Showing posts with label ബാർ കോഴ. Show all posts
Showing posts with label ബാർ കോഴ. Show all posts

Thursday, October 22, 2020

ബാര്‍കോഴ: വീണ്ടും അന്വേഷണം വേണം

 യുഡിഎഫ് സർക്കാരിന്റെ കാലത്തെ ബാർ കോഴ വീണ്ടും ചർച്ചയാകുകയാണ്. അന്നത്തെ എക്സൈസ് മന്ത്രിയുടെ മുൻകൈയോടെ നടന്ന ഇടപാടുകളിൽ കോടികൾ മറിഞ്ഞതായി ബാർ ഉടമസ്ഥ സംഘടനയുടെ മുൻ വർക്കിങ്‌‌ പ്രസിഡന്റ്‌ ബിജു രമേശ്‌ വെളിപ്പെടുത്തുന്നു. കോഴ വാങ്ങിയവർ ചില്ലറക്കാരല്ല. പങ്കു പറ്റിയവരിൽ പ്രതിപക്ഷ നേതാവ് അടക്കമുള്ളവരുണ്ട്. ഓരോരുത്തർക്കും എവിടെ പണം എത്തിച്ചുകൊടുത്തു എന്നുകൂടി ബാർ സംഘടനാ നേതാവ് പറയുന്നുണ്ട്. അന്നത്തെ കെപിസിസി പ്രസിഡന്റ് രമേശ്‌ ചെന്നിത്തലയ്ക്ക് ഒരു കോടി രൂപയും എക്സൈസ് മന്ത്രി കെ ബാബുവിന് 50 ലക്ഷവും അവരുടെ ഓഫീസിൽ എത്തിച്ചുകൊടുത്തു. മറ്റൊരു മന്ത്രിയായ വി എസ്‌ ശിവകുമാറിന്റെ വിഹിതമായ 25 ലക്ഷം വീട്ടിലും എത്തിച്ചു. ഓരോ ബാറുടമയിൽനിന്നും ഇതിനായി പിരിച്ച പണത്തിന്റെ കണക്ക് അടക്കം വ്യക്തമാക്കിയാണ് ആരോപണം. ഇത്തരം കാര്യങ്ങളിൽ എൽഡിഎഫ് സർക്കാർ വന്നപ്പോൾ ഉണ്ടായ മാറ്റവും ബിജു രമേശ്‌ വിവരിക്കുന്നു. യുഡിഎഫ് കാലത്ത് ബിസിനസുകാരിൽനിന്ന് കിട്ടാവുന്നതെല്ലാം പിടിച്ചുവാങ്ങി. എൽഡിഎഫ്‌ സർക്കാർ വന്നശേഷം അങ്ങനെയൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

ഈ അഴിമതി ഇടപാടിന്റെ രീതിശാസ്ത്രവും ആരോപണം ഉന്നയിച്ച ബിജു രമേശ്‌ വിവരിക്കുന്നു. ആദ്യം ലൈസൻസ്‌ ഫീസ്‌ കൂട്ടുമെന്ന്‌ പ്രഖ്യാപിക്കുക. പിന്നാലെ അത് കുറയ്ക്കാൻ പണപ്പിരിവ് തുടങ്ങുക. അതുപോലെ ബാർ പൂട്ടുമെന്ന് ഭീഷണി മുഴക്കുക. അതിന്റെ പേരിലും പണം പിരിച്ചശേഷം തീരുമാനം മാറ്റുക. ഭരണസംവിധാനത്തെയാകെ അഴിമതിക്കായി ദുരുപയോഗിച്ചതിന്റെ നേർചിത്രമാണ് തെളിയുന്നത്. ഈ ആരോപണം ഉന്നയിച്ച വ്യക്തി ഏതെങ്കിലും തരത്തിൽ എൽഡിഎഫിനോട് ആഭിമുഖ്യം പുലർത്തുന്ന ആളെന്ന് ആരും പറയില്ല. എന്നുമാത്രമല്ല, പല കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധവും ഒരു മുൻ മന്ത്രിയുമായി കുടുംബ ബന്ധവും ഉള്ളയാളാണ്.

