Sunday, August 23, 2015

സത്യം പറയാമല്ലോ ഈ പണിമുടക്കം ഞങ്ങള്‍ ആഗ്രഹിക്കുന്നതല്ല. പക്ഷേ വേറെ എന്ത് വഴി?

ബാങ്ക്-ഇന്‍ഷൂറന്‍സ്-ടെലികോ ജീവനക്കാരും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പൊതുമേഖലാ ജീവനക്കാരും സ്വകാര്യമേഖലാ തൊഴിലാളികളും എല്ലാവരും ഒന്നായിച്ചേര്‍ന്നാണ് ഈ പണിമുടക്കം.
കൂലിക്കൂടുതലിനല്ല, ബോണസ് നേടാനല്ല സാമ്പത്തികാനുകൂല്യങ്ങള്‍ ഏതെങ്കിലും കിട്ടാനുമല്ല പക്ഷേ, ഇപ്പോഴെങ്കിലും ചെറുക്കാനായില്ലെങ്കില്‍, ഇനിയുമിതിങ്ങനെ തുടരാനനുവദിച്ചാല്‍ എല്ലാം പിടിവിട്ടുപോകും എന്നറിയാവുന്നതുകൊണ്ടാണ്
നാടിനു വേണ്ടി, നാട്ടാര്‍ക്കു വേണ്ടി, നമുക്കൊക്കെയും വേണ്ടി -അതില്‍ കുത്തകകള്‍ മാത്രം ഒഴിവാണ് കേട്ടോ- ശമ്പളവും കൂലിയും നഷ്ടപ്പെടുത്തി പണിമുടക്കുന്നത്. സെപ്തംബര്‍ 2  ന് രാജ്യത്ത് പണിയെടുക്കുന്നവരെല്ലാം ഒന്നിച്ച് ഒരേ ആവശ്യങ്ങളുയര്‍ത്തി പണിമുടക്കുകയാണ്. ഒത്തുചേര്‍ന്നാവശ്യപ്പെടുന്നത് നയങ്ങള്‍ തിരുത്താനാണ് നിയമങ്ങളെല്ലാം മാറ്റിയെഴുതുമ്പോള്‍, മുന്‍ഗണനകളെല്ലാം തിരുത്തിക്കുറിക്കുമ്പോള്‍, സാധാരണ മനുഷ്യര്‍ പിഴിഞ്ഞൂറ്റപ്പെടുകയാണ്. നോക്കൂ അനുഭവങ്ങള്‍. കൃഷിഭൂമി ഇനിമേല്‍ കര്‍ഷകര്‍ക്ക് കനകം വിളയിക്കാനുള്ളതല്ല, വന്‍കിടക്കാര്‍ക്ക് ലാഭമൂറ്റാനായി ഏറ്റെടുത്ത് കൊടുക്കാനുള്ള പാഴ്മണ്ണാണ്. വനഭൂമി ഇനിമേല്‍ വനവാസികള്‍ക്കുള്ളതല്ല, ഖനനക്കുത്തകകള്‍ക്ക് കുഴിച്ചൂറ്റാനുള്ളതാണ്.
കടലോരമിനി കടലിന്റെ മക്കള്‍ക്കുള്ളതല്ല കൂറ്റന്‍ ട്രോളറുടമകള്‍ക്കും റിസോര്‍ട്ടുടമകള്‍ക്കും മദിച്ചു പുളച്ചമ്മാനമാടാനുള്ളതാണ്. തൊഴില്‍ശാലകളിനിമേല്‍ തൊഴിലാളികള്‍ക്ക് പണിയെടുക്കാനുള്ളതല്ല. അടിമകളെ പണിക്ക് നിര്‍ത്തി ലാഭം കൊയ്യാനുള്ള വിയര്‍പ്പു പുരകളാണ്.

ഇന്നലെവരെ നമുക്കൊക്കെയും കിട്ടിപ്പോന്ന സേവനങ്ങള്‍ക്ക് കനത്ത വിലയാണീടാക്കുന്നത്. കുടിവെള്ളമായാലും വൈദ്യുതിയായാലും യാത്രാക്കൂലിയായാലും ടെലിഫോണായാലും ആരോഗ്യവും വിദ്യാഭ്യാസവുമടക്കം എല്ലാ കൈവിട്ടുപോവുകയാണ്. വമ്പന്‍മാര്‍ക്ക് പതിച്ചുകൊടുക്കയാണ്. അവര്‍ നമ്മെ പിഴിഞ്ഞൂറ്റുകയാണ്. പൊതുവിതരണ സമ്പ്രദായം തകര്‍ത്തെറിഞ്ഞ് വിലനിയന്ത്രണമാകെ വേണ്ടെന്നു വെച്ച് കുത്തിച്ചോര്‍ത്തുകയാണ് നമ്മുടെ മടിശ്ശീലയാകെ!

അവര്‍ കൊടുത്ത കള്ളക്കണക്കനുസരിച്ച് കുത്തകകള്‍ സര്‍ക്കാറിലേയ്ക്കടയ്‌ക്കേണ്ട നികുതിയില്‍ 5,80,000 കോടിയാണീ വര്‍ഷം വേണ്ടെന്നുവെച്ചത്. അത് വീട്ടാനായി സാധാരണക്കാരന്‍ ഫോട്ടോ സ്റ്റാറ്റെടുക്കുമ്പോഴും ടെലഫോണ്‍ ബില്ലടയ്ക്കുമ്പോഴും 14 ശതമാനം സേവന നികുതി കൊടുക്കണം.നികുതിവല പരത്തി വിരിക്കുകയാണ്. പെട്ടിക്കടക്കാരന്‍ നികുതിവലയില്‍ വമ്പന്മാര്‍ക്ക് വന്‍ ഇളവുകള്‍! എല്ലാം തലതിരിച്ചിടുകയാണ്.
തൊഴില്‍ നിയമങ്ങള്‍ മുതലാളിമാര്‍ക്ക് വേണ്ടി തിരുത്തിയെഴുതുകയാണ്. സബ്‌സിഡികളൊക്കെയും കുത്തകകള്‍ക്ക് പൊതുമേഖലയാകെ വന്‍കിടക്കാര്‍ക്ക്- എണ്ണയും പ്രകൃതിവാതകവും മാത്രമല്ല ബാങ്കിങും ഇന്‍ഷൂറന്‍സും ടെലികോമുമെല്ലാം
റിലയന്‍സിനെ പോലുള്ള കുത്തകകള്‍ക്ക് പതിച്ചുകൊടുക്കുന്നു. എണ്ണ വില അവര്‍ തീരുമാനിക്കും, വായ്പാ കുടിശ്ശിക അവര്‍ പിരിച്ചെടുക്കും.

പൊതുമേഖല തകര്‍ത്തിട്ടു വേണം അവരുടെ നായാട്ടിനത് വിട്ടുകൊടുക്കാന്‍ !! ലാഭത്തിലോടിയിരുന്ന ബി.എസ്.എന്‍.എല്ലിനെ  പരിധിക്ക് പുറത്ത് തന്നെ നിര്‍ത്താനായി കേന്ദ്ര സര്‍ക്കാര്‍ നേരിട്ടിടപെടുകയാണ്. ഉപകരണങ്ങള്‍ വാങ്ങാനനുവദിക്കുന്നില്ല. സര്‍ക്കാര്‍ കൊടുക്കാനുള്ള കാശൊന്നും കൊടുക്കുന്നുമില്ല. ഇപ്പോഴത് വിദേശ പ്രത്യക്ഷ നിക്ഷേപത്തിന് തുറന്നിടുകയാണ്.  പ്രധാനമന്ത്രിയും പ്രസിഡണ്ടും തമ്മിലുള്ള സംസാരം  വിദേശ ടെലിഫോണ്‍ കമ്പനികള്‍ വഴിയായാല്‍ കുത്തിച്ചോര്‍ത്തുക നമ്മുടെ പ്രതിരോധ രഹസ്യങ്ങളാണ്!

ഇന്‍ഷൂറന്‍സ് മേഖലയുടെ വാതിലുകള്‍ തുറന്നിട്ട് കൊടുക്കണമെന്ന ആവശ്യത്തിന്  മുപ്പതോളം വര്‍ഷത്തെ പഴക്കമുണ്ട്.ചെറുത്തുനിന്ന് തോല്‍പ്പിച്ചതാണ് 86 മുതല്‍ ! പക്ഷേ ഇപ്പോഴിതാ പുതിയ ഭേദഗതി വഴി വിദേശികള്‍ക്ക് പച്ചപ്പരവതാനി വിരിക്കുന്നു!! എല്‍.ഐ.സിക്ക് സര്‍ക്കാര്‍ നല്‍കുന്ന സോവറിന്‍ ഗ്യാരണ്ടി വേണ്ടെന്നു വെക്കണം പോല്‍! വിദേശ കമ്പനികള്‍ക്ക് സര്‍ക്കാര്‍ സ്ഥാപനത്തോട് മത്സരിക്കാന്‍ ലവല്‍പ്ലേയിങ്ങ് ഫീല്‍ഡ് ഒരുക്കണമത്രെ!

നമ്മുടെ പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കുന്നു; സ്വകാര്യബാങ്കുകളെ വിദേശവല്‍ക്കരിക്കുകയാണ് അതും പോരാഞ്ഞ്, കോര്‍പ്പറേറ്റുകള്‍ക്കൊക്കെ ബാങ്ക് തുറക്കാന്‍ അനുവാദം. ബാങ്കുകളില്‍ ഇനി ചെറുകിട വായ്പകളില്ല.
അതിനായി മൈക്രോ ക്രെഡിറ്റ് സംവിധാനം. പലിശ എത്രയുമാവാം, അത് ചന്തക്ക് വിടും. സാധാരണക്കാര്‍ക്ക് ഇനി ബാങ്കുകള്‍ അപ്രാപ്യം! അതു മറച്ചുപിടിക്കാന്‍ 'ജന്‍ധന്‍'! ആര്‍ക്കും എക്കൗണ്ട് തുറക്കാം.
''എന്റെ അക്കൗണ്ട് എന്റെ അഭിമാനം''- പണ്ട് സോണിയ തുടങ്ങിയ തട്ടിപ്പ് ഇപ്പോള്‍ മോഡി സ്വന്തം പേരിലാക്കുന്നു.

