Showing posts with label ഉമ്മൻ‌ചാണ്ടി സർക്കാർ. Show all posts
Showing posts with label ഉമ്മൻ‌ചാണ്ടി സർക്കാർ. Show all posts

Tuesday, September 22, 2020

പൊളിഞ്ഞു വീഴാൻ പോകുന്നത് യുഡിഎഫ് അഴിമതിയുടെ നിത്യസ്മാരകം

 കൊച്ചി >പാലാരിവട്ടം മേൽപ്പാലം പൊളിച്ചുപണിയണമെന്ന് സുപ്രീംകോടതി വിധിച്ചിരിക്കുന്നു. കേരളം കണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നിന്റെ സ്മാരകമാണ് ഇതോടെ പൊളിയാൻ പോകുന്നത്. ഗതാഗതത്തിന്‌ തുറന്ന്‌ രണ്ടരവർഷത്തിനുള്ളിൽ ബലക്ഷയം സംഭവിച്ച പാലാരിവട്ടം മേൽപ്പാലം യുഡിഎഫ്‌ അഴിമതിയുടെ നിത്യസ്‌മാരകമാണ്‌.

കൊള്ളസംഘം രൂപപ്പെടുന്നു

ഉമ്മൻചാണ്ടി സർക്കാരിന്റെ സ്‌പീഡ്‌ പദ്ധതിയിൽപ്പെടുത്തി 2013 ലാണ്‌ പാലാരിവട്ടം മേൽപ്പാലം നിർമാണത്തിന്‌ പദ്ധതി തയ്യാറാക്കുന്നത്‌. അനധികൃത സ്വത്തു സമ്പാദന കേസിൽ സർവ്വീസിൽ നിന്ന്‌ സസ്‌പെൻഷനിലായിരുന്ന ടി ഒ സൂരജ്‌ ഇതോടൊപ്പം പൊതുമരാമത്ത്‌ സെക്രട്ടറിയായി സർവ്വീസിൽ തിരിച്ചെത്തുന്നു.   ദേശീയപാത അതോറിറ്റി നിർമിക്കേണ്ട പാലം പൊതുമരാമത്ത്‌ വകുപ്പ്‌ സ്വമേധയാ ഏറ്റെടുക്കുന്നു. മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്‌ ചെയർമാനായ കേരള റോഡ്‌സ്‌ ആൻഡ്‌ ബ്രിഡ്‌ജസ്‌ കോർപറേഷ(ആർബിഡിസികെ)ന്‌ മേൽനോട്ട ചുമതല നൽകി. സാങ്കേതിക പരിജ്ഞാനം കുറഞ്ഞ കിറ്റ്‌കോ കൺസൾട്ടൻസിയായി.

പാലം നിർമാണം കരാർ നൽകാനുള്ള രേഖകളിൽ തിരുത്തലും കൃത്രിമവും കാണിച്ച്‌ ആർഡിഎസ്‌ പ്രോജക്‌ട്‌സ്‌ എന്ന കമ്പനിക്ക്‌ കരാർ ഉറപ്പിച്ചുകൊടുത്തു. മറ്റു കരാറുകാരെ ഒഴിവാക്കാൻ പൊതുമരാമത്ത്‌ സെക്രട്ടറിയുടെ ഇടപെടലും ഉണ്ടായതായി വിജിലൻസ്‌. ആകെ 47.70 കോടി രൂപ വകയിരുത്തിയ നിർമാണം ആറ്‌ കോടിയോളം കുറവിലാണ്‌ ആർഡിഎസ്‌ കരാറെടുത്തത്‌. നിർമാണത്തിന്‌ മുൻകൂർ പണം(മൊബിലിറ്റി അഡ്വാൻസ്‌) നൽകില്ലെന്ന്‌ മറ്റു കരാറുകാരോട്‌ പറഞ്ഞെങ്കിലും എട്ടേകാൽ കോടി രൂപ മന്ത്രിയുടെ ഇടപെടലിൽ അതിവേഗം അനധികൃതമായി കരാറുകാരന്‌ കൈമാറി. ഇതിന്‌ മന്ത്രിയുടെ ഉത്തരവുണ്ടായിരുന്ന കാര്യം ടി ഒ സൂരജ്‌ വെളിപ്പെടുത്തിയത്‌ ക്രമക്കേടിൽ വി കെ ഇബ്രാഹിംകുഞ്ഞിന്റെ പങ്കിനുള്ള തെളിവായി. അതുവരെ പാലാരിവട്ടം ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഉദ്യോഗസ്ഥരുടെ തലയിൽ ചുമത്തിയ വി കെ ഇബ്രാഹിംകുഞ്ഞിന്‌ തിരിച്ചടി.

ഇരുമ്പാണിക്ക്‌ പകരം മുളയാണി

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന ആർഡിഎസ്‌ അത്‌ മറികടക്കാൻ കൂടിയാണ്‌ ഏറ്റവും കുറഞ്ഞ നിരക്കിലും പാലം നിർമാണമേറ്റെടുത്തത്‌. യുഡിഎഫ്‌ സർക്കാർ നൽകിയ സഹായത്തിനുള്ള പ്രതിഫലവും   കരാർ തുകയിൽ നിന്ന്‌ വീതിച്ചു. ബാക്കിയുള്ള തുകകൊണ്ട്‌ പാലം പണിത കരാറുകാരൻ നിർമാണത്തിൽ ക്രമക്കേടുകൾ കാണിക്കുക സ്വാഭാവികം. കൊള്ളപ്പണം കൈപ്പറ്റിയവർ അതിനു നേരെ കണ്ണടയ്‌ക്കുകയും ചെയ്‌തു. പാലം നിർമാണത്തിന്‌ ഉപയോഗിച്ച കോൺക്രീറ്റു കൂട്ട്‌ നിർദ്ദിഷ്‌ട നിലവാരത്തിലും താഴെയായി. കമ്പി നിലവാരം കുറഞ്ഞതായി. അതും ആവശ്യത്തിന്‌ ഉപയോഗിച്ചില്ല.

ഗുണമേന്മ പരിശോധനകളൊന്നും നടത്താതെ, ചുമതലയുള്ളവരുടെ മേൽനോട്ടമില്ലാതതൊർഡിഎസ്‌ തോന്നിയപടി നിർമാണം പൂർത്തിയാക്കി. ഗതാഗതത്തിന്‌ തുറന്ന പാലം ഒന്നാംദിവസം മുതൽ തന്നെ ബലക്ഷയം കാണിച്ചുതുടങ്ങി. വാഹനങ്ങൾ കയറുമ്പോൾ വലിയ ശബ്‌ദത്തോടെ പലാം ഇളകി. സ്‌പാനുകൾക്കിടയിലെ ജൊയിന്റ്‌ തകർന്നു. പാലത്തെയും തൂണിന്റെ മുകൾഭാഗത്തെയും ബന്ധിപ്പിക്കുന്ന ബെയറിങുകൾ നിലവാരക്കുറവ്‌ മൂലം തകർന്നു. കോൺക്രീറ്റ്‌ നിർമാണങ്ങളിൽ പരക്കെ പൊട്ടലും വിള്ളലും രൂപപ്പെട്ടു. പാലം യാത്രായോഗ്യമല്ലെന്ന്‌ വിലയിരുത്തലുണ്ടായതോടെ മദ്രാസ്‌ ഐഐടിയെ പരിശോധനക്ക്‌ നിയോഗിച്ചു. രണ്ടര വർഷത്തിനകം പൊളിഞ്ഞ പാലം കഴിഞ്ഞ ജൂൺ ഒന്നിന്‌ അടച്ചു.

ഞെട്ടിച്ച കണെടത്തലുകൾ

ആദ്യം മദ്രാസ്‌ ഐഐടിയും പിന്നീട്‌ മെട്രോമാൻ ഇ ശ്രീധരന്റെ നേതൃത്വത്തിൽ വിദഗ്‌ദ സംഘവും നടത്തിയ പരിശോധനയിൽ വെളിപ്പെട്ടത്‌ കേരളത്തെ മാത്രമല്ല രാജ്യത്തെയാകെ ഞെട്ടിച്ച കണ്ടെത്തലുകൾ. ഐഐടിയിലെ വിദഗ്‌ധ സംഘത്തിന്റെ പരിശേളാധനയിൽ തന്നെ പാലത്തിന്റെ ബലക്ഷയം ബോധ്യപ്പെട്ടെങ്കിലും ഇ ശ്രീധരന്റെ അഭിപ്രായം കൂടി തേടാനാണ്‌ സംസ്ഥാന സർക്കാർ തീരുമാനിച്ചത്‌. മുഖ്യമന്ത്രി പിണറായി വിജയന്റെ ആവശ്യപ്രകാരം ഇ ശ്രീധരനും മഹേഷ്‌ ഠണ്ടനെ പൊലുള്ള വിദഗ്‌ധരുമുൾപ്പെട്ട സംഘം രണ്ട്‌വട്ടം പാലം പരിശോധിച്ചു.

പാലം പൊളിച്ചു പണിയണമെന്ന്‌ വിധിയെഴുതി. പാലത്തിന്റെ ഡിസൈനിൽ മുതൽ കുഴപ്പങ്ങളുള്ളതായി ശ്രീധരൻ വെളിപ്പെടുത്തി. 18.71 കോടി രൂപ ചെലവിൽ പാലം പുനർനിർമിക്കണമെന്നും അറ്റകുറ്റപ്പണിയിലൂടെ പാലം സുരക്ഷിതമാകില്ലെന്നും അദ്ദേഹം സർക്കാരിനെ അറിയിച്ചു. രാജ്യത്ത്‌ ഇത്തരമൊരു നിർമാണം ആദ്യമാണെന്ന്‌ ശ്രീധരൻ മാധ്യമങ്ങളോട്‌ പറഞ്ഞു.

പാലം വിഴുങ്ങിയതാരൊക്കെ

പാലം പെുനർനിർമിക്കാനുള്ള നടപടികൾക്കൊപ്പം നിർമാണത്തിലെ അഴിമതി കണ്ടെത്താൻ സർക്കാർ വിജിലൻസ്‌ അന്വേഷണവും പ്രഖ്യാപിച്ചു. അതിന്‌ പിന്നാലെ ഉമ്മൻചാണ്ടി ഉൾപ്പെടെ യുഡിഎഫ്‌ നേതൃനിരയാകെ  പങ്കെടുത്ത യൂഡിഎഫ്‌ സമരം കളമശേരിയിൽ അരങ്ങേറി. വിജിലൻസ്‌ അന്വേഷണത്തെ സമ്മർദ്ദത്തിലാക്കാനുള്ള ശ്രമം ഫലംകണ്ടില്ലെന്ന്‌ തുടർന്നുണ്ടായ സംഭവങ്ങളിലൂടെ കേരള സമൂഹത്തിന്‌ ബോധ്യപ്പെട്ടു.  

നിർമാണ മേൽനോട്ടം വഹിച്ച ആർബിഡിസികെ, കൺസൾട്ടൻസിയായ കിറ്റ്‌കോ, ഫണ്ടിങ് ഏജൻസിയായ കേരള റോഡ്‌ ഫണ്ട്‌ ബോർഡ്‌ എന്നിവയുടെ ഓഫീസുകൾ പരിശോധിച്ച്‌ വിജിലൻസ്‌ 147 സുപ്രധാന രേഖകൾ പിടിച്ചെടുത്തു. ഉദ്യോഗസ്ഥർ ഉൾശപ്പടെ നൂറ്റമ്പതോളം പേരെ ചൊദ്യംചെയ്‌തു. 17 പേരെ പ്രതിസ്ഥാനത്തു സംശയിക്കുന്ന പട്ടിക തയ്യാറാക്കി. 

പാലാരിവട്ടം പാലം നിർമാണത്തിന്‌ പിന്നിൽ നടന്ന അഴിമതിയിൽ രാഷ്‌ട്രീയ നേതൃത്വത്തിന്‌ പങ്കുണ്ടെന്ന വിവരം വിജിലൻസ്‌ കോടതിയെ അറിയിച്ചു. വിജിലൻസ്‌ സമർപ്പിച്ച അന്വേഷണ വിവരങ്ജളോട്‌ കോടതികൾ ഞെട്ടലോടെയാണ്‌ പ്രതികരിച്ചത്‌. അറസ്‌റ്റിലായ പ്രതികൾക്ക്‌ കോടതി തുടർച്ചയായി ജാമ്യം നിഷേധിച്ചു. അവർ പുറത്തിറങ്ങിയാൽ കേസിനെ വഴിതിരിച്ചുവിടാൻ ഇടപെടുമെന്ന വിജിലൻസ്‌ വാദം അംഗീകരിച്ചാണ്‌ ഓരോ തവണയും ജാമ്യം നിഷേധിച്ചത്‌.

നാണക്കേടിന്റെ പാലം

പാലാരിവട്ടം പാലം അഴിമതി കൊച്ചി നഗരത്തിന്‌ സമ്മാനിച്ചത്‌ തീരാദുരിതം മാത്രമല്ല ലോകത്തിന്‌ മുന്നിൽ തലകുനിച്ചുപോകുന്ന നാണക്കേട്‌ കൂടിയാണ്‌. മഹാനഗരവും മെട്രോ നഗരവുമായി വളർന്ന കൊച്ചിക്ക്‌ ലോകമറിയുന്ന തിരിച്ചറിയൽ അടയാളം നാണക്കേടിന്റെ ഈ പഞ്ചവടിപ്പാലമാണ്‌. 

നഗരവാസികൾ പാലാരിവട്ടം പാലത്തിന്‌ അപ്പുറമിപ്പുറം മണിക്കൂറുകളോളം കുരുങ്ങിക്കിടക്കും. എത്രയോ ലക്ഷം രൂപയുടെ ഇന്ധനം അതിനായി പാഴാകും. എത്രയോ വിലപ്പെട്ട സമയം ചെലവാകും.

പാലാരിവട്ടം പാലം പൊളിച്ചുപണിയാമെന്ന്‌ സുപ്രീംകോടതി; സംസ്ഥാന സർക്കാരിന് അനുമതി

ന്യൂഡൽഹി > പാലാരിവട്ടം മേൽപ്പാലം പൊളിച്ചുപണിയുന്നതിന് സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ അനുമതി. ഭാരപരിശോധന വേണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീലിലാണ് സംസ്ഥാന സർക്കാർ നിയമവിജയം കൈവരിച്ചത്. ആർ എഫ് നരിമാൻ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.

 കരാറുകാരുടെയും കൺസൾട്ടൻസി കമ്പനിയായ കിറ്റ്‌കോയുടെയും ഹർജികൾ കോടതി തള്ളി. പാലം പൊളിച്ചു പണിയുന്നതിന്റെ ആവശ്യകത സംബന്ധിച്ച് സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് കോടതി പരിഗണിച്ചു.

വിദഗ്ധ സമിതി റിപ്പോർട്ട് തള്ളിക്കളയണമെന്നായിരുന്നു കിറ്റ്‌കോയും നിർമാണകമ്പനിയും കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ ഇത് പൊതുതാൽപര്യാർത്ഥമുള്ള വിഷയമാണെന്നും ട്രാഫിക്ക് കുരുക്ക് ഒഴിവാക്കാൻ എത്രയും പെട്ടെന്ന് പാലം പൊളിച്ചുപണിയണമെന്നും സംസ്ഥാന സർക്കാർ വാദിച്ചു. വിദഗ്ധ സമിതി റിപ്പോർട്ടും പൊതുതാൽപര്യമെന്ന നിലപാടും അംഗീകരിച്ചാണ് സുപ്രീംകോടതി വിധി.

പാലാരിവട്ടത്ത് പുതിയ പാലം നിർമ്മിക്കുവാനുള്ള പണം ഉമ്മൻചാണ്ടിയിൽ നിന്നും ഇബ്രാഹിംകുഞ്ഞിൽ നിന്നും ഈടാക്കണം: ഡിവൈഎഫ്‌ഐ

തിരുവനന്തപുരം > ബലക്ഷയം വന്ന പാലാരിവട്ടം മേൽപ്പാലം പൊളിച്ച് പുതിയത് പണിയുന്നതിന് സുപ്രീംകോടതി ഉത്തരവിട്ട സാഹചര്യത്തിൽ, പാലം നിർമ്മിക്കുന്നതിനാവശ്യമായ തുക മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയിൽ നിന്നും മുൻ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിംകുഞ്ഞിൽ നിന്നും ഈടാക്കണമെന്ന് ഡിവൈഎഫ്‌ഐ. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ബ്രിഡ്ജസ് ആൻഡ് ഡവലപ്പ്മെന്റ് കോർപ്പറേഷൻ മുഖേന 47.70 കോടി രൂപ മുടക്കി സ്ഥാപിച്ച പാലം ഉദ്ഘാടനം ചെയ്ത് രണ്ട് വർഷം പിന്നിടുമ്പോൾ അപകടാവസ്ഥയിലായത് പകൽകൊള്ളയാണ്. കേന്ദ്ര സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് ദേശീയപാത അതോറിറ്റി നടത്തേണ്ട പ്രവർത്തനം സംസ്ഥാന സർക്കാർ ഏറ്റെടുത്തതിന് പിന്നിൽ വൻ അഴിമതിയുണ്ടെന്ന് ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. അനധികൃതമായി ഒന്നും നടന്നിട്ടില്ലെന്ന ഉമ്മൻചാണ്ടിയുടെ വാദമാണ് ഇന്നത്തെ സുപ്രീംകോടതി വിധിയോടെ തകർന്നിരിക്കുന്നതെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

കേരളം കണ്ട ഏറ്റവും വലിയ അഴിമതിയിൽ ഉൾപ്പെട്ട എല്ലാവർക്കും നിയമപരമായി ശിക്ഷ ഉറപ്പാക്കണം. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയും ഇബ്രാഹിംകുഞ്ഞുമാണ് ഈ അഴിമതിയുടെ മുഖ്യ സൂത്രധാരന്മാർ. അതുകൊണ്ടുതന്നെ ഇവരിൽ നിന്നും ഒത്താശചെയ്തുകൊടുത്ത ഉദ്യോഗസ്ഥരിൽ നിന്നുംകൂടിയാണ് പുതിയ പാലം നിർമ്മിക്കാൻ ആവശ്യമായ തുക ഈടാക്കേണ്ടത്, പൊതു ഖജനാവിൽ നിന്നല്ലെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

സുപ്രീംകോടതി വിധി സർക്കാർ നിലപാടിനുള്ള അംഗീകാരം; പാലം നിർമാണം എത്രയും വേഗം ആരംഭിക്കുമെന്ന് ജി സുധാകരൻ

കൊച്ചി > പാലാരിവട്ടം മേൽപ്പാലം പൊളിച്ചുപണിയണമെന്ന സുപ്രീംകോടതി ഉത്തരവ് എൽഡിഎഫ് സർക്കാരിന്റെ നിലപാടുകൾക്കുള്ള അംഗീകാരമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. കോടതി വിധി എഞ്ചിനീയറിംഗ് പ്രൊഫഷണലിസം, ശരിയായ ഭരണതീരുമാനം എന്നിവയുടെ വിജയമാണ്. വിധിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായും ഇ ശ്രീധരനുമായും ചർച്ച ചെയ്ത ശേഷം നിര്ഡമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

9 മാസം കൊണ്ട് പഴയ പാലം പൊളിച്ച് പുതിയത് നിർമ്മിക്കാമെന്ന് ഇ ശ്രീധരൻ അംഗീകരിക്കുകയും മന്ത്രിസഭയോഗം അദ്ദേഹത്തെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. അത് നടന്നിരുന്നെങ്കിൽ പാലം പണി ഇപ്പോൾ പൂർത്തിയാകുമായിരുന്നു. പാലം പണിയുടെ വിലപ്പെട്ട 8 മാസക്കാലം തടസ്സപ്പെടുത്തിയെന്ന് മാത്രമാണ് കീഴ്‌കോടതിയുടെ വിധികൊണ്ട് ഉണ്ടായത്. അങ്ങനെയൊരു വിധി ഒരിക്കലും ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചില്ല. എന്നാൽ പാലം സംബന്ധിച്ച സംസ്ഥാന സർക്കാരിന്റെ എല്ലാ നിലപാടുകളും ശരിയായിരുന്നുവെന്ന് സുപ്രീംകോടതി വിധിയോടെ തെളിയിക്കപ്പെട്ടെന്നും മന്ത്രി പറഞ്ഞു.

Thursday, September 10, 2020

യു.ഡി.എഫ് കാലത്തെ നഷ്‌ടം എൽഡിഎഫിന് മേൽ കെട്ടിവെക്കാനുള്ള ഹീനശ്രമമാണ് ഉമ്മൻചാണ്ടി നടത്തുന്നത്

 തിരുവനന്തപുരം > പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച് ഉമ്മൻ ചാണ്ടി നടത്തിയ പരാമർശം സ്വയം പരിഹാസ്യമാകുന്നതിന് തുല്യമാണെന്ന് മന്ത്രി ഇ പി ജയരാജൻ. ദേശീയതലത്തിൽ പ്രഖ്യാപിച്ച ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് റാങ്കിങ്ങിൽ കേരളം പിന്നിലായത് സൂചിപ്പിച്ചാണ് ഉമ്മൻചാണ്ടി എൽഡിഎഫ് ഗവൺമെന്റിനെതിരെ വിമർശനം ഉന്നയിച്ചത്. യുഡിഎഫ് ഭരണകാലത്തെ പൊതുമേഖലയുടെ പിന്നോക്കാവസ്ഥ സൂചിപ്പിക്കുന്ന കണക്കുകളും മറ്റും കാണിച്ചാണ് എൽഡിഎഫ് ഗവൺമെന്റിനെയും സിപിഐ എമ്മിനെയും വിമർശിക്കുന്നത്. വിമർശനത്തിന് പിന്തുണയായി ഉമ്മൻചാണ്ടി ഉന്നയിച്ച വിഷയങ്ങൾ വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതുമാണെന്ന് ഇപി പ്രസ്താവനയിൽ പറഞ്ഞു.

