Showing posts with label കുട്ടനാട് പാക്കേജ്. Show all posts
Showing posts with label കുട്ടനാട് പാക്കേജ്. Show all posts

Saturday, March 15, 2014

കുട്ടനാട് പാക്കേജ് ഇഴയുന്നു

കുട്ടനാടിന്റെ നവോത്ഥാന പദ്ധതിയായ കുട്ടനാട് പാക്കേജ് പ്രവര്‍ത്തനം മന്ദഗതിയില്‍. നെല്ല്, മത്സ്യ, മൃഗ സംരക്ഷണ മേഖലകളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി 2008ലാണ് കുട്ടനാട് പാക്കേജ് ജന്മമെടുത്തത്. തുടക്കത്തില്‍ ചില പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും ഇപ്പോള്‍ പാടേ നിലച്ച മട്ടാണ്. പദ്ധതി പ്രദേശങ്ങളിലെ മൂന്നു ലോക്സഭാ മണ്ഡലങ്ങളിലെയും പ്രതിനിധികള്‍ കേന്ദ്ര പദ്ധതിയായ കുട്ടനാട് പാക്കേജ് നടപ്പാക്കാന്‍ ഒരു ശ്രമവും നടത്തിയില്ല. കേന്ദ്ര സഹമന്ത്രിമാരായ മാവേലിക്കരയിലെ കൊടിക്കുന്നില്‍ സുരേഷ്, ആലപ്പുഴയിലെ കെ സി വേണുഗോപാല്‍, കോട്ടയം എംപിയായ ജോസ് കെ മാണി എന്നിവര്‍ കുട്ടനാട് പാക്കേജിനോടും കര്‍ഷകരോടും കാട്ടിയ കടുത്ത അവഗണനയാണ് പദ്ധതി വഴിമുട്ടാന്‍ കാരണം.

ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി 64 പഞ്ചായത്തുകളിലെ പ്രദേശങ്ങളാണ് പദ്ധതിക്കു കീഴില്‍ വരുന്നത്. ആലപ്പുഴയില്‍ 64ഉം കോട്ടയത്ത് 27ഉം പത്തനംതിട്ടയില്‍ അഞ്ചും പഞ്ചായത്തുകളുണ്ട്. ഇതുവരെ 287 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളേ നടപ്പായുള്ളു. കഴിഞ്ഞ വര്‍ഷം പദ്ധതിക്കായി കേന്ദ്രം ഒരു രൂപപോലും നല്‍കിയില്ല. 2014 ജനുവരിയില്‍ ഇറങ്ങിയ തല്‍സ്ഥിതി റിപ്പോര്‍ട്ട് അനുസരിച്ച് 2,513 കോടി രൂപയുടെ പദ്ധതി പ്രവര്‍ത്തനം മുടങ്ങിക്കിടക്കുകയാണ്. തണ്ണീര്‍മുക്കം ബണ്ട്, തോട്ടപ്പള്ളി സ്പില്‍വേ എന്നിവയുടെ നവീകരണത്തിന് 268 കോടി രൂപ അനുവദിച്ചെങ്കിലും പണി നടന്നില്ല. 1967ല്‍ 60,921 ഹെക്ടര്‍ നെല്‍കൃഷിയുണ്ടായിരുന്ന കുട്ടനാട്ടില്‍ 2013 ലെത്തിയപ്പോള്‍ 35,000 ഹെക്ടറായി കുറഞ്ഞു. നെല്ല് ഉല്‍പ്പാദനത്തില്‍ കുട്ടനാടിന്റെ വിഹിതം 1967ല്‍ 37 ശതമാനമായിരുന്നെങ്കില്‍ ഇപ്പോള്‍ 15 ശതമാനത്തിലെത്തി. ഈ രീതി തുടര്‍ന്നാല്‍ 2020 ആകുമ്പോള്‍ കുട്ടനാട് നെല്‍കൃഷി ഭൂപടത്തില്‍ നിന്ന് അപ്രത്യക്ഷമാകും. പ്ര

ത്യേക കാര്‍ഷിക മേഖലയായി കുട്ടനാടിനെ സംരക്ഷിക്കണമെന്ന റിപ്പോര്‍ട്ടിലെ ശുപാര്‍ശ നടപ്പായില്ല. തണ്ണീര്‍മുക്കം ബണ്ട് പൊളിച്ചുപണിത് യഥാസമയം തുറക്കുകയും അടയ്ക്കുകയും ചെയ്യുകയെന്നത് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു. കുട്ടനാടന്‍ പാടശേഖരത്തിലേക്ക് പമ്പയിലൂടെ ഒഴുകിയെത്തുന്ന മാലിന്യങ്ങള്‍ ഇല്ലാതാക്കാന്‍ കനാലുകളുടെ ആഴംകൂട്ടല്‍ പദ്ധതിയുടെ പ്രധാന ലക്ഷ്യമായിരുന്നു. ഇതിനായി പമ്പാ ആക്ഷന്‍ പ്ലാന്‍ നടപ്പാക്കാനായിരുന്നു നിര്‍ദേശം. കുട്ടനാടിന്റെ ജൈവവ്യവസ്ഥ നിലനിര്‍ത്തി കണ്ടല്‍കാടുകള്‍ ഉള്‍പ്പെടെ നട്ടുവളര്‍ത്തി ബണ്ട് നിര്‍മിക്കണമെന്നതും സാക്ഷാല്‍കരിച്ചില്ല. പകരം കോണ്‍ക്രീറ്റ് ബണ്ടുകളാണ് നിര്‍മിക്കുന്നത്. കുട്ടനാടിനെ രാജ്യത്തെ തന്നെ ഏറ്റവും വലിയ കാര്‍ഷിക കേന്ദ്രമാക്കാനാണ് പാക്കേജിന്റെ ലക്ഷ്യം. എന്നാല്‍ കേന്ദ്ര കൃഷി, ജലവിഭവ വകുപ്പുകളില്‍നിന്ന് തുക വാങ്ങിയെടുത്ത് പദ്ധതി തുടരാന്‍ കേന്ദ്ര മന്ത്രിമാരുള്‍പ്പെടെയുളള മൂന്ന് എംപിമാര്‍ക്കും കഴിഞ്ഞിട്ടില്ല

deshabhimani

Wednesday, October 16, 2013

കുട്ടനാട് പാക്കേജ്: കരാറുകാര്‍ വിട്ടുനില്‍ക്കുന്നു

കുട്ടനാട് പാക്കേജില്‍പ്പെടുത്തി ജലസേചന വകുപ്പ് ആവിഷ്കരിച്ച പ്രവൃത്തികള്‍ ഏറ്റെടുക്കുന്നതില്‍നിന്ന് കരാറുകാര്‍ വിട്ടുനില്‍ക്കുന്നു. കുട്ടനാട്ടിലെ 54 പാടശേഖരങ്ങളുടെ ബണ്ട് നിര്‍മാണം ഇതോടെ അനിശ്ചിതത്വത്തിലായി. ടെന്‍ഡര്‍ ക്ഷണിച്ചിട്ടും ഇതുവരെയും ആരും കരാര്‍ ഏറ്റെടുക്കാന്‍ മുന്നോട്ടുവന്നിട്ടില്ല. ഇതിനിടെ പ്രവൃത്തികള്‍ കര്‍ഷകരെക്കൊണ്ട് ഏറ്റെടുപ്പിക്കാന്‍ അധികൃതര്‍ ശ്രമം തുടങ്ങി. 84 പാടശേഖരങ്ങളുടെ ബണ്ട് നിര്‍മാണംകൂടി അടുത്ത ദിവസങ്ങളിലായി ടെന്‍ഡര്‍ ചെയ്യുമെന്ന് പാക്കേജ് ഇറിഗേഷന്‍ ഓഫീസ് അധികൃതര്‍ പറഞ്ഞു. രാമങ്കരി പഞ്ചായത്തില്‍ 14, നീലംപേരൂരില്‍ 25, കൈനകരിയില്‍ 4 പ്രവൃത്തികളാണ് ടെന്‍ഡര്‍ ചെയ്തത്. ഇ ടെന്‍ഡര്‍ ആയതിനാല്‍ ഓരോ ടെന്‍ഡറും അപ്ലോഡ് ചെയ്യാന്‍ ഒരു മണിക്കൂറിലേറെ വേണ്ടിവരും. ഇതിനാല്‍ തുടര്‍ പ്രവൃത്തികളുടെ ടെന്‍ഡര്‍ ക്ഷണിക്കുന്ന നടപടികളും അടുത്ത ദിവസങ്ങളില്‍ പൂര്‍ത്തിയാകും.

എന്നാല്‍ പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ കുട്ടനാടിന് പുറത്തുള്ള കരാറുകാര്‍ ആരും തയ്യാറാകുന്നില്ല. 390ലേറെ പാടശേഖരങ്ങളുടെ പുറംബണ്ട് നിര്‍മാണമാണ് രണ്ടാംഘട്ടമായി നടപ്പാക്കുന്നത്. നിലവില്‍ പൂര്‍ത്തീകരിച്ച പ്രവൃത്തികള്‍പോലും സാങ്കേതിക കുരുക്കില്‍ കുടുക്കി പണം അനുവദിക്കാത്തതിലും അസംസ്കൃത സാധനങ്ങള്‍ ലഭ്യമാക്കുന്നതില്‍ സര്‍ക്കാരും ജില്ലാ ഭരണകേന്ദ്രവും വരുത്തിയ വീഴ്ചയും ചൂണ്ടിക്കാട്ടിയാണ് കരാറുകാര്‍ പ്രവൃത്തികള്‍ ഏറ്റെടുക്കുന്നതില്‍നിന്ന് പിന്മാറുന്നത്. പ്രവൃത്തികള്‍ സംബന്ധിച്ച് പാക്കേജ് ഓഫീസില്‍നിന്ന് കരാറുകാരെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ആരും സന്നദ്ധത അറിയിച്ചില്ല.

പാടശേഖരങ്ങളുടെ ബണ്ട് നിര്‍മാണത്തിന് വന്‍തോതില്‍ കരിങ്കല്ലും ഗ്രാവലും ആവശ്യമാണ്. എന്നാല്‍ ഇവ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് കരാറുകാര്‍ പറയുന്നു. കരാറെടുക്കുന്നവരെ കുടുക്കിലാക്കുന്ന സ്ഥിതിയാണ് അധികൃതര്‍ സ്വീകരിക്കുന്നതെന്നും കരാറുകാര്‍ പറയുന്നു. ഒന്നാംഘട്ടമായി ഏറ്റെടുത്ത 16 പ്രവൃത്തികളില്‍ മൂന്നെണ്ണം പൂര്‍ണമായും ബാക്കിയുള്ളവ 95 ശതമാനവും പണി പൂര്‍ത്തിയാക്കി. എന്നാല്‍ പൂര്‍ത്തീകരിക്കപ്പെട്ട പ്രവൃത്തികളുടെപോലും പണം നല്‍കിയിട്ടില്ല. പ്രവൃത്തികള്‍ പരിശോധിച്ച് പൂര്‍ത്തീകരിക്കല്‍ രേഖ നല്‍കുന്നതിന് പാക്കേജ് ഓഫീസും കോട്ടയത്തെ രാജീവ്ഗാന്ധി എന്‍ജിനിയറിങ് കോളേജുമായി ധാരണാപത്രം ഉണ്ടാക്കിയിരുന്നു. ഇതനുസരിച്ച് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതാണ് പണം അനുവദിക്കാന്‍ തടസമെന്ന് പാക്കേജ് അധികൃതര്‍ പറഞ്ഞു. ഇതിനിടെ പ്രവൃത്തികള്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച് അധികൃതര്‍ പാടശേഖര സമിതികള്‍ക്ക് പ്രത്യേക അപേക്ഷാഫോറം തയ്യാറാക്കി വിതരണംചെയ്തു. പ്രവൃത്തി ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ച് ഇതിനകം ചില പാടശേഖര സമിതികള്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ നോമിനി വര്‍ക്കായി പ്രവൃത്തികള്‍ ഏറ്റെടുക്കുന്ന കര്‍ഷകര്‍ക്ക് എസ്റ്റിമേറ്റില്‍ അധികരിച്ച തുക ലഭിക്കില്ല. കൂടാതെ കരാറുകാര്‍ക്ക് നല്‍കുന്ന 10 ശതമാനം ലാഭവും ലഭിക്കില്ല. ഇത്തരം കാര്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടായാലേ പ്രവൃത്തികള്‍ ഏറ്റെടുക്കാനാകൂ എന്ന നിലപാടിലാണ് പാടശേഖര സമിതികള്‍.
(ജി അനില്‍കുമാര്‍)

deshabhimani

Tuesday, March 12, 2013

കെയ്കോ ഉദ്യോഗസ്ഥരെ ജയിലിലടയ്ക്കണം: സുധാകരന്‍


അമ്പലപ്പുഴ: കെയ്കോ വക കൊയ്ത്ത് യന്ത്രങ്ങള്‍ കൈയ്യടക്കിവച്ചിട്ടുള്ള ദല്ലാളന്മാരെയും ഒപ്പം കര്‍ഷകരെ ചൂഷണം ചെയ്യാന്‍ ഒത്താശചെയ്യുന്ന കെയ്കോ ഉദ്യോഗസ്ഥരെയും ജയിലിടയ്ക്കാന്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ മുന്‍കൈയെടുക്കണമെന്ന് ജി സുധാകാരന്‍ എംഎല്‍എ പറഞ്ഞു. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ നാലുപാടം പാടശേഖരത്തില്‍ റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്റ് ഫെസിലിറ്റി പദ്ധതിയുടെ സഹായത്തോടെ കര്‍ഷകര്‍ ആരംഭിക്കുന്ന വിത്ത് സംഭരണപ്പുരയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാടശേഖരസമിതികളുടെ ബൈലോ കര്‍ഷകര്‍ക്ക് ഗുണപ്രദമാകുന്നവിധത്തില്‍ തിരുത്തിയെഴുതേണ്ടകാലം അതിക്രമിച്ചു. 1800 കോടി രൂപയുടെ പ്രോജക്ടില്‍ തുടങ്ങിയ കുട്ടനാട് പാക്കേജ് ഇപ്പോള്‍ 4400 കോടിയിലെത്തി. എന്നിട്ടും കര്‍ഷകര്‍ക്ക് ഗുണമുള്ള ഒരുപ്രവര്‍ത്തനവും നാളിതുവരെ നടന്നില്ല. നെല്ലുകുത്തുമില്ലും സംഭരണകേന്ദ്രങ്ങളും പാടശേഖരങ്ങള്‍ക്ക് പുറംബണ്ടിലൂടെ റോഡുകളുമൊക്കെ പദ്ധതിയില്‍ വിഭാവനം ചെയ്യുന്നുണ്ടെങ്കിലും ഇവയൊന്നും നടപ്പിലാക്കാത്തതില്‍ മുഖ്യമന്ത്രിക്കുപോലും നിരാശയാണ്. കര്‍ഷകരുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ അവര്‍ ഒറ്റക്കെട്ടായി സമരരംഗത്തിറങ്ങണമെന്നും ജി സുധാകരന്‍ പറഞ്ഞു. വണ്ടാനം മുക്കയില്‍ ജങ്ഷന് സമീപം നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് വി ധ്യാനസുതന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ബിന്ദു ബൈജു, എന്‍ ശിശുപാലന്‍, പി എം ദീപ, എം ശ്രീകുമാരന്‍തമ്പി, എം എം പണിക്കര്‍, സി രാധാകൃഷ്ണന്‍, ജി മുകുന്ദന്‍പിള്ള, കൊട്ടാരം ഉണ്ണിക്കൃഷ്ണന്‍, മോഹന്‍ സി അറവുന്തറ, എന്‍ രാം, എസ് സജീവ്, എ പി ഗുരുലാല്‍ എന്നിവര്‍ സംസാരിച്ചു. കെ അനില്‍കുമാര്‍ സ്വാഗതം പറഞ്ഞു.