2011 മുതൽ 2016 വരെ നിന്ന യുഡിഎഫ് ഭരണം മന്ത്രിമാരുടെ പണംസമ്പാദന പരീക്ഷണങ്ങളുടെ കാലമായിരുന്നു. അക്കാലം കേരളം മറക്കാൻ കാലമായിട്ടുമില്ല. ആരും മോശമായിരുന്നില്ല. കേട്ടാൽ അറപ്പുതോന്നുന്ന പലതും അന്ന്‌ നടന്നു. അവർതന്നെ പരസ്പരം നടത്തിയ ചെളിവാരി എറിയലിൽ അതിലേറെയും പുറത്തുവന്നു. ഇപ്പോഴത്തെ വെളിപ്പെടുത്തൽ മുമ്പ് പറഞ്ഞകാര്യങ്ങൾ അല്ലേ എന്നൊരു ചോദ്യം ഉയരുന്നുണ്ട്. അതെ. യുഡിഎഫ് കാലത്തുതന്നെ ഈ ആരോപണങ്ങൾ ഉയർന്നിരുന്നു. തിരുവനന്തപുരം ഒന്നാംക്ലാസ്‌ ജുഡീഷ്യൽ മജിസ്‌ട്രേട്ട്‌ കോടതിയിൽ‌‌ ബിജു രമേശ്‌ സിആർപിസി 164–-ാം വകുപ്പുപ്രകാരം നൽകിയ രഹസ്യമൊഴിയിൽ ഈ ആരോപണങ്ങൾ പലതും ഉൾപ്പെട്ടിരുന്നു. പക്ഷേ, അന്നത്തെ അന്വേഷണം അട്ടിമറിക്കപ്പെടുകയായിരുന്നു എന്നുവേണം കരുതാൻ. ബാർ ഹോട്ടൽ ഓണേഴ്‌സ്‌ അസോസിയേഷൻ യോഗത്തിലാണ്‌ ബിജു രമേശ്‌ ഇക്കാര്യങ്ങൾ ആദ്യം വെളിപ്പെടുത്തിയത്. ഇതിന്റെ ശബ്ദരേഖയടങ്ങിയ മൊബൈൽ ഫോണും അന്ന് കോടതിക്ക്‌ കൈമാറിയിരുന്നു. ഫോൺ ഫോറൻസിക്‌ പരിശോധനയ്‌ക്ക്‌ കൈമാറിയെങ്കിലും അതിന്റെ റിപ്പോർട്ട് അട്ടിമറിക്കപ്പെട്ടു. ഏതായാലും ഇപ്പോൾ കൂടുതൽ ശക്തമായി ആരോപണങ്ങൾ ഉയർന്നുവരികയാണ്. സമഗ്രമായ ഒരു അന്വേഷണത്തിലൂടെയേ സത്യം പുറത്തുവരികയുള്ളൂ. എൽഡിഎഫ്‌ ഇക്കാര്യം ഉന്നയിച്ചിട്ടുണ്ട്. സർക്കാരിൽനിന്ന് നടപടി ഉണ്ടാകും എന്ന് കരുതാം.

ഇത്രയും ഗുരുതരമായ ആരോപന്നങ്ങൾ ഉയർന്നപ്പോൾ അതിനോട് കേരളത്തിലെ മാധ്യമങ്ങൾ സ്വീകരിച്ച സമീപനംകൂടി നമ്മൾ കാണണം. പ്രതിപക്ഷനേതാവടക്കം കോഴ വാങ്ങി എന്ന ആരോപണം വന്നപ്പോൾ ആ വാർത്ത എങ്ങനെ ഒളിപ്പിക്കാം എന്ന പരീക്ഷണത്തിലാണ് മാധ്യമങ്ങൾ ഏർപ്പെട്ടത്. ചാനലുകളാകട്ടെ കോഴ വാങ്ങിയവരെ വിട്ട് കോഴ വാഗ്ദാനം ചെയ്തതിനെപ്പറ്റി ബ്രേക്കിങ്‌ ന്യൂസ്‌ നിരത്തി. കോഴ വാഗ്ദാനം ചെയ്‌തതായ ആരോപണം ജോസ് കെ മാണിക്കെതിരെയാണ്.

