Showing posts with label സ്വര്‍ണ്ണക്കടത്ത്. Show all posts
Showing posts with label സ്വര്‍ണ്ണക്കടത്ത്. Show all posts

Thursday, June 3, 2021

സ്വർണക്കടത്ത്‌: പ്രധാനികളെ 
ഒളിച്ചുകടത്തിയത്‌ കേന്ദ്രസഹമന്ത്രി‌

സ്വർണക്കടത്ത്‌ കേസിൽ ഇ
പ്പോൾ കസ്‌റ്റംസ്‌ പ്രതിചേർത്ത യുഎഇ കോൺസുലേറ്റിലെ കൊൺസൽ ജനറലിനും അറ്റാഷെക്കും രാജ്യം വിടാൻ അവസരമൊരുക്കിയത്‌ കേന്ദ്രസഹമന്ത്രി വി മുരളീധരന്റെ ഇടപെടലുകൾ. സ്വർണക്കടത്തിൽ കോൺസുലേറ്റ്‌ അധികൃതർക്ക്‌ പ്രധാന പങ്കുള്ളതായി തുടക്കംമുതൽ അന്വേഷണ ഏജൻസികൾ ആവർത്തിച്ചിരുന്നെങ്കിലും അവരെ സംരക്ഷിക്കുന്ന നിലപാടാണ്‌ കേന്ദ്ര സഹമന്ത്രി സ്വീകരിച്ചത്‌. സ്വർണം കടത്തിയത്‌ നയതന്ത്ര ബാഗേജിലല്ലെന്ന്‌ മുരളീധരൻ ആവർത്തിച്ചത്‌ കേസന്വേഷണം ആവഴിക്ക്‌ നീങ്ങുന്നതിന്‌ തടസ്സമായി. കേന്ദ്ര അന്വേഷണ  ഏജൻസികളുടെ നിലപാട്‌ കോടതിയിൽ വ്യക്തമാക്കിയിട്ടും മുരളീധരൻ  തിരുത്തിയിട്ടില്ല. സങ്കുചിത രാഷ്‌ട്രീയ ലക്ഷ്യത്തോടെയായിരുന്നു മുരളീധരന്റെ നീക്കമെന്ന് തുടർന്നുണ്ടായ സംഭവങ്ങൾ തെളിയിച്ചു. ഇതിനിടെ, കള്ളക്കടത്തിന്‌ ചുക്കാൻപിടിച്ച കോൺസൽ ജനറലും അറ്റാഷെയും അനായാസം അവസരം മുതലാക്കി രാജ്യംവിട്ടു. കേസ്‌ വിവാദമായി നിൽക്കെ തിരുവനന്തപുരത്തുനിന്ന്‌ ഡൽഹിയിലെത്തിയാണ്‌ അറ്റാഷെ യുഎഇക്ക്‌ വിമാനം കയറിയത്‌.

യുഎഇയുടെ നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിൽ കോൺസൽ ജനറലും അറ്റാഷെയുമാണ്‌ പ്രധാനപ്രതികളെന്ന്‌ അന്വേഷണ ഏജൻസികളും വ്യക്തമാക്കിയിട്ടുള്ളതാണ്‌. അതിനവർ പറയുന്ന കാരണങ്ങൾ ഇവയാണ്‌: രേഖകൾപ്രകാരം അതൊരു നയതന്ത്ര ബാഗേജ്‌ ആണെന്നതുതന്നെ ഒന്നാമത്തെ കാരണം.  സാധാരണ സ്വർണക്കള്ളക്കടത്ത്‌ കേസുകളിൽ സ്വർണത്തോടൊപ്പം സ്വർണക്കടത്തുകാരനും പിടിയിലാകാറുണ്ട്‌. ഇവിടെ യുഎഇയിൽനിന്ന് തിരുവനന്തപുരത്തെ‌ കസ്‌റ്റംസ്‌ കാർഗോ ഹൗസിലാണ്‌ സ്വർണമെത്തിയത്‌. വിലാസപ്രകാരം ബാഗേജ്‌ കൈപ്പറ്റേണ്ടത്‌ യുഎഇ കോൺസൽ‌ ജനറലോ അദ്ദേഹത്തിന്റെ ചുമതല വഹിക്കുന്നയാളോ ആണ്‌. പിടിയിലാകേണ്ടതും അവർ തന്നെ. എന്നാൽ അറസ്‌റ്റിലായത്‌ ബാഗേജ്‌ കൈപ്പറ്റാനെത്തിയ കോൺസുലേറ്റ്‌ ജീവനക്കാരനാണ്‌. പിന്നാലെ കള്ളക്കടത്തിനുപിന്നിൽ പ്രവർത്തിച്ച 24 പ്രതികൾ പിടിയിലായി. എന്നിട്ടും കോൺസുലേറ്റിലേക്ക്‌ അന്വേഷണമെത്തിയില്ല. കേന്ദ്രസഹമന്ത്രി വി മുരളീധരൻ കോൺസുലേറ്റിനെ സംരക്ഷിച്ച്‌ പലപ്പേഴായി നടത്തിയ പ്രസ്‌താവനതന്നെയാണ്‌ അതിന്‌ കാരണം.

കോൺസൽ ജനറലിനെയും അറ്റാഷെയെയും കേസിൽ പ്രതിചേർക്കാൻ കസ്‌റ്റംസ്‌ ആറുമാസംമുമ്പാണ്‌ വിദേശമന്ത്രാലയത്തിന്‌ അപേക്ഷ നൽകിയത്‌. മുരളീധരൻ സഹമന്ത്രിയായ വകുപ്പിൽനിന്നുള്ള അനുമതി ഇതുവരെ വൈകിച്ചതിലും അദ്ദേഹത്തിന്റെ പങ്ക്‌ വ്യക്തം. കേരളത്തിലെ രണ്ട്‌ തെരഞ്ഞെടുപ്പുകൾക്കിടയിൽ സ്വർണക്കടത്തുകേസ്‌ ചൂടോടെ നിലനിർത്താനാണ്‌ ബിജെപി ശ്രമിച്ചത്‌. എന്നാൽ സ്വർണക്കടത്തുകേസ്‌‌ സംസ്ഥാന സർക്കാരിനെതിരെ തിരിച്ചുവിട്ട്‌ നേട്ടം കൊയ്യാനുള്ള നീക്കങ്ങളെല്ലാം പാളിയെന്ന്‌ തെരഞ്ഞെടുപ്പുകളുടെ ഫലം വന്നതോടെ വ്യക്തമായി. ഇനി കേസ്‌ അവസാനിപ്പിക്കലാണ്‌ ഏകവഴി. സാധാരണ സ്വർണക്കള്ളക്കടത്ത്‌ കേസായി ഇതും അവസാനിപ്പിക്കാനുള്ള നീക്കത്തിന്റെ ആദ്യപടിയാണ്‌ കസ്‌റ്റംസിനുള്ള കേന്ദ്രാനുമതി എന്നും സൂചനയുണ്ട്‌. 

ദേശാഭിമാനി

Wednesday, June 2, 2021

സ്വർണക്കടത്തുകേസ്‌ : വി മുരളീധരൻ ഇനിയെന്ത്‌ പറയും

സ്വർണം കടത്തിയത്‌ നയതന്ത്ര ബാഗേജിലല്ലെന്ന്‌ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ ആവർത്തിച്ച്‌ പറഞ്ഞ കേസിലാണ്‌ യുഎഇ കോൺസുലേറ്റ്‌ അധികൃതരെ പ്രതിചേർക്കാൻ ഇപ്പോൾ വിദേശമന്ത്രാലയം അനുമതി നൽകിയത്‌. യുഎഇ കോൺസൽ ജനറലിന്റെപേരിൽ എത്തിയ നയതന്ത്ര ബാഗേജിൽനിന്നാണ്‌ സ്വർണം പിടിച്ചെടുത്തത്‌ എന്നതുകൊണ്ടുതന്നെയാണ്‌ അവരെ പ്രതിചേർക്കാൻ വിദേശമന്ത്രാലയം അനുമതി നൽകിയത്‌.

സ്വർണം കടത്തിയത്‌ നയതന്ത്ര ബാഗേജിലല്ലെന്നാണ്‌ കേസിന്റെ തുടക്കംമുതൽ കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ വാദം. അന്വേഷണം യുഎഇ കോൺസുലേറ്റിലേക്കും ബിജെപി നേതൃത്വത്തിലേക്കും നീണ്ടതോടെ വാർത്താസമ്മേളനം വിളിച്ചുപോലും അദ്ദേഹം ഇക്കാര്യം ആവർത്തിച്ചു. അതിനുപിന്നാലെയാണ്‌ അറ്റാഷെ കേരളം വിട്ടത്‌. തിരുവനന്തപുരത്തുനിന്ന്‌ ഡൽഹിയിൽ എത്തിയാണ്‌ അദ്ദേഹം യുഎഇയിലേക്ക്‌ വിമാനം കയറിയത്‌. ഇപ്പോൾ കോൺസൽ ജനറലിനെയും അറ്റാഷെയെയും കേസിൽ പ്രതിചേർക്കാൻ വിദേശമന്ത്രാലയം കസ്‌റ്റംസിന്‌ അനുമതി നൽകിയതോടെ വി മുരളീധരന്റെ വാദങ്ങൾ എന്തിനുവേണ്ടിയായിരുന്നെന്ന ചോദ്യമുയരുന്നു.

ബാഗേജ്‌ പിടികൂടിയതിനുപിന്നാലെ കൊൺസൽ ജനറലിനെയും അറ്റാഷെയെയും ചോദ്യം ചെയ്യാനുള്ള അപേക്ഷ കസ്‌റ്റംസ്‌ വിദേശമന്ത്രാലയത്തിന്‌ സമർപ്പിച്ചിരുന്നു. എന്നാൽ അതിൽ തീരുമാനമുണ്ടായില്ല. ആദ്യം അറസ്‌റ്റിലായ പ്രധാന പ്രതികളിൽനിന്നു ലഭിച്ച വിവരവും ബാഗേജ്‌ എത്തിയതിനുപിന്നാലെ കൊൺസുലേറ്റിൽനിന്നുണ്ടായ ഇടപെടലുകളും പരിഗണിച്ചായിരുന്നു കസ്‌റ്റംസിന്റെ ആവശ്യം. കേസ്‌ ആദ്യം അന്വേഷിച്ച കസ്‌റ്റംസ്‌ ജോയിന്റ്‌ കമീഷണർ അനീഷ്‌ കെ രാജന്റെ അഭ്യർഥനപ്രകാരം കസ്‌റ്റംസ്‌ കമീഷണർ (പ്രിവന്റീവ്‌) ആണ്‌ മന്ത്രാലയത്തിന്‌ അപേക്ഷ നൽകിയത്‌. എന്നാൽ കേസന്വേഷണം മുന്നോട്ടുപോകുന്ന ഘട്ടത്തിൽ ജോയിന്റ്‌ കമീഷണറെ അടിയന്തരമായി സ്ഥലം മാറ്റി.

സ്വർണക്കടത്തുകേസ്‌ പ്രതികൾക്കുവേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ്‌ ഇടപെട്ടിട്ടില്ലെന്ന്‌ മാധ്യമപ്രവർത്തകരുടെ ചൊദ്യത്തിന്‌ മറുപടി പറഞ്ഞതിന്റെപേരിലായിരുന്നു അത്‌. കോൺസൽ ജനറലിന്റെപേരിൽ വന്ന ബാഗേജായതിനാൽ അദ്ദേഹത്തിന്റെ വിശദീകരണം ലഭിക്കാതെ കേസിന്‌ മുന്നോട്ടുപോകാനാകാത്ത അവസ്ഥയിലാണ്‌. ബാഗേജ്‌ തന്റെതുതന്നെയാണെന്ന്‌  കോൺസൽ ജനറൽ കസ്‌റ്റംസ്‌ കാർഗോ ഹൗസിലെത്തി സാക്ഷ്യപ്പെടുത്തിയിരുന്നു. ഇരുവരിൽനിന്നും വിശദീകരണം തേടിയശേഷം പ്രതിചേർത്താലും അറസ്‌റ്റിന്‌ യുഎഇ അനുമതി നൽകിയേക്കില്ല. അങ്ങനെവന്നാൽ കസ്‌റ്റംസ്‌ എന്തു നടപടി സ്വീകരിക്കുമെന്ന്‌ വ്യക്തമല്ല. കേസിലെ മറ്റുപ്രതികൾക്കെതിരെ കൊഫേപോസ ഉൾപ്പെടെ ചുമത്തിയിട്ടുണ്ട്‌. സ്വർണം കണ്ടുകെട്ടി കള്ളക്കടത്ത്‌ സ്വർണത്തിന്റെ മൂല്യമനുസരിച്ച്‌ പ്രതികളിൽനിന്ന്‌ പിഴയൊടുക്കി കേസ്‌ അവസാനിപ്പിക്കലാണ്‌ സാധാരണ കസ്‌റ്റംസ്‌ രീതി.

സ്വർണക്കടത്തുകേസ്‌ ആവിയാകുന്നു ; കേന്ദ്രം ഒത്തുതീർപ്പുണ്ടാക്കിയെന്ന്‌ സൂചന

ഒരുവർഷത്തോളം വിവിധ കേന്ദ്ര ഏജൻസികൾ അന്വേഷിച്ച സ്വർണക്കടത്തുകേസ്‌ ഒടുവിൽ ആവിയാകുന്നു. കേസിൽ യുഎഇ കോൺസൽ ജനറലിനെയും അറ്റാഷെയെയും പ്രതിചേർക്കാൻ കസ്‌റ്റംസിന്‌ വിദേശമന്ത്രാലയം അനുമതി നൽകിയെങ്കിലും കേസിന്‌ പുരോഗതി ഉണ്ടാകില്ലെന്ന്‌ നിയമ വിദഗ്ധർ വിലയിരുത്തുന്നു. ആറുമാസംമുമ്പ്‌ കസ്‌റ്റംസ്‌ സമർപ്പിച്ച അപേക്ഷയിലാണ്‌ ഇപ്പോൾ അനുമതി‌. പിടിച്ചെടുത്ത സ്വർണത്തിന്‌ പിഴയീടാക്കി കസ്‌റ്റംസ്‌ കേസ്‌ അവസാനിപ്പിക്കാനാണ്‌ നീക്കമെന്നും സൂചനയുണ്ട്‌.

കള്ളക്കടത്തുകേസ്‌ വരുന്നതിന്‌ ഏതാനും മാസംമുമ്പാണ്‌ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽസാബി രാജ്യം വിട്ടത്‌. സ്വർണമടങ്ങിയ ബാഗേജ്‌ കസ്‌റ്റംസ്‌ പിടികൂടിയശേഷം കഴിഞ്ഞ ജൂലൈയിൽ‌ അറ്റാഷെ റാഷിദ്‌ ഖാമിസ്‌ അൽ ഷെമില്ല കേരളം വിട്ടു‌. ഇരുവരും സ്വർണക്കടത്തിന്‌ പ്രതിഫലം വാങ്ങിയിരുന്നുവെന്ന്‌ പ്രതികൾ മൊഴി നൽകിയിരുന്നു. ഇരുവർക്കും കള്ളക്കടത്തിൽ പങ്കുള്ള കാര്യം എൻഐഎ ഉൾപ്പെടെ അന്വേഷണ ഏജൻസി കോടതിയെ അറിയിച്ചിരുന്നു. ബാഗേജ്‌ തുറക്കാതിരിക്കാൻ അറ്റാഷെ സമ്മർദം ചെലുത്തിയിരുന്നു. സ്വർണം പിടികൂടിയപ്പോൾ ബാഗേജ്‌ യുഎഇയിലേക്ക്‌ തിരിച്ചയക്കാൻ അറ്റാഷെ ആവശ്യപ്പെട്ടതും കള്ളക്കടത്തിൽ പങ്ക്‌ വ്യക്തമാക്കുന്നതായിരുന്നു. എന്നിട്ടും അറ്റാഷെ രാജ്യം വിടുന്നത്‌ തടയാൻ ശ്രമിച്ചില്ല. ഇരുവരെയും ചോദ്യംചെയ്യാൻ കേന്ദ്ര സർക്കാർ അനുമതിയും നൽകിയില്ല. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ കോൺസൽ ജനറലിന്റെ ബാഗേജ്‌ തിരുവനന്തപുരം കസ്‌റ്റംസ്‌ കാർഗോ ഹൗസിൽ പിടികൂടിയിരുന്നു. കോൺസുലേറ്റിൽനിന്ന്‌ യുഎഇയിലേക്ക്‌ അയച്ച ബാഗേജിൽനിന്ന്‌ 11 മൊബൈലും രണ്ട്‌ പെൻഡ്രൈവും കസ്‌റ്റംസ്‌ പിടിച്ചു. പിന്നാലെ സ്വർണക്കടത്തുകേസിൽ വിശദീകരണം തേടി കസ്‌റ്റംസ്‌ കോൺസൽ ജനറലിനും അറ്റാഷെയ്‌ക്കും നോട്ടീസ്‌ നൽകിയെങ്കിലും മറുപടിയുണ്ടായില്ല. സ്വർണം കണ്ടുകെട്ടാതിരിക്കാനും അതിനുള്ള പിഴയൊടുക്കാതിരിക്കാനുമുള്ള കാരണം അറിയിക്കണമെന്ന്‌ ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്‌.

കോൺസൽ ജനറലിനെയും അറ്റാഷെയെയും പ്രതിചേർത്താലും ഇരുവരെയും കാണാനോ ചോദ്യംചെയ്യാനോ യുഎഇയുടെ അനുമതിയില്ലാതെ കസ്‌റ്റംസിനാകില്ല. യുഎഇയിലുള്ള പ്രധാന പ്രതിയായ ഫൈസൽ ഫരീദിനെതിരെ രാജ്യാന്തര തെരച്ചിൽ നോട്ടീസ്‌ പുറപ്പെടുവിച്ചെങ്ങിലും ഇതുവരെ പിടികൂടാനായിട്ടില്ല.  കോൺസൽ ജനറലിനെയും അറ്റാഷെയെയും പ്രതികളാക്കി കേസ്‌ കള്ളക്കടത്തുകേസ്‌ മാത്രമാക്കി അവസാനിപ്പിക്കാനാകും കസ്‌റ്റംസ്‌ നീക്കം. സ്വർണം കണ്ടുകെട്ടി പിഴയൊടുക്കുന്നതോടെ കേസ്‌ ഇല്ലാതാകും. കേന്ദ്രസർക്കാർ ഇടപെട്ട്‌ അത്തരം ധാരണ ഉണ്ടാക്കിയതായി സൂചനയുണ്ടായിരുന്നു. കസ്‌റ്റംസ്‌ കേസ്‌ അവസാനിക്കുന്നതോടെ എൻഐഎ കേസും ഇല്ലാതാകും.

കോൺസൽ ജനറലിനും
അറ്റാഷെയ്ക്കും നോട്ടീസ്

നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിനുപിന്നാലെ ഗൾഫിലേക്ക് കടന്ന യുഎഇ കോൺസൽ ജനറലിനെയും അറ്റാഷെയെയും കസ്‌റ്റംസ്‌ കേസിൽ പ്രതികളാക്കാൻ ഒടുവിൽ വിദേശമന്ത്രാലയത്തിന്റെ അനുമതി.ആറുമാസംമുമ്പ്‌ നൽകിയ അപേക്ഷയിലാണ്‌ തീരുമാനം. തുടർന്ന്‌ യുഎഇ കോൺസൽ ജനറലിനും അറ്റാഷെയ്‌ക്കും കസ്റ്റംസ് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. നോട്ടീസിന് മറുപടി ലഭിച്ചാലും ഇല്ലെങ്കിലും ഇരുവരും പ്രതികളാകും.

