Showing posts with label വിദ്യാര്‍ഥി സംഘടന. Show all posts
Showing posts with label വിദ്യാര്‍ഥി സംഘടന. Show all posts

Thursday, January 28, 2021

കണ്ണൂർ സർവകലാശാലയിൽ ചുവപ്പ്‌ വസന്തം; തുടർച്ചയായ 22 - ാം തവണയും എസ്‌എഫ്‌ഐയ്‌ക്ക്‌ ജയം

 കണ്ണൂര്‍ > കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന്‍ 22–-ാമതും എസ്എഫ്ഐക്ക്. തെരഞ്ഞെടുപ്പു നടന്ന മുഴുവന്‍ സീറ്റിലും എസ്എഫ്‌ഐ സ്ഥാനാർത്ഥികൾ വൻ ഭൂരിപക്ഷത്തോടെയാണ്‌ വിജയിച്ചത്. കെഎസ്‌യു–- എംഎസ്എഫ് സഖ്യത്തെയാണ് എസ്എഫ്ഐ പരാജയപ്പെടുത്തിയത്. 123 കൗണ്‍സിലര്‍മാരില്‍ 110 പേരാണ്‌ വോട്ട് ചെയ്‌തത്‌. 84 വോട്ട്‌ നേടിയാണ്‌ എസ്‌എഫ്‌ഐ സ്ഥാനാർഥികളുടെ വിജയം.

കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റും പാലയാട് ക്യാമ്പസിലെ രണ്ടാം വർഷ എൽഎൽഎം വിദ്യാർത്ഥിയുമായ അഡ്വ. എം കെ ഹസ്സനാണ്‌ ചെയർമാൻ. സംസ്ഥാന കമ്മിറ്റിയംഗവും കാസർകോട്‌ ഗവ. കോളേജ്  ഒന്നാം വർഷ എംഎ ഇക്കണോമിക്സ് വിദ്യാര്‍ത്ഥിനിയുമായ കെ വി ശിൽപയാണ്‌ ജനറൽ സെക്രട്ടറി. കണ്ണൂർ ജില്ലാ കമ്മറ്റി അംഗവും കാഞ്ഞിരങ്ങാട് കോളേജ് രണ്ടാം വർഷ എംഎസ്‌സി ഫിസിക്‌സ്‌ വിദ്യാർത്ഥിനിയുമായ ഷിംന സുരേഷാണ്‌ ലേഡി വൈസ്‌ ചെയർപേഴ്‌സൺ.

വൈസ് ചെയര്‍മാനായി   ശ്രീകണ്‌ഠാപുരം  എസ്‌ ഇ എസ്‌ കോളേജിലെ പി ജിഷ്ണുവും ജോയിന്റ്‌ സെക്രട്ടറിയായി നീലേശ്വരം ഡോ: പി കെ  രാജൻ മെമ്മോറിയൽ ക്യാമ്പസിലെ വി സച്ചിൻ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.  മുന്നാട് പീപ്പിൾസ് കോളേജിലെ ബി കെ ഷൈജിന (കാസർകോട്‌),  ഇരിട്ടി ഐഎച്ച്ആർഡി കോളേജിലെ കെ അപർണ  (കണ്ണൂർ) എന്നിവരാണ്‌ ജില്ല എക്സിക്യുട്ടീവ്‌ ആയി വിജയിച്ചത്‌.  വയനാട് ജില്ലാ എക്‌സിക്യൂട്ടീവ് സ്ഥാനത്തേക്ക് മാനന്തവാടി മേരി മാതാ കോളേജിലെ അജയ് ജോയ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Wednesday, February 1, 2017

ലോ അക്കാദമിയിലെ എസ്എഫ്ഐ വിജയം ആഘോഷിക്കുക തന്നെവേണം, എന്തുകൊണ്ടെന്നാൽ‍?

ലോ അക്കാദമി ലോ കോളേജ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ നീക്കിയതിലൂടെ വിദ്യാര്‍ഥികള്‍ നേടിയത് വന്‍ വിജയമാണ്. ഫാക്കല്‍റ്റി എന്ന നിലയില്‍പോലും കോളേജില്‍ തുടരില്ല എന്ന രേഖാമൂലമുള്ള ഉറപ്പും എസ്എഫ്ഐക്ക് മാനേജ്മെന്റില്‍നിന്ന് നേടിയെടുക്കാനായി. ഇന്റേണല്‍മാര്‍ക്കിന്റെയും അറ്റന്‍ഡന്‍സിന്റെയും പേരില്‍നടക്കുന്ന പീഡനങ്ങള്‍ അവസാനിപ്പിക്കാനും വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ ഉറപ്പാക്കാനും എസ്എഫ്ഐ നടത്തിയ ചര്‍ച്ചയില്‍ ധാരണ ഉണ്ടാക്കി. ഉന്നയിച്ച 17 ആവശ്യങ്ങളും നേടിയശേഷമാണ് എസ്എഫ്ഐ സമരം അവസാനിപ്പിച്ചത്.

വിദ്യാര്‍ഥികള്‍ നേടിയ വിജയത്തെ അപഹസിക്കാനും നിരവധിപേര്‍ രംഗത്തെത്തി. വിദ്യാര്‍ഥി സമരത്തെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കാന്‍ ചിലര്‍ നടത്തുന്ന ഇത്തരം ശ്രമങ്ങള്‍ക്ക് വലിയ വിമര്‍ശനമാണ് നേരിടേണ്ടി വന്നത്. വിജയത്തിലെത്തിയ വിദ്യാര്‍ഥിസമരത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളനിരവധിപേരാണ് അഭിപ്രായം രേഖപ്പെടുത്തിയത്. സോഷ്യല്‍ മീഡിയ പ്രതികരണങ്ങളില്‍ ചിലത് ചുവടെ:-

Saneesh Elayadath

പഠിക്കുന്നവര്‍ സമരം നടത്തിയത് ലക്ഷ്മി നായര്‍ക്കെതിരെയാണ്. അവര്‍ വിദ്യാര്‍ഥിപീഡകയാണ്, തോന്ന്യാസിയാണ് .അവര്‍ രാജി വെയ്ക്കണം എന്നതായിരുന്നല്ലോ ആവശ്യം. ലോ അക്കാദമിയിലെ സ്ഥിതിയനുസരിച്ച് രാജി വെയ്പ്പിക്കാന്‍ സാങ്കേതികതടസ്സമുണ്ട് എന്നാണ് ഇത് വരെയുള്ള വായനയും കേള്‍വിയും വെച്ച് എനിക്ക് മനസ്സിലായിട്ടുള്ളത്. അപ്പോള്‍ അവര്‍ പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് തുടരാതിരിക്കുക എന്ന ആവശ്യമേ പ്രാക്ടിക്കലി ശരിയാകൂ. ആ ആവശ്യം ഈ സമരക്കാര്‍ നേടിയെടുത്തിട്ടുണ്ട്. വിദ്യാര്‍ഥി പീഡകയും തോന്ന്യാസിയും ആയ ലക്ഷ്മി നായര്‍ ഇനി മുതല്‍ ലോ അക്കാദമിയുടെ പ്രിന്‍സിപ്പല്‍ അല്ല. എന്ന് മാത്രമല്ല അവിടത്തെ അധ്യാപികയും അല്ല.അത് എസ്സെഫൈക്കാരുടെ അവകാശവാദമായി മാത്രമല്ല നമ്മുടെ മുന്നിലുള്ളത്. മാനേജ്‌മെന്റിന്റെ വാര്‍ത്താസമ്മേളനത്തിലൂടെ ,അവരുടെ സ്വന്തം വാക്കുകളിലൂടെ തന്നെയാണ്. ഞാന്‍ രാജി വെയ്ക്കില്ല എന്ന് നല്ല ധാര്‍ഷ്ട്യത്തോടെ പറഞ്ഞ ലക്ഷ്മി പി നായരെ ഈ മട്ടില്‍ അധികാരരഹിതയാക്കിയത് വിജയമോ പരാജയമോ. ഞാളെ ചെറ്യേ ബുദ്ധീല് അതൊരു വിജയമാണ് എന്നാണ് തോന്നുന്നത്.

പിന്നെ ഇതൊരു ഒത്ത് തീര്‍പ്പല്ലേ എന്നത്. ആണ്. തെരുവുകളില്‍ രക്തം ചിന്തി കുറേ ചെറുപ്പക്കാര്‍ സംഘടിതമായി നീങ്ങി , അധികാരത്തിന്റെ കൊത്തളങ്ങള്‍ പിടിച്ചെടുത്ത് അവരുടെ പതാക നാട്ടുന്നത് നല്ല രസമുള്ള കാഴ്ചയൊക്കെയായിരിക്കും. നമ്മുടേത് പോലൊരു ജനാധിപത്യസംവിധാനത്തിനകത്ത് അതല്ലാതെയുള്ള പരിഹാരരീതികള്‍ അവലംബിക്കുന്നതാണ് നല്ലതെന്നാണ് ചെറ്യേ ബുദ്ധിയില്‍.

പിന്നെ എസ്സെഫൈക്കാര് ഇത് ഒറ്റയ്ക്കുള്ള വിജയമാക്കരുതായിരുന്നു എന്ന തോന്നല്‍ എനിക്കുമുണ്ട്. ആദ്യം സമരം നടത്തിയത് കെ എസ് യു ആണ്. ഹോസ്റ്റലില്‍ പെണ്‍കുട്ടികള്‍ നല്ല ആര്‍ജ്ജവത്തോടെ സമരരംഗത്തുണ്ട്.എ ബിവിപിയും ഉണ്ടല്ലോ. വിദ്യാര്‍ഥികളെയെല്ലാവരെയും വിശ്വാസത്തിലെടുത്ത് , അവരുടെ കൂടെ വിജയമായി, അവര്‍ക്കൊപ്പം നിന്ന് വിജയം അവകാശപ്പെടുന്നതായിരുന്നു നല്ലത്. പക്ഷെ അത് അവരുടെ കാര്യം. എസ്സെഫൈ ഇങ്ങനെ ചെയ്യണം എന്ന് പറഞ്ഞ് കൊടുക്കാന്‍ നമ്മളാ സംഘടനയുടെ സുപ്പീരിയര്‍ അഡൈ്വസര്‍ ഒന്നുമല്ലല്ലോ.

പിന്നെ, ആ സ്ത്രീ നടത്തിയ ജാതി, സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍. അവയ്‌ക്കെതിരെ കേസ് നടത്തണം. ഇനി ആവര്‍ത്തിക്കാത്ത വിധം അവരെ പാഠം പഠിപ്പിക്കണം.

ഏറ്റവും പ്രധാനപ്പെട്ടത് ആ ഭൂമി. അത് തിരിച്ച് പൊതു ഉടമസ്ഥതയിലേക്ക് പിടിക്കണം. ജാത്യാഹങ്കാരം പോലും കയ്യിലുള്ള തോന്ന്യാസകുടുംബത്തിന് കയ്യില്‍ വെച്ച് പുട്ടടിക്കാനല്ല 1968ല്‍ ആ ഭൂമി നല്‍കിയത് എന്ന് സിപിഐയും സിപിഎമ്മും കോണ്‍ഗ്രസ്സും അടക്കം, ആ ഭൂമി അവരുടെ കൈയിലെത്താന്‍ കാരണക്കാരായ സകലരും കാണിച്ച് കൊടുത്തണം. ലോ അക്കാദമി പൂട്ടിക്കണം എന്നതിനല്ല, 68ല്‍ വിഭാവനം ചെയ്യപ്പെട്ട പോലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നിയമകലാലയം എന്ന നിലയിലേക്ക് അതിനെ എത്തിക്കുകയാണ് വേണ്ടത്. സര്‍ക്കാരിും നിയമവിദഗ്ദരും ഉള്‍പ്പെടുന്ന ട്രസ്റ്റ് നിയന്ത്രിക്കുന്ന അവസ്ഥയിലേക്ക് അവരെ എത്തിക്കണം.

സമര സമിതിയുടെ ബോര്‍ഡ്. എസ്എഫ്ഐയ്ക്ക് മാനെജ്മെന്റ് രേഖാമൂലം എഴുതി നല്‍കിയ കത്തില്‍ ഈ ബോര്‍ഡിലെ ആവശ്യങ്ങളെല്ലാം അംഗീകരിച്ചിട്ടുണ്ട്. സമര സമിതിയുടെ ബോര്‍ഡ്. എസ്എഫ്ഐയ്ക്ക് മാനെജ്മെന്റ് രേഖാമൂലം എഴുതി നല്‍കിയ കത്തില്‍ ഈ ബോര്‍ഡിലെ ആവശ്യങ്ങളെല്ലാം അംഗീകരിച്ചിട്ടുണ്ട്.

Harshan Poopparakkaran

ലക്ഷ്മി നായര്‍ സ്വമേധയാ രാജിവച്ചൊഴിയണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്നത് ഹിറ്റ്ലര്‍ മാനസാന്തരപ്പെടണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്നതിന് തുല്യമാണ്. ലക്ഷ്മി നായരെ സര്‍ക്കാര്‍ പുറത്താക്കണമെന്ന ആവശ്യം മുത്തൂറ്റിന്‍്റെ ബ്രാഞ്ച് മാനേജരെ സര്‍ക്കാര്‍ പിരിച്ചുവിടണമെന്നതുപോലെയുള്ള ആവശ്യമാണ്.

K J Jacob

മുഖ്യ ആവശ്യങ്ങള്‍ നേടിയെടുത്തുതന്നെ അവസാനിപ്പിക്കാന്‍ സാധിച്ച സമരം. ജാതിവെറിയുമായി ഇനി അവര്‍ നിങ്ങളെ ചവിട്ടിമെതിക്കില്ല. സമരം ചെയ്ത എല്ലാ വിദ്യാര്തഥികള്‍ക്കും സംഘടനകള്‍ക്കും അഭിവാദ്യം. ലോ അക്കാദമി സ്വയം തയ്യാറാക്കി നാട്ടുകാര്‍ക്ക് മുന്‍പില്‍ വച്ച കുറ്റപത്രവും, മറ്റു കേസുകളും വച്ച് ബാക്കി നടപടികള്‍ സര്‍ക്കാരും സര്‍വ്വകലാശാലയും ചെയ്യണം.

Sreechithran Mj

സിമ്പിള്‍. മൂന്നു തരം സമരങ്ങളേയുള്ളൂ.

@ നിലവിലുള്ള ജനാധിപത്യസംവിധാനത്തില്‍ അര്‍ഹിക്കുന്ന നീതി ലഭിക്കണമെന്ന ആവശ്യം മുന്‍നിര്‍ത്തി നടക്കുന്ന സമരങ്ങള്‍
@ നിലവിലുള്ള ജനാധിപത്യസംവിധാനത്തിന്റെ ഘടനയിലോ രീതിശാസ്ത്രത്തിലോ വിയോജിക്കുന്ന സമരങ്ങള്‍
@ പുറമേ മുന്‍പു പറഞ്ഞ രണ്ടുതരം സമരങ്ങളിലേതെങ്കിലും ഒന്നാണെന്ന വ്യാജേന നടക്കുന്ന സമരാഭാസങ്ങള്‍.

ആദ്യം പറഞ്ഞ രണ്ടുതരം സമരങ്ങളിലും പങ്കെടുക്കുന്നവര്‍ക്ക് കരയിലിരുന്ന് കളി കാണുന്നവരുടെ കയ്യടിയെ തൃപ്തിപ്പെടുത്തലല്ല ഉദ്ദേശം. അതുകൊണ്ടുതന്നെ സമരത്തിലെ ലക്ഷ്യങ്ങളെക്കുറിച്ച് അവര്‍ക്ക് അവരുടേതായ തീരുമാനങ്ങള്‍ ഉണ്ടാവും. ഉണ്ടായിരിയ്ക്കുകയും വേണം.

ലോ കോളേജ് വിഷയത്തില്‍ ഒരു പ്രിന്‍സിപ്പാളുടെ രാജിയിലേക്ക് നടന്ന സമരകേന്ദ്രീകരണം തന്നെ എനിയ്ക്ക് അഭിപ്രായമുള്ള കാര്യമല്ല. ഇതിനര്‍ത്ഥം അവരുടെ രാജിയെന്ന ആവശ്യം തെറ്റായിരുന്നു എന്നല്ല. അവര്‍ക്ക് ജാതീയത മുതല്‍ സ്ത്രീവിരുദ്ധത വരെ സകല പ്രാകൃതബോധരാഹിത്യവുമുണ്ടായിരുന്നു, ഉണ്ട്. എന്നാല്‍ അത്തരമാദ്യത്തെ അദ്ധ്യാപികയല്ല ലക്ഷ്മി നായര്‍, അവസാനത്തേതുമല്ല. നിയമം പഠിപ്പിക്കുന്ന സ്ഥാപനത്തില്‍ നടക്കുന്ന കടുത്ത മനുഷ്യാവകാശലംഘനങ്ങളുടെ തുറന്നുകാട്ടലായിട്ടാണ് ഈ പ്രശ്നത്തെ മാറ്റിത്തീര്‍ക്കേണ്ടിയിരുന്നത്. അല്ലാതെ ഒരു വ്യക്തിയുടെ നന്മതിന്മയില്‍ അല്ല സമരത്തിന്റെ കേന്ദ്രസ്ഥാനം. നിലവില്‍ അഞ്ചുവര്‍ഷത്തേയ്ക്ക് ഫാക്കല്‍റ്റി ആയിപ്പോലും വരാനാവാത്ത നിലയില്‍ ലക്ഷ്മി നായര്‍ മാറ്റിനിര്‍ത്തപ്പെട്ടിട്ടുണ്ട്. ജാതിപരാമര്‍ശമടക്കമുള്ളവയില്‍ നിയമനടപടികള്‍ നേരിടേണ്ട സാഹചര്യം അവര്‍ക്കു മുന്നിലുണ്ട്.

ഇതിന്റെയൊക്കെ പേരുതന്നെയാണ് സമരവിജയം.

പിന്നെ, എഫ് ബിയില്‍ ടൈപ്പ് ചെയ്തുമാത്രം സമരം ചെയ്യുന്നവര്‍ക്ക് ലക്ഷ്മി നായരെ തൂക്കിക്കൊല്ലണമെന്നോ ലക്ഷ്മി നായര്‍ നേരിട്ട് സമരക്കാര്‍ക്കു മുന്നില്‍ വന്ന് ആത്മഹത്യ ചെയ്യണമെന്നോ ആവശ്യപ്പെട്ട് സമരം തുടരാവുന്നതാണ്. ആ പണി എസ് എഫ് ഐ ഏറ്റെടുക്കണമെന്ന് വാശിപിടിക്കരുത് എന്നേയുള്ളൂ.

എസ്എഫ്ഐയ്ക്ക് മാനെജ്മെന്റ് എഴുതിനല്‍കിയ ഉറപ്പുകള്‍ ഇവിടെ:

Sebin A Jacob

KSU, ABVP, MSF, AISF, AIDSO --സംയുക്ത വിദ്യാര്‍ത്ഥി സമരം തുടരും! കേരളമാകെ പടരും! ഉവ്വുവ്വേ... സ്ഥാനമൊഴിഞ്ഞ പ്രിന്‍സിപ്പലിനെ തിരിച്ചു പ്രിന്‍സിപ്പാളാക്കി രാജി വാങ്ങണമെന്നാണോ? അതോ മുരളീധരനു പറ്റിയ അമളി പരിഹരിക്കാന്‍ ഒരു സര്‍വ്വകക്ഷി കൂട്ടായ്മയോ? ഈ സമരവീര്യമൊന്നും നെഹ്റു കോളജിന്റെ കാര്യത്തിലും ടോംസ് കോളജിന്റെ കാര്യത്തിലും കാണുന്നില്ലല്ലോ...