വൈദ്യുതി മേഖലയും വാട്ടര്‍ അഥോറിറ്റിയും മാത്രമല്ല നമുക്ക് സേവനങ്ങള്‍ നല്‍കിപ്പോരുന്ന എല്ലാ സ്ഥാപനങ്ങളും ഒന്നിച്ചു പതിച്ചു കൊടുക്കുകയാണ് വന്‍മുതലാളിമാര്‍ക്ക് ! ഇനിയും കാണികളായി നോക്കി നില്‍ക്കാനാവുമോ?
നമ്മുടെ ഖജനാവിലേക്ക് ചെല്ലേണ്ട ലാഭവിഹിതം സ്വകാര്യ മുതലാളിമാരുടെ കീശവീര്‍പ്പിക്കാനെറിഞ്ഞുകൊടുത്താല്‍ നാളെ നികുതിപ്പണമായി നമ്മളില്‍ നിന്നു തന്നെ അത്രയും തുക കവര്‍ന്നെടുക്കും. അതുകൊണ്ടു തന്നെ പൊതുമേഖല സംരക്ഷിക്കേണ്ട ബാധ്യത സാധാരണക്കാരായ നമ്മുടേതാണ്. ഇത് തിരിച്ചറിഞ്ഞ് പ്രതിരോധം തീര്‍ത്ത യൂണിയനുകളെ പൊളിച്ചടക്കാനാണ് സര്‍ക്കാര്‍ നീക്കം. അതിനായാണ് തൊഴില്‍ നിയമ ഭേദഗതികള്‍.പണിമുടക്കവകാശമടക്കം നിരോധിക്കുകയാണ്! പണിമുടക്കിയാല്‍ പിഴകൊടുക്കണമത്രെ! നിക്ഷേപകരെ ആകര്‍ഷിക്കാനാണത്രെ ഇത്! കേട്ടിട്ടില്ലേ, മാരുതിയിലെ തൊഴിലാളികളില്‍ 147 പേര്‍ ജയിലിലായിട്ട് വര്‍ഷങ്ങളായി .ജാമ്യമനുവദിക്കാത്തതിന് കോടതി പറഞ്ഞ ന്യായം വിദേശ നിക്ഷേപകര്‍ പേടിച്ച് പിന്മാറാതിരിക്കാനാണ് എന്ന്! തൊഴില്‍ നിയമങ്ങള്‍ തൊഴിലാളികള്‍ക്ക് വേണ്ടിയല്ല മുതലാളിമാരെ സഹായിക്കാനാണെന്നു വന്നാല്‍ അതനുവദിച്ച് കൊടുക്കാനാവുമോ? അതുകൊണ്ട് തന്നെയാണീ പണിമുടക്കം.

5 മത്തിക്ക് 50 രൂപ വിലയുള്ളപ്പോള്‍ മിനിമം കൂലി ദിവസം 500 രൂപ എങ്കിലുമാവേണ്ടേ? ആവണമെന്ന് മുഴുവന്‍ തൊഴിലാളിയൂണിയനുകളും !! ആവില്ലെന്നും, ആക്കില്ലെന്നും ഉടമകള്‍ !!!ആകയാല്‍ 15000 രൂപ മിനിമം കൂലി
പ്രതിമാസം വേണമെന്നാണാവശ്യം

ഇതില്‍ സര്‍ക്കാര്‍ എവിടെ നില്‍ക്കണം? ഈ സര്‍ക്കാര്‍ ഉടമകള്‍ക്കൊപ്പം. അച്ഛാ ദിന്‍ ആയാ ഹൈ എന്ന് ഉടമകള്‍!!!

ഇവിടെ ആര്‍ക്കാണ് കൂലിക്കുറവെന്ന് പലര്‍ക്കും സംശയം? മറന്നു പോവേണ്ട - നിങ്ങളുടെ വീട്ടില്‍ ആരോഗ്യകാര്യമന്വേഷിച്ച് വരുന്ന ആശാ വര്‍ക്കര്‍ക്ക് ദിവസക്കൂലി 20 രൂപയാണ്. 600 രൂപ ഓണറേറിയം ! കഷ്ടം തോന്നിയിട്ട് കാര്യമില്ല.
പറ്റുമെങ്കില്‍ പണിമുടക്കിനൊപ്പം ചേരൂ. സര്‍ക്കാര്‍ യുദ്ധ പ്രഖ്യാപനം നടത്തുകയാണ്.  തൊഴിലാളികളോട്, കര്‍ഷകരോട്,  കര്‍ഷകതൊഴിലാളികളോട്, യുവജനങ്ങളോട്, തൊഴില്‍ രഹിതരോട് തൊഴില്‍രഹിതനു നേരെ വാതില്‍ കൊട്ടിയടക്കുകയാണ്. കരാര്‍ തൊഴില്‍ പെരുകുന്നു. സ്ഥിരം ജോലി ഇല്ലാതാവുന്നു. അതിനു പുറമെ ഫിക്‌സഡ് ടേം അപ്പോയ്‌മെന്റ് എന്ന പേരില്‍ പുതിയൊരു തൊഴില്‍ രീതിക്ക് പച്ചക്കൊടികാട്ടി മുതലാളിമാരെ സഹായിക്കുകയാണ് സര്‍ക്കാര്‍ !
ഇതൊക്കെ കണ്ടും കേട്ടും കണ്ണും പൂട്ടിയിരിക്കാം. രാമനാമം ചൊല്ലി ജപിച്ചിരിക്കാം. അല്ലാഹുവിലും കര്‍ത്താവിലും എല്ലാം സമര്‍പ്പിച്ച് കാത്തിരുന്നാല്‍ തീരാ ദുരിതങ്ങളിലേക്കാണ് കണ്‍തുറക്കുക. ആകയാല്‍ ഇപ്പോള്‍, ഇപ്പോള്‍ തന്നെ ഒന്നിച്ചുനിന്നെതിരിടുകയാണ് തൊഴിലാളികള്‍! പണിയെടുക്കുന്നവരുടെ പ്രശ്‌നം മാത്രമല്ല പണിയില്ലാതാകുന്നവരുടെയും പണികിട്ടാത്തവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരുടെയൊക്കെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുകയാണ് തൊഴിലാളികള്‍ !
ജാതിയും മതവും രാഷ്ട്രീയവും  മറന്ന് പണിയെടുക്കുന്നവരാകെ ഒന്നിച്ചുപറയുന്നു: കിട്ടില്ലിതിനു ഞങ്ങളെ; തിരുത്തൂ നയങ്ങള്‍ നിങ്ങള്‍ ! ഉടമവര്‍ഗത്തിനെതിരായാണ് പോരാട്ടം നയങ്ങള്‍ തിരുത്തിക്കാന്‍ ! ആ നയങ്ങള്‍ക്ക് പിന്നിലുള്ള രാഷ്ട്രീയം തിരിച്ചറിഞ്ഞ് തൊഴിലാളി വര്‍ഗ രാഷ്ട്രീയമുയര്‍ത്തിപ്പിടിക്കാന്‍ ഇന്ത്യയില്‍ പണിയെടുക്കുന്നവരൊന്നാകെ ഒന്നിച്ചു കണ്ണിചേരുകയാണീ പണിമുടക്കില്‍ ! ആരു തന്നെ ആയിക്കൊള്ളട്ടെ നിങ്ങള്‍ - വന്‍കിടകുത്തകയോ ഭൂപ്രഭുവോ അല്ലെങ്കില്‍ -
ഞങ്ങള്‍ നിങ്ങളുമായി ഐക്യപ്പെടുന്നു !! പോരാടുന്നത് നിങ്ങള്‍ക്ക് വേണ്ടിക്കൂടിയാണ്. ഒരു പക്ഷേ നിങ്ങളില്‍പ്പലരും അത് തിരിച്ചറിയുന്നില്ലെങ്കിലും ! വരൂ, ഞങ്ങള്‍ക്കൊപ്പം ചേരൂ ഇതല്ലാതെ വേറെയില്ല മാര്‍ഗം !

സപ്തംബര്‍ 2 പണിമുടക്കം വിജയിപ്പിക്കുക !!

*
എ.കെ.രമേശ്
കടപ്പാട്: befi trivandrum facebook

Sunday, August 16, 2015

ദേശീയ പണിമുടക്കിന്റെ രാഷ്ട്രീയം 5

ഇനി "തൊഴിലാളി"ഇല്ല .. കൂലിയടിമ മാത്രം..!

