Showing posts with label ശശി തരൂര്‍. Show all posts
Showing posts with label ശശി തരൂര്‍. Show all posts

Tuesday, April 15, 2014

കശ്മീര്‍: ഇന്ത്യന്‍ നിലപാട് തള്ളി തരൂരിന്റെ ലേഖനം

കശ്മീര്‍പ്രശ്നം പരിഹരിക്കുന്നതിന് ഇന്ത്യ മൂന്നാംകക്ഷിയുടെ ഇടപെടല്‍ തേടണമെന്ന് കേന്ദ്രമന്ത്രി ശശി തരൂര്‍. "പാകിസ്ഥാന്റെ സൗഹൃദ രാഷ്ട്രങ്ങളായ സൗദി അറേബ്യയെയും ചൈനയെയും" ഇടപെടുത്തണമെന്നാണ് തരൂരിന്റെ നിര്‍ദേശം. മാതൃഭൂമി ഇയര്‍ബുക്കില്‍ രാജ്യത്തിന്റെ വിദേശബന്ധങ്ങളെ അടിസ്ഥാനമാക്കി എഴുതിയ "ഇന്ത്യയും അയല്‍ക്കാരും" എന്ന ലേഖനത്തിലാണ് തരൂരിന്റെ വിവാദ പരാമര്‍ശം.

കശ്മീര്‍പ്രശ്നത്തില്‍ പുറംരാജ്യങ്ങള്‍ ഇടപെടാന്‍ പാടില്ല എന്നാണ് ഇന്ത്യയുടെ നയം. പ്രഖ്യാപിത വിദേശനയത്തെ കേന്ദ്രമന്ത്രി തന്നെ തള്ളിപ്പറഞ്ഞത് വിവാദമായി. അന്താരാഷ്ട്രവേദികളില്‍ ഇന്ത്യക്കെതിരെ പ്രയോഗിക്കാനുള്ള ആയുധമാണ് സ്വന്തം പരാമര്‍ശത്തിലൂടെ കേന്ദ്രമന്ത്രി പാകിസ്ഥാന് നല്‍കിയിരിക്കുന്നത്. കശ്മീര്‍ ഇന്ത്യയിലെ ഏക മുസ്ലിം ഭൂരിപക്ഷപ്രദേശമാണെന്നും ഭീകരരും ഇന്ത്യന്‍ സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ കശ്മീരിന്റെ സമ്പദ്ഘടന തകര്‍ത്തെന്നും തരൂര്‍ ലേഖനത്തില്‍ പറയുന്നു.

ജമ്മു കശ്മീരില്‍ പ്രശ്നം തീര്‍ക്കാന്‍ മൂന്നാമതൊരു കക്ഷി ഇടപെടേണ്ടതില്ലെന്നാണ് രാജ്യത്തിന്റെ പ്രഖ്യാപിതനയം. കശ്മീര്‍ മുസ്ലിം ഭൂരിപക്ഷപ്രദേശമാണെന്ന നിലപാടും രാജ്യത്തിനില്ല. ഇന്ത്യന്‍ ഭരണഘടനയുടെ 370-ാം വകുപ്പ് പ്രകാരം സംസ്ഥാനത്തിന്റെ പേര് ജമ്മു കശ്മീര്‍ എന്നാണെങ്കിലും തരൂര്‍ ലേഖനത്തിലുടനീളം കശ്മീര്‍ എന്നു മാത്രമാണ് പറയുന്നത്.

deshabhimani

Tuesday, April 8, 2014

ശശി തരൂര്‍ വോട്ടിനായി പണം നല്‍കാന്‍ ശ്രമിച്ചത് പുറത്തായി

തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ മതപ്രചാരകരെ പണംകൊടുത്ത് വശത്താക്കി വോട്ടുപിടിക്കാന്‍ ശ്രമിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. വഴുതക്കാട്ടെ തരൂരിന്റെ വസതിയില്‍ ശനിയാഴ്ച രാത്രിയില്‍ വിളിച്ചുചേര്‍ത്ത രഹസ്യയോഗത്തിന്റെ ദൃശ്യങ്ങളാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തുവിട്ടത്. കെ മുരളീധരന്‍ എംഎല്‍എയുടെ സാന്നിധ്യത്തിലായിരുന്നു യോഗം. പങ്കെടുത്തവര്‍ക്ക് അത്താഴവിരുന്നും നല്‍കി. മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ പെരുമാറിയ തരൂരിനെ അയോഗ്യനാക്കി ക്രിമിനല്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി.

സുനന്ദ പുഷ്കറിന്റെ ദുരൂഹമരണത്തെക്കുറിച്ചുള്ള സംശയം മാറ്റാന്‍ ശ്രമിക്കണമെന്നും ക്രിസ്ത്യാനികള്‍ ഒറ്റക്കെട്ടായി തനിക്ക് വോട്ട് ചെയ്യണമെന്നുമായിരുന്നു തരൂരിന്റെ ആവശ്യം. കേന്ദ്രമന്ത്രിയുടെ യോഗം എന്ന പേരിലാണ് യുഡിഎഫ് നേതാക്കള്‍ മതപ്രചാരകരെ തരൂരിന്റെ വസതിയില്‍ എത്തിച്ചത്. ഇതിന് മുന്‍കൈ എടുത്ത ഒരു പാസ്റ്റര്‍, ഞങ്ങള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചെന്നും ക്രിസ്ത്യാനികള്‍ കോണ്‍ഗ്രസിനേ വോട്ടുചെയ്യാവൂവെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും ആമുഖമായി വിശദീകരിച്ചു.

ഭാര്യയുടെ മരണവുമായി ഉണ്ടായ വിവാദങ്ങള്‍ വെറുതെയാണെന്നും തനിക്കെതിരെ ഒരു പരാതിയുമില്ലെന്നും താന്‍ നിരപരാധിയാണെന്നും പാസ്റ്റര്‍മാര്‍ ജനങ്ങളോട് പറയണമെന്ന് തരൂര്‍ ആവശ്യപ്പെട്ടു. തനിക്കെതിരെ എഫ്ഐആര്‍പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല. പൊലീസ് ഒന്നും അന്വേഷിച്ചിട്ടില്ല. കുറ്റകൃത്യം നടന്നതായി സംശയവുമില്ല. മരണകാരണത്തെക്കുറിച്ച് ഫോറന്‍സിക് ലാബുകാരും ഡോക്ടര്‍മാരും തമ്മിലുള്ള തര്‍ക്കമാണ് പ്രശ്നം. ഇതില്‍ ഒരു സത്യവുമില്ലെന്ന് നിങ്ങളുടെ ആള്‍ക്കാരോട് പറയണം. താന്‍ മര്യാദയുള്ള മനുഷ്യനാണെന്നു കൂടി പറയണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.

കടുത്ത മത്സരം നേരിടുകയാണെന്ന് പറഞ്ഞ തരൂര്‍ പരാജയഭീതിയും പ്രകടിപ്പിച്ചു. തരൂരിന്റെ വാക്കുകളിങ്ങനെ: ""ഞങ്ങളുടെ കാല്‍ക്കുലേഷനില്‍ ഭയങ്കര ടൈറ്റാണ്. ശരിക്കുപറയുകയാണെങ്കില്‍ ഞാന്‍ കയറിയ നിയോജകമണ്ഡലം വട്ടിയൂര്‍ക്കാവും തിരുവനന്തപുരവും മാത്രമാണ്. പാറശാലയിലും നെയ്യാറ്റിന്‍കരയിലും അവരാണ് (എല്‍ഡിഎഫ്) കൂടുതല്‍. കഴക്കൂട്ടവും നേമവും ഭയങ്കര പിടുത്തമാണ്. ആരാണെന്ന് പറയാന്‍ പറ്റില്ല...""

അത്താഴത്തിന് ശേഷമാണ് പണപ്പൊതി കൈമാറാന്‍ ശ്രമിച്ചത്. ഇതില്‍ പ്രതിഷേധിച്ച് പാസ്റ്റര്‍മാരില്‍ ചിലര്‍ തരൂരിന്റെ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയി. എല്‍ഡിഎഫിനും സ്ഥാനാര്‍ഥിക്കും അപകീര്‍ത്തികരമായ പ്രസ്താവനയും തരൂര്‍ നടത്തി.

എല്‍ഡിഎഫിന്റെ എംപി ഉണ്ടായാല്‍ നരേന്ദ്രമോഡിയെ ആണ് സഹായിക്കുകയെന്നും ബിജെപിക്ക് വോട്ട് കൊടുക്കുന്നതു പോലെയാണിതെന്നും തരൂര്‍ പറഞ്ഞു. മതേതര വിശ്വാസികള്‍ക്ക് ഇടതുപക്ഷ എംപിയെ ഒട്ടും അംഗീകരിക്കാന്‍ കഴിയില്ലെന്നും തരൂര്‍ പറയുന്നുണ്ട്. ഇത് അപകീര്‍ത്തികരമാണെന്ന് എല്‍ഡിഎഫ് ചെയര്‍മാന്‍ എം വിജയകുമാറും ജനറല്‍ സെക്രട്ടറി പി രാമചന്ദ്രന്‍നായരും പരാതിയില്‍ ചൂണ്ടിക്കാട്ടി.

ജനപ്രാതിനിധ്യ നിയമത്തിലെ 123-ാം വകുപ്പ് അനുസരിച്ച് തരൂരിനെ അയോഗ്യനാക്കി പ്രഖ്യാപിക്കണമെന്നും ക്രിമിനല്‍ നടപടി ക്രമം അനുസരിച്ച് കേസ് രജിസ്റ്റര്‍ചെയ്യണമെന്നും എല്‍ഡിഎഫ് ആവശ്യപ്പെട്ടു.

deshabhimani

Thursday, April 3, 2014

സുനന്ദയുടെ മുറിപ്പാടുകള്‍ ചിത്രങ്ങളില്‍ വ്യക്തം

മരണശേഷമുള്ള സുനന്ദ പുഷ്കറിന്റെ ചിത്രങ്ങളില്‍ അവരുടെ കവിളിലും കൈത്തണ്ടയിലുമുള്ള കരുവാളിച്ച പാടുകള്‍ വ്യക്തം. കഴുത്തില്‍ വരിഞ്ഞുമുറുക്കിയത് പോലുള്ള പാടുമുണ്ട്. "ഇന്ത്യാ ലീഗല്‍" എന്ന വാരികയാണ് മൃതദേഹത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്.

ഡല്‍ഹിയിലെ ലീല പാലസിലെ മുറിയില്‍ ജനുവരി 17നാണ് സുനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തരൂരിന്റെ ഐപിഎല്‍ കള്ളക്കളികള്‍ പുറത്താക്കുമെന്ന് മരണത്തിനുമുമ്പ് സോഷ്യല്‍മീഡിയ സൈറ്റുകളില്‍ വെളിപ്പെടുത്തിയിരുന്നു. തനിക്ക് ഒട്ടേറെ കാര്യം വെളിപ്പെടുത്താനുണ്ടെന്ന് ബര്‍ഖ ദത്ത്, നളിനി സിങ്, രാജീവ് കന്‍വല്‍ തുടങ്ങിയ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരോട് മരണത്തിന് തലേന്ന് അവര്‍ വിളിച്ചറിയിക്കുകയും ചെയ്തു. ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ മൂന്നംഗ സംഘമാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. അസ്വാഭാവിക മരണമുണ്ടാകുമ്പോള്‍ വ്യത്യസ്ത ആശുപത്രികളിലെ ഡോക്ടര്‍മാരുള്‍പ്പെട്ട സംഘമാണ് പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്ന വ്യവസ്ഥ പാലിക്കപ്പെട്ടില്ല. അസ്വാഭാവികമരണമാണെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. അല്‍പ്രാക്സ് എന്ന മരുന്ന് അമിത അളവില്‍ ശരീരത്തില്‍ എത്തിയതിനെ തുടര്‍ന്ന് വിഷമായി പരിണമിച്ച് മരണം സംഭവിച്ചേക്കാമെന്നാണ് നിഗമനം. പ്രാഥമികാന്വേഷണം നടത്തിയ സബ്ഡിവിഷണല്‍ മജിസ്ട്രേട്ട് ആത്മഹത്യ, കൊലപാതകം എന്നീ രണ്ടുസാധ്യതകള്‍ പരിശോധിക്കാനാണ് പൊലീസിനോട് നിര്‍ദേശിച്ചത്. എന്നാല്‍, അന്വേഷണനടപടികളിലേക്ക് കടക്കാതെ രാസപരിശോധനാഫലത്തിന് കാത്തിരിക്കാനായിരുന്നു പൊലീസിന്റെ തീരുമാനം.

ഒരാഴ്ചമുമ്പ് രാസപരിശോധനാഫലം വന്നപ്പോള്‍ സ്ഥിതി സങ്കീര്‍ണമായി. അല്‍പ്രാക്സ് മരുന്ന് സുനന്ദയുടെ ശരീരത്തില്‍ ഇല്ലെന്ന് റിപ്പോര്‍ട്ട് പറയുന്നത്. മുറിയില്‍നിന്ന് കണ്ടെടുത്ത ഒഴിഞ്ഞ അല്‍പ്രാക്സ് സ്ട്രിപ്പുകള്‍ അന്വേഷണം വഴിതിരിച്ചുവിടാന്‍ ബോധപൂര്‍വം വച്ചതാണോയെന്ന ചോദ്യമാണ് ഉയരുന്നത്. സുനന്ദയുടെ ശരീരത്തില്‍ പതിനഞ്ചോളം മുറിപ്പാടുകളുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരുകൈത്തണ്ടകളിലുമായി ആഴത്തില്‍ കടിയേറ്റ പാടും കുത്തിവയ്പിന്റെ പാടുമുണ്ട്. കഴുത്തിലും കവിളിലും മുറിപ്പാടുകളുണ്ട്. ഇതെങ്ങനെ സംഭവിച്ചെന്നതിന് വിശദീകരണമില്ല. മരണത്തിന് മുമ്പുള്ള ദിവസങ്ങളില്‍ സുനന്ദയും തരൂരും തുടര്‍ച്ചയായി വഴക്കിട്ടതിന് സാക്ഷികള്‍ നിരവധി. മുറിപ്പാടുകള്‍ വ്യക്തമാക്കുന്ന സുനന്ദയുടെ മരണശേഷമുള്ള ചിത്രങ്ങള്‍കൂടി പുറത്താകുന്നതോടെ തരൂര്‍ കൂടുതല്‍ പ്രതിരോധത്തിലാകുകയാണ്.

deshabhimani

Sunday, March 30, 2014

സെന്‍ട്രല്‍ സ്റ്റേഷന്‍: "ലോക നിലവാരം" അസൗകര്യങ്ങളില്‍

ലോകനിലവാരത്തില്‍ ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ച തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ അസൗകര്യങ്ങള്‍കെണ്ട് വീര്‍പ്പുമുട്ടുന്നു. തെരഞ്ഞെടുപ്പില്‍ സ്ഥലം എംപി ശശി തരൂര്‍ പ്രധാന നേട്ടമായി അവകാശപ്പെടുന്നത് സെന്‍ട്രല്‍ സ്റ്റേഷന്‍ ലോകനിലവാരത്തിലുള്ള സ്റ്റേഷനാക്കിമാറ്റിയെന്നാണ്. ലോകനിലവാരത്തിലുള്ള റെയില്‍വേ സ്റ്റേഷനാക്കി ഉയര്‍ത്തുന്നതിന് കുറഞ്ഞത് 400 കോടി രൂപയെങ്കിലും മാനദണ്ഡപ്രകാരം ചെലവഴിക്കേണ്ടതുണ്ട്. എന്നാല്‍, 10 കോടി രൂപ മാത്രമാണ് ഇതുവരെ റെയില്‍വേ അനുവദിച്ചിട്ടുള്ളത്. ഈ പണമുപയോഗിച്ച് രണ്ട് എസ്കലേറ്ററുകളുടെ നിര്‍മാണം നടക്കുന്നുണ്ട്. എന്നാല്‍, എറണാകുളം, പാലക്കാട്, കോഴിക്കോട് റെയില്‍വേ സ്റ്റേഷനുകളില്‍ നേരത്തെ തന്നെ എസ്കലേറ്ററുകള്‍ സ്ഥാപിച്ചിരുന്നു. പ്രതിദിനം പതിനായിരങ്ങള്‍ യാത്രചെയ്യാന്‍ ആശ്രയിക്കുന്ന സെന്‍ട്രല്‍ സ്റ്റേഷനില്‍നിന്ന് കേള്‍ക്കുന്നത് അസൗകര്യങ്ങളുടെ ചൂളംവിളിയാണ്. ആകെയുള്ള അഞ്ച് പ്ലാറ്റ്ഫോമില്‍ ഇപ്പോഴുള്ള ട്രെയിനുകള്‍ക്ക് വന്നുപോകാനുള്ള സൗകര്യംപോലുമില്ല. ഇതേസമയം, ചെന്നൈയില്‍ 15 പ്ലാറ്റ്ഫോമുണ്ട്. ആവശ്യത്തിന് പ്ലാറ്റ്ഫോമില്ലാത്തതിനാല്‍ സ്റ്റേഷനിലേക്ക് കയറാന്‍ കഴിയാതെ പേട്ടയിലും മറ്റും ട്രെയിനുകള്‍ പിടിച്ചിടുകയാണ്. രാവിലെ 10ന് ഓഫീസിലെത്താന്‍ കഴിയാതെ വലയുകയാണ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍. സെന്‍ട്രല്‍ സ്റ്റേഷനിലെ വര്‍ക്ഷോപ് നേമത്തേക്ക് മാറ്റിയാലേ സെന്‍ട്രല്‍ സ്റ്റേഷനിലെ വികസനം സാധ്യമാകൂ.

