന്ന് വിലയിരുത്തിയവരെയും അറസ്റ്റ് നടപ്പാക്കേണ്ടി വരുമ്പോള്‍ പോലീസ് അതിക്രമവും വെടിവയ്പും രക്തച്ചൊരിച്ചിലും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചവരെയും നിരാശരാക്കി പ്രശ്നം അവധാനതയോടെ കൈകാര്യംചെയ്തു. കേരള സര്‍ക്കാരിന്റെ ക്രൈസിസ് മാനേജ്മെന്റിലെ വൈദഗ്ധ്യമാണ് ഒരിക്കല്‍ക്കൂടി തെളിയിക്കപ്പെട്ടത്.

2008ല്‍ ബാംഗ്ളൂരില്‍ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ മഅദ്നിയെ പ്രതിചേര്‍ക്കുന്നത് മാസങ്ങള്‍ക്ക് മുമ്പാണ്. ഇങ്ങനെ കേസില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള തെളിവുകള്‍ എന്താണെന്നോ വിധിന്യായങ്ങള്‍ എന്തൊക്കെയാണെന്നോ ഒക്കെ പരിശോധിക്കേണ്ടത് ബന്ധപ്പെട്ട സ്ഥലത്തെ കോടതികളാണ്. മറ്റൊരു സംസ്ഥാനത്ത് ചാര്‍ജ് ചെയ്ത കേസായതുകൊണ്ട് ഇതിനെക്കുറിച്ച് എന്തെങ്കിലും അഭിപ്രായം പറയുവാന്‍ കേരളാസര്‍ക്കാരിന് സാധിക്കുകയില്ല. എന്നാല്‍,ല്‍ ഈ വിഷയത്തില്‍ല്‍ വസ്തുതകള്‍ എല്ലാവര്‍ക്കും ബോധ്യപ്പെടേണ്ടതുണ്ട്.

കേസില്‍ കേരളീയനായ മഅദ്നി ഉള്‍പ്പെട്ടു എന്നന്നകാര്യം മാധ്യമങ്ങളില്‍ക്കൂടിയാണ് കേരളാ പോലീസ് അറിഞ്ഞത്. മഅ്ദനിയെ പിടികൂടാത്തത് സംബന്ധിച്ച് കോടതിയില്‍നിന്ന് നിശിതമായ വിമര്‍ശനം വന്നപ്പോഴാണ് അദ്ദേഹത്തെ പിടികൂടുന്നതിന് കര്‍ണാടക പോലീസിന്റെ ഒരു സിഐയും രണ്ട് കോണ്‍സ്റ്റബിള്‍മാരും ആഗസ്ത് 10ന് വൈകിട്ട് കൊല്ലം ജില്ലാ പോലീസ് സൂപ്രണ്ടിനെ സമീപിച്ചത്. ഈ ഉദ്യോഗസ്ഥന്മാരാകട്ടെ ആദ്യം കൊച്ചിയില്‍ വരികയും കൊച്ചി മുതല്‍ ചാനലുകളുടെ അകമ്പടിയോടെ കൊല്ലത്തെത്തുകയുമായിരുന്നു. സാധാരണഗതിയില്‍ ഒരു പ്രതിയെ പിടികൂടാന്‍ സ്വീകരിക്കുന്നന്നനടപടികളില്‍നിന്ന് വ്യത്യസ്തമായ ഒന്നായിരുന്നു ഇത്. ഇതോടെ മഅദ്നി താമസിക്കുന്നന്ന അന്‍വാര്‍ശേരിയില്‍ ആളുകള്‍ സംഘംചേരുകയും മഅ്ദനിയെ ഒരു കാരണവശാലും വിട്ടുകൊടുക്കുകയില്ല എന്ന പ്രതികരണമുണ്ടാകത്തക്ക വിധത്തില്‍ ജനക്കൂട്ടത്തെ സംഘടിപ്പിക്കുകയുംചെയ്തു. മഅ്ദനിയെ പ്രതിചേര്‍ത്ത വിവരം മാധ്യമങ്ങള്‍ വഴി അറിഞ്ഞ ഉടന്‍ അന്‍വാര്‍ശേരിക്കു ചുറ്റും ഇത്തരത്തില്‍ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം നടന്നുവരികയായിരുന്നു.

ആഗസ്ത് 10ന് വൈകിട്ട് കൊല്ലം എസ്പിയെ ബന്ധപ്പെട്ട കര്‍ണാടക പോലീസ് സംഘത്തോട്, മഅ്ദനിയെ അറസ്റ്റ് ചെയ്യുമ്പോള്‍ കേരളത്തില്‍ ചില മുന്‍കരുതല്‍ല്‍സ്വീകരിക്കേണ്ടതുണ്ടെന്നും 12 മുതല്‍ രാഷ്ട്രപതിയുടെ മൂന്നുദിവസത്തെ സന്ദര്‍ശനം കേരളത്തില്‍ നടക്കുകയാണെന്നും അറിയിച്ചു. ആഗസ്ത് 10നുമുമ്പ് ഒരു ഘട്ടത്തിലും കര്‍ണാടകത്തില്‍നിന്ന് കേരളാ പൊലീസിന് ഒരു വിവരവും ലഭിച്ചിരുന്നില്ല. ഏത് സംസ്ഥാനത്താണോ കേസ് രജിസ്റ്റര്‍ ചെയ്തത് ആ സംസ്ഥാന പൊലീസാണ് സ്വാഭാവികമായും പ്രതിയെ അറസ്റ്റ് ചെയ്യേണ്ടത്. അതുകൊണ്ടുതന്നെ മഅദ്നിയെ അറസ്റ്റ് ചെയ്യാന്‍ കര്‍ണാടക പോലീസ് ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ എല്ലാ സഹായവും ചെയ്യുമെന്ന് കേരളാ പൊലീസ് അറിയിച്ചിരുന്നു. ആഗസ്ത് 12ന് കര്‍ണാടക ആഭ്യന്തരമന്ത്രി എന്നെ ബന്ധപ്പെടുകയും അറസ്റ്റ് നടത്താനാവശ്യമായ സഹായം നല്‍കണമെന്നാവശ്യപ്പെടുകയും ചെയ്തു. ഈ സന്ദര്‍ഭത്തില്‍ രാഷ്ട്രപതിയുടെ മൂന്നുദിവസത്തെ സന്ദര്‍ശനവും ആഗസ്ത് 15ന് സ്വാതന്ത്ര്യദിനത്തിന്റെ കാര്യവും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. ആഗസ്ത് 15നു ശേഷം ഇക്കാര്യത്തില്‍ല്‍ആവശ്യമായ സഹായം നല്‍കണമെന്നായിരുന്നു ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടത്. അതിന്റെ അടിസ്ഥാനത്തില്‍ അന്നുതന്നെ ആഭ്യന്തര സെക്രട്ടറിയും ഡിജിപിയും ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുകൂട്ടുകയും കര്‍ണാടക പൊലീസിനാവശ്യമായ സഹായം നല്‍കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ കൊല്ലം എസ്പിയുടെ നേതൃത്വത്തില്‍ ക്രമീകരണമുണ്ടാക്കണമെന്നും തിരുവനന്തപുരം റേഞ്ച് ഐജി പൊതുവായ ചുമതല ഏറ്റെടുത്ത് പ്രവര്‍ത്തിക്കണമെന്നും തീരുമാനിച്ചു. അറസ്റ്റിനുള്ള അന്തരീക്ഷം കര്‍ണാടക പൊലീസിന് സൃഷ്ടിച്ചുകൊടുക്കാനും അന്‍വാര്‍ശേരിയില്‍ ഒരുവിധ ക്രമസമാധാന പ്രശ്നവും ഉണ്ടാകാതിരിക്കുന്നതിനും യുക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ഡിജിപിയെ ചുമതലപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊല്ലം എസ്പിയുടെ റിപ്പോര്‍ട്ടിനുമേല്‍ല്‍അന്‍വാര്‍ശേരിയിലും പരിസര പ്രദേശങ്ങളിലും കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അവിടെ കൂടിനിന്ന ജനങ്ങളെ പൊലീസ് പിരിച്ചുവിടുകയുംചെയ്തു. ആഗസ്ത് പതിനാലോടെ അന്‍വാര്‍ശേരി പൊലീസ് വലയം ചെയ്തുകഴിഞ്ഞിരുന്നു. മഅദ്നി പുറത്തുപോകാതിരിക്കുന്നതിനും പുറത്തുനിന്ന് ആളുകള്‍ അകത്തേക്കു കടക്കാതിരിക്കുന്നതിനുമുള്ള ക്രമീകരണം ഒരുക്കി ഏത് സ്ഥിതിവിശേഷത്തെയും നേരിടാന്‍ കേരളാ പൊലീസിനെ സജ്ജമാക്കിയിരുന്നു.

