Showing posts with label ഇടതുപക്ഷം. Show all posts
Showing posts with label ഇടതുപക്ഷം. Show all posts

Tuesday, June 8, 2021

എ വിയെ സ്‌മരിക്കുമ്പോൾ - എ വിജയരാഘവൻ എഴുതുന്നു

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമരനായകരിൽ ഒരാളും സമുന്നത നേതാവുമായിരുന്ന സ. എ വി കുഞ്ഞമ്പു നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ 41 വർഷം തികയുന്നു. ദേശീയപ്രസ്ഥാനത്തിലൂടെ പൊതുരംഗത്തേക്ക്‌ വന്ന അദ്ദേഹം അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ താൽപ്പര്യങ്ങൾക്കായി ജീവിതം സമർപ്പിച്ച നേതാവാണ്‌. കമ്യൂണിസ്റ്റ് കർഷകമുന്നേറ്റത്തിന്റെ വീരേതിഹാസമായ കരിവെള്ളൂർ സമരത്തിന്റെ നായകനുമായിരുന്നു എ വി.

നമ്മുടെ കേരളവും രാജ്യവും ലോകവുമെല്ലാം അതിഗുരുതരമായ സ്ഥിതിവിശേഷത്തിലൂടെയാണ്‌ കടന്നുപോകുന്നത്‌. കൊറോണയുടെ രണ്ടാം വരവ്‌ ഇന്ത്യയെ വരിഞ്ഞുമുറുക്കിയിരിക്കുന്നു. സകല മനുഷ്യരും കൊറോണയുടെ കെടുതികളിൽപ്പെട്ട്‌ ഉഴലുകയാണ്‌. ഈ സാഹചര്യത്തിലും നമ്മുടെ സംസ്ഥാനത്തിന്‌ കൊറോണ പ്രതിരോധത്തിൽ മികച്ച മുന്നേറ്റം നടത്താനായിട്ടുണ്ട്‌. പ്രതിസന്ധികളിൽ ആഴ്‌ന്നുപോകാതെ മുന്നോട്ടുപോകാൻ കഴിവുറ്റ നമ്മുടെ ഭരണകർത്താക്കൾ പിന്തുടരുന്ന പാത എ വിയെപ്പോലുള്ള സമുന്നത നേതാക്കളുടേതാണ്‌. പാവപ്പെട്ടവരുടെ അടിസ്ഥാനപ്രശ്‌നങ്ങൾക്ക്‌ എന്നും മുൻഗണന നൽകിയ കമ്യൂണിസ്റ്റ്‌ പാർടി നേതാക്കൾ കാട്ടിയ മാർഗത്തിലൂടെയാണ്‌ പിണറായി വിജയൻ സർക്കാർ നാടിന്‌ കരുതലൊരുക്കുന്നത്‌. എല്ലാവരുടെയും പ്രശ്‌നങ്ങൾ പഠിച്ച്‌ അവയ്‌ക്കെല്ലാം പരിഹാരമാർഗങ്ങളും കണ്ടെത്തിയാണ്‌ കേരളത്തിൽ രണ്ടാം പിണറായി സർക്കാർ ജനകീയ ഭരണം കാഴ്‌ചവയ്‌ക്കുന്നത്‌.

കഴിഞ്ഞ സർക്കാർ പല പ്രതിസന്ധിയും അതിജീവിച്ചാണ്‌ മുന്നോട്ടുപോയത്‌. മഹാപ്രളയത്തിന്റെ ഘട്ടത്തിൽപ്പോലും കേന്ദ്ര സർക്കാർ കേരളത്തെ അവഗണിച്ചു. അർഹമായ വിഹിതംപോലും തരാതെ ബുദ്ധിമുട്ടിച്ചു. പ്രളയവും നിപായും കൊറോണയുമെല്ലാം ഞെരിച്ചുവീഴ്‌ത്താൻ ശ്രമിച്ചിട്ടും എൽഡിഎഫ്‌ സർക്കാർ ജനങ്ങൾക്ക്‌ ആശ്വാസമെത്തിച്ച്‌ മുന്നോട്ടുനീങ്ങി. ജനങ്ങളെ മറക്കാതെ പ്രതിസന്ധികളിൽ അവർക്കൊപ്പം ചേർന്ന്‌ മുന്നിൽനിന്ന്‌ നയിച്ച സർക്കാരിന്‌ ജനങ്ങൾ നൽകിയ അംഗീകാരമാണ്‌ എൽഡിഎഫിന്റെ തുടർഭരണം.

കേന്ദ്രത്തിൽ ബിജെപി സർക്കാർ ഈ ഘട്ടത്തിൽപ്പോലും പാവപ്പെട്ടവരുടെ വിഷമം കാണാൻ സന്നദ്ധത കാട്ടുന്നില്ല. കൊറോണ രോഗികൾ അനുദിനം മരിച്ചുവീഴുന്ന കാഴ്‌ച ഇന്ത്യയിൽ പതിവായി. രാജ്യത്ത്‌ അന്നവും അഭയവും തൊഴിലും നിഷേധിക്കപ്പെട്ടവരുടെ വിഷമതകൾ കേന്ദ്രത്തിന്റെ ബധിര കർണങ്ങളിൽ പതിയുന്നില്ല. കേരളത്തിലാകട്ടെ എല്ലാവർക്കും തണലും സുരക്ഷയുമൊരുക്കുകയാണ്‌ സംസ്ഥാന സർക്കാർ. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച്‌ മുന്നോട്ടുപോകാൻ എ വിയെപ്പോലുള്ള മഹാരഥന്മാരുടെ പ്രവർത്തനശൈലി നമ്മുടെ നേതൃത്വത്തിന്‌ കൂടുതൽ കരുത്താകും.  

റിവിഷനിസത്തിനെതിരായ സമരത്തിന്റെ ഭാഗമായി ദേശീയ കൗൺസിലിൽനിന്ന്‌ ഇറങ്ങിപ്പോയ അംഗങ്ങളിൽ എ വിയും ഉണ്ടായിരുന്നു. ആശയരംഗത്തുണ്ടാകുന്ന പാളിച്ചകൾ തിരുത്തി, ശരിയായ നിലപാട് എടുക്കുന്നതിനും അവ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുന്നതിനും അദ്ദേഹം ശ്രദ്ധിച്ചു.

അഭിനവ ഭാരത യുവക് സംഘ്‌ എന്ന യുവജനസംഘടന രൂപീകരിച്ചത് എ വിയുടെ നേതൃത്വത്തിലായിരുന്നു. രാജ്യത്തെ പുരോഗമന യുവജനപ്രസ്ഥാനങ്ങളുടെ ചരിത്രത്തിലെ ആദ്യ ഏടുകളിലൊന്നായി അത് മാറി. മൊറാഴ സംഭവത്തെതുടർന്ന്‌ അദ്ദേഹത്തിന്‌ ദീർഘകാലം ഒളിവുജീവിതം നയിക്കേണ്ടിവന്നു. ആ ഘട്ടത്തിൽ കേരളത്തിൽ പാർടിയും തൊഴിലാളിപ്രസ്ഥാനവും കെട്ടിപ്പടുക്കാൻ അസാധാരണമായ ഊർജസ്വലതയും സാമർഥ്യവും കാട്ടി. മർദകഭരണങ്ങൾക്കെതിരെ ധീരമായി സമരം നയിച്ചിട്ടുള്ള എ വി, വിപ്ലവകാരികൾക്ക് എന്നും ആവേശം പകരുന്ന ഓർമയാണ്. പൊലീസിന്റെ പിടിയിൽനിന്ന്‌ സാഹസികമായി രക്ഷപ്പെട്ടതും പൊലീസിന്റെ ക്രൂരമർദനങ്ങൾക്ക് ഇരയായിട്ടും പാർടിരഹസ്യങ്ങൾ അണുവിടപോലും പുറത്തുപറയാതെ നിലകൊണ്ടതും ധീരതയുടെ മുഖം വെളിപ്പെടുത്തുന്നു. കമ്യൂണിസ്റ്റ് പാർടിയുടെ ആദ്യകാല നേതാക്കളിലൊരാളായിരുന്ന അദ്ദേഹത്തെ പാർടിയുടെ ദേശീയ കൗൺസിൽ അംഗമായി തെരഞ്ഞെടുത്തിരുന്നു. റിവിഷനിസത്തിനെതിരായ സമരത്തിന്റെ ഭാഗമായി ദേശീയ കൗൺസിലിൽനിന്ന്‌ ഇറങ്ങിപ്പോയ അംഗങ്ങളിൽ എ വിയും ഉണ്ടായിരുന്നു. ആശയരംഗത്തുണ്ടാകുന്ന പാളിച്ചകൾ തിരുത്തി, ശരിയായ നിലപാട് എടുക്കുന്നതിനും അവ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുന്നതിനും അദ്ദേഹം ശ്രദ്ധിച്ചു.

മികച്ച പാർടി അധ്യാപകനായിരുന്നു എ വി. പാർടി പ്രവർത്തകരുടെ വിഷമങ്ങൾ മനസ്സിലാക്കുകയും തെറ്റുകളിൽ വീഴാതെ അവരെ നയിക്കുകയും ചെയ്‌ത നേതാവായിരുന്നു അദ്ദേഹം. രാജ്യസഭാംഗം, നിയമസഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം, ആ മേഖലകളെ കേവലം പാർലമെന്ററി ജനാധിപത്യത്തിന്റെ നാലതിരുകൾക്കുള്ളിൽ ഒതുക്കാതെ വിപ്ലവപ്രവർത്തനത്തിനുള്ള വേദിയാക്കി മാറ്റി. നല്ല ഭാഷയും വ്യാകരണശുദ്ധിയും ദൃഢതയും ആശയവ്യക്തതയും എ വിയുടെ പ്രസംഗങ്ങളെ ആകർഷണീയമാക്കി. യുവാക്കളെ ഏറെ പ്രോത്സാഹിപ്പിച്ച സഖാവ്, അവരുടെ വീഴ്‌ച യഥാസമയം കണ്ടെത്തി തിരുത്തിക്കാനുള്ള കഴിവും പ്രകടിപ്പിച്ചു. സഖാക്കളെ പ്രവർത്തനരംഗത്ത് ഇറക്കുന്നതിൽ അസാധാരണമായ പാടവമുണ്ടായിരുന്നു. സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരിക്കുമ്പോഴും അതിനുശേഷവും പാർടിയിൽ ഐക്യത്തിനും സഖാക്കളെ ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകുന്നതിനും എ വി പ്രകടിപ്പിച്ച ശ്രദ്ധ അവിസ്‌മരണീയമാണ്. 

കേരളത്തിൽ പിണറായി വിജയൻ നയിക്കുന്ന എൽഡിഎഫ് സർക്കാർ രണ്ടാമതും അധികാരത്തിൽ എത്തിയ അവസരത്തിലാണ്‌ ഇത്തവണ എ വിയുടെ സ്‌മരണ പുതുക്കുന്നത്. പ്രതിസന്ധികളിൽ തളരാതെ കൂടുതൽ ശക്തിയാർജിച്ച്‌ മുന്നോട്ടുപോകാനുള്ള കരുത്തും ഊർജവും നമ്മിൽ നിറയ്‌ക്കാൻ എ വിയുടെ ഓർമ നിത്യപ്രചോദനമാകും.

എ വിജയരാഘവൻ 

Tuesday, May 18, 2021

നയിക്കാൻ കരുത്തുറ്റ നിര; സിപിഐ എം മന്ത്രിമാരെ തീരുമാനിച്ചു, എം ബി രാജേഷ്‌ സ്‌പീക്കറാകും

സിപിഐ എം പാര്‍ലമെന്ററി പാര്‍ടി നേതാവായും മുഖ്യമന്ത്രിയായും പിണറായി വിജയനെ സിപിഐ എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. മന്ത്രിമാരായി എം വി ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍, കെ എന്‍ ബാലഗോപാല്‍, പി രാജീവ്, വി എന്‍ വാസവന്‍, സജി ചെറിയാന്‍, വി ശിവന്‍കുട്ടി, മുഹമ്മദ് റിയാസ്, ഡോ. ആര്‍ ബിന്ദു, വീണാ ജോര്‍ജ്, വി അബ്‌ദു‌ള്‍ റഹ്മാന്‍ എന്നിവരെ നിശ്ചയിച്ചു.

സ്‌പീ‌ക്കര്‍ സ്ഥാനാര്‍ത്ഥിയായി എം ബി രാജേഷിനേയും, പാര്‍ടി വിപ്പായി കെ കെ ശൈലജ ടീച്ചറേയും തീരുമാനിച്ചു. പാര്‍ലമെന്ററി പാര്‍ടി സെക്രട്ടറിയായി ടി പി രാമകൃഷ്ണനേയും തീരുമാനിച്ചു. യോഗത്തില്‍ എളമരം കരീം അധ്യക്ഷത വഹിച്ചു. പി ബി അംഗങ്ങളായ എസ് രാമചന്ദ്രന്‍പിള്ള, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി എന്നിവര്‍ പങ്കെടുത്തു.

സിപിഐ മന്ത്രിമാരെ തീരുമാനിച്ചു; നാലുപേരും പുതുമുഖങ്ങൾ, ആദ്യമായി വനിതാ മന്ത്രി

തിരുവനന്തപുരം > എൽഡിഎഫ്‌ സർക്കാരിലേക്കുള്ള സിപിഐ മന്ത്രിമാരെ തീരുമാനിച്ചു. നാല്‌ അംഗങ്ങളാണ്‌ സിപിഐയ്‌ക്ക്‌ മന്ത്രിസഭയിലുണ്ടാകു. നാലുപേരും പുതുമുഖങ്ങളാണ്‌. ഒല്ലൂർ നിയോജക മണ്ഡലത്തിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട കെ രാജൻ, ചേർത്തലയിൽ നിന്നുള്ള പി പ്രസാദ്‌, ചടയമംഗലത്തുനിന്നുള്ള ജെ ചിഞ്ചുറാണി, നെടുമങ്ങാട്‌ നിന്നുള്ള ജി ആർ അനിൽ എന്നിവർ മന്ത്രിമാരാകം.

അടൂർ എംഎൽഎ ചിറ്റയം ഗോപകുമാർ ഡെപ്യൂട്ടി സ്‌പീക്കറാകും. മുൻമന്ത്രിയും കാഞ്ഞങ്ങാട്‌ എംഎൽഎയുമായ ഇ ചന്ദ്രശേഖരൻ സിപിഐ നിയമസഭാകക്ഷി നേതാവാകും. ഇന്ന്‌ ചേർന്ന സംസ്ഥാന കൗൺസിൽ യോഗത്തിന്‌ ശേഷം കാനം രാജേന്ദ്രനാണ്‌ മന്ത്രിമാരെ പ്രഖ്യാപിച്ചത്‌. സിപിഐയിൽനിന്നും ആദ്യമായാണ്‌ ഒരു വനിത മന്ത്രിയാകുന്നത്‌. വകുപ്പുകൾ പിന്നീട്‌ തീരുമാനിക്കുമെന്നും കാനം പറഞ്ഞു.

റോഷി അഗസ്‌റ്റിൻ കേരള കോൺഗ്രസ്‌ എമ്മിന്റെ മന്ത്രി , എൻ ജയരാജ്‌ ചീഫ്‌ വിപ്പ്‌

കോട്ടയം> കേരള കോണ്‍ഗ്രസ് എമ്മിന്റെ മന്ത്രിയായി റോഷി അഗസ്റ്റിന്‍ സത്യപ്രതിജ്ഞ ‌ചെയ്യും. റോഷിയുടെ വകുപ്പ് മുഖ്യമന്ത്രി തീരുമാനിക്കുമെന്നും ജോസ്‌ കെ മാണി പാലായിൽ പറഞ്ഞു.

പാർടിക്ക്‌ വിധേയനായി മികച്ച പ്രവർത്തനം നടത്താൻ പരിശ്രമിക്കുമെന്ന്‌ റോഷി അഗസ്‌റ്റിൻ പറഞ്ഞു. ചീഫ്‌ വിപ്പ്‌ സ്‌ഥാനവും കേരള കോൺഗ്രസ്‌ എമ്മിനാണ്‌.  ഡോ. എൻ ജയരാജ്‌ ചീഫ്‌ വിപ്പാകും

മന്ത്രിസ്ഥാനത്തേയ്ക്ക് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായ റോഷി അഗസ്റ്റിനേയും, ചീഫ് വിപ്പായി ഡെപ്യൂട്ടി ലീഡറായ ഡോ.എന്‍.ജയരാജിനെയും തീരുമാനിച്ചുകൊണ്ടുള്ള പാര്‍ട്ടിയുടെ കത്ത് ചെയര്‍മാന്‍ ജോസ് കെ.മാണി മുഖ്യമന്ത്രിയ്ക്കും, ഇടതുമുന്നണി കണ്‍വീനര്‍ക്കും കൈമാറി. ഇടുക്കി എം.എല്‍.എ ആയ റോഷി അഗസ്റ്റിന്‍ അഞ്ചാം തവണയാണ് തുടര്‍ച്ചയായി നിയമസഭയില്‍ എത്തുന്നത്. കാഞ്ഞിരപ്പള്ളി എം.എല്‍.എ ആയ ഡോ.എന്‍. ജയരാജ്  നാലാം തവണയാണ് തുടര്‍ച്ചയായി നിയമസഭയില്‍ എത്തുന്നത്.

Wednesday, May 12, 2021

ഗൗരിയമ്മ ജനകീയമുന്നേറ്റങ്ങളുടെ നേതൃത്വം: യെച്ചൂരി; അന്ത്യാഞ്‌ജലി അർപ്പിച്ച്‌ രാഷ്‌ട്രീയലോകം

ന്യൂഡൽഹി > ജനകീയ മുന്നേറ്റങ്ങൾക്ക്‌ നേതൃത്വം വഹിച്ച വിശിഷ്ടവ്യക്തിത്വമായിരുന്നു കെ ആർ ഗൗരിയമ്മയെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഏവരുടെയും ആദരവും ബഹുമാനവും ആർജിച്ച നേതൃപാടവത്തിന്‌ ഉടമയായിരുന്നു ഗൗരിയമ്മ. ആ വേർപാടോടെ ഇഎംഎസ്‌ നമ്പൂതിരിപ്പാട്‌ നയിച്ചിരുന്ന 1957ലെ ആദ്യ കമ്യൂണിസ്‌റ്റ്‌ മന്ത്രിസഭ അംഗങ്ങളിൽ അവസാനത്തെ വ്യക്തിയും ഓർമയായി.

കേരളത്തിൽ തെരഞ്ഞെടുക്കപ്പെട്ട ആദ്യ കമ്യൂണിസ്‌റ്റ്‌ സർക്കാരിൽ റെവന്യു, എക്‌സൈസ്‌, ദേവസ്വം മന്ത്രിയായിരുന്നു ഗൗരിയമ്മ. ഭൂപരിഷ്‌കരണ നടപടികൾക്ക്‌ നേതൃത്വം വഹിച്ചവരിൽ പ്രധാനിയായിരുന്നു.  സംസ്ഥാനരൂപീകരണത്തിനുമുമ്പ്‌ തിരു–കൊച്ചി നിയമസഭയിലേക്ക്‌ രണ്ട്‌ തവണ തെരഞ്ഞെടുക്കപ്പെട്ടു. 1994ൽ സിപിഐ എമ്മിൽനിന്ന്‌ പുറത്താക്കപ്പെട്ടു. അതിനുശേഷം യുഡിഎഫ്‌ സർക്കാരിൽ ഉൾപ്പെടെ ഗൗരിയമ്മ മന്ത്രിയായിരുന്നു. യുഡിഎഫിൽ പ്രതീക്ഷകൾ നഷ്ടപ്പെട്ടതിനെ തുടർന്ന്‌ വർഷങ്ങളായി എൽഡിഎഫുമായി സഹകരിക്കുന്നു. കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിലെ കരുത്തുറ്റ നേതാക്കളിൽ ഒരാളായിരുന്ന ടി വി തോമസിനെ വിവാഹം ചെയ്‌ത ഗൗരിയമ്മ 1964ൽ അവിഭക്ത പാർടിയിൽ പിളർപ്പുണ്ടായപ്പോൾ സിപിഐ എമ്മിൽ ഉറച്ചുനിന്നു. ടി വി തോമസാകട്ടെ സിപിഐയിലും. ഗൗരിയമ്മയുടെ സ്‌മരണകൾക്ക്‌ അഭിവാദ്യം അർപ്പിക്കുന്നതിനോടൊപ്പം കേരളത്തിന്റെ ദുഃഖത്തിലും പങ്കുചേരുന്നു– യെച്ചൂരി അനുശോചന സന്ദേശത്തിൽപറഞ്ഞു.

ആധുനിക കേരളത്തിന്റെ അഗ്നിനക്ഷത്രം: എ വിജയരാഘവൻ

തിരുവനന്തപുരം > ആധുനിക കേരളത്തിന്റെ സ്രഷ്ടാക്കളിൽ ഒരാളെയാണ്  ഗൗരിയമ്മയുടെ വിയോഗത്തിലൂടെ നഷ്ടമായതെന്ന്‌ എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ. കേരളത്തിന്റെ രാഷ്‌ടീയ, സാമൂഹ്യ, സാംസ്‌കാരിക ജീവിതത്തിൽ വിപ്ലവാത്മക ചിന്തയ്‌ക്കും ഇടപെടലിനും തുടക്കമിട്ട നേതാക്കളിൽ ഒരാളാണ് ഗൗരിയമ്മ. വിപ്ലവകേരളത്തിന്റെ തിളങ്ങുന്ന നക്ഷത്രവും ഇതിഹാസ തുല്യമായ സാന്നിധ്യവുമായിരുന്നു.

കേരളത്തിന്റെ ചരിത്ര മുന്നേറ്റത്തിന്‌ കാരണമായ നിയമ നിർമാണങ്ങൾക്ക് ചാലക ശക്തിയായി. സ്ത്രീകൾ പൊതുരംഗത്ത് വരാൻ മടിച്ച കാലത്ത്‌ വിവേചനങ്ങളെയും പീഡനങ്ങളെയും അതിജീവിച്ച്‌ പൊതുരംഗത്തെത്തി. ക്രൂരമായ പൊലീസ് അതിക്രമങ്ങൾക്ക് ഇരയായ ഗൗരിയമ്മ നിശ്ചയദാർഢ്യത്തിന്റെയും ഇച്‌ഛാശക്തിയുടെയും മറുപേരായിരുന്നു.  അശരണരായ മനുഷ്യരുടെ കണ്ണീരൊപ്പാനുള്ള പ്രവർത്തന പന്ഥാവായാണ്  പൊതുപ്രവർത്തനത്തെ അവർ തെരഞ്ഞെടുത്തത്. ഒരു ജീവിതകാലം മുഴുവൻ നാടിനും ജനങ്ങൾക്കുമായി അവിശ്രമം പ്രവർത്തിച്ച, ആധുനിക കേരളത്തിന്റെ അഗ്നിനക്ഷത്രമാണ് ഗൗരിയമ്മയെന്നും അദ്ദേഹം പറഞ്ഞു.

പുരോഗമന പ്രസ്ഥാനങ്ങൾക്ക് കനത്ത നഷ്ടം: സിപിഐ എം

തിരുവനന്തപുരം > കെ ആർ ഗൗരിയമ്മയുടെ നിര്യാണം കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങൾക്ക് കനത്ത നഷ്ടമാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അനുശോചിച്ചു. കേരളത്തിലെ കമ്യൂണിസ്റ്റ് പാർടിയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച നേതാവാണ് കെ ആർ ഗൗരിയമ്മ. കടുത്ത പൊലീസ് പീഡനവും ജയിൽവാസവും അവർക്ക് അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ റവന്യൂമന്ത്രി എന്ന നിലയിൽ കാർഷിക പരിഷ്കരണ നിയമത്തിന് തുടക്കം കുറിച്ചു.

