Showing posts with label സ്വിസ് ബാങ്ക്. Show all posts
Showing posts with label സ്വിസ് ബാങ്ക്. Show all posts

Tuesday, November 13, 2012

സ്വിസ്ബാങ്ക് വിവാദം ഗ്രീക്ക് സര്‍ക്കാരും വെട്ടില്‍



അരവിന്ദ് കെജ്രിവാള്‍ പുറത്തുവിട്ട സ്വിസ് ബാങ്ക് വിവരങ്ങള്‍ ഇന്ത്യയില്‍ വിവാദമാകുന്നതിനിടയില്‍ ഗ്രീസില്‍ രഹസ്യ സ്വിസ് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ സര്‍ക്കാരിനെ തന്നെ പിടിച്ചുലയ്ക്കുന്നു.

സ്വിസ് ബാങ്ക് അക്കൗണ്ടുകളുള്ള ഗ്രീക്കുകാരുടെ പേരുകള്‍ വെളിപ്പെടുത്തി "ഹോട്ട് ഡോക്" എന്ന പ്രസിദ്ധീകരണമാണ് സര്‍ക്കാരിനെയും കള്ളപ്പണക്കാരായ സമ്പന്നരെയും ഞെട്ടിച്ചത്. വാര്‍ത്ത എഴുതിയ ലേഖകന്‍ കോസ്റ്റാ വാക് സെവാനിസ് അറസ്റ്റിലായി.ഒരുകൊല്ലം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. എന്നാല്‍ ആതന്‍സ് കോടതി വാക്സെവാനിസിനെ വിട്ടയക്കാന്‍ നവംബര്‍ രണ്ടിന് ഉത്തരവിട്ടു. പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയാണ് ലേഖകന്‍ പ്രവര്‍ത്തിച്ചതെന്നും അതുകൊണ്ട് കുറ്റം ചുമത്താനാകില്ലെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം. മോചിതനായ വാക് സെവാനിസിന് വന്‍സ്വീകരണമാണ് കോടതിക്ക് പുറത്ത് ലഭിച്ചത്. സ്വിസ് ബാങ്ക് അക്കൗണ്ടുള്ള 20000 പേരുടെ പേരുകള്‍ ഫ്രഞ്ച് സര്‍ക്കാരിന് 2009ല്‍ ലഭിച്ചിരുന്നു. ഈ പട്ടികയിലെ 2059 ഗ്രീസുകാരുടെ പേരുകളാണ് ഇപ്പാള്‍ കോസ്റ്റാ വാക് സെവാനിസ പുറത്തുവിട്ടത്. ഫ്രഞ്ച്സര്‍ക്കാരിന്റെ പട്ടിക ഫ്രാന്‍സിലെ ധനമന്ത്രി 2010ല്‍ ഗ്രീക്ക് സര്‍ക്കാരിന് കൈമാറിയിരുന്നു. എന്നാല്‍നടപടിയൊന്നുമുണ്ടായില്ല.പട്ടിക നഷ്ടപ്പെട്ടു എന്നാണ് ഗ്രീസിന്റെ ധനമന്ത്രി ഇതിനു നല്‍കിയ വിശദീകരണം. അതിനിടെ ഈ പട്ടിക ഒരു ഐടി വിദഗ്ദ്ധന്‍ ചോര്‍ത്തി. ഈ പട്ടികയില്‍ നിന്നാണ് ഗ്രീസുകാരുടെ പേരുകള്‍ വാക്സെവാനിസ് പ്രസിദ്ധീകരിച്ചത്.എച്ച്എസ് ബിസി ബാങ്കിന്റെ ജനീവ ശാഖയിലാണ് ഈ അക്കൗണ്ടുകളുള്ളത്. മൂന്ന് മുന്‍മന്ത്രിമാരും നിരവധി വ്യവസായ പ്രമുഖരും പട്ടികയിലുണ്ട്.

വാക് സെവാനിസിന്റെ അറസ്റ്റിനെതിരെ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ സിര്‍സിയയും കമ്യൂണിസ്റ്റ് പാര്‍ട്ടിയും രംഗത്തുവന്നു. വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ ഉലയുന്ന ഗ്രീക്ക് സര്‍ക്കാര്‍ വിവാദത്തോടെ കൂടുതല്‍ വെട്ടിലായി. കള്ളപ്പണക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ഏറുകയാണ്.

ശമ്പളവും പെന്‍ഷനും വെട്ടിക്കുറച്ച ബജറ്റിന് ഗ്രീസില്‍ അംഗീകാരം

ഏതന്‍സ്: ശക്തമായ ജനകീയ പ്രക്ഷോഭത്തെ അവഗണിച്ചും ശമ്പളവും പെന്‍ഷനും മറ്റും വെട്ടിക്കുറച്ച ബജറ്റ് ഗ്രീക്ക് പാര്‍ലമെന്റ് അംഗീകരിച്ചു. 128 നെതിരെ 167 വോട്ടുകള്‍ക്കാണ് അംഗീകാരം.കടക്കെണിയില്‍പ്പെട്ട ഗ്രീസിന് പുതിയ വായ്പ അനുവദിക്കാന്‍ യൂറോപ്യന്‍ യൂണിയനും ഐഎംഎഫും ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ക്കനുസരിച്ചുള്ളതാണ് ബജറ്റ് നിര്‍ദേശങ്ങള്‍.തുടര്‍ന്ന് പുതിയ വായ്പ യൂറോപ്യന്‍ യൂണിയന്‍ അനുവദിച്ചു. ഏതന്‍സില്‍ പാര്‍ലമെന്റിനു മുന്നില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധവും നടന്നു. വിരമിക്കല്‍ പ്രായം 65ല്‍നിന്ന് 67 ആക്കുക, പെന്‍ഷനില്‍ അഞ്ചുമുതല്‍ 15 ശതമാനംവരെ വെട്ടിക്കുറയ്ക്കുക, പൊലീസടക്കമുള്ള ജീവനക്കാരുടെ മിനിമം ശമ്പളം കുറയ്ക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ബജറ്റിലുള്ളത്.

deshabhimani 131112

Saturday, February 4, 2012

സ്വിസ് ബാങ്കിനെതിരെ യുഎസ് കുറ്റംചുമത്തി

നികുതിവെട്ടിപ്പുകേസില്‍ സ്വിസ് ബാങ്കിനെതിരെ അമേരിക്ക നടപടിയെടുത്തു. 120 കോടി ഡോളര്‍ നികുതി വെട്ടിക്കാന്‍ അമേരിക്കക്കാര്‍ക്ക് സൗകര്യംചെയ്തുകൊടുത്തതിന് സ്വിറ്റ്സര്‍ലന്‍ഡിലെ ഏറ്റവും പഴക്കമുള്ള ബാങ്കായ വെഗെലിന്‍ ആന്‍ഡ് കമ്പനിക്കെതിരാണ് അമേരിക്ക കുറ്റംചുമത്തിയത്. സ്വിസ് ബാങ്കുകളിലുള്ള ഇന്ത്യക്കാരുടെ കോടികണക്കിന് രൂപയുടെ കള്ളപ്പണം തിരിച്ചുപിടിക്കാന്‍ വഴികളില്ലെന്ന് യുപിഎ സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് അമേരിക്ക കടുത്ത നടപടി സ്വീകരിച്ചത്. സ്വിറ്റ്സര്‍ലന്‍ഡിലെ വിവിധ ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ പേര് പുറത്തുവിടാന്‍ പോലും കഴിയില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം.

1741ല്‍ രൂപീകൃതമായ വെഗെലിന്‍ ബാങ്ക് നികുതി വെട്ടിക്കാന്‍ അമേരിക്കക്കാരെ സഹായിച്ചുവെന്ന് ന്യൂയോര്‍ക്ക് തെക്കന്‍ ജില്ല അറ്റോര്‍ണിയായ ഇന്ത്യന്‍ വംശജന്‍ പ്രീത് ഭരാര പറഞ്ഞു. നികുതി വെട്ടിപ്പിന് ഗൂഢാലോചന നടത്തിയവര്‍ക്കും വ്യക്തികള്‍ക്കും അതിനുവരെ സഹായിച്ച സ്ഥാപനങ്ങള്‍ക്കുമെതിരെ നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബാങ്കിനുപുറമെ ഗൂഢാലോചനയില്‍ പങ്കാളികളായ സ്വിറ്റ്സര്‍ലന്‍ഡുകാരായ ബെര്‍ലിംഗ, ഫ്രെയ്, കെല്ലര്‍ എന്നിവര്‍ക്കെതിരെയും കുറ്റംചുമത്തി. നിരവധി വര്‍ഷം തടവും വന്‍തുക പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. ബാങ്കില്‍നിന്ന് 1.60 കോടിയിലധികം ഡോളര്‍ പിടിച്ചെടുത്തതായി അമേരിക്കന്‍ നീതിന്യായവകുപ്പ് അറിയിച്ചു.

deshabhimani 040212

Thursday, December 15, 2011

കള്ളപ്പണക്കാരുടെ പേര് വെളിപ്പെടുത്തില്ല: പ്രണബ്

വിദേശ ബാങ്കുകളിലെ കള്ളപ്പണം നിക്ഷേപിച്ചവരുടെ പേര് വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി.കള്ളപ്പണത്തിന്റെ വ്യക്തമായ കണക്ക് സര്‍ക്കാരിന്റെ കൈവശമില്ലെന്ന് അറിയിച്ച പ്രണബ് അഴിമതിയിലൂടെ നേടിയ കള്ളപ്പണം രാജ്യത്തേക്ക് തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യം തള്ളിക്കളയുകയും ചെയ്തു. ബിജെപി നേതാവ് എല്‍ കെ അദ്വാനി ലോക്സഭയില്‍ അവതരിപ്പിച്ച അടിയന്തരപ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയവെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

