Showing posts with label ഏറനാട്. Show all posts
Showing posts with label ഏറനാട്. Show all posts

Friday, June 15, 2012

ഇരട്ടക്കൊല: ലീഗിന്റെ പങ്ക് കൂടുതല്‍ വ്യക്തമാകുന്നു

അരീക്കോട് ഇരട്ടക്കൊലക്കേസില്‍ വ്യാഴാഴ്ച നാല് പ്രവര്‍ത്തകര്‍കൂടി അറസ്റ്റിലായതോടെ മുസ്ലിംലീഗിന്റെ പങ്ക് കൂടുതല്‍ വ്യക്തമാകുന്നു. പി കെ ബഷീര്‍ എംഎല്‍എയെ തൊടാതെ അന്വേഷണം മുന്നോട്ടുപോകുന്നതിനിടെയാണ് കൊലപാതകത്തിന്റെ ആസൂത്രണത്തിലും ഗൂഢാലോചനയിലും ലീഗ് നേതൃത്വത്തിന്റെ പങ്ക് വെളിവാകുന്നത്. മുഖ്യപ്രതി മുക്താറിനെ വിദേശത്തേക്കു കടക്കാന്‍ സഹായിച്ചതും ലീഗ് നേതക്കളാണ്. നെടുമ്പാശേരി വിമാനത്താവളം വഴിയാണ് മുക്താര്‍ ഖത്തറിലേക്കു കടന്നത്. ഗള്‍ഫിലെ ലീഗ് അനുകൂല സംഘടനകളാണ് ഇയാള്‍ക്ക് ഒളിത്താവളമൊരുക്കിയത്. മുക്താറിന്റെ പങ്ക് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ത്തന്നെ പൊലീസിന് ലഭിച്ചിരുന്നു. നേരത്തെ, ഫുട്ബോള്‍ ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ കൊല്ലപ്പെട്ട അതീഖ് റഹ്മാന്റെ സഹോദരനാണ് മുക്താര്‍.

കൊലയ്ക്കു ശേഷം ഉപേക്ഷിച്ച ടാറ്റ സുമോ സംഭവദിവസംതന്നെ പൊലീസ് കണ്ടെത്തിയിരുന്നു. കൊടുവള്ളി സ്വദേശിയില്‍നിന്നാണ് മുക്താര്‍ വാഹനം വാങ്ങിയതെന്നും തെളിഞ്ഞു. എന്നിട്ടും മുക്താറിനുവേണ്ടി തെരച്ചില്‍ നടത്തിയില്ല. ഞായറാഴ്ച അക്രമത്തിനുശേഷം ഭാര്യാസഹോദരന്‍ റിയാസിന്റെ വീട്ടില്‍ തങ്ങിയ മുക്താര്‍ തിങ്കളാഴ്ച വൈകിട്ടാണ് വിദേശത്തേക്കു കടന്നത്. വിമാനത്താവളംവഴി പ്രതികള്‍ കടക്കാതിരിക്കാന്‍ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കണം. എന്നാല്‍ മാത്രമേ രക്ഷപ്പെടാനുള്ള നീക്കം എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് തടയാനാകൂ. മുക്താര്‍ വിദേശത്തേക്ക് കടന്ന ശേഷമാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്. ലീഗ്ബന്ധമുള്ള ട്രാവല്‍ ഏജന്‍സികളുടെ സഹായത്തോടെ മുന്‍കൂട്ടി തീരുമാനിച്ച പ്രകാരമാണ് മുക്താര്‍ കടന്നതെന്നാണ് സൂചന. കൊല നടന്ന ദിവസം അരീക്കോട് കുനിയില്‍ പ്രദേശത്തെ ലീഗ് നേതാക്കള്‍ കുടുംബസമേതം വീടൊഴിഞ്ഞുപോയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതുവരെ അറസ്റ്റിലായവരും കസ്റ്റഡിയിലുള്ളവരുമെല്ലാം ലീഗുകാരാണ്. ഏറെ ചര്‍ച്ചക്കുശേഷമാണ് കൊലപാതകത്തിനുള്ള പദ്ധതി തയ്യാറാക്കിയതെന്ന് കസ്റ്റഡിയിലുള്ളവര്‍ വെളിപ്പെടുത്തി. കസ്റ്റഡിയിലുള്ളവരുടെ ഫോണില്‍നിന്ന് എംഎല്‍എയുമായി അടുത്ത ബന്ധമുള്ളവരുടെ ഫോണിലേക്ക് കൊലപാതകത്തിനുമുമ്പും ശേഷവും കോളുകള്‍ വന്നതായി വിവരമുണ്ട്.

ബഷീറിനെതിരെ കേസെടുത്തത് അംഗീകരിക്കില്ല: ചെന്നിത്തല
പ്രസംഗത്തിന്റെ പേരില്‍ പി കെ ബഷീറിനെതിരെ കൊലക്കേസ് ഗൂഢാലോചന കുറ്റം ചുമത്തി കേസെടുത്തത് ശരിയായില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. കൊലപാതകത്തിന് ഇരയായ ആളുടെ കുടുംബസഹായഫണ്ട് നല്‍കാനായി ചേരുന്ന യോഗത്തില്‍ ഏതു നേതാവും പ്രസംഗിക്കുന്ന രീതിയിലാണ് ബഷീറും പ്രസംഗിച്ചതെന്ന് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതിന്റെ പേരിലുള്ള പൊലീസ് നടപടി അംഗീകരിക്കില്ല. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ 20 വര്‍ഷത്തിനുള്ളിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ വീണ്ടും അന്വേഷിക്കണം. സിബിഐ നിഷ്പക്ഷമായ അന്വേഷണ ഏജന്‍സിയാണെന്ന് ചോദ്യത്തിന് മറുപടിയായി ചെന്നിത്തല പറഞ്ഞു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് ഈ ഏജന്‍സിയെ ഒരു കാരണവശാലും സ്വാധീനിക്കാനാകില്ലെന്നും ചെന്നിത്തല പറഞ്ഞു.

Thursday, June 14, 2012

ലീഗിന്റെ അന്ത്യശാസനം : ബഷീറിനെ തൊട്ടുപോകരുത്

മലപ്പുറം: അരീക്കോട് കുനിയില്‍ ഇരട്ടക്കൊലപാതക കേസില്‍ പി കെ ബഷീര്‍ എംഎല്‍എയെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാരിന് മുസ്ലിംലീഗ് അന്ത്യശാസനം നല്‍കി. ബുധനാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന നേതാക്കളുടെ അനൗപചാരിക യോഗത്തിനുശേഷമാണ് ലീഗിന്റെ നിലപാട് സര്‍ക്കാരിനെ അറിയിച്ചത്.

ബഷീറിനെ പ്രതിയായി ഉള്‍പ്പെടുത്തിയതിലുള്ള പ്രതിഷേധം ലീഗ് മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും അറിയിച്ചു. പൊലീസ് അമിത താല്‍പര്യം കാണിച്ചതായി ആരോപിച്ച ലീഗ്, അതുസംബന്ധിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ബഷീറിനെ ചോദ്യംചെയ്യുന്നതും ലീഗ് നേതൃത്വം വിലക്കിയിട്ടുണ്ട്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരെ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ചോദ്യംചെയ്യുന്നത് അനിവാര്യമായ നടപടിക്രമമാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. എഫ്ഐആര്‍ പ്രകാരം കൊലപാതകക്കുറ്റത്തില്‍ ആറാം പ്രതിയാകുക എന്നത് കേസിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. എന്നാല്‍, ബഷീറിന്റെ കാര്യത്തില്‍ ഇതൊന്നും ബാധകമല്ലെന്ന നിലപാടിലാണ് ലീഗ്.

കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം ഇപ്പോള്‍ ബഷീറിന്റെ കാര്യം മിണ്ടുന്നേയില്ല. ലീഗ് പറഞ്ഞതുപോലെ കുടുംബവഴക്ക് എന്ന നിലയിലേക്കാണ് അന്വേഷണവും നീങ്ങുന്നത്. ദൃക്സാക്ഷി കൊളക്കാടന്‍ നജീബിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എംഎല്‍എയ്ക്കും ലീഗ് പ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുത്തത്. ലീഗ് ഏറനാട് മണ്ഡലം സെക്രട്ടറി പൊറ്റമ്മല്‍ മണ്ണില്‍ത്തൊടി അഹമ്മദ്കുട്ടി, പ്രവര്‍ത്തകരായ ഇര്‍ഷാദ്, സുഡാനി റഷീദ്, മുക്താര്‍, എന്‍ കെ അഷ്റഫ് എന്നിവരാണ് ഒന്നുമുതല്‍ അഞ്ചുവരെ പ്രതികള്‍. ഇവര്‍ക്കെതിരെ കൊലപാതകത്തിനും (302), ആറാം പ്രതിയായ പി കെ ബഷീര്‍ എംഎല്‍എയ്ക്കെതിരെ ഗൂഢാലോചന, കൊലപാതക പ്രേരണ, വധഭീഷണി എന്നവയ്ക്കുമാണ് (141,143,147,148) കേസ്. പ്രകോപനപരമായി പ്രസംഗിച്ചു എന്നതല്ല ബഷീറില്‍ ചുമത്തപ്പെട്ട കുറ്റം. ആ പ്രസംഗം രണ്ടു പേരുടെ കൊലപാതകത്തിലേക്ക് നയിച്ചു എന്നതാണ് കേസ്. മാത്രമല്ല, കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ ഇദ്ദേഹത്തിന് പങ്കുണ്ടോ എന്ന കാര്യവും അന്വേഷണ പരിധിയില്‍ വരും. ഇതെല്ലാമുണ്ടായിട്ടും ബഷീറിനെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്.

സാധാരണ രാഷ്ട്രീയപ്രസംഗം എന്ന നിലയില്‍ മാത്രമാണ് ബഷീറിന്റെ പ്രസംഗത്തെ പൊലീസ് കാണുന്നത്. എംഎല്‍എ ഉള്‍പ്പെടെ പ്രതിപ്പട്ടികയിലുള്ള ചിലരെ കേസില്‍നിന്ന് ഒഴിവാക്കണമെന്ന മുന്‍വിധിയോടെയാണ് പൊലീസ് നീക്കം. ആറ്പ്രതികളില്‍ മുമ്പ് കൊല്ലപ്പെട്ട ലീഗ് പ്രവര്‍ത്തകന്‍ ഹത്തീഖ് റഹ്മാന്റെ സഹോദരന്‍ മുക്താറിന്റെ പങ്കേ പൊലീസ് സ്ഥിരീകരിച്ച് പറയാന്‍ തയ്യറാവുന്നുള്ളൂ. സംഭവത്തിനുശേഷം മുക്താര്‍ വിദേശത്തേക്ക് കടന്നതായും സൂചനയുണ്ട്. എംഎല്‍എ അടക്കമുള്ള മറ്റ് പ്രതികളെക്കുറിച്ച് പൊലീസ് ഒന്നും വെളിപ്പെടുത്തുന്നില്ല. ബഷീറിനെ പ്രതിചേര്‍ത്തതിനു പിന്നില്‍ ഗൂഢാലോചന നടന്നെന്ന ആരോപണവുമായി ലീഗ് നേതാക്കള്‍ പരസ്യമായി രംഗത്തെത്തിയത് കേസ് അട്ടിമറിക്കുക എന്ന തന്ത്രത്തിന്റെ ഭാഗമാണ്. പ്രതിപക്ഷത്തെ സഹായിക്കാന്‍ ബോധപൂര്‍വ ഇടപെടലുണ്ടായെന്ന് സംശയിക്കുന്നതായാണ് ജനറല്‍ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ ആരോപിച്ചത്. അന്വേഷണം ലീഗ്നേതാക്കളിലേക്ക് കടക്കാതിരിക്കാനുള്ള താക്കീതാണ് ഇ ടി നല്‍കിയത്.

പ്രതിചേര്‍ത്തത് തെറ്റെന്ന്

തിരു: ഇരട്ടക്കൊലക്കേസില്‍ പി കെ ബഷീര്‍ എംഎല്‍എയെ പ്രതിയാക്കിയ പൊലീസ് നടപടി തെറ്റാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. പൊലീസ് നടപടിക്ക് ന്യായീകരണമില്ല. ഇതേക്കുറിച്ച് ആഭ്യന്തരവകുപ്പ് അന്വേഷിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ആഭ്യന്തരമന്ത്രിയുടെ അറിവോടെയാണോ എഫ്ഐആര്‍ രജിസ്റ്റര്‍ചെയ്തത് എന്നത് അറിയില്ല. ബഷീറിന്റെ പേര് ഉള്‍പ്പെടുത്തിയതിനു പിന്നില്‍ ആസൂത്രിതനീക്കം നടന്നിട്ടുണ്ട്. ആരുടെയെങ്കിലും പ്രേരണയ്ക്ക് വഴങ്ങിയാണോ പൊലീസ് ബഷീറിന്റെ പേര് എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയതെന്നും ആഭ്യന്തരവകുപ്പ് പരിശോധിക്കണം. ആരെങ്കിലും പരാതി ഉന്നയിച്ചാലുടന്‍ 302-ാം വകുപ്പ് ചുമത്തി എഫ്ഐആര്‍ രജിസ്റ്റര്‍ചെയ്യുന്നത് ശരിയായ നടപടിയാണോ എന്നു പരിശോധിക്കണം. എഫ്ഐആര്‍ പിന്‍വലിക്കാനോ ബഷീറിന്റെ പേര് ഒഴിവാക്കാനോ ലീഗ് ആവശ്യപ്പെടില്ലെന്നും കേസ് അതിന്റെ വഴിക്കു പോകുമെന്നും മുഹമ്മദ് ബഷീര്‍ പറഞ്ഞു.


ബഷീറിനെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയും രംഗത്ത്

തിരു: കുനിയില്‍ ഇരട്ടക്കൊലക്കേസിലെ ആറാം പ്രതി പി കെ ബഷീര്‍ എംഎല്‍എയെയും പ്രതികളായ മറ്റ് ലീഗ് നേതാക്കളെയും രക്ഷിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേസന്വേഷണത്തില്‍ നേരിട്ടിടപെടുന്നു. സംഭവത്തില്‍ ബഷീറിന് പങ്കില്ലെന്നും രാഷ്ട്രീയ കൊലപാതകമല്ലെന്നും പ്രഖ്യാപിച്ചാണ്, അന്വേഷണം ഏത് ദിശയിലായിരിക്കണമെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് പരസ്യമായ നിര്‍ദേശം നല്‍കിയത്. വ്യക്തമായ സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് ബഷീറിനെ ആറാം പ്രതിയും മറ്റു പ്രാദേശിക ലീഗ് നേതാക്കളെ ഒന്നുമുതല്‍ അഞ്ചുവരെ പ്രതികളുമാക്കി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ട് അട്ടിമറിക്കാനും പ്രതികളെ രക്ഷിക്കാനും, മുഖ്യമന്ത്രിയുടെ നിര്‍ദേശമനുസരിച്ചുമാത്രം പ്രവര്‍ത്തിക്കുന്ന ഐജി എസ് ഗോപിനാഥന്റെ നേതൃത്വത്തില്‍ പ്രത്യേക ടീമിനെ നിയോഗിക്കുകയും ചെയ്തു.
ബഷീറിന്റെ പങ്കിനെക്കുറിച്ച് വളരെ ദുര്‍ബലമായ പരാമര്‍ശം മാത്രമാണുള്ളതെന്നാണ് മുഖ്യമന്ത്രിയുടെ വാദം. ആരെങ്കിലും പറയുന്നതുകേട്ട് പ്രതിയാക്കില്ല. ഒരാള്‍ പേര് പറഞ്ഞതുകൊണ്ട് പ്രതിയാകില്ല. പണ്ടെങ്ങാനും നടത്തിയ പ്രസംഗമാണെന്നു സ്ഥാപിക്കാനും മുഖ്യമന്ത്രി ശ്രമിച്ചു. ബഷീര്‍ പ്രസംഗിച്ചത് ജൂണ്‍ മൂന്നിനാണെന്നും അക്രമികള്‍ കാര്‍ വാടകയ്ക്കെടുത്തത് ജൂണ്‍ രണ്ടിനാണെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും പിന്നീട് തിരുത്തി. അതുകൊണ്ട് സംഭവത്തില്‍ ബഷീറിന് പങ്കില്ലെന്നായി മുഖ്യമന്ത്രി. കാര്‍ ഒരു ദിവസംമുമ്പ് വാടകയ്ക്കെടുത്തതുകൊണ്ട് പിന്നീട് നടത്തിയ പ്രസംഗം കൊലയ്ക്ക് പ്രേരണയാകില്ലെന്നാണ് വാദം. അന്വേഷണം നടക്കുന്ന ഒരു കേസില്‍ അതിനെ സ്വാധീനിക്കുന്ന രൂപത്തില്‍ മുഖ്യമന്ത്രി പറയുന്നത് ശരിയാണോ എന്ന ചോദ്യത്തിന് വസ്തുതകള്‍ പറയുകയാണെന്നായിരുന്നു വാദം. ഇതെല്ലാം കേസന്വേഷണ ഉദ്യോഗസ്ഥര്‍ക്കുള്ള വ്യക്തമായ നിര്‍ദേശവും അന്വേഷണത്തിലുള്ള പരസ്യമായ ഇടപെടലുമാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ സൃഷ്ടിച്ചത് സര്‍ക്കാരും ലീഗ് നേതൃത്വവുമാണ്. കൊല ലീഗ് രാഷ്ട്രീയപ്രേരിതമായി ചെയ്തതുമാണെന്ന് വ്യക്തം. ഇപ്പോള്‍ കൊല്ലപ്പെട്ടവരുടെ വീട് കഴിഞ്ഞ ജനുവരിയില്‍ ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. "ഞങ്ങളുടെ എംഎല്‍എയ്ക്കെതിരെ സാക്ഷി പറയുമോ" എന്ന് ആക്രോശിച്ചായിരുന്നു അക്രമം. ആ സംഭവത്തില്‍ ബഷീറിനെതിരെ പരാതി നല്‍കിയിട്ടും പ്രതിയാക്കിയില്ല. മാത്രമല്ല, എഫ്ഐആറില്‍ കൃത്രിമം കാണിച്ച് പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചു. പൊലീസിന്റെ ഈ നടപടിയെ ഹൈക്കോടതി നിശിതമായ ഭാഷയില്‍ വിമര്‍ശിച്ചു. ഈ സാഹചര്യംകൂടി കണക്കിലെടുത്താണ് ഇരട്ടക്കൊലക്കേസില്‍ വ്യക്തമായ പങ്കുണ്ടെന്ന ഉത്തമബോധ്യത്തോടെ പൊലീസ് ബഷീറിനെ പ്രതിയാക്കിയത്.
നേരത്തെ സംഘട്ടനത്തില്‍ ഒരാള്‍ മരിച്ചത് ഫുട്ബോള്‍ കളിയുമായി ബന്ധപ്പെട്ടല്ലെന്നും മരിച്ചയാള്‍ യുഡിഎഫുകാരനാണെന്നും പറഞ്ഞ് സംഭവത്തിന്റെ രാഷ്ട്രീയ ബന്ധം ബഷീര്‍ ആവര്‍ത്തിച്ചിരുന്നു. ഇതില്‍നിന്നുതന്നെ ബഷീറിന് ഗൂഢാലോചനയിലും ആസൂത്രണത്തിലും ഉള്‍പ്പെടെ പങ്കുണ്ടെന്ന് വ്യക്തം. ഇതെല്ലാം തകിടംമറിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. അധ്യാപകനെ ചവിട്ടിക്കൊന്ന കേസിലെ പ്രതികള്‍ക്കെതിരെ സാക്ഷിപറഞ്ഞാല്‍ കൊല്ലുമെന്ന് പ്രസംഗിച്ചതുമായി ബന്ധപ്പെട്ട് ചാര്‍ജ് ചെയ്ത കേസ് പിന്‍വലിച്ചത്, ബഷീറിനോട് ഇത്തരം പ്രസംഗങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് നിര്‍ദ്ദേശിച്ചതിനു ശേഷമാണെന്ന വിചിത്ര വാദവും മുഖ്യമന്ത്രി നിരത്തി.
ഇരട്ടക്കൊലയ്ക്ക് ആഹ്വാനം നല്‍കിയത് ലീഗ് എംഎല്‍എ: പിണറായി 

