Showing posts with label അടിയന്തരാവസ്ഥ. Show all posts
Showing posts with label അടിയന്തരാവസ്ഥ. Show all posts

Saturday, June 26, 2021

അടിയന്തരാവസ്ഥ അന്നും ഇന്നും - കെ രാജേന്ദ്രൻ എഴുതുന്നു

1975 ജൂൺ 25 അർധരാത്രി. പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ശുപാർശയെത്തുടർന്ന് രാഷ്‌ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. റായ്ബറേലിയിൽനിന്നുള്ള ഇന്ദിര ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതിയുടെ വിധിയെ മറികടക്കുക എന്നതിലുമുപരി രാജ്യത്ത് ഏകാധിപത്യ ഭരണസംവിധാനം നടപ്പാക്കുക എന്നതായിരുന്നു അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന്റെ അടിസ്ഥാന ലക്ഷ്യം. നെഹ്റു കുടുംബത്തിന്റെ ഏകാധിപത്യമെന്ന ലക്ഷ്യം നിറവേറ്റപ്പെട്ടില്ല. പക്ഷേ, കോൺഗ്രസ് (ഐ) എന്ന പാർടിയുടെ നേതൃത്വം നെഹ്റു കുടുംബത്തിന് വീറ്റോ പവറുള്ള ഒരു സംവിധാനമായി മാറി. അടിയന്തരാവസ്ഥയുടെ 46–-ാം വാർഷികവേളയിൽ കോൺഗ്രസിന് സ്ഥിരം അധ്യക്ഷ ഇല്ല. അവർ ഇന്ന് അധികാരത്തിലുള്ളത് വെറും മൂന്ന്‌ സംസ്ഥാനത്ത്‌. ഇതിൽ രാജസ്ഥാൻ സർക്കാരാകട്ടെ എപ്പോൾ വേണമെങ്കിലും നിലംപൊത്താം. അടിയന്തരാവസ്ഥയ്‌ക്കെതിരെ പോരാട്ടം നടത്തിയവരെന്ന് നിത്യേന പറഞ്ഞുകൊണ്ടിരിക്കുന്നവരാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. ഇവരുടെ ഭരണ ശൈലിയാകട്ടെ അടിയന്തരാവസ്ഥയ്‌ക്ക് സമാനമാണ്. പ്രതിഷേധിക്കുന്നവരെ ഉൻമൂലനം ചെയ്യുന്നതിനായി അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിര ഗാന്ധി ഉപയോഗിച്ച അതേ പദമാണ് ഇന്ന് നരേന്ദ്ര മോഡിയും പ്രയോഗിക്കുന്നത് "രാജ്യദ്രോഹം'.

അടിയന്തരാവസ്ഥക്കാലത്ത് ഏറ്റവുമധികം മർദനങ്ങൾ ഏറ്റുവാങ്ങിയത് കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകളുമായിരുന്നു. പ്രതിഷേധിച്ചവരിൽ ആർഎസ്എസുകാരും ഉണ്ടായിരുന്നു. ആർഎസ്എസിന്റെ സംഘടനാ സംവിധാനവും അംഗബലവും കണക്കിലെടുക്കുമ്പോൾ പീഡനങ്ങൾ നേരിട്ടിരുന്നവരുടെ എണ്ണം വളരെ കുറവായിരുന്നു. എന്നാൽ, അടിയന്തരാവസ്ഥക്കാലത്തെ പീഡനങ്ങളുടെ കണക്കുപറഞ്ഞ് രാജ്യത്ത് ഏറ്റവുമധികം പെൻഷൻ വാങ്ങുന്നത് ആർഎസ്എസുകാരാണ്.

പുറത്ത് ഇന്ദിര ഗാന്ധിക്കെതിരെ സമരം ചെയ്യുമ്പോൾത്തന്നെ ആർഎസ്എസ് നേതാക്കൾ ഇന്ദിര ഗാന്ധിയുമായി സന്ധി ചേരുന്നതിനുള്ള അണിയറ നീക്കങ്ങൾ തകൃതിയായി നടത്തി. അടിയന്തരാവസ്ഥക്കാലത്ത് മധുകർ ദത്താത്രെയ ദേവരസ് ആയിരുന്നു ആർഎസ്എസിന്റെ സർസംഘചാലക്. ദേവരസ് മാതൃകയാക്കിയത് വി ഡി സവർക്കറുടെ ശൈലിയായിരുന്നു. ആന്തമാനിലെ സെല്ലുലാർ ജയിലിൽനിന്ന് മോചനം നേടാനായി 1913 നവംബർ 14ന് വി ഡി സവർക്കർ ബ്രിട്ടീഷ് സർക്കാരിന് അയച്ച കത്തിലെ പ്രധാന വാചകം ഇങ്ങനെ: "ദയ തോന്നി എന്നെ ജയിലിൽനിന്ന് മോചിപ്പിക്കണം. എന്നെ മോചിപ്പിച്ചാൽ ബ്രിട്ടീഷുകാരോട് വിധേയത്വമുള്ളവനായി ഞാൻ പ്രവർത്തിക്കും. വഴിതെറ്റിപ്പോയ ചെറുപ്പക്കാരെ ഞാൻ ശരിയായ ദിശയിൽ നയിക്കും' അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന് പിന്നാലെ 1975 ജൂൺ 30ന് ദേവരസിനെ പുണെയിലെ യർവാദാ ജയിലിൽ അടച്ചു.1975 ജൂലൈ 15 മുതൽ 1976 ജനുവരി 12 വരെയുള്ള കാലയളവിൽ ദേവരസ് ഇന്ദിര ഗാന്ധിയുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കയച്ചത് ഒമ്പത്‌ കത്താണ്‌. വ്യാപകമായ ക്രമക്കേട് നടന്നെന്ന് തെളിഞ്ഞതിനെ തുടർന്ന് യുപിയിലെ റായ്ബറേലി മണ്ഡലത്തിൽനിന്ന് ഇന്ദിര ഗാന്ധി തെരഞ്ഞെടുക്കപ്പെട്ടത് 1975 ജൂൺ 12ന് അലഹബാദ് ഹൈക്കോടതി റദ്ദാക്കി. ജൂൺ 24ന് ഹൈക്കോടതി വിധി സുപ്രീംകോടതി ഉപാധികളോടെ സ്റ്റേ ചെയ്തു. ജൂൺ 25ന് അർധരാത്രി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജയിലിലടയ്‌ക്കപ്പെട്ട ദേവരസ് ഉടനെ ഇന്ദിര ഗാന്ധിക്ക് അഭിനന്ദനക്കത്തയച്ചു.

പൗരാവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്തിയവരെയെല്ലാം ക്രൂരമായി അടിച്ചമർത്തുന്നതിനിടെയാണ് 1975 ആഗസ്ത്‌ 15ന് ഇന്ദിര ഗാന്ധി ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിന പ്രസംഗം നടത്തിയത്. ഇന്ദിര ഗാന്ധിയുടെ പ്രസംഗത്തെ ജനാധിപത്യ വിശ്വാസികളെല്ലാം തള്ളിപ്പറഞ്ഞപ്പോൾ പ്രസംഗത്തെ അഭിനന്ദിച്ചും ഇന്ദിരക്ക് പിന്തുണ പ്രഖ്യാപിച്ചും 1975 ആഗസ്ത്‌ 22ന് ദേവരസ് വീണ്ടും കത്തയച്ചു. ആർഎസ്എസിനെതിരെയുള്ള നിരോധനം പിൻവലിക്കണമെന്ന് താണുകേണ് അപേക്ഷിച്ചു. ജയിൽമോചിതനായാൽ തനിക്ക് കൂടിക്കാഴ്ചക്ക്‌ സമയം നൽകണമെന്നും ഇന്ദിരയോട് യാചിച്ചു. 1976 ഫെബ്രുവരിയിൽ അസുഖം നടിച്ച് ദേവരസ് ബോംബെയിലെ സെന്റ്‌ ജോർജ് ആശുപത്രിയിൽ പ്രവേശിച്ചു. യർവാദാ ജയിൽ സ്ഥിതിചെയ്യുന്ന പുണെയിൽത്തന്നെ നല്ല ആശുപത്രികൾ ഉണ്ടായിരിക്കെയാണ് ദേവരസ് വിദഗ്ധ ചികിത്സയ്ക്കായി ബോംബെയിലെത്തിയത്. ഇന്ദിര ബോംബെ സന്ദർശിക്കാനിരിക്കെയായിരുന്നു ആ നാടകം. രഹസ്യ കൂടിക്കാഴ്ച നടത്താൻ അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി എസ് ബി ചവാൻ അണിയറയൊരുക്കി. ഇന്ദിരയെ നേരിൽക്കണ്ട് മാപ്പ് പറയുകയായിരുന്നു ലക്ഷ്യം. ആർഎസ്എസുകാരെയെല്ലാം ജയിൽ മോചിതരാക്കിയാൽ അടിയന്തരാവസ്ഥയ്‌ക്ക് പിന്തുണ നൽകാമെന്നും ദേവരസ് ഏറ്റു. പക്ഷേ, ഇന്ദിര കൂടിക്കാഴ്ചയ്‌ക്ക് തയ്യാറായില്ല. ആർഎസ്എസിന്റെ പിന്തുണ ഇല്ലാതെതന്നെ ജനവികാരത്തെ അതിജീവിക്കാനാകുമെന്ന കണക്കുകൂട്ടലിലായിരുന്നു അവർ. മഹാരാഷ്ട്ര സർക്കാരാകട്ടെ അടിയന്തരാവസ്ഥാ തടവുകാർക്ക് മുന്നിൽ ഒരു ഉപാധിവച്ചു. അടിയന്തരാവസ്ഥയ്‌ക്ക് തടസ്സം നിൽക്കുന്ന പ്രവൃത്തികളിലൊന്നും ഏർപ്പെടില്ലെന്ന സമ്മതപത്രത്തിൽ ഒപ്പുവച്ചാൽ ജയിൽ മോചിതരാക്കാം എന്നായിരുന്നു ഉപാധി. സോഷ്യലിസ്റ്റ്, കമ്യൂണിസ്റ്റ് തടവുകാരൊന്നും ഒപ്പുവച്ചില്ല. അവർ ജയിൽവാസം തുടർന്നു. ദേവരസിന്റെ നിർദേശത്തെ തുടർന്ന് എല്ലാ ആർഎസ്‌എസുകാരും സമ്മതപത്രത്തിൽ ഒപ്പുവച്ചു. ഇവരിൽ കോൺഗ്രസ് നേതൃത്വത്തിന് ഇഷ്ടപ്പെട്ട കുറച്ചുപേരെമാത്രം മോചിപ്പിച്ചു.

രാജാവിനേക്കാൾ വലിയ രാജഭക്തി

അടിയന്തരാവസ്ഥക്കാലത്ത് ഏറ്റവും ജനപ്രിയമായ മാധ്യമം ആകാശവാണിയായിരുന്നു. വാർത്തകളിൽ പ്രധാനമന്ത്രി മാത്രം നിറഞ്ഞുനിന്നു. വർത്തമാനപത്രങ്ങളിൽ മിക്കവയും കുനിയാൻ പറഞ്ഞപ്പോൾ ഇഴയുന്നവരായിരുന്നു. പൗരാവകാശങ്ങൾക്കുവേണ്ടി തൂലിക ചലിപ്പിച്ചവരെയെല്ലാം ജയിലിലടച്ചു. സെൻസർഷിപ്പിലൂടെ മാധ്യമങ്ങളെ വരിഞ്ഞുമുറുക്കി. അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും ഇന്ന് സ്ഥിതി കൂടുതൽ പരിതാപകരമാണ്. മോഡി സർക്കാരിന് കീഴിലെ ഭരണകൂട ഭീകരതകൾക്ക് കോറസ് പാടുന്നതിനായി മുഖ്യധാരാമാധ്യമങ്ങൾ മത്സരിക്കുകയാണ്. വിമർശിക്കുന്നവർക്കും പ്രതിഷേധിക്കുന്നവർക്കുമെല്ലാമെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കുക എന്നതാണ് മോഡി സർക്കാരിന്റെ അടിസ്ഥാന നയം. ഇപ്പോ‍ഴത്തെ ലക്ഷ്യം സംവിധായികയും സാമൂഹ്യപ്രവർത്തകയുമായ ആയിഷ സുൽത്താനയാണ്. മലേഗാവ് ഭീകരാക്രമണക്കേസിലെ മുഖ്യപ്രതി പ്രഗ്യാസിങ്‌ താക്കൂറിനെ പാർലമെന്റ്‌ അംഗമാക്കിയവരാണ് നിരപരാധികളെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടയ്ക്കുന്നത് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.

സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള ജനങ്ങളുടെ പ്രതികരണങ്ങളാണ് ഫാസിസ്റ്റ് ഭരണകൂടത്തെ ഏറ്റവും ഭയപ്പെടുത്തുന്നത്. ട്വിറ്റർ, ഫെയ്‌സ്ബുക്, വാട്സാപ്‌ തുടങ്ങിയ സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമുകളെ വരുതിക്ക് നിർത്താനാണ് ഇപ്പോഴത്തെ തിരക്കിട്ട ശ്രമം. അടിയന്തരാവസ്ഥയുടെ 46–-ാം വാർഷിക വേളയിൽ രാജ്യം ഏറ്റവുമധികം ചർച്ചചെയ്യുന്നത് അയോധ്യയിൽ രാമക്ഷേത്രത്തിന്റെ പേരിൽ സംഘപരിവാർ നടത്തുന്ന ഭൂമിതട്ടിപ്പാണ്. രണ്ട്‌ കോടി രൂപയ്ക്ക് വാങ്ങിയ ഭൂമി മണിക്കൂറുകൾക്കുള്ളിൽ ഇടനിലക്കാർ 18.5 കോടി രൂപയ്‌ക്ക്‌ രാമജന്മഭൂമി ട്രസ്റ്റിന് മറിച്ചുവിറ്റതാണ്‌ പ്രധാന ചർച്ച.

അടിയന്തരാവസ്ഥയും ബംഗ്ലാദേശ് രൂപീകരണവും തമ്മിൽ ബന്ധമുണ്ട്. ഇന്ദിര ഗാന്ധി സൈനികമായി ഇടപെട്ടതിനെ തുടർന്നാണ് 1971ൽ ബംഗ്ലാദേശ് എന്ന രാജ്യം രൂപീകരിക്കപ്പെട്ടത്. പാകിസ്ഥാൻ രണ്ടായി വിഭജിക്കപ്പെട്ടത് ഇന്ദിര ഗാന്ധിയെ ശക്തയാക്കി. എന്തും ചെയ്യാൻ അധികാരമുള്ള നേതാവായി താൻ മാറിയെന്ന അബദ്ധധാരണയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ഇന്ദിര ഗാന്ധിയെ പ്രേരിപ്പിച്ചത്.

മോഡിയുടെ അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ നാളുകളിലും ബംഗ്ലാദേശ് എന്ന രാജ്യം വീണ്ടും ചിത്രത്തിൽ വന്നു. രൂപീകരണസമയത്ത് ലോകത്തെ ഏറ്റവും ദരിദ്ര രാജ്യമായിരുന്ന ബംഗ്ലാദേശ് ചരിത്രത്തിലാദ്യമായി പ്രതിശീർഷവരുമാനത്തിൽ ഇന്ത്യയെ പിന്തള്ളി. ഇന്ന് ബംഗ്ലാദേശിന്റെ വാർഷിക പ്രതിശീർഷവരുമാനം 2227 ഡോളറാണ്. ഇന്ത്യയുടേതാകട്ടെ 1947.417 ഡോളറും. ഫാസിസം രാജ്യത്തെ സമഗ്രമേഖലയിലും പിറകോട്ടടിപ്പിക്കുമെന്നതിന് ഇതിലും മികച്ച ഉദാഹരണം മറ്റൊന്നില്ല.

കെ രാജേന്ദ്രൻ

അന്ന്‌ ഇന്ദിര; ഇന്ന്‌ മോഡി ; പാർലമെന്റ്‌ അപ്രസക്തമായി , തെരഞ്ഞെടുപ്പ്‌ കമീഷൻ സർക്കാരിന്റെ ഭാഗമായി

സ്വതന്ത്ര ഇന്ത്യയിലെ ഇരുണ്ട അധ്യായമായ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ 46–-ാം വാർഷികത്തിൽ രാജ്യം എത്തിനിൽക്കുന്നത്‌ കൂടുതൽ ഗുരുതര അവസ്ഥയിൽ. അച്ചടക്കത്തിന്റെ പേരിൽ അന്ന്‌ ഇന്ദിര ഗാന്ധി സർക്കാർ ജനാധിപത്യാവകാശങ്ങൾ നിഷേധിച്ചെങ്കിൽ ഇന്ന്‌ വികസനത്തിന്റെയും സാംസ്‌കാരിക ദേശീയതയുടെയും മുഖംമൂടിയണിഞ്ഞ്‌ പൗരസ്വാതന്ത്ര്യവും ജനാധിപത്യവും കശാപ്പ്‌ ചെയ്യുന്നു. ‘ഇന്ദിരയാണ്‌ ഇന്ത്യ, ഇന്ത്യയാണ്‌ ഇന്ദിര’ എന്ന വാഴ്‌ത്തലിനുപകരം പകരം ‘മോഡി ദൈവങ്ങളുടെ നേതാവ്‌’ എന്ന സ്‌തുതി ഉയരുന്നു.

ഭരണഘടന വ്യവസ്ഥകൾ ദുരുപയോഗം ചെയ്‌താണ്‌ ഇന്ദിര ഗാന്ധി സർക്കാർ 1975 ജൂൺ 25 അർധരാത്രി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ആർഎസ്‌എസിന്റെ രാഷ്ട്രീയരൂപമായ ബിജെപിയുടെ സർക്കാരാകട്ടെ ഭരണഘടനതന്നെ ഇല്ലായ്‌മ ചെയ്യാനുള്ള ശ്രമത്തിലാണ്‌. അടിയന്തരാവസ്ഥയുടെ 21 മാസത്തിൽ പ്രതിപക്ഷ നേതാക്കളെയും പ്രവർത്തകരെയും ജയിലിലടച്ചു. പൊതുതെരഞ്ഞെടുപ്പ്‌ നീട്ടി. മാധ്യമസ്വാതന്ത്ര്യത്തിനു വിലങ്ങിട്ടു. ജനാധിപത്യപരവും സമാധാനപരവുമായ പ്രതിഷേധങ്ങളെ പൊലീസിനെ ഉപയോഗിച്ച്‌ നിഷ്‌ഠുരമായി നേരിട്ടു. എന്നാൽ, ജനാധിപത്യബോധമുള്ള പോരാളികൾ നിർഭയം നിലകൊണ്ടു. അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ തകർന്നടിഞ്ഞു. വീണ്ടുമൊരിക്കൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ഭരണാധികാരികൾക്ക്‌ ധൈര്യം ഉണ്ടാകാത്ത സ്ഥിതിയായി. കോൺഗ്രസിന്റെ രാഷ്ട്രീയത്തകർച്ചയ്‌ക്കും തുടക്കമായി.

നരേന്ദ്ര മോഡിസർക്കാർ വന്നശേഷം ജനാധിപത്യസ്ഥാപനങ്ങളെ ആസൂത്രിതമായി ദുർബലപ്പെടുത്തി. കേന്ദ്രമന്ത്രിസഭ പോലും നോക്കുകുത്തിയായി. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത്‌ ഷായും എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നു. പാർലമെന്റ്‌ ഏതാണ്ട്‌ അപ്രസക്തമായി. പാർലമെന്റ്‌ സമ്മേളനം നടത്തുന്നതിനെക്കാൾ സർക്കാരിനു താൽപര്യം പുതിയ പാർലമെന്റ്‌ മന്ദിരം നിർമിക്കുന്നതിലാണ്‌. തെരഞ്ഞെടുപ്പ്‌ കമീഷൻ സർക്കാരിന്റെ ഭാഗമായി മാറി. നീതിപീഠത്തെ സ്വാധീനിക്കാൻ സർക്കാർ ശ്രമിക്കുന്നു. സുപ്രീംകോടതി–-ഹൈക്കോടതി ജഡ്‌ജിമാർ പൊതുവേദിയിൽ പ്രധാനമന്ത്രിയെ സ്‌തുതിക്കുന്നു. കോർപറേറ്റുകൾ കൈയടക്കിയ മാധ്യമങ്ങൾ ജനദ്രോഹനയങ്ങളുടെ പ്രചാരകരായി. സർക്കാർനയങ്ങളെ വിമർശിക്കുന്നവരെ ‘രാജ്യദ്രോഹികളായി’ ചിത്രീകരിച്ച്‌ വേട്ടയാടുന്നു. ന്യൂനപക്ഷങ്ങൾക്കും പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കുംനേരെ ആക്രമണങ്ങൾ പതിവായി. സാമൂഹ്യപ്രവർത്തകരെ കള്ളക്കേസുകളിൽ കുടുക്കുന്നത്‌ വ്യാപകമായി.

നോട്ടുനിരോധനം പോലുള്ള നടപടികൾ വഴി ജനങ്ങളെ ദുരിതങ്ങളുടെ തടവുകാരാക്കി. ജമ്മു -കശ്‌മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞതും പൗരത്വനിയമഭേദഗതിയും അമിതാധികാരപ്രയോഗത്തിന്റെയും വർഗീയഅജൻഡയുടെയും ഉദാഹരണങ്ങളാണ്‌.

സാജൻ എവുജിൻ

അടിയന്തരാവസ്ഥ: പ്രതിരോധത്തിന്റെ ഓർമ പുതുക്കി പതിയാരക്കര ഗ്രാമം

അടിയന്തരാവസ്ഥക്ക് 46 വർഷം പൂർത്തിയാവുമ്പോൾ ചെറുത്തു നിൽപ്പിന്റെയും  പ്രതിരോധത്തിന്റെയും  ഓർമ പുതുക്കി പതിയാരക്കര ഗ്രാമം.അടിയന്തരാവസ്ഥക്കെതിരെ പതിയാരക്കരയിൽ ശക്തമായ ചെറുത്തു നിൽപ്പായിരുന്നു സംഘടിപ്പിച്ചിരുന്നത്. ഫാസിസ്റ്റ് വാഴ്ചക്കെതിരെ സിപിഐ എം നേതൃത്വത്തിൽ ശക്തമായ സമരമായിരുന്നു സംഘടിപ്പിക്കപ്പെട്ടത്. ‘അടിയന്തിരാവസ്ഥ അറബിക്കടലിൽ' എന്ന മുദ്രാവാക്യമെഴുതിയ ഒരു പോസ്റ്റർ പതിയാരക്കര നടുവയൽ അങ്ങാടിയിലെ ഒരു ചായപ്പീടിക വരാന്തയിൽ തല തിരിച്ച് പതിച്ചു പോയത് പഴയകാല പാർടി പ്രവർത്തകർ ഇപ്പോഴും ഓർത്തെടുക്കുന്നുണ്ട്. 

പൊലീസിന്റെ   കണ്ണ് വെട്ടിച്ച് ധൃതിയിൽ ഒട്ടിക്കുമ്പോൾ തല തിരിഞ്ഞു പോയതായിരുന്നു. അക്കാലത്ത് പൊലീസിനെ വെല്ലുവിളിച്ച് നടുവയലിൽ നിന്നും തുടങ്ങി വിലങ്ങിൽ താഴ, മോപ്പള്ളി താഴ, കുന്നുമ്മൽ താഴകോട്ട വഴി മാങ്ങിൽ കൈ പുത്തൻ നടവരെ പാതിരാത്രിയിൽ   പ്രകടനം നടത്തിയതും   ജ്വലിക്കുന്ന ഓർമയാണ്. എ കെ  ബാലൻ, വി ടി നാണു, പടിഞ്ഞാറയിൽ പ്രഭാകരൻ, ടി പി നാരായണൻ, കൊയമ്പ്രത്ത് കുഞ്ഞമ്മദ്, വയരോളി നാരായണൻ, തയ്യത്താംകണ്ടി ബാലൻ എന്നിവരായിരുന്നു പ്രകടനത്തിന് നേതൃത്വം നൽകിയിരുന്നത്. 

