Tuesday, October 25, 2016

ആദിവാസിപ്രശ്നവും ഇടതുപക്ഷവും

ആദിവാസി പ്രശ്നങ്ങളില്‍ ഇടതുപക്ഷം സ്വീകരിക്കുന്ന പ്രതിബദ്ധമായ നിലപാടുകളെ കുറച്ചുകാണിക്കാനും ഇടതും വലതുമൊക്കെ ഒരുപോലെയാണെന്ന് വരുത്തിതീര്‍ക്കാനുമുള്ള ആസൂത്രിതമായ നീക്കങ്ങളാണ് കോണ്‍ഗ്രസും ബി.ജെ.പിയും ഒരു വിഭാഗം മാധ്യമങ്ങളും കഴിഞ്ഞ കുറേക്കാലമായി നടത്തിക്കൊണ്ടിരിക്കുന്നത്. അട്ടപ്പാടിയിലെ ആദിവാസി കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കുത്തിപ്പൊക്കുന്ന കോണ്‍ഗ്രസും ബി.ജെ.പിയും തങ്ങള്‍ അടിച്ചേല്‍പിച്ച നവലിബറല്‍ നയങ്ങളുടെ ദുരന്തപരിണതിയാണ് ആദിവാസികളുടെ വംശഹത്യ എന്നകാര്യം ബഹളങ്ങള്‍ സൃഷ്ടിച്ച് മറച്ചുപിടിക്കുകയാണല്ലോ.

ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നമ്മുടെ പൊതുബോധവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ഭാഷയിലെ വരേണ്യധാരണകളെക്കുറിച്ചുള്ള എന്റെ എഫ്.ബി പോസ്റ്റും ഇത്തരം വിവാദങ്ങള്‍ക്ക് കൊഴുപ്പ് കൂട്ടാനായി തെറ്റായി എടത്ത് ഉദ്ധരിക്കുന്ന നിര്‍ഭാഗ്യകരമായ സാഹചര്യവും ഉണ്ടായി. തന്റെ നിയമസഭാ മറുപടിയില്‍ ബോധപൂര്‍വം ആദിവാസികളെ അധിക്ഷേപിക്കുന്ന ഒന്നുമില്ലെന്നും സ്പീക്കര്‍ക്ക് പ്രതിപക്ഷനേതാവിന്റെ സാന്നിധ്യത്തില്‍ അത് പരിശോധിക്കാവുന്നതേയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കിയിട്ടും വിവാദം കത്തിച്ചുപിടിക്കാനാണ് യു.ഡി.എഫ് നേതൃത്വം വൃഥാ ശ്രമിക്കുന്നത്.


1940 കളില്‍ മഹാരാഷ്ട്രയിലെ ആദിവാസികളുടെ യോഗത്തില്‍ സംസാരിക്കുന്ന ഗോദാവരി പരുലേക്കര്‍1940 കളില്‍ മഹാരാഷ്ട്രയിലെ ആദിവാസികളുടെ യോഗത്തില്‍ സംസാരിക്കുന്ന ഗോദാവരി പരുലേക്കര്‍

വിവാദങ്ങള്‍ സൃഷ്ടിച്ച് വസ്തുതകളെയും ശരിയായ രാഷ്ട്രീയ സംവാദങ്ങളെയും അസാധ്യമാക്കുക എന്നതാണ് എക്കാലത്തെയും വലതുപക്ഷ രാഷ്ട്രീയ തന്ത്രം. ഇതില്‍ നിന്നു വ്യത്യസ്തമായി ആദിവാസികള്‍ നേരിടുന്ന വംശഹത്യ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടാനുള്ള അടിസ്ഥാനപരമായ രാഷ്ട്രീയ ഭരണസമീപനമെന്ത് എന്നതാണ് സാമൂഹ്യനീതിക്കും ജനാധിപത്യത്തിനും വേണ്ടി നിലകൊള്ളുന്ന എല്ലാവിഭാഗം ജനങ്ങളും ആലോചിക്കേണ്ടത്. കോണ്‍ഗ്രസും ബി.ജെ.പിയും ആദിവാസി സമൂഹങ്ങളെ എക്കാലത്തും വേട്ടയാടുകയാണ് ചെയ്തത്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ആദിവാസികള്‍ക്കു നേരെ നിറയൊഴിച്ചത് യു.ഡി.എഫ് സര്‍ക്കാരാണ്. മുത്തങ്ങയില്‍ പിടഞ്ഞുമരിച്ച ജോഗിയുടെ അനാഥമായ കുടുംബത്തിന് സഹായം നല്‍കിയത് എല്‍.ഡി.എഫ് സര്‍ക്കാരായിരുന്നു. കേരളത്തില്‍ വലിയ ആദിവാസി പ്രേമം ചമയുന്ന ബി.ജെ.പിയുടെ ഝാര്‍ഖണ്ഡ് സംസ്ഥാന സര്‍ക്കാര്‍ ദഡികലയില്‍ കഴിഞ്ഞ ഒക്ടോബര്‍ രണ്ടിന് 6 ആദിവാസികളെയാണ് വെടിവെച്ചുകൊന്നത്. കുടിയാന്‍ നിയമവും ഭരണഘടനയുടെ ആദിവാസി സംരക്ഷണ വ്യവസ്ഥകളും കാറ്റില്‍പറത്തി ഭൂമിയേറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചവര്‍ക്കുനേരെയാണ് ബി.ജെ.പി സര്‍ക്കാര്‍ നിറയൊഴിച്ചത്.

കേരളം നേടിയ സാമൂഹ്യപുരോഗതിയുടെയും ജീവിതഗുണനിലവാരിത്തിന്റെയും നേട്ടങ്ങള്‍ ഇനിയുമെത്തിയിട്ടില്ലാത്ത ദളിത്–ആദിവാസി–മത്സ്യത്തൊഴിലാളി വിഭാഗങ്ങളടങ്ങുന്ന നമ്മുടെ ജനസംഖ്യയില്‍ 32 ശതമാനത്തോളം വരുന്ന ദുര്‍ബലജനവിഭാഗങ്ങളുടെ പരിരക്ഷയും പുരോഗതിയും ലക്ഷ്യംവെച്ചുള്ള വികസനകാഴ്ചപ്പാടാണ് ഇടതുപക്ഷജനാധിപത്യ മുന്നണി ഗവണ്‍മെന്റ് മുന്നോട്ടുവെച്ചിട്ടുള്ളത്. ഭൂപരിഷ്കരണം തൊട്ട് സാര്‍വത്രിക വിദ്യാഭ്യാസവും സാമൂഹ്യക്ഷേമപെന്‍ഷനുകളും വരെയുള്ള കേരളവികസനത്തിന്റെ അടിസ്ഥാനമായി വര്‍ത്തിച്ച നയപരിഷ്കാരങ്ങള്‍ക്ക് നേതൃത്വം കൊടുത്തത് ഇടതുപക്ഷവും കമ്യൂണിസ്റ്റുപാര്‍ടിയുമാണ്. കൊളോണിയല്‍ ഭൂനയങ്ങള്‍ ദൃഢീകരിച്ച ബ്രഹ്മസ്വം–ദേവസ്വം ഭൂവുടമാബന്ധങ്ങളെ പരിവര്‍ത്തനപ്പെടുത്തിയതും ജാതിജന്മിത്വത്തിന്റെ അധീശത്വത്തിന് അന്ത്യം കുറിച്ചതും ഇ.എം.എസ് സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂപരിഷ്കരണ നടപടികളായിരുന്നു.

സമൂഹത്തിലെ ഏറ്റവും ദുര്‍ബലരും അടിച്ചമര്‍ത്തപ്പെട്ടവരുമായ ആദിവാസി വിഭാഗങ്ങളുടെ അതിജീവനത്തിനുള്ള നയസമീപനം കഴിഞ്ഞകാല വികസനാനുഭവങ്ങളെയും ആഗോളവല്‍ക്കരണം സൃഷ്ടിച്ച പുതിയ സാഹചര്യങ്ങളെയും പരിശോധിച്ചുകൊണ്ട് നാലാം കേരളപഠനകോണ്‍ഗ്രസ് മുന്നോട്ടുവെക്കുകയുണ്ടായി. ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ ഈയൊരു നയപരിപ്രേക്ഷ്യത്തില്‍ നിന്നാണ് ആദിവാസി സമൂഹം നേരിടുന്ന ഭൂപ്രശ്നമടക്കമുള്ളവയ്ക്ക് പരിഹാരം തേടാനുള്ള പരിശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. സര്‍ക്കാരും പട്ടികജാതി/പട്ടികവകുപ്പ് മന്ത്രിയും വളരെ പ്രതിബദ്ധതയോടെയാണ് ആദിവാസികള്‍ നേരിടുന്ന വംശഹത്യ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള കര്‍മ്മപദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. കോണ്‍ഗ്രസും ബി.ജെ.പിയും അധികാരത്തിലിരുന്ന ഇന്ത്യയിലെ മറ്റേതൊരു പ്രദേശത്തെക്കാളും ദളിത് ആദിവാസി വിഭാഗങ്ങളുടെ ജീവിതം കേരളത്തില്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നുള്ളതും ഒരു യാഥാര്‍ത്ഥ്യമാണ്. നവലിബറല്‍ നയങ്ങളുടെ ചുവടുപിടിച്ച് അടിച്ചേല്‍പ്പിക്കപ്പെടുന്ന കോര്‍പ്പറേറ്‌റ്വല്‍ക്കരണവും ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള സാമൂഹ്യ സുരക്ഷാപദ്ധതികളുടെയും സബ്സിഡി സഹായങ്ങളുടെയും വെട്ടിക്കുറക്കലും ഏറ്റവും തീക്ഷ്ണമായി ബാധിക്കുന്നത് ആദിവാസി സമൂഹങ്ങളെയാണ്.

