Showing posts with label വിഴിഞ്ഞം. Show all posts
Showing posts with label വിഴിഞ്ഞം. Show all posts

Monday, February 3, 2014

ജമീല പ്രകാശത്തെ മന്ത്രി ബാബു അധിക്ഷേപിച്ചു; സഭയില്‍ ബഹളം

വിഴിഞ്ഞം പദ്ധതിയിലെ ആശങ്കകള്‍ പരിഹരിക്കണ മെന്നാവശ്യപ്പെട്ട്  നിയമസഭയില്‍ നോട്ടീസ്  നല്‍കിയ ജമീല പ്രകാശം എംഎല്‍എയെ  മന്ത്രി കെ ബാബു അധിക്ഷേപിച്ചു. പദ്ധതികള്‍ തുരങ്കം വെക്കാനായി ഇത്തരത്തില്‍ എംഎല്‍എമാരെ കയരൂരി വിടാതിരിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ നോക്കണമെന്നായിരുന്നു മന്ത്രി ബാബുവിന്റെ പ്രതികരണം. ഇതേ തുടര്‍ന്ന് സഭയില്‍ ബഹളമുയര്‍ന്നു. തുടര്‍ന്ന് സ്പീക്കര്‍ ഇടപ്പെടുകയും മോശം വാക്കിനെതിരെ മന്ത്രി മാപ്പുപറയണമെന്നും ആവശ്യപ്പെട്ടു.

വിഴിഞ്ഞം പദ്ധതി പിപിപി മോഡലില്‍ നടപ്പാക്കുന്നതില്‍ നാട്ടുകാര്‍ക്ക് വലിയ ആശങ്കയുണ്ടെന്നും 6000 കോടിയുടെ ടെണ്ടര്‍ നടപടികള്‍ സുതാര്യമാണോയെന്നും നോട്ടീസ് നല്‍കിയ ജമീല പ്രകാശം എംഎല്‍എ ചോദിച്ചിരുന്നു. എന്നാല്‍ നാട്ടുകാര്‍ക്ക് ആശങ്കയൊന്നും ഇല്ലെന്നും ശരിയായ ദിശാബോധത്തിലാണ് പദ്ധതിയെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. ഇത്തരത്തില്‍ ആശങ്കയുണ്ടാക്കി സമരം നടത്തുന്നവരുടെ കൂടെ കുട്ടുകൂടാതെ അത്തരക്കാരെ പിന്തിരിപ്പിക്കാനാണ് എംഎല്‍എമാര്‍ ചെയ്യേണ്ടതെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് അടിയന്തരപ്രമേയത്തിനുള്ള അനുമതി സ്പീക്കര്‍ നിഷേധിച്ചു.തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു. അതേസമയം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ കുറ്റവാളികള്‍ക്ക് ക്രൂര മര്‍ദ്ദനമേറ്റ സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സബ്മിഷന്‍ ഉന്നയിച്ചു. കെ രാധാകൃഷ്ണന്‍ എംഎല്‍എയാണ് സബ്മിഷന്‍ ഉന്നയിച്ചത്.ശൂന്യവേളയില്‍ സബ്മിഷന്‍ ചര്‍ച്ചചെയ്തേക്കും.

deshabhimani

Monday, December 23, 2013

വിഴിഞ്ഞത്തെ മുന്‍നിര്‍ത്തി തരൂരിന്റെ പ്രഖ്യാപനനാടകം

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വിഴിഞ്ഞം തുറമുഖപദ്ധതിയുടെ പേരില്‍ ശശി തരൂരിന്റെ പ്രഖ്യാപനനാടകം. ഞായറാഴ്ച തലസ്ഥാനത്തെത്തിയ കേന്ദ്ര ഷിപ്പിങ്, ഐടി സഹമന്ത്രി മിലിന്ദ് ദിയോറയെ മുന്‍നിര്‍ത്തിയായിരുന്നു തരൂരിന്റെ നാടകം. കോവളത്തെ ലൈറ്റ് ഹൗസിന്റെ സൗന്ദര്യവല്‍ക്കരണപദ്ധതികളുടെ പ്രഖ്യാപനം നടത്താനാണ് ദിയോറ ഔദ്യോഗികമായി തലസ്ഥാനത്തെത്തിയത്. ലൈറ്റ് ഹൗസിന്റെ ലോഗോ പ്രകാശനത്തിനുശേഷം വാര്‍ത്താസമ്മേളനവും സംഘടിപ്പിച്ചിരുന്നു.

എന്നാല്‍, ഞായറാഴ്ച രാവിലെ വിമാനത്താവളത്തില്‍ കുടുംബസമേതമെത്തിയ ദിയോറയെയും സംഘത്തെയും ശശി തരൂര്‍ വിഴിഞ്ഞം തുറമുഖപദ്ധതി പ്രദേശത്തേക്ക് കൊണ്ടുപോയി. ഏതാനും ദൃശ്യമാധ്യമങ്ങളെയും അവിടേക്ക് ക്ഷണിച്ചു. കൂടുതല്‍ വിദേശകപ്പലുകളെ ആകര്‍ഷിക്കുന്നതിനായി വിഴിഞ്ഞം തുറമുഖത്തിന് കബോട്ടാഷ് നിയമത്തില്‍ ഇളവ് നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് ദിയോറ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇക്കാര്യം തരൂര്‍ തന്നോട് ഉന്നയിച്ച പശ്ചാത്തലത്തിലാണ് തന്റെ പ്രഖ്യാപനമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, വിഴിഞ്ഞം തുറമുഖപദ്ധതിക്ക് കേന്ദ്രസഹായം നല്‍കുമോ എന്ന ചോദ്യത്തിന് പദ്ധതി നടപ്പാക്കേണ്ടത് സംസ്ഥാനമാണെന്നും സാമ്പത്തികസഹായം നല്‍കേണ്ടത് കേന്ദ്രമല്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

ഭരണകാലാവധി കഴിയാന്‍ മാസങ്ങള്‍മാത്രം ബാക്കിനില്‍ക്കെയാണ് കബോട്ടാഷ് നിയമത്തില്‍ ഇളവുവരുത്തുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്. വിവിധ മന്ത്രാലയങ്ങളുടെ വിവിധ അംഗീകാരങ്ങള്‍ നേടിമാത്രമേ കബോട്ടാഷ് നിയമത്തില്‍ ഇളവ് നേടാനാകൂ. ഇന്ത്യയില്‍ വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിനുമാത്രമാണ് നിലവില്‍ കബോട്ടാഷ് നിയമത്തില്‍ ഇളവ് നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ വിഴിഞ്ഞം തുറമുഖം പ്രായോഗികമാക്കാനുള്ള പദ്ധതികളെക്കുറിച്ച് ഒന്നും പറയാതെ പദ്ധതി വന്നതിനുശേഷം നടക്കേണ്ട കബോട്ടാഷ് നിയമത്തിലെ ഇളവുസംബന്ധിച്ചാണ് തരൂരും ദിയോറയും വാചാലരായത്. കബോട്ടാഷ് നിയമപ്രകാരം വിദേശകപ്പലുകളില്‍ തുറമുഖത്തെത്തുന്ന ചരക്കുകള്‍ ഇന്ത്യന്‍ കപ്പലുകളില്‍മാത്രമേ മറ്റു തുറമുഖങ്ങളിലേക്ക് കൊണ്ടുപോകാനാകൂ. സുരക്ഷാകാര്യങ്ങള്‍കൂടി പരിഗണിച്ചാണ് കബോട്ടാഷ് നിയമം ഏര്‍പ്പെടുത്തിയത്. നിയമത്തില്‍ ഇളവുവരുത്തുമ്പോള്‍ കൂടുതല്‍ വിദേശകപ്പലുകളെ ആകര്‍ഷിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. പദ്ധതിപ്രദേശത്തെ സന്ദര്‍ശനത്തിനുശേഷം ലൈറ്റ് ഹൗസിലെത്തിയ ദിയോറയും തരൂരും വാര്‍ത്താസമ്മേളനം നടത്തി വീണ്ടും പ്രഖ്യാപനങ്ങള്‍ ആവര്‍ത്തിച്ചു. വിഴിഞ്ഞത്തോ പൂവാറോ ഒരു കപ്പല്‍ശാലകൂടി വേണമെന്ന ആവശ്യവും തരൂര്‍ ഉന്നയിച്ചു. ഇക്കാര്യവും പരിഗണിക്കുമെന്ന്്്്്്്് ഉടന്‍ മറുപടി വന്നു. കോവളത്തെ ലൈറ്റ് ഹൗസിന്റെ സൗന്ദര്യവല്‍ക്കരണത്തിനായി രണ്ടുകോടി രൂപ അനുവദിക്കുമെന്നും മിലിന്ദ് ദിയോറ പറഞ്ഞു. ദിയോറയുടെ ഭാര്യ പൂജ ഷെട്ടിയും ലൈറ്റ് ഹൗസ് സന്ദര്‍ശിക്കാനെത്തിയിരുന്നു.

deshabhimani

Wednesday, November 27, 2013

തൂത്തുക്കുടിക്കുവേണ്ടി ചിദംബരവും ഒപ്പം കൂടി

റിസോര്‍ട്ട് ലോബിക്കായി വിഴിഞ്ഞം പദ്ധതി അട്ടിമറിക്കുന്നു 

വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി എല്‍ഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവച്ച നടപടികള്‍ ഒന്നാകെ യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിക്കുകയായിരുന്നു. പദ്ധതി പ്രദേശത്തിന്റെ അടിസ്ഥാനസൗകര്യ വികസനം, പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിന് പണം കണ്ടെത്താനായി ആവിഷ്കരിച്ച നടപടികള്‍ എന്നിവയെല്ലാം ഇല്ലതാക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മത്സരിച്ചു. പദ്ധതിക്കായി പണം കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍ തുറന്നുവച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരം ഒഴിഞ്ഞത്. യുഡിഎഫ് സര്‍ക്കാര്‍ ഈ മാര്‍ഗങ്ങളെല്ലാം ഇല്ലതാക്കി. ലാന്‍ഡ് ലോര്‍ഡ് പോര്‍ട്ടായി വിഴിഞ്ഞത്തെ വികസിപ്പിക്കാനായിരുന്നു എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം. 450 കോടി രൂപ സംസ്ഥാന ബജറ്റ് വഴിയും 2,500 കോടി രൂപ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം ചുമതലപ്പെടുത്തിയ എസ്ബിഐ ക്യാപ് വഴിയും സമാഹരിക്കാന്‍ ലക്ഷ്യമിട്ടു. അടിസ്ഥാനസൗകര്യ വികസനത്തിനായി 120 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപടി തുടങ്ങി. 31 ഹെക്ടര്‍ ഏറ്റെടുത്തു. 71 ഹെക്ടറിന്റെ ഏറ്റെടുപ്പ് നടപടി ആരംഭിച്ചു. തുറമുഖത്തിനുമാത്രമായി കുടിവെള്ള പദ്ധതിക്ക് തുടക്കമിട്ടു. ഈ പ്രവര്‍ത്തനങ്ങളെല്ലാം ഇപ്പോള്‍ നിലച്ചു. ആവശ്യമായ പണം അനുവദിക്കാതെയാണ് സര്‍ക്കാര്‍ പദ്ധതി ഇല്ലാതാക്കാനുള്ള നീക്കം തുടങ്ങിയത്. 2013-14ലെ സംസ്ഥാന ബജറ്റില്‍ വിഴിഞ്ഞം പദ്ധതിക്കായി ഒരുരൂപപോലും നീക്കിവച്ചില്ല.

കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകളും പദ്ധതിക്ക് വലിയ തിരിച്ചടിയായി. മറ്റ് സംസ്ഥാനങ്ങളിലെ തുറമുഖങ്ങള്‍ക്ക് വന്‍തുക ബജറ്റില്‍ നീക്കിവയ്ക്കാന്‍ തയ്യാറായ കേന്ദ്ര ധനമന്ത്രി പി ചിദംബരംതന്നെ വിഴിഞ്ഞം തുറമുഖം പദ്ധതിയുടെ കാലനായി മാറി. 7,500 കോടി രൂപയുടെ തൂത്തുക്കുടി തുറമുഖ പദ്ധതിക്ക് പച്ചക്കൊടി കാട്ടിയ ചിദംബരം ഈവര്‍ക്ഷം ബജറ്റില്‍ 251 കോടി രൂപ ഇതിനായി നീക്കിവച്ചു. എന്നാല്‍, വിഴിഞ്ഞം പദ്ധതി ഇദ്ദേഹത്തിന്റെ ഓര്‍മയില്‍ വന്നതുമില്ല. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു ചെറിയ പ്രതിഷേധംപോലും ഉയര്‍ന്നില്ല. കേരളത്തില്‍നിന്നുള്ള എട്ട് കേന്ദ്രമന്ത്രിമാരും യുഡിഎഫിന്റെ എംപിമാരും ചിദംബരത്തിന് ഏറാന്‍ മൂളി. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ എടുത്ത ഓരോ തീരുമാനവും വിഴിഞ്ഞത്തിന് തിരിച്ചടിയായി. അന്തരാഷ്ട്ര തുറമുഖ ലോബിയുടെയും ഇവരുടെ ചട്ടുകമായി പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ട് മാഫിയയുടെയും ഏറാന്‍ മൂളികളായി സംസ്ഥാന മന്ത്രിമാര്‍ മാറി.

പിപിപി മാതൃകയില്‍ തുറമുഖം നിര്‍മിക്കണമെന്ന കേന്ദ്ര ആസൂത്രണ കമീഷന്റെ നിര്‍ദേശത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പിന്തുണച്ചത് മികച്ച ഉദാരഹണം. മുന്‍കാലങ്ങളിലെല്ലാം പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ തുറമുഖം നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ അന്താരാഷ്ട്ര തുറമുഖലോബിയുടെ ഇടപെടലില്‍ പരാജയപ്പെടുകയായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ ലോകബാങ്കിന്റെ അംഗീകാരമുള്ള ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പറേഷനെ (ഐഎഫ്സി) പദ്ധതിയുടെ കണ്‍സള്‍ട്ടന്റായി നിയമിച്ചു. ഐഎഫ്സി ഡ്യൂറി എന്ന സ്ഥാപനത്തെ മാര്‍ക്കറ്റിങ് പഠനത്തിന് ചുമതലപ്പെടുത്തി. അവര്‍ സമര്‍പ്പിച്ച പഠനറിപ്പോര്‍ട്ടും ഐഎഫ്സിയുടെ ശുപാര്‍ശയും പദ്ധതിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് പൊതുസ്വകാര്യ പങ്കാളിത്തം പ്രായോഗികമല്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് വിഴിഞ്ഞം തുറമുഖം ലാന്‍ഡ് ലോര്‍ഡ് പോര്‍ട്ടായി വികസിപ്പിച്ച് മുന്നോട്ട് പോകാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. എസ്ബിഐയുടെ ചുമതലയില്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ചു. തുറമുഖ നടത്തിപ്പിനുള്ള പങ്കാളിയെ കണ്ടെത്താനുള്ള ആഗോള ടെന്‍ഡര്‍ നടപടികളും ആരംഭിച്ചു.

