Monday, December 31, 2012

അഴിമതിയില്‍ മുങ്ങിയാല്‍ കുളിരില്ല


കഴിഞ്ഞ വര്‍ഷം പിറന്നുവീണത് അഴിമതിക്കെതിരെ അന്വേഷണം വേണമെന്ന ആര്‍ത്തനാദത്തോടെയാണ്. രാഷ്ട്രശരീരത്തെ അഴിമതി കാര്‍ന്നുതിന്നുമ്പോള്‍ അതിന് തടയിടാനായി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതുള്‍പ്പെടെ പരിഗണനാവിഷയങ്ങളായുള്ള സംയുക്ത പാര്‍ലമെന്ററി സമിതി വേണമെന്ന ആവശ്യം പ്രതിപക്ഷം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിട്ടും വഴങ്ങാന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ടു ജി സ്പെക്ട്രം അഴിമതിയെക്കുറിച്ച് ജെപിസി അന്വേഷണം വേണമെന്നായിരുന്നു പ്രതിപക്ഷാവശ്യം. അപൂര്‍വസ്വത്തായ രണ്ടാം തലമുറ സ്പെക്ട്രം എട്ട് വര്‍ഷം മുമ്പത്തെ വിലയ്ക്ക് നല്‍കുക വഴി കേന്ദ്ര ഖജാനക്ക് 1.76 ലക്ഷം കോടി നഷ്ടമായെന്ന സിഎജി റിപ്പോര്‍ട്ടാണ് ഇത്തരമൊരു ആവശ്യത്തിന് കാരണം. സര്‍ക്കാര്‍ ഇതിന് വഴങ്ങിയതോടെയാണ് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം പോലും നടത്താനായത്.

ടു ജി സ്പെക്ട്രം അഴിമതിയില്‍ മുഖംനഷ്ടപ്പെട്ട സര്‍ക്കാരിനെ കല്‍ക്കരി അഴിമതിയും വിടാതെ പിടികൂടി. കല്‍ക്കരിപ്പാടങ്ങള്‍ നൂറോളം കമ്പനികള്‍ക്ക് അനധികൃതമായി അനുവദിക്കുക വഴി 1.86 ലക്ഷം കോടി രൂപയെങ്കിലും സര്‍ക്കാരിന് നഷ്ടമായെന്ന് സിഎജി റിപ്പോര്‍ട്ടുതന്നെ ചൂണ്ടിക്കാട്ടി. കുരുക്ഷേത്രയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി നവീന്‍ ജിന്‍ഡാല്‍,രാജ്യസഭയിലെ കോണ്‍ഗ്രസ് എംപി വിജയ്ദര്‍ദ തുടങ്ങി പലരും നയിക്കുന്ന കമ്പനികള്‍ക്ക് ഒരു മാനദണ്ഡവും പാലിക്കാതെ കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചു. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങ് കല്‍ക്കരി വകുപ്പിന്റെ ചുമതല നേരിട്ട് വഹിക്കുമ്പോഴായിരുന്നു ഈ വന്‍ അഴിമതി. സിഎജി ആദ്യം പുറത്തിറക്കിയ പ്രാഥമിക റിപ്പോര്‍ട്ടനുസരിച്ച് 10.6 ലക്ഷം കോടി രൂപയുടെ അഴിമതിയാണ് ഇക്കാര്യത്തില്‍ നടന്നത്. കര്‍ണാടകയിലെ ഖനി അഴിമതി ദക്ഷിണേന്ത്യയിലെ ആദ്യ ബിജെപി സര്‍ക്കാരിനെയും കുഴിയിലാഴ്ത്തി. കല്‍ക്കരി ഖനി അഴിമതിയെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട് സമര്‍പ്പിച്ച അതേദിവസം തന്നെ സിഎജി പാര്‍ലമെന്റിന്റെ മേശപ്പുറത്തുവെച്ച മറ്റു രണ്ട് റിപ്പോര്‍ട്ടും യുപിഎ സര്‍ക്കാര്‍ എത്രമാത്രം അഴിമതിക്കയത്തില്‍ മുങ്ങിയിരിക്കുന്നുവെന്നതിന് തെളിവാണ്. ജിഎംആര്‍ എന്ന സ്വകാര്യ കമ്പനി നിര്‍മിച്ച ഇന്ദിരാഗാന്ധി അന്താരാഷ്ട്ര ടെര്‍മിനല്‍ നിര്‍മാണത്തിലും അതിന്റെ വികസനത്തിന്റെ മറവില്‍ പിരിച്ചെടുത്ത കോടികളെക്കുറിച്ചും സിഎജി വെളിപ്പെടുത്തി. റിലയന്‍സിന് അനുവദിച്ച കൃഷ്ണ-ഗോദാവരി തടത്തില്‍ അനുവദിച്ച ബ്ലോക്കുകള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് അനധികൃതമായി ഉപയോഗിച്ചതുവഴി കോടികളാണ് സര്‍ക്കാരിന് നഷ്ടം. അവസാനം കെജി തടത്തില്‍നിന്ന് കഴുച്ചെടുക്കുന്ന വാതകത്തിന് കരാറനുസരിച്ചുള്ള വില വര്‍ധിപ്പിച്ചുനല്‍കാന്‍ തയ്യാറാകാത്ത എസ് ജയ്പാല്‍ റെഡ്ഡിയെന്ന മന്ത്രിയെയും മന്‍മോഹന്‍സിങ്ങ് സര്‍ക്കാര്‍ പെട്രോളിയം മന്ത്രാലയത്തില്‍ നിന്നുമാറ്റി. അഴിമതിയിലൂടെ കോടികള്‍ കൊള്ളയടിച്ച അംബാനിമാരാണ് രാജ്യം ഭരിക്കുന്നതെന്ന് റാഡിയ ടേപ്പുകള്‍ മാത്രമല്ല ഈ സംഭവവും അടിവരയിട്ടു.

ഈ അഴിമതികളെല്ലാം തന്നെ സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് കാണാം. സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കി എല്ലാം സ്വതന്ത്രമാക്കപ്പെട്ടതിന്റെ പരിണിതഫലമാണ് ഈ അഴിമതികള്‍. ഇതു തിരിച്ചറിഞ്ഞിട്ടും സാമ്പത്തിക ഉദാരവല്‍്ക്കരണ നയവുമായി അതിവേഗം മുന്നേറുകയാണ് മന്‍മോഹന്‍ സര്‍ക്കാര്‍. ചില്ലറവ്യാപാര മേഖലയിലെ വിദേശനിക്ഷേപം അനുവദിക്കാന്‍ തയ്യാറായതും ബാങ്കിങ്ങ് മേഖലയുടെ സ്വകാര്യവല്‍്ക്കരണത്തിനും വിദേശവല്‍്ക്കരണത്തിനും വഴിവയ്ക്കുന്ന ബാങ്കിങ്ങ് ഭേദഗതി നിയമവും തെളിയിക്കുന്നത് ഇതാണ്.

വ്യവസായികള്‍ ബാങ്കുകള്‍ തുടങ്ങി പൊതുജനങ്ങളില്‍നിന്ന് ലഭിക്കുന്ന പണം സമൂഹത്തിന്റെ മൊത്തം വികസനത്തിന് ഉപയോഗിക്കാതെ സ്വന്തം വ്യവസായ വികസനത്തിന് ഉപയോഗിക്കുന്നത് തടയാനാണ് 1969 ല്‍ ഇന്ദിരാഗാന്ധി സര്‍ക്കാര്‍ ടാറ്റയും ബിര്‍ളയും മറ്റും ആരംഭിച്ച ബാങ്കുകള്‍ ദേശസാല്‍്ക്കരിച്ചത്. എന്നാല്‍, ഇന്ദിരയുടെ മരുമകള്‍ നയിക്കുന്ന കോണ്‍ഗ്രസ് കോര്‍പറേറ്റുകള്‍ക്ക് ബാങ്ക് തുറക്കാനും പൊതുധനം കൊള്ളയടിക്കാനും ബാങ്കിങ്ങ് ഭേദഗതി നിയമത്തിലൂടെ അനുവാദം നല്‍കി. ചില്ലറവില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ചതും അഴിമതിയിലൂടെയാണെന്ന് തെളിഞ്ഞു. അനുകൂല തീരുമാനം കൈക്കൊള്ളാന്‍ 125 കോടി രൂപയാണ് വാര്‍മാര്‍ട്ട് ഇന്ത്യയില്‍ ചെലവാക്കിയത്. അമേരിക്കയുമായുള്ള ആണവക്കരാര്‍ യാഥാര്‍ഥ്യമാക്കാന്‍ അമേരിക്കയിലെ ഇന്ത്യന്‍ എംബസി വാടകക്കെടുത്ത പാറ്റണ്‍ ബോഗ്സ് എന്ന സ്ഥാപനത്തെ തന്നെയാണ് വാള്‍മാര്‍ട്ടും വിദേശനിക്ഷേപ തീരുമാനം അനുകൂലമാക്കാന്‍ വാടകക്കെടുത്തതെന്നും തെളിഞ്ഞു. മാത്രമല്ല ബഹുബ്രാന്റ് ഉല്‍പ്പന്നങ്ങളുടെ ചില്ലറവില്‍പ്പനയില്‍ വിദേശനിക്ഷേപം അനുവദിക്കും മുമ്പുതന്നെ വാള്‍മാര്‍ട്ട് 455 കോടി നിക്ഷേപിച്ചതായും തെളിഞ്ഞു. എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് ഇതേക്കുറിച്ച് അന്വേഷിക്കുകയാണ്. പണം ഒഴുക്കി കൃത്രിമമായി പാര്‍ലമെന്റില്‍ ഭൂരിപക്ഷം സൃഷ്ടിക്കുകയായിരുന്നു യുപിഎ സര്‍ക്കാര്‍ എന്നും തെളിഞ്ഞിട്ടുണ്ട്. അതായത് ചില്ലറവ്യാപാരത്തില്‍ വിദേശനിക്ഷേപം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് അഴിമതിയുടെ പരമ്പര തന്നെയുണ്ടായി.

സാമ്പത്തികമാന്ദ്യം മറയാക്കി സബ്സിഡികള്‍ ഒന്നൊന്നായി ഇല്ലാതാക്കുന്നു. "എല്ലാവരും വരള്‍ച്ച ആഗ്രഹിക്കുന്നു" എന്ന പി സായിനാഥിന്റെ പുസ്തകത്തിന്റെ പേര് അനുസ്മരിപ്പിക്കുംവിധം മന്‍മോഹന്‍ സര്‍ക്കാര്‍ സബ്സിഡി ഒഴിവാക്കി പാവങ്ങളുടെ വയറ്റത്തടിക്കാന്‍, സാമ്പത്തിക മാന്ദ്യം ആഗ്രഹിക്കുയാണോ? സബ്സിഡികള്‍ നേരിട്ട് പണമായി നല്‍കുന്ന പദ്ധതി ആരംഭിക്കുമെന്ന പ്രഖ്യാപനവും പെന്‍ഷന്‍ ഫണ്ട് സ്വകാര്യവല്‍ക്കരണത്തിന് വഴിവയ്ക്കുന്ന നിയമവും യുപിഎ സര്‍ക്കാര്‍ ജനവിരുദ്ധവും അഴിമതി പെരുകുന്ന വഴിയിലൂടെയുമാണെന്ന് വ്യക്തമാക്കുന്നു. കഴിഞ്ഞ ബജറ്റില്‍ 5.28 ലക്ഷം കേടി രൂപയുടെ സൗജന്യങ്ങള്‍ അനുവദിച്ച സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമല്ല, കോര്‍പറേറ്റുകള്‍ക്കൊപ്പമാണെന്നും തെളിയിക്കുന്നു. ജിഡിപിയുടെ 6.9 ശതമാനം വരുന്ന ധനക്കമ്മിയേക്കാളും അധികമാണ് കോര്‍പറേറ്റുകള്‍ക്ക് നല്‍കുന്ന സൗജന്യം. ഇതിന്റെ അഞ്ചിലൊന്ന് തുകയുണ്ടെങ്കില്‍ രണ്ട് രൂപ നിരക്കില്‍ 35 കിലോ ഭക്ഷ്യധാന്യം എല്ലാവിഭാഗം ജനങ്ങള്‍ക്കും നല്‍കാന്‍ കഴിയും. സര്‍ക്കാരിന്റെ സാമ്പത്തിക ഉദാരവല്‍ക്കരണ തീരുമാനങ്ങളോരോന്നും അഴിമതിയ്ക്ക് വഴിതുറന്നിടുകയാണെന്നര്‍ഥം.

സര്‍ക്കാരിനെ കുരിശില്‍ തറച്ച് പ്രതിപക്ഷം പാര്‍ലമെന്റിലും പുറത്തും നടത്തിയ ആക്രമണമാണ് പൗരസമൂഹത്തെയും ജന്തര്‍മന്ദിര്‍ പ്രക്ഷോഭത്തിലേക്ക് നയിച്ചത്. ജനാധിപത്യത്തിനുവേണ്ടിയാണ് കെയ്റോവിലെ തെഹ്രീഖി ചത്വരത്തില്‍ ജനങ്ങള്‍ ഒത്തുകൂടിയതെങ്കില്‍ അഴിമതി തടയാനുള്ള ശക്തമായ ഒരു നിയമനിര്‍മാണമായിരുന്നു അണ്ണാ ഹസാരെയുടെ നേതൃത്വത്തിലുള്ള പൗരസമൂഹം ജന്ദര്‍മന്ദറില്‍ ആവശ്യപ്പെട്ടത്. ജനാധിപത്യ പ്രക്ഷോഭം അമിതാധികാരം കയ്യാളുന്നതിന് മെഹമൂദ് മൂര്‍സി ഉപകരണമാക്കിയപ്പോള്‍ ലോക്പാല്‍ ബില്ലിനായുള്ള പൗരസമൂഹത്തിന്റെ പ്രക്ഷോഭവും ചിലര്‍ക്ക് അധികാരത്തിലേക്കുള്ള വഴിയൊരുക്കുകയായിരുന്നുവെന്ന് അരവിന്ദ് കെജ്രിവാള്‍ ആം ആദ്മി പാര്‍ടിക്ക് രൂപം നല്‍കിയപ്പോള്‍ വ്യക്തമായി. മാത്രമല്ല, രാഷ്ട്രീയ പാര്‍ടികള്‍ക്കെതിരെയും സംഘടിത പ്രക്ഷോഭത്തിനെതിരെയും വികാരം ഉണര്‍ത്തിവിടാന്‍ കോര്‍പറേറ്റുകളും അവര്‍ നയിക്കുന്ന മാധ്യമങ്ങളും ഇത്തരം സമരങ്ങളെ സമര്‍ഥമായി ഉപയോഗിച്ചു. ഹസാരെയുടെയും കെജ്രിവാളിന്റെയും സമരങ്ങളെ സഹായിക്കാന്‍ കോര്‍പറേറ്റുകള്‍ മല്‍സരിച്ചു. സംഘടിതപ്രക്ഷോഭങ്ങളെ ശിഥിലമാക്കി കൂട്ടായ വിലപേശലിനെ തകര്‍ക്കുക എന്ന കോര്‍പറേറ്റ് തന്ത്രമാണ് ഇവിടെ അവതരിപ്പിക്കപ്പെട്ടത്. സര്‍ക്കാരാകട്ടെ ലോക്പാല്‍-ലോകായുക്ത ബില്‍ പോലും പാസ്സാക്കിയിട്ടുമില്ല. 2010 ന് ശേഷം സര്‍ക്കാര്‍ അഴിമതിതടയുക ലക്ഷ്യമാക്കി പത്തോളം ബില്ലുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചെങ്കിലും അതിലൊന്ന് പോലും പാസ്സാക്കപ്പെട്ടിട്ടില്ല.

വി ബി പരമേശ്വരന്‍ deshabhimani 311212

ജനദ്രോഹത്തിന്റെ ഒരു യുപിഎ വര്‍ഷം കൂടി


സ്വതന്ത്രഭാരതത്തിലെ ഇതുവരെയുള്ള കേന്ദ്ര സര്‍ക്കാരുകളെ വിലയിരുത്തിയാല്‍ ഏറ്റവും കുറഞ്ഞ കാലയളവില്‍ ഏറ്റവും കൂടുതല്‍ ജനവിരുദ്ധത പ്രകടിപ്പിച്ച സര്‍ക്കാര്‍ രണ്ടാം യുപിഎ സര്‍ക്കാരാണെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. അതില്‍ ഏറ്റവും കടുത്ത ജനവിരുദ്ധനടപടികളും നയങ്ങളും സ്വീകരിച്ച വര്‍ഷം 2012 ആണെന്നും കാണാം. പെട്രോളിന് ഒറ്റയടിക്ക് 7.54 രൂപയും ഡീസലിന് അഞ്ച് രൂപയും വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ പാചകവാതക സിലിണ്ടറുകള്‍ (സബ്സിഡിയുള്ളത്) ആറായി വെട്ടിക്കുറയ്ക്കുകയും ചെയ്തു. കേന്ദ്ര ബജറ്റില്‍ 31126 കോടി രൂപയുടെ സബ്സിഡി വെട്ടിക്കുറയ്ക്കാന്‍ നിശ്ചയിച്ച യുപിഎ സര്‍ക്കാര്‍ അതിലുമെത്രയോ കൂടുതല്‍ തുകയാണ് ജനങ്ങളില്‍നിന്ന് പിഴിഞ്ഞെടുത്തത്. സാധാരണജനങ്ങളുടെ ജീവിതച്ചെലവ് കുതിച്ചുയരുന്നതില്‍ യുപിഎ സര്‍ക്കാരിന്റെ ഈ തീരുമാനങ്ങളാണ് എണ്ണയൊഴിച്ചത്. മള്‍ട്ടി ബ്രാന്‍ഡ് ചില്ലറവില്‍പ്പന മേഖലയില്‍ 51 ശതമാനം വിദേശനിക്ഷേപം അനുവദിച്ച് അമേരിക്കയിലെയും യൂറോപ്പിലെയും കോര്‍പറേറ്റ് ശക്തികള്‍ക്ക് വഴങ്ങിയ സര്‍ക്കാര്‍ അഞ്ച് കോടി വ്യാപാരികളുടെ ജീവിതം അനിശ്ചിതത്വത്തിലാക്കി. വ്യോമയാന മേഖലയിലടക്കം നിരവധി മേഖലകളില്‍ നിയന്ത്രണമില്ലാതെ വിദേശനിക്ഷേപം അനുവദിക്കാനും തീരുമാനിച്ചു.

വിദേശികള്‍ക്ക് ഇന്ത്യന്‍ ഓഹരി വിപണിയില്‍ നേരിട്ട് നിക്ഷേപം നടത്താന്‍ അനുവദിച്ചുകൊണ്ടാണ് യുപിഎ സര്‍ക്കാര്‍ 2012 ജനുവരി ഒന്നിന് അതിന്റെ തേരോട്ടം തുടങ്ങിയത്. വിദേശനിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ ബോണ്ടുകളില്‍ 2000 കോടി രൂപ വരെ നിക്ഷേപിക്കാനും പിന്നീട് അനുമതി നല്‍കി. രാജ്യത്തേക്ക് കൂടുതല്‍ വിദേശനിക്ഷേപം ആകര്‍ഷിച്ച് രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താനും സമ്പദ്വ്യവസ്ഥയെ സംരക്ഷിക്കാനുമാണ് നടപടികളെന്നാണ് സര്‍ക്കാര്‍ വിശദീകരിച്ചതെങ്കിലും ഡിസംബര്‍ ആയിട്ടും സമ്പദ്വ്യവസ്ഥ തളര്‍ച്ചയില്‍ത്തന്നെ തുടര്‍ന്നു. രാജ്യത്ത് സാമ്പത്തികമാന്ദ്യമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ പ്രസ്താവനയിറക്കി. സാമ്പത്തികപരിഷ്കരണ നടപടികള്‍ അതിശക്തമായി നടപ്പാക്കിയ വര്‍ഷമായിരുന്നു 2012. ചില്ലറവില്‍പ്പന മേഖലയിലെ വിദേശനിക്ഷേപം അനുവദിച്ചതു കൂടാതെ ബാങ്കിങ് നിയമഭേദഗതി ബില്‍ പാസാക്കി രാജ്യത്തെ ബാങ്കിങ് മേഖലയെ തകര്‍ക്കാനുള്ള അരങ്ങൊരുക്കല്‍ കൂടി യുപിഎ സര്‍ക്കാര്‍ പൂര്‍ത്തിയാക്കി. ഇടതുപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പുണ്ടായിട്ടും അവസരവാദ രാഷ്ട്രീയത്തെ ഫലപ്രദമായി ഉപയോഗിച്ച് യുപിഎ ഫ്ളോര്‍ മാനേജര്‍മാര്‍ ഈ ദേശദ്രോഹനിയമത്തിന് പിന്തുണ ഉറപ്പിച്ചു. ബാങ്ക് ദേശസാല്‍ക്കരണത്തിലൂടെ രാജ്യത്തെ ബാങ്കിങ് മേഖലയെ ജനജീവിതവുമായി ചേര്‍ത്തുനിര്‍ത്തിയ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തീരുമാനമാണ് കുറെ കോര്‍പറേറ്റ് ഉപദേശകരുടെ വാക്കുകേട്ട് ഇപ്പോഴത്തെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തകര്‍ത്തത്.

റെയില്‍വേ ബജറ്റില്‍ എല്ലാ ക്ലാസുകളിലേക്കും നിരക്കുവര്‍ധനയ്ക്കാണ് റെയില്‍വേ മന്ത്രി ദിനേശ് ത്രിവേദി നിര്‍ദേശിച്ചത്. ഇതിന്റെപേരില്‍ മമത ബാനര്‍ജിയുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് ത്രിവേദിക്ക് രാജിവയ്ക്കേണ്ടിവന്നു. എന്നാല്‍, നിരക്കുവര്‍ധന ബജറ്റിനു പുറത്തുകൂടി നടപ്പാക്കി. റെയില്‍വേ ചരക്കുകൂലി 20 ശതമാനമാണ് കൂട്ടിയത്. എസി ക്ലാസുകളില്‍ സര്‍വീസ് ചാര്‍ജ് എന്ന പേരില്‍ 3.7 ശതമാനം നിരക്കുവര്‍ധന നടപ്പാക്കി. തപാല്‍നിരക്ക് 20 ശതമാനം കൂട്ടി. പെട്രോള്‍ വില എല്ലാ ദിവസവും പുതുക്കാന്‍ തീരുമാനിച്ചു. ഡീസല്‍ വിലയില്‍ അടുത്ത വര്‍ഷം 10 രൂപ വര്‍ധന വരുത്താനും മണ്ണെണ്ണ വിലയില്‍ രണ്ട് വര്‍ഷം കൊണ്ട് 10 രൂപ വര്‍ധന നടപ്പാക്കാനും തീരുമാനിച്ചു. സബ്സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം ആറായി ചുരുക്കിയതിലൂടെ ഒരു സിലിണ്ടറിന് ഫലത്തില്‍ 500 രൂപ വില വര്‍ധിച്ചു. അവശ്യസാധനങ്ങളുടെ വില കുതിച്ചുയര്‍ന്നു.

സമ്പദ്വ്യവസ്ഥയെ നേരെ നിര്‍ത്താനെന്നുപറഞ്ഞ് നിരവധി ജനദ്രോഹനടപടികളെടുത്തെങ്കിലും സമ്പദ്വ്യവസ്ഥ തളര്‍ന്നുതന്നെ കിടക്കുന്നു. കാരണം ആഗോള സാമ്പത്തികമാന്ദ്യമെന്നു പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയും ചെയ്യുന്നു. 2012-13 സാമ്പത്തികവര്‍ഷം ആദ്യപാദത്തില്‍ 5.4 ശതമാനം സാമ്പത്തികവളര്‍ച്ച മാത്രമേ നേടാനായുള്ളൂ. ഈ സാമ്പത്തികവര്‍ഷത്തെ മൊത്തം സാമ്പത്തികവളര്‍ച്ച ഏകദേശം അഞ്ച് ശതമാനമായിരിക്കുമെന്നാണ് വിവിധ ഏജന്‍സികളും വിദഗ്ധരും പ്രവചിക്കുന്നത്. കയറ്റുമതി കുത്തനെ ഇടിയുകയും വ്യാപാരക്കമ്മിയും ധനക്കമ്മിയും വര്‍ധിക്കുകയും ചെയ്തു. വ്യവസായവളര്‍ച്ച പല മാസവും പൂജ്യത്തില്‍നിന്ന് താഴേക്കുപോയി. സമ്പദ്വ്യവസ്ഥ "മെച്ചപ്പെടുത്താന്‍" യുപിഎ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ കാരണം ജനങ്ങളുടെ ദുരിതവും വര്‍ധിച്ചു.

രാഷ്ട്രീയമായും യുപിഎ സര്‍ക്കാരിന് ഏറെ തിരിച്ചടിയേറ്റ വര്‍ഷമാണിത്. യുപിഎയിലെ രണ്ടാമത്തെ വലിയ ഘടകകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് യുപിഎ വിട്ടു. ന്യൂനപക്ഷമായ ഒരു സര്‍ക്കാരായി രണ്ടാം യുപിഎ സര്‍ക്കാര്‍ മാറി. സങ്കുചിതമായ രാഷ്ട്രീയതാല്‍പ്പര്യങ്ങള്‍ക്കായി നിലകൊള്ളുന്ന പാര്‍ടികളുടെ സഹായത്താലാണ് ജനവിരുദ്ധഭരണം ഇപ്പോള്‍ മുന്നോട്ടുപോകുന്നത്.

(വി ജയിന്‍) deshabhimani 311212

ഭൂരഹിത ആദിവാസി പുനരധിവാസപദ്ധതി സര്‍ക്കാറിന്റെ പാട്ടഭൂമിതന്നെ വിലകൊടുത്ത് വാങ്ങാന്‍ നീക്കം


കല്‍പ്പറ്റ: ഭൂരഹിത ആദിവാസികള്‍ക്ക് ഒരേക്കര്‍ വീതം നല്‍കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാറിന്റെ പാട്ടഭൂമി തന്നെ വാങ്ങാന്‍ നീക്കം. പാരിസണ്‍സ് എസ്റ്റേറ്റിന്റെ കൈവശമുള്ള തവിഞ്ഞാല്‍ പഞ്ചായത്തിലെ ഭൂമിയാണ് വിലകൊടുത്തു വാങ്ങാന്‍ നീക്കം നടത്തുന്നത്. ഒരു ജനപ്രതിനിധിയും യുഡിഎഫിലെ ഏതാനും ഉന്നതരുമാണ് ഇതിനുപിന്നില്‍. ഈ എസ്റ്റേറ്റിന്റെ കൈവശമുള്ള ഭൂമിയില്‍ ഏറെയും മറുപാട്ടത്തിലുള്ളതാണ്.

ഭഗവതി എസ്റ്റേറ്റിന്റെ പക്കലായിരുന്ന പാട്ടഭൂമി ആദ്യം അസംബ്രൂക്ക് കമ്പനിക്ക് കൈമാറി. പിന്നീടാണ് പാരിസണ്‍സ് കമ്പനിയുടെ കൈവശത്തിലെത്തിയത്. 99 വര്‍ഷത്തെ പാട്ടക്കരാറില്‍ സര്‍ക്കാറില്‍നിന്നും ജന്മിമാരില്‍നിന്നും പാട്ടക്കരാര്‍ വ്യവസ്ഥയില്‍ വാങ്ങിയ ഭൂമി പിന്നീട് മറുപാട്ടം നല്‍കുകയായിരുന്നു. ജില്ലയില്‍ ആയിരം ഏക്കര്‍ ഭൂമി വിലകൊടുത്ത് വാങ്ങി ആയിരം ഭൂരഹിത ആദിവാസി കുടുംബങ്ങള്‍ക്ക് വിതരണംചെയ്യാന്‍ 2010ല്‍ എല്‍ഡിഎഫ് സര്‍ക്കാരാണ് പദ്ധതി തയ്യാറാക്കിയത്. തുടര്‍ന്ന് ബജറ്റില്‍ 50 കോടി രൂപയും സര്‍ക്കാര്‍ അനുവദിച്ചു. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മാറിയതോടെ ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ചു. മേപ്പാടിയിലെ എളമ്പിലേരി എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ തീരുമാനമായതായിരുന്നെങ്കിലും അതും നിലച്ചു. കോട്ടപ്പടി വില്ലേജില്‍ 70 ഏക്കര്‍ സ്വകാര്യതോട്ടം മാത്രമാണ് ഇനിയും സ്ഥിരീകരിക്കാനായത്. ഈ സാഹചര്യത്തിലാണ് ഒരു ജനപ്രതിനിധിയും ഏതാനും യുഡിഎഫ് നേതാക്കളും ഇടപെട്ട് സര്‍ക്കാറിന്റെ പാട്ടഭൂമി തന്നെ കച്ചവടമാക്കാന്‍ നീക്കം നടത്തുന്നത്. ഉന്നത ഇടപെടലിനെ തുടര്‍ന്ന് ഈ ഭൂമി ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. സര്‍ക്കാറിന്റെ തന്നെ പാട്ടഭൂമിയാണിതെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് തിരുത്തിക്കാനും സമ്മര്‍ദം ഉണ്ട്.