ഇടതുപക്ഷത്തിന്റെ ആദിവാസി ഉന്നമനവും ശാക്തീകരണവും ലക്ഷ്യംവെച്ചുള്ള ഇടപെടലുകള്‍ എല്ലാകാലത്തും വലതുപക്ഷശക്തികളെ പരിഭ്രാന്തമാക്കിയിട്ടുണ്ട്. നവലിബറല്‍ നയങ്ങളുടെയും ഭൂമാഫിയകളുടെയും താല്പര്യമനുസരിച്ചാണല്ലോ ആദിവാസിവിരുദ്ധ നടപടികള്‍ കോണ്‍ഗ്രസും ബി.ജെ.പിയും എല്ലാകാലത്തും സ്വീകരിച്ചിട്ടുള്ളത്. കേരളത്തിലെ പൊതുസമൂഹം നേരിടുന്ന പ്രശ്നങ്ങളില്‍ നിന്ന് വളരെ സവിശേഷമായ നിരവധി പ്രശ്നങ്ങള്‍ ആദിവാസി ജനത നേരിടുന്നുണ്ട്. ആഗോളവല്ക്കരണം സൃഷ്ടിച്ച വ്യത്യസ്ത സ്വത്വവിഭാഗങ്ങളുടെ വേരറുക്കുന്നതും ഭാവിരഹിതവുമായ വികസനയങ്ങളുടെ ഇരകളാണ് വയനാട്ടിലെയും അട്ടപ്പാടിയിലെയുമെല്ലാം ആദിവാസികള്‍.

പട്ടിണിയും പോഷകാഹാരക്കുറവുമാണ് അട്ടപ്പാടിയിലെ നവജാത ശിശുക്കളുടെ മരണത്തിന് കാരണമാകുന്നത്. അതേപോലെ വയനാട്ടില്‍ വ്യാപകമാകുന്ന സിക്കിള്‍സെല്‍ അനീമിയക്ക് കാരണം തലമുറകളായ പോഷകാഹാരക്കുറവാണ്. ഇത് കേവലമായ ആരോഗ്യപരിപാലനപ്രശ്നം മാത്രമല്ല. ആദിവാസിമേഖലകളിലെ അടിസ്ഥാന ഉല്പാദനമേഖലകളിലെ തകര്‍ച്ചയുമായി ബന്ധപ്പെട്ട പ്രശ്നമാണ്. അട്ടപ്പാടിയെക്കുറിച്ചുള്ള എല്ലാ പഠനങ്ങളും ഒരേപോലെ ചൂണ്ടിക്കാണിക്കുന്നത് പരമ്പരാഗതമായ ധാന്യ–പയര്‍ കൃഷിയുടെ തകര്‍ച്ചയാണ് ഭക്ഷ്യക്ഷാമവും പോഷകാഹാരക്കുറവും വ്യാപകമാക്കിയത്. ഈ മേഖലയിലെ അവസ്ഥ വളരെ ആപല്‍ക്കരമാണെന്നാണ് പഠനങ്ങളെല്ലാം വിലയിരുത്തിയിട്ടുള്ളത്.

നാലാം അന്താരാഷ്ട്രപഠനകോണ്‍ഗ്രസ് മുന്നോട്ടുവെച്ച രേഖയില്‍ ഇന്നത്തെ സ്ഥിതി തുടര്‍ന്നാല്‍ പല ആദിവാസി വിഭാഗങ്ങളും വംശഹത്യ നേരിടുമെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈയൊരവസ്ഥയെ പ്രതിരോധിക്കാന്‍ സംയോജിതമായ ഇടപെടലുകള്‍ ഉണ്ടാവണം. ഇതിന് പരമ്പരാഗത കൃഷിരീതികളും ആധുനിക കൃഷിരീതികളും ആദിവാസികള്‍ക്ക് സ്വീകാര്യമായ രീതിയില്‍ സമന്വയിപ്പിച്ചുകൊണ്ടുള്ള പദ്ധതി നടപ്പാക്കണം. അതിന് ആദിവാസികള്‍ക്ക് ഭൂമി ഉറപ്പുവരുത്തണം. അവരെ കൃഷിക്കാരായി മാറ്റാനുള്ള പദ്ധതികള്‍ ശാസ്ത്രീയമായി ആവിഷ്കരിച്ച് നടപ്പിലാക്കണം. നീര്‍ത്തട വികസനം, ജലസേചന സൌകര്യങ്ങള്‍, വനനദി സംരക്ഷണം തുടങ്ങി ഹ്രസ്വകാല ദീര്‍ഘകാല പദ്ധതികള്‍ ഇതിനായി ആവിഷ്കരിക്കണം. വികേന്ദ്രീകൃത ആസൂത്രണത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ച് ഊരുകൂട്ടങ്ങള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കി സംഘടിപ്പിക്കണം. ആദിവാസിയുടെ  പ്രശ്നങ്ങള്‍ക്ക് സ്ഥായിയായ പരിഹാരം കാണാനുള്ള, ആദിവാസി കേന്ദ്രീകൃതമായ വികസന പരിപ്രേക്ഷ്യം രൂപപ്പെടുത്തുകയാണ് ഇടതുപക്ഷം ചെയ്തത്. ഈയൊരു പരിപ്രേക്ഷ്യത്തില്‍ നിന്നാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നത്.


വയനാട്ടിലെ ആദിവാസി സമര ഭൂമിയില്‍ വൃന്ദ കാരാട്ട് വയനാട്ടിലെ ആദിവാസി സമര ഭൂമിയില്‍ വൃന്ദ കാരാട്ട്

കേരളത്തില്‍ ചില പഠനങ്ങള്‍ അനുസരിച്ച് നാല്‍പത്തിയെട്ടോളം ആദിവാസി സമൂഹങ്ങളുണ്ട്. 2011–ലെ സെന്‍സസ് കണക്കനുസരിച്ച് 35 ആദിവാസി വിഭാഗങ്ങളുണ്ട്. 1961–ലെ സെന്‍സസ് പ്രകാരം കേരളത്തിലെ ആദിവാസി ജനസംഖ്യ 2,64,356 ആയിരുന്നു. 1981–ല്‍ 2,61,475 ആയി കുറഞ്ഞു. പുതിയ കണക്കനുസരിച്ച് ആദിവാസി ജനസംഖ്യ 1,46,000 ആയി കുറഞ്ഞിരിക്കുകയാണ്. ഈ കണക്കുകാണിക്കുന്നത് ആദിവാസി സമൂഹം നേരിടുന്ന വംശനാശ ഭീഷണിയാണ്. 1990–കള്‍ക്കുശേഷം നടപ്പാക്കിയ നിയോലിബറല്‍ നയങ്ങള്‍ ഇതിന് ആക്കം കൂട്ടുകയാണ് ചെയ്തിരിക്കുന്നത്. ഇടതുപക്ഷ പ്രസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം ആദിവാസികളെ വംശഹത്യയലേക്ക് നയിക്കുന്ന കോണ്‍ഗ്രസും ബി.ജെ.പിയും അടിച്ചേല്‍പ്പിക്കുന്ന നിയോലിബറല്‍ നയങ്ങള്‍ക്കെതിരായുള്ള സമരം ശക്തിപ്പെടുത്തേണ്ടതുണ്ട്. കേരളം പോലെ തങ്ങള്‍ അധികാരത്തിലിരിക്കുന്ന പ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന കേന്ദ്രഘടനയുടെ പരിമിതികള്‍ക്കകത്തുനിന്നും ആദിവാസികളുടെ അതിജീവനത്തിനും പുരോഗതിക്കും ആവശ്യമായ ബദല്‍ നയങ്ങള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുകയും വേണം.

ഇടതുപക്ഷ സര്‍ക്കാരുകളുടെ ഭരണകാലത്താണ് ആദിവാസികളുടെ ഭൂമി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ശക്തമായ ഇടപെടലുകള്‍ ഉണ്ടായത്. യു.ഡി.എഫ് അധികാരത്തില്‍ വരുമ്പോഴെല്ലാം പൊതുവിതരണത്തെ ദുര്‍ബലപ്പെടുത്തി ഭക്ഷ്യലഭ്യത ഇല്ലാതാക്കുകയാണ് ചെയ്തത്. അതേപോലെ ആദിവാസി സമരങ്ങളുടെ ഭാഗമായി രൂപപ്പെട്ട എല്ലാ കരാറുകളും വന്‍കിട തോട്ടമുടമകള്‍ക്കും ഭൂമാഫിയകള്‍ക്കും വേണ്ടി നടപ്പാക്കാതിരിക്കുകയാണ് അവര്‍ ചെയ്തത്.
ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റ് ആദിവാസികളുടെ അതിജീവനത്തിനും പുരോഗതിക്കും ആവശ്യമായ രീതിയില്‍ അടിസ്ഥാന സൌകര്യങ്ങള്‍ വികസിപ്പിക്കാനും ആദിവാസി മേഖലകളുടെ പരിസ്ഥിതിയെ ഹനിക്കാത്ത തരത്തില്‍ ഊരുകളെ പൊതുജീവിതവുമായി ബന്ധിപ്പിക്കുന്ന റോഡുകളും ഗതാഗത സൌകര്യങ്ങളും രൂപപ്പെടുത്താനാണ് നോക്കുന്നത്.

