Thursday, May 31, 2012

സി.ഐ.ടി.യു തൊഴിലാളിവര്‍ഗത്തിന്റെ കരുത്ത്

ദേശാഭിമാനി 310512

സിപിഐ എം കണ്ണാടി ലോക്കല്‍ സെക്രട്ടറിയുടെ വീടാക്രമിച്ചു


പാലക്കാട്: സിപിഐ എം കണ്ണാടി ലോക്കല്‍ സെക്രട്ടറി വി സുരേഷിന്റെ വീടിനുനേരെ അക്രമം. ചൊവ്വാഴ്ച രാത്രി 10.30നാണ് സംഭവം. കണ്ണാടി പൊലീസ് ഹൗസിങ് കോളനിയിലുള്ള വീട്ടില്‍ നിര്‍ത്തിയിട്ട കാറിന്റെ ചില്ലുകള്‍ കല്ലുപയോഗിച്ച് അടിച്ചുതകര്‍ത്തു. കല്ല് തോര്‍ത്തുമുണ്ടില്‍ കെട്ടി കാറിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയായിരുന്നു. ചില്ലുകള്‍ തകര്‍ത്തതോടെ കാറിന്റെ അലാറം പ്രവര്‍ത്തിച്ചതിനാല്‍ അക്രമികള്‍ ഓടി രക്ഷപ്പെട്ടു. രാത്രി 9.30 ഓടെ രണ്ടുപേര്‍ പൊലീസ് ഹൗസിങ് കോളനിയില്‍ എത്തി ലോക്കല്‍ സെക്രട്ടറിയുടെ വീട് അന്വേഷിച്ചതായി പരിസരവാസികള്‍ പറഞ്ഞു. കണ്ണാടി പഞ്ചായത്ത് ഭരിക്കുന്ന പൗരമുന്നണിയുടെ പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്ന് സിപിഐ എം ആരോപിച്ചു. കഴിഞ്ഞാഴ്ച പഞ്ചായത്തംഗം പ്രഭകുമാറിന്റെ വീടും ഈ സംഘം അക്രമിച്ചിരുന്നു. ഇതിനെതിരെ പൊലീസ് ഒരുനടപടിയും സ്വീകരിച്ചിരുന്നില്ല.

അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ പഞ്ചായത്ത് ഭരണത്തിനെതിരെ എല്‍ഡിഎഫ് അവിശ്വാസ പ്രമേയം നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച പ്രമേയം ചര്‍ച്ചക്കെടുക്കുകയാണ്. ഭരണം നഷ്ടപ്പെടുമെന്ന ഭയത്തിലാണ് പൗരമുന്നണിയിലെ ചിലര്‍ തുടര്‍ച്ചയായ അക്രമത്തിന് നേതൃത്വം നല്‍കുന്നത്. കണ്ണാടി പഞ്ചായത്തിലെ 15 അംഗ സമിതിയില്‍ എട്ട് പേര്‍ പൗരമുന്നണിയിലും ഏഴ്പേര്‍ എല്‍ഡിഎഫ് അംഗങ്ങളുമാണ്. ഭരണസമിതിയുടെ അഴിമതിയില്‍ പൗരമുന്നണിയിലെ ചിലര്‍ക്ക് ശക്തമായ എതിര്‍പ്പുണ്ട്. ടൗണ്‍സൗത്ത് സി ഐ, എസ് ഐ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചെങ്കിലും കേസെടുക്കാന്‍ തയ്യാറായിട്ടില്ല. അക്രമത്തില്‍ പ്രതിഷേധിച്ച് സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ പാത്തിക്കലില്‍ പ്രകടനവും പൊതുയോഗവും നടന്നു. സിപിഐ എം ഏരിയ സെക്രട്ടറി വി കാത്തികേയന്‍ പൊതുയോഗം ഉദ്ഘാടനം ചെയ്തു. റഷീദ് കണിച്ചേരി, എസ് രാധാകൃഷ്ണന്‍, പി മണിയന്‍ എന്നിവര്‍ സംസാരിച്ചു.

അക്രമം തുടരുന്നു; പൊലീസ് നിഷ്ക്രിയം

പാലക്കാട്: കണ്ണാടിയില്‍ തുടര്‍ച്ചയായി വീടുകള്‍ക്കുനേരെ അക്രമം നടക്കുമ്പോഴും പൊലീസ് നിഷ്ക്രിയം. പഞ്ചായത്ത്ഭരണസമിതിഅംഗം പ്രഭകുമാറിന്റെ വീട് കഴിഞ്ഞാഴ്ച ആക്രമിച്ചിരുന്നു. പഞ്ചായത്ത് ഭരണസമിതിക്കെതിരെ എല്‍ഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയതിനാല്‍, പ്രമേയത്തിന് അനുകൂലമായി പ്രഭകുമാര്‍ വോട്ടുചെയ്താല്‍ ഭരണം നഷ്ടപ്പെടും. ഇതിനാല്‍ ഭീഷണിപ്പെടുത്തി പ്രഭകുമാറിനെ പിന്തിരിപ്പിക്കാനാണ് വീടിനുനേരെ അക്രമം നടത്തിയത്. അക്രമം നടത്തി ഒരാഴ്ച കഴിഞ്ഞിട്ടും ഒരു പ്രതിയെ പോലും പിടികൂടാന്‍ പൊലീസ് തയ്യാറായിട്ടില്ല. അക്രമം നടത്തിയവര്‍ ഭരണത്തിന്റെ തണലില്‍ രക്ഷപ്പെടുകയാണ്. പൊലീസ് നിഷ്ക്രിയാവസ്ഥ മുതലെടുത്താണ് കണ്ണാടിയില്‍ അക്രമം തുടരുന്നത്. അക്രമത്തിനു പിന്നിലുള്ളവരെ വ്യക്തമായി അറിഞ്ഞിട്ടും ഭരണക്കാരുടെ ഇടപെടല്‍ മൂലം പ്രതികളെ പിടികൂടാന്‍ പൊലീസ് തയ്യാറാകുന്നില്ല.

deshabhimani 310512

വീണ്ടും തേരിലേറി ആനന്ദ്


മോസ്കോ: പിരിമുറുക്കത്തിന്റെ കരുനീക്കങ്ങളുടെ പടയോട്ടത്തിനൊടുവില്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ്തന്നെ ജയിച്ചുകയറി. 64 കളങ്ങള്‍ക്ക് അധിപനായി ലോക ചെസ്കിരീടം ശിരസ്സിലേറ്റി. ശരീരം ധ്യാനിരതമായി നിശ്ചലമാക്കി, മനസ്സിന്റെ കെട്ടഴിച്ചുവിടുന്ന ഈ ഉഗ്രയുദ്ധത്തില്‍ ഇസ്രയേലിന്റെ ബോറിസ് ജെല്‍ഫന്‍ഡിനെയാണ് ആനന്ദ് കീഴ്പ്പെടുത്തിയത്. മോസ്കോവിലെ ശബ്ദം കടക്കാത്ത ട്രെറ്റ്യാകോവ് ഗ്യാലറിയിലെ ചില്ലുകൂട്ടില്‍ ജെല്‍ഫന്‍ഡിന്റെ അട്ടിമറി വിജയപ്രതീക്ഷകള്‍ക്ക് "ചെക്ക്" പറഞ്ഞ ആനന്ദ് അഞ്ചാം തവണയാണ് ലോകകിരീടം ഉയര്‍ത്തിയത്.

ആനന്ദിന്റെ കാലംകഴിഞ്ഞു എന്നു പറഞ്ഞവരുടെ മീതെ ഈ കിരീടം പ്രഭ ചൊരിഞ്ഞു. അനിശ്ചിതത്വം നിറഞ്ഞുനിന്ന പോരാട്ടമായിരുന്നു ഇത്തവണ. 12 റൗണ്ടുകളുള്ള ഈ പോരാട്ടത്തില്‍ ആദ്യ ആറു മത്സരം സമനിലയിലായി. ഏഴാമത്തെ മത്സരം ജെല്‍ഫന്‍ഡ് നേടി. ആനന്ദിന്റെ ലോകകിരീടം അടിയറവു പറയുകയാണെന്ന ആശങ്കകള്‍ ഉണര്‍ന്നു. എന്നാല്‍ ആനന്ദിന്റെ ബുദ്ധിശാലയില്‍ നിരന്നുനിന്ന പടയാളികള്‍ അടുത്ത യുദ്ധത്തില്‍ ജെല്‍ഫന്‍ഡിനെ തുരത്തി. 2008ല്‍ വ്ളാഡിമിര്‍ ക്രാംനിക്കിനെയും 2010ല്‍ വാസ്ലിന്‍ ടോപലോവിനെയും തോല്‍പ്പിച്ച് ലോകചാമ്പ്യനായ ആനന്ദിന്റെ ബുദ്ധി ക്ഷീണിച്ചിട്ടില്ലെന്ന് ഈ വിജയം തെളിയിച്ചു. പക്ഷെ പിന്നീടുള്ള നാലു ഗെയിമുകളും സമനിലയിലായി. 12 റൗണ്ട് സമാപിച്ചപ്പോള്‍ ഇരുവര്‍ക്കും ആറു പോയിന്റുവീതം. മത്സരങ്ങള്‍ക്ക് ആവേശം പോരായിരുന്നു എന്ന വിമര്‍ശം ഉയര്‍ന്നു. വിജയത്തിനുള്ള സാഹസികതയ്ക്ക് ആനന്ദും ജെല്‍ഫന്‍ഡും തയ്യാറാവുന്നില്ല എന്ന ആക്ഷേപവുമുണ്ടായി. സമനിലയില്‍ കലാശിച്ച പത്തില്‍ ഏഴു മത്സരവും 30 നീക്കങ്ങള്‍പോലും തികച്ചില്ല. 12 റൗണ്ടില്‍ ആകെയുണ്ടായത് 351 നീക്കങ്ങള്‍. മത്സരം സമനിലയിലായതോടെ ചാമ്പ്യനെ കണ്ടെത്താന്‍ ടൈ ബ്രേക്കര്‍ തുടങ്ങി. 25 മിനിറ്റുവീതമുള്ള നാലു മത്സരങ്ങളാണിത്. വേഗമേറിയ നീക്കങ്ങളില്‍ അതിസമര്‍ഥനാണ് ആനന്ദ്. ആദ്യ മത്സരം സമനിലയിലായി. എന്നാല്‍ രണ്ടാമത്തെ ഗെയിമില്‍ ആനന്ദ് ജെല്‍ഫന്‍ഡിനെ കീഴ്പ്പെടുത്തി. ഈ പ്രഹരത്തില്‍നിന്നു തിരിച്ചുവരാന്‍ ജെല്‍ഫന്‍ഡിനു കഴിഞ്ഞില്ല. മൂന്നും നാലും മത്സരങ്ങള്‍ സമനിലയിലായതോടെ 2012ലെ ചാമ്പ്യന്റെ കിരീടധാരണമായി. ജെല്‍ഫന്‍ഡ് പുതിയ ചക്രവര്‍ത്തിക്ക് കൈകൊടുത്ത് അഭിനന്ദിച്ചു.

ചാമ്പ്യന്റെ ചരിത്രവഴികള്‍

(2000-2001 ന്യൂഡല്‍ഹി-ടെഹ്റാന്‍): ആനന്ദിന്റെ ആദ്യ കിരീടം. നോക്കൗട്ട് രീതിയിലായിരുന്നു ഇത്. തുടക്കത്തില്‍ 128 കളിക്കാര്‍. അവസാനം സ്പെയിനിന്റെ അലക്സി ഷിറോവുമായി ഫൈനല്‍. എട്ടു ഗെയിമായിരുന്നു ഫൈനലില്‍. ആദ്യ നാലില്‍ മൂന്നു ജയവും ഒരു സമനിലയും നേടി ആനന്ദ് കിരീടം സ്വന്തമാക്കി.

2007 (മെക്സിക്കോ സിറ്റി): ലോകത്തെ മികച്ച എട്ടു താരങ്ങള്‍ തമ്മിലുള്ള 14 മത്സരം. ഇതിലും ആനന്ദിനായിരുന്നു ജയം. തോല്‍പ്പിച്ചതാകട്ടെ റഷ്യയുടെ വ്ളാദിമിര്‍ ക്രാംനിക്കിനെയും.

2008 (ബോണ്‍, ജര്‍മനി): മാച്ച് രീതിയിലായിരുന്നു മൂന്നാമത്തെ ചാമ്പ്യന്‍ഷിപ്പ്. 12 ഗെയിമുകള്‍. ആവേശകരമായ പോരാട്ടത്തില്‍ ക്രാംനിക്കിനെ വീണ്ടും തോല്‍പ്പിച്ച് ആനന്ദിന് മൂന്നാം കിരീടം.

2010 (സോഫിയ, ബള്‍ഗേറിയ): ഇക്കുറി ചെസ് ലോകത്തെ അതികായന്‍ വാസലിന്‍ ടൊപലോവായിരുന്നു എതിരാളി. ആദ്യ റൗണ്ടില്‍ തോല്‍വിയായിരുന്നു ആനന്ദിന്. എന്നാല്‍ പിന്നീട് വിജയവഴിയിലെത്തിയ ആനന്ദ് ടൊപലോവിനെ മറിച്ചിട്ട് ലോക സിംഹാസനത്തില്‍ വീണ്ടുമേറി.

2012 (മോസ്കോ): കാന്‍ഡിഡേറ്റ്സ് ടൂര്‍ണമെന്റ് കളിച്ചെത്തിയ ഇസ്രയേലിന്റെ ബോറിസ് ജെല്‍ഫന്‍ഡ് എതിരാളി. ആദ്യ 12 ഗെയിമുകള്‍ കഴിഞ്ഞപ്പോള്‍ പോയിന്റ് നില തുല്യം. ടൈബ്രേക്കറില്‍ ആനന്ദിന്റെ അതിവേഗ നീക്കങ്ങള്‍ക്ക് മുന്നില്‍ ജെല്‍ഫന്‍ഡ് വീണു.

പ്രകാശം പരത്തുന്ന ആനന്ദ്

മോസ്കോ: ""ഇത്രത്തോളം കഴിവുള്ള കളിക്കാരനെ ലോക ചെസ് ചരിത്രത്തില്‍ കണ്ടിട്ടില്ല- അസാധാരണം"". വിശ്വനാഥന്‍ ആനന്ദിനെക്കുറിച്ച് റഷ്യയുടെ വ്ളാദിമര്‍ ക്രാംനിക്കിന്റെ വാക്കുകള്‍. ശാന്തമായ മുഖത്തിനും ഹൃദ്യമായ പുഞ്ചിരിക്കുമപ്പുറം കറുപ്പും വെളുപ്പും നിറഞ്ഞ കളങ്ങളില്‍ കൂര്‍പ്പിച്ച ബുദ്ധിയുമായി ആനന്ദ് എത്രതവണ ലോകം കീഴടക്കി. മോസ്കോയിലെ ട്രെറ്റ്യാകോവ് ഗ്യാലറിയില്‍ ഇസ്രയേലുകാരന്‍ ബോറിസ് ജെല്‍ഫന്‍ഡിനെയും കീഴടക്കി ആനന്ദ് തന്റെ അഞ്ചാം ലോകകിരീടത്തില്‍ മുത്തമിടുമ്പോള്‍ കളിയോടുളള ആവേശം പോയെന്നു വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയും കൂടിയായി അത്.

അന്താരാഷ്ട്രതലത്തിലേക്കുള്ള വിഷിയുടെ വളര്‍ച്ച പെട്ടെന്നായിരുന്നു. 1983ല്‍ 14-ാം വയസ്സില്‍ ദേശീയ സബ്ജൂനിയര്‍ ചാമ്പ്യന്‍. അടുത്തവര്‍ഷം ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്സ് കിരീടംകൂടി കിട്ടിയതോടെ ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ കളിക്കാരനായി. തുടര്‍ന്ന് രണ്ടുതവണ ദേശീയചാമ്പ്യന്‍. വേഗതയായിരുന്നു മുഖമുദ്ര. എതിരാളി മനസ്സിലുറപ്പിച്ച നീക്കങ്ങള്‍ മുന്‍കൂട്ടിക്കണ്ട് കരുക്കള്‍ നീക്കിയപ്പോള്‍ ചെസില്‍ റഷ്യന്‍ ആധിപത്യത്തിനുശേഷം മറ്റൊരു മുഖം ലോകം കാണാന്‍ തുടങ്ങി. പ്രകാശം പരത്തുന്ന കുട്ടി- അതായിരുന്നു ഇക്കാലത്തെ കൊച്ച് ആനന്ദിന്റെ ചെല്ലപ്പേര്. ആ പ്രകാശം വേഗത്തില്‍ ലോകമാകെ പടരുന്നതിനും ലോകം സാക്ഷിയായി. 1987ല്‍ ലോക ജൂനിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം. തൊട്ടടുത്തവര്‍ഷം പതിനെട്ടാം വയസ്സില്‍ ഇന്ത്യയുടെ ആദ്യ ഗ്രാന്‍ഡ് മാസ്റ്റര്‍ എന്ന ബഹുമതിയും വിഷിയെ തേടിയെത്തി. 1990കളോടുകൂടി ആനന്ദ് ലോകചെസിന്റെ സ്ഥിരംപേരുകളിലൊന്നായി മാറുകയായിരുന്നു. ഗാരി കാസ്പറൊവ്, അനറ്റൊലി കാസ്പറൊവ് എന്നിവര്‍ക്കെതിരെ കളിക്കാനും ഇക്കാലത്ത് കഴിഞ്ഞു.

തമിഴ്നാട്ടിലെ മയിലാടുതുറൈ എന്ന കൊച്ചുപട്ടണത്തില്‍ 1969 ഡിസംബര്‍ 11നു ജനിച്ച ആനന്ദ് ആറാം വയസ്സിലാണ് ചെസ് ലോകത്തേക്കു കാലെടുത്തുവയ്ക്കുന്നത്. സതേണ്‍ റെയില്‍വേയില്‍ ജനറല്‍ മാനേജറായ വിശ്വനാഥന്‍ അയ്യരുടെയും സുശീലയുടെയും മൂന്നാം സന്തതി. വീട്ടമ്മയായ സുശീലയായിരുന്നു ആനന്ദിന്റെ ആദ്യഗുരു. പുസ്തകവായനയിലും സംഗീതത്തിലും മുഴുകിയിരുന്ന ആനന്ദിനെ അമ്മ സുശീല 64 കളങ്ങളിലെ നീക്കങ്ങളുടെ ഹരം പകര്‍ന്നു. തുടര്‍ന്നങ്ങോട്ട് വിഷിയുടെ ചിന്ത മുഴുവന്‍ ഈ 64 കളങ്ങളില്‍ കുരുങ്ങിനിന്നു. "ദി ടൈഗര്‍ ഓഫ് മദ്രാസ്" എന്നായിരുന്നു ആനന്ദിനെ ചെറുപ്പത്തില്‍ വിളിച്ചിരുന്നത്. പ്രായം 42 ആയിട്ടും ആനന്ദിന്റെ ചടുലവേഗങ്ങള്‍ക്ക് താളപ്പിഴ വന്നിട്ടില്ല. നാലു ലോക കിരീടങ്ങള്‍തന്നെ അതിനു തെളിവ്. ഫിഡെയുടെ ഏറ്റവും കൂടുതല്‍ റേറ്റിങ്ങുള്ള നാലാമത്തെ താരം, 15 മാസത്തോളം ലോക റാങ്കിങ്ങില്‍ ഒന്നാംസ്ഥാനത്ത്... അങ്ങനെ നേട്ടങ്ങള്‍ അനവധി.

2000, 2007, 2008, 2010 വര്‍ഷങ്ങളിലായിരുന്നു ഇതിനുമുമ്പത്തെ കിരീടനേട്ടങ്ങള്‍. 2007 ഏപ്രിലില്‍ ആദ്യമായി റാങ്കിങ്ങില്‍ ഒന്നാംസ്ഥാനം. 2008 ഒക്ടോബറിലാണ് ആനന്ദ് ആദ്യമൂന്നില്‍ പുറത്താകുന്നത്. 2010 നവംബറില്‍ വീണ്ടും ഒന്നാംറാങ്കിലേക്കു തിരിച്ചെത്തി. ലോക ചാമ്പ്യന്‍ഷിപ്പിന്റെ എല്ലാ ഫോര്‍മാറ്റുകളിലും ജയിച്ചതിന്റെ ബഹുമതിയും വിഷിക്ക് സ്വന്തം. ഇന്ത്യയുടെ പരമോന്നത കായിക പുരസ്കാരമായ രാജീവ് ഗാന്ധി ഖേല്‍രത്ന അവാര്‍ഡ് ആദ്യമായി ഏര്‍പ്പെടുത്തിയപ്പോള്‍ ആനന്ദിനായിരുന്നു ലഭിച്ചത്. 1991-"92ല്‍. അര്‍ജുന അവാര്‍ഡ് (1985), പത്മശ്രീ, സോവിയറ്റ്ലാന്‍ഡ് നെഹ്റു അവാര്‍ഡ് (1987), പത്മഭൂഷണ്‍ (2000), പത്മവിഭൂഷണ്‍ (2007). ചെസ് ഓസ്കാര്‍ (1997,"98, 2003, "04, "07, "08) തുടങ്ങി നിരവധി ദേശീയ, അന്തര്‍ദേശീയ അവാര്‍ഡുകള്‍ ആനന്ദിനെ തേടിയെത്തി. ഭാര്യ അരുണ ആനന്ദിനും മകന്‍ അഖിലിനുമൊപ്പം സ്പെയിനിലാണ് ആനന്ദിന്റെ താമസം.

പൊരുതിത്തോറ്റ ജെല്‍ഫന്‍ഡ്

മോസ്കോ: ചെസ്ലോകത്തില്‍ അത്ര പരിചിതനല്ല ബോറിസ് അബ്രാഹാമോവിച്ച് ജെല്‍ഫന്‍ഡ് എന്ന ബോറിസ് ജെല്‍ഫന്‍ഡ്. ബെലാറസില്‍ ജനിച്ച ഈ ഇസ്രയേലുകാരന്‍ കാന്‍ഡിഡേറ്റ്സ് ടൂര്‍ണമെന്റ് കളിച്ചാണ് വിശ്വനാഥന്‍ ആനന്ദുമായുള്ള മുഖാമുഖത്തിനിരുന്നത്. 2011ലെ കാന്‍ഡിഡേറ്റ്സ് ടൂര്‍ണമെന്റ് ജേതാവായിരുന്നു ഈ നാല്‍പ്പത്തിമൂന്നുകാരന്‍. ഫിഡെ റാങ്കിങ്ങില്‍ 20-ാം സ്ഥാനത്താണെങ്കിലും മോസ്കോയില്‍ ആനന്ദിനെ കുരുക്കാന്‍ പലതവണ ജെല്‍ഫന്‍ഡിനു കഴിഞ്ഞിട്ടുണ്ട്.

12-ാം ഗെയിമില്‍ ആനന്ദിനെ സമനിലയില്‍ കുരുക്കാന്‍, ഒരു നീക്കത്തിനായി ജെല്‍ഫന്‍ഡ് എടുത്തത് 40 മിനിറ്റായിരുന്നു. ഒരു ഗെയിമില്‍ ആനന്ദിനെ തോല്‍പ്പിക്കാനും കഴിഞ്ഞു. 17-ാം വയസ്സില്‍ സോവിയറ്റ് യൂണിയനില്‍ ജൂനിയര്‍ ചാമ്പ്യനായ ഈ ഇസ്രയേലി, 30 പ്രൊഫഷണല്‍ ടൂര്‍ണമെന്റുകള്‍ ജയിച്ചിട്ടുണ്ട്. 2007ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ അപ്രശസ്തനായി വന്ന് മൂന്നാംസ്ഥാനം കൊണ്ടുപോയ ചരിത്രവും ജെല്‍ഫന്‍ഡിനു സ്വന്തം. 2013ലെ കാന്‍ഡിഡേറ്റ്സ് ടൂര്‍ണമെന്റിലും ജെല്‍ഫന്‍ഡ്തന്നെയാകും നോട്ടപ്പുള്ളി.

deshabhimani 310512

വയനാട്ടിലെ ഭൂസമരക്കാര്‍ക്ക് ജയില്‍; ആറളത്ത് സര്‍ക്കാര്‍ സ്പോണ്‍സേഡ് സമരം


ഇരിട്ടി: കിടപ്പാടത്തിനുവേണ്ടി സമരം ചെയ്യുന്ന വയനാട്ടിലെ ആദിവാസികളെ ജയിലിലടക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ആറളത്തെ കൈയേറ്റം കണ്ടില്ലെന്ന് നടിക്കുന്നു. കൈയേറ്റക്കാര്‍ക്ക് പുനരധിവാസം ആവശ്യപ്പെട്ട് സി കെ ജാനു, എം ഗീതാനന്ദന്‍ എന്നിവരുടെ നേതൃത്വത്തില്‍ ബുധനാഴ്ച ആറളം ഫാം ഓഫീസ് പടിക്കല്‍ സമരം നടത്തി. നയവും നിലപാടുമില്ലാതെയാണ് സംസ്ഥാനത്ത് ആദിവാസി മേഖലയില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഇതോടെ തെളിഞ്ഞു. അഴിമതിയും കെടുകാര്യസ്ഥതയും കാരണം ഒരുവര്‍ഷമായി പുനധിവാസം അട്ടിമറിച്ചെന്ന ആദിവാസികളുടെ ആക്ഷേപം ഗോത്രമഹാസഭക്കും ഉണ്ട്. ഇതില്‍ പ്രതിഷേധിച്ചാണ് ഗോത്രസഭ ബുധനാഴ്ച സമരം നടത്തിയത്. വയനാട് മീനങ്ങാടി പഞ്ചായത്തിലെ ആവയല്‍, മൂന്നാനക്കുഴി, യൂക്കാലിക്കവല എന്നിവിടങ്ങളില്‍ കുടില്‍കെട്ടി സമരം ചെയ്ത 275 ആദിവാസികളെയാണ് സര്‍ക്കാര്‍ ജയിലിലടച്ചത്. ഭൂരഹിത ആദിവാസികളും പിന്നോക്കക്കാരും കൈയേറ്റസമരം നടത്തുമ്പോള്‍ ഒരുവിഭാഗത്തെ മാത്രം കുറ്റംചുമത്തി ജയിലിലടക്കുന്ന നിലപാടാണ് സര്‍ക്കാരിന്.

എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലംമുതല്‍ യുഡിഎഫ് തണലില്‍ ആറളത്ത് സി കെ ജാനുവടക്കമുള്ളവരുടെ നേതൃത്വത്തില്‍ ഭൂമി കൈയേറ്റവും കുടില്‍ കെട്ടലും നടത്തിയിരുന്നു. ഈ സമയത്ത് സമരം നടത്തിയിരുന്ന കെഎസ്കെടിയു പ്രവര്‍ത്തകര്‍ക്കെതിരെയാണ് സര്‍ക്കാര്‍ നടപടിയെടുത്തത്. ആദിവാസി ക്ഷേമസമിതി രൂപീകരിച്ചശേഷം വയനാട്ടിലും ആറളത്തും ആദിവാസികള്‍ക്കെതിരെ സര്‍ക്കാര്‍ കേസെടുത്തു. മുത്തങ്ങയില്‍ ജാനു നടത്തിയ സമരത്തെ വെടിവെച്ച് നേരിട്ട നടപടി ഏറ്റവും വലിയ ആദിവാസി വേട്ടയുമായി. സംസ്ഥാനത്ത് വിവിധ ആദിവാസി സംഘടനകള്‍ ഭൂസമരഭാഗമായി ഭൂമി കൈയേറിയിട്ടുണ്ട്. ഇക്കാര്യത്തില്‍ പൊതുതീരുമാനം കൈക്കൊള്ളുന്നതിന് പകരം വയനാട്ടില്‍ മാത്രം അറസ്റ്റും മറ്റിടങ്ങളില്‍ കൈയേറ്റത്തിന് നീതീകരണവും എന്ന നിലപാടിലാണ് സര്‍ക്കാര്‍. ആറളത്ത് വീട് നിര്‍മാണത്തിന് പണം മുന്‍കൂര്‍ നല്‍കുക, കൈയേറ്റക്കാര്‍ക്കും ക്ഷേമപദ്ധതികള്‍ അനുവദിക്കുക, ഫാമില്‍ ആദിവാസികള്‍ക്ക് ജോലി നല്‍കുക, വെള്ളവും വെളിച്ചവും എത്തിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സി കെ ജാനുവിന്റെ നേതൃത്വത്തില്‍ ഫാം പടിക്കല്‍ ധര്‍ണ നടത്തിയത്.


അറസ്റ്റുചെയ്ത ആദിവാസികള്‍ക്ക് പീഡനം

മാനന്തവാടി: ഭൂമിക്കായി സമരംചെയ്ത ആദിവാസികളെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്നതായി പരാതി. സമരഭൂമിയില്‍നിന്ന് അറസ്റ്റ്ചെയ്തവര്‍ക്ക് കുടിക്കാന്‍ വെള്ളം പോലും നല്‍കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തയ്യാറാവുന്നില്ല. പിലാക്കാവില്‍നിന്ന് അറസ്റ്റുചെയ്തവരെ ഡിഎഫ്ഒ ഓഫീസിലെത്തിച്ച് മണിക്കൂറുകള്‍കഴിഞ്ഞിട്ടുടം വെള്ളംപോലും നല്‍കിയില്ല. സിപിഐ എം നേതാക്കള്‍ ഇടപെട്ടശേഷമാണ് വെള്ളം നല്‍കാന്‍ തയ്യാറായത്. ഉച്ചക്ക് ഭക്ഷണം നല്‍കാനും നേതാക്കള്‍ ഇടപെടേണ്ടിവന്നു. കോടതിയില്‍ ഹാജരാക്കിയ സ്ത്രീകളെ കോടതി ജാമ്യത്തില്‍ വിട്ടു. എന്നാല്‍ ഇവരെ വീടുകളില്‍ എത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. ഇതേതുടര്‍ന്ന് സ്ത്രീകള്‍ റെയിഞ്ച് ഓഫീസറെ തടഞ്ഞുവെച്ചു. കോടതിക്കുമുന്നില്‍ റോഡില്‍ കുത്തിയിരുന്ന് സ്ത്രീകള്‍ മുദ്രാവാക്യം വിളിക്കാന്‍തുടങ്ങിയശേഷമാണ് കെഎസ്ആര്‍ടിസി ബസ് വരുത്തി ഇവരെ പിലാക്കാവിലെത്തിച്ചത്.

അറസ്റ്റുചെയ്ത സ്ത്രീകളെ പെരുവഴിയില്‍ തള്ളരുത്: ഭൂസമരസഹായ സമിതി

കല്‍പ്പറ്റ: ഭൂമിക്കുവേണ്ടി സമരംചെയ്യുന്ന ആദിവാസി സ്ത്രീകളെ ബലമായി അറസ്റ്റുചെയ്തശേഷം വഴിയില്‍ ഇറക്കിവിടുന്നത് അംഗീകരിക്കില്ലെന്ന് ഭൂസമരസഹായസമിതി പ്രസ്താവനയില്‍ പറഞ്ഞു. വഞ്ഞോട് ഭൂ സമരകേന്ദ്രത്തില്‍നിന്ന് അറസ്റ്റുചെയ്ത ആദിവാസി സ്ത്രീകളെയും തവിഞ്ഞാലില്‍നിന്ന് അറസറ്റുചെയ്ത സ്ത്രീകളേയും വനപാലകരും പൊലീസും പാതിവഴിയില്‍ ഉപേക്ഷിച്ചു. കൈക്കുഞ്ഞുങ്ങളുമായി സമരത്തിനെത്തിയവര്‍ പോലും വഴിയില്‍ ഉപേക്ഷിക്കപ്പെട്ടതിനെതുടര്‍ന്ന് ദുരിതമനുഭവിച്ചു. പുരുഷന്മാരെ ജയിലിലടക്കുന്നതോടെ സ്ത്രീകള്‍ ഒറ്റപ്പെടുന്ന അവസ്ഥയാണ്. കോളനികളിലേക്ക് തനിയെ മടങ്ങിപ്പോകാന്‍ കഴിയാതെ ഈ സ്ത്രീകള്‍ക്ക് കോടതി വരാന്തയില്‍ കുത്തിയിരിക്കേണ്ടി വന്നു.

ചൊവ്വാഴ്ച മീനങ്ങാടിയിലെ ആവയല്‍, മൂന്നാനക്കുഴി എന്നിവിടങ്ങളില്‍നിന്ന് അറസ്റ്റുചെയ്യപ്പെട്ട സ്ത്രീകള്‍ക്ക് തിരികെ പോകാന്‍ കഴിയാതെ കോടതിക്കുമുമ്പില്‍ വിശപ്പും ദാഹവും സഹിച്ച് ഇരിക്കേണ്ടിവന്നു. ബുധനാഴ്ച പിലാക്കാവിലും അറസ്റ്റ് ചെയ്ത വനിതകളെ താമസസ്ഥലത്ത് എത്തിക്കാന്‍ വനപാലകര്‍ തയ്യാറായില്ല. ഒടുവില്‍ റെയ്ഞ്ചറെ തടഞ്ഞുവെച്ച ശേഷമാണ് വനിതകളെ കെഎസ്ആര്‍ടിസി ബസില്‍ കയറ്റി കോളനികളില്‍ തിരികെ അയക്കാന്‍ വനപാലകര്‍ തയ്യാറായത്. നിരാലംബരായ ആദിവാസി സ്ത്രീകളെ ഒന്നുമല്ലാത്തിടത്ത് ഉപേക്ഷിക്കുന്നത് അങ്ങേയറ്റം ആദിവാസി വിരുദ്ധമാണ്. നൂറുകണക്കിന് വനപാലക, പൊലീസ് സംഘം ഒന്നായി ഇരച്ചുകയറിയാണ് ആദിവാസി സ്ത്രീകളേയും കുട്ടികളേയും അടക്കം അറസ്റ്റുചെയ്ത് നീക്കുന്നത്. ആദിവാസികള്‍ വളരെ ത്യാഗം സഹിച്ച് ഉണ്ടാക്കിയ കുടിലുകള്‍ ഉദ്യോഗസ്ഥര്‍ നിര്‍ദാക്ഷിണ്യം പൊളിച്ചുമാറ്റുകയാണ്. സമരത്തെ അടിച്ചമര്‍ത്താനാണ് ഭാവമെങ്കില്‍ നോക്കി നില്‍ക്കാനാവില്ല. കുടിലുകള്‍ പൊളിച്ച് മാറ്റുന്നതിനെ ചെറുത്തുതോല്‍പ്പിക്കും. പട്ടിക വര്‍ഗ ക്ഷേമവകുപ്പ് മന്ത്രിയുടെ അറിവോടെയാണ് ആദിവാസികള്‍ക്കെതിരെയുളള പീഡനങ്ങള്‍ നടക്കുന്നതെന്നത് അങ്ങേയറ്റം ലജ്ജാകരമാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.


deshabhimani 310512

ഒഞ്ചിയത്തെ അക്രമം; 42 പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു


തീവെപ്പും കൊള്ളയും; വകുപ്പുകള്‍ ദുര്‍ബലം 

ഒഞ്ചിയം: ടി പി ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്ന് ഒഞ്ചിയം, ഏറാമല, മുയിപ്ര ഭാഗങ്ങളില്‍ ആര്‍എംപി സംഘം അഴിച്ച് വിട്ട അക്രമത്തില്‍ പൊലീസ് കേസുകള്‍ ദുര്‍ബലം. യുഡിഎഫിന്റെ ഒത്താശയോടെ പൊലീസിനെ സ്വാധീനിച്ച് നാല്‍പത്തിരണ്ട് ആര്‍എംപി പ്രവര്‍ത്തകര്‍ ചോമ്പാല്‍ സ്റ്റേഷനില്‍ ബുധനാഴ്ച ഹാജരായി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം എല്ലാവരെയും ജാമ്യത്തില്‍ വിട്ടു. വീടാക്രമണം, ബോംബേറ്, കടകള്‍ തകര്‍ക്കല്‍, വധശ്രമം എന്നീ കേസുകളിലാണ് ജാമ്യം നല്‍കിയത്. പ്രധാന പ്രതികളെ തിരിച്ചറിഞ്ഞില്ലെന്നാണ് പൊലീസിന്റെ വ്യാഖ്യാനം. എസ് ഐ ജെ ഇ ജയനാണ് എല്ലാവരെയും അറസ്റ്റ് ചെയ്ത് വിട്ടയച്ചത്. കേന്ദ്രമന്ത്രി മുല്ലപ്പള്ളി ഉള്‍പ്പെടെയുള്ളവരുടെ സമ്മര്‍ദത്തിന്റെ ഭാഗമായാണ് കേസ് ദുര്‍ബലമാക്കിയത്.

വീടുകളും ഓഫീസുകളും വാഹനങ്ങളും തീവെച്ചും ബോംബെറിഞ്ഞും തകര്‍ത്ത 44 കേസുകളിലാണ് നാല്‍പത്തിരണ്ട് പേരെ നിസ്സാര വകുപ്പുകള്‍ ചേര്‍ത്ത് അറസ്റ്റ് ചെയ്തത്. ഇതില്‍ സിപിഐ എം പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച കേസ് ഉള്‍പ്പെടെയുണ്ട്. സിപിഐ എം പ്രവര്‍ത്തകരുടെ എണ്‍പതോളം വീടുകളും പത്ത് വാഹനങ്ങളും പാര്‍ടി ഓഫീസുകളും വായനശാലകളും വ്യാപാര സ്ഥാപനങ്ങളും ഉള്‍പ്പെടെ രണ്ട് കോടിയില്‍പ്പരം രൂപയുടെ നാശനഷ്ടമുണ്ടായ കേസുകളിലാണ് ദുര്‍ബല വകുപ്പുകള്‍ ചേര്‍ത്തത്. പൊലീസ് പക്ഷപാതിത്വത്തില്‍ പ്രതിഷേധിച്ച് സിപിഐ എം പ്രക്ഷോഭം പ്രഖ്യാപിച്ചതിനിടയിലാണ് പൊലീസിന്റെ ഈ അറസ്റ്റ് നാടകം.

ഒഞ്ചിയത്തെ അക്രമം: അയല്‍ ഗ്രാമങ്ങളില്‍ 5ന് കൂട്ടായ്മ

വടകര: ടി പി ചന്ദ്രശേഖരന്‍ വധത്തിന്റെ മറവില്‍ പാര്‍ടി വിരുദ്ധരും യുഡിഎഫും ഒഞ്ചിയം മേഖലയില്‍ അഴിച്ചുവിടുന്ന അക്രമത്തില്‍ പ്രതിഷേധിച്ചും ക്രിമിനലുകള്‍ക്ക് കൂട്ടുനില്‍ക്കുന്ന പൊലീസ് നടപടികള്‍ തറന്നുകാട്ടാനും അയല്‍ ഗ്രാമങ്ങളില്‍ ജൂണ്‍ അഞ്ചിന് സിപിഐ എം ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. അക്രമ ബാധിത പ്രദേശങ്ങളില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാലാണ് എടച്ചേരിയിലും വില്ല്യാപ്പള്ളിയിലും ജനകീയ കൂട്ടായ്മ നടത്തുന്നത്. വൈകിട്ട് നാലു മുതല്‍ ഏഴുവരെയാണ് പരിപാടി.

ഒഞ്ചിയം, ഏറാമല, അഴിയൂര്‍ പഞ്ചായത്തുകളിലായി സിപിഐ എം പ്രവര്‍ത്തകരുടെ 78 വീടുകളും പത്തോളം വാഹനങ്ങളും പാര്‍ടി ഓഫീസുകളും തകര്‍ത്തു. വീടുകള്‍ കത്തിച്ചതിനും കവര്‍ച്ച നടത്തിയതിനും അക്രമികള്‍ക്കെതിരെ ദുര്‍ബല വകുപ്പുകളിലാണ് കേസെടുത്തത്. പൊലീസ് സാന്നിധ്യത്തിലാണ് അതിക്രമങ്ങള്‍. യുഡിഎഫ് പിന്തുണയിലാണ് പാര്‍ടിവിരുദ്ധസംഘം അക്രമം നടത്തുന്നത്. രണ്ട് കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായി. നഷ്ടത്തിന്റെ കണക്കെടുപ്പ് നടത്താന്‍ പൊലീസ് തയ്യാറായിട്ടില്ല. സാധാരണ റവന്യൂ അധികൃതരാണ് നാശനഷ്ടങ്ങള്‍ വിലയിരുത്തി പൊലീസിന് റിപ്പോര്‍ട്ട് നല്‍കേണ്ടത്. ആഴ്ചകള്‍ പിന്നിട്ടിട്ടും കണക്കെടുപ്പ് നടത്താന്‍ റവന്യൂ അധികൃതരുടെ സഹായം പൊലീസ് തേടിയിട്ടില്ല. ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കി സമാധാനജീവിതത്തിന് അവസരമൊരുക്കണമെന്നും ആവശ്യപ്പെട്ടാണ് എടച്ചേരിയിലും വില്ല്യാപ്പള്ളിയിലും ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്നത്.

deshabhimani 310512

കിനാലൂര്‍ അക്രമം: കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നീക്കം


ബാലുശേരി: കിനാലൂര്‍ വ്യവസായ കേന്ദ്രത്തിലേക്കുള്ള റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് സര്‍വേക്കെത്തിയ ഉദ്യോഗസ്ഥരെയും സംരക്ഷണത്തിന് വന്ന പൊലീസിനെയും ആക്രമിച്ച വധശ്രമം ഉള്‍പ്പെടെയുള്ള കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നീക്കം. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ബാലുശേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത നാല് കേസുകളാണ് പിന്‍വലിക്കാന്‍ നീക്കമുള്ളത്. ശക്തമായ രാഷ്ട്രീയ സമ്മര്‍ദത്തിന് വഴങ്ങിയാണ് കേസ് പിന്‍വലിക്കാന്‍ ആഭ്യന്തരവകുപ്പ് തയ്യാറാകുന്നത്. കേസ് ഫയല്‍ ആഭ്യന്തരവകുപ്പിന് നല്‍കിയതായാണ് സൂചന.

കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റും ജമാഅത്തെ ഇസ്ലാമിയുടെ പ്രാദേശിക നേതാക്കളും ഉള്‍പ്പെടുന്ന കേസ് പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സമ്മര്‍ദമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് സമ്മേളനത്തിന് ബാലുശേരിയിലെത്തിയ കെപിസിസി പ്രസിഡന്റ് ചെന്നിത്തലയോട് കേസ് പിന്‍വലിക്കണമെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് കിനാലൂരില്‍ പുതിയ വ്യവസായ സംരംഭം തുടങ്ങുന്നതിനുള്ള ശ്രമമാരംഭിച്ചത്. ഇതിനാവശ്യമായ റോഡ്നിര്‍മാണത്തിന് സര്‍ക്കാര്‍ സര്‍വെ നടപടികളാരംഭിച്ചിരുന്നു.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ വ്യവസായ നയത്തെ തകിടംമറിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് യുഡിഎഫ് - സോളിഡാരിറ്റി സംഘടനകള്‍ ചേര്‍ന്ന് ജനജാഗ്രതാ സമിതി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയത്. 2010 മെയ് ആറിന് കിനാലൂര്‍ ഏഴുകണ്ടിയില്‍ സര്‍വേക്കെത്തിയ ഉദ്യോഗസ്ഥരെയും സംരക്ഷണത്തിനുവന്ന പൊലീസുദ്യോഗസ്ഥരെയുമാണ് ആക്രമിച്ചത്. താമരശേരി ഡിവൈഎസ്പി കുബേരന്‍ നമ്പൂതിരിയുടെ തലയ്ക്ക് അടിയേറ്റ് ഗുരുതര പരിക്കേറ്റിരുന്നു. നിരവധി പൊലീസുദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിരുന്നു. ഉന്നത പൊലീസുദ്യോഗസ്ഥന്റെ തല അടിച്ചുപൊട്ടിച്ചിട്ടും യുഡിഎഫ് നേതൃത്വത്തിന്റെ സമ്മര്‍ദത്തിന് വഴങ്ങി കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് തയ്യാറാവുകയാണ്.

deshabhimani 310512

വളര്‍ച്ചാനിരക്കില്‍ വന്‍ ഇടിവ്


രാജ്യത്തെ സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ വന്‍ ഇടിവ്. 2012 മാര്‍ച്ചില്‍ അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അവസാന പാദത്തില്‍ 5.3 ശതമാനമാണ് മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിലെ വളര്‍ച്ചാനിരക്ക്. ഒന്‍പതു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയാണിത്.
ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ 6.1% ആയിരുന്നു വളര്‍ച്ചാനിരക്ക്. തുടര്‍ച്ചയായ എട്ട് പാദങ്ങളിലായി വളര്‍ച്ചാനിരക്ക് ഇടിയുകയാണ്.

വിലക്കയറ്റവും പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നതുമാണ് വളര്‍ച്ചാനിരക്കിനെ ദോഷമായി ബാധിച്ചത്. രൂപയുടെ മൂല്യത്തകര്‍ച്ചയും മറ്റ് രാജ്യങ്ങളിലെ സാമ്പത്തിക പ്രതിസന്ധിയും ഇന്ത്യയുടെ വളര്‍ച്ചാനിരക്കിനെ ബാധിച്ചു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ സാമ്പത്തിക വര്‍ഷം ലക്ഷ്യമിട്ട ഏഴു ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിക്കാന്‍ സാധിക്കില്ലെന്നു സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. നിര്‍മാണ, കാര്‍ഷിക മേഖലകളില്‍ വന്‍ ഇടിവാണു രേഖപ്പെടുത്തിയത്. നിരക്ക് പുറത്തു വന്നതോടെ ഓഹരി വിപണിയില്‍ രണ്ടു ശതമാനം ഇടിവുണ്ടായി.

deshabhimani news

എളമരം കരീമിനെതിരെ കേസ്


ചന്ദ്രശേഖരന്‍ വധക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എളമരം കരീം എംഎല്‍എക്കെതിരെ പൊലീസ് കേസെടുത്തു. സിപിഐ എം സംഘടിപ്പിച്ച എസ്പി ഓഫീസ് മാര്‍ച്ചിനിടെ അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരമാണ് വടകര പൊലീസ് കേസെടുത്തത്.

ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും സിപിഐ എം പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുക്കുന്നതും ലോക്കപ്പില്‍ ഭീകരമായി മര്‍ദ്ദിക്കുന്നതും ചൂണ്ടിക്കാണിക്കുകയാണ് ചെയ്തതെന്ന് കരീം പറഞ്ഞു. പ്രത്യേക അന്വേഷണസംഘത്തിലെ ചില ഉദ്യോഗസ്ഥര്‍ അധികാര ദുര്‍വിനിയോഗം ചെയ്യുന്നത് ചൂണ്ടിക്കാട്ടുക എന്നത് ഉത്തരവാദിത്തപ്പെട്ട പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ തന്റെ കടമയാണെന്നും കരീം വ്യക്തമാക്കി. കേസിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

deshabhimani news

പ്രതിഷേധദിനം ഡല്‍ഹിയില്‍ നേതാക്കള്‍ അറസ്റ്റില്‍


പെട്രോള്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ പാര്‍ടികളുടെ ആഭിമുഖ്യത്തില്‍ ദേശവ്യാപകമായി പ്രതിഷേധദിനം ആചരിക്കുന്നതിന്റെ ഭാഗമായി ഡല്‍ഹിയില്‍ പ്രകടനം നടത്തിയ നേതാക്കളെ അറസ്റ്റുചെയ്തു. സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പി ബി അംഗം സീതാറാം യെച്ചൂരി, സിപിഐ നേതാവ് എ ബി ബര്‍ദന്‍, ഡി രാജ തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്തത്. പകല്‍ ഡല്‍ഹി ഗേറ്റില്‍ നിന്ന് കേന്ദ്രീകൃത പ്രകടനമായെത്തിയ നേതാക്കളെയാണ് അറസ്റ്റ് ചെയ്തത്.

പെട്രോള്‍ വില പൂര്‍ണ്ണമായും പിന്‍വലിക്കുന്നതുവരെ ഇടതുപാര്‍ട്ടികളുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. ഒന്നോരണ്ടോ രൂപ കുറച്ച് ജനരോഷത്തെ തണുപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമം വിലപ്പോകില്ല. വര്‍ധിപ്പിച്ച വില പൂര്‍ണ്ണമായും പിന്‍വലിക്കണം. ഓയില്‍ കമ്പനികളുടെ നഷ്ടക്കണക്ക് തട്ടിപ്പാണ്. ഓരോ തവണ വില കൂട്ടുമ്പോഴും നികുതിയിനത്തില്‍ കോടികളാണ് സര്‍ക്കാര്‍ ഖജനാവിലേക്ക് ഒഴുകിയെത്തുന്നതെന്നും കാരാട്ട് പറഞ്ഞു. വര്‍ധിപ്പിച്ച ഇന്ധന വില പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ജനങ്ങള്‍ സര്‍ക്കാറിനെ പിന്‍വലിക്കുമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. ഇന്ധന വില വര്‍ധിപ്പിച്ചതോടൊപ്പം പൊതുവിതരണ സംവിധാനം തകര്‍ത്ത സര്‍ക്കാര്‍ പൂര്‍ണ്ണമായും ജനവിരുദ്ധ നടപടികളുമായാണ് മുന്നോട്ടുപോകുന്നതെന്ന് എ ബി ബര്‍ദന്‍ അഭിപ്രായപ്പെട്ടു.

ഡല്‍ഹിയില്‍ സിപിഐ എം, സിപിഐ, ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക് എന്നീ പാര്‍ടികളുടെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം. വിവിധ സംസ്ഥാനങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ഇതേ വിഷയത്തില്‍ കഴിഞ്ഞദിവസം ഹര്‍ത്താല്‍ ആചരിച്ചതിനാല്‍ കേരളത്തെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിരുന്നു. പകരം സംസ്ഥാനത്തുടനീളം എല്‍ഡിഎഫ് പ്രതിഷേധദിനം ആചരിച്ചു. പശ്ചിമ ബംഗാള്‍, ത്രിപുര സംസ്ഥാനങ്ങളിലും ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. ഒറീസയില്‍ സിപിഐ എമ്മും ബിജെഡിയും ചേര്‍ന്ന് വഴിതടഞ്ഞു. കേരളത്തില്‍ എല്‍ഡിഎഫ് പ്രതിഷേധ ദിനം ആചരിക്കുകയാണ്. തിരുവനന്തപുരത്ത് രാജ്ഭവന്മുന്നില്‍ നടന്ന ജനകീയ സദസ് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ഉദ്ഘാടനം ചെയ്തു. മറ്റ് ജില്ലകളില്‍ നിയമസഭമണ്ഡലാടിസ്ഥാനത്തില്‍ വൈകീട്ട് നാലുമുതല്‍ ഏഴ്വരെ കേന്ദ്രസര്‍ക്കാരിനെ വിചാരണ ചെയ്യുന്ന ജനകീയ സദസുകള്‍ നടക്കും.

deshabhimani news

നീറുന്ന മനസ്സുമായി തങ്കപ്പന്റെ കുടുംബം

പൊതുപ്രവര്‍ത്തനരംഗത്ത് തിളങ്ങിനിന്ന മനുഷ്യസ്നേഹിയും സൗമ്യശീലനുമായ സഖാവ് കെ എന്‍ തങ്കപ്പന്റെ ദാരുണ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന ഓര്‍മകളില്‍നിന്നും തങ്കപ്പന്റെ കുടുംബം ഇപ്പോഴും മുക്തരായിട്ടില്ല. 1992 ഏപ്രില്‍ 22 ന് രാവിലെ ഒന്‍പതിനാണ് തോട്ടം തൊഴിലാളി യൂണിയന്‍ നേതാവും രാജാക്കാട് ഏരിയ കമ്മിറ്റിയംഗവുമായിരുന്ന കെ എന്‍ തങ്കപ്പനെ ചിത്തിരപുരത്തുവച്ച് 14 കഷണങ്ങളാക്കി ആര്‍എസ്എസുകാര്‍ വെട്ടിയരിഞ്ഞ് കൊലപ്പെടുത്തിയത്.