വിളനാശം: ലക്ഷങ്ങളുടെ നഷ്ടം

അമ്പലപ്പുഴ: കൊയ്ത്തുയന്ത്രം കിട്ടാത്തതിനെ തുടര്‍ന്ന് വിളനശിച്ച കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടം. 36 ഏക്കറില്‍ കൃഷിയിറക്കിയ തകഴിയിലെ പത്തുംപാടത്തെ നെല്ലാണ് യഥാസമയം കൊയ്തെടുക്കാന്‍ യന്ത്രം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് നശിക്കുന്നത്. ഇതുമൂലം വിതച്ച് 122 ദിവസം പിന്നിട്ട വിള കഴിഞ്ഞദിവസമുണ്ടായ വേനല്‍മഴയില്‍ വീണടിഞ്ഞു. ഏഴ് ഏക്കറിലെ നെല്ലാണ് നശിച്ചത്. ഏക്കറിന് ഇരുപതിനായിരം രൂപ ചെലവില്‍ നടത്തിയ കൃഷി മഴമൂലം നശിക്കുകയാണ്. 45 ഓളം കര്‍ഷകരുടെ മാസങ്ങള്‍നീണ്ട അധ്വാനമാണ് ഇപ്പോള്‍ ഇതിലൂടെ പാഴാകുന്നത്. രണ്ട് കൊയ്ത്തുയന്ത്രത്തിനായി അമ്പലപ്പുഴയിലെ സര്‍ക്കാര്‍ സ്ഥാപനമായ കെയ്ക്കോയില്‍ പണം അടച്ചിരുന്നതാണ്. എന്നാല്‍ ദിവസവും ഇവിടെവന്ന് യന്ത്രം ചോദിക്കുമ്പോള്‍ ഇല്ലെന്ന മറുപടിയാണ് ഉദ്യോഗസ്ഥരില്‍നിന്ന് ലഭിക്കുന്നത്. യന്ത്രം ലഭിക്കുമെന്ന പ്രതീക്ഷയില്‍ പാടശേഖരസമിതി ഭാരവാഹികള്‍ തൊഴിലാളികളെയും ഇറക്കിയിരുന്നില്ല. സ്വാധീനമുള്ള ഇടനിലക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കി യന്ത്രങ്ങള്‍ ഇവിടെനിന്ന് കൊണ്ടുപോകുകയാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. നെല്ല് നശിച്ചതിനെ തുടര്‍ന്ന് ഇപ്പോള്‍തന്നെ മൂന്നുലക്ഷം രൂപയോളം നഷ്ടം കര്‍ഷകര്‍ക്കുണ്ടായിക്കഴിഞ്ഞു. വേനല്‍മഴ ശക്തമാകുന്നതിനുമുമ്പ് ബാക്കി നെല്ലുംകൂടി കൊയ്തെടുത്തില്ലെങ്കില്‍ നഷ്ടം ഇനിയും വര്‍ധിക്കുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. അടിയന്തരമായി യന്ത്രം ലഭ്യമാക്കി കൊയ്ത്ത് സുഗമമാക്കാന്‍ അധികൃതര്‍ ഇടപെടണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

deshabhimani 120313

Saturday, October 20, 2012

കുട്ടനാട് പാക്കേജില്‍നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുന്നു


കുട്ടനാടിന്റെ പുനരുദ്ധാരണത്തിന് മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഡോ. എം എസ് സ്വാമിനാഥന്‍ രൂപംകൊടുത്ത കുട്ടനാട് പാക്കേജില്‍ നിന്ന് യുഡിഎഫ് സര്‍ക്കാര്‍ പിന്‍വാങ്ങുന്നു. പാക്കേജില്‍ കഴിഞ്ഞ ആറുമാസത്തിനിടയ്ക്ക് വിളിച്ച 69 ടെന്‍ഡറില്‍ ഒന്നിനുപോലും സര്‍ക്കാര്‍ അംഗീകാരം നല്‍കിയില്ല. പദ്ധതി കാലയളവ് തീരാന്‍ ഏഴുമാസം മാത്രം അവശേഷിക്കെ കേന്ദ്രം അനുവദിച്ച പണത്തിന്റെ പത്ത് ശതമാനം പോലും ചെലവഴിച്ചിട്ടില്ല. കേന്ദ്രം അംഗീകരിച്ച 1222.90 കോടിയുടെ വിവിധ പദ്ധതിയില്‍ 120 കോടി രൂപ മാത്രമാണ് ഇതുവരെ ചെലവഴിച്ചത്. ഇതില്‍ 90 ശതമാനവും ജലസേചന വകുപ്പ് നടത്തിയ കല്ലുകെട്ടും ചിറകള്‍ക്കുള്ള പൈല്‍ ആന്‍ഡ് സ്ലാബ് പദ്ധതിക്കുമാണ്്. അംഗീകാരം കിട്ടിയ പദ്ധതികള്‍ക്ക് സംസ്ഥാനസര്‍ക്കാരിന്റെ വിഹിതം നല്‍കാത്തതും പ്രതിസന്ധിക്കിടയാക്കുന്നു.

പദ്ധതി അടങ്കലിന്റെ 25 ശതമാനം സംസ്ഥാന സര്‍ക്കാരും 75 ശതമാനം കേന്ദ്രവുമാണ് വഹിക്കുക. എന്നാല്‍ പദ്ധതികള്‍ തയ്യാറാക്കുന്നതിലും അംഗീകാരം കിട്ടുന്നതിലും വരുന്ന കാലതാമസം മൂലം അടങ്കലിന്റെ 140 മുതല്‍ 160 ശതമാനം ഉയര്‍ന്ന തുകയ്ക്ക് മാത്രമേ കരാറുകാര്‍ ടെന്‍ഡര്‍ സ്വീകരിക്കുന്നുള്ളൂ. ഫലത്തില്‍ അടങ്കലിന്റെ 25 ശതമാനത്തിന് പുറമെ ടെന്‍ഡര്‍ ഉറപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന അധിക തുകയും സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തണം. ഇത് അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. അതിനാലാണ് കരാറുകാര്‍ ഇടയ്ക്ക്വച്ച് പണി നിര്‍ത്തിയത്. മേരിമാതാ കണ്‍സ്ട്രക്ഷന്‍സ് പോലുള്ള വന്‍കിട കമ്പനികള്‍ കരാര്‍ പിടിച്ച പണിപോലും നിലച്ചു. കഴിഞ്ഞ ആറുമാസത്തിനിടയ്ക്ക് ടെന്‍ഡര്‍ വിളിച്ച 450 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്‍കാത്തതും ഇതുകൊണ്ടു തന്നെ. പാക്കേജ് യഥാര്‍ഥ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കുന്നതായി നേരത്തെ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. പാക്കേജിനെ വെറും കല്ലുകെട്ടും പൈല്‍ ആന്‍ഡ് സ്ലാബ് നിര്‍മാണവുമായി ജലസേചന വകുപ്പ് ചുരുക്കി. തണ്ണീര്‍മുക്കം ബണ്ട് പുനരുദ്ധാരണം, തോട്ടപ്പള്ളി സ്പില്‍വെ ഷട്ടര്‍ മാറ്റല്‍ തുടങ്ങിയവ മുന്‍ഗണനാക്രമത്തില്‍ നിന്ന് തള്ളപ്പെട്ടു. ഇതിനിടെയാണ് സംസ്ഥാനസര്‍ക്കാര്‍ അധികബാധ്യത ഏറ്റെടുക്കാത്തതിനെ തുടര്‍ന്ന് പദ്ധതി തന്നെ നിലച്ചത്.

deshabhimani 201012

Wednesday, June 27, 2012

കുട്ടനാട് പാക്കേജിന് മുഖ്യമന്ത്രിയിട്ട ശിലാഫലകം ഉപേക്ഷിച്ച നിലയില്‍


കുട്ടനാട് പാക്കേജിന്റെ ഭാഗമായി കൊയ്ത്തുമെതിയന്ത്രങ്ങള്‍ സൂക്ഷിക്കുന്നതിന് കോഴായിലെ ജില്ലാകൃഷിത്തോട്ടത്തില്‍ ഗോഡൗണ്‍ നിര്‍മിക്കുന്നതിന് മുഖ്യമന്ത്രിയിട്ട ശില ഉപേക്ഷിച്ച നിലയില്‍. കുട്ടനാട് പാക്കേജില്‍ കാര്‍ഷികയന്ത്രവല്‍ക്കരണപദ്ധതിയുടെ ഭാഗമായുള്ള കസ്റ്റം ഹയറിങ് കം ട്രെയിനിങ് സെന്റര്‍ സ്ഥാപിക്കുന്നതിന് മാര്‍ച്ച് 11ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്ഥാപിച്ച ശിലാഫലകമാണ് ചടങ്ങുനടന്ന സ്ഥലത്തുതന്നെ അധികൃതര്‍ ഉപേക്ഷിച്ചത്.

ഗോഡൗണില്ലാത്തതിനാല്‍ ചാണ്ഡിഗഢില്‍നിന്നും ലക്ഷങ്ങള്‍ മുടക്കിവാങ്ങിയ 16 കൊയ്ത്തു-മെതിയന്ത്രങ്ങള്‍ വെയിലും മഴയുമേറ്റ് നശിച്ചു. ഗോഡൗണിനുള്ള 15 ശതമാനം എസ്റ്റിമേറ്റ് തുക വര്‍ധിപ്പിച്ച് 105 കോടിയായി വര്‍ധിപ്പിക്കുന്നതിനുള്ള ലേലം വിളികളാണ് സെക്രട്ടറിയറ്റില്‍ കൃഷിവകുപ്പ് ആസ്ഥാനത്ത് നടക്കുന്നത്. 60 മീറ്റര്‍ നീളത്തിലും ആറുമീറ്റര്‍ വീതിയിലും 94 ലക്ഷം രൂപ ചെലവഴിച്ച് മാസങ്ങള്‍ക്കുമുമ്പ് നിര്‍മിക്കേണ്ട ഗോഡൗണ്‍ നിര്‍മാണം വൈകിച്ചതിനു പിന്നില്‍ എസ്റ്റിമേറ്റ് തുക വര്‍ധിപ്പിച്ചെടുക്കുന്നതിനുള്ള ഗൂഢാലോചനയാണ് ഉള്ളതെന്നറിയുന്നു. ഡോ. എം എസ് സ്വാമിനാഥന്റെ മേല്‍നോട്ടത്തില്‍ നടപ്പാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള കുട്ടനാട് പാക്കേജിന്റെ കോഴായില്‍ നിന്നുള്ള ബാക്കിപത്രമാണിത്. പാക്കേജിന്റെ ഭാഗമായി കോട്ടയം-ആലപ്പുഴ-പത്തനംതിട്ട ജില്ലകളിലെ പാടശേഖരങ്ങളില്‍ കൊയ്ത്തിനുള്ള മെതിയന്ത്രങ്ങളും ട്രാക്ടറുകള്‍, പവര്‍ടില്ലറുകള്‍, പെട്ടി, പറ എന്നിവ സൂക്ഷിക്കുന്നതിനും പരിശീലനത്തിനും അറ്റകുറ്റപ്പണികള്‍ നിര്‍വഹിക്കുന്നതിനുമുള്ള വര്‍ക്ഷോപ്പാണ് കോഴായില്‍ ലക്ഷ്യമിട്ടിരുന്നത്. ഗോഡൗണില്ലാത്തതിനാല്‍ കാംകോ മുഖേന വാങ്ങിയ 10 ടില്ലറുകളും സംസ്ഥാന വിത്തുല്‍പ്പാദക കേന്ദ്രത്തില്‍ മഴയും വെയിലുമേറ്റ് തുരുമ്പെടുക്കുകയാണ്.

ഇവിടേക്ക് 100 മെതിയന്ത്രങ്ങളാണ് ചാണ്ഡിഗഢില്‍നിന്ന് വാങ്ങുന്നതിന് കരാറായത്. മെതിയന്ത്രം ഒന്നിന് 19,6000 രൂപയും ടില്ലര്‍ ഒന്നിന് ഒന്നരലക്ഷവുമാണ് വില. ഒരു ട്രക്കില്‍ രണ്ട് മെതിയന്ത്രങ്ങള്‍ വീതമാണ് ചാണ്ഡിഗഢില്‍നിന്നുമെത്തിക്കുന്നത്. ജില്ലാ കൃഷിത്തോട്ടത്തിലെ ബ്ലോക്കിലെ ഒന്നരയേക്കര്‍ സ്ഥലമാണ് ഗോഡൗണ്‍നിര്‍മാണത്തിന് ഫാമില്‍നിന്നുവിട്ടുനല്‍കിയത്. കാടുപിടിച്ചുകിടന്നിരുന്ന ഈ സ്ഥലത്തെ ഏഴ് തെങ്ങുകളും വൃക്ഷങ്ങളും വെട്ടിമാറ്റും. വൃക്ഷങ്ങള്‍ക്ക് ആദ്യം നമ്പറിട്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് വിലയിട്ട് ജില്ലാപഞ്ചായത്തിന്റെ ഉപസമിതിയുടെ അനുമതി നേടിയാണ് മുറിച്ചുമാറ്റേണ്ടത്. നടപടിക്രമങ്ങള്‍ക്ക് കാലതാമസമുണ്ടായി. കരാറുകാരനെ ബന്ധപ്പെട്ടപ്പോള്‍ ഫോണെടുക്കാന്‍ കൂട്ടാക്കിയില്ലെന്നും കൃഷിവകുപ്പില്‍നിന്ന് നോട്ടീസ് അയച്ചുവെങ്കിലും നോട്ടീസ് കൈപ്പറ്റാതെ മടങ്ങിവന്നുവെന്നുമൊക്കെയാണ് കൃഷിവകുപ്പ് അധികൃതര്‍ പറയുന്നത്. ടെന്‍ഡര്‍ നടത്തി അഞ്ചുമാസം കഴിഞ്ഞിട്ടും ഗോഡൗണ്‍ നിര്‍മാണത്തിന് അധികൃതര്‍ സ്ഥലം വിട്ടുനല്‍കാത്തതാണ് പണിതുടങ്ങാന്‍ വൈകിച്ചതെന്നാണ് കരാറുകാരന്‍ പറയുന്നത്. എസ്റ്റിമേറ്റ് തുക 15 ശതമാനമെങ്കിലും വര്‍ധിപ്പിക്കാതെ ഗോഡൗണ്‍ നിര്‍മാണം ആരംഭിക്കാനാവില്ല എന്ന നിലപാടിലാണ് കരാറുകാരന്‍.

deshabhimani 270612

Wednesday, March 28, 2012

കുട്ടനാട് പാക്കേജ് നാളെ മനുഷ്യച്ചങ്ങല


ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കോട്ടയം: കുട്ടനാട് പാക്കേജ് അപാകതകള്‍ പരിഹരിച്ച് സമയ ബന്ധിതമായും സുതാര്യമായും നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേരള കര്‍ഷക സംഘം വ്യാഴാഴ്ച സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലയ്ക്കുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായി. വിപുലമായ കര്‍ഷക പങ്കാളിത്തം ഉറപ്പിക്കാനുള്ള കണ്‍വന്‍ഷനടക്കമുള്ള തയ്യാറെടുപ്പുകളാണ് നടന്നതെന്ന് കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് പി എന്‍ പ്രഭാകരനും സെക്രട്ടറി പ്രൊഫ. എം ടി ജോസഫും അറിയിച്ചു. രാഷ്ട്രീയകക്ഷി വ്യത്യാസമില്ലാതെ കുട്ടനാടിനെയും കൃഷിയെയും സ്നേഹിക്കുന്ന എല്ലാ കര്‍ഷകരും മനുഷ്യച്ചങ്ങലയില്‍ അണിനിരക്കണമെന്ന് ഇരുവരും അഭ്യര്‍ഥിച്ചു.