സ്വാഭാവികമായ നീരൊഴുക്കുകളെ സംരക്ഷിച്ചുകൊണ്ട് മഴവെള്ള സംഭരണികള്‍ തീര്‍ത്തും ഊരുകള്‍ക്ക് ജലസ്വയംപര്യാപ്തത ഉണ്ടാക്കണം. ആദിവാസികളുടെ പാര്‍പ്പിടപ്രശ്നം അട്ടപ്പാടിയിലെ അഹാഡ്സ് മാതൃകയില്‍ ഭവനനിര്‍മ്മാണ പദ്ധതി ആവിഷ്കരിക്കണം. ആദിവാസി ക്ഷേമപ്രവര്‍ത്തനങ്ങളില്‍ നടക്കുന്ന അഴിമതി പൂര്‍ണമായി അവസാനിപ്പിക്കണം അതിനായുള്ള സോഷ്യല്‍ ഓഡിറ്റിംഗ് സമ്പ്രദായം രൂപീകരിക്കണം.

ആദിവാസി കുടുംബങ്ങള്‍ക്ക് ഒരേക്കര്‍ ഭൂമിയെങ്കിലും എല്ലാവര്‍ക്കും ലഭ്യമാക്കണം. തരിശുഭൂമികള്‍ കൃഷിയോഗ്യമാക്കി അതത് പ്രദേശത്തെ ഗ്രാമപഞ്ചായത്തുകള്‍ ആദിവാസികള്‍ക്കു നല്‍കണം. തോട്ടം മേഖലയില്‍ പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ കൃഷിക്ക് ഉപയോഗപ്പെടുത്തണം. 2005–ലെ വനാവകാശ നിയമം ശാസ്ത്രീയമായി നടപ്പിലാക്കണം. ജലസേചന സൌകര്യമുള്ള ഭൂമി ആദിവാസികള്‍ക്ക് ഉറപ്പുവരുത്തണം. കൈയേറ്റക്കാരെ ഒഴിപ്പിക്കണം. നിയമവിരുദ്ധമായി കൈവശംവെച്ചിരിക്കുന്ന ആദിവാസി ഭൂമി തിരിച്ചെടുക്കണം. തൊഴില്‍, വിദ്യാഭ്യാസം ആരോഗ്യം പോഷകാഹാരം ഇതെല്ലാം ഉറപ്പുവരുത്താന്‍ കഴിയുന്ന നിരന്തരമായ ഇടപെടലുകളും അതിനാവശ്യമായ അഡ്‌മിനിസ്ട്രേറ്റീവ് സംവിധാനങ്ങളുമാണ് ഇടതുപക്ഷം വിഭാവനം ചെയ്യുന്നത്. ആ ദിശയിലുള്ള പ്രായോഗിക ഇടപെടലുകളാണ് ഇടതുപക്ഷമുന്നണി സര്‍ക്കാര്‍ ആരംഭിച്ചിരിക്കുന്നത്.

കെ ടി കുഞ്ഞിക്കണ്ണന്‍, deshabhimani Tuesday Oct 25, 2016

ഇ മെയില്‍: ktkozhikode@gmail.com

Sunday, October 23, 2016

നജീബ് ഒരാൾ മാത്രമല്ല.... ഈ വിദ്യാർത്ഥി വേട്ട തുടരരുത്


ജെഎന്‍യു വീണ്ടും സമരമുഖത്താണ്. രാജ്യതലസ്ഥാനത്ത് ശൈത്യത്തിന്റെ വരവ് വിളംബരം ചെയ്ത് രാത്രികള്‍ തണുത്ത് വിറച്ചുതുടങ്ങി. അപ്പോഴും കലാലയത്തിന്റെ ഭരണകാര്യാലയത്തിനു ചുറ്റുമുള്ള ഏഴ് കവാടങ്ങള്‍ വളഞ്ഞ് വിദ്യാര്‍ഥികള്‍ അന്തരീക്ഷത്തെ മുദ്യാവാക്യമുഖരിതമാക്കുകയാണ്. കഴിഞ്ഞ ദിവസം ഒരു രാത്രി മുഴുവന്‍ വൈസ് ചാന്‍സലറും റെക്ടറും ഉള്‍പ്പടെയുള്ള അധികാരികള്‍ക്ക് പുറത്തുകടക്കാനാവാകെ അതിനകത്ത് കഴിയേണ്ടിവന്നു.

ഇടയ്ക്ക് മാധ്യമങ്ങള്‍ക്കുമുന്നില്‍ പരമസാധു ചമഞ്ഞ് പുറത്തിറങ്ങാന്‍ ശ്രമിച്ച വിസിയോട് നിങ്ങളെ ഞങ്ങള്‍ കായികമായി തടയുകയോ കൈയ്യേറ്റം ചെയ്യുകയോ ഇല്ലെന്നും എന്നാല്‍ പുറത്തിറങ്ങണമെങ്കില്‍ ഞങ്ങളുടെയെല്ലാം ശരീരങ്ങളെ ചവിട്ടിമെതിച്ച് പോകാമെന്നും പറഞ്ഞ് വിദ്യാര്‍ഥിയൂണിയന്‍ നേതാക്കളുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ കവാടത്തിനുമുന്നില്‍ നിരന്നു കിടന്നു. വിദ്യാര്‍ഥികളുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ കീഴടങ്ങി വിസിക്കും കൂട്ടര്‍ക്കും രണ്ടു തവണ തിരികെ പോകേണ്ടി വന്നു. ജെഎന്‍യു വിദ്യാര്‍ഥികള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു മുന്നിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ഒരുങ്ങുമ്പോഴാണ് ഇതെഴുതുന്നത്. ഒരുപക്ഷേ, ഇപ്പോള്‍ സമരത്തിന്റെ ചിത്രം വീണ്ടും മാറിയിട്ടുണ്ടാകാം. അല്ലെങ്കില്‍ നമ്മളെല്ലാം കാത്തിരിക്കുന്ന നജീബ് നമ്മളിലേക്ക് തിരികെ വന്നിട്ടുണ്ടാകാം.

ഒക്ടോബര്‍ പതിനഞ്ചിനാണ് നജീബ് അഹമ്മദ് എന്ന ജെഎന്‍യുവിലെ ഒന്നാം വര്‍ഷ ബയോടെക്നോളജി ബിരുദാനന്തരബിരുദ വിദ്യാര്‍ഥിയെ കാണാതാകുന്നത്. അതിന്റെ തലേ ദിവസം ചില അസാധാരണമായ സംഭവങ്ങള്‍ നജീബ് താമസിക്കുന്ന മാഹി-മാണ്ഢവി ഹോസ്റ്റലില്‍ നടന്നിരുന്നു. നജീബിനെ ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് 16നു ചേര്‍ന്ന വാര്‍ഡന്‍ കമ്മറ്റി യോഗം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അവര്‍ എബിവിപി പ്രവര്‍ത്തകരായിരുന്നു. ഇരുപതോളം വിദ്യാര്‍ഥികള്‍ പൊലീസില്‍ ഒന്നിലധികം തവണ നടന്ന ഈ ആക്രമണത്തിന് സാക്ഷ്യം പറഞ്ഞിട്ടുണ്ട്. വെറുപ്പും വിദ്വേഷവും വമിക്കുന്ന ആക്രോശങ്ങളോടെയാണ് നജീബിനെ എബിവിപി സംഘം കൈകാര്യം ചെയ്തതെന്ന് സംഭവം നടക്കുമ്പോള്‍ പരിസരത്തുണ്ടായിരുന്നവര്‍ തുറന്നു പറയുന്നുണ്ട്. ഇതിനു മുന്‍പ് ഹോസ്റ്റല്‍ യൂണിയന്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നജീബിന്റെ റൂമില്‍ ചെന്ന എബിവിപി പ്രവര്‍ത്തകരെ നജീബ് മര്‍ദ്ദിക്കുകയായിരുന്നുവെന്ന എബിവിപിയുടെ ആരോപണവും നിലനില്‍ക്കുന്നു. അങ്ങനെയായിരുന്നെങ്കില്‍ തന്നെ പരാതി നല്‍കുന്നതിനു പകരം ഒരു വിദ്യാര്‍ഥിയെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിക്കുവാനും വര്‍ഗീയ വിഷം വമിപ്പിക്കുവാനും മുസ്ലീം വിദ്യാര്‍ഥികള്‍ തീവ്രവാദികളാണ് എന്ന് ഹോസ്റ്റല്‍ ചുവരില്‍ എഴുതിവെക്കാനും അവര്‍ കാണിച്ച ധൈര്യത്തെ ഭയന്നേ തീരു. അതിനെ അടക്കിനിര്‍ത്താനും അവസാനിപ്പിക്കാനും സാധിക്കാത്തിടത്ത് ജനാധിപത്യം വാഴില്ല.