ദീർഘകാലം നിയമസഭാംഗമായിരുന്ന ഗൗരിയമ്മ ഏറ്റവും കൂടുതൽ കാലം മന്ത്രിയായ വനിതകൂടിയാണ്. ജീവിതാന്ത്യംവരെ പുരോഗമനമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു. പാവപ്പെട്ടവരോട്  നിറഞ്ഞ പ്രതിബന്ധത പുലർത്തി. ഗൗരിയമ്മയുടെ ഓർമകൾക്കു മുന്നിൽ ആദരാഞ്ജലി അർപ്പിക്കുന്നതായും അനുശോചന സന്ദേശത്തിൽ പറഞ്ഞു.മുഖ്യമന്ത്രി പിണറായി വിജയനും അനുശോചിച്ചു.

കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുത്ത ധീരവനിത: കോടിയേരി

തിരുവനന്തപുരം > കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ ത്യാഗപൂർണമായ പങ്കുവഹിച്ച ധീരവനിതയാണ് കെ ആർ ഗൗരിയമ്മയെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. ഗൗരിയമ്മയുടെ വിയോഗത്തിലൂടെ വിപ്ലവത്തിന്റെ ശുക്ര നക്ഷത്രമാണ് അസ്തമിച്ചിരിക്കുന്നത്. സിപിഐ എം നേതാവായി ദീർഘകാലം പ്രവർത്തിച്ച സഖാവ് പിന്നീട് ജെ എസ് എസ് രൂപീകരിച്ച് പ്രവർത്തിച്ചെങ്കിലും അവസാന കാലത്ത് സിപിഐ എമ്മുമായി സഹകരിച്ചാണ് മുന്നോട്ടുപോയത്. കേരളത്തിലെ വിപ്ലവപ്രസ്ഥാനത്തിന് വലിയ നഷ്ടമാണ് ഗൗരിയമ്മയുടെ നിര്യാണത്തിലൂടെ ഉണ്ടായതെന്നും കോടിയേരി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

രാജ്യത്തിന് നഷ്ടം:സിപിഐ

ന്യൂഡൽഹി > കെ ആർ ഗൗരിയമ്മയുടെ വേർപാട്‌ രാജ്യത്തിനും ഇടതുപക്ഷപ്രസ്ഥാനത്തിനും കനത്ത നഷ്ടമാണെന്ന്‌ സിപിഐ. ഇന്ത്യൻ കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിന്റെ കരുത്തുറ്റ നേതാക്കളിൽ ഒരാളായിരുന്ന ഗൗരിയമ്മയ്‌ക്ക്‌ അവശജനവിഭാഗങ്ങൾക്ക്‌ വേണ്ടി പോരാടിയതിന്റെ പേരിൽ നിഷ്‌ഠുരമായ പൊലീസ്‌മർദനങ്ങൾക്ക്‌ വിധേയയാകേണ്ടി വന്നു. ആദിവാസി, ദളിത്‌ വിഭാഗങ്ങളുടെ അവകാശങ്ങൾക്ക്‌ വേണ്ടി നിലകൊണ്ട കഴിവുറ്റ ഭരണാധികാരിയായിരുന്നു. ഈ സംഭാവനകളുടെ പേരിൽ ഗൗരിയമ്മ എക്കാലവും ഓർമിക്കപ്പെടുമെന്നും സിപിഐ ജനറൽ സെക്രട്ടറി ഡി രാജ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

സ്‌ത്രീപക്ഷ രാഷ്ട്രീയത്തിന്റെ ആദ്യപഥിക: എം എ ബേബി

തിരുവനന്തപുരം > കേരള രാഷ്ട്രീയത്തിലെ ഒരു യുഗാന്ത്യമാണ് ഗൗരിയമ്മയുടെ വിടവാങ്ങലെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി. അടങ്ങാത്ത ആവേശത്തോടെമാത്രം ഓർക്കാൻ കഴിയുന്നതാണ് ഗൗരിയമ്മയെക്കുറിച്ചുള്ള അലയൊടുങ്ങാത്ത ഓർമകൾ. ആലപ്പുഴയിലെ ഐതിഹാസികമായ തൊഴിലാളിവർഗ മുന്നേറ്റത്തിന്റെയും തുടർന്നുണ്ടായ പുന്നപ്ര വയലാർ സമരങ്ങളുടെയും പിന്നാലെ കമ്യൂണിസ്റ്റ് പാർടി നിരോധിക്കപ്പെട്ട കാലത്താണ് ഗൗരിയമ്മ അഭിഭാഷക, ജഡ്ജി തുടങ്ങിയ അവസരങ്ങൾ ഉപേക്ഷിച്ച്‌ കമ്യൂണിസ്റ്റ് പാർടി പ്രവർത്തകയായത്.

കേരള രാഷ്ട്രീയത്തിലെയോ തൊഴിലാളി പ്രസ്ഥാനത്തിലെയോ ആദ്യ വനിതാ നേതാവല്ല ഗൗരിയമ്മ എങ്കിലും രാഷ്ട്രീയ നേതാവായ സ്ത്രീ എന്ന സ്ഥാനം ആധുനിക കേരളത്തിൽ സ്ഥാപിച്ചെടുത്തത് ഗൗരിയമ്മയാണ്. ആനി മസ്‌ക്രീൻ, അക്കാമ്മ ചെറിയാൻ തുടങ്ങിയ സ്വാതന്ത്ര്യസമരനേതാക്കളും സഖാക്കൾ ദേവയാനി, കാളിക്കുട്ടി ആശാട്ടി തുടങ്ങിയ തൊഴിലാളി നേതാക്കളും പുരാഷാധിപത്യ രാഷ്ട്രീയ നേതൃത്വങ്ങളോട് പടവെട്ടി പിൻവാങ്ങിയപ്പോൾ ഗൗരിയമ്മ നൂറ്റിരണ്ടാം വയസ്സിലും കേരള രാഷ്ട്രീയത്തിൽ തന്റെ സ്ഥാനം ഉയർത്തിപ്പിടിച്ച ധീരവനിതയായി.

പിൽക്കാലത്തുണ്ടായ സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെയെല്ലാം ആദ്യപഥിക എന്നതാണ് ഗൗരിയമ്മയുടെ സുപ്രധാന സംഭാവന. ആദ്യ ഐക്യകേരള സർക്കാരിലെ റവന്യൂമന്ത്രിയായിരിക്കെ അവതരിപ്പിച്ച കുടിയൊഴിപ്പിക്കൽ നിരോധനനിയമം, ഭൂപരിഷ്കരണ നിയമം എന്നിവയുടെ പേരിലാണ് ഗൗരിയമ്മ എന്നും ഓർമിക്കപ്പെടുക. 1987ലെ ഇ കെ നായനാർ സർക്കാരിലെ വ്യവസായമന്ത്രിയെന്ന നിലയിൽ തിരുവനന്തപുരത്ത് ഇന്ത്യയിലെ ആദ്യത്തെ ടെക്നോപാർക്ക് സ്ഥാപിക്കുന്നതിൽ കാണിച്ച ദീർഘവീക്ഷണവും അനുസ്മരണീയം. പക്ഷേ, അതിനും അപ്പുറമാണ് രാഷ്ട്രീയനേതാവ് എന്ന നിലയിൽ ഗൗരിയമ്മ കേരള സമൂഹത്തിൽ ചെലുത്തിയ സ്വാധീനം. ഒരു ‘കീഴ്ജാതിസ്ത്രീ' കേരള സമൂഹത്തിൽ ബഹുമാന്യമായ ഇരിപ്പിടം വലിച്ചിട്ട് ഇരുന്നത് വിപ്ലവമായിരുന്നു. അതുണ്ടാക്കിയ മാറ്റം ചരിത്രപരമായിരുന്നെന്നും എം എ ബേബി ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

ചരിത്രം കുറിച്ച പോരാളിക്ക് വിട

പാർശ്വവൽക്കരിക്കപ്പെട്ട അശരണർക്കും ഏറ്റവും പാവപ്പെട്ടവർക്കുംവേണ്ടി അന്ത്യശ്വാസംവരെ മിടിച്ച ഹൃദയമാണ് നിശ്ചലമായത്. കമ്യൂണിസ്റ്റ് മുന്നേറ്റങ്ങൾക്കും സ്ത്രീചെറുത്തുനിൽപ്പുകൾക്കും പിന്നോക്ക വിഭാഗങ്ങളുടെ പോരാട്ടങ്ങൾക്കും എട്ടു ദശാബ്ദം നേതൃത്വം നൽകിയ കെ ആർ ഗൗരിയമ്മയുടെ വേദനാജനകമായ വിയോഗം അപരിഹാര്യമാണ്. തലമുറകൾക്കായി പകർത്താൻ പ്രയാസമുള്ള ജീവിതപാഠങ്ങളും തീക്ഷ്ണമായ സമരപൈതൃകവും ബാക്കിവച്ചാണ് ആ വിടവാങ്ങൽ. കേരള രാഷ്ട്രീയ ചരിത്രത്തിൽ ഇത്രയേറെ പതിറ്റാണ്ടുകളുടെ സക്രിയമായ രാഷ്ട്രീയജീവിതത്തിന് ഉടമകളായവർ ഏറെയുണ്ടാകില്ല. ആരെങ്കിലും ഔദാര്യപൂർവം നീട്ടിയ അവസരങ്ങളായിരുന്നില്ല ഗൗരിയമ്മയ്ക്കു മുന്നിൽ. മുൻവിധികൾ പൊളിച്ചടുക്കി, തടസ്സങ്ങളും വിലക്കുകളും തട്ടിമാറ്റി, അവസരങ്ങൾ പിടിച്ചുവാങ്ങി, പൊരുതി മുന്നേറുകയായിരുന്നു അവർ. നിലപാടുകളിൽ ഉറച്ചുനിന്നതിനാൽ ദാമ്പത്യബന്ധംപോലും ശിഥിലമാകുകയുണ്ടായി.

നിലനിന്ന വ്യവസ്ഥ സ്ത്രീകൾക്ക് കൽപ്പിച്ച തുച്ഛമായ പരിഗണനയും താഴ്ന്ന പദവിയും പിറന്ന ജാതിയുടെ പിന്നോക്കാവസ്ഥയും കമ്യൂണിസ്റ്റ് നിശ്ചയദാർഢ്യംകൊണ്ട് ഗൗരിയമ്മ മുറിച്ചുകടന്നു. തിരുകൊച്ചി നിയമസഭയിൽ അംഗമാകുമ്പോൾ അവർ ബിരുദവും നിയമബിരുദവും നേടി ശ്രദ്ധേയയായി കഴിഞ്ഞിരുന്നു. മഹാരഥന്മാർ എന്ന് സമൂഹം ആദരിച്ചിരുന്ന മുതിർന്ന കോൺഗ്രസ് നേതാക്കളോട് ഗൗരിയമ്മ സഭയിൽ പലവട്ടം ഏറ്റുമുട്ടി. അവരുടെ നിലപാടുകൾ പൊളിച്ചെഴുതാൻ പ്രേരണയാകുംവിധം ചങ്കൂറ്റത്തോടെ മറുവാദങ്ങൾ ഉയർത്തി. ഇംഗ്ലീഷിൽ വാദിക്കാൻ ഇറങ്ങിയവർക്ക് അതേ ഭാഷയിൽ മറുപടി നൽകി. ഗൗരിയമ്മയുടെ എല്ലാ സഭാ പോരാട്ടവും തൊഴിലാളികളും കർഷകരും ഇതര ദരിദ്ര ജനവിഭാഗങ്ങളും ഉൾപ്പെടുന്ന അധഃസ്ഥിതർക്കുവേണ്ടിയായിരുന്നു. നിലപാടിലെ കൃത്യതയും വ്യക്തതയും ആ വാക്കുകൾക്ക് വജ്രത്തിന്റെ മൂർച്ച നൽകി. തിരു‐കൊച്ചി സഭയിൽ രണ്ടുവട്ടം അംഗമായശേഷമാണ് 1957ൽ സംസ്ഥാനത്തെ ആദ്യ മന്ത്രിസഭയിൽ ഗൗരിയമ്മ റവന്യൂ മന്ത്രിയാകുന്നത്. കമ്യൂണിസ്റ്റ് പാർടി ഏറ്റവും പ്രധാനമായി കണ്ട ഭൂപരിഷ്കരണ നിയമം രൂപപ്പെടുത്തുന്നതിലും നടപ്പാക്കുന്നതിലും ഇ എം എസിനൊപ്പം അവരും നിർണായകമായ പങ്കുവഹിച്ചു. ബിൽ സഭയിൽ പരിഗണിക്കപ്പെട്ടപ്പോൾ ഉയർന്ന വിമർശങ്ങൾക്കും നിയമപരമായ സംശയങ്ങൾക്കും ചട്ടങ്ങളും നിയമങ്ങളും ഉദ്ധരിച്ച് അവർ നൽകിയ മറുപടികൾ ചരിത്രരേഖകളാണ്. സംസ്ഥാനത്താകെയുള്ള വിവിധ വിഭാഗം സ്ത്രീത്തൊഴിലാളികളുടെ പോരാട്ടങ്ങളും ഗൗരിയമ്മ നയിച്ചു. മഹിളാപ്രസ്ഥാനത്തിന്റെ നേതൃപദവിയിലും ഉണ്ടായി. അപ്പോഴും വനിതാ നേതാവ് മാത്രമായി ഒതുങ്ങിയില്ല. തലമുതിർന്ന പുരുഷ കേഡർമാർക്ക് സമാനമായ ശേഷിയോടെ പാർടിയെ പതിറ്റാണ്ടുകൾ നയിച്ചു.

മന്ത്രിയെന്ന നിലയിൽ ഗൗരിയമ്മയുടെ നേതൃപാടവവും തന്റേടവും കാര്യക്ഷമതയും സൂക്ഷ്മദൃഷ്ടിയും അതുല്യവും അപാരവുമായിരുന്നു. ഉദ്യോഗസ്ഥ മേധാവികളുടെ സാധാരണ കുറിപ്പുകൾക്കപ്പുറം അവർ ഫയലുകളിലെ ജീവിതം ആഴത്തിൽ വായിച്ച് സ്വന്തമായ നിഗമനങ്ങൾ എഴുതി. മന്ത്രിയെന്ന നിലയിൽ പ്രവർത്തിക്കുമ്പോഴും പോരാളിയായി തുടർന്നു. വ്യവസ്ഥാപിത ഭരണകൂട രീതികളോട് കലഹിച്ചുകൊണ്ടേയിരുന്നു. അതിനാൽ കർക്കശക്കാരിയെന്ന് പലരും വിശേഷിപ്പിച്ചു. ചെറുപ്പത്തിലേ അനുഭവിക്കേണ്ടിവന്ന ജയിൽവാസവും അതിക്രൂര മർദനങ്ങളും ഉരുക്കുപോലുള്ള കരുത്തിന് അടിത്തറയായി. അത് അവരെ പലവിധ പോരാട്ടങ്ങളിലും തുണച്ചു.

1964ൽ കമ്യൂണിസ്റ്റ് പാർടി രണ്ടായപ്പോൾ സിപിഐ എമ്മിനൊപ്പംനിന്ന ഗൗരിയമ്മ പാർടി സംസ്ഥാന സെക്രട്ടറിയറ്റ് അംഗംവരെയായി. എന്നാൽ, 1994ൽ പാർടിയിൽനിന്ന് പുറത്തായി. തുടർന്ന്, സ്വന്തമായി സംഘടന രൂപീകരിച്ചു. യുഡിഎഫ് മന്ത്രിസഭകളിൽ രണ്ടുവട്ടം മന്ത്രിയായെങ്കിലും തന്റെ ഇടം അതല്ലെന്ന തിരിച്ചറിവ് അവർക്കുണ്ടായി. ഏതാനും വർഷമായി സിപിഐ എമ്മിനൊപ്പം നിന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പുവേളയിൽ സ്വന്തം പാർടിയിലെ ചിലർ തീർത്ത ചതിക്കുഴികൾ പഴയ പോരാട്ടവീര്യത്തോടെ മറികടന്ന ഗൗരിയമ്മ കമ്യൂണിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു. രണ്ടു നൂറ്റാണ്ടിനെ ബന്ധിപ്പിച്ച സമരജീവിതത്തിനാണ് 102–-ാം വയസ്സിൽ അന്ത്യമായത്. സഫലമായിരുന്നു ആ ജീവിതയാത്ര. നിരന്തര പോരാട്ടത്തിന്റെ, കമ്യൂണിസ്റ്റ് സമർപ്പണത്തിന്റെ, വിപ്ലവ വീര്യത്തിന്റെ പര്യായമായി എന്നും ആ പേര് ഓർമിക്കപ്പെടും. ചരിത്രത്തെ ത്രസിപ്പിച്ച ആ വീരസ്മരണയ്ക്ക് മുന്നിൽ ഒരുപിടി രക്തപുഷ്പങ്ങൾ.

deshabhimani editorial 120521

നിയമമായ വാക്കുകൾ; ജീവിതത്തിലെ അനുസ്‌മരണീയ ദിനം

അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുമ്പോഴാണ് കെ ആർ ഗൗരിയമ്മ കമ്യുണിസ്റ്റ് പാർടിയിൽ ചേരുന്നത്. മികച്ച വാഗ്മിയും സംഘാടകയുമായ അവർക്ക് അംഗത്വം നൽകിയതാകട്ടെ പി കൃഷ്ണപിള്ള. ഇ എം എസ്, എ കെ ജി, നായനാർ, വി എസ്  തുടങ്ങിയ നേതാക്കൾക്കൊപ്പം പാർടി കെട്ടിപ്പടുക്കുന്നതിൽ ഗൗരിയമ്മയും വലിയ പങ്കുവഹിച്ചു. 1957ൽ ഇഎംഎസിന്റെ നേതൃത്വത്തിൽ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലേറിയപ്പോൾ റവന്യൂ വകുപ്പ്  ഏൽപിച്ചു. കേരള ചരിത്രത്തിൽ സുവർണ ലിപികളിൽ രേഖപ്പെടുത്തിയ ഭൂപരിഷ്കരണ നിയമം നടപ്പാക്കുന്നതിന് ചുക്കാൻ പിടിക്കാനുള്ള നിയോഗവും അവർക്കായി.  ആദ്യ മന്ത്രിസഭയിൽ അംഗമായ  ഗൗരിയമ്മ സത്യപ്രതിജ്ഞചെയ്ത് മന്ത്രിക്കസേരയിൽ ഇരുന്നപ്പോഴുണ്ടായ അനുഭവം എഴുതി: ''57 ഏപ്രിൽ അഞ്ചിന് ഞങ്ങൾ അധികാരമേറ്റു. അതൊരു  ലോക സംഭവമായിരുന്നു. സ്വാതന്ത്ര്യം കിട്ടിയ പത്താം കൊല്ലം അധികാരമേറ്റ കമ്യൂണിസ്റ്റ് മന്ത്രിസഭയ്ക്ക് എന്തെന്ത് പ്രശ്നങ്ങളായിരുന്നു?. ഭരണ പരിചയമില്ലാത്ത എനിക്ക് ആദ്യമൊക്കെ ഫയൽ നോക്കാൻ അറിയില്ല.

സാങ്കേതികത്വത്തെക്കാൾ, അതിൽ നരകിക്കുന്ന മനുഷ്യരുടെ ദുരിതമാണല്ലോ പ്രധാനം. ആ ദുരിതവും വേദനയും കഷ്ടപ്പാടും എന്തെന്നറിയുകയും പരിഹാരം തേടാനുള്ള തീവ്രസമരത്തിൽ പങ്കെടുക്കുകയും ചെയ്ത എനിക്ക്, പിന്നെ ഫയൽ പഠിക്കാൻ പ്രയാസം തോന്നിയില്ല. അപ്പോഴും കൃഷിക്കാരുടെ പ്രശ്നങ്ങൾ ഒരു വിചാരമായി, വികാരമായി അലട്ടി. കർഷകസംഘം നേതാക്കളായ ഇ ഗോപാലകൃഷ്ണമേനോൻ, പന്തളം പി ആർ മാധവൻപിള്ള, സി എച്ച് കണാരൻ എന്നിവരുമായും  പാർടി നേതൃത്വവുമായും ചർച്ചചെയ്തു. ഡിപ്പാർട്‌മെന്റുമായി ആലോചിച്ചു. അതിന്റെയൊക്കെ ഫലമായി ഒരാശയം  രൂപംപൂണ്ടു. അത് വാക്കുകളായി, വകുപ്പുകളായി, നിയമരേഖയായി സമ്പൂർണമാക്കിയപ്പോഴേക്കും ഏപ്രിൽ പത്ത്‌. 11ന്  ഓർഡിനൻസ്‌.  കാർഷിക പരിഷ്കരണ നിയമങ്ങൾക്ക്തറക്കല്ലിട്ടത് അന്നാണ്. രാജവാഴ്ചക്കും ജന്മിത്വത്തിനും  ഏൽപിച്ച പ്രഹരമായിരുന്നു  ഒഴിപ്പിക്കൽ നിരോധന ഓർഡിനൻസ്. എന്റെ ജീവിതത്തിലെ അനുസ്മരണീയ ദിനം''. 1967, 80, 87 വർഷങ്ങളിലെ മന്ത്രിസഭകളിലും ഗൗരിയമ്മ അംഗമായി. മന്ത്രിയെന്ന നിലയിൽ പ്രവർത്തനം ഏറെ ശ്ലാഘിക്കപ്പെട്ടു. ആദ്യകാല പാർടി പ്രവർത്തകരിൽ മുൻനിരയിലുണ്ടായ അവർ 1994ൽ സിപിഐഎമ്മിൽനിന്ന് പുറത്തായി. തുടർന്ന്‌ ജെ എസ് എസ് രൂപീകരിച്ച യുഡിഎഫിൽ  ചേർന്നു.  അവസാനം യുഡിഎഫുമായി സ്വരചേർച്ചയില്ലാതായി. ആ മുന്നണി വിട്ടു.

പ്രണയം കലഹം വേർപിരിയൽ; ടി വി തോമസും ഗൗരിയമ്മയും

ടി വി തോമസും ഗൗരിയമ്മയും ‐ കേരളത്തിലെ കമ്യൂണിസ്റ്റ് പാർടി ചരിത്രത്തി ൽ സ്ഥാനംപിടിച്ച ദമ്പതികൾ. പ്രശസ്തരും പ്രഗൽഭരുമായ അവർ തലമുറകളിൽ ഇരിപ്പിടംനേടി. ആരെയും കൂസാത്ത, തലകുനിക്കാത്ത ഇഛാശക്തിയുള്ള വ്യക്തിത്വങ്ങളായിരുന്നു ഇ രുവരും. ഒന്നിച്ച് പ്രവർത്തിക്കുന്നതിനിടയിൽ  പ്രണയബദ്ധരായി. തുടർന്ന് വിവാഹം. കുറച്ചുകാലത്തിനുശേഷം വേർപിരിയൽ. പ്രണയവും കൂടിച്ചേരലും ഏറെ ചർച്ചചെയ്യപ്പെട്ടു. ഗൗരിയമ്മ മഹാരാജാസിൽ ഇന്റർമീഡിയറ്റിന് (1936‐38) പഠിക്കുമ്പോഴാണ് ടി വിയെ ആദ്യം കാണുന്നത്. മൂന്നു വർഷം മുമ്പ് അദ്ദേഹം അവിടെ ഇന്റർമീഡിയറ്റിനുണ്ടായിരുന്നു.മികച്ച ഫുട്ബോളറായും അറിയപ്പെട്ടു.