ഡിസംബറിന് മുമ്പ് ആദിവാസികള്‍ക്ക് വിതരണംചെയ്യുമെന്ന് മുഖ്യമന്ത്രിയും പട്ടികവര്‍ഗ ക്ഷേമമന്ത്രിയും പലവട്ടം പ്രഖ്യാപിച്ചതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഒരുനടപടിയും പുരോഗമിച്ചിട്ടില്ല. കണ്ടെത്തിയ ഭൂമിപോലും ആദിവാസികള്‍ക്ക് വിതരണം ചെയ്യാന്‍ നടപടിയില്ല. 15086 ഭൂരഹിത ആദിവാസികളില്‍നിന്ന ഭൂമിക്കുവേണ്ടി അപേഷ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന്റെ തരംതിരിവുപോലും പൂര്‍ത്തിയായിട്ടില്ല. ജില്ലയില്‍ ഇതിനകം കണ്ടെത്തിയ നാനൂറ് ഏക്കറോളം നിക്ഷിപ്ത വനഭൂമി ഭൂരഹിതര്‍ക്ക് കൊടുക്കാനായിരുന്നു ആദ്യതീരുമാനം. പിന്നീട് ഇതില്‍ മാറ്റം വരുത്തി. ഭൂമി അന്യാധീനപ്പെട്ട ആദിവാസികള്‍ക്ക് അനുകൂലമായി ആര്‍ഡിഒ കോടതി വിധിയുണ്ടായ കേസില്‍ ഭൂമി വീണ്ടെടുത്ത് കൊടുക്കാന്‍ കഴിയാത്തവര്‍ക്കായി ഇപ്പോള്‍ നിക്ഷിപ്ത വനഭൂമി നീക്കിവെച്ചിരിക്കുകയാണ്.

deshabhimani 311212

ആത്മാര്‍ഥതയുണ്ടെങ്കില്‍ ഭൂസംരക്ഷണസമരത്തില്‍ ഹരിത എംഎല്‍എമാരും അണിനിരക്കണം: കോടിയേരി


പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനങ്ങളോട് യുഡിഎഫിലെ ഹരിത എംഎല്‍എമാര്‍ക്ക് ആത്മാര്‍ഥതയുണ്ടെങ്കില്‍ അവര്‍ ജനുവരി ഒന്നിന് ആരംഭിക്കുന്ന ഭൂസംരക്ഷണസമരത്തില്‍ അണിനിരക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ജനുവരി ഒന്നിന് ആരംഭിക്കുന്ന ഭൂസം രക്ഷണ സമര വളന്റിയര്‍മാക്ക് പാളയം രക്തസാക്ഷിമണ്ഡപത്തില്‍ നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭൂപരിഷ്കരണനിയമം അട്ടിമറിച്ചും മിച്ചഭൂമികള്‍ ഇല്ലാതാക്കിയും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മുതലാളിത്ത ഭൂപ്രഭുത്വത്തിന് ശ്രമിക്കുകയാണ്. ഇത് അനുവദിക്കാനാകില്ല. ഇത് ഭൂമിക്കുവേണ്ടിയുള്ള സമരം മാത്രമല്ല, നമ്മുടെ മണ്ണും പ്രകൃതിയും സംരക്ഷിക്കാന്‍ കൂടിയുള്ളതാണ്. ശിക്ഷയേറ്റുവാങ്ങാന്‍ തയ്യാറായി ഭൂസംരക്ഷണ സമരരംഗത്ത് ആയിരക്കണക്കിന് വളന്റിയര്‍മാര്‍ അണിനിരക്കുമെന്ന് കണ്ടപ്പോള്‍ ഒരുലക്ഷം പേര്‍ക്ക് ഭൂമി കൊടുക്കാമെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്. മൂന്ന് സെന്റ് ഭൂമി നല്‍കാമെന്ന പ്രഖ്യാപനം അംഗീകരിക്കാനാകില്ല. ഭൂരഹിതര്‍ക്ക് കുറഞ്ഞത് 10 സെന്റെങ്കിലും നല്‍കണമെന്നാണ് കേന്ദ്ര നിയമം. പാവപ്പെട്ടവര്‍ക്ക് ഒരു സെന്റ് പോലും വാങ്ങാനാകാത്ത അവസ്ഥയായിട്ടും ഭൂമി മുഴുവന്‍ വന്‍കിടക്കാരുടെ കൈയില്‍ കേന്ദ്രീകരിക്കുന്നതിന് അനുകൂല തീരുമാനങ്ങള്‍ മാത്രമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഭൂപരിഷ്കരണനിയമമെല്ലാം അട്ടിമറിച്ചുകൊണ്ടിരിക്കുന്നു. 150 കശുമാവിന്‍ തൈ നട്ടാല്‍ ഒരു വ്യക്തിക്ക് എത്ര ഹെക്ടര്‍ വേണമെങ്കിലും കൈവശം വയ്ക്കാന്‍ അനുവദിക്കുകയാണ്. തോട്ടഭൂമിയില്‍ അഞ്ചു ശതമാനം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നു. ഇത് വന്‍ പാരിസ്ഥിതിക പ്രത്യാഘാതവും ഉണ്ടാക്കും.

കുന്നുകള്‍ ഇടിച്ചുനിരത്തി വയലുകള്‍ നികത്തുന്നു. നമ്മുടെ നെല്‍വയലുകള്‍ മഴവെള്ള സംഭരണികള്‍ കൂടിയാണ്. ഈ വയലുകള്‍ വന്‍കിടക്കാര്‍ വാങ്ങിക്കൂട്ടി വര്‍ഷങ്ങളോളം തരിശ്ശിട്ടശേഷം നികത്തുകയാണ്. കേരളത്തില്‍ കാലാവസ്ഥാ വ്യതിയാനം രൂക്ഷമായതിന് പ്രകൃതി ചൂഷണവും കാരണമാണ്. ഡിസംബറില്‍ സമ്പൂര്‍ണ വരള്‍ച്ചാ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ച ചരിത്രം മുമ്പുണ്ടായിട്ടില്ല. ഭൂസമരം ഉമ്മന്‍ചാണ്ടിക്ക് എതിരായ സമരമല്ല. നമ്മുടെ ഭൂമിയും പരിസ്ഥിതിയും സംരക്ഷിക്കാനുള്ള പ്രക്ഷോഭമാണ്. വി എസ് സര്‍ക്കാര്‍ കൊണ്ടുവന്ന നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണനിയമങ്ങള്‍ സര്‍ക്കാര്‍ അട്ടിമറിച്ചു. മുമ്പ് കെഎസ്കെടിയു നേതൃത്വത്തില്‍ കര്‍ഷകത്തൊഴിലാളികള്‍ നടത്തിയ നെല്‍വയല്‍ സംരക്ഷണപ്രക്ഷോഭമാണ് നമ്മുടെ പാടശേഖരങ്ങളില്‍ കുറച്ചെങ്കിലും സംരക്ഷിച്ചുനിര്‍ത്തിയത്. എന്നാല്‍, വെട്ടിനിരത്തല്‍ സമരമെന്ന് പറഞ്ഞ് അന്ന് അവഹേളിക്കുകയായിരുന്നു ചിലര്‍- കോടിയേരി പറഞ്ഞു.

വീണ്ടും സമരസജ്ജം മലയോര മണ്ണ്

അഞ്ചല്‍: പ്രക്ഷോഭങ്ങളുടെ വിളനിലമായ കൊല്ലം ജില്ലയുടെ കിഴക്കന്‍ മലയോര മണ്ണ് വീണ്ടും ചരിത്രപോരാട്ടത്തിന് വേദിയാകും. സഹ്യപര്‍വത നിരകളെ തൊട്ടുകിടക്കുന്ന കുളത്തൂപ്പുഴയിലെ അരിപ്പയില്‍ ജനുവരി ഒന്നിന് ആരംഭിക്കുന്ന ഭൂസമരത്തില്‍ ആയിരങ്ങള്‍ അണിചേരും. എ കെ ജി ഉള്‍പ്പെടെയുള്ള ജനായകര്‍ പങ്കെടുത്ത് 1971ല്‍ നടന്ന ഭൂസമരത്തിന്റെ സ്മരണകള്‍ ഇരമ്പുകയാണ് ഇവിടെ. അന്ന് വെള്ളിമല ഭൂസമരത്തിന് ആവേശം പകര്‍ന്ന് എ കെ ജി എത്തിയിരുന്നു. ഇപ്പോള്‍ സമരം ആരംഭിക്കുന്ന അരിപ്പയിലും 1971ല്‍ ഭൂസമരം നടന്നു. തെന്മല ഡാമിനായി കുടിയൊഴിപ്പിച്ച കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി കളംകുന്നില്‍ നടന്നതും മലയോരമേഖലയില്‍ ചരിത്രമെഴുതിയ പ്രക്ഷോഭമാണ്. സമരത്തില്‍ പങ്കെടുത്ത സ്ത്രീകളും കുട്ടികളും അടക്കം 183 പേരെ കൊട്ടാരക്കര സബ്ജയിലില്‍ റിമാന്‍ഡ് ചെയ്തു. പത്തു ദിവസത്തിനുശേഷമാണ് ഇവരെ വിട്ടയച്ചത്. സിപിഐ എം പത്തനാപുരം താലൂക്ക് സെക്രട്ടറിയായിരുന്ന കെ രാജഗോപാല്‍ സമരമുന്നണിയില്‍ ഉണ്ടായിരുന്നു.

ഇപ്പോള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയും സമീപത്തെ നൂറുകണക്കിന് ഏക്കറും സ്വകാര്യവ്യക്തികള്‍ കൈവശപ്പെടുത്തിയ അവസരത്തിലാണ് 1971ല്‍ അരിപ്പയില്‍ ഭൂസമരം നടന്നത്. കുളത്തൂപ്പുഴ പഞ്ചായത്തിലെ തിങ്കള്‍കരിക്കകം വില്ലേജില്‍ 94 സെന്റ് ആണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. ഇതില്‍ 13.54 സെന്റ് പട്ടിജാതി ക്ഷേമവകുപ്പിന്റെ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ കെട്ടിടം നിര്‍മിക്കാന്‍ വിട്ടുകൊടുത്തു. ചെങ്ങറ ഭൂസമരത്തിന്റെ ഒത്തുതീര്‍പ്പു വ്യവസ്ഥപ്രകാരം 21 ഏക്കര്‍ ആദിവാസികള്‍ക്ക് വീടുവയ്ക്കുന്നതിനായി പതിച്ചു നല്‍കി. അവശേഷിക്കുന്ന 59 ഏക്കറിലാണ് ഇപ്പോള്‍ സമരം ആരംഭിക്കുന്നത്. ഭൂരഹിതരായ ജില്ലയിലെ ആയിരക്കണക്കിനു കുടുംബങ്ങള്‍ സമരത്തില്‍ പങ്കാളികളാകും. ചോഴിയക്കോട് ജങ്ഷനില്‍ ജനുവരി ഒന്നിനു രാവിലെ പത്തിന് കേന്ദ്രകമ്മിറ്റിഅംഗം പി കെ ഗുരുദാസന്‍ സമരം ഉദ്ഘാടനംചെയ്യും. കെഎസ്കെടിയു സംസ്ഥാന പ്രസിഡന്റ് ബി രാഘവന്റെ നേതൃത്വത്തില്‍ അരിപ്പയിലെ സര്‍ക്കാര്‍ ഭൂമിയിലേക്ക് സമരഭടന്മാരും ഭൂരഹിതരായ കുടുംബങ്ങളും പ്രകടനമായി നീങ്ങും. ആദ്യദിവസം 250 വളന്റിയര്‍മാര്‍ സമരത്തില്‍ പങ്കെടുക്കും.

യാത്രയായത് ഇടയ്ക്കാട് ഭൂസമരനായകന്‍

ശാസ്താംകോട്ട: നിരവധി തൊഴിലാളിസമരങ്ങളുടെ നായകന്‍ പി പി ഡാനിയല്‍ ഓര്‍മയായി. നാട്ടുകാര്‍ക്കും കശുവണ്ടിത്തൊഴിലാളികള്‍ക്കും പ്രിയപ്പെട്ട "ഓച്ചിറ അളിയന്‍" എന്ന കുന്നത്തൂര്‍ മാനാമ്പുഴ ചരുവിള വടക്കതില്‍ പി പി ഡാനിയല്‍ ശനിയാഴ്ചയാണ് വിടവാങ്ങിയത്. കശുവണ്ടിത്തൊഴിലാളികളുടെ നിരവധി കര്‍ഷകസമരങ്ങള്‍ക്കു നേതൃത്വം നല്‍കിയ പി പി ഡാനിയലിന്റെ നിര്യാണം പുരോഗമനപ്രസ്ഥാനങ്ങള്‍ക്ക് തീരാനഷ്ടമായി. കര്‍ഷകത്തൊഴിലാളിസമരങ്ങളുടെ ചരിത്രത്തില്‍ വേണ്ടത്ര സ്ഥാനം നേടാത്ത ഇടയ്ക്കാട് ഭൂസമരത്തിന്റെ പ്രധാനിയായിരുന്നു അദ്ദേഹം. ഇടയ്ക്കാട് സമരത്തിന്റെ കരുത്തും ആവേശവുമായിരുന്നു പി പി ഡാനിയല്‍. ഇടയ്ക്കാട് ഭൂസമരചരിത്രം പി പി ഡാനിയലില്‍ തുടങ്ങുന്നു.

1955ല്‍ പോരുവഴി പടിഞ്ഞാറ് മാരൂര്‍ പപ്പുപിള്ളയ്ക്ക് ഇടയ്ക്കാട്ട് 44 സെന്റ് സ്ഥലമുണ്ടായിരുന്നു. ചാലുംപാട്ടെ കര്‍ഷകത്തൊഴിലാളികളാണ് ഇവിടെ കൃഷിയിറക്കിയിരുന്നത്. അങ്ങനെയിരിക്കെ ഭൂമി സ്വന്തമാക്കാന്‍ കര്‍ഷകത്തൊഴിലാളികള്‍ തീരുമാനിച്ചു. ഇതിനായി പപ്പുപിള്ള ആവശ്യപ്പെട്ട പണവും തൊഴിലാളികള്‍ നല്‍കി. എന്നാല്‍, നാട്ടിലെ കോണ്‍ഗ്രസ് പ്രമാണിയായിരുന്ന വെളുത്ത ജോര്‍ജ് ഈ ഭൂമി സ്വന്തമാക്കാന്‍ രംഗത്തെത്തി. ഭൂവുടമ ഇയാളില്‍നിന്ന് പണവും വാങ്ങി. തൊഴിലാളികളെ പപ്പുപിള്ള കബളിപ്പിക്കുകയായിരുന്നു. ഇത് പ്രതിഷേധത്തിനിടയാക്കി. വിഷയം കമ്യൂണിസ്റ്റ് പാര്‍ടി ഏറ്റെടുത്തു. തെങ്ങമം ബാലകൃഷ്ണന്‍, പി പി ഡാനിയല്‍, അഡ്വ. രാമകൃഷ്ണപിള്ള, മുടീത്തറ ഭാസ്കരപിള്ള, താഴത്ത് ചെല്ലപ്പന്‍പിള്ള, കറുത്ത ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചു. പൊലീസിന്റെ സഹായത്തോടെ ഭൂമി വെളുത്ത ജോര്‍ജ് കൈയടക്കി. കമ്യൂണിസ്റ്റുകാര്‍ക്കെതിരെ 68 കേസെടുത്തു. പി പി ഡാനിയല്‍ അടക്കം 286 തൊഴിലാളികളും നാട്ടുകാരും പ്രതികളായി. ഭൂമി സ്വന്തമാക്കിയ വെളുത്ത ജോര്‍ജ് പി പി ഡാനിയലിനെ ഇടയ്ക്കാട്ടുവച്ച് വെട്ടിയ സംഭവമുണ്ടായി. കഴുത്തിനും നട്ടെല്ലിനും കൈയ്ക്കും ഗുരുതരമായി വെട്ടേറ്റു. ഇടയ്ക്കാട് കേസില്‍ ഏഴുപേരായിരുന്നു പ്രതികള്‍. തെങ്ങമത്തെയാണ് ആദ്യംപൊലീസ് അറസ്റ്റ് ചെയ്തത്. ഏഴാംമൈലിലെ യോഗത്തിനിടെ പി പി ഡാനിയലിനെയും അറസ്റ്റ്ചെയ്തു. 57ലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഇടയ്ക്കാട് കേസ് പിന്‍വലിക്കുകയായിരുന്നു. "ഓച്ചിറ അളിയനെ"ന്ന് നാട്ടുകാര്‍ സ്നേഹവാത്സല്യത്തോടെ വിളിക്കുന്ന പി പി ഡാനിയലിന്റെ ജന്മദേശം ഓച്ചിറയാണ്.

അവുങ്ങുംപൊയിലില്‍ ഭൂസമരത്തിന് നാളെ തുടക്കം

തളിപ്പറമ്പ്: ഭൂസമരചരിത്രത്തില്‍ പുത്തന്‍ അധ്യായം തുറന്ന് തിരുവട്ടൂര്‍ വില്ലേജിലെ അവുങ്ങുംപൊയില്‍ മിച്ചഭൂമിയില്‍ ഭൂരഹിതര്‍ പുതുവത്സരദിനത്തില്‍ അവകാശം സ്ഥാപിക്കും. ജനുവരി ഒന്നിന് രാവിലെ പത്തിന് വായാട് കവലയില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എളമരം കരീം സമരം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും പട്ടികജാതി- വര്‍ഗവിഭാഗങ്ങളും ആദിവാസികളുമടങ്ങുന്ന സമരവളണ്ടിയര്‍മാര്‍ എം പ്രകാശന്റെ നേതൃത്വത്തില്‍ വായാട്ടുകവലയില്‍ കേന്ദ്രീകരിച്ച് മിച്ചഭൂമിയിലേക്ക് മാര്‍ച്ച് ചെയ്യും. സമരത്തോടനുഭാവം പ്രകടിപ്പിച്ച് തളിപ്പറമ്പ്, ആലക്കോട്, മാടായി, പയ്യന്നൂര്‍ ഏരിയകളിലെ 1050 പേര്‍ വളണ്ടിയര്‍മാരെ സമരഭൂമിയിലേക്ക് ആനയിക്കും. മിച്ചഭൂമിയില്‍ ചെങ്കൊടി നാട്ടി വളണ്ടിയര്‍മാര്‍ അവകാശം സ്ഥാപിക്കും. ആദ്യദിവസം ജില്ലയിലെ മുഴുവന്‍ ഏരിയകളെയും പ്രതിനിധീകരിച്ചെത്തുന്ന 250 വളണ്ടിയര്‍മാര്‍് അറസ്റ്റ്വരിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ 100 വളണ്ടിയര്‍മാര്‍ വീതം അറസ്റ്റ്വരിക്കും. ഇവരെ 500 പേര്‍ വീതം അനുഗമിക്കും. സമരത്തില്‍ പങ്കെടുക്കുന്ന ഏരിയകള്‍: ജനുവരി 2: പെരിങ്ങോം, ഇരിട്ടി. 3: കണ്ണൂര്‍, കൂത്തുപറമ്പ്. 4: ശ്രീകണ്ഠപുരം, എടക്കാട്്. 5: മയ്യില്‍, അഞ്ചരക്കണ്ടി. 6: പിണറായി, പേരാവൂര്‍. 7: മട്ടന്നൂര്‍, പാനൂര്‍. 8: തലശേരി, പാപ്പിനിശേരി. 9: പയ്യന്നൂര്‍, ആലക്കോട്. 10: തളിപ്പറമ്പ്, മാടായി.

എല്ലാ കൈവശക്കാര്‍ക്കും പട്ടയം അനുവദിക്കുക, ഭൂസംരക്ഷണ നിയമം അട്ടിമറിക്കാതിരിക്കുക, എല്ലാ ആദിവാസികള്‍ക്കും ഒരേക്കര്‍ ഭൂമി അനുവദിക്കുക, ഭൂരഹിത പട്ടികജാതിക്കാര്‍ക്ക് ഉടന്‍ ഭൂമി നല്‍കുക, എല്ലാ പാവപ്പെട്ടവര്‍ക്കും സമയബന്ധിതമായി ഭൂമി നല്‍കുക, നെല്‍വയല്‍- നീര്‍ത്തട സംരക്ഷണ നിയമം അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് സമരത്തില്‍ ഉന്നയിക്കുക. കേരള കര്‍ഷകസംഘം, കര്‍ഷകത്തൊഴിലാളി യൂണിയന്‍, ആദിവാസി ക്ഷേമസമിതി, കോളനി അസോസിയേഷന്‍ എന്നീ സംഘടനകള്‍ സംയുക്തമായാണ് സംസ്ഥാന വ്യാപകമായി പുതവത്സരദിനത്തില്‍ തുടര്‍പ്രക്ഷോഭം ആരംഭിക്കുന്നത്. വളണ്ടിയര്‍മാരുടെ റിക്രൂട്ട്മെന്റുള്‍പ്പെടെ അവുങ്ങുംപൊയില്‍ മിച്ചഭൂമി സമരത്തിന്റെ ഒരുക്കങ്ങള്‍ സംഘാടകസമിതി യോഗം വിലയിരുത്തി. ചെയര്‍മാന്‍ കെ കുഞ്ഞപ്പ അധ്യക്ഷനായി. പി വാസുദേവന്‍, കെ ദാമോദരന്‍, പി വി ചാത്തുക്കുട്ടി, കെ കുഞ്ഞിക്കോരന്‍, എം ശ്രീധരന്‍, പി മുകുന്ദന്‍, പി സി റഷീദ് എന്നിവര്‍ സംസാരിച്ചു. പുല്ലായിക്കൊടി ചന്ദ്രന്‍ സ്വാഗതം പറഞ്ഞു. അറസ്റ്റ് വരിക്കുന്ന വളണ്ടിയര്‍മാര്‍ക്ക് ജില്ലയിലെ 18 ഏരിയാ കേന്ദ്രങ്ങളില്‍ തിങ്കളാഴ്ച യാത്രയയപ്പ് നല്‍കും. സമരത്തിന്റെ ഭാഗമായി ഇരുന്നൂറോളം വില്ലേജുകളില്‍ പ്രചാരണ ജാഥ പൂര്‍ത്തിയായി. എ വിജയരാഘവന്‍ നയിച്ച സംസ്ഥാന പ്രചാരണജാഥക്ക് 18 കേന്ദ്രങ്ങളില്‍ വരവേല്‍പ്പ് നല്‍കി. സമരത്തിന്റെ സന്ദേശം വിശദീകരിക്കാന്‍ എല്ലാ ഏരിയകളിലും ഭൂരഹിതരുടെ കണ്‍വന്‍ഷനുകള്‍ വിളിച്ചുചേര്‍ത്തു. വന്‍പങ്കാളിത്തമാണ് കണ്‍വന്‍ഷനുകളില്‍ ഉണ്ടായത്.

deshabhimani 311212

വിലക്കയറ്റം; എല്‍ഡിഎഫ് ഉപവാസം നടത്തി


രൂക്ഷമായ വിലക്കയറ്റത്തില്‍നിന്ന് ജനങ്ങള്‍ക്ക് ആശ്വാസം പകരാനുള്ള നടപടികള്‍ സ്വീകരി ക്കണമെന്നാ വശ്യപ്പെട്ട് സെക്രട്ടറിയറ്റ് പടിക്കല്‍ എല്‍ഡിഎഫ് നേതാക്കള്‍ ഉപവാസ സമരം നടത്തി. രാവിലെ 9.30 മുതല്‍ വൈകീട്ട് 5 വരെയായിരുന്നു ഉപവാസം. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സമരം ഉദ്ഘാടനം ചെയ്തു. സര്‍ക്കാറിന്റെ തെറ്റായ നയമാണ് വിലക്കയറ്റത്തിന് കാരണമെന്ന് വിഎസ് പറഞ്ഞു. വിലക്കയറ്റം തടഞ്ഞില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കും. തമ്മില്‍ തല്ലുന്ന കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാരിന് വിലക്കയറ്റം തടയാന്‍ സമയമില്ലെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു. ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ സമരത്തില്‍ പങ്കെടുത്തു.

പരമദരിദ്രര്‍ പോലും സര്‍ക്കാരിന്റെ എപിഎല്‍ പട്ടികയിലാണുള്ളതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്രത്തിന്റെ ജനവിരുദ്ധനയം വാശിയോടെ കേരളവും നടപ്പാക്കുകയാണ്. പൊതുവിതരണ സബ്രദായം താറുമാറാക്കി. റേഷന്‍ സംവിധാനം വേണ്ട എന്നതാണ് കോണ്‍ഗ്രസിന്റെ നയം. അരി കത്തിച്ചുകളയുമ്പോഴും സാധാരണക്കാര്‍ക്ക് വിതരണം ചെയ്യാനുള്ള അവസരമൊരുക്കുന്നില്ലെന്നും പിണറായി പറഞ്ഞു. കേരളം കൈവരിച്ച എല്ലാ പുരോഗതിയും അട്ടിമറിക്കുന്ന ഭരണമാണ് സംസ്ഥാനത്ത് നടക്കുന്നത്. ആരോഗ്യമേഖലയും പൊതുവിദ്യാഭ്യാസ മേഖലയും സര്‍ക്കാര്‍ തകര്‍ത്തെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, വി എസ് അച്യുതാനന്ദന്‍, വൈക്കം വിശ്വന്‍, പന്ന്യന്‍ രവീന്ദ്രന്‍, സി ദിവാകരന്‍, എ എ അസീസ്, എന്‍ കെ പ്രേമചന്ദ്രന്‍, മാത്യു ടി തോമസ്, സി കെ നാണു, എ കെ ശശീന്ദ്രന്‍, ടി പി പീതാംബരന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, പി സി തോമസ്, വി സുരേന്ദ്രന്‍പിള്ള എന്നിവര്‍ സമരത്തില്‍ പങ്കെടുത്തു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയങ്ങളുടെ ഭാഗമായി രൂക്ഷമായ വിലക്കയറ്റമാണ് സംസ്ഥാനം നേരിടുന്നത്. അരിയുടെ വില കുതിച്ചുയരുന്നു. പച്ചക്കറിക്കും പലവ്യഞ്ജനങ്ങള്‍ക്കും വന്‍വിലക്കയറ്റമാണ്. പൊതുവിതരണ സംവിധാനത്തെ തകര്‍ത്ത് വിലക്കയറ്റത്തിന് ആക്കം കൂട്ടുകയാണ് സര്‍ക്കാര്‍. റേഷന്‍ സംവിധാനവും ഇല്ലാതാക്കുന്നു. മാവേലി സ്റ്റോറിലും കണ്‍സ്യൂമര്‍ഫെഡിന്റെ വിവിധ സ്റ്റോറുകളിലും അരിയും പലവ്യഞ്ജനവും കിട്ടാനില്ല. കരിഞ്ചന്തയും പൂഴ്ത്തിവയ്പും തടയാന്‍ നടപടിയില്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് പ്രക്ഷോഭം നടത്തിയത്.

deshabhimani

ഭൂസമരം വന്‍വിജയമാക്കുക: സിപിഐ എം


ജനുവരി ഒന്നുമുതല്‍ സംസ്ഥാനത്ത് ആരംഭിക്കുന്ന ഭൂസമരം വിജയിപ്പിക്കാന്‍ സിപിഐ എം സംസ്ഥാനകമ്മിറ്റി യോഗം എല്ലാ കേരളീയരോടും അഭ്യര്‍ഥിച്ചു. പിറന്ന മണ്ണില്‍ ജീവിക്കാനായി കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ആദിവാസികളും പട്ടികവിഭാഗക്കാരും ചേര്‍ന്നാണ് പ്രക്ഷോഭം നടത്തുന്നത്. മിച്ചഭൂമി ചൂണ്ടിക്കാണിച്ചും നെല്‍വയല്‍ വാങ്ങിക്കൂട്ടി നികത്തുന്നതിനെതിരായും ആരംഭിക്കുന്ന സമരത്തില്‍ പതിനായിരക്കണക്കിന് വളന്റിയര്‍മാര്‍ അണിനിരക്കും. കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക വളര്‍ച്ചയ്ക്ക് നിര്‍ണായക പങ്ക് വഹിച്ചതായിരുന്നു ഭൂപരിഷ്കരണ നിയമനിര്‍മാണം. ഇത് ജന്മിത്വത്തിനും നാടുവാഴിത്തത്തിനുമെതിരെ കമ്മ്യൂണിസ്റ്റ് പാര്‍ടിയും കര്‍ഷകപ്രസ്ഥാനവും നടത്തിയ ഐതിഹാസികമായ പോരാട്ടങ്ങളുടെ ഉല്‍പ്പന്നമായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുകളാണ് ഇതിനാവശ്യമായ നിയമനിര്‍മാണം നടത്തിയത്. എന്നാല്‍, ഈ നിയമങ്ങളെ അട്ടിമറിക്കുന്നതിനും മിച്ചഭൂമി പാവങ്ങള്‍ക്ക് വിതരണംചെയ്യുന്നത് തടയുന്നതിനുമാണ് വലതുപക്ഷശക്തികള്‍ ശ്രമിച്ചത്. മാത്രമല്ല ജനക്ഷേമകരമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സര്‍ക്കാരിനെ അട്ടിമറിക്കുന്ന നടപടിയും ഇവര്‍ സ്വീകരിച്ചു. എന്നാല്‍, ഈ നിയമം പ്രാവര്‍ത്തികമാക്കാനുള്ള സുശക്തമായ പോരാട്ടം കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തില്‍ നടത്തി. ഇതിന്റെ ഭാഗമായി 1967ലെ ഇ എം എസ് സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂപരിഷ്കരണനിയമം നടപ്പാക്കാനും കുടികിടപ്പവകാശം നേടിയെടുക്കാനും 1970കളില്‍ വീറുറ്റ സമരം നടത്തേണ്ടിവന്നു. കൊടിയ മര്‍ദനങ്ങളെയും അടിച്ചമര്‍ത്തലിനെയും നേരിട്ടാണ് ആ സമരം വിജയിപ്പിക്കാനായത്. കേരളചരിത്രത്തില്‍ ഉജ്വലമായി ജ്വലിച്ചുനില്‍ക്കുന്ന ആ സമരത്തിന്റെ തുടര്‍ച്ചയാണ് ഭൂസമരം.

