Showing posts with label ബാങ്കിംഗ്. Show all posts
Showing posts with label ബാങ്കിംഗ്. Show all posts

Thursday, February 18, 2021

സ്വകാര്യവല്‍ക്കരണത്തിലൂടെയോ സ്വയംപര്യാപ്തത - സി ജെ നന്ദകുമാർ എഴുതുന്നു

സ്വകാര്യവൽക്കരണത്തിലൂടെ സ്വയം പര്യാപ്തഭാരതം കെട്ടിപ്പടുക്കുകയാണ് തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യമെന്ന് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയാണ്. 2021–-22 ബജറ്റ്‌ ചർച്ചകൾക്കുള്ള മറുപടിയിൽ കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിന്റെ ഇരുസഭകളിലും നടത്തിയ പ്രഖ്യാപനങ്ങൾ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. സുസ്ഥിര വളർച്ചയും സ്വയംപര്യാപ്ത ഭാരതവും ഉറപ്പുവരുത്തുന്നതിനുള്ള നയങ്ങളാണ് ബജറ്റിലുള്ളതെന്ന്‌ ആവർത്തിച്ച് വ്യക്തമാക്കുന്നു. ബാങ്ക് ദേശസാൽക്കരണത്തെ പരിഹസിച്ചുകൊണ്ട് കോൺഗ്രസിനെതിരെ രാഷ്ട്രീയആക്രമണത്തിനും അവർ തയ്യാറായി. വൻകിട കിട്ടാക്കടങ്ങളുടെ യഥാർഥ കാരണങ്ങളിലേക്ക് വെളിച്ചംവീശിയ പാർലമെന്റ് സമിതിയുടെ റിപ്പോർട്ടിനെ പരിഹസിക്കുന്നതായി നിർമല സീതാരാമന്റെ ആരോപണമെന്ന് പറയാതെ വയ്യ. 2008 ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിൽനിന്ന് ഇന്ത്യൻ വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടി ഊർജം, വസ്‌ത്രം, വ്യോമയാനം, പശ്ചാത്തലവികസനം എന്നീ മേഖലകൾക്കു നൽകിയ വൻവായ്പകളാണ് കിട്ടാക്കടങ്ങളിൽ ഗണ്യമായ ഭാഗമെന്ന് പാർലമെന്റ് സമിതി കണ്ടെത്തിയിരുന്നു.

ബാങ്കിങ്‌ പരിഷ്‌കാരങ്ങൾ ശുപാർശ ചെയ്ത നരസിംഹം കമ്മിറ്റിയുടെ പ്രധാന നിർദേശങ്ങളിലൊന്ന് ഡയറക്‌ടെഡ് ക്രെഡിറ്റ് അഥവാ സർക്കാർ നിർദേശിക്കുന്ന പ്രകാരമുള്ള വായ്പകൾ നിർത്തലാക്കണമെന്നായിരുന്നു. എന്നാൽ മുൻഗണനാ വായ്പകളിൽ വെള്ളം ചേർക്കുകയല്ലാതെ സർക്കാർ നിർദേശിക്കുന്ന വായ്പകൾ പിന്നീടും തുടരുകയാണ് ചെയ്തത്. നരേന്ദ്രമോഡി സർക്കാരിന്റെ പ്രധാന പദ്ധതികളായ ജൻധൻ യോജന, മുദ്രാ വായ്പകൾ, കിസാൻ ക്രെഡിറ്റ് കാർഡുകൾ, എംഎസ്എംഇ ഗ്യാരന്റീഡ് വായ്പകൾ എന്നിവയെല്ലാം ഉദാഹരണങ്ങളാണ്. കേന്ദ്ര ഉടമസ്ഥതയിലുള്ള പൊതുമേഖലാ ബാങ്കുകൾ സർക്കാരിന്റെ സാമൂഹ്യക്ഷേമം ലക്ഷ്യമാക്കിയുള്ള പദ്ധതികൾ നടപ്പിലാക്കണമെന്നു തന്നെയാണ് ട്രേഡ് യൂണിയനുകളുടെ കാഴ്ചപ്പാട്. എന്നാൽ കിട്ടാക്കടങ്ങളുടെ പ്രത്യാഘാതങ്ങളിൽനിന്നും പൊതുമേഖലാ ബാങ്കുകളെ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തവും നിർവഹിക്കണം. അതിനുപകരം സർക്കാർ പദ്ധതികളൊന്നും നടപ്പാക്കാത്ത നവസ്വകാര്യബാങ്കുകളുടെ പ്രവർത്തനമികവുമായി പൊതുമേഖലാ ബാങ്കുകളെ താരതമ്യം ചെയ്യുന്ന അശാസ്ത്രീയ സമീപനം അപഹാസ്യമാണ്‌. ഇങ്ങനെ താരതമ്യം ചെയ്യുന്നവർ നവസ്വകാര്യബാങ്കുകൾ ബോധപൂർവം ഏർപ്പെട്ടിട്ടുള്ള ക്രമക്കേടുകളും നിയമലംഘനങ്ങളും അതുവഴി നേരിട്ട തകർച്ചയും ബോധപൂർവം മറച്ചുപിടിക്കുന്നു.

മേൽപ്പറഞ്ഞ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ വേണം പൊതുമേഖലാ സ്ഥാപനങ്ങളാകെ സ്വകാര്യവൽക്കരിക്കുന്നതിനുള്ള കേന്ദ്ര ബജറ്റിന്റെ ഊന്നലിനെ വിശകലനം ചെയ്യേണ്ടത്. 2018–-19 ലെ സർവേ പ്രകാരം 2019 മാർച്ച് 31 ന് രാജ്യത്താകെ 348 കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് നിലവിലുള്ളത്. അതിൽ 249 എണ്ണം പ്രവർത്തനനിരതവും 86 എണ്ണം നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലുമാണ്. 13 എണ്ണം അടച്ചുപൂട്ടൽ നേരിടുന്നു. ബജറ്റ് പ്രഖ്യാപന പ്രകാരം മൂന്നുറിലധികം വരുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ കേവലം രണ്ടു ഡസൻ മാത്രമായി ചുരുങ്ങും.

ബജറ്റും ബാങ്കിങ്ങും

മൂന്നു പ്രധാന നിർദേശങ്ങളാണ് ബാങ്കിങ്‌ മേഖലയുമായി ബന്ധപ്പെട്ട് ബജറ്റ് മുന്നോട്ടുവച്ചിട്ടുള്ളത്. അതിൽ ഏറ്റവും വിനാശകരമായിട്ടുള്ളത് രണ്ടു പൊതുമേഖലാ ബാങ്ക്‌ സ്വകാര്യവൽക്കരിക്കുമെന്ന പ്രഖ്യാപനമാണ്. അങ്ങനെ സ്വകാര്യവൽക്കരിക്കുന്നതിനുള്ള മാനദണ്ഡങ്ങളോ ന്യായീകരണങ്ങളോ സർക്കാരിനില്ല എന്ന് ഡിഎഫ്എസ് സെക്രട്ടറിയുടെ അഭിമുഖം വ്യക്തമാക്കുന്നു. പന്ത്രണ്ട്‌ പൊതുമേഖലാ ബാങ്കിൽ ഏതു രണ്ടെണ്ണവും സ്വകാര്യവൽക്കരിക്കപ്പെടാമെന്നും നിതി ആയോഗിന്റെ നേതൃത്വത്തിലുള്ള സമിതി അത്‌ തീരുമാനിക്കുമെന്നും പ്രഖ്യാപിക്കുന്നതിലൂടെ മാനദണ്ഡങ്ങളൊന്നും ബാധകമല്ല എന്നു വ്യക്തമാവുകയാണ്. നരേന്ദ്ര മോഡി അധികാരത്തിൽ വന്നതിനു ശേഷം 27 പൊതുമേഖലാ ബാങ്കിനെ ലയിപ്പിച്ച് 12 ആക്കി. ഇതു സ്വകാര്യവൽക്കരണത്തിനുള്ള മുന്നോടിയാണെന്ന്‌ ബെഫി അടക്കമുള്ള സംഘടനകൾ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ലയനം വഴി വമ്പൻ ബാങ്കുകളാക്കി മാറ്റി പൊതുമേഖലയെ ശക്തിപ്പെടുത്താനുള്ള നീക്കമെന്നാണ് ഭരണാധികാരികൾ വിശദീകരിച്ചത്.

1969 നു മുമ്പും 1969 മുതൽ 1991 വരെയുള്ള രണ്ടാം ഘട്ടത്തിലും തുടർന്ന് 2020 വരെയുള്ള ബാങ്കിങ്‌ പരിഷ്‌കരണ ഘട്ടത്തിലും ജനങ്ങളുടെ വിശ്വാസമാർജിക്കാൻ കഴിയുന്ന ഏതു മേന്മയാണ് ഇന്ത്യയിലെ സ്വകാര്യ മേഖലാ ബാങ്കിങ്‌ സംവിധാനം പ്രകടമാക്കിയിട്ടുള്ളത്. 150 ലക്ഷം കോടി രൂപ ബാങ്കിങ്‌ വ്യവസായത്തിൽ നിക്ഷേപിച്ചവരുടെ ആശങ്കയകറ്റാനാണ് ഒടുവിൽ നിക്ഷേപ ഇൻഷുറൻസ് പരിധി 5 ലക്ഷമാക്കി ഉയർത്തിയത്.

ഇപ്പോൾ തന്നെ മൂന്നു ഡസനിലധികം സ്വകാര്യ എആർസികൾ നിലവിലുണ്ട്. വലിയൊരു എആർസികൂടി രൂപീകരിച്ച് ബാങ്കുകളുടെ വർധിച്ചു വരുന്ന കിട്ടാക്കട ഭീഷണി ഒഴിവാക്കാമെന്നാണ് കേന്ദ്രസർക്കാർ കരുതുന്നത്. കിട്ടാക്കടങ്ങളുടെ യഥാർഥ കാരണം കണ്ടെത്തി പരിഹരിക്കുകയാണ്‌ വേണ്ടത്‌. ബോധപൂർവം വീഴ്ചവരുത്തി വൻകിട്ടാക്കടങ്ങൾ സൃഷ്ടിക്കുന്ന 86 ശതമാനം വരുന്ന വൻകിട സ്വകാര്യ കമ്പനികൾക്കെതിരെ ക്രിമിനൽ നടപടികൾ കൈക്കൊള്ളുന്നില്ല. പകരം ബാങ്കുകളുടെ ബാലൻസ് ഷീറ്റിൽനിന്നും കിട്ടാക്കടം ഒഴിവാക്കി ബാങ്കുകളെ വീണ്ടും വായ്പ നൽകാൻ യോഗ്യമാക്കുകയും വീഴ്ചവരുത്തിയ കോർപറേറ്റുകളെ വീണ്ടും വായ്പയെടുക്കാൻ യോഗ്യരാക്കുകയും ചെയ്യുന്ന എളുപ്പ വഴിയാണ് ‘ബാഡ് ബാങ്കി'ന്റെ രൂപീകരണത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി കേന്ദ്രസർക്കാർ കൊണ്ടുവന്ന ഐബിസി അഥവാ പാപ്പർ നിയമം വഴി ഏഴു ലക്ഷം കോടി രൂപയിലധികമാണ് എഴുതിത്തള്ളിയത്. ഐബിസി നിയമം ബാങ്ക്‌ കിട്ടാക്കടങ്ങൾ തിരിച്ചുപിടിക്കാനുള്ള സംവിധാനമല്ല മറിച്ച് കിട്ടാക്കടങ്ങൾ ഒത്തുതീർപ്പാക്കാനുള്ള സംവിധാനമാണ് എന്ന് അംഗീകരിച്ചു കഴിഞ്ഞു.

മൂന്നാമത്തെ നിർദേശം പുതിയ ഡെവലപ്‌മെന്റ് ഫിനാൻസ് സ്ഥാപനം തുടങ്ങുമെന്നാണ്. ബാങ്കിങ്‌ പരിഷ്‌കാരങ്ങൾക്കു മുമ്പ് നിലവിലുണ്ടായിരുന്ന ഐഡിബിഐ, ഐസിഐസിഐ എന്നീ ഡിഎഫ്ഐകളെ ഇനി പ്രസക്തിയില്ല എന്ന് കണ്ട് വാണിജ്യ ബാങ്കുകളാക്കി മാറ്റി രണ്ടു ദശാബ്ദം കഴിയുമ്പോൾ ഇത്തരമൊരു സ്ഥാപനം രാജ്യത്താവശ്യമാണെന്ന തിരിച്ചറിവിന് നന്ദി പറയേണ്ടിയിരിക്കുന്നു. പശ്ചാത്തല വികസന മേഖലയിൽ ദീർഘകാല വായ്പകൾ നൽകാൻ പൊതുമേഖലാ ബാങ്കുകളെ നിർബന്ധിച്ചതുവഴി ഉണ്ടായ ആസ്തി ബാധ്യത അസമത്വം കിട്ടാക്കടങ്ങൾ വർധിക്കാൻ കാരണമായി എന്ന തിരിച്ചറിവും പുതിയ തീരുമാനത്തിന്‌ പിറകിലുണ്ടെങ്കിൽ നല്ല കാര്യം തന്നെ.

ഇനി ബജറ്റിൽ പ്രഖ്യാപിക്കാത്ത, എന്നാൽ നിതി ആയോഗും റിസർവ്‌ ബാങ്കിന്റെ ആഭ്യന്തര സമിതിയും മുന്നോട്ടുവച്ചിട്ടുള്ള രണ്ട്‌ അപകടങ്ങൾകൂടി ബാങ്കിങ്‌ മേഖലയുടെ നിലനിൽപ്പിനെ ബാധിക്കുന്നതായി വരാനിരിക്കുന്നതേയുള്ളൂ. അതിലൊന്ന് ബാങ്കിങ്‌ ഇൻവെസ്റ്റ്മെന്റ് കമ്പനി അഥവാ ബിഐസിയാണ്. അവശേഷിക്കുന്ന നാല്‌ പൊതുമേഖലാ ബാങ്കിലെ സർക്കാർ ഓഹരി മുഴുവൻ ബിഐസിയിലേക്ക് മാറ്റാനാണ് നിതി ആയോഗ് ആലോചിക്കുന്നത്.

വൻകിട കോർപറേറ്റുകൾക്കും ബിസിനസ്‌ കുടുംബങ്ങൾക്കും ബാങ്കു തുടങ്ങാൻ ലൈസൻസ് നൽകാനാണ് റിസർവ്‌ ബാങ്ക് ഉദ്ദേശിക്കുന്നത്. മുതലാളിത്തത്തിന്റെ കളിത്തൊട്ടിലായ അമേരിക്ക പോലും ചെയ്യാത്ത പണിയാണിത്. കൂട്ടത്തിൽ നിലവിലുള്ള സ്വകാര്യ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്ക് സ്വയം ബാങ്കായി മാറാം. അങ്ങനെ സ്വകാര്യവൽക്കരണത്തിന്റെ പറുദീസയായി ഇന്ത്യാ രാജ്യം മാറുമ്പോൾ നമ്മൾ സ്വയംപര്യാപ്തമാകും എന്നാണ് ബിജെപി സർക്കാർ സ്വപ്നം കാണുന്നത്.

സി ജെ നന്ദകുമാർ

(ബെഫി അഖിലേന്ത്യാ പ്രസിഡന്റാണ് ലേഖകൻ)


കടപ്പാട്: ദേശാഭിമാനി

Saturday, January 16, 2021

ശ്രീരാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന് പണപ്പിരിവ് : ബാങ്ക് ഓഫ് ബറോഡയുടെ നീക്കം മതേതരത്വത്തിന് ഭീഷണി‐ബെഫി

കൊച്ചി> പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിനായി പണപ്പിരിവു നടത്തുന്ന നടപടിയിൽ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ കേരള സംസ്ഥാന കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. മത സ്ഥാപനങ്ങളോ ട്രസ്റ്റുകളോ ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിൽ യാതൊരു അപാകതയുമില്ല. എന്നാൽ അത്തരം അക്കൗണ്ടുകളിൽ നിക്ഷേപം സ്വരുപീക്കുന്നതിന് ഒരു ബാങ്ക്, അതും ഒരു പൊതുമേഖലാ ബാങ്ക്, ഇറങ്ങിപ്പുറപ്പെടുന്നത് അംഗീകരിക്കാനാകില്ല.

ശ്രീരാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റിൻ്റെ അക്കൗണ്ടിലേക്ക് പണം സ്വരൂപിക്കാൻ അതാത് പ്രദേശങ്ങളിലെ ആർഎസ്എസ് പ്രമുഖുമായി ബന്ധപ്പെടണമെന്നാണ് ബാങ്കധികാരികൾ ജീവനക്കാരോടും ഓഫീസർമാരോടും ആവശ്യപ്പെട്ടിരിക്കുന്നത്. അതിനായി ഓഫീസർമാർക്ക് ചുമതലയും നൽകിയിരിക്കുന്നു. ആർഎസ്എസ് പ്രമുഖുമായി ബാങ്ക് ഉദ്യോഗസ്ഥർ ബന്ധപ്പെടണമെന്ന നിർദ്ദേശം അത്യന്തം പ്രതിഷേധാർഹമാണ്. ഒരു മതേതര രാജ്യത്തെ പൊതുമേഖലാ സ്ഥാപനം ഒരു പ്രത്യേക മതത്തിൻ്റെ പ്രചാരകരായി മാറുന്നു എന്നത് പൊതുജന സമൂഹം ഗൗരവമായി കാണേണ്ട വിഷയമാണ്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് രാമജന്മഭൂമി ട്രസ്റ്റിൻ്റെ പ്രചാരകരായി ആദ്യഘട്ടത്തിൽ രംഗത്ത് വന്നത്. അവരുടെ യോനോ എന്ന ആപ്പ് തുറക്കുമ്പോൾ തന്നെ ട്രസ്റ്റിൻ്റെ പരസ്യമായിരുന്നു വന്നിരുന്നത്. എതിർപ്പുകൾ ഉയർന്നു വന്ന സാഹചര്യത്തിൽ അത് അപ്രത്യക്ഷമായി. സംസ്ഥാനത്തെ ഒരു സ്വകാര്യ ബാങ്കിൻ്റെ ATM ൽ ശരിയത്ത് നിയമപ്രകാരം പലിശരഹിതമായ അക്കൗണ്ടുകൾ ആരംഭിക്കാമെന്ന പരസ്യം പ്രദർശിപ്പിച്ചപ്പോൾ അതിനെതിരെ കടുത്ത വർഗ്ഗീയത പ്രചരിപ്പിച്ച് ബാങ്ക് ജീവനക്കാരെയും ഓഫീസർമാരെയും സംഘപരിവാറിൻ്റെ പേരിൽ ഭീഷണിപ്പെടുത്തിയ വാർത്തയും അടുത്തിടെ പുറത്ത് വരികയുണ്ടായി.

ബാങ്കുകളെ, പ്രത്യേകിച്ച് പൊതുമേഖലാ ബാങ്കുകളെ, ഭരണാധികാരികളുടെ മൗനാനുവാദത്തോടെ, സംഘപരിവാറിൻ്റെ മതപ്രചാരക സ്ഥാപനങ്ങളാക്കി മാറ്റാനുള്ള നീക്കത്തിൻ്റെ ഭാഗമാണ് ഇപ്പോൾ ബാങ്ക് ഓഫ് ബറോഡ പുറത്തിറക്കിയ ശ്രീരാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന് വേണ്ടി പണപ്പിരിവ് നടത്താനുള്ള ഉത്തരവ്. പ്രസ്തുത ഉത്തവ് ഉടൻ പിൻവലിച്ച് പൊതു സ്ഥാപനത്തിൻ്റെ മതേതര നിലപാട് കാത്തുസൂക്ഷിക്കാൻ ബാങ്ക് ഓഫ് ബറോഡ അധികാരികൾ തയ്യാറാകണമെന്ന്  പ്രസിഡന്റ്‌ ടി  നരേന്ദ്രനും ജനറൽ സെക്രട്ടറി എസ്‌ എസ്‌ അനിൽകുമാറും പറഞ്ഞു.

Friday, December 11, 2020

കോര്‍പറേറ്റ് ബാങ്ക് ലൈസന്‍സ് എന്ന വെല്ലുവിളി

ഒരിക്കൽക്കൂടി റിസർവ്‌ ബാങ്ക് തീരുമാനങ്ങൾ പൊതുമണ്ഡലത്തിൽ വൻ വിവാദങ്ങൾക്കും ചർച്ചകൾക്കും ഇടയാക്കിയിരിക്കുന്നു. വൻകിട കോർപറേറ്റുകൾക്കും ബിസിനസ്‌ കുടുംബങ്ങൾക്കും ബാങ്കുകൾ തുടങ്ങാൻ അനുവദിക്കുന്ന റിസർവ്‌ ബാങ്ക് ആഭ്യന്തരസമിതിയുടെ ശുപാർശകളാണ് ഇക്കുറി കടുത്ത വിമർശങ്ങൾക്ക് വിധേയമായിട്ടുള്ളത്. മുൻ ഗവർണർ രഘുറാം രാജനും ഡെപ്യൂട്ടി ഗവർണർ വിരാൽ ആചാര്യയും “മോശമായ ആശയം” എന്നാണ് ഈ ശുപാർശയെ വിശേഷിപ്പിച്ചത്. മറ്റൊരു മുൻ ഡെപ്യൂട്ടി ഗവർണറായിരുന്ന എസ് എസ് മുൻഡ്ര ചില ഉൽക്കണ്ഠകൾ ചൂണ്ടിക്കാട്ടി ഇങ്ങനെ പറയുന്നു. ‘‘കോർപറേറ്റ് ഉടമസ്ഥതയിൽ തുടങ്ങുന്ന ബാങ്കുകളെ നിയന്ത്രിക്കാൻ ബാങ്കിങ് നിയന്ത്രണനിയമത്തിൽ ആവശ്യമായ ഭേദഗതികൾ വേണ്ടിവരും എന്ന് സൂചിപ്പിക്കുമ്പോൾത്തന്നെ പിന്നെയും മറ്റു നിയന്ത്രണ സംവിധാനങ്ങളായ സെബി, ഐആർഡിഎഐ എന്നിവയുടെ കൂട്ടായ നിയന്ത്രണങ്ങളും അനിവാര്യമാണ്. പക്ഷേ, എളുപ്പത്തിൽ ഇത് പ്രാവർത്തികമാക്കുക സാധ്യമല്ല. അതിവികസിത സമ്പദ്‌‌വ്യവസ്ഥകളിൽപ്പോലും നിയന്ത്രണങ്ങളിലൂടെമാത്രം അപകടസാധ്യതകളെ തരണം ചെയ്യാമെന്ന വിശ്വാസം പ്രകടമാകുന്നില്ല.”  ഇത് സമ്പൂർണ സ്വകാര്യവൽക്കരണത്തിലേക്കുള്ള നീക്കമാണെന്ന് അഹമ്മദാബാദിലെ  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ പ്രൊഫ. ടി ടി രാം മോഹൻ വ്യക്തമാക്കുന്നു.


സ്റ്റാൻഡേർഡ് ആൻഡ്‌ പുവർ ഗ്ലോബൽ റേറ്റിങ് ഏജൻസിയും റിസർവ്‌ ബാങ്ക്  ആഭ്യന്തരസമിതിയുടെ ശുപാർശകളുടെ അസാംഗത്വം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2016 നവംബർ എട്ടിന്  പ്രധാനമന്ത്രി നോട്ട്‌നിരോധനം പ്രഖ്യാപിച്ചപ്പോൾ അത് സമ്പദ്ഘടനയുടെ നടുവൊടിക്കുമെന്ന് നൽകിയ മുന്നറിയിപ്പ് ഇപ്പോൾ യാഥാർഥ്യമായിരിക്കുകയാണ്. പിന്നീട് കേന്ദ്ര സർക്കാരിന്റെ ധനകമ്മി നികത്തുന്നതിന്  കരുതൽ ധനത്തിൽ കൈയിട്ടുവാരിയതും വലിയ വിവാദങ്ങൾക്കിടയാക്കി.  ഒരു വർഷത്തിനിടയിൽ മൂന്നു ബാങ്കാണ് തകർച്ച നേരിട്ട് മൊറട്ടോറിയത്തിന് വിധേയമായത്. റിസർവ്‌ ബാങ്കിന്റെ ഉത്തരവാദിത്ത നിർവഹണത്തിനെതിരെ നിരവധി ചോദ്യങ്ങളും വിമർശങ്ങളും ഉയരുമ്പോഴാണ് രാഷ്ട്രീയ സമ്മർദങ്ങൾക്കു വഴങ്ങി മറ്റൊരു വിവാദ തീരുമാനമെന്നത് ദൗർഭാഗ്യകരമാണ്.