പയ്യോളി (കോഴിക്കോട്): അരീക്കോട്ട് സഹോദരങ്ങളുടെ ഇരട്ടക്കൊലപാതകം നടക്കുന്നതിനു മുമ്പ് മുസ്ലിംലീഗ് എംഎല്‍എ നടത്തിയ പ്രസംഗം ആക്രമണത്തിനുള്ള പരസ്യമായ ആഹ്വാനമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പാണക്കാട് തങ്ങള്‍ വേദിയിലുള്ളപ്പോഴാണ് ചില കുടുംബത്തിന്റെ പേരെടുത്തു പറഞ്ഞ് എംഎല്‍എയുടെ അക്രമഭീഷണിയുണ്ടായത്. നിങ്ങള്‍ ചെയ്തുകൊള്ളൂ, ബാക്കി ഞാന്‍ നോക്കാം എന്നുപറഞ്ഞ് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ സഹോദരങ്ങള്‍ കൊല്ലപ്പെട്ടു. എംഎല്‍എയുടെ ഭീഷണി പ്രാവര്‍ത്തികമാക്കുയായിരുന്നു പ്രവര്‍ത്തകര്‍. എംഎല്‍എയെ പ്രതിയാക്കി ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ എംഎല്‍എയ്ക്ക് ആശങ്കയില്ല. അദ്ദേഹം പരസ്യമായി പറയുന്നു കേസ് വേഗം അന്വേഷിക്കണമെന്ന്. കോണ്‍ഗ്രസും ആഭ്യന്തരവകുപ്പും ലീഗിനെ തൊട്ട് ഒരുകളിക്കും തയ്യാറാവില്ല. വിശദമായ അന്വേഷണത്തില്‍ യുഡിഎഫ് ഗവണ്‍മെന്റ് സഹായിക്കും, കേസില്‍നിന്ന് ഒഴിവാക്കും എന്ന ഉറച്ച വിശ്വാസത്തിലാണ് ഈ എംഎല്‍എ. ആ വിശ്വാസ പ്രകടനമാണ് അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ കാണുന്നത്. എല്‍ഡിഎഫ് ഭരിക്കുമ്പോഴാണ് അധ്യാപകനെ ലീഗുകാര്‍ ചവിട്ടിക്കൊന്നത്. ആ കേസില്‍ സാക്ഷി പറഞ്ഞാല്‍ അധ്യാപകന്റെ ഗതിയുണ്ടാകുമെന്ന് അന്ന് ഈ നേതാവ് ഭീഷണി മുഴക്കിയതാണ്. അന്നെടുത്ത കേസ് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ പിന്‍വലിച്ചു. അതില്‍ ആശ്ചര്യമില്ല. ലീഗിന് വിഷമമുണ്ടാക്കുന്ന തീവ്രവാദവുമായി ബന്ധപ്പെട്ട കേസുകളെല്ലാം പിന്‍വലിക്കാന്‍ യുഡിഎഫ് തയ്യാറായിട്ടുണ്ടെന്നും പിണറായി പറഞ്ഞു.
 
ബഷീറിന്റെ അറസ്റ്റ് ഒഴിവാകുമോ?

