Showing posts with label കാർഷികം. Show all posts
Showing posts with label കാർഷികം. Show all posts

Thursday, June 3, 2021

കർഷകസമരവും കോർപറേറ്റ്
വിരുദ്ധ മുന്നണിയും

ഡൽഹിയുടെ അതിർത്തികളിൽ ആറു മാസം പിന്നിട്ട കർഷകസമരം ഇതിനകം രാജ്യ ചരിത്രത്തിൽ ഉജ്വലമായ അധ്യായം എഴുതിച്ചേർത്തു. ഏകദേശം 470 കർഷക സംഘടനകളെ ഒരുമിപ്പിച്ച്‌ അഖിലേന്ത്യാതലത്തിൽ ഈ പ്രക്ഷോഭം വളർത്തിയെടുക്കുന്നതിൽ അഖിലേന്ത്യാ കിസാൻസഭ, അഖിലേന്ത്യാ അഗ്രികൾച്ചർ വർക്കേഴ്‌സ് യൂണിയൻ, സിഐടിയു എന്നീ സംഘടനകൾ നേതൃപരമായ പങ്കാണ് വഹിച്ചത്. സമരത്തിന്റെ ഭാവി നിർണയിക്കുന്നതിലും മേൽസംഘടനകളുടെ മുൻകൈ പ്രവർത്തനം പ്രാധാന്യമുള്ളതാണ്.

കർഷക പ്രക്ഷോഭത്തെ ബഹുജന സമരമായി വികസിപ്പിക്കുന്നതിലും ഡൽഹി ചലോ സമരം സംഘടിപ്പിക്കുന്നതിലും പഞ്ചാബിലെ കർഷകരുടെ മുൻകൈ പ്രവർത്തനം നിർണായകമാണ്. അതിൽ പ്രധാനം ഓരോ വിളയിലും മിനിമം താങ്ങുവില നിയമപരമായ അവകാശമാകണമെന്ന ആവശ്യം ഉന്നയിക്കാനും ഈ സമരത്തെ കോർപറേറ്റുവിരുദ്ധ ബഹുജന പോരാട്ടമായി വളർത്തിയെടുക്കുന്നതിലും വിജയിച്ചതാണ്. പഞ്ചാബിലെ കാർഷികബന്ധങ്ങളുടെ പശ്ചാത്തലത്തിൽ മൂന്ന്‌ കർഷക നിയമത്തിന്റെ പ്രത്യാഘാതങ്ങൾ എന്തെല്ലാമെന്ന് വിശദീകരിക്കാനും പ്രശ്നാധിഷ്ഠിതമായി കർഷകർക്കിടയിൽ വിപുലമായ ഐക്യം രൂപപ്പെടുത്താനും തൊഴിലാളി–--കർഷക ഐക്യമെന്ന ആശയത്തെ അവതരിപ്പിക്കാനും അവർ വിജയിച്ചു.

തൊഴിലാളി- കർഷക ഐക്യം-

കർഷകപ്രക്ഷോഭം കേവലം പഞ്ചാബിലെ കർഷകരുടെ സമരമാണെന്ന വ്യാഖ്യാനത്തെ തുറന്നുകാട്ടി രാജ്യത്താകെ കർഷകരെ സമരത്തിൽ അണിനിരത്താൻ, കഴിഞ്ഞ ആറുമാസത്തെ നിരന്തരവും വ്യത്യസ്‌തവുമായ സമരരൂപങ്ങളിലൂടെ സംയുക്ത കിസാൻ മോർച്ചയ്‌ക്ക് സാധിച്ചു. അതോടൊപ്പം തൊഴിലാളി-–-കർഷക ഐക്യത്തിന്റെ അടിസ്ഥാനത്തിൽ കർഷകപ്രക്ഷോഭത്തെ രാജ്യത്താകെ ഏറ്റെടുക്കാനും നാല്‌ തൊഴിൽ കോഡും പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണനയവും പിൻവലിക്കുക എന്നീ പ്രധാന മുദ്രാവാക്യത്തിനൊപ്പം മൂന്ന്‌ കർഷകനിയമം പിൻവലിക്കുകയെന്ന ആവശ്യമുന്നയിക്കാനും ട്രേഡ് യൂണിയനുകളുടെ സംയുക്തവേദിക്ക് സാധിച്ചു.

കോർപറേറ്റുവിരുദ്ധ ആഗോളസമരം- സ്വാതന്ത്ര്യത്തിനുശേഷമുള്ള രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ്. കോർപറേറ്റ് ചൂഷണത്തിനെതിരെ രാജ്യവ്യാപകമായി ഇത്രയും വിപുലമായ തൊഴിലാളി –-കർഷക ഐക്യം വികസിപ്പിക്കാൻ സാധിച്ചെന്നത് അഭിമാനകരമാണ്. 1930കളിലെ മഹാമാന്ദ്യത്തിനു സമാനമായി ലോക മുതലാളിത്തവ്യവസ്ഥ നേരിടുന്ന വ്യവസ്ഥാ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സാമ്രാജ്യത്വവും സോഷ്യലിസവും തമ്മിലുള്ള വൈരുധ്യം മുഖ്യവൈരുധ്യമായി തുടരുകയാണ്. അതോടൊപ്പം സാമ്രാജ്യത്വവും മൂന്നാംലോക രാജ്യങ്ങളിലെ ജനങ്ങളും തമ്മിലുള്ള വൈരുധ്യം മൂർച്ഛിക്കുകയാണ്.

ഈ സാഹചര്യത്തിൽ സാമ്രാജ്യത്വത്തെയും അന്താരാഷ്ട്ര ധനമൂലധനത്തെയും പ്രതിനിധാനം ചെയ്യുന്ന കോർപറേറ്റ് കമ്പനികൾക്കെതിരായ മൂന്നാംലോക രാജ്യങ്ങളിലെ കർഷകരും തൊഴിലാളികളും നടത്തുന്ന ചെറുത്തുനിൽപ്പുസമരമെന്ന നിലയിൽ ഈ കർഷകസമരത്തെ വിലയിരുത്തണം. ലോകത്താകെ തൊഴിലാളി-–-കർഷക ഐക്യം വികസിപ്പിക്കാനും സാമ്രാജ്യത്വത്തിനെതിരെ സമരത്തിന്റെ കുന്തമുന ഉയർത്താനും സാധിക്കണം.

പഞ്ചാബ് വിജയകരമായി സംഘടിപ്പിച്ച അംബാനി-–-അദാനി കുത്തക ഉൽപ്പന്നങ്ങളും സേവനങ്ങളും ബഹിഷ്കരിക്കുക, ടോൾ പ്ലാസകൾ തുറക്കുക എന്നീ ക്യാമ്പയിൻ ഏറ്റെടുക്കുന്നതിലൂടെ സാമാന്യ ജനങ്ങൾക്ക്‌ സമരത്തിൽ പങ്കാളികളാകാനാകും. സമരം രാജ്യത്താകെ വ്യാപിപ്പിക്കാൻ സാധിക്കും. കുത്തകകൾക്കെതിരായ സമരസന്ദേശം ഓരോ വീട്ടിലും എത്തിക്കാനാകും.

പ്രാദേശിക കാർഷിക പ്രശ്നങ്ങളുടെ പ്രാധാന്യം- കർഷകപ്രക്ഷോഭത്തെ രാജ്യവ്യാപകമായ പ്രക്ഷോഭമായി വികസിപ്പിക്കാൻ കാഴ്ചപ്പാടിൽ മൗലികമായ മാറ്റം ആവശ്യമാണ്. ഡൽഹി അതിർത്തിയിലെ പ്രക്ഷോഭത്തിനു പിന്തുണയായി ഐക്യദാർഢ്യസമരം എന്ന നിലവിലെ സംസ്ഥാനതല സമരങ്ങളുടെ സ്വഭാവത്തിൽ മാറ്റംവരണം. പഞ്ചാബിന്റെ മാതൃകയിൽ, മൂന്ന് കാർഷികനിയമം പിൻവലിക്കുക,- മിനിമം താങ്ങുവില നിയമപരമായ അവകാശമായി അംഗീകരിക്കുക എന്ന അഖിലേന്ത്യാ മുദ്രാവാക്യങ്ങൾക്കൊപ്പം ഓരോ സംസ്ഥാനത്തിലും നിലനിൽക്കുന്ന കാർഷികബന്ധങ്ങളുടെ പശ്ചാത്തലത്തിൽ കാർഷികപ്രശ്നങ്ങളെ മൂർത്തമായി വിലയിരുത്തി പ്രാദേശികമായ മുദ്രാവാക്യങ്ങൾ ഉന്നയിക്കണം. അതിനു പിന്നിൽ അതതു സംസ്ഥാനത്തിലും അതതു ജില്ലയിലും കർഷകരെയാകെ അണിനിരത്താനും വിജയിക്കണം. ഈ വെല്ലുവിളി രാഷ്ട്രീയമായി ഏറ്റെടുക്കാനാകണം.

