Monday, August 31, 2009

നെറികെട്ട ആരോപണം

മുത്തൂറ്റ് പോള്‍ജോര്‍ജ് വധക്കേസുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങള്‍ നടത്തുന്ന അധിക്ഷേപാര്‍ഹമായ കള്ളക്കളികള്‍ ഇതേ പംക്തിയില്‍ ഞങ്ങള്‍ ചൂണ്ടിക്കാണിച്ചതാണ്. തുടക്കം മുതല്‍ കേസന്വേഷണം തങ്ങള്‍ ഇച്ഛിക്കുന്ന വഴിയിലേക്ക് തള്ളിവിടാന്‍ നിക്ഷിപ്ത താല്‍പ്പര്യക്കാരായ ഏതാനും മാധ്യമങ്ങള്‍ പ്രകടമായിത്തന്നെ മുന്നോട്ടുവന്നു. മലയാള മനോരമ പത്രത്തിനും കേരളത്തിലെ പ്രതിപക്ഷ നേതാവിനും കൊല്ലപ്പെട്ടയാളിന്റെ കുടുംബവുമായി ഗാഢമായ ബന്ധമുണ്ട്. മുത്തൂറ്റ് വ്യവസായ ഗ്രൂപ്പിലെ വ്യക്തിയാണ് ഇന്ത്യാ വിഷന്‍ ചാനലിന്റെ തലപ്പത്തിരിക്കുന്നവരില്‍ ഒരാള്‍. അത്തരം ബന്ധങ്ങള്‍ വാര്‍ത്തകളെ സ്വാഭാവികമായും സ്വാധീനിക്കാം. അതിലൊന്നും ആരും പരാതി ഉന്നയിച്ചിട്ടില്ല. എന്നാല്‍, സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിലുപരിയായി, ഈ കേസില്‍ സംസ്ഥാന സര്‍ക്കാരിനെയും ആഭ്യന്തര വകുപ്പിനെയും സിപിഐ എമ്മിനെയും ആഭ്യന്തരമന്ത്രിയുടെ കുടുംബാംഗങ്ങളെപ്പോലും അനാവശ്യമായി വലിച്ചിഴച്ച് വിവാദം സൃഷ്ടിക്കാനിറങ്ങിയത് അങ്ങനെ വിസ്മരിക്കാവുന്ന ഒന്നല്ല.

അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന പൊലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍ വിന്‍സന്‍ എം പോള്‍ പത്രസമ്മേളനത്തില്‍, പൊലീസ് അന്വേഷിച്ച് കണ്ടെത്തിയ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍, കൊലപാതകവുമായി ബന്ധപ്പെട്ട് ഗൂഢാലോചനയൊന്നും അതുവരെ പൊലീസിന് കണ്ടെത്താനായിട്ടില്ല എന്നു പറഞ്ഞതില്‍ പിടിച്ചു കയറിയ വിവാദം സര്‍വപരിധിയും പിന്നിട്ട് ഗുണ്ടകളെ പിടിക്കാന്‍ ആഭ്യന്തരമന്ത്രിയുടെ വീട്ടില്‍ പോയാല്‍മതി എന്ന് ഒരു കോണ്‍ഗ്രസ് നേതാവ് പത്രസമ്മേളനം വിളിച്ച് പറയുന്നിടംവരെ എത്തിയിരിക്കുന്നു. പോള്‍ ജോര്‍ജ് വധക്കേസ് അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണ് ഈ മാധ്യമങ്ങള്‍ നടത്തുന്നത് എന്നു പറയാതെ വയ്യ. ആ നിഗമനത്തെ സാധൂകരിക്കുന്ന അഭ്യൂഹങ്ങളാണ് ഓരോ ദിവസവും അവര്‍ പുറത്തുകൊണ്ടുവരുന്നത്.

പ്രതികളായ കാരി സതീശിന്റെയും ക്വട്ടേഷന്‍സംഘം നേതാവ് ജയന്റെയും അഭിഭാഷകര്‍ സ്വന്തം കക്ഷികളെ രക്ഷിക്കാനായി കെട്ടിച്ചമച്ച കഥകള്‍ വിശ്വാസ്യത ജനിപ്പിക്കുംവിധം കഴിഞ്ഞ ദിവസം രണ്ട് പ്രമുഖപത്രങ്ങള്‍ അവതരിപ്പിച്ചു. കാരി സതീശിന്റെ അമ്മ, മകനെ നിരപരാധിയായി ചിത്രീകരിക്കാന്‍ പറഞ്ഞ കാര്യങ്ങളും വൈകാരികതയുടെ ആവരണമിട്ടാണ് ഇതേ മാധ്യമങ്ങള്‍ കൊണ്ടാടിയത്. കൊലപാതകം നടന്നതിന്റെ പിറ്റേ ദിവസംതന്നെ 'രഹസ്യങ്ങള്‍ മൂടി പൊലീസ്' എന്ന് മനോരമ എഴുതി. മാതൃഭൂമി സാമര്‍ഥ്യപൂര്‍വം ആഭ്യന്തരവകുപ്പിനെതിരെയാണ് തിരിഞ്ഞത്. കൊലപാതകം നടന്നിടത്ത് ക്യാമറയുമായി ചെന്ന് ചിതറിവീണ ചോരയുടെയും കൊലപാതകികള്‍ വന്ന വഴിയുടെയും മറ്റും സചിത്ര കഥകളുണ്ടാക്കി വിറ്റു പണംപിടുങ്ങിയ പൈങ്കിളി വാരികാപാരമ്പര്യം മനോരമയുടെ അടിത്തറതന്നെയാണെന്നതിനാല്‍ അവരുടേത് പുതിയ എന്തെങ്കിലും രീതിയാണെന്ന് പറയാന്‍ വയ്യ. മാതൃഭൂമിയാകട്ടെ, കുറെ വര്‍ഷങ്ങളായി സിപിഐ എമ്മിനെതിരെ വ്യാജവാര്‍ത്തകള്‍ നിര്‍മിക്കുന്നത് ജീവിതോദ്ദേശ്യമായി കാണുന്ന പത്രമാണ്.

പോളിന്റെ കാറില്‍ രണ്ട് ഗുണ്ടകളുണ്ടായിരുന്നെന്നും ഓം പ്രകാശ്, പുത്തന്‍പാലം രാജേഷ് എന്നിവരാണ് അതെന്നും ഇരുവരും സംഭവത്തിനുശേഷം കടന്നുകളഞ്ഞെന്നും പുറത്തറിഞ്ഞത് മാധ്യമങ്ങളുടെ മിടുക്കുകൊണ്ടല്ല. പൊലീസ് അന്വേഷണത്തിലാണ് അത് തെളിഞ്ഞത്. മാധ്യമങ്ങള്‍ക്ക് വിവരം നല്‍കിയതും പൊലീസാണ്. എന്നിട്ടും ആ രണ്ടു ഗുണ്ടകളെ രക്ഷിക്കാനാണ് പൊലീസും ആഭ്യന്തരവകുപ്പും ശ്രമിക്കുന്നതെന്ന പച്ചക്കള്ളം ആവര്‍ത്തിക്കുന്നതിന്റെ ഔചിത്യമെന്ത്? അതേ ദൌത്യം ഒടുവില്‍ കോണ്‍ഗ്രസ് വക്താവ് എം എം ഹസ്സന്‍ ഏറ്റെടുത്തിരിക്കുന്നു. അതിന് പിന്തുണയുമായി യുഡിഎഫിലെ പുതിയ കുടികിടപ്പുകാരനായ വീരേന്ദ്രകുമാര്‍ രംഗത്തുവന്നിരിക്കുന്നു. അമാന്യവും അപക്വവും അബദ്ധജടിലവുമായ പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാന്‍ ഔത്സുക്യം കാട്ടാറുള്ള എം എം ഹസ്സന്റെ വാക്കുകള്‍ക്ക് കോണ്‍ഗ്രസുകാര്‍തന്നെ വില കൊടുക്കാറുണ്ടോ എന്ന് പറയാനാവില്ല. എന്നാല്‍, ഇപ്പോള്‍ ഹസ്സന്‍ നടത്തിയത് പ്രതികരണം അര്‍ഹിക്കുന്ന ചില പരാമര്‍ശങ്ങളാണ്. അദ്ദേഹം ഗുണ്ടകളുടെ സംരക്ഷണം ആഭ്യന്തരമന്ത്രിയില്‍ ആരോപിച്ചിരിക്കുന്നു. ആഭ്യന്തര മന്ത്രിയുടെ വീട്ടില്‍പോയാല്‍ പ്രതികളെ പിടികൂടാമെന്നും അതിനായി ഒരുലക്ഷം രൂപ ഇനാം പ്രഖ്യാപിക്കേണ്ട കാര്യമില്ലെന്നും പറഞ്ഞിരിക്കുന്നു. ഇത് പ്രത്യക്ഷത്തിലുള്ള ആരോപണമാണ്, അവഹേളനമാണ്, സ്വഭാവഹത്യയാണ്. എവിടെനിന്നു കിട്ടി ഹസ്സന് ഇങ്ങനെയൊരു വിവരം? എന്താണ് ആരോപണത്തിനുള്ള അടിസ്ഥാനം?

കോടിയേരി ബാലകൃഷ്ണന്‍ കേരളത്തിന്റെ ആഭ്യന്തരമന്ത്രിയും ഇന്ത്യാ രാജ്യത്ത് നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന ഉത്തരവാദപ്പെട്ട രാഷ്ട്രീയകക്ഷിയുടെ സമുന്നത സമിതിയില്‍ അംഗവുമാണ്. അങ്ങനെയൊരാള്‍ക്കെതിരെ ഇത്ര ഗുരുതരമായ ആരോപണം ഉന്നയിക്കുമ്പോള്‍ അതിനുള്ള എന്തെങ്കിലും തെളിവുകള്‍ ഹാജരാക്കാനുള്ള സാമാന്യമര്യാദ കാട്ടണ്ടേ? ഏതാനും പത്രങ്ങളും ചാനലുകളും എന്തും റിപ്പോര്‍ട്ടുചെയ്യാന്‍ സന്നദ്ധരായി നില്‍ക്കുന്നുണ്ടെന്നുവച്ച് വായില്‍തോന്നുന്ന തോന്ന്യാസങ്ങള്‍ വിളിച്ചുപറയാനുള്ള വേദിയാണോ കോണ്‍ഗ്രസ് രാഷ്ട്രീയം? രാജ്യത്ത് ക്രമസമാധാന പാലനത്തിന് മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളമെന്ന കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍ ഹസ്സന്‍ കണ്ടിട്ടില്ലേ? സുപ്രീം കോടതിയില്‍പോലും കേരളത്തിലെ നിയമസമാധാനപാലനം പ്രകീര്‍ത്തിക്കപ്പെട്ടത് ഹസ്സന്‍ വായിച്ചറിഞ്ഞിട്ടില്ലേ? അങ്ങനെയുള്ള നേട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ആഭ്യന്തരമന്ത്രി ഗുണ്ടകളുടെ സംരക്ഷകനാണെന്നു പറയുന്നത് വിവരക്കേടല്ല, ക്രിമിനല്‍ കുറ്റകൃത്യം തന്നെയാണെന്നുള്ള തിരിച്ചറിവ് കോണ്‍ഗ്രസ് വക്താവിനില്ലാതെപോയോ?

പോള്‍ വധക്കേസില്‍ പൊലീസന്വേഷണത്തെ വഴിതെറ്റിക്കാന്‍നടക്കുന്ന ശ്രമങ്ങള്‍ക്ക് സഹായം നല്‍കാന്‍ കോണ്‍ഗ്രസ് ഹസ്സനിലൂടെ മുന്നോട്ടുവന്നത് എന്തിനെന്ന് വ്യക്തമാക്കപ്പെടേണ്ടതുതന്നെയാണ്. എന്താണ് ആ പാര്‍ടിക്ക് ഇതിലുള്ള താല്‍പ്പര്യം? കേസിന്റെ കൂടുതല്‍ വിവരങ്ങളും ഗുണ്ടാ സംഘങ്ങള്‍ക്ക് അതിലുള്ള പങ്കാളിത്തവും പോള്‍ ജോര്‍ജും ഗുണ്ടാ സംഘങ്ങളും തമ്മിലുള്ള ബന്ധവും പോള്‍ ജോര്‍ജിന്റെ പശ്ചാത്തലമാകെയും സത്യസന്ധമായ അന്വേഷണത്തിന് വിധേയമാകുമ്പോള്‍ ഇങ്ങനെ വെപ്രാളപ്പെടുന്നതെന്തിന്?

ഓം പ്രകാശും രാജേഷുമടക്കമുള്ള ഒരു ഗുണ്ടയെയും സിപിഐ എമ്മോ എല്‍ഡിഎഫ് സര്‍ക്കാരോ സംരക്ഷിക്കുന്നില്ല. ഈ ഗുണ്ടാ നേതാക്കളുടെ കുടുംബാംഗങ്ങളെ ചോദ്യംചെയ്തും ഗുണ്ടകളുടെ ഒളിത്താവളങ്ങള്‍ അന്വേഷിച്ചും പൊലീസ് അന്വേഷണം തുടരുകയുമാണ്. പിന്നെങ്ങനെ, ഗുണ്ടകള്‍ ഒളിച്ചത് ആഭ്യന്തരമന്ത്രിയുടെ വസതിയിലാണെന്ന് ഹസ്സന് പറയാന്‍ കഴിയുന്നു? ആരാണ് ഹസ്സനെ ഇതിന് പ്രേരിപ്പിക്കുന്നത്? കേരളത്തിലെ ഏറ്റവുമധികം ജനപിന്തുണയുള്ള പാര്‍ടിക്കുനേരെ ഇത്തരം ഉത്തരവാദരഹിതമായ ആരോപണം ഉന്നയിക്കാന്‍ ഹസ്സന്‍ തയ്യാറാകുന്നതിനു പിന്നില്‍ സാധാരണ മാനസികാവസ്ഥയാണെന്നു കരുതാന്‍ നിര്‍വാഹമില്ല. ഒന്നുകില്‍ ഹസ്സന്‍ പ്രസ്താവന പിന്‍വലിച്ച് പരസ്യമായി മാപ്പുപറയണം. അതല്ലെങ്കില്‍, കോണ്‍ഗ്രസ് ഹസ്സന്റെ നാവടക്കണം. അടുത്ത ഇര കോടിയേരി ബാലകൃഷ്ണനാകട്ടെ എന്ന് ധരിക്കുന്ന ചെളിപുരണ്ട മനസ്സുള്ള ചിലര്‍ ഇക്കാര്യത്തില്‍ നടത്തുന്ന കുത്സിതമായ നീക്കങ്ങള്‍ കേരളത്തിന്റെ രാഷ്ട്രീയ പരിസരത്തെ ഇനിയും മലിനമാക്കുന്ന അവസ്ഥ അസഹ്യമാണ്. അപവാദപ്രചാരണത്തിന്റെ വഴിയിലേക്ക് രാഷ്ട്രീയത്തെയാകെ വലിച്ചിഴയ്ക്കാനുള്ള നീക്കം കോണ്‍ഗ്രസിനെയും അതിന്റെ നേതൃത്വത്തിലിരിക്കുന്നവരെയും സഹായിക്കുകയില്ല എന്ന് ഓര്‍ക്കുന്നത് നല്ലത്.

ദേശാഭിമാനി 01 സെപ്തംബര്‍ 2009

എക്സ് കമ്മ്യൂണിസ്റ്റ് പാഴ്‌കിനാവുകള്‍

ലെനിനിസ്റ്റ് സംഘടനാതത്വങ്ങളും കുറെ എക്സ്-കമ്യൂണിസ്റ്റ് പാഴ്കിനാവുകളും

ലെനിനിസ്റ്റ് സംഘടനാ തത്വങ്ങള്‍ കമ്യൂണിസ്റ്റ്പാര്‍ടിയുടെ പടച്ചട്ടയാണ്. അന്യവര്‍ഗ്ഗ ചിന്താഗതികളുടെ സ്വാധീനത്തില്‍നിന്നും ശത്രുവര്‍ഗ ആക്രമണങ്ങളില്‍നിന്നും പാര്‍ടിയേയും വിപ്ലവത്തെയും സംരക്ഷിക്കുവാനുള്ള പ്രതിരോധ ചട്ടക്കൂടാണ്. ജനാധിപത്യ കേന്ദ്രീകരണം എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ് ലെനിനിസ്റ്റ് സംഘടനാ പ്രമാണങ്ങള്‍ ആവിഷ്കരിച്ചിട്ടുള്ളത്.

ഈ തത്വം ഉപേക്ഷിക്കണമെന്നാണ് പലരും ഉപദേശിക്കുന്നത്. "പാര്‍ടി വിപ്ലവം ഉപേക്ഷിച്ചു. വിപ്ലവപ്പാര്‍ട്ടിയല്ലാതായി. ഇനിയെന്തിന് വിപ്ലവപ്പാര്‍ട്ടിയുടെ ചട്ടക്കൂട്?'' എന്നാണ് ചിലര്‍. പാര്‍ടി ഉപേക്ഷിച്ചെന്നുപറയുന്ന വിപ്ലവം വീണ്ടെടുക്കണമെന്നല്ല, വിപ്ലവപാര്‍ടിയുടെ ചട്ടക്കൂടുകൂടി ഉപേക്ഷിക്കണമെന്ന് പറയുന്നവരുടെ വിപ്ലവത്തോടുള്ള കൂറും ഉള്ളിലിരുപ്പും സുവ്യക്തമാണല്ലോ.

"യുദ്ധസാഹചര്യങ്ങളിലല്ലേ, പടച്ചട്ട വേണ്ടു? ഇപ്പോള്‍ യുദ്ധമില്ലല്ലോ. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ പങ്കെടുക്കുന്നവര്‍ക്കെന്തിന് പ്രതിരോധ ചട്ടക്കൂട്?'' എന്ന് മറ്റു ചിലര്‍. അവരും ഉല്‍ക്കടമായി ആഗ്രഹിക്കുന്നത് ഈ പടച്ചട്ട ഊരിക്കളയണമെന്നാണ്.

മത്സ്യത്തിനു വെള്ളമെന്നപോലെ കമ്യൂണിസ്റ്റ്പാര്‍ടി ജീവിക്കുന്ന ജൈവപ്രകൃതിയാണ് ജനാധിപത്യ കേന്ദ്രീകരണമെന്നും, ആ ജൈവപ്രകൃതി താറുമാറായാല്‍ കരയില്‍ പിടിച്ചിട്ട മത്സ്യത്തിന് സംഭവിക്കുന്നത് പാര്‍ടിക്കും സംഭവിക്കുമെന്നുമുള്ള വിജയന്‍മാഷുടെ രൂപകം ഉരുവിട്ടുനടന്ന ശിഷ്യരും ഇപ്പോള്‍ പറയുന്നത് ഈ സംഘടനാ തത്വങ്ങള്‍ അത്ര പ്രധാനമല്ല എന്നാണ്. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തിലാണ് ഇക്കൂട്ടര്‍ക്ക് ഓരോ സമയത്ത് ഓരോ വെളിപാടുണ്ടാകുന്നത്. ഇതിനെ അവസരവാദം എന്നൊന്നും വിളിച്ചാക്ഷേപിക്കരുത്.

പരസ്പര വിരുദ്ധമെങ്കിലും ഒരേ ലക്ഷ്യത്തോടുകൂടിയാണ് അവര്‍ ആക്രോശിക്കുന്നത്. അന്ന് അധികാരവികേന്ദ്രീകരണത്തെ എതിര്‍ക്കാനുള്ള വജ്രായുധമായാണ് അവര്‍ ജനാധിപത്യ കേന്ദ്രീകരണത്തെ എടുത്തണിഞ്ഞത്. 'കേന്ദ്രീകരണം' വികേന്ദ്രീകരണത്തിനെതിരാണല്ലോ. അന്ന് അധികാരവികേന്ദ്രീകരണത്തെ എതിര്‍ത്തതും ഇന്ന് ജനാധിപത്യ കേന്ദ്രീകരണത്തെ തള്ളിപ്പറയുന്നതും ഒരൊറ്റ ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ്: പാര്‍ടിയെ എതിര്‍ക്കുക.

ഈ എക്സ് കമ്യുണിസ്റ്റുകള്‍ കാണുന്ന മനോരാജ്യമെന്താണ്? കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഏതെങ്കിലും ഒരു ഘടകം ഒരു തീരുമാനമെടുത്താല്‍ ആ കൂട്ടായ്മയിലുള്ളവര്‍തന്നെ അതിനെതിരെ അഭിപ്രായ പ്രകടനം നടത്തണം. കീഴ്ഘടകത്തിലെ സഖാക്കള്‍ മേല്‍ഘടകങ്ങളെ തള്ളിപ്പറയണം. ഉപരി കമ്മിറ്റിയുടെ രാഷ്ട്രീയവും സംഘടനാപരവുമായ തീരുമാനങ്ങളെ പരസ്യമായി വെല്ലുവിളിക്കണം. നേതൃത്വത്തെ ധിക്കരിച്ചുകൊണ്ട് പ്രകടനങ്ങളും പോസ്റ്റര്‍ പ്രചാരണവും നടത്തണം. 'ആറാട്ടുപുഴകള്‍' ഇനിയുമുണ്ടാകുമെന്നാണ് ഒരു എക്സ് കമ്യൂണിസ്റ്റ് ബുദ്ധിജീവി സ്വപ്നം കാണുന്നത് (മാതൃഭൂമി, ലക്കം ആഗസ്റ്റ് 2-8 ബാബു ഭരദ്വാജിന്റെ ലേഖനം). പ്രത്യയശാസ്ത്രത്തിന്റെ വേലിക്കെട്ടുകള്‍ തകര്‍ത്ത് പുറത്തുവരുന്ന പുതുതലമുറകളെയാണ് കെ വേണു സ്വപ്നം കാണുന്നത്. (മാതൃഭൂമി ലേഖനം,അതേലക്കം.) ജനം അവരുടെ മനസ്സിന്റെ താക്കോല്‍ ഈ എക്സ് കമ്യൂണിസ്റ്റുകളെയാണ് ഏല്‍പിച്ചുകൊടുത്തിരിക്കുന്നത്. ഇവരുടെ കാലടികള്‍ പിന്‍തുടര്‍ന്ന് ഇന്ന് പാര്‍ടിക്കകത്തുള്ളവരും നാളെ പുറത്തുവരുമെന്ന് ഇവര്‍ സ്വപ്നം കാണുന്നു. സംഘടനാപരമായി കെട്ടുറപ്പില്ലാത്ത ഒരു ആള്‍ക്കൂട്ടമായി സിപിഐ (എം) മാറണമെന്ന വ്യാമോഹമാണ് ഈ ഉപദേശങ്ങളിലും പ്രവചനങ്ങളിലും കിടന്നു പുളയ്ക്കുന്നത്.

ജനാധിപത്യവും ജനാധിപത്യകേന്ദ്രീകരണവും

ജനാധിപത്യ കേന്ദ്രീകരണം എന്ന സംഘടനാതത്വമുപേക്ഷിച്ചാലേ പാര്‍ടിക്കുള്ളില്‍ ജനാധിപത്യം കൈവരൂ എന്നാണിവര്‍ വാദിക്കുന്നത്. ജനാധിപത്യ കേന്ദ്രീകരണം ജനാധിപത്യവിരുദ്ധമായ ഒരു സംഘടനാതത്വമാണെന്നാണ് വിവക്ഷ.

ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെടുന്ന നേതൃത്വവും, നേതൃത്വത്താല്‍ നയിക്കപ്പെടുന്ന ജനാധിപത്യവുമാണ് ജനാധിപത്യ കേന്ദ്രീകരണം. സിപിഐ (എം) ല്‍ മൂന്നുകൊല്ലത്തിലൊരിക്കല്‍ കൃത്യമായി നടക്കുന്ന പാര്‍ടി സമ്മേളനങ്ങളും പാര്‍ടി കോണ്‍ഗ്രസുമുണ്ട്. ബ്രാഞ്ചുമുതലുള്ള എല്ലാ സമ്മേളനങ്ങളും നേതൃത്വത്തെ തികച്ചും ജനാധിപത്യപരമായി തെരഞ്ഞെടുക്കുന്നു. ചിലപ്പോള്‍ ഏകകണ്ഠമായി, ചിലപ്പോള്‍ വോട്ടെടുപ്പിലൂടെ. ഇങ്ങനെ ഒരു നേതൃത്വം തെരഞ്ഞെടുക്കപ്പെട്ടുകഴിഞ്ഞാല്‍ അത് എല്ലാവരുടെയും നേതൃത്വമാണ് എന്ന് പ്രത്യേകം പറയേണ്ടതില്ല. പിന്നെ ഔദ്യോഗിക നേതൃത്വമെന്നും വിമതരെന്നുമുള്ള ചേരിതിരിവിന് പ്രസക്തിയില്ല. ഇത് വളരെ പ്രാഥമികമായ ഒരു ജനാധിപത്യതത്വം മാത്രം.

ഇതുപോലെ വ്യക്തി അയാളുടെ ഘടകത്തിനും, ന്യൂനപക്ഷം ഭൂരിപക്ഷത്തിനും വഴങ്ങണമെന്നതും ജനാധിപത്യ കേന്ദ്രീകരണത്തിന്റെ നിയമമാണ്. വ്യക്തിക്ക് ഘടകത്തില്‍ തന്റെ അഭിപ്രായം ശക്തമായി അവതരിപ്പിക്കാം. എല്ലാ ശക്തിയുമുപയോഗിച്ച് സമര്‍ത്ഥിക്കാം. ഘടകത്തെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ തന്നാലാകുന്നവിധം വാദിക്കാം. എന്നാല്‍ ഭൂരിപക്ഷപ്രകാരം ഘടകം ഒരു തീരുമാനമെടുത്തുകഴിഞ്ഞാല്‍ അത് എല്ലാവരുടെയും തീരുമാനമാണ്. ഒരു വ്യക്തിയോ, ന്യൂനപക്ഷമോ, ഭൂരിപക്ഷ തീരുമാനത്തെ തള്ളിപ്പറയരുത്. അങ്ങനെ വെല്ലുവിളിക്കാന്‍ തുനിഞ്ഞാല്‍ പിന്നെ സംഘടനയില്ല. ജനാധിപത്യപരമായ പ്രവര്‍ത്തനം സാധ്യമല്ലാതാകുകയും ചെയ്യും.

തന്റെ അഭിപ്രായവും തന്റെ ഘടകത്തിന്റെ അഭിപ്രായവും ഒന്നുതന്നെയാകുമ്പോള്‍ ആ അഭിപ്രായമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ആര്‍ക്കും ഉത്സാഹം കാണും. എന്നാല്‍ ഒരാളുടെ ജനാധിപത്യബോധത്തിന്റെ മാറ്റുരയ്ക്കപ്പെടുന്നത് തന്റെ അഭിപ്രായത്തിനു വിപരീതമായി തന്റെ ഘടകം ഭൂരിപക്ഷാഭിപ്രായപ്രകാരം എടുത്ത തീരുമാനം നടപ്പിലാക്കാന്‍ കാണിക്കുന്ന ആത്മാര്‍ത്ഥതയിലാണ്. ഉന്നതമായ ജനാധിപത്യസംസ്കാരം ആഴത്തില്‍ ഉള്‍ക്കൊണ്ടവര്‍ക്കേ അതു കഴിയു. അതിനാണ് ജനാധിപത്യവഴക്കം എന്നു പറയുന്നത്. ഒരു സംഘടനയുടെ ജനാധിപത്യപരമായ പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നതിനാവശ്യമായ സൂക്ഷ്മ നിര്‍ദ്ദേശങ്ങളാണ്, ജനാധിപത്യ കേന്ദ്രീകരണം മുന്നോട്ടുവെയ്ക്കുന്നത്.

ഏതു കൂട്ടായ്മയിലും ചില പൊതുതത്വങ്ങളും നിയമങ്ങളും സംഘടനയിലെ എല്ലാവരും അംഗീകരിക്കേണ്ടതുണ്ട്. അവ പാലിക്കപ്പെട്ടില്ലെങ്കില്‍ പിന്നെ സംഘടനയുണ്ടാവില്ല. കൂട്ടായ്മയുമുണ്ടാവില്ല.

സത്യത്തില്‍ ലക്ഷ്യബോധത്തോടുകൂടി പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടായ്മയ്ക്ക് ആവശ്യമായ ചില തത്വങ്ങളും നിയമങ്ങളും നിര്‍വചിച്ചെടുക്കുകയാണ് ലെനിന്‍ ചെയ്തത്. ഈ തത്വങ്ങളും നിയമങ്ങളുമടങ്ങിയ ഒരു രൂപഘടന പാര്‍ടി കൂട്ടായി സ്വീകരിക്കുമ്പോഴാണ് അത് പാര്‍ടിയുടെ സംഘടനാതത്വമാകുന്നത്.

അതീവ ലളിതമായ ഈ തത്വങ്ങളും നിയമങ്ങളും സാര്‍വ്വലൌകികവും സാര്‍വകാലികവുമല്ല. കാലദേശഭേദങ്ങള്‍ക്കനുസരിച്ച്, ചരിത്രത്തിന്റെ വളര്‍ച്ചയ്ക്കനുസരിച്ച്, ഈ തത്വങ്ങളിലും നിയമങ്ങളിലും ആവശ്യമായ മാറ്റങ്ങള്‍ വേണ്ടിവന്നേക്കാം. തീര്‍ച്ചയായും യുദ്ധകാലത്തും സമാധാനകാലത്തും ഒരേ കാര്‍ക്കശ്യത്തോടെയല്ല, പ്രവര്‍ത്തിക്കുക. പാര്‍ലമെന്ററി ജനാധിപത്യംപോലും സാഹചര്യങ്ങള്‍ക്കനുസരിച്ച് നിറഭേദം സ്വീകരിക്കാറുണ്ടല്ലോ.

എന്നാല്‍ ജനാധിപത്യകേന്ദ്രീകരണത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ പാലിക്കാതെ ഒരു സംഘടനയ്ക്കും ജനാധിപത്യപരമായ പ്രവര്‍ത്തനം ഉറപ്പുവരുത്താന്‍ കഴിയില്ല. ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന ഏതു മനുഷ്യകൂട്ടായ്മയുടെയും ആത്മാവാണ് ജനാധിപത്യ കേന്ദ്രീകരണം. ജനാധിപത്യകേന്ദ്രീകരണമില്ലാതെ ജനാധിപത്യമില്ല.