യുഡിഎഫ് കാലത്ത് നിലച്ചു നിന്ന ഗെയ്ൽ വാതക പൈപ്പ് ലൈൻ പദ്ധതി ഉൾപ്പെടെയുള്ളവയെ പരാമർശിച്ചുള്ള മുൻ മുഖ്യമന്ത്രിയുടെ ആരോപണങ്ങൾ ആശ്ചര്യപ്പെടുത്തിയതായി മന്ത്രി പറഞ്ഞു. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് (സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള അനുകൂല സാഹചര്യം) റാങ്കിങ്ങ് കണക്കാക്കുന്നതിലെ അശാസ്ത്രീയത പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രിക്കും വ്യവസായ മന്ത്രിക്കും കത്തെഴുതിയിട്ടുണ്ട്. കേരളത്തിൽ നിലവിലുള്ള നിക്ഷേപകസൗഹൃദ സാഹചര്യം കണക്കിലെടുത്താൽ ആദ്യ പത്തിനുള്ളിൽ ഉൾപ്പെടേണ്ടതാണ്. അശാസ്ത്രീയവും അപ്രായോഗികവുമായ റാങ്കിങ്ങ് രീതിയാണ് പ്രശ്നം.

പോയിന്റുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ ഗ്രൂപ്പുകളായി തിരിക്കുമെന്ന തീരുമാനത്തിൽ നിന്ന് മാറി, മുൻവർഷങ്ങളിലെ റാങ്കിങ്ങ് സംവിധാനം തുടർന്ന ഡിപിഐഐടി നടപടി ശരിയല്ല. ധന മന്ത്രാലയത്തിനു കീഴിലെ ഡിപ്പാർട്ട്മെന്റ് ഫോർ പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആന്റ് ഇന്റേണൽ ട്രേഡ് ( ഡിപിഐഐടി) പുറപ്പെടുവിച്ച മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ 187 പരിഷ്‌ക്കരണങ്ങളിൽ 157 ഉം കേരളം നടപ്പാക്കി. ഒരു പരിഷ്‌ക്കരണവും നടപ്പാക്കാത്ത ചില കേന്ദ്ര ഭരണപ്രദേശങ്ങൾ റാങ്കിങ്ങിൽ ഏറെ മുന്നിലാണ്. കേരളത്തെ കുറ്റപ്പെടുത്താൻ ഭൂതക്കണ്ണാടി വെച്ചു നോക്കുന്നവർ ഇതൊന്നും കാണില്ല. കേന്ദ്രം സ്വീകരിക്കുന്ന തെറ്റായ നിലപാടുകളിലും സന്തോഷിക്കുകയാണ് അവർ.

ഗെയ്ൽ പൈപ്പ് ലൈൻ, സ്മാർട്ട്സിറ്റി, വിഴിഞ്ഞം തുടങ്ങിയവയെ എതിർക്കുന്നവരെന്ന ഉമ്മൻചാണ്ടിയുടെ ആരോപണം പച്ചക്കള്ളമാണെന്ന് ജനങ്ങൾക്ക് അറിയാം. യുഡിഎഫ് ഭരണകാലത്ത് സ്ഥലം ഏറ്റെടുത്ത് നൽകാത്തതിനാൽ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (ഗെയ്ൽ) വാതക പൈപ്പ് ലൈൻ പദ്ധതി ഉപേക്ഷിച്ചതാണ്. എന്നാൽ, എൽഡിഎഫ് അധികാരമേറിയ ശേഷം സ്ഥലം ഏറ്റെടുത്തു നൽകി. പദ്ധതി പൂർത്തീകരണത്തിന്റെ അവസാന ഘട്ടത്തിലാണ്. വിഴിഞ്ഞം തുറമുഖം പ്രവൃത്തികൾ അതിവേഗം പുരോഗമിക്കുകയാണ്. ഐ ടി മേഖലയിൽ അഞ്ചു വർഷത്തിനകം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച വികസനം നാല് വർഷത്തിനകം നടപ്പാക്കി മുന്നേറുകയാണ് എൽഡിഎഫ് ഗവൺമെന്റ്.

2019 ലെ സാമ്പത്തിക അവലോകന റിപ്പോർട്ട് പ്രകാരം സംസ്ഥാനത്തെ 130 പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം 1833.2 കോടി രൂപയാണെന്നാണ് ഉമ്മൻചാണ്ടി പ്രസ്താവനയിൽ പറയുന്നത്. ഈ കണക്ക് 2018 ലെ സിഎജി റിപ്പോർട്ട് അടിസ്ഥാനമാക്കിയുള്ളതാണ്.'-പൊതുമേഖലാ സ്ഥാപനങ്ങളുടെ 2017 മാർച്ച് 31 വരെയുള്ള സ്ഥിതി പരിശോധിച്ചുള്ള കണക്കുകളാണ് 2018 ജൂൺ 19 ന് സിഎജി പുറത്തുവിട്ടത്. ഇതുപ്രകാരം ലാഭത്തിൽ പ്രവർത്തിച്ച 45 പൊതുമേഖലാ സ്ഥാപനങ്ങൾ ആകെ 382.84 കോടി രൂപ ലാഭം ഉണ്ടാക്കി. നഷ്ടത്തിൽ പ്രവർത്തിച്ച 64 പൊതുമേഖലാ സ്ഥാപനങ്ങൾ ആകെ 2216.01 കോടി രൂപ നഷ്ടവുമുണ്ടായി. ബാക്കി സ്ഥാപനങ്ങൾ ലാഭ-നഷ്ടമില്ലാത്തവയാണ്. ഇതുപ്രകാരം പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്തം കണക്കിൽ 1833.2 കോടി രൂപ നഷ്ടമാണ് 2017 മാർച്ച് 31 വരെ എന്നാണ് സിഎജി റിപ്പോർട്ടിൽ പറഞ്ഞത്. ഇക്കാര്യമാണ് 2019 ലെ സാമ്പത്തിക അവലോകന റിപ്പോർട്ടിലുള്ളത്.'-2017 ന് ശേഷമുള്ള കണക്കുകൾ പുറത്തുവന്നിട്ടില്ല.

തന്റെ കാലത്തെ നഷ്ടക്കണക്ക് എൽഡിഎഫിന് മേൽ കെട്ടിവെക്കാനുള്ള ഹീനശ്രമമാണ് ഉമ്മൻചാണ്ടിയുടെ ഭാഗത്തു നിന്നുണ്ടായത്. ഏറ്റവും കൂടുതൽ നഷ്ടം വരുത്തിയ പൊതുമേഖലാ സ്ഥാപനങ്ങളെക്കുറിച്ചും ആ കാലയളവും സിഎജി  റിപ്പോർട്ടിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്. കെഎസ്ആർടിസി  1431. 29 കോടി നഷ്ടം (2014-15), കെഎസ്ഇബി 313.29 കോടി നഷ്ടം (2015-16), സപ്ലൈകോ 107.43 കോടി നഷ്ടം (2014-15).'-മൂന്നു സ്ഥാപനങ്ങൾ മാത്രം 1852.01 കോടി രൂപയുടെ നഷ്ടം വരുത്തിയെന്നാണ് സിഎജി റിപ്പോർട്ട്്.'- സിഎജി റിപ്പോർട്ടിൽ പറഞ്ഞ കാലയളവ് മുഴുവൻ ഉമ്മൻചാണ്ടി നയിച്ച കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റേതാണ്. ഇതെല്ലാം മറച്ചുവെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ വിരോധമാണ് റാങ്കിങ്ങിൽ പ്രതിഫലിക്കുന്നത്. അതിനെ പിന്തുണയ്ക്കുന്ന സമീപനമാണ് കോൺഗ്രസിൽനിന്നും അവരുടെ നേതാക്കളിൽ നിന്നും ഉണ്ടാകുന്നത്. കേരളത്തിന്റെ താൽപ്പര്യങ്ങളെയും വികസനത്തെയും ഹനിക്കുന്ന നിലപാടാണിത്. കേരളത്തിന് അർഹമായ പരിഗണന ലഭിക്കാൻ ഒന്നിച്ച് നിൽക്കുന്നതിനു പകരം കേരളവിരുദ്ധർക്ക് ഒപ്പം നിൽക്കുന്ന നിലപാടാണ് ഉമ്മൻചാണ്ടിയുടേത്. കേരളത്തിലേക്ക് വരുന്ന നിക്ഷേപകരെ തിരിച്ചോടിക്കാനും അവരെ നിരുത്സാഹപ്പെടുത്താനും മാത്രമേ ഇത്തരം പ്രസ്താവനകൾ ഉപകരിക്കൂ.

ഉമ്മൻചാണ്ടിയുടെ ഭരണകാലത്ത് കേരളത്തിലെ നിക്ഷേപരംഗം മുരടിപ്പിലായിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്ന അവസ്ഥയായിരുന്നു. എന്നാൽ, ഇന്ന് സ്ഥിതി മാറി. നിതി ആയോഗിന്റെ 2019 ലെ സുസ്ഥിര വികസന സൂചിക പ്രകാരം കേരളം വ്യവസായ വികസനത്തിൽ ഒന്നാമതാണ്. നിക്ഷേപകർ വലിയതോതിൽ ആകർഷിക്കപ്പെടുകയാണ്. ഇതിൽ അസ്വസ്ഥത പൂണ്ടാണ് പ്രതിപക്ഷം ആക്ഷേപങ്ങളുമായി വരുന്നത്. കേരളം സ്വീകരിച്ച നിക്ഷേപസൗഹൃദ നടപടികൾ മനസ്സിലാക്കുകയും അർഹമായ അംഗീകാരം ലഭിക്കാൻ വാദിക്കുകയുമാണ് ഉമ്മൻചാണ്ടിയെ പോലുള്ളവർ ചെയ്യേണ്ടത്. അതിനു പകരം നെറികെട്ട രാഷ്ട്രീയക്കളി നടത്തുന്നത് കേരളത്തിന് ഗുണകരമല്ല. വ്യാജ ആരോപണങ്ങളുമായി കേരള വിരുദ്ധർക്ക് കുടപിടിക്കുന്നതിനു പകരം നാടിന്റെ പുരോഗതിക്കായി ഒന്നിച്ചു നിൽക്കണമെന്നാണ് ഉമ്മൻചാണ്ടിയോടും കൂട്ടരോടും പറയാനുള്ളതെന്നും ഇ പി ജയരാജൻ വ്യക്തമാക്കി.

Wednesday, March 16, 2016

യുഡിഎഫ്‌ സർക്കാരിനെതിരായ പരിസ്ഥിതി കുറ്റപത്രം

കേരളത്തിന്റെ പരിസ്ഥിതിയെ ഏറ്റവുമധികം നശിപ്പിച്ച അഞ്ചു വർഷങ്ങളാണ്‌ ഇപ്പോൾ കഴിഞ്ഞിരിക്കുന്നത്‌. പരിസ്ഥിതി അവബോധത്തിന്റെ കാര്യത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനമാണ്‌ കേരളം. കഴിഞ്ഞ മൂന്ന്‌ പതിറ്റാണ്ടുകളായി പരിസ്ഥിതി സംരക്ഷണ വിഷയത്തിൽ ഒട്ടേറെ മാതൃകാപരമായ ഇടപെടൽ ജനങ്ങളുടെ ഭാഗത്തുനിന്ന്‌ ഉണ്ടായിട്ടുണ്ട്‌. മാറിമാറി വന്ന സർക്കാരുകൾ പല വികസന പദ്ധതികളുമായി മുന്നോട്ടുപോകുമ്പോഴും കേരളത്തിന്റെ പാരിസ്ഥിതിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ ഒരു പരിധിവരെയെങ്കിലും ചില നടപടികൾ സ്വീകരിച്ചിട്ടുണ്ട്‌. എന്നാൽ ഇക്കഴിഞ്ഞ അഞ്ചു വർഷക്കാലം ഇതിനൊരു തിരിച്ചടിയുണ്ടായിരിക്കുന്നു. കേരളത്തിന്റെ നിലനിൽപ്പിന്‌ കാവലായി നിന്ന എല്ലാ പരിസ്ഥിതി നിയമങ്ങളെയും അട്ടിമറിക്കുന്ന പ്രവർത്തികളാണ്‌ ഇപ്പോഴത്തെ സർക്കാരിൽ നിന്നുണ്ടായത്‌
കേരള പരിസ്ഥിതി ഐക്യവേദി

പശ്ചിമഘട്ടത്തിലെ സ്വകാര്യഭൂമി മുഴുവൻ ഇഎസ്‌എ പരിധിയിൽ നിന്നും ഒഴിവാക്കി
പശ്ചിമഘട്ടത്തിലെ പാരിസ്ഥിതിക സംവേദക മേഖലകൾ ഭൗതിക പരിശോധന നടത്തുന്നതിന്റെ ഭാഗമായി ഇറക്കിയ 21/11/2013 ലെ സർക്കാർ ഉത്തരവിൽ 1/1/1977 ൽ കൈവശാവകാശമുള്ള മുഴുവൻ സ്വകാര്യ ഭൂമികളും ഇ എസ്‌എയുടെ പരിധിയിൽ നിന്ന്‌ ഒഴിവാക്കാൻ ഗ്രാമതല സമിതികൾക്ക്‌ ഉത്തരവ്‌ നൽകി. ഇതനുസരിച്ച്‌ 123 ഗ്രാമങ്ങളിലെ എല്ലാ സ്വകാര്യഭൂമിയും 1993 പതിവ്‌ ചട്ടപ്രകാരം പതിച്ചുനൽകിയ 70000 ഏക്കർ വനഭൂമിയും രണ്ട്‌ ലക്ഷത്തിലധികം ഏക്കർ ഏലമലക്കാടും ഉൾപ്പെടെ വലിയൊരു വിഭാഗം ഇഎസ്‌എ പരിധിയിൽ നിന്ന്‌ ഒഴിവാക്കപ്പെട്ടു.

20 ശതമാനം വനഭൂമി ഇല്ലാതാക്കിക്കൊണ്ട്‌ കേന്ദ്രത്തിനു റിപ്പോർട്ട്‌ സമർപ്പിച്ചു

പഞ്ചായത്ത്‌ തല സമിതികൾ നൽകിയ (?) റിപ്പോർട്ട്‌ അനുസരിച്ച്‌ വനംവകുപ്പ്‌ തയാറാക്കിയ മാപ്പുകളിൽ നിന്ന്‌ 1997 ചതുരശ്ര കിലോമീറ്റർ വനഭൂമി കുറച്ചുകൊണ്ടാണ്‌ സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിന്‌ അന്തിമ റിപ്പോർട്ട്‌ നൽകിയത്‌. കേരളത്തിലെ വനഭൂമിയുടെ 20 ശതമാനമാണ്‌ ഇത്തരത്തിൽ ഒറ്റയടിക്ക്‌ അപ്രത്യക്ഷമായത്‌.

1977 നുശേഷമുള്ള കയ്യേറ്റങ്ങളെയും സാധൂകരിക്കത്തക്ക രീതിയിൽ രേഖകൾ നഷ്ടപ്പെടുത്തി

1/1/1977 വരെയുള്ള വനഭൂമി കയ്യേറ്റങ്ങൾ 28000 ത്തോളം ഹെക്ടർ ജോയിന്റ്‌ വെരിഫിക്കേഷൻ നടത്തി കേന്ദ്രസർക്കാരിന്റെ അനുമതിയോടെ പതിച്ചു നൽകാൻ തീരുമാനിച്ചതാണ്‌. 1993 ലെ പ്രത്യേക ഭൂപതിവ്‌ ചട്ടപ്രകാരം അത്‌ അനുവദിക്കാവുന്നതാണ്‌. എന്നാൽ ഇതിൽ വനം-റവന്യു വകുപ്പുകളുടെ ജോയിന്റ്‌ വെരിഫിക്കേഷൻ റിപ്പോർട്ട്‌ കാണാനില്ല. അതുകൊണ്ട്‌ തന്നെ 1977 നു ശേഷമുള്ള കയ്യേറ്റങ്ങളും സാധൂകരിക്കപ്പെടുന്നു. കോട്ടയം-കാഞ്ഞിരപ്പള്ളി താലൂക്കിൽ പമ്പാവാലി-ഏഞ്ചൽവാലി പ്രദേശത്തെ 1250 ഏക്കർ ജണ്ടയിട്ടു തിരിച്ച വനഭൂമി കയ്യേറ്റക്കാർക്ക്‌ പതിച്ചു നൽകാൻ 28/9/2015ന്‌ റവന്യു വകുപ്പ്‌ ഉത്തരവിറക്കി.

പട്ടയഭൂമിയിലെ ലക്ഷക്കണക്കിന്‌ മരങ്ങൾ മുറിച്ചു മാറ്റാൻ വഴിവിട്ട അനുമതി

ഏലമലക്കാട്‌ ഉൾപ്പെടെയുള്ള പശ്ചിമഘട്ട പ്രദേശത്ത്‌ പട്ടയഭൂമിയിലെ ലക്ഷക്കണക്കിന്‌ മരങ്ങൾ മുറിച്ചുമാറ്റുന്നതിന്‌ അനുമതി നൽകി. ഇതുവഴി ഒരു നൂറ്റാണ്ടിലേറെയായി സംരക്ഷിക്കപ്പെട്ടുപോരുന്ന 50000 ഏക്കർ പ്രദേശത്തെ മരങ്ങളാണ്‌ നഷ്ടമാകുന്നത്‌.

വനംവകുപ്പ്‌ ഉദ്യോഗസ്ഥരുടെ തടസങ്ങളെ മറികടന്ന്‌ വനപ്രദേശത്ത്‌ കുന്നിടിക്കാൻ അനുമതി

വയനാട്ടിലെ പൂക്കോട്‌ വെറ്ററിനറി സർവകലാശാലക്കുവേണ്ടി ആദിവാസികൾക്കായി പതിച്ചു നൽകിയ അതീവ പരിസ്ഥിതിലോല വനഭൂമിയിലെ പുൽമേടുകളും ചോലവനങ്ങളും അടങ്ങിയ കുന്നുകൾ ഇടിച്ചു നിരത്തി. ഇത്‌ വനസംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്നുകണ്ട്‌ വനം വകുപ്പുദ്യോഗസ്ഥർ തടഞ്ഞപ്പോൾ മുഖ്യമന്ത്രി പ്രത്യേകയോഗം വിളിച്ച്‌ വനം വകുപ്പ്‌ ഉദ്യോഗസ്ഥരോട്‌ എതിർപ്പ്‌ പിൻവലിക്കാൻ ഉത്തരവിട്ടു.

വനഭൂമിയിൽ നിർമിച്ച അനധികൃത കെട്ടിടങ്ങൾ ഒഴിപ്പിക്കുന്നതിന്‌ നിയോഗിക്കപ്പെട്ട ദൗത്യസംഘത്തെ പൂർണമായും പരാജയപ്പെടുത്തി

മൂന്നാർ, ചിന്നക്കനാൽ, പള്ളിവാസൽ എന്നിവിടങ്ങളിലെ സർക്കാർ വനഭൂമി കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനും അനധികൃത കെട്ടിടങ്ങൾ ഒഴിപ്പിക്കുന്നതിനും നിയോഗിക്കപ്പെട്ട ദൗത്യസംഘത്തെ പൂർണമായി പരാജയപ്പെടുത്തി. പുതുതായി നിർമിച്ച നിരവധി വൻ റിസോർട്ടുകൾക്ക്‌ സർക്കാർ ഒത്താശയും അനുമതിയും നൽകി. തൽഫലമായി പ്രത്യേക ദൗത്യസംഘം ജോലി നിർത്തുകയും അതുവരെ ചെയ്ത പ്രയത്നം നിഷ്ഫലമാകുകയും ചെയ്തു.

വനനിയമങ്ങൾ ലംഘിച്ചുകൊണ്ട്‌ ക്വാറി, ക്രഷർ വ്യവസായങ്ങൾ തുടങ്ങാൻ അനുമതി

കൃഷിയാവശ്യത്തിനും ഗൃഹനിർമാണ ആവശ്യത്തിനുമാത്രം ഉപയോഗിക്കാൻ ഭൂപതിവ്‌ നിയമപ്രകാരം പതിച്ചു നൽകിയ പട്ടയ ഭൂമികളിൽ നിയമവിരുദ്ധമായിത്തുടങ്ങിയതും ഇനി തുടങ്ങാനിരിക്കുന്നതും കോടതി ഉത്തരവുകളാൽ അടച്ചിട്ടതുമായ ക്വാറി, ക്രഷർ, അനുബന്ധ വ്യവസായങ്ങൾ അനുവദിക്കാൻ 11/11/2015 ൽ സർക്കാർ ഉത്തരവിറക്കി.

അനധികൃത ക്വാറികൾ നിർബാധം പ്രവർത്തിക്കുന്നതിന്‌ ഉത്തരവുകൾ ഇറക്കി

ദീപക്‌ കുമാർ കേസിലെ സുപ്രിംകോടതിയുടെ വിധി ലംഘിച്ചുകൊണ്ട്‌ പാറഖനനത്തിന്‌ പാരിസ്ഥിതികാനുമതി ആവശ്യമില്ലെന്ന്‌ സർക്കാർ ഉത്തരവിറക്കി 2012 മുതൽ ഇന്നുവരെ ഖാനനാനുമതി പുതുക്കി നൽകിക്കൊണ്ടിരിക്കുന്നു. പശ്ചിമഘട്ടത്തിലെ 2000 ത്തിലധികം വരുന്ന പാറമടകൾ അശാസ്ത്രീയമായും മൈനിങ്‌ പ്ലാൻ ഇല്ലാതെയുമാണ്‌ പ്രവർത്തിക്കുന്നത്‌. ഇത്‌ സംബന്ധിച്ച്‌ സംസ്ഥാന സർക്കാർ ഇറക്കിയ മൂന്നു സർക്കാർ ഉത്തരവുകൾ ഹൈക്കോടതിയും ഹരിത ട്രിബ്യൂണലും റദ്ദാക്കി. എങ്കിലും ഖാനനം തുടരുന്നു.