പഴയ/ പുതിയ നിർദേശങ്ങൾ

2013 ഫെബ്രുവരിയിൽ പ്രഖ്യാപിച്ച ലൈസൻസിങ് നയത്തിൽ വൻകിട കോർപറേറ്റുകൾക്കും ബിസിനസ്‌ കുടുംബങ്ങൾക്കും ബാങ്ക് തുടങ്ങാൻ ലൈസൻസ് അനുവദിക്കാനുള്ള വ്യവസ്ഥകളുണ്ടായിരുന്നു. അന്ന് നിരവധി വൻകിട കോർപറേറ്റുകൾ അപേക്ഷിച്ചെങ്കിലും ഒരു പ്രത്യേക സമിതിയുടെ പരിശോധനകൾക്കുശേഷം “യോഗ്യരും ശരിയായവരുമായ” അപേക്ഷകരില്ല എന്ന കാരണത്താൽ ബന്ധൻ ഫിനാൻഷ്യൽസ്, ഐഡിഎഫ്സി  എന്നീ രണ്ടു സ്ഥാപനത്തിനാണ് അനുമതി നൽകിയത്. 2014ൽ അന്നത്തെ റിസർവ്‌ ബാങ്ക് ഗവർണറായിരുന്ന രഘുറാം രാജൻ ബിസിനസ്‌ കുടുംബങ്ങൾക്ക് ലൈസൻസ് നൽകേണ്ടതില്ല എന്ന നയം പ്രഖ്യാപിച്ചു. 2008ലെ ആഗോള ബാങ്കിങ് തകർച്ചയുടെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു നയം മാറ്റം. പ്രത്യേക ലക്ഷ്യങ്ങളോടെമാത്രം പ്രവർത്തിക്കാൻ കഴിയുന്ന “നീഷേ’’ ബാങ്കുകൾ’ എന്ന ഗണത്തിൽപ്പെടുത്തിയാണ് പിന്നീട് പേയ്മെന്റ് ബാങ്കുകൾക്കും സ്മാൾ ഫിനാൻസ് ബാങ്കുകൾക്കും അനുമതി നൽകിയത്. 2016ൽ ബാങ്കിതര ധനസ്ഥാപനങ്ങൾക്ക് വ്യവസ്ഥകൾക്കു വിധേയമായി അനുമതി നൽകി. എന്നാൽ, റിസർവ്‌ ബാങ്ക്  നിയമാനുസൃതമായുള്ള ക്യാഷ് റിസർവ് അനുപാതം, സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി അനുപാതം എന്നിവ പാലിക്കേണ്ടി വരുമെന്നതിനാൽ പല ബാങ്കിതര ധനസ്ഥാപനങ്ങളും മുന്നോട്ടുവന്നില്ല. ഇപ്പോൾ പ്രഖ്യാപിച്ച പുതിയ നയപ്രകാരം 50000 കോടി രൂപയുടെ അറ്റമൂല്യവും പത്തുവർഷത്തെ പ്രവർത്തന പരിചയവും കോർപറേറ്റ് ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നതുമായ ബാങ്കിതര ധനസ്ഥാപനങ്ങൾക്ക് സാർവ ലൗകിക ബാങ്കുകളായി മാറാവുന്നതാണ്.  മൂന്നുവർഷം പ്രവർത്തിപരിചയമുള്ള പേയ്മെന്റ് ബാങ്കുകൾക്കും സ്‌മാൾ ഫിനാൻസ് ബാങ്കുകൾക്കും ബാങ്കുകളായി മാറാം. പ്രമോട്ടറുടെ ഓഹരിപരിധി നിലവിലുള്ള 15 ശതമാനത്തിൽനിന്ന് 26 ശതമാനമായി ഉയർത്തിയിട്ടുമുണ്ട്.

ചങ്ങാത്ത മുതലാളിമാർക്കായി ആസൂത്രിത നീക്കങ്ങൾ

നിലവിൽ പൊതുമേഖലാ ബാങ്കുകൾ, വിദേശ ബാങ്കുകൾ, പഴയ തലമുറയിലും പുതിയ തലമുറയിലുംപെട്ട സ്വകാര്യബാങ്കുകൾ, ഗ്രാമീണബാങ്കുകൾ, സഹകരണ ബാങ്കുകൾ എന്നിവ പ്രവർത്തിക്കുന്നുണ്ട്. ഇതിനു പുറമെയാണ് ‘നീഷേ’ ബാങ്കുകൾ എന്ന ഗണത്തിൽ പേയ്‌മെന്റ് ബാങ്കുകളും സ്മാൾ ഫിനാൻസ് ബാങ്കുകളും അനുവദിച്ചത്. ഇതിൽ നരേന്ദ്ര മോഡി സർക്കാർ അധികാരത്തിൽ വരുമ്പോൾ 27 എണ്ണമായിരുന്ന പൊതുമേഖലാ ബാങ്കുകളെ അശാസ്ത്രീയമായി, ട്രേഡ് യൂണിയനുകളുടെ പ്രതിഷേധങ്ങളെ അവഗണിച്ച് തമ്മിൽ ലയിപ്പിച്ച് 12 എണ്ണമാക്കി ചുരുക്കി. തന്ത്രപ്രധാന മേഖലകളിൽ ഒന്നോ പരമാവധി നാലോ പൊതുമേഖലാസ്ഥാപനങ്ങൾ മാത്രമേ അവശേഷിക്കൂ എന്ന കോവിഡ് പാക്കേജ് പദ്ധതിപ്രകാരം പൊതുമേഖലാ ബാങ്കുകളുടെ എണ്ണം നാലായി ചുരുങ്ങും. ലയനങ്ങളുടെ ഫലമായി ആയിരക്കണക്കിന് ശാഖകളാണ് അടച്ചുപൂട്ടപ്പെടുന്നത്. ഇത്  സേവനങ്ങളുടെ വാതായനങ്ങൾ പരിമിതപ്പെടുത്തുകയാണ്. ഈയിടത്തേക്കാണ് ഇപ്പോൾ വൻകിട കോർപറേറ്റുകളെ ആനയിച്ചു കൊണ്ടുവരുന്നത്. ഇപ്പോൾത്തന്നെ വലിയ പ്രതിസന്ധികൾ നേരിടുന്ന ബാങ്കിതര ധനസ്ഥാപനങ്ങളെ ജാമ്യത്തിലെടുക്കാൻ നിരവധി പദ്ധതികളാണ് കോവിഡ് പാക്കേജിന്റെ പേരിൽ റിസർവ്‌ ബാങ്കിനെക്കൊണ്ട് പ്രഖ്യാപിപ്പിച്ചത്. എന്നാൽ, അപകടം തിരിച്ചറിഞ്ഞ പൊതുമേഖലാ ബാങ്കുകൾ പലതും കൃത്യമായ ജാഗ്രതയോടെയാണ് പണലഭ്യതാ പദ്ധതിയെ സമീപിച്ചത്. ഇങ്ങനെ പൊതുമേഖലാ ബാങ്കുകൾ മടിച്ചുനിൽക്കുമ്പോൾ ബാങ്കിതര ധനസ്ഥാപനങ്ങൾക്കുതന്നെ സ്വയം ബാങ്കുകളായി മാറാൻ കഴിഞ്ഞാൽ അവരുടെ പ്രതിസന്ധി നിക്ഷേപകരുടെ 140 ലക്ഷം കോടി വരുന്ന ബാങ്ക് നിക്ഷേപങ്ങൾ അമ്മാനമാടിക്കൊണ്ട് പരിഹരിക്കാൻ കഴിഞ്ഞേക്കാം. റിസർവ് ബാങ്ക് ആഭ്യന്തരസമിതിയുടെ ശുപാർശകൾ കേന്ദ്ര ധനമന്ത്രാലയത്തിന്റെ സമ്മർദങ്ങളിൽ രൂപപ്പെട്ടതാണെന്നതിന് മറ്റു സാഹചര്യത്തെളിവുകൾ തേടേണ്ടതില്ല.

കോർപറേറ്റ് ഗവേണൻസ് എന്ന മിഥ്യ

സമ്പത്തിന്റെ പിൻബലം, അതിനൂതന സാങ്കേതികവിദ്യയിലധിഷ്ഠിതമായ പ്രവർത്തനമികവ്, പ്രൊഫഷണലിസം, സർവോപരി ചുറുചുറുക്ക് എന്നീ ഗുണങ്ങളുള്ള ഒരു പുതിയ സെറ്റ് ബാങ്കുകൾകൂടി ബിസിനസ്‌ കുടുംബങ്ങളുടെ ഉടമസ്ഥതയിൽ തുടങ്ങുന്നതിനെ എന്തിനാണ് എതിർക്കുന്നത് എന്നാണ് കോർപറേറ്റ് ബാങ്ക് ലൈസൻസിനെ അനുകൂലിക്കുന്നവരുടെ ചോദ്യം. ഐഎൽഎഫ്എസ് എന്ന വമ്പൻ ബാങ്കിതര ധനസ്ഥാപനത്തിന്റെ ക്രമക്കേടുകളും തകർച്ചയും ഇക്കൂട്ടർ കാണുന്നില്ല. പഞ്ചാബ് ആൻഡ്‌ മഹാരാഷ്ട്ര കോ–-ഓപ്പറേറ്റീവ് ബാങ്ക് എന്ന ബഹുസംസ്ഥാന ബാങ്ക്, റിസർവ്‌ ബാങ്കിന്റെ പൂർണ നിയന്ത്രണത്തിലുള്ളത് ക്രമക്കേടുകളും തിരിമറികളും നടത്തി നിക്ഷേപകരെ വഴിയാധാരമാക്കി മൊറട്ടോറിയത്തിലാണ്. നവസ്വകാര്യബാങ്കുകളിലെ നാലാമനായിരുന്ന യെസ് ബാങ്ക് പ്രമോട്ടർ വിഴുങ്ങിയ സഹസ്രകോടികളുടെ ഫലമായി തകർന്നപ്പോൾ പൊതുമേഖലാസ്ഥാപനങ്ങളായ എസ്ബിഐ, എൽഐസി എന്നിവയാണ് താൽക്കാലിക രക്ഷയ്ക്കെത്തിയത്. ഒരു നടപ്പുസ്ഥാപനം എന്ന നിലയിൽ യെസ് ബാങ്കിന് മുന്നോട്ടുപോകാൻ കഴിയുമോ എന്ന ഉൽക്കണ്ഠയാണ് 2020 ലെ ബാങ്കിന്റെ ഓഡിറ്റ് റിപ്പോർട്ട് രേഖപ്പെടുത്തിയിട്ടുള്ളത്. ഇപ്പോൾ 94 വർഷം പഴക്കമുള്ള ചെന്നൈ ആസ്ഥാനമായ ലക്ഷ്മി വിലാസ് ബാങ്ക് എന്ന സ്വകാര്യബാങ്ക് മൊറട്ടോറിയം അവസാനിച്ച് നവംബർ 27 മുതൽ ഡെവലപ്മെന്റ് ബാങ്ക് ഓഫ് സിംഗപ്പുർ (ഡിബിഎസ്) എന്ന വിദേശ ബാങ്കിന്റെ ഇന്ത്യൻ സബ്സിഡിയറിയായി മാറി.  ആ ഓഹരിയുടമകളുടെ പണം പൂർണമായി നഷ്ടപ്പെട്ടു. ടാറ്റാ സൺസ്, ഇൻഡിഗോ വിമാനക്കമ്പനി, കിർലോസ്കർ, റെലിഗേർ ഫിൻവെസ്റ്റ് എന്നീ എത്രയെത്ര സ്വകാര്യസ്ഥാപനങ്ങളാണ് നിയമപോരാട്ടങ്ങളുമായി മുന്നോട്ടുനീങ്ങുന്നത്.

*

സി ജെ നന്ദകുമാർ 

(ബെഫി അഖിലേന്ത്യാ പ്രസിഡന്റാണ്‌ ലേഖകൻ)

Monday, November 23, 2020

കോർപറേറ്റുകൾക്ക്‌ ഇനി ബാങ്കുകളും ; ലൈസൻസ്‌ നൽകണമെന്ന്‌ ശുപാർശ

 രാജ്യത്തെ ബാങ്കിങ്‌ മേഖലയുടെ സമ്പൂർണ സ്വകാര്യവൽക്കരണത്തിന്‌ വഴിയൊരുക്കി വാണിജ്യബാങ്കുകൾ തുടങ്ങാൻ വൻകിട കോർപറേറ്റ്‌ സ്ഥാപനങ്ങൾക്ക്‌ അനുമതി നൽകണമെന്ന്‌ റിസർവ്‌ ബാങ്ക്‌ വർക്കിങ്‌ ഗ്രൂപ്പിന്റെ ശുപാർശ.  വാണിജ്യബാങ്കുകൾ തുടങ്ങാൻ ലൈസൻസിനുവേണ്ടി 2012 മുതൽ കോർപറേറ്റുകൾ ശ്രമിച്ചുവരുന്നതിനിടെയാണ്‌ ശുപാർശ.

കോർപറേറ്റുകൾക്ക്‌ ബാങ്കിങ്‌ ലൈസൻസ്‌ ലഭിക്കാൻ 1946ലെ ബാങ്കിങ്‌ റഗുലേഷൻ നിയമം ഭേദഗതി ചെയ്യേണ്ടതുണ്ട്‌.

പുതുതായി അപേക്ഷ ക്ഷണിച്ച്‌ ലൈസൻസ്‌ നൽകുകയോ നിലവിൽ ബാങ്കിങ്‌ ഇതര  ധനഇടപാടുകൾ നടത്തുന്ന സ്ഥാപനങ്ങളെ ബാങ്കുകളാക്കി മാറ്റുകയോ ചെയ്യാമെന്ന്‌ വർക്കിങ്‌ ഗ്രൂപ്പ്‌ നിർദേശിച്ചു‌. 50,000  കോടിയിൽപ്പരം രൂപ ആസ്‌തിയുള്ളതും 10‌ വർഷത്തിൽ കൂടുതലായി പ്രവർത്തിക്കുന്നതുമായ കോർപറേറ്റ്‌ സ്ഥാപനങ്ങൾക്കാണ്‌ ബാങ്ക്‌ ലൈസൻസ്‌ നൽകേണ്ടത്‌. മൂന്ന്‌ വർഷമായി പ്രവർത്തിക്കുന്ന പേമെന്റ്‌ ബാങ്കുകളെ  സ്‌മോൾ ഫിനാൻസ്‌ ബാങ്കുകളായി മാറ്റാം. ഒരേ കോർപറേറ്റ്‌ സ്ഥാപനം നടത്തുന്ന ബാങ്കും  ഇതര സ്ഥാപനങ്ങളും  തമ്മിലുള്ള സാമ്പത്തിക ഇടപാട്‌ നിരീക്ഷിക്കാൻ സംവിധാനം വേണമെന്നും വർക്കിങ്‌ ഗ്രൂപ്പ്‌ നിർദേശിച്ചു.

കോർപറേറ്റുകൾക്ക്‌ യഥേഷ്ടം വായ്‌പ നൽകി രാജ്യത്തെ ബാങ്കുകളുടെ കിട്ടാക്കടം പെരുകിയ സാഹചര്യത്തിൽ പുതിയ സംവിധാനത്തിന്റെ ഫലപ്രാപ്‌തി സംബന്ധിച്ച്‌ വിമർശനങ്ങളുയരുന്നുണ്ട്‌. രണ്ടര വർഷത്തിനുള്ളിൽ മൂന്ന്‌ ബാങ്ക്‌ അടക്കം  അഞ്ച്‌ ധനസ്ഥാപനമാണ്‌ രാജ്യത്ത്‌ തകർന്നത്‌. പൊതുപണം ഉപയോഗിച്ചാണ്‌ ഇവയെ കരകയറ്റുന്നത്‌. 2007–-2008 കാലത്തെ ആഗോളസാമ്പത്തിക മാന്ദ്യത്തിൽ വമ്പൻ ആസ്‌തിയുള്ള ബാങ്കുകൾ അടക്കം തകർന്നിരുന്നു. അക്കാലത്ത്‌ ഇന്ത്യയെ രക്ഷിച്ചത്‌ പൊതുമേഖലാ ബാങ്കുകളാണ്‌. 

ശക്‌തമായി ചെറുക്കണം : സീതാറാം യെച്ചൂരി

ബാങ്കിങ്‌ മേഖലയിൽ ദേശസാൽക്കരണം ഇല്ലാതാക്കുന്ന നടപടിയാണ്‌ കോർപറേറ്റുകൾക്ക്‌ ബാങ്ക്‌ അനുവദിക്കുന്നതെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. കോടിക്കണക്കിന്‌ ഇന്ത്യക്കാരുടെ കഠിനാധ്വാനത്തിന്റെ ഫലമായ ജീവിതസമ്പാദ്യം സ്വകാര്യ കോർപറേറ്റുകൾക്ക്‌ കൊള്ളലാഭം കൊയ്യാൻ മോഡി സർക്കാർ വിട്ടുകൊടുക്കുകയാണ്‌. ഇതിനെ ശക്തമായി ചെറുക്കണമെന്നും‌ യെച്ചൂരി പറഞ്ഞു.

Friday, November 20, 2020

കോവിഡ്: ‌ഇനി ആശ്വാസം നൽകാനാകില്ലെന്ന്‌ കേന്ദ്രസർക്കാർ

ന്യൂഡൽഹി > കോവിഡിനെത്തുടർന്നുള്ള സാമ്പത്തിക പ്രയാസം മറികടക്കാൻ കൂടുതൽ ആശ്വാസനടപടി സ്വീകരിക്കാൻ കഴിയില്ലെന്ന്‌ കേന്ദ്ര സർക്കാർ. മൊറട്ടോറിയം കാലയളവിലെ പലിശയും കൂട്ടുപലിശയും ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കുന്ന സുപ്രീംകോടതി ബെഞ്ച്‌ മുമ്പാകെയാണ്‌ സർക്കാർ നിലപാട്‌ ആവർത്തിച്ചത്‌. കോവിഡിൽ പ്രയാസത്തിലായ മേഖലകളിൽ കേന്ദ്രസർക്കാർ സാധ്യമായ ആശ്വാസനടപടികൾ പ്രഖ്യാപിച്ചിട്ടുണ്ടെന്ന്‌ സോളിസിറ്റർ ജനറൽ തുഷാർ മെഹ്‌ത വാദിച്ചു. നിലവിൽ പ്രഖ്യാപിച്ച ആശ്വാസപദ്ധതികൾക്ക്‌ അപ്പുറം ഇളവുകൾ അനുവദിച്ചാൽ ബാങ്കിങ്‌ മേഖലയ്‌ക്ക്‌  താങ്ങാൻ കഴിയില്ലെന്നും അദ്ദേഹം വാദിച്ചു.

ഊർജമേഖലയ്‌ക്ക്‌ ആശ്വാസനടപടികൾ ഉണ്ടായിട്ടില്ലെന്ന്‌ പവർ പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷനുവേണ്ടി ഹാജരായ മനു അഭിഷേക്‌ സിങ്‌വി വാദിച്ചു. ഒരോ മേഖലയും ആശ്വാസനടപടികൾക്കായി കോടതിയെ സമീപിച്ചാൽ കേസിന്‌ അവസാനമുണ്ടാകില്ലെന്ന്‌ സർക്കാർ പ്രതികരിച്ചു. കൂടുതൽ ഇളവുകൾ ആവശ്യമുള്ള മേഖലകൾ  കേന്ദ്രത്തിനും റിസർവ്‌ ബാങ്കിനും‌ നിവേദനം നൽകാൻ ജസ്റ്റിസ്‌ അശോക്‌ഭൂഷൺ അധ്യക്ഷനായ ബെഞ്ച്‌ നിർദേശിച്ചു. വാദംകേൾക്കൽ  അടുത്ത ആഴ്‌ച തുടരും.

ക്രെഡിറ്റ്‌ കാർഡ്‌ കുടിശ്ശികയ്‌ക്ക്‌ ഇളവില്ല

ക്രെഡിറ്റ്‌കാർഡ്‌ കുടിശ്ശികകൾക്ക്‌‌ കൂട്ടുപലിശ ഒഴിവാക്കേണ്ട കാര്യമില്ലെന്ന്‌ സുപ്രീംകോടതി. ക്രെഡിറ്റ്‌ കാർഡ്‌ ഉപയോക്താക്കളെ വായ്‌പകൾ എടുത്തവരായി കണക്കാക്കാൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Friday, October 16, 2020

കേരള ബാങ്ക് ജീവനക്കാരുടെ കേഡർ സംയോജനം പൂർത്തീകരിച്ചു: മന്ത്രി കടകംപള്ളി

 കേരള ബാങ്കിന്റെ മുന്നോട്ടുള്ള നടപടികളിൽ ഏറ്റവും ശ്രമകരമായ ദൗത്യമായ സംസ്ഥാന-ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരുടെ കേഡർ സംയോജനം  ജീവനക്കാരുടെ സംഘടനകളുമായി നടന്ന ചർച്ചയോടെ പൂർത്തീകരിച്ചതായി സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു .

 കേരള സംസ്ഥാന സഹകരണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ(BEFI), എംപ്ലോയീസ് ഓർഗനൈസേഷൻ (AIBEA), ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (BEFI), എംപ്ലോയീസ് കോൺഗ്രസ് (AIBEA), എംപ്ലോയീസ് യൂണിയൻ (HMS) എന്നീ സംഘടനകളുടെ ഭാരവാഹികളാണ് കേഡർ സംയോജന ചർച്ചയിൽ പങ്കെടുത്തത്.   ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് അവരുടെ രാഷ്ട്രീയപരമായ നിലപാടുകളാൽ പൊതു സമവായത്തിൽ വിയോജിപ്പ് രേഖപ്പെടുത്തി. എങ്കിലും തുടർന്നു നിശ്ചയിച്ചിട്ടുള്ള ശമ്പള പരിഷ്കരണം സംബന്ധിച്ച ചർച്ചകളിലും കേരള ബാങ്കിന്റെ സ്പെഷ്യൽ റൂൾസ് തയ്യാറാക്കുന്ന ചർച്ചകളിലും അവരും പങ്കെടുക്കും.

 രണ്ടുതട്ടിൽ നിന്നിരുന്ന സംസ്ഥാന- ജില്ലാ സഹകരണ ബാങ്കിലെ ആറായിരത്തോളം ജീവനക്കാരുടെ അമ്പതോളം കേഡറുകൾ സംയോജിപ്പിക്കുന്നതിൽ സർക്കാർ  പ്രായോഗികവുമായ നിർദ്ദേശങ്ങളാണ് ജീവനക്കാരുടെ മുൻപാകെ വെച്ചിരുന്നത്. ഇതുസംബന്ധിച്ച് 2020 ജനുവരിയിലും ഒക്ടോബറിലും ചർച്ചകൾ നടന്നു. ജീവനക്കാർ ചൂണ്ടിക്കാണിച്ച  അനോമലികൾ പരിഹരിച്ചാണ്  അന്തിമഘട്ട ചർച്ചനടത്തിയത്‌.

 സംസ്ഥാന ജില്ല സഹകരണ ബാങ്കുകളിലെ തസ്തികകൾ,നിയമന യോഗ്യത, നിയമന രീതി, ശമ്പളസ്കെയിൽ, പൊതു മാനദണ്ഡങ്ങൾ എന്നിങ്ങനെ അടിസ്ഥാനപ്പെടുത്തിയാണ് കേഡർ സംയോജന നിർദ്ദേശങ്ങൾ തയ്യാറാക്കിയത്. ഡെപ്യൂട്ടി ജനറൽ മാനേജർ മുതൽ താഴേക്ക് പാർട് ടൈം സ്വീപ്പർ തസ്തിക വരെയുള്ള എല്ലാ വിഭാഗം ജീവനക്കാർക്കും അർഹമായ പരിഗണനയും സാധ്യതകളും കേഡർ സംയോജന നിർദേശങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌. . ഈ നിർദേശങ്ങൾ ഉൾക്കൊള്ളുന്ന സർക്കാർ ഉത്തരവ് ഈ മാസം 28 നകം പുറത്തിറക്കും.

ജീവനക്കാരുടെ കേഡർ സംയോജനത്തെ തുടർന്ന് ഉയർന്നു വരുന്ന പരാതികൾ പരിഹരിക്കുന്നതിനും പരിഹാരം കാണുന്നതിനും ഒരു റിട്ടയേഡ് ജഡ്ജി അധ്യക്ഷനായ സമിതി രൂപീകരിക്കും. ഒരു വർഷ കാലാവധി ആയിരിക്കും ഈ സമിതിക്ക് ഉണ്ടാവുക. നിലവിൽ ജീവനക്കാർക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന എല്ലാ ആനുകൂല്യങ്ങളും നിലനിർത്തിക്കൊണ്ട് തന്നെയാണ് സംയോജനം പൂർത്തീകരിക്കുക.ഇക്കാര്യത്തിൽ ജീവനക്കാർക്ക് യാതൊരുവിധ ആശങ്കകളും ഉണ്ടാകേണ്ടതില്ല. മാത്രമല്ല ഇനി രൂപീകരിക്കാൻ പോകുന്ന കേരള ബാങ്ക് സ്പെഷ്യൽ റൂൾസിൽ നിലവിലുള്ള ജീവനക്കാർക്ക് കൂടുതൽ അവസരങ്ങളും ലഭ്യമാകും.

സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകളിലെ കരാർ ജീവനക്കാർ, ദിവസവേതനക്കാർ, കമ്മീഷൻ ഏജന്റുമാർ,അപ്രൈസർമാർ എന്നിങ്ങനെ ഇപ്പോൾ നിലവിലുള്ള എല്ലാവരെയും സംരക്ഷിക്കുന്ന നടപടികൾ ഉടൻ ഉണ്ടാകും.  എല്ലാ വിഭാഗങ്ങൾക്കും സംതൃപ്തമായ രീതിയിൽ കേരള ബാങ്ക് കേഡർ സംയോജനം തീരുമാനത്തിലെത്താൻ സഹകരിച്ച ജീവനക്കാരുടെ സംഘടനകൾ, സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ,കേരള ബാങ്ക് ഉദ്യോഗസ്ഥർ എന്നിവർക്ക് മന്ത്രി നന്ദിയും രേഖപ്പെടുത്തി.

കൃഷി തുടങ്ങാം... കേരളബാങ്ക്‌ വായ്‌പ നൽകും ; കർഷകർക്ക്‌ ആശ്വാസമായി വായ്‌പ പദ്ധതി

കോവിഡ്‌ പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കർഷകർക്ക്‌ ആശ്വാസമായി കേരളബാങ്ക്‌ വായ്‌പ പദ്ധതി.

നബാർഡ് ധനസഹായത്തോടെയുള്ള ദീർഘകാല കാർഷിക/കാർഷികാനുബന്ധ വായ്‌പ വിതരണവുമായി ബന്ധപ്പെട്ട് ബാങ്ക്‌ പ്രചാരണം സംഘടിപ്പിക്കും.

കൃഷിത്തോട്ടങ്ങളുടെ നിർമാണം, ഹൈടെക് -ഗ്രീൻ ഹൗസ് -പോളിഹൗസ് ഫാമിങ്, ട്രാക്‌ടർ, പവർട്രില്ലർ, കൊയ്‌ത്ത്‌ -മെതിയന്ത്രങ്ങൾ തുടങ്ങിയവ വാങ്ങിക്കൽ, കിണർ/കുഴൽക്കിണർ നിർമാണം, കിണർ നവീകരണം, തുള്ളിനന, ലിഫ്റ്റ് ഇറിഗേഷൻ, പമ്പ് ഹൗസ്, ഭൂമി കൃഷിയോഗ്യമാക്കൽ, കൈയാലകെട്ടൽ, ബണ്ട് നിർമാണം, വേലികെട്ടൽ, തേനീച്ച വളർത്തൽ, പശു, പോത്ത്, എരുമ, ആട് വളർത്തൽ, മത്സ്യകൃഷി, കോഴിഫാം ആരംഭിക്കൽ എന്നി സംരംഭങ്ങൾക്ക് 15 വർഷംവരെ കാലാവധിയിൽ വായ്‌പ ലഭ്യമാക്കും. സംരംഭങ്ങളെക്കുറിച്ച് വിശദ പരിശോധന നടത്തി നബാർഡിന്റെ നിർദേശങ്ങൾക്കനുസരിച്ചായിരിക്കും വായ്‌പ. വിവരങ്ങൾക്ക് കേരള ബാങ്ക് ശാഖകളുമായി ബന്ധപ്പെടണം.

കേരള ബാങ്ക് തെരഞ്ഞെടുപ്പ് നടത്താൻ ഹൈക്കോടതി അനുമതി; യുഡിഎഫ് അനുകൂല മെമ്പർമാരുടെ ഹർജികൾ തള്ളി

കൊച്ചി > കേരള ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് നടത്താൻ ഹൈക്കോടതിയുടെ അനുമതി. ഭരണ സമിതി തെരഞ്ഞെടുപ്പ് നടപടികൾ ചോദ്യം ചെയ്ത് യുഡിഎഫ് അനുകൂല സഹകരണ സംഘം മെമ്പർമാർ സമർപ്പിച്ച ഹർജികൾ ജസ്റ്റിസ് സതിശ് നൈനാൻ തള്ളി. തെരഞ്ഞെടുപ്പിനെതിരെ സമർപ്പിച്ചിച്ച 4 ഹർജികളും നിയമപരമായി നില നിൽക്കുന്നതല്ലന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി.

കേരള ബാങ്കിന് റിസർവ്വ് ബാങ്കിന്റെ അനുമതി ഇല്ലാത്തതിനാൽ ബാങ്ക് പ്രവർത്തനം ആരംഭിച്ചതായി കണക്കാക്കാനായില്ലന്ന വാദം കോടതി തള്ളി.ബാങ്ക് സ്ഥാപിച്ച് പ്രവർത്തനം തുടങ്ങിയതായി കോടതി വിലയിരുത്തി.മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കിൽ ലയിപ്പിച്ച് സർക്കാർ പുറപ്പെടുവിച്ച ഓർഡിനൻസിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാന്നെന്നും അന്തിമ തീർപ്പു് ണ്ടായിട്ടില്ലന്നും അതിനാൽ തെരഞ്ഞെടുപ്പ് നടത്താൻ അനുവദിക്കരുതെന്നുമുള്ള വാദവും കോടതി തള്ളി. തെരെഞ്ഞെടുപ്പ് നടത്താൻ സഹകരണ തെരഞ്ഞെടുപ് കമ്മിഷൻ സ്വീകരിച്ച നടപടികളിൽ അപാകതയില്ലന്നും തെരഞ്ഞെടുപ്പിനായി കമ്മിഷന് വിജ്ഞാപനം പുറപ്പെടുവിക്കാമെന്നു o കോടതി വ്യക്തമാക്കി.

തെരഞ്ഞെടുപ്പിനായുള്ള നടപ്പടികളിൽ ക്രമക്കേടുണ്ടന്ന വാദവും കോടതി നിരസിച്ചു. വോട്ടർ പട്ടികയിൽ ക്രമക്കേട് ആരോപിച്ചുള്ള വാദങ്ങളൂം നിലനിൽക്കാന്നതല്ലന്ന് കോടതി പറഞ്ഞു.സർക്കാരിനു വേണ്ടി അഡീഷണൽ അഡ്വക്കേറ്റ് ജനറൽ കെ.കെ.രവീന്ദ്രനാഥ്, സഹകരണ വകുപ്പ് സ്പെഷ്യൽ ഗവ പ്ലീഡർ കെ.എസ്.മുഹമ്മദ് ഹാഷിം എന്നിവരും സഹകരണ തെരഞ്ഞെടപ്പ് കമ്മീഷനു വേണ്ടി സീനിയർ അഭിഭാഷകൻ ടി.എ.ഷാജി, അഡ്വ.ലക്ഷമി നാരായണൻ എന്നിവരും ഹാജരായി. കേരള ബാങ്കിനു വേണ്ടി സീനിയർ അസ്വക്കേറ്റ് കെ.ഗോപാലകൃഷ്ണക്കുറുപ്പ് , അഡ്വ.ഗിൽബർട്ട് കൊറായ എന്നിവർ ഹാജരായി.

കേരള ബാങ്ക് തെരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ട് പോകാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ അനുമതി. തെരെഞ്ഞെടുപ്പിനെതിരെ ഫയല്‍ ചെയ്ത റിട്ടു ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് ഉത്തരവ്. പുതിയ തെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു സര്‍ക്കാരിന് നടപടി തുടരാം.

ജസ്റ്റിസ് സതീഷ് നൈനാന്റെ യാണ് ഉത്തരവ്. നേരത്തെ യുഡിഎഫ് അനുകുല സംഘടനകള്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് തെരഞ്ഞെടുപ്പു നടപടികള്‍ ഹൈക്കോടതി മൂന്നാഴ്‌ച്ചത്തേക്ക് സ്റ്റേ ചെയ്തിരുന്നു.

Tuesday, October 6, 2020

കേരള ബാങ്കിന്റെ ആദ്യ ബാലന്‍സ് ഷീറ്റ് പ്രസിദ്ധീകരിച്ചു; ലാഭം 374.75 കോടി

 കേരള സംസ്ഥാന സഹകരണ ബാങ്കും 13 ജില്ലാ സഹകരണ ബാങ്കുകളും ലയിച്ചതിനു ശേഷമുള്ള കേരള ബാങ്കിന്റെ ആദ്യ ബാലന്‍സ് ഷീറ്റ്  പ്രസിദ്ധീകരിച്ചു. 29.11.2019 ന്  ലയന സമയത്ത് സഞ്ചിത നഷ്ടം 1150.75 കോടിയായിരുന്നു. കേരളബാങ്ക് രൂപീകരണത്തിന് ശേഷം 374.75 കോടി ലാഭം നേടിയതിനാല്‍ സഞ്ചിത നഷ്ടം 776 കോടിയായി കുറച്ചു കൊണ്ടുവരാന്‍ ബാങ്കിന് കഴിഞ്ഞു.

കോവിഡ്-19 അടക്കമുള്ള ഒട്ടേറെ പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിച്ച കേരള ബാങ്ക് നാല് മാസം കൊണ്ടാണ് ബിസിനസ്സില്‍ ശ്രദ്ധേയമായ നേട്ടം കൈവരിക്കുകയും   374.75 കോടി ലാഭം നേടുകയും ചെയ്തത്.

സാധാരണ സഹകരണ ബാങ്കുകളില്‍ വായ്പകളുടെ തിരിച്ചടവ് ഏറെപങ്കും  ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് വരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായെത്തിയ കോവിഡ് പ്രതിസന്ധി കാരണം വായ്പകളില്‍ തിരിച്ചടവ് കുറഞ്ഞു. ഇത് ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി വളരെയേറെ വര്‍ദ്ധിക്കുന്നതിന് കാരണമായി.

നിഷ്‌ക്രിയ ആസ്തിക്ക് വേണ്ടി നാളിതുവരെ 1524.54 കോടിരൂപബാങ്ക് കരുതല്‍ വെച്ചിട്ടുണ്ട്. അതായത് സഞ്ചിത നഷ്ടത്തിന്റെ ഇരട്ടിയിലധികം കരുതല്‍ ധനം (Provision)  ബാങ്ക് സൂക്ഷിച്ചിട്ടുണ്ട്.

2019 - 2020 സാമ്പത്തിക വര്‍ഷം 61037.59 കോടി നിക്ഷേപവും 40156.81 കോടി വായ്പ യുമായി 101194 .40 കോടിയുടെ  ബിസിനസ്സാണ് കേരള ബാങ്കിനുള്ളത്..

മുന്‍ വര്‍ഷത്തേക്കാള്‍  നിക്ഷേപത്തില്‍  1525.8 കോടിയുടെയും  വായ്പയില്‍  2026.40  കോടിയുടെയും വര്‍ദ്ധനവുണ്ടായി .

കേരള സര്‍ക്കാരിന്റെ പിന്തുണയും സഹകാരികളുടെയും ഇടപാടുകാരുടെയും സഹകരണവും ജീവനക്കാരുടെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനവും കൊണ്ടാണ് ബാങ്കിന്  ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത്.

വായ്‌പാ പദ്ധതികള്‍

13 വായ്പാ പദ്ധതികളാണ് കേരള ബാങ്ക് നടപ്പിലാക്കുന്നത്. മുന്‍ഗണനാ മേഖലകളായ കൃഷി, ചെറുകിട സംരംഭങ്ങള്‍, ദുര്‍ബ്ബല വിഭാഗങ്ങള്‍ക്കുള്ള ഭവന വായ്പകള്‍ , സ്വയം സഹായ സംഘങ്ങള്‍ക്കുള്ള വായ്പകള്‍ എന്നിവക്ക് ഊന്നല്‍ നല്‍കികൊണ്ട് വായ്പകള്‍ പുനരാവിഷ്‌കരിക്കുകയുണ്ടായി.

•         കേരളത്തിന്റെ സുസ്ഥിര കാര്‍ഷിക വികസനത്തിനു സഹായിക്കുന്നതും , കോവിഡ് കാലത്തുണ്ടായ കാര്‍ഷിക  ഉണര്‍വിനെ പിന്തുണച്ചുകൊണ്ടും  ദീര്‍ഘകാല കാര്‍ഷിക വായ്പാ പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കുവാനുദ്ദേശിക്കുന്നു.

• കേരളത്തില്‍ വന്‍കിട സ്വര്‍ണ്ണപണയ സ്ഥാപനങ്ങള്‍ക്കുള്ള അപ്രമാദിത്വം അവസാനിപ്പി ക്കുന്നതിനും, കൊള്ള പലിശ അവസാനിപ്പിക്കുന്നതിനും കേരള ബാങ്കിന്റെ 769 ശാഖകളിലും കൂടി എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും ത്വരിത ഗതിയില്‍ ലഭ്യമാവുന്ന സ്വര്‍ണ്ണപണയ വായ്പ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്.

•         ഗ്രാമീണ മേഖലയിലുള്ള ചെറുകിട സംരംഭകരെ സഹായിക്കുന്ന എം എസ് എം ഇ സുവിധ വായ്പ പദ്ധതിക്ക് നല്ല പ്രതികരണമാണുള്ളത്.

•         ചെറുകിടക്കാര്‍ക്കും ദുര്‍ബല  വിഭാഗങ്ങള്‍ക്കുമായി സുവിധ എന്ന പേരില്‍ പ്രത്യേക ഭവന വായ്പ പദ്ധതിയും ബാങ്ക് നടപ്പിലാക്കിയിട്ടുണ്ട്.

•         പ്രവാസികള്‍ക്ക് പ്രവാസികിരണ്‍, വ്യക്തിഗത വായ്പ, പെന്‍ഷന്‍കാര്‍ക്കുള്ള വായ്പ തുടങ്ങിയവയും  നല്‍കി  വരുന്നു.

2020 - 2021

2020 - 2021 സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കം മുതല്‍ കോവിഡ്കാലത്തെ പ്രതിസന്ധി അഭിമുഖീകരിച്ചുകൊണ്ടാണ് ബാങ്ക് മുന്നോട്ടു പോകുന്നത്. 2020 - 2021 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ട് സഞ്ചിത നഷ്ടം മറികടന്ന് കേരള ബാങ്ക് മികച്ച സാമ്പത്തിക നേട്ടവും ലാഭവും കൈവരിക്കുമെന്ന പ്രതീക്ഷയാണുള്ളത്.

• കോവിഡ് കാലത്ത് പ്രവാസികള്‍ക്കും കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും ഒട്ടേറെ വായ്പാ സഹായങ്ങള്‍ കേരള ബാങ്ക് നല്‍കിയിട്ടുണ്ട് .

• കര്‍ഷകര്‍ക്ക് സഹായ ഹസ്തമായി പ്രാഥമിക കാര്‍ഷിക സഹകരണ ബാങ്കുകള്‍ മുഖേന അനുവദിച്ച എസ്.എല്‍.എഫ് വായ്പ 1543.44 കോടി രൂപ നല്‍കി. നബാര്‍ഡ് പുനര്‍ വായ്പ പദ്ധതിയിലൂടെ ദീര്‍ഘകാല കാര്‍ഷിക വായ്പയും നല്‍കിയിട്ടുണ്ട്.

• സ്വയം സഹായ സംഘങ്ങള്‍ക്കും (SHG) കൂട്ടുബാധ്യതാ സംഘങ്ങള്‍ക്കും (JLG) വേണ്ടി പുതിയ മൈക്രോ ഫിനാന്‍സ് സ്‌കീമില്‍ മുഖ്യമന്ത്രിയുടെ സഹായ ഹസ്തമായി ഇതുവരെ 120.27 കോടി രൂപ നല്‍കി ഒന്നാം സ്ഥാനത്തു നില്‍ക്കുന്നു.

• പ്രവാസികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും 4 ശതമാനം പലിശ നിരക്കില്‍ 13.07 കോടി സ്വര്‍ണ്ണപണയ വായ്പയായി നല്‍കി .

• 2020-2021 സാമ്പത്തിക വര്‍ഷം  30.09.2021 വരെ സ്വര്‍ണ്ണ പണയ വായ്പയായി ആകെ 3676.49 കോടിയും, മോര്‍ട്ടഗേജ് വായ്പയായി 425.86 കോടിയും, ഭവന വായ്പയായി 195.83 കോടിയും സഹകരണ സംഘങ്ങള്‍ക്കുള്ള വായ്പയായി 2887.35 കോടിയും നല്‍കിയിട്ടുണ്ട്.

• കോവിഡ് പ്രതിസന്ധിയെ മറികടക്കുന്നതിന് സഹകരണ മേഖലയിലൂടെ പുതിയതായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് കേരള ഗവണ്മെന്റിനോടൊപ്പം പങ്കു ചേര്‍ന്നുകൊണ്ട് പദ്ധതി വിജയിപ്പിക്കുന്നതിനായി  കേരളബാങ്ക് നേതൃത്വം നല്‍കുന്നതാണ്. പുതിയ സംരംഭകര്‍ക്ക് വായ്പ നല്‍കുന്നതിന് സാമ്പത്തിക ബുദ്ധിമുട്ടുള്ള പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് ആവശ്യമായ ധനസഹായം പുനര്‍വായ്പയായി (Refinance) കേരള ബാങ്ക് നല്‍കുന്നതാണ്.

നബാര്‍ഡ് കുറഞ്ഞ പലിശ നിരക്കില്‍ നല്‍കിവരുന്ന പുനര്‍ വായ്പാ സഹായങ്ങള്‍ കേരള ബാങ്കും പ്രാഥമിക സഹകരണ ബാങ്കുകളും വഴി മുന്‍ഗണനാ മേഖലകളില്‍ എത്തിക്കുക എന്ന പ്രഖ്യാപിത  ലക്ഷ്യം ഫലപ്രദമായി നടപ്പിലാക്കി വരുന്നു.

·  നബാര്‍ഡ് പുനര്‍വായ്പാ ഉപയോഗം 2018-19 ല്‍ 2842 കോടിയായിരുന്നത് 2019-20 ല്‍ 4316 കോടിയായി വര്‍ദ്ധിച്ചിട്ടുണ്ട് . 2020  21 സാമ്പത്തിക വര്‍ഷം ലഭിച്ച പുനര്‍ വായ്പാ സഹായം 2020 സെപ്തംപര്‍ 30 വരെ  30 3720 കോടിയാണ്.

സാമ്പത്തിക ഉള്‍പ്പെടുത്തല്‍ പദ്ധതി പ്രകാരം നബാര്‍ഡ് സഹായത്തോടെ പത്ത് മൊബൈല്‍ വാനുകളും 1500 മൈക്രോ എ ടി എം കളും ഉടന്‍ പ്രവര്‍ത്തന സജ്ജമാകും

നബാര്‍ഡ് പുതിയതായി പ്രഖ്യാപിച്ചതും കേരളത്തില്‍ ഏറ്റവുമധികം സാദ്ധ്യതയുള്ളതു മായ ഭക്ഷ്യ സംസ്‌കരണ വ്യവസായ വായ്പാപദ്ധതി, കാര്‍ഷിക അനുബന്ധ വ്യവസായങ്ങള്‍ക്കുള്ള ഫണ്ട്, പാക്സ് മുഖേനയുള്ള മള്‍ട്ടി സര്‍വീസ് സെന്റര്‍ എന്നീ മേഖലകളില്‍ പദ്ധതി തയ്യാറായി വരുന്നു.

റിക്കവറി നടപടികള്‍ ലഘൂകരിക്കുന്നതിന് വേണ്ടി ആകര്‍ഷകമായ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ബാങ്ക് ആവിഷ്‌കരിച്ചിട്ടുണ്ട്

എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രാപ്യമായ സുരക്ഷിതവും വിശ്വസനീയവുമായ ബാങ്കിങ് സേവനം നല്‍കുക എന്ന ലക്ഷ്യമാണ് കേരള ബാങ്കിനുള്ളത്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നീ 7 മേഖലാ ഓഫീസുകളും, 13 ജില്ലകളില്‍  വായ്പാ വിതരണ  കേന്ദ്രങ്ങളും പ്രവര്‍ത്തിച്ചു വരുന്നു. നിലവില്‍ കേരള ബാങ്കിന് 769 ശാഖകളാണുള്ളത്. പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളെയും ഇതര സംഘങ്ങളെയും ശക്തിപ്പെടുത്തി സഹകരണ ബാങ്കിങ് രംഗത്ത് പുതിയ മുന്നേറ്റമുണ്ടാക്കുക എന്ന ദീര്‍ഘകാല വികസന ലക്ഷ്യവും കേരള ബാങ്കിനുണ്ട്.

പത്ര സമ്മേളനത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനോടൊപ്പം സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐഎഎസ്, കേരള ബാങ്ക് സിഇഒ പിഎസ് രാജന്‍, കേരള ബാങ്ക് സിജിഎം കെസി സഹദേവന്‍ എന്നിവര്‍ പങ്കെടുത്തു.

Thursday, September 17, 2020

മൊറട്ടോറിയം മാത്രം നൽകിയാൽ മതിയോ

 തികച്ചും ദുർബലമായ അവസ്ഥയിലൂടെയാണ് ഇന്ത്യൻ സമ്പദ്‌ വ്യവസ്ഥ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കോവിഡ്–-19 മഹാമാരിയുടെ ആഘാതങ്ങൾ ഏറ്റുവാങ്ങുന്നതിനുമുമ്പുതന്നെ  സമ്പദ്‌ വ്യവസ്ഥ തളർച്ചയിലായിരുന്നു. നടപ്പു സാമ്പത്തികവർഷത്തിന്റെ ഒന്നാംപാദ കണക്കുകൾ പുറത്തുവരുമ്പോൾ മൊത്തം ആഭ്യന്തര ഉല്പാദന വളർച്ച 24 ശതമാനം കീഴ്പ്പോട്ടാണ്. അസംഘടിതമേഖലയുടെ കണക്കുകൾ ഒഴിവാക്കിക്കൊണ്ടാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. യഥാർഥ ചിത്രം ഇതിനേക്കാൾ മോശമായിരിക്കും എന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.  മഹാമാരി മഹാനാശം വിതച്ച അമേരിക്കയിൽ 9.5 ശതമാനവും ഇറ്റലിയിൽ 12.5 ശതമാനവുമാണ് കീഴ്പ്പോട്ടുള്ള വളർച്ച എന്ന്‌ താരതമ്യംചെയ്യുമ്പോഴാണ് ഇന്ത്യൻ പ്രതിസന്ധിയുടെ തീവ്രത വ്യക്തമാകുന്നത്. മഹാമാരിയും അടച്ചുപൂട്ടലും സൃഷ്ടിച്ച പ്രതിസന്ധിയിൽനിന്ന് കരകയറുന്നതിന് വിവിധ രാജ്യങ്ങൾ വൻ ഉത്തേജക പാക്കേജുകളാണ് പ്രഖ്യാപിച്ച്‌ നടപ്പാക്കുന്നത്.


ഇന്ത്യയിൽ 20 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചതിൽ 90 ശതമാനവും ധനസ്ഥാപനങ്ങളിൽനിന്നുള്ള വായ്പകളുടെ രൂപത്തിലായിരുന്നു. സിംഹഭാഗവും ഉദ്ദേശിച്ച ഫലം കണ്ടില്ല എന്നാണ് റിസർവ്‌ ബാങ്കിന്റെ വാർഷിക റിപ്പോർട്ട് അടിവരയിടുന്നത്. ഉദാഹരണത്തിന് 2019 സെപ്തംബറിൽ കോർപറേറ്റ് നികുതിനിരക്ക് വെട്ടിക്കുറച്ചുകൊണ്ട് നൽകിയ 1.45 ലക്ഷം കോടി രൂപയുടെ ഇളവ് സമ്പദ്‌ വ്യവസ്ഥയിൽ ഒരു  പുതിയ നിക്ഷേപത്തിനും ഇടയാക്കിയില്ല എന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. കോർപറേറ്റുകൾ ഈ സൗജന്യങ്ങൾ അവരുടെ ഖജനാവ് നിറയ്‌ക്കുന്നതിന് ഉപയോഗപ്പെടുത്തി.

റിലയൻസ് എന്ന ഒരു കമ്പനിമാത്രം സമാഹരിച്ച ഓഹരിമൂലധനം പരിശോധിച്ചാൽ സമ്പദ്‌ വ്യവസ്ഥയിലെ പണലഭ്യത ആർക്ക് ഗുണംചെയ്തു എന്ന് വ്യക്തമാകും. റിപ്പോനിരക്കിൽ ഗണ്യമായ കുറവു വരുത്തിയിട്ടും ബാങ്കുവായ്പാ വളർച്ച ആശാവഹമായ ചിത്രമല്ല നൽകുന്നത്. ബാങ്കുകളുടെ ആസ്തി ഗുണനിലവാരവും ലാഭക്ഷമതയും ഇടിയുന്നതിലും മൂലധന പര്യാപ്തതയിലും ഉൽക്കണ്‌ഠ രേഖപ്പെടുത്തുന്ന വാർഷിക റിപ്പോർട്ടാണ് ആർബിഐ പുറത്തുവിട്ടത്.  ഈ പശ്ചാത്തലത്തിൽ ബാങ്ക് വായ്പകളുടെ മൊറട്ടോറിയം കാലാവധി നീട്ടണമെന്നും പലിശയും പലിശയ്‌ക്കുമേൽ പലിശയും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള സുപ്രീംകോടതിയിലുള്ള ഹർജിയുടെ വിവിധ വശങ്ങൾ ചർച്ചചെയ്യുന്നത് ഉചിതമായിരിക്കും.