വോട്ടെടുപ്പും ജനാധിപത്യവും

എല്ലായ്പ്പോഴും ഭൂരിപക്ഷ ന്യൂനപക്ഷാടിസ്ഥാനത്തില്‍ യാന്ത്രികമായി വോട്ടെടുപ്പുനടത്തി തീരുമാനമെടുക്കലല്ല ജനാധിപത്യരീതി. വ്യത്യസ്ത അഭിപ്രായങ്ങള്‍ ചര്‍ച്ചയ്ക്കും സംവാദത്തിനും വിധേയമാക്കണം. ന്യൂനപക്ഷ അഭിപ്രായങ്ങള്‍ക്കും അര്‍ഹിക്കുന്ന പരിഗണനയും ബഹുമാനവും നല്‍കണം. പക്ഷേ, ചര്‍ച്ച, പിന്നേയും ചര്‍ച്ച അങ്ങനെ അനന്തമായി നീണ്ടുപോകുന്നത് ഒരു സംഘടനയുടെ ഇടപെടല്‍ ശേഷിയെ ശോഷിപ്പിക്കും. അത്തരം സന്ദര്‍ഭങ്ങളില്‍ ചര്‍ച്ചകള്‍ക്കുശേഷം തീരുമാനമെടുക്കേണ്ടിവരും. സമവായമുണ്ടായില്ലെങ്കില്‍ വോട്ടെടുപ്പ് വേണ്ടിവരും. വോട്ടെടുപ്പിലൂടെ തീരുമാനിച്ചാലും അത് ജനാധിപത്യപരമായ തീരുമാനമാണ്. അത് ഭൂരിപക്ഷാഭിപ്രായം അടിച്ചേല്‍പ്പിക്കലല്ല. അങ്ങനെ വ്യാഖ്യാനിക്കുന്നത് ജനാധിപത്യ കൂട്ടായ്മയ്ക്ക് വഴങ്ങാതിരിക്കലാണ്; താന്‍ പ്രമാണിത്തമാണ്. ഈ പ്രവണതയാണ് സേച്ഛാധിപത്യത്തിലേക്ക് വഴിയൊരുക്കുക. ഇത്തരം അരാജക പ്രവണതകള്‍ ജനാധിപത്യത്തെ അട്ടിമറിക്കുകയും സ്വേച്ഛാധിപത്യത്തെ അരിയിട്ടുവാഴിക്കുകയും ചെയ്യും. പൊതു ലക്ഷ്യബോധത്തിലധിഷ്ഠിതമായ ഒരു കൂട്ടായ്മ അരാജകത്വത്തിലേക്കോ, അമിതാധികാരത്തിലേക്കോ വഴുതാതിരിക്കാന്‍ ചില മുന്‍കരുതല്‍ ആവശ്യമുണ്ട്. ആ മുന്‍കരുതലാണ് ജനാധിപത്യ കേന്ദ്രീകരണം നിര്‍ദ്ദേശിക്കുന്നത്. ശത്രുവര്‍ഗത്തിന്റെ കുല്‍സിത നീക്കങ്ങള്‍ക്കെതിരെ സദാ ജാഗരൂകമാകേണ്ടതിന്റെ അനിവാര്യത ഒരു ജനതയെ മഹത്തായ വിപ്ലവത്തിലേക്കു നയിച്ച ലെനിന് സ്വാനുഭവത്തിലൂടെ ബോധ്യപ്പെട്ട കാര്യമാണ്.

ജനാധിപത്യ കേന്ദ്രീകരണവും വ്യക്തി സ്വാതന്ത്ര്യവും

പാര്‍ട്ടിയില്‍ ചില ശരികള്‍ക്കുവേണ്ടി നിലകൊണ്ടതുകൊണ്ടാണ് തങ്ങള്‍ പുറത്തായതെന്നാണ് എല്ലാ എക്സ്-കമ്യൂണിസ്റ്റുകളും വാദിക്കുക. ഒപ്പം തങ്ങള്‍ പാര്‍ട്ടിയിലുണ്ടായിരുന്ന കാലത്തെ പാര്‍ടിയുടെ ഗുണമേന്മ അയവിറക്കും. ഇന്നത് ചെന്നുപെട്ട 'മൂല്യച്യുതികളില്‍' രോഷാകുലരാകും. പാര്‍ട്ടിയിലുള്ളവരെല്ലാം മോശക്കാരും ഭീരുക്കളുമാണെന്ന് അവര്‍ ശകാരിക്കും. സര്‍വ്വതന്ത്രസ്വാതന്ത്ര്യത്തിന്റെ ചില്ലുമേടകളിലിരുന്ന് 'അടിമകളെ' കല്ലെറിയും. അവരുടെ അഭിപ്രായങ്ങള്‍ ജനങ്ങളുടെമുഴുവന്‍ ചിന്തയായി അവതരിപ്പിക്കും. ജനങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നവര്‍ അവര്‍ മാത്രമാണെന്ന് സമര്‍ത്ഥിക്കും. മാധ്യമങ്ങളുടെ പരിലാളനങ്ങളില്‍ മതിമറക്കും. പാര്‍ട്ടിക്കുനേരെ നിരന്തരം അങ്കംവെട്ടും. അങ്ങനെ അവര്‍ സ്വാതന്ത്ര്യമാഘോഷിക്കുന്നു. മര്‍ദ്ദകര്‍ക്കെതിരെ വിരല്‍ ചൂണ്ടുകപോലും ചെയ്യാതെ എങ്ങനെ ഒരാള്‍ക്ക് സ്വതന്ത്രനാകാന്‍ കഴിയും?

ഒരാള്‍ പാര്‍ടിയില്‍ അംഗമാവുന്നത് സ്വന്തം ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്. തനിക്കുചുറ്റുമുള്ള ജീവിതത്തിന്റെ ദൈന്യതയില്‍, ക്രൂരതയില്‍ അമര്‍ഷംപൂണ്ട് അതിനു മാറ്റം വരണമെന്നാഗ്രഹിക്കുന്നു. അതിനെതിരെ പ്രതികരിക്കാതെ ജീവിതം അസാധ്യമെന്ന് ബോധ്യപ്പെടുന്നു. പ്രതികരണം ഫലവത്താവണമെങ്കില്‍ സംഘടിതശക്തി വേണമെന്ന് തിരിച്ചറിയുന്നു. തന്റെ ലക്ഷ്യങ്ങളോട്, അന്തര്‍ഗതങ്ങളോട് സാമ്യമുള്ള പാര്‍ടിയില്‍ അംഗമാവാന്‍ സ്വയം തീരുമാനിക്കുന്നു. ഇങ്ങനെ സ്വതന്ത്രമായി ചിന്തിച്ചു തീരുമാനിക്കുന്നതാണ് പാര്‍ടി അംഗത്വം. അത് വേണ്ടെന്നുവെയ്ക്കാന്‍ അയാള്‍ക്ക് എപ്പോഴും സ്വാതന്ത്ര്യമുണ്ട്. ആരും അയാളെ തടയാനില്ല. പക്ഷേ, ഒരു കൂട്ടായ്മയ്ക്കു വഴങ്ങി ചുറ്റുമുള്ള ജീവിതത്തെ പുതുക്കിപ്പണിയുന്ന പ്രക്രിയയില്‍ പങ്കാളിയാവാന്‍ ഒരാള്‍ തീരുമാനിക്കുന്നത് ഉയര്‍ന്ന സ്വാതന്ത്ര്യബോധമുള്ളതുകൊണ്ടാണ്. അംഗമാകുമ്പോള്‍ സംഘടനാതത്വം ഉയര്‍ത്തിപ്പിടിക്കേണ്ടത് അംഗത്തിന്റെ ചുമതലയാണ്.

ലെനിനിസ്റ്റ് സംഘടനാതത്വങ്ങളും പാര്‍ലമെന്ററി ജനാധിപത്യവും

പാര്‍ലമെന്ററി ജനാധിപത്യമില്ലാതിരുന്ന കാലത്ത് ആവിഷ്കരിച്ച സംഘടനാതത്വങ്ങള്‍ പാര്‍ലമെന്ററി ജനാധിപത്യം നിലനില്‍ക്കുകയും പാര്‍ടി അതില്‍ പങ്കാളികളാവുകയും ചെയ്യുന്ന ഇക്കാലത്തും കൊണ്ടുനടക്കുന്നത് ശരിയാണോ? ഏറെ പ്രസക്തമെന്ന് തോന്നിക്കുന്ന ഒരു പ്രശ്നമാണിത്.

മുമ്പു നിലനിന്നിരുന്ന ഏത് അധികാര വ്യവസ്ഥയേക്കാള്‍ മെച്ചപ്പെട്ടതാണ് പാര്‍ലമെന്ററി ജനാധിപത്യം. എന്നാല്‍ പാര്‍ലമെന്ററി ജനാധിപത്യം മുതലാളിത്തവ്യവസ്ഥയുടെ ഭരണകൂടരൂപമാണ്. അത് ബൂര്‍ഷ്വാസിയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള സംവിധാനമാണ്. ബൂര്‍ഷ്വാസിയുടെ താല്‍പര്യങ്ങള്‍ക്ക് അനുയോജ്യമല്ലെന്നുകണ്ടാല്‍ ഭരണകൂടത്തിന്റെ ഈ ഔപചാരിക ജനാധിപത്യ സ്വഭാവംപോലും തകര്‍ക്കാന്‍ ബൂര്‍ഷ്വാസി മടിക്കില്ല. ഈ ധാരണയോടെയാണ് പാര്‍ലമെന്ററി പ്രവര്‍ത്തനത്തില്‍ സിപിഐ (എം) ഏര്‍പ്പെടുന്നത്. പാര്‍ലമെന്ററി സംവിധാനമുപയോഗിച്ച് നിയമനിര്‍മ്മാണങ്ങളിലൂടെ ചൂഷണ വ്യവസ്ഥയ്ക്കന്ത്യംകുറിക്കുന്ന സമൂല പരിവര്‍ത്തനം സാധ്യമാകുമെന്ന വിശ്വാസം പാര്‍ടിക്കില്ല. എന്നാല്‍ പാര്‍ലമെന്ററി ജനാധിപത്യത്തില്‍ പങ്കെടുക്കുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ല എന്ന കാഴ്ചപ്പാടും പാര്‍ടിക്കില്ല. മുതലാളിത്തത്തിനെതിരായ അനേകം സമര മണ്ഡലങ്ങളില്‍ ഒന്നാണ് പാര്‍ലമെന്റും. ഏതെങ്കിലും സംസ്ഥാനങ്ങളുടെയോ, പ്രാദേശിക ഭരണസംവിധാനങ്ങളുടെയോ ഭരണം ഏറ്റെടുക്കാന്‍ അവസരമുണ്ടാകുമ്പോള്‍ പരിമിതമായ സാധ്യത പ്രയോജനപ്പെടുത്തി ജനങ്ങള്‍ക്ക് പരമാവധി ആശ്വാസമെത്തിക്കാന്‍ കഴിയണം. പാര്‍ലമെന്ററി ജനാധിപത്യത്തോടുള്ള വൈരുദ്ധ്യാത്മക സമീപനത്തിന്റെയും, അതിന്റെ അടിസ്ഥാനത്തിലുള്ള പ്രായോഗിക പ്രവര്‍ത്തനങ്ങളുടെയും ഫലമായാണ് ഇന്ത്യയിലെ ഇതര പ്രദേശങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ജനങ്ങള്‍ മെച്ചപ്പെട്ട ജീവിതം പുലര്‍ത്തുന്നത്. ലോകമാനവരാശിക്ക് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം സമര്‍പ്പിച്ച മഹത്തായ സംഭാവനയാണത്.

പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഇടപെട്ടുകൊണ്ട് സാധാരണക്കാര്‍ക്കനുകൂലമായി അധികാരത്തേയും പൊതു സമ്പത്തിനെയും പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ ഭരണവര്‍ഗത്തിന്റെ ഭാഗത്തുനിന്ന് ജനാധിപത്യവ്യവസ്ഥയെ അട്ടിമറിക്കാനുള്ള ശ്രമമുണ്ടാകും. 1959ലെ 'വിമോചനസമരവും' തുടര്‍ന്ന് 356-ാം വകുപ്പ്ഉപയോഗിച്ച് കേരള സര്‍ക്കാരിനെ പിരിച്ചുവിട്ടതുമെല്ലാം ഈ ജനാധിപത്യവിരുദ്ധ നീക്കത്തിന് ദൃഷ്ടാന്തങ്ങളാണ്. അടിയന്തിരാവസ്ഥ മറ്റൊരു കടന്നാക്രമണമാണ്.

ഭരണവര്‍ഗത്തിന്റെ ഭാഗത്തുനിന്ന് ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങളുണ്ടാകുമ്പോള്‍ ജനാധിപത്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വിപുലപ്പെടുത്തുന്നതിനും അധ്വാനിക്കുന്ന ജനകോടികളുടെ ശക്തമായ മുന്നേറ്റമുണ്ടാകണം.

ജനാധിപത്യത്തിന്റെ വിപുലീകരണത്തിനും അത് പരമാവധി പ്രയോജനപ്പെടുത്തി ജീവിതം കൂടുതല്‍ മെച്ചപ്പെടുത്താനും അധ്വാനിക്കുന്ന ജനലക്ഷങ്ങള്‍ സദാ ശ്രമിച്ചുകൊണ്ടിരിക്കും. ജനാധിപത്യ പരിഷ്കാരങ്ങളെ പിറകോട്ടടിപ്പിക്കാനും വേണ്ടിവന്നാല്‍ ജനാധിപത്യംതന്നെ അട്ടിമറിക്കാനും ഭരണവര്‍ഗവും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കും. കേരളത്തിലെ ഭൂപരിഷ്കരണവും വിദ്യാഭ്യാസ പരിഷ്കരണവും കടന്നുപോന്ന വഴികള്‍ പാര്‍ലമെന്ററി ജനാധിപത്യത്തില്‍ നടന്നുവരുന്ന താല്‍പര്യ സംഘര്‍ഷത്തിന് നിദര്‍ശനങ്ങളാണ്.

പാര്‍ലമെന്ററി രംഗത്തെ വര്‍ഗസമരമാകട്ടെ, അതീവ തീവ്രമാണ്. ഒന്നാമത് ഭരണകൂടം ബൂര്‍ഷ്വാസിയുടെയാണ്. ബൂര്‍ഷ്വാസിയുടെ കോട്ട കൊത്തളങ്ങളില്‍ കടന്നുചെന്നാണ് തൊഴിലാളി വര്‍ഗത്തിനും മറ്റു ചൂഷിത ജനവിഭാഗത്തിനും കളിക്കേണ്ടത്. സിവില്‍ സര്‍വ്വീസ്, ജുഡീഷ്യറി, സായുധസന്നാഹങ്ങള്‍ ഇതെല്ലാം ചൂഷകവര്‍ഗത്തിന്റെ രക്ഷയ്ക്കുള്ള ഉപകരണങ്ങളാണ്. ഇതിലെ ഏതെങ്കിലും ഘടകങ്ങള്‍ സാധാരണക്കാര്‍ക്ക് അനുകൂലമാവുക എന്നത് അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന കാര്യമാണ്. ജനാഭിപ്രായത്തെ രൂപപ്പെടുത്തുന്ന മാധ്യമങ്ങള്‍ ബൂര്‍ഷ്വാസിയുടെ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ആണ്. ജനതയുടെ ജീവിത വീക്ഷണത്തേയും കാഴ്ചപ്പാടുകളെയും രൂപപ്പെടുത്തുന്ന ഔപചാരിക വിദ്യാഭ്യാസ സംവിധാനം രൂപകല്‍പനചെയ്യുന്നതും അവരാണ്. ഈ ബൃഹത് സംവിധാനത്തോടേറ്റുമുട്ടാന്‍ തൊഴിലാളിവര്‍ഗത്തിനും ചൂഷിത ജനവിഭാഗങ്ങള്‍ക്കും കൈമുതലായുള്ളത് സംഘടിത ശക്തിമാത്രമാണ്. ഈ സംഘടിതശക്തിയുടെ പ്രഹരശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഐക്യവും അച്ചടക്കവും അനിവാര്യമാണ്. സംഘടിത ലക്ഷ്യബോധമില്ലാത്ത അരാജകക്കൂട്ടത്തിന് ഫലപ്രദമായ ഒരു ചെറുത്തുനില്‍പും സാധ്യമല്ല.

അതായത് മുതലാളിത്തത്തിന്റെ അധികാരവ്യവസ്ഥയായ പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയില്‍ തൊഴിലാളികളുടെയും ദരിദ്രജന വിഭാഗങ്ങളുടെയും ഏകസമരായുധം തങ്ങളുടെ സംഘടനയാണ്. കെട്ടുറപ്പുള്ളതും അച്ചടക്കമുള്ളതുമായ സംഘടന എന്നത് അവര്‍ക്ക് ജീവല്‍ പ്രധാനമാണ്. ജനാധിപത്യപരമായ പ്രവര്‍ത്തനമുള്ള സംഘടനയ്ക്ക് മാത്രമെ, ജനങ്ങളുടെ ഐക്യം കെട്ടിപ്പടുക്കാന്‍ കഴിയൂ. അതിനാല്‍ ജനാധിപത്യപരമായ പ്രവര്‍ത്തനം ഉറപ്പുവരുത്തുന്ന ലെനിനിസ്റ്റ് സംഘടനാതത്വങ്ങള്‍ ബൂര്‍ഷ്വാ പാര്‍ലമെന്ററി സമ്പ്രദായത്തില്‍ ഇടപെടുന്ന ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ടിക്കും മറ്റു ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കും ഏറെ പ്രസക്തവും അനിവാര്യവുമാണ്.

സംഘടനയും വേണ്ട, രാഷ്ട്രീയവും വേണ്ട, ഒന്നിനോടും പ്രതിബദ്ധതയും വേണ്ട എന്നു കരുതുന്ന ചിലരുണ്ട്. അവര്‍ക്ക് നഷ്ടപ്പെട്ടത് സംഘടിത ലക്ഷ്യബോധമാണ്. കൂട്ടായ ലക്ഷ്യബോധമില്ലെങ്കില്‍ പിന്നെ സംഘടനയെന്തിന്? അവര്‍ക്കില്ലാത്ത സംഘടന മറ്റുള്ളവര്‍ക്കും വേണ്ട എന്നവര്‍ വാശിപിടിക്കുകയാണ്. അച്ചടക്കവും കെട്ടുറപ്പുമില്ലാത്ത, സംഘടിത ലക്ഷ്യബോധമില്ലാത്ത, ഒരു അരാജക കൂട്ടമായി കമ്യൂണിസ്റ്റ്പാര്‍ടി മാറണം. ജനങ്ങളുടെ ഏക സമരായുധമായ സംഘടനകൂടി തകര്‍ന്നു കാണണം. നിര്‍ബാധമായ ചൂഷണത്തിന് അരങ്ങൊരുങ്ങണം.

ഇന്ന് വലതുപക്ഷത്തോടൊപ്പം അന്തിയുറങ്ങുന്ന എക്സ് കമ്യൂണിസ്റ്റുകളുടെ പാഴ്കിനാവുകളില്‍ ഇങ്ങനെ എന്തെന്തു മനോരാജ്യങ്ങള്‍!

ടി കെ നാരായണദാസ് ചിന്ത വാരിക

മുനീറിന്റേത് രാഷ്ട്രീയ- മാധ്യമ അഴിമതി

ഇന്ത്യന്‍ യൂണിയന്‍ മുസ്ളിം ലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റ് കേന്ദ്രമന്ത്രിസ്ഥാനത്തിരുന്ന് വിശ്വാസികളുടെ ഹജ്ജ് മോഹമാണ് വിറ്റ് കാശാക്കിയതെങ്കില്‍, സംസ്ഥാന നേതാവ് അധികാര ദുര്‍വിനിയോഗവും അതിന്റെ ഭാഗമായ വഞ്ചനയും നടത്തിയതായി കോടതിയില്‍ തെളിഞ്ഞിരിക്കുന്നു. ഹജ്ജ് ക്വോട്ട അഴിമതിയില്‍നിന്ന് അഹമ്മദിനെ രക്ഷിക്കാന്‍ അസ്വാഭാവികമായ നീക്കങ്ങള്‍ പലതും നടക്കുന്നു എന്നുള്ള ഡല്‍ഹി വാര്‍ത്തകള്‍ക്കു നടുവിലാണ് മുന്‍ മന്ത്രി എം കെ മുനീറിനെ കോടതി വണ്ടിച്ചെക്കുകേസില്‍ ശിക്ഷിച്ചതായുള്ള വിവരം പുറത്തുവരുന്നത് എന്നത് യാദൃച്ഛികമാകാം. മുസ്ളിംലീഗ് എന്ന പാര്‍ടിയും അത് ഉള്‍പ്പെടുന്ന യുഡിഎഫ് മുന്നണിയും അഴിമതിയുടെ ദുഷിച്ച മാര്‍ഗത്തില്‍ എത്രത്തോളം മുന്നേറി എന്നുതെളിയിക്കുന്ന സംഭവങ്ങളാണ് രണ്ടും.

ലീഗ് നേതാവും മുന്‍ മന്ത്രിയുമായ ഡോ. എം കെ മുനീറിനെ തടവിനും 25 ലക്ഷം രൂപ പിഴയടയ്ക്കാനുമാണ് കോട്ടയം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് അമീര്‍ അലി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ രണ്ടുമാസം തടവ് കൂടി അനുഭവിക്കണം. പൊതുമരാമത്തുമന്ത്രിയായിരിക്കെ കരാറുകാരനില്‍നിന്ന് വായ്പ എന്ന പേരില്‍ വാങ്ങിയ 25 ലക്ഷം രൂപ തിരിച്ചുകൊടുക്കാതെ വണ്ടിച്ചെക്ക് നല്‍കി കബളിപ്പിച്ചതിനാണ് ഈ ശിക്ഷ എന്നതുകൊണ്ട് 'വണ്ടിച്ചെക്ക് കേസ്' എന്ന് ലളിതമായി പറഞ്ഞുപോകുന്നുണ്ടെങ്കിലും അതിലുമപ്പുറം അധികാരസ്ഥാനത്തുനിന്നുള്ള അഴിമതി, അതിനുവണ്ടി മാധ്യമങ്ങളെ ദുരുപയോഗം ചെയ്യല്‍ എന്നിങ്ങനെയുള്ള സുപ്രധാന പ്രശ്നങ്ങളാണ് ഈ കേസില്‍ പരിശോധിക്കപ്പെടേണ്ടത്.

പൊതുമരാമത്തുവകുപ്പ് യുഡിഎഫ് കാലത്ത് കൈകാര്യം ചെയ്തിരുന്നത് എം കെ മുനീറാണ്. അതേ വകുപ്പിന്റെ പണികള്‍ വന്‍തോതില്‍ ഏറ്റെടുത്തുനടത്തുന്ന കരാറുകാരനായ കോട്ടയം വെള്ളാപ്പള്ളിയില്‍ മാത്യു അലക്സില്‍നിന്ന് 25 ലക്ഷം രൂപ വായ്പയെന്ന വ്യാജേന വാങ്ങി വഞ്ചിച്ച കേസിലാണ് ശിക്ഷ. ഇന്ത്യാവിഷന്‍ ചാനല്‍ ചെയര്‍മാന്‍ എന്ന നിലയിലാണ് വണ്ടിച്ചെക്ക് നല്‍കിയത്. മന്ത്രിസ്ഥാനമുപയോഗിച്ചാണ് പണം പറ്റിയതെന്നതില്‍ ഒരു തര്‍ക്കവുമില്ല. മന്ത്രിയായിരുന്നുകൊണ്ട് കരാറുകാരെ വശപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും പൊതുമരാമത്തുജോലികള്‍ അനര്‍ഹര്‍ക്ക് നല്‍കിയുമാണ് ഇന്ത്യാവിഷന്‍ ചാനല്‍ മുനീര്‍ നടത്തിയതെന്ന ആക്ഷേപം പുതിയതല്ല. പലവട്ടം ഞങ്ങള്‍തന്നെ അത് ചൂണ്ടിക്കാട്ടിയതാണ്.

ഇപ്പോള്‍ ശിക്ഷിച്ചതിനുപുറമെ സമാന സ്വഭാവമുള്ള കേസ് വേറെയുമുണ്ട്. 20 ലക്ഷം രൂപ കടമായി വാങ്ങി വണ്ടിച്ചെക്ക് നല്‍കി വഞ്ചിച്ചതിന് മുനീറിനെതിരെ കൊല്ലം പ്രിന്‍സിപ്പല്‍ സബ് കോടതിയില്‍ കേസ് നിലവിലുണ്ട്. ഇന്ത്യാ വിഷന്റെ പേരില്‍ വായ്പയെടുത്ത് സംസ്ഥാന സഹകരണ ബാങ്കിനെ കബളിപ്പിച്ചതു സംബന്ധിച്ച് മുനീറിനും കൂട്ടര്‍ക്കുമെതിരെ വിജിലന്‍സ് കേസ് രജിസ്റര്‍ ചെയ്തിരുന്നു. എട്ടു കോടി രൂപയാണ് സംസ്ഥാന സഹകരണ ബാങ്കിനു നഷ്ടപ്പെട്ടത്. മന്ത്രി വിളിച്ച് കടംചോദിച്ചാല്‍ കരാറുകാര്‍ ലക്ഷങ്ങള്‍ കൊടുക്കുന്നത് വെറുതെയല്ലെന്നും ആ ഇടപാടില്‍ അടങ്ങിയിരിക്കുന്നത് അഴിമതിയുടെ ഏറ്റവും നീചമായ രൂപമാണെന്നും മനസ്സിലാക്കാന്‍ സാമാന്യബോധം മതി. ഇതിപ്പോള്‍, കൊടുത്ത പണം തിരികെ ചോദിക്കാനുള്ള ആര്‍ജവം ഒരു കരാറുകാരന്‍ കാണിച്ചതുകൊണ്ടാണ് കേസായതും ശിക്ഷ വന്നതും.

എന്നാല്‍, മുനീറിന്റെ 'സേവനം' ഇനിയും പ്രതീക്ഷിക്കുന്നവരും നിയമപരമായ വഴികള്‍ തേടി വിവാദമുണ്ടാക്കേണ്ടെന്നു ചിന്തിക്കുന്നവരും കൊടുത്ത പണത്തിന്റെ പ്രയോജനം യുഡിഎഫ് ഭരണകാലത്തു കിട്ടിയവരും അനേകമുണ്ട്. അത്തരക്കാരുടെ ചെലവിലാണ് ഇന്ത്യാ വിഷന്‍ എന്ന വാര്‍ത്താ ചാനല്‍ ഉയര്‍ന്നു പൊന്തിയതും നിലനിന്നതും. കേരളത്തിലെ യുഡിഎഫ് രാഷ്ട്രീയത്തിലെ വിശുദ്ധ മുഖമായാണ് മാധ്യമങ്ങള്‍ എം കെ മുനീറിനെ അവതരിപ്പിക്കാറുള്ളത്. മിസ്റ്റര്‍ ക്ളീന്‍ പരിവേഷം നല്‍കി വിമര്‍ശനങ്ങളില്‍നിന്ന് രക്ഷിച്ച് മാധ്യമങ്ങള്‍ കൊണ്ടുനടക്കുന്ന ആ നേതാവ് സ്വന്തം പാര്‍ടിയിലെയും മുന്നണിയിലെയും മറ്റുള്ളവരെപ്പോലെയോ അതിനേക്കാള്‍ ഉയര്‍ന്ന അളവിലോ കൊടിയ അഴിമതിക്കാരനാണെന്ന് ഇപ്പോള്‍ തെളിയിച്ചിരിക്കുന്നത് നീതിപീഠംതന്നെയാണ്. അതില്‍ അപ്പീലിന്റെയോ കൂടുതല്‍ പരിശോധനയുടെയോ ആവശ്യംപോലും ഉദിക്കുന്നില്ല.

മുനീര്‍ എന്ന കുറ്റവാളിയെ സംരക്ഷിക്കാന്‍ മുസ്ളിംലീഗ് ഏതറ്റംവരെ പോകും എന്നറിയാനുള്ള താല്‍പ്പര്യം എല്ലാ ജനങ്ങള്‍ക്കുമുണ്ടാകും. ഇ അഹമ്മദിനെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് ഹൈകമാന്‍ഡിന്റെ ഏതുവാതിലും മുട്ടാന്‍ ലജ്ജയില്ലാത്തവര്‍ക്ക്, മുനീറിനുവേണ്ടി അത്തരം ശ്രമം നടത്താനുള്ള പഴുതുപോലും അവശേഷിക്കുന്നില്ല എന്നതാണ് വാസ്തവം.

രാഷ്ട്രീയ അഴിമതിയോടൊപ്പം തന്നെ, മാധ്യമങ്ങള്‍ ഇത്തരം വിഷയങ്ങളെ എങ്ങനെ കൈകാര്യംചെയ്യുന്നു എന്നതും അഴിമതിയില്‍ മാധ്യമങ്ങള്‍ എങ്ങനെ പങ്കാളികളാകുന്നുവെന്നതും തെളിയിക്കുന്നതുകൂടിയാണ് മുനീര്‍ ശിക്ഷിക്കപ്പെട്ട കേസ്. ചെയര്‍മാന്‍ പദവിയിലിരിക്കുന്ന തന്നെക്കുറിച്ചായാല്‍പോലും നിര്‍ഭയം റിപ്പോര്‍ട്ടുചെയ്യാനുള്ള സ്വാതന്ത്ര്യം ഇന്ത്യാവിഷനുണ്ടെന്നാണ്, കുഞ്ഞാലിക്കുട്ടി കേസ് കൈകാര്യംചെയ്തതില്‍ സ്വന്തം പാര്‍ടിയില്‍നിന്നുതന്നെ എതിര്‍പ്പുയര്‍ന്നപ്പോള്‍ മുനീര്‍ പറഞ്ഞത്.