മൂന്നുലക്ഷത്തോളം കുടുംബങ്ങളാണ് സംസ്ഥാനത്ത് ഇപ്പോള്‍ ഭൂരഹിതരായിട്ടുള്ളത്. അവരില്‍ ഭൂരിഭാഗവും പട്ടികജാതി-പട്ടികവര്‍ഗവിഭാഗത്തില്‍പെട്ട പാവപ്പെട്ടവരാണ്. അവര്‍ക്കെല്ലാം കിടപ്പാടം നല്‍കാന്‍ മാത്രം ഭൂമി സംസ്ഥാനത്തുണ്ട്. എന്നിട്ടും മിച്ചഭൂമി തിരിമറി നടത്താനും നിയമംമൂലം ഇവ ഇല്ലാതാക്കാനും വന്‍കിടക്കാര്‍ക്ക് വന്‍തോതില്‍ അനധികൃതമായി ഭൂമി കൈവശംവയ്ക്കാനും ഉതകുന്ന നടപടികളാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കശുമാവ് പ്ലാന്റേഷനെ ഭൂപരിധിയില്‍നിന്നൊഴിവാക്കാനും തോട്ടങ്ങളുടെ അഞ്ചുശതമാനം ഭൂമി ടൂറിസം പദ്ധതികള്‍ക്കുപയോഗിക്കാനും അനുമതി നല്‍കാനുമുള്ള സര്‍ക്കാരിന്റെ നടപടികള്‍ ഇതിന് ഉത്തമദൃഷ്ടാന്തമാണ്. അരിയുല്‍പ്പാദനത്തില്‍ ഗണ്യമായ കുറവുള്ള സംസ്ഥാനത്ത് അവശേഷിക്കുന്ന നെല്‍പ്പാടങ്ങള്‍ സംരക്ഷിക്കാനാണ് 2008ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ "നെല്‍വയല്‍-തണ്ണീര്‍തട സംരക്ഷണനിയമം" കൊണ്ടുവന്നത്. സംസ്ഥാനത്തിന്റെ പരിസ്ഥിതി സംരക്ഷണത്തിനും ഈ നിയമം ലക്ഷ്യംവയ്ക്കുന്നു. എന്നാല്‍, ഈ നിയമത്തെ അട്ടിമറിക്കാനും വന്‍തോതില്‍ നെല്‍പ്പാടങ്ങള്‍ നികത്താനും യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുകയാണ്. എമര്‍ജിങ് കേരളയുമായി ബന്ധപ്പെട്ട് മുന്നോട്ടുവച്ച പല പദ്ധതികളും നെല്‍പ്പാടങ്ങള്‍ നികത്താനും വനഭൂമി കൈയടക്കാനും ലക്ഷ്യംവച്ചുള്ളതായിരുന്നു. ഇതിനെതിരെ വ്യാപകമായ എതിര്‍പ്പ് എല്ലാ മേഖലയില്‍ നിന്നും ഉയര്‍ന്നുവരികയുണ്ടായി. ചുരുക്കത്തില്‍ സംസ്ഥാനതാല്‍പ്പര്യത്തേക്കാള്‍ കള്ളപ്പണക്കാരുടെയും കോര്‍പറേറ്റുകളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനെ ചെറുത്ത് പരാജയപ്പെടുത്താന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും സംസ്ഥാന കമ്മിറ്റി കമ്യൂണികെയില്‍ അഭ്യര്‍ഥിച്ചു. കോടിയേരി ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു.

deshabhimani

പ്രക്ഷോഭ ചരിത്രത്തില്‍ സുവര്‍ണതാരമാകാന്‍ ചരിയംതുരുത്ത്


കേരളമണ്ണിനെ ഭൂമാഫിയയുടെ പിടിയില്‍നിന്ന് മോചിപ്പിക്കുന്നതിനുള്ള ഭൂസമര പ്രക്ഷോഭത്തിന് ചൊവ്വാഴ്ച തുടക്കമാകുമ്പോള്‍ കേരളത്തിലെ ഏറ്റവും ശ്രദ്ധേയ സമരകേന്ദ്രമാകാന്‍ ഒരുങ്ങുകയാണ് എറണാകുളം ജില്ലയിലെ കടമക്കുടി ദ്വീപിലെ ചരിയംതുരുത്ത്. പെറ്റുവീണ മണ്ണില്‍ സ്വന്തം കിടപ്പാടവും ഭൂമിയും ഇല്ലാത്ത ലക്ഷങ്ങളുടെ നോവ് ഏറ്റുവാങ്ങി, സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ മുഖ്യനേതൃത്വത്തില്‍ 250 സമര വളണ്ടിയര്‍മാരാണ് ആദ്യദിനം സമരഭൂമിയില്‍ പോരാട്ടക്കൊടി നാട്ടി അറസ്റ്റ്വരിച്ച് ജയിലില്‍ പോകുക. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രക്ഷോഭം ഉദ്ഘാടനംചെയ്യും. തുടര്‍ന്ന് 10-ാംതിയതിവരെ 100 പേര്‍ വീതവും ഭൂമിയില്‍ കടന്ന് അറസ്റ്റ് വരിക്കും.

കപില്‍ദേവ് ഡയറക്ടറായുള്ള കമ്പനി 1500 കോടിയോളം രൂപ മുടക്കി, പ്രദേശത്തെ തണ്ണീര്‍ത്തടങ്ങളും പൊക്കാളിപ്പാടങ്ങളും അടങ്ങുന്ന 200 ഏക്കര്‍ വിഴുങ്ങി മെഡിസിറ്റി പദ്ധതി നടപ്പാക്കുന്നതിനെതിരെയാണ് പ്രക്ഷോഭം. ഭൂമാഫിയ സംസ്ഥാനത്ത് ഏറ്റവുമധികം പിടിമുറുക്കിയിട്ടുള്ള കേന്ദ്രം എന്ന നിലയില്‍ ജില്ലയിലെ സമരം ദേശീയശ്രദ്ധ കൈവരും. കര്‍ഷകസംഘം, കെഎസ്കെടിയു, ആദിവാസി ക്ഷേമസമിതി, പട്ടികജാതി ക്ഷേമസമിതി എന്നിവയുടെ ആഭിമുഖ്യത്തില്‍ രൂപംനല്‍കിയ ഭൂസംരക്ഷണസമിതിയുടെ നേതൃത്വത്തിലാണ് സമരം. ഇതിനുള്ള ഒരുക്കം പൂര്‍ത്തിയായതായി സമിതി ജില്ലാ പ്രസിഡന്റ് എം പി പത്രോസും സെക്രട്ടറി ടി കെ മോഹനും അറിയിച്ചു. ചൊവ്വാഴ്ച രാവിലെ 9.30ന് ചരിയംതുരുത്ത് പുതുശേരി കവലയിലെ സംഘാടകസമിതി ഓഫീസ് പരിസരത്തുനിന്ന് ഭൂസംരക്ഷണമാര്‍ച്ച് ആരംഭിക്കും. സമരഭൂമിയുടെ സമീപം ചേരുന്ന പൊതുയോഗം വി എസ് ഉദ്ഘാടനംചെയ്യും. തുടര്‍ന്ന് കോടിയേരി സമരഭൂമിയില്‍ പ്രവേശിച്ച് ആദ്യം അറസ്റ്റ്വരിക്കും. കെഎസ്കെടിയു ജില്ലാ സെക്രട്ടറികൂടിയായ എം പി പത്രോസിന്റെ നേതൃത്വത്തില്‍ മറ്റുള്ളവരും അറസ്റ്റ്വരിക്കും. 1970-ലെ പുതുവര്‍ഷപ്പുലരിയില്‍ എ കെ ജിയുടെ നേതൃത്വത്തില്‍ നടന്ന ഭൂസമരത്തെ ഓര്‍മപ്പെടുത്തുന്ന പ്രക്ഷോഭത്തിനാണ് ജില്ലയുള്‍പ്പെടെ തയ്യാറെടുക്കുന്നത്. 1969-ല്‍ ഇ എം എസ് സര്‍ക്കാര്‍ പ്രഖ്യാപിച്ച കാര്‍ഷിക ഭൂപരിഷ്കരണ നിയമം നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ 70 ജനുവരി ഒന്നുമുതല്‍ നിയമം നടപ്പായതായി തങ്ങള്‍ പ്രഖ്യാപിക്കുമെന്നായിരുന്നു എ കെ ജിയുടെ ഇതുസംബന്ധിച്ച പ്രഖ്യാപനം.

സമരാവേശവുമായി പൈ ചരിയംതുരത്തിലും

കൊച്ചി: ഭൂമാഫിയക്കെതിരെ കടമക്കുടി ദ്വീപിലെ ചരിയംതുരുത്തില്‍ സമര പതാകയുയരുമ്പോള്‍ എകെജിയുടെ സാന്നിധ്യത്തില്‍ സ്വന്തം ഭൂമി കുടികിടപ്പുകാര്‍ക്ക് പങ്കിട്ട് നല്‍കിയ വെങ്കിടേശ്വര പൈയുടെ സാന്നിധ്യം ആവേശമാകും. മിച്ചഭൂമി സമരത്തിലും എണ്ണിയാലൊടുങ്ങാത്ത കര്‍ഷക-കര്‍ഷക തൊഴിലാളി പോരാട്ടങ്ങളിലും മുന്നണി പോരാളിയായിരുന്ന ഈ എഴുപത്തിയേഴുകാരന്‍ ജനുവരി ഒന്നു മുതല്‍ ചരിയംതുരുത്തില്‍ ആരംഭിക്കുന്ന പ്രക്ഷോഭത്തിലും സമര പതാകയേന്തും. കൊങ്കണി സമുദായത്തില്‍ നിന്ന് കര്‍ഷക പ്രസ്ഥാനത്തിലേക്കും കമ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്കും കടന്നുവന്ന അപൂര്‍വ്വം ചിലരില്‍ പ്രമുഖനാണ് വരാപ്പുഴ തുരുത്തിന്‍കടവ് വലിയ വീട്ടില്‍ വി എം വെങ്കിടേശ്വര പൈ. ഒറ്റമുണ്ടുടുത്ത്, ഒരു മേല്‍മുണ്ട് പുതച്ച് ഇന്നും കര്‍ഷക തൊഴിലാളി പ്രവര്‍ത്തനങ്ങളുമായി എല്ലായിടത്തും ഓടിയെത്തുന്ന പൈയുടെ ജീവിതം ഇടവേളകളില്ലാത്ത സമരത്തിന്റെതാണ്.

വരാപ്പുഴയില്‍ 18 ഏക്കര്‍ നിലവും 22 ഏക്കര്‍ കരഭൂമിയും സ്വന്തമായിരുന്ന ജന്മി കുടുംബത്തിലെ അംഗമായിരുന്നു പൈ. അച്ഛന്‍ മാള പൈ കരയിലെ ജന്മിമാരില്‍ പ്രമുഖന്‍. 1956 ല്‍ കുടുംബത്തിലെ സ്വത്ത് ഭാഗം കഴിഞ്ഞപ്പോള്‍ പൈക്ക് മൂന്നരയേക്കര്‍ നിലവും രണ്ടരയേക്കര്‍ കരഭൂമിയും കിട്ടി. സമപ്രായക്കാരായ കമ്യൂണിസ്റ്റുകാരുമായുള്ള ചങ്ങാത്തവും വായനയും പൈയുടെ ചിന്തയെ മാറ്റിമറിച്ചിരുന്നു. ഏകെജിയുടെ നേതൃത്വത്തില്‍ കൊടുമ്പിരിക്കൊണ്ട മിച്ചഭൂമി സമരം പൈയെ ഉണര്‍ത്തി. 1969 ഡിസംബര്‍ 14 ന് ആലപ്പുഴയിലെ അറവുകാട്ട് മൈതാനത്ത് പോയി എകെജിയുടെ പ്രസംഗം കേട്ടു. വീട്ടില്‍ തിരിച്ചെത്തിയ പൈ തന്റെ ഭൂമിയില്‍ കുടികിടപ്പുകാരായ ആറ് പേര്‍ക്ക് അവകാശമായി 10 സെന്റ് ഭൂമി വീതം കൊടുക്കാന്‍ തീരുമാനിച്ചു. പൈയുടെ തീരുമാനത്തെ എതിര്‍ത്ത് വരാപ്പുഴ പ്രദേശത്തെ ഇരുപത്തഞ്ചോളം ജന്മിമാര്‍ യോഗം ചേര്‍ന്നു. ഒരു കാരണവശാലും കുടികിടപ്പവകാശം കൊടുക്കരുതെന്നും ഇത് പിടിച്ചുപറിയാണെന്നും ജന്മിമാര്‍ അഭിപ്രായപ്പെട്ടു. യോഗത്തില്‍ എതിര്‍ത്തു സംസാരിച്ച പൈക്ക് ഭ്രാന്താണെന്ന് സ്വന്തം സഹോദരങ്ങള്‍ ഉള്‍പ്പെടെ ആക്ഷേപിച്ചു. ഒന്നും പൈയെ പിന്തിരിപ്പിച്ചില്ല. പൈയുടെ ക്ഷണമനുസരിച്ച് 1969 ഡിസംബര്‍ 30 ന് എകെജി വീട്ടിലെത്തി. മുറ്റത്തെ തെങ്ങില്‍ നിന്ന് രണ്ടു കരിക്കിട്ടു. അതിലൊന്ന് ചെത്തി എകെജി കുടികിടപ്പുകാരന്‍ അന്ത്രോക്ക് കൊടുത്തു. അതോടെ തലമുറകളായി മാളപൈയുടെ കുടികിടപ്പുകാരനായിരുന്ന അന്ത്രോയും മറ്റ് അഞ്ച് കുടുംബങ്ങളും ഒരുതുണ്ട് ഭൂമിക്ക് ഉടമകളായി. ജന്മിമാര്‍ വെറുതെയിരുന്നില്ല. കുടുകിടപ്പവകാശം ചോദിച്ച പാവങ്ങളെ അറസ്റ്റു ചെയ്യിച്ചു. അറസ്റ്റിലായ അമ്പത്താറോളം കുടികിടപ്പുകാരെ കരമടച്ച രസീതുമായി പോയി പൈ തന്നെ ജാമ്യത്തിലിറക്കി. എല്ലാറ്റിനുമൊടുവില്‍ എതിര്‍ത്തവര്‍ക്കും പൈയുടെ വഴി സ്വീകരിക്കേണ്ടി വന്നത് ചരിത്രം. പൈയുടെ കുടുബത്തില്‍ നിന്നു മാത്രം 52 കുടികിടപ്പുകാര്‍ക്ക് അവകാശം നല്‍കി.

പിന്നീടു കര്‍ഷക തൊഴിലാളികളുടെ അധ്വാന ഭാരം കുറയ്ക്കാനുള്ള സമരം, നെല്ലായി കിട്ടുന്ന കൂലി കൂട്ടാനുള്ള സമരം, കര്‍ഷക-കര്‍ഷകതൊഴിലാളി സംഘടന കെട്ടിപ്പടുക്കല്‍ എന്നിവയ്ക്കെല്ലാം പൈ മുന്നണിയിലുണ്ടായിരുന്നു. ചരിയംതുരുത്ത് വീണ്ടും ഭൂസമരത്തിന് വേദിയാകുമ്പോള്‍ നെല്ലും ചെമ്മീനും സമൃദ്ധമായി വിളഞ്ഞ കടമക്കുടിയുടെ പഴയ കാലം പൈ ഓര്‍ക്കുന്നു. ധനുമാസത്തില്‍ ചെമ്മീന്‍കൃഷി കഴിഞ്ഞാല്‍ മേടത്തിലെ നെല്‍കൃഷിക്കുള്ള ഒരുക്കമാണ്. തൂമ്പ് തുറന്ന് വെള്ളമൊഴുക്കി കളയലാണ് ആദ്യം. തൂമ്പടച്ച് ഭൂമിയുണക്കി കിളച്ച് മറിച്ച് പൊക്കാളി വിതയ്ക്കും. കൊയ്ത്തും മെതിയുമൊക്കെ ഇവിടെ തന്നെ. കൃഷിയെ പടിയിറക്കി ഭൂമി മാഫിയകള്‍ കൃഷിഭൂമി സ്വന്തമാക്കാന്‍ തുടങ്ങിയിട്ട് അധികകാലമായിട്ടില്ലെന്ന് പൈ. സ്വന്തമായുള്ള ഒന്നരയേക്കറോളം പാടത്ത് ഇപ്പോഴും കൃഷിയിറക്കുന്ന പൈ ഒന്നാം തീയതി മുതല്‍ കേരളമാകെ അലയടിക്കാന്‍ പോകുന്ന സമരത്തിന്റെ ആവേശം പുതുതലമുറയിലേക്ക് പകരുന്നു.
(എം എസ് അശോകന്‍)

മണ്ണിനായുള്ള പോരാട്ടത്തില്‍ ആദിവാസി സമരഭടന്മാരും

ചാലക്കുടി: മലയോര മേഖലയില്‍നിന്ന് മണ്ണിനുവേണ്ടിയുള്ള പോരാട്ടത്തില്‍ ആദിവാസി സമരഭടന്മാര്‍ അണിചേരും. രണ്ടാം ഭൂസമരത്തിന് നാട് തയ്യാറെടുക്കുമ്പോള്‍ മലമടക്കുകളില്‍ നാമമാത്രമായ ഭൂമിയും ജീവിത സൗകര്യവും മാത്രമുള്ള ആദിവാസി സമൂഹവും സമരത്തില്‍ പങ്കെടുത്ത് ചരിത്രം കുറിക്കും. വര്‍ഷങ്ങളായി പരിമിതമായ ഭൂമിയില്‍ ജീവിതം തളയ്ക്കപ്പെട്ട ആദിവാസികളുടെ ഭൂമിക്കും പാര്‍പ്പിടത്തിനുമായുള്ള മുറവിളിക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. വിവിധ വകുപ്പുകളുടെ സാങ്കേതിക തടസ്സങ്ങളും സര്‍ക്കാരുകളുടെ വിരുദ്ധ നിലപാടുകളും പലപ്പോഴും ഇവരുടെ ആവശ്യങ്ങള്‍ക്കുമുമ്പില്‍ വിലങ്ങുതടിയാവാറാണ് പതിവ്.

ആദിവാസിക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ അതിരപ്പിള്ളിയിലെ വാച്ചുമരം കോളനിവാസികള്‍ ഭൂമിക്കുവേണ്ടി നടത്തിയ സമരത്തില്‍ അറസ്റ്റ്വരിച്ച് ദിവസങ്ങളോളം ജയിലില്‍ കഴിഞ്ഞത് സമര ചരിത്രത്തില്‍ പുതിയ കാല്‍വയ്പ്പായിരുന്നു. ആ സമരത്തിന്റെ ആവേശകരമായ അനുഭവം നെഞ്ചിലേറ്റിയാണ് വാച്ചുമരം ആദിവാസികോളനിവാസികള്‍ ഊരുമൂപ്പന്‍ രാജന്റെ നേതൃത്വത്തില്‍ സമരത്തില്‍ അണിചേരാനെത്തുന്നത്. അതിരപ്പിള്ളി പഞ്ചായത്തിലെ വിവിധ ആദിവാസി ഊരുകളില്‍നിന്ന് രണ്ടാം ഭൂസമരത്തില്‍ സ്ത്രീകളടക്കം നിരവധിപേരാണ് പങ്കാളികളാകുക. ഭൂസമര സംസ്ഥാന പ്രചാരണജാഥയുടെ ചാലക്കുടിയില്‍ നടന്ന സമാപനപൊതുയോഗത്തില്‍ ആദിവാസികളോടൊപ്പം എത്തി വാഴച്ചാല്‍ ഊരുമൂപ്പന്‍ രാജന്റെ നേതൃത്വത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ പങ്കെടുത്ത് നടത്തിയ പരമ്പരാഗത ആദിവാസി നൃത്തവും പാട്ടുകളും ആവേശം പകരുന്നതായിരുന്നു. സമരഭൂമിയില്‍ ഇക്കുറി ആദിവാസി സമൂഹത്തിന്റെ സാന്നിധ്യം ശ്രദ്ധേയമാകും.

ഭൂസമരം നാളെ തുടങ്ങും പതിച്ചു നല്‍കാതെ കരിപ്പോട് വാര്യത്ത് കളത്തിലെ മിച്ചഭൂമി

കൊല്ലങ്കോട്: പുതുനഗരം പഞ്ചായത്തിലെ കരിപ്പോട് വാര്യത്ത് കളത്തിലെ മിച്ചഭൂമിയില്‍നിന്നാണ് ജനുവരി ഒന്നിന് പാലക്കാട് ജില്ലയിലെ ഭൂസമരത്തിന് തുടക്കംകുറിക്കുന്നത്. ഇവിടെ മിച്ചഭൂമിയായി കണ്ടുകെട്ടിയ 20 ഏക്കര്‍ റവന്യുഅധികൃതര്‍ വാര്‍ഷിക പാട്ടത്തിന് നല്‍കിവരുകയാണ്. റവന്യുഭൂമിയായി പ്രഖ്യാപിച്ചിട്ടും വാര്‍ഷികലേലം ചെയ്യുകയല്ലാതെ ഭൂരഹിതര്‍ക്ക് പതിച്ചുനല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഭൂമി ലേലത്തിനെടുക്കുന്നതാകട്ടെ മുന്‍ ഉടമകളും. കൊടുവായൂര്‍ വാര്യം, ചൂഢാമണി അയ്യര്‍ എന്നീ ജന്മിമാരുടെ 100ഏക്കര്‍ ഭൂമിയിലെ കുടിയാന്മാരായിരുന്നു സഹോദരങ്ങളായ മധുസൂദനും സുന്ദരനും പങ്കജാക്ഷിയും. ഭൂപരിഷ്കരണനിയമം പാസായതോടെ കുടിയാന്മാരായ മധുസൂദനും സഹോദരങ്ങളും 70 ഏക്കര്‍ പാട്ടഭൂമിയുടെ ഉടമകളായി. ഇവരുടെ കീഴ്കുടിയാന്മാരായി അഞ്ചുപേരും കുടിയിരുപ്പുകാരായി 12പേരുമുണ്ടായിരുന്നു. ഇവര്‍ കൈവശംവച്ചത് 30 ഏക്കര്‍ ഭൂമിയാണ്. എന്നാല്‍, ഭൂപരിധിനിയമം പാസായതോടെ മധുസൂദനും രണ്ട് സഹോദരര്‍ക്കും കൂടി 45ഏക്കര്‍ മാത്രമാണ് ലഭിച്ചത്. ഒരാള്‍ക്ക് 15ഏക്കര്‍ മാത്രം കൈവശം വയ്ക്കാനേ നിയമം അനുവദിച്ചിരുന്നുള്ളു. ഭൂപരിധിനിയമം മറികടക്കാന്‍ സുന്ദരന്റെ മകന്‍ രമേഷിന് പ്രായപൂര്‍ത്തിയാകുന്നതിനുമുമ്പേ 6.4 ഏക്കര്‍ ഭൂമി ദാനമായി രജിസ്റ്റര്‍ ചെയ്തു. ബാക്കിവരുന്ന രേഖയില്‍ കാണിക്കാത്ത ഭൂമിയുംകൂടി അനധികൃതമായി കൈവശം വയ്ക്കാന്‍ ശ്രമിച്ചെങ്കിലും 20 ഏക്കര്‍ മിച്ചഭൂമിയായി കണ്ടുകെട്ടി. കുളവും പറമ്പും ചേര്‍ന്ന 20 ഏക്കറാണ് മിച്ചഭൂമിയായി ഉടമകള്‍ വിട്ടുകൊടുത്തത്. ഈ ഭൂമിയാണ് ഏതാനും കൊല്ലമായി കൃഷി ചെയ്യാന്‍ വാര്‍ഷികപാട്ടത്തിന് വില്ലേജ് അധികൃതര്‍ ലേലം ചെയ്യുന്നത്. ഭൂരഹിതര്‍ക്ക് തികച്ചും അര്‍ഹതപ്പെട്ട വാര്യത്ത്കുളത്തെ ഈ മിച്ചഭൂമിയില്‍നിന്നാണ് ജില്ലയിലെ ഐതിഹാസിക സമരത്തിന് നാന്ദി കുറിക്കുക.

1968ല്‍ കര്‍ഷകത്തൊഴിലാളികള്‍ പതമ്പിനും തുടര്‍ന്ന് 1973ല്‍ കൂലിവര്‍ധയ്ക്കും തുടര്‍ന്ന് നാലുകൊല്ലം നീണ്ടുനിന്ന നെല്ല് കൂലിക്കായുള്ള സമരവും നടത്തിയ കരിപ്പോടുതന്നെയാണ് ഐതിഹാസികമായ മറ്റൊരു ഭൂസമരത്തിന് കര്‍ഷകത്തൊഴിലാളികളും ഭൂരഹിതരും ഒരുങ്ങുന്നത്. വിജയംവരെ സമരംചെയ്ത പോരാട്ടവീര്യത്തിന്റെ അനുഭവസമ്പത്ത് കൈമുതലായുള്ള നാട്ടുകാര്‍ ചരിത്രസമരം വിജയിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ജനുവരി ഒന്നിന് മിച്ചഭൂമിയിലേക്ക് സമരവളണ്ടിയര്‍മാര്‍ പ്രവേശിച്ചാണ് സമരം ആരംഭിക്കുക. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എ കെ ബാലന്‍ രാവിലെ 10ന് ഉദ്ഘാടനം ചെയ്യും. സമരത്തിന് ഭൂസംരക്ഷണസമിതി പ്രസിഡന്റ് പി കെ സുധാകരന്‍ നേതൃത്വം നല്‍കും. തുടര്‍ന്നുള്ള 10 ദിവസങ്ങളില്‍ കരിപ്പോടിലെ മിച്ചഭൂമിയില്‍ സമരം നടക്കും. വളണ്ടിയര്‍മാര്‍ക്കുപുറമേ ആയിരങ്ങള്‍ സമരത്തിനെത്തും. സമരവളണ്ടിയര്‍മാരെ അറസ്റ്റ് ചെയ്താല്‍ ജയിലില്‍ പോകാനാണ് തീരുമാനം.

ജില്ല സജ്ജം: പുതുചരിതമെഴുതാന്‍ പാലാമഠം

മലപ്പുറം: സംസ്ഥാന ചരിത്രത്തില്‍ പുത്തന്‍ അധ്യയമാകുന്ന ഭൂസമരത്തിന് ജില്ല ഒരുങ്ങി. ജില്ലയില്‍ വാണിയമ്പലം പാലാമഠം മിച്ചഭൂമിയാണ് സമരകേന്ദ്രം. ചൊവ്വാഴ്ച ഇവിടെ പ്രക്ഷോഭ കാഹളമുയരും. സമരത്തിന്റെ പാരമ്പര്യമുയരുന്ന മണ്ണാണ് പാലാമഠം. 1970 മുതല്‍ ശാന്തിനഗര്‍, പാലാമഠം ഭാഗങ്ങളില്‍ വിവിധ ഘട്ടങ്ങളിലായി സിപിഐ എം നേതൃത്വത്തില്‍ മിച്ചഭൂമിസമരം നടന്നു. ഇതിന്റെ ഫലമായി നിരവധി കുടുംബങ്ങള്‍ക്ക് ഭൂമി ലഭിച്ചു. അതെല്ലാം ഇടതുപക്ഷ സര്‍ക്കാരുകളുടെ കാലത്താണ്. ചൊവ്വാഴ്ച ആരംഭിക്കുന്ന സമരത്തിന് വിപുലമായ സജ്ജീകരണമാണ് സ്വാഗതസംഘം ഒരുക്കിയിട്ടുള്ളത്. വിവിധ കേന്ദ്രങ്ങളില്‍നിന്നും എത്തുന്ന വളന്റിയര്‍മാര്‍ക്ക് താമസസൗകര്യവും ഭക്ഷണവും ഏര്‍പ്പാടാക്കും.