നജീബിന് എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കുമറിയില്ല. അല്ലെങ്കില്‍ അറിയുന്ന ആരും ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. ഫോണും പേഴ്സും നജീബിന്റെ കൈയ്യില്‍ ഇല്ല. പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലൊന്നും എത്തിയിട്ടില്ല. ഇതിനേക്കാല്‍ പേടിപ്പെടുത്തുന്നത് മറ്റൊരു നിശബ്ദതയാണ്. സംഭവം നടന്ന് ആറ് ദിവസങ്ങള്‍ പിന്നിടുമ്പോഴും ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ രേഖാമൂലം ഒരു പരാതി കൊടുക്കാന്‍ പോലും സര്‍വകലാശാല അധികൃതര്‍ തയ്യാറായിട്ടില്ല. ഗോരക്ഷയുടെ പേരില്‍ മനുഷ്യരെ കൊന്ന് മര്‍ദ്ദിക്കുന്ന ഭ്രാന്തിനെതിരെ പ്രതിഷേധയോഗം നടത്തിയതിനും കാമ്പസ് ചുവരില്‍ പോസ്റ്റര്‍ ഒട്ടിച്ചതിനും വരെ വിദ്യാര്‍ഥികള്‍ക്ക് അന്വേഷണ വിധേയമായി നോട്ടീസ് അയച്ച ഏകാധിപതികള്‍ അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്ന കലാലയമാണ് ജെഎന്‍യു. എസ്എഫ്ഐയുടെ യൂണിറ്റ് സെക്രട്ടറി ജി സുരേഷിന് കഴിഞ്ഞ ദിവസം അന്വേഷണത്തിന് ഹാജരാകാന്‍ പറഞ്ഞ് നോട്ടീസ് ലഭിച്ചത് കാമ്പസിലെ രൂക്ഷമായ ഹോസ്റ്റല്‍ പ്രതിസന്ധിയെക്കുറിച്ച് പോസ്റ്റര്‍ പതിച്ചതിനാണ്. ആയിരത്തോളം വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം നിഷേധിക്കുന്നതല്ല, അതിനെതിരെ പ്രതികരിക്കുന്നതാണ് അപരാധം.!! കാമ്പസിനകത്ത് ഒരു പ്രതിഷേധയോഗത്തില്‍ കോലം കത്തിച്ചതിനെക്കുറിച്ച് മിനിറ്റുകള്‍ക്കകം റ്റ്വീറ്റ് ചെയ്ത് അന്വേഷണം പ്രഖ്യാപിച്ച വിസിയുള്ള കാമ്പസാണിത്. ഇക്കൂട്ടരാണ് തങ്ങളുടെ ഒരു വിദ്യാര്‍ഥിയെ ദുരൂഹമായ സാഹചര്യത്തില്‍ കാണാതായിട്ടും അഞ്ച് ദിവസം മൗനവ്രതമിരുന്നത്.

നജീബ് അഹമ്മദിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ ബസന്ത് കുഞ്ച് പൊലീസ് സ്റ്റേഷനിലേക്ക് ഞായറാഴ്ച രാത്രി നടത്തിയ പ്രതിഷേധ പ്രകടനം.നജീബ് അഹമ്മദിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ ബസന്ത് കുഞ്ച് പൊലീസ് സ്റ്റേഷനിലേക്ക് ഞായറാഴ്ച രാത്രി നടത്തിയ പ്രതിഷേധ പ്രകടനം.

അക്രമം നടത്തിയ എബിവിപി പ്രവര്‍ത്തകരെ വിളിച്ചിരുത്തി ചര്‍ച്ച ചെയ്യാന്‍ തയ്യാറായ അധികൃതര്‍ നിറകണ്ണുകളുമായി വിങ്ങലടക്കാനാകാതെനിന്ന നജീബിന്റെ ഉമ്മയെയും സഹോദരിയെയും നാലു ദിവസത്തോളം കാണാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി അവരെ കാണാന്‍ തയ്യാറായെങ്കിലും അങ്ങേയറ്റം അപഹാസ്യപരമായ പരാമര്‍ശങ്ങളായിരുന്നു അവരോട് നടത്തിയത്. സംഭവത്തില്‍ യാതൊരുവിധ ഉത്തരവാദിത്തവും ഏറ്റെടുക്കാന്‍ സര്‍വകലാശാല തയ്യാറായില്ല. അന്വേഷണം ത്വരിതപ്പെടുത്താന്‍ സഹായിക്കുംവിധം നജീബിന് മര്‍ദ്ദനമേറ്റ സംഭവമെങ്കിലും പൊലീസില്‍ ഔദ്യോഗികമായി അറിയിക്കണം എന്ന ബന്ധുക്കളുടെ അപേക്ഷയോടും അവര്‍ മുഖം തിരിച്ചു. ഒടുവില്‍ തങ്ങളുടെ പ്രിയപ്പെട്ടവന്റെ തിരോധാനത്തെക്കുറിച്ച് ആശങ്കപ്പെട്ടിരിക്കുന്നവരെ തങ്ങള്‍ക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെന്നും കോടതിയില്‍ കാണാം എന്നും വെല്ലുവിളിച്ചാണ് ഇറക്കിവിട്ടത്. വിദ്യാര്‍ഥി സമരം രൂക്ഷമാകാന്‍ തുടങ്ങിയപ്പോള്‍ യൂണിവേഴ്സിറ്റി ഇറക്കിയ പത്രക്കുറിപ്പ് നജീബില്‍ കുറ്റം ആരോപിച്ചുകൊണ്ടുള്ളതും നജീബിനെ ആക്രമിച്ചവശനാക്കിയതിനെതിരെ ഒരക്ഷരം ഉരിയാടാത്തതുമായിരുന്നു. വിദ്യാര്‍ഥി രോഷത്തെതുടര്‍ന്നാണ് രണ്ട് ദിവസം കഴിഞ്ഞ് ഇത് തിരുത്താന്‍ അവര്‍ തയ്യാറായത്. ഇതൊക്കെയാണ് സംഭവത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നവരെ രക്ഷിക്കാന്‍ സര്‍വകലാശാല അധികൃതര്‍ തന്നെ വ്യഗ്രത കാട്ടുന്നു എന്ന സംശയത്തെ ബലപ്പെടുത്തുന്നത്.

എന്താണ് കേന്ദ്ര ഗവണ്മെന്റിന്റെ നിലപാട്? വൈസ് ചാന്‍സലര്‍ ഭരണകാര്യാലയത്തിനുള്ളില്‍ കുടുങ്ങിയപ്പോള്‍ മണിക്കൂറുകള്‍ക്കകം പ്രതികരണവുമായി രംഗത്തെത്തിയ കൂട്ടര്‍ക്ക് രാജ്യതലസ്ഥാനത്തെ ഒരു സുപ്രധാന കാമ്പസില്‍ നിന്നും ഒരു വിദ്യാര്‍ഥിയെ അസാധാരണമായ സാഹചര്യത്തില്‍ കാണാതായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇടപെടണം എന്ന് തോന്നിയില്ല. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ ഒരു പരിപാാടി സംഘടിപ്പിച്ചതിന് രോഹിത് വെമുലയ്ക്കും സുഹൃത്തുക്കള്‍ക്കുമെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്ത് നിരന്തരം കത്തുകളയയ്ക്കുകയും ഒടുവില്‍ രോഹിത് വെമുലയുടെ മരണം ഉറപ്പാക്കുകയും ചെയ്തവരാണ് നജീബിന്റെ തിരോധാനത്തെക്കുറിച്ച് മൗനികളാകുന്നത്.

വലിയ വിദ്യാര്‍ഥിപങ്കാളിത്തത്തോടുകൂടി തീര്‍ത്തും സമാധാനപരമായാണ് സമരം പുരോഗമിക്കുന്നത്. കേസില്‍ കക്ഷി ചേരാന്‍ സര്‍വകലാശാല വിസമ്മതിച്ചതിനെ തുടര്‍ന്ന് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലേക്ക് പതിനേഴിന് രാത്രി ആയിരത്തോളം വിദ്യാര്‍ഥികള്‍ മാര്‍ച്ച് ചെയ്തു. സമരക്കാര്‍ക്കു മുന്നിലേക്ക് ഇറങ്ങിവരേണ്ടിവന്ന കമ്മീഷണര്‍ക്ക് അന്വേഷണം ഊര്‍ജ്ജിതമാകുമെന്ന് ഉറപ്പുനല്‍കേണ്ടി വന്നു.

വിദ്യാര്‍ഥികള്‍ സ്വാഭാവികമായ രോഷത്തിലാണ്. ഇത്രയെല്ലാം നടന്നിട്ടും അവര്‍ക്ക് അങ്ങനെയാകാന്‍ കഴിയുന്നില്ലെങ്കില്‍ ആ കലാലയത്തെക്കുറിച്ച് ജനാധിപത്യ സമൂഹത്തിന് നിരാശപ്പെടാനല്ലാതെ പ്രതീക്ഷിക്കാന്‍ ഒന്നുമുണ്ടാകുമായിരുന്നില്ല. തമ്പുരാക്കന്മാര്‍ വാഴുന്ന ഭരണസമുച്ചയത്തിന്റെ ഏറെയൊന്നും ബലമില്ലാത്ത ചില്ലുകളില്‍ ഒന്നിനു പോലും ഇതുവരെ പോറലേറ്റിട്ടില്ല. ക്രിമിനല്‍ കുറ്റം ചെയ്തുകൊണ്ടിരിക്കുന്ന വൈസ് ചാന്‍സലറുടെ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ പുറത്ത് നിറുത്തിയിട്ടിട്ടുണ്ട്. അതില്‍ ഒന്നിന്റെ ടയര്‍ പഞ്ചറാവുക പോലും ചെയ്തിട്ടില്ല. സമരത്തെ നിയമ വിരുദ്ധമെന്നും അക്രമമെന്നും വിളിക്കുന്നവര്‍ ജെഎന്‍യു വിദ്യാര്‍ഥികളുടെ സഹിഷ്ണുതയെ പരിഹസിക്കുകയാണ്.