യുഡിഎഫ് സര്‍ക്കാര്‍ തുടക്കംമുതല്‍ ഈ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ തുടങ്ങി. കുത്തക കമ്പനികള്‍ക്കായി പൊതുസ്വകാര്യ പങ്കാളിത്തത്തോടെയുള്ള അനുമതി നല്‍കണമെന്ന നിര്‍ദേശവുമായി കേന്ദ്ര ആസൂത്രണ കമീഷന്‍ സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചു. കോടികള്‍ തിരിമറി ലക്ഷ്യംവച്ചുള്ള പ്ലാനിങ് കമീഷന്റെ നിര്‍ദേശം സര്‍ക്കാര്‍ അതേപടി അംഗീകരിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ഐഎഫ്സിയുടെ പഠനറിപ്പോര്‍ട്ട് വേണ്ടെന്നുവച്ച് പിപിപി മാതൃകയ്ക്കായുള്ള നീക്കം തുടങ്ങി. വിഴിഞ്ഞത്തെ ഒഴിവാക്കി തൂത്തുക്കുടിയില്‍ പുതിയ തുറമുഖത്തിനായി തമിഴ്നാട് വിജയിച്ചപ്പോള്‍ തോറ്റത് മലയാളികള്‍ മാത്രമല്ല, ഇന്ത്യാ മഹാരാജ്യം ഒന്നാകെയാണ്. അത്രയേറെ വകിസന സാധ്യതയാണ് വിഴിഞ്ഞത്തിനുണ്ടായിരുന്നത്.
(ജി രാജേഷ്കുമാര്‍)

deshabhimani

Monday, November 25, 2013

റിസോര്‍ട്ട് ലോബിക്കായി വിഴിഞ്ഞം പദ്ധതി അട്ടിമറിക്കുന്നു

കേരളത്തിന്റെ ഭാവിതന്നെ മാറ്റിമറിക്കുന്നതാണ് വിഴിഞ്ഞം തുറമുഖപദ്ധതി. ഈ പദ്ധതിയോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ സമീപനമാണ് തലസ്ഥാനത്തോടുള്ള അവഗണനയുടെ ഏറ്റവും നല്ല ഉദാഹരണം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതിക്ക് തുരങ്കംവയ്ക്കുന്ന സ്വകാര്യ റിസോര്‍ട്ട് ലോബിക്ക് പിന്തുണ നല്‍കുന്നത് ഭരണക്കാരാണ്. പദ്ധതിക്ക് പാരിസ്ഥിതികാനുമതി നല്‍കുന്നത് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയസമിതി പരിഗണിക്കാനിരിക്കെ റിസോര്‍ട്ട് ലോബി തുടങ്ങിയ അട്ടിമറിനീക്കങ്ങള്‍ക്ക് ആക്കംകൂട്ടുന്ന നടപടിയാണ് ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ സ്വീകരിച്ചത്. പദ്ധതിപ്രദേശത്തേക്കുള്ള റോഡുനിര്‍മാണം നിയമവിരുദ്ധമാണെന്നും നിര്‍മാണത്തെപ്പറ്റി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷനിലെ ഒരുവിഭാഗം വനം പരിസ്ഥിതി മന്ത്രാലയത്തിനു പരാതി നല്‍കിയത്. ഇതിന് കേന്ദ്ര-സംസ്ഥാന ഭരണസ്വാധീനമുള്ള ചിലര്‍ പിന്തുണയ്ക്കുകയായിരുന്നു. പാരിസ്ഥിതികാനുമതി നല്‍കാതിരിക്കുകയോ നീട്ടിവയ്ക്കുകയോ ചെയ്യണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. റോഡ് നിര്‍മാണത്തില്‍ ഖേദം പ്രകടിപ്പിച്ച് കേന്ദ്രസര്‍ക്കാരിന് കത്തുനല്‍കാനാണ് വിഴിഞ്ഞം തുറമുഖ ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചത്. യോഗത്തില്‍ മുഖ്യമന്ത്രിയായിരുന്നു അധ്യക്ഷന്‍. ഇപ്പോഴത്തെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാനും നിര്‍ദേശം നല്‍കി. പദ്ധതിക്ക് അനുമതി നിഷേധിക്കണമെന്ന ആവശ്യത്തെപ്പറ്റി ചര്‍ച്ചചെയ്യാന്‍ ഈ യോഗം തയ്യാറായതുമില്ല. റോഡ് നിര്‍മാണം മഹാ അപരാധമാണെന്ന രീതിയിലാണ് തുറമുഖമന്ത്രി കെ ബാബു യോഗത്തിനുശേഷം പ്രതികരിച്ചത്. 900 മീറ്റര്‍ റോഡ് നിര്‍മിച്ചതിനാണ് ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി മാപ്പപേക്ഷയുമായി ഡല്‍ഹിയിലേക്ക് പോകാന്‍ തീരുമാനിച്ചത്. ഒരു സര്‍ക്കാരിന് ഇത്തരം നിലപാട് സ്വീകരിക്കാന്‍ കഴിയുന്നത് എങ്ങനെയെന്ന് ചോദിക്കുകയാണ് മലയാളികള്‍. പണത്തിനുമീതെ പരുന്തും പറക്കില്ലെന്നാണ് സര്‍ക്കാര്‍ തെളിയിക്കുന്നത്.

ആറന്മുള വിമാനത്താവളത്തിന് പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി കിട്ടുന്നു. അതേസമയം, വിഴിഞ്ഞത്തിന് ലഭിക്കുന്നില്ല. റോഡ് നിര്‍മിക്കുന്നത് നിയമലംഘനമാകുന്നത് എങ്ങനെയെന്ന് വ്യക്തമാക്കാന്‍ ആരും തയ്യാറാകുന്നുമില്ല. തലസ്ഥാനവികസനത്തില്‍ അത്യന്തം ശ്രദ്ധപതിപ്പിക്കുന്നുവെന്നാണ് കേന്ദ്രമന്ത്രി ശശി തരൂരും യുഡിഎഫ് സര്‍ക്കാരും അവകാശപ്പെടുന്നത്. ഇതിന്റെ "യാഥാര്‍ഥ്യം" വിഴിഞ്ഞം തുറമുഖത്തോടുള്ള സമീപനത്തോടെ വ്യക്തമായി കഴിഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ തുടങ്ങിയ ഇടത്തുനിന്ന് ഒരടിപോലും മുന്നോട്ടുപോകാന്‍ യുഡിഎഫ് സര്‍ക്കാരിനായിട്ടില്ല. ഈ സര്‍ക്കാരിന്റെ കാലത്ത് വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷ ജനത്തിനില്ല. തുറമുഖം യാഥാര്‍ഥ്യമായാല്‍ സൂയസ് കനാല്‍വഴി ഓരോ വര്‍ഷവും കടന്നുപോകുന്ന 20,000 കൂറ്റന്‍ കപ്പലുകളില്‍ പകുതിയിലധികവും വിഴിഞ്ഞത്താകും നങ്കൂരമിടുക. തീരത്തോട് തൊട്ടുതന്നെ 23 മുതല്‍ 27 മീറ്റര്‍വരെ പ്രകൃതിദത്ത ആഴമുണ്ട്. ഏതു വന്‍കിട കപ്പലുകള്‍ക്കും നങ്കൂരമിടാന്‍ പര്യാപ്തമാണ് ഇത്. മണ്ണുമാറ്റാതെ തുറമുഖം പണിയാം. ആറ് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തുറമുഖത്ത് വന്‍കിട കപ്പലുകള്‍ അടുപ്പിക്കാനാകുന്ന 30 ബര്‍ത്താണ് സജ്ജീകരിക്കുക. അന്താരാഷ്ട്ര കപ്പല്‍ച്ചാലില്‍നിന്ന് ഒന്നരമണിക്കൂറിനുള്ളില്‍ വിഴിഞ്ഞത്ത് എത്താം. കൊളംബോ, സിംഗപ്പൂര്‍, ദുബായ്, സലാല എന്നീ തുറമുഖങ്ങള്‍ വഴിയാണ് ഇന്ത്യയുടെ ഇറക്കുമതി-കയറ്റുമതിയുടെ 70 ശതമാനവും കടന്നുപോകുന്നത്. വലിയ കപ്പലുകളില്‍ വരുന്ന കണ്ടെയ്നറുകള്‍ ഈ തുറമുഖങ്ങളില്‍ ഇറക്കി ചെറുകപ്പലുകളിലാക്കിയാണ് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. ഇതിനായി പ്രതിവര്‍ഷം 1000 കോടിയിലധികം രൂപയാണ് ചെലവാകുന്നത്. വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ ഈ നഷ്ടം ഒഴിവാക്കാന്‍ കഴിയും.

പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ രാജ്യത്തിന്റെ വികസന കവാടമായി വിഴിഞ്ഞം മാറും. കൂടാതെ സംസ്ഥാനത്തിന്റെ വികസനത്തിനും ധാരാളം തൊഴിലവസരം സൃഷ്ടിക്കുന്നതിനും വിഴിഞ്ഞം പദ്ധതിക്ക് കഴിയും. പ്രത്യക്ഷത്തില്‍ 5000 പേര്‍ക്കും പരോക്ഷമായി ഒരു ലക്ഷത്തിലധികം പേര്‍ക്കും തൊഴില്‍ ലഭിക്കുമെന്നത് കേരളത്തിന് വലിയ പ്രതീക്ഷ നല്‍കുന്നു. അന്താരാഷ്ട്ര ചരക്കുനീക്കത്തിലൂടെ കോടികളുടെ വരുമാനലഭ്യതയും വിഴിഞ്ഞം തുറമുഖത്തിലൂടെ കേന്ദ്ര-കേരളാ സര്‍ക്കാരുകള്‍ക്ക് ലഭിക്കും. നിലവില്‍ 5 ലക്ഷം കോടിരൂപയുടെ തുറമുഖവ്യാപാരം ഇന്ത്യ ഇപ്പോള്‍ നടത്തുന്നുണ്ട്. രാജ്യത്ത് ഒരു ആഗോള തുറമുഖമില്ലാത്തതിനാല്‍ ഏകദേശം 1000 കോടിരൂപയുടെ വരുമാനനഷ്ടം പ്രതിവര്‍ഷമുണ്ടാകുന്നു. വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമായാല്‍ ഇന്ത്യയുടെ തുറമുഖ വരുമാനത്തിന്റെ പ്രധാന സ്രോതസ്സായി വിഴിഞ്ഞം മാറും. 2005ലാണ് പദ്ധതി ആദ്യം ടെന്‍ഡര്‍ ചെയ്തത്. നാല് കമ്പനിയാണ് ടെന്‍ഡര്‍ സമര്‍പ്പിച്ചത്. ശക്തമായ മത്സരമില്ലാത്ത ടെന്‍ഡറില്‍ സൂം കണ്‍സോര്‍ഷ്യം യോഗ്യത നേടി. ഒരുവിധ അനുമതിയും വാങ്ങാതെയുള്ള ടെന്‍ഡര്‍ വിളിയും തുടര്‍ന്നുള്ള കരാറുമല്ലാതെ അന്ന് ഭരണനേതൃത്വം നല്‍കിയ ഉമ്മന്‍ചാണ്ടിസര്‍ക്കാരും ഇക്കാര്യത്തില്‍ അനങ്ങാപ്പാറനയം സ്വീകരിച്ചു. ഇതേനയം തന്നെയാണ് ഇപ്പോഴും ഉമ്മന്‍ചാണ്ടി സ്വീകരിക്കുന്നത്. പദ്ധതി യാഥാര്‍ഥ്യമാക്കുന്നതില്‍ തലസ്ഥാനത്തുനിന്നുള്ള എംപിക്കോ കേന്ദ്രഭരണത്തിന്റെ തലപ്പത്തുള്ള സംസ്ഥാനത്തുനിന്നുള്ള എട്ട് മന്ത്രിമാര്‍ക്കോ താല്‍പ്പര്യമില്ല. 2006 മുതല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവച്ച നടപടികളും ഇപ്പോള്‍ നിലച്ചിരിക്കുകയാണ്.
(to be continued)

(ജി രാജേഷ്കുമാര്‍) deshabhimani

Friday, November 22, 2013

വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാകാന്‍ ജനം രംഗത്തിറങ്ങണം: വി എസ്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്റെ പാരിസ്ഥിതികാനുമതി ലഭിക്കാനും തുറമുഖ സ്വപ്നം യാഥാര്‍ഥ്യമാക്കാനും ജനങ്ങള്‍ സംഘടിച്ച് രംഗത്തിറങ്ങണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. അനിശ്ചിതത്വത്തിലായിരിക്കുന്ന വിഴിഞ്ഞം തുറമുഖപദ്ധതി പ്രദേശം സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വി എസ്.