ലോകനിലവാരത്തിലുയര്‍ന്നില്ലെങ്കിലും യാത്രക്കാരുടെ തിരക്കിനുസരിച്ച് കുറഞ്ഞത് 15 ടിക്കറ്റ് കൗണ്ടറെങ്കിലും സെന്‍ട്രല്‍ സ്റ്റേഷനില്‍ ആവശ്യമാണ്. 10 കൗണ്ടര്‍പോലും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. റിസര്‍വേഷന്‍ ഓഫീസില്‍ കുറഞ്ഞത് എട്ട് കൗണ്ടര്‍ തുറക്കാനുള്ള സൗകര്യം നിലവിലുണ്ട്. എന്നാല്‍, അഞ്ച് കൗണ്ടറാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ജീവനക്കാരുടെ എണ്ണം കുറച്ചതോടെ കൗണ്ടറുകളുടെ എണ്ണം ഇനിയും കുറയും. സെന്‍ട്രല്‍ സ്റ്റേഷനിലെ റിസര്‍വേഷന്‍ കേന്ദ്രത്തില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. തത്കാല്‍ ടിക്കറ്റെടുക്കാന്‍ തലേന്ന് രാത്രി തന്നെ ക്യൂ നില്‍ക്കുന്ന സ്ഥിതിയാണ് സെന്‍ട്രല്‍ സ്റ്റേഷനില്‍ ഇപ്പോഴുമുള്ളത്. പട്ടത്തെ ടിക്കറ്റ് റിസര്‍വേഷന്‍ കേന്ദ്രം അടച്ചുപൂട്ടാന്‍ നീക്കം നടന്നിരുന്നു. പ്രതിഷേധത്തെത്തുടര്‍ന്ന് അടച്ചുപൂട്ടല്‍ നീക്കം ഉപേക്ഷിച്ചെങ്കിലും അഞ്ച് ജീവനക്കാരെ വെട്ടിക്കുറയ്ക്കുകയും ബള്‍ക്ക് ബുക്കിങ് സംവിധാനം നിര്‍ത്തലാക്കുകയും ചെയ്തിരുന്നു.

പേട്ടയിലെ റെയില്‍വേ മെഡിക്കല്‍ കോളേജും നേമം, കൊച്ചുവേളി സ്റ്റേഷനുകളും അവഗണനയുടെ പടുകുഴിയിലാണ്. ലോകനിലവാരത്തിലുയര്‍ത്തുമെന്ന് പ്രഖ്യാപിച്ച സ്റ്റേഷനിലെ ശുചീകരണത്തൊഴിലാളികള്‍ക്ക് മിനിമം കൂലിയോ ആനുകൂല്യങ്ങളോ നല്‍കുന്നില്ല. പണം നല്‍കാത്തതിനാല്‍ ജീവനക്കാര്‍ക്കുള്ള തലസ്ഥാനത്തെ റഫറല്‍ ആശുപത്രികളുടെ സേവനം റെയില്‍വേ നേരത്തെ റദ്ദാക്കിയിരുന്നു. നിലവില്‍ 12 മാസത്തിലൊരിക്കല്‍ നാലായിരത്തോളം ബോഗികളാണ് ചെന്നൈയിലേക്ക് അറ്റകുറ്റപ്പണിക്കായി കൊണ്ടുപോകുന്നത്. നേമത്തെ സ്ഥലത്ത് പീരിയോഡിക്കല്‍ ഓവര്‍ഹോളിങ് വര്‍ക്ക് യൂണിറ്റ് ആരംഭിച്ചാല്‍ ഈ അധികച്ചെലവ് ഒഴിവാക്കാനാകും. ചെന്നൈയിലേക്ക് കൊണ്ടുപോകുന്നത് പുതിയ കോച്ചുകളാണെങ്കില്‍ മടങ്ങിവരുന്നത് പഴഞ്ചന്‍ കോച്ചുകളാണ്.

deshabhimani

Monday, March 24, 2014

വാര്‍ത്തകളില്‍ കാണാത്ത സുനന്ദ

2014 ജനുവരി 17ന് രാത്രി ഒമ്പതിനോടടുത്ത് രാജ്യം കേള്‍ക്കാനിഷ്ടപ്പെടാത്ത ഒരു വാര്‍ത്ത ചാനലുകളില്‍ ഫ്ളാഷ് ന്യൂസായി മിന്നിമാഞ്ഞു. കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യയും ബിസിനസ് സംരംഭകയുമായ സുനന്ദ പുഷ്കര്‍ സ്വകാര്യ ഹോട്ടല്‍ മുറിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമല്ല, അവരെ കേട്ടറിഞ്ഞവര്‍പോലും ഞെട്ടി. മരണത്തെ ചൂഴ്ന്ന ദുരുഹതയ്ക്ക് ഓരോ ദിവസവും ആഴമേറി. ആത്മഹത്യയാണെന്ന് വരുത്താന്‍ തീവ്രശ്രമം. ഒടുവില്‍ അന്വേഷണം എങ്ങുമെത്തിയില്ല. സുനന്ദ പുഷ്കര്‍ എന്ന അധ്യായം പൊലീസ് അവസാനിപ്പിച്ചു. വിവാഹം കഴിഞ്ഞ് ഏഴുവര്‍ഷത്തിനുള്ളില്‍ ഭാര്യ അസ്വാഭാവികമായി മരിച്ചാല്‍ ഭര്‍ത്താവിനെതിരെ കൈക്കൊള്ളേണ്ട ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 498 എ, 304 ബി വകുപ്പുകള്‍ ഇവിടെ നോക്കുകുത്തിയായി.

1962ല്‍ കശ്മീരിലെ സൊപോറിലാണ് ജനം. അച്ഛന്‍ കേണലായതിനാല്‍ ചിട്ടയോടെ ജീവിതം. ഉന്നതവിദ്യാഭ്യാസം നേടി. അധികനാള്‍ നീണ്ടുനില്‍ക്കാത്ത ആദ്യ പ്രണയവിവാഹം. രണ്ടാംവിവാഹത്തിനുശേഷം മികച്ച ഒരു ബിസിനസ് സംരംഭകയായി ദുബായില്‍. പിന്നീട് കേന്ദ്രമന്ത്രിയുമായി സൗഹൃദം, പ്രണയം, വിവാഹം- അവസാനം ദുരൂഹതകള്‍ മാത്രം ബാക്കിവച്ചുള്ള മരണം- പിങ്കിയെന്ന് വീട്ടുകാര്‍ സ്നേഹത്തോടെ വിളിച്ച സുനന്ദ പുഷ്കറിന്റെ ജീവിതം പൊലിഞ്ഞത് പ്രശസ്തിയുടെ ഉത്തുംഗങ്ങളില്‍ നില്‍ക്കുമ്പോള്‍. സുനന്ദ പുഷ്കറിനെ രാജ്യം അറിഞ്ഞത് വിവാദങ്ങളിലൂടെ. കൃത്യമായി പറഞ്ഞാല്‍ 2009ല്‍. ശശി തരൂരിനൊപ്പം പതിവായി പൊതു പരിപാടികളില്‍ കണ്ടതുമുതല്‍. പിന്നെ ഐപിഎല്‍ വിയര്‍പ്പ് ഓഹരി വിവാദവും... സെലിബ്രിറ്റി പ്രണയവും വിവാഹവും ആഘോഷിക്കപ്പെട്ടു. 2009 ജൂണില്‍ ദുബായിലെ പ്രമുഖ മലയാളി വ്യവസായി ഒരുക്കിയ വിരുന്നില്‍ തരൂരും സുനന്ദയും ആദ്യം കണ്ടു. ബന്ധം വളര്‍ന്നു. തരൂരിന്റെ രണ്ടാംഭാര്യ ക്രിസ്റ്റ ഗെയില്‍സുമായുള്ള ബന്ധം തകരാന്‍ ഇത് ഇടയാക്കി. 2010ല്‍ ശശി തരൂരുമായുള്ള പ്രണയം ലോകമറിഞ്ഞു. മാധ്യമങ്ങള്‍ അത് ആഘോഷിച്ചു. കൊച്ചി ഐപിഎല്‍ ടീമിന്റെ വിയര്‍പ്പോഹരി വിവാദത്തോടെ പ്രണയം ചൂടുപിടിച്ചു. 2010 ആഗസ്തില്‍ തരൂരുമായി വിഹാഹം. ബന്ധത്തില്‍ ആദ്യമേ വിള്ളല്‍ വീണു. അവസാന നാളുകളില്‍ ശശി തരൂരിനെതിരെ സുനന്ദ പരസ്യമായി രംഗത്തുവന്നു- അതും തരൂരിന്റെ പരസ്ത്രീബന്ധത്തിന്റെ പേരില്‍.

സുനന്ദയെ അറിയുന്ന സുഹൃത്തുക്കള്‍ക്ക്, ആ മരണം കടുത്ത ആഘാതമായി. ഒരിക്കലും അവര്‍ ആത്മഹത്യചെയ്യില്ലെന്ന് സുഹൃത്തുക്കള്‍ ഉറച്ചു വിശ്വസിക്കുന്നു. എന്നും പ്രസന്നതയോടെ മാത്രം കാണപ്പെട്ട സുനന്ദ ആത്മഹത്യ ചെയ്യാന്‍ മാത്രം ഭീരുവായിരുന്നില്ല. എല്ലാ പ്രശ്നത്തെയും നെഞ്ചുറപ്പോടെ നേരിട്ടു. സുനന്ദയുടെ ആദ്യ ഭര്‍ത്താവും ഷോക്രാഫ്റ്റ് പ്രൊമോഷന്‍ മേധാവിയുമായ സഞ്ജയ് റെയ്ന സുനന്ദയെ ഓര്‍ക്കുന്നത് ധീരയായ സ്ത്രീ എന്നനിലയിലാണ്. ദുരന്തങ്ങളെ പക്വതയോടെ സുനന്ദ അഭിമുഖീകരിച്ചു. അവളൊരു പോരാളിയാണ്. ആഗ്രഹങ്ങള്‍ നേടിയെടുക്കുന്ന പോരാളി- സഞ്ജയ് സുനന്ദയെ ഓര്‍ക്കുന്നു. "അമ്മ ആത്മഹത്യചെയ്യില്ലെന്ന് അവരെ മനസ്സിലാക്കിയവര്‍ക്കറിയാം" എന്ന് മകന്‍ ശിവ. സുനന്ദ ആത്മഹത്യ ചെയ്യില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവുകള്‍. കാര്യങ്ങളെല്ലാം ശരിയായി ഏറ്റെടുക്കാനുള്ള കഴിവില്‍ സുനന്ദ എന്നും അഭിമാനിച്ചിരുന്നതായും അടുത്ത സുഹൃത്തുക്കള്‍ സ്മരിക്കുന്നു. അതിന്റെ തെളിവായിരുന്നു വെല്ലുവിളികള്‍ ഏറെയുള്ള ടൂറിസം, ഐടി, റിയല്‍ എസ്റ്റേറ്റ് രംഗങ്ങളില്‍ യുഎഇയിലും അമേരിക്കയിലും സുനന്ദ കൊയ്ത നേട്ടം. തന്റെ ബിസിനസിലൂടെ നല്ലൊരു സ്വത്തിനും സുനന്ദ ഉടമയായി. ദുബായില്‍ 12 അപ്പാര്‍ട്ട്മെന്റുകള്‍, ഒന്ന് കനഡയില്‍. ഏഴുകോടിയിലധികം വിലവരുന്ന ആഭരണങ്ങളും അതിനൊത്ത ബാങ്ക് ബാലന്‍സും, ഒപ്പം ജമ്മുവിലെ കോടിക്കണക്കിന് രൂപയുടെ സ്വത്തും. വില ഇതുവരെ തിട്ടപ്പെടുത്താത്ത ഹുമയൂണ്‍ ചക്രവര്‍ത്തിയുടെ കാലത്തുള്ള വാളും സമ്പത്തിന്റെ പട്ടികയിലുണ്ട്. രണ്ടാം ഭര്‍ത്താവ് സുജിത് മേനോന്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടതോടെ ഒറ്റയ്ക്കായ സുനന്ദ മകനെയും കൊണ്ട് കനഡയിലേക്ക് കുടിയേറി. അവിടെനിന്നായിരുന്നു സുനന്ദയുടെ വളര്‍ച്ചയുടെ തുടക്കം.

 2004ല്‍ റിയല്‍ എസ്റ്റേറ്റ് മാനേജരായി ദുബായിലും ബിസിനസ് വളര്‍ത്തി. എന്നാല്‍, ബിസിനസിനെയും ഫാഷനെയും പ്രണയിച്ച സുനന്ദയ്ക്ക്, ശശി തരൂരുമായുള്ള വിവാഹശേഷം ഒതുക്കപ്പെട്ടുപോയി എന്ന തോന്നലുണ്ടായി. "സ്ത്രീകളോട് സംസാരിക്കുമ്പോള്‍ ചുറ്റുമുള്ളതെല്ലാം മറന്ന് അവരുടെ കണ്ണുകളുടെ ആഴത്തിലേക്കാണ് അദ്ദേഹം നോക്കുക. അത്തന്നെ വല്ലാതാക്കുന്നു"- എന്ന് സുനന്ദ ഒരിക്കല്‍ ഒരു സുഹൃത്തിനോട് പറഞ്ഞു. തരൂര്‍- സുനന്ദ ബന്ധത്തിലെ അസ്വാരസ്യങ്ങള്‍ തുറന്നുകാട്ടുന്നതായിരുന്നു ഈ വെളിപ്പെടുത്തല്‍. ഇവരുടെ ബന്ധത്തിലെ ഒരു കറുത്ത ഏടായിരുന്നു ലാഹോറിലെ പത്രപ്രവര്‍ത്തക മെഹര്‍ തരാര്‍. കഴിഞ്ഞ ഏപ്രിലില്‍ ഒരു അഭിമുഖശേഷമാണ് തരൂരും മെഹര്‍ തരാറും അടുക്കുന്നത്. സുനന്ദയുടെ മരണത്തിന്റെ തലേന്നുവരെ ഈ വിവാദം കത്തിനിന്നു. മെഹറുമായുള്ള ബന്ധം അവസാനിച്ചെന്ന് കഴിഞ്ഞ ജൂലൈയില്‍ ശശി സുനന്ദയ്ക്ക് ഉറപ്പ് നല്‍കിയെങ്കിലും അത് തെറ്റാണെന്ന് 2014 ജനുവരി 15ന് സുനന്ദ കണ്ടെത്തി. മെഹര്‍ തരാരിന്റെ മൊബൈല്‍ നമ്പര്‍ തരൂര്‍ തന്റെ ഫോണില്‍ "ഹാരിഷ്" എന്ന പേരില്‍ സൂക്ഷിച്ചിരുന്നതായി സുനന്ദ കണ്ടെത്തി. ഇതേ തുടര്‍ന്ന് വിമാനത്തില്‍വച്ച് ഇരുവരും വഴക്കിട്ടു. അതിന് വാര്‍ത്താപ്രക്ഷേപണമന്ത്രി മനീഷ് തിവാരി സാക്ഷി. സുനന്ദ എന്നും തന്റേടത്തോടെതന്നെ പെരുമാറി. കേന്ദ്രമന്ത്രിപദം തിരിച്ചുകിട്ടിയശേഷം ശശി തരൂരിനൊപ്പം ആദ്യമായി കേരളത്തിലെത്തിയ സുനന്ദയെ അപമാനിക്കാന്‍ ശ്രമിച്ച യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കരണത്തടിച്ചായിരുന്നു സുനന്ദ പ്രതികരിച്ചത്്.

വന്ദന കൃഷ്ണ

കൊടുംവേദനതിന്ന് മരണം

ന്യൂഡല്‍ഹി: ഭൂമിയിലെ സ്വര്‍ഗമാണ് കശ്മീര്‍. ആ പൂന്തോട്ടത്തില്‍ വിരിഞ്ഞ സുനന്ദ പുഷ്കറിന്റെ ജീവിതം ഇത്രവേഗം കൊഴിഞ്ഞുപോകുമെന്ന് ആരും കരുതിയില്ല. രംഗബോധമില്ലാത്ത കോമാളിയായല്ല മരണം സുനന്ദയെ തേടിയെത്തിയത്. സുനന്ദയുടെ മനസിലും ശരീരത്തിലും കനത്ത മുറിപ്പാടുകളേല്‍പ്പിച്ചായിരുന്നു മരണത്തിന്റെ തണുത്ത കൈകള്‍ അവരെ തേടിയെത്തിയത്. അതുകൊണ്ടുതന്നെ അവരുടെ മരണവും ചര്‍ച്ചയ്ക്ക് വിധേയമായി. ചോദ്യങ്ങളും സംശയങ്ങളും അവശേഷിപ്പിച്ചാണ് ആ ജീവിതം എരിഞ്ഞമര്‍ന്നത്. സുനന്ദ പുഷ്കറിന്റെ വലതുകൈത്തണ്ടയില്‍ കുത്തിവയ്പിന്റെ പാടുണ്ടായിരുന്നെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. ശരീരത്തില്‍ 15 മുറിവുകളുണ്ടായിരുന്നു. ഇടതുകൈത്തണ്ടയിലും കഴുത്തിലും താടിയിലും വലിയ മുറിവുണ്ട്. ഇത് മൂര്‍ച്ചയേറിയ ആയുധംകൊണ്ടല്ലെന്നും എന്നാല്‍, മരണത്തിന് മണിക്കൂറുകള്‍ക്കുമുമ്പുമാത്രം ഉണ്ടായതാണെന്നും റിപ്പോര്‍ട്ടിലുണ്ട്. മുറിവുകളെ മരണകാരണമായി റിപ്പോര്‍ട്ട് വിലയിരുത്തുന്നില്ല.

