Showing posts with label ഹര്‍ത്താല്‍. Show all posts
Showing posts with label ഹര്‍ത്താല്‍. Show all posts

Tuesday, April 27, 2010

അപവാദങ്ങള്‍ തള്ളി ഹര്‍ത്താല്‍ വിജയമാക്കുക

രാഷ്ട്രീയ പകപോക്കലിന് ഭരണഘടനാസ്ഥാപനങ്ങളെപ്പോലും ദുരുപയോഗിച്ച് കെട്ടിച്ചമച്ച ലാവ്ലിന്‍ കേസില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മെയ് ഏഴിന് കേരളത്തില്‍ ഹര്‍ത്താല്‍ നടത്തിയ മുന്നണിയുടെ പരമോന്നത നേതാവാണ് ഉമ്മന്‍ചാണ്ടി. ആ ഉമ്മന്‍ചാണ്ടി ഇപ്പോള്‍ ചോദിക്കുന്നു: എന്തിനാണ് ഹര്‍ത്താല്‍ പോലുള്ള മാരകായുധമെടുത്ത് കേന്ദ്രത്തിനെതിരെ ചുഴറ്റുന്നത് എന്ന്. സങ്കുചിത നേട്ടങ്ങള്‍ക്കായി ഏത് മാര്‍ഗവും ഉപേയോഗിച്ച് ശീലിച്ചവര്‍ക്കു ദഹിക്കുന്ന ന്യായമാണത്.

ഭക്ഷ്യവസ്തുക്കളുടെയും മറ്റു നിത്യോപയോഗസാധനങ്ങളുടെയും വില അനുദിനം കുതിച്ചുകയറുന്നതിനെതിരെയാണ് ഏപ്രില്‍ 27ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ആ ആയുധത്തിന്റെ പ്രഹരമേല്‍ക്കേണ്ടത് കേന്ദ്ര യുപിഎ സര്‍ക്കാരിനുമാത്രമാണ്. 13 മതനിരപേക്ഷ കക്ഷികളുടെ കൂട്ടായ്മ രാജ്യവ്യാപക പ്രക്ഷോഭത്തിനിറങ്ങുമ്പോള്‍ തീര്‍ച്ചയായും ഉമ്മന്‍ചാണ്ടിയെപ്പോലുള്ളവര്‍ അസ്വസ്ഥരാകും. നവലിബറല്‍ നയങ്ങളും സാമ്രാജ്യത്വ അടിമത്തവുമായി മുന്നോട്ടുപോകുന്ന രണ്ടാം യുപിഎ സര്‍ക്കാരിനെതിരായ പുതിയ കരുത്തന്‍ മുന്നേറ്റത്തെയാണ് മതനിരപേക്ഷ കക്ഷികളുടെ കൂട്ടായ്മ സൂചിപ്പിക്കുന്നത്. പാര്‍ലമെന്റിലും പുറത്തും യുപിഎ സര്‍ക്കാര്‍ പ്രതിക്കൂട്ടിലാകുമ്പോഴുള്ള വെപ്രാളം ഹര്‍ത്താലിനെതിരായ വികാരമായി ഉമ്മന്‍ചാണ്ടിയില്‍നിന്ന് പുറത്തുവരുന്നു എന്നേയുള്ളൂ.