ആറന്മുള വിമാനത്താവളംപോലുള്ള വന്‍കിട പദ്ധതികള്‍ക്ക് അതിവേഗം പാരിസ്ഥിതികാനുമതി ലഭിക്കുമ്പോള്‍ വിഴിഞ്ഞംപോലുള്ള ജനകീയപദ്ധതികളെ അവഗണിക്കുന്ന നയസമീപനമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്നത്. വിഴിഞ്ഞം തുറമുഖപദ്ധതിപ്രദേശത്ത് എഴുപതോളം അനധികൃത റിസോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുകയാണ്. ഇവരുടെ സ്വാധീനത്തിന് വഴങ്ങിയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഈ അനധികൃത റിസോര്‍ട്ട് ലോബിക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. റിസോര്‍ട്ട് ലോബിയുടെ സ്വാധീനത്തില്‍ തുറമുഖപദ്ധതി ഇഴഞ്ഞുനീങ്ങുകയാണ്. ഈ കൊള്ളക്കാരുടെ പണത്തിന്റെ സ്വാധീനത്തിന് വഴങ്ങുന്ന സര്‍ക്കാര്‍ നടപടിയെ തകര്‍ക്കാന്‍ ജനങ്ങള്‍ സംഘടിക്കണമെന്ന് വി എസ് ആവശ്യപ്പെട്ടു. ആറന്മുള വിമാനത്താവളപദ്ധതിമൂലം ആയിരക്കണക്കിനു കര്‍ഷകര്‍ ദുരിതത്തിലാകുമ്പോള്‍ സമ്പന്നന്മാരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിലംനികത്താന്‍ അനുമതി നല്‍കിയിട്ടില്ല. നിലംനികത്താന്‍ അനുമതി നല്‍കരുതെന്നുള്ള കലക്ടറുടെ റിപ്പോര്‍ട്ടിലാണ് താന്‍ ഒപ്പിട്ടതെന്നും വി എസ് പറഞ്ഞു. വി എസിനോടൊപ്പം മുന്‍മന്ത്രി എം വിജയകുമാര്‍, സിപിഐ എം കോവളം ഏരിയ സെക്രട്ടറി പി രാജേന്ദ്രകുമാര്‍, എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ വി ഗംഗാധരന്‍നാടാര്‍, കൗണ്‍സിലര്‍ എച്ച് സുകുമാരി എന്നിവരും ഉണ്ടായിരുന്നു.

deshabhimani

Thursday, November 21, 2013

വിഴിഞ്ഞം പദ്ധതിക്ക് തടസ്സവുമായി വീണ്ടും റിസോര്‍ട്ട് ലോബി


തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുടെ പാരിസ്ഥിതിക അനുമതിക്ക് തടസ്സം സൃഷ്ടിക്കാന്‍ സ്വകാര്യ റിസോര്‍ട്ട് ലോബി വീണ്ടും രംഗത്ത്. പദ്ധതിക്കായി വിഴിഞ്ഞത്ത് റോഡ് നിര്‍മ്മിച്ചതിനെതിരെ കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന് റിസോര്‍ട്ടുകളുടെ സംഘടന പരാതി നല്‍കി . പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ലഭിക്കാതെയാണ് റോഡ് നിര്‍മ്മിച്ചതെന്നാണ് പരാതി. പദ്ധതിയുടെ പാരിസ്ഥിതികാനുമതി ശനിയാഴ്ച പരിഗണിക്കാനിരിക്കെയാണ് പ്രദേശത്ത് നിര്‍മിച്ച താല്‍ക്കാലിക റോഡ് നിയമലംഘനമെന്ന് ചൂണ്ടിക്കാട്ടി പരാതിനല്‍കിയത്.

എന്നാല്‍ ഈ വിഷയം ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ അടിയന്തരയോഗം ചേര്‍ന്നെങ്കിലും പ്രത്യേക തീരുമാനമൊന്നും എടുത്തില്ല. അനുമതിയില്ലാതെ റോഡ് നിര്‍മ്മിച്ചതില്‍ മാപ്പപേഷിച്ച് വനംപരിസ്ഥിതി മന്ത്രാലയത്തെ ഖേദം അറിയിക്കുമെന്ന് മന്ത്രി കെ ബാബു പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് റോഡ് നിര്‍മ്മിച്ചതെന്നും കെ ബാബു പറഞ്ഞു. റിസോര്‍ട്ട് ലോബിയുടെ പരാതി വനംവകുപ്പ് സ്വീകരിച്ച സാഹചര്യത്തിലാണ് അടിയന്തിരയോഗം ചേര്‍ന്ന് ഖേദം അറിയിക്കാന്‍ തീരുമാനിച്ചത്.

വിവാദത്തെ തുടര്‍ന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ വിഴിഞ്ഞം പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. പദ്ധതിയെ തകര്‍ക്കാന്‍ റിസോര്‍ട്ട് ലോബിക്കൊപ്പം സര്‍ക്കാരും കൂട്ടുനില്‍ക്കുകയാണെന്ന് വി എസ് കുറ്റപ്പെടുത്തി. പദ്ധതിക്കായി എല്‍ഡിഎഫ് നടപ്പാക്കിയ കാര്യങ്ങള്‍പോലും റിസോര്‍ട്ട് ലോബിക്കായി യുഡിഎഫ് സര്‍ക്കാര്‍ മരവിപ്പിക്കുകയാണ്. വിഴിഞ്ഞം പോര്‍ട്ടിന്റെ കൈവശമുള്ള സ്ഥലത്ത് റോഡ് നിര്‍മ്മിച്ചതില്‍ തെറ്റില്ല. ഇവിടെയുള്ള അനധികൃത റിസോര്‍ട്ടുകള്‍ക്കും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെയാണ് നടപടി വേണ്ടതെന്നും വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.

വിഴിഞ്ഞം പദ്ധതി നിമിത്തം മത്സ്യത്തൊഴിലാളികള്‍ക്കും ടൂറിസം ജീവനക്കാര്‍ക്കും നേരിടേണ്ടി വരാവുന്ന പ്രതികൂല പ്രത്യാഘാതങ്ങളെക്കുറിച്ച് നേരത്തെ ഹോട്ടല്‍ ലോബി പരാതി നല്‍കിയിരുന്നു. തുറമുഖ നിര്‍മ്മാണം അട്ടിമറിക്കാനുള്ള ആ ശ്രമം പാളിയിരുന്നു. അതിന് പിന്നാലെയാണ് പുതിയ പരാതിയുമായി റിസോര്‍ട്ട് ലോബി രംഗത്തെത്തിയത്

deshabhimani

Thursday, October 10, 2013

മന്ത്രിയുടെ പരാമര്‍ശം: എംഎല്‍എ വേദിവിട്ടു

കോവളം: പൊതുവേദിയില്‍ മന്ത്രി അപമാനിച്ചതില്‍ പ്രതിഷേധിച്ച് എംഎല്‍എ വേദിവിട്ടിറങ്ങി. തുറമുഖ മന്ത്രി കെ ബാബുവിന്റെ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് കോവളം എംഎല്‍എ ജമീലാ പ്രകാശമാണ് വേദിവിട്ടത്. വിഴിഞ്ഞം സീവേസ് വാര്‍ഫിലെ ട്രാന്‍സിറ്റ് ഷെഡിന്റെ ഉദ്ഘാടനവേദിയിലാണ് മന്ത്രിയുടെ പരാമര്‍ശം.

വിഴിഞ്ഞം ഫിഷ്ലാന്റിങ് സ്റ്റേഷന്റെ നവീകരണവുമായി ബന്ധപ്പെട്ട് ഹൈദരാബാദ് നാഷണല്‍ ഫിഷറീസ് ഡെവലപ്മെന്റ് ബോര്‍ഡില്‍നിന്ന് 7.95 കോടി രൂപ അനുവദിച്ചിരുന്നു. എംഎല്‍എ ഹൈദരാബാദില്‍ നേരിട്ട് ചെന്നു നടത്തിയ പരിശ്രമങ്ങളുടെ ഫലമായിട്ടായിരുന്നു തുക അനുവദിച്ചത്. ഇതിനുള്ള പ്രൊപ്പോസല്‍ 2010 എല്‍ഡിഎഫ് മന്ത്രിസഭയില്‍ ഫിഷറീസ് മന്ത്രിയായിരുന്ന എസ് ശര്‍മയുടെ കാലത്താണ് അയച്ചത്. ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പ് ഉദ്യോഗസ്ഥരില്‍നിന്ന് ഇക്കാര്യം മനസ്സിലാക്കിയാണ് എംഎല്‍എ ഹൈദരാബാദ് ആസ്ഥാനം സന്ദര്‍ശിച്ചത്. ഇക്കാര്യത്തില്‍ എംഎല്‍എ ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പിലെ ഉദ്യോഗസ്ഥരെ അഭിനന്ദിച്ചതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. അധ്യക്ഷപ്രസംഗത്തില്‍ എംഎല്‍എ തന്നെ അഭിനന്ദിച്ചില്ലെന്ന മന്ത്രിയുടെ പരാമര്‍ശമാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. പ്യൂണിനും ക്ലര്‍ക്കിനുമല്ല എംഎല്‍എ നന്ദി പറയേണ്ടത്, പദ്ധതി നടപ്പാക്കാന്‍ ശ്രമിച്ച മന്ത്രിക്കാണ് നന്ദി പറയേണ്ടത്. "തന്നെ അഭിനന്ദിക്കാത്തത് തെറ്റായിപ്പോയി" തുടങ്ങിയ മന്ത്രിയുടെ പരാമര്‍ശങ്ങള്‍ കടുത്തതോടെ അങ്ങനെയെങ്കില്‍ താന്‍ അധ്യക്ഷവേദിവിടുന്നു" എന്നറിയച്ച് എംഎല്‍എ വേദിവിട്ടിറങ്ങി. വേദിവിട്ടിറങ്ങിയ സമയം മന്ത്രി വീണ്ടും "ജമീല നാട്യം കാണിക്കണ്ട" എന്ന് ആവര്‍ത്തിച്ചപ്പോള്‍ "ഞാന്‍ നാട്യം കാണിക്കാനല്ല വന്നത്" എന്ന മറുപടി നല്‍കി എംഎല്‍എ സദസ്സ് വിട്ടിറങ്ങി. എംഎല്‍എ നടന്നുപോകുമ്പോള്‍ ചില കോണ്‍ഗ്രസ് പ്രവര്‍ത്തകരും എംഎല്‍എയെ പരിഹസിക്കാന്‍ ശ്രമിച്ചതും പ്രതിഷേധത്തിനിടയാക്കി. ഫലത്തില്‍ സര്‍ക്കാര്‍ പരിപാടി കോണ്‍ഗ്രസ്, യുഡിഎഫ് മേളയാക്കി. ഇതില്‍ പരക്കെ പ്രതിഷേധമുയര്‍ന്നു. മറ്റൊരു വേദിയില്‍വച്ചും എംഎല്‍എയെ മന്ത്രി അപമാനിക്കാന്‍ ശ്രമിച്ചിരുന്നു.

കോണ്‍ഗ്രസ് കൗണ്‍സിലര്‍ സദാനന്ദതായ് വേദിവിട്ട് സദസ്സില്‍ ഇരുന്നതും വിവാദമായി. നോട്ടീസില്‍ പേരുവച്ചെങ്കിലും തന്നെ പരിപാടിക്ക് ക്ഷണിക്കുകയോ അറിയിക്കുകയോ ചെയ്തില്ലെന്ന് ആരോപിച്ചായിരുന്നു കൗണ്‍സിലര്‍ വേദിയില്‍ കയറാതിരുന്നത്. നഗരസഭാ മേയര്‍ അടക്കം നോട്ടീസില്‍ പേരുവച്ചിരുന്ന എല്‍ഡിഎഫ് അംഗങ്ങളും പരിപാടിയില്‍നിന്ന് വിട്ടുനിന്നു. നോട്ടീസില്‍ പേരുണ്ടായിരുന്ന വിഴിഞ്ഞം ഇടവകവികാരിയും പരിപാടിയില്‍നിന്ന് വിട്ടുനിന്നു. 1.75 കോടി രൂപ ചെലവില്‍ തീര്‍ത്ത ട്രാന്‍സിറ്റ് ഷെഡിന്റെ നിര്‍മാണത്തെ സംബന്ധിച്ച് വ്യാപക ആക്ഷേപമാണ് ഉയര്‍ന്നിട്ടുള്ളത്. 900 ചരുതശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ഹോളോബ്രിക്സും മെറ്റല്‍ ഫ്രെയിമും ആസ്ബറ്റോസ് ഷീറ്റും ഉപയോഗിച്ച് നിര്‍മിച്ച ഷെഡിന് 1.75 കോടി രൂപ ചെലവഴിച്ചിരിക്കുന്നത് വന്‍ അഴിമതിയാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ഓരോ പദ്ധതിക്കും കോടികളുടെ കണക്കുകള്‍ പറയുന്നതല്ലാതെ ഫലത്തില്‍ സര്‍വതും അഴിമതിക്കഥകളായി മാറുകയാണ്. 1.75 കോടി മുടക്കി നിര്‍മിച്ച ട്രാന്‍സിറ്റ് ഷെഡില്‍ വൈദ്യുതി കണക്ഷന്‍പോലും തരപ്പെടുത്തിയിട്ടില്ല. പ്രാഥമിക സൗകര്യങ്ങള്‍പോലും ഒരുക്കിയിട്ടില്ലാത്ത ഷെഡ് സമൂഹ്യവിരുദ്ധരുടെ ആവാസകേന്ദ്രമാകുമെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

deshabhimani

Saturday, April 20, 2013

ജനം കൈകോര്‍ത്തു; വികാരമായി മനുഷ്യച്ചങ്ങല

സംസ്ഥാനത്തിന്റെയും പ്രത്യേകിച്ച് തലസ്ഥാന ജില്ലയുടെയും വികസനക്കുതിപ്പിന് നാഴികക്കല്ലാകുന്ന സ്വപ്നപദ്ധതി ഇല്ലാതാക്കാനുള്ള ഗൂഢനീക്കത്തിനെതിരെ പ്രതിരോധത്തിന്റെ കണ്ണിമുറുക്കി പതിനായിരങ്ങള്‍. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ എല്‍ഡിഎഫ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച വൈകിട്ട് വിഴിഞ്ഞം മുതല്‍ ഭരണസിരാകേന്ദ്രമായ സെക്രട്ടറിയറ്റുവരെ സംഘടിപ്പിച്ച മനുഷ്യച്ചങ്ങല പോരാട്ടത്തിന്റെ പുതിയ പോര്‍മുഖം തുറക്കുകയായിരുന്നു. വിഴിഞ്ഞത്ത് ആദ്യകണ്ണിയായി സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അണിചേര്‍ന്നപ്പോള്‍ സെക്രട്ടറിയറ്റിനുസമീപം വിജെടി ഹാളിനുമുന്നില്‍ സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ അവസാന കണ്ണിയായി. സെക്രട്ടറിയറ്റുവരെയാണ് ചങ്ങല നിശ്ചയിച്ചതെങ്കിലും ജനബാഹുല്യത്തെത്തുടര്‍ന്ന് വിജെടി ഹാള്‍വരെ നീണ്ടു.