ഈ ഘട്ടത്തിലാണ് താന്‍ കോടതിയില്‍ കീഴടങ്ങാന്‍ തയ്യാറാണെന്ന് മഅദ്നി പ്രഖ്യാപിച്ചത്. ഇതിനായി ആഗസ്ത് 16ന് ഒരുദിവസം മഅദ്നിക്ക് അനുവദിക്കുന്നതില്‍ തെറ്റില്ല എന്ന നിലപാട് കര്‍ണാടക പോലീസ് സ്വീകരിച്ചു. കോടതിയില്‍ മഅദ്നിയെ ഹാജരാക്കേണ്ടണ്ട ആഗസ്ത് 17ന് ഉച്ചയ്ക്കു മുമ്പ് ഇത് സംബന്ധിച്ചുള്ള തീരുമാനമുണ്ടാകണമെന്ന് കര്‍ണാടക പൊലീസ് അറിയിച്ചിരുന്നു. 17ന് പകല്‍ പതിനൊന്നരയോടെ അന്‍വാര്‍ശേരിയില്‍നിന്ന് മഅദ്നി പുറപ്പെട്ട് കരുനാഗപ്പള്ളി കോടതിയില്‍ ഹാജരാകുമെന്നും ഒരു മണിക്കു മുമ്പ് നടപടികള്‍ പൂര്‍ത്തീകരിച്ച് ഇക്കാര്യം കര്‍ണാടകത്തെ അറിയിക്കാനാകുമെന്നുമാണ് പൊലീസ് പ്രതീക്ഷിച്ചത്. എന്നാല്‍, അന്‍വാര്‍ശേരിയില്‍ മഅദ്നി പത്രസമ്മേളനം നീട്ടിക്കൊണ്ടുപോവുകയും ഒരു മണിക്കും പുറത്തിറങ്ങാതെ വരികയും ചെയ്തപ്പോഴാണ് 1.15ന് കര്‍ണാടക പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ ഘട്ടത്തില്‍ കര്‍ണാടക പൊലീസിന് അറസ്റ്റിന് ആവശ്യമായ എല്ലാ സഹായങ്ങളും കേരളാ പൊലീസ് നല്‍കി.

മഅദ്നിയെ കോടതിയില്‍ കീഴടങ്ങാന്‍ അനുവദിക്കണമോ അറസ്റ്റ് ചെയ്യണമോ എന്നതെല്ലാം തീരുമാനിക്കേണ്ടത് കര്‍ണാടക പൊലീസാണെന്ന് നേരത്തെതന്നെ ഞാന്‍ വ്യക്തമാക്കിയിരുന്നു. ഇതു സംബന്ധിച്ച് ഒരുവിധ ആശയക്കുഴപ്പവും ഇരു സംസ്ഥാനത്തെയും പൊലീസുകാര്‍ തമ്മിലുണ്ടായിട്ടില്ല. ഇവിടെ ഒരുകൂട്ടം ആളുകള്‍ പ്രചരിപ്പിക്കുന്നത് അന്‍വാര്‍ശേരിയിലെ യത്തീംഖാനയ്ക്കകത്തു കയറി കേരളാ പൊലീസ് മഅദ്നിയെ പിടികൂടണമെന്നായിരുന്നു. അറസ്റ് ചെയ്യേണ്ട കര്‍ണാടക പൊലീസ് അത്തരമൊരു നിലപാട് സ്വീകരിച്ചിരുന്നില്ല. 17ന് ഉച്ചയോടുകൂടി മാത്രമാണ് അന്‍വാര്‍ശേരിയിലേക്ക് കര്‍ണാടക പൊലീസ് എത്തിയത്. ആ സമയത്ത് അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കേരളാ പൊലീസ് സഹായിച്ചു. ഇതിന് കേരളാ പൊലീസിന് നന്ദി പറഞ്ഞ് കര്‍ണാടക പൊലീസും കര്‍ണാടക മുഖ്യമന്ത്രിയും പ്രസ്താവനകള്‍ പുറപ്പെടുവിച്ചു. കേരള സര്‍ക്കാര്‍ ഈ പ്രശ്നം കൈകാര്യംചെയ്തത് അവധാനതയോടെയാണെന്ന് മഅ്ദനിയും പ്രസ്താവിക്കുകയുണ്ടായി. ബന്ധപ്പെട്ട രണ്ട് കക്ഷികളും കേരളാ പൊലീസിന്റെ നിലപാടിനെ സംബന്ധിച്ച് ആക്ഷേപമുന്നയിക്കാത്ത സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് എന്തൊക്കെയോ പ്രതീക്ഷിച്ചിരുന്ന ചിലര്‍ക്ക് നേരിട്ട ഇച്ഛാഭംഗത്തില്‍ല്‍നിന്നാണ് സര്‍ക്കാരിനെതിരായ ചില പ്രതികരണങ്ങള്‍ പുറത്തുവന്നത്.