കോടതിക്കകത്തും പുറത്തും വാദങ്ങൾ

അടച്ചുപൂട്ടപ്പെട്ട സമ്പദ്‌ വ്യവസ്ഥയിൽ ബാങ്ക് വായ്പകളുടെ തിരിച്ചടവ് പ്രതിസന്ധിയിലായാൽ അത്‌ ബാങ്കുകളുടെ കിട്ടാക്കടം വീണ്ടും വർധിക്കാനിടയാക്കുമെന്നും ബാങ്കുകളെത്തന്നെ പ്രതിസന്ധിയിലാക്കുമെന്നും തിരിച്ചറിഞ്ഞുകൊണ്ടാണ് റിസർവ്‌ ബാങ്ക് ആദ്യം മൂന്നു മാസവും പിന്നീട് ആറു മാസക്കാലത്തേക്കുമായി വായ്പാ തിരിച്ചടവിന് മൊറട്ടോറിയം പ്രഖ്യാപിക്കുന്നത്. സാധാരണ മൊറട്ടോറിയം എന്നാൽ തിരിച്ചടവ് നീട്ടിവയ്ക്കൽ മാത്രമാണെന്നും പലിശ ഒഴിവാക്കലില്ല എന്നുമാണ് മനസ്സിലാക്കേണ്ടത്. എന്നാൽ, മഹാമാരിയുടെ കാലഘട്ടം ഫോർസ്മെജോറെ” അഥവാ “ആക്ട് ഓഫ് ഗോഡ്” എന്ന അസാധാരണ കാലഘട്ടമാണെന്ന് പരിഗണിച്ച് പലിശ ഒഴിവാക്കിക്കൊടുക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ടാണ് ഒരു കൂട്ടം ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയ്‌ക്ക് വന്നത്. ധനമന്ത്രാലയമോ റിസർവ്‌ ബാങ്കോ ബാങ്കുകളോ ഈ ഹർജികളിൽ വ്യക്തമായ ഒരു മറുപടി പറയാത്തതിലുള്ള അസംതൃപ്തി സുപ്രീംകോടതി പരസ്യമാക്കി. ധനമന്ത്രാലയം റിസർവ്‌ ബാങ്കിന്റെ നിഴലിൽ ഒളിക്കാൻ ശ്രമിക്കാതെ നിലപാട് വ്യക്തമാക്കണമെന്നാണ് ഒടുവിൽ കോടതി നിർദേശിച്ചിരിക്കുന്നത്. പലിശയ്‌ക്കുമേലുള്ള പലിശയെങ്കിലും ഒഴിവാക്കിക്കൂടേയെന്നും മൊറട്ടോറിയം കാലാവധി നീട്ടാനുദ്ദേശ്യമുണ്ടോ എന്നും വ്യക്തമാക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട് കേസ് ഈ മാസം 28ലേക്ക് അന്തിമവാദത്തിനായി മാറ്റി.

സുപ്രീംകോടതിക്ക്‌ അകത്ത്‌ നടക്കുന്നതിനേക്കാൾ കൂടുതൽ വാദങ്ങൾ പുറത്ത്‌ നടന്നുകൊണ്ടിരിക്കുന്നു. സാമ്പത്തിക വിദഗ്ധരെന്നും മുൻ ബാങ്കർമാരെന്നുമുള്ള ലേബലിൽ ദേശീയ ബിസിനസ്‌ പത്രങ്ങളിൽ വരുന്ന ലേഖനങ്ങൾ ഒരു പൊതുഅഭിപ്രായ രൂപീകരണത്തിനുള്ള ശ്രമങ്ങളായി കാണേണ്ടതുണ്ട്. ബാങ്കുകളും വായ്പയെടുത്തവരും തമ്മിൽ ഒരു നിയമപരമായ കരാറിൽ ഏർപ്പെട്ടുകഴിഞ്ഞാൽ കരാർവ്യവസ്ഥകൾ പാലിക്കാൻ ബാധ്യസ്ഥരാണ് എന്നാണ് ഒരു വാദം. മെഡിക്കൽ–-എൻജിനിയറിങ്‌ അവസാനവർഷ പരീക്ഷ കാത്തിരിക്കുന്നവർ മഹാമാരിയുടെ പശ്ചാത്തലത്തിൽ പരീക്ഷ നടക്കാതെ വന്നാൽ ബിരുദ സർട്ടിഫിക്കറ്റ് നൽകണമെന്ന്‌ ആവശ്യപ്പെടുന്നതുപോലെയാണ് എന്ന അസംബന്ധ താരതമ്യവും ഇക്കൂട്ടർ ഉന്നയിക്കുന്നു. ബാങ്കുകൾ വായ്പകൊടുക്കുന്നത് നിക്ഷേപകരുടെ പണമെടുത്താണെന്നും മഹാമാരിയാണെങ്കിലും നിക്ഷേപകർക്ക് പലിശ കൊടുക്കാൻ ബാങ്കുകൾ ബാധ്യസ്ഥരാണെന്നും അതുകൊണ്ട് വായ്പാ പലിശ ഒഴിവാക്കാൻ സാധ്യമല്ല എന്ന സാമാന്യം യുക്തിസഹമായ വാദവും ഉന്നയിക്കപ്പെടുന്നുണ്ട്. ഇവിടെ വായ്പാ പലിശ ഒഴിവാക്കുന്നതുമൂലം ഉണ്ടാകുന്ന നഷ്ടം ബാങ്കുകൾതന്നെ വഹിക്കണമെന്നും ആരും നിർബന്ധംപിടിക്കുമെന്ന്‌ തോന്നുന്നില്ല.

ബാങ്കുകൾക്കുണ്ടാകുന്ന നഷ്ടം ഈ അസാധാരണ സാഹചര്യത്തിൽ നികത്തിക്കൊടുക്കാൻ കേന്ദ്ര സർക്കാർ മുന്നോട്ടുവരണം. കഴിഞ്ഞ പത്തുവർഷക്കാലയളവിൽ 6.27 ലക്ഷം കോടി രൂപയുടെ വൻകിട കിട്ടാക്കടങ്ങളാണ് എഴുതിത്തള്ളിയത്. അതിൽ 5.17 ലക്ഷം കോടി എഴുതിത്തള്ളിയത് 2015ന്‌ ശേഷമാണ്. ബാങ്കുകൾക്കുണ്ടായ നഷ്ടം നികത്തുന്നതിന് ഏകദേശം മൂന്നു ലക്ഷം കോടി രൂപയാണ് മൂലധനമായി കേന്ദ്ര ഖജനാവിൽനിന്ന്‌ ബാങ്കുകൾക്ക് നല്കിയത്. അപ്പോഴൊന്നും ഉയർന്നുവരാത്ത ബാങ്ക്‌ നിക്ഷേപകരെ സംബന്ധിച്ച ഉൽക്കണ്ഠ ഈ അസാധാരണ സാഹചര്യത്തിൽ ഉയർന്നുവരേണ്ടതുണ്ടോ? വായ്പകൾ തിരിച്ചടയ്‌ക്കപ്പെടേണ്ടതുതന്നെയാണ്. രാഷ്ട്രീയലക്ഷ്യങ്ങൾക്കുവേണ്ടി നടത്തപ്പെടുന്ന എഴുതിത്തള്ളലുകളും അസാധാരണ ഘട്ടങ്ങളിൽ സമ്പദ്‌ വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനുവേണ്ടി നൽകപ്പെടുന്ന ഇളവുകളും സൗജന്യങ്ങളും തമ്മിൽ വേർതിരിച്ചറിയേണ്ടതുണ്ട്. ബാങ്കുവായ്പകൾ തിരിച്ചടയ്ക്കാനുള്ളവയല്ല എന്ന തെറ്റായ സന്ദേശം നല്കുന്നത് ധനമേഖലയുടെ സുസ്ഥിരതയ്‌ക്ക് ഭീഷണിയാണെന്ന് തിരിച്ചറിഞ്ഞ് വൻകിട വായ്പകൾ തിരിച്ചുപിടിക്കാൻ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ബാങ്കിങ്‌ മേഖലയിലുള്ളവർ നിരന്തരമായി ഉന്നയിച്ചുകൊണ്ടിരിക്കുന്നത്.

കെ വി കമ്മത്ത് കമ്മിറ്റി ശുപാർശകൾ

ആഗസ്‌തിലെ കണക്കുപ്രകാരം ആകെ ബാങ്കുവായ്പ 102 ലക്ഷം കോടിയാണ്. ഇതിൽ ശരാശരി 20 ശതമാനമാണ് മൊറട്ടോറിയത്തിന്റെ പരിധിയിൽ വരുന്നത്. അത്തരം വായ്പകൾക്ക് ശരാശരി 10 ശതമാനം പലിശ കണക്കാക്കിയാൽ ആറുമാസത്തെ പലിശ ഒഴിവാക്കുന്നതുവഴി ഒരു ലക്ഷം കോടിയുടെ നഷ്ടമാണ് ബാങ്കുകൾക്കുണ്ടാവുക. പിഴ പലിശമാത്രമാണ് ഒഴിവാക്കാൻ തീരുമാനിക്കുന്നതെങ്കിൽ 5000 കോടിയിൽ താഴെമാത്രമേ നഷ്ടമുണ്ടാകൂ എന്നാണ് ഒരു കണക്ക്. കേന്ദ്രസർക്കാർ തീരുമാനം എന്തായാലും ബാങ്കുകൾക്കുണ്ടാകുന്ന നഷ്ടം നികത്താൻ കേന്ദ്രം തയ്യാറാകണം. ഈ തുക ഉത്തേജക പാക്കേജിന്റെ ഭാഗമായി കണക്കാക്കാവുന്നതാണ്. പലിശയിളവ്‌ നല്കുമ്പോൾ ഉപാധികൾ വയ്ക്കണം. ഇളവ്‌ ലഭിക്കുന്ന സ്ഥാപനങ്ങൾ അവരുടെ ജീവനക്കാരുടെ വരുമാനസുരക്ഷ ഉറപ്പാക്കണം. ഇപ്രകാരം കേന്ദ്രസർക്കാർ ചെലവാക്കുന്ന പണം സമ്പദ്ഘടനയിൽ ചോദന വർധിപ്പിക്കുമെന്നും ഉത്തേജക പാക്കേജായി മാറുമെന്നും തിരിച്ചറിയേണ്ടതുണ്ട്. ഇവിടെ സ്വാഭാവികമായി ഉയരുന്ന മറുചോദ്യമുണ്ട്. പ്രതികൂല സാമ്പത്തിക സാഹചര്യത്തിൽ കേന്ദ്ര സർക്കാർ എവിടെനിന്ന്‌ പണം കണ്ടെത്തും? ഉത്തരം പകൽപോലെ വ്യക്തമാണ്. പ്രശസ്തരായ സാമ്പത്തിക വിദഗ്‌ധരെല്ലാം നല്കുന്ന ഉപദേശം കേന്ദ്ര സർക്കാർ റിപ്പോ നിരക്കിൽ റിസർവ്‌ ബാങ്കിൽനിന്ന്‌ വായ്പയെടുക്കണമെന്നാണ്. സംസ്ഥാനങ്ങളുടെ ജിഎസ്ടി നഷ്ടപരിഹാരം നല്കാനും അതുവഴി സർക്കാർ ചെലവ് വർധിപ്പിച്ചുകൊണ്ട് സാമ്പത്തിക വളർച്ചനിരക്ക് കൂട്ടുന്നതിനും ഈ നടപടി സഹായിക്കുമെന്നുമാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

എന്നാൽ, നിർഭാഗ്യവശാൽ കേന്ദ്രസർക്കാർ ആ ദിശയിലല്ല നീങ്ങുന്നത് എന്ന സൂചനയാണ് വന്നുകൊണ്ടിരിക്കുന്നത്. കോവിഡ് മഹാമാരിമൂലം പ്രതിസന്ധിയിലായ വായ്പകൾ പുനഃസംഘടിപ്പിക്കുന്നതിന് ശുപാർശകൾ സമർപ്പിക്കാൻ ഐസിഐസിഐ ബാങ്ക് മുൻ ചെയർമാൻ കെ വി കമ്മത്തിന്റെ നേതൃത്വത്തിൽ ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു. കമ്മിറ്റി റിപ്പോർട്ട് സർക്കാർ പരിഗണനയിലാണ്.  ആറ് മാനദണ്ഡം അടിസ്ഥാനമാക്കി 26 പ്രത്യേക മേഖലയാക്കി തിരിച്ച് വായ്പകൾ പുനഃസംഘടിപ്പിക്കുന്നതിനുള്ള നിർദേശങ്ങളാണ് ശുപാർശയിലുള്ളത്. വാണിജ്യം, വ്യവസായം, വ്യാപാരം, റിയൽ എസ്റ്റേറ്റ്, ഊർജം എന്നിങ്ങനെ വായ്പകളെ പ്രത്യേക മേഖലകളാക്കി പരിഗണിക്കുമ്പോൾ വ്യക്തിഗത വായ്പകൾ ഒഴിവാക്കപ്പെടുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം അറ്റോർണി ജനറൽ സുപ്രീംകോടതിയിൽ പറഞ്ഞതുപ്രകാരം ഒരു ഉന്നതതല സമിതി മൊറട്ടോറിയവായ്പകളുടെ ഭാവി സംബന്ധിച്ച് നയം രൂപപ്പെടുത്തിവരുന്നു എന്നാണ്. ഇത് കെ വി കമ്മത്ത് കമ്മിറ്റി ശുപാർശകളുടെ അടിസ്ഥാനത്തിലായിരിക്കും എന്ന കാര്യത്തിൽ സംശയിക്കേണ്ടതില്ല. അതി സാങ്കേതികത്വം നിറഞ്ഞതും സങ്കീർണവും സുതാര്യമല്ലാത്തതുമായ ശുപാർശകളിൽനിന്ന്‌ സുപ്രീംകോടതിമുമ്പാകെ എന്ത്‌ സുവ്യക്തമായ നയമാണ് കേന്ദ്ര സർക്കാർ സമർപ്പിക്കാൻ പോകുന്നത് എന്ന് അന്തിമമായി മനസ്സിലാക്കാൻ ഈമാസം 28 വരെ കാത്തിരിക്കേണ്ടി വരും. വായ്പാ പുനഃസംഘടനയ്‌ക്കപ്പുറം എന്തെങ്കിലും ഇളവുകൾ പ്രതീക്ഷിക്കുന്നത് അത്യാഗ്രഹമായിരിക്കും എന്നുമാത്രം.

*

സി ജെ നന്ദകുമാർ

(ബെഫി അഖിലേന്ത്യാ പ്രസിഡന്റാണ്‌ ലേഖകൻ)

Saturday, September 12, 2020

സിഎസ്ബി ബാങ്ക് തരുന്ന സന്ദേശമെന്ത്‌?

 നൂറു കൊല്ലംമുമ്പ്, 1920ൽ തൃശൂരിലെ കാത്തലിക് സിറിയൻ വിഭാഗത്തിന് ഗണ്യമായ ഓഹരിയും നിയന്ത്രണവുമുണ്ടായിരുന്ന ഒരു  ജനകീയ ബാങ്കിനെ, ആഗോളവൽക്കരണ നയത്തിന്റെ ആനുകൂല്യത്താൽ ഒരു വിദേശ കമ്പനി വന്ന് കൈവശപ്പെടുത്തിയതിന്റെ കഥ പറയുന്നതാണ് പുതിയ സിഎസ്‌ബി ബാങ്ക്. പഴയ ജനകീയ ബാങ്കിന്റെ അലകും പിടിയും പൊളിച്ചുമാറ്റി, ഉള്ളടക്കവും ഘടനയും സമൂലം മാറ്റിയെഴുതി നവസ്വകാര്യ - വിദേശനിയന്ത്രിത ബാങ്കായതിന്റെ പുറംകാഴ്ചയാണ് ഇപ്പോൾ കാണുന്നത്.  1990കളിൽ തായ്‌ലൻഡ്‌ ആസ്ഥാനമായ ചൗവ്ള ഗ്രൂപ്പ് 38 ശതമാനം ഓഹരികൾ കൈക്കലാക്കി ബാങ്കിനെ അപഹരിക്കാൻ ശ്രമിച്ചപ്പോൾ, തൃശൂർ ബിഷപ്പും പൗരാവലിയും കേരളീയരും ചേർന്നുനടത്തിയ പോരാട്ടത്തെ തുടർന്ന് ആ വിദേശ  ഗ്രൂപ്പിനെ പുറത്താക്കാൻ കഴിഞ്ഞു.

38 ശതമാനം ഓഹരി കൈമാറ്റത്തിന് അനുമതി നൽകാൻ അന്ന് റിസർവ് ബാങ്ക് വിസമ്മതിച്ചതാണ് ബാങ്ക് സംരക്ഷണത്തിന് ഏറ്റവും തുണയായി വർത്തിച്ചത്.  എന്നാൽ, അതേ റിസർവ് ബാങ്ക്  തന്നെയാണ്, 2018 ആകുമ്പോൾ കനേഡിയൻ കമ്പനിയായ ഫെയർ ഫാക്സിന് പഴയ കാത്തലിക് സിറിയൻ ബാങ്കിന്റെ 51 ശതമാനം ഓഹരികൾ വാങ്ങാൻ അനുമതി നൽകിയത്? ചരിത്രത്തിലാദ്യമായിട്ടാണ് ഒരു ബാങ്കിന്റെ ഭൂരിപക്ഷം ഓഹരിയും വാങ്ങാൻ ഒരു കമ്പനിക്ക് അനുവാദം നൽകിയിട്ടുള്ളത്!!

ഫെയർ ഫാക്‌സ് മുതൽമുടക്കി ലാഭം എടുക്കുകയോ കൂടുതൽ വില കിട്ടിയാൽ മറിച്ചുവിൽക്കുകയോ ചെയ്യുന്ന ഒരു ഇൻവെസ്റ്റ്മെന്റ്‌ കമ്പനിയാണ്. ഇന്ത്യയിലെ എട്ട്‌ സ്ഥാപനത്തിൽ ഈ വിദേശ കമ്പനി ഇത്തരത്തിൽ പണമിറക്കി ഇടനിലക്കാരായി നിലയുറപ്പിച്ചിട്ടുണ്ട്‌. ഈ കമ്പനിയുടെ നോമിനിയായിട്ടാണ് 2016 നവംബറിൽ ബാങ്കിന്റെ പുതിയ മാനേജിങ്‌ ഡയറക്ടറായി സി വി ആർ രാജേന്ദ്രൻ നിയമിതനാകുന്നതെന്ന്, ഫെയർ ഫാക്സിന്റെ വാർഷിക റിപ്പോർട്ട് രേഖകൾ വ്യക്തമാക്കുന്നു.

ബാങ്കിന്റെ അകത്തളങ്ങളിൽ സമൂലമായ മാറ്റം വരുത്തിയത് മിന്നൽ വേഗതയിലായിരുന്നു. സി വി ആർ രാജേന്ദ്രൻ നേരത്തേ ഇന്ത്യയിലെ മ്യൂച്ചൽ ഫണ്ട് അസോസിയേഷന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായിരുന്നു. അതിനുമുമ്പ് ആന്ധ്ര ബാങ്കിന്റെ മാനേജിങ്‌ ഡയറക്ടറായിരുന്നു. സ്റ്റാഫ് വിഭാഗം മേധാവിയായി ഇന്ത്യൻ ബാങ്കിൽനിന്ന്‌ വിരമിച്ച തമിഴ്നാട് സ്വദേശി  ടി ജയശങ്കറിനെ ഉടനടി  നിയമിച്ചു. വായ്പാ വിഭാഗം, ആസൂത്രണം, ഐടി, ട്രഷറി തുടങ്ങിയ തന്ത്രപ്രധാന വിഭാഗങ്ങളുടെയെല്ലാം തലപ്പത്തു നിയമിക്കാനായി ഐസിഐസിഐ, എച്ച്‌ഡിഎഫ്‌സി ബാങ്കുകളിൽ നിന്നുള്ളവരെ കൊണ്ടുവന്ന്  പ്രതിഷ്ഠിച്ചു.

നടപ്പായത് സമ്പൂർണ പൊളിച്ചെഴുത്ത്

കത്തലിക്‌ സിറിയൻ ബാങ്കിന്റെ ഏറ്റവും മുകൾത്തട്ടിലുള്ള സുപ്രധാന 25 തസ്തികയിൽ ഒരാൾപോലും പഴയ കാത്തലിക് സിറിയൻ ബാങ്കിലുള്ളവർ ഇല്ല. ഇവർക്കെല്ലാം  അഞ്ച്‌ ലക്ഷം രൂപമുതൽ 20 ലക്ഷം രൂപവരെയാണ് ശമ്പളം. ഈയൊരു പുത്തൻ ചേരുവയും സംസ്കാരവും റീജ്യണൽ തലത്തിലേക്കും ശാഖകളിലേക്കും വ്യാപിച്ചു കഴിഞ്ഞു. ബാങ്കിന്റെ ചെയർമാനായിരുന്ന തൃശൂർ നിവാസിയെ ഒഴിവാക്കി. ഫെയർ ഫാക്സ് നോമിനിയായ ഹൈദരാബാദ് സ്വദേശിയെ  നിയമിക്കുകയുണ്ടായി. ഡയറക്ടർ ബോർഡ് അംഗങ്ങളിൽ ഒരു മലയാളിമാത്രം. അദ്ദേഹമാകട്ടെ മുംബൈയിലാണ് സ്ഥിരവാസം. ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഈ ബാങ്കിന്റെ ചരിത്രമോ സംസ്കാരമോ അറിയാത്തവരെ വച്ചുകൊണ്ട് ബാങ്കിനകത്തെ മനുഷ്യവിഭവത്തെ മാറ്റിത്തീർത്തതാണ് നാലു വർഷംകൊണ്ട് ഈ ബാങ്കിൽ സംഭവിച്ച സുപ്രധാന ഭൗതിക പരിണാമം.

ബാങ്കിന്റെ പ്രവർത്തനത്തിൽ സമൂലമായ മാറ്റം വന്നു. മിനിമം ബാലൻസ് 10,000 രൂപയാക്കി ഉയർത്തി. ചെറിയ വായ്പകൾ നിർത്തലാക്കി.  വിദ്യാഭ്യാസ വായ്പകൾ കൊടുക്കുന്നേയില്ല.  2017 വരെ നാമമാത്രമായിരുന്ന കോർപറേറ്റ് വായ്പകൾ കുതിച്ചുകൊണ്ടിരിക്കുന്നു. സമ്പന്നർക്കുള്ള  വായ്പയിൽ 85ശതമാനം തുകയും വിതരണം ചെയ്തിട്ടുള്ളത് കേരളത്തിന് പുറത്തുള്ള ശാഖകളിലാണ്.  എന്നാൽ, ആകെ ബാങ്ക് നിക്ഷേപത്തിൽ 70 ശതമാനം തുകയും സമാഹരിച്ചിട്ടുള്ളത് കേരളത്തിൽ നിന്നാണ്. കേരളത്തിൽനിന്ന് നിക്ഷേപം സ്വീകരിച്ച്, അന്യസംസ്ഥാനങ്ങളിലെ കോർപറേറ്റുകൾക്ക് വായ്പകൾ ലഭ്യമാക്കുന്ന ഒരു നയമാണ് ഈ ബാങ്ക് ആവിഷ്കരിച്ചു വരുന്നത്. പെൻഷൻ പ്രായം 58 ആക്കി കുറച്ചു.  2016ലെ സ്ഥിരം ജീവനക്കാരുടെ എണ്ണം 2906 ആയിരുന്നത് 2020 മാർച്ചിലെത്തിയപ്പോൾ 1500 ആയി ഇടിഞ്ഞു.  റിട്ടയർമെന്റ്‌ പ്രായം വെട്ടിക്കുറച്ചതും വ്യാപകമായവിധം പിരിച്ചുവിടൽ, ശിക്ഷാനടപടികൾ, സിആർഎസ്‌, വിആർഎസ്‌ പദ്ധതികൾ ആവിഷ്കരിച്ചുമാണ് സ്ഥിരം ജീവനക്കാരുടെ എണ്ണം കുറയ്‌ക്കുന്ന പ്രക്രിയ നടപ്പാക്കിയത്. കോൺട്രാക്‌റ്റ് വ്യവസ്ഥയിൽ 2017 വരെ ഒരാൾപോലും ബാങ്കിലുണ്ടായിരുന്നില്ല. എന്നാൽ, ഇപ്പോൾ 2000 കവിഞ്ഞു. ഉന്നത വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരായവർക്ക് തുച്ഛവേതനം നൽകി അടിമകളെപ്പോലെ പണിയെടുപ്പിക്കുന്നതാണ് ബാങ്കിൽ വരുത്തിയ മാനവിക വികസന നയത്തിന്റെ സത്ത.  ഇതൊന്നും അനുസരിക്കാനാകില്ലെങ്കിൽ വിആർഎസ് എടുത്ത് ബാങ്കിൽനിന്ന് പുറത്തു പോകണമെന്നതാണ് അന്തിമ ശാസനം.