കേരളത്തോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന സമാനതകളില്ലാത്ത അവഗണനയുടെയും സംസ്ഥാന സര്‍ക്കാരിന്റെ പൊറുക്കാനാവാത്ത നിസ്സംഗതയ്ക്കുമെതിരെ സന്ധിയില്ലാത്ത പോരാട്ടം തുടരുമെന്ന് ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രതിജ്ഞയെടുത്തു. സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും മനുഷ്യച്ചങ്ങലയില്‍ കണ്ണിചേര്‍ന്നു. ഗാന്ധിപാര്‍ക്കില്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും സെക്രട്ടറിയറ്റിനുമുന്നില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനും കണ്ണിചേര്‍ന്നു. വികസനത്തിനായുള്ള പോരാട്ടത്തില്‍ തലസ്ഥാനം മുമ്പെങ്ങും ദര്‍ശിക്കാത്ത ജനപങ്കാളിത്തത്തിനാണ് സാക്ഷിയായത്. സ്ത്രീകളും കുട്ടികളുമടക്കം കുടുംബത്തോടെ ചങ്ങലയില്‍ പങ്കാളിയായി.

വിഴിഞ്ഞത്ത് സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗം എം വിജയകുമാര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്നു ചേര്‍ന്ന പൊതുയോഗം സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്തു. കിഴക്കേകോട്ട ഗാന്ധിപാര്‍ക്കില്‍ പുരോഗമന കലാസാഹിത്യസംഘം ജനറല്‍ സെക്രട്ടറി പ്രൊഫ. വി എന്‍ മുരളി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ യോഗം ഉദ്ഘാടനംചെയ്തു. സെക്രട്ടറിയറ്റിനുമുന്നില്‍ സിപിഐ എം ജില്ലാസെക്രട്ടറി കടകംപള്ളി സുന്ദ്രേന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ യോഗം ഉദ്ഘാടനംചെയ്തു. കമലേശ്വരത്ത് ചേര്‍ന്ന പൊതുയോഗം ആര്‍എസ്പി ദേശീയ എക്സിക്യൂട്ടീവ് അംഗം എന്‍ കെ പ്രേമചന്ദ്രന്‍ ഉദ്ഘാടനംചെയ്തു. ആര്‍എസ്പി സംസ്ഥാനകമ്മിറ്റിയംഗം കെ ജയകുമാര്‍ അധ്യക്ഷനായി. കോവളം ജങ്ഷനില്‍ നടന്ന പൊതുസമ്മേളനം ഡോ. എ നീലലോഹിതദാസ് ഉദ്ഘാടനംചെയ്തു. ലീന്‍സേവ്യര്‍ അധ്യക്ഷനായി. തിരുവല്ലത്ത് നടന്ന പൊതുസമ്മേളനം പി രാമചന്ദ്രന്‍നായര്‍ ഉദ്ഘാടനംചെയ്തു. എം എം ഇബ്രാഹിം അധ്യക്ഷനായി. മണക്കാട് ജങ്ഷനില്‍ നടന്ന യോഗം വി കെ മധു ഉദ്ഘാടനംചെയ്തു. അമ്പലത്തറയില്‍ നടന്ന യോഗം ഉഴവൂര്‍ വിജയന്‍ ഉദ്ഘാടനംചെയ്തു.

തുറമുഖപദ്ധതി അട്ടിമറി ആത്മാഭിമാനത്തിന് നേര്‍ക്കുള്ള വെല്ലുവിളി- വി എസ്

തിരു: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതി അട്ടിമറിക്കുന്നത് കേരളത്തിലെ ജനങ്ങളുടെ ആത്മാഭിമാനത്തിനുനേര്‍ക്കുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. നമ്മളെ ഒരു മൂലയില്‍ ഒതുക്കാമെന്നാണ് വിചാരമെങ്കില്‍ അതിനെ ചെറുത്ത് പരാജയപ്പെടുത്തുമെന്നും വി എസ് പറഞ്ഞു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതി ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരെ എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയോടനുബന്ധിച്ച് ഗാന്ധിപാര്‍ക്കില്‍ ചേര്‍ന്ന പൊതുയോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു വി എസ്.

ഇന്ത്യക്കും കേരളത്തിനും ഏറെ വരുമാനം നേടിത്തരുന്ന തുറമുഖമാകും പ്രകൃതിദത്തമായ വിഴിഞ്ഞം തുറമുഖം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രസര്‍ക്കാരിനോട് സഹായം അഭ്യര്‍ഥിച്ച് നിവേദനവുമായി പോയതാണ്. ചെയ്യാമെന്ന മറുപടിമാത്രമാണ് ഉണ്ടായത്. പ്രാഥമികചെലവുകള്‍ക്കായി എല്‍ഡിഎഫ് സര്‍ക്കാര്‍ 450 കോടി രൂപ അനുവദിക്കുകയും ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് 2000 കോടി രൂപ കണ്ടെത്താന്‍ തീരുമാനിക്കുകയും ചെയ്തശേഷമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണത്തില്‍നിന്ന് ഇറങ്ങിയത്. യുഡിഎഫ് സര്‍ക്കാര്‍ വന്നതിനുശേഷം ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇപ്പോള്‍ തൂത്തുക്കുടിയില്‍ ഒരു തുറമുഖം വരികയാണ്. ഇത് വിഴിഞ്ഞം തുറമുഖപദ്ധതി അട്ടിമറിക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണെന്നും വി എസ് പറഞ്ഞു.

വിഴിഞ്ഞം തുറമുഖത്തിന്റെ സ്വത്ത് സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ സര്‍ക്കാര്‍ അവസരം പാര്‍ത്തിരിക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. മനുഷ്യച്ചങ്ങലയുടെ സമാപന പൊതുസമ്മേളനം വിജെടി ഹാളിന് മുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ വളര്‍ച്ചയുടെ പ്രധാന കണ്ണിയാണ് വിഴിഞ്ഞം തുറമുഖം. അത് യാഥാര്‍ഥ്യമാക്കുന്നതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ വളരെയധികം ക്ലേശം സഹിച്ച് ആവിഷ്കരിച്ച നടപടികളെല്ലാം അട്ടിമറിച്ചിരിക്കുകയാണ്. മുതലാളിമാര്‍ക്ക് തുറമുഖം കൈമാറാനാണ് നീക്കം. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ ഒരു വ്യവസായംപോലും പുതുതായി കൊണ്ടുവരാന്‍ യുഡിഎഫിന് കഴിഞ്ഞിട്ടില്ല. നിലവിലുള്ള വ്യവസായങ്ങള്‍ തകര്‍ക്കുകയാണ്. ജലസമ്പത്ത് ഊറ്റിയെടുത്ത് വില്‍ക്കാന്‍ ഇപ്പോള്‍ പുതിയ കമ്പനി രൂപീകരിച്ചിരിക്കുകയാണ്. അതിനു പിന്നാലെയാണ് വിഴിഞ്ഞം തുറമുഖം അട്ടിമറിക്കുന്നതെന്ന് പന്ന്യന്‍ പറഞ്ഞു.

വിഴിഞ്ഞംപദ്ധതി യാഥാര്‍ഥ്യമാക്കാന്‍ കൈകോര്‍ത്തത് പതിനായിരങ്ങള്‍

തിരു: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ നാടിന്റെ ഹൃദയസ്പന്ദനവുമായി പതിനായിരങ്ങള്‍ ഏക മനസ്സായി കൈകോര്‍ത്തു. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തോട് കാട്ടുന്ന ക്രൂരമായ അവഗണനയ്ക്കും വിവേചനത്തിനും സംസ്ഥാന സര്‍ക്കാരിന്റെ കടുത്ത നിസ്സംഗതയ്ക്കും എതിരെ പതിനായിരങ്ങള്‍ കൈകോര്‍ത്തപ്പോള്‍ സംസ്ഥാന തലസ്ഥാനം മനുഷ്യമഹാസാഗരമായി. കന്യാസ്ത്രീകളും സാമൂഹ്യ- സാംസ്കാരിക- സാഹിത്യ മേഖലകളിലെ പ്രമുഖരും ഉള്‍പ്പെടെയുള്ളവര്‍ നാടിന്റെ പ്രതിഷേധത്തില്‍ കണ്ണികളായത് സമരത്തിന്റെ സാര്‍ഥകത വിളിച്ചോതുന്നതായിരുന്നു. വിഴിഞ്ഞം ജങ്ഷനില്‍നിന്ന് ഭരണസിരാകേന്ദ്രമായ സെക്രട്ടറിയറ്റും കടന്ന് വിജെടി ഹാള്‍ വരെ 17 കിലോമീറ്റര്‍ നീണ്ട മനുഷ്യച്ചങ്ങലയില്‍ കാല്‍ലക്ഷംപേരെ കണ്ണികളാക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും അരലക്ഷത്തിലേറെ പേര്‍ പങ്കെടുത്തു. സെക്രട്ടറിയറ്റ് വരെയാണ് ചങ്ങല നിശ്ചയിച്ചത്. ജനബാഹുല്യം കാരണം വിജെടി ഹാള്‍ വരെ നീട്ടിയ ചങ്ങലയില്‍ ഒരു നിരയ്ക്ക് പകരം രണ്ടും മൂന്നും നിരകളായി ബഹുജനങ്ങള്‍ അണിചേര്‍ന്നു.

കക്ഷി രാഷ്ട്രീയത്തിനതീതമായി നാടിന്റെ സമസ്ത മേഖലകളില്‍നിന്നും ബഹുജനങ്ങള്‍ അണിനിരന്നതോടെ എല്‍ഡിഎഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സമരം നാടിന്റെ ചെറുത്തുനില്‍പ്പിന്റെ പ്രോജ്വലമായ പ്രതീകമായി. അറബിക്കടലോരത്ത് രാജ്യത്തിന്റെയാകെ അഭിമാനമായി ഉയര്‍ന്നുവരേണ്ടുന്ന വിഴിഞ്ഞം തുറമുഖത്തിനു വേണ്ടി ഒറ്റ മനസ്സും വികാരവുമായി പൊരുതുമെന്നും ജനങ്ങള്‍ പ്രതിജ്ഞയെടുത്തു. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വിഴിഞ്ഞത്ത് ആദ്യകണ്ണിയായപ്പോള്‍ സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനാണ് വിജെടി ഹാളിനു മുന്നില്‍ അവസാന കണ്ണിയായത്. ഗാന്ധിപാര്‍ക്കില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും സെക്രട്ടറിയറ്റ് പടിക്കല്‍ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനും കണ്ണിചേര്‍ന്നു.

deshabhimani 200413

Friday, April 19, 2013

വിഴിഞ്ഞംപദ്ധതി അട്ടിമറിക്കെതിരെ ഇന്ന് മനുഷ്യച്ചങ്ങല


വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതി അട്ടിമറിക്കെതിരെ എല്‍ഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മനുഷ്യച്ചങ്ങല തീര്‍ക്കും. വെള്ളിയാഴ്ച വൈകിട്ട് 5.30ന് വിഴിഞ്ഞംമുതല്‍ ഭരണസിരാകേന്ദ്രമായ സെക്രട്ടറിയറ്റുവരെ ദൈര്‍ഘ്യമുള്ള മനുഷ്യച്ചങ്ങലയില്‍ നാടിന്റെ വികസനം യാഥാര്‍ഥ്യമാക്കാനാഗ്രഹിക്കുന്ന എല്ലാ ബഹുജനങ്ങളും അണിനിരക്കും. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വിഴിഞ്ഞത്ത് ആദ്യകണ്ണിയാകും. സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ സെക്രട്ടറിയറ്റിനു മുന്നില്‍ അവസാന കണ്ണിയാകും. ഗാന്ധിപാര്‍ക്കില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും സെക്രട്ടറിയറ്റ് പടിക്കല്‍ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനും കണ്ണിചേരും. മുന്‍ മന്ത്രിമാരായ എം വിജയകുമാര്‍, സി ദിവാകരന്‍, എന്‍ കെ പ്രേമചന്ദ്രന്‍, വി സുരേന്ദ്രന്‍പിള്ള, കടന്നപ്പള്ളി രാമചന്ദ്രന്‍, എം എല്‍എമാര്‍, സാമൂഹിക, സാംസ്കാരിക മത നേതാക്കള്‍ എന്നിവര്‍ കണ്ണിചേരും. പ്രതിജ്ഞ ചൊല്ലിയശേഷം വിഴിഞ്ഞം, കോവളം, തിരുവല്ലം, അമ്പലത്തറ, കമലേശ്വരം, മണക്കാട്, ഗാന്ധിപാര്‍ക്ക്, ആയുര്‍വേദകോളേജ്, വിജെടി ഹാള്‍ എന്നീ ഒമ്പതു കേന്ദ്രത്തില്‍ പൊതുയോഗം ചേരും.

കേന്ദ്ര ബജറ്റില്‍ വിഴിഞ്ഞംപദ്ധതിയെ അവഗണിക്കുകയും തൂത്തുക്കുടിക്ക് അനുബന്ധ തുറമുഖനിര്‍മാണത്തിന് 7500 കോടി രൂപ അനുവദിക്കുകയും ചെയ്തതോടെ വിഴിഞ്ഞംപദ്ധതി കേരളത്തിനില്ലെന്ന് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുകയാണ്. ലോകത്തെ മികച്ച തുറമുഖമാക്കാവുന്ന വിഴിഞ്ഞത്തെ സംസ്ഥാന സര്‍ക്കാരും അവഗണിച്ചതിനെത്തുടര്‍ന്നാണ് എല്‍ഡിഎഫ് പ്രക്ഷോഭരംഗത്തെത്തിയത്. വിഴിഞ്ഞംമുതല്‍ തിരുവല്ലം പാലംവരെയുള്ള എട്ടര കിലോമീറ്ററില്‍ കോവളം, നേമം, നെയ്യാറ്റിന്‍കര, പാറശാല ഏരിയകളില്‍നിന്ന് വരുന്നവര്‍ കണ്ണിചേരണം. തുടര്‍ന്ന് സെക്രട്ടറിയറ്റുവരെയുള്ള എട്ടുകിലോമീറ്ററില്‍ ചാല, വഞ്ചിയൂര്‍, പാളയം, പേരൂര്‍ക്കട ഏരിയകളില്‍നിന്നുള്ളവര്‍ കണ്ണിചേരണം. മനുഷ്യച്ചങ്ങലയില്‍ എല്ലാ ബഹുജനങ്ങളും കക്ഷിരാഷ്ട്രീയ ഭേദമെന്യേ കണ്ണിചേരണമെന്ന് എല്‍ഡിഎഫ് ജില്ലാ നേതാക്കള്‍ അഭ്യര്‍ഥിച്ചു

deshabhimani 190413

Tuesday, April 16, 2013

19ന് വിഴിഞ്ഞം മുതല്‍ സെക്രട്ടറിയറ്റ് വരെ മനുഷ്യച്ചങ്ങലയില്‍ കണ്ണിയാകുക: എല്‍ഡിഎഫ്


സംസ്ഥാനത്തിന്റെ സ്വപ്നമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി ഇല്ലാതാക്കാനുള്ള കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ അട്ടിമറിനീക്കത്തിനെതിരെ 19ന് വൈകിട്ട് 5.30ന് സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലയില്‍ എല്ലാ ബഹുജനങ്ങളും കണ്ണിയാകണമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അഭ്യര്‍ഥിച്ചു.