വിലക്കയറ്റത്തിന് പകരം കള്ളപ്പണവിഷയത്തില്‍ അടിയന്തരപ്രമേയം വേണമെന്ന് ആവശ്യപ്പെട്ട ബിജെപിയാകട്ടെ പ്രണബിന്റെ മറുപടിയില്‍ സംതൃപ്തരായി പ്രമേയം വോട്ടിനിടാന്‍പോലും ആവശ്യപ്പെട്ടില്ല. കള്ളപ്പണം സംബന്ധിച്ച് ധവളപത്രം ഇറക്കുമെന്ന് പ്രണബ്മറുപടിയില്‍ പ്രഖ്യാപിച്ചു. ശബ്ദവോട്ടോടെയാണ് അടിയന്തരപ്രമേയം ലോക്സഭ തള്ളിയത്. മുലായംസിങ് യാദവിന്റെ നേതൃത്വത്തില്‍ സമാജ്വാദി പാര്‍ടി അംഗങ്ങള്‍ വാക്കൗട്ട് നടത്തി. അന്താരാഷ്ട്ര കരാറിന്റെ ലംഘനമാകുമെന്നതിനാലാണ് ജര്‍മനിയിലെ ലീസെസ്റ്റര്‍ ബാങ്ക് നല്‍കിയ 16 പേരുകള്‍ പുറത്ത് പറയാത്തതെന്ന പതിവ് മറുപടിയാണ് പ്രണബ്മുഖര്‍ജി സഭയിലും നല്‍കിയത്. മാത്രമല്ല പേര് വെളിപ്പെടുത്തിയാല്‍ നിക്ഷേപകര്‍ പണം പിന്‍വലിക്കുമെന്നും മുഖര്‍ജി അറിയിച്ചു. സര്‍ക്കാരിന് ലഭിച്ച പേരുകളില്‍ പാര്‍ലമെന്റ് അംഗങ്ങള്‍ ആരുമില്ലെന്നും മുഖര്‍ജി വെളിപ്പെടുത്തി. സ്വിസ് ബാങ്കിലെ കള്ളപ്പണനിക്ഷേപം ദേശീയ സ്വത്തായി പ്രഖ്യാപിക്കാനാകില്ലെന്നും അദ്ദേഹം അറിയിച്ചു.

കള്ളപ്പണനിക്ഷേപകരുടെ പേരുകള്‍ വെളിപ്പെടുത്തണമെന്ന് ചര്‍ച്ചയ്ക്ക് തുടക്കംകുറിച്ച എല്‍ കെ അദ്വാനി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കള്ളപ്പണം തിരിച്ചുകൊണ്ടുവന്ന് രാഷ്ട്രവികസനത്തിനായി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 25 ലക്ഷം കോടി രൂപയുടെ കള്ളപ്പണമാണ് വിദേശബാങ്കുകളില്‍ ഉള്ളതെന്നും ഇത് കണ്ടെത്തി തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞാല്‍ ആറ് ലക്ഷം ഗ്രാമങ്ങളില്‍ വികസനം ഉറപ്പാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ അടിയന്തരപ്രമേയം അംഗീകരിക്കേണ്ടിവന്നതുതന്നെ സര്‍ക്കാരിന്റെ പരാജയമാണെന്നും അദ്വാനി കൂട്ടിച്ചേര്‍ത്തു.

നികുതിവെട്ടിപ്പിലൂടെയുള്ള കള്ളപ്പണത്തെ കുറിച്ച് മാത്രമാണ് സര്‍ക്കാര്‍ പറയുന്നതെന്നും അഴിമതിയിലൂടെ നേടുന്ന കള്ളപ്പണത്തെക്കുറിച്ച് സര്‍ക്കാര്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് സിപിഐ എമ്മിലെ ബസുദേവ് ആചാര്യ ചോദിച്ചു. എന്‍ഡിഎ സര്‍ക്കാര്‍ അനുവദിച്ച മൗറീഷ്യസ് പാതയാണ് കള്ളപ്പണത്തിന്റെ പ്രധാന സ്രോതസ്സെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കള്ളപ്പണം കണ്ടെത്തി രാജ്യത്തേക്ക് തിരിച്ചുകൊണ്ടുവരുന്നതില്‍ സര്‍ക്കാരിന്റെ നടപടിയില്ലായ്മ ബോധപൂര്‍വമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കള്ളപ്പണം പിടിച്ചെടുക്കാനായാല്‍ 50 കോടി ദരിദ്രര്‍ക്ക് ഭക്ഷണം നല്‍കാന്‍ കഴിയുമെന്ന് എസ്പിയിലെ മുലായംസിങ് യാദവ് പറഞ്ഞു. മനീഷ് തിവാരി, ശശി തരൂര്‍ തുടങ്ങിയ കോണ്‍ഗ്രസ് എംപിമാര്‍ യുപിഎ സര്‍ക്കാര്‍ കള്ളപ്പണം കണ്ടെത്താനും തിരികെ കൊണ്ടുവരാനും ശ്രമിക്കുകയാണെന്ന് പറഞ്ഞു.

deshabhimani 151211

Saturday, November 5, 2011

കള്ളപ്പണക്കാരനായ യുഡിഎഫ് എംപി ആരെന്നു പറയണം: എം വി ഗോവിന്ദന്‍

സ്വിസ് ബാങ്കില്‍ കള്ളപ്പണമുള്ള യുഡിഎഫ് എംപി ആരാണെന്നു വെളിപ്പെടുത്തണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ ഊഹാപോഹങ്ങള്‍ പ്രചരിക്കും. ശശി തരൂര്‍മുതല്‍ കേന്ദ്രമന്ത്രി കെ വി തോമസ് വരെയുള്ളരുടെ പേരുകള്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്- അദ്ദേഹം പറഞ്ഞു. സിപിഐ എം ദേശീയപ്രക്ഷോഭത്തിന്റെ ഭാഗമായി പാര്‍ടി എറണാകുളം ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ടെലിഫോണ്‍ എക്സ്ചേഞ്ച് ഉപരോധം ഉദ്ഘാടനംചെയ്യുകയായിരുന്നു എം വി ഗോവിന്ദന്‍ .

രാജ്യത്തെ സമ്പത്ത് കൊള്ളയടിച്ച് വിദേശബാങ്കുകളില്‍ നിക്ഷേപിച്ച ഒരാളെപ്പോലും പിടിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. സുപ്രീം കോടതി പറഞ്ഞിട്ടും ഇവര്‍ക്കെതിരെ നടപടിയെടുക്കുന്നില്ല. ഈ പണം ഇന്ത്യയില്‍ വികസനത്തിനു ചെലവഴിച്ചാല്‍ രാജ്യത്ത് 15 ശതമാനം വളര്‍ച്ചനിരക്ക് ഉണ്ടാകും. അഴിമതി നടത്തുന്ന പണം എത്രയാണൈന്ന് എണ്ണിത്തിട്ടപ്പെടുത്താന്‍പോലും കഴിയുന്നില്ലെന്നാണ് സിഎജി പറയുന്നത്. രാജ്യത്ത് അഴിമതി അത്രയും ഭീകരമായി. ഒരുകൊല്ലത്തിനുള്ളില്‍ ഒരുലിറ്റര്‍ പെട്രോളിന് നൂറുരൂപ കൊടുക്കേണ്ടിവരും. വില ഇപ്പോള്‍ പൊള്ളുകയല്ല ഷോക്കടിപ്പിക്കുകയാണ്. റെയില്‍വേ ചരക്കുകൂലി 15 ശതമാനം വര്‍ധിപ്പിച്ചു. പാചകവാതകത്തിന്റെ സബ്സിഡി എടുത്തുകളയാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. സബ്സിഡി ഒഴിവാക്കുന്നതോടെ സിലിന്‍ഡര്‍ ഒന്നിന് ആയിരം രൂപ നല്‍കേണ്ടിവരും.

പാര്‍ടി ലീഡറുടെ സംസ്കാരച്ചടങ്ങിനെക്കാള്‍ കേരള കോണ്‍ഗ്രസ് (ജേക്കബ്) പ്രാധാന്യം നല്‍കിയത് മന്ത്രിയെ തീരുമാനിക്കാനാണെന്ന് ഗോവിന്ദന്‍ പറഞ്ഞു. ജേക്കബിന്റെ സംസ്കാരച്ചടങ്ങുകള്‍ തീരുമുമ്പ് നേതാക്കള്‍ ഉന്നതലയോഗത്തിനാണു പോയത്. ഇങ്ങനെ ഒരു ഉന്നതതലയോഗം ലോകത്തില്‍ കേട്ടിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പിറവത്ത് യുഡിഎഫിനു ലഭിക്കുമായിരുന്ന ഏറ്റവും നല്ല സ്ഥാനാര്‍ഥിയാണ് മത്സരിച്ചത്. എന്നിട്ടും 157 വോട്ടിനാണ് എല്‍ഡിഎഫ് പരാജയപ്പെട്ടത്. അധികാരത്തിലെത്തി അഞ്ചുമാസംകൊണ്ട് ഉമ്മന്‍ചാണ്ടിയും കൂട്ടരും ചെയ്തുകൂട്ടിയത് ജനങ്ങളുടെ മുമ്പിലുണ്ട്. പിറവം ഉപതെരഞ്ഞെടുപ്പില്‍ സിപിഐ എം ചിട്ടയായ സംഘടനാപ്രവര്‍ത്തനം നടത്തി മുന്നോട്ടുപോകും- അദ്ദേഹം പറഞ്ഞു.