കോൺസൽ ജനറലായിരുന്ന ജമാൽ ഹുസൈൻ അൽ സാബി കോവിഡ്‌ വ്യാപനത്തിന്‌ തൊട്ടുമുമ്പും തുടർന്ന്‌ കോൺസൽ ജനറലിന്റെ ചുമതലവഹിച്ച അറ്റാഷെ റാഷിദ് ഖമീസ് അൽ ഷെമില സ്വർണം പിടിച്ചതിനുപിന്നാലെയും ഗൾഫിലേക്ക് കടന്നു.  നയതന്ത്ര ബാഗേജിൽ സ്വർണം കടത്തുന്നതിന്നതിന്‌ ഇരുവരും പ്രതിഫലവും വാങ്ങിയിരുന്നതായി മറ്റു പ്രതികൾ  മൊഴി നൽകിയിട്ടുണ്ട്‌. ഇവരെ ചോദ്യംചെയ്യേണ്ടതുണ്ടെന്ന്‌ അന്വേഷണ ഏജൻസികൾ കോടതിയെയും അറിയിച്ചിരുന്നു.

സ്വർണക്കടത്തിന്‌ പ്രതിഫലം നൽകി

യുഎഇയിൽനിന്ന്‌ 2020 നവംബർമുതൽ 21 തവണയാണ്‌ നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയത്‌. ഓരോ തവണ കടത്തിയപ്പോഴും കോൺസുലേറ്റ്‌ അധികൃതർക്ക്‌ 1‌500 ഡോളർ പ്രതിഫലം നൽകിയെന്നാണ്‌ പ്രതി സ്വപ്‌ന സുരേഷ്‌ വെളിപ്പെടുത്തിയത്‌. ജൂൺ 30ന്‌ തിരുവനന്തപുരത്തെത്തിയ ബാഗേജിൽനിന്നാണ്‌ പതിനാലരക്കോടി രൂപയുടെ 30 കിലോയോളം സ്വർണം കസ്‌റ്റംസ്‌ പിടിച്ചത്‌. കസ്‌റ്റംസ്‌ രജിസ്‌റ്റർ ചെയ്‌ത കേസിൽ സ്വപ്‌ന സുരേഷും പി എസ്‌ സരിത്തും സന്ദീപ്‌ നായരും കെ ടി റമീസും ഉൾപ്പെടെ ഏതാണ്ട്‌ 24 പ്രതികളാണുള്ളത്‌.

Monday, March 8, 2021

കസ്റ്റംസിന്റെ 
രാഷ്‌ട്രീയ ദാസ്യവേല

അടുത്തമാസം ആറിനാണല്ലോ സംസ്ഥാനത്ത്‌ നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. തുടർഭരണത്തിനായി ജനങ്ങളെ സമീപിക്കുന്ന എൽഡിഎഫിനെതിരെ യുഡിഎഫും ബിജെപിയും കൈകോർത്തുകൊണ്ട്‌ നീങ്ങുകയാണ്‌ ഇപ്പോൾ‌. അവർക്ക്‌ കരുത്തേകുന്നതിന്‌ പതിവിൽനിന്നും വ്യത്യസ്‌തമായി മറ്റൊരു കൂട്ടരുംകൂടി അണിചേർന്നിട്ടുണ്ട്‌. കേന്ദ്ര ധന വകുപ്പിന്റെ കീഴിലുള്ള അന്വേഷണ ഏജൻസികളായ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റും കസ്റ്റംസുമാണ്‌ അത്‌. കിഫ്‌ബി മസാല ബോണ്ട്‌ സ്വീകരിച്ചത്‌ കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ എന്നുപറഞ്ഞാണ്‌ എൻഫോഴ്‌സ്‌മെന്റിന്റെ നീക്കമെങ്കിൽ സ്വർണക്കടത്തുകേസിൽ ജയിലിൽ കഴിയുന്ന സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴിയുടെ ഉള്ളടക്കം പുറത്തുവിട്ടാണ്‌ കസ്റ്റംസ്‌ എൽഡിഎഫ്‌ വിരുദ്ധ പ്രചാരണത്തിന്‌ തുടക്കമിട്ടത്‌. കേന്ദ്ര അന്വേഷണ ഏജൻസികളെ തങ്ങളുടെ സങ്കുചിത രാഷ്ട്രീയ താൽപ്പര്യം നേടിയെടുക്കുന്നതിനായി ഏതു രീതിയിലും മോഡി സർക്കാർ ഉപയോഗിക്കുമെന്നതിന്റെ ഏറ്റവും അവസാനത്തെ തെളിവാണ്‌ ഇത്‌.

പിണറായി വിജയൻ സർക്കാരിന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ്‌ സർക്കാരിനെതിരെ കോൺഗ്രസ്‌, ബിജെപി നേതാക്കൾ നിത്യേനയെന്നോണം ആവർത്തിക്കുന്ന കള്ളങ്ങൾ അതേപടി സത്യവാങ്‌മൂലമായി കോടതിയിൽ സമർപ്പിച്ച്‌ തങ്ങളുടെ രാഷ്ട്രീയ വിടുവേല പരസ്യമാക്കിയിരിക്കുകയാണ്‌ കസ്റ്റംസ്‌. സംഭവങ്ങളുടെ സൂക്ഷ്‌മപരിശോധനയിൽ കസ്റ്റംസ്‌ വിഭാഗത്തിന്റേത്‌‌ പരസ്യമായ രാഷ്ട്രീയ പ്രചാരണം മാത്രമാണെന്ന്‌ വ്യക്തമാകും. സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്‌ന സുരേഷിന് ആവശ്യമായ സുരക്ഷ നൽകുന്നുണ്ടെന്നും മറിച്ചുള്ള കീഴ്‌ക്കോടതി പരാമർശങ്ങൾ നീക്കണമെന്നും ആവശ്യപ്പെട്ട്‌ ജയിൽ ഡിജിപി നൽകിയ ഹർജി പരിഗണിക്കവെയാണ്‌ ആ കേസുമായി ഒരു ബന്ധവുമില്ലാത്ത വിവരങ്ങൾ ഉൾപ്പെടുത്തി കസ്റ്റംസ്‌ ഹൈക്കോടതിയിൽ സത്യവാങ്‌മൂലം നൽകിയത്‌. ഈ കേസിൽ കസ്റ്റംസിനെതിരെ ഒരിടത്തും ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടിരുന്നില്ല. എന്നിട്ടും ഡോളർ കടത്തിൽ മുഖ്യമന്ത്രിക്കും സ്‌പീക്കർക്കും മൂന്നു മന്ത്രിമാർക്കും പങ്കുണ്ടെന്നു കാണിക്കുന്ന സത്യവാങ്‌മൂലം നൽകിയത്‌ എന്തിനാണെന്ന കാര്യമാണ്‌ സംശയമുണർത്തുന്നത്‌. ‌

നവംബർ 30ന് എറണാകുളം മജിസ്‌ട്രേട്ട്‌ കോടതിയിൽ സ്വപ്‌ന സുരേഷ്‌ നൽകിയ രഹസ്യമൊഴിയിലെ വിവരങ്ങളാണ്‌ സത്യവാങ്‌മൂലത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്‌. ജൂലൈയിൽ അറസ്റ്റിലായ സ്വപ്‌നയെ എൻഐഎയും ഇഡിയും മറ്റും ആറു മാസക്കാലം ചോദ്യം ചെയ്‌തിട്ടും കിട്ടാത്ത കാര്യമാണ്‌ തങ്ങൾക്ക്‌ രഹസ്യമൊഴിയിലൂടെ ലഭിച്ചതെന്ന്‌ പറഞ്ഞാണ്‌ സത്യവാങ്‌മൂലം നൽകിയിട്ടുള്ളത്‌. മാത്രമല്ല, രഹസ്യമൊഴി രേഖപ്പെടുത്തിയിട്ട്‌ മൂന്നു മാസം കഴിഞ്ഞതിനുശേഷം മാർച്ച്‌ നാലിനു മാത്രം അത്‌ പുറത്തുവിടാനുണ്ടായ ചേതോവികാരം എന്താണ്‌? അതിനുള്ള ഉത്തരം നിയമസഭാ തെരഞ്ഞെടുപ്പ്‌ എന്നാണ്‌. സത്യവാങ്‌മൂലം കോടതിയിൽ എത്തുന്നതിനുംമുമ്പ്‌ പ്രതിപക്ഷനേതാവിനും മാധ്യമങ്ങൾക്കും അത്‌ ലഭ്യമാക്കിയതും ഇതേ ലക്ഷ്യംവച്ചാണ്‌.

പ്രതിയെ കസ്റ്റംസ്‌ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയാണ്‌ രഹസ്യമൊഴി നൽകാൻ പ്രേരിപ്പിച്ചതെന്നും സംശയിക്കേണ്ടിയിരിക്കുന്നു. കുറ്റസമ്മതമൊഴിക്ക്‌ മജിസ്‌ട്രേട്ടിന്‌ അപേക്ഷ നൽകിയതുപോലും കസ്റ്റംസായിരുന്നു. തീർത്തും അസാധാരണ നടപടിയായിരുന്നു ഇത്‌. കുറ്റസമ്മതമൊഴി നൽകാൻ കസ്റ്റംസ്‌ പ്രേരിപ്പിച്ചെന്ന്‌ ഇതിൽനിന്നുതന്നെ വ്യക്തമാകുന്നു. രഹസ്യമൊഴി നൽകിയിട്ട്‌ മൂന്നു മാസം പിന്നിട്ടിട്ടും ആ മൊഴിയിൽ പറഞ്ഞ കാര്യങ്ങൾക്ക്‌ തെളിവ്‌ നൽകാൻ കസ്റ്റംസിന്‌ കഴിഞ്ഞിട്ടില്ലെന്നതാണ്‌ വിചിത്രമായ കാര്യം. 15 പേജ്‌ വരുന്ന സത്യവാങ്‌മൂലത്തിലെ എട്ടാം പേജിലെ പത്താം ഖണ്ഡികയിൽ കസ്റ്റംസ്‌ പറയുന്നത്‌ മുഖ്യമന്ത്രിക്കും മറ്റുമെതിരെയുള്ള സ്വപ്‌നയുടെ ആരോപണം തെളിയിക്കുന്നതിന്‌ തങ്ങളുടെ പക്കൽ തെളിവൊന്നുമില്ലെന്നാണ്‌. രഹസ്യമൊഴിയിലുള്ളത്‌ സ്വപ്‌നയ്‌ക്കു മാത്രം അറിവുള്ള കാര്യമാണെന്നും സത്യവാങ്‌മൂലം പറയുന്നു. അതായത്‌ എൽഡിഎഫ്‌ വിരുദ്ധശക്തികൾക്ക്‌ രാഷ്ട്രീയലാഭം കൊയ്യാൻ കേന്ദ്ര അന്വേഷണ ഏജൻസികൾ തയ്യാറാക്കിയ തിരക്കഥയാണ്‌ പുതിയ സത്യവാങ്‌മൂലം.

സ്വർണക്കടത്തും ഈന്തപ്പഴം ഖുർആൻ കടത്തും മറ്റും ഉയർത്തി തദ്ദേശ തെരഞ്ഞെടുപ്പിൽ വലതുപക്ഷ ശക്തികൾക്ക്‌ നേട്ടമുണ്ടാക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികൾ കിണഞ്ഞുശ്രമിച്ചെങ്കിലും അതൊന്നും വിജയിച്ചില്ല. യുഡിഎഫും ബിജെപിയും പരാജയത്തിന്റെ രുചിയറിഞ്ഞു. ഇതിൽനിന്നും ഒരു പാഠവും പഠിക്കാൻ യുഡിഎഫും ബിജെപിയും തയ്യാറായില്ലെന്ന്‌ കേന്ദ്ര അന്വേഷണ ഏജൻസികളെ കൂട്ടുപിടിച്ചു നടത്തുന്ന പുതിയ നീക്കങ്ങൾ വ്യക്തമാക്കുന്നു. കേരളത്തിലെ എഴുത്തും വായനയും അറിയുന്ന പ്രബുദ്ധരായ ജനസമൂഹത്തിനു നേരെയാണ്‌ ഇവർ കൊഞ്ഞനംകുത്തുന്നത്‌. ജനവിധിയിലൂടെ ചുട്ട മറുപടി നൽകാൻ അവർക്കറിയാം. അതവർ ചെയ്യുക തന്നെ ചെയ്യുമെന്ന്‌ ഉറപ്പിക്കാം.

deshabhimani editorial 080321

സെന്റ് കിറ്റ്സും പുതിയ ടൂൾ കിറ്റും - ജോൺ ബ്രിട്ടാസ് എഴുതുന്നു

ദേശീയ രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ മാറ്റിമറിച്ച 1989ലെ തെരഞ്ഞെടുപ്പിന്റെ തലേന്ന് നടുക്കുന്ന ഒരു കുംഭകോണം പുറത്തുവന്നു. ഡൽഹിയിൽ മാധ്യമപ്രവർത്തകനായിരുന്ന എന്നെപ്പോലെ നിരവധിപേരെ സ്തബ്ധരാക്കിയ വാർത്താബോംബ്. ഉദിച്ചുയരുന്ന വി പി സിങ്ങിന് സെന്റ് കിറ്റ്സ് എന്ന ദ്വീപ് രാഷ്ട്രത്തിലെ ഫസ്റ്റ് ട്രസ്റ്റ് കോർപറേഷൻ ബാങ്കിൽ 21 ദശലക്ഷം ഡോളറിന്റെ നിക്ഷേപമുണ്ട്, പുത്രൻ അജയ് സിങ്ങാണ് ഇതിന്റെ കൈകാര്യ കർത്താവ്.

ഇന്ത്യൻ രാഷ്ട്രീയത്തിന്റെ സമവാക്യങ്ങളെ മാറ്റിമറിക്കാൻ പ്രാപ്തിയുണ്ടെന്ന് ഞങ്ങൾ ധരിച്ചിരുന്ന വി പി സിങ്ങിന്റെ രാഷ്ട്രീയ അസ്തമനത്തെക്കുറിച്ചായിരുന്നു പിന്നീട് ചർച്ച. കോൺഗ്രസ് എംപിയായ കെ കെ ബിർളയുടെ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാൻ ടൈംസ് തീവണ്ടിത്തലക്കെട്ടോടെയാണ് വാർത്ത നൽകിയത്. പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ പടപൊരുതാനിറങ്ങിയ വി പി സിങ്‌ ടെയ്ക്ക് ഓഫ് നടത്താനാകാതെ റൺവേയിൽ കറങ്ങുമെന്ന് ഹിന്ദുസ്ഥാൻ ടൈംസ് വിധിയെ‍ഴുതി.

മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർക്കും മൂന്നു മന്ത്രിമാർക്കും സ്വർണ ഡോളർ കടത്തുകേസിൽ ബന്ധമുണ്ടെന്ന സ്വപ്ന സുരേഷിന്റെ മൊ‍ഴിയെ അധികരിച്ച് ഹൈക്കോടതിയിൽ കസ്റ്റംസ് സമർപ്പിച്ച പ്രസ്താവന കണ്ടപ്പോൾ മൂന്നു പതിറ്റാണ്ടുമുമ്പുള്ള സെന്റ് കിറ്റ്സ് വിവാദത്തിലേക്കാണ് മനസ്സ്‌ പാഞ്ഞത്.

ഇരു സംഭവത്തിനും ഇടയിലുള്ള സാമ്യതയിൽ കേന്ദ്ര അന്വേഷണ ഏജൻസിയുടെ ചേരുവയുമുണ്ട്. അന്ന് എൻഫോ‍ഴ്സ്‌മെന്റ് ഡയറക്ടറേറ്റാണ് വി പി സിങ്ങിനെതിരെ അന്വേഷണരഥമുരുട്ടിയത്. ആ‍ഴ്ചകൾക്കുശേഷം നടന്ന തെരഞ്ഞെടുപ്പിൽ സെന്റ് കിറ്റ്സ് വിവാദം ബൂമറാങ്ങായി. ചരിത്രത്തിൽ ഏറ്റവും മൃഗീയമായ ഭൂരിപക്ഷത്തിൽ അധികാരത്തിലേറിയ രാജീവ് ഗാന്ധി ദയനീയ പരാജയത്തിലേക്ക്‌ കൂപ്പുകുത്തി. വി പി സിങ്‌ പ്രധാനമന്ത്രിയായി.

അതിനപ്പുറത്ത് മറ്റൊരു വിധി കൂടിയുണ്ടായി ഈ വിവാദത്തിന്. വി പി സിങ്ങിനെ പ്രതിക്കൂട്ടിലേറ്റാൻ ശ്രമിച്ച എൻഫോ‍ഴ്സ്മെന്റ് ഡയറക്ടറേറ്റ് തലവൻ കെ എൽ വർമ ഈ കേസിൽ വ്യാജരേഖ ചമച്ചതിന് പ്രതിസ്ഥാനത്തുവന്നു. വർമയ്ക്കൊപ്പം രാഷ്ട്രീയദല്ലാൾമാരും പ്രതികളായി.

ലക്ഷ്യം തെരഞ്ഞെടുപ്പ്‌ മാത്രം

സംസ്ഥാനം തെരഞ്ഞെടുപ്പിന്റെ വക്കത്തുനിൽക്കുമ്പോ‍ഴാണ് സ്തോഭജനകമായ വെളിപ്പെടുത്തലിന് കസ്റ്റംസ് ഇന്ധനംപകർന്നത്. ഇന്നത്തെ ഭാഷ പ്രകാരം സെന്റ് കിറ്റ്സിന് സമാനമായൊരു ‘ടൂൾ കിറ്റ്’! കസ്റ്റംസ് ഹൈക്കോടതിയിൽ സമർപ്പിച്ച 15 പേജുവരുന്ന പ്രസ്താവനയുടെ വിശദാംശം ഇ‍ഴകീറി നോക്കുമ്പോൾ ഉത്തരങ്ങളെക്കാളേറെ ചോദ്യങ്ങളും സംശയങ്ങളുമാണ് ഉയരുന്നത്. ഇതു മുൻകൂട്ടിക്കണ്ടായിരിക്കും കസ്റ്റംസ് തന്നെ തന്ത്രപൂർവം പ്രസ്താവനയുടെ എട്ടാം പേജിൽ പത്താം ഖണ്ഡികയിൽ രണ്ടു വാക്യം തിരുകി. മുഖ്യമന്ത്രിയടക്കമുള്ളവർക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ സ്വപ്നയുടെ മാത്രം അറിവിലുള്ളതാണെന്നും നടപടികളുമായി മുന്നോട്ടുപോകുമ്പോൾ തെളിവ് നൽകാൻ സ്വപ്നയ്ക്ക് മാത്രമേ ക‍ഴിയുകയുള്ളൂവെന്നുമാണ് കസ്റ്റംസ് കമീഷണർ പ്രസ്താവനയിൽ വിളക്കിച്ചേർത്തിട്ടുള്ളത്. സെന്റ് കിറ്റ്സ് വിവാദത്തിൽ ഹിന്ദുസ്ഥാൻ ടൈംസ് എന്നപോലെ സംസ്ഥാനത്തെ ഒരു പത്രം ഇവിടെയും സ്വയംനടുങ്ങാൻ തീരുമാനിച്ചു. പ‍ഴയ ബോംബുകളുടെ ബാക്കിപത്രം ഓർമയുള്ളതുകൊണ്ടാകാം ഭൂരിപക്ഷം മാധ്യമങ്ങളും ഒന്നറച്ചുനിന്നു. സുമിത് കുമാറിന്റെ ‘മുൻകൂർ ജാമ്യം’ എട്ടാം പേജിൽ എ‍ഴുന്നുനിൽക്കുന്നത് ഇവരിൽ പലരും ശ്രദ്ധിച്ചിട്ടുണ്ടാകാം.

