Tuesday, August 31, 2010

ആഹ്ളാദം കുന്നോളം

ഇനി അലയേണ്ട; വെള്ളാരംകുന്നില്‍ ആഹ്ളാദം കുന്നോളം

ഭൂമിയോളം പ്രതീക്ഷ പകര്‍ന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ വെള്ളാരംകുന്നിലെ ആദിവാസി കുടിലുകളില്‍ ആഹ്ളാദം നിറയ്ക്കുന്നു. മൂന്നുമാസത്തിനുള്ളില്‍ ഭൂമി നല്‍കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പോടെ കാടിന്റെ മക്കള്‍ക്ക് പോരാട്ടം ലക്ഷ്യം കണ്ടതിന്റെ അഭിമാനവും. ഇരുനൂറോളം കുടുംബങ്ങളാണ് ഫെബ്രുവരി നാലിനു വെള്ളാരംകുന്നിലെത്തി കുടില്‍കെട്ടി താമസം ആരംഭിച്ചത്.

"അഞ്ചുസെന്റ് സ്ഥലവും കുടിലും കിട്ടാനാണ് സമരഭൂമിയില്‍ എത്തിയത്. മരണം അല്ലെങ്കില്‍ ജീവിതം എന്നതായിരുന്നു മുന്നിലുള്ള വഴി'' എന്ന് കോട്ടത്തറയില്‍ നിന്ന് ഇവിടെ എത്തിയ രാജനും കുടുംബവും പറയുന്നു. സ്വന്തമായി ഭൂമിയും കിടന്നുറങ്ങാന്‍ വീടുമാണ് സ്വപ്നം. അത് തരുമെന്ന ഉറപ്പിലാണ് ഇവിടെ നിന്നൊഴിയുന്നതെന്നും അവര്‍ പറഞ്ഞു. ജീവിതത്തില്‍ ഭയരഹിതരായിരിക്കാന്‍ സമരക്കുടിലുകളിലിരുന്ന് കുട്ടികള്‍ പഠിച്ചുകഴിഞ്ഞുവെന്ന് അവര്‍ പറയുമ്പോള്‍, സമരഭൂമിയില്‍നിന്ന് ഇറക്കിവിടാന്‍ രണ്ടാമതൊരിക്കല്‍ കൂടി പൊലീസെത്തിയാലും ചെറുക്കുമായിരുന്നെന്ന് വ്യക്തം. ജൂണ്‍ 16ന് ഇവരെ ഒഴിപ്പിക്കാന്‍ കോടതി നിര്‍ദേശമനുസരിച്ച് പൊലീസ് എത്തി. എന്നാല്‍, ബഹുജന ചെറുത്തുനില്‍പ്പിനാല്‍ നടന്നില്ല.

മൂപ്പൈനാട് പുറമ്പോക്കില്‍ താമസിക്കുകയായിരുന്നു കരിയന്‍. വിവാഹം കഴിഞ്ഞതോടെ കുടിലില്‍ ഇടമില്ലാതായി. റോഡില്‍ നിന്ന് ഒഴുകി വരുന്ന വെള്ളം മഴക്കാലത്തു ദുരിതമായി. വേനല്‍ക്കാലത്ത് കുടിവെള്ളമില്ല. മകള്‍ ആതിര പിറന്നതോടെ കൊച്ചു കുടിലിലെ ജീവിതം കൂടുതല്‍ പ്രയാസമായി. ജീവിക്കാന്‍ അഞ്ചുസെന്റ് സ്ഥലമെങ്കിലും വേണം. കുടില്‍കെട്ടണം. വേനലില്‍ ചൂടേല്‍ക്കാതെയും മഴയില്‍ നനയാതെയുമിരിക്കണം. കോട്ടത്തറ നടുക്കുനി പണിയകോളനിയില്‍ നിന്നെത്തിയ കൃഷ്ണന്‍, ഭാര്യ അശ്വതി, അശ്വതിയുടെ അമ്മ വെളിച്ചി എന്നിവര്‍ക്കും വേണം ഭൂമിയും പാര്‍ക്കാന്‍ വീടും. തുടക്കത്തില്‍ ഏറെ പേര്‍ സമരഭൂമിയില്‍ എത്തിയിരുന്നെങ്കിലും പൊലീസിനെ പേടിച്ച് പുറമ്പോക്കിലേക്ക് തിരിച്ചുപോയി.

കള്ളമ്പെട്ടി കോളനിയിലെ കരിമാത്തന് പ്രായം 70 പിന്നിട്ടു. കയറി കിടക്കാന്‍ സ്ഥലമില്ല. ഭാര്യ മരിച്ചു. മക്കള്‍ ലീല, നാണി എന്നിവര്‍ കൂടെയുണ്ട്. അവരുടെ മക്കളും. വാതത്തിന്റെ വിഷമതകളുണ്ട്. ഇനിയും അലയാന്‍ മനസ്സില്ല. ഭൂമിയെന്നത് തങ്ങളുടെ അവകാശമാണെന്ന് കരിമാത്തനും പറയുന്നു. പണിയ, കാട്ടുനായ്ക്ക, കുറിച്യ, മുള്ള കുറിച്യ എന്നീ വിഭാഗത്തില്‍പ്പെടുന്നവരാണ് കോളനിയിലെ ഭൂരിപക്ഷവും. ആറുമാസം മുമ്പ് സമരഭൂമിയില്‍ എത്തിയവരാണെങ്കിലും ഇവരുടെ ഒത്തൊരുമ അസാധാരണമാണ്. അഞ്ചുസെന്റ് സ്ഥലവും കുടിലുമാണ് ഇവിടെയുള്ള 147 കുടുംബങ്ങളുടെയും ഒന്നാക്കിയത്. തിരിച്ചിറങ്ങുന്നത് ആവേശം ഒട്ടും ചോര്‍ന്നു പോകാതെയാണ്. അവകാശങ്ങള്‍ നേടിയെടുക്കാന്‍ തങ്ങള്‍ ഒറ്റക്കെട്ടാണെന്ന് മണ്ണില്‍ ചവിട്ടി നിന്ന് ഇവര്‍ പ്രഖ്യാപിക്കുന്നു.

ദാഹം തീര്‍ക്കാന്‍ 'പൈന്‍ശ്രീ'

വെള്ളമൂറ്റി കാര്‍ഷികജീവിതം തകര്‍ത്ത കോളഭീമനെ കെട്ടുകെട്ടിച്ച കേരളത്തില്‍ ജൈവക്കൃഷിയുടെ മഹാമാതൃകയായി 'പൈന്‍ശ്രീ'. കുടുംബശ്രീ പ്രവര്‍ത്തകര്‍ വിളയിക്കുന്ന കൈതച്ചക്കയില്‍നിന്നുള്ള പാനീയമാണ് നാട് കീഴടക്കാന്‍ ഒരുങ്ങുന്നത്. എറണാകുളം ജില്ലയിലെ 40 പഞ്ചായത്തുകളിലെ 500 ഹെക്ടര്‍ കൃഷിയിടങ്ങളിലാണ് മൂല്യവര്‍ധിത ഉല്‍പ്പന്നം ലക്ഷ്യമിട്ട് വ്യാപകമായി പൈനാപ്പിള്‍കൃഷി ആരംഭിച്ചത്. ഇതുവഴി 3215 യൂണിറ്റില്‍ 16,075 കുടുംബശ്രീ അംഗങ്ങള്‍ക്ക് തൊഴില്‍ ലഭിക്കും.

മൂവാറ്റുപുഴ വാഴക്കുളത്തെ സര്‍ക്കാര്‍ സ്ഥാപനമായ നടുക്കര അഗ്രോ പോസസിങ് കമ്പനിയും കുടുംബശ്രീയും കൈകോര്‍ത്തുള്ള സമഗ്ര പൈനാപ്പിള്‍ പദ്ധതിയുടെ ഭാഗമായ ആദ്യ ഉല്‍പ്പന്നമാണ് 'പൈന്‍ശ്രീ' ജ്യൂസ്. പ്രാരംഭമായി 10,000 പായ്ക്കറ്റ് ജ്യൂസ് ഉല്‍പ്പാദിപ്പിച്ചു. ജില്ലയില്‍ 50 കിയോസ്കുകള്‍ സ്ഥാപിച്ചും സംസ്ഥാനത്തുടനീളം ശൃംഖല ശക്തമാക്കിയും വിപണി പിടിച്ചെടുക്കലാണ് ലക്ഷ്യം. പൈനാപ്പിള്‍ കൃഷിയിലെ അനിശ്ചിതത്വം അവസാനിപ്പിക്കുന്നതോടൊപ്പം കേരളത്തിന് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ സംഭാവനചെയ്യല്‍കൂടിയാണ് പദ്ധതി. ജ്യൂസിനു പുറമെ കാന്‍ഡി, അച്ചാര്‍, ജാം, സ്ക്വാഷ് എന്നിവയും 'പൈന്‍ശ്രീ' ബ്രാന്‍ഡില്‍ വിപണിയിലെത്തും.

ജില്ലയിലെ മൂവാറ്റുപുഴ, പാമ്പാക്കുട, വടവുകോട്, അങ്കമാലി, മുളന്തുരുത്തി ബ്ളോക്കുകളിലെ 40 പഞ്ചായത്തുകള്‍ കേന്ദ്രമാക്കിയാണ് പദ്ധതി. കുടുംബശ്രീ അംഗങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന കൈതച്ചക്ക നടുക്കര അഗ്രോ പോസസിങ് കമ്പനിയുടെ സാങ്കേതിക സഹായത്തോടെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളായി മാറും. പൈനാപ്പിളിന് വിലയിടിഞ്ഞാലും ഇവര്‍ ഉല്‍പ്പാദിപ്പിക്കുന്ന മുഴുവന്‍ പൈനാപ്പിളും കിലോയ്ക്ക് അഞ്ചുരൂപ നിരക്കില്‍ കമ്പനി എടുക്കാമെന്നാണ് വ്യവസ്ഥ.

32 കോടി രൂപയാണ് ചെലവുപ്രതീക്ഷിക്കുന്നത്. സ്റ്റേറ്റ് ബാങ്കിന്റെ കര്‍ഷക ബ്രാഞ്ച് വായ്പയായി 4.36 കോടി രൂപ നല്‍കി. കുടുംബശ്രീ മിഷന്‍ എട്ടുകോടിയും മുടക്കി. ജില്ലാ പഞ്ചായത്തിന്റെ വിഹിതമായി 32 ലക്ഷം രൂപയും വിവിധ പഞ്ചായത്തുകളുടെ വിഹിതമായി ശേഷിക്കുന്ന തുകയും കണ്ടെത്തി. വിദേശ വിപണികള്‍കൂടി ലക്ഷ്യമാക്കുന്നുണ്ടെന്ന് ജില്ലാ കുടുംബശ്രീ മിഷന്‍ ഡയറക്ടര്‍ കെ കെ രവി പറഞ്ഞു. കയറ്റുമതി വികസന ഏജന്‍സിയുടെ സഹായത്തോടെ ഇതിനുള്ള നടപടി സ്വീകരിക്കും. പച്ച പൈനാപ്പിള്‍ കയറ്റുമതിക്കും ആലോചനയുണ്ട്.
(ഷഫീഖ് അമരാവതി)

ഇവിടെയുണ്ട്, വൃത്തിയുള്ള മറപ്പുരകള്‍

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ നടപ്പാക്കിയ ഗേള്‍സ് ഫ്രണ്ട്ലി ടോയ്ലറ്റ് പദ്ധതി ശ്രദ്ധയാകര്‍ഷിക്കുന്നത് ആശയത്തിന്റെ വലുപ്പംകൊണ്ടാണ്. ആധുനികമെന്ന് മേനിപറയുന്ന സമൂഹത്തില്‍പോലും സ്ത്രീസൌഹൃദ ടോയ്ലറ്റ് എന്ന ആശയം പ്രാവര്‍ത്തികമായിട്ടില്ല. ആയിരക്കണക്കിന് സ്ത്രീകള്‍ എത്തുന്ന ഇടങ്ങളില്‍ വെറുമൊരു മൂത്രപ്പുര പോലും ഉറപ്പാക്കാനായിട്ടില്ല. വൃത്തിയുള്ള മൂത്രപ്പുരയില്ലെന്നതിനാല്‍ രാവിലെ മുതല്‍ സന്ധ്യവരെയും മൂത്രമൊഴിക്കാതെ വീട്ടില്‍ തിരികെയെത്തുന്നവരാണ് വിദ്യാര്‍ഥിനികളില്‍ പലരും. കോടികള്‍ ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതികള്‍ക്കിടയില്‍ ഈ കുഞ്ഞുപദ്ധതി തലയുയര്‍ത്തി നില്‍ക്കുകയാണ്. സംസ്ഥാനത്തുതന്നെ ആദ്യമായാണ് എല്ലാ ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലും ഇത്തരമൊരു പദ്ധതി.

കൌമാരക്കാരായ പെണ്‍കുട്ടികളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞാണ് പദ്ധതിയുടെ രൂപകല്‍പന. വൃത്തിയുള്ള ടോയ്ലറ്റുകളുടെ അനുബന്ധമായി നാപ്കിന്‍ കത്തിച്ചുകളയാനുള്ള ഇന്‍സിനേറ്റര്‍ സൌകര്യവുമുണ്ട്. നാപ്കിന്‍ അലക്ഷ്യമായും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതരത്തിലും ഉപേക്ഷിക്കുന്നത് ഇതോടെ തടയാനായി. ഇവ നിക്ഷേപിക്കുന്നതുമൂലം ക്ളോസറ്റ് അടഞ്ഞുപോകുന്ന സംഭവങ്ങളും ഇല്ലാതായി.

69 സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറികളിലും മൂന്ന് പഞ്ചായത്ത് സ്കൂളുകളിലും ഇതിനകം ഗേള്‍സ് ഫ്രണ്ട്ലി ടോയ്ലറ്റുകള്‍ പണിതു. 2009-10 വാര്‍ഷിക പദ്ധതിയില്‍ ജില്ലാ പഞ്ചായത്തിന്റെ 35,000 രൂപയും സമ്പൂര്‍ണ ശുചിത്വമിഷന്റെ 20,000 രൂപയുമാണ് ഓരോ യൂണിറ്റിനും അനുവദിച്ചത്. എല്ലാ സ്കൂളുകളിലും ഒരേ മാതൃകയിലുള്ള ടോയ്ലറ്റുകളാണ് പിടിഎ കമ്മറ്റികളുടെ നേതൃത്വത്തിലുള്ള ഗുണഭോക്തൃസമിതികള്‍ മുഖേന പണിതത്. കില സംഘടിപ്പിച്ച അനുഭവപഠന ശില്‍പശാലയില്‍ കണ്ണൂരിന്റെ സുപ്രധാന മാതൃകളിലൊന്നായി വിലയിരുത്തപ്പെട്ട പദ്ധതിയാണിത്.

"പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന ദുരിതങ്ങളിലൊന്നിനാണ് പരിഹാരമായത്. എല്ലാവര്‍ക്കും ആവശ്യമുണ്ടെങ്കിലും ആരുംപറയാന്‍ മടിക്കുന്ന ഒന്നായിരുന്നു ഇത്. പദ്ധതി നടപ്പാക്കിയ സ്കൂളുകളില്‍നിന്നുള്ള പ്രതികരണങ്ങള്‍ ഇക്കാര്യം വ്യക്തമാക്കുന്നു''- ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ എം സമ്പത്ത്കുമാര്‍ പറയുന്നു.
(പി പി സതീഷ്കുമാര്‍)

148 കോടിയുടെ സമ്പാദ്യം സ്ത്രീകളുടെആശ്രയമായി കുടുംബശ്രീകള്‍

സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് സ്ത്രീകളെ കൊണ്ടുവരാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വനിതാസംവരണം 50 ശതമാനമാക്കി ഉയര്‍ത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ത്രീശാക്തീകരണത്തിന് കുടുംബശ്രീകളിലൂടെ വിപ്ളവകരമായ മുന്നേറ്റമുണ്ടാക്കി. യുഡിഎഫ് സര്‍ക്കാര്‍ കുടുംബശ്രീകളെ നോക്കുകുത്തികളാക്കി മാറ്റിയിരുന്നു. 'ജനശ്രീ' എന്ന ബ്ളേഡ്കമ്പനി തുടങ്ങി കുടുംബശ്രീകളെ തകര്‍ക്കാനും അപവാദപ്രചാരണത്തിനും ശ്രമിച്ചു. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കുടുംബശ്രീകളെ സമൂഹത്തിന്റെ ഭാഗമാക്കി.

ജില്ലയില്‍ 21,930 കുടുംബശ്രീകളും 95 സിഡിഎസുകളുമാണുള്ളത്. 3,51,072 കുടുംബങ്ങളാണ് ഇതിന്റെ ഗുണഭോക്താക്കള്‍. 147.48 കോടി രൂപയുടെ സമ്പാദ്യവും 591.95 കോടി രൂപയുടെ വായ്പയുമാണ് നല്‍കിയിട്ടുള്ളത്. ചെറുകിട വ്യവസായ യൂണിറ്റുകള്‍ തുടങ്ങാന്‍ സാങ്കേതികസഹായവും വിപണനകേന്ദ്രങ്ങളും തുടങ്ങാന്‍ സഹായിച്ചു. ഓരോ കുടുംബത്തിലും വരുമാനം ഉറപ്പാക്കി.

അയല്‍ക്കൂട്ടങ്ങള്‍ ശാക്തീകരിക്കുകയാണ് ആദ്യമായി ചെയ്തത്. കുടുംബശ്രീ-അയല്‍ക്കൂട്ടം അംഗങ്ങളുടെ കണക്കുകള്‍ ചിട്ടപ്പെടുത്തി. ഇതിനായി വിദഗ്ധ പരിശീലനം നല്‍കി. ജനാധിപത്യരീതിയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ ബൈലോ ഏകീകരിച്ചു. കുടുംബശ്രീകളുടെ ആവശ്യമറിഞ്ഞ് പ്രത്യേക പരിപാടികളും പദ്ധതികളും തയ്യാറാക്കി. ഗ്രേഡിങ് സമ്പ്രദായം ഏര്‍പ്പെടുത്തി. വിലയിരുത്തല്‍ സമിതികളാണ് ഗ്രേഡിങ് നടപ്പാക്കിയത്. പഞ്ചായത്ത് ഭരണസമിതിക്കാണ് ഇതിന്റെ നേതൃത്വം. പ്രാദേശികസാമ്പത്തിക രജിസ്ട്രറും വികസനരജിസ്റ്ററും തയ്യാറാക്കി പ്രവര്‍ത്തനം ഊര്‍ജിതമാക്കി. പ്രാദേശിക ആസൂത്രണത്തിലും നിര്‍വഹണത്തിലും ഇടപെടാന്‍ കുടുംബശ്രീകളെ പ്രാപ്തമാക്കി. ഓരോ സിഡിഎസിനും പ്രതിദിനചെലവ് നിര്‍വഹിക്കാന്‍ സര്‍ക്കാര്‍ ഗ്രാന്റ് അനുവദിച്ചു. ചുരുങ്ങിയത് 5,000 രൂപയാണ് അനുവദിച്ചത്. പരീക്ഷ നടത്തി 5000 രൂപ ശമ്പളത്തില്‍ അക്കൌണ്ടന്റ്മാരെ നിയമിച്ചു. സിഡിഎസ് ചെയര്‍പേഴ്സന്റെ ഓണറേറിയം 250 രൂപയില്‍ നിന്ന് 1500 രൂപയാക്കി. ജില്ലയില്‍ വൈവിധ്യമാര്‍ന്ന സ്വയംതൊഴില്‍സംരഭങ്ങള്‍ നടപ്പാക്കി. ഭക്ഷ്യസുരക്ഷാപദ്ധതിയുടെ ഭാഗമായി 9,000 ഏക്കറില്‍ നെല്‍കൃഷി ചെയ്തു. കുടുംബശ്രീകള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള ആഴ്ച, മാസച്ചന്തകള്‍ സ്ഥിരമാക്കി. മികച്ച പ്രവര്‍ത്തനം നടത്താന്‍ പരിശീലനം നല്‍കി. ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ തരമുള്ളതാക്കാന്‍ പായ്ക്കിങ്, ലേബലിങ് സമ്പ്രദായം നടപ്പാക്കി. കുടുംബശ്രീകള്‍ ഉണ്ടാക്കുന്ന കൊണ്ടാട്ടംഅടക്കമുള്ള ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യാന്‍ 'സമഗ്ര' എന്ന പ്രത്യേക പദ്ധതി നടപ്പാക്കി. റിവോള്‍വിങ്ഫണ്ടിന്റെ തുകയില്‍ വര്‍ധന വരുത്തി.

കുടുംബശ്രീകള്‍ക്ക് നാലുശതമാനം പലിശനിരക്കിലാണ് വായ്പ ലഭ്യമാക്കുന്നത്. പട്ടികവര്‍ഗമേഖലയില്‍ സുസ്ഥിരവികസന പദ്ധതി നടപ്പാക്കി. 2,500 രൂപ ഓരോ അംഗത്തിനും മുന്‍കൂട്ടി നല്‍കിയാണ് ഇതു സാധ്യമാക്കിയത്. 'ആശ്രയ' പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചു. പട്ടികജാതി/വര്‍ഗക്കാര്‍ക്ക് 40 ലക്ഷം രൂപയും ജനറല്‍വിഭാഗത്തിന് 15 ലക്ഷം രൂപയും ഗ്രാന്റ് അനുവദിച്ചു. തൊഴിലുറപ്പുപദ്ധതിയില്‍ ജോലി ചെയ്യുന്നവര്‍ക്ക് കുടുംബശ്രീയില്‍ നിന്ന് മുന്‍കൂര്‍വേതനം നല്‍കുന്ന പതിവും കൊണ്ടുവന്നു. ജില്ലാ ബാങ്കിന്റെ സഹായത്തോടെ 'സഹശ്രീ' വായ്പപദ്ധതി നടപ്പാക്കി. 'മിഷന്‍ വാളയാര്‍ പദ്ധതി'യില്‍ കുടുംബശ്രീകള്‍ 11 കാന്റീനുകള്‍ ആരംഭിച്ചു. നേച്ചര്‍ ഫ്രഷ് മില്‍ക്ക്, ക്ഷീരഗ്രാമം, പൌള്‍ട്രി, നേന്ത്രവാഴക്കൃഷി എന്നിവയിലും കുടുംബശ്രീകളുടെ പങ്കാളിത്തം ഉറപ്പാക്കി. അട്ടപ്പാടിയിലെ ആദിവാസിമേഖലയിലും മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചു. 'അഹാഡ്സി'ലെ 19 ഗ്രൂപ്പുകളെ കുടുംബശ്രീയുമായി സംയോജിപ്പിച്ച് റിവോള്‍വിങ്ഫണ്ട് ലഭ്യമാക്കി.–ഇത്തരത്തില്‍ നിരവധി കാര്യങ്ങളാണ് സ്ത്രീകളുടെ ഉന്നമനത്തിനും സാമ്പത്തികബുദ്ധിമുട്ട് തരണംചെയ്യാനുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയത്.

deshabhimani 31082010

വെളിയം പറഞ്ഞതും ചാനലുകള്‍ പ്രചരിപ്പിച്ചതും

ഇതാണ് പുതിയകാലത്തെ മാധ്യമപ്രവര്‍ത്തനം. മാധ്യമസംസ്‌കാരത്തെകുറിച്ച് തിരിച്ചറിവുള്ളവരെയാകെ അന്ധാളിപ്പിക്കുന്ന വിധത്തിലാണ് ഇക്കഴിഞ്ഞ ദിവസം ചില മാധ്യമങ്ങള്‍ വെളിയം ഭാര്‍ഗവന്റെ വാക്കുകളെ തങ്ങള്‍ക്ക് ആവശ്യമായ വിധത്തിലും ആഗ്രഹിച്ച നിലയിലും അവതരിപ്പിച്ചത്.

1939 ല്‍ പിണറായിയിലെ പാറപ്പുറത്തുവെച്ച് രൂപീകരിക്കപ്പെട്ട ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരള ഘടകം ചരിത്രത്തിന്റെ ഭാഗമാണ്. കയ്യൂരിലെയും പുന്നപ്ര-വയലാറിലെയും അന്തിക്കാട്ടെയും ശൂരനാട്ടെയും ഒഞ്ചിയത്തെയും കാവുമ്പായിയിലെയും ഐതിഹാസിക സമരങ്ങളും രക്തസാക്ഷിത്വങ്ങളും ചെറുത്തുനില്‍പ്പുകളും രക്തരൂക്ഷിത സമരങ്ങളും ചരിത്രത്തിന്റെ അനിഷേധ്യ അധ്യായങ്ങളാണ്. ഈ ചരിത്രത്തിന്റെ പിന്തുടര്‍ച്ച അവകാശപ്പെടാന്‍ അര്‍ഹതയുള്ള ജീവിച്ചിരിക്കുന്ന വ്യക്തിത്വങ്ങളുടെ ഉടമയാണ് കെ ആര്‍ ഗൗരിയമ്മയും വെളിയവും. ഏതാണ്ട് രണ്ടു പതിറ്റാണ്ടിനുമുന്‍പ്, സ്വന്തം പാര്‍ട്ടിയിലെ സംഘടനാ നടപടികളുടെ പേരില്‍ പുറത്തായ ഗൗരിയമ്മ രാഷ്ട്രീയ വിദ്വേഷം തീര്‍ക്കുന്നതിനായി സ്വന്തമായി പാര്‍ട്ടി രൂപീകരിച്ച് യു ഡി എഫില്‍ ചേക്കേറുകയായിരുന്നു. ഒന്നര പതിറ്റാണ്ടുകാലത്തിനു ശേഷം യു ഡി എഫില്‍ അനുഭവിക്കേണ്ടിവന്ന പീഡനങ്ങളുടെ പശ്ചാത്തലത്തില്‍ ഗൗരിയമ്മ പൊട്ടിത്തെറിക്കുന്ന സാഹചര്യം സംജാതമായി. ഒളിവു ജീവിതത്തിന്റെയും കമ്മ്യൂണിസ്റ്റുകാര്‍ക്കു നേരെയുള്ള പീഡനങ്ങളുടെയും കാലത്ത് ഒപ്പം ഉണ്ടായിരുന്ന ഒരു നേതാവ്, റിബലുകളെ നിര്‍ത്തി തന്നെയും തന്റെ പാര്‍ട്ടി പ്രതിനിധികളെയും കോണ്‍ഗ്രസും ഐക്യജനാധിപത്യ മുന്നണിയും തോല്‍പിച്ചുവെന്നും വേറൊരു വഴി നോക്കേണ്ടിവരുമെന്നും പ്രതികരിച്ചപ്പോഴാണ് വെളിയത്തിന്റെ പ്രതികരണം ഉണ്ടായത്. ആ പ്രതികരണം തന്നെ പത്ര പ്രതിനിധികളെ വിളിച്ചുവരുത്തി വെളിയം ഭാര്‍ഗവന്‍ നടത്തിയതായിരുന്നില്ല. ദൃശ്യമാധ്യമ പ്രതിനിധികള്‍ അദ്ദേഹത്തെ സമീപിച്ച് അഭിപ്രായം ആരാഞ്ഞപ്പോഴാണ് അദ്ദേഹം അഭിപ്രായ പ്രകടനം നടത്തിയത്.

ഗൗരിയമ്മയെ ഇടതുമുന്നണിയിലേയ്ക്ക് സ്വീകരിക്കുമോ എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അവര്‍ അങ്ങനെ ഒരു ആഗ്രഹം പ്രകടിപ്പിക്കട്ടെ, അപ്പോള്‍ ആലോചിക്കാമെന്ന് വെളിയം മറുപടി നല്‍കി. സി പി ഐയിലേയ്ക്കുള്ള മടക്കത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സി പി ഐ അവരുടെ കുടുംബമാണെന്നും ഏത് നിമിഷവും കുടുംബത്തിലേയ്ക്ക് മടങ്ങിവരാമെന്നും വെളിയം പറഞ്ഞു. ഇതിനെ എന്തിനാണ് വിവാദമാക്കുന്നത്? യു ഡി എഫ് പോലെ ഒരു മുന്നണിയ്ക്കകത്ത് വീര്‍പ്പുമുട്ടുന്ന ഗൗരിയമ്മയോട് മാതൃ പ്രസ്ഥാനത്തിന്റെ വാതിലുകള്‍ തുറന്നുകിടക്കുന്നു എന്ന സന്ദേശം നല്‍കുന്നത് അവരോടുള്ള ബഹുമാനം കൊണ്ടും ഇന്നവര്‍ക്കുണ്ടായിരിക്കുന്ന അവസ്ഥയിലെ സഹതാപംകൊണ്ടും കൂടിയാണ്. അവര്‍ വരുന്നെങ്കില്‍തന്നെ അവര്‍ക്കൊപ്പമുള്ളവരെയാകെ സ്വീകരിക്കും എന്ന് കരുതേണ്ടെന്നും ദൃശ്യമാധ്യമങ്ങളോട് വെളിയം ഭാര്‍ഗവന്‍ വ്യക്തതയോടെ പറഞ്ഞിരുന്നു. അവരെ അങ്ങോട്ടുപോയി ക്ഷണിക്കണമെന്നല്ല വെളിയം പറഞ്ഞത്. സി പി ഐ ഓഫീസിലേയ്ക്ക് ഏതു നിമിഷവും വരാമെന്നാണ്.

പാര്‍ട്ടിയിലേയ്ക്ക് വരണമെന്ന് അവര്‍ ആഗ്രഹം പ്രകടിപ്പിച്ചാല്‍ പാര്‍ട്ടി ചര്‍ച്ചചെയ്യും എന്നു മാത്രമേ വെളിയം പറഞ്ഞിട്ടുള്ളൂ. ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്കും ആഗ്രഹം പ്രകടിപ്പിച്ചാല്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നാണ് വെളിയം ആവര്‍ത്തിച്ചത്. ഗൗരിയമ്മ ഒരു പോരാളിയാണെന്നും ഭരണ പരിചയമുള്ളയാളാണെന്നും വെളിയം തന്നെ സമീപിച്ച മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞതുപോലും ചര്‍ച്ചാ വിഷയമായി. യു ഡി എഫിനാല്‍ അവഹേളിക്കപ്പെടുന്ന ഗൗരിയമ്മയുടെ ഇപ്പോഴത്തെ സ്ഥിതിവിശേഷം തിരിച്ചറിഞ്ഞാണ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുത്തരമായി വെളിയം ഇങ്ങനെ പ്രതികരിച്ചത്.