ഇവിടെ ഒരു മന്ത്രിയായ മുനീര്‍, ഇന്ത്യാവിഷനുവേണ്ടി അഴിമതിപ്പണം പറ്റിയ കേസില്‍ ശിക്ഷിക്കപ്പെട്ട വാര്‍ത്ത ആ ചാനല്‍ കണ്ടതേയില്ല. സഹോദര ചാനലുകള്‍ക്കും അത് പ്രാധാന്യമുള്ളതോ ചര്‍ച്ചചെയ്യപ്പെടേണ്ടതോ ആയ വാര്‍ത്തയായി തോന്നിയില്ല. ലജ്ജാശൂന്യമായ യുഡിഎഫ് ദാസ്യമാണ് ഇക്കാര്യത്തില്‍ മുഖ്യധാരാ മാധ്യമങ്ങളാകെ കാണിച്ചത്. ഇതേകൂട്ടര്‍ മറ്റു പലകേസുകളും ആവേശത്തോടെ ചാടിപ്പിടിക്കുന്നതും കൊലയാളിയായ ഗുണ്ടയുടെ അമ്മയെ കണ്ടെത്തി അഭിമുഖം നടത്തി അവര്‍ പറയുന്നതാണ് പരമമായ സത്യം എന്നരീതിയില്‍ പ്രചാരണം നടത്തിയതും കഴിഞ്ഞ ദിവസമാണ് നാം കണ്ടത്. എല്‍ഡിഎഫ് സര്‍ക്കാരിനെയും പൊലീസിനെയും വിവാദത്തില്‍ കുളിപ്പിക്കാനുള്ള പണിയായിരുന്നു അത്. അത്തരക്കാര്‍തന്നെ മുനീറിനെ ശിക്ഷിച്ച കോടതിവിധി അവഗണനാര്‍ഹമായ സാധാരണ വാര്‍ത്തയാക്കുന്നു. അഴിമതിക്കാരും അവരെ സംരക്ഷിക്കുന്നവരുമാണ് മാധ്യമ രംഗത്തും ആധിപത്യം സ്ഥാപിച്ചിരിക്കുന്നത് എന്നാണ് ഇതിനര്‍ഥം. അത്തരക്കാരെ തുറന്നുകാട്ടാനുള്ള ബഹുജന വികാരമാണ് കേരളത്തില്‍ ഉയരേണ്ടത്. പൊതുജന മധ്യത്തില്‍ ഇവരുടെ പൊയ്മുഖം വലിച്ചുകീറുകതന്നെ വേണം.

ദേശാഭിമാനി മുഖപ്രസംഗം 31 ആഗസ്റ്റ് 2009

Sunday, August 30, 2009

നിഷ്ക്രിയത്വത്തിന്റെ 100 ദിനം

യുപിഎ സര്‍ക്കാര്‍ നൂറുദിവസത്തിനകം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത് നൂറുകണക്കായ പദ്ധതി. എന്നാല്‍, വാഗ്ദാനങ്ങളുടെ യാഥാര്‍ഥ്യം പരിശോധിച്ചാല്‍ വട്ടപ്പൂജ്യം. നൂറുദിനം ഒരു സര്‍ക്കാരിന്റെ മികവ് വിലയിരുത്താന്‍ പര്യാപ്തമായ കാലയളവളല്ലെങ്കിലും ഭരണം ഏതുദിശയിലാണ് നീങ്ങുകയെന്നതിന് വ്യക്തമായ സൂചന ലഭിക്കുന്നു.

നൂറുദിവസത്തിനകം വനിതാസംവരണ ബില്‍ നടപ്പാക്കുമെന്നായിരുന്നു മുഖ്യ വാഗ്ദാനം. ഇന്നിപ്പോള്‍ അതിന്റെ സൂചനപോലും കാണാനില്ല. ബജറ്റ്സമ്മേളന കാലയളവില്‍ വനിതാബില്ലിനെക്കുറിച്ച് കേട്ടഭാവംപോലും സര്‍ക്കാരിനുണ്ടായില്ല. വനിതാസംഘടനകള്‍ പ്രതിഷേധം പ്രകടിപ്പിച്ചപ്പോള്‍ ബില്‍ സജീവപരിഗണനയിലുണ്ടെന്ന പല്ലവി ആവര്‍ത്തിച്ചു. തദ്ദേശസ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണമായിരുന്നു മറ്റൊരു വാഗ്ദാനം. ഇപ്പോള്‍ മന്ത്രിസഭ ഇതിനാവശ്യമായ ഭരണഘടനാ ഭേദഗതിക്ക് അംഗീകാരം നല്‍കിയിട്ടുണ്ടെങ്കിലും നിയമനിര്‍മാണം എപ്പോള്‍ നടക്കുമെന്ന് ഉറപ്പില്ല. ഭൂമി ഏറ്റെടുക്കല്‍ ബില്‍ ഭേദഗതികളോടെ കൊണ്ടുവരുമെന്നായിരുന്നു ഒരു വാഗ്ദാനം. മന്ത്രിമാരുടെ തമ്മിലടിമൂലം ഈ നീക്കം എങ്ങുമെത്തിയില്ല. സ്ത്രീശാക്തീകരണത്തിനായി ദേശീയ മിഷന്‍ കൊണ്ടുവരുമെന്ന പ്രഖ്യാപനവും പാഴ്വാക്കായി. വനിതാനേതാവ് നയിക്കുന്ന പാര്‍ടിയുടെ സര്‍ക്കാരായിട്ടുകൂടി വനിതകള്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് തുടര്‍ച്ചയായി അവഗണിക്കപ്പെടുകയാണ്.

പിന്നോക്കമേഖലയ്ക്കുള്ള സഹായനിധിയുടെ പുനഃസംഘാടനം, തൊഴിലുറപ്പു പദ്ധതിയുടെ സുതാര്യത വര്‍ധിപ്പിക്കല്‍, വിവരാവകാശ നിയമം കൂടുതല്‍ കാര്യക്ഷമമാക്കല്‍, ഉന്നതവിദ്യാഭ്യാസത്തിനായി ദേശീയസമിതി തുടങ്ങിയ പ്രഖ്യാപനങ്ങളും ജലരേഖയായി. ദേശീയ ഭക്ഷ്യസുരക്ഷാ നിയമവും കൊണ്ടുവരാനായില്ല. പദ്ധതിയിലെ അപാകത കാരണം ഭരണകക്ഷിയില്‍ത്തന്നെ അഭിപ്രായ ഭിന്നത ഉയര്‍ന്നതാണ് കാരണം. കടുത്ത സാമ്പത്തികമാന്ദ്യത്തിന്റെ ഘട്ടത്തില്‍ അത് തരണം ചെയ്യാനുള്ള നടപടിയും ഉണ്ടായില്ല.

ധനമന്ത്രി പ്രണബ് മുഖര്‍ജി അവതരിപ്പിച്ച ബജറ്റ് മാന്ദ്യത്തെ അഭിമുഖീകരിക്കാന്‍ പര്യാപ്തമല്ലെന്ന ആക്ഷേപം എല്ലാകോണില്‍നിന്നും ശക്തമാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മൂന്ന് സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചെങ്കിലും ഫലം കണ്ടില്ല. കയറ്റുമതിമേഖലയിലെ തകര്‍ച്ച തുടരുന്നു. ഇപ്പോള്‍ പ്രഖ്യാപിച്ച വിദേശവ്യാപാര നയവും പ്രതിസന്ധി നേരിടുന്ന മേഖലകള്‍ക്ക് സഹായകരമല്ല. ടെക്സ്റൈല്‍സ്, രത്നാഭരണം തുടങ്ങിയ കയറ്റുമതി മേഖലകളില്‍ ആയിരക്കണക്കിനാളുകള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. ഇവരെ പുനരധിവസിപ്പിക്കാനും പുതിയ തൊഴില്‍ കണ്ടെത്താനും സഹായമില്ല. ബജറ്റില്‍ കോര്‍പറേറ്റുകള്‍ക്ക് ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കിയതല്ലാതെ സമ്പദ്വ്യവസ്ഥയ്ക്ക് ഉത്തേജനം പകരുന്ന നടപടിയൊന്നുമുണ്ടായില്ല.

വിലക്കയറ്റം, കൃഷിനാശം... ദുരിതക്കയത്തില്‍ ജനങ്ങള്‍

കൃഷിനാശം, കര്‍ഷക ആത്മഹത്യ, വിലക്കയറ്റം. ഒപ്പം രൂക്ഷമായ വരള്‍ച്ചയും- മന്‍മോഹന്‍സിങ് സര്‍ക്കാരിന്റെ ആദ്യ നൂറുനാളുകളില്‍ രാജ്യം പൊറുതിമുട്ടുകയാണ്. വരള്‍ച്ചയും പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കവുമൊക്കെ പ്രകൃതി പ്രതിഭാസം. എന്നാല്‍, ഇത്തരം പ്രകൃതിക്ഷോഭങ്ങളുടെ ഘട്ടത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസമെത്തിക്കേണ്ട കടമ സര്‍ക്കാരിനുണ്ട്. കൃഷിനാശംമൂലം കഷ്ടത്തിലായ കര്‍ഷകര്‍ക്കാണ് ആദ്യ പരിഗണന നല്‍കേണ്ടത്. സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടതും ഈ രംഗത്തുതന്നെ. ഗുരുതരമായ അവസ്ഥയിലേക്കാണ് രാജ്യം നീങ്ങുന്നതെന്നാണ് കാര്‍ഷികവിദഗ്ധര്‍ പറയുന്നത്. രാജ്യത്തെ 626 ജില്ലയില്‍ 252 എണ്ണവും വരള്‍ച്ചബാധിതമായി പ്രഖ്യാപിച്ചു. മൂന്നിലൊന്ന് ജില്ലകള്‍ കടുത്ത വരള്‍ച്ചയുടെ പിടിയിലെന്നര്‍ഥം. ഈ ജില്ലകള്‍ പലവിധ കാര്‍ഷികോല്‍പ്പന്നങ്ങളുടെ കലവറയാണെന്നത് മറ്റൊരു യാഥാര്‍ഥ്യം. ആന്ധ്ര, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങള്‍ കൊടും വരള്‍ച്ചയുടെ പിടിയില്‍. ബംഗാളിന്റെ ഒരുഭാഗം വരള്‍ച്ചയുടെയും മറ്റ് ചില ഭാഗങ്ങള്‍ പെട്ടെന്നുണ്ടായ പ്രളയത്തിന്റെയും കെടുതികള്‍ അനുഭവിക്കുകയാണ്. ബിഹാറിന്റെ അവസ്ഥയും സമാനം. ചുരുക്കത്തില്‍ രാജ്യത്തെമ്പാടും കര്‍ഷകര്‍ ദുരിതക്കയത്തിലാണ്.

ആസിയന്‍ സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പിട്ട് കേരളത്തിലെ കര്‍ഷകരെയും വന്‍ അപകടത്തിലേക്ക് സര്‍ക്കാര്‍ തള്ളിവിട്ടുകഴിഞ്ഞു. കര്‍ഷകദുരിതങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് പരിമിതിയുണ്ട്. കേന്ദ്രസര്‍ക്കാരിനാണ് കടാശ്വാസംപോലുള്ള വിപുലമായ പദ്ധതികള്‍ കൊണ്ടുവരാനാകുക. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് വിദര്‍ഭയിലും ആന്ധ്രയിലുമൊക്കെ കര്‍ഷക ആത്മഹത്യ പെരുകിയപ്പോഴാണ് കാര്‍ഷിക കടാശ്വാസ പദ്ധതിയും പ്രത്യേക കാര്‍ഷിക പാക്കേജുകളും സര്‍ക്കാര്‍ കൊണ്ടുവന്നത്. എന്നാല്‍, പദ്ധതി ആശ്വാസമായില്ലെന്ന് തുറന്നുകാട്ടുന്നതാണ് വിദര്‍ഭയിലെയും ആന്ധ്രയിലെയും പുതിയ കര്‍ഷക ആത്മഹത്യകള്‍. സ്വാതന്ത്ര്യദിനത്തില്‍ വിദര്‍ഭയില്‍ അഞ്ച് കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി കര്‍ഷകസ്നേഹത്തെക്കുറിച്ച് വാചാലനാകുമ്പോള്‍ വിദര്‍ഭയിലെ പാടങ്ങളില്‍ കര്‍ഷകര്‍ കീടനാശിനി കുടിച്ച് ജീവിതം അവസാനിപ്പിക്കുകയായിരുന്നു.

യുപിഎ സര്‍ക്കാര്‍ നൂറുദിവസം പിന്നിടുമ്പോള്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം നൂറിലേറെ. വിദര്‍ഭയില്‍ മാത്രം കഴിഞ്ഞ മൂന്നുമാസത്തിനിടയില്‍ അമ്പതിലേറെ കര്‍ഷകര്‍ ജീവനൊടുക്കി. ആന്ധ്രയില്‍ കഴിഞ്ഞ ആറാഴ്ചയ്ക്കിടെ മുപ്പത് കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായാണ് സര്‍ക്കാര്‍ കണക്ക്. യഥാര്‍ഥ സംഖ്യ നൂറിലേറെ വരുമെന്ന് പ്രതിപക്ഷ പാര്‍ടികള്‍ പറയുന്നു. കര്‍ണാടകത്തില്‍ കഴിഞ്ഞ അഞ്ചുമാസം എപത് കര്‍ഷകര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്.

എന്നാല്‍, ഈ നടുക്കുന്ന സംഭവങ്ങളൊന്നും ജനങ്ങളില്‍ എത്തുന്നില്ല. ഒരു യുവ വ്യവസായിയുടെ മരണത്തിന് പിന്നാലെ കേരളത്തിലെ മാധ്യമങ്ങള്‍ പായുമ്പോള്‍ ദേശീയമാധ്യമങ്ങള്‍ക്ക് ബിജെപിയിലെ ആഭ്യന്തരകലാപവും വിശ്വസുന്ദരി മത്സരവുമൊക്കെയാണ് പ്രിയം. കര്‍ഷക ആത്മഹത്യകള്‍ രൂക്ഷമായിട്ടും കേന്ദ്രം ചെറുവിരല്‍ പോലുമനക്കിയിട്ടില്ല. സംസ്ഥാനങ്ങള്‍ക്കാണ് ഉത്തരവാദിത്തമെന്നാണ് കേന്ദ്രനിലപാട്. തൊഴിലുറപ്പ് പദ്ധതിയുടെ കുറഞ്ഞ തൊഴില്‍ദിനങ്ങള്‍ ഇരുനൂറാക്കണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം കേന്ദ്രം തള്ളി.

കര്‍ഷകര്‍ക്ക് ആശ്വാസമെത്തിക്കുന്നതിന് നടപടിയൊന്നുമെടുക്കാത്ത കേന്ദ്രസര്‍ക്കാര്‍ ഒരുവര്‍ഷത്തിനിടെ നികുതിയിനത്തിലും മറ്റും കോര്‍പറേറ്റുകള്‍ക്ക് 68914 കോടി രൂപയാണ് ഇളവ് നല്‍കിയത്. എന്നാല്‍, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് നീക്കിവച്ചത് 39000 കോടി മാത്രം. കാര്‍ഷിക കടാശ്വാസ പദ്ധതിക്കായി നീക്കിവച്ചതിന്റെ ഏഴിരട്ടിയാണ് കഴിഞ്ഞ രണ്ടുവര്‍ഷം കോര്‍പറേറ്റുകള്‍ക്ക് നല്‍കിയ നികുതി ഇളവ്. കാര്‍ഷികമേഖല ഗുരുതര പ്രതിസന്ധിയിലേക്ക് എടുത്തെറിയപ്പെട്ടിട്ടും ഉറക്കംനടിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിന് താല്‍പ്പര്യം അംബാനിമാരുടെ തര്‍ക്കം പരിഹരിക്കുന്നതിലും വ്യോമയാന കമ്പനികളുടെ പ്രതിസന്ധി തീര്‍ക്കുന്നതിലുമാണ്.

കാര്‍ഷികത്തകര്‍ച്ചയ്ക്കൊപ്പം വിലക്കയറ്റവും ജനങ്ങളുടെ നടുവൊടിക്കുന്നു. തുവരപ്പരിപ്പിന് വില നൂറുരൂപയിലേക്ക് അടുക്കുകയാണ്. 2004ല്‍ യുപിഎ ആദ്യം അധികാരത്തില്‍ വരുമ്പോള്‍ കിലോയ്ക്ക് 34 രൂപയായിരുന്നു വില. വര്‍ധന ഇരുനൂറ് ശതമാനത്തോളം. അരിവിലയില്‍ അമ്പത് ശതമാനമാണ് വര്‍ധിച്ചത്. ഗോതമ്പ് വില 60 ശതമാനം കൂടി. പഞ്ചസാരവില ഇരട്ടിയായി. മത്സ്യമാംസങ്ങളുടെ സ്ഥിതിയും മറിച്ചല്ല. പാര്‍ലമെന്റില്‍ വിലക്കയറ്റത്തെക്കുറിച്ച് ചര്‍ച്ച നടക്കുമ്പോള്‍ മന്ത്രി ചിദംബരം സ്ഥിരമായി പറഞ്ഞത് ഇത് താല്‍ക്കാലിക പ്രതിഭാസമാണെന്നാണ്. ഉല്‍പ്പാദനം മെച്ചപ്പെടുമ്പോള്‍ വിലയും കുറയും. ഇപ്പോഴത്തെ വിലക്കയറ്റം അടുത്തവര്‍ഷം ഉണ്ടാവില്ല എന്നൊക്കെയായിരുന്നു വാദം. എന്നാല്‍, ചിദംബരം അവകാശപ്പെട്ടതിന് വിരുദ്ധമായി ഓരോവര്‍ഷവും വിലക്കയറ്റം രൂക്ഷമാകുകയാണ്. വരള്‍ച്ച രൂക്ഷമായതിനാല്‍ അരി, പഞ്ചസാര തുടങ്ങി പല അവശ്യവസ്തുക്കള്‍ക്കും വില ഇനിയും കൂടും. വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ നിസ്സംഗാവസ്ഥ തുടരുകയാണ്.

പൊതുവിതരണശൃംഖല നേരത്തേതന്നെ സര്‍ക്കാര്‍ തകര്‍ത്തു. വിലക്കയറ്റത്തിന് മുഖ്യകാരണങ്ങളിലൊന്നായ ഊഹക്കച്ചവടം അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്ന് ഇടതുപക്ഷം നിരന്തരം ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ വഴങ്ങിയില്ല. ഇപ്പോള്‍ ഇറക്കുമതിയെ മാത്രം ആശ്രയിച്ച് ഭക്ഷ്യക്ഷാമം പരിഹരിക്കാനാണ് ശ്രമം. എന്നാല്‍, ഇറക്കുമതി ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന വിലയായതിനാല്‍ സാധാരണക്കാര്‍ക്ക് ആശ്വാസമുണ്ടാവില്ല.
(എം പ്രശാന്ത്)

കടപ്പാട്: ദേശാഭിമാനി 30 ആഗസ്റ്റ് 2009

Saturday, August 29, 2009

ഗോര്‍ക്കിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന ബൂര്‍ഷ്വാ പത്രങ്ങളിലെ കെട്ടുകഥ

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബൂര്‍ഷ്വാ വര്‍ത്തമാനപ്പത്രങ്ങള്‍ ഏറ്റവും സംഭ്രമജനകമായ ഒരു വാര്‍ത്താശകലത്തിന്റെ പേരില്‍ ഒച്ചപ്പാടുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്: സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നും ഗോര്‍ക്കിയെ പുറത്താക്കിയെന്ന വാര്‍ത്ത. ഫ്രാന്‍സിലെ എല്‍ എക്ലയര്‍, ലെ റാഡിക്കല്‍, ജര്‍മ്മനിയിലെ ബര്‍ലിനര്‍ ടാഗെബ്ലാറ്റ്, റഷ്യയിലെ അള്‍ട്രോ റോസി, റെച്ച്, റുസ്കൊയെ സ്ലോവോ, നോവോയെവ്രമ്യ എന്നീ പത്രങ്ങള്‍ ഇതില്‍ പെടുന്നു. ഈ വിവരം കെട്ട റിപ്പോര്‍ട്ടിന്റെ ഒരു നിഷേധം വോര്‍വാര്‍ട്സ് ഇതിനകം തന്നെ പ്രസിദ്ധീകരിക്കുകയുണ്ടായി. പ്രോലത്താരിയുടെ പത്രാധിപസമിതി പല പത്രങ്ങള്‍ക്കും നിഷേധക്കുറിപ്പ് അയച്ചുവെങ്കിലും ബൂര്‍ഷ്വാ പത്രലോകം അത് അവഗണിക്കുകയും ഈ അപവാദം പെരുപ്പിച്ചുകൊണ്ടിരിക്കുകയുമാണ്.

അതെങ്ങനെ ആരംഭിച്ചു എന്ന് കാണാന്‍ വിഷമമില്ല. ഒരു വാക്കിന് ഒരു പൈസ വീതം പ്രതിഫലം പറ്റുന്ന ഏതോ കൂലിയെഴുത്തുകാരന്‍ “ഒട്ട്സോവിസ”*ത്തെയും “ദൈവസൃഷ്ടി”**യെയും സംബന്ധിച്ച് പാര്‍ട്ടിക്കുള്ളിലെ അഭിപ്രായവ്യത്യാസത്തെപ്പറ്റി അടക്കം പറച്ചില്‍ യാദൃച്ഛയാ കേള്‍ക്കുകയുണ്ടായി. ( ഈ പ്രശ്നം ഏതാണ്ടൊരു കൊല്ലക്കാലമായി പരസ്യമായി പാര്‍ട്ടിയില്‍ സാമാന്യമായും, “പ്രോലത്താരി”***യില്‍ വിശേഷിച്ചും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്.) പക്ഷേ, അയാള്‍ തനിക്ക് ലഭിച്ച വിവരശകലങ്ങള്‍ കൂട്ടിത്തുന്നുന്നതില്‍ ഏറ്റവും നീചമായ ഒരു കൂട്ടിക്കുഴയ്ക്കല്‍ നടത്തുകയും സാങ്കല്‍പ്പികമായ “അഭിമുഖസംഭാഷണങ്ങ“ളില്‍ നിന്നും മറ്റും “നല്ലൊരു സംഖ്യ” സമ്പാദിക്കുകയും ചെയ്തു.

ഈ അപവാദപ്രചരണത്തിന്റെ ലക്ഷ്യം അത്ര തന്നെ വ്യക്തമാണ്. ഗോര്‍ക്കി സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി വിടണമെന്ന് ബൂര്‍ഷ്വാ പാര്‍ട്ടികള്‍ ആഗ്രഹിക്കുന്നു. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ ആളിക്കത്തിക്കുവാനും അവയെ സംബന്ധിച്ച് വികൃതമാക്കപ്പെട്ട ഒരു ചിത്രം നല്‍കുവാനും ബൂര്‍ഷ്വാ പത്രലോകം അവരാലാവുന്നതെല്ലാം ചെയ്യുന്നുണ്ട്.

അവരുടെ അധ്വാനം വിഫലമാണ്. അവയ്ക്കെല്ലാം അങ്ങേയറ്റം അവജ്ഞയോടു കൂടി മാത്രം മറുപടി പറയത്തക്കവിധം സഖാവ് ഗോര്‍ക്കി തന്റെ മഹത്തായ കലാസൃഷ്ടികളിലൂടെ റഷ്യയിലും ലോകത്തെങ്ങുമുള്ള തൊഴിലാളി പ്രസ്ഥാനവുമായി അത്യന്തം ഗാഢമായി സ്വയം ബന്ധപ്പെട്ടിരിക്കുന്നു.

പ്രോലത്തിരി, ലക്കം 50
നവംബര്‍ 28(ഡിസംബര്‍ 11), 1909

*

* ഒട്ട്സോവിസം - തിരികെ വിളിക്കുക എന്നര്‍ത്ഥമുള്ള “ഒട്ട്സോവാട്” എന്ന റഷ്യന്‍ വാക്കില്‍ നിന്ന്. പിന്തിരിപ്പത്വത്തിന്റെ കാലഘട്ടത്തില്‍ നിയമവിധേയ പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിക്കണമെന്നും, മൂന്നാം ഡ്യൂമയില്‍ നിന്ന് സോഷ്യല്‍ ഡെമോക്രാറ്റിക് ലേബര്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടു. “ഒട്ട്സോവിസ്റ്റുകള്‍” എന്നാണ് അവര്‍ അറിയപ്പെട്ടത്. അവരുടെ സിദ്ധാന്തം “ഒട്ട്സോവിസം”.

** ദൈവസൃഷ്ടി - സ്ലോളിപ്പന്‍ പിന്തിരിപ്പത്വത്തിന്റെ കാലത്ത് ഉടലെടുത്ത ഒരു മാര്‍ക്സിസ്റ്റ് വിരുദ്ധ മതപര തത്വശാസ്ത്രപ്രവണത. 1905-07 ലെ വിപ്ലവത്തിന്റെ പരാജയത്തെ തുടര്‍ന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം ബുദ്ധിജീവികള്‍ മാര്‍ക്സിസം ഉപേക്ഷിക്കുകയും ഒരു പുതിയ ‘“സോഷ്യലിസ്റ്റ്” മതം സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

*** പ്രോലത്താരി (Proletari) - റഷ്യന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് ലേബര്‍ പാര്‍ട്ടിയുടെ നാലാം (ഐക്യ) കോണ്‍ഗ്രസിനു ശേഷം ബോള്‍ഷെവിക്കുകള്‍ സ്ഥാപിച്ച ഒരു നിയമവിരുദ്ധ വര്‍ത്തമാനപ്പത്രം. 1906ല്‍ പ്രസിദ്ധീകരണമാരംഭിച്ചു.

കടപ്പാട്: മാര്‍ക്സിസ്റ്റ് സംവാദം

അഹമ്മദ് രാജി വച്ചേ തീരൂ

ഇസ്ളാം വിശ്വാസികള്‍ക്ക് ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട മതപരമായ ചടങ്ങാണ് ഹജ്ജ് കര്‍മം. ഖുര്‍ആനും പ്രവാചകചര്യയും നിര്‍ദേശിക്കുംപടി ദുല്‍ഹജ്ജ് മാസം എട്ടുമുതല്‍ 12 വരെ മുസ്ളിങ്ങള്‍ മക്കയിലേക്ക് നടത്തുന്ന തീര്‍ഥാടനവും കര്‍മങ്ങളുമാണ് ഹജ്ജ്. ലോകത്തിലെ ഏറ്റവും വലിയ തീര്‍ഥാടനമാണത്. ഇസ്ളാം മതവിശ്വാസികളുടെ ഐക്യത്തിന്റെയും അള്ളാഹുവിലുള്ള കീഴ്പ്പെടലിന്റെയും പ്രതീകമായി മതിക്കപ്പെടുന്ന ഹജ്ജ് കര്‍മം കഴിവും സമ്പത്തുമുള്ള ഓരോ മുസ്ളിമും ജീവിതത്തില്‍ ഒരിക്കലെങ്കിലും ചെയ്തിരിക്കണമെന്നാണ് വിശ്വാസികള്‍ ആഗ്രഹിക്കുന്നത്. മതത്തിന്റെയും വിശ്വാസത്തിന്റെയും വിശുദ്ധമായ ഭാഗമായി കരുതപ്പെടുന്ന അത്തരമൊരു അനുഷ്ഠാനത്തിന്റെ മറവില്‍ അഴിമതി നടത്തുക; അതിന്റെ നേതൃത്വം നാഴികയ്ക്ക് നാല്‍പതുവട്ടം മത-വിശ്വാസങ്ങളെ പ്രകീര്‍ത്തിക്കുന്ന രാഷ്ട്രീയ കക്ഷിയുടെ സമുന്നത നേതാവിനാവുക; കേന്ദ്ര മന്ത്രിസ്ഥാനത്തിരിക്കുന്ന ആ നേതാവിനെതിരെ അന്വേഷണം നടത്താന്‍ മന്ത്രിസഭയിലെ സഹപ്രവര്‍ത്തകര്‍തന്നെ തീരുമാനിക്കുക-അത്യന്തം സങ്കീര്‍ണമായ സ്ഥിതിയാണുണ്ടായിരിക്കുന്നത്.

ഹജ്ജ് ക്വോട്ട അഴിമതിയില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചതും അതിനായി ചര്‍ച്ചകള്‍ നടത്തുന്നതും വിദേശ മന്ത്രി എസ് എം കൃഷ്ണയാണ്. വിദേശ സഹമന്ത്രി ശശി തരൂര്‍ ആ വാര്‍ത്തയ്ക്ക് സ്ഥിരീകരണവും നല്‍കിയിരിക്കുന്നു. പ്രഥമദൃഷ്ട്യാ കേസുണ്ടെന്നു കണ്ടാണ് ജുഡീഷ്യല്‍ അന്വേഷണത്തിന് തീരുമാനിച്ചത്. കേന്ദ്ര സഹമന്ത്രി ഇ അഹമ്മദ് പ്രാഥമികമായി കുറ്റവാളിയാണെന്ന് കണ്ടെത്തിക്കഴിഞ്ഞു എന്നര്‍ഥം. അഹമ്മദിന് ഒരു നിമിഷംപോലും മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നാണ് ഇതില്‍ തെളിയുന്നത്. മന്ത്രിസഭയിലെ ഒരംഗത്തിനെതിരെ മറ്റൊരു മന്ത്രി അന്വേഷണം നടത്തുമെന്ന് പറയുന്നത് അത്യപൂര്‍വമായ സംഭവമാണ്.

സ്വകാര്യ ഏജന്‍സികള്‍ക്ക് നല്‍കുന്ന ഹജ്ജ് സീറ്റിലെ തിരിമറിയാണ് പുറത്തുവന്നത്. 47,000 സീറ്റ് സ്വകാര്യ ഏജന്‍സികള്‍ക്കു നല്‍കി തിരിമറി നടത്തിയെന്നാണ് പരാതി. സ്വകാര്യ ഏജന്‍സികള്‍ക്ക് വര്‍ഷം ശരാശരി 155 സീറ്റാണ് നല്‍കുന്നത്. എന്നാല്‍, അഹമ്മദിന് ബന്ധമുള്ള അല്‍ഹിന്ദ് ട്രാവല്‍സിന് 1700 സീറ്റ് അനുവദിച്ചു. ഒട്ടേറെ ക്രമക്കേട് ഇതിനു പിന്നില്‍ നടന്നു. അല്‍ഹിന്ദ് ഹജ്ജ് തീര്‍ഥാടകരില്‍നിന്ന് അര ലക്ഷം രൂപവരെ കൂടുതല്‍ ഈടാക്കിയെന്നാണ് പരാതി. അഴിമതിയെക്കുറിച്ച് സുപ്രീംകോടതി ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കുമെന്നാണ് വിദേശമന്ത്രാലയം വ്യക്തമാക്കിയത്. ഹജ്ജ് ക്വോട്ട വീതിച്ചതിലെ അഴിമതിയെയും ക്രമക്കേടുകളെയുംകുറിച്ച് സുപ്രീംകോടതിയിലെ റിട്ട. ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കുമെന്നും രാജ്യസഭ ഉപാധ്യക്ഷന്‍ റഹ്മാന്‍ ഖാനെ അന്വേഷണത്തില്‍ സഹകരിപ്പിക്കുമെന്നുമാണ് എസ്എം കൃഷ്ണ വിശദീകരിച്ചത്. ജഡ്ജിയാരാണെന്ന് നിശ്ചയിക്കുതിന് അറ്റോര്‍ണി ജനറല്‍ ജി എന്‍ വഹന്‍വതിയുമായി കൃഷ്ണ വ്യാഴാഴ്ച ചര്‍ച്ച നടത്തുകയുമുണ്ടായി.