രാജ്യത്താകെ ഗ്രാമങ്ങളിലും പട്ടണങ്ങളിലും കോർപറേറ്റുവിരുദ്ധ സമരസന്ദേശം എത്തിച്ച്‌ പ്രക്ഷോഭത്തെ ജനകീയ സമരമായി വികസിപ്പിക്കാൻ കിസാൻസഭയടക്കം മൂന്ന് വർഗസംഘടനകളുടെയും സംസ്ഥാന യൂണിറ്റുകൾ മുന്നോട്ടുവരണം. അടുത്ത ഒരു മാസത്തിനകം സംസ്ഥാനതലത്തിലും ജില്ലാതലത്തിലും ഗ്രാമങ്ങളിലും പട്ടണങ്ങളിലും തൊഴിലാളി-–-കർഷക യോഗങ്ങൾ പതിവായി ചേർന്ന് സമരത്തിലെ പങ്കാളിത്തം ഉറപ്പുവരുത്താൻ സാധിക്കണം. സോഷ്യൽ മീഡിയ വഴി തൊഴിലാളി-–-കർഷക പങ്കാളിത്തത്തോടെ പൊതുയോഗങ്ങൾ സംഘടിപ്പിച്ച്‌ സമരത്തിന്റെ രാഷ്ട്രീയ പ്രാധാന്യം പ്രചരിപ്പിക്കാനാകണം.

രാഷ്ട്രീയ പ്രക്ഷോഭ ഘട്ടത്തിലേക്ക്-

കോർപറേറ്റുനയങ്ങൾ ജനജീവിതത്തെ അതീവ ഗുരുതരമായി ബാധിക്കുന്ന സ്ഥിതി വ്യക്തമാക്കുന്നതാണ് മോഡി സർക്കാർ നടപ്പാക്കിയ വാക്സിൻ നയം. വാക്സിൻ സൗജന്യമായി നൽകാൻ 35,000 കോടി രൂപ ബജറ്റിൽ ലഭ്യമായിട്ടും പണം ഈടാക്കി വാക്സിൻ വിറ്റ് കൊള്ളലാഭം ഉണ്ടാക്കാൻ കുത്തകകൾക്ക് കൂട്ടുനിന്ന മോഡി സർക്കാരിനെ സുപ്രീംകോടതിയടക്കം വിമർശിച്ചു. അരിയും ഗോതമ്പും മുതൽ ഉരുളക്കിഴങ്ങുവരെയുള്ള അവശ്യഭക്ഷ്യവസ്തുക്കളിൽ ഇതേ നയം നടപ്പാക്കുന്നതിനെതിരെയാണ് കർഷകർ സമരം നടത്തുന്നത്. ജനവിരുദ്ധ നയം തിരുത്താൻ തയ്യാറാകാത്ത സർക്കാരിനെ തിരുത്താൻ ബിജെപിയെ തോൽപ്പിക്കുക. ബിജെപിയെ ശിക്ഷിക്കുകയെന്ന മുദ്രാവാക്യം സംയുക്ത കിസാൻ മോർച്ച മുന്നോട്ടുവച്ചു. ഉത്തർപ്രദേശിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലടക്കം രാജ്യത്താകെ ബിജെപി പരാജയം നേരിടുന്ന സ്ഥിതി സംജാതമാക്കാൻ തൊഴിലാളി-–-കർഷക പ്രക്ഷോഭങ്ങൾ നിമിത്തമായി. സമരം നീണ്ടുപോകുന്ന സാഹചര്യം കൂടുതൽ കൂടുതൽ ജനങ്ങളെ കുത്തകവിരുദ്ധ പോരാട്ടത്തിലേക്ക് ആകർഷിക്കുകയാണ് ചെയ്യുക.

ലോക്‌ഡൗൺ സാഹചര്യവും അതിനുശേഷവും- കോവിഡ്‌–--19 മഹാമാരിയുംമൂലം വൻതോതിൽ ജനപങ്കാളിത്തം ഉറപ്പുവരുത്തി കർഷക പ്രക്ഷോഭത്തെ വ്യാപകമാക്കാൻ സാധിക്കുന്ന സാഹചര്യമല്ല ഉള്ളത്. ഈ സാഹചര്യം തൊഴിലാളി-–-കർഷകഐക്യം ഗ്രാമീണതലത്തിലേക്ക് വ്യാപിപ്പിക്കുക, അവർക്കൊപ്പം വിദ്യാർഥി–യുവജന,- മഹിളാ പ്രസ്ഥാനങ്ങളും ചെറുകിട ഉൽപ്പാദകർ, വ്യാപാരികൾ ഉൾപ്പെടെ സാമ്പത്തികത്തകർച്ചയുടെ പ്രത്യാഘാതങ്ങൾ നേരിടുന്ന കുത്തക മുതലാളിത്തത്തിനെതിരെ സ്വാഭാവികമായും അണിനിരക്കുന്ന വിഭാഗങ്ങളെ കൂട്ടിയോജിപ്പിക്കുക, സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള സാധ്യത ഉപയോഗിച്ച് കുത്തകവിരുദ്ധ ക്യാമ്പയിൻ ശക്തിപ്പെടുത്തുക എന്നീ ചുമതലകൾക്കായി ഉപയോഗിക്കാനാകും. അതോടൊപ്പം സാഹചര്യം മെച്ചപ്പെടുന്ന മുറയ്‌ക്ക് അനുയോജ്യമായ ഘട്ടത്തിൽ എല്ലാ ജില്ലയിലും പദയാത്രകൾ, വൻ റാലികൾ, രാജ്യത്താകെയുള്ള കർഷകരെ അണിനിരത്തി മഹാലോകസഭ,- മഹാ നിയമസഭാ മാർച്ചുകൾ എന്നീ നിർദേശങ്ങൾ സംയുക്ത കിസാൻ മോർച്ച പരിഗണിക്കുന്നുണ്ട്.

ലോകത്താകെ മുതലാളിത്തവ്യവസ്ഥ നേരിടുന്ന വ്യവസ്ഥാ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ശക്തിപ്പെടുന്ന തൊഴിലാളി-–-കർഷക സമരങ്ങളും അതിലെ സമാധാനപരവും അത്‌ ഉറപ്പുവരുത്തുന്ന വൻ ജനപങ്കാളിത്തവും സമാനമായ പ്രക്ഷോഭങ്ങളിലേക്ക് ലോകരാജ്യങ്ങളിലാകെ തൊഴിലാളി–-കർഷക ജനവിഭാഗങ്ങൾക്ക് പ്രചോദനമാകുകയാണ്. സാമ്രാജ്യത്വ ആഗോളവൽക്കരണനയത്തെ തൂത്തെറിയാനും നഷ്ടപ്പെടാൻ ചങ്ങല മാത്രം നേടാനുള്ളത് പുതിയൊരു ലോകമെന്ന മുദ്രാവാക്യത്തെ യാഥാർഥ്യമാക്കാനും കഴിയുന്ന സാഹചര്യത്തിലേക്കാണ് ലോകത്താകെയുള്ള രാഷ്ട്രീയ സാഹചര്യം വികസിക്കുന്നത്. ഇക്കാലഘട്ടത്തിൽ ജീവിക്കാൻ സാധിക്കുന്നതിൽ നമുക്കെല്ലാം അഭിമാനിക്കാം.

പി കൃഷ്ണപ്രസാദ്

Saturday, February 27, 2021

കർഷക സ്‌ത്രീകൾക്കായുള്ള 
ദേശീയ നയം അംഗീകരിക്കണം

കർഷക–- കർഷകത്തൊഴിലാളി സ്‌ത്രീകളുടെ അവകാശം നിയമപരമായി ഉറപ്പിക്കുംവിധം 2009 ൽ തയ്യാറാക്കിയ കരട്‌ ദേശീയനയം അംഗീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന്‌ മഹിളാ അസോസിയേഷനും കിസാൻസഭയും കർഷകത്തൊഴിലാളി യൂണിയനും ആവശ്യപ്പെട്ടു. കൃഷിഭൂമിയിൽ സ്‌ത്രീകൾക്കും തുല്യ ഉടമസ്ഥാവകാശം ഉറപ്പിക്കുന്നത്‌ അടക്കമുള്ള നിർദേശമാണ്‌ കരടിലുള്ളത്. ഇത്‌ സര്‍ക്കാര്‍ അംഗീകരിക്കാൻ സമർദ്ദം ചെലുത്തുമെന്ന് കിസാൻസഭ ജനറൽ സെക്രട്ടറി ഹന്നൻ മൊള്ള, മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറി മരിയം ധാവ്‌ളെ, പ്രസിഡന്റ് ഡോ. അശോക് ധാവ്ളെ കേന്ദ്ര എക്‌സിക്യൂട്ടീവ്‌ അംഗം ഡോ. അർച്ചന പ്രസാദ്‌, കർഷകത്തൊഴിലാളി യൂണിയൻ ജോ. സെക്രട്ടറി വിക്രം സിങ്‌ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കർഷകപ്രക്ഷോഭത്തിൽ സ്‌ത്രീകളുടെ വലിയ പങ്കാളിത്തം പ്രകടമാണ്‌. അഞ്ചുവർഷത്തിനിടെ കാർഷിക–- അനുബന്ധ മേഖലകളില്‍ 7.2 കോടി സ്‌ത്രീകൾക്ക്‌ തൊഴിൽ നഷ്ടമായി. നാലുലക്ഷത്തിലേറെ കർഷകർ ആത്‌മഹത്യ ചെയ്‌തു. വിധവകൾക്ക്‌ ഏതെങ്കിലും തരത്തിൽ കടാശ്വാസമോ പുനരധിവാസ പാക്കേജോ ലഭ്യമായില്ല.