മണ്ണ്‌ ഖാനനത്തിന്‌ പാരിസ്ഥിതിക അനുമതി വേണമെന്ന ഹരിത ട്രിബ്യൂണൽ വിധി മറികടക്കാൻ ഖനനചട്ടം ഭേദഗതി ചെയ്തു

ഗൃഹനിർമാണത്തിനുള്ള മണ്ണ്‌ ഖാനനത്തിന്‌ പാരിസ്ഥിതികാനുമതി ആവശ്യമില്ലെന്ന്‌ സർക്കാർ ഉത്തരവിറക്കി. അതിന്റെ പിൻബലത്തിൽ നൂറുകണക്കിന്‌ കുന്നുകൾ ഭൂമാഫിയ ഇടിച്ചു നിരത്തി. ഈ ഉത്തരവ്‌ ദേശീയ ഹരിത ട്രിബ്യൂണൽ സ്റ്റേ ചെയ്യുകയും പാരിസ്ഥിതികാനുമതി കൂടാതെ മണ്ണ്‌ ഖാനനം പാടില്ലെന്ന്‌ നിർദ്ദേശിക്കുകയും ചെയ്തു. ഇത്‌ മറികടക്കാൻ സർക്കാർ ഖാനനചട്ടം പാടില്ലെന്ന്‌ നിർദ്ദേശിക്കുകയും ചെയ്തു. ഇത്‌ മറികടക്കാൻ സർക്കാർ ഖാനനചട്ടം ഭേദഗതി ചെയ്തു. ഇപ്പോൾ വ്യാപകമായി ഖാനനം തുടരുന്നു.

ക്വാറി ഉടമകൾക്കുവേണ്ടി ഭൂപരിഷ്കരണ നിയമം അട്ടിമറിച്ചു

അനധികൃതമായി മറിച്ചുവിറ്റ തോട്ടഭൂമികളിൽ പ്രവർത്തിക്കുന്ന ക്വാറികൾ നിർത്താനും മിച്ചഭൂമി ഏറ്റെടുക്കാനും ഭൂപരിഷ്കരണ നിയമപ്രകാരം ജില്ലാ കളക്ടർമാർ നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതി വിധി നടപ്പിലാക്കിയില്ല.
2,30,000 ലധികം ആളുകൾ ഭൂരഹിതരായി തുടരുമ്പോഴും നിയമവിരുദ്ധ വിൽപ്പനകൾ സാധൂകരിക്കുകയും ചെയ്തു. ഭൂപരിഷ്കരണ നിയമം തന്നെ അങ്ങനെ അട്ടിമറിച്ചിരിക്കുകയാണ്‌.

പരിസ്ഥിതി പ്രാധാന്യമുള്ള സ്ഥലങ്ങൾ സർക്കാർ തന്നെ പതിച്ചുനൽകി

വാഗമണ്ണിലെ പുൽമേടുകൾ കയ്യേറി കെട്ടിപ്പൊക്കിയ അനധികൃത കെട്ടിടങ്ങൾ എല്ലാം സാധൂകരിച്ച്‌ നൽകി. കൂടാതെ അതീവ പരിസ്ഥിതി പ്രാധാന്യമുള്ള പുൽമേടുകൾ രാഷ്ട്രീയ താൽപര്യങ്ങൾക്കായി സമുദായ സംഘടനകൾക്ക്‌ പതിച്ചു നൽകി.

തോട്ടം മുതലാളിമാർക്കുവേണ്ടിയും ഭൂപരിഷ്കരണ നിയമം ഭേദഗതി ചെയ്തു

തോട്ടഭൂമിയുടെ അഞ്ച്‌ ശതമാനം ഭൂമി ടൂറിസം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക്‌ വകമാറ്റി. പരിസ്ഥിതി ലോലപ്രദേശങ്ങളിലെ നിയമവിരുദ്ധ റിസോർട്ടുകൾ സാധൂകരിച്ചു നൽകാൻ ഭൂപരിഷ്കരണ നിയമം ഭേദഗതി ചെയ്തു.

എല്ലാ കയ്യേറ്റങ്ങളേയും സാധൂകരിക്കാൻ സർക്കാർ ഉത്തരവിറക്കി

2015 വരെ സർക്കാർ ഭൂമിയിലുണ്ടായ എല്ലാ കയ്യേറ്റങ്ങളും സാധൂകരിച്ചുകൊണ്ട്‌ സർക്കാർ ഉത്തരവിറക്കി. ശക്തമായ പൊതുജന എതിർപ്പ്‌ വന്നപ്പോൾ ഉത്തരവ്‌ പിൻവലിച്ചു. ഈ ഉത്തരവ്‌ തന്നെ ഭൂസംരക്ഷണ നിയമത്തിന്റെ ലംഘനവും ക്രിമിനൽ കുറ്റവുമാണ്‌.

ആറന്മുളയുടെ കാര്യത്തിൽ നിയമസഭയ്ക്ക്‌ നൽകിയ ഉറപ്പ്‌ ലംഘിച്ചു

ആറന്മുളയിലെ 1500 ഏക്കർ വയൽ പ്രദേശം നിയമവിരുദ്ധമായ രീതിയിൽ വ്യവസായ മേഖലയായി പ്രഖ്യാപിച്ച നടപടി റദ്ദാക്കുമെന്ന്‌ രണ്ടുവട്ടം നിയമസഭയിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ട്‌ മൂന്നു വർഷം കഴിഞ്ഞിട്ടും ഒരിഞ്ചു ഭൂമിപോലും വ്യവസായമേഖലയിൽ നിന്ന്‌ ഒഴിവാക്കി വിജ്ഞാപനം ചെയ്യാതെ നിയമസഭയ്ക്ക്‌ നൽകിയ ഉറപ്പ്‌ ലംഘിച്ചു.

മെട്രോയുടെ പേരിൽ വൻതോതിൽ നെൽവയൽ നികത്തൽ

കളമശ്ശേരിയിൽ നിന്ന്‌ ആലുവയിലേക്ക്‌ പോകുന്ന വഴി ദേശീയപാതയോട്‌ ചേർന്നു കിടക്കുന്ന വിശാലമായ മുട്ടം വിടാകുഴ ചവറ പാടശേഖരത്തിലെ 300 ഏക്കർ നെൽവയലാണ്‌ മെട്രോയാർഡിനുവേണ്ടി നിയമവിരുദ്ധമായി നികത്തിയത്‌. തോടുകളും കുളങ്ങളുമടക്കം തണ്ണീർത്തടങ്ങളും നികത്തപ്പെട്ടു.

ഹൈക്കോടതി വിധിയും ഭൂസംരക്ഷണ നിയമവും ലംഘിച്ചുകൊണ്ട്‌ കെ ജി എസ്‌ കമ്പനിക്ക്‌ ഒത്താശ

ആറന്മുളയിലെ കരുമാരം തോടും ചാലും അനധികൃതമായി നികത്തിയ കെജിഎസ്‌ എന്ന കമ്പനിക്ക്‌ സർക്കാർ എല്ലാ ഒത്താശയും ചെയ്തുകൊടുത്തു. തോടും ചാലും പുറമ്പോക്കും മിച്ച ഭൂമിയും ഉൾപ്പെടുന്ന ഭൂമി കെജിഎസിന്‌ വിൽക്കാൻ സർക്കാർ ഉത്തരവിറക്കി. ഇട്ട മണ്ണെടുത്തുമാറ്റി തോടും ചാലും മൂന്നു മാസത്തിനകം പൂർവസ്ഥിതിയിലാക്കണമെന്ന ഹൈക്കോടതി ഉത്തരവ്‌ നഗ്നമായി ലംഘിക്കുന്നു. ജില്ലാ കളക്ടർ കോടതിയലക്ഷ്യ നടപടി നേരിട്ടിട്ടും നികത്തിയ നീർത്തടങ്ങൾ പൂർവസ്ഥിതിയിലാക്കാതെ സർക്കാർ അത്‌ സാധൂകരിച്ച്‌ നൽകുന്നു.

നിയമസഭ പാസാക്കിയ നെൽവയൽ-നീർത്തട സംരക്ഷണ നിയമത്തെ നിർവീര്യമാക്കി

നെൽവയൽ-നീർത്തട സംരക്ഷണ നിയമം അനുശാസിക്കുന്ന ഡാറ്റാബാങ്ക്‌ ഇതുവരേയും പ്രസിദ്ധീകരിച്ചിട്ടില്ല. അതിനിടയിൽ 2008 വരെയുള്ള നികത്തലുകൾ സാധൂകരിച്ച്‌ കൊടുക്കാൻ സർക്കാർ നീക്കം നടത്തി. ഇതിന്റെ മറവിൽ എല്ലാ നികത്തലുകളും സാധൂകരിക്കാനായിരുന്നു ശ്രമം.

നിയമം നടത്തേണ്ട സർക്കാരും കൊച്ചി നഗരസഭയും നിയമം ലംഘിച്ച്‌ സ്വയംശിക്ഷ ഏറ്റുവാങ്ങി

കൊച്ചിയിലെ മുണ്ടൻവേലിയിൽ 5 ഏക്കർ നെൽവയലുകളും തണ്ണീർത്തടവുമായി കിടക്കുന്ന കണ്ടൽക്കാടുകൾ നിറഞ്ഞ അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള കായൽ പ്രദേശം കൊച്ചി നഗരസഭയും സംസ്ഥാന സർക്കാരും ചേർന്ന്‌ നികത്തി. കായൽ നികത്തി നിർമാണത്തിന്‌ ടെൻഡർ നൽകിയ സർക്കാർ വിജ്ഞാപനം ദേശീയ ഹരിത ട്രൈബ്യൂണൽ റദ്ദാക്കി. പദ്ധതിക്ക്‌ നിയമവിരുദ്ധമായി 2012 ൽ അനുമതി നൽകിയ സംസ്ഥാന തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതിയും ട്രൈബ്യൂണൽ റദ്ദാക്കി. തീരദേശ പരിപാലന നിയമം ലംഘിച്ചതിന്‌ കൊച്ചി നഗരസഭയ്ക്ക്‌ 5 ലക്ഷം രൂപ ട്രൈബ്യൂണൽ പിഴ ശിക്ഷ വിധിച്ചു. കൂടാതെ പരാതിക്കാരന്‌ 50,000 രൂപ കോടതി ചെലവ്‌ നൽകാനും ട്രൈബ്യൂണൽ വിധിച്ചു. ആദ്യമായാണ്‌ പരിസ്ഥിതി നിയമം ലംഘിച്ച്‌ കായൽ നികത്തിയതിനു സർക്കാരും നഗരസഭയും ശിക്ഷ ഏറ്റുവാങ്ങേണ്ടിവരുന്നത്‌.

യോഗ്യതയില്ലാത്തവരെ ഇഐഎ അതോറിറ്റിയിലും സിആർഇസഡ്‌ അതോറിറ്റിയിലും നിയമിച്ച്‌ ഉന്നതാധികാര സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കി

യാതൊരു മാനദണ്ഡവും പാലിക്കാതെ സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റിയും തീരദേശ പരിപാലന അതോറിറ്റിയും രൂപീകരിച്ച്‌ യോഗ്യതയില്ലാത്ത, പരിസ്ഥിതി രംഗത്ത്‌ ഒരു വിശ്വാസ്യതയുമില്ലാത്ത ആളുകളെ സുതാര്യതയില്ലാത്ത വഴികളിലൂടെ നിയമിച്ചു.

സർക്കാർ ഫയലുകൾ അപ്രത്യക്ഷമാക്കിയും കൈയേറ്റക്കാരെ സംരക്ഷിക്കുന്നു

ഡിഎൽഎഫ്‌ ഉൾപ്പെടെ കായൽ കയ്യേറിയും തീരദേശ പരിപാലന നിയമം ലംഘിച്ചും അനധികൃത നിർമാണം നടത്തിയ ഫ്ലാറ്റ്‌ സമുച്ചയങ്ങൾക്ക്‌ നിയമവിരുദ്ധമായി പാരിസ്ഥിതികാനുമതി നൽകി. ഡിഎൽഎഫ്‌ കെട്ടിടം പൊളിച്ചുകളയാൻ ഹൈക്കോടതി ഉത്തരവിട്ടപ്പോൾ ബന്ധപ്പെട്ട ഫയൽതന്നെ തീരദേശ പരിപാലന അതോറിറ്റി ഓഫീസിൽ നിന്നും അപ്രത്യക്ഷമായി.

കോടതി നിർദേശങ്ങളെ കാറ്റിൽപറത്തി മണൽ വാരാൻ അനുമതി; തുടരുന്ന കള്ളക്കളി

നദികളിൽ മണൽവാരലിനു കർശന നിബന്ധനകൾ ഏർപ്പെടുത്തിയ സുപ്രിംകോടതിയുടെ ദീപക്‌ കുമാർ കേസിലെ വിധിന്യായത്തിൽ പാരിസ്ഥിതികാഘാത പഠനം നടത്തണമെന്നും അനുമതി കൂടാതെ മണൽവാരൽ അനുവദിക്കരുതെന്നും വിധിയുണ്ടായിരുന്നു. എന്നാൽ കേരള സർക്കാർ ആറുമാസത്തേയ്ക്ക്‌ നദികളിൽ പരിസ്ഥിതികാനുമതി കൂടാതെ മണൽ ഖാനനം അനുവദിക്കുകയും ജലനിരപ്പിന്‌ താഴെ മണൽഖനനം നിർബാധം അനുവദിക്കുകയും ചെയ്തു. ഇത്‌ പിന്നീട്‌ നീട്ടി നൽകി. ഇളവ്‌ അനുവദിച്ചുകൊണ്ടുള്ള ഈ സർക്കാർ ഉത്തരവ്‌ എൻജിറ്റിയിൽ ചോദ്യം ചെയ്തപ്പോൾ ഇനി ഇളവ്‌ അനുവദിക്കില്ലെന്ന്‌ സത്യവാങ്മൂലം നൽകി സർക്കാർ രക്ഷപ്പെടാൻ ശ്രമിച്ചു. എങ്കിലും നിയമലംഘനം തുടരുന്നു.

പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുക്കാതെ കായലിൽ നിന്നും യഥേഷ്ടം മണൽ വാരാൻ അനുമതി

കായലുകളിൽ വൻതോതിൽ മണൽവാരൽ അനുവദിക്കാൻ കേരള ഇറിഗേഷൻ ആൻഡ്‌ ഇൻഫ്രാസ്ടക്ചർ ലിമിറ്റഡ്‌ എന്ന കമ്പനിക്ക്‌ അനുമതി നൽകിയതിനാൽ യാതൊരു പാരിസ്ഥിതിക പഠനവും അനുമതിയും കൂടാതെ നിരന്തരം കോടിക്കണക്കിന്‌ രൂപ വിലമതിക്കുന്ന മണൽ ഖാനനം തുടരുന്നു. ആയിരക്കണക്കിന്‌ വർഷങ്ങൾ കൊണ്ട്‌ രൂപീകരിക്കപ്പെട്ട പൊഴികൾപോലും ഖാനനം ചെയ്ത്‌ പൂർണമായി ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു.

വിദഗ്ധരല്ലാത്തവരെ സ്റ്റേറ്റ്‌ വെറ്റ്ലാൻഡ്‌ അതോറിറ്റിയുടെ തലപ്പത്ത്‌ നിയമിച്ച്‌ തണ്ണീർത്തട സംരക്ഷണം അട്ടിമറിച്ചു

കേരളത്തിലെ പ്രധാനപ്പെട്ട തണ്ണീർത്തടങ്ങളെല്ലാം നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോഴും 5 വർഷത്തിനു ശേഷം 2015 ലാണ്‌ ‘സ്റ്റേറ്റ്‌ വെറ്റ്ലാന്റ്‌ അതോറിറ്റി-കേരള’ സ്ഥാപിക്കാനായി തീരുമാനിച്ചത്‌. 2015 ഡിസംബർ 17 നാണ്‌ ഈ അതോറിറ്റിയേയും അതിലെ മെമ്പർമാരെയും നിയമിച്ചുകൊണ്ട്‌ സർക്കാർ തീരുമാനമെടുത്തത്‌. നിയമിക്കപ്പെട്ട ഒരാളും ഈ വിഷയത്തിൽ വൈദഗ്ധ്യം ഉള്ളവരല്ല.

പതിച്ചുനൽകിയ ഭൂമിയിലെ മരം മുറിക്കുന്നതിനുള്ള നിബന്ധനകൾ വഴിവിട്ട്‌ ഒഴിവാക്കി നൽകി

1993 ലെ ഇപ്പോഴുള്ള റൂൾസ്‌ പ്രകാരം പതിച്ചു കിട്ടിയ കയ്യേറ്റ വനഭൂമിയിലെയും ട്രൈബൽ ഭൂമിയിലെയും പ്ലാവും ആഞ്ഞ ി‍ലിയും മുറിക്കുന്നതിന്‌ റവന്യൂ/വനം ഉദ്യോഗസ്ഥരുടെ നിബന്ധന പ്രകാരമുള്ള അനുമതി ആവശ്യമായിരുന്നു. ഈ നിബന്ധന മാറ്റിമറിച്ചുകൊണ്ട്‌ 9.7.2015 ൽ ഇറക്കിയ ഉത്തരവുപ്രകാരം ഈ പരിശോധനയും അനുമതിയും ഒഴിവാക്കിക്കൊടുത്തു.

ബഹുനില ഫ്ലാറ്റുകൾക്ക്‌ വേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ട ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി

1999 ലെ കേരള മുൻസിപ്പൽ ബിൽഡിങ്‌ റൂൾസ്‌ ഭേദഗതി വരുത്തി കെട്ടിട നിർമാണത്തിനാവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാടെ ലംഘിച്ചിരിക്കുന്നു. ഇത്‌ ശരിയല്ലെന്നു ചൂണ്ടിക്കാട്ടിയ രണ്ട്‌ ഉദ്യോഗസ്ഥരെ സ്ഥാനത്തുനിന്നും മാറ്റിയെങ്കിലും പിന്നീട്‌ വന്ന ഉദ്യോഗസ്ഥരും ഈ നിലപാടുതന്നെ സ്വീകരിച്ചിരിക്കുകയാണ്‌.

ഒരിക്കൽ അവസാനിച്ചിരുന്ന ആനവേട്ട വീണ്ടും തുടങ്ങിയിരിക്കുന്നു, അന്വേഷണങ്ങൾ എല്ലാം അട്ടിമറിച്ചു

ശക്തമായ വനം-വന്യജീവി സംരക്ഷണ നിയമങ്ങൾ വരികയും പൊതുവായ പാരിസ്ഥിതിക അവബോധം ഉയരുകയും ചെയ്തതിന്റെ ഫലമായി കേരളത്തിൽ ആനവേട്ട ഏതാണ്ട്‌ നിലച്ചിരിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ കേരളത്തിൽ 28 ആനകളെ കൊന്ന്‌ കൊമ്പെടുത്തിരിക്കുന്നു. ആനവേട്ടയുടെ വിവരങ്ങൾ ലഭിച്ചിട്ടും ഉദ്യോഗസ്ഥർ അതെല്ലാം മൂടിവയ്ക്കുകയായിരുന്നു. അന്വേഷണം സിബിഐക്ക്‌ വിടാൻ ഗവൺമെന്റ്‌ തീരുമാനിച്ചെങ്കിലും ഒന്നും നടന്നില്ല. അതിനിടെ വിജിലൻസ്‌ വിഭാഗം നടത്തിക്കൊണ്ടിരുന്ന അന്വേഷണവും അട്ടിമറിക്കപ്പെട്ടു. കേസന്വേഷണത്തിന്‌ നേതൃത്വം നൽകിവന്നിരുന്ന വിജിലൻസ്‌ സിസിഎഫിനെ തൽസ്ഥാനത്തുനിന്നു മാറ്റി. ഒടുവിൽ മറ്റൊരാളെ നിയമിച്ചെങ്കിലും അദ്ദേഹത്തെ രണ്ട്‌ ദിവസത്തിനകം സ്ഥലംമാറ്റി. ഈ നടപടി ഒച്ചപ്പാടായപ്പോൾ അദ്ദേഹത്തെ തന്നെ വീണ്ടും നിയമിച്ചു. തികച്ചും പ്രതിഷേധാർഹവും ലജ്ജാവഹവുമാണ്‌ ഈ സംഭവവികാസങ്ങൾ.

കായൽനിലം നികത്താൻ വഴിവിട്ട അനുമതി-മെത്രാൻ കായൽ, കടമക്കുടി…

2007 മുതൽ പരിഗണനയിലുണ്ടായിരുന്നെങ്കിലും ശക്തമായ ജനകീയ എതിർപ്പുകൾ മൂലം മുന്നോട്ടുനീങ്ങാതിരുന്ന 378 ഏക്കർ കായൽ നിലം നികത്തിയുള്ള നിർദിഷ്ട മെത്രാൻ കായൽ എക്കോ ടൂറിസം പദ്ധതിക്കു വിവിധ വകുപ്പുകളുടെ എതിർപ്പുകളെ അവഗണിച്ച്‌ 2016 മാർച്ച്‌ ഒന്നിന്‌ ചേർന്ന മന്ത്രിസഭാ യോഗം അനുമതി നൽകി. ഇതോടൊപ്പം എറണാകുളം ജില്ലയിലെ കടമക്കുടി മെഡിക്കൽ ടൂറിസം പദ്ധതിക്കുവേണ്ടി 47 ഏക്കർ നെൽപ്പാടം നികത്തുന്നതിനുള്ള അനുമതിയും പ്രസ്തുത മന്ത്രിസഭാ യോഗം നൽകി. വിവിധ മേഖലകളിൽ നിന്നുള്ള വലിയ എതിർപ്പുകളെ തുടർന്ന്‌ ഈ തീരുമാനങ്ങൾ പിൻവലിക്കേണ്ടിവന്നു.

പാരിസ്ഥിതികാനുമതി ഒഴിവാക്കാൻ ടൂറിസം-റിയൽ എസ്റ്റേറ്റ്‌ പദ്ധതി വിഴിഞ്ഞം തുറമുഖ പദ്ധതിയോട്‌ കൂട്ടിച്ചേർത്തു

സാമ്പത്തികമായി ലാഭകരമല്ലെന്ന്‌ പഠനങ്ങളിലൂടെ കണ്ടെത്തിയ വിഴിഞ്ഞം പദ്ധതി അദാനി ഗ്രൂപ്പിനെക്കൊണ്ട്‌ പൂർത്തീകരിക്കാനായി 102 ഏക്കർ ഭൂമി ടൂറിസം-റിയൽ എസ്റ്റേറ്റ്‌ തിരിമറികൾക്കായി നൽകാൻ കരാർ ഒപ്പിട്ടു. തുറമുഖ പദ്ധതിയുടെ കൂടെത്തന്നെ ഈ റിയൽ എസ്റ്റേറ്റ്‌ പദ്ധതി അവതരിപ്പിക്കുകവഴി പ്രത്യേക പാരിസ്ഥിതിക അനുമതിയില്ലാതെ കേരളത്തിന്റെ തീരപ്രദേശത്തു നടപ്പിലാക്കുന്ന ആദ്യത്തെ വൻകിട ടൂറിസ്റ്റ്‌ പദ്ധതിയായി വിഴിഞ്ഞം അദാനി ടൂറിസം പദ്ധതി മാറി.