ഏറ്റവും അനുയോജ്യമായ സമയത്താണ് മഅ്ദനിയുടെ അറസ്റ് നടന്നത്. കേസില്‍ മഅ്ദനി പ്രതിയായെന്ന വാര്‍ത്തയ്ക്കു ശേഷം ഏതാണ്ട് 3000 ആളുകള്‍ അന്‍വാര്‍ശേരി കേന്ദ്രീകരിച്ചുണ്ടായിരുന്നു. എന്നാല്‍, പിന്നീട് അറസ്റ്റ് പെട്ടെന്നുണ്ടാകാനിടയില്ല എന്ന പ്രതീതി വന്നതോടെ ജനക്കൂട്ടം അവിടെനിന്ന് ഒഴിഞ്ഞു. ഇതോടെയാണ് അന്‍വാര്‍ശേരിയും പരിസരവും പൊലീസ് നിയന്ത്രണത്തില്‍ കൊണ്ടുവന്നത്. തുടര്‍ന്ന് അന്‍വാര്‍ശേരിക്കകത്ത് ഉണ്ടായിരുന്ന ജനങ്ങള്‍ പിരിഞ്ഞുപോകാന്‍ പൊലീസ് നിര്‍ദേശിച്ചു. ഇങ്ങനെ സ്ഥിതി പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയാണ് പ്രശ്നങ്ങളില്ലാതെ ഇത്തരമൊരു അറസ്റ്റ് നടത്താനുള്ള സാഹചര്യമൊരുക്കിയത്.

യത്തീംഖാന, മദ്രസ, പള്ളി എന്നിവ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനകത്തു കയറി പൊലീസ് ഓപ്പറേഷന്‍ നടത്തണമെന്നാണ് പലരും ആഗ്രഹിച്ചിരുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇത്തരം പ്രശ്നങ്ങള്‍ കൈകാര്യം ചെയ്തിരുന്നതുപോലെ അതിക്രമം നടത്താന്‍ എല്‍ഡിഎഫ് തയ്യാറല്ല. യുഡിഎഫ് ഭരണകാലത്ത് ശിവഗിരിയില്‍ പൊലീസ് കടന്ന് സന്യാസിമാരുള്‍പ്പെടെയുള്ളവരെ മൃഗീയമായി മര്‍ദിച്ച സംഭവവും, തൃക്കുന്നത്ത് സെമിനാരിയില്‍ പുരോഹിതരെയും വിശ്വാസികളെയും അന്തേവാസികളെയും ക്രൂരമായി മര്‍ദിച്ചതും നാം മറന്നിട്ടില്ല. മുത്തങ്ങയില്‍ ആദിവാസികളെ കുടിയൊഴിപ്പിക്കാന്‍ പോയ പൊലീസ് നടത്തിയ കാര്യങ്ങള്‍ കേരളം ഞെട്ടലോടെയാണ് ഓര്‍ക്കുന്നത്. മുത്തങ്ങയില്‍ ജോഗി എന്ന ആദിവാസി യുവാവിനെ പൊലീസ് വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. അന്‍വാര്‍ശേരിയിലും വര്‍ഗീയ ചേരിതിരിവും സംഘര്‍ഷവും കലാപവും സംഘടിപ്പിക്കാമെന്ന് കരുതിയവര്‍ക്ക് അതു നടക്കാതെ വന്നതിലുള്ള നിരാശയാണിപ്പോള്‍ പ്രകടിപ്പിക്കുന്നത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ സമാനമായ പ്രശ്നങ്ങളെ ഇതിനു മുമ്പും കൈകാര്യം ചെയ്തപ്പോള്‍ തികഞ്ഞ സമചിത്തതയോടെ പൊലീസ് സംവിധാനത്തെ ഇടപെടുത്താനാണ് ശ്രമിച്ചത്. ചെങ്ങറയില്‍ ഭൂമിപ്രശ്നം ഉയര്‍ത്തി സമരമുണ്ടായപ്പോള്‍ പ്രശ്നങ്ങള്‍ സമാധാനപരമായി കൈകാര്യംചെയ്ത് പരിഹാരമുണ്ടാക്കാനായി. വയനാട്ടിലെ ആദിവാസി ഭൂസമരത്തില്‍ കോടതിവിധി നടപ്പാക്കാന്‍ പൊലീസ് ഇടപെടല്‍ ആവശ്യമായി വന്നപ്പോള്‍ സംയമനത്തിന്റെ പാതയാണ് സ്വീകരിച്ചത്. ഈ വിധത്തില്‍ല്‍പ്രശ്നങ്ങളെ സമാധാനപൂര്‍വം സമീപിക്കുന്നത് കേരളാ പൊലീസിന്റെ ദൌര്‍ബല്യമല്ല, മറിച്ച് ശക്തിയും ആത്മസംയമനവും ധീരതയുമാണ് പ്രദര്‍ശിപ്പിക്കുന്നത്.

രാഷ്ട്രീയമുള്ളവരും ഇല്ലാത്തവരുമായ നിരവധിപ്പേര്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെ അഭിനന്ദിച്ച് സംസാരിക്കുകയുണ്ടായി. കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് നടപ്പാക്കാന്‍ സമയം വൈകിയെന്നാണ് ചിലരുടെ വിലാപം. ഡല്‍ഹി ഇമാമിനെതിരെ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് രാജ്യത്തിന്റെ തലസ്ഥാന നഗരിയില്‍ ഇന്നും നടപ്പാക്കാന്‍ കഴിയാതെ ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു. നിയമവാഴ്ച നിലവിലുള്ള നമ്മുടെ രാജ്യത്ത് അതിന് വിധേയമായിമാത്രമേ ആര്‍ക്കും പ്രവര്‍ത്തിക്കാനാകുകയുള്ളൂ. അതുകൊണ്ട് നിയമാനുസൃതമായി കാര്യങ്ങള്‍ നടത്തണമെന്ന നിര്‍ബന്ധത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ അബ്ദുള്‍ നാസര്‍ മഅദ്നിയുമായി ബന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്തത്.

കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനി 20082010

Thursday, August 19, 2010

ചോരതന്നെ കൊതുകിന്നു കൌതുകം

'ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൌതുകം' എന്ന ചൊല്ല് അന്വര്‍ഥമാക്കുന്ന വിധത്തിലാണ് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ അറസ്റ് മുന്‍നിര്‍ത്തിയുള്ള ചില കേന്ദ്രങ്ങളുടെ പ്രതികരണങ്ങള്‍. ഏതെങ്കിലും തരത്തിലുള്ള സംഘര്‍ഷാന്തരീക്ഷമോ ക്രമസമാധാനപ്രശ്നമോ ഉണ്ടാവാത്തവിധം പ്രശ്നം ഫലപ്രദമായും കാര്യക്ഷമമായും കൈകാര്യംചെയ്യാന്‍ ആഭ്യന്തരവകുപ്പിന് കഴിഞ്ഞു. അതുകൊണ്ട് ബംഗ്ളൂര്‍ കോടതി നിര്‍ദേശിച്ച സമയപരിധിക്കുള്ളില്‍ അബ്ദുള്‍ നാസര്‍ മഅ്ദനിയെ അറസ്റ്ചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ കര്‍ണാടക പൊലീസിന് സാധിച്ചു. ഇത് ഈ വിധത്തില്‍ കൈകാര്യംചെയ്ത സംസ്ഥാന ആഭ്യന്തരവകുപ്പിനെ ദേശീയപത്രങ്ങള്‍വരെ ശ്ളാഘിച്ചു.

അപ്പോഴിതാ കെപിസിസി പ്രസിഡന്റിന്റെ ആക്ഷേപം വരുന്നു. ഏതാണ്ട് അതേസ്വരത്തില്‍തന്നെ മാതൃഭൂമി ദിനപത്രത്തിന്റെ ആക്ഷേപവും. രണ്ടിന്റെയും പിന്നിലെ മനോവികാരം ഒന്നുതന്നെയാണ്. അന്തരീക്ഷം കലുഷമാവാതെ പ്രശ്നം പരിഹരിക്കപ്പെട്ടതിലുള്ള അസ്വസ്ഥത! മഅ്ദനിയുടെ അറസ്റ് കാര്യത്തില്‍ തങ്ങളുടെ നിലപാടെന്ത് എന്ന വിഷയത്തിലേക്ക് ഇരുവരും കടക്കുന്നില്ല. പകരം; ആ വിഷയം മുന്‍നിര്‍ത്തി ആഭ്യന്തരവകുപ്പിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിക്കുകയാണ് ഇരുവരും.

കേരളസര്‍ക്കാരിന്റെ നടപടികളെക്കുറിച്ച് കര്‍ണാടക ഗവണ്‍മെന്റിന് പരാതിയില്ല. കേരള പൊലീസ് സഹകരിച്ചില്ലെന്ന് കര്‍ണാടക പൊലീസിന് ആക്ഷേപമില്ല. എന്നുമാത്രമല്ല, കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയും ആഭ്യന്തരമന്ത്രി വി എസ് ആചാര്യയും സംസ്ഥാന ആഭ്യന്തരവകുപ്പിനെ അഭിനന്ദിക്കുകയും ചെയ്തു. മറുവശത്തോ? അറസ്റ്ചെയ്യപ്പെട്ട മഅ്ദനിക്കും സംസ്ഥാന പൊലീസിനെക്കുറിച്ച് ആക്ഷേപമില്ല. അനാഥാലയവും പള്ളിയും പ്രവര്‍ത്തിക്കുന്ന അന്‍വാര്‍ശേരിയിലേക്ക് പൊലീസ് കയറാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കാട്ടിയ ജാഗ്രത പ്രശംസനീയമെന്നു പറയുകപോലും ചെയ്തു മഅ്ദനി. ഈ പ്രശ്നത്തിലെ കക്ഷികള്‍ കര്‍ണാടകപൊലീസും മഅ്ദനിയുമാണ്. അവര്‍ക്കിരുവര്‍ക്കും ആക്ഷേപമില്ലാത്തനിലയില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്തിക്കൊണ്ട് നിയമം നടപ്പാക്കാന്‍ കേരള ഗവമെന്റിന് സാധിച്ചുവെന്നര്‍ഥം. അതുകൊണ്ടുതന്നെയാണ് `finesse' എന്ന വാക്കുപയോഗിച്ച് ഹിന്ദു ദിനപത്രം, കേരളസര്‍ക്കാര്‍ ഈ വിഷയം കൈകാര്യംചെയ്ത രീതിയെ പ്രകീര്‍ത്തിച്ചത്. നാട്ടില്‍ സമാധാനവും നിയമവാഴ്ചയും നിലനിന്നുകാണാനാഗ്രഹിക്കുന്ന ആരും അങ്ങനെയേ കരുതൂ.

ആ പൊതുവികാരത്തിന് എതിരായി നില്‍ക്കുന്നു, കെപിസിസി പ്രസിഡന്റിന്റെയും മാതൃഭൂമിയുടെയും സ്വരം. സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയം കളിച്ചെന്ന് കെപിസിസി പ്രസിഡന്റ് പറയുമ്പോള്‍, കളിച്ചത് നാടകമായിരുന്നുവെന്നാണ് മാതൃഭൂമി പറയുന്നത്. മഅ്ദനി പ്രശ്നത്തില്‍ വന്‍കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുമെന്നും അതുണ്ടാക്കുന്ന ഇടിമിന്നലില്‍ എല്‍ഡിഎഫ് ഗവമെന്റ് കത്തിക്കരിഞ്ഞുപോകുമെന്നുമൊക്കെ പ്രതീക്ഷിച്ചവര്‍ക്ക്, ഒരു ചാറ്റല്‍മഴപോലും ഉണ്ടാക്കാതെ കാലാവസ്ഥ മാറിവന്നതില്‍ അസ്വസ്ഥതതോന്നുന്നത് സ്വാഭാവികം.