തികഞ്ഞ സ്വജനപക്ഷപാതവും ക്രമക്കേടുമാണ് ഹജ്ജ് ക്വോട്ട അനുവദിക്കുന്ന കാര്യത്തില്‍ മന്ത്രി കാട്ടിയത്. അഴിമതി ആരോപണം ഉയര്‍ന്ന ഘട്ടത്തില്‍ത്തന്നെ മന്ത്രിമാര്‍ രാജിവച്ചൊഴിയുന്നതാണ് കീഴ്വഴക്കം. വോള്‍ക്കര്‍ റിപ്പോര്‍ട്ടില്‍ പേര് പരാമര്‍ശിക്കപ്പെട്ടതിനെ തുടര്‍ന്നാണ് വിദേശമന്ത്രി നട്‌വര്‍സിങ്ങിനെ യുപിഎ സര്‍ക്കാര്‍ മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കിയത്. സിഖ് വിരുദ്ധകലാപക്കേസില്‍ പ്രതിയാക്കപ്പെട്ട ജഗദീഷ് ടൈറ്റ്ലറെയും മറ്റൊരുകേസില്‍ ഷിബുസൊറനെയും മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കിയിരുന്നു. ആ മാനദണ്ഡങ്ങള്‍ അഹമ്മദിനും ബാധകമാണ്. ഇ അഹമ്മദ് വിദേശ സഹമന്ത്രിയായിരിക്കെ സ്വകാര്യ ഹജ്ജ് ഗ്രൂപ്പിലൂടെ കോടികള്‍ വെട്ടിച്ചതിനുപുറമെ സര്‍ക്കാര്‍ ഹജ്ജ് സീറ്റിലും തിരിമറി നടത്തിയതായി വാര്‍ത്ത വന്നിട്ടുണ്ട്. ഹജ്ജ് സെല്ലിന്റെ ഗവമെന്റ് ക്വോട്ടയിലും സൌദി സര്‍ക്കാര്‍ അനുവദിച്ച സ്പെഷ്യല്‍ ക്വോട്ടയിലുമായി ലഭിച്ച 17,000 സീറ്റാണ് അങ്ങനെ തിരിമറി നടത്തിയത്. സ്പെഷ്യല്‍ ക്വോട്ടയുടെ മറവില്‍ സീറ്റ് വന്‍തോതില്‍ വിറ്റ് കാശുമാറി. 20,000 മുതല്‍ 30,000 രൂപവരെ ഒരു സീറ്റിന് കമീഷന്‍. വാങ്ങിയായിരുന്നു വില്‍പ്പന. ശരാശരി 20,000 രൂപ കൂട്ടിയാല്‍ ചുരുങ്ങിയത് 34 കോടി രൂപയെങ്കിലും ഇങ്ങനെ അടിച്ചുമാറ്റിയിട്ടുണ്ട്.

കഴിഞ്ഞ സീസണില്‍ ഇന്ത്യയില്‍ 2,76,000 പേര്‍ ഹജ്ജ് കമ്മിറ്റികള്‍ മുഖേന രജിസ്റ്റര്‍ ചെയ്തപ്പോള്‍ ലഭിച്ച ക്വോട്ട 1,57,000 ആണ്. ഇതില്‍ 47,000 സ്വകാര്യ ഹജ്ജ് ഗ്രൂപ്പിന് നല്‍കി. ബാക്കി 1,10,000 എണ്ണത്തില്‍ 6000 എണ്ണം ഹജ്ജ് സെല്ലിന്റെ ചുമതലയുള്ള കേന്ദ്ര വിദേശമന്ത്രാലയം പിടിച്ചുവച്ചു. ശേഷിക്കുന്ന 1,04,000 എണ്ണം സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ക്ക് മുസ്ളിം ജനസംഖ്യാനുപാതികമായി വീതിച്ചുനല്‍കി. കേരളത്തില്‍മാത്രം കഴിഞ്ഞവര്‍ഷത്തെ അപേക്ഷകരുടെ എണ്ണം 29,072 ആയിരുന്നു. ലഭിച്ച ക്വോട്ട 7800 മാത്രം. 21,272 പേര്‍ വെയ്റ്റിങ് ലിസ്റ്റിലായി. ഇത്രയേറെ പേര്‍ വെയ്റ്റിങ് ലിസ്റ്റിലിരിക്കെയാണ് സൌദി ഗവമെന്റ് ഇന്ത്യക്ക് 13000 സീറ്റ് കൂടുതലായി അനുവദിച്ചത്. ഇതില്‍ 2000 മാത്രമാണ് സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് നല്‍കിയത്. വിശ്വാസികളുടെ ഹജ്ജ് തീര്‍ഥാടനമോഹം മുതലെടുത്താണ് മുസ്ളിം ലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഈ പകല്‍ക്കൊള്ള നടന്നത്.

കോണ്‍ഗ്രസിന്റെ അത്യുന്നതങ്ങളില്‍ സ്വാധീനംചെലുത്തി ജുഡീഷ്യല്‍ അന്വേഷണം ഒഴിവാക്കാനുള്ള തിരക്കിട്ട നീക്കത്തിലാണിപ്പോള്‍ അഹമ്മദും കൂട്ടരും. ഹജ്ജ് അഴിമതി മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. അധികാരം ഉപയോഗിച്ച് കാട്ടിക്കൂട്ടുന്ന അഴിമതിയുടെയും ക്രമക്കേടുകളുടെയും ചെറിയൊരംശംമാത്രം. പ്രമുഖ ചാനല്‍ ഈ വാര്‍ത്ത പുറത്തുകൊണ്ടുവന്നതിനെത്തുടര്‍ന്നാണ് എസ് എം കൃഷ്ണയ്ക്ക് ഇതില്‍ ഇടപെടേണ്ടിവന്നത്.

ഖേദകരമെന്നുപറയട്ടെ, തെളിവുസഹിതം കൂറ്റന്‍ അഴിമതി പുറത്തുവന്നപ്പോള്‍ അതേക്കുറിച്ച് ഒരക്ഷരം ഉരിയാടാന്‍ കേരളത്തിലെ മുഖ്യമാധ്യമങ്ങള്‍ തയ്യാറായി കാണുന്നില്ല. യുഡിഎഫിന്റെയും മുസ്ളിം ലീഗിന്റെയും ചെരുപ്പുനക്കികളായി 'അഴിമതി വിരുദ്ധ മാധ്യമങ്ങള്‍' മാറുന്ന നാണംകെട്ട കാഴ്ചയാണ് തെളിയുന്നത്. ഹജ്ജ് ക്വോട്ട അഴിമതിയുടെ പേരില്‍ മുസ്ളിം ലീഗിനെ പിണക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് താല്‍പ്പര്യമില്ല. ലീഗില്ലെങ്കില്‍ യുഡിഎഫ് തന്നെ ഉണ്ടാകില്ല എന്ന ഭീതിയാണവരെ നയിക്കുന്നത്. അതുകൊണ്ട്, അഹമ്മദ് അഴിമതി നടത്തിയാലും അത് രാജ്യത്തെ ഇസ്ളാം വിശ്വാസികളുടെ നെഞ്ചത്ത് ചവിട്ടിയിട്ടായാലും കോണ്‍ഗ്രസില്‍നിന്ന് ഒരു പ്രതികരണവുമുണ്ടാകില്ല. ആ കോണ്‍ഗ്രസിന്റെ മാനസികാവസ്ഥയില്‍നിന്ന് ഒട്ടും ഉയരത്തിലല്ല ഇന്നാട്ടിലെ മാധ്യമ പോരാളികളുടെ അളിഞ്ഞ മനഃസ്ഥിതിയും. അല്‍പ്പം ആത്മാഭിമാനം ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തുണ്ടെങ്കില്‍, ഈ മൌനിമാധ്യമങ്ങള്‍ എന്നേ പണി ഉപേക്ഷിച്ചേനേ.

വിശ്വാസികളെ വഞ്ചിക്കലും വിശ്വാസം മുതലെടുത്ത് പകല്‍ക്കൊള്ള നടത്തലുമാണ് അഹമ്മദിനുമേല്‍ നിലനില്‍ക്കുന്ന കുറ്റം. രാഷ്ട്രീയ ഉപജാപങ്ങളിലൂടെ തീര്‍ക്കാവുന്നതല്ല അത്. ജുഡീഷ്യല്‍ അന്വേഷണം നടത്തണം-കുറ്റവാളികളെ തുറുങ്കിലടയ്ക്കണം. അന്വേഷണത്തില്‍ സഹകരിച്ച് അഹമ്മദ് രാജിവയ്ക്കുകയും വേണം. അത് ഇന്നാട്ടില്‍ ജനാധിപത്യം നിലനില്‍ക്കേണ്ടതിന്റെ ഉപാധികൂടിയാണ്.

ദേശാഭിമാനി മുഖപ്രസംഗം 29 ആ‍ഗസ്റ്റ് 2009

Friday, August 28, 2009

പോള്‍ വധവും മാധ്യമങ്ങളും

മുത്തൂറ്റ് എന്ന പണമിടപാട് സ്ഥാപനം കേരളത്തില്‍ സുപരിചിതമാണ്. ആ പേരില്‍ മറ്റനേകം വാണിജ്യ സംരംഭങ്ങള്‍ നല്ലനിലയ്ക്ക് നടക്കുന്നുണ്ട്. സംസ്ഥാനത്തെ ഏറ്റവും സമ്പന്നമായ ബിസിനസ് ഗ്രൂപ്പുകളിലൊന്നായ മുത്തൂറ്റ് കുടുംബത്തിലെ ഇളംതലമുറയില്‍പെട്ട; സ്വന്തമായി വന്‍ബിസിനസ് നടത്തുന്നയാളാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട മുത്തൂറ്റ് പോള്‍ ജോര്‍ജ്. ആലപ്പുഴ-ചങ്ങനാശേരി റോഡിലൂടെ യാത്രചെയ്യവെ അര്‍ധരാത്രിക്കുശേഷം ദുരൂഹ സാഹചര്യത്തില്‍ ആ യുവാവ് കൊല്ലപ്പെട്ടതിനെക്കുറിച്ചുള്ള വാര്‍ത്തകളും വിവാദങ്ങളും വലിയ തോതില്‍ തുടരുകയാണ്. എന്തും വിവാദമാക്കാനും തങ്ങള്‍ക്ക് ഹിതകരമാംവിധം തിരിച്ചുവിടാനും പ്രത്യേക സിദ്ധിയാര്‍ജിച്ച മാധ്യമങ്ങള്‍ക്ക് മുന്‍തൂക്കമുള്ള സംസ്ഥാനമെന്ന നിലയില്‍ കേരളത്തിന്റെ ഏറ്റവും ഗൌരവമുള്ളതും സാര്‍വത്രികമായതുമായ ചര്‍ച്ചാവിഷയമായിത്തന്നെ ആ കൊലപാതകവും അനുബന്ധ കാര്യങ്ങളും മാറിയിരിക്കുന്നു. കൊല്ലപ്പെട്ടയാളുടെ പശ്ചാത്തലമോ കൊലനടന്ന സാഹചര്യങ്ങളോ പൊലീസ് അന്വേഷിച്ച് കണ്ടെത്തിയ വിവരങ്ങളോ കണക്കിലെടുക്കാതെ സാങ്കല്‍പ്പിക വാര്‍ത്തകള്‍ കെട്ടിച്ചമയ്ക്കുന്നതിലേക്കും കേസിനെ രാഷ്ട്രീയ ലക്ഷ്യത്തിനായി വഴിതിരിച്ചുവിടുന്നതിലേക്കും എത്തുകയാണ് മാധ്യമ ഇടപെടലുകള്‍.

സംഭവം നടന്ന് ഇരുപത്തിനാലുമണിക്കൂറിനകം കൊലപാതകികളെ കണ്ടെത്തി പിടികൂടുകയും കൊലയ്ക്കു കാരണമായ ഘടകങ്ങള്‍ തെളിവുസഹിതം പുറത്തുകൊണ്ടുവരികയും ചെയ്ത് അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനമാണ് ഇക്കാര്യത്തില്‍ പൊലീസ് നടത്തിയിട്ടുള്ളത്. അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഐജി പത്രസമ്മേളനം വിളിച്ച്, അതുവരെ പൊലീസ് മനസിലാക്കിയ കാര്യങ്ങള്‍ വിശദീകരിച്ചു. മാധ്യമ പ്രവര്‍ത്തകരുടെ തലങ്ങും വിലങ്ങുമുള്ള ചോദ്യങ്ങള്‍ക്ക് വിശദമായി ഉത്തരം നല്‍കി. പൊലീസിന് പ്രാഥമികമായി ലഭിച്ച വിവരങ്ങളാണ് പറയുന്നതെന്നും ഗൂഢാലോചനയെക്കുറിച്ചും മറ്റു ദുരൂഹതകളെക്കുറിച്ചും അന്വേഷണം തുടരുമെന്നും ഐജി വ്യക്തമാക്കുകയുണ്ടായി. പൊലീസ് അതിവേഗം അതീവ ജാഗ്രതയോടെ അന്വേഷിച്ച് തെളിയിച്ച കേസ് എന്ന നിലയില്‍ കാണുന്നതിനുപകരം പൊലീസിന്റെ പ്രവര്‍ത്തനത്തില്‍ ദുരര്‍ഥങ്ങള്‍ ആരോപിച്ച് പുതിയ വിവാദങ്ങള്‍ സൃഷ്ടിക്കാനും അന്വേഷണത്തിന്റെ വിശ്വാസ്യത തകര്‍ക്കാനും തങ്ങള്‍ നിശ്ചയിക്കുന്നവരെയാണ് പിടികൂടേണ്ടതും പ്രതിയാക്കേണ്ടതും എന്ന നിര്‍ബന്ധം അടിച്ചേല്‍പ്പിക്കാനുമുള്ള മാധ്യമങ്ങളുടെ വെപ്രാളമാണ് പിന്നീടുള്ള നാളുകളില്‍ കാണുന്നത്. അന്വേഷിച്ച് സത്യം കണ്ടെത്താനല്ല, അന്വേഷണത്തിലേക്ക് സിപിഐ എമ്മിനെയും ആഭ്യന്തരമന്ത്രിയുടെ ഓഫീസിനെയും വലിച്ചിഴയ്ക്കാനുള്ള കുടിലനീക്കമാണുണ്ടാകുന്നത്. അതാകട്ടെ, യൂത്ത് കോണ്‍ഗ്രസിന്റെയും യൂത്ത് ലീഗിന്റെയും ബിജെപിയുടെയും മറ്റും പ്രതികരണങ്ങള്‍ക്ക് ചുവടൊപ്പിച്ചുള്ളതുമാണ്.

ഈ പ്രതികരണങ്ങളില്‍ പറഞ്ഞതും മാധ്യമങ്ങള്‍ ആവര്‍ത്തിച്ചതുമായ ഒരുകാര്യം, പോള്‍ ആക്രമിക്കപ്പെട്ടശേഷം കൂടെയുണ്ടായിരുന്നവര്‍ രക്ഷപ്പെട്ട കാര്‍ ആഭ്യന്തരമന്ത്രിയുടെ ഓഫീസ് ഇടപെട്ട് വിട്ടുകൊടുത്തു എന്നാണ്. യഥാര്‍ഥത്തില്‍ കാര്‍ ആര്‍ക്കും വിട്ടുകൊടുത്തിട്ടില്ല എന്നും അത് ഇപ്പോഴും പൊലീസ് കസ്റ്റഡിയില്‍ തന്നെയാണുള്ളതെന്നും ഈ മാധ്യമങ്ങള്‍ക്കാകെ അറിയാം. അപകടത്തില്‍പെട്ട കാര്‍ എന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിച്ച് കടത്തിക്കൊണ്ടുപോകാന്‍ ശ്രമം നടന്നിരുന്നു. പരിക്കേറ്റ് പിടിയിലായ മനു എന്ന യുവാവ് തെറ്റിദ്ധരിപ്പിക്കുന്ന മൊഴി നല്‍കിയതിനാല്‍ കാര്‍ 'എന്‍ഡേവറാ'ണോ 'ഇന്‍വേഡറാ' ണോ എന്ന സംശയവും നിലനിന്നു. കാര്‍ ഇറക്കിക്കൊണ്ടുപോകാനെത്തിയവരുടെ മുഴുവന്‍ വിവരവും ശേഖരിച്ച്, അത് ഉറപ്പുവരുത്തിയശേഷമാണ് അവരെ വിട്ടത്. ഒടുവില്‍ കാറിന്റെ യഥാര്‍ഥ വിവരം അറിഞ്ഞപ്പോള്‍ അവരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. എന്നിട്ടുമെങ്ങനെ, ആഭ്യന്തരമന്ത്രിയുടെ ഓഫീസും കാര്‍ വിട്ടുകൊടുത്തു എന്ന പച്ചക്കള്ളവും വിവാദങ്ങളില്‍ വരുന്നു?

കണിച്ചുകുളങ്ങര കൂട്ടക്കൊലക്കേസ് നമുക്കെല്ലാം ഓര്‍മയുണ്ട്. മൂന്നുപേരാണ് മരിച്ചത്. അതും പണമിടപാടുസ്ഥാപനവുമായി ബന്ധപ്പെട്ട കൊലപാതകം. നടത്തിയത് ക്വട്ടേഷന്‍സംഘം. നടന്നത് ആലപ്പുഴ ജില്ലയിലും. അന്ന് യുഡിഎഫാണ് ഭരണത്തില്‍. ദിവസങ്ങള്‍ കഴിഞ്ഞാണ് അത് ഒരു കൊലപാതകമാണെന്ന വിവരംപോലും പുറത്തറിഞ്ഞത്. ആ കേസിലെ പ്രധാന പ്രതികളെ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതിനുശേഷമാണ് പിടിച്ചത്. ആലപ്പുഴ ജില്ലയില്‍തന്നെ നടന്ന മറ്റൊരു സംഭവവും ഓര്‍ക്കേണ്ടതുണ്ട്-ചാക്കോവധം. അന്നും യുഡിഎഫാണ് ഭരണത്തില്‍. ഇന്നുവരെ പൊലീസിനറിയില്ല ആ കേസിലെ പ്രതി സുകുമാരക്കുറുപ്പ് എവിടെയുണ്ടെന്ന്.

ഇത്തരം കേസുകളുടെ അന്വേഷണത്തില്‍ എല്‍ഡിഎഫ്-യുഡിഎഫ് ഭരണങ്ങളിലെ വ്യത്യാസം ഈ അനുഭവങ്ങളില്‍ പ്രകടമാകുന്നുണ്ട്. ഇവിടെ, പോള്‍ വധക്കേസ് മണിക്കൂറുവച്ച് തെളിയിച്ചതാണ് 'കുറ്റ'മായിരിക്കുന്നത്. കൊല്ലപ്പെട്ട പോള്‍ ജോര്‍ജ് ഡല്‍ഹിയില്‍ മയക്കുമരുന്നുകേസില്‍ പിടിക്കപ്പെട്ടപ്പോള്‍ രക്ഷിക്കാനെത്തിയത് ഉയര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായിരുന്നു. അന്ന് മുത്തൂറ്റ് ഗ്രൂപ്പും ഉമ്മന്‍ചാണ്ടിയും തമ്മില്‍ നല്ല ബന്ധത്തിലുമായിരുന്നു. സംസ്ഥാനത്തെ വന്‍കിട മാധ്യമ ഗ്രൂപ്പുകള്‍ ഇപ്പോള്‍ ഈ കൊലപാതകക്കേസില്‍ കുത്തിവയ്ക്കാന്‍ നോക്കുന്ന വിഷത്തിനും അത്തരം രാഷ്ട്രീയ-ബിസിനസ് താല്‍പ്പര്യങ്ങളുണ്ടെന്നു കാണാന്‍ വിഷമമില്ല. പോള്‍ ജോര്‍ജ് എത്തരക്കാരനായിരുന്നുവെന്നും കൊലപാതകത്തിലേക്ക് നയിച്ചതില്‍ ആ യുവാവിന്റെ ജീവിതരീതി കാരണമാണോ എന്നും സംസ്ഥാനത്തെ കുപ്രസിദ്ധ ഗുണ്ടകളുമായി അയാള്‍ക്കുള്ള സഹവാസത്തിന്റെ കാരണമെന്തെന്നും എന്തുകൊണ്ടിവര്‍ അന്വേഷിക്കുന്നില്ല? ഗുണ്ടാത്തലവന്മാരെ പോള്‍ കൊണ്ടുനടന്നത് എന്തിനെന്നും അവര്‍ക്ക് കൊലപാതകവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നതില്‍ ആരും ഒരു തടസ്സവും ഉന്നയിച്ചിട്ടില്ല; അതിനുവേണ്ടി ഇടപെട്ടിട്ടുമില്ല. മാത്രമല്ല, ആ ഗുണ്ടകളെ പിടിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തിരിക്കുന്നു. അതിലൊരു ഗുണ്ട ഏതെങ്കിലും കാലത്ത് ചില രാഷ്ട്രീയ ചായ്‌വുകള്‍ പ്രകടിപ്പിച്ചിട്ടുണ്ടെന്നുവച്ച് അതിന്റെ പേരില്‍ അയാളെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന നിഗമനത്തിലെത്താനുള്ള യുക്തിയെന്തെന്ന് ഈ മാധ്യമങ്ങള്‍ വ്യക്തമാക്കേണ്ടതല്ലേ?

എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷമാണ് ഓംപ്രകാശ് എന്ന ക്രിമിനലിനെ ഗുണ്ടാലിസ്റ്റില്‍ പെടുത്തിയതും അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടതും. ആ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചിട്ടില്ല. അയാളെ സംരക്ഷിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ സര്‍ക്കാരിനുള്ള സവിശേഷാധികാരമുപയോഗിച്ച് അത് ചെയ്യുമായിരുന്നില്ലേ? രക്ഷപ്പെട്ട രണ്ട് ഗുണ്ടകളെ മാത്രമല്ല, കേസുമായി ബന്ധപ്പെട്ട എല്ലാവരെയും എത്രയും വേഗം പിടികൂടാനുള്ള വിപുലമായ ശ്രമമാണ് പൊലീസ് നടത്തുന്നത്. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നേരിട്ട് ഉദ്യോഗസ്ഥര്‍ക്ക് ഇതിനുള്ള നിര്‍ദേശം നല്‍കിയെന്ന റിപ്പോര്‍ട്ടും വന്നിട്ടുണ്ട്. കൊലപാതകം ആരുനടത്തിയാലും രക്ഷപ്പെട്ട ഗുണ്ടകള്‍ പ്രതിപ്പട്ടികയില്‍ തന്നെയാകും. അത് ഐജി വിന്‍സന്‍ എം പോള്‍ വ്യക്തമാക്കിയിട്ടുമുണ്ട്. അതൊന്നും കാണാതെ മാധ്യമങ്ങള്‍ ഉറഞ്ഞുതുള്ളുന്നതിന്റെ പൊരുളെന്താണ്?

കൊലപാതകിയെ അറസ്റ്റ് ചെയ്തപ്പോള്‍ അയാളുടെ അമ്മയെ രംഗത്തിറക്കി 'അറസ്റ്റ് നാടക'മാണെന്ന് പറയിച്ചതും കൊലചെയ്യാനുപയോഗിച്ച 'എസ്'കത്തി കണ്ടെടുത്തപ്പോള്‍ 'കൊലനടത്തിയെന്ന് പൊലീസ് പറയുന്ന കത്തി' എന്ന് ചിത്രീകരിച്ചതും നിഷ്കളങ്കമായ മാധ്യമ പ്രവര്‍ത്തനമായി കാണാനാവില്ല. പൊലീസിന്റെ മനോവീര്യം തകര്‍ക്കാനും ഗവമെന്റിന് എതിരായ വിവാദങ്ങള്‍ കത്തിക്കാനുമുള്ള ക്രിമിനല്‍ബുദ്ധി അതില്‍ ഒളിഞ്ഞിരിപ്പുണ്ട്. പൊലീസ് സേനയില്‍തന്നെയുള്ള ചില കുബുദ്ധികള്‍ മനഃപൂര്‍വം തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു എന്ന റിപ്പോര്‍ട്ടുമുണ്ട്. ഇതാകെ പരിശോധിച്ചാല്‍, അറപ്പുളവാക്കുന്ന രാഷ്ട്രീയ കുടിലതയും നിക്ഷിപ്ത താല്‍പ്പര്യങ്ങളുമാണ് വിവാദ വ്യവസായികളെ നയിക്കുന്നത് എന്ന് വിലയിരുത്താനാകും. അത്തരക്കാര്‍ കുരയ്ക്കട്ടെ, നേരായ ദിശയില്‍ അന്വേഷണവുമായി പൊലീസ് മുന്നോട്ടുപോകട്ടെ എന്നേ ഞങ്ങള്‍ക്ക് പറയാനുള്ളൂ. വിവാദം ആഹാരമാക്കിയവര്‍ക്ക് ആ ശീലം വിടാന്‍ എളുപ്പത്തില്‍ സാധിക്കില്ല.

ദേശാഭിമാനി മുഖപ്രസംഗം 28 ആഗസ്റ്റ് 2009

Thursday, August 27, 2009

മുങ്ങുന്ന ഹിന്ദുത്വ കപ്പല്‍

ബിജെപി ഇന്ന് പ്രതിസന്ധിയുടെ ആഴക്കടലിലാണ്. അടല്‍ബിഹാരി വാജ്പേയിക്ക് ശേഷം ലാല്‍കൃഷ്ണ അദ്വാനിയെന്ന് എളുപ്പത്തില്‍ ഉത്തരം കണ്ടെത്താനായെങ്കിലും അദ്വാനിക്ക് ശേഷം ആരെന്ന ചോദ്യംതന്നെ ആ പാര്‍ടിയെ അന്തമില്ലാത്ത തര്‍ക്കത്തിലേക്ക് തള്ളിവിട്ടിരിക്കുന്നു. അരുണ്‍ ജെയ്റ്റ്ലിയും സുഷമസ്വരാജും രാജ്നാഥ്സിങ്ങും മറ്റും ആ സ്ഥാനത്തിനായി തുറന്ന പോരിലാണ്. അതിന്റെ ഇരകൂടിയാണ് ബിജെപിയുടെ സ്ഥാപക നേതാവുകൂടിയായ ജസ്വന്ത് സിങ്. വാജ്പേയിയെപ്പോലെ ലിബറല്‍ പ്രതിച്ഛായക്ക് ശ്രമിച്ച ജസ്വന്തിനെ ബിജെപി പുറത്താക്കി. ദേശീയ നിര്‍വാഹകസമിതി അംഗമായ അരുണ്‍ ഷൂരിയാകട്ടെ ചരട് നഷ്ടപ്പെട്ട് ലക്ഷ്യമില്ലാതെ പറക്കുന്ന പട്ടത്തോടാണ് പാര്‍ടിയെ ഉപമിച്ചത്. വിഡ്ഢികളുടെ നാട്ടിലെ ആലീസാണ് പാര്‍ടി അധ്യക്ഷന്‍ രാജ്നാഥ്സിങ്ങെന്നും അദ്ദേഹം പറഞ്ഞുവച്ചു. ബിജെപിയുടെ നിലവിലുള്ള നേതൃത്വത്തെ പൂര്‍ണമായും മാറ്റാന്‍ അദ്ദേഹം ആര്‍എസ്എസിനോട് ആവശ്യപ്പെടുകയുംചെയ്തു. ഇതുകൊണ്ടായിരിക്കണം ജസ്വന്ത്സിങ്ങിനെ പാര്‍ടിയില്‍നിന്ന് പുറത്താക്കാന്‍ നിമിഷങ്ങള്‍മാത്രം എടുത്ത ബിജെപി ഷൂരിക്ക് വിശദീകരണ നോട്ടീസ് നല്‍കാന്‍ തയ്യാറായത്. എന്നാല്‍, ജസ്വന്ത് സിങ്, ഷൂരി സംഭവങ്ങളെ കേവലം ഒരു നേതൃപ്രശ്നമായി തള്ളിക്കളയാനാവില്ല. സംഘപരിവാര്‍ ചെന്നുപെട്ട അഗാധമായ ആശയക്കുഴപ്പത്തിന്റെ പ്രതിഫലനം കൂടിയാണിത്.