തൊഴില്‍ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ദേവികുളത്തുണ്ടായിരുന്ന ഒരു കേസ് ഒത്തുതീര്‍പ്പാക്കാന്‍ പോകുമ്പോഴായിരുന്നു ആക്രമണം. ചിത്തിരപുരത്തിനും സമീപം കൊടുംവളവിനോട് ചേര്‍ന്ന് ഒരു ജീപ്പ് ബോണറ്റ് പൊക്കിവച്ച് കിടക്കുന്നതുകണ്ട് തങ്കപ്പന്‍ വണ്ടി നിര്‍ത്തി കാര്യമന്വേഷിക്കുമ്പോഴാണ് തോയിലതോട്ടത്തില്‍ പതിയിരുന്ന അക്രമിസംഘം വടിവാളുകളും വെട്ടുകത്തികളുമായി ചാടിയിറങ്ങി തങ്കപ്പനെയും സംഘത്തെയും ആക്രമിച്ചത്. ദേവികുളത്തേക്ക് പോകാന്‍ തങ്കപ്പന്റെ കൂടെ വണ്ടിയിലുണ്ടായിരുന്ന 13 പേര്‍ക്കും അക്രമത്തില്‍ പരിക്കേറ്റു. തങ്കപ്പനെ മാത്രമാണ് അക്രമിസംഘം കൊല്ലാന്‍ പദ്ധതിയിട്ടിരുന്നത്. സംഭവ സ്ഥലത്തുതന്നെ മരിച്ച തങ്കപ്പന്റെ ശരീരത്തില്‍ 32 മുറിവുകളുണ്ടായിരുന്നു. ശരീരം വേര്‍പെട്ടുപോകാതിരിക്കാന്‍ തൊലിമാത്രം വിടാതെ 14 കഷണങ്ങളാക്കി വെട്ടിനുറുക്കി. കഴുത്തിന്റെ പിന്‍ഭാഗത്തുനിന്നും ഒറ്റവെട്ടിന് കഴുത്തിന്റെ മുന്‍വശത്തുള്ള തൊലി വിട്ടുപോകാത്തതുകൊണ്ട് തല വേര്‍പെട്ട് പോയില്ല. മറ്റ് 13 പേര്‍ക്കും സാരമായ മുറിവേറ്റു. അന്ന് ഒപ്പമുണ്ടായിരുന്ന ഇപ്പോള്‍ സിപിഐ എം ഏരിയ കമ്മിറ്റിയംഗവും കര്‍ഷകസംഘം ജില്ലാ കമ്മിറ്റിയംഗവുമായ വി പി ചാക്കോയുടെ രണ്ട് കൈകളിലെയും മാംസം വെട്ടിയിറക്കിയ നിലയിലായിരുന്നു. ആര്‍എസ്എസ് അക്രമിസംഘം അരുംകൊലയും അക്രമവും ചെയ്തിട്ട് 20 വര്‍ഷമായിട്ടും എന്തിനാണ് ഇതുചെയ്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതെന്ന് ജനത്തിനറിയില്ല.

സൗമ്യനും സ്നേഹസമ്പന്നനുമായ കെ എന്‍ ടി എന്ന സ്നേഹപ്പേരില്‍ വിളിക്കുന്ന തങ്കപ്പന്റെ പ്രവര്‍ത്തനം രാഷ്ട്രീയ എതിരാളികളെപ്പോലും ആകര്‍ഷിക്കുന്നതായിരുന്നു. രാഷ്ട്രീയത്തിലും അല്ലാതെയും തങ്കപ്പന് ശത്രുക്കളുമുണ്ടായിരുന്നില്ല. പിന്നെന്തിനാണ് അവര്‍ അച്ഛനെ കൊല ചെയ്തതെന്ന് അറിയില്ലെന്നാണ് അന്ന് പത്ത് വയസ് മാത്രമുണ്ടായിരുന്ന തങ്കപ്പന്റെ മകന്‍ സുധീഷ് ചോദിക്കുന്നത്. തങ്കപ്പന്‍ മരിക്കുമ്പോള്‍ 12 വയസുള്ള മൂത്ത മകള്‍ സുനിയും പത്തുവയസുള്ള സുധീഷിനെയും ആറുവയസുകാരി സുമിയെയും വളര്‍ത്തിയെടുക്കാന്‍ വളരെ കഷ്ടപ്പെട്ടതായി തങ്കപ്പന്റെ ഭാര്യ ആനന്ദവല്ലി പറഞ്ഞു. കൂലിപ്പണിക്കുപോയും പാര്‍ടിക്കാരുടെയും നല്ലവരായ നാട്ടുകാരുടെയും സഹായത്തോടെയാണ് കുടുംബം നിലനിര്‍ത്താനായത്. ഇപ്പോള്‍ സിപിഐ എമ്മിനെ കൊലപാതക പാര്‍ടിയെന്ന് ചിത്രീകരിക്കാന്‍ ശ്രമിക്കുന്ന യുഡിഎഫും മാധ്യമങ്ങളും തന്റെ ഭര്‍ത്താവിന്റെ ദുരന്തം എന്താണ് കാണാതെപോകുന്നതെന്നാണ് ആനന്ദവല്ലി ചോദിക്കുന്നത്.

deshabhimani 310512

സര്‍ക്കാര്‍ പിന്‍വലിച്ചത് ലീഗ് എംഎല്‍എയുടെ കൊലവിളിക്കേസ്


പ്രസംഗത്തിലെ പരാമര്‍ശത്തിന്റെ പേരില്‍ സിപിഐ എം നേതാവിനെതിരെ കേസെടുത്ത യുഡിഎഫ് സര്‍ക്കാര്‍, അഞ്ചു മാസംമുമ്പ് പിന്‍വലിച്ചത് പൊതുയോഗത്തില്‍ കൊലവിളി നടത്തിയ ലീഗ് എംഎല്‍എയ്ക്കെതിരായ കേസ്. ലീഗ് പ്രവര്‍ത്തകര്‍ പ്രതിയായ കേസില്‍ കോടതിയില്‍ സാക്ഷി പറയുന്നവര്‍ ജീവനോടെ തിരിച്ചുപോകില്ലെന്ന് പ്രസംഗിച്ച ലീഗ് എംഎല്‍എ പി കെ ബഷീറിനെതിരെയുള്ള കേസാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്.

നാലുവര്‍ഷംമുമ്പ് ലീഗുകാര്‍ അധ്യാപകന്‍ ജയിംസ് അഗസ്റ്റിനെ ചവിട്ടിക്കൊന്ന കേസുമായി ബന്ധപ്പെട്ടാണ് അന്ന് ഏറനാട് മണ്ഡലം ലീഗ് പ്രസിഡന്റായിരുന്ന പി കെ ബഷീര്‍ പൊതുയോഗത്തില്‍ ഭീഷണി മുഴക്കിയത്. എടവണ്ണ പൊലീസ് രജിസ്റ്റര്‍ചെയ്ത കേസാണ് കഴിഞ്ഞ ജനുവരിയില്‍ പിന്‍വലിച്ചത്. യുഡിഎഫ് നടത്തിയ പാഠപുസ്തകവിരുദ്ധ സമരത്തിന്റെ ഭാഗമായി 2008 ജൂലൈ 19നാണ് വാലില്ലാപ്പുഴ എഎംഎല്‍പി സ്കൂള്‍ പ്രധാനാധ്യാപകന്‍ ജെയിംസ് അഗസ്റ്റിന്‍ കൊല്ലപ്പെട്ടത്. അധ്യാപകരുടെ ക്ലസ്റ്റര്‍ യോഗം നടന്ന കിഴിശ്ശേരി ജിഎല്‍പി സ്കൂള്‍ പരിസരത്താണ് ലീഗ് ക്രിമിനലുകള്‍ അധ്യാപകനെ അടിച്ചും ചവിട്ടിയും കൊലപ്പെടുത്തിയത്. കോണ്‍ഗ്രസ് അധ്യാപക സംഘടനയായ കെഎപിടിയുവിന്റെ പ്രവര്‍ത്തകനായിരുന്നു ജെയിംസ്.

സംഭവത്തിനുശേഷം 2008 നവംബറില്‍ എടവണ്ണയില്‍ നടന്ന ലീഗ് ഏറനാട് മണ്ഡലം സമ്മേളനത്തില്‍ അഖിലേന്ത്യാ പ്രസിഡന്റ് ഇ അഹമ്മദിനെ സാക്ഷിയാക്കിയാണ് ബഷീറിന്റെ കൊലവിളി. മരണഭയമുണ്ടാക്കുന്ന വിധത്തില്‍ ഭീഷണിമുഴക്കുക (506 -രണ്ട്), കള്ളമൊഴി നല്‍കാന്‍ ഭീഷണിപ്പെടുത്തുക (195 എ) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതത്. യഥാക്രമം ഏഴ് വര്‍ഷവും രണ്ട് വര്‍ഷവും തടവ് ശിക്ഷ ലഭിക്കാവുന്ന കേസുകളാണ് ക്രൈം നമ്പര്‍ 286/2008ല്‍ രജിസ്റ്റര്‍ ചെയ്തത്. കേസില്‍ 2008 ഡിസംബര്‍ 24ന് മഞ്ചേരി മുന്‍സിഫ് കോടതിയില്‍ ഹാജരായാണ് ബഷീര്‍ ജാമ്യമെടുത്തത്. സംസ്ഥാന സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ ആഗ്രഹിക്കുന്നതായി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കോടതിയെ രേഖാമൂലം അറിയിച്ചത് കഴിഞ്ഞ ജനുവരി നാലിനാണ്. ഇത് അംഗീകരിച്ച കോടതി കേസ് അവസാനിപ്പിക്കുകയായിരുന്നു.

deshabhimani 310512

നെയ്യാറ്റിന്‍കര ലക്ഷ്യമിട്ട് പുതിയ ഹര്‍ജി; ഉന്നതതല ഗൂഢാലോചന


സൈദാര്‍പള്ളിക്കടുത്ത് ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ മുഹമ്മദ് ഫസലിന്റെ ഭാര്യയെക്കൊണ്ട് ഹൈക്കോടതിയില്‍ ഹര്‍ജിനല്‍കിയതിനു പിന്നില്‍ യുഡിഎഫ്- പോപ്പുലര്‍ഫ്രണ്ട് നേതാക്കളുടെ സമ്മര്‍ദം. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് ഫസലിന്റെ ഭാര്യ മറിയുവിനെ ഉപയോഗിച്ച് ഹര്‍ജി നല്‍കിയത്. കേന്ദ്രമന്ത്രി മുല്ലപ്പള്ളിരാമചന്ദ്രന്റെ നിര്‍ദേശപ്രകാരം അന്വേഷണസംഘത്തിലെ തീവ്രവാദബന്ധമുള്ള ഉദ്യോഗസ്ഥനും ഹര്‍ജി നല്‍കാന്‍ പ്രേരിപ്പിച്ചതായി സൂചനയുണ്ട്. സിപിഐ എം പൊളിറ്റ്ബ്യൂറോഅംഗവും പ്രതിപക്ഷ ഉപനേതാവുമായ കോടിയേരി ബാലകൃഷ്ണനെ ഫസല്‍കേസില്‍ ബന്ധപ്പെടുത്താനുള്ള ഉന്നതതല ഗൂഢാലോചനയുടെ ഭാഗമായാണ് ഇത്തരമൊരു ഹര്‍ജി. ഫസല്‍വധക്കേസില്‍ പൊലീസ് അന്വേഷണം അട്ടിമറിക്കാനും ഗൂഢാലോചനയിലും കോടിയേരി ബാലകൃഷ്ണന്‍ മുഖ്യപങ്ക് വഹിച്ചതായി സിബിഐക്ക് സൂചന ലഭിച്ചതായി അറിയുന്നൂവെന്നാണ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലെ പ്രധാന ആരോപണം. ഹര്‍ജിക്കാരിക്ക് എവിടെനിന്നാണ് ഈ "രഹസ്യവിവരം" കിട്ടിയതെന്ന് വ്യക്തമാക്കിയിട്ടില്ല.

കൊലപാതകത്തിനു പിന്നില്‍ ആര്‍എസ്എസുകാരാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞുവെന്നതാണ് ഗൂഢാലോചനക്ക് തെളിവായി അവതരിപ്പിക്കുന്നത്.ഈ ആരോപണം അടിസ്ഥാനമില്ലാത്തതും കെട്ടിച്ചമച്ചതുമാണെന്ന് ഇതിനകം തെളിഞ്ഞതാണ്. കൊലപാതകം നടന്ന ദിവസം തലശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലെത്തി കോടിയേരി മൃതദേഹം കണ്ടിരുന്നു. ഇതിനു ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട കോടിയേരി പറഞ്ഞത് "കൊലപാതകം ക്രൂരവും ആസൂത്രിതവുമാണെന്നും അക്രമികളെ കര്‍ശനമായി നേരിടു"മെന്നുമാണ്. മാതൃഭൂമി, മലയാളമനോരമ ഉള്‍പ്പെടെയുള്ള പ്രധാനപത്രങ്ങളെല്ലാം ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇത് വളച്ചൊടിച്ചാണ് മാധ്യമങ്ങള്‍ തുടരെ നുണ പ്രചരിപ്പിക്കുന്നത്. തന്റെ പ്രസ്താവന വളച്ചൊടിച്ച് അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കുന്നതിനെതിരെ കോടിയേരി ഏതാനും ദിവസം മുമ്പ് മാതൃഭൂമി, മലയാളമനോരമ പത്രങ്ങള്‍ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. എന്നിട്ടും ആര്‍എസ്എസുകാരാണ് പ്രതികളെന്ന് കോടിയേരി പറഞ്ഞുവെന്ന നുണ തിരുത്താന്‍ തയ്യാറാവുന്നില്ല.

ആസൂത്രിതമായ ഈ നുണപ്രചാരണത്തിന്റെ തുടര്‍ച്ചയാണ് മറിയുവിന്റെ ഹര്‍ജിയും. "കോടിയേരിയുടെ പങ്ക് കൂടി അന്വേഷിക്കാനുള്ള ഹര്‍ജി"യോടെ ഫസല്‍ വധക്കേസിലെ രാഷ്ട്രീയലക്ഷ്യവും അന്വേഷണത്തിലെ ഗൂഢാലോചനയും കൂടുതല്‍ വെളിപ്പെടുകയാണ്. സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയറ്റംഗം കാരായി രാജനും തിരുവങ്ങാട് ലോക്കല്‍സെക്രട്ടറി കാരായി ചന്ദ്രശേഖരനും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ അനുകൂല വിധിയുണ്ടാവുന്നത് തടയുകയെന്ന ഗൂഢോദ്ദേശ്യവും ഇതിനു പിന്നിലുണ്ട്. കേസ് അന്വേഷണം ഏതുവഴിയിലേക്ക് തിരിക്കാനാണ് സിബിഐയും കേന്ദ്രആഭ്യന്തരസഹമന്ത്രിയും ശ്രമിക്കുന്നതെന്ന് വ്യക്തമായി വിരല്‍ചൂണ്ടുന്നതാണ് ഫസലിന്റെ ഭാര്യയുടെ പേരില്‍ നല്‍കിയ ഹര്‍ജി.
(പി ദിനേശന്‍)

deshabhimani 310512

സര്‍ക്കാര്‍ മലക്കംമറിഞ്ഞു; ഇറ്റാലിയന്‍ സൈനികര്‍ക്ക് ജാമ്യം


കടല്‍ക്കൊല കേസില്‍ റിമാന്‍ഡിലുള്ള രണ്ട് ഇറ്റാലിയന്‍ സൈനികര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസെടുത്തതെങ്കിലും സംസ്ഥാനസര്‍ക്കാര്‍ ബുധനാഴ്ച കോടതിയില്‍ മലക്കം മറിഞ്ഞതോടെയാണ് സൈനികരായ മാസിമില്യാനോ ലാത്തോര്‍, സാല്‍വത്തോര്‍ ജിറോന്‍ എന്നിവര്‍ക്ക് ജസ്റ്റിസ് എന്‍ കെ ബാലകൃഷ്ണന്‍ ജാമ്യം അനുവദിച്ചത്. കൊലക്കുറ്റത്തിനൊപ്പം ചുമത്തിയ സുവ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ ഒഴിവാക്കുമെന്നും ഇതിനായി വിചാരണക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും വിചാരണ നേരത്തെ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിക്കണമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

അന്താരാഷ്ട്ര കപ്പലോട്ട നിയമമായ "സുവ" നടപ്പാക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വേണമെന്നും അതിനാല്‍ ഇത് ഒഴിവാക്കുകയാണെന്നും സര്‍ക്കാര്‍ അറിയിച്ചു. സുവ നിയമം ഒഴിവാക്കുമെന്ന സര്‍ക്കാര്‍ നിലപാട് മൂലമാണ് സൈനികര്‍ക്ക് എളുപ്പത്തില്‍ ജാമ്യം ലഭിച്ചത്. സുവ നിയമപ്രകാരം പ്രതികള്‍ക്കു ലഭിക്കുന്ന കുറഞ്ഞ ശിക്ഷ വധശിക്ഷയാണെന്നും ഈ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നും പ്രതികള്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എം ആര്‍ രാജേന്ദ്രന്‍നായര്‍ പറഞ്ഞു. പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ പ്രതികള്‍ കസ്റ്റഡിയില്‍ തുടരേണ്ടതില്ലെന്നും ഉപാധികളോടെ ജാമ്യത്തില്‍ വിടാവുന്നതാണെന്നും കോടതി വ്യക്തമാക്കി. വിചാരണയുമായി സഹകരിക്കാന്‍ തയ്യാറാണെന്നും കോടതി അനുമതി കൂടാതെ രാജ്യംവിടില്ലെന്നും പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍ തയ്യാറാണെന്നും പ്രതികള്‍ കോടതിയില്‍ ഉറപ്പുനല്‍കി.

ജാമ്യം അനുവദിക്കുന്നതോടൊപ്പം കര്‍ശന നിബന്ധനകള്‍ ഏര്‍പ്പെടുത്തണമെന്നും പ്രതികള്‍ ഇന്ത്യയില്‍ കഴിയുന്നതിന് നിയമാനുസൃത യാത്രാരേഖകള്‍ ഉറപ്പുവരുത്താന്‍ നിര്‍ദേശിക്കണമെന്നും ജാമ്യക്കാര്‍ ഇന്ത്യക്കാരായിരിക്കണമെന്ന നിബന്ധന വേണമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍, വിചാരണയ്ക്ക് പ്രതികളുടെ സാന്നിധ്യം ഉറപ്പുവരുത്തേണ്ടതുണ്ടെന്നും വിചാരണ നേരത്തെ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിക്കണമെന്നും സംസ്ഥാനസര്‍ക്കാരിനുവേണ്ടി ഹാജരായ പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ ജനറല്‍ ആവശ്യപ്പെട്ടു. ഒരുകോടി രൂപവീതമുള്ള ബോണ്ടിലും തുല്യ തുകയ്ക്കുള്ള രണ്ട് ഇന്ത്യക്കാരുടെ ജാമ്യത്തിലും വിട്ടയക്കാനാണ് കോടതിനിര്‍ദേശം. പാസ്പോര്‍ട്ടുകള്‍ കൊല്ലം മജിസ്ട്രേട്ട് മുമ്പാകെ ഹാജരാക്കണമെന്നും കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ ഓഫീസിന്റെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കണമെന്നും നിര്‍ദേശമുണ്ട്. എല്ലാ ദിവസവും രാവിലെ 10നും 11നും ഇടയ്ക്ക് കമീഷണര്‍ മുമ്പാകെ ഹാജരാവണം. കോടതിയുടെ മുന്‍കൂര്‍ അനുമതി ഇല്ലാതെ ജാമ്യക്കാര്‍ കേരളം വിടരുതെന്നും നിര്‍ദേശമുണ്ട്.

deshabhimani 310512

Wednesday, May 30, 2012

തെളിവില്ലാതെ സിബിഐ ഇരുട്ടില്‍ തപ്പുന്നു


ഫസല്‍ വധക്കേസില്‍ വിശ്വാസയോഗ്യമായ തെളിവുകള്‍ ഹാജരാക്കാനാകാതെ കേന്ദ്രകുറ്റാന്വേഷണ ഏജന്‍സി. മുനയൊടിഞ്ഞ വാദമുഖങ്ങള്‍ ആവര്‍ത്തിക്കാനല്ലാതെ പുതുതായി എന്തെങ്കിലും അവതരിപ്പിക്കാന്‍ സിബിഐക്കാവുന്നില്ല. സാക്ഷിയായി സമന്‍സ് അയച്ചവരെ പ്രതിയാക്കിയ അത്ഭുതവിദ്യക്ക് ന്യായീകരണമില്ലാതെ ഹൈക്കോടതിയില്‍ സിബിഐ നാണംകെടുകയാണ്. നുണക്കഥകളില്‍ കെട്ടിപ്പൊക്കിയ കള്ളക്കേസാണ് ചീട്ടുകൊട്ടാരംപോലെ പൊളിയുന്നത്. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കാരായി രാജനും തിരുവങ്ങാട് ലോക്കല്‍സെക്രട്ടറി കാരായി ചന്ദ്രശേഖരനും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിച്ചപ്പോഴും, സിപിഐ എം വിട്ട വിരോധത്തില്‍ കൊലപ്പെടുത്തിയെന്ന പതിവുപല്ലവിയാണ് ആവര്‍ത്തിച്ചത്. പുതിയതെളിവുകളൊന്നും ഹാജരാക്കാനായില്ല. അതിനാലാണ് കോടതി കേസ് ഡയറി വീണ്ടും ഹാജരാക്കാന്‍ നിര്‍ദേശിച്ചത്.
ഒരു മാസം മുമ്പ് മുന്‍കൂര്‍ജാമ്യഹര്‍ജി പരിഗണിച്ച സീനിയര്‍ ജഡ്ജി ശശിധരന്‍നമ്പ്യാര്‍ കേസ് ഡയറി പരിശോധിച്ചപ്പോള്‍ പ്രതികളാക്കാന്‍ മാത്രം തെളിവില്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു. ചോദ്യംചെയ്തശേഷമേ പ്രതിയാണോയെന്ന് ഉറപ്പിച്ച് പറയാനാവൂ എന്നായിരുന്നു അന്ന് സിബിഐ നിലപാട്. ഇതിനുശേഷം സംസ്ഥാനരാഷ്ട്രീയത്തിലുണ്ടായ പ്രത്യേകസാഹചര്യത്തിലാണ് എങ്ങനെയും നേതാക്കളെ പ്രതികളാക്കാനുള്ള നീക്കവും കേന്ദ്രമന്ത്രിയുടെ സമ്മര്‍ദവുമുണ്ടായത്. ഒരുഘട്ടത്തിലും സിപിഐ എം അംഗമല്ലാതിരുന്ന ഫസലിനെയാണ് പാര്‍ടിക്കാരനായി നിരന്തരം ചിത്രീകരിക്കുന്നത്. പാര്‍ടി വിട്ടതിന്റെ വിരോധത്തില്‍ കൊലപ്പെടുത്തിയെന്ന് സ്ഥാപിക്കാനും ശ്രമിക്കുന്നു. പാര്‍ടി വിട്ടവരെയെല്ലാം കൊല്ലുന്നവരാണ് സിപിഐ എമ്മെന്ന് വരുത്തിത്തീര്‍ക്കുകയെന്ന ഉദ്ദേശ്യവും ഇതിനുപിന്നിലുണ്ട്.

ഫസല്‍ വധം: കേസ്ഡയറി ഹാജരാക്കണമെന്ന് കോടതി

കൊച്ചി: തലശേരി ഫസല്‍ വധക്കേസില്‍ കേസ്ഡയറി ഹാജരാക്കാന്‍ സിബിഐക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. പ്രതികളായ കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകളിലാണ് ജസ്റ്റിസ് എന്‍ കെ ബാലകൃഷ്ണന്റെ നിര്‍ദേശം. മുദ്രവച്ച കവറില്‍ കേസ്ഡയറി ഹാജരാക്കാന്‍ കൂടുതല്‍ സാവകാശം വേണമെന്ന് സിബിഐ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. കേസില്‍ തങ്ങള്‍ക്കെതിരെ വ്യാജതെളിവ് ചമച്ചെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച് മാസങ്ങള്‍ കഴിഞ്ഞാണ് പ്രതിസ്ഥാനത്ത് ഉള്‍പ്പെടുത്തിയതെന്നും പ്രതികള്‍ കോടതിയെ അറിയിച്ചു. സിബിഐ ആരോപിക്കുന്ന ഗൂഢാലോചനക്കുറ്റം കെട്ടിച്ചമച്ചതും നിയമപരമായി നിലനില്‍ക്കാത്തതുമാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ എം കെ ദാമോദരന്‍ ചൂണ്ടിക്കാട്ടി. ഗൂഢാലോചന എന്ന്, എവിടെ, എപ്പോള്‍, ആരൊക്കെ എന്നതുസംബന്ധിച്ച് വസ്തുതയൊന്നും സിബിഐ വ്യക്തമാക്കിയിട്ടില്ല. അന്വേഷണം ഏറ്റെടുത്ത് മൂന്നുവര്‍ഷം കഴിഞ്ഞാണ് ഇരുവരെയും പ്രതിചേര്‍ത്തതെന്നും അദ്ദേഹം വിശദീകരിച്ചു.

കൊലപാതകത്തില്‍ സിപിഐ എമ്മിനു പങ്കുണ്ടെന്ന് സംഭവം നടന്ന് അഞ്ചുവര്‍ഷത്തിനുശേഷമാണ് സിബിഐ ആരോപിക്കുന്നത്. ഫസല്‍ വധത്തിനുപിന്നില്‍ ആര്‍എസ്എസ് ആണെന്ന് എന്‍ഡിഎഫ് ആരോപിച്ചിട്ടുണ്ട്. ബന്ധപ്പെട്ട പത്ര റിപ്പോര്‍ട്ടുകളും കോടതിയില്‍ ഹാജരാക്കി. ഫസല്‍ സിപിഐ എം പ്രവര്‍ത്തകന്‍ ആയിരുന്നെന്നതിനോ പാര്‍ടി വിട്ടു എന്നതിനോ തെളിവില്ല. കേട്ടുകേള്‍വി ഇല്ലാത്തതും ജുഡീഷ്യല്‍ മര്യാദയില്ലാത്തതുമായ നടപടിക്രമമാണ് കേസ് അന്വേഷണത്തില്‍ സിബിഐ അവലംബിക്കുന്നത്. ഹൈക്കോടതിയില്‍ തെറ്റായ സത്യവാങ്മൂലം സമര്‍പ്പിച്ചതിന് സിബിഐ അഭിഭാഷകന്‍ പി ചന്ദ്രശേഖരപിള്ളയ്ക്കെതിരെ നടപടിവേണമെന്നും അഡ്വ. എം കെ ദാമോദരന്‍ ആവശ്യപ്പെട്ടു. പ്രതികളെ ചോദ്യംചെയ്തശേഷം വിട്ടയച്ചെന്നും പിന്നീടാണ് ഇവര്‍ക്കെതിരെ തെളിവുലഭിച്ചതെന്നും സിബിഐ അഭിഭാഷകന്‍ വാദിച്ചു. കേസ്ഡയറി വിശദ പരിശോധനയ്ക്കു വിധേയമാക്കണമെന്നും നേരത്തെ കേസ്ഡയറി പരിശോധിച്ച കോടതി ഇരുവര്‍ക്കുമെതിരെ തെളിവില്ലെന്ന് വ്യക്തമാക്കിയിരുന്നെന്നും പ്രതിഭാഗം വാദിച്ചു. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും.

deshabhimani 300512

മാധ്യമങ്ങളുടെ വേട്ടമുഖം തുറന്നുകാട്ടി സെമിനാര്‍


ആലപ്പൂഴ: മാധ്യമങ്ങളുടെ വര്‍ഗതാല്‍പര്യവും വേട്ട മുഖവും തുറന്നു കാട്ടി മാധ്യമ സെമിനാര്‍. ഒരു കാലത്ത് രാജ്യത്തെയും സമൂഹത്തെയും കാത്തിരുന്ന കാവല്‍ നായ എന്ന തലത്തില്‍ നിന്ന് വേട്ട നായയായി മാറുന്ന മാധ്യമങ്ങളുടെ പരിണാമം സെമിനാര്‍ വരച്ചുകാട്ടി. മാധ്യമങ്ങള്‍ പറയുന്നതെല്ലാം ശരിയെന്ന് വിശ്വസിച്ചിരുന്ന ചരിത്രത്തില്‍ നിന്ന് വാര്‍ത്തയിലെ ശരിതെറ്റുകള്‍ കണ്ടറിഞ്ഞ് വിലയിരുത്താന്‍ കഴിയുന്ന വ്യക്തിയായി വായനക്കാരന്‍ മാറേണ്ടതുണ്ടെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. എന്‍ജിഒ യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഇ പത്മനാഭന്‍ പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ""മാധ്യമ ഗൂഢാലോചനയുടെ ചരിത്രവും വര്‍ത്തമാനവും"" എന്ന സെമിനാറാണ് മാധ്യമങ്ങളുടെ വര്‍ത്തമാന താല്‍പര്യങ്ങള്‍ തുറന്നുകാട്ടിയത്.