കസ്റ്റംസ് നടപടി ഉയർത്തുന്ന ചോദ്യങ്ങളും സംശയങ്ങളും ‘ടൂൾ കിറ്റി’ന്റെ യഥാർഥ സ്വഭാവവും ലക്ഷ്യവും അനാവരണം ചെയ്യുന്നതാണ്. അതിൽ ചിലത് എടുത്തുപരിശോധിക്കുന്നത് പ്രസക്തമാണ്‌.

മാർച്ച് നാലിന് കസ്റ്റംസ് ഹൈക്കോടതിയിൽ സമർപ്പിച്ച പ്രസ്താവന നിയമവൃത്തങ്ങളെത്തന്നെ അത്ഭുതപ്പെടുത്തിയിരിക്കയാണ്. ജയിലിൽ ഭീഷണിയുടെയും പീഡനത്തിന്റെയും അന്തരീക്ഷമുണ്ടെന്ന കീ‍ഴ്‌കോടതിയിലെ പരാമർശം നീക്കിക്കിട്ടാനുള്ള ജയിൽ വകുപ്പു മേധാവിയുടെ ഹൈക്കോടതിയിലെ ഹർജിയായിരുന്നു കസ്റ്റംസിന്റെ പ്രസ്താവനയുടെ നിദാനം. എൻഫോ‍ഴ്സ്മെന്റ് ഡയറക്ടറേറ്റുമായിപ്പോലും പങ്കുവയ്ക്കാൻ ആഗ്രഹമില്ലെന്ന്‌ ബോധിപ്പിച്ച മൊ‍ഴികൾ ഈ സന്ദർഭത്തിൽ ഉതിർക്കാൻ കസ്റ്റംസ് തീരുമാനിച്ചത് എന്തുകൊണ്ട്? സ്വപ്നയുടെ രഹസ്യമൊ‍ഴി പങ്കുവയ്ക്കാൻ ക‍ഴിയില്ലെങ്കിൽ അതിലെ മർമം എങ്ങനെ പരസ്യപ്പെടുത്തും? തങ്ങൾ എതിർകക്ഷി പോലുമല്ലാത്ത ഒരു കാര്യത്തിലെ പരാമർശം കോടതിയിൽ സമർപ്പിക്കാൻ എന്തിനു തയ്യാറായി? രഹസ്യമൊ‍ഴി വെളിപ്പെടുത്തരുതെന്ന കീ‍ഴ് വഴക്കം എന്തുകൊണ്ട് ലംഘിച്ചു? സാമാന്യബുദ്ധിക്ക് ഒരുത്തരമേ നൽകാൻ ക‍ഴിയൂ – കേരളം പോളിങ്‌ ബൂത്തിലേക്ക്‌ പോകുന്നു.

പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി അഭ്യർഥിച്ചപ്രകാരം കേന്ദ്രം നിയോഗിച്ച അന്വേഷണ ഏജൻസിയാണ് എൻഐഎ. സ്വർണക്കടത്തും ഡോളർ കടത്തും ഉൾപ്പെടെയുള്ള വിഷയങ്ങളുടെ അന്വേഷണച്ചുമതല എൻഐഎക്കാണെന്നു ചുരുക്കം. സ്വപ്ന സുരേഷ് ഉൾപ്പെടെയുള്ള പ്രതികളിൽനിന്ന് എൻഐഎ മൊ‍ഴി ശേഖരിച്ചു. ഇന്ത്യയിലെ ഏറ്റവും സുസജ്ജമായ അന്വേഷണ ഏജൻസിയുടെ മൊ‍ഴിയെടുക്കലിലോ തെളിവുശേഖരണത്തിലോ കണ്ടെത്താൻ ക‍ഴിയാത്തതാണ് കസ്റ്റംസ് മുങ്ങിത്തപ്പിയെടുത്തത്. 98 ദിവസത്തോളം ജയിലിൽ ക‍ഴിഞ്ഞ ശിവശങ്കർ ഐഎഎസ് പോലും എൻഐഎ കുറ്റപത്രത്തിൽ സ്ഥാനം പിടിച്ചിട്ടില്ല.

സ്വപ്ന സുരേഷ് ജൂലൈ പതിനൊന്നിനാണ് അറസ്റ്റിലാകുന്നത്. ആറു മാസക്കാലം ഇവർ കസ്റ്റംസ് ഉൾപ്പെടെയുള്ള ഏജൻസികളുടെ നിരന്തര ചോദ്യം ചെയ്യലുകൾക്ക് വിധേയയായി. പ്രളയംപോലെ അവർ മൊ‍ഴികൾ നൽകി. അപ്പോ‍ഴൊന്നും പുറത്തുവരാത്ത ‘നടുക്കുന്ന’ കാര്യങ്ങൾ നവംബർ 30 മുതൽ കസ്റ്റംസിന്റെ മടിയിലേക്ക് വന്നത് എന്തുകൊണ്ട്. നവംബർ മുപ്പതിനാണ് രഹസ്യമൊ‍ഴി നൽകാനുണ്ടെന്ന് അഡീഷണൽ ചീഫ് മജിസ്ട്രേട്ട് മുമ്പാകെ അവർ ബോധിപ്പിക്കുന്നത്. സിആർപിസി 164 പ്രകാരം മൊ‍ഴി നൽകുന്നതിനുള്ള സന്നദ്ധത എന്തുകൊണ്ട് പ്രകടിപ്പിച്ചു എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കുമ്പോൾ അന്തർ നാടകങ്ങൾ പുറത്തുവരും.

കസ്റ്റംസ് ആരോപിക്കുന്നത് പോലെ സ്വപ്ന സുരേഷ് പീഡനത്തിനും ഭീഷണിക്കും വിധേയയായെങ്കിൽ കീ‍ഴ്‌കോടതിയുടെ പരാമർശം നീക്കാൻ ജയിൽ മേധാവി നേരിട്ട് ഹൈക്കോടതിയെ സമീപിക്കുമോ? തങ്ങളുടെ ഭാഗത്ത് ശരിയുണ്ടെന്ന പൂർണബോധ്യം വരുമ്പോ‍ഴല്ലേ ഹൈക്കോടതി പോലുള്ള ഒരു നീതിപീഠത്തിനു മുന്നിൽ ഒരു മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ പോകുക?

സ്വപ്നയുടെ ശബ്ദരേഖ പുറത്തുവരുന്നത് നവംബർ പതിനെട്ടിനാണ്. ഇതേക്കുറിച്ച് അന്വേഷിക്കാൻ ജയിൽ ഡിജിപി ഋഷിരാജ്സിങ്‌ ദക്ഷിണമേഖലാ ഡിഐജി അജയ്കുമാറിനെ ചുമതലപ്പെടുത്തി. സ്വപ്ന എ‍ഴുതിക്കൊടുത്ത വിശദീകരണത്തിൽ ശബ്ദം തന്റേതാണെന്ന് സ്ഥിരീകരിച്ചു, പ്രധാനപ്പെട്ട മറ്റൊരു കാര്യംകൂടി സ്വപ്ന രേഖപ്പെടുത്തി. ഇങ്ങനെ പറയാൻ തന്നെ ആരും നിർബന്ധിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ല.

അറസ്റ്റിലായ ശിവശങ്കറിനെ ഹാജരാക്കിയപ്പോൾ നടന്ന ഒരു രംഗം മാധ്യമങ്ങളിൽ വന്നിരുന്നു. നിങ്ങൾക്ക് എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ എന്ന് കോടതി ശിവശങ്കറിനോട് ചോദിച്ചു. ശിവശങ്കർ എന്തോ പറഞ്ഞപ്പോൾ അടുത്തുവന്ന് പറയാൻ ജഡ്ജി ആവശ്യപ്പെട്ടു. ഇവർക്ക് ചില അജൻഡയുണ്ടെന്നും താൻ ചിലരുടെ പേരുകൾ പറയണമെന്നതാണ് അതെന്നും അതിന് സമ്മതിക്കാത്തതുകൊണ്ടാണ് ഇതെല്ലാം അനുഭവിക്കേണ്ടിവരുന്നതെന്നും അദ്ദേഹം പറഞ്ഞു. ആറു മാസത്തിനുശേഷം സ്വപ്നയ്ക്കുണ്ടായ വെളിപാടും ശിവശങ്കറിന്റെ ഈ വാക്കുകളും ചേർത്തുവയ്ക്കുമ്പോൾ കാര്യങ്ങൾ ബോധ്യപ്പെടും.

തെളിവുകൾ ആരു നൽകും

നിയമപരമായി സ്വപ്നയെ നയിച്ച അവരുടെ അഭിഭാഷകൻ ജോ പോൾ തന്നെ കേസിൽനിന്നു വിട്ടുപോയത് ഹിമക്കട്ടയുടെ അഗ്രമാണ് പുറത്തുകൊണ്ടുവരുന്നത്. സ്വപ്നയുടെ ഇപ്പോ‍ഴത്തെ അഭിഭാഷകനും മുസ്ലിംലീഗ് അഭിഭാഷക സംഘടനയുടെ സംസ്ഥാന പ്രസിഡന്റും ഒരേ ലീഗൽ ഫേമിന്റെ പാർട്‌ണർമാരാണ്. മുസ്ലിംലീഗ് അഭിഭാഷകൻ ടെലിവിഷൻ ചർച്ചകളിലെ നിത്യസാന്നിധ്യമാണ്. തുടക്കത്തിൽ സ്വപ്നയുടെ വക്കാലത്ത് ഏറ്റെടുത്ത സംഘപരിവാർ ബന്ധുവായ അഭിഭാഷകൻ പിന്നീട് കസ്റ്റംസിന്റെ അഭിഭാഷകനായി മാറി.

സ്വപ്നയുടെ രഹസ്യമൊ‍ഴി (മറ്റ് ഏജൻസികൾക്കുപോലും നൽകാൻ പറ്റാത്തത്ര രഹസ്യം) രേഖപ്പെടുത്തിയതിനുശേഷം മണിക്കൂറുകൾക്കുള്ളിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ പത്രക്കാരോട് സംസാരിച്ചു. മുഖ്യമന്ത്രിക്കും നാല് മന്ത്രിമാർക്കും ഡോളർ കടത്തിൽ പങ്കുണ്ട്!

മജിസ്ട്രേട്ടിന്റെ മുന്നിൽ 164 പ്രകാരം മൊ‍ഴി രേഖപ്പെടുത്തുന്നതിനെക്കുറിച്ച് നിയമജ്ഞർക്കെങ്കിലും ചില ധാരണകളുണ്ട്. പലപ്പോ‍ഴും ഭീഷണി പ്രയോഗിച്ച് പ്രതിയെ പരുവപ്പെടുത്തിയാണ് ഇത്‌ അനുവർത്തിക്കാറ്. വിചാരണയിൽ സാധുത കിട്ടണമെങ്കിൽ തെളിവുകൾ വേണം. സ്വപ്നയുടെ വെളിപ്പെടുത്തലിന് അനുസൃതമായ തെളിവുകൾ ഉണ്ടായിരുന്നെങ്കിൽ കസ്റ്റംസ് സൂചിപ്പിക്കുമായിരുന്നു. ഇതു ചെയ്തില്ലെന്നു മാത്രമല്ല, ഉത്തരവാദിത്തം സ്വപ്നയ്ക്കുമേൽ കൗശലപൂർവം ചുമത്തി. സ്വപ്നയുടെ രഹസ്യമൊ‍ഴിക്കുശേഷം തെളിവ് ചികയാൻ കസ്റ്റംസിന് കിട്ടിയത് മൂന്നു മാസത്തിലേറെയാണെന്നുള്ളത് ശ്രദ്ധേയം.

കസ്റ്റംസും ഇഡിയും ഇപ്പോൾ ഊന്നുന്നത് കോൺസുലേറ്റ് കേന്ദ്രീകരിച്ചുനടന്ന നിയമവിരുദ്ധ ഇടപാടുകളെക്കുറിച്ചാണ്. 1.9 കോടി രൂപയുടെ ഡോളർ കടത്തിക്കൊണ്ടുപോയത് കോൺസുലേറ്റുകാരാണ്. സ്വർണക്കടത്തും കോൺസുലേറ്റും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു മാധ്യമവാർത്ത നിറയുന്ന സമയത്താണ് സ്വർണം വന്ന പാ‍ഴ്സലിന്റെ സ്വീകർത്താവായ അറ്റാഷേ രാജ്യം വിടുന്നത്. തിരുവനന്തപുരത്തുനിന്ന് ഡൽഹി വ‍ഴി എയർ ഇന്ത്യാ വിമാനത്തിലാണ്‌ അറ്റാഷേ പോയത്. ഈ വിവാദത്തോട് എങ്ങനെയാണ് കേന്ദ്ര വിദേശ സഹമന്ത്രി പ്രതികരിച്ചത് എന്നുനോക്കാം. “അറ്റാഷേ നിരപരാധിയാണ്. അദ്ദേഹത്തെക്കുറിച്ച് ഒരു സംശയംപോലും ആർക്കുമില്ല” – പ്രമുഖ ചാനലിൽ അദ്ദേഹം വെളിപ്പെടുത്തി. വീണ്ടും വ‍ഴിത്തിരിവുണ്ടായപ്പോൾ കേന്ദ്ര വിദേശ വക്താവിന്റെ പ്രതികരണം വന്നു: “ഇന്ത്യയുടെ സൗഹൃദ രാജ്യമെന്ന നിലയ്ക്ക് യുഎഇയുടെ കോൺസുലേറ്റ് ജനറലും അറ്റാഷേയുമൊക്കെ അന്വേഷണത്തോട് പൂർണമായും സഹകരിക്കും.” മാസങ്ങൾ ക‍ഴിഞ്ഞെങ്കിലും ഒന്നും സംഭവിച്ചിട്ടില്ല.

മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ പേരുകൾ വെളിപ്പെടുത്താൻ സമ്മർദമുണ്ടെന്ന സ്വപ്നയുടെ ശബ്ദരേഖ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. അത്‌ വ്യാജമാണെന്ന് ആരും പറഞ്ഞിട്ടില്ല. വ്യാജമായിരുന്നെങ്കിൽ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് അത് സ്ഥാപിച്ചെടുക്കാൻ ക‍ഴിയുമായിരുന്നു. അങ്ങനെ അവർ ചെയ്തിരുന്നെങ്കിൽ ഇന്നത്തെ അപസർപ്പക കഥയ്ക്ക് ഒരു പണത്തൂക്കമെങ്കിലും വിശ്വാസ്യത ഉണ്ടാകുമായിരുന്നു.

പല പ്രാവശ്യം നൽകിയ മൊ‍ഴി സ്വപ്ന തിരുത്തിയപ്പോൾ കോടതി നടത്തിയ ചില പരാമർശമുണ്ട്. കേസ് വിചാരണയ്ക്കു വരുമ്പോൾ ഇതൊക്കെ പരിശോധിക്കപ്പെടുമെന്ന ഓർമപ്പെടുത്തലാണ് കോടതിയിൽ നിന്നുണ്ടായത്. മാത്രമല്ല, എൻഐഎ ചുമത്തിയ യുഎപിഎ വകുപ്പുകൾ പ്രകാരമുള്ള രാജ്യദ്രോഹക്കുറ്റമൊന്നും നിലനിൽക്കില്ലെന്നും പറഞ്ഞു. നയതന്ത്ര ബാഗേജിലൂടെ സ്വർണം അയച്ചവരും അവ സ്വീകരിച്ചവരും ആരാണെന്നതാണ് മർമം. ഇത് അനാവരണം ചെയ്യപ്പെട്ടിട്ടില്ല. മാത്രമല്ല, പാ‍ഴ്സൽ അയച്ച ഫൈസൽ ഫരീദ് ഉൾപ്പെടെയുള്ള വ്യക്തികളുടെ ഇന്നത്തെ അവസ്ഥ എന്താണെന്നുപോലും ആർക്കുമറിയില്ല. അവർ ദുബായിൽ കസ്റ്റഡിയിലാണെന്ന് സത്യവാങ്മൂലത്തിൽ ബോധിപ്പിക്കപ്പെട്ടതു മാത്രം.

സ്വർണം കയറ്റിയയച്ചവരെ കസ്റ്റഡിയിൽ കിട്ടാൻ ഇന്റർപോളിന്റെ സഹായം തേടിയതിനെക്കുറിച്ച് പരാമർശങ്ങൾ വന്നിരുന്നു. ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നതിനെക്കുറിച്ചായിരുന്നു അന്വേഷണ ഏജൻസികൾ പറഞ്ഞത്. അതുക്കുംമേലെയുള്ള റെഡ്കോർണർ നോട്ടീസ് പോലെയുള്ള പലതുമുണ്ട്. എന്തുകൊണ്ട് നീല നോട്ടീസിനപ്പുറം പോകാൻ നമ്മുടെ അന്വേഷണ ഏജൻസികൾക്കു ക‍ഴിഞ്ഞില്ല? അവരതിന് ശ്രമിച്ചില്ല?

സിആർപിസി പ്രകാരമുള്ള രഹസ്യമൊ‍ഴി രേഖപ്പെടുത്തുന്നതിന് പാലിക്കേണ്ട നടപടികളെക്കുറിച്ച് കോടതികൾ പലപ്പോ‍ഴും ഓർമിപ്പിച്ചിട്ടുണ്ട്. മൊ‍ഴിയുടെ പ്രാധാന്യവും പ്രത്യാഘാതവുമൊക്കെ പ്രതിയെ ബോധ്യപ്പെടുത്തുകയും ജാഗ്രതപ്പെടുത്തുകയും വേണം. താൻ പറഞ്ഞ മൊ‍ഴി അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞതുപ്രകാരം നൽകിയതാണെന്ന് നാളെ സ്വപ്ന ബോധിപ്പിച്ചാൽ പ്രസ്തുത ഉദ്യോഗസ്ഥൻ പ്രതിയായി മാറാം. അന്വേഷണ ഉദ്യോഗസ്ഥനായതുകൊണ്ട് ഇവിടെ ഒരു പരിരക്ഷയുമില്ല. രാഷ്ട്രീയ യജമാനന്മാർക്കുവേണ്ടി പ്രവർത്തിക്കുമ്പോൾ അവർ ഏതെങ്കിലുംഘട്ടത്തിൽ പിൻവാങ്ങിയാൽ പു‍ഴുങ്ങിയ ഉരുളക്കി‍ഴങ്ങ് കൈവെള്ളയിൽ വയ്ക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥനാണെന്ന് സാരം.

കോൺസുലേറ്റ് ജനറലും ഉന്നത വ്യക്തിത്വങ്ങളും തമ്മിലുള്ള ഇടപാടുകളിലെ സ്വപ്നയുടെ സാന്നിധ്യം ഉറപ്പിക്കുന്നതിന് ഭാഷ എന്ന ഘടകത്തെയാണ് കസ്റ്റംസ് തങ്ങളുടെ പ്രസ്താവനയിൽ ഏറെ ആശ്രയിക്കുന്നത്. ഇവർക്കിടയിൽ ആശയവിനിമയത്തിന് പരിമിതിയുള്ളതിനാൽ ദ്വിഭാഷിയായി പ്രവർത്തിച്ചുവെന്ന് സ്വപ്ന പറഞ്ഞെന്നാണ് കസ്റ്റംസ് ചൂണ്ടിക്കാട്ടുന്നത്. കോൺസുലേറ്റ് ജനറൽ അൽ സാബിയെ അറിയുന്നവർ പറയുന്നത് അദ്ദേഹത്തിന് ഇംഗ്ലീഷ് നന്നായി അറിയാമെന്നാണ്. ദുബായിൽ സേവനം നടത്തുകയും അംബാസഡറായി വിരമിക്കയും ചെയ്ത മലയാളികൾക്ക്‌ സുപരിചിതനായ ഒരു മുൻ നയതന്ത്ര ഉദ്യോഗസ്ഥനോട് ഇക്കാര്യം തിരക്കി. കോൺസുലേറ്റ് ജനറലായി വരുന്ന വ്യക്തിക്ക് നിർബന്ധമായും ഇംഗ്ലീഷ് പരിജ്ഞാനമുണ്ടായിരിക്കുമെന്ന് അദ്ദേഹം തറപ്പിച്ചുപറഞ്ഞു. ഇങ്ങനെയെങ്കിൽ, സ്വപ്നയുടെ മൊ‍ഴിയുടെ ആണിക്കല്ലല്ലേ ഇളകുന്നത്?