ഭക്ഷണത്തിനുള്ള അരി എടവണ്ണ, പോരൂര്‍, വണ്ടൂര്‍, മമ്പാട് എന്നിവിടങ്ങളിലെ സിപിഐ എം ലോക്കല്‍ കമ്മിറ്റികളും മറ്റ് സാമഗ്രികള്‍, പച്ചക്കറികള്‍, പാത്രങ്ങള്‍ തുടങ്ങിയവ വണ്ടൂര്‍ ഏരിയയിലെ എട്ട് ലോക്കല്‍ കമ്മിറ്റികളും വഹിക്കും. സമരവുമായി ബന്ധപ്പെട്ടുള്ള കമാനങ്ങള്‍ ആര്‍ടിസാന്‍സ് യൂണിയന്‍ വണ്ടൂര്‍ ഏരിയാ കമ്മിറ്റി സ്ഥാപിക്കും.

ചൊവ്വാഴ്ച മുതല്‍ പത്തുവരെയാണ് ആദ്യഘട്ടം. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് അത്താണിയില്‍ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പാലോളി മുഹമ്മദ്കുട്ടി ഉദ്ഘാടനംചെയ്യും. ഉദ്ഘാടന സമ്മേളനത്തിനുശേഷം സമരകേന്ദ്രത്തിലേക്ക് നേരത്തെ നിശ്ചയിക്കപ്പെട്ട സമര വളന്റിയര്‍മാര്‍ മാര്‍ച്ച് ചെയ്യും. തുടര്‍ന്ന് രണ്ടിന് തൃക്കലങ്ങോട്, എളങ്കൂര്‍, മൂന്നിന് തിരുവാലി, നാലിന് എടവണ്ണ, അഞ്ചിന് വണ്ടൂര്‍, ആറിന് പോരൂര്‍, ഏഴിന് മമ്പാട്, എട്ടിന് പാണ്ടിക്കാട്, ഒമ്പതിന് വാണിയമ്പലം, തുവ്വൂര്‍, പത്തിന് കരുവാരക്കുണ്ട് എന്നീ ലോക്കല്‍ കമ്മിറ്റികള്‍ വളന്റിയര്‍മാരെ അനുഗമിക്കും. സമരകേന്ദ്രത്തില്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍നിന്നും എത്തിച്ചേരുന്നതിനുള്ള വഴി: നിലമ്പൂര്‍ ഭാഗത്തുനിന്നുള്ളവര്‍ നടുവത്ത് എത്തി വടക്കുംപാടം റോഡില്‍ മൂന്നുകിലോമീറ്റര്‍ കഴിഞ്ഞ് വെള്ളാമ്പുറത്തുനിന്ന് ഒരുകിലോമീറ്റര്‍ ദൂരമുള്ള പാലാമഠം പ്രദേശത്തേക്ക് പ്രവേശിക്കണം. ജില്ലയുടെ മറ്റുഭാഗങ്ങളില്‍നിന്നും എത്തുന്നവര്‍ വണ്ടൂരില്‍ എത്തി കാളികാവ് റോഡില്‍ പ്രവേശിച്ച് വാണിയമ്പലത്ത്നിന്ന് അമരമ്പലം റോഡില്‍ കയറി മൂന്നുകിലോമീറ്റര്‍ ദൂരം കഴിഞ്ഞ് അത്താണി കയറ്റത്തില്‍ എത്തി പാലാമഠം സമരകേന്ദ്രത്തില്‍ പ്രവേശിക്കണം.

ഭൂസമരം ചരിത്രമാക്കാന്‍ ജില്ല ഒരുങ്ങി

ആലപ്പുഴ: എണ്ണമറ്റ സമരപോരാട്ടങ്ങളുടെ സ്മരണകളിരമ്പുന്ന ആലപ്പുഴയുടെ മണ്ണ് പാവപ്പെട്ടവന് തലചായ്ക്കാന്‍ ഒരുതുണ്ട് ഭൂമി തേടിയുള്ള പുത്തന്‍പ്രക്ഷോഭത്തിനായി ഒരുങ്ങി. പുതുവര്‍ഷത്തിലെ ചുവന്നപ്രഭാതം ജില്ലയിലെ അവകാശസമരപോരാട്ടങ്ങളുടെ ചരിത്രത്തിലെ പുത്തന്‍ ഏടായി മാറാനുള്ള ഒരുക്കമാണ് നാട്ടിലെമ്പാടും. കൈനകരിയിലെ പൂപ്പള്ളി കുടുംബം വക 52 ഏക്കറില്‍ ചൊവ്വാഴ്ച സമരവളണ്ടിയര്‍മാര്‍ കൊടിനാട്ടുമ്പോള്‍ മണ്ണും വെള്ളവും മാഫിയകള്‍ക്ക് തീറെഴുതുന്ന ഭരണാധികാരികള്‍ക്ക് ഭൂരഹിതരുടെയും സാധാരണക്കാരുടെയും താക്കീതായി സമരം മാറും.

ഭൂപരിഷ്കരണ നിയമം അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, എല്ലാ ഭൂരഹിതര്‍ക്കും ഭൂമി നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഭൂപരിഷ്കരണസമരസമിതി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സമരത്തിന്റെ ഭാഗമായാണ് പൂപ്പള്ളിയില്‍ സമരക്കാര്‍ പ്രവേശിക്കുന്നത്. സമരത്തിന്റെ പ്രചാരണാര്‍ഥം ജില്ലയിലെമ്പാടും ഉജ്വലപ്രവര്‍ത്തനങ്ങളാണ് നടന്നത്. ഭൂസംരക്ഷണസമിതി ചെയര്‍മാന്‍ ഇ പി ജയരാജന്‍ നയിച്ച സമരപ്രചാരണജാഥയ്ക്ക് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണങ്ങളില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. ഏരിയ, ലോക്കല്‍ തലങ്ങളിലും പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് ആവേശകരമായ പ്രതികരണങ്ങളാണ് ലഭിച്ചത്. ഭൂരഹിതരുടെ കണ്‍വന്‍ഷനുകളിലെ പങ്കാളിത്തം സമരമെന്തിനെന്ന ചോദ്യമുന്നയിക്കുന്നവര്‍ക്കുള്ള മറുപടിയായി.

രാവിലെ 9ന് കൈനകരി ജങ്ഷനില്‍ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എം സി ജോസഫൈന്‍ ഉദ്ഘാടനംചെയ്യും. സംസ്ഥാന കമ്മിറ്റിയംഗം ജി സുധാകരന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ 250 വളണ്ടിയര്‍മാര്‍ ആദ്യദിനം സമരഭൂമിയില്‍ പ്രവേശിക്കും. അറസ്റ്റ് ചെയ്താല്‍ ജാമ്യം നിഷേധിച്ച് ജയില്‍ വരിക്കും. തുടര്‍ന്നുള്ള പത്തുദിവസം 100 വീതം വളണ്ടിയര്‍മാര്‍ സമരത്തില്‍ അണിചേരും. ഭൂമിയില്ലാത്തവന് ഒരുതുണ്ട് ഭൂമി നേടിക്കൊടുക്കാനായി സംഘടിപ്പിക്കുന്ന സമരത്തിന് വര്‍ഗ, ബഹുജന സംഘടനകളും സാധാരണക്കാരുമായ ആയിരങ്ങള്‍ അഭിവാദ്യം അര്‍പ്പിക്കും. ജനുവരി 11 മുതല്‍ ജില്ലയിലെ 17 ഏരിയകളിലായി പരിധിയില്‍ കവിഞ്ഞ് കൈവശം വച്ചിട്ടുള്ള ഭൂമിയില്‍ പ്രവേശിച്ച് പ്രവര്‍ത്തകര്‍ കുടില്‍കെട്ടും.

deshabhimani 311212

നവോത്ഥാന പ്രസ്ഥാനത്തിന് വെളിച്ചമേകിയ നാട്


കേരളത്തിലെ നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് ആവേഗം പകര്‍ന്ന ദേശമാണ് അവിണിശേരി. ക്ഷേത്രപ്രവേശനം, വിജാതീയ വിവാഹം, വൈക്കം -ഗുരുവായൂര്‍ സത്യഗ്രഹം, കര്‍ഷക പ്രസ്ഥാനം, ഖാദി പ്രസ്ഥാനം എന്നിങ്ങനെ വൈവിധ്യമാര്‍ന്നതാണ് പ്രദേശത്തിന്റെ ഉള്‍ത്തുടിപ്പുകള്‍. കണിമംഗലം കോള്‍ നിലത്തിന്റെ വടക്കേ ഭാഗത്താണ് 7.82 ചതുരശ്ര കി. മീറ്റര്‍ വിസ്തൃതിയുള്ള അവിണിശേരി പഞ്ചായത്ത്. പഞ്ചായത്ത് രൂപീകരിക്കുന്നത് 1979 ഏപ്രില്‍ ഒന്നിനാണ്. അതുവരെ വല്ലച്ചിറ, പാറളം പഞ്ചായത്തുകളുടെ ഭാഗമായിരുന്നു. പാറളം, വല്ലച്ചിറ പഞ്ചായത്തുകള്‍ക്കു മുമ്പേ കോടന്നൂര്‍ പഞ്ചായത്തിന്റെ ഭാഗമായിരുന്നു.

ചെറുവത്തേരി കിഴക്കേടത്ത് മനയ്ക്കല്‍ മഹര്‍ഷി വിരൂപാക്ഷന്‍ നമ്പൂതിരി നവോത്ഥാന പ്രസ്ഥാനത്തിന് അവിണിശേരിയുടെ സംഭാവനയായിരുന്നു. തോട്ടപ്പായ മഹാവിഷ്ണു ക്ഷേത്രം 1946 നവംബര്‍ 13ന് കീഴ്ജാതിക്കാര്‍ക്ക് തുറന്ന് കൊടുത്ത് നാടിന്റെ വിപ്ലവ ചിന്തകള്‍ക്ക് തീകൊളുത്തിയത് അദ്ദേഹമാണ്. മകളെ അന്യജാതിക്കാരന് ആചാരങ്ങളില്ലാതെ വിവാഹം കഴിച്ചുകൊടുത്തതും യാഥാസ്ഥിതികരെ ഞെട്ടിച്ചു. അദ്ദേഹം പണ്ഡിതനും പാരമ്പര്യ വിഷ ചികിത്സാ വിദഗ്ധനും വിഷചികിത്സാ ഗ്രന്ഥ കര്‍ത്താവുമാണ്. അദ്ദേഹത്തിന്റെ മനയില്‍ എ കെ ജിയും ഇ എം എസും സി അച്യുതമേനോനും ഒളിവില്‍ കഴിഞ്ഞിട്ടുണ്ട്. വിരൂപാക്ഷന്‍ നമ്പൂതിരിയുടെ ശിലാപ്രതിമ തോട്ടപ്പായ മഹാവിഷ്ണു ക്ഷേത്ര നടയില്‍ ചരിത്ര സ്മാരകമായി നില്‍ക്കുന്നത് അപൂര്‍വതയും അദ്ദേഹത്തോടുള്ള നാടിന്റെ ആദരവാത്സല്യവുമാണ്. ജാതി വ്യവസ്ഥക്കെതിരെ ആലത്തൂരില്‍ സ്ഥാപിച്ച ബ്രഹ്മാനന്ദ ശിവയോഗിയുടെ ആനന്ദമഹാസഭയുടെ ശാഖ 1922ല്‍ പെരിഞ്ചേരി മഠത്തില്‍ സ്ഥാപിച്ചയാളായിരുന്നു പിന്നീട് മന്ത്രിയായ കെ കൊച്ചുകുട്ടന്‍. യോഗക്ഷേമ സഭാ പ്രവര്‍ത്തനം തുടക്കത്തിലേ അവിണിശേരിയിലുണ്ടായിരുന്നു. എം ആര്‍ ബിയുടെ ഋതുമതിയിലെ ദേവകി എന്ന കഥാപാത്രം അവിണിശേരി മേലേ മുല്ലനേഴി വാസുദേവന്‍ നമ്പൂതിരിയുടെ ഭാര്യ പാര്‍വതി അന്തര്‍ജനത്തിന്റെ കഥയായി കാണുന്നവരുണ്ട്.

മുല്ലനേഴി മാഷാണ് അവിണിശേരിയുടെ മറ്റൊരു അഭിമാനമുദ്ര. 1937ല്‍ പെരിഞ്ചേരി ഗ്രാമീണവായനശാല തുടങ്ങി. 1922ലാണ് പെരിഞ്ചേരിയില്‍ എഴുത്തച്ഛന്‍ സമാജം രൂപീകരിക്കുന്നത്. വി കെ കുഞ്ഞിറ്റി എഴുത്തച്ഛനായിരുന്നു മുഖ്യപ്രവര്‍ത്തകന്‍. എഴുത്തച്ഛന്‍ എന്ന വാരികയുടെ പ്രസിദ്ധീകരണവും ഉണ്ടായി. 1922ല്‍ എഴുത്തച്ഛന്‍ ബാങ്ക് സ്ഥാപിച്ചു. അവിണിശേരിയിലെ ആദ്യ പള്ളിക്കൂടമായ പെരിഞ്ചേരി എഎല്‍പി സ്കൂളിന് നൂറ്റാണ്ടിന്റെ കഥയുണ്ട്. വി ആര്‍ കൃഷ്ണനെഴുത്തച്ഛനാണ് ഇന്നാട്ടിലെ ആദ്യ നിയമ ബിരുദധാരി. ഓട്, മരം, കശുവണ്ടി തൊഴിലാളികളുടെ തൊഴില്‍ സംരക്ഷണത്തിനും അവകാശ സമരങ്ങള്‍ക്കും നേതൃത്വംകൊടുത്ത, ഗുണ്ടാ ആക്രമണത്തിനു വിധേയനായ കമ്യൂണിസ്റ്റ് നേതാവ് പി കെ വേലായുധന്‍ 95-ാം വയസ്സിലും അവിണിശേരിയിലുണ്ട്. 1937ല്‍ കൊച്ചി ഖാദി വില്ലേജ് ഇന്‍ഡസ്്ട്രീസ് ആനക്കല്ലില്‍ പ്രവര്‍ത്തമാരംഭിച്ചു. കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട് പ്രസിഡന്റും വി ആര്‍ കൃഷ്ണനെഴുത്തച്ഛന്‍ സെക്രട്ടറിയും ഇ ഇക്കണ്ടവാര്യര്‍, ആര്‍ കൃഷ്ണയ്യര്‍ എന്നിവര്‍ അംഗങ്ങളുമായ സ്ഥാപനം 1941ല്‍ അഖിലേന്ത്യാ ചര്‍ക്കാ കേന്ദ്രം ഏറ്റെടുത്തു. ദണ്ഡിയാത്രയില്‍ പങ്കെടുത്ത കെ ശങ്കര്‍ജിയാണ് അവിണിശേരിയിലെ ആദ്യ ഖാദി പ്രവര്‍ത്തകന്‍. ക്വിറ്റിന്ത്യാ പ്രമേയം പാസ്സാക്കിയ ബോംബെ എഐസിസി സമ്മേളനത്തില്‍ പങ്കെടുത്തു മടങ്ങവേ വി ആര്‍ കൃഷ്ണനെഴുത്തച്ഛന്‍ അറസ്റ്റ് വരിച്ച് വിയ്യൂര്‍ ജയിലിലായി.

deshabhimani 311212

ബഹുദൂരം ഇനിയും... തോണി നീങ്ങുന്നില്ല


ഇങ്ങനെ പോയാല്‍ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നിലംതൊടില്ലെന്ന് ഏത് കൊച്ചുകുട്ടിക്കാണ് അറിയാത്തത്. അതിവേഗം ബഹുദൂരം സഞ്ചരിച്ചിട്ടും തോണി കരയില്‍ തന്നെ നില്‍പ്പാണ്. മുടി ചീകാന്‍പോലും സമയമില്ലാതെ ഉറക്കമിളച്ചാണ് മുഖ്യന്‍ നാടുഭരിക്കുന്നതെന്നാണ് മുനിയുടെ കേട്ടുകേള്‍വി. എന്നിട്ടും നാട്ടില്‍ ഒന്നും നടക്കുന്നില്ലെന്ന് പറയുന്നത് മറ്റാരുമല്ല, ഭരണമുന്നണിയിലെ തിണ്ണമിടുക്കുള്ള ടീമാണ്. പറഞ്ഞത് രഹസ്യമല്ല. പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും സദ്യ വിളമ്പിയാണ് വിവരം മാലോകരെ അറിയിച്ചത്. ഇക്കൂട്ടര്‍ക്ക് എന്താണ് പറ്റിയത്. എത്ര ആലോചിച്ചിട്ടും മുനിക്ക് സംഗതിയുടെ ഗുട്ടന്‍സ് പിടികിട്ടുന്നില്ല. സാധാരണ സൂര്യന്‍ പടിഞ്ഞാറ് ഉദിച്ചെന്ന് നേതാവ് പറഞ്ഞാല്‍ അത് ഏറ്റുചൊല്ലുന്നവരാണ്. ആരെങ്കിലും ചോദ്യംചെയ്താല്‍ കിത്താബ് കാട്ടി വിരട്ടും. അങ്ങനെയുള്ള കൂട്ടരാണ് രാജാവും പരിവാരവും നഗ്നരാണെന്ന് വിളിച്ചുകൂവി നടക്കുന്നത്.

ഒരു നേതാവിന്റെ മകളുടെ നിക്കാഹിന് ഒത്തുകൂടിയപ്പോഴാണത്രെ മന്ത്രിസംഘത്തിനും പരിവാരത്തിനും ചില വെളിപാടുകളുണ്ടായത്. കോഴിബിരിയാണി രണ്ടാമതും ചോദിച്ചപ്പോള്‍ വിളമ്പലുകാരനാണ് ഇറച്ചിമുതല്‍ മസാലക്കൂട്ടുവരെയുള്ളവയുടെ വിലവിവര പട്ടിക നേതാക്കള്‍ക്ക് നല്‍കിയത്. അപ്പോഴാണ് സാധനങ്ങള്‍ക്ക് വില കയറിയത് മന്ത്രിമാര്‍ അറിഞ്ഞത്. ഉടനെ "അവൈലബ്ള്‍" നേതൃയോഗം തട്ടിക്കൂട്ടിയാണ് മന്ത്രിമാരും നേതാക്കളും ഉച്ചത്തില്‍ നിലവിളിച്ചത്. മന്ത്രിമാരും എംഎല്‍എമാരുമല്ലാത്ത നേതാക്കളാണ് ആദ്യം കരഞ്ഞത്. അത് എന്താണെന്ന് പൂര്‍ണമായും മുനിക്ക് അറിയില്ല. മതിലുകടന്ന നിലവിളിയില്‍ ചിലത് മാത്രമാണ് കേട്ടത്. ""ഞമ്മക്ക് ഭരിക്കാന്‍ അറിയില്ലേ.... സത്യമായും അറിയില്ലേ..."" തുടര്‍ന്ന് മന്ത്രിമാരും ആരും കേള്‍ക്കാതെ വിലപിച്ചു. കുറ്റം സമ്മതിച്ചു. കണ്ണുകള്‍ ഈറനണിഞ്ഞു. സ്വയംവിമര്‍ശമെന്ന് പറഞ്ഞാല്‍ ഇതാണ്. സര്‍ക്കാര്‍ ഒന്നിനും കൊള്ളില്ലെന്ന് മന്ത്രിമാരും അതിന്റെ പാര്‍ടിയും ജനങ്ങളോട് വിളിച്ചുപറയുന്നു. ജനാധിപത്യത്തിന്റെ വിജയമെന്നല്ലാതെ മുനിക്ക് മറ്റൊന്നും പറയാനില്ല. എണ്ണത്തില്‍ പോരാഞ്ഞിട്ട് വണ്ണം പറഞ്ഞ് മന്ത്രിയെ വാങ്ങിയ പാര്‍ടി ഇങ്ങനെ വിലപിക്കേണ്ടിവന്നതിലാണ് മുനിക്ക് സങ്കടം. ഭരിക്കാനറിയില്ലെങ്കില്‍ ഇങ്ങനെ കഷ്ടപ്പെട്ട് കടിച്ചുതൂങ്ങണോ എന്നൊന്നും ആരും ചോദിച്ചേക്കരുത്. ഭരിക്കുന്നത് പാര്‍ടിക്കും നേതാക്കള്‍ക്കും വേണ്ടിയല്ല. സമുദായത്തിന്റെയാകെ ഗുണത്തിനാണ്. ചോദിക്കുന്നവര്‍ക്ക് സ്കൂളും കോളേജും, കോളേജിന്റെ പടി കാണാത്തവര്‍ക്കും സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പദവി... മുന്തിയ മന്ത്രി പ്രസംഗം നിര്‍ത്തിയപ്പോള്‍ കാരണവര്‍ എംഎല്‍എ മൊഴിഞ്ഞത് ഇങ്ങനെയാണത്രെ. ""സായിബേ ഇങ്ങള് പറഞ്ഞതൊക്കെ ഞമ്മക്കറിയാം. പക്ഷേ, അന്നം കഴിച്ച് ജീവിക്കണമെങ്കില്‍ ഞമ്മള് രാജിവെക്ക്വാ നല്ലത്ന്നാ ആളുകള് പറേണത്"".

deshabhimani 311212

മാര്‍ട്ടിന്റെ സംരക്ഷകര്‍ കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരുമെന്ന് തെളിഞ്ഞു: എം വി ജയരാജന്‍


വ്യാജ ലോട്ടറിക്കേസുകള്‍ അവസാനിപ്പിക്കാന്‍ സിബിഐ നടത്തുന്ന നീക്കം ലോട്ടറി മാഫിയകളെ സഹായിക്കാനും അന്യസംസ്ഥാന ലോട്ടറിചൂതാട്ടം കൊണ്ടുവരാനുമാണെന്ന് കേരള ഭാഗ്യക്കുറി സംരക്ഷണ സമിതി കണ്‍വീനര്‍ എം വി ജയരാജന്‍ പ്രസ്താവനയില്‍ പറഞ്ഞു.

എല്‍ഡിഎഫ് ഭരണകാലത്താണ് ലോട്ടറി മാഫിയകളുടെ പേരില്‍ കേസെടുത്തതും അന്യസംസ്ഥാന ലോട്ടറി ചൂതാട്ടം അവസാനിപ്പിച്ചതും. മര്‍ട്ടിനടക്കമുള്ള ലോട്ടറി മാഫിയകളുടെ പേരില്‍ 31 കേസ് അന്ന് ചാര്‍ജ്ചെയ്തു. അതില്‍ ഇരുപത്തൊന്നും പിന്‍വലിക്കാനാണ് സിബിഐ ശ്രമം. യുഡിഎഫ് അധികാരത്തില്‍ വന്നതോടെ ലോട്ടറിമാഫിയകള്‍ വീണ്ടും സജീവമായി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍വച്ച് 200 കോടി രൂപയുടെ വ്യാജലോട്ടറി ടിക്കറ്റുകള്‍ കടത്തിയ കേസിലെ പ്രതികള്‍ക്ക് കേരളഭാഗ്യക്കുറി ഏജന്‍സി അനുവദിച്ചത് യുഡിഎഫ് ഭരണത്തിലാണ്. ലോട്ടറി നിരോധിച്ച അയല്‍സംസ്ഥാനങ്ങളിലേക്ക് കേരളാ ഭാഗ്യക്കുറി ടിക്കറ്റുകള്‍ കടത്താനും തമിഴ്നാട്ടിലും മറ്റും ചൂതാട്ട ലോട്ടറി നടത്താനുമുള്ള സൗകര്യം വ്യാജലോട്ടറിക്കേസിലെ പ്രതികള്‍ക്ക് ധനമന്ത്രിയുടെ ഓഫീസില്‍നിന്നാണ് ലഭിക്കുന്നത്. ചെറുകിട ഏജന്റുമാര്‍ക്ക് ടിക്കറ്റ് നല്‍കാതെ മാഫിയവിഭാഗത്തില്‍ പ്പെട്ടവര്‍ക്ക് യഥേഷ്ടം ടിക്കറ്റുകള്‍ നല്‍കാന്‍ കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിയും ധനമന്ത്രിപോലും നിര്‍ദേശം നല്‍കുകയാണ്. ടിക്കറ്റ് അച്ചടി വര്‍ധിപ്പിക്കാതെ വില കൂട്ടാന്‍ നടത്തിയ നീക്കവും വന്‍കിടക്കാരെ സഹായിക്കാനാണ്.

സിക്കിം ഹൈക്കോടതിയിലെ കേസുകളില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കേരളം സ്വീകരിച്ച നടപടികള്‍ അംഗീകരിക്കുകയും അനുകൂലവിധി ഉണ്ടാവുകയുംചെയ്തു. സിക്കിം, ഭൂട്ടാന്‍ ലോട്ടറികളുടെ പ്രൊമോട്ടര്‍മാര്‍ കേന്ദ്രലോട്ടറി നിയമം ലംഘിച്ചുവെന്ന കാര്യം കോടതിയും അതത് സംസ്ഥാനങ്ങളും അംഗീകരിച്ചതാണ്. എന്നിട്ടും സിബിഐ കേസുകള്‍ പിന്‍വലിക്കാനും അന്വേഷണം അവസാനിപ്പിക്കാനും കോടതിയുടെ അനുമതി തേടിയത് ദുരൂഹമാണ്. മണികുമാര്‍ സുബ്ബമുതല്‍ മാര്‍ട്ടിന്‍വരെയുള്ളവരുടെ ലോട്ടറി മാഫിയകളുടെ സംരക്ഷകരായ കേന്ദ്രസര്‍ക്കാരിനെ പ്രീതിപ്പെടുത്താനാണ് സിബിഐ സംഘത്തിന്റെ ശ്രമം. മാര്‍ട്ടിനെയും കൂട്ടരെയും കുറ്റവിമുക്തരാക്കി ചൂതാട്ടലോട്ടറി പുനഃസ്ഥാപിക്കാനുള്ള നീക്കം ജനങ്ങള്‍ ചെറുക്കും. മാര്‍ട്ടിന്റെ സംരക്ഷകര്‍ കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരുമാണെന്ന് ഒരിക്കല്‍കൂടി തെളിയിക്കുന്നതാണ് സിബിഐ നടപടിയെന്ന് എം വി ജയരാജന്‍ പറഞ്ഞു.

deshabhimani 311212

കെപിസിസി: പുറത്തായത് മുതിര്‍ന്ന പട്ടികജാതി-വര്‍ഗ വിഭാഗം നേതാക്കള്‍


ഗ്രൂപ്പ്തമ്പുരാന്മാരെ തൃപ്തിപ്പെടുത്തി കെപിസിസിക്ക് ജംബോ കമ്മിറ്റി രൂപീകരിച്ചപ്പോള്‍ പടിക്കുപുറത്തായത് ദീര്‍ഘകാല പ്രവര്‍ത്തനപാരമ്പര്യമുള്ള മുതിര്‍ന്ന പട്ടികജാതി-വര്‍ഗ വിഭാഗം നേതാക്കള്‍. കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന മുന്‍ മന്ത്രി എം എ കുട്ടപ്പന്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പട്ടികയില്‍ നിന്ന് പുറത്തായി. പേരിനായി ഉള്‍പ്പെടുത്തിയവരുടെ യോഗ്യതയാകട്ടെ ചില നേതാക്കളുടെ നോമിനിയാണെന്നതും. അര്‍ഹരായ നേതാക്കളെ ഭാരവാഹികളാക്കാത്തതില്‍ ദളിത് കോണ്‍ഗ്രസിലും അമര്‍ഷം പുകയുകയാണ്.

ദീര്‍ഘകാലം ജനറല്‍ സെക്രട്ടറിസ്ഥാനം വഹിച്ച മുതിര്‍ന്ന നേതാവ് എം എ കുട്ടപ്പനെ തഴഞ്ഞാണ് അത്രയൊന്നും അറിയപ്പെടാത്ത അഡ്വ. ജി ഭുവനേശ്വരനെ ജനറല്‍ സെക്രട്ടറിയാക്കിയത്. കൊടിക്കുന്നില്‍ സുരേഷിന്റെ നോമിനിയെന്നതാണ് അദ്ദേഹത്തിന്റെ യോഗ്യത. നേതൃത്വത്തിന്റെ തീരുമാനത്തിലുള്ള അസംതൃപ്തി എം എ കുട്ടപ്പന്‍ കഴിഞ്ഞദിവസം ചാനല്‍ ചര്‍ച്ചയില്‍ വ്യക്തമാക്കുകയും ചെയ്തു. പട്ടികയില്‍ ഇടംപിടിക്കുമെന്ന് കരുതിയ ദളിത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. വിദ്യാധരനെയും പരിഗണിച്ചില്ല. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിച്ചു തോറ്റ എന്‍ കെ സുധീറിനെ സെക്രട്ടറിയായി ഉള്‍പ്പെടുത്തിയപ്പോള്‍ ദളിത് കോണ്‍ഗ്രസിന്റെ നേതാക്കന്മാരെ ആരെയും പരിഗണിച്ചില്ല. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ വയനാടുകാരന്‍ ഒ ആര്‍ രഘുവും അവഗണിക്കപ്പെട്ടു. ദളിത് കോണ്‍ഗ്രസിന്റെ സംസ്ഥാന ഭാരവാഹികളെ പൂര്‍ണമായും തഴഞ്ഞ് എന്‍ കെ സുധീറിനെ കൊണ്ടുവന്നതില്‍ പ്രതിഷേധം ശക്തമാണ്. നേതാക്കളുടെ അടുത്ത് സ്വാധീനമുള്ള ആര്‍ക്കും എന്ത് സ്ഥാനവും ലഭിക്കുന്ന അവസ്ഥയാണുള്ളതെന്നും കഴിവുണ്ടായിട്ട് കോണ്‍ഗ്രസില്‍ വലിയ കാര്യമൊന്നുമില്ലെന്നുമാണ് ഇതേപ്പറ്റി ഒരു ദളിത് കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം.