കോഴിക്കോട്: "എഫ്ഐആറില്‍ പേരുണ്ട് എന്നതുകൊണ്ടുമാത്രം ഒരാള്‍ കേസില്‍ പ്രതിയാകുന്നില്ല. അതിനാല്‍ അറസ്റ്റ് ചെയ്യണമെന്നില്ല. പൊലീസ് അന്വേഷിച്ച് കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് കണ്ടാലേ അറസ്റ്റ് ചെയ്യേണ്ടതുള്ളു"-കുനിയില്‍ ഇരട്ടക്കൊലക്കേസില്‍ പ്രതിയായിട്ടും പി കെ ബഷീര്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യാത്തതിനെക്കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ന്യായീകരണം.
കൊലക്കേസ് പ്രതിക്ക് രാഷ്ട്രീയ സ്വാധീനത്തില്‍ നിയമത്തിന് മുമ്പില്‍നിന്ന് മാറിനില്‍ക്കാന്‍ കഴിയുമെന്നതിന് ഏറ്റവും പുതിയ ഉദാഹരണം ബഷീര്‍ കേസ് തന്നെ. ബഷീറിന് ഇപ്പോള്‍ സര്‍ക്കാര്‍ നല്‍കുന്നത് നിയമവിരുദ്ധമായ സംരക്ഷണമാണ്. അരീക്കോട് പൊലീസ് ജൂണ്‍ 11ന് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ത്രേട്ട് മുമ്പാകെ ക്രിമിനല്‍ നടപടിച്ചട്ടം 154 പ്രകാരം സമര്‍പ്പിച്ച എഫ്ഐആറില്‍ ആറാം പ്രതിയാണ് ലീഗ് എംഎല്‍എയായ ഇദ്ദേഹം. ഇന്ത്യന്‍ ശിക്ഷാനിയമം 143 (നിയമവിരുദ്ധമായ സംഘം ചേരല്‍), 147 (അക്രമം നടത്തണമെന്ന ഉദ്ദേശ്യത്തോടെ അഞ്ചിലധികം പേര്‍ ഒത്തുകൂടല്‍), 148 (മാരകായുധങ്ങളുമായുള്ള സംഘം ചേരല്‍), 120-ബി ( ഗൂഢാലോചന-ഈ സംഭവത്തില്‍ കൊലനടത്താനുള്ള ഗൂഢാലോചന), 302 (കൊലപാതകം), 149 (പൊതു ഉദ്ദേശ്യത്തോടെയുള്ള ഗൂഢപ്രവൃത്തി) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ബഷീര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ കേസ്. ഗുഢാലോചനക്കുറ്റം ബഷീറിനെതിരെയുമുണ്ട്. 149 വകുപ്പ് ചേര്‍ത്തതുകൊണ്ട് കുറ്റകൃത്യത്തില്‍ പ്രതികള്‍ക്ക് തുല്യ ഉത്തരവാദിത്തമാണ്. പി കെ ബഷീറിനെതിരെ പ്രേരണക്കുറ്റം മാത്രമേ ചുമത്തിയുള്ളു എന്ന വാദം വസ്തുതക്ക് നിരക്കുന്നതല്ലെന്ന് ഇത് തെളിയിക്കുന്നു.
എഫ്ഐആറില്‍ പ്രതി ചേര്‍ക്കപ്പെട്ട ആളെ ഉടനെ അറസ്റ്റ് ചെയ്യണമോ പിന്നീട് മതിയോ എന്ന് തീരുമാനിക്കാനുള്ള അധികാരം അന്വേഷണ ഉദ്യോഗസ്ഥനാണ്. ബഷീറിനെ ഇപ്പോള്‍ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും പറഞ്ഞപ്പോള്‍, അത് ഉദ്യോഗസ്ഥനുള്ള വ്യക്തമായ നിര്‍ദേശമായി. മന്ത്രിമാര്‍ പറയുംപോലെ കൊലക്കേസ് അന്വേഷണം മുമ്പോട്ടുകൊണ്ടുപോകേണ്ട ഗതികേടിലായി ഉദ്യോഗസ്ഥര്‍. കേസ് അന്വേഷണത്തിലുള്ള നിയമവിരുദ്ധമായ ഇടപെടലാണിത്. എഫ്ഐആറില്‍ പേരുണ്ടെങ്കിലും ഇല്ലെങ്കിലും പൊലീസിന് ഒരാളെ അറസ്റ്റ് ചെയ്യാന്‍ നിയമം അധികാരം നല്‍കുന്നുണ്ട്. കൊലക്കേസില്‍ ലീഗ് എംഎല്‍എയുടെ പങ്ക് വ്യക്തമായപ്പോഴാണ്, പ്രതിക്ക് "എഫ്ഐആറില്‍ പേരുള്ള ആള്‍" എന്ന പേര് വന്നത്.
ലൈറ്റില്ലാതെ സൈക്കിള്‍ ഓടിച്ചതുപോലുള്ള ലഘുവായ കുറ്റം എന്ന ധ്വനി. ജൂണ്‍ 10ന് രാത്രി 7.30നാണ് കുനിയില്‍ അങ്ങാടിയില്‍ ഒരുപാട് പേരുടെ മുമ്പില്‍ ആസാദ്, അബൂബക്കര്‍ എന്നീ സഹോദരങ്ങളെ വെട്ടിക്കൊന്നത്. ദൃക്സാക്ഷിയായ കൊളക്കാടന്‍ നജീബിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. പ്രതിയെ അറസ്റ്റ് ചെയ്യുന്നത് കേസില്‍ തെളിവ് ശേഖരിക്കുന്നതിനാണ്. പ്രതി ഗൂഢാലോചനയില്‍ പങ്കാളിയായതിനാല്‍ ഈ കേസില്‍ അറസ്റ്റ് ചെയ്തേ മതിയാകൂ. "ഞങ്ങളുടെ എംഎല്‍എക്കെതിരെ സാക്ഷി പറയാന്‍ കൊളക്കാടന്മാര്‍ ആയിട്ടില്ല" എന്ന് വിളിച്ചുപറഞ്ഞാണ് ആസാദിനെ പ്രതികള്‍ വെട്ടിയതെന്ന് നജീബ് മൊഴി നല്‍കി. ഈ മൊഴിയുള്ളതിനാല്‍ ബഷീറിനെ രക്ഷപ്പെടുത്താന്‍ പൊലീസുകാര്‍ക്ക് കഴിയുമായിരുന്നില്ല. അതുകൊണ്ടാണ് അവര്‍ ബഷീറിനെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തിയത്. ടി പി ചന്ദ്രശേഖരന്‍ കേസില്‍ സിപിഐ എമ്മിനെ കേസില്‍ പെടുത്താനാണ് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കേന്ദ്ര ആഭ്യന്തരസഹമന്ത്രിയും ശ്രമിച്ചത്. ഇവിടെ ഭരണകക്ഷി നേതാവിനെ കൊലക്കേസില്‍നിന്ന് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നു.

ബഷീറിന്റെ പ്രസംഗത്തില്‍ കൂടുതല്‍ പ്രകോപനമുള്ള ഭാഗങ്ങളുണ്ടെന്ന് സൂചന

മഞ്ചേരി: ജൂണ്‍ മൂന്നിന് കുനിയില്‍ പി കെ ബഷീര്‍ എംഎല്‍എ നടത്തിയ വിവാദ പ്രസംഗത്തില്‍ പ്രകോപനപരമായ കൂടുതല്‍ ഭാഗങ്ങളുള്ളതായി വിവരം. നിലവില്‍ ലഭ്യമായ ഓഡിയോയിലെ പ്രസംഗത്തിനുശേഷമാണ് കൊളക്കാടന്‍ കുടുംബത്തിലെ ചിലരെ എടുത്തുപരാമര്‍ശിച്ച് ബഷീര്‍ പ്രസംഗിച്ചത്. ഈ ഭാഗം കടുത്ത പ്രയോഗങ്ങളടങ്ങുന്നതാണെന്നാണ് സൂചന. ഈ ഭാഗങ്ങള്‍ കുനിയിലെ ചടങ്ങില്‍ പങ്കെടുത്ത ലീഗ് പ്രവര്‍ത്തകരുള്‍പ്പെടെ ചിലര്‍ മൊബൈലില്‍ റെക്കോഡ് ചെയ്തിട്ടുണ്ട്. ബഷീറിന്റെ പ്രസംഗത്തിലെ കൂടുതല്‍ കടുത്ത പ്രയോഗങ്ങള്‍ സംബന്ധിച്ച് കുനിയില്‍ പ്രദേശത്ത് വാര്‍ത്ത പരന്നതോടെ, ക്ലിപ്പിങ് ആരുടെയെങ്കിലും മൊബൈലിലുണ്ടെങ്കില്‍ മായ്ച്ചുകളയാന്‍ ലീഗ് ജില്ലാ നേതൃത്വം രഹസ്യനിര്‍ദേശം നല്‍കി. പൂര്‍ണമായ വീഡിയോ പുറത്തായാല്‍ ബഷീര്‍ വീണ്ടും കുടുങ്ങുമെന്ന് ഉറപ്പായതിനാലാണിത്.

4 പേര്‍ കസ്റ്റഡിയില്‍ ; ബഷീറിനെ തൊട്ടില്ല

മലപ്പുറം: അരീക്കോട് ഇരട്ടക്കൊലപാതകത്തില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടും ലീഗ് എംഎല്‍എയ്ക്കെതിരെ അന്വേഷണമില്ല. കുനിയില്‍ കൊളക്കാട്ടില്‍ അബൂബക്കര്‍, ആസാദ് എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ പി കെ ബഷീര്‍ എംഎല്‍എയെ ആറാം പ്രതിയാക്കി പൊലീസ് കേസെടുത്തെങ്കിലും തല്‍ക്കാലം അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ബന്ധുക്കളുടെ പരാതിയുണ്ടായിട്ടും അന്വേഷണസംഘം ഇതുവരെ എംഎല്‍എയെ ഫോണില്‍പോലും ബന്ധപ്പെട്ടിട്ടില്ല.