ഗൗരിയമ്മ സി പി ഐ യില്‍ ചേരുമെന്നോ ഗൗരിയമ്മയുടെ ജെ എസ് എസ്, എല്‍ ഡി എഫില്‍ ചേരുന്നതുകൊണ്ട് എല്‍ ഡി എഫിന് എന്തെങ്കിലും മെച്ചമുണ്ടാകുമെന്നോ കരുതിയല്ല വെളിയം പ്രതികരിച്ചത്. യു ഡി എഫ് ഗൗരിയമ്മയെപോലെ ഒരു നേതാവിനെ നിരന്തരം അവഹേളിക്കുന്ന സന്ദര്‍ഭമാണിത്. ഗൗരിയമ്മ ഇനിയും മത്സരിക്കുന്നുവെങ്കില്‍ ആംബുലന്‍സ് കൂടി കൊണ്ടുവരേണ്ടി വരുമെന്ന് ഒരു യു ഡി എഫ് നേതാവ് പരസ്യമായി പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇത്തരമൊരു അപഹാസ്യമായ നിലയില്‍ ഗൗരിയമ്മ പെട്ടുപോയ സാഹചര്യത്തിലാണ് പത്രപ്രവര്‍ത്തകരുടെ ചോദ്യത്തോട് വെളിയം പ്രതികരിച്ചത്. കോണ്‍ഗ്രസിന്റെയോ യു ഡി എഫിന്റെയോ ഒരു നേതാവും ഗൗരിയമ്മയ്ക്കു വേണ്ടി രംഗത്തു വരുന്നതിനോ, ആംബുലന്‍സ് വേണ്ടിവരുമെന്ന യു ഡി എഫ് നേതാവിന്റെ പ്രസ്താവനയ്‌ക്കെതിരായി പ്രതികരിക്കുന്നതിനോ പ്രത്യക്ഷപ്പെട്ടില്ല. ഗൗരിയമ്മയുടെ നിസ്സഹായാവസ്ഥയുടെ സന്ദര്‍ഭത്തിലാണ് പത്രവര്‍ത്തകര്‍ വെളിയത്തോട് ചോദ്യം ഉന്നയിച്ചത്. ഗൗരിയമ്മയ്ക്ക് ഏതു സമയത്തും സി പി ഐയിലേയ്ക്ക് വരാമെന്നും സി പി ഐ ഓഫീസ് അവര്‍ക്ക് നന്നായി അറിയാമെന്നും വെളിയം പറഞ്ഞു.

സി പി എമ്മില്‍ നിന്ന് ഗൗരിയമ്മ പുറത്താക്കപ്പെട്ടപ്പോള്‍ പി കെ വിയെയും വെളിയത്തെയും കാണണമെന്ന് ദൂതന്‍ വഴി ഗൗരിയമ്മ അറിയിച്ച കാര്യവും പാര്‍ട്ടി ഓഫീസിലേയ്ക്കുള്ള വഴി അവര്‍ക്കറിയാമല്ലോ എന്ന് ഇരുവരും മറുപടി പറഞ്ഞതും വെളിയം അനുസ്മരിച്ചിട്ടുണ്ട്. ഗൗരിയമ്മയെ സ്വീകരിക്കുവാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മോഹിച്ചുനില്‍ക്കുകയായിരുന്നെങ്കില്‍ അന്നുതന്നെ അവരെ സന്ദര്‍ശിക്കാമായിരുന്നതല്ലേ? ചാനലുകാര്‍ കേള്‍ക്കുന്നത് മുഴുവന്‍ ശ്രദ്ധയോടെ ഗ്രഹിക്കുകയും പറഞ്ഞതുതന്നെ പ്രേക്ഷകര്‍ക്ക് പകര്‍ന്നുകൊടുക്കുകയും വേണം. അതാണ് മാധ്യമ ധര്‍മ്മം.
പറയുന്ന വാക്കുകള്‍ ആ അര്‍ഥത്തില്‍ പരിഗണിക്കുവാനും മനസ്സിലാക്കുവാനും എല്ലാവര്‍ക്കും കഴിയണം. വെളിയത്തെ രാഷ്ട്രീയം പഠിപ്പിക്കുവാന്‍ പുത്തന്‍ രാഷ്ട്രീയക്കാര്‍ മുതിരുന്നത് സാഹസമാണ്. അവര്‍ രാഷ്ട്രീയ ചരിത്രത്തിലേയ്ക്ക് ഒന്നു തിരിഞ്ഞു നോക്കുവാനുള്ള സന്മനസ്സെങ്കിലും കാണിക്കണം. ഗൗരിയമ്മ വന്നതു കൊണ്ട് സി പി ഐയ്ക്ക് ഒരു നേട്ടവുമില്ല, എല്‍ ഡി എഫിനുമില്ല. അത് വെളിയത്തിന് നിശ്ചയമുള്ളതുപോലെ, അനുഭവ സമ്പന്നതകൊണ്ട് അറിയുന്ന നേതാക്കള്‍ അപൂര്‍വ്വമാണുതാനും. ആ വലിയ സത്യം തിരിച്ചറിയാന്‍ മാധ്യമ ചര്‍ച്ചാ പ്രഭുക്കള്‍ തയ്യാറാവണം.

ജനയുഗം 31082010

റിലയന്‍സ് ഇന്‍ഷുറന്‍സിനുവേണ്ടി നഷ്ടപരിഹാരം കുറയ്ക്കുന്നു

മംഗളൂരു വിമാനദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 75 ലക്ഷം വരെ ലഭിക്കുമെന്ന ഏയര്‍ ഇന്ത്യയുടെ പ്രഖ്യാപനം പാഴ്വാക്കായി. നഷ്ടപരിഹാരത്തുകയില്‍ വന്‍കുറവ് വരുത്താനുള്ള റിലയന്‍സ് ഇന്‍ഷുറന്‍സ് കമ്പനിയുടെ നീക്കത്തിന് എയര്‍ ഇന്ത്യയും കൂട്ടുനില്‍ക്കുന്നു. മരിച്ചവരുടെ ആശ്രിതരുമായി കഴിഞ്ഞ ദിവസം മംഗളൂരുവില്‍ നടത്തിയ ചര്‍ച്ചയിലാണ് നഷ്ടപരിഹാരത്തുക കുറയ്ക്കാനുള്ള നീക്കം വ്യക്തമായത്.

ഇപ്പോഴത്തെ തീരുമാനപ്രകാരം മിക്കവരുടെ കുടുംബത്തിനും 25-30 ലക്ഷം വീതമാണ് കിട്ടുക. മരിച്ച കുട്ടികളുടെ വീട്ടുകാര്‍ക്ക് എത്ര കൊടുക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. മരിച്ചവരില്‍ പ്രായപൂര്‍ത്തിയായവരുടെ കുടംബത്തിന് 75 ലക്ഷം രൂപ വീതം കിട്ടുമെന്നാണ് കേന്ദ്ര വ്യോമയാനമന്ത്രിയും എയര്‍ ഇന്ത്യ അധികൃതരും അപകടസമയത്ത് പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര സര്‍വീസുള്ള വിമാനം തകര്‍ന്ന് മരിക്കുന്നവര്‍ക്ക് 1.6 ലക്ഷം യുഎസ് ഡോളര്‍ (ഏകദേശം 76 ലക്ഷം രൂപ) നല്‍കണമെന്നാണ് നിയമം. മോണ്‍ട്രിയല്‍ കണ്‍വന്‍ഷന്റെ അന്താരാഷ്ട്ര ധാരണപ്രകാരമാണിത്. ഇതുപ്രകാരം 158 പേരുടെ ആശ്രിതര്‍ക്ക് 110 കോടിയോളം രൂപ നഷ്ടപരിഹാരമായി ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കണം. എന്നാല്‍ ഇപ്പോഴത്തെ തീരുമാനപ്രകാരം ആകെ 45 കോടിയില്‍ താഴെമാത്രമേ വിതരണം ചെയ്യേണ്ടിവരൂ. 65 കോടിയോളമാണ് ഇന്‍ഷുറന്‍സ് കമ്പനിക്ക് ലാഭം.

മംഗളൂരു ദുരന്തത്തിന് പത്തുദിവസം മുമ്പ് 103 പേര്‍ മരിച്ച ലിബിയന്‍ വിമാനദുരന്തത്തില്‍ ഇന്‍ഷുറന്‍സ് തുകയായി 1270 കോടി രൂപ ക്ളെയിം ചെയ്തപ്പോഴാണ് അതിലുംവലിയ ദുരന്തത്തിന് 110 കോടിപോലും വാങ്ങിക്കൊടുക്കാന്‍ ഏയര്‍ ഇന്ത്യ തയ്യാറാകാത്തത്. റിലയന്‍സ് ഇന്‍ഷുറന്‍സ് കമ്പനിയുടെ നേതൃത്വത്തിലുള്ള സ്വകാര്യ കമ്പനികളുടെ കണ്‍സോര്‍ഷ്യത്തിലാണ് എയര്‍ ഇന്ത്യ വിമാനങ്ങളും യാത്രക്കാരെയും ഇന്‍ഷൂര്‍ ചെയ്തത്. ഇവര്‍ക്ക് ലണ്ടന്‍ ആസ്ഥാനമായുള്ള ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പറേഷനുമായി സഹകരണമുണ്ട്. എച്ച്ഡിഎഫ്സി ഇര്‍ഗോ, ബജാജ് അലയന്‍സ്, ഇഫ്കോ ടോക്കിയോ എന്നിവയാണ് കണ്‍സോര്‍ഷ്യത്തിലുള്ള മറ്റ് കമ്പനികള്‍.

മംഗളൂരുവില്‍ മരിച്ചവരുടെ വരുമാനംനോക്കി നഷ്ടപരിഹാരം നിശ്ചയിക്കാന്‍ മുംബൈയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനിച്ചത്. മരിച്ചവര്‍ ഗള്‍ഫില്‍ ജോലിയില്‍ പ്രവേശിച്ചപ്പോള്‍ കിട്ടിയ ശമ്പളത്തിന്റെ അടിസ്ഥാനത്തിലാണ് വരുമാനം കണക്കാക്കുന്നത്. എന്നാല്‍ അവസാനം വാങ്ങിയ ശമ്പളം കണക്കാക്കണമെന്ന ആവശ്യവും പരിഗണിച്ചില്ല. എയര്‍ ഇന്ത്യയുടെ നിയമോപദേഷ്ടാക്കളായ മുല്ല ആന്‍ഡ് മുല്ല അസോസിയേറ്റ്സ് മുഖാന്തരമാണ് ആശ്രിതരുമായി മംഗളൂരുവില്‍ ചര്‍ച്ച നടത്തുന്നത്. ആറുപേരുടെ കാര്യത്തിലാണ് തീര്‍പ്പായത്. ഇതില്‍, രണ്ടാള്‍ക്ക് 90 ലക്ഷവും ഒരാള്‍ക്ക് 45 ലക്ഷവും മൂന്ന് പേര്‍ക്ക് 25 ലക്ഷം വീതവും നല്‍കുമെന്നാണ് പറയുന്നത്. നഷ്ടപരിഹാരത്തുക പല രീതിയിലാക്കുന്നതില്‍ അപ്പോള്‍തന്നെ പ്രതിഷേധമുയര്‍ന്നു. ഒരേ വിമാനത്തില്‍ സഞ്ചരിച്ചിരുന്നവരെയെല്ലാം തുല്യമായി കാണണമെന്നാണ് ആശ്രിതരുടെ ആവശ്യം. ചൊവ്വാഴ്ചയും ചര്‍ച്ച തുടരുമെന്ന് അറിയിച്ചിട്ടുണ്ട്.

മെയ് 22നുണ്ടായ മംഗളൂരു വിമാനദുരന്തത്തില്‍ ജീവനക്കാര്‍ ഉള്‍പ്പെടെ 158 പേരാണ് മരിച്ചത്. നാലു കൈക്കുഞ്ഞുങ്ങളടക്കം 23 കുട്ടികളും 32 സ്ത്രീകളും മരിച്ചവരില്‍ ഉള്‍പ്പെടും. 58 പേര്‍ മലയാളികള്‍. യാത്രക്കാരില്‍ ഭൂരിപക്ഷവും നിര്‍ധന കുടുംബത്തിലുള്ളവരാണ്. അതേസമയം, കൂടുതല്‍ തുക ആവശ്യപ്പെട്ട് മരിച്ചവരുടെ കുടുംബങ്ങള്‍ കേസിനുപോയാല്‍ അുടത്ത കാലത്തൊന്നും പണം നല്‍കേണ്ടിവരില്ലെന്നും ഇന്‍ഷുറന്‍സ് കമ്പനി കണക്കുകൂട്ടുന്നുണ്ട്. കോടതിയിലെത്തിയ കനിഷ്ക ദുരന്തക്കേസ് തീരാന്‍ കാല്‍നൂറ്റാണ്ടെടുത്ത അനുഭവം മുമ്പിലുണ്ട്. റിലയന്‍സ് കമ്പനിയെ സഹായിക്കാന്‍ കേന്ദ്ര ഭരണകക്ഷിയിലെ പ്രമുഖര്‍ ഇടപെട്ടതായും ആരോപണമുയര്‍ന്നിട്ടുണ്ട്.
(എം ഒ വര്‍ഗീസ്)

deshabhimani 31082010

മെഡിക്കല്‍ പ്രവേശനം ഹൈക്കോടതി നിര്‍ദേശം അംഗീകരിക്കണം

മെഡിക്കല്‍ പ്രവേശനം ഹൈക്കോടതി നിര്‍ദേശം അംഗീകരിക്കണം: സുപ്രീംകോടതി

വിദ്യാര്‍ഥി പ്രവേശനത്തിന്റെ കാര്യത്തില്‍ കേരള സര്‍ക്കാരുമായി ധാരണയുണ്ടാക്കിയ 11 സ്വാശ്രയ മെഡിക്കല്‍കോളേജുകള്‍ ഹൈക്കോടതിയുടെ നിര്‍ദേശാനുസരണം പ്രവേശനം നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. 35 ശതമാനം മാനേജ്മെന്റ് ക്വാട്ടയിലേക്ക് നടത്തിയ പ്രവേശനപരീക്ഷ റദ്ദാക്കിയ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാനേജ്മെന്റുകള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഈ നിര്‍ദേശം നല്‍കിയത്.

ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ ബി സുദര്‍ശന്‍ റെഡ്ഡി, എസ് എസ് നിജ്ജാര്‍ എന്നിവരടങ്ങിയ ബെഞ്ച് ഹൈക്കോടതി വിധി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചു. ധാരണപ്രകാരം സര്‍ക്കാരിന് അനുവദിച്ച 50 ശതമാനം സീറ്റില്‍ ആദ്യം പ്രവേശനം നടത്താന്‍ മാനേജ്മെന്റുകളോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ശേഷിക്കുന്ന 35 ശതമാനം മാനേജ്മെന്റ് ക്വാട്ടയിലും സര്‍ക്കാര്‍ ലിസ്റ്റില്‍നിന്നുതന്നെ പ്രവേശനം നടത്തണം. മാനേജ്മെന്റ് നിരക്കിലുള്ള ഉയര്‍ന്ന ഫീസ് നല്‍കി പ്രവേശനം നേടാന്‍ സര്‍ക്കാര്‍ ലിസ്റ്റിലെ വിദ്യാര്‍ഥികള്‍ മുന്നോട്ടുവന്നില്ലെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കാം. 10 ദിവസത്തിനകം പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കണം- കോടതി നിര്‍ദേശിച്ചു. സെപ്തംബര്‍ 13ന് കേസ് വീണ്ടും പരിഗണിക്കും.

കേസില്‍ വാദംകേള്‍ക്കവെ സ്വാശ്രയ മാനേജ്മെന്റുകള്‍ക്കെല്ലാം പണത്തോടാണ് ആര്‍ത്തിയെന്ന് കോടതി നിരീക്ഷിച്ചു. കലര്‍പ്പില്ലാത്ത കച്ചവടമാണ് സ്വാശ്രയമേഖലയില്‍ നടക്കുന്നത്. പ്രവേശന നടപടികള്‍ ആദ്യം പൂര്‍ത്തിയാക്കുക, പിന്നീട് അനുകൂലമായി ഇടക്കാല ഉത്തരവ് സമ്പാദിക്കുക എന്ന രീതിയിലാണ് എല്ലാ സ്വാശ്രയ കോളേജുകളുടെയും പ്രവര്‍ത്തനം. ഇടക്കാല ഉത്തരവിന്റെ പിന്‍ബലത്തിലാണ് രാജ്യത്തെ ഭൂരിഭാഗം സ്വാശ്രയ മെഡിക്കല്‍, ദന്തല്‍ കോളേജുകളും പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരുമായി ധാരണയുണ്ടാക്കിയ 11 മെഡിക്കല്‍ കോളേജുകളില്‍ ആറ് മെഡിക്കല്‍ കോളേജുകള്‍ക്കും പ്രവേശനപരീക്ഷ നടത്തുന്ന സമയത്ത് മെഡിക്കല്‍ കൌസിലിന്റെ അനുമതി ലഭിച്ചിരുന്നില്ല. മാത്രമല്ല പ്രവേശനപരീക്ഷയ്ക്ക് വ്യത്യസ്ത യോഗ്യതാ മാര്‍ക്കുകളാണ് നിശ്ചയിച്ചത്. എങ്ങനെയാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കാനാവുക. പ്രവേശനപരീക്ഷ സുതാര്യമല്ലെന്ന ഹൈക്കോടതി നിരീക്ഷണം വാസ്തവമാണ്.

സ്വാശ്രയ മാനേജ്മെന്റുകള്‍ക്ക് വേണ്ടി ഹരീഷ് സാല്‍വെയും ഹാരിസ് ബീരാനും ഹാജരായി. സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ ജി ഇ വഹന്‍വതിയും സ്റ്റാന്‍ഡിങ് കൌണ്‍സല്‍ പി വി ദിനേശും ഹാജരായി. മാനേജ്മെന്റുകള്‍ക്കെതിരെ പരാതി നല്‍കിയ വിദ്യാര്‍ഥികള്‍ക്കായി വി ഗിരി ഹാജരായി.
(എം പ്രശാന്ത്)

deshabhimani 31082010

ലോട്ടറി: നടപടിക്ക് അധികാരം കേന്ദ്രത്തിന്

ലോട്ടറി: നടപടിക്ക് അധികാരം കേന്ദ്രത്തിന് - ഹൈക്കോടതി

കേന്ദ്ര ലോട്ടറി നിയമത്തിലെ വ്യവസ്ഥകള്‍ അന്യസംസ്ഥാന ലോട്ടറി ലംഘിച്ചാല്‍ നടപടിയെടുക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. വ്യവസ്ഥകള്‍ ലംഘിക്കുന്നത് ചൂണ്ടിക്കാട്ടി സംസ്ഥാനത്തിന് കേന്ദ്രത്തെ സമീപിക്കാം. എന്നാല്‍ ശിക്ഷാനടപടിയെടുക്കാന്‍ സംസ്ഥാനത്തിന് അധികാരമില്ല. കേരളത്തില്‍ സിക്കിം, ഭൂട്ടാന്‍ സര്‍ക്കാരുകളുടെ ലോട്ടറിവില്‍പ്പനയ്ക്ക് മുന്‍കൂര്‍ നികുതി സ്വീകരിക്കാന്‍ വാണിജ്യ നികുതി വകുപ്പ് വിസമ്മതിക്കുന്നുവെന്ന് പരാതിപ്പെട്ട് പ്രൊമോട്ടര്‍മാരായ മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് പി ആര്‍ രാമചന്ദ്രമേനോന്റെ ഉത്തരവ്.

മുന്‍കൂര്‍ നികുതി സ്വീകരിക്കാന്‍ വിസമ്മതിച്ച സര്‍ക്കാര്‍ നടപടി കേന്ദ്ര ലോട്ടറിനിയമത്തിലെ വ്യവസ്ഥകള്‍ക്കുവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മേഘയുടെ ഹര്‍ജി. രണ്ടു ലോട്ടറികളുടെയും പ്രൊമോട്ടര്‍ എന്ന നിലയില്‍ മേഘയ്ക്ക് മുന്‍കൂര്‍ നികുതി അടയ്ക്കാനും നികുതി സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലേക്ക് ലോട്ടറി കൊണ്ടുവരാനും വില്‍പ്പന നടത്താനും അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി. വര്‍ഷത്തില്‍ ആറു ബംബര്‍ നറുക്കെടുപ്പും ആഴ്ചയില്‍ ഒരു സാധാരണ നറുക്കെടുപ്പും എന്ന വ്യവസ്ഥ പാലിച്ചാല്‍ സിക്കിം, ഭൂട്ടാന്‍ ലോട്ടറികളുടെ മുന്‍കൂര്‍ നികുതി സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കൂടുതല്‍ നറുക്കെടുപ്പുകള്‍ കേന്ദ്ര ലോട്ടറിനിയമത്തിന് വിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതോടെ ആഴ്ചയില്‍ ഒന്നിലേറെ നറുക്കെടുപ്പ് നടത്തിയാല്‍ നികുതി സ്വീകരിക്കില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിന് കോടതിയുടെ അംഗീകാരമായി. മുമ്പ് ഇത്തരത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നെങ്കിലും കോടതികള്‍ അത് ശരി വച്ചിരുന്നില്ല.

സംസ്ഥാനത്തെ നിയമവിരുദ്ധ ലോട്ടറികള്‍ക്കും ഒറ്റനമ്പര്‍ ലോട്ടറികള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മറ്റൊരു കേസ് പരിഗണിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും തിങ്കളാഴ്ച ഉത്തരവിട്ടു. നറുക്കെടുപ്പ് വ്യവസ്ഥകളില്‍ വീഴ്ചവരുത്തിയാല്‍ സംസ്ഥാന സര്‍ക്കാരിന് ലോട്ടറി നടത്തിപ്പുകാര്‍ക്കെതിരെ നടപടിക്കായി കേന്ദ്രസര്‍ക്കാരിനെ സമീപിക്കാം. നറുക്കെടുപ്പ് വ്യവസ്ഥകള്‍ സംസ്ഥാനസര്‍ക്കാര്‍ ലോട്ടറിക്കും ബാധകമാണ്. വിവിധ പേരുകളും സ്കീമുകളും കണക്കിലെടുക്കാതെയാവണം ഈ വ്യവസ്ഥ നടപ്പാക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. നറുക്കെടുപ്പിന്റെ വിശദാംശങ്ങള്‍ മാസംതോറും മുന്‍കൂറായി സര്‍ക്കാരിന് നല്‍കണമെന്നും നിര്‍ദേശമുണ്ട്. കേരളത്തില്‍ ഏതെല്ലാം ലോട്ടറികള്‍ നടത്തണമെന്ന കാര്യം തീരുമാനിക്കേണ്ടത് സിക്കിം, ഭൂട്ടാന്‍ സര്‍ക്കാരുകളാണെന്നും കോടതി പറഞ്ഞു. നറുക്കെടുപ്പുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്, സാധാരണക്കാര്‍ ചൂഷണംചെയ്യപ്പെടുന്നതും ചൂതാട്ടമായി മാറുന്നതും ഒഴിവാക്കാനാണെന്ന് കോടതി പറഞ്ഞു. ഓരോ ദിവസവും നറുക്കെടുപ്പ് നടത്തിയാല്‍ പാവപ്പെട്ടവര്‍ ദിവസവരുമാനം മുഴുവനായോ ഭാഗികമായോ ലോട്ടറി വാങ്ങാന്‍ വിനിയോഗിക്കും. അതിനാല്‍ കേന്ദ്ര ലോട്ടറിനിയമത്തിലെ നറുക്കെടുപ്പുകള്‍ സംബന്ധിച്ച വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കപ്പെടേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ലോട്ടറിയിലും ഈ വ്യവസ്ഥ പാലിച്ച് മറ്റുസംസ്ഥാനങ്ങള്‍ക്ക് മാതൃകയാവണമെന്ന് കോടതി പറഞ്ഞു.

നിയമവിരുദ്ധ ലോട്ടറികള്‍ക്കും ഒറ്റനമ്പര്‍ ലോട്ടറികള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍നായര്‍, കെ സുരേന്ദ്രമോഹന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്. ഒറ്റനമ്പര്‍ ലോട്ടറികള്‍ വ്യാപകമാണെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തരവകുപ്പ് സെക്രട്ടറിക്കും ലോട്ടറിവകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. കേന്ദ്ര ലോട്ടറിനിയമത്തിന് വിരുദ്ധമായാണ് സിക്കിം, ഭൂട്ടാന്‍ ലോട്ടറികള്‍ നറുക്കെടുപ്പ് നടത്തുന്നതെന്ന് ആരോപിച്ച് പത്രപ്രവര്‍ത്തകനായ സുല്‍ഫിക്കര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ ഉത്തരവ്. ഈ ലോട്ടറികളുടെ നടത്തിപ്പ് കേന്ദ്ര ലോട്ടറി നിയമപ്രകാരമാണോ എന്നതിനെക്കുറിച്ച് ബന്ധപ്പെട്ട സര്‍ക്കാരുകളില്‍നിന്ന് വിശദാംശങ്ങള്‍ ശേഖരിച്ച് കോടതിയെ അറിയിക്കാന്‍ കഴിയുമോ എന്ന് വ്യക്തമാക്കാന്‍ കോടതി സിബിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
(പി പി താജുദ്ദീന്‍)

ലോട്ടറി: സര്‍ക്കാര്‍ നിലപാട് കോടതി ശരിവച്ചു- മന്ത്രി ഐസക്ക്

ലോട്ടറിയുടെ കാര്യത്തില്‍ കേരള സര്‍ക്കാരിന്റെ നിലപാട് ഹൈക്കോടതി ശരിവച്ചിരിക്കുകയാണെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ലോട്ടറിവില്‍പ്പനയില്‍ നിയമലംഘനം ഉണ്ടായാല്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കണമെന്നാണ് ഇപ്പോഴത്തെ നിയമം. ഇനിയെങ്കിലും ദുഷ്ടലാക്കോടെയുള്ള അപവാദപ്രചാരണം അവസാനിപ്പിക്കണം. ചെക്ക്പോസ്റ്റുകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ എത്തിയ മന്ത്രി വാളയാറില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഏതു പേരിലായാലും ആഴ്ചയില്‍ ഒരു നറുക്കെടുപ്പുമാത്രമേ നടത്താവു എന്ന ഹൈക്കോടതി നിര്‍ദേശം സ്വാഗതാര്‍ഹമാണ്. ഹൈക്കോടതിവിധി വിശദമായി പഠിച്ചശേഷം ഭാവി നടപടികള്‍ രണ്ടു ദിവസത്തിനകം തീരുമാനിക്കും. കോടതിവിധി പ്രകാരം അന്യസംസ്ഥാനങ്ങള്‍ക്കും ഒരു ലോട്ടറിയെ കേരളത്തില്‍ വില്‍ക്കാനാവൂ. ഏതു ലോട്ടറി വേണമെന്ന് അതത് സംസ്ഥാനങ്ങള്‍ തീരുമാനിക്കണം. ജനങ്ങളെ ലോട്ടറിയുടെ അടിമകളാക്കുന്ന രീതി അവസാനിപ്പിക്കണം. ലോട്ടറിമാഫിയകളെ സഹായിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. സിക്കിംലോട്ടറിയുടെ കേരളത്തിലെ പ്രൊമോട്ടര്‍ മേഘ ഡിസ്ട്രിബ്യൂട്ടേഴ്സ് ആണെന്ന് കേന്ദ്രം അറിയിച്ചതിനാലാണ് അവര്‍ക്ക് നികുതി ചുമത്തുന്നത്.
അന്യസംസ്ഥാനലോട്ടറിക്കാര്‍ നടത്തുന്ന നിയമലംഘനം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ഈ പരാതി സിക്കിം സംസ്ഥാനത്തിന് അയച്ച് പോസ്റ്റ്മാന്റെ ജോലി നിര്‍വഹിച്ചതല്ലാതെ കേന്ദ്രം ഒരു നടപടിയും സ്വീകരിച്ചില്ല. ലക്ഷക്കണക്കിന് ആളുകളുടെ ഉപജീവനമാര്‍ഗമായ കേരള ഭാഗ്യക്കുറി നിരോധിക്കണമെന്ന് സര്‍ക്കാരിന് ആഗ്രഹമില്ല. എന്നാല്‍, വേറൊരു വഴിയുമില്ലാത്തതിനാലാണ് അത്തരമൊരു നിര്‍ദേശം. കേരളത്തിലെ ലോട്ടറിസംഘടനകളും ഏജന്റുമാരും കര്‍ശന നിലപാടെടുക്കണം. അന്യസംസ്ഥാനലോട്ടറി വില്‍ക്കില്ലെന്ന് തീരുമാനിക്കണം. ലോട്ടറിപ്രശ്നത്തില്‍ ചിലരുടെ പ്രചാരണം ഏറ്റെടുത്തതുപോലെയാണ് മാധ്യമങ്ങള്‍ വാര്‍ത്ത കൊടുക്കുന്നത്. പെയ്ഡ്ന്യൂസിനു സമാനമായ വാര്‍ത്ത നിര്‍മിക്കല്‍ ഇവിടെയും നടക്കുന്നു. രാജാവിനേക്കാള്‍ വലിയ രാജഭക്തി മാധ്യമപ്രവര്‍ത്തകര്‍ കാണിക്കരുത്. - മന്ത്രി പറഞ്ഞു. വാണിജ്യനികുതി ഡെപ്യൂട്ടി കമീഷണര്‍ സോമനാഥ്, വാളയാര്‍ ചെക്ക്പോസ്റ്റിലെ അസിസ്റ്റന്റ് കമീഷണര്‍ സജീവന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

അന്യസംസ്ഥാന ലോട്ടറി നിരോധിക്കുന്നത് വിവേചനം: ഉമ്മന്‍ചാണ്ടി

അന്യസംസ്ഥാന ലോട്ടറി നിരോധിക്കുന്നത് വിവേചനമാകുമെന്നതിനാലാണ് കേന്ദ്രസര്‍ക്കാര്‍ അത്തരമൊരു നിയമനിര്‍മാണത്തിന് അനുമതി നല്‍കാത്തതെന്ന് ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അന്യസംസ്ഥാന ലോട്ടറികള്‍ നിരോധിച്ചാല്‍ കോടതിയില്‍ നിലനില്‍ക്കില്ലെന്നാണ് കേന്ദ്രനിലപാട്. ഭരണപക്ഷത്തും പ്രതിപക്ഷത്തും ഇരിക്കുമ്പോഴും ഇത് സംബന്ധിച്ച് വിഷയം താന്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. അന്യസംസ്ഥാന ലോട്ടറികള്‍ നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നത് വസ്തുതയാണ്. എന്നാല്‍, നിലവിലുള്ള വകുപ്പ് പ്രകാരം നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. തോമസ് ഐസക് എന്തിനും കേന്ദ്രസര്‍ക്കാരിനെ കുറ്റം പറയുകയാണ്. അന്യസംസ്ഥാന ലോട്ടറിയുടെപേരില്‍ സംസ്ഥാന ലോട്ടറി നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നു. സംസ്ഥാന ലോട്ടറിക്കെതിരെ യുഡിഎഫ് ആക്ഷേപം ഉന്നയിച്ചിട്ടില്ല. സംസ്ഥാന ലോട്ടറിയുടെ നറുക്കെടുപ്പ് നടത്തുന്നത് പൊതുജനങ്ങളുടെ മുന്നില്‍വച്ച് സുതാര്യതയോടെയാണ്. സിക്കിം ഭൂട്ടാന്‍ ലോട്ടറികള്‍ക്ക് ഇതു ബാധകമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