നടുവയലിൽ പൊലീസ് ക്യാമ്പുണ്ടായിട്ടും പ്രകടനം നടന്നത് പൊലീസിന് അന്ന് വലിയ ക്ഷീണമായി.  പിറ്റേ ദിവസം തന്നെ അന്നത്തെ സിപിഐ എം പതിയാരക്കര ബ്രാഞ്ച് സെക്രട്ടറി കെ ഗോപാലൻ, അംഗങ്ങളായ എം ടി നാരായണൻ, ടി സി കണാരൻ എന്നിവരെ വടകര  പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് രാവിലെ മുതൽ വൈകിട്ടു വരെ സ്റ്റേഷനിൽ നിർത്തി താക്കീത് ചെയ്ത് വിട്ടയക്കുകയായിരുന്നു.  അടിയന്തരാവസ്ഥക്ക് ശേഷമാണ് നടുവയലിലെ പൊലീസ് ക്യാമ്പ് സർക്കാർ അവസാനിപ്പിച്ചത്.   സർക്കാർ വിലക്ക് ലംഘിച്ച് മെഗഫോൺ പ്രചാരണം, പോസ്റ്റർ പ്രചാരണം, ചെറു പ്രകടനങ്ങൾ എന്നിവയായിരുന്നു ചെറുത്തു നിൽപ്പിന്റെ പ്രധാന മാർഗങ്ങൾ. ഫാസിസ്റ്റ് വാഴ്ചക്കെതിരെയുള്ള പോരാട്ടം പതിയാരക്കരയുടെ രാഷ്ട്രീയ ചരിത്രത്തിലെ പ്രധാന ഏടാണ്.

പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ ഇന്ദിരാഗാന്ധിയുടെ ഉപദേശാനുസരണം 1975 ജൂൺ 25-ന് രാത്രി 11.25 നാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് അന്ന് സി അച്യുതമേനോനായിരുന്നു മുഖ്യമന്ത്രി.

Tuesday, October 20, 2020

വിട പറഞ്ഞത് ആവേശം ജ്വലിപ്പിച്ച ആ ചുണ്ണാമ്പക്ഷരങ്ങൾ കുറിച്ച ധീരപോരാളി

  ‘അടിയന്തരാവസ്ഥ അറബിക്കടലിൽ; ഇന്ത്യ എന്നാൽ ഇന്ദിരയല്ല’ –- പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യ വാഴ‌്ചക്കെതിരെ അലയടിച്ചുയർന്ന ജനരോഷത്തിന്റെ പ്രതീകമായി ഒന്നര ദശകം മുമ്പുവരെ കരിവെള്ളൂരിന്റെ പാതയോരത്തെ ഇരുനില കെട്ടിടത്തിന്റെ ചുമരിൽ ഈ മുദ്രാവാക്യം നിറഞ്ഞുനിന്നിരുന്നു.  ‘അടിയന്തരാവസ്ഥ അറബിക്കടലിൽ’ എന്ന‌് മലയാളത്തിലും  ‘ഇന്ത്യ ഈസ‌് നോട്ട‌് ഇന്ദിര’ എന്ന‌് ഇംഗ്ലീഷിലും. ഇന്ദിരാഗാന്ധി റോഡുമാർഗം കടന്നുപോകുമ്പോൾ അവർക്ക‌് കാണാൻ കുറിച്ചിട്ടതായിരുന്നു ഈ വാക്കുകൾ. തലമുറകളുടെ മനസ്സിൽ ആവേശം ജ്വലിപ്പിച്ച ആ ചുണ്ണാമ്പക്ഷരങ്ങൾ ദേശീയപാതയ‌്ക്ക‌് വീതി കൂട്ടുന്നതിന്റെ ഭാഗമായി കെട്ടിടത്തിനൊപ്പം കാലം കവർന്നെങ്കിലും ആ ചുമരെഴുത്തിന‌് വിരൽ ചലിപ്പിച്ച വെള്ളച്ചാലിലെ നങ്ങാരത്ത‌് അബ്ദുൾ ഖാദറെന്ന ‘ബീഡി ഖാദർക്ക’യുടെ ഓർമകളിൽ എന്നും  പ്രതിഷേധത്തിന്റെ ചൂടാറാതെ നിന്നിരുന്നു.

ഏകാധിപത്യ പ്രവണതയോട് പൊരുതിയ ആ നിസ്വാർത്ഥ കമ്യൂണിസ്റ്റിന്റെ സംഭവബഹുലമായ ജീവിതത്തിന് ചൊവ്വാഴ്ച രാവിലെയാണ് തിരശീല വീണത്. 80 വയസ്സായിരുന്നു.

‘‘അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ പരക്കെ കമ്യൂണിസ‌്റ്റ‌് വേട്ട തുടങ്ങി. നേതാക്കൾ മിക്കവരും ഒളിവിൽ. പത്രങ്ങളിൽ ഇന്ദിരാ സ‌്തുതിയല്ലാതെ  വാർത്തകളില്ല. നാട്ടിൽ എന്ത‌് സംഭവിക്കുന്നുവെന്ന‌് അറിയില്ല. അന്തിനേരത്ത‌് വീട്ടിൽ തേരോട്ടം നടത്തുന്ന പൊലീസുകാരെ ഭയന്നു കഴിയുകയാണ‌്  പെണ്ണുങ്ങളും കുട്ടികളും. ചെറുപ്പക്കാരനായ എനിക്കും സ്ഥലത്തെ മറ്റു തൊഴിലാളി സഖാക്കൾക്കും എന്തെങ്കിലും പ്രതിഷേധം സംഘടിപ്പിക്കണമെന്ന വാശിയായി’’.  സാമ്രാജ്യത്വത്തിന്റെയും ജന്മി നാടുവാഴിത്തത്തിന്റെയും തോക്കിൻമുനയോട‌് ജീവൻ നൽകി അടരാടിയ കരിവെള്ളൂരിന്റെ വീരഭൂമിയിൽ അക്ഷരങ്ങളിൽ പ്രതിഷേധത്തീ കൊളുത്തിയ കാലം കഴിഞ്ഞ വര്‍ഷം ഒരു അഭിമുഖത്തില്‍ ഖാദർക്ക ഓർത്തെടുത്തു.

അബ്ദുൾ ഖാദര്‍ (ഇടത്ത്). സിപിഐ എം കേന്ദ്രക്കമ്മിറ്റി അംഗം വിജു കൃഷ്ണന്‍ ഖാദര്‍ക്കും ഭാര്യ കല്യാണിയ്ക്കുമൊപ്പം

അതിനിടെ, മംഗലാപുരത്ത‌് ട്രെയിനിറങ്ങി തിരുവനന്തപുരത്തേക്ക‌് ഇന്ദിരാഗാന്ധി റോഡ‌് മാർഗം പോകുന്നത‌് അറിയാനിടയായി. അവർ സഞ്ചരിക്കുന്ന റോഡിൽ അവർക്ക‌് കാണാൻ പാകത്തിലുള്ള പ്രതിഷേധ മുദ്രാവാക്യം എഴുതണമെന്ന‌് തീരുമാനിച്ചു. കരിവെള്ളൂരിൽ പ്രസംഗിച്ച ഇഎംഎസിന്റെ വാക്കുകളിൽനിന്നാണ‌് എഴുതിവയ‌്ക്കാനുള്ള മുദ്രാവാക്യം കിട്ടിയത‌്. ദേശീയപാതയുടെ കിഴക്കുവശത്ത് രണ്ട് നിലകളുള്ള കെട്ടിടമുണ്ടായിരുന്നു. പാർടി അനുഭാവികൂടിയായ  ശിവരാമ പൈയാണ‌് ഉടമ. അവിടെ സാധുബീഡിയുടെ കമ്പനി പ്രവർത്തിക്കുന്നുണ്ട‌്. ചുണ്ണാമ്പ‌് നീറ്റി അതിൽ ഖദർനീലം കലർത്തി ബക്കറ്റിലെടുത്ത‌് ഖാദർക്ക പഴകിയ കെട്ടിടത്തിൽ കയറി. ചകിരി ബ്രഷുകൊണ്ട‌ാണ‌് എഴുത്ത‌്. ബക്കറ്റ‌് പിടിച്ച‌് സഹായിക്കാൻ സുഹൃത്തായ അബ്ദുൾഖാദറുമുണ്ടായിരുന്നു. പഴക്കമുള്ള കെട്ടിടത്തിൽ പറ്റിപ്പിടിച്ച‌് ജനാലകൾക്കിടയിലുള്ള വിശാലമായ ഭാഗത്ത‌് വലിയ അക്ഷരങ്ങളിലാണ‌് ചുമരെഴുത്ത‌്. പഴയ ഇഎസ‌്എൽസിക്കാരനായ ഖാദർക്ക‌് പാർടി പ്രചാരണത്തിനായി ചുമരെഴുതിയിരുന്ന പരിചയവും തുണയായി. ചുമരെഴുതുന്ന വിവരം രഹസ്യമാക്കി വച്ചിരുന്നു; രഹസ്യപ്പൊലീസുകാർ അറിഞ്ഞാൽ ഇന്ദിര റൂട്ട‌് മാറ്റുമെന്ന ആശങ്കയിലായിരുന്നു അത‌്.

കരിവെള്ളൂരിലെ ബിന്ദു സ‌്റ്റുഡിയോയിലെ  ഭരതൻ കരിവെള്ളൂർ ഒപ്പിയെടുത്ത ചിത്രമാണ‌് ഇന്ന‌് ആ പോരാട്ടത്തെ കാലത്തോട‌് ബന്ധിപ്പിക്കുന്ന രേഖ. ദിനേശ‌് ബീഡിക്കമ്പനിയുടെ തുടക്കം മുതൽ അതിന്റെ പ്രൊമോട്ടറായിരുന്ന അബ്ദുൾ ഖാദർ പിന്നീട‌് കരിവെള്ളൂർ ആണൂർ ബ്രാഞ്ചിൽ ബീഡി തെറുപ്പുകാരനായി. കൊടക്കാട‌് ഒന്ന‌്, ആണൂർ കിഴക്ക‌്, വടക്കുമ്പാട‌് തുടങ്ങി വിവിധ ബ്രാഞ്ചുകളിൽ പാർടിയുടെ ബ്രാഞ്ച‌് സെക്രട്ടറിയായിരുന്നു. കമ്യൂണിസ‌്റ്റ‌് പാർടിയുടെ ഉന്നത മാനവിക ബോധം ജീവിതത്തിൽ പകർത്താനും അദ്ദേഹം തയ്യാറായി. എതിർപ്പുകൾ വകവയ‌്ക്കാതെ കരിവെള്ളൂർ മുണ്ടവളപ്പിൽ  കല്യാണിയെ ജീവിതസഖിയാക്കി.

1973-ൽ പയ്യന്നൂർ രജിസ്ട്രാറുടെ ഓഫീസിലായിരുന്നു വിവാഹം. മകൾ ഷൈനി പയ്യന്നൂർ സഹകരണ ആശുപത്രിയിൽ നേഴ‌്സിങ്‌ അസിസ്റ്റന്റാണ‌്. മറ്റൊരു മകൾ രേഷ‌്മ വിവാഹശേഷം വടകരയിലാണ‌് താമസം. ജാതിയുടെയും മതത്തിന്റെയും പേരിൽ മനുഷ്യരെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവരെ തുറന്നെതിർക്കുന്ന സമീപനം അവസാനം വരെ അദ്ദേഹം തുടര്‍ന്നു

അബ്ദുൾ ഖാദറിന്റെ വേര്‍പാടില്‍ സിപിഐ എം കേന്ദ്രക്കമ്മിറ്റി അംഗവുമായ വിജു കൃഷ്ണന്‍ അനുശോചിച്ചു.കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നാട്ടില്‍ പോയപ്പോള്‍ വീട്ടില്‍ പോയി കണ്ടകാര്യം കരിവെള്ളൂര്‍ സ്വദേശി കൂടിയായ  അദ്ദേഹം അനുസ്മരിച്ചു.അപ്പോഴും ഖാദർക്കയ‌്ക്ക‌് പറയാനുണ്ടായിരുന്നത‌് പുതിയ സമരമുഖങ്ങൾ രാജ്യത്തിന‌് നൽകുന്ന പ്രതീക്ഷകളെക്കുറിച്ചു മാത്രമായിരുന്നുവെന്നു വിജു കൃഷ്ണന്‍ ഓര്‍മ്മിക്കുന്നു.

സതീഷ്‌ ഗോപി

മായാതെ ആ ചുവരെഴുത്തുകൾ; അബ്ദുൾ ഖാദർ മടങ്ങി

 കരിവെള്ളൂർ> അടിയന്തരാവസ്ഥ അറബിക്കടലിൽ. ഇന്ത്യ ഈസ് നോട്ട് ഇന്ദിര’ എന്ന ചുവരെഴുത്ത് കാലത്തിന്റെ ഭിത്തിയിൽ പതിപ്പിച്ച കരിവെള്ളൂരിലെ നങ്ങാരത്ത് അബ്ദുൾ ഖാദർ ഓർമയായി. ഏകാധിപത്യ പ്രവണതയോട് പൊരുതിയ നിസ്വാർത്ഥ കമ്യൂണിസ്റ്റിന്റെ സംഭവബഹുലമായ ജീവിതത്തിന് ചൊവ്വാഴ്ച രാവിലെയാണ് തിരശീല വീണത്. 80 വയസ്സായിരുന്നു.

വാർധക്യസഹജമായ രോഗങ്ങളും വീഴ്ചയിലുണ്ടായ പരിക്കും മൂലം ചികിത്സയിലായിരുന്നു. സി പി ഐ എം നേതൃത്വത്തിൽ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിരുന്നു. മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം പരിയാരം മെഡിക്കൽ കോളേജിന് കൈമാറി.

അടിയന്തരാവസ്ഥയുടെ കറുത്ത നാളുകളിലാണ് 'കാദറിച്ച' എന്ന് നാട്ടുകാര്‍ വിളിച്ചിരുന്ന അബ്ദുൾ ഖാദർ കരിവെള്ളൂരിലെ പഴയ കെട്ടിടത്തിന്റെ ചുമരിൽ കുമ്മായം ഉപയോഗിച്ച് ഇന്ദിരാ വിരുദ്ധ മുദ്രാവാക്യം എഴുതിയത്. സുഹൃത്തായ അബ്ദുൾ ഖാദറും കൂടെയുണ്ടായിരുന്നു.മംഗലാപുരത്ത് വിമാനമിറങ്ങി ദേശീയപാതയിലുടെ പോരുന്ന ഇന്ദിരാഗാന്ധി കാണാനായിരുന്നു ഈ എഴുത്ത്.

പൊലീസോ ഒറ്റുകാരോ കണ്ടാൽ ജയിൽവാസവും മർദ്ദനവും ഉറപ്പായിരുന്ന കാലത്താണ് ഈ ധീരത .ദേശീയപാത വികസനത്തിനായി കെട്ടിടം പൊളിച്ചുമാറ്റിയെങ്കിലും ആ ചുവരെഴുത്ത് ചരിത്രമായി. റേഷൻ കടയിൽ ജീവനക്കാരനായിരിക്കെ മുണ്ട വളപ്പിൽ കല്യാണിയെ ജീവിത സഖിയാക്കിയും വിപ്ളവം സൃഷ്ടിച്ചു.മകൾ ഷൈനി പയ്യന്നൂർ സഹകരണ ആശുപത്രിയിൽ നേഴ‌്സിങ്‌ അസിസ്റ്റന്റാണ‌്. മറ്റൊരു മകൾ രേഷ‌്മ വിവാഹശേഷം വടകരയിലാണ‌് താമസം.

ഈ 80 കാരൻ പിന്നീട് കരിവെള്ളൂരിൽ നിന്ന് കൊടക്കാടേക്ക് മാറി. ദിനേശ് സംഘം രൂപീകരിച്ചത് മുതൽ പ്രമോട്ട റായിരുന്നു. ബീഡി തൊഴിലാളികളെ സംഘടിപ്പിക്കാൻ നേതൃത്വം കൊടുത്തതിനാൽ ബീഡി ഖാദർക്കയെന്നാണ് നാട്ടിലെ വിളിപ്പേര്. ശിവകുമാർ കാങ്കോൽ ആകാശ മിഠായി എന്ന പേരിൽ ഖാദറിന്റെയും കല്യാണിയുടെയും പ്രണയ ജീവിതം ഹ്രസ്വ സിനിമയാക്കിയിട്ടുണ്ട്.

കൊടക്കാട്‌ വെ‌ള്ളച് പരേതരായ നങ്ങാരത്ത് കുഞ്ഞാമിനയുടെയും തലയില്ലത്ത് ആലി ഹസൻ്റെയും മകനാണ്.  മക്കൾ: ഷൈനി(പയ്യന്നൂർ സഹകരണ ആശുപത്രിയിൽ നേഴ‌്സിങ്‌ അസിസ്റ്റൻറ്‌), രേഷ് (വടകര). മരുമക്കൾ: കെ സതീശൻ (ചെറുതാഴം), സുകേഷ് (വടകര). സഹോദരങ്ങൾ: എൻ അബ്ദുള്ള (പെരിങ്ങോം), മറിയുമ്മ (വെള്ളച്ചാൽ )

Monday, February 15, 2016

മോഡിരാജിന്റെ അപ്രഖ്യാപിത അടിയന്തരാവസ്ഥ

രാജ്യത്തിന്റെ അഭിമാനമായ ജെഎന്‍യു സര്‍വകലാശാലയില്‍നിന്ന് അടുത്തകാലത്ത് വരുന്ന വാര്‍ത്തകള്‍ ഒട്ടും ശുഭകരമല്ല. കേന്ദ്ര സര്‍ക്കാരിന്റെയും ആര്‍എസ്എസിന്റെയും നേതൃത്വത്തില്‍ സര്‍വകലാശാലയ്ക്കുള്ളില്‍ തുടങ്ങിയ അതിക്രമങ്ങള്‍ ഇപ്പോള്‍ സിപിഐ എം ഉള്‍പ്പെടെയുള്ള പുരോഗമന ജനാധിപത്യപ്രസ്ഥാനങ്ങള്‍ക്കുനേരെയുള്ള കടന്നാക്രമണമായി മാറിയിരിക്കുന്നു. സിപിഐ എം കേന്ദ്രകമ്മിറ്റി ഓഫീസിലേക്ക് ഇരച്ചുകയറിയ ആര്‍എസ്എസ് അക്രമികള്‍ പ്രധാന ബോര്‍ഡില്‍ 'പാകിസ്ഥാനി ഓഫീസ്' എന്ന് കരിഓയില്‍കൊണ്ട് എഴുതുന്ന അവസ്ഥയിലേക്ക് തലസ്ഥാനത്തെ ക്രമസമാധാനനില വഷളായിരിക്കുന്നു. ജെഎന്‍യുവിലെ വിദ്യാര്‍ഥികളെ രാജ്യദ്രോഹക്കുറ്റം ചുമത്തി അന്യായമായി അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്കെതിരെ സിപിഐ എമ്മും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള നേതാക്കളും സ്വീകരിച്ച ശക്തമായ നടപടികളാണ് തീവ്ര ഹിന്ദുത്വശക്തികളെ വെകിളി പിടിപ്പിച്ചത്. 'ദേശസ്നേഹം തെമ്മാടികളുടെ അവസാന അഭയകേന്ദ്രമാണ്' എന്ന സാമുവല്‍ ജോണ്‍സന്റെ വാക്കുകളെ അന്വര്‍ഥമാക്കുന്ന രീതിയിലാണ് ആര്‍എസ്എസ്, ബിജെപി, എബിവിപി പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം. കഴിഞ്ഞദിവസം ജെഎന്‍യുവിലെത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ആനന്ദ്ശര്‍മയെ കരണത്തടിച്ചതും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ എസ്പിജി വാഹനവ്യൂഹം മണിക്കൂറുകളോളം തടഞ്ഞിട്ടതും ജെഎന്‍യുവിലെ ഇടത് വിദ്യാര്‍ഥിസംഘടനാ പ്രവര്‍ത്തകര്‍ക്കുനേരെയുള്ള വധഭീഷണികളും ഉള്‍പ്പെടെ ഗുണ്ടായിസത്തിന്റെ പാരമ്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയിട്ടും ആഭ്യന്തരമന്ത്രാലയവും പൊലീസും തെമ്മാടിക്കൂട്ടത്തിന് കുടപിടിക്കുന്ന സമീപനമാണ് കൈക്കൊള്ളുന്നത്. ജെഎന്‍യു സര്‍വകലാശാലയില്‍ ലഷ്കര്‍ ഇടപെടലുകളുണ്ടെന്ന പുതിയ കണ്ടുപിടിത്തമാണ് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് കഴിഞ്ഞദിവസം നടത്തിയിരിക്കുന്നത്. ലഷ്കര്‍ തലവന്‍ ഹാഫിസ് സെയ്ദിന്റെ നേതൃത്വത്തിലാണ് ജെഎന്‍യുവില്‍ കാര്യങ്ങള്‍ നടക്കുന്നതെന്ന മന്ത്രിയുടെ പരാമര്‍ശം ബാലിശവും ജനാധിപത്യവിശ്വാസികളെ കൊഞ്ഞനം കുത്തുന്നതുമാണ്.

മോഡിഭരണത്തിനുകീഴില്‍ അടിയന്തരാവസ്ഥയെ അനുസ്മരിപ്പിക്കുന്ന കരിദിനങ്ങളിലൂടെയാണ് ജെഎന്‍യു സര്‍വകലാശാല ഉള്‍പ്പെടെ രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ കടന്നുപോകുന്നത്. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയ നാള്‍മുതല്‍ രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ കാവിവല്‍ക്കരണം നടപ്പാക്കുകയെന്ന അജന്‍ഡ രഹസ്യമായും പരസ്യമായും നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ ചില വിദ്യാര്‍ഥികള്‍ അഫ്സല്‍ ഗുരുവിന്റെ ചരമവാര്‍ഷികം ആചരിച്ചെന്ന പേരില്‍ ഇടത് വിദ്യാര്‍ഥിസംഘടനകളുടെ നേതാക്കളെയും മറ്റും മുന്നറിയിപ്പില്ലാതെ അറസ്റ്റ് ചെയ്ത സംഭവം ഒരുതരത്തിലും ന്യായീകരിക്കാനാകില്ല. ഒരുകൂട്ടം വിദ്യാര്‍ഥികള്‍ നടത്തിയ പ്രകടനത്തിനിടയിലേക്ക് നുഴഞ്ഞുകയറിയ എബിവിപി പ്രവര്‍ത്തകരാണ് ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയതെന്ന് സംശയത്തിന് ഇടയില്ലാതെ വ്യക്തമായിട്ടുണ്ട്. എന്നാല്‍, ചില രഹസ്യകേന്ദ്രങ്ങള്‍ അടിച്ചിറക്കുന്ന ഊഹാപോഹങ്ങളുടെയും കിംവദന്തികളുടെയും അടിസ്ഥാനത്തിലുള്ള ആഭ്യന്തരമന്ത്രാലയത്തിന്റെയും പൊലീസിന്റെയും ഇടപെടലുകള്‍ ആശങ്കാജനകമാണ്. പാതിരാത്രിയിലും മറ്റും ഹോസ്റ്റല്‍മുറികള്‍ റെയ്ഡ് ചെയ്ത് വിദ്യാര്‍ഥികളെ പൊലീസ് പിടിച്ചുകൊണ്ടുപോകുന്ന സംഭവങ്ങള്‍ രാജ്യത്ത് അടിയന്തരാവസ്ഥക്കാലത്താണ് നടന്നിട്ടുള്ളത്. രാജ്യസുരക്ഷയുടെ പേരില്‍ ദേശദ്രോഹികളെ മുഴുവന്‍ ഉന്മൂലനം ചെയ്യുകയെന്ന ന്യായമാണ് അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി സര്‍ക്കാര്‍ ഉന്നയിച്ച പ്രധാന വാദം. ഇപ്പോള്‍, മോഡിഭരണത്തിനുകീഴിലെ അപ്രഖ്യാപിത അടിയന്തരാവസ്ഥക്കാലത്ത് ഇതേനയംതന്നെ കൂടുതല്‍ ഭീഷണമായ രീതിയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. നരേന്ദ്ര മോഡിയും രാജ്നാഥ്സിങ്ങും സ്മൃതി ഇറാനിയും മോഹന്‍ ഭാഗവതും മറ്റും നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍പ്രകാരം ദേശസ്നേഹവും ദേശദ്രോഹവും അളക്കാന്‍ തുടങ്ങിയാല്‍, രാജ്യത്തെ ചിന്തിക്കുന്ന ജനവിഭാഗത്തെ മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ പുതിയ ജയിലുകള്‍ തുറക്കേണ്ടിവരും.