രണ്ടു മരുന്നുകള്‍ അമിത അളവില്‍ ഉള്ളിലെത്തിയതിനെത്തുടര്‍ന്നാണ് മരണം. എക്സെഡ്രിന്‍, അല്‍പ്രാസൊലെന്‍ എന്നീ മരുന്നുകളാണ് ആന്തരാവയവങ്ങളില്‍ കണ്ടെത്തിയത്. കഫൈന്‍, ആസ്പിരിന്‍, അസെറ്റാമിനോഫെന്‍ എന്നീ മരുന്നുകളുടെ കൂട്ടാണ് എക്സെഡ്രിന്‍. ബലപ്രയോഗത്തിലൂടെയാണോ മരുന്നുകള്‍ ഉള്ളിലെത്തിയതെന്ന് റിപ്പോര്‍ട്ട് വിശദീകരിക്കുന്നില്ല. കുത്തിവയ്പിന്റെ പാട് വലതുകൈത്തണ്ടയിലാണ്. വലതു കൈത്തണ്ടയില്‍ ഞെരിച്ച് അമര്‍ത്തിയതുപോലുള്ള പാടാണ്. കവിളിലും വലിയ മുറിപ്പാടുണ്ട്. ഇടതുകൈയില്‍ ആഴത്തില്‍ കടിയേറ്റ പാടുമുണ്ട്. സുനന്ദയുടെ ശരീരത്തില്‍ മദ്യത്തിന്റെ അംശമുണ്ടായിരുന്നില്ല. ഭക്ഷണാവശിഷ്ടങ്ങളും ഇല്ല. എയിംസിലെ ഡോക്ടര്‍മാരായ സുധീര്‍കുമാര്‍ ഗുപ്ത, ആദര്‍ശ് കുമാര്‍, ശശാങ്ക് പുനിയ എന്നിവരടങ്ങിയ സംഘമാണ് പോസ്റ്റ്മോര്‍ട്ടം ചെയ്തത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിച്ച സബ്ഡിവിഷണല്‍ മജിസ്ട്രേട്ട് അലോക് ശര്‍മ കേസ് ഫയല്‍ കൈമാറി. കൊലപാതകമാണോ ആത്മഹത്യയാണോ എന്നത് വിശദമായ അന്വേഷണത്തിലൂടെ കണ്ടെത്തണമെന്ന് ശര്‍മ നിര്‍ദേശിച്ചു. കേസ് തുടക്കത്തില്‍ ക്രൈംബ്രാഞ്ചിന് വിട്ടെങ്കിലും സമര്‍ദങ്ങളെത്തുടര്‍ന്ന് അവര്‍ കൈയൊഴിഞ്ഞു. ഉന്നതങ്ങളില്‍നിന്ന് സമ്മര്‍ദമുണ്ടായെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറയുന്നത്. നിലവില്‍ സരോജനിനഗര്‍ പൊലീസ് സ്റ്റേഷന്‍ മേധാവിക്കാണ് അന്വേഷണച്ചുമതല.

മാരകരോഗമുണ്ടായിരുന്നില്ല

തിരു: സുനന്ദ പുഷ്കറിന്റെ മരണം കടുത്ത രോഗബാധയെത്തുടര്‍ന്നാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കുള്ള തിരിച്ചടിയായിരുന്നു തിരുവനന്തപുരം കിംസ് ആശുപത്രിയില്‍നിന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട്. ജീവന് അപകടകരമായേക്കാവുന്ന ഗുരുതര അസുഖം സുനന്ദയ്ക്ക് ഇല്ലെന്ന് പരിശോധനകളില്‍ തെളിഞ്ഞതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. ജനുവരി പന്ത്രണ്ടിനാണ് കിംസ് ആശുപത്രിയില്‍ സുനന്ദ പരിശോധന നടത്തിയത്. ഹൃദ്രോഗവിദഗ്ധന്‍ ഡോ. വിജയരാഘവന്റെയും മറ്റു പ്രമുഖ ഡോക്ടര്‍മാരുടെയും നേതൃത്വത്തില്‍ വിവിധ പരിശോധന നടത്തി. പരിശോധനാ സമയത്ത് നേരത്തെയുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടുകളും സുനന്ദ ഹാജരാക്കിയിരുന്നു. ആരോഗ്യാവസ്ഥ തൃപ്തികരമാണെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍നിന്ന് വ്യക്തമായതെന്ന് കിംസ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

പതിനാലിനാണ് സുനന്ദ ആശുപത്രി വിട്ടത്. ആശുപത്രി വിടുമ്പോള്‍ ആരോഗ്യനില തൃപ്തികരമായിരുന്നെന്നും സന്തോഷവതിയായാണ് കാണപ്പെട്ടതെന്നും ചികിത്സയ്ക്ക് മേല്‍നോട്ടം വഹിച്ച ജി വിജയരാഘവന്‍ വ്യക്തമാക്കിയിരുന്നു. സുനന്ദയുടെ മരണത്തെത്തുടര്‍ന്ന് തരൂരിനോട് അടുപ്പമുള്ള കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചത് സുനന്ദ മാരകരോഗത്തിന് അടിമയായിരുന്നെന്നും തിരുവനന്തപുരത്തുനിന്ന് വീല്‍ചെയറിലാണ് ഡല്‍ഹിയിലേക്ക് വിമാനം കയറിയതെന്നുമായിരുന്നു. എന്നാല്‍, കിംസ് ആശുപത്രി വിട്ടശേഷം തരൂരിനൊപ്പം സന്തോഷവതിയായി പത്മനാഭസ്വാമിക്ഷേത്രത്തിലെ ലക്ഷദീപവും തൊഴുതാണ് സുനന്ദ മടങ്ങിയത്. സുനന്ദയുടെ മരണത്തെത്തുടര്‍ന്ന് തരൂരിന്റെ സ്റ്റാഫിലുള്ളവരും ചില മാധ്യമങ്ങളും സുനന്ദ അവശയും മാരകരോഗത്തിന് അടിമയായിരുന്നെന്നും പ്രചരിപ്പിച്ചിരുന്നു.

deshabhimani

മുഖ്യമന്ത്രിക്കും തരൂരിനുമൊപ്പം കൊലക്കേസ് പ്രതി

ഗ്രൂപ്പ് വഴക്കിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ചവിട്ടിക്കൊന്ന കേസിലെ ഒന്നാംപ്രതിയെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റാക്കി ഉയര്‍ത്തി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുഖ്യ ചുമതലയേല്‍പ്പിച്ചു. ശശി തരൂരിന്റെ പ്രചാരണയോഗത്തില്‍ ഇയാള്‍ മുഖ്യമന്ത്രിയോടൊപ്പം വേദി പങ്കിടുകയും ചെയ്തു. നന്തന്‍കോട് ജങ്ഷനില്‍ ഗ്രൂപ്പ് വഴക്കിനിടെ എ ഗ്രൂപ്പ് പ്രവര്‍ത്തകന്‍ നന്തന്‍കോട് "ഷെര്‍ലി ലാന്‍ഡി"ല്‍ ആന്റണി ഫ്രാന്‍സിസിനെ (58) ചവിട്ടിക്കൊന്ന കേസില്‍ ഒന്നാംപ്രതി ജെ ആര്‍ വിജയനെയാണ് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റാക്കിയത്. ശനിയാഴ്ച മുഖ്യമന്ത്രി പങ്കെടുത്ത യുഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തിന്റെ പ്രധാന സംഘാടകനും ഇയാളായിരുന്നു. രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരില്‍ കോണ്‍ഗ്രസ്-യുഡിഎഫ് നേതാക്കള്‍ മുതലക്കണ്ണീരൊലിപ്പിക്കുന്നതിനിടയിലാണ് സഹപ്രവര്‍ത്തകന്റെ കൊലയാളിയെ മണ്ഡലം പ്രസിഡന്റാക്കിയത്.

കെഎസ്ആര്‍ടിസിയിലെ കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ സംസ്ഥാന നിര്‍വാഹകസമിതി അംഗമായിരുന്ന ആന്റണി വിരമിച്ചശേഷം കോണ്‍ഗ്രസില്‍ സജീവമാകുകയായിരുന്നു. 2010 മെയ് അഞ്ചിനാണ് ആന്റണി കൊല്ലപ്പെട്ടത്. ഒരു കടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ആന്റണി. കടയുടെ മുന്നിലെത്തിയ വിജയന്‍ "നിന്നെയൊക്കെ ആരെടാ സമരത്തിനു വിളിച്ചത്" എന്ന് ആക്രോശിച്ച് ആന്റണിയെ പുറത്തേക്ക് വലിച്ചിടുകയായിരുന്നു. വിജയന്‍ ആന്റണിയുടെ നെഞ്ചത്ത് ആഞ്ഞുചവിട്ടി. ആന്റണി മരിച്ചതിനെ തുടര്‍ന്ന് വിജയന്‍ അറസ്റ്റിലായി. മൂന്നുമാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ വിജയന്‍ പിന്നീട് ഐ ഗ്രൂപ്പിന്റെ നേതൃസ്ഥാനം ഏറ്റെടുത്തു. ഇപ്പോള്‍ മണ്ഡലം പ്രസിഡന്റ് ആക്കി ഉയര്‍ത്തുകയും ചെയ്തു. ആന്റണിയുടെ കുടുംബത്തിന്റെ കണ്ണീരുപോലും അവഗണിച്ചാണ് കൊലയാളിയെ ഭരണസിരാകേന്ദ്രത്തിലെ മണ്ഡലം പ്രസിഡന്റ് ആക്കിയത്. നിരവധി പരാതികള്‍ ഉയര്‍ന്നെങ്കിലും നേതൃത്വം കാര്യമാക്കിയില്ല. ഇപ്പോള്‍ ശശി തരൂരിന്റെ അനുചരസംഘത്തിലെ പ്രധാനിയാണ് വിജയന്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ശശി തരൂരും വിജയനും ചേര്‍ന്ന് നില്‍ക്കുന്ന ഫോട്ടോ സഹിതമാണ് പൊതുയോഗവാര്‍ത്ത ഞായറാഴ്ച മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്.

എസ് ഷംഷീര്‍ deshabhimani

Saturday, March 22, 2014

കോണ്‍ഗ്രസുകാര്‍ കൈയേറ്റംചെയ്തയാള്‍ മരിച്ചു

കേന്ദ്രമന്ത്രി ശശി തരൂരിനൊപ്പം വോട്ട് ചോദിക്കാനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൈയേറ്റത്തെ തുടര്‍ന്ന് മധ്യവയസ്കന്‍ രക്തം ഛര്‍ദിച്ച് മരിച്ചു. പൂന്തുറ എസ്എം ലോക്ക് ജങ്ഷനില്‍ മയൂഫ് മന്‍സിലില്‍ മുഹമ്മദ് യൂസഫാ (55)ണ് അതിദാരുണമായി മരിച്ചത്. വെള്ളിയാഴ്ച രാവിലെ 10ന് മുഹമ്മദ് യൂസഫിന്റെ സഹോദരന്‍ അബ്ദുള്‍സലാമിന്റെ ഹോട്ടലായ മയൂഫ്്കിങ്ങിലാണ് നാടിനെ നടുക്കിയ മരണം.

ശശി തരൂരിനെ ഹസ്തദാനംചെയ്യുന്ന ഫോട്ടോ എടുത്ത് ഹോട്ടലില്‍ തൂക്കണമെന്ന് തരൂരിന്റെ സാന്നിധ്യത്തില്‍ ഒപ്പമുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതിനെതുടര്‍ന്നാണ് സംഭവം. പൂന്തുറ പൊലീസ് സ്റ്റേഷന് നേരെമുന്നിലാണ് കേന്ദ്രമന്ത്രിയുടെ അനുചരസംഘം അഴിഞ്ഞാടിയത്. എന്നിട്ടും പൊലീസ് തിരിഞ്ഞുനോക്കിയില്ല. സംഭവത്തെതുടര്‍ന്ന് ഹോട്ടല്‍ അടച്ചു.

സിപിഐ എം അനുഭാവിയാണ് മരിച്ച യൂസഫ്. ശശി തരൂരിനൊപ്പമുള്ള ഫോട്ടോ തൂക്കണമെന്ന് കോണ്‍ഗ്രസുകാര്‍ ആക്രോശിച്ചപ്പോള്‍ ഇപ്പോള്‍ കയറുന്നവര്‍പോലും കയറാതിരിക്കാനാണോ ഫോട്ടോ പതിക്കുന്നതെന്ന് ഹോട്ടലില്‍ ജോലി ചെയ്തിരുന്ന യൂസഫ് തമാശയ്ക്ക് ചോദിച്ചു. ഇതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അസഭ്യം പറയുകയും കൈയേറ്റംചെയ്യുകയുമായിരുന്നു. യൂസഫിനെ തള്ളിയിടാനും ശ്രമിച്ചു. ഹോട്ടലുടമയായ അബ്ദുള്‍സലാം അവിടെയുണ്ടായിരുന്നില്ല.

ഹോട്ടല്‍ പൂട്ടിക്കുമെന്നും ഇവിടെ ജീവിക്കാമെന്നു കരുതേണ്ടെന്നും ഭീഷണിപ്പെടുത്തി. പത്തുമിനിറ്റോളം ശകാരവും ഭീഷണിയും കൈയേറ്റശ്രമവും നടന്നിട്ടും പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കാതെ ശശി തരൂര്‍ നോക്കിനിന്നു. ഭീഷണിയില്‍ ഭയന്നുവിറച്ച യൂസഫ് ഉടന്‍ വിവരം സഹോദരനെ അറിയിച്ചു. തന്റെ ജീവിതത്തില്‍ ഇതുപോലെ ഒരനുഭവമുണ്ടായിട്ടില്ലെന്ന്, ഹോട്ടല്‍ ജീവനക്കാരോടും നാട്ടുകാരോടും പറഞ്ഞ് തൊട്ടടുത്തുള്ള സഹോദരന്റെ വീട്ടിലേക്ക് പോയി. തളര്‍ന്ന്വീട്ടിലെത്തിയ യൂസഫിന് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടു. തുടര്‍ന്ന് രക്തം ഛര്‍ദിച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. മൃതദേഹം സ്വദേശമായ പൂവാറിലേക്ക് കൊണ്ടുപോയി. പൂവാര്‍ ജുമാമസ്ജിദില്‍ കബറടക്കി. ഭാര്യ: പരേതയായ നസീറാബീവി. മക്കള്‍: നയൂഫ്, നയൂഫ. ഉമ്മ: സുഫിയാബീവി. ബാപ്പ: പരേതനായ നൂഹുകണ്ണ്. സഹോദരങ്ങള്‍: ആമില, മുഹമ്മദ് റുഫായി, റാഹില, അഹമ്മദ് ബഷീര്‍, അദബിയ, അബ്ദുള്‍സലാം, സെയ്തലി.

സ്വന്തമായി കൂരപോലുമില്ലാത്ത യൂസഫ് സഹോദരിയുടെ വീട്ടിലാണ് കഴിയുന്നത്. ഉമ്മ മരിച്ച രണ്ടു മക്കളുടെ ഏക ആശ്രയമായിരുന്നു. സഹോദരന്റെ ഹോട്ടലില്‍ ജോലിക്കുനിന്ന് കിട്ടുന്ന വരുമാനമാണ് ജീവിതമാര്‍ഗം. യൂസഫ് മരിച്ചതോടെ ഒരു കുടുംബമാണ് അനാഥമായത്. ശശി തരൂര്‍ വോട്ട് അഭ്യര്‍ഥിക്കുന്നതിനിടെ വ്യാഴാഴ്ച നെയ്യാറ്റിന്‍കരയിലും കോണ്‍ഗ്രസുകാര്‍ ഒരാളെ മര്‍ദ്ദിച്ചിരുന്നു. എംപിയായശേഷം കണ്ടിട്ടില്ലല്ലോ എന്ന് ചോദിച്ച ടെക്സ്റ്റൈല്‍ സെക്യൂരിറ്റി ജീവനക്കാരന്‍ യേശുദാസനെയാണ് ക്രൂരമായി മര്‍ദിച്ചത്.