നരേന്ദ്രമോഡിയുടെ പരിവാര്‍ മുന്‍ഗാമി അടല്‍ ബിഹാരി ബാജ്പേയ് പ്രധാനമന്ത്രി ആയിരിക്കുമ്പോഴാണ് രണ്ടാം ലേബര്‍ കമ്മീഷനെ നിയമിച്ചതും റിപ്പോര്‍ട്ട് നല്‍കിയതും! 2002 ഡിസംബറില്‍ പ്രസിദ്ധീകരിച്ച് പി.എ.ജി ബുള്ളറ്റിന്‍ ഈ റിപ്പോര്‍ട്ടിനെക്കുറിച്ചുള്ളതായിരുന്നു! ഞങ്ങള്‍ അന്ന് റിപ്പോര്‍ട്ടിനെ വിശകലനം ചെയ്തുകൊണ്ടുകൊടുത്ത കുറിപ്പുകളുടെ തലക്കെട്ടുകള്‍ ഇങ്ങനെയൊക്കെയാണ്! "90 കോടി കൂലിയടിമകളും 12 കോടി യജമാനന്മാരും... രണ്ടാംലേബര്‍ കമ്മീഷന്‍ സ്വപ്നം കാണുന്നു..." "അന്താരാഷ്ട്ര പ്രമാണങ്ങള്‍ അട്ടിമറിയുന്നു." "സംഘടിക്കാനും കൂട്ടായി വിലപേശാനും ആത്മാഭിമാനത്തോടെ ജീവിക്കാനും ഞങ്ങളനുവദിക്കില്ല..." "തൊഴിലുടമകളുടെ മാനിഫെസ്റ്റോ" "അവര്‍ക്ക് ദേശീയ മിനിമം കൂലിക്ക് അര്‍ഹരായില്ല... ജീവിച്ചിരിക്കാനുള്ള കാശു കൊടുക്കുക" "അപേക്ഷിച്ച് 60 ദിവസത്തിനകം അനുമതി ലഭിച്ചില്ലെങ്കില്‍ ലഭിച്ചതായി കണക്കാക്കി കമ്പനി അടച്ചുപൂട്ടാം!" ആന്‍റിലേബര്‍ കമ്മീഷന്‍റെ തേന്‍മൊഴികള്‍" "വിവേകമുള്ളവര്‍ ആരായാലും, അവര്‍ മുതലാളിമാരായാലും ഈ റിപ്പോര്‍ട്ടിനോട് സഹതപിക്കും..." "തൊഴിലാളിക്ക് പ്രത്യേക കോടതിവരുന്നു... അവിടെ ജഡ്ജിമാര്‍ ഉദ്യോഗസ്ഥരാണ്പോലും..." ഐ.എന്‍.ടി.യു.സിയുടെയും ബി.എം.എസിന്‍റെയും പ്രതിനിധികള്‍ ഈ ലേബര്‍ കമ്മീഷനില്‍ അംഗങ്ങളായിരുന്നു. ഇവിടെ എടുത്തുകൊടുത്ത തലവാചകങ്ങള്‍ തന്നെ, രണ്ടാം ലേബര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കം എന്തായിരുന്നുവെന്ന് വിശദീകരിക്കാന്‍ ധാരാളം മതിയെന്ന് ഞങ്ങള്‍ കരുതുന്നു! നരേന്ദ്രമോഡി ഗവണ്‍മെന്‍റ് അക്ഷരാക്ഷത്തില്‍ ഈ റിപ്പോര്‍ട്ട് അതുപോലെ നടപ്പാക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്! 2002-ല്‍ ആഗോളമുതലാളിമാര്‍ക്കുവേണ്ടി തയ്യാറാക്കിയ ഈ റിപ്പോര്‍ട്ട് ഇപ്പോഴും അട്ടത്തിരുന്നതിന്‍റെ കാരണം എന്താണ്? റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ നടപ്പാക്കുന്നതിനെതിരെ രാജ്യവ്യാപകമായി ഉയര്‍ന്നുവന്ന തൊഴിലാളി പ്രക്ഷോഭങ്ങളും, ഇന്ത്യയിലെ പാര്‍ലിമെന്‍റില്‍ ഇടതുപക്ഷത്തിനുണ്ടായിരുന്ന വര്‍ദ്ധിച്ച സാന്നിദ്ധ്യവും ആയിരുന്നു അതിന്‍റെ കാരണം. ഒറ്റക്ക് അധികാരം ലഭിക്കാതിരുന്നതിനാല്‍, കോണ്‍ഗ്രസിനോ ബിജെപിക്കോ ഇത്രയും കാടനായ നിയമങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞില്ലെന്നതാണ് രണ്ടാമത്തെ കാരണം! പക്ഷേ ഇപ്പോള്‍  കാലം മാറിയിരിക്കുന്നു... ബി.ജെ.പിക്ക് ഒറ്റക്ക് ഭൂരിപക്ഷമുണ്ട്. ഇടതുപക്ഷത്തിന്‍റെ പാര്‍ലിമെന്‍റിലെ സാന്നിദ്ധ്യം ശുഷ്കമായിരിക്കുന്നു. രണ്ടിന്‍റെയും 'വില'യാണ് ഇന്ത്യയിലെ തൊഴിലാളിവര്‍ഗ്ഗം ഇപ്പോള്‍ ഒടുക്കിക്കൊണ്ടിരിക്കുന്നത്!

നരേന്ദ്രമോഡി വന്ന് തൊട്ടടുത്ത നാളുകളില്‍ തന്നെ പാര്‍ലമെന്‍റ് പാസാക്കിയ തൊഴില്‍ നിയമങ്ങളെയും വരാന്‍പോകുന്ന പുതിയ നിയമങ്ങളേയും പിഎജി 105-ല്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. അതാവര്‍ത്തിക്കുന്നില്ല. കൂലിയടിമത്വത്തിന്‍റെ മാര്‍ഗ്ഗരേഖകള്‍, രണ്ടാംലേബര്‍ കമ്മീഷന്‍ പറഞ്ഞതിലും തീവ്രമായി, തയ്യാറായിക്കഴിഞ്ഞുവെന്നുള്ള വാര്‍ത്തകള്‍ ഇപ്പോള്‍ ദിവസവും വന്നുകൊണ്ടിരിക്കുകയാണ്... നേരത്തെ പറയാതിരുന്ന ചില വാര്‍ത്തകളിലേക്കൊന്ന് കടന്നുചെല്ലാം!

@ സമരങ്ങള്‍ക്ക് കൂച്ചുവിലങ്ങ്... സമരത്തിന് ഒന്നരമാസത്തെ നോട്ടീസ്... കാരണം കാണിക്കാതെ ജോലിക്ക് ഹാജരാകാതിരിക്കുകയോ, പത്തോ അതില്‍ കൂടുതലോ പേര്‍ നോട്ടീസ് നല്‍കാതെ വരാതിരിക്കുകയോ ചെയ്താല്‍ 8 ദിവസത്തെ വേതനം കട്ടു ചെയ്യും!

@ 300 പേര്‍ വരെ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍, തൊഴിലാളികളെ പിരിച്ചുവിടാനോ, 'ലേ ഓഫ്' ചെയ്യാനോ സര്‍ക്കാര്‍ അനുമതി വേണ്ടാ...

@ തൊഴിലാളിക്ക് കുടിശിക ലഭിക്കാനുണ്ടെങ്കില്‍ റവന്യൂ റിക്കവറിയിലൂടെ മാത്രമേ ഈടാക്കാനാവൂ...

@തൊഴിലുടമക്കെതിരെ ഏതെങ്കിലും തരത്തിലുള്ള ക്രിമിനല്‍ നടപടി എടുക്കാന്‍ തൊഴിലാളിക്കവകാശമില്ല!

@ ഒരു സ്ഥാപനത്തിലെ യൂണിയന്‍ ഭാരവാഹികളില്‍ ഒരാള്‍ ആ സ്ഥാപനത്തിലെതന്നെ ആളാവണം. മൊത്തം യൂണിയന്‍ ഭാരവാഹികളില്‍ രണ്ടുപേര്‍ മാത്രമേ പുറത്തുനിന്നുള്ള ആളാവാന്‍ പാടുള്ളൂ!ഹ ഒരു സ്ഥാപനത്തില്‍ സംഘടന രജിസ്റ്റര്‍ ചെയ്യാന്‍ തൊഴിലാളികളുടെ 10 ശതമാനമോ 100 പേരോ അംഗങ്ങളാവണം!

@ പണിമുടക്ക് നടത്തില്ലെന്ന് തൊഴിലാളിക്കും തൊഴിലുടമക്കും തമ്മില്‍ കരാറുണ്ടാക്കാം! നിയമന ഉത്തരവില്‍ തന്നെ ഈ കാര്യം എഴുതി ചേര്‍ക്കാം. കരാര്‍ ലംഘിച്ച് പണി മുടക്കിയാല്‍ 20,000 രൂപാ പിഴയടക്കണം!

@ തൊഴില്‍ തര്‍ക്കങ്ങളില്‍ ലേബര്‍ കോടതി, ഇന്‍റസ്ട്രിയല്‍ ട്രൈബ്യൂണല്‍ എന്നീ രണ്ടു സംവിധാനങ്ങള്‍ ഇല്ല. ട്രൈബ്യൂണല്‍ മാത്രം!

@ പിരിച്ചു വിടപ്പെടുന്ന തൊഴിലാളിക്ക് 45 ദിവസത്തെ വേതനം നഷ്ട പരിഹാരം നല്‍കണം.

@ നൂറോ അതില്‍ കൂടുതലോ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്കു മാത്രമേ അച്ചടക്കനടപിടകളുമായി ബന്ധപ്പെട്ട സ്റ്റാന്‍റിംഗ് ഓര്‍ഡര്‍ ബാധകമാകൂ... (രാജ്യത്തെ 85% വ്യവസായ യൂണിറ്റുകളിലും 100-ല്‍ താഴെയാണ് തൊഴിലാളികള്‍).

@ ഒരു വന്‍കിട വ്യവസായത്തെ (1000-ല്‍ അധികം പേര്‍ പണിയെടുക്കുന്നത്) 300 പേര്‍ വീതമുള്ള യൂണിറ്റുകളാക്കി, സാങ്കേതികമായി 'മുറിക്കാന്‍' തൊഴിലുടമക്ക് അവകാശമുണ്ട്... അപ്പോള്‍ തൊഴിലാളിക്ക് സമരം ചെയ്യാനുള്ള അവകാശം നിഷേധിക്കാം. അനുമതിയില്ലാതെ പിരിച്ചുവിടാം... ലേ ഓഫ് ചെയ്യാം!