ഇന്ന് സിഎസ്‌ബി, നാളെ ബാങ്കിങ്‌ വ്യവസ്ഥയും

പൊതുമേഖലാ ബാങ്കുകളില്ലാത്ത ഒരു ബാങ്കിങ്‌ ഭൂമികയാണ് കേന്ദ്രസർക്കാർ ഇന്ത്യയിൽ വിഭാവനം ചെയ്യുന്നത്. പൊതുമേഖലാ സ്ഥാപനങ്ങൾ വേണമെങ്കിൽത്തന്നെ അത് നാല് എണ്ണമായി ചുരുക്കണമെന്നതാണ് തീരുമാനം. മാത്രവുമല്ല, അത്തരം സ്ഥാപനങ്ങളിലെ സർക്കാർ ഓഹരി വിഹിതം 26 ശതമാനം ആയി കുറയ്ക്കുമെന്നതാണ് മറ്റൊരു നിർദേശം. അങ്ങനെ സ്വകാര്യവൽകൃത ഇന്ത്യൻ ബാങ്കിങ്‌ വ്യവസ്ഥയ്‌ക്കകത്ത് ഒരു സ്വകാര്യ ബാങ്കിന്റെ പ്രവർത്തനമെന്താകാമെന്നതാണ്  പറഞ്ഞുതരുന്നത്.  സ്വകാര്യ ബാങ്കായാൽ 74 ശതമാനംവരെ വിദേശ ഓഹരി പങ്കാളിത്തം അനുവദിക്കുമെന്ന കേന്ദ്ര സർക്കാർ തീരുമാനംകൂടി ചേർത്തു വായിക്കുമ്പോഴാണ് ഭാവിയിലെ ചിത്രം ലഭിക്കുക.

യെസ്‌ ബാങ്കിലെ പ്രതിസന്ധി മറ്റൊരു ദുരന്തമാണ്. ഈയൊരു പശ്ചാത്തലത്തിലാണ് നിലവിലുള്ള സ്ഥാപനങ്ങളിൽ സ്വകാര്യ, വിദേശ മൂലധനത്തിന്റെ വൈറസുകൾ കുത്തിനിറച്ച് ആ സ്ഥാപനങ്ങളുടെ ഘടനയും ഉള്ളടക്കവും മാറ്റിയെഴുതി പിടിച്ചെടുക്കാനുള്ള നീക്കങ്ങൾ ശക്തമാകുന്നത്. പഴക്കം ചെന്ന സ്ഥാപനങ്ങളുടെ സൽപ്പേരും ജനവിശ്വാസവും പുതിയ സ്വകാര്യ ബാങ്കുകളുടെ വളർച്ചയ്‌ക്ക് പ്രയോജനപ്പെടുത്തുകയെന്നതാണ് ധനമൂലധനശക്തികളുടെ ഇപ്പോഴത്തെ ശ്രമം. ചില സ്വകാര്യ ബാങ്കുകൾ പഴക്കമാർന്ന ക്ഷീണിത ദേശസാൽകൃത ബാങ്കുകളെ ഏറ്റെടുക്കുമെന്ന പ്രഖ്യാപനത്തെ നിഷ്കളങ്കമായി കാണാൻ കഴിയില്ല. കേന്ദ്ര സർക്കാരിന്റെ ഇംഗിതവും ഇതുതന്നെയാണ്.  സ്വകാര്യ ബാങ്കായാൽ  74 ശതമാനംവരെ വിദേശ ഓഹരി പങ്കാളിത്തം അനുവദിക്കുന്നതോടെ ഇന്ത്യൻ ബാങ്കിങ് വ്യവസ്ഥയുടെ സമൂലമായ പൊളിച്ചെഴുത്താണ് ഭാവിയിൽ യാഥാർഥ്യമാകാൻ പോകുന്നത്.

*

ടി നരേന്ദ്രൻ

(ബെഫി സംസ്ഥാന പ്രസിഡന്റാണ്‌ ലേഖകൻ)  

Saturday, August 29, 2020

നോട്ടുകളുടെ എണ്ണം പെരുകുന്നു; കറന്‍സി മാനേജ്മെന്‍റ് പാളുന്നുവോ?

 ഇടപാടുകള്‍ക്ക് ഡിജിറ്റല്‍ സൗകര്യങ്ങള്‍ പരമാവധി ഉപയോഗിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന്‍റെയും റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യയുടെയും ആവര്‍ത്തിച്ചുള്ള ആഹ്വാനങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് കറന്‍സി ഇന്‍ സര്‍ക്കുലേഷനില്‍ രേഖപ്പെടുത്തുന്ന അഭൂതപൂര്‍വ്വമായ വര്‍ദ്ധനവ്. ആഗസ്റ്റ്മാസം 21-ാം തീയതി നമ്മുടെ കറന്‍സി സംവിധാനത്തിലെ കറന്‍സി ഇന്‍ സര്‍ക്കുലേഷന്‍ 26.92 ട്രില്ല്യണ്‍ കോടി രൂപയാണെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കറന്‍സി കണക്കുകള്‍ വ്യക്തമാക്കുന്നത്. നോട്ടുനിരോധനം മൂലം കറന്‍സി സംവിധാനത്തിലെ കള്ളനോട്ടുകള്‍ ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടേയില്ലെന്ന് വ്യക്തമാക്കി പുതിയ നോട്ടുകളുടെ കള്ളനോട്ടുകളും പെരുകുന്നു.അഡ്വ ടി കെ തങ്കച്ചന്‍ എഴുതുന്നു.


റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആഗസ്റ്റ് 25ന് പ്രസിദ്ധീകരിച്ച വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം 2020 മാര്‍ച്ച് 31ന് പ്രചാരത്തിലുള്ള ബാങ്ക് നോട്ടുകളുടെ മൂല്യം 24.21 ട്രില്ല്യണ്‍ കോടി രൂപയാണ്. മുന്‍വര്‍ഷത്തേതിനേക്കാള്‍ 14.7ശതമാനം വര്‍ദ്ധനവ്. ബാങ്ക് നോട്ടുകളുടെ എണ്ണം 10876 കോടിയില്‍ നിന്നും 11598 കോടിയായും വര്‍ദ്ധിച്ചു. 722 കോടി ബാങ്ക് നോട്ടുകള്‍ കൂടി. 2020 മാര്‍ച്ച് 31ന് പ്രചാരത്തിലുള്ള നാണയങ്ങളുടെ മൂല്യം 21305 കോടി രൂപയാണ് മാര്‍ച്ച് 31 ന് കറന്‍സി ഇന്‍ സര്‍ക്കുലേഷന്‍ 24.47 ട്രില്ല്യണ്‍ കോടി രൂപ.

നോട്ടുനിരോധന ദിവസം പ്രചാരത്തിലുണ്ടായിരുന്ന ബാങ്ക് നോട്ടുകളുടെ എണ്ണം 9027 കോടി ആയിരുന്നു. 2016 നവംബര്‍ 8ന് ആയിരം രൂപയുടെയും അഞ്ഞൂറ് രൂപയുടെയും 2402 കോടി നോട്ടുകള്‍ നിരോധിച്ചു. ഇപ്പോള്‍ പ്രചാരത്തിലുള്ള ബാങ്ക് നോട്ടുകള്‍ 2, 5, 10, 20, 50, 100, 200, 500, 2000  രൂപ എന്നീ മൂല്യശ്രേണികളിലാണ്. നാണയങ്ങള്‍ 50 പൈസ, 1 രൂപ, 2 രൂപ, 5 രൂപ, 10 രൂപ എന്നീ മൂല്യശ്രേണികളിലാണ്.

1934ലെ റിസര്‍വ് ബാങ്ക് ഓഫ് ആക്ടിന്‍റെ 53-ാം വകുപ്പ് പ്രകാരം പ്രസിദ്ധീകരിക്കുന്ന വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുന്നത് ഏപ്രില്‍ 1 മുതല്‍ മാര്‍ച്ച് 31 വരെയുള്ള കണക്കുകളാണ്. കോവിഡ് 19 മഹാമാരിയുടെ സര്‍വസ്പര്‍ശിയായ കെടുതികള്‍ 2020 മാര്‍ച്ച് 31 ന് നമ്മുടെ സമ്പദ്ഘടനയെ ഗണ്യമായി ബാധിച്ചിരുന്നില്ല. എന്നാല്‍ വാര്‍ഷിക റിപ്പോര്‍ട്ടില്‍ റിസര്‍വ് ബാങ്ക് രേഖപ്പെടുത്തിയിരിക്കുന്നത് കോവിഡ് 19 മഹാമാരി സൃഷ്ടിച്ച കറന്‍സിയുടെ വര്‍ദ്ധിത ആവശ്യം നേരിടുന്നതിന് വിവിധനടപടികള്‍ സ്വീകരിച്ചത് കൂടാതെ അച്ചടിശാലകള്‍, പേപ്പര്‍ മില്ലുകള്‍, ബാങ്ക് എന്നിവയ്ക്ക് ഏത് അനിശ്ചിതസാഹചര്യവും നേരിടുന്നതിനാവശ്യമായ പദ്ധതികള്‍ സജ്ജമാക്കുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു എന്നാണ്. റിപ്പോര്‍ട്ടിലെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് 2020 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ മാത്രമാണ്. അതിനാല്‍ മാര്‍ച്ച് 31 ന് ശേഷം കറന്‍സിയുടെ വര്‍ദ്ധിത ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് റിസര്‍വ് ബാങ്ക് നടത്തിയിട്ടുള്ള നടപടികളുടെ ഫലപ്രാപ്തി പരിശോധിക്കുന്നതിന് ഈ വാര്‍ഷിക റിപ്പോര്‍ട്ട് പര്യാപ്തമല്ല.

കറന്‍സി മാനേജ്മെന്‍റിന്‍റെ പ്രധാനനേട്ടങ്ങളായി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ളത് കറന്‍സി വേരിഫിക്കേഷന്‍ ആന്‍റ് പ്രൊസ്സസിംഗ് സിസ്റ്റത്തിന്‍റെ (ICCOMS) ആധുനികവത്ക്കരണം, ഇന്‍റഗ്രേറ്റഡ് കമ്പ്യൂട്ടറൈസ്ഡ് കറന്‍സി ഓപ്പറേഷന്‍ മാനേജ്മെന്‍റ് സിസ്റ്റം(CVPS)-e-Kuber  സംയോജനം, വൃത്തിയുള്ള നോട്ടുകളും നാണയങ്ങളും തൃപ്തികരമായ അളവില്‍ ലഭ്യമാക്കുന്നത് ഉറപ്പുവരുത്തി, കാഴ്ചപരിമിതര്‍ക്ക് സഹായകരമായ മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രാബല്യത്തില്‍ വരുത്തി എന്നിവയാണ്.

1970ല്‍ 250 കോടി ആയിരുന്ന ബാങ്ക് നോട്ടുകളുടെ എണ്ണം 1988ല്‍ 1600 കോടിയായി ഉയര്‍ന്നപ്പോള്‍ കറന്‍സി മാനേജ്മെന്‍റിന് നിലവില്‍ ഉണ്ടായിരുന്ന എല്ലാ സംവിധാനങ്ങളും നടപടിക്രമങ്ങളും സാങ്കേതികവിദ്യയും പരിശോധിച്ച് അവയെല്ലാം പരിഷ്കരിക്കുന്നതിന് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടര്‍ ഗവര്‍ണര്‍ പി.ആര്‍. നായിക് അദ്ധ്യക്ഷനായ ഒരു കമ്മിറ്റിയെ റിസര്‍വ് ബാങ്ക് നിയമിച്ചു. നായിക് കമ്മിറ്റി ബാങ്ക് നോട്ടുകളുടെ എണ്ണം ഉയരാതെ നിയന്ത്രിക്കണമെന്ന് നിര്‍ദ്ദേശിച്ചു. ശുപാര്‍ശ സ്വീകരിച്ച്, അന്ന് പ്രചാരത്തിലുണ്ടായിരുന്ന ബാങ്ക് നോട്ടുകളുടെ എണ്ണത്തിന്‍റെ 57ശതമാനം ആയിരുന്ന ഒരു രൂപ, രണ്ടു രൂപ, അഞ്ച് രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തലാക്കി പകരം നാണയങ്ങള്‍ പുറത്തിറക്കി. 1987ല്‍ അഞ്ഞൂറ് രൂപ നോട്ടുകളും 2000ത്തില്‍ ആയിരം രൂപ നോട്ടുകളും പുറത്തിറക്കി റിസര്‍വ് ബാങ്ക് ബാങ്ക്നോട്ടുകളുടെ വര്‍ദ്ധനവ് നിയന്ത്രിച്ചു. . എന്നിട്ടും 2016ല്‍ ബാങ്ക് നോട്ടുകളുടെ എണ്ണം 9027 കോടി ആയി വര്‍ദ്ധിച്ചു. 2016ല്‍ നോട്ടുനിരോധനത്തില്‍ 2402 കോടി നോട്ടുകള്‍ റദ്ദുചെയ്തു. ഒപ്പം 2000 രൂപ നോട്ടുകള്‍ പുറത്തിറക്കി. എന്നിട്ടും 2020 മാര്‍ച്ച് 31 ന് പ്രചാരത്തിലുണ്ടായിരുന്ന ബാങ്ക് നോട്ടുകളുടെ എണ്ണം 11598 കോടി ആയി ഉയര്‍ന്നു.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട,് 1934 അനുസരിച്ചാണ് നമ്മുടെ രാജ്യത്ത് കറന്‍സി മാനേജ്മെന്‍റ് റിസര്‍വ് ബാങ്കില്‍ നിക്ഷിപ്തമായിരിക്കുന്നത്. രാജ്യത്ത് ആവശ്യമായ അളവില്‍ ബാങ്ക് നോട്ടുകള്‍ പുറത്തിറക്കേണ്ടത് റിസര്‍വ് ബാങ്കാണ്. ഇടപാടുകള്‍ക്ക് ഉപയോഗിക്കാന്‍ കഴിയാത്തതും മുഷിഞ്ഞതുമായ ബാങ്ക് നോട്ടുകള്‍ പ്രചാരത്തില്‍ നിന്ന് പിന്‍വലിച്ച് നശിപ്പിക്കേണ്ടതും റിസര്‍വ് ബാങ്കാണ്. നാണയങ്ങള്‍ മാറ്റി പകരം നോട്ടുകളും നോട്ടുകള്‍ മാറ്റി പകരം നാണയങ്ങളും നിയമം അനുവദിക്കുന്ന അളവില്‍ ജനങ്ങള്‍ക്ക് നല്‍കേണ്ട ഉത്തരവാദിത്വത്തവും റിസര്‍വ് ബാങ്കില്‍ നിക്ഷിപ്തമാണ്. കറന്‍സി മാനേജ്മെന്‍റ് ഉത്തരവാദിത്വത്തങ്ങള്‍ റിസര്‍വ് ബാങ്ക് നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത് രാജ്യത്ത് ആകെയുളള 19 ഇഷ്യൂ ഓഫീസുകള്‍, കൊച്ചിയിലെ കറന്‍സി ചെസ്റ്റ്, രാജ്യത്തെ വിവിധ ബാങ്കുകളില്‍ ഉള്ള 3367 കറന്‍സി ചെസ്റ്റുകള്‍, 2782 സ്മോള്‍ കോയിന്‍ ഡിപ്പോകള്‍ എന്നിവയില്‍ കൂടിയാണ്. ഇവയില്‍ 3162 കറന്‍സി ചെസ്റ്റുകളും 2614 സ്മോള്‍ കോയിന്‍ ഡിപ്പോകളും പൊതുമേഖല ബാങ്കുകളിലാണ്. പുതിയ ബാങ്ക് നോട്ടുകള്‍ പ്രചാരത്തിലിറക്കുന്നതും പ്രചാരയോഗ്യമല്ലാത്തവ പിന്‍വലിക്കുന്നതും ഇഷ്യു ഓഫീസുകളില്‍കൂടിയും ബാങ്ക് ശാഖകളില്‍കൂടിയുമാണ്. 

സമ്പദ്ഘടനയുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് വാങ്ങല്‍ ശേഷിയിലെ ഇടിവ്, പണപ്പെരുപ്പം, പ്രചാരയോഗ്യമല്ലാതായി നശിപ്പിക്കുന്ന നോട്ടുകളുടെ എണ്ണം തുടങ്ങിയ വിവിധ ഘടകങ്ങള്‍ പരിഗണിച്ചാണ് റിസര്‍വ് ബാങ്ക് ഓരോ വര്‍ഷവും ആവശ്യം വരുന്ന ബാങ്ക് നോട്ടുകള്‍ അച്ചടിക്കുന്നതിനുള്ള വാര്‍ഷിക ഇന്‍ഡന്‍റ് ബാങ്ക് നോട്ട് അച്ചടിശാലകള്‍ക്ക് നല്‍കുന്നത്. ഈ വര്‍ഷത്തേക്ക് മുന്‍കൂട്ടി തയാറാക്കിയ കരുതല്‍ ശേഖരം കോവിഡ് 19 തകിടം മറിച്ചു.

296695 കള്ളനോട്ടുകളാണ് 2019-20 ല്‍ കണ്ടുപിടിക്കപ്പെട്ടത്. അതില്‍ 17020 കള്ളനോട്ടുകള്‍ രണ്ടായിരം രൂപയുടെതും 30054 കള്ള നോട്ടുകള്‍ അഞ്ഞൂറ് രൂപയുടെയും 31969 കള്ളനോട്ടുകള്‍ ഇരുനൂറ് രൂപയുടെയും 168739 കള്ളനോട്ടുകള്‍ നൂറുരൂപയുടേതുമാണ്. ഇവയൊക്കെ 2016 ലെ നോട്ട് നിരോധനത്തിന് ശേഷം പുറത്തിറക്കിയിട്ടുള്ള ബാങ്ക് നോട്ടുകളാണ്

2019-20 ല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അച്ചടിച്ച് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നത് 2510 കോടി ബാങ്ക് നോട്ടുകളായിരുന്നു. ലഭിച്ചത് 2230 കോടി ബാങ്ക് നോട്ടുകള്‍. രണ്ടായിരം രൂപയുടെ നോട്ടുകള്‍ അച്ചടിക്കുന്നതിന് റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിരുന്നില്ല. ഇപ്പോള്‍ പ്രചാരത്തിലുള്ളത് രണ്ടായിരം രൂപയുടെ 274 കോടി നോട്ടുകളാണ്. 2016ല്‍ പ്രചാരത്തിലുണ്ടായിരുന്നത് 2000 രൂപയുടെ 336.32 കോടി രൂപയുടെ നോട്ടുകളായിരുന്നു. 2018 മുതല്‍ 2020 വരെ പരിശോധിച്ച് നശിപ്പിച്ചത് 17.75 കോടി 2000 രൂപ നോട്ടുകളാണ്. 2016 ലെയും 2020 ലെയും 2000 രൂപ നോട്ടുകളുടെ വാര്‍ഷിക റിപ്പോര്‍ട്ടിലെ കണക്കുകള്‍ പൊരുത്തപ്പെടുന്നില്ല.  45കോടി 2000 രൂപ നോട്ടുകളുടെ വ്യത്യാസം കാണുന്നു. 2016 മുതല്‍ 2000 രൂപയുടെ നോട്ടുകള്‍ മാറ്റമില്ലാതെ നമ്മുടെ കറന്‍സി സംവിധാനത്തില്‍ നിലനില്‍ക്കുന്നു. ബാങ്ക് നോട്ടുകളുടെ പ്രചാരദൈര്‍ഘ്യം ഒരുവര്‍ഷം മുതല്‍ രണ്ട് വര്‍ഷം വരെയെന്നാണ് നായിക് കമ്മിറ്റി കണ്ടെത്തിയിട്ടുള്ളത്. രണ്ട് വര്‍ഷംകൊണ്ട് പ്രചാരത്തിലുള്ളവ പിന്‍വലിച്ച് പുതിയ നോട്ടുകള്‍ പ്രചാരത്തിലിറക്കുന്നതിന് ഇന്നത്തെ നിലയില്‍ 5800 കോടി നോട്ടുകള്‍ (പ്രചാരത്തിലുള്ള ബാങ്ക് നോട്ടുകളുടെ പകുതി) എല്ലാ വര്‍ഷവും പ്രചാരത്തിലിറക്കുകയും അത്രയും നോട്ടുകള്‍ പിന്‍വലിച്ച് പരിശോധിച്ച് നശിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. എങ്കില്‍ മാത്രമേ  റിസര്‍വ്വ് ബാങ്കിന്‍റെ ക്ലീന്‍നോട്ട് നയം പുലര്‍ത്തുന്ന വൃത്തിയുള്ള ബാങ്ക് നോട്ടുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുകയുള്ളു. 2019-20 ല്‍ പ്രചാരത്തിലിറക്കിയത് 2239 കോടി നോട്ടുകള്‍ പിന്‍വലിച്ചത് 1465 കോടി നോട്ടുകള്‍ ആണ് എന്ന് വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.  

296695 കള്ളനോട്ടുകളാണ് 2019-20 ല്‍ കണ്ടുപിടിക്കപ്പെട്ടത്. അതില്‍ 17020 കള്ളനോട്ടുകള്‍ രണ്ടായിരം രൂപയുടെതും 30054 കള്ള നോട്ടുകള്‍ അഞ്ഞൂറ് രൂപയുടെയും 31969 കള്ളനോട്ടുകള്‍ ഇരുനൂറ് രൂപയുടെയും 168739 കള്ളനോട്ടുകള്‍ നൂറുരൂപയുടേതുമാണ്. ഇവയൊക്കെ 2016 ലെ നോട്ട് നിരോധനത്തിന് ശേഷം പുറത്തിറക്കിയിട്ടുള്ള ബാങ്ക് നോട്ടുകളാണ്. നോട്ടുനിരോധനം കറന്‍സി സംവിധാനത്തിലെ കള്ളനോട്ടുകള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്ത പരിപാടിയായിരുന്നില്ല എന്ന് ഇപ്പോള്‍ നിസംശയം പറയാം.  

ഇടപാടുകള്‍ക്ക് ഡിജിറ്റല്‍ സൗകര്യങ്ങള്‍ പരമാവധി ഉപയോഗിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന്‍റെയും റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യയുടെയും ആവര്‍ത്തിച്ചുള്ള ആഹ്വാനങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് കറന്‍സി ഇന്‍ സര്‍ക്കുലേഷനില്‍ രേഖപ്പെടുത്തുന്ന അഭൂതപൂര്‍വ്വമായ വര്‍ദ്ധനവ്. ആഗസ്റ്റ്മാസം 21-ാം തീയതി നമ്മുടെ കറന്‍സി സംവിധാനത്തിലെ കറന്‍സി ഇന്‍ സര്‍ക്കുലേഷന്‍ 26.92 ട്രില്ല്യണ്‍ കോടി രൂപയാണെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കറന്‍സി കണക്കുകള്‍ വ്യക്തമാക്കുന്നത്. വാര്‍ഷിക റിപ്പോര്‍ട്ടില്‍ കാണുന്ന കറന്‍സി മാനേജ്മെന്‍റ് അജണ്ട എല്ലാ വിഭാഗം ജീവനക്കാരുടെയും തൊഴില്‍ സുരക്ഷിതത്വത്തെയും സ്ഥാപനത്തിന്‍റെ നിലനില്‍പ്പിനെയും സാരമായി ബാധിക്കുന്നവയാണ്.

*

അഡ്വ ടി കെ തങ്കച്ചൻ

(ആള്‍ ഇന്ത്യാ റിസര്‍വ്വ് ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ അഡ്വൈസറാണ് ലേഖകന്‍)

‘YONO, അഥവാ യൂ ഒൺലി നീഡ് വൺ !’ ‌രാജപ്രീതി തന്നെ ആപിന്റെ ലക്ഷ്യം

 കൊച്ചി> തെറ്റിദ്ധരിക്കണ്ട. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കിൻ്റെ അധികം പഴക്കമല്ലാത്ത ഒരു ആപ്പിൻ്റെ ചുരുക്കപ്പേരാണ്, യോനോ. ''You only need one" അതാണ് പൂർണ രൂപം. ഇന്ന് രാജ്യത്താകെ ഒരു പൊതുവികാരം ഉയർത്തിക്കൊണ്ടുവരാൻ ചില ''ദേശസ്നേഹികളും '' ഇതേ രീതിയിലുള്ള മുദ്രാവാക്യം ഉയർത്തി വരുന്ന കാലമാണ്. ഒരിന്ത്യ ഒരു നികുതി, ഒരിന്ത്യ ഒരു നിയമം, ഒരിന്ത്യ ഒരു പാർട്ടി അങ്ങനെ അങ്ങനെ പലതും. ഇവിടെ അതിൻ്റെ ഒരു ചെറു മറുപതിപ്പ്. ഒരു ആപ്പിലൂടെ എല്ലാ സൗകര്യവും. എല്ലാം നല്ലതിനു തന്നെ. ഇടപാടുകാരെല്ലാം ആപ്പ് ഡൗൺലോഡുചെയ്തു. തുടക്കം അവരവരുടെതായ പിൻ അടിച്ചു കൊടുത്താണ് ആപ്പിലേക്കുള്ള പ്രവേശനം.