നിയമം നടപ്പാക്കല്‍ പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കാതെ എടുത്തുചാടി ജനങ്ങളെ ശത്രുപക്ഷത്തുനിര്‍ത്തിക്കൊണ്ടുമാവാം; വിവേകപൂര്‍വം ആലോചിച്ച് ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടുമാവാം. ഇതില്‍ രണ്ടാമത്തെ വഴിയാണ് എല്‍ഡിഎഫ് ഗവമെന്റ് സ്വീകരിച്ചത്. ആദ്യത്തേതാണ് സമാനസാഹചര്യങ്ങളില്‍ യുഡിഎഫ് ഗവമെന്റ് സ്വീകരിച്ചുപോന്നിരുന്നത്. യുഡിഎഫ് ഗവമെന്റ് പൊലീസിനെവിട്ട് ശിവഗിരിയില്‍ അതിക്രമം നടത്തിയതും സന്യാസിമാരെ അടിച്ചുപുറത്താക്കിയതും നിയമം നടപ്പാക്കലിന്റെ പേരിലായിരുന്നല്ലോ. തൃക്കുന്നത്തു സെമിനാരിയില്‍ ക്രൈസ്തവപുരോഹിതരെയും കന്യാസ്ത്രീകളെയും മര്‍ദിക്കാന്‍ പൊലീസിനെ കയറൂരിവിട്ടതും നിയമം നടപ്പാക്കലിന്റെ പേരിലായിരുന്നു. അത്തരം രീതികള്‍ അന്‍വാര്‍ശേരിയിലുമുണ്ടാവുമെന്നും അതിനെതിരെ പ്രതിഷേധസമരങ്ങളുണ്ടാവുമെന്നും ആ പ്രക്രിയയില്‍ ജനവികാരം എല്‍ഡിഎഫ് ഗവമെന്റിനെതിരെ തിരിച്ചുവിട്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്താമെന്നും ആഗ്രഹിച്ചവര്‍ക്ക് അതൊന്നും സാധിച്ചില്ല.

ഇത്തരം പ്രശ്നങ്ങളുണ്ടാവുമ്പോള്‍, അത് കൈകാര്യം ചെയ്യുന്നതിന് എല്‍ഡിഎഫ് ഗവമെന്റിന് അതിന്റേതായ രീതിയുണ്ട്. അതാണ് മുമ്പ് ഇ കെ നായനാര്‍ മന്ത്രിസഭയുടെ കാലത്ത് വൈക്കം ടിവിപുരം സംഭവത്തില്‍ കണ്ടത്. ഈ മന്ത്രിസഭയുടെ ഘട്ടത്തില്‍തന്നെ ചെങ്ങറയിലും വയനാട്ടിലും കണ്ടത്. അത് വിവേകത്തിന്റെയും സംയമനത്തിന്റെയും രീതിയാണ്. ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ട് നിയമം നടപ്പാക്കുന്ന രീതിയാണ്. ആ രീതിയാണ് കഴിഞ്ഞദിവസം അന്‍വാര്‍ശേരിയില്‍ കണ്ടതും.

നിയമം നടപ്പാക്കിയെടുക്കാന്‍ വേണ്ട സാഹചര്യമൊരുക്കുന്നതിന് സംസ്ഥാന ഗവമെന്റ് ബാധ്യസ്ഥമായിരുന്നു. കോടതി വാറന്റ് പുറപ്പെടുവിച്ചത് ഒരാഴ്ചമാത്രം മുമ്പാണ്. മഅ്ദനിയുടെ അറസ്റ് രേഖപ്പെടുത്തി റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള സമയപരിധി കോടതി നിശ്ചയിച്ചിരുന്നു. ആ സമയപരിധിക്കുള്ളില്‍തന്നെ കര്‍ണാടക പൊലീസിന് നിയമം നടപ്പാക്കിയെടുക്കുന്നതിനുള്ള സൌകര്യം കേരള ആഭ്യന്തരവകുപ്പ് ചെയ്തുകൊടുത്തു. ആഗസ്ത് 11 നാണ് കര്‍ണാടകത്തില്‍നിന്ന് ഈ ദൌത്യവുമായി ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടറും പൊലീസുകാരനും വരുന്നത്. 12 മുതല്‍ രാഷ്ട്രപതിയുടെ കേരളസന്ദര്‍ശനമായിരുന്നു. അതുമായി ബന്ധപ്പെട്ട് പൊലീസ് സേനയെ വ്യാപകമായി വിന്യസിക്കേണ്ട അവസ്ഥ. ഈ സാഹചര്യത്തിലാണ് ആഗസ്ത് 14ന് രാഷ്ട്രപതി കേരളം വിട്ടയുടന്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതും കൂടുതലാളുകള്‍ അന്‍വാര്‍ശേരിയില്‍ കടക്കുന്നത് തടഞ്ഞതും മറ്റും. ഇതിനിടയിലാണ് കോടതിയില്‍ കീഴടങ്ങുമെന്ന മഅ്ദനിയുടെ പ്രസ്താവന വന്നത്. പക്ഷേ, കീഴടങ്ങല്‍ പ്രാവര്‍ത്തികമാക്കാതെ നീണ്ടു. 17നാണ് ബാംഗ്ളൂര്‍ കോടതിയില്‍ മഅ്ദനിയെ കര്‍ണാടക പൊലീസ് ഹാജരാക്കേണ്ടിയിരുന്നത്. അന്ന് ഉച്ചയ്ക്കുശേഷം അറസ്റുണ്ടായി. ഈ നടപടികള്‍ സമാധാനപരമായ അന്തരീക്ഷത്തിലാക്കാനുള്ള ഇടപെടലാണ് അതുവരെയുള്ള ഘട്ടത്തില്‍ കേരള പൊലീസ് നടത്തിയത്. സംയമനപൂര്‍വം ചിട്ടയായി അക്കാര്യങ്ങള്‍ ചെയ്തതുകൊണ്ടാണ് ക്രമസമാധാനപ്രശ്നമോ കലുഷാന്തരീക്ഷമോ ഉണ്ടാവാത്തവിധം നിയമം നടപ്പാക്കിയെടുക്കാന്‍ കഴിഞ്ഞത്. പൊലീസ് ഇരച്ചുകയറുമെന്നും ഏറ്റുമുട്ടലും വെടിവയ്പുമൊക്കെ ഉണ്ടാവുമെന്നും അത് മുതലെടുത്ത് രാഷ്ട്രീയപ്രചാരണവും മതവികാരം പടര്‍ത്തലുമൊക്കെ സാധിക്കുമെന്നും കരുതി കാത്തിരുന്നവര്‍ക്കല്ലാതെ ഇക്കാര്യത്തില്‍ നിരാശയുണ്ടാവേണ്ട കാര്യമില്ല.