വിവിധ ഏരിയകളില്‍ നിന്നുള്ള കര്‍ഷക സംഘം പ്രവര്‍ത്തകര്‍ താഴെ പറയുന്ന ക്രമത്തില്‍ മനുഷ്യച്ചങ്ങലയില്‍ കണ്ണികളാകണമെന്നും ജില്ലാ കമ്മിറ്റി അറിയിച്ചു. കര്‍ഷകര്‍ക്കൊപ്പം മത്സ്യ തൊഴിലാളികളും മറ്റ് തൊഴിലാളികളും മനുഷ്യച്ചങ്ങലയില്‍ കണ്ണികളാകും. കച്ചവടക്കാര്‍, അധ്യാപകര്‍, കലാകാരന്മാര്‍, സാഹിത്യകാരന്മാര്‍ തുടങ്ങി സമൂഹത്തിലെ നാനാതുറകളിലുള്ളവര്‍ പാക്കേജിന്റെ സുതാര്യമായ നടത്തിപ്പിനായി രംഗത്തുണ്ട്. അവരെല്ലാം മനുഷ്യച്ചങ്ങല വിജയിപ്പിക്കുന്നതിനും രംഗത്തിറങ്ങുമെന്ന് കര്‍ഷക സംഘം ഭാരവാഹികള്‍ പറഞ്ഞു. ആലപ്പുഴ, ചങ്ങനാശേരി, തിരുവല്ല റൂട്ടിലാണ് മനുഷ്യച്ചങ്ങല തീര്‍ക്കുന്നത്. ജില്ലയില്‍ നിന്നുള്ള കര്‍ഷകര്‍ മനുഷ്യച്ചങ്ങലയില്‍ അണിനിരക്കേണ്ട ക്രമം ചുവടെ. വിവിധ ഏരിയകളും അണിനിരക്കേണ്ട സ്ഥലവും : അയര്‍ക്കുന്നം, പുതുപ്പള്ളി, വാഴൂര്‍: എംസി റോഡില്‍ പെരുന്ന റെഡ് സ്ക്വയര്‍ മുതല്‍ ബൈപാസ് ജങ്ഷന്‍ വരെ. പാലാ: എം സി റോഡില്‍ ബൈപാസ് ജങ്ഷന്‍ മുതല്‍ പത്തനംതിട്ട ജില്ലാ അതിര്‍ത്തി വരെ. കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍: എസി റോഡില്‍ റെഡ് സ്ക്വയര്‍ മുതല്‍ മനയ്ക്കച്ചിറ വരെ. വൈക്കം, തലയോലപ്പറമ്പ്: എസി റോഡില്‍ മനയ്ക്കച്ചിറ മുതല്‍ കൊണ്ടൂര്‍ പാലം വരെ. കോട്ടയം, ഏറ്റുമാനൂര്‍: എസി റോഡില്‍ കൊണ്ടൂര്‍ പാലം മുതല്‍ ആലപ്പുഴ ജില്ലാ അതിര്‍ത്തി വരെ. ചങ്ങനാശേരി: റെഡ് സ്ക്വയര്‍ മുതല്‍ രണ്ടാം പാലം വരെ.

ആലപ്പുഴ- തിരുവല്ല പാതയില്‍ മനുഷ്യച്ചങ്ങല നാളെ

ആലപ്പുഴ: കുട്ടനാട് പാക്കേജ് അഴിമതിരഹിതമായും സുതാര്യമായും ഡോ. സ്വാമിനാഥന്‍ റിപ്പോര്‍ട്ടിന് അനുസൃതമായും നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേരള കര്‍ഷകസംഘം നേതൃത്വത്തില്‍ വ്യാഴാഴ്ച ആലപ്പുഴ നഗരചത്വരം മുതല്‍ തിരുവല്ലവരെ മനുഷ്യച്ചങ്ങല തീര്‍ക്കുമെന്ന് ജില്ലാ സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കുട്ടനാടിന്റെ ജൈവ വൈവിധ്യ സംരക്ഷണത്തിനും പാരിസ്ഥിതിക തകര്‍ച്ചയ്ക്കു പരിഹാരം കാണുന്നതിനായി 15 കര്‍മപദ്ധതികളും 59ഓളം സ്കീമുകളുമാണ് ഡോ. എം എസ് സ്വാമിനാഥന്‍ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുള്ളത്. കായലോര മേഖലയില്‍ 4-6 മീറ്റര്‍ തീരം സംരക്ഷിത മേഖലയായി പ്രഖ്യാപിക്കുക, തണ്ണീര്‍മുക്കം ബണ്ട്, തോട്ടപ്പള്ളി സ്പില്‍വേ എന്നിവ നവീകരിക്കുക, കുട്ടനാടന്‍ കായലുകളുടെയും തോടുകളുടെയും ആഴംകൂട്ടി നീരൊഴുക്ക് സുഗമമാക്കുക, വേമ്പനാട്ടുകായലിലെ ജൈവ വൈവിധ്യം സംരക്ഷിക്കുക, കുട്ടനാടിനെ പ്രത്യേക കാര്‍ഷിക മേഖലയായി പ്രഖ്യാപിക്കുക, നെല്‍കൃഷിയുടെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുക, നെല്‍കൃഷിക്ക് വിള കലണ്ടര്‍, ഗവേഷണം, നെല്ലിന് താങ്ങുവിലയും വിപണനവും, തെങ്ങുകൃഷിയും സംയോജിത കൃഷി പുനരുദ്ധാരണവും മത്സ്യമേഖലയുടെ വികസനം, കായല്‍ ടൂറിസം വികസനം തുടങ്ങിയ നിര്‍ദേശങ്ങളാണ് കമീഷന്‍ റിപ്പോര്‍ട്ടിലുള്ളത്. പദ്ധതി നടപ്പാക്കുമ്പോള്‍ കുട്ടനാടിന്റെ ലോലമായ പരിസ്ഥിതിക്ക് ആഘാതമേല്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ മുന്‍ഗണനക്രമം നിശ്ചയിച്ചല്ല നടപ്പാക്കുന്നത്. പദ്ധതി നിര്‍വഹണത്തിന് ഏകോപന സംവിധാനമില്ല. പാക്കേജിന്റെ പേരില്‍ ഭരണകക്ഷികള്‍ തമ്മില്‍തല്ലി കുട്ടനാടിനെ അപമാനിക്കുകയാണ്. ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളുടെ ലക്ഷ്യം അഴിമതിയാണ്. പാക്കേജ് നടത്തിപ്പ് ലക്ഷ്യത്തില്‍നിന്ന് വ്യതിചലിക്കുന്നതായി ഡോ. സുധാപിള്ളയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സംഘം കണ്ടെത്തിയിരുന്നു.

ഈ സാഹചര്യത്തിലാണ് കുട്ടനാടിനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ജനലക്ഷങ്ങള്‍ മനുഷ്യച്ചങ്ങല തീര്‍ക്കുന്നത്. ആലപ്പുഴ നഗരചത്വരത്തില്‍നിന്ന് ആരംഭിക്കുന്ന ചങ്ങലയില്‍ കര്‍ഷക സംഘം സംസ്ഥാന പ്രസിഡന്റ് ഇ പി ജയരാജന്‍ ആദ്യകണ്ണിയാകും. സംസ്ഥാന ജോയിന്റ് സെക്രട്ടറി ജോര്‍ജ് മാത്യു ആലപ്പുഴ- ചങ്ങനാശേരി റോഡില്‍ നെടുമുടി പൂപ്പള്ളിയിലും അഖിലേന്ത്യാ കിസാന്‍സഭ കേന്ദ്ര കമ്മിറ്റിയംഗം അഡ്വ. ശ്രീജ ആലപ്പുഴയിലും ജി സുധാകരന്‍ എംഎല്‍എ കൈതവന ജങ്ഷനിലും സിപിഐ എം ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബു, സംസ്ഥാന കമ്മിറ്റിയംഗം പി കെ ചന്ദ്രാനന്ദന്‍, സി കെ സദാശിവന്‍ എംഎല്‍എ, സി എസ് സുജാത എന്നിവര്‍ ആലപ്പുഴയില്‍ ചങ്ങലയില്‍ കണ്ണിചേരും. നഗര ചത്വരത്തില്‍നിന്ന് ആരംഭിച്ച് കല്ലുപാലം, പഴവീട്, കൈതവനമുക്ക് വഴി എ സി റോഡില്‍ കിടങ്ങറ ജില്ലാ അതിര്‍ത്തിവരെ ആലപ്പുഴ ജില്ലാകമ്മിറ്റിയും കിടങ്ങറ മുതല്‍ പെരുന്നവഴി തിരുവല്ലവരെ കോട്ടയം പത്തനംതിട്ട ജില്ലാ കമ്മിറ്റികളും മനുഷ്യച്ചങ്ങല തീര്‍ക്കും. ജില്ലയില്‍ 24.5 കിലോമീറ്റര്‍ ദൂരത്തില്‍ ചങ്ങലതീര്‍ക്കും. വൈകിട്ട് അഞ്ചിന് ജനലക്ഷങ്ങള്‍ ചങ്ങലതീര്‍ത്ത് പ്രതിജ്ഞചൊല്ലും. തുടര്‍ന്ന് നഗരചത്വരം, കൈതവനമുക്ക്, പൂപ്പള്ളി, മങ്കൊമ്പ്, രാമങ്കരി, കിടങ്ങറ എന്നിവിടങ്ങളില്‍ യോഗം ചേരും. ജില്ലാ സംഘാടകസമിതി ചെയര്‍മാന്‍ സി ബി ചന്ദ്രബാബു, സെക്രട്ടറി എം ശ്രീകുമാരന്‍തമ്പി, കര്‍ഷക സംഘം ജില്ലാ സെക്രട്ടറി ജി വേണുഗോപാല്‍, സംസ്ഥാന കമ്മിറ്റിയംഗം കോട്ടയ്ക്കല്‍ വിശ്വനാഥന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani 280312

Thursday, February 23, 2012

കുട്ടനാട് പാക്കേജ് യുഡിഎഫിലെ കക്ഷികള്‍ക്ക് കറവപ്പശുവെന്ന് കോണ്‍ഗ്രസ്

കുട്ടനാട് പാക്കേജിനെ യുഡിഎഫ് ഘടകകക്ഷികള്‍ കോടികളുടെ അഴിമതിക്കുള്ള മാര്‍ഗമാക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ . മുഖ്യമന്ത്രിയുടെ നിര്‍ദേശം അവഗണിച്ച് കൃഷിവകുപ്പ് ജപ്പാന്‍ കമ്പനിയുടെ കൊയ്ത്തുമെതിയന്ത്രം വാങ്ങിയത് അഴിമതി ലക്ഷ്യമിട്ടാണെന്നും നേതാക്കള്‍ പറഞ്ഞു. പാക്കേജ് നടത്തിപ്പു സംബന്ധിച്ച് പഠിക്കാന്‍ കെപിസിസി നിയോഗിച്ച പ്രത്യേക സമിതിയംഗങ്ങള്‍ പങ്കെടുത്ത ഡിസിസി നേതൃയോഗത്തിലാണ് ഘടകകക്ഷി മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയത്. പദ്ധതി നിര്‍വഹണത്തിന് നേതൃത്വം നല്‍കുന്ന അഡീഷണല്‍ ചീഫ് സെക്രട്ടറിക്കെതിരെ അന്വേഷണം വേണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.

മുന്‍ മന്ത്രി സിറിയക് ജോണ്‍ ചെയര്‍മാനായ കെപിസിസി സമിതി ആലപ്പുഴ ഗസ്റ്റ്ഹൗസിലും ഡിസിസി ഓഫീസിലും നടത്തിയ സിറ്റിങ്ങിനുശേഷമാണ് ഡിസിസി നേതൃയോഗം ചേര്‍ന്നത്. കൃഷി, ജലസേചന വകുപ്പുകള്‍ കോടികള്‍ കൊള്ളയടിക്കുകയാണെന്ന് യോഗത്തില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. 50 ക്ലാസ് കൊയ്ത്തുയന്ത്രങ്ങള്‍ വാങ്ങാനുള്ള മുഖ്യമന്ത്രിയുടെ നിര്‍ദേശം അട്ടിമറിച്ച് 30 ക്ലാസ് യന്ത്രവും 10 കുബോട്ട യന്ത്രവും 10 മഹീന്ദ്ര യന്ത്രവും വാങ്ങാന്‍ ഉദ്യോഗസ്ഥതലത്തില്‍ തീരുമാനിച്ചു. അഗ്രോ ഇന്‍ഡസ്ട്രീസിലെയും കാര്‍ഷികോല്‍പ്പാദന കമീഷനിലെയും ഉദ്യോഗസ്ഥരും ഇതിന്റെ പിന്നിലുണ്ട്. ഇതിലൂടെ കോടികളുടെ കമീഷന്‍ ഉദ്യോഗസ്ഥര്‍ കൈപ്പറ്റി. ജലവിഭവ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന പാടശേഖര ബണ്ടുനിര്‍മാണത്തിലും അഴിമതിയുണ്ടെന്ന് സമിതിക്കുമുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. കൃഷിയില്ലാത്ത റാണി, ചിത്തിര പാടശേഖരങ്ങള്‍ ബണ്ടുനിര്‍മാണത്തിനായി ആദ്യം തെരഞ്ഞെടുത്തതും പൈല്‍ ആര്‍ഡ് സ്ലാബ് പദ്ധതിക്കെതിരെയും വിമര്‍ശനമുയര്‍ന്നു. പാക്കേജിന്റെ നടത്തിപ്പിന് നേതൃത്വം വഹിക്കുന്ന അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ജയകുമാറിനെതിരെയും കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി.