ഒരു രാഷ്ട്രീയപാര്‍ടിയെന്ന നിലയില്‍ ബിജെപിയുടെ ഏറ്റവും വലിയ പോരായ്മ അതിന് ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനവുമായി നാഭീനാള ബന്ധമില്ലെന്നതാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ വീരോചിതമായി പോരാടിയിട്ടില്ലെന്നു മാത്രമല്ല പലപ്പോഴും സ്വാതന്ത്ര്യസമരത്തെ അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷുകാര്‍ക്കൊപ്പം ചേര്‍ന്ന പാരമ്പര്യമാണ് ബിജെപിയുടെ മുന്‍തലമുറക്കാര്‍ക്ക് ഉണ്ടായിരുന്നത്. 1925ല്‍ തന്നെ നാഗ്പുരില്‍വച്ച് ചിത്പാവന്‍ ബ്രാഹ്മണനായ കേശവബലിറാം ഹെഡ്ഗേവാര്‍ രാഷ്ട്രീയ സ്വയം സേവക സംഘത്തിന്(ആര്‍എസ്എസ്) രൂപം നല്‍കിയെങ്കിലും ബ്രിട്ടീഷുകാരില്‍നിന്ന് സ്വാതന്ത്ര്യം നേടുകയെന്നത് ഒരിക്കലും ഈ സംഘടനയുടെ ലക്ഷ്യമായിരുന്നില്ല. അതുകൊണ്ടുതന്നെ പിന്നീട് രൂപംകൊണ്ട ജനസംഘത്തിന്റെയോ ബിജെപിയുടെയോ പില്‍ക്കാല നേതാക്കള്‍ക്ക് ആര്‍ക്കും സ്വാതന്ത്ര്യ സമരവുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടാന്‍ കഴിഞ്ഞതുമില്ല. ഉപ്പുസത്യഗ്രഹവേളയില്‍ മഹാരാഷ്ട്രയിലെ യവത്മഹലില്‍ പ്രകടനം നടത്തവെ മുസ്ളിങ്ങള്‍ കൊണ്ടുപോകുന്ന കന്നുകാലികളെ രക്ഷിക്കുന്നതിലേക്ക് സത്യഗ്രഹം മാറ്റിയതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ മാത്രമാണ് ആര്‍എസ്എസ് ഇന്ന് സ്വാതന്ത്ര്യസമരത്തിന്റെ 'ഹീറോ'യായി ചിത്രീകരിക്കപ്പെടുന്ന ഹെഡ്ഗേവാറിനും മറ്റും പറയാനുള്ളത്. നാഗ്പുരിലെ ആര്‍എസ്എസ് കാര്യാലയത്തില്‍ ചിത്രങ്ങളിലൂടെ ഹെഡ്ഗേവാറിനെ സ്വാതന്ത്ര്യ സമര നായകനായി ചിത്രീകരിക്കാനുള്ള വൃഥാശ്രമം നടത്തുന്നുമുണ്ട്. ഹിന്ദുത്വവാദികള്‍ ഏറ്റവും വലിയ സ്വാതന്ത്ര്യ സമരസേനാനിയായി ചിത്രീകരിക്കുന്ന വി ഡി സവര്‍ക്കര്‍ ആകട്ടെ ബ്രിട്ടീഷുകാര്‍ക്ക് മാപ്പ് എഴുതി ജയില്‍ശിക്ഷയില്‍നിന്ന് മോചിതനായെന്നു മാത്രമല്ല ഇനിമുതല്‍ ബ്രിട്ടീഷുകാരുടെ ദാസനായി ജീവിക്കാമെന്ന് വാഗ്ദാനം ചെയ്യുകയുമുണ്ടായി. മധ്യപ്രദേശിലെ ബടേശ്വറില്‍ ക്വിറ്റ് ഇന്ത്യാസമരകാലത്ത് വാജ്പേയി അറസ്റ്റിലായപ്പോള്‍ ഇനി ബ്രിട്ടീഷ് ഭരണത്തിനെതിരെ പൊരുതില്ലെന്ന് എഴുതിക്കൊടുത്താണ് ജയില്‍മുക്തനായതെന്നും ചരിത്രം.

ആര്‍എസ്എസിന് സ്വാതന്ത്ര്യ സമരത്തിലുള്ള പങ്ക് എന്തെന്ന് കഴിഞ്ഞ ദിവസം ബിജെപി വിട്ട സുധീന്ദ്ര കുല്‍ക്കര്‍ണി തന്നെ വിലയിരുത്തുന്നുണ്ട്.

'ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ തുച്ഛമായ സംഘടനാപരമായ പങ്ക് മാത്രമാണ് ആര്‍എസ്എസ് വഹിച്ചിട്ടുള്ളത്. ഭാരതം അഖണ്ഡമായിരിക്കണമെന്ന് ശരിയായി വാദിക്കുമ്പോഴും ആര്‍എസ്എസ് രൂപംകൊണ്ട 1925 മുതല്‍ സാതന്ത്ര്യം ലഭിച്ച 1947 വരെയുള്ള കാലയളവില്‍ സ്വതന്ത്ര ഇന്ത്യയുടെ ഭാവി സംബന്ധിച്ച് നടന്ന രാഷ്ട്രീയ-ഭരണഘടനാപരമായ സംവാദങ്ങളില്‍ ഒരു സംഘടനയെന്ന രീതിയിലോ നേതാക്കള്‍ വഴിയോ ഒരു സംഭാവനയും നല്‍കാന്‍ കഴിഞ്ഞിട്ടില്ല.'' (ഇന്ത്യന്‍ എക്സ്പ്രസ്, ആഗസ്ത് 23)

കോണ്‍ഗ്രസില്‍നിന്ന് വ്യത്യസ്തമായ പാതയിലൂടെയാണെങ്കിലും കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകളും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതുകയുണ്ടായി. എന്നാല്‍, ഹിന്ദുത്വ രാഷ്ട്രീയത്തിന് ഇത്തരമൊരു പാരമ്പര്യം അവകാശപ്പെടാനില്ല. മാത്രമല്ല രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയെ വധിച്ച രക്തക്കറ സംഘപരിവാറിന്റെ മുഖത്ത് മുഴച്ച് തെളിഞ്ഞുനില്‍ക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യസമരത്തില്‍ തങ്ങള്‍ക്കും പങ്കുണ്ടെന്നും അതിന് നേതൃത്വം നല്‍കിയ ചിലരെങ്കിലും ആശയപരമായി തങ്ങളുമായി അടുത്ത് നില്‍ക്കുന്നവരാണെന്നും വരുത്തിതീര്‍ക്കേണ്ടത് ബിജെപിക്ക് ഇന്നാവശ്യമായി വന്നിരിക്കുന്നു. ഇതിന്റെ ഭാഗമായാണ് സര്‍ദാര്‍ പട്ടേലിനെ പുകഴ്ത്താന്‍ ബിജെപി തയ്യാറാകുന്നത്. അദ്വാനി സ്വയം 'അഭിനവ സര്‍ദാര്‍ പട്ടേലെന്നും' 'ഉരുക്കുമനുഷ്യനെന്നും' വിശേഷിപ്പിക്കുന്നതും ഇതേ ലക്ഷ്യംവച്ചാണ്.

ജസ്വന്തിന്റെ പുസ്തകം നിരോധിക്കാന്‍ നരേന്ദ്രമോഡിസര്‍ക്കാര്‍ തയ്യാറായതും പട്ടേലിന്റെ പ്രതിച്ഛായ സംരക്ഷിക്കാനാണത്രെ. ഹിന്ദുത്വ ആശയഗതികളോട് പലപ്പോഴും അനുഭാവം പ്രകടിപ്പിച്ച കോണ്‍ഗ്രസ് നേതാവാണ് പട്ടേല്‍ എന്നത് ചരിത്രപരമായ വസ്തുതയാണ്. എന്നാല്‍, ഒരിക്കല്‍പ്പോലും അത്തരമൊരു സംഘടനയുടെ ഭാഗമായിരുന്നില്ല അദ്ദേഹം. പട്ടേല്‍ അഭ്യന്തരമന്ത്രിയായിരിക്കെയാണ് ഗാന്ധിജിയുടെ വധത്തെതുടര്‍ന്ന് ആര്‍എസ്എസിനെ നിരോധിച്ചത്. നെഹ്റുവിന്റെ നിര്‍ബന്ധംകൊണ്ടുമാത്രമാണ് പട്ടേല്‍ ഈ നടപടിക്ക് സന്നദ്ധനായതെന്നു പറഞ്ഞ് പട്ടേലിനെ ന്യായീകരിക്കാന്‍പോലും അദ്വാനി തയ്യാറാവുകയുണ്ടായി.

ഇന്ത്യന്‍ മുസ്ളിങ്ങളോട് എന്ത് സമീപനമാണ് സ്വീകരിക്കേണ്ടത് എന്ന കാര്യത്തിലും ബിജെപിക്ക് ആശയക്കുഴപ്പം തുടങ്ങിയിരിക്കുന്നു. മുസ്ളിങ്ങളെ ശത്രുക്കളായി കരുതി ഉന്മൂലനംചെയ്യണമെന്ന കാര്യത്തില്‍ സംഘപരിവാറില്‍ ഒരു കാലത്തും സംശയമുണ്ടായിരുന്നില്ല. ഹെഡ്ഗേവാറും ഗോള്‍വാള്‍ക്കറും മറ്റും ഇത് അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം രേഖപ്പെടുത്തിയിട്ടുമുണ്ട്. 'മുസ്ളിം പ്രീണനമെന്നത്' എന്നും ബിജെപിക്ക് ഇഷ്ടപ്പെട്ട മുദ്രാവാക്യമായിരുന്നു. മുന്‍ ആര്‍എസ്എസ് മേധാവി കെ എസ് സുദര്‍ശന്‍ ജിന്ന ദേശീയവാദിയും മതനിരപേക്ഷ വാദിയുമാണെന്ന് പറഞ്ഞ്, ഇന്ത്യ വിഭജിക്കാന്‍ കാരണം വിഭജനം അംഗീകരിച്ച നെഹ്റുവിനോടുള്ള ഗാന്ധിജിയുടെ മൃദുസമീപനമാണെന്ന് കുറ്റപ്പെടുത്തുന്നു. അതായത് ഗാന്ധിജി വധിക്കപ്പെടേണ്ട വ്യക്തി തന്നെയാണെന്ന ആശയമാണ് ഇതുവഴി സുദര്‍ശനും ജസ്വന്തും അദ്വാനിയും മറ്റും ഉല്‍പ്പാദിപ്പിക്കുന്നത്.

അധികാരരാഷ്ട്രീയത്തിലേക്ക് കാലെടുത്തുവച്ചതോടെ മുസ്ളിങ്ങള്‍ ഉള്‍പ്പെടെയുള്ള ജനവിഭാഗത്തിന്റെ പിന്തുണയും ആവശ്യമാണെന്ന ബോധ്യം ബിജെപിയിലെ ചിലരിലെങ്കിലും ഉടലെടുത്തു. 20 ശതമാനത്തോളം വോട്ട് മാത്രമുള്ള ബിജെപിക്ക് തനിച്ച് ഇന്ത്യയില്‍ അധികാരത്തില്‍ വരാന്‍ കഴിയില്ലെന്ന കാര്യം ഉറപ്പാണ്. അതുകൊണ്ടുതന്നെ എന്‍ഡിഎ എന്ന കൂട്ടുകക്ഷി പരീക്ഷണം അനിവാര്യമാകുന്നു. തീവ്രഹിന്ദുത്വത്തിന്റെ പാത സ്വീകരിച്ചപ്പോള്‍ ഒറീസയിലെ വിശ്വസ്തസഖ്യകക്ഷി ബിജുജനതാദള്‍ എന്‍ഡിഎ വിടുകയുണ്ടായി. വാജ്പേയി വര്‍ഷങ്ങളായി കെട്ടിപ്പടുത്ത വ്യാജമായ 'ലിബറല്‍' മുഖം ബിജെപിയെ അധികാരത്തിലെത്താന്‍ കുറച്ചൊന്നുമല്ല സഹായിച്ചത്. പാകിസ്ഥാനുമായി നല്ല ബന്ധം സ്ഥാപിക്കുക വഴി ഇന്ത്യന്‍മുസ്ളിങ്ങളുടെ പിന്തുണ പരോക്ഷമായെങ്കിലും നേടാന്‍ കഴിയുമെന്ന് ബിജെപി വിചാരിച്ചിരുന്നിരിക്കണം ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ജിന്നയെ പുകഴ്ത്താന്‍ അദ്വാനിയും അവസാനമായി ജസ്വന്ത് സിങ്ങും ശ്രമിച്ചത് എന്ന വിലയിരുത്തലും ഉയര്‍ന്നിട്ടുണ്ട്. ജിന്നയിലുടെ ഉന്നംവയ്ക്കുന്നത് ഇന്ത്യയിലെ മുസ്ളിങ്ങളെയാണ്. ഒപ്പം പൊതുസമൂഹത്തില്‍ സ്വീകാര്യത നേടാനാനുള്ള ശ്രമവും. പാകിസ്ഥാനോടും ജിന്നയോടും വിധേയത്വമുള്ളവരാണ് ഇന്ത്യന്‍ മുസ്ളിങ്ങള്‍ എന്നത് സംഘപരിവാര്‍തന്നെ ഉല്‍പ്പാദിപ്പിച്ച തെറ്റായ ആശയഗതിയാണ്. അതില്‍നിന്ന് മുതലെടുക്കാന്‍ നടത്തുന്ന ചെപ്പടിവിദ്യകള്‍ സംഘപരിവാറിനെ പ്രത്യേകിച്ചും അതിന്റെ രാഷ്ട്രീയമുഖമായ ബി ജെപിയെ പ്രതിസന്ധിയിലേക്ക് വലിച്ചെറിഞ്ഞിരിക്കുകയാണ്. പെട്ടെന്നൊന്നും കരകയറാന്‍ ബിജെപിക്ക് കഴിയുമെന്ന് തോന്നുന്നില്ല.

വി ബി പരമേശ്വരന്‍ ദേശാഭിമാനി

ഗവര്‍ണര്‍ക്ക് ആശ്രയം സ്വകാര്യ പ്രാക്ടീസോ?

എസ്എന്‍സി ലാവ്ലിന്‍ കേസില്‍ മുന്‍മന്ത്രി പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐയെ വിളിച്ചുവരുത്തി അനുവാദം കൊടുത്ത ഗവര്‍ണര്‍ ആര്‍ എസ് ഗവായിയുടെ നടപടി അത്ഭുതകരവും ദുരൂഹവും അതിലുപരി സങ്കുചിത രാഷ്ട്രീയപ്രേരണയ്ക്കു വഴങ്ങിയുള്ളതുമാണ് എന്നതില്‍ ഒരു സംശയവും അവശേഷിക്കുന്നില്ല. ഏറ്റവുമൊടുവില്‍ പുറത്തുവന്നത്, ഒരു റിട്ടയേഡ് ഹൈക്കോടതി ജഡ്ജിക്ക് ഒരുലക്ഷം രൂപ പാരിതോഷികം നല്‍കിയാണ് ഗവായി തനിക്കുവേണ്ട നിയമോപദേശം സംഘടിപ്പിച്ചത് എന്ന വിവരമാണ്. അതായത്, സംസ്ഥാന മന്ത്രിസഭയുടെ തീരുമാനത്തെ മറികടക്കാനും അഡ്വക്കറ്റ് ജനറല്‍ എന്ന ഭരണഘടനാസ്ഥാപനത്തിന്റെ നിയമോപദേശം തള്ളിക്കളയാനും ഒരു സ്വകാര്യനീക്കത്തിലൂടെ തയ്യാറാവുക മാത്രമല്ല, അതിനുവേണ്ടി കേരളത്തിലെ ജനങ്ങളുടെ നികുതിപ്പണംതന്നെ അവിഹിതമായി വിനിയോഗിച്ചു എന്ന്.

ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ ഭരണത്തലവനാണ്. ഭരണഘടനാനുസൃതം നിയമകാര്യങ്ങള്‍ കൈകാര്യംചെയ്യാന്‍ ചുമതലപ്പെട്ട നിയമ വിദഗ്ധരുടെ സേവനം ഔദ്യോഗികമായിത്തന്നെ ലഭിക്കുമെന്നിരിക്കെ എന്തിന് ഒരു റിട്ടയേഡ് ജഡ്ജിയുടെ സേവനം തേടി, ആരാണ് ഗവായിക്ക് അടുത്തൂണ്‍ പറ്റിയ മുന്‍ ജഡ്ജിയെ ശുപാര്‍ശചെയ്തത്, അങ്ങനെയൊരാളെ തെരഞ്ഞെടുക്കാനുള്ള മാനദണ്ഡമെന്ത്, അദ്ദേഹത്തില്‍നിന്ന് കിട്ടിയ നിയമോപദേശം പരസ്യപ്പെടുത്താത്തതെന്ത് എന്നെല്ലാമുള്ള സംശയങ്ങള്‍ അവശേഷിക്കുകയാണ്.

അറ്റോര്‍ണി ജനറല്‍, സോളിസിറ്റര്‍ ജനറല്‍ തുടങ്ങിയ പദവികള്‍ അലങ്കാരത്തിനുള്ളതല്ല. അഡ്വക്കറ്റ് ജനറലിന്റെയും മന്ത്രിസഭയുടെയും ശുപാര്‍ശ മറികടക്കാനാണ് നീക്കമെങ്കില്‍, സ്വാഭാവികമായും ഗവര്‍ണര്‍ പോകേണ്ടത് അറ്റോര്‍ണി ജനറലിനെയോ സോളിസിറ്റര്‍ ജനറലിനെയോ തേടിയായിരുന്നു. അങ്ങനെ പോകുന്നതായി രാജ്ഭവന്‍ രഹസ്യങ്ങള്‍ സ്ഥിരം റിപ്പോര്‍ട്ടുചെയ്യുന്ന മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതുമാണ്. അത്തരം ഔദ്യോഗിക സ്ഥാപനങ്ങളില്‍നിന്ന് തങ്ങള്‍ ഇച്ഛിക്കുന്ന ഉപദേശം കിട്ടാത്തതുകൊണ്ടാണോ ഗവര്‍ണര്‍ മറ്റുമാര്‍ഗം തേടിയത്? അല്ലെങ്കില്‍, പിന്നെന്തുകൊണ്ട്, ആര്‍ക്കും അറിയാത്ത ഒരു മുന്‍ ജഡ്ജിയുടെ ഉപദേശം മതി എന്ന് തീരുമാനിച്ചു എന്ന് വ്യക്തമാക്കപ്പെടേണ്ടതുണ്ട്. സുപ്രീം കോടതിയില്‍ ന്യായാധിപസ്ഥാനത്തിരുന്നവര്‍ കേരളത്തിലുണ്ട്. രാജ്യമാകെ ആദരിക്കുന്ന നിയമപണ്ഡിതര്‍ തന്നെ അക്കൂട്ടത്തിലുണ്ട്. അവരെയൊന്നും എന്തുകൊണ്ട് സമീപിച്ചില്ല? ഇങ്ങനെ ഉപദേശം നല്‍കാനുള്ള എന്ത് അധികയോഗ്യതയാണ് ഒരുലക്ഷം വാങ്ങി ഉപദേശം നല്‍കിയ മുന്‍ ജഡ്ജിക്കുള്ളത്?

ഗവര്‍ണര്‍ ഭരണഘടനാവിരുദ്ധമായി പ്രോസിക്യൂഷന്‍ അനുമതി നല്‍കിയപ്പോള്‍ സിപിഐ എം പ്രതികരിച്ചത് ഇങ്ങനെയാണ്:

“പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള സിബിഐ നിലപാട് രാഷ്ട്രീയപ്രേരിതമാണെന്ന നിലപാടില്‍ സിപിഐ എം ഉറച്ചുനില്‍ക്കുന്നു. കഴിഞ്ഞ മൂന്നുമാസമായി യുഡിഎഫും മറ്റ് പാര്‍ടിവിരുദ്ധ ശക്തികളും പ്രോസിക്യൂഷന്‍ അനുമതി നല്‍കുന്നതിനായി ഗവര്‍ണറുടെമേല്‍ കടുത്ത സമ്മര്‍ദം ചെലുത്തിവരികയായിരുന്നു. ഈ കേസ് സംബന്ധിച്ച ഓരോ ഘട്ടത്തിലും സിബിഐയുടേതെന്ന മട്ടില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. സിബിഐ ആകട്ടെ ഇതിന് മൌനാനുവാദം നല്‍കുകയായിരുന്നു. ഒരുപക്ഷേ ഇതാദ്യമായിട്ടായിരിക്കും രാജ്ഭവനില്‍ സിബിഐ കാത്തിരുന്ന് ഗവര്‍ണറില്‍നിന്ന് ഒരുത്തരവ് വാങ്ങിച്ചുകൊണ്ടുപോകുന്നത്. മന്ത്രിസഭയുടെ ഉപദേശം ആവശ്യപ്പെടുകയും അതിനെത്തുടര്‍ന്ന് ഉപദേശം ലഭിക്കുകയും ചെയ്തതിനുശേഷം വ്യത്യസ്തമായ തീരുമാനം കൈക്കൊണ്ടത് തികച്ചും ദൌര്‍ഭാഗ്യകരമാണ്. സിപിഐ എമ്മിനും പാര്‍ടി സെക്രട്ടറിക്കും എതിരായുള്ള ഈ കടന്നാക്രമണം രാഷ്ട്രീയമായും നിയമപരമായും നേരിടുകതന്നെ ചെയ്യും.''

ആ പ്രതികരണം അക്ഷരാര്‍ഥത്തില്‍ സ്ഥിരീകരിക്കുന്നതാണ് റിട്ടയേഡ് ജഡ്ജിക്ക് ഒരുലക്ഷം നല്‍കി തനിക്കു ഹിതകരമായ ഉപദേശം വാങ്ങിയ ഗവായിയുടെ നടപടി. ഗവര്‍ണര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിക്കൊണ്ട് എഴുതിയ കാര്യങ്ങള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. അത്ഭുതകരമെന്നു പറയട്ടെ, ലാവ്ലിന്‍ പ്രശ്നത്തില്‍ അമിതാവേശത്തോടെ കോടതിയിലും പുറത്തും ഇടപെടുന്ന ഹൈക്കോടതിയിലെ ഒരഭിഭാഷകന്‍ മാതൃഭൂമിയില്‍ നേരത്തെ എഴുതിയ ലേഖനത്തിലെ പല ഭാഗങ്ങളും ഗവര്‍ണറുടെ ഉത്തരവിലുമുണ്ട്. അതേ അഭിഭാഷകനാണ്, പിണറായി നല്‍കിയ റിട്ട് ഹര്‍ജി സുപ്രീംകോടതി രജിസ്ട്രി പൊതുതാല്‍പ്പര്യ വിഭാഗത്തില്‍ പെടുത്തി എന്ന് വിലപിച്ച് അതിനെതിരെ നിരന്തരം 'വിദഗ്ധാഭിപ്രായപ്രകടനം' നടത്തുന്നത്. കേസ് സുപ്രീംകോടതി പരിഗണിക്കുന്നതിനുമുമ്പുതന്നെ മുന്‍വിധികളോടെ മാധ്യമ ഇടപെടലും നടക്കുന്നു. തുടക്കംമുതല്‍, പിണറായി വിജയന്റെ ചോരയ്ക്കു ദാഹിച്ച് പച്ചക്കള്ളങ്ങള്‍പോലും എഴുതിവിട്ട മാതൃഭൂമി പത്രം ഈ പ്രചാരണത്തിന്റെ മുന്‍നിരയിലുണ്ട്. ഏതു ബെഞ്ചിലാണ് കേസ് പരിഗണനയ്ക്കു വരിക എന്നതുപോലും ആവേശപൂര്‍വം തിരക്കി വാര്‍ത്തകള്‍ നല്‍കുന്ന മാതൃഭൂമിക്ക് ഇക്കാര്യത്തിലുള്ള കുത്സിത ലക്ഷ്യങ്ങള്‍ക്ക് സമാനമായതുതന്നെയാണ് അസാധാരണ നടപടികളിലൂടെ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയ ഗവര്‍ണറെയും നയിച്ചത്. അതാകട്ടെ, കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസിന്റെ പ്രതിനിധികളായ കേരളത്തിലെ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും ഉയര്‍ത്തിപ്പിടിക്കുന്ന സങ്കുചിതമായ രാഷ്ട്രീയ താല്‍പ്പര്യവും ശത്രുതയും തന്നെയാണ്.

ഇവിടെ, യുഡിഎഫിനെ; നിക്ഷിപ്ത താല്‍പ്പര്യക്കാരെ സേവിക്കാന്‍ ഉന്നതമായ ഗവര്‍ണര്‍പദവി ദുരുപയോഗം ചെയ്യപ്പെട്ടിരിക്കുന്നു. പരസ്യമായി രാജ്ഭവനില്‍ ചെന്നുകണ്ട്, ഉമ്മന്‍ചാണ്ടിയും കൂട്ടരും ആവശ്യപ്പെട്ട കാര്യം നഗ്നമായി ഗവര്‍ണര്‍ നിറവേറ്റിക്കൊടുത്തിരിക്കുന്നു. അതിനുവേണ്ടി പൊതുഖജനാവില്‍നിന്ന് പണവും ചെലവിട്ടിരിക്കുന്നു. നിയമപരമായ മറ്റുപല പിശകുകളും ക്രമരാഹിത്യവും വീഴ്ചകളും ഗവര്‍ണറുടെ നടപടിയില്‍ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.

ലാവ്ലിന്‍ കേസില്‍ ഗവണറെയും യുഡിഎഫിനെയും മാതൃഭൂമിയുള്‍പ്പെടെയുള്ളവരെയും നയിക്കുന്ന താല്‍പ്പര്യം ഒന്നുമാത്രമാണ്-സിപിഐ എം സംസ്ഥാന സെക്രട്ടറിയെ ഏതു വിധേനയും ആക്രമിച്ച് വകവരുത്തുക എന്നതാണത്. ഒരു പൈസയുടെ അഴിമതി പിണറായി നടത്തി എന്ന് സിബിഐ അന്വേഷിച്ചു കണ്ടെത്തിയിട്ടില്ല. സ്വന്തം നാട്ടില്‍ ക്യാന്‍സര്‍ ആശുപത്രി തുടങ്ങാന്‍ ശ്രമിച്ചു എന്ന മഹാപരാധമാണ് അദ്ദേഹത്തിനുമേല്‍ ചാര്‍ത്തിയത്. കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഒറ്റനോട്ടത്തില്‍ത്തന്നെ കോടതി അപാകതകള്‍ കണ്ടെത്തി. 'ഗൂഢാലോചനയുടെ തുടക്കക്കാരന്‍' എന്ന് കുറ്റപത്രത്തില്‍ പറഞ്ഞ മുന്‍ മന്ത്രി ജി കാര്‍ത്തികേയന്റെ പങ്ക് കൂടുതല്‍ അന്വേഷിക്കണമെന്ന് കോടതി ഉത്തരവിട്ടു. അതോടെ, ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ നല്‍കുന്നതുപോലും കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ അവസാനിപ്പിച്ചു. ഇപ്പോള്‍ പിണറായി കോടതിയെ സമീപിച്ചപ്പോള്‍ പുതിയ വിവാദങ്ങള്‍ ജനിപ്പിക്കാന്‍ ശ്രമിക്കുന്നു. അത്തരക്കാര്‍ ഗവര്‍ണര്‍ ഗവായി നടത്തിയ അധികാര ദുര്‍വിനിയോഗം കണ്ണുതുറന്നു കാണട്ടെ. ഒരു പൈസ ചെലവിടാതെ, ഭരണഘടനാ സ്ഥാപനങ്ങളില്‍നിന്ന് ഉപദേശം തേടാമെന്നിരിക്കെ സ്വകാര്യ പ്രാക്ടീസിനെ അഭയം തേടിയത് എന്തിന് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തട്ടെ.

ഗവര്‍ണര്‍ പദവിതന്നെ ആവശ്യമാണോ എന്നും അങ്ങനെയൊരു പദവിയിലെത്തുന്നവര്‍ക്ക് മിനിമം യോഗ്യതയെങ്കിലും നിശ്ചയിക്കേണ്ടതല്ലേ എന്നുംമറ്റുമുള്ള പ്രശ്നങ്ങള്‍ സര്‍ക്കാരിയ കമീഷനും സുപ്രിംകോടതിയുടെ നിരവധി വിധികളും ഉന്നയിച്ചിട്ടുണ്ട്. അത്തരം ചര്‍ച്ചകള്‍ക്ക് കൂടുതല്‍ പ്രസക്തി കൈവരുന്ന സന്ദര്‍ഭവുമാണിത്.

ദേശാഭിമാനി മുഖപ്രസംഗം 27 ആഗസ്റ്റ് 2009

കൊന്നത് ഭീമന്‍ തന്നെ

മുത്തൂറ്റ് ഗ്രൂപ്പിലെ ഒരു അനന്തരാവകാശിയുടെ കൊലപാതകത്തെ മാധ്യമങ്ങള്‍ എങ്ങിനെ തങ്ങളുടെ താല്പര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്നത് കൌതുകമുണര്‍ത്തുന്ന, എന്നാല്‍ തീര്‍ത്തും ഗൌരവതരമായ വിഷയമാണ്. ഈ വിഷയത്തിലെ പരസ്പരവിരുദ്ധവും, അവിശ്വസനീയവും, പരിഹാസ്യവുമായ വാര്‍ത്തകള്‍ വിശകലനം ചെയ്ത് ശ്രീ. പി.എം. മനോജ് ദേശാഭിമാനിയില്‍ എഴുതിയ പ്രസക്തമായ ലേഖനം ഇവിടെ പ്രസിദ്ധീകരിക്കുന്നു.

ചത്തത് കീചകനെങ്കില്‍...

മുത്തൂറ്റ് ഗ്രൂപ്പിലെ ഒരനന്തരാവകാശി ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടത് അസാധാരണമായ വാര്‍ത്തയാകുന്നത് സ്വാഭാവികമാണ്. മരിച്ചത് സുന്ദരനും ധനാഢ്യനുമായ (1500 കോടിയുടെ ആസ്തിയുള്ള) ചെറുപ്പക്കാരന്‍. മരണത്തെ ചുറ്റിപ്പറ്റി ദുരൂഹവും അസ്വാഭാവികവുമായി നിരവധികാര്യങ്ങള്‍. മരണസമയത്ത് കൂടെയുണ്ടായിരുന്നത് കുപ്രസിദ്ധ ഗുണ്ടകള്‍. കൊലപാതകം നടത്തിയത് മറ്റൊരു ഗുണ്ടാ സംഘത്തിലെ ആള്‍. എല്ലാംകൊണ്ടും പ്രാധാന്യമുള്ള വാര്‍ത്തതന്നെയാണ് മുത്തൂറ്റ് പോള്‍ ജോര്‍ജിന്റെ മരണം. ആരുകൊന്നു, എങ്ങനെ കൊന്നു, എന്തിനു കൊന്നു എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ സംസ്ഥാനത്തിന്റെ നാനാഭാഗത്തും ചൂടുള്ള ചര്‍ച്ചാവിഷയമാണ്. പൊലീസ് അന്വേഷിക്കുന്നതിന് സമാന്തരമായി മാധ്യമങ്ങളും അന്വേഷണത്തിന്റെ വഴിയിലാണ്. പലപല കഥകള്‍ ഓരോദിവസവും പുറത്തുവരുന്നു; നിര്‍മിക്കപ്പെടുന്നു. ഏറ്റവുമൊടുവില്‍ നാല്‍പ്പതുലക്ഷം രൂപയടങ്ങുന്ന ബാഗ് നഷ്ടപ്പെട്ടതായാണ് മലയാള മനോരമയുടെ വാര്‍ത്ത (മറ്റാരും അത് പറയുന്നതു കേട്ടില്ല).