ആഗസ്ത് പതിനഞ്ചിനെങ്കിലും കീഴടങ്ങുന്നില്ലെങ്കില്‍ അറസ്റിനുള്ള സാഹചര്യമൊരുക്കിത്തരണമെന്നേ കര്‍ണാടക ആഭ്യന്തരമന്ത്രി കേരള ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നുള്ളൂവെന്നതും ഓര്‍മിക്കണം. അത്തരമൊരു സാഹചര്യത്തിലാണ് 18 ന് കോടതിയില്‍ ഹാജരാക്കാന്‍ കഴിയുംവിധം അറസ്റ് രേഖപ്പെടുത്താനുള്ള സാഹചര്യം പക്വവും സംയമനപൂര്‍ണവുമായ നടപടികളിലൂടെ കേരള ആഭ്യന്തരവകുപ്പ് ഒരുക്കിക്കൊടുത്തത്. മദനിയെ അറസ്റ്ചെയ്യുന്ന കാര്യത്തില്‍ രാഷ്ട്രീയക്കളി നടത്തുകയായിരുന്നുവെന്ന് ആക്ഷേപിച്ച കെപിസിസി പ്രസിഡന്റ്, ഡല്‍ഹിയില്‍ നടപ്പാക്കിയെടുക്കേണ്ട കേരള ഹൈക്കോടതിയുടെ ഒരു അറസ്റ്വാറന്റ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടപ്പാക്കാന്‍ അവിടത്തെ ഭരണത്തിന് കഴിയാതെവരുന്നത് ഏത് രാഷ്ട്രീയക്കളികൊണ്ടാണെന്ന് വിശദീകരിക്കുകയെങ്കിലും വേണം.

ദേശാഭിമാനി മുഖപ്രസംഗം 19082010

Wednesday, August 18, 2010

വിജയം കണ്ടത് പൊലീസിന്റെ ആസൂത്രണപാടവം

കൃത്യമായ ആസൂത്രണത്തിന്റെയും കരുതലോടെയുള്ള നീക്കത്തിന്റെയും ഫലമായി യാതൊരു അനിഷ്ടസംഭവങ്ങള്‍ക്കും ഇടകൊടുക്കാതെ 'ഓപ്പറേഷന്‍ അന്‍വാര്‍ശേരി' ലക്ഷ്യം കണ്ടു. തിരുവനന്തപുരം റേഞ്ച് ഐ ജി എ ഹേമചന്ദ്രനായിരുന്നു ഓപ്പറേഷന്റെ മുഴുവന്‍ ചുമതലയും. ജില്ലയിലെ പൊലീസിനെ മുഴുവന്‍ അന്‍വാര്‍ശേരിയില്‍ കേന്ദ്രീകരിച്ച് ശനിയാഴ്ച മുതല്‍ ആരംഭിച്ച നീക്കങ്ങളാണ് ഇന്നലെ ഫലപ്രാപ്തിയിലെത്തിയത്.

ശനിയാഴ്ച ജില്ലാ പൊലീസ് സൂപ്രണ്ട് ഹര്‍ഷിതാ അട്ടല്ലൂരിയുടെ നേതൃത്വത്തില്‍ പൊലീസ് അന്‍വാര്‍ശേരിയിലെത്തിയതുമുതല്‍ നടത്തിയ കൃത്യമായ നീക്കങ്ങള്‍ പൊലീസിന്റെ ജോലി എളുപ്പത്തിലാക്കി. അന്‍വാര്‍ശേരിക്കുള്ളില്‍ അകപ്പെട്ടവര്‍ ഓരോരുത്തരായി അവിടം വിട്ടപ്പോള്‍ പുതുതായി ഒരാള്‍പോലും അകത്തുകടക്കാതിരിക്കാന്‍ പൊലീസ് ജാഗ്രത പുലര്‍ത്തി. പലപ്പോഴും അറസ്റ്റ് ഉണ്ടാകുമെന്ന തോന്നല്‍ ഉളവാക്കിയെങ്കിലും തന്ത്രങ്ങളുടെ ഭാഗമായി, പ്രതിരോധത്തിന്റെ എല്ലാ പഴുതുകളും അടച്ചാണ് പൊലീസ് മുന്നേറിയത്. അന്‍വാര്‍ശേരിയിലേയ്ക്ക് വന്ന വാഹനങ്ങള്‍ എല്ലാം അരിച്ചുപെറുക്കി പരിശോധിച്ചു. ഊടുവഴികള്‍ പോലും നിരീക്ഷണത്തിലായിരുന്നു. കുറ്റിയില്‍മുക്കില്‍ നിന്ന് അന്‍വാര്‍ശേരിയിലേയ്ക്കുള്ള വഴിയിലേയ്‌ക്കെത്തുന്ന ഓരോ വ്യക്തിയും നിരീക്ഷണവലയത്തിനുള്ളിലായിരുന്നു.

കോടതിയില്‍ കീഴടങ്ങുമെന്ന് മദനി ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിരുന്നെങ്കിലും അതുണ്ടാകാനിടയില്ലെന്ന കാര്യം വ്യക്തമായിരുന്നു. പത്രസമ്മേളനവും പ്രാര്‍ഥനയും കഴിഞ്ഞ് മദനി പുറപ്പെടാനൊരുങ്ങുമ്പോള്‍ എസ് പിയുടെ നേതൃത്വത്തില്‍ സായുധപൊലീസ് സംഘം അന്‍വാര്‍ശേരിയ്ക്കുള്ളില്‍ പ്രവേശിച്ചു. ഡിവൈ എസ് പിമാരും സി ഐമാരും ഉള്‍പ്പെടെയുള്ള പൊലീസ്, ബംഗളൂരു ജോയിന്റ് പൊലീസ് കമ്മിഷണര്‍ അലോക്കുമാറിനും സുരക്ഷാവലയം തീര്‍ത്തിരുന്നു. വാഹനത്തിന്റെ ഡ്രൈവറെയും വാഹനത്തിനുള്ളവരെയും പുറത്താക്കിയ ശേഷം നിയന്ത്രണം പൊലീസ് ഏറ്റെടുത്തു. കരുനാഗപ്പള്ളി കോടതിയില്‍ മദനി കീഴടങ്ങുമെന്ന് പ്രചരിച്ചിരുന്നതിനാല്‍ പി ഡി പി അണികളില്‍ ഭൂരിഭാഗവും അവിടെയായിരുന്നു. കരുനാഗപ്പള്ളിയിലും കനത്ത പൊലീസ് സന്നാഹമാണ് ഒരുക്കിയിരുന്നത്.

മദനിയെ അറസ്റ്റ് ചെയ്തശേഷം കൊണ്ടുപോകേണ്ട വഴിയുടെ റൂട്ട്മാപ്പ് പോലും പൊലീസ് മുന്‍കൂട്ടി പ്ലാന്‍ ചെയ്തിരുന്നു. പ്രതിഷേധ പ്രകടനമുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളും ദേശീയപാതയുമൊഴിവാക്കി ശാസ്താംകോട്ടയില്‍ നിന്ന് സിനിമാപ്പറമ്പ്, നെടിയവിള, പുത്തൂര്‍, കൊട്ടാരക്കരയിലൂടെ ടൗണില്‍ കയറാതെ എംസി റോഡിലൂടെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോവുകയായിരുന്നു.
ഉച്ചയ്ക്ക് 2.15ഓടെ മദനി സഞ്ചരിച്ചിരുന്ന ട്രാവലര്‍ വാഹനം കൊട്ടാരക്കര കോടതിക്ക് പിന്നിലൂടെ സബ്‌സ്റ്റേഷന്‍ റോഡിലേക്ക് പ്രവേശിച്ചപ്പോള്‍ ബ്രേക്ക് തകരാറിലായി വാഹനം നിര്‍ത്തിയിടേണ്ടിവന്നു. അവിടെവച്ച് കര്‍ണാടക പൊലീസ് ജോയിന്റ് കമ്മിഷണര്‍ അലോക്കുമാര്‍ സഞ്ചരിച്ചിരുന്ന ക്വാളിസ് വാനിലേയ്ക്ക് മദനിയേയും ഭാര്യ സൂഫിയയേയും മാറ്റി.