ദീര്‍ഘകാലമായി എറണാകുളം ഡിസിസി സെക്രട്ടറിയായ വി കെ തങ്കരാജ് കെപിസിസി സെക്രട്ടറിയായി വരുമെന്നാണ് പലരും പ്രതീക്ഷിച്ചതെങ്കിലും രാഷ്ട്രീയത്തില്‍ സജീവമല്ലാതിരുന്ന പ്രൊഫ. കെ കെ വിജയലക്ഷ്മിയാണ് സ്ഥാനം സ്വന്തമാക്കിയത്. നേരത്തെ ഇവര്‍ കെപിപിസി സെക്രട്ടറിയായിരുന്നെങ്കിലും ദീര്‍ഘനാളായി രംഗത്ത് ഉണ്ടായിരുന്നില്ല. 14 വര്‍ഷമായി ഡിസിസി സെക്രട്ടറിയായി പ്രവര്‍ത്തിച്ച, സജീവമായി രംഗത്തുള്ള തങ്കരാജിനെ ഒഴിവാക്കി വിജയലക്ഷ്മിയെ ഭാരവാഹിയാക്കിയതില്‍ ദളിത് നേതാക്കള്‍ക്കുപുറമെ ഐ വിഭാഗം നേതാക്കളും പ്രതിഷേധത്തിലാണ്.
(ജിജോ ജോര്‍ജ്)

deshabhimani 311212

അഞ്ചാംമന്ത്രി മുതല്‍ വിസി വരെ; വിവാദങ്ങള്‍ വരിവരിയായ്


മലപ്പുറം: വിവാദങ്ങളുടെ വര്‍ഷമായിരുന്നു ജില്ലയ്ക്ക് 2012. അഞ്ചാംമന്ത്രി മുതല്‍ കലിക്കറ്റ് സര്‍വകലാശാലയിലെ വൈസ്ചാന്‍സലര്‍ നിയമനവും ഭൂമിദാനവുമെല്ലാം രാഷ്ട്രീയത്തെ കലുഷിതമാക്കി. പി കെ ബഷീര്‍ എംഎല്‍എയുടെ കൊലവിളി പ്രസംഗവും കുനിയില്‍ ഇരട്ടക്കൊലപാതകവും പൊതുസമൂഹത്തില്‍ ഏറെ ഒച്ചപ്പാടുണ്ടാക്കി. ഭരണരംഗത്തും രാഷ്ട്രീയരംഗത്തുമുള്ള അഴിമതികളും സ്വജനപക്ഷപാതവും പുറത്തുകൊണ്ടുവരുന്നതില്‍ "ദേശാഭിമാനി" നിസ്തുല പങ്കുവഹിച്ചു.

യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റനാള്‍ മുതല്‍ അഞ്ചാംമന്ത്രിസ്ഥാനം വിവാദ വിഷയമായിരുന്നു. മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ച മന്ത്രി പദവി ലഭിക്കാത്തത് രാഷ്ട്രീയ വൃത്തങ്ങളില്‍ ഏറെ വാഗ്വാദങ്ങള്‍ക്കും വാക് യുദ്ധങ്ങള്‍ക്കും അരങ്ങൊരുക്കി. ഒരുഭാഗത്ത് ലീഗ് മന്ത്രിമാരും നേതാക്കളും അഞ്ചാംമന്ത്രിക്കായി അവകാശ വാദമുയര്‍ത്തിയപ്പോള്‍ ആര്യാടന്‍ മുഹമ്മദ് എതിര്‍ചേരിയില്‍ ഉച്ചത്തില്‍ ശബ്ദിച്ചു. ഒടുവില്‍ ഒരുവര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് മഞ്ഞളാംകുഴി അലിക്ക് മന്ത്രിക്കസേര ലഭിച്ചപ്പോഴേക്കും അതിന്റെ പുതുമ നഷ്ടമായിരുന്നു. കലിക്കറ്റ് സര്‍വകലാശാലാ വി സി നിയമനം സംസ്ഥാനത്തുതന്നെ ഏറെ ചര്‍ച്ചാവിഷയമായി. മുന്‍ പിഎസ്സി അംഗവും റിട്ട. ഹൈസ്കൂള്‍ അധ്യാപകനുമായ പള്ളിക്കല്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി പി അബ്ദുല്‍ ഹമീദിനെ വിസിയാക്കാനാണ് ഭരണത്തിന്റെ പിന്‍ബലത്തില്‍ മുസ്ലിംലീഗ് ശ്രമിച്ചത്. "ദേശാഭിമാനി"യാണ് ഇത് പുറത്തുകൊണ്ടുവന്നത്. പിന്നീട് മുഖ്യമന്ത്രി ഇടപെട്ട് തീരുമാനം റദ്ദാക്കുകയായിരുന്നു.

വിസിയായെത്തിയ അബ്ദുള്‍ സലാമും വിവാദങ്ങളുടെ തോഴനായി. ഇദ്ദേഹവും യുഡിഎഫ് നോമിനേറ്റഡ് സിന്‍ഡിക്കേറ്റും ചേര്‍ന്ന് സര്‍വകലാശാല ഭൂമി സ്വന്തക്കാരും ബന്ധുക്കളും ഉള്‍പ്പെട്ട ട്രസ്റ്റുകള്‍ക്ക് സൗജന്യമായി കൈമാറനുള്ള നീക്കമാണ് നടന്നത്. ഇതും പുറത്തുകൊണ്ടുവന്നത് ദേശാഭിമാനിയാണ്. പൊതുസമൂഹം വിഷയം ഏറ്റെടുത്തതോടെ തീരുമാനത്തില്‍നിന്ന് പിന്തിരിയാന്‍ അധികൃതര്‍ നിര്‍ബദ്ധരായി.

ലീഗ് എംഎല്‍എ പി കെ ബഷീര്‍ നടത്തിയ കൊലവിളി പ്രസംഗമാണ് പോയവര്‍ഷത്തിലെ മറ്റൊരു പ്രധാന സംഗതി. മുമ്പ് അധ്യാപകന്‍ ലീഗ് പ്രവര്‍ത്തകരുടെ മര്‍ദനമേറ്റ് മരിച്ച കേസില്‍ സാക്ഷിപറയാന്‍ പോകുന്നവര്‍ വീട്ടില്‍ തിരിച്ചെത്തില്ലെന്ന് ഭീഷണിപ്പെടുത്തിയ എംഎല്‍എ ഇത്തവണ കുനിയില്‍ ഇരട്ടക്കൊലപാതകത്തിന് മുമ്പാണ് വിവാദ പ്രസംഗം നടത്തിയത്. എംഎല്‍എയുടെ പ്രസംഗത്തില്‍ ആവേശം കൊണ്ടാണ് ലീഗ് പ്രവര്‍ത്തകര്‍ കൊലപാതകം നടത്തിയതെന്ന് ചൂണ്ടിക്കാട്ടി മരിച്ചവരുടെ ബന്ധുക്കള്‍രംഗത്തെത്തിയതോടെ പി കെ ബഷീര്‍ കേസില്‍ പ്രതിയായി. എന്നാല്‍ ഭരണസ്വാധിനം ഉപയോഗിച്ച് കേസില്‍നിന്ന് ഇദ്ദേഹം രക്ഷപ്പെടുന്ന കാഴ്ചയ്ക്കും ജില്ല സാക്ഷ്യം വഹിച്ചു. അരീക്കോട് കുനിയിലില്‍ സഹോദരങ്ങളെ ലീഗുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവം മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ചു. ഫുട്ബോള്‍ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പറഞ്ഞ് തടിയൂരാന്‍ ശ്രമിച്ച ലീഗിന്റെ പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും ഒന്നിനുപിറകെ ഒന്നായി ജയിലിലേക്ക് പോകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ലീഗ് ഏറനാട് മണ്ഡലം സെക്രട്ടറി പാറമ്മല്‍ അഹമ്മദ്കുട്ടിയും ഒടുവില്‍ ജയിലിലായി. എന്നാല്‍ വിദേശത്തേക്ക് കടന്ന പ്രതികളെ പിടികൂടാന്‍ മാസങ്ങള്‍ പിന്നിട്ടിട്ടും അന്വേഷണസംഘത്തിനായിട്ടില്ല.

deshabhimani 311212

Sunday, December 30, 2012

ഓര്‍മയെയും ഭയം; വിറളിപൂണ്ട് കേന്ദ്രം


രാജ്യത്തിന്റെ മനസ്സാക്ഷിയെ പിടിച്ചുകുലുക്കിയ ക്രൂരമായ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ ഓര്‍മ പോലും തേച്ചുമാച്ച് കളയാന്‍ യുപിഎ സര്‍ക്കാരിന്റെ ശ്രമം. പൊതുജനങ്ങളില്‍നിന്ന് പൂര്‍ണമായും മറച്ച്, മാധ്യമങ്ങളെ അകറ്റി, സുരക്ഷയുടെ കോട്ടതീര്‍ത്താണ് മൃതദേഹം സര്‍ക്കാര്‍ മറവ് ചെയ്തത്. ബിന്‍ലാദനെ വധിച്ച് രഹസ്യമായി കുഴിച്ചുമൂടിയ അമേരിക്കന്‍ രീതിയെ അനുസ്മരിപ്പിക്കുംവിധം. പെണ്‍കുട്ടിയുടെ പേരെന്തെന്നോ അവരുടെ മുഖം എങ്ങനെയെന്നോ ഔദ്യോഗികമായി വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇരുട്ടിന്റെ മറവില്‍ സംസ്കരിക്കാനായിരുന്നു സര്‍ക്കാരിന്റെ പരിപാടി.

രാജ്യമാകെ ഉയരുന്ന പ്രതിഷേധത്തിന്റെ തീവ്രത കുറയ്ക്കാനാണ് കേന്ദ്രമന്ത്രിസഭയുടെ തീരുമാനപ്രകാരം പെണ്‍കുട്ടിയെ സിംഗപ്പൂരിലേക്ക് കൊണ്ടുപോയത്. മൂന്ന് ശസ്ത്രക്രിയക്കും ഹൃദയാഘാതത്തിനും വിധേയയായ പെണ്‍കുട്ടിയെ സിംഗപ്പൂരിലേക്ക് കൊണ്ടുപോകുന്നത് ശരിയല്ലെന്ന് പ്രശസ്തരായ ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയില്‍ പെണ്‍കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍മാരും ഈ നീക്കത്തെ അനുകൂലിച്ചില്ല. ഡല്‍ഹിയില്‍നിന്നുള്ളതിനേക്കാള്‍ മികച്ച ചികിത്സ സിംഗപ്പൂരില്‍ ലഭിക്കുമെന്നും ആരും അഭിപ്രായപ്പെട്ടിരുന്നില്ല. കേന്ദ്രസര്‍ക്കാര്‍ മുന്‍കൂട്ടി നിശ്ചയിച്ച പദ്ധതി അനുസരിച്ചാണ് പെണ്‍കുട്ടിയെ സിംഗപ്പൂരിലേക്ക് മാറ്റിയത്. സിംഗപ്പൂരില്‍ ശനിയാഴ്ച പുലര്‍ച്ചെ അന്തരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന സമയം പോലും സര്‍ക്കാര്‍ അതീവരഹസ്യമാക്കി. സുരക്ഷാപ്രശ്നം ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ മൃതദേഹം വാരാണസിയിലേക്കോ ലഖ്നൗവിലേക്കോ കൊണ്ടുപോയി ജന്മദേശമായ കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ബല്ലിയയില്‍ സംസ്കരിക്കാനായിരുന്നു ആദ്യനീക്കം. സഹോദരങ്ങള്‍ എതിര്‍ത്തതോടെ അത് പൊളിഞ്ഞു. തുടര്‍ന്ന് മൃതദേഹവും വഹിച്ചുള്ള യാത്ര രാത്രിയിലാക്കാന്‍ തീരുമാനിച്ചു. മൃതദേഹം രാത്രി മാത്രമേ എത്തിക്കാവൂ എന്ന് നിര്‍ബന്ധമുണ്ടായിരുന്നു. രാത്രി 10ന് സിംഗപ്പൂരില്‍നിന്ന് പുറപ്പെട്ട വിമാനം ഞായറാഴ്ച പുലര്‍ച്ചെ നാലിനേ ഡല്‍ഹിയില്‍ എത്തിച്ചുള്ളൂ. പുലരുംമുമ്പ് സംസ്കരിക്കാനായിരുന്നു പരിപാടി. ശ്മശാനസമിതി എതിര്‍ത്തതിനാല്‍ ഉദയത്തിനുശേഷമാക്കി ചടങ്ങ്.

പെണ്‍കുട്ടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടപ്പോള്‍ മുഖ്യമന്ത്രി ഷീലാദീക്ഷിതിന്റെ ആദ്യപ്രതികരണം ശിവസേനാനേതാക്കളെ അനുസ്മരിപ്പിക്കുംവിധമായിരുന്നു. നഗരത്തില്‍ കുടിയേറ്റക്കാര്‍ വര്‍ധിക്കുന്നതാണ് പ്രശ്നകാരണം എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രതിഷേധം ശക്തമായപ്പോള്‍ മാത്രമാണ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായത്. പിന്നീട് പ്രതിഷേധത്തെ കരിതേച്ചുകാണിക്കാനായി ശ്രമം. മാധ്യമസഹായത്തോടെ ക്രിമിനലുകളാണ് സമരം നയിക്കുന്നതെന്നായി ആരോപണം. പിറകെ ക്രൂരമായ അടിച്ചമര്‍ത്തലും. ജനങ്ങളെ സമരക്കാര്‍ക്കെതിരെ തിരിച്ചുവിടാന്‍ മെട്രോ ട്രെയിന്‍ സ്റ്റേഷനുകള്‍ അടച്ചിട്ടു. ഇന്ത്യാഗേറ്റിലേക്കും രാജ്പഥിലേക്കുമുള്ള വഴിയടച്ചു. സമരക്കാരുടെ ആക്രമണത്തിലാണ് പൊലീസുകാരന്‍ മരിച്ചതെന്നും പ്രചരിപ്പിച്ചു. എന്നാല്‍, പൊലീസുകാരന് മുറിവേറ്റില്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞു. ജനകീയപ്രതിഷേധത്തെ എങ്ങനെ നേരിടണമെന്നറിയാതെ അപ്രഖ്യാപിത അടിയന്തരാവസ്ഥ നടപ്പാക്കുന്ന സര്‍ക്കാരിന്റെ വിളറിപിടിച്ച നീക്കങ്ങളാണ് ഡല്‍ഹിയില്‍ ദൃശ്യമാകുന്നത്.
(വി ബി പരമേശ്വരന്‍)

ഡല്‍ഹി കൂട്ടബലാത്സംഗം: രഹസ്യമായി സംസ്കരിച്ചു

ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം അതീവരഹസ്യമായി സംസ്കരിച്ചു. സിംഗപ്പൂരില്‍ ശനിയാഴ്ച പുലര്‍ച്ചെ അന്ത്യശ്വാസം വലിച്ച പെണ്‍കുട്ടിയെ പ്രത്യേക എയര്‍ ഇന്ത്യാ വിമാനത്തില്‍ ഡല്‍ഹിക്ക് കൊണ്ടുവന്ന് മണിക്കൂറുകള്‍ക്കകം ആരോരുമറിയാതെയാണ് സംസ്കരിച്ചത്. ഞായറാഴ്ച മഞ്ഞുമൂടിയ പ്രഭാതത്തില്‍ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ ദ്വാരക സെക്ടര്‍ 24ലെ ന്യൂ ഇന്ത്യന്‍ എഡ്യൂക്കേഷന്‍ കള്‍ച്ചറല്‍ സൊസൈറ്റി ശ്മശാനത്തിലായിരുന്നു സംസ്കാരം. അണപൊട്ടിയൊഴുക്കിയ ദുഃഖം കടിച്ചമര്‍ത്തി പിതാവാണ് ചിതയ്ക്ക് തീകൊളുത്തിയത്. ബോധം നഷ്ടപ്പെട്ട അമ്മയെ ദീന്‍ദയാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവരുടെ നില മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അതിനിടെ കൊടുംതണുപ്പിലും ഡല്‍ഹിയിലെ ജന്തര്‍മന്ദിറിലും മറ്റും പ്രതിഷേധത്തീ പടരുകയാണ്.

സിംഗപ്പൂരിലെ ചാങ്ങ് വിമാനത്താവളത്തില്‍നിന്ന് പ്രത്യേക എഐസി 380 എ എയര്‍ ഇന്ത്യാവിമാനത്തിലാണ് മൃതദേഹം ഡല്‍ഹിയിലേക്ക് കൊണ്ടുവന്നത്. രണ്ട് സഹോദരന്മാരും ഇന്ത്യന്‍ ഹൈകമീഷന്‍ ഉദ്യോഗസ്ഥരും അനുഗമിച്ചു. ഞായറാഴ്ച രാവിലെ നാലോടെ ഡല്‍ഹിയിലെ ഇന്ദിരഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ അതീവ സുരക്ഷയുള്ള ടെക്നിക്കല്‍ ഏരിയയില്‍ വിമാനം ഇറങ്ങി. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മൃതദേഹം ഏറ്റുവാങ്ങാന്‍ എത്തി. ഇരുവരും കുടുംബാംഗങ്ങളെ സമാശ്വസിപ്പിച്ചതായി പ്രധാനമന്ത്രികാര്യാലയം അറിയിച്ചു. വിമാനത്താവളത്തില്‍നിന്ന് നിരവധി പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെ പശ്ചിമഡല്‍ഹിയിലെ മഹാവീര്‍ എന്‍ക്ലേവിലെ വീട്ടില്‍ മൃതദേഹമെത്തിച്ചു. അവിടെ മതപരമായ ചടങ്ങ് പൂര്‍ത്തിയാക്കി ഉദയത്തിനുമുമ്പ് സംസ്കരിക്കാനായിരുന്നു നീക്കം. ഹിന്ദുമതാചാരപ്രകാരം ഉദയത്തിന് സംസ്കാരം അരുതെന്ന് ശ്മശാന അധികൃതരും മുഖ്യ കാര്‍മികന്‍ വിജേന്ദ്ര ശര്‍മയും ശഠിച്ചതോടെ സംസ്കാരം 7.30ന് ആക്കി. ചടങ്ങില്‍ ആഭ്യന്തരസഹമന്ത്രി ആര്‍ പി എന്‍ സിങ്, ഡല്‍ഹി മുഖ്യമന്ത്രി ഷീലാദീക്ഷിത്, പശ്ചിമ ഡല്‍ഹിയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി മഹാബല മിശ്ര, ബിജെപി ഡല്‍ഹി അധ്യക്ഷന്‍ വിജേന്ദ്ര ഗുപ്ത എന്നിവരും അടുത്ത ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. മാധ്യമങ്ങള്‍ക്ക് പെണ്‍കുട്ടിയുടെ വീട്ടിലോ സംസ്കാരചടങ്ങിലോ പ്രവേശനം നല്‍കിയില്ല. സംസ്കാരം നടന്ന പ്രദേശവും പെണ്‍കുട്ടിയുടെ വീടും രണ്ടായിരത്തിലേറെ പൊലീസുകാരും ബിഎസ്എഫും ദ്രുതകര്‍മസേനയും വളഞ്ഞിരുന്നു.

ശനിയാഴ്ച രാത്രി പത്തോടെയാണ് പൊലീസ് സംസ്കാരത്തിനായി തങ്ങളെ സമീപിച്ചതെന്ന് ന്യൂ ഇന്ത്യന്‍ എഡ്യൂക്കേഷന്‍ കള്‍ച്ചറല്‍ സൊസൈറ്റി മാനേജര്‍ ശ്യാമള്‍കുമാര്‍ അറിയിച്ചു. അതിനിടെ ഡല്‍ഹിയില്‍ അടച്ചിട്ട പത്ത് മെട്രോ സ്റ്റേഷനുകളില്‍ അഞ്ചെണ്ണം ഉച്ചയോടെ തുറന്നു. ഇന്ത്യാഗേറ്റ്, രാജ്പഥ് ഭാഗങ്ങളിലേക്ക് വാഹനങ്ങളൊന്നും അനുവദിച്ചില്ല. എല്ലാ പ്രധാന റോഡുകളിലും വന്‍ പൊലീസ് സന്നാഹമായിരുന്നു. ഡിസംബര്‍ 16 നാണ് തെക്കന്‍ ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയെ ആറുപേര്‍ ക്രൂരമായി പീഡിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തുടര്‍ന്നാണ് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ശനിയാഴ്ച പുലര്‍ച്ചെ 2.15 ന് ജീവിതത്തോട് വിടപറഞ്ഞു.

നിയമഭേദഗതി വേണം: ബാന്‍ കി മൂണ്‍

ഐക്യരാഷ്ട്രകേന്ദ്രം: കൂട്ട ബലാത്സംഗത്തിനിരയായി ഡല്‍ഹിയില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അഗാധമായ ദുഃഖം അറിയിച്ചു. ഇത്തരം കുറ്റങ്ങള്‍ ചെയ്യുന്നവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ നിയമ ഭേദഗതികള്‍ നടപ്പാക്കണമെന്നും അദ്ദേഹം ഇന്ത്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം ഒരിക്കലും അംഗീകരിക്കാനാവില്ല. ഇത്തരക്കാരോട് സഹിഷ്ണുത പാടില്ല. അവര്‍ ഒരിക്കലും രക്ഷപ്പെടരുത്. എല്ലാ പെണ്‍കുട്ടികളും സ്ത്രീകളും ബഹുമാനിക്കപ്പെടേണ്ടവരും സംരക്ഷിക്കപ്പെടേണ്ടവരുമാണ്-ബാന്‍ കി മൂണ്‍ വ്യക്തമാക്കി. അതിക്രമങ്ങള്‍ക്കിരയാകുന്നവര്‍ക്ക് അടിയന്തിര സഹായമെത്തിക്കുന്നതിനുള്ള സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. "യുഎന്‍ വുമണ്‍" സംഘടനയും മറ്റ് ഏജന്‍സികളും ഇക്കാര്യത്തില്‍ സര്‍ക്കാരിനെ സഹായിക്കാന്‍ സന്നദ്ധരാണെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.

deshabhimani 311212

മിച്ചഭൂമിസമരം: എ കെ ജിയുടെ ഓര്‍മകളുമായി സാംബശിവന്‍


ആധുനിക കേരളത്തിന്റെ സാമൂഹ്യജീവിതം പുതുക്കിപ്പണിത എഴുപതുകളിലെ മിച്ചഭൂമി സമരത്തില്‍ പാവങ്ങളുടെ പടത്തലവന്‍ എ കെ ജിക്കൊപ്പം പ്രവര്‍ത്തിച്ചതിന്റെ തുടിക്കുന്ന ഓര്‍മകളില്‍ ജീവിക്കുകയാണ് ഇന്നും സാംബശിവന്‍. എ കെ ജിക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവം സാംബശിവനിലെ പോരാളിക്ക് ഇപ്പോഴും നിലയ്ക്കാത്ത ഊര്‍ജപ്രവാഹം. എ കെ ജിക്കൊപ്പമുള്ള അനുഭവം ദേശാഭിമാനിയുമായി പങ്കുവയ്ക്കുമ്പോള്‍ ഈ അറുപത്തിയൊമ്പതുകാരനില്‍ വര്‍ധിതാവേശം.

തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തു ചേര്‍ന്ന വമ്പിച്ച സമരപ്രഖ്യാപന സമ്മേളനമാണ് മുടവന്‍മുഗള്‍ കൊട്ടാരവളപ്പിലെ 700 ഏക്കറോളം വരുന്ന മിച്ചഭൂമിയില്‍ സമരം നടത്താന്‍ തീരുമാനിച്ചതെന്ന് സാംബശിവന്‍ അനുസ്മരിച്ചു. മുടവന്‍മുഗള്‍ കൊട്ടാരത്തിനു സമീപത്തെ മാടക്കടയില്‍ നിന്ന് സംഘടിപ്പിച്ച സ്റ്റൂളിന്റെ സഹായത്താല്‍ അന്നു രാത്രി സാംബശിവന്‍ കൊട്ടാരമതില്‍ ചാടിക്കടന്നു. പിറ്റേദിവസം എ കെ ജി ചാടിക്കടക്കേണ്ട ഭാഗമാണിത്. അവിടെയെല്ലാം കുപ്പിച്ചില്ലു വിതറിയിരുന്നു. സാവകാശം അതെല്ലാം പെറുക്കി മാറ്റി. രാഷ്ട്രീയകേരളം ചുവന്ന ലിപികളില്‍ കൊത്തിയ സമരാനുഭവത്തിന്റെ നാന്ദി കുറിക്കലായി ആ ചാട്ടം. പിറ്റേന്നു മുടവന്‍മുഗള്‍ കൊട്ടാരത്തിലേക്കു പ്രകടനം. പതിനായിരങ്ങളാണ് ജാഥയില്‍. ആരുടെയും ശ്രദ്ധയില്‍പ്പെടാതെ എ കെ ജിയും തെരഞ്ഞെടുക്കപ്പെട്ട 25 സമരഭടന്മാരും തലേദിവസം ഒരുക്കിയ ഭാഗത്തെത്തി. ആദ്യം എ കെ ജിയെയും പിന്നാലെ മറ്റുള്ളവരെയും സാംബശിവന്‍ കൊട്ടാരവളപ്പിലാക്കി. ഉജ്വലമായ മുദ്രാവാക്യം വിളികളുയര്‍ന്നപ്പോള്‍ മാത്രമാണ് സമരഭടന്മാര്‍ അകത്തുകയറിയ വിവരം പൊലീസ് അറിഞ്ഞത്. "അന്നത്തെ തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണര്‍ സി സുബ്രഹ്മണ്യം എ കെ ജിയെ തടഞ്ഞെങ്കിലും പ്രയോജനമുണ്ടായില്ല. വൈകിട്ട് അഞ്ചോടെ കമീഷണര്‍ വീണ്ടുമെത്തി. അറസ്റ്റിനു വഴങ്ങാന്‍ നിര്‍ബന്ധിച്ചു. എ കെ ജി വഴങ്ങിയില്ല. ഒടുവില്‍ സമരഭടന്മാരെ അറസ്റ്റു ചെയ്തുനീക്കി. പിന്നീട് എ കെ ജിയെയും.