'ലേബര്‍ കോഡ് ഓണ്‍ ഇന്‍റസ്ട്രിയല്‍ റിലേഷന്‍സ് ബില്ലി'ലേതാണ് ഈ വ്യവസ്ഥകള്‍. 1926ലെ ട്രേഡ് യൂണിയന്‍ നിയമം; 1946ലെ ഇന്‍റസ്ട്രിയല്‍ എംപ്ലോയ്മെന്‍റ് നിയമം; 1947ലെ വ്യവസായ തര്‍ക്കനിയമം എന്നിവ ഏകോപിപ്പിച്ചാണ് മുകളില്‍ പറഞ്ഞ ഒറ്റ നിയമം ആക്കുന്നത്.

മൂലധനത്തിന്‍റെ പാദം കഴുകി ആ വെള്ളം കുടിക്കുന്നവരെക്കുറിച്ച് എന്തിന് അധികം പറയണം![പി ഏ ജി ലക്കം 107  പേജ് 51 ]

അതെ  ഇതാണ്,  ഈ കൊണ്ഗ്രെസ്സുകരുടെയും ബിജെപിക്കരുടെയും നേതാക്കൾ തന്നെയായ  ദേശീയ തൊഴിലാളി സംഘടനകളുടെ നേതാക്കളെ  പ്രകൊപിപിക്കുന്നത്..?ഇനി രാജ്യത്തു  തൊഴിലാളിയില്ല കൂലിയടിമ മാത്രമാകുന്നതിനെക്കുറിച്ചുള്ള ഉൽക്ക് ണ്ടയാണ് അവരെ സമരത്തിന്‌  പ്രേരിപ്പിക്കുന്നത് .ആത്മാഭിമാനമുള്ള മനുഷ്യരായി  തൊഴിലെടുക്കുന്ന  80 ശതമാനം വരുന്ന ഇന്ത്യാക്കാരെയും  കാണാത്ത കക്ഷി രക്ഷ്ട്രീയം ഞങ്ങൾക്കിനി വേണ്ടാന്ന്  പറയേണ്ടിവരുമെന്നുള്ള മുന്നറിയിപ്പാണത്... ആ മുന്നറിയിപ്പ്  തൊഴിലാളിക്ക്  മനുഷ്യാവകാശങ്ങൾ  നൽകുന്ന  രക്ഷ്ട്രീയം  സ്വീകരിക്കാനുള്ള ആഹ്വാനം  കൂടിയാണ് .. അങ്ങനെ മനസ്സിലാക്കുമ്പോൾ പണിമുടക്ക്‌ ഒരു വലിയ രക്ഷ്ട്രീയ സമരമായിതീരും.   ഇടതുപക്ഷം അത്  മനസ്സിലാക്കുന്നില്ലങ്കിൽ പിന്നെ ആരാണ് അത് മനസ്സിലാക്കേണ്ടത്..?[end]

കടപ്പാട്: People Against Globalisation/അജയൻ  

ദേശീയ പണിമുടക്കിന്റെ രാഷ്ട്രീയം 4

"എന്റെ രാഷ്ട്രീയം  എത്ര നെറികെട്ടതാണ്" !

2014 സെപ്റ്റംബര്‍ 4ന്‍റെ ബിസിനസ് ലൈന്‍ പത്രത്തില്‍, പ്രമുഖ സാമ്പത്തികശാസ്ത്ര അദ്ധ്യാപകരില്‍ ഒരാളായ ശ്രീ. ആര്‍. ശ്രീനിവാസന്‍റെ ഒരു ലേഖനമുണ്ട്. അദ്ദേഹം എഴുതുകയാണ്... ബാംഗ്ലൂരുവിലെ പ്രമുഖമായൊരു ജേര്‍ണലിസം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അദ്ദേഹം ഒരു പ്രഭാഷണത്തിന് പോയി. 110 കുട്ടികളാണവിടെ ജേര്‍ണലിസം ബിരുദത്തിന് ഒരു ബാച്ചിലുള്ളത്. 8 വര്‍ഷമായി സ്ഥാപനം തുടങ്ങിയിട്ട്.... പ്രസംഗം കഴിഞ്ഞ് സ്ഥാപനത്തിന്‍റെ മാനേജ്മെന്‍റിനോട് ഇത്തരത്തില്‍ ബാംഗ്ലൂരുവില്‍ വേറെ എത്ര ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ഉണ്ടെന്ന് അദ്ദേഹം തിരക്കി. 72 എണ്ണം എന്നായിരുന്നു കിട്ടിയ മറുപടി! 110 പേര്‍ കുറഞ്ഞത് ഒരു ബാച്ചില്‍ പ്രവേശനം തേടുന്നു എന്നുവെച്ചാല്‍, ഓരോ വര്‍ഷവും ബാംഗ്ലൂരു നഗരം മാത്രം 7920 ജേര്‍ണലിസ്റ്റുകളെ സൃഷ്ടിക്കും! ഇതേപോലെ ഒരു 20 നഗരങ്ങളെങ്കിലും ഇന്ത്യയില്‍ ഉണ്ടാവാതിരിക്കില്ല... 1,58,400 ജേര്‍ണലിസ്റ്റുകള്‍ എങ്കിലും ഇന്ത്യന്‍ മീഡിയാ കമ്പോളത്തില്‍ തൊഴില്‍ തേടുന്നവരായി പ്രതിവര്‍ഷം അങ്ങനെ സൃഷ്ടിക്കപ്പെടുന്നു എന്ന.്! ചെറുനഗരങ്ങളിലും, യൂണിവേഴ്സിറ്റികളിലും, പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ടുകളും, പത്ര മാദ്ധ്യമസ്ഥാപനങ്ങളും വഴി ജേര്‍ണലിസ്റ്റായി തീരുന്ന ഒരു 'പട'യേ നമ്മളീ കണക്കില്‍പെടുത്തിയില്ലെന്ന് ഓര്‍ക്കണം! കമ്പോളത്തിന് ഇവരില്‍ എത്ര ശതമാനത്തെ ഉള്‍ക്കൊള്ളാനാവും? അനസ്യൂതം പെരുകുന്ന ഈ ജേര്‍ണലിസ്റ്റുസമൂഹത്തെ സൃഷ്ടിക്കുന്നതുവഴി കമ്പോളം എന്തൊക്കെയാണ് അടിച്ചുമാറ്റുന്നത്? ഈ ചോദ്യങ്ങളൊന്നും ചോദിക്കാതെ നമ്മള്‍, വീണ്ടും വായ്പ എടുക്കുകയാണ്. ബിരുദം വാങ്ങി വെയ്ക്കുകയാണ്!

അദ്ദേഹം പിന്നെ ആശങ്കപ്പെടുന്നത്, മാനേജ്മെന്‍റ് ബിരുദത്തിന്‍റെ കാര്യം പറഞ്ഞിട്ടാണ്... ഇതിന്‍റെ പത്ത് മടങ്ങ് കുട്ടികള്‍ ഈ രംഗത്ത് നിന്ന് ബിരുദധാരികളാവുന്നു! ഐടി പ്രൊഫഷണല്‍സ് അതിലുമധികം വരും... എഞ്ചിനീയര്‍മാരുടെ എണ്ണം സങ്കല്‍പ്പാതീതമാണ്! യഥാര്‍ത്ഥത്തില്‍ പ്രതിവര്‍ഷം ഒന്നര കോടി തൊഴിലവസരങ്ങള്‍ എങ്കിലും സൃഷ്ടിക്കാതെ നമ്മുടെ യുവജനസമൂഹത്തെ രാജ്യത്തിന് ഉള്‍ക്കൊള്ളാനാവില്ല! മാന്യമായി ജീവിക്കുന്ന മനുഷ്യരായി അവര്‍ക്ക് മാറാന്‍ തൊഴില്‍ കിട്ടണം. എന്നാല്‍ പ്ലാനിംഗ് കമ്മീഷന്‍ രേഖ പറയുന്നത്.. സ്വകാര്യ - സര്‍ക്കാര്‍ മേഖലകളിലൊന്നും കഴിഞ്ഞ 2 പതിറ്റാണ്ടായി പുതിയ തൊഴില്‍ സൃഷ്ടിക്കപ്പെടുന്നില്ലെന്നാണ്. വരുന്ന രണ്ടു ദശാബ്ദവും ഈ നില തുടരുന്നതിനുള്ള ഘടനാപരമായ പരിഷ്കാരങ്ങള്‍ നമ്മള്‍ ചെയ്തു കഴിഞ്ഞിട്ടുണ്ട്. ഈ സംവിധാനം തൊഴില്‍ തരുന്നില്ലെങ്കില്‍, സംവിധാനം തന്നെ മാറ്റുന്നതിന് വേണ്ടി നമുക്ക് ലഭ്യമായ അധികാരങ്ങള്‍ ഉപയോഗിക്കണം എന്ന് ശ്രീ. ശ്രീനിവാസന്‍ പറഞ്ഞു വയ്ക്കുന്നില്ല. അത് അദ്ദേഹത്തിന്‍റെ പണിയല്ല! പക്ഷേ അദ്ദേഹം ഒന്നുറപ്പിക്കുന്നുണ്ട്. ഈ നയങ്ങളുമായി മുന്നോട്ട് പോകുകയോ, ഈ നയങ്ങള്‍ തീവ്രമാക്കുകയോ ചെയ്യുന്നതുവഴി ഈ പഠിച്ചിറങ്ങുന്ന തലമുറക്ക് 'അച്ചേദിന്‍' വരുകയില്ലെന്ന്! അത് പക്ഷേ ഈ ബിരുദങ്ങളെല്ലാം വാങ്ങികൂട്ടിയ മക്കളും, അവരുടെ രക്ഷിതാക്കളും അവര്‍ വിശ്വാസം അര്‍പ്പിക്കുന്ന രാഷ്ട്രീയക്കാരും ഏറ്റവും അവസാനം അവര്‍ തെരഞ്ഞെടുത്ത ഗവണ്‍മെന്‍റും മനസിലാക്കുന്നില്ലെന്നതാണ് ഖേദകരം.. ഈ വിഷയമാണ്  സമസ്ത രക്ഷ്ട്രീയത്തിലും  പെട്ടുകിടക്കുന്ന ഇന്ത്യൻ തൊഴിലാളി വർഗം  ഒരുമിച്ചുന്നയിക്കുന്നത്.. അത് തള്ളിക്കളയുന്ന രക്ഷ്ട്രീയം  തങ്ങള്ക്കിനി വേണ്ടാന്ന് പറയുകയെ അവരുടെ മുമ്പിൽ  വഴിയുള്ളൂ..കാരണം  ഈ നയങ്ങൾ നമ്മുടെ മൊത്തം ജീവിതത്തിന്റെ  കടക്കൽ തന്നെയാണ് കത്തി വെക്കുന്നത് .. ബി,എം എസ്സും   ഐ എൻ റ്റി .യു സിയും  എല്ലാം ഉണ്ട്  പണിമുടക്കിൽ .. അതിന്റെ  നേതാക്കൾ കൂടി  ചെർന്നിരുന്നാണ്  ദേശീയ പണിമുടക്കിലെ  ഡിമാണ്ടുകൾ  രൂപപ്പെടുത്തിയത് .. അതു സാധാരണ തൊഴിലാളികൾക്ക്  അവർ വിശദീകരിക്കുന്നില്ലങ്ങിൽ  അതിനു പിറകിലെ  സ്വര്ധത കൂടി പുറത്തു പറയാനുള്ള ആർജവം  ആരാണ് കാണിക്കേണ്ടത്, നമ്മളല്ലാതെ..?