ഇരുപത് മിനിട്ടോളം യാത്ര തടസ്സപ്പെട്ടതൊഴിച്ചാല്‍ പൊലീസ് ഓപ്പറേഷന്‍ കിറുകൃത്യമായിരുന്നു.

ഐ ജി ഹേമചന്ദ്രന്‍, ഡിവൈ എസ് പിമാരായ രാമചന്ദ്രന്‍, ചന്ദ്രശേഖരന്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് ശാസ്താംകോട്ടയില്‍ നിന്നും മദനിയെ തിരുവനന്തപുരത്തെത്തിച്ചത്.

മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചില്ല

അബ്ദുല്‍ നാസര്‍ മദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിം കോടതി നിരസിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ മൂന്‍കൂര്‍ ജാമ്യാപേക്ഷ കാലഹരണപ്പെട്ടതാകയാല്‍ പരിഗണിക്കാന്‍ നിര്‍വാഹമില്ലെന്ന് ജസ്റ്റിസുമാരായ മാര്‍ക്കണ്ഡേയ കട്ജു, ടി എസ് താക്കൂര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് ഉത്തരവായി.

മദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നലെ രണ്ടുമണിക്കാണ് സുപ്രിം കോടതി പരിഗണിച്ചത്. എന്നാല്‍ കേസ് പരിഗണനയ്ക്കു വന്നപ്പോള്‍തന്നെ മദനിയുടെ അറസ്റ്റ് 1.30 യോടെ നടന്നതായി കര്‍ണാടക സര്‍ക്കാരിന്റെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. തുടര്‍ന്ന് അറസ്റ്റ് നടന്ന സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കാലഹരണപ്പെട്ടതാകയാല്‍ പരിഗണിക്കാന്‍ നിര്‍വാഹമില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി അപേക്ഷ നിരസിക്കുകയായിരുന്നു. അതേസമയം വിചാരണ കോടതിയില്‍ സാധാരണ ജാമ്യാപേക്ഷയോ ഇടക്കാല ജാമ്യാപേക്ഷയോ സമര്‍പ്പിക്കാന്‍ സുപ്രിം കോടതി നിര്‍ദേശിച്ചു. ഈ അപേക്ഷകള്‍ ബന്ധപ്പെട്ട കോടതികളുടെ പരിഗണനയ്ക്ക് എത്തുമ്പോള്‍ വേഗത്തില്‍ തീരുമാനമെടുക്കണമെന്നും മൂമ്പ് മുന്‍കൂര്‍ ജാമ്യാപേക്ഷ നിഷേധിച്ച സെഷന്‍സ് കോടതി ഉത്തരവോ ഹൈക്കോടതി ഉത്തരവോ ഈ ജാമ്യാപേക്ഷകള്‍ പരിഗണിക്കുന്നതിനെ സ്വാധീനിക്കരുതെന്നും കോടതി വ്യക്തമാക്കി. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമത്തിലെ 41 (ഡി) വകുപ്പ് പ്രകാരമാണ് മദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി നിരസിച്ചത്.

ജനയുഗം 18082010

ഒഴിവായത് മറ്റൊരു 'ശിവഗിരി'

സര്‍ക്കാരിന്റെ സമയോചിത ഇടപെടല്‍: ഒഴിവായത് മറ്റൊരു 'ശിവഗിരി'

കേരള സര്‍ക്കാരിന്റെയും പൊലീസിന്റെയും മികവില്‍ ഒഴിഞ്ഞുപോയത് ആവര്‍ത്തിക്കുമായിരുന്ന മറ്റൊരു 'ശിവഗിരി'. പക്വതയാര്‍ന്ന സമീപനം സ്വീകരിച്ച എല്‍ഡിഎഫ് സര്‍ക്കാര്‍ ക്രമസമാധാനം വഷളാക്കാതെ മഅ്ദനിയുടെ അറസ്റുപ്രശ്നം പരിഹരിച്ചു. കത്തിപ്പടരാവുന്നതും പാളിപ്പോകാവുന്നതുമായ പ്രശ്നമാണ് കഴിഞ്ഞദിവസങ്ങളില്‍ സംസ്ഥാനം അഭിമുഖീകരിച്ചത്. കോടതിവിധി നടപ്പാക്കാന്‍ മുന്‍പിന്‍ നോക്കാതെ ഇറങ്ങിപ്പുറപ്പെട്ടിരുന്നെങ്കില്‍ യുഡിഎഫ് ഭരണകാലത്ത് വര്‍ക്കല ശിവഗിരിമഠം ചോരയില്‍ കുതിര്‍ന്നതിനേക്കാള്‍, അമര്‍ന്നതിനേക്കാള്‍ വലിയ ദുരന്തമായേനെ. യത്തീംഖാനയില്‍ പൊലീസ് കയറിയാല്‍ ചെറുത്തുനില്‍പ്പും ബലപ്രയോഗവും തുടര്‍ന്ന് അനിഷ്ടസംഭവങ്ങളും ഉണ്ടായേനെ.