പഠിപ്പുകഴിഞ്ഞ് തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് പ്രവർത്തകനായ കാലം. ടി വിയുടെ സഹോദരി ത്രേസ്യാമ്മ ഗൗരിയുടെ സഹപാഠി. കോളേജിലെത്തിയ ടി വിയെ അവൾ ഗൗരിയ്ക്ക് പരിചയപ്പെടുത്തി. ത്രേസ്യാമ്മയുടെ സഹോദരൻ എന്നതിൽ കവിഞ്ഞൊന്നും തോന്നിയില്ല. പക്ഷേ അന്നത്തെ വസ്ത്രധാരണം; തവിട്ടുനിറത്തിൽ ലൈനുള്ള ഖദർ ജൂബ്ബ ‐ ഓർമിക്കുന്ന ടി വി യുടെ ആദ്യചിത്രം. ഗൗരി അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുന്നതിനിടയിലാണ് രാഷ്ട്രീയത്തിലിറങ്ങിയത്. ആദ്യം ട്രേഡ്യൂണിയൻ. താമസിയാതെ കമ്യൂണിസ്റ്റ് പാ ർടി അംഗം (1948).  തിരു‐കൊച്ചി നിയമസഭാ തെരഞ്ഞെടുപ്പിൽ ചേർത്തല ദ്വയാംഗ മണ്ഡലത്തിൽനിന്ന് മത്സരിച്ചു തോറ്റു. പിന്നീട് ടി വി മൽസരിച്ചപ്പോൾ ഗൗരിയായിരുന്നു തെരഞ്ഞെടുപ്പ് ഏജന്റ്. തുടർന്ന് 1951ലും 54ലും ഇരുവരും  ജയിച്ചു. സഭയ്ക്കകത്തും പുറത്തുമുള്ള രാഷ്ട്രീയ പ്രവർത്തനത്തിനിടയിൽ  അടുത്തു. താമസിയാതെ വിവാഹ നിശ്ചയം (1955). വിവാഹം പല കാരണങ്ങളാൽ നീണ്ടു. ഒടുവിൽ പാർടി മുൻകൈയെടുത്ത് തീയതി കണ്ടു‐ 1956 മെയ് 24. തിരക്കുകൾക്കിടെ ടി വിയുടെ സൗകര്യാർഥം മറ്റൊരു ദിവസത്തേക്ക് മാറ്റി.

ഒടുവിൽ പാളയംകോട്ട് രജിസ്ട്രാർ ഓഫീസിൽ സ്പെഷ്യൽ മാരേജ് നിയമപ്രകാരം വിവാഹ തയ്യാറെടുപ്പ്‌. ടി വിക്കും ഗൗരിയമ്മക്കും പുറമെ സാക്ഷികളായ ബി എസ് കൃഷ്ണൻ, ടി കെ വർഗീസ് വൈദ്യൻ, പരമേശ്വരൻപിള്ള എന്നിവരും. ഒരുമാസം മുമ്പ് നോട്ടീസ് കൊടുത്തേ രജിസ്റ്റർ പറ്റൂവെന്ന തടസ്സം. നോട്ടീസ് കൊടുത്തു വിവാഹം നടത്താതെ  മടങ്ങി.1957 ഏപ്രിലിൽ ഇരുവരും ഇ എം എസ് മന്ത്രിസഭയിൽ. അപ്പോഴായിരുന്നു വിവാഹം. ഇണക്കവും പിണക്കവുമായി 1967വരെ ദാമ്പത്യം തുടർന്നു.

1964ൽ പാർടി പിളർന്നപ്പോൾ രണ്ടു തട്ടിലായി‐ടി വി സിപിഐയിലും ഗൗരിയമ്മ സിപിഐഎമ്മിലും. 1967 ലെ ഇ എം എസ് മന്ത്രിസഭയിൽ രണ്ട് പേരും മന്ത്രിമാരായി. തൊട്ടടുത്ത മന്ദിരങ്ങളിലായിരുന്നു താമസം. ഗൗരിയമ്മ ‘സാനഡു’വിലും ടി വി ‘റോസ്ഹൗസി’ലും. ടി വി 1977ൽ മരിച്ചു. അന്ത്യസമയത്ത് ഗൗരിയമ്മ അടുത്തുണ്ടായി. അകൽച്ചയ്ക്ക് കാരണം? അവർ പറഞ്ഞു: ‘‘അഭിപ്രായം വെവ്വേറെയായിപ്പോയി.ഞങ്ങളുടെയും പാർടിയുടെയും കുറ്റംകൊണ്ടല്ല. ഒന്നുപറയാം അദ്ദേഹം മരിക്കുമ്പോഴും എന്റെ ഭർത്താവാണ്. ഞങ്ങൾ വേറെ കല്യാണം കഴിച്ചില്ല.’’ പിന്നീടും ഗൗരിയമ്മ ഒറ്റക്ക് കഴിഞ്ഞു.

മഹാരാജാസിൽ ചങ്ങമ്പുഴയുടെ സഹപാഠി

ഗൗരിയുടെ  മഹാരാജാസ്  പഠനകാലത്ത് ചങ്ങമ്പുഴക്കവിത പഠിക്കാനുണ്ടായി. രമണൻ ഉയർത്തിയ പ്രണയകൊടുങ്കാറ്റിൽ  തീപടർന്ന കാലം. അപ്പോഴും ഭാഷാക്ലാസിൽ പിറകിലിരുന്ന മെലിഞ്ഞുനീണ്ട യുവാവ് ചങ്ങമ്പുഴയാണെന്ന് അറിഞ്ഞില്ല. ക്ലാസിലെ അവസാന നാളുകളിലാണ് തിരിച്ചറിഞ്ഞത്. അതും അധ്യാപകൻ കുറ്റിപ്പുഴ കൃഷ്ണപിള്ള  പറഞ്ഞപ്പോൾ. അദ്ദേഹം കവിയെ പരിചയപ്പെടുത്തവേ ഏവരും അത്ഭുതപ്പെട്ടു. നീണ്ടനാൾ ഒരുമിച്ച് പഠിച്ചിട്ടും ചങ്ങമ്പുഴയുമായി സൗഹൃദത്തിന് ഗൗരി ശ്രമിച്ചില്ലെങ്കിലും പരിചയപ്പെട്ടശേഷം പലപ്പോഴായി സംസാരിച്ചു. രാഷ്ട്രീയ ജീവിതത്തിൽ പി കൃഷ്ണപിള്ളയെപ്പോലെ എഴുത്തുവഴിയിൽ ആത്മധൈര്യവുമായി ഒരാളുണ്ടായിരുന്നെങ്കിൽ ആ ജീവിതം പിന്നെയും മാറിയേനെ. പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും നല്ല നിലവാരം പുലർത്തിയ ഗൗരിക്ക് ചെറുപ്പത്തിൽ കവിയാകാനായിരുന്നു ആഗ്രഹം.

മനസിലുള്ളത്‌  കടലാസിൽ പകർത്തിയെങ്കിലും പ്രസിദ്ധീകരിക്കാൻ ധൈര്യംവന്നില്ല. കുമാരനാശാന്റെയും മറ്റും കവിത ഹൃദിസ്ഥമാക്കി അദ്ദേഹത്തിന്റെ ആരാധികയായി.  അതാണ് കവയത്രിയെന്ന മോഹത്തിന് വഴിവെച്ചത്. എഴുതിയവ പ്രസിദ്ധീകരണങ്ങൾക്ക് അയക്കാനും മറ്റൊരാളെ കാണിക്കാനുമുള്ള ധൈര്യം ഇല്ലാതിരുന്നതാണ് എഴുത്തുവഴിയിൽ മുരടിക്കാൻ ഇടയാക്കിയത്. കവയത്രിയാകാനുള്ള ആഗ്രഹത്തെക്കുറിച്ചും ധൈര്യമില്ലാത്തതിനാൽ എഴുത്ത് നിലച്ചതും ആത്മകഥയിലുണ്ട്. കൈയെത്തും ദൂരെഅർഹമായ അംഗീകാരങ്ങൾ ഗൗരിയെ തൊടാതെപോയി. ജനങ്ങളുടെ അംഗീകാരം വാരിക്കൂട്ടിയ അവർക്ക് വിദ്യാർഥി ജീവിതത്തിലെ സുവർണനേട്ടവും കൈമോശം വന്നു.

കോളേജ് പഠന കാലത്ത് സബ്ജക്ടിനുള്ള  സർവകലാശാലാ സ്വർണ മെഡലിന്  അർഹയായി. രണ്ടാം ലോക യുദ്ധമായതിനാൽ അധികൃതർ അത് നൽകിയില്ല; പകരം സർട്ടിഫിക്കറ്റ്. മെഡലിന്റെ പണം യുദ്ധ ഫണ്ടിലേക്കും.

ടി വി തോമസുമായുള്ള പ്രണയവും വിവാഹവും പിരിയലും ചരിത്രം. എന്നാൽ ഗൗരിയിൽ പൂവിടാതെപോയ മോഹങ്ങളിൽ പ്രണയവുമുണ്ട്‌. നായകരാവാൻ വന്നവരെ വകഞ്ഞുമാറ്റി പ്രണയത്തെ പരാജയപ്പെടുത്തിയ അവർ പക്ഷേ ടി വിയുടെ മുന്നിൽ ഒഴിവാകാൻ ശ്രമിച്ചില്ല. ആ ആദർശ ശുദ്ധിയും ധൈര്യവും പ്രസ്ഥാനത്തോടുള്ള ആത്മാർഥതയുമായിരുന്നു കാരണം.  പ്രണയ കഥകളിലെ നായകരുടെ പേരുകൾ ആത്മകഥയിലും വെളിപ്പെടുത്തിയില്ല.

പത്തിൽ പഠിക്കവേ  അവധിക്കാലത്ത് കാണാൻ വന്ന കോളേജ് കുമാരനായിരുന്നു ഒരാൾ. പ്രേമലേഖനവും ദന്ത നിർമിത ബ്രൂച്ചും നൽകി പ്രണയം അറിയിച്ചു. കത്തിന് മറുപടി ആവശ്യപ്പെട്ടു. അവനോട് സഹതാപത്തിനപ്പുറം ഒന്നുമുണ്ടായില്ല.  പ്രണയമില്ലെന്ന് പറഞ്ഞ് സുഹൃത്തുക്കളായി പിരിഞ്ഞു. കോളേജ് കാലത്ത് മറ്റൊരു കളിക്കൂട്ടുകാരനോട് അടുപ്പം തോന്നിയെങ്കിലും യാഥാർഥ്യം തിരിച്ചറിഞ്ഞ് ഇരുവരും ഒഴിഞ്ഞു. എങ്കിലും  കത്തുകളെഴുതി. ബിഎ പാസായ വിവരത്തോടൊപ്പം പ്രണയത്തെക്കുറിച്ചും അച്ഛനറിഞ്ഞത്പ്രശ്നമായി. അത് മകളെ വേദനിപ്പിച്ചു. അതിനിടെ മദ്രാസ് ക്യൂൻ മേരീസ് കോളേജിൽ അപേക്ഷ അയച്ചതറിഞ്ഞ അച്ഛൻ  വിയോജിച്ചു. അവിടേക്ക് വിടില്ലെന്നും വക്കീലാക്കാനാണ് ആഗ്രഹമെന്നും പറഞ്ഞു.   ബന്ധം തുടരില്ലെന്ന് വാക്കുനൽകി. വർഷങ്ങൾക്കുശേഷമാണ് ടി വിയുമായുള്ള അടുപ്പവും വിവാഹവും.  പുന്നപ്ര വയലാറിന് മുന്നേ ഇരുവരും പ്രണയിച്ചിരുന്നുവെന്നത് അപഖ്യാതിയായിരുന്നെന്ന് ഗൗരിയമ്മ വ്യക്തമാക്കിയിട്ടുണ്ട്.

വീട്ടിൽ വന്ന ഗുരുവും കുമാരനാശാനും

കെ ആർ ഗൗരിയുടേത്‌ സമ്പന്ന കുടുംബമായിരുന്നു. പട്ടിണി അറിഞ്ഞില്ലെന്നു മാത്രമല്ല, കഴിയുന്നത്ര മറ്റുള്ളവരുടെ വിശപ്പുമാറ്റി. അപ്പൂപ്പൻ വാങ്ങിയ പുരയിടത്തിനു പുറമെ ദേവസ്വക്കാരുടെ നിലവും പാടവും പാട്ടത്തിനെടുത്ത്‌ കൃഷിചെയ്തും പഴങ്ങാട്ടുചാൽ മത്സ്യപ്പാട്ടത്തിനു പിടിച്ചും വെള്ളക്കെട്ട് ലേലത്തിലെടുത്ത്‌ കൃഷിനിലമാക്കിയും നെൽകൃഷിയും ചിട്ടിയും നടത്തി അച്ഛൻ പ്രമാണിയെപ്പോലെ കഴിഞ്ഞു. ശ്രീനാരായണഗുരുവും കുമാരനാശാനും വീട്ടിലെത്തിയത്‌ സാമൂഹ്യപരിഷ്‌ക്കരണ പ്രവർത്തനങ്ങളോട്‌ ആമുഖ്യം വളർത്തി. ഗൗരിയിൽ രാഷ്ട്രീയം മുളപ്പിച്ചത് മൂത്ത സഹോദരൻ കെ ആർ സുകുമാരൻ. ചേർത്തല കയർ ഫാക്ടറി തൊഴിലാളി നേതാവ് സി ജി സദാശിവനുമായുള്ള ബന്ധമാണ് സുകുമാരനെ പാർടിയുമായി അടുപ്പിച്ചത്. പല തൊഴിലാളി സംഘടനകളുടെയും ഭാരവാഹിയായി. കർഷകത്തൊഴിലാളി പ്രവർത്തനത്തിലാണ് ശ്രദ്ധിച്ചത്. അച്ഛന് പൊരുത്തപ്പെടാൻ കഴിഞ്ഞില്ലെങ്കിലും ക്രമേണ എതിർപ്പ് കുറഞ്ഞു.

സ്ഫോടനാത്മക സ്ഥിതിയായിരുന്നു അന്ന്. 'ദിവാൻ ഭരണം അവസാനിപ്പിക്കും', 'അമേരിക്കൻ മോഡൽ അറബിക്കടലിൽ', 'പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ്' എന്നീ മുദ്രാവാക്യങ്ങൾ ഉയർന്നു. തൊഴിലാളികൾക്കും കൃഷിക്കാർക്കും പാർടിക്കും എതിരായി ഗൂഢാലോചന ശക്തമായി. ജന്മി‐ ഗുണ്ടാആക്രമണവും. കുടികിടപ്പുകാരെ മർദിക്കുക, കുടിൽ പൊളിക്കുക, സ്ത്രീകളെ ഉപദ്രവിക്കുക എന്നിങ്ങനെയുള്ള ഗുണ്ടായിസത്തിന്‌ പൊലീസ് പിന്തുണ. ജന്മിമാരാണ് സ്റ്റേഷനുകൾ ഭരിച്ചത്. ഭയചകിതരായ തൊഴിലാളികൾക്കിടയിലേക്ക് കർഷകത്തൊഴിലാളി യൂണിയൻ ചെന്നു. ഫാക്ടറി തൊഴിലാളികളുടെ ജീവിതത്തിലുണ്ടായ മാറ്റം കർഷകത്തൊഴിലാളികളെയും സംഘടിക്കാൻ പ്രേരിപ്പിച്ചു. കൂലിചോദിക്കാനും അനീതി ചെറുക്കാനും 'അടിയൻ' വിളി  അവസാനിപ്പിക്കാനും അവർ മുന്നിട്ടിറങ്ങി.

പുന്നപ്ര വയലാർ സമരത്തിന്റെ പശ്ചാത്തലം അതാണ്‌. മുഹമ്മയിലും കഞ്ഞിക്കുഴിയിലും കലവൂരിന് പടിഞ്ഞാറ് കാട്ടൂരും 1122 തുലാം 26 ന് വെടിവയ്പ്പ്. തുടർന്ന് പട്ടാളഭരണം. സർ സി പി പട്ടാളമേധാവിയായി ചുമതലയെടുത്തു.നിരോധന കാലത്താണ് ഗൗരി പ്രകടമായി പാർടിയോട് അടുത്തത്. അതിനുമുമ്പ് സഹോദരനോടൊപ്പം വീട്ടിലെത്തുന്ന സഖാക്കൾക്ക് ഭക്ഷണം നൽകിയും സാമ്പത്തികമായി സഹായിച്ചും തുടർന്ന ബന്ധം മാത്രം. പുന്നപ്ര‐വയലാർ സമരത്തെ തുടർന്ന് സഹോദരൻ വീട്ടിൽ വരാതായി. ചെലവു കാശിനായി  പ്രവർത്തകർ എത്തി. കൈവശമുണ്ടായ ആഭരണം പണയപ്പെടുത്തിയും പണം നൽകി. ഒരു ദിവസം രഹസ്യമായി വിതരണം ചെയ്യണമെന്ന് പറഞ്ഞ് കുറേ പ്രസ്താവന  അവർ ഗൗരിയെ ഏൽപ്പിച്ചു. ഒന്നെടുത്ത്‌ ബാക്കി കിടക്ക കവറിനകത്താക്കി, പുതപ്പ്  വിരിച്ചു.   പ്രവർത്തകർ എന്തുചെയ്യണമെന്ന നിർദേശമാണ് പ്രസ്താവനയിൽ. പാർടി നിയമവിരുദ്ധം. രാജഭക്ത സംഘം സജീ*വം. സിഐഡികളും രംഗത്ത്. പ്രസ്താവന വിതരണം ചെയ്തത് ബസ്സ്റ്റാൻഡിലെ യാചക കുട്ടികൾ. ദിവാകരൻ എന്ന കുട്ടി ചുമതല ഏറ്റെടുത്തു. കൂലി രണ്ടു രൂപ. രാത്രിയിൽ കടകളുടെ ഉള്ളിലും വീടുകളുടെ കോമ്പൗണ്ടിലും നോട്ടീസ് ഇടും. ആ കുട്ടികളും പാർടിയുടെ ഭാഗമായി.

കൃഷ്ണപിള്ളയും സി ജി സദാശിവനും സി കെ വിശ്വനാഥനുമെല്ലാം വീട്ടിൽ ഒളിവിൽ താമസിക്കാനെത്തും. കൃഷ്ണപിള്ളയാണ് ഗൗരിയെ പാർടി അംഗമാക്കിയത്.1948ലെ കോൺഗ്രസിൽ ചർച്ചചെയ്യാൻ തയ്യാറാക്കിയ  കരട്പരിപാടി അദ്ദേഹം നൽകി.  കൃഷ്ണപിള്ളയുടെ ഒപ്പം ഭാര്യ തങ്കമ്മയും. അവർ നല്ല പ്രാസംഗിക. അവരുമായുള്ള അടുപ്പം ഗൗരിയെ സജീവ രാഷ്ട്രീയക്കാരിയാക്കി. ചേർത്തലയിൽ മത്സരിക്കണമെന്ന് കൃഷ്ണപിള്ള അറിയിച്ചപ്പോൾ  നടുങ്ങിയെങ്കിലും നിഷേധിക്കാനായില്ല. പിന്നോട്ടില്ലെന്ന തീരുമാനം കൈക്കൊള്ളാൻ അനുഭവം കരുത്തുനൽകി. കേരളമറിയുന്ന കെ ആർ ഗൗരിയമ്മയുടെ ജനനം അവിടെ.

ഡോ. പി എസ് ശ്രീകല

വിടവാങ്ങിയത്‌ വീരേതിഹാസം; പിണറായി വിജയൻ എഴുതുന്നു

സ്വന്തം ജീവിതത്തെ നാടിൻ മോചനപോരാട്ടത്തിന്റെ വീരേതിഹാസമാക്കി മാറ്റിയ ധീര നായികയാണ് കെ ആർ ഗൗരിയമ്മ. എല്ലാവിധ ഉച്ചനീചത്വങ്ങളും അവസാനിപ്പിക്കാനും സമത്വത്തിലധിഷ്ഠിതമായ വ്യവസ്ഥിതി സ്ഥാപിച്ചെടുക്കാനും വേണ്ടിയുള്ള നിരന്തര പോരാട്ടങ്ങൾക്കായി സമർപ്പിതമായ ജീവിതമായിരുന്നു ഗൗരിയമ്മയുടേത്. കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ അവർ വഹിച്ച പങ്ക് സമാനതകളില്ലാത്തതാണ്. ധീരയായ പോരാളിയും സമർഥയായ ഭരണാധികാരിയും ആ വ്യക്തിത്വത്തിൽ ഒരുമിച്ചു. ആധുനിക കേരളത്തിന്റെ ചരിത്രം ഗൗരിയമ്മയുടെ  ജീവചരിത്രം കൂടിയാണ്. പോരാട്ടങ്ങൾക്ക് നിത്യ പ്രചോദനമാണ് അവരുടെ മാതൃകാപരമായ ജീവിതം.

നൂറുവർഷം ജീവിക്കാൻ കഴിയുക എന്നത് അപൂർവം പേർക്കു മാത്രം സാധ്യമാകുന്ന ഒന്നാണ്. ജീവിതഘട്ടമാകെ ബോധത്തെളിച്ചയോടെ കഴിയുക, പരാധീനത്തിലല്ലാതെ കഴിയുക, മറ്റുള്ളവർക്ക്‌ സഹായകമായി കഴിയുക തുടങ്ങിയവയൊക്കെ സാധ്യമാകുന്നത്‌ അത്യപൂർവം പേർക്കാണ്. ആ അത്യപൂർവം പേരിൽപ്പെടുന്നു  കെ ആർ ഗൗരിയമ്മ. ഇങ്ങനെയൊരാൾ നമുക്കുണ്ടായിരുന്നു എന്നത്‌ തീർച്ചയായും നമ്മുടെ വലിയ ഒരു ധന്യതയാണ്. ഗൗരിയമ്മയുടെ കാലത്ത്‌ ജീവിക്കാൻ കഴിഞ്ഞു എന്നത് മലയാളിയുടെ അഭിമാനമാണ്.

അനുഭവങ്ങളുടെ അതിസമ്പന്നമായ പശ്ചാത്തലത്തോടെ നമ്മുടെ സാമൂഹ്യജീവിതത്തിന്‌ മാർഗനിർദേശം നൽകാൻ കഴിഞ്ഞ മാതൃകാ വ്യക്തിത്വം എന്നുവേണം ഗൗരിയമ്മയെ വിശേഷിപ്പിക്കാൻ. ഇത്ര ദീർഘമായ, ഇത്ര തീവ്രമായ അനുഭവങ്ങളുള്ള മറ്റൊരാൾ കേരളത്തിലുണ്ടായിരുന്നില്ല. ആ നിലയ്ക്ക് അങ്ങേയറ്റം അസാധാരണവും താരതമ്യമില്ലാത്തതുമാകുന്നു ആ ജീവിതം. ആധുനിക കേരളത്തിന്റെ ചരിത്രവുമായി വേർപെടുത്താനാകാത്ത വിധം കെട്ടുപിണഞ്ഞു കിടക്കുന്നു ഗൗരിയമ്മയുടെ ജീവിതം.