എം വി പ്രദീപ് ദേശാഭിമാനി

Friday, March 21, 2014

ഇരട്ടനഗരം പദ്ധതി: തരൂരിന്റെ പ്രചാരണം വാഗ്ദാനലംഘനത്തിന്റെ ജാള്യം മറയ്ക്കാന്‍

യുഡിഎഫ് സ്ഥാനാര്‍ഥിയും മന്ത്രിയുമായ ശശി തരൂര്‍ വാഗ്ദാന ലംഘനത്തിന്റെ ജാള്യം മറയ്ക്കാന്‍ നഗരസഭയ്ക്കെതിരെ ദുഷ്പ്രചാരണം നടത്തുകയാണെന്ന് മേയര്‍ കെ ചന്ദ്രിക വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സ്പെയിനിലെ ബാഴ്സിലോണ നഗരവും തിരുവനന്തപുരം നഗരുമായി ചേര്‍ന്ന് ഇരട്ട നഗരം പദ്ധതി നഗരസഭയുടെ നിസ്സഹകരണംകൊണ്ടാണ് നടക്കാതെ പോയതെന്ന തരൂരിന്റെ പ്രചാരണം പച്ചക്കള്ളമാണെന്ന് മേയര്‍ തെളിവ് സഹിതം വ്യക്തമാക്കി.

ഇരട്ടനഗരം പദ്ധതി തെരഞ്ഞെടുപ്പിലെ പ്രധാന വാഗ്ദാനമായി ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ച് ജയിച്ചുകയറിയശേഷം പറഞ്ഞ വാഗ്ദാനങ്ങളെല്ലാം അവഗണിക്കുകയായിരുന്നു തരൂര്‍.
നഗരവാസികളും നഗരസഭയും മാലിന്യപ്രശ്നത്തിന് പരിഹാരം കാണാന്‍ കേന്ദ്ര- സംസ്ഥാന ഭരണക്കാരുടെ പിന്നാലെ നടന്നിട്ടും നയാപൈസപോലും സ്വ്പനപദ്ധതികള്‍ വാഗ്ദാനംചെയ്ത ശശി തരൂര്‍ തന്നില്ല. മാലിന്യസംസ്കരണത്തിന് മൂന്നു കോടി നല്‍കിയെന്ന തരൂരിന്റെ പ്രചാരണവും അസംബന്ധമാണ്. ഇരട്ടനഗരം പദ്ധതിക്ക് നഗരസഭ ഒന്നുംചെയ്തില്ലെന്ന തരൂരിന്റെ പ്രചാരണം ജനങ്ങളെ കബളിപ്പിക്കലാണ്. തരൂര്‍ എംപിയായ ഉടന്‍തന്നെ നഗരസഭ ഏകകണ്ഠമായി പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, മന്ത്രിയായതോടെ തരൂര്‍ പറഞ്ഞതെല്ലാം മറക്കുകയായിരുന്നു. ബാഴ്സിലോണ നഗരസഭാധികാരികള്‍ യോജിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയുന്ന മേഖലകളെ പരാമര്‍ശിക്കുന്ന ഒരു കരടുരേഖ അയച്ചുതന്നിരുന്നു. എന്നാല്‍, സ്പാനിഷ് സര്‍ക്കാരിന്റെ ഉറപ്പ് പദ്ധതിക്കില്ലായിരുന്നു. വിദേശരാജ്യത്തെ ഒരു നഗരസഭയുമായി കരാര്‍ ഏര്‍പ്പെടുന്നതിനുള്ള പരമാധികാരം തിരുവനന്തപുരം നഗരസഭയ്ക്കില്ലെന്ന് രാജ്യത്തിന്റെ ഭരണഘടനയെക്കുറിച്ച് പ്രാഥമിക വിവരമുള്ളവര്‍ക്കെല്ലാം അറിയാം. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ ഒന്നും ചെയ്യാനാകില്ല. എന്നാല്‍, കേന്ദ്ര അനുമതിക്കായി തരൂര്‍ ചെറുവിരലനക്കിയില്ല.

പദ്ധതിക്കായി ഒറ്റമനസ്സോടെ നഗരസഭ പ്രവര്‍ത്തിച്ചു. അതിനായി പ്രത്യേക ഫയല്‍തന്നെ നഗരസഭയ്ക്കുണ്ട്. 2010 ഡിസംബര്‍ ഒന്നിന് കേന്ദ്ര നഗര വികസന മന്ത്രി ജയ്പാല്‍ റെഡ്ഡിക്ക് ബാഴ്സിലോണയുമായി കരാറിലേര്‍പ്പെടുന്നതിന് നഗരസഭ കത്തയച്ചു. എന്നാല്‍,കത്തിന് മറുപടിപോലും വാങ്ങിത്തരാന്‍ ശശി തരൂര്‍ ശ്രമിച്ചില്ല. അഞ്ചുവര്‍ഷത്തിനിടെ ഒരിക്കല്‍മാത്രമാണ് തരൂര്‍ നഗരസഭയില്‍ വന്നിട്ടുള്ളത്. വിവിധ പരിപാടിയില്‍ കാണുമ്പോഴൊക്കെ പദ്ധതിയെക്കുറിച്ച് ചോദിക്കുമ്പോള്‍ ബാഴ്സിലോണയിലെ ഭരണക്കാര്‍ മാറിയെന്നും നിലവിലുള്ള സര്‍ക്കാര്‍ സഹായിക്കില്ലെന്നുമായിരുന്നു തരൂര്‍ പറഞ്ഞത്. യാഥാര്‍ഥ്യം ഇങ്ങനെയൊക്കെയായിരിക്കെ ജനങ്ങളെ വീണ്ടും കബളിപ്പിക്കാന്‍ നഗരസഭയെ പാഴിചാരുന്നത് വഞ്ചനയാണെന്നും മേയര്‍ പറഞ്ഞു. തരൂര്‍ എംപിയും മന്ത്രിയുമൊക്കെയായിട്ടും ഒരു ഘട്ടത്തിലും മാലിന്യപ്രശ്നം പരിഹരിക്കാന്‍ രംഗത്തിറങ്ങിയില്ല. വന്‍ സംഭവമാണെന്ന മട്ടില്‍ ആത്മപ്രകടനം നടത്തുന്ന തരൂര്‍ അരമണിക്കൂര്‍ മാലിന്യപ്രശ്നപരിഹാരത്തിന് ശ്രമിച്ചിരുന്നെങ്കില്‍ തലസ്ഥാന ജനതയും നഗരസഭയും ഈ ദുരിതം അനുഭവിക്കേണ്ടി വരില്ലായിരുന്നുവെന്നും മേയര്‍ പറഞ്ഞു.

deshabhimani

Wednesday, March 19, 2014

സുനന്ദയുടെ ദുരൂഹ മരണം: തരൂരിനെതിരെ എന്തുകൊണ്ട് കേസെടുത്തില്ല

സുനന്ദാപുഷ്കറിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് അവരുടെ ഭര്‍ത്താവായ ശശി തരൂരിനെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ച് എന്തുകൊണ്ടാണ് കേസെടുക്കാത്തതെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനണ്ടയില്‍ ചോദിച്ചു. ഇതേപ്പറ്റി എ കെ ആന്റണി അടക്കമുള്ള കോണ്‍ഗ്രസിന്റെ ദേശീയണ്ടനേതാക്കള്‍ പ്രതികരിക്കണമെന്നും വി എസ് ആവശ്യപ്പെട്ടു.

വിവാഹത്തിനുശേഷം ഏഴ് വര്‍ഷത്തിനുള്ളില്‍ ഭാര്യയ്ക്ക് അസ്വാഭാവിക മരണം സംഭവിച്ചാല്‍ ഭര്‍ത്താവിനെതിരെ കേസെടുക്കണമെന്നാണ് ഇതുസംബന്ധിച്ച ഇന്ത്യന്‍ ശിക്ഷാ നിയമം അനുശാസിക്കുന്നത്. ശശിതരൂര്‍ സുനന്ദപുഷ്കറെ വിവാഹം ചെയ്ത് മൂന്നു വര്‍ഷം തികയുന്നതിന് മുമ്പാണ് അവര്‍ അത്യന്തം ദുരൂഹണ്ടസാഹചര്യത്തില്‍ ഹോട്ടല്‍മുറിയില്‍ മരിച്ചതായി കാണപ്പെട്ടത്. മരണവുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതരും, പൊലീസുമൊക്കെ പറഞ്ഞത് മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ്. അസ്വഭാവിക മരണം എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ ശശി തരൂരിനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമമനുസരിച്ച് കേസ് ചാര്‍ജ് ചെയ്യേണ്ടതാണ്. നാളിതുവരെയായി ശശി തരൂരിനെതിരെ പ്രസ്തുത വകുപ്പുപ്രകാരം കേസ് ചാര്‍ജ് ചെയ്തിട്ടില്ല. എന്തുകൊണ്ട് ഇതുവരെ കേസ് എടുത്തില്ല എന്നതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാരും ശശിതരൂരും വ്യക്തമാക്കേണ്ടതുണ്ട്. കേന്ദ്രമന്ത്രി എ കെ ആന്റണിക്ക് ഇക്കാര്യത്തില്‍ എന്താണ് പറയാനുള്ളതെന്ന് അറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ടെന്നും വിഎസ് പ്രസ്താവനയില്‍ പറഞ്ഞു.

തരൂരിന്റെ മുന്‍ പിഎ തെരഞ്ഞെടുപ്പ് കോ-ഓഡിനേറ്റര്‍

തിരു: തെരഞ്ഞെടുപ്പ് ചട്ടങ്ങളും മാനദണ്ഡങ്ങളും ലംഘിച്ച് യുഡിഎഫ് സ്ഥാനാര്‍ഥിയുടെ മുന്‍ പിഎയെ തിരുവനന്തപുരം ജില്ലയിലെ തെരഞ്ഞെടുപ്പ് കോ-ഓഡിനേറ്ററാക്കി. തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയും കേന്ദ്രമന്ത്രിയുമായ ശശി തരൂരിന്റെ മുന്‍ പിഎ ഖലീല്‍ ഉല്‍ റഹ്മാനെയാണ് കോ-ഓഡിനേറ്ററായി നിയമിച്ചത്. കോണ്‍ഗ്രസിന്റെ പോഷകസംഘടനയായ എന്‍ജിഒ അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായിരുന്നു ഇയാള്‍.

ശശി തരൂര്‍ ആദ്യവട്ടം മന്ത്രിയായപ്പോള്‍ പിഎ ആയിരുന്നു. ഐപിഎല്‍ വിവാദത്തില്‍ കുടുങ്ങി രാജിവച്ചപ്പോള്‍ റവന്യൂവകുപ്പിലേക്ക് തിരിച്ചുപോയി. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ കലക്ടറേറ്റിലെ എസ്റ്റാബ്ലിഷ്മെന്റ് വിഭാഗത്തില്‍ ജൂനിയര്‍ സൂപ്രണ്ടായി നിയോഗിച്ചു. തരൂര്‍ വീണ്ടും മന്ത്രിയായപ്പോള്‍ പിഎ സ്ഥാനത്തേക്ക് നിയോഗിക്കാന്‍ നീക്കമുണ്ടായിരുന്നു. ചില യുഡിഎഫ് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിലേക്കും പരിഗണിച്ചിരുന്നു. അസോസിയേഷനിലെ ഗ്രൂപ്പ് വഴക്കാണ് ഇതിന് തടസ്സമായത്. മുഖ്യമന്ത്രിയുടെ വിശ്വസ്തനും മുന്‍ ഗണ്‍മാനുമായിരുന്ന സലീംരാജിന്റെ കടകംപള്ളി ഭൂമി തട്ടിപ്പിലും ഇയാള്‍ ആരോപണവിധേയനായിരുന്നു. അടുത്തിടെ ഇയാളെ മികച്ച റവന്യൂ ഉദ്യോഗസ്ഥനായി സര്‍ക്കാര്‍ തെരഞ്ഞെടുത്തതും വിവാദമായി. തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുവേണ്ടി വഴിവിട്ട് എന്തും ചെയ്യാന്‍ പ്രാപ്തന്‍ എന്ന നിലയിലാണ് തരൂരിന്റെ മണ്ഡലം ഉള്‍പ്പെടുന്ന ജില്ലയില്‍ത്തന്നെ നിയമനം നല്‍കിയത് എന്നാണ് ആരോപണം. കോ-ഓര്‍ഡിനേറ്റര്‍ നിയമനത്തിനെതിരെ സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ തെരഞ്ഞെടുപ്പു കമീഷന് പരാതി നല്‍കി.

deshabhimani

തരൂരിന്റെ ആസ്തിയില്‍ ആറരക്കോടിയോളം വര്‍ധന

തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥിയും കേന്ദ്രമന്ത്രിയുമായ ഡോ. ശശി തരൂരിന്റെ ആസ്തി അഞ്ചുവര്‍ഷം കൊണ്ട് വര്‍ധിച്ചത് 6.36 കോടി രൂപ. 2009 ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പിക്കുമ്പോള്‍ ശശി തരൂരിന്റെ ആസ്തി 16.64 കോടി രൂപയായിരുന്നു. ഇത്തവണ പത്രിക സമര്‍പ്പിച്ചപ്പോള്‍ ആകെ ആസ്തി 23 കോടി രൂപ. ചൊവ്വാഴ്ച സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയ്ക്കൊപ്പമുള്ള രേഖകളിലാണ് ആസ്തി വിവരമുള്ളത്. എന്നാല്‍, കഴിഞ്ഞ തവണ രണ്ടാംഭാര്യ ക്രിസ്റ്റ ജൈല്‍സിന്റെ പേരില്‍ 4.80 കോടി രൂപയുടെ ആസ്തി കാണിച്ചിരുന്നു. ഇതടക്കം കഴിഞ്ഞ തവണത്തെ ആകെ 21.45 കോടി രൂപയുടെ സമ്പാദ്യമാണ് കാണിച്ചത്. എന്നാല്‍, ഈ വിവാഹബന്ധം വേര്‍പ്പെടുത്തിയതിനാല്‍ ഇത്തവണ ക്രിസ്റ്റയുടെ സമ്പാദ്യം കാണിച്ചിട്ടില്ല. കഴിഞ്ഞ തവണ മത്സരിക്കുമ്പോള്‍ സുനന്ദ പുഷ്കര്‍ ചിത്രത്തിലുണ്ടായിരുന്നില്ല. തെരഞ്ഞെടുക്കപ്പെട്ടശേഷമാണ് അവരെ വിവാഹം കഴിച്ചത്. എന്നാല്‍, രണ്ടാം തവണ മത്സരിക്കുമ്പോള്‍ അവര്‍ ജീവനോടെയില്ല. എന്നാല്‍, ഇത്തവണ സമര്‍പ്പിച്ച രേഖയില്‍ ശശി തരൂരിന് ബാധ്യതളോ ആശ്രിതരോ ജീവിത പങ്കാളിയോ ഇല്ല.