ഡെന്‍മാര്‍ക്കിലും ഫിന്‍ലന്‍ഡിലും ഇന്ത്യക്കാര്‍ക്ക് നിക്ഷേപം

ന്യൂഡല്‍ഹി: സ്വിസ് ബാങ്കിലും മറ്റ് വിദേശ ബാങ്കുകളിലും ഇന്ത്യക്കാര്‍ക്ക് കള്ളപ്പണ നിക്ഷേപമുണ്ടെന്ന വാര്‍ത്തയ്ക്ക് പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി ഡെന്‍മാര്‍ക്കും ഫിന്‍ലന്‍ഡും രംഗത്ത്. ഇരുരാജ്യങ്ങളിലുമായി 2000 ഇന്ത്യക്കാര്‍ക്ക് അക്കൗണ്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാരിനെ രാജ്യങ്ങള്‍ അറിയിച്ചു. ഇന്ത്യക്കാര്‍ക്ക് വിദേശത്ത് കള്ളപ്പണ നിക്ഷേപമുണ്ടെന്നും എന്നാല്‍ അവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നുമുള്ള കേന്ദ്രത്തിന്റെ നിലപാട് വിവാദമായ സാഹചര്യത്തിലാണ് പുതിയ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. ഐടി വകുപ്പിലെ അന്വേഷണ ഏജന്‍സിയായ ഡിസിഐ ഇതുസംബന്ധിച്ച അന്വേഷണമാരംഭിച്ചിട്ടുണ്ട്. കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും വിദേശത്ത് അക്കൗണ്ടുള്ളതുകൊണ്ടാണ് ഇവരുടെ വിവരങ്ങള്‍ പുറത്തുവിടാത്തതെന്നുള്ള വാദം ശക്തമാണ്. ജനീവയിലെ എച്ച്എസ്ബിസി ബാങ്കില്‍ ഇന്ത്യക്കാര്‍ക്കുള്ള 700 അക്കൗണ്ടുകളെക്കുറിച്ചാണ് ഡിസിഐ ആദ്യം അന്വേഷിക്കുക. ആയിരക്കണക്കിന് കോടി രൂപയുടെ നിക്ഷേപമാണ് ജനീവയില്‍ ഇന്ത്യക്കാരുടെതായിട്ടുള്ളത്. ഇതില്‍ ഉന്നതരായ പലരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. ജനീവയിലെ അന്വേഷണം പൂര്‍ത്തിയായ ശേഷം ഡെന്‍മാര്‍ക്കിലെയും ഫിന്‍ലാന്റിലെയും അക്കൗണ്ടുകളെക്കുറിച്ച് ഡിസിഐ അന്വേഷിക്കും.

deshabhimani 051111

Thursday, November 3, 2011

കള്ളപ്പണം കാക്കുന്നത് കേന്ദ്രം; വെളുപ്പിക്കാനും ഒത്താശ

വിദേശബാങ്കുകളില്‍ ഇന്ത്യക്കാരുടെ അനധികൃതനിക്ഷേപം സുരക്ഷിതമായിരിക്കുന്നതും കള്ളപ്പണം വെള്ളപ്പണമാക്കുന്നതും കേന്ദ്രസര്‍ക്കാരിന്റെ ഒത്താശയോടെ. കള്ളപ്പണം തടയാനും സ്വിസ്ബാങ്ക് അക്കൗണ്ടുകള്‍ അന്വേഷിക്കാനും നടപടിയെടുക്കുമെന്നു പറയുന്ന കേന്ദ്രസര്‍ക്കാര്‍ മറുവശത്ത് ഇവരെ സംരക്ഷിക്കുന്നു എന്നത് 30 വര്‍ഷത്തെ സ്വിസ് അക്കൗണ്ട് ചരിത്രം.

രാഷ്ട്രീയനേതാക്കളും വന്‍ വ്യവസായികളും ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരും അടങ്ങുന്ന വന്‍ സംഘമാണ് നികുതിയടയ്ക്കാതെയും സ്രോതസ്സ് വെളിപ്പെടുത്താതെയും വിദേശബാങ്കുകളില്‍ പണമിടുന്നത്. വിദേശത്ത് ശേഖരിച്ച കള്ളപ്പണം വെള്ളപ്പണമാക്കാനുള്ള വെട്ടിപ്പ് കയറ്റുമതി കണക്കില്‍ നടത്തുന്ന തിരിമറിയിലൂടെയാണ് നടത്തുന്നത്. ഇതും കേന്ദ്രസര്‍ക്കാരിന്റെ അറിവോടെയാണ്. ഇന്ത്യക്കാരുടെ ഏഴര ലക്ഷം കോടി രൂപ വിവിധ വിദേശ ബാങ്കുകളിലായി നിക്ഷേപിച്ചിട്ടുണ്ടെന്നാണ് പുറത്തുവന്നിട്ടുള്ള കണക്ക്. ഇതില്‍ ഏറ്റവും കൂടുതലുള്ളത് സ്വിസ്ബാങ്കിലാണ്. ഇന്ത്യയുടെ വിദേശകടത്തിന്റെ 13 ഇരട്ടിയാണ് ഈ തുക. പ്രതിവര്‍ഷം 80,000 പേര്‍ സ്വിറ്റ്സര്‍ലന്‍ഡിലേക്ക് യാത്ര ചെയ്യുന്നു. ഇതില്‍ 25 ശതമാനം പേര്‍ തുടര്‍ച്ചയായി യാത്ര ചെയ്യുന്നവര്‍ . രണ്ടു വിഭാഗത്തിലും കൂടുതല്‍ ഇന്ത്യക്കാര്‍ . സുപ്രീംകോടതി രംഗത്തുവന്നശേഷമാണ് നിക്ഷേപമുള്ള ഇന്ത്യക്കാരുടെ പേരുവിവരം കൈമാറണമെന്ന് സ്വിറ്റ്സര്‍ലന്‍ഡുള്‍പ്പെടെയുള്ള രാജ്യങ്ങളോട് ഇന്ത്യ ആവശ്യപ്പെട്ടത്. ഇതാകട്ടെ നിക്ഷേപകരുടെ താല്‍പ്പര്യം സംരക്ഷിക്കുന്ന കരാര്‍ അംഗീകരിച്ചും. മലയാളി ഉള്‍പ്പടെ മൂന്ന് എംപിമാര്‍ക്ക് സ്വിസ് അക്കൗണ്ടുണ്ടെന്ന് വാര്‍ത്ത വന്നതിനെത്തുടര്‍ന്ന് ധനമന്ത്രി പ്രണബ്മുഖര്‍ജി പേര്വെളിപ്പെടുത്തില്ലെന്നു പറഞ്ഞതും ഈ കരാര്‍ പ്രകാരം.

കള്ളപ്പണം നിരന്തരമായി വാര്‍ത്തയാകുന്നതും അന്താരാഷ്ട്ര തലത്തില്‍ കള്ളപ്പണം കണ്ടെത്താന്‍ ശ്രമം നടക്കുന്നതുംമൂലം ഇവ വെളുപ്പിക്കാന്‍ അതിവേഗം ശ്രമം നടക്കുകയാണ്. ഖനനം, ഓഹരി വിപണി, മരുന്ന് ലോബികളാണ് കയറ്റുമതിയില്‍ കള്ളക്കണക്കുണ്ടാക്കി കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിക്കുന്നത്. ഇതിന് ഉപയോഗിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങളും. 2010-11ല്‍ കയറ്റുമതിയില്‍ 79 ശതമാനം വര്‍ധനയുണ്ടായത് ഇതുകൊണ്ടാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ചെമ്പ് ഉപകരണങ്ങളുടെ കയറ്റുമതി നാലിരട്ടി വര്‍ധിച്ചെന്ന കണക്ക് വ്യവസായമേഖലയെ ഞെട്ടിച്ചിരിക്കയാണ്. ഇത്രയും ചെമ്പ് കയറ്റുമതിചെയ്യാനുള്ള ശേഷി ഇന്ത്യക്കില്ല. ഇല്ലാത്ത കയറ്റുമതി കാണിച്ച് കള്ളപ്പണം വെളുപ്പിക്കുന്നതിന് ഉദാഹരണമാണിത്. സ്വിസ്ബാങ്ക് അക്കൗണ്ടില്‍ ഏറ്റവും കൂടുതലുള്ളത് ഇന്ത്യക്കാര്‍ക്കാണ് എന്ന് സ്വിസ് ബാങ്കിങ് അസോസിയേഷന്‍ പുറത്തുവിട്ട കണക്കില്‍ നേരത്തെ വ്യക്തമായിരുന്നു. രാജ്യത്ത് ജിഡിപിയുടെ 40 ശതമാനം വരുന്നത്ര തുക വിദേശത്ത് അനധികൃത നിക്ഷേപത്തിലാണ്.
(ദിനേശ്വര്‍മ)

deshabhimani 031111

Wednesday, November 2, 2011

സ്വിസ് ബാങ്കില്‍ മലയാളി എംപിക്കും കള്ളപ്പണ നിക്ഷേപം

ഒരു മലയാളി അടക്കം മൂന്ന് എംപിമാര്‍ക്ക് സ്വിസ്ബാങ്കില്‍ കോടികളുടെ അനധികൃത സമ്പാദ്യമുണ്ടെന്ന് സ്ഥിരീകരിച്ചു. സ്വിസ്ബാങ്കില്‍ കള്ളപ്പണം നിക്ഷേപിച്ച ഇന്ത്യക്കാര്‍ക്ക് കേന്ദ്ര വരുമാന നികുതി വിഭാഗത്തിന്റെ കുറ്റാന്വേഷണ വിഭാഗം നോട്ടീസ് അയച്ചുതുടങ്ങി. ആര്‍ക്കൊക്കെ നോട്ടീസ് അയച്ചെന്ന് വെളിപ്പെടുത്താനാകില്ലെന്ന് ധനമന്ത്രി പ്രണബ്മുഖര്‍ജി പറഞ്ഞു.