ദേശീയ വനിതാ കമീഷൻ 2009 ലാണ്‌ കാർഷിക മേഖലയിലെ സ്‌ത്രീകൾക്കായി കരട്‌ ദേശീയനയത്തിന്‌ രൂപം നൽകിയത്‌. നിലവിൽ മഹിളാ അസോസിയേഷൻ പ്രസിഡന്റും 2009 ൽ ദേശീയ വനിതാ കമീഷൻ അംഗവുമായ പ്രൊഫ. മാനിനി ചാറ്റർജിയുടെ നേതൃത്വത്തിലുള്ള സമിതിയാണ്‌ നയം‌ രൂപീകരിച്ചത്‌. കർഷകൻ, കർഷകത്തൊഴിലാളി എന്നീ നിർവചനങ്ങളിൽ സ്‌ത്രീകളെ കൂടി ഉൾപ്പെടുത്തുക, ഭൂമിക്കും മറ്റ്‌ പ്രകൃതിവിഭവങ്ങൾക്കും സ്‌ത്രീകളുടെ അവകാശം ഉറപ്പിക്കുക തുടങ്ങിയ നിര്‍ദേശം നയത്തിലുണ്ട്. കൃഷി മന്ത്രാലയത്തിന്‌ സമർപ്പിച്ചെങ്കിലും തുടർന്നുവന്ന സർക്കാരുകൾ നടപടിയെടുത്തില്ല. കരടുനയം വീണ്ടും പ്രധാനമന്ത്രിക്കും മറ്റ്‌ മന്ത്രിമാർക്കും സമർപ്പിക്കും.

പ്രധാന നിർദേശങ്ങൾ

സംയുക്ത പട്ടയം ഉറപ്പാക്കും വിധം  നിയമങ്ങളില്‍ മാറ്റം, വനാവകാശ നിയമപ്രകാരവും സംയുക്ത പട്ടയം ഉറപ്പാക്കണം, പൊതുഭൂമി പാട്ടത്തിന്‌ നൽകുമ്പോൾ വനിതാ സഹകരണ സ്ഥാപനങ്ങൾക്ക്‌ മുൻഗണന, കർഷക–- കർഷകത്തൊഴിലാളി സ്‌ത്രീകളെ തൊഴിലാളിയായി അംഗീകരിച്ച്‌ രജിസ്ട്രേഷന്‍,‌ കുട്ടികളുടെ സംരക്ഷണം, ആരോഗ്യസംരക്ഷണം, പെൻഷൻ  അനുവദിക്കുക.

Monday, February 15, 2021

കാർഷിക പ്രതിസന്ധിയുടെ സാമൂഹ്യശാസ്ത്രം

ഇന്ത്യയിലെ അറിയപ്പെടുന്ന റൂറൽ സോഷ്യോളജിസ്‌റ്റും ജെഎൻയു സ്‌കൂൾ ഓഫ്‌ സോഷ്യൽ സയൻസസ്‌ മേധാവിയുമായ സുരീന്ദർസിങ്‌ ജോധ്‌കയുമായി ചിന്താ പബ്ലിഷേഴ്‌സ്‌ എഡിറ്റർ കെ എസ്‌ രഞ്ജിത്ത്‌ നടത്തിയ സംഭാഷണം.

രഞ്ജിത്ത്: ഇന്ത്യയിലെ കർഷകസമൂഹം ഇന്ന് നടത്തുന്ന ഈ പ്രക്ഷോഭങ്ങളെ ഒരു സോഷ്യോളജിസ്റ്റ് എന്ന നിലയിൽ താങ്കൾ എങ്ങനെയാണ് നോക്കിക്കാണുന്നത്.

എസ് എസ് ജെ: പ്രധാനമായും പഞ്ചാബ്, ഹരിയാന, പശ്ചിമ യുപി എന്നിവിടങ്ങളിൽനിന്നുള്ള കർഷകരാണ് സമരത്തിന് നേതൃത്വം നൽകുന്നത്. Cultivators എന്ന് വിളിക്കാവുന്നവരാണ് പ്രധാനമായും ഈ വിഭാഗം. പരിമിതമായ ഭൂമിയിൽ തങ്ങളുടെ കുടുംബത്തിലെ അധ്വാനശക്തി മാത്രം ഉപയോഗിച്ച് പണിയെടുക്കുകയും അവിടെ ഉൽപ്പാദിപ്പിക്കുന്നവ പ്രധാനമായും സ്വന്തം ഉപഭോഗത്തിനായി വിനിയോഗിക്കുകയും ചെയ്യുന്ന ചെറുകിട കർഷകർ, ഇംഗ്ലീഷിൽ Peasants എന്ന് നാം വിളിക്കുന്നവർ മറ്റൊരു സാമൂഹ്യ വിഭാഗമാണ്. ഇവരുടെ പ്രധാന രാഷ്ട്രീയപ്രശ്‌നം ഭൂമിയിലുള്ള ഉടമസ്ഥതയാണ്. പല രീതിയിലുള്ള ചൂഷണങ്ങൾക്കും വിധേയരാകുന്നവരാണ്‌ അവർ. കൊള്ളപ്പലിശയ്ക്കു പണം കൊടുക്കുന്നവരുടെ ചൂഷണങ്ങൾക്കു പുറമെ അന്യായമായ ഭൂനികുതികളിലൂടെയും ദരിദ്രരാക്കപ്പെടുന്നവരാണ്‌ അവർ.

ചെറുകിട ചരക്കുൽപ്പാദനത്തിൽ ഏർപ്പെട്ടിരിക്കുന്നവരാണ് ആദ്യം പറഞ്ഞ കൂട്ടർ. കമ്പോള വ്യവസ്ഥയുമായി ഇഴുകിച്ചേർന്നവരാണ് ഈ വിഭാഗം. കൃഷിക്കാവശ്യമായ വിഭവങ്ങൾ കമ്പോളത്തിൽനിന്ന് വാങ്ങുകയും തങ്ങളുടെ ഉൽപ്പന്നങ്ങൾ കമ്പോളത്തിൽ വിൽക്കുകയും ചെയ്യുന്നവരാണ്‌ അവർ. അധ്വാനശക്തി ആവശ്യമായ സന്ദർഭങ്ങളിൽ, പലപ്പോഴും ദിവസക്കൂലിക്ക്, അവരത് വാങ്ങി ഉപയോഗിക്കുന്നുമുണ്ട്. ആധുനിക യന്ത്രോപകരണങ്ങൾ കൃഷിയുടെ പല ഘട്ടത്തിലും അവർ ഉപയോഗിക്കാറുണ്ട്. തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് കമ്പോളത്തിൽ ലഭിക്കുന്ന വില, അതുപോലെ അധ്വാനശക്തിക്കായി നൽകേണ്ടിവരുന്ന കൂലിയുടെ തോത്, ഇതൊക്കെയാണ് അവരുടെ രാഷ്ട്രീയ നിലപാടുകളെ സ്വാധീനിക്കുന്നത്.

രഞ്ജിത്ത്: ഇന്ത്യയിലെ ആകെ ജനങ്ങളിൽ 60 ശതമാനവും കാർഷികമേഖലയുമായി ബന്ധപ്പെട്ട ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവരാണ്. എന്നാൽ, ദേശീയോൽപ്പാദനത്തിൽ കാർഷികമേഖലയുടെ പങ്ക് വലിയ തോതിൽ കുറഞ്ഞുവരികയാണ്. ഇന്നത് 15 ശതമാനം മാത്രമാണ്. ഇതിനർഥം ദേശീയോൽപ്പാദനത്തിന്റെ 85 ശതമാനവും 40 ശതമാനം മാത്രംവരുന്ന ജനവിഭാഗങ്ങൾക്കിടയിൽ വിതരണം ചെയ്യപ്പെടുകയാണ് എന്നാണ്. ഇത് സ്വാഭാവികമായും ജനങ്ങളുടെ ജീവിത നിലവാരത്തെ ബാധിക്കുന്നു. എതു ദിശയിലേക്കാണ് ഈ പ്രതിഭാസം നമ്മെ കൊണ്ടുചെന്നെത്തിക്കുക.