ഉജ്ജ്വയിനിലെ മാധവ് കോളേജ് പ്രഫസ്സര്‍ എച്ച് എസ് സബര്‍വാളിനെ കൊലപ്പെടുത്തിയ, ഗുജറാത്ത് കേന്ദ്ര സര്‍വകലാശാലയുടെ പ്രിന്‍സിപ്പള്‍ ആയിരുന്ന പരിമള്‍ ത്രിവേദിയെ വീടാക്രമിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച, 300 രാമായണങ്ങള്‍ എന്ന എ കെ രാമാനുജത്തിന്റെ ലേഖനം പാഠഭാഗത്ത് ഉള്‍പ്പെടുത്തിയതിനെതിരെ ദില്ലി യൂണിവേഴ്സിറ്റിയില്‍ കലാപം സൃഷ്ടിച്ച, ഗുരുവായൂരപ്പന്‍ കോളേജിലെ പ്രിന്‍സിപ്പളിന്റെ വീടാക്രമിച്ച സംഘപരിവാര വിദ്യാര്‍ഥി പരിഷത്താണ് ഇപ്പോള്‍ സമാധാനപരമായ ഒരു സമരത്തിനെതിരെ അക്രമമെന്ന് നിലവിളിക്കുന്നത്.

രാധിക വെമുലയെന്ന അമ്മയുടെ കണ്ണുനീര്‍ കണ്ടവരാണ് നമ്മള്‍. ഇവിടെയിതാ മറ്റൊരമ്മ കണ്ണീര്‍ വാര്‍ക്കുന്നു. നമ്മുടെ യൂണിവേഴ്സിറ്റികള്‍ ഇനിയും ഈ വിദ്യാര്‍ഥി വേട്ട തുടരരുത്. സംഘപരിവാരം അതിന്റെ ആക്രോശം തുടരരുത്. നജീബ് ഒരാള്‍ മാത്രമല്ല…

 നിതീഷ് നാരായണൻ എസ്എഫ്ഐ കേന്ദ്ര എക്സിക്യൂട്ടിവ് അംഗവും ജെഎന്‍യുവില്‍ ഗവേഷകനുമാണ് ലേഖകന്‍

Friday Oct 21, 2016
http://www.deshabhimani.com/special/where-is-najeeb-ahmed-jnu-student-who-is-missing-from-campus/597300

വിലാസിനിച്ചേച്ചി ഓര്‍ക്കുന്നു; കൂലിക്കുവേണ്ടി നടത്തിയ സമരങ്ങള്‍


'പാടം ഞങ്ങടെ വീടാണേ,
കതിര്‍മണി ഞങ്ങടെ സ്വത്താണേ
വിയര്‍പ്പൊഴുക്കാതൂണുകഴിക്കും, വമ്പന്മാരേ ജന്മികളേ
ദൈവംകൊണ്ടുത്തന്നതാണോ, സേഫിലിരിക്കും ആധാരം...'

1967ല്‍ എറണാകുളത്തും പരിസരപ്രദേശങ്ങളിലും നടന്ന മിച്ചഭൂമിസമരത്തില്‍ പങ്കെടുത്തപ്പോള്‍ ഏറ്റുചൊല്ലിയ മുദ്രാവാക്യങ്ങള്‍ ഒരുവരിപോലും മറന്നിട്ടില്ല കര്‍ഷകത്തൊഴിലാളിയായ വിലാസിനി. ഏഴാംവയസ്സില്‍ അമ്മ കുറുമ്പയ്ക്കൊപ്പം പാടത്തു പണിക്കിറങ്ങിയ കലൂര്‍ കണിയാംപടിത്തുണ്ടി കെ കെ വിലാസിനിയെന്ന വിലാസിനിച്ചേച്ചിയുടെ ഓര്‍മകളില്‍ ഇന്നും അന്നത്തെ സമരവും മുദ്രാവാക്യംവിളികളും പച്ചപിടിച്ചുനില്‍ക്കുന്നു. മിച്ചഭൂമി സമരം മാത്രമല്ല, 1960കളിലും എഴുപതുകളുടെ തുടക്കത്തിലും കര്‍ഷകത്തൊഴിലാളികള്‍ കൂലിക്കൂടുതലിനും ജോലിക്കും എട്ടിലൊന്ന് പതത്തിനുമായി നടത്തിയ ഒട്ടേറെ സമരങ്ങളില്‍ പങ്കെടുത്തതിന്റെ ഓര്‍മകളില്‍ വിലാസിനിച്ചേച്ചിയുടെ മനസ്സില്‍ ഇരമ്പിയെത്തുന്നു. കെഎസ്‌കെടിയു 21–ാം സംസ്ഥാനസമ്മേളനത്തിന് ജില്ല വേദിയാകാനൊരുമ്പോള്‍ വിലാസിനിയുടെ സ്മരണകള്‍ക്ക് തിളക്കമേറുകയാണ്.

പരമ്പരാഗത കര്‍ഷകത്തൊഴിലാളികളായിരുന്നു വിലാസിനിയുടെ അമ്മയും അച്ഛനും. അമ്മയ്ക്കൊപ്പം വിലാസിനിയും ഏഴാം വയസ്സില്‍ പാടത്ത് പണിക്കിറങ്ങി. ഞാറുനടാനും കളപറിക്കാനും കൊയ്യാനും മെതിക്കാനുമെല്ലാം ജില്ലയുടെ പല ഭാഗത്തുമെത്തി. കണ്ണെത്താദൂരത്ത് പരന്നുകിടന്ന കലൂര്‍ പുഞ്ചയിലും കതൃക്കടവിലും എളംകുളത്തും മനയ്ക്കപ്പാടത്തും മാമംഗലത്തും ചിറ്റൂരിലും വയലാര്‍പാടത്തുമൊക്കെ കൃഷിപ്പണിക്കിറങ്ങി. കുഞ്ഞുനാള്‍മുതല്‍ കര്‍ഷകത്തൊഴിലാളി യൂണിയനിലും ചേര്‍ന്നു. 1957ല്‍ കര്‍ഷകത്തൊഴിലാളി യൂണിയന്‍ രൂപീകരിച്ചതുമുതല്‍ അതില്‍ അംഗവുമായി. യൂണിയന്റെ കണയന്നൂര്‍ താലൂക്ക് കമ്മിറ്റി അംഗംവരെയായി.

1967ലാണ് എറണാകുളത്തും പരിസരങ്ങളിലും മിച്ചഭൂമിക്കായി തൊഴിലാളികളുടെ സമരം തുടങ്ങിയതെന്ന് വിലാസിനി ഓര്‍ക്കുന്നു. 80 ദിവസം നീണ്ട സമരം. ദിവസവും വിലാസിനിയും മകള്‍ കുഞ്ഞുമോളും സമരത്തില്‍ പങ്കെടുത്തു. സമരം അവസാനിക്കുന്ന ദിവസം കാക്കനാടിനു സമീപമുള്ള തെങ്ങോട് യൂണിയന്‍ നേതാക്കള്‍ക്കൊപ്പം മിച്ചഭൂമിയില്‍ കടന്നുകയറി ചെങ്കൊടി നാട്ടിയതു പറയുമ്പോള്‍ വിലാസിനിയുടെ വാക്കുകളില്‍ ആവേശം. കെ എ ഉമ്മര്‍, കോരു, കര്‍ഷകത്തൊഴിലാളികളായ രാഘവന്‍, ഗോപാലന്‍ എന്നിവരായിരുന്നു സമരത്തിന്റെ നേതൃനിരയില്‍.

മുമ്പൊക്കെ പാടത്ത് പണിയെടുപ്പിക്കാന്‍ ഒരു മൂപ്പനുണ്ടാകും. അന്തിക്ക് വരമ്പത്ത് 12 അണ കൂലിയുമായി മൂപ്പനെത്തും. കൂലി കൂട്ടണമെന്നു പറഞ്ഞ് ആരംഭിച്ച സമരം തകര്‍ക്കാന്‍ ജന്മിയുടെ ആളുകള്‍ പല അടവുകളുമെടുത്തു. പുറത്തുനിന്ന് കുറഞ്ഞ കൂലിക്ക് ആളെയിറക്കാന്‍ നോക്കിയത് തൊഴിലാളികളെത്തി തടഞ്ഞു. ഒടുവില്‍ കൂലി കൂട്ടി. എട്ടിലൊന്ന് പതം വേണമെന്ന ആവശ്യവും ആദ്യം നിഷേധിച്ചു. പത്തിലൊന്ന് തരാമെന്ന് ഭൂവുടമകള്‍. പറ്റില്ലെന്ന് തൊഴിലാളികളും. കൂട്ടായ പോരാട്ടത്തിനൊടുവില്‍ അതും വിജയംകണ്ടു.