അന്യസംസ്ഥാന ലോട്ടറികളുടെ കാര്യത്തില്‍ ഇത് ബാധകമാക്കാന്‍ ഇവിടെയുള്ള സര്‍ക്കാരിന് എങ്ങനെ കഴിയുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്ന് ഉമ്മന്‍ചാണ്ടി ഒഴിഞ്ഞുമാറി.

deshabhimani 31082010

Monday, August 30, 2010

ദേശീയ പണിമുടക്കിന് രാജ്യം ഒരുങ്ങുന്നു

സെപ്തംബര്‍ ഏഴിന് നടത്തുന്ന അഖിലേന്ത്യാ പണിമുടക്ക് ചരിത്രസംഭവമാക്കാന്‍ തൊഴിലാളികള്‍ സജീവമായി രംഗത്ത്. ഓഹരി വില്‍പ്പന തടയുക, തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി നടത്തുന്ന പണിമുടക്ക് വിജയിപ്പിക്കാന്‍ രാജ്യമെങ്ങും ട്രേഡ്യൂണിയനുകള്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്. ഐഎന്‍ടിയുസി, എഐടിയുസി, സിഐടിയു ഉള്‍പ്പെടെ ഒമ്പത് കേന്ദ്ര ട്രേഡ് യൂണിയനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ബിഎംഎസ് പണിമുടക്കില്‍ പങ്കെടുക്കില്ല. എന്നാല്‍, മുദ്രാവാക്യങ്ങളെ പൂര്‍ണമായും പിന്തുണയ്ക്കുന്നതായി ബിഎംഎസ് വ്യക്തമാക്കി.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് പ്രമുഖ ട്രേഡ് യൂണിയനുകള്‍ സംയുക്തമായി കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ പണിമുടക്കുന്നതെന്ന് സിഐടിയു പ്രസിഡന്റ് എ കെ പത്മനാഭന്‍ പറഞ്ഞു. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം തടയുക, ലാഭകരമായ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവില്‍പ്പന തടയുക, സാമ്പത്തിക പ്രതിസന്ധിയില്‍ തൊഴില്‍ നഷ്ടപ്പെട്ടവരുടെ തൊഴില്‍ സംരക്ഷിക്കുക, അസംഘടിതമേഖലയിലെ തൊഴിലാളികളുടെ സംരക്ഷണത്തിന് ദേശീയ നിധി രൂപീകരിക്കുക, തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

ജൂലൈ 15ന് ന്യൂഡല്‍ഹിയില്‍ നടന്ന ദേശീയ കണ്‍വന്‍ഷനുശേഷം ഭൂരിപക്ഷം സംസ്ഥാനങ്ങളിലും സംസ്ഥാനതലത്തിലും ജില്ലാ തലത്തിലും സംയുക്ത ട്രേഡ് യൂണിയന്‍ കണ്‍വന്‍ഷന്‍ നടന്നു. ഐഎന്‍ടിയുസി പ്രസിഡന്റ്് എന്‍ സഞ്ജീവറെഡ്ഡി ആന്ധ്രപ്രദേശിലും സിഐടിയു പ്രസിഡന്റ് എ കെ പത്മനാഭന്‍ കര്‍ണാടകത്തിലും സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍സെന്‍ പശ്ചിമബംഗാളിലും ഹരിയാനയിലും നടന്ന കണ്‍വന്‍ഷനിലും പങ്കെടുത്തു. പശ്ചിമബംഗാള്‍, ജാര്‍ഖണ്ഡ് കവന്‍ഷനില്‍ ഒഴിച്ച് എല്ലാ സംസ്ഥാന കണ്‍വന്‍ഷനിലും ഐഎന്‍ടിയുസി പങ്കെടുത്തു. വിവിധ മേഖലയില്‍പ്പെട്ട ജീവനക്കാര്‍ പണിമുടക്ക് വിജയിപ്പിക്കാന്‍ പ്രത്യേക കണ്‍വന്‍ഷനുകളും യോഗങ്ങളും നടത്തുന്നു. പെട്രോളിയം മേഖലയിലെ ജീവനക്കാരുടെ കണ്‍വന്‍ഷന്‍ ന്യൂഡല്‍ഹിയില്‍ ചേര്‍ന്നു. പൊതുമേഖലാ എണ്ണക്കമ്പനികളുടെ പ്രവര്‍ത്തനം നിശ്ചലമാക്കാനാണ് തീരുമാനം. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും ന്യൂഡല്‍ഹിയില്‍ കണ്‍വന്‍ഷന്‍ ചേര്‍ന്ന് പണിമുടക്കില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു. എല്ലാ സംസ്ഥാനങ്ങളിലും ജീവനക്കാരുടെ കണ്‍വന്‍ഷന്‍ നടക്കുകയാണ്. ബാങ്ക്, ഇന്‍ഷുറന്‍സ്, പ്രതിരോധ, ടെലികോം മേഖലയിലെ ജീവനക്കാരും പ്രത്യേകം യോഗം ചേര്‍ന്ന് പണിമുടക്കില്‍ അണിചേരാന്‍ തീരുമാനിച്ചു. ബിഎസ്എന്‍എല്‍ ജീവനക്കാരും കല്‍ക്കരി മേഖലയിലെ ജീവനക്കാരും ഓഹരിവില്‍പ്പനക്കെതിരെ നടത്തുന്ന പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ പണിമുടക്കില്‍ പങ്കെടുക്കും. കേന്ദ്ര പൊതുമേഖലാ ട്രേഡ് യൂണിയനുകളുടെ കോര്‍കമ്മിറ്റി ചേര്‍ന്ന് പണിമുടക്കില്‍ അണിചേരാന്‍ തീരുമാനിച്ചു. തുറമുഖത്തൊഴിലാളികളും എയര്‍പോര്‍ട്ട് ജീവനക്കാരും ട്രാന്‍സ്പോര്‍ട്ട് ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കും.

കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 14 നാണ് 10 കേന്ദ്ര ട്രേഡ് യൂണിയനുകള്‍ ആദ്യമായി ഒരു വേദിയില്‍ ഒന്നിക്കുന്നത്. ഒക്ടോബര്‍ 28ന് പ്രതിഷേധദിനമായി ആചരിച്ചു. ഡിസംബര്‍ 16ന് കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുമ്പില്‍ ധര്‍ണയും ഈ വര്‍ഷം മാര്‍ച്ച് അഞ്ചിന് ജയില്‍ നിറയ്ക്കല്‍ സമരവും നടത്തി. സര്‍ക്കാര്‍ വിലക്കയറ്റം വര്‍ധിപ്പിക്കുന്ന പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധന ഉള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ടു പോകുന്നതില്‍ പ്രതിഷേധിച്ചാണ് ദേശീയ പണിമുടക്ക്.
(വി ബി പരമേശ്വരന്‍)

deshabhimani 30082010

ഇത് പഞ്ചായത്ത് തന്ന നിധി

'സ്വന്തമായി വീടെന്ന ആഗ്രഹം സഫലമായതിന്റെ ആഹ്ളാദത്തിലാണ് കൂലിപ്പണിക്കാരനായ നെന്മണിക്കര എരവളപ്പില്‍ ചിന്നരാജുവിന്റെ ഭാര്യ ഷീബ. ഇപ്പോള്‍ ഇവര്‍ക്ക് എല്ലാ സൌകര്യങ്ങളുമുള്ള വീടുണ്ട്. രണ്ടു രൂപക്ക് അരിയും കിട്ടുന്നു.

'എല്ലാം ഈ സര്‍ക്കാരിന്റെയും പഞ്ചായത്തിന്റെയും സഹായം കൊണ്ടാണ്. ഒരിക്കലും ഇതു ഞങ്ങള്‍ മറക്കില്ല'- ഷീബ പറഞ്ഞു.

കുനിശേരി ലക്ഷം വീടു കോളനിയിലുണ്ടായിരുന്നത് ഇടിഞ്ഞു വീഴാറായ മുപ്പതോളം ഇരട്ട വീടുകളാണ്. സമ്പൂര്‍ണഭവന പദ്ധതി കോളനിയുടെ മുഖച്ഛായ മാറ്റി. ഇപ്പോള്‍ എല്ലാവര്‍ക്കും സ്വന്തംവീടുകളായി. 'കൂലിപ്പണിക്കാരായ ഞങ്ങള്‍ക്ക് പഞ്ചായത്തു നല്‍കിയത് നിധിയാണ്'- കെട്ടേക്കാട്ടില്‍ കൃഷ്ണന്റെ ഭാര്യ അമ്മിണിയുടെ വാക്കുകളില്‍ കോളനിവാസികളുടെയെല്ലാം മനോവികാരം.

എല്ലാവര്‍ക്കും വീട്, വൈദ്യുതി, കുടിവെള്ളം, തെരുവുവിളക്കുകള്‍. തൃശൂര്‍ ജില്ലയിലെ കൊടര മണ്ഡലത്തില്‍പ്പെട്ട നെന്മണിക്കരപഞ്ചായത്തില്‍ ഇന്ന് ആഹ്ളാദത്തിന്റെ തുടിപ്പുളാണ്. നിശ്ചയദാര്‍ഢ്യത്തിന്റെയും ഇച്ഛാശക്തിയുടെയും ഫലമായി ഈ പഞ്ചായത്ത് കൈവരിച്ചത് ഇന്ത്യയിലെ ആദ്യത്തെ മാതൃക പഞ്ചായത്ത് എന്ന ഖ്യാതി. ഇക്കഴിഞ്ഞ ജൂണ്‍ 20ന് മന്ത്രി ഡോ. തോമസ് ഐസക്കാണ് നെന്മണിക്കരയെ മാതൃക പഞ്ചായത്തായി പ്രഖ്യാപിച്ചത്. ഇതിന് ജനം നന്ദി പറയുന്നത് എല്‍ഡിഎഫ് ഭരണസമിയോടും.

സിപിഐ എമ്മിലെ ഷൈലജ മോഹനനാണ് പഞ്ചായത്തു പ്രസിഡന്റ്. പ്രൊഫ. സി രവീന്ദ്രനാഥ് എംഎല്‍എ രൂപം നല്‍കിയ സുസ്ഥിര കൊടകര വികസന പദ്ധതിയുടെ ഭാഗമായാണ് പഞ്ചായത്ത് ഈ അപൂര്‍വനേട്ടം കൈവരിച്ചത്. എല്ലാവര്‍ക്കും വീട്, വൈദ്യുതി, കുടിവെള്ളം, എല്ലാ വഴികളിലും പൂര്‍ണ വോള്‍ട്ടതയുള്ള തെരുവുവിളക്കുകള്‍ എന്നിവ സജ്ജമാക്കിയാണ് ന്മെണിക്കര രാജ്യത്തിനുതന്നെ മാതൃകയായത്. 14 വാര്‍ഡുകളും 11.41 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണവുമുള്ള പഞ്ചായത്തിലെ ജനസംഖ്യ 21,212. പുതുതായി 572 വീട്ടുകാര്‍ക്കുകൂടി സ്വന്തമായി പാര്‍പ്പിടമൊരുക്കിയാണ് നെന്മണിക്കര സമ്പൂര്‍ണ ഭവന പഞ്ചായത്തായത്. ഇഎംഎസ് ഭവന പദ്ധതി, എം എന്‍ പദ്ധതി, ഇന്ദിര ആവാസ് യോജന, പട്ടിക വിഭാഗ ഭവന പദ്ധതികള്‍ തുടങ്ങിയവയെല്ലാം ഇതിനു പ്രയോജനപ്പെടുത്തി. വീടുകള്‍ക്കു മാത്രം നാലരകോടി ചെലവാക്കി. വൈദ്യുതിയും വെള്ളവുമടക്കമുള്ള അടിസ്ഥാന ആവശ്യങ്ങള്‍ക്ക് ഏഴരക്കോടിയും.

നിലവില്‍ വീടില്ലാത്ത 96 കുടംബങ്ങള്‍ കൂടിയുണ്ട്. സ്വന്തമായി ഭൂമിയില്ലാത്ത ഇവര്‍ക്ക് വീടിനുള്ള പദ്ധതിക്കും പഞ്ചായത്ത് തുടക്കം കുറിച്ചിട്ടുണ്ട്. രണ്ടു സെന്റു വീതം സ്ഥലം വാങ്ങി വീടുവെക്കാനോ, ഫ്ളാറ്റ് നിര്‍മിക്കാനോ ആണ് ആലോചന. പശ്ചാത്തല വികസനം, മഴുവന്‍ പേര്‍ക്കും തൊഴില്‍ നല്‍കുകഎന്ന അടുത്ത ലക്ഷ്യം പൂര്‍ത്തിയാക്കാനായി പ്രത്യേക മാസ്റ്റര്‍ പ്ളാന്‍ തയ്യാറാക്കിക്കഴിഞ്ഞു. വികേന്ദ്രീകൃത തൊഴില്‍ ലഭ്യത യാഥാര്‍ഥ്യമാക്കാനുള്ള കര്‍മപരിപാടികള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്.സംഘകൃഷി കേര കര്‍ഷകരിലേക്കു കൂടി വ്യപിപ്പിക്കാനും ശ്രമിക്കുന്നു.
(വി എം രാധാകൃഷ്ണന്‍)

deshabhimani 30082010

അന്യസംസ്ഥാന ലോട്ടറി ഏജന്‍സിക്ക് അഡീ.സോളിസിറ്റര്‍ ജനറലിന്റെ നിയമോപദേശം

അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഹൈക്കോടതിയില്‍ ചോദ്യംചെയ്ത കേന്ദ്ര അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഭൂട്ടാന്‍ ലോട്ടറി പ്രൊമോട്ടര്‍ക്ക് നിയമോപദേശവും നല്‍കി. ശ്രീ ബാലാജി ഏജന്‍സീസ് ഉടമ ജോണ്‍ റോസിനാണ് കേന്ദ്ര സര്‍ക്കാരിന്റെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വി ടി ഗോപാലന്‍ നിയമോപദേശം നല്‍കിയത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ കര്‍ശന നടപടി ആരംഭിച്ച ഘട്ടത്തിലായിരുന്നു ഇത്. സംസ്ഥാന സര്‍ക്കാരിന് ഭൂട്ടാന്റേതുള്‍പ്പെടെയുള്ള അന്യസംസ്ഥാന ലോട്ടറികളെ ഒന്നുംചെയ്യാനാകില്ലെന്ന് ഔദ്യോഗിക ലെറ്റര്‍ പാഡിലുള്ള നിയമോപദേശത്തില്‍ ജോണ്‍ റോസിനെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആശ്വസിപ്പിക്കുന്നു. വിജിലന്‍സ് അന്വേഷണം അടക്കമുള്ള നടപടികളുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോയ സാഹചര്യത്തിലാണ് ശ്രീ ബാലാജി ഏജന്‍സീസ് അത് മറികടക്കാനുള്ള നിയമോപദേശം തേടിയത്.

കേന്ദ്ര ലോട്ടറി നിയന്ത്രണനിയമത്തിലെ നാലാംവകുപ്പ് ലംഘിച്ച് ടിക്കറ്റ് വില്‍പ്പനയും നറുക്കെടുപ്പും നടത്തിയാലും സംസ്ഥാന സര്‍ക്കാരിന് നടപടിക്ക് അധികാരമില്ലെന്ന് വി ടി ഗോപാലന്‍ 2006 ആഗസ്ത് 17ന് നല്‍കിയ ഉപദേശത്തില്‍ പറയുന്നു. ഭൂട്ടാന്‍ സര്‍ക്കാര്‍ തന്നെ പ്രൊമോട്ടറായി നിയമിച്ചിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാരും ഭൂട്ടാന്‍ സര്‍ക്കാരും തമ്മിലുണ്ടാക്കിയ ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഭൂട്ടാന്‍ ലോട്ടറി വില്‍ക്കുന്നതെന്നും ജോണ്‍ റോസ് അവകാശപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച രേഖകള്‍ ഹാജരാക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടെങ്കിലും അതിന്റെ ആവശ്യമില്ലെന്നായിരുന്നു അഡീ. സോളിസിറ്റര്‍ ജനറലിന്റെ നിര്‍ദേശം. ഭൂട്ടാന്‍ സര്‍ക്കാരുമായുണ്ടാക്കിയ ഉടമ്പടിപ്രകാരമുള്ള വ്യാപാരതാല്‍പ്പര്യങ്ങളെ ബാധിക്കുമെന്നതിനാല്‍ രേഖകളൊന്നുംതന്നെ വെളിപ്പെടുത്തേണ്ടതില്ലെന്ന് നിയമോപദേശത്തില്‍ വ്യക്തമാക്കി. ലോട്ടറിവില്‍പ്പന സംബന്ധിച്ച് സംസ്ഥാനത്തിന് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അത് കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്നല്ലാതെ മറ്റൊന്നും ചെയ്യാനാകില്ലെന്ന് അഡീ. സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. 1998ലെ ലോട്ടറി നിയന്ത്രണനിയമത്തിലെ ഏഴാംവകുപ്പുപ്രകാരം ലോട്ടറി നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിനുമാത്രമേ അധികാരമുള്ളൂവെന്നും നാല്, അഞ്ച് വകുപ്പുകളുടെ ലംഘനത്തിനെതിരായ നടപടിക്ക് കേന്ദ്രത്തിനാണ് അധികാരമെന്നുമായിരുന്നു നിയമോപദേശം.

ലോട്ടറിമാഫിയയുടെ നിയമലംഘനം അക്കമിട്ടുനിരത്തിയ വിജിലന്‍സ് റിപ്പോര്‍ട്ട് 2006 നവംബര്‍ 11ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കി. ഈ റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകളും സംസ്ഥാനത്തിന്റെ ആവശ്യവും അവഗണിച്ച് ഹൈക്കോടതിയിലെ മൂന്ന് കേസില്‍ സംസ്ഥാനത്തിന്റെ നടപടിക്കെതിരെ വാദമുഖങ്ങള്‍ നിരത്തിയത് ഇതേ അഡീ. സോളിസിറ്റര്‍ ജനറലാണ്. നിയമലംഘനത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണമെന്നും കേരളത്തിലെ രണ്ട് മുഖ്യമന്ത്രിമാര്‍ മൂന്നുതവണ അയച്ച കത്തുകള്‍ അവഗണിച്ചത് ശരിയായില്ലെന്നുമുള്ള ഹൈക്കോടതി സിംഗിള്‍ബെഞ്ച് പരാമര്‍ശം നീക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ബെഞ്ചില്‍ ഇദ്ദേഹം വാദിക്കുകയും ചെയ്തു.
(കെ എം മോഹന്‍ദാസ്)

deshabhimani 30082010

ടയര്‍ലോബിയും കേന്ദ്രവും ഒത്തുകളിച്ചു

രാജ്യത്ത് റബര്‍ ഉല്‍പ്പാദനം ഗണ്യമായി കുറഞ്ഞെന്നും ആവശ്യത്തിന് സ്റ്റോക്കില്ലെന്നുമുള്ള പ്രചാരണം റബറിന്റെ ഇറക്കുമതിച്ചുങ്കം കുറയ്ക്കാന്‍ ടയര്‍ലോബിയും കേന്ദ്രസര്‍ക്കാരും ചേര്‍ന്ന് നടത്തിയ ഒത്തുകളിയുടെ ഭാഗം. ഇന്ത്യയില്‍ റബര്‍ കിട്ടാനില്ലെന്നും വ്യവസായങ്ങള്‍ തകരുമെന്നുമുള്ള വാദങ്ങള്‍ ഉന്നയിച്ചാണ് ഇറക്കുമതിച്ചുങ്കം കുറച്ചത്. എന്നാല്‍, കഴിഞ്ഞ ജൂണില്‍ കര്‍ഷകരിലും ചെറുകിട വ്യാപാരികളിലുമായി രണ്ടുലക്ഷം ടണ്‍ റബര്‍ സ്റ്റോക്കുണ്ടെന്ന് (ബഫര്‍ സ്റ്റോക്ക്) റബര്‍ബോര്‍ഡ് ചെയര്‍മാന്‍ സാജന്‍ പീറ്റര്‍ പറഞ്ഞിരുന്നു. 2009 മാര്‍ച്ച് 31 മുതല്‍ 2010 മാര്‍ച്ച് 31 വരെ റബര്‍ വിനിയോഗം സംബന്ധിച്ച് റബര്‍ബോര്‍ഡ് പ്രഖ്യാപിച്ച ഔദ്യോഗിക കണക്ക് ഇങ്ങനെ:

രാജ്യത്ത് ഒരുവര്‍ഷത്തെ ആകെ റബര്‍ ഉല്‍പ്പാദനം 8,31,000 ടണ്‍. ഉപയോഗം 9,30,000 ടണ്ണും. എന്നാല്‍, ഇക്കാലയളവില്‍ 20 ശതമാനം ചുങ്കം അടച്ച് വ്യവസായികള്‍ 1,76,000 ട റബര്‍ ഇറക്കുമതി ചെയ്തു. 45,000 ടണ്‍ റബര്‍ കയറ്റുമതിയും ചെയ്തു. ഈ കണക്ക് റബര്‍ ആവശ്യത്തിന് കിട്ടുന്നില്ലെന്ന വാദത്തിന്റെ മുനയൊടിക്കുന്നു.

അന്താരാഷ്ട്ര വിലയേക്കാള്‍ ആഭ്യന്തരവിപണിയില്‍ രണ്ടുമാസമായി റബര്‍വില ഉയര്‍ത്തി നിര്‍ത്താനുള്ള ശ്രമവും ടയര്‍ലോബി നടത്തി. റബര്‍ കിട്ടാനില്ലെന്ന് വരുത്തിത്തീര്‍ക്കാനായി ബോധപൂര്‍വം വില ഉയര്‍ത്തിനിര്‍ത്തുകയായിരുന്നു. പത്തുദിവസംമുമ്പ് കേന്ദ്രസര്‍ക്കാര്‍ ഇറക്കുമതിച്ചുങ്കം കുറച്ച് പ്രഖ്യാപനം നടത്തുമ്പോള്‍ ഒരുകിലോ നാലാം ഗ്രേഡ് റബറിന് 186 രൂപയായിരുന്നു വില. ഇപ്പോള്‍ നാലാം ഗ്രേഡിന് വില ഗണ്യമായി കുറഞ്ഞു. ശനിയാഴ്ച 169 രൂപയായിരുന്നു വ്യാപാരിവില. എന്നാല്‍, പ്രമുഖ ടയര്‍വ്യവസായികളായ എംആര്‍എഫ് 165 രൂപയ്ക്കേ വ്യാപാരികളില്‍നിന്ന് റബര്‍ വാങ്ങാന്‍ തയ്യാറായുള്ളൂ. വ്യവസായികളുടെ ഇടപെടലിലൂടെ ദിവസങ്ങള്‍ക്കുള്ളില്‍ വില വീണ്ടും കുറയുമെന്നതിന്റെ സൂചനയായിട്ടാണ് വ്യാപാരികള്‍ ഇതിനെ കാണുന്നത്. കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന റബറിന്റെ 50 ശതമാനത്തിലേറെ വാങ്ങുന്നത് എംആര്‍എഫ് ആണ്.
സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലാണ് സംസ്ഥാനത്ത് ഏറ്റവുമധികം ഉല്‍പ്പാദനം നടക്കുന്നത്. ഈ സമയത്ത് റബറിന് ആഭ്യന്തരവിപണിയില്‍ വില ഗണ്യമായി ഇടിച്ച് സംഭരിക്കാനുള്ള ടയര്‍ലോബിയുടെ ശ്രമത്തിനാണ് കേന്ദ്രസര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നത്. റബര്‍വില ഉയര്‍ന്നുനില്‍ക്കുയാണെന്ന കാരണംപറഞ്ഞ് എല്ലാതരം ടയറുകളുടെയും വില പത്തുമുതല്‍ 20 ശതമാനം വരെ വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍, മുന്‍കാലങ്ങളിലേപ്പോലെ റബര്‍വില താഴ്ന്നാലും വ്യവസായികള്‍ ടയര്‍വില കുറയ്ക്കില്ല.
(വി എം പ്രദീപ്)

deshabhimani 30082010

മാതൃഭൂമിയെ വായനക്കാര്‍ കൈയൊഴിയുന്നു

മാതൃഭൂമി ദിനപത്രവും ആഴ്ചപ്പതിപ്പും വായനക്കാര്‍ തിരസ്കരിക്കുന്നതായി ഇന്ത്യന്‍ റീഡര്‍ഷിപ്പ് സര്‍വേ സൂചിപ്പിക്കുന്നു. മീഡിയ റിസര്‍ച്ച് യൂസേഴ്സ് കൌസില്‍ 2010ന്റെ രണ്ടാം ക്വാര്‍ട്ടറില്‍ നടത്തിയ സര്‍വേയിലാണ് ഇതു വ്യക്തമാകുന്നത്. അതേസമയം ദേശാഭിമാനി പത്രത്തിന്റെ വായനക്കാരുടെ എണ്ണം കൂടിയെന്ന് സര്‍വേ വെളിപ്പെടുത്തുന്നു. 2010 രണ്ടാം ക്വാര്‍ട്ടറില്‍ മാതൃഭൂമി വായനക്കാരുടെ എണ്ണത്തില്‍ 1,32,000 പേരുടെ കുറവാണുണ്ടായത്. ആദ്യക്വാര്‍ട്ടറില്‍ 66,98,000 വായനക്കാരാണ് ഉണ്ടായിരുന്നതെങ്കില്‍ രണ്ടാം ക്വാര്‍ട്ടറില്‍ ഇത് 65,66,000 ആയി കുറഞ്ഞു. 1.97 ശതമാനമാണ് ഇടിവ്. എന്നാല്‍,ദേശാഭിമാനിക്ക് ഇതേ കാലയളവില്‍ 1,02,000 വായനക്കാര്‍ വര്‍ധിച്ചു. 2010 ആദ്യ ക്വാര്‍ട്ടറില്‍ 21,74,000 ആയിരുന്നു വായനക്കാരുടെ എണ്ണമെങ്കില്‍ രണ്ടാം ക്വാര്‍ട്ടറില്‍ ഇത് 22,76,000-ത്തില്‍ എത്തി. 4.69 ശതമാനം വര്‍ധന.

ഈ കാലയളവില്‍ എല്ലാ മലയാളം വാരികകളും വായനക്കാരുടെ എണ്ണത്തില്‍ പിന്നോട്ടുപോയെങ്കിലും മാതൃഭൂമി ആഴ്ചപ്പതിപ്പിനാണ് കനത്ത തിരിച്ചടി. 2010 ആദ്യ ക്വാര്‍ട്ടറിനെ അപേക്ഷിച്ച് രണ്ടാം ക്വാര്‍ട്ടറില്‍ 64,000 വായനക്കാരാണ് മാതൃഭൂമിക്ക് കുറഞ്ഞത്. 1,55,000 വായനക്കാരുണ്ടായിരുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പ് വായനക്കാരുടെ എണ്ണം 91,000ആയി കുറഞ്ഞു. 41.29 ശതമാനമാണ് ഇടിവ്.

സിപിഐ എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കെതിരെ നിരന്തരമായി നുണയും അപവാദവും പ്രചരിപ്പിക്കുന്നതാണ് മാതൃഭൂമി പ്രസിദ്ധീകരണങ്ങള്‍ക്ക് സ്വീകാര്യത കുറയാന്‍ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.

deshabhimani 30082010

മനോരമയ്ക്ക് വേണ്ടത് അമേരിക്കന്‍ മോഡല്‍

പൊങ്ങച്ചത്തിന്റെ കേരളമോഡല്‍ എന്ന പേരില്‍ മലയാള മനോരമ പ്രസിദ്ധീകരിച്ച മുഖപ്രസംഗം ആ പത്രത്തിന്റെ തനിസ്വരൂപം വായനക്കാര്‍ക്ക് തിരിച്ചറിയാന്‍ വേണ്ടുവോളം പര്യാപ്തമാണ്. കേരളം സ്വീകരിച്ച ബദല്‍ സാമ്പത്തികനയം മനോരമയ്ക്ക് പൊരുത്തപ്പെടാന്‍ കഴിയാത്തതാണ്. ആഗോളവല്‍ക്കരണനയമെന്നും പുത്തന്‍ സാമ്പത്തികനയമെന്നും ഓമനപ്പേരിട്ട് വിളിക്കുന്ന സാമ്രാജ്യത്വ സാമ്പത്തികനയത്തിന്റെ പ്രചാരണവും സംരക്ഷണവുമാണ് മനോരമ ഏറ്റെടുത്തിട്ടുള്ളത്. അതാണ് അതിന്റെ വര്‍ഗനയം .പുതിയ സാമ്പത്തികനയവുമായി പൊരുത്തപ്പെട്ടുകൊണ്ട് വന്‍തോതില്‍ നിക്ഷേപത്തിന് വഴിയൊരുക്കുകയാണ് കേരളത്തിന്റെ ഇന്നത്തെ ആവശ്യമെന്നാണ് മനോരമയുടെ ഉപദേശം. ഭൂപരിഷ്കരണം സാമൂഹികക്രമത്തില്‍ ഗുണപരമായ മാറ്റം സൃഷ്ടിച്ചെങ്കിലും തുണ്ടുഭൂമികള്‍ കാര്‍ഷികവിപ്ളവത്തെ അസാധ്യമാക്കിയെന്നാണ് അവരുടെ അഭിപ്രായം. അതായത് വന്‍തോതിലുള്ള ഭൂമിയുടെ കേന്ദ്രീകരണവും മുതലാളിത്ത കൃഷിസമ്പ്രദായവുമാണ് മനോരമയുടെ പഥ്യമെന്ന് ചുരുക്കം.