പതിമൂന്ന് മതനിരപേക്ഷ കക്ഷികള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് ഒരുദിവസത്തെ തോന്നല്‍കൊണ്ടല്ല. വിലക്കയറ്റം അടക്കമുള്ള അടിയന്തരപ്രശ്നങ്ങള്‍ ഉന്നയിച്ച് മാര്‍ച്ച് 12ന് ഇടതുപക്ഷപാര്‍ടികള്‍ ഡല്‍ഹിയില്‍ റാലി നടത്തി. ഏപ്രില്‍ എട്ടിന് രാജ്യത്താകെ പിക്കറ്റിങ്ങും അറസ്റ്വരിക്കലും നടന്നു. അടുത്ത പടിയാണ് ഹര്‍ത്താല്‍. വിലക്കയറ്റം കൊണ്ടുണ്ടാകുന്ന ദുരിതം അവഗണിച്ച് കേന്ദ്രബജറ്റിലൂടെ ഡീസലിന്റെയും പെട്രോളിന്റെയും വില വര്‍ധിപ്പിച്ച നടപടിക്കെതിരെ ജനങ്ങള്‍ പ്രതിഷേധിക്കാന്‍ പാടില്ലെന്നാണോ ഉമ്മന്‍ചാണ്ടിയുടെ നിര്‍ബന്ധം? വിലക്കയറ്റം തടയാനും പൊതുവിതരണസംവിധാനം കാര്യക്ഷമമാക്കാനും അവശ്യനടപടി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ നിര്‍ബന്ധിക്കുന്നതിന് മറ്റെന്തുവഴിയുണ്ടെന്ന് ഉമ്മന്‍ചാണ്ടിതന്നെ പറയണം.

ആഗോളവല്‍ക്കരണനയങ്ങള്‍ ശക്തമായി നടപ്പാക്കുന്ന യുപിഎ സര്‍ക്കാരിന്റെ ദുര്‍നയത്തിന്റെ ഭാഗമായാണ് വിലക്കയറ്റം രൂക്ഷമായത്. വന്‍കിട കുത്തകകള്‍ക്ക് ശതകോടികളുടെ ആനുകൂല്യങ്ങള്‍ നല്‍കുന്ന കേന്ദ്രം ഭക്ഷ്യ സബ്സിഡിക്ക് പണമില്ലെന്നു പറയുന്നു. കേരളത്തിനുള്ള അരി നിഷേധിക്കുന്നു. പൊതുവിതരണസമ്പ്രദായം തകര്‍ക്കുന്നു. ഇതിലെല്ലാം പ്രതിഷേധിച്ചുകൊണ്ടാണ് കേരളം ഹര്‍ത്താലാചരിക്കുന്നത്. അല്ലാതെ ചടങ്ങിനുവേണ്ടിയോ ഹര്‍ത്താലിനോടുള്ള പ്രണയംകൊണ്ടോ അല്ല. വിലക്കയറ്റം രാജ്യത്തെ സുപ്രധാനമായ പ്രശ്നമാണെന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും യുപിഎ അധ്യക്ഷയും പരസ്യമായി സമ്മതിച്ചതാണ്. അതേസമയംതന്നെ ജനവിരുദ്ധ നയങ്ങളില്‍ അവര്‍ കൂടുതല്‍കൂടുതല്‍ മുഴുകുകയും ചെയ്യുന്നു. ജനങ്ങളുടെ സംഘടിതമായ ചെറുത്തുനില്‍പ്പിലൂടെയേ ഇത്തരം ദുര്‍നയങ്ങളെ ചെറുത്തുതോല്‍പ്പിക്കാന്‍ കഴിയൂ എന്നത് ചരിത്രയാഥാര്‍ഥ്യമാണ്. സാമ്രാജ്യഭരണത്തിനെതിരെ നിയമലംഘന സമരത്തിന് നേതൃത്വം നല്‍കിയ ഗാന്ധിജിയാണ് ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്നെങ്കിലും ജനങ്ങളുടെ സമരത്തെ അധിക്ഷേപിക്കുന്ന ഉമ്മന്‍ചാണ്ടിയെപ്പോലുള്ളവര്‍ ഓര്‍ക്കേണ്ടതുണ്ട്.

ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയാണ് ജനങ്ങള്‍ സമരരംഗത്തിറങ്ങുന്നത്. ഈ സമരം വിജയിക്കേണ്ടത് രാജ്യത്തിന്റെയും ഭാവി തലമുറയുടെയും ആവശ്യമാണ്. ചൊവ്വാഴ്ചത്തെ ഹര്‍ത്താല്‍ വന്‍വിജയമാക്കാന്‍ കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയും സഹായവും ഉണ്ടാകേണ്ടതുണ്ട്.

ദേശാഭിമാനി മുഖപ്രസംഗം 27042010