പട്ടികയിലുള്ള മലയാളി കള്ളപ്പണക്കാരന്‍ കോടീശ്വരനായ യുഡിഎഫ് എംപിയാണെന്നറിയുന്നു. ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് മറ്റ് എംപിമാര്‍ . ഒരു എംപി ക്ക് 200 കോടി രൂപയിലധികം നിക്ഷേപമുണ്ട്. കേരളത്തിലെ രാഷ്ട്രീയനേതാവിന് സ്വിസ് ബാങ്കില്‍ അക്കൗണ്ടുള്ളതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇപ്പോള്‍ ഇത് ഒരു എംപിയാണെന്ന് വ്യക്തമായി. മുംബൈയിലെ ഉന്നത വ്യവസായി അടക്കം നിരവധി ബിസിനസുകാരും രാഷ്ട്രീയനേതാക്കളും പട്ടികയിലുണ്ട്.

ഒട്ടേറെ ഇന്ത്യക്കാര്‍ക്ക് ജനീവയിലെ എച്ച്എസ്ബിസി ബാങ്കില്‍ 700 അക്കൗണ്ടുകളിലായി 800 കോടി രൂപയുടെ കള്ളപ്പണ നിക്ഷേപമുണ്ടെന്നും വരുമാന നികുതി വകുപ്പ് കണ്ടെത്തി. രണ്ടുമാസമായി നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്. ഇതില്‍ , 300 അക്കൗണ്ടുകളിലെ നിക്ഷേപമെത്രയെന്ന് കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ , കള്ളപ്പണം വിദേശബാങ്കില്‍ നിക്ഷേപിച്ചവരുടെ എണ്ണം ഇതിലും കൂടുമെന്ന് ഉദ്യോഗസ്ഥര്‍ കണക്കുകൂട്ടുന്നു. കള്ളപ്പണക്കാരെ പിടികൂടാന്‍ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്ന് സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ആദായനികുതി വകുപ്പ് കുറ്റാന്വേഷണ വിഭാഗം രൂപീകരിച്ചത്.

വിദേശബാങ്കില്‍ അക്കൗണ്ടുള്ള എംപിമാര്‍ക്കടക്കം നോട്ടീസയച്ചെന്നും വരുമാന നികുതി ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടെന്നും ചൊവ്വാഴ്ച മാധ്യമ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ , നോട്ടീസ് അയക്കുകയോ ആരോടെങ്കിലും ഹാജരാകാന്‍ ആവശ്യപ്പെടുകയോ ചെയ്തില്ലെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സ് (സിബിഡിടി) പ്രതികരിച്ചു. വിദേശബാങ്കുകളില്‍ അക്കൗണ്ടുള്ള ഇന്ത്യക്കാരുടെ പട്ടിക തയ്യാറാക്കി നോട്ടീസ് അയക്കാന്‍ നടപടി തുടങ്ങിയിട്ടേയുള്ളുവെന്നും സിബിഡിടി വക്താവ് വാര്‍ത്താ ഏജന്‍സിയോട് വെളിപ്പെടുത്തി.

എന്നാല്‍ , വിദേശത്തു നിന്ന് ലഭിച്ച വിവരമനുസരിച്ച് സ്വിസ്ബാങ്കില്‍ സമ്പാദ്യമുള്ള വ്യക്തികള്‍ക്ക് നോട്ടീസ് അയച്ചു തുടങ്ങിയെന്ന് പ്രണബ് മുഖര്‍ജി മാധ്യമങ്ങളെ അറിയിച്ചു. ഇവരുടെ പേര് വെളിപ്പെടുത്താനോ എംപിമാരുണ്ടെന്ന് സ്ഥിരീകരിക്കാനോ മന്ത്രി തയ്യാറായില്ല. പ്രോസിക്യൂഷന്‍ നടപടി പൂര്‍ത്തിയായാല്‍ മാത്രമേ പേര് വിവരങ്ങള്‍ പുറത്തുവിടാനാകൂ. ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആണ് അന്വേഷണം നടത്തുന്നത്. കൃത്യമായ വിവരം ലഭിച്ചാല്‍ ഉടന്‍ കോടതിക്ക് കൈമാറും. നിലവിലുള്ള കരാര്‍ പ്രകാരം അതിനു ശേഷമേ പേര് വെളിപ്പെടുത്താനാകൂ- പ്രണബ് പറഞ്ഞു. സംശയകരമായ അക്കൗണ്ടുകളിലൂടെ ധനകൈമാറ്റം നടത്തിയ ഇന്ത്യയില്‍നിന്നുള്ള 9,900 കേസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ വിവിധ രാജ്യങ്ങളില്‍നിന്നായി കേന്ദ്രസര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്.
(ദിനേശ്വര്‍മ)

ആരാണ് ആ എംപി?

കേരളത്തിലെ യുഡിഎഫ് എംപിമാരില്‍ ഏറ്റവും അധികം ആസ്തിയുള്ളത് ശശി തരൂരിന്. 2009ല്‍ തിരുവനന്തപുരത്തുനിന്ന് ലോക്സഭയിലേക്ക് മത്സരിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് കമീഷന് തരൂര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ മൊത്തം 20,363,6267 രൂപയുടെ ആസ്തികാണിച്ചിട്ടുണ്ട്. ബാധ്യത ഇല്ല. ആസ്തിയുടെ കാര്യത്തില്‍ രണ്ടാംസ്ഥാനത്ത് തൃശൂര്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ പി സി ചാക്കോ. മൊത്തം 1,63,35,679 രൂപ. ബാധ്യതയില്ലാതെയാണിത്. എറണാകുളം എംപിയും കേന്ദ്രഭക്ഷ്യ- പൊതുവിതരണ സഹമന്ത്രിയുമായ കെ വി തോമസാണ് മൂന്നാമത്. മൊത്തം ആസ്തി 1,50,41,664 രൂപ. 18,69,263 രൂപയുടെ ബാധ്യതയും കാണിച്ചിട്ടുണ്ട്. ഒരുകോടിയോളം ആസ്തിയുള്ള ജോസ് കെ മാണി തൊട്ടുപിന്നിലുണ്ട്. 96,51,729 രൂപ. കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ ഇ അഹമ്മദിന്റെ ആസ്തി 38, 87,709 രൂപയാണ്. കണ്ണൂര്‍ എംപി കെ സുധാകരന്‍ , ഊര്‍ജ സഹമന്ത്രി കെ സി വേണുഗോപാല്‍ , എംപി പി ടി തോമസ്, എംപി കെ പി ധനപാലന്‍ തുടങ്ങിയവരും ലക്ഷാധിപതികളാണ്.

deshabhimani 021111

Monday, August 8, 2011

സ്വിസ് ബാങ്കിലെ 700 ഇന്ത്യന്‍ നിക്ഷേപകരുടെ വിവരം പുറത്ത്

ന്യൂഡല്‍ഹി: സ്വിറ്റ്സര്‍ലന്‍ഡില്‍ ബാങ്ക് അക്കൗണ്ടുള്ള 700 ഇന്ത്യക്കാരുടെ നിക്ഷേപവിവരങ്ങള്‍ കൂടി കേന്ദ്രസര്‍ക്കാരിന് ലഭിച്ചു. ജനീവയിലെ എച്ച്എസ്ബിസി ബാങ്കില്‍ നിക്ഷേപമുള്ള 700 ഇന്ത്യക്കാരുടെ വിശദാംശങ്ങള്‍ ഫ്രഞ്ച് സര്‍ക്കാരാണ് ഇന്ത്യക്ക് കൈമാറിയത്. ഇവര്‍ നികുതിവെട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് കേന്ദ്രസര്‍ക്കാര്‍ അന്വേഷണം തുടങ്ങി. നേരത്തെ ലീച്ചന്‍സ്റ്റീനിലെ എല്‍ജിടി ബാങ്കില്‍ അക്കൗണ്ടുള്ള 18 ഇന്ത്യന്‍ നിക്ഷേപകരുടെ പേരുവിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിന് ലഭിച്ചിരുന്നു. ഇവരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടില്ലെങ്കിലും മനോരമ കുടുംബാംഗം അടക്കമുള്ളവരുടെ പേരുകള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. എല്‍ജിടി ബാങ്കിലെ ഇന്ത്യന്‍ നിക്ഷേപകരില്‍ നികുതിവെട്ടിപ്പ് നടത്തിയെന്ന് ബോധ്യപ്പെട്ട 15 പേര്‍ക്കെതിരെ നടപടികള്‍ ആരംഭിച്ചെന്ന് പിന്നീട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സത്യവാങ്മൂലത്തിലൂടെ അറിയിച്ചു. കള്ളപ്പണ നിക്ഷേപകരെ കണ്ടെത്തുന്നതില്‍ സര്‍ക്കാരിന് ആത്മാര്‍ഥതയില്ലെന്ന് കുറ്റപ്പെടുത്തിയ സുപ്രീംകോടതി കള്ളപ്പണനിക്ഷേപകരുടെ പേരുവിവരങ്ങള്‍ സര്‍ക്കാര്‍ പരസ്യപ്പെടുത്താത്തതിനെ വിമര്‍ശിക്കുകയുംചെയ്തു. എച്ച്എസ്ബിസിയിലെ 700 ഇന്ത്യന്‍ നിക്ഷേപകരിലും വന്‍തോക്കുകളുണ്ടെന്നാണ് സൂചന. ഇവരുടെ വിശദാംശങ്ങളും രഹസ്യമാക്കി വയ്ക്കാനാണ് ധനമന്ത്രാലയത്തിന്റെ തീരുമാനം.