കുട്ടനാട് പാക്കേജ് നടത്തിപ്പുമായി ബന്ധപ്പെട്ട് കൃഷി, ജലസേചന വകുപ്പുകള്‍ക്കെതിരെ കൊടിക്കുന്നില്‍ സുരേഷ് എംപി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. കൃഷിമന്ത്രി കുട്ടനാട് സന്ദര്‍ശിക്കുന്നത് താറാവിറച്ചി തിന്നാനാണെന്നായിരുന്നു എംപിയുടെ ആരോപണം. സമാന്തര കനാലിനെച്ചൊല്ലി മന്ത്രി പി ജെ ജോസഫുമായും എംപി വാക്കേറ്റമുണ്ടാക്കിയിരുന്നു. ഈ വകുപ്പുകള്‍ കുട്ടനാട് പാക്കേജ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വവും രംഗത്തെത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് കെപിസിസി സമിതിയുടെ സിറ്റിങ്ങില്‍ ഘടകകക്ഷി മന്ത്രിമാര്‍ക്കും വകുപ്പുകള്‍ക്കുമെതിരായ രോഷപ്രകടനം. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ അജയ്തറയില്‍ , ഇ എം അഗസ്തി, ഡികെടിഎഫ് സംസ്ഥാന പ്രസിഡന്റ് ജോയി മാളിയേക്കല്‍ എന്നിവരടങ്ങുന്ന സമിതിയാണ് സിറ്റിങ്ങ്നടത്തിയത്. സമിതി തീരുമാനമില്ലാതെ കുട്ടനാട് സന്ദര്‍ശിച്ചതായി ആരോപണമുയര്‍ന്ന എം എ കുട്ടപ്പന്‍ സിറ്റിങ്ങില്‍ പങ്കെടുത്തില്ല.

deshabhimani 230212

Wednesday, January 25, 2012

കൊടിക്കുന്നിലിന് പ്രത്യേക അജന്‍ഡയുണ്ടോയെന്ന് അറിയില്ല: ജോസഫ്

കുട്ടനാട് പാക്കേജിന്റെ ആദ്യഘട്ടം മുതല്‍ പലതരം വിയോജിപ്പ് പ്രകടിപ്പിക്കുന്ന കൊടിക്കുന്നില്‍ സുരേഷ് എംപിക്ക് പ്രത്യേക അജന്‍ഡയുണ്ടോയെന്ന് അറിയില്ലെന്ന് മന്ത്രി പി ജെ ജോസഫ്. മങ്കൊമ്പില്‍ ചേര്‍ന്ന യോഗത്തില്‍ "മറ്റൊരു മുല്ലപ്പെരിയാര്‍ ഇവിടെ സൃഷ്ടിക്കാന്‍ പാടില്ലെന്ന" കൊടിക്കുന്നിലിന്റെ അപ്രസക്ത പരാമര്‍ശമാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്നും ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പദ്ധതി നടപ്പാക്കുന്നതില്‍ പാടശേഖരസമിതികള്‍ ഏകകണ്ഠമായ അഭിപ്രായമറിയിച്ചു. എസി കനാല്‍ സംബന്ധിച്ച് ഫാ. തോമസ് പീലിയാനിക്കല്‍ നിര്‍ദേശം വച്ചപ്പോള്‍ പരിശോധിക്കാമെന്നേ താന്‍ പറഞ്ഞുള്ളൂ. ഇക്കാര്യത്തില്‍ പാടശേഖരസമിതികളുടെ തീരുമാനമേ നടപ്പാക്കൂ. എസി കനാലിന് സമാന്തരമായി കനാല്‍ വേണ്ടെന്നാണ് അവരുടെ തീരുമാനമെങ്കില്‍ വേണ്ടെന്നാണ് തന്റെയും നിലപാട്. പ്രശ്നം അവിടെ തീരേണ്ടതായിരുന്നു. എന്നാല്‍ , കൊടിക്കുന്നില്‍ സുരേഷ് എംപി "മറ്റൊരു മുല്ലപ്പെരിയാര്‍ ഇവിടെ സൃഷ്ടിക്കാന്‍ പാടില്ലെന്നും ഭീതി പരത്തരുതെ"ന്നും പറഞ്ഞതാണ് പ്രശ്നത്തിന് കാരണമായത്. ആ യോഗത്തില്‍ മുല്ലപ്പെരിയാറിന് എന്താണ് പ്രസക്തി. ഉത്തരവാദപ്പെട്ട എംപി ഇങ്ങനെ സംസാരിക്കാന്‍ പാടില്ലെന്ന് പറഞ്ഞു. "യു ആര്‍ എ റെസ്പോണ്‍സബിള്‍ എംപി" എന്നാണ് പറഞ്ഞത്. "ഇറെസ്പോണ്‍സബിള്‍" എന്ന് ഇത് ചിലര്‍ തെറ്റിധരിച്ചെന്നും ജോസഫ് വിശദീകരിച്ചു.

കുട്ടനാട് പാക്കേജ് സമയബന്ധിതമായി പൂര്‍ത്തീകരിക്കും. സ്വാമിനാഥന്‍ വിഭാവനം ചെയ്ത രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്. 231 പാടശേഖരങ്ങളുടെ പുനരുദ്ധാരണത്തിനായി 379 കോടി അടങ്കല്‍ വരുന്ന വിശദമായ പദ്ധതിറിപ്പോര്‍ട്ട് കേന്ദ്രജലകമ്മീഷനും കേന്ദ്ര ആസൂത്രണകമ്മീഷനും ഉന്നതാധികാരസമിതിയും അംഗീകരിച്ചു. ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചു. എ സി കനാലിന്റെ പുനരുദ്ധാരണത്തിനുള്ള പദ്ധതി റിപ്പോര്‍ട്ട് മാര്‍ച്ച് 10ന് ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. എല്ലാ മാസവും അവലോകനയോഗം ചേരും. 28ന് വൈകിട്ട് അഞ്ചിന് കോട്ടയം കലക്ട്രേറ്റിലും യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.

deshabhimani 250112

Monday, January 23, 2012

കൊടിക്കുന്നില്‍ സുരേഷിന്റെ നേതൃത്വത്തില്‍ പി ജെ ജോസഫിനെ കൈയേറ്റം ചെയ്തു

കുട്ടനാട് പാക്കേജിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട അവലോകനയോഗത്തിനിടെ കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രി പി ജെ ജോസഫിനെ കൈയേറ്റം ചെയ്തു. കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രശ്‌നത്തില്‍ ഇടപെട്ടതോടെ യോഗം അലങ്കോലമായി.

 മങ്കൊമ്പ് നെല്ലു ഗവേഷണ കേന്ദ്രത്തില്‍ മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് സംഭവം. യോഗത്തിന്റെ തുടക്കം മുതലെ തന്നെ  മന്ത്രിയുടെ പരാമര്‍ശങ്ങളെ കൊടിക്കുന്നില്‍ സുരേഷ് പരിഹസിച്ചത് അസ്വാരസ്യം ഉണ്ടാക്കിയിരുന്നു. ഒടുവില്‍ എ സി കനാലിന് സമാന്തരമായി മറ്റൊരു കനാല്‍ നിര്‍മിക്കണമെന്ന കുട്ടനാട് വികസന സമതി ചെയര്‍മാന്‍ ഫാ. തോമസ് പീലിയാനിക്കലിന്റെ അഭിപ്രായമാണ് സംഘര്‍ഷത്തിന് വഴി വെച്ചത്. പ്രായോഗികത പരിശോധിച്ച് പരിഗണിക്കാമെന്ന് മന്ത്രി ഫാദറിന് മറുപടി നല്‍കിയത് എതിര്‍പ്പ് ഉണ്ടാക്കിയതിനിടെ എംപി നടത്തിയ പരാമര്‍ശം പ്രകോപനം സൃഷ്ടിക്കുകയായിരുന്നു.  മുല്ലപ്പെരിയാര്‍ വിഷയം പോലെ ഇത് കുളമാക്കരുതെന്നാണ് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞത്.ഇതോടെ മന്ത്രി  ക്ഷുഭിതനായി. എന്തോന്ന് മുല്ലപ്പെരിയാര്‍ എന്ന് ഉച്ചത്തില്‍ ചോദിച്ച മന്ത്രി എംപിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് കേന്ദ്രത്തില്‍ പോയി പറഞ്ഞാല്‍ മതിയെന്നും പ്രതികരിച്ചു. ഇതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വേദിയിലേക്ക് പാഞ്ഞടുത്ത് മന്ത്രിയെ വളഞ്ഞു. മന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കിയ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ കൈയറ്റം ചെയ്യാനും മുതിര്‍ന്നു. ഇതോടെ യോഗത്തില്‍ ഉണ്ടായിരുന്ന കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊടിക്കുന്നിലിനെതിരെയും മുദ്രാവാക്യം മുഴക്കി. യോഗം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പൊലീസ് എത്തി ഇവരെ പിരിച്ചുവിടുകയും മന്ത്രിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നടുവില്‍ നിന്ന് മന്ത്രിയെ രക്ഷിച്ച് കാറില്‍ കയറ്റുകയും ചെയ്തു.ഡോ. എം എസ് സ്വാമിനാഥന്റെ നിര്‍ദേശമനുസരിച്ചല്ല പദ്ധതി നടത്തിപ്പെന്ന കേന്ദ്രസംഘത്തിന്റെ അഭിപ്രായം തള്ളികളയണമെന്ന് യോഗത്തില്‍ മന്ത്രി പറഞ്ഞതും കൊടിക്കുന്നില്‍ സുരേഷ് ഏറ്റുപിടിച്ചിരുന്നു. പദ്ധതി നടത്തിപ്പ് സംബന്ധിച്ച് പഠിച്ചാണ് സംഘം അഭിപ്രായം പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്രസംഘം ഇറിഗേഷന്‍ മന്ത്രിയുമായി ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും മന്ത്രി ആരോപിച്ചു. നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒരു കാരണവശാലും നിര്‍ത്തില്ല. പുതിയ പദ്ധതിക്കുള്ള വിശദ പദ്ധതിറിപ്പോര്‍ട്ട് മാര്‍ച്ചില്‍ നല്‍കും. പാക്കേജ് സമയബന്ധിതമായി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ തോമസ് ചാണ്ടി എംഎല്‍എ അധ്യക്ഷനായി. കൊടിക്കുന്നില്‍ സുരേഷ് എംപി, എംഎല്‍എമാരായ സി കെ സദാശിവന്‍, ആര്‍ രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭാഹരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ വി കെ വേണുഗോപാല്‍, രമണി എസ് ഭാനു എന്നിവരും കെ സി ജോസഫ്, ജേക്കബ് തോമസ് അരികുപുറം തുടങ്ങിയവരും പങ്കെടുത്തു.

janayugom 240112

Friday, December 16, 2011

നിലംനികത്താന്‍ അനുവാദംതേടി ഭൂമാഫിയ

ഭൂമി മണ്ണിട്ടുയര്‍ത്താന്‍ സഹായം ലഭിക്കുമെന്ന് ആളുകളെ തെറ്റിദ്ധരിപ്പിച്ച് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലേക്ക് ആയിരക്കണക്കിന് അപേക്ഷകള്‍ അയപ്പിച്ചതിനുപിന്നില്‍ ഭൂമാഫിയയെന്ന് സംശയം. ഇതിന് കുട്ടനാട്ടില്‍ നിന്നുള്ള ഒരു കോണ്‍ഗ്രസ് ജില്ലാനേതാവിന്റെ ഒത്താശയുള്ളതായും ആരോപണം. കുട്ടനാട് പാക്കേജില്‍പ്പെടുത്തി അഞ്ചുസെന്റ്വരെ നിലം നികത്താന്‍ അരലക്ഷം രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് കുട്ടനാട്, കാര്‍ത്തികപ്പള്ളി താലൂക്ക് ഓഫീസുകളിലും കലക്ടറേറ്റിലുമായി 12,500 അപേക്ഷകള്‍ എത്തിയത്. കുട്ടനാട് കേന്ദ്രീകരിച്ചുള്ള ഒരു ഏജന്‍സിയും ചില കോണ്‍ഗ്രസ് നേതാക്കളുമാണ് അപേക്ഷാഫോറം ജനങ്ങളിലെത്തിച്ചതെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇങ്ങനെയൊരു പദ്ധതി പാക്കേജില്‍ ഇല്ലെന്ന് കുട്ടനാട് പാക്കേജിന്റെ പ്രൊജക്ട് ഓഫീസ് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. ഒരേ മാതൃകയില്‍ അച്ചടിച്ച അപേക്ഷകളാണ് എത്തുന്നത്. ഇതിനായി ചില പ്രത്യേക കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചതായി സൂചനയുണ്ട്. 200 മുതല്‍ 300 അപേക്ഷകള്‍വരെ ശേഖരിച്ച് സീരിയല്‍ നമ്പരിട്ടാണ് ഓഫീസുകളില്‍ എത്തിക്കുന്നത്. ഇതിനായി അപേക്ഷകര്‍ക്ക് 250 രൂപയോളം ചെലവായതായും സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ദിവസങ്ങളോളം ഓഫീസുകള്‍ കയറിഇറങ്ങേണ്ടി വന്നതായും അപേക്ഷകര്‍ പറയുന്നു. കുട്ടനാട് പാക്കേജില്‍നിന്ന് 50 കോടിരൂപ നിലം മണ്ണിട്ടുയര്‍ത്തുന്നതിന് ചെലവഴിക്കണമെന്നാണ് ആവശ്യം.