ഇഷ്ടപ്പെട്ട ചേകോനെ വാഴ്ത്തിയും ശത്രുവിനെ ഇകഴ്ത്തിയും പാട്ടുകള്‍ സൃഷ്ടിച്ച് പാടിനടന്ന പഴയ പാണന്റെ പണിയാണ് ആധുനിക സമൂഹത്തില്‍ മാധ്യമങ്ങള്‍ ചെയ്യുന്നതെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത് മാധ്യമപ്രവര്‍ത്തകന്‍ ഭാസുരേന്ദ്രബാബു അഭിപ്രായപെട്ടു. വ്യത്യസ്ത മാധ്യമങ്ങള്‍ വ്യത്യസ്ത രീതിയില്‍ വാര്‍ത്ത ചമച്ചാല്‍ വിശ്വാസ്യത നഷ്ടപ്പെടുമെന്നതുകൊണ്ട് ഒരു കൂട്ടം പത്രപ്രവര്‍ത്തകര്‍ ഒരുമിച്ചിരുന്ന് ഒരേ ആശയത്തിന്വേണ്ടി വാര്‍ത്ത ചമയ്ക്കുകയാണ്. ലക്ഷ്യബോധമില്ലാതെ പണത്തിന്വേണ്ടി മനുഷ്യനെ കൊല്ലുന്ന ക്വട്ടേഷന്‍ സംഘങ്ങളെ പോലെ തന്നെയാണ് ഇന്ന് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒരു പ്രസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്താനും തകര്‍ക്കാനും മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും ഒരേസമയം പൊലീസിന്റെ സ്റ്റെനോയായും ഡിക്റ്റേറ്ററായും പ്രവര്‍ത്തിക്കുകയാണെന്ന് സെമിനാറില്‍ സംസാരിച്ച ജി പി രാമചന്ദ്രന്‍ പറഞ്ഞു. മൂലധന ശക്തികള്‍ക്ക് വേണ്ടി സംഘടിത ഇടതുപക്ഷത്തെ വെറും ഇടതുപക്ഷ ആള്‍കൂട്ടമാക്കി മാറ്റാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്ന് വി കെ ജോസഫ് പറഞ്ഞു. മാനവികത പറയുന്ന ചില മാധ്യമങ്ങള്‍ അതേസമയം ഇടതുപക്ഷ നിലപാടുള്ള കവിയുടെ സൃഷ്ടിക്കുവരെ വിലക്ക് ഏര്‍പ്പെടുത്തുകയാണ്. തങ്ങള്‍ പറയുന്നത് ശരിവെക്കാത്തവരുടെ സര്‍ഗസൃഷ്ടികള്‍ പോലും പ്രസിദ്ധീകരിക്കില്ലെന്ന ഫാസിസ്റ്റ് നിലപാടാണ് ഇക്കൂട്ടര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്‍ജിഒ യൂണിയന്‍ പ്രസിഡന്റ് പിഎച്ച്എം ഇസ്മയില്‍ സംസാരിച്ചു. സെമിനാറില്‍ പഠനകേന്ദ്രം ചെയര്‍മാന്‍ വി ശശി അധ്യക്ഷനായി. കണ്‍വീനര്‍ നരേന്ദ്രന്‍ നായര്‍ സ്വാഗതം പറഞ്ഞു.

deshabhimani 300512

ലോകചെസ് ചാമ്പ്യന്‍ഷിപ്പ്; ആനന്ദിന് കിരീടം

മോസ്കോ: ലോകചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ് കിരീടം നിലനിര്‍ത്തി. ടൈബ്രേക്കറില്‍ ഇസ്രയലിന്റെ ബോറിസ് ഗെല്‍ഫാന്റിനെ 1.5 നെതിരെ 2.5 പോയിന്റ് നേടിയാണ് ആനന്ദ് കീഴടക്കിയത്. ആനന്ദ് അഞ്ചാം തവണയാണ് ലോകചാമ്പ്യനാകുന്നത്. 2000, 2007, 2008, 2010 വര്‍ഷങ്ങളിലാണ് ആനന്ദ് ഇതിന് മുന്‍പ് വിജയിച്ചത്.

കീഴടങ്ങല്‍ നാടകം


ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് മുഖ്യപ്രതികരിലൊരാളായ വായപ്പടച്ചി റഫീഖ് കീഴടങ്ങിയെന്ന് പൊലീസ്. റഫീഖ് തിങ്കളാഴ്ച വടകര കോടതിയില്‍ രഹസ്യമായെത്തി മുങ്ങിയത് ബുധനാഴ്ച "ദേശാഭിമാനി" റിപ്പോര്‍ട് ചെയ്തിരുന്നു. കേസില്‍ സിപിഐ എം പ്രവര്‍ത്തകരെ കുടുക്കാനും പിടിക്കാനുമായി പൊലീസും ചാനല്‍മാധ്യമപ്പടയും നാട്ടിലാകെ പാഞ്ഞ് നടക്കുമ്പോഴാണ് റഫീഖ് പ്രത്യേകാന്വേഷകസംഘത്തിന്റെ മൂക്കിന് താഴെ വന്ന് മടങ്ങിയതായി ദേശാഭിമാനി വാര്‍ത്ത പുറത്തുവിട്ടത്. കസ്റ്റഡിയിലെടുത്തവരെ കോടതിയില്‍ ഹാജരാക്കാന്‍ പ്രത്യേകാന്വേഷകസംഘത്തിലേതടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ വടകര കോടതിയിലുള്ളപ്പോഴായിരുന്ന ലുക്ക്ഔട് നോട്ടീസിറക്കിയ റഫീഖിെന്‍റ വരവും പോക്കും.

കേസില്‍ പ്രധാനകണ്ണിയെന്ന് പൊലീസും ഒരുപറ്റം മാധ്യമങ്ങളും പ്രഖ്യാപിച്ചിരുന്ന റഫീഖിനെ പൊലീസ് ഒഴിവാക്കുന്നതായും അന്വേഷണം വഴിതിരിഞ്ഞതായുമുള്ള ആക്ഷേപങ്ങള്‍ക്കിടയിലായിരുന്നു പൊലീസ്ബന്തവസിലുള്ള കോടതിയില്‍ മുഖ്യപ്രതിവന്ന് പോയത്. ഈ സംഭവം വാര്‍ത്തയായതോടെ അന്വേഷകസംഘത്തിലെ പ്രധാനികള്‍ തന്നെ റഫീഖിനെ പിടിക്കാന്‍ കര്‍ശന നിര്‍ദ്ദേശം പുറപ്പെടുവിക്കയായിരുന്നത്രേ. അന്വേഷകസംഘത്തിലെ കോണ്‍ഗ്രസ് നോമിനിയായ ഡിവൈഎസ്പിയാണ് റഫീഖിനെ അറസ്റ്റ്ചെയ്യാതെ രക്ഷിക്കുന്നതെന്ന പരാതിയുണ്ടായിരുന്നു. ബുധനാഴ്ച വാര്‍ത്തവന്നതോടെ അന്വേഷകസംഘത്തിലെ ഉന്നതര്‍ ഡിവൈഎസ്പിയെ വിളിച്ചുവരുത്തി. റഫീഖുമായി ബന്ധമുള്ള ഡിവൈഎസ്പി ഇതനുസരിച്ച് കീഴടങ്ങല്‍ നാടകം സൃഷ്ടിക്കയായിരുന്നു. കേസില്‍ കൊലയാളികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ വാടകക്ക് സംഘടിപ്പിച്ചുകൊടുത്തത് റഫീഖാണെന്നാണ് അന്വേഷകസംഘംആദ്യഘട്ടത്തില്‍ നല്‍കിയ സൂചന. കാറിലെ വിരലടയാളം റഫീഖിന്റേതാണെന്ന് തെളിഞ്ഞു, കാറില്‍ നിന് കിട്ടിയ ബ്രേസ്ലെറ്റ് ഇയാളുടേതാണ് എന്നെല്ലാം പത്രങ്ങളും ചാനലുകളും വാര്‍ത്തയാക്കി .

റഫീഖ് സിപിഐ എം അനുഭാവിയാണ് മാഹി ഇരട്ടക്കൊലക്കേസിലെ പ്രതിയാണ് എന്നും എഴുതി. എന്നാല്‍ സിപിഐ എമ്മുമായി ബന്ധമില്ലെന്നും എന്‍ഡിഎഫുകാരനാണെന്നുംഅന്വേഷണത്തില്‍ വ്യക്തമായി. മാഹി ഇരട്ടക്കൊലക്കേസില്‍ റഫീഖില്ലെന്നും തെളിഞ്ഞു. ഈ സാഹചര്യത്തിലാണ് ചാനല്‍-പത്രപ്പടയും പൊലീസും റഫീഖിനെക്കുറിച്ച് മൗനം പാലിച്ചത്. എന്നാല്‍ റഫീഖ് ക്ലീന്‍ഷേവായി തിങ്കളാഴ്ച വടകര കോടതിയില്‍ കോടതിസമയം മുഴുവന്‍ ഇരുന്നതും വടകര കണ്ണൂക്കരക്കടുത്തുള്ളയാള്‍ തിരിച്ചറിഞ്ഞതും സൂചിപ്പിച്ച് ദേശാഭിമാനിയില്‍ ബുധനാഴ്ച വാര്‍ത്ത വന്നതോടെ അന്വേഷകസംഘമാകെ വെട്ടിലായി. കോണ്‍ഗ്രസ് നേതാക്കള്‍ നിര്‍ദ്ദേശിക്കുന്നവരെ പിടിക്കാന്‍ ""പാര്‍ടിഗ്രാമ""ങ്ങള്‍ സായുധസേനയുമായി അരിച്ചുപെറുക്കുന്ന വന്‍ ഓപറേഷന്‍ നടത്തുന്നതിനിടയില്‍ അധികൃതരുടെ ആസ്ഥാനത്ത് പ്രതിയെന്ന് പറഞ്ഞയാള്‍ വന്നതും പോയതും .

deshabhimani news

രാഷ്ട്രീയ മുതലെടുപ്പിനെപ്പറ്റി ആന്റണി മിണ്ടാത്തതെന്തേ: വൈക്കം വിശ്വന്‍


ടി പി ചന്ദ്രശേഖരന്‍ ജീവന് ഭഭീഷണിയുണ്ടെന്ന് മന്ത്രിമാരെ നേരിട്ടറിയിച്ചിട്ടും അത് നല്‍കാത്ത സര്‍ക്കാര്‍ ഇപ്പോള്‍ ഈ നിഷ്ഠൂര കൊലപാതകത്തെ രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഉപയോഗിക്കുന്നതിനെക്കുറിച്ച് എ കെ ആന്റണി എന്തുകൊണ്ടാണ് മൗനം പാലിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ആവശ്യപ്പെട്ടു.

എല്‍ഡിഎഫ് വിജയിച്ചാല്‍ ഒഞ്ചിയം ആവര്‍ത്തിക്കുമെന്നാണ് കേന്ദ്ര പ്രതിരോധമന്ത്രി ആന്റണി നെയ്യാറ്റിന്‍കരയില്‍ വന്നു പറഞ്ഞത്. ടി പി ചന്ദ്രശേഖരന്‍ ജീവന് ഭഭീഷണിയുണ്ടെന്ന് അറിയിച്ചിട്ടും കേന്ദ്ര-സംസ്ഥാന ആഭ്യന്തരമന്ത്രിമാരും മുഖ്യമന്ത്രിയും യാതൊന്നും ചെയ്തില്ല. എന്നിട്ട് ഈ നിഷ്ഠൂര കൊലപാതകത്തെ രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഉപയോഗിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ജനങ്ങളുടെ മേല്‍ ജീവിതദുരിതം അടിച്ചേല്‍പ്പിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങളെക്കുറിച്ച് ഒരക്ഷരം ഉരിയാടാന്‍ പോലും കേന്ദ്രമന്ത്രിക്ക് കഴിഞ്ഞില്ല എന്നത് ജനദ്രോഹ നയങ്ങളെ ന്യായീകരിക്കാന്‍ കേന്ദ്രമന്ത്രിമാര്‍ക്കുപോലും കഴിയാതായിരിക്കുന്നു എന്നാണ് ഇത് കാണിക്കുന്നത്. ക്രമസമാധാനത്തെക്കുറിച്ച് സംസാരിക്കുന്ന ആന്റണിയുടെ കാലത്താണ് കേരളം വര്‍ഗീയതയുടെ ചോരക്കളമായി മാറിയത് എന്ന കാര്യം കേരളീയര്‍ ഒരിക്കലും മറക്കുകയില്ല. ഈ നൂറ്റാണ്ടില്‍ ഇനിയൊരു കൊല പാടില്ലെന്നാണ് ആന്റണി പറഞ്ഞത്. എന്നാല്‍, ഈ നൂറ്റാണ്ട് പിറന്നശേഷം 100-ലേറെ ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഇടുക്കിയിലെ അനീഷ് രാജിന്റെ കൊലപാതകികളെ അറസ്റ്റ് ചെയ്യുന്നതിനു പോലും തയ്യാറാവാത്ത യുഡിഎഫ് സര്‍ക്കാരിനോട് ആ നിലപാട് തിരുത്താനാണ് ആന്റണി ഉപദേശിക്കേണ്ടിയിരുന്നത്. അധ്യാപകനെ ചവിട്ടിക്കൊന്ന കേസില്‍ സാക്ഷി പറഞ്ഞാല്‍ അവരെ വകവരുത്തുമെന്ന് പറഞ്ഞ ലീഗ് നേതാവിനെതിരെയുള്ള കേസ് പിന്‍വലിച്ചതിനെക്കുറിച്ചും എന്തുകൊണ്ടാണ് മൗനം പാലിച്ചതെന്നറിയാന്‍ കേരളീയര്‍ക്ക് താല്‍പ്പര്യമുണ്ട്.

സംശുദ്ധ രാഷ്ട്രീയത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന കേന്ദ്രമന്ത്രി എ കെ ആന്റണി തന്റെ മന്ത്രിസഭയിലെ അംഗത്തിന് അഴിമതി ആരോപണത്തിന്റെ പേരില്‍ പുറത്തുപോകേണ്ടിവന്നതിനെക്കുറിച്ച് മൗനം പാലിക്കുകയാണുണ്ടായത്. തന്റെ കീഴിലുള്ള പ്രതിരോധവകുപ്പില്‍ പോലും അഴിമതിയുടെ ചീഞ്ഞഗന്ധം പുറത്തുവരുന്നതിനെക്കുറിച്ചും മൗനം പാലിച്ച് കേരളത്തിന്റെ ജനാധിപത്യബോധത്തെയാണ് ആന്റണി പരിഹസിച്ചത്. നാടിന്റെ വികസനത്തിനും സൈ്വരജീവിതം ഉറപ്പുവരുത്തുന്നതിനും വര്‍ഗീയവിരുദ്ധ സമീപനം സ്വീകരിച്ച് നാടിന്റെ മതസൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതിനും വേണ്ടി എന്നും പ്രതിജ്ഞാബദ്ധമായി പ്രവര്‍ത്തിച്ചത് ഇടതുപക്ഷമാണ്. കേരളത്തിന്റെ ഉന്നതമായ സംസ്കാരത്തെയും ജീവിതത്തെയും തകര്‍ക്കുന്നതിനുള്ള യുഡിഎഫ് നയങ്ങള്‍ക്കെതിരായുള്ള പ്രതിഷേധമായി ഈ തെരഞ്ഞെടുപ്പ് മാറ്റണമെന്ന് വൈക്കം വിശ്വന്‍ അഭ്യര്‍ത്ഥിച്ചു.

deshabhimani news

ചതിക്ക് മറുപടി നല്‍കണം: വിഎസ്


വിശ്വാസ വഞ്ചകനും ചതിയനുമായ ശെല്‍വരാജിന് തെരഞ്ഞെടുപ്പില്‍ അര്‍ഹമായ മറുപടി ജനങ്ങള്‍ നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുമെന്ന ചിന്തയിലാണ് ശെല്‍വരാജിനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വിജയിപ്പിച്ചത്. എന്നാല്‍ അയാള്‍ കാലുമാറ്റത്തിലൂടെ മുന്നണിയേയും അതിലൂടെ ജനങ്ങളെയും വഞ്ചിച്ചു. യുഡിഎഫില്‍ ചേരുന്നതിനേക്കാള്‍ നല്ലത് ആത്മഹത്യയാണെന്ന് പറഞ്ഞ ശെല്‍വരാജ് യുഡിഎഫ് സ്ഥാനാര്‍ഥിയായി വോട്ടുചോദിക്കുകയാണ്. ശെല്‍വരാജിന്റെ വേലക്കാരോ അടിമകളോ ആണോ നെയ്യാറ്റിന്‍കരയിലെ ജനങ്ങളെന്നും വി എസ് ചോദിച്ചു. കാലുമാറ്റക്കാരെയും ചതിയന്‍മാരെയും സ്വീകരിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ് കോണ്‍ഗ്രസും യുഡിഎഫും. നെയ്യാറ്റിന്‍കരയിലെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില സംസാരിക്കുകയായിരുന്നു വി എസ്.

സംസ്ഥാന-കേന്ദ്ര ഭരണകൂടങ്ങള്‍ ജനവിരുദ്ധമായ നടപടികളാണ് സ്വീകരിക്കുന്നത്. 15 തവണയാണ് കേന്ദ്രസര്‍ക്കാര്‍ പെട്രോളിന് വിലകൂട്ടിയിരിക്കുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. 2004 ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച എല്ലാ സീറ്റിലും കോണ്‍ഗ്രസ് തോറ്റു. അന്ന് കേരളം വിട്ട എ കെ ആന്റണി ഇടയ്ക്കിടക്ക് കേരളം സന്ദര്‍ശിച്ച് ഓരോന്ന് പറഞ്ഞുപോകുകയാണ്. കേന്ദ്രസര്‍ക്കാറിന്റെ നേട്ടങ്ങളെക്കുറിച്ച് ആന്റണിക്ക് പോലും ഒന്നും പറയാനില്ല. ശെല്‍വരാജെന്ന കാലുമാറ്റക്കാരനെയും ബിജെപിയെയും പിന്തള്ളി എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ: എഫ് ലോറന്‍സിനെ വിജയിപ്പിക്കണമെന്നും വി എസ് പറഞ്ഞു.

deshabhimani news

ഹിമാചലില്‍ മാറ്റത്തിന്റെ കാറ്റ്


ഷിംല നഗരസഭയില്‍ സിപിഐ എം നേടിയ ഉജ്വലവിജയം ഹിമാചല്‍ പ്രദേശില്‍ പാര്‍ടി കൈവരിച്ച മുന്നേറ്റത്തിന്റെ നേര്‍ഫലം. മലനിരകളാല്‍ സമ്പന്നമായ ഹിമാചലില്‍ ദീര്‍ഘകാലത്തെ പോരാട്ടങ്ങളിലൂടെയാണ് സിപിഐ എം സംഘടന കെട്ടിപ്പടുത്തത്. രാഷ്ട്രീയ എതിരാളികളുടെ ആക്രമണങ്ങളെയും അടിച്ചമര്‍ത്തല്‍ശ്രമങ്ങളെയും അതിജീവിച്ചാണ് ഹിമാചലിലെ പുതിയ തലമുറയുടെ പാര്‍ടിയായി സിപിഐ എം മാറുന്നത്. കുന്നുകളുടെ റാണിയായി അറിയപ്പെടുന്ന ഷിംലയില്‍ സിപിഐ എം നേരത്തെതന്നെ വേരോട്ടം ഉറപ്പിച്ചിരുന്നു. ഷിംല സര്‍വകലാശാല ദീര്‍ഘകാലമായി എസ്എഫ്ഐയുടെ കൊടിത്തണലിലാണ്. വിദ്യാര്‍ഥിപ്രസ്ഥാനത്തിലൂടെ വളര്‍ന്നുവന്ന നേതാക്കളാണ് ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിപിഐ എമ്മിനെ നയിക്കുന്നത്. വിദ്യാര്‍ഥി-യുവജന രംഗത്തിന് പുറമെ ട്രേഡ്യൂണിയന്‍-മഹിളാ രംഗങ്ങളിലും സജീവമായി ചുവടുറപ്പിക്കാനും കഴിഞ്ഞു. സിപിഐ എം സംസ്ഥാന സെക്രട്ടറിയായ രാകേഷ് സിങ്ക നേരത്തെ ഷിംല നിയോജക മണ്ഡലത്തില്‍നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ ജയത്തിന് ശേഷം കോണ്‍ഗ്രസും ബിജെപിയും പാര്‍ടിയുടെ വളര്‍ച്ചയില്‍ അസ്വസ്ഥരായിരുന്നു. തുടര്‍ന്ന് കായികമായ ആക്രമണങ്ങളിലൂടെയും കള്ളക്കേസുകള്‍ സൃഷ്ടിച്ചും പാര്‍ടിയെ തകര്‍ക്കാനും പ്രവര്‍ത്തകരുടെ ആത്മവീര്യം കെടുത്താനും ബോധപൂര്‍വമായ ശ്രമങ്ങള്‍ അരങ്ങേറി. കള്ളക്കേസില്‍ കുടുക്കി രാകേഷ് സിങ്ക ഉള്‍പ്പെടെയുള്ള നേതാക്കളെ ദീര്‍ഘകാലം ജയിലിലടച്ചു. എന്നാല്‍, പ്രതിസന്ധിയുടെ ഘട്ടത്തിലും ഉറച്ചുനിന്ന പാര്‍ടി, സംസ്ഥാനത്തിന്റെ കൂടുതല്‍ മേഖലകളിലേക്ക് സ്വാധീനം വളര്‍ത്തി.

കോണ്‍ഗ്രസും ബിജെപിയും മാത്രം അടങ്ങിയിരുന്ന ഹിമാചലിന്റെ ദ്വിമുഖ രാഷ്ട്രീയം ഒരു മാറ്റം ആഗ്രഹിക്കുന്നുവെന്നതിന്റെ സൂചനയാണ് ഷിംല തെരഞ്ഞെടുപ്പുഫലം. കോണ്‍ഗ്രസും ബിജെപിയും വലിയതോതില്‍ പണമൊഴുക്കി പ്രചാരണം കൊഴുപ്പിച്ചപ്പോള്‍ ചെറിയ യോഗങ്ങളിലൂടെയും വോട്ടര്‍മാരെ നേരിട്ടുകണ്ടും തികച്ചും ജനകീയമായ പ്രചാരണമാണ് സിപിഐ എം നടത്തിയത്. മേയര്‍, ഡെപ്യൂട്ടിമേയര്‍ സ്ഥാനങ്ങളിലേക്ക് സിപിഐ എം അണിനിരത്തിയ സ്ഥാനാര്‍ഥികളുടെ ജനകീയതകൂടിയായപ്പോള്‍ ബിജെപി, കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ തികച്ചും അപ്രസക്തരായി. ഷിംലസ്വദേശികൂടിയായ കേന്ദ്രമന്ത്രി ആനന്ദ് ശര്‍മയും മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിങ്ങുമാണ് കോണ്‍ഗ്രസ് പ്രചാരണത്തിന് നേതൃത്വം നല്‍കിയത്. മുഖ്യമന്ത്രി പ്രേംകുമാര്‍ ദൂമലിന്റെ നേതൃത്വത്തിലായിരുന്നു ബിജെപിയുടെ പ്രചാരണം. ക്യാബിനറ്റ് മന്ത്രിമാരെല്ലാം ഷിംലയില്‍ തങ്ങി പ്രചാരണപരിപാടികള്‍ ആസൂത്രണം ചെയ്തു. സിപിഐ എമ്മിനു വേണ്ടി സംസ്ഥാനനേതാക്കളാണ് പ്രചാരണം നയിച്ചത്. പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി അവസാനഘട്ടത്തിലെത്തി. യെച്ചൂരി പങ്കെടുത്ത പൊതുയോഗത്തിലെ വമ്പിച്ച ജനസാന്നിധ്യം ഹിമാചലിലെ പാര്‍ടിസ്വാധീനം വിളിച്ചോതുന്നതായി.
(എം പ്രശാന്ത്)

deshabhimani 300512

സിപിഐ എം കോടതിയലക്ഷ്യ ഹര്‍ജി നല്‍കി


ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണവിശദാംശങ്ങള്‍ എന്ന രൂപത്തില്‍ മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ ഹൈക്കോടതിയില്‍ കോടതിയലക്ഷ്യഹര്‍ജി ഫയല്‍ ചെയ്തു.

കേസിന്റെ അന്തിമ റിപ്പോര്‍ട്ട് വരും വരെ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ പൊലീസോ മാധ്യമങ്ങളോ പുറത്തുവിടരുതെന്ന 2010ലെ ഹൈക്കോടതി വിധിയുടെ ലംഘനം ചൂണ്ടിക്കാട്ടിയാണ് കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തത്. മലയാള മനോരമ, മാതൃഭൂമി, മാധ്യമം, ഏഷ്യാനെറ്റ്, മനോരമ ന്യൂസ്, ജയ്ഹിന്ദ്, റിപ്പോര്‍ട്ടര്‍, ഡിജിപി ജേക്കബ് പുന്നൂസ്, എഡിജിപി വിന്‍സന്‍ എം പോള്‍ എന്നിവര്‍ക്കെതിരെയാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി കോടതി പിന്നീട് പരിഗണിക്കും.