ഇതാദ്യമായാണ് വിദേശബാങ്കില്‍ നിക്ഷേപമുള്ള ഇത്രയധികം പേരുടെ വിശദാംശങ്ങള്‍ സര്‍ക്കാരിന് കിട്ടുന്നത്. എച്ച്എസ്ബിസി ബാങ്കിലെ ഒരു മുന്‍ജീവനക്കാരന്‍ 2008ല്‍ മോഷ്ടിച്ച രേഖകളില്‍നിന്നാണ് നിക്ഷേപകരുടെ വിവരങ്ങള്‍ പുറത്തായത്. നിക്ഷേപകരുടെ വിവരങ്ങള്‍ ബാങ്ക് ജീവനക്കാരന്‍ ഫ്രഞ്ച് സര്‍ക്കാരിന് കൈമാറുകയായിരുന്നു. ഈ രേഖകള്‍ വച്ച് ഫ്രാന്‍സ്, ബ്രിട്ടന്‍ , സ്പെയിന്‍ , ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ നേരത്തെ അന്വേഷണങ്ങള്‍ നടത്തിയിരുന്നു. നിക്ഷേപകരുടെ വിവരങ്ങള്‍ കിട്ടാന്‍ ഇന്ത്യ താല്‍പ്പര്യം കാട്ടാതിരുന്നതാണ് ഫ്രാന്‍സ് പട്ടിക കൈമാറാന്‍ വൈകിയത്. പിന്നീട് ഇന്ത്യ ആവശ്യപ്പെടാതെ തന്നെ ഫ്രാന്‍സ് വിവരങ്ങള്‍ കൈമാറുകയായിരുന്നു. നിക്ഷേപകന്റെ പേര്, പാസ്പോര്‍ട്ട് നമ്പര്‍ , വിലാസം എന്നീ വിവരങ്ങളാണ് ഫ്രാന്‍സ് കൈമാറിയ രേഖയിലുള്ളത്. ഇന്ത്യയിലെ പല വന്‍ബിസിനസുകാരും കോര്‍പറേറ്റ് ഉടമകളും പട്ടികയിലുണ്ടെന്നാണ് കേന്ദ്ര പ്രത്യക്ഷ നികുതിബോര്‍ഡ് (സിബിഡിടി) വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നികുതിവെട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നതിന് ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലായി പ്രത്യേക സംഘങ്ങള്‍ക്ക് രൂപംനല്‍കി നിരീക്ഷണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. എല്‍ജിടി ബാങ്കില്‍ ചെറിയ തുകകളുടെ നിക്ഷേപങ്ങളായിരുന്നു കൂടുതലുമെങ്കില്‍ എച്ച്എസ്ബിസിയില്‍ ഇന്ത്യാക്കാരുടേതായി വന്‍നിക്ഷേപമാണുള്ളത്.

deshabhimani 080811

Monday, July 25, 2011

സ്വിസ് ബാങ്കുകളില്‍ ഇന്ത്യന്‍ നിക്ഷേപം 11,000 കോടി

ജനീവ: സ്വിറ്റ്സര്‍ലന്‍ഡ് ബാങ്കുകളില്‍ ഇന്ത്യക്കാര്‍ക്ക് 11,000 കോടി രൂപ നിക്ഷേപമുള്ളതായി സ്വിസ് ബാങ്ക് അധികൃതര്‍ വെളിപ്പെടുത്തി. ആദ്യമായാണ് ഇവിടെ ഇന്ത്യക്കാര്‍ നടത്തിയ നിക്ഷേപത്തെക്കുറിച്ച് വെളിപ്പെടുത്തുന്നത്. സ്വിസ്ബാങ്കുകളിലെ കള്ളപ്പണനിക്ഷേപത്തെക്കുറിച്ച് ഇന്ത്യയില്‍ പ്രതിഷേധം വ്യാപകമാകുന്നതിനിടെ മറ്റ് സുരക്ഷിതസ്ഥലങ്ങളിലേക്ക് നിക്ഷേപം മാറ്റുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയിലെ വ്യക്തികളുടെയും സാമ്പത്തികസ്ഥാപനങ്ങളുടെയും വന്‍കിട കമ്പനികളുടെയും നിക്ഷേപമാണ് ഇവിടെയുള്ളത്. ഇതിന്റെ വിശദാംശം വെളിപ്പെടുത്താന്‍ കേന്ദ്രബാങ്ക് തയ്യാറായില്ല. വിവാദത്തെതുടര്‍ന്ന് കഴിഞ്ഞമൂന്നുവര്‍ഷത്തിനിടെ അയ്യായിരംകോടിയോളം രൂപ ഇന്ത്യക്കാര്‍ സ്വിസ് ബാങ്കുകളില്‍നിന്ന് മാറ്റിയിട്ടുണ്ടെന്ന് കേന്ദ്രബാങ്കിന്റെ കണക്കുകള്‍ പറയുന്നു. മധ്യപൂര്‍വേഷ്യ, സിംഗപ്പൂര്‍ , മൗറീഷ്യസ് എന്നിവിടങ്ങളിലേക്കാണ് നിക്ഷേപം മാറ്റുന്നത്.

deshabhimani 250711

Wednesday, January 26, 2011

കള്ളപ്പണം തടയാന്‍ അഞ്ചിന തന്ത്രം

വിദേശബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ച ഇന്ത്യക്കാരുടെ വിവരം പുറത്തുവിടാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതിനുള്ള നിയമപരമായ ചട്ടക്കൂട് ഇന്ത്യയില്‍ ഇല്ലെന്നുംധനമന്ത്രി പ്രണബ് മുഖര്‍ജി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കള്ളപ്പണം സംബന്ധിച്ച വ്യക്തമായ കണക്കും സര്‍ക്കാരിന്റെ കൈവശമില്ല. 462 ബില്യ അമേരിക്കന്‍ ഡോളര്‍ (21 ലക്ഷം കോടി രൂപ) കള്ളപ്പണമുണ്ടെന്നാണ് ഏകദേശ കണക്ക്. കള്ളപ്പണ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ വിവരങ്ങള്‍ പുറത്തുവിടണമെന്ന് സുപ്രീംകോടതിയും സിപിഐ എം ഉള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ടികളും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് പ്രണബ് മുഖര്‍ജി പത്രസമ്മേളനം നടത്തിയത്.

കള്ളപ്പണം സംബന്ധിച്ച് സര്‍ക്കാരിന് ഒന്നും ഒളിച്ചുവയ്ക്കാനില്ലെന്നു പറഞ്ഞ് തുടങ്ങിയ മുഖര്‍ജിയുടെ പത്രസമ്മേളനം ഒരു വിവരവും പുറത്തുവിടാനാകില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുകയാണുണ്ടായത്. വിദേശരാജ്യങ്ങളില്‍നിന്നു ലഭിക്കുന്ന കള്ളപ്പണത്തിന്റെ വിവരം പുറത്തുവിടുന്നതിന് തടസ്സങ്ങളുണ്ട്. തരുന്ന വിവരങ്ങള്‍ പുറത്തുവിടില്ലെന്ന ഉറപ്പിലാണ് അവ ലഭിക്കുന്നത്. ഇന്നത് പുറത്തുവിട്ടാല്‍ നാളെ മറ്റു രാജ്യങ്ങള്‍ വിരങ്ങള്‍ നല്‍കാതാകും. അന്താരാഷ്ട്ര പ്രതിബദ്ധത മാനിക്കുന്നില്ലെന്ന ആരോപണം ഉയരും- മുഖര്‍ജി പറഞ്ഞു. കള്ളപ്പണം സംബന്ധിച്ച വിവരങ്ങള്‍ സീല്‍ചെയ്ത കവറില്‍ പിന്നീട് കോടതിയെ ധരിപ്പിക്കും. ആദായനികുതി വിഭാഗം കുറ്റവിചാരണ ആരംഭിക്കുമ്പോള്‍ കള്ളപ്പണക്കാരുടെ വിവരം ജനങ്ങള്‍ക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കള്ളപ്പണത്തിന്റെ വ്യക്തമായ കണക്കും സര്‍ക്കാരിന്റെ കൈവശമില്ലെന്ന് മുഖര്‍ജി അറിയിച്ചു.

ബിജെപിയുടെ കര്‍മസമിതി 2009ല്‍ പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് 50,000- 1,50,000 കോടി ഡോളറിനിടയിലാണ് രാജ്യത്തുനിന്ന് പുറത്തേക്കൊഴുകിയ കള്ളപ്പണം. എന്നാല്‍, ഗ്ളോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റി റിപ്പോര്‍ട്ടനുസരിച്ച് ഏകദേശം 21 ലക്ഷം കോടി രൂപയാണ് കള്ളപ്പണം. യഥാര്‍ഥ കണക്ക് തയ്യാറാക്കാന്‍ ബഹുതലസമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. മൂന്ന് ഏജന്‍സി ഉള്‍പ്പെടുന്നതാണ് സമിതി. കള്ളപ്പണം തടയാന്‍ അഞ്ചിന തന്ത്രത്തിനും സര്‍ക്കാര്‍ രൂപം നല്‍കി. സാര്‍വദേശീയ രാജ്യങ്ങള്‍ കള്ളപ്പണത്തിനെതിരെ നടത്തുന്ന പോരാട്ടത്തിന്റെ ഭാഗഭാക്കാവുക, നിയമചട്ടക്കൂട് ഉണ്ടാക്കുക, കള്ളപ്പണം തടയാനാവശ്യമായ സംവിധാനം സൃഷ്ടിക്കുക, ഇവ നടപ്പാക്കാനുള്ള സംവിധാനം വികസിപ്പിക്കുക, ഫലപ്രദമായ നടപടി കൈക്കൊള്ളാനുള്ള വൈദഗ്ധ്യം നേടുക എന്നിവയാണിവ.