കാര്‍ഷികമേഖലയില്‍ മാത്രമല്ല വ്യവസായരംഗത്തും ഇതേ കാഴ്ച്ചപ്പാടുതന്നെ. പൊതുമേഖലയോടുള്ള അമിതാരാധന ഉപേക്ഷിക്കണമെന്നാണ് വിദഗ്ധമായ ചര്‍ച്ചയുടെ ഫലമായി ഉയര്‍ത്തിക്കൊണ്ടുവന്ന ആശയം. ബന്ദും ഹര്‍ത്താലും വേണ്ടെന്നും പ്രത്യയശാസ്ത്ര പ്രതിബദ്ധത ഉപേക്ഷിക്കണമെന്നും പറയുന്നു. ഓണം-റമദാന്‍ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും ജനങ്ങള്‍ക്കിടയില്‍ കാണാനിടയായ നവോന്മേഷവും ഉണര്‍വും ആവേശവും ആഹ്ളാദവുമാണ് മനോരമയ്ക്ക് അമ്പരപ്പുണ്ടാക്കിയത്.

ഇടതുപക്ഷജനാധിപത്യമുന്നണി ഭരണത്തില്‍ നാലുവര്‍ഷത്തെ ജനോപകാരപ്രദമായ നടപടികള്‍ ജനങ്ങളില്‍ വലിയതോതില്‍ സ്വാധീനം ചെലുത്താനിടയായിട്ടുണ്ടെന്ന് ഏതൊരാള്‍ക്കും മനസ്സിലാക്കാന്‍ കഴിയും. തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം ആവര്‍ത്തിക്കുമെന്ന സ്വപ്നം യാഥാര്‍ഥ്യമാകുകയില്ലെന്ന് ഏറെക്കുറെ വ്യക്തമായിക്കഴിഞ്ഞു. ആ നിരാശയുടെ പ്രതിഫലനമാണ് മനോരമയുടെ മുഖപ്രസംഗം. കേരള മോഡല്‍ വികസനം സംസ്ഥാനത്തിനത്തിന്റെഅതിര്‍ത്തികടന്നും ഇടതുപക്ഷ ജനാധിപത്യമുന്നണിക്കനുകൂലമായ പ്രതികരണം സൃഷ്ടിക്കുമെന്ന് അവര്‍ ഭയപ്പെടുന്നു. അതാണ് കേരളമോഡലിനെ താറടിച്ചുകാണിക്കാനുള്ള വൃഥാശ്രമത്തിന് പ്രേരണ.

"2010-2011ലെ കേരള ബജറ്റ് അവതരിപ്പിക്കുകയാണ്. ഞാനവതരിപ്പിക്കുന്ന അഞ്ചാമത്തെ ബജറ്റാണിത്. കേരളത്തിന്റെ ക്ഷേമ പൈതൃകത്തെ സംരക്ഷിച്ചുവേണം ദ്രുതഗതിയിലുള്ള സാമ്പത്തികവളര്‍ച്ചയുടെയും ആധുനികവല്‍ക്കരണത്തിന്റെയും ഭാവിയിലേക്ക് നീങ്ങേണ്ടത് എന്നതായിരുന്നു അവയുടെയെല്ലാം കാഴ്ചപ്പാട്. ഇതാണ് പുരോഗതിയുടെ മാര്‍ഗം.''

ബജറ്റ് പ്രസംഗത്തിന്റെ തുടക്കമാണിവിടെ ഉദ്ധരിച്ചത്. തുടര്‍ന്ന് നീതിയുടെ പൈതൃകം ശക്തിപ്പെടുത്താന്‍ എന്ന ഭാഗത്തില്‍ വിവരിക്കുന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.

"ഈ സര്‍ക്കാര്‍ ഓരോ ബജറ്റും വികസന മുന്‍ഗണനകളെ കീഴ്മേല്‍ മറിച്ചിട്ടുണ്ട്. ചെലവെല്ലാം കഴിഞ്ഞ് മിച്ചംവരുന്നത് ദരിദ്രര്‍ക്ക് എന്ന കീഴ്വഴക്കം പൊളിച്ചെഴുതി. പാവങ്ങള്‍ക്ക് കൊടുക്കാനുള്ളത് കൊടുത്തിട്ട് ബാക്കികാര്യം എന്ന നിലപാട് കൈക്കൊണ്ടു. സര്‍, കഴിഞ്ഞ ബജറ്റില്‍ മുന്നോട്ടുവച്ച ക്ഷേമ നടപടികളെ പൂര്‍വാധികം ശക്തിയോടെ മുന്നോട്ടുകൊണ്ടുപോകുന്നതായിരിക്കും ഈ ബജറ്റ്''.

ബജറ്റില്‍ വിവരിച്ചത് അക്ഷരംപ്രതി ആത്മാര്‍ഥതയോടെ നടപ്പില്‍വരുത്തുകയാണ് ധനമന്ത്രിയും കേരള സര്‍ക്കാരും ചെയ്തത്. 2001 മുതല്‍ 2006 വരെ ഭരിച്ച യുഡിഎഫ് സര്‍ക്കാര്‍ ക്ഷേമപെന്‍ഷന്‍ ഒരു രൂപപോലും വര്‍ധിപ്പിച്ചില്ല. മാത്രമല്ല 25 മാസത്തിലധികം തുച്ഛമായ തുകപോലും കൊടുക്കാതെ കുടിശ്ശികവരുത്തുകയും ചെയ്തു. അതായിരുന്നു പാവങ്ങളോടുള്ള യുഡിഎഫിന്റെ സമീപനം.

ഇതില്‍നിന്ന് തികച്ചും വ്യത്യസ്തമായി എല്‍ഡിഎഫ് പാവങ്ങളുടെ പെന്‍ഷന്‍ 300 രൂപയാക്കി ഉയര്‍ത്തി. കേരളത്തിലെ 35 ലക്ഷം കുടുംബങ്ങള്‍ക്ക് രണ്ട് രൂപയ്ക്ക് അരി നല്‍കാന്‍ 500 കോടി രൂപ നീക്കിവച്ചു. അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി നടപ്പാക്കാന്‍ 20 കോടിരൂപ വകയിരുത്തി. ആഗോള വ്യാപാരക്കരാറിനെ തുടര്‍ന്ന് കേരളത്തില്‍ നടമാടിയ പട്ടിണിമരണങ്ങളും കര്‍ഷക ആത്മഹത്യകളും നാലുവര്‍ഷംകൊണ്ട് ഇല്ലാതാക്കാന്‍ കഴിഞ്ഞു. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 11 ലക്ഷം കുടുംബങ്ങള്‍ക്ക് പുറമെ രണ്ട് രൂപയ്ക്ക് അരി ലഭിക്കുന്ന മുഴുവന്‍ കുടുംബങ്ങള്‍ക്കും 30,000 രൂപയുടെ പൊതു ആരോഗ്യപരിരക്ഷ, ക്യാന്‍സര്‍, ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയ മാരകരോഗങ്ങളുടെ ചികിത്സക്ക് 70,000 രൂപയുടെ അധിക ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവയെല്ലാം ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം നടപ്പാക്കാന്‍ നടപടികള്‍ തുടങ്ങി. 1000 കോടി രൂപയുടെ ഹരിതഫണ്ടിന് രൂപം നല്‍കി. അടച്ചുപൂട്ടിയ പൊതുമേഖലാസ്ഥാപനങ്ങള്‍ മിക്കതും തുറന്നു പ്രവര്‍ത്തിപ്പിച്ചു. 32 പൊതുമേഖലാസ്ഥാപനങ്ങള്‍ ലാഭകരമാക്കി. എട്ട് പൊതുമേഖലാസ്ഥാപനങ്ങള്‍ പുതുതായി ആരംഭിക്കാന്‍ തീരുമാനിച്ചു. സ്ത്രീ പുരുഷ തുല്യതയുടെ പുതിയ പാരമ്പര്യം സൃഷ്ടിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി സ്ത്രീകള്‍ മാത്രം ഗുണഭോക്താക്കളായ സ്കീമുകള്‍ക്ക് പദ്ധതിയില്‍ 620 കോടി രൂപ നീക്കിവച്ചു. തദ്ദേശഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം നല്‍കി. പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും നല്‍കിയ ആനുകൂല്യങ്ങളോരോന്നും എടുത്തുപറയേണ്ടതുണ്ട്.

ഈ ക്ഷേമപദ്ധതികളെയാണ് പൊങ്ങച്ചമെന്ന് മനോരമ പരിഹസിച്ചതെന്നോര്‍ക്കണം.

വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സേവനമേഖലകളില്‍ കേരളം വികസിത മുതലാളിത്ത രാജ്യങ്ങളുടെ നിലവാരത്തിലേക്കുയര്‍ന്നു എന്നുമാത്രമല്ല, കാര്‍ഷികമേഖലയിലും നെല്ലുല്‍പാദനം വര്‍ധിപ്പിക്കാനും തരിശുഭൂമി കൃഷിയോഗ്യമാക്കാനും വിവിധ കാര്‍ഷികപദ്ധതികള്‍ പ്രാവര്‍ത്തികമാക്കാനും ആത്മാര്‍ഥമായ ശ്രമമുണ്ടായി. സര്‍ക്കാര്‍ സര്‍വീസില്‍ ഒഴിവുകള്‍ നികത്തുന്നതിലും പുതിയ തൊഴിലവസരം സൃഷ്ടിക്കുന്നതിനും നേട്ടം കൈവരിക്കാന്‍ കഴിഞ്ഞു. 2010-2011ല്‍ പഞ്ചായത്തുകള്‍ക്ക് വികസനഫണ്ടായി 1714 കോടി രൂപയും ജനറല്‍ പര്‍പ്പസ് ഫണ്ടായി 351 കോടി രൂപയും മെയിന്റനന്‍സ് ഫണ്ടായി 360 കോടി രൂപയും നീക്കിവച്ചു. 2010-2011ലെ മൂലധനച്ചെലവ് 4145.38 കോടി രൂപയാണെന്നും ഇത് സര്‍വകാല റെക്കോഡാണെന്നതും ആര്‍ക്കും അവഗണിക്കാന്‍ കഴിയാത്ത വസ്തുതയാണ്.

കേരളത്തിലെ ഇടതുപക്ഷജനാധിപത്യമുന്നണി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിയെണ്ണിപ്പറയാന്‍ നിരവധി പേജുകള്‍ വേണ്ടിവരും. ഇത് പൊങ്ങച്ചത്തിന്റെ വികസനമല്ല ജനങ്ങളാഗ്രഹിക്കുന്ന, ജനങ്ങള്‍ക്കുവേണ്ടിയുള്ള, സംസ്ഥാനത്തെ അഭിവൃദ്ധിയിലേക്ക് നയിക്കാനുള്ള നടപടികളാണ്. ഇത് തുടരാന്‍ ഇടതുപക്ഷജനാധിപത്യമുന്നണിക്ക് തദ്ദേശഭരണസ്ഥാപനങ്ങളിലും സംസ്ഥാനഭരണത്തിലും തുടര്‍ച്ചയുണ്ടാകണം. അതില്‍ ആരും അസൂയപ്പെട്ടിട്ട് കാര്യമില്ല.

ദേശാഭിമാനി മുഖപ്രസംഗം 30082010

Sunday, August 29, 2010

ബെല്ലാരി രാഷ്ട്രീയം, ബെല്ലാരിക്കൊള്ള

ഇരുമ്പയിരിന്റെ നാട്ടിലെ ഖനിക്കൊള്ള

ബെല്ലാരിയിലേക്കുള്ള യാത്രക്കിടെ ചെലെക്കര ഗ്രാമത്തില്‍ ദ്രവിച്ചനിലയില്‍ ഒരു ചെറിയ ബോര്‍ഡ് കാണാം. ജില്ലയുടെ പ്രത്യേകത വിളിച്ചോതുന്ന ബോര്‍ഡില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.

'സമൃദ്ധമായ ഇരുമ്പയിരിന്റെ നാട്ടിലേക്ക് സ്വാഗതം. ഇരുമ്പയിര് അമൂല്യമാണ്. അമിത ചൂഷണം അരുത്'.

എന്നാല്‍, ഖനികളാല്‍ സമൃദ്ധമായ ബെല്ലാരി കുറെക്കാലമായി വിവാദ ഭൂമിയാണ്. കര്‍ണാടകത്തിലെ ബിജെപി മന്ത്രിമാരും വന്‍കിട വ്യവസായികളുമായ റെഡ്ഡി സഹോദരന്മാരാണ് വിവാദ നായകര്‍. അനധികൃത ഖനനത്തിലൂടെ ശതകോടികള്‍ കൊയ്യുന്ന റവന്യൂമന്ത്രി കരുണാകരറെഡ്ഡി, ടൂറിസം മന്ത്രി ജനാര്‍ദന റെഡ്ഡി, ഇളയസഹോദരനും എംഎല്‍എയുമായ സോമശേഖര റെഡ്ഡി എന്നിവരെ പിന്തുണയ്ക്കുകയാണ് യെദ്യൂരപ്പ സര്‍ക്കാരും ബിജെപി നേതൃത്വവും. ഇവരെ തൊടാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ധൈര്യമില്ല.

കര്‍ണാടകത്തിലെ സന്ദൂര്‍, ഹൊസ്പേട്ട്, ബെല്ലാരി, കുഡ്ഗി എന്നിവിടങ്ങളിലാണ് പ്രധാനമായും ഇരുമ്പയിര്, മാംഗനീസ്, റെഡ് ഓക്സൈഡ്, ചെമ്പ്, സ്വര്‍ണം എന്നിവയുടെ ഭൂരിഭാഗം ഖനിയും പ്രവര്‍ത്തിക്കുന്നത്. വര്‍ഷം ശരാശരി 2.75 മുതല്‍ 5.01 ദശലക്ഷംടണ്‍ ഇരുമ്പയിരും 0.13 മുതല്‍ 1.76 ദശലക്ഷം ടണ്‍ മാംഗനീസും ഇവിടെനിന്ന് ഖനനം ചെയ്യുന്നുവെന്നാണ് സര്‍ക്കാര്‍ കണക്ക്. എന്നാല്‍, കഴിഞ്ഞ നാലരവര്‍ഷമായി അനുവദനീയമായതിന്റെ നാലിരട്ടിയാണ് അനധികൃതമായി കുഴിച്ചെടുക്കുന്നത്. റെഡ്ഡി സഹോദരന്മാരുടെ ഉടമസ്ഥതയിലുള്ള ഒബല്ലാപുമരം, അനന്തപുര്‍ മൈനിങ് കമ്പനികളാണ് പ്രധാന ചൂഷകര്‍.

ഭൌമവകുപ്പ് 1969ല്‍ നടത്തിയ സര്‍വേയില്‍ 100 കോടി ടണ്‍ ഇരുമ്പയിര് ശേഖരമാണ് ഇവിടെ കണ്ടെത്തിയത്. തുടര്‍ന്ന് 224.29 ഹെക്ടറില്‍ ഖനനം നടത്താന്‍ അനുമതി നല്‍കി. ഇതുപ്രകാരം ടപാല്‍ തിമ്മണ്ണറെഡ്ഡി എന്നയാളാണ് ഖനി ആരംഭിച്ചത്. ആന്ധ്രഅതിര്‍ത്തിയിലെ റായ്ദുര്‍ഗ, മലപ്പനഗുഡി പ്രദേശങ്ങളോട് ചേര്‍ന്നുള്ള സ്ഥലത്തായിരുന്നു ആദ്യം ഖനനം. തുടര്‍ന്ന് കര്‍ണാടകത്തിലെ തുമിട്ടി, വിട്ലാപുര, ബെല്ലാരി, സന്ദൂര്‍ എന്നിവിടങ്ങളിലും ഖനി ആരംഭിച്ചു. നടത്തിപ്പില്‍ ക്രമക്കേട് കണ്ടതിനെത്തുടര്‍ന്ന് 1971ല്‍ ഖനി പ്രവര്‍ത്തനം നിര്‍ത്താന്‍ അന്നത്തെ റായ്ദുര്‍ഗ തഹസില്‍ദാര്‍ ഉത്തരവിട്ടു. പിന്നീട് 1972ല്‍ ബെല്ലാരി താലൂക്കിലെ വണഹള്ളി വില്ലേജില്‍ 224.29 ഹെക്ടര്‍ സ്ഥലത്ത് 10 വര്‍ഷം ഖനനം നടത്താന്‍ ഇണ്ണയ്യറെഡ്ഡി എന്നയാള്‍ക്ക് അനുമതി നല്‍കി. ഖനനം നടക്കവെ സര്‍ക്കാര്‍ അനുമതിയില്ലാതെ 1987ല്‍ ഈ ലൈസന്‍സ് ബ്ളാക്ക് ഗോള്‍ഡ് (അയ ഓര്‍) മൈന്‍സ് ആന്‍ഡ് മിനറല്‍സ് എന്ന സ്ഥാപനത്തിന് മറിച്ചുനല്‍കി. റെഡ്ഡി സഹോദരങ്ങളുടെ ബിനാമി പേരില്‍ പ്രവര്‍ത്തിച്ച സ്ഥാപനമാണ് ലൈസന്‍സ് സ്വന്തമാക്കിയത്.

1999ല്‍ നിലവില്‍ വന്ന ഒബല്ലാപുമരം മൈനിങ് കമ്പനിയും അനന്തപുര്‍ മൈനിങ് കമ്പനിയും ഖനനകേന്ദ്രം ക്രമേണ ബെല്ലാരിയിലേക്ക് നീക്കി. ഇതിനുശേഷമാണ് സംരക്ഷിത വനമേഖലയിലടക്കം റെഡ്ഡി സഹോദരന്മാര്‍ വന്‍തോതില്‍ഖനനം ആരംഭിച്ചത്.
ബെല്ലാരി ജില്ലയിലെ 61,445 ഹെക്ടര്‍ സംരക്ഷിത വനമേഖലയില്‍ 2013.52 ഹെക്ടര്‍ റെഡ്ഡി സഹോദരങ്ങള്‍ കൈയേറി ഖനനം തുടങ്ങി. വനംവകുപ്പ് 1896ല്‍ അളന്നു തിട്ടപ്പെടുത്തിയ അതിര്‍ത്തിരേഖകള്‍തകര്‍ത്താണ് ഇവര്‍ ഭൂമി സ്വന്തമാക്കിയത്. വിവാദമായപ്പോള്‍ സര്‍വേ ഓഫ് ഇന്ത്യയും വനംവകുപ്പും സംയുക്തമായി വീണ്ടും സര്‍വേ നടത്തി. പടിഞ്ഞാറു ഭാഗത്ത് 732 മീറ്ററും തെക്കുഭാഗത്ത് 287 മീറ്ററും വനം കൈയേറിയതായി കണ്ടെത്തി. 2009 ഏപ്രില്‍ 28ന് ആന്ധ്ര വനംവകുപ്പ് നടത്തിയ അന്വേഷണത്തിലും കൈയേറ്റം വ്യക്തമായി. സുപ്രീംകോടതി നിയോഗിച്ച സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റിയും ബെല്ലാരി, സന്ദൂര്‍ മേഖലകളില്‍ അനധികൃത ഖനനം കണ്ടെത്തിയിരുന്നു. ഇതിലൂടെ സംസ്ഥാനത്തിന് 23,000 കോടിയുടെ നഷ്ടമുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. മുഖ്യമന്ത്രി യെദ്യൂരപ്പ ഇക്കാര്യം നിയമസഭയില്‍ സമ്മതിച്ചുവെങ്കിലും നഷ്ടം 15,000 കോടിയാണെന്നാണ് അദ്ദേഹത്തിന്റെ വാദം.

ഭീതിയുടെ നിഴലില്‍ ബെല്ലാരി

മീറ്ററുകളോളം ഉയരത്തിലുള്ള കമ്പിവേലികള്‍, അത്യാധുനിക ആയുധങ്ങളുമായി ഖനനമേഖലയ്ക്ക് കാവല്‍നില്‍ക്കുന്ന ഗണ്‍മാന്‍മാര്‍, വഴിതെറ്റിയെങ്ങാനും ഈ മേഖലയുടെ പരിസരത്ത് ചെന്നുപെട്ടാല്‍ മണിക്കൂറുകളോളം ഭേദ്യംചെയ്യല്‍, സമാന്തര സൈനിക വിഭാഗത്തെപ്പോലെ എസ്കോര്‍ട്ട് പോകുന്നവര്‍, എതിര്‍ക്കുന്നവരെ അടിച്ചൊതുക്കല്‍- ബെല്ലാരിയില്‍ എത്തുന്നവര്‍ക്ക് കാണാന്‍ കഴിയുന്ന കാഴ്ചകളാണിവ. ഖനനം സംബന്ധിച്ച കാര്യങ്ങള്‍ അന്വേഷിച്ചാല്‍ അതിവേഗം അകന്നുമാറുകയാണ് നാട്ടുകാര്‍. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഇവിടെ നടന്ന സംഭവങ്ങള്‍ ബെല്ലാരി നിവാസികളെ അത്രയേറെ ഭയപ്പെടുത്തുന്നു.

2006 വരെ 196 കമ്പനിക്കാണ് ഇരുമ്പയിര് കുഴിച്ചെടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. രണ്ടു വര്‍ഷത്തിനിടെ പുതുതായി 17 കമ്പനി കൂടി വന്നു. ഇതില്‍ ആന്ധ്രയിലെ അനന്തപുര്‍ ആസ്ഥാനമായ കമ്പനികള്‍ക്കും ലൈസന്‍സ് ലഭിച്ചു. ഇങ്ങനെ അനുമതി ലഭിച്ചതില്‍ മൂന്നെണ്ണം റെഡ്ഡി സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ളവയാണ്. നിയമം കാറ്റില്‍പ്പറത്തിയാണ് ഇവയ്ക്കെല്ലാം അനുമതി ലഭ്യമാക്കിയത്. ബെല്ലാരിയിലെ സംരക്ഷിത വനമേഖലയിലെ നൂറുകണക്കിന് ഹെക്ടറില്‍ ഒബല്ലാപുരം മൈനിങ് കമ്പനിയാണ് ഖനനം നടത്തുന്നത്. ചട്ടം മറികടന്ന് ഇവയുടെ ലീസ് പുതുക്കി നല്‍കിയത് 19 വര്‍ഷത്തേക്കാണ്. സാധാരണഗതിയില്‍ 10 വര്‍ഷത്തേക്കാണ് ലീസ് പുതുക്കിനല്‍കുക.

സംരക്ഷിത വനമേഖലകളില്‍പോലും റെഡ്ഡി സഹോദരങ്ങളുടെ അനധികൃത ഖനനം വ്യാപിച്ചപ്പോള്‍ നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും പരാതി നല്‍കി. പ്രതിഷേധം വ്യാപകമായതോടെ മാധ്യമങ്ങളും രംഗത്തുവന്നു. കാര്‍വാര്‍, ബെല്ലെക്കരെ തുറമുഖങ്ങള്‍ വഴി വന്‍തോതില്‍ ഇരുമ്പയിര് കടത്തുന്നതായാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. തുടര്‍ന്ന് ലോകായുക്ത അന്വേഷണം ആരംഭിച്ചു. പ്രതിദിനം ആയിരത്തിലേറെ ലോറികളില്‍ ഇരുമ്പയിര് വ്യാജപാസ് ഉപയോഗിച്ച് കടത്തുന്നതായി അന്വേഷകസംഘം കണ്ടെത്തി. കാര്‍വാര്‍ തുറമുഖം വഴി മൂന്നുമാസത്തിനിടെ അനധികൃതമായി 2000 കോടി രൂപയുടെ ഇരുമ്പയിര് കടത്തിയതായി ലോകായുക്ത കണ്ടെത്തി. കസ്റംസ് നികുതി അടയ്ക്കാതെയായിരുന്നു കടത്ത്. പിടിച്ചെടുത്ത പെര്‍മിറ്റുകള്‍ വ്യാജമാണെന്നും തെളിഞ്ഞു. തുടര്‍ന്ന് സമഗ്ര അന്വേഷണം വേണമെന്ന് ലോകായുക്ത സര്‍ക്കാരിനോട് നിര്‍ദേശിച്ചു. റെഡ്ഡി സഹോദരങ്ങളുടെ സമ്മര്‍ദത്തിന് വഴങ്ങി ഇതും ചുവപ്പുനാടയില്‍ കുരുങ്ങി. ഇതിനെത്തുടര്‍ന്നാണ് ലോകായുക്ത ജസ്റിസ് എന്‍ സന്തോഷ് ഹെഗ്ഡെ രാജിവച്ചത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ ലോകായുക്ത റെയ്ഡില്‍ പിടികൂടിയ എട്ടുലക്ഷം മെട്രിക് ടണ്‍ ഇരുമ്പയിരില്‍ അഞ്ചുലക്ഷം മെട്രിക് ടണ്‍ തുറമുഖത്തുനിന്ന് കാണാതായി. എന്നാല്‍, അഴിമതി കണ്ടെത്തിയ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. അഴിമതിക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ പല തവണ ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ ഇതെല്ലാം അവഗണിച്ചു. സിബിഐ അന്വേഷണം നടത്തണമെന്ന ആവശ്യവും നിരസിച്ചാണ് കര്‍ണാടകത്തിലെ ബിജെപി സര്‍ക്കാര്‍ കൊള്ളയ്ക്ക് കൂട്ടു നില്‍ക്കുന്നത്.

ശതകോടീശ്വരന്മാരായത് ബിജെപി തണലില്‍

രാഷ്ട്രീയത്തില്‍ ചുരുങ്ങിയ വര്‍ഷത്തെ പരിചയം മാത്രമുള്ള കര്‍ണാടക റവന്യൂമന്ത്രി കരുണാകരറെഡ്ഡിയും ടൂറിസംമന്ത്രി ജനാര്‍ദനറെഡ്ഡിയും നേതൃനിരയിലേക്കുയര്‍ന്നത് ബിജെപി കേന്ദ്രനേതൃത്വവുമായുള്ള അടുത്ത ബന്ധത്തില്‍. രാഷ്ട്രീയസ്വാധീനവും അധികാരവും ഉപയോഗിച്ച് ഇവര്‍ നേടിയ ആസ്തി 1600 കോടി കവിയും. രാഷ്ട്രീയപ്രവര്‍ത്തനത്തേക്കാള്‍ വ്യവസായത്തോടാണ് റെഡ്ഡിമാര്‍ക്ക് എക്കാലത്തും താല്‍പ്പര്യം. ബെല്ലാരിയിലെ പൊലീസ് കോണ്‍സ്റബളിന്റെ മക്കളായ റെഡ്ഡി സഹോദരന്മാര്‍ ശതകോടീശ്വരന്മാരായി വളര്‍ന്നത് കേവലം 12 വര്‍ഷംകൊണ്ട്. ബെല്ലാരിയില്‍ സ്വകാര്യ പണമിടപാട് സ്ഥാപനം നടത്തിയാണ് ബിസിനസ് രംഗത്തേക്ക് വന്നത്. 200 കോടിയോളം രൂപയുടെ ക്രമക്കേട് നടത്തിയശേഷം 1998ല്‍ സ്ഥാപനം പൂട്ടി. ആന്ധ്ര-കര്‍ണാടക അതിര്‍ത്തിയായ സന്ദൂരിലും വണഹള്ളിയിലും ഇണ്ണയ്യറെഡ്ഡി നടത്തിയിരുന്ന ലൈസന്‍സ് ബിനാമി പേരില്‍ സ്വന്തമാക്കിയ റെഡ്ഡിമാര്‍ പതിയെ ഖനന വ്യവസായത്തിലേക്ക് മാറി.

1999ലെ ലോക്സഭാ തെരഞ്ഞെടുപ്പോടെയാണ് റെഡ്ഡിമാര്‍ രാഷ്ട്രീയത്തില്‍ ശ്രദ്ധേയരായത്. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്കെതിരെ ബെല്ലാരിയില്‍ മത്സരിച്ച സുഷമാ സ്വരാജിനു വേണ്ടി രംഗത്തുവന്ന ഇവര്‍ വന്‍തോതില്‍ പണമൊഴുക്കി. ഈ തെരഞ്ഞെടുപ്പോടെ റെഡ്ഡിമാര്‍ സുഷമാ സ്വരാജിന്റെ അടുത്ത അനുയായികളായി. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച റെഡ്ഡി സഹോദരങ്ങളില്‍ രണ്ടുപേര്‍ എംഎല്‍എമാരായി. ഒരാള്‍ എംഎല്‍സിയും. ഇതോടെയാണ് ഇവര്‍ കര്‍ണാടക രാഷ്ട്രീയത്തില്‍ ശക്തരായത്.

കോണ്‍ഗ്രസിനും ഈ പാപത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. എസ് എം കൃഷ്ണയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരും ഇതിന്റെ തുടര്‍ച്ചയായ ധരംസിങ് സര്‍ക്കാരും അനധികൃത ഖനനത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ് കൈക്കൊണ്ടത്. 2005ല്‍ ഗുല്‍ബര്‍ഗ ഫോറസ്റ് കണ്‍സര്‍വേറ്റര്‍ പുനതി ശ്രീധര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഖനനത്തിന്റെ മറവില്‍ വന്‍തോതില്‍ സര്‍ക്കാര്‍ വനഭൂമി കൈയേറിയിട്ടുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഈ റിപ്പോര്‍ട്ട് അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അവഗണിച്ചു. സന്ദൂര്‍ മേഖലയില്‍ അതിര്‍ത്തിരേഖ കടന്ന് ഖനനം നടത്തിയ ഒബല്ലാപുരം കമ്പനിയുടെ നടപടി തടയാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തയ്യാറായില്ല. ബെല്ലാരിയിലും പരിസരങ്ങളിലും പ്രവര്‍ത്തിക്കുന്ന പതിനേഴിലേറെ കമ്പനികള്‍ക്ക് പട്ടയം അനുവദിക്കുകയും ചെയ്തു. കോണ്‍ഗ്രസ് എംഎല്‍എ അനില്‍ലാഡും സഹോദരനും രാജ്യസഭാംഗവുമായ സന്തോഷ് ലാഡും ഖനനവിവാദത്തില്‍ അന്വേഷണം നേരിടുന്നവരാണ്. കെപിസിസി പ്രസിഡന്റ് ആര്‍ വി ദേശ്പാണ്ഡെയുടെ മകനും അനധികൃത ഖനനത്തില്‍ ആരോപണനിഴലിലാണ്.

പരാതി നല്‍കുന്നവരെ കായികമായി നേരിടുകയാണ് ഖനി മാഫിയ. പരിസ്ഥിതിസന്തുലനം തകര്‍ക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയ പരിസ്ഥിതി പ്രവര്‍ത്തകനെ നഗരമധ്യത്തിലിട്ട് ക്രൂരമായി മര്‍ദിച്ചാണ് റെഡ്ഡി സഹോദരങ്ങള്‍ കണക്കുതീര്‍ത്തത്. ഖനനം നടക്കുന്ന മേഖലകളില്‍ സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന് റിപ്പോര്‍ട്ട് നല്‍കിയ ബെല്ലാരി കോര്‍പറേഷന്‍ ജീവനക്കാരായ രണ്ടുപേരെ കഴിഞ്ഞ ഒന്നര വര്‍ഷത്തിലേറെയായി കാണാനില്ല. പൊലീസ് കേസ് രജിസ്റര്‍ ചെയ്തെങ്കിലും അന്വേഷണം എങ്ങുമെത്തിയതുമില്ല.