ഹൈന്ദവഫാസിസത്തിന്റെ കടന്നാക്രമണങ്ങളെ പല്ലും നഖവും ഉപയോഗിച്ച് ചെറുത്ത പാരമ്പര്യമാണ് ജെഎന്‍യു ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ളത്. ഇടതുപക്ഷ ആശയങ്ങളില്‍ അടിയുറച്ചുനിന്ന് മതേതരത്വവും സാഹോദര്യവും സഹവര്‍ത്തിത്വവും ഊട്ടിയുറപ്പിക്കുന്നതില്‍ കാലാകാലങ്ങളായി ഈ വിദ്യാഭ്യാസ സ്ഥാപനം മുന്‍നിരയിലുണ്ട്. ഈ അര്‍ഥത്തില്‍ ജെഎന്‍യു തീവ്ര ഹിന്ദുത്വസംഘടനകളുടെ കണ്ണിലെ കരടാണ്. ഇവിടെ വര്‍ഗീയതയ്ക്കും വിഭാഗീയതയ്ക്കും വേരോട്ടം കിട്ടുമോയെന്ന അന്വേഷണം കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയിട്ട് ഏറെനാളായി. ബിജെപി നേതാവും വര്‍ഗീയവിദ്വേഷ പ്രചാരണങ്ങള്‍ക്ക് കുപ്രസിദ്ധനുമായ സുബ്രഹ്മണ്യന്‍ സ്വാമിയെ ജെഎന്‍യു വൈസ് ചാന്‍സലറാക്കാനുള്ള നീക്കം അതിന്റെ ഭാഗമായിരുന്നു. എന്നാല്‍,എസ്എഫ്ഐ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥിസംഘടനകള്‍ ഈ നീക്കത്തെ ശക്തമായി പ്രതിരോധിച്ചു. സുബ്രഹ്മണ്യന്‍ സ്വാമിയെപ്പോലെയുള്ള വ്യക്തികളെ ക്യാമ്പസിന്റെ മണ്ണില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചു. തുടര്‍ന്ന് ഈ നീക്കം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. എന്നാല്‍, ഇതേത്തുടര്‍ന്ന് ജെഎന്‍യു ഭീകരരുടെ ഒളിത്താവളമാണെന്ന രീതിയിലുള്ള കുപ്രചാരണങ്ങള്‍ ഹിന്ദുത്വശക്തികള്‍ അഴിച്ചുവിട്ടു. ജെഎന്‍യുവിലെ വിദ്യാര്‍ഥികളും അധ്യാപകരും ദേശദ്രോഹപ്രവര്‍ത്തനങ്ങള്‍ക്കും വിഭാഗീയതയ്ക്കുമുള്ള ആസൂത്രിതനീക്കങ്ങള്‍ നടത്തുന്നതായി ആര്‍എസ്എസ് മുഖമാസികയില്‍ ലേഖനം പ്രസിദ്ധീകരിച്ചു. ജെഎന്‍യുവില്‍ ഭീകരവിദ്യാര്‍ഥികളെ നേരിടാന്‍ പ്രത്യേക പൊലീസ് പോസ്റ്റ് സ്ഥാപിക്കണമെന്നുവരെ ചില ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. തങ്ങളുടെ വര്‍ഗീയ അജന്‍ഡയെ എതിര്‍ക്കുന്നവരെല്ലാം രാജ്യദ്രോഹികളാണെന്ന് മുദ്രകുത്തിയാല്‍ ഫാസിസ്റ്റ് ശക്തികള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാണ്. രാജ്യദ്രോഹം ചെയ്തവരെ ഏത് പാതിരാത്രിയും അറസ്റ്റ് ചെയ്യാനും തോന്നുന്ന വകുപ്പുകള്‍ ചുമത്തി കേസെടുക്കാനും ആരോടും ചോദിക്കേണ്ടതില്ലെന്ന ന്യായമാണ് സര്‍ക്കാരും പൊലീസുമൊക്കെ തുറുപ്പുചീട്ടാക്കുന്നത്. ഇപ്പോള്‍, പല ദേശീയമാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും 'ജെഎന്‍യു അടച്ചുപൂട്ടണം' എന്ന പ്രചാരണം സംഘടിപ്പിക്കുന്നുണ്ട്. തങ്ങളുടെ പാര്‍ശ്വവര്‍ത്തികളായ മാധ്യമങ്ങളുടെയും സോഷ്യല്‍ മീഡിയയിലെ ഹൈന്ദവബ്രിഗേഡിന്റെയും സഹായത്തോടെ ഈ പ്രചാരണം ശക്തിപ്പെടുത്താനാണ് അവരുടെ നീക്കം.

ചെറിയ വിഭാഗം വിദ്യാര്‍ഥികള്‍ ചെയ്ത തെറ്റിന് ജെഎന്‍യുപോലെയുള്ള സര്‍വകലാശാല അടച്ചുപൂട്ടണമെന്ന വാദമുയര്‍ത്തുന്നത് പരിഹാസ്യമാണ്. രാജ്യദ്രോഹം ആരോപിച്ച് അറസ്റ്റ് ചെയ്തവരുടെ കൂട്ടത്തില്‍ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കന്നയ്യകുമാറുമുണ്ട്. ഇദ്ദേഹം എബിവിപിയെ തോല്‍പ്പിച്ചാണ് പ്രസിഡന്റാകുന്നത്. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ ജെഎന്‍യുവില്‍ നടന്നത് രാഷ്ട്രീയമുതലെടുപ്പിനുള്ള നീക്കങ്ങളാണെന്ന് വ്യക്തമാകും. ഹൈദരാബാദ് സര്‍വകലാശാലയില്‍ രോഹിത് വെമുലയെന്ന ദളിത് ഗവേഷകവിദ്യാര്‍ഥി കടുത്ത വിവേചനത്തെതുടര്‍ന്ന് ആത്മഹത്യ ചെയ്തപ്പോള്‍ ബിജെപി നേതാക്കള്‍ ഉന്നയിച്ച പ്രധാനപ്പെട്ട വാദഗതിയും അയാള്‍ രാജ്യദ്രോഹിയാണ് എന്നതാണ്. യാക്കൂബ് മേമന്റെ മരണശേഷം നടന്ന പ്രാര്‍ഥനച്ചടങ്ങില്‍ പങ്കെടുത്തു, ക്യാമ്പസില്‍ ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചു, മുസഫര്‍നഗര്‍ കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി ക്യാമ്പസില്‍ കാണിച്ചു തുടങ്ങിയ നിസ്സാര സംഭവങ്ങള്‍ ഇതിനുള്ള തെളിവായി നിരത്തി. എന്നാല്‍, ആ വിദ്യാര്‍ഥിയുടെ മരണത്തില്‍ കേന്ദ്രമന്ത്രിമാര്‍ക്കുവരെ പങ്കുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പിന്നീട് പുറത്തുവന്നപ്പോള്‍ രോഹിത് വെമുല ദളിതനല്ലെന്നും രാജ്യദ്രോഹിയാണെന്നുമുള്ള പ്രചാരണം അഴിച്ചുവിടുന്നു. ചലച്ചിത്രമേഖലയിലെ പ്രതിഭാധനരായ നിരവധി കലാകാരന്മാരെ സംഭാവനചെയ്ത പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി ബിജെപി അവരുടെ ആശ്രിതനായ ഗജേന്ദ്രചൌഹാന്‍ എന്ന മൂന്നാംകിട സിനിമാതാരത്തെ നൂലില്‍ കെട്ടിയിറക്കിയപ്പോള്‍ അവിടത്തെ വിദ്യാര്‍ഥികള്‍ രാപ്പകല്‍ ഭേദമില്ലാതെ സമരംചെയ്തു. അപ്പോള്‍ അവരെല്ലാം രാജ്യദ്രോഹികളാണെന്ന് മുദ്രകുത്തി. ഇങ്ങനെ സ്വന്തം വരുതിക്ക് നില്‍ക്കാത്ത വിദ്യാര്‍ഥികള്‍ മുഴുവന്‍ രാജ്യദ്രോഹികളാണെന്ന് അടച്ചാക്ഷേപിച്ച് ജയിലിനുള്ളിലാക്കുകയാണ്. സമൂഹത്തില്‍ ഏറ്റവും ക്രിയാത്മകമായി പ്രതികരിക്കുന്ന വിദ്യാര്‍ഥിസമൂഹത്തിന് മുഴുവന്‍ കടിഞ്ഞാണിടാനാണ് സര്‍ക്കാര്‍നീക്കം. ക്യാമ്പസുകളില്‍ തങ്ങള്‍ക്ക് ശക്തരായ പ്രതിയോഗികളെന്ന് തോന്നുന്ന മറ്റ് വിദ്യാര്‍ഥിസംഘടനാ നേതാക്കളുടെ ലിസ്റ്റ് എബിവിപിക്കാരും ആര്‍എസ്എസ് ചിന്താഗതിക്കാരായ അധ്യാപകരും മുകളിലേക്ക് കൊടുക്കും. അതനുസരിച്ച്, എന്തെങ്കിലും ഒരു കാരണമുണ്ടാക്കി വിദ്യാര്‍ഥികളെ അടിച്ചമര്‍ത്തുന്ന തന്ത്രമാണ് പയറ്റുന്നത്. ഇതേത്തുടര്‍ന്ന് രാജ്യത്തെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ വലിയ അരക്ഷിതാവസ്ഥ നിലനില്‍ക്കുന്നുണ്ട്. മോഡിയുടെ ഭരണത്തിനുകീഴില്‍ രാജ്യത്തെ വിദ്യാര്‍ഥികള്‍ക്ക് ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥ വരുന്നുണ്ടെങ്കില്‍, അത് ശക്തമായി പ്രതിരോധിക്കേണ്ടതുണ്ട്.

*
deshabhimani editorial 150216

Friday, September 25, 2015

ആര്‍എസ്എസും അടിയന്തരാവസ്ഥയും

അടിയന്തരാവസ്ഥയ്ക്കെതിരെ ശക്തമായി നിലകൊണ്ട പ്രസ്ഥാനമാണ് തങ്ങളുടേതെന്ന ആര്‍എസ്എസ് പ്രചാരണത്തിന്റെ ബലൂണിലേറ്റ സൂചിക്കുത്താണ് ഇന്റലിജന്‍സ് ബ്യൂറോ മേധാവിയായിരുന്ന ടി വി രാജേശ്വറിന്റെ വെളിപ്പെടുത്തല്‍. അടിയന്തരാവസ്ഥക്കാലത്ത് ഐബിയെ നയിച്ച രാജേശ്വര്‍ പറയുന്നത് ആര്‍എസ്എസിന്റെ സര്‍ സംഘ് ചാലക് ആയിരുന്ന ബാബാ സാഹബ് ദേവരശ് പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ഔദ്യോഗിക വസതിയുമായി അക്കാലത്ത് കൃത്യമായ ബന്ധം സ്ഥാപിച്ചിരുന്നുവെന്നും അടിയന്തരാവസ്ഥയെ പരിപൂര്‍ണമായി പിന്തുണച്ചിരുന്നുവെന്നുമാണ്.

കോണ്‍ഗ്രസും ആര്‍എസ്എസും ശത്രുപക്ഷത്തായിരുന്നില്ല എന്നുമാത്രമല്ല, ഉറച്ച മൈത്രിയിലുമായിരുന്നു അന്ന്. ഇന്ദിര ഗാന്ധിയുമായി മാത്രമല്ല, സഞ്ജയ് ഗാന്ധിയുമായും ആര്‍എസ്എസിന്റെ പരമാധികാരി ദേവരശ് നല്ല ബന്ധം സ്ഥാപിച്ചിരുന്നു. ആ ബന്ധം ഉറച്ചതാകണമെന്ന കാര്യത്തില്‍ അദ്ദേഹത്തിനും ആര്‍എസ്എസിനും നല്ല നിഷ്കര്‍ഷയുണ്ടായിരുന്നു. പലരും എതിര്‍ത്ത അടിയന്തരാവസ്ഥക്കാലത്തെ സര്‍ക്കാര്‍നടപടികളെ ആര്‍എസ്എസ് അതുകൊണ്ടുതന്നെ പിന്തുണച്ചിരുന്നു. ഇതാണ് ടി വി രാജേശ്വര്‍ ഒരു ടിവി ചാനലുമായുള്ള സംഭാഷണമധ്യേ പറഞ്ഞത്.

അടിയന്തരാവസ്ഥയെ ദേശീയതലത്തില്‍ എതിര്‍ക്കാന്‍ തങ്ങളേ ഉണ്ടായിരുന്നുള്ളൂ എന്നുവരെ ആര്‍എസ്എസ് പുതിയകാലത്ത് വാദിക്കുന്നുണ്ട്. എന്നാല്‍, ആ വാദത്തിന്റെ നെറുകയിലേറ്റ പ്രഹരമാണ് രാജേശ്വറിന്റെ വെളിപ്പെടുത്തല്‍. സംസ്ഥാനതലത്തില്‍ ആര്‍എസ്എസിന്റെ കുറെപ്പേരെ അടിയന്തരാവസ്ഥയില്‍ ജയിലിലിട്ടിട്ടുണ്ടാകാം. എന്നാല്‍, ദേീയതലത്തിലുള്ള ആര്‍എസ്എസ് നേതൃത്വവും കോണ്‍ഗ്രസ് നേതൃത്വവും തമ്മിലുള്ള ബന്ധത്തിന് അത് തടസ്സമായിരുന്നല്ലത്രേ; ദേവരശിന് ഇന്ദിരയോടുണ്ടായിരുന്ന അടുപ്പത്തെ അത് ഒരുവിധത്തിലും ബാധിച്ചിരുന്നുമില്ലത്രേ. അതായത്, അണികള്‍ ജയിലില്‍ കിടക്കുമ്പോഴും നേതൃത്വം ഇന്ദിരയെ ചെന്നുകണ്ട് വാഴ്ത്തിക്കൊണ്ടിരുന്നു.

സംഘപരിവാറിന്റെ രാഷ്ട്രീയപൈതൃകം ഒരുവിധത്തിലും അതിന്റെ പിന്മുറക്കാര്‍ക്ക് അഭിമാനിക്കാന്‍ വകനല്‍കുന്നതല്ലെന്ന് ആവര്‍ത്തിച്ച് തെളിയുകയാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ആധിപത്യത്തിന്റെ ഘട്ടത്തില്‍ ആ സാമ്രാജ്യത്വത്തിന്റെ ഭാഗത്ത്. രാജഭരണഘട്ടത്തില്‍ രാജാവിന്റെ പക്ഷത്ത്. നാടുവാഴിത്തത്തിനെതിരെ ശക്തമായ ജനമുന്നേറ്റമുണ്ടായിത്തുടങ്ങിയ കാലത്ത് നാടുവാഴിത്തത്തിന്റെ പക്ഷത്ത്.

ഇതാണ് അതിന്റെ യഥാര്‍ഥ ചരിത്രം. ഈ ചരിത്രത്തെ സംഘപരിവാര്‍ ചരിത്രകാരന്മാരെക്കൊണ്ട് മായ്ച്ചുകളയാനും പുതിയ ഒരു ആര്‍എസ്എസ് പ്രകീര്‍ത്തന ചരിത്രംകൊണ്ട് പകരംവയ്ക്കാനും അവര്‍തന്നെ വ്യഗ്രതപ്പെടുന്നത് ഇതുകൊണ്ടാണ്. ചരിത്രഗവേഷണ കൗണ്‍സിലിനെ പിരിച്ചുവിട്ട് ആര്‍എസ്എസ് മാസികയിലുണ്ടായിരുന്ന ഒരു യെല്ലപ്രഗദ സുദര്‍ശനറാവുവിന്റെ നേതൃത്വത്തില്‍ സംഘപരിവാര്‍ ഉപസമിതിയുടെ ഭരണം സ്ഥാപിച്ച് അവര്‍ തകൃതിയായി ചരിത്രം തിരുത്തുകയാണ്. കഴിഞ്ഞതവണ ബിജെപി അധികാരത്തിലെത്തിയ ഘട്ടത്തിലാണ് ഡോ. കെ എന്‍ പണിക്കരെയും സുമിത് സര്‍ക്കാരിനെയുംപോലുള്ള വിഖ്യാത ചരിത്രകാരന്മാര്‍ തയ്യാറാക്കിയ "ടുവേഴ്സ് ഫ്രീഡം' എന്ന ചരിത്രപഠന പ്രോജക്ട് റദ്ദാക്കിയതും എഴുതി പ്രസിദ്ധീകരിച്ച ചരിത്രഗ്രന്ഥങ്ങള്‍ പിന്‍വലിച്ചതും.

ഇക്കുറി അധികാരത്തില്‍ വന്നയുടന്‍ ബിജെപി സര്‍ക്കാര്‍ ചെയ്തത് ചരിത്രപ്രാധാന്യമുള്ള ഒട്ടനവധി രേഖകള്‍ തീവച്ച് നശിപ്പിക്കുകയായിരുന്നുവെന്നത് നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണ്. മഹാത്മാഗാന്ധി വധമടക്കമുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന രഹസ്യരേഖകള്‍, ആര്‍എസ്എസിനെ നിരോധിച്ചുകൊണ്ടുള്ള സര്‍ദാര്‍ പട്ടേലിന്റെ ഉത്തരവ് തുടങ്ങിയവയൊക്കെയാണ് നശിപ്പിക്കപ്പെട്ടത്. ഗാന്ധിജിയെ വധിച്ചത് ഹിന്ദുവര്‍ഗീയവാദിയാണെന്നതിന്റെ ശ്രദ്ധേയമായ ചരിത്രത്തെളിവുകള്‍ ഇല്ലായ്മ ചെയ്യുകയായിരുന്നു പ്രധാനമന്ത്രിയുടെതന്നെ നേതൃത്വത്തില്‍ മന്ത്രിമാര്‍.

ബ്രിട്ടീഷ് സാമ്രാജ്യത്വാധിപത്യകാലത്ത് ബ്രിട്ടീഷ് അധികാരികള്‍ക്ക് മാപ്പെഴുതിക്കൊടുത്ത് സ്വയം രക്ഷപ്പെടുകയും ആ രക്ഷപ്പെടല്‍വഴി ആഗ്രയിലെ ഒരു ഗ്രാമത്തിനാകെ പിഴ ചുമത്തുന്നതിന് വഴിവയ്ക്കുകയും ചെയ്തയാളാണ് അടല്‍ ബിഹാരി വാജ്പേയി എന്നത് രേഖാമൂലം പുറത്തുവന്ന, തെളിഞ്ഞുകഴിഞ്ഞ കാര്യമാണ്. സംഘപരിവാര്‍ അഭിമാനപൂര്‍വം ഉയര്‍ത്തിക്കാട്ടുന്ന സവര്‍ക്കര്‍ ആകട്ടെ, ആന്‍ഡമാന്‍ ജയിലില്‍നിന്ന് മോചിതനായത് ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്തശേഷമാണ്. സാമ്രാജ്യത്വവിരുദ്ധ ദേശീയപ്രക്ഷോഭത്തില്‍ പങ്കെടുക്കില്ലെന്ന ഉറപ്പുകൂടി നല്‍കിയാണ് സവര്‍ക്കര്‍ പുറത്തുവന്നത്.

അപമാനകരമായ ഈ പൈതൃകത്തോട് ചേര്‍ത്തുവയ്ക്കാവുന്നതുതന്നെയാണ് സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള ഘട്ടത്തിലെ ഏറ്റവും നിഷ്ഠുരമായ ജനാധിപത്യധ്വംസനത്തിന്റെ അമിതാധികാര സ്വേച്ഛാധിപത്യവാഴ്ചക്കാലത്ത് ജനങ്ങളുടെ പക്ഷത്തല്ല, മറിച്ച് അമിതാധികാരവാഴ്ചയുടെ പക്ഷത്താണ് ആര്‍എസ്എസ് നേതൃത്വം നിന്നത് എന്ന കാര്യം. ഇതില്‍ അത്ഭുതമൊന്നുമില്ല. ജനാധിപത്യത്തോട് തികഞ്ഞ അവജ്ഞമാത്രം പുലര്‍ത്തുന്ന ആ പ്രസ്ഥാനം ഹിറ്റ്ലറുടെയും മുസ്സോളിനിയുടെയും സംഘടനാമാതൃകയില്‍ സംവിധാനംചെയ്യപ്പെട്ട ഒന്നാണ്. എല്ലാവരും തന്നോടു കൂറുപുലര്‍ത്തിക്കൊള്ളണമെന്നു ശഠിക്കുകയും ഒരുവിധ ജനാധിപത്യവും സംഘടനയില്‍ പുലരാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്തു ഹിറ്റ്ലര്‍. ആര്‍എസ്എസിലും ഇതുതന്നെയാണ് രീതി. അതില്‍ ഒരു ജനാധിപത്യ പ്രക്രിയയുമില്ല, തെരഞ്ഞെടുപ്പുമില്ല. എല്ലാവരും സര്‍ സംഘ് ചാലകിനോട് കൂറുപുലര്‍ത്തിക്കൊള്ളണം. സര്‍ സംഘ് ചാലകിനെയാകട്ടെ, ആരെങ്കിലും തെരഞ്ഞെടുക്കുന്നതല്ലതാനും. ഇത്രമേല്‍ ജനാധിപത്യവിരുദ്ധമായ ഒരു പ്രസ്ഥാനം ഇന്ദിര ഗാന്ധി ജനാധിപത്യത്തെ കൈയൊഴിഞ്ഞ ഘട്ടത്തില്‍ അതിനു പിന്തുണയുമായി എത്തി എന്നതില്‍ സ്വാഭാവികതയേയുള്ളൂ. കാലം മാറിയപ്പോള്‍ തങ്ങള്‍ അടിയന്തരാവസ്ഥയെ എതിര്‍ത്തു എന്ന നുണപ്രചാരണവുമായി വന്ന് പുതിയ തലമുറകളെ തെറ്റിദ്ധരിപ്പിക്കരുതെന്നുമാത്രം

ദേശാഭിമാനി മുഖപ്രസംഗം 240915

Monday, September 21, 2015

അടിയന്തരാവസ്ഥ: ഇന്ദിരയെ ആര്‍എസ്എസ് അനുകൂലിച്ചു

ന്യൂഡല്‍ഹി > അടിയന്തരാവസ്ഥക്കാലത്ത് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സ്വീകരിച്ച നടപടികള്‍ക്ക് ആര്‍എസ്എസ് പിന്തുണ അറിയിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ഇന്റലിജന്‍സ് ബ്യൂറോ (ഐബി) മുന്‍ മേധാവി ടി വി രാജേശ്വര്‍ രചിച്ച "ഇന്ത്യ: ഇന്‍ ക്രൂഷ്യല്‍ ഇയേഴ്സ്' എന്ന പുസ്തകമാണ് അടിയന്തരാവസ്ഥക്കാലത്തെ കോണ്‍ഗ്രസ്- ആര്‍എസ്എസ് ബാന്ധവം പുറത്തുകൊണ്ടുവന്നത്. അടിയന്തരാവസ്ഥക്കാലത്ത് ആര്‍എസ്എസിന് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എങ്കിലും അക്കാലത്തെ ആര്‍എസ്എസ് മേധാവി ബാലസാഹേബ് ദിയോറ ഇന്ദിരാഗാന്ധിയുടെ നടപടികളില്‍ സംതൃപ്തനായിരുന്നു. സഞ്ജയ്ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തിയ നിര്‍ബന്ധിത കുടുംബാസൂത്രണ പ്രവര്‍ത്തനങ്ങളെ ആര്‍എസ്എസ് ശക്തമായി പിന്തുണച്ചു.