കള്ളപ്പണ നിക്ഷേപകരുടെ വിവരം കൈമാറാന്‍ ഇരട്ടനികുതി ഒഴിവാക്കുന്ന കരാറില്‍ ഭേദഗതിവരുത്താനായി 80 രാജ്യവുമായി ബന്ധപ്പെട്ടിട്ടുണ്ട്. പത്ത് രാജ്യവുമായി ചര്‍ച്ച പൂര്‍ത്തിയായി. സ്വറ്റ്സര്‍ലന്‍ഡ് ഉള്‍പ്പെടെ 13 രാജ്യവുമായി കരാര്‍ ഭേദഗതിക്ക് ധാരണയായി. എന്നാല്‍, സ്വിസ് പാര്‍ലമെന്റ് കരാറിന് അംഗീകാരം നല്‍കിയാല്‍ മാത്രമേ കള്ളപ്പണം സംബന്ധിച്ച വിരങ്ങള്‍ ലഭിക്കൂ. ബഹാമാസ്, സെന്റ് കീറ്റ്സ് തുടങ്ങി 10 രാജ്യവുമായി നികുതി വിവരങ്ങള്‍ പരസ്പരം കൈമാറുന്ന കരാറിലും ഒപ്പുവച്ചു. സിംഗപ്പുര്‍, മലേഷ്യ ഉള്‍പ്പെടെ എട്ട് രാജ്യത്ത് ആദായനികുതി ഓഫീസും തുറന്നിട്ടുണ്ട്. 36 ഉദ്യോഗസ്ഥരെ വിദേശത്തേക്കയച്ച് വിദേശ നികുതിവിഭാഗത്തെ ശക്തിപ്പെടുത്തി. ഇതിന്റെയൊക്കെ ഫലമായി കഴിഞ്ഞ 18 മാസത്തിനകം 15,000 കോടി രൂപയുടെ കള്ളപ്പണം കണ്ടെത്താന്‍ കഴിഞ്ഞു. 34,601 കോടി രൂപയുടെ നികുതി പിരിച്ചെടുത്തു. കണക്കില്‍പ്പെടാത്ത 48,784 കോടി രൂപ കണ്ടെത്താനും അതിന്റെ നികുതി ഈടാക്കാനും കഴിഞ്ഞു. പ്രത്യക്ഷ നികുതി ചട്ടം നിലവില്‍ വരുന്നതോടെ കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുമെന്നും മുഖര്‍ജി അറിയിച്ചു.
(വി ബി പരമേശ്വരന്‍)

ദേശാഭിമാനി 260111

Tuesday, January 25, 2011

കള്ളപ്പണം: പേര് വെളിപ്പെടുത്തില്ല

സ്വിസ് ബാങ്കില്‍ കോടികള്‍ നിക്ഷേപിച്ചവരുടെ പേരുകള്‍ വെളിപ്പെടുത്തില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സുപ്രിംകോടതിയും പ്രതിപക്ഷവും ആവശ്യപ്പെട്ടിട്ടും നിലപാട് മാറ്റില്ലെന്നാണ് ചൊവ്വാഴ്ച കേന്ദ്ര ധനമന്ത്രി പ്രണബ്കുമാര്‍ മുഖര്‍ജി നല്‍കിയ സൂചന. കണക്കില്‍പെടാതെ വിദേശത്ത് സൂക്ഷിച്ചിരിക്കുന്ന പണം തിരികെ കൊണ്ടുവരാന്‍ എല്ലാ ശ്രമവും നടത്തുമെന്ന് പതിവു പല്ലവി ആവര്‍ത്തിച്ച മുഖര്‍ജി, പേര് വെളിപ്പെടുത്താതിരിക്കാന്‍ പറഞ്ഞ ന്യായീകരണം സ്വിറ്റ്സര്‍ലണ്ടുമായുുള്ള കരാര്‍ ലംഘനമാകും അതെന്നാണ്. നിയമത്തിന്റെ ചട്ടക്കൂടില്ലാതെ പേര് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം തുടര്‍ന്നു.

കള്ളപ്പണം പുറത്തേക്ക് ഒഴുകുന്നത് തടയാന്‍ നിയന്ത്രണം കൊണ്ടുവരുമെന്നും നികുതിചട്ടക്കൂട് കര്‍ശനമാക്കുമെന്നും മുഖര്‍ജി പറഞ്ഞു. സര്‍ക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ല. സര്‍ക്കാരിന് ലഭിച്ച പേരുകള്‍ കോടതിക്കു നല്‍കിയിട്ടുണ്ട്. അത് പക്ഷേ പരസ്യമാക്കില്ല. ഇന്ത്യക്കും പുറത്തുമായി ഇന്ത്യക്കാര്‍ക്കുള്ള മൊത്തം കള്ളപ്പണത്തെക്കുറിച്ച് സര്‍ക്കാരിന് കൃത്യമായ വിവരമില്ല. 22,94140 കോടിക്കും 64,23590 കോടിക്കുമിടക്ക് കള്ളപ്പണമുണ്ടാകുമെന്നാണ് ഏകദേശ കണക്കെന്ന് അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി വാര്‍ത്ത

Monday, January 17, 2011

2,000 പ്രമുഖരുടെ സ്വിസ് ബാങ്ക് നിക്ഷേപ വിവരങ്ങളുമായി വിക്കിലീക്ക്‌സ്

ലണ്ടന്‍ : ലോകത്തെ 2,000 പ്രമുഖരുടെ സ്വിസ് ബാങ്കുകളിലെ രഹസ്യ നിക്ഷേപങ്ങളുടെ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് വിക്കിലീക്ക്‌സ്. മുന്‍ സ്വിസ് ബാങ്കറില്‍ നിന്നാണ് വിക്കിലീക്ക്‌സിന് ഈ വിവരം ലഭിച്ചതെന്ന് ഉടമ ജൂലിയന്‍ അസാഞ്ചെ വെളിപ്പെടുത്തി.

ലണ്ടനില്‍ നടത്തിയ പത്രസമ്മേളനത്തില്‍ വിക്കിലീക്ക്‌സ് പ്രതിനിധി റുഡോള്‍ഫ് എല്‍മെര്‍  2,000 പ്രമുഖരുടെ സ്വിസ് ബാങ്ക് നിക്ഷേപങ്ങളുടെ വിവരങ്ങള്‍ അടങ്ങിയതെന്ന് അവകാശപ്പെടുന്ന രണ്ട് ഡിസ്‌കുകള്‍ ഉയര്‍ത്തിക്കാണിക്കുകയുണ്ടായി. എന്നാല്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ ഇതുവരെയും വിക്കിലീക്ക്‌സ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടില്ല.

തികച്ചും വിശ്വാസ്യയോഗ്യമാണ് രേഖകളെന്ന് ബോധ്യപ്പെട്ടതിന് ശേഷം മാത്രമാണ് ഇത് പുറത്തുവിടാന്‍ തീരുമാനിച്ചതെന്ന് അസാഞ്ചെ വെളിപ്പെടുത്തി. ബാങ്കിംഗ് രഹസ്യാന്വേഷണ നിയമങ്ങള്‍ ലംഘിച്ചതിന് റുഡോള്‍ഫ് എല്‍മെറിനെതിരെയുളള വിചാരണ സ്വിറ്റ്‌സര്‍ലന്‍ഡിലെ കോടതിയില്‍ നാളെ ആരംഭിക്കാനിരിക്കെയാണ് വിക്കിലീക്ക്‌സിന്റെ പുതിയ നീക്കം. സ്വിസ് ബാങ്കായ ജൂലിയസ് ബെയറില്‍ നിന്നുളള വിവരങ്ങളാണ് ഡിസ്‌കില്‍ അടങ്ങിയിരിക്കുന്നതെന്ന് കരുതപ്പെടുന്നെങ്കിലും ഉളളടക്കം ഏതു രീതിയാലാണെന്നതിനെക്കുറിച്ച് യാതൊരു വ്യക്തതയും ഇതുവരെ കൈവന്നിട്ടില്ല. രാഷ്ട്രീയ അധികാരം ദുരുപയോഗപ്പെടുത്തി സമ്പാദിച്ച പണം സുരക്ഷിതമായി സൂക്ഷിച്ചവരാണ് പട്ടികയിലുളളവരില്‍ ഏറെയുമെന്ന് സൂചനകളുണ്ട്. അതോടൊപ്പം തന്നെ അന്താരാഷ്ട്ര കമ്പനികളുടെ മേധാവികള്‍, സാമ്പത്തിക സ്ഥാപനങ്ങള്‍, പലരാജ്യങ്ങളില്‍ നിന്നുളള അതിസമ്പന്നര്‍ എന്നിവര്‍ പട്ടികയില്‍ ഉള്‍പ്പെടുന്നു. 1990 മുതല്‍ 2009 വരെയുളള ഇടപാടുകളുടെ വിവരമാണ് പുറത്തുവിടാന്‍ പോകുന്ന്. അമേരിക്ക, ബ്രിട്ടന്‍ ,ജര്‍മനി എന്നീ രാജ്യങ്ങളിലേക്കായിരിക്കും രേഖകള്‍  ഭൂരിഭാഗവും  വിരല്‍ചൂണ്ടുന്നതെങ്കിലും ഏഷ്യയിലെ ചില രാഷ്ട്രീയ നേതാക്കളും വ്യവസായികളും പട്ടികയിലുള്‍പ്പെടുമെന്ന് സൂചനകളുളളതായി സ്വിസ് ദിനപത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ലൈംഗിക പീഡനക്കേസിലുള്‍പ്പെടുത്തി ലണ്ടനില്‍ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന അസാഞ്ചെ അമേരിക്കന്‍ ബാങ്കുകളെക്കുറിച്ചുളള രഹസ്യരേഖകള്‍ പുറത്തുവിടുമെന്നാണ് നേരത്തേ പ്രഖ്യാപിച്ചിരുന്നതെങ്കിലും ലോകത്തെ വമ്പന്‍മാരുടെ ഉറക്കം കെടുത്താന്‍ പോകുന്ന സ്വിസ്ബാങ്ക് രേഖകളാണ്  ഏതാനും മണിക്കൂറുകള്‍ക്കുളളില്‍ പുറത്ത് വരുമെന്ന് കരുതപ്പെടുന്നത്.