അന്വേഷണം പ്രഹസനം; ജൈവവൈവിധ്യം തകരുന്നു

2003 മുതലാണ് ബെല്ലാരിയില്‍ അനധികൃതഖനനം വ്യാപകമായത്. കോണ്‍ഗ്രസ്, ബിജെപി അനുഭാവികളും പ്രവര്‍ത്തകരുമായ ഖനി ഉടമകളുടെ നേതൃത്വത്തിലായിരുന്നു ചൂഷണം. അനധികൃതഖനനവുമായി ബന്ധപ്പെട്ട് ആന്ധ്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍ 237ലേറെ കേസുണ്ട്. എന്നാല്‍, ഇതിലൊന്നും നടപടിയായില്ലെന്നുമാത്രമല്ല, പല കേസിന്റെയും അന്വേഷണം പാതിവഴിയില്‍ അവസാനിച്ചു.

റെഡ്ഡി സഹോദരന്മാരുടെ ഉടമസ്ഥതയിലുള്ള ഒബല്ലാപുരം മൈനിങ് കമ്പനിയുടെ അനധികൃതഖനനത്തിനെതിരെ ആന്ധ്രയിലും കേസെടുത്തിരുന്നു. പരിസ്ഥിതിക്കും ജൈവവൈവിധ്യത്തിനും വന്‍ഭീഷണിയാണെന്ന വിദഗ്ധ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആന്ധ്രസര്‍ക്കാര്‍ ഖനനം വിലക്കി. എന്നാല്‍, ഹൈക്കോടതി ഇത് സ്റേചെയ്യുകയും ഖനനം തുടരാന്‍ അവസരമൊരുക്കുകയും ചെയ്തു. ഇതിനെതിരെ ആന്ധ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ഹര്‍ജി ഫയലില്‍ സ്വീകരിച്ചപ്പോള്‍ത്തന്നെ ഹൈക്കോടതി വിധി സ്റേചെയ്ത് സുപ്രീംകോടതി അനധികൃതഖനനം തടഞ്ഞു. പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉന്നതാധികാരസമിതിയെയും നിയോഗിച്ചു.

നാടിനും പരിസ്ഥിതിക്കും ആപല്‍ക്കരമായ ഖനനം പൂര്‍ണമായി തടയാനാണ് സമിതി സുപ്രീംകോടതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചത്. ഒബല്ലാപുരം മൈനിങ് കമ്പനിയുടെ നിയമവിരുദ്ധപ്രവര്‍ത്തനങ്ങളും റിപ്പോര്‍ട്ടില്‍ അക്കമിട്ടുനിരത്തിയിരുന്നു. പാട്ടക്കരാറില്‍ പറയുന്നതിനേക്കാള്‍ കൂടുതല്‍ സ്ഥലത്ത് കമ്പനി ഖനനം നടത്തുന്നുണ്ടെന്നും സംരക്ഷിതവനമേഖല വ്യാപകമായി കൈയേറിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ബിഐഒപിയുടേതുള്‍പ്പെടെ ഈ മേഖലയിലെ മറ്റ് മൈനിങ് കമ്പനികളുടെ പാട്ടഭൂമി ഒബല്ലാപുരം കൈവശപ്പെടുത്തിയിട്ടുണ്ട്. അനിയന്ത്രിത ഖനനംമൂലം കര്‍ണാടകത്തെയും ആന്ധ്രപ്രദേശിനെയും വേര്‍തിരിക്കുന്ന അതിര്‍ത്തിരേഖപോലും അപ്രത്യക്ഷമായതായും സമിതി കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് ഖനനപ്രവര്‍ത്തനം നിരോധിച്ച് സര്‍വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ സമഗ്രസര്‍വേയ്ക്കും അതിര്‍ത്തിനിര്‍ണയത്തിനും ശുപാര്‍ശചെയ്തത്. തര്‍ക്കമുള്ള സ്ഥലത്തെ ഖനനം വിലക്കിയ സുപ്രീംകോടതി രണ്ടുമാസത്തിനകം സര്‍വേ പൂര്‍ത്തിയാക്കി ആന്ധ്ര- കര്‍ണാടക അതിര്‍ത്തി കൃത്യമായി രേഖപ്പെടുത്താന്‍ സര്‍വേ ഓഫ് ഇന്ത്യയോട് നിര്‍ദേശിച്ചു. അതിര്‍ത്തിയില്‍നിന്ന് 150 മീറ്റര്‍ വിട്ടുമാത്രമേ ഖനനം പാടുള്ളൂ. സര്‍വേ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടാല്‍ ഖനനം നിര്‍ത്തണം. എന്നാല്‍, ഈ വ്യവസ്ഥയൊന്നും ഇവിടെ ഇന്നും പാലിക്കുന്നില്ല.

അനധികൃതഖനനത്തിനെതിരെ ലോകായുക്ത അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നടപടിയെടുക്കാത്തതും വിമര്‍ശത്തിനിടയാക്കി. ഖനി ഉടമകളായ മന്ത്രി സഹോദരങ്ങളുടെ സമ്മര്‍ദമാണ് നടപടിയെടുക്കാത്തതിനുപിന്നിലെന്നാണ് ആരോപണം. മാര്‍ച്ചില്‍ ലോകായുക്ത നിര്‍ദേശപ്രകാരം ഗോകുല്‍ തുറമുഖത്ത് നടത്തിയ റെയ്ഡില്‍ എട്ടുലക്ഷം മെട്രിക് ട ഇരുമ്പയിര് കണ്ടെത്തി. മതിയായ പെര്‍മിറ്റില്ലാതെ സൂക്ഷിച്ച ഇരുമ്പയിര് വനം അധികൃതര്‍ കണ്ടുകെട്ടി 10 ഖനനകമ്പനിക്കെതിരെ കേസെടുത്തു. ഇരുമ്പയിര് വിട്ടുകിട്ടുന്നതിന് 10 കമ്പനിക്കും ഹൈക്കോടതിയില്‍നിന്ന് അനുകൂലവിധിയുണ്ടായില്ല. എന്നിട്ടും അനധികൃതഖനനത്തിനെതിരെ നടപടിയെടുക്കാനോ ഖനികള്‍ ദേശസാല്‍ക്കരിക്കാനോ ആവശ്യമായ നടപടി സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. സംഭവത്തെപ്പറ്റി സിബിഐ അന്വേഷണം നടത്തണമെന്ന ആവശ്യമുയര്‍ന്നിട്ടും ഖനി, വനംവകുപ്പ് എന്നിവയുടെ ചുമതലയുള്ള മുഖ്യമന്ത്രി യെദ്യൂരപ്പ മുഖംതിരിക്കുകയാണ്. ഭരണരാഷ്ട്രീയ- ഖനിമാഫിയ കൂട്ടുകെട്ടും പൊലീസിലെയും വനംവകുപ്പിലെയും മൈനിങ് ആന്‍ഡ് ജിയോളജിവകുപ്പിലെയും ചില ഉദ്യോഗസ്ഥരുടെ അനധികൃത ഇടപെടലും ഹരിതമനോഹരമായ ബെല്ലാരി ഭൂമികയെയും അതിന്റെ ജൈവവൈവിധ്യത്തെയും ഇല്ലാതാക്കുകയാണ്.

പി.വി.മനോജ് കുമാര്‍ ദേശാഭിമാനി ദിനപത്രത്തില്‍ എഴുതിയ ‘ഇരുമ്പയിരിന്റെ നാട്ടിലെ ഖനിക്കൊള്ള’ എന്ന പരമ്പരയുടെ പൂര്‍ണ്ണരൂപം.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ന്യൂനപക്ഷ പദവി കൂടുതല്‍ കേരളത്തില്‍

ഈവര്‍ഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കിയത് കേരളത്തില്‍. രാജ്യത്താകെ 665 സ്ഥാപനത്തിന് ന്യൂനപക്ഷ പദവി കിട്ടിയപ്പോള്‍ അതില്‍ 506 എണ്ണവും കേരളത്തിലാണെന്ന് പി രാജീവിന്റെ ചോദ്യത്തിനുള്ള മറുപടിയില്‍ മാനവശേഷി വികസനമന്ത്രി ഡി പുരന്ദേശ്വരി വ്യക്തമാക്കി. രാജ്യത്ത് മൊത്തം 3200 സ്ഥാപനത്തിന് ന്യൂനപക്ഷ പദവിയുണ്ട്. ഇതില്‍ 1214 എണ്ണം കേരളത്തിലാണ്. രാജ്യത്ത് നഗര-ഗ്രാമീണ മേഖലകളില്‍ ലക്ഷംവീട് പദ്ധതി പ്രകാരം വീട് പുനര്‍നിര്‍മാണത്തിന് കേന്ദ്രസര്‍ക്കാര്‍ ഒരു പദ്ധതിയും നടപ്പാക്കുന്നില്ലെന്ന് പി കരുണാകരനെ മന്ത്രി കുമാരി ഷെല്‍ജ അറിയിച്ചു. ഇന്ത്യയുടെ 196 ഭാഷ നാമാവശേഷമാകുമെന്ന് യുനെസ്കോ അറ്റ്ലസ് ഓഫ് വേള്‍ഡ്സ് ലാംഗ്വേജസ് ഇന്‍ ഡെയ്ഞ്ചര്‍ പട്ടികയില്‍ ഉണ്ടെന്ന് കെ എന്‍ ബാലഗോപാലിനെ മന്ത്രി ഡി പുരന്ദേശ്വരി അറിയിച്ചു. ഓര്‍ഗാനിക് കൃഷി സംബന്ധിച്ച് ദേശീയതലത്തില്‍ നയം രൂപീകരിച്ചിട്ടുണ്ടെന്ന് കെ എന്‍ ബാലഗോപാലിനെ കൃഷി സഹമന്ത്രി കെ വി തോമസ് അറിയിച്ചു.

രാജ്യത്ത് കൂടുതല്‍ ഉരുക്ക് ഉല്‍പ്പാദനശാലകള്‍ തുടങ്ങാന്‍ സര്‍ക്കാരിന് പ്രത്യേക പദ്ധതിയില്ലെന്ന് കെ എന്‍ ബാലഗോപാലിനെ കേന്ദ്ര ഉരുക്കുസഹമന്ത്രി എ സായ് പ്രതാപ് അറിയിച്ചു. പൊതുവിതരണ സംവിധാനത്തില്‍ ആന്ധ്രാപ്രദേശ്, ഹരിയാന, കര്‍ണാടകം, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങള്‍ ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനം ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ടെന്ന് ടി എന്‍ സീമയെ ഭക്ഷ്യസഹമന്ത്രി കെ വി തോമസ് അറിയിച്ചു. സൌരോര്‍ജ പദ്ധതികള്‍ക്കായി വിവിധ സംസ്ഥാനങ്ങള്‍ക്കും ഏജന്‍സികള്‍ക്കും കേന്ദ്രം 119.25 കോടി രൂപ വിതരണം ചെയ്തിട്ടുണ്ടെന്ന് എം ബി രാജേഷിനെ മന്ത്രി ഫാറൂഖ് അബ്ദുള്ള അറിയിച്ചു. എപിഎല്‍-ബിപിഎല്‍ വ്യത്യാസമില്ലാതെ ഭക്ഷ്യസുരക്ഷ സാര്‍വത്രികമാക്കണമെന്ന ശുപാര്‍ശയൊന്നും ദേശീയ ഉപദേശക സമിതി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടില്ലെന്ന് എം പി അച്യുതനെയും കെ ഇ ഇസ്മായിനെയും മന്ത്രി കെ വി തോമസ് അറിയിച്ചു.

deshabhimani 29082010

ആണവബാധ്യതാബില്‍: ഊര്‍ജപ്രതിസന്ധിക്ക് ഉടന്‍ പരിഹാരമെന്നത് മിഥ്യാവാദം

ആണവബാധ്യതാ ബില്‍ പാസ്സായതോടെ ഇന്ത്യയുടെ ഊര്‍ജപ്രശ്നം പരിഹരിക്കുമെന്ന വാദം വെറും മിഥ്യ. ആണവരംഗത്തെമാത്രം ആശ്രയിച്ച് ഇന്ത്യയുടെ ഊര്‍ജപ്രശ്നം പരിഹരിക്കാനാകുമെന്ന വാദത്തിന് യാഥാര്‍ഥ്യവുമായി ബന്ധമില്ല. ആണവബാധ്യതാബില്‍ പാസാക്കുകകൂടി ചെയ്തതോടെ രാജ്യത്തിന്റെ വര്‍ധിച്ച ഊര്‍ജാവശ്യം പരിഹരിക്കാന്‍ പോവുകയാണെന്നാണ് പ്രചാരണം. ആണവനിലയങ്ങള്‍ സ്ഥാപിക്കുന്നതിന് താപനിലയങ്ങളും മറ്റും സ്ഥാപിക്കുന്നതിനേക്കാള്‍ കാലതാമസം എടുക്കും.

2008 ഒക്ടോബര്‍ 10നാണ് അമേരിക്കയുമായി സിവില്‍ ആണവകരാര്‍ ഒപ്പിട്ടത്. അതിനുശേഷം റഷ്യ, ഫ്രാന്‍സ്, ബ്രിട്ടന്‍, ജപ്പാന്‍, കനഡ, കസാഖിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളുമായും സിവില്‍ ആണവകരാറിലെത്തി. വര്‍ഷം രണ്ടു കഴിഞ്ഞിട്ടും ഒരു ആണവനിലയംപോലും സ്ഥാപിക്കുന്നതിനുള്ള നീക്കം എങ്ങുമെത്തിയിട്ടില്ല. ആണവഅപകടങ്ങളുടെ ബാധ്യതയില്‍നിന്ന് ആണവദാതാക്കള്‍ ഏറെക്കുറെ ഒഴിവാക്കപ്പെടുന്ന നിയമത്തിന് ഇന്ത്യന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കുന്നതോടെ ആണവനിലയങ്ങള്‍ സ്ഥാപിക്കപ്പെടുമെന്ന് കരുതാനാകില്ല. കാരണം ഒരു ആണവനിലയം സ്ഥാപിക്കണമെങ്കില്‍ ചുരുങ്ങിയത് എട്ടുവര്‍ഷമെങ്കിലും എടുക്കും. താപനിലയങ്ങള്‍ സ്ഥാപിക്കുന്നതിന്റെ ഇരട്ടി സമയം. അതായത് അമേരിക്കയ്ക്ക് ഗുജറാത്തിലും ആന്ധ്രയിലും ഫ്രാന്‍സിന് മഹാരാഷ്ട്രയിലും റഷ്യക്ക് തമിഴ്നാട്ടിലും പശ്ചിമബംഗാളിലും ആണവനിലയം സ്ഥാപിക്കാന്‍ സ്ഥലം മുന്‍കൂട്ടി കണ്ടെത്തിയിട്ടുണ്ടെങ്കിലും സ്ഥലം ഏറ്റെടുക്കലും മറ്റും ഇനിയും നടക്കേണ്ടതുണ്ട്. നിലയങ്ങള്‍ സ്ഥാപിക്കുന്നതിനെതിരെ മഹാരാഷ്ട്രയിലും മറ്റും ജനങ്ങള്‍ പ്രക്ഷോഭത്തിലാണ്. ഈ പ്രശ്നങ്ങള്‍ ഒന്നുംതന്നെയില്ലെങ്കിലും പുതിയ കരാറിന്റെ അടിസ്ഥാനത്തിലുള്ള ആണവനിലയം സ്ഥാപിക്കണമെങ്കില്‍ 2016-18ല്‍മാത്രമേ കഴിയൂ. അതായത് ഇന്ത്യയുടെ ഊര്‍ജപ്രതിസന്ധിക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ കഴിയില്ലെന്ന് അര്‍ഥം.

പതിനായിരം മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദനത്തിനുള്ള റിയാക്ടറുകള്‍ അമേരിക്കയില്‍നിന്ന് വാങ്ങുമെന്നാണ് പ്രധാനമന്ത്രി ഉറപ്പുനല്‍കിയത്. 1650 മെഗാവാട്ട് റിയാക്ടറുകളാണ് അമേരിക്കയില്‍നിന്ന് വാങ്ങാന്‍ ഇന്ത്യ ലക്ഷ്യമിടുന്നത്. ഈ റിയാക്ടറുകള്‍ വേണ്ടത്ര പരിശോധിക്കാതെയാണ് വാങ്ങുന്നതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. 1979ലെ ത്രീമൈല്‍ ഐലന്‍ഡിലെ (പെന്‍സില്‍വാനിയ) ദുരന്തത്തെതുടര്‍ന്ന് ഒരൊറ്റ റിയാക്ടര്‍പോലും നിര്‍മിക്കാത്ത അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്കല്‍സ്, വെസ്റിങ്ഹൌസ് എന്നീ കമ്പനികളില്‍നിന്നാണ് എട്ടോളം റിയാക്ടര്‍ വാങ്ങുന്നത്. നിലവില്‍ ആണവമേഖലയില്‍നിന്ന് ലഭിക്കുന്നത് 4120 മെഗാവാട്ട് വൈദ്യുതിമാത്രമാണ്. അതായത് മൊത്തം ഊര്‍ജോല്‍പ്പാദനത്തിന്റെ മൂന്ന് ശതമാനംമാത്രം. 2020 ആകുമ്പോഴേക്കും 40,000 മെഗാവാട്ട് വൈദ്യുതി നേടുകയാണ് കരാറിലൂടെ ലക്ഷ്യമാക്കുന്നതെന്ന് പ്രധാനമന്ത്രി പറയുന്നു. നിലവിലുള്ള സ്ഥിതിവച്ച് 10 വര്‍ഷത്തിനകം ഇത്രയും ആണവോര്‍ജം ഉല്‍പ്പാദിപ്പിക്കാന്‍ കഴിയില്ല. ഉല്‍പ്പാദിപ്പിച്ചാല്‍തന്നെ ഒമ്പത് ശതമാനംമാത്രമേ ആകൂ എന്നാണ് വിദഗ്ധര്‍ കണക്കാക്കുന്നത്. ആണവോര്‍ജത്തിന് ഇന്ത്യന്‍ ഊര്‍ജാവശ്യത്തിന്റെ പത്തിലൊന്ന് ശതമാനംപോലും പരിഹരിക്കാനാകില്ലെന്ന് അര്‍ഥം.
(വി ബി പരമേശ്വരന്‍)

deshabhimani 29082010

കോണ്‍ഗ്രസില്‍ തമ്മിലടി മുറുകി

കേരളത്തിലെ കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പും മാറ്റി. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയുമായി ശനിയാഴ്ച ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് യൂത്ത്കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് മാറ്റിയത്. ഡിസിസികള്‍ പങ്കിടുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്നാണ് സംഘടനാതെരഞ്ഞെടുപ്പ് മരവിപ്പിച്ചതെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് പിടിച്ചെടുക്കാന്‍ ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പരസ്പരം പടനയിച്ചതാണ് യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലാക്കിയത്. എന്നാല്‍, പഞ്ചായത്ത് തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത് പാര്‍ടിയില്‍ പൊട്ടിത്തെറിയും കലഹവും വിളിച്ചുവരുത്തുമെന്നാണ് സംസ്ഥാനനേതൃത്വം അഖിലേന്ത്യാനേതൃത്വത്തെ ധരിപ്പിച്ചത്. യൂത്ത് കോഗ്രസ് തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് കേന്ദ്രമന്ത്രിമാരായ എ കെ ആന്റണിയും വയലാര്‍ രവിയും എഐസിസിയോട് ആവശ്യപ്പെട്ടിരുന്നു. ഗ്രൂപ്പ് പോരും തമ്മിലടിയും മൂര്‍ച്ഛിച്ചതുമൂലം കേരളത്തില്‍ സംഘടനാതെരഞ്ഞെടുപ്പ് അസാധ്യമാണെന്ന് ഇതോടെ വ്യക്തമായി.

ബ്ളോക്ക് തലത്തില്‍വരെ വീതംവയ്പ് പൂര്‍ത്തിയാക്കിയശേഷമാണ് കോണ്‍ഗ്രസ് സംഘടനാതെരഞ്ഞെടുപ്പ് നീട്ടിയത്. കണ്ണൂര്‍, പാലക്കാട്, തൃശൂര്‍, കൊല്ലം തുടങ്ങിയ ഡിസിസികളെ ചൊല്ലിയാണ് തര്‍ക്കം മുറുകിയത്. സമവായനീക്കങ്ങള്‍ പാളിയതോടെ ഡിസിസി മുതല്‍ മുകളിലോട്ടുള്ള തെരഞ്ഞെടുപ്പ് മാറ്റാന്‍ വരണാധികാരി ശുപാര്‍ശ നല്‍കി. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ എ ഗ്രൂപ്പും ചെന്നിത്തലയുടെ വിശാല ഐ ഗ്രൂപ്പുമാണ് സംഘടനാ തെരഞ്ഞെടുപ്പില്‍ അങ്കം കുറിച്ചത്. തര്‍ക്കം രൂക്ഷമായതോടെ വിഷയം കേന്ദ്രനേതൃത്വത്തിന്റെ ശ്രദ്ധയിലെത്തി. പഞ്ചായത്ത് തെരഞ്ഞെടുപ്പ് മറയാക്കി തെരഞ്ഞെടുപ്പ് മാറ്റുകയും ചെയ്തു.

മെമ്പര്‍ഷിപ്പ് വിതരണം മുതല്‍ തന്നെ യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് തര്‍ക്കത്തിലായിരുന്നു. മെമ്പര്‍ഷിപ്പ് ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വീതംവച്ചെന്ന പരാതി നിലനില്‍ക്കെ കേന്ദ്രനേതൃത്വം ഇടപെട്ട് സൂക്ഷ്മപരിശോധനയും മറ്റും നടത്തിയിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ തെരഞ്ഞെടുപ്പ് നടത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, കെപിസിസി, ഡിസിസി നേതൃത്വം നേരിട്ട് ഇടപെട്ട് പല ജില്ലയിലും സ്ഥിതി കൂടുതല്‍ വഷളാക്കി. യൂത്ത് കോണ്‍ഗ്രസ് പിടിച്ചെടുക്കുന്നതിന് ഇരുവിഭാഗവും ആസൂത്രിതനീക്കങ്ങളാണ് നടത്തിവന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ യൂത്ത് കോണ്‍ഗ്രസിന്റെ സ്ഥിതി കൂടുതല്‍ ദയനീയമായി. നിലവിലുള്ള കമ്മിറ്റിയെ പിരിച്ചുവിട്ടത് മൂലം സംസ്ഥാന ഓഫീസ് പോലും തുറക്കാതെയായി. അംഗത്വവിതരണത്തിന് പരസ്യത്തെ ആശ്രയിച്ചെങ്കിലും തണുപ്പന്‍ പ്രതികരണമായിരുന്നു. പല ജില്ലയിലും വ്യാജ മേല്‍വിലാസത്തില്‍ അംഗങ്ങളെ ചേര്‍ത്തതായും പരാതി ഉയര്‍ന്നു. ഇതിനിടെ അംഗങ്ങളുടെ പട്ടികയും അപ്രത്യക്ഷമായി. ഇത് സംബന്ധിച്ച് എഐസിസി നേതൃത്വത്തിന് ഒരുവിഭാഗം പരാതി നല്‍കി. അത് പരിഹരിക്കുന്നതിനുമുമ്പാണ് കെപിസിസി നേതൃത്വവും പ്രതിപക്ഷനേതാവും തെരഞ്ഞെടുപ്പ് മാറ്റണമെന്ന ആവശ്യവുമായി രംഗത്ത് വന്നത്.

പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടനെ യൂത്ത്കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് നടത്തണമെന്ന് രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചെന്ന ഇരുപക്ഷത്തിന്റെയും അവകാശവാദം തട്ടിപ്പാണെന്ന് മൂന്നാംചേരി ആരോപിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പിന്നെ നിയമസഭാതെരഞ്ഞെടുപ്പിന് മാസങ്ങളേ അവശേഷിക്കുകയുള്ളൂ. അതിന്റെപേരില്‍ വീണ്ടും സംഘടനാതെരഞ്ഞെടുപ്പ് നീട്ടി നിലവിലുള്ള സ്ഥാനം നിലനിര്‍ത്താനാണ് പ്രബലവിഭാഗത്തിന്റെ നീക്കമെന്ന് ഇരുഗ്രൂപ്പിലും ഉള്‍പ്പെടാത്തവര്‍ ആരോപിക്കുന്നു.

deshabhimani 29082010

Saturday, August 28, 2010

കുറ്റവാളികള്‍ കേന്ദ്രവും ഉമ്മന്‍ചാണ്ടിയും

അന്യസംസ്ഥാന ലോട്ടറികളുടെ തട്ടിപ്പിനെതിരെ സംസ്ഥാനത്തിന് കടുത്ത നടപടിയെടുക്കാന്‍ അധികാരമുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ എന്തിന് കേരള സംസ്ഥാന ലോട്ടറിയടക്കം നിരോധിച്ച് പതിനായിരക്കണക്കിന് ലോട്ടറിത്തൊഴിലാളികളുടെ കഞ്ഞിയില്‍ മണ്ണുവാരിയിട്ടു എന്ന ചോദ്യമാണ് ഉയരേണ്ടത്. സിക്കിം, ഭൂട്ടാന്‍ ഭാഗ്യക്കുറികള്‍മാത്രം നിരോധിക്കുകയോ തട്ടിപ്പുകാരെ പിടിച്ച് ജയിലിലടയ്ക്കുകയോ ചെയ്യാമായിരുന്നില്ലേ? ഇപ്പോള്‍ ഉമ്മന്‍ചാണ്ടിക്കും അദ്ദേഹത്തിന്റെ ജിഹ്വയായ മലയാള മനോരമയ്ക്കും അന്യസംസ്ഥാന ലോട്ടറികളോട് വന്ന വിരോധം വലിയൊരു രാഷ്ട്രീയത്തട്ടിപ്പിന്റെ സൂചന മാത്രമാണ്. കേരളത്തിലെ ജനങ്ങളുടെ പണം അടിച്ചുമാറ്റി കോടികള്‍ കുന്നുകൂട്ടുന്നവരാണ് അന്യസംസ്ഥാന ലോട്ടറി രാജാക്കന്മാര്‍ എന്നതില്‍ ആരും സംശയിക്കേണ്ട കാര്യമില്ല. ഉമ്മന്‍ചാണ്ടി പ്രതിനിധാനംചെയ്യുന്ന രാഷ്ട്രീയ പാര്‍ടിയാണ് കേന്ദ്രഭരണം കൈയാളുന്നത്. ആ പാര്‍ടിയും കേന്ദ്രസര്‍ക്കാരും എന്തുചെയ്തു എന്ന് വിശദീകരിച്ചിട്ടുവേണ്ടേ സംസ്ഥാന സര്‍ക്കാരിനുമേല്‍ കുതിര കയറാന്‍? മുഖ്യമന്ത്രിയായിരിക്കുമ്പോഴും പ്രതിപക്ഷ നേതാവെന്ന നിലയിലും താന്‍തന്നെ അംഗീകരിക്കുകയും ആവര്‍ത്തിക്കുകയുംചെയ്ത കാര്യങ്ങള്‍ മറച്ചുവച്ചുകൊണ്ടാണ് ഉമ്മന്‍ചാണ്ടി ലോട്ടറി വിവാദത്തില്‍ ഇടപെടുന്നത്. അന്യസംസ്ഥാന ലോട്ടറിക്കാരില്‍നിന്ന് പരസ്യയിനത്തില്‍ മറ്റേതു പത്രത്തേക്കാളും തുക എണ്ണി വാങ്ങിയ ശേഷമാണ് മനോരമ ലോട്ടറി പരമ്പര തുടങ്ങിയത്. ലോട്ടറിത്തട്ടിപ്പുപോലെത്തന്നെ ഇത്തരം കാപട്യങ്ങളും പൊതുസമൂഹത്തില്‍ ചര്‍ച്ചചെയ്യപ്പെടേണ്ടതുണ്ട്.