(http://www.deshabhimani.com/from-the-net/law-academy-sfi-social-media-response/620856)

ലോ അക്കാദമി സമരം : വിജയിച്ചത് അക്കാദമിക് താല്‍പ്പര്യം

കൊമാലയിലെ വസന്തം, ഞങ്ങള്‍ പൂത്താല്‍ വസന്തം എന്നാണ്’ലോ അക്കാദമിയിലെ വിദ്യാര്‍ഥിപ്രക്ഷോഭത്തിന് വിദ്യാര്‍ഥികള്‍ നല്‍കിയിരുന്ന പേര്. ഈ വിദ്യാര്‍ഥിസമരം
ഐതിഹാസികവിജയത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. ആവശ്യങ്ങള്‍ മുഴുവനും അംഗീകരിച്ചുകിട്ടിയ അപൂര്‍വം സമരങ്ങളില്‍ ഒന്നാണിത്. അധികം രക്തംചൊരിയാതെ സര്‍ഗാത്മകമായ സമരവഴികളില്‍ വിദ്യാര്‍ഥികള്‍ തീര്‍ത്ത വസന്തം. വിദ്യാര്‍ഥിസംഘടനകള്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ അന്വേഷിക്കാന്‍ കേരള സര്‍വകലാശാല സിന്‍ഡിക്കറ്റ് ചുമതലപ്പെടുത്തിയ ഉപസമിതിയിലെ ഒരംഗംകൂടിയായിരുന്ന താന്‍ തൊണ്ണൂറിലധികം വിദ്യാര്‍ഥികളെ നേരിട്ട് കേട്ടു. രക്ഷാകര്‍ത്താക്കളെയും അധ്യാപകരെയും പ്രിന്‍സിപ്പലിനെയും കേട്ടു. പൂര്‍ണമായും ഇരകളുടെ പക്ഷംചേര്‍ന്നാണ് സര്‍വകലാശാല റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

പ്രിന്‍സിപ്പലിനെ മാറ്റാനോ മാറ്റണമെന്ന് നിര്‍ദേശിക്കാനോ ഉള്ള അധികാരം സര്‍വകലാശാലയ്ക്കില്ല. ഈ പരിമിതിമാത്രമായിരുന്നു സര്‍വകലാശാലയുടെ മുന്നിലുണ്ടായിരുന്നത്. എട്ടു തീരുമാനങ്ങളാണ് സര്‍വകലാശാല സിന്‍ഡിക്കറ്റ് ഈ റിപ്പോര്‍ട്ടിന്മേല്‍ അംഗീകരിച്ചത്.  ഒരു കാര്യത്തില്‍മാത്രമായിരുന്നു അഭിപ്രായവ്യത്യാസമുണ്ടായിരുന്നത്. സര്‍വകലാശാല സിന്‍ഡിക്കറ്റ് അംഗീകരിച്ച റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിനും മാനേജ്മെന്റിനും തുടര്‍നടപടികള്‍ക്കായി കൈമാറുന്നു എന്നായിരുന്നു ഇതുസംബന്ധിച്ച പ്രമേയത്തിലെ രണ്ടാമത്തെ നിര്‍ദേശം. ഇതിലെ, തുടര്‍നടപടികള്‍ എന്ന ഭാഗത്ത് പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്ന് എഴുതിച്ചേര്‍ക്കണം എന്നതായിരുന്നു ഒരുവിഭാഗം കോണ്‍ഗ്രസുകാരും സിന്‍ഡിക്കറ്റിലെ സിപിഐ പ്രതിനിധിയും ഉയര്‍ത്തിയ വാദം. സിപിഐ എമ്മിലെ സിന്‍ഡിക്കറ്റ് അംഗങ്ങളും യുഡിഎഫിലെ രണ്ടുപേരും ഈ വാദത്തെ എതിര്‍ത്തു. സര്‍വകലാശാല ആക്ടും സ്റ്റാറ്റ്യൂട്ടും പ്രകാരം പ്രിന്‍സിപ്പലിനെ മാറ്റാനോ മാറ്റണമെന്ന് പറയാനോ അധികാരമില്ലെന്നിരിക്കെ, പുറത്താക്കണമെന്ന വാക്ക് കൂട്ടിച്ചേര്‍ക്കുന്നത് അനൌചിത്യമാണ്. മാത്രവുമല്ല, ഇല്ലാത്ത അധികാരം പ്രയോഗിച്ചതിന്റെ പേരില്‍ മാനേജ്മെന്റിനോ പ്രിന്‍സിപ്പലിനോ കോടതിയെ സമീപിച്ച് ഈ റിപ്പോര്‍ട്ടും തീരുമാനങ്ങളും അസാധുവാക്കാന്‍ നിഷ്പ്രയാസം സാധിക്കും. ഈ യാഥാര്‍ഥ്യം ബോധ്യപ്പെട്ടിട്ടും പിന്നെയെന്തിനായിരുന്നു വോട്ടെടുപ്പുനാടകത്തിലേക്ക് നീങ്ങിയത്? ഉത്തരം ലളിതമാണ്, സങ്കുചിത രാഷ്ട്രീയതാല്‍പ്പര്യം.

സര്‍വകലാശാല സിന്‍ഡിക്കറ്റ് ഉപസമിതിയില്‍ ഒമ്പതുപേരില്‍ ഭൂരിഭാഗവും സിപിഐ എം പ്രതിനിധികള്‍തന്നെയായിരുന്നു.’ഉപസമിതി റിപ്പോര്‍ട്ട് ലക്ഷ്മിനായര്‍ക്കെതിരായ കുറ്റപത്രമെന്നാണ് എല്ലാ മാധ്യമങ്ങളും വാര്‍ത്ത നല്‍കിയത്. റിപ്പോര്‍ട്ട് ലളിതവല്‍ക്കരിക്കാനോ മാനേജ്മെന്റിനോട് അനുകൂലമായ സമീപനം പുലര്‍ത്താനോ പൂര്‍വനിശ്ചിതമായ നിലപാട് സിപിഐ എമ്മിന് ഉണ്ടായിരുന്നെങ്കില്‍, റിപ്പോര്‍ട്ട് എങ്ങനെയും ദുര്‍ബലമാക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമായിരുന്നില്ലേ? സിന്‍ഡിക്കറ്റ് യോഗം റിപ്പോര്‍ട്ട് ഐകകണ്ഠ്യേന അംഗീകരിക്കുകയും ചെയ്തു. നടപടികള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ സിന്‍ഡിക്കറ്റ് യോഗത്തില്‍ അവതരിപ്പിച്ചത് സിപിഐ എം പ്രതിനിധിയും അഫിലിയേഷന്‍ കമ്മിറ്റി കണ്‍വീനറുമായ ഡോ. പി രാജേഷ്കുമാറായിരുന്നു. ലക്ഷ്മിനായരെ അഞ്ചുവര്‍ഷത്തേക്ക് പരീക്ഷാസംബന്ധമായ എല്ലാ പ്രവൃത്തികളില്‍നിന്നും പൂര്‍ണമായും വിലക്കി, അനധികൃതമായി അറ്റന്‍ഡന്‍സ് സമ്പാദിച്ച പ്രിന്‍സിപ്പലിന് ഏറ്റവും വേണ്ടപ്പെട്ട ഒരു വിദ്യാര്‍ഥിനി എഴുതിയ മുഴുവന്‍ പരീക്ഷകളും റദ്ദാക്കുന്നതിനും ആ വിദ്യാര്‍ഥിനിയെ ഇയര്‍ഔട്ടാക്കുന്നതിനും തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ പരീക്ഷാ സ്റ്റാന്‍ഡിങ് കമ്മിറ്റിയെ ചുമതലപ്പെടുത്തി, ഹോസ്റ്റലിലെ ക്യാമറകള്‍ വിദ്യാര്‍ഥിനികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറാത്തവിധം അഞ്ചുദിവസത്തിനകം മാറ്റിസ്ഥാപിച്ച് സര്‍വകലാശാലയെ അറിയിക്കാന്‍ നിര്‍ദേശിച്ചു, യൂണിവേഴ്സിറ്റി പരീക്ഷാസമയങ്ങളില്‍ വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍നിന്ന് പുറത്താക്കരുത്, ലോ അക്കാദമിയിലെ ഇന്റേണല്‍ അസസ്മെന്റ് ഉള്‍പ്പെടെയുള്ള മുഴുവന്‍ അക്കാദമിക് പ്രവര്‍ത്തനങ്ങളും പരീക്ഷാ സ്റ്റാന്‍ഡിങ് കമ്മിറ്റി കണ്‍വീനര്‍, പരീക്ഷാ കണ്‍ട്രോളര്‍, ലോ ഫാക്കല്‍റ്റി ഡീന്‍ എന്നിവരുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും. ഇതിനുപുറമെ എല്‍എല്‍ബി കോഴ്സിലെ ഇന്റേണല്‍ അസസ്മെന്റ് സംവിധാനത്തെ ഉടച്ചുവാര്‍ക്കുന്നതിന് സമഗ്രനിര്‍ദേശം നല്‍കാന്‍ പരീക്ഷാ സ്റ്റാന്‍ഡിങ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. അടുത്ത അക്കാദമിക് കൌണ്‍സില്‍ യോഗത്തില്‍ ഇന്റേണല്‍ സംവിധാനത്തെയാകെ പൊളിച്ചെഴുതും. പൊതുവില്‍ പ്രശംസിക്കപ്പെട്ട റിപ്പോര്‍ട്ടും നിര്‍ദേശങ്ങളും തയ്യാറാക്കിയതില്‍ നിര്‍ണായകമായ സ്ഥാനമുണ്ടായിരുന്ന സിപിഐ എമ്മിനെ പ്രതിക്കൂട്ടിലാക്കാന്‍ നടന്ന രാഷ്ട്രീയഗൂഢാലോചനയാണ് സിന്‍ഡിക്കറ്റില്‍ നടന്ന വോട്ടെടുപ്പ്.

പ്രിന്‍സിപ്പലിനെ മാറ്റരുതെന്ന് സിപിഐ എം അംഗങ്ങള്‍ നിലപാടെടുത്തു എന്നാണ് ഒരു വിഭാഗം മാധ്യമങ്ങള്‍ നടത്തിയ പ്രചാരണം. ഇത് അടിസ്ഥാനരഹിതമായിരുന്നു. മാറ്റണമെന്ന് പറയാന്‍ അധികാരമില്ലാത്തതുകൊണ്ട് അങ്ങനെയൊരു വാക്ക് എഴുതിച്ചേര്‍ക്കുന്നതില്‍ മാത്രമായിരുന്നു തര്‍ക്കം. ഇല്ലാത്ത അധികാരം പ്രയോഗിക്കാന്‍ ആവശ്യപ്പെട്ട് ബോധപൂര്‍വം പ്രതിസന്ധി സൃഷ്ടിക്കാനുള്ള തന്ത്രമാണ് നടന്നത്. യുഡിഎഫിലെ രണ്ടംഗങ്ങള്‍ വിട്ടുനിന്നതും വാര്‍ത്തയായിവന്നു. എന്നാല്‍, കോണ്‍ഗ്രസിലെതന്നെ രണ്ടംഗങ്ങള്‍ വ്യത്യസ്തമായ രണ്ടു പ്രമേയങ്ങള്‍ അവതരിപ്പിച്ചത് ഇതേമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതേയില്ല. കെപിസിസി ട്രഷററും സിന്‍ഡിക്കറ്റ് അംഗവുമായ ജോണ്‍സണ്‍ എബ്രഹാം അവതരിപ്പിച്ച പ്രമേയത്തെ കോണ്‍ഗ്രസിലെ മറ്റൊരംഗവും പിന്തുണച്ചില്ല. കോണ്‍ഗ്രസ് അംഗം ജ്യോതികുമാര്‍ ചാമക്കാല മറ്റൊരു പ്രമേയം അവതരിപ്പിച്ചു. ആ പ്രമേയത്തിന് ജോണ്‍സണ്‍ എബ്രഹാം വോട്ട് രേഖപ്പെടുത്തിയതുമില്ല. ഈ വസ്തുതകള്‍ വാര്‍ത്തയായതേയില്ല.

കൊമാലയിലെ വസന്തം’ചരിത്രപരമായ ഒരു അനിവാര്യതയായിരുന്നു. ഇന്റേണല്‍ അസസ്മെന്റ് സംവിധാനവും സ്വാശ്രയവിദ്യാഭ്യാസവും അരാജകത്വം സൃഷ്ടിക്കുമ്പോള്‍ വിദ്യാര്‍ഥികളില്‍നിന്നുയര്‍ന്ന സ്വാഭാവികമായ പോരാട്ടം. അടുത്ത അക്കാദമിക് കൌണ്‍സില്‍ യോഗത്തില്‍ നിയമവിദ്യാഭ്യാസ മേഖലയിലെ ഇന്റേണല്‍ അസസ്മെന്റ് സംവിധാനം പൊളിച്ചെഴുതുമ്പോള്‍ അത് കൊമാലയിലെ കുട്ടികളുടെ വിജയമാണ്. യുജിസിയും സര്‍വകലാശാലയും ഇന്റേണല്‍ അസസ്മെന്റ് സംബന്ധിച്ച് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍, ഇതൊന്നും എവിടെയും പാലിച്ചുകാണാറില്ല. വിദ്യാര്‍ഥികളുടെ പരാതി പരിഹരിക്കാന്‍ നിര്‍ബന്ധമായി വേണ്ട കോളേജ് ലെവല്‍ മോണിറ്ററിങ് കമ്മിറ്റി ലോ അക്കാദമിയില്‍ ഉണ്ടായിരുന്നില്ല. ഇത് ലോ അക്കാദമിയിലെമാത്രം പ്രശ്നമായി ഞാന്‍ കരുതുന്നില്ല. ഗവണ്‍മെന്റ്- സ്വകാര്യ സ്ഥാപനങ്ങളെന്ന വ്യത്യാസമില്ലാതെ എല്ലാ സ്ഥാപനങ്ങളിലും ഇന്റേണല്‍ അസസ്മെന്റിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ വേട്ടയാടപ്പെടുന്നു. വിദ്യാര്‍ഥികേന്ദ്രീകൃതമായി വിദ്യാഭ്യാസത്തെ മാറ്റുന്നതിനാണ് ഇന്റേണല്‍സംവിധാനം കൊണ്ടുവന്നതുതന്നെ. എന്നാല്‍, ഇത് കൂടുതല്‍ അധ്യാപകകേന്ദ്രീകൃതമായി ഇന്ന് മാറിയിരിക്കുന്നു. എല്‍എല്‍ബി കോഴ്സുകളിലാകട്ടെ അവസാനത്തെ നാല് സെമസ്റ്ററുകളിലായി പൂര്‍ണമായും നൂറുമാര്‍ക്കിന്റെവീതം ഓരോ ഇന്റേണല്‍ പരീക്ഷകളുണ്ട്. എല്‍എല്‍ബി പരീക്ഷ വിജയിക്കുന്നതിന് ആവശ്യമായ മാര്‍ക്കിന്റെ പകുതിയിലധികവും ഇന്റേണല്‍ മാര്‍ക്കാണ്! അധ്യാപകരുടെ കാരുണ്യമില്ലാതെ ഒരാള്‍ക്കും വിജയിക്കാനാകില്ല. ഈ അധികാരമുപയോഗിച്ചാണ് ലോ അക്കാദമി പ്രിന്‍സിപ്പലിന് വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്താന്‍ കഴിഞ്ഞത്. ഈ സമ്പ്രദായം മാറ്റേണ്ട ആവശ്യകതയെക്കുറിച്ച് സര്‍വകലാശാലയെയും അക്കാദമിക സമൂഹത്തെയും ബോധ്യപ്പെടുത്തിയ സമരമായിരുന്നു ലോ അക്കാദമിയിലേത്.

സ്വകാര്യസ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനാവശ്യമായ അധികാരങ്ങള്‍ സര്‍വകലാശാലകള്‍ക്ക് പരിമിതമാണ്. ഇക്കാര്യം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത് ലോ അക്കാദമി സമരത്തിലൂടെയാണ്. ഉന്നതവിദ്യാഭ്യാസമേഖല സ്വകാര്യസംരംഭകര്‍ക്ക് തീറെഴുതിയവര്‍തന്നെയാണ് ഇന്ന് അവിടങ്ങളില്‍ നടക്കുന്ന ചൂഷണത്തെക്കുറിച്ച് കണ്ണുനീരൊഴുക്കുന്നതെന്ന് ഓര്‍മ വേണം. അടിയന്തരമായി ഇത്തരം സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിന് നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ മുതിരണം. സര്‍വകലാശാലകള്‍ക്ക് ഇക്കാര്യത്തില്‍ കൂടുതല്‍ അധികാരങ്ങള്‍ നല്‍കണം. സര്‍വകലാശാലയുടെ മാര്‍ഗനിര്‍ദേശങ്ങളും നിയമങ്ങളും ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കും അധ്യാപകര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കഴിയുംവിധം നിയമനിര്‍മാണമുണ്ടാകണം.

യഥാര്‍ഥ വിഷയങ്ങളെ അഭിസംബോധന ചെയ്യാതെ രാഷ്ട്രീയമായി സിപിഐ എമ്മിനെയും സര്‍ക്കാരിനെയും ആക്രമിക്കുന്നതിനുള്ള അവസരമായാണ് കോണ്‍ഗ്രസും ബിജെപിയും ഈ സമരത്തെ ഉപയോഗിക്കാന്‍ ശ്രമിച്ചത്. സര്‍വകലാശാല പൂര്‍ണമായും അക്കാദമിക് താല്‍പ്പര്യംമാത്രം മുന്‍നിര്‍ത്തി വിദ്യാര്‍ഥികളുടെ പരാതികള്‍ക്ക് ഉത്തരം തേടി. അതില്‍ വലിയ വിജയം നേടാനായി.

പ്രിന്‍സിപ്പലിനെ മാറ്റി. സര്‍വകലാശാല ഡീബാര്‍ ചെയ്ത അഞ്ചുവര്‍ഷവും ലോ അക്കാദമിയിലെ അധ്യാപികയായി ഇനി ലക്ഷ്മിനായര്‍ ഉണ്ടാകില്ല. ഈ ഉറപ്പ് ലഭിച്ചിട്ടും ചില കൂട്ടര്‍ വിദ്യാഭ്യാസബന്ദും ഹര്‍ത്താലുമൊക്കെയായി മുന്നോട്ടുപോകുകയാണ്. രാഷ്ട്രീയനാടകത്തിന് വിദ്യാര്‍ഥികളുടെ സമരപ്പന്തലല്ല വേദിയാക്കേണ്ടത്. സര്‍വകലാശാല സിന്‍ഡിക്കറ്റുപോലെ അക്കാദമിക് താല്‍പ്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കേണ്ട ജനാധിപത്യവേദികള്‍ രാഷ്ട്രീയനാടകമാടാനുള്ള വേദികളുമല്ല. ലോ അക്കാദമിയില്‍ എവിടെയും കാണുന്ന ചുവരെഴുത്ത്- കൊമാലയിലെ വസന്തം,  ഞങ്ങള്‍ പൂത്താല്‍ വസന്തം എന്നാണ്. ഈ വസന്തം ചരിത്രത്തില്‍ ഇടംപിടിക്കുകതന്നെ ചെയ്യും. എന്നാല്‍, ഈ വസന്തത്തിനിടയില്‍ രാഷ്ട്രീയതാല്‍പ്പര്യത്തിനിറങ്ങിയവര്‍ ചരിത്രത്തില്‍ ഒറ്റുകാരായും അറിയപ്പെടും

എ എം റഹിം  Wednesday Feb 1, 2017

(http://www.deshabhimani.com/articles/law-academy-strike/620633)

Sunday, October 23, 2016

നജീബ് ഒരാൾ മാത്രമല്ല.... ഈ വിദ്യാർത്ഥി വേട്ട തുടരരുത്


ജെഎന്‍യു വീണ്ടും സമരമുഖത്താണ്. രാജ്യതലസ്ഥാനത്ത് ശൈത്യത്തിന്റെ വരവ് വിളംബരം ചെയ്ത് രാത്രികള്‍ തണുത്ത് വിറച്ചുതുടങ്ങി. അപ്പോഴും കലാലയത്തിന്റെ ഭരണകാര്യാലയത്തിനു ചുറ്റുമുള്ള ഏഴ് കവാടങ്ങള്‍ വളഞ്ഞ് വിദ്യാര്‍ഥികള്‍ അന്തരീക്ഷത്തെ മുദ്യാവാക്യമുഖരിതമാക്കുകയാണ്. കഴിഞ്ഞ ദിവസം ഒരു രാത്രി മുഴുവന്‍ വൈസ് ചാന്‍സലറും റെക്ടറും ഉള്‍പ്പടെയുള്ള അധികാരികള്‍ക്ക് പുറത്തുകടക്കാനാവാകെ അതിനകത്ത് കഴിയേണ്ടിവന്നു.