വിഴിഞ്ഞം പ്രോജക്ട്‌ റിപ്പോർട്ടിലില്ലാത്ത പുനരധിവാസ പ്രഖ്യാപനം

വിഴിഞ്ഞം പദ്ധതി അംഗീകരിച്ച്‌ കരാർ ഒപ്പിട്ടശേഷം 3000 മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കേണ്ടിവരുമെന്ന്‌ സർക്കാർ സമ്മതിക്കുന്നു. ഇതിനുവേണ്ടി 475 കോടിയുടെ പാക്കേജ്‌ സർക്കാർ പ്രഖ്യാപിക്കുകയുണ്ടായി. വിഴിഞ്ഞം പ്രോജക്ട്‌ റിപ്പോർട്ടിൽ ഉൾപ്പെടാത്ത ഈ പുനരധിവാസ പദ്ധതിക്കുവേണ്ട തുക പദ്ധതി ചെലവിലോ മറ്റേതെങ്കിലും രീതിയിലോ വകയിരുത്തിയിട്ടില്ല. ഇതോടെ വൻകിട പദ്ധതികൾ അംഗീകരിക്കുന്നതിൽ വളരെ അപകടകരവും തെറ്റായതുമായ കീഴ്‌വഴക്കം സർക്കാർ തുടങ്ങിവച്ചിരിക്കുന്നു.

പദ്ധതി അംഗീകാരത്തിനുള്ള പരിസ്ഥിതി പഠനത്തെ പ്രഹസനമാക്കി

7500 കോടി രൂപ മുതൽമുടക്കുവരുന്ന കേരളത്തിലെ ഏറ്റവും വലിയ പദ്ധതിയാണ്‌ വിഴിഞ്ഞം പദ്ധതി. പക്ഷെ ഇതിനായി തയ്യാറാക്കിയ പാരിസ്ഥിതിക ആഘാതപഠനം തീരെ ദുർബലവും അപൂർണവുമാണ്‌. തീരപ്രദേശത്തെ മണ്ണൊലിപ്പിന്റെ കാര്യത്തിലും വിഴിഞ്ഞം കടലിലെ ജൈവ വൈവിധ്യത്തിന്റെ കാര്യത്തിലും മാത്രമല്ല, പുലിമുട്ട്‌ നിർമാണത്തിനാവശ്യമായ 70 ലക്ഷം ടൺ പാറയുടെ കാര്യത്തിലും റിപ്പോർട്ടിലെ ഭാഗങ്ങൾ അപര്യാപ്തമാണെന്ന്‌ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

സ്വർണവ്യാപാരികൾക്കുവേണ്ടി നാട്ടുകാരെ വിഷം തീറ്റുന്ന നിയമലംഘനം

മലിനീകരണ രഹിത ഭക്ഷ്യസംസ്കരണ/ഐടി വ്യവസായങ്ങൾക്കു മാത്രമായി ഉണ്ടാക്കിയ മലപ്പുറം ജില്ലയിലെ കാക്കഞ്ചേരിയിലെ കിൻഫ്ര പാർക്കിൽ മലബാർ ഗോൾഡ്‌ കമ്പനിയുടെ മാരകമായ മലിനീകരണമുണ്ടാക്കുന്ന സ്വർണാഭരണ സംസ്കരണ നിർമാണശാലയ്ക്ക്‌ നിയമം മറികടന്ന്‌ സർക്കാർ അനുമതി നൽകി. ദൂരപരിധി ലംഘിച്ചുകൊണ്ടുള്ള അനുമതി പിന്നീട്‌ മലിനീകരണ നിയന്ത്രണ ബോർഡ്‌ നിയമവിധേയമാക്കി. ഇതിനെതിരെ ഹരിത ട്രൈബ്യൂണലിൽ നൽകിയ കേസിൽ ‘ചുവപ്പ്‌ പട്ടിക’യിൽപ്പെട്ട വ്യവസായങ്ങൾ ഭക്ഷ്യസംസ്കരണ പാർക്കിൽ പാടില്ലെന്ന വിധി മറികടക്കാൻ സർക്കാർ ഈ വ്യവസായത്തെ ‘പച്ച പട്ടിക’യിൽ ഉൾപ്പെടുത്തുകയുണ്ടായി. പൊട്ടാസ്യം സയനൈഡ്‌ പോലെയുള്ള മാരക മലിനീകാരികൾ ഉപയോഗിക്കുന്നതിനാൽ ഒരു ഗ്രാം സ്വർണം ഉൽപ്പാദിപ്പിക്കുന്ന യൂണിറ്റുകൾ പോലും ചുവപ്പു പട്ടികയിലാണ്‌ ഉൾപ്പെടുന്നത്‌ എന്നിരിക്കെ 120 കിലോഗ്രാം ആണ്‌ പ്രസ്തുത കമ്പനിയുടെ ശേഷി.

courtesy: Janayugom

Monday, December 9, 2013

ഫോണ്‍ ഉപയോഗിച്ചത് തെളിഞ്ഞെന്ന് മനോരമയുടെ കള്ളക്കഥ

ടി പി ചന്ദ്രശേഖരന്‍ കേസിലെ പ്രതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതായി തെളിഞ്ഞെന്ന് മലയാള മനോരമ ഞായറാഴ്ച പ്രസിദ്ധീകരിച്ച മുഖ്യവാര്‍ത്ത കള്ളക്കഥയെന്ന് തെളിഞ്ഞു. ഒരു വര്‍ഷത്തിനിടെ പ്രതികള്‍ ജില്ലാ ജയിലിനുള്ളില്‍ ഉപയോഗിച്ചത് 60 മൊബൈല്‍ ഫോണുകളാണെന്ന് സിറ്റി പൊലീസ് കമീഷണര്‍ ജി സ്പര്‍ജന്‍കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തിയെന്നായിരുന്നു മനോരമ വാര്‍ത്തയിലുള്ളത്. ഇങ്ങനെയൊരു വാര്‍ത്ത കണ്ട് താന്‍ ഞെട്ടിപ്പോയെന്ന് കമീഷണര്‍ "ദേശാഭിമാനി"യോട് പറഞ്ഞു. അന്വേഷണസംഘത്തിന് ഇത്തരത്തിലുള്ള വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ജയിലിനുള്ളിലെ സെപ്റ്റിക് ടാങ്ക് പൈപ്പില്‍നിന്ന് കണ്ടെടുത്ത ഫോണ്‍ ചന്ദ്രശേഖരന്‍ കേസ് പ്രതികള്‍ ഉപയോഗിച്ചതാണെന്ന് തെളിഞ്ഞെന്ന പെരുംനുണയും മനോരമ തട്ടിവിട്ടിട്ടുണ്ട്. പ്രതികള്‍ ഉപയോഗിച്ച നമ്പറുകളുടെ കോള്‍ലിസ്റ്റ് പരിശോധിച്ചപ്പോള്‍ ലഭിച്ച ഐഎംഇഐ നമ്പറും ശനിയാഴ്ച കണ്ടെടുത്ത ഫോണിന്റെ ഐഎംഇഐ നമ്പറും ഒന്നാണെന്ന് തെളിഞ്ഞുവെന്നും വാര്‍ത്തയിലുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഒരുകോള്‍ ലിസ്റ്റും പൊലീസിന് കിട്ടിയിട്ടില്ല.

കേസ് വിചാരണ അന്തിമഘട്ടത്തിലെത്തിനില്‍ക്കെ വിധിയെ സ്വാധീനിക്കാന്‍ മനോരമ ഇല്ലാക്കഥകള്‍ പടച്ചുവിടുകയാണ്. ആര്‍എംപി നേതാക്കളുമായും ആര്‍എംപിക്കാരായ പ്രോസിക്യൂഷന്‍ അഭിഭാഷകരുമായും ആലോചിച്ചാണ് ഓരോ ദിവസവും മനോരമയുടെ നുണ വാര്‍ത്തകള്‍. മനോരമ വാര്‍ത്തക്ക് അടിസ്ഥാനമില്ലെന്ന് കമീഷണറുടെ വെളിപ്പെടുത്തല്‍ സാക്ഷ്യപ്പെടുത്തുന്നു. മുന്‍കൂട്ടിയുള്ള തിരക്കഥയ്ക്കനുസരിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ കെട്ടിപ്പൊക്കിയ നുണക്കൊട്ടാരം പൊളിയുന്നതിലുള്ള വേവലാതിയിലാണ് ഒരുവിഭാഗം മാധ്യമങ്ങള്‍.

പ്രോസിക്യൂഷന്റെ കള്ളക്കഥകള്‍ പ്രതിഭാഗം തുറന്നുകാട്ടുകയാണ്. ഇതില്‍ ആര്‍എംപി സംഘം വേവലാതിയിലാണ്. സെപ്റ്റിക് ടാങ്ക് പൈപ്പില്‍നിന്ന് കിട്ടിയ ഫോണ്‍ ചന്ദ്രശേഖരന്‍ കേസ് പ്രതികള്‍ ഉപയോഗിച്ചതാണെന്ന് "തെളിഞ്ഞ"തിനെത്തുടര്‍ന്ന് ജയിലിലെ മുഴുവന്‍ സെപ്റ്റിക് ടാങ്കുകളും ബയോഗ്യാസ് പ്ലാന്റും പരിശോധിക്കാന്‍ പൊലീസ് തീരുമാനിച്ചെന്ന നുണയും മനോരമയിലുണ്ട്. കസബ സിഐ എന്‍ ബിശ്വാസിനാണ് അന്വേഷണച്ചുമതല. ഞായറാഴ്ച ജയില്‍ ജീവനക്കാരില്‍നിന്ന് അദ്ദേഹം മൊഴിയെടുത്തു. സെപ്റ്റിക് ടാങ്കുകളും ബയോഗ്യാസ് പ്ലാന്റും വൃത്തിയാക്കുന്നതിന്റെ സാധ്യതകളെപ്പറ്റി ജയില്‍ അധികൃതരുമായി ചര്‍ച്ച നടത്തുകയാണുണ്ടായതെന്ന് സിഐ പറഞ്ഞു. പ്രതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചെന്ന് സിസിടിവി ദൃശ്യങ്ങളില്‍ ഇല്ലെന്ന് ജയില്‍ ഡിജിപിയായിരുന്ന അലക്സാണ്ടര്‍ ജേക്കബ് തന്നെ വ്യക്തമാക്കിയതാണ്.

ക്യാമറ നീക്കാന്‍ ഉത്തരവില്ലെന്ന് മനുഷ്യാവകാശ കമീഷന്‍

കോഴിക്കോട് ജയിലിലെ 91 നിരീക്ഷണ ക്യാമറകളില്‍ 37 എണ്ണം അഴിച്ചുമാറ്റിയത് സംസ്ഥാന മനുഷ്യാവകാശ കമീഷന്റെ നിര്‍ദേശാനുസരണമാണെന്ന ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനയ്ക്ക് അടിസ്ഥാനമായ കമീഷന്‍ ഉത്തരവ് രണ്ടാഴ്ചയ്ക്കകം കമീഷനില്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി സര്‍ക്കാരിന് നോട്ടീസയച്ചു. ഇതു സംബന്ധിച്ച് സ്വമേധയാ രജിസ്റ്റര്‍ചെയ്ത കേസില്‍ വിശദീകരണം സമര്‍പ്പിക്കാന്‍ കമീഷന്‍ ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും ജയില്‍ ഡിജിപിക്കും നോട്ടീസയച്ചു. ആഭ്യന്തരമന്ത്രിയുടെ അറിവിലേക്കായി പ്രൈവറ്റ് സെക്രട്ടറിക്കും നോട്ടീസിന്റെ പകര്‍പ്പ് അയച്ചിട്ടുണ്ട്.

കോഴിക്കോട്, കണ്ണൂര്‍ ജയിലുകളില്‍നിന്ന് ക്യാമറകള്‍ നീക്കണമെന്ന് ഒരു പരാതിയും കമീഷന് ലഭിച്ചിട്ടില്ല. കമീഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ താനോ, കമീഷന്‍ അംഗങ്ങളായ ആര്‍ നടരാജനോ കെ ഇ ഗംഗാധരനോ ക്യാമറകള്‍ നീക്കാന്‍ ഉത്തരവ് നല്‍കിയിട്ടില്ല. കമീഷന്‍ അംഗം കെ ഇ ഗംഗാധരന്റെ സാന്നിധ്യത്തിലാണ് ജയിലിലെ ക്യാമറകള്‍ നീക്കിയതെന്ന് ആഭ്യന്തരമന്ത്രിയെ ഉദ്ധരിച്ച് വന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് കെ ഇ ഗംഗാധരന്‍ അറിയിച്ചതായി ജസ്റ്റിസ് ജെ ബി കോശി ഉത്തരവില്‍ പറഞ്ഞു. കമീഷന്റെ റെക്കോഡുകളിലും ഇത്തരമൊരു ഉത്തരവ് ഇല്ല. ഈ പശ്ചാത്തലത്തില്‍ കേസിന്റെ നമ്പരോ ഉത്തരവോ ഉടന്‍ നല്‍കണമെന്നും അത്തരമൊരു ഉത്തരവ് ഇല്ലെങ്കില്‍ ജനങ്ങള്‍ക്കുണ്ടായ സംശയം ദൂരീകരിക്കാന്‍ പത്ര, ദൃശ്യമാധ്യമങ്ങള്‍ വഴി ഇക്കാര്യം അറിയിക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടു.

Saturday, December 7, 2013

രാഹുല്‍പ്രഭാവമില്ല:ഇ ടി , ലീഗിന്റെ അഭിപ്രായമല്ല: ചെന്നിത്തല

രാഹുല്‍ഗാന്ധി പ്രഭാവമൊന്നും രാജ്യത്തില്ലെന്ന മുസ്ലിംലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ എംപിയുടെ വിമര്‍ശം യുഡിഎഫില്‍ പുതിയ വിവാദത്തിന് വഴിമരുന്നിട്ടു. ബഷീറിന്റെ അഭിപ്രായം ലീഗിന്റേതായി കാണുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല മറുപടി പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പുകളുടെ എക്സിറ്റ്പോള്‍ ഫലങ്ങള്‍ വരാനിരിക്കുന്നതിന്റെ സൂചനയായി കാണണമെന്നും ഡല്‍ഹിയില്‍ ബഷീര്‍ മാധ്യമങ്ങളോട് പറഞ്ഞു. നെഹ്റുമുതല്‍ സോണിയാഗാന്ധിവരെയുള്ളവരോട് ജനങ്ങള്‍ക്ക് പ്രത്യേക മമത ഉണ്ടായിരുന്നുവെന്നും രാഹുല്‍പ്രഭാവമൊന്നും ഇപ്പോഴില്ലെന്നുമായിരുന്നു ബഷീര്‍ പറഞ്ഞത്. ബഷീര്‍ അങ്ങനെ പറയേണ്ട സാഹചര്യമില്ലെന്നും അദ്ദേഹത്തെ ലീഗ് തിരുത്തുമോയെന്ന് നോക്കുകയാണെന്നും തൊടുപുഴയില്‍ വാര്‍ത്താലേഖകരോട് ചെന്നിത്തല പറഞ്ഞു. യുപിഎയില്‍ കൂട്ടായ ചര്‍ച്ചയൊന്നും നടക്കുന്നില്ലെന്ന് ബഷീര്‍ വിമര്‍ശിച്ചു. ഘടകകക്ഷികളെ കോണ്‍ഗ്രസ് അടുപ്പിക്കുന്നില്ല. ബിജെപിയെ പരാജയപ്പെടുത്താന്‍ ഒന്നിച്ചുനില്‍ക്കണമെന്ന ചിന്തയൊന്നും കോണ്‍ഗ്രസിനില്ലെന്നും ബഷീര്‍ പറഞ്ഞു.ആഭ്യന്തരവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്യുമെന്ന് ചെന്നിത്തല പ്രതികരിച്ചു.
-

അലക്സാണ്ടര്‍ ജേക്കബ്ബിനെ നീക്കി; സെന്‍കുമാറിനു ചുമതല

 ടി പി ചന്ദ്രശേഖരന്‍ കേസിലെ പ്രതികളുടെ ഫേസ്ബുക് ഉപയോഗവുമായി ബന്ധപ്പെട്ട വിവാദത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന സംശയമുന്നയിച്ച ജയില്‍ ഡിജിപി ഡോ. അലക്സാണ്ടര്‍ ജേക്കബ്ബിനെ പദവിയില്‍നിന്ന് നീക്കി. വിവാദപരാമര്‍ശം സംബന്ധിച്ചു നല്‍കിയ വിശദീകരണം തള്ളിയാണ് തീരുമാനം. മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ അദ്ദേഹത്തിന് പകരം ചുമതലയും നല്‍കിയിട്ടില്ല. വെള്ളിയാഴ്ച രാത്രിയാണ് ഉത്തരവില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒപ്പിട്ടത്.

അലക്സാണ്ടര്‍ ജേക്കബ്ബിന്റെ നിയമനത്തിന് പ്രത്യേകം ഉത്തരവ് പുറപ്പെടുവിക്കുമെന്ന് ആഭ്യന്തരമന്ത്രിയുടെ ഓഫീസ് വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. ഇന്റലിജന്‍സ് എഡിജിപി ടി പി സെന്‍കുമാറിന് ജയില്‍ വകുപ്പിന്റെ പൂര്‍ണ അധിക ചുമതല നല്‍കി. ഫേസ്ബുക് വിവാദത്തില്‍ വ്യാഴാഴ്ച മാധ്യമങ്ങളോട് പ്രതികരിച്ച ജയില്‍ ഡിജിപിയോട് ആഭ്യന്തരമന്ത്രി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. പരാമര്‍ശം പിന്‍വലിച്ച് വിശദീകരണം നല്‍കിയെങ്കിലും അംഗീകരിച്ചില്ല. അലക്സാണ്ടര്‍ ജേക്കബ്ബിനെ മാറ്റണമെന്ന് ആഭ്യന്തരമന്ത്രി മുഖ്യമന്ത്രിയോട് ഫോണില്‍ ആവശ്യപ്പെട്ടു. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കളും ജയില്‍ ഡിജിപിക്കെതിരെ രംഗത്തുവന്നു. വിവാദം ചന്ദ്രശേഖരന്‍ കേസിലെ വിധിയെ സ്വാധീനിക്കാനുള്ള ഗൂഢാലോചനയാണെന്ന് സംശയിക്കുന്നതായാണ് ജയില്‍ ഡിജിപി തുറന്നുപറഞ്ഞത്.

അലക്സാണ്ടര്‍ ജേക്കബ് രണ്ടാമന്‍; ജംഗ്പാംഗി ഇപ്പോഴും ശൂന്യതയില്‍

സര്‍ക്കാരിന്റെ അപ്രീതിക്ക് പാത്രമായ രണ്ടാമത്തെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ് ജയില്‍ ഡിജിപി സ്ഥാനത്തുനിന്ന് ഒഴിവാക്കിയ അലക്സാണ്ടര്‍ ജേക്കബ്. കേരള കേഡറിലെ ഏറ്റവും മുതിര്‍ന്ന ഐപിഎസുകാരനും ഡിജിപി റാങ്കുകാരനുമായ ജംഗ്പാംഗിയാണ് ആഭ്യന്തരവകുപ്പിന്റെ അനിഷ്ടത്തിന് ഇരയായ ആദ്യത്തെയാള്‍. ഇദ്ദേഹത്തെ കഴിഞ്ഞ കുറെനാളായി പ്രധാന തസ്തികയില്‍നിന്ന് മാറ്റിനിര്‍ത്തിയിരിക്കുകയാണ്. ഈമാസം 31ന് ജംഗ്പാംഗി വിരമിക്കും.

ക്രൈംബ്രാഞ്ച് മേധാവിസ്ഥാനംവരെ വഹിച്ച ജംഗ്പാംഗിയെ ഫയര്‍ഫോഴ്സ് നവീകരണം സംബന്ധിച്ച് പഠിക്കാനാണ് നിയോഗിച്ചിരിക്കുന്നത്. അലക്സാണ്ടര്‍ ജേക്കബ്ബിനെ കാത്തിരിക്കുന്നത് ഏതു പദവിയെന്ന് കണ്ടറിയണം. ജംഗ്പാംഗി വിരമിക്കുന്ന ഒഴിവില്‍ അദ്ദേഹത്തെ നിയമിച്ചാലും അത്ഭുതമില്ല.

ഡിജിപി ഗ്രേഡിലുള്ള നാലുപേരാണ് കേരള കേഡറിലുള്ളത്. ഇതില്‍ ഏറ്റവും സീനിയറാണ് ജംഗ്പാംഗി. കെ എസ് ബാലസുബ്രഹ്മണ്യം, വിജിലന്‍സ് ഡയറക്ടര്‍ മഹേഷ്കുമാര്‍ സിംഗ്ല എന്നിവരാണ് മറ്റു രണ്ടുപേര്‍. അലക്സാണ്ടര്‍ ജേക്കബ്ബിന് 2015 മെയ്വരെ സര്‍വീസുണ്ട്. ജംഗ്പാംഗി വിരമിക്കുന്ന ഒഴിവില്‍ ഇന്റലിജന്‍സ് എഡിജിപി ടി പി സെന്‍കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കും. എഡിജിപിമാരില്‍ ഏറ്റവും സീനിയര്‍ ഇദ്ദേഹമാണ്. എഡിജിപിമാരായ പി ചന്ദ്രശേഖരന്‍, വിന്‍സന്‍ എം പോള്‍, എം എന്‍ കൃഷ്ണമൂര്‍ത്തി എന്നിവരാണ് പിന്നെയുള്ളത്. കൃഷ്ണമൂര്‍ത്തിയും ചുമതല കാത്ത് കഴിയുകയാണ്.