അദ്ദേഹത്തിന്റെ പാർടി ഇപ്പോൾ എൽഡിഎഫിനൊപ്പമാണ്. അതുകൊണ്ടുമാത്രം അത് വൻ വാർത്തയായി. നേരിട്ട് കോഴപ്പണം വാങ്ങിയ പ്രതിപക്ഷനേതാവും മുൻ മന്ത്രിമാരും വാർത്തയ്ക്ക് വിഷയമായതുമില്ല. ഏറെ നാളായി കേരളത്തിലെ മാധ്യമങ്ങൾ പിന്തുടരുന്ന വാർത്താ നിർമാണശൈലിയുടെ അവസാനത്തെ ഉദാഹരണമാകും ഇതെന്ന് കരുതുന്നില്ല. അവർ ഇത് തുടരും. പക്ഷേ,  ഇത്തരം വാർത്താവിതരണം സ്വന്തം വിശ്വാസ്യത എത്രയെറെയാണ് ഇല്ലാതാക്കുന്നതെന്ന് ഈ മാധ്യമങ്ങൾ ഇടയ്ക്കൊന്നു സ്വയം വിലയിരുത്തിയാൽ നന്ന്.

deshabhimani editorial 231020

Wednesday, October 21, 2020

ബാർ ലൈസൻസ്‌ പുതുക്കൽ : 8 കോടി കോഴയ്‌ക്ക്‌ തെളിവ്‌; അന്വേഷണം അട്ടിമറിച്ചു

 ആദ്യം ലൈസൻസ്‌ ഫീസ്‌ കൂട്ടുമെന്ന്‌ പ്രഖ്യാപിക്കും. കോഴ ഉറപ്പിച്ചശേഷം വർധന പിൻവലിക്കും. പിന്നെ ബാറ്‌ പൂട്ടുമെന്ന്‌ പറയും. പിന്നാലെ തുറക്കാൻ പിരിവ്‌.   യുഡിഎഫ്‌ കാലത്ത്‌ എക്‌സൈസ്‌ വകുപ്പിലെ ഓരോ തീരുമാനവും തീവെട്ടിക്കൊള്ളയ്‌ക്കായിരുന്നുവെന്നാണ്‌‌ ബാർ ഉടമസ്ഥ സംഘടനയുടെ മുൻ വർക്കിങ്‌‌ പ്രസിഡന്റ്‌ ബിജു രമേശിന്റെ  വെളിപ്പെടുത്തലിലൂടെ വ്യക്തമാകുന്നത്‌.

ബിസിനസുകാരെ യുഡിഎഫ്‌ സർക്കാർ കറവപ്പശുക്കളായാണ്‌ കണ്ടത്‌. കിട്ടുന്നതെല്ലാം പിടിച്ചുവാങ്ങി. എൽഡിഎഫ്‌ സർക്കാർ അങ്ങനെയൊന്നും ചെയ്‌തിട്ടില്ലെന്നും ബിജു രമേശ്‌ പറഞ്ഞു.ബാർ ലൈസൻസ്‌ പുതുക്കാനായി മുൻ യുഡിഎഫ്‌ സർക്കാരിലെ മന്ത്രിമാർക്ക്‌ നൽകാൻ ബാറുടമകളിൽനിന്ന്‌ പിരിച്ചത്‌ 10 കോടി രൂപയാണ്‌.  ബാറുടമകളിൽ നിന്ന്‌ 2.5 ലക്ഷം രൂപവീതവും  ബിയർ–-വൈൻ പാർലർ ഉടമകളിൽനിന്ന്‌ 15 ലക്ഷം രൂപ വീതവുമായിരുന്നു ബാർ ഹോട്ടൽ ഓണേഴ്‌സ്‌ അസോസിയേഷൻ ശേഖരിച്ചത്‌.