ജനയുഗം 180111

Sunday, April 5, 2009

94,55,000 കോടി രൂപയുടെ വെട്ടിപ്പ്

ഈ കഴിഞ്ഞ മാസം 2006-മാര്‍ച്ച് 31 വരെയുളള സ്വിസ് ബാങ്കുകളിലെ വിദേശ പൌരന്മാരുടെ അക്കൌണ്ടുകളില്‍ നിക്ഷേപിച്ചിരിക്കുന്ന പണത്തിന്റെ കണക്ക് പ്രസിദ്ധീകരിക്കപ്പെട്ടു... ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ള അഞ്ച് സ്ഥാനങ്ങളില്‍ ഒന്നാമത് ഇന്ത്യയാണ്. 1456 ബില്യന്‍ ഡോളര്‍.. എന്നാല്‍ 2008 നവംബറിലെ കണക്കനുസരിച്ച് ഇത് 1891 ബില്ല്യന്‍ ഡോളറാണത്രെ!
ഈ സംഖ്യ രൂപയിലാക്കിയാല്‍ എത്രയാണ്? ആദ്യമതിന്, നമുക്കീ സംഖ്യ എത്രകോടി ഡോളറുണ്ടന്ന് നോക്കാം.. 1891 X 100 = 1,89,100 കോടി ഡോളര്‍.. ഒരു കോടി ഡോളര്‍ എന്നാല്‍ 50 കോടി രൂപ.. 100 കോടി ഡോളര്‍ = ഒരു ബില്യന്‍ = 500 കോടി രൂപ.. 1,89,100X 50 = 94,55,000 കോടി രൂപാ.. എന്നുവെച്ചാല്‍ 9,45,50,00,00,00,000 രൂപ. തൊണ്ണൂറ്റി നാലു ലക്ഷത്തി അമ്പത്തി അയ്യായിരം കോടി രൂപ.

ഈ തുക 5% പലിശക്ക് നിക്ഷേപിച്ചാല്‍ കിട്ടുന്ന വാര്‍ഷിക പലിശ നമ്മുടെ ദേശീയ ബജറ്റിനെ കവച്ചുവയ്ക്കും.. ഇന്ത്യയിലെ അതിസമ്പന്ന രാഷ്ട്രീയക്കാരും ബ്യൂറോക്രാറ്റുകളും കണക്കില്‍പെടാതെ സമാഹരിച്ച പണമാണിത്.. കണക്കുള്ള എത്ര സമ്പത്താണ് വ്യവസായ രാഷ്ട്രീയ ഉദ്യോഗസ്ഥ പ്രഭുക്കള്‍ വേറെ സമാഹരിച്ചിരിക്കുന്നതെന്ന് ഊഹിക്കാം.. എവിടുന്നാണ് ഈ പണമൊക്കെ..? ആഗോള മൂലധന പ്രഭുക്കള്‍ക്ക് രാഷ്ട്രം വീതിച്ചുകൊടുക്കുന്നതിന് വാങ്ങിക്കൂട്ടിയ കൈക്കൂലി മുതല്‍, ഇന്ത്യയുടെ പ്രകൃതിവിഭവങ്ങളും പൊതുമുതലും വിദേശികള്‍ക്ക് മേയാന്‍ അനുവദിക്കുന്നതിന് അവര്‍ നല്‍കുന്ന കൈമടക്കും, കമ്മീഷനും വരെ ഇതിലുണ്ടാവാം.. കഴിഞ്ഞ ഒന്നര വ്യാഴവട്ടമായി ഇന്ത്യാരാജ്യത്ത് 'സര്‍വ്വസമ്മത'മായി അരങ്ങുതകര്‍ക്കുന്ന ഉദാരവല്‍ക്കരണത്തിന്റെ ഉല്‍പ്പന്നമാണത്. 115 കോടി മനുഷ്യരുള്ള ഒരു മഹാരാജ്യം കുത്തകള്‍ക്കും വിറ്റുപെറുക്കിയതിന്റെ 'അറ്റാദായം' എന്നുപറയാം...

ഇന്ത്യക്ക് പിറകില്‍ റഷ്യാക്കാരുടെ സമ്പാദ്യമാണ് കൂടുതല്‍.. ഇന്ത്യന്‍ സമ്പന്നരുടെ സമ്പാദ്യത്തിന്റെ 1/3 മാത്രമെ അവര്‍ക്കുള്ളൂ.. അഞ്ച് സ്ഥാനങ്ങളില്‍ ഇന്ത്യയൊഴിച്ചെല്ലാവരും ചേര്‍ന്നാല്‍ 1173 ബില്യന്‍ ഡോളറേവരുന്നുള്ളൂ..

സ്വിസ് ബാങ്ക് സമ്പാദ്യവും ഇന്ത്യയിലെ 100 കോടി മനുഷ്യരുടെ ജീവിതവും തമ്മില്‍ എന്താണ് ബന്ധമെന്ന് നമുക്ക് ഈ തെരഞ്ഞെടുപ്പ് വേളയിലെങ്കിലും ഒന്നാലോചിക്കാവുന്നതാണ്..

ഇടതുപക്ഷം വളരെക്കാലമായി ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഒന്നാണ് ഈ പണം തിരിച്ചു പിടിയ്ക്കണമെന്ന്. പ്രകാശ് കാരാട്ട് എഴുതിയ ലേഖനം കൂടി വായിക്കാം....

കള്ളപ്പണം തിരികെ പിടിക്കണം

നികുതി വെട്ടിക്കാന്‍ സ്വിസ് ബാങ്കുകളിലും ഇതര രഹസ്യഅക്കൌണ്ടുകളിലും നിക്ഷേപിച്ചിരിക്കുന്ന പണം തിരിച്ചുകൊണ്ടുവരാന്‍ നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് സിപിഐ എം ആവശ്യപ്പെട്ടുവരികയാണ്. രാജ്യത്തുനിന്ന് അനധികൃതമായി കടത്തിക്കൊണ്ടുപോയ പണത്തിന്റെ അളവിന് കൃത്യമായ രേഖയില്ലെങ്കിലും ഇന്ത്യക്കാരുടെ ഇത്തരം നിക്ഷേപങ്ങള്‍ ശതകോടി ഡോളര്‍ വരും.

ഇതുവരെ നികുതി വെട്ടിപ്പുകാര്‍ സ്വിറ്റ്സര്‍ലന്‍ഡിലെയും ലിഷന്‍സ്റ്റീനിലെയും കാനറി ദ്വീപുകളിലെയും ബാങ്കുകളില്‍ നടത്തുന്ന നിക്ഷേപങ്ങളുടെ വിശദാംശങ്ങള്‍ അറിയുന്നത് അസാധ്യമായിരുന്നു. ഇത്രയുംകാലം വികസ്വരരാജ്യങ്ങളില്‍നിന്നും സമ്പത്ത് വികസിതരാജ്യങ്ങളിലേക്ക് കടത്താനുള്ള ഉപാധി എന്ന നിലയില്‍ ഇത്തരം നികുതിവെട്ടിപ്പ് നിക്ഷേപങ്ങളെ പാശ്ചാത്യ ഗവണ്‍മെന്റുകള്‍ പ്രോത്സാഹിപ്പിച്ചിരുന്നു. ദരിദ്രരാജ്യങ്ങളിലെ ഭരണവര്‍ഗത്തിനും അഴിമതിക്കാരായ ഭരണാധികാരികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വന്‍കിട വ്യവസായികള്‍ക്കും സമ്പന്നര്‍ക്കും അവര്‍ കൊള്ളയടിക്കുന്ന സ്വത്ത് ലോകത്തെ വിവിധ രഹസ്യഅക്കൌണ്ടുകളില്‍ നിക്ഷേപിക്കാന്‍ പ്രോത്സാഹനം നല്‍കിയിരുന്നു.

പക്ഷേ, ആഗോളസാമ്പത്തിക പ്രതിസന്ധിയും ധനതകര്‍ച്ചയും വന്നതോടെ അമേരിക്കയും ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളും വിഭവങ്ങള്‍ക്കുവേണ്ടി അലയുകയും നികുതി വെട്ടിച്ച് രഹസ്യഅക്കൌണ്ടുകളില്‍ പണം നിക്ഷേപിച്ചിട്ടുള്ള തങ്ങളുടെ പൌരന്മാരോട് അവയെല്ലാം നിര്‍ബന്ധമായി തിരിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെടുകയുംചെയ്യുന്നു. സാമ്പത്തികപ്രതിസന്ധി രൂക്ഷമായതോടെ അനധികൃതമായി കടത്തിക്കൊണ്ടുപോയ പണമെല്ലാം തിരിച്ചുകൊണ്ടുവരണമെന്ന കടുത്ത നിലപാടിലാണ്് ഈ സര്‍ക്കാരുകള്‍.