കേന്ദ്രബജറ്റില്‍ വിഴിഞ്ഞം പദ്ധതിയെക്കുറിച്ച് പരാമര്‍ശംപോലുമില്ല. പശ്ചിമബംഗാളിലും ആന്ധ്രയിലും പുതിയ തുറമുഖങ്ങള്‍ക്ക് പണം കണ്ടെത്തിയ കേന്ദ്രം വിഴിഞ്ഞത്തെ അവഗണിച്ചു. തൂത്തുക്കുടിക്ക് അനുബന്ധ തുറമുഖ നിര്‍മാണത്തിന് 7500 കോടി രൂപ അനുവദിക്കുകവഴി വിഴിഞ്ഞം പദ്ധതി കേരളത്തിനില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ലോകത്തെ മികച്ച തുറമുഖമാക്കാവുന്ന വിഴിഞ്ഞത്തെ സ്വതന്ത്ര ഇന്ത്യയില്‍ ആദ്യം ഏറ്റെടുക്കേണ്ട പദ്ധതികളിലൊന്നായിരുന്നു. രാജ്യാന്തര കപ്പല്‍ ചാനലിനോട് ഏറ്റവും അടുത്തുള്ള തുറമുഖമെന്ന നിലയിലും വിഴിഞ്ഞം വന്‍ വികസന സാധ്യത ഉറപ്പുനല്‍കുന്നു. വിഴിഞ്ഞത്ത് കരയ്ക്കരികില്‍വരെ കടലിന് 22 മുതല്‍ 24 മീറ്റര്‍ വരെ ആഴമുള്ളതിനാല്‍ കൂറ്റന്‍ കപ്പലുകള്‍ക്ക് അടുക്കാന്‍ പ്രത്യേക ഡ്രഡ്ജിങ് ആവശ്യമില്ല. സ്വകാര്യമേഖലയില്‍ തുറമുഖം നിര്‍മിക്കുന്നത് ഇവിടെ മൂന്നു തവണ പരീക്ഷിച്ച് പരാജയപ്പെട്ടതാണ്. തുടര്‍ന്നാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പറേഷന്‍ (ഐഎഫ്സി) കണ്‍സള്‍ട്ടന്റായി നിയമിച്ച് പുതിയ പഠനം നടത്തിയത്. ആ പഠനത്തില്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശമാണ് വിഴിഞ്ഞം ലാന്‍ഡ് ലോര്‍ഡ് മോഡല്‍ തുറമുഖം. ഇതിന്റെ നടപടി 2010ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ആരംഭിച്ചു. പരിസ്ഥിതി അനുവാദത്തിന് കേന്ദ്രഗവണ്മെന്റിനെ സമീപിച്ചു. ടെന്‍ഡര്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നേറി. അധികാരത്തിലെത്തി 20 മാസമായി വിഴിഞ്ഞത്തിന് വേണ്ടി മുന്നോട്ട് പോകുകയാണെന്ന് പറയുന്ന യു.ഡി.എഫും ഉമ്മഞ്ചാണ്ടിയും  മറുകണ്ടം ചാടുകയാണ്. നേരത്തെ നടന്ന എല്ലാ പ്രവര്‍ത്തനങ്ങളും അട്ടിമറിക്കപ്പെട്ടു.

വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ ഇനി ബഹുജനപോരാട്ടമല്ലാതെ മറ്റൊരു പോംവഴിയുമില്ല. പ്രക്ഷോഭത്തിന്റെ ഭാഗമായാണ് കാല്‍ ലക്ഷം പേരെ പങ്കെടുപ്പിച്ച് വിഴിഞ്ഞം മുതല്‍ സെക്രട്ടറിയറ്റ് വരെ മനുഷ്യച്ചങ്ങല തീര്‍ക്കാന്‍ എല്‍ഡിഎഫ് ജില്ലാകമ്മിറ്റി നിശ്ചയിച്ചത്.

deshabhimani

Friday, March 15, 2013

വിഴിഞ്ഞം പദ്ധതി അട്ടിമറിക്കാന്‍ കേരളവും കൂട്ടുനില്‍ക്കുന്നു


കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖ പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍നീക്കത്തിന് സംസ്ഥാനസര്‍ക്കാരും കൂട്ടുനില്‍ക്കുന്നു. ലാന്‍ഡ്ലോഡ് മാതൃകയില്‍ തുറമുഖം നിര്‍മിക്കാനും നടത്തിപ്പ് സ്വകാര്യമേഖലയെ ഏല്‍പ്പിക്കാനുമുള്ള കേരളത്തിന്റെ പ്രഖ്യാപിതനയം യുഡിഎഫ് സര്‍ക്കാര്‍ ഉപേക്ഷിച്ചു. സ്വകാര്യ പങ്കാളിത്തത്തോടെ തുറമുഖം നിര്‍മിക്കണമെന്ന കേന്ദ്ര ആസൂത്രണ കമീഷന്റെ നിര്‍ദേശത്തിന് സംസ്ഥാന ആസൂത്രണ ബോര്‍ഡും മുഖ്യമന്ത്രിയും പച്ചക്കൊടി കാട്ടി. സ്വകാര്യമേഖലയില്‍ തുറമുഖ നിര്‍മാണത്തിനുള്ള ശ്രമം മൂന്നുതവണ പരാജയപ്പെട്ടതാണ്. ഇത് മറച്ചുവച്ച് പിപിപി മാതൃക സ്വീകാര്യമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്ര ആസൂത്രണ കമീഷനെ അറിയിച്ചു.

സ്വകാര്യപങ്കാളിത്തം സാധ്യമല്ലായെന്ന് മനസ്സിലാക്കിയാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച കണ്‍സള്‍ട്ടന്‍സി പാനലിലുള്ള ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പറേഷനെ (ഐഎഫ്സി) വിഴിഞ്ഞം പദ്ധതിയുടെ കണ്‍സള്‍ട്ടന്റായി നിയമിച്ചത്. ഇവരാണ് ലാന്‍ഡ് ലോഡ് മാതൃക നിര്‍ദേശിച്ചത്. ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ വിഭവസമാഹരണം നടത്തണം. തുറമുഖത്തിന്റെ നടത്തിപ്പിന് പോര്‍ട്ട് ഓപ്പറേറ്ററെ നിയമിക്കാനും തീരുമാനിച്ചതാണ്. ആഗോള ടെണ്ടറിലൂടെ പോര്‍ട്ട് ഓപ്പറേറ്ററെ കണ്ടെത്താനുള്ള നടപടി 2010-ല്‍തന്നെ ആരംഭിച്ചു. തുറമുഖ നിര്‍മാണത്തിനുള്ള പരിസ്ഥിതി അനുമതി അടക്കമുള്ള കാര്യങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാരിനെ സമീപിച്ചു. ഈ പ്രവര്‍ത്തനങ്ങള്‍ തകിടം മറിക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് മുന്‍മന്ത്രി എം വിജയകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

രണ്ട് മാസത്തിനുള്ളിലുണ്ടായ ഇടപെടലുകളാണ് പദ്ധതി അട്ടിമറിക്കപ്പെടുന്നുവെന്ന സംശയം ബലപ്പെടുത്തുന്നത്. വിഴിഞ്ഞം തുറമുഖ കമ്പനി മാനേജിങ് ഡയറക്ടര്‍, കമ്പനി ഭരണ സമിതി അംഗങ്ങള്‍ എന്നിവര്‍ വിഴിഞ്ഞം പദ്ധതിക്ക് പിപിപി മാതൃക നടപ്പാക്കുന്നത് ചര്‍ച്ചചെയ്തു. ഭരണസമിതിയെയും ചീഫ് സെക്രട്ടറി ചെയര്‍മാനായ ഉന്നതാധികാരസമിതിയെയും അന്തിമ തീരുമാനമെടുക്കാന്‍ ചുമതലപ്പെടുത്തുകയുംചെയ്തു. ഈ സമിതികള്‍ യോഗം ചേര്‍ന്ന് തീരുമാനമെടുത്തിട്ടില്ല. ഇതിനിടയിലാണ് ജനുവരി 18ന് പിപിപി മാതൃകയില്‍ പദ്ധതി നടപ്പാക്കാന്‍ സമ്മതമാണെന്ന് അറിയിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്രആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടെക് സിങ് അലുവാലിയക്ക് കത്തെഴുതിയത്. മൂന്നുതവണ പരാജയപ്പെട്ട ശ്രമത്തിലേക്ക് വീണ്ടും മടങ്ങിപ്പോകുന്നത് പദ്ധതിയെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് വിജയകുമാര്‍ പറഞ്ഞു.

deshabhimani

Saturday, March 2, 2013

വിഴിഞ്ഞം പദ്ധതിക്ക് മരണമണി


കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് മരണമണി മുഴങ്ങുന്നു. നിര്‍ദിഷ്ട പദ്ധതിക്ക് കേന്ദ്രബജറ്റില്‍ ഒരുരൂപപോലും അനുവദിക്കാതിരുന്നതോടെ പദ്ധതി അട്ടിമറിക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഒത്തുകളിയാണ് പുറത്തായത്. ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നടത്തിക്കൊണ്ടിരുന്ന പ്രഖ്യാപനങ്ങളുടെ പൊള്ളത്തരവും വ്യക്തമായി. കേന്ദ്രസര്‍ക്കാര്‍ സഹായം ലഭ്യമാകില്ലെന്ന് ഉറപ്പായതോടെ പദ്ധതി പൂര്‍ണമായി നിലയ്ക്കും. പൊതുബജറ്റില്‍ വിഴിഞ്ഞം പദ്ധതിയെപ്പറ്റി പരാമര്‍ശം പോലുമില്ല. ആന്ധ്രയിലും പശ്ചിമബംഗാളിലും പുതിയ രണ്ട് തുറമുഖങ്ങളും തമിഴ്നാട് തൂത്തുക്കുടിയില്‍ പുതിയ കണ്ടെയ്നര്‍ ടെര്‍മിനല്‍ തുറമുഖവും അനുവദിച്ച ധനമന്ത്രി ചിദംബരം വിഴിഞ്ഞത്തെ പൂര്‍ണമായി തഴഞ്ഞു. തൂത്തുക്കുടിയില്‍ 7500 കോടിയുടെ അനുബന്ധ തുറമുഖത്തിനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഇതു കൂടാതെ 600 കോടി അധികമായി അനുവദിക്കുകയും ചെയ്തു.

ഒന്നാം ഘട്ടത്തില്‍ 4010 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന വിഴിഞ്ഞം പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ സഹായം ഉറപ്പാക്കിയെന്നായിരുന്നു മുഖ്യമന്ത്രിയടക്കമുള്ളവരുടെ പ്രചാരണം. പ്രധാനമന്ത്രിയില്‍നിന്ന് ഉറപ്പ് ലഭിച്ചതായി ചില മാധ്യമങ്ങളില്‍ വാര്‍ത്ത നിരത്തുകയും ചെയ്തു. കേന്ദ്ര ബജറ്റില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്ന പ്രചാരണവുമുണ്ടായി. എന്നാല്‍, ബജറ്റ് പ്രസംഗം പുറത്തു വന്നതോടെ ഇവര്‍ക്ക് മിണ്ടാട്ടമില്ലാതായി. പദ്ധതിക്ക് ധനമന്ത്രാലയത്തിന്റെയും ആസൂത്രണകമീഷന്റെയും സഹായം നല്‍കണമെന്ന സംസ്ഥാനസര്‍ക്കാരിന്റെ ആവശ്യം കേന്ദ്രം പൂര്‍ണമായി തള്ളി.

പദ്ധതിക്കെതിരെ കേന്ദ്രതലത്തിലും അന്തരാഷ്ട്ര തലത്തിലുമുള്ള ലോബികള്‍ നീക്കം നടത്തി വരികയായിരുന്നു. അവര്‍ക്ക് അനുകൂലമായ നിലപാടാണ് സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് ഉണ്ടായത്. കേന്ദ്ര ആസൂത്രണകമീഷന്‍ അടുത്തകാലത്ത് മുന്നോട്ടുവച്ച ഉപാധികളും പദ്ധതിക്ക് തുരങ്കം വയ്ക്കുന്നതായിരുന്നു. പദ്ധതി നടത്തിപ്പ് സ്വകാര്യ പങ്കാളിത്ത മാതൃകയിലാക്കണമെന്നും സര്‍ക്കാരിന്റെ ഉടമസ്ഥത ഒഴിവാക്കണമെന്നുമായിരുന്നു കമീഷന്‍ നിര്‍ദേശം. സംസ്ഥാന ആസൂത്രണ ബോര്‍ഡും ഇതേ നിലപാടാണെടുത്തത്. തുറമുഖം സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സംവിധാനമായ ലാന്‍ഡ് ലോര്‍ഡ് വികസിപ്പിക്കാണ് ലക്ഷ്യമിട്ടിരുന്നത്.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. 12,500 കണ്ടെയ്നര്‍ ശേഷിയുള്ള കപ്പലുകള്‍ അതിവേഗം എത്തി കയറ്റിറക്ക് നടത്തി മടങ്ങാനുള്ള സൗകര്യങ്ങളുള്ള ലോകത്തെ തന്നെ വലുതും സ്വാഭാവികവുമായ തുറമുഖത്തിനായിരുന്നു പദ്ധതി. മൂന്നുഘട്ടമായി പദ്ധതി നടപ്പാക്കാനായിരുന്നു ലക്ഷ്യം. ആദ്യഘട്ടത്തിനായി 450 കോടി സര്‍ക്കാര്‍ ധനസഹായം നല്‍കാനും 2500 കോടി കണ്ടെത്തുന്നതിന് എസ്ബിഐയുടെ കണ്‍സോര്‍ഷ്യവും രൂപീകരിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിനായി 120 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കാന്‍ നടപടി സ്വീകരിച്ചു. വൈദ്യുതി, റെയില്‍, റോഡ്, ജലവിതരണം എന്നിവയ്ക്കായുള്ള നടപടികളും പൂര്‍ത്തീകരിച്ചു. കേന്ദ്ര സര്‍ക്കാര്‍ പലകാരണങ്ങള്‍ പറഞ്ഞ് തടസ്സപ്പെടുത്താന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോയി. എന്നാല്‍, യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ പദ്ധതി സ്തംഭിച്ചു. സ്ഥലം ഏറ്റെടുക്കല്‍, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവയെല്ലാം നിലച്ചു. ഒന്നര വര്‍ഷമായി പരിസ്ഥിതി ആഘാത പഠനം എന്നപേരില്‍ ഇടംകോലിടുകയും ചെയ്തു.
(ദിലീപ് മലയാലപ്പുഴ)

deshabhimani 020313

Friday, October 26, 2012

വിഴിഞ്ഞംപദ്ധതിയും അട്ടിമറി ഭീഷണിയില്‍


സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിന്റെ ഭാവിയില്‍ വീണ്ടും ആശങ്ക. സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയുടെ ബന്ധുവായ റിസോര്‍ട്ട് ഉടമ അടക്കമുള്ള ചിലര്‍ തുറമുഖത്തിന്റെ കണ്‍സല്‍ട്ടന്റായ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പറേഷന്റെ (ഐഎഫ്സി) ഓംബുഡ്സ്മാന് പരാതി നല്‍കിയതോടെയാണ് പദ്ധതി വീണ്ടും അട്ടിമറിഭീഷണിയിലായത്.