ഇടയ്ക്ക് മാധ്യമങ്ങള്‍ക്കുമുന്നില്‍ പരമസാധു ചമഞ്ഞ് പുറത്തിറങ്ങാന്‍ ശ്രമിച്ച വിസിയോട് നിങ്ങളെ ഞങ്ങള്‍ കായികമായി തടയുകയോ കൈയ്യേറ്റം ചെയ്യുകയോ ഇല്ലെന്നും എന്നാല്‍ പുറത്തിറങ്ങണമെങ്കില്‍ ഞങ്ങളുടെയെല്ലാം ശരീരങ്ങളെ ചവിട്ടിമെതിച്ച് പോകാമെന്നും പറഞ്ഞ് വിദ്യാര്‍ഥിയൂണിയന്‍ നേതാക്കളുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ കവാടത്തിനുമുന്നില്‍ നിരന്നു കിടന്നു. വിദ്യാര്‍ഥികളുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ കീഴടങ്ങി വിസിക്കും കൂട്ടര്‍ക്കും രണ്ടു തവണ തിരികെ പോകേണ്ടി വന്നു. ജെഎന്‍യു വിദ്യാര്‍ഥികള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു മുന്നിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ഒരുങ്ങുമ്പോഴാണ് ഇതെഴുതുന്നത്. ഒരുപക്ഷേ, ഇപ്പോള്‍ സമരത്തിന്റെ ചിത്രം വീണ്ടും മാറിയിട്ടുണ്ടാകാം. അല്ലെങ്കില്‍ നമ്മളെല്ലാം കാത്തിരിക്കുന്ന നജീബ് നമ്മളിലേക്ക് തിരികെ വന്നിട്ടുണ്ടാകാം.

ഒക്ടോബര്‍ പതിനഞ്ചിനാണ് നജീബ് അഹമ്മദ് എന്ന ജെഎന്‍യുവിലെ ഒന്നാം വര്‍ഷ ബയോടെക്നോളജി ബിരുദാനന്തരബിരുദ വിദ്യാര്‍ഥിയെ കാണാതാകുന്നത്. അതിന്റെ തലേ ദിവസം ചില അസാധാരണമായ സംഭവങ്ങള്‍ നജീബ് താമസിക്കുന്ന മാഹി-മാണ്ഢവി ഹോസ്റ്റലില്‍ നടന്നിരുന്നു. നജീബിനെ ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് 16നു ചേര്‍ന്ന വാര്‍ഡന്‍ കമ്മറ്റി യോഗം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അവര്‍ എബിവിപി പ്രവര്‍ത്തകരായിരുന്നു. ഇരുപതോളം വിദ്യാര്‍ഥികള്‍ പൊലീസില്‍ ഒന്നിലധികം തവണ നടന്ന ഈ ആക്രമണത്തിന് സാക്ഷ്യം പറഞ്ഞിട്ടുണ്ട്. വെറുപ്പും വിദ്വേഷവും വമിക്കുന്ന ആക്രോശങ്ങളോടെയാണ് നജീബിനെ എബിവിപി സംഘം കൈകാര്യം ചെയ്തതെന്ന് സംഭവം നടക്കുമ്പോള്‍ പരിസരത്തുണ്ടായിരുന്നവര്‍ തുറന്നു പറയുന്നുണ്ട്. ഇതിനു മുന്‍പ് ഹോസ്റ്റല്‍ യൂണിയന്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നജീബിന്റെ റൂമില്‍ ചെന്ന എബിവിപി പ്രവര്‍ത്തകരെ നജീബ് മര്‍ദ്ദിക്കുകയായിരുന്നുവെന്ന എബിവിപിയുടെ ആരോപണവും നിലനില്‍ക്കുന്നു. അങ്ങനെയായിരുന്നെങ്കില്‍ തന്നെ പരാതി നല്‍കുന്നതിനു പകരം ഒരു വിദ്യാര്‍ഥിയെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിക്കുവാനും വര്‍ഗീയ വിഷം വമിപ്പിക്കുവാനും മുസ്ലീം വിദ്യാര്‍ഥികള്‍ തീവ്രവാദികളാണ് എന്ന് ഹോസ്റ്റല്‍ ചുവരില്‍ എഴുതിവെക്കാനും അവര്‍ കാണിച്ച ധൈര്യത്തെ ഭയന്നേ തീരു. അതിനെ അടക്കിനിര്‍ത്താനും അവസാനിപ്പിക്കാനും സാധിക്കാത്തിടത്ത് ജനാധിപത്യം വാഴില്ല.

നജീബിന് എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കുമറിയില്ല. അല്ലെങ്കില്‍ അറിയുന്ന ആരും ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. ഫോണും പേഴ്സും നജീബിന്റെ കൈയ്യില്‍ ഇല്ല. പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലൊന്നും എത്തിയിട്ടില്ല. ഇതിനേക്കാല്‍ പേടിപ്പെടുത്തുന്നത് മറ്റൊരു നിശബ്ദതയാണ്. സംഭവം നടന്ന് ആറ് ദിവസങ്ങള്‍ പിന്നിടുമ്പോഴും ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ രേഖാമൂലം ഒരു പരാതി കൊടുക്കാന്‍ പോലും സര്‍വകലാശാല അധികൃതര്‍ തയ്യാറായിട്ടില്ല. ഗോരക്ഷയുടെ പേരില്‍ മനുഷ്യരെ കൊന്ന് മര്‍ദ്ദിക്കുന്ന ഭ്രാന്തിനെതിരെ പ്രതിഷേധയോഗം നടത്തിയതിനും കാമ്പസ് ചുവരില്‍ പോസ്റ്റര്‍ ഒട്ടിച്ചതിനും വരെ വിദ്യാര്‍ഥികള്‍ക്ക് അന്വേഷണ വിധേയമായി നോട്ടീസ് അയച്ച ഏകാധിപതികള്‍ അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്ന കലാലയമാണ് ജെഎന്‍യു. എസ്എഫ്ഐയുടെ യൂണിറ്റ് സെക്രട്ടറി ജി സുരേഷിന് കഴിഞ്ഞ ദിവസം അന്വേഷണത്തിന് ഹാജരാകാന്‍ പറഞ്ഞ് നോട്ടീസ് ലഭിച്ചത് കാമ്പസിലെ രൂക്ഷമായ ഹോസ്റ്റല്‍ പ്രതിസന്ധിയെക്കുറിച്ച് പോസ്റ്റര്‍ പതിച്ചതിനാണ്. ആയിരത്തോളം വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം നിഷേധിക്കുന്നതല്ല, അതിനെതിരെ പ്രതികരിക്കുന്നതാണ് അപരാധം.!! കാമ്പസിനകത്ത് ഒരു പ്രതിഷേധയോഗത്തില്‍ കോലം കത്തിച്ചതിനെക്കുറിച്ച് മിനിറ്റുകള്‍ക്കകം റ്റ്വീറ്റ് ചെയ്ത് അന്വേഷണം പ്രഖ്യാപിച്ച വിസിയുള്ള കാമ്പസാണിത്. ഇക്കൂട്ടരാണ് തങ്ങളുടെ ഒരു വിദ്യാര്‍ഥിയെ ദുരൂഹമായ സാഹചര്യത്തില്‍ കാണാതായിട്ടും അഞ്ച് ദിവസം മൗനവ്രതമിരുന്നത്.

നജീബ് അഹമ്മദിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ ബസന്ത് കുഞ്ച് പൊലീസ് സ്റ്റേഷനിലേക്ക് ഞായറാഴ്ച രാത്രി നടത്തിയ പ്രതിഷേധ പ്രകടനം.നജീബ് അഹമ്മദിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ ബസന്ത് കുഞ്ച് പൊലീസ് സ്റ്റേഷനിലേക്ക് ഞായറാഴ്ച രാത്രി നടത്തിയ പ്രതിഷേധ പ്രകടനം.

അക്രമം നടത്തിയ എബിവിപി പ്രവര്‍ത്തകരെ വിളിച്ചിരുത്തി ചര്‍ച്ച ചെയ്യാന്‍ തയ്യാറായ അധികൃതര്‍ നിറകണ്ണുകളുമായി വിങ്ങലടക്കാനാകാതെനിന്ന നജീബിന്റെ ഉമ്മയെയും സഹോദരിയെയും നാലു ദിവസത്തോളം കാണാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി അവരെ കാണാന്‍ തയ്യാറായെങ്കിലും അങ്ങേയറ്റം അപഹാസ്യപരമായ പരാമര്‍ശങ്ങളായിരുന്നു അവരോട് നടത്തിയത്. സംഭവത്തില്‍ യാതൊരുവിധ ഉത്തരവാദിത്തവും ഏറ്റെടുക്കാന്‍ സര്‍വകലാശാല തയ്യാറായില്ല. അന്വേഷണം ത്വരിതപ്പെടുത്താന്‍ സഹായിക്കുംവിധം നജീബിന് മര്‍ദ്ദനമേറ്റ സംഭവമെങ്കിലും പൊലീസില്‍ ഔദ്യോഗികമായി അറിയിക്കണം എന്ന ബന്ധുക്കളുടെ അപേക്ഷയോടും അവര്‍ മുഖം തിരിച്ചു. ഒടുവില്‍ തങ്ങളുടെ പ്രിയപ്പെട്ടവന്റെ തിരോധാനത്തെക്കുറിച്ച് ആശങ്കപ്പെട്ടിരിക്കുന്നവരെ തങ്ങള്‍ക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെന്നും കോടതിയില്‍ കാണാം എന്നും വെല്ലുവിളിച്ചാണ് ഇറക്കിവിട്ടത്. വിദ്യാര്‍ഥി സമരം രൂക്ഷമാകാന്‍ തുടങ്ങിയപ്പോള്‍ യൂണിവേഴ്സിറ്റി ഇറക്കിയ പത്രക്കുറിപ്പ് നജീബില്‍ കുറ്റം ആരോപിച്ചുകൊണ്ടുള്ളതും നജീബിനെ ആക്രമിച്ചവശനാക്കിയതിനെതിരെ ഒരക്ഷരം ഉരിയാടാത്തതുമായിരുന്നു. വിദ്യാര്‍ഥി രോഷത്തെതുടര്‍ന്നാണ് രണ്ട് ദിവസം കഴിഞ്ഞ് ഇത് തിരുത്താന്‍ അവര്‍ തയ്യാറായത്. ഇതൊക്കെയാണ് സംഭവത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നവരെ രക്ഷിക്കാന്‍ സര്‍വകലാശാല അധികൃതര്‍ തന്നെ വ്യഗ്രത കാട്ടുന്നു എന്ന സംശയത്തെ ബലപ്പെടുത്തുന്നത്.

എന്താണ് കേന്ദ്ര ഗവണ്മെന്റിന്റെ നിലപാട്? വൈസ് ചാന്‍സലര്‍ ഭരണകാര്യാലയത്തിനുള്ളില്‍ കുടുങ്ങിയപ്പോള്‍ മണിക്കൂറുകള്‍ക്കകം പ്രതികരണവുമായി രംഗത്തെത്തിയ കൂട്ടര്‍ക്ക് രാജ്യതലസ്ഥാനത്തെ ഒരു സുപ്രധാന കാമ്പസില്‍ നിന്നും ഒരു വിദ്യാര്‍ഥിയെ അസാധാരണമായ സാഹചര്യത്തില്‍ കാണാതായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇടപെടണം എന്ന് തോന്നിയില്ല. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ ഒരു പരിപാാടി സംഘടിപ്പിച്ചതിന് രോഹിത് വെമുലയ്ക്കും സുഹൃത്തുക്കള്‍ക്കുമെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്ത് നിരന്തരം കത്തുകളയയ്ക്കുകയും ഒടുവില്‍ രോഹിത് വെമുലയുടെ മരണം ഉറപ്പാക്കുകയും ചെയ്തവരാണ് നജീബിന്റെ തിരോധാനത്തെക്കുറിച്ച് മൗനികളാകുന്നത്.

വലിയ വിദ്യാര്‍ഥിപങ്കാളിത്തത്തോടുകൂടി തീര്‍ത്തും സമാധാനപരമായാണ് സമരം പുരോഗമിക്കുന്നത്. കേസില്‍ കക്ഷി ചേരാന്‍ സര്‍വകലാശാല വിസമ്മതിച്ചതിനെ തുടര്‍ന്ന് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലേക്ക് പതിനേഴിന് രാത്രി ആയിരത്തോളം വിദ്യാര്‍ഥികള്‍ മാര്‍ച്ച് ചെയ്തു. സമരക്കാര്‍ക്കു മുന്നിലേക്ക് ഇറങ്ങിവരേണ്ടിവന്ന കമ്മീഷണര്‍ക്ക് അന്വേഷണം ഊര്‍ജ്ജിതമാകുമെന്ന് ഉറപ്പുനല്‍കേണ്ടി വന്നു.

വിദ്യാര്‍ഥികള്‍ സ്വാഭാവികമായ രോഷത്തിലാണ്. ഇത്രയെല്ലാം നടന്നിട്ടും അവര്‍ക്ക് അങ്ങനെയാകാന്‍ കഴിയുന്നില്ലെങ്കില്‍ ആ കലാലയത്തെക്കുറിച്ച് ജനാധിപത്യ സമൂഹത്തിന് നിരാശപ്പെടാനല്ലാതെ പ്രതീക്ഷിക്കാന്‍ ഒന്നുമുണ്ടാകുമായിരുന്നില്ല. തമ്പുരാക്കന്മാര്‍ വാഴുന്ന ഭരണസമുച്ചയത്തിന്റെ ഏറെയൊന്നും ബലമില്ലാത്ത ചില്ലുകളില്‍ ഒന്നിനു പോലും ഇതുവരെ പോറലേറ്റിട്ടില്ല. ക്രിമിനല്‍ കുറ്റം ചെയ്തുകൊണ്ടിരിക്കുന്ന വൈസ് ചാന്‍സലറുടെ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ പുറത്ത് നിറുത്തിയിട്ടിട്ടുണ്ട്. അതില്‍ ഒന്നിന്റെ ടയര്‍ പഞ്ചറാവുക പോലും ചെയ്തിട്ടില്ല. സമരത്തെ നിയമ വിരുദ്ധമെന്നും അക്രമമെന്നും വിളിക്കുന്നവര്‍ ജെഎന്‍യു വിദ്യാര്‍ഥികളുടെ സഹിഷ്ണുതയെ പരിഹസിക്കുകയാണ്.

ഉജ്ജ്വയിനിലെ മാധവ് കോളേജ് പ്രഫസ്സര്‍ എച്ച് എസ് സബര്‍വാളിനെ കൊലപ്പെടുത്തിയ, ഗുജറാത്ത് കേന്ദ്ര സര്‍വകലാശാലയുടെ പ്രിന്‍സിപ്പള്‍ ആയിരുന്ന പരിമള്‍ ത്രിവേദിയെ വീടാക്രമിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച, 300 രാമായണങ്ങള്‍ എന്ന എ കെ രാമാനുജത്തിന്റെ ലേഖനം പാഠഭാഗത്ത് ഉള്‍പ്പെടുത്തിയതിനെതിരെ ദില്ലി യൂണിവേഴ്സിറ്റിയില്‍ കലാപം സൃഷ്ടിച്ച, ഗുരുവായൂരപ്പന്‍ കോളേജിലെ പ്രിന്‍സിപ്പളിന്റെ വീടാക്രമിച്ച സംഘപരിവാര വിദ്യാര്‍ഥി പരിഷത്താണ് ഇപ്പോള്‍ സമാധാനപരമായ ഒരു സമരത്തിനെതിരെ അക്രമമെന്ന് നിലവിളിക്കുന്നത്.

രാധിക വെമുലയെന്ന അമ്മയുടെ കണ്ണുനീര്‍ കണ്ടവരാണ് നമ്മള്‍. ഇവിടെയിതാ മറ്റൊരമ്മ കണ്ണീര്‍ വാര്‍ക്കുന്നു. നമ്മുടെ യൂണിവേഴ്സിറ്റികള്‍ ഇനിയും ഈ വിദ്യാര്‍ഥി വേട്ട തുടരരുത്. സംഘപരിവാരം അതിന്റെ ആക്രോശം തുടരരുത്. നജീബ് ഒരാള്‍ മാത്രമല്ല…

 നിതീഷ് നാരായണൻ എസ്എഫ്ഐ കേന്ദ്ര എക്സിക്യൂട്ടിവ് അംഗവും ജെഎന്‍യുവില്‍ ഗവേഷകനുമാണ് ലേഖകന്‍

Friday Oct 21, 2016
http://www.deshabhimani.com/special/where-is-najeeb-ahmed-jnu-student-who-is-missing-from-campus/597300

Friday, May 9, 2014

അധികൃതര്‍ തിരിഞ്ഞുനോക്കിയില്ല; മഴയിലും ചോരാത്ത സമരാവേശം

കാസര്‍കോട്: ക്യാമ്പസില്‍ അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നടത്തുന്ന സമരത്തെ കണ്ടില്ലെന്ന് നടിച്ച് സര്‍വകലാശാല അധികൃതര്‍. ബുധനാഴ്ച രാത്രിമുതല്‍ നിര്‍ത്താതെ ചെയ്യുന്ന കനത്ത മഴ കൂസാതെ കണ്ണൂര്‍ സര്‍വകലാശാല ചാല ക്യാമ്പസിലെ വിദ്യാര്‍ഥികള്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം മൂന്നുദിവസം പിന്നിട്ടു. ക്യാമ്പസില്‍ ആരംഭിച്ച സമരം ബുധനാഴ്ചമുതല്‍ കലക്ടറേറ്റ് പരിസരത്ത് ബിസി റോഡിലാണ് നടക്കുന്നത്. ബുധനാഴ്ച രാത്രി മുതല്‍ വേനല്‍ മഴ നിര്‍ത്താതെ പെയ്തതിനാല്‍ താല്‍ക്കാലിക പന്തലില്‍ മഴ നഞ്ഞാണ് വിദ്യാര്‍ഥികള്‍ സമരം തുടരുന്നത്. വിദ്യാര്‍ഥികള്‍ ഉന്നയിച്ച ന്യായമായ ആവശ്യങ്ങള്‍ക്കുനേരെ ഇപ്പോഴും പുറംതിരിഞ്ഞുനില്‍ക്കുകയാണ് അധികൃതര്‍. ക്യാമ്പസ് ഡയക്ടറോ സര്‍വകലാശാല അധികൃതരോ ഇതുവരെ വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്താനോ സമരപ്പന്തല്‍ സന്ദര്‍ശിക്കാനോ തയ്യാറായിട്ടില്ല.