വരുമാനം 75,40,650 രൂപയാണ്. കൈവശമുള്ള ആകെ പണനിക്ഷേപം 22,08,34,220 രൂപയാണ്. ഇതില്‍ ബാങ്ക് അക്കൗണ്ടുകള്‍, ധനകാര്യസ്ഥാപനങ്ങള്‍, ബാങ്കിങ് ഇതര ധനകാര്യകമ്പനികള്‍, സഹകരണസംഘങ്ങള്‍ എന്നിവയിലെ നിക്ഷേപമായി 1,53,71,955 രൂപയുണ്ട്, കമ്പനികളിലെയും മ്യൂച്വല്‍ഫണ്ടുകളിലെയും മറ്റുള്ളവയിലെയും ബോണ്ടുകള്‍, കടപ്പത്രങ്ങള്‍, ഓഹരികള്‍ എന്നിവയില്‍ മുതല്‍മുടക്കിയിരിക്കുന്നത് 7,87,52,265 രൂപ. സ്ഥാപനം, കമ്പനി, ട്രസ്റ്റ് മുതലായവയ്ക്കോ വ്യക്തികള്‍ക്കോ നല്‍കിയ വായ്പയും മറ്റുമായി 12,33,60,000 രൂപ, കൈവശമുള്ള ഫിയറ്റ് കാറിന് 1.5 ലക്ഷം രൂപയാണ് വിലയിട്ടിരിക്കുന്നത്. 32 ലക്ഷം രൂപയുടെ ആഭരണങ്ങളും സ്വര്‍ണക്കട്ടിയും വിലപിടിപ്പുള്ള മറ്റ് വസ്തുക്കളുമുണ്ട്. പാലക്കാട് ചിറ്റൂര്‍ താലൂക്കില്‍ എലവഞ്ചേരി വില്ലേജില്‍ 2.51 ഏക്കര്‍ സ്ഥലവും 63 സെന്റ് കൃഷി ഭൂമിയുമുണ്ട്. 1,56,875 രൂപയാണ് ഇതിന്റെ ഏകദേശ നടപ്പ് കമ്പോളവിലയായി കാണിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് വഴുതക്കാട്ട് 1954.24 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ജിജെ കോണ്ടൂര്‍ മേരിഗോള്‍ഡ് അപ്പാര്‍ട്ട്മെന്റും സ്വന്തമായുണ്ട്. 45 ലക്ഷം രൂപയ്ക്ക് വാങ്ങിയ അപ്പാര്‍ട്ട്മെന്റിന് നിലവിലെ ഏകദേശ നടപ്പ് വിലയായി ഇട്ടിരിക്കുന്നത് 65 ലക്ഷം രൂപയാണ്. മറ്റ് വസ്തുവിലുള്ള അവകാശബന്ധവും മറ്റുമായി 27,84,091 രൂപയുടെ അസ്തിയുണ്ടെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

deshabhimani

Sunday, March 16, 2014

വിവാദം വിട്ടൊഴിയാതെ തരൂര്‍

രണ്ടാം യുപിഎ സര്‍ക്കാരില്‍ റെയില്‍മന്ത്രിയായ മമത ബാനര്‍ജി ലോക്സഭയില്‍ റെയില്‍ബജറ്റ് അവതരിപ്പിച്ച് സംസാരിക്കുന്നു. പ്രസംഗം അന്ത്യഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ ഭരണപക്ഷ ബെഞ്ചുകളുടെ പിന്‍നിരയില്‍നിന്ന് ഒരാള്‍ മുട്ടിലിഴഞ്ഞ് മമതയുടെ അടുത്തെത്തി. പിന്നില്‍നിന്ന് തോണ്ടി ശ്രദ്ധയാകര്‍ഷിച്ചു. പ്രസംഗം നിര്‍ത്തി മമത തിരിഞ്ഞുനോക്കുമ്പോള്‍ നീളുന്നു ഒരു കടലാസുതുണ്ട്. തുണ്ടിനുപിന്നില്‍ കേന്ദ്രമന്ത്രി ശശി തരൂര്‍. നിങ്ങളൊരു മന്ത്രിയല്ലേ ഇങ്ങനെ പെരുമാറാമോ എന്ന ചോദ്യത്തോടെ മമത ക്ഷുഭിതയായി. സഭയാകെ ചിരിയില്‍ മുങ്ങിയപ്പോള്‍ ഇളിഭ്യനായി തരൂര്‍ പിന്‍നിരയിലെ ഇരിപ്പിടത്തിലേക്ക്. മറ്റ് എംപിമാരൊക്കെ മണ്ഡലവുമായി ബന്ധപ്പെട്ട റെയില്‍ ആവശ്യങ്ങള്‍ നേരത്തെതന്നെ വകുപ്പുമന്ത്രിയെ കണ്ട് ധരിപ്പിച്ചിരുന്നു. എന്നാല്‍, മമത ബജറ്റ് പ്രസംഗം തുടങ്ങിയശേഷമാണ് തന്റെ സ്വന്തം മണ്ഡലമായ തിരുവനന്തപുരത്തെക്കുറിച്ച് തരൂരിന് ഓര്‍മ വന്നത്. കൈയില്‍ കിട്ടിയ കടലാസില്‍ എന്തൊക്കെയോ കുറിച്ച് മുട്ടിലിഴഞ്ഞ് തുണ്ട് നീട്ടിയപ്പോള്‍ കിട്ടിയത് ശകാരം.

യുഎന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് ബാന്‍ കി മൂണിനോട് തോറ്റശേഷമാണ് തരൂര്‍ രാഷ്ട്രീയക്കുപ്പായമണിഞ്ഞത്. കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ ഭാഷയില്‍, ഗസ്റ്റ് ആര്‍ട്ടിസ്റ്റ്. 2009ല്‍ തിരുവനന്തപുരത്ത് പറന്നിറങ്ങി. ജയിച്ച് ഡല്‍ഹിക്ക് പറന്ന തരൂര്‍, വിദേശവകുപ്പ് സഹമന്ത്രിയായി.

തുടക്കംമുതല്‍ വിവാദങ്ങള്‍ സൃഷ്ടിച്ചാണ് തരൂര്‍ വാര്‍ത്താതാളുകളില്‍ ഇടംനേടിയത്. ഔദ്യോഗികവസതി അനുവദിച്ചിട്ടും പഞ്ചനക്ഷത്ര ഹോട്ടല്‍ വാസം നീട്ടിക്കൊണ്ടുപോയതാണ് ആദ്യവിവാദം. കേരളത്തില്‍നിന്നുള്ള എംപിമാരെല്ലാം ഔദ്യോഗികവസതി അനുവദിച്ചുകിട്ടുംവരെ കേരളഹൗസില്‍ കഴിഞ്ഞെങ്കില്‍ തരൂര്‍ താല്‍പ്പര്യപ്പെട്ടത് താജ് ഹോട്ടലിന്റെ സുഖശീതളിമ. ഹോട്ടല്‍വാസം നീണ്ടപ്പോള്‍ ധനമന്ത്രി പ്രണബ് മുഖര്‍ജി ഇടപെട്ട് തരൂരിനെ സര്‍ക്കാര്‍വസതിയിലേക്ക് മാറ്റി. ചെലവുചുരുക്കലിന്റെ ഭാഗമായി മന്ത്രിമാരും എംപിമാരുമൊക്കെ വിമാനയാത്ര ഇക്കണോമിക്ലാസിലേക്ക് മാറ്റണമെന്ന് നിര്‍ദേശം വന്നപ്പോള്‍ കന്നുകാലിക്ലാസ് എന്ന തരൂരിന്റെ പ്രയോഗം അടുത്ത വിവാദമായി. ഗാന്ധിയുടെയും നെഹ്റുവിന്റെയും വിദേശനയങ്ങളെ വിമര്‍ശിച്ചതും ദേശീയഗാനം ആലപിക്കുമ്പോള്‍ അമേരിക്കന്‍ സ്റ്റൈലില്‍ നില്‍ക്കണമെന്ന ആഹ്വാനവുമൊക്കെ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. പലപ്പോഴും നേതൃത്വത്തിന്റെ കാലുപിടിച്ചാണ് വിവാദങ്ങളില്‍നിന്ന് തലയൂരിയത്.
ഐപിഎല്ലിന്റെ ഗ്ലാമര്‍ തിളക്കത്തോട് കാട്ടിയ അമിതാഭിനിവേശം തരൂരിന്റെ മന്ത്രിസ്ഥാനം തെറിപ്പിച്ചു. ഐപിഎല്‍ വിവാദം ജീവിതത്തിലും വഴിത്തിരിവായി. കൊച്ചിക്ക് ഐപിഎല്‍ ടീം നേടിയെടുക്കാന്‍ തരൂര്‍ താല്‍പ്പര്യം കാട്ടിയപ്പോള്‍, അത് കേരളത്തിന്റെയും കൊച്ചിയുടെയും വികസനം ലക്ഷ്യമിട്ടാണെന്ന് കുത്തക പത്രങ്ങള്‍ പ്രചരിപ്പിച്ചു. കൊച്ചി ടീമിന്റെ ഉടമകളായ റെന്ദേവു സ്പോര്‍ട്സ് വേള്‍ഡില്‍ തരൂരിന്റെ സുഹൃത്തായ സുനന്ദ പുഷ്കറിന് 70 കോടി രൂപയുടെ ഓഹരിയുണ്ടെന്ന ഐപിഎല്‍ സ്രഷ്ടാവ് ലളിത് മോഡിയുടെ വെളിപ്പെടുത്തല്‍ രാജ്യത്തെ ഞെട്ടിച്ചു. സുനന്ദയുടേത് വിയര്‍പ്പ് ഓഹരിയാണെന്ന ന്യായീകരണവുമായി തരൂര്‍ രംഗത്തുവന്നെങ്കിലും കാര്യങ്ങള്‍ കൈവിട്ടു. 2010 ഏപ്രില്‍ എട്ടിന് മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ തരൂര്‍ നിര്‍ബന്ധിതനായി. സുനന്ദയെ പിന്നീട് വിവാഹം കഴിച്ചു. 54-ാംവയസ്സില്‍ മൂന്നാംവിവാഹം.

രണ്ടുവര്‍ഷം എംപിമാത്രമായിരുന്ന ഘട്ടത്തില്‍ തിരുവനന്തപുരം എന്ന വാക്ക് ഒരിക്കല്‍മാത്രമാണ് ലോക്സഭയില്‍ തരൂര്‍ ഉയര്‍ത്തിയത്. 2012 മെയ് 15ന് തിരുവനന്തപുരത്തെ ഖരമാലിന്യപ്രശ്നത്തെക്കുറിച്ചാണ് രണ്ടുവാക്ക്. ഇതിനൊട്ട് പരിഹാരവുമായില്ല. സോണിയാഗാന്ധിക്ക് വേണ്ടപ്പെട്ട ആളായതുകൊണ്ടുതന്നെ 2012ല്‍ മന്ത്രിസ്ഥാനത്ത് തിരിച്ചെത്തി. മാനവശേഷി സഹമന്ത്രി. രണ്ട് സുപ്രധാന വകുപ്പുകളില്‍ സഹമന്ത്രിയായിരുന്നിട്ടും കേരളത്തിന് ഒരു നേട്ടവുമുണ്ടായില്ല.

തരൂരിനെ വിവാദങ്ങള്‍ വിടാതെ പിന്തുടര്‍ന്നു. ജനുവരി 17ന് സുനന്ദയുടെ ദുരൂഹമരണം തരൂരിനെ വേട്ടയാടുകയാണ്. പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറുമായി തരൂര്‍ അടുത്തതില്‍ സുനന്ദ അസ്വസ്ഥയായിരുന്നു. സോഷ്യല്‍ മീഡിയകളില്‍ ഇരുവരുടെയും പോര്‍വിളി പരസ്യമായതോടെ വിവാദം അവസാനിപ്പിക്കാനായി തരൂരിന്റെ ശ്രമം. എന്നാല്‍, സുനന്ദ ക്ഷമിച്ചില്ല. തിരുവനന്തപുരം കിംസിലെ ചികിത്സയ്ക്കുശേഷം ഡല്‍ഹിക്ക് മടങ്ങുമ്പോള്‍ വിമാനത്തില്‍ ഇരുവരും വഴക്കിട്ടതിന് കേന്ദ്രമന്ത്രി മനീഷ് തിവാരി സാക്ഷി. ഡല്‍ഹിയിലെത്തിയ സുനന്ദ തരൂരിന്റെ ഔദ്യോഗികവസതിയില്‍ പോകാതെ ലീല ഹോട്ടലില്‍ മുറിയെടുത്തു. കാര്യങ്ങള്‍ കൈവിട്ടുപോകുന്നുവെന്ന് ബോധ്യപ്പെട്ട തരൂര്‍ അടുത്ത ദിവസം ലീലയില്‍ മുറിയെടുത്തു. വസതിയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഹോട്ടലിലേക്ക് മാറിയെന്ന് വിശദീകരണം. ഐപിഎല്‍ ഇടപാട് ഉള്‍പ്പെടെ തരൂരിന്റെ കള്ളക്കളികള്‍ വെളിപ്പെടുത്തുമെന്ന ഭീഷണി സുനന്ദ ഉയര്‍ത്തി. ജനുവരി 17ന് അഭിമുഖം അനുവദിക്കാമെന്ന് പല പ്രമുഖ മാധ്യമപ്രവര്‍ത്തകരോടും തലേന്ന് രാത്രി സുനന്ദ പറഞ്ഞു. എന്നാല്‍, സുനന്ദയ്ക്ക് പറയാനുള്ളത് പുറത്തുവന്നില്ല. ജനുവരി 17ന് രാത്രി അവരുടെ മരണം പുറംലോകമറിഞ്ഞു. അസ്വാഭാവികമരണമാണ് സംഭവിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ മാധ്യമങ്ങളോട് പറഞ്ഞു. സുനന്ദയുടെ ശരീരത്തിലെ മുറിപ്പാടുകളും കുത്തിവയ്പിന്റെ പാടുമൊക്കെ പല ചോദ്യങ്ങളുയര്‍ത്തി. ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം ഇനിയും പുറത്തുവന്നിട്ടില്ല. കേസിപ്പോഴും ഡല്‍ഹി പൊലീസിന്റെ പരിഗണനയില്‍.

എം പ്രശാന്ത് deshabhimani

Friday, March 7, 2014

അന്വേഷണം അവസാനിപ്പിക്കാന്‍ തരൂരിന്റെ കത്ത്

സുനന്ദ പുഷ്കറിന്റെ അസ്വാഭാവികമരണത്തെക്കുറിച്ചുള്ള പൊലീസ് അന്വേഷണം വേഗത്തില്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി ശശി തരൂര്‍ വീണ്ടും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കത്തയച്ചു. തെരഞ്ഞെടുപ്പുവിജ്ഞാപനം ഇറങ്ങുന്നതിനുമുമ്പ് കേസ് ഏതുവിധേനയും അവസാനിപ്പിക്കുകയെന്ന ലക്ഷ്യമാണ് തരൂരിന്. കേസ് അധികം നീട്ടരുതെന്ന് സുനന്ദയുടെ മരണത്തിന് തൊട്ടുപിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയ്ക്ക് അയച്ച കത്തില്‍ തരൂര്‍ ആവശ്യപ്പെട്ടിരുന്നു. ഒന്നരമാസം പിന്നിട്ടിട്ടും കേസ് അവസാനിപ്പിക്കാത്തതില്‍ തരൂര്‍ അസ്വസ്ഥനാണ്. തെരഞ്ഞെടുപ്പുവിജ്ഞാപനം ഇറങ്ങിയാല്‍ ഡല്‍ഹി പൊലീസിനുമേല്‍ കോണ്‍ഗ്രസ് നേതൃത്വത്തിനുള്ള സ്വാധീനം നഷ്ടമാകും.

സുനന്ദയുടെ ആന്തരികാവയവങ്ങള്‍ ഡല്‍ഹി പൊലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നു. ഫോറന്‍സിക് റിപ്പോര്‍ട്ട് ഇനിയും ലഭ്യമാകാത്ത സാഹചര്യത്തിലാണ് അന്വേഷണം നീളുന്നത്. ഈ റിപ്പോര്‍ട്ടുകൂടി കിട്ടിയാല്‍ കേസ് തരൂരിന് അനുകൂലമായി അവസാനിപ്പിക്കാന്‍ പൊലീസ് ഒരുക്കവുമാണ്. എന്നാല്‍,റിപ്പോര്‍ട്ട് നീണ്ടുപോവുകയും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്താല്‍ പൊലീസ് നിലപാട് മാറുമോയെന്ന ആശങ്കയാണ് തരൂരിനുള്ളത്.

സുനന്ദയുടെ മരണത്തില്‍ ബന്ധുക്കള്‍ക്കൊന്നും പരാതിയില്ലെന്ന ന്യായമാണ് ഡല്‍ഹി പൊലീസ് മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍, സുനന്ദയുടെ ശരീരത്തിലെ മുറിവുകളെക്കുറിച്ചോ കുത്തിവയ്പിന്റെ പാടിനെക്കുറിച്ചോ അന്വേഷണത്തിന് പൊലീസ് തയ്യാറായിട്ടില്ല. പ്രാഥമികറിപ്പോര്‍ട്ട് തയ്യാറാക്കി സബ്ഡിവിഷണല്‍ മജിസ്ട്രേട്ട് മൊഴിയെടുത്തതല്ലാതെ തരൂരിനെ ചോദ്യംചെയ്യാന്‍പോലും പൊലീസ് തയ്യാറായിട്ടില്ല. കേസന്വേഷണം ക്രൈംബ്രാഞ്ചിനാണ് ആദ്യം വിട്ടിരുന്നതെങ്കിലും അവര്‍ ഏറ്റെടുക്കാന്‍ തയ്യാറായില്ല. ഐപിഎസ്തലത്തില്‍ നടക്കേണ്ടിയിരുന്ന അന്വേഷണം ബോധപൂര്‍വം അട്ടിമറിക്കുകയായിരുന്നു. ഉന്നതങ്ങളില്‍നിന്ന് സമ്മര്‍ദമുണ്ടായെന്ന കാരണമാണ് കേസ് ഫയല്‍ മടക്കാന്‍ ക്രൈംബ്രാഞ്ച് ന്യായമാക്കിയത്.

deshabhimani

Thursday, March 6, 2014

വികസനത്തില്‍ വട്ടപ്പൂജ്യം; തരൂരിന്റേത് കബളിപ്പിക്കല്‍ തന്ത്രം

തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ ശശി തരൂരിന്റെ വികസന പരസ്യം പരാജിതനായ ഒരു ജനപ്രതിനിധിയുടെ ജല്‍പ്പനങ്ങള്‍ മാത്രമാണെന്ന് പറയുന്നതില്‍ ഖേദമുണ്ട്. വി കെ കൃഷ്ണമേനോനെപ്പോലുള്ള ഒട്ടേറെ മഹാരഥന്മാരെ പാര്‍ലമെന്റിലേക്ക് അയച്ച സമ്പന്നമായ പാരമ്പര്യമാണ് തിരുവനന്തപുരത്തിന് ഉണ്ടായിരുന്നത്. അവിടെയാണ് ഒരു സാധാരണ ഗ്രാമപഞ്ചായത്ത് അംഗം ചെയ്തുതീര്‍ത്ത തികച്ചും പ്രാദേശിക വികസനപ്രവര്‍ത്തനങ്ങള്‍ ഒരു കേന്ദ്രമന്ത്രി തന്റേതെന്ന് സ്വയം പ്രഖ്യാപിച്ച് എട്ടുകാലി മമ്മൂഞ്ഞായി നടക്കുന്ന കാഴ്ച അതിദയനീയവും സഹതാപാര്‍ഹവുമാണ്.