കേരള പൊലീസിലെ സത്യസന്ധനായ ഉദ്യോഗസ്ഥരില്‍ ഒരാളാണ് അലക്സാണ്ടര്‍ ജേക്കബ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ഇദ്ദേഹത്തെ ജയില്‍മേധാവിയാക്കിയത്. പൊലീസിലെ അക്കാഡമീഷ്യന്‍കൂടിയായ അദ്ദേഹം ചുമതലയേറ്റശേഷം നിരവധി പരിഷ്കാരങ്ങള്‍ നടപ്പാക്കി. ജയില്‍ ഉദ്യോഗസ്ഥരുടെ അഴിമതി ഒരുപരിധിവരെ തടയുന്നതിനും കിണഞ്ഞ് പരിശ്രമിച്ചു. ജയില്‍ ചപ്പാത്തി, ചിക്കന്‍ കറി എന്നിവ അലക്സാണ്ടര്‍ ജേക്കബ് നടപ്പാക്കിയ പദ്ധതിയുടെ ഭാഗമാണ്.

Friday, December 6, 2013

വിധിയെ സ്വാധീനിക്കാനുള്ള ഗൂഢാലോചനയോ

ഫേസ്ബുക് വിവാദത്തിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ജയില്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബ്. ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ കോഴിക്കോട് ജില്ലാ ജയിലില്‍ ഫേസ്ബുക് ഉപയോഗിച്ചെന്ന ആരോപണം വിധിയെ സ്വാധീനിക്കാനാണോ എന്നും പരിശോധിക്കണം. കേസിന്റെ വിധി 30 ന് പ്രഖ്യാപിക്കാനിരിക്കെയാണ് മാധ്യമങ്ങള്‍ ഈ വാര്‍ത്ത പുറത്തുവിട്ടത് എന്നത് പ്രധാനമാണ്. ഫേസ്ബുക് ഉപയോഗിച്ചെന്നതിന് തെളിവായി മാധ്യമങ്ങള്‍ പുറത്തുവിട്ട വാര്‍ത്തകളും വിശ്വസനീയമല്ല. പ്രതികള്‍ക്ക് ഒരുതരത്തിലുള്ള രാജകീയ സൗകര്യങ്ങളും നല്‍കിയിട്ടില്ലെന്നും ജയില്‍ ആസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകരോട്് പ്രതികരിക്കവെ ഡിജിപി പറഞ്ഞു.


കഠിനമായ ശിക്ഷ ലഭിക്കാനാണോ പ്രതികള്‍ക്കെതിരെയുള്ള ഫേസ്ബുക് വിവാദമെന്ന് പരിശോധിക്കണം. അഥവാ, കൊലപാതക കേസില്‍ വെറുതെ വിട്ടാല്‍ ഫോണ്‍ ഉപയോഗിച്ചതിന് ആറ് മാസം ശിക്ഷകിട്ടട്ടെ എന്ന ഉദ്ദേശ്യവുമാകാം. ഫോണ്‍ ഉപയോഗിച്ചതും ഫേസ്ബുക് ആക്ടിവേറ്റ് ചെയ്തതും ജയിലിനകത്തുനിന്നാണെന്ന് വിശ്വസിക്കാനേ കഴിയുന്നില്ല. പുറത്തുനിന്നാണോ എന്നത് ശാസ്ത്രീയ പരിശോധനയിലൂടെയേ കണ്ടെത്താനാകു. പ്രതികള്‍ ഉപയോഗിച്ചതായി പറയുന്ന ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ ജയിലിലാണെന്ന മാധ്യമവാര്‍ത്തകളും ശരിയല്ല. ഒരു ചതുരശ്ര കിലോമീറ്റര്‍വരെ ടവര്‍ ലൊക്കേഷന്‍ ലഭിക്കും. ഇതില്‍ ഒരു ഭാഗംമാത്രമാണ് ജയില്‍. കൃത്രിമമായി തെളിവുകള്‍ ചമയ്ക്കാന്‍ ശ്രമിക്കുന്നവരാണെങ്കില്‍ അവര്‍ക്ക് ജയിലിന് തൊട്ട് പുറത്തുവച്ച് ഇത് ചെയ്യാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഗൂഗിള്‍ അന്വേഷണത്തിലൂടെമാത്രമേ ഇത് തെളിയിക്കാനാകൂ. ജയിലിലെ ദൃശ്യങ്ങള്‍ ഫോട്ടോ ഷോപ്പിലൂടെ മോര്‍ഫ് ചെയ്ത് അപ്ലോഡ് ചെയ്യാനുള്ള സാധ്യതയുമുണ്ട്. ജില്ലാ ജയില്‍ പ്രതികള്‍ക്ക് സ്വര്‍ഗമാക്കിയെന്ന ആരോപണവും അടിസ്ഥാനരഹിതമാണ്. ജയില്‍ നരകമാക്കണമെന്ന് ഇന്ത്യന്‍ ഭരണഘടനയില്‍ പറയുന്നില്ല. സ്വര്‍ഗവുമല്ല. മറിച്ച് തിരുത്തല്‍ കേന്ദ്രമാക്കുകയാണ് ലക്ഷ്യം.

ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ റിമാന്‍ഡ് തടവുകാരാണ്. അവര്‍ ജയില്‍വസ്ത്രങ്ങള്‍ ധരിക്കേണ്ടതില്ല. അവര്‍ കൊണ്ടുവരുന്ന വസ്ത്രം ധരിക്കാന്‍ അനുവദിക്കും. ഇതില്‍ ഒരു പ്രതി ബര്‍മുഡ കൊണ്ടുവന്നു. ബര്‍മുഡ ധരിക്കരുതെന്ന് പറയാന്‍ കഴിയുമോ? ജില്ലാജയിലില്‍ ഇവര്‍ക്ക് ഒരു രാജകീയ സൗകര്യവും നല്‍കുന്നില്ല. റിമാന്‍ഡ് തടവുകാരായിട്ടും ഇവരെ പാര്‍പ്പിക്കുന്നത് ശിക്ഷിക്കപ്പെട്ട തടവുകാരുടെ സെല്ലിലാണ്. മറ്റ് തടവുകാരില്‍നിന്ന് വ്യത്യസ്തമായി ഈ പ്രതികള്‍ക്ക് ഒരു സൗകര്യവും നല്‍കുന്നില്ല. ഈ പ്രതികളെ കൊടുംകുറ്റവാളികള്‍ എന്ന് വിളിക്കരുതെന്നും ഡിജിപി ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഇവര്‍ വെറും റിമാന്‍ഡ് തടവുകാരാണ്. ഇവര്‍ ആരോപണവിധേയര്‍ മാത്രമാണ്. ശിക്ഷിക്കപ്പെട്ടിട്ടില്ല. പ്രതികളിലൊരാളായ ഷാഫിയുമായി സംസാരിച്ചുവെന്ന് പറഞ്ഞ് ഒരു മാധ്യമം പുറത്തുവിട്ട ശബ്ദം ഷാഫിയുടേതാണെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. ശബ്ദം പല തവണ കേട്ടു. യഥാര്‍ഥ ശബ്ദവുമായി ഒരു സാമ്യവുമില്ല. ഇതും ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്തണം.

ജയിലില്‍ തടവുകാര്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നുവെന്നത് പുതിയ സംഭവമല്ല. മൊബൈല്‍ കയറാത്ത ഒരു ജയിലും ഇന്ത്യയിലും ലോകത്തുമില്ല. രാജ്യത്ത് ഏറ്റവും സുരക്ഷയുള്ള ഹൈദരാബാദിലെ ജയിലില്‍നിന്നുപോലും ഫോണുകള്‍ പിടിച്ചിട്ടുണ്ട്. മുന്‍സര്‍ക്കാരിന്റെ കാലത്ത് മുന്നൂറോളം മൊബൈല്‍ഫോണുകള്‍ ജയിലില്‍നിന്ന് പിടിച്ചിട്ടുണ്ട്. ഈ മന്ത്രിസഭ അധികാരത്തിലേറിയശേഷവും ഇരുനൂറോളം മൊബൈല്‍ ഫോണ്‍ പിടികൂടി പൊലീസിനു കൈമാറി. തീവ്രവാദകേസില്‍പ്പെട്ട പ്രതി ഉപയോഗിച്ച ഫോണ്‍ പിടികൂടി രാജ്യത്തിന് വെളിയിലേക്ക് കോള്‍ചെയ്തതായി കണ്ടെത്തി പൊലീസിനും ഐബിക്കും കൈമാറി. ഈ കേസുകള്‍ എന്തായി എന്നറിയില്ല. ജയിലില്‍ മൊബൈല്‍ ജാമര്‍ സ്ഥാപിച്ചെങ്കിലും പരാജയപ്പെട്ടു. പല ഉപകരണങ്ങളും പരീക്ഷിക്കുന്നുണ്ടെങ്കിലും ഫലപ്രദമാകുന്നില്ലെന്നും ഡിജിപി പറഞ്ഞു.

ചങ്ക് തുറന്നുകാട്ടുന്നു, അതും വിവാദമാക്കരുത്: ഡിജിപി

ജയിലുകളില്‍ സംഭവിക്കുന്ന കാര്യങ്ങളുടെ എല്ലാ ഉത്തരവാദിത്തവും ജയില്‍ ഡിജിപി എന്ന നിലയില്‍ താന്‍ ഏറ്റെടുക്കുകയാണെന്ന് അലക്സാണ്ടര്‍ ജേക്കബ് പറഞ്ഞു. അതിന് കീഴുദ്യോഗസ്ഥരെ ബലിയാടാക്കേണ്ട. ജയിലിലെ പരിമിതികള്‍ അതത് സമയത്ത് ബന്ധപ്പെട്ടവരെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. മൂന്നിലൊന്ന് ജീവനക്കാര്‍മാത്രമാണ് ജയിലിലുള്ളത്. 6000 പേരെ പാര്‍പ്പിക്കേണ്ട ജയിലുകളില്‍ 7660 പേരുണ്ട്. ഇവരെ എണ്ണൂറോളം ജയില്‍ജീവനക്കാര്‍ എങ്ങനെ നോക്കും. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്ന് അഭ്യര്‍ഥിച്ച് പിഎസ്സി ആസ്ഥാനത്ത് ആഴ്ചതോറും കയറിയിറങ്ങിയിട്ടും ഫലമുണ്ടാകുന്നില്ല.

മലദ്വാരത്തിലും ജനനേന്ദ്രിയത്തിലും മറ്റുംവച്ചാണ് മൊബൈല്‍ ഫോണ്‍ ജയിലില്‍ കൊണ്ടുവരുന്നത്. വസ്ത്രം അഴിച്ച് പരിശോധന ക്കാനാകില്ല. തടവുകാരന്റെ മുണ്ടഴിച്ച് പരിശോധിച്ചതിനാണ് കണ്ണൂര്‍ ജയിലിലെ രണ്ട് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തത്. തടവുകാര്‍ ആക്രമിക്കപ്പെട്ട പരാതികള്‍ പൊലീസിന് കൈമാറിയിട്ടും ഫലമുണ്ടായില്ല. സഞ്ചാരസ്വാതന്ത്ര്യമൊഴിച്ചുള്ള എല്ലാ മനുഷ്യാവകാശങ്ങള്‍ക്കും അവരും അര്‍ഹരാണ്. തടവുകാരുടെ ഭീഷണി, കോടതി, മനുഷ്യാവകാശ പ്രശ്നം- ഇതിനിടയില്‍ കടുത്ത മാനസിക സമ്മര്‍ദമാണ് ജയില്‍ ജീവനക്കാര്‍ക്ക്. സസ്പെന്‍ഷന്‍ വേണോ, തടവുകാരുടെ മര്‍ദനം ഏല്‍ക്കണമോ എന്ന് ചോദിച്ചാല്‍ സസ്പെന്‍ഷന്‍ മതിയെന്നാകും ജീവനക്കാരുടെ പ്രതികരണം. തിരുവനന്തപുരത്തും നെയ്യാറ്റിന്‍കരയിലും ജയില്‍ ജീവനക്കാര്‍ക്ക് നേരെ പ്രതികളില്‍നിന്ന് ബോംബേറും അക്രമവുമുണ്ടായി. എന്നിട്ടും നടപടിയുണ്ടായില്ല.

ജയിലില്‍ ചപ്പാത്തി ഉണ്ടാക്കിയത് വലിയ കുറ്റമെന്നപോലെ പ്രചരിപ്പിക്കുന്നു. ഇപ്പോഴുള്ള തടവുകാര്‍ക്കെല്ലാം ജോലി നല്‍കാന്‍ ജയിലില്‍ ഭൂമിയില്ല. അപ്പോഴാണ് പുതിയ സാധ്യതകള്‍ തേടിയത്. ചപ്പാത്തി ഉണ്ടാക്കിയത് തെറ്റായെന്ന് ജയിലില്‍ ആര്‍ക്കും തോന്നിയിട്ടില്ല. ചപ്പാത്തി ഉണ്ടാക്കുന്ന കൂലിയായി തടവുകാര്‍ക്ക് മാസം മൂവായിരത്തിലേറെ രൂപ ലഭിക്കും. അവര്‍ അത് അവരുടെ കുടുംബത്തിലേക്ക് അയക്കും. കുടുംബം പോറ്റാന്‍ കുറ്റവാളിയുടെ ഭാര്യ ശരീരം വില്‍ക്കാന്‍ പോകണമെന്നും അനാഥരാകുന്ന മക്കള്‍ ജീവിക്കാന്‍ മോഷ്ടക്കളായി മാറണമെന്നുമുള്ള പഴയ സ്ഥിതി മാറിയിട്ടുണ്ട്. അവരുടെ വിദ്യാഭ്യാസത്തിന് പണം അയച്ചുകൊടുക്കാന്‍ പറ്റുന്നു. ചപ്പാത്തി നിര്‍മാണ യൂണിറ്റുകള്‍ ആരംഭിച്ചശേഷം ജയിലില്‍ കലാപവുമില്ല. മുമ്പ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സിപിഐ എം പ്രവര്‍ത്തകനെ അടിച്ചുകൊന്ന സംഭവംവരെ ഉണ്ടായിട്ടുണ്ട്.

വിലക്കയറ്റം രൂക്ഷമായ ഘട്ടത്തിലാണ് രണ്ടുരൂപയ്ക്ക് കോടിക്കണക്കിന് ചപ്പാത്തി വിതരണം ചെയ്യുന്നത്. ഏതെങ്കിലും ഹോട്ടലുകാരുടെ കൈയില്‍നിന്ന് പണംവാങ്ങി ജയിലിലെ പ്രശ്നങ്ങള്‍ക്ക് കാരണം മുഴുവന്‍ ജയില്‍ ചപ്പാത്തിയാണ് എന്ന് റിപ്പോര്‍ട്ട് ചെയ്യരുത്. മാധ്യമങ്ങള്‍ ജയില്‍വകുപ്പിനെതിരെ അനാവശ്യമായി തിരിയുകയാണ്. മൂന്നു ദിവസം സഹിച്ചു. സഹികെട്ടാണ് കാര്യങ്ങള്‍ പറയുന്നത്. ചങ്ക് തുറന്നുകാട്ടാനാണ് ശ്രമിക്കുന്നത്. ഇതും വിവാദമാക്കരുത്. ബാലകൃഷ്ണപിള്ള തടവുശിക്ഷ അനുഭവിക്കവെ ഫോണ്‍ വിളിച്ചത് പോലീസ് കസ്റ്റഡിയിലാണ്. അതില്‍ നടപടി എടുക്കേണ്ടത് പൊലീസാണെന്നും ഡിജിപി വ്യക്തമാക്കി.

കള്ളക്കളി നടന്നതിന്റെ സൂചന: പിണറായി

വടക്കഞ്ചേരി: ചില കാര്യങ്ങള്‍ തുറന്നുപറയാന്‍ ജയില്‍ ഡിജിപി നിര്‍ബന്ധിതനായതിനുപിന്നില്‍ നടക്കാന്‍ പാടില്ലാത്തത് എന്തോ നടക്കുന്നുവെന്നതിന്റെ സൂചനയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. എന്തോ കള്ളക്കളി നടന്നുവെന്നാണ് വെളിപ്പെടുത്തലില്‍നിന്ന് മനസ്സിലാക്കേണ്ടത്. സര്‍ക്കാരിനും പ്രത്യേകിച്ച് ആഭ്യന്തരമന്ത്രിക്കും ഒരുനിമിഷംപോലും തുടരാന്‍ അര്‍ഹതയില്ലെന്നാണ് ഇത് കാണിക്കുന്നത്. പുതുക്കോട് തച്ചനടിയില്‍ സിപിഐ എം ലോക്കല്‍ കമ്മിറ്റി ഓഫീസായ എ കെ ജി മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

ഒരു സാധാരണ പൊലീസുദ്യോഗസ്ഥനല്ല അലക്സാണ്ടര്‍ ജേക്കബ്. വലിയ ബുദ്ധിജീവിയും കാര്യങ്ങളില്‍ ഇടപെടുന്നയാളുമാണ്. ജയിലില്‍ നടക്കുന്നതിന്റെ ഉത്തരവാദിത്തം അദ്ദേഹം സ്വമേധയ ഏറ്റെടുത്ത് പരസ്യപ്രസ്താവന നടത്തുമ്പോള്‍ എന്തോ ചിലത് എവിടെയോ നടക്കാന്‍ പാടില്ലാത്തത് നടക്കുന്നുവെന്നാണ് സൂചന. കോഴിക്കോട് ജയിലിലെ ഫേസ്ബുക് വിവാദം മാധ്യമങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നു. മൊബൈല്‍ഫോണ്‍ കടക്കാത്ത ഒറ്റ ജയിലുപോലുമില്ലെന്ന് അദ്ദേഹം പറയുന്നു. തിഹാറില്‍പോലുമുണ്ട്. പ്രതികള്‍ എന്ന് ആരോപിക്കപ്പെടുന്നവര്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചതായി തെളിഞ്ഞിട്ടില്ല. മാത്രമല്ല, അദ്ദേഹം ഗുരുതരമായ ഒരു പ്രശ്നമുയര്‍ത്തുന്നു. ഒരു കേസിന്റെ വിധിയുടെ അടുത്തേക്ക് നീങ്ങുന്ന സമയത്ത് ഇത്തരമൊരു ചിത്രം വന്നത് അവര്‍ നല്‍കിയതാണോ, മറ്റാരെങ്കിലും പ്ലാന്‍ ചെയ്ത് നല്‍കിയതാണോ എന്ന സംശയം ഉയരുന്നു.

വരാനിരിക്കുന്ന വിധിയെ സ്വാധീനിക്കാന്‍വേണ്ടിയാണെന്ന് പറയുന്നു. ഉന്നതങ്ങളില്‍ നടക്കുന്ന എല്ലാ തന്ത്രങ്ങളും ഗൂഢാലോചനയും മനസ്സിലാക്കിയ ഡിജിപിയാണ് ഇതു പറയുന്നത്. ഒരു എംഎല്‍എക്ക് ഏതു ജയിലിനകത്തേക്കും ചെല്ലാം. ഏത് തടവുകാരനെയും കാണാം. അത്തരം നാട്ടില്‍ എംഎല്‍എ, അവരുടെ ഭര്‍ത്താവിനെ പരസ്യമായി കണ്ടകാര്യത്തില്‍ എന്താണിത്ര ബഹളമുണ്ടാക്കാനുള്ളതെന്നത് ആഭ്യന്തരമന്ത്രിക്കുനേരെയുള്ള ചോദ്യമാണ്. മോഹനന്‍മാസ്റ്ററെ ഭാര്യ കണ്ടതില്‍ പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തതിന്റെ അമര്‍ഷമാണ് അദ്ദേഹം പ്രകടിപ്പിച്ചത്.

ഡിജിപി പറഞ്ഞതില്‍ ഒരു തെറ്റുമില്ല. വഴിക്ക്വച്ചു ഹോട്ടലില്‍ നിന്ന് ഭക്ഷണം വാങ്ങിച്ചുകൊടുക്കുക എന്നുള്ളത് തടവുകാര്‍ക്ക് പൊലീസുകാര്‍ അനുവദിക്കുന്ന സൗജന്യമാണ്. ഒരു കേസിന്റെ വിധിയെ സ്വാധീനിക്കാന്‍ തെറ്റായ രീതിയില്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെങ്കില്‍ അത് ഗൗരവമായി കാണണമെന്നും പിണറായി പറഞ്ഞു.

തിരുവഞ്ചൂരിന്റെ ശ്രമം കഴിവുകേട് മറയ്ക്കാന്‍: കോടിയേരി

സ്വന്തം കഴിവുകേട് മറയ്ക്കാന്‍ ആഭ്യന്തരമന്ത്രി മറ്റുള്ളവരുടെമേല്‍ കുറ്റംചാരുകയാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ജയില്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബ്ബിന്റേത് ശരിയായ നിലപാടാണ്.

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പ്രഹസനമായി മാറി. വകുപ്പുകളെല്ലാം നിശ്ചലമായി. സ്വന്തം ഓഫീസ് നിയന്ത്രിക്കാന്‍പോലും കഴിയാത്ത മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടി. കാര്‍ അയക്കുന്നതില്‍പ്പോലും ഓഫീസ് വീഴ്ചവരുത്തിയപ്പോള്‍ ന്യായീകരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് അധികാരത്തില്‍ തുടരാനുള്ള അര്‍ഹത നഷ്ടമായിരിക്കയാണ്. ഈ സര്‍ക്കാര്‍ വന്നതില്‍പ്പിന്നെ 39 തടവുകാര്‍ ജയില്‍ചാടി. ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തിട്ടില്ല. യുഡിഎഫ് നേതാവ് ബാലകൃഷ്ണപിള്ള ജയിലില്‍നിന്ന് മൊബൈല്‍ഫോണില്‍ അഞ്ഞൂറോളം കോളുകള്‍ പുറത്തേക്ക് വിളിച്ചു. മുഖ്യമന്ത്രിയെയും മന്ത്രിമാരെയുംവരെ വിളിച്ചു. പഞ്ചനക്ഷത്രസൗകര്യത്തില്‍ കഴിഞ്ഞിരുന്ന പിള്ളയുടെ ഫോണിലേക്ക് എഴുന്നൂറോളംപേര്‍ വിളിച്ചതായും തെളിഞ്ഞു. അതിന്റെപേരിലും ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തിട്ടില്ല. വിവിഐപി കുറ്റവാളികള്‍ക്കെല്ലാം പഞ്ചനക്ഷത്രസൗകര്യമാണ് സര്‍ക്കാര്‍ ഒരുക്കുന്നത്.