യുഡിഎഫ്‌ സർക്കാർ ലൈസൻസ്‌ പുതുക്കൽ ഫീസ്‌  കൂട്ടില്ലെന്ന്‌ ഉറപ്പ്‌ നൽകിയായിരുന്നു പിരിവ്‌.  കോഴയായി എട്ടുകോടി രൂപ നൽകി. ബാക്കി രണ്ടു കോടി കേസ്‌ നടത്തിപ്പിന്‌ നീക്കിവച്ചു. ഇതിന്റെ വ്യക്തമായ തെളിവ്‌ കൈമാറിയിട്ടും അന്വേഷണം അട്ടിമറിച്ചു.

തിരുവനന്തപുരം ഒന്നാംക്ലാസ്‌ ജുഡീഷ്യൽ മജിസ്‌ട്രേട്ട്‌ കോടതിയിൽ‌‌ അസോസിയേഷൻ പ്രസിഡന്റ് ബിജു രമേശ്‌ സിആർപിസി 164–-ാം വകുപ്പു പ്രകാരം തെളിവടക്കം നൽകിയ രഹസ്യമൊഴിയിലാണ്‌ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരുന്നത്‌.

2012 മാർച്ചിലെ ബജറ്റിനുമുമ്പ്‌ ബാറുടമകളുമായുള്ള ആദ്യ പ്രീ ബജറ്റ്‌ യോഗത്തിൽ ലൈസൻസ്‌ പുതുക്കൽ ഫീസ്‌ 22ൽനിന്ന്‌ 30 ലക്ഷമാക്കാൻ തീരുമാനിച്ചതായി കെ ബാബു അറിയിച്ചെന്നാണ്‌ മൊഴി. ഫീസ്‌ വർധിപ്പിക്കാതിരിക്കാൻ‌ ഏഴരക്കോടിക്ക്‌ ബാറുടമകൾ കച്ചവടം ഉറപ്പിച്ചു. ഫീസ്‌ പേരിന്‌ വർധിപ്പിച്ചു‌. ഇതിനു പിന്നാലെ മുഴുവൻ ബാറും പൂട്ടി‌. ഇതും കോഴ വാങ്ങാനുള്ള നാടകമായിരുന്നു. 

ബിജു രമേശിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ കെ ബാബുവിനെതിരെ വിജിലൻസ്‌ കേസെടുത്തത്‌. പിരിച്ച പണം ആർക്കൊക്കെ നൽകണമെന്ന്‌ നിർദേശിച്ചത്‌ എക്‌സൈസ്‌ മന്ത്രിയായിരുന്ന കെ ബാബുവായിരുന്നു. ഒരു കോടി രൂപ രമേശ്‌ ചെന്നിത്തയ്‌ലക്കും കിട്ടി.

ബാർ ഹോട്ടൽ ഓണേഴ്‌സ്‌ അസോസിയേഷൻ യോഗത്തിലാണ്‌ പണം നൽകിയത്‌ ആദ്യം വെളിപ്പെടുത്തിയത്‌. ഇതിന്റെ ശബ്ദരേഖയടങ്ങിയ മൊബൈൽ ഫോണും കോടതിക്ക്‌ കൈമാറി. ഈ ഫോൺ ഫോറൻസിക്‌ പരിശോധനയ്‌ക്ക്‌ കൈമാറിയെങ്കിലും റിപ്പോർട്ട്‌ അട്ടിമറിച്ചു.