എസ് എസ് ജെ: യഥാർഥ വസ്തുതകൾ ഇതിനേക്കാൾ സങ്കീർണമാണ്. തങ്ങളുടെ ജീവനോപാധിയായി ഭൂമിയെ മാത്രം കാണുന്നവരുടെ എണ്ണം സമകാലിക ഇന്ത്യയിൽ വളരെ കുറവാണ്. ഉദാഹരണത്തിന് ബിഹാറിലെ മധുബനി ജില്ലയിൽ കുറെക്കാലം മുമ്പ്‌ ഞാനൊരു ഫീൽഡ് വർക്ക് പഠനം നടത്തിയിരുന്നു. 94 ശതമാനം ജനങ്ങളും ഗ്രാമത്തിൽത്തന്നെയാണ് ജീവിക്കുന്നതെങ്കിലും കൃഷിയെ മാത്രം ആശ്രയിക്കുന്നവർ 10-–-15 ശതമാനം മാത്രമാണ്‌. രാജ്യത്തെ വികസിത പ്രദേശങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. ഗ്രാമീണമേഖലയിലെ വരുമാനം രാജ്യം ഒന്നാകെ പരിശോധിക്കുകയാണെങ്കിൽ കാർഷികേതര മേഖലയിൽനിന്നാണെന്നു കാണാം. അതുപോലെ കുടുംബങ്ങളുടെ സാമൂഹ്യ, സാമ്പത്തിക വ്യത്യാസങ്ങൾ അനുസരിച്ച്‌ വരുമാന സ്രോതസ്സുകളുടെ വൈവിധ്യവും മാറും. പരമ്പരാഗതമായി കൃഷിയെ ആശ്രയിച്ചിരുന്നവർ ജീവിക്കാനായി മറ്റു പല തൊഴിലുകളെയും ആശ്രയിക്കേണ്ടിവരുന്നു.

എന്നാൽ, താങ്കൾ ചൂണ്ടിക്കാണിച്ച കണക്കുകൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ അസമത്വത്തിന്റെ ഗുരുതരാവസ്ഥയിലേക്കു വിരൽചൂണ്ടുന്നു. കാർഷികമേഖലയുടെ തകർച്ചയെയും അത് എടുത്തുകാട്ടുന്നു. ഇതിന്റെ പ്രത്യാഘാതങ്ങൾ പലതാണ്. ഉദാഹരണത്തിന്‌ ദേശീയ വരുമാനത്തിൽ കൃഷിയുടെ വരുമാനത്തിലുണ്ടാകുന്ന ഗണ്യമായ കുറവ് രാജ്യത്തെ രാഷ്ട്രീയ സംവിധാനത്തിൽ കൃഷിക്കാർക്ക് കൈമോശം വരുന്ന അധികാരത്തെയും സൂചിപ്പിക്കുന്നു.

ഇന്ത്യയിലെ കർഷകസമൂഹം ആന്തരികമായി അസമത്വങ്ങൾ നിറഞ്ഞതാണ്. പലരും പല തലത്തിലാണ് നിലനിൽക്കുന്നത്. വിവിധ പ്രദേശങ്ങളിലെ ഉൽപ്പാദനക്ഷമതയിലും ഏറ്റക്കുറച്ചിലുകളുണ്ട്. സംസ്ഥാനങ്ങൾ തമ്മിൽ താരതമ്യം ചെയ്യുകയാണെങ്കിൽ കൈവശം വയ്ക്കുന്ന കൃഷിഭൂമിയുടെ അളവിലും വലിയ വ്യത്യാസങ്ങളുണ്ട്. ഭൂമിയിലെ ഉടമസ്ഥതയുടെ കേന്ദ്രീകരണം വൻകിട കൃഷിക്കാരെ കേന്ദ്രീകരിച്ചാണ് കിടക്കുന്നത്‌. ചെറു ന്യൂനപക്ഷം വരുന്ന വൻകിട കൃഷിക്കാർ വലിയ അളവിൽ ഭൂമി കൈവശംവച്ചു പോരുകയാണ്.

രഞ്ജിത്ത്: വികസിച്ചുവരുന്ന മുതലാളിത്ത വർഗങ്ങളും പരമ്പരാഗത കർഷകസമൂഹങ്ങളും തമ്മിലുള്ള സംഘർഷങ്ങളെ താങ്കൾ എങ്ങനെയാണ് വിലയിരുത്തുന്നത്. ഇതുസംബന്ധിച്ച് നമുക്ക് മറ്റു വികസിത രാജ്യങ്ങളുടെ ചരിത്രത്തിൽനിന്ന് എന്തെങ്കിലും ഉൾക്കൊള്ളാനുണ്ടോ?

എസ് എസ് ജെ: മറ്റു വികസിത രാജ്യങ്ങളിൽ സംഭവിച്ചതുപോലെ കോർപറേറ്റ് മൂലധനം ഇന്ത്യയിലും മേൽക്കൈ നേടിയിട്ടുണ്ട്. കർഷക സമൂഹങ്ങളുടെ നഷ്ടങ്ങളുടെ മേലെയാണ് ഇത് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഇവർ കൂടുതൽ കൂടുതൽ പ്രാന്തവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. കോർപറേറ്റ് മൂലധനത്തിന്റെ സാമൂഹിക അടിത്തറയായി വർത്തിക്കുന്ന പട്ടണ പ്രദേശങ്ങളിലെ മധ്യവർഗം ജനസംഖ്യയിൽ വലുതല്ലെങ്കിലും 1990കൾക്കു ശേഷമുള്ള കാലയളവിൽ ഇവരുടെ സ്വാധീനം വളരെ കൂടിയിട്ടുണ്ട്.

ഗ്രാമീണ തൊഴിൽ മേഖലകളിൽ അധികപ്പറ്റായി മാറുന്ന ജനവിഭാഗങ്ങളെ ഉൾക്കൊള്ളാനാകുന്നവിധത്തിൽ മുതലാളിത്ത വികസനം നമ്മുടെ പട്ടണ പ്രദേശങ്ങളിൽ ഉണ്ടായിട്ടില്ലെന്ന് നമുക്കറിയാം. ഗ്രാമീണമേഖലകളിലെ വരേണ്യ വിഭാഗത്തിൽപ്പെട്ടവർക്ക് ഉന്നത വിദ്യാഭ്യാസങ്ങൾ ലഭിക്കുന്ന സാഹചര്യം നിലവിലുണ്ട്. നഗരപ്രദേശങ്ങളിലെ ജോലിയും നഗരജീവിതത്തിലെ മറ്റു സുഖസൗകര്യങ്ങളും അവർ കാംക്ഷിക്കുന്നുണ്ട്. കോർപറേറ്റ് മൂലധനം പ്രദാനം ചെയുന്ന പരിമിതമായ തൊഴിലുകൾ നഗരങ്ങളിലെ വരേണ്യവിഭാഗത്തിൽപ്പെട്ടവർ സ്വാഭാവികമായും കരസ്ഥമാക്കുന്നു. ഇത് ലഭിക്കാൻ ആവശ്യമായ സാമൂഹ്യവും സാംസ്‌കാരികവുമായ മൂലധനം ഇവർക്കാണുള്ളത്. കൂടുതൽ മുന്നോട്ടുകുതിക്കാൻ ആഗ്രഹിക്കുന്നതായ ഗ്രാമങ്ങളിലെ പ്രാമാണിക വിഭാഗങ്ങൾ തന്നെ ഇതിൽ അസംതൃപ്തരും രോഷാകുലരുമാകുന്നു. പിന്നോക്ക വിഭാഗ സംവരണത്തിന്റെ ആനുകൂല്യങ്ങൾ പറ്റി സർക്കാർ സ്ഥാപനങ്ങളിൽ ജോലി കരസ്ഥമാക്കാനാണ് പിന്നെ അവർ ശ്രമിക്കുന്നത്. എന്നാൽ, സർക്കാർജോലികൾ തന്നെ ഇന്ന് കുറഞ്ഞുവരികയാണ്. അതീവ ഗുരുതരമായ സാമൂഹിക അന്തരീക്ഷത്തിലേക്കാണ് ഇത് നമ്മെ നയിക്കുന്നത്.

രഞ്ജിത്ത്: കേന്ദ്ര സർക്കാരിനെ പിന്തുണയ്ക്കുന്നവരുടെ ഒരുവാദം കാർഷിക മേഖലയിലെ ഇടനിലക്കാരും ധനിക കർഷകരുമാണ് സമരത്തിന് നേതൃത്വം നൽകുന്നതെന്നാണ്. പക്ഷേ, ദരിദ്ര കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും സജീവമായ പങ്കാളിത്തം നമുക്ക്‌ ഈ സമരത്തിൽ കാണാനാകും. താങ്കൾ എങ്ങനെയാണ് ഇതിനെ കാണുന്നത്.