കേരളത്തിലെ സ്വാശ്രയവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അദ്ധ്യാപകരായി ഏകദേശം 35000 പേരും; അനദ്ധ്യാപകരും ജീവനക്കാരുമായി 10,000ല്‍പ്പരം ആളുകളും ജോലി ചെയ്യുന്നുണ്ട്. വളരെ തുച്ഛമായ ശമ്പളമാണിവിടെ നല്‍കപ്പെടുന്നത്. ഉന്നതവിദ്യാഭ്യാസവും പ്രവര്‍ത്തിപരിചയവുമുള്ള അദ്ധ്യാപകര്‍ക്കുപോലും സംഘടിക്കാനോ വിലപേശാനോ സ്വാതന്ത്ര്യമില്ല... സ്വാശ്രയമേഖലയില്‍ കേരളത്തില്‍ 15 മെഡിക്കല്‍കോളജ്, 150ല്‍പ്പരം എഞ്ചിനീയറിംഗ് കോളേജുകള്‍ 130 ബി.എഡ് കോളേജുകള്‍; 500-ല്‍പ്പരം ആര്‍ട്സ് ആന്‍റ് സയന്‍സ് കോളജുകള്‍, 15 ആയുര്‍വേദ കോളജ്. 70 നേഴ്സിംഗ്, 15 ദന്തല്‍, 30 ഫാര്‍മസി കോളജുകള്‍, 4 ലോ കോളജ് എന്നിവയിലാകെയായിട്ടാണ് 45,000 ല്‍പ്പരം അദ്ധ്യാപകരും അനദ്ധ്യാപകരും കൂലിപ്പണി എടുക്കുന്നത്. മാനേജ്മെന്‍റ്, ഹോട്ടല്‍ ആന്‍റ് ക്യാറ്ററിംഗ്, ട്രാവല്‍ ആന്‍റ് ടൂറിസം തുടങ്ങി സ്വാശ്രയ മേഖലയില്‍ നിരവധി കോളേജുകള്‍ വേറെ ഉണ്ടെന്ന് കൂടി ഓര്‍ക്കുക!അവര്‍ക്കാര്‍ക്കും ഒരു സാമൂഹിക സുരക്ഷാപദ്ധതികളോ, പിഎഫോ, ഗ്രാറ്റിവിറ്റിയോ, അവകാശപ്പെട്ട അവധികളോ, പെന്‍ഷനോ, ഒന്നും ലഭ്യമാക്കാന്‍ നിലവിലെ തൊഴില്‍നിയമങ്ങള്‍ അനുവദിക്കാത്തതല്ല...! അത്തരം നിയമങ്ങള്‍ ഒക്കെ തിരസ്കരിച്ചാലെ നിങ്ങള്‍ക്കിവിടെ പണിതരാനാവൂ എന്നാണ് നിലപാട്...  8000 രൂപാ മുതല്‍ 25,000 രൂപാവരെയുള്ള ശമ്പളനിരക്കാണ് അദ്ധ്യാപകര്‍ക്കുള്ളത്... അനദ്ധ്യാപകര്‍ക്ക് 1000 മുതല്‍ 10,000 വരെയും! എങ്ങനെയാണ് നമ്മുടെ പുതിയ 'കാലം' മനുഷ്യരോട് പെരുമാറുന്നതെന്നറിയാന്‍ വേറെ 'തൊഴുത്തുകളൊന്നും' അന്വേഷിച്ചു നടക്കേണ്ടതില്ല.

ഇതൊക്കെ നാട്ടുകാരുടെ  മുമ്പിൽ  പറയുന്നതിനാണ്  ദേശീയ  പണിമുടക്ക്‌ !  ഒരു ദിവസത്തെ  ശമ്പളം  ഉപേക്ഷിച്ചു കൊണ്ട്  ദേശം  പ്രതിഷേധിക്കുന്നതിന്റെ കാരണം  നാട്ടുകാരറിയുമ്പോഴാണ്‌ "എന്റെ രക്ഷ്ട്രീയം  എത്ര  നെറികെട്ടതാണെന്ന് " ഓരോ പൗരനും  മനസിലാകുകയുള്ളു.!

കടപ്പാട്: People Against Globalisation/അജയൻ

ദേശീയ പണിമുടക്കിന്റെ രാഷ്ട്രീയം 3

'ഐ.ടി.മേഖലയിലെ ജോലി-അതിന്‍റെ നൊമ്പരം' എന്ന കുറിപ്പില്‍ 'ദിഹിന്ദു'വിന്‍റെ ലേഖിക അഞ്ചു ശീവാസിന്‍റെ ഒരു കുറിപ്പുണ്ട് (ഡിസം:30:2013) കഴിഞ്ഞ 3 വര്‍ഷമായി ഐ.ടി.മേഖലയില്‍ "കൂലികൊടുക്കാതെ നിലനിര്‍ത്തിയിരിക്കുന്ന ബിരുദധാരികളുടെ പടയാണുള്ളതെന്ന്" അവര്‍ നിരീക്ഷിക്കുന്നു! കാമ്പസ് റിക്രൂര്‍ട്ട്മെന്‍റിന്‍റെ മായികപ്രപഞ്ചത്തില്‍ കരകാണാതെ തപ്പിത്തടയുന്ന ഇന്ത്യന്‍ ബിരുദധാരികളുടെ ദയനീയ ചിത്രമാണ് അഞ്ചുവിന്‍റെ കുറിപ്പിലുള്ളത്. അത് ഏതാണ്ടിങ്ങനെയാണ്..

2013 മാര്‍ച്ച് 4നാണ് സംഭവം. ഇന്ത്യന്‍ ഐ.ടി. വ്യവസായ മേഖലയിലുണ്ടായ ഏറ്റവും വലിയ പ്രതിഷേധ പ്രകടനമായി അതിനെ കാണാം. എച്.സി.എല്‍ എന്ന ഐ.ടി.കമ്പനിക്കു മുമ്പില്‍ നൂറു കണക്കിന് പുതിയ എഞ്ചിനീയറിംഗ് ബിരുദധാരികളായ ചെറുപ്പക്കാര്‍ ഒരുമിച്ചുചേര്‍ന്ന് ഉന്നയിച്ച ആവശ്യം "ഞങ്ങള്‍ക്ക് നിങ്ങള്‍ തന്ന തൊഴില്‍ വാഗ്ദാനം പാലിക്കൂ" എന്നായിരുന്നു! രണ്ടു വര്‍ഷം മുമ്പാണ് അവര്‍ക്കെല്ലാം കമ്പനി തൊഴില്‍ 'വാഗ്ദാനം' ചെയ്തുകൊണ്ടുള്ള കത്തുകള്‍ നല്‍കിയത്! കൃത്യമായി പറഞ്ഞാല്‍ 2011 സെപ്റ്റംബറില്‍! പഠിച്ചിറങ്ങിയിട്ട് 2 വര്‍ഷം കഴിഞ്ഞിട്ടും, വാഗ്ദാനം ആവര്‍ത്തിച്ചു കൊണ്ടിരുന്നതല്ലാതെ തൊഴില്‍ മാത്രം അവര്‍ നല്‍കിയില്ല! മറ്റെവിടെയും തൊഴില്‍ സ്വീകരിക്കാനാവാതെ തങ്ങളെ കുരുക്കിയിട്ടിരിക്കുന്ന ഒഇഘ കമ്പനിക്കെതിരെ പൊട്ടിത്തെറിച്ച യുവ എഞ്ചിനീയര്‍മാര്‍ക്ക് ഈ അനന്തമായ കാത്തിരിപ്പിന് കമ്പനി എന്തെങ്കിലും നഷ്ടപരിഹാരം നല്‍കിയോ? ഇല്ല. 2013 ഒക്ടോബറില്‍ പുതിയൊരു ബാച്ചിനെ കമ്പനി ഇങ്ങനെ ഓഫര്‍ നല്‍കി 'വാങ്ങിവെച്ച'പ്പോള്‍ രണ്ടു വര്‍ഷമായി ഓഫറുമായി കാത്തിരിക്കുന്നവരെ കമ്പനി നിരാകരിക്കുകയാണ്! അവരുടെ 'യോഗ്യത പോരെ'ന്നാണ് കമ്പനിയുടെ ഇപ്പോഴത്തെ വാദം! ഈ പ്രവണത ഇന്ത്യന്‍ ഐ.ടി.വ്യവസായത്തിന്‍റെ മുഴുവന്‍ മുഖമുദ്രയായിക്കഴിഞ്ഞു എന്നാണ് ലേഖിക കൂട്ടിച്ചേര്‍ക്കുന്നത്! ആരാണീ കാപട്യത്തെ സാര്‍വത്രികവല്‍ക്കരിച്ചത്! കടം വാങ്ങി എഞ്ചിനീയറിംഗ് പഠിക്കാന്‍ പ്രേരിപ്പിച്ചവരോട് ഈ ചോദ്യം ചോദിക്കേണ്ടതല്ലേ? അഞ്ചുശ്രീവാസ് തുടരുന്നു...... എന്ന ഐ.ടി.ഭീമന്‍റെ 'റൊട്ടേഷന്‍ പോളിസി'യേക്കുറിച്ച്... കൂടുതല്‍ ഭീകരമായ മനുഷ്യാവകാശലംഘനത്തിന്‍റെ കഥയാണത്.. അവര്‍ ജീവനക്കാരെ വിദേശത്തേക്കയക്കുന്നത് "യാതൊരു മുന്നറിയിപ്പുമില്ലാതെ മടങ്ങാന്‍ തയ്യാറായിരിക്കണമെന്ന" കരാറിലാണത്രെ. പിറന്നുവീണ് ദിവസങ്ങള്‍ക്കകം  തന്‍റെ കുഞ്ഞിനേയും കുടുംബത്തെയും കൂട്ടി വിമാനം കയറേണ്ടിവന്നവരുടെ എത്രയെത്ര കഥകള്‍!