സോളാര്‍ കേസില്‍ ജയിലിലുള്ള സരിതയുടെ നിയമലംഘനങ്ങള്‍ക്കെതിരെ നടപടിയില്ല. സരിതയ്ക്കുവേണ്ട സൗകര്യങ്ങളെല്ലാം ഒരുക്കിക്കൊടുക്കാനാണ് പൊലീസിനെ നിയോഗിച്ചിരിക്കുന്നത്. ടി പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ വാദംനടക്കുന്ന സമയത്ത് പ്രതികള്‍ കഴിയുന്ന ജയിലില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചതായി വാര്‍ത്തയുണ്ടാക്കിയ സംഭവം ഗൗരവമായി കാണണം. ഇത് അന്വേഷണവിധേയമാക്കണം. ജയിലിലെ പ്രതിയുടേതായി ഒരു വാര്‍ത്താ ചാനല്‍ നല്‍കിയ ശബ്ദം ആ തടവുകാരന്റേതല്ലെന്നും പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞു. ഇതും അന്വേഷിക്കണം. പ്രതികളുടെ ജയില്‍ മാറ്റാന്‍ ആസൂത്രിതനീക്കം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കണം. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ജയിലുകളില്‍ സ്ഥാപിച്ച സിസിടിവി മാറ്റിയതിന്റെ ഉത്തരവാദിത്തം മനുഷ്യാവകാശ കമീഷനാണെന്നും കോടിയേരി പറഞ്ഞു.

ഗൂഢാലോചനയ്ക്ക് ഡിജിപി സാക്ഷ്യം

ടി പി ചന്ദ്രശേഖരന്‍ വധം ഉള്‍പ്പെടെ രാഷ്ട്രീയ പ്രതിയോഗികളെ തകര്‍ക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ഗൂഢാലോചനകളുടെ ഒടുവിലെ സാക്ഷ്യപത്രമായി അലക്സാണ്ടര്‍ ജേക്കബ്ബിന്റെ വെളിപ്പെടുത്തല്‍. മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും മാത്രമല്ല, സംസ്ഥാന ഭരണത്തെയാകെ പ്രതിക്കൂട്ടിലാക്കി ഇത്. ഭരണം സര്‍വത്ര അരാജകത്വം നിറഞ്ഞതാണെന്നതിന് ഇനിയും തെളിവുകള്‍ ആവശ്യമില്ല. ചന്ദ്രശേഖരന്‍ വധക്കേസിന്റെ വിധി 30 ന് പ്രസ്താവിക്കാനിരിക്കെ ഉയര്‍ന്ന ഫേസ്ബുക് വിവാദം വിധിയെ സ്വാധീനിക്കാനുള്ള ഗൂഢലോചനയാണോ എന്നത് ഡിജിപിയുടെമാത്രം സംശയമല്ല. കേരളത്തിലെ മുഴുവന്‍ സാധാരണക്കാരുടേതുമാണ്.

കേസില്‍ രാഷ്ട്രീയപ്രേരിതമായി പ്രതിചേര്‍ക്കപ്പെട്ട 20 പേരെ വിചാരണപോലും നടക്കുന്നതിനുമുമ്പേ കോടതി കുറ്റവിമുക്തരാക്കി. ഗൂഢാലോചനക്കുറ്റം ചുമത്തി ജയിലിലടച്ച സിപിഐ എം നേതാക്കള്‍ക്കെതിരായ ആരോപണവും പ്രതികള്‍ക്കെതിരായി ഉന്നയിച്ച കുറ്റവുമെല്ലാം വിചാരണവേളയില്‍ തകര്‍ന്നടിഞ്ഞു. കെട്ടിപ്പൊക്കിയ നുണക്കഥകളെല്ലാം ചീട്ടുകൊട്ടാരംപോലെ തകര്‍ന്നപ്പോഴാണ് പുതിയ വിവാദം.

കേസിന്റെ ആദ്യഘട്ടംമുതല്‍ സിപിഐ എമ്മിനെതിരെ ഉറഞ്ഞുതുള്ളിയ മാധ്യമങ്ങള്‍ മൂന്നു ദിവസം തുടര്‍ച്ചയായി നുണക്കഥകള്‍ സൃഷ്ടിച്ചപ്പോഴാണ് ഡിജിപി വസ്തുതകള്‍ തുറന്നു പറഞ്ഞത്. ഇതോടെ ദൃശ്യമാധ്യമങ്ങള്‍ തല്‍ക്കാലം ഉള്‍വലിഞ്ഞതും കൗതുകമായി. പി മോഹനന്‍ ഭാര്യ കെ കെ ലതിക എംഎല്‍എയെ കണ്ടതിനെ മാധ്യമങ്ങള്‍ ആഘോഷിച്ചതിനെയും ഡിജിപി ചോദ്യംചെയ്തു. അതില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് ഡിജിപി തന്നെ വ്യക്തമാക്കുമ്പോള്‍ നുണക്കഥ ആഘോഷിച്ചവര്‍ മാപ്പ് പറയുകയാണ് വേണ്ടത്.

ഒരു പ്രസംഗത്തിലെ പരാമര്‍ശത്തിന്റെ പേരില്‍ സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണിയെ ജയിലിലാക്കി. ആരോ ഫോണ്‍ ചെയ്യുന്നത് ആശുപത്രിക്കിടക്കയില്‍വച്ച് കേട്ടുവെന്ന് പറഞ്ഞ് കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജനെയും സംസ്ഥാന കമ്മറ്റിയംഗം ടി വി രാജേഷ് എംഎല്‍എയെയും കല്‍ത്തുറുങ്കിലടച്ചു. ഈ നടപടികളെല്ലാം നീതിന്യായ വ്യവസ്ഥയുടെ കടയ്ക്കല്‍ സര്‍ക്കാര്‍ തന്നെ കത്തിവച്ചതിന് തെളിവാണ്.

അതേസമയം, തങ്ങള്‍ക്ക് വേണ്ടപ്പെട്ടവര്‍ക്കു വേണ്ടി നിയമം മാറ്റിയെഴുതാനും സര്‍ക്കാര്‍ മടിച്ചില്ല. സുപ്രീംകോടതി കുറ്റക്കാരനെന്ന് വിധിച്ച ആര്‍ ബാലകൃഷ്ണപിള്ളയെ കാലാവധിക്ക് മുമ്പ് ജയിലില്‍ നിന്ന് രാജകീയ സൗകര്യങ്ങളുള്ള പഞ്ചനക്ഷത്ര ആശുപത്രിയിലേക്ക് മാറ്റി. ശിക്ഷ അനുഭവിക്കവെ മൊബൈല്‍ ഫോണില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ വിളിച്ചു. ഒരു കേസുമുണ്ടായില്ല.

കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പുകാരിയായ സരിത എസ് നായര്‍ക്ക് റിമാന്‍ഡ് തടവുകാരിയായിരിക്കെ സംസാരിക്കാന്‍ ഫോണ്‍ നല്‍കിയത് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍. അണിഞ്ഞൊരുങ്ങാന്‍ സൗകര്യവും ഇഷ്ടഭോജനവും വാങ്ങി നല്‍കുന്നു. തീവ്രവാദി തടിയന്റവിട നസീര്‍ പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള വിദേശ രാഷ്ട്രങ്ങളിലേക്ക് വിളിച്ച കേസും മുക്കി. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ അഴിമതിക്കേസുകള്‍ അട്ടിമറിച്ചു. ഒടുവിലത്തേതാണ് സോളാര്‍ തട്ടിപ്പ് കേസ്. അധികാരമുപയോഗിച്ച് സംസ്ഥാനത്ത് നിയമവ്യവസ്ഥയും നീതിന്യായനിര്‍വഹണവും അട്ടിമറിക്കുന്നതാണ് ഡിജിപിയുടെ നിര്‍ണായക വെളിപ്പെടുത്തലിലൂടെ തുറന്നുകാട്ടപ്പെട്ടത്.

എം രഘുനാഥ്

Sunday, September 1, 2013

മഞ്ചേരിയില്‍ മുഖ്യമന്ത്രിക്കെതിരെ വന്‍ പ്രതിഷേധം, കരിങ്കൊടി

മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്കെതിരെ മലപ്പുറം ജില്ലയില്‍ കടുത്ത പ്രതിഷേധം. മഞ്ചേരിയിലും വണ്ടൂരിലും നിലമ്പൂരിലും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി. പൊലീസിന്റെയും മുസ്ലിംലീഗുകാരുടെയും എതിര്‍പ്പ് അതിജീവിച്ചാണ് ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നത്. ലീഗ് അക്രമത്തില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.

ശനിയാഴ്ച ഉച്ചക്കുശേഷം മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചേരുന്ന മഞ്ചേരിയിലെ മൂന്ന് റോഡുകളിലും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സംഘടിച്ചു. അക്രമത്തിലൂടെ പ്രതിഷേധം തടയാന്‍ ലീഗുകാര്‍ ശ്രമിച്ചത് സംഘര്‍ഷാവസ്ഥയുണ്ടാക്കി. ഇതിനിടെ മറ്റൊരു വഴിയിലൂടെ നഗരത്തിലെത്തിയ മുഖ്യമന്ത്രിയെ പ്രവര്‍ത്തകര്‍ രണ്ടിടത്ത് കരിങ്കൊടി കാണിച്ചു. കാറിനുനേരെ ചെരിപ്പെറിഞ്ഞു. മെഡിക്കല്‍ കോളേജിലേക്കുള്ള റോഡിനുസമീപം കരിങ്കൊടി കാണിച്ചത് തടയാന്‍ ലീഗുകാര്‍ ശ്രമിച്ചത് സംഘര്‍ഷമുണ്ടാക്കി. അക്രമത്തില്‍ ആറ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

കല്ലും വടികളുമായി ലീഗുകാര്‍ മൂന്ന് മണിക്കൂറുകളോളം റോഡ് കൈയേറിയത്് ജനങ്ങളെ ഭീതിയിലാക്കി. ഇന്ത്യാവിഷന്‍ ക്യാമറാമാന്‍ സനല്‍ ഇക്ബാലിനും (26) പത്തോളം പൊലീസുകാര്‍ക്കും ലീഗുകാരുടെ കല്ലേറില്‍ പരിക്കേറ്റു. പിന്നീട് ലീഗുകാര്‍ക്കൊപ്പം പൊലീസും എല്‍ഡിഎഫ് പ്രവര്‍ത്തകരെ വേട്ടയാടി. ഡിവൈഎഫ്ഐ മഞ്ചേരി ബ്ലോക്ക് സെക്രട്ടറി അഡ്വ. കെ മുഹമ്മദ് ഷെരീഫ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു. പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് എറിഞ്ഞു. ഇതിനിടെ സംഘടിച്ചെത്തിയ ലീഗുകാര്‍ നഗരത്തില്‍ അഴിഞ്ഞാടി. മണിക്കൂറുകള്‍ കല്ലേറും അക്രമവുമായി അക്ഷരാര്‍ഥത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ നഗരത്തില്‍ പൊതുജനം പുറത്തിറങ്ങാത്ത അവസ്ഥയായി. വൈകിട്ട് ആറുവരെ സംഘര്‍ഷം തുടര്‍ന്നു.

വണ്ടൂരില്‍ ഹോമിയോ ആശുപത്രിയുടെ ശിലാസ്ഥാപനത്തിനെത്തിയ മുഖ്യമന്ത്രിയെ മൂന്ന് കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. നിലമ്പൂരില്‍ ചെട്ടിയങ്ങാടിയിലായിരുന്നു പ്രതിഷേധം. മന്ത്രി മഞ്ഞളാംകുഴി അലിയുടെ കാറിനുനേരെ ചീമുട്ടയെറിഞ്ഞു

deshabhimani

Sunday, January 6, 2013

പങ്കാളിത്ത പെന്‍ഷന്‍, തസ്തിക വെട്ടിക്കുറയ്ക്കല്‍: ന്യായീകരിക്കാന്‍ ലക്ഷങ്ങള്‍ മുടക്കി പ്രചാരണം


 പങ്കാളിത്ത പെന്‍ഷനെയും തസ്തിക വെട്ടിക്കുറയ്ക്കലടക്കമുള്ള നടപടികളെയും ന്യായീകരിക്കാന്‍ ലക്ഷങ്ങള്‍ മുടക്കി സംസ്ഥാനസര്‍ക്കാരിന്റെ പ്രചാരണം. ചെലവുചുരുക്കലിന്റെ പേരില്‍ പെന്‍ഷന്‍ പദ്ധതി തന്നെ ഇല്ലാതാക്കാന്‍ തീരുമാനിച്ചിരിക്കുന്ന സര്‍ക്കാര്‍, ഇതിനെ ന്യായീകരിച്ച് ബഹുവര്‍ണ ലഘുലേഖ പുറത്തിറക്കി. പങ്കാളിത്ത പെന്‍ഷന്‍ നാടിന്റെ ഭാവിക്ക് എന്ന പേരില്‍ പത്തുലക്ഷത്തിലധികം ലഘുലേഖയാണ് പബ്ലിക് റിലേഷന്‍ വകുപ്പ് പുറത്തിറക്കിയിരിക്കുന്നത്.

ജീവനക്കാരും അധ്യാപകരും എട്ടുമുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഈ ലഘുലേഖ വിതരണ ചുമതല ചില സര്‍ക്കാര്‍ അനുകൂല സര്‍വീസ് സംഘടനകളെ ഏല്‍പ്പിച്ചിട്ടുണ്ട്. പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ജില്ലാ ഓഫീസുകളില്‍ സര്‍ക്കാര്‍ ചെലവില്‍ ലഘുലേഖകള്‍ എത്തിക്കും. അവിടെ നിന്ന് ഉടന്‍ വിതരണം ചെയ്യണമെന്നും നിര്‍ദേശം പോയിട്ടുണ്ട്. തിരുവനന്തപുരത്തെ ഗവ. പ്രസില്‍ മറ്റെല്ലാ ജോലിയും നിര്‍ത്തിവച്ച് ലഘുലേഖ അച്ചടിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുകയായിരുന്നു. കോണ്‍ഗ്രസ് അനുകൂല സംഘടനക്കാര്‍ തയ്യാറാക്കിയ ലഘുലേഖ അതേ രീതിയില്‍ സര്‍കാര്‍ ചെലവില്‍ അച്ചടിക്കുകയായിരുന്നത്രേ. കൂടാതെ ലക്ഷങ്ങള്‍ മുടക്കിയുള്ള മറ്റു പ്രചാരണപരിപാടികളും അണിയറയില്‍ തയ്യാറാകുന്നുണ്ട്.

സര്‍വത്ര ആശയക്കുഴപ്പവും ജീവനക്കാര്‍ക്കും പൊതുസമൂഹത്തിനും ആശങ്ക രൂക്ഷമാക്കുന്നതുമായ പരാമര്‍ശങ്ങളാണ് ലഘുലേഖയിലുടനീളം. പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നത് സന്തോഷത്തോടെയല്ലെന്നു പറയുന്ന സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നതുകൊണ്ട് നേട്ടമില്ലെന്നും വന്‍ബാധ്യത വരുത്തുമെന്നും പറയുന്നു (പേജ് 7). ഒപ്പം സംസ്ഥാനത്ത് ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചതിനെ പഴിക്കുകയും ചെയ്യുന്നു. ഓഹരിക്കമ്പോളത്തിലേക്ക് പെന്‍ഷന്‍ ഫണ്ട് എറിഞ്ഞുകൊടുക്കുമെന്ന് വ്യക്തമായ സൂചന ലഘുലേഖയിലുണ്ട്. കോര്‍പറേറ്റ് ഓഹരിക്കമ്പോളം, കടപ്പത്രം തുടങ്ങിയവയെല്ലാം ഒന്നിനൊന്ന് ആദായമാണെന്നു പറയുന്ന സര്‍ക്കാര്‍ ഇത് നടപ്പാക്കിയ രാജ്യങ്ങളില്‍ പെന്‍ഷന്‍ പദ്ധതി തന്നെ പൂര്‍ണമായി ഇല്ലാതായ വിവരം മറച്ചുവയ്ക്കുന്നു. പെന്‍ഷന്‍ ഫണ്ട് ഓണ്‍ലൈന്‍ വഴി കാണാന്‍ അവസരമുണ്ടെന്ന് പരിഹാസ്യമായ വിശദീകരണവും സര്‍ക്കാര്‍ നല്‍കുന്നു.

"ഖരമാലിന്യം കേരളത്തെ വിഴുങ്ങാന്‍ പോകുന്ന വ്യാളി"യായി വളര്‍ന്നതും വാര്‍ധക്യകാലത്തെ ജനങ്ങളുടെ അലംഭാവവുമെല്ലാം പങ്കാളിത്ത പെന്‍ഷനിലേക്ക് ചുവടുമാറ്റത്തിന് സര്‍ക്കാരിനെ പ്രേരിപ്പിച്ചത്രേ. നിലവിലുള്ള ജീവനക്കാരും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയിലേക്ക് മാറേണ്ടിവരുമെന്ന സൂചനയും ലഘുലേഖയില്‍ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ക്ഷേമ പെന്‍ഷനുകള്‍, സബ്സിഡികള്‍ തുടങ്ങിയവ അധികകാലം ഉണ്ടാകില്ലെന്നും പരാമര്‍ശവുമുണ്ട്. കൂടുതല്‍ കടുത്ത നടപടികളുണ്ടാകുമെന്ന മുന്നറിയിപ്പും ലഘുലേഖ നല്‍കുന്നു. സര്‍ക്കാര്‍ നിലപാടിനെ അനുകൂലിച്ച് ഒരു പത്രം എഴുതിയ മുഖപ്രസംഗവും ലഘുലേഖയില്‍ നിരത്തിയിട്ടുണ്ട്.

ശമ്പളത്തിനും പെന്‍ഷനുമായി ചെലവഴിക്കുന്ന തുകയുടെയുംശതമാനത്തിന്റെയും കാര്യത്തില്‍ ഊതിപ്പെരുപ്പിച്ച കണക്കാണ് ലഘുലേഖയിലുള്ളത്. സര്‍ക്കാര്‍ തന്നെ നിയോഗിച്ച എക്സ്പെന്റിച്ചര്‍ റിവ്യൂ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിന്ന് വ്യത്യസ്തവുമാണ് ഇത്.

deshabhimani 060113

Wednesday, November 21, 2012

എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് വിദഗ്ധസമിതി

ന്യൂഡല്‍ഹി: മാരക കീടനാശിനി എന്‍ഡോസള്‍ഫാന്‍ രാജ്യത്ത് രണ്ടുവര്‍ഷം കൂടി ഉപയോഗിക്കാന്‍ അനുമതി നല്‍കാമെന്ന് സുപ്രീംകോടതി നിയോഗിച്ച വിദഗ്ധസമിതി. രണ്ടുവര്‍ഷംകൊണ്ട് കീടനാശിനി കമ്പനികളുടെ പക്കല്‍ വിവിധ രൂപങ്ങളില്‍ ശേഷിച്ച എന്‍ഡോസള്‍ഫാന്‍ പൂര്‍ണമായി ഉപയോഗിച്ചുതീര്‍ക്കണമെന്നാണ് സമിതിയുടെ നിര്‍ദേശം. എന്‍ഡോസള്‍ഫാന്‍ ഉപയോഗം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന് സമ്മതിക്കുന്ന വിദഗ്ധസമിതി, എന്നാല്‍ വലിയ അളവില്‍ ശേഷിക്കുന്ന കീടനാശിനി നശിപ്പിക്കുന്നതിലെ വമ്പന്‍ സാമ്പത്തികബാധ്യത ചൂണ്ടിക്കാട്ടിയാണ് രണ്ടുവര്‍ഷം കൂടി ഉപയോഗിക്കാമെന്ന് നിര്‍ദേശിച്ചത്. നിര്‍ദേശത്തോട് എതിര്‍പ്പുള്ളവര്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ രേഖാമൂലം അറിയിക്കാമെന്ന് കോടതി പറഞ്ഞു. അടുത്ത ആഴ്ച കേസ് വീണ്ടും പരിഗണിക്കും.

എന്‍ഡോസള്‍ഫാന്‍ മാരകമാണെന്ന അഭിപ്രായം സംസ്ഥാന സര്‍ക്കാരുകളൊന്നുംതന്നെ മുന്നോട്ടുവച്ചില്ലെന്ന് സമിതി പറഞ്ഞുസംസ്ഥാനങ്ങളുടെ അഭിപ്രായങ്ങള്‍ പരിഗണിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, എന്‍ഡോസള്‍ഫാന്‍ ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യപ്രശ്നം സൃഷ്ടിച്ചതായി ഒരു സംസ്ഥാനവും അറിയിച്ചില്ലെന്ന് സമിതി റിപ്പോര്‍ട്ടില്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്റെ ദോഷവശങ്ങള്‍ എന്തുകൊണ്ട് കേരളം സമിതിയെ അറിയിച്ചില്ലെന്ന ചോദ്യമാണ് ഉയരുന്നത്. എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തെ എതിര്‍ത്ത് ആകെ ഡിവൈഎഫ്ഐ മാത്രമാണ് സമിതിമുമ്പാകെ ഹാജരായതും വാദമുഖങ്ങള്‍ നിരത്തിയതും. സമിതി റിപ്പോര്‍ട്ടില്‍ ഇക്കാര്യം എടുത്തുപറഞ്ഞിട്ടുണ്ട്. മറുവശത്ത് എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തെ അനുകൂലിച്ച് കീടനാശിനി നിര്‍മാതാക്കളുടെ സംഘടനയും സമിതി മുമ്പാകെ നിലപാട് വിശദീകരിച്ചു.