കൊലപാതകവുമായി ബന്ധപ്പെട്ട് പുള്ളിപ്പാടന്‍ ഫിറോസ്, സുബീഷ് എന്ന പൊന്നു എന്നിവരടക്കം നാലുപേര്‍ കസ്റ്റഡിയിലുള്ളതായാണ് വിവരം. കൊലയ്ക്ക് ഉപയോഗിച്ച പച്ച ടാറ്റാസുമോ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. മുമ്പ് കൊല്ലപ്പെട്ട ലീഗ് പ്രവര്‍ത്തകന്‍ ഹത്തീഖ് റഹ്മാന്റെ സഹോദരന്‍ മുക്താറാണ് വാഹനം വാങ്ങിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. കൊടുവള്ളി സ്വദേശി റഫീഖില്‍നിന്ന് 70,000 രൂപയ്ക്ക് കഴിഞ്ഞ രണ്ടാം തിയ്യതിയാണ് മുക്താര്‍ സുമോ വാങ്ങിയത്. മുക്കം സ്വദേശി അനീഷ് മുഖേനയായിരുന്നു കച്ചവടം. ഇവരെ ചോദ്യം ചെയ്തതില്‍നിന്ന് കിട്ടിയ മൊഴിയുടെ അടിസ്ഥാനത്തില്‍, കൊല നടത്താന്‍ വേണ്ടിയാണ് മുക്താര്‍ വാഹനം വാങ്ങിയതെന്നാണ് പൊലീസ് പറയുന്നത്. മമ്പാട് പുള്ളിപ്പാടത്ത് ടാറ്റാ സുമോ ഉപേക്ഷിച്ചശേഷം ഫിറോസ് ഏര്‍പ്പാടാക്കിയ വണ്ടിയിലാണ് പ്രതികള്‍ രക്ഷപ്പെട്ടത്. കസ്റ്റഡിയിലുള്ള പൊന്നു ഫിറോസിന്റെ ഓട്ടോ ഡ്രൈവറാണ്.

കൊലപാതകത്തിന് ദൃക്സാക്ഷിയായ കൊളക്കാട്ടില്‍ നജീബിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എംഎല്‍എ ഉള്‍പ്പെടെ ആറുപേരെയും കണ്ടാലറിയാവുന്ന അഞ്ചു പേരെയും പ്രതിചേര്‍ത്ത് പൊലീസ് കേസെടുത്തത്. എഫ്ഐആര്‍പ്രകാരം പ്രതിചേര്‍ക്കപ്പെട്ടവരെ ചോദ്യംചെയ്യലാണ് അന്വേഷണത്തിലെ പ്രാഥമിക നടപടി. എന്നാല്‍ പി കെ ബഷീറിനെ ചോദ്യംചെയ്യാന്‍ ഇതുവരെ പൊലീസ് തയ്യാറായിട്ടില്ല. എംഎല്‍എയുടെ പേര് ഒഴിവാക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നതായി കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. ബന്ധുക്കള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് എംഎല്‍എയെ ആറാം പ്രതിയാക്കി പൊലീസ് കേസെടുത്തത്.

ലീഗ് ക്രിമിനലുകള്‍ ലക്ഷ്യമിട്ടത് മൂന്നുപേരെ

മഞ്ചേരി: അരീക്കോട്ട് മുസ്ലിംലീഗ് ക്രിമിനല്‍സംഘം ലക്ഷ്യമിട്ടത് മൂന്നുപേരെ. കൊല്ലപ്പെട്ട കൊളക്കാടന്‍ അബൂബക്കര്‍, ആസാദ് എന്നിവര്‍ക്കൊപ്പം ഇവരുടെ പിതാവിന്റെ സഹോദരന്‍ നജീബിനെയും വകവരുത്തുകയായിരുന്നു ഉദ്ദേശ്യം. മൂവരും കുനിയില്‍ അങ്ങാടിയില്‍ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു മിന്നല്‍ വേഗത്തില്‍ ആക്രമണം. തലനാരിഴയ്ക്കാണ് നജീബ് രക്ഷപ്പെട്ടത്.

പ്രതിപ്പട്ടികയിലെ തിരിച്ചറിഞ്ഞ അഞ്ചുപേരും സജീവ മുസ്ലിംലീഗ് പ്രവര്‍ത്തകരാണ്. അഞ്ചാംപ്രതി എന്‍ കെ അഷ്റഫ് കൊടിയത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റാണ്. മുഖംമൂടി അണിഞ്ഞെത്തിയവരും കുനിയില്‍ പ്രദേശത്തെ പ്രവര്‍ത്തകര്‍തന്നെയാണെന്നാണ് നിഗമനം.

നജീബിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇവരെ സംബന്ധിച്ചും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. മുഖംമൂടി ധരിച്ചെത്തിയവര്‍ നജീബിനെ കൃത്യമായി പരിചയമുള്ളവരാണ്. നജീബും ഇരട്ട സഹോദരനായ നാസറും സുഹൃത്തുക്കള്‍ക്കുപോലും തിരിച്ചറിയാനാവാത്തവിധം സാദൃശ്യമുള്ളവരാണ്. അക്രമിസംഘത്തിലൊരാള്‍ "അതാ നജീബ്. ആ നായയെയും വെട്ട്" എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു ആക്രമിച്ചത്. കുനിയില്‍ പ്രദേശത്തുള്ളവരായതുകൊണ്ടാണ് നജീബിനെ ഒറ്റനോട്ടത്തില്‍ തിരിച്ചറിഞ്ഞതെന്നാണ് പൊലീസിന്റെ നിഗനം.

പ്രദേശത്തെ രണ്ട് യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് അബൂബക്കറും ആസാദും നജീബും അങ്ങാടിയില്‍ നില്‍ക്കുന്നുണ്ടെന്ന് അക്രമിസംഘത്തെ അറിയിച്ചത്. ഇവര്‍ ഏതാനും ദിവസങ്ങളായി കൊളക്കാടന്‍ വീടിനുസമീപം ചുറ്റിപ്പറ്റി നടക്കുന്നത് കണ്ടതായി നാട്ടുകാര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. പ്രതികള്‍ സഞ്ചരിച്ച സുമോ ആഴ്ചകളോളം പ്രദേശത്ത് കണ്ടവരുണ്ട്. എംഎല്‍എയുടെ നിര്‍ദേശപ്രകാരം പ്രാദേശിക ലീഗ് നേതൃത്വമാണ് ഇവര്‍ക്കുവേണ്ട സഹായങ്ങള്‍ ചെയ്തത്. ജനുവരിയില്‍ അത്തീഖ്റഹ്മാന്‍ കൊല്ലപ്പെട്ട സംഘര്‍ഷത്തിലും മുസ്ലിംലീഗ് അക്രമികള്‍ സ്ഥലത്തെത്തിയത് ഇതേ കാറിലാണ്. ഇതിന്റെ നമ്പര്‍ അന്ന് പൊലീസിന് ലഭിച്ചിരുന്നു. അന്വേഷണത്തില്‍ ഈ നമ്പര്‍ കോഴിക്കോട്ടുള്ള ഒരു ബൈക്കിന്റേതാണെന്ന് കണ്ടെത്തി.

മുഖ്യപ്രതി മുസ്ലിംലീഗ് ഏറനാട് മണ്ഡലം സെക്രട്ടറി പാറമ്മല്‍ അഹമ്മദ്കുട്ടി മുമ്പ് മയക്കുമരുന്ന് കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. ഇര്‍ഷാദ്, സുഡാനി റഷീദ്, മുക്താര്‍ എന്നിവര്‍ കുനിയിലെ സജീവ ലീഗ് പ്രവര്‍ത്തകരാണ്. പ്രദേശത്ത് സിപിഐ എം പ്രവര്‍ത്തകര്‍ക്കെതിരായി നടന്നിരുന്ന അക്രമങ്ങളിലും ഇവര്‍ക്ക് ബന്ധമുണ്ടായിരുന്നു.

ബഷീറിന് പൊലീസ് കാവല്‍

തിരു: മലപ്പുറം ഇരട്ടക്കൊലക്കേസില്‍ ആറാം പ്രതിയായ മുസ്ലിംലീഗ് നേതാവ് പി കെ ബഷീര്‍ എംഎല്‍എക്ക് പൊലീസ് കാവല്‍. നിയമസഭയ്ക്കകത്തും എംഎല്‍എ ഹോസ്റ്റലിലും വാച്ച് ആന്‍ഡ് വാര്‍ഡുകാരായ പൊലീസാണ് കാവല്‍. എംഎല്‍എ ഹോസ്റ്റലില്‍ ബഷീറിന്റെ മുറിക്കു പുറത്ത് മൂന്ന് പൊലീസുകാരാണ് ചൊവ്വാഴ്ച ഉച്ചമുതല്‍ കാവല്‍ നില്‍ക്കുന്നത്. എംഎല്‍എ ഹോസ്റ്റലിന് പുറത്തുപോകുമ്പോഴും പൊലീസ് സംരക്ഷണമുണ്ട്. മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും പ്രത്യേക നിര്‍ദേശപ്രകാരമാണ് കൊലക്കേസ് പ്രതിക്ക് സംരക്ഷണം. എഫ്ഐആറില്‍ ആറാം പ്രതിയായിട്ടും ഇയാളെ അറസ്റ്റുചെയ്യാതെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേത്. ഇതിനെതിരെ സഭയില്‍ പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചു. ഇത് അവഗണിച്ച സര്‍ക്കാര്‍, പ്രതിക്ക് പൊലീസ് സംരക്ഷണം നല്‍കി ഒപ്പം നിര്‍ത്തുകയാണ്.