വി വി അനീഷ്, ഷിഹാബുദ്ദീന്‍, എം കെ ഷക്കീര്‍, പി ലിജിഷ, എച്ച് കെ ദില്‍ന, സി ജിംന, പി ശ്രീജിത്, കെ കെ മുഹാദ് എന്നീ എട്ട് വിദ്യാര്‍ഥികളാണ് മൂന്നുദിവസമായി നിരാഹാരമിരിക്കുന്നത്. ഇവരില്‍ ദില്‍നയും ജിംനയും അവശനിലയിലാണ്. വ്യാഴാഴ്ച കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ നിരാഹാരമിരിക്കുന്ന വിദ്യാര്‍ഥികളെ സന്ദര്‍ശിച്ചു. യാത്രാസൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യം വൈസ്് ചാന്‍സലറുമായി സംസാരിച്ച് പരിഹാരമുണ്ടാക്കാമെന്നും ക്യാമ്പസില്‍ അടിസ്ഥാന സൗകര്യമേര്‍പ്പെടുത്തേണ്ടത് സര്‍വകലാശാലയാണെന്നും കലക്ടര്‍ അറിയിച്ചു. ക്യാമ്പസിലെ അടിസ്ഥാന പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് സര്‍വകലാശാല ഉറപ്പുനല്‍കാതെ സമരം പിന്‍വലിക്കില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.

ജില്ലയിലെ പ്രധാന ക്യാമ്പസായ ചാല ക്യാമ്പസിലെ പ്രശ്നങ്ങള്‍ ജില്ലക്കാരന്‍ കൂടിയായ വൈസ് ചാന്‍സലര്‍ പോലും കണ്ടില്ലെന്ന് നടിക്കുകയാണ്. 2001-ല്‍ ആരംഭിച്ച ക്യാമ്പസില്‍ എംബിഎ, എംസിഎ, ബിഎഡ് കോഴ്സുകളിലായി 250 വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. ഭൂരിപക്ഷം പേരും അന്യ ജില്ലയില്‍നിന്നുള്ളവരാണ്. ഇവര്‍ക്ക് താമസിക്കാന്‍ ഹോസ്റ്റലില്ല. വന്‍തുക നല്‍കി ലോഡ്ജുകളിലും മറ്റുമാണ് പെണ്‍കുട്ടിള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ താമസിക്കുന്നത്. പഠനത്തിനാവശ്യമായ ലാബ്, സെമിനാര്‍ ഹാള്‍, ലൈബ്രറി സൗകര്യങ്ങളില്ല. കാന്റീനും വാഹന സൗകര്യവുമില്ല. വന്‍ തുക ഫീസിനത്തില്‍ വാങ്ങുന്ന സര്‍വകലാശാല വിദ്യാര്‍ഥികളെ വഞ്ചിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.

കാര്‍ഷിക കോളേജിലെ പിജി കോഴ്സ് മാറ്റരുത്: പി കരുണാകരന്‍

കാസര്‍കോട്: മലബാറിലെ ഏക കാര്‍ഷിക കോളേജായ പടന്നക്കാട് കാര്‍ഷിക കോളേജിലെ പിജി കോഴ്സ് നര്‍ത്തലാക്കാനുള്ള സര്‍വകലാശാല നീക്കം ഉപേക്ഷിക്കണമെന്ന് പി കരുണാകരന്‍ എംപി ആവശ്യപ്പെട്ടു.

പിജി ബ്ലോക്കിനായി പുതിയ കെട്ടിടം പണി പൂര്‍ത്തിയാകുമ്പോഴാണ് കോഴ്സ്തന്നെ പിന്‍വലിക്കുമെന്ന വാര്‍ത്തകള്‍ പരക്കുന്നത്. ഡിഗ്രി കോഴ്സ് തുടങ്ങി നിരവധി മുറവിളിക്ക് ശേഷം 17 വര്‍ഷം കഴിഞ്ഞപ്പോഴാണ് രണ്ട് വിഷയങ്ങളില്‍ പിജി കോഴ്സ് ആരംഭിച്ചത്. ആവശ്യത്തിന് അധ്യാപകരെയും ജീവനക്കാരെയും നിയമിക്കാതെ കോളേജുതന്നെ ഇവിടെനിന്ന് മാറ്റാന്‍ തുടക്കം മുതല്‍ ശ്രമം നടക്കുന്നുണ്ട്. പിജി കോഴ്സിന് അധ്യാപകരില്ലാത്തതിനാലാണ് അവസാന സെമസ്റ്ററുകള്‍ മറ്റ് കോളേജുകളിലേക്ക് മാറ്റുന്നത്. അത് കോഴ്സുകള്‍ പിന്‍വലിക്കുന്നതിലേക്ക് നീങ്ങുന്നത് അംഗീകരിക്കാന്‍ പറ്റില്ല. പഠനത്തിന് ആവശ്യമായ എല്ലാ സൗകര്യവും ഇവിടെ ഉണ്ടായിട്ടും അധികൃതരുടെ അനാസ്ഥമൂലം കോളേജിന്റെ പ്രവര്‍ത്തനം സുഗമമായി മുന്നോട്ട് പോകുന്നില്ല. അതിന് പരിഹാരമായി തുടങ്ങിയ കോഴ്സുകള്‍ മാറ്റുന്നതിനുള്ള നീക്കം ജനങ്ങളോടും കാസര്‍കോട് ജില്ലയോടും കാണിക്കുന്ന വഞ്ചനയാണ്. കൂടുതല്‍ കോഴ്സുകള്‍ അനുവദിച്ച് അധ്യാപകരെയും നിയമിച്ച് കോളേജിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്ന് വൈസ്ചാന്‍സലര്‍ക്ക് അയച്ച കത്തില്‍ പി കരുണാകരന്‍ പറഞ്ഞു.

deshabhimani

Thursday, April 17, 2014

മോര്‍ച്ചറിയല്ല കലാലയം

വിദ്യാര്‍ഥികളുടെ സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുന്നത് അംഗീകരിക്കാനാകില്ല. ഇതിനായി നടപടി കൈക്കൊള്ളുമെന്ന സത്യവാങ്മൂലം, സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത് ദിവസങ്ങള്‍ക്കുമുമ്പാണ്. തീര്‍ത്തും ജനാധിപത്യവിരുദ്ധമായ സര്‍ക്കാര്‍നിലപാടിനെതിരെ വ്യാപക വിമര്‍ശമുയര്‍ന്നു. ജനകീയവിദ്യാഭ്യാസവും മതനിരപേക്ഷ കലാലയവും ഇവിടെ നിലനില്‍ക്കുന്നതിന്റെ കാരണം വിദ്യാര്‍ഥികളുടെ രാഷ്ട്രീയ പ്രബുദ്ധതയാണ്. സാമൂഹ്യപ്രതിബദ്ധതയും പൗരബോധവുമുള്ള തലമുറയാണ് ഇത്തരം കലാലയങ്ങളിലൂടെ വളര്‍ന്നുവരുന്നത്. പഞ്ചായത്തുമുതല്‍ പാര്‍ലമെന്റുവരെയുള്ള തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്നവരാണ് കലാലയവിദ്യാര്‍ഥികള്‍. രാഷ്ട്രഭരണം നിര്‍ണയിക്കാന്‍വരെ അവകാശമുള്ള വിഭാഗത്തിന്റെ ക്യാമ്പസ് സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുന്നത് പരിഹാസ്യമാണ്. ഒറ്റപ്പെട്ട ഏതെങ്കിലും സംഭവത്തെ മുന്‍നിര്‍ത്തി ക്യാമ്പസ് ജനാധിപത്യമാകെ തകരാറിലാണെന്ന് വാദിക്കുന്നത് ശരിയല്ല.

കേരളത്തിലെ സര്‍ക്കാര്‍-എയ്ഡഡ് മേഖലയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍വകലാശാലകളിലും സാങ്കേതിക വിദ്യാഭ്യാസകേന്ദ്രങ്ങളിലും സംഘടനാടിസ്ഥാനത്തിലാണ് യൂണിയന്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. സ്വാശ്രയകോളേജുകളില്‍ ചിലതിലെങ്കിലും ഇപ്രകാരം നടക്കുന്നു. യുവജനോത്സവങ്ങള്‍ ഉള്‍പ്പെടെയുള്ള അതിവിപുലമായ സാംസ്കാരിക സംരംഭങ്ങളുടെ സംഘാടനം ഇത്തരം ജനാധിപത്യവേദികള്‍ക്കാണ്. അധ്യയനവര്‍ഷത്തിലെ കല- സാംസ്കാരിക- കായിക പരിപാടികളുടെയെല്ലാം മേല്‍നോട്ടം ഇവയ്ക്കുതന്നെ. ആകയാല്‍ സംഘടനാപ്രവര്‍ത്തനത്തെ നിയന്തിക്കാനുള്ള നീക്കം ലക്ഷക്കണക്കിനു വിദ്യാര്‍ഥികളോടുള്ള വെല്ലുവിളിയാണ്. സ്വാശ്രയ വിദ്യാഭ്യാസക്കച്ചവടക്കാരുടെയും മതമാനേജ്മെന്റുകളില്‍ ചിലരുടെയും ആഗ്രഹംമാത്രമാണ് പുതിയ നീക്കത്തിനുപിന്നില്‍. എസ്എഫ്ഐ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥിസംഘടനകളെല്ലാം ഇതിനെ ശക്തിയായി എതിര്‍ത്തുകഴിഞ്ഞു.

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെമുതല്‍ വിദ്യാഭ്യാസ മാഫിയകള്‍ക്കെതിരെവരെ വിദ്യാര്‍ഥികള്‍ ഐതിഹാസികമായ പ്രക്ഷോഭം നടത്തി. മഹാത്മാഗാന്ധിയെപ്പോലുള്ളവര്‍ സ്വാതന്ത്ര്യസമരത്തില്‍ അണിചേരാന്‍ വിദ്യാര്‍ഥികളെ ആഹ്വാനംചെയ്തു. വിദ്യാര്‍ഥികള്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചു. ഒരുകാലത്ത് വിദ്യാര്‍ഥിപ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയവര്‍ പില്‍ക്കാലത്ത് സാംസ്കാരികനായകരായും കലാപ്രതിഭകളായും ജനപ്രതിനിധികളായും മികവുറ്റ പ്രൊഫഷണലുകളായും ഉയര്‍ന്ന സിവില്‍സര്‍വീസ് ഉദ്യോഗസ്ഥരായും പ്രശസ്തിനേടി. മികച്ച ന്യായാധിപന്മാരായി പേരെടുത്തവര്‍വരെ ഇതിലുണ്ട്.

വിദ്യാര്‍ഥികളാണ് സാമൂഹ്യ അനീതികളെ എക്കാലത്തും ചോദ്യംചെയ്തത്. ഭീമമായ ഫീസ്വര്‍ധനയും മെറിറ്റ് അട്ടിമറിയും സംവരണനിഷേധവും വിദ്യാഭ്യാസത്തെ കലുഷമാക്കിയപ്പോഴെല്ലാം പ്രതികരിച്ചത് വിദ്യാര്‍ഥിപ്രസ്ഥാനങ്ങളാണ്. അതിന്റെ നേട്ടങ്ങള്‍ വിദ്യാര്‍ഥിസമൂഹത്തിനാകെ ലഭിച്ചു. സ്കൂള്‍വിദ്യാഭ്യാസത്തിന്റെ നവീകരണംമുതല്‍ ഗവേഷണമേഖലയിലെ പ്രശ്നങ്ങള്‍വരെ ഏറ്റെടുത്തു. സ്കോളര്‍ഷിപ്പുകള്‍, ഫെലോഷിപ്പുകള്‍- ഇവയുടെ വര്‍ധനയും യാത്രാകണ്‍സഷന്‍, മറ്റു വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍- ഇവയെല്ലാം വിദ്യാര്‍ഥിസമരത്തിന്റെ ഫലമാണ്. സ്വാശ്രയ കോളേജുകളില്‍ ശേഷിക്കുന്ന മെറിറ്റ് സീറ്റുകളും നിയന്ത്രിത ഫീസ്ഘടനയും വിദ്യാര്‍ഥിസമരത്തിന്റെ വിജയമാണ്. സാധാരണക്കാര്‍ പഠിക്കാനെത്തുന്ന നൂറുകണക്കിനു പൊതുവിദ്യാലയങ്ങള്‍ ഇപ്പോഴും അടച്ചുപൂട്ടാത്തത് വിദ്യാര്‍ഥികളുടെ മുദ്രാവാക്യത്തിന്റെ കരുത്തിലാണ്. സിലബസ് പരിഷ്കരണത്തിനായും ഉന്നതവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരമുയര്‍ത്താനും സര്‍വകലാശാലാ സമിതികളില്‍ നിരന്തരം ശബ്ദിക്കുന്നത് വിദ്യാര്‍ഥികളാണ്.

2006ല്‍ സുപ്രീംകോടതിയുടെ നിര്‍ദേശാനുസരണം രൂപീകരിക്കപ്പെട്ട ജെ എം ലിങ്ദോ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വിദ്യാര്‍ഥി യൂണിയനുകളുടെ പ്രസക്തി ചൂണ്ടിക്കാട്ടുന്നു. ക്യാമ്പസിലെ സംഘടനകളെ വിലക്കുന്ന നടപടിക്ക് ഒരു നിയമസാധുതയുമില്ല. ഭരണഘടനാലംഘനമാണിത്. ഭരണഘടനയുടെ അനുഛേദം പത്തൊമ്പത് പ്രകാരം ഇന്ത്യന്‍ പൗരന് നല്‍കപ്പെട്ടിരിക്കുന്ന സ്വാതന്ത്ര്യത്തിനായുള്ള അവകാശത്തെ ഹനിക്കലാണിത്. ഏതൊരു ഇന്ത്യന്‍ പൗരനും അഭിപ്രായപ്രകടനത്തിനുള്ള അവകാശം ഭരണഘടനാപരമാണ്. നിരായുധരായും സമാധാനപരമായും സംഘടിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. വിദ്യാര്‍ഥിസംഘടനാപ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള ക്യാമ്പയിനുകള്‍, സെമിനാറുകള്‍, സമ്മേളനങ്ങള്‍- ഇവയെല്ലാം ഈ അവകാശത്തിന്റെ ഭാഗംതന്നെ. ഏതൊരു പൗരനും സംഘടനകള്‍ രൂപീകരിക്കാനും അതില്‍ അംഗമാകാനുമുള്ള അവകാശവും ഭരണഘടനാപരമാണ്. ഏതോ ഒരു കോളേജില്‍ നടന്ന അനിഷ്ടസംഭവത്തിന്റെപേരില്‍ ലക്ഷക്കണക്കിനു വിദ്യാര്‍ഥികളുടെ മൗലികാവകാശം നിഷേധിക്കാന്‍ കഴിയില്ല. വിദ്യാഭ്യാസ-ഇതര മേഖലകളിലെ സര്‍ക്കാര്‍നയങ്ങളെല്ലാം അരാഷ്ട്രീയമായ ചര്‍ച്ചകളുടെയും അജന്‍ഡയുടെയും ഭാഗമാണ്. ആകയാല്‍ അതിന്റെ ഫലം അനുഭവിക്കുന്നവരോട് നിശബ്ദത പാലിക്കാന്‍ പറയുന്നത് ശരിയല്ല. അമുല്‍ബേബിമാരെയും അടിമകളെയും സൃഷ്ടിക്കലാണ് ഇതിനുപിന്നില്‍. അരാഷ്ട്രീയ കലാലയങ്ങള്‍ മനോഹരമാണെന്ന കുപ്രചാരണം ചിലര്‍ അഴിച്ചുവിടുന്നുണ്ട്. അവിടെയാണ് ഉന്നതഗുണനിലവാരമുള്ളതെന്ന വാദം അസംബന്ധമാണ്.

റാഗിങ്, ഗുണ്ട, മയക്കുമരുന്ന്, വാണിഭസംഘങ്ങള്‍ക്ക് എളുപ്പം കയറിപ്പറ്റാന്‍ കഴിയുന്നത് ഇവിടങ്ങളിലാണ്. ക്രിമിനല്‍സംഘങ്ങളായും ഗ്യാങ്ങുകളായും ഇവ മാറുന്നതിന്റെ തിക്തഫലം കുറച്ചൊക്കെ മലയാളിക്കും അറിയാം. ഇവിടങ്ങളില്‍ ഇന്റേണല്‍ അസസ്മെന്റ് പീഡനസാധ്യതയും വലുതാണ്. ഒളിക്യാമറ പ്രയോഗങ്ങള്‍പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നമ്മുടെ ചില പ്രൊഫഷണല്‍ മെഡിക്കല്‍കോളേജുകളില്‍ തീവ്ര മത-ജാതിശക്തികള്‍ വേരുറപ്പിക്കാന്‍ ശ്രമിക്കുന്നുമുണ്ട്. തമിഴ്നാട്, കര്‍ണാടകം എന്നിവിടങ്ങളിലെയും ഉത്തരേന്ത്യയിലെയും അരാഷ്ട്രീയ ക്യാമ്പസുകളില്‍ നടക്കുന്ന അരാചകപ്രവണതകള്‍ ആരെയും ഞെട്ടിക്കുന്നതാണ്. തൂത്തുക്കുടിയിലെ സ്വകാര്യ എന്‍ജിനിയറിങ് കോളേജ് പ്രിന്‍സിപ്പലിനെ മാസങ്ങള്‍ക്കുമുമ്പ് വെട്ടിക്കൊന്നത് അവിടത്തെ വിദ്യാര്‍ഥികളാണ്. ഈറോഡിലെ എന്‍ജിനിയറിങ് വിദ്യാര്‍ഥി കണ്ണൂരിലെ ദീപക്കിനെ വാഹനമിടിച്ച് കൊന്നത് സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങ് പരാക്രമമാണ്. ബംഗളൂരുവിലെ ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ഥി തൃശൂര്‍ സ്വദേശി അഹാബ് ക്രൂരമായി കൊല്ലപ്പെട്ടു. വയനാട് സ്വദേശി മുഹമ്മദ് റാഫിയുടെ ചെവിയില്‍ തിളച്ച വെള്ളമൊഴിച്ചശേഷം മര്‍ദിച്ച് അവശനാക്കി. ഇതിനെല്ലാം പിന്നില്‍ അരാഷ്ട്രീയ ക്യാമ്പസിലെ ക്രിമിനല്‍ സംഘങ്ങള്‍തന്നെ. പണച്ചാക്കുകളായ രക്ഷിതാക്കളുടെ ഇടപെടലുകള്‍കൊണ്ട് അപരാധികള്‍ സുഖമായിരിക്കുന്നു. രാഷ്ട്രീയബോധമുള്ള വിദ്യാര്‍ഥികളല്ല ഇവിടെ പ്രതികളിലൊരാളും.

മനുഷ്യന്റെ വിമോചനം സാധ്യമാകുന്നത് വിദ്യാഭ്യാസത്തിലൂടെയാണെന്നും സംവാദമാണ് അതിനുള്ള മാര്‍ഗമെന്നും ലോകപ്രശസ്ത വിദ്യാഭ്യാസ വിചക്ഷണന്‍ പൗലോഫ്രയര്‍ പറയുന്നു. എല്ലാത്തരം ഭൃത്യതകളില്‍നിന്നുമുള്ള മോചനമാണ് വിദ്യാഭ്യാസമെന്ന് ഗാന്ധിജി. വിദ്യകൊണ്ട് പ്രബുദ്ധനാകാനും സംഘടനകൊണ്ട് ശക്തരാകാനും പ്രേരിപ്പിച്ചത് ഗുരുവാണ്.