എസ് എസ് ജെ: ഗ്രാമീണ കർഷക ജനവിഭാഗങ്ങൾക്കിടയിൽ നേർത്തുവരുന്ന വർഗവൈരുധ്യങ്ങളിലേക്കാണ് ഇത് ഒരുപക്ഷെ വിരൽചൂണ്ടുന്നത്. കൈവശം വയ്ക്കുന്ന ഭൂമിയുടെ അളവ്‌ പൊതുവെ കുറഞ്ഞുവരികയാണ്. കൃഷിക്കാരുടെയും സാമ്പത്തിക സാഹചര്യങ്ങൾ കർഷകത്തൊഴിലാളികളുടേതിൽനിന്ന് ഏറെ വ്യത്യസ്തമല്ല ഇന്ന്. കർഷകരിൽത്തന്നെയുള്ള ധനിക വിഭാഗങ്ങളുടെ സ്ഥിതിയും മോശമാകുകയാണ്. കർഷക സമൂഹത്തിന്റെ സ്ഥിതി മോശമാകുന്നത് ഗ്രാമീണമേഖലയിലെ മുഴുവൻ ജനങ്ങളെയും പ്രാദേശിക കച്ചവടക്കാരെയടക്കം ബാധിക്കുന്നതാണ്.

രഞ്ജിത്ത്: ഇന്ത്യയിലെ ഗ്രാമീണ സമൂഹങ്ങളെപ്പറ്റി ആഴത്തിൽ പഠനങ്ങൾ നടത്തിയിട്ടുള്ള ഒരു അക്കാദമിക് എന്നനിലയിൽ ദരിദ്രരായ ഗ്രാമീണ ജനവിഭാഗങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങളെപ്പറ്റി താങ്കളുടെ അഭിപ്രായമെന്താണ്? ഇക്കാര്യത്തിൽ ഗവൺമെന്റിന്റെ പങ്കെന്താണ്?

എസ് എസ് ജെ: ഗ്രാമീണമേഖലയിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് കാർഷിക മേഖലയെങ്കിലും അത് ഇവിടങ്ങളിലെ മുഴുവൻ ജനങ്ങളെയും ഉൾക്കൊള്ളുന്നില്ല. കാർഷിക മേഖലയുമായി ബന്ധപ്പെട്ടല്ല എല്ലാ കാര്യവും നടക്കുന്നതും. ഇന്ത്യൻ സാഹചര്യങ്ങളിൽ നിലനിന്നിരുന്ന ജാതിവ്യവസ്ഥയാണ് അതിനൊരു കാരണം. കൃഷിഭൂമി സ്വന്തമാക്കാനോ അതിൽ പണിയെടുക്കാനോ ദളിത് വിഭാഗങ്ങൾക്ക് ആദ്യകാലത്ത്‌ അനുമതിയുണ്ടായിരുന്നില്ല. കർഷക സമൂഹങ്ങളിൽ പങ്കാളികളായി അവരെ കരുതിയിരുന്നില്ല. മറ്റു വാക്കുകളിൽ പറഞ്ഞാൽ ജാതീയമായും വർഗപരമായും ഗ്രാമീണ ഇന്ത്യ സവിശേഷമായ രീതിയിൽ വിഭജിക്കപ്പെട്ടു കിടക്കുകയാണ്. സമകാലീന സാഹചര്യങ്ങളിലും ഈ അവസ്ഥ തുടരുകയാണ്. ഭൂരഹിതരാണ് എന്നതുമാത്രമല്ല, ദാരിദ്ര്യത്തിന്റെ അടിസ്ഥാനം. അവരുടെ അസ്തിത്വത്തെ അടയാളപ്പെടുത്തുന്ന മറ്റു ഘടകങ്ങളും ഇതിലേക്ക് വഴിതെളിക്കുന്നു. ഇവരുടെ ജീവിതം മെച്ചപ്പെടുത്തുന്ന നയങ്ങളും രാഷ്ട്രീയ സമീപനങ്ങളും രൂപീകരിക്കുമ്പോൾ സാമ്പത്തികേതരമായ ഇത്തരം വശങ്ങളും പരിഗണിക്കേണ്ടതുണ്ട്.

ഗ്രാമീണ മേഖലയിലുള്ളവർക്ക് ജീവിക്കാനാവശ്യമായ വരുമാനം ലഭിക്കുന്നത് ഉറപ്പാക്കാൻ സർക്കാരുകൾക്ക് ബാധ്യതയുണ്ട്. കമ്പോളശക്തികളുടെ ദയാവായ്പിനായി കാർഷികമേഖലയെ വിട്ടുകൊടുക്കുന്നത് കർഷക സമൂഹത്തെ കൂടുതൽ പാപ്പരീകരിക്കുകയേ ഉള്ളൂ.

രഞ്ജിത്ത്: ഉദാരവൽക്കൃതാനന്തര ഇന്ത്യയിൽ ഒരു നവസമ്പന്ന മധ്യവർഗം രൂപപ്പെടുന്നത് നമുക്ക് കാണാനാകും. ഇവരുടെ ഉപഭോഗസ്വഭാവങ്ങളും ആവശ്യങ്ങളും വളരെ വിഭിന്നങ്ങളാണ്. നല്ല ഉപഭോഗശേഷിയുള്ള ഇന്ത്യൻ ജനതയിലെ ഈ വിഭാഗത്തെയാണ് ദേശീയ അന്തർദേശീയ അഗ്രിബിസിനസ് കമ്പനികൾ ലക്ഷ്യമിടുന്നത്. അതിനു സഹായിക്കുന്ന പുതിയ കാർഷിക നിയമങ്ങൾ ദേശീയ ഭക്ഷ്യ സുരക്ഷിതത്വത്തെപ്പോലും അപകടപ്പെടുത്തുന്നതാണ്. ഏതു യുക്തിയാലാണ് ഈ പ്രതിഭാസത്തെ വിശദീകരിക്കാനാകുക.

എസ് എസ് ജെ: ഒരുപക്ഷേ രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ഇന്ത്യൻ ഭരണകൂടം ഒരു പ്രശ്‌നമായി ഇന്ന് കരുതുന്നതേയില്ല. ഇന്ത്യയിലെ ഭക്ഷ്യോൽപ്പാദനം ഇടിഞ്ഞുപോയാലും അന്താരാഷ്ട്ര കമ്പോളത്തിൽനിന്നും അനായാസം കുറവ് വരുന്ന ഭക്ഷ്യധാന്യങ്ങൾ വാങ്ങാമെന്നാണ് അവർ വിചാരിക്കുന്നത്. കാർഷികമേഖലയിലെ സബ്‌സിഡികൾ വെട്ടിക്കുറയ്‌ക്കുന്നതിലാണ് അവർക്ക് ഇന്ന് ഏറെ താൽപ്പര്യം. കാർഷികമേഖലയിലെ ഉൽപ്പാദനക്ഷമതയും വിതരണവുമെല്ലാം കോർപറേറ്റ് മൂലധനം കൈകാര്യം ചെയ്യുമെന്നാണ് അവർ വിശ്വസിക്കുന്നത്. പൊതുവിതരണ സമ്പ്രദായത്തെ ഇല്ലാതാക്കുന്നതും എല്ലാം കമ്പോളത്തിനു വിട്ടുകൊടുക്കുന്നതാണ് നല്ലതെന്നുമുള്ള നിയോ ലിബറൽ ചിന്തയുടെ ഭാഗമാണ്‌ ഇത്. നിലനിൽപ്പിനായി ദീർഘനാളായി പാടുപെടുന്ന കാർഷികമേഖലയ്ക്ക് ഇത് ഒട്ടും അഭികാമ്യമല്ല. കാർഷികമേഖലയ്ക്ക് പുറത്തുള്ള തൊഴിലവസരങ്ങൾ പരിമിതമായ ഇന്നത്തെ ഇന്ത്യൻ സാഹചര്യങ്ങളിൽ ഇത് ഗുരുതരമായ രാഷ്ട്രീയ അസ്വസ്ഥതകൾ സൃഷ്ടിക്കും .

സുരീന്ദർ സിങ്‌ ജോധ്‌ക / കെ എസ്‌ രഞ്ജിത് 

ദിഷ രവിയെ ഉടന്‍ വിട്ടയക്കണം: സിപിഐ എം

ബംഗളൂരുവിലെ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ അറസ്റ്റ്ചെയ്ത ഡല്‍ഹി പൊലീസിന്റെ നടപടി അങ്ങേയറ്റം ക്രൂരവും അപലപനീയവുമാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. കര്‍ഷകസമരത്തെ പിന്തുണച്ച് സമൂഹമാധ്യമത്തില്‍ 'ടൂള്‍ കിറ്റ്'(ഡിജിറ്റല്‍ ലഘുലേഖ)  ഫോര്‍വേഡ് ചെയ്തതിന്റെ പേരില്‍ ഈ 22കാരിക്കെതിരെ രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയിരിക്കുന്നു.  

മോഡി സര്‍ക്കാരിന്റെ ഭീതി കാരണമാണ് യുവജനങ്ങളെ വേട്ടയാടുന്നത്. ദിഷ രവിക്കെതിരെ ചുമത്തിയ കേസ് പിന്‍വലിച്ച് ഉടന്‍ വിട്ടയക്കണമെന്ന് പിബി ആവശ്യപ്പെട്ടു.