സ്വന്തം ജീവിതം സഫലമാകുന്നത്, അന്യജീവന് ഉതകുമ്പോഴാണ് എന്നു പറയുമല്ലൊ. ഇതു മാനദണ്ഡമാക്കിയാൽ, ഇതുപോലെ സഫലമായ ജീവിതം മറ്റ് അധികം പേർക്കുണ്ടാകില്ല. വിദ്യാർഥി ജീവിതഘട്ടത്തിൽ തന്നെ കർമരംഗത്തേക്കും സമരരംഗത്തേക്കുമിറങ്ങി. നൂറുവയസ്സ്‌ പിന്നിട്ട ഘട്ടത്തിലും ഗൗരിയമ്മ ജനങ്ങൾക്കിടയിൽ തന്നെയുണ്ടായി. വെള്ളത്തിൽ മത്സ്യം എന്ന പോലെ, ജനങ്ങൾക്കിടയിൽ ജീവിച്ചു. ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ വർത്തമാനകാല രാഷ്ട്രീയഘട്ടവുമായി ബന്ധപ്പെടുത്തുന്ന അപൂർവം കണ്ണികളേ ഉണ്ടായിരുന്നുള്ളു. അതിലെ വിലപ്പെട്ട കണ്ണിയായിരുന്നു ഗൗരിയമ്മ. അന്നത്തെ അനുഭവങ്ങൾ മനസ്സിൽവച്ച് ഭാവിയെക്കുറിച്ച് അഭിപ്രായം പറയാൻ കഴിയുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്. ഇവിടെയാണ് ഗൗരിയമ്മയുടെ പ്രസക്തി നാം കൂടുതൽ തിരിച്ചറിയുന്നത്. അതുകൊണ്ടാണ് ഗൗരിയമ്മയുടെ അഭാവം നാടിന്റെ നികത്താനാകാത്ത  നഷ്ടമായി മാറുന്നത്.

ധീരതയുടെ പ്രതീകമായാണ്‌ ഗൗരിയമ്മയെ കേരളം എന്നും കണ്ടിട്ടുള്ളത്. സർ സി പിയുടെ കാലത്തെ പൊലീസിന്റെ ഭേദ്യം അനുഭവിക്കേണ്ടി വന്നിട്ടുള്ള അവർക്ക്, സ്വാതന്ത്ര്യലബ്ധിക്കു ശേഷവും ഒട്ടേറെ യാതനാനുഭവങ്ങളുണ്ടായി. ചെറുത്തുനിൽപ്പിന്റെ കരുത്തുറ്റ ബിംബമായി ഗൗരിയമ്മ അങ്ങനെ മാറി. ആ നിലയ്ക്കുള്ള കവിതകൾ പോലും മലയാളത്തിൽ അവരെക്കുറിച്ചുണ്ടായി. കേരളത്തിന്റെ സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ ചരിത്രത്തിൽ ഗൗരിയമ്മ നിർണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്  . അത്യപൂർവം സ്ത്രീകൾ മാത്രം ഉന്നത വിദ്യാഭ്യാസത്തിനെത്തിയിരുന്ന ഒരു കാലത്ത് നിയമവിദ്യാഭ്യാസം പൂർത്തിയാക്കിയ ഗൗരിയമ്മയ്‌ക്ക്‌ വേണമെങ്കിൽ ഔദ്യോഗിക തലത്തിൽ തിളക്കമാർന്ന തലങ്ങളിലേക്കു വളർന്ന് സ്വന്തം ജീവിതം സുരക്ഷിതവും സമ്പന്നവുമാക്കാമായിരുന്നു. എന്നാൽ, ആ വഴിയല്ല, തന്റേതെന്ന് അവർ തിരിച്ചറിഞ്ഞു. ജനങ്ങളിലേക്കിറങ്ങി. ഒളിവിലും തെളിവിലും ഒക്കെയായി ത്യാഗപൂർവമായി ജീവിച്ചു.

ഒന്നാം കേരള മന്ത്രിസഭയിൽ  അംഗമായി,  കേരള കാർഷിക പരിഷ്‌കരണ നിയമം അടക്കമുള്ള സാമൂഹ്യമാറ്റത്തിന്റെ കൊടുങ്കാറ്റു വിതച്ച ബില്ലുകളുടെ നിയമമാക്കലിൽ ശ്രദ്ധേയമായ പങ്കുവഹിച്ചു. രണ്ടാം ഇ എം എസ് മന്ത്രിസഭയിലും ഒന്നും രണ്ടും നായനാർ മന്ത്രിസഭകളിലും  സജീവ സാന്നിധ്യമായിരുന്നു.അസാമാന്യ ദൈർഘ്യമുള്ള നിയമസഭാ സാമാജിക ജീവിതമാണ് ഗൗരിയമ്മയുടേത്. 1952–53, 1954–56 ഘട്ടങ്ങളിലെ തിരു കൊച്ചി നിയമസഭകളിലും കേരള രൂപീകരണത്തോടെ അഞ്ചാമത്തേതൊഴികെ ഒന്നു മുതൽ പതിനൊന്നുവരെയുള്ള നിയമസഭകളിലും അംഗമായി. മന്ത്രിസഭയിലാകട്ടെ, റവന്യു, വ്യവസായം, കൃഷി, എക്സൈസ്, ഭക്ഷ്യം തുടങ്ങിയ വകുപ്പുകളിലൊക്കെ മൗലികമായ പരിഷ്‌കാരങ്ങൾ വരുത്താനും  തനതായ പദ്ധതികൾ ആവിഷരിക്കാനും ശ്രദ്ധിച്ചു.

പി കൃഷ്ണപിള്ള, ഇ എം എസ്, എ കെ ജി തുടങ്ങിയ ഒന്നാം തലമുറ കമ്യൂണിസ്റ്റ് നേതാക്കൾക്കൊപ്പം പ്രവർത്തിക്കാൻ ഗൗരിയമ്മയ്ക്ക് കഴിഞ്ഞിട്ടുണ്ട്  . കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ വലിയ സംഭാവനയാണ് അവർക്കൊപ്പംനിന്ന്‌ നിർവഹിച്ചത്‌. സ്ത്രീക്ക് സ്വന്തം മുഖവും വ്യക്തിത്വവുമുണ്ട് എന്ന് കേരള സമൂഹത്തിൽ പൊരുതി സ്ഥാപിച്ച വ്യക്തിയാണ്‌ ഗൗരിയമ്മ. അതിന് അവർക്ക് ശക്തിപകർന്നത്‌ കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. അസാധാരണമായ ത്യാഗവും ധീരതയും നിറഞ്ഞ ജീവിതമാണ്‌ നയിച്ചത്. അതാകട്ടെ, ഈ സമൂഹത്തെ പുരോഗമനോന്മുഖവും മനുഷ്യോചിതവുമായി മാറ്റിയെടുക്കുന്നതിനു വേണ്ടിയായിരുന്നു. അവരുടെ വിയോഗ വേളയിൽ സമൂഹത്തെ ഇനിയും പുരോഗമനപരമായി മുമ്പോട്ടുകൊണ്ടുപോകാനുള്ള നവോത്ഥാന രാഷ്ട്രീയ നീക്കങ്ങളെ ശക്തിപ്പെടുത്തി മുന്നേറുമെന്ന് പ്രതിജ്ഞ ചെയ്യുക. അതാകട്ടെ, ഗൗരിയമ്മയ്ക്കുള്ള ആദരാഞ്ജലി.

പിണറായി വിജയൻ 

നൂറ്റാണ്ടിന്റെ സാക്ഷി; വി എസ് അച്യുതാനന്ദൻ എഴുതുന്നു

 1919 ൽ ജനിച്ച ഗൗരിയമ്മ 20–ാം നൂറ്റാണ്ടിന്റെയും, 21 ന്റെയും ആദ്യപാദങ്ങൾ കൂട്ടിയിണക്കിനിന്ന  നൂറ്റാണ്ടിന്റെ സമര നായികയായിരുന്നു.  ഈ കാലയളവിൽ എന്തെല്ലാം സംഭവങ്ങൾ ലോകത്തുണ്ടായി. നമ്മുടെ രാജ്യത്ത്, കേരളത്തിൽ. അവയ്ക്കെല്ലാം ആ ജന്മം സാക്ഷി. നിരവധി സവിശേഷതകളുടെ തിളക്കമുള്ള വ്യക്തിത്വം. തിരുവിതാംകൂറിലെ ഈഴവ സമുദായത്തിൽനിന്ന് ആദ്യമായി നിയമബിരുദം നേടിയ വനിത. കേരളത്തിൽ ഏറ്റവും കൂടുതൽ  എം എൽ എയും  മന്ത്രിയുമായ സ്ത്രീ. ഒന്നാം  മന്ത്രിസഭയിലെ ഏക വനിതയും ഗൗരിയമ്മ. എറണാകുളം മഹാരാജാസിൽനിന്ന് ബിരുദം നേടി.  തുടർന്ന് തിരുവനന്തപുരം ലോ കോളേജിൽനിന്ന് ബി എല്ലും. അക്കാലത്ത് ഇത്രയും വിദ്യാഭ്യാസം നേടിയവർ ഉന്നത ഉദ്യോഗങ്ങൾ തേടിപ്പോകുകയാണ് പതിവ്. ഗൗരിയമ്മയ്ക്കും അത് സാധ്യമായിരുന്നു. പക്ഷേ, ആ മനസ്സ് തിരിഞ്ഞത് തൊഴിലാളി വർഗത്തിലേക്കാണ്. അവർ അനുഭവിച്ചുകൊണ്ടിരുന്ന ചൂഷണത്തിലേക്കും കഷ്ടപ്പാടിലേക്കും. അതിനു പരിഹാരം കാണാനുള്ള രാഷ്ട്രീയ വഴിയിലേക്കാണ് തിരിഞ്ഞത്.

ഗൗരിയമ്മയുടെ തറവാട് കളത്തിപ്പറമ്പിൽ വീട് പ്രാമാണിക കുടുംബമായിരുന്നു. അച്ഛൻ കെ എൻ രാമൻ, വലിയ ഭൂവുടമ.  ചേർത്തല താലൂക്കിൽ അഴീക്കൽ പ്രദേശത്ത് അത്തരക്കാർ ഏറെയുണ്ടായി. വൻകിട കൃഷിക്കാരയായിരുന്നു അവർ.  അന്നത്തെ ജന്മിത്വ വ്യവസ്ഥയിൽ കാർഷികരംഗമാകട്ടെ കൊടും  ചുഷണത്തിലും  തൊഴിലാളികൾ  കൊടിയ ദുരിതങ്ങളിലും.  കർഷക തൊഴിലാളി യൂണിയൻ പ്രവർത്തന ഫലമായി അവർ സംഘടിതരായി.  ചൂഷണത്തിനും മറ്റ് അനീതികൾക്കുമെതിരെ നിരവധി പ്രക്ഷോഭങ്ങൾ ഉയർന്നു.  അതിനെ പൊലീസും ഗുണ്ടകളും ചേർന്ന് നേരിട്ട രീതി  ഗൗരിയമ്മയിൽ വലിയ മാറ്റമുണ്ടാക്കി. പുന്നപ്ര‐വയലാർ സമരത്തിന്റെ നേർസാക്ഷ്യവും ഗൗരിയമ്മയ്ക്കുണ്ടായി. മൂത്തസഹോദരൻ സുകുമാരൻ കമ്യൂണിസ്റ്റ് പ്രവർത്തകനായിരുന്നു. ആ  സാഹചര്യങ്ങളെല്ലാം അവരെ പാർടിയിലേക്ക് നയിച്ചു.

പിന്നീടങ്ങോട്ട് പാവങ്ങൾക്കുവേണ്ടിയുള്ള സമർപ്പിത ജീവിതമായിരുന്നു ഗൗരിയമ്മയുടേത്. രക്ഷിതാക്കളിൽനിന്നോ   കുടുംബാംഗങ്ങളിൽ നിന്നോ ഉള്ള എതിർപ്പുകൾ വകവെക്കാതെ പാർടിയുടെ ധീരയായ പ്രവർത്തകയായി. അവരുടെ ജീവിതം  പാർടി പ്രവർത്തനത്തിന്റെ തീച്ചൂളയിലായിരുന്നു. നിരവധി തവണ അറസ്റ്റു ചെയ്യപ്പെട്ടു. ഒരു പക്ഷേ ഇത്ര ക്രുരമായ മർദനമുറകൾ അനുഭവിച്ച വനിത കേരളത്തിൽ അപൂർവമായിരിക്കും. ഗൗരിയമ്മയും ഞാനും അടുത്ത സുഹൃത്തുക്കളായിരുന്നു.

എന്നോട് മാത്രമല്ല കുടുംബത്തോടും ആഴത്തിലുള്ളഅടുപ്പം. ആ ആത്മബന്ധം  അവസാനംവരെ തുടർന്നു. ഗൗരിയമ്മയും ടി വി തോമസുമായുള്ള വിവാഹത്തിൽ എന്റെ ഇടപെടൽകൂടി ഉണ്ടായിരുന്നു. എല്ലാവരോടും സഹാനുഭൂതിയും സ്നേഹവും നിറഞ്ഞ മനസ്സാണ് ഗൗരിയമ്മയുടേത്. പക്ഷേ  അവ പ്രകടിപ്പിക്കാത്ത പ്രകൃതം. മിക്കപ്പോഴും ഗൗരവം.  സ്നേഹത്തിന്റെ വാക്കുകളിൽപോലും ആ ഭാവമാണ്‌ നിറഞ്ഞത്‌. അതുകൊണ്ട് മനസ്സ് പലർക്കും തിരിച്ചറിയാൻ കഴിഞ്ഞില്ല. 1964 ലെ പിളർപ്പിനെ തുടർന്ന്‌ ഗൗരിയമ്മ  സി പിഐ എമ്മിൽ  നിലകൊണ്ടു.  ടി വി  സി പിഐയിലും.

പാർടി പുന:സംഘടനയുടെ ഭാഗമായി ആലപ്പുഴയിൽ സെക്രട്ടറി സ്ഥാനത്തേക്ക് ഞാനും  ടി വി യും മത്സരിച്ചപ്പോൾ അവർ  എനിക്കാണ് വോട്ടു ചെയ്തത്.  ഞാൻ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.  1994 ൽ ഗൗരിയമ്മ  സിപിഐ എമ്മിൽ നിന്ന് പുറത്താക്കപ്പെട്ടത്‌ ദൗർഭാഗ്യകരം. തുടർന്ന് അവർ യുഡിഎഫിൽ ചേർന്നത് അതിലേറെ ദൗർഭാഗ്യകരമായി. സംസ്ഥാനകമ്മിറ്റി അംഗമായ അവരെ ആലപ്പുഴ ജില്ലാകമ്മിറ്റിയിലേക്ക് മാറ്റിയതായിരുന്നു ആദ്യ നടപടി.  ഞാനും പങ്കെടുത്ത കമ്മറ്റിയാണ്  നടപടി തീരുമാനിച്ചത്. ഗൗരിയമ്മ അത്  ഉൾക്കൊള്ളില്ല എന്ന് തോന്നിയിരുന്നു.  പ്രകോപനത്തിന് അടിപ്പെട്ട് കടുത്ത തീരുമാനം എടുക്കുന്നതിൽനിന്ന് തടയണമെന്ന്‌ തീരുമാനിച്ചു. എന്നോടുള്ള സ്നേഹവും അടുപ്പവും അതിന് ഉപയോഗിക്കാനാവണമെന്ന്  കരുതി. കമ്മിറ്റിക്കുശേഷം ഞാൻ ഗൗരിയമ്മയുടെ ചാത്തനാട്ടെ വീട്ടിലേക്ക്‌ പോയി. എന്നാൽ  കാണാൻ  വിമുഖത കാട്ടി. തുടർന്ന്‌ ഗൗരിയമ്മ സ്വീകരിച്ച രാഷ്ട്രീയ വഴികൾ അവർക്ക് ഗുണകരമായിരുന്നില്ല. അതിനുശേഷം പതിറ്റാണ്ടുകൾ പിന്നിട്ടു. പല മാറ്റങ്ങളും  സംഭവിച്ചു. ഒടുവിൽ ഗൗരിയമ്മ സിപിഐ എമ്മിനോട്  കൂടുതൽ അടുത്തു.

വി എസ് അച്യുതാനന്ദൻ

Tuesday, May 11, 2021

ജീവിതത്തെ നാടിന്‍റെ മോചനത്തിനുള്ള പോരാട്ടത്തിന്‍റെ വീരേതിഹാസമാക്കി മാറ്റിയ ധീര നായിക: പിണറായി വിജയൻ

 സ്വന്തം ജീവിതത്തെ നാടിന്‍റെ മോചനത്തിനുള്ള പോരാട്ടത്തിന്‍റെ വീരേതിഹാസമാക്കി  മാറ്റിയ ധീര നായികയായിരുന്നു കെ.ആര്‍. ഗൗരിയമ്മ. എല്ലാവിധ ഉച്ചനീചത്വങ്ങളും അവസാനിപ്പിക്കാനും സമത്വത്തിലധിഷ്ഠിതമായ വ്യവസ്ഥിതി സ്ഥാപിച്ചെടുക്കാനും വേണ്ടിയുള്ള നിരന്തര പോരാട്ടങ്ങള്‍ക്കായി സമര്‍പ്പിതമായ ജീവിതമായിരുന്നു ഗൗരിയമ്മയുടേത്.

കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ അവര്‍ വഹിച്ച പങ്ക് സമാനതകളില്ലാത്തവിധത്തിലുള്ളതാണ്. ധീരയായ പോരാളിയും സമര്‍ത്ഥയായ ഭരണാധികാരിയും ആ വ്യക്തിത്വത്തില്‍ ഒരുമിച്ചു. ആധുനിക കേരളത്തിന്‍റെ ചരിത്രം അവരുടെ ജീവചരിത്രം കൂടിയാണ്. 

നൂറുവര്‍ഷം ജീവിക്കാന്‍ കഴിയുക എന്നത് അപൂര്‍വം പേര്‍ക്കു മാത്രം സാധ്യമാവുന്ന ഒന്നാണ്. ഈ ജീവിതഘട്ടത്തിലാകെ ബോധത്തെളിച്ചത്തോടെ കഴിയുക, പരാധീനത്തിലല്ലാതെ കഴിയുക, മറ്റുള്ളവര്‍ക്കു സഹായകരമായി കഴിയുക തുടങ്ങിയവയൊക്കെ സാധ്യമാവുന്നതാകട്ടെ അത്യപൂര്‍വം പേര്‍ക്കാണ്. ആ അത്യപൂര്‍വം പേരില്‍പ്പെടുന്നു കെ ആര്‍ ഗൗരിയമ്മ. ഇങ്ങനെയൊരാള്‍ നമുക്കുണ്ടായിരുന്നു എന്നതു നമ്മുടെ വലിയ ധന്യതയാണ്. ഗൗരിയമ്മയുടെ കാലത്തു ജീവിക്കാന്‍ കഴിഞ്ഞു എന്നത് ഏതൊരു മലയാളിയുടെയും അഭിമാനമാണ്.

അനുഭവങ്ങളുടെ അതിസമ്പന്നമായ പശ്ചാത്തലത്തോടെ നമ്മുടെ സാമൂഹ്യജീവിതത്തിനു മാര്‍ഗനിര്‍ദേശം നല്‍കാന്‍ കഴിഞ്ഞ മാതൃകാ വ്യക്തിത്വം എന്നുവേണം ഗൗരിയമ്മയെ വിശേഷിപ്പിക്കാന്‍. വിദ്യാര്‍ത്ഥി ജീവിതഘട്ടത്തില്‍ തന്നെ കര്‍മരംഗത്തേക്കും സമരരംഗത്തേയ്ക്കുമിറങ്ങി. നൂറുവയസ്സു പിന്നിട്ട ഘട്ടത്തിലും ഗൗരിയമ്മ ജനങ്ങള്‍ക്കിടയില്‍ തന്നെയുണ്ടായി. ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ വര്‍ത്തമാനകാല രാഷ്ട്രീയഘട്ടവുമായി ബന്ധപ്പെടുത്തുന്ന വിലപ്പെട്ട കണ്ണിയാണ് ഗൗരിയമ്മയിലൂടെ നമുക്ക് നഷ്ടമാകുന്നത്. ധീരതയുടെ പ്രതീകമായാണു ഗൗരിയമ്മയെ കേരളം എന്നും കണ്ടിട്ടുള്ളത്. സര്‍ സി പിയുടെ കാലത്തെ പൊലീസിന്‍റെ ഭേദ്യം 

അനുഭവിക്കേണ്ടി വന്നിട്ടുള്ള അവര്‍ക്ക്,  സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ഘട്ടത്തിലും പൊലീസില്‍നിന്ന് ഒട്ടേറെ യാതനാനുഭവങ്ങളുണ്ടായി. ചെറുത്തുനില്‍പ്പിന്‍റെ കരുത്തുറ്റ ധീരബിംബമായി ഗൗരിയമ്മ അങ്ങനെ മാറി. ആ നിലയ്ക്കുള്ള കവിതകള്‍ പോലും മലയാളത്തില്‍ അവരെക്കുറിച്ചുണ്ടായി.

അത്യപൂര്‍വം സ്ത്രീകള്‍ മാത്രം ഉന്നത വിദ്യാഭ്യാസത്തിനെത്തിയിരുന്ന ഒരു കാലത്ത് നിയമവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഗൗരിയമ്മക്കു വേണമെങ്കില്‍ ഔദ്യോഗിക തലത്തില്‍ തിളക്കമാര്‍ന്ന തലങ്ങളിലേക്കു വളര്‍ന്ന് സ്വന്തം ജീവിതം സുരക്ഷിതവും സമ്പന്നവുമാക്കാമായിരുന്നു. ആ വഴിയല്ല, തന്‍റെ വഴിയെന്ന് അവര്‍ തിരിച്ചറിഞ്ഞു. ജനങ്ങളിലേയ്ക്കിറങ്ങി. ഒളിവിലും തെളിവിലും ത്യാഗപൂര്‍വമായി ജീവിച്ചു.

ഒന്നാം കേരള മന്ത്രിസഭയില്‍ തന്നെ അംഗമായി അവര്‍. കേരള കാര്‍ഷിക പരിഷ്കരണ നിയമം അടക്കമുള്ള സാമൂഹ്യമാറ്റത്തിന്‍റെ കൊടുങ്കാറ്റു വിതച്ച ബില്ലുകളുടെ നിയമമാക്കലില്‍ ശ്രദ്ധേയമായ പങ്കാണവര്‍ വഹിച്ചത്. രണ്ടാം ഇ എം എസ് മന്ത്രിസഭയിലും ഒന്നും രണ്ടും നായനാര്‍ മന്ത്രിസഭകളിലും അവര്‍ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു.