ട്രാക്ടറിറക്കലിനെതിരായ സമരത്തിലും മുന്‍നിരയിലുണ്ടായിരുന്നു വിലാസിനി. 1960ലായിരുന്നു ആ സമരം. മകരക്കൊയ്ത്തു കഴിഞ്ഞ് അടുത്ത കൃഷിക്കായി നിലമൊരുക്കാന്‍ തൊഴിലാളികളെ ഒഴിവാക്കി ട്രാക്ടര്‍ ഇറക്കാന്‍ തീരുമാനിച്ചു. യന്ത്രമിറക്കിയപ്പോള്‍ പറ്റില്ലെന്നുപറഞ്ഞ് യന്ത്രത്തിനു മുന്നില്‍ കയറിനിന്നുതടുത്തു വിലാസിനിയും കൂട്ടരും. പൊലീസിന്റെ മര്‍ദനത്തിനും ഇരയായിട്ടുണ്ട്. 1974ല്‍ എറണാകുളത്ത് അരി പൂഴ്ത്തിവച്ചതറിഞ്ഞ് അത് പിടിച്ചെടുത്ത് വിതരണംചെയ്യുമ്പോഴാണ് പൊലീസ് മര്‍ദനം.

എറണാകുളം–കോട്ടയം റെയില്‍പ്പാതയ്ക്കായി സ്ഥലം നികത്തിയതോടെയാണ് നഗരത്തില്‍ കൃഷി നിലച്ചതെന്ന് വിലാസിനി കൂട്ടിച്ചേര്‍ക്കുന്നു. അക്കൊല്ലം വെള്ളക്കെട്ടുണ്ടായി കൃഷിയാകെ നശിച്ചു. പാടത്ത് കൃഷിയില്ലാതായി. കൃഷി നശിച്ച പാടത്ത് ഇപ്പോള്‍ വിളയുന്നത് ഫ്ളാറ്റുകളാണല്ലോയെന്ന് വിലാസിനിച്ചേച്ചി പറഞ്ഞുനിര്‍ത്തി.

മഞ്ജു കുട്ടികൃഷ്ണന്‍
കടപ്പാട് ദേശാഭിമാനി Saturday Oct 22, 2016

Thursday, October 20, 2016

ഗുജറാത്തിലെ ഭൂരിപക്ഷം ജില്ലകളിലും മലപ്പുറത്തെക്കാള്‍ പ്രസവം ; ഗോപാലകൃഷ്ണന്റെ'പന്നിപ്രസവം'പൊളിച്ച് രേഖകള്‍

നുണയാണ് അടിത്തറ. നുണതന്നെ മേല്‍ക്കൂരയും. അങ്ങനെയാണ് എപ്പോഴും ഫാസിസ്റ്റ് പ്രചാരണം. കള്ള പ്രചാരണത്തിന് കള്ളക്കണക്ക് വേണം. ലോകത്തെ എല്ലാ ഫാസിസ്റ്റ് സംഘടനകളും ഇത്തരം കണക്കുണ്ടാക്കാന്‍ ആളെ വെക്കും. ഇന്ത്യയില്‍ സംഘപരിവാറിനു ഇത്തരം അവതാരങ്ങള്‍ പലതാണ്.  ഇന്ത്യയില്‍ മറ്റൊരിടത്തുമില്ലാത്തതുപോലെ മലപ്പുറത്ത് മുസ്ളീങ്ങള്‍ പെറ്റുപെരുകുകയാണെന്ന് അവര്‍ നാടാകെ പ്രചരിപ്പിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. സംഘി പ്രചാരകന്‍ ഡോ. ഗോപാലകൃഷ്ണന്റെ കണക്കും ആ വഴിയ്ക്കായത് സ്വാഭാവികം.

എന്താണ് യാഥാര്‍ത്ഥ്യം?

ഇന്ത്യയില്‍ നാന്നൂറിലേറെ ജില്ലകളില്‍ മലപ്പുറത്തെക്കാള്‍ കൂടുതലാണ് പ്രത്യുല്പാദന നിരക്ക് (ഫെര്‍ട്ടിലിറ്റി നിരക്ക്). എന്ന് മാത്രമല്ല ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ ഈ നിരക്ക് കുറച്ചുകൊണ്ടുവരുന്ന ജില്ലകളിലൊന്നാണ് മലപ്പുറം. (താഴെ രഞ്ജിത് മാമ്പിള്ളിയുടെ പോസ്റ്റ്‌ കാണുക). കേരളത്തിലെ പൊതുസ്ഥിതിയെ അപേക്ഷിച്ച് കൂടുതലാണെന്നതൊഴിച്ചാല്‍ മലപ്പുറത്ത് അത്ഭുതപ്പിറവികളൊന്നും നടക്കുന്നില്ലെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.

ശരാശരി ഒരു സ്ത്രീയ്ക്കുള്ള കുട്ടികളുടെ എണ്ണമാണ് ഫെര്‍ട്ടിലിറ്റി റേറ്റ്. ഇത് കിട്ടാനുള്ള മുഖ്യ സ്രോതസ് സെന്‍സസിലെ സാമ്പിള്‍ രജിസ്ട്രേഷന്‍ സിസ്റ്റ (എസ്ആര്‍എസ്) മാണ്. വര്‍ഷാടിസ്ഥാനത്തിലോ മൂന്നുവര്‍ഷക്കണക്കിലോ എല്ലാ സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും കണക്ക് ലഭ്യമാകും. ജില്ലാടിസ്ഥാനത്തില്‍ ഈ കണക്ക് ലഭ്യമല്ല.

1971 മുതല്‍ 2011–13 വരെയുള്ള വര്‍ഷങ്ങളിലെ കണക്ക് താഴത്തെ ഗ്രാഫില്‍.


സെന്‍സസ് കണക്കില്‍ നിന്ന് സമാഹരിച്ച വിവരം. ഇന്ത്യ, കേരളം, ഗുജറാത്ത് എന്നീ കണക്കുകളാണിത്.

ഇനി 2011 ലെ സെന്‍സസ് കണക്കനുസരിച്ച് വിവിധ സംസ്ഥാനങ്ങളിലെ ഫെര്‍ട്ടിലിറ്റി റേറ്റ്  നോക്കാം. അതനുസരിച്ച് കേരളത്തിന്റെ ശരാശരി 1.6. ഗുജറാത്തിന്റെ കണക്ക് 2.4. ദേശീയ ശരാശരി 2.7. അതായത് ഇന്ത്യയിലാകെ എടുത്താല്‍ ഒരു സ്ത്രീയ്ക്ക് ശരാശരി 2.7 കുട്ടികളുണ്ടെങ്കില്‍ കേരളത്തില്‍ അത് 1.6ഉം ഗുജറാത്തില്‍ അത് 2.4ഉം ആണ്.ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഫെര്‍ട്ടിലിറ്റി റേറ്റ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഫെര്‍ട്ടിലിറ്റി റേറ്റ്

ജില്ലാതലത്തില്‍ സര്‍ക്കാരിന് കണക്കില്ല. ആ കണക്ക് കൂട്ടിയെടുക്കണം. അത് വിദഗ്ദ്ധര്‍ കൂട്ടിയെടുത്തിട്ടുണ്ട്.  2011ലെ സെന്‍സസ് കണക്ക് ആധാരമാക്കി പ്രശസ്ത ജനസംഖ്യാ ശാസ്ത്ര വിദഗ്ദ്ധന്‍ ക്രിസ്റ്റോ ഗുല്‍മോട്ടോ (പാരീസ്) യും തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡെവലപ്പ്മെന്റ് സ്റ്റഡീസിലെ ഇരുദയ രാജനും ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ട്  ഇവിടെയുണ്ട്. എക്കണോമിക്സ് ആന്റ് പൊളിറ്റിക്കല്‍ വീക്കിലിയില്‍ ഇതിന്റെ ചുരുക്കം പ്രസിദ്ധീകരിക്കുയും ചെയ്തിരുന്നു. ( Economic & Political Weekly (Fertility at the District Level in India Lessons from the 2011 Census, Vol. 48, Issue No. 23, 08 Jun, 2013)