വിവാദം കത്തിനിൽക്കുന്ന സമയത്ത് ഈ പത്രത്തിന്റെ ഇതേ പേജിൽ ഇത്തരം നുണകളെക്കുറിച്ച് നീണ്ട ഒരു ലേഖനം ഞാൻ എ‍ഴുതിയിരുന്നു. അത് ഇന്ന് പുതുക്കുകയാണെങ്കിൽ ഈ പേജ് തന്നെ നിറഞ്ഞുകവിയും. ഈന്തപ്പ‍ഴത്തിനുള്ളിലെ സ്വർണക്കുരുവും ഖുറാനിലെ സ്വർണ പേജുകളും കാറ്റാടിപ്പാടങ്ങളും സ്റ്റാർട്ടപ്പുകളുംകൊണ്ട് സമ്പുഷ്ടമായിരിക്കും കേരളത്തിൽ സൃഷ്ടിച്ച മായാലോകം.

സെന്റ് കിറ്റ്സ് വിവാദത്തിന്റെ താരതമ്യം ആമുഖത്തിൽ സൂചിപ്പിച്ചിരുന്നു. സന്ദർഭത്തിന്റെയും വിഷയത്തിന്റെയും ലക്ഷ്യത്തിന്റെയും സാമ്യം കാരണമാണത്. ഏപ്രിൽ ആറും മേയ് രണ്ടും ഈ സാമ്യത്തെ ഊട്ടിയുറപ്പിക്കുമ്പോൾ കസ്റ്റംസിന്റെ പ്രസ്താവനയും അവർ ഊന്നിയ മൊ‍ഴിയും രാഷ്ട്രീയനിരീക്ഷകർക്കും അന്വേഷണ ഉദ്യോഗസ്ഥർക്കും നിയമജ്ഞർക്കും എന്തിനേറെ സാധാരണക്കാർക്കും ഭാവിയിൽ ഒരു പാഠ്യവിഷയമാകുമെന്ന് ഉറപ്പ്.

ജോൺ ബ്രിട്ടാസ് 

മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സ്വപ്നയെ ഇഡി നിര്‍ബന്ധിച്ചു: വനിത പൊലീസ് ഓഫീസറുടെ മൊഴി

തിരുവനന്തപുരം> മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് പറയാന്‍ സ്വപ്നയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി)  നിര്‍ബന്ധിച്ചുവെന്ന് മൊഴി. എസ്‌കോര്‍ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ സിജി വിജയനാണ് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്‌

ചോദിക്കുന്ന ചോദ്യങ്ങളില്‍ കൂടുതലും മുഖ്യമന്ത്രിയുടെ പേര് നിര്‍ബന്ധപൂര്‍വ്വം പറയിപ്പിക്കുന്ന തരത്തിലുള്ളതാണ്. സ്വപ്നയെ നിര്‍ബന്ധിച്ച് മൊഴി പറയിപ്പിക്കുന്നത് കേട്ടിട്ടുണ്ട്.

ഇനിയൊരു ഉന്നതനെ ഇവിടെ കൊണ്ടിരുത്തും എന്ന് ഇ ഡി ഉദ്യോഗസ്ഥര്‍ പറയുന്നതും കേട്ടു. ചോദ്യം ചെയ്യലിനിടെ ഇ ഡി ഉദ്യോഗസ്ഥര്‍ ഇടക്കിടക്ക് ഫോണില്‍ സംസാരിക്കുമെന്നും വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ പറഞ്ഞു.

പീഡിപ്പിക്കുന്ന കാര്യം സ്വപ്ന കോടതിയിലും പറഞ്ഞു. പ്രഷര്‍ കൊടുത്ത് ചോദ്യം ചെയ്തത് രാധാകൃഷ്ണന്‍ ആയിരുന്നു എന്നും മൊഴിയിലുണ്ട് .

സ്വപ്നയുടെ ശബ്ദരേഖ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനാണ് വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ മൊഴി നല്‍കിയത്.

സ്വര്‍ണക്കടത്ത് അന്വേഷണം നേര്‍വഴിക്ക് നീങ്ങുമ്പോള്‍ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതെന്തിന്; അമിത് ഷായോട് മുഖ്യമന്ത്രിയുടെ ചോദ്യങ്ങള്‍

കണ്ണൂര്‍> സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അമിത് ഷായോട്  ചോദ്യങ്ങള്‍ ചോദിച്ച്  മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ്  തെരഞ്ഞെടുപ്പ്  പ്രചാരണത്തിന് തുടക്കം കുറിച്ച്  കണ്ണൂര്‍ പിണറായിയില്‍  നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

താങ്കളുടെ മന്ത്രിസഭയിലെ അംഗം പെട്ടുപോകുമെന്ന് വന്നപ്പോഴല്ലെ അന്വേഷണം  വഴിതിരിച്ചു വിട്ടതെന്ന് മുഖ്യമന്ത്രി  അമിത് ഷായോട്  ചോദിച്ചു.  അന്വേഷണം നേര്‍വഴിക്ക് നീങ്ങുമ്പോള്‍ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത് എന്തിനാണെന്നും മുഖ്യമന്ത്രിയുടെ പേര് പറയാന്‍ അന്വേഷണ സംഘം നിര്‍ബന്ധിച്ചുവെന്ന മൊഴികള്‍ താങ്കള്‍ അറിഞ്ഞില്ലേയെന്നും പിണറായി ചോദിച്ചു

അമിത് ഷായോട് പത്ത് ചോദ്യങ്ങള്‍

നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയതിന് പിന്നിലെ  പ്രധാനി സംഘപരിവാറുകാരനല്ലെ?

 സ്വര്‍ണ്ണക്കള്ളക്കടത്ത് തടയേണ്ടതിന്റെ  പൂര്‍ണ ഉത്തരവാദിത്തം കസ്റ്റംസിനല്ലെ?

തിരുവനന്തപുരം വിമാനത്താവളം കേന്ദ്രത്തിന്റെ സമ്പൂര്‍ണ നിയന്ത്രണത്തിലല്ലെ?

  നയതന്ത്ര ബാഗേജല്ലെന്ന് പറയാന്‍ പ്രതിയെ പ്രേരിപ്പിച്ച വ്യക്തി താങ്കളുടെ ചാനലിന്റെ  മേധാവിയല്ലെ?

താങ്കളുടെ മന്ത്രിസഭയിലെ അംഗം പെട്ടേക്കുമെന്ന് വന്നപ്പോഴല്ലെ അന്വേഷണം  വഴിതിരിച്ചു വിട്ടത്?

 അന്വേഷണം നേര്‍വഴിക്ക് നീങ്ങുമ്പോള്‍ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത് എന്തിന്?

മുഖ്യമന്ത്രിയുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചുവെന്ന മൊഴികള്‍ താങ്കള്‍ അറിഞ്ഞില്ലെ?

 അന്വേഷണം സംസ്ഥാന സര്‍ക്കാരിനെതിരെ തിരിച്ചുവിടാന്‍ ഏജന്‍സിയെ പ്രേരിപ്പിച്ചതാരാണ്?

 കള്ളക്കടത്ത് കൂടിയത് ബിജെപി അധികാരത്തില്‍ വന്നതിന് ശേഷമല്ലെ?

സ്വര്‍ണം എത്തിച്ചയാളെ എട്ട് മാസമായിട്ടും ചോദ്യം ചെയ്‌തോ?

Saturday, March 6, 2021

കേന്ദ്രഏജന്‍സികളുടെ തെരഞ്ഞെടുപ്പ് പ്രചരണം; പത്തിലേറെ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയത് എന്തിന്? പിന്നില്‍ കോണ്‍ഗ്രസ്-ബിജെപി സഖ്യം

തിരുവനന്തപുരം > തെരഞ്ഞെടുപ്പ് പ്രചരണം സ്വയം ഏറ്റെടുത്തിരിക്കുകയാണ് കേന്ദ്ര അന്വേഷണ ഏജന്‍സികളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പ് അടുത്തതോടെ ഏജന്‍സികളുടെ  ആക്രമോത്സുകതയ്ക്ക് ആക്കം കൂടി. അതിന്റെ ഉടുവിലത്തെ ഉദാഹരണങ്ങളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കിഫ്ബിക്കെതിരെ നടത്തുന്ന നീക്കങ്ങളും കസ്റ്റംസ് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലവും.

വികസന ബദലുയര്‍ത്തിയ കിഫ്ബിയെ കുഴിച്ചുമൂടാനാണ് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും മനോനില കടമെടുത്ത് കേന്ദ്രഏജന്‍സികള്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. കസ്റ്റംസ് കമീഷണര്‍ ഹൈക്കോടതിയില്‍  നല്‍കിയ പ്രസ്താവന ഇതിന്റെ പ്രത്യക്ഷ തെളിവാണ്.

കഴിഞ്ഞ നവംബറില്‍ ക്രിമിനല്‍ നിയമത്തിന്റെ 164-ാം വകുപ്പ് പ്രകാരം പ്രതി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുന്‍പാകെ നല്‍കിയ പ്രസ്താവനയിലെ ചില ഭാഗങ്ങള്‍ ഉദ്ധരിച്ചാണ് കസ്റ്റംസ് ഹൈക്കോടതിയില്‍ സത്വാങ്മൂലം നല്‍കിയത്. എന്നാല്‍ കേസിലെ വിഷയം വേറെയാണ്. ജയില്‍ ഡിജിപി ഫയല്‍ ചെയ്ത ഹര്‍ജിയാണത്. അതിന്മേലാണ് കുറേയെറെ പേരുകളും സ്ഥാനങ്ങളുമൊക്കെ എഴുതിച്ചേര്‍ത്ത് കസ്റ്റംസ് കമീഷണര്‍ പ്രസാതവ നല്‍കുന്നത്.

ഈ കേസിലാണെങ്കില്‍ കസ്റ്റംസ് കമീഷണര്‍ എതിര്‍കക്ഷിപോലുമല്ല. സ്വപ്‌ന സുരേഷും കസ്റ്റംസ് പ്രിവന്റീവ് സുപ്രണ്ടുമാണ് എതിര്‍കക്ഷികള്‍. എതിര്‍കക്ഷി അല്ലാത്തഒരാള്‍ കോടതിയില്‍ ഇത്തരം പ്രസ്താവനകള്‍ നല്‍കുന്നത് കേട്ടുകേള്‍വിയില്ലാത്തതാണ്.

ജൂലൈ മുതല്‍ വിവിധ ഏജന്‍സികളുടെ കസ്റ്റഡിയിലാണ് സ്വപ്‌ന സുരേഷ്. ഇതില്‍ ഒരു ഏജന്‍സിക്ക് മുമ്പാകെയും പറയാത്ത മഹാകാര്യം കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വന്നപ്പോള്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അതിന് കാരണമെന്താകും? അത് ഈ പ്രസ്താവന കൊടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത കസ്റ്റംസും അതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരും പുറത്തുപറയാന്‍ തയ്യാറാകണം.

വകുപ്പ് 164 പ്രകാരം മജിസ്‌ട്രേറ്റിന് മുന്‍പാകെ നടത്തുന്ന പ്രസ്താവന സാധാരണ നിലയില്‍ അന്വേഷണഘട്ടത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന് മാത്രമേ ലഭിക്കുകയുള്ളൂ. അന്വേഷണം ഏജന്‍സി പ്രത്യക്ഷമായോ പരോക്ഷമായോ ചട്ടം 164 പ്രകാരം ഒരുവ്യക്തി നല്‍കുന്ന പ്രസ്താവന വെളിപ്പെടുത്തരുത് എന്ന് കേരള ഹൈക്കോടതി വ്യക്തമായി പറഞ്ഞിട്ടുണ്ട്.

നിയമവശം ഇങ്ങനെയായിരിക്കെ കേസില്‍ കക്ഷിയല്ലാത്ത കസ്റ്റംസ് കമീഷണര്‍ മന്ത്രിസഭയിലെ അംഗങ്ങളെയും സ്പീക്കറെയും അപകീര്‍ത്തിപ്പെടുത്തുക എന്ന തെരഞ്ഞെടുപ്പ് ലക്ഷ്യത്തോടെയാണ് മുന്നിട്ടിറങ്ങിയിരിക്കുന്നത്. കേന്ദ്രത്തിലെ ഭരണകക്ഷിയുടെ സങ്കുചിത താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് ശ്രമം. അതിനായി കസ്റ്റഡിയിലുള്ള പ്രതിയുടെ മാനസിക ചാഞ്ചല്യം അന്വേഷണ ഏജന്‍സികള്‍ മുതലെടുക്കുകയാണ്. അങ്ങനെ സമ്മര്‍ദ്ദം ചെലുത്തി എന്തെങ്കിലും പറയിച്ചാല്‍ അത് തെളിവുകളുടെ പിന്‍ബലമില്ലാതെ മുന്‍പോട്ടുനീക്കാനാകാതെ വരും. കേസിനെ പ്രതികൂലമായും ബാധിക്കും.

അതെല്ലാം മറന്ന് തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയപ്രസ്താവന നല്‍കുകയും അത് മാധ്യമങ്ങളിലെത്തിക്കുകയും ചെയ്യുന്ന രീതിയാണ് കസ്റ്റംസ് സ്വീകരിച്ചത്. ഇത് കോണ്‍ഗ്രസിനും ബിജെപിക്കും ഒരുപോലെ പ്രയോജനമുണ്ടാക്കി കൊടുക്കാനുള്ള വിടുവേലയാണ്.

2020 നവംബറില്‍തന്നെ ഈ രഹസ്യമൊഴിയില്‍ എന്തുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും, അതേറ്റുപിടിച്ച് പ്രതിപക്ഷനേതാവും പ്രസ്താവന നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പഴയവീഞ്ഞ് പുതിയ കുപ്പിയിലാക്കി വന്നിരിക്കുകയാണ് ഇപ്പോള്‍.

കസ്റ്റംസിന്റെ രീതികള്‍ തുടക്കംമുതല്‍ കണ്ടതാണ്. കോണ്‍ഗ്രസ്-ബിജെപി കേരളതല സഖ്യം സ്വര്‍ണക്കടത്ത് ആഘോഷിച്ചപ്പോള്‍ ആദ്യം വന്നത് തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെയാണ്. ഓഫീസില്‍ നിന്ന് കസ്റ്റംസിനെ വിളിച്ചു എന്നാണ് ആരോപണമുന്നയിച്ചിരുന്നത്. അക്കാര്യം അന്നത്തെ കസ്റ്റംസ് ജോയിന്റ് കമീഷണറോട് മാധ്യമങ്ങള്‍ തിരക്കിയപ്പോള്‍ നല്‍കിയ ഉത്തരം ഓര്‍മയില്ലേ. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരും വിളിച്ചിട്ടില്ല എന്ന് സത്യസന്ധമായി പറഞ്ഞ ആ ഉദ്യോഗസ്ഥനെ നാഗ്പ്പൂരിലേക്ക് നാടുകടത്തി. കേസ് മുന്നോട്ടുപോകുമ്പോള്‍ അന്വേഷണസംഘത്തിലുണ്ടായിരുന്ന 10 പേരെ ഒറ്റയടിക്ക് സ്ഥലംമാറ്റി ഉത്തരവിറക്കിയത് എന്തിനായിരുന്നു ? ഒരു അസിസ്റ്റന്റ് കമീഷണറെ പൊടുന്നനെ സ്ഥലംമാറ്റിയത് എന്തിനായിരുന്നു? -മുഖ്യമന്ത്രി ചോദിച്ചു.

ഇതില്‍ കൃത്യമായ ചിലകളികള്‍ നടക്കുന്നുണ്ട്. കണ്ണടച്ച് പാലുകുടിച്ചാല്‍ ആര്‍ക്കും മനസിലാകില്ല എന്ന ചിന്ത പൂച്ചകള്‍ക്കേ ചേരൂ. കേന്ദ്ര വിദേശകാര്യ സഹമമന്ത്രി വി മുരളീധരന്‍ മന്ത്രിയായിനുശേഷം എത്ര സ്വര്‍ണക്കടത്ത് നടന്നു എന്നതിന് വല്ല കണക്കുമുണ്ടോ? ഈ മന്ത്രി ചുമതലയേറ്റ വന്നശേഷമാണ് നയതന്ത്രബാഗേജിലൂടെ സ്വര്‍ണക്കടത്ത് തുടങ്ങിയത്. കടത്തിയത് നയതന്ത്രബാഗേജിലല്ല എന്ന് പറയാന്‍ പ്രതിയെ പ്രേരിപ്പിച്ച വ്യക്തിയുമായി ഈ മന്ത്രിക്ക് എന്തെങ്കിലും ബന്ധമുണ്ടോ? നയതന്ത്രബാഗേജിലാണ് കടത്ത് നടന്നത് എന്ന് പാര്‍ലമെന്റില്‍ ധനസഹമന്ത്രി പറഞ്ഞപ്പോള്‍ അതിന് വിരുദ്ധമായ നിലപാട് മുരളീധരന്‍ ആവര്‍ത്തിച്ച് എടുത്തത് എന്തിനായിരുന്നു? ഒരു പ്രതിയെ വിട്ടുകിട്ടാത്തതിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അത് വിദേശകാര്യവകുപ്പിനോട് ചോദിക്കണമെന്നായിരുന്നു മുരളീധരന്റെ മറുപടി. അതേ മുരളീധരനമാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കസ്റ്റംസ് എന്ന വാളും ചുഴറ്റി ഇറങ്ങുന്നത്.

ജനക്ഷേമകരമായ നടപടികളുമായി മുന്നോട്ടുപോകുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ഇകഴ്ത്താന്‍ ഇതൊന്നും സഹായകരമാകില്ല. സര്‍ക്കാരിന്റെ യശസ്സിനെ കരിവാരിത്തേക്കുക എന്ന ലക്ഷ്യം കോണ്‍ഗ്രസ്-ബിജെപി സഖ്യത്തിനുണ്ട്. എന്നാല്‍ എല്‍ഡിഎഫ് ജനങ്ങളോടൊപ്പമാണ് ഉള്ളത്. ഇത്തരത്തിലുള്ള വിരട്ടല്‍ കാര്യങ്ങള്‍ കൊണ്ട് എല്‍ഡിഎഫിനെയാകെ വിറങ്ങലിപ്പിച്ച കളയാം എന്ന് വ്യാമോഹമുണ്ടെങ്കില്‍ അതൊക്കെ മനസില്‍വെച്ചാല്‍ മതി- പിണറായി വ്യക്തമാക്കി.

ഇതാണ് ഉറപ്പ്; 169 ദിവസത്തില്‍ 206 പദ്ധതി; രണ്ടുഘട്ടമായി ജോലി നല്‍കിയത് 1,79,385 പേര്‍ക്ക്

100 ദിവസത്തിൽ 100 പദ്ധതി പ്രഖ്യാപനം ചരിത്രത്തിലേക്ക്‌. രണ്ടുഘട്ടത്തിലായി 169 ദിവസത്തിൽ പൂർത്തിയാക്കുകയോ ആരംഭിക്കുകയോ ചെയ്തത് 206 പദ്ധതി.  മുമ്പെങ്ങുമില്ലാത്ത ക്ഷേമ, വികസന പദ്ധതികളുടെ നിർവഹണമാണ് ഇതിലൂടെ സാധ്യമാക്കിയത്. ഒന്നാം 100 ദിന പരിപാടിയിൽ സെപ്തംബർ 2020 മുതൽ ഡിസംബർ 9 വരെ 134 പദ്ധതി പൂർത്തീകരിച്ചു. ആദ്യം പ്രഖ്യാപിക്കാത്ത പദ്ധതികളും പിന്നീട് ഉൾപ്പെടുത്തി.