മൊഴിയെടുത്തത് മര്‍ദിച്ചെന്ന് പ്രതികള്‍

വടകര: കസ്റ്റഡിയില്‍ പോലീസ് പീഡിപ്പിച്ചതായി ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായ പ്രതികള്‍ കോടതിയില്‍ അറിയിച്ചു. സിപിഐ എം കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം കെ സി രാമചന്ദ്രന്‍, ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മറ്റിയംഗം പടയങ്കണ്ടി രവീന്ദ്രന്‍ എന്നിവരാണ് കോടതിയില്‍ പരാതി ബോധിപ്പിച്ചത്. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ബുധനാഴ്ച ഹാജരാക്കിയപ്പോഴാണ് ഇരുവരും പോലീസ് പീഡിപ്പിച്ചതായി മജിസ്ട്രേറ്റിന് മൊഴി നല്‍കിയത്.

ശാരീരികമായും മാനസികമായും കടുത്ത പീഡനം ഉണ്ടായതായി ഇരുവരും പറഞ്ഞു. മര്‍ദ്ദനത്തിലൂടെയാണ് പല മൊഴികളും രേഖപ്പെടുത്തിയത്. ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിക്കുന്ന സംഘം കസ്റ്റഡിയിലെടുത്ത സിപിഐ എം പ്രവര്‍ത്തകരെ ക്രൂരമായി പീഡിപ്പിക്കുകയാണെന്നും കള്ളമൊഴി പറയിപ്പിക്കാന്‍ പ്രാകൃതമായ മുറയാണ് പ്രയോഗിക്കുന്നതെന്നും സിപിഐ എം കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

deshabhimani news

റഫീഖ് കസ്റ്റഡിയില്‍


ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ കൊലയാളികള്‍ക്ക് ഇന്നോവ കാര്‍ വാടകയ്ക്ക് എടുത്തു നല്‍കിയതായി കരുതപ്പെടുന്ന പള്ളൂര്‍ കോഹിനൂരിലെ വായപ്പടച്ചി റഫീഖ് കസ്റ്റഡിയിലായി. ഇയാള്‍ പൊലീസുിനു മുമ്പില്‍ കീഴടങ്ങുകയായിരുന്നുവെന്നാണ്സൂചന.

കൊലപാതക സംഘത്തിലെ കൊടി സുനിക്കാണ് റഫീഖ് വാഹനം വാടകയ്ക്ക് എടുത്തു നല്‍കിയത്. റഫീഖ് തിങ്കളാഴ്ച വടകര കോടതിയില്‍ മണിക്കൂറുകള്‍ ചെലവഴിച്ചു മടങ്ങിയിരുന്നു. തിങ്കളാഴ്ച രാവിലെ അതീവരഹസ്യമായി എത്തിയ ഇയാള്‍ കോടതിപരിയുംവരെ അവിടെയുണ്ടായിരുന്നെങ്കിലും പൊലീസ് അറസ്റ്റുചെയ്തില്ല. ചന്ദ്രശേഖരന്റെ കൊലപാതകം നടന്ന ഉടന്‍ വായപ്പടച്ചി റഫീഖിനെയാണ് മുഖ്യപ്രതിയാക്കി മാധ്യമങ്ങള്‍ അവതരിപ്പിച്ചത്. സിപിഐ എം അനുഭാവിയാണെന്നും ന്യൂമാഹി ഇരട്ടക്കൊലക്കേസ് പ്രതിയാണെന്നും പ്രചരിപ്പിച്ചു. ഇയാള്‍ കേരളം വിട്ടെന്നും ഗള്‍ഫിലേക്ക് കടന്നിരിക്കാമെന്നും എഴുതിനിറച്ചവരുമുണ്ട്. ഒടുവില്‍ സിപിഐ എം സ്വാധീന ഗ്രാമങ്ങളില്‍ ഒളിവിലാണെന്നും കള്ളക്കഥയുണ്ടാക്കി.

മാധ്യമങ്ങളുടെ എല്ലാവാദമുഖങ്ങളും ചീട്ടുകൊട്ടാരംപോലെ തകരുന്നതാണ് പിന്നീട് കണ്ടത്. സിപിഐ എമ്മുമായി ബന്ധമില്ലെന്നും ന്യൂമാഹി ഇരട്ടക്കൊലക്കേസ് പ്രതിയല്ലെന്നും വ്യക്തമായതോടെ റഫീഖിനെ മാധ്യമങ്ങളും അന്വേഷണസംഘവും കൈവിട്ടു

deshabhimani news

പിഴുതെറിയാനാവില്ലെന്ന് പ്രഖ്യാപിച്ച്...


കണ്ണൂരിന്റെ മണ്ണിലും ജീവിതത്തിലും അലിഞ്ഞുചേര്‍ന്ന കമ്യൂണിസത്തിന് കളങ്കം ചാര്‍ത്താന്‍ അനുവദിക്കില്ലെന്ന് ജനസഹസ്രങ്ങള്‍. മര്‍ദിത ജനവിഭാഗത്തിന്റെ മോചനത്തിനായി സമര്‍പ്പിക്കപ്പെട്ട പ്രസ്ഥാനത്തെ കൊത്തിക്കീറുമ്പോള്‍ പടച്ചട്ട തീര്‍ക്കാന്‍ പാര്‍ടി ബന്ധുക്കളും അനുഭാവികളും ബഹുജനങ്ങളാകെയും ഒന്നിച്ചിറങ്ങുകയാണ്. ജനങ്ങള്‍ നെഞ്ചോട് ചേര്‍ത്ത പാര്‍ടിയെ വെട്ടിക്കീറാന്‍ ഇറങ്ങിപ്പുറപ്പെട്ടവരുടെ ഉറക്കം കെടുത്തുന്ന സിപിഐ എം ലോക്കല്‍ റാലികളില്‍ അഭൂതപൂര്‍വ ജനമുന്നേറ്റം. കണ്ണൂരിന്റെ സന്ധ്യക്ക് ചുവപ്പുരാശി പകരുന്ന റാലികളില്‍ ജനം സകുടുംബം അണിചേരുന്ന ആവേശകരമായ അനുഭവമാണെങ്ങും. അവശതകള്‍ മാറ്റിവച്ച് ആദ്യകാല പ്രവര്‍ത്തകര്‍ ആവേശപൂര്‍വമാണ് പാര്‍ടിയെ സംരക്ഷിക്കാനുള്ള പടയണിയില്‍ ചേരുന്നത്. സിപിഐ എം ജില്ലാറാലിയിലെ പങ്കാളിത്തം പാര്‍ടി വിരുദ്ധരെ വിറളിപിടിപ്പിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായി ലോക്കലുകളില്‍ നടക്കുന്ന പ്രകടനങ്ങളും പൊതുയോഗങ്ങളും സിപിഐ എമ്മിനെ ആക്രമിക്കുന്നവര്‍ക്കുള്ള താക്കീതും പാഠവുമാണ്. പാര്‍ടിയെ കടന്നാക്രമിക്കുന്ന ഘട്ടങ്ങളിലെല്ലാം ഈ പ്രസ്ഥാനത്തിന്റെ പിന്നില്‍ അണിനിരക്കുന്ന ബഹുജനങ്ങള്‍ സടകുടഞ്ഞെഴുന്നേല്‍ക്കുന്ന അനുഭവമുണ്ടാകാറുണ്ട്. ലോക്കല്‍ റാലികളില്‍ ഇതിന്റെ തിരതള്ളലാണ് കാണുന്നത്. നേതാക്കളെയും അംഗങ്ങളെയും പോലെ പാര്‍ടിയെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങുന്ന അനുഭാവികളുടെയും ബന്ധുക്കളുടെയും മുന്നില്‍ എല്ലാ ദുഷ്പ്രചാരണങ്ങളും തോറ്റോടുകയാണ്.

വര്‍ഗവഞ്ചകരും വലതുപക്ഷവും തീവ്ര ഇടതുപക്ഷവും മാധ്യമങ്ങളും ഒന്നിച്ചെതിര്‍ത്തിട്ടും കണ്ണൂരില്‍ സിപിഐ എമ്മിന്റെ മുനയൊടിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നത് ചരിത്രം. ബദല്‍ രേഖയുടെ പേരില്‍ എം വി രാഘവനെ പാര്‍ടി പുറത്താക്കിയപ്പോള്‍ മാധ്യമങ്ങളെല്ലാം ജില്ലയില്‍ സിപിഐ എമ്മിന്റെ ചരമക്കുറിപ്പെഴുതി. വിരലിലെണ്ണാവുന്ന നേതാക്കളും പ്രവര്‍ത്തകരുമാണ് രാഘവന്റെ തെറ്റായ നിലപാടിനൊപ്പം നിന്നത്. ശരിയായ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് ഇ എം എസിന്റെയും ഇ കെ നായനാരുടെയും വി എസ് അച്യുതാനന്ദന്റെയും പിണറായി വിജയന്റെയും നേതൃത്വത്തില്‍ പാര്‍ടിയെ വെല്ലുവിളിച്ചവരെ ഒറ്റപ്പെടുത്താന്‍ നടത്തിയ പോരാട്ടത്തെ അനുസ്മരിപ്പിക്കുന്നതാണ് ഇപ്പോഴത്തെ ലോക്കല്‍ റാലികള്‍. പാര്‍ടിയെ കാത്തുരക്ഷിക്കാന്‍ ജീവിതം മാറ്റിവച്ചവര്‍ക്ക് മുന്നില്‍ സിപിഐ എം വിരുദ്ധരുടെ ആയുധങ്ങളുടെ മുനയൊടിയുകയാണ്.

എല്ലാതരം ഭീകരതകളെയും ഒരു പോലെ നേരിട്ടാണ് കണ്ണൂരില്‍ കമ്യൂണിസ്റ്റ് പാര്‍ടി വളര്‍ന്ന് പന്തലിച്ചത്. രക്തസാക്ഷിത്വവും സഹനവും സമരവുമെല്ലാം ഈ പ്രസ്ഥാനത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് ഊര്‍ജമായിട്ടുണ്ട്. ബ്രിട്ടീഷ് പട്ടാളവും എംഎസ്പിയും കോണ്‍ഗ്രസിന്റെ പൊലീസും ഗുണ്ടകളും ഓരോ ഘട്ടങ്ങളിലും കമ്യൂണിസ്റ്റ് പാര്‍ടിയെ വേട്ടയാടിയിട്ടുണ്ട്. അടിയന്തരാവസ്ഥയില്‍ സിപിഐ എമ്മിനെ അരിഞ്ഞുതള്ളുകയായിരുന്നു. ഇതൊക്കെയും അതിജീവിച്ചാണ് പാര്‍ടി മുന്നേറിയത്. ചില കൊലപാതകങ്ങളുടെ കുറ്റമാരോപിച്ച് പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ഓര്‍ക്കേണ്ടത് പാര്‍ടി കടന്നുവന്ന വഴികളെക്കുറിച്ചാണ്. തോക്കും ലാത്തിയും റെയ്ഡും പീഡനവും ലോക്കപ്പ് മര്‍ദനവും സിപിഐ എമ്മിന് പുത്തരിയല്ല. ഭരണകൂട ഭീകരതയില്‍ പുരുഷന്മാര്‍ വീട് വിട്ടിറങ്ങിയപ്പോള്‍ പ്രസ്ഥാനത്തെ രക്ഷിക്കാന്‍ സധൈര്യം മുന്നോട്ട് വന്ന ധീരരായ അമ്മമാരുടെ പിന്മുറക്കാര്‍ക്ക് ചെറുത്ത് നില്‍പിന്റെ പാഠം ആരും പകര്‍ന്ന് കൊടുക്കേണ്ടതില്ല.

സിപിഐ എം സ്വാധീന കേന്ദ്രങ്ങളെ പാര്‍ടി ഗ്രാമങ്ങളെന്ന് ആക്ഷേപിക്കുന്നവര്‍ ജനങ്ങള്‍ കമ്യൂണിസത്തെയും അത് ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ടിയെയും മാത്രം എന്തിന് സ്വീകരിച്ചുവെന്ന് മനസ്സിലാക്കണം. എങ്കിലേ സിപിഐ എമ്മിന്റെ പ്രസക്തി മനസ്സിലാവൂ. കൊലയാളികളുടെ പാര്‍ടിയെന്ന് ചിത്രീകരിക്കുന്നവര്‍ മറക്കുന്നത് കണ്ണൂരിലെ ജനലക്ഷങ്ങളെ പുതു ജീവിതത്തിലേക്ക് നയിച്ച പ്രസ്ഥാനത്തെയാണ്. കോണ്‍ഗ്രസും വലതുപക്ഷ പ്രസ്ഥാനങ്ങളും കണ്ണൂരില്‍ ഒറ്റപ്പെട്ടതിന്റെ ചരിത്രം പഠിക്കാന്‍ മുതിര്‍ന്നാല്‍ സിപിഐ എമ്മിനെ കുറ്റപ്പെടുത്താന്‍ മാധ്യമങ്ങള്‍ക്ക് ഒരിക്കലും നാക്കും പേനയും പൊങ്ങില്ല. 25 ന് തുടങ്ങി ജൂണ്‍ അഞ്ചിന് സമാപിക്കുന്ന ലോക്കല്‍ റാലി സിപിഐ എം വിരുദ്ധരെല്ലാം കണ്‍തുറന്ന് കാണുക. ജനങ്ങള്‍ ആര്‍ക്കൊപ്പമാണെന്ന് അപ്പോള്‍ വ്യക്തമാകും.

deshabhimani 300512

അക്രമവും അശാന്തിയും പടര്‍ത്തുന്നത് കോണ്‍ഗ്രസ്

ദേശാഭിമാനി 300512

ഓര്‍ക്കുമോ ചോര വാര്‍ന്ന് പിടഞ്ഞ നസീറിനെ..

ദേശാഭിമാനി 300512

വായപ്പടച്ചി റഫീഖ് വടകര കോടതിയിലെത്തി മുങ്ങി


ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ പിടികൂടാന്‍ പ്രത്യേകാന്വേഷണ സംഘവും കേരളത്തിലെ പൊലീസ് സംവിധാനവും "പാര്‍ടി ഗ്രാമങ്ങള്‍ അരിച്ചുപെറുക്കുന്നതിനിടെ" മുഖ്യപ്രതികളിലൊരാളായ പള്ളൂര്‍ കോഹിനൂരിലെ വായപ്പടച്ചി റഫീഖ് വടകര കോടതിയില്‍ മണിക്കൂറുകള്‍ ചെലവഴിച്ചു മടങ്ങി. തിങ്കളാഴ്ച രാവിലെ അതീവരഹസ്യമായി എത്തിയ ഇയാള്‍ കോടതിപരിയുംവരെ അവിടെയുണ്ടായിരുന്നെങ്കിലും പൊലീസ് അറസ്റ്റുചെയ്തില്ല. ഒത്തുകളിയുടെ ഭാഗമാണോ അതല്ല, പൊലീസ് തിരിച്ചറിയാത്തതാണോ എന്നു വ്യക്തമല്ല. രണ്ടാമത്തേതാണെങ്കില്‍ സംസ്ഥാന ഇന്റലിജന്‍സ്വിഭാഗം സമ്പൂര്‍ണമായി പരാജയപ്പെട്ടെന്ന് വ്യക്തം.

തിങ്കളാഴ്ച പകല്‍ പതിനൊന്നോടെയാണ് റഫീഖ് കോടതിവളപ്പിലെത്തിയത്. കോടതി നടപടി ആരംഭിച്ചശേഷം ആരുടെയും ശ്രദ്ധയില്‍പ്പെടാതെ വിചാരണമുറിയിലേക്ക് കടന്നു. കോടതി പിരിയും ഇയാള്‍ മുറിയിലായിരുന്നു. കോടതി പിരിഞ്ഞശേഷം ഒരു പൊലീസുകാരനാണ് പിടിച്ചുപുറത്തേക്ക് മാറ്റിയത്. സാക്ഷിയോ, പ്രതിയോ ആണോയെന്നായിരുന്നു പൊലീസുകാരന്റെ ചോദ്യം. അല്ലെന്ന് പറഞ്ഞപ്പോള്‍ പുറത്തേക്ക് തള്ളിമാറ്റുകയായിരുന്നു. റഫീക്കിനെ നേരത്തേ പരിചയമുള്ള വടകര കണ്ണൂക്കരക്കടുത്ത കുറിച്ചിക്കര സ്വദേശിയാണ് തിരിച്ചറിഞ്ഞ് വിവരം വെളിപ്പെടുത്തിയത്. ഒരു കേസിന്റെ ആവശ്യത്തിന് കോടതിയിലെത്തിയതായിരുന്നു ഇദ്ദേഹം.

""ക്ലീന്‍ ഷേവ് ചെയ്ത നിലയിലാണ് റഫീഖിനെ കോടതിയില്‍ കണ്ടത്. ഞാന്‍ അയാളുമായി സംസാരിക്കുകയും ചെയ്തു. നാടാകെ അന്വേഷിക്കുമ്പോള്‍ നീ എന്തിന് കോടതിയിലെത്തിയെന്ന് ചോദിച്ചപ്പോള്‍ മജിസ്ട്രേട്ടിന് മുമ്പാകെ നേരിട്ട് ഹാജരാകാന്‍ എന്നായിരുന്നു മറുപടി. പൊലീസ് പിടികൂടിയാലുള്ള ഭീകര മര്‍ദനം പേടിച്ചാണ് കീഴടങ്ങുന്നതെന്നും പറഞ്ഞു""- കുറിച്ചിക്കര സ്വദേശി അറിയിച്ചു.

അഭിഭാഷകരുടെ സഹായമില്ലാതെ നേരിട്ട് മജിസ്ട്രേട്ടിന് മുന്നില്‍ ഹാജരാകാനുള്ള ബുദ്ധിമുട്ട് സൂചിപ്പിച്ച താന്‍ വടകര റൂറല്‍ എസ്പി മുമ്പാകെ ഹാജരാകുന്നതാണ് നല്ലതെന്ന് ഉപദേശിച്ചതായും അദ്ദേഹം പറഞ്ഞു. പിന്നീട് എന്തുസംഭവിച്ചെന്ന് അറിയില്ല. വടകര റൂറല്‍ എസ്പി മുമ്പാകെ റഫീഖ് കീഴടങ്ങിയോ എന്നത് പൊലീസാണ് വ്യക്തമാക്കേണ്ടത്. ചന്ദ്രശേഖരന്റെ കൊലപാതകം നടന്ന ഉടന്‍ വായപ്പടച്ചി റഫീഖിനെയാണ് മുഖ്യപ്രതിയാക്കി മാധ്യമങ്ങള്‍ അവതരിപ്പിച്ചത്. സിപിഐ എം അനുഭാവിയാണെന്നും ന്യൂമാഹി ഇരട്ടക്കൊലക്കേസ് പ്രതിയാണെന്നും പ്രചരിപ്പിച്ചു. ഇയാള്‍ കേരളം വിട്ടെന്നും ഗള്‍ഫിലേക്ക് കടന്നിരിക്കാമെന്നും എഴുതിനിറച്ചവരുമുണ്ട്. ഒടുവില്‍ സിപിഐ എം സ്വാധീന ഗ്രാമങ്ങളില്‍ ഒളിവിലാണെന്നും കള്ളക്കഥയുണ്ടാക്കി. മാധ്യമങ്ങളുടെ എല്ലാവാദമുഖങ്ങളും ചീട്ടുകൊട്ടാരംപോലെ തകരുന്നതാണ് പിന്നീട് കണ്ടത്. സിപിഐ എമ്മുമായി ബന്ധമില്ലെന്നും ന്യൂമാഹി ഇരട്ടക്കൊലക്കേസ് പ്രതിയല്ലെന്നും വ്യക്തമായതോടെ റഫീഖിനെ മാധ്യമങ്ങളും അന്വേഷണസംഘവും കൈവിട്ടു.

deshabhimani 300512

മര്‍ദനം, മൂന്നാംമുറ... ഭീകരാനുഭവങ്ങളുമായി രവീന്ദ്രന്‍


ചെവിയില്‍ അടിയേറ്റ് കരുവാളിച്ചതിന്റെ പാടുകള്‍, കൈയില്‍ ചോര പൊടിയുന്നു...തലയിലും മുഖത്തും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും അടിയുടെ നിരവധി പാടുകള്‍...ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായി കസ്റ്റഡിയില്‍ കഴിഞ്ഞ പടയങ്കണ്ടി രവീന്ദ്രന്‍ അനുഭവിച്ചത് ക്രൂരമായ മര്‍ദനവും മാനസിക പീഡനവും. കസ്റ്റഡിയിലെടുത്തവര്‍ക്ക് നേരെ ക്രൂരമര്‍ദനവും ഭീകര പീഡനവും മൂന്നാംമുറയുമാണെന്നതിന്റെ തെളിവാണ് രവീന്ദ്രന്റെ ശരീരവും വാക്കുകളും. സബ്ജയിലില്‍ സന്ദര്‍ശിച്ച എംഎല്‍എമാരായ എളമരം കരീം, കെ കെ ലതിക എന്നിവരോടാണ് രവീന്ദ്രന്‍ പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

അടിയന്തരാവസ്ഥക്കാലത്തെ കക്കയം ക്യാമ്പിനെ ഓര്‍മിപ്പിക്കുന്നതാണ് പൊലീസ് കസ്റ്റഡിയിലെടുത്തവരുടെ അനുഭവങ്ങള്‍. പ്രാകൃതമായ മര്‍ദനമുറക്കും ചോദ്യംചെയ്യലിനും ഇരയായെന്നാണ് രവീന്ദ്രന്‍ പറഞ്ഞത്. പറയാത്ത കാര്യങ്ങള്‍ സമ്മര്‍ദംചെലുത്തിയും ഭീഷണിപ്പെടുത്തിയും മൊഴിയായി രേഖപ്പെടുത്തിയതായും പറഞ്ഞിട്ടുണ്ട്. ചന്ദ്രശേഖരന്‍ വധവുമായി യാതൊരു ബന്ധവുമില്ലെന്ന് എളമരം കരീമിനോടും കെ കെ ലതികയോടും രവീന്ദ്രന്‍ പറഞ്ഞു. രവീന്ദ്രന്‍ ഗൃഹപ്രവേശന ക്ഷണക്കത്ത് നല്‍കി ചന്ദ്രശേഖരനെ കൊലയാളികള്‍ക്ക്് കാട്ടിക്കൊടുത്തുവെന്നാണ് അന്വേഷകസംഘത്തില്‍നിന്നുള്ള വിവരമെന്ന വിധം ചില ചാനലുകളും പത്രങ്ങളും പ്രചരിപ്പിച്ചത്. ഗൃഹപ്രവേശത്തിന്റെ ക്ഷണക്കത്ത് കൊടുത്തു എന്നത് കള്ളക്കഥയാണ്. നിരന്തരം ഭീഷണിപ്പെടുത്തിയും അടിച്ചുമാണ് മൊഴിയെടുക്കല്‍. കസ്റ്റഡിയിലെടുത്ത പ്രതികളെക്കൊണ്ട് തന്നെ മര്‍ദിച്ചു. കൈവിരലുകള്‍ക്കിടയില്‍ പേനകള്‍ തിരുകിവെച്ച് അടിച്ചു-ചോര കട്ടപിടിച്ച കൈവിരല്‍ കാട്ടി രവീന്ദ്രന്‍ പറഞ്ഞു.

ഉറങ്ങാന്‍ അനുവദിക്കാതെയായിരുന്നു ചോദ്യംചെയ്യല്‍. മെയ് 14 മുതല്‍ ദിവസങ്ങളായി ഇതായിരുന്നു അനുഭവം. 14ന് പിടിച്ചതു മുതല്‍ 15ന് ഉച്ചവരെ തുടര്‍ച്ചയായി ചോദ്യംചെയ്യലും മര്‍ദനവും. കണ്‍പോളയടച്ചാല്‍ അടിയും ചോദ്യങ്ങളും. ചോമ്പാല എസ് ഐ ജെ ഇ ജയനാണ് മര്‍ദിച്ചതെന്നും എംഎല്‍എമാരോട് പറഞ്ഞു. "കോടതിയില്‍ മര്‍ദനവിവരം പറഞ്ഞാല്‍ വീണ്ടും കസ്റ്റഡിയില്‍വാങ്ങും, വീണ്ടും ഞങ്ങളുടെ കൈയില്‍ നീ വരും" എന്ന ഭീഷണിമൂലം ഭയന്നുപോയി. ഇതിനാലാണ് കോടതിയില്‍ പീഡനമേറ്റത് അറിയിക്കാതിരുന്നത്. നേരത്തെ ജാമ്യത്തിലിറങ്ങിയ സിപിഐ എം കൂത്തുപറമ്പ് ഏരിയാ സെക്രട്ടറി സി ബാബുവും പീഡനത്തിനിരയായതായി വെളിപ്പെടുത്തിയിരുന്നു.


മാഹിയിലെ വീടുകളില്‍ കേരള പൊലീസിന്റെ തേര്‍വാഴ്ച

മയ്യഴി: ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ കണ്ടെത്താനെന്ന പേരില്‍ മാഹിമേഖലയിലെ വീടുകളില്‍ കേരള പൊലീസിന്റെ തേര്‍വാഴ്ച. മാഹിപൊലീസ് അറിയാതെ വീട് വളഞ്ഞ് ഭീകരത സൃഷ്ടിച്ചാണ് കേരള പൊലീസിന്റെ പരിശോധന. പുതുച്ചേരിയില്‍ ജോലിചെയ്യുന്ന സര്‍വീസ് സംഘടനാനേതാവ് എം പ്രേമദാസിന്റെ മൂന്നങ്ങാടിയിലെ വീട്ടില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് പൊലീസ് അതിക്രമിച്ചുകയറി ഭീകരത സൃഷ്ടിച്ചത്. കോയ്യോട്ടുതെരുവിലെ ചട്ടേന്റവിട രാജീവന്റെ വീട്ടിലും പൊലീസ് കയറി ഭീകരത സൃഷ്ടിച്ചത് കൂട്ടനിലവിളിക്കിടയാക്കി. പണിതീരാത്ത വീടും പരിസരങ്ങളും പൊലീസ് അരിച്ചുപെറുക്കി. പറമ്പത്ത് അട്ടമ്പായി ശശി, കോഹിന്നൂരിലെ കെ ആര്‍ രവീന്ദ്രന്‍, രേഖ എന്നിവരുടെ വീടുകളിലും പൊലീസ് തെരച്ചില്‍ നടത്തി. കഴിഞ്ഞ ദിവസം മാഹി പുത്തലത്തെ വീട്ടില്‍ അതിക്രമിച്ചുകയറി സിപിഐ എം നേതാവ് പി പി രാമകൃഷ്ണനെ ബലംപ്രയോഗിച്ച് പിടിച്ചുകൊണ്ടുപോയതിന് പിറകെയാണ് വീണ്ടും കേരളപൊലീസിന്റെ അതിക്രമം. പള്ളൂര്‍, മാഹി പ്രദേശങ്ങളില്‍ പൊലീസ് നടത്തുന്ന റെയ്ഡും നടപടികളും കടുത്തപ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ജനങ്ങളെ ബുദ്ധിമുട്ടിച്ച് വീടുകളില്‍ കേരളപൊലീസ് നടത്തുന്ന റെയ്ഡ് അവസാനിപ്പിക്കണമെന്ന് സിപിഐ എം പള്ളൂര്‍ ലോക്കല്‍കമ്മിറ്റി ആവശ്യപ്പെട്ടു.