കര്‍ണാടകത്തെ സഹായിക്കാന്‍ കേരള പൊലീസ് വിമുഖത കാട്ടിയെന്ന ആക്ഷേപം എല്‍ഡിഎഫിനെതിരായ കുറ്റപത്രമാക്കാന്‍ കര്‍ണാടക ആഭ്യന്തരമന്ത്രി ഇറങ്ങിയപ്പോള്‍ രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ യുഡിഎഫ് നേതാക്കളും കൂടെ കൂടി. പക്ഷേ ഇവരുടെ വാദമുഖങ്ങള്‍ക്ക് പ്രഹരമായി, എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രകടിപ്പിച്ച പക്വത. മഅ്ദനിയെ അറസ്റുചെയ്യാന്‍ കര്‍ണാടക പൊലീസ് കേരളത്തിലെത്തിയ ഉടന്‍ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചുചേര്‍ത്ത് ക്രമസമാധാനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍സമീപനം കോടിയേരി വ്യക്തമാക്കിയിരുന്നു. ജനങ്ങളില്‍ ഒരു വിഭാഗം വികാരത്തിനടിപ്പെടാന്‍ ഇടവരരുതെന്ന നിര്‍ബന്ധം സര്‍ക്കാരിനുണ്ടെന്ന് കോടിയേരി വ്യക്തമാക്കി. ആ നയത്തിന്റെ ഫലമാണ് അനിഷ്ടസംഭവങ്ങളില്ലാതെയുള്ള മഅ്ദനിയുടെ അറസ്റ്. കഴിഞ്ഞ

യുഡിഎഫ് ഭരണകാലത്ത് ഹൈക്കോടതിവിധി നടപ്പാക്കുന്നതിന് ശിവഗിരിമഠത്തില്‍ കയറാന്‍ പൊലീസിന് മുഖ്യമന്ത്രി എ കെ ആന്റണി അനുമതി നല്‍കിയപ്പോള്‍, ശിവഗിരി ചോരക്കളമായി. സന്ന്യാസിമാരും പൊലീസുമടക്കം 139 പേര്‍ ആശുപത്രിയിലായി. ശ്രീനാരായണഗുരു പ്രതിമയുടെ തല പോയി. എന്നാല്‍, സാമുദായിക-വര്‍ഗീയ ചേരിതിരിവുണ്ടാകാവുന്ന പ്രശ്നങ്ങള്‍ ശാന്തമായി പരിഹരിച്ച പാരമ്പര്യമാണ് എല്‍ഡിഎഫ് സര്‍ക്കാരിനുള്ളത്. വൈക്കം ടിവി പുരം സെമിത്തേരിപ്രശ്നം, അരുവിപ്പുറം കലഹം തുടങ്ങിയതെല്ലാം നായനാര്‍ സര്‍ക്കാര്‍ രമ്യമായി പരിഹരിച്ചിട്ടുണ്ട്. ആ ഭരണശൈലി വി എസ് സര്‍ക്കാര്‍ പിന്തുടര്‍ന്നു. അതുകൊണ്ടാണ് കേരളസര്‍ക്കാര്‍ വിവേകപൂര്‍വം പെരുമാറിയെന്ന് മഅ്ദനി പറഞ്ഞത്.

2008 ജൂലൈ 25ന് ബംഗളൂരുവിലുണ്ടായ സ്ഫോടനപരമ്പരയില്‍ രണ്ടുപേര്‍ മരിച്ച കേസിലാണ് മഅ്ദനിയെ കര്‍ണാടക പൊലീസ് പ്രതിചേര്‍ത്തത്. 2008ല്‍ കര്‍ണാടക ക്രൈംബ്രാഞ്ച് കോടതിയില്‍ കുറ്റപത്രം നല്‍കിയപ്പോഴും 2009 മെയ് 18ന് അനുബന്ധ കുറ്റപത്രം നല്‍കിയപ്പോഴും മഅ്ദനി പ്രതിയായിരുന്നില്ല. എന്നാല്‍,2010 ജൂണ്‍ 11നാണ് മഅ്ദനിയെ പ്രതിയാക്കിയത്.
(ആര്‍ എസ് ബാബു)

പൊലീസ് വിവേകത്തോടെ പ്രവര്‍ത്തിച്ചു: കോടിയേരി

മഅ്ദനിയുടെ അറസ്റിന്റെ കാര്യത്തില്‍ കേരള പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. അറസ്റ് തീരുമാനിച്ചത് കര്‍ണാടക പൊലീസാണ്. അതിനു സഹായം ചെയ്തതിന് കര്‍ണാടക ഡിജിപി, കേരള ഡിജിപിയോട് നന്ദിയും പറഞ്ഞു. ഇനി തുടര്‍കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് കര്‍ണാടക പൊലീസാണ്. മറ്റൊരു സംസ്ഥാനത്ത് രജിസ്റര്‍ ചെയ്ത കേസില്‍ ഇവിടെ പ്രതിയുണ്ടെങ്കില്‍ പിടികൂടാനുള്ള ബാധ്യത നമുക്കുണ്ട്. എന്നാല്‍,ക്രമസമാധാന പ്രശ്നമുണ്ടാകരുതെന്ന് കേരള പൊലീസിന് നിര്‍ബന്ധമുണ്ടായിരുന്നു. യത്തീംഖാനയില്‍ പോയി മഅ്ദനിയെ പിടികൂടിയാല്‍ ക്രമസമാധാന പ്രശ്നമുണ്ടാകുമായിരുന്നു. പൊലീസ് വിവേകപൂര്‍വം പ്രവര്‍ത്തിച്ച് അതൊഴിവാക്കി. ഈ പ്രശ്നത്തില്‍ കേരള പൊലീസ് മഅ്ദനിക്ക് കൂട്ടുനില്‍ക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. നിയമപരമായാണ് കേരള പൊലീസ് പ്രവര്‍ത്തിച്ചതെന്നും കോടിയേരി വ്യക്തമാക്കി.

മതസൌഹാര്‍ദം തകരരുത്: മഅ്ദനി

"എന്റെ അറസ്റ്റുമൂലം കേരളത്തിലെ മതസൌഹാര്‍ദം തകരരുത്. ഇത് ഹിന്ദു-മുസ്ളിം പ്രശ്നമായി കാണരുത്. ഇതിന്റെപേരില്‍ കേരളത്തിലെ ക്രമസമാധാനത്തിനു കോട്ടംതട്ടരുത്. കര്‍ണാടക പൊലീസും സര്‍ക്കാരും ജീവന്‍ നഷ്ടപ്പെടുത്തിയില്ലെങ്കില്‍ തിരിച്ചുവന്ന് കേരളത്തിലെ ജനങ്ങളെ കാണും''- തിരുവനന്തപുരം വിമാനത്താവളത്തില്‍ അബ്ദുല്‍ നാസര്‍ മഅ്ദനി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. അനാഥാലയവും പള്ളിയും പ്രവര്‍ത്തിക്കുന്ന അന്‍വാര്‍ശേരിയിലേക്ക് പൊലീസ് കയറാതിരിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ കാട്ടിയ ജാഗ്രത പ്രശംസനീയമാണെന്ന് മഅ്ദനി പറഞ്ഞു. അറസ്റ്റിനുമുമ്പ് അന്‍വാര്‍ശേരിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തന്നെ കേസില്‍ കുടുക്കിയതാണെന്ന് സമൂഹത്തിലെ ഭൂരിപക്ഷം പേര്‍ക്കും അറിയാം. അതാണ് വലിയ ആശ്വാസം-മഅ്ദനി പറഞ്ഞു.

deshabhimani 18082010