ഇന്‍ഫോസിസ് കമ്പനി അമേരിക്കന്‍ ഗവണ്‍മെന്‍റിന് 34 ദശലക്ഷം ഡോളര്‍ പിഴയടച്ചത് ഈയിടെയാണ്.. സന്ദര്‍ശനവിസയില്‍ ആയിരക്കണക്കിന് ഇന്ത്യന്‍ പ്രോഗ്രാമര്‍മാരെ അമേരിക്കയില്‍ എത്തിച്ച് പണിയെടുപ്പിച്ച വെട്ടിപ്പിനായിരുന്നു ആ പിഴ! അതങ്ങനെ തുടരുമ്പോള്‍ 2013 ഒക്ടോബറില്‍ കര്‍ണാടക സര്‍ക്കാര്‍ ഐ.ടി.മേഖലയെ സമസ്ത തൊഴില്‍ നിയമങ്ങളില്‍ നിന്നും ഒഴിവാക്കിക്കൊണ്ടുള്ള വിജ്ഞാപനം ഇറക്കിയിരിക്കുകയാണ്! 14 മണിക്കൂര്‍ വരെ ജോലി ചെയ്യിപ്പിക്കുന്ന; ബി.പി.ഒ.തൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍ക്ക് പകുതി വേതനം മാത്രം നല്‍കുന്ന; യാതൊരു കാരണവുമില്ലാതെ പുറത്താക്കപ്പെടുന്ന രീതി നിലനില്‍ക്കുന്ന ഐ.ടി.മേഖലയിലാണ് തൊഴില്‍ നിയമങ്ങള്‍ വേണ്ടതെന്നിരിക്കെയാണ്, സര്‍ക്കാരിന്‍റെ ഈ നടപടി എന്ന് ലേഖിക നമ്മെ ഓര്‍മ്മിപ്പിക്കുന്നു! "സാങ്കേതിക വിദ്യാരംഗം ഏറ്റവും കുറഞ്ഞ കൂലിയെന്ന മല്‍സര ഓട്ടമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന്" അവര്‍ എഴുതുന്നു! ഐ.ടി.യെന്ന മഹാപ്രതീക്ഷ ഒരു 'നിര്‍ദ്ദോഷമായ വഞ്ചന' ആയിന്നുവെന്നും, ആ വഞ്ചനയില്‍ നാം മയങ്ങി ഉറങ്ങുകയാണെന്നും അവര്‍ പറയുന്നു. "കമ്പോള സമ്പദ്വ്യവസ്ഥ ഒരു നിര്‍ദ്ദോഷമായ കാപട്യം" എന്ന ഹാര്‍വാര്‍ഡ് സാമ്പത്തികശാസ്ത്രകാരന്‍റെ നിരീക്ഷണത്തെ ശരിവയ്ക്കുന്ന പരിണാമമാണ് ഐ.ടി.യുടെ മേല്‍ നാം കെട്ടിപ്പൊക്കുന്ന പ്രതീക്ഷകളെന്ന് ഹിന്ദു ലേഖിക ഉറപ്പിച്ചു പറയുമ്പോള്‍ അത് നമുക്കുള്ള ഏറ്റവും പക്വമായ മുന്നറിയിപ്പാണ്! ആ മുന്നറിയിപ്പ്, ഒരു പാഠമാണ്! നമുക്ക് വേണ്ടത് മാന്യമായ ജീവിതമാണ്... അത് നല്‍കുവാന്‍ വേണ്ടുന്ന നയങ്ങളാണ്... അതിന് തയ്യാറുള്ള രാഷ്ട്രീയമാണ്... ഇന്ത്യൻ തൊഴിലാളി വർഗ്ഗം ഒന്നിച്ച് നിന്ന് ഈ വിഷയം ഉന്നയിക്കുകയാണ് ദേശീയ പണിമുടക്കിലൂടെ .. അത് വിളിച്ചു പറയാൻ മടിയെന്തിനാണു്..?

കടപ്പാട്: People Against Globalisation/അജയൻ

ദേശീയ പണിമുടക്കിന്റെ രാഷ്ട്രീയം 2

ദേശീയ ഗവണ്‍മെന്‍റിന്‍റെ വെബ്സൈറ്റ് പരതിയാല്‍ കിട്ടുന്ന ഒരു കണക്കുണ്ട്, ഇന്ത്യന്‍ പൊതുമേഖലയിലെ സ്ഥിരം തൊഴിലുകളുടെ എണ്ണം അതിഭീകരമായ അളവില്‍ കുറഞ്ഞു വരുന്നതിന്‍റെ സ്ഥിതിവിവരക്കണക്കാണത്. ഇതില്‍ കരാര്‍ തൊഴിലാളികള്‍ ഉള്‍പ്പെടുന്നില്ല എന്നുവെച്ചാല്‍ പുതിയ തലമുറയിലെ മഹാഭൂരിപക്ഷവും ഉള്‍പ്പെടുന്നില്ല!

പൊതുമേഖലയിലെ സ്ഥിരം തൊഴില്‍ശക്തി

2006-07 16.14 ലക്ഷം
2007-08 15.65 ലക്ഷം
2008-09 15.33 ലക്ഷം
2009-10 14.90 ലക്ഷം
2010-11 14.40 ലക്ഷം
2011-12 13.98 ലക്ഷം

അതായത് 6 വര്‍ഷം കൊണ്ട് 2,16,000 സ്ഥിരം തൊഴില്‍ തസ്തികകള്‍ ഇല്ലാതായി! 1988 മുതല്‍ 31.3.2012 വരെയുള്ള കാലത്ത് ഇന്ത്യന്‍ പൊതുമേഖലയില്‍ നിന്ന് നിര്‍ബന്ധിത വി. ആര്‍. എസ് നല്‍കി പിരിച്ചയക്കപ്പെട്ടവര്‍ 6.18 ലക്ഷം തൊഴിലാളികളാണ്! ഇതിങ്ങനെ സംഭവിക്കുമ്പോഴാണ് 34% തൊഴിലും താല്‍ക്കാലിക/കരാര്‍/കൂലി തൊഴിലാളികളാണ് എന്ന സത്യം നമ്മെ നോക്കി പരിഹസിക്കുന്നത്..അതായത് 13.98 ലക്ഷം സ്ഥിരം തൊഴിലാളികളുള്ള ഇന്ത്യന്‍ പൊതുമേഖലയില്‍ 4.66 ലക്ഷം പേര്‍ കരാര്‍/കൂലി തൊഴിലാളികളാണ്. അവര്‍ തീര്‍ച്ചയായും പുതിയ തലമുറക്കാര്‍ തന്നെ! ഈ വികസനരേഖയില്‍ നിങ്ങളില്ല, ശരിയല്ലേ?

2014-ല്‍ പ്രസിദ്ധീകരിച്ച കേന്ദ്രതൊഴില്‍ മന്ത്രാലയത്തിന്‍റെ ഒരു സര്‍വ്വെ ഫലം പറയുന്നത് പഠിക്കാത്തവര്‍ക്കിടയിലെ തൊഴിലില്ലായ്മാ നിരക്ക് 3.7 ശതമാനമാണന്നാണ്. എന്നാല്‍ 15-29 പ്രായക്കാരായ ചെറുപ്പക്കാരായ വിദ്യാസമ്പന്നരുടെ ഇടയിലെ തൊഴിലില്ലായ്മാ നിരക്ക് അതിന്‍റെ പത്ത് മടങ്ങാണുപോലും! 36.6% ഗ്രാമീണ യുവജനങ്ങള്‍ തൊഴില്‍ രഹിതരാണെങ്കില്‍ നഗരത്തിലത് 26.5% ആണ്. നമ്മുടെ നാടിന്‍റെ വളര്‍ച്ചാനിരക്ക്, നമ്മുടെ ജീവിതത്തില്‍ പ്രതിഫലിക്കുന്നില്ല എന്നാണര്‍ത്ഥം! അവിടെയും യുവാക്കളില്ല.