പരാതിയുടെ അടിസ്ഥാനത്തില്‍ ഓംബുഡ്സ്മാന്‍ ഒക്ടോബര്‍ 29, 30, നവംബര്‍ ഒന്ന് തീയതികളില്‍ വിഴിഞ്ഞത്തെത്തി തെളിവെടുക്കും. പരാതിയുടെ നിജസ്ഥിതി അന്വേഷിക്കുകപോലും ചെയ്യാതെ ഐഎഫ്സിയുടെ ഓംബുഡ്സ്മാന്‍ വാഷിങ്ടണില്‍നിന്ന് എത്തുന്നത് അസാധാരണ നടപടിയാണ്. വിഴിഞ്ഞം തുറമുഖം ടൂറിസത്തിനും മത്സ്യബന്ധനത്തിനും ദോഷമാകുമെന്നാണ് പരാതി. അന്തര്‍ദേശീയ തുറമുഖലോബിയാണ് പരാതിക്കുപിന്നില്‍ എന്നറിയുന്നു. പുതിയ ചീഫ് സെക്രട്ടറിയായ ജോസ് സിറിയക്കിന്റെ ബന്ധുവായ റിസോര്‍ട്ട് ഉടമയ്ക്കുപുറമെ ഫിഷറീസ്വകുപ്പില്‍നിന്ന് വിരമിച്ച ഒരു ഉദ്യോഗസ്ഥനും മത്സ്യബന്ധനമേഖലയിലെ ഒരു കടലാസ് സംഘടനയുടെ നേതാവും പരാതി നല്‍കിയവരില്‍പ്പെടുന്നു. ധനവകുപ്പ് സെക്രട്ടറിയായിരിക്കെ പദ്ധതിക്കെതിരെ റിപ്പോര്‍ട്ട് എഴുതിയ ആളാണ് പുതിയ ചീഫ് സെക്രട്ടറി. ഐഎഫ്സി ഓംബുഡ്സ്മാന്റെ തീരുമാനം കേരളത്തിന് ബാധകമാകില്ലെന്ന് പദ്ധതിനടത്തിപ്പുസംബന്ധിച്ച സര്‍വകക്ഷിയോഗത്തിനുശേഷം തുറമുഖമന്ത്രി കെ ബാബു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍, ഓംബുഡ്സ്മാന്‍ തീര്‍പ്പിനുവിരുദ്ധമായി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചാല്‍ അന്തര്‍ദേശീയ തുറമുഖലോബി പ്രശ്നം കോടതിയില്‍ എത്തിക്കുമെന്നുറപ്പ്. ഇത് പദ്ധതിനടത്തിപ്പ് അനിശ്ചിതത്വത്തിലാക്കും. നാനൂറ്റമ്പതുകോടി രൂപ അനുവദിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ തുടക്കംകുറിച്ച പദ്ധതിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും സ്തംഭിച്ചിരിക്കയാണ്. തുറമുഖനിര്‍മാണത്തിനുള്ള പരിസ്ഥിതി അനുമതി രണ്ടുവര്‍ഷമായിട്ടും കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടില്ല.

deshabhimani news

Sunday, August 5, 2012

വിഴിഞ്ഞം തുറമുഖം: നഷ്ടപ്പെടുന്നത് 4 വര്‍ഷം; പിന്നില്‍ അന്താരാഷ്ട്ര ലോബി


വിഴിഞ്ഞം പദ്ധതി നടത്തിപ്പിനുള്ള പോര്‍ട്ട് ഓപ്പറേറ്ററെ തെരഞ്ഞെടുക്കുന്ന നടപടികള്‍ മരവിപ്പിച്ചതില്‍ അന്തരാഷ്ട്ര തുറമുഖ ലോബിയുടെ ചരടുവലികളെന്ന് ആക്ഷേപം. പദ്ധതിയില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന പല നിലപാടുകളും, സംസ്ഥാന സര്‍ക്കാരിന്റെ നിശബ്ദതയും പദ്ധതി വൈകിപ്പിക്കുമെന്ന സംശയം ബലപ്പെടുത്തുന്നു. ടെന്‍ഡര്‍ റദ്ദാക്കിയതോടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ നാലുവര്‍ഷമെങ്കിലും വൈകുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ഷിപ്പിങ് കോര്‍പറേഷനെ പദ്ധതിയില്‍ പങ്കാളിയാക്കി പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കണമെന്നും നിര്‍ദേശമുയര്‍ന്നിട്ടുണ്ട്.

ടെന്‍ഡറില്‍ യോഗ്യതയും കേന്ദ്രത്തിന്റെ സുരക്ഷാ അനുമതിയും ലഭിച്ച വെസ്പണ്‍ കണ്‍സോര്‍ഷ്യം 30 കൊല്ലത്തെ തുറമുഖ നടത്തിപ്പിനായി 479.50 കോടി രൂപ സര്‍ക്കാരില്‍നിന്ന് ഗ്രാന്റ് ആവശ്യപ്പെട്ടതോടെയാണ് അട്ടിമറിനീക്കം തുടങ്ങിയത്. ഇവരുമായുള്ള ചര്‍ച്ചയുടെ പേരില്‍ ആറുമാസമാണ് സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയത്. തുടര്‍ന്ന് ടെന്‍ഡര്‍ റദ്ദാക്കുകയായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര ഷിപ്പിങ് കോര്‍പറേഷന്‍ പദ്ധതിയില്‍ വലിയ താല്‍പ്പര്യം കാട്ടിയെങ്കിലും യുഡിഎഫ് അധികാരമേറ്റശേഷം ചര്‍ച്ചകളും ഇല്ലാതായി. കബോട്ടാഷ് നിയമത്തില്‍ കേന്ദ്രം ഭേഗതി വരുത്തുമെന്നും അത് വിഴിഞ്ഞത്തിന് ഏറെ ഗുണം ചെയ്യുമെന്നാണ് തുറമുഖമന്ത്രി കെ ബാബു അവകാശപ്പെടുന്നത്. എന്നാല്‍, നിയമഭേദഗതി വരുന്നത് പദ്ധതിയുടെ അന്ത്യത്തിന് കാരണമാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

കൊച്ചിയിലെ വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ ഉടമകളായ ദുബായ് പോര്‍ട്ട് വേള്‍ഡിന് ഇന്ത്യയില്‍മാത്രം എട്ട് തുറമുഖങ്ങളില്‍ നടത്തിപ്പ് അവകാശമുണ്ട്. ഇതിനുപുറമെ പാകിസ്ഥാനില്‍ കറാച്ചി ക്വാസിമിലും ദുബായിലും ഫുജൈറയിലും സൗദിയില്‍ ദുബായിലുമെല്ലാം തുറമുഖങ്ങളുണ്ട്. കൊളംബോ തുറമുഖ ട്രസ്റ്റും ചൈനീസ് സഹായത്തോടെ വന്‍വികസനം നടത്തുന്നുണ്ട്. മലേഷ്യന്‍ തുറമുഖങ്ങളും വികസനപാതയിലാണ്. കബോട്ടാഷ് നിയമഭേദഗതി ഇന്ത്യന്‍ തുറമുഖങ്ങളിലെ തങ്ങളുടെ വരുമാനം ഉയര്‍ത്തുമെന്നാണ് ദുബായ് പോര്‍ട്ട് വേള്‍ഡ് അടക്കമുള്ള കമ്പനികള്‍ കരുതുന്നത്. ഈ സ്ഥിതിയില്‍ തങ്ങള്‍ക്ക് വെല്ലുവിളിയാകാവുന്ന വിഴിഞ്ഞം പദ്ധതിയെ എങ്ങനെയും തകര്‍ക്കാന്‍ അന്താരാഷ്ട്ര തുറമുഖ ലോബി ശ്രമിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിലപാടുകളും പ്രവൃത്തികളും ഈ വാദത്തിന് അടിവരയിടുകയുംചെയ്യുന്നു. ടെന്‍ഡര്‍ റദ്ദാക്കിയതുതന്നെ ഈ ലോബിയുടെ സ്വാധീനത്തെതുടര്‍ന്നാണെന്നും ആക്ഷേപമുണ്ട്.
(ജി രാജേഷ്കുമാര്‍)

deshabhimani 060812

Thursday, February 2, 2012

സംസ്ഥാനം സാമ്പത്തിക പ്രയാസത്തിലെന്ന് മുഖ്യമന്ത്രി

സംസ്ഥാനം സാമ്പത്തിക പ്രയാസത്തിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ വ്യക്തമാക്കിയതോടെ സംസ്ഥാനത്തിന്റെ പദ്ധതി പ്രവര്‍ത്തനങ്ങളെ ഇത് ബാധിക്കുമെന്ന ആശങ്ക ശക്തമായി.

കേന്ദ്രത്തിന്റെ നികുതി വിഹിതത്തില്‍ കുറവ് വന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. കേന്ദ്ര വിഹിതത്തില്‍ കുറവ് വന്നതോടെ സംസ്ഥാന വിഹിതത്തിലും കുറവ് വന്നിട്ടുണ്ട്. സംസ്ഥാനത്തിന് സാമ്പത്തിക പ്രതിസന്ധി ഇല്ലെന്നും എന്നാല്‍ സാമ്പത്തിക പ്രയാസങ്ങള്‍ ഉണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് പറഞ്ഞു. സംസ്ഥാന ബജറ്റിന് മുന്നോടിയായിട്ടുള്ള മുഖ്യമന്ത്രിയുടൈ ഈ വെളിപ്പെടുത്തല്‍ സംസ്ഥാനം നേരിടാന്‍ പോകുന്ന സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം സര്‍ക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് വകുപ്പുതിരിച്ചുള്ള വിലയിരുത്തല്‍ നടത്തി. എല്ലാവകുപ്പുകളുടെയും പ്രവര്‍ത്തനം സംബന്ധിച്ച് മന്ത്രിസഭായോഗത്തില്‍ പൊതുചര്‍ച്ച നടത്താന്‍ നേരത്തേ തീരുമാനിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ധന, റവന്യുവകുപ്പുകളുടെ ചര്‍ച്ചയാണ് ഇന്നലെ നടന്നത്. ധനവകുപ്പ് സെക്രട്ടറി വി പി ജോയി മന്ത്രിസഭാ യോഗത്തില്‍ ബജറ്റിന് മുന്നോടിയായുള്ള സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ച് വിശദീകരണം നല്‍കി.

ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ഫലമായി കേന്ദ്രത്തിന്റെ നികുതി വിഹിതത്തില്‍ കുറവ് വന്നതാണ് നിലവിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ധനവകുപ്പ് സെക്രട്ടറി യോഗത്തില്‍ വിശദീകരിച്ചു. കേന്ദ്ര വിഹിതത്തില്‍ കുറവ് വരുന്നതിനനുസരിച്ച് സംസ്ഥാനത്തിന് കേന്ദ്രം നല്‍കുന്ന വിഹിതത്തിലും കുറവുണ്ടാകും. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ഫലമായി നികുതി വിഹിതത്തില്‍ കുറവ് വരുമെന്ന് ധനമന്ത്രിമാരുടെ യോഗത്തില്‍ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. സാമ്പത്തിക മാന്ദ്യത്തിന്റെ ഫലമായുള്ള പ്രശ്‌നങ്ങള്‍ രണ്ട് മാസം കൂടി തുടര്‍ന്നാല്‍ ധനസ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമാകുമെന്ന വിലയിരുത്തലാണ് മന്ത്രിസഭായോഗത്തിലുണ്ടായത്.

ജനസമ്പര്‍ക്ക പരിപാടിയില്‍ വന്നിട്ടുള്ള വിവിധ പ്രശ്‌നങ്ങളെ കുറിച്ചും പരിഹാര മാര്‍ഗങ്ങളെ കുറിച്ചും വിശദമായ നോട്ടു തയ്യാറാക്കി ഇന്നലത്തെ യോഗത്തില്‍ മന്ത്രിമാര്‍ക്ക് നല്‍കി. ജനസമ്പര്‍ക്ക പരിപാടിയെ സംബന്ധിച്ച വിമര്‍ശനങ്ങളും ഇന്നലത്തെ യോഗത്തിലുണ്ടായി. ഇതുസംബന്ധിച്ച വിശദമായ ചര്‍ച്ച ഈമാസം എട്ടിന് ചേരുന്ന മന്ത്രിസഭായോഗത്തില്‍ നടക്കും. ധനസ്ഥിതി സംബന്ധിച്ച ചര്‍ച്ചകള്‍ നീണ്ടുപോയതിനാല്‍ സാധാരണ അജണ്ടകള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്നുരാവിലെ വീണ്ടും മന്ത്രിസഭായോഗം ചേരും.