പി പി രാമകൃഷ്ണനെ കാണാന്‍ ഭാര്യക്ക് കോടതിയുടെ അനുമതി

വടകര: ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിപിഐ എം തലശ്ശേരി ഏരിയാകമ്മിറ്റി അംഗം പി പി രാമകൃഷ്ണനെ കാണാന്‍ ഭാര്യ രാധക്ക് കോടതി അനുമതി നല്‍കി. അഡ്വ. വിശ്വന്‍ മുഖേന നല്‍കിയ ഹരജിയിലാണ് വടകര മജിസ്ട്രേറ്റ് എം ഷുഹൈബിന്റെ ഉത്തരവ്. അഭിഭാഷകരുടെ സാന്നിധ്യത്തിലേ പൊലീസ് ചോദ്യംചെയ്യാവൂ എന്ന ഹരജി കോടതി ബുധനാഴ്ച പരിഗണിക്കും. കേസില്‍ പൊലീസ് ചോദ്യംചെയ്യുന്നതിന്റെ വിവരങ്ങളും കേസ് ഡയറിയും മാധ്യമങ്ങള്‍ക്ക് നല്‍കുന്നത് പരിശോധിക്കണമെന്ന ഹരജിയും പരിഗണിക്കും. പൊലീസിന്റെ വാദംകേള്‍ക്കാനായാണ് ഈ ഹരജി ബുധനാഴ്ചത്തേക്ക് മാറ്റിയത്. രാമകൃഷ്ണനെ കസ്റ്റഡിയില്‍ കിട്ടണമെന്ന പൊലീസിന്റെ ഹര്‍ജിപ്രകാരം മൂന്നുദിവസത്തേക്ക് വിട്ടുനല്‍കാനും കോടതി വിധിച്ചു.


deshabhimani 300512

ഇന്ധന സബ്സിഡി നിര്‍ത്തലാക്കണം: ജയറാം രമേഷ്


ഇന്ധന സബ്സിഡി പൂര്‍ണമായും എടുത്തുകളയണമെന്ന് കേന്ദ്ര ഗ്രാമവികസനമന്ത്രി ജയറാം രമേഷ്. പൊതുതെരഞ്ഞെടുപ്പിന് രണ്ടുവര്‍ഷംകൂടി ഉള്ളതിനാല്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കാന്‍ സര്‍ക്കാരിന് പ്രയാസമുണ്ടാകില്ല. ഇന്ധന സബ്സിഡിയില്‍ കൈവച്ചാല്‍, ഭക്ഷ്യ-വള സബ്സിഡികളും വെട്ടിക്കുറയ്ക്കാം. സര്‍ക്കാര്‍ എടുക്കുന്ന കടുത്ത തീരുമാനങ്ങള്‍ക്ക് കോണ്‍ഗ്രസ് പിന്തുണയുണ്ടാകും. കേന്ദ്രസര്‍ക്കാര്‍ ഓരോവര്‍ഷവും 1,90,000 കോടി രൂപയാണ് ഇന്ധന സബ്സിഡി ഇനത്തില്‍ ചെലവഴിക്കുന്നത്. അന്താരാഷ്ട്ര വിലയ്ക്കുതുല്യമായി ഇന്ത്യയിലും ഇന്ധനം വില്‍ക്കണം. ചില്ലറ വ്യാപാരമേഖലയില്‍ സര്‍ക്കാര്‍ എത്രയുംവേഗം നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഒരു ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ജയറാം രമേഷ് പറഞ്ഞു.

മണ്ണെണ്ണ, ഡീസല്‍, പാചകവാതകം എന്നിവയുടെ വിലനിര്‍ണയാധികാരം ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിനാണ്. ഇവയുടെ വിലനിയന്ത്രണാധികാരം കേന്ദ്രം കൈയൊഴിയുന്നതോടെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് വരുമാനഷ്ടമെന്ന പേരില്‍ അടിക്കടി വിലവര്‍ധിപ്പിക്കാന്‍ കഴിയും. സബ്സിഡി നീക്കം ചെയ്യുന്നതോടെ ഒരു ലിറ്റര്‍ ഡീസലിന്റെ വിലയില്‍ നിലവില്‍ 13.64 രൂപയുടെ വര്‍ധനയുണ്ടാവും. പാചകവാതകത്തിന്റെ വില 800 രൂപയോളമാവും. പാചകവാതക സിലിണ്ടര് 479 രൂപ നഷ്ടം സഹിച്ചാണ് വില്‍ക്കുന്നതെന്ന് കമ്പനികള്‍ അവകാശപ്പെടുന്നു. മണ്ണെണ്ണയ്ക്ക് ലിറ്ററിന് 31.41 രൂപയുടെ നഷ്ടമുണ്ടാകുന്നതായും കമ്പനികള്‍ വാദിക്കുന്നു. വില ഇത്രയും കൂട്ടുമെന്ന് അര്‍ഥം. സാധാരണക്കാര്‍ക്ക് മണ്ണെണ്ണ വാങ്ങാന്‍ കഴിയാത്ത അവസ്ഥയാകും. ഒരു കുടുംബത്തിന് സബ്സിഡിയോടെ നല്‍കുന്ന പാചകവാതക സിലിണ്ടറുകളുടെ എണ്ണം വര്‍ഷത്തില്‍ നാലായി ചുരുക്കണമെന്ന് ജയറാം രമേഷ് പറഞ്ഞു. അധികസിലിണ്ടറിന് വിപണിവില നല്‍കേണ്ട തരത്തിലായിരിക്കണം പരിഷ്കരണം. ഇതുവഴി 15,000 കോടിമുതല്‍ 20,000 കോടി രൂപവരെ ലാഭിക്കാന്‍ കഴിയും. ഡീസല്‍ കാറുകള്‍ക്ക് അധികനികുതി ഈടാക്കുന്ന കാര്യം പരിഗണിക്കേണ്ടതാണ്. ഡീസല്‍ സബ്സിഡി ഡീസല്‍ കാറുകളുടെ പെരുപ്പത്തിന് കാരണമായി-മന്ത്രിതുടര്‍ന്നു.

പെട്രോള്‍ വിലവര്‍ധനയോടൊപ്പം മണ്ണെണ്ണയുടെയും ഡീസലിന്റെയും പാചകവാതകത്തിന്റെയും വില കൂട്ടാനായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ നേരത്തെയുള്ള തീരുമാനം. എന്നാല്‍ പെട്രോള്‍ വിലവര്‍ധനയ്ക്കെതിരെ ഉയര്‍ന്ന പ്രതിഷേധം കേന്ദ്രസര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും സമ്മര്‍ദത്തിലാക്കി. ഇടതുപക്ഷം അടക്കമുള്ള പ്രതിപക്ഷപാര്‍ട്ടികളുടെ പ്രതിഷേധവും സഖ്യകക്ഷികളടക്കം കോണ്‍ഗ്രസിനെ ഒറ്റപ്പെടുത്തിയതും പരിഗണിച്ച് മണ്ണെണ്ണ, ഡീസല്‍, പാചകവാതക വിലവര്‍ധന തിരക്കിട്ട് വേണ്ടെന്നാണ് ധനമന്ത്രി അധ്യക്ഷനായ മന്ത്രിതലസമിതി തിങ്കളാഴ്ച തീരുമാനിച്ചത്. അതേസമയം ഡീസലിന്റെ വിലനിര്‍ണയാധികാരം കൈയൊഴിയുന്നത് കേന്ദ്രസര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് പെട്രോളിയംമന്ത്രി ജയ്പാല്‍ റെഡ്ഡി സൂചിപ്പിച്ചിരുന്നു. കുടിവെള്ളത്തിന് പണം ഈടാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായും ജയറാം രമേഷ് വെളിപ്പെടുത്തി. 2022നകം 90 ശതമാനം ഗ്രാമീണകുടുംബങ്ങളിലും കുടിവെള്ളം എത്തിക്കാനാണ് സര്‍ക്കാരിന്റെ പരിപാടിയെന്ന് അറിയിച്ച മന്ത്രി ജനങ്ങള്‍ ഉപയോഗത്തിനുസരിച്ച് വെളളത്തിന് പണം നല്‍കേണ്ടി വരുമെന്നും വ്യക്തമാക്കി. അടുത്തമാസം നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകള്‍ക്കുശേഷം കേന്ദ്രസര്‍ക്കാര്‍ ജനദ്രോഹനടപടികള്‍ക്ക് ആക്കംകൂട്ടുമെന്നതിന്റെ സൂചനയാണ് സോണിയ ഗാന്ധിയുമായി അടുത്തബന്ധം പുലര്‍ത്തുന്ന ജയറാം രമേഷിന്റെ വാക്കുകള്‍.

deshabhimani 300512

ശവക്കല്ലറയ്ക്ക് വെള്ളതേയ്ക്കുന്നവര്‍


ദേശാഭിമാനിര്‍ഭരമായ മനസ്സും ചിന്തയുംകൊണ്ട് ചരിത്രമെഴുതിയ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ മണ്ണാണ് നെയ്യാറ്റിന്‍കര. ഈ മണ്ഡലത്തിലെ അതിയന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ മേല്‍ക്കൂര ദ്രവിച്ച് നാല് ചുമരുകളുമിടിഞ്ഞ് കാടുകയറിയ ഒരു വീടുണ്ട്. പേര് "കൂടില്ലാവീട്". സ്വദേശാഭിമാനി രാമകൃഷ്ണപിള്ള പിറന്ന വീട്. ഇവിടേക്ക് പോകാനോ ഇത് സംരക്ഷിക്കാന്‍ സര്‍ക്കാരിനെക്കൊണ്ട് നടപടിയെടുപ്പിക്കാനോ മനസ്സുവരാത്ത കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല കൊണ്ടുപിടിച്ച് പാഞ്ഞെത്തിയത് പുന്നപ്ര- വയലാര്‍ പ്രക്ഷോഭത്തില്‍ സമരക്കാരെ വെടിവച്ചുവീഴ്ത്തുന്നതിന് നേതൃത്വം നല്‍കുന്നതിനിടെ സംഘട്ടനത്തില്‍ മരിച്ച പൊലീസുകാരന്‍ വേലായുധന്‍നാടാരുടെ വീട്ടില്‍. മണ്ഡലത്തിലെ തിരുപുറം സ്വദേശിയായ വേലായുധന്‍നാടാര്‍ 25-ാം വയസ്സില്‍ പൊലീസില്‍ ചേരുകയും 36-ാം വയസ്സില്‍ സമരത്തെ അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷുകാരും ദിവാനും നിയോഗിച്ചതുപ്രകാരം സമരക്കാരുടെ വാരിക്കുന്തത്തിന് ഇരയായതാണ്. ഇദ്ദേഹത്തിന്റെ സഹോദരങ്ങളുടെ മക്കള്‍ താമസിക്കുന്ന കുടുംബവീട്ടില്‍ (മുടന്താന്നിവീട്) എത്തി ചെന്നിത്തല വേലായുധന്‍നാടാരുടെ ഛായാചിത്രത്തിനുമുന്നില്‍ കൈകൂപ്പിനിന്ന് ആദരാഞ്ജലി അര്‍പ്പിച്ചു. ദുഃഖഭാരത്താല്‍ രണ്ടുതുള്ളി കണ്ണുനീര്‍ വീഴ്ത്തിയെന്നുമാണ് പത്രവാര്‍ത്ത. തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ കരകയറ്റാന്‍ എന്തെല്ലാം നാടകങ്ങളാണ്. പക്ഷേ, ഈ നാടകത്തില്‍ വിസ്മരിക്കപ്പെടുന്നത് ചരിത്രം.

കേന്ദ്രസര്‍ക്കാര്‍ സ്വാതന്ത്ര്യസമരമായി അംഗീകരിച്ച ജനങ്ങളുടെ പ്രക്ഷോഭമാണ് പുന്നപ്ര-വയലാര്‍. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയാലും സ്വതന്ത്രരാജ്യമായി നില്‍ക്കാന്‍ ഉത്സാഹിച്ച ദിവാന്‍ഭരണം അറബിക്കടലിലാകണമെന്നും ജന്മിത്വം തകരണമെന്നും ഉറക്കെ വിളിച്ചാണ് പുന്നപ്ര-വയലാറില്‍ നൂറുകണക്കിന് നിസ്വരായ ജനങ്ങള്‍ രക്തസാക്ഷികളായത്. ഈ സമരത്തെ സര്‍ സി പിയുടെ ചോറ്റപുട്ടാളത്തിന് ഒറ്റുകൊടുക്കുന്ന കോണ്‍ഗ്രസുകാര്‍ക്കെതിരെ സി കേശവനെപ്പോലെ ചുരുക്കം ചില കോണ്‍ഗ്രസുകാര്‍ നിലപാടെടുത്തിരുന്നു. വേലായുധന്‍നാടാര്‍ മരിച്ചുവീണ സ്ഥലത്ത് അന്നുതന്നെ 28 പേരെ പൊലീസ് വെടിവച്ച് കൊന്നിരുന്നു. പൊലീസ്ഭാഗത്ത് മരിച്ചത് സബ് ഇന്‍സ്പെക്ടര്‍ അടക്കം നാലുപേര്‍മാത്രം. ഇതേത്തുടര്‍ന്ന് നൂറുകണക്കിന് ധീരന്മാരായ ദേശാഭിമാനികളെയാണ് പട്ടാളം കൊന്നുതള്ളിയത്. എന്നും ധീരദേശാഭിമാനികളെ അഭിമാനപുളകിതരാക്കിയ സമരേതിഹാസത്തെയാണ് ചെന്നിത്തലയും കൂട്ടരും അപഹസിക്കാന്‍ ശ്രമിക്കുന്നത്. അതുകൊണ്ടാണ് വേലായുധന്‍നാടാരുടെ സ്മരണ നിലനിര്‍ത്താന്‍ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല പറഞ്ഞത്.
വേലായുധന്‍നാടാരെ ഇരയാക്കിമാറ്റിയ ബ്രിട്ടീഷ് ഭരണകൂടത്തോടും രാജഭരണത്തോടും വിദ്വേഷം കാട്ടുന്നതിനുപകരം നാടിന്റെ മോചനത്തിന് പോരാടിയ രക്തസാക്ഷികളെ നാല് വോട്ടിന് കരിതേയ്ക്കുകയാണ് കോണ്‍ഗ്രസ്. എല്ലാ മരണങ്ങളെയും രക്തസാക്ഷിത്വങ്ങളായി കൊണ്ടാടുന്നതിനെതിരെ സി ജെ തോമസ് "ശവത്തിന്റെ വില"എന്ന തലക്കെട്ടില്‍ ലേഖനമെഴുതിയിട്ടുണ്ട്. ചെന്നിത്തലയെ മാത്രമല്ല, നെയ്യാറ്റിന്‍കരയില്‍ പര്യടനം നടത്തുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും പ്രതിരോധമന്ത്രി എ കെ ആന്റണിയെയും ഓര്‍മപ്പെടുത്തുന്നു ഈ ലേഖനം. ഒരു പേരിന്റെ പിന്നിലെ സമുദായനാമത്തെപ്പോലും വോട്ടിനായി ദുരുപയോഗപ്പെടുത്തുന്ന നീചരാഷ്ട്രീയത്തിലാണ് കോണ്‍ഗ്രസുകാര്‍. അതുകൊണ്ടാണ് മലയാളത്തിന്റെ നടന്‍ സത്യന്‍ മരിച്ചിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍, നെയ്യാറ്റിന്‍കരയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനുമധ്യേ മന്ത്രിസഭായോഗം ചേര്‍ന്ന് പ്രതിമയ്ക്ക് 10 ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചത്.

ഒഞ്ചിയം ആവര്‍ത്തിക്കാതിരിക്കാന്‍ യുഡിഎഫിനെ ജയിപ്പിക്കൂ എന്നാണ് ആന്റണി ചൊവ്വാഴ്ച നെയ്യാറ്റിന്‍കരക്കാരോട് ഉപദേശിച്ചത്. ഒഞ്ചിയം ചരിത്രത്തില്‍ സ്ഥാനംനേടിയത് 2012 മെയ് നാലിന്റെ രാത്രിയിലെ ക്രൂരമായ കൊലപാതകത്താലല്ല. ഭക്ഷ്യക്ഷാമത്തിനെതിരെയും കൃഷിഭൂമിക്കുവേണ്ടിയും സമരംചെയ്ത ജനങ്ങളെ വെടിവച്ച് വീഴ്ത്തിയ 1948ലെ കോണ്‍ഗ്രസ് ഭരണത്തിലെ ക്രൂരതയുടെയും അതിനെതിരെ മുട്ടുമടക്കാത്ത ധീരതയുടെയും പേരിലാണ്. മണ്ടോടി കണ്ണനെയും സഖാക്കളെയും കൊലപ്പെടുത്താന്‍ ഉത്തരവിട്ടത് അന്ന് മദിരാശി മന്ത്രി മലബാറുകാരനായ കോണ്‍ഗ്രസ് നേതാവ് കോഴിപ്പുറത്ത് മാധവമേനോന്‍. കമ്യൂണിസ്റ്റ് പാര്‍ടിയുടെ കല്‍ക്കത്ത തീസിസിന്റെ കാലത്ത് ഒഞ്ചിയത്ത് പാര്‍ടി യോഗം ചേരുന്നുവെന്ന ഒറ്റുവിവരമറിഞ്ഞായിരുന്നു എംഎസ്പിക്കാരുടെ വേട്ട. കോഴിപ്പുറത്ത് മാധവമേനോന്റെയും ഒറ്റുകാരുടെയും ഉത്തമപ്രതിനിധികളാണ് ആന്റണിമുതല്‍ ചെന്നിത്തലവരെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍. 1948ലെ ഒഞ്ചിയം സംഭവത്തിലൂടെ ചുവപ്പിച്ച ചെങ്കൊടിയെ തോല്‍പ്പിക്കാനാണ് ഈ കോണ്‍ഗ്രസ് നേതാക്കള്‍ ആഹ്വാനംചെയ്യുന്നത്. അതിന് മെയ് നാലിന്റെ ഒരു കൊപാതകത്തെ മറയാക്കുന്നു. ഇതിനുപിന്നിലെ രാഷ്ട്രീയവഞ്ചനയും കൗശലവും തിരിച്ചറിയാനുള്ള പ്രാപ്തി ജനങ്ങള്‍ക്കുണ്ടെന്ന് നെയ്യാറ്റിന്‍കര തെളിയിക്കും.
(ആര്‍ എസ് ബാബു)

deshabhimani 300512

കൊലക്കത്തി മടക്കാന്‍ ആന്റണി അണികളെ ഉപദേശിക്കണം: പിണറായി


കൊലക്കത്തി മടക്കാന്‍ ആന്റണി സ്വന്തം അനുയായികളോടാണ് പറയേണ്ടതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. എല്‍ഡിഎഫ് ചെങ്കല്‍ മേഖലാ തെരഞ്ഞെടുപ്പു റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഈ നൂറ്റാണ്ടില്‍ ഇനിയൊരു കൊല പാടില്ലെന്നാണ് ആന്റണി പറയുന്നത്. സിപിഐ എമ്മിന്റെ 107 സഖാക്കളാണ് കഴിഞ്ഞ 12 വര്‍ഷത്തില്‍ രക്തസാക്ഷികളായതെന്ന് ആന്റണി ഓര്‍ക്കണം. ഇതില്‍ 107-ാമത്തേത് ഇടുക്കിയിലെ അനീഷ് രാജന്റെ കൊലപാതകമാണ്. ഇടുക്കിയില്‍മാത്രം മൂന്നുപേരെയാണ് കോണ്‍ഗ്രസുകാര്‍ കൊന്നത്. ഇങ്ങനെയുള്ള കോണ്‍ഗ്രസുകാരോടാണ് കൊലക്കത്തി എടുക്കരുതെന്നു പറയണ്ടേത്.

നാടിന്റെ സൈ്വര്യവും സമാധാനവും എന്നും സംരക്ഷിച്ചത് എല്‍ഡിഎഫ് സര്‍ക്കാരുകളാണ്. എല്‍ഡിഎഫ് ജയിച്ചാല്‍ ആപത്താണെന്നു പറയുന്ന അദ്ദേഹം പഴയകാലം മറക്കരുത്. ആന്റണി മുഖ്യമന്ത്രിയായിരുന്ന 1991-96 കാലഘട്ടത്തില്‍ വര്‍ഗീയസംഘര്‍ഷങ്ങളില്‍ കേരളത്തില്‍ 28 ജീവനാണ് പൊലിഞ്ഞത്. 2001-06 കാലത്തെ യുഡിഎഫ് ഭരണത്തില്‍ 18 പേര്‍ വര്‍ഗീയസംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടു. ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് മാറാട് വര്‍ഗീയകലാപം. വര്‍ഗീയശക്തികളെ പ്രോത്സാഹിപ്പിച്ചതിന്റെ ഫലമായിരുന്നു അത്. കാസര്‍കോട്ട് മുസ്ലിംലീഗ് സമ്മേളനം നടക്കുമ്പോള്‍ പൊലീസ് സൂപ്രണ്ടിനെ കൊല്ലാന്‍ ശ്രമമുണ്ടായി. തീവ്രവാദവുമായി ബന്ധപ്പെട്ട പ്രശ്നം ഉയര്‍ന്നുവന്നപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ജുഡീഷ്യല്‍ കമീഷനെ നിയോഗിച്ചു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ കമീഷന്‍ വേണ്ടെന്നുവച്ചു. വര്‍ഗീയകലാപം ആവര്‍ത്തിക്കാതിരിക്കാന്‍ യുഡിഎഫ് പരാജയപ്പെടേണ്ടത് ആവശ്യമാണ്.

ചേര്‍ത്തലയില്‍ വാഗണ്‍ ഫാക്ടറി പദ്ധതി ഇല്ലാതാകാന്‍പോകുകയാണ്. നെയ്യാറ്റിന്‍കരയില്‍ യാത്ര നടത്തിയ ആന്റണി അതല്ലേ ഇവിടെ പറയേണ്ടിയിരുന്നത്. വാഗണ്‍ ഫാക്ടറി വാഗണ്‍ ട്രാജഡി ആയിരിക്കുകയാണ്. ഇടതുപക്ഷപിന്തുണയോടെ യുപിഎ കേന്ദ്രം ഭരിച്ചപ്പോഴാണ് റെയില്‍മന്ത്രി ലാലുപ്രസാദ് യാദവുമായി ചര്‍ച്ചചെയ്ത് പദ്ധതി കൊണ്ടുവന്നത്. അത് പ്രായോഗികമല്ലെന്ന്റെയില്‍വേ ബോര്‍ഡ് ഇപ്പോള്‍ പറയുന്നു. കേന്ദ്രത്തിന്റെ തൊഴിലാളിദ്രോഹ നിലപാടുകള്‍മൂലം കോണ്‍ഗ്രസിന്റെ തൊഴിലാളി സംഘടനവരെ പണിമുടക്കില്‍ പങ്കെടുത്തു. പെട്രോളിന് 14 തവണയാണ് വിലവര്‍ധിപ്പിച്ചത്. ഭക്ഷ്യസാധനങ്ങളുള്‍പ്പെടെ എല്ലാത്തിനും പൊള്ളുന്ന വിലയാണിപ്പാള്‍. വിലക്കയറ്റം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് താല്‍പ്പര്യമില്ല. പൊതുവിതരണസമ്പ്രദായത്തെ ദുര്‍ബലപ്പെടുത്തുകയാണ് സര്‍ക്കാര്‍. പാവപ്പെട്ടവരോടും നാടിനോടും പ്രതിബദ്ധതയില്ലാത്ത സര്‍ക്കാരുകളാണ് കേന്ദ്രവും കേരളവും ഭരിക്കുന്നതെന്ന് ഇതു വ്യക്തമാക്കുന്നു-പിണറായി വിജയന്‍ പറഞ്ഞു.

deshabhimani 300512

Tuesday, May 29, 2012

നിഷ്പക്ഷത എന്ന ഒളിവാള്‍പ്രയോഗം


കത്തിരാഷ്ട്രീയം എന്ന പേരില്‍ മെയ് 28ലെ മാതൃഭൂമി ദിനപ്പത്രത്തില്‍ ആദരണീയയായ ലീലാവതിടീച്ചര്‍ എഴുതിയ കുറിപ്പ് വല്ലാതെ നിരാശപ്പെടുത്തി. കക്ഷികള്‍ക്കുവേണ്ടി വിടുപണി ചെയ്യാത്തവര്‍ക്ക് പേടിക്കാനൊന്നുമില്ല എന്ന ടീച്ചറുടെ തുടക്കത്തിലെ പ്രസ്താവനയുടെ സത്യസന്ധതയ്ക്ക്, തുടര്‍ന്നുള്ള വിലയിരുത്തലിലെ തികഞ്ഞ വിഭാഗീയത കാര്യമായ ഇളക്കം തട്ടിക്കുന്നുണ്ട്.