ലോകത്തിന്റെ ഏതു കോണില്‍ ജീവിച്ചാലും അന്തസ്സുള്ള ഏത് തൊഴിലെടുക്കുമ്പോഴും ജനാധിപത്യവാദിയാകാന്‍ ഒരുവന്‍ പഠിക്കുന്നത് ക്യാമ്പസില്‍നിന്നാണ്. മതനിരപേക്ഷ മാനവികമൂല്യങ്ങളുടെ വിത്തുമുളയ്ക്കുന്നത് അവിടെവച്ചാണ്. ഏതു ചോദ്യത്തിനും ഉത്തരമെഴുതുകമാത്രമല്ല, ചില ഉത്തരങ്ങളെ ചോദ്യംചെയ്യലാണ് തന്റെ കടമയെന്നും വിദ്യാര്‍ഥി തിരിച്ചറിയുന്നു. അക്കാരണത്താല്‍ കലാലയത്തെ മോര്‍ച്ചറിയുടെ നിശബ്ദതയിലേക്ക് വലിച്ചെറിയാന്‍ ആഗ്രഹിക്കുന്നവരോട് ശക്തിയായി കലഹിക്കേണ്ടിവരുന്നു. വിദ്യാര്‍ഥിരാഷ്രീയത്തിന്റെ സുഗമമായ മുന്നോട്ടുപോക്കിന് വിഘാതം ഉണ്ടാകുകയാണെങ്കില്‍ വിദ്യാര്‍ഥികളുടെ യോജിച്ച പോരാട്ടമാണ് അഭികാമ്യം.

ഷിജൂഖാന്‍ (എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍) deshabhimani

Sunday, April 13, 2014

അരാഷ്‌ട്രീയത കാമ്പസുകളെ രക്ഷിക്കില്ല

സംസ്ഥാനത്തെ യുഡിഎഫ്‌ സർക്കാർ അതിന്റെ പൊറുപ്പിച്ചുകൂടാത്ത പിന്തിരിപ്പൻ സ്വഭാവം വീണ്ടും പ്രകടമാക്കിയിരിക്കുന്നു. വിദ്യാർഥി സംഘടനാപ്രവർത്തനങ്ങൾക്ക്‌ വിലങ്ങുവയ്‌ക്കുമെന്നാണ്‌ സര്‍ക്കാർ ഇന്നലെ ഹൈക്കോടതിയെ തെര്യപ്പെടുത്തിയിരിക്കുന്നത്‌. അങ്ങനെ ചെയ്യുന്നതിന്റെ ന്യായാന്യായങ്ങളെക്കുറിച്ച്‌ തരിമ്പുപോലും ചിന്തിക്കാതെയാണ്‌ സർക്കാർ ഈ ജനാധിപത്യ വിരുദ്ധ നിലപാടിലേക്ക്‌ എടുത്തുചാടുന്നത്‌. ഇത്‌ കേരളത്തിന്റെ സാമൂഹിക-രാഷ്‌ട്രീയ പ്രബുദ്ധതയോടുള്ള വെല്ലുവിളിയാണ്‌. പുതിയ കേരളത്തിന്റെയും ഭാരതത്തിന്റെയും സൃഷ്‌ടിയിൽ നിർണായകമായ പങ്കുവഹിക്കാനുള്ള വിദ്യാർഥി സമൂഹത്തിന്റെമേൽ ചിന്താപരമായ ഷണ്ഡത്വം അടിച്ചേൽപ്പിക്കാനുള്ള നീക്കമാണിത്‌. ഇതിന്റെ ഫലമായി കാമ്പസുകൾ ഇന്നുള്ളതിനേക്കാൾ മെച്ചപ്പെട്ടതാകുമെന്ന്‌ ആരാണു സർക്കാരിനെ ഉപദേശിച്ചത്‌? പുതിയ കാലത്തിന്റെ സർഗ ചൈതന്യങ്ങളുടെ സന്ദേശ വാഹകരാണ്‌ വിദ്യാർഥികൾ. അവരിൽ നിന്ന്‌ ജനാധിപത്യബോധത്തിന്റെ വെളിച്ചം അപഹരിക്കുന്നത്‌ ഇരുട്ടിന്റെ ശക്തികളെ മാത്രമേ സന്തോഷിപ്പിക്കു. അറിവിന്റെ കൈനിലകളിൽ കച്ചവടത്തിന്റെയും അന്ധകാരത്തിന്റെയും ശക്തികളെ അരിയിട്ടുവാഴിക്കാനാണ്‌ സർക്കാർ നീങ്ങുന്നത്‌. ഈ ദുരുപദിഷ്‌ട നീക്കത്തിൽ നിന്ന്‌ പിന്തിരിയണമെന്ന്‌ ഞങ്ങൾ ഗവൺമെന്റിനോട്‌ ആവശ്യപ്പെടുന്നു.

ഇന്ത്യയിലെ ജനസംഖ്യയിൽ പകുതിയിലേറെപ്പേർ 25 വയസിന്‌ താഴെയുള്ളവരാണ്‌. ഈ രാജ്യത്തിന്റെ യുവത്വമാണ്‌ അത്‌ വിളംബരം ചെയ്യുന്നത്‌. 18 വയസ്‌ പൂർത്തിയായവർ നാടിന്റെ ഭാഗധേയം നിർണയിക്കുവാൻ അവകാശമുള്ളവരാണിവിടെ. എത്ര അഭിമാനകരമാണ്‌ ഇത്‌! നമ്മുടെ കാമ്പസ്‌ ജനസംഖ്യയിൽ ഏറെയും വോട്ടവകാശം രേഖപ്പെടുത്താൻ ഏപ്രിൽ 10 ന്‌ പോളിങ്‌ ബൂത്തിൽ എത്തിയവരാണെന്ന സത്യം സർക്കാർ കണക്കിലെടുക്കുന്നില്ലേ? വോട്ടവകാശമുള്ള ആ പൗരന്മാരോട്‌ അവരുടെ കാമ്പസുകളെ സംഘടനാമുക്തമാക്കുമെന്നാണ്‌ സർക്കാർ ഭീഷണിപ്പെടുത്തുന്നത്‌. അതിന്റെ പ്രത്യാഘാതങ്ങൾ തീർച്ചയായും ജനാധിപത്യ സംസ്‌കാരത്തെ ശക്തിപ്പെടുത്തുകയില്ല.

കാമ്പസുകളിലെ സംഘടനാപ്രവർത്തനം ഒരു പുതിയ വിഷയമല്ല. അതേപ്പറ്റി കാമ്പസിനകത്തും പുറത്തും വേണ്ടുവോളം ചർച്ചകൾ ഉണ്ടായിട്ടുണ്ട്‌. 2006 ൽ സുപ്രിംകോടതി നിയോഗിച്ച ലിംഗ്‌ദോ കമ്മിറ്റിയും കോളജ്‌-സർവകലാശാലാതലങ്ങളിലെ വിദ്യാർഥിയൂണിയനുകളുടെ പ്രാധാന്യം എടുത്തുപറഞ്ഞ കാര്യം സർക്കാർ മറന്നുപോയി. വിദ്യാർഥികളുടെ സംഘടനാപ്രവർത്തനം ഒരു ഗവണ്‍മെന്റിന്റെയോ കമ്മിറ്റിയുടെയോ ഔദാര്യമായിരുന്നില്ല. വിദ്യാർഥി പ്രസ്ഥാനം ആധുനിക ഇന്ത്യയുടെ ചരിത്രത്തിന്റെതന്നെ ഭാഗമാണ്‌. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള നാടിന്റെ വിളികേട്ടുകൊണ്ടാണ്‌ ഇന്ത്യൻ വിദ്യാർഥികൾ സംഘടനാബോധത്തിന്റെ ആദ്യത്തെ പടവുകൾ ചവിട്ടിയത്‌. 1936 ൽ അഖിലേന്ത്യാ വിദ്യാർഥി ഫെഡറേഷൻ ജന്മംകൊണ്ടത്‌ ദേശീയ പ്രസ്ഥാനത്തിന്റെ അനുഗ്രഹാശിസുകളോടെയാണ്‌. അതിന്റെ ആദ്യസമ്മേളനം ഉദ്‌ഘാടനം ചെയ്‌തത്‌ ജവഹർലാൽ നെഹ്‌റുവാണ്‌. സ്വാതന്ത്ര്യത്തിന്റെ ബലിപീഠത്തിൽ ജീവൻ ബലിയർപ്പിച്ചവരുടെ പൈതൃകമുണ്ട്‌ വിദ്യാർഥിപ്രസ്ഥാനത്തിന്‌. വിദ്യാഭ്യാസത്തെ കച്ചവടമാക്കുന്ന വണിക്കുകൾക്കുവേണ്ടി ഭരിക്കുന്ന സർക്കാർ ആ ചരിത്രമെല്ലാം മറക്കുന്നു.

എല്ലാത്തരം വിധ്വംസകശക്തികളും കാമ്പസുകൾക്കുമേൽ പിടിമുറുക്കാൻ ശ്രമിക്കുമ്പോഴാണ്‌ വിദ്യാർഥികളുടെ സംഘടനാബോധത്തിന്റെ ചിറകരിയാൻ സർക്കാർ ശ്രമിക്കുന്നതെന്നത്‌ യാദൃശ്ചികമല്ല. യുഡിഎഫ്‌ സർക്കാരിന്റെ വർഗനയങ്ങളുടെ പ്രതിഫലനമാണത്‌. അരാഷ്‌ട്രീയത വിളയാടുന്ന കാമ്പസുകളിലെല്ലാം അരാജകത്വം കൊടികുത്തിവാഴുകയാണ്‌. അവിടെ മദ്യവും മയക്കുമരുന്നും റാഗിങും ലൈംഗികപീഡനങ്ങളും കൊള്ളയും കൊലപാതകവും കൂടിക്കൂടിവരുന്നു. ചീത്തപ്പണത്തിന്റെ ഹുങ്കും ക്രൂരതയും അത്തരം കാമ്പസുകളുടെ മുഖമുദ്രയായി മാറിക്കഴിഞ്ഞു. വിദ്യാർഥികളുടെ സംഘടനാപ്രവര്‍ത്തനത്തിന്‌ നാശം വിധിക്കുന്നവർ ഇത്തരം പ്രവണതകൾക്ക്‌ വളംവയ്‌ക്കുകയാണ്‌ ചെയ്യുന്നത്‌. പ്രഭുകുമാരന്മാരുടെ അനാശാസ്യമായ അഴിഞ്ഞാട്ടങ്ങൾക്ക്‌ ആരും തടസമായിക്കൂടെന്നാണ്‌ അവർ ആഗ്രഹിക്കുന്നത്‌.

വിദ്യാർഥി പ്രസ്ഥാനത്തിന്റെയും ജനാധിപത്യ ശക്തികളുടെയും മുമ്പിൽ കടുത്ത വെല്ലുവിളിയാണ്‌ സർക്കാർ ഉയർത്തുന്നത്‌. കമ്പോള തേർവാഴ്‌ചയ്‌ക്കെതിരായി ലോകമെമ്പാടും ഉയരുന്ന ജനകീയ പ്രതിഷേധത്തിന്റെ ഭാഗത്താണ്‌ വിദ്യാർഥികൾ അണിചേരുന്നത്‌. കേരളത്തിലെ കാമ്പസുകളും ലക്ഷ്യബോധമുള്ള അത്തരം ചെറുത്തുനിൽപ്പുകളുടെ ഉരുക്കുകോട്ടകളാകണം. ഇതിന്‌ കരുത്തുപകരുന്ന ആശയ-രാഷ്‌ട്രീയ സംവാദങ്ങളാണ്‌ അവിടെയുണ്ടാകേണ്ടത്‌. രാഷ്‌ട്രീയം രണ്ടുതരമുണ്ട്‌. ജീർണോന്മുഖവും സർഗാത്മകവും. അതിൽ ജീർണോന്മുഖ രാഷ്‌ട്രീയത്തിന്റെ തടവുകാരായി വിദ്യാർഥി സംഘടനകൾ മാറിക്കൂടാ. സംഘടനാപ്രവർത്തനത്തിന്റെ പേരിൽ നിരർഥകമായ ഏറ്റുമുട്ടലുകളും തെരഞ്ഞെടുപ്പുകളുടെ പേരിൽ പണത്തിന്റെ കുത്തൊഴുക്കും കാമ്പസുകളിലേക്ക്‌ കടത്തിവിടുന്നത്‌ ജീര്‍ണോന്മുഖ രാഷ്‌ട്രീയമാണ്‌. വലതുപക്ഷത്തിന്റെ താൽപ്പര്യങ്ങളെ മാത്രമേ അത്‌ ആത്യന്തികമായി സഹായിക്കു. അതിനെ ചെറുത്തു പരാജയപ്പെടുത്തേണ്ടത്‌ സർഗാത്മക രാഷ്‌ട്രീയം കൊണ്ടുതന്നെയാണ്‌. വിദ്യാർഥി പ്രസ്ഥാനത്തിലെ ഇടതുപക്ഷ ശക്തികൾക്കാണ്‌ ഇക്കാര്യം ഓർത്തിരിക്കേണ്ട കടമയുള്ളത്‌. സർഗാത്മക രാഷ്‌ട്രീയത്തെ ഭയപ്പെടുന്ന സർക്കാർ അരാഷ്‌ട്രീയതയുടെ വാദമുഖങ്ങൾകൊണ്ട്‌ ജീർണതയുടെ രാഷ്‌ട്രീയത്തെ ശക്തിപ്പെടുത്തുകയാണ്‌. വെളിച്ചം തേടിയുള്ള യാത്രയിൽ നിന്ന്‌ പുത്തൻ തലമുറയെ വഴിമാറ്റിക്കൊണ്ടു പോകാനുള്ള സർക്കാർ നീക്കത്തിനെതിരെ നീതിബോധമുള്ളവരെല്ലാം രംഗത്തുവരുമെന്ന്‌ ഞങ്ങൾക്കുറപ്പുണ്ട്‌.

janayugom editorial

Saturday, April 12, 2014

ക്യാമ്പസിലെ സംഘടനാപ്രവര്‍ത്തനം നിയമവിരുദ്ധമെന്ന് സര്‍ക്കാര്‍

ക്യാമ്പസുകളില്‍ വിദ്യാര്‍ഥിസംഘടനകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അവകാശമില്ലെന്ന് കാണിച്ച് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. എസ്എഫ്ഐ, കെഎസ്യു, എബിവിപി, എഐഎസ്എഫ് എന്നീ സംഘടനകള്‍ക്ക് ക്യാമ്പസുകളില്‍ പ്രവര്‍ത്തിക്കാന്‍ നിയമപരമായോ ഭരണഘടനാപരമായോ അവകാശമില്ലെന്നാണ് സര്‍ക്കാറിന്റെ വാദം. ഈ സംഘടനകളെ സര്‍വകലാശാല നിയമം അംഗീകൃത സംഘടനകളായി കാണുന്നില്ലെന്നും ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. കെ എം എബ്രഹാം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

ചെറിയവിഭാഗം വിദ്യാര്‍ഥികള്‍ മാത്രമാണ് രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നതെന്നാണ് സര്‍ക്കാറിന്റെ അവകാശവാദം. പ്രവേശനം തേടുമ്പോള്‍ത്തന്നെ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടില്ലെന്ന് വിദ്യാര്‍ഥിയും രക്ഷകര്‍ത്താവും രേഖാമൂലം ഉറപ്പുനല്‍കാന്‍ വ്യവസ്ഥ വേണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ക്യാമ്പസുകളില്‍ രാഷ്ട്രീയം നിരോധിച്ച് 2004ല്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കലാലയങ്ങളില്‍ അച്ചടക്കം ഉറപ്പുവരുത്താന്‍ കൂടുതല്‍ നടപടി സ്വീകരിക്കും. ലൈബ്രറി, പരീക്ഷാഹാളുകള്‍ എന്നിവിടങ്ങളിലടക്കം സിസിടിവി ക്യാമറയും നിരീക്ഷണ സംവിധാനങ്ങളും ഏര്‍പ്പെടുത്തുന്നതും ഗുണകരമാണെന്ന് സര്‍ക്കാര്‍ വാദിച്ചു.

പ്രിന്‍സിപ്പലിന്റെ മുന്‍കൂര്‍ അനുമതി കൂടാതെയുള്ള വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനം നിയമവിരുദ്ധമായി കണക്കാക്കും. അച്ചടക്കനടപടി സ്വീകരിക്കാനും പൊലീസ് സംരക്ഷണം തേടാനും പ്രിന്‍സിപ്പലിന് അധികാരമുണ്ടായിരിക്കും. പ്രകടനങ്ങളും ക്യാമ്പയിനുകളും നടത്താനും പ്രിന്‍സിപ്പലിന്റെ മുന്‍കൂര്‍ അനുമതി തേടണം. പോസ്റ്ററുകള്‍ പതിക്കുന്നതും ചുമരെഴുത്തുകളും വിലക്കും. സംഘടനകള്‍ ബൈലോയും ഭാരവാഹികളുടെ പട്ടികയും പ്രിന്‍സിപ്പലിന് നല്‍കണം. ഇത് പരിശോധിച്ച് സ്റ്റാഫ് കൗണ്‍സില്‍ യോഗമാണ് തീരുമാനമെടുക്കേണ്ടത്. ഇക്കാര്യങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. സംഘടനകളെ നിരോധിച്ച കോടതിവിധി നടപ്പാക്കിയില്ല എന്നാരോപിച്ച് എറണാകുളം ലാ കോളേജ് വിദ്യാര്‍ഥി എന്‍ പ്രകാശ് സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ വിശദീകരണം.

deshabhimani

Friday, December 27, 2013

കെഎസ് യുക്കാര്‍ എസ്എഫ്ഐ നേതാവിന്റെ വീട് തകര്‍ത്തു

കൊട്ടിയം: എസ്എഫ്ഐ കൊട്ടിയം ഏരിയകമ്മിറ്റി അംഗവും ഡിവൈഎഫ്ഐ തഴുത്തല മേഖലാ ട്രഷററുമായ കണ്ണനല്ലൂര്‍ ബിജി മന്‍സിലില്‍ സജിന്റെ (21) വീട് കെഎസ് യു സംഘം ആക്രമിച്ചു. വ്യാഴാഴ്ച രാത്രി 1.30നാണ് സായുധരായ സംഘം ആക്രമണം നടത്തിയത്. കെഎസ്യു ജില്ലാപ്രസിഡന്റ് ഫൈസല്‍ കുളപ്പാടം, പ്രവര്‍ത്തകനായ രാഹുല്‍ എന്നിവര്‍ക്കെതിരെ കൊട്ടിയം പൊലീസ് കേസെടുത്തു. ബൈക്കിലെത്തിയ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വീടിന്റെ എല്ലാ ജനല്‍ചില്ലുകളും അടിച്ചുതകര്‍ത്തു. മുറ്റത്ത് പാര്‍ക്ക്ചെയ്തിരുന്ന ലോറിയുടെ ഗ്ലാസുകളും തകര്‍ത്തു. സംഭവസമയം സജിന്‍, അമ്മ സുഹര്‍ബാന്‍, സഹോദരിമാരായ സിബി, ബിജി എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ നിലവിളി കേട്ട് സമീപവാസികള്‍ ഉണര്‍ന്നതോടെ അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെട്ടു. കഴിഞ്ഞദിവസം കണ്ണനല്ലൂര്‍ സ്കൂളിനു മുന്നില്‍ എസ്എഫ്ഐയുടെ പതാകയും കൊടിമരവും നശിപ്പിച്ചതിനെത്തുടര്‍ന്ന് കൊട്ടിയം പൊലീസില്‍ എസ്എഫ്ഐ പരാതി നല്‍കി. ഇതിന്റെ വിരോധമാണ് വീടാക്രമണത്തില്‍ കലാശിച്ചത്.