ഓം പ്രകാശ്, പുത്തന്‍പാലം രാജേഷ് എന്നീ രണ്ട് ഗുണ്ടാത്തലവന്മാര്‍ മരിച്ച പോളിനോടൊപ്പമുണ്ടായിരുന്നു. കൊലപാതകം നടന്നശേഷം അവര്‍ കടന്നുകളഞ്ഞിട്ടുണ്ട്. ഈ ഒറ്റക്കാരണംവച്ച്, കേസിന്റെ മറ്റു കാതലായ ഭാഗങ്ങളാകെ വിസ്മരിച്ചും പൊലീസ് അന്വേഷിച്ചു കണ്ടെത്തിയ കാര്യങ്ങളെ അവിശ്വസിച്ചും ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനുള്ള വലിയൊരു യജ്ഞം ചില മാധ്യമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അത്തരം ശ്രമത്തിന്റെ മുന്‍നിരയില്‍ മലയാള മനോരമ പത്രമാണ്. അത്യന്തം വിചിത്രമായ കഥകളാണ് മനോരമ അവതരിപ്പിക്കുന്നത്. 'മുത്തൂറ്റ് കൊലക്കേസ്: ആഭ്യന്തരവകുപ്പ് പ്രതിക്കൂട്ടില്‍' എന്നാണ് മനോരമയുടെ കണ്ടുപിടിത്തം. പണംകൊണ്ട് പുളയ്ക്കുന്ന ഒരു യുവാവ്, തന്റെ കുത്തഴിഞ്ഞ ജീവിതത്തിനിടെ കുറെ ഗുണ്ടകളുമായി സൌഹൃദത്തിലാകുന്നു; അവരുമായുള്ള സ്വൈരവിഹാരത്തിനിടെ ആകസ്മികമായ സംഭവത്തില്‍ കൊല്ലപ്പെടുന്നു. കേരളത്തിലാകെ വേരുകളുള്ള വന്‍കിട സ്ഥാപനത്തിന്റെ സുപ്രധാന പങ്കാളിയായതിനാല്‍ ആ കൊലപാതകം പതിവില്‍കവിഞ്ഞ വാര്‍ത്താ പ്രാധാന്യം നേടുന്നു. അര്‍ഹിക്കുന്ന ഗൌരവത്തോടെ പൊലീസ് കേസന്വേഷണം ഏറ്റെടുത്ത് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നു. സാധാരണ ഇത്തരം കൊലപാതകങ്ങള്‍ അന്വേഷിക്കുന്നത് ജില്ലാതലത്തിലുള്ള ഉദ്യോഗസ്ഥരാണെങ്കില്‍, ഇവിടെ പ്രഗത്ഭനായ ഇന്‍സ്പെക്ടര്‍ ജനറല്‍തന്നെ അന്വേഷണത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്നു. ആഭ്യന്തരവകുപ്പ് പ്രശംസിക്കപ്പെടേണ്ട പുരോഗതിയാണ് ഇതുവരെ ഈ കേസില്‍ ഉണ്ടായിട്ടുള്ളത്. കൊലപാതകവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സംശയരഹിതമായി തെളിഞ്ഞുകഴിഞ്ഞിട്ടില്ല. ഇനിയും പലരെയും അറസ്റ്റ് ചെയ്യാനുണ്ട്, പല തെളിവുകളും കിട്ടാനുണ്ട്. അതിനുവേണ്ടിയുള്ള ശ്രമം തുടരുകയുമാണ്. അതിനിടെ ആഭ്യന്തരവകുപ്പ് എങ്ങനെ പ്രതിക്കൂട്ടിലാകും?
കൊല്ലപ്പെട്ട ചെറുപ്പക്കാരന്റെ ദുരൂഹബന്ധങ്ങളും യാത്രയും ഡല്‍ഹിയില്‍ മയക്കുമരുന്നുകേസില്‍ പിടിയിലായതുമെല്ലാം ഇനിയും പുറത്തുവരാനുള്ള വിഷയങ്ങളാണെന്നിരിക്കെ, അതെല്ലാം മറന്ന് ആഭ്യന്തരവകുപ്പിനെ പ്രതിക്കൂട്ടില്‍ കയറ്റാന്‍ മനോരമയ്ക്ക് എന്താണിത്ര വെപ്രാളം? മനോരമയുടെ മാനസ പുത്രനാണല്ലോ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി. അദ്ദേഹവും മുത്തൂറ്റ് കുടുംബവുമായി അടുത്ത ബന്ധമുണ്ട്; പ്രശ്നങ്ങളുമുണ്ട്. അത് നാട്ടിലാകെ അറിയാവുന്നതുമാണ്. ആ കാര്യം ഈ കൊലപാതകവാര്‍ത്തയുമായി ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ എതിരാളികള്‍പോലും ബന്ധപ്പെടുത്തിയിട്ടില്ലല്ലോ. അങ്ങനെ ബന്ധപ്പെടുത്താതിരിക്കുന്നതിനെ മാന്യത എന്നു വിളിക്കും. വേണമെങ്കില്‍ ശത്രുതയുള്ളവര്‍ക്ക് വാര്‍ത്തയെഴുതാം, 'മുത്തൂറ്റ് കുടുംബത്തിലെ കൊലപാതകം: ഉമ്മന്‍ചാണ്ടിക്ക് ബന്ധമുണ്ടോ എന്നതും പൊലീസ് അന്വേഷിക്കും' എന്ന്. ഏതോ ഒരു വെറുക്കപ്പെട്ടവന്റെ ഹോട്ടല്‍ നില്‍ക്കുന്നതിന് അല്‍പ്പം അകലെയാണ് ഗുണ്ടകള്‍ കാര്‍ ഉപേക്ഷിച്ചത് എന്ന് എഴുതി ഗൂഢലക്ഷ്യം സാധിക്കാന്‍ വഴിതുറന്ന മലയാള മനോരമയുടെയോ സമാന മനസ്കരുടെയോ മാനസികാവസ്ഥയല്ല എല്ലാ മാധ്യമങ്ങളുടേതും എന്നതുകൊണ്ട് ഉമ്മന്‍ചാണ്ടിയെക്കുറിച്ച് ആരും ഒന്നും പറയുന്നില്ല.

പണമിടപാടുസ്ഥാപനങ്ങള്‍ ഗുണ്ടാ സംഘങ്ങളെ വളര്‍ത്തുന്നു എന്ന ശരിയായ വിമര്‍ശം ഉമ്മന്‍ചാണ്ടി ഉന്നയിച്ചിട്ടുണ്ട്. അതിനുപിന്നില്‍ മറ്റുചില താല്‍പര്യങ്ങളുമുണ്ടാകാം. എന്നാല്‍, അതിസമ്പന്നരായ ബിസിനസുകാര്‍ ഗുണ്ടാ സംഘങ്ങളെ ഉപയോഗിക്കുന്നതിനെക്കുറിച്ച് ഗൌരവമായ പരിശോധന ആവശ്യമല്ലേ? ആ വഴിക്കെന്തേ മനോരമ അന്വേഷണം തിരിച്ചുവിടുന്നില്ല? ഇവിടെ, മുത്തൂറ്റ് പോള്‍ ജോര്‍ജ് എന്തിന് ഗുണ്ടകളുമായി സഹവസിച്ചു; ക്വട്ടേഷന്‍ സംഘങ്ങളുമായി ആ യുവാവിന് എന്ത് ബന്ധം, അവര്‍ എന്തിന് റിസോര്‍ടുകളില്‍ നിന്ന് റിസോര്‍ട്ടുകളിലേക്ക് മാറിമാറി സഞ്ചരിച്ചു, വണ്ടിയില്‍ സ്ത്രീകളുടെ ബാഗും ചുരിദാര്‍ മെറ്റിരിയലുമെല്ലാം തനിയെ വന്നതാണോ, എന്തിന് നാല്‍പതുലക്ഷം രൂപ (മനോരമയെ വിശ്വസിക്കാമെങ്കില്‍) കയ്യില്‍ കരുതി, സ്വന്തം വാഹനം വിട്ട് മറ്റൊരു വാഹനം എന്തിന് ഉപയോഗിച്ചു എന്നിങ്ങനെയുള്ള നിരവധി സംശയങ്ങള്‍ക്ക് ഉത്തരം കിട്ടാനുണ്ട്. യഥാര്‍ത്ഥ അന്വേഷണം വേണ്ടത് കോടീശ്വരനായ യുവാവിന്റെ അപഥസഞ്ചാരത്തെക്കുറിച്ചാണെന്നര്‍ത്ഥം. അത് പുറത്തുവരാതിരിക്കാന്‍ മനോരമയടക്കമുള്ള മാധ്യമങ്ങള്‍ യാഥാര്‍ത്ഥ്യങ്ങള്‍ തമസ്കരിച്ച് ശ്രദ്ധ തിരിച്ചുവിടുകയല്ലേ. ഇരുപത്തിനാലുമണിക്കൂറിനകം കേസില്‍ തുമ്പുണ്ടാക്കി പ്രതികളെ പിടികൂടിയ പൊലീസിനെ അഭിനന്ദിക്കേണ്ടതിനുപകരം ഇത്തരം നെറികെട്ട നാടകത്തിലേക്കു നീങ്ങുന്നതിന് പ്രേരണയാകുന്നത് ഏതു (പരസ്യ)താല്‍പര്യമാണ്?

ഗുണ്ടകള്‍ മാത്രമല്ല; അവരെ ക്വട്ടേഷന്‍ കൊടുത്ത് പറഞ്ഞുവിടുന്നവരും കുറ്റക്കാരാണ്. അവരും ഗുണ്ടകളുടെ ഗണത്തില്‍തന്നെ. രണ്ടിനെയും ഒരേ കാര്‍ക്കശ്യത്തോടെ കൈകാര്യം ചെയ്യേണ്ടതായുണ്ട്. കണ്ണൂരില്‍ തെരഞ്ഞെടുപ്പു കലക്കാന്‍ കെ സുധാകരന്‍ ക്വട്ടേഷന്‍സംഘത്തെ എത്തിക്കുകയും വോട്ടെടുപ്പുദിവസം ആ സംഘത്തിലെ ചിലര്‍ പിടിയിലാവുകയുംചെയ്തു. സുധാകരന്‍ അനുയായികള്‍ക്കൊപ്പം പൊലീസ് സ്റ്റേഷനില്‍ ചെന്ന് ഭീഷണിമുഴക്കി ഗുണ്ടകളെ ഇറക്കിക്കൊണ്ടുപോയി. അനിഷേധ്യമായ തെളിവുസഹിതം വാര്‍ത്തകള്‍ വന്നപ്പോള്‍ മനോരമ മൌനത്തിലായിരുന്നു. ആ ഗുണ്ടകള്‍ കോണ്‍ഗ്രസിന്റെ ഗുണ്ടകളാണല്ലോ. ഇവിടെ, പോളിനോടൊപ്പം സഞ്ചരിച്ച ഒരു ഗുണ്ട മുമ്പ് എസ്എഫ്ഐക്കാരനായതാണ് പ്രശ്നം. ഗുണ്ടായിസം കാണിച്ച അയാളെ സംഘടന പുറത്താക്കിയതാണ്. മനോരമയില്‍നിന്ന് മോഷണക്കുറ്റത്തിന് പുറത്താക്കപ്പെട്ടയാള്‍ നാട്ടിലിറങ്ങി ഭവനഭേദനം നടത്തിയാല്‍ കണ്ടത്തില്‍ കുടുംബക്കാര്‍ പ്രതിപ്പട്ടികയില്‍ വരുമോ?

പൊലീസില്‍ എല്ലാം ഭദ്രമാണെന്നല്ല. ഗുണ്ടകളെയും കള്ളന്മാരെയും സംരക്ഷിക്കുന്നവരുണ്ടാകാം; രാഷ്ട്രീയം കളിക്കുന്നവരുണ്ടാകാം. അത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ നടപടിയെടുക്കാന്‍ മടിക്കുന്നവരൊന്നുമല്ല കേരളത്തിലെ പൊലീസ് തലപ്പത്തുള്ളത്. ഗുണ്ടാ നിയമം ഫലപ്രദമായി നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ താല്‍പര്യം പൊലീസുകാരില്‍പലരും ഉള്‍ക്കൊള്ളുന്നില്ല എന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ തന്നെ പലവട്ടം വ്യക്തമാക്കിയിട്ടുള്ളതാണ്. ആ പ്രശ്നം പരിഹരിക്കാന്‍ കര്‍ക്കശമായ ഇടപെടല്‍ അദ്ദേഹം നടത്തിയിട്ടുള്ളതുമാണ്. മനോരമയുടെ താല്‍പ്പര്യത്തിന് അനുസരിച്ച് കേസന്വേഷണം പോയില്ലെകില്‍ അതിന്റെ പഴി ആഭ്യന്തരവകുപ്പില്‍ ചാര്‍ത്തുന്നതിന്റെ ചീഞ്ഞ ഉദ്ദേശ്യം മറ്റാര്‍ക്കും മനസ്സിലാകുന്നില്ലെന്ന നാട്യമരുത്.

പൊലീസിനെ നേരായ ദിശയില്‍ കേസന്വേഷിക്കാന്‍ വിടില്ല എന്ന വാശി മനോരമ തുടക്കംമുതല്‍ കാണിക്കുന്നുണ്ട്. ആഗസ്ത് 24ന്റെ മനോരമ ഒന്നാം പേജില്‍ 'രഹസ്യങ്ങള്‍ മൂടി പൊലീസ്' എന്ന തലവാചകത്തില്‍, പൊലീസിനെതിരെ ആഞ്ഞടിച്ചിട്ടുണ്ട്. പൊലീസ് ചെയ്ത ചില കുറ്റങ്ങള്‍ എന്തൊക്കെയെന്നോ.

1. നെടുമുടിയില്‍ വെള്ളിയാഴ്ച അര്‍ധരാത്രിക്കുശേഷം കൊലപാതകമുണ്ടായയുടന്‍ പൊലീസ് എത്തിയെങ്കിലും വിവരം പുറത്തുവിട്ടത് ശനിയാഴ്ച പുലര്‍ച്ചെ അഞ്ചിനുശേഷം.(വെള്ളിയാഴ്ച അര്‍ധരാത്രിക്കുശേഷം എന്നതിന് ശനിയാഴ്ച പുലര്‍ച്ചെ എന്നും അര്‍ഥമുള്ളത് മനോരമ ലേഖകന്‍ ഓര്‍ത്തില്ല. ഒരു കൊലപാതകം നടന്നയുടന്‍ മനോരമ ഓഫീസില്‍ വിളിച്ചുപറയുന്നത് പൊലീസിന്റെ ഡ്യൂട്ടിയാണോ ആവോ.)

2. മാധ്യമപ്രവര്‍ത്തകര്‍ എത്തിയപ്പോഴേക്കും മതിലിലെയും റോഡിലെയും രക്തം പ്ളാസ്റ്റിക് ഷീറ്റിട്ട് മൂടിയിരുന്നു.(പ്ളാസ്റ്റിക് ഷീറ്റിട്ടത് മാധ്യമ പ്രവര്‍ത്തകരെ രക്തം കാണിക്കാനോ? ആ രക്തം ഒരു തെളിവാണെന്നും മഴപെയ്തോ നായ നക്കിയോ നശിച്ചുപോകേണ്ടതല്ലെന്നും മനോരമയ്ക്ക് അറിയില്ല! തെളിവ് സംരക്ഷിക്കുന്നതും പൊലീസിന്റെ രഹസ്യം മൂടിവയ്ക്കലാണത്രെ)

3. മരിച്ച പോള്‍ എം ജോര്‍ജിനൊപ്പം കാറിലുണ്ടായിരുന്ന മനു ആരോടെങ്കിലും സംസാരിക്കുന്നത് പൊലീസ് വിലക്കി.(പൊലീസ് കസ്റഡിയിലുള്ള പ്രധാന സാക്ഷിയെ മാധ്യമങ്ങള്‍ക്ക് ചോദ്യം ചെയ്യാനും തല്‍പ്പര കഷികള്‍ക്ക് സ്വാധീനിക്കാനും വിട്ടുകൊടുക്കാത്ത മഹാപരാധം)

4. മാധ്യമപ്രവര്‍ത്തകര്‍ കാറിന്റെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് ആദ്യം തടഞ്ഞു.(പിന്നെ അനുവദിച്ച കാര്യം മിണ്ടുന്നില്ല)

5. തിരുവനന്തപുരം വിമാനത്താവളത്തില്‍ സെക്യൂരിറ്റിക്കാരെ ആക്രമിച്ച കേസില്‍ പ്രതിയായ മഠത്തില്‍ രഘുവിന്റെ ഹോട്ടലില്‍നിന്ന് അരകിലോമീറ്റര്‍ അകലെയാണ് കാര്‍ കണ്ടത്. (ഹൈവേയില്‍ കാര്‍ കിടന്നതിന് തൊട്ടരികെ മറ്റൊരു ഹോട്ടലുണ്ട്-പ്രധാന കോണ്‍ഗ്രസ് നേതാവിന്റെ. എഴുതുമ്പോള്‍ അതും വേണ്ടേ?) ഇതാണ് രീതി.

26ന്റെ മനോരമയില്‍ 'എന്‍ഡവര്‍ കാറിലെ ആ 40 ലക്ഷം എവിടെ?' എന്നൊരു വാര്‍ത്തയുണ്ട്. നാല്‍പ്പതുലക്ഷം രൂപയടങ്ങിയ ബാഗ് കാറിലുണ്ടായിരുന്നു എന്ന് മനോരമ മാത്രം എങ്ങനെ കണ്ടെത്തി എന്നതവിടെ നില്‍ക്കട്ടെ. ആ വാര്‍ത്തയില്‍ പറയുന്നു:

"തലസ്ഥാനത്തെ പ്രമുഖ ക്വട്ടേഷന്‍ ഗുണ്ടാത്തലവന്മാരായ ഓംപ്രകാശിനെയും പുത്തന്‍പാലം രാജേഷിനെയും വിശ്വസിച്ച് അവര്‍ക്കൊപ്പം കാറില്‍ കയറിയ പോളിനെ ചങ്ങനാശേരിയില്‍ നിന്നെത്തിയ ക്വട്ടേഷന്‍ സംഘത്തില്‍നിന്ന് രക്ഷിക്കാന്‍ ഓംപ്രകാശിനും രാജേഷിനും കഴിഞ്ഞില്ലത്രേ. അവര്‍ അതിനു ശ്രമിച്ചതായി സൂചനയുമില്ല''.

അതേ പത്രം ഒന്നാം പേജില്‍തന്നെ, 'ഓംപ്രകാശിനും പരിക്കേറ്റിരുന്നതായി സൂചന' എന്ന തലക്കെട്ടില്‍ മറ്റൊരു വാര്‍ത്തയും നല്‍കിയിരിക്കുന്നു.
"പോള്‍ എം. ജോര്‍ജിനെ ആക്രമിക്കുന്നതു തടയാന്‍ ശ്രമിച്ചപ്പോള്‍ ഒപ്പമുണ്ടായിരുന്ന ഗുണ്ടാത്തലവന്‍ ഓംപ്രകാശിനും പരിക്കേറ്റിരുന്നതായി സൂചന.'' എന്നാണ് കോട്ടയത്തുനിന്നുള്ള ആ വാര്‍ത്ത. തിരുവനന്തപുരത്തിനും നാഗര്‍കോവിലിനുമിടയിലെ രഹസ്യകേന്ദ്രത്തിലുള്ള ഓംപ്രകാശ് അവിടെ ചികിത്സ തേടിയെന്നാണ് പോലീസിനു ലഭിച്ച സൂചനയെന്നും പത്രം എഴുതുന്നു.

ഏതാണ് വിശ്വസിക്കേണ്ടത്?

മനോരമ ഇങ്ങനെ ഒരുപാട് 'സൂചനകള്‍'കൊണ്ട് കസര്‍ത്തുകളിക്കുകയാണ്. ഒന്നാം പേജില്‍പോലും പരസ്പര വിരുദ്ധവും അവിശ്വസനീയവും പരിഹാസ്യവുമായ വാര്‍ത്തകള്‍ കൊടുക്കുകയുമാണ്. മുത്തൂറ്റ് പോള്‍ വധക്കേസ് 'വിവാദകേസാ'ക്കി മാറ്റണം. "പോലീസിന്റെയും ആഭ്യന്തരവകുപ്പിന്റെയും നീക്കങ്ങള്‍ സംശയത്തിന്റെ നിഴലിലായിക്കഴിഞ്ഞു. പതിവുപോലെ മന്ത്രിയുടെ ഓഫീസും.'' എന്നെഴുതുന്നുണ്ട് മനോരമ. അതാണ് ആത്യന്തികമായ ഉന്നം. അതിലേക്ക് കാര്യങ്ങള്‍ നയിക്കാന്‍ ഏത് സൂചനയും എടുത്ത് തലയില്‍ വയ്ക്കുന്നു; ഏതുവേഷവും കെട്ടുന്നു.

കൊല്ലപ്പെട്ട ചെറുപ്പക്കാരനെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചയുണ്ടാകുന്നത് കുടുംബം സഹിക്കണമെന്നില്ല. എന്നാല്‍, മനോരമ ആ ചര്‍ച്ചയും കുത്തിപ്പൊക്കുകയാണ്. പൊലീസ് നേരായി കേസന്വേഷിക്കരുത്, യഥാര്‍ഥ പ്രതികളെയും യഥാര്‍ഥ സംഭവവും വെളിച്ചത്തു കൊണ്ടുവന്നാലും ഞങ്ങള്‍ വിശ്വസിക്കില്ല-ഓംപ്രകാശ് എന്ന ഗുണ്ടയ്ക്ക് പണ്ട് ഡിവൈഎഫ്ഐ, എസ്എഫ്ഐ ബന്ധമുണ്ടായിരുന്നതുകൊണ്ട് കേസില്‍ സിപിഎം ബന്ധം ചാര്‍ത്തിയേ തീരു എന്നാണ് മനോരമയുടെ കടുംപിടിത്തം. ഓംപ്രകാശ് എസ്എഫ്ഐയിലുണ്ടായിരുന്നപ്പോള്‍ സഹപ്രവര്‍ത്തകരായിരുന്നവര്‍ ഇന്നയിന്നയാളുകളെന്നും അവരും കേസുമായി ബന്ധമുണ്ടെന്നും പറഞ്ഞാല്‍ സംഗതി പൂര്‍ത്തിയാകുമല്ലോ. ആരില്‍നിന്ന് അച്ചാരം വാങ്ങിയാണ് ഈ പരിഹാസ്യമായ നാടകം എന്നേ അന്വേഷിക്കാനുള്ളൂ; ആരെ രക്ഷിക്കാനാണെന്നും.

പി എം മനോജ് ദേശാഭിമാനി 27 ആഗസ്റ്റ് 2009

ശ്രീ പി.എം മനോജിന്റെ പോസ്റ്റ് ഇവിടെ

Wednesday, August 26, 2009

സുദര്‍ശനും ജിന്നയെ ന്യായീകരിച്ച് രംഗത്ത്

ഇന്‍ഡോര്‍: പാകിസ്താന്‍ സ്ഥാപകനേതാവായ മുഹമ്മദലി ജിന്ന ഒരുകാലത്ത് അഖണ്ഡഭാരതം എന്ന ആശയത്തോട് പ്രതിബദ്ധത പുലര്‍ത്തിയിരുന്നെന്ന് ആര്‍.എസ്.എസ്സിന്റെ മുന്‍ മേധാവി കെ.എസ്. സുദര്‍ശന്‍ ചൂണ്ടിക്കാട്ടി.

മഹാത്മാഗാന്ധി ഉറച്ച നിലപാടെടുത്തിരുന്നെങ്കില്‍ ഇന്ത്യാവിഭജനം ഒരിക്കലും സംഭവിക്കില്ലായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

''ജിന്നയുടെ വ്യക്തിത്വത്തിന് പല വശങ്ങളുണ്ടായിരുന്നു. ബാലഗംഗാധര തിലകനൊപ്പം ഒരുകാലത്ത് അഖണ്ഡഭാരതത്തിനായി നിലകൊണ്ടയാളാണ് അദ്ദേഹം.ചരിത്രം ശരിയായി വായിച്ചാല്‍ നിങ്ങള്‍ക്കത് മനസ്സിലാക്കാനാവും''-ജിന്ന മതേതരവാദിയായിരുന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി സുദര്‍ശന്‍ പറഞ്ഞു.

ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടത്തില്‍ മുസ്‌ലിം പിന്തുണ ഉറപ്പാക്കാനായി ഗാന്ധി ഖിലാഫത്ത് പ്രസ്ഥാനം തുടങ്ങിയപ്പോള്‍ ജിന്ന ചോദിച്ചത് ''തുര്‍ക്കിയിലെ ഖലീഫ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടെങ്കില്‍ ഇന്ത്യയ്‌ക്കെന്ത്'' എന്നായിരുന്നു. ആ ചോദ്യം ആരും ശ്രദ്ധിച്ചില്ല. അതില്‍ അദ്ദേഹം ദുഃഖിതനായിരുന്നു. തുടര്‍ന്ന്, കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവെച്ച് ബ്രിട്ടണിലേക്ക് പോയ ജിന്ന 1927ലേ ഇന്ത്യയിലേക്ക് മടങ്ങിയുള്ളൂ-സുദര്‍ശന്‍ പറഞ്ഞു.

ജിന്നയെ വാഴ്ത്തിക്കൊണ്ട് പുസ്തകമെഴുതിയതിന്റെ പേരില്‍ ജസ്വന്ത് സിങ്ങിനെ ബി.ജെ.പി.യില്‍ നിന്ന് പുറത്താക്കിയതിനെപ്പറ്റി ചോദിച്ചപ്പോള്‍, അത് പാര്‍ട്ടിയുടെ ആഭ്യന്തരകാര്യമാണെന്ന് സുദര്‍ശന്‍ പറഞ്ഞു.

സുദര്‍ശന്‍ ആര്‍.എസ്.എസ്. മേധാവിയായിരുന്ന കാലത്ത് അദ്വാനി ജിന്നയെ പ്രകീര്‍ത്തിച്ചതിനെതിരെ സംഘടന ശക്തമായ നിലപാടെടുത്തിരുന്നത് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. അതേക്കുറിച്ച് അദ്വാനി പിന്നീട് വിശദീകരണം നല്‍കിയിട്ടുണ്ടെന്നും അതില്‍ താന്‍ സംതൃപ്തനാണെന്നും സുദര്‍ശന്‍ മറുപടി നല്‍കി.

മാതൃഭൂമി വാര്‍ത്ത

ന്യൂഡല്‍ഹി: ആര്‍.എസ്‌.എസ്‌. നേതാവായിരുന്ന എച്ച്‌.വി. ശേഷാദ്രിയും ഇന്ത്യാ വിഭജനത്തിന്റെ കാര്യത്തില്‍ സര്‍ദാര്‍ വല്ലഭ്‌ഭായ്‌ പട്ടേലിനെ കുറ്റപ്പെടുത്തിയിട്ടുണ്ടെന്ന്‌ ബി.ജെ.പി. നേതാവ്‌ അരുണ്‍ ഷൂരി ചൂണ്ടിക്കാട്ടി.

ആര്‍.എസ്‌.എസ്‌. സര്‍കാര്യവാഹ്‌ ആയിരുന്ന അന്തരിച്ച ശേഷാദ്രിയുടെ 'ദി ട്രാജഡി ഓഫ്‌ പാര്‍ട്ടീഷന്‍' എന്ന പുസ്‌തകത്തിലാണ്‌ പട്ടേലിനെതിരെ പരാമര്‍ശമുള്ളതെന്നും അദ്ദേഹം പറഞ്ഞു. പട്ടേലിനെ വിമര്‍ശിച്ചതിന്റെ പേരില്‍ ജസ്വന്ത്‌ സിങ്ങിന്റെ പുസ്‌തകം നിരോധിച്ച ഗുജറാത്ത്‌ സര്‍ക്കാര്‍ ശേഷാദ്രിയുടെ പുസ്‌തകവും വിലക്കുമോയെന്ന്‌ അദ്ദേഹം ചോദിച്ചു.

ജസ്വന്ത്‌ സിങ്ങനെ പുറത്താക്കിയ വിഷയത്തില്‍ ബി.ജെ.പി. പ്രസിഡന്റ്‌ രാജ്‌നാഥ്‌ സിങ്ങിനെ അരുണ്‍ഷൂരി കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചത്‌ ഏറെ ഒച്ചപ്പാട്‌ സൃഷ്ടിച്ചിരുന്നു.

പാക്‌ സ്ഥാപകനേതാവായ മുഹമ്മദലി ജിന്നയെയും ഇന്ത്യാവിഭജനത്തില്‍ സര്‍ദാര്‍ പട്ടേലിന്റെ പങ്കിനെയും കുറിച്ച്‌ ജസ്വന്ത്‌ സിങ്ങിന്റെ വിലയിരുത്തലിനോട്‌ യോജിക്കുന്നില്ലെന്ന്‌ ഷൂരി ആവര്‍ത്തിച്ചു.

കോണ്‍ഗ്രസ്‌ നേതാക്കളുടെ ചാഞ്ചാട്ടം കാരണമാണ്‌ ഇന്ത്യ വിഭജിക്കപ്പെട്ടത്‌ എന്ന്‌ ശേഷാദ്രിയുടെ പുസ്‌തകം ഉദ്ധരിച്ച്‌ ഷൂരി പറഞ്ഞു. അല്ലാതെ ബ്രിട്ടീഷുകാരുടെയുംജിന്നയുടെയും മുസ്‌ലിംലീഗിന്റെയും നിലപാടുകള്‍ മാത്രമായിരുന്നില്ല കാരണം-ഷൂരി പറഞ്ഞു.

മനംനൊന്ത്‌ ഗാന്ധിജി നടത്തിയ ശക്തമായ എതിര്‍പ്പിനെ അവഗണിച്ചാണ്‌ പഞ്ചാബ്‌, ബംഗാള്‍ പ്രവിശ്യകളുടെ വിഭജനത്തിന്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തക സമിതി അംഗീകാരം നല്‌കിയത്‌. വിഭജനം സംബന്ധിച്ച്‌ പട്ടേല്‍ ഒരു പ്രവര്‍ത്തക സമിതി അംഗത്തിന്‌ അയച്ച കത്തും ശേഷാദ്രിയുടെ പുസ്‌തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. പട്ടേലിന്റെ നിലപാട്‌ യാഥാര്‍ഥ്യബോധമില്ലാത്തതായിരുന്നെന്ന്‌ ശേഷാദ്രി പുസ്‌തകത്തില്‍ കുറ്റപ്പെടുത്തുന്നു.

ഇടക്കാല സര്‍ക്കാറില്‍ മുസ്‌ലിംലീഗിന്റെ സമ്മര്‍ദതന്ത്രങ്ങളില്‍ പട്ടേല്‍ ഏറെ മടുത്തിരുന്നു. ലീഗുമായുള്ള ഏതു ബന്ധവും ഭാവിയില്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്ന്‌ പട്ടേല്‍ കരുതി. ഈ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നതിനു പകരം വിഭജനമാണ്‌ ഭേദം എന്നായിരുന്നു പട്ടേലിന്റെ നിലപാട്‌.