ചെന്നിത്തലയ്‌ക്ക്‌ ഒരു കോടി കോഴ : സമഗ്ര അന്വേഷണം വേണം: എ വിജയരാഘവൻ

യുഡിഎഫ് സർക്കാരിന്റെ കാലത്ത് ബാറുടമകളിൽനിന്ന്‌ പിരിച്ച പണം രമേശ് ചെന്നിത്തലയ്ക്കടക്കം വീതംവച്ചെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തൽ സമഗ്രമായി അന്വേഷിക്കണമെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ ആവശ്യപ്പെട്ടു.

ഒരു കോടി രൂപ ചെന്നിത്തലയുടെ ഓഫീസിലും 50 ലക്ഷം കെ ബാബുവിന്റെ ഓഫീസിലും 25 ലക്ഷം വി എസ് ശിവകുമാറിന്റെ വീട്ടിലും എത്തിച്ചെന്ന ബാറുടമ ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തൽ അതീവ ഗൗരവമാണ്. യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത് ഒട്ടനവധി കോഴ ഇടപാടുകൾ അരങ്ങേറിയെന്ന്‌ ഇത് തെളിയിക്കുന്നു. മുൻ മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയുടെയും കള്ളപ്പണ ഇടപാട് അന്വേഷിച്ചാൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവരും.

യുഡിഎഫ് എംഎൽഎമാരായ പി ടി തോമസും കെ എം ഷാജിയും കള്ളപ്പണ ഇടപാടിൽ അന്വേഷണ പരിധിയിലാണ്‌. മുൻ മന്ത്രി കെ ബാബു അവിഹിത സമ്പാദ്യ കേസിന്റെ വിചാരണയിലും. പാലാരിവട്ടം പാലം അഴിമതിയിൽ വി കെ ഇബ്രാഹിം കുഞ്ഞും ജ്വല്ലറി തട്ടിപ്പിൽ എം സി ഖമറുദീനും പ്രതിക്കൂട്ടിലാണ്.

ഇതിനു പുറമെയാണ് ബിജു രമേശിന്റെ വെളിപ്പെടുത്തലുകൾ. സത്യം പുറത്തുകൊണ്ടുവരാൻ സമഗ്രാന്വേഷണവും നിയമനടപടികളും വേണമെന്ന്‌ വിജയരാഘവൻ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.

Monday, October 19, 2020

ബാർ കോഴ: ചെന്നിത്തലയ്ക്ക് ഒരു കോടിയും, വി എസ് ശിവകുമാറിന് 25 ലക്ഷവും കെ ബാബുവിന് 50 ലക്ഷവും നല്‍കിയെന്ന് ബിജു രമേശ്

 ബാർ കോഴ കേസില്‍ പുതിയ വെളിപ്പെടുത്തലുമായി ബിജു രമേശ്. ബാര്‍ക്കോ‍ഴ കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും ബാര്‍ മുതലാളിമാരില്‍ നിന്നും പിരിച്ചെടുത്ത തുക നല്‍കിയെന്നാണ് ബിജു രമേശ് വെളിപ്പെടുത്തിയിരിക്കുന്നത്.

കെപിസിസി ഓഫീസില്‍ രണ്ടുകോടി രൂപ എത്തിച്ചു നല്‍കിയെന്നാണ് ബിജു രമേശ് പറയുന്നത്.  ഇത്‌ അന്നത്തെ ആഭ്യന്തര മന്ത്രിയായ രമേശ് ചെന്നിത്തലയ്ക്ക് കൈമാറി. ഇത്‌ കൂടാതെയാണ്‌ ചെന്നിത്തലയ്‌ക്ക്‌ മാത്രമായി 1 കോടി നൽകിയത്‌.