പ്രതി സഭയില്‍ ; സഭ സ്തംഭിച്ചു
മലപ്പുറം ഇരട്ടക്കൊലക്കേസില്‍ ആറാം പ്രതിയായ മുസ്ലിംലീഗ് നേതാവ് പി കെ ബഷീര്‍ എംഎല്‍എ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിച്ച് നിയമസഭയില്‍. കൊലക്കേസ് പ്രതിയെ സംരക്ഷിക്കുകയും കേസ് അട്ടിമറിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നടപടിക്കെതിരായ പ്രതിപക്ഷ പ്രതിഷേധത്തില്‍ സഭ സ്തംഭിച്ചു. ശൂന്യവേളയില്‍ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്. നോട്ടീസിന് മറുപടി നല്‍കിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ലീഗ് എംഎല്‍എന്യായീകരിക്കാനും സംഭവത്തെ നിസ്സാരവല്‍ക്കരിക്കാനും നടത്തിയ ശ്രമം പ്രതിപക്ഷത്തെ രോഷാകുലരാക്കി. അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. തുടര്‍ന്ന് ഒരുമണിക്കൂറിലേറെ സഭ നിര്‍ത്തിവച്ചു. സ്പീക്കര്‍ കക്ഷിനേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും ബഷീറിനെ സംരക്ഷിക്കുന്ന നിലപാടായിരുന്നു ഭരണപക്ഷത്തിന്. ഇത് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി.

വീണ്ടും സഭ ചേര്‍ന്നെങ്കിലും നടപടികളുമായി സഹകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ അറിയിച്ചു. ഒരു ക്രിമിനലിനെ ഇരുത്തിക്കൊണ്ട് സഭ നടത്താനാകില്ലെന്നും പ്രതികളെ സംരക്ഷിക്കാനുള്ള ന്യായീകരണമാണ് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും നിരത്തുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. രണ്ട് മിനിറ്റിനകം സ്പീക്കര്‍ നടപടി പൂര്‍ത്തിയാക്കി സഭ പിരിഞ്ഞതായി അറിയിച്ചു. ഞെട്ടിക്കുന്ന ഇരട്ടക്കൊലപാതകം ആസൂത്രണംചെയ്ത പ്രതി ആഭ്യന്തരമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും തണലില്‍ സഭയിലിരിക്കുന്ന സാഹചര്യം കേരള നിയമസഭയില്‍ ഇതിനുമുമ്പ് ഉണ്ടായിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

ബഷീറിനെ ഉടന്‍ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കണം. പ്രഥമ വിവര റിപ്പോര്‍ട്ടിലെ പ്രതികളെ ഒഴിവാക്കാനും കേസ് അട്ടിമറിക്കാനും ഗൂഢാലോചന നടക്കുന്നു. അത്യന്തം ഗുരുതരമായ വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്നും കോടിയേരി ആവശ്യപ്പെട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബഷീറിന്റെ എതിര്‍സ്ഥാനാര്‍ഥിയായി മത്സരിച്ച അന്‍വര്‍ പ്രഥമവിവര സത്യവാങ്മൂലം എടുക്കുമ്പോള്‍ സന്നിഹിതനായത് പരിശോധിക്കുമെന്നു പറഞ്ഞ ആഭ്യന്തരമന്ത്രി പ്രതികള്‍ക്കനുകൂലമായ നിലപാട് വെളിപ്പെടുത്തുകയായിരുന്നു. സത്യവാങ്ങ്മൂലം പ്രഥമ വിവര റിപ്പോര്‍ട്ട് അല്ലെന്നും മന്ത്രി അവകാശപ്പെട്ടു. ഇതേ നിലപാട് മുഖ്യമന്ത്രിയും ആവര്‍ത്തിച്ചതോടെ സഭ ബഹളത്തില്‍ മുങ്ങി. പ്രഥമവിവര സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ അറസ്റ്റ്ചെയ്ത് കീഴ്വഴക്കമുണ്ടാക്കണോ എന്നും മുഖ്യമന്ത്രി ചോദിച്ചു. പ്രഥമ വിവര റിപ്പോര്‍ട്ടിലും ബഷീര്‍ പ്രതിയാണെന്ന് കോടിയേരി റിപ്പോര്‍ട്ട് വായിച്ച് വ്യക്തമാക്കിയതോടെ മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും വാദം പൊളിഞ്ഞു.

ഇരട്ടക്കൊല: കുടുംബത്തിന് ആശ്വാസവുമായി എംഎല്‍എമാര്‍

മലപ്പുറം: മുസ്ലീംലീഗ് ക്രിമിനലുകള്‍ കൊലപ്പെടുത്തിയ അരീക്കോട് കുനിയില്‍ കൊളക്കാടന്‍ അബൂബക്കര്‍, ആസാദ് എന്നിവരുടെ വീടുകള്‍ എല്‍ഡിഎഫ് എംഎല്‍എമാര്‍ സന്ദര്‍ശിച്ചു. എളമരം കരീം, പി ശ്രീരാമകൃഷ്ണന്‍, വി എസ് സുനില്‍കുമാര്‍, എ കെ ശശീന്ദ്രന്‍, സി കെ നാണു, കോവൂര്‍ കുഞ്ഞുമോന്‍ എന്നിവരാണ് വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചത്.

കൊല്ലപ്പെട്ടവരുടെ ഉപ്പ ഗുലാംഹുസൈനും ബന്ധുക്കളും സംഭവങ്ങള്‍ എംഎല്‍എമാരോട് വിവരിച്ചു. "പെട്ടെന്നുണ്ടായ പ്രകോപനമല്ല കൊലപാതകത്തിനു പിന്നില്‍. കൊല്ലാന്‍ തീരുമാനിച്ചാണ് സംഘമെത്തിയത്. വലിയതോതിലുള്ള അക്രമങ്ങള്‍ എന്റെ കുടുംബത്തിനുനേരെ മുമ്പും നടന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് കേസില്‍ പി കെ ബഷീറിനെതിരെ മരുമകള്‍ സാക്ഷിപറഞ്ഞതാണ് വൈരാഗ്യത്തിന്റെ പ്രധാന കാരണം. വീട് ആക്രമിക്കാന്‍ ശ്രമമുണ്ടായി. അന്നൊക്കെ ഞങ്ങള്‍ നല്‍കിയ പരാതികളില്‍ പൊലീസ് അന്വേഷണം നടത്തിയില്ല"- ഗുലാം ഹുസൈന്‍ പറഞ്ഞു.

പൊലീസും ലീഗുകാരും ചേര്‍ന്ന് നടത്തുന്ന ഒത്തുകളിയെ കുറിച്ചായിരുന്നു ബന്ധു കൊളക്കാടന്‍ മൂസയുടെ പരാതി. "കൊളക്കാടന്‍ നാസര്‍ ആക്രമിക്കപ്പെട്ട കേസില്‍ എഫ്ഐആര്‍ പോലും പൊലീസ് കോടതിയില്‍ എത്തിച്ചില്ല. ലീഗ് പ്രവര്‍ത്തകന്‍ ഹത്തീഖ് റഹ്മാന്റെ കൊലപാതകത്തിനു പിന്നിലും ഗൂഢാലോചനയുണ്ട്. സംഘടിച്ചെത്തിയ ലീഗുകാരാണ് ഹത്തീഖ് റഹ്മാനെ കുത്തിയതെന്നാണ് കരുതുന്നത്. ഇത് കൊളക്കാടന്‍ കുടുംബത്തിന്റെ തലയില്‍ കെട്ടിവച്ചു. സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്ത തൊണ്ടിപോലും പൊലീസ് കോടതിയില്‍ ഹാജരാക്കിയില്ല" അദ്ദേഹം പറഞ്ഞു.

വിഷയം നിയമസഭയില്‍ ഉന്നയിക്കുമെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും എംഎല്‍എമാര്‍ ബന്ധുക്കള്‍ക്ക് ഉറപ്പ് നല്‍കി. കൊലപാതകം നടന്ന സ്ഥലം സന്ദര്‍ശിച്ച് നാട്ടുകാരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. പി കെ ബഷീര്‍ എംഎല്‍എയായ ശേഷമാണ് ഇവിടം സംഘര്‍ഷങ്ങള്‍ക്ക് തുടക്കമായതെന്നായിരുന്നു നാട്ടുകാരുടെ പരാതി. ചൊവ്വാഴ്ച രാവിലെ പത്തോടെ വീട്ടിലെത്തിയ എംഎല്‍എമാര്‍ ഒരു മണിക്കൂറോളം വീട്ടില്‍ ചെലവഴിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ടി കെ ഹംസ, കെ ഉമ്മര്‍മാസ്റ്റര്‍, ജില്ലാസെക്രട്ടറി പി പി വാസുദേവന്‍, സിപിഐ ജില്ലാസെക്രട്ടറി പി പി സുനീര്‍, ടി കെ സുന്ദരന്‍, അഡ്വ. സഫറുള്ള, മുക്കം മുഹമ്മദ് എന്നിവരും സംഘത്തിനൊപ്പമുണ്ടായിരുന്നു.