പിന്നില്‍ കെഎസ്യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരുവല്ലയില്‍ 9 സ്വകാര്യ ബസ് അടിച്ചു തകര്‍ത്തു

തിരുവല്ല: തിരുവല്ലയിലെ സ്വകാര്യ ബസ്സ്റ്റാന്‍ഡിലും ചെയര്‍മാന്‍സ് റോഡിലുമായി പാര്‍ക്ക് ചെയ്തിരുന്ന ഒന്‍പത് സ്വകാര്യ ബസുകള്‍ ഇരുളിന്റെ മറവില്‍ അടിച്ചു തകര്‍ത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് തിരുവല്ലയില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ വ്യാഴാഴ്ച പണിമുടക്കി. യൂത്ത് കോണ്‍ഗ്രസ,് കെഎസ്യു പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ ദിവസം ബസ്സ്റ്റാന്‍ഡില്‍ കെഎസ്യു പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തിന്റെ തുടര്‍ച്ചയാണിത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നോടെ ബൈക്കിലും മറ്റു വാഹനങ്ങളിലുമായി എത്തിയ സംഘമാണ് ബസുകള്‍ തകര്‍ത്തത്. സിനായിമോട്ടോഴ്സിന്റെ നാലും മേഴ്സി മോട്ടോഴ്സിന്റെ രണ്ടും മൗണ്ട് സിയോന്‍, ലക്ഷ്മി, ശിവശങ്കര്‍ എന്നീ ബസുകളുമാണ് തകര്‍ത്തത്. ഉള്ളില്‍ കിടന്ന് ഉറങ്ങുകയായിരുന്ന തൊഴിലാളിയെ അക്രമിച്ചു. മൂന്ന് ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്.

വ്യാഴാഴ്ച പണിമുടക്കിയ തൊഴിലാളികള്‍ തിരുവല്ല ടൗണില്‍ പ്രകടനം നടത്തി. തുടര്‍ന്ന് ചേര്‍ന്ന പ്രതിഷേധ യോഗം മോട്ടോര്‍ ആന്‍ഡ്് മെക്കാനിക്കല്‍ വര്‍ക്കേഴ്സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി മലയാലപ്പുഴ മോഹനന്‍ ഉദ്ഘാടനം ചെയ്തു. സിപിഐ എം തിരുവല്ല ഏരിയ സെക്രട്ടറി അഡ്വ. ഫ്രാന്‍സിസ് വി ആന്റണി, ഓട്ടോ ടാക്സി തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. കെ പ്രകാശ്ബാബു, സിഐടിയു തിരുവല്ല ഏരിയ പ്രസിഡന്റ് കെ അനില്‍കുമാര്‍, പ്രൈവറ്റ് ബസ് തൊഴിലാളി യൂണിയന്‍ ഏരിയ സെക്രട്ടറി ആര്‍ മനു, അശോകന്‍ എന്നിവര്‍ സംസാരിച്ചു. ആക്രമണം നടത്തിയവരെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ച സാഹചര്യത്തില്‍ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് യൂണിയന്‍ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ജില്ലയിലെ എല്ലാ സ്വകാര്യബസുകളും പണിമുടക്കും.

യൂത്തുകോണ്‍ഗ്രസുകാര്‍ താലൂക്കാശുപത്രി മോര്‍ച്ചറി അടിച്ചുതകര്‍ത്തു

കൊട്ടാരക്കര: കൊട്ടാരക്കര താലൂക്കാശുപത്രി കോമ്പൗണ്ടിനുള്ളിലിരുന്ന് മദ്യപിച്ചു ബഹളമുണ്ടാക്കിയ യൂത്തുകോണ്‍ഗ്രസ് നേതാക്കള്‍ മോര്‍ച്ചറി അടിച്ചുതകര്‍ത്തു. ഉന്നത കോണ്‍ഗ്രസ് നേതാക്കളുടെ ഇടപെടല്‍ മൂലം സംഭവത്തില്‍ ആശുപത്രി അധികൃതരും പൊലീസും നടപടിയെടുക്കുന്നില്ല. ചൊവ്വാഴ്ച രാത്രി 9.30നായിരുന്നു സംഭവം. യൂത്തുകോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികളും ചില സ്വകാര്യ ആംബുലന്‍സ് ഡ്രൈവര്‍മാരും ആശുപത്രിയുടെ മോര്‍ച്ചറിക്കു സമീപത്തിരുന്നു മദ്യപിക്കുകയായിരുന്നു. ഇതിനിടയില്‍ ഇവര്‍ തമ്മിലടിച്ചു. മോര്‍ച്ചറിയും ജനല്‍ചില്ലുകളും അടിച്ചുതകര്‍ത്തു. വിവരം ഉടന്‍ പൊലീസില്‍ അറിയിച്ചിട്ടും എത്തിയില്ലെന്ന് ആശുപത്രി അധികൃതര്‍ ആരോപിച്ചു. അന്നുരാത്രി തന്നെ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ പൊലീസിനു പരാതി നല്‍കിയെന്നു പറയുന്നു. എന്നാല്‍, പരാതി കിട്ടിയിട്ടില്ലെന്ന് എസ്ഐ വിനോദ് പറഞ്ഞു. കോണ്‍ഗ്രസ് ഉന്നതനേതാക്കളുടെ സമ്മര്‍ദത്തിനു വഴങ്ങി ഇരുകൂട്ടരും നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപമുണ്ട്.

താലൂക്കാശുപത്രി കേന്ദ്രീകരിച്ച് യൂത്തുകോണ്‍ഗ്രസുകാരുടെ നേതൃത്വത്തില്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പതിവാണെന്നു പരാതിയുണ്ട്. യൂത്തുകോണ്‍സ്രുകാരായ സ്വകാര്യ ആംബുലന്‍സ് ഡ്രൈവര്‍മാരാണ് ഇതിനു പിന്നില്‍. മോഷണം, പിടിച്ചുപറി, മദ്യപാനം, സ്ത്രീകളോട് അപമര്യാദ കാട്ടല്‍ തുടങ്ങിയ സാമൂഹ്യവിരുദ്ധപ്രവൃത്തികള്‍ നടത്തുവര്‍ക്കെതിരെ നടപടിയെടുക്കാത്തത് കേന്ദ്ര സഹമന്ത്രിയുടെ ശക്തമായ ഇടപെടല്‍ മൂലമാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. സ്വകാര്യ ആംബുലന്‍സുകളെ താലൂക്കാശുപത്രി പരിസരത്തുനിന്നു മാറ്റണമെന്ന ആവശ്യമുയര്‍ന്നിട്ടും കേന്ദ്ര സഹമന്ത്രിയുടെ സംരക്ഷണംമൂലം നടപ്പിലാകുന്നില്ല. ക്രിസ്മസ് തലേന്ന് നിര്‍ധനയായ രോഗിയെ വിദഗ്ധ ചികിത്സയ്ക്കു കൊണ്ടുപോകാന്‍ സ്വകാര്യ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് ഡോക്ടര്‍മാര്‍ പണം നല്‍കിയിട്ടും അതിന്റെ പേരില്‍ വാര്‍ഡിലെ രോഗികളില്‍നിന്നു ഡ്രൈവര്‍മാര്‍ പണപ്പിരിവ് നടത്തിയെന്ന ആക്ഷേപമുണ്ട്.

deshabhimani

Saturday, November 9, 2013

സര്‍ക്കാര്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായെന്ന് കെഎസ്യു സംസ്ഥാന സമ്മേളനം

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ റിയല്‍എസ്റ്റേറ്റ് ബ്രോക്കറായി അധഃപതിച്ചെന്ന് കെഎസ്യു സംസ്ഥാന സമ്മേളന പ്രമേയം. വിമാനത്താവളങ്ങള്‍ക്കും വന്‍കിട വ്യവസായലോബികള്‍ക്കും വേണ്ടി ഭൂമി വാങ്ങിക്കൂട്ടുന്ന സര്‍ക്കാര്‍ ഒരു നേരത്തെ ആഹാരമോ വീടോ ഇല്ലാത്ത പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ രോദനം കേള്‍ക്കുന്നില്ലെന്ന് കൊല്ലത്ത് നടക്കുന്ന സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി പി വൈ ഷാജഹാന്‍ പ്രമേയം പറയുന്നു.

കോണ്‍ഗ്രസിനും ഘടകകക്ഷികള്‍ക്കുമെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് പ്രമേയങ്ങളിലുള്ളത്. ഇടമലയാര്‍ അഴിമതിക്കേസില്‍ ജയില്‍വാസം അനുഭവിച്ച ബാലകൃഷ്ണപിള്ളയും സ്ത്രീലമ്പടനായ മകനും ചേര്‍ന്ന് ഈര്‍ക്കില്‍ പാര്‍ടിയുടെ പേരില്‍ നടത്തുന്ന വടംവലികളും രാജി നാടകവും യുഡിഎഫിന് അപമാനമാണെന്ന് രാഷ്ട്രീയ പ്രമേയം പറയുന്നു. ജനറല്‍ സെക്രട്ടറി മംഗലത്ത് വിനുവ അവതരിപ്പിച്ച പ്രമേയത്തില്‍ കോട്ടയത്തെ അച്ചായനും മലപ്പുറത്തെ സാഹിബും വന്നവഴി മറക്കരുതെന്നും ഓര്‍മ്മിപ്പിക്കുന്നു. കോണ്‍ഗ്രസിനും നേതാക്കള്‍ക്കുമെതിരെ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്ന പി സി ജോര്‍ജ് ചന്ദ്രനെ നോക്കി കുരയ്ക്കുന്ന തെരുവുനായയെയാണ് ഓര്‍മിപ്പിക്കുന്നത്. നെല്ലിയാമ്പതി വിഷയത്തില്‍ ജോര്‍ജിന്റെ ജല്‍പ്പനം കേട്ട് പാട്ടക്കുത്തകകളെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.

പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കുന്നതിനെ അനുകൂലിച്ച ലീഗ് നേതാവിനെ യുഡിഎഫില്‍നിന്നു പുറത്താക്കണം. ജാതി-മത സംഘടനകളിലെ ഭാരവാഹിത്വം കോണ്‍ഗ്രസ് നേതാക്കള്‍ രാജിവയ്ക്കണം. വിദ്യാഭ്യാസ വകുപ്പില്‍ ലീഗ്മന്ത്രി തന്നിഷ്ടം നടപ്പാക്കുകയാണെന്ന് സംസ്ഥാന ജനറല്‍സെക്രട്ടറി കുരുവിള ജോസഫ് അവതരിപ്പിച്ച വിദ്യാഭ്യാസ പ്രമേയത്തില്‍ പറയുന്നു. വിദ്യാഭ്യാസവകുപ്പ് മലപ്പുറം ജില്ലയില്‍ പറിച്ചുനട്ട് വിളവെടുപ്പു നടത്താമെന്നു വ്യാമോഹിക്കുകയാണ് ലീഗ്. ലീഗില്‍നിന്ന് വകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുക്കണം. മുസ്ലിം പെണ്‍കുട്ടികളുടെ ഭാഗധേയം നിര്‍ണയിക്കേണ്ടത് കോഴിക്കോട് കടപ്പുറത്തെ കടല്‍ക്കിഴവന്മാരുടെ കൂട്ടായ്മയല്ലെന്ന് കെ കെ ലീഷ്മ അവതരിപ്പിച്ച സംഘടനാപ്രമേയത്തില്‍ പറയുന്നു. പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 വയസ്സാക്കണമെന്ന നിലപാട് താലിബാന്റേതാണ്. സ്വന്തം വിസര്‍ജ്യങ്ങളില്‍ കിടന്നുമരിച്ച കാളക്കൂറ്റന്റെ അന്ത്യമാണ് ലീഗിനെ കാത്തിരിക്കുന്നതെന്നും പ്രമേയത്തില്‍ പറഞ്ഞു. നീറ്റ ജലാറ്റിന്‍ കമ്പനി വിഷയത്തില്‍ സര്‍ക്കാര്‍ സമീപനം കളങ്കമായി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തള്ളി ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണം. ആറന്മുള, വയനാട് വിമാനത്താവളപദ്ധതി ഉപേക്ഷിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

deshabhimani

Thursday, September 5, 2013

അധ്യാപകരുടെ വീടുകള്‍ക്ക് നേരെയും കെഎസ്യു-യൂത്ത് കോണ്‍ഗ്രസ് ആക്രമണം

കായംകുളം: എംഎസ്എം കോളേജ് അടിച്ചുതകര്‍ത്തതിന് പിന്നാലെ കെഎസ്യു-യൂത്ത് കോണ്‍ഗ്രസ് ക്രിമിനലുകള്‍ അധ്യാപകരുടെ വീടുകളും ആക്രമിച്ചു. എംഎസ്എം കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ജി സോമനാഥന്‍പിള്ളയുടെ ചേരാവള്ളിയിലുള്ള വീടിനും കോളേജിലെ മാത്സ് വിഭാഗം മേധാവി പ്രൊഫ. ഷാജഹാന്റെ വീടിനുനേരെയുമാണ് ബുധനാഴ്ച പുലര്‍ച്ചെ ആക്രമണമുണ്ടായത്. കാറിലെത്തിയ യൂത്ത് കോണ്‍ഗ്രസ്-കെഎസ്യു ക്രിമിനല്‍സംഘം വീടുകളില്‍ അതിക്രമിച്ച് കടന്ന് ജനാലച്ചില്ലുകളും പോര്‍ച്ചില്‍ കിടന്നിരുന്ന കാറുകളും അടിച്ചുതകര്‍ത്തു. ബുധനാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് കോളേജിന് സമീപത്തുള്ള പ്രൊഫ. ഷാജഹാന്റെ വീടിനുനേരെ ആക്രമണമുണ്ടായത്. അക്രമികള്‍ ഗേറ്റ് ചാടിക്കടന്നശേഷം വീടിന്റെ ജനാല ഗ്ലാസുകള്‍ അടിച്ചുതകര്‍ത്തു. തുടര്‍ന്ന് കാറും അടിച്ചുതകര്‍ത്തു. ഭയാനകമായ ശബ്ദംകേട്ട് ഷാജഹാനും കുടുംബവും ഉയര്‍ന്നപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു.

പിന്നാലെയാണ് ചേരാവള്ളിയിലെ ഡോ. സോമനാഥന്‍പിള്ളയുടെ വീടിനുനേരെ ആക്രമണമുണ്ടായത്. വീടിനുനേരെ കല്ലെറിഞ്ഞ അക്രമികള്‍ പോര്‍ച്ചില്‍ കിടന്ന കാറും അടിച്ചുതകര്‍ത്തു. ശബ്ദംകേട്ട് സമീപവാസികള്‍ എത്തിയപ്പോഴേക്കും അക്രമികള്‍ ഓടിമറഞ്ഞു. ഇരുവരും അറിയിച്ചതനുസരിച്ച് പൊലീസ് സംഘം എത്തിയെങ്കിലും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞില്ല. അക്രമികള്‍ സഞ്ചരിച്ചിരുന്ന മാരുതി കാറിനെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടും കസ്റ്റഡിയിലെടുക്കാന്‍ തയ്യാറായില്ല.

കോളേജിലെ അധ്യാപകര്‍ക്കുനേരെ നിരന്തരമായ ഭീഷണിയും കൈയേറ്റശ്രമങ്ങളും ഉണ്ടായിട്ടുണ്ട്. അധ്യാപകനെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും അസഭ്യം പറഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് കെഎസ്യു യൂണിറ്റ് പ്രസിഡന്റ് നിധിനെ കോളേജില്‍നിന്നും പുറത്താക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് കോളേജില്‍ ദിവസങ്ങളായി കെഎസ്യു-യൂത്ത് കോണ്‍ഗ്രസ് സംഘം അക്രമം അഴിച്ചുവിടുകയാണ്. ചൊവ്വാഴ്ച സംഘടിച്ചെത്തിയ യൂത്ത് കോണ്‍ഗ്രസ്-കെഎസ്യു ക്രിമിനല്‍സംഘം എംഎസ്എം ട്രസ്റ്റ് ചെയര്‍മാന്‍ പി എ ഹിലാല്‍ബാബുവിന്റെ വീടിനും ട്രസ്റ്റ് ഓഫീസിനുംനേരെയും അക്രമം നടത്തി. ട്രസ്റ്റിന് സമീപത്തുള്ള ജമീലബീവി മെമ്മോറിയല്‍ ബിഎഡ് സെന്ററിനുനേരെയും അക്രമമുണ്ടായി. അക്രമികള്‍ ട്രസ്റ്റ് ഓഫീസും ബിഎഡ് സെന്ററും അടിച്ചുതകര്‍ത്തു.

deshabhimani

Sunday, May 19, 2013

ഇനി ഇടിമുറിയും ശാഖാപരിശീലനവും ഇല്ല

ദേശാഭിമാനി

എംജി കോളേജിന് പുതുശോഭ; ഇനി ഇടിമുറിയും ശാഖാപരിശീലനവും ഇല്ല

തിരു: ആര്‍എസ്എസ് സൂക്തങ്ങളും ശാഖയിലെ നീണ്ട വിസില്‍ മുഴക്കവും ഇനി എംജി കോളേജിന് അന്യമാകും. എബിവിപി- ആര്‍എസ്എസ് സംഘത്തില്‍നിന്ന് കോളേജിന്റെ മതേതരത്വം സംരക്ഷിക്കാന്‍ മാനേജ്മെന്റ് കൈക്കൊണ്ട നടപടി കോളേജിനും വിദ്യാര്‍ഥികള്‍ക്കും പുതുജീവനേകി. ഹൈക്കോടതി ഉത്തരവിനെതുടര്‍ന്ന് കോളേജ് വളപ്പില്‍ ശാഖാപ്രവര്‍ത്തനം നിരോധിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായിട്ടായിരുന്നു കഴിഞ്ഞദിവസം കോളേജില്‍ പൊലീസ് നടപടി സ്വീകരിച്ചത്. ആര്‍എസ്എസ് കാര്യാലയത്തിനുസമാനമായിരുന്നു കോളേജില്‍ എബിവിപിക്കാര്‍ തീര്‍ത്തിരുന്ന അന്തരീക്ഷം. പുരോഗമന വിദ്യാര്‍ഥിപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനം കോളേജില്‍ അനുവദിക്കില്ലെന്ന പ്രത്യേക അജന്‍ഡ ആര്‍എസ്എസ്- എബിവിപി നേതൃത്വം കൈക്കൊണ്ടിരുന്നു. ഇതിന്റെ ഭാഗമായി പ്രവേശനസമയത്തുതന്നെ പ്രവേശന ലിസ്റ്റ് കോളേജ് അധികൃതരില്‍നിന്ന് ഭീഷണിപ്പെടുത്തി വാങ്ങും. പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ഥികളുടെ പേര് ആര്‍എസ്എസിന്റെ പ്രാദേശികഘടകത്തിന് കൈമാറും. ഇതില്‍ ആര്‍ക്കെങ്കിലും പുരോഗമനപ്രസ്ഥാനങ്ങളുമായി ബന്ധമുണ്ടെങ്കില്‍ കോളേജില്‍ പ്രവേശിക്കുന്ന ആദ്യദിവസംതന്നെ പ്രവേശനകവാടത്തിനുമുന്നില്‍വച്ച് ഭീകരമര്‍ദനമായിരിക്കും നടത്തുക. ഇത് പലപ്പോഴും രക്ഷിതാക്കളുടെ മുന്നില്‍വച്ചായിരിക്കും. ആര്‍എസ്എസ് പ്രാദേശികനേതൃത്വമായിരിക്കും ഇതിന് ചുക്കാന്‍പിടിക്കുന്നത്.