തിരുവനന്തപുരം സിജെഎം കോടതിയില്‍ വര്‍ക്കല രാധാകൃഷ്ണന്‍, പിരപ്പന്‍കോട് ശ്രീധരന്‍നായര്‍, കല്ലട സുകുമാരന്‍ തുടങ്ങിയവര്‍ കേസ് വാദിക്കാനെത്തി. എന്നാല്‍, എ കെ ജി സ്വയം വാദിച്ചു. എല്ലാവരെയും 15 ദിവസത്തേക്കു റിമാന്‍ഡുചെയ്തു. പിന്നീട് 15 ദിവസത്തേക്കുകൂടി റിമാന്‍ഡു നീട്ടി. ഇതിനിടെ കേസില്‍ വാദം നടന്നു. എ കെ ജി തന്നെ വാദിച്ചു. 29-ാം ദിവസം കോടതി എല്ലാവരെയും വെറുതെവിട്ടു"- സാംബശിവന്‍ ഓര്‍ക്കുന്നു. തിരുവനന്തപുരം ആയുര്‍വേദ ആശുപത്രിയില്‍ എ കെ ജി ചികിത്സയിലിരിക്കെ സഹായിയായി പാര്‍ടി നിയോഗിച്ചത് സാംബശിവനെയാണ്. പൂജപ്പുര ചിറ്റൂര്‍കോണത്തു പുത്തന്‍വീട്ടില്‍ രാമന്‍കുട്ടി പണിക്കരുടെയും സരസമ്മയുടെയും രണ്ടുമക്കളില്‍ മൂത്തയാളാണ് സാംബശിവന്‍. കൊല്ലത്തു സ്ഥിരതാമസമായിട്ട് 25 വര്‍ഷമായി. ഭാര്യ ശാരദയ്ക്കും മകന്‍ ജ്യോതിദേവ്, മരുമകള്‍ പ്രീതി, രണ്ടു കൊച്ചുമക്കള്‍ എന്നിവര്‍ക്കൊപ്പം കിളികൊല്ലൂര്‍ കല്ലുംതാഴത്ത് വിശ്രമജീവിതം നയിക്കുകയാണ് അദ്ദേഹം.
(എം സുരേന്ദ്രന്‍)

deshabhimani 311212

ഡല്‍ഹിയില്‍ ബലാത്സംഗക്കേസ് 635; ശിക്ഷിക്കപ്പെട്ടത് ഒരാള്‍

ഡല്‍ഹിയില്‍ 2012 ജനുവരി മുതല്‍ നവംബര്‍ വരെ രജിസ്റ്റര്‍ ചെയ്ത 635 ബലാത്സംഗക്കേസുകളില്‍ ശിക്ഷിക്കപ്പെട്ടത് ഒരു കേസിലെ പ്രതി മാത്രം. ഈ കാലയളവില്‍ 635 കേസുകള്‍ ഡല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്തതില്‍ 754 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 2012ലെ കേസുകളുടെ എണ്ണം കഴിഞ്ഞ അഞ്ച് വര്‍ഷത്തേതില്‍ ഏറ്റവും കൂടുതലാണ്. 403 പേര്‍ വിചാരണ നേരിടുന്നു. 348 പേര്‍ക്കെതിരെ അന്വേഷണം തുടരുകയും ഒരാളെ വെറുതെവിടുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം 745 പേര്‍ക്കെതിരെ കുറ്റമാരോപിക്കപ്പെട്ടപ്പോള്‍ 18 പേര്‍ക്കെതിരെ കുറ്റം ചുമത്തി. 34 പേരെ വെറുതെ വിട്ടു. 86 പേര്‍ ഇപ്പോഴും അന്വേഷണം നേരിടുകയാണ്. 10 പേരെ വെറുതെ വിട്ടു. 2010ല്‍ 685 ബലാത്സംഗക്കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 37 പേരെ കുറ്റവാളികളെന്ന് കണ്ടെത്തി. രാജ്യ തലസ്ഥാനത്ത് 2012ല്‍ 624 മാനഭംഗക്കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കേസുകളില്‍ 768 പേര്‍ അറസ്റ്റിലായി. എന്നാല്‍, ഒരു കേസില്‍ മാത്രമാണ് പ്രതി ശിക്ഷിക്കപ്പെട്ടത്. 2011ല്‍ 657 മാനഭംഗക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 910 പേര്‍ പിടിയിലായതില്‍ മൂന്നുപേര്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്.

സ്ത്രീധനപീഡനത്തിന് ഡല്‍ഹിയില്‍ 2012ല്‍ 111 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞവര്‍ഷം ഇത് 98 ആയിരുന്നു. ഈ വര്‍ഷം ആദ്യ അഞ്ചാഴ്ചയ്ക്കുള്ളില്‍ സ്ത്രീധനപീഡനവുമായി ബന്ധപ്പെട്ട് 128 മരണം രജിസ്റ്റര്‍ ചെയ്തു. 2011ല്‍ ഇത് 142ഉം 2010ല്‍ 143ഉം ആയിരുന്നു. സ്ത്രീകളെ മറ്റു പല വിധത്തില്‍ പീഡിപ്പിച്ചതിന് ഈ വര്‍ഷം 193 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കുറ്റാരോപിതരായ 200 പേര്‍ അറസ്റ്റിലായി. ഇതില്‍ 105 പേര്‍ക്കെതിരെ അന്വേഷണം നടക്കുകയും 95 പേര്‍ വിചാരണ നേരിടുകയുമാണ്.

deshabhimani 311212

പ്രായം ചെന്നവരെ ചൈനയില്‍ സംരക്ഷിക്കാന്‍ നിയമം


ബെയ്ജിംഗ് : ചൈനയില്‍ കുടുംബങ്ങളിലെ പ്രായം ചെന്നവരെ മറ്റ് അംഗങ്ങള്‍ സന്ദര്‍ശിക്കണമെന്നത് നിര്‍ബന്ധിതമാക്കുന്ന നിയമം പാസ്സാക്കി. ചൈനയിലെ പാര്‍ലമെന്റായ ദേശീയ പീപ്പിള്‍സ് കോണ്‍ഗ്രസ് പാസാക്കിയ 'മുതിര്‍ന്നവരുടെ അവകാശങ്ങളും താല്‍പര്യങ്ങളും സംരക്ഷിക്കുന്ന നിയമം' 2013 ജൂലൈ 1 ന് പ്രാബല്യത്തില്‍ വരും.

പ്രത്യേകമായി മാറി താമസിക്കുന്ന കുടുംബാംഗങ്ങള്‍ മിക്കപ്പോഴും പ്രായം ചെന്നവരെ സന്ദര്‍ശിക്കണമെന്ന് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു. എന്നാല്‍ 'മിക്കപ്പോഴും' എന്നതിന്റെ കാലയളവ് നിര്‍വചിച്ചിട്ടില്ല. നിയമം ലംഘിച്ചാലുള്ള ശിക്ഷയും വ്യക്തമാക്കിയിട്ടില്ല. സ്വന്തം വീട്ടില്‍ പോകുന്നതിനുള്ള അവധി അനുവദിക്കണമെന്ന് തൊഴില്‍ ദാതാക്കളെയും നിയമം നിര്‍ബന്ധിക്കുന്നുണ്ട്.
പ്രായം ചെന്നവരുടെ അവകാശങ്ങളും താല്‍പര്യങ്ങളും ലംഘിക്കപ്പെടുമ്പോള്‍ അവര്‍ക്ക് തന്നെയൊ അല്ലെങ്കില്‍ അവര്‍ നിയോഗിക്കുന്ന മറ്റാര്‍ക്കെങ്കിലുമോ ഔദ്യോഗിക തലത്തില്‍ നിന്നും സംരക്ഷണം തേടുകയൊ അല്ലാത്തപക്ഷം കേസ് കൊടുക്കുകയോ ചെയ്യാം.

സംരക്ഷണം നല്‍കല്‍, വീടും സ്വത്തുവകകളും സംബന്ധിച്ച തര്‍ക്കങ്ങള്‍ എന്നിവയുള്‍പ്പെടെ കുടുംബത്തിനുള്ളില്‍ ഉണ്ടാകുന്ന എല്ലാ സംഘര്‍ഷങ്ങളും കൈകാര്യം ചെയ്യുന്നതിനുള്ള വകുപ്പുകള്‍ നിയമത്തിലുള്‍പ്പെടുത്തിയിട്ടുണ്ട്. പ്രായം ചെന്നവരെ ശകാരിക്കുകയും അവര്‍ക്ക് സംരക്ഷണം നല്‍കാതിരിക്കുകയും വിവാഹം കഴിക്കുന്നതിനുള്ള അവരുടെ സ്വാതന്ത്ര്യത്തില്‍ ഇടപെടുകയും ചെയ്യുന്നവര്‍ക്ക് ശിക്ഷകള്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ദമ്പതികള്‍ക്ക് ഒരു കുട്ടി എന്ന തത്വം പ്രാവര്‍ത്തികമാക്കി മൂന്നു ദശാബ്ദങ്ങള്‍ക്ക് ശേഷമാണ് ഇത്തരമൊരു നിയമം ചൈന നടപ്പാക്കുന്നത്. പ്രായം ചെന്നവര്‍ സമൂഹത്തില്‍ നേരിടുന്ന ഒറ്റപ്പെടല്‍ നിയമം ആവിഷ്‌ക്കരിക്കുന്നതിന് പ്രേരകമായി. ചൈനയുടെ ആധുനികവല്‍ക്കരണവും ത്വരിതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചയും വര്‍ധിച്ചുവരുന്ന നഗരവല്‍ക്കരണവും പരമ്പരാഗതരീതിയിലുള്ള കുടുംബജീവിതത്തെ മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ്. പ്രായം ചെന്ന ചൈനീസ് പൗരന്മാരുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായിട്ടുള്ള സാഹചര്യത്തിലാണ് നിയമം ആവിഷ്‌കരിച്ചിട്ടുള്ളതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹ്വ റിപ്പോര്‍ട്ട് ചെയ്തു.

2011 ന്റെ അന്ത്യത്തില്‍ ചൈനയിലെ ജനസംഖ്യയില്‍ 13.7 ശതമാനം 60 നുമേല്‍ പ്രായമുള്ളവരായിരുന്നു. യു എന്‍ കണക്കുകള്‍ പ്രകാരം 2050 ആകുമ്പോഴേക്കും ചൈനീസ് ജനസംഖ്യയുടെ 30 ശതമാനവും 60 നുമേല്‍ പ്രായമുള്ളവരാകും. അന്ന് ലോക ശരാശരി 20 ശതമാനംമാത്രമായിരിക്കും. 2000ത്തില്‍ ചൈനീസ് ജനസംഖ്യയുടെ 10 ശതമാനം മാത്രമായിരുന്നു 60 നുമേല്‍ പ്രായമുള്ളവര്‍.

janayugom 301212

എച്ച്എംഎല്‍ ഭൂമിയില്‍ ഒന്നിന് വളണ്ടിയര്‍മാര്‍ പ്രവേശിക്കും


കല്‍പ്പറ്റ: സംസ്ഥാനമാകെ അലയടിച്ചുയരുന്ന ഭൂസമരത്തിന്റെ ഭാഗമായി വയനാട്ടിലും ജനുവരി ഒന്നിന് വളണ്ടിയര്‍മാര്‍ ഭൂമിയില്‍ പ്രവേശിക്കും. പാട്ടക്കാലാവധി കഴിഞ്ഞിട്ടും എച്ച്എംഎല്‍ അനധികൃതമായി കൈവശംവെക്കുന്ന ചുണ്ടേലിലെ എസ്റ്റേറ്റിലേക്കാണ് മാര്‍ച്ച്ചെയ്യുക. തുടര്‍ന്ന് അറസ്റ്റ്വരിച്ച് ജയിലിലേക്ക് പോകും. തുടര്‍ന്ന് ജനുവരി 10വരെ സമരം തുടരുമെന്ന് ഭൂസംരക്ഷണ സമിതി ജില്ലാ ചെയര്‍മാന്‍ എം വേലായുധനും ജനറല്‍ കണ്‍വീനര്‍ സുരേഷ് താളൂരും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മുഴുവന്‍ ഭൂരഹിതര്‍ക്കും ഭൂമി നല്‍കുക, ഭൂപരിഷ്കരണനിയമം ഭേദഗതി ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കുക, തണ്ണീര്‍ത്തട-വയല്‍ സംരക്ഷണ നിയമം അട്ടിമറിക്കാതിരിക്കുക, പാട്ടക്കാലാവധി തീര്‍ന്ന തോട്ടങ്ങള്‍ ഏറ്റെടുക്കുക, മുഴുവന്‍ കൈവശ കര്‍ഷകര്‍ക്കും പട്ടയം നല്‍കുക എന്നീ ആവശ്യമുന്നയിച്ചാണ് സമരം. സംസ്ഥാനത്താകെ നാലുലക്ഷത്തോളം പേര്‍ ഭൂരഹിതരാണ്. വയനാട് ജില്ലയില്‍ പട്ടികവര്‍ഗക്കാരുള്‍പ്പെടെ 30000 ഓളം പേര്‍ ഭൂരഹിതരായുണ്ട്. ഇവരുടെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു നീക്കവും ഉണ്ടാകുന്നില്ല. മാത്രമല്ല കേരളത്തില്‍ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കിയ ഭൂപരിഷ്ക്കരണ നിയമത്തില്‍ വെള്ളം ചേര്‍ത്ത് ഭൂമാഫിയക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയാണ് സര്‍ക്കാര്‍. ആദിവാസികളുടെ പ്രശ്നം പരിഹരിക്കാന്‍ ക്രിയാത്മകമായ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. എച്ച്എംഎല്‍ പോലെയുള്ള വന്‍കിട ഭൂപ്രഭുക്കള്‍ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി കൈവശം വെക്കുന്നത് പിടിച്ചെടുക്കണം എന്ന ആവശ്യത്തോടും സര്‍ക്കാര്‍ മുഖം തിരിഞ്ഞുനില്‍ക്കുകയാണ്. ഭൂമിയെ എമര്‍ജിങ് കേരളയില്‍ വില്‍പ്പനച്ചരക്കാക്കി മാറ്റി ഭൂമാഫിയകള്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കര്‍ഷകസംഘം, കെഎസ്കെടിയു, ആദിവാസി ക്ഷേമസമിതി, പട്ടികജാതി ക്ഷേമസമിതി എന്നീ സംഘടനകള്‍ ചേര്‍ന്ന് ഭൂസംരക്ഷണസമിതി രൂപീകരിച്ച് ഭൂസമരത്തിന് ഒരുങ്ങുന്നത്.

ചുണ്ടേലിലുള്ള എച്ച്എംഎല്‍ ഭൂമിയില്‍ പ്രവേശിച്ച് അറസ്റ്റ് വരിക്കല്‍ സമരം സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം കെ കെ ശൈലജ ഉദ്ഘാടനംചെയ്യും. സി കെ ശശീന്ദ്രന്‍, പി എ മുഹമ്മദ് എന്നിവര്‍ സംസാരിക്കും. കിസാന്‍സഭ കേന്ദ്രകമ്മിറ്റിയംഗം പി കൃഷ്ണപ്രസാദ് ആദ്യദിവസം സമരത്തിന് നേതൃത്വം നല്‍കൂം. എകെഎസ് ജില്ലാപ്രസിഡന്റ് സീതാബാലന്‍, കെഎസ്കെടിയു നേതാക്കളായ എ ടി ഉഷ, എം ഡി സെബാസ്റ്റ്യന്‍, വി വി രാജന്‍, പികെഎസ് ജില്ലാസെക്രട്ടറി എം സി ചന്ദ്രന്‍ എന്നിവരും ആദ്യദിവസം അറസ്റ്റുവരിക്കും. പിന്നീടുള്ള ദിവസങ്ങളില്‍ വിവിധ ഏരിയകളില്‍നിന്നുള്ള വളണ്ടിയര്‍മാര്‍ സമരത്തില്‍ അണിനിരക്കും. രണ്ടിന് വൈത്തിരി, തുടര്‍ന്ന് കല്‍പ്പറ്റ, ബത്തേരി, മാനന്തവാടി, പനമരം, പുല്‍പ്പള്ളി എന്നിങ്ങനെയാണ് വളണ്ടിയര്‍മാര്‍ എത്തുക. വളണ്ടിയര്‍മാരുടെ റിക്രൂട്ട്മെന്റ് പൂര്‍ത്തിയായി. 31ന് വില്ലേജ് കേന്ദ്രങ്ങളില്‍ വളണ്ടിയര്‍മാര്‍ക്ക് യാത്രയയപ്പ് നല്‍കും. രാത്രിയോടെ കേന്ദ്രീകരിച്ച് ജനുവരി ഒന്നിന് ഭൂമിയില്‍ പ്രവേശിക്കും. സര്‍ക്കാര്‍ സമീപനം അനുകൂലമല്ലെങ്കില്‍ 11മുതല്‍ ആറ് ഏരിയാ കേന്ദ്രങ്ങളില്‍ കുടില്‍കെട്ടി സമരം തുടങ്ങുമെന്നും നേതാക്കള്‍ പറഞ്ഞു. ഭൂസംരക്ഷണസമിതി കണ്‍വീനര്‍മാരായ പി വാസുദേവന്‍, എം സി ചന്ദ്രന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani 301212

അരങ്ങിലെ അമ്മയുടെ ഓര്‍മകളില്‍ സിന്ദൂര"മാല" ചാര്‍ത്തി മകള്‍


വടകര: കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനൊപ്പം നടന്ന ചരിത്രമാണ് "നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി" എന്ന നാടകത്തിനുള്ളത്. മലയാള നാടക ചരിത്രത്തിന് പുതിയ ഏടുകള്‍ സമ്മാനിച്ച ആ നാടകത്തിലെ ഒരോ കഥാപാത്രവും ഓര്‍മയില്‍ ഇന്നും അഗ്നിജ്വാല പടര്‍ത്തുമ്പോള്‍ അരങ്ങിലെ അമ്മയെ ഓര്‍ത്തെടുക്കുകയാണ് മടപ്പള്ളി ഗവ. കോളേജിലെ ഇംഗ്ലീഷ് അധ്യാപികയും നര്‍ത്തകിയുമായ ഡോ. ചിത്രാഗംഗാധരന്‍.

കൊല്ലം ചവറ തട്ടാശേരിയിലെ സുദര്‍ശന ഓലക്കൊട്ടകയിലെ നാടകത്തിന്റെ ആദ്യ അവതരണം മുതല്‍ അരങ്ങില്‍ മാലയായി ജീവിച്ച കെപിഎസി സുധര്‍മയുടെ മകളാണ് ചിത്ര. കലയും രാഷ്ട്രീയവും ഒന്നായിരുന്ന കാലത്ത് അരങ്ങില്‍ സമരബോധത്തിന്റെ തെളിച്ചം പകര്‍ന്ന സുധര്‍മയുടെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുമ്പോള്‍ ചിത്രക്ക് കുറ്റപ്പെടുത്തലോ പരാതിയോ ഇല്ല. സങ്കടം മാത്രം. നാടകത്തിന്റെ ഇരുപത്തിയഞ്ചാം വര്‍ഷികാഘോഷത്തിലായിരുന്നു ആദ്യമായി നാടകം കണ്ടത്. അന്ന് അമ്മ മാലയുടെ വേഷമിട്ടു. അമ്പതുകളില്‍ കേരളം കണ്ട മാലയായിരുന്നില്ല അത്. പക്ഷെ യുവത്വത്തിലെ അമ്മയുടെ മാല എന്റെ മനസ്സിലുണ്ട്. ചിത്ര ഓര്‍ക്കുന്നു. സുധര്‍മയെന്നത് നാടകത്തിലെ പേരാണ്. യഥാര്‍ഥ പേര് ജെ ഗോമതിയെന്നായിരുന്നു. സര്‍ക്കാര്‍ സ്കൂള്‍ അധ്യാപികയായ ഗോമതിക്ക് കമ്യൂണിസ്റ്റ് പാര്‍ടിയുടെ നാടകത്തില്‍ അഭിനയിക്കുന്നതിന് ഒരു മറവേണമായിരുന്നു. അതായിരുന്നു സുധര്‍മ.

തിരുവനന്തപുരം മ്യൂസിക് അക്കാദമിയില്‍ നിന്ന് ഗാനഭൂഷണം പാസായി സര്‍ക്കാര്‍ സ്കൂളില്‍ സംഗീത അധ്യാപികയായ കാലത്താണ് അമ്മ "നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി" നാടകത്തില്‍ അഭിനയിച്ചത്. നാടകത്തില്‍ അഭിനയിക്കരുതെന്ന് സര്‍ക്കാര്‍ വിലക്കുകള്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരുന്നു. അടിയന്തരാവശ്യത്തിന് പോലും അവധി അനുവദിച്ചില്ല. ശിക്ഷാനടപടിയുടെ ഭാഗമായി പലപ്പോഴും സ്ഥലം മാറ്റി. ദിവസവും നാടകമുണ്ടായിരുന്നു അന്ന്. രാത്രി നാടകം കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ നേരം പുലര്‍ന്നിരിക്കും. പിന്നെ കുളിച്ച് ഒരോട്ടമാണ് സ്കൂളിലേക്ക്. വൈകിട്ട് വീണ്ടും നാടകസ്ഥലത്തേക്ക്. ഉറക്കം നാടകവണ്ടിയിലായിരുന്നു. കുളിക്കാനും ഭക്ഷണം കഴിക്കാനും ഉറങ്ങാനും കഴിയാതെ അമ്മയുടെ ആരോഗ്യം ക്ഷയിച്ചു. ഗ്രീന്‍റൂമില്‍ കിടത്തി ഗ്ലൂക്കോസ് കുത്തിവെച്ച് അഭിനയിച്ച അപൂര്‍വ അനുഭവവും അമ്മയ്ക്കുണ്ടായിട്ടുണ്ട്. തുടര്‍ച്ചയായ അഭിനയം അമ്മയെ രോഗിയുമാക്കി. 1995 ജനുവരിയിലായിരുന്നു അമ്മ മരിക്കുന്നത്. അടിയുറച്ച കമ്യൂണിസ്റ്റായിരുന്നു അമ്മ.
(ടി രാജന്‍)

deshabhimani 301212

സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി പുറപ്പെടുവിക്കുന്ന പത്രക്കുറിപ്പ്‌ 30.12.2012


സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി യോഗം ഡിസംബര്‍ 29, 30 തീയതികളില്‍ കോടിയേരി ബാലകൃഷ്‌ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു.

ഭൂമിക്ക്‌ വേണ്ടിയുള്ള ഭൂരഹിതരുടെ ദീര്‍ഘനാളത്തെ ആവശ്യം മുന്‍നിര്‍ത്തി 2013 ജനുവരി 1 മുതല്‍ സംസ്ഥാനത്ത്‌ ഭൂസമരം ആരംഭിക്കുകയാണ്‌. കര്‍ഷകര്‍, കര്‍ഷകതൊഴിലാളികള്‍, ആദിവാസികള്‍, പട്ടികജാതി ജനവിഭാഗങ്ങളും ചേര്‍ന്നാണ്‌ ഈ സമരത്തിന്‌ നേതൃത്വം നല്‍കുന്നത്‌. വിതരണം ചെയ്യപ്പെടാത്ത മിച്ചഭൂമി ചൂണ്ടിക്കാണിച്ചുകൊണ്ടും, നെല്‍വയല്‍ വന്‍തോതില്‍ വാങ്ങിക്കൂട്ടി നികത്തുന്നതിനെതിരായും ആരംഭിക്കുന്ന സമരത്തില്‍, പതിനായിരക്കണക്കിന്‌ വളണ്ടിയര്‍മാര്‍ അണിനിരക്കും. പിറന്ന മണ്ണില്‍ ജീവിക്കുന്നതിനായി പാവപ്പെട്ട ജനങ്ങള്‍ ഒന്നുചേര്‍ന്ന്‌ നടത്തുന്ന ഈ സമരം വിജയിപ്പിക്കാന്‍ സി.പി.ഐ (എം) സംസ്ഥാനകമ്മിറ്റി എല്ലാ കേരളീയരോടും അഭ്യര്‍ത്ഥിക്കുന്നു.

കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക വളര്‍ച്ചക്ക്‌ നിര്‍ണായക പങ്ക്‌ വഹിച്ച നടപടിയായിരുന്നു ഭൂപരിഷ്‌കരണ നിയമനിര്‍മ്മാണം. ഇത്‌ ജന്മിത്വത്തിനും നാടുവാഴിത്തത്തിനുമെതിരെ കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയും, കര്‍ഷകപ്രസ്ഥാനവും നടത്തിയ ഐതിഹാസികമായ പോരാട്ടങ്ങളുടെ ഉല്‍പന്നമായിരുന്നു. കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുകളാണ്‌ ഇതിനാവശ്യമായ നിയമനിര്‍മ്മാണം നടത്തിയത്‌. എന്നാല്‍ ഈ നിയമങ്ങളെ അട്ടിമറിക്കുന്നതിനും മിച്ചഭൂമി പാവങ്ങള്‍ക്ക്‌ വിതരണം ചെയ്യുന്നത്‌ തടയുന്നതിനുമാണ്‌ വലതുപക്ഷ ശക്തികള്‍ ശ്രമിച്ചത്‌. മാത്രമല്ല ജനക്ഷേമകരമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയ സര്‍ക്കാരിനെ അട്ടിമറിക്കുന്ന നടപടിയും ഇവര്‍ സ്വീകരിക്കുകയും ചെയ്‌തു.

എന്നാല്‍ ഈ നിയമം പ്രാവര്‍ത്തികമാക്കാനുള്ള സുശക്തമായ പോരാട്ടം കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയുടെ നേതൃത്വത്തില്‍ നടക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി 1967 ലെ ഇ.എം.എസ്‌ സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂപരിഷ്‌കരണനിയമം നടപ്പിലാക്കുന്നതിനും, കുടികിടപ്പവകാശം നേടിയെടുക്കുന്നതിനും 1970-കളില്‍ വീറുറ്റ സമരം നടത്തേണ്ടിവന്നു. കൊടിയമര്‍ദ്ദനങ്ങളെയും, അടിച്ചമര്‍ത്തലിനെയും നേരിട്ടുകൊണ്ടാണ്‌ ആ സമരം വിജയിപ്പിക്കാനായത്‌.

കേരളത്തിന്റെ സമരചരിത്രത്തില്‍ ഉജ്ജ്വലമായി ജ്വലിച്ചുനില്‍ക്കുന്ന ആ സമരത്തിന്റെ തുടര്‍ച്ചയാണ്‌ ജനുവരി 1 മുതല്‍ ആരംഭിക്കുന്ന ഭൂസമരം. ഏകദേശം മൂന്നുലക്ഷത്തോളം കുടുംബങ്ങളാണ്‌ സംസ്ഥാനത്ത്‌ ഇപ്പോള്‍ ഭൂരഹിതരായിട്ടുള്ളത്‌. അവരില്‍ ഭൂരിഭാഗവും പട്ടികജാതി-പട്ടികവര്‍ഗവിഭാഗത്തില്‍പെട്ട പാവപ്പെട്ടവരാണ്‌. അവര്‍ക്കെല്ലാം കിടപ്പാടം നല്‍കാന്‍ മാത്രം ഭൂമി സംസ്ഥാനത്ത്‌ നിലനില്‍ക്കുന്നുണ്ട്‌. എന്നിട്ടും മിച്ചഭൂമി തിരിമറി നടത്താനും, നിയമം മൂലം ഇവ ഇല്ലാതാക്കാനും, വന്‍കിടക്കാര്‍ക്ക്‌ വന്‍തോതില്‍ അനധികൃതമായി ഭൂമി കൈവശം വെക്കാനും ഉതകുന്ന നടപടികളാണ്‌ യു.ഡി.എഫ്‌ സര്‍ക്കാര്‍ സ്വീകരിക്കുന്നത്‌. കശുമാവ്‌ പ്ലാന്റേഷനെ ഭൂപരിധിയില്‍ നിന്നൊഴിവാക്കാനും തോട്ടങ്ങളുടെ അഞ്ചുശതമാനം ഭൂമി ടൂറിസം പദ്ധതികള്‍ക്കുപയോഗിക്കാനും അനുമതി നല്‍കാനുമുള്ള യു.ഡി.എഫ്‌ സര്‍ക്കാരിന്റെ നടപടികള്‍ ഇതിന്‌ ഉത്തമദൃഷ്‌ടാന്തമാണ്‌.

ഭക്ഷ്യധാന്യമായ അരിയുല്‍പാദനത്തില്‍ ഗണ്യമായ കുറവുള്ള സംസ്ഥാനത്ത്‌ അവശേഷിക്കുന്ന നെല്‍പാടങ്ങള്‍ സംരക്ഷിക്കാനും കൂടിയാണ്‌ 2008-ല്‍ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ ``നെല്‍വയല്‍-തണ്ണീര്‍തട സംരക്ഷണനിയമം കൊണ്ടുവന്നത്‌. സംസ്ഥാനത്തിന്റെ പരിസ്ഥിതി സംരക്ഷണത്തിനും ഈ നിയമം ലക്ഷ്യം വെക്കുന്നു. എന്നാല്‍ നെല്‍വയല്‍-തണ്ണീര്‍തട സംരക്ഷണനിയമത്തെ അട്ടിമറിക്കാനും വന്‍തോതില്‍ നെല്‍പാടങ്ങള്‍ നികത്താനും യു.ഡി.എഫ്‌ സര്‍ക്കാര്‍ ശ്രമിക്കുകയാണ്‌. എമര്‍ജിംഗ്‌ കേരളയുമായി ബന്ധപ്പെട്ട്‌ മുന്നോട്ടുവെച്ച പല പദ്ധതികളും നെല്‍പാടങ്ങള്‍ നികത്താനും, വനഭൂമി കയ്യടക്കാനും ലക്ഷ്യം വെച്ചുള്ളതായിരുന്നു. ഇതിനെതിരെ വ്യാപകമായ എതിര്‍പ്പ്‌ എല്ലാ മേഖലയില്‍ നിന്നും ഉയര്‍ന്നു വരികയുണ്ടായി. ചുരുക്കത്തില്‍ സംസ്ഥാന താല്‍പര്യത്തേക്കാള്‍ കള്ളപ്പണക്കാരുടേയും കോര്‍പ്പറേറ്റുകളുടേയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ്‌ യു.ഡി.എഫ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌. ഇതിനെ ചെറുത്ത്‌ പരാജയപ്പെടുത്താന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം.