സിക്കിം, ഭൂട്ടാന്‍ ലോട്ടറികള്‍ കേന്ദ്രലോട്ടറി നിയന്ത്രണ നിയമം ലംഘിക്കുന്നുവെന്ന് വിജിലന്‍സിനെക്കൊണ്ട് അന്വേഷിപ്പിച്ച് കണ്ടെത്തിയതും അക്കാര്യം കോടതികളെയും കേന്ദ്രസര്‍ക്കാരിനെയും അറിയിച്ചതും ആവുന്നത്ര നടപടി സ്വീകരിച്ചതും എല്‍ഡിഎഫ് സര്‍ക്കാരാണ്. കൊള്ളയ്ക്ക് അറുതിവരുത്താന്‍ സംസ്ഥാനത്തിന് ചെയ്യാന്‍ കഴിയുന്നതെന്ത്, കേന്ദ്രത്തിന് ചെയ്യാന്‍ കഴിയുന്നതെന്ത്, ഇരുകൂട്ടരും അത് ചെയ്തോ, ആരാണ് ലോട്ടറിക്കൊള്ളക്കാര്‍ക്കുവേണ്ടി നില്‍ക്കുന്നത് എന്നീ ചോദ്യങ്ങള്‍ക്കാണ് ഉമ്മന്‍ചാണ്ടി ഉത്തരം പറയേണ്ടിയിരുന്നത്. അതാണ് മനോരമ അന്വേഷിച്ച് കണ്ടെത്തേണ്ടിയിരുന്നതും. അതു മറന്ന്, എല്‍ഡിഎഫ് സര്‍ക്കാരിനെ പഴിചാരി കേന്ദ്രത്തെ രക്ഷപ്പെടുത്താനും ലോട്ടറിക്കൊള്ളയുടെ പാപഭാരം സംസ്ഥാനത്തിനുമുകളില്‍ കെട്ടിവയ്ക്കാനുമുള്ള കുബുദ്ധിയാണ് ഇരുകൂട്ടരും പ്രയോഗിച്ചുകാണുന്നത്. കോഗ്രസും ലോട്ടറിയും തമ്മിലുള്ള ബന്ധമെന്ത് എന്ന് തുറന്നുപറയാനും നേപ്പാളില്‍നിന്ന് ഒളിച്ചുകടന്നുവന്ന ലോട്ടറി രാജാവ് മണികുമാര്‍ സുബ്ബ എങ്ങനെ കോഗ്രസിന്റെ എംഎല്‍എയും എംപിയുമായി എന്നും വിശദീകരിക്കാനുള്ള ബാധ്യതകൂടി ഉമ്മന്‍ചാണ്ടിക്കുണ്ട്. അതുചെയ്യാതെ, ദേശാഭിമാനിക്ക് രണ്ടുകോടി രൂപ വെറുതെ നല്‍കിയ ആളാണ് മാര്‍ട്ടിന്‍ എന്ന് ആരോപിക്കുകയാണ് ഉമ്മന്‍ ചാണ്ടി മനോരമ ലേഖനത്തില്‍. ദേശാഭിമാനിക്ക് താന്‍ ഒരുപൈസ വെറുതെകൊടുത്തിട്ടില്ലെന്നും വാങ്ങിയ തുക അണ, പൈ കുറയാതെ തിരിച്ചുകിട്ടിയിട്ടുണ്ടെന്നും മാര്‍ട്ടിന്‍തന്നെ പറഞ്ഞത് മനോരമ പരമ്പരയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരസ്യയിനത്തില്‍ ദേശാഭിമാനിക്കുള്ളതിന്റെ പലമടങ്ങ് തുക മാര്‍ട്ടിനടക്കമുള്ള ലോട്ടറിക്കാരില്‍നിന്ന് മലയാള മനോരമ വാങ്ങിയിട്ടുണ്ട്. ദേശാഭിമാനിക്കുള്ളത് 'വെറുതെ'യും മനോരമയ്ക്കുള്ളത് 'വിലയ്ക്കും' ആണോ? നീണ്ട വര്‍ഷം പണംപറ്റിയ ശേഷം ഒരു സുപ്രഭാതത്തില്‍ പരസ്യം കൊടുക്കല്‍ നിര്‍ത്തി പരമ്പര തുടങ്ങുന്നതാണോ ധാര്‍മികതയുടെ അളവുകോല്‍? കേന്ദ്രസര്‍ക്കാരും അതിന്റെ സംവിധാനങ്ങളാകെയും അന്യസംസ്ഥാന ലോട്ടറി മാഫിയക്കുവേണ്ടി വിടുപണിയാണ് ചെയ്യുന്നത്. അതല്ലെങ്കില്‍, സര്‍ക്കാരിനെ നിയമകാര്യങ്ങളില്‍ സഹായിക്കാന്‍ ബാധ്യതയുള്ള അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍, ലോട്ടറി ഏജന്‍സിക്ക് 'നിങ്ങള്‍ സംസ്ഥാന സര്‍ക്കാരിനെ ഭയപ്പെടേണ്ടതില്ല' എന്ന് നിയമോപദേശം നല്‍കുമോ. ലോട്ടറിക്കാരുടെ പണം വാങ്ങി തെരഞ്ഞെടുപ്പുഫണ്ട് വീര്‍പ്പിക്കുന്ന പാര്‍ടിയാണ് ഉമ്മന്‍ചാണ്ടിയുടേത് എന്നതുകൊണ്ടാണല്ലോ അധികാരം മുഴുവന്‍ കേന്ദ്രത്തില്‍ നിക്ഷിപ്തമാക്കി സംസ്ഥാനങ്ങളെ നിശബ്ദരാക്കുന്നതും ലോട്ടറി മാഫിയയെ കയറൂരി വിടുന്നതും. കേരളത്തിലെ യുഡിഎഫിന് ഈ പാപഭാരത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ കഴിയുമോ? ലോട്ടറി മാഫിയയുടെമേല്‍ എടുത്ത കേസെല്ലാം പിന്‍വലിക്കാമെന്നും ഇനി പുതിയൊരു കേസുമെടുക്കില്ലെന്നും യുഡിഎഫ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടില്ലേ? അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരായ നടപടികള്‍ നിര്‍ത്തിവയ്ക്കുന്നതിന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയതിന്റെ മറവില്‍ തട്ടിപ്പിലൂടെയല്ലേ മുമ്പെടുത്ത കേസുകളാകെ പിന്‍വലിച്ചത്? അന്നത്തെ സത്യവാങ്മൂലം സൃഷ്ടിച്ച തടസ്സം നീക്കാനാണ് ഇപ്പോള്‍ സംസ്ഥാന ഗവമെന്റ് പെടാപ്പാട് പെടുന്നത് എന്ന വസ്തുത ഉമ്മന്‍ചാണ്ടി മറന്നുപോയോ?

ലോട്ടറിപ്രശ്നത്തില്‍ ഉണരേണ്ടതും പ്രവര്‍ത്തിക്കേണ്ടതും കേന്ദ്രസര്‍ക്കാരും ഉമ്മന്‍ചാണ്ടിയുടെ കക്ഷിയുമാണ്. നികുതി പിരിക്കാനും നികുതി അടയ്ക്കുന്നതിനുള്ള വ്യവസ്ഥകളില്‍ വീഴ്ച വരുത്തിയാല്‍ നടപടിയെടുക്കാനുമുള്ള പരിമിതമായ അധികാരമേ സംസ്ഥാനത്തിന് കേന്ദ്രം കല്‍പ്പിച്ച് നല്‍കിയിട്ടുള്ളൂ. ആ അധികാരം ഫലപ്രദമായി വിനിയോഗിക്കുന്നതുകൊണ്ടാണ്, തട്ടിപ്പുകാരും നികുതിവെട്ടിപ്പുകാരും നിയമത്തിനു മുന്നിലെത്തുന്നതും പിഴയൊടുക്കേണ്ടിവരുന്നതും. കേന്ദ്രസര്‍ക്കാര്‍ ലോട്ടറി മാഫിയക്ക് നല്‍കി വരുന്ന പിന്തുണയാണ് യഥാര്‍ഥ പ്രശ്നം. അക്കാര്യത്തില്‍ തനിക്ക് ക്രിയാത്മകമായി എന്തുചെയ്യാന്‍ കഴിയും എന്ന് ഉമ്മന്‍ചാണ്ടി പറയട്ടെ. അതല്ലാതെ, യുഡിഎഫ് കാലത്ത് ചെയ്തതുപോലെ കേരള ഭാഗ്യക്കുറിയും വേണ്ടെന്നു വച്ച് അന്യസംസ്ഥാന ലോട്ടറികള്‍ക്ക് തടയിടുന്നത് 'എലിയെ പേടിച്ച് ഇല്ലം ചുടുന്നതിന്' തുല്യമാകും. കേരള ഭാഗ്യക്കുറി ഒരുലക്ഷത്തിലേറെ പാവങ്ങളുടെ ജീവിതോപാധികൂടിയാണ് എന്നതിനാല്‍, ആ പാവങ്ങളോട് പ്രതിബദ്ധതയുള്ള എല്‍ഡിഎഫ് സര്‍ക്കാരിന് ഉമ്മന്‍ചാണ്ടിയുടെ മാര്‍ഗം സ്വീകരിക്കാനാവുമോ? ലോട്ടറി മാഫിയക്കെതിരെ കേന്ദ്ര യുപിഎ സര്‍ക്കാരിനെക്കൊണ്ട് നടപടിയെടുപ്പിക്കുക; സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കുക എന്നിങ്ങനെയുള്ള രണ്ട് മാര്‍ഗമേ കരണീയമായിട്ടുള്ളൂ. അതിനുവേണ്ടിയാണ് യോജിച്ച ശബ്ദമുയരേണ്ടത്്. അതല്ലാതെ, രാഷ്ട്രീയ ദുഷ്ടലക്ഷ്യം വച്ച് ഉമ്മന്‍ചാണ്ടിയും മനോരമയും മറ്റ് ചില വിവാദ വ്യവസായികളും വ്യാജപ്രചാരണത്തിനിറങ്ങിയാല്‍ പ്രത്യേക പ്രയോജനമൊന്നും ഉണ്ടാകാനില്ല. കള്ളപ്രചാരണംകൊണ്ട് തെറിച്ചുപോകുന്ന മൂക്കല്ല എല്‍ഡിഎഫ് സര്‍ക്കാരിന്റേത് എന്നുമാത്രം ഓര്‍ത്താല്‍ നന്ന്.

ദേശാഭിമാനി മുഖപ്രസംഗം 28082010

വന്‍കിടക്കാര്‍ക്ക് കോടികളുടെ സൌജന്യം

സാധാരണക്കാരെ പിഴിയുകയും സമ്പന്നരോട് മൃദുസമീപനം സ്വീകരിക്കുകയും ചെയ്യുന്നതാണ് 50 വര്‍ഷത്തിനുശേഷം കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുന്ന പ്രത്യക്ഷ നികുതിചട്ടം. 1961 ലെ പ്രത്യക്ഷനികുതി നിയമത്തിന് ബദലായി പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍പോകുന്ന പ്രത്യക്ഷ നികുതിചട്ട ബില്‍ കോര്‍പറേറ്റുകള്‍ക്ക് സൌജന്യങ്ങള്‍ വാരിനല്‍കുന്നു. നവ ഉദാരവല്‍ക്കരണനയം ശക്തമാക്കുന്ന രണ്ടാംയുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ വന്‍കിടക്കാര്‍ക്കും കോര്‍പറേറ്റുകള്‍ക്കും നല്‍കിവരുന്ന ലക്ഷക്കണക്കിന് കോടി രൂപയുടെ സൌജന്യത്തിന്റെ തുടര്‍ച്ചയാണിത്. കോര്‍പറേറ്റ് നികുതിക്കുള്ള സര്‍ചാര്‍ജും സെസ്സും ഒഴിവാക്കണമെന്നാണ് പുതിയ ചട്ടം അനുശാസിക്കുന്നത്. ആയിരക്കണക്കിന് കോടിരൂപ ആസ്തിയുള്ള കമ്പനിയെ സംബന്ധിച്ച് ഇത് കോടികളുടെ സൌജന്യമാണ്. ആദായനികുതി സ്ളാബും വന്‍കിടക്കാര്‍ക്ക് അനുകൂലമാണ്. 10 ലക്ഷം രൂപവരെ വരുമാനമുള്ളവരെ തട്ടുകളിലായി നിര്‍ത്തി പിഴിയുമ്പോള്‍ പത്ത് ലക്ഷത്തിന് മുകളിലുള്ളവര്‍ക്ക് അവരുടെ വരുമാനം ആയിരക്കണക്കിന് കോടിയായാലും 30 ശതമാനം മാത്രം നല്‍കിയാല്‍ മതി. ഇടതുപക്ഷത്തിന്റെയും മറ്റും എതിര്‍പ്പിനെ തുടര്‍ന്നാണ് ഇത് 25 ശതമാനമാക്കി ചുരുക്കാനുള്ള നീക്കം തടഞ്ഞത്. അതോടൊപ്പം സ്വത്ത് നികുതിയിലും പുതിയ ചട്ടം ഇളവ് നല്‍കുകയാണ്. 30 കോടിക്ക് മുകളിലുള്ളവര്‍ ഒരു ശതമാനം സ്വത്ത് നികുതി നല്‍കണമെന്നതാണ് നിലവിലുള്ള രീതി. പുതിയ ചട്ടമനുസരിച്ച് 50 കോടി രൂപയ്ക്ക് മുകളിലുള്ളവര്‍ 0.25 ശതമാനം മാത്രം നികുതി നല്‍കിയാല്‍ മതി.

വന്‍കിടക്കാരുടെ മൂലധനലാഭത്തിന്മേലുള്ള നികുതിയിലും പുതിയ ചട്ടം ഇളവ് നല്‍കുന്നുണ്ട്. മൂലധന ലാഭനികുതി കണക്കാക്കുന്നതിനുള്ള അടിസ്ഥാനവര്‍ഷം 1981 എന്നത് 2000 ആക്കി മാറ്റിയത് ഈ വര്‍ഷത്തിനിടയില്‍ ഉണ്ടാക്കിയ മൂലധനത്തെ നികുതിയില്‍നിന്ന് ഒഴിവാക്കാന്‍ സഹായിക്കുന്നു. ഇരട്ടനികുതി ഒഴിവാക്കുമെന്ന പ്രഖ്യാപനവും വന്‍കിടക്കാരെയാണ് സഹായിക്കുക. മൌറീഷ്യസ് പോലുള്ള നികുതി കുറഞ്ഞ രാജ്യങ്ങളില്‍ നികുതി നല്‍കിയെന്ന് പറഞ്ഞ് ഇന്ത്യയില്‍ നികുതി നല്‍കുന്നത് ഒഴിവാക്കാന്‍ ഇത് സഹായകമാകും. 75 രാഷ്ട്രങ്ങളുമായി ഇന്ത്യക്ക് ഇരട്ടനികുതി ഒഴിവാക്കുന്ന കരാര്‍ ഉണ്ട്. പുതിയ നികുതിചട്ടംവന്നാല്‍ ലക്ഷക്കണക്കിന് കോടിയുടെ സൌജന്യമാണ് വന്‍കിടക്കാര്‍ക്ക് ലഭിക്കുക. കഴിഞ്ഞ ബജറ്റിലൂടെ സമ്പന്നര്‍ക്ക് നല്‍കിയ നികുതിയിളവ് അഞ്ച് ലക്ഷം കോടി രൂപയായിരുന്നു. സാമ്പത്തികമാന്ദ്യം മറികടക്കാനെന്നപേരില്‍ 1.85 ലക്ഷം കോടി രൂപയാണ് സര്‍ക്കാര്‍ വന്‍കിടക്കാര്‍ക്ക് നല്‍കിയത്. കഴിഞ്ഞാഴ്ച പോലും 1,052 കോടി രൂപയാണ് കയറ്റുമതിമേഖലയ്ക്ക് നല്‍കിയത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം മാത്രം കോര്‍പറേറ്ററുകളുടെ ഒരു ലക്ഷം നികുതി കുടിശ്ശിക എഴുതിത്തള്ളുകയും ചെയ്തു. കിട്ടാക്കടമായി 18,000 കോടി രൂപയും എഴുതിത്തള്ളി. ഇന്ധനവില വര്‍ധിപ്പിച്ചും വിലക്കയറ്റം തടയാന്‍ നടപടിയെടുക്കാതെയും സാധാരണക്കാരുടെ ജീവിതം വഴിമുട്ടിക്കുന്ന കേന്ദ്രസര്‍ക്കാര്‍ മൊത്തം ബജറ്റിന്റെ പകുതിയലധികം തുകയുടെ സൌജന്യങ്ങളാണ് വന്‍കിടക്കാര്‍ക്ക് നല്‍കിയത്.
(വി ബി പരമേശ്വരന്‍)

deshabhimani 28082010

ഐപിഎല്‍ അഴിമതി മറച്ചതിനു പിന്നില്‍ ഗൂഢലക്ഷ്യം

ഐപിഎല്‍ അഴിമതി മറച്ചതിനു പിന്നില്‍ ഗൂഢലക്ഷ്യം: സായിനാഥ്

കോടികളുടെ അഴിമതി നടന്ന ഐപിഎല്‍ ഇടപാടിനെപ്പറ്റി രാജ്യത്തെ ഭൂരിപക്ഷം മാധ്യമങ്ങളും മൌനം പാലിച്ചതിനു പിന്നില്‍ ഗൂഢലക്ഷ്യങ്ങളും താല്‍പ്പര്യങ്ങളുമുണ്ടെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ദ ഹിന്ദു റൂറല്‍ അഫയേഴ്സ് എഡിറ്ററുമായ പി സായിനാഥ് പറഞ്ഞു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പെയ്ഡ് ന്യൂസ് മാധ്യമ ധാര്‍മികതയ്ക്ക് ഭീഷണി എന്ന വിഷയത്തില്‍ നടത്തിയ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നുസായിനാഥ്.

കോമണ്‍ വെല്‍ത്ത് അഴിമതി പുറത്തുകൊണ്ടുവരാന്‍ മാധ്യമങ്ങള്‍ നടത്തിയ ഇടപെടലുകള്‍ ശ്ളാഘനീയമാണ്. എന്നാല്‍, അതിനേക്കാള്‍ വലിയ കുംഭകോണമാണ് ഐപിഎല്‍ ഇടപാടില്‍ നടന്നത്. പതിനാറു രാജ്യങ്ങളില്‍ വ്യാജ അക്കൌണ്ട് തുറന്ന് കോടികളുടെ ഇടപാടാണ് നടത്തിയത്. എന്നാല്‍, ഇവയൊന്നും കാര്യമായി തുറന്നുകാട്ടാനോ ശക്തമായി പ്രതികരിക്കാനോ മുഖ്യധാരാമാധ്യമങ്ങളില്‍ മിക്കതും മടിച്ചു. വിദര്‍ഭയിലും മറ്റും പതിനേഴു മണിക്കൂര്‍ വൈദ്യതി പവര്‍കട്ട് നിലനില്‍ക്കുമ്പോള്‍ ഐപിഎല്‍ മത്സരങ്ങള്‍ക്കായി ലക്ഷങ്ങളുടെ വൈദ്യുതി സബ്സിഡി നിരക്കില്‍ നല്‍കി. കോടിപതികളും വന്‍കിട കോര്‍പറേറ്റുകളും സ്പോണ്‍സര്‍മാരായും നടത്തിപ്പുകാരായി നില്‍ക്കുമ്പോഴാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സാമ്പത്തികമാന്ദ്യം ഇന്ത്യയെ ബാധിച്ചിട്ടില്ലെന്ന് നിരന്തരം മുഖ്യവാര്‍ത്തയെഴുതുന്ന മാധ്യമങ്ങള്‍തന്നെ നിരവധി പേരെ പിരിച്ചുവിടുകയാണ്. മാന്ദ്യത്തിനു ശേഷം മൂവായിരത്തോളം പേര്‍ക്കാണ് ഇങ്ങനെ ജോലി നഷ്ടപ്പെട്ടത്. മുംബൈ, ഡല്‍ഹി തുടങ്ങിയ വന്‍ നഗരങ്ങളില്‍ ഇങ്ങനെ ജോലി നഷ്ടപ്പെടുന്നവരുടെ എണ്ണം പെരുകുന്നു. മറ്റ് മേഖലകളിലും തൊഴിലും കൂലിയും നഷ്ടമാകുന്ന ലക്ഷങ്ങളെ കണ്ടില്ലെന്നു നടിക്കുകയാണ് ഈ മാധ്യമങ്ങള്‍. പെയ്ഡ് ന്യൂസ് പത്രപ്രവര്‍ത്തനത്തെ വിഴുങ്ങുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന് കടുത്ത ഭീഷണി ഉയര്‍ത്തും. ഇത്തരം പ്രവണതകള്‍ക്കു നേരെ ഇന്ത്യന്‍ പ്രസ് കൌണ്‍സില്‍ മൌനം പാലിക്കുകയാണ്. പെയ്ഡ് ന്യൂസ് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചതിലൂടെ കൌസില്‍ വലിയ അപരാധമാണ് ചെയ്തതെന്നും സായിനാഥ് പറഞ്ഞു.

deshabhimani 28082010

മനോരമയില്‍ ഉമ്മന്‍ചാണ്ടിയുടെ കസര്‍ത്ത്

സ്വന്തം കത്ത് ഒളിച്ചുവച്ച് മനോരമയില്‍ ഉമ്മന്‍ചാണ്ടിയുടെ കസര്‍ത്ത്

എല്‍ഡിഎഫ് സര്‍ക്കാരിനെ പഴിപറഞ്ഞ് മുഖം രക്ഷിക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ കസര്‍ത്ത്. മലയാള മനോരമയുടെ 'ദുര്‍ഭാഗ്യം' പരമ്പരയുടെ പ്രതികരണത്തിലാണ് ലോട്ടറിക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാനങ്ങളെ വിലക്കുന്ന കേന്ദ്രനിയമം മറച്ചുപിടിച്ച് ഉമ്മന്‍ചാണ്ടിയുടെ ന്യായീകരണങ്ങള്‍. അന്യസംസ്ഥാന ലോട്ടറികള്‍ കേരളത്തില്‍ തഴച്ചുവളരുകയാണെന്നും അത് തടയാന്‍ കഴിയാതെ താന്‍ നിസ്സഹായാവസ്ഥയിലാണെന്നും കാണിച്ച് മുഖ്യമന്ത്രി ആയിരിക്കെ അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലിന് അയച്ച കത്തിന്റെ കാര്യമുള്‍പ്പെടെ ഒളിച്ചുവച്ചാണ് ഉമ്മന്‍ചാണ്ടി മനോരമയില്‍ പ്രതികരിക്കുന്നത്.

എല്‍ഡിഎഫ് ഗവമെന്റിനെതിരെ ഉമ്മന്‍ചാണ്ടി ഉയര്‍ത്തുന്ന ആക്ഷേപങ്ങള്‍ക്കുള്ള മറുപടി 2005 ഫെബ്രുവരി ഏഴിന് അയച്ച അദ്ദേഹത്തിന്റെ ഈ കത്തിനകത്തുതന്നെയുണ്ട്. അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ താന്‍ മുഖ്യമന്ത്രിയായിരിക്കെ കടുത്ത നടപടി സ്വീകരിച്ചെന്ന് ഉമ്മന്‍ചാണ്ടി മനോരമയില്‍ അവകാശപ്പെടുന്നുണ്ട്്. റെയിഡ് നടത്തിയും കേസുകള്‍ റജിസ്റര്‍ചെയ്തും തുടര്‍ച്ചയായി നടപടി സ്വീകരിച്ചെങ്കിലും സുപ്രീംകോടതിയില്‍ കോടതി അലക്ഷ്യ ഹര്‍ജി വന്നപ്പോള്‍ നടപടി നിര്‍ത്തി സത്യവാങ്മൂലം നല്‍കാന്‍ നിര്‍ബന്ധിതനായെന്ന് ഉമ്മന്‍ചാണ്ടി കുറ്റസമ്മതം നടത്തുന്നു. തന്നെ ഇതിന് നിര്‍ബന്ധിതനാക്കിയത് കേന്ദ്രഗവമെന്റിന്റെ ലോട്ടറി നിയന്ത്രണ നിയമമാണെന്ന് തുറന്നുപറയാന്‍ ഉമ്മന്‍ചാണ്ടി മടിക്കുന്നു. ലോട്ടറികള്‍ക്കെതിരെ നടപടിക്ക് സംസ്ഥാനസര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്രനിയമം അനുശാസിക്കുന്നു. ഇതിന്റെ ചുവടുപിടിച്ച് കേന്ദ്ര അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ലോട്ടറിക്കാരെ ന്യായീകരിച്ച് കോടതികളില്‍ വാദിച്ചു. കോടതി വിധികളില്‍ ഈ വാദം ഉദ്ധരിച്ചിട്ടുമുണ്ട്. നെടുങ്കന്‍ പരമ്പര എഴുതിയ മനോരമ ഈ ഭാഗത്തേക്ക് നോക്കിയതേയില്ല.

ഉമ്മന്‍ചാണ്ടിയും ഇതൊന്നും അറിയാത്ത ഭാവം നടിക്കുന്നു. ലോട്ടറികളെ നിയന്ത്രിക്കാനും നിരോധിക്കാനും ശക്തമായ നിയമങ്ങളുണ്ടായിട്ടും എന്തുകൊണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്നില്ലെന്ന് ഉമ്മന്‍ചാണ്ടി മനോരമ വഴി ആരായുന്നു. ശിവരാജ് പാട്ടീലിന് കൊടുത്ത സ്വന്തം കത്ത്(ഡിഒ 2415 /111/05 ടിഡി 7/2/2005) ഒരാവര്‍ത്തി വായിച്ചുനോക്കിയാല്‍ അദ്ദേഹത്തിന് ഇതിനുള്ള ഉത്തരം ലഭിക്കാവുന്നതേയുള്ളൂ. അന്യസംസ്ഥാന ലോട്ടറി നടത്തിപ്പുകാരുടെ നിയമലംഘനത്തെക്കുറിച്ച് 2004 ജനുവരി 12നും 2004 ആഗസ്ത് 23നും അയച്ച കത്തുകളിലും വിശദമായി പ്രതിപാദിച്ചിരുന്നെന്നും ഈ കത്തില്‍ ഉമ്മന്‍ചാണ്ടി ശിവരാജ് പാട്ടീലിനെ ഓര്‍മിപ്പിച്ചതെന്തിനായിരുന്നു. തന്റെ ഭരണത്തില്‍ വിപണിയില്‍ വ്യാജലോട്ടറികള്‍ പ്രവഹിക്കുകയാണെന്നും നിയമലംഘനം നിര്‍ബാധം തുടരുകയാണെന്നും ഉമ്മന്‍ചാണ്ടി അന്ന് സമ്മതിച്ചു. ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും വിധിന്യായങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിസ്സഹായാവസ്ഥയിലാണെന്നും അദ്ദേഹം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ ധരിപ്പിച്ചു. നിയമം ലംഘിച്ച് നടത്തുന്ന ലോട്ടറികള്‍ നിരോധിക്കുന്നതിന് സംസ്ഥാനത്തിന് അധികാരം നല്‍കണമെന്ന് 2004 മുതല്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ട കാര്യം മറച്ചുപിടിച്ചാണ് മനോരമയുടെ പരമ്പരയ്ക്കായി ഉമ്മന്‍ചാണ്ടി പ്രതികരണമെഴുതിയത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ ലോട്ടറിമാഫിയക്ക് സൌകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നു എന്നാണ് ഉമ്മന്‍ചാണ്ടിയുടെ പരാതി. സാന്റിയാഗോ മാര്‍ട്ടിന്റെ മേഘ ഡിസ്ട്രിബ്യൂട്ടേഴ്സിനെ കേരളത്തില്‍ സിക്കിം ലോട്ടറിയുടെ പ്രൊമോട്ടറായി കുടിയിരുത്തിയത് ഉമ്മന്‍ചാണ്ടിയാണെന്ന കാര്യം ആരും ഓര്‍ക്കില്ലെന്ന ചിന്തയിലാണ് അദ്ദേഹവും മനോരമയും.

deshabhimani 28082010

Friday, August 27, 2010

ചിദംബരത്തിന്റെ ഇരട്ടമുഖം

ഹിന്ദു വര്‍ഗീയ ഭീകരവാദത്തെക്കുറിച്ച് ആഭ്യന്തരമന്ത്രി പി ചിദംബരം ഇതാദ്യമായി ശബ്ദമുയര്‍ത്തിയിരിക്കുന്നു. അത്രയും നല്ലത്. എന്നാല്‍, ഇക്കാലമത്രയും ഇക്കാര്യത്തെക്കുറിച്ച് മൌനം അവലംബിച്ചതിലെന്നപോലെ ഇപ്പോള്‍ ഇക്കാര്യം പരാമര്‍ശിച്ചതിലും വ്യക്തമായ രാഷ്ട്രീയതാല്‍പ്പര്യമാണുള്ളത് എന്ന കാര്യം ചിദംബരത്തിന് ഒളിച്ചുവയ്ക്കാനാവുന്നതല്ല. ഹിന്ദുത്വത്തിന്റെ പേരിലുള്ള വര്‍ഗീയ ഭീകരപ്രവര്‍ത്തനങ്ങള്‍ അതിന്റെ സമസ്ത ഭീകരതകളോടെയും പ്രത്യക്ഷപ്പെട്ട എത്രയോ സന്ദര്‍ഭങ്ങള്‍ സമീപകാലത്തുണ്ടായി. അതേക്കുറിച്ച് ഏതെങ്കിലും കോണ്‍ഗ്രസ് നേതാവോ യുപിഎ ഗവണ്മെന്റിന്റെ വക്താവോ ഒരക്ഷരം വിമര്‍ശപരമായി ഉരിയാടിയിട്ടില്ല. മൃദുഹിന്ദുത്വത്തിന്റെ പാതയിലൂടെ സഞ്ചരിച്ച് ഹിന്ദുവോട്ട് സമാഹരിക്കാനുള്ള തന്ത്രമായിരുന്നു ആ മൌനം.

എന്നാലിന്ന്, പൊടുന്നനെ ബോധമുണ്ടായതുപോലെ ചിദംബരം ആ മൌനം ഭഞ്ജിച്ചിരിക്കുന്നു. ഇതിനുള്ള കാരണവും വോട്ടുസമാഹരണ താല്‍പ്പര്യംതന്നെ. പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പ് വരാന്‍പോകുന്നു. ഇസ്ളാമിക വിശ്വാസികളുടെ വോട്ടുകള്‍ പ്രധാനമാണിവിടെ. അതുകൊണ്ട് പുതിയ സാഹചര്യത്തില്‍ മാറിയ തന്ത്രം, ഇതില്‍ കവിഞ്ഞ പ്രാധാന്യം ചിദംബരത്തിന്റെ വാക്കുകള്‍ക്കില്ല.

ഗുജറാത്തില്‍ നിഷ്ഠൂരമായ വംശഹത്യകളുടെ പരമ്പരകളുണ്ടായ വേളയിലോ മഹരാഷ്ട്രയിലെ മലേഗാവിലും ഗോവയിലും ഒക്കെ ഭീകരാക്രമണങ്ങളുണ്ടായപ്പോഴോ അഭിനവ് ഭാരത് പ്രസ്ഥാനത്തിന്റെ നേതാവായ പ്രജ്ഞാസിങ് ഠാക്കൂര്‍ മുതല്‍ സൈനിക ഓഫീസര്‍മാരായിരുന്നവര്‍വരെ ഭികരപ്രവര്‍ത്തനത്തില്‍ പങ്കാളികളായതിന്റെ തെളിവുകള്‍ വന്നപ്പോഴോ കര്‍ണാടകത്തിലും ഒറീസയിലുമെല്ലാം കന്യാസ്ത്രീകളും മറ്റ് ക്രൈസ്തവ പുരോഹിതന്മാരും ആക്രമിക്കപ്പെട്ടപ്പോഴോ ഒന്നും ഹിന്ദുത്വ ഭീകരപ്രവര്‍ത്തനത്തെക്കുറിച്ച് ജാഗ്രതപ്പെടുത്താന്‍ ചിദംബരത്തിനു തോന്നിയില്ല.

മുംബൈ ഭീകരാക്രമണത്തിനുശേഷം ഭീകരപ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കാനായി രൂപീകൃതമായ ദേശീയ അന്വേഷണ ഏജന്‍സിയുടെ പരിഗണനയിലേക്ക് ഇത്തരം ഡസന്‍കണക്കിനു കേസുകള്‍ വിടാന്‍ ചിദംബരത്തിന് ഒരിക്കലും തോന്നിയില്ല. സന്യാസിനിമുതല്‍ സൈനികോദ്യോഗസ്ഥര്‍ വരെയുള്ളവരുടെ പങ്കാളിത്തമുള്ള ഭീകരപ്രര്‍ത്തനങ്ങള്‍പോലും ഗൌരവമായെടുക്കേണ്ടതുണ്ടെന്ന് അദ്ദേഹത്തിനു തോന്നിയില്ല. സൈന്യത്തിന്റെ സാങ്കേതികരഹസ്യങ്ങള്‍ മുതല്‍ ആയുധശേഖരംവരെ അഭിനവ് ഭാരത് പോലുള്ള ഹൈന്ദവ വര്‍ഗീയ ഭീകരസംഘങ്ങളുടെ പക്കലെത്തിയിട്ടും പി ചിദംബരത്തിന് ഉല്‍ക്കണ്ഠയുണ്ടായില്ല. ഇന്ത്യയില്‍ ഏറ്റവുമധികം വിദേശപണം പറ്റുന്നത് സംഘപരിവാര്‍ സംഘടനകളാണെന്നത് പാര്‍ലമെന്റിലെ ചോദ്യോത്തരത്തില്‍ കൂടിത്തന്നെ വെളിപ്പെട്ടിട്ടുണ്ട്. ഈ ഫണ്ടുകളുടെ സ്രോതസ്സ് ഏതെന്നോ, ആത്യന്തികമായി അതിന്റെ ലക്ഷ്യസ്ഥാനമേതെന്നോ പരിശോധിക്കാന്‍ ഈ ആഭ്യന്തരമന്ത്രിക്ക് തോന്നിയില്ല.