കലാലയങ്ങളിലെ കക്ഷിരാഷ്ട്രീയത്തില്‍ ചോരക്കളി പതിവായതിനെക്കുറിച്ച് കണ്ണൂരിലെ ഒരു കോളേജിലെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ടീച്ചര്‍ പറയുന്നു. കണ്ണൂരിലെ കലാലയത്തില്‍ ഒരു സംഘട്ടനസന്ദര്‍ഭത്തില്‍ ഇടപെട്ടതിനെക്കുറിച്ച് വിശദീകരിക്കുമ്പോള്‍ പറയുന്ന സ്നേഹവും അനുനയവും വിവേകവും നിഷ്പക്ഷതയും ലേഖനത്തില്‍ പല സന്ദര്‍ഭത്തിലും പ്രകടമാകുന്നില്ലെന്നുകൂടി പറഞ്ഞുകൊള്ളട്ടെ. ചൊട്ടയിലെ ശീലം ചുടലവരെ എന്ന പേരില്‍, കക്ഷിരാഷ്ട്രീയത്തില്‍ പയറ്റി ശങ്കകള്‍ ഒഴിഞ്ഞ മനസ്സുമായി പുറത്തെത്തുന്ന ചെറുപ്പക്കാര്‍ പിന്നീട് രാഷ്ട്രീയക്കൊലയാളികളാകുമെന്ന് ടീച്ചര്‍ നിരീക്ഷിക്കുകയും ചെയ്യുന്നു. ടീച്ചറോളം അധ്യാപനപരിചയമോ വിദ്യാര്‍ഥിബന്ധമോ അവകാശപ്പെടുന്നില്ല. എന്നാലും ക്യാമ്പസ് രാഷ്ട്രീയത്തിന്റെപേരില്‍ കേരളമൊട്ടാകെ അപകീര്‍ത്തിക്കിരയാകുന്ന തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലാണ് കഴിഞ്ഞ ആറുവര്‍ഷമായി ഞാന്‍ പ്രവര്‍ത്തിക്കുന്നത്. (അവിടത്തെ പൂര്‍വവിദ്യാര്‍ഥിയുമാണ്). യൂണിവേഴ്സിറ്റി കോളേജിനെക്കുറിച്ച് പ്രചരിപ്പിക്കുന്ന അപവാദങ്ങളിലെ അര്‍ഥശൂന്യത, ആ ക്യാമ്പസിനെ അനുഭവത്തിലൂടെ അറിഞ്ഞ വ്യക്തി എന്ന നിലയില്‍ എനിക്കു തിരിച്ചറിയാനാകും. സര്‍ഗാത്മകചിന്തകള്‍ ഉണരുകയും വികസിക്കുകയും ചെയ്യുന്ന ക്യാമ്പസുകളെ ചോരക്കളമായി ചിത്രീകരിക്കാന്‍ വെമ്പുന്ന മനസ്സുകളെയോര്‍ത്ത് അത്ഭുതം തോന്നാറുണ്ട്. നമ്മുടെ വിദ്യാര്‍ഥികള്‍ പൗരബോധവും രാഷ്ട്രീയധാരണയും (ടീച്ചര്‍ പരാമര്‍ശിക്കുന്ന കക്ഷിരാഷ്ട്രീയമല്ല; കത്തിരാഷ്ട്രീയം അല്ലേയല്ല) ഉള്ളവരായി വളര്‍ന്നുവരുന്നതില്‍ അധ്യാപികയെന്ന നിലയില്‍ ഞാന്‍ അഭിമാനിക്കുന്നു.

യൂണിവേഴ്സിറ്റി കോളേജ് ഇന്ന് ലഹരിവിമുക്ത ക്യാമ്പസാണ്; റാഗിങ് വിമുക്ത ക്യാമ്പസാണ്. അത് സൃഷ്ടിച്ചത് അവിടത്തെ വ്യക്തമായ രാഷ്ട്രീയബോധമുള്ള വിദ്യാര്‍ഥികളാണ്. ക്യാമ്പസുകളില്‍ മയക്കുമരുന്നും മദ്യവും മറ്റ് അനാശാസ്യ പ്രവര്‍ത്തനങ്ങളും വ്യാപകമാകുന്നത് ടീച്ചര്‍ അറിയുന്നുണ്ടെന്നുതന്നെ ധരിക്കട്ടെ. കൗമാരക്കാരായ വിദ്യാര്‍ഥികള്‍ക്കിടയില്‍, ജീവിതത്തെ നേരിടാനാകാതെ ഭീരുക്കളായി ആത്മഹത്യയിലഭയം പ്രാപിക്കുന്ന പ്രവണത വര്‍ധിക്കുന്നതും ടീച്ചര്‍ അറിയുന്നുണ്ടല്ലോ. (കക്ഷി) രാഷ്ട്രീയമാണ് അതിനു കാരണമെന്ന് കരുതുന്നുണ്ടോ? രാഷ്ട്രീയം നിരോധിച്ചിരിക്കുന്ന ക്യാമ്പസുകളിലാണ് ഇതെല്ലാം താരതമ്യേന കൂടുതലെന്ന് ടീച്ചര്‍ മനസ്സിലാക്കിയിട്ടുണ്ടെന്നുതന്നെ കരുതട്ടെ. അതിന് വ്യക്തമായ സ്ഥിതിവിവരക്കണക്കുകളുണ്ട്.
കത്തിരാഷ്ട്രീയം ഏതെങ്കിലുമൊരു കക്ഷിക്കുമാത്രമുള്ളതായിരുന്നില്ല എന്ന് നിരീക്ഷിക്കുന്ന ടീച്ചര്‍ മലബാറിലെ എബിവിപിയെയും എസ്എഫ്ഐയെയും പേരെടുത്തു പരാമര്‍ശിക്കുന്നുണ്ട്. അവര്‍ വേട്ടക്കാരും ഇരകളും ആയിരുന്നെന്നു പറയുന്ന ടീച്ചര്‍, മറ്റൊരു വിദ്യാര്‍ഥിസംഘടനയുടെ പേര് വെളിപ്പെടുത്താതെ ലഘൂകരിച്ച് അതിനെ പരാമര്‍ശിക്കുകയാണ് ചെയ്യുന്നത്. (""വലതിലെ മറ്റു ചിലരും കത്തിയുമേന്തി കലാലയത്തില്‍ പോകാന്‍ മടിച്ചിരുന്നില്ലെന്നതിന് ജീവിച്ചിരിക്കുന്ന തെളിവാണല്ലോ സൈമണ്‍ ബ്രിട്ടോ""). ആ വിദ്യാര്‍ഥിസംഘടനയുടെ പേരു പറയുന്നതില്‍ നിന്ന് ടീച്ചറെ തടയുന്ന "ധാര്‍മികത" എന്താണെന്ന് വ്യക്തമാകുന്നില്ല. ടീച്ചര്‍ അവകാശപ്പെടുന്ന "നിഷ്പക്ഷത"യ്ക്കിവിടെ സാരമായ കോട്ടം തട്ടി.

ടീച്ചറുടെ വാക്കുകള്‍ ഇങ്ങനെ:

കോണ്‍ഗ്രസിനോടൊരു ചായ്വ് പുലര്‍ത്തുന്നത് അവിടെയുള്ളവരെല്ലാം മഹാത്മാഗാന്ധിമാരാണെന്ന ധാരണയിലല്ല. ഹിംസാമാര്‍ഗത്തെ ഒറ്റമൂലിയായി അവര്‍ സാമാന്യേന കരുതുന്നില്ല എന്ന വിശ്വാസം മൂലമാണ്. കൊല കൊണ്ട് ശത്രുക്കളെ ഉന്മൂലനം ചെയ്യാമെന്നും കൊലയ്ക്കു കൊടുക്കല്‍ കൊണ്ട് രക്തസാക്ഷികളെ സൃഷ്ടിച്ച് കക്ഷി വളര്‍ത്താമെന്നും നിര്‍ദാക്ഷിണ്യനയമായി സ്വീകരിച്ചുപോന്നിട്ടുള്ളത് ഇടതുകക്ഷികളാണ്. അതുകൊണ്ടാണ് മാര്‍ക്സിസത്തിന്റെ ലക്ഷ്യം ഭദ്രമാണെന്ന ഉറച്ച വിശ്വാസമുണ്ടായിട്ടും ഇടതുകക്ഷികളോടൊട്ടിനില്‍ക്കാന്‍ ബുദ്ധിവ്യാപാരനിരതരില്‍ പലരും ഒരുങ്ങാത്തത്.""

ഈ നിരീക്ഷണം പക്ഷപാതപരമെന്നു മാത്രമല്ല, യുക്തിരഹിതവും വസ്തുതാവിരുദ്ധവുമാണെന്ന് പറയേണ്ടിവരുന്നതില്‍ ഖേദമുണ്ട്. "നിര്‍ദാക്ഷിണ്യനയം" ഇടതുകക്ഷികള്‍ സ്വീകരിച്ചിരിക്കുന്നതായി ഏതു വസ്തുതയുടെ അടിസ്ഥാനത്തിലാണ് ടീച്ചര്‍ പ്രസ്താവിക്കുന്നത്? ഹിംസാമാര്‍ഗത്തെ ഒറ്റമൂലിയായി കരുതുന്നില്ലെന്ന വിശ്വാസത്താല്‍ കോണ്‍ഗ്രസിനോട് ചായ്വ് പുലര്‍ത്തുന്ന ടീച്ചര്‍ക്ക് കത്തിയുമായി ക്യാമ്പസില്‍ വരുന്ന "വലതിലെ മറ്റു ചിലര്‍" അസ്വസ്ഥതയുണ്ടാക്കുന്നില്ല. ഇടതുകക്ഷികളെ പരസ്യമായി പിന്തുണച്ച എത്രയോ പ്രഗത്ഭരായ സാഹിത്യനായകരും സാംസ്കാരികനായകരും ബുദ്ധിജീവികളും ഉണ്ടായിരുന്നെന്നും ഇപ്പോഴുമുണ്ടെന്നും ഉള്ള യാഥാര്‍ഥ്യത്തെ തമസ്കരിച്ചാണ് ടീച്ചര്‍ ഇങ്ങനെ രേഖപ്പെടുത്തുന്നത്. അത്തരക്കാരെ ബുദ്ധിവ്യാപാരനിരതരായി ടീച്ചര്‍ അംഗീകരിക്കില്ല എന്നു കരുതാനുള്ള മൗഢ്യം തീര്‍ച്ചയായും എനിക്കില്ല.

കൂത്തുപറമ്പില്‍ ജനാധിപത്യരീതിയില്‍ പ്രതിഷേധിച്ച അഞ്ചു ചെറുപ്പക്കാരെ ഇടതുകക്ഷികള്‍ക്കു നഷ്ടപ്പെട്ടത് കൊലയ്ക്കു കൊടുത്തിട്ടാണോ? പാതിരാത്രി വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ഒരു ചെറുപ്പക്കാരനെ പ്രായംചെന്ന അച്ഛനമ്മമാരുടെ മുന്നില്‍വച്ച് കൊത്തിനുറുക്കിയത് ഇടതുകക്ഷികള്‍ കൊലയ്ക്കുകൊടുത്തിട്ടാണോ? മറ്റുചിലത് ടീച്ചര്‍ ഓര്‍ത്തുപറയുമ്പോള്‍ ഇത്തരം ക്രൂരതകള്‍ മറന്നുപോയതാണെന്നു കരുതാന്‍ വയ്യ. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍പോലും ഇടതുപക്ഷത്തെ വിമര്‍ശിക്കാനുള്ള അവസരം ടീച്ചര്‍ ഉപയോഗിക്കുന്നു. വിവിധ ഇടതുപക്ഷ സര്‍ക്കാരുകള്‍ എടുത്ത നല്ല തീരുമാനങ്ങളിലൊന്നായിരുന്നു ടീച്ചറുടെ സംഭാവനകളെ അംഗീകരിച്ച് എഴുത്തച്ഛന്‍ പുരസ്കാരം നല്‍കിയത് എന്നുതന്നെ ഞാന്‍ വിശ്വസിക്കുന്നു. ചൈനയിലെ ചത്വരത്തില്‍ "ടാങ്കിനടിയില്‍ ചതഞ്ഞരഞ്ഞവരെക്കുറിച്ചും അവരുടെ അമ്മമാരുടെ കണ്ണുനീരിനെക്കുറിച്ചും" ടീച്ചര്‍ ഓര്‍മിക്കുന്നു. സാമ്രാജ്യത്വത്തിന്റെ ക്രൂരതയില്‍ കൊന്നൊടുക്കപ്പെട്ടതും അനാഥരാക്കപ്പെട്ടതുമായ ലിബിയയിലെയും ഇറാക്കിലെയും കുഞ്ഞുങ്ങളെ നമുക്ക് വിസ്മരിക്കാനാകുമോ ടീച്ചര്‍?
 
മുസ്ലിങ്ങളാണെന്ന ഒറ്റക്കാരണത്താല്‍ ഭരണകൂടഭീകരതയ്ക്കിരയാക്കപ്പെട്ട ഗുജറാത്തിലെ ആയിരങ്ങളെ മറക്കാനാകുമോ? മാത്രമല്ല, ഹിംസാമാര്‍ഗത്തെ ഒറ്റമൂലിയായി കരുതുന്നില്ലെന്ന് ടീച്ചര്‍ വിലയിരുത്തുന്ന ഒരു കക്ഷി നേതൃത്വംനല്‍കുന്ന ഭരണകൂടമാണ് ഇറോം ശര്‍മിളയുടെ നിരാഹാരസമരത്തെ (ഗാന്ധിയന്‍ സമരമാര്‍ഗം) കാണാതിരിക്കുന്നതെന്നും കൊലനിയമം നടപ്പാക്കുന്നതെന്നും ടീച്ചര്‍ക്ക് മനസ്സിലാകാതെയല്ലല്ലോ..!!

 ടീച്ചറുടെ വസ്തുനിഷ്ഠത സാഹിത്യപഠനങ്ങളില്‍ മാത്രമാണ് എന്നു ധരിച്ചിരുന്നില്ല. ഭാവനയുടെയോ കേട്ടുകേള്‍വിയുടെയോ അടിസ്ഥാനത്തില്‍ നിഗമനങ്ങളും അഭിപ്രായങ്ങളും രൂപപ്പെടുത്തുന്ന ബുദ്ധിവ്യാപാരനിരതരുടെ കൂട്ടത്തില്‍ ടീച്ചര്‍കൂടി ഉള്‍പ്പെടുന്നതില്‍ വിഷമമുണ്ട്. ചങ്ങല തീര്‍ക്കുന്നവരെയും പ്രഹരമേല്‍പ്പിക്കുന്നവരെയും അതിന്റെ ഫലമായ വിലക്കും വേദനയും അനുഭവിക്കുന്നവരെയും വേര്‍തിരിച്ചുകാണാന്‍ ടീച്ചര്‍ തയ്യാറാകുന്നില്ലെന്നത് അത്യന്തം ഖേദകരമാണ്. അതുകൊണ്ടുതന്നെ ടീച്ചറുടെ കുറിപ്പ് നിഷ്പക്ഷതയുടെ പേരിലുള്ള ഒരു ഒളിവാള്‍ പ്രയോഗമായി തോന്നിപ്പോകുന്നുവെന്ന് വിനയപൂര്‍വം പറഞ്ഞുകൊള്ളട്ടെ.

ഡോ. പി എസ് ശ്രീകല deshabhimani 300512

മൂന്നാംമുറ മറനീക്കി പുറത്തായി


ആര്‍എംപി നേതാവ് ചന്ദ്രശേഖരന്‍ അതിക്രൂരമായി കൊലചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് കുറ്റം സിപിഐ എമ്മിന്റെ തലയില്‍ കെട്ടിയേല്‍പ്പിക്കാനുള്ള സംഘടിതവും ആസൂത്രിതവുമായ ശ്രമമാണ് നടക്കുന്നത്. ചന്ദ്രശേഖരന്റെ കൊലപാതകം ക്രൂരവും നിന്ദ്യവുമാണ്. അതില്‍ സിപിഐ എമ്മിന് ശക്തിയായ പ്രതിഷേധമുണ്ട്; അതിയായ ദുഃഖമുണ്ട്. സിപിഐ എം യഥാര്‍ഥ മനുഷ്യസ്നേഹികളുടെ പാര്‍ടിയാണ്. അധ്വാനിക്കുന്ന വര്‍ഗത്തിന്റെ ക്ഷേമവും ഐശ്വര്യവും ഉറപ്പുവരുത്തുന്ന, സോഷ്യലിസവും കമ്യൂണിസവും സ്ഥാപിക്കുകയെന്ന ഉന്നതമായ ലക്ഷ്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന പാര്‍ടിയാണ്. അത് ചൂഷകവര്‍ഗത്തിനെതിരായി ചൂഷിതവര്‍ഗത്തോടൊപ്പം ഉറച്ചുനില്‍ക്കുന്ന പാര്‍ടിയാണ്. അത് തിന്മയെ വെറുക്കുന്നു, വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കുന്നു. അതുകൊണ്ടുതന്നെ പാര്‍ടിക്ക് ലോകത്തിന്റെ എല്ലാ ഭാഗത്തും ശത്രുവര്‍ഗത്തിന്റെ കടന്നാക്രമണങ്ങളെ നേരിടേണ്ടിവന്നിട്ടുണ്ട്. കമ്യൂണിസ്റ്റുകാരെ ദുര്‍ഭൂതം എന്നാണ് എതിരാളികള്‍ വിശേഷിപ്പിച്ചത്. അതാണ് മഹാനായ മാര്‍ക്സും എംഗല്‍സും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ തുടക്കത്തില്‍ സൂചിപ്പിച്ചത്. ബ്രിട്ടീഷ് ഭരണകാലത്തും കോണ്‍ഗ്രസ് ഭരണകാലത്തും ഇവിടെയും പാര്‍ടി നിരോധിക്കപ്പെട്ടിട്ടുണ്ട്.

ഇപ്പോള്‍ ഇന്ത്യന്‍ ഭരണഘടനയ്ക്കു വിധേയമായി പ്രവര്‍ത്തിക്കുന്ന പാര്‍ടിയാണ് സിപിഐ എം. നിരോധിക്കപ്പെട്ട പാര്‍ടിയല്ല. എന്നാല്‍, പാര്‍ടിയെ തകര്‍ക്കാനുള്ള ശ്രമം ശത്രുവര്‍ഗം വിശ്രമമില്ലാതെ തുടരുകയാണ്. അതിനെ അതിജീവിച്ചാണ് ഇതുവരെ എത്തിയത്. ഭരണാധികാരത്തിന്റെ ശീതളഛായയില്‍ വളര്‍ന്ന പാര്‍ടിയല്ല സിപിഐ എം. ചന്ദ്രശേഖരന്റെ കൊലപാതകവാര്‍ത്ത പുറത്തുവന്ന് നിമിഷങ്ങള്‍ക്കകം അതിന്റെ ഉത്തരവാദിത്തം സിപിഐ എമ്മിന്റെ തലയില്‍ കെട്ടിയേല്‍പ്പിക്കാനുള്ള ഹീനമായ ശ്രമം യുഡിഎഫ് സര്‍ക്കാരും നേതാക്കളും ആരംഭിച്ചു. വീണുകിട്ടിയ അവസരമായി അവര്‍ കൊലപാതകത്തെ ഉപയോഗപ്പെടുത്തുകയായിരുന്നു. അവര്‍ കൊലപാതകത്തില്‍ ദുഃഖിക്കുകയല്ല, ആഘോഷമാക്കുകയായിരുന്നു. കൊല നടന്നിട്ട് 26 ദിവസം പിന്നിട്ടു. അന്വേഷണം എവിടെയും എത്തിയതായി വിവരമില്ല. കൊലയാളികളെ കണ്ടെത്തിയെന്നാണ് ഡിജിപി പറഞ്ഞത്. ഇനി കൊല നടത്തിച്ചവരെയാണ് കണ്ടെത്താനുള്ളതെന്നും പറഞ്ഞു. കൊലപാതകം സ്വകാര്യലാഭത്തിനുവേണ്ടിയാണ് നടത്തിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. മാത്രമല്ല യഥാര്‍ഥ കൊലപാതകികളെ കണ്ടെത്തുന്നതിലാണ് താല്‍പ്പര്യം, അതിന്റെ രാഷ്ട്രീയത്തിലല്ല എന്നും ഡിജിപി പറഞ്ഞു.

ഡിജിപിയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പത്രസമ്മേളനം വിളിച്ചുചേര്‍ത്ത് ഡിജിപിയെ തിരുത്തി. ഡിജിപിക്കും പരിമിതികളുണ്ടെന്നാണ് ആഭ്യന്തരമന്ത്രി പറയുന്നത്. ഡിജിപിക്ക് പരിമിതി മാത്രമല്ല കനത്ത ഉത്തരവാദിത്തവുമുണ്ട് എന്ന് മന്ത്രി പറഞ്ഞില്ല. നടന്നത് രാഷ്ട്രീയ കൊലപാതകമാണെന്ന് വാക്കുകൊണ്ട് ഉറപ്പിച്ചും തറപ്പിച്ചും പറയാനാണ് ആഭ്യന്തരമന്ത്രി പത്രക്കാരെ വിളിച്ചത്. മന്ത്രിയുടെ കൈയില്‍ തെളിവൊന്നുമില്ല. കൊലയുടെ ഉത്തരവാദിത്തം സിപിഐ എമ്മിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ വലതുപക്ഷ മാധ്യമങ്ങള്‍ അഹമഹമികയാ മുന്നിട്ടിറങ്ങി. അവര്‍ അന്വേഷണത്തെ അക്ഷരാര്‍ഥത്തില്‍ നയിക്കുകയായിരുന്നു; വഴിതെറ്റിക്കുകയായിരുന്നു. കുറ്റംചെയ്തത് സിപിഐ എമ്മുകാരാണെന്നു വരുത്താന്‍ അഹോരാത്രം പാടുപെട്ട് പണിയെടുത്തു. യഥാര്‍ഥ കുറ്റവാളികളെ രക്ഷപ്പെടുത്താനും ശ്രമിച്ചു. ഇന്നോവ കാറും കാറില്‍ സഞ്ചരിച്ചു എന്നു പറയുന്ന അഞ്ചുപേരും കാറിന്റെ ഉടമയും റഫീക്കും എവിടെയാണെന്നറിയില്ല. റഫീക്കിന്റെ ബ്രേസ്ലറ്റ് കാറില്‍നിന്ന് കിട്ടിയിരുന്നുപോല്‍. അതും ഇരുട്ടില്‍ മറഞ്ഞു. കോഴിവണ്ടിയില്‍ പ്രതികളെ അയല്‍സംസ്ഥാനത്തെത്തിച്ച ബിജെപിക്കാരനെ ചൊക്ലിയില്‍ പിടികൂടിയിരുന്നു. അയാളെയും മറവില്‍ നിര്‍ത്തി. ഗൂഢാലോചന കല്യാണവീട്ടില്‍നിന്നാരംഭിച്ച് ചൊക്ലിയിലെത്തി ഒഞ്ചിയം ഏരിയാ കമ്മിറ്റി ഓഫീസിലും എത്തിച്ചേര്‍ന്നു. മാത്രമല്ല, ഗൂഢാലോചന രണ്ടുവര്‍ഷം മുമ്പേ തുടങ്ങിയെന്നും മാധ്യമങ്ങള്‍ "അന്വേഷിച്ചു" കണ്ടെത്തി. ചന്ദ്രശേഖരനെ കൊലയാളിസംഘത്തിന്റെ മുമ്പില്‍, അവസാനത്തെ ഫോണ്‍ വിളിച്ചെത്തിച്ച നിര്‍ണായകമായ തെളിവും മായ്ച്ചുകളഞ്ഞു.

നിങ്ങള്‍ക്ക് കള്ളം പറയാനുള്ള അപാരമായ കഴിവുണ്ട്. ആ കഴിവ് ഇതുവരെ പ്രയോഗിക്കപ്പെട്ടതിന്റെ അനുഭവവും കൂടുതല്‍ ആവേശത്തോടെ ആവര്‍ത്തിക്കുമെന്ന തിരിച്ചറിവും സിപിഐ എമ്മിനുണ്ട്. പിടിച്ചത് പരല്‍മീനാണെന്നും വമ്പന്‍സ്രാവുകള്‍ പുറത്താണെന്നും ഒരു നേതാവ് മൊഴിഞ്ഞു. അവര്‍ നിര്‍ദേശിച്ച പേരുകള്‍ പിടികൂടിയവരെക്കൊണ്ട് പറയിക്കാനും സമ്മതിപ്പിക്കാനുമുള്ള മൂന്നാംമുറയാണ് മുറയ്ക്ക് നടക്കുന്നത്. എംഎല്‍എയും മുന്‍ മന്ത്രിയുമായ എളമരം കരീം, കെ കെ ലതിക എന്നിവര്‍, റിമാന്‍ഡില്‍ കഴിയുന്ന രവീന്ദ്രന്‍ എന്ന സിപിഐ എം ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റിയംഗത്തെ ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ ചെന്ന് കണ്ടതിനുശേഷം വടകരയില്‍ ചേര്‍ന്ന മഹാറാലിയില്‍ വെളിപ്പെടുത്തിയ സത്യം ഞെട്ടിപ്പിക്കുന്നതാണ്. ഹിറ്റ്ലറുടെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിനെ വെല്ലുന്ന മര്‍ദനമുറകളാണ് പൊലീസ് കസ്റ്റഡിയില്‍ നടന്നത്, നടക്കുന്നത്. പൊലീസ് തയ്യാറാക്കിയ തിരക്കഥയ്ക്കനുസരിച്ച് കുറ്റസമ്മതം നടത്താന്‍ കസ്റ്റഡിയിലുള്ളവരെ ക്രൂരമായി പീഡിപ്പിച്ചു. രവീന്ദ്രനാണ് സൂപ്രണ്ടിന്റെ മുമ്പില്‍വച്ച് സ്വന്തം അനുഭവം തുറന്നുപറഞ്ഞത്. മലയാള മനോരമയിലും മാതൃഭൂമിയിലും അപ്പപ്പോള്‍ കുറ്റസമ്മതത്തിന്റെ വാര്‍ത്ത വന്നു. ചാനലുകള്‍ 24 മണിക്കൂറും മാലോകരെ അറിയിച്ചുകൊണ്ടിരുന്നു. ഇതെല്ലാം മനുഷ്യാവകാശപ്രവര്‍ത്തകര്‍ ഇനിയെങ്കിലും ശ്രദ്ധിക്കുമെന്ന് കരുതട്ടെ. ആഭ്യന്തരമന്ത്രി പറഞ്ഞത് മൂന്നാംമുറ നയമല്ലെന്നാണ്. നയമല്ലെന്ന് പറഞ്ഞതാണ് നടക്കുന്നത്. ഇത് തുടര്‍ന്നുകൂടാ. ഇതനുവദിക്കാന്‍ സാധ്യമല്ല. കക്കയം ക്യാമ്പിനെയും മാലൂര്‍ക്കുന്നിനെയും പിന്നിലാക്കുന്ന ഈ മര്‍ദനമുറ ഒരുനിമിഷംപോലും തുടരാനുവദിച്ചുകൂടാ. മര്‍ദനംകൊണ്ടും ജയിലറകൊണ്ടും വെടിവയ്പുകൊണ്ടും തൂക്കുമരംകൊണ്ടും സിപിഐ എമ്മിനെ തകര്‍ക്കാമെന്ന് കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്. അവരുടെ സ്ഥാനം ചവറ്റുകുട്ടയിലായിരിക്കും, ഞങ്ങളോര്‍മിപ്പിക്കുന്നു. പൊലീസ് കസ്റ്റഡിയില്‍ നടക്കുന്ന മൂന്നാംമുറയില്‍ ഞങ്ങള്‍ ശക്തമായി പ്രതിഷേധിക്കുന്നു. എത്രയുംവേഗം അത് അവസാനിപ്പിച്ചില്ലെങ്കില്‍ ഉണ്ടാകുന്ന അനിവാര്യമായ പ്രത്യാഘാതത്തെക്കുറിച്ച് ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിക്കുന്നു.

deshabhimani editorial 300512

കസ്റ്റഡിയിലെടുത്തവരെ ക്രൂരമായി പീഡിപ്പിക്കുന്നു: കരിം


ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിക്കുന്ന സംഘം കസ്റ്റഡിയിലെടുത്ത സിപിഐ എം പ്രവര്‍ത്തകരെ ക്രൂരമായി പീഡിപ്പിക്കുകയാണെന്നും കള്ളമൊഴി പറയിപ്പിക്കാന്‍ പ്രാകൃതമായ മുറയാണ് പ്രയോഗിക്കുന്നതെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എളമരം കരീം. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വടകര സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഐ എം ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റി അംഗം പടയന്‍കണ്ടി രവീന്ദ്രനെ താനും കെ കെ ലതിക എംഎല്‍എയും ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ കണ്ടപ്പോഴാണ് ഇക്കാര്യം അറിയാന്‍ സാധിച്ചത്. പതിനാലിന് വൈകിട്ട് കസ്റ്റഡിയിലെടുത്ത രവീന്ദ്രനെ രാത്രി മുഴുവന്‍ ഉറങ്ങാന്‍ സമ്മതിച്ചില്ല. ഗൃഹപ്രവേശനത്തിന്റെ കത്ത് കൊടുത്ത് ചന്ദ്രശേഖരനെ കാണിച്ചുകൊടുത്തുവെന്ന മൊഴി പൊലീസ് നേരത്തെ തയ്യാറാക്കിയിരുന്നു. ഇതില്‍ ഒപ്പുവെക്കാന്‍ വിസമ്മതിച്ചപ്പോള്‍ കൈവിരലുകള്‍ക്കിടയില്‍ പേന തിരുകി കൂട്ടിപ്പിടിച്ച് ഭേദ്യം ചെയ്തു. ചോമ്പാല എസ്ഐ ജയന്‍ രവീന്ദ്രനെ ക്രൂരമായി മര്‍ദ്ദിച്ചിട്ടുണ്ട്. മുല്ലപ്പള്ളിയുടെ ഇംഗിതം അനുസരിച്ചാണ് ജയന്‍ പ്രവര്‍ത്തിക്കുന്നത്. വടകര ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും സജീവമായി രാഷ്ട്രീയ രംഗത്തുള്ള വ്യക്തിയുമായിരുന്ന ചന്ദ്രശേഖരനെ കൊലയാളികള്‍ക്ക് കാണിച്ചുകൊടുക്കേണ്ട ആവശ്യമുണ്ടോ എന്നാണ് രവീന്ദ്രന്‍ ചോദിച്ചതെന്നും കരീം പറഞ്ഞു.