യുവജനരംഗത്തെ സംഘടനാ പ്രവര്‍ത്തനം ശക്തിപ്പെടുത്താനും യുവാക്കള്‍ നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങളെ ആസ്‌പദമാക്കി കേന്ദ്ര-സംസ്ഥാനസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ യുവജനങ്ങളെ ഒന്നിച്ചണിനിരത്താനും ഉതകുന്ന `യുവജനരേഖ സംസ്ഥാനകമ്മിറ്റി അംഗീകരിച്ചു. കേരളത്തിലെ കരുത്തുറ്റ യുവജനസംഘടനയാണ്‌ ഡി.വൈ.എഫ്‌.ഐ. തൊഴിലില്ലായ്‌മക്കെതിരായും തൊഴിലില്ലായ്‌മ വേതനത്തിനായും മുമ്പ്‌ കെ.എസ്‌.വൈ.എഫിന്റേയും തുടര്‍ന്ന്‌ ഡി.വൈ.എഫ്‌.ഐയുടേയും നേതൃത്വത്തില്‍ നടന്ന യുവജനപ്രക്ഷോഭങ്ങള്‍ കേരളത്തിലെ സമരപോരാട്ടങ്ങളുടെ ചരിത്രത്തിലെ അവിസ്‌മരണീയമായ സംഭവങ്ങളാണ്‌. അതിന്റെ തുടര്‍ച്ച എന്ന നിലയില്‍ തന്നെ പോലീസിന്റെ കൊടിയ മര്‍ദ്ദനങ്ങളേയും പീഡനങ്ങളേയും നേരിട്ടുകൊണ്ട്‌ യുവജനപ്രസ്ഥാനം മുന്നോട്ട്‌ നീങ്ങുകയാണ്‌. എന്‍ഡോസള്‍ഫാന്‍ എന്ന മാരക കീടനാശിനി ഉപയോഗിക്കുന്നതിന്റെ വിപത്തിനതിരെ ഡി.വൈ.എഫ്‌.ഐ നടത്തിയ നിയമപോരാട്ടവും ഇരകളെ സഹായിക്കാന്‍ നടത്തിയ ജീവകാരുണ്യപ്രവര്‍ത്തനവും ലോകശ്രദ്ധ നേടിയ പ്രവര്‍ത്തനങ്ങളാണ്‌.

നവലിബറല്‍ നയങ്ങള്‍ മുന്നോട്ട്‌ വെക്കുന്ന ജീവിത വീക്ഷണങ്ങള്‍ യുവാക്കളെ വഴിതെറ്റിക്കുകയും അവരുടെ പ്രത്യാശകളെ മുഴുവനും തകര്‍ക്കുകയും ചെയ്യുകയാണ്‌. തൊഴിലില്ലായ്‌മയുടെ വളര്‍ച്ച, സ്ഥിരം ജോലിക്ക്‌ പകരം തുച്ഛമായ വേതനം ലഭിക്കുന്ന കരാര്‍, താല്‍ക്കാലിക ജോലികളുടെ വളര്‍ച്ച, പുതുതായി നിയമിക്കപ്പെടുന്നവര്‍ക്ക്‌ പെന്‍ഷന്‍ നിഷേധിക്കുന്ന നയങ്ങള്‍ ഇവയെല്ലാം ഏറ്റവും ഗുരുതരമായി ബാധിക്കുന്നത്‌ യുവാക്കളെയാണ്‌. ഈ സാഹചര്യത്തില്‍ നവ-ഉദാരവല്‍ക്കരണനയങ്ങള്‍ക്കെതിരായ പോരാട്ടങ്ങളിലൂടെ മാത്രമേ യുവാക്കളുടെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണാനാവൂ. അതുകൊണ്ട്‌ ഇത്തരം നയങ്ങള്‍ക്കെതിരായുള്ള പോരാട്ടത്തില്‍ യുവാക്കള്‍ അണിചേരേണ്ടതുണ്ട്‌. യുവജനതയെ വര്‍ഗീയ-തീവ്രവാദ-ജാതീയ ചേരികളിലാക്കി ഭിന്നിപ്പിക്കാനും, അവര്‍ക്കിടയില്‍ അരാഷ്‌ട്രീയബോധം വളര്‍ത്താനും സംഘടിത ശ്രമം നടക്കുന്ന കാലമാണിത്‌. അതോടൊപ്പം പരിസ്ഥിതി സംരക്ഷണം, മാലിന്യ നിര്‍മ്മാര്‍ജ്ജനം, വിവിധ രൂപത്തിലുള്ള ജനസേവനം, മതനിരപേക്ഷ മാനവിക സംസ്‌കാരത്തിനായുള്ള പ്രവര്‍ത്തനം എന്നിവയെ ആസ്‌പദമാക്കി ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തനം കൂടുതല്‍ കരുത്തുറ്റതാക്കുക എന്നതാണ്‌ യുവജനരേഖ ലക്ഷ്യം വെക്കുന്നത്‌.

സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ അട്ടിമറിച്ച്‌ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കാനുള്ള യു.ഡി.എഫ്‌ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ജനുവരി 8 മുതല്‍ അനിശ്ചിതകാല പണിമുടക്കിന്‌ തീരുമാനിച്ചിരിക്കുകയാണ്‌. നിയമനനിരോധനവും ജീവനക്കാരുടെ എണ്ണം കുറയ്‌ക്കലും നടപ്പിലാക്കാനും ശ്രമം നടക്കുന്നു. 2004 മുതല്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പങ്കാളിത്ത പെന്‍ഷന്‍ ഇടതുപക്ഷ നേതൃത്വത്തില്‍ ഉണ്ടായിരുന്ന ബംഗാള്‍, കേരളം, ത്രിപുര സര്‍ക്കാരുകള്‍ നടപ്പിലാക്കിയിരുന്നില്ല. കേരളത്തില്‍ യു.ഡി.എഫ്‌ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ കേന്ദ്രസര്‍ക്കാരിന്റെ എല്ലാ ജനവിരുദ്ധ നയങ്ങളും നിര്‍ബാധം നടപ്പിലാക്കുന്നതിനാണ്‌ ശ്രമിക്കുന്നത്‌. ജീവനക്കാരുടേയും തൊഴിലാളികളുടേയും അവകാശങ്ങള്‍ കവരുന്ന നിലപാടാണ്‌ എക്കാലത്തും യു.ഡി.എഫ്‌ സര്‍ക്കാരുകള്‍ കൈക്കൊണ്ടിട്ടുള്ളത്‌. ഈ നയത്തിനെതിരെ ജീവനക്കാരും അധ്യാപകരും യോജിച്ച്‌ നടത്തുന്ന പണിമുടക്ക്‌ സമരത്തിന്‌ പിന്തുണ നല്‍കാന്‍ പാര്‍ടി അഭ്യര്‍ത്ഥിക്കുന്നു.

സ്‌ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ ദേശവ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്ന സന്ദര്‍ഭമാണിത്‌. ഡല്‍ഹിയില്‍ ഒരു പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനി ക്രൂരമായി പീഡിപ്പിക്കപ്പെടുകയും തുടര്‍ന്ന്‌ മരണപ്പെടുകയും ചെയ്‌ത സംഭവം, രാജ്യമാകെ കടുത്ത പ്രതിഷേധവും അമര്‍ഷവും ഉയര്‍ന്നുവരാനിടയാക്കി. സ്‌ത്രീപീഡനത്തില്‍ കേരളവും ഒട്ടും പിന്നിലല്ല. കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടയില്‍ 1661 ബലാത്സംഗങ്ങള്‍ നടന്നതായി നിയമസഭയില്‍ സര്‍ക്കാര്‍ വെളിപ്പെടുത്തിയ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്‌. ഈ കാലയളവില്‍ പ്രായപൂര്‍ത്തിയാവാത്ത 199 പെണ്‍കുട്ടികളും പീഡനത്തിനിരയായി. യു.ഡി.എഫ്‌ ഭരണത്തില്‍ നിയമവാഴ്‌ച തകര്‍ന്നുവെന്ന്‌ ഇത്‌ വ്യക്തമാക്കുന്നു. റൗഡികളില്‍ നിന്നും നീചന്മാരായ നരാധമന്മാരില്‍ നിന്നും സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണം നല്‍കാന്‍ കഴിയാത്ത യു.ഡി.എഫ്‌ സര്‍ക്കാര്‍ കേരളത്തിന്‌ അപമാനകരമാണ്‌. സ്‌ത്രീകള്‍ക്ക്‌ തീവണ്ടി യാത്രപോലും ചെയ്യാനാവാത്ത സ്ഥിതിയാണ്‌ ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌.

സംസ്ഥാനത്ത്‌ നിയമവാഴ്‌ച സംരക്ഷിക്കാന്‍ കഴിയാത്ത സര്‍ക്കാരിന്റെ സകല സന്നാഹങ്ങളും രാഷ്‌ട്രീയ പ്രതിയോഗികളെ നേരിടാനും കള്ളക്കേസില്‍ കുടുക്കാനുമാണ്‌ ഉപയോഗിക്കുന്നത്‌. വര്‍ഷങ്ങള്‍ക്കുമുമ്പ്‌ നടന്ന സംഭവങ്ങളുടെ പേരില്‍ കേസ്‌ ചുമത്തപ്പെട്ടവരെ നിര്‍ബന്ധിച്ചും പീഡിപ്പിച്ചും മൊഴികള്‍ തട്ടിയുണ്ടാക്കുന്നതിനാണ്‌ പോലീസ്‌ പരിശ്രമിക്കുന്നത്‌. എന്നിട്ട്‌ അതിന്റെ പേരില്‍ സി.പി.ഐ (എം) നേതാക്കളേയും പ്രവര്‍ത്തകരേയും കള്ളകേസുകളില്‍ കുടുക്കി ജയിലിലടക്കുന്ന നടപടികളാണ്‌ സര്‍ക്കാര്‍ സ്വീകരിക്കുന്നത്‌. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടു എന്നതുകൊണ്ട്‌ ആരും കുറ്റവാളിയായി തീരുന്നില്ല. എന്നിട്ടും പ്രതിചേര്‍ക്കപ്പെട്ട്‌ ദീര്‍ഘനാളായി ജയിലില്‍ കഴിയുന്ന സി.പി.ഐ (എം)ന്റെ ഉത്തരവാദപ്പെട്ട നേതാക്കള്‍ സമര്‍പ്പിക്കുന്ന ജാമ്യഹര്‍ജികള്‍ തള്ളുന്നതിനാണ്‌ കോടതികള്‍ ശ്രമിക്കുന്നത്‌. വലതുപക്ഷ മാധ്യമങ്ങള്‍ എഴുതി വിടുന്ന നിറം പിടിപ്പിച്ച നുണകള്‍ അടങ്ങുന്ന വാര്‍ത്തകളെ ഉദ്ധരിച്ചുകൊണ്ട്‌ ചില കോടതികള്‍ നടത്തുന്ന പ്രതികരണങ്ങള്‍ മനുഷ്യാവകാശത്തിന്റെ നഗ്നമായ ലംഘനമാണ്‌. ഭരണകൂടത്തിന്റെ ഭാഗത്ത്‌ നിന്നുണ്ടാകുന്ന അതിക്രമങ്ങളില്‍ നിന്ന്‌, പൗരന്മാര്‍ക്ക്‌ നീതി നല്‍കാനും അവരുടെ മനുഷ്യാവകാശം സംരക്ഷിക്കാനും നീതിന്യായ കോടതികള്‍ക്ക്‌ ചുമതലയുണ്ട്‌.

അവശ്യവസ്‌തുക്കളുടെ അതിരൂക്ഷമായ വിലക്കയറ്റം മൂലം സംസ്ഥാനത്തെ ജനങ്ങള്‍ പൊറുതി മുട്ടുകയാണ്‌. പൊതുവിതരണം ആകെ താറുമാറായി. ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ള അവശ്യവസ്‌തുക്കള്‍ പൂഴ്‌ത്തിവെപ്പ്‌ നടത്തുന്നത്‌ തടയാനും സര്‍ക്കാരിന്‌ കഴിയുന്നില്ല. പവര്‍കട്ടും, വൈദ്യുതി ചാര്‍ജ്ജ്‌ വര്‍ദ്ധനവും, പാല്‍, വെള്ളം, യാത്രാനിരക്കുകള്‍ എന്നിവയിലുണ്ടായ വര്‍ദ്ധനവും കുടുംബ ബജറ്റുകളെ താളം തെറ്റിച്ചിരിക്കുകയാണ്‌. സാമൂഹ്യസുരക്ഷാ പദ്ധതികളാവട്ടെ ഒന്നിനുപുറകെ ഒന്നായി അട്ടിമറിക്കപ്പെടുകയുമാണ്‌. ഇത്തരത്തില്‍ സംസ്ഥാനം നേടിയെടുത്ത എല്ലാ നേട്ടങ്ങളും തകര്‍ക്കുന്ന നടപടികളാണ്‌ യു.ഡി.എഫ്‌ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്‌. ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭത്തിന്‌ ജനങ്ങള്‍ സന്നദ്ധരാവണം.

ഡി.വൈ.എഫ്‌.ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ എം.ബി. രാജേഷിനെ പാര്‍ടി സംസ്ഥാന കമ്മിറ്റിയില്‍ ക്ഷണിതാവായി തീരുമാനിച്ചു.

തിരുവനന്തപുരം
30.12.2012

യുവതിയുടെ മൃതദേഹം സംസ്കരിച്ചു


ബസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി ചികിത്സയിലിരിക്കെ മരിച്ച യുവതിയുടെ മൃതദേഹം ഞായറാഴ്ച പുലര്‍ച്ചെ സംസ്കരിച്ചു. രാവിലെ 7.30ഓടെ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. യുവതി താമസിച്ചിരുന്ന ദ്വാരകയിലെ മഹാവീര്‍ എന്‍ക്ലേവ്സിനു (സെക്ടര്‍ 24) സമീപത്തെ ശ്മശാനത്തിലായിരുന്നു സംസ്കാരം. പുലര്‍ച്ചെ മൂന്നരയോടെ എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച മൃതദേഹം പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, സോണിയാ ഗാന്ധി എന്നിവരുടെ സാന്നിധ്യത്തിലാണ് ബന്ധുക്കള്‍ ഏറ്റുവാങ്ങിയത്. സംസ്കാരചടങ്ങില്‍ ബന്ധുക്കള്‍ക്കൊപ്പം ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, ആഭ്യന്തരസഹമന്ത്രി ആര്‍പിഎന്‍ സിങ് എന്നിവര്‍ പങ്കെടുത്തു. ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന്റെ നിര്‍ദ്ദേശപ്രകാരം ഇന്ത്യയിലെ ചാനലുകള്‍ സംസ്കാരം ടെലികാസ്റ്റ് ചെയ്യേണ്ടന്ന് തീരുമാനിച്ചിരുന്നു.

ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ രാജ്യത്താകെ രോഷം ജ്വലിപ്പിച്ച് ഡല്‍ഹിയില്‍ കൊടുംക്രൂരതയ്ക്ക് ഇരയായ പെണ്‍കുട്ടി ശനിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. ഡിസംബര്‍ 16നു രാത്രി തലസ്ഥാന നഗരമധ്യത്തില്‍, ഓടുന്ന ബസില്‍ കൂട്ടബലാത്സംഗത്തിന് വിധേയയായ ഇരുപത്തിമൂന്നുകാരി ജീവിതത്തിനും മരണത്തിനുമിടയില്‍ 13 ദിവസം പൊരുതിയാണ് അന്ത്യശ്വാസം വലിച്ചത്. മരണമറിഞ്ഞതോടെ രാജ്യമൊട്ടുക്കും വ്യാപകമായ പ്രതിഷേധം കത്തിപ്പടര്‍ന്നു. സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ക്കെതിരായ പോരാട്ടം ഇന്ത്യന്‍ ജനത ഏറ്റെടുക്കുന്നതിന്റെ നാന്ദിയായാണ് രാജ്യത്തെ ഗ്രാമനഗരങ്ങളില്‍ പ്രതിഷേധം വ്യാപകമായത്. സ്ത്രീത്വത്തിനും മാനവികതയ്ക്കുമെതിരായ ആക്രമണങ്ങളെ പ്രതിരോധിക്കുമെന്ന് ഹൃദയമുള്ളവരെല്ലാം പ്രതിജ്ഞ ചെയ്തു.

മാതാപിതാക്കളും സിംഗപ്പൂരിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും മരണസമയത്ത് പെണ്‍കുട്ടിയുടെ അടുത്തുണ്ടായിരുന്നു. എട്ട് വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം നില മെച്ചപ്പെടുത്താന്‍ എല്ലാ ശ്രമവും നടത്തിയെങ്കിലും അവള്‍ സമാധാനത്തോടെ കടന്നുപോയെന്ന് ആശുപത്രി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ. കെവിന്‍ ലോ പ്രസ്താവനയില്‍ പറഞ്ഞു. വ്യാഴാഴ്ച മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ നില രണ്ടുദിവസമായി തീരെ മോശമായിരുന്നു. തലച്ചോറിലും ഗുരുതരമായി പരിക്കേറ്റിരുന്ന പെണ്‍കുട്ടിയുടെ പല അവയവങ്ങളും പ്രവര്‍ത്തനക്ഷമമല്ലാതായി. പെണ്‍കുട്ടിയുടെ ചേതന അതിശക്തമായി പോരാടിയെങ്കിലും ശരീരത്തിനേറ്റ കടുത്ത ആഘാതങ്ങളും ക്ഷതവും മറികടക്കാന്‍ കഴിഞ്ഞില്ലെന്ന് പ്രസ്താവനയില്‍ പറഞ്ഞു. മൗണ്ട് ആശുപത്രിയില്‍ നിന്ന് മൃതദേഹം സിംഗപ്പൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. അവിടെ മറ്റു നടപടിക്രമം പൂര്‍ത്തിയാക്കി.

അറസ്റ്റിലായ ആറു പ്രതികളെ ഇതിനിടെ റിമാന്‍ഡു ചെയ്തു. നേരത്തെ വധശ്രമം, സംഘം ചേര്‍ന്ന് ബലാത്സംഗം, കൊള്ള തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്. പെണ്‍കുട്ടി മരിച്ചതോടെ കൊലക്കുറ്റം കൂടി ചുമത്തി. വിചാരണ ജനുവരി അഞ്ചിന് പ്രത്യേക കോടതിയില്‍ ആരംഭിക്കും. രാജ്യത്ത് ദിവസവും സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നുവെന്ന ഗുരുതരമായ പ്രശ്നം ഗൗരവമായി പരിഗണിക്കാതിരുന്ന കേന്ദ്രസര്‍ക്കാര്‍ അഭൂതപൂര്‍വമായ ജനകീയപ്രതിഷേധത്തെ അടിച്ചമര്‍ത്താനാണ് ശ്രമിച്ചത്. എല്ലാ തടസ്സവും നീക്കി രാഷ്ട്രപതി ഭവനു മുന്നില്‍വരെ പ്രക്ഷോഭകരെത്തി. തുടര്‍ന്ന് രണ്ട് അന്വേഷണ കമീഷനുകളെ നിയമിച്ചു. ജസ്റ്റിസ് ജെ എസ് വര്‍മ കമീഷന്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം നേരിടുന്നതിനുള്ള നിയമഭേദഗതിയും നടപടികളും സംബന്ധിച്ച നിര്‍ദേശം നല്‍കും. ജസ്റ്റിസ് ഉഷ മെഹ്റ കമീഷന്‍ ഡല്‍ഹി കൂട്ടബലാത്സംഗം സംബന്ധിച്ചും അന്വേഷിക്കും.
(വി ജയിന്&വംഷ)

ഡല്‍ഹിയില്‍ സംഘര്‍ഷം; ലാത്തിച്ചാര്‍ജ്

ന്യൂഡല്‍ഹി: 23 കാരിയായ മെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ട ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ഡല്‍ഹിയില്‍ പ്രതിഷേധം തുടരുന്നു. നിരോധനാജ്ഞ അവഗണിച്ച് ശക്തമായ പ്രതിഷേധമുയര്‍ത്തിയതോടെ സമരക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. സമരക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. പൊലീസ് ബാരിക്കേഡുകള്‍ മറികടന്ന് മുന്നേറാന്‍ സമരക്കാര്‍ ശ്രമിച്ചതാണ് ലാത്തിച്ചാര്‍ജിനിടയാക്കിയത്. അവധി ദിനമായ ഞായറാഴ്ചയും ജന്തര്‍ മന്ദറില്‍ നൂറുകണക്കിന് യുവജനങ്ങളാണ് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. രാവിലെ മുതല്‍ ജന്ദര്‍ മന്ദറിലേക്ക് ജനങ്ങള്‍ എത്തിത്തുടങ്ങിയിരുന്നു. പ്രതിഷേധം അക്രമാസക്തമാവാതിരിക്കാന്‍ കനത്ത സുരക്ഷഡല്‍ഹിയില്‍ ഒരുക്കിയിട്ടുണ്ട്.

രാവിലെ പ്രതിഷേധം സമാധാന പരമായിരുന്നു. എന്നാല്‍ ഉച്ചയോടെ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ചെറിയ സംഘര്‍ഷമുണ്ടായി. പ്രതിഷേധക്കാരോട് പിരിഞ്ഞു പോകാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടും പ്രതിഷേധം തുടര്‍ന്നതാണ് സംഘര്‍ഷത്തിനിടയാക്കിയത്. എത്ര ബാരിക്കേഡുകള്‍ തീര്‍ത്താലും മെട്രോ സ്റ്റേഷനുകള്‍ അടച്ചാലും സമാധാനപരമായ പ്രക്ഷോഭം തുടരുമെന്ന് പ്രക്ഷോഭകള്‍ പറഞ്ഞു. കൂട്ടബലാല്‍സംഗത്തില്‍ പെട്ടെന്ന് നീതി നടപ്പാക്കണമെന്നും സ്ത്രീകളുടെ സുരക്ഷയ്ക്കായി കര്‍ശന നിയമങ്ങള്‍ നടപ്പാക്കണമെന്നുമാണ് പ്രക്ഷോഭകരുടെ ആവശ്യം. തങ്ങളുടെ ആവശ്യങ്ങള്‍ നടപ്പാക്കും വരെ പ്രക്ഷോഭം തുടരുമെന്ന നിലപാടിലാണ് പ്രതിഷേധിക്കുന്നവര്‍.

ബലാത്സംഗത്തിനിരയായി സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച പെണ്‍കുട്ടിക്ക് നീതി വേണമെന്ന് ആവശ്യപ്പെടുന്ന പ്ലക്കാര്‍ഡുകളുമായിട്ടായിരുന്നു യുവജനതയുടെ പ്രതിഷേധം. മുദ്രാവാക്യം വിളികളും മറ്റും ഒഴിവാക്കിയിട്ടുണ്ടെങ്കിലും ശക്തമായ പ്രതിഷേധമാണ് ജനങ്ങള്‍ ഉയര്‍ത്തുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സെന്‍ട്രല്‍ ഡല്‍ഹിയിലെ പത്ത് മെട്രോ സ്റ്റേഷനുകള്‍ ഞായറാഴ്ചയും അടച്ചിട്ടിരിക്കുകയാണ്. ഡല്‍ഹിയിലെ തന്ത്രപ്രധാന മേഖലകളിലെല്ലാം കനത്ത സുരക്ഷയാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.

deshabhimani

ലീഗ് ചതിയന്മാരെന്ന് യൂത്ത് കോണ്‍ഗ്രസ് കോണ്‍ഗ്രസിന്റേത് രാഷ്ട്രീയ വഞ്ചനയെന്ന് യൂത്ത്ലീഗ്


മുക്കം: യുഡിഎഫ് ഭരണത്തിലുള്ള മുക്കം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്സ്ഥനത്തെച്ചൊല്ലി യുഡിഎഫില്‍ പോര് മുറുകി. കോണ്‍ഗ്രസിനുവേണ്ടി യൂത്ത് കോണ്‍ഗ്രസും ലീഗിനുവേണ്ടി യൂത്ത്ലീഗും പരസ്യമായി രംഗത്തെത്തി. ഇതിനിടെ കോണ്‍ഗ്രസിലെ ഒരു വിഭാഗം പ്രസിഡന്റ്സ്ഥാനം ലീഗിന് നല്‍കണമെന്ന അഭിപ്രായവുമായി രംഗത്തുണ്ട്. പഞ്ചായത്ത് യുഡിഎഫ് കണ്‍വീനര്‍ ലീഗിലെ എ എം അബ്ദുള്ളക്ക് പ്രസിഡന്റ്സ്ഥാനം നല്‍കുന്നതിനെതിരെ ലീഗിലെ ഒരു വിഭാഗവും രംഗത്തിറങ്ങിയിട്ടുണ്ട്.

ബാങ്ക്പ്രസിഡന്റ്സ്ഥാനം കോണ്‍ഗ്രസിനുതന്നെ ലഭിക്കണമെന്നും കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് പ്രസിഡന്റ്സ്ഥാനം ലഭിക്കാനായി യുഡിഎഫ് ധാരണ ലംഘിച്ച് ഡിഐസിയുമായി രഹസ്യ ധാരണ ഉണ്ടാക്കി കോണ്‍ഗ്രസിനെ ലീഗ് ചതിച്ചതായും യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലീഗിനെ വിശ്വാസത്തിലെടുത്ത് മുന്നോട്ട്പോവാനാവില്ലെന്നും ലീഗിന് പ്രസിഡന്റ്സ്ഥാനം തുടര്‍ന്ന് നല്‍കുന്നതിനെതിരെ തെരുവിലിറങ്ങുമെന്നും അവര്‍ പറഞ്ഞു. ലീഗിന്റെ ഉന്നത നേതാക്കള്‍ ഉള്‍പ്പെടെ നടത്തിയ ഗൂഢാലോചനയുടെ ഫലമായി കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് കോണ്‍ഗ്രസിന് നഷ്ടമായ ഒന്നര വര്‍ഷം ഇപ്പോള്‍ ലഭിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. യുഡിഎഫ് പ്രവര്‍ത്തകരെ വഞ്ചിച്ച ലീഗ് നേതാവ് എ എം അബ്ദുള്ളയെ യുഡിഎഫ് പഞ്ചായത്ത് കണ്‍വീനര്‍സ്ഥാനത്തുനിന്നും നീക്കം ചെയ്യണമെന്നും മണ്ഡലം ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പ്രസിഡന്റ് ദിലീപ്ഖാന്‍, സജീഷ് മുത്തേരി, ജുനൈദ് പാണ്ഡികശാല, ബഷീര്‍ തെച്ച്യാട്, പ്രഭാകരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ലീഗ് നേതാക്കളും ഡിഐസിയുമായി ഉണ്ടാക്കിയ രഹസ്യധാരണയുടെ രേഖകളും യുത്തുകോണ്‍ഗ്രസുകാര്‍ വാര്‍ത്താസമ്മേളനത്തില്‍ ഹാജരാക്കി. പ്രസിഡന്റ്സ്ഥാനം ലീഗിന് നല്‍കണമെന്ന ധാരണ നടപ്പാക്കാത്തത് രാഷ്ട്രീയ വഞ്ചനയാണെന്നും ലീഗിന് അവകാശപ്പെട്ടത് ഔദാര്യമല്ലെന്നും പഞ്ചായത്ത് മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. നിലവിലെ ഭരണസമിതിയുടെ കാലാവധി തീരാന്‍ 11 മാസം ശേഷിക്കേ പ്രസിഡന്റ്സ്ഥാനത്തെച്ചൊല്ലി മുക്കത്തെ യുഡിഎഫില്‍ പോര് മുറുകുകയാണ്.

deshabhimani

ആള്‍ദൈവങ്ങളുടെ പിടിയില്‍ യുവജനശക്തി അകപ്പെടരുത്


യുവജനങ്ങളുടെ ചലനാത്മകതയെ നാടിനെ മുന്നോട്ടുനയിക്കാനുള്ള ഇന്ധനമാക്കി മാറ്റാന്‍ കഴിയണമെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ അവതരിപ്പിച്ച യുവജനരേഖ നിര്‍ദേശിച്ചു. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അവതരിപ്പിച്ച രേഖയെ ആസ്പദമാക്കി ചര്‍ച്ച നടന്നു. കോടിയേരി ബാലകൃഷ്ണന്‍ അധ്യക്ഷനാണ്. യോഗം ഞായറാഴ്ചയും തുടരും.

വിപ്ലവം നയിക്കേണ്ടത് യുവജനശക്തിയാണെന്നത് തെറ്റായ നിലപാടാണ്. തൊഴിലാളി വര്‍ഗ നേതൃത്വത്തില്‍ ഉറച്ച കര്‍ഷക സഖ്യത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടേണ്ട ഒന്നാണ് വിപ്ലവം. അതില്‍ യുവജനങ്ങള്‍ക്ക് നിര്‍ണായക പങ്കുവഹിക്കാന്‍ കഴിയും. വിപ്ലവ മുന്നേറ്റത്തിനുള്ള പശ്ചാത്തല സൗകര്യമൊരുക്കാനും അതിനുള്ള രാഷ്ട്രീയാന്തരീക്ഷം വളര്‍ത്താനും യുവജന സംഘടന ജാഗ്രതയോടെ പ്രവര്‍ത്തിക്കണം. യുവജനങ്ങളുടെ ചലനാത്മകത പ്രതിവിപ്ലവശക്തികള്‍ ദുരുപയോഗപ്പെടുത്തുന്നുണ്ട്. ഇതു തടയണം. ആത്മീയതയുടെയും ആള്‍ദൈവങ്ങളുടെയും പിടിയില്‍ യുവാക്കള്‍ അകപ്പെടുന്നതും ജാതിമത സംഘടനകളുടെ പിന്നില്‍ അണിനിരക്കുന്നതും നാടിന് ഗുണകരമല്ലെന്ന് രേഖ ചൂണ്ടിക്കാട്ടി.