ഇനിയൊരു അസോച്ചം പഠനറിപ്പോര്‍ട്ടാണുള്ളത്. 2014 ഫെബ്രുവരിയില്‍ പുറത്തുവന്ന റിപ്പോര്‍ട്ട് നമ്മളെ ഞെട്ടിപ്പിക്കേണ്ട വാര്‍ത്ത തന്നെ. കഴിഞ്ഞ ഒറ്റ വര്‍ഷത്തെ സംഘടിതമേഖലയിലെ കരാര്‍ തൊഴിലാളികളുടെ വര്‍ദ്ധനവ് 39% ആയിരുന്നുവത്രെ! എന്നാല്‍ സ്ഥിരസ്വഭാവമുള്ള തൊഴില്‍ വളര്‍ച്ചാനിരക്ക് 25% ല്‍ താഴെ മാത്രം! "ഇന്ത്യയില്‍ താല്‍ക്കാലിക തൊഴില്‍ ഒരു സ്ഥിരം പ്രതിഭാസമാവുന്നു.. ഇന്ത്യന്‍ തൊഴില്‍ ശക്തി 'കാഷ്വലാ' വുന്നു" എന്നാണ് അസോച്ചത്തിന്‍റെ പഠനറിപ്പോര്‍ട്ടിന്‍റെ തലവാചകം തന്നെ! മുതലാളിമാര്‍ 'പഠിച്ചാലും' പഠനം സത്യം പറയും! അവിടെയും യുവജനങ്ങള്‍ കൂലിക്കാര്‍ തന്നെ!
റിപ്പോര്‍ട്ട് പറയുന്നത് ഇന്ത്യന്‍ ടെലികോം മേഖലയിലെ 60% തൊഴിലും താല്‍ക്കാലിക-കരാര്‍ പണി ആണെന്നാണ്! ഓട്ടോ മൊബൈല്‍ രംഗത്ത് 56 ശതമാനം കരാര്‍ പണിക്കാരാണുള്ളത്. നിര്‍മ്മാണം 52%; ധനകാര്യമേഖല 51%; ഐ.ടി-ബി. പി. ഓ 42%; വിനോദയാത്ര/ഹോട്ടല്‍ 35%; ഫാര്‍മ/ഹെല്‍ത്ത് കെയര്‍ 32%; വിദ്യാഭ്യാസം 54% എന്നിങ്ങനെയാണ് കൂലിതൊഴിലാളിപ്പടയുടെ കണക്ക്! ചുരുക്കത്തില്‍ ഇന്ത്യയിന്ന് കൂലിതൊഴിലാളികളുടെ നാടായി തീര്‍ന്നിരിക്കുന്നു! യുവതലമുറ കൂലിപ്പണിക്കാര്‍ മാത്രം!

കരാര്‍ തൊഴിലാളിപ്പടയില്‍ "ശാസ്ത്രകാരന്മാര്‍, ഡോക്ടര്‍മാര്‍, ബിസിനസ് മാനേജര്‍മാര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാര്‍ തുടങ്ങിയവരൊക്കെ ധാരാളമായുണ്ടെന്ന്" റിപ്പോര്‍ട്ട് പറയുന്നു!

അസോച്ചം സെക്രട്ടറി ജനറല്‍ ഡി. എസ്. റാവത്ത് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചുകൊണ്ട് പറഞ്ഞ വാചകം നമ്മോട് 'ഗൗരവപൂര്‍വം' ചിലത് 'ചെയ്യാന്‍' പ്രേരിപ്പിക്കുന്നുണ്ട്! അത് നാം ചെയ്യുമോ എന്നത് വേറെ കാര്യം! "ഒരേ സ്വഭാവമുള്ള തൊഴിലിന് സ്ഥിരം തൊഴിലാളിക്ക് നല്‍കുന്ന കൂലിയുടെ മൂന്നിലൊന്നിലും താഴെയാണ് കരാര്‍ തൊഴിലാളിക്ക് നല്‍കുന്നത്. കരാര്‍ തൊഴിലാളിക്ക് യാതൊരു തൊഴില്‍ സുരക്ഷയുമില്ല.. ആരോഗ്യസഹായം, ഗ്രാറ്റിവിറ്റി, പ്രോവിഡന്‍റ് ഫണ്ട്, വിദ്യാഭ്യാസ സഹായങ്ങള്‍, പെന്‍ഷന്‍, ആരോഗ്യ ഇന്‍ഷൂറന്‍സ്, അവധി ആനുകൂല്യങ്ങള്‍ തുടങ്ങിയവയൊന്നും അവര്‍ക്കില്ല..." ഇങ്ങനെയാണ്. കോര്‍പ്പറേറ്റ് ലോകം ലാഭത്തിന്‍റെ ഹിമാലയം തീര്‍ക്കുന്നതെന്ന് മാത്രം അദ്ദേഹം പറഞ്ഞില്ല! എന്നാല്‍ ആ സത്യം നാം മനസ്സിലാക്കേണ്ടതുണ്ട്! പക്ഷേ പുതിയ തലമുറ അത് മനസിലാക്കുന്നുണ്ടോ?പഴയവരുടെ കഥ പറയാനില്ല.

കടപ്പാട്: People Against Globalisation/അജയൻ

ദേശീയ പണി മുടക്കിന്റെ രാഷ്ട്രീയം 1

ഇന്നലെ  ഒരു ബാങ്ക് ഇൻഷുറൻസ്  ടെലികോം   ജീവനക്കാരുടെ യോഗം ഉണ്ടായിരുന്നു വിഷയം ദേശീയ പണിമുടക്ക്.. എനിക്ക് സംസാരിക്കാൻ  10 മിനിറ്റു തന്നു

ഈ കഴിഞ്ഞ മാസം  എന്റെ  പൊതുമേഘലാ ഇൻഷ്വറൻസിൽ നടന്ന  റിക്രുറ്റുമെന്റിനെക്കുറിചാണ്ഞാൻ അവിടെ പറഞ്ഞത്. കേരളത്തിൽ  108 ക്ലാര്ക്  ഒഴിവുകൾ. 600 വേക്കൻസികൾ  നിലവിലുള്ളപ്പോഴാണ്, 108  പേരെ തിരഞ്ഞെടുക്കുന്നത്![500  വേക്കൻസികൾ തുച്ചകൂലിക്ക് ആളെ വെച്ച് എടുപ്പിക്കുകയാണ് കമ്പനി] 102000 പേര് അപേക്ഷിച്ചു .98000  പേര് ടെസ്റ്റ്‌ എഴുതി. 432 പേരെ  ഇന്റർവ്യൂവിനു വിളിച്ചു. 340 പേര് വന്നു. 108 പേരെ തെരഞ്ഞെടുത്തു ലിസ്റ്റ് പ്രസിദ്ധീകരിച്ചു .മെഡിക്കൽ എക്സാമിനു വിളിച്ചപ്പോൾ സംഖ്യ 81 ആയി കുറഞ്ഞു. 27 പേര് ഇല്ല. നിയമന ഉത്തരവ്  81 പേര്ക്കും നല്കി. ജോലിയിൽ ചേരാനുള്ള  അവസാന ദിവസം വരെ   72 പേര്  ജോലിയിൽ പ്രവേശിച്ചു..108 പേരെ തിരഞ്ഞെടുക്കാൻ  ശ്രേമിച്ചിട്ടു 72 പേരെ മാത്രമേ കിട്ടിയുള്ളൂ. അപേക്ഷിച്ച 102000  പേരില്   80 ശതമാനവും  എഞ്ചിനീയറിംഗ് ഗ്രാജുവേറ്റെസ് ആയിരുന്നു. ജോലി കിട്ടിയതിലും അത്രയും ശതമാനം  എഞ്ചിനീയർമാർ  തന്നെ. 102000  പേർ  അപേക്ഷകരുണ്ടായിട്ടും  108  ആളെ കമ്പനിക്ക്  കിട്ടുന്നില്ല ! എന്താണ്  നമ്മുടെ നാട്ടിൽ സംഭവിക്കുന്നത്‌ ?

എല്ലാ ബാങ്കുകളിലും  ഇടയ്ക്കിടെ റീക്രുറ്റ്മെന്റു നടക്കുന്നുണ്ട് . ഇതിനെക്കാൾ  കഷ്sമാണ് അവിടെ. പല ബാങ്കിലും  പുതിയ  നിയമനം  ആവശ്യമുള്ളതിന്റെ  പകുതിക്കെ  ആളുള്ളൂ.. നിയമിക്കപ്പെട്ടാൽ  അതിന്റെ 60 ശതമാനവും  ഒരു വർഷത്തിനുള്ളിൽ  കൊഴിഞ്ഞു പോകും! അപേക്ഷകരവട്ടെ  100 വെക്കന്സിക്ക് ഒരു ലക്ഷം വെച്ചുണ്ട്.. 80 ശതമാനവും  എഞ്ചിനീയര്മാർ തന്നെ.!  പക്ഷെ  ഒഴിവുകൾ നികത്തപ്പെടുന്നില്ല.. ജോലിക്ക്  വന്നവർ  തിരിച്ചുപോകുന്നു..! എന്താണ് ഇതിന്റെ പൊരുൾ ..? ഒരു ബാങ്ക്  ക്ലാർക്ക്  ഒഴിവിനു 1000 പേർ ഉള്ളപ്പോൾ[തൊഴിൽ കമ്പോളത്തിൽ]  ആണിത് സംഭവിക്കുന്നത്‌ .! എന്താണ്  ഇതിന്റെ പൊരുൾ  എന്ന് നമ്മൾ അന്വേഷിക്കുന്നുണ്ടോ.? നാട്ടുകാരുടെ കാര്യങ്ങളൊക്കെ "നോക്കുന്ന" രാഷ്ട്രീയ-യുവജന  പ്രസ്ഥാനങ്ങൾ അന്വേഷിക്കുന്നില്ല..! രക്ഷിതാക്കൾ അന്വേഷിക്കുന്നില്ല! എല്ലാവരും  അതിങ്ങനെ പോകട്ടെ എന്ന്  പൊതു "സമവായ"ത്തിലാണ് !