രണ്ടാംഘട്ട നൂറുദിന കർമ പരിപാടി തദ്ദേശ തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം നിലനിന്നിരുന്നതിനാൽ ഡിസംബർ 17നാണ്‌ ആരംഭിച്ചത്‌. നിയമസഭാ തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം നിലവിൽവന്ന ഫെബ്രുവരി 26 വരെ 72 പദ്ധതി പൂർത്തീകരിച്ചു. 278 ഘടക പദ്ധതിയിലായി ഏതാണ്ട്‌ 8,000 കോടിയുടെ വികസന പ്രവർത്തനം പൂർത്തീകരിക്കുകയോ തുടക്കംകുറിക്കുകയോ ചെയ്‌തു.

ഇരുഘട്ടത്തിലുമായി 1,79,385 പേർക്ക്‌ പുതിയ തൊഴിൽ ലഭിച്ചു. രണ്ടാം ഘട്ടത്തിൽ 58,302 പേർക്ക് തൊഴിൽ നൽകി. ആദ്യഘട്ടത്തിൽ 1,21,083 പേർക്കും.  നവവത്സര സമ്മാനമായി ജനുവരി ഒന്നുമുതൽ  ക്ഷേമപെൻഷനുകൾ 100 രൂപവീതം വർധിപ്പിച്ച് 1500 രൂപയായി ഉയർത്തുമെന്നായിരുന്നു രണ്ടാം നുറുദിന പരിപാടിയിലെ പ്രധാന വാഗ്‌ദാനം. ഇതിനുമപ്പുറം‌ ഏപ്രിൽ ഒന്നുമുതൽ 1600 രൂപയായി‌ പെൻഷൻ ഉയർത്തി ഉത്തരവിറക്കി.

കൂടുതൽ കുടുംബശ്രീ ഭക്ഷണശാലകൾ തുറന്നു. 80 ലക്ഷത്തിൽപ്പരം കുടുംബങ്ങൾക്ക്‌ പലവ്യഞ്ജന കിറ്റ്‌ വിതരണം തുടരുന്നു. പാലക്കാട്ടെ പ്രതിരോധ പാർക്ക്, മെഗാ ഫുഡ്‌ പാർക്ക്‌, കുട്ടനാട്ടിലെ സംയോജിത റൈസ്‌ ടെക്‌നോളജി പാർക്ക്‌ എന്നിവയടക്കം 17 വ്യവസായ പദ്ധതി  ഉദ്ഘാടനം ചെയ്‌തു. വെർച്വൽ കയർ മേളയിലൂടെ 700 കോടിയോളം രൂപയുടെ കയർ ഉൽപ്പന്നങ്ങൾക്ക്‌ ഓർഡർ ഉറപ്പാക്കി. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ്‌ ഫാക്ടറി ഏറ്റെടുക്കുന്നതിനുള്ള ആദ്യഗഡു തുക 72.80 കോടി രൂപ കൈമാറി. ടൂറിസം വകുപ്പിന്റെ അടിസ്ഥാന സൗകര്യ വികസനത്തിലെ അഞ്ചു പദ്ധതിയിലായി 68 പ്രവർത്തനം പൂർത്തീകരിച്ചു. ഗെയിൽ പൈപ്പ് ലൈൻ കൊച്ചി-–-മംഗലാപുരം റീച്ച്‌ ഉദ്‌ഘാടനം ചെയ്‌തു. റായ്‌പുർ-–-പുഗലൂർ-–-മാടക്കത്തറ വെദ്യുതി ലൈൻ കമീഷൻ ചെയ്‌തു. കെ -ഫോൺ സംസ്ഥാനതല കൺട്രോൾ റൂം, 14 ജില്ലാതല കേന്ദ്രം, തെരഞ്ഞെടുക്കപ്പെട്ട ഓഫീസുകളുടെ നെറ്റുവർക്കിങ് എന്നിവയടങ്ങുന്ന ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്‌തു.

ജി രാജേഷ്‌ കുമാർ

Friday, March 5, 2021

കോടതി ആവശ്യപ്പെടാത്ത സത്യവാങ്മൂലത്തിൽ സ്വപ്ന‌യുടെ മൊഴിയുമായി കസ്റ്റംസ്

 കൊച്ചി > സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ജയിലിൽ ആവശ്യമായ സുരക്ഷ നൽകുന്നുണ്ടെന്നും മറിച്ചുള്ള കീഴ്‌ക്കോടതി പരാമർശം നീക്കണമെന്നും ആവശ്യപ്പെട്ട് ജയിൽ ഡി ജി പി ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ മുഖ്യമന്ത്രിക്കെതിരെ പരാമർശമുള്ള സത്യവാങ് മൂലവുമായി കസ്റ്റംസ്. കോടതി കസ്റ്റംസിനോട് സത്യവാങ്ങ്മൂലം ഫയൽ ചെയ്യാൻ ആവശ്യപ്പെടാത്ത കേസിലാണ് തെരെഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള ഈ നീക്കം. കസ്റ്റംസിനെതിരെ ഈ കേസിൽ ആരോപണങ്ങൾ ഉന്നയിക്കപെട്ടിട്ടില്ല. അത്തരമൊരു കേസിലാണ് ഒരു ബന്ധവുമില്ലാത്ത വിവരങ്ങൾ ഉൾപ്പെട്ടുത്തി സത്യവാങ്ങ്മൂലം സമർപ്പിച്ചത്.

യുഎഇ കോൺസുലേറ്റ് വഴി നടന്ന നിയമവിരുദ്ധമായ ഇടപാടുകളിൽ മുഖ്യമന്ത്രിക്കും സ്പീക്കർക്കും മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാർക്കും മുഖ്യമന്ത്രിയുടെ ഒരു പേഴ്‌സണൽ സ്റ്റാഫിനും പങ്കുണ്ടന്ന് സ്വപ്ന സുരേഷ് വെളിപ്പെടുത്തിയതായാണ് സത്യവാങ് മൂലത്തിൽ കസ്റ്റംസ് അവകാശപ്പെടുന്നത്. സ്വപ്ന സുരേഷ് എറണാകുളം മജിറ്റേറ്റ് കോടതിയിൽ നൽകിയ രഹസ്യമൊഴിയിലെ വിവരങ്ങളാണ് ഇതെന്നാണ്  കസ്റ്റംസ് കമ്മിഷണർ സുമിത് കുമാർ  സത്യവാങ്ങ്മൂലത്തിൽ പറയുന്നത്.

മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ തന്നെ നിർബ്ബന്ധിക്കുന്നതായും അങ്ങനെ ചെയ്‌താൽ കേസിൽ മാപ്പുസാക്ഷിയാക്കാമെന്നു അന്വേഷണ ഉദ്യോഗസ്ഥർ വാഗ്ദാനം ചെയ്തതായും വെളിപ്പെടുത്തുന്ന സ്വപനയുടെ ശബ്ദരേഖ മുമ്പ് പുറത്തുവന്നിരുന്നു.

2020 നവംബർ മുപ്പതിന് കോടതിയിൽ ഹാജരാക്കിയപ്പോൾ സ്വപ്ന നൽകിയ മൊഴിയിൽ അവർക്ക് ഭീഷണി ഉള്ളതായി പറയുന്നുണ്ടെന്നും സുരക്ഷ നൽകണമെന്നും  പ്രത്യേക സാമ്പത്തീക കോടതി ഉത്തരവിൽ പരാമർശിച്ചിരുന്നു. എന്നാൽ സ്വപ്നക്ക് മതിയായ സുരക്ഷ ജയിലിൽ ഉണ്ടെന്നും അതുകൊണ്ട് ഉത്തരവിലെ പരാമർശങ്ങൾ നീക്കണമെന്നും ആവശ്യപ്പെട്ടാണ്  ജയിൽ ഡി ജി പി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.

സ്വപ്നയുടെ മൊഴിയിൽ തെളിവൊന്നുമില്ലെന്ന് സമ്മതിച്ച് കസ്റ്റംസ്

സത്യവാങ്മൂലത്തിലെ എട്ടാമത്തെ പേജിൽ പത്താമത്തെ പോയിന്റായി ഇത് വ്യക്തമാക്കുന്നു.

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ സ്വപ്ന സുരേഷ് നൽകിയ മൊഴിക്ക് തങ്ങളുടെ കയ്യിൽ തെളിവൊന്നും ഇല്ലെന്ന് കസ്റ്റംസ്. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ തന്നെയാണ് കസ്റ്റംസ് ഇക്കാര്യം വ്യക്തമാക്കുന്നത്. സത്യവാങ്മൂലത്തിലെ എട്ടാമത്തെ പേജിൽ പത്താമത്തെ പോയിന്റായി ഇത് വ്യക്തമാക്കുന്നു.

അതായത് സ്വപ്നയ്ക്ക് മാത്രം അറിവുള്ള കാര്യമാണ് ഈ രഹസ്യമൊഴിയായി നൽകിയത്. ഇത് സംബംന്ധിക്കുന്ന തെളിവുകൾ ഹാജരാകേണ്ടത് സ്വപ്നയാണ് എന്നാണ് കസ്റ്റംസ് പറയുന്നത്. അതായത് കസ്റ്റംസിന്റെ കയ്യിൽ തെളിവുകൾ ഒന്നുമില്ല, സ്വപ്നയുടെ അടുത്ത് ഉണ്ടെങ്കിൽ ഉണ്ട്.

കേരളത്തിലെ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സ്‌പീക്കർക്കും എതിരായ ഒരു മൊഴിയെ കുറിച്ച് കസ്റ്റംസ് തന്നെ സത്യസന്ധതമായി പറഞ്ഞിരിക്കുന്നു. കസ്റ്റംസിന് താല്പര്യമില്ല എന്ന് മാത്രമല്ല മറ്റാരുടെയോ താത്പര്യപ്രകാരമാണ് മൊഴി വന്നിരിക്കുന്നത് എന്ന് ചുരുക്കം.

അതിനേക്കാൾ രസകരമായ കാര്യം മൂന്ന് ഏജൻസികൾ മാറി മാറി ചോദ്യം ചെയ്തിട്ടും സ്വപ്നയിൽ നിന്നും കിട്ടാത്ത ഒരു മൊഴിയെ 164 ആയി അതായത് രഹസ്യമൊഴിയായി പുറത്ത് വന്നത് എന്ന് കാണണം.28 /07 /2020 മുതൽ 1 /08 /2020 വരെ സ്വപ്ന കസ്റ്റംസിന്റെ കസ്റ്റഡിയിലായിരുന്നു.

5 /8 /2020 മുതൽ 17 /8 /2020 വരെ സ്വപ്നയെ ചോദ്യം ചെയ്തത് ഇ ഡി ആയിരുന്നു. 22 /9 /2020 മുതൽ 25 /09 /2020 വരെ സ്വപ്ന എൻ ഐ എ കസ്റ്റഡിയിലായിരുന്നു.25 /11 /2020 മുതൽ 8 /12 /2020 വരെ വീണ്ടും കസ്റ്റംസിന്റെ കസ്റ്റഡിയിലാണ്.അതായത് 32 ദിവസം പൂർണമായും അന്വേഷണ ഏജൻസികളുടെ കസ്റ്റഡിയിലായിരുന്നു സ്വപ്ന.

    സത്യവാങ്മൂലത്തിലെ എട്ടാമത്തെ പേജിൽ പത്താമത്തെ പോയിന്റായി ഇത് വ്യക്തമാക്കുന്നു.

-It may kindly be noticed that most of the facts revealed in the statement are matters which are exclusively within the personal knowledge of the 1st respondent and can be tendered as evidence in appropriate proceedings only by her-

ഇതിനിടയിൽ കസ്റ്റംസും ഇ ഡി യും ജയിലിൽ എത്തിയും സ്വപ്നയെ ചോദ്യം ചെയ്തു. കസ്റ്റഡിയിൽ നിന്നും കിട്ടാത്ത മൊഴി രഹസ്യ മൊഴിയായി വന്നത് എങ്ങനെ എന്ന ചോദ്യം രാഷ്ട്രീയ വൃത്തങ്ങൾ ഇതിനോടൊകം ഉയർത്തി കഴിഞ്ഞു. ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിച്ച കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കോടതിയും ഇതേ അഭിപ്രായം നേരത്തെ പങ്ക് വെച്ചിരുന്നു.

മുഖ്യമന്ത്രിയുടെ പേര് പറയാൻ തന്നെ നിർബന്ധിക്കുന്ന എന്ന സ്വപ്നയുടെ ശബ്ദസന്ദേശം പുറത്ത് വന്നിരുന്നു അതിനു പുറമെ ചോദ്യം ചെയ്യലിൽ തന്നെ പീഡിപ്പിക്കുന്നു എന്ന് സ്വപ്ന കോടതിയിൽ പറഞ്ഞിരുന്നു. എല്ലാം കൂട്ടി വായിച്ചാൽ അന്വേഷണ ഏജൻസികളുടെ വഴിവിട്ട നീക്കങ്ങൾ മനസിലാകും.

-അനിരുദ്ധ് പി.കെ-

courtesy: nerariyan.com

Monday, March 1, 2021

എൻഐഎ കേസിന്‌ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന്‌ പറഞ്ഞിട്ടില്ലെന്ന്‌ കെ സുരേന്ദ്രൻ

കൊച്ചി > സ്വർണക്കടത്ത്‌ കേസുമായി ബന്ധപ്പെട്ട എൻഐഎ കേസിന്‌ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന്‌ താൻ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന്‌ ബി ജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ. തീവ്രവാദ ബന്ധം ഒരിക്കലും ആരോപിച്ചിട്ടില്ല. കേസിൽ സാമ്പത്തിക ആരോപണം മാത്രമാണ്‌ ഉന്നയിച്ചത്‌. -സുരേന്ദ്രൻ നയിക്കുന്ന ജാഥയുടെ ഭാഗമായ  വാർത്താസമ്മേളനത്തിലാണ്‌ മുൻ ആരോപണങ്ങളിൽ് നിന്ന്‌ മലക്കംമറിച്ചിൽ.

എൻഐഎ കുറ്റപത്രത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയൊ മുൻ ഐ ടി സെക്രട്ടറിക്കെതിരെയൊ  ചെറിയ പരാമർശംപോലും ഉന്നയിക്കാത്ത സാഹചര്യത്തിൽ ആരോപണം  പിൻവലിക്കൂമോ എന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു സുരേന്ദ്രൻ. ആയിരക്കണക്കിനു ക്ഷേത്രങ്ങളുടെ ഭുമി സർക്കാർ ഏറ്റെടുത്തെന്ന ആരോപണത്തിൽനിന്നും സുരേന്ദ്രൻ ഒഴിഞ്ഞുമാറി. ഭൂമി ഏറ്റെടുത്ത ഏതെങ്കിലും ക്ഷേത്രത്തിന്റെ പേരു പറയാമോ എന്ന്‌ വാർത്താ ലേഖകർ എടുത്തു ചോദിച്ചെങ്കിലും മറുപടി പറയാൻ തയ്യാറായില്ല എന്നു മാത്രമല്ല; ഞാൻ പറയുന്നതു  അടിസ്ഥാനരഹിതമാണെന്നാണോ  നിങ്ങൾ പറയുന്നതെന്നു മാത്രം തിരിച്ചുചോദിച്ചു.

Monday, January 25, 2021

സ്വർണക്കടത്ത്‌; കുറ്റപത്രമില്ലാതെ കസ്‌റ്റംസ്‌, ഇരുട്ടിൽ തപ്പി ഇഡി

കൊച്ചി > നയതന്ത്രബാഗേജിൽ സ്വർണം കടത്തിയ കേസിൽ എൻഐഎ സമർപ്പിച്ച കുറ്റപത്രത്തിൽനിന്ന്‌ ഒഴിവാക്കിയതിനുപിന്നാലെ എൻഫോഴ്‌സ്‌മെന്റും കസ്‌റ്റംസും അന്വേഷിക്കുന്ന കേസുകളിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന്‌ ജാമ്യം. കേസെടുത്ത്‌ 60 ദിവസം കഴിഞ്ഞിട്ടും അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിക്കാതിരുന്നതിനാൽ സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്.

എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് ജാമ്യം അനുവദിച്ചത്.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ ഹൈക്കോടതിയാണ്‌ ജാമ്യം അനുവദിച്ചത്‌. രണ്ടു പ്രധാന കേസുകളിൽ ജാമ്യം ലഭിച്ചെങ്കിലും ഡോളർ കടത്തുകേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലായതിനാൽ ജയിൽ മോചിതനാകില്ല.

സ്വർണക്കടത്തിലെ തീവ്രവാദബന്ധം അന്വേഷിക്കുന്ന എൻഐഎ എടുത്ത കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ശിവശങ്കറിനെ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയില്ല. ബിജെപി നേതൃത്വവുമായി അടുത്തബന്ധം കണ്ടെത്തിയ സന്ദീപ്‌ നായർ ഉൾപ്പെടെ പ്രധാന പ്രതികളിൽ ചിലരെ മാപ്പുസാക്ഷിയാക്കി കുറ്റപത്രം സമർപ്പിച്ചിരുന്നു.

സ്വർണക്കടത്ത് കേസിൽ നവംബർ 24-നാണ് ശിവശങ്കറെ കസ്റ്റംസ് അറസ്റ്റുചെയ്തത്. കുറ്റപത്രം സമർപ്പിക്കാൻ ഒരുമാസംകൂടി വേണമെന്നാണ്‌ കസ്‌റ്റംസിന്റെ നിലപാട്‌. പ്രധാന പ്രതികളിൽ ചിലരെ മാപ്പുസാക്ഷിയാക്കി മുഖംരക്ഷിക്കാനാണ്‌ കസ്‌റ്റംസും സാവകാശം തേടുന്നത്‌. പ്രധാനപ്രതികളുടെ രഹസ്യമൊഴികൾ മറ്റ്‌ അന്വേഷണ ഏജൻസികൾ രേഖപ്പെടുത്തിയത്‌‌ ആവശ്യപ്പെട്ട്‌ കസ്‌റ്റംസ്‌ കോടതിയെ സമീപിച്ചിട്ടുണ്ട്‌.

ഡോളർ കടത്തുകേസിൽ ശിവശങ്കറിനെ കസ്റ്റഡിയിലാവശ്യപ്പെട്ട് കസ്റ്റംസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്‌. ഡോളർ കടത്തിൽ ശിവശങ്കറിന് പങ്കുള്ളതിന്‌ തെളിവുണ്ടെന്ന്‌ അവർ കോടതിയെ അറിയച്ചതോടെ ബുധനാഴ്‌ച ശിവശങ്കറെ ഹാജരാക്കാൻ കോടതി ഉത്തരവിട്ടു.

എൻഫോഴ്‌സ്‌മെന്റ്‌ അന്വേഷിക്കുന്ന കേസിൽ അറസ്റ്റിലായി 89 ദിവസം പിന്നിടുമ്പോഴാണ് ഹൈക്കോടതി ശിവശങ്കറിനു ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നുമുള്ള വാദം അംഗീകരിച്ചാണ് ജാമ്യം. കസ്‌റ്റംസ്‌ ഉദ്യോഗസ്ഥരിൽ ചിലരെക്കൂടി കേസിന്റെ ഭാഗമാക്കി ശിവശങ്കറിനെതിരെ തെളിവുണ്ടാക്കാൻ എൻഫോഴ്‌സ്‌മെന്റ്‌ ശ്രമിച്ചിരുന്നു.