ബംഗളൂരു മൗണ്ട് കാര്‍മല്‍ കോളേജിലെ ബിബിഎ വിദ്യാര്‍ഥിനിയും പരിസ്ഥിതിപ്രവര്‍ത്തകയുമായ ദിഷ രവിയെ ഡല്‍ഹി പൊലീസ് സൈബര്‍സെല്‍ ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. സൊലദേവനഹള്ളിയിലെ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്ത ദിഷയെ രാത്രിതന്നെ ഡല്‍ഹിയിലെത്തിച്ചു. ദേശദ്രോഹം, ഗൂഢാലോചന, വിദ്വേഷം പ്രചരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയ ദിഷയെ മെട്രോപൊളിറ്റന്‍ മജിസ്ട്രേട്ട്  അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

കര്‍ഷകപ്രക്ഷോഭത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന രേഖയെന്ന പേരിലാണ് ഗ്രേറ്റ ത്യുണ്‍ബെര്‍ഗ് അവരുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ 'ടൂള്‍കിറ്റ്' പോസ്റ്റ് ചെയ്തത്. ഇത് രാജ്യത്തിനെതിരെ ഖലിസ്ഥാന്‍ ഭീകരരുടെ കലാപാഹ്വാനമാണെന്ന് ഡല്‍ഹി പൊലീസ് ആരോപിച്ചു. ഫെബ്രുവരി മൂന്നിന് ദിഷ രവി മൊബൈല്‍ഫോണില്‍ ഈ രേഖ എഡിറ്റ് ചെയ്തിട്ടുണ്ട്. വിശദമായി ചോദ്യംചെയ്താലേ ഗൂഢാലോചനയിലെ കൂടുതല്‍ കണ്ണികളെ പുറത്തുകൊണ്ടുവരാന്‍ പറ്റൂവെന്നും പൊലീസ് വാദിച്ചു.

കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞ ദിഷ ഒരുഗൂഢാലോചനയിലും പങ്കില്ലെന്നും രേഖയില്‍ രണ്ടുവരി മാത്രമാണ് എഡിറ്റ് ചെയ്ത് ചേര്‍ത്തതെന്നും അറിയിച്ചു. ആസൂത്രിതമായി സ്പര്‍ധയും വിദ്വേഷവും പടര്‍ത്താന്‍ ശ്രമിച്ചെന്ന പേരില്‍  10 ദിവസംമുമ്പ് ഗ്രേറ്റക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തിരുന്നു.

ഗ്രേറ്റയും മറ്റുചിലരും ഷെയര്‍ ചെയ്ത 'ടൂള്‍കിറ്റ്' രേഖയുമായി ബന്ധപ്പെട്ട സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍, ഇ--മെയിലുകള്‍, യുആര്‍എല്ലുകള്‍ തുടങ്ങിയ വിവരങ്ങള്‍ കൈമാറാന്‍ പൊലീസ് ഗൂഗിളിനും ട്വിറ്ററിനും നിര്‍ദേശം നല്‍കിയിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആദ്യ അറസ്റ്റെന്ന് പൊലീസ് അവകാശപ്പെട്ടു.

"അർണബൊക്കെയുള്ള രാജ്യത്ത്‌ രണ്ട്‌ വരി എഡിറ്റ്‌ ചെയ്‌തതിന്‌ 21 കാരിയെ അറസ്‌റ്റ്‌ ചെയ്യുന്നത്‌ പരിഹാസ്യമാണ്": എൻ എസ്‌ മാധവൻ

കൊച്ചി > ഗ്രെറ്റ തന്‍ബര്‍ഗ് "ടൂള്‍കിറ്റ്' കേസില്‍ കോളേജ് വിദ്യാര്‍ത്ഥി ദിഷ രവിയെ അറസ്റ്റ് ചെയ്‌ത സംഭവത്തില്‍ കടുത്ത വിമര്‍ശനവുമായി എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. വാര്‍ത്തയെ മുഴുവന്‍ വലിച്ചുകീറി നശിപ്പിക്കുന്ന അര്‍ണബിനെ പോലുള്ളവരുള്ള രാജ്യത്താണ് രണ്ട് വരി എഡിറ്റ് ചെയ്‌തതിന് അറസ്റ്റുകള്‍ നടക്കുന്നതെന്ന് എന്‍ എസ് മാധവന്‍ പറഞ്ഞു.

‘വാര്‍ത്തയെ വലിച്ചുകീറി നശിപ്പിക്കുന്ന അര്‍ണബിനെ പോലുള്ള എഡിറ്റര്‍മാരുള്ള ഒരു രാജ്യത്ത് ഗൂഗിള്‍ ഡോക്യുമെന്റിലെ രണ്ട് വരി എഡിറ്റ് ചെയ്‌തതിന് ഒരു ഇരുപത്തൊന്നുകാരിയെ അറസ്റ്റ് ചെയ്യുന്നത് എന്ത് പരിഹാസ്യമാണ്,’ എന്‍ എസ് മാധവന്‍ ട്വീറ്റ് ചെയ്‌തു.

Wednesday, February 3, 2021

അടിച്ചമർത്തി തോൽപ്പിക്കാനാകില്ല - കെ കെ രാഗേഷ്‌ എഴുതുന്നു

ഐതിഹാസികമായ കർഷകസമരത്തെ അടിച്ചമർത്താൻ ഹീനമായ ശ്രമമാണ് സംഘപരിവാർ അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പൊലീസിനെ ഉപയോഗിച്ചുകൊണ്ട് നടത്തുന്നത്. കഴിഞ്ഞദിവസം സിൻഘുവിലുണ്ടായ സംഭവം ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഏതൊരാളെയും ഞെട്ടിപ്പിക്കുന്നതാണ്. മുഖമൂടി ധരിച്ച ഒരുപറ്റം ക്രിമിനലുകൾ സമാധാനമായി സമരം ചെയ്യുന്ന കർഷകർക്കുമേൽ നിഷ്ഠുരമായി ആക്രമണം നടത്തുകയായിരുന്നു.  ക്രിമിനലുകൾക്ക് കടന്നുവരാൻ ഡൽഹി പൊലീസ് വഴിയൊരുക്കുന്നതിന്റെ ഉൾപ്പെടെ  വ്യക്തമായ തെളിവുകൾ പുറത്തുവന്നു. കർഷകരെ ആർഎസ്എസ് ഗുണ്ടകൾ ആക്രമിക്കുന്നത് കൈയുംകെട്ടി നോക്കിനിന്ന പൊലീസ്, അക്രമികളെ ചെറുത്ത കർഷകരെ മർദിച്ചൊതുക്കി. ഇരുപതോളം പൊലീസുകാർ ഒരു കർഷകനെ വളഞ്ഞിട്ട് ആക്രമിക്കുന്നതും അടികൊണ്ട് നിലത്തുവീണയാളുടെ മുഖത്ത് ബൂട്ട്‌ കൊണ്ട് ചവിട്ടി മെതിക്കുന്നതുമായ ദൃശ്യങ്ങൾ സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിൽ കറുത്ത ഏടായി.

കേന്ദ്രത്തിനെതിരായ സമരങ്ങളെ അടിച്ചമർത്തുന്നതിൽ സംഘപരിവാർ സ്വീകരിക്കുന്ന പതിവ് രീതിതന്നെ കർഷകസമരമുഖത്തും പ്രയോഗിക്കാൻ തുടങ്ങി. ജനുവരി 27-നാണ് ഘാസിപുരിലെ സമരകേന്ദ്രം ഒഴിപ്പിക്കുന്നതിനുള്ള ശ്രമം സംഘപരിവാർ ഗുണ്ടകളും ജില്ലാ ഭരണകേന്ദ്രവും നടത്തിയത്. അർധരാത്രിയോടെ പൊലീസ്‌ നീക്കത്തിന്റെ വിവരം കർഷകർക്ക് ലഭിച്ചു. വൈദ്യുതി  വിച്ഛേദിച്ചു. സമര വളന്റിയർമാർ കരുതിയിരുന്ന കുടിവെള്ള വിതരണം പൂർണമായും നിർത്തി. താൽക്കാലിക ടോയ്‌ലെറ്റ് സംവിധാനംപോലും പൊലീസ് എടുത്തുമാറ്റി. സമരം തുടരാൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ച് അടിച്ചമർത്തുന്നതിനാണ് പൊലീസ് ഗുണ്ടകളുടെ സഹായത്തോടെ ശ്രമിച്ചത്. വിവരമറിഞ്ഞ് ഞങ്ങളെല്ലാം ഘാസിപുരിൽ എത്തി. സമരനേതാവായ രാകേഷ് ടിക്കായത്ത് ഉൾപ്പെടെയുള്ളവരെ അറസ്റ്റുചെയ്യാനുള്ള തയ്യാറെടുപ്പുമായി ആയിരക്കണക്കിന് പൊലീസുകാർ തയ്യാറായി നിൽക്കുന്നതാണ് അവിടെ കണ്ടത്.  പൊലീസിന്റെ സമ്മർദത്തിനു വിധേയപ്പെട്ട് അറസ്റ്റിന്‌ അദ്ദേഹം തയ്യാറായിരുന്നു. അറസ്റ്റുചെയ്താലും സമരം തുടരാനുള്ള സാഹചര്യമുണ്ടാക്കണമെന്ന് ഞങ്ങളെല്ലാം ചർച്ചചെയ്ത് തീരുമാനിച്ചു. കൂടുതൽ ആളുകൾ സമരകേന്ദ്രത്തിൽ എത്തണം. സംഘപരിവാറിന്റെ നെറികെട്ട നീക്കങ്ങളുടെ മുമ്പിൽ തോറ്റുകൊടുക്കാനുള്ളതല്ല, സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും വലിയ കർഷകസമരമെന്ന് സംയുക്തമായി തീരുമാനിച്ചു.