മുംബൈ വര്‍ഗീയകലാപത്തെക്കുറിച്ച് ജസ്റിസ് ശ്രീകൃഷ്ണ കമീഷന്‍ അന്വേഷിച്ച് നല്‍കിയ റിപ്പോര്‍ട്ട് കലാപകാരികളുടെ പേരുവരെ അക്കമിട്ട് പറഞ്ഞിരുന്നു. ശിവസേനാ നേതാവ് ബാല്‍ താക്കറേയ്ക്ക് കലാപത്തില്‍ നേരിട്ട് പങ്കുണ്ടെന്നും താക്കറെ ഗൂഢാലോചന നടത്തി കലാപത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കുകയായിരുന്നുവെന്നും ആ റിപ്പോര്‍ട്ട് കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ട് വന്നശേഷം വിലാസ്റാവു ദേശ്മുഖ്, സുശീല്‍കുമാര്‍ ഷിന്‍ഡെ, അശോക് ചവാന്‍ എന്നീ കോണ്‍ഗ്രസ് നേതാക്കളൊക്കെ മഹാരാഷ്ട്ര ഭരിച്ചു. തന്റെ പാര്‍ടിക്കാരായ ഇവരിലാരോടെങ്കിലും കുറ്റവാളികളായ ശിവസേന-സംഘപരിവാര്‍ നേതാക്കളെ കോടതിക്കുമുന്നില്‍ ഹാജരാക്കാന്‍ ഈ ആഭ്യന്തരമന്ത്രി പറഞ്ഞിട്ടില്ല.

ബാബറി മസ്ജിദ് തകര്‍ത്തത് 1992ലാണ്. മസ്ജിദ് തകര്‍ത്തവരെയും അതിനു നേതൃത്വം കൊടുത്തവരെയും അന്ന് ആഹ്ളാദപ്രകടനം നടത്തിയവരെയുമെല്ലാം ടെലിവിഷനിലൂടെ ലോകം നേരിട്ടുകണ്ടതാണ്. ഇതില്‍ ആര്‍ക്കെങ്കിലുമൊക്കെയെങ്കിലും ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള മുന്‍കൈ കോണ്‍ഗ്രസ് ഗവണ്മെന്റില്‍നിന്ന് ഇനിയും ഉണ്ടായില്ല.

അയോധ്യക്കാര്യത്തില്‍ ലിബര്‍ഹാന്‍ കമീഷന്‍ എ ബി വാജ്പേയിക്കും എല്‍ കെ അദ്വാനിക്കുമുള്ള പങ്ക് വിശദീകരിച്ചു. പക്ഷേ, നടപടി അവരിലേക്ക് നീക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. മലേഗാവ് ബോംബ് കേസിലടക്കം പിടിയിലായ പ്രതികള്‍ തങ്ങള്‍ക്ക് സംഘപരിവാര്‍ നേതാവ് മോഹന്‍ഭഗത് അടക്കമുള്ളവരുമായുള്ള ബന്ധം അന്വേഷണ ഏജന്‍സികള്‍ക്കു മുന്നില്‍ വിശദീകരിച്ചതിന്റെ വിശദ റിപ്പോര്‍ട്ട് വന്നു. സിബിഐയുടെ റിപ്പോര്‍ട്ടിലും ഇത് പരാമര്‍ശിക്കപ്പെട്ടു. എന്നാല്‍, അന്വേഷണം സംഘപരിവാര്‍ നേതാക്കളിലേക്ക് നീക്കാന്‍ ചിദംബരത്തിന്റെ ആഭ്യന്തരവകുപ്പിന് താല്‍പ്പര്യമുണ്ടായിരുന്നില്ല.

ഏറ്റവുമൊടുവില്‍ സൊഹ്റാബുദീന്‍ കേസിന്റെ സ്ഥിതി എടുക്കുക. ആ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകക്കേസില്‍ ആഭ്യന്തരവകുപ്പ് സഹമന്ത്രിയായിരുന്ന അമിത് ഷായിലേക്കുവരെ അന്വേഷണം എത്തി. ഷാ സ്വതന്ത്ര ചുമതലയുള്ള ആഭ്യന്തരമന്ത്രിയായിരുന്നില്ല. നരേന്ദ്രമോഡിയുടെ കീഴിലുള്ള സഹമന്ത്രിയായിരുന്നു. അന്വേഷണം നരേന്ദ്രമോഡിയിലേക്കെത്തുമെന്നു വന്ന ഘട്ടത്തില്‍ കേന്ദ്ര ഇടപെടലുണ്ടായി. മോഡിക്കെതിരെ തെളിവില്ലെന്നായി സിബിഐ. ആണവബാധ്യതാ ബില്‍ നിയമമാക്കാന്‍ ബിജെപിയുടെ സഹായം കോണ്‍ഗ്രസ് ഉറപ്പാക്കിയത് മോഡിയെ രക്ഷപ്പെടുത്തിക്കൊണ്ടാണ്.

വര്‍ഗീയകലാപങ്ങള്‍ക്കു നേതൃത്വം നല്‍കിയതിന് അന്വേഷണ കമീഷനുകളാല്‍ കുറ്റപ്പെടുത്തപ്പെട്ട സംഘപരിവാര്‍ നേതാക്കളെ പാര്‍ടി മാറ്റിയെടുത്ത് അധികാരമേല്‍പ്പിച്ചുകൊടുക്കുകപോലും ചെയ്ത പാര്‍ടിയാണ് പി ചിദംബരത്തിന്റേത് എന്നതും ഓര്‍മിക്കണം. കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കറകളഞ്ഞ ആര്‍എസ്എസുകാരനായിരുന്നു ദിഗംബര്‍ കമ്മത്ത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് അയാളെ കോണ്‍ഗ്രസില്‍ ചേര്‍ത്തു; മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്തി. കലാപങ്ങളില്‍ സജീവപങ്കാളിത്തമുള്ളയാള്‍ എന്നു കമീഷനുകള്‍ കണ്ടെത്തിയതാണ് മഹാരാഷ്ട്രയിലെ മുന്‍ ശിവസേനാ മുഖ്യമന്ത്രി നാരായ റാണെയെ. അയാളെ കോണ്‍ഗ്രസ് നേതാവാക്കി മാറ്റി.

ഗുജറാത്തിലെ മുന്‍ ബിജെപി മുഖ്യമന്ത്രിയായിരുന്നു ശങ്കര്‍സിങ് വഗേല. അയാളെ പാര്‍ടി മാറ്റിയെടുത്ത് ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ 'ഹിന്ദുത്വമുഖം' ആയി അവതരിപ്പിച്ചു.

അരുണാചലിലെ ബിജെപി മുഖ്യമന്ത്രിയായിരുന്നു ഗൊഗോങ് അപാങ്. അയാളെ കോണ്‍ഗ്രസാക്കിയെടുത്ത് അധികാരത്തിലേറ്റി. അയാളാകട്ടെ, പിന്നീട് ആയിരംകോടിയുടെ അഴിമതിക്ക് പിടിക്കപ്പെട്ട് ജയിലഴികള്‍ക്കുള്ളിലുമായി.

ഇങ്ങനെ നോക്കിയാല്‍, ഹിന്ദു വര്‍ഗീയ ഭീകരപ്രവര്‍ത്തനങ്ങളെ ഗൌരവപൂര്‍വം നേരിടാന്‍ മടിച്ച ചരിത്രമാണ് പി ചിദംബരത്തിനും അദ്ദേഹത്തിന്റെ പാര്‍ടിക്കുമുള്ളത്. മൃദുഹിന്ദുത്വംകൊണ്ട് സംഘപരിവാറിനോട് മത്സരിക്കുമ്പോള്‍ ഹിന്ദുവോട്ടുകള്‍ നഷ്ടമാകാതെ നോക്കാനുള്ള തന്ത്രമായിരുന്നു അത്. അതിന്റെ ദൃഷ്ടാന്തങ്ങളാണ് മുകളില്‍ പറഞ്ഞതൊക്കെ. ഹിന്ദു വര്‍ഗീയതയോട് ഈ വിധത്തില്‍ വിട്ടുവീഴ്ച ചെയ്തുപോന്ന കോണ്‍ഗ്രസ്, അഥവാ അതിന്റെ ആഭ്യന്തരമന്ത്രി ഇന്ന് സ്വരം മാറ്റുന്നുവെങ്കില്‍ അത് രാഷ്ട്രീയ സ്വാര്‍ഥതാല്‍പ്പര്യം മുന്‍നിര്‍ത്തിയാവാനേ വഴിയുള്ളൂ. ഇപ്പോഴത്തെ സ്വരംമാറ്റം, പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പില്‍ മുസ്ളിം വോട്ട് തങ്ങള്‍ക്കനുകൂലമാക്കാന്‍ പറ്റുമോ എന്നു നോക്കാനുള്ളതാണ്.

മറിച്ച്, പ്രസംഗം ആത്മാര്‍ഥതയുള്ളതായിരുന്നെങ്കില്‍, വാചകമടിയല്ല, കൃത്യമായ നടപടികളാവുമായിരുന്നു ചിദംബരത്തില്‍നിന്നുണ്ടാവുക; മേല്‍പ്പറഞ്ഞ ഓരോ കാര്യത്തിലും.

ദേശാഭിമാനി മുഖപ്രസംഗം 27082010

'വറുതിയുടെ കാലം പോയില്ലേ'

'ഓണത്തിന് കൈനീട്ടം വാങ്ങാന്‍ കശുവണ്ടി മുതലാളിയുടെ ഗേറ്റിനുമുന്നില്‍ കാത്തുനിന്ന കാലമുണ്ടായിരുന്നു. ജോലിയും കൂലിയുമില്ലാതെ തിരുവോണ നാളിലും പട്ടിണി കിടന്നു. പകലന്തിയോളം ജോലി ചെയ്താല്‍പോര, കൂലി കിട്ടണമെങ്കില്‍ സമരവുംചെയ്യണം. അക്കാലമൊക്കെ പോയില്ലേ'-

കശുവണ്ടി വികസന കോര്‍പറേഷന്റെ കിളികൊല്ലൂര്‍ രണ്ടാം നമ്പര്‍ ഫാക്ടറിയിലെ ഗ്രേഡിംഗ് തൊഴിലാളിയായ ഗീത (38)യ്ക്ക് പുതുജീവന്‍ കൈവന്ന ആഹ്ളാദം. ഇത്തവണ ബോണസ് 4543 രൂപയാണ് കിട്ടിയത്. കഴിഞ്ഞ തവണത്തെക്കാള്‍ 750 രൂപ അധികം. അതും ചിങ്ങം പിറന്ന് രണ്ടാം നാളില്‍ തന്നെ ലഭിച്ചു. ഫാക്ടറി മുറ്റത്ത് അത്തപ്പൂക്കളമൊരുക്കിയാണ് ഗീതയുള്‍പ്പെടെയുള്ള തൊഴിലാളികള്‍ അഹ്ളാദം പങ്കുവച്ചത്.

രണ്ടര ലക്ഷം തൊഴിലാളികള്‍ തൊഴിലെടുക്കുന്ന കൊല്ലം ജില്ലയിലെ കശുവണ്ടി മേഖല ഇപ്പോള്‍ ഉണര്‍വിലാണ്. കശുവണ്ടി വികസന കോര്‍പറേഷന്റെയും കാപ്പക്സിന്റെയും ഫാക്ടറികളില്‍ കഴിഞ്ഞ വര്‍ഷം അവധി ദിനങ്ങളൊഴികെ എല്ലാ ദിവസവും തൊഴിലുണ്ടായി. ഡിസംബര്‍വരെയുള്ള സംസ്ക്കരണത്തിന് തോട്ടണ്ടി സംഭരിച്ചുകഴിഞ്ഞു. സര്‍ക്കാരില്‍ നിന്നുള്ള പ്രവര്‍ത്തന മൂലധനം ഉപയോഗിച്ച് തോട്ടണ്ടി വാങ്ങിയാണ് തുടര്‍ച്ചയായി തൊഴില്‍ദിനങ്ങള്‍ നല്‍കിയത്. തൊഴിലാളിക്ക് ആനുകൂല്യങ്ങള്‍ കുടിശ്ശിക തീര്‍ത്ത് നല്‍കി. പിരിഞ്ഞുപോയവര്‍ക്ക് 98 മുതല്‍ 2006 വരെയുള്ള കാലത്തെ ഗ്രാറ്റുവിറ്റി ഒന്നായി വിതരണംചെയ്തു. പെന്‍ഷന്‍ മുന്നൂറാക്കി. ഒരു തൊഴിലാളിക്ക് പ്രസവാനുകുല്യം കുറഞ്ഞത് 12000 രൂപ ലഭിക്കും. പ്രസവാവധിയാണെങ്കില്‍ 84 ദിവസം ഹാജര്‍ ഇല്ലെങ്കിലും ബോണസ് ലഭിക്കും. പെന്‍ഷന്‍, ചികിത്സാ സഹായം, മരണാനന്തര സഹായം, മക്കള്‍ക്ക് വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ്, വിവാഹ ധനസഹായം എന്നിവയ്ക്കായി ക്ഷേമബോര്‍ഡ് വഴി 49.13 കോടിയാണ് സര്‍ക്കാര്‍ വിതരണംചെയ്തത്.

തികച്ചും വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഫാക്ടറികളുടെ മുഖഛായ തന്നെ മാറി. ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി പുതിയ കെട്ടിടങ്ങളും ഇലക്ട്രിക് ബോര്‍മകളും സ്ഥാപിച്ചു. ഫാക്ടറികളില്‍ കുഞ്ഞുങ്ങളെ സൂക്ഷിക്കാന്‍ തൊട്ടില്‍പുരയും പ്രാഥമികാവശ്യത്തിനുള്ള സൌകര്യവും ഒരുക്കി. അനാരോഗ്യകരമായ സാഹചര്യത്തില്‍നിന്ന് വ്യത്യസ്തമായി സ്ത്രീകളിപ്പോള്‍ തൊപ്പിയും മാസ്ക്കും കൈയുറയും ധരിച്ചാണ് തൊഴിലെടുക്കുന്നത്.

പരമ്പരാഗത വ്യവസായങ്ങളായ കയറിന്റെയും കൈത്തറിയുടെയും സ്ഥിതിയും വ്യത്യസ്തമല്ല. കയര്‍ മേഖലയുടെ പുനരുദ്ധാരണം ലക്ഷ്യമാക്കി തൊണ്ട് സംഭരണം ഉള്‍പ്പെടെ 3.62 കോടിയുടെ വികസന പദ്ധതികളാണ് ജില്ലയില്‍ പുരോഗമിക്കുന്നത്. അടഞ്ഞുകിടന്ന കയര്‍ സംഘങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സര്‍ക്കാര്‍ 2.20 കോടിയാണ് അനുവദിച്ചത്. നൂറ് കയര്‍ സംഘങ്ങള്‍ക്ക് ഉല്‍പ്പാദന വികസനത്തിനായി 62.38 ലക്ഷം നല്‍കി. 15 സംഘങ്ങള്‍ക്ക് അടിസ്ഥാന സൌകര്യ വികസനത്തിന് 19.25 ലക്ഷം അനുവദിച്ചു. പ്രായം കൂടിയ തൊഴിലാളികള്‍ക്ക് ത്രിഫ്റ്റ് ഇനത്തില്‍ 20.22 ലക്ഷം വിതരണംചെയ്തു. ത്രിഫ്റ്റ് ഷെയറായി 14.56 ലക്ഷവും സഹായം നല്‍കി. കൊല്ലം, പരവൂര്‍, കുണ്ടറ മേഖലയില്‍ തൊണ്ട് സംഭരണത്തിന് കസോര്‍ഷ്യം രൂപീകരിച്ച് 15 ലക്ഷം അനുവദിച്ചു. മങ്ങാട് കയര്‍ ക്ളസ്റ്റര്‍ രൂപീകരിച്ച് എട്ട് സംഘങ്ങള്‍ക്ക് ആട്ടോമാറ്റിക് കയര്‍പിരി യന്ത്രം നല്‍കി. യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കിവരുന്നു.

കൈത്തറി മേഖലയുടെ പുനരുദ്ധാരണത്തിന് വ്യവസായ വകുപ്പ് 1.14 കോടിയുടെ പദ്ധതിയാണ് നടപ്പാക്കിയത്. പ്രൈമറി സംഘങ്ങളുടെ റിബേറ്റ് കുടിശ്ശിക പൂര്‍ണമായി വിതരണംചെയ്തു. കേസില്‍പ്പെട്ട് പ്രവര്‍ത്തനം നിലച്ച 15 ഫാക്ടറികളിലെ അഞ്ഞുറിലേറെ തൊഴിലാളികളുടെ ഇഎസ്ഐ, പിഎഫ് കുടിശ്ശിക സര്‍ക്കാര്‍ ഒടുക്കി. ഫാക്ടറികള്‍ക്ക് പ്രവര്‍ത്തന മൂലധനമായി 28.41 ലക്ഷം നല്‍കി. ആറ് പ്രാഥമിക സംഘങ്ങള്‍ക്ക് 12.60 ലക്ഷം ഓഹരി പങ്കാളിത്ത സഹായം അനുവദിച്ചു. ഇതുവഴി 700 തൊഴിലാളികള്‍ക്ക് ജോലിസ്ഥിരത ഉറപ്പായി. കൈത്തറി സംഘങ്ങള്‍ക്ക് ഫ്രീലും സംസ്ക്കരണ യൂണിറ്റും സ്ഥാപിക്കാനും കെട്ടിട അറ്റകുറ്റപ്പണിക്കും സഹായം നല്‍കി. കൈത്തറി തൊഴിലാളികളുടെയും കുടുംബാംഗങ്ങളുടെയും ചികിത്സയ്ക്കും തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസത്തിനുമുള്ള ഇന്‍ഷ്വറന്‍സ് അംശാദായം സര്‍ക്കാര്‍ ഒടുക്കിവരുന്നു. പുതിയ കൈത്തറി ഉല്‍പ്പന്ന നിര്‍മാണത്തിന് ഒരു ലക്ഷമാണ് പ്രോത്സാഹന സഹായം. അംശാദായ മിതത്വ ഫണ്ടിലേക്കുള്ള തൊഴിലാളി വിഹിതം സര്‍ക്കാര്‍ നല്‍കി. മൂന്ന് വര്‍ഷത്തിനിടെ സംഘങ്ങളെ പങ്കുെടുപ്പിച്ച് നടത്തിയ ഓണം-വിഷു മേളകളില്‍ 73 ലക്ഷത്തിന്റെ വില്‍പ്പന നടന്നു. മേളയില്‍ പങ്കെടുത്ത സംഘങ്ങള്‍ക്ക് ഗ്രാന്‍ഡായി 5000 രൂപ വീതംനല്‍കി.

കങ്ങഴയില്‍ ഇനി പുറമ്പോക്കുനിവാസികളില്ല

കയറിക്കിടക്കാന്‍ ഒരു കൂര. 24 വര്‍ഷമായി റോഡ് പുറമ്പോക്കില്‍ കഴിഞ്ഞിരുന്ന കങ്ങഴ തങ്കപ്പനും കുടുംബത്തിനും സ്വപ്നമായിരുന്നു. ഇന്ന് സ്വന്തമായി ഭൂമിയും വീടും ലഭിച്ചതോടെ പഞ്ചായത്തിനോടും എല്‍ഡിഎഫ് സര്‍ക്കാരിനോടുമുള്ള ഈ കുടുംബത്തിന്റെ നന്ദി വാക്കുകളില്‍ ഒതുങ്ങുന്നില്ല. കറുകച്ചാല്‍-മണിമല റോഡിന്റെ പുറമ്പോക്കില്‍ എലയ്ക്കാട്ട് ഭാഗത്തായിരുന്നു ഈ കുടുംബം. വര്‍ഷങ്ങള്‍ക്കുമുമ്പ് ചിറ്റാറില്‍നിന്നും തൊഴില്‍ തേടിയെത്തിയതാണ് തങ്കപ്പന്‍. സ്വന്തമായി വീടില്ലാത്തതിനാല്‍ റോഡ് പുറമ്പോക്കില്‍ കുടില്‍കെട്ടി താമസിച്ചു. ഭാര്യയും രണ്ടാണ്‍മക്കളുമടങ്ങുന്നതാണ് തങ്കപ്പന്റെ കുടുംബം. ആണ്‍മക്കള്‍ രണ്ടുപേരും ജോലിക്കിറങ്ങിയിട്ടും സ്വന്തമായി മണ്ണും വീടും സാധ്യമായില്ല. കങ്ങഴ പഞ്ചായത്ത് പുറമ്പോക്ക് നിവാസികളെ പുനരധിവസിപ്പിക്കാന്‍ നടപ്പാക്കിയ പദ്ധതിയാണ് ഇവരെ തുണച്ചത്.

പുറമ്പോക്കിലുള്ള 19 കുടുംബങ്ങളെയും പുനരധിവസിപ്പിക്കാന്‍ പഞ്ചായത്ത് തീരുമാനിച്ചു. 1997ല്‍ മുണ്ടത്താനം ചെളികുഴിയില്‍ 1.7 ഏക്കര്‍ സ്ഥലം കണ്ടെത്തി. ഒരു കുടുംബത്തിന് മൂന്നുസെന്റ്വീതം നല്‍കി. ഇതിനുപുറമെയാണ് ഓരോ കുടുംബത്തിനും വീട്വയ്ക്കാന്‍ ഇ എം എസ് ഭവനപദ്ധതിയില്‍ 75,000 രൂപ നല്‍കിയത്. തകിടിയില്‍ ജോസണ്‍, പുളിച്ചുമാക്കല്‍ അന്നമ്മ, പുളിഞ്ചുവള്ളിപ്പടി ഔസേപ്പ് ജോണ്‍ അടക്കമുള്ള 19 കുടുംബങ്ങള്‍ക്കും ഇപ്പോള്‍ തലചായ്ക്കാനിടമായി. കക്കൂസ് നിര്‍മിക്കാന്‍ 2,000 രൂപ കൂടി പഞ്ചായത്ത് അധികം നല്‍കി.

സ്വന്തമായി വീടും സ്ഥലവും ഉണ്ടാകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്ന് അറുപത്തെട്ടുകാരനായ ഔസേഫ് ജോണ്‍ നിറകണ്ണുകളോടെ പറഞ്ഞു. പഞ്ചായത്തിനെ കുടില്‍രഹിത പഞ്ചായത്താക്കുകയായിരുന്നു എല്‍ഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ഐഎവൈ പദ്ധതി, എം എന്‍ കോളനി നവീകരണം, ഇ എം എസ് ഭവനപദ്ധതി, പുറമ്പോക്ക് പുനരധിവാസ പദ്ധതി എന്നിവയിലൂടെ നാലുവര്‍ഷംകൊണ്ട് 301 വീടുകള്‍ നല്‍കി. 2010-11 സാമ്പത്തികവര്‍ഷം 98,25,000 രൂപ ചെലവഴിച്ച് ഇ എം എസ് ഭവന പദ്ധതിയില്‍ 131 കുടുംബങ്ങള്‍ക്ക് വീട് നല്‍കുന്നതോടെ പഞ്ചായത്ത് കുടില്‍രഹിത പഞ്ചായത്താകുമെന്ന് പ്രസിഡന്റ് എം പി നാരായണന്‍നായര്‍ പറഞ്ഞു.

കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ മണ്ണുപുരയിടം, മുക്കുമരം, മലോട്ടുപാറ കുടിവെള്ള പദ്ധതികള്‍ പൂര്‍ത്തീകരിച്ചു. അമ്പതില്‍പ്പരം കുടുംബങ്ങള്‍ക്ക് ശുദ്ധജലം എത്തിയ്ക്കുന്ന കൂവപ്പുഴ ജലസേചന പദ്ധതി പൂര്‍ത്തീകരണത്തിലാണ്. നാല് അങ്കണവാടികള്‍ക്ക് കെട്ടിടം പണിയാന്‍ മൂന്നുലക്ഷം രൂപവീതം നല്‍കി. ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ 10 ലക്ഷം രൂപയുടെ വിവിധ പദ്ധതികള്‍ നടപ്പാക്കി. ആയുര്‍വേദാശുപത്രിയ്ക്ക് മരുന്നുവാങ്ങാന്‍ പ്രതിവര്‍ഷം 80,000 രൂപ ചെലവഴിച്ചു. കരനെല്‍കൃഷിയടക്കമുള്ള വിവിധ പദ്ധതികള്‍ക്ക് 40 ലക്ഷം, കന്നുകാലികള്‍ക്ക് പോഷകാഹാര വിതരണം, തൊഴുത്തുനിര്‍മാണം എന്നിവയ്ക്കായി 10 ലക്ഷം, പത്തനാട് ഗവ. എല്‍പി സ്കൂളില്‍ വിവിധ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് 12 ലക്ഷം, ഗ്രാമീണ റോഡുകളുടെ വികസനത്തിന് 25 ലക്ഷം തുടങ്ങി വികസനത്തിന്റെ പുതുചരിത്രം രചിച്ചു മുന്നേറുകയാണ് കങ്ങഴ പഞ്ചായത്ത്.

ദേശാഭിമാനി 27082010

വെട്ടിപ്പ് പിടിച്ചത് മനോരമയ്ക്ക് 'നികുതിയിളവ്'

സിക്കിം ലോട്ടറിയുടെ നികുതിവെട്ടിപ്പ് കണ്ടെത്തി നടപടിയെടുത്തത് സാന്തിയാഗോ മാര്‍ട്ടിന് നല്‍കിയ നികുതിയിളവായി ചിത്രീകരിച്ച് മനോരമയുടെ പുതിയ അഭ്യാസം. ആറുകോടി രൂപയുടെ ടിക്കറ്റും ഇത് കടത്തിക്കൊണ്ടുവന്ന തമിഴ്നാട് രജിസ്ട്രേഷനുള്ള ലോറിയും വാളയാര്‍ പൊലീസ് സ്റേഷനിലാണുള്ളത്. മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സ് കടത്തിക്കൊണ്ടുവന്നത് ബമ്പര്‍ ടിക്കറ്റാണെന്നും 17 ലക്ഷത്തിനുപകരം ഏഴ് ലക്ഷം രൂപ മാത്രമാണ് നികുതി അടച്ചതെന്നും നികുതിവകുപ്പ് കണ്ടെത്തി. നികുതിവെട്ടിപ്പിന് കേസെടുക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നത് മറച്ചുവച്ചാണ് സാന്തിയാഗോ മാര്‍ട്ടിന് ഇളവ് നല്‍കിയെന്ന മനോരമയുടെ മുറവിളി.