കുട്ടനാട്ടില്‍ പത്തുസെന്റ്വരെയുള്ള കൈവശഭൂമിയില്‍ താമസിക്കുന്നവരുടെ അഞ്ചുസെന്റ് ഭൂമി കുട്ടനാട് പാക്കേജില്‍പ്പെടുത്തി മണ്ണിട്ടുയര്‍ത്തണമെന്ന് പ്രോസ്പെരിറ്റി കൗണ്‍സില്‍ യോഗത്തില്‍ തോമസ്ചാണ്ടി എംഎല്‍എ, സി കെ സദാശിവന്‍ എംഎല്‍എ, എ എ ഷുക്കൂര്‍ , കെ കെ ഷാജു എന്നിവര്‍ നിര്‍ദേശിച്ചിരുന്നതായി നിവേദനത്തില്‍ പറയുന്നു. എന്നാല്‍ ഇത്തരം ആവശ്യം ആരും ഉന്നയിച്ചിട്ടില്ലെന്നും കുട്ടനാട് പാക്കേജ് പ്രൊജക്ട് ഓഫീസ് അറിയിച്ചു. തുടക്കത്തില്‍ ഇത്തരം അപേക്ഷ കലക്ടര്‍ നിരസിച്ചെങ്കിലും ചില സ്വകാര്യ വ്യക്തികള്‍ ഹൈക്കോടതിയെ സമീപിച്ച് അപേക്ഷ സ്വീകരിക്കണമെന്ന ഉത്തരവ് സമ്പാദിച്ചു. ഇതേത്തുടര്‍ന്ന് കലക്ടറേറ്റിലും വിവിധ താലൂക്ക് ഓഫീസിലുമെത്തുന്ന അപേക്ഷകള്‍ കുട്ടനാട് പാക്കേജ് പ്രൊജക്ട് ഓഫീസിലേക്ക് കൈമാറി. കുട്ടനാട്-7,000, കാര്‍ത്തകപ്പള്ളി-3,500, കലക്ടറേറ്റ്-2000 എന്നിങ്ങനെയാണ് അപേക്ഷകളെത്തിയത്. ഇല്ലാത്ത പദ്ധതിയുടെപേരില്‍ ജനസമ്പര്‍ക്ക പരിപാടിയിലേക്ക് അപേക്ഷ അയപ്പിച്ചത് കുട്ടനാട്ടില്‍ നിലംനികത്തുന്നതിന് പശ്ചാത്തലമൊരുക്കാന്‍ ലക്ഷ്യമിട്ട ഭൂമാഫിയയാണെന്ന സംശയമുണ്ട്.

deshabhimani 161211

Friday, November 25, 2011

കുട്ടനാട് പാക്കേജ് അട്ടിമറിച്ചാല്‍ ബഹുജനപ്രക്ഷോഭം

കുട്ടനാട് പാക്കേജിന്റെ ലക്ഷ്യങ്ങള്‍ അട്ടിമറിക്കാനും പദ്ധതിപ്പണം കുട്ടനാടിനു പുറത്തേക്ക് ഒഴുക്കാനുമുള്ള ഗൂഢനീക്കത്തിനെതിരെ സംസ്ഥാനവ്യാപകമായി ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കാന്‍ കര്‍ഷക കണ്‍വന്‍ഷന്‍ തീരുമാനിച്ചു. മങ്കൊമ്പ് തെക്കേക്കര പി കൃഷ്ണപിള്ള സ്മാരക ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന കര്‍ഷക കണ്‍വന്‍ഷന്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. എന്‍ജിനീയര്‍മാരുടെയും വകുപ്പ് മേധാവികളുടെയും നിക്ഷിപ്ത താല്‍പര്യക്കാരുടെയും ഇഷ്ടത്തിന് കുട്ടനാട് പാക്കേജിനെ വിട്ടുകൊടുക്കില്ലെന്ന് കണ്‍വന്‍ഷന്‍ പ്രഖ്യാപിച്ചു. കേരള കര്‍ഷകസംഘം ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലാകമ്മറ്റികള്‍ സംയുക്തമായാണ് കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചത്.

കുട്ടനാടിന്റെ അടിസ്ഥാന സ്വഭാവത്തിനും പാരിസ്ഥിതിക പ്രത്യേകതയ്ക്കും കോട്ടം തട്ടാതെയാവണം പാക്കേജ് നടപ്പാക്കാന്‍ . കുട്ടനാട് പാക്കേജിന്റെ നടത്തിപ്പ് അതിന്റെ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിച്ചു. കുട്ടനാടിന്റെ പാരിസ്ഥിതിക പ്രത്യേകതകളും ആവാസവ്യവസ്ഥയും ജനങ്ങളുടെ ആരോഗ്യവും സംരക്ഷിക്കുക എന്ന പ്രധാനലക്ഷ്യം അട്ടിമറിച്ച് ഒരുകൂട്ടം ഉദ്യോഗസ്ഥര്‍ കുട്ടനാടിനെ കോണ്‍ക്രീറ്റ് കായലാക്കി മാറ്റാന്‍ ശ്രമിക്കുകയാണ്. പാക്കേജിന്റെ നടത്തിപ്പില്‍ ജനങ്ങള്‍ക്ക് പങ്കാളിത്തമില്ല. പദ്ധതിയുടെ മറവില്‍ വന്‍ അഴിമതി നടക്കുന്നു. മുന്‍ഗണനക്രമം അട്ടിമറിച്ച് അഴിമതി ലക്ഷ്യമാക്കി നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ മാത്രം കേന്ദ്രീകരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും ഇതിനു സഹായിക്കുന്ന സര്‍ക്കാര്‍ നിലപാടിനുമെതിരെ ജനുവരി അവസാനം സംസ്ഥാനവ്യാപകമായി പ്രചരണ ജാഥ സംഘടിപ്പിക്കുമെന്ന് വിഷയം അവതരിപ്പിച്ച കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറി കെ വി രാമകൃഷ്ണന്‍ പറഞ്ഞു.

കുട്ടനാട് പാക്കേജിനായി അനുവദിച്ച പണം പുതുപ്പള്ളി, അടൂര്‍ മേഖലകളില്‍ കൂടി വിനിയോഗിക്കാന്‍ മന്ത്രിതലത്തില്‍ ഗൂഢാലോചന നടക്കുന്നു. ഇതില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയില്ലെങ്കില്‍ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ കലക്ട്രേറ്റുകളും മറ്റ് സര്‍ക്കാര്‍ ഓഫീസുകളും ഉപരോധിക്കും. എന്നിട്ടും പരിഹാരമായില്ലെങ്കില്‍ കുട്ടനാട് സ്തംഭിക്കുന്ന വിധം ഹര്‍ത്താല്‍ സംഘടിപ്പിക്കും. മടവീഴ്ച ഭീഷണിയുള്ള സ്ഥലങ്ങളില്‍ മാത്രം കോണ്‍ക്രീറ്റ് സ്ലാബോ കരിങ്കല്‍ ഭിത്തിയോ മറ്റിടങ്ങളില്‍ ജൈവ ബണ്ടോ സ്ഥാപിക്കണമെന്ന സ്വാമിനാഥന്‍ കമീഷന്‍ നിര്‍ദേശം അട്ടിമറിച്ച് പദ്ധതി പ്രദേശത്തെ 1436 പാടശേഖരങ്ങള്‍ക്കും 3000 കിലോമീറ്റര്‍ കോണ്‍ക്രീറ്റ് സ്ലാബ് നിര്‍മിക്കാനാണ് നീക്കം. പദ്ധതിയില്‍ ഇല്ലാതിരുന്നിട്ടും ആടുകളെ വിതരണം ചെയ്തു. ആറുകളും തോടുകളും ശുചീകരിച്ച് ആഴംകൂട്ടി നീരൊഴുക്ക് പുനസ്ഥാപിക്കുക, തണ്ണീര്‍മുക്കം ബണ്ട്, തോട്ടപ്പള്ളി സ്പില്‍വേ എന്നിവ നവീകരിക്കുക, എസി കനാല്‍ , സിഡി കനാല്‍ എന്നിവ തുറന്ന് വെള്ളപ്പൊക്കം നിയന്ത്രിക്കുക തുടങ്ങി അടിയന്തിര പ്രാധാന്യമുള്ള നിര്‍ദേശങ്ങള്‍ മറികടന്നാണ് നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രീകരിക്കുന്നത.

കണ്‍വന്‍ഷനില്‍ ഇ പി ജയരാജന്‍ എംഎല്‍എ അധ്യക്ഷനായി. കര്‍ഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ , കോട്ടയം ജില്ലാപ്രസിഡന്റ് പ്രൊഫ. എം ടി ജോസഫ്, ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം ശ്രീകുമാരന്‍തമ്പി, സിപിഐ എം കുട്ടനാട് ഏരിയ സെക്രട്ടറി കെ കെ അശോകന്‍ എന്നിവര്‍ സംസാരിച്ചു. കര്‍ഷകസംഘം ആലപ്പുഴ ജില്ലാസെക്രട്ടറി ജി വേണുഗോപാല്‍ സ്വാഗതവും കുട്ടനാട് ഏരിയ സെക്രട്ടറി പി വി രാമഭദ്രന്‍ നന്ദിയും പറഞ്ഞു.

deshabhimani 251111

ദ്രോഹനയങ്ങള്‍ ഒഴിവാക്കി കുട്ടനാട് പാക്കേജ് നടപ്പാക്കണം: പിണറായി

ഡോ. എം എസ് സ്വാമിനാഥന്‍ നിര്‍ദേശിച്ചതുപോലെ കുട്ടനാട് പാക്കേജ് സുതാര്യമായും സമയബന്ധിതമായും നടപ്പാക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പരിസ്ഥിതി സന്തുലനാവസ്ഥ സംരക്ഷിച്ചും നെല്‍കൃഷിയുടെയും മത്സ്യസമ്പത്തിന്റെയും വ്യാപനം മുന്‍നിര്‍ത്തിയുംവേണം പാക്കേജ് നടപ്പാക്കേണ്ടതെന്നും പദ്ധതിനടത്തിപ്പില്‍ ഉദ്യോഗസ്ഥമേധാവിത്തം അനുവദിക്കരുതെന്നും പിണറായി പറഞ്ഞു.കുട്ടനാട് പാക്കേജ് മുന്‍നിര്‍ത്തി കേരള കര്‍ഷകസംഘം സംഘടിപ്പിച്ച കണ്‍വന്‍ഷന്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

 പാക്കേജുകള്‍കൊണ്ട് കാര്‍ഷികമേഖലയിലെ എല്ലാ പ്രശ്നവും പരിഹരിക്കാനാകില്ല. നടപ്പാക്കിവരുന്ന കര്‍ഷകദ്രോഹനയങ്ങള്‍ പൂര്‍ണമായി ഉപേക്ഷിക്കുകമാത്രമാണ് പ്രതിസന്ധിക്കുള്ള ശാശ്വതപരിഹാരം. സമുദ്രനിരപ്പില്‍നിന്ന് രണ്ടരമീറ്ററോളം താഴെ സ്ഥിതിചെയ്യുന്ന കുട്ടനാട് പരിസ്ഥിതി ദുര്‍ബലപ്രദേശമാണ്. സ്വാഭാവികമായും ഈ മേഖലയുടെ പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുമാത്രമേ ഏത് പാക്കേജും പദ്ധതിയും നടപ്പാക്കാനാവൂ. പദ്ധതി നടപ്പാക്കിതുടങ്ങിയതോടെ ഉദ്യോഗസ്ഥര്‍ പതിവുരീതിയില്‍ ആധിപത്യം സ്ഥാപിക്കുന്നത് അനുവദിക്കാന്‍ പാടില്ല. ഇപ്പോള്‍ ഉദ്യോഗസ്ഥരെ പാക്കേജ് നടത്തിപ്പ് ഏല്‍പ്പിക്കുന്നത് പദ്ധതിതുകയില്‍ ഒരുഭാഗം സ്വന്തം കീശയിലെത്തിക്കാന്‍ വേണ്ടിയാണ്. ഇത് ഒഴിവാക്കാന്‍ പദ്ധതിനടത്തിപ്പില്‍ ജനകീയപങ്കാളിത്തം ഉറപ്പാക്കണം. ഇതിനായി കുട്ടനാട് പാക്കേജിന്റെ ഇടക്കാല വിലയിരുത്തല്‍ ഉടന്‍ നടത്തണം. പാക്കേജ് നടത്തിപ്പിന് മുഖ്യമന്ത്രി അധ്യക്ഷനായ പ്രോസ്പിരിറ്റി കൗണ്‍സിലില്‍ കര്‍ഷകസംഘടനകളുടെയും കര്‍ഷകത്തൊഴിലാളികളുടെയും മത്സ്യത്തൊഴിലാളികളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തണം. പദ്ധതി നടത്തിപ്പ് ചുമതലയുള്ള വകുപ്പുകളുടെ ഏകോപനത്തിന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ നിയോഗിക്കണം. പദ്ധതികള്‍ നടപ്പാക്കുന്നതിന് കൃത്യമായ മുന്‍ഗണനാക്രമം വേണം.

തണ്ണീര്‍മുക്കം ബണ്ടിന്റെയും തോട്ടപ്പള്ളി സ്പില്‍വേയുടെയും നവീകരണത്തിന് ചെന്നൈ ഐഐടി സമര്‍പ്പിച്ച സമഗ്രമായ പഠനറിപ്പോര്‍ട്ട് ഉടന്‍ നടപ്പാക്കണം. പദ്ധതി നടത്തിപ്പിലുണ്ടാകാവുന്ന അഴിമതിതടയാന്‍ ശക്തമായ വിജിലന്‍സ് സെല്‍ ഉണ്ടാക്കണമെന്നും നിര്‍മാണപ്രവൃത്തികള്‍ക്ക് ഉപയോഗിക്കുന്ന സാധനസാമഗ്രികള്‍ ഗുണമേന്മയുള്ളതാണോ എന്ന് ഉറപ്പാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ് ഇ പി ജയരാജന്‍ എംഎല്‍എ അധ്യക്ഷനായി.

deshabhimani 251111

Monday, November 21, 2011

"കുട്ടനാട് നേരിടുന്നത് അശാസ്ത്രീയ ഇടപെടലുകളുടെ തിരിച്ചടി"

ദീര്‍ഘവീക്ഷണമില്ലാതെയും സമഗ്ര കാഴ്ചപ്പാടില്ലാതെയും പ്രകൃതിക്കുമേല്‍ മനുഷ്യന്‍ നടത്തിയ ഇടപെടലുകളുടെ തിരിച്ചടിയാണ് കുട്ടനാട് ഇന്ന് അനുഭവിക്കുന്നതെന്ന് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. ആര്‍ വി ജി മേനോന്‍ പറഞ്ഞു. ഇത് കുട്ടനാട്ടിലെ മാത്രം സ്ഥിതിയല്ല. പ്രകൃതിവിഭവങ്ങളെ ഉപയോഗിക്കാതെ മനുഷ്യന് ജീവിക്കാന്‍ സാധ്യമല്ല. പക്ഷെ ഉപയോഗിക്കപ്പെടുന്ന വിഭവങ്ങളെ പുനസ്ഥാപിക്കുന്നതിനുള്ള സാവകാശം നല്‍കണം. അമിതലാഭത്തിനായി പ്രകൃതിയെ ഉപയോഗിച്ചിടത്തൊക്കെ പ്രത്യാഘാതങ്ങളും നേരിടേണ്ടിവന്നിട്ടുണ്ട്. കുട്ടനാടിന്റെ കാര്യത്തില്‍ ഉണ്ടായിട്ടുള്ളത് വലിയ പരിസ്ഥിതി ആഘാതമാണ്. പ്രകൃതി പ്രതിഭാസങ്ങളുടെ ഭാഗമായുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം എന്‍ജിനിയറിങ് വഴികളല്ല എന്നതാണ് തണ്ണീര്‍മുക്കം ബണ്ടിന്റെ അനുഭവം നമ്മെ പഠിപ്പിക്കുന്നത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അധികാരവര്‍ഗം ഇതില്‍നിന്നും പാഠം ഉള്‍ക്കൊള്ളുന്നില്ല. ഇതാണ് കുട്ടനാട് പാക്കേജ് നടത്തിപ്പുമായി ബന്ധപ്പെട്ട പുതിയ പ്രവര്‍ത്തനങ്ങള്‍ കാണിക്കുന്നത്. കേരള ശാസ്ത്രസാഹിത്യപരിഷത്ത് മങ്കൊമ്പില്‍ സംഘടിപ്പിച്ച "വേണം മറ്റൊരു കുട്ടനാട്" എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പരിഷത്ത് പ്രസിദ്ധീകരിച്ച "കുട്ടനാട് പാക്കേജ്-ഒരു വിലയിരുത്തല്‍" എന്ന പുസ്തകം പ്രശസ്ത കര്‍ഷകനായ പരമേശ്വരകുറുപ്പിന് നല്‍കി അദ്ദേഹം പ്രകാശനം ചെയ്തു. പരിഷത്ത് പരിസര വിഷയസമിതി അംഗം ഡോ. ജോണ്‍ മത്തായി അധ്യക്ഷനായി. "കുട്ടനാട് പാക്കേജ്-ദുരിതത്തില്‍നിന്നും ദുരന്തത്തിലേക്ക്" എന്ന വിഷയത്തില്‍ എം ഗോപകുമാറും "മത്സ്യമേഖലയും കുട്ടനാടും" എന്ന വിഷയത്തില്‍ ഡോ. കെ ജി പത്മകുമാറും "വേമ്പനാടും കുട്ടനാട് പാക്കേജും" എന്ന വിഷയത്തില്‍ ജോജി കൂട്ടുമ്മലും സംസാരിച്ചു. പരിഷത്ത് സംസ്ഥാന ട്രഷറര്‍ പി വി വിനോദ്, ജില്ലാ സെക്രട്ടറി എന്‍ സാനു, ജില്ലാ ട്രഷറര്‍ ജയന്‍ ചമ്പക്കുളം, പരിസരവിഷയസമിതി കണ്‍വീനര്‍ റജി സാമുവല്‍ എന്നിവരും സംബന്ധിച്ചു.