മുസ്ലിംസമുദായ അംഗങ്ങളെ ബലംപ്രയോഗിച്ച് കുടുംബാസൂത്രണം ചെയ്യിക്കുന്നതില്‍ ആര്‍എസ്എസ് അഭിനന്ദനം അറിയിച്ചു. ഇക്കാര്യത്തിലുള്ള പിന്തുണ അറിയിക്കാന്‍ ആര്‍എസ്എസ് മേധാവി ഇന്ദിരയെയും സഞ്ജയ്ഗാന്ധിയെയും നേരിട്ട് കാണാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുകപോലുമുണ്ടായി. മുതിര്‍ന്ന ഐബി ഉദ്യോഗസ്ഥരോട് ആര്‍എസ്എസ് ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി. എന്നാല്‍, ആര്‍എസ്എസിനോട് അനുഭാവമുണ്ടെന്ന കാര്യം മാധ്യമങ്ങളിലൂടെ വെളിപ്പെടുന്നതില്‍ താല്‍പ്പര്യമില്ലാത്ത ഇന്ദിര കൂടിക്കാഴ്ചയ്ക്ക് അവസരം നല്‍കിയില്ല. ഇന്ത്യ ഇസ്രയേലിനോട് ചങ്ങാത്തം പുലര്‍ത്തണമെന്ന ആര്‍എസ്എസ് അടക്കമുള്ള ഹൈന്ദവ സംഘടനകളുടെ നിലപാടിനോടും ഇന്ദിര അനുകൂലമായിരുന്നു. സ്വാതന്ത്ര്യലബ്ധി കാലംമുതല്‍ ആര്‍എസ്എസിന് ഇസ്രയേല്‍ അനുകൂലനിലപാടാണ്.

ഇന്ത്യന്‍ മുസ്ലിങ്ങള്‍ കോണ്‍ഗ്രസില്‍നിന്ന് അകലുമെന്ന് ഭയന്നതുകൊണ്ടുമാത്രമാണ് ഇന്ദിര "അറബ് അനുകൂല' നിലപാട് സ്വീകരിച്ചത്. ഇന്ദിര ഇസ്രയേലിനോട് അടുക്കുന്നതില്‍ കശ്മീര്‍പ്രശ്നവും കാലതാമസമുണ്ടാക്കിയെന്ന് പുസ്തകം വിവരിക്കുന്നു. ദീര്‍ഘകാലം ഐബിയില്‍ പ്രവര്‍ത്തിച്ചതിന്റെ അനുഭവങ്ങളാണ് രാജേശ്വര്‍ പുസ്തകത്തില്‍ വിവരിക്കുന്നത്. 1980കളിലെ ആയുധ കുംഭകോണത്തെക്കുറിച്ചും നിരവധി അഴിമതികളെക്കുറിച്ചും ആരുടെയും പേര് വെളിപ്പെടുത്താതെ പുസ്തകത്തില്‍ വിവരിക്കുന്നു. നിര്‍ണായകമായ അഴിമതികള്‍ ഐബി മുന്‍കൂട്ടി ചൂണ്ടിക്കാട്ടിയിട്ടും അവയെല്ലാം ഇന്ദിര അവഗണിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഐബിയില്‍നിന്ന് വിരമിച്ച രാജേശ്വര്‍ നിരവധി സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍പദവി വഹിച്ചു. പുസ്തകം ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി പ്രകാശനംചെയ്തു.

അടിയന്തരാവസ്ഥയില്‍ ആര്‍എസ്എസ് മാപ്പിരന്നു

ന്യൂഡല്‍ഹി > അടിയന്തരാവസ്ഥക്കാലത്തെ പൗരാവകാശലംഘനങ്ങള്‍ക്കെതിരെ പൊരുതിയെന്ന ആര്‍എസ്എസിന്റെയും ജനസംഘത്തിന്റെയും അവകാശവാദം പൊളിക്കുന്ന തെളിവുകള്‍ പുറത്ത്. ആര്‍എസ്എസ് സര്‍സംഘചാലക് മധുകര്‍ ദത്താത്രേയ ദേവറസ് പ്രധാനമന്ത്രി ഇന്ദിര ഗാന്ധിക്ക് 1975 ആഗസ്ത് എട്ടിന് മാപ്പപേക്ഷ നല്‍കിയതിന്റെ തെളിവ് ഫ്രണ്ട്ലൈനാണ് പുറത്തുകൊണ്ടുവന്നത്. യെര്‍വാദ ജയിലില്‍ കിടക്കുമ്പോള്‍ മോചനം ആവശ്യപ്പെട്ട് നല്‍കിയ കത്ത് അഭിഭാഷകനായ എ ജി നൂറാണിയുടെ ലേഖനത്തിനൊപ്പമാണുള്ളത്. താനടക്കമുളള ആര്‍എസ്എസ് നേതാക്കളെ വെറുതെ വിടണമെന്നും ആര്‍എസ്എസിനുമേലുള്ള നിരോധം എടുത്തുകളയണമെന്നും ദേവറസ് കത്തില്‍ ആവശ്യപ്പെടുന്നു.

ജനസംഘത്തിന്റെ നേതാക്കളായ വാജ്പേയ്, അദ്വാനി എന്നിവരുടെ അറസ്റ്റും തടവും സംബന്ധിച്ച് ജനങ്ങള്‍ക്ക് അറിയാമെങ്കിലും അതിനു പിന്നിലുള്ള കുത്സിതമായ പ്രവൃത്തിയെക്കുറിച്ച് ആര്‍ക്കും അറിയില്ലെന്നും കത്തില്‍ പറയുന്നു. കത്തില്‍ ദേവറസ് ഇന്ദിര ഗാന്ധിയെ അഭിനന്ദിക്കുകയും ചെയ്യുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് കേസില്‍ സുപ്രീംകോടതി ഇന്ദിര ഗാന്ധിക്ക് അനുകൂലമായി വിധിപ്രഖ്യാപനം നടത്തിയപ്പോഴാണ് ദേവറസ് ഇന്ദിരയെ അഭിനന്ദിച്ചത്. ഇതിനെതിരെ ജനതാപാര്‍ടി ജനറല്‍ സെക്രട്ടറിയായിരുന്ന മധു ലിമായെയുടെ പ്രതികരണവും പുറത്തുവന്നിരുന്നു. ഇത്തരം നേതാക്കളുടെ വാക്കുകള്‍ വിശ്വസിക്കാന്‍ കൊള്ളില്ല എന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. മോചനം ആവശ്യപ്പെട്ട് പ്രധാനമന്ത്രി ഇന്ദിര ഗാന്ധിക്ക് കത്തെഴുതിയിരുന്നെന്ന് ദേവറസ് കുറ്റസമ്മതം നടത്തിയിരുന്നു. ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തിനിടയിലാണ് താന്‍ രണ്ട് കത്തുകള്‍ ഇന്ദിര ഗാന്ധിക്ക് എഴുതിയെന്ന് അദ്ദേഹം സമ്മതിച്ചത്. ആദ്യം നിഷേധിച്ചെങ്കിലും പത്രക്കാര്‍ രണ്ട് കത്തിന്റെ പകര്‍പ്പ് കാണിച്ചപ്പോഴാണ് അദ്ദേഹം കുറ്റസമ്മതം നടത്തിയത്. ഒരു കത്ത് ഇന്ദിര ഗാന്ധിയുടെ പിറന്നാളിനോട് അനുബന്ധിച്ചും മറ്റൊന്ന് സുപ്രീംകോടതിയില്‍നിന്ന് ഇന്ദിരയ്ക്ക് അനുകൂലമായി വിധി വന്നപ്പോഴുമാണ് എഴുതിയത്. കൂടാതെ വെറെയും കത്തുകള്‍ എഴുതിയിരുന്നു.

കത്തിന്റെ പകര്‍പ്പ് 1977 ഒക്ടോബര്‍ 18ന് മഹാരാഷ്ട്ര മുഖ്യമന്ത്രി എസ് ബി ചവാന്‍ നിയമസഭയില്‍ ഹാജരാക്കിയിരുന്നു. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള പ്രവര്‍ത്തനമല്ല ആര്‍എസ്എസിന്റേത് എന്ന് കത്തില്‍ സമര്‍ഥിക്കുന്നു. ആര്‍എസിഎസിന്റെ നിരോധം എടുത്തുകളയണമെന്നും താങ്കളെ നേരില്‍ കാണാന്‍ ആഗ്രഹിക്കുന്നെന്നും ആവശ്യപ്പെട്ടാണ് കത്ത് അവസാനിപ്പിക്കുന്നത്. ജയില്‍മോചനത്തിന് ഇന്ദിര ഗാന്ധിയില്‍ സമ്മര്‍ദം ചെലുത്താന്‍ ദേവറസ് വിനോബ ഭാവെയ്ക്കും കത്തെഴുതിയതിനുള്ള തെളിവുകളും ലേഖനത്തിലുണ്ട്. വിനോബയോട് ഇന്ദിര ഗാന്ധിക്കുള്ള അടുപ്പം മുതലാക്കാനായിരുന്നു ശ്രമം. വിനോബ ഇന്ദിര ഗാന്ധിയെ ഒരിക്കലും എതിര്‍ത്തിരുന്നില്ല. ഈ ബന്ധം മുതലെടുക്കാനായിരുന്നു ശ്രമം. 1976 ജനുവരി 12നും അതിന് തൊട്ടടുത്ത ദിവസവുമാണ് വിനോബയ്ക്ക് ദേവറസ് കത്തെഴുതിയത്. ഈ മാസം 24ന് പ്രധാനമന്ത്രി പവ്നാര്‍ ആശ്രമത്തില്‍ താങ്കളെ കാണാന്‍ വരുന്നത് പത്രവാര്‍ത്തകളിലൂടെ അറിഞ്ഞു. അപ്പോള്‍ ആര്‍എസ്എസിനോടുള്ള അവരുടെ തെറ്റായ കാഴ്ചപ്പാട് മാറ്റാന്‍ താങ്കള്‍ ശ്രമിക്കണം. കൂടാതെ ജയിലിലുള്ള ആര്‍എസ്എസ് വളന്റിയര്‍മാരുടെ മോചനം സാധ്യമാക്കണമെന്നുമാണ് കത്തില്‍ താഴ്മയോടെയുള്ള ആവശ്യം. മോചനം സാധ്യമായാല്‍ രാജ്യപുരോഗതിക്കായി പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുമെന്നും കത്തില്‍ പറയുന്നു.

രാജീവും സോണിയയും അടിയന്തരാവസ്ഥയെ പിന്തുണച്ചു: ആര്‍ കെ ധവാന്‍

ന്യൂഡല്‍ഹി > രാജീവ് ഗാന്ധിക്കും സോണിയ ഗാന്ധിക്കും അടിയന്തരാവസ്ഥയോട് എതിര്‍പ്പില്ലായിരുന്നെന്നും മേനക ഗാന്ധി സഞ്ജയ് ഗാന്ധിയുടെ എല്ലാ നീക്കങ്ങളെയും പിന്തുണച്ചിരുന്നെന്നും ഇന്ദിര ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ആര്‍ കെ ധവാന്‍. തെരഞ്ഞെടുപ്പ് അസാധുവാക്കിയ അലഹബാദ് ഹൈക്കോടതിയുടെ വിധി അറിഞ്ഞ ഉടനെ ഇന്ദിര ഗാന്ധി രാജിവയ്ക്കാന്‍ ഒരുങ്ങിയതാണ്. എന്നാല്‍, ജനങ്ങള്‍ ഇപ്പോഴും ഇന്ദിരയുടെ ഭരണം ആഗ്രഹിക്കുന്നെന്ന് സഞ്ജയ് ഗാന്ധി അവരെ തെറ്റിദ്ധരിപ്പിച്ചു. അമ്മയെ പിന്തുണയ്ക്കുന്ന പ്രകടനങ്ങള്‍ സഞ്ജയും കൂട്ടരും നാടുനീളെ സംഘടിപ്പിച്ചു. തുടര്‍ന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്- ആര്‍ കെ ധവാന്‍ ആദ്യമായി മാധ്യമങ്ങള്‍ക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന സിദ്ധാര്‍ഥ ശങ്കര്‍ റേയാണ് അടിയന്തരാവസ്ഥയെന്ന ആശയം ഇന്ദിരയ്ക്ക് മുന്നില്‍വച്ചത്. അടിയന്തരാവസ്ഥയുടെ വാസ്തുശില്‍പ്പിയാണ് റേ. വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയതിനെ തുടര്‍ന്ന് 1977ല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. 340 സീറ്റെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ച ഇന്ദിരയെ അവര്‍ തോറ്റ വിവരം താനാണ് അറിയിച്ചത്. വാര്‍ത്ത അറിഞ്ഞപ്പോള്‍ ഇന്ദിരയുടെ മുഖം ശാന്തമായി. കുടുംബത്തിനൊപ്പം ചെലവിടാന്‍ സമയം കിട്ടിയെന്നായിരുന്നു ആദ്യ പ്രതികരണം. സഞ്ജയ് ഗാന്ധിയാണ് തോല്‍വിക്ക് കാരണമെന്ന് ഒരിക്കലും വിശ്വസിച്ചില്ല - ധവാന്‍ ഓര്‍മിച്ചു.

അടിയന്തരാവസ്ഥ സുപ്രഭാതത്തില്‍ എടുത്ത തീരുമാനമല്ല. വര്‍ഷങ്ങള്‍ മുമ്പേ കോണ്‍ഗ്രസില്‍ ആലോചന നടന്നിരുന്നു. അറസ്റ്റ് ചെയ്യേണ്ട രാഷ്ട്രീയനേതാക്കളുടെ പട്ടിക 1975 ജൂണ്‍ 20, 21 തീയതികളില്‍ തന്നെയുണ്ടാക്കി. എല്ലാ മുഖ്യമന്ത്രിമാരോടും തയ്യാറാകാന്‍ നിര്‍ദേശിച്ചു. ചേരിനിര്‍മാര്‍ജനവും നിര്‍ബന്ധിത വന്ധ്യംകരണവും പോലെയുള്ള സഞ്ജയിന്റെ അതിക്രമങ്ങള്‍ സംബന്ധിച്ച് ഇന്ദിരയ്ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നില്ല. എന്നാല്‍, മേനക ഗാന്ധിക്ക് എല്ലാം അറിയാമായിരുന്നു. ഭര്‍ത്താവിന്റെ എല്ലാ നടപടിയെയും അവര്‍ പിന്തുണച്ചു. രാജീവും സോണിയയും അടിയന്തരാവസ്ഥയെ എതിര്‍ത്തെന്ന വാര്‍ത്തകള്‍ തെറ്റാണ്. ഇരുവരും ഇന്ദിരയോട് വിയോജിച്ചില്ല. ഉത്തരവാദിത്തത്തില്‍നിന്ന് കൈകഴുകാന്‍ ആര്‍ക്കുമാകില്ല. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായുള്ള ഉത്തരവ് താനാണ് രാഷ്ട്രപതി ഫക്രുദീന്‍ അലി അഹമ്മദിന്റെ വീട്ടിലെത്തിച്ചത്. ഒരെതിര്‍പ്പും പറയാതെ അദ്ദേഹം ഒപ്പിട്ടുതന്നു. സഞ്ജയ് അമ്മയുടെ കരണത്തടിച്ചെന്ന വാഷിങ്ടണ്‍ പോസ്റ്റ് വാര്‍ത്ത തെറ്റാണെന്നും ധവാന്‍ പറഞ്ഞു.

deshabhimani

Saturday, April 13, 2013

ഇന്ദിര മരിച്ചാല്‍ പ്രധാനമന്ത്രിപദം പിടിക്കാന്‍ സഞ്ജയ് പദ്ധതിയിട്ടു

അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിര ഗാന്ധിയുടെ ജീവന് അപകടമുണ്ടായാല്‍ പ്രധാനമന്ത്രിപദം പിടിച്ചെടുക്കാന്‍ സഞ്ജയ്ഗാന്ധി ശ്രമിച്ചതായി വിക്കിലീക്സ് പുറത്തുവിട്ട അമേരിക്കന്‍ നയതന്ത്രരേഖ. ഇന്ദിരയെ ചുറ്റിപ്പറ്റിയുള്ളവരും സഞ്ജയ്ഗാന്ധിയും ചേര്‍ന്ന് ഇതിനായി തയ്യാറെടുപ്പ് നടത്തിയിരുന്നുവെന്നാണ് ഇന്ത്യയിലെ അമേരിക്കന്‍ എംബസി വാഷിങ്ടണിലേക്ക് അയച്ച സന്ദേശത്തില്‍ പറയുന്നത്. ഉന്നതവൃത്തങ്ങളെ ആധാരമാക്കിയാണ് സന്ദേശം. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഒരു വര്‍ഷത്തിന് ശേഷം അയച്ച സന്ദേശത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ പോക്ക് എങ്ങോട്ടെന്ന വിശകലനമാണ്. 58 വയസ്സിലെത്തിയ ഇന്ദിരയ്ക്ക് ആരോഗ്യപ്രശ്നമില്ലെന്നും 10 വര്‍ഷം കൂടി അധികാരത്തില്‍ തുടരാമെന്നും രേഖയില്‍ പറയുന്നു. ഈ സമയംകൊണ്ട് അധികാരം ഏറ്റെടുക്കാനുള്ള പക്വത സഞ്ജയ്ഗാന്ധി ആര്‍ജിക്കും. എന്നാല്‍, ഇന്ദിരയുടെ ജീവന് പെട്ടെന്ന് അപകടമുണ്ടായാല്‍ കോണ്‍ഗ്രസില്‍ പ്രശ്നം മൂര്‍ച്ഛിക്കും. ഇന്ദിരയെ ചുറ്റിപ്പറ്റി നില്‍ക്കുന്ന അധികാരകേന്ദ്രങ്ങളെ തട്ടിമാറ്റി ബദല്‍വിഭാഗം അധികാരത്തിലേക്ക് എത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. പിളര്‍പ്പിനും അസ്ഥിരതകള്‍ക്കും ഇത് വഴിയൊരുക്കും. പ്രാദേശിക രാഷ്ട്രീയസംഘടനകളുടെ സമ്മര്‍ദം സാഹചര്യം ബുദ്ധിമുട്ടേറിയതാക്കും. ഈ സ്ഥിതിവിശേഷം ഒഴിവാക്കാനുള്ള മുന്നൊരുക്കങ്ങള്‍ സഞ്ജയ്ഗാന്ധിയും കൂട്ടരും നടത്തുന്നുണ്ടെന്നും സന്ദേശം പറയുന്നു.

അടിയന്തരാവസ്ഥക്കാലത്ത് ക്രമസമാധാനവും സാമ്പത്തികാവസ്ഥയും വഷളായെങ്കിലും ചില മേഖലകളില്‍ നേട്ടം കൈവന്നതായി എംബസി വിലയിരുത്തുന്നു. ജനസംഖ്യാ നിയന്ത്രണത്തില്‍ "രാഷ്ട്രീയ പ്രതിബദ്ധത" കൈവന്നു. സംസ്ഥാനസര്‍ക്കാരുകളെ കേന്ദ്രം വരിഞ്ഞുമുറുക്കിയതിനാല്‍ അന്തര്‍സംസ്ഥാന നദീജല തര്‍ക്കങ്ങള്‍ക്കും മറ്റും പരിഹാരം കണ്ടു. കള്ളപ്പണത്തിനെതിരായ നീക്കങ്ങള്‍ സാധനങ്ങളുടെ ലഭ്യത വര്‍ധിക്കാന്‍ വഴിയൊരുക്കി. "ചേരി ഒഴിപ്പിക്കലുകളുടെ കാര്യത്തിലും വലിയ നേട്ടങ്ങള്‍" ഉണ്ടായെന്നും സന്ദേശത്തില്‍ പറഞ്ഞു.

ഛണ്ഡീഗഢിലെ എഐസിസി സമ്മേളനത്തിലാണ് സഞ്ജയ്ഗാന്ധി അധികാരത്തില്‍ രണ്ടാമനായതെന്ന് സന്ദേശത്തില്‍ പറയുന്നു. പദവിയൊന്നും വഹിക്കാത്ത സഞ്ജയ് സമ്മേളനവേദിയില്‍ മുതിര്‍ന്ന മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കൊപ്പവുമാണ് ഇരുന്നത്. സഞ്ജയിനെ ചുറ്റിപ്പറ്റിയായിരുന്നു നേതാക്കളെല്ലാം. മോഡലും സുന്ദരിയുമായ ഭാര്യ മേനക ഗാന്ധി പലപ്പോഴും സഞ്ജയിന് സമീപത്തുവന്ന് അരങ്ങിന് കൊഴുപ്പേകി. ഇന്ദിര സിന്ദാബാദ്, സഞ്ജയ് സിന്ദാബാദ് എന്ന മുദ്രാവാക്യമാണ് എങ്ങുമുയര്‍ന്നതെന്നും സന്ദേശത്തിലുണ്ട്.

അടിയന്തരാവസ്ഥക്കാലത്ത് മൂന്നുവട്ടം സഞ്ജയ്ഗാന്ധിക്ക് നേരെ വധശ്രമമുണ്ടായെന്നും ബംഗാളിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ അധികാരഭ്രഷ്ടനാക്കാന്‍ ശ്രമമുണ്ടായെന്നും എംബസി സന്ദേശങ്ങളില്‍ പറയുന്നു. 1976 ആഗസ്തില്‍ യുപി സന്ദര്‍ശിച്ചപ്പോള്‍ അക്രമി റൈഫിള്‍ ഉപയോഗിച്ച് മൂന്നുവട്ടം വെടിവച്ചു. ഈ സംഭവം ഇന്ത്യന്‍ മാധ്യമങ്ങളില്‍ വാര്‍ത്തയാകാതെ കോണ്‍ഗ്രസ് നേതൃത്വം ഒതുക്കുകയായിരുന്നു. ഇന്ത്യന്‍ ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ചാണ് എംബസിയുടെ റിപ്പോര്‍ട്ട്.

അടിയന്തരാവസ്ഥ അമേരിക്കന്‍ ഭരണരീതിയുടെ മുന്നൊരുക്കമായിരുന്നുവെന്ന് ഇന്ദിരയുടെ സെക്രട്ടറി

ന്യൂഡല്‍ഹി: ബഹുകക്ഷി ജനാധിപത്യ സംവിധാനം ഉപേക്ഷിച്ച് അമേരിക്കന്‍ മാതൃകയിലുള്ള പ്രസിഡന്‍ഷ്യല്‍ ഭരണസംവിധാനത്തിലേക്ക് പോകാനുള്ള മുന്നൊരുക്കമായാണ് ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് വിക്കിലീക്സ് രേഖ.

അമേരിക്കന്‍ സ്ഥാനപതി വില്യം ബി സാക്സ്ബെയുമായി നടത്തിയ സംഭാഷണത്തില്‍ ഇന്ദിരയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന പി എന്‍ ധറിന്റെതാണ് വെളിപ്പെടുത്തല്‍. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഏതാനും മാസങ്ങള്‍ക്ക് ശേഷമായിരുന്നു വില്യം ബി സാക്സ്ബെയുടെയും പി എന്‍ ധറിന്റെയും കൂടിക്കാഴ്ച. പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തെ പുച്ഛത്തോടെയാണ് ധര്‍ കണ്ടിരുന്നതെന്ന് വില്യം ബി സാക്സ്ബെ വിശദീകരിക്കുന്നു. പാര്‍ലമെന്റ് അംഗങ്ങള്‍ നടപടികള്‍ സ്തംഭിപ്പിക്കുന്നതിനാല്‍ നിയമനിര്‍മാണത്തിന് സമയം കിട്ടുന്നില്ല. പ്രശ്നപരിഹാരത്തിന് അവസരമൊരുക്കുന്ന വിധത്തിലല്ല രാഷ്ട്രീയ സംവിധാനം. യുഎസ് സംവിധാനമാണ് കൂടുതല്‍ അനുയോജ്യം. നവനിര്‍മാണ്‍ പ്രസ്ഥാനത്തിന്റെ പേരില്‍ ഗുജറാത്തില്‍ യുവാക്കളും സാമൂഹ്യപ്രവര്‍ത്തകരും നടത്തിയ പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണയേകി മൊറാര്‍ജി നടത്തിയ നിരാഹാരസമരത്തെ ഉദാഹരണമായി ധര്‍ ചൂണ്ടിക്കാട്ടി. ഒരാളുടെ സമരം കാരണം അസ്വീകാര്യമായ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടത്തേണ്ടിവന്നു. പാര്‍ലമെന്റില്‍ തീര്‍ത്തും വന്യമായ രീതിയിലാണ് രാഷ്ട്രീയത്തിന്റെ പോക്കെന്നും ധര്‍ പറഞ്ഞുവെന്നും അമേരിക്കന്‍ സ്ഥാനപതി വിശദീകരിച്ചു.

പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിച്ചശേഷം ധര്‍ എഴുതിയ "അടിയന്തരാവസ്ഥക്കാലം" എന്ന പുസ്തകത്തില്‍ ഇന്ദിരയുടെ ലക്ഷ്യം അമേരിക്കന്‍ ഭരണരീതി ഇന്ത്യയില്‍ നടപ്പാക്കുകയായിരുന്നുവെന്ന് വിശദമാക്കുന്നുണ്ട്. വെസ്റ്റ്മിനിസ്റ്റര്‍ മാതൃക എന്നറിയപ്പെടുന്ന ബ്രിട്ടീഷ് ഭരണസംവിധാനത്തിന് അനുയോജ്യമായ രാഷ്ട്രീയസംസ്കാരം രാജ്യത്തില്ലെന്ന ന്യായമാണ് ഇതിന് കാരണമായി ഇന്ദിര വിശദീകരിച്ചിരുന്നത്.

deshabhimani 130413

Tuesday, April 9, 2013

ഫെര്‍ണാണ്ടസ് സിഐഎ സഹായം തേടിയത് പുറത്ത്


അടിയന്തരാവസ്ഥക്കാലത്ത് ജോര്‍ജ് ഫെര്‍ണാണ്ടസ് സിഐഎയുടെ ഫണ്ട് നേടിയെടുക്കാന്‍ ശ്രമം നടത്തിയിരുന്നെന്ന് വിക്കിലീക്സ് വെളിപ്പെടുത്തല്‍. എന്‍ഡിഎ ഭരണകാലത്ത് പ്രതിരോധമന്ത്രിയായിരുന്ന ഫെര്‍ണാണ്ടസ് സിഐഎ ചാരനാണെന്ന ആരോപണത്തിന് ബലം പകരുന്നതാണ് വെളിപ്പെടുത്തല്‍. അടിയന്തരാവസ്ഥയ്ക്കെതിരായ പ്രക്ഷോഭത്തിന് സഹായം തേടാന്‍ എന്ന പേരില്‍ സിഐഎയില്‍നിന്നും ഫ്രഞ്ച് സര്‍ക്കാരില്‍നിന്നും സഹായം നേടാനായിരുന്നു നീക്കം.

1975 നവംബര്‍ ഒന്നിന് ഫ്രഞ്ച് നയതന്ത്ര ഉദ്യോഗസ്ഥന്‍ മാന്‍ഫ്രെഡ് തുര്‍ലാഷുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സോഷ്യലിസ്റ്റും സാമ്രാജ്യത്വവിരുദ്ധനും എന്ന് അവകാശപ്പെടുന്ന ഫെര്‍ണാണ്ടസ് പണം തേടിയത്. ഫ്രഞ്ച് സര്‍ക്കാരില്‍നിന്ന് പണം എത്തിച്ചുതരണമെന്ന ആവശ്യം തുര്‍ലാഷ് നിരസിച്ചതോടെ സിഐഎയില്‍നിന്ന് പണം വാങ്ങിയെടുക്കാന്‍ സഹായിക്കണമെന്നായി ആവശ്യം. സമീപിക്കേണ്ട സിഐഎ ഉദ്യോഗസ്ഥരെക്കുറിച്ച് നിര്‍ദേശം നല്‍കാനും ഫെര്‍ണാണ്ടസ് തുര്‍ലാഷിനോട് അഭ്യര്‍ഥിച്ചു. എഴുപതുകളില്‍ ഇന്ത്യയിലെ അമേരിക്കന്‍ എംബസി, അവരുടെ സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റിലേക്ക് അയച്ച കേബിള്‍ സന്ദേശങ്ങളിലാണ് ഇക്കാര്യങ്ങള് വെളിപ്പെടുത്തുന്നത്. നവംബര്‍ എട്ടിന് ഒരു യുവതി അമേരിക്കന്‍ ലേബര്‍ കൗണ്‍സിലറെ സമീപിച്ച് ഫെര്‍ണാണ്ടസും യുഎസ് അംബാസഡറും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് അവസരം തേടിയതായും രേഖയിലുണ്ട്. "മിസ് ഗീത" എന്നാണ് ഈ യുവതിയെ രേഖകളില്‍ പരാമര്‍ശിക്കുന്നത്. എന്നാല്‍, ഇത്തരമൊരു കൂടിക്കാഴ്ച സാധ്യമല്ലെന്നായിരുന്നു അമേരിക്കന്‍ നിലപാട്. താന്‍ ഇന്ത്യയില്‍ നടപ്പാക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനത്തെക്കുറിച്ച് ഫെര്‍ണാണ്ടസ് തുര്‍ലാഷിനോട് വിശദീകരിക്കുന്നുണ്ട്.

തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അമേരിക്ക ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ കാര്യത്തില്‍ സജീവമായ താല്‍പ്പര്യം പ്രകടിപ്പിച്ചു. 1976 ജൂണ്‍ 10ന് ഫെര്‍ണാണ്ടസ് അറസ്റ്റിലായതോടെ ഇത് ശക്തമായി. ഫെര്‍ണാണ്ടസിനെതിരായ സര്‍ക്കാര്‍ നടപടികളെക്കുറിച്ച് വിവരം നല്‍കണമെന്ന് അമേരിക്ക ഇന്ത്യയിലെ തങ്ങളുടെ എംബസിയോട് നിരന്തരം ആവശ്യപ്പെട്ടു. ഒരു ഘട്ടത്തില്‍ സ്റ്റേറ്റ് സെക്രട്ടറി ഹെന്‍റി കിസിഞ്ചര്‍ ഫെര്‍ണാണ്ടസിന്റെ മോചനത്തിനായി ഇന്ത്യാ സന്ദര്‍ശനം നടത്താന്‍ പദ്ധതിയിട്ടിരുന്നതായും രേഖകള്‍ വെളിപ്പെടുത്തുന്നു.

deshabhimani 090413

Tuesday, December 11, 2012

മിഡ്നൈറ്റ്സ് ചില്‍ഡ്രന്‍ വിലക്കിയതിനു പിന്നില്‍



ഇന്ദിരാവിമര്‍ശം: "മിഡ്നൈറ്റ്സ് ചില്‍ഡ്രന്‍" മേളയില്‍നിന്ന് ഒഴിവാക്കി

അടിയന്തരാവസ്ഥക്കാലത്തെ ഇന്ദിര ഗാന്ധിയുടെ ഫാസിസ്റ്റ് മുഖം തുറന്നുകാട്ടിയ ദീപ മേത്തയുടെ "മിഡ്നൈറ്റ്സ് ചില്‍ഡ്ര"ന്റെ പ്രദര്‍ശനം രാജ്യാന്തരചലച്ചിത്രമേളയില്‍ നിരോധിച്ചതിനെതിരെ വ്യാപക പ്രതിഷേധം. കോണ്‍ഗ്രസ് ഉന്നതങ്ങളില്‍നിന്നുള്ള ഇടപെടലിനെത്തുടര്‍ന്നാണ് നിരോധം. കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയോട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ടെലിഫോണില്‍ വിശദീകരണം തേടിയെന്ന് അറിയുന്നു. ഇന്ത്യന്‍ ചരിത്രപുസ്തകത്തില്‍ ഉള്ളതുമാത്രമാണ് സിനിമയില്‍ ഉള്‍പ്പെടുത്തിയതെന്ന് ദീപ മേത്ത പ്രതികരിച്ചു.

സല്‍മാന്‍ റുഷ്ദിയുടെ ബുക്കര്‍ സമ്മാനം നേടിയ നോവലായ മിഡ്നൈറ്റ്സ് ചില്‍ഡ്രന്റെ ചലച്ചിത്രാവിഷ്കാരത്തിന്റെ രണ്ടാംപ്രദര്‍ശനം നിരോധിച്ചതോടെ ചൊവ്വാഴ്ച രാവിലെ തിയറ്ററിലെത്തിയ നൂറുകണക്കിനു പ്രതിനിധികള്‍ നിരാശരായി. യുകെ-കനഡ സംയുക്ത സംരംഭമായ ചിത്രത്തിന് ഇന്ദിരാവിമര്‍ശത്തിന്റെ പേരില്‍ ഗോവന്‍ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചതാണ്. അങ്ങനെ തൊട്ടുപിന്നാലെ നടക്കുന്ന കേരളത്തിന്റെ മേളയില്‍ സിനിമയുടെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനത്തിന് അവസരമൊരുങ്ങി. സിനിമയുടെ സെന്‍സര്‍ചെയ്യാത്ത പതിപ്പാണ് തിങ്കളാഴ്ച വൈകിട്ട് പ്രദര്‍ശിപ്പിച്ചത്. ഔദ്യോഗികമായി സിനിമ ഇന്ത്യയില്‍ റിലീസ് ചെയ്യണമെങ്കില്‍ സെന്‍സര്‍ബോര്‍ഡ് നിര്‍ദേശിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കേണ്ടിവരും. മേളയില്‍ രണ്ടു തവണ സിനിമ പ്രദര്‍ശിപ്പിക്കാന്‍ വിതരണക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍, കോണ്‍ഗ്രസിന്റെ ഉന്നതങ്ങളില്‍നിന്നുണ്ടായ കടുത്തസമ്മര്‍ദത്തെത്തുടര്‍ന്ന് വിതരണക്കാരായ പിവിആര്‍ ഫിലിംസും സംഘാടകരും രണ്ടാംപ്രദര്‍ശനം ഒഴിവാക്കി. ഇന്ദിരയെക്കുറിച്ച് ഇന്ത്യന്‍ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയ വസ്തുതകള്‍ അടിസ്ഥാനമാക്കിയാണ് ചലച്ചിത്രം രൂപപ്പെടുത്തിയതെന്ന് വിമര്‍ശകര്‍ മനസ്സിലാക്കണമെന്ന് ദീപ മേത്ത "ദേശാഭിമാനി"യോട് പറഞ്ഞു.

മേളയില്‍ സിനിമ വീണ്ടും കാണിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കിലും വിതരണക്കാര്‍ അനുവദിക്കില്ലെന്ന് "മുഖാമുഖ"ത്തില്‍ ദീപ പറഞ്ഞു. ഇന്ദിരയെ വിമര്‍ശിക്കുന്ന ചിത്രം മേളയില്‍ പ്രദര്‍ശിപ്പിച്ചവര്‍ക്കെതിരെ നിയമനടപടിയെടുക്കണമെന്ന് സിനിമാമന്ത്രി ഗണേശ് കുമാറിന്റെ പിതാവുകൂടിയായ ആര്‍. ബാലകൃഷ്ണപിള്ള ആവശ്യപ്പെട്ടു. ഇന്ത്യയില്‍ ചിത്രീകരിക്കാന്‍പോലും അനുമതി നല്‍കാത്ത ചിത്രം പ്രദര്‍ശിപ്പിച്ചത് ചിലരുടെ വ്യക്തിതാല്‍പ്പര്യം മൂലമാണെന്ന് കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍ പറഞ്ഞു. മാജിക്കല്‍ റിയലിസത്തില്‍ ഇന്ത്യാവിഭജനംമുതല്‍ അടിയന്തരാവസ്ഥവരെയുള്ള കാലഘട്ടം അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഇന്ദിരയുടെ കിരാത ഭരണനടപടികളെ കാരിക്കേച്ചര്‍ ശൈലിയില്‍ പരിഹസിക്കുന്നു.

1980ല്‍ പുറത്തിറങ്ങിയ റുഷ്ദിയുടെ നോവലിനെതിരെ 1984ല്‍ ഇന്ദിരഗാന്ധി ബ്രിട്ടീഷ് കോടതിയില്‍ കേസ് കൊടുത്തിരുന്നു. തുടര്‍ന്ന്, ഫിറോസ്ഗാന്ധിയുടെ മരണത്തെക്കുറിച്ചുള്ള ചില പരാമര്‍ശങ്ങള്‍ റുഷ്ദിക്ക് നോവലില്‍നിന്ന് ഒഴിവാക്കേണ്ടി വന്നു. സിനിമ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സെന്‍സറിങ്ങിനു വിധേയമായി ഇന്ത്യയില്‍ റിലീസ് ചെയ്യും. 55 രാജ്യങ്ങളില്‍ ഇതിനോടകം സിനിമയുടെ വിതരണാവകാശം വിറ്റുകഴിഞ്ഞു.
(ഗിരീഷ് ബാലകൃഷ്ണന്‍)

മിഡ്നൈറ്റ്സ് ചില്‍ഡ്രന്‍ വിലക്കിയതിനു പിന്നില്‍

തലസ്ഥാനത്ത് രാജ്യാന്തര ചലച്ചിത്രമേളയെ കീഴടക്കിയ "മിഡ്നൈറ്റ്സ് ചില്‍ഡ്രണ്‍" എന്ന ചിത്രം ഇന്ത്യയ്ക്കുള്ള തന്റെ പ്രേമലേഖനമാണെന്നാണ് സംവിധായിക ദീപാ മേത്ത പറഞ്ഞത്. പക്ഷെ, ചിത്രം ഇന്ത്യയെ മോശമാക്കുന്നതും ഇന്ദിരാഗാന്ധിയെ നിന്ദിക്കുന്നതുമാണെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ കണ്ടെത്തല്‍. ചിത്രത്തിനെതിരെ ദേശവ്യാപകമായി കോണ്‍ഗ്രസുകാര്‍ ഇറങ്ങുമെന്ന ഭീഷണിയും ഹൈക്കമാന്‍ഡ് പ്രതിനിധികളുടേതായി വന്നിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ കോപിച്ചതുകൊണ്ടാകണം "മിഡ്നൈറ്റ്സ് ചില്‍ഡ്രണ്‍" ചലച്ചിത്രമേളയില്‍ വീണ്ടും പ്രദര്‍ശിപ്പിക്കുമെന്ന പ്രഖ്യാപിത ഷെഡ്യൂള്‍ റദ്ദാക്കിയത്.

കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഭരണക്കാര്‍ക്കും രുചികരമല്ലാത്ത ഏടുകള്‍ ഇന്ത്യാചരിത്രത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. അതിന് ബുക്കര്‍ പ്രൈസ് നേടിയ നോവലിസ്റ്റ് സല്‍മാന്‍ റുഷ്ദിയെയോ സംവിധായിക ദീപാമേത്തയെയോ എന്തിന് പഴിപറയണം? അടിയന്തിരാവസ്ഥ ഉള്‍പ്പെടെയുള്ള സ്വേച്ഛാധിപത്യ ദുഷ്കര്‍മങ്ങള്‍ ചെയ്ത കോണ്‍ഗ്രസ്, അക്കാലത്തെ ഭരണനടപടിയെ ഇപ്പോഴെങ്കിലും തള്ളിപ്പറയാനുള്ള സത്യസന്ധതയാണ് കാണിക്കേണ്ടത്. അഭ്രപാളിയിലെ അതിമനോഹര കാവ്യമാണ് "മിഡ്നൈറ്റ്സ് ചില്‍ഡ്രണ്‍". മനുഷ്യബന്ധങ്ങള്‍ ഒരേസമയം ബന്ധിപ്പിക്കുകയും വേര്‍പെടുത്തുകയും ചെയ്യുന്ന പരികല്‍പ്പനയാണ് ഈ ചിത്രം പറയുന്നത്. കോണ്‍ഗ്രസിന്റെ ജനാധിപത്യമൂല്യങ്ങളുടെ വാക്കും പ്രവര്‍ത്തിയും തമ്മിലുള്ള അന്തരവും ചിത്രം വ്യക്തമാക്കുന്നുണ്ട്. ക്രമരഹിതവും അരാജകത്വപരവുമായ പ്രാകൃതാവസ്ഥയായിരുന്നു അടിയന്തിരാവസ്ഥയെന്ന് ധീരതയോടെ ദീപാമേത്ത പറയുന്നു.

ദൃശ്യശൈലിയിലും പ്രമേയത്തിലും തികച്ചും വ്യത്യസ്തമാണ് ഈ സിനിമ. താരവൃന്ദത്തെ നിരാകരിച്ച ഈ ലോകസിനിമ ഇതിവൃത്തത്തിലും അഖ്യാനരീതിയിലും പുതുമയുള്ളതാണ്. 1942 മുതല്‍ 1977വരെയുള്ള ഇന്ത്യയുടെ രാഷ്ട്രീയവും അതിനപ്പുറം ഇന്ത്യക്കാരുടെ അസ്തിത്വവും തേടിയുള്ള ദുരൂഹവും ദുര്‍ഘടവുമായ യാത്രയാണ് ഈ ചിത്രം. ചരിത്രത്തെ കണക്കും പേരുംകൊണ്ട് കോറിയിടുകയല്ല, സങ്കല്‍പ്പവും ഭാവനയും യാഥാര്‍ഥ്യവും കൂട്ടിച്ചേര്‍ത്ത മാജിക് റിയലിസത്തിലൂടെ അവതരിപ്പിക്കുകയാണ്. സ്വാതന്ത്ര്യം ലഭിച്ച 1947 ആഗസ്ത് 14ന്റെ അര്‍ധരാത്രിയില്‍ ഒരാശുപത്രിയില്‍ പിറന്ന രണ്ട് കുഞ്ഞുങ്ങളുടെ വളര്‍ച്ചയും, ഒന്നായിരുന്ന ഭാരതം ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിങ്ങനെ വിഭജിക്കപ്പെട്ടതും വിഭജിത മനുഷ്യര്‍ കറാച്ചി, ധാക്ക എന്നിവിടങ്ങളില്‍നിന്നും അവസാനം മുംബൈയിലെത്തുന്നതും അതിലൂടെ ഇന്ത്യക്കാരനെന്ന അസ്ഥിത്വം തേടുന്നതുമാണ് ഇതിവൃത്തം.

സ്വാതന്ത്ര്യത്തിന്റെ പാതിരാവില്‍ പിറവിയെടുത്ത രണ്ട് കുഞ്ഞുങ്ങളില്‍ ഒരാള്‍ നാടോടിപ്പാട്ടുകാരിയായ ദരിദ്രയുവതിയുടെ അവിഹിത സന്തതിയായ സലിം സിനായ് ആണ്. മറ്റൊരു കുഞ്ഞായ ശിവ ധനികദമ്പതിമാരുടേതാണ്. സ്വാതന്ത്ര്യത്തിന്റെ അര്‍ധരാത്രിയില്‍ നാട്ടില്‍ വര്‍ഗീയലഹളയില്‍ ആളുകള്‍ ചത്തുവീഴുന്നതിന്റെ പിരിമുറുക്കത്തില്‍ ആശുപത്രി നേഴ്സ് മേരി പ്രത്യേക മാനസികാവസ്ഥയിലെത്തുകയും ആ കുഞ്ഞുങ്ങളെ തിരിമറി ചെയ്യുകയും ചെയ്തു. ഈ തിരിമറി പിന്നീട് സൃഷ്ടിക്കുന്ന കുടുംബ സംഘര്‍ഷങ്ങളെ വിഭിന്നവും വിചിത്രവുമായ നാള്‍വഴികളിലൂടെ സിനിമയെ കൊണ്ടുപോകുന്നു ദീപാമേത്ത.

ചിത്രത്തിലെ ഏറ്റവും ശക്തിയുള്ള ഭാഗത്തിലൊന്നാണ് അടിയന്തിരാവസ്ഥയിലെ സംഹാരമൂര്‍ത്തിയായ ഇന്ദിരാഗാന്ധിയെപ്പറ്റിയുള്ള അവതരണവും കിരാത ഭരണനടപടികളുടെ ചിത്രീകരണവും. ജനാധിപത്യത്തെ മനോഹരമായ സങ്കല്‍പ്പമായി ജവഹര്‍ലാല്‍ നെഹ്റു കരുതുകയും അതിനെ റോസാപ്പൂപോലെ സൂക്ഷിക്കുകയും ചെയ്തു. എന്നാല്‍ അദ്ദേഹത്തിന്റെ പുത്രി ഇന്ദിരാഗാന്ധി ജനാധിപത്യമൂല്യങ്ങളെ ചതച്ചരയ്ക്കുകയും പഴന്തുണിപോലെ എടുത്തെറിയുകയും ചെയ്തുവെന്ന് റുഷ്ദിയുടെ ശബ്ദത്തില്‍ തന്നെ വിവരണമുണ്ട്. ഇതിനൊപ്പം ഡല്‍ഹിയിലെ ചേരികള്‍ തകര്‍ക്കുന്നതിെന്‍റയും നിര്‍ബന്ധിത കുടുംബാസൂത്രണത്തിന് ആളുകളെ വേട്ടയാടുന്നതിെന്‍റയും ചേരികളിലേക്ക് ബുള്‍ഡോസര്‍ പായുന്നതിെന്‍റയും ചേരിനിവാസികള്‍ ചതഞ്ഞരഞ്ഞ് കൊല്ലപ്പെടുന്നതിന്റെയും ഭീകരരംഗങ്ങള്‍ തെളിയുന്നുണ്ട്. അടിയന്തിരാവസ്ഥയെയും ഇന്ദിരാഗാന്ധിയെയും വിമര്‍ശിക്കുന്ന ഈ ഭാഗം കേന്ദ്രമന്ത്രിയായ ശശി തരൂര്‍ തന്റെ പുസ്തകങ്ങളില്‍ വിവരിച്ചതിനപ്പുറമൊന്നുമില്ല. എന്നിട്ടും ദീപാമേത്ത ഇന്ത്യയ്ക്ക് നല്‍കിയിരിക്കുന്ന പ്രേമലേഖനത്തിനുമേല്‍ കോണ്‍ഗ്രസുകാരും യുഡിഎഫ് ഭരണവും താറഭിഷേകം നടത്തുന്നത് എന്തിനാണ്?
(ആര്‍ എസ് ബാബു)

deshabhimani 121212

Monday, July 16, 2012

കടലിരമ്പം പോലെ റാബിയയുടെ ഓര്‍മകള്‍


""ജയിലിലിട്ട് ഒമ്പതുമാസം കഴിഞ്ഞപ്പോഴാണ് കത്ത് കിട്ടിയത്. പെരുന്നാളാണ്. തയ്യല്‍ക്കാരനോട് പറഞ്ഞ് കുട്ടികള്‍ക്കെല്ലാം പുത്തനുടുപ്പ് നല്‍കണം. ഉപ്പയില്ലാത്തതിന്റെ കുറവ് അവരെ അറിയിക്കരുത്. ഞാന്‍ ഉടന്‍ പുറത്തിറങ്ങും"". എന്‍ അബ്ദുള്ളയുടെ വിധവ റാബിയ വിറയാര്‍ന്ന ശബ്ദത്തില്‍ പറഞ്ഞുതുടങ്ങി. കാര്‍ഡ് ലഭിച്ചതിന്റെ നാലാം നാള്‍ സഹദേവന്‍ വന്നു പറഞ്ഞു അബ്ദുള്ളയെ ജില്ലാ ആശുപത്രിയില്‍ കൊണ്ടുവന്നിട്ടുണ്ട്. ഉടന്‍ പോകണം. ചികിത്സ നല്‍കാതെ മരണക്കിടക്കയിലേക്കാണ് അവര്‍ അബ്ദുള്ളക്കയെ തള്ളിവിട്ടതെന്നു പറഞ്ഞുനിര്‍ത്തിയപ്പോള്‍ റാബിയയുടെ ഉള്ളില്‍ കടലിരമ്പി. ഓര്‍മകള്‍ അയവിറക്കുമ്പോള്‍ റാബിയയുടെ മനസ്സില്‍ പൊലീസ് ഭീകരതയുടെ ഇരുണ്ട ദിനങ്ങള്‍.

അടിയന്തരാവസ്ഥയില്‍ ചോറ്റുപാത്രം തട്ടിത്തെറിപ്പിച്ച് പൊലീസ് പിടിച്ചുകൊണ്ടുപോയ ഭര്‍ത്താവിനെ ജീവച്ഛവമായാണ് പിന്നീട് കണ്ടതെന്ന് കണ്ണീരോടെ ഇവര്‍ പറയുന്നു. പാര്‍ടി നേതാക്കളെ കള്ളക്കേസില്‍പ്പെടുത്തി മൂന്നാംമുറ പ്രയോഗിക്കുന്ന രീതി നേരത്തെയും ഉണ്ടായിരുന്നെന്ന് റാബിയ ഓര്‍ക്കുന്നു. ഇളയമകള്‍ ഷാഹിനയെ പ്രസവിച്ച് മൂന്നാം നാളിലാണ് അബ്ദുള്ളയെ പൊലീസ് പിടിച്ചുകൊണ്ടുപോയത്. ""ഷാഹിനക്ക് ഉപ്പയെ കണ്ട ഓര്‍മയില്ല. ഉപ്പയെ കാണണമെന്ന് പറഞ്ഞ് അവള്‍ കരയുമ്പോള്‍ ദുബായിലാണെന്ന് പറഞ്ഞാണ് സമാധാനിപ്പിക്കുക. അഞ്ച് വയസായപ്പോഴാണ് ഫോട്ടോ കാണിച്ച് ഉപ്പ മരിച്ചുപോയെന്ന് പറഞ്ഞത്""- നിറകണ്ണുകളോടെ റാബിയ വിവരിച്ചു.