സാധാരണ നറുക്കെടുപ്പിനുള്ള നികുതി മാത്രം അടച്ച് നടത്തിയ മറ്റു രണ്ട് ബമ്പര്‍ നറുക്കെടുപ്പുകള്‍ക്കെതിരെയും നടപടി ആരംഭിച്ചിട്ടുണ്ട്. ഈ നറുക്കെടുപ്പിനും ഇളവ് നല്‍കിയെന്ന് മനോരമ ആരോപിക്കുന്നു. നികുതി അടയ്ക്കാതെ കബളിപ്പിക്കാന്‍ ശ്രമിച്ചത് കണ്ടെത്തിയതും നടപടി സ്വീകരിക്കുന്നതും നികുതിവകുപ്പാണ്. സര്‍ക്കാര്‍ ഒരുത്തരവിലൂടെ നികുതി കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നതാണ് നികുതിയിളവ്. ഇവിടെ നികുതിവെട്ടിപ്പ് സര്‍ക്കാര്‍ കണ്ടെത്തുകയാണ് ചെയ്തത്. പിഴയടക്കം അത് വസൂലാക്കുന്നതിനുളള നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്യുന്നു. ഇതിനെ നികുതിയിളവായി വ്യാഖ്യാനിച്ച് പുകമറ സൃഷ്ടിക്കുന്ന മനോരമ ടിക്കറ്റും ലോറിയും വാളയാര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയെന്ന് സമ്മതിച്ചിട്ടുണ്ട്.
അന്യസംസ്ഥാനലോട്ടറികള്‍ക്ക് ഉയര്‍ന്ന നികുതി ചുമത്തിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. അത് മനോരമ അറിഞ്ഞില്ല. യുഡിഎഫ് ഭരണത്തില്‍ സാധാരണ നറുക്കെടുപ്പിന് രണ്ടര ലക്ഷം രൂപയും ബമ്പര്‍ നറുക്കെടുപ്പിന് പത്തുലക്ഷം രൂപയുമായിരുന്നു നികുതി. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ സാധാരണ നറുക്കെടുപ്പിന്റെ നികുതി രണ്ടരയില്‍ നിന്ന് അഞ്ചു ലക്ഷമായും ബമ്പറിന് പത്തില്‍ല്‍ നിന്ന് പതിനഞ്ചു ലക്ഷമായും ഉയര്‍ത്തി. വീണ്ടും ഇത് യഥാക്രമം ഏഴ് ലക്ഷവും പതിനേഴ് ലക്ഷവുമായി വര്‍ധിപ്പിച്ചു. ലോട്ടറി നികുതിയിനത്തില്‍ 2005-06ല്‍ 47 കോടി രൂപയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പിരിച്ചത്. 2009-10ല്‍ 106 കോടി രൂപ നികുതി ഈടാക്കി. യുഡിഎഫ് ഭരണത്തേക്കാള്‍ 124 ശതമാനം വര്‍ധന. സാന്തിയാഗോ മാര്‍ട്ടിനും സംഘത്തിനും നികുതിയിളവ് നല്‍കിയതാരെന്ന് ഇനിയും മനോരമയ്ക്ക് അന്വേഷിച്ചുകണ്ടെത്താം.
നികുതിവെട്ടിപ്പിന്റെപേരില്‍ല്‍വാളയാറില്‍ ടിക്കറ്റ് പിടിച്ചെങ്കിലും കേസെടുത്തില്ലല്ല എന്ന് മനോരമ വിലപിക്കുന്നു. നികുതിവെട്ടിച്ചതിന് മേഘ ഡിസ്ട്രിബ്യൂട്ടേഴ്സിന് നോട്ടീസ് നല്‍കി തുടര്‍നടപടി സ്വീകരിക്കുമെന്ന വാണിജ്യനികുതി വകുപ്പ് കമീഷണറുടെ പ്രസ്താവനയും ഈ വാര്‍ത്തയില്‍ തന്നെയുണ്ട്. പഴുതുകളടച്ച് നടപടി സ്വീകരിക്കുമെന്നുതന്നെയാണ് അദ്ദേഹം വ്യക്തമാക്കിയത്. എന്നിട്ടും മേഘയ്ക്കെതിരെ കേസെടുത്തില്ല, സാന്റിയാഗോ മാര്‍ട്ടിന് നികുതിയിളവ് തുടങ്ങി പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിക്കുകയാണ് മനോരമ.

deshabhimani 27082010

കോര്‍പറേറ്റുകള്‍ക്ക് വന്‍ സൌജന്യം

കോര്‍പറേറ്റുകള്‍ക്ക് വന്‍ സൌജന്യം അനുവദിക്കുന്ന പ്രത്യക്ഷ നികുതിചട്ടത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ആദായനികുതി പരിധി രണ്ട് ലക്ഷമാക്കി ഉയര്‍ത്താനും തീരുമാനിച്ചു. കോര്‍പറേറ്റ് നികുതിയിന്‍മേലുള്ള സെസുകളും സര്‍ചാര്‍ജുകളും ഒഴിവാക്കിയാണ് കോര്‍പ്പറേറ്റുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വന്‍ ആനുകൂല്യം പ്രഖ്യാപിച്ചത്. നിലവിലുള്ള 30 ശതമാനം കോര്‍പറേറ്റ് നികുതി മാത്രമാണ് ഇനി ഈടാക്കുക. ബുക്ക്പ്രോഫിറ്റിനുള്ള കുറഞ്ഞ ബദല്‍നികുതി 18 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി ഉയര്‍ത്തും. ആസ്തി കണക്കിലെടുത്ത് നികുതി ഏര്‍പ്പെടുത്തുന്നതിന് പകരമാണ് അവരുടെ ലാഭത്തില്‍ മാത്രം നികുതി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. കോര്‍പ്പറേറ്റുകളെ സഹായിക്കാനുള്ള കേന്ദ്രനീക്കമാണ് ഇതിലൂടെ മറനീക്കിയത്. പുതിയ പ്രത്യക്ഷനികുതി ചട്ടം ബില്ലായി തിങ്കളാഴ്ച ലോക്സഭയില്‍ അവതരിപ്പിക്കും. സൂക്ഷ്മ പരിശോധനയ്ക്കായി പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടും. അടുത്ത ഏപ്രില്‍ ഒന്നുമുതലായിരിക്കും ചട്ടം നിലവില്‍ വരിക. ആദായനികുതി പരിധി നിലവിലുള്ള 1.6 ലക്ഷത്തില്‍നിന്ന് രണ്ട് ലക്ഷമായാണ് ഉയര്‍ത്തുന്നത്. രണ്ട് ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ വരുമാനമുള്ളവര്‍ 10 ശതമാനം ആദായനികുതി നല്‍കണം. അഞ്ച് ലക്ഷം മുതല്‍ 10 ലക്ഷം വരുമാനമുള്ളവര്‍ 20 ശതമാനവും അതിന് മുകളിലുള്ളവര്‍ 30 ശതമാനവും ആദായനികുതി നല്‍കേണ്ടിവരും. പെന്‍ഷന്‍കാരുടെ ആദായനികുതി പരിധി രണ്ടര ലക്ഷമായിരിക്കും. ഒന്നരലക്ഷം രൂപവരെയുള്ള ഭവനവായ്പയും ആദായനികുതി ഇളവുകള്‍ക്ക് പരിഗണിക്കും. മുതിര്‍ന്ന പൌരന്മാര്‍ക്കും വനിതകള്‍ക്കും കൂടുതല്‍ ആദായനികുതി ഇളവ് നല്‍കുമെന്ന സൂചനയും ഉണ്ട്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന് ശേഷം ധനമന്ത്രി പ്രണബ് മുഖര്‍ജി തന്നെ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചതാണ് ഇക്കാര്യം.

പുതിയ നികുതി ചട്ടത്തിലൂടെ നികുതി ഇളവുകള്‍ പരമാവധി ഒഴിവാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ആദായനികുതിക്ക് മൂന്ന് സ്ളാബുകള്‍ തുടരും. എന്നാല്‍, പുതിയ നികുതിചട്ടം നിലവില്‍ വരുന്നതോടെ നികുതി നിരക്കില്‍ വര്‍ഷാവര്‍ഷം മാറ്റേണ്ടി വരില്ലെന്നും മന്ത്രി പറഞ്ഞു. പ്രത്യക്ഷ നികുതി സംവിധാനം ലളിതമാക്കുക, നികുതികൊടുക്കേണ്ടവരുടെ എണ്ണം കൂട്ടുക, ഇളവുകള്‍ കുറയ്ക്കുക എന്നിവയാണ് പ്രത്യക്ഷ നികുതി ചട്ടംകൊണ്ട് ലക്ഷ്യമാക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു. കഴിഞ്ഞ വര്‍ഷം ആഗസ്തിലാണ് പ്രത്യക്ഷ നികുതിചട്ടത്തിന്റെ കരട് ധനമന്ത്രാലയം പ്രസിദ്ധീകരിച്ചത്. ഇതിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നു. പൊതുജനങ്ങളും രാഷ്ട്രീയ പാര്‍ടികളും വ്യവസായികളും ഇതിലെ ചില വ്യവസ്ഥകള്‍ക്കെതിരെ രംഗത്ത് വന്നു. പ്രോവിഡന്റ് ഫണ്ടും പെന്‍ഷനും ഉള്‍പ്പെടെയുള്ള എല്ലാ സമ്പാദ്യപദ്ധതിയും പിന്‍വലിക്കുന്ന ഘട്ടത്തില്‍ നികുതി ചുമത്തുന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ ആദ്യ കരടില്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇതിനെതിരെ ട്രേഡ് യൂണിയനുകളും മറ്റും ശക്തമായ വിമര്‍ശനമുയര്‍ത്തിയിരുന്നു. തുടര്‍ന്നാണ് പരിഷ്കരിച്ച കരട് പുറത്തിറക്കിയത്. ആദ്യ കരടില്‍ ആദായനികുതിയുടെ സ്ളാബ് പുറത്തിറക്കിയിരുന്നു. ഇതനുസരിച്ച് 1.6 ലക്ഷം മുതല്‍ 10 ലക്ഷം വരുമാനമുള്ളവര്‍ക്ക് 10 ശതമാനവും 10 ലക്ഷം മുതല്‍ 20 ലക്ഷം വരെയുള്ളവര്‍ക്ക് 20 ശതമാനവും അതിന് മുകളിലുള്ളവര്‍ക്ക് 30 ശതമാനവും ആദായനികുതിയാണ് ഏര്‍പ്പെടുത്തിയിരുന്നത്.
(വി ബി പരമേശ്വരന്‍)

deshabhimani 27082010

Thursday, August 26, 2010

ക്യാന്‍സര്‍ നിയന്ത്രണത്തിന് കൈകോര്‍ക്കാം

അമേരിക്കയിലും ഇംഗ്ളണ്ടിലുമായി നൂറുകണക്കിന് മലയാളി വിദഗ്ധ ഡോക്ടര്‍മാര്‍ സേവനമനുഷ്ഠിക്കുന്നു. ക്യാന്‍സര്‍ ചികിത്സാരംഗത്തും അവര്‍ കൈവരിച്ച നേട്ടങ്ങള്‍ വിലമതിക്കാനാവാത്തതാണ്. നാലു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ ഈ മേഖലയിലുണ്ടായ മുന്നേറ്റങ്ങള്‍ മലയാളിസുഹൃത്തുക്കളുടെ ശ്രദ്ധയില്‍പ്പെട്ടത് ഏറെ പ്രയോജനപ്പെട്ടു. രാജ്യത്ത് ഏറ്റവും മികച്ച ക്യാന്‍സര്‍ ചികിത്സ നടത്തുന്ന സ്ഥാപനങ്ങളിലൊന്നായി ആര്‍സിസിയെ മാറ്റാനായത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടമാണ്.

കൈരളി ടിവിയില്‍ നടന്ന ഒരു പരിപാടിയില്‍ ഡോ. എം വി പിള്ള, ഡോ. റോയ് എന്നിവരോടൊപ്പം പങ്കെടുത്തിരുന്നു. കേരളത്തില്‍ ആരോഗ്യമേഖലയില്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കിയ ഇവരെല്ലാം ചേര്‍ന്നാണ് വിദേശപര്യടനത്തിനു ക്ഷണിച്ചത്. ഡോ. ഉഷ ടൈറ്റസ് (ആരോഗ്യ-സാമൂഹ്യക്ഷേമ സെക്രട്ടറി), ഡോ. മീനു ഹരിഹരന്‍ (ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസ്, തിരുവനന്തപുരം), ഡോ. ബി. സതീശന്‍ (ഡയറക്ടര്‍, മലബാര്‍ ക്യാന്‍സര്‍ സെന്റര്‍) എന്നിവരായിരുന്നു സംഘത്തില്‍. തികച്ചും ഔദ്യോഗികമായ സന്ദര്‍ശനം. 10 ദിവസത്തെ യാത്രയ്ക്കിടെ കേരളത്തിലെ ആരോഗ്യ-സാമൂഹ്യക്ഷേമ മേഖലകളില്‍ ഒട്ടേറെ പദ്ധതികള്‍ക്ക് വിദേശമലയാളികളുടെയും സ്ഥാപനങ്ങളുടെയും സഹകരണവും സഹായവും നേടിയെടുക്കാനായി. ഏറ്റവും പ്രധാനം ക്യാന്‍സറിനുള്ള അതിനൂതന ചികിത്സാശാഖയായ സ്റ്റെംസെല്‍ തെറാപ്പിയുമായി ബന്ധപ്പെട്ട പദ്ധതികളും ജീവിതശൈലീരോഗനിയന്ത്രണ പരിപാടികളുമാണ്.

ലോകത്ത് വര്‍ഷത്തില്‍ ഒരു കോടിയില്‍പ്പരം ആളുകള്‍ ക്യാന്‍സര്‍ബാധിതരാവുന്നു. ഇന്ത്യയില്‍ എട്ടു ലക്ഷവും കേരളത്തില്‍ 30,000വും ആണ്. സംസ്ഥാനത്തെ രോഗികളില്‍ മൂന്നിലൊന്ന് ആര്‍സിസിയിലാണ് ചികിത്സതേടുന്നത്. ജീവിതശൈലിയില്‍ വരുത്തുന്ന കുഴപ്പങ്ങളാണ് 50 ശതമാനം ക്യാന്‍സറിനും കാരണം. പുകയില, മദ്യപാനം എന്നിവ പ്രധാനം. സ്ത്രീകളില്‍ ഗര്‍ഭാശയത്തിലും സ്തനങ്ങളിലുമാണ് ക്യാന്‍സര്‍ കൂടുതലായും. 45 ശതമാനവും ഇങ്ങനെയുള്ളതാണ്. 14 വയസ്സിനുതാഴെയുള്ള 1,500 കുട്ടികളെ പ്രതിവര്‍ഷം ബാധിക്കുന്നുണ്ട്. ഇതില്‍ 80 ശതമാനവും ചികിത്സിച്ചുമാറ്റാന്‍ കഴിയും. തക്കസമയത്ത് രോഗം കണ്ടെത്തി ചികിത്സ തുടങ്ങിയാല്‍ 35 ശതമാനത്തിനും പൂര്‍ണ രോഗശമനം സാധ്യമാണ്. കുട്ടികളിലുണ്ടാവുന്ന രക്താര്‍ബുദത്തില്‍ 80 ശതമാനവും ശരിയായ ചികിത്സയിലൂടെ മാറ്റിയെടുക്കാനും കഴിയും.

എന്നാല്‍ സംസ്ഥാനത്ത് ചികിത്സക്കെത്തുന്ന ക്യാന്‍സര്‍രോഗികളില്‍ 60-65 ശതമാനവും ഉയര്‍ന്നഘട്ടത്തിലുള്ളവരാണ്. ആദ്യം കണ്ടെത്തിയാല്‍ രോഗം ഭേദമാക്കാന്‍ കഴിയുമെന്നു മാത്രമല്ല, കുറഞ്ഞ ചെലവിലുള്ള ചികിത്സയുമാകും.

രോഗനിര്‍ണയത്തിനും ചികിത്സക്കുമുള്ള സംവിധാനങ്ങള്‍ വികേന്ദ്രീകരിച്ചാല്‍ രോഗികള്‍ ബഹുദൂരം യാത്രചെയ്യേണ്ടതുള്‍പ്പെടെയുള്ള പ്രയാസങ്ങള്‍ പരിഹരിക്കാം. ഇതിന് രോഗനിര്‍ണയത്തിനും ചികിത്സക്കും ആവശ്യമായ പരിശീലന പരിപാടി ആര്‍സിസിയില്‍ തുടങ്ങും. ജില്ലാ ആശുപത്രികളിലെ തെരഞ്ഞെടുത്ത ഡോക്ടര്‍മാര്‍ക്കും നേഴ്സുമാര്‍ക്കും പരിശീലനം നല്‍കിയാല്‍ അവിടെ ചികിത്സ നല്‍കാന്‍ കഴിയും. പിഎച്ച്സിതലത്തിലുള്ള ഡോക്ടര്‍മാര്‍ക്ക് രോഗനിര്‍ണയത്തിനുള്ള പരിശീലനവും വേണം. രോഗനിര്‍ണയ കേന്ദ്രങ്ങളുടെയും പ്രാഥമിക ചികിത്സകളുടെയും കേന്ദ്രങ്ങള്‍ കൂടുമ്പോള്‍ ആര്‍സിസിപോലുള്ള സ്ഥാപനങ്ങള്‍ മേജര്‍ ചികിത്സക്കുള്ള റഫറല്‍ യൂണിറ്റുകളാക്കാം. രോഗനിര്‍ണയം, ചികിത്സ, തുടര്‍ചികിത്സ, പാലിയേറ്റീവ് ചികിത്സ തുടങ്ങിയ മേഖലകളിലെല്ലാം സ്വകാര്യസ്ഥാപനങ്ങള്‍ക്കുകൂടി നിര്‍ണായക പങ്കുവഹിക്കാനുണ്ട്.

വികസിത രാഷ്ട്രങ്ങളിലെ നവീന ചികിത്സാരീതികളും ഗവേഷണഫലങ്ങളും ഇവിടുത്തെ സാധാരണക്കാര്‍ക്കുകൂടി ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. ഇതു മുന്‍നിര്‍ത്തിയാണ് ഞങ്ങളുടെ സംഘം യാത്രതിരിച്ചത്.

ജൂണ്‍ 29ന് ചിക്കാഗോവില്‍ എത്തി. അവിടെനിന്ന് മില്‍വാക്കി വിസ്കോന്‍സിന്‍ മെഡിക്കല്‍ കോളേജിലേക്ക്. അഡല്‍റ്റ് ബ്ളഡ് ആന്‍ഡ് ബോണ്‍മാരോ ട്രാന്‍സ്പ്ളാന്റേഷന്‍ പ്രോഗ്രാം ഡയറക്ടര്‍ ഡോ. ഹരി പരമേശ്വരനാണ് സന്ദര്‍ശനത്തിന്് അവസരമൊരുക്കിയത്. കോര്‍ഡ് ബ്ളഡ് ബാങ്ക് സ്റ്റോറേജ് സൌകര്യങ്ങള്‍ സന്ദര്‍ശിച്ച് ഡയറക്ടറുമായി വിശദ ചര്‍ച്ച. മനുഷ്യന്റെ ആരോഗ്യനിലയെ ക്ഷയിപ്പിക്കുന്ന നിരവധി തകരാറുകള്‍ക്ക് പരിഹാരം കാണുന്നതാണ് സ്റ്റെംസെല്‍ (കാണ്ഡകോശം) തെറാപ്പി. മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ ഈ സംവിധാനം ഒരുക്കുന്നതിന് സാങ്കേതിക സഹായവും ഉപദേശവും നല്‍കാമെന്ന് വിസ്കോസിന്‍ മെഡിക്കല്‍ കോളേജ് ടീം അറിയിച്ചു. ക്യാന്‍സറുമായി ബന്ധപ്പെട്ട് കേന്ദ്രീകൃത സ്ഥിതിവിവര കണക്കുകള്‍ രേഖപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും നിയന്ത്രണ പ്രവര്‍ത്തനങ്ങളും സംബന്ധിച്ചും ചര്‍ച്ചയുണ്ടായി.

എല്ലാ കേസും കേന്ദ്രീകൃത സംവിധാനത്തില്‍ അതത് സമയം റിപ്പോര്‍ട്ട് ചെയ്യുകയും കണക്കുകള്‍ ഓരോ ഘട്ടത്തിലും അവലോകനം ചെയ്യുകയും വേണം. സമൂഹത്തില്‍ ക്യാന്‍സര്‍ വര്‍ധിക്കുന്നുണ്ടോ എന്നു പരിശോധിച്ച് ഇടപെടുന്നതിനുള്ള പദ്ധതികള്‍ക്ക് രൂപംനല്‍കാന്‍ ഇതു സഹായിക്കും. ക്യാന്‍സറിനെ നോട്ടിഫൈഡ് അസുഖമായി പ്രഖ്യാപിക്കുകയും ഓരോ കേസും ജില്ലാ ആശുപത്രികളില്‍ റിപ്പോര്‍ട്ട് ചെയ്യുകയും വേണം. അവിടെ ഇതിനാവശ്യമായ സംവിധാനങ്ങള്‍ ഒരുക്കി കേസുകള്‍ മലബാര്‍ ക്യാന്‍സര്‍ സെന്ററിലോ ആര്‍സിസിയിലോ റിപ്പോര്‍ട്ട് ചെയ്യുന്നതിന് സംവിധാനം ഏര്‍പ്പെടുത്തണം. സംസ്ഥാനാടിസ്ഥാനത്തില്‍ ക്യാന്‍സര്‍ നിയന്ത്രണപദ്ധതിക്ക് രൂപംനല്‍കാനും ഏകീകൃത ചികിത്സാപരിപാടി തയ്യാറാക്കാനും ഉദ്ദേശിക്കുന്നു. ഈ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിനു പുറത്ത് ജോലിചെയ്യുന്ന പ്രശസ്ത ഓണ്‍കോളജിസ്റ്റുകള്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്്.

30നു വൈകിട്ട് റോച്ചസ്റ്ററിലേക്കു പുറപ്പെട്ടു. പിറ്റേന്നു രാവിലെ 10 മുതല്‍ ആറുവരെ പ്രശസ്തമായ മയോ ക്ളിനിക്കിലെ വിദഗ്ധരുമായി ചര്‍ച്ച. മയോക്ളിനിക് എന്‍ഡോക്രിനോളജിവിഭാഗം കണ്‍സല്‍ട്ടന്റും റിസര്‍ച്ച് റിസോഴ്സസ് വിഭാഗം ഡയറക്ടറുമായ ഡോ. ശ്രീകുമാരന്‍നായര്‍, വേള്‍ഡ് ഇന്ത്യ ഡയബറ്റീസ് ഫൌണ്ടേഷന്‍ (ഡബ്ള്യുഐഡിഎഫ്) പ്രസിഡന്റ് രാമന്‍ കപൂര്‍, ഡോ. എം വി പിള്ള, ഡോ. പ്രേം മേനോന്‍ എന്നിവരുമായായിരുന്നു പ്രധാനമായും കൂടിക്കാഴ്ച. മയോക്ളിനിക്കും ഡബ്ള്യുഐഡിഎഫും ചേര്‍ന്നാണ് തിരുവനന്തപുരത്ത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസ് സ്ഥാപിച്ചത്. ഇടക്കാലത്ത് മന്ദീഭവിച്ച സ്ഥാപനം 2006നുശേഷം സര്‍ക്കാര്‍ ഏറ്റെടുത്ത് വികസിപ്പിച്ചു. ജീവിതശൈലീ രോഗങ്ങളുടെ വ്യാപനം കേരളത്തില്‍ വര്‍ധിക്കുന്നതും അത് പ്രതിരോധിക്കാന്‍ നടപടി സ്വീകരിക്കുന്നതിനെക്കുറിച്ചും ആശയവിനിമയം നടത്തി. ഡബ്ള്യുഐഡിഎഫും ഐഐഡിയുമായി ഉഭയകക്ഷിബന്ധം പുനഃസ്ഥാപിക്കാനും അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ക്കായി ഫാക്കല്‍റ്റികളെ കൈമാറാനും 2011 ഫെബ്രുവരിയില്‍ തിരുവനന്തപുരത്ത് തുടര്‍വിദ്യാഭ്യാസപരിപാടി സംഘടിപ്പിക്കാനും തീരുമാനമുണ്ടായി. കേരളത്തിലെ പ്രമേഹത്തിന്റെയും മറ്റ് പകര്‍ച്ചവ്യാധിയേതര രോഗങ്ങളുടെയും വ്യാപനത്തെക്കുറിച്ച് പഠനം നടത്തുന്നതിന് സഹകരിക്കാനും തീരുമാനിച്ചു. വടക്കേ അമേരിക്കയില്‍ ജനസംഖ്യയുടെ എട്ടു ശതമാനമാണ് പ്രമേഹംപോലുള്ള രോഗങ്ങളുടെ വ്യാപനമെങ്കില്‍ കേരളത്തിലത് 20-22 ശതമാനമാണ്. നഗരമേഖലയിലും ഗ്രാമപ്രദേശത്തും പൈലറ്റ് പ്രോജക്ട് നടപ്പാക്കി ബോധവല്‍കരണം നടത്താനും തീരുമാനിച്ചു.

കേരളത്തില്‍ ഡെങ്കിപ്പനി, എച്ച്1 എന്‍1 തുടങ്ങിയ പകര്‍ച്ചപ്പനികള്‍ പടര്‍ത്തുന്ന 16 ഇനം വൈറസുകളെ സംബന്ധിച്ച് പഠനം നടത്താന്‍ സാങ്കേതികസഹായം ലഭ്യമാക്കാമെന്ന് മയോ ക്ളിനിക്കിലെ ഡോ. ലാറി ബാഡോറുമായുള്ള ചര്‍ച്ചയില്‍ ധാരണയായി.

ജൂലൈ രണ്ടിന് അല്‍ബനിയില്‍ എത്തി വടക്കേ അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ സമ്മേളനത്തില്‍ സംസാരിച്ചു. മൂന്നിന് നേഴ്സസ് ഫോറം സംഘടിപ്പിച്ച യോഗം. വിദേശങ്ങളില്‍ തൊഴില്‍തേടിയെത്തുന്ന നേഴ്സുമാര്‍ക്കുണ്ടാവുന്ന പ്രയാസങ്ങള്‍ ബോധ്യപ്പെട്ടു. ജൂലൈ നാലിന് വാഷിങ്ടണ്‍ ഡിസിയില്‍ ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിനിയര്‍മാരെ കണ്ടു. കേരളത്തില്‍ നടപ്പാക്കുന്ന സാമൂഹ്യ സുരക്ഷാപദ്ധതികള്‍ക്ക് സഹായം നല്‍കാന്‍ പലരും സന്നദ്ധത പ്രകടിപ്പിച്ചു.

ജൂലൈ അഞ്ചിന് ന്യൂയോര്‍ക്കില്‍ ഡോ. എം വി പിള്ള, ഡോ. റോയി, ഡോ. ജെയിം ഇബ്രാഹിം, ഡോ. കീര്‍ത്തി ജെയിന്‍ എന്നിവരുമായി കേരളത്തിലെ ക്യാന്‍സര്‍ ചികിത്സ, മജ്ജമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ, സ്റ്റെംസെല്‍ തെറാപ്പി എന്നിവയെക്കുറിച്ച് വീണ്ടും ചര്‍ച്ച ചെയ്തു. ആറിന് ബാള്‍ട്ടിമോറില്‍ വിര്‍ജീനിയ സ്കൂള്‍ ഓഫ് മെഡിസിനിലെ ഡോ. പ്രസന്ന, ഡോ. പത്മനാഭന്‍നായര്‍ എന്നിവരെ കണ്ടു. കേരളത്തിലെ വൈറോളജി ലാബുകളുടെ സാങ്കേതിക വിഭവസൌകര്യം വര്‍ധിപ്പിക്കുന്നതിന് സഹായം ലഭ്യമാക്കാമെന്ന് ഡോ. പത്മനാഭന്‍നായര്‍ ഉറപ്പുനല്‍കി. സ്കൂള്‍ഭക്ഷണത്തില്‍ ഇരുമ്പിന്റെ പോഷകമൂല്യം വര്‍ധിപ്പിച്ച് കുട്ടികളിലുണ്ടാവുന്ന അനീമിയ തടയുന്നതിനെക്കുറിച്ച് ഡോ. പ്രസന്നയും സംഘവും ഹൈദരാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യനില്‍ പഠനം നടത്തിയിരുന്നു. കേരളത്തിലും ഇതു തുടരാന്‍ സഹായിക്കാമെന്ന് ഡോ. പ്രസന്ന ഉറപ്പു നല്‍കി. ഏഴിന് ലണ്ടനിലെത്തി. റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സിലെ വിദഗ്ധരുമായി ചര്‍ച്ച നടത്തി. കേരളത്തിലെ ഡോക്ടര്‍മാര്‍ക്ക് തുടര്‍പരിശീലനത്തിനും പഠനത്തിനും അവസരം നല്‍കാമെന്ന് അധികൃതര്‍ സമ്മതിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് എംആര്‍സിപി പാര്‍ട്ട് വണ്‍ പരീക്ഷാകേന്ദ്രമായി അംഗീകാരം നല്‍കും. റോയല്‍ കോളേജില്‍ പഠനത്തിന് പരമാവധി രണ്ടുവര്‍ഷംവരെ കേരളത്തിലെ ഡോക്ടര്‍മാര്‍ക്ക് പഠനാവധി നല്‍കുന്ന കാര്യവും പരിഗണനയിലുണ്ട്. തുടര്‍ന്ന് ലണ്ടനിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്ളിനിക്കല്‍ എക്സലന്‍സിലെ ഡോ. മൈക്കിള്‍ റോളിന്‍സ്, ഡോ. കാലിപ്സോ, ഡോ. അലസ്റ്റൈര്‍ ഫിഷര്‍ എന്നിവരുമായി കൂടിക്കാഴ്ച.

ജൂലൈ 11ന് ഞങ്ങള്‍ നാട്ടിലെത്തി. യാത്രക്കിടയില്‍ ഡോ. സതീശന്‍ ഫിലാഡെല്‍ഫിയയിലെ തോമസ് ജെഫേഴ്സണ്‍ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ കിമ്മല്‍ ക്യാന്‍സര്‍ സെന്റര്‍ സന്ദര്‍ശിക്കുകയും അവിടുത്തെ വിദഗ്ധരുമായി ചര്‍ച്ചനടത്തുകയും ചെയ്തു. സാക്ഷരത ഏറ്റവും ഉയര്‍ന്ന സംസ്ഥാനമായിട്ടുകൂടി 70 ശതമാനം ക്യാന്‍സര്‍രോഗികളും ചികിത്സതേടി എത്തുന്നത് രോഗം സങ്കീര്‍ണഘട്ടത്തിലേക്കു കടന്ന ശേഷമാണ്. പൊതു മെഡിക്കല്‍ ക്യാമ്പുകളും പ്രമേഹനിയന്ത്രണ പരിപാടികളും നടത്തുന്നതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ക്യാന്‍സര്‍നിയന്ത്രണ ക്യാമ്പുകള്‍ വളരെ കുറവാണ്. ക്യാന്‍സര്‍നിര്‍ണയം നടത്തുന്നതിനോട് പൊതുസമൂഹം പുറംതിരിഞ്ഞുനില്‍ക്കുന്നതിന്റെ കാരണം പഠനവിധേയമാക്കുകയും ബദല്‍ നടപടി ആവിഷ്കരിക്കുകയും വേണം. കിമ്മല്‍ ക്യാന്‍സര്‍ സെന്ററിലെ ജനസംഖ്യാ പഠന വിഭാഗം ഇതിനാവശ്യമായ സാങ്കേതികസഹായം നല്‍കും.

കൊളോറെക്റ്റല്‍ ക്യാന്‍സര്‍സംഭവങ്ങള്‍ രാജ്യത്തും സംസ്ഥാനത്തും വിശേഷിച്ച് മലബാറില്‍ വര്‍ധിച്ചുവരുന്നു. ഇത് സമൂഹകേന്ദ്രീകൃതമായി സ്ക്രീന്‍ചെയ്യേണ്ടതുണ്ട്. കിമ്മല്‍ ക്യാന്‍സര്‍ സെന്റര്‍ സാങ്കേതികസഹായവും ഉപദേശവും നല്‍കാമെന്ന് വാഗ്ദാനംചെയ്തിട്ടുണ്ട്. ആര്‍സിസിയിലെയും മലബാര്‍ ക്യാന്‍സര്‍ സെന്ററിലെയും റേഡിയോളജിസ്റ്റുകള്‍ക്ക് ഇന്റര്‍വെന്‍ഷനല്‍ റേഡിയോളജിയില്‍ പരിശീലനം നല്‍കുന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്തു. വിസിറ്റിങ് ഫെലോഷിപ്പിനുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്ന നിര്‍ദേശമുണ്ടായി. സ്തനാര്‍ബുദത്തില്‍ പുതിയ അന്വേഷണങ്ങളും പാത്തോളജിസ്റ്റുകള്‍ക്ക് മോളികുലാര്‍ ഓങ്കോളജിയില്‍ ഗവേഷണവും നടത്തുന്നതിന് സംയോജിത പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്താനും തീരുമാനിച്ചു. പിന്നീട് ഡോ. ഹരി പരമേശ്വര്‍ തലസ്ഥാനത്തെത്തുകയും ചര്‍ച്ചനടത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ സമഗ്ര ക്യാന്‍സര്‍ ചികിത്സ-നിയന്ത്രണ പദ്ധതിക്ക് രൂപംനല്‍കാനാണ് ലക്ഷ്യമിടുന്നത്. ഇതോടനുബന്ധിച്ച് ഇന്ത്യയില്‍ ആദ്യമായി ക്യാന്‍സര്‍ നയം രൂപീകരിക്കാനും ഉദ്ദേശിക്കുന്നു. വിദഗ്ധസമിതിക്ക് ഉടന്‍ രൂപംനല്‍കും.

പി കെ ശ്രീമതി ദേശാഭിമാനി വാരാന്തപതിപ്പ് 22082010