deshabhimani 211111

Friday, October 14, 2011

സംസ്ഥാന വാര്‍ത്തകള്‍ - വൃന്ദ, ഗൌരി അമ്മ, കുട്ടനാട് പാക്കേജ്

കേരളത്തില്‍ ലാത്തിച്ചാര്‍ജ് ഭരണം: വൃന്ദ

കണ്ണൂര്‍ : കേരളത്തില്‍ നടക്കുന്നത് ലാത്തിച്ചാര്‍ജ് ഭരണമാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. ന്യായമായ ആവശ്യങ്ങളുന്നയിച്ച് പ്രക്ഷോഭത്തിനിറങ്ങുന്ന വിദ്യാര്‍ഥികളെ തല്ലിച്ചതയ്ക്കുന്നു. വിദ്യാര്‍ഥികളെ വെടിവയ്ക്കുകയും കടന്നാക്രമിക്കുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

എംപിയുടെ ഗണ്‍മാന്‍ യുവാവിനെ അടിച്ചുകൊന്നത് ഞെട്ടിക്കുന്ന സംഭവമാണ്. കുറ്റവാളികള്‍ക്കെതിര കര്‍ശന നടപടി വേണം. അഡ്വ. പ്രശാന്ത്ഭൂഷണെ ഹിന്ദു വര്‍ഗീയവാദികള്‍ ആക്രമിച്ചത് അങ്ങേയറ്റം അപലപനീയമാണ്. ശ്രീരാംസേന നേരത്തെ കര്‍ണാടകത്തില്‍ അക്രമം അഴിച്ചുവിട്ട ഘട്ടത്തില്‍ കര്‍ശന നടപടിയുണ്ടായില്ല. രാജസ്ഥാനിലും ഗുജറാത്തിലും ഉത്തരാഖണ്ഡിലും ന്യൂനപക്ഷവിഭാഗങ്ങള്‍ക്കെതിരെ അരങ്ങേറുന്ന അതിക്രമങ്ങള്‍ അത്യന്തം ഉല്‍കണ്ഠ ഉളവാക്കുന്നതാണ്. ഭക്ഷ്യസുരക്ഷയെക്കുറിച്ച് ആശങ്കപ്പെടുമ്പോള്‍തന്നെ ആറു കോടി ടണ്‍ ധാന്യമാണ് ഗോഡൗണുകളില്‍ നശിക്കുന്നത്. കേരളത്തിലെ മാതൃകാപരമായ പൊതുവിതരണസമ്പ്രദായത്തെക്കുറിച്ച് അറിയാവുന്നയാളാണ് കേന്ദ്ര ഭക്ഷ്യ സഹമന്ത്രി. സമഗ്രമായ ലോക്പാല്‍ നിയമം കൊണ്ടുവരാന്‍ കേന്ദ്രം തയ്യാറാവണം. സിപിഐ എമ്മിന് ഇക്കാര്യത്തില്‍ സുവ്യക്ത നിലപാടുണ്ട്. ഇപ്പോള്‍ കൊണ്ടുവന്ന ബില്‍ ദുര്‍ബലമാണ്; വിശ്വാസ്യതയുമില്ല. കോര്‍പറേറ്റുകളും ഭരണരാഷ്ട്രീയക്കാരും തമ്മിലുള്ള അച്ചുതണ്ടാണ് വെളിപ്പെടുന്നത്.

രഥയാത്ര നടത്തുന്ന ബിജെപിക്ക് അഴിമതിയെക്കുറിച്ച് പറയാന്‍ അര്‍ഹതയില്ല. അവര്‍ ഭരിക്കുന്ന കര്‍ണാടകവും ഉത്തരാഖണ്ഡും അഴിമതിയില്‍ മുങ്ങിയിരിക്കുകയാണ്. സാമൂഹ്യമായി ഏറെ മുന്നില്‍നില്‍ക്കുന്ന കേരളത്തില്‍ വര്‍ധിച്ചുവരുന്ന ലൈംഗികാതിക്രമങ്ങള്‍ സ്ത്രീത്വത്തെയും സംസ്കാരത്തെയും അപമാനിക്കലാണ്. സിപിഐ എമ്മിനു മുന്നിലെത്തുന്ന ഇത്തരം പരാതികളില്‍ കര്‍ശന നടപടി സ്വീകരിക്കാറുണ്ടെന്ന് വൃന്ദ പറഞ്ഞു. പി കെ ശ്രീമതി, കെ കെ ശൈലജ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ചട്ടവിരുദ്ധ സ്ഥലംമാറ്റം: ഡെപ്യൂട്ടി ആരോഗ്യ സെക്രട്ടറിയെ സസ്പെന്‍ഡ്ചെയ്യണം

കൊച്ചി: ആരോഗ്യവകുപ്പിലെ സ്റ്റാഫ് നേഴ്സുകള്‍ക്ക് ചട്ടംലംഘിച്ച് അന്തര്‍ജില്ലാ സ്ഥലംമാറ്റം നല്‍കാന്‍ ഉത്തരവിറക്കിയ ആരോഗ്യവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയെ സസ്പെന്‍ഡ്ചെയ്യണമെന്ന് പിഎസ്സി ആക്ഷന്‍കൗണ്‍സില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അന്തര്‍ജില്ലാ സ്ഥലംമാറ്റം അനുവദിക്കുന്ന ഉത്തരവ് ചൊവ്വാഴ്ചയാണ് പുറത്തിറക്കിയത്. ജില്ലാതല നിയമനം ലഭിച്ചവര്‍ക്ക് അന്തര്‍ജില്ലാ സ്ഥലംമാറ്റം ലഭിക്കാന്‍ നിയമനം കിട്ടിയ ജില്ലയില്‍ ചുരുങ്ങിയത് അഞ്ചുവര്‍ഷമെങ്കിലും സേവനം പൂര്‍ത്തിയാക്കണമെന്ന വ്യവസ്ഥ ലംഘിച്ചാണ് ഉത്തരവെന്നും പിഎസ്സി ആക്ഷന്‍കൗണ്‍സില്‍ സെക്രട്ടറി കെ എച്ച് സുധീര്‍ ആരോപിച്ചു.

ജില്ലയില്‍ മൊത്തം ഒഴിവുകളുടെ 10 ശതമാനം മാത്രമേ അന്തര്‍ജില്ലാ സ്ഥലംമാറ്റത്തിന് ഉപയോഗിക്കാവു. ഇതില്‍ ഭേദഗതി വരുത്താന്‍ മന്ത്രിസഭാ തീരുമാനം വേണം. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കുപോലും ഇത്തരത്തില്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ അധികാരമില്ലെന്നിരിക്കെയാണ് ഡെപ്യൂട്ടി സെക്രട്ടറി ഉത്തരവിറക്കിയത്. മെഡിക്കല്‍ കോളേജുകളില്‍നിന്ന് ഓപ്ഷന്‍ നല്‍കാത്തതിന്റെ പേരില്‍ പുറത്തായ നേഴ്സുമാരെ നിയമിക്കാനെന്ന വ്യാജേനയാണ് അന്തര്‍ജില്ലാ സ്ഥലംമാറ്റം നടത്തുന്നത്. സ്റ്റാഫ് നേഴ്സ് വിഭാഗത്തിനു മാത്രമാണ് ഇളവുള്ളതെന്ന് പറയുന്നുണ്ടെങ്കിലും ആരോഗ്യവകുപ്പിലെ മറ്റു ജീവനക്കാരും ഈ ആനുകൂല്യത്തിന്റെ മറവില്‍ സ്ഥലംമാറ്റം നേടിയെടുക്കുന്നുണ്ട്. നിലവിലുള്ള പിഎസ്സി ലിസ്റ്റുകളില്‍നിന്ന് നിയമനം നടത്താന്‍ ഇത് തടസ്സമാവുകയും ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികളെ ഉത്തരവ് ദോഷകരമായി ബാധിക്കുകയും ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ നീതു സേവ്യര്‍ , റസിയ പി ബഷീര്‍ , സിബിസൈമണ്‍ , രാഖി മോഹന്‍ എന്നിവരും പങ്കെടുത്തു.

കുട്ടനാട് പാക്കേജ്: പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ വകുപ്പുകളുടെ മത്സരം

ആലപ്പുഴ: കുട്ടനാട് പാക്കേജിന്റെ നിര്‍വഹണ ചുമതലയുള്ള വകുപ്പുകള്‍ വാഹനങ്ങള്‍ വാങ്ങിക്കൂട്ടാന്‍ മത്സരിക്കുന്നു. വിലയേറിയ ഇരുപതോളം വാഹനങ്ങള്‍ ഉദ്യോഗസ്ഥര്‍ ഇതിനകം വാങ്ങി. അതതു വകുപ്പുകളുടെ വാഹനങ്ങള്‍ മതിയാകാതെ വന്നാല്‍ ഓരോ വകുപ്പിനും പാക്കേജിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ജീപ്പ് വാങ്ങാന്‍ അനുമതി നല്‍കിയിരുന്നു. ഇതിന്റെ മറവില്‍ മിക്കവാറും വകുപ്പുകള്‍ മൂന്നും അതിലേറെയും വാഹനങ്ങള്‍ വാങ്ങി. ഒന്നേകാല്‍ കോടിയിലേറെ രൂപ പുത്തന്‍ വാഹനങ്ങള്‍ക്കായി ചെലിവിട്ടതായാണ് കണക്ക്. വില കൂടിയ സ്കോര്‍പ്പിയോ, ബൊലോറ എന്നിവയാണ് വാങ്ങിയത്. ഒക്ടോബര്‍ ഒന്നിനു തയ്യാറാക്കിയ പുതുക്കിയ കണക്കനുസരിച്ച് 1292.60 കോടി രൂപയുടെ പദ്ധതികളാണ് പാക്കേജില്‍ അംഗീകരിച്ചിട്ടുള്ളത്. ഇതില്‍ 83.54 കോടി അനുവദിച്ചു. ഇതിനകം ചെലവിട്ടത് 54.47 കോടി മാത്രം. അനുവദിച്ച തുകയില്‍ 65.20 ശതമാനം വരുമിത്. ഇതില്‍നിന്നാണ് വാഹനങ്ങള്‍ക്കായി തുക വകമാറ്റി ചെലവിട്ടത്. ഇതിനുപിന്നില്‍ അഴിമതിയുണ്ടെന്നും ആരോപണം ഉയര്‍ന്നു.

ജലസേചന വകുപ്പാണ് കൂടുതല്‍ വാഹനങ്ങള്‍ വാങ്ങിയത്- 12. കൃഷി എന്‍ജിനീയറിങ് വകുപ്പ് മൂന്നും പാക്കേജ് സ്പെഷല്‍ ഓഫീസര്‍ മൂന്നും വാഹനങ്ങള്‍ വാങ്ങി. മത്സ്യഫെഡ്, ഫിഷറീസ് റിസോഴ്സസ് മാനേജ്മെന്റ സൊസൈറ്റി (ഫിര്‍മ), കാര്‍ഷിക സര്‍വകലാശാല എന്നിവയൊക്കെ പാക്കേജിന്റെ പേരില്‍ പദ്ധതി തുക ഉപയോഗിച്ച് വാഹനങ്ങള്‍ വാങ്ങി. പന്ത്രണ്ട് സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനത്തിലാണ് കുട്ടനാട് പാക്കേജ് നടപ്പാക്കുന്നത്. മുഖ്യമന്ത്രി അധ്യക്ഷനായ കുട്ടനാട് പ്രോസ്പിരിറ്റി കൗണ്‍സിലിനാണ് പ്രോജക്ട് ഏകോപനത്തിനും വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുന്നതിനുമുള്ള മുഖ്യചുമതല. കൗണ്‍സിലിന്റെ നിര്‍ദേശം മറികടന്നാണ് ജീപ്പിനുപകരം വിലയേറിയ പുത്തന്‍ വാഹനങ്ങള്‍ ഉദ്യോഗസ്ഥര്‍ വാങ്ങുന്നത്. മങ്കൊമ്പ് തെക്കേക്കരയില്‍ പ്രവര്‍ത്തിക്കുന്ന കുട്ടനാട് പാക്കേജിന്റെ മുഖ്യകേന്ദ്രത്തിനു സ്വന്തമായി സൈക്കിള്‍ പോലും ഇല്ലാത്തപ്പോഴാണ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കായി വകുപ്പുകള്‍ അഴിമതി കാട്ടുന്നത്. മറ്റു വകുപ്പുകളും വില കൂടിയ വാഹനങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുകയാണെന്നും അറിയുന്നു.