കണ്‍സോര്‍ഷ്യത്തിന്റെ സാമ്പത്തിക സ്ഥിതി പരിശോധിക്കാന്‍ അനുമതി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖപദ്ധതിയുടെ പോര്‍ട്ട് ഓപ്പറേറ്റര്‍മാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് വെല്‍സ്പണ്‍ കണ്‍സോര്‍ഷ്യത്തിന്റെ  സാമ്പത്തിക ബിഡ് പരിശോധിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി. വെല്‍സ്പണ്‍ കമ്പനിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സുരക്ഷാഅനുമതി നല്‍കിയ പശ്ചാത്തലത്തിലാണ് തീരുമാനം.
കമ്പനിയുടെ ടെണ്ടറില്‍ ക്വാട്ട് ചെയ്തിരിക്കുന്ന തുകയും വ്യവസ്ഥകളും സംസ്ഥാനത്തിന്റെ താല്‍പ്പര്യത്തിന് അനുകൂലമാണോ എന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിക്കായി ടെണ്ടര്‍ സമര്‍പ്പിച്ച മാറ്റൊരു കമ്പനിയായ മുന്ദ്ര പോര്‍ട്‌സിന് നേരത്തേ ആഭ്യന്തരമന്ത്രാലയം അനുമതി നിഷേധിച്ചിരുന്നു.

ഇടപ്പള്ളി-മണ്ണുത്തി പാതയുമായി ബന്ധപ്പെട്ട ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പാതയ്ക്കരികിലായുള്ള സര്‍വീസ് റോഡ് ആറുമാസം കൊണ്ട് പണി പൂര്‍ത്തിയാക്കി നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അറു മാസം കൊണ്ട് സര്‍വീസ് റോഡിന്റെ പണി പൂര്‍ത്തിയായില്ലെങ്കില്‍ ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കും. നിര്‍മാണം പൂര്‍ത്തിയായ ഏഴ് പാലങ്ങളില്‍ നടപ്പാത ഉടനെ നിര്‍മിക്കും. നടപ്പാത നിര്‍മിച്ചാല്‍ ടോള്‍ പിരിവ് ആരംഭിക്കും. ഇരുവശവും 80 കിലോമീറ്ററാണ് സര്‍വീസ് റോഡിന്റെ നീളം. 27.6 കിലോമീറ്റര്‍ പുതുതായി സര്‍വീസ് റോഡ് വേണം. സര്‍വീസ് റോഡിന്റെ പണി ആരംഭിക്കാന്‍ ബന്ധപ്പെട്ട കമ്പനിക്ക് അനുമതി നല്‍കിയിട്ടുണ്ട്. 45 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പിന്നീട് നാഷണല്‍ ഹൈവേ അതോറിട്ടിയുടെ അനുമതി വാങ്ങുമ്പോള്‍ ചെലവാക്കിയ പണം തിരികെ ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 മുഖ്യമന്ത്രി ചെയര്‍മാനായും തൊഴില്‍മന്ത്രി വൈസ്‌ചെയര്‍മാനായും തിരുവനന്തപുരം ആസ്ഥാനമായി അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സ് തുടങ്ങാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വ്യവസായ, ധന, വിദ്യാഭ്യാസ, ഗ്രാമവികസന മന്ത്രിമാരും ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷനും അക്കാദമിയില്‍ അംഗങ്ങളായിരിക്കും. ശബരിമല സീസണില്‍ നിലയ്ക്കല്‍ ബേസ് ക്യാമ്പില്‍ പ്രവര്‍ത്തിക്കുന്ന താല്‍ക്കാലിക ആശുപത്രി സ്ഥിരമായി നിലനിര്‍ത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനായി രണ്ടുഡോക്ടര്‍മാര്‍ ഉള്‍പ്പടെ ഏഴ് തസ്തികകള്‍ അനുവദിച്ചു. ആശുപത്രി നിലനിര്‍ത്തുന്നതിനായി 21.02 ലക്ഷം രൂപ ചെലവ് വരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കുടിവെള്ളവിതരണവുമായി ബന്ധപ്പെട്ട അടിയന്തര അറ്റകുറ്റപ്പണികള്‍ക്കായി ജല അതോറിട്ടിക്ക് 18 കോടി രൂപ അനുവദിച്ചു. തായ്‌വാന്‍ ചലച്ചിത്രോത്സവത്തിലേക്ക് തിരഞ്ഞെടുത്ത തിരുവനന്തപുരം ചിത്രാഹോമിലെയും കോഴിക്കോട് ഗേള്‍സ് ഹോമിലെയും സംവിധാകരമായ അഞ്ച് പെണ്‍കുട്ടികളില്‍ നാലുപേരുടെ യാത്രച്ചെലവിന് അഞ്ചുലക്ഷം രൂപ അനുവദിച്ചു.

janayugom 020212

Tuesday, January 31, 2012

വിഴിഞ്ഞം തുറമുഖത്തിന്റെ ആധുനീകരണ പദ്ധതിയും അവതാളത്തില്‍

വിഴിഞ്ഞം മല്‍സ്യബന്ധന തുറമുഖത്തിന്റെ  ആധുനീകരണ പദ്ധതി അവതാളത്തില്‍. ആധുനികീകരണത്തിനുള്ള കേന്ദ്ര ഫണ്ട്  ലഭ്യമാക്കുന്നതില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വീഴ്ച്ചയാണ് പദ്ധതി അവതാളത്തിലാകാനുള്ള കാരണമെന്നും ആക്ഷേപമുണ്ട്. നിര്‍മാണം പൂര്‍ത്തീകരിച്ച മല്‍സ്യബന്ധന തുറമുഖങ്ങള്‍ക്കാണ് കേന്ദ്രസഹായങ്ങള്‍ ലഭിക്കുന്നതിന്  മുന്‍ഗണനയെന്ന സാങ്കേതിക തടസ്സമാണ് കേന്ദ്ര സര്‍ക്കാര്‍ നിരത്തുന്നത്. ഇത്  മനസ്സിലാക്കി ഫിഷ് ലാന്‍ഡിങ് സെന്റര്‍ വികസനമെന്ന നിലയ്ക്കാണ് പദ്ധതിരേഖ സമര്‍പ്പിച്ചിട്ടുള്ളതെന്നു വിഴിഞ്ഞം ഹാര്‍ബര്‍ എന്‍ജിനിയറിംഗ്  വകുപ്പ് അധികൃതര്‍ സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കി. ബന്ധപ്പെട്ട വകുപ്പ് മേധാവികളുടെ അലംഭാവം കാരണം ഈ കത്ത് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.

അതേസമയം, വിഴിഞ്ഞം മല്‍സ്യബന്ധന തുറമുഖത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഏതാണ്ട് നിലച്ച സ്ഥിതിയാണ്. നിര്‍മാണമാരംഭിച്ച് 50 ാം വര്‍ഷത്തിലേക്കു കടക്കുമ്പോഴും തുറമുഖ പൂര്‍ത്തീകരണം ആയിട്ടില്ല. പരാധീനതകളില്‍ വീര്‍പ്പുമുട്ടുന്ന വിഴിഞ്ഞത്തെ മല്‍സ്യബന്ധന തുറമുഖത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടു പുതുക്കിയ പദ്ധതിരേഖയനുസരിച്ച് 661  ലക്ഷം രൂപയുടെ പദ്ധതിക്കായാണു കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് കീഴിലെ നാഷനല്‍ ഫിഷറീസ് ഡവലപ്‌മെന്റ് ബോര്‍ഡിനു സമര്‍പ്പിച്ചത്.
പദ്ധതിരേഖയ്ക്ക് അംഗീകാരവും സഹായവും ലഭിച്ചാല്‍  തുറമുഖത്തിന്റെ ഇന്നത്തെ ശോച്യാവസ്ഥക്ക്  പരിഹാരമാവും. തുറമുഖത്തെ ഗതാഗത കുരുക്കം വലിയ പരിധിവരെ പരിഹരിക്കാന്‍ കഴിയും. ഫിഷ്‌ലാന്റിംഗ് സെന്ററിന്റെ ആധുനീകരണവും നടപ്പാകും. റോഡിന് വശത്തായി തുറസായിക്കിടക്കുന്ന ഹാര്‍ബര്‍ വകുപ്പിന്റെ ഏക്കര്‍കണക്കിന് സ്ഥലമാണ് വാഹന പാര്‍ക്കിങ്ങിനുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ക്കായി തയാറാക്കുമെന്നാണ് പദ്ധതി രൂപരേഖയില്‍ വ്യക്തമാക്കിയിട്ടുള്ളത്.

വിഴിഞ്ഞം മല്‍സ്യബന്ധന തുറമുഖത്തേക്കുള്ള  ഗതാഗതത്തിരക്ക്  രൂക്ഷമാണ്. മല്‍സ്യ കയറ്റുമതിക്കായി എത്തുന്ന ദൂരദേശത്തു നിന്നുള്ള നൂറുകണക്കിനു വാഹനങ്ങള്‍, മല്‍സ്യം വാങ്ങാനും തുറമുഖം കാണാനും മറ്റുമായി എത്തുന്നവരുടെ വാഹനങ്ങള്‍ എന്നിവയൊക്കെ ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.

പ്രോജക്ട് റിപ്പോര്‍ട്ടനുസരിച്ചു വെറുതെ കിടക്കുന്ന സ്ഥലത്തെ വിശാലമായ പാര്‍ക്കിങ് സെന്ററാക്കും. നവീകരണ പദ്ധതിയുടെ  ഭാഗമായി ഇപ്പോഴുള്ള ലേലഹാളിനെ ആധുനിക രീതിയിലുള്ള ഫ്‌ളോറിങ് നടത്തി കുറേക്കൂടി മെച്ചപ്പെടുത്തും. പാര്‍ക്കിങ് ഏരിയയിലെ ചെറിയ ലേലഹാളിനെയും സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി ഉപയോഗപ്രദമാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ടോയ്‌ലറ്റ് സൗകര്യങ്ങള്‍ കൂടുതല്‍ വിപുലമാക്കും. ശുദ്ധജലസൗകര്യം, സെക്യൂരിറ്റി സംവിധാനം എന്നിവ  സ്ഥാപിക്കും. അനുബന്ധ റോഡുകള്‍ നിര്‍മിക്കുന്നതിനൊപ്പം  പാര്‍ക്കിങ്ങിനു ടോള്‍ സംവിധാനവും ഏര്‍പ്പെടുത്തുമെന്ന്  അധികൃതര്‍ പറഞ്ഞു. ഫിഷ് ലാന്‍ഡിങ് സെന്റില്‍ ഇപ്പോള്‍ അനുഭവപ്പെടുന്ന സ്ഥലപരിമിതി, ശുദ്ധിയില്ലായ്മ എന്നിവയ്ക്കും പരിഹാരമാകും. മലിനജലം നിറഞ്ഞുകിടക്കുന്ന ഓടകളെ നവീകരിക്കും. പ്രദേശത്ത് എപ്പോഴും ശുദ്ധീകരണം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും പുതിയ സംവിധാനത്തിലുണ്ട്.

പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ വിഴിഞ്ഞത്തെ മല്‍സ്യബന്ധന തുറമുഖത്തിന്റെ സ്ഥലപരിമിതി പ്രശ്‌നത്തിനു കുറേയേറെ പരിഹാരമാകും. ഇപ്പോള്‍ വെറുതെ കിടക്കുന്ന സ്ഥലം കുറ്റിക്കാടുകളും ഉപയോഗമില്ലാത്ത വള്ളങ്ങളും മാലിന്യങ്ങളും മറ്റും നിറഞ്ഞുകിടക്കുകയാണ്. ഇതിന് സമീപത്തായാണ്  കയറ്റുമതിക്കായുള്ള മല്‍സ്യഇനങ്ങളുടെ അളവുതൂക്കവും സംസ്‌കരണവും നടക്കുന്നത്. കയറ്റുമതി മാര്‍ക്കറ്റില്‍ ഗുണനിലവാരത്തിനു കോട്ടംതട്ടാതെ കൈകാര്യം ചെയ്യേണ്ട മല്‍സ്യശേഖരമാണ് ഇവിടെ മലിനാവസ്ഥയിലൂടെ കടന്നുപോകുന്നതെന്നതു വ്യാപക വിമര്‍ശനത്തിനും പ്രതിഷേധത്തിനും ഇടയാക്കുന്നു.

janayugom 310112

Tuesday, December 27, 2011

വിഴിഞ്ഞം തുറമുഖത്തിന്റെ മറവില്‍ കോടികളുടെ അഴിമതിക്ക് നീക്കം

വിഴിഞ്ഞം തുറമുഖത്തിന്റെ മറവില്‍ കോടികളുടെ അഴിമതിക്ക് നീക്കം. നിലവിലുള്ള ജീവനക്കാരെ പിരിച്ചുവിട്ടശേഷം പുതിയ നിയമനങ്ങള്‍ നടത്തുന്നു. ട്രെയ്നികളെന്ന പേരില്‍ 12 പേരെ ഇതിനകം നിയമിച്ചു. സര്‍ക്കാര്‍കെട്ടിടങ്ങള്‍ ഒഴിഞ്ഞുകിടക്കുമ്പോള്‍ ഓഫീസ് പ്രവര്‍ത്തനങ്ങളുടെ പേരില്‍ ആഡംബര കെട്ടിടങ്ങള്‍ വാടകയ്ക്കെടുത്തും ഫര്‍ണിച്ചര്‍ വാങ്ങിക്കൂട്ടിയും അഴിമതിക്ക് ആക്കംകൂട്ടി. എന്നാല്‍ , തുറമുഖപദ്ധതി തുടങ്ങിയ അവസ്ഥയില്‍തന്നെയാണ് ഇപ്പോഴും.