മുഖ്യമന്ത്രി നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നു: കോടിയേരി

തിരു: മലപ്പുറം ഇരട്ടക്കൊലക്കേസില്‍ കോടതിയില്‍ കൊടുത്ത പ്രഥമവിവര റിപ്പോര്‍ട്ട് തെറ്റാണെന്ന് മുഖ്യമന്ത്രി പറയുന്നത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പി കെ ബഷീര്‍ എംഎല്‍എ ആറാംപ്രതിയായ പ്രഥമവിവര റിപ്പോര്‍ട്ട് നിലനില്‍ക്കെ പ്രതിയെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിക്ക് എങ്ങനെ നീത്യന്യായ വ്യവസ്ഥ സംരക്ഷിക്കാന്‍ കഴിയുമെന്നും കോടിയേരി ചോദിച്ചു. കോടതിയില്‍ കൊടുത്ത എഫ്ഐആര്‍ മാറ്റിനല്‍കുന്നതുവരെ ബഷീര്‍ പ്രതിയാണ്. ഇക്കാര്യത്തില്‍ സംശയമുണ്ടെങ്കില്‍ എജിയെ വിളിച്ചുവരുത്തണം. രണ്ടുപേരുടെ ഭൂരിപക്ഷംമാത്രമുള്ള സര്‍ക്കാരിനെ താങ്ങിനിര്‍ത്താന്‍ ബഷീറിനെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കി കേസ് അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമം.

രാജ്യസഭാ തെരഞ്ഞെടുപ്പ് വരുന്നതിനാല്‍ സര്‍ക്കാരിന്റെ പരാജയം ഒഴിവാക്കാന്‍ കൊലക്കേസ് പ്രതിയെ സംരക്ഷിക്കുകയാണ്. ഇരട്ടക്കൊലപാതകം ആസൂത്രണംചെയ്തത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ലഘൂകരിച്ച് കാട്ടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കൊലപാതകം നടക്കുമെന്ന ഇന്റലിജന്റ്സ് റിപ്പോര്‍ട്ടും അവഗണിച്ചു. ലീഗ് പൊതുയോഗത്തില്‍ ബഷീര്‍ വധഭീഷണി മുഴക്കി. മുമ്പ് അധ്യാപകനെ ചവിട്ടിക്കൊന്ന കേസില്‍ സാക്ഷി പറയുന്നവര്‍ ജീവനോടെ വീട്ടിലെത്തില്ലെന്ന് പ്രഖ്യാപിച്ചയാളാണ് ബഷീര്‍. അന്ന് ബഷീറിനെതിരെ എടുത്ത കേസ് സര്‍ക്കാര്‍ പിന്‍വലിച്ചു. അറസ്റ്റിന് നിര്‍ദേശം നല്‍കേണ്ട ആഭ്യന്തരമന്ത്രിക്കും സഭാനാഥനായ മുഖ്യമന്ത്രിക്കും സമീപം കൊലക്കേസ് പ്രതി ഇരിക്കുന്നു. ഉദ്യോഗസ്ഥ ഗ്യാലറിയിലിരുന്ന് ഡിജിപി ഇത് കാണുന്നു. എന്തൊരു വിരോധാഭാസമാണ്. എന്തുകൊണ്ട് പ്രതിയെ അറസ്റ്റ് ചെയ്യുന്നില്ല. സ്പീക്കര്‍ സമ്മതിക്കാത്തതുകൊണ്ടാണെങ്കില്‍ അത് വ്യക്തമാക്കണം.

രണ്ടുപേരെ വെട്ടിക്കൊന്ന കേസിലെ പ്രതി സഭയില്‍ സൈ്വരവിഹാരം നടത്തുന്നു. ആറ് മന്ത്രിമാര്‍ ആ ജില്ലയില്‍നിന്നുണ്ടായിട്ടും ഒരാള്‍പോലും സംഭവസ്ഥലം സന്ദര്‍ശിക്കാന്‍ തയ്യാറായിട്ടില്ല. ഈ സര്‍ക്കാര്‍ വന്നശേഷം പത്ത് സിപിഐ എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. പ്രതികളെ കെപിസിസി ഓഫീസിലും ഡിസിസി ഓഫീസുകളിലും സംരക്ഷിക്കുകയാണ്. ഇപ്പോള്‍ ലീഗ് ക്രിമിനലുകള്‍ രണ്ടുപേരെ കൊന്നു. ഇതിനൊന്നും പ്രത്യേക അന്വേഷണ സംഘവുമില്ല, കഥകളുമില്ല. ബഷീറിനെ അറസ്റ്റ് ചെയ്ത് ഉടന്‍ കോടതിയില്‍ ഹാജരാക്കണം. എഫ്ഐആറില്‍പെട്ട പ്രതികളെ ഒഴിവാക്കാനും കേസ് അട്ടിമറിക്കാനും നടത്തുന്ന ഗൂഢാലോചനയില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.

ലീഗ് നേതൃത്വം പ്രതിക്കൂട്ടില്‍

മലപ്പുറം: അരീക്കോട് കുനിയില്‍ ഇരട്ട കൊലക്കേസില്‍ പി കെ ബഷീര്‍ എംഎല്‍എ ഉള്‍പ്പെടെ ലീഗുകാര്‍ പ്രതികളായതോടെ മുസ്ലിംലീഗ് നേതൃത്വം വെട്ടിലായി. ബഷീറിനെ കൊള്ളാനോ തള്ളാനോ ആവാതെ ലീഗ് പ്രതിക്കൂട്ടില്‍ നില്‍ക്കുന്നു. ഇതുസംബന്ധിച്ച് ഇപ്പോള്‍ ഔദ്യോഗിക പ്രതികരണം വേണ്ടെന്ന് സംസ്ഥാന ലീഗ്നേതൃത്വം തീരുമാനിച്ചു. സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി ലീഗുകാരെ കേസില്‍നിന്ന് ഒഴിവാക്കാനുള്ള ശ്രമവും തുടങ്ങി. പ്രതിപ്പട്ടികയിലുണ്ടെന്ന് അരീക്കോട് പൊലീസ് പറയുന്ന ആറുപേരും ലീഗുകാരാണ്. ഒന്നാംപ്രതി മണ്ണില്‍തൊടി അഹമ്മദ്കുട്ടി ലീഗിന്റെ ഏറനാട് മണ്ഡലം സെക്രട്ടറിയാണ്. അഞ്ചാം പ്രതിയായ എന്‍ കെ അഷ്റഫ് കോഴിക്കോട് ജില്ലയിലെ കൊടിയത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റാണ്. ലീഗിന്റെ തിരുവമ്പാടി മണ്ഡലം സെക്രട്ടറിയുമാണ്. മറ്റ് മൂന്നുപേരും അരീക്കോട്ടെ അറിയപ്പെടുന്ന ലീഗ് പ്രവര്‍ത്തകരാണ്. ഈ സാഹചര്യത്തിലാണ് പ്രതികരിച്ച് വഷളാക്കേണ്ടെന്ന തീരുമാനം ലീഗ് നേതൃത്വം കൈക്കൊണ്ടത്.

അതിനിടെ പ്രതികളിലൊരാളായ മുക്താര്‍ വിദേശത്തേക്ക് കടന്നാതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. മറ്റുപ്രതികളും ഗള്‍ഫിലേക്ക് കടക്കാന്‍ ശ്രമിക്കുന്നുണ്ട്. വിമാനത്താവളംവഴി പ്രതികള്‍ ഗള്‍ഫിലേക്ക് കടക്കാതിരിക്കാന്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കണം. എന്നാല്‍ മാത്രമേ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് നടപടിയെടുക്കാനാകൂ. ലീഗ് നേതൃത്വം ഇടപെട്ട് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കാനുള്ള നീക്കം തടഞ്ഞുവെന്നാണ് വിവരം.