രാകേഷ് ടിക്കായത്തിന്റെ കൂടെ അറസ്റ്റുവരിക്കാൻ തയ്യാറായാണ് ഞങ്ങൾ അവിടെ നിന്നത്. പരസ്യമായി അത് പ്രഖ്യാപിക്കുകയും ചെയ്തു. എല്ലാവരെയും അറസ്റ്റുചെയ്യാനുള്ള തയ്യാറെടുപ്പുകൾ യുപി പൊലീസ് നടത്തി. അറസ്റ്റുവരിക്കുകയാണെന്ന പ്രഖ്യാപനം സമരസമിതി നേതാക്കൾ നടത്തിയപ്പോൾ, ജയിലിൽ പോകാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ആയിരക്കണക്കായ സമരസഖാക്കൾ കൂടി ഞങ്ങളോടൊപ്പം നിൽക്കുകയായിരുന്നു. സമരപ്പന്തൽ മുദ്രാവാക്യ മുഖരിതമായി.  ആ സന്ദർഭത്തിലാണ് ബിജെപിയുടെ ഒരു എംഎൽഎയുടെ നേതൃത്വത്തിൽ ആർഎസ്എസുകാർ സമരകേന്ദ്രത്തിലേക്ക് പ്രകടനം നടത്തിയത്. നേതാക്കളെ അറസ്റ്റുചെയ്തയുടൻ സമരം നടത്തുന്ന കർഷകരെ ആക്രമിച്ച് പൊലീസും ആർഎസ്എസുകാരും അവിടെയുള്ള ടെന്റുകളെല്ലാം നീക്കി സമരം അടിച്ചമർത്താനായിരുന്നു പദ്ധതി. നൊടിയിടകൊണ്ട് കാര്യങ്ങളുടെ ഗൗരവം എല്ലാവർക്കും ബോധ്യപ്പെട്ടു.  സമരം അവസാനിപ്പിക്കാനുള്ള ഗൂഢപദ്ധതിയാണ്‌ ഇതെന്ന് തിരിച്ചറിഞ്ഞയുടൻ എന്തുവന്നാലും അറസ്റ്റിന് വിധേയപ്പെടാൻ മനസ്സില്ലെന്ന് ഞങ്ങൾ പ്രഖ്യാപിച്ചു. വേണ്ടിവന്നാൽ വെടിവയ്‌ക്കാനുൾപ്പെടെ ഉത്തരവിടാൻ അധികാരമുള്ള ജില്ലാ മജിസ്‌ട്രേട്ടും ജില്ലാ പൊലീസ് മേധാവിയും ഉൾപ്പെടെ വലിയ സംഘം വേദിയിലേക്ക് കയറിവന്നു. എന്നാൽ, സമരസഖാക്കളുടെ ശക്തമായ ചെറുത്തുനിൽപ്പിനു മുന്നിൽ അവർക്ക് മുട്ടുമടക്കേണ്ടിവന്നു. പിൻവാങ്ങുമ്പോഴും അർധരാത്രിയോടെ അറസ്റ്റുനടത്തി സമരം അവസാനിപ്പിക്കാം എന്നായിരുന്നു പൊലീസിന്റെ കണക്കുകൂട്ടൽ. എന്നാൽ, സമരസമിതി ആഹ്വാനമനുസരിച്ച് ഉത്തർപ്രദേശിന്റെ ഗ്രാമാന്തരങ്ങളിൽനിന്നും പതിനായിരങ്ങൾ രാത്രി തന്നെ സമരകേന്ദ്രത്തിലേക്ക് പ്രവഹിക്കുകയായിരുന്നു.  ഘാസിപുർ സമര വളന്റിയർമാരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

ജലവിതരണവും വൈദ്യുതിയും പുനഃസ്ഥാപിച്ചിരിക്കുന്നു. കുതന്ത്രങ്ങളിലൂടെ സമരത്തെ അടിച്ചമർത്താൻ കഴിയില്ലെന്ന് കർഷകരുടെ സംഘശക്തി കോർപറേറ്റുകളുടെ പാവസർക്കാരിനെ പഠിപ്പിച്ചിരിക്കുന്നു. സമാനമായ സംഭവങ്ങളാണ് ഇതര സമരകേന്ദ്രങ്ങളിലും അരങ്ങേറിയത്. പ്രദേശവാസികളെന്ന വ്യാജേന ആർഎസ്എസ്‌ ഗുണ്ടകളെ രംഗത്തിറക്കിയിരിക്കുകയാണ്‌. മലയാളികൾ ഉൾപ്പെടെയുള്ള പ്രവർത്തകർ സമരം നടത്തുന്ന ഷാജഹാൻപുരിലും സമാന സ്ഥിതിയുണ്ടായി. പൊലീസ് അറസ്റ്റിനൊരുങ്ങി.  ട്രാക്ടർ റാലിക്ക് കർഷകർ പുറപ്പെട്ട സമയത്ത്‌ സംഘപരിവാർ സംഘം ടെന്റുകൾ കൈയേറി. എന്നാൽ, വർധിതവീര്യത്തോടെ തിരിച്ചുവന്ന കർഷകർ അവ വീണ്ടെടുത്തു.

സമരകേന്ദ്രത്തിൽ സേവനം ചെയ്തുകൊണ്ടിരുന്ന സിഖ് സന്യാസിയായ ബാബാരാംസിങ്ങിനെ ആർക്കാണ് മറക്കാൻ കഴിയുക. വളന്റിയർമാർക്ക് ഭക്ഷണം നൽകുന്നതിലും സമരകേന്ദ്രം വൃത്തിയാക്കുന്നതിലുമാണ് ബാബാരാംസിങ്‌ മുഴുകിയത്. സിഖ് വിശ്വാസപ്രകാരമുള്ള സേവനമായിരുന്നു അത്. ‘‘അടിച്ചമർത്തുന്നത് പാപമാണ്, അതിനു വിധേയപ്പെടുന്നതും പാപമാണ്. സർക്കാർ അനീതിയാണ് കാണിക്കുന്നത്. രാജ്യത്തെ കർഷകർ കൊടിയ പീഡനങ്ങൾ അനുഭവിക്കുന്നു. അവരെ പീഡിപ്പിക്കുന്ന സർക്കാർ അനീതിയാണ് കാണിക്കുന്നത്. എനിക്കിത് സഹിക്കാനാകുന്നില്ല. പലരും ജീവിതത്തിലെ വിലപ്പെട്ട പലതും ഈ സമരത്തിനുവേണ്ടി സംഭാവന ചെയ്തു. ചിലർ അവർക്കുകിട്ടിയ ഏറ്റവും മൂല്യവത്തായ അംഗീകാരങ്ങൾ പോലും തിരിച്ചുനൽകി. തിരിച്ചുനൽകാൻ എനിക്കെന്തുണ്ട് എന്നായിരുന്നു എന്റെ ചിന്ത. എന്റെ ജീവൻ തന്നെയാണ് അതിന് ഉത്തരമായി നൽകാനുള്ളത്'' എന്ന് എഴുതിവച്ചാണ് ബാബാരാംസിങ്‌ ആത്മാഹുതി ചെയ്തത്.

ജനുവരി 26ന്റെ കർഷക പരേഡിനെ തുടർന്ന് രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർന്നിരിക്കുകയാണ്.  ഔദ്യോഗിക പരിപാടികൾക്കപ്പുറം ജനകീയ മാനങ്ങളിലേക്ക് ഒരിക്കലും എത്തിയിട്ടില്ലാത്ത റിപ്പബ്ലിക് ദിനാഘോഷത്തിന് കർഷക പരേഡിലൂടെ പുതിയ മാനം കൈവന്നു. ദേശീയപതാകയും ട്രാക്ടർ റാലികളും മറ്റുമായി കോടികളാണ് അണിചേർന്നത്. ഡൽഹിയിൽ മാത്രം ഒമ്പതു ലക്ഷത്തോളം പേർ ഭാഗമായി. ജനാധിപത്യവും പരമാധികാരവും കോർപറേറ്റുകളിൽനിന്ന് വീണ്ടെടുക്കുന്നതിനു വേണ്ടിയുള്ള കർഷകരുടെ അഭിമാന പോരാട്ടംകൂടിയായിരുന്നു റിപ്പബ്ലിക്ദിന കർഷക മാർച്ച്. 