കേരളത്തില തലസ്ഥാനഗരമായ തിരുവനന്തപുരത്തിന് ഒരു കേന്ദ്രപദ്ധതി പോലും നേടിയെടുക്കാന്‍ കഴിയാത്ത കാലഘട്ടമായിരുന്നു കഴിഞ്ഞ അഞ്ചുവര്‍ഷം. ദശാബ്ദങ്ങളായി മുടങ്ങിക്കിടക്കുന്ന ദേശീയപാതയ്ക്കുവേണ്ടി ഒരു കിലോമീറ്ററെങ്കിലും സ്ഥലം ഏറ്റെടുക്കാനോ റോഡുപണി നടത്താനോ തരൂരിന് കഴിഞ്ഞിട്ടുണ്ടോ. വിഴിഞ്ഞം പദ്ധതിയെ സംബന്ധിച്ച് തരൂരിന്റ അവകാശവാദങ്ങളെല്ലാം വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. തൂത്തുക്കുടി തുറമുഖത്തിനുവേണ്ടി 75,000 കോടി രൂപ അനുവദിച്ച കേന്ദ്രസര്‍ക്കാര്‍ വിഴിഞ്ഞത്തിനു വേണ്ടി ഒരു രൂപപോലും ബജറ്റില്‍ അനുവദിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. കൂടാതെ, പല പ്രാവശ്യം പരാജയപ്പെട്ട പിപിപി മോഡലാക്കിയത് പദ്ധതിയെ അട്ടിമറിക്കാന്‍ ഉദ്ദേശിച്ചാണ്. കേരളത്തിന്റെ അഭിമാനപദ്ധതിയായ വിഴിഞ്ഞത്തിനുവേണ്ടി ഒരു രൂപയുടെ കേന്ദ്രസഹായം നേടിയെടുക്കാന്‍ കഴിയാത്ത ഈ ജനപ്രതിനിധി സമ്പൂര്‍ണ പരാജയമെന്നതില്‍ സംശയമില്ല.

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ കേരളം ഏറ്റവുംകൂടുതല്‍ അവഗണന നേരിട്ടത് റെയില്‍വേയില്‍ നിന്നാണ്. കഴിഞ്ഞ ബജറ്റുകളില്‍ പ്രഖ്യാപിച്ച നേമത്തെ കോച്ച് അറ്റകുറ്റപ്പണി കേന്ദ്രം, കൊച്ചുവേളി സെക്കന്‍ഡ് ടെര്‍മിനല്‍, മെഡിക്കല്‍കോളേജ്, ബോട്ട്ലിങ് പ്ലാന്റ് എന്നിവയെല്ലാം അട്ടിമറിക്കപ്പെട്ടു. പഴഞ്ചന്‍ ബോഗികള്‍ഉള്‍ക്കൊള്ളുന്ന തീവണ്ടികള്‍ മാത്രമായി തിരുവനന്തപുരം ഡിവിഷന്‍ മാറി. ഓടിക്കൊണ്ടിരുന്ന ട്രെയിനിലെ ബോഗി പൊളിഞ്ഞുവീഴുന്ന ദയനീയമായ സ്ഥിതിവിശേഷത്തിനു വരെ നാം സാക്ഷിയായി. കൂടാതെ, തിരുവനന്തപുരം ഡിവിഷന്‍ തന്നെ വെട്ടിമുറിക്കാനുള്ള ശ്രമവും നടക്കുന്നു. ഇവിടെയെല്ലാം നിസ്സംഗനായ ഒരു ജനപ്രതിനിധിയെയാണ് നാം കണ്ടത്.

അനന്തമായ വികസനസാധ്യതകളുള്ള പദ്ധതിയായിരുന്നു പൂവാര്‍ കപ്പല്‍നിര്‍മാണകേന്ദ്രം. ഒന്നാം യുപിഎ സര്‍ക്കാര്‍ ഇന്ത്യയുടെ കിഴക്കും പടിഞ്ഞാറും തീരങ്ങളില്‍ അന്തര്‍ദേശീയ നിലവാരത്തിലുള്ള ഓരോ കപ്പല്‍നിര്‍മാണകേന്ദ്രം സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പശ്ചിമതീരത്തെ സ്ഥലം തെരഞ്ഞെടുക്കാന്‍ നോഡല്‍ ഏജന്‍സിയായി ബോംബെ പോര്‍ട്ട് ട്രസ്റ്റിനെ നിയമിക്കുകയും ചെയ്തിരുന്നു. അവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പൂവാര്‍ അതിന് ഏറ്റവും അനുയോജ്യമായ സ്ഥലമാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അതിനാവശ്യമായ 1000 ഏക്കര്‍ സ്ഥലം സൗജന്യമായി നല്‍കാമെന്ന് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കുകയും ചെയ്തിരുന്നതാണ്. എന്നാല്‍, യുഡിഎഫ് സര്‍ക്കാരും എംപിയും തുടര്‍നടപടിയെടുക്കാത്തതിന്റെ ഫലമായി ഈ പദ്ധതി വിശാഖപട്ടണത്ത് ആരംഭിച്ചു. അമ്പതിനായിരത്തോളംപേര്‍ക്ക് ജോലി ലഭിക്കാന്‍ സാധ്യതയുള്ള ഈ പദ്ധതിയും നിഷ്ക്രിയനായ തരൂരിന്റെ സഹായത്തോടെ അട്ടിമറിക്കപ്പെട്ടു.

ഹൈക്കോടതി ബെഞ്ചിന്റെ കാര്യത്തില്‍ ജനങ്ങളെ നിരന്തരം വിഡ്ഢികളാക്കുന്ന കാര്യത്തില്‍ തരൂര്‍ അതിസാമര്‍ഥ്യം കാണിക്കുന്നുണ്ട്. രണ്ടു പ്രാവശ്യം ഹൈക്കോടതി ഫുള്‍കോര്‍ട്ട യോഗം ചേര്‍ന്ന് നിരസിച്ച ഒരു കാര്യമാണ് തിരുവനന്തപുരത്തെ ഹൈക്കോടതി ബെഞ്ച്. അഞ്ചുവര്‍ഷം പാഴാക്കിയതിനുശേഷം ജഡ്ജിമാരുടെ ഒരു കമ്മിറ്റി രൂപീകരിച്ചത് വലിയ കാര്യമായി ചിത്രീകരിക്കുന്ന തരൂര്‍ നാലുമാസമായിട്ടും കമ്മിറ്റി ഒരിക്കല്‍പ്പോലും കൂടാത്തതിനു കാരണം വിശദീകരിക്കുന്നത് നന്നായിരിക്കും. കേന്ദ്രസര്‍ക്കാരിന്റെ ഇച്ഛാശക്തിയോടുകൂടിയ തീരുമാനമാണ് ഇക്കാര്യത്തില്‍ വേണ്ടതെന്ന തിരിച്ചറിവ് ഇല്ലാത്ത ആളല്ല തരൂര്‍. ജനങ്ങളെ ഇങ്ങനെ നിരന്തരം പറ്റിക്കുന്നത് ശരിയാണോയെന്ന് അദ്ദേഹം ആലോചിക്കേണ്ടതാണ്.

ഒന്നാം യുപിഎ സര്‍ക്കാര്‍ കേരളത്തിന് വാഗ്ദാനം നല്‍കിയ ഐഐടി, മോളിക്യുലര്‍ സയന്‍സ് ലബോറട്ടറി, ആയുര്‍വേദ റിസര്‍ച്ച് സെന്ററും പാര്‍ക്കും എന്നീ സ്ഥാപനങ്ങളെല്ലാം നേടിയെടുക്കുന്നതില്‍ ശശി തരൂര്‍ പരാജയപ്പെട്ടു. ഇതില്‍ ഐഐടി സ്വന്തം വകുപ്പായ മാനവശേഷി വികസനവകുപ്പിനു കീഴിലാണ് വരുന്നതെന്ന കാര്യം പ്രത്യേകം ഓര്‍ക്കേണ്ടതാണ്. 35-ാം ദേശീയ ഗെയിംസ് കേരളത്തില്‍ നടത്താന്‍ തീരുമാനിച്ചതും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതും എല്‍ഡിഎഫ് സര്‍ക്കാരാണ്. ഇതിന്റെ ഭാഗമായാണ് കാര്യവട്ടത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം നിര്‍മിക്കാനുള്ള നടപടി ആരംഭിച്ചത്. അതിന്റെ പിതൃത്വംകൂടി തരൂര്‍ ഏറ്റെടുത്ത് സ്വയം പരിഹാസ്യനായി മാറി.

ഇന്ത്യയില്‍ ആദ്യമായി ഒരു ഐടി പാര്‍ക്ക് സ്ഥാപിച്ചത് ഇ കെ നായനാര്‍ മുഖ്യമന്ത്രിയായപ്പോഴാണ്. ഇന്ന് ഏഷ്യയിലെ ഏറ്റവുംവലിയ ഐടി പാര്‍ക്കായി ടെക്നോപാര്‍ക്ക് വികസിച്ചിരിക്കുന്നു. ഇവിടെ ഏതെങ്കിലുമൊരു കമ്പനി പ്രവര്‍ത്തനം ആരംഭിച്ചത് തന്റെ കഴിവാണെന്ന് പരസ്യപ്പടുത്തുന്നത് അല്‍പ്പത്തമാണെന്നേ പറയാന്‍ കഴിയൂ. എംപി ആയതുമുതല്‍ തരൂര്‍ പറഞ്ഞുനടന്ന ബാര്‍സിലോണ ഇരട്ട നഗരപദ്ധതിക്ക് എന്ത് സംഭവിച്ചെന്ന് വിശദീകരിക്കാന്‍ അദ്ദേഹത്തിന് ബാധ്യതയുണ്ട്. ഫ്ളക്സ് ബോര്‍ഡുകളും പരസ്യവുംകൊണ്ട് തന്റെ നിഷ്ക്രിയത്വവും നിസ്സംഗതയും കാപട്യവും മറച്ചുവയ്ക്കാമെന്നതും അസത്യങ്ങള്‍ സത്യങ്ങളാക്കാമെന്നതും തരൂരിന്റെ മിഥ്യാമോഹമാണെന്ന് പറയാനേ എനിക്ക് നിര്‍വാഹമുള്ളൂ. തിരുവനന്തപുരത്തെ സംസ്കാരസമ്പന്നമായ പൊതുസമൂഹം ഇത് തിരിച്ചറിയുമെന്ന കാര്യത്തില്‍ സംശയമില്ല.

എം വിജയകുമാര്‍ deshabhimani

Sunday, March 2, 2014

നടപ്പാകാത്ത പദ്ധതികളുടെ അവകാശവാദവുമായി തരൂര്‍ രംഗത്ത്

എങ്ങുമെത്താത്ത പദ്ധതികളുടേതടക്കം അവകാശവാദവുമായി കേന്ദ്രസഹമന്ത്രി ശശി തരൂര്‍ രംഗത്ത്. ഒരു നടപടിയുമില്ലാതെ അനിശ്ചിതത്വത്തിലായ വിഴിഞ്ഞം തുറമുഖപദ്ധതി, ഒരു തീരുമാനവുമാകാത്ത ഹൈക്കോടതി ബെഞ്ച് തുടങ്ങിയവയെല്ലാം തന്റെ ശ്രമഫലമായി നടപ്പായിയെന്ന അവകാശവാദങ്ങളടങ്ങിയ ലഘുലേഖയുമായാണ് തരൂര്‍ രംഗത്തെത്തിയിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അനാസ്ഥമൂലം വിഴിഞ്ഞം പദ്ധതി എങ്ങുമെത്തിയിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ ബജറ്റുകളില്‍ തുടര്‍ച്ചയായി ഒരുരൂപപോലും പദ്ധതിക്കായി നീക്കിവച്ചിട്ടില്ല. തൂത്തുക്കുടിയടക്കമുള്ള തമിഴ്നാട്ടിലെ തുറമുഖങ്ങള്‍ക്ക് ബജറ്റ് വിഹിതമായി കോടികള്‍ അനുവദിച്ചപ്പോള്‍ വിഴിഞ്ഞത്തോടുള്ള അവഗണനയെപ്പറ്റി പ്രതികരിക്കാന്‍ പോലും തരൂര്‍ തയ്യാറായില്ല. പദ്ധതിയെ അട്ടിമറിക്കാനുള്ള അന്താരാഷ്ട്ര ഇടപെടലുകള്‍ തടയാനും തരൂരിന് കഴിഞ്ഞില്ല. വസ്തുത ഇതായിരിക്കെ വിഴിഞ്ഞത്തിനായി "ഇടപെടീല്‍ നടത്തി"യെന്നാണ് തരൂരിന്റെ അവകാശവാദം. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതിക്കായി സ്വീകരിച്ച നടപടികളും സ്വന്തം നേട്ടമാക്കി ചിത്രീകരിക്കാനും തരൂര്‍ ലഘുലേഖയില്‍ ശ്രമിക്കുന്നു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങളാകെ നിര്‍ത്തിവച്ചിരുന്നു. സംസ്ഥാനസര്‍ക്കാരിന്റെ സമീപകാല പരസ്യങ്ങളില്‍നിന്നു പോലും വിഴിഞ്ഞം പദ്ധതിക്ക് മുന്‍ഗണന നഷ്ടപ്പെടുകയും ചെയ്തു.

തലസ്ഥാനത്ത് ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കുന്നതിന് അനുമതി പോലും ആയിട്ടില്ല. ബെഞ്ച് ഇപ്പോഴും അനിശ്ചിതത്വത്തില്‍ തുടരുമ്പോഴും തരൂരിന്റെ അവകാശവാദത്തിന് കുറവില്ല. തലസ്ഥാനത്ത് റെയില്‍വേ മെഡിക്കല്‍ കോളേജ് വേണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ നിരാകരിച്ചെങ്കിലും ശ്രമം നടത്തിയെന്ന് തരൂര്‍ ലഘുലേഖയില്‍ പറയുന്നു. വാട്ടര്‍ ബോട്ടിലിങ്പ്ലാന്റ്, സബര്‍ബെന്‍ ട്രെയിന്‍, മോണോ റെയില്‍ തുടങ്ങി ഇതുവരെയും ഒരുനടപടിയുമാകാത്ത പദ്ധതികളെപ്പറ്റിയും "ഇടപെടീല്‍" വാദവും ഉന്നയിക്കുന്നുണ്ട്.

ശനിയാഴ്ച പ്രസ്ക്ലബ്ബില്‍ തരൂര്‍ തന്നെ സംഘടിപ്പിച്ച ലഘുലേഖ പ്രകാശന ചടങ്ങില്‍നിന്ന് എംഎല്‍എമാരടക്കമുള്ള കോണ്‍ഗ്രസിലെ ഒരുവിഭാഗം വിട്ടുനിന്നു. യുഡിഎഫ് ഘടകകക്ഷികളും ബഹിഷ്കരിച്ചു. കോണ്‍ഗ്രസ് എംഎല്‍എമാരായ എ ടി ജോര്‍ജ്, ശെല്‍വരാജ് എന്നിവരാണ് വിട്ടുനിന്നത്. ജില്ലയിലെ കെപിസിസി ഭാരവാഹികളും ഡിസിസിയിലെ ഒരുവിഭാഗവും ചടങ്ങ് ബഹിഷ്കരിച്ചു. അധ്യക്ഷനായ ഡിസിസി പ്രസിഡന്റ് കെ മോഹന്‍കുമാര്‍ ചടങ്ങ് അവസാനിക്കുംമുമ്പ് ഇറങ്ങിപ്പോയി. തിരുവനന്തപുരത്ത് ആരായിരിക്കണം സ്ഥാനാര്‍ഥിയെന്ന് ഇതുവരെയും പാര്‍ടി തീരുമാനമെടുത്തിട്ടില്ലെന്ന് ചടങ്ങില്‍ പങ്കെടുത്ത കെ മുരളീധരന്‍ എംഎല്‍എ പറഞ്ഞത് തരൂരിനെ വെട്ടിലാക്കി. ആരായിരിക്കണം സ്ഥാനാര്‍ഥിയെന്ന് ഹൈക്കമാന്‍ഡാണ് തീരുമാനിക്കേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു.