അസാമാന്യ ദൈര്‍ഘ്യമുള്ള നിയമസഭാ സാമാജിക ജീവിതമാണ് ഗൗരിയമ്മയുടേത്. 1952-53, 1954-56 ഘട്ടങ്ങളിലെ തിരു-കൊച്ചി നിയമസഭകളിലും കേരള രൂപീകരണത്തോടെ അഞ്ചാമത്തേതൊഴികെ ഒന്നു മുതല്‍ പതിനൊന്നു വരെയുള്ള നിയമസഭകളിലും അവര്‍ അംഗമായി. മന്ത്രിസഭയിലാകട്ടെ, റവന്യു, വ്യവസായം, കൃഷി, എക്സൈസ്, ഭക്ഷ്യം തുടങ്ങിയ വകുപ്പുകളിലൊക്കെ മൗലികമായ പരിഷ്കാരങ്ങള്‍ വരുത്താനും തനതായ പദ്ധതികള്‍ ആവിഷ്കരിക്കാനും അവര്‍ ശ്രദ്ധിച്ചു. പി കൃഷ്ണപിള്ള, ഇ എം എസ്, എ കെ ജി തുടങ്ങിയ ഒന്നാം തലമുറ കമ്യൂണിസ്റ്റ് നേതാക്കള്‍ക്കൊപ്പം നിന്നു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട് ഗൗരിയമ്മയ്ക്ക്. ആ നിലയ്ക്കു കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ വലിയ സംഭാവനയാണ് അവര്‍ക്കൊപ്പം നിന്നു ഗൗരിയമ്മ നല്‍കിയത്. സ്ത്രീക്ക് സ്വന്തം മുഖവും വ്യക്തിത്വവുമുണ്ട് എന്ന് കേരള സമൂഹത്തില്‍ പൊരുതി സ്ഥാപിച്ച വ്യക്തിയാണു ഗൗരിയമ്മ. അതിന് അവര്‍ക്ക് അക്കാലത്ത് ശക്തിപകര്‍ന്നതു  കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. 

അസാധാരണമായ ത്യാഗവും ധീരതയും നിറഞ്ഞ ജീവിതമാണു ഗൗരിയമ്മ നയിച്ചത്. അതാകട്ടെ, ഈ സമൂഹത്തെ പുരോഗമനോന്മുഖവും മനുഷ്യോചിതവുമായി മാറ്റിയെടുക്കുന്നതിനു വേണ്ടിയായിരുന്നു. സമൂഹത്തെ ഇനിയും പുരോഗമനപരമായി മുമ്പോട്ടുകൊണ്ടുപോവാനുള്ള നവോത്ഥാന രാഷ്ട്രീയ നീക്കങ്ങളെ ശക്തിപ്പെടുത്തി മുന്നേറുമെന്ന് പ്രതിജ്ഞ ചെയ്യുന്നതാകട്ടെ വിയോഗ വേളയില്‍ ഗൗരിയമ്മയ്ക്കുള്ള ആദരാജ്ഞലി.

കേരള രാഷ്ട്രീയത്തിലെ ഉണ്ണിയാര്‍ച്ച- മന്ത്രി എ കെ ബാലന്‍ എഴുതുന്നു

അക്ഷരാര്‍ഥത്തില്‍ കേരള രാഷ്ട്രീയത്തിലെ ഉണ്ണിയാര്‍ച്ചയാണ് കെ ആര്‍ ഗൗരിഅമ്മ. പ്രൈമറി സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് ഞാന്‍ ആദ്യമായി  ഒരു പ്രകടനത്തില്‍ പങ്കെടുക്കുന്നത്. 'കേരം തിങ്ങും കേരളനാട്ടില്‍ കെ ആര്‍ ഗൗരി ഭരിച്ചീടും, പറ്റൂലാ ഇനി പറ്റൂലാ കുടിയിറക്ക് ഇനി പറ്റൂലാ, കിട്ടൂലാ ഇനി കിട്ടൂലാ പാട്ടവും വാരവും കിട്ടൂലാ'. ഇത് കുട്ടികളുടെ മനസ്സിനെയടക്കം സ്വാധീനിച്ച മുദ്രാവാക്യമാണ്. അതിന്റെ ഉടമയായ ഗൗരിഅമ്മയെ കാണുകയെന്നത് ജീവിതത്തിലെ ഒരു സ്വപ്നമായിരുന്നു.

കാലങ്ങള്‍ കഴിഞ്ഞു. അവര്‍ മന്ത്രിയായ ഘട്ടത്തില്‍ പ്രതിപക്ഷത്തിരിക്കാനുള്ള അവസരം കിട്ടി. ഞാന്‍ പാലക്കാട് കോടതിയില്‍ പ്രാക്ടീസ് ചെയ്യുമ്പോള്‍,  സിബിഐയുടെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്ന ഹരിയേട്ടനൊപ്പം ഗൗരിഅമ്മയെ പോയി കണ്ട് ഒരു നിവേദനം നല്‍കി. എ പി പിമാര്‍ക്ക് അന്ന് പ്രൊമോഷനില്ല. എ പി പി യായി കയറിയാല്‍ എ പി പി യായി പിരിയാം.  അവര്‍ക്ക് ഒരു പ്രൊമോഷന്‍ വേണമെന്ന് പറഞ്ഞു. ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ എന്ന തസ്തിക അങ്ങനെ ഉണ്ടാക്കിയതാണ്. രണ്ട് മാസം കൊണ്ട് ഉത്തരവായി.  ആദ്യം ഒന്ന് പൊട്ടിത്തെറിക്കും. പിന്നെ തണുക്കും.

ഗൗരിയമ്മ എ കെ ബാലന്റെ വിവാഹച്ചടങ്ങില്‍

ഗൗരിഅമ്മയുടെ കഴിഞ്ഞ ജന്മദിനത്തിന് ഞാനും ഭാര്യയും പോയി കണ്ടിരുന്നു. ഗൗരിഅമ്മയ്ക്ക് മധുരം വളരെ ഇഷ്ടമായിരുന്നു. ഞങ്ങളെ അടുത്തിരുത്തി ഭക്ഷണം കഴിച്ചു.  എന്റെ വിവാഹത്തിന്റെ കാര്‍മ്മികത്വം വഹിച്ചത് അവരാണ്. ഭാര്യാപിതാവ് സ. പി കെ കുഞ്ഞച്ചനുമായി നല്ല ബന്ധമായിരുന്നു. ജമീലയെ മകളെപ്പോലെ കരുതി. 'എന്താ മോളേ' എന്നാണ് ചോദിക്കുക. 

ഇത്ര നീണ്ട സംഭവബഹുലമായ രാഷ്ട്രീയ ജീവിതം ചരിത്രത്തില്‍ വിരളമായേ സംഭവിച്ചിട്ടുള്ളൂ. 1957ലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമായിരുന്ന ഗൗരിഅമ്മ ആധുനിക കേരളത്തിന്റെ സൃഷ്ടിയില്‍ സുപ്രധാന പങ്കു വഹിച്ചു. കേരളത്തെ മാറ്റിമറിച്ച നിയമനിര്‍മാണ രംഗങ്ങളില്‍ നേതൃത്വപരമായ പങ്കുവഹിച്ചു. ഒരു ഘട്ടത്തില്‍ പാര്‍ട്ടി വിട്ടുപോയി. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഗൗരിഅമ്മയുടെ കാല്‍പ്പാടുകള്‍ ഒരിക്കലും മായില്ല.

ഗൗരിഅമ്മയുടെ വിയോഗം സൃഷ്ടിച്ച ശൂന്യത കേരളത്തിന് നികത്താന്‍ കഴിയില്ല. കേരള ജനതയുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.

എ കെ ബാലന്‍

കരുത്തിന്റെ പ്രതീകമാണ് ഗൗരിയമ്മ: കെ കെ ശൈലജ

കരുത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകമാണ് സഖാവ് ഗൗരിയമ്മയെന്ന് ആരോഗ്യ സാമൂഹ്യനീതി  മന്ത്രി കെ കെ  ശൈലജ അനുസ്മരിച്ചു. കുഞ്ഞുനാള്‍ മുതല്‍ ഗൗരിയുടെ വീരകഥകള്‍ വല്യമ്മ പറയാറുണ്ടായിരുന്നു. പോലീസും ജന്മി ഗുണ്ടകളും ചേര്‍ന്ന് നടത്തിയ ഭീകരമായ അക്രമണങ്ങള്‍ക്കൊന്നും ആ ധീര വനിതയെ തളര്‍ത്താന്‍ കഴിഞ്ഞില്ല. താന്‍ വിശ്വസിച്ച പ്രത്യയശാസ്ത്രം അധസ്ഥിതരുടെ വിമോചനത്തിന് കാരണമാകുമെന്ന് പ്രവൃത്തിയിലൂടെ തെളിയിക്കാന്‍ ഗൗരിയമ്മയ്ക്ക് കഴിഞ്ഞു.

കേരളത്തിന്റെ പ്രഥമ മന്ത്രിസഭയില്‍ അംഗമാവാന്‍ അവസരം ലഭിച്ചതു മുതല്‍ മാറ്റങ്ങള്‍ക്ക് വേണ്ടി ഇടപെടാന്‍ അവര്‍ ശ്രമിച്ചു. ഭൂപരിഷ്‌കരണ നിയമമടക്കം ജന്മി-നാടുവാഴി വ്യവസ്ഥയ്ക്ക് അന്ത്യം കുറിക്കാന്‍ കാരണമായ ഒട്ടേറെ നിയമങ്ങള്‍ രൂപീകരിക്കാനും അത് നടപ്പിലാക്കാനും അവര്‍ നേതൃത്വം നല്‍കി. ശരിയായ തീരുമാനം എടുക്കാനും എതിര്‍പ്പുകളെ തൃണവല്‍ക്കരിച്ച് അത് നടപ്പാക്കാനുള്ള ആര്‍ജ്ജവവുമാണ് ഒരാളെ നേതൃത്വ പദവിയിലേക്ക് ഉയര്‍ത്തുന്നത്. ഗൗരിയമ്മ പകരംവയ്ക്കാനാവാത്ത വിധത്തിലുള്ള നേതൃത്വ പദവി കരസ്ഥമാക്കിയ നേതാവാണ്.

കഴിഞ്ഞ നിയമസഭയില്‍ മന്ത്രിയായി ചുമതലയേറ്റപ്പോള്‍ ഗൗരിയമ്മയെ സന്ദര്‍ശിച്ചിരുന്നു. അന്ന് തനിക്ക് കിട്ടിയ ഉപദേശം ഓരോ ദിവസവും ലഭ്യമാകുന്ന ഫയലുകള്‍ അന്നുതന്നെ തീര്‍പ്പുകല്‍പ്പിക്കാന്‍ ശ്രമിക്കുക എന്നായിരുന്നു. പിന്നെയ്ക്ക് മാറ്റി വയ്ക്കരുത് എന്നും പറഞ്ഞു. നന്നായി പ്രവര്‍ത്തിക്കാനുള്ള ഗൗരിയമ്മയുടെ ആശംസകള്‍ വലിയ ആത്മവിശ്വാസമാണ് പകര്‍ന്നുനല്‍കിയത്. കേരളമുള്ള കാലത്തോളം ഗൗരിയമ്മ ജനമനസുകളില്‍ ജീവിക്കും. പുതുതലമുറയിലെ നേരിന്റെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഈ ജീവിതം മാതൃകയാക്കുമെന്നും മന്ത്രി പറഞ്ഞു. 

മാനവ സമൂഹത്തിന്റെ വിമോചനത്തിനായി സ്വയം സമർപ്പിച്ച ധീരവനിത: പി രാജീവ്‌

കൊച്ചി> തൊഴിലാളി വർഗ്ഗത്തിൻ്റെയും മാനവ സമൂഹത്തിൻ്റേയും വിമോചനത്തിനായി സ്വയം സമർപ്പിച്ച ധീരവനിതയാണ് ഗൗരിയമ്മയെന്ന്‌ ദേശാഭിമാനി ചീഫ്‌ എഡിറ്ററും നിയുക്‌ത  എംഎൽഎയുമായ പി രാജീവ്‌ അനുസ്‌മരിച്ചു.

 കമ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടരാക്കുന്നതു പോലും സാഹസമായി കരുതിയിരുന്ന കാലത്ത്, തൊഴിലാളി വർഗ്ഗത്തിൻ്റെയും മാനവ സമൂഹത്തിൻ്റേയും വിമോചനത്തിനായി സ്വയം സമർപ്പിച്ച ധീരവനിത. കേരളീയ സാമൂഹ്യ ചരിത്രവും കമ്യൂണിസ്റ്റ് പാർടിയുടെ ചരിത്രവും സഖാവില്ലാതെ പൂർണ്ണമായില്ല. റെഡ് സല്യൂട്ട്. പി രാജീവ്‌ ഫേസ്‌ബുക്കിൽ കുറിച്ചു.

ആധുനിക കേരളത്തിന്റെ അഗ്‌നിനക്ഷത്രമാണ് ഗൗരിയമ്മ: എ വിജയരാഘവന്‍

 ആധുനിക കേരളത്തിന്റെ സ്രഷ്ടാക്കളില്‍ ഒരാളെയാണ് കെ ആര്‍  ഗൗരിയമ്മയുടെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍. കേരളത്തിന്റെ രാഷ്ടീയ, സാമൂഹ്യ, സാംസ്‌കാരിക ജീവിതത്തില്‍ വിപ്ലവാത്മകമായ ചിന്തകള്‍ക്കും ഇടപെടലുകള്‍ക്കും തുടക്കമിട്ട നേതാക്കളില്‍ ഒരാളാണ് ഗൗരിയമ്മ. വിപ്ലവകേരളത്തിന്റെ തിളങ്ങുന്ന നക്ഷത്രവും ഇതിഹാസ തുല്യമായ സാന്നിധ്യവുമായിരുന്നു സഖാവെന്നും വിജയരാഘവന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുമ്പോഴാണ് കെ ആര്‍ ഗൗരിയമ്മ കമ്യുണിസ്റ്റ് പാര്‍ടിയില്‍ ചേരുന്നത്. മികച്ച വാഗ്മിയും സംഘാടകയുമായ അവര്‍ക്ക് അംഗത്വം നല്‍കിയതു സഖാവ് പി കൃഷ്ണപിള്ളയാണ്. ഇ എം എസ്, എകെജി, നായനാര്‍, വി എസ് തുടങ്ങിയ നേതാക്കള്‍ക്കൊപ്പം പാര്‍ടി കെട്ടിപ്പടുക്കുന്നതില്‍ ഗൗരിയമ്മയും വലിയ പങ്കുവഹിച്ചു.

കേരളത്തിന്റെ ചരിത്ര മുന്നേറ്റങ്ങള്‍ക്ക് കാരണമായ നിയമ നിര്‍മാണങ്ങള്‍ക്ക് ചാലക ശക്തിയായ നേതാവാണ് ഗൗരിയമ്മ. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിലേക്കും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്കും വന്ന ഗൗരിയമ്മയില്ലാതെ ആധുനിക കേരളത്തിന്റെ ചരിത്രം അപൂര്‍ണമായിരിക്കും. 1957 ലെ ആദ്യ ഇഎംഎസ് സര്‍ക്കാരിലെ റവന്യു മന്ത്രിയായിരുന്ന ഗൗരിയമ്മ കുടിയൊഴിപ്പിക്കല്‍ അവസാനിപ്പിക്കുന്ന നിയമവും ഭൂപരിഷകരണ നിയമവും അടക്കമുള്ള  വിപ്ലവകരമായ നിയമനിര്‍മാണങ്ങള്‍ക്ക് നേതൃത്വം നല്‍കി.  അഴിമതി നിരോധന നിയമം, വനിതാ കമീഷന്‍ നിയമം തുടങ്ങിയ സുപ്രധാന നിയമങ്ങളും ഗൗരിയമ്മ മന്ത്രി ആയിരിക്കെ പാസാക്കിയവയാണ്.

സ്ത്രീകള്‍ പൊതുരംഗത്ത് കടന്നു വരാന്‍ മടിച്ച കാലത്തു എല്ലാ വിവേചനങ്ങളെയും കൊടിയ പീഡനങ്ങളെയും അതിജീവിച്ചു കൊണ്ടാണ് പൊതുരംഗത്തു വന്നത്. ക്രൂരമായ പോലീസ് അതിക്രമങ്ങള്‍ക്ക് ഇരയായ ഗൗരിയമ്മ നിശ്ചയ ദാര്‍ഢ്യത്തിന്റെയും ഇഛാശക്തിയുടെയും മറുപേരായിരുന്നു.  അശരണരായ മനുഷ്യരുടെ കണ്ണീരൊപ്പാനുള്ള പ്രവര്‍ത്തന പന്ഥാവായാണ്  പൊതുപ്രവര്‍ത്തനത്തെ അവര്‍ തെരഞ്ഞെടുത്തത്. ഒരു ജീവിതകാലം മുഴുവന്‍ നാടിനും ജനങ്ങള്‍ക്കുമായി ആവിശ്രമം പ്രവര്‍ത്തിച്ച, ആധുനിക കേരളത്തിന്റെ അഗ്‌നിനക്ഷത്രമാണ് ഗൗരിയമ്മ. ഗൗരിയമ്മയുടെ വിയോഗത്തില്‍ വേദനയും ദുഖവും അനുഭവിക്കുന്ന എല്ലാവരോടും ചേര്‍ന്നുനില്‍ക്കുന്നുവെന്നും വിജയരാഘവന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ഓരോ ചുവടും പൊരുതി മുന്നേറിയ ധീരവനിത: കെ ജെ തോമസ്‌

കോട്ടയം > രാഷ്ട്രീയ ജീവിതത്തില്‍ ഓരോ ചുവടും പൊരുതി മുന്നേറിയ ധീരവനിതയായിരുന്നു കെ ആര്‍ ഗൌരിയമ്മയെന്നു ദേശാഭിമാനി ജനറല്‍ മാനേജര്‍ കെ ജെ തോമസ്‌ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

മന്ത്രി എന്ന നിലയില്‍ അവരുടെ കാര്യക്ഷമതയും നേതൃപാടവവും അതുല്യമായിരുന്നു. ഉദ്യോഗസ്ഥരുടെ കുറിപ്പുകള്‍ക്കും ഉപദേശങ്ങള്‍ക്കും അപ്പുറം കടന്നു ജനക്ഷേമ തീരുമാനങ്ങള്‍ എടുക്കാന്‍ അവരെന്നും മികവു കാട്ടി.  വ്യവസ്ഥാപിത ഭരണകൂട രീതികളോട് പൊരുതിയാണ് അവര്‍ ജനകീയ മന്ത്രിയായി മാറിയത്.

സ്ത്രീയ്ക്ക് സമൂഹം കല്‍പ്പിച്ച രണ്ടാം പദവിമറികടന്നു ജനമനസ്സില്‍ ഇടംനേടിയ നേതൃ ബിംബമായി വളരാന്‍ അവര്‍ക്ക് കഴിഞ്ഞു. എന്തിനോടും എതിരിടാനുള്ള തന്റേടം അവരുടെ മുഖമുദ്രയായിരുന്നു.

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ പതിറ്റാണ്ടുകള്‍ നിറഞ്ഞുനിന്ന  രാഷ്ട്രീയ ജീവിതം ചരിത്രമാക്കിയാണ് അവര്‍ വിടവാങ്ങുന്നത്. ധീരരായ കമ്യൂണിസ്റ്റ് പോരാളികള്‍ക്കൊപ്പം ആ പേര് എന്നും ഓര്‍മ്മിയ്ക്കപ്പെടും എന്നതില്‍ സംശയമില്ല-കെ ജെ തോമസ്‌ പറഞ്ഞു.

ഗൗരിയമ്മയുടെ വിയോഗം പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് കനത്ത നഷ്ടം: സിപിഐ എം

 കെ ആര്‍ ഗൗരിയമ്മയുടെ നിര്യാണം കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് കനത്ത നഷ്ടമാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ആദ്യകാല നേതാക്കന്മാര്‍ക്കൊപ്പം സ്ഥാനമുള്ള വനിതാ നേതാവാണ് കെ ആര്‍ ഗൗരിയമ്മ.

കടുത്ത പൊലീസ് പീഢനങ്ങളും ജയില്‍ വാസവും അവര്‍ക്ക് അനുഭവിക്കേണ്ടിവന്നു. കമ്മ്യൂണിസ്റ്റ് പാര്‍ടി നേതൃത്വത്തില്‍ 1957ല്‍ അധികാരത്തിലെത്തിയ മന്ത്രിസഭയിലെ റവന്യു മന്ത്രി എന്ന നിലയില്‍ കേരളത്തിലെ കാര്‍ഷിക പരിഷ്‌കരണ നിയമത്തിന് തുടക്കം കുറിക്കാന്‍ അവര്‍ക്ക്  കഴിഞ്ഞു.

ദീര്‍ഘകാലം നിയമസഭാഗംമായിരുന്ന കെ.ആര്‍.ഗൗരിയമ്മ ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായ വനിതകൂടിയാണ്. ആ നിലയില്‍ തന്നെ ഏല്‍പ്പിച്ച പ്രവര്‍ത്തനങ്ങളില്‍ മികവ് പുലര്‍ത്താന്‍ ഗൗരിയമ്മയ്ക്കായി.

ജീവിതാന്ത്യം വരെ പുരോഗമന മൂല്യങ്ങളാണ് കെ ആര്‍ ഗൗരിയമ്മ ഉയര്‍ത്തിപ്പിടിച്ചത്. പാവപ്പെട്ടവരോട് അവര്‍ നിറഞ്ഞ പ്രതിബന്ധത പുലര്‍ത്തിയെന്നും സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

വൈക്കം എഴുതാത്ത നോവൽ; ചുള്ളിക്കാടിന്റെ കവിത

കവിയ്ക്കും നോവലിസ്റ്റിനും ചലച്ചിത്രകാരന്മാർക്കും മാത്രമല്ല, ജീവചരിത്രകാരനുപോലും അനായാസം ഉൾക്കൊള്ളാനോ നിർവചിക്കാനോ കഴിയാതെപോയ ജീവിതമായിരുന്നു കെ ആർ ഗൗരിയമ്മയുടേത്. നൂറ്റാണ്ടിന്റെ അനുഭവ സമ്പത്തിനുടമയായ അവർ പൊതു‐ സ്വകാര്യ ജീവിതത്തിൽ ത്യാഗവും അർപ്പണമനോഭാവവും മനക്കരുത്തും ആർദ്രതയും കൈമുതലായ അപൂർവ വ്യക്തിത്വത്തിനുടമ. ഇന്ത്യൻ രാഷ്ട്രീയത്തിലെ രേഖപ്പെടുത്താതെപോയ വീരേതിഹാസത്തിലെ നായിക. സമാനതകളില്ലാത്ത ആ ജീവിതം വർണിക്കാൻ കവികളോ ആഖ്യായികാകാരരോ ധൈര്യപ്പെട്ടില്ല. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് തോളോടുതോൾചേർന്ന് കലയും സാഹിത്യവും പുഷ്ക്കലമായ കാലമായിരുന്നു അവരുടെ സജീവ രാഷ്ട്രീയഘട്ടം. ഗായകരും നാടകപ്രവർത്തകരും മാത്രമല്ല, ചലച്ചിത്രകാരന്മാർവരെ ആ പരിചയവൃത്തത്തിലുണ്ടായി. ഉദയാ സ്റ്റുഡിയോ ഉടമ കുഞ്ചാക്കോയുടെ ഭാര്യ ഗൗരിയമ്മയുടെ സഹപാഠിയായിരുന്നു.

സ്റ്റുഡിയോയിൽ ചിത്രീകരണം നടക്കുമ്പോൾ കുഞ്ചാക്കോ പലപ്പോഴും ഗൗരിയമ്മയെ ക്ഷണിക്കാറുണ്ടായി. എന്നാൽ രാഷ്ട്രീയത്തിന്റെ കർമഭൂമിയിൽ അടിയുറച്ചുനിന്ന ആ ജീവിതം ഇതിവൃത്തമാക്കാൻ ആർക്കും ധൈര്യമുണ്ടായില്ല. ഗൗരിയമ്മയെക്കുറിച്ച്  നോവൽ എഴുതണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ്  വൈക്കം ചന്ദ്രശേഖരൻ നായരുടെ വിയോഗം.