ദേശീയ പണിമുടക്കുമായി ഇതിനെന്തു  ബന്ധം എന്നാണ്  കുറെ സഖാക്കൾ  എന്റെ വർതമാനത്തിന് ശേഷം  മൂക്കത്ത് വിരല് വെച്ച് ചോദിച്ചതത്രേ..!

അതിരിക്കട്ടെ , ഞാൻ  ചിലതുകൂടി  കൂട്ടിച്ചേർത്തിരുന്നു എന്റെ  വർത്തമാനത്തിൽ.

എന്തിനാണ്   എഞ്ചിനീർമാരയിട്ടു  വെറും ക്‌ളാർക്കാവുന്നത്..?  എഞ്ചിനീയറിംഗ്  പഠിക്കാൻ  6 ലക്ഷം ലോണെടുതിട്ടുല്ലവരല്ലേ ഏറെയും. ഒരു കുട്ടിയെ   എഞ്ചിനീയർ വരെ   ആക്കാൻ  ജീവിതകാലത്തെ  മുഴുവൻ  സമ്പാദ്യവും രക്ഷിതാക്കൾ  ചെലവിട്ടിട്ടുണ്ടാവില്ലേ ? കുറഞ്ഞത്‌  30 ലക്ഷം  രൂപയെങ്കിലും  ഓരോ കുട്ടിക്കും വേണ്ടി "നിക്ഷേപിചിട്ടുണ്ടാവില്ലേ"?  20000  രൂപ പ്രതിമാസം വേതനം കിട്ടുമ്പോൾ അതിന്റെ പലിശ പോലും ആവുമോ.?   അതും ഒപ്പം ജീവിക്കാനുള്ള ചെലവുകളും കൂട്ടിചെര്തിട്ടുവേണ്ടേ  കൂലി ലഭിക്കേണ്ടത്?  ഒരു നെഴ്സിനു 3000  രൂപ മാസകൂലി കൊടുക്കുമ്പോൾ  അവരാ പണി പഠിക്കാൻ വാങ്ങിയ ലോണിന്റെ  മുതലും  പലിശയും  ആര് കൊടുക്കും?. എന്തിനാണ്  ഇങ്ങനെ  വായ്പ വാങ്ങി  എഞ്ചിനീയറും  നേഴ്സുമാകുന്നത്? എന്തുകൊണ്ടാണ്  കൂലി മാത്രം  വളരെ കുറഞ്ഞിരിക്കുന്നത്? സര്ക്കാർ ഓഫീസിലാണ്  ഇന്ന്  താൽക്കാലിക തൊഴിലെടുക്കുന്നവർ കൂടുതൽ.ബാങ്കിലും ഇൻഷ്വറന്സിലും ബി എസ്  എൻ  എല്ലിലും ഒക്കെ  ഏതാണ്ട്  40 ശതമാനം  പേർ  ദിവസകൂലിക്കാരാണ്.  സ്ഥിരം തൊഴിലിന്റെ  പത്തിലൊന്ന്  ചിലവിൽ  അവരെ  കിട്ടും. തോഴിലുടമക്ക്, സ്ഥാപനത്തിന് അവര്ക്ക് മേൽ  ബാധ്യതകൾ ഒന്നും ഇല്ല..

ബാങ്ക് ടെസ്റ്റും ഇൻഷ്വരൻസു ടെസ്റ്റും പാസാവണമെങ്കിൽ  40000  രൂപ വരെ ചിലവാക്കി  ട്രെയിനിംഗ്  നടത്തണം.. ട്രെയിനിംഗ് ഇല്ലാത്തവർ ആരും  ടെസ്റ്റ്‌ പാസവില്ല.. ട്രെയിനിങ്ങിനു പോയവര് എല്ലാ ടെസ്റ്റുകളും  ജയിക്കും. എല്ലാ സ്ഥാപനങ്ങളിലേക്കും  അവർ തന്നെ തിരഞ്ഞെടുക്കപ്പെടും. അങ്ങനെ ഒരാളിന്  ഒരു പതിനഞ്ചിടത്ത്  നിയമനം വരും! അവസാനം പലയിടത് ചുറ്റി എവിടെങ്കിലും  അടിയും. ഇതിനിടയിൽ ഒരു സ്ഥിര ജോലിക്കാരനെ വെച്ച്  എടുപ്പിച്ചാൽ ചെലവാകുന്നതിന്റെ  പത്തിലൊന്ന് പണത്തിനു    ഇതേ തൊഴിൽ  കമ്പോളത്തിൽ നിന്ന്  താൽക്കാലികക്കാരിലുടെ  സ്ഥാപനങ്ങൾ  അടിച്ചെടുക്കും..! ഈ പ്രക്രീയ  തുടങ്ങിയിട്ട്  ഇപ്പോൾ കുറഞ്ഞത്‌  8 വർഷമായി..

നമ്മുടെ കുട്ടികളുടെ  ഭാവിയെ ക്കുറിച്ച്  നമ്മുടെ  വേവലാതികൾ  നമ്മുടെ  സ്വന്തം  രക്ഷ്ട്രീയക്കരോട്  നമ്മൾ പറയേണ്ടേ.. അവരല്ലേ  നയപരമായ കാര്യങ്ങളൊക്കെ  തീരുമാനിക്കുന്നത്‌.. അവര്ക്കത് പറ്റില്ലെങ്കിൽ  ആ രക്ഷ്ട്രീയം  നമുക്കിനി വേണ്ടാന്നു  പറയാണ്  ഈ പണിമുടക്ക്‌.. നമ്മുടെ  ഏതെങ്കിലും  കമ്പനി ഉടമകളോടാണോ നമ്മൾ  "വിലക്കയറ്റം തടയണം" എന്ന്  ഒരു ദിവസത്തെ കൂലി വേണ്ടാന്ന് വെച്ച് നമ്മൾ ആവശ്യപ്പെടുന്നത്..? ഭരിക്കുന്നവരോടും അതിനു നേതൃത്വം കൊടുക്കുന്ന  രക്ഷ്ട്രീയക്കാരോടുമല്ലേ  നമ്മൾ "രാജ്യത്തെല്ലാം15000  രൂപ മിനിമം കൂലി" വേണമെന്ന് ആവശ്യപ്പെടുന്നത്? അവരതു കേൾക്കുന്നില്ലങ്കിൽ,  അവരെ പേറി നടന്നിട്ട്  എന്നതാ കാര്യം!  തൊഴിലാളികളും ജനങ്ങളും ഒന്നും  അല്ല ഞങ്ങളുടെ  പ്രശ്നം  എന്ന് കരുതുന്ന രാഷ്ട്രീ യ ത്തോട്‌  സലാം  പറയാനും  നമുക്ക് വേണ്ടി നില്ക്കുന്ന രക്ഷ്ട്രീയം  സൃഷ്ട്ടിക്കാനും  ആണ്  ഒരുദിവസത്തെ  ദേശീയ പണിമുടക്കിലുടെ സംഘടനകൾ  ആവശ്യപ്പെടുന്നത്.. അതിൽ തർക്കമുണ്ടെങ്കിൽ പിന്നെ എന്തിനാണ്  രക്ഷ്ട്രീയ ആവശ്യങ്ങൾ ഉന്നയിക്കുന്നത്? എല്ലാ സംഘടനകളും ഉണ്ടല്ലോ.  കൊണ്ഗ്രെസ്സും ബിജെപിയും ഒക്കെയായി ഇരുന്നുകൊണ്ടെങ്ങനെയാണ് നമുക്കൊന്ന് ജീവിച്ചിരിക്കാനുള്ള  പൌരാവകാശത്തിനു പൊരുതാൻ പറ്റുക.  ആരെങ്കിലും  നമ്മുടെ  കൂടെ ഉണ്ടാവാൻ സാധ്യതയുണ്ടെങ്കിൽ അവർക്കൊപ്പം  നില്ക്കുകയും  അവരെ  നമുക്ക് വേണ്ടി  വാദിക്കാൻ  ശേഷിയുള്ളവരാക്കി വളർത്തുകയും  ചെയ്യാതെ  മുകളിൽ  പറഞ്ഞ "പൊതുസമവായം" പൊളിക്കാൻ  തൊഴിലാളിവർഗത്തിനാവില്ല.[ഇനിയും കുറച്ച് രാഷ്ട്രീയം കൂടി ഇതിലുണ്ട്.. പക്ഷെ വിശദീകരിക്കുന്നില്ല)

ശെരിയാണ് കരാർവൽക്കരണം അവസാനിപ്പിക്കണമെന്നത് ദേശീയ  പണിമുടക്കിലെ  ഒരു ഡിമാണ്ട് ആണ് ..15000  രൂപ മിനിമം  കൂലി  സമസ്ത മേഖലയിലും വേണമെന്നതും  ഒരു ഡിമാണ്ട് ആണ്. അപ്പോൾ ബാങ്കിലും ഇൻഷ്വരൻസിലും  ഒക്കെ  ആനുപാതികമായി കൂലി ഉയരും. അപ്പോൾ അവിടെ ജോലിക്ക് വരുന്നവർ അവിടെ നിൽക്കും.  കൂലിപ്പണിക്ക്  ആളെ വേക്കുന്നതിനുള്ള  പ്രവണത കുറയും. ഇത്  ദേശീയ പണിമുടക്കിന്റെ  ഏറ്റവും  പ്രധാനപ്പെട്ട  ആവശ്യമാണ്‌. അത് മനസ്സിലാക്കിക്കൊടുക്കാൻ ആണ്  റിക്രുട്ടുമെന്റിന്റെ കഥ  പറഞ്ഞത് .  പക്ഷേ  നമ്മുടെ ചിലർക്ക്  അത്  അസംബന്ധം പറച്ചിലായിട്ടാണ് തോന്നിയതത്രേ..! വെറുതെയല്ല  പണിമുടക്കിന്റെ  രക്ഷ്ട്രീയം  നമ്മൾ  എവിടുന്നും  കേൾക്കാത്തത്!

കടപ്പാട്: People Against Globalisation/അജയൻ