സ്ഥാനാര്‍ഥി ചര്‍ച്ച പോലും ആകുംമുമ്പ് തരൂര്‍ ചിലയിടങ്ങളില്‍ ചുവരെഴുത്ത് നടത്തിച്ചതിനെതിരെ കോണ്‍ഗ്രസില്‍ വ്യാപക അതൃപ്തിയുണ്ട്. കഴിഞ്ഞദിവസം ചേര്‍ന്ന ഡിസിസി യോഗത്തില്‍ തരൂരിനെതിരെ രൂക്ഷമായ ആക്ഷേപങ്ങളാണ് ഉയര്‍ന്നത്. തരൂരിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഒരുവിഭാഗം യോഗത്തില്‍ ആവശ്യപ്പെട്ടു. ഭാര്യയുടെ ദുരൂഹമരണത്തെപ്പറ്റിയുള്ള ആരോപണങ്ങളെപ്പറ്റി തെരഞ്ഞെടുപ്പു പ്രചാരണവേളയില്‍ മറുപടി പറയേണ്ടിവരുമെന്നും ഇത് യുഡിഎഫിന് തിരിച്ചടിയാകുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

deshabhimani

Friday, February 28, 2014

തരൂരിന്റെ നോമിനിക്കെതിരായ 3 ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുക്കി

കേന്ദ്രമന്ത്രി ശശി തരൂരിന്റെ നോമിനി ജോമോന്‍ ജോസഫിനെ ശ്രീലങ്കന്‍ ഓണററി കോണ്‍സലായി നിയമിച്ചത് സംസ്ഥാന രഹസ്യാന്വേഷണവിഭാഗത്തിന്റെ മൂന്നു റിപ്പോര്‍ട്ട് മറികടന്ന്. ഇന്റലിജന്‍സ് എഡിജിപി പൊതുഭരണവകുപ്പിന് കൈമാറിയ റിപ്പോര്‍ട്ടുകള്‍ക്ക് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തെല്ലും വില കല്‍പ്പിച്ചില്ല. സംഭവം വിവാദമായപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കോണ്‍സല്‍ ഓഫീസ് ഉദ്ഘാടനച്ചടങ്ങില്‍നിന്ന് വിട്ടുനിന്നു.

എന്നാല്‍, നിയമനത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ഇരുവര്‍ക്കും ഒഴിയാനാകില്ല. സെപ്തംബര്‍ എട്ട്, ഒക്ടോബര്‍ 29, നവംബര്‍ മൂന്ന് തീയതികളിലായാണ് ജോമോനെതിരെ റിപ്പോര്‍ട്ട് നല്‍കിയത്. നവംബര്‍ മൂന്നിന്റെ റിപ്പോര്‍ട്ടിനൊപ്പം കേസിന്റെ എഫ്ഐആറും നല്‍കിയിരുന്നു. ഇതെല്ലാം നിലനില്‍ക്കെയാണ് ജനുവരിയില്‍ ജോമോനെ നിയമിച്ച് ഉത്തരവിറങ്ങുന്നത്. ജോമോന്‍ എഴുതിയ ഒരു പുസ്തകത്തിന് ആമുഖമെഴുതിയത് ശശി തരൂരാണ്. തരൂരും ജോമോനും തമ്മിലുള്ള ബന്ധത്തിന്റെ സൂചനയാണിത്.

deshabhimani

Thursday, February 27, 2014

സുനന്ദയുടെ ശരീരത്തില്‍ കുത്തിവയ്പിന്റെ പാട്

കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ വലതുകൈത്തണ്ടയില്‍ കുത്തിവയ്പിന്റെ പാടുള്ളതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കുത്തിവയ്പിന്റെ പാട് എങ്ങനെ വന്നുവെന്നത് ദുരൂഹമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സുനന്ദയുടെ ശരീരത്തില്‍ 15 മുറിവുകളുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇതില്‍ പത്താമത്തേതായാണ് കുത്തിവയ്പിന്റെ പാട് രേഖപ്പെടുത്തിയത്. പോസ്റ്റ്മോര്‍ട്ടത്തിന് സുനന്ദയുടെ ശരീരം കീറിമുറിച്ചപ്പോള്‍ ദുര്‍ഗന്ധം വമിക്കുന്ന വാതകം പുറത്ത് വന്നതായും ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോ. സുധീര്‍ ഗുപ്ത ഒപ്പിട്ട പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. മുറിപ്പാടുകള്‍ ബലപ്രയോഗത്തില്‍ സംഭവിച്ചതാണ്. ശരീരത്തില്‍ കടിയേറ്റ പാടുമുണ്ട്. മാര്‍ച്ച് മാസത്തോടെ മാത്രമേ രാസപരിശോധനാ ഫലം ലഭിക്കൂ. റിപ്പോര്‍ട്ട് വേഗം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് കഴിഞ്ഞയാഴ്ച കേന്ദ്ര ഫോറന്‍സിക് സയന്‍സ് ലാബിന് കത്തയച്ചിരുന്നു. രാസപരിശോധനാ ഫലം വൈകുന്നതും ദുരൂഹമാണ്. ഡല്‍ഹിയില്‍ അടുത്തിടെ മരിച്ച അരുണാചല്‍ വിദ്യാര്‍ഥി നിഡോ താനിയയുടെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചതിന്റെ ഫലം മൂന്നുനാള്‍ക്കകം ലഭിച്ചു. എന്നാല്‍, മരണം സംഭവിച്ച് അഞ്ചാഴ്ചയും പിന്നിടുമ്പോഴും സുനന്ദയുടെ പരിശോധനാ ഫലം ലഭിച്ചിട്ടില്ല.

സ്വഭാവിക മരണമെന്ന് വരുത്താനുള്ള നടപടികളുമായി ഡല്‍ഹി പൊലീസ് മുന്നോട്ടുനീങ്ങുകയാണ്. അന്വേഷണ പുരോഗതി വെളിപ്പെടുത്താന്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല. അല്‍പ്രാക്സ്, എക്സെഡ്രിന്‍ ഗുളികകള്‍ അമിതമായി കഴിച്ചതുകൊണ്ടാണ് മരണമെന്ന ആദ്യ നിഗമനത്തില്‍ തന്നെയാണ് ഡല്‍ഹി പൊലീസ്. മുറിപ്പാടുകള്‍ എങ്ങനെയുണ്ടായെന്ന് അന്വേഷിക്കാന്‍ പൊലീസ് തയ്യാറല്ല. മരണത്തിന് മുമ്പുള്ള രണ്ടുദിവസങ്ങളിലെ സുനന്ദയുടെ ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു. മകന്‍ ശിവ് മേനോനുമായാണ് സുനന്ദ ഫോണിലൂടെ അവസാനം ബന്ധപ്പെട്ടത്. സുനന്ദയുമായി ഫോണില്‍ സംസാരിച്ച മാധ്യമ പ്രവര്‍ത്തകര്‍ അടക്കമുളളവരുടെ മൊഴികള്‍ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

deshabhimani

തരൂരിന്റെ ശ്രീലങ്കന്‍ കോണ്‍സല്‍ നിയമനവും വിവാദത്തില്‍

മലയാളിയായ ശ്രീലങ്കന്‍ വ്യവസായി, കേന്ദ്രമന്ത്രി ശശി തരൂരിന്റെ നോമിനിയായി ശ്രീലങ്കന്‍ കേണ്‍സല്‍ ആയി നിയമിക്കപ്പെട്ടതും വിവാദത്തില്‍. തലസ്ഥാനത്തെ എംപിയെന്ന നിലയില്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഭരണ നേട്ടമായി കൊട്ടിഘോഷിച്ച് ബുധനാഴ്ച നടത്തിയ കോണ്‍സല്‍ ഓഫീസ് ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ബഹിഷ്കരിച്ചതോടെയാണ് ശശി തരൂരുമായി ബന്ധപ്പെട്ട പുതിയ വിവാദം പുറത്ത് വന്നത്.

കോണ്‍സല്‍ ക്രിമിനല്‍ കേസിലെ പ്രതിയാണെന്ന് ഇന്റലിജന്‍റ്സ് റിപ്പോര്‍ട്ടുണ്ടെന്ന് പറഞ്ഞാണ് തലസ്ഥാനത്ത് താജ് വിവാന്റയില്‍ നടന്ന ചടങ്ങ് രണ്ട് പേരും ബഹിഷ്കരിച്ചത്. തെരഞ്ഞെടുപ്പില്‍ സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് ഉദ്ഘാടനം മാമാങ്കങ്ങള്‍ തട്ടിക്കൂട്ടുന്നതിനിടയില്‍ ബഹി്ഷകരണവും വിവാദവും ശശി തരൂരിന് വീണ്ടും തിരിച്ചടിയായി. ഡെല്‍ഹിയിലെ ശ്രീലങ്കന്‍ ഹൈക്കമീഷനില്‍ നിന്ന് പോലും പ്രതിനിധികളാരും ചടങ്ങിന് എത്തിയതുമില്ല. ഒടുവില്‍ ശശി തരൂര്‍ തന്നെ നാണം കെട്ട് ഉദ്ഘാടനം ചെയ്തു.

എറണാകുളം അങ്കമാലി സ്വദേശി ജോമോന്‍ ജോസഫിനെയാണ് തരൂര്‍ ഇടപെട്ട് വിദേശ മന്ത്രാലയത്തില്‍ സമ്മര്‍ദ്ദം ചെലുത്തി ശ്രീലങ്കന്‍ ഓണററി കോണ്‍സലായി നിയമിച്ചത്. ഇത് ഓണററി പോസ്റ്റ് ആണെങ്കിലും ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരെ നിര്‍ദ്ദേശിക്കാന്‍ പാടില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ പോലും തരൂര്‍ തെറ്റിദ്ധരിപ്പിച്ചുവെന്നതിന്റെ സൂചനയാണ് മുഖ്യമന്ത്രിയുടേയും ആഭ്യന്തര മന്ത്രിയുടേയും ബഹിഷ്കരണവും. ഉദ്ഘാടനം നടക്കുന്നതിന്റെ തൊട്ട് മുമ്പ് മാത്രമാണ് ഇവര്‍ പിന്‍മാറിയതെന്നതും ഗൗരവതരമാണ്. വിവാദമാകുമെന്ന് ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ മുന്നറിയിപ്പ് നല്‍കിയതുകൊണ്ടാണ് പിന്മാറിയത്. അങ്കമാലിയിലെ പ്രാദേശിക കോണ്‍ഗ്രസുകാരാണ് പരാതിക്കാരെന്ന പ്രത്യേകതയുമുണ്ട്.

നയതന്ത്ര പരിരക്ഷയുള്ള പദവിയില്‍ നിയമനം നടത്തുമ്പോള്‍കേന്ദ്ര സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങളുടേയും മറ്റ്സുരക്ഷാ വിഭാഗങ്ങളുടേയും അനുകൂല റിപ്പോര്‍ട്ട് വേണം. എന്നാല്‍ അബ്കാരിയും ക്രഷര്‍ യൂണിറ്റ് ഉടമയും നിരവധി കേസുകളിലെ പ്രതിയുമാണെന്ന് പ്രാദേശിക കോണ്‍ഗ്രസുകാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്ന ജോമോന്റെ കാര്യത്തില്‍ ഇതൊന്നുമുണ്ടായില്ല. എന്നാല്‍ തനിക്കെതിരെ ക്രിമിനല്‍കേസില്ലെന്നാണ് ജോമോന്‍ അവകാശപ്പെടുന്നത്. കാലടി പോലീസ് എടുത്ത കേസ് ഹൈക്കോടതി സ്റ്റേ ചെയ്തുവെന്നും ജോമോന്‍ പറഞ്ഞു.

ശ്രീലങ്കയില്‍ വ്യവസായി കൂടിയായ ഇയാള്‍ക്ക് എറണാകുളം ജില്ലയില്‍ ക്വാറികളുണ്ട്. ക്വാറിക്കെതിരെ പ്രതിഷേധിച്ച മലയാറ്റൂര്‍ നീലീശ്വരം ഗ്രാമപഞ്ചായത്ത് അംഗത്തിനെ വീട്ടില്‍ കയറി മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് കേസ്്. ഈ കേസില്‍ ജോമോനെ അറസ്റ്റ് ചെയ്ത ജാമ്യത്തില്‍ വിട്ടു. വധഭീഷണി ഉള്‍പ്പെടെ മറ്റുചില കേസുകളും ജോമോനെതിരെയുണ്ടെന്നും പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു.

ക്രിമിനല്‍ പശ്ചാത്തലം അറിയില്ലെന്ന വാദം പച്ചക്കള്ളം

കൊച്ചി: തിരുവനന്തപുരത്തെ ശ്രീലങ്കന്‍ കോണ്‍സലേറ്റില്‍ ഹോണററി കോണ്‍സലായി നിയമിച്ച കാലടി മലയാറ്റൂര്‍ എടത്തലവീട്ടില്‍ ജോമോന്‍ ജോസഫിന്റെ ക്രിമിനല്‍ പശ്ചാത്തലം അറിയില്ലെന്ന മന്ത്രിമാരുടെയും കോണ്‍ഗ്രസ് നേതാക്കളുടെയും വാദം പച്ചക്കള്ളം. പഞ്ചായത്ത് അംഗവും വിരമിച്ച സ്കൂള്‍ പ്രിന്‍സിപ്പലുമായ കോണ്‍ഗ്രസ് നേതാവിനെ ജോമോന്‍ ആക്രമിച്ച സംഭവത്തില്‍ പഞ്ചായത്തും കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയും പാസാക്കിയ പ്രമേയങ്ങള്‍ മുഖ്യമന്ത്രിക്കുള്‍പ്പെടെ അയച്ചിട്ടുണ്ട്. സംഭവത്തില്‍ അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍തന്നെ ഇടപെട്ട് അറസ്റ്റ്ചെയ്യിച്ച ജോമോന്‍ ജോസഫിനെ കോണ്‍ഗ്രസ് നേതാക്കളുടെതന്നെ സമ്മര്‍ദത്തെത്തുടര്‍ന്ന് സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയായിരുന്നു. ഇയാളുടെ നിയമനവിവരം അറിഞ്ഞ പഞ്ചായത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ജോമോനെതിരെയുള്ള കേസുകളുടെ വിവരങ്ങളും പഞ്ചായത്തും പാര്‍ടിയും പാസാക്കിയ പ്രമേയങ്ങളും സഹിതം നിയമനം പിന്‍വലിക്കാന്‍ ഫെബ്രുവരി ഏഴിന് മുഖ്യമന്ത്രിക്ക് പരാതി അയക്കുകയും ചെയ്തിരുന്നു.

2013 ജൂലൈ 30നാണ് മലയാറ്റൂര്‍-നീലീശ്വരം പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ജെ പോളിനെ ജോമോന്‍ വീട്ടില്‍ക്കയറി ആക്രമിച്ചത്. പാറമട-ക്രഷര്‍ ഉടമയായ ജോമോനെതിരെ പാറമടയിലേക്ക് വഴിതെളിക്കാന്‍ കാട്വെട്ടിയതിനും സ്ഫോടകവസ്തുക്കള്‍ കൈവശംവച്ചതിനുമുള്‍പ്പെടെ കാലടി പ്രദേശത്തുമാത്രം ആറുകേസ് നിലവിലുണ്ട്. പോളിനെ ആക്രമിച്ച സംഭവത്തില്‍ 2013 ആഗസ്ത് എട്ടിന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് തോമസ് പാങ്ങോല മുഖ്യമന്ത്രിക്ക് അയച്ച പരാതിയില്‍ ജോമോന്റെ ക്രിമിനല്‍ പശ്ചാത്തലം വ്യക്തമാക്കുന്നു. ഇത്രയും സംഭവങ്ങള്‍ നടന്നിട്ടും ക്രിമിനല്‍ പശ്ചാത്തലമുള്ളയാള്‍ക്ക് രാഷ്ട്രപതി നിയമനം നല്‍കിയത് ദുരൂഹമാണ്. ജോമോന്റെ നിയമനം സംബന്ധിച്ച വാര്‍ത്തകള്‍ വന്നശേഷം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എറണാകുളത്തു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ വിഷയം ഉന്നയിച്ചെങ്കിലും സംഭവം ഇപ്പോള്‍ മാത്രമാണ് തന്റെ ശ്രദ്ധയില്‍പ്പെട്ടതെന്നായിരുന്നു മറുപടി.

deshabhimani

Wednesday, February 26, 2014

ശശി തരൂരിന്റെ വഞ്ചന അവസാനിപ്പിക്കണം: കടകംപള്ളി

തലസ്ഥാനത്ത് ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കുന്ന കാര്യത്തില്‍ ശശി തരൂര്‍ തുടര്‍ച്ചയായി ജനത്തെ വഞ്ചിക്കുകയാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍. ജനത്തെ വിഡ്ഢികളാക്കുന്ന പണി ഉടന്‍ അവസാനിപ്പിക്കണമെന്ന് അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ഹൈക്കോടതി ബെഞ്ച് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ദീര്‍ഘകാലമായി തിരുവനന്തപുരത്ത് സമരം തുടരുന്നു. എല്‍ഡിഎഫ് കഴിഞ്ഞ ഒന്നരവര്‍ഷക്കാലമായി നടത്തിയ വികസനസമരത്തിലെ മുഖ്യമുദ്രാവാക്യങ്ങളിലൊന്നായിരുന്നു ഹൈക്കോടതി ബെഞ്ച് തലസ്ഥാനത്ത് സ്ഥാപിക്കുകയെന്നത്. ഈ ജനകീയസമ്മര്‍ദത്തിനൊടുവിലാണ് ജുഡീഷ്യല്‍ കമ്മിറ്റി രൂപീകരണമുണ്ടായത്. എംപിയായി തെരഞ്ഞെടുത്താല്‍ 100 ദിവസത്തിനകം തലസ്ഥാനത്ത് ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കുമെന്നു പ്രഖ്യാപിച്ച ശശി തരൂര്‍, ഇക്കാര്യത്തില്‍ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ തയ്യാറാകാതെ, ഇപ്പോള്‍ ജുഡീഷ്യല്‍ കമ്മിറ്റി രൂപീകരണത്തോടെ എല്ലാമായെന്ന് പ്രചരിപ്പിച്ച് വീണ്ടും ജനങ്ങളെ വിഡ്ഢികളാക്കാന്‍ ശ്രമിക്കുകയാണ്. ജുഡീഷ്യല്‍ കമ്മിറ്റി രൂപീകരിച്ച് നാലുമാസമായിട്ടും, ആ കമ്മിറ്റി യോഗം ചേര്‍ന്ന് ഇതുസംബന്ധിച്ച് ഒരു തീരുമാനം പോലും കൈക്കൊണ്ടിട്ടില്ല. തലസ്ഥാനത്ത് ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കണമെന്ന ആവശ്യം ഹൈക്കോടതി ഫുള്‍ ബെഞ്ച് രണ്ടു തവണ നിരാകരിച്ചതാണ്. നിര്‍ദിഷ്ട ജുഡീഷ്യല്‍ കമ്മിറ്റിയുടെ ശുപാര്‍ശയെന്ന നിലയിലെങ്കിലും ഈ പ്രശ്നം വീണ്ടും ഉയര്‍ന്നുവന്നാല്‍ മാത്രമേ ഹൈക്കോടതിയുടെ പരിഗണനയില്‍ വീണ്ടും വരൂ. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം വരുംമുമ്പ് ജുഡീഷ്യല്‍ കമ്മിറ്റിയുടെ ശുപാര്‍ശ ഉണ്ടാകുന്നതിനുള്ള ഇടപെടല്‍ പോലും ശശി തരൂരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.