നാല്‍പ്പതിനായിരംമുതല്‍ 90,000 രൂപവരെയുള്ള ശമ്പളസ്കെയിലില്‍ 21 പുതിയ തസ്തികയാണ് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആകെയുണ്ടായിരുന്ന 18 ജീവനക്കാരുടെ സ്ഥാനത്ത് ഇപ്പോള്‍ അമ്പതിലധികംപേരെ നിയമിക്കാന്‍ നീക്കം നടക്കുന്നു. നിലവിലുള്ള 11 ജീവനക്കാര്‍ ഹൈക്കോടതി സ്റ്റേയുടെ അടിസ്ഥാനത്തിലാണ് ജോലിയില്‍ തുടരുന്നത്. പുതുതായി ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ , ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍ , ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ , ചീഫ് ടെക്നിക്കല്‍ ഓഫീസര്‍ , റവന്യൂ കണ്‍സള്‍ട്ടന്റ് പ്രോജക്ട് മാനേജേഴ്സ് തുടങ്ങി ഉന്നതങ്ങളായ 22 തസ്തികകളാണ് സൃഷ്ടിച്ചിട്ടുള്ളത്. ഇവരുടെ നിയമനങ്ങളില്‍ അന്തിമതീരുമാനമെടുക്കാന്‍ ബുധനാഴ്ച ബോര്‍ഡ് മീറ്റിങ് ചേരുമെന്നാണ് സൂചന. ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തിലോ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലോമാത്രമേ നിയമിക്കാവൂ എന്ന് വ്യവസ്ഥയുണ്ടായിരുന്നു. ഈ വ്യവസ്ഥകള്‍ കാറ്റില്‍പ്പറത്തിയാണ് പുതിയ നിയമനങ്ങള്‍ക്ക് സര്‍ക്കാര്‍ നീക്കം നടത്തുന്നത്. പദ്ധതിപ്രദേശത്തുള്ളവരെക്കൂടി പരിഗണിച്ചാണ് നേരത്തെ നിയമനങ്ങള്‍ നടന്നത്. ഇപ്പോള്‍ , തദ്ദേശീയരെ പിരിച്ചുവിട്ടുകൊണ്ട് വിദൂരങ്ങളിലുള്ള സ്വന്തക്കാരെ നിയമിക്കാന്‍ നടക്കുന്ന നീക്കങ്ങള്‍ക്കെതിരെ വ്യാപകപ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു.

ഏറ്റെടുത്ത ഭൂമിയില്‍ റിസോര്‍ട്ടുകളുള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ ഒഴിഞ്ഞുകിടക്കുമ്പോള്‍ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്കായി ഒരുലക്ഷത്തിലധികം രൂപ വാടക നല്‍കി തൈക്കാട് കെട്ടിടം എടുത്തിരിക്കുകയാണിപ്പോള്‍ . ഇതിന് കഴിഞ്ഞ നാലുമാസമായി വാടകയും നല്‍കുന്നു. കെട്ടിടം മോടിവരുത്താന്‍ 65,000 രൂപയുടെ ഫര്‍ണിച്ചറും വാങ്ങി. ഇതിനുപുറമെ മസ്കറ്റ് ഹോട്ടലിലെ ആഡംബരമുറികളിലുമാണ് ഇന്റര്‍വ്യൂ സംഘടിപ്പിച്ചിട്ടുള്ളത്. ഇതിനകം നാല്‍പ്പതിലധികം ഉന്നത തസ്തികകളില്‍ നിയമനം നടത്തിയിട്ടും നടപടികളൊന്നും നീങ്ങിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

deshabhimani 271211

Friday, October 7, 2011

സ്വകാര്യ പങ്കാളിത്വത്തോടെ വിഴിഞ്ഞം മേജര്‍ തുറമുഖമാക്കാന്‍ സര്‍ക്കാര്‍ നീക്കം

സ്വകാര്യ പങ്കാളിത്വത്തോടെ വിഴിഞ്ഞം തുറമുഖത്തെ മേജര്‍ തുറമുഖമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം. വിഴിഞ്ഞത്തെ മേജര്‍ പോര്‍ട്ടാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്ത് നല്‍കി.

കപ്പല്‍ ചരക്കുനീക്കം ലക്ഷ്യമിട്ട് രാജ്യത്ത് ആദ്യമായി ആരംഭിച്ച വല്ലാര്‍പാടം ടെര്‍മിനലിന്റെ തെക്കുഭാഗത്താണ് വിഴിഞ്ഞം തുറമുഖം. എന്നാല്‍ വല്ലാര്‍പാടത്ത് ഉദ്ദേശിച്ചത്ര ചരക്കുനീക്കം ഇനിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് തിരുവനന്തപുരത്തെ വിഴിഞ്ഞം പോര്‍ട്ടിന്റെ നിയന്ത്രണം കേന്ദ്ര സര്‍ക്കാരിനും ഒപ്പം സ്വകാര്യ ഓപ്പറേറ്റര്‍മാരെ പങ്കെടുപ്പിച്ചും മുന്നോട്ടു കൊണ്ടുപോകാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. വിഴിഞ്ഞത്തെ മേജര്‍ പോര്‍ട്ടായി ഉയര്‍ത്തിയാല്‍ നിലവില്‍ സംസ്ഥാന സര്‍ക്കാരിന് പോര്‍ട്ടിലുള്ള നിയന്ത്രണം നഷ്ടമാകും.
ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, എസ്സാര്‍ ഉള്‍പ്പെടെ 31 കമ്പനികള്‍ പദ്ധതിയില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കിഴക്കന്‍ തീരത്തും പടിഞ്ഞാറന്‍ തീരത്തും വന്‍കിട തുറമുഖങ്ങള്‍ ആരംഭിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി താല്‍പര്യമറിയിക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് കേരളം കത്ത് നല്‍കിയിരിക്കുന്നത്.


വിഴിഞ്ഞം പോര്‍ട്ടിന് മേജര്‍ പോര്‍ട്ട് പദവി നല്‍കുക. കേന്ദ്ര സര്‍ക്കാര്‍ തുറമുഖം ഏറ്റെടുത്ത് ഗ്രാന്റ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കേരളം കേന്ദ്രത്തിന് കത്ത് നല്‍കിയിരിക്കുന്നത്. സംസ്ഥാനം സമര്‍പ്പിച്ച കത്ത് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. മേജര്‍ തുറമുഖമാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം പരിശോധിച്ച് തീരുമാനമെടുക്കാന്‍ മന്ത്രാലയ സംഘം വിഴിഞ്ഞം സന്ദര്‍ശിക്കുമെന്ന് ഷിപ്പിംഗ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഷിപ്പിംഗ് മന്ത്രാലയത്തിന്റെ മാരിടൈം 2020 അജണ്ടയുടെ ഭാഗമായി രാജ്യത്ത് രണ്ട് പോര്‍ട്ടുകളെകൂടി  മേജര്‍ പോര്‍ട്ട് പദവിയിലേയ്ക്ക് ഉയര്‍ത്തും. നിലവില്‍ ഇത്തരത്തില്‍ 15 പോര്‍ട്ടുകളാണുള്ളത്. പോര്‍ട്ട് ബ്ലയറാണ് ഈ പട്ടികയില്‍ കഴിഞ്ഞ വര്‍ഷം ചേര്‍ക്കപ്പെട്ടത്. മേജര്‍ തുറമുഖമായി വിഴിഞ്ഞത്തെ മാറ്റുന്നപക്ഷം ഇതിന്റെ ലാഭവിഹിതം കേന്ദ്ര സര്‍ക്കാരിനാകും ലഭിക്കുക.

റെജി കുര്യന്‍ janayugom 081011

Sunday, August 14, 2011

ഷിപ്പിങ് കോര്‍പറേഷനില്‍ തട്ടി വിഴിഞ്ഞം പദ്ധതി മുങ്ങുന്നു

കേന്ദ്ര ഷിപ്പിങ് കോര്‍പറേഷന്റെ പേരുപറഞ്ഞ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതി വൈകിക്കാനും പദ്ധതിഘടന അട്ടിമറിക്കാനും നീക്കം. ഷിപ്പിങ് കോര്‍പറേഷനെകൂടി ഉള്‍പ്പെടുത്താനെന്ന വ്യാജേന പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ സര്‍ക്കാര്‍ നീട്ടിയത് സ്വകാര്യക്കമ്പനികളെ സഹായിക്കാനാണെന്നും ആക്ഷേപമുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ , മതിയായ രേഖകള്‍ സമര്‍പ്പിച്ച 12 മികച്ച സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി ചുരുക്കപ്പട്ടിക തയ്യാറാക്കിയിരുന്നു. ഇതില്‍നിന്ന് പോര്‍ട്ട് ഓപ്പറേറ്ററെ കണ്ടെത്തി തുറമുഖ നിര്‍മാണം ആരംഭിക്കാനും തീരുമാനിച്ചു. പട്ടികയില്‍ ഷിപ്പിങ് കോര്‍പറേഷന്‍ ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യവും ഉണ്ടായിരുന്നു. ഇക്കാര്യം മറച്ചുവച്ചാണ് ഇപ്പോള്‍ ഷിപ്പിങ് കോര്‍പറേഷന് അവസരം നല്‍കാനെന്ന പേരില്‍ ടെന്‍ഡര്‍ നീട്ടിയത്. പദ്ധതി നടത്തിപ്പിന് പാരിസ്ഥിതിക അനുമതി നേടിയെടുക്കണമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി നിര്‍ദേശിച്ചിരുന്നു. ഈ ആവശ്യം സംസ്ഥാനം കേന്ദ്രസര്‍ക്കാരിനുമുന്നില്‍ നിരന്തരം ഉന്നയിച്ചു.

എന്നാല്‍ , പദ്ധതിയെ പ്രതിസന്ധിയിലാക്കുന്ന രീതിയില്‍ ഘട്ടംഘട്ടമായി അനുമതി നല്‍കാനാണ് ഇപ്പോള്‍ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. അങ്ങനെയാകുമ്പോള്‍ പദ്ധതിയുടെ യാര്‍ഡ്, വാര്‍ഫ്, ട്രക്ക് ടെര്‍മിനല്‍ തുടങ്ങി ഏതു ഘട്ടം നിര്‍മാണത്തിനും മണ്‍സൂണിനുമുമ്പ്, മണ്‍സൂണ്‍ , മണ്‍സൂണിനു ശേഷം എന്നിങ്ങനെ മൂന്നുകാലത്തെ പരിസ്ഥിതിപഠനവും അതിന്റെ റിപ്പോര്‍ട്ടും അനിവാര്യമാണ്. ഈ മൂന്നുസീസണ്‍ താണ്ടാന്‍ വേണം ഒന്നരവര്‍ഷം. പഠന റിപ്പോര്‍ട്ട് തയ്യാറാക്കാനുള്ള കാലാവധി വേറെയും. ഓരോ ഘടകത്തിനും അനുമതി ലഭ്യമാകുമ്പോഴേക്കും ദശകങ്ങള്‍ കഴിയും. റിപ്പോര്‍ട്ട് സമര്‍പ്പിച്ചശേഷം, നിര്‍ദിഷ്ട സ്ഥലം വേണ്ടെന്നും സമീപത്തെ സ്ഥലം പരിഗണിക്കണമെന്നും കേന്ദ്രം തീരുമാനിച്ചാല്‍ പഠനം ആദ്യമുതല്‍ തുടങ്ങേണ്ടിവരും. കോടികളുടെ നഷ്ടം വരും. ടെന്‍ഡര്‍ കാലാവധി ദീര്‍ഘിപ്പിച്ചതും കേന്ദ്ര പരിസ്ഥിതി അനുമതിക്ക് പുതിയ നിബന്ധന ഏര്‍പ്പെടുത്തിയതും കൂടിയാകുമ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതിക്കായി സ്വീകരിച്ച നടപടികള്‍ അട്ടിമറിക്കപ്പെടുമെന്ന് മുന്‍ തുറമുഖമന്ത്രി വി സുരേന്ദ്രന്‍പിള്ള പറഞ്ഞു. ടെന്‍ഡറില്‍ ഷിപ്പിങ് കോര്‍പറേഷന്‍ പങ്കെടുക്കുന്നില്ലെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഇതോടെ, പദ്ധതി ടെന്‍ഡര്‍ കാലാവധി നീട്ടിയതും മറ്റ് ദുരൂഹനടപടിക്രമങ്ങളും എന്തിനായിരുന്നുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കേണ്ടതുണ്ടെന്നും സുരേന്ദ്രന്‍പിള്ള പറഞ്ഞു.

deshabhimani 140811

Monday, July 18, 2011

വിഴിഞ്ഞം തുറമുഖം; ടെന്‍ഡര്‍ നീട്ടുന്നതിനുപിന്നില്‍ നിക്ഷിപ്ത താല്‍പ്പര്യം

നിര്‍ദിഷ്ട വിഴിഞ്ഞം അന്തരാഷ്ട്ര തുറമുഖ പദ്ധതി ടെന്‍ഡര്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി നീട്ടുന്നതിനു പിന്നില്‍ നിക്ഷിപ്തതാല്‍പ്പര്യം. ഷിപ്പിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ പേരില്‍ പദ്ധതിതന്നെ അട്ടിമറിക്കാനുള്ള നീക്കമാണെന്ന സംശയം ബലപ്പെട്ടു. ടെന്‍ഡര്‍ ഒരു മാസംകൂടി നീട്ടാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം പദ്ധതി നിര്‍മാണം തുടങ്ങുന്നത് അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാനാണെന്നും സംശയമുണ്ട്. പദ്ധതിയുമായി സഹകരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് ഷിപ്പിങ് കോര്‍പറേഷന്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ , ഇപ്പോള്‍ കോര്‍പറേഷനില്‍നിന്ന് ചില ഉന്നതര്‍ സ്വാധീനം ഉപയോഗിച്ച് കത്ത് എഴുതി വാങ്ങുകയായിരുന്നെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. കത്ത് ലഭിച്ചെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സ്ഥിരീകരിച്ചിട്ടുണ്ട്. കോര്‍പറേഷനെ കൂടാതെ മറ്റ് ചില സ്വകാര്യ കമ്പനികളും രംഗത്തുണ്ടത്രേ.

തുറമുഖനടത്തിപ്പിന് സ്വകാര്യപങ്കാളിയെ തെരഞ്ഞെടുക്കുന്നതിനുള്ള അന്തിമ ടെന്‍ഡര്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതിയാണ് സര്‍ക്കാര്‍ പെട്ടന്ന് നീട്ടിയിരിക്കുന്നത്. വെള്ളിയാഴ്ചയായിരുന്നു അവസാന തീയതി. ഇത് മൂന്നാംതവണയാണ് ടെന്‍ഡര്‍ നീട്ടുന്നത്. എന്തായാലും ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിക്കാന്‍ മാസങ്ങള്‍ വേണ്ടിവരുമെന്ന് ഉറപ്പായിട്ടുണ്ട്. അതിനിടെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ പരിസ്ഥിതി ആഘാതപഠനവും പദ്ധതിക്ക് പാരയാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രദേശത്തിന്റെ മൊത്തത്തിലുള്ള പാരിസ്ഥിതിക പഠനം നടത്താനാണ് തീരുമാനം. ഇതിനാല്‍ പദ്ധതി നടപ്പാക്കുന്ന സ്ഥലവും രൂപരേഖയും മാറിയേക്കാം. പദ്ധതി വൈകാന്‍ ഇതും കാരണമാകും. പദ്ധതി മാറ്റം ടെന്‍ഡര്‍ നടപടികളെയും ബാധിക്കും.

deshabhimani 180711