കണ്ണൂര്‍ മേഖലയില്‍ പാര്‍ടി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച എന്‍ അബ്ദുള്ളയുടെ 36-ാം രക്തസാക്ഷി ദിനമാണ് ജൂലൈ 16. മത്സ്യത്തൊഴിലാളികളെയും ബീഡി- ചുരുട്ട് തൊഴിലാളികളെയും സംഘടിപ്പിച്ച് പാര്‍ടി നേതൃത്വത്തിലേക്ക് വന്ന അബ്ദുള്ള ഏവര്‍ക്കും പ്രിയപ്പെട്ട സഖാവായിരുന്നു. സാംസ്കാരിക പ്രവര്‍ത്തകന്‍കൂടിയായിരുന്നു അബ്ദുള്ള. മരക്കാര്‍കണ്ടി യുവജന വായനശാലയുടെ സ്ഥാപകരിലൊരാളാണ്. 1948ല്‍ പാര്‍ടി നിരോധിച്ചപ്പോള്‍ പൊലീസ് മര്‍ദനവും കോണ്‍ഗ്രസ് ഗുണ്ടാമര്‍ദനവും നിരവധി തവണ ഏല്‍ക്കേണ്ടി വന്നു. അടിയന്തരാവസ്ഥയില്‍ മിസ തടവുകാരനായി സെന്‍ട്രല്‍ ജയിലിലടച്ച അബ്ദുള്ളക്ക് ചികിത്സയോ പരോളോ അനുവദിച്ചില്ല. ഒമ്പതാം മാസം ജീവച്ഛവമായാണ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നെ കൂടുതല്‍ ദിവസം നീണ്ടില്ല. സ്വന്തമായൊരു വീട് അബ്ദുള്ളയുടെ സ്വപ്നമായിരുന്നു. പാര്‍ടിയുടെ സഹായത്തോടെ നിര്‍മിച്ച വീട്ടിലാണ് റാബിയയും മക്കളായ അജീറും ഷാഹിനയും പേരക്കുട്ടികളും താമസിക്കുന്നത്. മറ്റ് മക്കളായ അഷ്റഫും ആരിഫും ഗള്‍ഫിലാണ്.
(പി കെ ബൈജു)

deshabhimani 160712

Tuesday, June 26, 2012

കോണ്‍ഗ്രസിന്റെ ജനാധിപത്യപ്രസംഗം


ഒരു അര്‍ധരാത്രിയുടെ നിശബ്ദതയിലാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത്. എന്നാല്‍, മറ്റൊരര്‍ധ രാത്രിയില്‍ ഇരുളിന്റെ മറവില്‍ ഇന്ത്യക്കാരുടെ എല്ലാ പൗരസ്വാതന്ത്ര്യവും അപഹരിക്കപ്പെട്ടു- 1975ലെ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിലൂടെ; 37 വര്‍ഷംമുമ്പ് ജൂണ്‍ 25ന്. 1971ലെ തെരഞ്ഞെടുപ്പില്‍ അഴിമതി കാട്ടിയ കേസില്‍ അലഹബാദ് ഹൈക്കോടതി ഇന്ദിരാഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയതാണല്ലോ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ കാരണം. കോടതിവിധി വന്ന അതേദിവസം ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പുഫലവും പുറത്തുവന്നു. കോണ്‍ഗ്രസിനെ നിലംപരിശാക്കി ജയപ്രകാശ് നാരായണന്റെ പിന്തുണയോടെ ജനമോര്‍ച്ച അധികാരത്തിലെത്തി. കോണ്‍ഗ്രസിന്റെ അഴിമതിഭരണത്തിനെതിരായി വലിയ മുന്നേറ്റം രാജ്യത്ത് രൂപപ്പെടുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് നീതിന്യായവ്യവസ്ഥയെ പരസ്യമായി അവഹേളിച്ച് കേന്ദ്ര മന്ത്രിസഭയില്‍പ്പോലും ആലോചിക്കാതെ അര്‍ധ ഫാസിസ്റ്റ് ഭീകരവാഴ്ചയ്ക്ക് ഇന്ദിരാഗാന്ധി തുടക്കമിട്ടത്.

കോടതികളില്‍ ചോദ്യംചെയ്യപ്പെടാനാകാത്ത മിസപോലുള്ള കരിനിയമങ്ങള്‍ കൊണ്ടുവന്നു. ആരും ഏതുനിമിഷവും അറസ്റ്റുചെയ്യപ്പെടാം. അതിനെ ചോദ്യംചെയ്യാന്‍ സാധ്യമല്ല. രാജ്യമെങ്ങും ഭീതിയുടെ അന്തരീക്ഷം നിറഞ്ഞു. രാഷ്ട്രീയ എതിരാളികള്‍ക്കുനേരെയാണ് കരിനിയമങ്ങള്‍ പ്രയോഗിക്കപ്പെട്ടത്. അഴിമതിക്കെതിരായ കുരിശുയുദ്ധം നടത്തിയ ജയപ്രകാശ് നാരായണനെയും സിപിഐ എം നേതാക്കളെയും പ്രവര്‍ത്തകരെയും മറ്റു പ്രതിപക്ഷപാര്‍ടി നേതാക്കളെയും മാത്രമല്ല കോണ്‍ഗ്രസിലെ യുവതുര്‍ക്കികളായി അറിയപ്പെട്ട ചന്ദ്രശേഖരന്‍ (പില്‍ക്കാലത്ത് പ്രധാനമന്ത്രി), കൃഷ്ണകാന്ത് (പിന്നീട് ഉപരാഷ്ട്രപതി) കേന്ദ്രമന്ത്രിയായിരുന്ന മോഹന്‍ ധാരിയ തുടങ്ങിയവരെയെല്ലാം കല്‍ത്തുറങ്കിലടച്ചു. ഇപ്പോള്‍ മഹാരാഷ്ട്ര ഗവര്‍ണറായ കോണ്‍ഗ്രസ് നേതാവ് കെ ശങ്കരനാരായണന്‍ അക്കാലത്ത് തടവിലാക്കപ്പെട്ടയാളാണ്. ഇ എം എസ്, എ കെ ജി തുടങ്ങിയ ദേശീയനേതാക്കളെ തടവിലാക്കിയെങ്കിലും പിന്നീട് വിട്ടയക്കേണ്ടിവന്നു. പിണറായി വിജയനെ മൃഗീയമായി മര്‍ദിച്ച് ശരീരം തകര്‍ത്തശേഷമാണ് ജയിലിലേക്കെത്തിച്ചത്. വിദ്യാര്‍ഥിയായിരുന്ന എന്നെ ഒന്നരവര്‍ഷമാണ് മിസപ്രകാരം ജയിലില്‍ അടച്ചത്. മാതാപിതാക്കളുമായിപ്പോലും ആശയവിനിമയം നടത്താന്‍ സാധ്യമായിരുന്നില്ല. ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ വിദ്യാര്‍ഥി പ്രബീര്‍ പുര്‍കായസ്തയെ പൊലീസ് അറസ്റ്റുചെയ്തത് ഒരു വിദ്യാര്‍ഥിയെ സസ്പെന്‍ഡ് ചെയ്ത പ്രിന്‍സിപ്പലിന്റെ നടപടി ചോദ്യംചെയ്തതിനാണ്.

അടിയന്തരാവസ്ഥക്കാലത്ത് പാര്‍ലമെന്റ് സമ്മേളിച്ചപ്പോള്‍ 32 അംഗങ്ങള്‍ക്ക് പങ്കെടുക്കാനായില്ല. അവരെല്ലാം ഇരുമ്പഴിക്കകത്തായിരുന്നു. പൗരസ്വാതന്ത്ര്യമില്ല, മൗലികാവകാശങ്ങള്‍ നിഷേധിച്ചു, ജനാധിപത്യവ്യവസ്ഥയുടെ അസ്തിവാരമായ ഭരണഘടനയെ മരവിപ്പിച്ചു. ഇന്ത്യയൊട്ടാകെ 1,10,806 പേര്‍ ജയിലില്‍ ക്രൂരപീഡനങ്ങള്‍ക്കിരയായി. എങ്ങും ഉദ്യോഗസ്ഥരുടെ അഴിഞ്ഞാട്ടം. പൊലീസ് പിടിച്ചുകൊണ്ടുപോയവരില്‍ പലരും പിന്നെ പുറംലോകം കണ്ടില്ല; തൃശൂര്‍ റീജണല്‍ എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ഥി രാജനെപ്പോലെ. ആഭ്യന്തരസുരക്ഷയുടെ പേരില്‍ കോണ്‍ഗ്രസ് ആരെയാണ് തടവിലിട്ടതെന്ന് മനസ്സിലാക്കുക. ബിഹാറില്‍ മിസ, ഡിഐആര്‍ എന്നീ നിയമങ്ങള്‍പ്രകാരം ആകെ അറസ്റ്റുചെയ്യപ്പെട്ടവര്‍ 9107. ഇവരില്‍ ക്രിമിനലുകളെന്ന് ഔദ്യോഗികരേഖകള്‍ പറയുന്നത് 1561 പേര്‍മാത്രം. മഹാരാഷ്ട്രയില്‍ ആകെ അറസ്റ്റുചെയ്യപ്പെട്ടത് 15,272. ഇതില്‍ സാമൂഹ്യവിരുദ്ധര്‍ 2700. പശ്ചിമബംഗാളില്‍ ആകെ അറസ്റ്റിലായ 7228 പേരില്‍ ക്രിമിനല്‍കുറ്റം ചെയ്തവര്‍ 84 മാത്രം. കേരളത്തില്‍ അറസ്റ്റിലായ 7924 പേരില്‍ ക്രിമിനല്‍കുറ്റം ചെയ്തവര്‍ 930 പേര്‍ മാത്രവും. മറ്റ് സംസ്ഥാനങ്ങളിലെയും സ്ഥിതി വ്യത്യസ്തമല്ല. മാത്രമല്ല ബുദ്ധിജീവികളെയും അധ്യാപകരെയും എഴുത്തുകാരെയുംപോലും വെറുതെ വിട്ടില്ല.

ഇപ്പോള്‍ കോണ്‍ഗ്രസിനുവേണ്ടി വാദിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍, ഈ ജനാധിപത്യവിരുദ്ധര്‍ അന്ന് മാധ്യമങ്ങളോട് ചെയ്തതെന്തെന്ന് ഓര്‍ക്കണം. ദില്ലിയില്‍ കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി കോണ്‍ഫറന്‍സ് ചടങ്ങില്‍ പ്രതിഷേധപ്രകടനം നടത്തിയ ചെറുപ്പക്കാരിലൊരാളെ അന്നത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവ് അംബികാസോണി കൈകാര്യം ചെയ്യുന്നത് കണ്ടപ്പോള്‍, ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ടര്‍ വീരേന്ദ്രകപൂര്‍ "ഇവിടെ ധാരാളം പൊലീസുണ്ടല്ലോ, ഇപ്പണി അവര്‍ ചെയ്യില്ലേ" എന്ന് അംബികാസോണിയോട് ചോദിച്ചു. ഫലം ഉടനുണ്ടായി. ആ വേദിയില്‍വച്ച് കപൂര്‍ അറസ്റ്റുചെയ്യപ്പെട്ടു. ഇരുനൂറിലധികം പുസ്തകങ്ങള്‍ രചിച്ച വേദ്ഗുരു ദത്ത് എന്ന എണ്‍പത്തിമൂന്നുകാരനെ അറസ്റ്റുചെയ്തത് തന്റെ വീടിനുമുന്നില്‍ അടിയന്തരാവസ്ഥയ്ക്കെതിരെ സംസാരിച്ചു എന്ന കുറ്റത്തിനാണ്. യഥാര്‍ഥത്തില്‍ കാരണമതായിരുന്നില്ല. 1973ല്‍ അദ്ദേഹമെഴുതിയ "മധു" എന്ന നോവലില്‍ ഇന്ദിരാഗാന്ധിക്കെതിരെ പരാമര്‍ശമുണ്ടായിരുന്നത്രേ.

അടിയന്തരാവസ്ഥയുടെ പീഡനങ്ങളില്‍ കൊല്ലപ്പെട്ടവര്‍ അനവധി. പൊലീസ് പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ചുകൊന്നവര്‍, ദില്ലിയിലെ തുര്‍ക്ക്മെന്‍ ഗേറ്റിലും മറ്റും സായുധപൊലീസിന്റെ വെടിയുണ്ടയ്ക്കിരയായവര്‍, ജയിലറകളിലെ പീഡനമുറകള്‍മൂലം ജയിലിനുപുറത്തെത്തി വൈകാതെ ജീവന്‍ വെടിഞ്ഞ ടി അയ്യപ്പനെയും, ബംഗാളില്‍നിന്നുള്ള പാര്‍ലമെന്റ് അംഗം ജ്യോതിര്‍മയി ബസുവിനെയുംപോലുള്ളവര്‍ തുടങ്ങി, അധികാരികളുടെ പീഡനം സഹിക്കാതെ ആത്മഹത്യചെയ്തവര്‍പോലുമുണ്ട്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സിഐടിയു നേതാവ് എന്‍ അബ്ദുള്ള മൃഗീയ മര്‍ദനത്തെതുടര്‍ന്ന് രോഗം ബാധിച്ച് മരിച്ചു. തങ്ങള്‍ചെയ്ത കൊലപാതകങ്ങള്‍ക്കൊന്നിനും പൊലീസിന് കണക്കില്ലായിരുന്നു. കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് തുര്‍ക്ക്മെന്‍ ഗേറ്റില്‍ 400 പേരെങ്കിലും വെടിവയ്പില്‍ കൊല്ലപ്പെട്ടു. ഔദ്യോഗികകണക്കില്‍ ഇത് വെറും ആറുമാത്രമാണ്.

ഇന്ദിരാഗാന്ധിയുടെ മന്ത്രിസഭയില്‍ വിധേയന്മാരല്ലാത്തവര്‍ക്ക് സ്ഥാനമില്ലായിരുന്നു. ഭരണസംവിധാനത്തെ നിയന്ത്രിച്ചത് ഭരണഘടനാബാഹ്യമായ ശക്തികളായിരുന്നല്ലോ. ഇന്ദിരാഗാന്ധിയുടെ മകന്‍ സഞ്ജയിന്റെ തീട്ടൂരങ്ങളനുസരിക്കാന്‍ തയ്യാറല്ലാത്തതിനാലാണ് വാര്‍ത്താവിതരണമന്ത്രിയായിരുന്ന ഗുജ്റാള്‍ മന്ത്രിസഭയ്ക്കുപുറത്ത് പോയത്. വി സി ശുക്ല എന്ന വിധേയനായിരുന്നു ഗുജ്റാളിനുപകരമെത്തിയത്. ആകാശവാണിയിലെയും ഫീല്‍ഡ് പബ്ലിസിറ്റിവകുപ്പിലെയും ഉദ്യോഗസ്ഥരെക്കൊണ്ട് കോണ്‍ഗ്രസിന്റെ പ്രകടനപത്രിക 14 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യിച്ചാണ് ശുക്ല പ്രതിബദ്ധത തെളിയിച്ചത്. മാധ്യമസ്വാതന്ത്ര്യത്തിന്റെ അന്തകനായി ശുക്ല മാറി. പത്രവാര്‍ത്തകള്‍ സെന്‍സര്‍ ചെയ്യപ്പെട്ടു. ഇന്ദിരാഗാന്ധിയെ യോഗ പഠിപ്പിക്കാനെത്തിയ ധീരേന്ദ്ര ബ്രഹ്മചാരിയായിരുന്നു മറ്റൊരു വിവാദനായകന്‍. ഇയാള്‍ ഇന്ദിരാഭരണകൂടത്തിന്റെ ചക്രം തിരിക്കുന്നവരിലൊരാളായി. അമേരിക്കയില്‍നിന്ന് കസ്റ്റംസ് നികുതി നല്‍കാതെ ഇയാള്‍ വിമാനം ഇറക്കുമതിചെയ്ത സംഭവം വിവാദമായി. ഈ ഇടപാടിനെപ്പറ്റി പിന്നീട് സിബിഐ അന്വേഷിച്ചു. യാത്രാരേഖകള്‍ പരിശോധിച്ചപ്പോള്‍ ഇന്ദിരയുടെ മക്കള്‍ സഞ്ജയും രാജീവുമായിരുന്നു ഈ വിമാനം സ്ഥിരമായി ഉപയോഗിച്ചിരുന്നതെന്ന് വെളിപ്പെട്ടു.

അടിയന്തരാവസ്ഥക്കാലത്തെ ജനദ്രോഹികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ ഒരു നടപടിയും ഉണ്ടായില്ലെന്നുമാത്രമല്ല അവരെയെല്ലാം കോണ്‍ഗ്രസ് പില്‍ക്കാലത്ത് ഉയരങ്ങളിലെത്തിച്ചു. ചിലര്‍ കോണ്‍ഗ്രസ് നേതാക്കളും മന്ത്രിമാരുമായി. അന്ന് ദില്ലി ലഫ്റ്റനന്റ് ഗവര്‍ണറുടെ സെക്രട്ടറിമാത്രമായിരുന്നെങ്കിലും ദില്ലിയിലെ അറസ്റ്റുകള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും നേരിട്ട് നേതൃത്വം കൊടുത്തയാളാണ് നവീന്‍ ചാവ്ല. ഇദ്ദേഹം ജനാധിപത്യത്തിന്റെ ഇരിപ്പിടങ്ങളിലൊന്നായ തെരഞ്ഞെടുപ്പ് കമീഷന്റെ തലവനായത് ചരിത്രത്തിന്റെ വിരോധാഭാസം.
ഇന്ദിരാഗാന്ധിയുടെ വികസനസ്വപ്നങ്ങളെന്നപേരില്‍ ദില്ലിയിലെ ചേരികള്‍ മുഴുവന്‍ ഇടിച്ചുനിരത്തിയും രാജ്യം മുഴുവന്‍ വന്ധ്യംകരണ ശസ്ത്രക്രിയ സംഘടിപ്പിച്ചുമാണ് കോണ്‍ഗ്രസ് ഭരണകൂടം അതിന്റെ മനുഷ്യത്വവിരുദ്ധ മുഖം പ്രദര്‍ശിപ്പിച്ചത്. സഞ്ജയ് ഗാന്ധിയായിരുന്നു ഈ നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്. ദില്ലിയില്‍ ഒന്നരലക്ഷം കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തി. ചേരികള്‍ സംസ്ഥാനത്തിന്റെ മുഖം വൃത്തികേടാക്കുമെന്ന് പറഞ്ഞ് പാവങ്ങളുടെ കൂരകള്‍ക്കുമേല്‍ ബുള്‍ഡോസറുകള്‍ ഇടിച്ചുകയറ്റി. എതിര്‍ത്തവര്‍ക്കുനേരെ വെടിയുതിര്‍ത്തു. ഇന്ത്യയൊട്ടാകെ ഒരുവര്‍ഷംകൊണ്ട് 81 ലക്ഷം വന്ധ്യംകരണ ശസ്ത്രക്രിയകള്‍! ജയിലുകള്‍ തടവുകാരെക്കൊണ്ട് നിറഞ്ഞു. 1,83,369 പേരെമാത്രം ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ടായിരുന്ന ജയിലുകളില്‍ 2,20,146 പേരെ കുത്തിനിറച്ചു. ഇവരുടെ ഇടയിലേക്കാണ് കരുതല്‍ തടങ്കലെന്ന പേരില്‍ ഒരുലക്ഷത്തിലധികം പേരെക്കൂടി ഉള്‍ക്കൊള്ളിച്ചത്. ജയിലറകളില്‍ മനുഷ്യര്‍ ഊഴംവച്ച് ഉറങ്ങുന്ന സ്ഥിതി. ടോയ്ലറ്റ് സൗകര്യവും ശുദ്ധജലവും ലഭ്യമായിരുന്നില്ല.

ജനാധിപത്യത്തെയും പൗരസ്വാതന്ത്ര്യത്തെയും അല്‍പ്പമെങ്കിലും ബഹുമാനിക്കുന്ന സമീപനമായിരുന്നില്ല കോണ്‍ഗ്രസിന്റേത്. ഇത് 1975ല്‍ തുടങ്ങിയതല്ല. 1957ല്‍ കേരളത്തില്‍ ഇ എം എസിന്റെ നേതൃത്വത്തിലുള്ള ജനകീയ സര്‍ക്കാരിനെ പിരിച്ചുവിട്ടാണ് ജനാധിപത്യത്തിന്റെ ശിരസ്സില്‍ അധികാരപ്രമത്തതയുടെ കൂടംകൊണ്ട് കോണ്‍ഗ്രസ് ആദ്യം ആഞ്ഞടിച്ചത്. ഇത് പിന്നീട് കോണ്‍ഗ്രസിതര സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം പ്രയോഗിച്ചു. ഇതിന്റെ തുടര്‍ച്ചയായിരുന്നു അടിയന്തരാവസ്ഥ. അടിയന്തരാവസ്ഥയ്ക്കുശേഷം അധികാരത്തില്‍വന്ന ജനതാസര്‍ക്കാര്‍ അടിയന്തരാവസ്ഥക്കാലത്തെ അതിക്രമങ്ങള്‍ അന്വേഷിക്കാന്‍ ഒരു കമീഷനെ നിയോഗിച്ചു- സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് ജെ സി ഷായുടെ നേതൃത്വത്തില്‍. ഈ കമീഷന്‍ ഇന്ദിരാഗാന്ധിയുടെ അതിക്രമങ്ങളെയും അധികാരദുര്‍വിനിയോഗങ്ങളെയും അക്കമിട്ടുനിരത്തുന്ന റിപ്പോര്‍ട്ടാണ് തയ്യാറാക്കിയത്. എന്നും ഇന്ദിരാഗാന്ധിയുടെ ഉറക്കംകെടുത്തിയിരുന്നു ഷാ കമീഷന്‍ റിപ്പോര്‍ട്ട്. 1980ല്‍ അധികാരത്തില്‍ തിരിച്ചെത്തിയ ഉടന്‍ ഷാ കമീഷന്‍ റിപ്പോര്‍ട്ടിന്റെ എല്ലാ കോപ്പിയും തേടിപ്പിടിച്ച് അവര്‍ നശിപ്പിച്ചു. ഓസ്ട്രേലിയന്‍ നാഷണല്‍ ലൈബ്രറിയിലും ലണ്ടന്‍ സര്‍വകലാശാലയിലും റിപ്പോര്‍ട്ടിന്റെ ഓരോ കോപ്പികള്‍ അവശേഷിച്ചു. ഷാ കമീഷന്‍ റിപ്പോര്‍ട്ടിന്റെ ഒരു പ്രതി മുന്‍ പാര്‍ലമെന്റ് അംഗവും ജയപ്രകാശ് നാരായണന്റെ അനുയായിയുമായിരുന്ന ഏറാ ചെഴിയാന്റെ കൈവശമുണ്ടായിരുന്നു.