വിവിധ കാലഘട്ടങ്ങളില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് കൊടിയ മര്‍ദനം ഏല്‍ക്കേണ്ടിവന്നിട്ടുണ്ട്. ആര്‍എസ്എസ്- എബിവിപി സംഘത്തിന്റെ വിലക്കുകള്‍ ലംഘിച്ച് കോളേജില്‍ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ കരകുളം സ്വദേശി പി ജി മനോജിനെ കൈയും കാലും വെട്ടി വീടിനടുത്തുള്ള വയലില്‍ ചവിട്ടിത്താഴ്ത്തി. പാല്‍ക്കുളങ്ങര സ്വദേശി പ്രേംകുമാറിന്റെ തുട വെട്ടിക്കീറി എല്ല് തകര്‍ത്തു. ചെറുവയ്ക്കല്‍ സ്വദേശി പ്രവീണിനെ ക്ലാസ്മുറിയില്‍വച്ച് വയറ്റില്‍ കുത്തി പരിക്കേല്‍പ്പിച്ചു. മരുതംകുഴി സ്വദേശി അനില്‍നായരെ കഴുത്തില്‍ വെട്ടി. ഇപ്പോള്‍ തിരുവനന്തപുരം കോര്‍പറേഷന്‍ ഉദ്യോഗസ്ഥനായ എസ് എസ് മീനുവിനെ വയറ്റില്‍ കുത്തിവീഴ്ത്തുകയായിരുന്നു. കുടപ്പനക്കുന്ന് സ്വദേശി അമൂല്‍ദാസിനെ പാളയത്തുവച്ച് ഭീകരമായി മര്‍ദിച്ചു. കേശവദാസപുരത്തെ എം ആര്‍ പ്രതാപ്ചന്ദ്രനെതിരെ വധശ്രമവും നടന്നു. പെണ്‍കുട്ടികളെയും വെറുതെവിട്ടിരുന്നില്ല. ആര്‍എസ്എസിന്റെ സഹായത്തോടെ എബിവിപി പ്രവര്‍ത്തകര്‍ നടത്തിയിരുന്ന താലിബാന്‍ മോഡല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അസ്തമയം ആരംഭിച്ചിട്ടുണ്ട്. മുന്‍കാലങ്ങളില്‍ എബിവിപിക്കാര്‍ നടത്തിയിരുന്ന പ്രവര്‍ത്തനങ്ങള്‍ ഇനി അനുവദിക്കില്ലെന്ന കോളേജ് മാനേജ്മെന്റിന്റെ തീരുമാനം എംജി കോളേജിന് പുതുശോഭ നല്‍കും.

Saturday, May 18, 2013

പണപ്പിരിവ്; 2 എബിവിപിക്കാര്‍ക്ക് സസ്പെന്‍ഷന്‍

സ്വാമി വിവേകാനന്ദന്റെ പേരില്‍ അനധികൃത പണപ്പിരിവ് നടത്തിയതിനും കോളജിന്റെ അച്ചടക്കം ലംഘിച്ചതിനും എംജി കോളജിലെ എബിവിപി യൂണിറ്റ് ഭാരവാഹികളെ സസ്പെന്‍ഡു ചെയ്തു. രണ്ടാംവര്‍ഷ സൈക്കോളജി ബിരുദവിദ്യാര്‍ഥി ആര്‍ അഭിലാഷ്, രണ്ടാംവര്‍ഷ കെമിസ്ട്രി വിദ്യാര്‍ഥി വി വിപിന്‍കുമാര്‍ എന്നിവരെയാണ് കോളേജ് അച്ചടക്ക കമ്മിറ്റി സസ്പെന്‍ഡു ചെയ്തത്.

വിവേകോത്സവത്തിന്റെ പേരില്‍ 12.5 ലക്ഷത്തോളം രൂപയാണ് എബിവിപി പ്രവര്‍ത്തകര്‍ കുട്ടികളില്‍നിന്ന് നിര്‍ബന്ധപിരിവിലൂടെ സ്വരൂപിച്ചത്. എന്നാല്‍, ഇതിന്റെ കണക്ക് കോളേജ് അധികൃതര്‍ ആവശ്യപ്പെട്ടിട്ടും ഇവര്‍ നല്‍കാന്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്നാണ് നടപടി. സര്‍വകലാശാലാ ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് ഫെയര്‍വെല്‍ യോഗം നടത്താന്‍ എബിവിപി നേതൃത്വത്തിലുള്ള കോളേജ് യൂണിയന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ഇത് അനുവദിക്കില്ലെന്നുള്ള അധികൃതരുടെ അറിയിപ്പ് നോട്ടീസ് ബോര്‍ഡില്‍ പതിച്ചിരുന്നു. ഇത് കീറിയെടുത്ത് പുറത്തുനിന്നുള്ള ആര്‍എസ്എസുകാരുടെ പിന്‍ബലത്തോടെ പ്രിന്‍സിപ്പലിന്റെ മുന്നിലേക്ക് വലിച്ചെറിഞ്ഞു.

ഇതേത്തുടര്‍ന്ന് രക്ഷിതാക്കളെയും കൂട്ടി കോളേജില്‍ വരണമെന്ന് പ്രിന്‍സിപ്പല്‍ അഭിലാഷിനോടും വിപിനോടും ആവശ്യപ്പെട്ടു. എന്നാല്‍, വ്യാജ"അച്ഛന്‍"മാരെയാണ് ഇവര്‍കോളേജില്‍ കൊണ്ടുവന്നത്. തുടര്‍ന്നാണ് ഇവരെ 27 വരെ സസ്പെന്‍ഡു ചെയ്തത്. അതിനുള്ളില്‍ കോളേജില്‍ പ്രവേശിക്കാന്‍ പാടില്ല. അച്ചടക്കകമ്മിറ്റിക്കുമുമ്പില്‍ യഥാര്‍ഥ രക്ഷിതാക്കളെ ഹാജരാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

പൂവത്തൂര്‍ സ്കൂളില്‍ എബിവിപി അക്രമം

നെടുമങ്ങാട്: അവധിക്കാലക്ലാസ് മുടക്കാന്‍ പൂവത്തൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ എബിവിപി അക്രമിസംഘത്തിന്റെ പരാക്രമം. വിദ്യാര്‍ഥികളെ വിരട്ടി ഓടിച്ചു. അധ്യാപികമാരെ അസഭ്യം വിളിച്ചു. ക്ലാസ്മുറിയില്‍ അതിക്രമിച്ചുകയറി ബെഞ്ചും ഡെസ്കും അടിച്ചുതകര്‍ത്തു. വെള്ളിയാഴ്ച രാവിലെയായിരുന്നു അക്രമിസംഘത്തിന്റെ പരാക്രമം. പഠിപ്പുമുടക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂളിലെത്തിയ പത്തംഗസംഘമാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. പ്ലസ്ടുവിനും എസ്എസ്എല്‍സിക്കും ഉന്നതവിജയം ലക്ഷ്യമിട്ട് ഏതാനും ദിവസമായി സ്കൂളില്‍ അവധിക്കാലക്ലാസ് നടക്കുന്നുണ്ട്. ഹ്യൂമാനിറ്റീസ്, സയന്‍സ് വിഷയങ്ങളില്‍ വെള്ളിയാഴ്ചയും ക്ലാസുണ്ടായിരുന്നു. ക്ലാസ് നടക്കുമ്പോള്‍ പകല്‍ പതിനൊന്നോടെ എബിവിപി പ്രവര്‍ത്തകരായ ആനന്ദ്, വിഷ്ണു, ഷാജി എന്നിവരുടെ നേതൃത്വത്തില്‍ ഒരുസംഘം പഠിപ്പുമുടക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂളിലെത്തി. കാരണം തിരക്കിയ അധ്യാപികമാരെ സംഘം അസഭ്യംവിളിച്ചും ആക്രോശിച്ചും അപമാനിച്ചു. ക്ലാസിലിരുന്ന വിദ്യാര്‍ഥിനികളെപ്പോലും ആക്രമിക്കാന്‍ ശ്രമിച്ചു. ബെഞ്ചും ഡെസ്കുമൊക്കെ നിലത്തടിച്ച് പൊട്ടിച്ചു. സംഘത്തിന്റെ പരാക്രമം അതിരുകടന്നപ്പോള്‍ അധ്യാപികമാര്‍ നെടുമങ്ങാട് പൊലീസിനെ അറിയിച്ചു. ഈ സമയം അക്രമിസംഘം മുങ്ങി. അക്രമികളെ അമര്‍ച്ചചെയ്യാന്‍ പൊലീസ് അടിയന്തരനടപടി സ്വീകരിക്കണമെന്ന് സ്കൂള്‍ പിടിഎ ആവശ്യപ്പെട്ടു.

deshabhimani 180513

എംജി കോളേജില്‍ കാവിക്കൊടി താഴ്ന്നു


എംജി കോളേജില്‍ കാല്‍നൂറ്റാണ്ടിലേറെയായി പിടിമുറിക്കിയ ഫാസിസത്തിന്റെ കാവിക്കൊടി താഴ്ന്നു. എബിവിപി-ആര്‍എസ്എസ് സംഘം കൈയടക്കിയ ക്ലാസുമുറികള്‍ വെള്ളിയാഴ്ച പൊലീസ് ഒഴിപ്പിച്ചു. മുറികളില്‍നിന്ന് കമ്പിപ്പാരയും ഇരുമ്പുകമ്പികളും കണ്ടെടുത്തു. കൊടിമരങ്ങളും കൊടിയും എടുത്തുമാറ്റി. എബിവിപിയുടെ പ്രവര്‍ത്തനങ്ങള്‍ കാരണം കോളേജിന്റെ മതേതരത്വം തകര്‍ന്നെന്നും അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സുരക്ഷയില്ലെന്നും കാണിച്ച് കോളേജ് മാനേജ്മെന്റ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയെത്തുടര്‍ന്നാണ് നടപടി. കോളേജില്‍ എബിവിപി പ്രവര്‍ത്തകര്‍ കൈയടക്കിവച്ചിരുന്ന രണ്ടു ക്ലാസുമുറിയാണ് ഒഴിപ്പിച്ചത്. ദ്വാരക, അമ്പാടി എന്നീ പേരുകളിലായിരുന്നു ഇവ അറിയപ്പെട്ടത്. ഈ മുറികളിലായിരുന്നു വിദ്യാര്‍ഥികളെ മര്‍ദിച്ചിരുന്നത്. ഇവിടെനിന്ന് 12 കമ്പിപ്പാരയും നിരവധി ജനല്‍ക്കമ്പികളും വടികളും ലഭിച്ചു. ഇതോടൊപ്പം കോളേജ് വളപ്പിലെ ഗാന്ധിപ്രതിമയ്ക്കു മുന്നില്‍ സ്ഥാപിച്ച എബിവിപിയുടെ കൊടിമരവും മുറിച്ചുനീക്കി. നോട്ടീസ് ബോര്‍ഡ്, കോളേജിന്റെ വളപ്പിലും പ്രവേശനകവാടത്തിലും സ്ഥാപിച്ച കാവിക്കൊടികള്‍ എന്നിവ എടുത്തുമാറ്റി. ക്ലാസുമുറികള്‍ വിട്ടുനല്‍കാനും കൊടിമരങ്ങളും മറ്റും മാറ്റാനും എബിവിപി ജില്ലാ കണ്‍വീനര്‍ അനീഷ്, കോളേജ് യൂണിറ്റ് ഭാരവാഹികളായ ആര്‍ അഭിലാഷ്, വി വിപില്‍കുമാര്‍ എന്നിവര്‍ക്ക് ഹൈക്കോടതി പ്രത്യേകദൂതന്‍ വഴി ഉത്തരവ് നല്‍കിയിരുന്നു. ഇത് പാലിക്കാന്‍ ഇവര്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്നാണ് പൊലീസിന്റെ നടപടി. കോളേജിനുള്ളില്‍ ശാഖാപ്രവര്‍ത്തനവും വിദ്യാര്‍ഥികളില്‍നിന്ന് അനധികൃത പിരിവും പാടില്ലെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

കന്റോണ്‍മെന്റ് എസി എം ജി ഹരിദാസ്, പേരൂര്‍ക്കട സിഐ പ്രദീപ് എന്നിവരുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘത്തിന്റെ സാന്നിധ്യത്തിലായിരുന്നു നടപടി. പൊലീസ് നടപടിക്കെതിരെ പ്രതിഷേധവുമായി ആര്‍എസ്എസ്-എബിവിപി സംഘം ക്യാമ്പസില്‍ എത്തിയിരുന്നു. നടപടിയുടെ ഭാഗമായി കോളേജ് പ്രിന്‍സിപ്പലിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. 1997ലാണ് കോളേജ് ഗവേണിങ് ബോഡി തീരുമാനപ്രകാരം ഗാന്ധിപ്രതിമയ്ക്കു മുന്നില്‍ സ്വാതന്ത്ര്യസമര സുവര്‍ണജൂബിലി ആഘോഷത്തിന്റെ ഭാഗമായി ദേശീയപതാക ഉയര്‍ത്താന്‍ കൊടിമരം സ്ഥാപിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, അതേ ദിവസം രാത്രിയില്‍ ആര്‍എസ്എസ്-എബിവിപി സംഘം ഗാന്ധിപ്രതിമയ്ക്കു മുന്നില്‍ തീപ്പന്തം ആലേഖനംചെയ്ത കാവിക്കൊടിമരം ഉയര്‍ത്തുകയായിരുന്നു. ഇതിനെയാണ് മുറിച്ചുമാറ്റിയത്. 1985-86കാലഘട്ടത്തിലാണ് കോളേജിനുള്ളില്‍ ആര്‍എസ്എസ്-എബിവിപിയുടെ പ്രവേശനം. തുടര്‍ന്നങ്ങോട്ട് താലിബാന്‍ മോഡല്‍ പ്രവര്‍ത്തനങ്ങളായിരുന്നു. ആര്‍എസ്എസ് നേതൃത്വത്തിന്റെ അറിവോടെയായിരുന്നു വിദ്യാര്‍ഥി കുപ്പായമിട്ട് എത്തുന്ന ഒരുകൂട്ടം ഫാസിസ്റ്റുകള്‍ കോളേജിനെ അടക്കിവാണത്. നിര്‍ബന്ധിത ശാഖാപരിശീലനവും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരുനില്‍ക്കുന്നവരെ കോളേജില്‍നിന്ന് ആട്ടിയോടിച്ചും കാവിഭീകരത തുറന്നുകാട്ടി. കോളേജ് അധികൃതര്‍ തിരിച്ചുപിടിച്ച രണ്ടു ക്ലാസുമുറികള്‍ നൂറു കണക്കിനു വിദ്യാര്‍ഥികളെ മൃതപ്രായരാക്കിയിട്ടുണ്ട്. മുറികളിലെ ചുവരില്‍ ചോരപ്പാടുകള്‍ ഇപ്പോഴും കാണാം.

deshabhimani

Saturday, May 4, 2013

കലിക്കറ്റ് സര്‍വകലാശാലയില്‍ സംഘടനാ പ്രവര്‍ത്തനത്തിന് നിരോധം


തേഞ്ഞിപ്പലം: കലിക്കറ്റ് സര്‍വകലാശാലാ ക്യാമ്പസില്‍ അധ്യാപക, അനധ്യാപക ജീവനക്കാരുടെ സംഘടനാപ്രവര്‍ത്തനത്തിന് വിസിയുടെ വിലക്ക്. സംഘടനാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടാല്‍ ഒരു മുന്നറിയിപ്പുമില്ലാതെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് വെള്ളിയാഴ്ച വിസി ഉത്തരവിറക്കി. എംപ്ലോയീസ് യൂണിയന്‍, സ്റ്റാഫ് ഓര്‍ഗനൈസേഷന്‍, എംപ്ലോയീസ് ഫോറം, സോളിഡാരിറ്റി ഓഫ് എംപ്ലോയീസ്, എംപ്ലോയീസ് സെന്റര്‍, അധ്യാപക സംഘടനകളായ അസോസിയേഷന്‍ ഓഫ് കലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് (ആക്ട്), കലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷന്‍ എന്നീ സംഘടനകളുടെ പ്രവര്‍ത്തനത്തിന് നിരോധം ഏര്‍പ്പെടുത്തിയാണ് വിസിയുടെ ഉത്തരവ്. സര്‍വകലാശാലയില്‍ രാഷ്ട്രീയ അതിപ്രസരമാണെന്നും അത് അക്കാദമിക് പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ടെന്നും കാരണമുന്നയിച്ചാണ് ഉത്തരവ്. വിസിയുടെ നിര്‍ദേശപ്രകാരം രജിസ്ട്രാറുടെ ചുമതലയിലുള്ള ഡോ. എം വി ജോസഫാണ് വെള്ളിയാഴ്ച ഉത്തരവിറക്കിയത്. ഉത്തരവിന്റെ പകര്‍പ്പ് പഠനവിഭാഗം തലവന്മാര്‍, വിസി, പിവിസി എന്നിവരുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍, സെക്ഷന്‍ ഓഫീസര്‍മാര്‍, ഫിനാന്‍സ് ഓഫീസര്‍, പരീക്ഷാ കണ്‍ട്രോളര്‍, സെക്യൂരിറ്റി ഓഫീസര്‍ എന്നിവര്‍ക്ക് കൈമാറിയിട്ടുണ്ട്.

സര്‍വകലാശാലയിലെ സംഘടനാ പ്രവര്‍ത്തനത്തിനെതിരെ നേരത്തെ ഹൈക്കോടതിയെ സമീപിച്ച് സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയ വിസി സംഘടനാ സ്വാതന്ത്ര്യം പൂര്‍ണമായും നിരോധിക്കുന്ന തരത്തിലുള്ള നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. ഇതിനായി യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയന്‍ വാര്‍ഷിക സമ്മേളനത്തിന്റെ ഫോട്ടോകളെടുത്ത് സര്‍വകലാശാലാ സ്റ്റാന്‍ഡിങ് കൗണ്‍സിലിന് കൈമാറിയ വിസി സര്‍വകലാശാല രാഷ്ട്രീയ അതിപ്രസരത്തിന്റെ പിടിയിലാണെന്ന് തെറ്റിദ്ധരിപ്പിച്ച് നിയമോപദേശം വാങ്ങിയാണ് ഉത്തരവിറക്കിയിരിക്കുന്നത്. സംഘടനാ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ് വിസിയുടെ ഉത്തരവെന്നും ജനാധിപത്യവിരുദ്ധ നടപടി എന്ത് വിലകൊടുത്തും നേരിടുമെന്നും യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയന്‍ പ്രതികരിച്ചു. ഇത്തരമൊരു ഉത്തരവ് അംഗീകരിക്കാനാവില്ലെന്നും യൂണിയന്‍ പ്രസ്താവനയില്‍ പറഞ്ഞു.