നാലുവട്ടം സമിതി യോഗം ചേര്‍ന്നു. കേന്ദ്ര ആരോഗ്യസേവന ഡയറക്ടര്‍ജനറല്‍ ഉള്‍പ്പെടെ അഞ്ചുപേരെ കൂടി ഉള്‍പ്പെടുത്തി ഒക്ടോബര്‍ ഒമ്പതിന് സുപ്രീംകോടതി വിദഗ്ധസമിതി വിപുലീകരിച്ചിരുന്നു. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ സമര്‍പ്പിച്ച ഹര്‍ജിയില്‍കേന്ദ്രം കൃത്യമായ നിലപാട് സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി സമിതി വിപുലീകരിച്ചത്. ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടിയോടെ ആറാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു ജസ്റ്റിസുമാരായ സ്വതന്തര്‍കുമാര്‍, മദന്‍ ബി ലൊക്കുര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ നിര്‍ദേശം. എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതുണ്ടോ എന്നതുള്‍പ്പെടെ കോടതി മുന്നോട്ടുവച്ച അഞ്ചുചോദ്യത്തിനാണ് വിദഗ്ധസമിതി മറുപടി നല്‍കിയത്. അര്‍ബുദ സാധ്യത, ഹോര്‍മോണ്‍ വ്യതിയാനം, ഗുരുതരമായ അംഗവൈകല്യ- പ്രത്യുല്‍പ്പാദന- നാഡീപ്രശ്നങ്ങള്‍ തുടങ്ങിയവയ്ക്ക് എന്‍ഡോസള്‍ഫാന്‍ ഉപയോഗം കാരണമാകുന്നുണ്ട്. എന്‍ഡോസള്‍ഫാന്‍ മാത്രമല്ല രാജ്യത്ത് ഉപയോഗിക്കുന്ന അംഗീകൃത കീടനാശിനികളില്‍ 13-35 ശതമാനവും ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. അതുകൊണ്ടുതന്നെ ആരോഗ്യപ്രശ്നങ്ങളുടെ പേരില്‍ എന്‍ഡോസള്‍ഫാനെ മാത്രം മാറ്റിനിര്‍ത്താനാകില്ല.

എന്‍ഡോസള്‍ഫാന്‍ ഉപയോഗം അനുവദിക്കുന്ന സംസ്ഥാനങ്ങള്‍ കൃത്യമായ കണക്ക് സൂക്ഷിച്ച് ഉപയോഗം സൂക്ഷ്മമായി നിരീക്ഷിക്കണം. എന്‍ഡോസള്‍ഫാന്‍ കയറ്റുമതി കമ്പനികള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതും രണ്ടുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കണം-സമിതി അറിയിച്ചു. സമിതി തങ്ങളോട് അഭിപ്രായം തേടിയില്ലെന്ന വാദമാണ് കേരള സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. എന്നാല്‍, എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തെ അനുകൂലിക്കുന്ന പല സംസ്ഥാനങ്ങളും സമിതി ആവശ്യപ്പെടാതെതന്നെ തങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുകയാണ് ചെയ്തത്. ഇതേ മാര്‍ഗം കേരളത്തിനും സ്വീകരിക്കാമായിരുന്നു. ആറാഴ്ച സമയമുണ്ടായിട്ടും സംസ്ഥാനസര്‍ക്കാര്‍ അഭിപ്രായം അറിയിക്കുന്നതില്‍ വീഴ്ച വരുത്തുകയാണുണ്ടായത്.

എം പ്രശാന്ത്


അരിയില്ല; സ്കൂളുകളില്‍ ഉച്ചക്കഞ്ഞി നിലച്ചു

പൊതുവിതരണ സംവിധാനം തകര്‍ന്നതിന് പിന്നാലെ സ്കൂളുകളിലെ ഉച്ചക്കഞ്ഞി വിതരണവും നിലയ്ക്കുന്നു. ഉച്ചക്കഞ്ഞിക്കായി നവംബറില്‍ അനുവദിക്കേണ്ട അരി മിക്ക ജില്ലകളിലും ഇതുവരെ അനുവദിച്ചില്ല. ഇതോടെ നിരവധി ജില്ലകളിലെ ഭൂരിഭാഗം സ്കൂളുകളിലും ഉച്ചക്കഞ്ഞി നിലച്ചു. പല സ്കൂളുകളിലും അരിയുടെ സ്റ്റോക്ക് തീരുന്നതോടെ ഉച്ചഭക്ഷണ വിതരണപദ്ധതി മുടങ്ങും. ഉച്ചക്കഞ്ഞിക്കുള്ള അരി വകമാറ്റിയതും എഫ്സിഐയില്‍ കഴിഞ്ഞ മാസത്തെ തുക അടക്കാത്തതുമാണ് വിദ്യാര്‍ഥികളെ പട്ടിണിയിലേക്ക് തള്ളിവിടുന്നത്. സിവില്‍ സപ്ലൈസ് ഡിപ്പോയില്‍ നിന്ന് ഓരോ മാസവും ആദ്യ ആഴ്ച സ്കൂളുകള്‍ക്ക് അരി നല്‍കാറുണ്ട്. ഇത്തവണ മാസം പകുതിയായിട്ടും മിക്ക ഉപജില്ലകളിലും അരി എത്തിയില്ല. ഓണത്തിന് വിദ്യാര്‍ഥികള്‍ക്ക് പതിവായി നല്‍കുന്ന അരിക്കു പകരം ഉച്ചക്കഞ്ഞി അരി ഓണം സ്പെഷ്യലാക്കി വകമാറ്റി വിതരണം ചെയ്തതാണ് പ്രതിസന്ധിക്ക് കാരണം. ഉച്ചക്കഞ്ഞി നിലയ്ക്കുന്ന സാഹചര്യമുണ്ടായതോടെ ജനുവരി മുതല്‍ മാര്‍ച്ചുവരെ ഉച്ചഭക്ഷണ പദ്ധതിക്ക് ഉപയോഗിക്കേണ്ട നാലാം അലോട്ട്മെന്റിലെ അരി വിതരണം ചെയ്യാനാണ് സിവില്‍ സപ്ലൈസ് ഡിപ്പോകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതാകട്ടെ ഡിപ്പോകളില്‍ ഡിസംബറിലാണ് എത്തുക. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ പദ്ധതി മുടങ്ങും. പൊതുവിതരണരംഗത്തെ സര്‍ക്കാരിന്റെ പിടിപ്പുകേടാണ് സ്കൂളുകളിലെ ഉച്ചക്കഞ്ഞി വിതരണത്തിലേക്കും വ്യാപിക്കുന്നത്. 
 

പി പി സതീഷ്കുമാര്‍
 

കൊച്ചി മെട്രോ: മനോരമ വാര്‍ത്ത പച്ചക്കള്ളം

ഡിഎംആര്‍സിക്ക് കൊച്ചി മെട്രോ ഏറ്റെടുക്കാനാകില്ലെന്നു കാട്ടി കേരള മുഖ്യമന്ത്രിക്ക് താന്‍ കത്തയച്ചിട്ടില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് അറിയിച്ചു. ഇത്തരത്തില്‍ വന്നിട്ടുള്ള വാര്‍ത്തകള്‍ തികച്ചും അവാസ്തവമാണ്. കൊച്ചി മെട്രോ നിര്‍മാണം ഡിഎംആര്‍സി ഏറ്റെടുക്കുന്ന കാര്യത്തില്‍ ഇനിയും അന്തിമതീരുമാനമായിട്ടില്ല. കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഡല്‍ഹിയിലെത്തി നടത്തുന്ന ചര്‍ച്ചകള്‍ക്കുശേഷമേ തീരുമാനമാകൂ- ഷീല ദീക്ഷിത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇതുസംബന്ധിച്ച് ചൊവ്വാഴ്ച മലയാള മനോരമ പ്രസിദ്ധീകരിച്ച വാര്‍ത്ത പച്ചക്കള്ളമാണെന്ന് ഇതോടെ വ്യക്തമായി.

കൊച്ചി മെട്രോ ഏറ്റെടുക്കുമ്പോള്‍ ഡല്‍ഹി മെട്രോയ്ക്കുണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ അറിയിക്കുകമാത്രമാണ് ചെയ്തത്. അതുതന്നെ ഉമ്മന്‍ചാണ്ടി അയച്ച കത്തിനുള്ള മറുപടി എന്ന നിലയില്‍. ഈ വിഷയത്തില്‍ അന്തിമതീരുമാനമായതായി കത്തില്‍ പറഞ്ഞിട്ടില്ല- ഷീല ദീക്ഷിത് വിശദീകരിച്ചു. വിഷയത്തില്‍ ചര്‍ച്ച പുരോഗമിക്കവെ തെറ്റിദ്ധരിപ്പിക്കുംവിധം വാര്‍ത്ത പ്രചരിപ്പിക്കുന്നത് നിക്ഷിപ്ത താല്‍പ്പര്യക്കാരാണെന്നും ഡല്‍ഹി മുഖ്യമന്ത്രിയുടെ ഓഫീസ് വൃത്തങ്ങള്‍ പറഞ്ഞു. ഷീല ദീക്ഷിത് അയച്ച കത്ത് ചോര്‍ത്തിയത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസില്‍നിന്നുതന്നെയാണെന്ന് ആക്ഷേപം ശക്തമായിട്ടുണ്ട്. തിങ്കളാഴ്ച ഡല്‍ഹിയില്‍ കൊച്ചി മെട്രോയ്ക്കുവേണ്ടി പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ മുന്‍കൈയില്‍ ചര്‍ച്ച നടന്നിരുന്നു.

ആന്റണിയുടെ ഇടപെടല്‍ ഉമ്മന്‍ചാണ്ടിയെ വെട്ടിലാക്കി

ബ്രഹ്മോസ് ചടങ്ങില്‍ രൂക്ഷ വിമര്‍ശനമുന്നയിച്ചതിനുപിന്നാലെ കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി കൊച്ചി മെട്രോ പദ്ധതിക്കുവേണ്ടിയും രംഗത്തിറങ്ങിയത് ഉമ്മന്‍ചാണ്ടിയെ വെട്ടിലാക്കി. മെട്രോയില്‍ ഉമ്മന്‍ചാണ്ടി ഉണ്ടാക്കിയ കുരുക്കഴിക്കാനാണ് ആന്റണി ശ്രമിക്കുന്നത്. ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെയും കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെയും എതിര്‍പ്പിലൂടെ ഡിഎംആര്‍സിയുടെ അന്ത്യമായെന്ന് സംസ്ഥാന സര്‍ക്കാര്‍ ആശ്വസിക്കുമ്പോഴാണ് ആന്റണിയുടെ നീക്കം. കൊച്ചി മെട്രോയില്‍ സഹകരിക്കുന്ന കാര്യം തീരുമാനിക്കാനുള്ള നിര്‍ണായക ഡിഎംആര്‍സി ഡയറക്ടര്‍ ബോര്‍ഡ് യോഗം 27നാണ്. 
 
തിങ്കളാഴ്ച ഷീല ദീക്ഷിതും കമല്‍നാഥുമായി പലവട്ടം ആന്റണി നടത്തിയ ചര്‍ച്ചകള്‍ 27ലെ ഡിഎംആര്‍സി ഡയറക്ടര്‍ബോര്‍ഡ് യോഗതീരുമാനത്തെ സ്വാധീനിച്ചേക്കും. എ കെ ആന്റണി നടത്തിയ ഇടപെടലിലൂടെ കൊച്ചി മെട്രോ നിര്‍മാണച്ചുമതല ഡിഎംആര്‍സിക്കുതന്നെ ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷ. കേന്ദ്രസ്ഥാപനങ്ങളെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ തനിക്ക് ധൈര്യമില്ലെന്ന ആന്റണിയുടെ വിമര്‍ശനത്തിന് കൊച്ചി മെട്രോയില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിവന്ന വഴിവിട്ട കളികളും കാരണമായിരുന്നെന്ന് കൂടുതല്‍ വ്യക്തമാകും. കൊച്ചി മെട്രോയില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന കള്ളക്കളികള്‍ നേരത്തെ പി രാജീവിന്റെ നേതൃത്വത്തിലുള്ള എംപിമാരുടെ സംഘം ആന്റണിയെ സന്ദര്‍ശിച്ച് ബോധ്യപ്പെടുത്തിയിരുന്നു. 
 
ഡിഎംആര്‍സിയുടെ കാര്യത്തില്‍ ഡല്‍ഹി സര്‍ക്കാരിന്റെ നിലപാട് 14നുതന്നെ ഷീല ദീക്ഷിത് ഉമ്മന്‍ചാണ്ടിക്കയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു. ഒക്ടോബര്‍ 24ന് ഉമ്മന്‍ചാണ്ടി അയച്ച കത്തിനുള്ള മറുപടിയായിരുന്നു അത്. കൊച്ചി പദ്ധതിയില്‍ ഡിഎംആര്‍സിയെ സഹകരിപ്പിക്കാനാവില്ലെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കുന്ന കത്ത് ചൊവ്വാഴ്ച മനോരമ പ്രസിദ്ധീകരിച്ചത് മുഖ്യമന്ത്രിയുടെ ഡല്‍ഹിയാത്രക്കുള്ള മുന്നൊരുക്കമാണെന്ന് കരുതാം. കൊച്ചി മെട്രോ നിര്‍മാണവുമായി ബന്ധപ്പെട്ട് കമല്‍നാഥിനെയും ഷീല ദീക്ഷിതിനെയും പലവട്ടം കണ്ട് എ കെ ആന്റണി ചര്‍ച്ചകള്‍ നടത്തിയ ദിവസംതന്നെ കത്ത് വാര്‍ത്തയായതും ഡിഎംആര്‍സിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്ന് വ്യക്തം.

മുഖ്യമന്ത്രിയുടെ പേരില്‍ ലക്ഷങ്ങള്‍ പിരിക്കുന്നു

കാസര്‍കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെപേരില്‍ കാസര്‍കോട് ജില്ലയില്‍ വ്യാപക പണപ്പിരിവ്. സ്കൂളുകളില്‍ പ്ലസ്ടു അനുവദിക്കുന്നതിനും എച്ച്എഎല്ലില്‍ തൊഴില്‍ വാഗ്ദാനം ചെയ്തുമാണ് ലക്ഷങ്ങള്‍ വാങ്ങുന്നത്. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനെന്ന് അറിയപ്പെടുന്ന ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും മണ്ഡലം സെക്രട്ടറിയും ചേര്‍ന്നാണ് പണം വാങ്ങുന്നത്. 
 
പുത്തിഗെ പഞ്ചായത്തിലെ എയ്ഡഡ് ഹൈസ്കൂളില്‍ പ്ലസ്ടു അനുവദിപ്പിക്കാമെന്നുപറഞ്ഞ് ഏഴു ലക്ഷം വാങ്ങിയതായി പഞ്ചായത്തിലെ ചില കോണ്‍ഗ്രസ് നേതാക്കളോട് മാനേജര്‍ പറഞ്ഞതോടെയാണ് പിരിവിന്റെ വിവരം പുറത്തായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ എന്‍മകജെ പഞ്ചായത്തിലെ സ്കൂള്‍ മാനേജരില്‍നിന്ന് ഇതേകാര്യം പറഞ്ഞ് അഞ്ചു ലക്ഷം രൂപ വാങ്ങിയതായും വ്യക്തമായി. കാസര്‍കോട് നഗരത്തില്‍ മെഡിക്കല്‍ ഷോപ്പ് നടത്തുന്നയാളാണ് ഈ മാനേജര്‍. കര്‍ണാടക കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ജ്യോത്സ്യനാണ് മണ്ഡലം നേതാവ്. ജില്ലയിലെ പ്രമുഖ എ ഗ്രൂപ്പ് നേതാവിന്റെ ഒത്താശയോടെ അടുത്തകാലത്താണ് ഇയാളെ മണ്ഡലം സെക്രട്ടറിയായി നിയമിച്ചത്. ഉന്നത കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന് ധരിപ്പിച്ചാണ് പിരിവ്. കാസര്‍കോട് മണ്ഡലത്തിലെ അടുത്ത ലോക്സഭാ സ്ഥാനാര്‍ഥിയാണെന്നാണ് ഇയാള്‍ പലസ്ഥലത്തും പറഞ്ഞുനടക്കുന്നത്. 
 
കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല കഴിഞ്ഞദിവസം വന്നപ്പോള്‍ ഇയാളുടെ വീട്ടില്‍ പോയിരുന്നു. ഇതോടെ, നേതാക്കളുമായി അടുത്ത ബന്ധമാണെന്ന് നാട്ടുകാരെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു. എച്ച്എഎല്‍ ഉദ്ഘാടനത്തിനെത്തിയ എ കെ ആന്റണിക്ക് അഭിവാദ്യമര്‍പ്പിച്ച് ഇയാളുടെ ഫോട്ടോവച്ചുള്ള ഫ്ളക്സ് ബോര്‍ഡ് വ്യാപകമായി കെട്ടിയിരുന്നു. ആന്റണിയുമായി അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കാനാണ് ഫ്ളക്സ് വച്ചതെന്നാണ് കോണ്‍ഗ്രസുകാര്‍ പറയുന്നത്. ഇതില്‍ കുറേ ഫ്ളക്സ് കോണ്‍ഗ്രസുകാര്‍തന്നെ നശിപ്പിച്ചു. എച്ച്എഎല്‍ ഉദ്ഘാടനം കഴിഞ്ഞ് പിറ്റേദിവസം മുതല്‍ ഇവിടെ ജോലി വാങ്ങിത്തരാമെന്നുപറഞ്ഞ് പലരില്‍നിന്നും പണം വാങ്ങുന്നുണ്ട്. എന്‍ജിനിയര്‍ക്ക് അഞ്ചു ലക്ഷവും മറ്റുള്ള പോസ്റ്റുകളിലേക്ക് അര ലക്ഷംമുതല്‍ മേലോട്ടുള്ള തുകയുമാണ് അഡ്വാന്‍സ് വാങ്ങുന്നത്. നേതാവിന്റെ വീട്ടിലെത്തിയാണ് പലരും പണം നല്‍കുന്നത്. പണം കൊടുത്തവര്‍ കാര്യം നടക്കുമെന്ന വിശ്വാസത്തില്‍ പൊലീസില്‍ പരാതിപ്പെടുന്നില്ല. അതേസമയം, ചില കോണ്‍ഗ്രസ് നേതാക്കളോട് പണംകൊടുത്ത കാര്യം പറയുന്നുണ്ട്. കഴിഞ്ഞ മാസം ചെന്നൈയില്‍ കപ്പല്‍ മുങ്ങി മരിച്ച യുവാക്കളുടെ വീട്ടുകാരോട് ഒരു കോടി രൂപ ഇന്‍ഷുറന്‍സ് തുക വാങ്ങിത്തരാമെന്നുപറഞ്ഞ് ഏഴു ലക്ഷം രൂപ ചോദിച്ചതായും ആക്ഷേപമുണ്ട്. സൂപ്പര്‍ മാര്‍ക്കറ്റ് തട്ടിപ്പ് കേസിലെ പ്രതിയാണ് മണ്ഡലം നേതാവിന്റെ പ്രധാന സഹായി. 
 
എം ഒ വര്‍ഗീസ്, കടപ്പാട് :ദേശാഭിമാനി

Tuesday, November 20, 2012

നിര്‍മാണമേഖല സ്തംഭനത്തില്‍

തിരു: കരിങ്കല്ല്, സിമന്റ്, മണല്‍ക്ഷാമം രൂക്ഷമായതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് നിര്‍മാണമേഖല സ്തംഭിച്ചു. നഗരത്തിലെ വന്‍കിട ഫ്ളാറ്റുകള്‍മുതല്‍ നാട്ടിന്‍പുറങ്ങളിലെ കൊച്ചുവീടുകള്‍വരെ നിര്‍മാണം നിര്‍ത്തിവച്ചിരിക്കുകയാണ്. നിര്‍മാണമേഖലയിലെ മരവിപ്പ് ഈ മേഖലയെ ആശ്രയിച്ചുകഴിയുന്ന 12 ലക്ഷത്തോളം പേരുടെ ജീവിതം പ്രതിസന്ധിയിലാക്കി. നിര്‍മാണമേഖലയില്‍നിന്ന് ആയിരംകോടിരൂപയിലധികം വാര്‍ഷികവരുമാനം ലഭിക്കുന്ന സര്‍ക്കാരിനും ദിനംപ്രതി കോടികളാണ് നഷ്ടം. 
 
സംസ്ഥാന വാണിജ്യനികുതി വകുപ്പ് അനാവശ്യനികുതി ഈടാക്കുന്നെന്ന് ആരോപിച്ച് വ്യാപാരികള്‍ സിമന്റുവില്‍പ്പന നിര്‍ത്തിവച്ചിട്ട് ഒരാഴ്ചയായി. സിമന്റ് കമ്പനികള്‍ വ്യാപാരികള്‍ക്കു നല്‍കുന്ന കിഴിവിന് മൂല്യവര്‍ധിതനികുതി ഈടാക്കേണ്ടതില്ലെന്നായിരുന്നു എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍, യുഡിഎഫ് സര്‍ക്കാര്‍ മുന്‍കാലപ്രാബല്യത്തോടെ പലിശയടക്കം നികുതി ഈടാക്കാന്‍ തുടങ്ങിയതാണ് സമരത്തിന് ഇടയാക്കിയത്. മാസം ഒമ്പതുലക്ഷം ടണ്ണിലധികം സിമന്റാണ് കേരളത്തില്‍ വില്‍ക്കുന്നത്. ചാക്കിന് 340 മുതല്‍ 365 രൂപവരെയാണ് വില. ഇതില്‍ 41 രൂപവരെ നികുതിയിനത്തില്‍ സര്‍ക്കാരിന് കിട്ടും. അനാവശ്യ നികുതി അടിച്ചേല്‍പ്പിച്ചതിനോട് സഹകരിക്കാത്ത വ്യാപാരികളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും വില്ലേജ് ഓഫീസര്‍മാരെ അയച്ച് കണ്ടുകെട്ടല്‍നടപടി സ്വീകരിക്കുകയും ചെയ്യുകയാണ് സര്‍ക്കാര്‍. ഇതോടെയാണ് വ്യാപാരികള്‍ കഴിഞ്ഞ ഒരാഴ്ചയായി സിമന്റുകച്ചവടം പൂര്‍ണമായും നിര്‍ത്തിവച്ചത്. അത്യാവശ്യക്കാര്‍ കരിഞ്ചന്തയില്‍ 800 രൂപവരെ കൊടുത്താണ് സിമന്റ് വാങ്ങുന്നത്. പെര്‍മിറ്റ് പുതുക്കി നല്‍കണമെന്നാവശ്യപ്പെട്ടു നടത്തിയ സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചെങ്കിലും കരിങ്കല്‍ ക്വാറികളുടെയും ക്രഷറുകളുടെയും പ്രവര്‍ത്തനം പഴയ നിലയിലെത്തിയിട്ടില്ല. പാറപ്പൊടി, മണല്‍ ക്ഷാമവും രൂക്ഷമാണ്.