എം ശിവശങ്കറിന്‌ രണ്ട്‌ കേസുകളിൽ ഇന്ന്‌ ജാമ്യം

കൊച്ചി> എം ശിവശങ്കറിനെതിരെ കസ്‌റ്റംസും എൻഫോഴ്‌സ്‌ മെൻറും എടുത്ത കേസുകളിൽ ഇന്ന്‌ ജാമ്യം ലഭിച്ചു. ഇഡി എടുത്ത കള്ളപ്പണക്കേസിൽ ഹൈക്കോടതിയാണ്‌  ജാമ്യം അനുവദിച്ചത്‌. ജസ്റ്റിസ് അശോക് മേനോന്റെയാണ് ഉത്തരവ്.അറസ്‌റ്റിലായി 89 ദിവസത്തിന്‌ ശേഷമാണ്‌ ജാമ്യം.

രാവിലെ കസ്‌റ്റംസ്‌ രജിസ്‌റ്റർ ചെയ്‌ത സ്വർണ്ണക്കടത്ത്‌ കേസിലും ജാമ്യം ലഭിച്ചിരുന്നു. കേസില്‍ 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലാത്തതിനാല്‍ സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്.

ഡോളർ കടത്ത് കേസിൽ കൂടി ജാമ്യം ലഭിച്ചാൽ ശിവശങ്കറിന്‌ ജയിലിൽനിന്ന്‌ പുറത്തിറങ്ങാനാകും.

Sunday, January 10, 2021

സ്വപ്‌നയെ വരെ മാപ്പുസാക്ഷിയാക്കാൻ കസ്‌റ്റംസ്‌ ; നുണക്കഥകളുടെ കുത്തൊഴുക്ക്‌ തുടരും

നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിലെ യഥാർഥ പ്രതികളെ കാണാമറയത്താക്കി, രാഷ്‌ട്രീയലക്ഷ്യത്തോടെ വീണ്ടും നുണക്കഥ മെനയാനൊരുങ്ങി കേന്ദ്ര അന്വേഷണ ഏജൻസികൾ. തദ്ദേശ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ട്‌ തയ്യാറാക്കിയ തിരക്കഥകൾ പാളിയതോടെ നിയമസഭാ തെരഞ്ഞെടുപ്പാണ്‌ അടുത്ത ഉന്നം. സ്‌പീക്കറെ ചോദ്യം ചെയ്യാൻ  നിയമോപദേശം തേടിയെന്ന വാർത്തകൾ അതിന്റെ മുന്നൊടിയാണ്‌.

കേസിലെ പ്രധാന പ്രതികളിൽ ഒരാളുൾപ്പെടെ അഞ്ചുപേരെ എൻഐഎ മാപ്പുസാക്ഷിയാക്കി. രണ്ടാംപ്രതി സ്വപ്ന സുരേഷിനെയും മാപ്പുസാക്ഷിയാക്കാനാണ്‌ കസ്‌റ്റംസിന്റെ നീക്കം. മുപ്പതോളം പ്രതികളുള്ള കേസിൽ നാലുപേർക്കെതിരെമാത്രം കള്ളപ്പണം ഇടപാടിന്‌ കേസെടുത്ത ഇഡിയും രാഷ്‌ട്രീയലക്ഷ്യത്തോടെയാണ്‌ കരുക്കൾ നീക്കുന്നത്‌. ആദ്യം അന്വേഷണമാരംഭിച്ച എൻഐഎ ആറുമാസം പൂർത്തിയാകാനിരിക്കെയാണ്‌ ആദ്യ കുറ്റപത്രംപോലും സമർപ്പിച്ചത്‌.

സ്വർണക്കടത്തിലെ തീവ്രവാദബന്ധവും ദേശവിരുദ്ധ ഇടപാടുമാണ്‌ അന്വേഷണവിഷയം. ഇതുവരെ അറസ്‌റ്റ്‌ ചെയ്‌ത 25 പേർക്കെതിരെയും യുഎപിഎ പ്രകാരമുള്ള വകുപ്പുകൾ ചുമത്തിയെങ്കിലും സ്ഥാപിക്കാൻ തെളിവുകളില്ല. അതിന്‌ കോടതിയുടെ പഴിയും കേട്ടു. കേസിലെ പ്രധാനിയെന്ന്‌ ആദ്യം വിശേഷിപ്പിച്ച നാലാംപ്രതി സന്ദീപ്‌ നായരെ മാപ്പുസാക്ഷിയാക്കി മുഖംരക്ഷിക്കാനാണ്‌ ശ്രമം. കള്ളക്കടത്തിലെ പ്രധാനി മൂന്നാംപ്രതി ഫൈസൽ ഫരീദിനെ പിടികൂടിയിട്ടുമില്ല. യുഎഇ കോൺസുലേറ്റ്‌ ജനറലും അറ്റാഷെയും ഈജിപ്‌തുകാരനായ ഉദ്യോഗസ്ഥനും കള്ളക്കടത്തിലെ പ്രധാന കണ്ണികളാണെന്ന്‌ എൻഐഎതന്നെ കോടതിയെ അറിയിച്ചതാണ്‌. വിദേശത്തേക്ക്‌ കടന്ന അവരെ ചോദ്യം ചെയ്യാനായിട്ടില്ല. ദിവസങ്ങളോളം ചോദ്യംചെയ്‌ത മുൻ ഐടി സെക്രട്ടറി എം ശിവശങ്കറെ പ്രതിചേർക്കാനുമായില്ല.

കേസിലെ കസ്‌റ്റംസ്‌ അന്വേഷണം ആദ്യഘട്ടം വേഗത്തിലായിരുന്നു. സാധാരണ കള്ളക്കടത്ത്‌ കേസിനപ്പുറം യുഎഇ കോൺസുലേറ്റിനുള്ള ബന്ധമാണ്‌ പ്രത്യേകിച്ചുള്ളതെന്നായിരുന്നു കസ്‌റ്റംസിന്റെ പക്ഷം. പെട്ടെന്ന്‌ കഥമാറി. അന്വേഷണ ഉദ്യോഗസ്ഥർ പലരും തെറിച്ചു. പുതിയ മേധാവി വന്നു. എം ശിവശങ്കറെ കസ്‌റ്റഡിയിലെടുക്കാൻ കസ്‌റ്റംസും എൻഫോഴ്‌സ്‌മെന്റും മത്സരിച്ചു. അതിന്‌ പുതിയ കേസുംതട്ടിക്കൂട്ടി. സ്വർണക്കടത്തിലെ കള്ളപ്പണം അന്വേഷിക്കാനെത്തിയ ഇഡി, ഖുർആനും ഈന്തപ്പഴവും യൂണിടാക്‌ ഇടപാടും ഡോളർ കടത്തുമൊക്കെ വലിച്ചിഴച്ചു. ഇപ്പോഴും ആദ്യനാലു പ്രതികൾക്കെതിരെ മാത്രമാണ്‌ ഇഡി കേസെടുത്തത്‌. ഹവാല ബന്ധമുള്ള ഇരുപതോളം പ്രതികളെ കണ്ടമട്ടില്ല.

Tuesday, January 5, 2021

ബിജെപി പ്രവര്‍ത്തകന്‍ സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കി; സ്വര്‍ണക്കടത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി > തിരുവന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഐ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. കേസിലെ നാലാംപ്രതിയും ബിജെപി പ്രവര്‍ത്തകനുമായ സന്ദീപ് നായര്‍ കുറ്റപത്രത്തില്‍ മാപ്പുസാക്ഷിയാണ്. കേസില്‍ മുഖ്യകണ്ണിയായാണ് സന്ദീപിനെ ഉള്‍പ്പെടുത്തിയിരുന്നത്. സ്വപ്ന സുരേഷ്, സരിത്ത്, കെ ടി റമീസ് എന്നിവരുള്‍പ്പെടെയുള്ള 20 പ്രതികള്‍ക്കെതിരെയാണ് ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിച്ചത്. അന്വേഷണ ഏജന്‍സികള്‍ പലവട്ടം ചോദ്യംചെയ്ത മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിനെകുറിച്ച് കുറ്റപത്രത്തില്‍ പരാമര്‍ശമില്ല.

കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി സി രാധാകൃഷ്ണപിള്ളയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സരിത്തിന്റെയും സ്വപ്നയുടെയും അറസ്റ്റ് നടന്ന് ആറുമാസം തികയാനിരിക്കെയാണിത്. ഇതിലൂടെ പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് തടയാം. നേരത്തെ എന്‍ഐഎ പ്രതിചേര്‍ത്ത 12 പ്രതികള്‍ ജാമ്യംനേടിയിരുന്നു. കഴിഞ്ഞ ജൂലൈ 11നാണ് പ്രധാനപ്രതികളായ സ്വപ്നയെയും സന്ദീപ് നായരെയും ബംഗളൂരുവില്‍നിന്ന് എന്‍ഐഎ അറസ്റ്റ്ചെയ്തത്.

കേസില്‍ യുഎപിഎ നിയമത്തിലെ 16,17,18, 20 വകുപ്പുകള്‍ നിലനില്‍ക്കുമെന്ന് കുറ്റപത്രം വ്യക്തമാക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയെന്നും ഭീകരവാദ പ്രവര്‍ത്തനത്തിനായി ഫണ്ട് ശേഖരിച്ചെന്നും പറയുന്നു. ബഹറിന്‍, സൗദി അറേബ്യ, മലേഷ്യ എന്നിവിടങ്ങളില്‍നിന്നും സ്വര്‍ണം കടത്താന്‍ പരിപാടിയുണ്ടായിരുന്നതായും പറയുന്നു.

പ്രാരംഭഘട്ടത്തിലെ കുറ്റപത്രമാണിത്. മറ്റു പ്രതികള്‍ പിടിയിലാകുമ്പോള്‍ കൂടുതല്‍ കുറ്റപത്രങ്ങള്‍ സമര്‍പ്പിക്കും.

കേസില്‍ മുപ്പതിലേറെ  പ്രതികളാണുള്ളത്. 21 പേര്‍  പിടിയിലായി. ഏഴുപേര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുണ്ട്. എട്ടുപേര്‍ വിദേശത്ത് ഉള്‍പ്പെടെ ഒളിവിലാണ്. ഇതില്‍ പ്രധാനപ്രതി ഫൈസല്‍ ഫരീദും ഉള്‍പ്പെടും. വിദേശത്തായിരുന്ന പ്രതികളില്‍ മൂവാറ്റുപുഴ സ്വദേശി റബിന്‍സിനെ മാത്രമാണ് നാട്ടിലെത്തിച്ച് അറസ്റ്റുചെയ്തത്.

Thursday, December 17, 2020

അന്വേഷണ വിഷയത്തില്‍ നിന്ന് വ്യതിചലിച്ചു; കേന്ദ്ര ഏജന്‍സികള്‍ ശ്രമിക്കുന്നത് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം > സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്താനുള്ള വഴികള്‍ തേടി നീതിയോ ന്യായമോ മര്യാദയോ ഇല്ലാത്ത അന്വേഷണമാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേരളത്തില്‍ നടത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ തിരുത്തല്‍ നടപടികള്‍ ഉണ്ടാകാന്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

നമ്മുടെ ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് ഭരണഘടനാപരമായ അധികാരങ്ങളും അതിരുകളും നിര്‍ണയിച്ചിട്ടുണ്ട്. എന്താണോ കണ്ടെത്തേണ്ടത്, അതില്‍ നിന്ന് മാറി സര്‍ക്കാരിന്റെ കുറ്റം കണ്ടെത്താനുള്ള അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികള്‍ക്ക് അധികാരമില്ല. ആരോപണങ്ങളുടെ സത്യം കണ്ടെത്താനുള്ള എല്ലാ അവകാശവും കേന്ദ്ര ഏജന്‍സികള്‍ക്കുണ്ട്. എന്നാല്‍ അവരുടെ അധികാരത്തിനപ്പുറത്തേക്ക് നീങ്ങുന്നത് അന്വേഷണ ഏജന്‍സികളുടെ നിഷ്പക്ഷത ഇല്ലാതാക്കുമെന്നും വിശ്വാസ്യത നഷ്ടപ്പെടുത്തുമെന്നും മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു.


അന്വേഷണ വിഷയത്തില്‍ നിന്ന് വ്യതിചലിച്ച് വല്ലതും കണ്ടെത്താന്‍ കഴിയുമോ എന്ന് നിലയിലുള്ള പരതല്‍ ഏജന്‍സികളുടെ വിശ്വാസ്യത പൂര്‍ണമായി ഇല്ലാതാക്കും. സര്‍ക്കാരിന്റെ വികസന പരിപാടികളെ അതു തടസ്സപ്പെടുത്തും. സത്യസന്ധരും കഠിനാദ്ധ്വാനികളുമായ ഉദ്യോഗസ്ഥരുടെ മനോവീര്യം അതു നഷ്ടപ്പെടുത്തും. അന്വേഷണ ഏജന്‍സികളുടെ ഈ വഴിവിട്ട പോക്ക് സര്‍ക്കാര്‍ നേരിടുന്ന ഭരണപരമായ ഗൗരവ പ്രശ്‌നമാണ്. ഒരു ജനാധിപത്യ-ഫെഡറല്‍ സംവിധാനത്തില്‍ ഇതു ഒരിക്കലും അംഗീകരിക്കാനാവില്ല.

തിരുവനന്തപുരം വിമാനത്താവളത്തില്‍ 2020 ജൂണില്‍ സ്വര്‍ണം കള്ളക്കടത്തു പിടിച്ചതുമായി ബന്ധപ്പെട്ട് ജൂലൈ 8ന് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്ന കാര്യം മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ ബാധിക്കുന്ന  പ്രശ്‌നമായതുകൊണ്ട് കേന്ദ്ര ഏജന്‍സികളുടെ ഫലപ്രദവും ഏകോപിതവുമായ അന്വേഷണം ആവശ്യപ്പെട്ടാണ് കത്തെഴുതിയിരുന്നത്. തിരുവനന്തപുരം യു.എ.ഇ. കോണ്‍സുലേറ്റിലെ ചില മുന്‍ ജീവനക്കാര്‍ പ്രതിചേര്‍ക്കപ്പെട്ട കേസില്‍ 2020 ജൂലൈയിലാണ് കസ്റ്റംസ് അന്വേഷണം ആരംഭിച്ചത്. ഐ.എ.എസ്. ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ വ്യക്തിക്ക് പ്രതികളുമായി ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ അദ്ദേഹത്തെ മാറ്റി നിര്‍ത്തുകയും പിന്നീട് സസ്‌പെന്റ് ചെയ്യുകയും ചെയ്തു. സ്വര്‍ണം കള്ളക്കടത്തായി അയച്ചതുമുതല്‍ അത് അവസാനം ഉപയോഗിച്ചതുവരെയുള്ള സംഭവങ്ങളിലെ വസ്തുത പുറത്തുവരണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിച്ചത്. കസ്റ്റംസിന് പുറമെ എന്‍.ഐ.എയും അന്വേഷണം ആരംഭിച്ചു. പിന്നീട് ജൂലൈ 13ന് ഇ.ഡി.യും സെപ്തംബര്‍ 24ന് സി.ബി.ഐയും രംഗത്തു വന്നു.

സ്വര്‍ണ്ണക്കടത്തില്‍ എന്‍.ഐ.എ. രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്. എന്നാല്‍ പിന്നീട് വടക്കാഞ്ചേരി ലൈഫ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് കരാറുകാരന്‍ ചില പ്രതികള്‍ക്ക് കമ്മീഷന്‍ കൊടുത്തുവെന്ന ആരോപണത്തിലേക്ക് ഇ.ഡി അന്വേഷണം വഴിതിരിഞ്ഞു. യു.എ.ഇ റെഡ്ക്രസന്റ്  പണം മുടക്കിയ പദ്ധതിയായിരുന്നു ഇത്. 140 വീടുകളും ഒരു വനിതാ-ശിശു ആശുപത്രിയും അവരുടെ ഫണ്ട് ഉപയോഗിച്ച് അവര്‍ നിശ്ചയിക്കുന്ന കരാറുകാരന്‍ മുഖേന നടപ്പാക്കുന്ന പദ്ധതിയാണിത്. ഭവനരഹിതര്‍ക്ക് വീട് നല്‍കുന്ന ലൈഫ് മിഷിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ലൈഫ് മിഷനിലൂടെ പാവപ്പെട്ട 2.5 ലക്ഷം പേര്‍ക്ക് ഇതിനകം വീട് നല്‍കിയിട്ടുണ്ട്. പ്രാദേശിക സ്ഥാപനങ്ങളുടെ സജീവമായ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ഈ പദ്ധതിയില്‍ ഒരു വീടിന് നാലു ലക്ഷം രൂപയാണ് നല്‍കുന്നത്. ഗുണഭോക്താവില്‍ നിന്ന് ഒരു വിഹിതവും ഈടാക്കുന്നില്ല എന്നത് ഈ പദ്ധതിയുടെ സവിശേഷതയാണ്.

ലൈഫ്മിഷന്‍ പദ്ധതിക്കെതിരെ കേരളത്തിലെ ഒരു കോണ്‍ഗ്രസ് എംഎല്‍എ 2020 സെപ്തംബര്‍ 20ന് നല്‍കിയ പരാതി പ്രകാരം സെപ്തംബര്‍ 24ന് സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. നടപടിക്രമങ്ങള്‍ പാലിക്കാതെയും പ്രാഥമിക പരിശോധന നടത്താതെയും വളരെ ധൃതിപിടിച്ചാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ലൈഫ് മിഷനിലെ ?അറിയപ്പെടാത്ത ഉദ്യോഗസ്ഥരെ? പ്രതികളാക്കി കേസ് എടുത്തു. എന്നാല്‍ അന്വേഷണം ആരംഭിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടിയില്ല.

എഫ്‌സിആര്‍എ ലംഘനം ആരോപിച്ചാണ് കേസ്സെടുത്തത്. നേരത്തെ പറഞ്ഞതുപോലെ റെഡ് ക്രസന്റിന്റെ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതിയാണിത്. കരാറുകാരനെ അവര്‍ തന്നെ നിശ്ചയിച്ചു. യു.എ.ഇ കോണ്‍സുലേറ്റും കരാറുകാരനും തമ്മില്‍ ധാരണാപത്രവും ഒപ്പുവെച്ചിട്ടുണ്ട്. വീടുകള്‍ പണിയേണ്ടതു സംബന്ധിച്ച് നിബന്ധനകള്‍ അറിയിക്കുക മാത്രമാണ് ലൈഫ് മിഷന്‍ ചെയ്തത്. അതല്ലാതെ ഈ പദ്ധതിയില്‍ ലൈഫ് മിഷന് നേരിട്ട് ഒരു പങ്കുമില്ല.

ലൈഫ് മിഷന്‍ സി.ഇ.ഒ ഫയല്‍ ചെയ്ത കേസില്‍ എഫ്‌ഐആറില്‍ ലൈഫ് മിഷനെ ചേര്‍ത്തതിന് എഫ്‌സിആര്‍എ വ്യവസ്ഥകള്‍ പ്രകാരമോ കോടതിക്ക് മുമ്പില്‍ വന്ന വസ്തുതകള്‍ പ്രകാരമോ ന്യായീകരണമില്ലെന്ന് കേരള ഹൈക്കോടതി തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സിബിഐ അന്വേഷണം രണ്ടു മാസത്തേക്ക് സ്റ്റേ ചെയ്യുകയും ചെയ്തു.