തന്റെ മൊഴിയെന്ന പേരില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണെന്നും രവീന്ദ്രന്‍ തങ്ങളോട് പറഞ്ഞതായി കരീം വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് രവീന്ദ്രനടക്കമുള്ളവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയപ്പോള്‍ വിരലുകള്‍ക്കിടയില്‍ രക്തം കട്ടപിടിച്ചത് ശ്രദ്ധയില്‍ പെട്ടില്ലെന്നത് പരിശോധനയെപ്പറ്റി സംശയങ്ങള്‍ ഉണര്‍ത്തുന്നു.

പൊലീസ് കസ്റ്റഡിയിലുള്ള സിജിത് എന്നയാളുടെ കൈയില്‍ അരിവാള്‍ ചുറ്റിക പച്ചകുത്തിയതായി ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തി മാധ്യമങ്ങള്‍ക്കു നല്‍കിയത് ക്രൈംബ്രാഞ്ചിലെ മേമുണ്ട സ്വദേശിയായ രാമകൃഷ്ണനാണ് വ്യക്തമായി. കുറ്റം സിപിഐ എമ്മില്‍ ആരോപിക്കാനുള്ള വ്യഗ്രതയാണ് ഇതില്‍നിന്നൊക്കെ വ്യക്തമാകുന്നതെന്ന് കരീം പറഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രന്റെ വ്യക്തി താല്‍പര്യം സംരക്ഷിക്കുന്ന ഉദ്യോഗസ്ഥരാണ് പ്രത്യേക അന്വേഷണ സംഘത്തിലെ നല്ലൊരു വിഭാഗം. വടകരയില്‍ ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് സിപിഐ എമ്മിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എം ഭാസ്കരന്‍, പി മോഹനന്‍, എം മെഹബൂബ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani 300512

അതിരപ്പിള്ളി പദ്ധതി കഥാവശേഷമാകുന്നു


മാധവ് ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് കൂടി എതിരായതോടെ നിര്‍ദിഷ്ട അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി അട്ടിമറിക്കപ്പെടുമെന്ന് ഉറപ്പായി. കേരളത്തിന്റെ വൈദ്യുതിമേഖലയില്‍ സുപ്രധാനവും സാമ്പത്തികലാഭവുമുണ്ടാക്കാന്‍ കഴിയുമായിരുന്ന പദ്ധതിയാണ് ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ടിലൂടെ ഇല്ലാതാകുന്നത്. സംസ്ഥാനസര്‍ക്കാരിന്റെ അവഗണനയും കപട പരിസ്ഥിതി വാദികളുടെ അശാസ്ത്രീയ വാദങ്ങളും റിപ്പോര്‍ട്ടിന് പ്രേരിപ്പിച്ചിട്ടുണ്ടാകുമെന്ന് ഊര്‍ജമേഖലയിലെ വിദഗ്ധര്‍ പറയുന്നു. കുറഞ്ഞ പരിസ്ഥിതി ആഘാതമുള്ള പദ്ധതിയാണ് ഇതെന്ന് തെളിവെടുപ്പുകള്‍ക്കു ശേഷം വിദഗ്ധര്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്. സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുമ്പോഴാണ് സര്‍ക്കാരും പദ്ധതിയെ അവഗണിച്ചത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ അതിരപ്പിളളി പദ്ധതിക്കായി അത്യധ്വാനം നടത്തിയിരുന്നു. 2007 ജൂണ്‍ 18ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പദ്ധതിക്കുള്ള അനുമതി നല്‍കി. എന്നാല്‍ വിവിധ കേസുകള്‍ കോടതിയിലെത്തി. ഇപ്പോള്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകൂടി എതിരായതോടെ പദ്ധതിക്ക് അനുമതി ലഭിക്കില്ലെന്ന് ഉറപ്പായി. 163 മെഗാവാട്ടിന്റെ വൈദ്യുത പദ്ധതിയാണ് ഇതോടെ കഥാവശേഷമാകുന്നത്. വൈദ്യുത പദ്ധതിയോടൊപ്പം സമീപ പഞ്ചായത്തുകളിലും രണ്ടു നഗരസഭകളിലേയും ജലസേചനത്തിനും വിനോദസഞ്ചാര വികസനത്തിനും കൂടുതല്‍ സഹായകമാകുമായിരുന്ന പദ്ധതിയാണ് ചിലരുടെ ഗൂഢതാല്‍പ്പര്യങ്ങളാല്‍ ഇല്ലാതാകുന്നത്. പദ്ധതി നടപ്പാകുമായിരുന്നെങ്കില്‍ ആദ്യ പത്തുവര്‍ഷം വൈദ്യുതി ഉല്‍പ്പാദനത്തിന് ഒരു യൂണിറ്റിന് 2.50 രൂപ മാത്രമാകും ചെലവ്. പിന്നീട് 25 വര്‍ഷം 1.25 പൈസയും.

പരിസ്ഥിതിവാദികളുടെ ന്യായത്തെ ഖണ്ഡിക്കുന്ന സുതാര്യമായ വികസനപദ്ധതിയായിരുന്നു അതിരപ്പിള്ളി. അണക്കെട്ടിന്റെ മുഴുവന്‍ സംഭരണശേഷിക്ക് മുകളിലാണ് പെരിങ്ങല്‍ക്കുത്തിലെ ആദിവാസി ഊരുകള്‍ എന്നിരിക്കെ ഊരുകള്‍ മുങ്ങിപ്പോകുമെന്ന വാദത്തിലും കഴിമ്പില്ലായിരുന്നു. എങ്കിലും ആശങ്കയൊഴിവാക്കാന്‍ പുനരധിവാസത്തിന് മുന്‍ സര്‍ക്കാര്‍ തുക കെട്ടിവയ്ക്കുകയും ചെയ്തു. അതിരപ്പിള്ളി വെള്ളച്ചാട്ടം ഇല്ലാതാകുമെന്നതും നുണപ്രചാരണമാണ്. കടുത്ത വേനലില്‍ വെള്ളച്ചാട്ടം നിലനില്‍ക്കുന്നതുതന്നെ പെരിങ്ങല്‍ക്കുത്തിലെ എട്ട് മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദനം നടക്കുന്നതുകൊണ്ടാണ്. ഉല്‍പ്പാദനം കഴിഞ്ഞ് ഒഴുക്കിവിടുന്ന വെള്ളമാണ് വെള്ളച്ചാട്ടത്തെ സജീവമാക്കുന്നത്. നിര്‍ദിഷ്ട പദ്ധതി ഈ വെള്ളത്തെ തടഞ്ഞുനിര്‍ത്തില്ലെന്ന് മാത്രമല്ല, കൂടുതല്‍ മിഴിവേകുകയം ചെയ്യുമായിരുന്നു. അപ്പര്‍ ഷോളയാറിലെ വെള്ളം കേരള ഷോളയാറിലെത്തി 54 മെഗാവാട്ട് ഉല്‍പ്പാദിപ്പിച്ച് പെരിങ്ങല്‍ക്കുത്തിലെത്തി 48 മെഗാവാട്ടുകൂടി ഉല്‍പ്പാദിപ്പിക്കും. ഈ വെള്ളവും വൃഷ്ടിപ്രദേശത്തെ മഴവെള്ളവും പെരിങ്ങല്‍ക്കുത്തില്‍ കവിഞ്ഞൊഴുകുന്ന വെള്ളവുമാണ് ചാലക്കുടിപ്പുഴയിലൂടെ ഒഴുകുന്നത്. മരം വച്ചുപിടിപ്പിക്കലുള്‍പ്പെടെ പരിസ്ഥിതി സംരക്ഷണത്തിനും ഊന്നല്‍ നല്‍കിയാണ് അതിരപ്പിള്ളി പദ്ധതി വിഭാവനം ചെയ്തിരുന്നത്.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കേരളത്തെ ഇരുട്ടിലാക്കും: എ കെ ബാലന്‍

നെയ്യാറ്റിന്‍കര: കേരളത്തിന്റെ ഭാവി ഇരുട്ടിലാക്കുന്ന മാധവ് ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് തള്ളിക്കളയാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെടണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും മുന്‍ വൈദ്യുതി മന്ത്രിയുമായ എ കെ ബാലന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ജലവൈദ്യുത പദ്ധതികളെല്ലാം ഇല്ലാതാക്കാന്‍ ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് സംസ്ഥാനത്തിന്റെ കാര്‍ഷിക- വ്യാവസായിക മേഖലകളെ തകര്‍ക്കും. അഞ്ചു സംസ്ഥാനങ്ങളിലായുള്ള പശ്ചിമഘട്ട മലനിരകളുടെ പാരിസ്ഥിതികാഘാതം പഠിക്കാന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് ഗാഡ്ഗില്‍ സമിതിയെ നിയോഗിച്ചത്. റിപ്പോര്‍ട്ടു പ്രകാരം പശ്ചിമഘട്ടത്തില്‍ അണക്കെട്ടുകളോ നിര്‍മാണ പ്രവൃത്തികളോ പാടില്ല. നിലവിലുള്ള അണക്കെട്ടുകളുടെ കാലപരിധി പരമാവധി 50 കൊല്ലമാക്കി ഡീകമീഷന്‍ ചെയ്യണമെന്നുമുണ്ട്. നിലവിലുള്ള ജലവൈദ്യുത പദ്ധതികള്‍ ഉപേക്ഷിക്കണമെന്നാണ് ഇത് വ്യക്തമാക്കുന്നത്. പുതിയ ജലവൈദ്യുത പദ്ധതികള്‍ക്കും അനുമതി കിട്ടില്ല. ഭാവി തലമുറയ്ക്കാവശ്യമായ വൈദ്യുതി കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയാകും. ഉപതെരഞ്ഞെടുപ്പില്‍ വിഷയമാകുമോയെന്ന് ഭയന്ന് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാത്തത് സര്‍ക്കാരിന്റെ വഞ്ചനയാണ്. മറ്റു സംസ്ഥാനങ്ങള്‍ റിപ്പോര്‍ട്ട് തള്ളിയപ്പോള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന കേരളം പ്രശ്നം കണ്ടില്ലെന്ന് നടിക്കുകയാണെന്നും ബാലന്‍ പറഞ്ഞു.


deshabhimani 280512

ഒഞ്ചിയം എന്ന വര്‍ത്തമാനപ്പുസ്തകം


ഇന്നില്‍ മാത്രം ജീവിക്കുന്നതാണ് ഒരര്‍ഥത്തില്‍ ജീവിതത്തിലെ ഏറവും വലിയ ദുരന്തം. ഓര്‍മകളുണ്ടാകണം എന്ന വാദത്തെ നിരന്തരം ഓര്‍മിപ്പിക്കുന്ന രാഷ്ട്രീയ സാംസ്കാരിക അനുഭവങ്ങളിലൂടെയാണ് ഇപ്പോള്‍ കേരളം കടന്നുപോകുന്നത്. വിപ്ലവമണ്ണായ ഒഞ്ചിയത്തെ മുന്‍നിര്‍ത്തിയുള്ള ഇന്നിന്റെ വിചാരണകള്‍ക്കിടെയിലാണ് ഒഞ്ചിയത്തിന്റെ വിപ്ലവപോരാട്ടങ്ങളുടെ ചരിത്രമായ "പടനിലങ്ങളില്‍ പൊരുതി വീണവര്‍" എന്ന പുസ്തകം പ്രസക്തമാകുന്നത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം പോരാട്ടങ്ങളുടെയും സഹനസമരങ്ങളുടെയും രക്തസാക്ഷിത്വങ്ങളുടെതുമാണെന്ന കേവലമായ ഓര്‍മപ്പെടുത്തല്‍ മാത്രമല്ല ഒഞ്ചിയം സ്വദേശിയായ പി പി ഷാജു എഴുതിയ ഈ പുസ്തകം. അദ്ദേഹം തന്നെ ഊന്നുന്ന പോലെ, സ്വയം കത്തിയെരിഞ്ഞ് സുഗന്ധം പരത്തുന്ന ചന്ദനത്തിരികളായി പഴയ ത്യാഗധനര്‍ ഓരോരുത്തരായി മനസില്‍ വിങ്ങലായി ഓര്‍മകളുടെ സുഗന്ധമായി മറയുമ്പോള്‍ അവര്‍ക്കുള്ള പിതൃതര്‍പ്പണമാണ് ഈ പുസ്തകം. നവോത്ഥാന ആശയങ്ങള്‍ ഉഴുതു മറിച്ചിട്ട മണ്ണില്‍ ഒഞ്ചിയം അടക്കമുള്ള വിത്തുകള്‍ എങ്ങനെ തഴച്ചു വളര്‍ന്നുവെന്ന് ഈ പുസ്തകം കാട്ടിത്തരുന്നു.

സ്വതന്ത്ര്യ ലബ്ധിക്ക് പിറ്റേവര്‍ഷം ഏപ്രില്‍ 30നാണ് കമ്യൂണിസ്റ്റ് പാര്‍ടി ചരിത്രത്തിലെ ഏക്കാലത്തെയും നിണം തിളച്ച ഏടായ ഒഞ്ചിയം വെടിവയ്പ് നടന്നത്. ഒഞ്ചിയത്ത് കമ്യൂണിസ്റ്റ് പാര്‍ടി കുറുമ്പ്രനാട് താലൂക്ക് കമ്മറ്റിയോഗത്തില്‍ പങ്കെടുത്ത നേതാക്കളെ അറസ്റ്റുചെയ്യാന്‍ എംഎസ്പിയും കോണ്‍ഗ്രസിന്റെ ഗുണ്ടാപ്പടയായ ദേശരക്ഷാസേനയും എത്തിയതോടെയാണ് ഒഞ്ചിയം സംഭവങ്ങളുടെ തുടക്കം. നേതാക്കളെ കാട്ടിക്കൊടുക്കാന്‍ തയ്യാറാകാത്ത കര്‍ഷക കാരണവരായ പുളിയുള്ളതില്‍ ചോയിയെയും മകന്‍ കണാരനെയും പിടിച്ചുകൊണ്ടുപോയി. ഇവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് തടിച്ചുകൂടിയ ജനങ്ങള്‍ക്ക് നേരെ പൊലീസും ഗുണ്ടാപ്പടയും വെടിയുതിര്‍ത്തു. ആറുപേര്‍ സ്ഥലത്തുതന്നെ മരിച്ചു വീണു. മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇതിനുശേഷവും ക്രൂരമായ നരനായാട്ടാണ് പൊലീസ് തുടര്‍ന്നത്. ഇവരുടെ പ്രധാന ലക്ഷ്യമായിരുന്ന മണ്ടോടി കണ്ണനെ തടവറയിലിട്ട് ഭീകരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനമേറ്റ് മരിച്ചുവീണപ്പോഴും തളംകെട്ടിയ രക്തത്തില്‍ കൈകള്‍ മുക്കി ചുമരില്‍ അരിവാള്‍ ചുറ്റിക നക്ഷത്രം വരച്ച മണ്ടോടി കണ്ണനാണ് ഒഞ്ചിയത്തിലെ ഇന്നും തിളങ്ങുന്ന രക്തനക്ഷത്രം. പ്രദേശത്തിന്റെ സാമുഹ്യചിത്രവും പാര്‍ടി ചരിത്രവും ഒന്നാകുന്ന തീഷ്ണമായ ദിനസരിക്കുറിപ്പുകളാണ് ഈ പുസ്തകം പങ്കുവയ്ക്കുന്നത്.

സംഭവങ്ങളുടെ സമയവിവരപ്പട്ടിക തയാറാക്കിയാല്‍ ചരിത്രമായെന്ന സമീപനം തീരെ ഇല്ലാത്ത ഗ്രന്ഥമാണിതെന്ന് പുസ്തകത്തിന് അഭിവാദ്യമെഴുതുയ രാജന്‍ ഗുരുക്കള്‍ ചൂണ്ടിക്കാട്ടുന്നു. ചരിത്രമെന്നാല്‍ സാമുഹ്യശാസ്ത്രമാണെന്നും മറ്റെല്ലാം അതില്‍ ഇഴചേര്‍ന്നതാണെന്നും ഉള്ള ബോധ്യം രചയിതാവിനുണ്ട്. കേന്ദ്രപ്രമേയം ഒഞ്ചിയം വെടിവെപ്പും പ്രത്യാഘാതങ്ങളും മറ്റുമാണെങ്കിലും അവയിലേക്ക് നയിച്ച കമ്യൂണിസ്റ്റ് പ്രഷോഭത്തിന്റെ സാമൂഹ്യ ചരിത്ര പശ്ചാത്തലം അനാവരണം ചെയ്യുന്നതിലും പുസ്തകം ശ്രദ്ധിക്കുന്നു. പുസ്തകത്തിന് മുഖമൊഴി എഴുതിയ പിണറായി വിജയന്‍ പറയുന്നത് കേള്‍ക്കുക: ""ത്യാഗോജ്വലങ്ങളായ സമരങ്ങളുടെ പാരമ്പര്യം ഏറ്റുവാങ്ങിയാണ് ഒഞ്ചിയത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനം വളര്‍ന്നത്. ആ മഹത്തായ ത്യാഗത്തിന്റെ പാരമ്പര്യത്തെ മറന്ന് ജനങ്ങളെ വഴിതെറ്റിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഈ മണ്ണില്‍ നടന്നു എന്നത് വേദനാജനകമായ കാര്യമാണ്""- അതുതന്നെയാണ് ഈ പുസ്തകത്തിന്റെ കാലിക പ്രസക്തിയും. നാമെങ്ങനെ നമ്മളായെന്ന് നമ്മെ ഓര്‍മപ്പെടുത്തുന്ന ഇന്നിന്റെ പുസ്തകം എന്ന അര്‍ഥത്തില്‍ ഇതിന്റെ വായന സാര്‍ഥകമായ രാഷ്രടീയ പ്രവര്‍ത്തനം കൂടിയാകുന്നു.
(വിനോദ് പായം)

ദേശാഭിമാനി വാരാന്തപ്പതിപ്പ് 270512

ഐ.ഒ.സിയുടെ ലാഭത്തില്‍ മൂന്നിരട്ടി വര്‍ദ്ധന


ദേശാഭിമാനി 290512

ഇന്ന് മിശ്രഭോജനത്തിന്റെ വാര്‍ഷികം

ദേശാഭിമാനി 290512

എം എം മണിയുടെ പ്രസ്താവന: പിബി അപലപിച്ചു


 ആക്രമണങ്ങള്‍ക്ക് തിരിച്ചടി എന്ന നിലയില്‍ ഉണ്ടായ കൊലപാതകങ്ങളെ ന്യായീകരിക്കുന്ന മട്ടില്‍ സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണി നടത്തിയ പരാമര്‍ശങ്ങളെ സിപിഐ എം പൊളിറ്റ് ബ്യുറോ അപലപിച്ചു. ഈ പരാമര്‍ശങ്ങള്‍ പാര്‍ട്ടി അംഗീകരിക്കുന്നില്ലെന്ന് പി ബി പ്രസ്താവനയില്‍ പറഞ്ഞു.

എന്തായാലും പാര്‍ടിയുടെ സമീപനവും രാഷ്ട്രീയവുമായി ഈ പരാമര്‍ശങ്ങള്‍ക്ക് ബന്ധമില്ല. ഇക്കാര്യത്തില്‍ഉചിതമായ നടപടി സ്വീകരിക്കും- പ്രസ്താവനയില്‍ പറഞ്ഞു.

പി.ബി.പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം

On Remarks of M M Mani
Date: 29 May 2012

The Polit Bureau of the CPI(M) condemns and disapproves the remarks of M. M. Mani, Secretary of the Idukki District Committee of the Party, which has sought to justify the retaliatory killing of political opponents. These remarks have nothing whatsoever to do with the Party’s approach and politics. Appropriate action will be taken regarding this matter.

എം എം മണിക്കെതിരെ കേസ് ഇടുക്കിയില്‍ പ്രതിഷേധമിരമ്പി


സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണിക്കെതിരെ തൊടുപുഴ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. തൊടുപുഴയ്ക്കടുത്ത് മണക്കാട് സംഘടിപ്പിച്ച സിപിഐ എം യോഗത്തിലെ പ്രസംഗത്തിന്റെ പേരിലാണ് 302, 109, 118 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. മണിക്കെതിരെ കേസെടുത്തതില്‍ ജില്ലയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നു. ഭരണത്തിന്റെ ഹുങ്കിലും നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന്റെ മറവിലും രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന കോണ്‍ഗ്രസ്-യുഡിഎഫ് ഗൂഢാലോചനയ്ക്കെതിരെ ജില്ലയിലെമ്പാടും നൂറുകണക്കിന് യോഗങ്ങളാണ് നടന്നത്.

അതിനിടെ, എം എം മണി പറഞ്ഞത് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. തിരുവനന്തപുരം ഹെഡ്ക്വാര്‍ട്ടേഴ്സ് എസ്പി പി പ്രകാശന്‍ നേതൃത്വം നല്‍കുന്ന സംഘത്തിന്റെ പ്രവര്‍ത്തനത്തിന് ഐജി കെ പത്മകുമാര്‍ മേല്‍നോട്ടം വഹിക്കും. കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച തൊടുപുഴയില്‍ ജില്ലാ പൊലീസ് ചീഫ് ജോര്‍ജ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. തൊടുപുഴ ഡിവൈഎസ്പി ആന്റണി തോമസ്, ജില്ലാ ക്രൈം റെക്കോര്‍ഡ്സ്് ബ്യൂറോ എസ്ഐ മാമച്ചന്‍ എന്നിവരും പങ്കെടുത്തു. കേസിന്റെ രേഖ പരിശോധിച്ചശേഷമായിരിക്കും തുടര്‍നടപടികളെന്ന് പൊലീസ് അറിയിച്ചു. ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ഉന്നത നേതാക്കളുടെ കടുത്ത സമ്മര്‍ദ്ദം പൊലീസിനുമേലുള്ളതിനാലാണ് ഈ നടപടിയെന്ന് അറിയുന്നു. ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നടപടി വേഗത്തിലാക്കാനും ശ്രമമുണ്ട്. അതിനായി മന്ത്രിസഭയിലെ ഉന്നതരും നേതാക്കളും ഇടപെട്ട് അഡ്വ. ജനറലിന്റെ പ്രത്യേക നിര്‍ദേശം വാങ്ങിയാണ് കേസ് നടപടികളുമായി മുന്നോട്ടുപോകുന്നത്.

ദശാബ്ദങ്ങളായി കുടിയേറ്റ കര്‍ഷകരുടെയും തോട്ടം തൊഴിലാളികളുടെയും എണ്ണമറ്റ അവകാശ -ജീവിതപ്രശ്നങ്ങളിലടക്കം സമരമുഖങ്ങളില്‍ ഉജ്വല നേതൃത്വം നല്‍കിയ എം എം മണിയെ കടന്നാക്രമിക്കുന്ന ശക്തികള്‍ക്കെതിരെ അതിരൂക്ഷമായ പ്രതിഷേധമാണ് നാനാമേഖലയില്‍നിന്നുമുയര്‍ന്നത്. കര്‍ഷകര്‍, തോട്ടം തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, ചുമട്ടുതൊഴിലാളികള്‍, ജീവനക്കാര്‍ തുടങ്ങി സമൂഹത്തിന്റ നാനാതുറകളിലുള്ളവര്‍ വിവിധ കേന്ദ്രങ്ങളിലെ പ്രകടനങ്ങളില്‍ പങ്കെടുത്തു. നൂറ്് കണക്കിനാളുകള്‍ പ്രകടനങ്ങളില്‍ പങ്കെടുത്തു. ജനകീയ നേതാവിനെ കേസില്‍ കുടുക്കാന്‍ സജീവമായ ഇടപെടല്‍ നടത്തുന്ന വലതുപക്ഷ രാഷ്ട്രീയ നേതൃത്വത്തിനെതിരെയും മാധ്യമങ്ങള്‍ക്കെതിരെയും പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി. പ്രകടനത്തിന് സിപിഐ എമ്മിന്റെയും വര്‍ഗബഹുജനസംഘടനകളുടെയും നേതാക്കള്‍ നേതൃത്വം നല്‍കി.

deshabhimani 290512