രണ്ട് സംഭവവികാസങ്ങളില്‍നിന്ന് മാറിയ മനോഭാവം വ്യക്തമാണ്. ഏറ്റവും വലിയ സ്വിസ് ബാങ്കായ യുബിഎസില്‍നിന്ന് അവിടെ അമേരിക്കക്കാര്‍ നടത്തിയിട്ടുള്ള രഹസ്യനിക്ഷേപങ്ങളുടെ വിവരങ്ങള്‍ ലഭ്യമാക്കുന്നതില്‍ യുഎസ് സര്‍ക്കാര്‍ വിജയിച്ചു. രഹസ്യങ്ങള്‍ വെളിപ്പെടുത്താന്‍ നിര്‍ബന്ധിതമായ യുബിഎസ് തങ്ങളുടെ തെറ്റ് ഏറ്റുപറഞ്ഞു. അനധികൃതമായി പണം സൂക്ഷിച്ചതിന് അവര്‍ വന്‍പിഴ നല്‍കുകയുംചെയ്തു. സ്വിസ് ബാങ്കുകളുടെ രഹസ്യസ്വഭാവത്തില്‍ വന്ന ആദ്യത്തെ വലിയ വിള്ളലാണിത്.

യൂറോപ്യന്‍ യൂണിയനിലെ ധനമന്ത്രിമാര്‍ തങ്ങളുടെ രാജ്യങ്ങളിലെ നികുതി വെട്ടിപ്പുകാര്‍ നടത്തിയിട്ടുള്ള രഹസ്യനിക്ഷേപങ്ങളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ സ്വിസ് ബാങ്കുകളോട് ആവശ്യപ്പെട്ടതാണ് രണ്ടാമത്തെ സംഭവവികാസം. ഇക്കാര്യം പരിഗണിക്കാമെന്ന് സ്വിസ് ഗവണ്‍മെന്റ് സമ്മതിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ്, രാജ്യത്തുനിന്ന് അനധികൃതമായി കടത്തിയ പണം തിരിച്ചുകൊണ്ടുവരുന്നതിനുള്ള നടപടികളുടെ ആദ്യഘട്ടമായി, ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ശേഖരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. സിപിഐ എമ്മിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലും ഇക്കാര്യം പറയുന്നു: 'കള്ളപ്പണം പിടിച്ചെടുക്കാന്‍ നടപടി ആരംഭിക്കുക, പ്രത്യേകിച്ച് സ്വിസ് ബാങ്കുകളില്‍ ഉള്‍പ്പടെയുള്ള വിദേശത്തെ നിക്ഷേപങ്ങള്‍'

ഇപ്പോള്‍ ബിജെപി നേതാവ് എല്‍ കെ അദ്വാനി ഇതേ ആവശ്യം ഉയര്‍ത്തിയിരിക്കുന്നു.

രാജ്യത്തുനിന്ന് കടത്തിയ അനധികൃതസ്വത്ത് തിരിച്ചുകൊണ്ടുവരേണ്ടതിന്റെ പ്രാധാന്യം ശക്തമായി പറയേണ്ടതുണ്ട്. 1980കളില്‍ ബൊഫോഴ്സ് വിവാദം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ രാജ്യം സ്വിസ് ബാങ്കുകളിലെ 'ലോട്ടസ്', 'ടുളിക്ക്', 'മോണ്ട് ബ്ളാങ്ക്' തുടങ്ങിയ രഹസ്യഅക്കൌണ്ടുകളെപ്പറ്റി കേട്ടു.

ഇന്ത്യയില്‍നിന്നുള്ള മൂലധനനീക്കത്തിന് നിയന്ത്രണം നിലനിന്നിരുന്നതിനാല്‍ 1990കളുടെ ആദ്യംവരെ വിദേശത്തെ ബാങ്കുകളില്‍ ഉണ്ടായിരുന്ന പണത്തിന്റെ ഏറിയപങ്കും അനധികൃതമായി കടത്തിയതായിരുന്നു. വിദേശ ഇടപാടുകളില്‍ മന്ത്രിമാരും ഉദ്യോഗസ്ഥര്‍ക്കും ലഭിച്ച കോഴ, വന്‍കിട വ്യവസായികളുടെയും കോര്‍പറേറ്റുകളുടെയും കള്ളപ്പണം, മറ്റു അനധികൃത സമ്പാദ്യങ്ങള്‍ തുടങ്ങിയവ വിദേശങ്ങളിലെ രഹസ്യ ബാങ്ക് അക്കൌണ്ടുകളിലെത്തി.

ഉദാരവല്‍ക്കരണത്തിനും മൌറീഷ്യസ് റൂട്ട് പോലുള്ള നികുതിരഹിത പാതകളുടെ സ്ഥാപനത്തിനുംശേഷം വിദേശത്തേക്കുള്ള മൂലധനപ്രവാഹം പതിന്മടങ്ങായി വര്‍ധിച്ചു. മൂലധനത്തിനുമേലുള്ള എല്ലാ നിയന്ത്രണവും നീക്കാനും രാജ്യത്തിനുള്ളിലേക്കും പുറത്തേക്കും മൂലധനത്തിന്റെ സമ്പൂര്‍ണവിനിമയം സാധ്യമാക്കാനും വേണ്ടിയാണ് മന്‍മോഹന്‍സര്‍ക്കാര്‍ നിലകൊള്ളുന്നത്. ഇത് രാജ്യത്തുനിന്ന് സമ്പത്ത് മുഴുവന്‍ ചോര്‍ന്നുപോകുന്ന സ്ഥിതി സൃഷ്ടിക്കും.

രാജ്യത്തിന്റെ സ്വത്ത് കൊള്ളയടിക്കുന്നതിന് അറുതി വരുത്തണം. ഇതിനായി ധനപ്രവാഹത്തിനു കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുകയും മൂലധനനിക്ഷേപ വിനിമയം തടയുകയും ചെയ്യണം. ഇരട്ടനികുതി ഒഴിവാക്കല്‍ കരാര്‍ പ്രകാരമുള്ള മൌറീഷ്യസ് റൂട്ട് അവസാനിപ്പിക്കണം. പ്രമുഖ നികുതിവെട്ടിപ്പുകാരുടെ പട്ടിക കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കുകയും സ്വിസ് ബാങ്കുകളോടും മറ്റു രഹസ്യ പണമിടപാട് സ്ഥാപനങ്ങളോടും നിക്ഷേപകരുടെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആവശ്യപ്പെടുകയുംചെയ്യണം.

ഇതിനു മന്‍മോഹന്‍സര്‍ക്കാര്‍ തയ്യാറാകുമോ എന്ന് വ്യക്തമല്ല. കോണ്‍ഗ്രസ് ഭരണകാലത്ത് ലക്ഷക്കണക്കിന് ഡോളര്‍ രാജ്യത്തിന്റെ പുറത്തേക്ക് കടത്തി. പ്രതിരോധഇടപാടുകളിലെ കോഴയും കമീഷനുകളുമാണ് ഇതില്‍ പ്രധാനം. പതിനായിരം കോടി ഡോളറിന്റെ ഇസ്രയേല്‍ മിസൈല്‍ ഇടപാടില്‍ 600 കോടി രൂപ 'ബിസിനസ് ചാര്‍ജ്' എന്ന നിലയില്‍ ഇടനിലക്കാര്‍ക്ക് കമീഷന്‍ നല്‍കിയതായി ഈയിടെ വെളിപ്പെട്ടു. ഓഹരിവിപണിയിലെ കയറ്റങ്ങളുടെ സമയത്ത് കൊള്ളലാഭംകൊയ്യുന്ന വന്‍കിടക്കാര്‍ ഈ പണം മൌറീഷ്യസില്‍ കമ്പനികള്‍ രജിസ്റ്റര്‍ചെയ്ത് അവിടേക്ക് മാറ്റുകയും ഇന്ത്യയില്‍ നികുതി നല്‍കുന്നതില്‍നിന്ന് ഒഴിവാകുകയും ചെയ്യുന്നു.

ഇത്തരത്തിലുള്ള ശതകോടി ഡോളര്‍ രാജ്യത്തിന്റെ സാമ്പത്തികവികസനത്തിനും വിദ്യാഭ്യാസ-ആരോഗ്യസംവിധാനങ്ങള്‍ ഒരുക്കാനും ലഭ്യമാക്കിയാല്‍ ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ കഴിയും. വന്‍കിട ബിസിനസുകാരും അഴിമതിക്കാരായ രാഷ്ട്രീയനേതാക്കളും ഉദ്യോഗസ്ഥരും തമ്മിലുള്ള ഈ അവിശുദ്ധബന്ധത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ ഇന്ത്യയിലെ ഒരു സര്‍ക്കാരും തയ്യാറായിട്ടില്ല. അനധികൃതമായി കടത്തിയ ഭാരിച്ച സ്വത്ത് രാജ്യത്ത് തിരിച്ചുകൊണ്ടുവരുന്നതിനായി, ഇക്കാര്യം ആവശ്യപ്പെട്ട് ജനങ്ങളുടെ വന്‍പ്രസ്ഥാനം ഉയര്‍ന്നുവരണം.

പി.എ.ജി ബുള്ളറ്റിന്‍, ദേശാഭിമാനി