എല്ലാ അധികാരപരിധിയും ലംഘിച്ചാണ് ലൈഫ് മിഷന്‍ സംബന്ധിച്ച മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ ഇ.ഡി ആവശ്യപ്പെട്ടത്. ഒക്ടോബര്‍ 30ന് നല്‍കിയ സമന്‍സില്‍ പിറ്റേന്ന് രാവിലെ 10 മണിക്ക് മുഴുവന്‍ രേഖകളും ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടു. സുപ്രീംകോടതി വിധികള്‍ പോലും ലംഘിച്ചാണ് മുഴുവന്‍ രേഖകളു ചോദിച്ച് സമന്‍സ് നല്‍കിയത്. ഇതിന് പുറമെ, കേരള സര്‍ക്കാരിന്റെ പ്രധാന പദ്ധതികളായ കെ-ഫോണ്‍, ഇലക്ട്രേിക് വെഹിക്കിള്‍ എന്നിവ സംബന്ധിച്ച് മുഴുവന്‍ രേഖകളും ഇ.ഡി ആവശ്യപ്പട്ടുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.  

കേരളത്തിന്റെ വികസന പദ്ധതികള്‍ക്ക് ഗണ്യമായ പിന്തുണ നല്കുന്ന കിഫ്ബിയെക്കുറിച്ചം കാടടച്ചുള്ള അന്വേഷണത്തിന് ഇ.ഡി മുതിര്‍ന്നു. മസാല ബോണ്ടിന് അനുമതി നല്‍കിയതിന്റെ വിശദാംശം തേടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്ക് കത്തെഴുതി.

ഇ.ഡി. നടത്തുന്ന അന്വേഷണത്തിലെ പൊരുത്തക്കേടുകളും മുഖ്യമന്ത്രി ശ്രദ്ധയില്‍പെടുത്തി. പ്രതികളില്‍ ഒരാളുടെ ബാങ്ക് ലോക്കറില്‍ നിന്ന് കണ്ടെത്തിയ പണം സ്വര്‍ണക്കടത്തില്‍ നിന്ന് ലഭിച്ചതാണെന്നായിരുന്നു ആദ്യം ഇ.ഡി കോടതിയില്‍ പറഞ്ഞത്. പിന്നീട് അതില്‍ നിന്ന് മാറി കരാറുകാരനില്‍ നിന്ന് കമ്മീഷന്‍ വഴി ലഭിച്ച പണമാണെന്ന് റിപ്പോര്‍ട്ട് നല്‍കി.

സ്വര്‍ണക്കടത്തിനെക്കുറിച്ച് ഫലപ്രദവും ഏകോപിതവുമായ അന്വേഷണം നടത്തേണ്ട ഏജന്‍സികള്‍, അതൊഴികെ മറ്റെല്ലാം ചെയ്യുകയാണ്. പ്രതികളും സാക്ഷികളും നല്‍കുന്ന മൊഴികള്‍ സൗകര്യപൂര്‍വ്വം തെരഞ്ഞെടുത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നു. സമന്‍സ് അയച്ചാല്‍ അതു ബന്ധപ്പെട്ട ആള്‍ക്ക് ലഭിക്കും മുമ്പ് മാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നു.

ചില അന്വേഷണ ഉദ്യോഗസ്ഥരുടെ സഹായത്തോടെ സര്‍ക്കാരിനെയും സര്‍ക്കാരിന് നേതൃത്വം നല്‍കുന്നവരെയും അപകീര്‍ത്തിപ്പെടുത്തുന്നതിനുള്ള ആസൂത്രിതവും നിരന്തരവുമായ പ്രചാരണമാണ് നടക്കുന്നത്. മജിസ്‌ട്രേറ്റ് മുമ്പാകെ നല്‍കുന്ന രഹസ്യമൊഴികളിലെ ഉള്ളടക്കം ചോര്‍ത്തി നല്‍കുന്നത് ഇതിന് തെളിവാണ്.

അഞ്ചുമാസം കഴിഞ്ഞിട്ടും സ്വര്‍ണം അയച്ചവരെയോ അത് അവസാനം ലഭിച്ചവരേയോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വിദേശത്തുള്ള പ്രതികളെയും പ്രതികളെന്ന് സംശയിക്കുന്നവരെയും പിടികൂടുന്നതിനും കഴിഞ്ഞിട്ടില്ല. ഈ ഉത്തരവാദിത്തം നിര്‍വഹിക്കാതെ, സംസ്ഥാന സര്‍ക്കാരിന്റെ പ്രതിഛായ കളങ്കപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനമാണ് അന്വേഷണ ഏജന്‍സികള്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Thursday, December 10, 2020

ഊഹാപോഹങ്ങളുടെ അടിസ്‌ഥാനത്തിൽ കടന്നാക്രമിക്കുന്നു; ആരോപണങ്ങൾ വസ്‌തുതാ വിരുദ്ധം: സ്‌പീക്കർ

 വസ്‌തുതാവിരുദ്ധമായ ആരോപണങ്ങൾ ഉന്നയിച്ച്‌ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ കടന്നാക്രമിക്കുയാണ്‌   ചെയ്യുന്നതെന്ന്‌ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ. പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ നിലപാട്‌ ദൗർഭാഗ്യകരമാണ്‌.  അനാവശ്യ ആരോപണങ്ങൾ ഉന്നയിച്ച ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ നിയമനടപടി ആലോചിക്കേണ്ടിവരും.  വിമർശനത്തിന്‌ വിധേയമാകാത്ത വിശുദ്ധപശുവൊന്നുമല്ല സ്‌പീക്കർ പദവിയെന്നും സ്വർണക്കടത്ത്‌ പ്രതികളുമായി ബന്ധമില്ലെന്നും ശ്രീരാമകൃഷ്‌ണൻ പറഞ്ഞു. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക്‌ വാർത്താ സമ്മേളനത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.

നിയമസഭാ ഹാൾ പുനർനിർമ്മാണത്തിൽ അഴിമതിയെന്ന  പ്രതിപക്ഷ ആരോപണം അടിസ്‌ഥാനമില്ലാത്തതാണ്‌. നിരവധി അംഗീകാരങ്ങൾ  ഇക്കാലയളവിൽ കേരള നിയമസഭയെ തേടിയെത്തി. അത്‌ നേട്ടമായി കരുതുന്നു. പുരോഗമന പദ്ധതികൾ നടപ്പാക്കിയതിലൂടെയാണ്‌ നിയമ സഭ അംഗീകരിക്കപ്പെട്ടത്‌. കേരള നിയമസഭയുടെ പരിഷ്‌കാരങ്ങൾ മറ്റ്‌ നിയമസഭകൾ പകർത്തുകയാണ്‌.

നിയമസഭയിൽ ഇ വിധാൻ സംവിധാനം ഒരുക്കുന്നതിനാണ്‌ ഊരാളുങ്കൽ സൊസൈറ്റിക്ക്‌ കരാർ നൽകിയത്‌.  മികച്ച ട്രാക്ക്‌ റെക്കോർഡുള്ള കമ്പനിയാണ്‌ ഊരാളുങ്കൽ . അതിനാൽ ടെണ്ടർ വിളിക്കാതെ കരാർ നൽകാൻ അനുമതിയുണ്ട്‌.പുതുക്കി നിർമ്മിച്ച ശങ്കരനാരായണൻ തമ്പി  ഹാൾ സംസ്‌ഥാനത്തിന്‌ തന്നെ ഒരു മുതൽക്കൂട്ടാണ്‌. 16 കോടി 65 ലക്ഷം രൂപ എസ്‌റ്റിമേറ്റ്‌ തീരുമാനിച്ച്‌ നിർമ്മാണം തുടങ്ങിയതാണ്‌. എന്നാൽ 9 കോടിയിൽ നിർമ്മാണം കഴിഞ്ഞു. വീണ്ടും 16 കോടി ചിലവഴിച്ചുവെന്ന്‌ പറയുന്നത്‌ ശരിയല്ല.

നിയമസഭാ സമിതികളെ ശക്‌തിപ്പെടുത്തിയതും  നിയമസഭാ പാസാക്കുന്ന നിയമങ്ങൾക്ക്‌ ചട്ടം വേണമെന്ന്‌ ഉറപ്പാക്കിയതും ഈ കാലയളവിലാണ്‌. 1953 ന്‌ ശേഷം പാസാക്കിയ നിയമങ്ങൾക്ക്‌ എന്തു സംഭവിച്ചുവെന്ന പഠനം നടത്തിയതും അവ ക്രോഡീകരിച്ച്‌ 18 പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചതും നേട്ടമാണ്‌. നിയമസഭയിലെ കടലാസ്‌ പ്രക്രിയകൾ കുറക്കുന്നതിനാണ്‌ ഇ‐ വിധാൻ സംവിധാനം ഏർപ്പെടുത്തിയത്‌. സഭയുടെ സ്‌റ്റിയറിങ് കമ്മിറ്റി, ടെക്‌നിക്കൽ കമ്മിറ്റി എന്നിവ കൂടി അംഗീകരിച്ചാണ്‌ പദ്ധതികൾക്ക്‌ അനുമതി നൽകുന്നത്‌. അതിൽ ഉന്നതതല സമിതി വേണമെന്ന്‌ ആവശ്യപ്പെട്ടത്‌ പ്രതിപക്ഷ നേതാവാണ്‌. അതുപ്രകാരം രൂപീകരിച്ച 9 അംഗ  സമിതിയും അവ പരിശോധിക്കുന്നുണ്ട്‌.

സ്വർണക്കടത്ത്‌  കേസ്‌ പ്രതി സ്വപ്‌നയെ  പരിചയമില്ല  എന്ന്‌  പറഞ്ഞിട്ടില്ല.ദുബായ്‌  കോൺസുലേറ്റ്‌  ഉദ്യോഗസ്‌ഥ എന്ന നിലയിൽ അവരുമായി പരിചയവും സൗഹൃദവും ഉണ്ട്‌.  എന്നാൽ അവരുടെ പശ്‌ചാത്തലം അറിയില്ലായിരുന്നു.അതറിഞ്ഞശേഷം  അവരുമായി ഒരു ബന്ധവും ഉണ്ടായിട്ടില്ല. സ്വപ്‌ന ഒരു സഹായവും തന്നോട്‌ ചോദിച്ചിട്ടില്ല.സ്വർണക്കടത്ത്‌ പ്രതികളുമായി ഒരിക്കലും ഒന്നിച്ച്‌ യാത്രചെയ്‌തിട്ടില്ല. 

ഗൾഫ്‌ രാജ്യങ്ങളിൽ കൂടുതലും പോയിട്ടുള്ളത്‌ മലയാളിഅസോസിയേഷനുകളുടെ ക്ഷണപ്രകാരമാണ്‌. കൂടാതെ  സഹോദരിയും സഹോദരനും അവിടെയാണ്‌. അമ്മയും അവർക്കൊപ്പമാണ്‌ . കൂടാതെ മകൾ പഠിക്കുന്നതും അവിടെയായതിനാൽ കുടുംബപരമായ ആവശ്യങ്ങൾക്കും ഗൾഫിലേക്ക്‌ യാത്രചെയ്‌തിട്ടുണ്ട്‌.താൻ ഒരു തെറ്റും ചെയതിട്ടില്ല. പിന്നെഎന്തിന്‌ രാജിവെയ്‌ക്കണമെന്നും ചോദ്യങ്ങൾക്ക്‌ മറുപടിയായി ശ്രീരാമകഷ്‌ണൻ പറഞ്ഞു.

Wednesday, December 9, 2020

സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായി ഒരിക്കലും യാത്രചെയ്തിട്ടില്ല; വാര്‍ത്തകള്‍ അടിസ്ഥാനരഹിതം: സ്‌പീക്കറുടെ ഓഫീസ്

 സ്വര്‍ണ്ണ കള്ളക്കടത്തുകേസുമായി കഴിഞ്ഞ ദിവസങ്ങളിലായി മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് സ്പീക്കറുടെ ഓഫീസ്. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെയും ഓഫീസിനെയും ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഇത്തരം പ്രചരണം വസ്തുതകളുമായി പുലബന്ധം പോലുമില്ലാത്തതാണ്. വാര്‍ത്തകളില്‍ പറഞ്ഞുകൊണ്ടിരിക്കുന്ന ഊഹാപോഹങ്ങള്‍ പോലെയുള്ള കാര്യങ്ങള്‍ ശരിയല്ലെന്നും ഓഫീസിന് പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

കഴിഞ്ഞ അഞ്ചുമാസമായിട്ട് വിവിധ ഏജന്‍സികള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്ന കേസിന്റെ പ്രത്യേക സന്ദര്‍ഭത്തിലാണ് ഇങ്ങനെ ഒരു വ്യാഖ്യാനം ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. വിദേശയാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നേരത്തെതന്നെ വിശദീകരിച്ചതാണ്. വിദേശത്തുള്ള എല്ലാത്തരം സംഘടനകളുടെയും നിരന്തരമായ ക്ഷണം സ്വീകരിച്ച് പോകാന്‍ നിര്‍ബന്ധിക്കപ്പെട്ട യാത്രകളാണ് ഭൂരിഭാഗവും. മാത്രമല്ല, സഹോദരങ്ങള്‍ വിദേശത്തായതിനാല്‍ കുടുംബപരമായ യാത്രകളും അനിവാര്യമായിരുന്നു.

വിദേശയാത്രകളുമായി ബന്ധപ്പെട്ട് പുകമറ സൃഷ്ടിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. അതിലൊന്നും  ഒളിച്ചുവയ്‌ക്കേണ്ട കാര്യമില്ല. ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നേരത്തെ തന്നെ സ്പീക്കറുടെ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിശദാംശങ്ങള്‍ വേണമെന്നുണ്ടെങ്കില്‍ അത് ഓഫീസില്‍ ലഭ്യമാണ്.  യാത്രകള്‍ ബന്ധപ്പെട്ട എംബസിയെ അറിയിക്കാറുമുണ്ട്. സ്വര്‍ണ്ണ കള്ളക്കടത്തുകേസിലെ പ്രതികളുമായിട്ട് ഒരിക്കല്‍പ്പോലും യാത്ര ചെയ്യാനോ വിദേശത്ത് കണ്ടുമുട്ടാനോ ഉള്ള സാഹചര്യം ഉണ്ടായിട്ടില്ല. ഇത് തീര്‍ത്തും തെറ്റാണ്.

തെറ്റായ ഒരു വാര്‍ത്ത എവിടെനിന്നോ രൂപപ്പെടുന്നു, അത് പിന്നീട് എല്ലാവരും ഏറ്റെടുക്കുന്നു എന്ന രീതിയാണ് കാണുന്നത്. രാഷ്ട്രീയമായ വിവാദങ്ങളിലേക്കും ആരോപണ പ്രത്യാരോപണങ്ങളിലേക്കും ഭരണഘടനാ സ്ഥാപനത്തെ വലിച്ചിഴയ്ക്കുന്നത് ശരിയായ ഒരു കാര്യമല്ല.   

ഔദ്യോഗിക സ്വഭാവമുള്ള യാത്രകള്‍ക്കെല്ലാം നിയമപരമായ എല്ലാ നടപടിക്രമങ്ങളും സ്വീകരിച്ചുതന്നെയാണ് പോയിട്ടുള്ളത്. ഔദ്യോഗികപരമായ കാര്യങ്ങള്‍ ക്കുള്ള യാത്രയുടെ ചെലവ് മാത്രമേ സര്‍ക്കാരില്‍നിന്ന് ഉപയോഗിച്ചിട്ടുള്ളൂ. വിദേശത്തുള്ള വിവിധ സംഘടനകളും സാംസ്‌കാരിക സംഘടനകളും ക്ഷണിക്കുന്ന പരിപാടികള്‍ക്ക് അവരുടെ നേതൃത്വത്തിലാണ് യാത്ര. ഇക്കാര്യത്തിലും അവ്യക്തതയില്ല.

വസ്തുതാപരമല്ലാത്ത ആരോപണ പ്രചരണങ്ങള്‍ അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയണമെന്നും സ്പീക്കറുടെ ഓഫീസ് അറിയിച്ചു.

Monday, November 23, 2020

യുഎഇ കോണ്‍സുലേറ്റ് ജനറലും അറ്റാഷെയും വന്‍തോതില്‍ വിദേശ കറന്‍സി കടത്തി; സ്വപ്‌നയുടെ മൊഴി

കൊച്ചി> യുഎഇ കോണ്‍സുലേറ്റ് കേന്ദ്രീകരിച്ച് വന്‍തോതില്‍ വിദേശ കറന്‍സി കടത്തിയതായി കസ്റ്റംസ് റിപ്പോര്‍ട്ട്. നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും പി എസ് സരിത്തിനെയും കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് നല്‍കിയ അപേക്ഷയിലാണ് യുഎഇ കോണ്‍സുലേറ്റ് കേന്ദ്രീകരിച്ച് നടന്ന കറന്‍സി കടത്തിന്റെ വിവരങ്ങള്‍ വ്യക്തമാക്കിയത്.

യുഎഇ കോണ്‍സുലേറ്റ് ജനറല്‍ ജമാല്‍ അല്‍ സാബി, അറ്റാഷെ റഷീദ് ഖമീസ് അലി മുസൈഖ്രി എന്നിവര്‍ വന്‍തോതില്‍ വിദേശ പണം കടത്തിയെന്ന് സ്വപ്ന സുരേഷാണ് കസ്റ്റംസിന് മൊഴി നല്‍കിയത്.തിരുവനന്തപുരം വിമാനത്താവളത്തിലെ ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തി പി എസ് സരിത്ത് ഇവര്‍ക്ക് കറന്‍സിയുമായി പുറത്ത് കടക്കാന്‍ എല്ലാ ഒത്താശയും ചെയ്ത് കൊടുത്തു.

ഇന്ത്യന്‍ രൂപ വിദേശ കറന്‍സിയാക്കി വന്‍തോതില്‍ ഒളിച്ച് കടത്തി. നിയമ വിരുദ്ധമായാണ് വിദേശ കറന്‍സികള്‍ സംഘടിപ്പിച്ചതെന്ന് ഇത് ഫെമ നിയമപ്രകാരം കുറ്റകരമാണെന്നും കസ്റ്റംസ് വ്യക്തമാക്കി. കോണ്‍സുലേറ്റിലെ വിദേശീയരായ ജീവനക്കാരില്‍ പലരും ഇത്തരത്തില്‍ വന്‍തോതില്‍ പണം കടത്തിയിട്ടുണ്ടെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്.

 90 ലക്ഷം യുഎസ് ഡോളര്‍ കടത്തുന്നതിന് മുമ്പ് യുഎഇ കോണ്‍സുലേറ്റ് മുന്‍ അക്കൗണ്ടന്റ് ഖാലിദ് മുഹമ്മദ് അലി ഷൗക്രി കോണ്‍സുലേറ്റിലെ എക്സ്റേ മെഷീനില്‍ ഹാന്‍ഡ് ബാഗ് കടത്തിവിട്ട് പരീക്ഷണം നടത്തിയിരുന്നു. വിമാനത്താവളത്തിലെ പരിശോധനയില്‍ ഹാന്‍ഡ് ബാഗിലെ കറന്‍സി കണ്ടു പിടിക്കപ്പെടില്ലെന്ന് ഉറപ്പാക്കാനായിരുന്നു ഇത്. പരീക്ഷണം നടത്തിയ കാര്യം സരിത്തും സമ്മതിച്ചിരുന്നുവെന്ന് കസ്റ്റംസ് ചൂണ്ടിക്കാട്ടി.

വിമാനത്താവളത്തിലെ പരിശോധനകള്‍ ഒഴിവാക്കി വിദേശ പണം കടത്താന്‍ ജമാല്‍, റഷീദ്, ഖാലിദ് എന്നിവര്‍ക്ക് എല്ലാ സഹായവും ചെയ്ത് കൊടുത്തത് സ്വപ്നയും സരിത്തുമായിരുന്നു. പണം കടത്തിയ കേസില്‍ വിശദ അന്വേഷണത്തിനായി ഇരുവരെയും ഏഴ് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ കസ്റ്റംസ് ആവശ്യപ്പെട്ടു. അപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും.