ആ കണക്കനുസരിച്ച് മലപ്പുറം ജില്ലയിലെ ടോട്ടല്‍ ഫെര്‍ട്ടിലിറ്റി റേറ്റ് (ടിഎഫ്ആര്‍) 2.2 ആണ്. രാജ്യത്ത് 2011 ലെ സെന്‍സസ് കണക്ക് ലഭ്യമായ 593 ജില്ലകളില്‍ 400ല്‍ അധികം ജില്ലകളില്‍ അത് അതിലും കൂടുതലാണ്. ഇന്ത്യയിലെ  ആകെ ശരാശരി എടുത്താലും അത് 2.3 ആണ്– മലപ്പുറത്തെക്കാള്‍ കുടുതല്‍. ഗുജറാത്തിലെ ആകെ എടുത്താലും അത് മലപ്പുറത്തേക്കാള്‍ കൂടുതല്‍ അതായത്–2.3.  ഗുജറാത്തിലെ ആകെയുള്ള 26 ജില്ലകളില്‍ (ഇപ്പോള്‍ ഗുജറാത്തില്‍ 33 ജില്ലയുണ്ട്‌; 7 ജില്ലകള്‍ കഴിഞ്ഞ സെന്‍സസിനു ശേഷം 2013 ല്‍ വന്നവയാണ് ) പതിനാറിടത്തും മലപ്പുറത്തെ 2.2 ന് ഒപ്പമോ അതിനു മുകളിലോ ആണ് ഫെര്‍ട്ടിലിറ്റി റേറ്റ് എന്ന് ഈ കണക്ക് വ്യക്തമാക്കുന്നു. ദോഹദ് ജില്ലയില്‍ 4.2 ഉം ഡാംഗ്സില്‍ 3.6 ഉം ബനാസ്‌കാന്തയില്‍ 3.3 ഉം കച്ചില്‍ 3.1 ഉം. മലപ്പുറത്തെക്കാള്‍ വളരെ ഉയരെ. അതായത് ഗോപാലകൃഷ്ണന്റെ വാദം അംഗീകരിച്ചാല്‍ ഗുജറാത്തിലും ഭൂരിപക്ഷം ജില്ലകളിലും പശുവിനെപോലെയല്ല പ്രസവം. ഒരു കാര്യം കൂടി ഗുജറാത്തിന്റെ ഇപ്പോഴത്തെ 2.3 എന്ന ഫെര്‍ട്ടിലിറ്റി റേറ്റ് 1985 -87 കാലത്തെ കേരളത്തിലെ നിരക്കിനൊപ്പമാണ്. (അതായത് "വിജ്രംഭിത' ഗുജറാത്ത് ഇക്കാര്യത്തിലും കേരളത്തിന്റെ 20 വര്‍ഷം പിന്നിലാണെന്നര്‍ത്ഥം.)ഗുജറാത്തിലെ വിവിധ ജില്ലകളിലെ ഫെര്‍ട്ടിലിറ്റി റേറ്റ്. മഞ്ഞ നിറത്തിലുള്ളത് മലപ്പുറത്തേക്കള്‍ നിരക്കുള്ള ജില്ലകള്‍. ഗുജറാത്തിലെ വിവിധ ജില്ലകളിലെ ഫെര്‍ട്ടിലിറ്റി റേറ്റ്. മഞ്ഞ നിറത്തിലുള്ളത് മലപ്പുറത്തേക്കള്‍ നിരക്കുള്ള ജില്ലകള്‍.

ഈ ജില്ലകളൊക്കെ മുസ്ലീം ഭൂരിപക്ഷ ജില്ലകളാകും എന്നാകും സംഘി പണ്ഡിതര്‍ പറയുക. അതുകൊണ്ട് ആ കണക്കും നോക്കാം. (അവലംബം 2011 സെന്‍സസ്).

ദോഹദ് (ഹിന്ദുക്കള്‍- 96.15, മുസ്ലീങ്ങള്‍- 3.12); ഡാംഗ്സ് (ഹിന്ദുക്കള്‍- 89.16, മുസ്ലീങ്ങള്‍- 1.57); ബനാസ്‌കാന്ത (ഹിന്ദുക്കള്‍- 92.62, മുസ്ലീങ്ങള്‍-6.84); കച്ച് (ഹിന്ദുക്കള്‍- 76.89, മുസ്ലീങ്ങള്‍- 21.14). എല്ലാം ഹിന്ദു ഭൂരിപക്ഷ ജില്ലകള്‍. ഗുജറാത്തില്‍ ആകെ മുസ്ലീം ജനസംഖ്യ 9.7 ശതമാനം മാത്രമാണ്.

ഫെര്‍ട്ടിലിറ്റി റേറ്റ് കൂടുന്നതിന് ഒട്ടേറെ കാരണങ്ങളുണ്ട്. അതില്‍ മുഖ്യമാണ്, എല്ലാരംഗത്തുമുള്ള പിന്നോക്കാവസ്ഥ. മതവും ഒരു ഘടകമാണ് (ഒരു ഘടകം മാത്രം) മലപ്പുറം ഒരു പിന്നോക്ക ജില്ലയാണ്. മലപ്പുറം കഴിഞ്ഞാല്‍ ഫെര്‍ട്ടിലിറ്റി റേറ്റ് ഉയര്‍ന്നു നില്‍ക്കുന്ന മറ്റ് രണ്ടു ജില്ലകള്‍  കാസര്‍കോടും (1.8) വയനാടും (1.7) ആണെന്നും കാണാം. മുമ്പ് രാജ്യമാകെ പിന്നോക്കമായിരുന്നു. അന്ന് എല്ലാവരും പെറ്റുകൂട്ടി. ഇപ്പോഴത്തെ പുതുതലമുറക്കാരുടെ  അമ്മുമ്മമാരുടെ അമ്മമാരും മിക്കവരും പത്തുവരെ പെറ്റവരാകും. പിന്നോക്കാവസ്ഥ കുറയുന്നതനുസരിച്ച് പ്രസവനിരക്കും കുറയും. സാമ്പത്തിക സ്ഥിതിയും വിദ്യാഭ്യാസ (സ്ത്രീ സാക്ഷരത) വും സാമൂഹികപദവിയും ഉയരുന്നതിനനനുസരിച്ച് അത് കുറയും. മലപ്പുറത്തിനും ഇത് ബാധകം. കേരളത്തിലെ പൊതു കണക്കിനെക്കാള്‍ പിന്നിലാണ് മലപ്പുറം. ഇക്കാര്യത്തില്‍ മലപ്പുറത്ത് പ്രത്യേക ശ്രദ്ധ ചെലുത്തിയുള്ള ഇടപെടല്‍ വേണം താനും. അവിടുത്തെ  പൊതുസ്ഥിതി മെച്ചപ്പെടുന്നതനുസരിച്ച് അവിടെയും ഫെര്‍ട്ടിലിറ്റി റേറ്റ് കുറയുകയാണ്. ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ ഫെര്‍ട്ടിലിറ്റി റേറ്റ് കുറയുന്ന ജില്ലകളിലൊന്നാണ് മലപ്പുറം.

ശ്രീകുമാര്‍ ശേഖര്‍ Deshabhimani

(വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. എന്‍ അജിത്‌ കുമാര്‍, സെന്റര്‍ ഫോര്‍ സോഷ്യോ എക്കണോമിക് ആന്റ് എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ്, കൊച്ചി)

രഞ്ജിത് മാമ്പിള്ളി ഫേസ് ബുക്കിലെഴുതിയ ഈ കുറിപ്പ് കൂടി കാണുക.

 രഞ്ജിത് മാമ്പിള്ളി

പന്നി പ്രസവം !!

ഒരിക്കല്‍ ന്യയോര്‍ക്കിലെ ഒരു ട്രെയിനില്‍ വച്ച് അറിയാതെ അടുത്തു നിന്നൊരാളുടെ കാലില്‍ ചവിട്ടി. ക്ഷമ ചോദിക്കാന്‍ മുതിരുന്നതിനു മുന്‍പെ അയാള്‍ തെറി തുടങ്ങി. തെറിയെന്നു വെച്ചാല്‍ നല്ല എമണ്ടന്‍ തെറി. പാവത്തിനെ കുറ്റം പറയാന്‍ പറ്റില്ല. 110 കിലോ കയറിയപ്പൊ റോഡ് റോളറിന്‍റെ അടിയില്‍ പെട്ട പോലായിട്ടുണ്ടാവണം. തെറി ഇങ്ങനെ അനര്‍ഗ്ഗള നിര്‍ഗ്ഗളം പ്രവഹിക്കുകയാണ്. അപ്പനും അമ്മയ്‌‌ക്കും കൂടാതെ മൊത്തം ഇന്‍ഡ്യക്കാര്‍ക്കിട്ടും കിട്ടുന്നുണ്ട്. നല്ല ഒന്നാന്തരം വംശീയ അധിഷേപം. പൊട്ടൊറ്റൊ സ്കിന്‍, മസാല മണം എന്നൊക്കെ നിരുപദ്രവകരമായ തെറികള്‍ അവസാനം ഇന്‍ഡ്യന്‍ ജനസംഖ്യയില്‍ എത്തി. അന്ന് ആ മഹാനുഭാവന്‍ ഉപയോഗിച്ചു കേട്ട വാക്കാണ് 'പന്നി പെറുന്ന' പോലെ പ്രസവിക്കുന്നവന്‍റെ മോനെ എന്നത്.

രണ്ട് ഡോക്ടറേറ്റൊക്കെ ഉള്ള ഒരാള്‍ മലപ്പുറത്തെ സ്ത്രീകളെ കുറിച്ച് ഇതേ വാചകം ഈ കഴിഞ്ഞ ദിവസം പറഞ്ഞത് കേട്ടപ്പോള്‍ ദെജാവു അടിച്ചു പോയി. ആ പ്രയോഗം ചെന്ന് കൊണ്ടവരുടെ വികാരം കൄത്യമായി എനിക്ക് മനസ്സിലാകും. ഞാനും ഇര ആയതാണല്ലൊ.

ഭാഗ്യത്തിന് ഗോപാലകൄഷ്ണനുള്ള ഉത്തരം ഒരു ചെറിയ ഗൂഗിള്‍ സേര്‍ച്ച് അകലെയുണ്ട്. മലപ്പുറത്തെ ഫെര്‍ട്ടിലിറ്റി റേറ്റ് എന്താണ്. റീപ്ലേസ്മെന്‍റ് റേറ്റ് എത്രയാണ്. ജനസംഖ്യാ വര്‍ദ്ധന തോത് എത്രയാണ് എന്നീ മൂന്നു കാര്യങ്ങള്‍ കണ്ട് പിടിച്ചാല്‍ ഗോപാലകൄഷ്ണനുള്ള ഉത്തരമായി. ഇനി സേര്‍ച്ച് ചെയ്ത് കണ്ട് പിടിക്കാന്‍ ബുദ്ധിമുട്ടണമെന്നുമില്ല. തുടര്‍ന്ന് വായിക്കുക.