രാജ്യത്തിന്റെ ഇരുണ്ട ഭൂതകാലം പുതിയ തലമുറയ്ക്ക് മനസ്സിലാകണമെന്ന ലക്ഷ്യത്തോടെ അദ്ദേഹമിത് ഇപ്പോള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഷാ കമീഷന്‍ റിപ്പോര്‍ട്ട് വീണ്ടും ജനങ്ങള്‍ക്ക് ലഭ്യമാകുന്നതോടെ കോണ്‍ഗ്രസിന്റെ ജനാധിപത്യ മുഖംമൂടി വീണ്ടും അഴിഞ്ഞുവീഴുകയാണ്. നാദാപുരത്തുനിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കക്കുഴിയില്‍ കണ്ണനെ പൊലീസ് പീഡിപ്പിച്ച് കൊലപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെടുക്കാന്‍ കഴിഞ്ഞില്ല. വടകര മേഖലയില്‍ അടിയന്തരാവസ്ഥയെ അനുസ്മരിപ്പിക്കുന്ന മര്‍ദനമുറകളാണ് ഇപ്പോള്‍ പൊലീസ് നടപ്പാക്കുന്നത്. കാവടിയാട്ടം, ഗരുഡന്‍തൂക്കം, പേട്ടതുള്ളല്‍ തുടങ്ങിയ ഓമനപ്പേരുകളില്‍ ലോക്കപ്പുകളില്‍ സിപിഐ എം പ്രവര്‍ത്തകരെയും സാധാരണക്കാരെയും ഭേദ്യംചെയ്യുന്നു. കണ്ണൂരില്‍ ചോദ്യംചെയ്യലിന്റെ ഭാഗമായി യുവാവിന്റെ മലദ്വാരത്തില്‍ കമ്പികയറ്റുകയും അത് വായില്‍ തിരുകുകയും ചെയ്ത സംഭവം സാംസ്കാരികകേരളത്തെ ഞെട്ടിച്ചതാണ്. അടിയന്തരാവസ്ഥയെ നാണിപ്പിക്കുന്ന ജനാധിപത്യധ്വംസനവും മര്‍ദനമുറകളും അരങ്ങേറുന്നത് കോണ്‍ഗ്രസിന്റെ കാര്‍മികത്വത്തിലാണ്. നിയമവ്യവസ്ഥയെപ്പറ്റി ഇപ്പോള്‍ വാതോരാതെ പ്രസംഗിക്കുന്നവര്‍ ചെയ്തുകൂട്ടിയ, ചെയ്തുകൊണ്ടിരിക്കുന്ന പാതകങ്ങളുടെ കണക്കെടുത്താല്‍, അവര്‍ക്ക് ഇന്നാട്ടില്‍ ജീവിക്കാനുള്ള അര്‍ഹതതന്നെ ഇല്ലെന്ന് ബോധ്യപ്പെടും.

കോടിയേരി ബാലകൃഷ്ണന്‍ deshabhimani 260612

Monday, June 11, 2012

അടിയന്തരാവസ്ഥയെ ന്യായീകരിച്ച് ഉമ്മന്‍ചാണ്ടി


പത്രസ്വാതന്ത്ര്യം നിഷേധിച്ചതാണ് അടിയന്തരാവസ്ഥക്കാലത്ത് സംഭവിച്ച ഏക പിഴവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സീനിയര്‍ ജേണലിസ്റ്റ് ഫോറം സംസ്ഥാനസമ്മേളനം ഉദ്ഘാടനംചെയ്യവെയാണ് അടിയന്തരാവസ്ഥയെ ന്യായീകരിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയത്. അടിയന്തരാവസ്ഥക്കാലത്ത് ദേശീയതലത്തില്‍ സാമൂഹ്യ അച്ചടക്കം നിലനിന്നിരുന്നു. പത്രസ്വാതന്ത്ര്യം നല്‍കിയിരുന്നെങ്കില്‍ അടിയന്തരാവസ്ഥയ്ക്ക് കൂടുതല്‍ സ്വീകാര്യത ലഭിക്കുമായിരുന്നു. പത്രസ്വാതന്ത്ര്യം നിഷേധിച്ചത് അന്നത്തെ പല തെറ്റുകളും ചോദ്യംചെയ്യപ്പെടാതെപോകാന്‍ കാരണമായി. ഇത് ചെറിയ ക്ഷീണമുണ്ടാക്കി. മാധ്യമരംഗത്തെ ഇന്നത്തെ ചില പ്രവണതകള്‍ കാണുമ്പോള്‍ പഴയ പത്രപ്രവര്‍ത്തകരെ ഓര്‍മിക്കാറുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അച്ചടക്കത്തിന്റെ പേരില്‍ അടിയന്തരാവസ്ഥക്കാലത്ത് രാജ്യമെമ്പാടും നിരവധി പേര്‍ ജയിലിനകത്തും പുറത്തും ഭീകരമര്‍ദനമുറകള്‍ക്കിരയാവുകയും കൊല്ലപ്പെടുകയും ചെയ്തിരുന്നു. കേരളത്തില്‍ കക്കയം ക്യാമ്പില്‍ പൊലീസ് മര്‍ദനത്തില്‍ അരുംകൊല ചെയ്യപ്പെട്ട രാജന്റെ കൊലപാതകം ഇന്നും നടുക്കുന്ന ഓര്‍മയാണ്. ഇതെല്ലാം മറച്ചുവച്ചാണ് ഉമ്മന്‍ചാണ്ടിയുടെ അടിയന്തരാവസ്ഥാ ന്യായീകരണം.

deshabhimani 110612

Saturday, June 2, 2012

ഇനി പ്രസംഗം ഉമ്മന്‍ചാണ്ടി എഴുതിത്തരും


പൊലീസിനെ ഉപയോഗിച്ച് സംസ്ഥാനത്തെ ഏറ്റവും വലിയ ബഹുജനപ്രസ്ഥാനത്തെ വേട്ടയാടാനുള്ള ശ്രമം യുഡിഎഫ് സര്‍ക്കാര്‍ ശക്തമാക്കി. സിപിഐ എം ജില്ലാകമ്മിറ്റി ഓഫീസില്‍ നോട്ടീസ് പതിച്ചും പാര്‍ടി യോഗത്തില്‍ പ്രസംഗിച്ചതിന് തുടര്‍ച്ചയായി കേസെടുത്തും ജനാധിപത്യവ്യവസ്ഥയെയും ജനങ്ങളെയും തന്നെ സര്‍ക്കാര്‍ വെല്ലുവിളിക്കുകയാണ്. മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും രസിക്കാത്തതൊന്നും പാര്‍ടിയോഗങ്ങളില്‍ പ്രസംഗിക്കാന്‍ പാടില്ലെന്ന നിലയ്ക്കാണ് പൊലീസിന്റെ പോക്ക്. യുഡിഎഫ് സര്‍ക്കാരിന്റെ അധികാരദുര്‍വിനിയോഗം തുറന്നുകാട്ടിയാണ് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എളമരം കരീമിനെതിരെ ശനിയാഴ്ച ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തത്. പൊലീസുകാരനെ ഭീഷണിപ്പെടുത്തിയെന്ന പേരിലാണ് രണ്ടാമതും കേസ്. അടിയന്തരാവസ്ഥയുടെ പ്രേതബാധയിലാണ് ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരുമെന്ന വിമര്‍ശനം ശരിവയ്ക്കുന്നതാണ് സര്‍ക്കാരിന്റെ നീക്കങ്ങള്‍.

ടി പി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണത്തിന്റെ മറപിടിച്ച് സിപിഐ എമ്മിനെ വേട്ടയാടാനുള്ള നീക്കം ചെറുക്കാന്‍ പാര്‍ടിയെ സ്നേഹിക്കുന്നവരാകെ രംഗത്തിറങ്ങി. പാര്‍ടി ശത്രുക്കളും ഒറ്റുകാരും പാര്‍ടിവിരുദ്ധരും ഒഴികെയുള്ളവരാകെ പാര്‍ടിയെ സംരക്ഷിക്കാന്‍ ഒരേ മനസ്സോടെ അണിനിരക്കുന്ന കാഴ്ചയാണ് കേരളം കണ്ടത്. കിട്ടിയ അവസരം മുതലാക്കി ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയവരും നിരാശരായി. സിപിഐ എമ്മിനെ ദുര്‍ബലപ്പെടുത്താനുള്ള സംഘടിതനീക്കം വിചാരിച്ചത്ര എളുപ്പമല്ലെന്നുകണ്ടപ്പോഴാണ് പുതിയ കേസുകള്‍ സൃഷ്ടിച്ചുള്ള കടന്നാക്രമണം. സിപിഐ എം ഇടുക്കി ജില്ലാകമ്മിറ്റി ഓഫീസില്‍ ജില്ലാസെക്രട്ടറി എം എം മണിക്കെതിരെ നോട്ടീസ് പതിക്കാനുള്ള നിര്‍ദേശം തലസ്ഥാനത്തുനിന്നാണ് പോയത്. "രഹസ്യകേന്ദ്രത്തില്‍" പൊലീസ് ചോദ്യംചെയ്തപ്പോള്‍ കിട്ടിയ വിവരങ്ങള്‍ എന്ന പേരില്‍ ചില മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി പാര്‍ടിക്കെതിരെ അഴിച്ചുവിട്ട നിന്ദ്യമായ പ്രചാരവേലകളെ സാധൂകരിക്കാനാണ് മാധ്യമസ്വാതന്ത്ര്യമെന്ന അലമുറ. പൊലീസിന്റെ കെട്ടുകഥകള്‍ക്ക് നിറംപകര്‍ന്ന മാധ്യമങ്ങള്‍ ഒന്നുപോലും ഇത്തരം വാര്‍ത്തകളുടെ ആധികാരികതയെക്കുറിച്ച് മിണ്ടിയിട്ടില്ല. കൈയില്‍ അരിവാള്‍ പച്ചകുത്തിയ ഒരു പ്രതിയെക്കുറിച്ച് ഉപന്യസിക്കുക മാത്രമല്ല, പച്ചകുത്തിയ ചിത്രവും പുറത്തുവിട്ടു ചില മാധ്യമങ്ങള്‍. ഈ ചിത്രം അന്വേഷണസംഘം ഔദ്യോഗികമായി നല്‍കിയതല്ല. ഇതെങ്ങനെ പുറത്തുപോയെന്ന് പൊലീസ് മേധാവികള്‍ പരിശോധിച്ചതായും വിവരമില്ല. അതേസമയം, ഈ ചിത്രം മാധ്യമങ്ങള്‍ക്ക് എത്തിച്ചുകൊടുത്തത് ചൂണ്ടിക്കാട്ടിയ മുന്‍ മന്ത്രിയും എംഎല്‍എയുമായ എളമരം കരീമിനെതിരെ കേസെടുത്തു.

ഒഞ്ചിയം മേഖലയില്‍ പാര്‍ടി പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും വീടുകള്‍ കത്തിക്കുകയും തകര്‍ക്കുകയും തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തുകയും ചെയ്ത ആര്‍എംപിക്കാര്‍ക്കെതിരെ പേരിനെങ്കിലും കേസെടുപ്പിക്കാന്‍ സിപിഐ എമ്മിന് എസ്പി ഓഫീസ് മാര്‍ച്ച് നടത്തേണ്ടിവന്നു. എന്നാല്‍, ജനപ്രതിനിധി കൂടിയായ കരീമിനെതിരെ കേസ് എടുക്കാന്‍ യുഡിഎഫ് നേതൃയോഗം നിര്‍ദേശം നല്‍കിയപ്പോള്‍ ഉമ്മന്‍ചാണ്ടിക്കും പൊലീസിനും ഒട്ടും ആലോചിക്കേണ്ടിവന്നില്ല. വ്യാഴാഴ്ച ആദ്യകേസ്, ശനിയാഴ്ച രണ്ടാമത്തെ കേസ്. എസ്പി ഓഫീസ് മാര്‍ച്ച് നടത്തിയതിന് മറ്റൊരു കേസുമുണ്ട്. സിപിഐ എമ്മിനെതിരായ ഏത് നീക്കവും ആഘോഷിക്കാന്‍ മാധ്യമസംഘം കൂറോടെ നില്‍ക്കുന്നത് യുഡിഎഫിന് ഹരംപകരുന്നു. ഇപ്പോഴത്തെ വിവാദങ്ങളെ വെല്ലുന്ന എത്രയോ കൊടുങ്കാറ്റുകള്‍ നേരിട്ട കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം വിസ്മരിച്ചാണ് യുഡിഎഫ്-മാധ്യമകൂട്ടുകെട്ടിന്റെയും പാര്‍ടിവിരുദ്ധ കേന്ദ്രങ്ങളുടെയും തീക്കളി.
(കെ എം മോഹന്‍ദാസ്)

deshabhimani 030612

Monday, June 27, 2011

അടിയന്തരാവസ്ഥയുടെ നടുക്കുന്ന ഓര്‍മകളില്‍ ...

പയ്യന്നൂര്‍ : കോഴിക്കോട് റീജണല്‍ എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ഥി രാജനെ കക്കയം ക്യാമ്പില്‍ പൊലീസ് ഉരുട്ടിക്കൊന്ന കഥ അടിയന്തരാവസ്ഥയിലെ തടവുകാരന്‍ കാനായിയിലെ സി കൃഷ്ണന്‍ പറഞ്ഞപ്പോള്‍ കുട്ടികള്‍ക്കത് വിശ്വസിക്കാനായില്ല. പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമായി കോറോം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഹ്യുമാനിറ്റീസ് അസോസിയേഷന്‍ നടത്തിയ "ഓര്‍മകളിലെ അടിയന്തരാവസ്ഥ" ഉദ്ഘാടനം ചെയ്യവേയാണ്അടിയന്തരാവസ്ഥയിലെ പൊലീസ് ഭീകരതയുടെ നടുക്കുന്ന ഓര്‍മകള്‍ കുട്ടികളുമായി പങ്കുവച്ചത്.

ഓടുന്ന പൊലീസ് ജീപ്പിന് തീവച്ച് ഡിവൈഎസ്പിയോടൊപ്പം ആത്മാഹുതിചെയ്ത അങ്ങാടിപ്പുറം ബാലകൃഷ്ണന്‍ , പൊലീസ് കസ്റ്റഡിയില്‍ മരിച്ച വര്‍ക്കല വിജയന്‍ എന്നിവരുടെ കഥകളും കൃഷ്ണന്‍ കുട്ടികളോട് പറഞ്ഞു. അന്ന് പൊലീസ് മര്‍ദനമേറ്റ കൃഷ്ണന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ആറാം ബ്ലോക്ക് തടവുകാരനായിരുന്നു. ചടങ്ങില്‍ കെ എം സുരേഷ് അധ്യക്ഷനായി. പി ജയരാജന്‍ , കെ വി സുനില്‍ , വി വി മധു, പി വി വിജയന്‍ , രാഹുല്‍ , കെ മുര്‍ഷിദ, എം അശ്വതി, കെ ഹരിത, ഉമ്മര്‍ , കെ ദീപ, മിഥുന്‍ , സൂര്യ, ശ്രീപ്രിയ, ജിതിന്‍ എന്നിവര്‍ സംസാരിച്ചു. അടിയന്തരാവസ്ഥയെക്കുറിച്ച് അയ്യപ്പപ്പണിക്കര്‍ എഴുതിയ കടുക്ക, വൈലോപ്പിള്ളിയുടെ കാര്‍ട്ടൂണ്‍ കവിതകള്‍ , സച്ചിദാനന്ദന്റെ നാവുമരം, കടമ്മനിട്ടയുടെ ഐകമത്യം എന്നീ കവിതകള്‍ ഷിജിന, ബിജിലി, ജൂഹി എന്നിവര്‍ ചേര്‍ന്നാലപിച്ചു. സുസ്മിത സ്വാഗതവും ശ്രീലാല്‍ നന്ദിയും പറഞ്ഞു.

deshabhimani 270611

ചെറുഭൂരിപക്ഷ സര്‍ക്കാര്‍ നിലനിന്നത് അടിയന്തരാവസ്ഥയില്‍ : കോടിയേരി

കോഴിക്കോട്: ചെറുഭൂരിപക്ഷമുള്ള 1970 ലെ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കിയെന്ന് പറയുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടിയന്തരാവസ്ഥയിലെ രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോഴെന്ന് മറക്കരുതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അടിയന്തരാവസ്ഥാവിരുദ്ധ ദിനത്തിന്റെ ഭാഗമായി കേളുഏട്ടന്‍ പഠനഗവേഷണ കേന്ദ്രം സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുനനു അദ്ദേഹം.

അടിയന്തരാവസ്ഥയുടെ പിന്‍ബലത്തില്‍ തെരഞ്ഞെടുപ്പ് നടത്താതെ കാലാവധി നീട്ടിയാണ് അന്ന് ഭരണം മുന്നോട്ടുപോയത്. നൂല്‍ബലത്തിലുള്ള യുഡിഎഫ്ഭരണത്തെ അടിയന്തരാവസ്ഥ ഭരണവുമായി താരതമ്യപ്പെടുത്തുന്ന ഉമ്മന്‍ചാണ്ടിയുടെ മനസ്സില്‍ എന്തെന്ന് വ്യക്തമാക്കണം. അന്ന് ജയിലിലായിരുന്ന കേരള കോണ്‍ഗ്രസ് നേതാവ് ആര്‍ ബാലകൃഷ്ണപിള്ളയെ വാഗ്ദാനം നല്‍കി മോചിപ്പിച്ച് മന്ത്രിയാക്കി. രാഷ്ട്രീയകക്ഷി മാറാന്‍ നേതാക്കള്‍ക്കുള്ള പരീക്ഷണവേദിയാക്കി ജയിലുകളെ മാറ്റി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ജയിലിലിട്ട് ഭരിക്കാവുന്ന സ്ഥിതിയല്ല ഇന്നുള്ളത്. ഉമ്മന്‍ചാണ്ടി വന്ന് ഒരുമാസത്തിനകം ഗ്രനേഡ്പ്രയോഗം തുടങ്ങി. വിദ്യാര്‍ഥികള്‍ക്ക് നേരെ കഴിഞ്ഞ ദിവസം അതുണ്ടായി. അഞ്ചുവര്‍ഷം പൊലീസ് ഗ്രനേഡ് പുറത്തെടുത്തിരുന്നില്ല. ഇലക്ട്രിക് ബാറ്റണും രംഗത്തെത്തിയിട്ടുണ്ട്. ആയുധവും അധികാരവും പ്രയോഗിച്ച് ഭരണം നടത്താമെന്നാണ് കരുതുന്നതെങ്കില്‍ അത് ജനകീയപ്രതിരോധത്തില്‍ തകരും. അടിയന്തരാവസ്ഥക്കാലത്ത് കുത്തിനിറച്ച ജയിലുകളായിരുന്നു ഉണ്ടായത്. കിരാതവും ക്രൂരവുമായ ഭീകരതയാണ് അന്ന് അരങ്ങേറിയത്. അതേപ്പറ്റി പഠിച്ച ഷാ കമീഷന്‍ റിപ്പോര്‍ട് പോലും പിടിച്ചെടുത്ത് ചുട്ടെരിച്ചു പിന്നീട് വന്ന ഇന്ദിരാഗാന്ധി സര്‍ക്കാര്‍ .

അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യം രാജ്യത്ത് ഇന്നുണ്ട്. കേന്ദ്രമന്ത്രിമാരായ പ്രണബ്കുമാര്‍ മുഖര്‍ജിയുടെയും ജയ്പാല്‍ റെഡ്ഡിയുടെയും വാക്കുകളില്‍ കഴിഞ്ഞദിവസം അതിന്റെ അനുരണനമുണ്ടായി. ഡീസല്‍ വില കൂട്ടിയ ജയ്പാല്‍ റെഡ്ഡി പറഞ്ഞത് ഇതല്ലാതെ വേറെ ബദലില്ലെന്നാണ്. അടിയന്തരാവസ്ഥാപ്രഖ്യാപനത്തിന് സമാനമായ സാഹചര്യമെന്നാണ് പ്രണബ്കുമാര്‍ മുഖര്‍ജി പറഞ്ഞത്. അഴിമതിയും ഭരണകൂട ഭീകരതയുമായി അടിയന്തരാവസ്ഥയിലെ കാലഘട്ടം രൂപപ്പെടുന്നുണ്ട്. പശ്ചിമബംഗാളില്‍ അതിന്റെ ചലനം കണ്ടുതുടങ്ങി. തെരഞ്ഞെടുപ്പിനുശേഷം മാത്രം 21 സിപിഐ എം പ്രവര്‍ത്തകരെ വധിച്ചു. ജനമുന്നേറ്റം അട്ടിമറിക്കാനാണ് രാംദേവുമാരെയും അണ്ണാഹസാരമാരെയും രംഗത്തിറക്കിയിരിക്കുന്നതെന്നും കോടിയേരി പറഞ്ഞു. സോഷ്യലിസ്റ്റ് ജനത(ഡമോക്രാറ്റിക്) ജനറല്‍ സെക്രട്ടറി കെ കൃഷ്ണന്‍കുട്ടി, സിപിഐ എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. മേയര്‍ എ കെ പ്രേമജം അധ്യക്ഷയായി. കെ ടി കുഞ്ഞിക്കണ്ണന്‍ സ്വാഗതവും കെ കെ സി പിള്ള നന്ദിയും പറഞ്ഞു.

deshabhimani 270611

Monday, March 21, 2011

രാജന്‍ കേസില്‍ നിര്‍ണായകമായത് ബഹാവുദ്ദീന്റെ വെളിപ്പെടുത്തല്‍

പ്രൊഫ. കെ എം ബഹാവുദീന്‍ അന്തരിച്ചു

ചാത്തന്നൂര്‍: പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും അലിഗഢ് മുസ്ളിം സര്‍വകലാശാല മുന്‍ പ്രോ വൈസ്ചാന്‍സലറുമായ പരവൂര്‍ തെക്കുംഭാഗം ആണ്ടൂര്‍ പാറയില്‍വീട്ടില്‍ പ്രൊഫ. കെ എം ബഹാവുദീന്‍ (82) അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വര്‍ഷങ്ങളായി എറണാകുളം വെണ്ണല ഹരിത റോഡിലെ വീട്ടിലായിരുന്നൂ താമസം. അടിയന്തരാവസ്ഥക്കാലത്ത് കോഴിക്കോട് റീജണല്‍ എന്‍ജിനിയറിങ് കോളേജ് പ്രിന്‍സിപ്പലായിരുന്ന ബഹാവുദീന്‍ രാജന്‍ കേസിലെ മുഖ്യസാക്ഷിയാണ്. രാജനെ കസ്റ്റഡിയിലെടുത്തതായുള്ള ഇദ്ദേഹത്തിന്റെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്.

അലിഗഢ് മുസ്ളിം സര്‍വകലാശാലയില്‍നിന്ന് സിവില്‍ എന്‍ജിനിയറിങ്ങില്‍ ബിരുദവും മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് എംഎസ്സിയില്‍ ബിരുദാനന്തരബിരുദവും നേടി. കോഴിക്കോട് റീജണല്‍ എന്‍ജിനിയറിങ് കോളേജില്‍ 1968ല്‍ അധ്യാപകനായ ബഹാവുദീന്‍ 1984ല്‍ പ്രിന്‍സിപ്പലായി വിരമിച്ചു. 1984 മുതല്‍ '87വരെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ ആന്‍ഡ് പ്ളാനിങ് ആന്‍ഡ് അഡ്മിനിസ്ട്രേഷന്‍ (എന്‍ഐഇപിഎ) എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു. പിന്നീട് ഇറാഖില്‍ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഇന്ത്യന്‍ ഡെലിഗേഷന്റെ ഡെപ്യൂട്ടി ലീഡര്‍, യുനസ്കോയുടെ ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ ഓഫ് ഇന്ത്യന്‍ ഡെലിഗേഷന്‍ മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 'ഇറാഖ് യുദ്ധവും അധിനിവേശവും', 'കേരള മുസ്ളിങ്ങള്‍' എന്നിവയടക്കം നിരവധി പുസ്തകങ്ങളും വിദ്യാഭ്യാസ ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കബറടക്കം പരവൂര്‍ തെക്കുംഭാഗം പുത്തന്‍പള്ളിയില്‍. ഭാര്യ: റംലാബീവി. മക്കള്‍: ആസിഫ് (ഐബിഎം ദുബായ്), ലുലു (എന്‍ജിനിയര്‍ അയര്‍ലന്‍ഡ്), ഡോ. ഫൌസിയ (എസ്എടി തിരുവനന്തപുരം), ഷാഹിന്‍ (എന്‍ജിനിയര്‍, യുഎസ്എ). മരുമക്കള്‍: ഡോ. ഐഷ (ദുബായ്), ഡോ. ബഷീര്‍ (അയര്‍ലന്‍ഡ്), ഡോ. അബ്ദുല്‍ലത്തീഫ് (മെഡിക്കല്‍കോളേജ് ആലപ്പുഴ), അര്‍മ്മാല്‍ (യുഎസ്എ).