ആറുപതിറ്റാണ്ടിലധികം കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ-സാഹിത്യ-വൈജ്ഞാനിക മണ്ഡലങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന പി ഗോവിന്ദപ്പിള്ളയുടെ വേര്‍പാടില്‍ സംസ്ഥാന കമ്മിറ്റി അഗാധ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെയും തുടര്‍ന്ന് സിപിഐ എമ്മിന്റെയും അചഞ്ചലനായ സൈദ്ധാന്തിക പോരാളിയും പ്രചാരകനുമായിരുന്നു പി ജി. പാര്‍ടി സംസ്ഥാന കമ്മിറ്റി അംഗമെന്ന നിലയിലും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. മാര്‍ക്സിസ്റ്റ് ചിന്തകന്‍, നിരൂപകന്‍, നിയമസഭാ സാമാജികന്‍, പത്രാധിപര്‍, പ്രഭാഷകന്‍, പരിഭാഷകന്‍, ചരിത്രകാരന്‍, ഗ്രന്ഥകാരന്‍, ഗ്രന്ഥശാലാ പ്രവര്‍ത്തകന്‍ എന്നിങ്ങനെ വിശേഷണങ്ങളിലൊതുങ്ങാത്ത വ്യക്തിത്വമായിരുന്നു പി ജിയുടേത്. ദേശാഭിമാനി പത്രാധിപരായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. പി ജിയുടെ വേര്‍പാട് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും പുരോഗമനപ്രസ്ഥാനത്തിനും അപരിഹാര്യമായ നഷ്ടമാണെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി.

സിപിഐ എം കൊല്ലം ജില്ലാ കമ്മിറ്റി മുന്‍ അംഗവും ഇരവിപേരൂര്‍ ഏരിയ കമ്മിറ്റി അംഗവുമായിരുന്ന കെ എസ് മോഹനന്‍നായര്‍, ഇടുക്കി ജില്ലാ കമ്മിറ്റി മുന്‍ അംഗം ടി ആര്‍ ശശിധരന്‍, ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗവും തകഴി ഏരിയ സെക്രട്ടറിയുമായിരുന്ന ഡി മണിച്ചന്‍, അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടി സംസ്ഥാന കമ്മിറ്റി അംഗവും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന തലശ്ശേരിയിലെ പി വി കുഞ്ഞിരാമന്‍, പാര്‍ടി മുന്‍ കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി അംഗമായിരുന്ന വി വാസുദേവന്‍, കെഎസ്കെടിയു മുന്‍ കൊല്ലം ജില്ലാ സെക്രട്ടറിയും സിപിഐ എം ചവറ ഏരിയ കമ്മിറ്റി അംഗവുമായ കെ എന്‍ ചെല്ലപ്പന്‍, കരുനാഗപ്പള്ളി ഏരിയ സെക്രട്ടറി എന്‍ രാമകൃഷ്ണപിള്ള, മുന്‍ തളിപ്പറമ്പ് ഏരിയ കമ്മിറ്റി അംഗം എം ബേബി, മുന്‍ ചാരുംമൂട് ഏരിയ കമ്മിറ്റി അംഗം ജി അയ്യപ്പപ്പണിക്കര്‍, കൊല്ലം ഏരിയ കമ്മിറ്റി അംഗവും മഹിളാ അസോസിയേഷന്‍ ഏരിയ സെക്രട്ടറിയുമായ പി ആര്‍ രാജമ്മ എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. എന്‍ജിഒ യൂണിയന്‍ മുന്‍ സംസ്ഥാന പ്രസിഡന്റും സിപിഐ എം മലപ്പുറം ഏരിയ സെക്രട്ടറിയുമായിരുന്ന ആര്‍ രാമചന്ദ്രന്‍, പാലിയം സമരസേനാനിയും സിപിഐ എം മുന്‍ എറണാകുളം ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന കെ കെ എസ് മണി, തുടന്നൂര്‍ ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറി വി വാമദേവന്‍, പ്രമുഖ അഭിഭാഷകനും കമ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാവും മുന്‍ തളിപ്പറമ്പ് എംഎല്‍എയുമായ അഡ്വ. കെ പി രാഘവപൊതുവാള്‍, അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെ എറണാകുളം ജില്ലാ കമ്മിറ്റി അംഗമായിരുന്ന സുബ്രഹ്മണ്യന്‍, പുന്നപ്ര-വയലാര്‍ സമരസേനാനി കെ കെ കമലാക്ഷി, പുന്നപ്രവയലാര്‍ സമരസേനാനിയും എഴുത്തുകാരനുമായ സി സി ജോസഫ്, സ്വാതന്ത്ര്യസമരസേനാനിയും ആദ്യകാല കര്‍ഷകസംഘം പ്രവര്‍ത്തകനുമായ തൃക്കരിപ്പൂര്‍ ഒളവറയിലെ ഓലക്കാരന്‍ അമ്പു, മുന്‍ പ്രധാനമന്ത്രി ഐ കെ ഗുജ്റാള്‍, ലോകപ്രശസ്ത സിത്താറിസ്റ്റ് പണ്ഡിറ്റ് രവിശങ്കര്‍, പ്രമുഖ അഭിഭാഷകനും തിരുവനന്തപുരം ജില്ലയിലെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവുമായ പിരപ്പന്‍കോട് ശ്രീധരന്‍നായര്‍, സിപിഐ എം കേന്ദ്ര കമ്മിറ്റിയുടെയും സംസ്ഥാന കമ്മിറ്റിയുടെയും ദീര്‍ഘകാലം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെയും ഓഫീസ് സെക്രട്ടറിയായി പ്രവര്‍ത്തിച്ച കെ മാധവന്‍, പ്രമുഖ ചലച്ചിത്ര-നാടക നടന്‍ ജഗന്നാഥന്‍ എന്നിവരുടെ നിര്യാണത്തിലും സംസ്ഥാന കമ്മിറ്റി അനുശോചിച്ചു.

deshabhimani 301212

അവള്‍ ഇനി ജ്വാല : തലകുനിക്കുക


 ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ രാജ്യത്താകെ രോഷം ജ്വലിപ്പിച്ച് ഡല്‍ഹിയില്‍ കൊടുംക്രൂരതയ്ക്ക് ഇരയായ പെണ്‍കുട്ടി ഓര്‍മയായി. ഡിസംബര്‍ 16നു രാത്രി തലസ്ഥാന നഗരമധ്യത്തില്‍, ഓടുന്ന ബസില്‍ കൂട്ടബലാത്സംഗത്തിന് വിധേയയായ ഇരുപത്തിമൂന്നുകാരി ജീവിതത്തിനും മരണത്തിനുമിടയില്‍ 13 ദിവസം പൊരുതി അന്ത്യശ്വാസം വലിച്ചു. സിംഗപ്പൂരില്‍ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെ 2.15നാണ് മരണം.

മരണമറിഞ്ഞതോടെ രാജ്യമൊട്ടുക്കും വ്യാപകമായ പ്രതിഷേധം കത്തിപ്പടര്‍ന്നു. സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ക്കെതിരായ പോരാട്ടം ഇന്ത്യന്‍ ജനത ഏറ്റെടുക്കുന്നതിന്റെ നാന്ദിയായാണ് രാജ്യത്തെ ഗ്രാമനഗരങ്ങളില്‍ പ്രതിഷേധം വ്യാപകമായത്. സ്ത്രീത്വത്തിനും മാനവികതയ്ക്കുമെതിരായ ആക്രമണങ്ങളെ പ്രതിരോധിക്കുമെന്ന് ഹൃദയമുള്ളവരെല്ലാം പ്രതിജ്ഞ ചെയ്തു. ശനിയാഴ്ച അര്‍ധരാത്രി പ്രത്യേക വിമാനത്തില്‍ മൃതദേഹം ഡല്‍ഹിയില്‍ എത്തിച്ചു. മാതാപിതാക്കളും സിംഗപ്പൂരിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും മരണസമയത്ത് പെണ്‍കുട്ടിയുടെ അടുത്തുണ്ടായിരുന്നു. എട്ട് വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം നില മെച്ചപ്പെടുത്താന്‍ എല്ലാ ശ്രമവും നടത്തിയെങ്കിലും അവള്‍ സമാധാനത്തോടെ കടന്നുപോയെന്ന് ആശുപത്രി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ. കെവിന്‍ ലോ പ്രസ്താവനയില്‍ പറഞ്ഞു.

വ്യാഴാഴ്ച മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ നില രണ്ടുദിവസമായി തീരെ മോശമായിരുന്നു. തലച്ചോറിലും ഗുരുതരമായി പരിക്കേറ്റിരുന്ന പെണ്‍കുട്ടിയുടെ പല അവയവങ്ങളും പ്രവര്‍ത്തനക്ഷമമല്ലാതായി. പെണ്‍കുട്ടിയുടെ ചേതന അതിശക്തമായി പോരാടിയെങ്കിലും ശരീരത്തിനേറ്റ കടുത്ത ആഘാതങ്ങളും ക്ഷതവും മറികടക്കാന്‍ കഴിഞ്ഞില്ലെന്ന് പ്രസ്താവനയില്‍ പറഞ്ഞു. മൗണ്ട് ആശുപത്രിയില്‍ നിന്ന് മൃതദേഹം സിംഗപ്പൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. അവിടെ മറ്റു നടപടിക്രമം പൂര്‍ത്തിയാക്കി.

സുഹൃത്തിനൊപ്പം സിനിമ കണ്ട് മുനിര്‍ക്ക-പാലം റൂട്ടിലോടുന്ന ചാര്‍ട്ടേഡ് ബസില്‍ മടങ്ങവെയാണ് ഇവര്‍ ആക്രമിക്കപ്പെട്ടത്. ബസിലുണ്ടായിരുന്ന ആറുപേര്‍ ആദ്യം മോശമായി പെരുമാറുകയും അതിനെ ചോദ്യം ചെയ്ത സുഹൃത്തിനെ ഇരുമ്പുദണ്ഡ് കൊണ്ട് അടിച്ചുവീഴ്ത്തുകയുമായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. ചെറുത്തുനിന്നപ്പോള്‍ മര്‍ദ്ദിക്കുകയും ആന്തരാവയവങ്ങളില്‍ ഇരുമ്പുകമ്പി കുത്തിയിറക്കുകയും ചെയ്തു. അവശയായ പെണ്‍കുട്ടിയെയും സുഹൃത്തിനെയും പാലത്തിനടുത്ത മഹിപല്‍പുരില്‍ റോഡരികിലേക്ക് വലിച്ചെറിഞ്ഞു. നാട്ടുകാരില്‍ ചിലര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് എത്തി ഇരുവരെയും സഫ്ദര്‍ജങ് ആശുപത്രിയില്‍ എത്തിച്ചു. അണുബാധയെത്തുടര്‍ന്ന് വന്‍കുടലും ആമാശയത്തിന്റെ ഒരു ഭാഗവും നീക്കം ചെയ്തിരുന്നു. ഇടയ്ക്ക് നില മെച്ചപ്പെടുകയും മജിസ്ട്രേട്ടിന് മൊഴിനല്‍കുകയും ചെയ്തിരുന്നു. അണുബാധ പടരുകയും പ്രധാന അവയവങ്ങള്‍ നിഷ്ക്രിയമാകുകയും ചെയ്തശേഷമാണ് വിദഗ്ധചികിത്സയ്ക്കായി പെണ്‍കുട്ടിയെ സിംഗപ്പൂരിലേക്ക് കൊണ്ടുപോയത്.

അറസ്റ്റിലായ ആറു പ്രതികളെ ഇതിനിടെ റിമാന്‍ഡു ചെയ്തു. നേരത്തെ വധശ്രമം, സംഘം ചേര്‍ന്ന് ബലാത്സംഗം, കൊള്ള തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്. പെണ്‍കുട്ടി മരിച്ചതോടെ കൊലക്കുറ്റം കൂടി ചുമത്തി. വിചാരണ ജനുവരി അഞ്ചിന് പ്രത്യേക കോടതിയില്‍ ആരംഭിക്കും. രാജ്യത്ത് ദിവസവും സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നുവെന്ന ഗുരുതരമായ പ്രശ്നം ഗൗരവമായി പരിഗണിക്കാതിരുന്ന കേന്ദ്രസര്‍ക്കാര്‍ അഭൂതപൂര്‍വമായ ജനകീയപ്രതിഷേധത്തെ അടിച്ചമര്‍ത്താനാണ് ശ്രമിച്ചത്. എല്ലാ തടസ്സവും നീക്കി രാഷ്ട്രപതി ഭവനു മുന്നില്‍വരെ പ്രക്ഷോഭകരെത്തി. തുടര്‍ന്ന് രണ്ട് അന്വേഷണ കമീഷനുകളെ നിയമിച്ചു. ജസ്റ്റിസ് ജെ എസ് വര്‍മ കമീഷന്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം നേരിടുന്നതിനുള്ള നിയമഭേദഗതിയും നടപടികളും സംബന്ധിച്ച നിര്‍ദേശം നല്‍കും. ജസ്റ്റിസ് ഉഷ മെഹ്റ കമീഷന്‍ ഡല്‍ഹി കൂട്ടബലാത്സംഗം സംബന്ധിച്ചും അന്വേഷിക്കും.
(വി ജയിന്‍)

ഡല്‍ഹിയില്‍ നിരോധനാജ്ഞ, പ്രതികള്‍ക്കെതിരെ കൊലക്കുറ്റം

കൂട്ട ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടി മരിച്ചതിന്റെ പശ്ചാത്തലത്തില്‍ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പെണ്‍കുട്ടി മരിച്ച സാഹചര്യത്തില്‍ കടുത്ത പ്രതിഷേധങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഡല്‍ഹിയിലെ തന്ത്രപ്രധാന മേഖലകളിലെല്ലാം അധികൃതര്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. രാഷ്ട്രപതിഭവന്‍, പ്രധാനമന്ത്രിയുടെ ഓഫീസ് അടക്കമുള്ള മന്ത്രാലയങ്ങള്‍ സ്ഥിതി ചെയ്യുന്ന റെയ്സീന കുന്ന്, ഇന്ത്യാഗേറ്റ്, ജന്തര്‍മന്തര്‍ തുടങ്ങിയിടത്തെല്ലാം വന്‍സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യാഗേറ്റ് പരിസരത്തേക്ക് ജനങ്ങളെത്തുന്നത് തടയാന്‍ പത്ത് മെട്രോ സ്റ്റേഷനുകള്‍ രാവിലെ മുതല്‍ അടച്ചിട്ടു. ജന്ദര്‍മന്ദറിലെത്തിയ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിനെ ജനക്കൂട്ടം തടഞ്ഞു. പ്രതിഷേധത്തെത്തുടര്‍ന്ന് അവര്‍ മടങ്ങിപ്പോയി. പ്രധാനമന്ത്രിയും സോണിയാഗാന്ധിയും അനുശോചിച്ചു. രാജ്യമെങ്ങും കടുത്ത പ്രതിഷേധം നടക്കുകയാണ്. കേരളത്തിലും വിവിധ സംഘടനകള്‍ പ്രതിഷേധിച്ചു. ഫേസ്ബുക്കിലൂടെയും മറ്റും പതിനായിരങ്ങള്‍ അമര്‍ഷവും ദു:ഖവും രേഖപ്പെടുത്തി.

പെണ്‍കുട്ടിയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ശനിയാഴ്ച വൈകീട്ട് നാലോടെ ഇന്ത്യയിലെത്തിക്കും. ഇന്ത്യന്‍ സ്ഥാനപതി ഡോ. ടിസിഎ രാഘവനാണ് ഇക്കാര്യം അറിയിച്ചത്. സിംഗപ്പൂരിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം വേഗം ഇന്ത്യയില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പെണ്‍കുട്ടി മരിച്ചതോടെ കേസിലെ പ്രതികളായവര്‍ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. സിംഗപ്പൂരിലെ ആശുപത്രിയില്‍ നിന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടടക്കമുള്ള ഔദ്യോഗിക രേഖകള്‍ ലഭിച്ചു കഴിഞ്ഞാല്‍ പൊലീസ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കും. കൊലപാതകശ്രമം, തെളിവ് നശിപ്പിക്കല്‍, തട്ടികൊണ്ടുപോകല്‍, കൂട്ടബലാല്‍സംഗം, പ്രകൃതിവിരുദ്ധ കൃത്യം എന്നീ വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. പ്രതികളായ ആറ് പേരെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തു. ബലാല്‍സംഗത്തിന് ഇരയായ യുവതിക്ക് നീതി ലഭ്യമാക്കണമെന്നും കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച വന്‍ ജനകീയപ്രക്ഷോഭത്തിനാണ് തലസ്ഥാന നഗരം സാക്ഷ്യം വഹിച്ചത്. പൊലീസും പ്രക്ഷോഭകരും നിരവധി തരണ ഏറ്റമുട്ടിയിരുന്നു. സംഘര്‍ഷത്തിനിടെ ഒരു പൊലീസുകാരന്‍ മരിച്ചു ഇരുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു.

നിരോധനാജ്ഞ വകവയ്ക്കാതെ ജനം തെരുവിലിറങ്ങി

കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി മരിച്ചതിലുള്ള ജനരോഷം നേരിടാന്‍ ഡല്‍ഹി നഗരം പൊലീസിനെയും അര്‍ധസേനയെയുംകൊണ്ട് നിറച്ചു. ഇന്ത്യാഗേറ്റടക്കം നഗരഹൃദയഭാഗത്തേക്കുള്ള ഗതാഗതം നിരോധിച്ചു. നഗരത്തില്‍ നിരോധനാജ്ഞ നടപ്പാക്കി. 10 മെട്രോ റെയില്‍ സ്റ്റേഷനുകള്‍ അടച്ചു. എന്നാല്‍, സര്‍ക്കാരിന്റെ എല്ലാ സന്നാഹങ്ങളെയും നേരിട്ട് ജനം തെരുവിലിറങ്ങി. രാവിലെമുതല്‍ വിദ്യാര്‍ഥികളും സ്ത്രീകളും യുവജനങ്ങളുമടക്കം ജന്തര്‍മന്ദറിലേക്ക് ഒഴുകി.

22നും 23നും വിജയ് ചൗക്കിലും ഇന്ത്യാ ഗേറ്റിലും നടന്ന പ്രതിഷേധം സര്‍ക്കാരിനെയും പൊലീസിനെയും പ്രതിസന്ധിയിലാക്കിയിരുന്നു. ശനിയാഴ്ച ജന്തര്‍മന്ദറിലെത്തിയ ജനക്കൂട്ടം പ്രകോപനമൊന്നുമുണ്ടാക്കിയില്ല. പെണ്‍കുട്ടിയുടെ മരണത്തില്‍ ദുഃഖം പ്രകടിപ്പിക്കുകമാത്രമാണ് ചെയ്തത്.

ഉച്ചയ്ക്കുശേഷം വിവിധ വനിതാസംഘടനകളുടെ ആഭിമുഖ്യത്തില്‍ മണ്ഡിഹൗസില്‍നിന്ന് മൗനജാഥ ആരംഭിച്ചു. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്, ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഡല്‍ഹി സംസ്ഥാന സെക്രട്ടറി സേബ ഫറൂഖി, ജ്യോത്സ്ന ചാറ്റര്‍ജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് വൃന്ദ കാരാട്ട് സംസാരിച്ചു. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിയും ജന്തര്‍മന്ദറിലെത്തി. അരവിന്ദ് കെജ്രിവാളും സംഘവും ജന്തര്‍മന്ദറിലെ പരിപാടികളില്‍ പങ്കെടുത്തു. രാത്രിയായിട്ടും കടുത്ത തണുപ്പിനെ അവഗണിച്ച് ജന്തര്‍മന്ദറില്‍ ജനങ്ങള്‍ നിന്നിരുന്നു.

ഷീല ദീക്ഷിതിന് എതിരെ ജനരോഷം

കൂട്ട ബലാത്സംഗത്തിനിരയായി മരിച്ച പെണ്‍കുട്ടിക്ക് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയ ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിനെതിരെ ജനരോഷം. ശനിയാഴ്ച ഉച്ചയ്ക്കുശേഷം ജന്തര്‍മന്ദറിലെത്തിയപ്പോഴാണ് ജനങ്ങള്‍ ഷീല ദീക്ഷിതിനെതിരെ മുദ്രാവാക്യം മുഴക്കിയത്. ജനങ്ങളുടെ പ്രതിഷേധത്തിനിടയിലും മെഴുകുതിരി കത്തിച്ച് ഷീല ദീക്ഷിത് ആദരാഞ്ജലി അര്‍പ്പിച്ചു. ജനങ്ങളുടെ പ്രതിഷേധ മുദ്രാവാക്യം ശക്തമായതോടെ പൊലീസ് സംരക്ഷണത്തോടെ അവര്‍ തിരിച്ചുപോയി.

കുറ്റക്കാര്‍ക്ക് പരമാവധി ശിക്ഷ: പ്രധാനമന്ത്രി, സോണിയ

ഓടുന്ന ബസില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിലെ പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞു. കേസില്‍ എത്രയുംവേഗം വിചാരണ നടത്തി തീര്‍പ്പുകല്‍പ്പിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടു. പെണ്‍കുട്ടി എത്രയുംവേഗം സുഖംപ്രാപിക്കട്ടെയെന്ന് ഇരുവരും ആശംസിച്ചു. എഐസിസി ആസ്ഥാനത്ത് കോണ്‍ഗ്രസിന്റെ രൂപീകരണ വാര്‍ഷികത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും. കുറ്റവാളികളെ നിയമത്തിനുമുന്നിലെത്തിക്കുകയും പരമാവധി ശിക്ഷ ലഭ്യമാക്കുകയും ചെയ്യുകയെന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സാധ്യമായ എല്ലാ ചികിത്സയും പെണ്‍കുട്ടിക്ക് നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.


സര്‍ക്കാര്‍ നിലപാട് അടിയന്തരാവസ്ഥയുടെ ആവര്‍ത്തനം: പിണറായി

തിരു: ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി അനാസ്ഥ കാണിച്ചതായി സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഇതിനെതിരെ ഉയര്‍ന്ന പ്രതിഷേധത്തെ നേരിട്ട രീതി അടിയന്തരാവസ്ഥയുടെ ആവര്‍ത്തനമാണ്. സംഭവം ഗൗരവമായി കൈകാര്യം ചെയ്യുന്നതിനുപകരം തെറ്റായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. രാജ്യമാകെ ഉയര്‍ന്ന പ്രതിഷേധത്തെ അടിച്ചമര്‍ത്താനാണ് ശ്രമിച്ചത്. സര്‍ക്കാര്‍ അമിതാധികാര പ്രവണതയാണ് കാണിച്ചത്. ആരും റോഡില്‍ ഇറങ്ങാന്‍ പാടില്ലെന്ന നിലപാട് അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്നതാണ്.

പീഡനം നടന്ന ബസ് നിരവധി ചെക്ക്പോസ്റ്റുകള്‍ കടന്നുപോയിട്ടും പരിശോധിച്ചില്ല. പെണ്‍കുട്ടിയെ ചികിത്സയ്ക്ക് വിദേശത്ത് കൊണ്ടുപോയതിലും രാഷ്ട്രീയമുണ്ട്. മെഡിക്കല്‍ ബോര്‍ഡിന്റെ ശുപാര്‍ശയോ നിര്‍ദേശമോ ഇല്ലാതെയാണ് തീരുമാനമെടുത്തതെന്ന് ഡോക്ടര്‍മാര്‍തന്നെ വ്യക്തമാക്കിയിരിക്കയാണ്. ഡല്‍ഹിയിലെ നടപടികള്‍ കാണുമ്പോള്‍ അടിയന്തരാവസ്ഥയുടെ പ്രേതം ബാധിച്ചുവെന്ന് തോന്നുകയാണ്. ഈ ഭരണത്തില്‍ സ്ത്രീത്വത്തിന് രക്ഷയില്ലെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞു. സര്‍ക്കാര്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് ഒഴിയുകയാണ് വേണ്ടത്- പിണറായി പറഞ്ഞു. ബിജെപി നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ ഒ രാജഗോപാലിനെ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


പ്രധാനമന്ത്രി എങ്ങനെ അഭിമാനത്തോടെ തുടരും: വിഎസ്

രാജ്യത്ത് സ്ത്രീകള്‍ സ്ത്രീപീഡനങ്ങളും സ്ത്രീകളെ അപമാനിക്കുന്ന സംഭവങ്ങളും കൂടിവരുമ്പോള്‍ പ്രധാനമന്ത്രിക്ക് എങ്ങനെ അഭിമാനത്തോടെ അധികാരത്തില്‍ തുടരാന്‍ കഴിയുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടി മരിച്ച സംഭവത്തെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ബംഗളൂരുവിലും കൊല്‍ക്കത്തയിലും പ്രതിഷേധം

ബംഗളൂരു: ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായ യുവതിയുടെ മരണത്തില്‍ ബംഗളൂരുവിലും പ്രതിഷേധം അലയടിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷന്‍, ഡിവൈഎഫ്ഐ, എസ്എഫ്ഐ എന്നിവയുടെ നേതൃത്വത്തില്‍ ടൗണ്‍ഹാള്‍ പരിസരത്ത് പ്രതിഷേധ മാര്‍ച്ചും അനുശോചനയോഗവും ചേര്‍ന്നു. ഐടി രംഗത്തെ കൂട്ടായ്മയായ "ഇതി"യുടെ നേതൃത്വത്തിലും പ്രതിഷേധപരിപാടികള്‍ സംഘടിപ്പിച്ചു. മരണവിവരം പുറത്തുവന്നതോടെ നഗരത്തിലെ വിവിധ കോളേജുകളില്‍നിന്ന് വിദ്യാര്‍ഥികള്‍ രാവിലെമുതല്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഫ്രീഡം പാര്‍ക്കില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ മെഴുകുതിരിയേന്തി നൂറുകണക്കിനു പേര്‍ പ്രതിഷേധിച്ചു. കൊല്‍ക്കത്തയിലും പ്രതിഷേധം ആളിക്കത്തി. ഇടതുമുന്നണി കൊല്‍ക്കത്ത ജില്ലാകമ്മിറ്റി, എസ്എഫ്ഐ, ഡിവൈഎഫ്ഐ, അഖിലേന്ത്യാ ജനാധിപത്യമഹിളാ അസോസിയേഷന്‍ എന്നിവര്‍ വിവിധ ഭാഗങ്ങളില്‍ മൗനജാഥകള്‍ നടത്തി. കുറ്റക്കാര്‍ക്ക് ഉടനടി കടുത്ത ശിക്ഷ നല്‍കണമെന്നും ഇത്തരം കുറ്റങ്ങള്‍ തടയാന്‍ കര്‍ശനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്ന പ്ലക്കാര്‍ഡുകള്‍ ഏന്തിയായിരുന്നു പ്രകടനം.

പെണ്‍കുട്ടി ബല്ലിയ സ്വദേശി

കൂട്ടബലാത്സംഗത്തിനിരയായി മരിച്ച പെണ്‍കുട്ടി ഉത്തര്‍പ്രദേശിലെ ബല്ലിയ സ്വദേശി. പെണ്‍കുട്ടിയുടെ പേരും വിവരങ്ങളും ചിത്രവും പ്രസിദ്ധീകരിച്ച് തങ്ങളെ കൂടുതല്‍ അപമാനിക്കരുതെന്ന് മാതാപിതാക്കള്‍ അഭ്യര്‍ഥിച്ചതുകൊണ്ട് മാധ്യമങ്ങള്‍ അവ പ്രസിദ്ധീകരിച്ചില്ല. കുട്ടിക്കാലത്തുതന്നെ പഠനത്തില്‍ മികവു പുലര്‍ത്തിയ കുട്ടിയെ കുടുംബത്തിന്റെ സാമ്പത്തികശേഷി മോശമാണെങ്കിലും മാതാപിതാക്കള്‍ കഷ്ടപ്പെട്ട് ഉപരിപഠനത്തിനയക്കുകയായിരുന്നു. പെണ്‍കുട്ടിക്ക് മാധ്യമങ്ങള്‍ പ്രതീകാത്മകമായി ഇതിനകം പല പേരുകളും നല്‍കിയിട്ടുണ്ട്. അമാനത്ത്, നിര്‍ഭയ, ജാഗൃതി, ജ്യോതി തുടങ്ങിയ പേരുകള്‍. പക്ഷേ പേരില്ലാതെതന്നെ രാജ്യത്തെ ജനകോടികളുടെ മനസ്സില്‍ അവള്‍ ഇടം നേടി. ബല്ലിയയിലെ ഗ്രാമത്തില്‍ ജനങ്ങള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി ദുഃഖം അറിയിച്ചു. സംസ്കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

deshabhimani 301212