വിഭജനമല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്നായിരുന്നു പട്ടേല്‍ കരുതിയത്‌. രാജേന്ദ്രപ്രസാദും ഇതേ നിലപാടുകാരനായിരുന്നു-ശേഷാദ്രിയുടെ പുസ്‌തകത്തെ ഉദ്ധരിച്ച്‌ ഷൂരി പറഞ്ഞു.

മാതൃഭൂമി വാര്‍ത്ത

ലാവലിന്‍ - ഗവര്‍ണ്ണര്‍ക്ക് സ്വകാര്യ നിയമോപദേശം

ലാവ്ലിന്‍ കേസില്‍ മന്ത്രിസഭാതീരുമാനം മറികടക്കുന്നതിനുള്ള നിയമോപദേശം വാങ്ങാന്‍ ഗവര്‍ണര്‍ ചെലവാക്കിയത് ഒരുലക്ഷം രൂപ. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പ്രോസിക്യൂട്ടുചെയ്യാന്‍ അനുമതി നല്‍കിയത് സ്വകാര്യ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണെന്ന് രാജ്ഭവന്‍ സ്ഥിരീകരിച്ചു. സോളിസിറ്റര്‍ ജനറലിന്റെയോ അറ്റോര്‍ണി ജനറലിന്റെയോ ഉപദേശം തേടാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണെന്നിരിക്കെയാണ് സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ഒരുലക്ഷം രൂപ ഫീസ് നല്‍കി റിട്ടയേഡ് ഹൈക്കോടതി ജഡ്ജിയുടെ നിയമോപദേശം സംഘടിപ്പിച്ചത്. ഭരണഘടനാസ്ഥാപനങ്ങളെ അവഗണിച്ച് സ്വകാര്യ നിയമോപദേശം തേടിയത് ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ കൈക്കൊണ്ട നടപടികളിലെ ദുരൂഹത വര്‍ധിപ്പിച്ചു.

ലാവ്ലിന്‍ കേസില്‍ പിണറായിയെ പ്രോസിക്യൂട്ടുചെയ്യാനുള്ള സിബിഐ നീക്കം നിയമവിരുദ്ധവും യുക്തിരഹിതവുമാണെന്ന് അഡ്വക്കറ്റ് ജനറല്‍ സംസ്ഥാന സര്‍ക്കാരിന് നിയമോപദേശം നല്‍കിയിരുന്നു. എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ മന്ത്രിസഭായോഗം പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ചു. ഇത് മറികടന്നാണ് ഗവര്‍ണര്‍ ഭരണഘടനാവിരുദ്ധമായ നടപടി സ്വീകരിച്ചത്. പ്രോസിക്യൂഷന്‍ അനുമതി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഭരണഘടനാസ്ഥാപനങ്ങളില്‍നിന്ന് ഗവര്‍ണര്‍ ഉപദേശം തേടിയിരിക്കണം. അഡ്വക്കറ്റ് ജനറലിന്റെയോ അല്ലെങ്കില്‍ അറ്റോര്‍ണി ജനറലിന്റെയോ ഉപദേശം തേടുന്നതിനുപകരം വര്‍ഷങ്ങള്‍ക്കുമുമ്പ് റിട്ടയര്‍ചെയ്ത ഹൈക്കോടതി ജഡ്ജി ജോണ്‍ മാത്യുവിനെയാണ് രാജ്ഭവന്‍ ഇതിനായി ചുമതലപ്പെടുത്തിയത്. ഭരണഘടനാപരമായ സംവിധാനങ്ങള്‍ ലഭ്യമായിട്ടും അത് ഉപയോഗപ്പെടുത്താന്‍ ഗവര്‍ണര്‍ സന്നദ്ധനായില്ല. ഗവര്‍ണര്‍ക്കുമേല്‍ അതിശക്തമായ ബാഹ്യസമ്മര്‍ദം ആ ഘട്ടത്തിലുണ്ടായിരുന്നു.

മന്ത്രിസഭാതീരുമാനം തള്ളിക്കളയാന്‍ റിട്ടയേഡ് ജഡ്ജിയുടെ പക്കല്‍നിന്ന് നിയമോപദേശം വാങ്ങിയത് നഗ്നമായ രാഷ്ട്രീയക്കളിയുടെ ഭാഗമായാണ്. ലാവ്ലിന്‍ കേസിനുപിന്നിലെ രാഷ്ട്രീയഗൂഢാലോചനയുടെ ആഴങ്ങളിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. ബാഹ്യസമ്മര്‍ദവും സ്വകാര്യ ഉപദേശവും ഗവര്‍ണറുടെ തീരുമാനത്തിനുപിന്നിലുണ്ടായിരുന്നു എന്ന് ഇതോടെ സ്ഥിരീകരിക്കപ്പെടുകയാണ്. ഭരണഘടനാസ്ഥാപനങ്ങളെ സമീപിക്കാന്‍ ആവശ്യമായ സമയമുണ്ടായിട്ടും ജസ്റ്റിസ് ജോണ്‍ മാത്യുവില്‍നിന്നുതന്നെ നിയമോപദേശം വാങ്ങിയതിനുപിന്നിലെ പ്രേരണയെക്കുറിച്ച് വ്യക്തമാക്കാനും ഗവര്‍ണര്‍ ബാധ്യസ്ഥനാവുകയാണ്.

ഭരണഘടനാപരമായ അധികാരപരിധി ലംഘിച്ചാണ് അഡ്വക്കറ്റ് ജനറലിന്റെ ഉപദേശവും മന്ത്രിസഭാതീരുമാനവും തള്ളി പ്രോസിക്യൂഷന്‍ അനുമതിക്ക് ഗവര്‍ണര്‍ ഉത്തരവിട്ടത്. ഗവര്‍ണര്‍ക്ക് ഇതിന് വിവേചനാധികാരമുണ്ടെന്ന ന്യായവും മുന്നോട്ടുവച്ചു. അറ്റോര്‍ണി ജനറല്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാസ്ഥാപനങ്ങളെ അവഗണിച്ച് സ്വകാര്യ നിയമോപദേശം തേടിയതിനും വിവേചനാധികാരമെന്ന ന്യായീകരണമാണ് രാജ്ഭവന്‍ ഉയര്‍ത്തുന്നത്. 39 പേജുള്ള നിയമോപദേശമാണ് റിട്ടയേഡ് ജഡ്ജി ഗവര്‍ണര്‍ക്ക് നല്‍കിയത്. ഭരണഘടന, ക്രിമിനല്‍ നിയമം എന്നിവ സംബന്ധിച്ച കേസുകളല്ല ജോണ്‍ മാത്യു നേരത്തെ പ്രധാനമായും കൈകാര്യം ചെയ്തിരുന്നതെന്ന് നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഭരണഘടനാപ്രശ്നങ്ങള്‍ ഉയര്‍ന്നുവന്ന ഒരു കേസില്‍ നിയമോപദേശം വാങ്ങാന്‍ രാജ്ഭവന്‍ ഇദ്ദേഹത്തെ നിശ്ചയിച്ചത് അതിശയമാണെന്നും നിയമവൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു.

ദേശാഭിമാനി 26 ആഗസ്റ്റ് 2009

Tuesday, August 25, 2009

ആസിയന്‍: തിരക്കിട്ട് ഒപ്പിട്ടത് കോര്‍പറേറ്റ് സമ്മര്‍ദം മൂലം

കര്‍ഷകരുടെ നടുവൊടിക്കുന്ന ആസിയന്‍ സ്വതന്ത്ര വ്യാപാര കരാറില്‍ ഇന്ത്യ തിടുക്കത്തില്‍ ഒപ്പിട്ടത് വന്‍ കോര്‍പറേറ്റുകളുടെ സമ്മര്‍ദത്തിനു വഴങ്ങിയാണെന്ന് വ്യക്തമാകുന്നു. സ്വതന്ത്ര ചരക്കു വ്യാപാരത്തിനുള്ള ധാരണയിലാണ് ഇപ്പോള്‍ ഇന്ത്യയും ആസിയനും ഒപ്പുവച്ചത്. ഇനി നടക്കാനിരിക്കുന്ന സേവനങ്ങളുടെ വ്യാപാരവും നിക്ഷേപനിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതും സംബന്ധിച്ച ചര്‍ച്ചയ്ക്കാണ് കുത്തകകള്‍ കാത്തിരിക്കുന്നത്. ചരക്കുകളുടെ സ്വതന്ത്രവ്യാപാരം ആസിയന്‍ രാജ്യങ്ങള്‍ക്ക് ഗുണം ചെയ്യുംവിധമാണ് കരാര്‍ ഒപ്പിട്ടത്. രാജ്യത്തിന് പൊതുവെ പ്രയോജനം ചെയ്യില്ലെന്നറിഞ്ഞിട്ടും യുപിഎ സര്‍ക്കാര്‍ ഒരു ചര്‍ച്ചയും കൂടാതെ കരാര്‍ ഒപ്പിട്ടത് കോര്‍പറേറ്റുകളുടെ സമ്മര്‍ദത്താലാണ്. കരാര്‍ ഒപ്പിട്ടതിനു പിന്നാലെ വ്യാപാര സംഘടനകളായ ഫിക്കിയും അസോചവുമൊക്കെ സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച് പ്രസ്താവനയിറക്കി. കാരണം, അവര്‍ കാത്തിരിക്കുന്ന സേവന- നിക്ഷേപ ചര്‍ച്ചയിലേക്ക് നീങ്ങണമെങ്കില്‍ ആദ്യം ചരക്കുകളുടെ സ്വതന്ത്ര വ്യാപാരചര്‍ച്ച പൂര്‍ത്തിയാകണമായിരുന്നു. സേവനങ്ങളുടെ കയറ്റുമതിക്കുള്ള തീരുവ- തീരുവയിതര തടസ്സം നീക്കുക, നിക്ഷേപത്തിന് കൂടുതല്‍ അനുകൂല സാഹചര്യമൊരുക്കുക തുടങ്ങിയ ചര്‍ച്ച 2009 ഡിസംബറോടെ പൂര്‍ത്തിയാക്കി സര്‍ക്കാരിനെക്കൊണ്ട് കരാറില്‍ ഒപ്പിടീക്കുകയാണ് കോര്‍പറേറ്റുകളുടെ ലക്ഷ്യം. കരാര്‍ നിലവില്‍ വന്നാല്‍ 11 ആസിയന്‍ രാജ്യങ്ങളിലെ ഉപഭോക്തൃവിപണി വന്‍കിട കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്ക് സ്വന്തമാകും.

2008ല്‍ തന്നെ ചരക്കുകളുടെ സ്വതന്ത്രവ്യാപാര കരാറില്‍ ഒപ്പിടാന്‍ ഇന്ത്യ തയ്യാറെടുത്തിരുന്നു. എന്നാല്‍, പൊതുതെരഞ്ഞെടുപ്പ് അടുത്തതിനാല്‍ കര്‍ഷകര്‍ക്ക് ഹാനികരമായ കരാറില്‍ തല്‍ക്കാലം ഒപ്പിടേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചു. തെരഞ്ഞെടുപ്പിനുശേഷം കരാര്‍ കൊണ്ടുവരാമെന്ന് കോര്‍പറേറ്റ് സംഘടനകള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം ഉറപ്പ് നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് അവര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ സഹായിച്ചതും വന്‍ തുക ഫണ്ടിലേക്ക് നല്‍കിയതും. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചതോടെ ആസിയന്‍ കരാറില്‍ ഒപ്പുവയ്ക്കണമെന്ന ആവശ്യം കോര്‍പറേറ്റുകള്‍ വീണ്ടുമുന്നയിച്ചു.

ആസിയന്‍ രാജ്യങ്ങളുടെ സേവനമേഖലയിലാണ് പ്രധാനമായും കോര്‍പറേറ്റുകളുടെ കണ്ണ്. ബാങ്കിങ്, ഇന്‍ഷുറന്‍സ്, ടെലികോം, ആരോഗ്യം, ചില്ലറവ്യാപാരം തുടങ്ങിയ സേവനമേഖലകളുടെ കാര്യത്തില്‍ ചില സ്വകാര്യസ്ഥാപനങ്ങള്‍ക്ക് പ്രത്യേക താല്‍പ്പര്യമുണ്ട്. സേവനമേഖലയില്‍ ആസിയന്‍ രാജ്യങ്ങളിലെ മൊത്തം വ്യാപാരം ഏതാണ്ട് 28,090 ഡോളര്‍ (280.9 ശതകോടി ഡോളര്‍) വരും. അമേരിക്ക കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ സേവന വ്യാപാരമേഖലയാണിത്. ചരക്കുകളുടെ സ്വതന്ത്രവ്യാപാരവും ചില കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്ക് സഹായകമാകും. മുകേഷ് അംബാനിയുടെ റിലയന്‍സ് പെട്രോളിയമാണ് ഇതില്‍ പ്രധാനം. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ തീരുവ ഇല്ലാതാകുന്നത് ഇവരെ സഹായിക്കും. ആസിയന്‍ രാജ്യങ്ങളില്‍ എണ്ണ ശുദ്ധീകരണ സംവിധാനം കുറവാണ്. റിലയന്‍സാകട്ടെ ലോകത്തെ ആറാമത്തെ എണ്ണശുദ്ധീകരണ കുത്തകയും. ആസിയന്‍ രാജ്യങ്ങളിലെ എണ്ണ ഖനനരംഗത്തും റിലയന്‍സിന് താല്‍പ്പര്യം ഏറെയാണ്. നിക്ഷേപ അന്തരീക്ഷം കൂടുതല്‍ അയയുന്നതോടെ റിലയന്‍സ് ഈ രംഗത്തും നേട്ടമുണ്ടാക്കും.

എം പ്രശാന്ത് ദേശാഭിമാനി

ബിജെപിയുടെ പ്രതിസന്ധി

വേറിട്ടൊരു പാര്‍ടി എന്ന് അവകാശപ്പെട്ടിരുന്ന ബിജെപിയുടെ ഇപ്പോഴത്തെ അവസ്ഥ എത്രമാത്രം പരിതാപകരമാണെന്നു തെളിയിക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ ആ പാര്‍ടിയില്‍ നടക്കുന്നത്. ജിന്നയെ വാഴ്ത്തിയതിന്റെ പേരില്‍ ജസ്വന്ത് സിങ്ങിനെ പുറത്താക്കിയതിന്റെ വിവാദം കത്തിനില്‍ക്കുമ്പോഴാണ് സുധീന്ദ്രകുല്‍ക്കര്‍ണി ബിജെപി വിടുന്നത്. മുന്‍ പ്രധാനമന്ത്രിയുടെ ഉപദേശകനും അദ്വാനിയുടെ പ്രസംഗം എഴുത്തുകാരനുമായ കുല്‍ക്കര്‍ണിക്ക് ബിജെപിയുടെ നയരൂപീകരണത്തില്‍ നല്ല പങ്കുണ്ടായിരുന്നു. അദ്വാനി പ്രസിഡന്റായിരുന്ന കാലത്ത് ബിജെപിയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന കുല്‍ക്കര്‍ണി അഭിപ്രായസ്വാതന്ത്ര്യം നിലനിര്‍ത്താനാണ് ബിജെപി വിടുന്നതെന്നാണ് പറഞ്ഞത്. ജനാധിപത്യപ്രവര്‍ത്തന രീതികളൊന്നും ബിജെപിയിലില്ലെന്ന സൂചനയും അദ്ദേഹം നല്‍കി. ജസ്വന്ത് സിങ്ങിനെ പുറത്താക്കിയ രീതിയെ ശക്തിയായി വിമര്‍ശിച്ചതിനും ഈ ധ്വനിയാണ് ഉണ്ടായിരുന്നത്.

കേന്ദ്രനേതാക്കള്‍ തമ്മിലുള്ള ചേരിപ്പോര് പരിഹാസ്യമായ അവസ്ഥയിലേക്ക് ആ പാര്‍ടിയെ എത്തിച്ചിരിക്കുന്നു. ബിജെപി ശക്തമായ സംസ്ഥാനങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല. ഉത്തരാഞ്ചലിലെ വിമതകലാപത്തെത്തുടര്‍ന്ന് മുഖ്യമന്ത്രിയെ മാറ്റുന്നതിന് ബിജെപി നിര്‍ബന്ധിതമായി. രാജസ്ഥാനിലെ പ്രതിപക്ഷനേതാവ് വസുന്ധര രാജയോട് സ്ഥാനം ഒഴിയാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ അതിന് ഇതുവരെ തയ്യാറായിട്ടില്ല. രാജ്യസഭാ നേതാവായി അരുണ്‍ ജെയ്റ്റ്ലിയെ നിശ്ചയിച്ചതും ലോക്സഭാ ഉപനേതാവായി സുഷമ സ്വരാജിനെ നിശ്ചയിച്ചതും തര്‍ക്കമുണ്ടാക്കിയിരുന്നു. യശ്വന്ത് സിന്‍ഹയും അരുണ്‍ ഷൂരിയും ഉള്‍പ്പെടുന്ന മുതിര്‍ന്ന നേതാക്കളും കലഹത്തിന്റെ വഴിയിലാണ്. അധികാരം നഷ്ടപ്പെട്ടതിനുശേഷം ബിജെപിക്ക് കരകയറാന്‍ കഴിയുന്നില്ലെന്നു തിരിച്ചറിഞ്ഞ പലരും ആ പാര്‍ടിയില്‍നിന്ന് വിട്ടുപോവുകയാണ്.

ആറുവര്‍ഷത്തെ തുടര്‍ച്ചയായ ഭരണത്തിനുശേഷം വീണ്ടും അധികാരത്തില്‍ കയറാന്‍ കഴിയുമെന്നാണ് തിളങ്ങുന്ന ഇന്ത്യയെ അവതരിപ്പിച്ച് ബിജെപി കരുതിയത്. ബിജെപിയുടെ വര്‍ഗീയ അജന്‍ഡയെ അന്ന് ജനങ്ങള്‍ തള്ളിക്കളഞ്ഞു. കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പില്‍ തീവ്രഹിന്ദുത്വകാര്‍ഡ് ഇറക്കാനാണ് ബിജെപി ശ്രമിച്ചത്. മോഡിയെ ഉയര്‍ത്തിക്കാണിച്ചും വര്‍ഗീയവിഷം വമിപ്പിക്കുന്ന വരുണ്‍ഗാന്ധി മോഡല്‍ പ്രസംഗങ്ങളിലൂടെയും ഇതാണ് ജനങ്ങളിലേക്ക് എത്തിക്കാന്‍ ശ്രമിച്ചത്. എന്നാല്‍, ജനം അത് തള്ളിക്കളയുകയാണ് ചെയ്തത്. പ്രതിപക്ഷത്തിരുന്നപ്പോഴൊന്നും ജനങ്ങളുടെ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി പാര്‍ലമെന്റിനകത്തും പുറത്തും സമരം ചെയ്യുന്നതിന് അവര്‍ തയ്യാറായില്ല. സാമ്പത്തികനയത്തിലും വിദേശനയത്തിലും ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ വ്യത്യസ്തതയില്ലെന്ന് ശരിയായി മനസ്സിലാക്കുന്നതിന് ഇത് സഹായിച്ചു. പുതിയ യുപിഎ സര്‍ക്കാരിനോടുള്ള സമീപനത്തിലും ഇത് തെളിഞ്ഞുകാണാം. ഇതൊന്നും മനസ്സിലാക്കാതെ ഇരുട്ടില്‍ കറുത്ത പൂച്ചയെ തപ്പുന്ന പണിയാണ് ബൈഠക്കുകളിലൂടെ നടത്തുന്നത്. ആ സന്ദര്‍ഭത്തിലാണ് കൂനിന്‍മേല്‍ കുരുവെന്ന മട്ടില്‍ തമ്മിലടിയും ചേരിപ്പോരും മുറുകുന്നത്.

മറുവശത്ത് ആര്‍എസ്എസ് തങ്ങളുടെ പിടി മുറുക്കുന്നതിനു ശ്രമിക്കുകയാണ്. ബിജെപിക്ക് യുവനേതൃത്വം വേണമെന്ന് അവര്‍ ആവശ്യപ്പെട്ടുകഴിഞ്ഞു. ഇപ്പോഴത്തെ നേതൃത്വത്തിനു ജനങ്ങളുടെയും പാര്‍ടിയുടെയും അംഗീകാരമില്ലെന്ന കാര്യവും അവര്‍ വ്യക്തമാക്കി. ഈ ഗുരുതരമായ സാഹചര്യം സ്വയം ശിഥിലമാകുന്നതിലേക്കാണ് ബിജെപി പോകുന്നത് എന്നതിന്റെ സൂചനയാണ് നല്‍കുന്നത്. തീവ്ര വര്‍ഗീയനിലപാട് പിന്തുടരുന്നതിനെയും ആര്‍എസ്എസ് പിടിമുറുക്കുന്നതിനെതിരെയും ബിജെപിക്കകത്ത് വ്യത്യസ്ത അഭിപ്രായം ശക്തിപ്പെടുന്നുണ്ട്. കോണ്‍ഗ്രസിനെപ്പോലും പിന്നിലാക്കുന്ന രൂപത്തില്‍ അഴിമതിയും സ്വജനപക്ഷപാതവും മറ്റും ബിജെപിയിലും ശക്തിപ്പെടുന്നു. ചിന്തന്‍ ബൈഠക്കുകള്‍കൊണ്ട് പരിഹരിക്കാന്‍ കഴിയുന്ന അസുഖമല്ലിത്. ബിജെപിയുടെ ശരീരത്തെ കാര്‍ന്നുതിന്നുന്ന ഈ രോഗങ്ങള്‍ ആ പാര്‍ടിയുടെ രൂപീകരണത്തില്‍ത്തന്നെ ഉള്ളടക്കംചെയ്തതാണ്. സ്വയം തല്ലിത്തകര്‍ന്ന യാദവകുലത്തിന്റെ അവസ്ഥയിലേക്കാണ് ആ പാര്‍ടി പോകുന്നതെന്നു സംശയിച്ചാല്‍ കുറ്റം പറയാനാകില്ല.

ദേശാഭിമാനി മുഖപ്രസംഗം 25 ആഗസ്റ്റ് 2009

Monday, August 24, 2009

മാണിക്കും ചൈനീസ് താല്‍പ്പര്യമോ?

കേന്ദ്രഗവര്‍മെന്റിന് വിദേശരാജ്യങ്ങളുമായി കരാറുകളില്‍ ഏര്‍പ്പെടാനുള്ള അധികാരമുണ്ട്. കോണ്‍ഗ്രസാണ് കേന്ദ്രം ഭരിക്കുന്ന യുപിഎ സര്‍ക്കാരിന്റെ തലപ്പത്ത്. സ്വാഭാവികമായും ആ പാര്‍ടിക്ക് കേന്ദ്രഗവര്‍മെന്റിന്റെ ചെയ്തികളെ ന്യായീകരിക്കാനുള്ള ബാധ്യതയുമുണ്ട്. കെപിസിസിയും പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയും ഏറ്റവുമൊടുവില്‍ കേന്ദ്രമന്ത്രി വയലാര്‍ രവിയും ആസിയന്‍ കരാറിനെ ന്യായീകരിക്കാനുള്ള വാദങ്ങളുമായി മുന്നോട്ടുവന്നതിനെ ആ അര്‍ഥത്തില്‍ അനിവാര്യമായ കടമ നിര്‍വഹിക്കുന്നതായി കണ്ടാല്‍ വിശേഷിച്ച് പ്രശ്നങ്ങളൊന്നുമില്ല. ആണവകരാറിനെ എന്നപോലെ, അവര്‍ ആസിയന്‍ കരാറിനെയും ന്യായീകരിക്കുന്നു; യഥാര്‍ഥത്തില്‍ സംഭവിക്കാനിരിക്കുന്ന അപകടങ്ങള്‍ മറച്ചുപിടിച്ച് സ്വന്തം മുഖംരക്ഷിക്കാനും ജനരോഷത്തില്‍നിന്നു രക്ഷപ്പെടാനുമുള്ള ന്യായവാദങ്ങള്‍ നിരത്തുന്നു എന്നതില്‍ കവിഞ്ഞ പ്രാധാന്യമോ പ്രസക്തിയോ അത്തരം വാദമുഖങ്ങള്‍ക്ക് കല്‍പ്പിക്കേണ്ടതുമില്ല. എന്നാല്‍, അങ്ങനെ അവഗണിക്കാവുന്നതിനപ്പുറമുള്ള ചില കാര്യങ്ങളുയര്‍ത്തി സ്വന്തം മുഖം രക്ഷിക്കുന്നതിലുപരിയായി പ്രത്യാരോപണങ്ങളുന്നയിച്ചും ആസിയാന്‍ കരാറിനെ എതിര്‍ക്കുന്നവര്‍ വികസനവിരുദ്ധരാണെന്ന് ആക്ഷേപിച്ചും കുറ്റം ചൈനയിലും ചൈനീസ് താല്‍പ്പര്യങ്ങളിലും ചാര്‍ത്തിയും നടത്തുന്ന പ്രചണ്ഡ പ്രചാരണത്തെ ലളിതമായി തള്ളിക്കളയാവുന്നതല്ല.

ആസിയന്‍ കരാര്‍ കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ ഹനിക്കുന്നതും കര്‍ഷകരെ കണ്ണീരുകുടിപ്പിക്കുന്നതുമാണെന്നതില്‍ ആ കരാറിന്റെ ഇതുവരെ പുറത്തുവന്ന വിശദാംശം പരിശോധിച്ച ആര്‍ക്കും സംശയമില്ല. കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെ പുറത്തുവന്ന കാര്യങ്ങള്‍ ശരിയാണെങ്കില്‍, വരുംവര്‍ഷങ്ങളില്‍ ഇന്നാട്ടിലേക്ക് പ്രളയസമാനമായി ആസിയാന്‍ രാജ്യങ്ങളില്‍നിന്ന് കാര്‍ഷികോല്‍പ്പന്നങ്ങള്‍ ഒഴുകിയെത്തും. നമ്മുടെ കാര്‍ഷികവിളകളും പരമ്പരാഗത വ്യവസായങ്ങളും പിടിച്ചുനില്‍ക്കാനാകാതെ മുങ്ങിത്താഴും. കേന്ദ്രസര്‍ക്കാരും കോണ്‍ഗ്രസും കൊട്ടിഘോഷിക്കുന്ന സംരക്ഷിതപ്പട്ടിക (നെഗറ്റീവ് ലിസ്റ്റ്)യും കര്‍ഷകര്‍ക്ക് രക്ഷയാവില്ല. പട്ടികയിലെ ഉല്‍പ്പന്നങ്ങള്‍ക്ക് കരടുകരാര്‍ ഒപ്പിട്ട 2004ലെ തീരുവയില്‍ കൂടുതല്‍ ചുമത്താനാകില്ലെന്നുമാത്രമല്ല, സംരക്ഷിതപ്പട്ടികയിലെ ഉല്‍പ്പന്നങ്ങളുടെ ഉപോല്‍പ്പന്നങ്ങള്‍ നിര്‍ബാധം ഇറക്കുമതി ചെയ്യാം.

ഉദാഹരണത്തിന്, സ്വാഭാവിക റബറിന് നിയന്ത്രണമുണ്ടെങ്കില്‍, റബര്‍ കൊണ്ടുണ്ടാക്കുന്ന അനേകം ഉല്‍പ്പന്നം ഉപാധിയില്ലാതെ ഇറക്കുമതിചെയ്യാം. എന്നുമാത്രമല്ല, ഇന്നു പറയുന്ന സംരക്ഷിതപ്പട്ടിക ശാശ്വതമല്ല. അത് ഇടയ്ക്കിടെ പുനഃപരിശോധിക്കാന്‍ കരാറിലേര്‍പ്പെട്ട രാജ്യങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. ഇന്ന് സംരക്ഷിതമെന്നുപറയുന്ന എന്തും നാളെ മറിച്ചാകാം. സംരക്ഷിതപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ 489 ഉല്‍പ്പന്നത്തില്‍ 303 കാര്‍ഷികോല്‍പ്പന്നമാണെന്നും അതുവഴി കേരളത്തിന് അപകടം ഒഴിവായെന്നുമുള്ള യുഡിഎഫ് വാദം തനിത്തട്ടിപ്പാണ് എന്നര്‍ഥം.

കാപ്പി, കുരുമുളക്, തേയില, ഗ്രാമ്പു, കറുവപ്പട്ട തുടങ്ങിയവ സംരക്ഷിതപ്പട്ടികയിലില്ല. ഇവ കേരളത്തിന്റെ പ്രധാന വിളകളാണ്. കേരളം നാണ്യവിളകള്‍ക്ക് പ്രാധാന്യമുള്ള സംസ്ഥാനമാണ്. മുഖ്യഉല്‍പ്പന്നങ്ങളെല്ലാം ദീര്‍ഘകാല വിളകളാണ്. മറ്റു സംസ്ഥാനങ്ങളുടെ പ്രധാന ഉല്‍പ്പന്നങ്ങളായ ഉള്ളിയും തക്കാളിയും ഗോതമ്പും മുളകുമെല്ലാം സംരക്ഷിതപ്പട്ടികയിലാണ്. കേരളത്തിന് ഈ പരിഗണനയില്ല. വെറും നാല് ഉല്‍പ്പന്നവും നാടാകെ വിവാദവും എന്ന ഉമ്മന്‍ചാണ്ടിയുടെ വാദം അതുകൊണ്ടുതന്നെ പരിഹാസ്യമാണ്. ഇറക്കുമതിയുടെ പ്രളയത്തില്‍ സ്വന്തം ഉല്‍പ്പന്നത്തിനു വിലകുറഞ്ഞ് കടംകയറി നാളികേര കര്‍ഷകന്‍ ആത്മഹത്യചെയ്യുമ്പോള്‍ ഉമ്മന്‍ചാണ്ടി ഈ വാദം ആവര്‍ത്തിക്കുമോ?