മരണാസന്നനായ നാളുകളിൽ എത്തിയ പ്രിയപ്പെട്ടവരോട്  ആ മോഹത്തെക്കുറിച്ച് പറഞ്ഞു. ഇത്രയും തീക്ഷ്ണാനുഭവമുള്ള വനിത രാഷ്ട്രീയ ഭൂപടത്തിൽ രേഖപ്പെടുത്താതെ പോകുന്നതിലായിരുന്നു ഖേദം. ഗോർക്കിയുടെ "അമ്മ'യിലെ നായികയെക്കാൾ അനുഭവമുണ്ട് ഗൗരിയമ്മയ്ക്കെന്ന് വൈക്കം പലപ്പോഴും സൂചിപ്പിക്കുമായിരുന്നു. അദ്ദേഹം അവരെ കണ്ടിരുന്നെങ്കിൽ നോവൽ എഴുതിയേനെയെന്നും കൂട്ടിച്ചേർത്തു.   

"കരയാത്ത ഗൗരി, തളരാത്ത ഗൗരി

കലികൊണ്ടുനിന്നാൽ അവൾ ഭദ്രകാളി

ഇതുകേട്ടുകൊണ്ടേ ചെറുബാല്യമെല്ലാം

പതിവായി ഞങ്ങൾ, ഭയംമാറ്റി വന്നു''

കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ "ഗൗരി' എന്ന  കവിതയിലേതാണ് ഈ വരികൾ.

പുരാവൃത്തം പോലുള്ള ഇതിലെ ഭാവാന്തരീക്ഷം ഗൗരിയമ്മയോടുള്ള കേരളത്തിന്റെ ഹൃദയഭാവം പ്രകടമാക്കുന്നുണ്ട്.പാർശ്വവത്കരിക്കപ്പെട്ടവർക്കായി കഴിയാവുന്നതെല്ലാം ചെയ്ത ഗൗരിയമ്മ സ്ത്രീ എക്കാലത്തും ചൂഷിതയും അരക്ഷിതയുമാണെന്ന് കൃത്യമായ നിലപാടെടുത്തു. പൊലീസിലും നഴ്സുമാരിലും സ്ത്രീകൾക്കുള്ള വിവാഹ വിലക്ക് അവസാനിപ്പിക്കാൻ മുന്നിട്ടിറങ്ങി. വനിതകളെ പ്രധാനാധ്യാപികയാവാൻ അനുവദിക്കാത്തതിനെതിരെയുംപൊരുതി.

പൊതുരംഗത്ത് സ്ത്രീസാന്നിധ്യമുറപ്പാക്കുന്നതിൽ മന്ത്രിയെന്ന നിലയിൽ കേരളത്തിനു നൽകിയ സംഭാവനയും ചെറുതല്ല. ഇന്ത്യൻ രാഷ്ട്രീയത്തിൽ മറ്റൊരു വനിതയ്ക്കും അവകാശപ്പെടാനില്ലാത്ത റെക്കാഡുകളുടെ ഉടമയാണ് ഗൗരിയമ്മ. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം സഭാംഗം‐  2006 മാർച്ച് 31വരെ 16, 832 ദിവസം. കൂടുതൽ കാലം മന്ത്രിയായ വനിതയും പ്രായംകൂടിയ മന്ത്രിയും. 1948ൽ തിരുവിതാംകൂർ നിയമസഭയിലേക്ക് മത്സരിച്ചാണ് തുടക്കം. 1952ലും 56ലും തിരുകൊച്ചി നിയമസഭയിൽ അംഗമായി.

വിവേചനങ്ങള്‍ക്ക് കീഴ്‌പ്പെടാതെ തലയുയര്‍ത്തി; ഇച്ഛാശക്തിയുടെ മറുപേര്

ഗൗരിയമ്മയുടെ ഇച്ഛാശക്തിക്കും നിശ്ചയദാർഢ്യത്തിനും തെളിവായി ഭൂപരിഷ്കരണം മുതൽ എത്രയോ നടപടികൾ. കേരളം കണ്ട ഏറ്റവും പ്രഗത്ഭരായ ഭരണാധികാരികളിൽ മുൻനിരയിലായിരുന്നു അവരുടെ സ്ഥാനം. തീരുമാനമെടുത്തു വേഗത്തിൽ നടപ്പിലാക്കുന്നതിലുള്ള ഗൗരിയമ്മയുടെ നിശ്ചയദാർഢ്യത്തിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കാവുന്ന ഒരു സംഭവം ഓർമയിലെത്തുന്നു. കേരള സർവകലാശാലക്കുമുന്നിൽ കുമാരനാശാന്റെ പ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടതാണ് വിഷയം.


സംഭവം ഇങ്ങനെ:

ഗൗരിയമ്മ റവന്യു മന്ത്രി. തലസ്ഥാനത്ത് ആശാന്റെ പ്രതിമ വേണമെന്ന ആവശ്യവുമായി ജോസഫ് മുണ്ടശേരിയും സംഘവും രംഗത്ത്. സർവകലാശാലക്കു മുന്നിൽ സ്ഥലവും അവർ കണ്ടുവെച്ചു. അപേക്ഷ റവന്യു മന്ത്രിയുടെ മുന്നിൽ. പക്ഷേ, സ്ഥലം അനുവദിക്കൽ അത്ര എളുപ്പമായിരുന്നില്ല.  വിശദാന്വേഷണ(ക്വറി)ത്തിന്റെ രൂപത്തിൽ ഉടക്കുകൾ. കടലാസു പെരുകി ഫയൽ വീർത്തുവന്നതല്ലാതെ തീരുമാനമുണ്ടായില്ല. മുണ്ടശേരി ഒരുനാൾ ഉച്ചതിരിഞ്ഞ് മന്ത്രിയുടെ മുറിയിലേയ്ക്കു പാഞ്ഞ്് രോഷവും സങ്കടവും ചൊരിഞ്ഞു.

എല്ലാം കേട്ട  ഗൗരിയമ്മ ഒന്നേ ചോദിച്ചുളളൂ"മാഷ് എപ്പോ മടങ്ങിപ്പോകും?' "വൈകുന്നേരത്തെ മലബാർ എക്സ്പ്രസിൽ’എന്ന് മറുപടി. മുണ്ടശേരി ഇറങ്ങിയയുടൻ ഗൗരിയമ്മ ബന്ധപ്പെട്ട വകുപ്പു സെക്രട്ടറിമാരെ വിളിച്ചു വരുത്തി  പ്രതിമ സ്ഥാപിക്കാൻ സ്ഥലമനുവദിക്കാനുളള ബുദ്ധിമുട്ട് ആരാഞ്ഞു. ഓരോരോ തടസങ്ങൾ  അവർ നിരത്തി. മന്ത്രി ഫയലെടുപ്പിച്ചു. വാമൊഴിയായി പറഞ്ഞ തടസങ്ങൾ ഫയലിൽ എഴുതാൻ ആവശ്യപ്പെട്ടു.

എതിർപ്പുകൾ ഓരോരുത്തരായി എഴുതി. ശേഷം ഫയൽ മന്ത്രിയ്ക്ക്. അവരുടെ വക രണ്ടേ രണ്ടു വാക്ക്‐ ഓവർ റൂൾഡ്. സ്ഥലം അനുവദിച്ചുള്ള ഉത്തരവ് വൈകുന്നേരത്തെ മലബാർ എക്സ്പ്രസിൽ പോകുന്ന മുണ്ടശേരിയുടെ  കൈവശം നൽകണമെന്ന്‌ കർശന നിർദേശവും. അങ്ങനെ ആശാൻ പ്രതിമ യാഥാർഥ്യമായി. അതായിരുന്നു, ഗൗരിയമ്മ. ഇങ്ങനെ എത്രയോ  ഉദാഹരണങ്ങൾ. അടുത്തറിഞ്ഞവർക്കും കേട്ടറിഞ്ഞവർക്കും ഇച്ഛാശക്തിയുടെയും കാർക്കശ്യത്തിന്റെയും ആൾരൂപമായിരുന്നു ആ ധീര വ്യക്തിത്വം. 

അതിരുകളില്ലാത്ത സ്വാതന്ത്ര്യബോധമാണ് അതിന്റെ അടിത്തറ. പൊതുരംഗത്തും ഗാർഹികജീവിതത്തിലും സ്ത്രീകൾ ദയാരഹിതമായി അടിച്ചമർത്തപ്പെട്ട കാലത്താണ് ഗൗരിയമ്മ രാഷ്ട്രീയത്തിലിറങ്ങിയത്. ഒരുതരം വിവേചനത്തിനും കീഴ്പ്പെടാതെ തലയുയർത്തി അവർ പൊതുമണ്ഡലത്തിൽ നിലയുറപ്പിച്ചു. ശ്വാസമുള്ളിടത്തോളം സ്ത്രീയെ അപമാനിക്കുന്നതിനെതിരെ അണിനിരക്കുമെന്ന ആ വാക്കുകളിൽ തലകുനിക്കാതെ ജീവിച്ച ദശാബ്ദങ്ങളുടെ ഉൾക്കരുത്തുണ്ട്.

ഡോ.തോമസ് ഐസക്

വിപ്ലവ നക്ഷത്രത്തിന് വിട

ആലപ്പുഴ> കേരളത്തിന്റെ വിപ്ലവനക്ഷത്രം കെ ആര്‍ ഗൗരിയമ്മയ്ക്ക് രാഷ്ട്രീയ കേരളം വിടചൊല്ലി. രക്തസാക്ഷികള്‍ അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴ വലിയചുടുകാട്ടില്‍ ഔദ്യോഗിക ബഹുമതികളോടെ ഗൗരിയമ്മയെ സംസ്‌കാരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൗരിയമ്മ ഇന്ന്  രാവിലെയാണ്‌ അന്തരിച്ചത്. 102 വയസായിരുന്നു .

ആധുനിക കേരളത്തിന്റെ ചരിത്രവുമായി വേര്‍പെടുത്താനാവാത്ത വിധം കെട്ടുപിണഞ്ഞു കിടക്കുന്നു ഗൗരിയമ്മയുടെ ജീവിതം. അസാമാന്യ ധീരതയും ത്യാഗസന്നദ്ധതയും പ്രതിബദ്ധതയും സേവനോമുഖതയും ചേര്‍ന്ന ജീവിതമായി ഗൗരിയമ്മയുടേത്.1957ല്‍ ഇഎംഎസിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമായിരുന്നു.  1957, 1960 കേരള നിയമസഭകളില്‍ ചേര്‍ത്തലയില്‍ നിന്നും 1965 മുതല്‍ 1977 വരെയും 1980 മുതല്‍ 2006 വരെയും അരൂരില്‍ നിന്നും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

വലിയ ചുടുകാട്‌

അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുമ്പോഴാണ് കെ ആര്‍ ഗൗരിയമ്മ കമ്യുണിസ്റ്റ് പാര്‍ടിയില്‍ ചേരുന്നത്. മികച്ച വാഗ്മിയും സംഘാടകയുമായ അവര്‍ക്ക് അംഗത്വം നല്‍കിയതാകട്ടെ പി കൃഷ്ണപിള്ള. ഇ എം എസ്, എ കെ ജി, നായനാര്‍, വി എസ് തുടങ്ങിയ നേതാക്കള്‍ക്കൊപ്പം പാര്‍ടി കെട്ടിപ്പടുക്കുന്നതില്‍ ഗൗരിയമ്മയും വലിയ പങ്കുവഹിച്ചു.1957ല്‍ ഇഎംഎസിന്റെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലേറിയപ്പോള്‍ റവന്യൂ വകുപ്പ്  ഏല്‍പിച്ചു. കേരള ചരിത്രത്തില്‍ സുവര്‍ണ ലിപികളില്‍ രേഖപ്പെടുത്തിയ ഭൂപരിഷ്‌കരണ നിയമം നടപ്പാക്കുന്നതിന് ചുക്കാന്‍ പിടിക്കാനുള്ള നിയോഗവും അവര്‍ക്കായി.

ആദ്യ മന്ത്രിസഭയില്‍ അംഗമായ  ഗൗരിയമ്മ സത്യപ്രതിജ്ഞചെയ്ത് മന്ത്രിക്കസേരയില്‍ ഇരുന്നപ്പോഴുണ്ടായ അനുഭവം എഴുതി: ''57 ഏപ്രില്‍ അഞ്ചിന് ഞങ്ങള്‍ അധികാരമേറ്റു. അതൊരു  ലോക സംഭവമായിരുന്നു. സ്വാതന്ത്ര്യം കിട്ടിയ പത്താം കൊല്ലം അധികാരമേറ്റ കമ്യൂണിസ്റ്റ് മന്ത്രിസഭയ്ക്ക് എന്തെന്ത് പ്രശ്‌നങ്ങളായിരുന്നു?. ഭരണ പരിചയമില്ലാത്ത എനിക്ക് ആദ്യമൊക്കെ ഫയല്‍ നോക്കാന്‍ അറിയില്ല.സാങ്കേതികത്വത്തെക്കാള്‍, അതില്‍ നരകിക്കുന്ന മനുഷ്യരുടെ ദുരിതമാണല്ലോ പ്രധാനം. ആ ദുരിതവും വേദനയും കഷ്ടപ്പാടും എന്തെന്നറിയുകയും പരിഹാരം തേടാനുള്ള തീവ്രസമരത്തില്‍ പങ്കെടുക്കുകയും ചെയ്ത എനിക്ക്, പിന്നെ ഫയല്‍ പഠിക്കാന്‍ പ്രയാസം തോന്നിയില്ല. അപ്പോഴും കൃഷിക്കാരുടെ പ്രശ്‌നങ്ങള്‍ ഒരു വിചാരമായി, വികാരമായി അലട്ടി. കര്‍ഷകസംഘം നേതാക്കളായ ഇ ഗോപാലകൃഷ്ണമേനോന്‍, പന്തളം പി ആര്‍ മാധവന്‍പിള്ള, സി എച്ച് കണാരന്‍ എന്നിവരുമായും  പാര്‍ടി നേതൃത്വവുമായും ചര്‍ച്ചചെയ്തു. ഡിപ്പാര്‍ട്മെന്റുമായി ആലോചിച്ചു. അതിന്റെയൊക്കെ ഫലമായി ഒരാശയം  രൂപംപൂണ്ടു. അത് വാക്കുകളായി, വകുപ്പുകളായി, നിയമരേഖയായി സമ്പൂര്‍ണമാക്കിയപ്പോഴേക്കും ഏപ്രില്‍ പത്ത്. 11ന്  ഓര്‍ഡിനന്‍സ്.  കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ക്ക്തറക്കല്ലിട്ടത് അന്നാണ്. രാജവാഴ്ചക്കും ജന്മിത്വത്തിനും ഏല്‍പിച്ച പ്രഹരമായിരുന്നു ഒഴിപ്പിക്കല്‍ നിരോധന ഓര്‍ഡിനന്‍സ്. എന്റെ ജീവിതത്തിലെ അനുസ്മരണീയ ദിനം''.

1967, 80, 87 വര്‍ഷങ്ങളിലെ മന്ത്രിസഭകളിലും ഗൗരിയമ്മ അംഗമായി. മന്ത്രിയെന്ന നിലയില്‍ പ്രവര്‍ത്തനം ഏറെ ശ്ലാഘിക്കപ്പെട്ടു. ആദ്യകാല പാര്‍ടി പ്രവര്‍ത്തകരില്‍ മുന്‍നിരയിലുണ്ടായ അവര്‍ 1994ല്‍ സിപിഐഎമ്മില്‍നിന്ന് പുറത്തായി. തുടര്‍ന്ന് ജെ എസ് എസ് രൂപീകരിച്ച യുഡിഎഫില്‍  ചേര്‍ന്നു.  അവസാനം യുഡിഎഫുമായി സ്വരചേര്‍ച്ചയില്ലാതായി. ആ മുന്നണി വിട്ടു.

തലമുറകള്‍ക്ക് വഴിവിളക്കായി

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കായി തന്നാലാവുന്നതെല്ലാം ചെയ്ത ധീരയായ വനിതാ നേതാവായിരുന്നു. സ്ത്രീ ഇന്നും ചൂഷണവിധേയയും അരക്ഷിതയുമാണെന്ന് നിരീക്ഷിച്ചു. ഗൗരിയമ്മ തലമുറകള്‍ക്ക് വഴിവിളക്കായി. എന്നും സാധാരണക്കാരോടൊപ്പം നിന്നു.

11ാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ നേതാവായിരുന്നു ഗൗരിയമ്മ. ഏറ്റവുമധികം തവണ തെരെഞ്ഞെടുക്കപ്പെട്ടയാള്‍ എന്ന റെക്കോര്‍ഡ് ഗൗരിയമ്മയുടെ പേരിലാണ്. ഏറ്റവും പ്രായം കൂടിയ നിയമസഭാംഗം, ഏറ്റവും കൂടുതല്‍ കാലം നിയമസഭാംഗം, ഏറ്റവും പ്രായം കൂടിയ മന്ത്രി തുടങ്ങിയ പല റെക്കോര്‍ഡുകള്‍ വേറെയുമുണ്ട്. ഗൗരിയമ്മയുടെ ആത്മകഥ 2010-ല്‍ ആത്മകഥ- കെ ആര്‍ ഗൗരിയമ്മ എന്ന പേരില്‍ പുറത്തിറക്കി. ആത്മകഥയ്ക്ക് 2011-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.

രണ്ടാം ഇഎംഎസ് മന്ത്രിസഭയില്‍ റവന്യൂ, ഭക്ഷ്യം, പൊതുവിതരണം, വാണിജ്യ നികുതി, സാമൂഹ്യ സുരക്ഷ, നിയം എന്നീ വകുപ്പുകളുടെ ചുമതലയിലിരിക്കെ ഭൂപരിഷ്‌കരണ ബില്‍ നടപ്പാക്കി. 3.5 ദശലക്ഷം കുടിയേറ്റക്കാരും 5,00,000 കുടികിടപ്പുക്കാരും ഭൂമിയുടെ ഉടമസ്ഥരായി. ഇ കെ നായനാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച് ആദ്യ മന്ത്രിസഭയില്‍ കൃഷി, സാമൂഹിക ക്ഷേമം വകുപ്പുകള്‍ കൈകാര്യം ചെയ്തു.

ചേര്‍ത്തല താലൂക്കിലെ അന്ധകാരനഴി എന്ന ഗ്രാമത്തില്‍ കളത്തിപ്പറമ്പില്‍ കെ എ രാമന്‍, പാര്‍വ്വതിയമ്മ എന്നിവരുടെ മകളായി 1919 ജൂലൈ 14നാണ് ഗൗരിയമ്മ ജനിച്ചതു്. തിരൂര്‍, ചേര്‍ത്തല എന്നിവിടങ്ങളിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും ബിഎ ബിരുദവും തുടര്‍ന്ന് എറണാകുളം ലോ കോളേജില്‍ നിന്നു് നിയമബിരുദവും കരസ്ഥമാക്കി.

1957-ലെ മന്ത്രിസഭയില്‍ തൊഴില്‍മന്ത്രിയായിരുന്ന ടി വി തോമസിനെ വിവാഹം ചെയ്തു. 1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ തോമസ് സിപിഐയിലും ഗൗരിയമ്മ സിപിഐ എമ്മിലും ഉറച്ചുനിന്നു.

അവസാന കാലഘട്ടത്തില്‍ ഗൗരിയമ്മ സിപിഐ എമ്മുമായും എല്‍ഡിഎഫുമായും ഏറെ അടുപ്പം പുലര്‍ത്തി. വനിതാമതിലിലും ഗൗരിയമ്മ പങ്കാളിയായിരുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജെഎസ്എസ് എല്‍ഡിഎഫ് വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും  ഗൗരിയമ്മ പ്രഖ്യാപിച്ചു.

ചെങ്കൊടി പുതച്ച് ഗൗരിയമ്മയുടെ അന്ത്യയാത്ര; അന്ത്യവിശ്രമം വലിയചുടുകാട്ടില്‍

തിരുവനന്തപുരം > പോരാട്ടനായിക കെ ആര്‍ ഗൗരിയമ്മയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് കേരളം. തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ പൊതുദര്‍ശനത്തിനുവെച്ച ഗൗരിയമ്മയുടെ മൃതദേഹത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവനും പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബിയും ചേര്‍ന്ന് ചെങ്കൊടി പുതച്ചു.

രക്തസാക്ഷികള്‍ അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴ വലിയചുടുകാട്ടിലാണ് ഗൗരിയമ്മയുടെയും സംസ്‌കാരം. വൈകുന്നേരം ആറ് മണിക്കാണ് സംസ്‌കാര ചടങ്ങുകള്‍. കര്‍ശനമായ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് 300 പേര്‍ക്ക് ചടങ്ങില്‍ പങ്കെടുക്കാമെന്ന് കോവിഡ് മാനദണ്ഡത്തില്‍ ഇളവ് വരുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

ദേശാഭിമാനി

കെ ആര്‍ ഗൗരിയമ്മ വിടവാങ്ങി

തിരുവനന്തപുരം > കേരളത്തിന്റെ വിപ്ലവ നായികയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഒന്നാംനിര നേതാവുമായിരുന്ന കെ ആര്‍ ഗൗരിയമ്മ അന്തരിച്ചു. 102 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു.

ആധുനിക കേരളത്തിന്റെ ചരിത്രവുമായി വേര്‍പെടുത്താനാവാത്ത വിധം കെട്ടുപിണഞ്ഞു കിടക്കുന്നു ഗൗരിയമ്മയുടെ ജീവിതം. അസാമാന്യ ധീരതയും ത്യാഗസന്നദ്ധതയും പ്രതിബദ്ധതയും സേവനോമുഖതയും ചേര്‍ന്ന ജീവിതമായി ഗൗരിയമ്മയുടേത്.

1957ല്‍ ഇഎംഎസിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമായിരുന്നു.  1957, 1960 കേരള നിയമസഭകളില്‍ ചേര്‍ത്തലയില്‍ നിന്നും 1965 മുതല്‍ 1977 വരെയും 1980 മുതല്‍ 2006 വരെയും അരൂരില്‍ നിന്നും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

ഇഎംസിനൊപ്പം

അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുമ്പോഴാണ് കെ ആർ ഗൗരിയമ്മ കമ്യുണിസ്റ്റ് പാർടിയിൽ ചേരുന്നത്. മികച്ച വാഗ്മിയും സംഘാടകയുമായ അവർക്ക് അംഗത്വം നൽകിയതാകട്ടെ പി കൃഷ്ണപിള്ള. ഇ എം എസ്, എ കെ ജി, നായനാർ, വി എസ് തുടങ്ങിയ നേതാക്കൾക്കൊപ്പം പാർടി കെട്ടിപ്പടുക്കുന്നതിൽ ഗൗരിയമ്മയും വലിയ പങ്കുവഹിച്ചു.1957ൽ ഇഎംഎസിന്റെ നേതൃത്വത്തിൽ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലേറിയപ്പോൾ റവന്യൂ വകുപ്പ്  ഏൽപിച്ചു. കേരള ചരിത്രത്തിൽ സുവർണ ലിപികളിൽ രേഖപ്പെടുത്തിയ ഭൂപരിഷ്കരണ നിയമം നടപ്പാക്കുന്നതിന് ചുക്കാൻ പിടിക്കാനുള്ള നിയോഗവും അവർക്കായി. 