വൈദ്യുതി പ്രതിസന്ധിക്ക് ഉത്തരവാദി വകുപ്പുമന്ത്രി: ഗൗരിയമ്മ

ആലപ്പുഴ: വകുപ്പുമന്ത്രിയുടെ പിടിപ്പുകേടും കാര്യക്ഷമതയില്ലായ്മയുമാണ് സംസ്ഥാനം അഭിമുഖീകരിക്കുന്ന വൈദ്യുതിപ്രതിസന്ധിക്കു കാരണമെന്ന് ജെഎസ്എസ് ജനറല്‍ സെക്രട്ടറി കെ ആര്‍ ഗൗരിയമ്മ പറഞ്ഞു. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഗൗരിയമ്മ. കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് യുഡിഎഫുമായുണ്ടായ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിച്ചുവെന്ന് പറയാനാവില്ല. ഏറെക്കുറെ പൊരുത്തപ്പെട്ടുപോകുന്നുവെന്നേയുള്ളു. ജെഎസ്എസ് അന്നെടുത്ത നിലപാട് ശരിയാണെന്നാണ് ഇപ്പോഴും അഭിപ്രായം. ബോര്‍ഡ്-കോര്‍പ്പറേഷന്‍ ചെയര്‍മാന്മാരില്‍ അഞ്ചുപേര്‍ ജെഎസ്എസിനു വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. 11 സ്ഥാനമായിരുന്നു തങ്ങള്‍ ആവശ്യപ്പെട്ടിരുന്നത്. കിട്ടുന്ന ചുമതലകള്‍ നിര്‍വഹിക്കുന്നതാണ് ഭരണം. മാറിമാറിവന്ന മന്ത്രിമാര്‍ക്ക് പലര്‍ക്കും അതിന് കഴിഞ്ഞിട്ടില്ലെന്നും ഗൗരിയമ്മ പറഞ്ഞു.

സൗമ്യ കേസ്: ഡോ. ഉന്മേഷിനെ വീണ്ടും വിസ്തരിക്കും

തൃശൂര്‍ : മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച സൗമ്യ കേസില്‍ വിവാദമൊഴി നല്‍കിയ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് അസി. പ്രൊഫസര്‍ ഡോ. എ കെ ഉന്മേഷിനെ 15ന് വീണ്ടും വിസ്തരിക്കും. വാദത്തിലേക്ക് കടക്കാനിരുന്ന കേസ് വീണ്ടും വിസ്തരിക്കാന്‍ അതിവേഗകോടതി ജഡ്ജി കെ രവീന്ദ്രബാബുവാണ് ഉത്തരവിട്ടത്. ഡോ. ഉന്മേഷില്‍നിന്ന് കോടതി തെളിവുകള്‍ പരിശോധിക്കും. പ്രോസിക്യൂഷന് എതിരായി മൊഴി നല്‍കിയ ഡോ. ഉന്മേഷിനെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് മലയാളവേദി ചെയര്‍മാന്‍ ജോര്‍ജ് വട്ടുകുളം നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഹര്‍ജിയില്‍ കേസ് എടുക്കണമോ എന്ന കാര്യം വെള്ളിയാഴ്ച പരിഗണിക്കും.

പ്രോസിക്യൂഷന്‍ തെളിവുകള്‍ ദുര്‍ബലപ്പെടുത്താനാണ് ഡോക്ടര്‍ മൊഴി നല്‍കിയതെന്ന് ഹര്‍ജിയില്‍ പറയുന്നു. പ്രോസിക്യൂഷന്‍ ഹാജരാക്കിയ "പോസ്റ്റ്മോര്‍ട്ടം അസൈന്‍മെന്റ് രജിസ്റ്റര്‍" സുരക്ഷിതമായി കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ കോടതി നിര്‍ദേശിച്ചു. പോസ്റ്റ്മോര്‍ട്ടം കുറിപ്പുകള്‍ ഹാജരാക്കാനും നിര്‍ദേശിച്ചു. പോസ്റ്റ്മോര്‍ട്ടം നടത്തിയത് ഡോ. ഷെര്‍ളി വാസുവും താനും അടങ്ങുന്ന ടീമാണെന്ന് ഡോ. ഉന്മേഷ് രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. രജിസ്റ്ററില്‍ ഷെര്‍ളി വാസുവിന്റെ പേര് എഴുതിയത് താനാണെന്നും ഉന്മേഷ് കോടതിയില്‍ സമ്മതിച്ചു. പോസ്റ്റ്മോര്‍ട്ടം നടത്തിയത് ഉന്മേഷാണെന്ന് ആവര്‍ത്തിച്ച അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പി എസ് ഈശ്വരന്‍ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തിലോ കണ്ടെത്തലുകളിലോ തന്റെ കക്ഷിക്ക് അഭിപ്രായവ്യത്യാസമില്ലെന്ന് വ്യക്തമാക്കി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഏറ്റുവാങ്ങിയതും നടപടിയാരംഭിച്ചതും താനാണെന്നും ഉന്മേഷ് പറഞ്ഞു. ഇതിന്റെ കുറിപ്പും നല്‍കി. ഇത് തെളിയിക്കാന്‍ തയ്യാറാണ്. അന്വേഷണത്തെ ഭയമില്ല. ഫോറന്‍സിക് മേധാവിയുടെ മൊഴി അറിഞ്ഞിരുന്നില്ല. എതിരായി മൊഴി നല്‍കിയെന്ന വാദം ശരിയല്ലെന്നും ഉന്മേഷ് പറഞ്ഞു.
ഉന്മേഷ് തയ്യാറാക്കിയ പോസ്റ്റ്മോര്‍ട്ടം കുറിപ്പുകളും അഭിഭാഷകന്‍ ഹാജരാക്കി. 28 പേജുള്ള റിപ്പോര്‍ട്ടില്‍ ഡോക്ടര്‍മാരുടെ ഒപ്പുണ്ട്. പുനര്‍വിസ്താരം നടത്തുമ്പോള്‍ തങ്ങള്‍ക്ക് പറയാനുള്ളതും കേള്‍ക്കണമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ പി എ ശിവരാജന്‍ ആവശ്യപ്പെട്ടു. തെറ്റായ മൊഴി നല്‍കിയ ഉന്മേഷിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കോടതികവാടത്തിലേക്ക് മാര്‍ച്ച് നടത്തി. ഡോ. ഉന്മേഷിന് പൊലീസ് സംരക്ഷണം നല്‍കിയിരുന്നു.

ഫാക്ടംഫോസിന് വീണ്ടും വില കൂട്ടുന്നു

കൊച്ചി: ഫാക്ട് ഉല്‍പ്പാദിപ്പിക്കുന്ന അമോണിയം ഫോസ്ഫേറ്റിന് (ഫാക്ടംഫോസ്) വീണ്ടും വില ഉയര്‍ത്താന്‍ നീക്കം. ടണ്ണിന് 1000 രൂപ വര്‍ധിപ്പിക്കാനാണ് നീക്കം. 20 നകം ചേരുന്ന കമ്പനി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നറിയുന്നു. വളം വിലനിര്‍ണയാവകാശം കമ്പനികള്‍ക്കു നല്‍കിയശേഷം അഞ്ചാം തവണയാണ് വില ഉയര്‍ത്തുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയിലേറെയാണ് ഇപ്പോഴത്തെ വില. സ്വകാര്യകമ്പനികള്‍ ഉള്‍പ്പെടെയുള്ളവ ഉല്‍പ്പാദിപ്പിക്കുന്ന അമോണിയം ഫോസ്ഫേറ്റിന് ഫാക്ടിന്റേതിനേക്കാള്‍ ഉയര്‍ന്ന വിലയാണ്. ഈ അന്തരം മുതലെടുക്കാനാണ് ഫാക്ട് വില വീണ്ടും ഉയര്‍ത്തുന്നത്.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്കിത് ഇരുട്ടടിയാകും. വിലനിര്‍ണയാവകാശം കമ്പനികള്‍ക്ക് നല്‍കുംമുമ്പ് 2010 മാര്‍ച്ചില്‍ ടണ്ണിന് 6295 രൂപയായിരുന്നു ഫാക്ടംഫോസ് വില. നാലു ഘട്ടങ്ങളിലായി വര്‍ധിപ്പിച്ചപ്പോള്‍ വില 12,932 രൂപയായി. എന്നാല്‍ ഇന്ത്യന്‍ പൊട്ടാഷ് ലിമിറ്റഡ്, ബംഗളൂരു കെമിക്കല്‍ ഫെര്‍ട്ടിലൈസേഴ്സ് തുടങ്ങിയ കമ്പനികള്‍ തങ്ങളുടെ ഉല്‍പ്പന്നത്തിന് 14,800 രൂപയാണ് ഈടാക്കുന്നത്. ഈ സാഹചര്യത്തില്‍ കുറഞ്ഞത് 1000 രൂപയെങ്കിലും ഉയര്‍ത്തി 13,900 രൂപയോളമായി വില നിശ്ചയിക്കാനാണ് നീക്കം. 2010 മാര്‍ച്ചില്‍ 50 കിലോഗ്രാമിന്റെ ചാക്കിന് 315 രൂപയായിരുന്നത് 640 ആയി. ഇത് 700 രൂപയോളമായി വര്‍ധിപ്പിച്ചേക്കുമെന്നാണ് സൂചന.

കേരളത്തിനു പുറമെ തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളിലാണ് ഫാക്ടംഫോസ് വില്‍പ്പന അനുവദിച്ചിട്ടുള്ളത്. വളം സബ്സിഡി കര്‍ഷകര്‍ക്ക് നേരിട്ടു കൊടുക്കുമെന്ന കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനത്തിലെ അവ്യക്തതയും കര്‍ഷകര്‍ക്ക് വിനയാകുകയാണ്. ഇക്കാര്യത്തില്‍ ഇനിയും കൃത്യമായ മാനദണ്ഡം പ്രഖ്യാപിച്ചിട്ടില്ല. അര്‍ഹരായ പലര്‍ക്കും ആനുകൂല്യം നഷ്ടമാകാനും അനര്‍ഹര്‍ ഇത് തട്ടിയെടുക്കാനുള്ള സാധ്യത ഏറെയാണ്. ഫലത്തില്‍ വളത്തിന്റെ വിലക്കയറ്റം കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയും ഗണ്യമായി ഉയര്‍ത്തും. ഇതിന്റെ ദുരിതം മുഴുവന്‍ ജനങ്ങളും ഏറ്റുവാങ്ങേണ്ടിയും വരും.

ദേശാഭിമാനി 141011

Saturday, September 24, 2011

കുട്ടനാട് പാക്കേജ്: പശുക്കളെ നല്‍കിയതില്‍ വന്‍ ക്രമക്കേട്

കുട്ടനാട് പാക്കേജില്‍പ്പെടുത്തി ക്ഷീരകര്‍ഷകര്‍ക്ക് കന്നുകാലികളെ വിതരണം ചെയ്തതില്‍ വന്‍ക്രമക്കേട്. പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ തമിഴ്നാട് ലോബിക്ക് ചോര്‍ത്തി നല്‍കിയതായും ആരോപണം. 10 ലിറ്റര്‍ പാല്‍ ലഭിക്കുമെന്ന് പറഞ്ഞുനല്‍കിയ കറവപ്പശുവില്‍ നിന്ന് ലഭിച്ചത് 4 ലിറ്റര്‍ മാത്രം. പത്തുദിവസത്തിനകം പ്രസവിക്കുമെന്ന് വെറ്റിനറി ഡോക്ടര്‍ സാക്ഷ്യപ്പെടുത്തി നല്‍കിയ പശുക്കള്‍ ഒന്നരമാസം പിന്നിട്ടിട്ടും പ്രസവിച്ചില്ല. പാക്കേജിന്റെ ഭാഗമായി കുട്ടനാട്ടിലെ പാലിന്റെയും പാലുല്‍പ്പന്നങ്ങളുടെയും ഉല്‍പാദനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതിയിലാണ് വന്‍ തിരിമറി. പശുക്കളില്‍ നിന്ന് വെറ്റിനറി ഡോക്ടര്‍മാര്‍ പറഞ്ഞ അളവിലുള്ള പാല്‍ ലഭിക്കുന്നില്ലെന്നതാണ് സ്ഥിതി. വെറ്റിനറി ഡോക്ടര്‍മാരും തമിഴ്നാട് ലോബിയും തമ്മിലുള്ള ഒത്തുകളിയാണ് ഈ അഴിമതിക്കുപിന്നിലെന്ന് ക്ഷീരകര്‍ഷകര്‍ പറയുന്നു.

തമിഴ് ഏജന്റുമാര്‍ക്ക് പദ്ധതി വിശദാംശങ്ങള്‍ ചോര്‍ത്തി നല്‍കിയാണ് വന്‍ അഴിമതിക്ക് കളമൊരുക്കിയത്. വെറ്റിനറി ഡോക്ടര്‍മാരും ഗുണഭോക്തൃ സമിതിയുടെ പ്രതിനിധികളും ഉള്‍പ്പെടുന്ന സംഘമാണ് തമിഴ്നാട്ടില്‍ നിന്ന് പശുക്കളെ വാങ്ങാന്‍ പോയത്. പശുക്കളെ പരിശോധിച്ച് ഗുണമേന്മ ഉറപ്പുവരുത്തേണ്ട ചുമതല വെറ്റിനറി ഡോക്ടര്‍ക്കാണ്. പശുക്കളെ പരിശോധിക്കുന്ന സമയത്ത് ഏജന്റ് പതിനഞ്ച് ലിറ്ററോളം പാല്‍ കറന്നുകാണിച്ചു. എന്നാല്‍ ഇവയെ നാട്ടിലെത്തിച്ച് കറന്നപ്പോള്‍ ആകെ ലഭിച്ചത് പറഞ്ഞതിന്റെ പകുതിയില്‍താഴെ പാലാണ്. പലരും പരാതിയുമായി മൃഗാശുപത്രിയില്‍ എത്തിയെങ്കിലും അധികൃതര്‍ കൈയൊഴിഞ്ഞു. ഡോക്ടറുടെ ഒത്താശയില്ലാതെ ഈ തട്ടിപ്പ് നടക്കില്ലെന്ന് കര്‍ഷകര്‍ പറയുന്നു. പദ്ധതിയില്‍പ്പെടുത്തി ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി രണ്ടായിരത്തോളം പശുക്കളെയാണ് വിതരണം ചെയ്തത്. ആലപ്പുഴയില്‍ മാത്രം ആയിരം പശുക്കളെ നല്‍കി. പദ്ധതിഅടങ്കലില്‍ അമ്പതു ശതമാനം തുക ഗുണഭോക്താക്കള്‍ നല്‍കി. ബാങ്ക് വായ്പ തരപ്പെടുത്തിയാണ് പലരും വിഹിതം അടച്ചത്. പാലിന്റെ അളവ് കുറഞ്ഞതോടെ പശുവിന് തീറ്റയിനത്തിലും മറ്റും ചെലവഴിക്കാന്‍ വേറെ പണം കണ്ടെത്തേണ്ട ഗതികേടിലാണ് കര്‍ഷകര്‍ .