പൊതുമേഖലാ ബാങ്കിൻ്റെ ആപ്പാണ്. അത് കൊണ്ട് തന്നെ പൊതുവായ ജനകീയമായ സന്ദേശങ്ങൾ ആപ്പിലൂടെ കൈമാറുന്നത് സ്വാഭാവികം. തുടക്കത്തിൽ നല്ല സന്ദേശങ്ങളാണ് കൈമാറിയിരുന്നതാണ്. പ്രധാനമന്ത്രിയുടെ /മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ  നിധികളിലേക്കുള്ള സംഭാവന, ദുരന്ത സമയങ്ങളിലെ പ്രധാന കർത്തവ്യങ്ങൾ അങ്ങനെ പലതും. എന്നാൽ ഇപ്പോഴോ, വ്യത്യസ്ഥമായ ഒരു സന്ദേശമാണ് ആപ്പിലേറിയാൽ കാണാനാകുന്നത്. ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര സമിതിയുടെ അക്കൗണ്ടിലേക്ക് ശ്രീരാമജന്മഭൂമിയിൽ ക്ഷേത്രം നിർമ്മിക്കാൻ ഉദാരമായി സംഭാവന ചെയ്യാനാണ് പൊതുമേഖലാ ബാങ്കിൻ്റെ ആപ്പിലൂടെ പുറത്ത് വരുന്ന ആപ്തവാക്യം! "തർക്കഭൂമിയെ" സംബന്ധിച്ച് സുപ്രീം കോടതിയിൽ നടന്ന കേസിൽ കോടതിയുടെ അത്യസാധാരണമായ ഒരു ഇടപെടലിലൂടെ രൂപീകൃതമായ ഒരു ട്രസ്റ്റിന് സംഭാവന നൽകാൻ ഒരു സർക്കാർ ബാങ്ക് അവരുടെ ആപ്പിലൂടെ നിർദ്ദേശം നൽകുന്നത് തീർച്ചയായും ചർച്ച ചെയ്യപ്പെടേണ്ടതല്ലെ? ഇനി അതേ സുപ്രീംകോടതി അതേ വിധിയിൽ പറഞ്ഞ മസ്ജിദ് നിർമ്മാണ വേളയിലും ഈ പൊതുമേഖലാ ബാങ്ക് ഇതേ തരത്തിലുള്ള സംഭാവന ചോദിച്ച് സന്ദേശം പുറപ്പെടുവിക്കുമോ? അതോ ഈ കൊറോണക്കാലത്ത് നമ്മളാരുമറിയാതെ നമ്മുടെ ഭരണഘടനയിലൊക്കെ വേണ്ട മാറ്റങ്ങൾ വരുത്തിയോ? എന്തിനാണ് അതിലേക്കൊക്കെപ്പോകുന്നത് അല്ലെ? ഇതേ ട്രസ്റ്റിൻ്റെ ഇതേ അമ്പല നിർമ്മാണ ചടങ്ങിൽ സംബന്ധിച്ച് കല്ലിടൽ നിർവ്വഹിച്ചത് അതേ ഭരണഘടനയെ ചുംബിച്ച് അധികാരത്തിലെത്തിയ പ്രധാനമന്ത്രി ജി തന്നെയായിരുന്നില്ലേ? അല്ല, കല്ലിടൽ കർമ്മത്തെ സ്വാതന്ത്ര്യ സമര ഏടുകളോട് ചേർത്ത് കെട്ടുകയായിരുന്നല്ലൊ അദ്ദേഹം. നമ്മുടെ സംസ്കാരത്തിൻ്റെ ആധുനിക മുഖമെന്ന വിശേഷണം കൂടി ഈ 'സത്കർമ്മത്തിന്' വാഴ്ത്തി നല്കിയ പ്രധാനമന്ത്രിയുടെ നാട്ടിലല്ലെ? അപ്പോൾ ആപ്പിൻ്റെ ലക്ഷ്യവും രാജ പ്രീതി തന്നെ.

മേൽതട്ടിലെ രാജഭക്തി

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇപ്പോഴും സർക്കാർ ബാങ്ക് തന്നെ. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക്. ബാങ്ക് ദേശസാൽക്കരണത്തിനും വളരെ മുൻപ് സർക്കാർ അധീനതയിൽ വന്ന വമ്പൻ ബാങ്ക്. നിരവധി മഹത് വ്യക്തിത്വങ്ങൾ നേതൃത്വം കൊടുത്ത് വളർത്തി വലുതാക്കിയതാണ് ഈ വലിയ ബാങ്കിനെ. 2013 ഒക്ടോബർ 7 ന് SBl യുടെ ചെയർ പേഴ്സണായി ചുമതലയേറ്റ അരുന്ധതി ഭട്ടാചാര്യയെ ഓർക്കുന്നില്ലെ? മൂന്നു വർഷമാണ് പ്രസ്തുത തസ്തികയുടെ കാലാവധി. കാലാവധി തീരാറായ വേളയിലാണ് SBl യെ വീണ്ടും വലുതാക്കാൻ ഭരണാധികാരികൾ ചില പുതിയ ലയന പദ്ധതി പ്രഖ്യാപിച്ചത്. സംഘടനകളെല്ലാം എതിർത്ത് സമരം പ്രഖ്യാപിച്ചു. പതിവുപോലെ മുഖ്യ സംഘടനാ തലവൻ ധനമന്ത്രിയെക്കണ്ട് SBl യെ വിട്ട് മറ്റ് സബ്സിഡറികളെ ലയിപ്പിച്ച് തൻ്റെ സംഘടനയെ കാപ്പാക്കണമെന്ന് അപേക്ഷിച്ചു. ധനമന്ത്രി ഒന്നിരുത്തി ഓ.കെ. മൂളിയതും, സബ്സിഡറി ലയനത്തിന് യൂണിയൻ ചീഫ് ഡബിൾ ഓ കെ പറഞ്ഞ് കത്ത് നൽകി. യൂണിയമുഖ്യൻ്റെ ലയനാംഗീകാര കത്ത് കിട്ടിയ ധനമന്ത്രി ഊറിച്ചിരിച്ചതും യഥാർത്ഥ ലയനം വേഗതയിലാക്കിയതും ഒക്കെ ചരിത്രം.

ഇതിനിടെ ചെയർപേഴ്സൺ അരുന്ധതി ഒരു പണി ചെയ്തു. പത്രക്കാരെ കണ്ട് ഒരു പ്രസ്താവന കാച്ചി. സബ്സിഡറി ബാങ്കുകളുടെ എസ്.ബി.ഐ. ലയനംകൊണ്ട് ഒരു പ്രയോജനവുമുണ്ടാവുകയില്ലെന്നായിരുന്നു കാച്ച്. സംഗതി കാറ്റ് പിടിച്ചു. ചെയർപേഴ്സണെ ധനമന്ത്രി പരിവാര സമേതമെത്തി യാഥാർത്ഥ്യം ബോധ്യപ്പെടുത്തിയത്രെ. കൃത്യം രണ്ടാഴ്ച ചെയർപേഴ്സൺ മലക്കം മറിഞ്ഞു. ലയനം നടന്നു, എസ്.ബി.ഐ.വലിയ ബാങ്കായി.ദോഷം പറയരുതല്ലൊ? ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ, അത് കിട്ടി. 2016 ഒക്ടോബർ 6ന് കാലാവധിയാകേണ്ട ചെയർപേഴ്സൺ സ്ഥാനം 2017 ഒക്ടോബർ 6 വരെ നീട്ടി. അവിടെയും നിന്നില്ല. അത് കഴിഞ്ഞുള്ള കാര്യവും ഭദ്രമാക്കണ്ടെ. പിന്നെ പലതും വേഗതയിൽ നടന്നു. മണ്ണും വിണ്ണും സമുദ്രവും എല്ലാമെല്ലാം വീതം വച്ച് കൈക്കലാക്കുന്ന രാജ്യത്തെ മുതലാളിമാരിൽ വമ്പൻ, അംബാനി മുതലാളിയുടെ ജിയോ പേയ്മെൻ്റ് ബാങ്കിൽ 30% ഓഹരി കൂടി എടുക്കണമെന്ന കേന്ദ്ര ഭരണാധികാരികളുടെ നിർദ്ദേശവും ശിരസാവഹിക്കപ്പെട്ടു. പണ്ടത്തെ ഒരു കവി വാചകമുണ്ടല്ലൊ "വാർദ്ധക്യമെന്നൊരുവൻ കടലുണ്ട് മുന്നിലെന്ന്.'' അതായിരുന്നു മനസ്സിൽ. അത് ശരിയായി. ഏറ്റവും വലിയ പൊതു മേഖലാ ബാങ്കിൻ്റെ ഏറ്റവും ഉയർന്ന സ്ഥാനത്തു നിന്ന് താഴെ ഇറങ്ങിയതും കിട്ടി പുതിയ സ്ഥാനം. ലോകത്തെ തന്നെ ഏറ്റവും വലിയ മുതലാളിയുടെ, റിലയൻസ് ഇൻസസ്ട്രീസിൽ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറായി ശ്രീമതി ഭട്ടാചാര്യ നിയോഗിക്കപ്പെട്ടു.

രാജ പാതയിൽ രജനീഷ് കുമാറും

SBl യിലെ ഇപ്പോഴത്തെ മേധാവി, ശ്രീ.രജനീഷ് കുമാർ. 2017 ഒക്ടോബർ 7 നാണ് ചുമതലയേറ്റത്. പ്രായം അറുപതിന് തൊട്ടടുത്തെത്തിയപ്പോഴാണ് പുതിയ പതവിയിലേക്കുള്ള സ്ഥാനാരോഹണം. ഇനി കഷ്ടി രണ്ട് മാസക്കാലാവധി കൂടിയേ ബാക്കിയുള്ളു. അത് കൊണ്ട് തന്നെ ഉടനെ ഉടയവരുടെ ഇഷ്ട പുസ്തകത്തിലിടം നേടണം. അതിനെന്തു വഴി? അതായിരുന്നു ചിന്ത. അതുകൊണ്ട് ആദ്യം ഒരു പ്രസ്താവന ഇറക്കി.മറ്റൊന്നുമല്ല, ബാങ്കിടപാടുകളിൽ 9% മാത്രമാണ് ഇപ്പോൾ ശാഖകളിലൂടെ നേരിട്ട് നടക്കുന്നുള്ളൂ, ബാക്കി 91% വും ഡിജിറ്റൽ ഇടപാടുകളെന്ന്. ഡിജിറ്റലിനായി ജനങ്ങളുടെ കൈയിലിരുന്ന കറൻസി പോലും ഒറ്റയടിക്ക് പീറ പേപ്പറാക്കി മാറ്റിയവരാണല്ലൊ ഭരണക്കാർ. അവർക്ക് ഒരാവേശമുണ്ടാക്കാനായിരുന്നു തട്ട്.

മറ്റൊന്ന് നോൺ ബാങ്കിംഗ് ഫിനാൻസ് സ്ഥാപനങ്ങളെയും തൻ്റെ മുൻഗാമിയുടെ ഇപ്പോഴത്തെ മേലാളൻമാരെയും അവരുടെയൊക്കെ ചെറു ബാങ്കുകളെയും പ്രോൽസാഹിപ്പിക്കുക, അതൊക്കെയായിരുന്നു ലക്ഷ്യം. സംഗതി എത്തേണ്ടിടത്തൊക്കെ വേണ്ട രീതിയിലെത്തി. എന്നിട്ടും എന്തോ ഒരു കുറവ്. ഉടനെ കൊടുത്തു അടുത്ത തട്ട് .പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവൽക്കരിച്ചാലും സമ്പദ് മേഖലക്ക് ഒരു കുഴപ്പവും വരില്ല പോലും. മാത്രമല്ല സമ്പദ് മേഖലക്ക് അത് ഒരു പുത്തനുർവേകുകയേയുള്ളൂ പോലും. 1980 ൽ SBl എന്ന പൊതുമേഖലാ ബാങ്കിൽ ഔദ്യോഗിക ജീവിതം തുടങ്ങി,പൊതു മേഖലയുടെ തണലിൽ വളർന്നു വലുതായി, ഇപ്പോഴും പൊതുമേഖലയുടെ എല്ലാ സൗകര്യവും പറ്റി പിരിഞ്ഞു പോകാറായപ്പോൾ, പൊതുമേഖലയല്ല പോലും നല്ലത്. യജമാനൻമാരുടെ കാലു നക്കിയാൽ മുഖ്യമന്ത്രി പദം പോലും കിട്ടുമെന്ന കാലമാണ്. നോട്ടമതാണെന്ന് വ്യക്തമായ സ്ഥിതിക്ക് ഉടനെതന്നെ ദേശ സ്നേഹം ഒന്നുകൂടി വ്യക്തമാക്കി ഇരിക്കുന്ന കസേര വിട്ടൊഴിയുന്നതല്ലെ ചെയർമാനേ നല്ലത്. അതല്ല രണ്ട് മാസത്തിനിടക്ക് ജിയോ മുതലാളിക്ക് ബാങ്കിനെ തന്നെ കൈമാറാനാണോ അണിയറയിലെ ശ്രമമെന്നതും പറയുക വയ്യ.

രാമക്ഷേത്രത്തിനായി നിലകൊള്ളുന്ന യോനോ ആപ്പ് ഇപ്പം കൈകാര്യം ചെയ്യുന്നത് ജിയോ മുതലാളിയാണെന്നാണ് സംസാരം. തെളിമയാർന്ന വാർത്തകൾ മാത്രം കൈകാര്യം ചെയ്യുന്ന നമ്മുടെ മാധ്യമ മുതലാളിമാരാരും സാധാരണക്കാരൻ്റെ ജീവിത സമ്പാദ്യം കുത്തിച്ചോർത്തിക്കൊണ്ടു പോകുന്നതിന് തയ്യാറെടുത്ത് നിൽക്കുന്ന സംഭവങ്ങളോ അതിന് ചൂട്ടു പിടിക്കുന്ന രജനീഷുമാരുടെ ചെയ്തികളോ ഭരണഘടനക്കു പോലും ആപ്പുവക്കുന്ന യോനോ ആപ്പുകളെയോ കുറിച്ച് ഒന്നും തന്നെ മിണ്ടുന്നില്ല എന്നതും ശ്രദ്ധേയമാണ്.

*

എസ് എസ് അനിൽ

(ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറിയാണ് ലേഖകൻ)


Saturday, July 25, 2020

ബാങ്ക് വേതനം: ധാരണാപത്രവും കുറെ ധാരണാപിശകുകളും


ബാങ്ക് ജീവനക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പതിനൊന്നാം കരാർ ധാരണാപത്രം ഒപ്പിട്ടു. ബി.ഇ.എഫ്.ഐ. പ്രസ്തുത ധാരണാപത്രത്തിൽ കൈയൊപ്പു ചാർത്തിയില്ല. അതിന് കാരണമെന്തെന്ന് വളരെ വ്യക്തമായി സംഘനയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറി സർക്കുലറും ഇറക്കിയിട്ടുണ്ട്. ഇന്നത്തെ സാഹചര്യത്തിലെ വൻ നേട്ടമെന്നൊക്കെ പലരും പറയുന്നുണ്ട്, ആഘോഷങ്ങളും നടക്കുന്നുണ്ട്. അവരവർക്ക് അവരവരുടേതായ ന്യായാന്യായങ്ങൾ ഉന്നയിക്കാനുള്ള അവകാശം, അത്രമാത്രം. ചില നാഥനില്ലാ വിമർശനങ്ങളും പരാമർശങ്ങളും കറങ്ങുന്നുണ്ട്. നാഥനില്ലാത്തവർക്ക് എന്തും എവിടെയും പറഞ്ഞു നടക്കാൻ സ്വാതന്ത്ര്യമുണ്ടല്ലൊ? അത് അതേ അവജ്ഞയോടെ തള്ളിക്കളഞ്ഞാൽ മതി.

ധാരണാപത്രത്തിൽ പെൻഷനെ സംബന്ധിച്ച് എഴുതിച്ചേർത്ത ഒരു വകുപ്പും എഴുതിച്ചേർക്കാത്ത ഒരു വകുപ്പും ഔദ്യോഗികമായി തന്നെ പല സംഘടനകളും പ്രചരിപ്പിക്കുന്നുണ്ട്. ധാരണാപത്രത്തിലെ 7-ാം വകുപ്പ് - NPS ലെ ബാങ്കുടമകളുടെ വിഹിതം കരാർ തീയ്യതി മുതൽ 14%, കേന്ദ്ര സർക്കാർ അനുമതിയോടെ ആക്കും. വാക്കാൽ ഉറപ്പ് കിട്ടിയെന്ന് ചിലർ പറയുന്ന, ''ധാരണാപത്രത്തിലില്ലാത്ത വകുപ്പ് '' - ഫാമിലി പെൻഷനിൽ  പരിധിയില്ലാത്ത 30% വർദ്ധനവ്.

ഇത് രണ്ടും മാത്രം ഒന്നു പരിശോധിക്കുക. ഒന്ന് പുതു തലമുറയെ ബാധിക്കുന്നതാണ്. ഇന്ന് ബാങ്കുകളിൽ ഭൂരിപക്ഷവും പുതു തലമുറയിൽ പെട്ടവർ. അവരാകട്ടെ ബാങ്കു ജീവനക്കാരുടെ ഇന്നത്തെ ശംബളഘടനയെക്കുറിച്ച് കൃത്യമായ ബോധ്യമുള്ളവർ, ന്യായമായ ഒരു ശംബള വർദ്ധന ഏറെ പ്രതീക്ഷിച്ചിരുന്നവർ. അവരുടെ പെൻഷൻ വിഹിതത്തിലേക്കുള്ള ബാങ്കുടമകളുടെ വിഹിതമാണ് സംഘടനകൾ 'ശക്തമായ' സമ്മർദ്ദം ചെലുത്തി 14% ആക്കി ഉയർത്തിയത്. ഇനി ബാങ്കിംഗ് മേഖലയിലെ NPS കരാറിലെ വാചകങ്ങൾ ശ്രദ്ധിക്കുക.

"The scheme is one as governed by the provisions of New Pension Scheme which is already in vogue for the employees of Central Government and as modified from time to time."
കേന്ദ്ര സർക്കാർ ജീവനക്കാർക്ക് കാലാകാലങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾക്ക് വിധേയമായ പുതിയ പെൻഷൻ പദ്ധതി എന്ന് മലയാളം. ഇനി കേന്ദ്ര സർക്കാരിൻ്റെ ധനകാര്യ വകുപ്പ്, NPS ഉമായി ബന്ധപ്പെട്ട് അടുത്തിടെ പുറത്തിറക്കിയ ഉത്തരവിലെ വരികൾ ശ്രദ്ധിക്കുക.

"NPS is mandatorily applicable on Central Government employees (except Armed Forces) recruited on or after 01.01.2004. Subsequently, all State Governments excluding West Bengal have also adopted NPS for their employees. Govt. employees make a monthly contribution at the rate of 10% of their salary and a matching contribution is paid by the Govt.. For central Govt. employees, the employer’s contribution rate has been enhanced to 14% w.e.f. 01.04.2019.'' കേന്ദ്ര സർക്കാർ വിഹിതം 2019 ഏപ്രിൽ ഒന്നു മുതൽ 14% ആക്കിയെന്ന് വ്യക്തം.

അപ്പോൾ പിന്നെ ഇത് ധാരണാപത്രത്തിൻ്റെ ഭാഗമാക്കി പുതു ജീവനക്കാർക്ക് നേട്ടമെന്ന് കൊട്ടിഘോഷിക്കുന്നതെന്തിന്?.

നോക്കണം ധാരണാപത്ര പ്രകാരം 14% മായി വർദ്ധിപ്പിക്കുന്നത്  "from prospective date of signing the settlement" എന്നാണ്. അതായത് കരാർ ഒപ്പിടുന്ന തീയ്യതി മുതൽ മാത്രം. ചുരുക്കത്തിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 2019 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വന്ന, ബാങ്ക് ജീവനക്കാർക്ക് ഉറപ്പായും ലഭിക്കേണ്ടിയിരുന്ന ഒരു ആനുകുല്യം, ഉറപ്പല്ലാത്ത ഒരു തീയ്യതിയിൽ ഉറപ്പിക്കുമെന്നത് ഉറപ്പായ നേട്ടമായി ചിത്രീകരിക്കുക. നിയമപരമായി ഇത് നേടുവാനാകുമോ എന്നത് പരിശോധിക്കേണ്ടതാണ്. (പിന്നെ, ഇതെല്ലാം കുത്തക മുതലാളിമാരുടെ ഓഹരിച്ചന്തയിലേക്കാണല്ലൊ പോകേണ്ടിയിരുന്നത് എന്നത് മാത്രമാണ് ഒരു ആശ്വാസം.) ഇനി മറ്റൊന്നുകൂടി. ബാങ്കുകളുടെ വിഹിതം 14% ആകുന്നത് കരാറിലൂടെയാകുമ്പോൾ ലഭിക്കേണ്ട 15% വർദ്ധനവിൽ ഒരു വിഹിതം അതിനായി മാറ്റി വക്കാനുള്ള സാധ്യതയും ഉണ്ട്. അതിനാൽ ഒപ്പിട്ട സംഘടനയിലെ ചിന്തിക്കുന്ന ചെറുപ്പക്കാരും മറ്റുള്ളവരും ഒപ്പിട്ടവരോടുള്ള നന്ദിയും കടപ്പാടും പുലർത്തുന്നതോടൊപ്പം ജാഗ്രത പാലിക്കുക കൂടി വേണം.

ഇനി പെൻഷൻ പറ്റിയവരുടെ, അവരുടെ കുടുംബാംഗങ്ങളുടെ പെൻഷൻ. അതിന് പ്രത്യേകമായ ഒരു ഉറപ്പുമില്ല. അത് കൊണ്ട് തന്നെ അത് വാക്കാൽ ഉറപ്പ്. UFBU സർക്കുലർ ശ്രദ്ധിച്ചില്ലേ?.

''On conclusion and signing of the MoU, the Chairman of IBA and SBI, Shri Rajnish Kumar came in the meeting room and participated in the discussions. During his address to all the participants, he informed that IBA agrees in principle to improve Family Pension to uniform rate of 30% for all family pensioners without any ceiling and the existing ceilings of family pension will be removed.  Necessary approval of the Government would be obtained.''

ഓൺലൈൻ മീറ്റിംഗെല്ലാം കഴിഞ്ഞപ്പോൾ IBA ചെയർമാൻ ചർച്ചാ മുറിയിൽ കയറി വന്ന് ഒരു ഉറപ്പ് കൊടുത്തത്രെ. (പണ്ട് ഒപ്പിടുന്നതിന് മുൻപ് രാത്രി കാലത്തായിരുന്നു ചെയർമാനെക്കാണാൻ ചിലർ പോയിരുന്നത്.) ഏതായാലും അത് ഒരു ഒന്ന് ഒന്നര ഉറപ്പായി ഉയർത്തിക്കാണിക്കുന്നതിൻ്റെ യുക്തിയെക്കുറിച്ചും ബാങ്ക് ജീവനക്കാർ ചിന്തിക്കണം.

നൽകുമെന്ന് ഉറപ്പുള്ള ആവശ്യങ്ങൾ ചോദിക്കുകയും ചോദിച്ചത് നേടിയെന്ന് അവകാശപ്പെടുകയുമല്ല വേണ്ടത്, മറിച്ച് തൊഴിലാളികളുടെ ന്യായമായ അവകാശങ്ങൾ ചോദിച്ചു വാങ്ങുക, അതായിരിക്കണം ഒരു തൊഴിലാളി സംഘടനയുടെ കടമ. ഇതിനെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണ് ബാങ്കു ജീവനക്കാർ.