എസ്എഫ്ഐ വിസിയുടെ കോലം കത്തിച്ചു

തേഞ്ഞിപ്പലം: കലിക്കറ്റ് സര്‍വകലാശാലയില്‍ സംഘടനാ സ്വാതന്ത്ര്യം നിഷേധിച്ച് ഉത്തരവിറക്കിയ വൈസ് ചാന്‍സലര്‍ ഡോ. എം അബ്ദുള്‍സലാമിന്റെ കോലം എസ്എഫ്ഐ പ്രവര്‍ത്തകര്‍ കത്തിച്ചു. സര്‍വകലാശാലാ ക്യാമ്പസിലെ വിസിയുടെ വസതിയിലേക്ക് പ്രകടനമായെത്തിയ എസ്എഫ്ഐ പ്രവര്‍ത്തകരാണ് കോലം കത്തിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു വിസിയുടെ വസതിക്ക് മുന്നില്‍ കോലം കത്തിക്കല്‍. എസ്എഫ്ഐ ക്യാമ്പസ് യൂണിറ്റ് കമ്മിറ്റിയുടെയും തിരൂരങ്ങാടി ഏരിയാ കമ്മിറ്റിയുടെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും. ക്യാമ്പസില്‍ പ്രചാരണബോര്‍ഡുകളും കൊടികളും സ്ഥാപിക്കരുത് എന്നതടക്കമുള്ള കര്‍ശന നിബന്ധനകളാണ് വിസി പ്രഖ്യാപിച്ചിരിക്കുന്നത്. ഉത്തരവിനെതിരെ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകള്‍ക്കിടയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

ശക്തമായ പ്രക്ഷോഭം: കെഎസ്യു

തേഞ്ഞിപ്പലം : കലിക്കറ്റ് സര്‍വകലാശാലയില്‍ സംഘടനാ പ്രവര്‍ത്തനത്തിന് നിരോധം ഏര്‍പ്പെടുത്തിയ വിസിയുടെ നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് കെഎസ്യു വ്യക്തമാക്കി. സമാന ചിന്താഗതിയുള്ള വിദ്യാര്‍ഥിസംഘടനകളുമായി ഒത്തൊരുമിച്ച് സമരപരിപാടികള്‍ തീരുമാനിക്കുമെന്ന് ജില്ലാ പ്രസിഡന്റ് ജിഷാം പുലാമന്തോള്‍ അറിയിച്ചു. വിസിയുടെയും കൂട്ടാളികളുടെയും നിലപാടുകള്‍ അംഗീകരിക്കാനാവില്ലെന്നും കെഎസ്യു നേതൃത്വം വ്യക്തമാക്കി.

deshabhimani 040513

Wednesday, February 13, 2013

സമരത്തിനിറങ്ങാത്ത കെഎസ്യു വിദ്യാര്‍ഥികള്‍ക്ക് പൊലീസിന്റെ അസഭ്യവര്‍ഷം


പത്തനാപുരം: പൊലീസ് സഹായത്തോടെ കെഎസ്യു പ്രവര്‍ത്തകര്‍ സെന്റ സ്റ്റീഫന്‍സ് കോളേജില്‍ സമരം നടത്തി. വിദ്യാര്‍ഥികളെ ക്ലാസില്‍നിന്ന് ഇറക്കി വിടാനായിരുന്നു പൊലീസ് കൂട്ട്. ക്ലാസില്‍നിന്ന് ഇറങ്ങാത്ത കുട്ടികളെ പൊലീസ് അസഭ്യം പറഞ്ഞു.

പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ചൊവ്വാഴ്ച പകല്‍ 11ഓടെയാണ് സംഭവം. കെഎസ്യു-എബിവിപി പ്രവര്‍ത്തകര്‍ തമ്മില്‍ കഴിഞ്ഞ ദിവസം കോളേജില്‍ സംഘട്ടനം നടന്നിരുന്നു. തുടര്‍ന്ന് കെഎസ്യു പ്രവര്‍ത്തകര്‍ ഒളിവിലായി. ചൊവ്വാഴ്ച കെഎസ്യു പത്തനാപുരം മണ്ഡലത്തില്‍ പഠിപ്പ്മുടക്ക് പ്രഖ്യാപിച്ചിരുന്നു. പഠിപ്പ് മുടക്കാന്‍ കെഎസ്യു പ്രവര്‍ത്തകള്‍ ക്യാമ്പസില്‍വന്നാല്‍ എബിവിപിക്കാര്‍ മര്‍ദിക്കുമെന്നായതിനെ ത്തുടര്‍ന്ന് പൊലീസ് അകമ്പടിയോടെയാണ് പഠിപ്പ് മുടക്കാന്‍ ക്യാമ്പസില്‍ എത്തിയത്. പൊലീസ് ജീപ്പ് മുന്നിലും കെഎസ്യുക്കാര്‍ വാഹനത്തിന് പുറകിലുമായി കോളേജിലെത്തി. തുടര്‍ന്ന് കുട്ടികളെ ക്ലാസില്‍നിന്ന് ഇറക്കിവിടാന്‍ പൊലീസുകാരും ഇവരോടൊപ്പം ക്ലാസില്‍ കയറി. കുട്ടികളെ പൊലീസ് അസഭ്യം പറഞ്ഞതില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ കോളേജ് കവാടം ഉപരോധിച്ചു. തുടര്‍ന്ന് ഡിവൈഎസ്പി സ്ഥലത്തെത്തി അന്വേഷണത്തിന് നടപടിയെടുക്കാമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചു.

deshabhimani 130213

Tuesday, February 5, 2013

കരിഓയിലിന് അര്‍ഹത യുഡിഎഫിന്


ഹയര്‍ സെക്കന്‍ഡറി പഠനത്തിനുള്ള ഫീസുകള്‍ കുത്തനെ ഉയര്‍ത്തിയത് കഴിഞ്ഞ ദിവസമാണ്. പ്രവേശനം മുതല്‍ പരീക്ഷാ സര്‍ട്ടിഫിക്കറ്റുകള്‍ക്കുവരെ ഇരട്ടിയും അതിലേറെയുമായി ഫീസ് വര്‍ധിപ്പിച്ചത് സംസ്ഥാന സര്‍ക്കാരാണ്. ഏതെങ്കിലും ഉദ്യോഗസ്ഥന് തന്നിഷ്ടപ്രകാരം അത്തരമൊരു തീരുമാനത്തിലെത്താനാവില്ല. യുഡിഎഫ് സര്‍ക്കാര്‍ എല്ലാ രംഗത്തും നടപ്പാക്കുന്ന സമീപനംതന്നെയാണ് ഇതിലും പ്രകടമായത്. താങ്ങാനാവാത്ത ജീവിതച്ചെലവുമൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളെ കൂടുതല്‍ ദ്രോഹിക്കുന്ന അനേകം തീരുമാനങ്ങളിലൊന്നാണിത്. വിദ്യാഭ്യാസം സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ് എന്നതുമറന്ന്, കച്ചവടമാക്കാനുള്ള മനോഭാവത്തിന്റെ ഭാഗവുമാണത്. യുഡിഎഫ് സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിക്കുന്ന നയവും അതിന്റെ ജനവിരുദ്ധമുഖവുമാണ് പ്രകടമാകുന്നത് എന്നര്‍ഥം. ഫീസ് വര്‍ധനയ്ക്കെതിരെ ആരെങ്കിലും സമരംചെയ്യുന്നുണ്ടെങ്കില്‍, അത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിന്റെയും മുന്നിലാകണം.

കെഎസ്യുക്കാര്‍ പക്ഷേ, സമരം നടത്തിയത് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിലാണ്. ഓഫീസില്‍ അതിക്രമിച്ചു കയറിയ കെഎസ്യു സംഘം ഡയറക്ടര്‍ കേശവേന്ദ്രകുമാറിനെ കരിഓയിലില്‍ കുളിപ്പിച്ചു. ഭരണവിലാസം സംഘടനക്കാരായ തെമ്മാടിക്കൂട്ടത്തിന്റെ ആക്രമണത്തിനിരയായി കരിഓയിലില്‍ കുളിച്ച് നിസ്സഹായനായി നില്‍ക്കുന്ന ആ ഐഎഎസ് ഉദ്യോഗസ്ഥന്റെ ദൃശ്യം കേരളം യുഡിഎഫ് ഭരണത്തില്‍ എവിടെയെത്തിനില്‍ക്കുന്നു എന്നാണ് തെളിയിച്ചത്. കേശവേന്ദ്രകുമാറിനെ കരിഓയിലില്‍ കുളിപ്പിക്കുന്നതിന് സാക്ഷികളായി ഏതാനും ദൃശ്യമാധ്യമ പ്രവര്‍ത്തകരുമുണ്ടായിരുന്നുവത്രെ. ഹയര്‍സെക്കന്‍ഡറി ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന അദമ്യമായ ആഗ്രഹമാണ് കെഎസ്യുക്കാര്‍ക്കുണ്ടായിരുന്നതെങ്കില്‍, അവര്‍ കരിഓയിലും തെറിക്കൂട്ടുമായി കടന്നുചെല്ലേണ്ടത് ക്ലിഫ് ഹൗസിലേക്കായിരുന്നു. അല്ലെങ്കില്‍ വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബിന്റെ വീട്ടിലേക്കായിരുന്നു.

ഇരുത്തംവന്ന ക്രിമിനലുകളെപ്പോലെയാണ് കെഎസ്യുക്കാര്‍ പെരുമാറിയത്. രണ്ടുപേര്‍ പിടിച്ചുനിര്‍ത്തി ഒരാള്‍ ദേഹത്തേക്ക് കരിഓയില്‍ ഒഴിച്ചു. തടയാനെത്തിയ പിഎയുടെ ദേഹത്തും കരിഓയില്‍ അഭിഷേകംനടത്തി. മറ്റ് ജീവനക്കാരെയും ആക്രമിച്ചു. കേരളം ഭരിക്കുന്ന കക്ഷിയുടെ പോഷക സംഘടനാ നേതാക്കളാണ് ഇതെല്ലാം ക്യാമറയ്ക്കുമുന്നില്‍ ചെയ്തതെന്നോര്‍ക്കണം. അത് ചെയ്തവരെ താല്‍ക്കാലികമായി തള്ളിപ്പറഞ്ഞതുകൊണ്ടോ ചട്ടപ്പടി കേസെടുത്തതുകൊണ്ടോ അവസാനിക്കുന്ന പ്രശ്നമല്ലിത്. കോണ്‍ഗ്രസില്‍ ആധിപത്യം നേടിയ മാഫിയാ സംസ്കാരത്തിന്റെയും തകര്‍ന്ന ക്രമസമാധാനത്തിന്റെയും അനിഷേധ്യതെളിവാണ് പുറത്തുവന്നത്. ക്യാമറയ്ക്കുമുന്നില്‍ ഇത്രവലിയ കാടത്തം കാണിക്കുന്ന കെഎസ്യുക്കാര്‍ പരിഷ്കൃത സമൂഹത്തില്‍ ജീവിക്കാനര്‍ഹതയില്ലാത്തവരാണ്. ഇവരെ കെട്ടഴിച്ചുവിട്ട ഭരണ രാഷ്ട്രീയ നേതൃത്വമാണ് ഇതിന്റെ യഥാര്‍ഥ ഉത്തരവാദികള്‍.

പണിമുടക്ക് വിജയിപ്പിക്കാനും കരിങ്കാലികളെ തടയാനും അണിനിരക്കുന്ന ജീവനക്കാരെ നികൃഷ്ടമായ ഭാഷയില്‍ അധിക്ഷേപിക്കുന്ന വലതുപക്ഷ മാധ്യമങ്ങള്‍ നമുക്കുമുന്നിലുണ്ട്. ഹര്‍ത്താല്‍ദിനത്തില്‍ ഏതെങ്കിലും റോഡ് തടസ്സം വന്നാല്‍, അന്ന് ആ ഭാഗത്ത് ആശുപത്രികളില്‍ നടക്കുന്ന സകലമരണങ്ങളുടെയും ഉത്തരവാദിത്തം ഹര്‍ത്താലനുകൂലികളുടെ തലയില്‍ ചാരുന്നവരുമുണ്ട്. അത്തരക്കാര്‍ കണ്ണുതുറന്നു കാണേണ്ടതാണ് കെഎസ്യുവിന്റെ ഈ വിശേഷം. ഒരുകാലത്ത് ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാര്‍ഥി സംഘടന എന്നഹങ്കരിച്ചിരുന്നവര്‍, ഇന്ന് ഏതാനും ക്രിമിനലുകളുടെ കൂട്ടമായി ചുരുങ്ങി. കേരളത്തിലെ വിദ്യാലയങ്ങളിലും ക്യാമ്പസുകളിലും വംശനാശം നേരിടുന്ന കെഎസ്യുവിന് ഇനിയുള്ള കാലം ഇത്തരം ക്രിമിനല്‍ പ്രവര്‍ത്തനങ്ങളേ നടത്താനാവൂ. ജീവനക്കാരുടെ പണിമുടക്ക് പൊളിക്കാനും അവര്‍ ഇതേ മാര്‍ഗമാണുപയോഗിച്ചത്. ഇവര്‍ക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ പൊലീസ് തയ്യാറായില്ലെങ്കില്‍, കേരളത്തിലെ സാധാരണക്കാരായ ജനങ്ങള്‍ ഈ തെമ്മാടിക്കൂട്ടത്തെ അടക്കി നിര്‍ത്താന്‍ തെരുവിലിറങ്ങേണ്ട അവസ്ഥായാവും വരിക.

deshabhimani editorial 060213

ഹയര്‍ സെക്കന്ററി ഡയറക്ടറുടെ ദേഹത്ത് കെ എസ് യുക്കാര്‍ കരിഓയിലൊഴിച്ചു

ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ ഓഫീസില്‍ അതിക്രമിച്ച് കയറിയ എട്ടംഗ കെ എസ് യു സംഘം ഡയറക്ടര്‍ കേശവേന്ദ്രകുമാറിനെ കരി ഓയിലില്‍ കുളിപ്പിച്ചു. ചൊവാഴ്ച പകല്‍ 1.45നായിരുന്നു ചില ദൃശ്യമാധ്യമ പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ആക്രമണം. ജില്ലാ സെക്രട്ടറി സി പി നൂറുദ്ദീന്റെ നേതൃത്വത്തില്‍ ഓഫീസിലെത്തിയ കെ എസ് യു സംഘം നേരെ ഡയറക്ടറുടെ റൂമിലേക്ക് പ്രവേശിക്കുകയായിരുന്നു. ഹയര്‍ സെക്കന്‍ഡറി ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കാനാണ് എത്തിയതെന്ന് സംഘം പറഞ്ഞു. സര്‍ക്കാര്‍ കുത്തനെ വര്‍ധിപ്പിച്ച ഫീസ് കുറയ്ക്കാന്‍ തിങ്കളാഴ്ച ഉത്തരവായിട്ടുണ്ടെന്നും ഉത്തരവ് പരിശോധിച്ചാല്‍ ഫീസില്‍ വരുത്തിയിട്ടുള്ള കുറവ് മനസിലാക്കാമെന്നും ഡയറക്ടര്‍ അറിയിച്ചതോടെ കൂടുതല്‍ സംസാരിക്കാതെ സംഘം ആക്രമണം ആരംഭിക്കുകയായിരുന്നു.

രണ്ടുപേര്‍ ഡയറക്ടറുടെ കൈയില്‍ പടിച്ചുനിര്‍ത്തിയശേഷം കുപ്പിയില്‍ ബാഗില്‍ കരുതിയിരുന്ന കരി ഓയില്‍ ഒരാള്‍ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. അക്രമികള്‍ക്കൊപ്പം എത്തിയ മാധ്യമപ്രവര്‍ത്തകര്‍ അക്രമം തത്സമയം ക്യാമറയില്‍ പകര്‍ത്തി. ഉടന്‍ അദേഹത്തിന്റെ പിഎ പി ലാലു അക്രമികളെ തടയാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ ദേഹത്തേക്കും കരി ഓയി ഒഴിച്ചു. ഓടിയെത്തിയ സൂപ്രണ്ട് പ്രേമചന്ദ്രബാബു. അക്രമികളെ ഓഫീസ് റൂമിനകത്തുനിന്ന് പുറത്താക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥന്‍ അജിയെ കെ എസ്യുകാര്‍ തള്ളി വീഴ്ത്തി. ദേഹാസ്വാസഥ്യം അനുഭവപ്പെട്ട കേശവേന്ദ്രകുമാറിനെ മറ്റു ജീവനക്കാര്‍ ബാത്തുറൂമിലേക്ക് കൊണ്ടുപോയി. കുളി കഴിഞ്ഞ് വന്ന അദ്ദേഹം ഒന്നും പ്രതികരിക്കാതെ വീട്ടിലേക്ക് പോയി.

കെ എസ്യുവിന്റെ പതാകകളുമായി എത്തിയായിരുന്നു അക്രമം.  അക്രമികളെ ഉടന്‍ മറ്റ് ജീവനക്കാര്‍ പിടിച്ച് വച്ച് പൊലീസില്‍ ഏല്‍പ്പിച്ചു. തമ്പാനൂര്‍ സിഐ ഷീന്‍ തറയിലിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി കരി ഓയിലില്‍ വീണ ഷര്‍ട്ടും കരി ഓയില്‍ നിറച്ച കുപ്പിയും ബാഗും കസ്റ്റഡിയിലെടുത്തു. അക്രമികള്‍ പൊലീസ് കസ്റ്റഡിയിലാണ്.

deshabhimani

Friday, January 25, 2013

പയ്യന്നൂര്‍ കോളേജില്‍ കെഎസ്യു- യൂത്ത്കോണ്‍ഗ്രസ് ആക്രമണം


പൊലീസിന്റെ തണലില്‍ പയ്യന്നൂര്‍ കോളേജില്‍ കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് ആക്രമം. പ്രിന്‍സിപ്പലിന്റെ ഓഫീസ് അടിച്ചുതകര്‍ത്ത അക്രമികള്‍ പ്രിന്‍സിപ്പലിനെ വധിക്കാന്‍ ശ്രമിച്ചു. കോളേജ് യൂണിയന്‍ ചെയര്‍മാന്‍ എന്‍ കെ സജിന്‍, എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് നദീഷ് നാരായണന്‍ എന്നിവരെ ആക്രമിച്ചു. അക്രമത്തെ തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വനിതാ ഹോസ്റ്റല്‍ ഉദ്ഘാടനച്ചടങ്ങ് ഉപേക്ഷിച്ചു. എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചടങ്ങ് ബഹിഷ്കരിച്ച് പ്രകടനം നടത്തി.

വ്യാഴാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. കോളേജിലെ പുതിയ വനിതാ ഹോസ്റ്റല്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് കോളേജ് അധികൃതര്‍ നടത്തിയ അലങ്കാരത്തിനിടയില്‍ കെഎസ്യു പതാകയും അഭിവാദ്യബാനറും കെട്ടിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. അലങ്കാരത്തിനിടയില്‍ സംഘടനയുടെ പതാക കെട്ടാന്‍ പാടില്ലെന്ന് പ്രിന്‍സിപ്പല്‍ കെ നാരായണന്‍ കെഎസ്യു പ്രവര്‍ത്തകരോട് പറഞ്ഞു. ഇതിനെച്ചൊല്ലി അധ്യാപകരും കെഎസ്യു പ്രവര്‍ത്തകരും വാക്കുതര്‍ക്കം നടത്തുന്നതിനിടെ പുറമേ നിന്നെത്തിയ രാഹുല്‍, കരിവെള്ളൂരിലെ സുദീപ്, ആദര്‍ശ് എന്നിവരുടെ നേതൃത്വത്തിലുള്ള കെഎസ്യു-യൂത്ത്കോണ്‍ഗ്രസ് സംഘം പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ കയറി ഫര്‍ണിച്ചറുകള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. പ്രിന്‍സിപ്പലിന് നേരെ കസേര വലിച്ചെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് പുറത്തിറങ്ങിയ അക്രമിസംഘം കോളേജ് വരാന്തയില്‍ നില്‍ക്കുകയായിരുന്ന യൂണിയന്‍ ചെയര്‍മാനെയും എസ്എഫ്ഐ പ്രവര്‍ത്തകരെയും പൊലീസ് നോക്കിനില്‍ക്കെ ആക്രമിക്കുകയായിരുന്നു.

ഇതിനിടെ പൊലീസ് ചെയര്‍മാന്‍ സജിനെയും നദീഷിനെയും പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സി കൃഷ്ണന്‍ എംഎല്‍എയും ഡിവൈഎഫ്ഐ നേതാക്കളും സ്റ്റേഷനിലെത്തി ജില്ലാ പൊലീസ് മേധാവി രാഹുല്‍ ആര്‍ നായര്‍, സിഐ പി കെ ധനഞ്ജയബാബു എന്നിവരുമായി സംസാരിച്ചു. തുടര്‍ന്നാണ് സജിനെയും നദീഷിനെയും വിട്ടയച്ചത്. തുടര്‍ന്നിവരെ പയ്യന്നൂര്‍ സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമം നടത്തിയ കെഎസ്യുക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതര്‍ ഉറപ്പുനല്‍കി.

deshabhimani 250113