ആദ്യ മന്ത്രിസഭയിൽ അംഗമായ  ഗൗരിയമ്മ സത്യപ്രതിജ്ഞചെയ്ത് മന്ത്രിക്കസേരയിൽ ഇരുന്നപ്പോഴുണ്ടായ അനുഭവം എഴുതി: ""57 ഏപ്രിൽ അഞ്ചിന് ഞങ്ങൾ അധികാരമേറ്റു. അതൊരു  ലോക സംഭവമായിരുന്നു. സ്വാതന്ത്ര്യം കിട്ടിയ പത്താം കൊല്ലം അധികാരമേറ്റ കമ്യൂണിസ്റ്റ് മന്ത്രിസഭയ്ക്ക് എന്തെന്ത് പ്രശ്നങ്ങളായിരുന്നു?. ഭരണ പരിചയമില്ലാത്ത എനിക്ക് ആദ്യമൊക്കെ ഫയൽ നോക്കാൻ അറിയില്ല.

സാങ്കേതികത്വത്തെക്കാൾ, അതിൽ നരകിക്കുന്ന മനുഷ്യരുടെ ദുരിതമാണല്ലോ പ്രധാനം. ആ ദുരിതവും വേദനയും കഷ്ടപ്പാടും എന്തെന്നറിയുകയും പരിഹാരം തേടാനുള്ള തീവ്രസമരത്തിൽ പങ്കെടുക്കുകയും ചെയ്ത എനിക്ക്, പിന്നെ ഫയൽ പഠിക്കാൻ പ്രയാസം തോന്നിയില്ല. അപ്പോഴും കൃഷിക്കാരുടെ പ്രശ്നങ്ങൾ ഒരു വിചാരമായി, വികാരമായി അലട്ടി. കർഷകസംഘം നേതാക്കളായ ഇ ഗോപാലകൃഷ്ണമേനോൻ, പന്തളം പി ആർ മാധവൻപിള്ള, സി എച്ച് കണാരൻ എന്നിവരുമായും  പാർടി നേതൃത്വവുമായും ചർച്ചചെയ്തു. ഡിപ്പാർട്‌മെന്റുമായി ആലോചിച്ചു. അതിന്റെയൊക്കെ ഫലമായി ഒരാശയം  രൂപംപൂണ്ടു. അത് വാക്കുകളായി, വകുപ്പുകളായി, നിയമരേഖയായി സമ്പൂർണമാക്കിയപ്പോഴേക്കും ഏപ്രിൽ പത്ത്‌. 11ന്  ഓർഡിനൻസ്‌.  കാർഷിക പരിഷ്കരണ നിയമങ്ങൾക്ക്തറക്കല്ലിട്ടത് അന്നാണ്. രാജവാഴ്ചക്കും ജന്മിത്വത്തിനും ഏൽപിച്ച പ്രഹരമായിരുന്നു ഒഴിപ്പിക്കൽ നിരോധന ഓർഡിനൻസ്. എന്റെ ജീവിതത്തിലെ അനുസ്മരണീയ ദിനം''.

ഗൗരിയമ്മ 1957ല്‍ ആദ്യ മന്ത്രിസഭയിലെ അംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നു

1967, 80, 87 വർഷങ്ങളിലെ മന്ത്രിസഭകളിലും ഗൗരിയമ്മ അംഗമായി. മന്ത്രിയെന്ന നിലയിൽ പ്രവർത്തനം ഏറെ ശ്ലാഘിക്കപ്പെട്ടു. ആദ്യകാല പാർടി പ്രവർത്തകരിൽ മുൻനിരയിലുണ്ടായ അവർ 1994ൽ സിപിഐഎമ്മിൽനിന്ന് പുറത്തായി. തുടർന്ന്‌ ജെ എസ് എസ് രൂപീകരിച്ച യുഡിഎഫിൽ  ചേർന്നു.  അവസാനം യുഡിഎഫുമായി സ്വരചേർച്ചയില്ലാതായി. ആ മുന്നണി വിട്ടു.

തലമുറകള്‍ക്ക് വഴിവിളക്കായി

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കായി തന്നാലാവുന്നതെല്ലാം ചെയ്ത ധീരയായ വനിതാ നേതാവായിരുന്നു. സ്ത്രീ ഇന്നും ചൂഷണവിധേയയും അരക്ഷിതയുമാണെന്ന് നിരീക്ഷിച്ചു. ഗൗരിയമ്മ തലമുറകള്‍ക്ക് വഴിവിളക്കായി. എന്നും സാധാരണക്കാരോടൊപ്പം നിന്നു.

11ാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ നേതാവായിരുന്നു ഗൗരിയമ്മ. ഏറ്റവുമധികം തവണ തെരെഞ്ഞെടുക്കപ്പെട്ടയാള്‍ എന്ന റെക്കോര്‍ഡ് ഗൗരിയമ്മയുടെ പേരിലാണ്. ഏറ്റവും പ്രായം കൂടിയ നിയമസഭാംഗം, ഏറ്റവും കൂടുതല്‍ കാലം നിയമസഭാംഗം, ഏറ്റവും പ്രായം കൂടിയ മന്ത്രി തുടങ്ങിയ പല റെക്കോര്‍ഡുകള്‍ വേറെയുമുണ്ട്. ഗൗരിയമ്മയുടെ ആത്മകഥ 2010-ല്‍ ആത്മകഥ- കെ ആര്‍ ഗൗരിയമ്മ എന്ന പേരില്‍ പുറത്തിറക്കി. ആത്മകഥയ്ക്ക് 2011-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.

രണ്ടാം ഇഎംഎസ് മന്ത്രിസഭയില്‍ റവന്യൂ, ഭക്ഷ്യം, പൊതുവിതരണം, വാണിജ്യ നികുതി, സാമൂഹ്യ സുരക്ഷ, നിയം എന്നീ വകുപ്പുകളുടെ ചുമതലയിലിരിക്കെ ഭൂപരിഷ്‌കരണ ബില്‍ നടപ്പാക്കി. 3.5 ദശലക്ഷം കുടിയേറ്റക്കാരും 5,00,000 കുടികിടപ്പുക്കാരും ഭൂമിയുടെ ഉടമസ്ഥരായി. ഇ കെ നായനാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച് ആദ്യ മന്ത്രിസഭയില്‍ കൃഷി, സാമൂഹിക ക്ഷേമം വകുപ്പുകള്‍ കൈകാര്യം ചെയ്തു.

ടി വി തോമസ്, ഗൗരിയമ്മ വിവാഹ ഫോട്ടോ

ചേര്‍ത്തല താലൂക്കിലെ അന്ധകാരനഴി എന്ന ഗ്രാമത്തില്‍ കളത്തിപ്പറമ്പില്‍ കെ എ രാമന്‍, പാര്‍വ്വതിയമ്മ എന്നിവരുടെ മകളായി 1919 ജൂലൈ 14നാണ് ഗൗരിയമ്മ ജനിച്ചതു്. തിരൂര്‍, ചേര്‍ത്തല എന്നിവിടങ്ങളിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും ബിഎ ബിരുദവും തുടര്‍ന്ന് എറണാകുളം ലോ കോളേജില്‍ നിന്നു് നിയമബിരുദവും കരസ്ഥമാക്കി.

1957-ലെ മന്ത്രിസഭയില്‍ തൊഴില്‍മന്ത്രിയായിരുന്ന ടി വി തോമസിനെ വിവാഹം ചെയ്തു. 1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ തോമസ് സിപിഐയിലും ഗൗരിയമ്മ സിപിഐ എമ്മിലും ഉറച്ചുനിന്നു.

അവസാന കാലഘട്ടത്തില്‍ ഗൗരിയമ്മ സിപിഐ എമ്മുമായും എല്‍ഡിഎഫുമായും ഏറെ അടുപ്പം പുലര്‍ത്തി. വനിതാമതിലിലും ഗൗരിയമ്മ പങ്കാളിയായിരുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജെഎസ്എസ് എല്‍ഡിഎഫ് വിജയത്തിനായി പ്രവര്‍ത്തിക്കുമെന്ന് ഗൗരിയമ്മ പ്രഖ്യാപിച്ചു.

മൃതദേഹം അയ്യങ്കാളി ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം ആലപ്പുഴ വലിയചുടുകാട്ടില്‍ സംസ്‌കരിക്കും. അയ്യങ്കാളി ഹാളിലും ആലപ്പുഴയിലെ സംസ്‌കാര ചടങ്ങിലും കര്‍ശനമായ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് 300 പേര്‍ക്ക് പൊതു ദര്‍ശനത്തില്‍ പങ്കെടുക്കാമെന്ന് കോവിഡ് മാനദണ്ഡത്തില്‍ ഇളവ് വരുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി.

ദേശാഭിമാനി

Friday, January 29, 2021

രാഷ്ട്രീയ ലാഭത്തിന് ജമാ അത്തെ ഇസ്ലാമിയുമായി കൂട്ടുകൂടുന്നത് കോണ്‍ഗ്രസ് മാത്രം; സിപിഐ എമ്മിനുള്ളത് ഉറച്ച മതനിരപേക്ഷത: വിജയരാഘവന്‍

തിരുവനന്തപുരം> മതാധിഷ്ടിത രാഷ്ട്രീയ ചേരിയുമായി കേരളത്തിലെ കോണ്‍ഗ്രസ് കൂടുതലായി കൂട്ടുകെട്ടിലേര്‍പ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജമാ അത്തെ ഇസ്ലാമിയുമായും വെല്‍ഫെയര്‍ പാര്‍ട്ടിയുമായും രാഷ്ട്രീയ സഖ്യത്തില്‍ ഏര്‍പ്പെട്ടു. അതവര്‍ തുടരും എന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്.

മുസ്ലിം ജനവിഭാഗത്തെ മതാധിഷ്ടിത രാഷ്ട്രീയ ചേരിയില്‍ അണിനിരത്തുക എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനമാണ് ജമാ അത്തെ ഇസ്ലാമി. ആ പ്രവര്‍ത്തനം വിപുലപ്പെടാത്താന്‍ വെല്‍ഫെയര്‍ പാര്‍ട്ടിയെ ഉപയോഗപ്പെടുത്തുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇത്തരം ഒരു മുന്നണി കോണ്‍ഗ്രസ്  രൂപീകരിച്ചത് കണ്ടുപിടിക്കപ്പെട്ടു. ആ മുന്നണിയെ ജനം നിരാകരിച്ചു. ഇപ്പോഴും കോണ്‍ഗ്രസ് ജമാ അത്ത് ബന്ധം തുടരുകയാണ്. നിരവധി പഞ്ചായത്തില്‍ ജമാ അത്ത് പിന്തുണയില്‍ കോണ്‍ഗ്രസുകാര്‍ പ്രസിഡന്റ് സ്ഥാനത്തിരിക്കുകയാണെന്നുംവിജയരാഘവന്‍  പറഞ്ഞു.

  ഇത് നാടിന് ഗുണം നല്‍കുന്ന രാഷട്രീയ കൂട്ടുകെട്ടല്ല. ഇവിടെ ഹിന്ദുത്വ ശക്തികള്‍ നാട്ടില്‍ അപകടകരമായ രാഷ്ട്രീയം കൈകാര്യം ചെയ്യുകയാണ്. ആ വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയം സമൂഹത്തില്‍ സൃഷ്ടിച്ച് മതപരമായ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ നിലപാടിനെ എതിര്‍ക്കുക എന്നതാണ് പ്രധാനം. അതിന് പകരം മറ്റൊരു മതമൗലിക ചേരി ഉണ്ടാക്കുകയാണ്. ഒരു ഘട്ടത്തിലും ഒരു ചാഞ്ചാട്ടവും ഈ വിഷയത്തില്‍ സിപിഐ എമ്മിനുണ്ടായിട്ടില്ല. രാജ്യത്ത് ഉറച്ച മതനിരപേക്ഷ  നിലപാടുള്ള പാര്‍ട്ടിയാണ് സിപിഐ എം.

 എല്ലാ സന്ദര്‍ഭത്തിലും സിപിഐ എം കൃത്യ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ബിജെപി അധികാരത്തില്‍ വന്നപ്പോള്‍ അവരൊന്നൊന്നായി ന്യൂനപക്ഷ വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചു. ജമ്മു കാശ്മീരിന്റെ പ്രത്യേക അവകാശം എടുത്ത് കളഞ്ഞു. പൗരത്വ ഭേഗദഗതി നിയമം പാസാക്കി . ഈ സന്ദര്‍ഭത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ചത് സിപിഐ എം ആണ്. മതേതരത്വത്തിന് വിരുദ്ധമായി അയോധ്യയില്‍ പ്രധാനമന്ത്രി ശിലാസ്ഥാപനം നടത്തുന്നതില്‍ വിമര്‍ശിച്ചത് സിപിഐ എമ്മാണ് .

കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാര്‍ പൗരത്വ നിയമത്തിന് എതിരായി എല്ലാവരേയും ഒരുമിപ്പിക്കാനാണ് ശ്രമിച്ചത്. ആ സിപിഐ എമ്മിനെയാണ് ജമാ അത്തെ ഇസ്ലാമി എതിര്‍ക്കുന്നത്. ബിജെപിക്കെതിരെ ശക്തമായ നിലപാട് എടുക്കുന്നതിനെ വര്‍ഗീയവാദികള്‍ എന്ന് വിളിക്കുന്നു. അയോധ്യക്ഷേത്ര നിര്‍മാണത്തിന് വെള്ളികൊണ്ട് ഇഷ്ടിക കൊടുത്തത് കമല്‍നാഥാണ്. കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് മന്ത്രിമാര്‍ ബിജെപിയില്‍ ചേര്‍ന്നത്. ജമാ അത്തെ ഇസ്ലാമിക്ക് കൃത്യമായ അജണ്ടയുണ്ട്. ജമാ അത്തെ ഇസ്ലാമിയുടെ അപകടകരമായ നിലപാടിനെ മുസ്ലീം വിഭാഗത്തിലെ ധാരാളം സംഘടനകള്‍ നിശിതമായി വിമര്‍ശിക്കുന്നു. അവരുമായി രാഷ്ട്രീയ ലാഭത്തിന് കൂട്ടുകൂടുന്നത് കോണ്‍ഗ്രസ് മാത്രമാണ്. അതിനെ വിമര്‍ശിക്കുക തന്നെ ചെയ്യുമെന്നും വിജയരാഘവന്‍ വ്യക്തമാക്കി

Monday, January 4, 2021

ജനവികാരം സര്‍ക്കാരിന് അനുകൂലം; യുഡിഎഫ് പ്രചരണത്തിന്റെ കടിഞ്ഞാണ്‍ ഒന്നോ രണ്ടോ മാധ്യമങ്ങള്‍ക്ക്‌ -അതിരൂപത മുഖമാസിക

 കൊച്ചി > എല്‍ഡിഎഫിനെ അഭിനന്ദിച്ചും യുഡിഎഫിനെ രൂക്ഷമായി വിമര്‍ശിച്ചും എറണാകുളം-അങ്കമാലി അതിരൂപത. സംസ്ഥാന സര്‍ക്കാരിന് അനുകൂലമായ വികാരവും അപ്രതീക്ഷിതമായ രാഷ്ട്രീയ അടിയൊഴുക്കുകളുമാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചതെന്ന് അതിരൂപതയുടെ മുഖമാസികയായ സത്യദീപത്തിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു. കോവിഡ് പ്രതിരോധ നടപടികളിലൂടെയും ഭക്ഷ്യകിറ്റ്-ക്ഷേമ പെന്‍ഷനുകളുടെ വിതരണത്തിലൂടെയും ജനങ്ങളുടെ കൂടെ നില്‍ക്കുന്ന സര്‍ക്കാരാണിതെന്ന പ്രതീതി ജനമദ്ധ്യേ നിരന്തരം നിലനിര്‍ത്താന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞുവെന്നും 'സത്യദീപം' പറയുന്നു.

ക്ഷേമ പെന്‍ഷന്‍ വിതരണ വിജയം വലിയ നേട്ടമായി അവതരിപ്പിക്കപ്പെട്ട തെരഞ്ഞെടുപ്പായിരുന്നു കടന്നുപോയത്. കോവിഡ്, കേരളത്തെ മാസങ്ങളോളം അകത്തിരുത്തിയ വേളയില്‍ സര്‍ക്കാരിന്റെ അത്തരം നടപടികള്‍ ആശ്വാസകരമായി. ഇഡി ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാരിന്റെ അഞ്ചോളം ഏജന്‍സികള്‍ ആറുമാസത്തിലധികമായി അന്വേഷണത്തിന്റെ പേരില്‍ ചുറ്റിത്തിരിയുന്നതല്ലാതെ, കാര്യമായ പുരോഗതിയുണ്ടാകുന്നില്ലെന്ന് കോടതികള്‍ വരെ നിരീക്ഷിച്ചു.

എന്നാല്‍ യുഡിഎഫ്, തെരഞ്ഞെടുപ്പ് യുദ്ധത്തിന്റെ പ്രചാരണ കടിഞ്ഞാണ്‍ ഒന്നോ രണ്ടോ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് കൈമാറി ഒഴിഞ്ഞൊതുങ്ങുകയാണ് ചെയ്തത്. യുഡിഎഫ് വെല്‍ഫെയര്‍ പാര്‍ട്ടി ബാന്ധവത്തിലൂടെ, കോണ്‍ഗ്രസ്സിന്റെ മതനിരപേക്ഷ മുഖം നഷ്ടമാകുന്നുവെന്ന തോന്നലും, മധ്യകേരളത്തിലും, വടക്കന്‍ കേരളത്തിലും പരമ്പരാഗത ക്രിസ്ത്യന്‍ വോട്ടുകളില്‍ ഐക്യമുന്നണിക്കെതിരായി വിടവുണ്ടാക്കി.

കോണ്‍ഗ്രസ് പൂര്‍ണ്ണമായും ലീഗിന് കീഴടങ്ങി. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് പി കെ കുഞ്ഞാലിക്കുട്ടി വീണ്ടും ചുവടു മാറുമ്പോള്‍ യുഡിഎഫിന്റെ രാഷ്ട്രീയ ദിശാഗതികളുടെ ലീഗ് ഗ്രഹണം ഏറെക്കുറെ പൂര്‍ണ്ണമാകും. ഭരണം നിലനിര്‍ത്തിയ പാലക്കാട് നഗരസഭാ ആസ്ഥാനത്ത് 'ജയ്ശ്രീറാം' ബാനറുയര്‍ത്തി തങ്ങളുടെ വര്‍ഗ്ഗീയ അജണ്ടയെ ഒരിക്കല്‍ക്കൂടി പരസ്യപ്പെടുത്തിയതിലൂടെ, കേരളത്തിലെ ബിജെപിയുടെ മതേതര മമത വെറും കാപട്യമാണെന്ന് തെളിഞ്ഞുവെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിന്റെ രാഷ്ട്രീയ അരക്ഷിത ബോധത്തെ ഏത് മുന്നണി ഫലപ്രദമായി അഭിസംബോധന ചെയ്യുമെന്നത് അടുത്തനിയമസഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാകുമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. 

Monday, December 21, 2020

ജനവിധി സർക്കാരിനുള്ള പൂച്ചെണ്ട് - കെ ജെ തോമസ്‌ എഴുതുന്നു

 പ്രതിപക്ഷവും ബിജെപിയും ഒരുസംഘം മാധ്യമങ്ങളും മാസങ്ങളായി തുടർന്നുവന്ന അപവാദ പ്രചാരണ ആഘോഷങ്ങൾക്ക്‌  തെരഞ്ഞെടുപ്പുഫലം വന്നതോടെ അൽപ്പം ശമനം. ഒരുപക്ഷേ വോട്ടുകണക്ക്‌ കൂട്ടിക്കിഴിക്കൽ തിരക്കുകൊണ്ടാകാം. എന്തായാലും കഥയും തിരക്കഥയും കെട്ടുകഥകളുംകൊണ്ട്‌ നാടിനെയും ജനതയെയും എക്കാലവും തെറ്റിദ്ധരിപ്പിക്കാമെന്ന വ്യാമോഹങ്ങളുടെ ഫലം എന്തെന്ന്‌  വോട്ടർമാർ തന്നെ മറുപടി നൽകി. എല്ലാം ഈ നാട്ടിലെ ജനത കാണുന്നുണ്ടായിരുന്നു, സർക്കാർ ഭരണനേട്ടം നേരിട്ട്‌ അനുഭവിക്കുന്നുണ്ടായിരുന്നു, കാര്യങ്ങളെല്ലാം സ്വയം വിലയിരുത്തുന്നുണ്ടായിരുന്നു. ഒടുവിൽ വിവേകപൂർവം സമ്മതിദാനാവകാശം വിനിയോഗിച്ച്‌ കേരളജനത ജനാധിപത്യത്തിനും രാജ്യത്തിനാകെയും മാതൃകയായി. 

‘എൽഡിഎഫ്‌ വിജയത്തേരിൽ, ഇടതുപക്ഷം, മറുപടി, ഇടതു തരംഗം തുടങ്ങിയവയായിരുന്നു ജനവിധി വന്നതിനെത്തുടർന്ന്‌ മുഖ്യധാരാ മാധ്യമങ്ങളുടെ തലക്കെട്ട്‌. കണ്ട സത്യങ്ങളെ  എക്കാലവും  മറച്ചുനിർത്താനാകുകയില്ല. ഒട്ടേറെ പാഠം തങ്കലിപികളിൽ ചരിത്രത്തിൽ എഴുതി ച്ചേർക്കപ്പെട്ട ജനവിധി കാണാത്തവരുണ്ടെങ്കിൽ അവരെ ഒരുകാലവും ഉണർത്താനാകില്ല. അന്ധമായ ഇടതുപക്ഷവിരുദ്ധ തിമിരം ബാധിച്ചവരാണ്‌ അവർ. നിരവധി കാര്യത്തിൽ കേരളം ലോകത്തിനു മാതൃകയാണ്‌. നാടിനെ ശിഥിലമാക്കുന്ന വർഗീയ ശക്തികൾക്ക്‌ ഇവിടെ സ്ഥാനമില്ലെന്ന്‌ ഒരിക്കൽക്കൂടി തെളിയിക്കപ്പെട്ടു. കൂടാതെ ദുരിതകാലത്തെ സംരക്ഷണം, പ്രതിസന്ധി ഘട്ടങ്ങളിലെ അതിജീവനം, വ്യക്തമായ വികസന കാഴ്‌ചപ്പാടും പ്രവൃത്തിയും ആത്മാർഥമായ സുതാര്യ ചുവടുവയ്‌പുകൾ, എല്ലാ വിഭാഗത്തെയും ചേർത്തുപിടിക്കൽ തുടങ്ങി സർവതല സ്‌പർശിയായ ഇടപെടലുകളും സാന്ത്വനവും രാജ്യത്ത്‌ പിണറായി സർക്കാരിനു മാത്രം അവകാശപ്പെടാൻ കഴിയുന്നതാണെന്ന്‌ തെരഞ്ഞെടുപ്പുഫലമെന്ന്‌ മറയില്ലാതെ വ്യക്തമാക്കപ്പെട്ടു. അതിനുപരി ഭരണത്തുടർച്ചയ്‌ക്കുള്ള കേളികൊട്ടും.