Saturday, November 21, 2020

സ്വപ്‌നയുടെ വെളിപ്പെടുത്തൽ : വീണ്ടും കെട്ടുകഥയുമായി മനോരമ

അന്വേഷണ ഏജൻസിക്കെതിരെ നിർണായക വെളിപ്പെടുത്തലടങ്ങിയ സ്വപ്‌ന സുരേഷിന്റെ ശബ്‌ദരേഖ സംബന്ധിച്ച്‌ വീണ്ടും കെട്ടുകഥകളും സൂചനകളുമായി മലയാള മനോരമ. സ്വപ്‌നയുടെ മൊഴി എന്ന പേരിൽ അന്വേഷണ ഉദ്യോഗസ്ഥർ നേരത്തേ ചോർത്തിക്കൊടുത്ത അസത്യങ്ങൾ പൊടിപ്പും തൊങ്ങലും വ്യാഖ്യാനങ്ങളുമായി ആഘോഷിച്ച മനോരമ അതേ പ്രതിയുടെ വെളിപ്പെടുത്തലിൽ നെറ്റിചുളിക്കുന്നു‌.

സ്വപ്‌ന പറഞ്ഞത്‌ ആരോട്‌, ഏത്‌ ഏജൻസിയെ കുറിച്ച്‌ എന്നിങ്ങനെ നീളുകയാണ്‌ മനോരമ ലേഖകന്റെ സംശയം. കള്ളവാർത്ത ചമയ്‌ക്കൽ ശീലമാക്കിയ ലേഖകരെ തന്നെയാണ്‌ ഇതിനായും രംഗത്തിറക്കിയത്‌. കള്ളക്കടത്ത്‌ കേസ്‌ പ്രതിയായ സ്വപ്‌നയുടെ മൊഴി സർക്കാരിനെതിരെ ആയുധമാക്കിയപ്പോൾ  തോന്നാത്ത യുക്തിവാദങ്ങളാണ്‌  ഇപ്പോൾ നിരത്തുന്നത്‌. അതിന്‌ വിശ്വസനീയത നൽകാൻ ‘രഹസ്യാന്വേഷണ ഏജൻസികൾ അന്വേഷിക്കുന്നു’ എന്ന്‌  ഒന്നാം പേജിൽ വാർത്തയും.

മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സമ്മർദം ചെലുത്തിയെന്ന്‌ ശബ്‌ദരേഖയിൽ വെളിപ്പെടുത്തിയാലും  ‘ഇഡിക്ക്‌ നൽകിയ മൊഴിയിൽനിന്ന്‌ സ്വപ്‌നയ്‌ക്ക്‌ പിന്മാറാൻ കഴിയില്ലെന്ന’ നിരീക്ഷണമാണ്‌ മറ്റൊരു ലേഖകന്റെ വക. എം ശിവശങ്കർ ചികിത്സയിൽ കഴിഞ്ഞ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ സിആർപിഎഫിനെ കാവലിന്‌ നിയോഗിച്ചെന്ന കള്ളം പടച്ചുവിട്ട ലേഖകനാണ്‌ ഈ വാർത്തയിലൂടെ സ്വയം സമാധാനിക്കുന്നത്‌.

സ്വപ്‌നയുടെ ശബ്‌ദസന്ദേശത്തെക്കുറിച്ച്‌ അന്വേഷിക്കാൻ കുറ്റാന്വേഷണ വിദഗ്‌ധരായി മാറാനും മനോരമ മടിക്കുന്നില്ല. ഇതിനായി മൂന്ന്‌ സൂചനയും നിരത്തി. സ്വപ്‌ന വക്കീലിനോട്‌  സംസാരിച്ച അതേ ദിവസമായിരുന്നു ശബ്‌ദസന്ദേശത്തിലെ സംഭാഷണമെന്നാണ്‌ കണ്ടെത്തൽ. സ്വപ്‌നയുടെ മൊഴി എന്നുപറഞ്ഞ്‌ ചില അന്വേഷണ ഉദ്യോഗസ്ഥർ ചോർത്തിക്കൊടുത്ത വിവരങ്ങളെ അടിസ്ഥാനമാക്കി ദുരുദ്ദേശ്യപരമായി വാർത്ത നൽകിയപ്പോൾ ഈ യുക്തി എവിടെയായിരുന്നൂവെന്നാണ്‌ ചോദ്യം. പഴയ നുണക്കൂട്ടുകൾ തിരിച്ചടിയായതിന്റെ ജാള്യതയാണ്‌ മനോരമയ്‌ക്ക്‌.

ഇഡിയെ കുടുക്കി സ്വപ്‌നയുടെ ശബ്ദരേഖ ; എറണാകുളം ജയിലിൽനിന്ന്‌ വിളിച്ചത്‌ 18 തവണ

മുഖ്യമന്ത്രിയുടെ പേര്‌ പറയാൻ സമ്മർദം ചെലുത്തിയെന്ന സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ ഇഡിയെ വെട്ടിലാക്കി. അന്വേഷണത്തിന്റെ മറവിൽ ഇഡി നടത്തുന്ന ഗൂഢനീക്കം തുറന്നുകാട്ടുന്നതാണ്‌ ശബ്ദരേഖ. ഇതിനിടെ, സ്വപ്‌ന സുരേഷ്‌ റിമാൻഡിൽ കഴിഞ്ഞ ജയിലുകളിൽനിന്ന്‌ സൂപ്രണ്ടുമാർ ജയിൽ മേധാവിക്ക്‌ റിപ്പോർട്ട്‌ നൽകി. ഏറ്റവും കൂടുതൽ റിമാൻഡിൽ കഴിഞ്ഞ എറണാകുളം ജില്ലാ ജയിലിൽനിന്ന് കോടതി അനുമതിയോടെ‌ വീഡിയോ കോൾ അടക്കം 18 തവണ സ്വപ്‌ന വിളിച്ചതായി സൂപ്രണ്ട്‌ റിപ്പോർട്ട്‌ നൽകി‌.

വിയ്യൂർ വനിതാ ജയിലിലും സ്വപ്‌ന കഴിഞ്ഞിരുന്നു. എന്നാൽ, ഇവിടെനിന്ന്‌ ഫോൺ ചെയ്‌തിട്ടില്ല‌. നിലവിൽ സ്വപ്‌നയുള്ള അട്ടക്കുളങ്ങര ജയിലിൽ വ്യാഴാഴ്‌ച ജയിൽ ഡിഐജി പരിശോധന നടത്തി. ഇക്കാര്യത്തിൽ കേസെടുക്കുന്ന കാര്യവും പൊലീസ്‌ തീരുമാനിച്ചിട്ടില്ല. ഇഡിയില്‍ നിന്നും ഒരു കത്തും ലഭിച്ചിട്ടില്ലെന്ന്‌ സംസ്ഥാന പൊലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹ്‌റയും ജയിൽ മേധാവി ഋഷിരാജ്‌ സിങ്ങും പറഞ്ഞു.

ബുധനാഴ്‌ച രാത്രിയാണ്‌ ഓൺലൈൻ മാധ്യമമായ ‘ദ ക്യൂ’ ശബ്ദരേഖ പുറത്തുവിട്ടത്‌. സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ പേര്‌ പറഞ്ഞാൽ മാപ്പുസാക്ഷിയാക്കാമെന്ന്‌ ഇഡി സമ്മർദം ചെലുത്തിയെന്നാണ്‌ സ്വപ്‌ന പറയുന്നത്‌‌.

Friday, November 20, 2020

ഇഡി കള്ളമൊഴി നിർമാണ യൂണിറ്റോ ?

കേന്ദ്ര അന്വേഷണ ഏജൻസികളുടെ  കണ്ടെത്തലിൽ കോടതിതന്നെ വൈരുധ്യം ചൂണ്ടിക്കാണിക്കുന്നതിനിടയിലാണ്‌  മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഭീഷണിപ്പെടുത്തുന്നു എന്ന സ്വപ്‌ന സുരേഷിന്റെ ശബ്‌ദരേഖ പുറത്തുവരുന്നത്‌. ഇഡിക്ക്‌ ആവശ്യമുള്ള രാഷ്‌ട്രീയ നേതാക്കളുടെ പേര്‌ പറയാൻ വിസമ്മതിച്ചതാണ്‌ തന്റെ അറസ്റ്റിന്‌ കാരണമെന്ന്‌ എം ശിവശങ്കറും കോടതിയിൽ സത്യവാങ്‌മൂലം നൽകിയിരുന്നു. ഇത്‌ രണ്ടും  വിരൽചൂണ്ടുന്നത്‌ സ്വർണക്കടത്ത്‌ കേസിൽ  കേന്ദ്ര ഏജൻസികൾ നടത്തുന്ന നെറികെട്ട രാഷ്‌ട്രീയനീക്കത്തിലേക്കാണ്‌. ഇഡി സമർപ്പിച്ച സ്വപ്‌നയുടെ പുതിയ മൊഴി സംശയകരമാണെന്ന്‌ കോടതി വ്യക്തമാക്കിയിരുന്നു.

 ഉദ്യോഗസ്ഥരുടെ ഇംഗിതം അനുസരിച്ച്‌ മൊഴി നൽകാൻ സമ്മർദം ചെലുത്തിയെന്ന പ്രതികളുടെ വെളിപ്പെടുത്തലിനോട്‌ ചേർന്നുനിൽക്കുന്നതാണ്‌ ഈ വിലയിരുത്തൽ. മുഖ്യമന്ത്രിയുടെ ഓഫീസിനെ സംശയനിഴലിൽ നിർത്താൻ അന്വേഷണ ഏജൻസി കള്ളമൊഴി രേഖപ്പെടുത്തിയോ എന്ന ചോദ്യവും ഇവിടെ ഉയരുന്നുണ്ട്‌. കേസിൽ മാപ്പുസാക്ഷിയാക്കാമെന്ന്‌ പറഞ്ഞാണ്‌ ഏജൻസികൾ സമ്മർദം ചെലുത്തുന്നത്‌ എന്നാണ്‌ സ്വപ്‌നയുടെ വെളിപ്പെടുത്തൽ. രാഷ്‌ട്രീയ നേതൃത്വത്തിന്റെ പേര്‌ പറഞ്ഞാൽ അറസ്‌റ്റ്‌ ഒഴിവാക്കാമെന്നാണ്‌ എം ശിവശങ്കറിനോട്‌ പറഞ്ഞത്‌.

ലോക്കറിലെ പണം സ്വർണക്കടത്തിലെ പ്രതിഫലമാണെന്നാണ്‌ ഇഡിയുടെ വാദം.  എന്നാൽ, കോടതി  ഇതിനെ ചോദ്യംചെയ്‌തു. എൻഐഎയും കസ്‌റ്റംസും ഇതിനെ എതിർക്കുന്നുമുണ്ട്‌.  ഈ സാഹചര്യത്തിലാണ്‌ ഇഡി പൂർണമായും രാഷ്‌ട്രീയ ചട്ടുകമാകുന്നു എന്ന്‌ തെളിയുന്നത്‌. നവംബർ 10ന്‌ സ്വപ്‌നയെ ചോദ്യം ചെയ്‌തപ്പോഴാണ്‌ എം ശിവശങ്കറിന്‌ സ്വർണക്കടത്തിനെക്കുറിച്ച്‌ അറിയാമെന്ന്‌ മൊഴി നൽകിയതെന്നാണ്‌ ഇഡിയുടെ വാദം.

ഇതും കോടതി സംശയനിഴലിൽ നിർത്തി. എട്ട്‌ തവണ ചോദ്യം ചെയ്‌തപ്പോഴും സ്വർണക്കടത്തിനെക്കുറിച്ച്‌ ശിവശങ്കറിനോട്‌ പറഞ്ഞിട്ടില്ലെന്നാണ്‌ സ്വപ്‌നയുടെ മൊഴി. ശിവശങ്കർ കസ്‌റ്റംസിനെ വിളിച്ചിരിക്കാമെന്ന ആരോപണത്തിനും വസ്‌തുതയില്ല. എൻഐഎയും കസ്‌റ്റംസും അക്കാര്യവും തള്ളി. സ്വപ്‌ന നവംബർ 10ന്‌ നൽകിയ മൊഴി എന്ന്‌ പറഞ്ഞ്‌ ഇഡി കോടതിയിൽ നൽകിയത്‌ കർശന പരിശോധനയ്‌ക്ക്‌ വിധേയമാക്കണമെന്ന്‌ കോടതി  ആവശ്യപ്പെട്ടിട്ടുണ്ട്‌. മൊഴി നൽകിയിട്ടില്ലെന്ന്‌ സ്വപ്‌ന വെളിപ്പെടുത്തിയ സാഹചര്യത്തിൽ ഈ സൂക്ഷ്‌മപരിശോധനയ്‌ക്ക്‌ പ്രസക്തിയേറുന്നു. കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ കള്ളമൊഴിയാണ്‌  സമർപ്പിച്ചതെന്ന്‌ തെളിഞ്ഞാൽ ഇഡി ഉദ്യോഗസ്ഥർ വിചാരണവേളയിൽ പ്രതിക്കൂട്ടിലാകും.

സ്വർണക്കടത്ത്‌ മൊഴികൾ

സ്വപ്‌ന സുരേഷ്‌ :

“അവർ ഒരു കാരണവശാലും ആറാം തീയതി മുതലുള്ള സ്‌റ്റേറ്റ്‌മെന്റ് വായിക്കാൻ തന്നില്ല. ചുമ്മാ പെട്ടെന്ന് പെട്ടെന്ന് സ്‌ക്രോൾ ചെയ്തിട്ട് എന്റടുത്ത് ഒപ്പിടാൻ പറഞ്ഞു. ഇന്ന് എന്റെ വക്കീല് പറഞ്ഞത് കോടതിയിൽ കൊടുത്തിരിക്കുന്ന സ്‌റ്റേറ്റ്‌മെന്റിൽ ഞാൻ ശിവശങ്കറിന്റെ കൂടെ ഒക്ടോബറിൽ യുഎഇയിൽ പോയി സിഎമ്മിനുവേണ്ടി ഫിനാൻഷ്യൽ നെഗോസിയേഷൻ ചെയ്തിട്ടുണ്ടെന്ന്, എന്നോട് അത് ഏറ്റ് പറയാനാണ് പറയുന്നത്. മാപ്പുസാക്ഷിയാക്കാൻ. ഞാൻ ഒരിക്കലും അത് ചെയ്യില്ലെന്ന് പറഞ്ഞു, ഇനി അവർ ചെലപ്പോ ജയിലിൽ വരും വീണ്ടും എന്നും പറഞ്ഞുകൊണ്ട് ഒരുപാട് ഫോഴ്‌സ് ചെയ്‌തു. പക്ഷേ കോടതിയിൽ ഇങ്ങനെ പ്രശ്‌നം ഉണ്ടാക്കിയത് കൊണ്ടേ’’.

(നവംബർ 18 )

എം ശിവശങ്കർ:

എൻഫോഴ്‌മെന്റിന്‌ ആവശ്യമുള്ള രാഷ്‌ട്രീയനേതാക്കളുടെ പേര്‌ പറയാൻ വിസമ്മതിച്ചതിനാണ്‌ തന്നെ കള്ളക്കേസിൽ പ്രതിചേർത്ത്‌ അറസ്‌റ്റ്‌ചെയ്‌തത്‌. വലിയ സമ്മർദം ചെലുത്തുന്ന ഇഡി, കഥകൾ മെനഞ്ഞുണ്ടാക്കി കോടതിയെ തെറ്റിദ്ധരിപ്പിക്കാനും ആശയക്കുഴപ്പത്തിലാക്കാനുമാണ്‌ ശ്രമിക്കുന്നത്‌.

(നവംബർ 16)

കോടതി:

സ്വപ്‌ന സുരേഷിന്റെ ബാങ്ക്‌ ലോക്കറിലെ പണം സ്വർണക്കടത്തിൽനിന്നുള്ള പ്രതിഫലമോ ലൈഫ്‌ മിഷനിലെ കമീഷനോ എന്നതിൽ കൂടുതൽ അന്വേഷണം വേണം. ഇഡിയുടെ വാദത്തിൽ വൈരുധ്യമുണ്ട്‌.

ലോക്കറിലെ പണം ലൈഫിലെ കമീഷനാണെന്ന വാദം  ഇഡി കേസിന്‌ എതിരാകും. സ്വപ്‌നയുടെ മൊഴി സൂക്ഷ്‌മമായി പരിശോധിച്ച്‌  അന്വേഷിക്കണം. എറണാകുളം ജഡ്‌ജി ഡോ. കൗസർ എടപ്പഗത്ത്‌ പറഞ്ഞു. എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിയ വിധിന്യായത്തിലാണ്‌ കോടതി ഇക്കാര്യം വ്യക്തമാക്കിയത്‌.

( പ്രിൻസിപ്പൽ സെഷൻ കോടതി, നവംബർ 17)

കെ ശ്രീകണ‌്ഠൻ 

ഇഡി മേധാവിയുടെ കാലാവധി നീട്ടിയത് ദുരുദ്ദേശ്യത്തോടെ: പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി > നിയമം ലംഘിച്ച് മോഡിസര്‍ക്കാര്‍ എന്‍ഫോഴ്‌സ്‌മെ‌ന്റ് ഡയറക്‌ടറേറ്റ് (ഇഡി) മേധാവി എസ് കെ മിശ്രയുടെ സേവനകാലാവധി നീട്ടിനല്‍കിയത്  രാഷ്ട്രീയദുരുദ്ദേശ്യത്തോടെയാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. ഇഡിയുടെ പ്രവര്‍ത്തനത്തെ പൂര്‍ണമായും രാഷ്ട്രീയവല്‍ക്കരിച്ചതില്‍ പ്രധാന പങ്ക് മിശ്രയ്ക്കുണ്ട്. ഒട്ടേറെ പ്രതിപക്ഷനേതാക്കളെ കേസില്‍പെടുത്താന്‍  ഇഡിയെ ഉപകരണമാക്കിയതില്‍ മിശ്ര വ്യക്തിപരമായി വലിയ പങ്ക് വഹിച്ചു.

കേന്ദ്ര വിജിലന്‍സ് കമീഷന്‍(സിവിസി) നിയമം ലംഘിച്ചാണ് മിശ്രയുടെ സേവനകാലാവധി നീട്ടിയത്. രണ്ട് വര്‍ഷത്തേയ്ക്കാണ് അദ്ദേഹത്തെ ആദ്യം നിയമിച്ചത്. രണ്ട് വര്‍ഷമോ വിരമിക്കല്‍പ്രായം വരെയോ ആണ് സിവിസി നിയമപ്രകാരം  ഇഡി ഡയറക്ടറുടെ സേവനകാലാവധി. മിശ്രയുടെ കാര്യത്തില്‍ വിരമിക്കല്‍പ്രായം കഴിഞ്ഞു. ഇഡി ഡയറക്ടറായി രണ്ട് വര്‍ഷം പിന്നിട്ടു.   തുടക്കത്തില്‍ രണ്ട് വര്‍ഷത്തേയ്ക്ക്  നിയമിച്ച മിശ്രയുടെ കാലാവധി ഇപ്പോള്‍ മുന്‍കാല പ്രാബല്യത്തോടെ മൂന്ന് വര്‍ഷമാക്കി. തികച്ചും നിയമവിരുദ്ധമായ ഈ നടപടിയെ കോടതിയില്‍ ചോദ്യംചെയ്യാന്‍ കഴിയുമെന്നും പ്രശാന്ത് ഭൂഷണ്‍ പ്രതികരിച്ചു.