വെള്ളപ്പൊക്ക നിയന്ത്രണപദ്ധതിയില്‍പ്പെടുത്തി പാടശേഖരബണ്ടിന് സ്ലാബ്ഭിത്തി നിര്‍മിക്കുന്നതിലും ക്രമക്കേട് നടന്നതായി ആരോപണമുണ്ട്. ആദ്യഘട്ടമായി തെരഞ്ഞെടുത്ത നാലു പാടങ്ങളില്‍ റാണി, ചിത്തിര കായലുകളില്‍ നിലവില്‍ കൃഷിയില്ല. എന്നാല്‍ ഇതിനോടു ചേര്‍ന്നുകിടക്കുന്ന കൃഷിയുള്ള മാര്‍ത്താണ്ഡം കായല്‍ രണ്ടാം ഘട്ടത്തിലും ഉള്‍പ്പെടുത്തിയിട്ടില്ല. ഒന്നാം ഘട്ടത്തില്‍ 66 കിലോമീറ്ററാണ് സ്ലാബ് നിര്‍മിക്കുന്നത്. ഇ ബ്ലോക്ക്, എച്ച് ബ്ലോക്ക്, ഐ ബ്ലോക്ക്, ഡി ബ്ലോക്ക് തെക്ക്, വടക്ക് എന്നീ പാടങ്ങളാണ് രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയത്. സ്ലാബ് കായലിന്റെ അടിത്തട്ടുവരെ എത്തുന്നില്ലെന്ന പരാതിയെത്തുടര്‍ന്ന് ഡി ബ്ലോക്കിലെ നിര്‍മാണം നിര്‍ത്തിവച്ചിരിക്കുകയാണ്.

deshabhimani 240911

Wednesday, March 9, 2011

കുട്ടനാട് പാക്കേജ്: എല്‍ഡിഎഫ് സര്‍ക്കാരിന്റെ മികച്ച നേട്ടം

ഏറെ നാളത്തെ വിവാദങ്ങള്‍ക്കും ആശങ്കകള്‍ക്കും വിരാമമിട്ട് കുട്ടനാട് പാക്കേജ് പദ്ധതികള്‍ക്ക് തുടക്കം കുറിക്കാന്‍ കഴിഞ്ഞത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടിയായി. കൃഷിനാശവും കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയും കാരണം രാജ്യത്ത് വയനാട്ടിലും ഇടുക്കിയിലും കുട്ടനാട്ടിലും വിദര്‍ഭയിലും ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കര്‍ഷകര്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്തത് രാജ്യത്തെ നടുക്കിയ സംഭവം. ഈ സാഹചര്യത്തില്‍ പ്രത്യേക പാക്കേജ് തയാറാക്കിയ കേന്ദ്രം കേരളത്തിന്റെ നെല്ലറയായ കുട്ടനാടിന്റെ കാര്യം ബോധപൂര്‍വം വിസ്മരിച്ചു. കുട്ടനാടിനെ രക്ഷിക്കാന്‍ പ്രത്യേക പദ്ധതിവേണമെന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിരന്തരമായ ആവശ്യവും അന്ന് യുപിഎ സര്‍ക്കാരിന് പിന്തുണ നല്‍കിയിരുന്ന ഇടതുപക്ഷത്തിന്റെ സമ്മര്‍ദ്ദവും കാരമാണ് കേന്ദ്രം കുട്ടനാട് പാക്കേജിന് അനുമതി നല്‍കിയത്.

പാക്കേജിലെ പദ്ധതികള്‍ക്ക് പണം അനുവദിക്കുന്ന കാര്യത്തില്‍ കേന്ദ്രം ആദ്യം ഒളിച്ചുകളിച്ചു. 50 ലക്ഷം രൂപയില്‍ അധികരിക്കുന്ന പദ്ധതികള്‍ക്കു മാത്രമേ പണം നല്‍കൂ എന്നായിരുന്നു കേന്ദ്ര നിലപാട്. അങ്ങനെ വരുമ്പോള്‍ മൊത്തം പദ്ധതിയുടെ 15 ശതമാനം മാത്രം കേന്ദ്രം വഹിച്ചാല്‍ മതിയാവും. ഭൂരിഭാഗം പദ്ധതികളും 50 ലക്ഷത്തില്‍ താഴെയായിരുന്നു. ഇതിനെതിരെ സംസ്ഥാനം ശക്തമായ പോരാട്ടംതന്നെ നടത്തി. ഇതേതുടര്‍ന്നാണ് എം എസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൌണ്ടേഷന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ 2008 ജൂലൈയില്‍ 1,840 കോടിയുടെ പ്രോജക്ടിന് കേന്ദ്രം അനുമതി നല്‍കിയത്.

പദ്ധതി നടത്തിപ്പിനായി സംസ്ഥാന സര്‍ക്കാര്‍ 2008 ഡിസംബറില്‍ പ്രോജക്ട് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് വിവിധ പദ്ധതികള്‍ 2010 ജൂണില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 2010 സെപ്തംബര്‍ 5ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ കുട്ടനാട് പാക്കേജ് ഉദ്ഘാടനം ചെയ്തു. 151 കോടി രൂപയുടെ വെള്ളപ്പൊക്ക നിയന്ത്രണ പദ്ധതികള്‍ കേന്ദ്ര ജലവിഭവ - പാര്‍ലമെന്ററി കാര്യ മന്ത്രി പവന്‍കുമാര്‍ ബെന്‍സാലും ഉദ്ഘാടനം ചെയ്തു. ജലസേചനം, കൃഷി, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, കാര്‍ഷിക യൂണിവേഴ്സിറ്റി, മൃഗസംരക്ഷണം, കന്നുകാലി വികസന ബോര്‍ഡ്, മത്സ്യബന്ധനം, സാമൂഹ്യ ക്ഷേമം, പരിസ്ഥിതി- വനം, വിനോദ സഞ്ചാരം തുടങ്ങിയ വകുപ്പുകളിലുടെയാണ് പദ്ധതി നിര്‍വഹണം. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ 102 വില്ലേജുകളില്‍പ്പെടുന്ന 1,34,400 ഏക്കര്‍ പ്രദേശത്ത് നെല്‍കൃഷി വ്യാപിപ്പിക്കുക, ജലസേചനസൌകര്യങ്ങള്‍ ലഭ്യമാക്കുക, പാടങ്ങളുടെ സംരക്ഷണത്തിനു കോണ്‍ക്രീറ്റ് പുറംബണ്ടു നിര്‍മ്മിക്കുക, കന്നുകാലി ഉള്‍പ്പെടെയുള്ള മൃഗസമ്പത്ത് സംരക്ഷിക്കുക, മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുക തുടങ്ങിയവ പാക്കേജില്‍ ഉള്‍പ്പെടുന്നു.

റാണി, ചിത്തിര കായല്‍ മേഖലകളിലെ വെള്ളപ്പൊക്ക നിയന്ത്രണം, കരിയാറിന് കുറുകെ കോട്ടചിറകളില്‍ 33 സ്ഥിരം ഓരുമുട്ടുകള്‍ സ്ഥാപിക്കല്‍, കുട്ടനാട് തണ്ണീര്‍ത്തട പൂനരുദ്ധാരണം, പാടശേഖരങ്ങളില്‍ പൊതു ഉപയോഗത്തിനായി പമ്പുകളും കാര്‍ഷിക ഉപകരണങ്ങളും വിതരണം ചെയ്യല്‍, ഓണാട്ടുകരയില്‍ നെല്ല്, എള്ള് കൃഷികള്‍ക്കുള്ള പ്രോത്സാഹനം, നെല്ല് സംഭരണ ശാലകള്‍, കാര്‍ഷിക ജോലികളില്‍ യുവാക്കള്‍ക്ക് പരിശീലനം, അഗ്രിക്ളീനിക്കുകള്‍, നാളികേര പുനരുദ്ധാരണ പദ്ധതി, കാര്‍ഷിക യന്ത്രങ്ങളുടെ ഗവേഷണത്തിനും വികസനത്തിനും പരിശീലനത്തിനുമുള്ള കേന്ദ്രം, നിരണം താറാവു വളര്‍ത്തല്‍ കേന്ദ്രം വികസിപ്പിക്കല്‍, കുട്ടനാട്ടില്‍ പാലും പാലുല്‍പ്പന്നങ്ങള്‍ക്കുമായി ചെറുകിട ഡയറി യൂണിറ്റുകള്‍ സ്ഥാപിക്കല്‍, കരിമീനിന്റെയും ആറ്റുകൊഞ്ചിന്റെയും ഉല്‍പ്പാദന വര്‍ധനയ്ക്കുള്ള പദ്ധതി, വേമ്പനാട്ട് കായല്‍ ഭാഗത്തെ ജൈവ വൈവിധ്യം സംരക്ഷിക്കുന്നതിനുള്ള നടപടി, കാര്‍ഷികാധിഷ്ടിത വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കല്‍ തുടങ്ങി നിരവധി പദ്ധതികളുടെ പ്രോജക്ടുകള്‍ സമര്‍പ്പിച്ച് അംഗീകരിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞു. തണ്ണീര്‍മുക്കംബണ്ട് നവീകരണം, തോട്ടപ്പള്ളി സ്പില്‍വേ കാര്യക്ഷമത വര്‍ധിപ്പിക്കല്‍, എസി കനാല്‍ നവീകരണം എന്നിവയൂടെ പഠന റിപ്പോര്‍ട്ടുകള്‍ മാര്‍ച്ച് പകുതിയോടെ ലഭിച്ചേക്കും.

ദേശാഭിമാനി 090311 ആലപ്പുഴ ജില്ലാ വാര്‍ത്ത

Friday, September 10, 2010

മനോരമയും കുട്ടനാട് പാക്കേജും

കുട്ടനാട് പാക്കേജ്: കോണ്‍ഗ്രസ് വിലാസം മുഖപ്രസംഗ 'പദ്ധതി'

'സര്‍ക്കാര്‍ വിലാസം കുട്ടനാടന്‍ പദ്ധതി' എന്ന തലക്കെട്ടില്‍ കുട്ടനാടന്‍ കര്‍ഷകര്‍ക്കുവേണ്ടി എന്ന വ്യാജേന മലയാള മനോരമ വ്യാഴാഴ്ച എഴുതിയ മുഖപ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയെടുത്താണ് കുട്ടനാട് പാക്കേജിനു രൂപം നല്‍കിയതെന്ന പ്രഖ്യാപനം വിടുവായത്തം. കേന്ദ്രഭരണത്തിനു നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിനെയും അതുവഴി കേരളത്തിലെ യുഡിഎഫിനെയും സംരക്ഷിക്കുന്നതിനാണ് ഈ മുഖപ്രസംഗമെന്ന് വ്യക്തം.

2006 ആഗസ്തില്‍ മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷക ആത്മഹത്യാപ്രവണതയുള്ള 31 ജില്ലകള്‍ക്കായി സംയോജിത കാര്‍ഷിക വികസനപാക്കേജ് കേന്ദ്രം പ്രഖ്യാപിച്ചു. ഇതില്‍ കുട്ടനാട് ഉള്‍ക്കൊള്ളുന്ന ആലപ്പുഴ ജില്ലയും ഇടുക്കി ജില്ലയും ഉള്‍പ്പെട്ടില്ല. ഇതിനെതിരെ സംസ്ഥാന സര്‍ക്കാരിന്റെ സമയോചിതമായ ഇടപെടലും അന്നത്തെ കേരളത്തില്‍നിന്നുള്ള ഇടതുപക്ഷ എംപിമാരുടെ സമ്മര്‍ദവും കാരണമാണ് കേന്ദ്രം കുട്ടനാട് പാക്കേജ് തയ്യാറാക്കാന്‍ ഡോ. എം എസ് സ്വാമിനാഥനെ നിയോഗിച്ചത്. ഇതു മറച്ചുവച്ച് ഒരു സുപ്രഭാതത്തില്‍ കേന്ദ്രം പാക്കേജ് പ്രഖ്യാപിക്കുകയായിരുന്നു എന്നുതോന്നും മനോരമ വായിച്ചാല്‍. വസ്തുത മനസ്സിലാക്കാതെയും കോണ്‍ഗ്രസിനെ രക്ഷിക്കാനുമായി പടച്ചുവിട്ട മുഖപ്രസംഗം ഞാണിന്മേല്‍ കളിയായി.

ഡോ. സ്വാമിനാഥന്‍ പാക്കേജിന്റെ അന്തഃസത്ത ചോര്‍ന്നു; ഉത്തരവാദി സംസ്ഥാന സര്‍ക്കാര്‍ എന്നതാണ് മനോരമ ഉന്നയിക്കുന്ന പ്രധാന ആരോപണം. വസ്തുതകളുമായി പുലബന്ധമില്ലാത്ത കാര്യമാണിത്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ വ്യാപിച്ചുകിടക്കുന്ന അഖിലകുട്ടനാട് കാര്‍ഷികമേഖലയുടെ സമഗ്രവികസനത്തിനു വേണ്ടിയാണ് 1,840 കോടിരൂപയുടെ പാക്കേജ് ഡോ. സ്വാമിനാഥന്‍ സമര്‍പ്പിച്ചത്. പാക്കേജിന് ആദ്യ യുപിഎ സര്‍ക്കാര്‍ അംഗീകാരം നല്‍കിയത് മൊത്തം അടങ്കലിലെ 85 ശതമാനം തുകയും കണ്ടെത്തേണ്ടത് സംസ്ഥാനസര്‍ക്കാര്‍ എന്നനിലയിലായിരുന്നു. ഇതിനെതിരെ സംസ്ഥാനം സമ്മര്‍ദം ചെലുത്തിയപ്പോള്‍ പുനരാലോചനയ്ക്കു കേന്ദ്രം തയ്യാറായി. ഒടുവില്‍ 2653 കോടിരൂപയുടെ പാക്കേജാണ് കേന്ദ്രം അംഗീകരിച്ചത്. ഇതില്‍ 643 കോടി രൂപമാത്രമാണു അനുവദിച്ചത്. നേരത്തെ കേന്ദ്രം പദ്ധതി അംഗീകരിച്ചു പണം വകയിരുത്തുന്നതിനു കാത്തുനില്‍ക്കാതെ സംസ്ഥാനം സ്വന്തംനിലയില്‍ തുക അനുവദിച്ചു. 50 ലക്ഷംരൂപയ്ക്കു താഴെവരുന്ന 20 പദ്ധതികള്‍ക്കു എട്ടുകോടിയുടെ ഭരണാനുമതി സംസ്ഥാനം നല്‍കി.

ജലസേചന പദ്ധതികള്‍ക്കു സംസ്ഥാനം 2111 കോടിയുടെ പദ്ധതി തയ്യാറാക്കിയപ്പോള്‍ സ്വാമിനാഥന്‍ 836 കോടിരൂപയാണ് വകയിരുത്തിയതെന്നാണ് മനോരമയുടെ മറ്റൊരു ആരോപണം. 836 കോടിയുടെ ജലസേചന അടങ്കല്‍ 2111 കോടിരൂപയാക്കി കുത്തനെ ഉയര്‍ത്താന്‍ കടുത്ത സമ്മര്‍ദം ചെലുത്തിയ സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിക്കാനായിരുന്നു മനോരമ മുതിരേണ്ടിയിരുന്നത്. പദ്ധതി നടത്തിപ്പു സുതാര്യമല്ലെന്ന് കുട്ടനാട്ടിലെ കര്‍ഷകര്‍ ആരോപിക്കുന്നുവെന്നും മനോരമ തട്ടിവിടുന്നു. ഇക്കാര്യം തെളിയിക്കുന്ന റിപ്പോര്‍ട്ടുകള്‍ തങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടില്ല എന്നതും മനോരമ മറന്നു.
(എം സുരേന്ദ്രന്‍)

ദേശാഭിമാനി 10092010