തകർന്നടിഞ്ഞ്‌ വിവാദവ്യവസായം

സ്വർണക്കടത്ത്‌ സമഗ്രമായി അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രധാനമന്ത്രിക്ക്‌ കത്തയച്ചത്‌ മുഖ്യമന്ത്രി. ആർക്കുവേണ്ടി ആര്‌ സ്വർണം കടത്തുന്നുവെന്ന മർമം അന്വേഷിക്കാതെ അന്വേഷണസംഘങ്ങൾ കെട്ടുകഥകൾക്കുള്ള വഴിതുറന്നു. രാവിലെ ബിജെപി നേതാവിന്റെ വാർത്താസമ്മേളനം. ഇതിനെ ചുവടുപിടിച്ച്‌ ഉച്ചയ്‌ക്ക്‌ പ്രതിപക്ഷ നേതാവിന്റെ വക. പിടിക്കപ്പെടേണ്ട പ്രതികളുടെ പേരുപറഞ്ഞ്‌ വൈകിട്ട്‌ മാധ്യമവിചാരണ. ഇക്കാര്യങ്ങളിൽ വട്ടമിട്ടും ചുവടുപിടിച്ചും സിബിഐ, കസ്റ്റംസ്‌, ഇഡി തുടങ്ങി കേന്ദ്ര അന്വേഷണ ഏജൻസികളെല്ലാം കെട്ടുകഥകളുടെ പുകമറ സൃഷ്ടിച്ചു. ഇവിടെ ബിജെപിയുടെ ബി ടീം ആകുകയായിരുന്നു കോൺഗ്രസ്‌. ബിജെപി പറയുന്നത്‌ പ്രതിപക്ഷം ഏറ്റെടുത്തു. അന്വേഷണ ഏജൻസികളും ആ വഴിക്കു നീങ്ങി. ഒരേ ദിശയിലുള്ള നീക്കം. എന്നാൽ, കള്ളക്കടത്ത്‌ ശൃംഖലയുടെ തലയും വാലും  കണ്ടുപിടിക്കാനാകാത്തത്‌ കോടതിപോലും ചൂണ്ടിക്കാട്ടി. എവിടെ പ്രതികളെന്നും പലതവണ ചോദിച്ചു.

രാജ്യത്ത്‌ ആകെയുള്ള ഇടതുപക്ഷ സർക്കാരിനെയാണ്‌ ഇവരെല്ലാം നോട്ടമിടുന്നത്‌. വിമോചന സമരകാലത്തെ കമ്യൂണിസ്റ്റ്‌ വിരുദ്ധതയും അസഹിഷ്‌ണുതയും ചിലർ ഇപ്പോഴും വച്ചുപുലർത്തുന്നു. സംസ്ഥാന സർക്കാരിന്റെ നയപരമായ തീരുമാനങ്ങളിലും അഭിമാന പദ്ധതികളിലും അന്വേഷണ ഏജൻസികൾ ഭരണഘടനാവിരുദ്ധമായി കൈവച്ചതും ജനം തിരിച്ചറിഞ്ഞു. അധികാരപരിധി വിട്ട്‌ ‌ ഇവർ നടത്തുന്ന നീക്കങ്ങൾക്കെതിരായ വിധിയെഴുത്തുകൂടിയാണ്‌ ഇത്‌. അവരുടെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്‌. കോൺഗ്രസിന്റെ വർഗീയ –-തീവ്രവാദ ബന്ധം വോട്ടർമാർ തിരിച്ചറിഞ്ഞെന്ന്‌ മാത്രമല്ല, അവരുടെ പ്രസക്തിയെയും വിലയിരുത്തപ്പെടുന്നു‌. ബിജെപിയെ ശക്തിപ്പെടുത്തുന്ന കോൺഗ്രസ്‌ നയം ജനങ്ങൾക്ക്‌ ബോധ്യമുണ്ട്‌. നിരവധി എംപിമാരും എംഎൽഎമാരും മറ്റു ഭാരവാഹികളുമാണ്‌  ബിജെപിയിലേക്ക്‌ ചേക്കേറിയത്‌.

വൻവിലയ്‌ക്കാണ്‌ പലരെയും എടുത്തത്‌. അതുകൊണ്ട്‌ മതനിരപേക്ഷ ശക്തികൾക്ക്‌ കോൺഗ്രസിൽ വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞു. കേന്ദ്ര ബിജെപി സർക്കാരിന്റെ അതിവിനാശ, ജനവിരുദ്ധ നയങ്ങൾക്കെതിരെ നാവടക്കി നിൽക്കുന്ന കേരളത്തിലെ കോൺഗ്രസ്‌, ജനകീയ സർക്കാരിനെതിരെ സ്വീകരിക്കുന്ന നിലപാടും സാധാരണക്കാർ വിലയിരുത്തി. തീവെട്ടിക്കൊള്ളക്കാരെ വെള്ളപൂശുകയും ജനസേവകർക്കെതിരെ പുലഭ്യവർഷം നടത്തുകയും ചെയ്യുന്ന കോൺഗ്രസ്‌ ശൈലിയും വിചാരണ ചെയ്യപ്പെട്ടു.

വികസനത്തിന്‌ പച്ചക്കൊടി

രാജ്യത്തിനാകെ മാതൃകയായി ബദൽ വികസന വിപ്ലവവുമായാണ്‌ കേരളം മുന്നേറുന്നത്‌. അപവാദങ്ങളും വിവാദങ്ങളും നുണക്കഥകളും ഒരുവിഭാഗം നടത്തുമ്പോൾ അതിലൊന്നും പതറാതെ ജനക്ഷേമ ജനോപകാരപ്രദമായ പദ്ധതികളുമായി സർക്കാർ മുന്നോട്ട്‌ പോകുന്നുവെന്ന യാഥാർഥ്യം ജനം മനസ്സിലാക്കിയിട്ടുണ്ട്‌. കോവിഡ്‌ പ്രതിസന്ധിയിൽ പ്രതിമാസം 89 ലക്ഷം  ഭക്ഷ്യക്കിറ്റ്‌ തുടർച്ചയായി വീടുകളിൽ എത്തിച്ചത്‌ ഒരു ഉദാഹരണം.

കിടപ്പാടം ഇല്ലാത്തവർക്ക്‌ അടച്ചുറപ്പുള്ള വീട്‌, ഹൈടെക്‌ വിദ്യാലയങ്ങൾ, അത്യാധുനിക നിലവാരത്തിലുള്ള ആശുപത്രികൾ, നാടിന്റെ പച്ചപ്പ്‌ വീണ്ടെടുക്കാൻ തരിശുനിലക്കൃഷിയും ഹരിത വിപ്ലവവും തുടങ്ങിയവയെല്ലാം നാടും ജനതയും തൊട്ടറിഞ്ഞിട്ടുണ്ട്‌. ഒരുവിഭാഗം കൊണ്ടുപിടിച്ചു നടത്തുന്ന ഭരണവിരുദ്ധ പ്രചാരണങ്ങൾ ഏശുന്നില്ലെന്നത്‌ രാഷ്‌ട്രീയത്തിലെ ഗുണപരമായ നേട്ടംകൂടിയാണ്‌. കേരളത്തിനും ജനതയ്‌ക്കും എന്തുവേണം, എങ്ങനെയായിരിക്കണം വികസനമെന്ന കഴ്‌ചപ്പാടിന്റെ തുടർനടപടികളുമായാണ്‌ എൽഡിഎഫ്‌ മുന്നോട്ടുപോകുന്നത്‌. പതിറ്റാണ്ടുകളിലൂടെ ആർജിച്ച നന്മയും പുരോഗതിയും ഹരിതാഭയുമെല്ലാം കാത്തുസൂക്ഷിക്കാനും സംരക്ഷിക്കാനും പുതിയ പന്ഥാവിലൂടെ മുന്നേറാനും കഴിയുന്നത്‌ എൽഡിഎഫിനു മാത്രമാണെന്ന തിരിച്ചറിവ്‌ ജനങ്ങൾക്കുണ്ട്‌. ഈ വിശ്വാസ്യതയ്‌ക്കനുസരിച്ചുള്ള കുതിപ്പാണ്‌ ഇനിയും  ഇടതുപക്ഷത്തിന്റെ കരുത്തും. അതെ ഈ ജനവിധി പിണറായി സർക്കാരിനുള്ള പൂച്ചെണ്ടാണ്.

കെ ജെ തോമസ്‌

Saturday, December 19, 2020

ചരിത്രവിധിയുടെ മാനങ്ങൾ - പി രാജീവ്‌ എഴുതുന്നു

 തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ വിജയം പല തലങ്ങളിലും സവിശേഷതയാർന്നതാണ്. ഇന്ത്യയിലെ ഏക ഇടതുപക്ഷ സർക്കാരിന്റെ അധികാരത്തുടർച്ചയ്‌ക്കായുള്ള രാഷ്ട്രീയപ്പോരാട്ടത്തിന്റെ നിർണായക ഘട്ടമായാണ് ഈ തെരഞ്ഞെടുപ്പിനെ കണ്ടിരുന്നത്. ഭരണത്തിലിരിക്കുന്ന മുന്നണികൾക്ക് തദ്ദേശഭരണ തെരഞ്ഞെടുപ്പുകളിൽ തിരിച്ചടികളുണ്ടാകുന്നതാണ് സമകാലിക കേരള അനുഭവം. എന്നാൽ, അതിൽനിന്ന്‌ തീർത്തും വ്യത്യസ്തമായി, പ്രതിപക്ഷത്തുണ്ടായിരുന്ന സമയത്ത് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിനേക്കാൾ മെച്ചപ്പെട്ട വിജയമാണ് ഇപ്പോഴുണ്ടായത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം  വിലയിരുത്തിയ സന്ദർഭത്തിൽ പരാജയം താൽക്കാലികമാണെന്നും  ഭരണവിരുദ്ധ വികാരമില്ലെന്നും വ്യക്തമാക്കിയിരുന്നു. അതുശരിവയ്‌ക്കുന്നതായിരുന്നു പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം. അത് അടിവരയിട്ടുറപ്പിക്കുക മാത്രമല്ല, ഭരണാനുകൂല വികാരമാണ് നാട്ടിലുള്ളതെന്ന് ഈ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കി.  പല മാധ്യമങ്ങളും വിശേഷിപ്പിച്ചതുപോലെ വടക്കേയറ്റംമുതൽ തെക്കേയറ്റംവരെ കേരളം ഒരേപോലെ എൽഡിഎഫിനൊപ്പം നിന്നു. കേരള രാഷ്ട്രീയചരിത്രത്തിൽ അസാധാരണമായ അനുഭവമാണിത്. അതേപോലെ ഗ്രാമ നഗര വ്യത്യാസമില്ലാതെ ജനങ്ങൾ ഒരേ നിലപാട് സ്വീകരിച്ചു. ഇതിന്റെയെല്ലാം പ്രതിഫലനം യുഡിഎഫിന്റെ കോട്ടകളെന്നു വിശേഷിപ്പിക്കപ്പെട്ട പലയിടങ്ങളിലെയും ഇടതുപക്ഷ വിജയത്തിൽ തെളിഞ്ഞുകാണാം.

ഇടതുപക്ഷവിരുദ്ധ ശക്തികളാകെ ചേർന്ന അവിശുദ്ധ  മഴവിൽമുന്നണിയാണ് എൽഡിഎഫിനെ നേരിട്ടത്. നേരത്തേ വ്യക്തമാക്കിയതുപോലെ ബിജെപിയുമായി രഹസ്യധാരണയുണ്ടാക്കിയും വെൽഫെയർ പാർടിയുമായി പരസ്യ ധാരണയുണ്ടാക്കിയുമാണ് യുഡിഎഫ് മത്സരിച്ചത്. മത രാഷ്ട്രവാദക്കാരുമായി  ഉണ്ടാക്കിയ കൂട്ടുകെട്ട് കോൺഗ്രസിനെ ദുർബലപ്പെടുത്തുകയും മുസ്ലിംലീഗ് നയിക്കുന്ന മുന്നണിയായി യുഡിഎഫിനെ മാറ്റുകയും ചെയ്യുമെന്ന് തെരഞ്ഞെടുപ്പിനുമുമ്പ് എഴുതിയ ലേഖനങ്ങളിൽ വ്യക്തമാക്കിയിരുന്നു. നിയമസഭയിൽ കോൺഗ്രസിനേക്കാൾ മൂന്ന്‌ സീറ്റിന്റെ കുറവു മാത്രമാണ് ഇപ്പോൾ മുസ്ലിംലീഗിനുള്ളത്. ഇരുകൂട്ടരും നേരിടുന്ന തകർച്ചയിൽ കോൺഗ്രസിന്റെ ആഴം വർധിപ്പിക്കാൻ തന്നെയാണ് വെൽഫെയർ ബന്ധം  സഹായിക്കുകയെന്ന് ഇപ്പോൾ കൂടുതൽ വ്യക്തമായി. അത് മുസ്ലിംലീഗ് നേതൃത്വത്തിന്റെ പ്രതികരണത്തിലും പ്രതിഫലിച്ചു. ലീഗ് നയിക്കുന്ന മത തീവ്രവാദ മുന്നണിയായി യുഡിഎഫിനെ മാറ്റിത്തീർത്തതിന്റെ പ്രതിഷേധവും തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടുണ്ട്. ഇത് കോൺഗ്രസിനെയും യുഡിഎഫിനെയും കൂടുതൽ തകർച്ചയിലേക്കാണ് നയിക്കാൻ പോകുന്നത്. മതനിരപേക്ഷ വാദികൾക്ക് തുടരാൻ പറ്റാത്ത മുന്നണിയായി യുഡിഎഫ് മാറി.

ഈ വികാരത്തെ ശക്തിപ്പെടുത്തുന്നതാണ് തിരുവനന്തപുരം കോർപറേഷനിൽ ഉൾപ്പെടെ ബിജെപിക്ക് വോട്ട് മറിച്ചുകൊടുത്ത കോൺഗ്രസ്‌ നടപടി. ദയനീയപരാജയം സ്വയം ഏറ്റുവാങ്ങി ബിജെപിയെ വിജയിപ്പിക്കുന്ന ഈ പ്രവണത മറ്റു സംസ്ഥാനങ്ങളിലെ തനിയാവർത്തനത്തിലേക്ക് ഇവിടെയും കോൺഗ്രസ് പോകുന്നുവെന്ന അപകടസൂചന നൽകുന്നു. തൃപ്പൂണിത്തുറ ഉൾപ്പെടെ പല നഗരസഭകളിലും ബിജെപിയെ രണ്ടാം സ്ഥാനത്തേക്ക് ഉയർത്തി കോൺഗ്രസ് അപമാനകരമാകുംവിധം മൂന്നാം സ്ഥാനത്തേക്ക് വഴിമാറിയിരിക്കുന്നു. ഭരണഘടനയെയും ജനാധിപത്യ സംവിധാനത്തെയും തകർത്ത് ഏകാധിപത്യ മത രാഷ്ട്രത്തിലേക്ക് നയിക്കുന്ന ബിജെപിയുമായി ചെന്നിത്തലയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഉണ്ടാക്കിയ രഹസ്യധാരണ ജനങ്ങൾ തിരിച്ചറിഞ്ഞ് തക്കതായ ശിക്ഷ നൽകിയിരിക്കുന്നു.

അത് കോൺഗ്രസുമായി ചേർന്ന് കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗപ്പെടുത്തി ബിജെപി നടത്തിയ അട്ടിമറി നീക്കങ്ങൾക്കുള്ള തിരിച്ചടി കൂടിയാണ്. സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയുംവരെ തള്ളിപ്പറഞ്ഞാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വം ബിജെപിയെ പുൽകി ഇഡി ഉൾപ്പെടെയുള്ള ഏജൻസികളെ വാഴ്‌ത്തിയത്. ഫലത്തിൽ കേരള സംസ്ഥാന കോൺഗ്രസ് എന്ന നിലയിലേക്ക് മുല്ലപ്പള്ളി നയിക്കുന്ന കോൺഗ്രസ് അധഃപതിച്ചു. ഇതിലെല്ലാം പ്രതിഷേധമുള്ള യുഡിഎഫ് അണികൾ ആവേശപൂർവം എൽഡിഎഫിന് വോട്ട്‌ ചെയ്തു. അനുയായികൾ വോട്ടിലൂടെ പ്രകടിപ്പിച്ച നിലപാടിനോട് യോജിപ്പുള്ള നേതാക്കൾ കോൺഗ്രസിനെ കൈയൊഴിഞ്ഞ് പുറത്തേക്ക് വരും. മതനിരപേക്ഷ രാഷ്ട്രീയത്തിന്റെയൊപ്പം അടിയുറച്ച് നിൽക്കണമെന്ന് ആഗ്രഹിക്കുന്നവർ ഇടതുപക്ഷത്തിന്റെ ഭാഗമാകും. 

യുഡിഎഫ് നേതൃത്വത്തിന്റെ വഞ്ചനാപരമായ വർഗീയ ഐക്യപ്പെടൽ നേരത്തേ തിരിച്ചറിഞ്ഞ്  കേരള കോൺഗ്രസ് മാണി വിഭാഗം എടുത്ത തീരുമാനത്തെയും അത് ഉൾക്കൊണ്ട എൽഡിഎഫ് നിലപാടിനെയും ജനങ്ങൾ അകമഴിഞ്ഞ് സ്വീകരിച്ചുവെന്നത് പ്രത്യേകം കാണേണ്ടതുണ്ട്. ലോകത്ത് ശക്തിപ്പെടുന്ന ഇസ്ലാമിക ഭീകരവാദത്തിന് പായ വിരിച്ചുകൊടുക്കുകയും മറുവശത്ത് ഹിന്ദുത്വ ശക്തികളുമായി  ഐക്യപ്പെടുകയും ചെയ്യുന്ന യുഡിഎഫ്സമീപനം മതനിരപേക്ഷ വാദികളിലും ന്യൂനപക്ഷ ജനവിഭാഗങ്ങളിലും ആശങ്കയുളവാക്കിയിട്ടുണ്ട്. ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുകയാണ് അനിവാര്യമായ കടമയെന്ന് അവർ തിരിച്ചറിഞ്ഞു. ഇതിന്റെകൂടി പ്രതിഫലനമായ വിധിയെഴുത്ത് ഭാവിയിൽ കൂടുതൽ ശക്തിപ്പെടുന്ന മതനിരപേക്ഷ ഐക്യപ്പെടലിന്റെ വഴിതുറക്കൽ കൂടിയാണ്. മധ്യകേരളത്തിന്റെ വിധിയെഴുത്ത് അതിനെ കുറെക്കൂടി ശരിവയ്ക്കുന്നുണ്ട്.

എൽഡിഎഫിനെതിരായ അവിശുദ്ധ സഖ്യം എല്ലാ രാഷ്‌ട്രീയ ധാർമികതയെയും സാമാന്യ മര്യാദയെയും വെല്ലുവിളിക്കുന്ന തരത്തിൽ മാധ്യമസഹായത്തോടെ നടത്തിയ അപവാദ പ്രചാരവേലയായിരുന്നു തെരഞ്ഞെടുപ്പിലെ പ്രധാന ആയുധം. പ്രതിപക്ഷനേതാവും ബിജെപി പ്രസിഡന്റും ഒരേ സ്വരത്തിൽ പറയുന്ന നുണകൾ അമിത പ്രാധാന്യത്തോടെ ഭൂരിപക്ഷം മാധ്യമങ്ങളും ആഘോഷിച്ചു. അവർ നുണ പറയാത്ത ദിവസങ്ങളിൽ മാധ്യമങ്ങൾതന്നെ നുണ ഫാക്ടറികളായി മാറി. മാധ്യമനുണകൾക്ക് ജനവിധിയെ സ്വാധീനിക്കാൻ കഴിയില്ലെന്ന പാഠവും ഈ തെരഞ്ഞെടുപ്പ് നൽകുന്നുണ്ട്. ദൃശ്യ മാധ്യമ ചർച്ചകൾ സീരിയലുകളെപ്പോലെ വിനോദോപാധിയായി കാണുന്ന രീതിയിലേക്ക് സ്വയം മാറി. മാധ്യമ വിശ്വാസ്യത തകരുന്നുവെന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. സ്വയം അപഹാസ്യമായ അനുഭവത്തെ ഉൾക്കൊണ്ട് തിരുത്തലുകൾ വരുത്താൻ മാധ്യമങ്ങളും തയ്യാറാകേണ്ടതാണ്.

കേന്ദ്ര ഏജൻസികളും മാധ്യമങ്ങളും യുഡിഎഫ്–-ബിജെപി കൂട്ടുകെട്ടും വികസനപദ്ധതികൾക്ക് എതിരെ തിരിഞ്ഞത് ഫലത്തിൽ അവയെല്ലാം ചർച്ച ചെയ്യുന്നതിന് അവസരമൊരുക്കി. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കിയും പ്രതിസന്ധിഘട്ടങ്ങളിൽ ജനങ്ങളെ ചേർത്തുപിടിച്ചും സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ ജനം അംഗീകരിച്ചു. വികസനം തകർക്കാൻ ശ്രമിക്കുക വഴി കേരളവിരുദ്ധ മുന്നണിയായി മാറിയ മഴവിൽസഖ്യത്തെ ജനങ്ങൾ ബാലറ്റിലൂടെ പരാജയപ്പെടുത്തി.

യഥാർഥത്തിൽ ബദൽ നയങ്ങൾക്കും പ്രയോഗത്തിനുമുള്ള അംഗീകാരമാണ് ജനവിധി. രാജ്യത്ത് ആധിപത്യം നേടിയ ഭൂരിപക്ഷ വർഗീയതയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന ബദൽരാഷ്ട്രീയം തന്നെയാണ് കേരളത്തെ നയിക്കേണ്ടതെന്ന് ജനങ്ങൾ തീരുമാനിച്ചു. മത രാഷ്ട്രവാദികളുമായി കൈകോർക്കുന്ന യുഡിഎഫിന് മറുപടി നൽകാനും അവർ ഈ അവസരം ഉപയോഗിച്ചു, എല്ലാം കമ്പോളത്തിന് വിട്ടുകൊടുക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെ ബദൽ പ്രയോഗത്തിലൂടെ വികസനത്തെ അർഥവത്താക്കിയ എൽഡിഎഫ് സർക്കാരിന്റെ തുടർച്ച ജനങ്ങൾ ആഗ്രഹിക്കുന്നെന്നും വിധിയെഴുത്ത് വ്യക്തമാക്കി.

പ്രകൃതിക്ഷോഭങ്ങളിലും മഹാമാരിയിലും ആത്മവിശ്വാസം നൽകി ജനങ്ങളെ നയിച്ച മുഖ്യമന്ത്രി പിണറായി വിജയനെ വളഞ്ഞിട്ട് ആക്രമിക്കാൻ ശ്രമിച്ചവർക്ക് ജനം നൽകിയ തക്കതായ  മറുപടി കൂടിയാണ്‌ ഈ വിജയം. ഈ  ജനവിധി യുഡിഎഫിനെയും ബിജെപിയെയും കൂടുതൽ തകർച്ചയിലേക്ക് നയിക്കും. മറുവശത്ത് ജനം നൽകിയ അംഗീകാരം കൂടുതൽ വിനയാന്വിതരാക്കുന്ന ഇടതു മുന്നണിക്ക് ബദൽ രാഷ്ട്രീയവും വികസനവും ഉയർത്തിപ്പിടിച്ച് മുന്നേറാൻ അസാധാരണ ഊർജവും നൽകും. അതോടെ പല കാരണങ്ങളാൽ വലതുപക്ഷ രാഷ്‌ട്രീയത്തിന്റെ ഭാഗമായി അവശേഷിക്കുന്നവരും ശരിയായ നിലപാടിലേക്ക് വരും. കേരള രാഷ്ട്രീയത്തിന്റെ ഗുണപരമായ മാറ്റത്തിന്റെ ഗതിവേഗം വർധിപ്പിക്കുന്ന വിധിയെഴുത്തായി ഈ ഫലത്തെ ചരിത്രം വിലയിരുത്തും.

പി രാജീവ്