ഒരു സ്ത്രീക്ക് എത്ര കുട്ടികള്‍ എന്ന കണക്കാണ് ഫെര്‍ട്ടിലിറ്റി റേറ്റ്. റീപ്ലേസ്മെന്‍റ് റേറ്റ് അല്‍പം കൂടെ ഗഹനമാണ്. ഒരു ഭാര്യയും ഭര്‍ത്താവും അടങ്ങുന്ന കുടുംബത്തിനു രണ്ട് കുട്ടികള്‍ ഉണ്ടായി എന്ന് വെയ്‌‌ക്കുക. മാതാപിതാക്കള്‍ മരിക്കുമ്പോള്‍ അവരെ അവരുടെ മക്കള്‍ വെച്ച് റീപ്ലേസ് ചെയ്യും. റീപ്ലേസ്മെന്‍റ് റേറ്റ് 2 ആണെങ്കില്‍ ജനസംഘ്യാ വര്‍ദ്ധനവുണ്ടാകില്ല. 2 പേര്‍ മരിക്കുമ്പോള്‍, 2 പേരെ വെച്ച് റീപ്ലേസ് ചെയ്യുന്നു എന്നര്‍ത്ഥം. പക്ഷെ വിവാഹിതരാകുന്ന എല്ലാവര്‍ക്കും കുട്ടികളുണ്ടാകുന്നില്ല. പല കുട്ടികളും ശൈശവത്തില്‍ മരിച്ചു പോകുകയും ചെയ്യും. അതിനാല്‍ ഫെര്‍ട്ടിലിറ്റി റേറ്റ് 2 എന്നതില്‍ അല്‍പം കൂടിയിരിക്കും. അത് 2.08 ആക്കി നിര്‍ത്തിയാല്‍ ജനസംഖ്യാ വര്‍ദ്ധന കണ്ട്രോള്‍ ചെയ്യാമെന്നാണ് സാമൂഹ്യ ശാസ്ത്രജ്ഞന്‍മ്മാരുടെ ഒരു അനുമാനം.

മലപ്പുറത്തിന്‍റെ ഫെര്‍ട്ടിലിറ്റി റേറ്റ് നിലവിലെ സെന്‍സ്സസ് പ്രകാരം 2.4 ആണ്. അതായത് ഒരു സ്‌‌ത്രീക്ക് ഏകദേശം രണ്ടര കുട്ടികള്‍ എന്നാണ് കണക്ക്. ഗോപാലകൄഷ്ണന്‍റെ വാദം ശരിയാകണമെങ്കില്‍ ചുരുങ്ങിയത് 4.5 എങ്കിലും ഫെര്‍ട്ടിലിറ്റി റേറ്റ് വേണം. അതായത് ഒരോ തലമുറയും മുന്‍പത്തെ തലമുറയുടെ ഇരട്ടി ആകുമെന്നര്‍ത്ഥം. ഒരോ സെന്‍സ്സസ്സ് പ്രകാരം ഈ തോത് കുറയുന്നു എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. 1974 മുതല്‍ 1980 വരെയുള്ള കാലഘട്ടത്തിലെ കണക്കു പ്രകാരം 4.3 ആയിരുന്ന റേറ്റ് 2005 ലെ കണക്ക് പ്രകാരം 2.4 ആയി കുറഞ്ഞു. പതിനൊന്ന് കൊല്ലത്തിനു ശേഷം ഇത് ഇനിയും കുറഞ്ഞിരിക്കാനാണ് സാദ്ധ്യത. ഗോപാലകൄഷ്ണന് താരാത്മ്യം ചെയ്യാന്‍ ഇന്‍ഡ്യയിലെ മറ്റ് സംസ്ഥാനങ്ങളുടെ ഫെര്‍ട്ടിലിറ്റി റേറ്റ് താഴെ കമന്‍റ് ചെയ്തിട്ടുണ്ട്. (കമന്റ് ഇതാണ്Indian states ranking by fertility rate-എഡിറ്റർ) (പെട്ടെന്ന് കണ്ട ഒരു സംസ്ഥാനത്തിന്‍റെ കണക്ക് പറയാം, ഗുജറാത്. 2.31 ആണ് 2013 ലെ കണക്ക്)

ജനസംഖ്യാ വര്‍ദ്ധനത്തിന്‍റെ തോതെടുക്കുക. ഇന്‍ഡ്യയിലെ ജനസംഖ്യാ വര്‍ദ്ധനവിലെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയ ഒരു ഡിസ്‌‌ട്രിക്ടാണ് മലപ്പുറം. 1981-1991 ല്‍ വളര്‍ച്ചാ സൂചികയില്‍ 28.87% രേഖപ്പെടുത്തിയ സ്ഥലം 11.65% കുറഞ്ഞ് 2001 ല്‍ 17.22% ല്‍ നില്‍ക്കുന്നു. അതായത് ഗോപാലകൄഷ്ണന്‍റെ വാദങ്ങള്‍ അംഗീകരിക്കണമെങ്കില്‍ ഓരോ സെന്‍സ്സസ്സ് കഴിയുമ്പഴും ഈ ശതമാനം ഉയര്‍ന്നു ഉയര്‍ന്നു വരണം.

ഇത്രയൊക്കെ മേന്‍മ മലപ്പുറത്തിന് അവകാശപ്പെടാമെങ്കിലും ഇനിയും ബഹു ദൂരം പോകാനുണ്ട്. കേരളത്തിലെ ഫെര്‍ട്ടിലിറ്റി റേറ്റ് 1.7 ആണ്. ഇന്‍ഡ്യയുടെ 2013 ലെ നാഷണല്‍ ആവറേജിനെക്കാളും (2.34) ഒരല്‍പം മുകളിലാണ് ഇപ്പഴും മലപ്പുറം. (തത്കാലം 2005 ലെ കണക്ക് തന്നെ ഞാനിവടെ ഉപയോഗിക്കുന്നു. 2013 ലെ ഇന്‍ഡ്യന്‍ ആവറേജിനോട് 2005 ലെ മലപ്പുറത്തിന്‍റെ ആവറേജ് കംപയര്‍ ചെയ്യുന്നതിലെ പിശക് തത്കാലം വിസ്മരിക്കുക). എന്നാലും ഗോപാലകൄഷ്ണന്‍ ആരോപിക്കുന്ന പോലൊരു വളര്‍ച്ചാനിരക്കിന്‍റെ ഏഴയലത്ത് മലപ്പുറം ഇല്ല എന്ന് അസന്ദിഗ്ദ്ധമായി പറയാന്‍ കഴിയും.

കേരളം ആരോഗ്യ മേഖലയില്‍ കൈവരിച്ച അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് മലപ്പുറത്തിന്‍റെ നേട്ടങ്ങള്‍ക്ക് കാരണം. ഇതിലെ വിരോധാഭാസം, ഈ നേട്ടങ്ങളുടെ ഒരു പങ്ക് അവകാശപ്പെടാവുന്ന ഒരു വ്യക്തിയാണ് ഗോപാലകൄഷ്ണന്‍. (പുള്ളി ആരോഗ്യ മേഖലയില്‍ ജോലി ചെയ്തിരുന്ന ഒരു ഫാര്‍മസ്സിസ്‌‌റ്റ് ആണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.). പുള്ളിയുടെ പ്രസ്താവന മലര്‍ന്നു കിടന്ന് തുപ്പുന്ന പരിപാടിയായി പോയി. ഇനി ഇത്തരം പ്രസ്താവനകള്‍ വിശ്വസിക്കുന്നതിന് മുന്‍പ് ഗഹനമായി പഠനം ഒന്നും നടത്തണ്ട. ഒരല്‍പം കോമണ് സെന്‍സ് ഉപയോഗിക്കുക. സ്വന്തം സുഹൄദ് വലയത്തില്‍ ഒന്ന് തിരഞ്ഞ് നോക്കുക. പത്തു മക്കളുള്ള, നാലു ഭാര്യമാരുള്ള എത്ര മലപ്പുറം മുസ്ലീമുകളെ നേരിട്ടറിയാം ?. വലിയ സ്‌‌റ്റാറ്റിസ്‌‌റ്റിക്സിന്‍റെ പിന്‍ബലമൊന്നുമില്ലാതെ പേഴ്സണല്‍ അനക്ഡോട്ടല്‍ എവിഡന്‍സ്സുകളില്‍ നിന്ന് കണ്ട് പിടിക്കാവുന്നതേ ഉള്ളു. എന്നിട്ടും നിങ്ങള്‍ക്ക് വിശ്വാസം വരുന്നില്ലെങ്കില്‍ എന്‍റെ കൂടെ വാ. ന്യൂയോര്‍ക്കിലെ തിരക്കുള്ള ട്രെയിനില്‍ ആരുടെയെങ്കിലും കാലില്‍ ഒന്ന് ചവിട്ടി നോക്കിയാല്‍ മതി.