*
എസ്‌ എസ്‌ അനിൽ
ബിഇഎഫ്ഐ ജനറൽ സെക്രട്ടറി ആണ്‌ ലേഖകൻ

Friday, July 24, 2020

ദേശസാൽക്കരണത്തിൽ നിന്നുള്ള പിൻനടത്തം

പതിനാല്‌ പ്രമുഖ സ്വകാര്യ ബാങ്കിനെ 1969 ൽ ദേശസാൽക്കരിച്ച നടപടി സാമ്പത്തികരംഗത്തു മാത്രമല്ല, രാഷ്ട്രീയരംഗത്തും അനുരണനങ്ങളുണ്ടാക്കി. 1955ലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പിറവി, 1959 ലെ അസോസിയറ്റ് ബാങ്കുകളുടെ രൂപീകരണം, 1980ലെ രണ്ടാമത് ബാങ്ക് ദേശസാൽക്കരണം എന്നിവയും ബാങ്ക് സേവനങ്ങളുടെ ജനകീയത വർധിപ്പിക്കാൻ കാരണമായിട്ടുണ്ട്‌. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ സന്ദേശം ഉൾക്കൊണ്ട്, ആഭ്യന്തര മൂലധനസമാഹരണത്തിലൂടെ രാഷ്‌ട്ര നിർമാണപ്രക്രിയ സാധ്യമാക്കുകയായിരുന്നു ലക്ഷ്യം. രാഷ്‌ട്രീയ സ്വാതന്ത്ര്യം അർഥപൂർണമാകാൻ സാമ്പത്തിക സ്വാതന്ത്ര്യം മുന്നുപാധിയാണെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് പ്രൊഫ. പ്രഭാത് പട്നായിക്ക് ഇത്തരം പ്രവൃത്തികളെ സാമൂഹ്യ കരാറായി വിലയിരുത്തിയത്.

പണവിനിമയ കാര്യങ്ങളിൽ ഇടനിലക്കാരാകുകയെന്നതാണ് ബാങ്കുകളുടെ മൗലികമായ പ്രവർത്തനം. നിഷ്ക്രിയമായ പണത്തെ കർമനിരതമാക്കുന്ന സവിശേഷ സിദ്ധിയാണ് ബാങ്കുകൾക്കുള്ളത്.  ബാങ്ക്‌ ദേശസാൽക്കരണ സമയത്ത്, 1969ൽ, ഇന്ത്യയിൽ 8261 ബാങ്ക്‌ ശാഖയാണുണ്ടായിരുന്നത്. അഞ്ച്‌ പതിറ്റാണ്ട്‌ പിന്നിടുമ്പോൾ ബാങ്ക് ഓഫീസുകളുടെ എണ്ണം ഒന്നരലക്ഷം കവിഞ്ഞു. അന്ന് 65000 പേർക്ക് ഒരു ബാങ്കുശാഖയാണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ 9000 പേർക്ക് ഒരു ബാങ്ക്  ശാഖയുണ്ട്. ദേശസാൽക്കരണത്തെ തുടർന്നാണ് ബാങ്കുകളിൽ സമാഹരിക്കപ്പെടുന്ന അമൂല്യസമ്പത്ത്  സാധാരണക്കാർക്കും ദുർബല ജനവിഭാഗക്കാർക്കും പ്രാപ്യമാകാൻ തുടങ്ങിയത്. കൃഷി, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങൾ, കരകൗശല നിർമാണം എന്നിങ്ങനെ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് ഒരു നേരിയ പ്രതീക്ഷ നൽകാൻ  ദേശസാൽക്കരണത്തിന് കഴിഞ്ഞു.

1990കൾക്കുശേഷം സംഗതികളാകെ കീഴ്‌മേൽ മറിഞ്ഞു.  അതുവരെ പറഞ്ഞതെല്ലാം നേർവിപരീത ദിശയിൽ സിദ്ധാന്തിക്കാൻ തുടങ്ങി. കേന്ദ്ര സർക്കാർ നയംമാറ്റംമൂലം ബാങ്കുകളും പിൻനടത്തമാരംഭിച്ചു. 1990നുശേഷം ഒറ്റ സ്വകാര്യ ബാങ്കിനെയും ദേശസാൽക്കരിച്ചില്ല. പുതുതായി തുടങ്ങിയവയെല്ലാം സ്വകാര്യ ബാങ്കുകളാണ്. അതുകൂടാതെ, പൊതുമേഖലാ ബാങ്കുകൾക്കകത്തുതന്നെ സ്വകാര്യ -വിദേശ മൂലധന സ്വാധീനം ഉറപ്പാക്കുന്ന അജൻഡകൾക്ക്  കേന്ദ്ര സർക്കാർ അംഗീകാരവും നൽകി. തന്മൂലം, പുറമേക്ക് പൊതുമേഖലാ ബാങ്കെന്ന് മുദ്ര ചാർത്തുമ്പോഴും, ആന്തരിക ഘടനയിലെ സ്വകാര്യപങ്കാളിത്തംമൂലം, പ്രവൃത്തികളിൽ ജനവിരുദ്ധതയും ലാഭാർത്തിയും പ്രതിഫലിക്കാറുണ്ട്. മിനിമം ബാലൻസ് കാർക്കശ്യവും നിർദയമായ സർവീസ് ചാർജുകളുംമൂലം സാധാരണക്കാരെ ആട്ടിയോടിച്ചത് ഇക്കാരണത്താലാണ്.

ബാങ്കിങ്‌  രംഗത്തെ കടിഞ്ഞാൺ ആർക്ക്‌

1991ലെ ബാങ്കിങ് ബിസിനസിൽ സ്വകാര്യ ബാങ്കുകളുടെ വിഹിതം കേവലം 3.5 ശതമാനമായിരുന്നു. എന്നാൽ, മൂന്ന്‌ പതിറ്റാണ്ടത്തെ ധനമേഖലാ പരിഷ്‌കാരങ്ങൾ പിന്നിട്ടപ്പോൾ പൊതുമേഖലാ ബാങ്ക് ബിസിനസ് വിഹിതം 65 ശതമാനമായി ഇടിഞ്ഞു. ഈ ബാങ്കുകളിലടങ്ങിയിരിക്കുന്ന സ്വകാര്യ മൂലധന സ്വാധീനംകൂടി പരിഗണിക്കുമ്പോൾ, രാജ്യത്തെ ബാങ്കിങ്‌ വ്യവസ്ഥയുടെ കടിഞ്ഞാൺ ഇക്കാലയളവിൽ നിക്ഷിപ്ത താൽപ്പര്യക്കാർ കൈവശപ്പെടുത്തിയതായി കാണാം. 28 ദേശസാൽകൃത ബാങ്കുകളുടെ എണ്ണം 12 എണ്ണമായി കുറഞ്ഞു. തന്ത്രപ്രധാന മേഖലകളിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം നാലായി ചുരുക്കുമെന്ന കേന്ദ്ര സർക്കാർ തീരുമാനം നടപ്പാക്കുന്നതോടെ പൊതുമേഖലാ ബാങ്കിങ്‌ രംഗം വീണ്ടും ക്ഷയിക്കും. 2014 മുതലാകട്ടെ ബാങ്ക് സ്വകാര്യവൽക്കരണ നീക്കത്തിന്റെ ഗതിവേഗം ഏറെ വർധിച്ചു. ഈ ഭരണാധികാരികളാകട്ടെ, ബാങ്കുദേശസാൽക്കരണത്തെ തുടക്കംമുതലേ എതിർത്തുപോന്നവരാണ്. അവർ തുടർന്നുവന്ന വികലനയങ്ങൾമൂലം 2015-–-16 മുതൽ ഇന്ത്യൻ ബാങ്കിങ് സംവിധാനം തുടർച്ചയായി നഷ്ടത്തിലേക്ക് നീങ്ങുകയുണ്ടായി. ടെലികോം രംഗത്ത് ബിഎസ്എൻഎൽ സ്ഥാപനത്തിന് സംഭവിച്ച അതേ ദുർഗതിയാണ് സർക്കാർനയംമൂലം പൊതുമേഖലാ ബാങ്കുകളെയും കാത്തിരിക്കുന്നത്.

ഒറ്റ ദിവസംകൊണ്ടോ ഏതെങ്കിലും ഒരു സംഭവംകൊണ്ടോ ഉണ്ടായതല്ല, ബാങ്കിങ്‌ മേഖലയുടെ ഇന്നു കാണുന്ന രൂപപരിണാമം.ദേശസാൽക്കരണം മുതലുള്ള രണ്ടു പതിറ്റാണ്ടുകൊണ്ട് ബാങ്കിങ്‌ വ്യവസ്ഥ കൈവരിച്ച അനന്യവളർച്ചയുടെ നേട്ടങ്ങളും ഗുണങ്ങളും സമ്പന്നർക്ക് കൈമാറാനുള്ള നീക്കങ്ങളാണ് നവലിബറൽ നയങ്ങളിലൂടെ അനുക്രമമായി നടപ്പാക്കിയത്.  ബാങ്ക്‌ വായ്‌പയെന്നത് സമ്പദ്‌വ്യവസ്ഥയുടെ ഉണർവ് സാധ്യമാക്കുന്ന ഒരു ഉത്തേജകവസ്തുവാണ്.  ബാങ്ക് വായ്‌പയുടെ ഗണ്യമായ തുകയും ഇപ്പോൾ നീക്കിവയ്‌ക്കുന്നത് വൻകിട പദ്ധതികൾക്കും അതി സമ്പന്നർക്കുമാണ്. ആകെ ബാങ്ക് വായ്‌പയുടെ പകുതിയിലധികം തുക 500 കോടി രൂപയ്‌ക്കു മുകളിൽ വായ്‌പയെടുക്കുന്നവർക്കാണ് നൽകിയിട്ടുള്ളത്. തന്മൂലം അത്തരക്കാർക്ക് വൻതോതിൽ ഉത്തേജനം ലഭിക്കുകയുണ്ടായി. ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ അഭൂതപൂർവമായ വർധനയുണ്ടാകുന്നത് ഈ പശ്ചാത്തലത്തിലാണ്.  വൻകിട വായ്‌പകളെല്ലാം കിട്ടാക്കടമാകുകയും ബാങ്കുകളാകെ നഷ്ടത്തിലാകുകയും ചെയ്‌തു. ബാങ്കുകളിലെ ചെറുകിട വായ്‌പകൾ നാമമാത്രമായി ചുരുങ്ങി. ബാങ്കുകളുടെ റോൾ മോഡലായി വർത്തിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ സംഭവവികാസങ്ങളാണ് ഉത്തമദൃഷ്ടാന്തം. ആ ബാങ്കിന്റെ പുറം കരാർ ജോലികളെല്ലാം നിർവഹിച്ചുവരുന്നത് റിലയൻസ് കമ്പനിയാണ്.  വളരെ ചെറിയൊരു ബാങ്കിങ്‌ സ്ഥാപനമായ ജിയോ പേമെന്റ്‌ ബാങ്കിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 30 ശതമാനം ഓഹരിയെടുത്തത് സ്വാഭാവികമോ നിഷ്‌കളങ്കമോ അല്ല.  അനുകൂല സാഹചര്യം വരുമ്പോൾ ഈ കൂറ്റൻ ബാങ്കിനെ വിഴുങ്ങുകയെന്നതാണ് റിലയൻസ് ലക്ഷ്യം. ഇപ്പോഴാകട്ടെ സാമ്പത്തിക ഉൾച്ചേർക്കലിനും മാർക്കറ്റിങ്ങിനുമായി പുതിയൊരു സംവിധാനം നിലവിൽ വന്നുകഴിഞ്ഞു.  ശാഖകളെ ഗ്രാമീണമേഖലയിൽനിന്ന് പിന്മാറ്റി, ക്രമേണ ശാഖകൾ വേണ്ടെന്നുവയ്ക്കാനും ജീവനക്കാരെ വെട്ടിക്കുറച്ച് പുറംകരാർ സംവിധാനം വ്യാപിപ്പിക്കാനുമാണ് നീക്കം. രാജ്യം അനുഭവിക്കുന്ന കമ്പോള മാന്ദ്യത്തിന്റെയും സാധാരണക്കാരുടെ വാങ്ങൽശേഷി ഇല്ലാതായതിന്റെയും മുഖ്യ കാരണം ബാങ്കുകളുടെ  വായ്‌പാനയത്തിൽ ചെറുകിട വായ്‌പകളുടെ അളവ് ഗണ്യമായി കുറഞ്ഞതാണ്.

ബാങ്ക് നിക്ഷേപം അനാകർഷകമാക്കിയതിന്റെ പ്രത്യാഘാതം ബഹുമുഖമാണ്. 14 ശതമാനംവരെ നിക്ഷേപ പലിശ നൽകിയിരുന്ന കാലത്തും നല്ല ലാഭത്തിലാണ് പ്രവർത്തിച്ചുവന്നത്. വിദേശ ഇന്ത്യക്കാരുടെ നിക്ഷേപത്തിന് 18-–-20ശതമാനം പലിശപോലും നൽകിയിട്ടുണ്ട്. ഈ വരുമാനം ഉപയോഗിച്ച് ജീവിതവൃത്തി കണ്ടെത്തിയിരുന്ന ജനവിഭാഗങ്ങൾ വേണ്ടുവോളമുണ്ട്‌.  എന്നാൽ, ബാങ്കു നിക്ഷേപ പലിശ ഇന്ന് അഞ്ച്‌ ശതമാനത്തിൽ എത്തിയിരിക്കുകയാണ്. ബാങ്കു നിക്ഷേപത്തെ ഫലപ്രദ വായ്‌പകളായി വിന്യസിക്കുന്നതിനുപകരം അവയെ  ഓഹരി കമ്പോളത്തിലേക്ക് തിരിച്ചുവിടുന്ന ലക്ഷ്യമാണ് പലിശ കുറച്ചതിലൂടെ യാഥാർഥ്യമാക്കിയത്. ബാങ്കുനിക്ഷേപത്തെ മൂന്നാംകിട ഇൻഷുറൻസ് കമ്പനികളുടെ ഉൽപ്പന്നങ്ങളിലേക്ക് കൈമാറുന്ന പ്രവൃത്തികൾ ബാങ്കു ശാഖകളിൽ പ്രബലമാണിന്ന്. എല്ലാവിധ ബാങ്കിങ് നൈതികതയും ബലികഴിച്ചാണ് നല്ല ബാലൻസുള്ള അക്കൗണ്ട് ഉടമകളുടെ വിശദാംശങ്ങൾ ഇൻഷുറൻസ് വിൽപ്പന ഏജന്റുമാർക്ക് കൈമാറിക്കൊണ്ടിരിക്കുന്നത്. മുപ്പത്‌ വെള്ളികാശ് കമീഷൻ കിട്ടുന്നതിനുവേണ്ടിയാണ് ബാങ്കധികാരികളുടെ സമ്മതത്തോടെ ഈ അധാർമിക പ്രവൃത്തി ശാഖകളിൽ നടന്നുവരുന്നത്.

സ്വകാര്യ ബാങ്കുകളുടെ കടന്നുകയറ്റം

സ്വകാര്യ മേഖലയിൽ ചെറുകിട ബാങ്കുകളുടെ കടന്നുകയറ്റം ശ്രദ്ധേയമാണ്.  2017ൽ ഇത്തരം 414 ബാങ്ക്‌ ശാഖയുണ്ടായിരുന്നെങ്കിൽ, 2020 ആയപ്പോൾ അവയുടെ എണ്ണം 4454 ആയി ഉയർന്നു. ഇത്തരം ചെറുകിട ബാങ്കുകളുടെ വർധിത സാന്നിധ്യം നിലവിലുള്ള പൊതുമേഖലാ ബാങ്കിങ് സംവിധാനത്തെ ദുർബലപ്പെടുത്താൻ പര്യാപ്തമാണ്. ബാങ്കുകളിലെ ജീവനക്കാരുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് സാധാരണക്കാർക്ക് നൽകുന്ന സേവനത്തെ വെട്ടിക്കുറയ്‌ക്കാൻ ഇടയാക്കുന്നുണ്ട്‌.  സ്വീപ്പർ നിയമനങ്ങൾ നിർത്തിവച്ചു. പ്യൂൺ  റിട്ടയറായാൽ പകരം സ്ഥിരംനിയമനം നടത്തില്ല. ക്ലർക്കുമാരുടെ എണ്ണം കഴിയുന്നത്ര കുറച്ചുകൊണ്ടുവരുന്നു. എന്നാൽ, ചാട്ടവാറേന്തിയ ഉന്നത ഉദ്യോഗസ്ഥരുടെ എണ്ണം നാൾക്കുനാൾ കൂടിവരികയാണ്. ബാങ്ക് സേവനം സമ്പന്നരിലെ വിശിഷ്ട വിഭാഗത്തിനായി പരിമിതപ്പെടുത്തി, ലാഭകരമല്ലാത്ത ഇടപാടുകാരെ ഒഴിവാക്കുന്നതാണ് പുതിയ തന്ത്രം.  ജനങ്ങളോട് ചേർന്നുനിൽക്കുന്ന സഹകരണമേഖലയെയും ഗ്രാമീണ ബാങ്കുകളെയും ക്ലാസ് ബാങ്കിങ്ങിലേക്ക് ആനയിക്കാനായി നിയമനിർമാണംപോലും നടന്നുവരികയാണ്.

ബാങ്കുകൾ നാടിന്റെ അക്ഷയപാത്രമാണ്, ഖജനാവാണ്. അവയുടെ നിയന്ത്രണാധികാരം സ്വകാര്യ കുത്തകകൾക്കാകുമ്പോൾ സമ്പന്നരാണ്  തടിച്ചുകൊഴുക്കുക. ബാങ്കു നിക്ഷേപത്തെ പൊതു നന്മയ്ക്കായി വിനിയോഗിക്കുന്നതിനുപകരം സങ്കുചിത താൽപ്പര്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്ന രീതി വരും.  നിക്ഷേപ സുരക്ഷപോലും അപകടപ്പെടും. ഭരണാധികാരികളുടെ അനുഗ്രഹാശിസുകളോടെ അരങ്ങേറുന്ന കോർപറേറ്റ് കൊള്ള അസഹനീയമാണ്.  ഇന്ത്യയിലെ മൊത്തം ബാങ്ക് വായ്‌പാ തുക 102 ലക്ഷം കോടി രൂപയാണ്. കോവിഡ് ദുരന്തങ്ങളാൽ ബാങ്ക് കിട്ടാക്കടം 12 ശതമാനം കവിയുമെന്നാണ് നിഗമനം. ബാങ്ക്‌ വായ്പയിൽ 70 ശതമാനം തുകയും നൽകിയിട്ടുള്ളത് കൊറോണ ബാധിത റെഡ്സോൺ നഗരങ്ങളിലാണ്. കോവിഡ് നൽകുന്ന ഏറ്റവും വലിയ സാമൂഹ്യപാഠം പൊതുമേഖലയുടെ  പ്രസക്തിയും ജനകീയതയുടെ ആവശ്യകതയുമാണ്. ഉദാരവൽക്കരണ നയങ്ങളുടെ വക്താവും പ്രയോക്താവുമായ ജോസഫ് സ്റ്റിഗ്ളിറ്റ്സിന്റെ നിരീക്ഷണം പരിഗണനാർഹമാണ്. "നവലിബറൽ നയങ്ങൾ സമ്പന്നന്റെ നികുതി കുറച്ചു. തൊഴിലും ഉൽപ്പന്നങ്ങളും നിയന്ത്രണമുക്തമായി. ധനമൂലധന നയങ്ങളും ആഗോളവൽക്കരണവും തികഞ്ഞ പരാജയമായി'. ഇതൊക്കെയായിട്ടും ഇന്ത്യൻ ഭരണാധികാരികളെ ആ നയങ്ങൾ തന്നെയാണ് സ്വാധീനിക്കുന്നതെങ്കിൽ രാജ്യത്തിനും ജനതയ്‌ക്കും വലിയ വില കൊടുക്കേണ്ടിവരും.

*
ടി നരേന്ദ്രൻ
(ബെഫി സംസ്ഥാന പ്രസിഡന്റാണ്‌ ലേഖകൻ)

Saturday, July 30, 2016

ബാങ്കിങ് പണിമുടക്ക് ഒരു മുന്നറിയിപ്പ്

ബാങ്കിങ് സേവനം സാധാരണക്കാര്‍ക്ക് അപ്രാപ്യമാക്കുന്ന തലതിരിഞ്ഞ പരിഷ്കരണനടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന ദേശീയ പണിമുടക്ക് മോഡി സര്‍ക്കാരിന്റെ കോര്‍പറേറ്റ് അനൂകൂലനയങ്ങള്‍ക്കെതിരായ ശക്തമായ മുന്നറിയിപ്പായി. രാജ്യത്തെമ്പാടുമുള്ള പത്തുലക്ഷത്തോളം ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും പങ്കെടുത്ത പണിമുടക്കില്‍ ധനമേഖല പൂര്‍ണമായും സ്തംഭിച്ചു. നാല്‍പ്പത് പൊതു– സ്വകാര്യ വാണിജ്യ ബാങ്കുകളിലെ ഒമ്പത് യൂണിയനുകളുടെ പൊതുവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ നേതൃത്വത്തില്‍ നടന്ന പണിമുടക്കില്‍ പ്രകടമായ ഐക്യം ജനപക്ഷ പോരാട്ടങ്ങളുടെ വിജയത്തിലേക്കുള്ള ദിശാസൂചകമായി. ത്രിദിന പണിമുടക്കില്‍നിന്ന് താല്‍ക്കാലികമായി പിന്മാറിയ ഗ്രാമീണ ബാങ്ക് ജീവനക്കാരും ദേശീയ പണിമുടക്കില്‍ പങ്കാളികളായി. ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണനീക്കം അവസാനിപ്പിക്കുക, വന്‍കിട കോര്‍പറേറ്റുകളുടെ കിട്ടാക്കടം പിരിച്ചെടുക്കുക, അനുബന്ധ ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പണിമുടക്ക്.

ഇന്റര്‍നെറ്റ്, എടിഎം വഴി പ്രഥമിക വ്യക്തിഗത ഇടപാടുകള്‍ക്ക് സൌകര്യം ലഭിച്ചെങ്കിലും ബാങ്ക് സ്തംഭനം രാജ്യത്തെ സാമ്പത്തികമേഖലയ്ക്ക് ഏല്‍പ്പിച്ച ആഘാതം ചെറുതല്ല. സഹസ്രകോടികളുടെ നഷ്ടമാണ് വാണിജ്യമേഖലയില്‍ സംഭവിച്ചതെന്ന് ഈ രംഗത്തുള്ള സംഘടനകള്‍ കണക്കുകൂട്ടുന്നു. അടിസ്ഥാന നയസമീപനങ്ങളില്‍നിന്ന് വ്യതിചലിച്ച് സ്വകാര്യ കുത്തകകളുടെ സേവകരായി മാറുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിനെതിരായ ചെറുത്തുനില്‍പ്പ് ഉയരുമ്പോള്‍മാത്രമാണ് ഇവര്‍ നഷ്ടക്കണക്കുമായി രംഗപ്രവേശം ചെയ്യുന്നത്്. സ്വകാര്യവല്‍ക്കരണത്തിലൂടെ സേവനതുറകളിലും ജനങ്ങളുടെ ജീവിതത്തിലും സംഭവിക്കുന്ന നഷ്ടങ്ങള്‍ക്ക് ഇവരുടെ കണക്കുപുസ്തകത്തില്‍ ഇടമില്ല. ദീര്‍ഘകാലമായി തുടരുന്ന ജനവിരുദ്ധവും തൊഴിലാളിവിരുദ്ധവുമായ നയങ്ങളിലൂടെ ബാങ്കിങ് രംഗത്ത് പണിമുടക്ക്് അനിവാര്യമാക്കിയ ഭരണാധികാരികളാണ് ഈ നഷ്ടത്തിന് ഉത്തരവാദികള്‍.

മഹത്തായ പാരമ്പര്യമുള്ളതാണ് ഇന്ത്യയുടെ ബാങ്കിങ് മേഖല.  ബാങ്കുകളുടെ ദേശസാല്‍ക്കരണം ഭരണഘടനയിലെ സോഷ്യലിസ്റ്റ് കാഴ്ചപ്പാടിന് അടിവരയിടുന്ന സുപ്രധാന ചുവടുവയ്പായിരുന്നു. 1969ല്‍ 14 ബാങ്കും 1980ല്‍ ആറ് ബാങ്കും ദേശസാല്‍ക്കരിച്ച് ധനമാനേജുമെന്റിന്റെ നിയന്ത്രണം പൊതുമേഖലയിലാക്കി. ഭരണവര്‍ഗ താല്‍പ്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനിടയിലും ബാങ്ക് ദേശസാല്‍ക്കരണത്തിനായി കടുത്ത എതിര്‍പ്പുകള്‍ നേരിട്ടും നിലയുറപ്പിച്ച അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ നിശ്ചയദാര്‍ഢ്യം ഏറെ പ്രകീര്‍ത്തിക്കപ്പെട്ടു. 1975ല്‍ രൂപംകൊണ്ട പ്രാദേശിക ഗ്രാമീണ ബാങ്കുകളും തദ്ദേശീയ വായ്പ– സമ്പാദ്യരംഗത്തെ പ്രധാന കണ്ണികളായി വളര്‍ന്നു. സമ്പദ്വ്യവസ്ഥയ്ക്ക് പൊതുവില്‍ നല്‍കിയ പിന്‍ബലത്തിലുപരി ഗ്രാമീണര്‍ക്കും കര്‍ഷകര്‍ക്കും വായ്പാസൌകര്യം എത്തിക്കാനായി എന്നതായിരുന്നു ബാങ്ക് ദേശസാല്‍ക്കരണത്തിന്റെ ജനകീയമുഖം.