സര്‍ക്കാരിന് നേരിട്ട് തുടങ്ങാനാകില്ല; ലക്ഷ്യമിടുന്നത് സ്വകാര്യ ചാനല്‍


സംസ്ഥാനസര്‍ക്കാരുകള്‍ക്ക് ടിവി ചാനല്‍ തുടങ്ങാനാവില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: നിലവിലെ നിയമപ്രകാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ടിവി ചാനല്‍ തുടങ്ങാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രി മനീഷ് തിവാരിയും വകുപ്പുസെക്രട്ടറി ഉദയ്കുമാര്‍ വര്‍മയുമാണ് ഇക്കാര്യം അറിയിച്ചത്. രാഷ്ട്രീയ പാര്‍ടികള്‍ക്കോ സര്‍ക്കാരുകള്‍ക്കോ ചാനലുകള്‍ തുടങ്ങാനാവില്ലെന്ന് മന്ത്രിയും സെക്രട്ടറിയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരള സര്‍ക്കാരിന് ചാനല്‍ തുടങ്ങാന്‍ പദ്ധതിയുണ്ടല്ലോയെന്ന ചോദ്യത്തിന് എന്തായാലും നിലവിലുള്ള നിയമപ്രകാരം അത് സാധ്യമല്ലെന്നും ഭേദഗതികള്‍ വേണ്ടിവരുമെന്നും തിവാരി പറഞ്ഞു. ചാനലുകള്‍ തുടങ്ങാന്‍ കമ്പനികള്‍ക്കാണ് സര്‍ക്കാര്‍ ലൈസന്‍സ് നല്‍കുന്നതെന്ന് ഉദയ്കുമാര്‍ വര്‍മ പറഞ്ഞു. സര്‍ക്കാരുകളോ രാഷ്ട്രീയപാര്‍ടികളോ കമ്പനിയുടെ ഉടമസ്ഥരാവാന്‍ പാടില്ല. എന്നാല്‍, പ്രത്യക്ഷത്തില്‍ ഉടമസ്ഥതയില്‍ ഇല്ലാതെ പിന്നണിയില്‍ നിന്ന് നിയന്ത്രിക്കുന്നതിനെ തടയാനാവില്ല-വര്‍മ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന് ടെലിവിഷന്‍ ചാനല്‍ തുടങ്ങാനാകില്ലെന്ന് അറിഞ്ഞിട്ടും യുഡിഎഫ് സര്‍ക്കാര്‍ ചാനലിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത് സ്വകാര്യപങ്കാളിത്തം ലക്ഷ്യമിട്ട്. സര്‍ക്കാര്‍ നടപ്പാക്കുന്ന ക്ഷേമപദ്ധതികള്‍ ജനങ്ങളിലെത്തിക്കാനെന്ന പേരില്‍ തുടങ്ങുന്ന ചാനല്‍, ഭരണത്തിരിക്കുന്നവരുടെ സ്വകാര്യസംരംഭമാക്കി മാറ്റുകയായിരുന്നു ലക്ഷ്യമെന്ന് വ്യക്തം. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ചാനല്‍ തുടങ്ങാന്‍ നിയമം അനുവദിക്കുന്നില്ലെന്ന് കേന്ദ്ര വാര്‍ത്താവിതരണമന്ത്രിതന്നെ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാരിന് നേരിട്ട് ചാനല്‍ തുടങ്ങാനാകില്ലെന്ന കാര്യം കേന്ദ്രമന്ത്രി പറയുംമുമ്പേതന്നെ സംസ്ഥാനത്തിന് അറിയാമായിരുന്നു. എന്നാല്‍, പൊതുഖജനാവില്‍നിന്ന് പണമെടുത്ത് സ്വകാര്യപങ്കാളിത്തത്തോടെ ചാനല്‍ വികസിപ്പിക്കാനും ലക്ഷ്യമിട്ടു. 
സ്വകാര്യപങ്കാളിത്തം ആവശ്യമുള്ള ചാനലിന് സര്‍ക്കാര്‍ എന്തിനാണ് പണം ചെലവഴിക്കുന്നതെന്ന് ഇപ്പോള്‍ ചോദ്യമുയരുന്നു. സ്വകാര്യവ്യക്തികള്‍ക്ക് ബിനാമി ഓഹരി ഉറപ്പിക്കാനും സ്വന്തക്കാര്‍ക്ക് വളഞ്ഞ വഴിയിലൂടെ നിയമനം നല്‍കാനുമാണ് ചാനലിലൂടെ ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസ് മുഖപത്രത്തിലും ഔദ്യോഗിക ചാനലിലും പ്രവര്‍ത്തിച്ചവരെ പുതിയ ചാനലിന്റെ തലപ്പത്ത് നിയമിച്ചത് വിവാദമായിരിക്കെയാണ് സര്‍ക്കാരിന് ചാനല്‍ തുടങ്ങാനാകില്ലെന്ന് കേന്ദ്രമന്ത്രിതന്നെ വ്യക്തമാക്കിയത്. ചാനലിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ജയ് ഹിന്ദ് ടിവിയുടെ മുന്‍ ചീഫ് എഡിറ്റര്‍ സണ്ണിക്കുട്ടി എബ്രഹാമിനെയാണ് നിയമിച്ചത്. വീക്ഷണം പത്രം കൊച്ചി ബ്യൂറോ മുന്‍ ചീഫ് പി എന്‍ പ്രസന്നകുമാറും മന്ത്രി കെ സി ജോസഫിന്റെ പേഴ്സണല്‍ സ്റ്റാഫ് ടി പി രാജീവനും ചാനല്‍ ഏകോപനസമിതി അംഗങ്ങളാണ്. ബ്രോഡ്കാസ്റ്റിങ് എന്‍ജിനിയറിങ് കണ്‍സള്‍ട്ടന്റ്സ് ഇന്ത്യ ലിമിറ്റഡിനാണ് കണ്‍സള്‍ട്ടന്‍സി കരാര്‍. ചാനലിനൊപ്പം ദുബായ് മീഡിയ സിറ്റി മാതൃകയില്‍ കൊച്ചിയില്‍ മീഡിയ സിറ്റി തുടങ്ങാനും സര്‍ക്കാരിന് പദ്ധതിയുണ്ട്. മീഡിയ സിറ്റിയുടെ സിഇഒയും സണ്ണിക്കുട്ടി എബ്രഹാമാണ്.

Monday, November 19, 2012

ചലച്ചിത്രോത്സവം തുടങ്ങും മുമ്പേ വിവാദം: ഓപ്പണ്‍ ഫോറം ഇല്ല; എഫ്എഫ്എസ്ഐയെ ഒഴിവാക്കി

തിരു: പതിനേഴാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ പ്രതിനിധി പാസ് വിതരണത്തില്‍നിന്ന് ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഇന്ത്യയെ ഒഴിവാക്കി. ഇതിനുപുറമെ ഇത്തവണ ഓപ്പണ്‍ഫോറം വേണ്ടെന്നും ചലച്ചിത്ര അക്കാദമി തീരുമാനിച്ചു. ഡിസംബര്‍ ഏഴുമുതല്‍ 14 വരെയാണ് തലസ്ഥാനത്ത് അന്താരാഷ്ട്ര ചലച്ചിത്രമേള. 
 
കഴിഞ്ഞവര്‍ഷംവരെ മേളയുടെ പ്രതിനിധി പാസ് വിതരണം പ്രശസ്ത ചലച്ചിത്ര സംവിധായകരും സാങ്കേതികപ്രവര്‍ത്തകരുമെല്ലാം അംഗങ്ങളായ ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഇന്ത്യയുടെ കേരള സബ് റീജിയനാണ് നിര്‍വഹിച്ചിരുന്നത്. ഇത്തവണ പാസ് വിതരണം പൂര്‍ണമായും ബാങ്കുവഴിയാക്കി. എഫ്എഫ്എസ്ഐ ഭാരവാഹികള്‍ അക്കാദമി നേതൃത്വത്തെ കാണുകയും വര്‍ഷങ്ങളായി പാസ് വിതരണം നടത്തുന്നത് തങ്ങളാണെന്ന് ചൂണ്ടിക്കാട്ടി കത്തെഴുതുകയും ചെയ്തിട്ടും ഫലമുണ്ടായില്ല. അടൂര്‍ ഗോപാലകൃഷ്ണന്‍ അക്കാദമി ചെയര്‍മാനായിരിക്കവെയാണ് പാസ് വിതരണം എഫ്എഫ്എസ്ഐയെ ഏല്‍പ്പിച്ചത്്. 99 ഫിലിം സൊസൈറ്റികള്‍ ഫെഡറേഷന് കീഴില്‍ രജിസ്റ്റര്‍ചെയ്ത് പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിലെ ഫിലിം സൊസൈറ്റി പ്രവര്‍ത്തകരുടെ കൂട്ടായ്മയ്ക്കും നവ സിനിമയെക്കുറിച്ചുള്ള സംവാദങ്ങള്‍ക്കും കേന്ദ്രമായതും അന്താരാഷ്ട്ര ചലച്ചിത്രമേളയായിരുന്നു. എഫ്എഫ്എസ്ഐയുടെ സഹകരണം ഒഴിവാക്കുന്നതിലൂടെ മേളയുടെ ചരിത്രത്തെതന്നെ ചോദ്യംചെയ്യുകയാണ് സിനിമാ മന്ത്രിയും അക്കാദമി നേതൃത്വവും. 
 
കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ ഇടപെടലിലൂടെയാണ് അന്താരാഷ്ട്ര ചലച്ചിത്രമേള തന്നെ സാധ്യമാക്കിയതെന്ന് എഫ്എഫ്എസ്ഐ കേരള സബ് റീജിയണ്‍ സെക്രട്ടറി പി പ്രഭാകരന്‍ ദേശാഭിമാനിയോട് പറഞ്ഞു. ചലച്ചിത്രോത്സവത്തിന്റെ ജനകീയധാരകളെയും കൂട്ടായ്മയെയും ഇല്ലാതാക്കാനാണിതെന്ന് ഫെഡറേഷന്‍ വൈസ്പ്രസിഡന്റ് കെ ആര്‍ മോഹനന്‍ പറഞ്ഞു. ചലച്ചിത്ര മേളകളെ സജീവമാക്കുന്നത് ഓപ്പണ്‍ഫോറങ്ങളാണ്. സിനിമ കാണുക എന്നതിനൊപ്പം കണ്ട സിനിമയെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിലപാടുകളും പങ്കുവയ്ക്കാനുള്ള വേദിയായിരുന്നു ഓപ്പണ്‍ഫോറം. അക്കാദമി നേതൃത്വത്തിന് അസുഖകരമായ ചോദ്യങ്ങളും ഓപ്പണ്‍ഫോറത്തില്‍ ഉയരാമെന്നതിനാലാണ് ഇത്തവണ ഓപ്പണ്‍ഫോറം വേണ്ടെന്ന് വയ്ക്കാന്‍ തീരുമാനിച്ചത്. ഓപ്പണ്‍ഫോറത്തിനുപകരം ചലച്ചിത്രപ്രവര്‍ത്തകരുമായുള്ള മുഖാമുഖംപോലെ ചോദ്യങ്ങള്‍ ഉയരാനിടയില്ലാത്ത പരിപാടികള്‍ സംഘടിപ്പിക്കാനാണ് തീരുമാനം. ഷെറിയുടെ ആദിമധ്യാന്തം മേളയില്‍നിന്ന് തള്ളിയത് കഴിഞ്ഞ ഓപ്പണ്‍ഫോറത്തില്‍ ചൂടേറിയ ചര്‍ച്ചയാകുകയും അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന് പരസ്യമായി മാപ്പ് പറയേണ്ടി വരികയുംചെയ്തിരുന്നു. മാധ്യമങ്ങള്‍ക്ക് പാസ് നല്‍കുന്നതിലും ഇത്തവണ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പാസ്പോര്‍ട്ട് കൈക്കൂലിക്കേസില്‍ ലീഗ് ഉന്നതന്‍ ഇടപെട്ടു; പിള്ളക്കെതിരെ നടപടിയില്ല

മലപ്പുറം: പാസ്പോര്‍ട്ട് കേസില്‍ പിടിയിലാവുന്നവരില്‍നിന്ന് വന്‍ തുക കൈക്കൂലി വാങ്ങിയ ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി ആര്‍ രാധാകൃഷ്ണപിള്ളയെ രക്ഷിക്കാന്‍ ഉന്നതതലത്തില്‍ നീക്കം. മുസ്ലിംലീഗിന്റെ ഉന്നത നേതാവാണ് പിള്ളക്കുവേണ്ടി ഇടപെടുന്നത്. നേരത്തെ അവധിയില്‍ പ്രവേശിച്ച പിള്ള കഴിഞ്ഞയാഴ്ച മുതല്‍ വീണ്ടും ജോലിക്കെത്തിയിട്ടുണ്ട്. നടപടിയുണ്ടാകില്ലെന്ന് ഉറപ്പിച്ചാണ് അവധി അവസാനിപ്പിച്ച് തിരിച്ചെത്തിയത്. ഉന്നതന്റെ ഇടപെടല്‍ പാര്‍ടിയിലും യൂത്ത് ലീഗിലും മുറുമുറുപ്പിന് വഴിയൊരുക്കി. 
 
പാസ്പോര്‍ട്ടില്‍ ജനതീയതി തിരുത്തിയതിന് വിമാനത്താവളത്തില്‍ പിടിയിലായ പ്രവാസികളില്‍നിന്ന് കൈക്കൂലിയായി പണവും മദ്യവും വാങ്ങിയെന്നാണ് പരാതി. ഡിവൈഎസ്പി രാധാകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ ക്രൈം ഡിറ്റാച്ച്മെന്റ്-എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയതെന്ന് ഒക്ടോബര്‍ 15ന് ജില്ലാ പൊലീസ് ചീഫിനും നിയമസഭ പെറ്റീഷന്‍സ് കമ്മിറ്റിക്കും പരാതി ലഭിച്ചിരുന്നു. ജില്ലാ പൊലീസ് ചീഫ് നടത്തിയ അന്വേഷണത്തില്‍ ആരോപണവിധേയരായ ക്രൈം ഡിറ്റാച്ച്മെന്റ് വിഭാഗത്തിലെ പൊലീസുകാരായ മോഹനന്‍, പത്മനാഭന്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തു. പ്രാഥമികാന്വേഷണത്തില്‍ പരാതി വിശ്വസനീയമാണെന്നും ഡിവൈഎസ്പിക്കെതിരെ നടപടിയെടുക്കാന്‍ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന് സാധിക്കില്ലെന്നും കാണിച്ച് ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ടും നല്‍കി. എന്നാല്‍ ഒരുമാസം പിന്നിട്ടിട്ടും നടപടിയുണ്ടായിട്ടില്ല. 
 
പൊലീസുകാരുടെ സസ്പെന്‍ഷനില്‍ നടപടി അവസാനിപ്പിക്കാനാണ് ഇപ്പോഴത്തെ നീക്കം. നിയമസഭ പെറ്റീഷന്‍ കമ്മിറ്റിക്കും പ്രവാസികള്‍ പരാതി നല്‍കിയിരുന്നു. പരാതി സ്വീകരിച്ച സമിതി ആഭ്യന്തരവകുപ്പിനോട് വിശദീകരണം തേടിയെങ്കിലും ഇതുവരെയും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. പ്രവാസികള്‍ക്കുവേണ്ടി യൂത്ത് ലീഗ് ഇടപെട്ടിരുന്നു. എന്നിട്ടും പാര്‍ടിയിലെ ഉന്നതന്‍ കേസൊതുക്കാന്‍ ഇടപെട്ടതില്‍ യൂത്ത് ലീഗ് നേതൃത്വത്തിന് പ്രതിഷേധമുണ്ട്.

പിള്ള-ഗണേശ് അനുയായികള്‍ ഏറ്റുമുട്ടി

പത്തനാപുരം: അറസ്റ്റിലായ കേരള കോണ്‍ഗ്രസ് ബി മണ്ഡലം സെക്രട്ടറിയെ മോചിപ്പിക്കാന്‍ ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള പത്തനാപുരം പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. സ്റ്റേഷന്‍ വളപ്പില്‍ പിള്ള-ഗണേശ് വിഭാഗങ്ങള്‍ ഏറ്റുമുട്ടി. കെടിയുസി (ബി) ജില്ലാ നേതാവ് വിളക്കുവെട്ടം ഭദ്രന്‍ അടക്കംനാലുപേര്‍ക്ക് മര്‍ദനമേറ്റു. പൊലീസ് കാഴ്ചക്കാരായി. ഉപരോധം കഴിഞ്ഞ് പുറത്തേക്ക് വാഹനത്തില്‍ വന്ന പിള്ളയെ 15 മിനിറ്റോളം ഗണേശ്വിഭാഗം തടഞ്ഞുവച്ച് കൂവി വിളിച്ചു. 
 
ഞായറാഴ്ച പകല്‍ 10.10നാണ് സംഭവം. ശനിയാഴ്ച രാത്രി പൊലീസ് അറസ്റ്റുചെയ്ത കേരള കോണ്‍ഗ്രസ് (ബി) മണ്ഡലം സെക്രട്ടറി നടുകുന്ന് റഷീദ ബില്‍ഡിങ്സില്‍ അസീസിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പിള്ള ഉപരോധം ആരംഭിച്ചത്. ഗണേശ്കുമാറിന്റെ പേഴ്സണല്‍ സ്റ്റാഫ്അംഗമാണ് താനെന്ന് പറഞ്ഞ് അസീസ് കേരള കോണ്‍ഗ്രസ് (ബി)യുടെ പേരില്‍ പണം പിരിച്ചതായി മന്ത്രിയുടെ ഓഫീസില്‍നിന്ന് വിളിച്ചുപറഞ്ഞതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഗണേശ് വിഭാഗം പൊലീസ് സ്റ്റേഷന്‍ കവാടത്തില്‍ നിലയുറപ്പിച്ചു. സംഭവം അറിഞ്ഞ് കൊട്ടാരക്കരയില്‍നിന്ന് പിള്ള വിഭാഗം പ്രവര്‍ത്തകര്‍ വന്നതോടെയാണ് സംഘര്‍ഷമുണ്ടായത്. ഉപരോധം തുടര്‍ന്നപ്പോള്‍ പുനലൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം പത്തനാപുരത്തെത്തി. തുടര്‍ന്ന് 12.30ന് അസീസിനെ മോചിപ്പിച്ചു. അസീസുമായി മടങ്ങിയ പിള്ളയുടെ വാഹനമാണ് ഗണേശ് വിഭാഗം തടഞ്ഞത്. ബാലകൃഷ്ണപിള്ള വാഹനത്തില്‍നിന്ന് ചാടി ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. പൊലീസിനെ ഉപയോഗിച്ച് തന്റെ അനുകൂലികള്‍ക്കെതിരെ മന്ത്രി ഗണേശ്കുമാര്‍ കള്ളക്കേസ് എടുപ്പിക്കുകയാണെന്ന് പിള്ള പറഞ്ഞു. ""എനിക്കു പറ്റിയ കൈപ്പിഴയാണ് ഗണേശ്കുമാര്‍. കേരള കോണ്‍ഗ്രസ് ബി നിയോജകമണ്ഡലം കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പണപ്പിരിവ് നടത്താന്‍ ഞങ്ങള്‍ക്കാണ് അവകാശം.""-അദ്ദേഹം പറഞ്ഞു. എന്നാല്‍, സംഭവത്തിന്റെ പേരില്‍ പത്തനാപുരത്തെ എസ്ഐക്കുനേരെ നടപടിയെടുത്താന്‍ തന്റെ മറ്റൊരുമുഖം കാണേണ്ടി വരുമെന്ന് മന്ത്രി കെ ബി ഗണേശ്കുമാര്‍ പ്രതികരിച്ചു.

കെഎസ്യു സംസ്ഥാന ക്യാമ്പില്‍ കൂട്ടത്തല്ല്

കോഴഞ്ചേരി(പത്തനംതിട്ട): ചരല്‍കുന്നില്‍ നടക്കുന്ന കെഎസ്യു സംസ്ഥാന ക്യാമ്പില്‍ നേതാക്കള്‍ ചേരിതിരിഞ്ഞത് തല്ലി. ആഭ്യന്തരവകുപ്പിനെയും, കോണ്‍ഗ്രസ് എ വിഭാഗത്തെയും കടന്നാക്രമിച്ച് കെ സുധാകരന്‍ എം പി പ്രസംഗിച്ചതോടെയാണ് സംഘര്‍ഷവും കൂട്ടത്തല്ലും തുടങ്ങിയത്. ഞായറാഴ്ച രാവിലെയാണ് സംഭവം. 
 
യുഡിഎഫിന് വ്യക്തമായ പൊലീസ് നയമുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ ആളുകളെ പൊലീസ് സ്റ്റേഷനില്‍ പിടിച്ചുകൊണ്ടുപോയി നഗ്നരാക്കി ക്രൂരമായി മര്‍ദ്ദിക്കുകയാണ് ചെയ്യുന്നതെന്നും സുധാകരന്‍ പറഞ്ഞു. ഇത് അനുവദിക്കില്ലെന്നും സുധാകരന്‍ പറഞ്ഞതോടെ ഒരു വിഭാഗം കെഎസ്യുക്കാര്‍ സുധാകരന് ജയ് വിളിയുമായി എഴുന്നേറ്റ് വേദിയിലേക്ക് നടന്നടുത്തു. ഇതിനെ എ വിഭാഗക്കാരായ സംസ്ഥാന സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തതോടെയാണ് ഉന്തും തള്ളും ഉണ്ടായത്. പിന്നീടത് കൂട്ടത്തല്ലിലെത്തി. കെപിസിസി സെക്രട്ടറി ജെയ്സണ്‍ ജോസഫിനെയും, മുന്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ടി സിദ്ദിഖിനെയും സാക്ഷി നിര്‍ത്തിയായിരുന്നു വിദ്യാര്‍ഥി കോണ്‍ഗ്രസുകാരുടെ ആക്രമണം. സദസ്സിലും വേദിയിലുമുണ്ടായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അരമണിക്കൂറോളം പണിപ്പെട്ടാണ് ഇവരെ പിന്‍തിരിപ്പിച്ചത്. തുടര്‍ന്ന് നേതാക്കന്‍മാരെത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ ഗ്രൂപ്പു തിരിഞ്ഞ് മുദ്രാവാക്യം വിളിച്ചു.