ബാര്‍ മുതലാളിമാരില്‍ നിന്ന് മൊത്തം 10 കോടി രൂപയാണ് പിരിച്ചെടുത്തത്. ഇതില്‍ രമേശ് ചെന്നിത്തലയ്ക്ക് 1 കോടി രൂപയും മുന്‍ മന്ത്രി വി എസ് ശിവകുമാറിന് 25 ലക്ഷം രൂപയും നല്‍കിയെന്നാണ് ബിജു രമേശിന്‍റെ വെളിപ്പെടുത്തൽ. ബാര്‍ ലൈസന്‍സ് ഫീസ് ഉയര്‍ത്താതിരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പണം ആവശ്യപ്പെട്ടിരുന്നതായും ബിജു രമേശ് പറയുന്നു. മുന്‍ എക്സൈസ് മന്ത്രി കെ ബാബുവിനും പണം നല്‍കിയതായി ബിജു രമേശ് വെളിപ്പെടുത്തിയിട്ടുണ്ട്.

ബാര്‍ക്കോ‍ഴ കേസുമായി ബന്ധപ്പെട്ട് അന്വേഷണ റിപ്പോര്‍ട്ട് ഇന്നലെ പുറത്തുവന്നിരുന്നു ചെന്നിത്തലയാണ് കെ എം മാണിക്കെതിരായ ബാര്‍ക്കോ‍ഴ കേസിന്‍റെ സൂത്രധാരന്‍ എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കെ എം മാണിയെ സമ്മര്‍ദത്തിലാക്കി മുഖ്യമന്ത്രിയാവുന്നതിന് കെ എം മാണിയുടെ പിന്തുണ നേടുകയെന്നതുമായിരുന്നു ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മാണിക്കെതിരായ ഗൂഢാലോചന റിപ്പോർട്‌ നിഷേധിച്ച്‌ ചെന്നിത്തല; ജമാഅത്തെ ഇസ്ലാമിയുമായി സഖ്യമില്ല

കോഴിക്കോട്‌ > ബാർ കോഴ കേസിൽ കെ എം മാണിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന റിപ്പോർട്‌ ‌ നിഷേധിച്ച്‌ ‌  പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല. ഇതുസംബന്ധിച്ച്‌ വന്ന അന്വേഷണ റിപ്പോർട്‌ ഊരും പേരുമില്ലാത്തതാണ്‌. അങ്ങനെയൊരു റിപ്പോർടില്ല. എന്നെ ചാരി എൽഡിഎഫ്‌ പ്രവേശനം ന്യായീകരിക്കാാനുള്ള ശ്രമമാണ്‌. മാണിക്ക്‌‌ താൻ മന്ത്രിയായിരിക്കവെയാണ്‌ വിജിലൻസ്‌ ക്ലീൻസർടിഫിക്കറ്റ്‌ നൽകിയത്‌ –- കോഴിക്കോട്‌  വാർത്താസമ്മേളനത്തിൽ ചെന്നിത്തല പറഞ്ഞു.

കേന്ദ്രമന്ത്രി വി മുരളീധരനെതിരെ തന്റെ മുന്നിൽ വന്ന കാര്യങ്ങളിൽ പ്രതികരിച്ചിട്ടുണ്ട്‌. കേന്ദ്രസർക്കാർ തന്നെയാണ്‌ കസ്‌റ്റംസ്‌ എന്ന്‌ മുരളീധരൻ പറഞ്ഞത്‌ ശരിയല്ലെന്നും പറഞ്ഞു.

ജമാഅത്‌ സഖ്യമില്ലെന്ന്‌

ജമാഅത്തെ ഇസ്ലാമിയുമായി യുഡിഎഫ്‌ സഖ്യമുണ്ടാക്കില്ലെന്നും ചെന്നിത്തല അവകാശപ്പെട്ടു. യുഡിഎഫിന്‌ പുറത്തുള്ള ആരുമായും കൂട്ടുകെട്ടില്ല. പഞ്ചായത്ത്‌–-നിയമസഭാ തെരഞ്ഞെടുപ്പിൽ മറ്റാരുമായി യാതൊരു ബന്ധവുമുണ്ടാകില്ലെന്നും പറഞ്ഞു.