ഈ വസ്തുതകളെല്ലാം മറച്ച്, ജുഡീഷ്യല്‍ കമ്മിറ്റി രൂപീകരണത്തോടെ ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കാനുള്ള എല്ലാ തടസ്സവും മാറിയെന്ന തരത്തിലുള്ള തരൂരിന്റെ പ്രചാരണം ശുദ്ധതട്ടിപ്പാണ്. അഞ്ചുവര്‍ഷം മുമ്പ് ഇക്കാര്യം പറഞ്ഞ് ജനങ്ങളെ വഞ്ചിച്ചതുപോലെ വീണ്ടും വഞ്ചിക്കാനുള്ള പാഴ്ശ്രമം മാത്രമാണിത്. തിരുവനന്തപുരത്തെ ജനങ്ങളുടെ ഓര്‍മശക്തിയെയും ക്ഷമയെയും പരിഹസിക്കുന്ന നടപടി ഉടന്‍ അവസാനിപ്പിക്കണമെന്നും കടകംപള്ളി ആവശ്യപ്പെട്ടു.

ശശി തരൂരിന്റെ രാജിക്കായി 67 കേന്ദ്രത്തില്‍ ധര്‍ണ

സുനന്ദ പുഷ്കറുടെ അസ്വാഭാവികമരണത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ മുമ്പില്‍ കുറ്റവാളിയായ ശശി തരൂര്‍ എല്ലാ അധികാരസ്ഥാനങ്ങളും രാജിവച്ച് സ്വതന്ത്രമായ അന്വേഷണത്തെ നേരിടണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് തിരുവനന്തപുരം പാര്‍ലമെന്റ് നിയോജകമണ്ഡലത്തില്‍ പ്രാദേശിക സായാഹ്നധര്‍ണകള്‍ നടത്തി. എല്‍ഡിഎഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരമായിരുന്നു ധര്‍ണ. ഏഴ് അസംബ്ലി നിയോജകമണ്ഡലങ്ങളിലായി 67 കേന്ദ്രങ്ങളിലാണ് സായാഹ്നധര്‍ണ നടന്നത്. തമ്പാനൂരിലും പേട്ടയിലുംധര്‍ണ മുന്‍മന്ത്രി എം വിജയകുമാര്‍ ഉദ്ഘാടനംചെയ്തു. വഴുതക്കാട്ട് സിപിഐ ദേശീയ കൗണ്‍സില്‍ അംഗം ബിനോയ് വിശ്വവും ആറ്റിപ്ര കല്ലിങ്കലില്‍ സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രനും കാഞ്ഞിരംകുളത്ത് എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ വി ഗംഗാധരന്‍നാടാരും വഞ്ചിയൂരില്‍ സിപിഐ ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശിയും മുക്കോലയില്‍ ജമീല പ്രകാശം എംഎല്‍എയും ധര്‍ണ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം നിയോജകമണ്ഡലത്തിലെ മണക്കാട്ട് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി രാമചന്ദ്രന്‍നായര്‍, ടൈറ്റാനിയത്ത് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം സി അജയകുമാര്‍, വലിയതുറയില്‍ ചാല മോഹനന്‍, ചെന്തിട്ടയില്‍ പാളയം രാജന്‍, പൂന്തുറയില്‍ എസ് എ സുന്ദര്‍, പെരുന്താന്നിയില്‍ എസ് ആര്‍ ശക്തിധരന്‍, അമ്പലത്തറയില്‍ ജെ സലിംകുമാര്‍, കമലേശ്വരത്ത് ജയകുമാര്‍, കരമനയില്‍ മുടവന്‍മുകള്‍ രാജശേഖരന്‍ നായര്‍, പൂജപ്പുരയില്‍ ഡോ. സഞ്ജീവ്കുമാര്‍ എന്നിവര്‍ ഉദ്ഘാടനംചെയ്തു.

വട്ടിയൂര്‍ക്കാവില്‍ ഇ ജി മോഹനന്‍, ജനറല്‍ ആശുപത്രി ജങ്ഷനിലും ശാസ്തമംഗലത്തും ബി എസ് രാജീവ്, നെട്ടയത്ത് ഡെപ്യൂട്ടി മേയര്‍ ഹാപ്പികുമാര്‍, നന്ദന്‍കോട്ട് എം ജി മീനാംബിക, പൊട്ടക്കുഴിയില്‍ കെ എസ് ബാലന്‍, മരുതന്‍കുഴിയില്‍ പി മധുസൂദനന്‍, പാളയം മാര്‍ക്കറ്റിനുമുന്നില്‍ കുറ്റിയാനിക്കാട് മധു, പേരൂര്‍ക്കടയില്‍ ഗീതാഗോപാല്‍, നാലാഞ്ചിറയില്‍ എം ഹരിലാല്‍, വാഴോട്ടുകോണത്ത് ഇന്ദിരാ രവീന്ദ്രന്‍ എന്നിവര്‍ ധര്‍ണ ഉദ്ഘാടനംചെയ്തു. നേമം നിയോജകമണ്ഡലത്തിലെ പാപ്പനംകോട്ട് ആര്‍ പ്രദീപും നെടുങ്കാട്ട് കരമന ഹരിയും തിരുമലയില്‍ പുത്തന്‍കട വിജയനും കഴക്കൂട്ടത്ത് ജി ആര്‍ അനിലും പൗഡിക്കോണത്ത് എ പി മുരളിയും ശ്രീകാര്യത്ത് ആറ്റിപ്ര സദാനന്ദനും കടകംപള്ളി കുടവൂരില്‍ കെ വിശ്വനാഥനും കല്ലമ്പിള്ളിയില്‍ പി മോഹനും മണ്ണന്തലയില്‍ പി ബിജുവും ഉള്ളൂരില്‍ പട്ടം വാമദേവന്‍ നായരും മെഡിക്കല്‍ കോളേജ് ജങ്ഷനില്‍ പ്രൊഫ. ടി എന്‍ രാമന്‍പിള്ളയും കോവളം മണ്ഡലത്തിലെ പുതിയതുറയിലും പൂവാറിലും പി രാജേന്ദ്രകുമാറും വാഴമുട്ടത്ത് എം എം ഇബ്രാഹിമും പൂങ്കുളത്ത് ഗോപാലകൃഷ്ണന്‍ നായരും വെങ്ങാനൂരില്‍ പുല്ലുവിള സ്റ്റാന്‍ലിയും ബാലരാമപുരത്ത് വെങ്ങാനൂര്‍ ഭാസ്കരനും ശാന്തിവിളയില്‍ കല്ലിയൂര്‍ ശ്രീധരനും പുന്നമൂട്ടില്‍ വെങ്ങാനൂര്‍ ബ്രൈറ്റും ധര്‍ണ ഉദ്ഘാടനംചെയ്തു. പാറശാലയിലെ പാലിയോട്ടും നെയ്യാറ്റിന്‍കരയിലും എന്‍ രതീന്ദ്രനും പാറശാലയില്‍ കടകുളം ശശിയും മഞ്ചവിളാകത്ത് എ എം അന്‍സാരിയും നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തിലെ മാവിളക്കടവില്‍ സി കെ ഹരീന്ദ്രനും ചെങ്കവിളയില്‍ മധുസൂദനന്‍നായരും നെല്ലിമൂട്ടില്‍ കൊടങ്ങാവിള വിജയകുമാറും ധര്‍ണ ഉദ്ഘാടനംചെയ്തു. മറ്റ് കേന്ദ്രങ്ങളിലും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ജനനേതാക്കള്‍ പങ്കെടുത്ത് സംസാരിച്ചു. തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തിലെ ജനങ്ങളുടെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കുന്ന ഈ ധര്‍ണയില്‍ പങ്കെടുത്ത എല്ലാ ജനങ്ങളെയും എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി അഭിവാദ്യംചെയ്തു.

deshabhimani

Tuesday, February 25, 2014

സ്കൂള്‍പരീക്ഷയ്ക്കിടെ ശശി തരൂരിന്റെ ഉദ്ഘാടന മാമാങ്കം

കോവളം: സ്കൂളില്‍ പബ്ലിക് പരീക്ഷ നടക്കുന്നതിനിടയില്‍ മന്ത്രി ശശി തരൂരിന്റെ ഉദ്ഘാടന മാമാങ്കം. വെങ്ങാനൂര്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് എസ്എസ്എല്‍സി വിദ്യാര്‍ഥികളുടെ പരീക്ഷ നടക്കുന്നതിനിടയില്‍ ഉദ്ഘാടനച്ചടങ്ങ് നടത്തിയത്. സ്വകാര്യവിദ്യാലയമായ വെങ്ങാനൂര്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിന് എംപി ഫണ്ടില്‍നിന്ന് മന്ത്രി ശശി തരൂര്‍ അഞ്ച് കംപ്യൂട്ടര്‍ അനുവദിച്ചിരുന്നു. ഇതിന്റെ പേരില്‍ ശശി തരൂര്‍ സ്കൂളിന് കംപ്യൂട്ടര്‍ ലാബ് അനുവദിച്ചതായാണ് പ്രചാരണം. മാസങ്ങള്‍ക്കുമുമ്പ് അനുവദിച്ച കംപ്യൂട്ടറുകള്‍ വിദ്യാര്‍ഥികള്‍ ഉപയോഗിച്ചുതുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടിരുന്നു.

തിങ്കളാഴ്ച എസ്എസ്എല്‍സി വിദ്യാര്‍ഥികളുടെ കംപ്യൂട്ടര്‍, ഐടി പ്രാക്ടിക്കല്‍ പരീക്ഷയും പ്ലസ്വണ്‍ വിദ്യാര്‍ഥികളുടെ മോഡല്‍ പരീക്ഷയും പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് പ്രാക്ടിക്കല്‍ പരീക്ഷയും നടക്കുന്നതിനിടയിലാണ് കംപ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം നടത്തിയത്. യുഡിഎഫ് കക്ഷികളിലെ ജനപ്രതിനിധികളടക്കം പ്രാദേശികനേതാക്കളുടെ നിരയും ഉദ്ഘാടനച്ചടങ്ങിന് എത്തിയിരുന്നു. പരീക്ഷ നടക്കുന്നതിനിടയില്‍ ഇത്തരത്തില്‍ സ്കൂളിനുള്ളില്‍ പരിപാടി സംഘടിപ്പിച്ചതില്‍ രക്ഷിതാക്കളില്‍നിന്ന് അടക്കം പൊതുജനങ്ങളില്‍നിന്ന് പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

തിങ്കളാഴ്ച ശശി തരൂരിന് കോവളം മണ്ഡലത്തിലെ വെങ്ങാനൂര്‍, കല്ലിയൂര്‍, വിഴിഞ്ഞം പ്രദേശങ്ങളിലായി 25 ഉദ്ഘാടനച്ചടങ്ങാണ് ഉണ്ടായിരുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് നിര്‍മിച്ചതും അറ്റകുറ്റപ്പണി കാത്തുകിടക്കുന്നതുമായ റോഡുകളാണ് വീണ്ടും ഉദ്ഘാടനംചെയ്യുന്നത്. പലതും പഞ്ചായത്തുതലത്തില്‍ ഉദ്ഘാടനംചെയ്തതാണ്. വെങ്ങാനൂര്‍ ചാവടിനട ജങ് ഷനില്‍ ഉയര്‍ത്തിയിട്ടുള്ള കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡില്‍ വെങ്ങാനൂര്‍ ഗവണ്‍മെന്റ് മോഡല്‍ എച്ച്എസ്എസിന് കംപ്യൂട്ടര്‍ലാബ് അനുവദിച്ചതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, ഈ സ്കൂളില്‍ എംപി ഫണ്ടില്‍നിന്ന് ഇതുവരെ ഒരു രൂപപോലും അനുവദിച്ചിട്ടില്ലെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു. വിവിധ ആവശ്യങ്ങള്‍ക്കായി എംപി ഫണ്ട് അനുവദിക്കണമെന്ന് നിരവധിതവണ പിടിഎ ഭാരവാഹികള്‍ ആവശ്യപ്പെട്ടിട്ടും നാളിതുവരെ ഒരു രൂപപോലും അനുവദിച്ചില്ലെന്ന് പിടിഎ ഭാരവാഹികളും പറയുന്നു.

കേന്ദ്രീയവിദ്യാലയ ഓഫീസ് മാറ്റം പിന്‍വലിക്കണം: പി രാജീവ്

കൊച്ചി: കേന്ദ്രീയവിദ്യാലയങ്ങളുടെ മേഖലാ ഓഫീസ് കൊച്ചിയില്‍നിന്ന് തിരുവനന്തപുരത്തേക്കു മാറ്റിയത് ഉടന്‍ പിന്‍വലിക്കണമെന്ന് പി രാജീവ് എംപി ആവശ്യപ്പെട്ടു. കേരളം, കവരത്തി, മാഹി എന്നിവിടങ്ങളിലുള്ള 37 സ്കൂളുകളുടെ കേന്ദ്രമായാണ് കൊച്ചിയിലെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. കേന്ദ്രസഹമന്ത്രി ശശി തരൂരിന്റെ വ്യക്തിതാല്‍പ്പര്യത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് ഇത് തിരുവനന്തപുരത്തേക്കു മാറ്റിയത്. തരൂരിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് പ്രാദേശികമായി നേട്ടമുണ്ടാക്കാനാണ് നീക്കം.

കൊച്ചിയില്‍നിന്ന് ഓഫീസ് മാറ്റുന്നതുസംബന്ധിച്ച് ഒരു പഠനവും ഇതുവരെ നടത്തിയതായി അറിയില്ല. നേരത്തെ ഇതുസംബന്ധിച്ച പ്രചാരണം വന്നതിനെത്തുടര്‍ന്ന് മന്ത്രാലയവുമായി ബന്ധപ്പെട്ടപ്പോള്‍ ഇങ്ങനെയൊരു നീക്കമില്ലെന്നാണ് അറിയിച്ചത്. ഇപ്പോള്‍ തെരഞ്ഞെടുപ്പു ലാക്കാക്കിയുള്ള നടപടി പൊതുതാല്‍പ്പര്യത്തിന് വിരുദ്ധമാണ്. കൊച്ചിയില്‍ സ്വന്തമായി സ്ഥലവും ഓഫീസുമുണ്ടായിരുന്ന കാഷ്യു ബോര്‍ഡ് നേരത്തെ കൊല്ലത്തേക്കു മാറ്റി. അന്ന് ബോര്‍ഡിന്റെ ഒരു മേഖലാ ഓഫീസ് അനുവദിക്കുന്നത് പരിഗണിക്കാമെന്ന് വാണിജ്യമന്ത്രി ആനന്ദ് ശര്‍മ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഒരു നടപടിയുമുണ്ടായില്ല. കൊച്ചിയിലുള്ള കേന്ദ്രസ്ഥാപനങ്ങളുടെ ഓഫീസുകള്‍ മറ്റ് സ്ഥലങ്ങളിലേക്ക് പറിച്ചുനടുന്ന ഘട്ടത്തില്‍ എറണാകുളത്തെ പ്രതിനിധീകരിക്കുന്ന കേന്ദ്രമന്ത്രി കെ വി തോമസിന്റെ നിശബ്ദത സംശയം ഉളവാക്കുന്നതാണ്. സംസ്ഥാനത്തിന്റെ നാനാഭാഗങ്ങളിലുള്ളവരുടെ താല്‍പ്പര്യം പരിഗണിച്ച് നടപടി പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് രാജീവ് അഭ്യര്‍ഥിച്ചു.

deshabhimani