തൊണ്ണൂറുകളിലെ ആഗോളവല്‍ക്കരണ–ഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങളുടെ ചുവടുപിടിച്ചാണ് പൊതുമേഖലാ ബാങ്കുകളെ അസ്ഥിരപ്പെടുത്താനുള്ള നീക്കം ആരംഭിച്ചത്. പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കലായിരുന്നു ആദ്യ നടപടി. ഇതിനിടയില്‍ സാമ്രാജ്യത്വലോകത്ത് പൊട്ടിപ്പുറപ്പെട്ട സാമ്പത്തികക്കുഴപ്പത്തില്‍ ഭീമന്‍ബാങ്കുകള്‍ പലതും കുമിളകള്‍പോലെ പൊട്ടിത്തകര്‍ന്നു. തകര്‍ന്ന ബാങ്കുകളെ കരകയറ്റാന്‍ മുതലാളിത്തരാജ്യങ്ങളിലെ സര്‍ക്കാരുകള്‍തന്നെ കോടിക്കണക്കിന് ഡോളറിന്റെ പാക്കേജുകള്‍ പ്രഖ്യാപിച്ചു. ഖജനാവിലെ പണം വന്‍തോതില്‍ ബാങ്കുകളുടെ പ്രതിസന്ധി പരിഹരിക്കാന്‍ പമ്പ് ചെയ്തെങ്കിലും പല ബാങ്കുകളെയും നിലനിര്‍ത്താനായില്ല. ഈ ആഗോള പ്രതിസന്ധിക്കുമുന്നില്‍ പിടിച്ചുനിന്നത് ഇന്ത്യയിലെ ബാങ്കുകള്‍ മാത്രമാണ്. ലോകസാമ്പത്തികക്കുഴപ്പത്തിന്റെ അലകള്‍ ഇന്ത്യയിലേക്ക് വീശിയടിക്കുന്നതിന് തടയിടാനും ഇതുവഴി സാധിച്ചു. ബാങ്കിങ് ദേശസാല്‍ക്കരത്തിന്റെ മേന്മ ഇന്ത്യന്‍ജനത ഏറ്റവും കൂടുതല്‍ അനുഭവിച്ച സന്ദര്‍ഭമായിരുന്നു അത്. ഈ ചരിത്രപാഠങ്ങളെല്ലാം വിസ്മരിച്ചാണ് മുന്‍ യുപിഎ സര്‍ക്കാരിന്റെ ബാങ്കിങ് സ്വകാര്യവല്‍ക്കരണനടപടികള്‍ മോഡി ശക്തമായി മുന്നോട്ടുകൊണ്ടു പോകുന്നത്.

ബാങ്കിങ് – ഇന്‍ഷുറന്‍സ് മേഖലകളില്‍ വിദേശമൂലധനത്തിന് പരവതാനി വിരിക്കുകയും ഇന്ത്യന്‍ കുത്തകകള്‍ക്ക് ധനമേഖലയില്‍ പിടിമുറുക്കാന്‍ അവസരം ഒരുക്കുകയും ചെയ്യുന്നു. ഇതിന്റെ ഭാഗമാണ് അസോസിയറ്റ് ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിക്കാനുള്ള നീക്കവും. ലയിച്ച് വലിയ ബാങ്കുകളായാല്‍ അന്താരാഷ്ട്ര ബാങ്കുകളുമായി മത്സരിക്കാമെന്ന വാദം, വിദേശ ബാങ്കുകള്‍ക്ക് നിയന്ത്രണരഹിതമായി വാതില്‍ തുറന്നുകൊടുക്കാനുള്ള മുന്‍കൂര്‍ ജാമ്യം മാത്രം.  സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഉള്‍പ്പടെയുള്ള അഞ്ച് അസോസിയറ്റ് ബാങ്കുകളെ ഇല്ലാതാക്കാനുള്ള തീരുമാനം കടുത്ത എതിര്‍പ്പുകളെ അവഗണിച്ചു മുന്നോട്ടുകൊണ്ടുപോകുകയാണ്. അതത് സംസ്ഥാനങ്ങളിലെ സമ്പാദ്യ –നിക്ഷേപ– വായ്പാക്രമങ്ങള്‍ രൂപപ്പെടുത്തുന്നതിലും വികസിപ്പിക്കുന്നതിലും സുപ്രധാന പങ്കുവഹിച്ച അസോസിയറ്റ് ബാങ്കുകള്‍ ഇല്ലാതാകുന്നതോടെ ബാങ്കിങ് രംഗത്തെ കുത്തകവല്‍ക്കരണം രൂക്ഷമാകും. എസ്ബിടി ഇല്ലാതായാല്‍ കേരളത്തിന്റെ സ്വന്തം ബാങ്ക് എന്ന സങ്കല്‍പ്പംതന്നെയാണ് നഷ്ടമാകുന്നത്. നമ്മുടെ ഗ്രാമീണ സമ്പാദ്യം ഊറ്റിയെടുത്ത് മെട്രോപൊളിറ്റന്‍ നഗരങ്ങളിലേക്കും അന്താരാഷ്ട്ര ധനമൂലധന മാര്‍ക്കറ്റിലേക്കും ഒഴുക്കുകയെന്നതാകും ഇതിന്റെ ഫലം. ഈ നീക്കത്തിനെതിരെ രാജ്യത്താകമാനം ഉയരുന്ന പ്രതിരോധം കണ്ടില്ലെന്നുനടിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ബാങ്ക് ലയനത്തിനെതിരെ ജീവനക്കാര്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്കൊപ്പം പൊതുസമൂഹവും കൈകോര്‍ക്കുന്നുണ്ട്. എസ്ബിടി ലയനത്തിനെതിരെ കേരള നിയമസഭ പ്രമേയം അംഗീകരിച്ചത് ഈ പശ്ചാത്തലത്തിലാണ്.

സമ്പന്നവര്‍ഗതാല്‍പ്പര്യങ്ങള്‍ക്ക് അനുകൂലമായ ഭരണനടപടികള്‍ക്കെതിരെ ഇന്ത്യന്‍ തൊഴിലാളിവര്‍ഗം നടത്തുന്ന പോരാട്ടങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുകയാണ്. ഉദാരവല്‍ക്കരണം ശക്തിപ്പെട്ടശേഷം നടന്ന ദേശീയ പണിമുടക്കുകളില്‍ ഓരോന്നിലും അണിനിരക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. സെപ്തംബര്‍ രണ്ടിന് പ്രഖ്യാപിച്ച പൊതുപണിമുടക്കിനുള്ള തയ്യാറെടുപ്പുകള്‍ രാജ്യത്തെമ്പാടും നടക്കുന്നു. കൂടുതല്‍ കരുത്താര്‍ന്ന ഐക്യനിര തൊഴിലാളി–കര്‍ഷക–സേവന മേഖലകളില്‍ രൂപപ്പെടുന്നതിന്റെ വ്യക്തമായ സൂചനയാണ് ദേശീയ ബാങ്ക് പണിമുടക്കിന്റെ വന്‍വിജയത്തില്‍ ദൃശ്യമാകുന്നത്. സുപ്രധാനമായ ഈ പണിമുടക്കില്‍ പങ്കെടുത്ത മുഴുവന്‍ ബാങ്ക് ജീവനക്കാരെയും ഞങ്ങള്‍ അഭിവാദ്യംചെയ്യുന്നു

Deshabhimani Editorial, Saturday Jul 30, 2016

Read more: http://www.deshabhimani.com/editorial/news-editorial-30-07-2016/578681

ബാങ്കിങ് പണിമുടക്ക് July 29



















Friday, July 1, 2016

എസ്ബിടി: കേരളത്തിന്റെ ബാങ്കിങ് വികാരം

എഴുപത് വര്‍ഷം പഴക്കമുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ മലയാളിമനസ്സുകളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ ബാങ്കിങ് നാമമാണ്. ഒരിക്കല്‍പ്പോലും നഷ്ടം സംഭവിച്ചിട്ടില്ലാത്ത, കേരളം ആസ്ഥാനമായുള്ള ഏക പൊതുമേഖലാ ബാങ്ക്. ഇപ്പോഴും അതിന്റെ പ്രവര്‍ത്തനക്ഷമതയിലോ നിലനില്‍പ്പിനോ ഒരു ഉലച്ചിലും സംഭവിച്ചിട്ടില്ലെന്നതും വസ്തുതയാണ്. 1990 മുതല്‍ ദേശീയതലത്തിലെ സര്‍ക്കാര്‍ നയംമാറ്റത്തിന്റെ ഭാഗമായി, ബാങ്കിങ് ഉള്ളടക്കത്തിലും സമീപനത്തിലുമുള്ള സമ്പന്നാഭിമുഖ്യം തീക്ഷ്ണമാണ്. അത്തരം പ്രഖ്യാപിതനയങ്ങള്‍ ഉള്‍ക്കൊണ്ടുതന്നെ കടന്നുവന്ന വഴികള്‍ മറന്നുപോകാതെ സാധാരണക്കാര്‍ക്ക് അനുകൂലമായ നിലപാടെടുക്കാന്‍ എസ്ബിടിക്ക് കഴിയുന്നുണ്ട്. കേരളത്തിലെ വിദ്യാഭ്യാസവായ്പാ വിതരണത്തില്‍ ഈ ബാങ്കിന്റെ മഹനീയ പങ്കാളിത്തം ശ്രദ്ധേയമാണ്. കാര്‍ഷിക, ചെറുകിട വായ്പാ വിതരണത്തിലും ഇതര ബാങ്കുകളേക്കാള്‍ മികച്ച ചിത്രമാണ്, പരിമിതികള്‍ക്കിടയിലും ഈ ബാങ്കിങ് സ്ഥാപനം കാഴ്ചവയ്ക്കുന്നത്. കേരളജനതയുമായി നിലനിര്‍ത്തിപ്പോരുന്ന വൈകാരിക അടുപ്പവും സംസ്ഥാനസര്‍ക്കാരിന്റെ മുഖ്യബാങ്കര്‍ എന്ന നിലയില്‍ ആര്‍ജിക്കാനായ ഗാഢബന്ധവുമാണ് മലയാളിമനസ്സുകളില്‍ എസ്ബിടിക്ക് ലഭിക്കുന്ന ഉഷ്മളതയുടെ നിദാനം. സമാനമായ പ്രാദേശിക വൈശിഷ്ട്യങ്ങള്‍ ഇതര അസോസിയറ്റ് ബാങ്കുകള്‍ക്കും അതതു സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. തന്മൂലം കേന്ദ്രസര്‍ക്കാര്‍നയം എത്രയൊക്കെ മാറ്റത്തിനു വിധേയമായാലും, മൈക്രോതലത്തില്‍ ഇത്തരം ബാങ്കുകള്‍ക്ക് സ്വന്തം ജനതയോട് മുഖംതിരിച്ച് നില്‍ക്കാന്‍ സാധിക്കില്ല. ഈ സ്ഥാപനങ്ങളെത്തന്നെ ഇല്ലാതാക്കിമാത്രമേ തങ്ങളുടെ പരിഷ്കരണനടപടികള്‍ തീവ്രമായി നടപ്പാക്കാനാകൂ എന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ബാങ്ക് ലയനങ്ങളും പിടിച്ചെടുക്കലുകളും ശക്തമാക്കാന്‍ ഭരണാധികാരികള്‍ ശ്രമിക്കുന്നത്.

ഇന്ത്യയെന്ന രാജ്യത്തിന്റെ ബഹുസ്വരതയെപ്പോലെതന്നെ ഇന്നാട്ടിലെ ബാങ്കുകളും അതതു പ്രദേശത്തെ സംസ്കാരവും ജീവിതാവശ്യങ്ങളും ഏറ്റുവാങ്ങി രൂപീകൃതമായ സാമ്പത്തികസ്ഥാപനങ്ങളാണ്. 1970കളിലെ ബാങ്ക് ദേശസാല്‍ക്കരണ നടപടിയിലൂടെ ഈ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണംകൂടി ലഭ്യമായതോടെ ജനമനസ്സുകളില്‍ അവയുടെ വിശ്വസ്തതയ്ക്ക് സ്ഥിരപ്രതിഷ്ഠ ലഭ്യമായി. ദേശസാല്‍ക്കരണ ചിന്തകളുടെ ശക്തമായ സ്വാധീനംമൂലം പഴയ സ്വകാര്യബാങ്കുകള്‍പോലും സാമൂഹ്യ നീതിയുടെ പന്ഥാവിലേക്ക് കടന്നുവന്നു. ഇന്ത്യയില്‍ ഉയര്‍ന്നുവന്ന ഈ ബാങ്ക് വൈവിധ്യവും ജനാഭിമുഖ്യവും ലോകത്തുതന്നെ അന്യാദൃശ്യവും അനന്യവുമാണ്. ഈയൊരു ബാങ്കിങ് പരിപ്രേക്ഷ്യവും സംസ്കാരവും ജനങ്ങളില്‍ രൂഢമൂലമായതിനാലാണ് നവലിബറല്‍ സങ്കല്‍പ്പങ്ങളുമായി കടന്നുവന്ന ന്യൂജനറേഷന്‍ സ്വകാര്യ– വിദേശ ബാങ്കുകള്‍ക്ക് സാമാന്യജനങ്ങളില്‍ വേണ്ടത്ര ഇടംകിട്ടാതെ പോയത്. നവസ്വകാര്യ ബാങ്കിങ് വിസ്മയത്തില്‍ ആകൃഷ്ടരായി പോയവരില്‍ നല്ലൊരു വിഭാഗം അവിടത്തെ ചതിക്കുഴികളും സമ്പന്നാഭിമുഖ്യവും തിരിച്ചറിഞ്ഞപ്പോള്‍ വീണ്ടും പൊതുമേഖലാ ബാങ്കുകളില്‍ മടങ്ങിയെത്തിയെന്നും കാണാനാകും.

2008ല്‍ ലോകത്തെ ഉഴുതുമറിച്ച ആഗോള സാമ്പത്തിക പ്രതിസന്ധിക്കടിയില്‍പ്പെട്ട് സാങ്കേതികവിദ്യയും മൂലധനവും സമൃദ്ധമായുള്ള ആഗോളബാങ്കുകള്‍ നിലംപൊത്തിയപ്പോള്‍ ഇന്ത്യന്‍ പൊതുമേഖലാബാങ്കുകള്‍ പോറലേല്‍ക്കാതെ നിലയുറപ്പിച്ച കാര്യം ഗുണപാഠമാകേണ്ടതായിരുന്നു. എന്നാല്‍, കേന്ദ്രഭരണാധികാരികളുടെ വരേണ്യപക്ഷപാതിത്വംമൂലം ഈ വസ്തുനിഷ്ഠ യാഥാര്‍ഥ്യങ്ങളെ തമസ്കരിക്കുകയും പടിഞ്ഞാറന്‍ മാതൃകയില്‍ കേന്ദ്രീകൃത സ്വഭാവമുള്ള ഒരു ബാങ്കിങ് സംസ്കാരത്തെ നട്ടുവളര്‍ത്താനുമാണ് ഇന്ത്യയില്‍ ശ്രമം നടക്കുന്നത്. മാത്രമല്ല, കൂറ്റന്‍ ആകാരരൂപത്തില്‍ ബാങ്കുകള്‍ ഉണ്ടായാല്‍, അവയുടെ പ്രവൃത്തികളും സമീപനങ്ങളും കുത്തകതാല്‍പ്പര്യാര്‍ഥമായി തീരുമെന്നത് സ്വാഭാവികം. ഇപ്പോഴാകട്ടെ, പൊതുമേഖലാ ബാങ്കുകളില്‍പ്പോലും നിര്‍ണായകമായ തോതില്‍ വിദേശ ഓഹരി പങ്കാളിത്തവും സ്വകാര്യ മൂലധനശക്തികളും കടന്നുകൂടിക്കഴിഞ്ഞു. ആയതിനാല്‍ ബാങ്ക് തകര്‍ച്ചകളും ആഗോള ബാങ്കിങ് കെടുതികളും ഇനി നമ്മുടെ നാട്ടിലും സാധാരണമാകാന്‍ പോകുകയാണ്. ഇന്ത്യക്ക് അമേരിക്കയുടെ ജൂനിയര്‍ പങ്കാളിയെന്ന മേലങ്കി ലഭിക്കുന്നതിന്റെ ആഘാതം പ്രതിരോധമേഖലയില്‍മാത്രമല്ല, ഇന്ത്യന്‍ സാമൂഹ്യജീവിതത്തിന്റെ സമസ്തകോശങ്ങളിലേക്കും പടര്‍ന്നുകയറാന്‍ പോകുന്നുവെന്നതാണ് വസ്തുത.

അഞ്ച് അസോസിയറ്റ് ബാങ്കുകള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിക്കുമ്പോള്‍ ആ ബാങ്കുകളിലെ ഇടപാടുകാര്‍ക്ക് അസ്വസ്ഥതയും പുതിയ ബാങ്കിനോട് അപരിചിതത്വവും ഉണ്ടാകും. 20 പൊതുമേഖലാ ബാങ്കുകളെ തമ്മില്‍ കൂട്ടിച്ചേര്‍ത്ത് ആറ് വലിയ ബാങ്കാക്കി തീര്‍ക്കാനുള്ള കര്‍മപദ്ധതിയും അണിയറയില്‍ സജ്ജമായിക്കഴിഞ്ഞു. വ്യത്യസ്ത കാരണങ്ങളാല്‍ ധനലക്ഷ്മി ബാങ്ക്, കാത്തലിക് സിറിയന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, സൌത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവയും നവ സ്വകാര്യബാങ്കുകളില്‍ അഭയം തേടാന്‍ ഒരുങ്ങിനില്‍ക്കുകയാണ്. ഈ വിധം തിരോധാനത്തിന് വിധേയമാകുന്ന വിവിധ ബാങ്കുകളിലെ അസംഖ്യം ഇടപാടുകാര്‍ക്ക് വന്‍തോതില്‍ ഗൃഹാതുരത്വവും അപരിചിതത്വവും അനുഭവുപ്പെടുമെന്നത് തീര്‍ച്ച. മാത്രമല്ല, ബാങ്ക് ശാഖകള്‍ വന്‍തോതില്‍ അടച്ചുപൂട്ടേണ്ടിയും വരും. എസ്ബിടിക്ക് കേരളത്തില്‍ 850 ശാഖയുണ്ട്; സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് 450 ശാഖയും. 450 പ്രദേശങ്ങളിലെങ്കിലും, ഇരട്ടശാഖാ പ്രശ്നം ഉയര്‍ന്നുവരുമെന്നതിനാല്‍ ലയനം സംഭവിച്ചാല്‍ 450 എസ്ബിടി ശാഖകള്‍ അടച്ചുപൂട്ടപ്പെടും. അഞ്ച് അസോസിയറ്റ് ബാങ്കും 14 പൊതുമേഖലാ ബാങ്കും സുപരിചിതമായ സ്വകാര്യബാങ്കുകളും സമാനമായ വിധം ഇല്ലാതാകുമ്പോള്‍, പ്രസ്തുത ബാങ്കുകളുടെ ആയിരക്കണക്കിനു ശാഖകളാണ് അടച്ചുപൂട്ടപ്പെടുക. ഈ ശാഖകളെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് ഇടപാടുകാര്‍ക്ക് തങ്ങളുടെ ബാങ്കിങ് രീതി മാറ്റാനും പുതിയൊരു ബാങ്കിലേക്ക് നീങ്ങാനുമുള്ള നിര്‍ബന്ധിത സാഹചര്യമാണ് ബാങ്ക് ലയനത്തോടെ ആവിര്‍ഭവിക്കുന്നത്.

ഗ്യാസ് സബ്സിഡി, പെന്‍ഷന്‍ തുടങ്ങി സകലകാര്യങ്ങള്‍ക്കും ബാങ്ക് അക്കൌണ്ട് നിര്‍ബന്ധമുള്ളതിനാല്‍ ബാങ്കിങ് സേവനം നിത്യജീവിതത്തില്‍ അത്യന്താപേക്ഷിതമാണിന്ന്. സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ പദ്ധതിപ്രകാരം ഒരു ജനതയെ ബാങ്കുവല്‍ക്കരിക്കുക എന്നതാണല്ലോ കേന്ദ്രസര്‍ക്കാരും വിഭാവനംചെയ്യുന്നത്. അന്നേരമാണ് ജനകീയത കുറച്ചെങ്കിലും അവശേഷിക്കുന്ന പൊതുമേഖലാ ബാങ്ക് ശാഖകളെ കൂട്ടത്തോടെ അടച്ചുപൂട്ടുംവിധം ബാങ്ക് ലയനപരിഷ്കരണങ്ങള്‍ സാര്‍വത്രികമാക്കുന്നത്. ജനമനസ്സുകളില്‍ കുടികൊള്ളുന്ന പൊതുമേഖലാ ബാങ്കിങ് സംസ്കാരത്തെ നശിപ്പിച്ചില്ലാതാക്കുന്നതോടെ ജനങ്ങളുടെ ബാങ്കാവശ്യങ്ങള്‍ക്ക് നിവൃത്തിയുണ്ടാക്കാന്‍ മുന്‍കൂട്ടി സജ്ജമാക്കി നിര്‍ത്തിയിരിക്കുന്ന നവസ്വകാര്യ– വിദേശ ബാങ്കുകളെ ആശ്രയിക്കുകയേ നിവൃത്തിയുള്ളൂ എന്നുവരും. പൊതുമേഖലാ ബാങ്ക് ശാഖകള്‍ നാടുനീങ്ങുന്ന വിടവിലേക്ക് മണപ്പുറം, മുത്തൂറ്റ് തുടങ്ങിയ പുത്തന്‍ബാങ്കുകള്‍മുതല്‍ സിറ്റിബാങ്കുപോലെയുള്ള വിദേശികള്‍വരെ, ഒരു ചാകര കണ്ട ആഹ്ളാദത്താല്‍ തുള്ളിച്ചാടിയെത്തും. ബാങ്ക് പരിഷ്കരണങ്ങളുടെ പൊള്ളവര്‍ത്തമാനങ്ങളില്‍ അടങ്ങിയിരിക്കുന്ന ഈ ഗൂഢാലോചനയെ തിരിച്ചറിയുന്നില്ലെങ്കില്‍ ഒരു ജനതയൊന്നാകെ ചതിക്കുഴിയിലേക്ക് പലായനംചെയ്യപ്പെടുമെന്നത് തീര്‍ച്ച.

ഇന്ത്യന്‍ ബാങ്കിങ് സംവിധാനത്തിന്റെ സമ്പൂര്‍ണമായ പൊളിച്ചെഴുത്താണ് എസ്ബിടി ലയനത്തിലൂടെ തുടക്കംകുറിക്കാന്‍ പോകുന്നത്. ഇത് യാഥാര്‍ഥ്യമായാല്‍ പുതിയൊരു കീഴ്വഴക്കമാണ് വ്യവസ്ഥാപിതമാകുക. പില്‍ക്കാല ലയനപദ്ധതികള്‍ക്കുള്ള സാധൂകരണമായിപ്പോലും എസ്ബിടിയുടെ ലയനത്തെ ചൂണ്ടിക്കാണിക്കും. അതിനാല്‍, ആസന്നമായ ഈ ലയനനീക്കത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത, കൂട്ടായ പ്രതിരോധമാണ് ഉയര്‍ത്തിക്കൊണ്ടുവരേണ്ടത്. ജീവനക്കാരുടെ ആനുകൂല്യങ്ങളും അവകാശങ്ങളും സംരക്ഷിക്കപ്പെടുമെന്ന അനുനയ സംഭാഷണം അധികാരികളുടെ ലക്ഷ്യസാക്ഷാല്‍ക്കാരത്തിനുള്ള ഉപായവാക്കാണെന്ന് തിരിച്ചറിയണം. അസോസിയറ്റ് ബാങ്കുകള്‍ തമ്മില്‍തമ്മില്‍ ലയിക്കാമെന്നുള്ള നിര്‍ദേശം കേന്ദ്രസര്‍ക്കാരിന്റെ ഇംഗിതം നടപ്പാക്കാനുള്ള കുറുക്കുവഴി ഒരുക്കിക്കൊടുക്കലാണ്. എല്ലാവിധ സങ്കുചിത താല്‍പ്പര്യങ്ങളും മാറ്റിവച്ച് വിശാലതാല്‍പ്പര്യവും ജനഹിതവും ഉയര്‍ത്തിപ്പിടിച്ച് കേരളം ഒറ്റക്കെട്ടായിനിന്നാല്‍ പുതിയൊരു സമരമാതൃകകൂടി കെട്ടിയുയര്‍ത്താനാകും. നാനാവിധ ചരിത്രസംഭവങ്ങള്‍ക്ക് വഴികാട്ടിയായിനിന്ന മലയാളിക്ക് ഇന്ത്യയിലെ ക്ഷയിച്ചുവരുന്ന ജനകീയ ബാങ്കിങ് സംസ്കാരത്തിനെ തിരിച്ചുവിളിക്കുന്നതിനും മുഹൂര്‍ത്തമൊരുക്കാന്‍ സാധിക്കും

ടി നരേന്ദ്രന്‍ Tuesday Jun 28, 2016 ദേശാഭിമാനി