രാജന്‍ കേസില്‍ നിര്‍ണായകമായത് ബഹാവുദ്ദീന്റെ വെളിപ്പെടുത്തല്‍


'രാജനെ പൊലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയതായി എനിക്ക് ഉത്തമ ബോധ്യമുണ്ട്' - ജസ്റ്റിസ് പി സുബ്രഹ്മണ്യന്‍ പോറ്റിയുടെയും ജസ്റ്റിസ് ഖാലിദിന്റെയും ഡിവിഷന്‍ ബെഞ്ചിനു മുമ്പാകെ പ്രൊഫ. കെ എം ബഹാവുദ്ദീന്‍ ഖുര്‍ആന്‍ തൊട്ട് സത്യം ചെയ്ത് വെളിപ്പെടുത്തി. 1976 മാര്‍ച്ച് ഒന്നിനു ശേഷം രാജന്‍ എന്‍ജിനിയറിങ് കോളേജില്‍ ഹാജരായിട്ടില്ലെന്നും സുബ്രഹ്മണ്യന്‍ പോറ്റിയുടെ ചോദ്യത്തിന് ബഹാവുദ്ദീന്‍ മറുപടി നല്‍കി.

അടിയന്തരാവസ്ഥക്കാലത്തെ രാജന്‍ സംഭവത്തില്‍ അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരന്റെ രാജിയിലേക്കുവരെ നയിച്ചത് രാജന്‍ പഠിച്ചിരുന്ന കോഴിക്കോട് റീജണല്‍ എന്‍ജിനിയറിങ് കോളേജിലെ പ്രിന്‍സിപ്പലായിരുന്ന ബഹാവുദ്ദീന്റെ ഈ നിര്‍ണായക മൊഴിയാണ്. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ സ്വാധീനത്തിനും ഇടപെടലുകള്‍ക്കും വഴങ്ങാതെ ധീരമായ നിലപാടാണ് കേസിലുടനീളം ബഹാവുദ്ദീന്‍ കൈക്കൊണ്ടത്. രാജനെ കോളേജ് ഹോസ്റ്റലില്‍നിന്ന് അറസ്റ്റ് ചെയ്തതിന് അടുത്തദിവസംമുതല്‍ അച്ഛന്‍ ഈച്ചരവാര്യര്‍ നടത്തിയ നിയമപോരാട്ടങ്ങള്‍ക്കും ബഹാവുദ്ദീന്റെ പിന്തുണ ഏറെ സഹായകമായി. രാജനെ തേടി കക്കയം ക്യാമ്പ് സന്ദര്‍ശിക്കാന്‍പോലും ഈ പ്രിന്‍സിപ്പല്‍ തയ്യാറായി.

അടിയന്തരാവസ്ഥ പിന്‍വലിച്ച ശേഷം ഈച്ചരവാര്യര്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് ബഹാവുദ്ദീന്റെ മൊഴി വഴിത്തിരിവായത്. അടിയന്തരാവസ്ഥയെത്തുടര്‍ന്ന് രാജ്യത്തെ കോടതികളില്‍ എത്തുന്ന ആദ്യത്തെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയും ഇതായിരുന്നു. കരുണാകരന്‍ മന്ത്രിസഭയിലെ ഒരംഗം ടെലിഫോണിലും കോഴിക്കോട്ടെത്തി നേരിട്ടും അഭ്യര്‍ഥിച്ചെങ്കിലും അത് കണക്കിലെടുക്കാതെയാണ് രേഖകളുമായി ബഹാവുദ്ദീന്‍ കോടതിയില്‍ എത്തിയത്. രാജനെ പൊലീസ് അറസ്റ്റ് ചെയ്തുവെന്ന തീരുമാനത്തിലെത്താന്‍ കോടതിക്ക് സഹായകമായത് ബഹാവുദ്ദീന്റെ വെളിപ്പെടുത്തലാണ്.

'കോളേജ് പ്രിന്‍സിപ്പല്‍ ബഹാവുദ്ദീന്റെ തെളിവില്‍നിന്ന് പ്രതികള്‍ സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ട് അസത്യമല്ലാതെ മറ്റൊന്നുമല്ലെന്നു ഞങ്ങള്‍ക്ക് ബോധ്യംവന്നതായി' ജസ്റ്റിസ് പി സുബ്രഹ്മണ്യം പോറ്റി തന്റെ വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിനു വിരുദ്ധമായി രാജനെ അറസ്റ്റ് ചെയ്തില്ലെന്ന് നിയമസഭയില്‍ അസത്യപ്രസ്താവന നടത്തിയ മുഖ്യമന്ത്രി കെ കരുണാകരന് അധികാരമൊഴിയേണ്ടിയും വന്നു.

1976 മാര്‍ച്ച് ഒന്നിന് പുലര്‍ച്ചെയാണ് കോളേജിലെ ആര്‍ട്സ് ക്ളബ് സെക്രട്ടറി കൂടിയായ പി രാജനെയും സഹപാഠിയായ ചാലിയെയും കോളേജ് ഹോസ്റ്റലില്‍നിന്ന് പൊലീസ് പിടികൂടിയത്. ഹോസ്റ്റലിന്റെ ആക്ടിങ് വാര്‍ഡന്റെ ചുമതലവഹിച്ചിരുന്ന ഗണിതാധ്യാപകന്‍ ഡോ. മുരളീധരന്‍ അറിയിച്ചതിനെ തുടര്‍ന്ന് രാവിലെ ബഹാവുദ്ദീന്‍ കുന്നമംഗലം പൊലീസില്‍ ബന്ധപ്പെട്ടു. തങ്ങളാരെയും അറസ്റ്റ് ചെയ്തില്ലെന്ന മറുപടിയാണ് പൊലീസ് നല്‍കിയത്. പൊലീസ് സൂപ്രണ്ട് ലക്ഷ്മണയുമായി ബന്ധപ്പെടാന്‍ ട്രങ്ക്കോള്‍ ബുക്ക് ചെയ്തെങ്കിലും ഫോണില്‍ കിട്ടിയില്ല. തുടര്‍ന്ന് അറസ്റ്റ് വിവരം അറിയിച്ച് ഈച്ചരവാര്യര്‍ക്കും ചാലിയുടെ പിതാവിനും രജിസ്റ്റേര്‍ഡ് കത്തുകളും ഇദ്ദേഹം അയച്ചിരുന്നു. ഇതിന്റെ പേരിലും ഇദ്ദേഹം പൊലീസ് പീഡനത്തിനിരയായി. കക്കയം ക്യാമ്പില്‍ വിളിച്ചുവരുത്തിയായിരുന്നു ഭീഷണി. എന്നാല്‍ ഇതൊന്നും അദ്ദേഹത്തെ തളര്‍ത്തിയില്ല. ആരെയും കൂസാതെ അദ്ദേഹം കോടതിയിലെത്തി തന്റെ പ്രിയവിദ്യാര്‍ഥിക്കായി മൊഴി നല്‍കി. തനിക്ക് പരമകാരുണികനായ ദൈവത്തെ മാത്രമേ ഭയക്കേണ്ടതുള്ളൂവെന്നാണ് കേസില്‍ സ്വാധീനിക്കാന്‍ ശ്രമിച്ച മന്ത്രിയോട് ഇദ്ദേഹം മറുപടി നല്‍കിയതെന്നാണ് അക്കാലത്തെ സംഭവങ്ങള്‍ക്ക് സാക്ഷ്യംവഹിച്ചവര്‍ വ്യക്തമാക്കുന്നത്. കേസില്‍ ബഹാവുദ്ദീന്‍ നല്‍കിയ പിന്തുണ ഈച്ചരവാര്യര്‍ 'ഒരച്ഛന്റെ ഓര്‍മക്കുറിപ്പുകള്‍' എന്ന ആത്മകഥയില്‍ നന്ദിയോടെ സ്മരിക്കുന്നുമുണ്ട്.
(ഷഫീഖ് അമരാവതി)

ദേശാ‍ഭിമാനി 210311

Monday, February 21, 2011

കേന്ദ്രം രണ്ടാം അടിയന്തരാവസ്ഥയ്ക്ക് ഒരുങ്ങുന്നു: ലോറന്‍സ്

കേന്ദ്രസര്‍ക്കാരിനു കീഴില്‍ നടക്കുന്ന അഴിമതിയും വ്യാപകമായ തൊഴിലാളിവിരുദ്ധ നടപടികളും രണ്ടാം ആഭ്യന്തര അടിയന്തരാവസ്ഥയിലേക്ക് രാജ്യത്തെ നയിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്ന് സിഐടിയു സംസ്ഥാനസെക്രട്ടറി എം എം ലോറന്‍സ് പറഞ്ഞു. അടിയന്തരാവസ്ഥ തടവുകാരുടെ സംസ്ഥാന ഏകോപനസമിതി 'അടിയന്തരാവസ്ഥയുടെ മറക്കാനാകാത്ത പാലം' എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

അടിയന്തരാവസ്ഥയെ ഇന്നും പാടിപ്പുകഴ്ത്തുന്ന വ്യക്തികളും മാധ്യമങ്ങളും നമുക്കിടയിലുണ്ട്. അന്നു നടന്ന അതിഭീകരമായ പൊലീസ് അതിക്രമങ്ങളും പൌരാവകാശ ധംസ്വനവും പുതിയ തലമുറ അറിയണമെന്നില്ല. അടിയന്തരാവസ്ഥ ആവര്‍ത്തിക്കാതിരിക്കാന്‍ ജനങ്ങളെ ബോധവല്‍ക്കരിക്കേണ്ടതുണ്ട്.

അടിയന്തരാവസ്ഥ തടവുകാരെ രണ്ടാം സ്വാതന്ത്ര്യസമരസേനാനികളായി കണ്ട് അവര്‍ക്ക് പെന്‍ഷന്‍ അനുവദിക്കണമെന്ന് സെമിനാറില്‍ സംസാരിച്ച സൈമണ്‍ ബ്രിട്ടോ എംഎല്‍എ പറഞ്ഞു. യൂറോപ്പില്‍ നാസികളുടെ തടങ്കല്‍പ്പാളയങ്ങള്‍ ചരിത്രമ്യൂസിയങ്ങളായി പരിരക്ഷിക്കപ്പെടുന്നു. കേരളത്തിലെ അടിയന്തരാവസ്ഥക്കാലത്തെ പൊലീസ് പീഡനക്യാമ്പുകളിലൊന്നായ ശാസ്തമംഗലത്തെ കെട്ടിടം ഇത്തരത്തില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് ചരിത്രസ്മാരകമായി പരിരക്ഷിക്കണം.

ദേശാഭിമാനി 210211

Monday, January 3, 2011

അടിയന്തരാവസ്ഥ: 76ലെ വിധി മൗലികാവകാശ ലംഘനമെന്ന്

അടിയന്തരാവസ്ഥ: 76ലെ വിധി മൗലികാവകാശ ലംഘനമെന്ന് സുപ്രിം കോടതിയുടെ കുറ്റസമ്മതം

ന്യൂഡല്‍ഹി: അടിയന്തരാവസ്ഥയെ പിന്തുണച്ചുകൊണ്ടുള്ള 1976ലെ സുപ്രിം കോടതി വിധി രാജ്യത്തെ ജനങ്ങളുടെ മൗലികാവകാശങ്ങള്‍ ഹനിക്കപ്പെടാന്‍ ഇടയാക്കിയിട്ടുണ്ടെന്ന് സുപ്രിം കോടതിയുടെ കുറ്റസമ്മതം. ഒരു കൊലപാതക കേസിലെ റിവ്യൂ പെറ്റിഷനില്‍ വിധി പറയുന്നതിനിടെയാണ്, ജസ്റ്റിസുമാരായ അഫ്താബ് ആലമും അശോക് കുമാറും പരമോന്നത കോടതിയുടെ ചരിത്രത്തില്‍ ഇടംപിടിച്ച ഉത്തരവു പുനപ്പരിശോധനയ്ക്കു വിധേയമാക്കിയത്.

അടിയന്തരാവസ്ഥയില്‍ പൗരന്മാരുടെ മൗലികാവകാശങ്ങള്‍ റദ്ദാക്കിയതു ശരിവച്ച, 1976ലെ എ ഡി എം ജബല്‍പൂര്‍ കേസിലെ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ ഭൂരിപക്ഷ വിധി പിഴവുകള്‍ നിറഞ്ഞതായിരുന്നുവെന്ന് രണ്ടംഗ ബഞ്ച് വിലയിരുത്തി. കുടുംബത്തിലെ നാല് അംഗങ്ങളെ കൊലപ്പെടുത്തിയ രാംദേവ് ചൗഹാന്‍ എന്നയാളുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചുകൊണ്ടുള്ള വിധിക്കെതിരെയാണ് സുപ്രിം കോടതിയുടെ ആത്മപരിശോധന. സുപ്രിം കോടതി ഉത്തരവുകള്‍ പൗരന്‍മാരുടെ മനുഷ്യാവകാശങ്ങള്‍ ലംഘിച്ചതിന് വളരെയൊന്നും ഉദാഹരണങ്ങളില്ലെന്നും എന്നാല്‍ അത്തരത്തില്‍ സംഭവിച്ചിട്ടില്ലെന്ന് തീര്‍ത്തുപറയാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ബഞ്ച് അടിയന്തരാവസ്ഥാ കേസിലേയ്ക്കു കടന്നത്. എ ഡി എം ജബല്‍പുരും ശിവകാന്ത് ശുക്ലയും തമ്മിലുള്ള കേസിലെ വിധി രാജ്യത്തെ അനേകങ്ങളുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടാന്‍ ഇടവച്ചിട്ടുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു.

ഭരണഘടനയുടെ 359 (1) വകുപ്പു പ്രകാരമുള്ള രാഷ്ട്രപതിയുടെ വിജ്ഞാനം അനുസരിച്ച് ഹൈക്കോടതികളില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കാനോ വ്യക്തിസ്വാതന്ത്ര്യം ഹനിക്കപ്പെട്ടതായി ഹര്‍ജി നല്‍കാനോ പൗരന്മാര്‍ക്ക് അവകാശമില്ലെന്നായിരുന്നു ജബല്‍പുര്‍ കേസിലെ വിധി. രാഷ്ട്രപതിയുടെ വിജ്ഞാപനം വ്യക്തിസ്വാന്ത്ര്യം അനുവദിക്കുന്ന ഇത്തരം നിയമങ്ങള്‍ക്ക് എതിരാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ വിധി. ജസ്റ്റിസ് ഖന്ന ആ വിധിക്ക് വിയോജനക്കുറിപ്പെഴുതി. ഹേബിയസ് കോര്‍പ്പസും വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട മറ്റു ഹര്‍ജികളും അനുവദിക്കുന്നത് 226 (8) വകുപ്പ് അനുസരിച്ച് ഭരണഘടനയുടെ അവിഭാജ്യ ഭാഗമാണെന്ന് ജസ്റ്റിസ് ഖന്ന വ്യക്തമാക്കി. ഹേബിയസ് കോര്‍പ്പസ് പോലെയുള്ള  ഹര്‍ജികള്‍ അനുവദിക്കുന്നതില്‍നിന്ന് ഹൈക്കോടതികളെ തടയാന്‍ ഭരണഘടന ആര്‍ക്കും അധികാരം നല്‍കുന്നില്ലെന്ന് ജസ്റ്റിസ് ഖന്ന ചൂണ്ടിക്കാട്ടിയിരുന്നു. ജബല്‍പുര്‍ കേസിലെ ഭൂരിപക്ഷ വിധിക്ക് ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാണ് സ്ഥാനമെന്ന് മുന്‍ ചീഫ് ജസ്റ്റിസ് എം എന്‍ വെങ്കടചെല്ലയ്യ പിന്നീട് അഭിപ്രായപ്പെട്ടതും ജസ്റ്റിസ് ഗാംഗുലി വിധിന്യായത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥയില്‍ വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്നതിന് അധികാരം നല്‍കുന്ന വകുപ്പുകള്‍ ഭരണഘടനയില്‍ പിന്നീട് ഭേദഗതി ചെയ്തിരുന്നു. ജസ്റ്റിസ് ഖന്ന അന്നു രേഖപ്പെടുത്തിയ വിയോജിപ്പ് പിന്നീട് രാജ്യത്തെ നിയമമായി മാറുകയായിരുന്നു.

വധശിക്ഷയ്‌ക്കെതിരെ രാംദേവ് ചൗഹാന്‍ നല്‍കിയ രണ്ടാമത്തെ റിവ്യൂ ഹര്‍ജി അനുവദിച്ചുകൊണ്ടാണ് കോടതി ശിക്ഷ ജീവപര്യന്തമായി കുറച്ചത്. നേരത്തെ ചൗഹാന്റെ വധശിക്ഷ സുപ്രിം കോടതി ശരിവച്ചിരുന്നു. സുപ്രിം കോടതി ശിക്ഷ ശരിവച്ചുകഴിഞ്ഞാല്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന് പിന്നീട് അതില്‍ ഇടപെടാനാവില്ലെന്ന സുപ്രിം കോടതിയുടെ റൂളിംഗും രണ്ടംഗ ബഞ്ച് റദ്ദാക്കി. മനുഷ്യാവകാശങ്ങളെന്നത് പാറയില്‍ കൊത്തിവച്ച എഴുത്തല്ലെന്നും അനുഭവജ്ഞാനത്തിലൂടെയും സ്വാതന്ത്ര്യത്തിനായുള്ള മനുഷ്യന്റെ നിരന്തര പോരാട്ടത്തിലൂടെയുമാണ് അത് ഉരുത്തിരിഞ്ഞുവരുന്നതെന്നും കോടതി അഭിപ്രായപ്പെട്ടു. മനുഷ്യാവകാശങ്ങള്‍ക്ക് ഒരു പരിധി വരെ വഴക്കം ആവശ്യമാണെന്നും ജസ്റ്റിസ് ഗാംഗുലി വിധിന്യായത്തില്‍ അഭിപ്രായപ്പെട്ടു.

സുപ്രിം കോടതിയുടെ സ്വയംപരിശോധന ഏറെ സവിശേഷതകളുള്ള കേസില്‍

ന്യൂഡല്‍ഹി: അടിയന്തരാവസ്ഥയെ അനുകൂലിച്ച സുപ്രിം കോടതി വിധി അനേകങ്ങളുടെ മൗലികാവകാശങ്ങള്‍ ഹനിക്കപ്പെടാന്‍ ഇടയാക്കിയെന്ന സുപ്രിം കോടതിയുടെ ആത്മപരിശോധന ഒട്ടേറെ സവിശേഷകളുള്ള കൊലക്കേസില്‍ വിധി പുനപ്പരിശോധിക്കുന്നതിനിടെ. മനുഷ്യാവകാശ കമ്മിഷന്റെ അധികാരത്തെക്കുറിച്ചും മനുഷ്യാവകാശങ്ങളെക്കുറിച്ചും ശ്രദ്ധേയ നിരീക്ഷണങ്ങളാണ് ഈ കേസില്‍ കോടതി നടത്തിയിരിക്കുന്നത്.

കുടുംബത്തിലെ നാല് അംഗങ്ങളെ കൊലപ്പെടുത്തിയ കേസില്‍ രാംദേവ് ചൗഹാന് നല്‍കിയ വധശിക്ഷ ജീവപര്യന്തമായി കുറച്ചുകൊണ്ടാണ് സുപ്രിം കോടതിയുടെ ഉത്തരവ്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് വിലയിരുത്തിക്കൊണ്ടാണ് ഗുവാഹതിയിലെ സെഷന്‍സ് കോടതി ചൗഹാന് വധശിക്ഷ വിധിച്ചത്. ഗുവാഹതി ഹൈക്കോടതി ഇതു ശരിവച്ചു. 2000 ജൂലൈ 31ന് ജസ്റ്റിസുമാരായ കെ ടി തോമസും ആര്‍ പി സേഥിയും അടങ്ങുന്ന സുപ്രിം കോടതി ബഞ്ചും ചൗഹാന്റെ ശിക്ഷ ശരിവച്ചു. കുറ്റം ചെയ്യുന്ന സമയത്ത് തനിക്ക് 16 വയസേ ഉള്ളൂവെന്നും അതുകൊണ്ട് ജുവനൈസ് ജസ്റ്റിസ് ആക്ടിന്റെ ആനുകൂല്യത്തില്‍ വധശിക്ഷ ഒഴിവാക്കണമെന്നുമായിരുന്നു ചൗഹാന്റെ വാദം. കൃത്യം നടക്കുമ്പോള്‍ ചൗഹാന് 20 വയസില്‍ കൂടുതലുണ്ടെന്നുള്ള മെഡിക്കല്‍ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നു കോടതികളും ഇതു തള്ളി.  ജസ്റ്റിസുമാരായ കെ ടി തോമസും ആര്‍ പി സേഥിയും എസ് എന്‍ ഫുക്കനും അടങ്ങുന്ന ബഞ്ചാണ് ചൗഹാന്റെ ആദ്യ റിവ്യു ഹര്‍ജി പരിശോധിച്ചത്. ഭൂരിപക്ഷ വിധിയിലൂടെയായിരുന്നു ബഞ്ച് ഹര്‍ജി തള്ളിയത്. എന്നാല്‍ പ്രായത്തെക്കുറിച്ച് സംശയമുള്ളതു കണക്കിലെടുത്ത് വധശിക്ഷ ജീവപര്യന്തമാക്കി കുറയ്‌ക്കേണ്ടതായിരുന്നു ബഞ്ചിലെ ഒരു ജഡ്ജിയുടെ അഭിപ്രായം.

ചൗഹാനെക്കുറിച്ച് ഒരു മാഗസിനില്‍ വന്ന ലേഖനം പരിഗണിച്ചാണ് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ പ്രശ്‌നത്തില്‍ ഇടപെട്ടത്. ചൗഹാന്റെ വധശിക്ഷ ജീവപര്യന്തമാക്കുന്നതു പരിശോധിക്കാന്‍ കമ്മിഷന്‍ അസം ഗവര്‍ണറോടു നിര്‍ദേശിച്ചു.

കുറ്റം നടന്ന സമയത്തെ പ്രായം സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുന്നതു കണക്കിലെടുത്തായിരുന്നു കമ്മിഷന്റെ ഇടപെടല്‍. ഇതിനെത്തുടര്‍ന്ന് കൊലപാതകത്തിനിരയായവരുടെ കുടുംബാംഗങ്ങള്‍ സുപ്രിം കോടതിയിലെത്തി. ജുഡീഷ്യല്‍ ഉത്തരവ് മറികടന്ന് കേസില്‍ ഇടപെട്ടതിന് കമ്മിഷനെ വിമര്‍ശിച്ച സുപ്രിം കോടതി മുന്‍ ഉത്തരവ് ശരിവയ്ക്കുകയായിരുന്നു. ഇത്തരത്തില്‍ ഇടപെടല്‍ നടത്താന്‍ മനുഷ്യാവകാശ കമ്മിഷന് അധികാരമില്ലെന്നും സുപ്രിം കോടതി വിധിച്ചു. ഇതിനെത്തുടര്‍ന്നാണ് ചൗഹാന്‍ രണ്ടാം പുനപ്പരിശോധനാ ഹര്‍ജി നല്‍കിയത്.

കോടതി ഉത്തരവു നിലനില്‍ക്കെതന്നെ കേസുകളില്‍ ഇടപെടാന്‍ മനുഷ്യാവകാശ കമ്മിഷന് അധികാരമുണ്ടെന്നും മനുഷ്യാവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നതിന് ഇത്തരം അധികാരം ആവശ്യമാണെന്നും ജസ്റ്റിസ് ഗാംഗുലി വിധിന്യായത്തില്‍ വ്യക്തമാക്കി. പാറകളില്‍ എഴുതപ്പെട്ട എഴുത്തല്ല മനുഷ്യാവകാശങ്ങള്‍. കഠിനമായ പരീക്ഷണങ്ങളിലൂടെയും സ്വാതന്ത്ര്യത്തിനായുള്ള മനുഷ്യന്റെ നിരന്തരമായ പോരാട്ടത്തിലൂടെയുമാണ് അവ രൂപപ്പെടുന്നത്. അവയ്ക്ക് ഒരു പരിധി വരെ വഴക്കം വേണ്ടതുണ്ട്. മനുഷ്യാവകാശങ്ങള്‍ ഏതൊക്കെയെന്നത് മുന്‍കൂട്ടി തീരുമാനിക്കാനാവില്ല. അവ അനന്തമാണെന്നും ഈ വിഭാഗീകരണം തുടര്‍ന്നുകൊണ്ടിരിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.

janayugom 030111