ബഷീറിന്റെ പ്രസംഗം പ്രശ്നമാണെന്നാണ് ലീഗിന് ലഭിച്ച നിയമോപദേശം. ഫുട്ബോള്‍ ടൂര്‍ണമെന്റുമായി ബന്ധപ്പെട്ടല്ല അരീക്കോട്ടെ പ്രശ്നമെന്നാണ് ബഷീര്‍ പ്രസംഗിച്ചത്. തെരഞ്ഞെടുപ്പുരാഷ്ട്രീയമാണ് പ്രശ്നമെന്ന് ബഷീര്‍ പറഞ്ഞുവെക്കുന്നു. ഇപ്പോഴത്തെ അവസ്ഥയില്‍ ബഷീറിനെ ചോദ്യംചെയ്യുന്നതുപോലും ക്ഷീണംചെയ്യുമെന്നാണ് ലീഗിന്റെ നിലപാട്. ഇക്കാര്യം ലീഗ് നേതൃത്വം മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും അറിയിച്ചിട്ടുണ്ട്. പാര്‍ടിയുടെ പ്രതിഛായ തകര്‍ത്ത ബഷീറിനോട് വിശദീകരണം തേടണമെന്ന ആവശ്യം ലീഗില്‍ ശക്തമാണ്. അഖിലേന്ത്യാ പ്രസിഡന്റ്് ഇ അഹമ്മദിന്റെ അടുത്തയാളായ ബഷീറിനെ സംസ്ഥാന നേതൃത്വത്തിന് വലിയ താല്‍പര്യമില്ല.

Saturday, December 24, 2011

പോരാട്ടത്തിന്റെ ഉറവ വറ്റാതെ ഏറനാട്


നിലമ്പൂര്‍ : ജന്മിത്തത്തിനും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും എതിരെ നടത്തിയ സമരങ്ങളാണ് ഏറനാടിന്റെ ചരിത്രം. ചെറുതും വലുതുമായ ഒട്ടേറെ പോരാട്ടങ്ങള്‍ക്ക് ചാലിയാര്‍ കിന്നരികെട്ടിയ ഈ മണ്ണ് സാക്ഷ്യംവഹിച്ചു. 1940-കളില്‍ എ കെ ജിയുടെ നേതൃത്വത്തില്‍ ഭൂരഹിതരായ കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും സംഘടിപ്പിച്ച് സമരമുഖം തുറന്നു. ഭൂമിക്കുവേണ്ടിയുള്ള ആ പ്രക്ഷോഭത്തിന്റെ അലയൊലി ഏറനാട്ടിലും പടര്‍ന്നു. ഉള്‍നാടന്‍ ഗ്രാമങ്ങളിലും തോട്ടം തൊഴിലാളി മേഖലകളിലും വിപ്ലവജ്വാല തെളിഞ്ഞു. ഒരുപിടി മണ്ണിനുവേണ്ടി വാദിക്കുന്നവരെ ബ്രിട്ടീഷ് പട്ടാളവും ജന്മിമാരുടെ കൂലിത്തല്ലുകാരും ക്രൂരമായി മര്‍ദിച്ചു. വെല്ലുവിളികളെ നെഞ്ചുവിരിച്ച് നേരിട്ട് ഒരുപറ്റം യുവാക്കള്‍ രംഗത്തെത്തി. അതിന്റെ അനുരണനമായി 1946 ഡിസംബര്‍ 26ന് അമരമ്പലത്ത് ഇരുപതോളം പേര്‍ പങ്കെടുത്ത് കമ്യൂണിസ്റ്റ് പാര്‍ടി സെല്ലിന് രൂപംനല്‍കി. കോല്‍ക്കാരന്‍ രാമന്‍ , കടുക്കാശേരി രാമന്‍ , കൊട്ടേക്കാട്ടില്‍ നാരായണന്‍ , പുലത്ത് ഉണ്ണി ചേക്കു, വടക്കുമ്പാടന്‍ ചിന്നന്‍ , കോല്‍ക്കാടന്‍ വേലായുധന്‍ , പാലശേരി അപ്പു നായര്‍ എന്നിവരായിരുന്നു പ്രമുഖര്‍ .

ഈ വീര്യം ഏറനാടിന്റെ നാട്ടുവഴിയിലേക്ക് ഒഴുകിപ്പരന്നു. "മണ്ണില്ലാത്തോര്‍ക്കിത്തിരി മണ്ണും പാവങ്ങള്‍ക്കൊരു ചെറുകുടിലും" എന്ന മുദ്രാവാക്യം ഗ്രാമങ്ങളെ മുഖരിതമാക്കി. കമ്പനി വക തോട്ടങ്ങളായ ആര്‍ത്തലാടി എസ്റ്റേറ്റ്, പുല്ലങ്കോട് റബര്‍ എസ്റ്റേറ്റ് തുടങ്ങിയ സ്ഥലങ്ങളില്‍ തൊഴിലാളികളുടേത് അടിമതുല്യ ജീവിതമായിരുന്നു. തൊഴിലാളികളെയും കൃഷിക്കാരെയും ഈശ്വരന്‍ നമ്പൂതിരി, നല്ലേങ്ങര കറുപ്പന്‍ , കെ കുഞ്ഞാലി എന്നിവര്‍ സംഘടിപ്പിക്കാന്‍ തുടങ്ങി. സാധു പി അഹമ്മദ്കുട്ടി, മുഹമ്മദ് ഇസ്ഹാക്ക്, എടക്കോട് മുഹമ്മദ്, കുഞ്ഞുണ്ണി തുടങ്ങിയ ആദ്യകാല കമ്യൂണിസ്റ്റ് പാര്‍ടി നേതാക്കളും പ്രവര്‍ത്തനത്തിന് കരുത്തുപകര്‍ന്നു. 1953-57 കാലഘട്ടം കര്‍ഷകപ്രസ്ഥാനത്തിന്റെ തരിശ് സമരത്തിന്റേതായിരുന്നു. സ. കുഞ്ഞാലിയുടെ നേതൃത്വത്തില്‍ പോരാട്ടത്തിന് പുതുചിറക് മുളച്ചു. കാളികാവ്, അമരമ്പലം, ചുങ്കത്തറ, വഴിക്കടവ്, എടക്കര പ്രദേശങ്ങളില്‍ ജന്മിമാരുടെ ചോറ്റുപട്ടാളത്തെ വകവയ്ക്കാതെ കര്‍ഷകര്‍ ഭൂമിയില്‍ അവകാശം സ്ഥാപിച്ചു.

ഇതിനെതിരെ മദിരാശി സംസ്ഥാനം ഭരിച്ചിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പൊലീസ് ക്രൂരമായ മര്‍ദനം അഴിച്ചുവിട്ടു. സ. കുഞ്ഞാലിയെയും 16 സഖാക്കളെയും കരുവാരക്കുണ്ടില്‍വച്ച് പിടികൂടി തുറുങ്കിലടച്ചു. പാട്ടം പരിവിന് പുറമെ കുടിയാന്മാരുടെ പറമ്പുകളിലെ മരങ്ങളും ജന്മിമാര്‍ മുറിച്ചുകൊണ്ടുപോയി. കുപ്പിണി കുഞ്ഞന്റെ തേക്കും മാവും മുറിച്ചുകടത്താന്‍ ജന്മിമാരുടെ ആളുകളെത്തിയപ്പോള്‍ വെട്ടിയ മരത്തിനുമേല്‍ സഖാക്കള്‍ കമിഴ്ന്നുകിടന്നു. മരം കൊണ്ടുപോകാന്‍ കഴിയാതെ അവസാനം അത് വീതംവച്ചു. കര്‍ഷകര്‍ അവകാശം സ്ഥാപിച്ചതിന്റെ തുടക്കമായിരുന്നു ആ സംഭവം.

കിഴക്കനേറനാട്ടിലെ മൊത്തം ഭൂമിയുടെ അവകാശം നിലമ്പൂര്‍ കോവിലകത്തിനായിരുന്നു. കോവിലകത്ത് പിറന്നിട്ടും ജന്മിത്തത്തിനെതിരെ പോരാട്ടം സംഘടിപ്പിച്ച സ. കുഞ്ഞുകുട്ടന്‍ തമ്പാനും ബാലകൃഷ്ണന്‍ തമ്പാനും സമരത്തിന് പകര്‍ന്ന വീര്യം ചെറുതല്ല. ഭൂരഹിതരായ ഒട്ടേറെ പേരെ മണ്ണിന്റെ ഉടമകളാക്കിയ കോവിലകം പ്രക്ഷോഭം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വലിയ വളര്‍ച്ചയുണ്ടാക്കി. പൊട്ടിക്കല്ല്, തലപ്പാലിപ്പൊട്ടി, പൂളപ്പാടം തുടങ്ങിയ പ്രദേശങ്ങളില്‍ ഭൂരഹിതര്‍ ഭൂമി പിടിച്ചെടുത്തു. കാട് പിടിച്ചുകിടന്ന കോവിലകംസ്ഥലം വെട്ടിത്തെളിച്ച് കുടില്‍ കെട്ടുകയായിരുന്നു സമരരീതി.

deshabhimani 241211