യഥാര്‍ഥത്തില്‍ ഇന്ത്യയിലെയും ആസിയന്‍ രാജ്യങ്ങളിലെയും വന്‍കിട വ്യവസായലോബിയാണ് ആസിയന്‍ കരാറിന്റെ വക്താക്കള്‍. കരാറിന് സാഹചര്യമെരുക്കാന്‍ തായ്ലന്‍ഡില്‍ സൌകര്യമൊരുക്കിയത് കോലാലമ്പൂരിലെ പാമോയില്‍ രാജാക്കന്‍മാരുടെ നേതൃത്വത്തിലുള്ള സംഘമാണെങ്കില്‍ ഇന്ത്യയെ കരാറിലേക്ക് നയിച്ചത് റിലയന്‍സടക്കമുള്ള ഏതാനും ശതകോടീശ്വര ഗണത്തില്‍ വരുന്ന വാണിജ്യ-വ്യവസായ പ്രമുഖരാണ്. അവര്‍ക്കായി സേവന-നിക്ഷേപമേഖലയിലെ അനുബന്ധ കരാറിനുള്ള ചര്‍ച്ച നടക്കുന്നു. സേവന-നിക്ഷേപമേഖലയിലെ കമ്പോളം തുറന്നുകിട്ടാന്‍ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സ്വതന്ത്ര ഇറക്കുമതിക്ക് ഇന്ത്യ അനുമതി നല്‍കുക എന്ന പ്രത്യുപകാരമാണ് നിറവേറ്റപ്പെട്ടത്. രണ്ടുഭാഗത്തെയും തല്‍പ്പരകക്ഷികള്‍ സാധാരണജനങ്ങളല്ല, കോര്‍പറേറ്റുകളാണ്.

ഇത്തരം യാഥാര്‍ഥ്യം ജനശ്രദ്ധയില്‍നിന്നു മാറ്റിനിര്‍ത്താനാണ് കരാറിനെ സിപിഐ എം എതിര്‍ക്കുന്നത് ചൈനയ്ക്കുവേണ്ടിയാണെന്ന വാദവുമായി ഉമ്മന്‍ചാണ്ടി രംഗത്തുവന്നത്. കരാറിന്റെ അപകടം ജനങ്ങള്‍ ഏറെക്കുറെ മനസ്സിലാക്കിയിരിക്കുന്നു. ജനരോഷം അതിശക്തമാണ്. അതു നേരിടുന്നതിലുള്ള ആശങ്കയും പരിഭ്രാന്തിയുമാണ് സാമാന്യയുക്തിക്ക് നിരക്കാത്ത ആരോപണങ്ങളുമായി രംഗത്തുവരാന്‍ ഉമ്മന്‍ചാണ്ടിയടക്കമുള്ളവരെ പ്രേരിപ്പിക്കുന്നത്.

സിപിഐ എം നേതാക്കളെയും പ്രവര്‍ത്തകരെയും ചൈനീസ് ചാരന്‍മാരെന്നു മുദ്രകുത്തി തുറുങ്കിലടച്ച പാരമ്പര്യമുള്ളവരാണ് കോണ്‍ഗ്രസുകാര്‍. ഇന്ത്യയുടെ പരമാധികാരം കളഞ്ഞുകുളിക്കുന്ന ആണവകരാറിനെതിരെ എതിര്‍പ്പുന്നയിച്ചപ്പോഴും സിപിഐ എം അവര്‍ക്ക് ചൈനീസ് പക്ഷപാതികളായി. ആണവകരാറിന്റെ കാര്യത്തിലായാലും ആസിയന്‍ കരാറിലായാലും ചൈനയ്ക്ക് പ്രത്യേക താല്‍പ്പര്യമെന്തെങ്കിലുമുണ്ടെന്നു തെളിഞ്ഞതുകൊണ്ടല്ല ഈ ആക്ഷേപങ്ങള്‍. ചൈന സോഷ്യലിസ്റ്റ് രാജ്യമാണ്. അവരെ നയിക്കുന്നത് മാര്‍ക്സിസ്റ്റ് -ലെനിനിസ്റ്റ് പ്രത്യയശാസ്ത്രമാണ്. അതേ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ടിയാണ് സിപിഐ എം. ആ താരതമ്യം മതി ചൈനയെയും സിപിഐ എമ്മിനെയും ഒരു നുകത്തില്‍കെട്ടി ആക്രമിക്കാന്‍! അതല്ലെങ്കില്‍, ആസിയന്‍ കരാറില്‍ ഇന്ത്യ ഏര്‍പ്പെടുമ്പോള്‍ ചൈനയ്ക്ക് എന്തു ദോഷമെന്ന് തെളിയിച്ചിട്ടു വേണ്ടേ ഉമ്മന്‍ചാണ്ടി ഇത്തരം വികടസരസ്വതി എഴുന്നള്ളിക്കാന്‍.

ചൈനയുടെ പേരുപറഞ്ഞ് ആസിയന്‍ കരാറിനെ ന്യായീകരിക്കുന്നത് ഉമ്മന്‍ചാണ്ടിയുടെ മിടുക്ക് തന്നെ. അതുരക്ഷപ്പെടാനുള്ള തന്ത്രങ്ങളിലൊന്ന്. എന്നാല്‍, അത്തരം തന്ത്രങ്ങള്‍ ഉപ്പുകൂട്ടാതെ വിഴുങ്ങി കേരളത്തിലെ കര്‍ഷക ജനസാമാന്യവും സാധാരണജനങ്ങളും ഉമ്മന്‍ചാണ്ടി പറയുന്നത് അംഗീകരിച്ചുകൊള്ളുമെന്ന ചിന്ത തികഞ്ഞ വ്യാമോഹമാണ്.

കരാര്‍ കേരളത്തിന് ദോഷകരമാണെന്ന് ശക്തിയുക്തം പറയുന്നത് ഇടതുപക്ഷം മാത്രമല്ല, യുഡിഎഫില്‍ പാറപോലെ ഉറച്ചുനില്‍ക്കുന്ന കെ എം മാണി അടക്കമുള്ളവരുമാണ്; സ്വതന്ത്ര കര്‍ഷക സംഘടനയായ ഇന്‍ഫാമും മറ്റുമാണ്. അവര്‍ക്കും ചൈനീസ് താല്‍പര്യമാണോ? മിസ്റ്റര്‍ ഉമ്മന്‍ചാണ്ടി, നിങ്ങള്‍ കൊടുംപാതകമാണ് ജനങ്ങളോട് ചെയ്യുന്നത്. അതു പുറത്തറിയുമ്പോള്‍ പരിഹസിച്ചു ജയിക്കാന്‍ ശ്രമിക്കരുത്. ജനങ്ങളുടെ രോഷത്തില്‍നിന്ന് ഒഴിഞ്ഞുമാറാനുള്ള ഇത്തരം അഭ്യാസം തിരിച്ചറിയപ്പെടുമെന്നും കടുത്ത പ്രതികരണമാകും അതിന്റെ പ്രത്യാഘാതമെന്നും ഓര്‍ക്കുന്നത് നന്ന്.

ദേശാഭിമാനി മുഖപ്രസംഗം 2009 ആഗസ്റ്റ് 24

Sunday, August 23, 2009

രവിയുടെ നുണബോംബ്

ആസിയന്‍ കരാറിനെ ന്യായീകരിക്കാന്‍ വികലവാദങ്ങള്‍ ഉയര്‍ത്തുന്നതോടൊപ്പം കോണ്‍ഗ്രസ് നേതാക്കള്‍ നുണബോംബും പൊട്ടിച്ചുതുടങ്ങി. കരാറില്‍ വിയറ്റ്നാം ഒപ്പുവച്ചിട്ടില്ലെന്ന വിചിത്രമായ പ്രഖ്യാപനത്തോടെ കേന്ദ്രമന്ത്രി വയലാര്‍ രവിയാണ് ഏറ്റവും വലിയ നുണ കാച്ചിയത്. ഇടതുപക്ഷ നേതാക്കള്‍ കരാറിന്റെ വിശദാംശങ്ങളെക്കുറിച്ച് അജ്ഞരാണെന്ന് കുറ്റപ്പെടുത്തുന്ന രവി, വിയറ്റ്നാം പ്രസ്താവനയോടെ 'അജ്ഞത' സ്വയം വെളിപ്പെടുത്തി.

ഈ മാസം 13ന് ബാങ്കോക്കില്‍വച്ചാണ് ഇന്ത്യയും ആസിയനിലെ 11 അംഗരാജ്യങ്ങളും സ്വതന്ത്രവ്യാപാര കരാറില്‍ ഒപ്പുവച്ചത്. ഇന്ത്യക്കുവേണ്ടി ഒപ്പിട്ടത് വാണിജ്യമന്ത്രി ആനന്ദ് ശര്‍മയാണ്. ആസിയന്‍ അംഗരാഷ്ട്രമായ വിയറ്റ്നാമും കരാറില്‍ ഒപ്പുവച്ചു. വിയറ്റ്നാമിനുവേണ്ടി വാണിജ്യമന്ത്രി പോടിവ നകസായിയാണ് ഒപ്പിട്ടത്. കരാര്‍ ഇന്ത്യയും ആസിയനിലെ എല്ലാ അംഗരാജ്യങ്ങളും തമ്മിലുള്ളതാണ്. രവി ചിത്രീകരിക്കുംപോലെ ഇന്ത്യയും ആസിയനിലെ ചില രാജ്യങ്ങളും തമ്മിലുള്ളതല്ല.

കരാര്‍ കേരളത്തിന് ഹാനികരമാണെന്ന ബോധ്യം വയലാര്‍ രവിക്ക് നല്ലതുപോലെയുണ്ട്. അതുകൊണ്ടാണ് ഒപ്പുവയ്ക്കലിന് അനുമതി നല്‍കിയ മന്ത്രിസഭാ യോഗത്തില്‍ എ കെ ആന്റണിയും വയലാര്‍ രവിയും പേരിനെങ്കിലും പ്രതിഷേധം പ്രകടിപ്പിച്ചത്. കേരളത്തിന്റെ ആശങ്ക പരിശോധിക്കാന്‍ കേന്ദ്രം മന്ത്രിതലസമിതിയെ വച്ചതും ഈ സാഹചര്യത്തിലാണ്. ഒരു വിധത്തിലും കരാറിനെ ന്യായീകരിക്കാനാകില്ലെന്ന് വ്യക്തമായപ്പോഴാണ് കോണ്‍ഗ്രസ് നേതാക്കള്‍ നുണക്കഥകളുമായി രംഗത്തുവന്നത്. കരാറില്‍ വിയറ്റ്നാം ഒപ്പുവക്കാത്തതിനാല്‍ കേരളത്തിലെ കുരുമുളക് കര്‍ഷകര്‍ ഭയക്കേണ്ടതില്ലെന്നാണ് വയലാര്‍ രവി തട്ടിവിട്ടത്. കരാറിന്റെ വിശദാംശം പൂര്‍ണമായി കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ഇട്ടിട്ടുണ്ടെന്ന കാര്യവും നുണപറയുമ്പോള്‍ മന്ത്രി മന:പൂര്‍വം മറന്നു.

Saturday, August 22, 2009

സംരക്ഷിതപ്പട്ടികയും രക്ഷിക്കില്ല

ആസിയന്‍ കരാറിന്റെ സംരക്ഷിതപ്പട്ടിക(നെഗറ്റീവ് ലിസ്റ്റ്)യും കേരളത്തിലെ കര്‍ഷകര്‍ക്ക് രക്ഷയാവില്ല. പട്ടികയിലെ ഉല്‍പ്പന്നങ്ങള്‍ക്ക് കരടു കരാര്‍ ഒപ്പിട്ട 2004ലെ തീരുവയില്‍ കൂടുതല്‍ ചുമത്താനാകില്ലെന്ന വ്യവസ്ഥയാണ് കേരളത്തെ കുഴപ്പത്തിലാക്കുക. സംരക്ഷിതപ്പട്ടികയിലെ ഉല്‍പ്പന്നങ്ങളുടെ ഉപോല്‍പ്പന്നങ്ങള്‍ നിര്‍ബാധം ഇറക്കുമതി ചെയ്യാമെന്നതും കേരളവിപണിയെ തകര്‍ക്കും. സംരക്ഷിതപ്പട്ടികയുടെ ആശ്വാസം താല്‍ക്കാലികമാണ്. പങ്കാളിത്ത രാജ്യങ്ങള്‍ക്ക് കമ്പോളം കൂടുതല്‍ തുറന്നുകൊടുക്കാന്‍ ഇടയ്ക്കിടെ പട്ടിക പുനഃപരിശോധിക്കും. പ്രാദേശിക കരാറുകള്‍ വേഗംഏകീകൃതനിരക്കില്‍ എത്തിക്കണമെന്നാണ് ലോകവ്യാപാര സംഘടനയുടെ നിര്‍ദേശം.

1994ലെ പുതുക്കിയ ഗാട്ട്കരാറിലെ 24-ാം വകുപ്പുപ്രകാരം ഇത് അനുസരിക്കാന്‍ ഇന്ത്യ ബാധ്യസ്ഥമാണ്. സംരക്ഷിതപ്പട്ടിക പോലുള്ള ആനുകൂല്യങ്ങള്‍ നിശ്ചിത കാലത്തേക്കു മാത്രമാവണമെന്ന് ലോകവ്യാപാര സംഘടന കര്‍ശനമായി നിര്‍ദേശിക്കുന്നു. സംരക്ഷിതപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ 489 ഉല്‍പ്പന്നത്തില്‍ 303 കാര്‍ഷികോല്‍പ്പന്നമാണെന്നും അതുവഴി കേരളത്തിന് അപകടം ഒഴിവായെന്നുമുള്ള യുഡിഎഫ് നേതാക്കളുടെ വാദം ഇതോടെ പൊളിയുകയാണ്. വന്‍തോതില്‍ വിദേശനാണ്യം നല്‍കുന്ന കാപ്പി, കുരുമുളക്, തേയില ഗ്രാമ്പു, കറുവപ്പട്ട തുടങ്ങിയവയെ സംരക്ഷിതപ്പട്ടികയില്‍ ഉള്‍പ്പെടുത്താത്തത് യുഡിഎഫിന്റെ വഞ്ചന തുറന്നുകാട്ടുന്നു. മറ്റു സംസ്ഥാനങ്ങളുടെ പ്രധാന ഉല്‍പ്പന്നങ്ങള്‍ സംരക്ഷിതപ്പട്ടികയിലാണ്. ഉള്ളിയും തക്കാളിയും ഗോതമ്പും മുളകുമെല്ലാം ഈ പട്ടികയിലുണ്ട്.

കാപ്പി, കുരുമുളക്, തേയില തുടങ്ങിയവ ഉള്‍പ്പെട്ട പ്രത്യേക പട്ടികയിലെ തീരുവ പത്തുവര്‍ഷംകൊണ്ടേ കുറയുകയുള്ളൂവെന്നും അതുകൊണ്ട് തല്‍ക്കാലം അപകടമില്ലെന്നുമാണ് ഉമ്മന്‍ചാണ്ടിയടക്കമുള്ള യുഡിഎഫ് നേതാക്കള്‍ വാദിക്കുന്നത്. എന്നാല്‍, കേരളത്തിന്റെ മുഖ്യഉല്‍പ്പന്നങ്ങളെല്ലാം ദീര്‍ഘകാല വിളകളാണ്. പ്രതിസന്ധി മുന്നില്‍ക്കണ്ട് കര്‍ഷകര്‍ ഇപ്പോള്‍ത്തന്നെ ഈ വിളകളില്‍നിന്നു പിന്മാറും. കരാറിന്റെ ആഘാതം താമസിയാതെ വിപണിയിലെത്തും. കരാറില്‍നിന്ന് ഇന്ത്യക്ക് പിന്മാറാമെന്ന വാദവും ശരിയല്ല. ഒരു വര്‍ഷംമുമ്പ് നോട്ടീസ് നല്‍കിയാലും പങ്കാളിത്ത രാജ്യങ്ങളുടെ സമ്മതമുണ്ടെങ്കിലേ പിന്മാറ്റത്തിനു സാധുതയുള്ളൂ. ഇല്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം നേരിടണം.

ഇന്ത്യയിലെ വ്യവസായലോബിക്കായി കാര്‍ഷികമേഖലയെ കുരുതി കൊടുക്കുകയായിരുന്നെന്ന ആരോപണം ശക്തമാണ്. വ്യവസായലോബിക്കായി സേവന-നിക്ഷേപ മേഖലയിലെ അനുബന്ധ കരാറിന് ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ഈ മേഖലയിലാണ് ഇന്ത്യക്ക് മത്സരശേഷിയെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. സവന-നിക്ഷേപ മേഖലയിലെ കമ്പോളം തുറന്നുകിട്ടാന്‍വേണ്ടിയുള്ള പ്രത്യുപകാരമെന്ന നിലയ്ക്ക് കാര്‍ഷികോല്‍പ്പന്നങ്ങളുടെ സ്വതന്ത്ര ഇറക്കുമതിക്ക് ഇന്ത്യ അനുമതി നല്‍കുകയായിരുന്നു. 1460 ഉല്‍പ്പന്നത്തെ സംരക്ഷണപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു തുടക്കത്തില്‍ ഇന്ത്യയുടെ ആവശ്യം. അത് 489 ഉല്‍പ്പന്നത്തിലേക്ക് ചുരുങ്ങിയത് ഈ ഒത്തുതീര്‍പ്പിലൂടെയായിരുന്നു.

ആര്‍ സാംബന്‍ ദേശാഭിമാനി

ഒരുനേരം ഉണ്ടാല്‍ ദരിദ്രനല്ലാതാകുമോ?

ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള (ബിപിഎല്‍) എല്ലാ കുടുംബത്തിനും മാസം 25 കിലോ ഗോതമ്പോ അരിയോ കിലോക്ക് മൂന്നുരൂപ നിരക്കില്‍ നല്‍കുമെന്നായിരുന്നു പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വച്ച പ്രധാന വാഗ്ദാനങ്ങളിലൊന്ന്. യുപിഎ ഭരണത്തിനുകീഴില്‍ ഒരാളും പട്ടിണി അനുഭവിക്കേണ്ടിവരില്ലെന്ന മധുരമനോഹര പ്രഖ്യാപനം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങില്‍നിന്ന് നാം കേട്ടു. ഇപ്പോള്‍, കേന്ദ്രസര്‍ക്കാര്‍ പറയുന്നത്, സംസ്ഥാനങ്ങള്‍ ബിപിഎല്‍ കുടുംബങ്ങളുടെ എണ്ണം വെട്ടിക്കുറയ്ക്കണമെന്നാണ്. നിലവിലുള്ള 6.52 കോടി എന്നതില്‍നിന്ന് 5.91 കോടിയായി കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനസര്‍ക്കാരുകളോട് കര്‍ക്കശമായി ആവശ്യപ്പെട്ടിരിക്കുന്നു. അതിനര്‍ഥം തങ്ങള്‍ നിശ്ചയിക്കുന്ന ആളുകളെ മാത്രമേ ദാരിദ്ര്യരേഖയ്ക്കു കീഴിലുള്ളവരായി അംഗീകരിക്കൂ എന്നും അവര്‍ക്കുമാത്രമേ ആനുകൂല്യങ്ങള്‍ നല്‍കൂ എന്നുമാണ്. കട്ടിലിനനുസരിച്ച് കാലുമുറിക്കുന്ന ഏര്‍പ്പാടാണ് ഇതെന്ന് ഒറ്റനോട്ടത്തില്‍ത്തന്നെ മനസ്സിലാക്കാം.

രാജ്യം വിലക്കയറ്റത്തിന്റെ പിടിയിലാണ് ഇന്ന്. രൂക്ഷമായ വരള്‍ച്ച ഗ്രാമീണ ഇന്ത്യയെ കണ്ണീരുകുടിപ്പിക്കുന്നു. 77 ശതമാനത്തോളം ജനങ്ങള്‍ പ്രതിദിനം 20 രൂപയില്‍ താഴെയാണ് ചെലവഴിക്കുന്നത്. ഒരു ദിവസം രണ്ടുനേരം ഭക്ഷണം കഴിക്കാന്‍ അഞ്ചംഗങ്ങളുള്ള ഒരു കുടുംബത്തിന് ഇപ്പോഴത്തെ വിലനിലവാരം അനുസരിച്ച് 70 രൂപയ്ക്കുമുകളില്‍ ചെലവുവരും. ദൈനംദിനം ഭക്ഷണംകഴിക്കാന്‍പോലും കടം വാങ്ങേണ്ട ഗതികേടിലാണ് ലക്ഷക്കണക്കിനു കുടുംബം.

അന്തര്‍ദേശീയ ഭക്ഷ്യനയഗവേഷണ ഇന്‍സ്റിറ്റ്യൂട്ടും (ഐഎഫ്പിആര്‍ഐ) ആഗോള പട്ടിണിസൂചകവും (ജിഎച്ച്ഐ) 88 വികസ്വരരാജ്യങ്ങളില്‍ ഏറ്റവും ഭീകരമായ പട്ടിണിയുള്ള വിഭാഗത്തില്‍ ഇന്ത്യയെ 66-ാം സ്ഥാനത്താണ് നിര്‍ത്തിയിരിക്കുന്നത്. ഗ്രാമീണജനതയില്‍ 80 ശതമാനവും നഗരജനതയില്‍ 64 ശതമാനവും മൊത്തം ജനസംഖ്യയില്‍ 76 ശതമാനവും കലോറിക്കുറവിന്റെയും ഭക്ഷ്യലഭ്യതയുടെയും കാര്യത്തില്‍ ദുരിതം അനുഭവിക്കുന്നവരാണ്. പട്ടിണിയും പോഷകാഹാരക്കുറവും പരിഹരിക്കുന്നതിനുള്ള മാര്‍ഗം പൊതുവിതരണസംവിധാനം സാര്‍വത്രികമാക്കലും ശക്തിപ്പെടുത്തലും വിലനിയന്ത്രണവും പൂഴ്ത്തിവയ്പും കരിഞ്ചന്തയും തടയലുമാണ്. എന്നാല്‍, സാധാരണക്കാര്‍ക്കുവേണ്ടി നില്‍ക്കുന്നെന്ന് അവകാശപ്പെടുന്ന യുപിഎ സര്‍ക്കാര്‍ പൊതുവിതരണസംവിധാനത്തെ ഘട്ടംഘട്ടമായി തകര്‍ത്തുകളയുകയും അഗ്രി ബിസിനസുകളെയും സ്ഥാപനങ്ങളെയും സ്വകാര്യ വ്യാപാരികളെയും വളരാനനുവദിച്ച് മുതലക്കണ്ണീരൊഴുക്കുകയുമാണ്. രാജ്യത്ത് മുമ്പെങ്ങുമുണ്ടായിട്ടില്ലാത്തവിധം രൂക്ഷമായ പട്ടിണിയോട് യുപിഎ സര്‍ക്കാര്‍ നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നത്.

'ലക്ഷ്യാധിഷ്ഠിത പൊതുവിതരണസംവിധാനം' എന്ന തലതിരിഞ്ഞ സമ്പ്രദായമാണ് യുപിഎ മുന്നോട്ടുവച്ചത്. ദാരിദ്രരേഖയ്ക്കു മീതെയുള്ളവര്‍ (എപിഎല്‍), ദാരിദ്രരേഖയ്ക്കു താഴെയുള്ളവര്‍ (ബിപിഎല്‍), അന്ത്യോദയയിലേക്ക് ഉള്‍പ്പെടുത്തുന്ന ഏറ്റവും ദരിദ്രരായവര്‍ എന്നിങ്ങനെ ദരിദ്രരെ മൂന്നായി തരംതിരിച്ചിരിക്കുന്നു. ഇത് ധനികരെയും ദരിദ്രരെയും വേര്‍തിരിക്കലല്ല; ദരിദ്രരിലെതന്നെ വിവിധ വിഭാഗങ്ങളെ വേര്‍തിരിക്കലാണ്. എല്ലാവര്‍ക്കും ലഭ്യമാകേണ്ട കുറഞ്ഞ വിലയ്ക്ക് ഭക്ഷണം എന്നതിനെ അതില്‍ ചിലര്‍ക്കുമാത്രമായി ഒതുക്കുന്നു. അനുദിനം പട്ടിണിക്കാരുടെ നിരയിലേക്ക് പുതിയ വിഭാഗങ്ങള്‍ വന്നുകൊണ്ടിരിക്കെ ദരിദ്രരുടെ എണ്ണം സ്ഥിതിവിവരകണക്കുകളില്‍ കുറച്ചു കാണിക്കുകയും അവര്‍ക്ക് ജീവന്‍ നിലനിര്‍ത്താനായ ഭക്ഷണം നല്‍കുക എന്ന പ്രഥമപ്രധാനമായ കടമയില്‍നിന്ന് ഒളിച്ചോടുകയുമാണ് കേന്ദ്രസര്‍ക്കാര്‍.

"ഒരു നേരം വയര്‍ നിറച്ചുണ്ണുന്നവര്‍'' ദരിദ്രജനവിഭാഗത്തില്‍ പെടാത്തവിധമാണ് ദരിദ്രരെ തിരിച്ചറിയുന്നതിനുള്ള ചോദ്യാവലി കേന്ദ്ര ഗ്രാമീണവികസന മന്ത്രാലയം തയ്യാറാക്കിയത്. എന്നാല്‍, ദിവസം രണ്ടു നേരം ഭക്ഷണം കഴിക്കുകയും 'പലപ്പോഴും അതില്‍ പോരായ്മ' അനുഭവിക്കുകയും ചെയ്യുന്നവര്‍ ദരിദ്രരല്ലത്രേ! ഭാര്യയും ഭര്‍ത്താവും പണിയെടുക്കുകയും അവരുടെ മക്കളെ സ്കൂളിലയക്കുകയും ചെയ്യുന്നെങ്കില്‍ അവരെ ദരിദ്രരായി കണക്കാക്കാനാകില്ലെന്നും പറയുന്നു യുപിഎ സര്‍ക്കാര്‍! ഗ്രാമീണമേഖലയില്‍ ഒരു ദിവസം ശരാശരി ഒരാള്‍ക്ക് 11.50 രൂപയും നഗരമേഖലയില്‍ 17.50 രൂപയും കിട്ടുന്നവര്‍ ഇളവുകള്‍ക്ക് അര്‍ഹരല്ലെന്ന മാനദണ്ഡം മിതമായ വാക്കുകളില്‍ പറഞ്ഞാല്‍, ദരിദ്രജനവിഭാഗങ്ങളെ നോക്കിയുള്ള ഇളിച്ചുകാട്ടലാണ്.

പുതിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ദാരിദ്ര്യരേഖ കണക്കാക്കുന്നതില്‍ തിരുത്തല്‍ വരുത്തിയേ തീരൂ. അത് യഥാര്‍ഥ ദരിദ്രരെ ഒഴിവാക്കിയുള്ള പട്ടിക തയ്യാറാക്കലാകരുത്. അസ്പഷ്ടമായ ദാരിദ്ര്യ കണക്ക് പൊതുവിതരണസംവിധാനവുമായി ബന്ധപ്പെട്ട ഭക്ഷ്യധാന്യക്വോട്ട അനുവദിക്കുന്നതുമായി ബന്ധപ്പെടുത്താനും പാടില്ല. യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധ ഭക്ഷ്യനയങ്ങളുടെ ഏറ്റവും വലിയ തെളിവ് എപിഎല്‍ വിഭാഗത്തിന് നല്‍കി വന്നിരുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവില്‍ 2006നും 2008നും ഇടയില്‍ 73.4 ശതമാനം അല്ലെങ്കില്‍ 3.25 ലക്ഷം ടണ്‍ വെട്ടിക്കുറച്ചതാണ്. ഭക്ഷ്യ വസ്തുക്കള്‍ക്ക് അന്യസംസ്ഥാനങ്ങളെ വലിയതോതില്‍ ആശ്രയിക്കേണ്ട കേരളംപോലുള്ള സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല. ഭക്ഷ്യസുരക്ഷ ഉറപ്പാക്കേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. എന്നാല്‍, യുപിഎ സര്‍ക്കാര്‍ ചെയ്യുന്നത് എപിഎല്‍ ക്വോട്ടയനുസരിച്ച് കിട്ടുന്ന ഭക്ഷ്യധാന്യത്തിന് കൂടുതല്‍ സബ്സിഡി നല്‍കി കുറഞ്ഞ വിലയ്ക്ക് 2006നു മുമ്പുള്ളതുപോലെ സാര്‍വത്രികമായി ഭക്ഷ്യധാന്യം നല്‍കാനുള്ള സംസ്ഥാനസര്‍ക്കാരുകളുടെ ശ്രമത്തെ തുരങ്കംവയ്ക്കലാണ്. ഇളവുനല്‍കി കൂടുതല്‍ വിപുലമായി ഭക്ഷ്യവിതരണസംവിധാനം നിലനിര്‍ത്തി വരുന്ന പശ്ചിമബംഗാള്‍, കേരളം, ത്രിപുര സംസ്ഥാനങ്ങളിലെ ഇടതുപക്ഷസര്‍ക്കാരുകള്‍ക്ക് ഇതുമൂലം വന്‍ നഷ്ടം സഹിക്കേണ്ടതായി വരുന്നു. പട്ടിണിയും പോഷകാഹാരക്കുറവും അവസാനിക്കുംവിധം പൊതുവിതരണസംവിധാനത്തെ ശക്തിപ്പെടുത്താനും സാര്‍വത്രികമാക്കാനും ഭക്ഷ്യസബ്സിഡി വര്‍ധിപ്പിക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനും പരമ പ്രാധാന്യം നല്‍കുന്ന സമീപനം യുപിഎ സര്‍ക്കാരില്‍നിന്ന് ഉണ്ടാകുമെന്ന് കരുതുക വയ്യ. ഇടതുപക്ഷത്തിന്റെ പിന്തുണയോടെ ഭരിച്ചപ്പോള്‍ ഗത്യന്തരമില്ലതെ ചില കാര്യങ്ങള്‍ ചെയ്യേണ്ടിവന്നതൊഴിച്ചാല്‍, ഇക്കാര്യത്തില്‍ ജനവിരുദ്ധ സമീപനംമാത്രമേ യുപിഎയില്‍നിന്ന് ഉണ്ടായിട്ടുള്ളൂ.

ബഹുജന സമ്മര്‍ദത്തിലൂടെ ഈ ദുര്‍നയങ്ങള്‍ തിരുത്തിക്കാനുള്ള പരിശ്രമങ്ങളാണുണ്ടാകേണ്ടത്. ബിപിഎല്‍ കുടുംബങ്ങളുടെ എണ്ണം കൃത്രിമമായി കുറച്ചുകാട്ടാനുള്ള കേന്ദ്ര നിര്‍ബന്ധത്തിനെതിരെ വിവിധ സംസ്ഥാനങ്ങള്‍ ഉയര്‍ത്തിയ ശബ്ദം ഇന്ത്യയിലെ പാവപ്പെട്ട ജനവിഭാഗങ്ങളുടെയാകെ ശബ്ദമായി മാറേണ്ടതുണ്ട്.

ദേശാഭിമാനി മുഖപ്രസംഗം 22 ആഗസ്റ്റ് 2009