എന്നാൽ, കർഷക പരേഡ് ദിവസം നടന്ന ചില ഒറ്റപ്പെട്ട അക്രമങ്ങളെ കോർപറേറ്റ് മാധ്യമങ്ങൾ പർവതീകരിച്ചു. നരേന്ദ്ര മോഡിയുടെ മടിയിലിരിക്കുന്ന മാധ്യമങ്ങൾ അക്രമസമരമാണ് കർഷകരുടേതെന്ന് വരുത്തിത്തീർക്കാൻ ആസൂത്രിതമായി ശ്രമിക്കുകയാണ്. കർഷകസമരം നടക്കുന്ന സിൻഘു ബോർഡറിൽ പൊലീസ് ബാരിക്കേഡിനുള്ളിൽ സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിലുള്ള സമര വളന്റിയർമാർക്കു പുറമെ ബാരിക്കേഡ് വച്ച് തടയാതെ യഥേഷ്ടം അഴിച്ചുവിട്ട മറ്റൊരു സംഘവും ഉണ്ടായിരുന്നു. കർഷക റാലിയിൽ ഡൽഹി പൊലീസ് ആ സംഘത്തിന് പ്രത്യേക റൂട്ട് നിശ്ചയിച്ചു നൽകി. ചില സ്ഥലത്ത്‌ ബാരിക്കേഡുകളും മറ്റും തകർത്ത് മുന്നേറുന്ന ദൃശ്യങ്ങൾ പുറത്തുവന്നത് അവരുടേതാണ്. എല്ലായിടത്തും പൊലീസ് നോക്കിനിന്നു. ആ ചിത്രങ്ങളൊക്കെ പിന്നീട് പുറത്തുവന്നു. ആസൂത്രിതമായാണ് അക്രമം നടന്നത്.

ഭരണകൂടത്തിന്റെ പ്രോത്സാഹനം അക്രമികൾക്ക് ഉണ്ടായിട്ടുണ്ട്‌. സമരത്തെ അടിച്ചമർത്താനുള്ള ഗൂഢപദ്ധതിയായിരുന്നു അരങ്ങേറിയത്. ചെങ്കോട്ടയിൽ ഒരു പ്രത്യേക സംഘത്തിനുനേരെ നിഷ്‌ക്രിയമായി നിന്ന ഡൽഹി പൊലീസ് പൽവലിൽനിന്ന് കർഷക പരേഡ് ആരംഭിച്ചപ്പോൾ, നിശ്ചയിച്ച 42 കിലോമീറ്ററിൽ 12 കിലോമീറ്റർ പിന്നിട്ടപ്പോൾ തന്നെ ബാരിക്കേഡ് വച്ച് തടഞ്ഞു. സ്വാഭാവികമായും കർഷകർ അതിനെ ചോദ്യംചെയ്തു. അതിക്രൂരമായ ലാത്തിച്ചാർജാണ് അവിടെ നടന്നത്. ലാത്തിയടിയേറ്റ് ജീവച്ഛവമായ വൃദ്ധകർഷരെ ഒറ്റ കോർപറേറ്റ് മാധ്യമങ്ങളും കണ്ടില്ല. അവരപ്പോൾ ചെങ്കോട്ടയിൽ ഉയർത്തിയ കൊടിയെ ആഘോഷിക്കുകയായിരുന്നു!

ഒരുഭാഗത്ത് അക്രമവും മറുഭാഗത്ത് നിസ്സംഗതയും പ്രോത്സാഹനവും. ചെങ്കോട്ടയിലേക്ക് പൊലീസ് സഹായത്തോടെ നീങ്ങിയ ഈ സംഘം ബിജെപിയുമായി അടുത്തബന്ധമുള്ള ഒരു വ്യക്തിയുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബിജെപിക്കുവേണ്ടി പ്രചാരണം നടത്തിയിട്ടുള്ള ഒരു വ്യക്തി. സമരത്തെ തകർക്കാൻ ഭരണകൂടം ഏതറ്റംവരെയും പോകുമെന്നതിന്റെ ഒരുദാഹരണം മാത്രമാണിത്. സ്വാഭാവികമായും ഒരു വലിയ ജനകീയ മുന്നേറ്റമുണ്ടാകുമ്പോൾ, ബാരിക്കേഡ് തകർത്തുമുന്നേറുമ്പോൾ, ഒരു പൊതുബോധത്തിനടിപ്പെട്ട് സ്വാഭാവികമായും മറ്റു ചിലരും അതിനോടൊപ്പം ചേർന്നിട്ടുണ്ടാകാം. രാകേഷ് ടിക്കായത്ത് ഉൾപ്പെടെയുള്ള നേതാക്കൾ ഭീകരരാണെന്ന് ചിത്രീകരിക്കപ്പെട്ടത് അങ്ങനെയാണ്. ചെങ്കോട്ട കൈയേറിയവരിൽ ടിക്കായത്തിന്റെ സംഘവും ഉണ്ടായിരുന്നുവെന്ന പ്രചാരണം ‘ഗോദി മീഡിയ' നടത്തിക്കൊണ്ടിരിക്കുന്നു.

രണ്ടുമാസത്തിലേറെ തെരുവിൽ പീഡിപ്പിക്കപ്പെട്ടവരാണ് കർഷകർ. ഇരുനൂറോളം പേർ രക്തസാക്ഷികളായി. എന്നിട്ടും സമാധാനപൂർണമായി സമരം നടത്തുന്ന കർഷകർ ലോകത്തിനുതന്നെ അത്ഭുതമാണ്. കുറച്ചുപേർ പൊതുതീരുമാനത്തിൽനിന്ന് വ്യത്യസ്തമായി പോയി എന്ന് ചൂണ്ടിക്കാണിച്ച് കർഷകസമരമാകെ അക്രമസമരമാണെന്ന് പ്രചരിപ്പിക്കുന്ന കോർപറേറ്റ് മീഡിയ രാജ്യത്തിന് അപമാനമാണ്. അവർ നാലാം തൂണുകളല്ല,  ജനാഭിലാഷത്തെ തകർക്കുന്ന, രാജ്യത്തെ കോർപറേറ്റ് അനുകൂലമാക്കി മാറ്റിക്കൊണ്ടിരിക്കുന്ന ഇടനിലക്കാരാണ്. പ്രക്ഷോഭസമരങ്ങളെ വർഗീയമായി ഭിന്നിപ്പിച്ച് ഇല്ലാതാക്കിയ പഴയ ചരിത്രം ഇവിടെ വിലപ്പോകില്ല. ധനിക-, ഇടത്തരം, -നാമമാത്ര കർഷകരും തൊഴിലാളികളും വർഗമെന്ന രീതിയിൽ ഐക്യപ്പെട്ടിരിക്കുകയാണ്. വർഗീയവിഭജനം അവിടെ അസാധ്യമാണ്.

സമരം അവസാനിപ്പിക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ ഇന്ത്യാചരിത്രത്തിൽ നരേന്ദ്ര മോഡിക്ക് പുതിയൊരിടം ലഭിക്കുമെന്ന കാര്യത്തിൽ സംശയമില്ല. മുഗൾ സാമ്രാജ്യത്തിലെ അവസാനത്തെ ചക്രവർത്തി ബഹദൂർഷാ സഫർ എന്ന് ചരിത്രത്തിൽ നാം പഠിച്ചതുപോലെ, അവസാനത്തെ ബ്രിട്ടീഷ് വൈസ്രോയി മൗണ്ട് ബാറ്റൻ എന്ന് പഠിക്കുന്നതുപോലെ ഇന്ത്യയിലെ ബിജെപിയുടെ അവസാനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയായിരുന്നു എന്നും വരുംതലമുറ പഠിക്കും. ജനങ്ങളുടെ ഇച്ഛാശക്തിയെ ഒരു ഭരണാധികാരിക്കും ദീർഘനാൾ അടിച്ചമർത്താൻ കഴിഞ്ഞിട്ടില്ല. അടിച്ചമർത്തിയവരൊക്കെ ഇപ്പോൾ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലാണ് എന്ന് മനസ്സിലാക്കുന്നത് നന്ന്.

കെ കെ രാഗേഷ്‌ 

മുഖ്യധാര മാധ്യമങ്ങൾ ബഹുഭൂരിപക്ഷത്തിന്റെ ശബ്‌ദം കേൾക്കുന്നില്ല: പി സായിനാഥ്

കൊച്ചി > മാധ്യമപ്രവർത്തനവും  സ്ഥാപനങ്ങൾ എന്ന നിലയിൽ മാധ്യമങ്ങളും  രണ്ട്‌ ദിശയിൽ നീങ്ങുന്നതാണ്‌ ഇന്നത്തെ അനുഭവമെന്ന്‌ മഗ്‌സസെ അവാർഡ്‌ ജേതാവും പ്രമുഖ മാധ്യമപ്രവർത്തകനുമായ പി സായിനാഥ്‌ പറഞ്ഞു. മുഖ്യധാരമാധ്യമങ്ങൾ എന്ന്‌ വിശേഷിപ്പിക്കപ്പെടുന്നവ സമൂഹത്തിലെ ബഹുഭൂരിപക്ഷത്തിന്റെ ശബ്ദം കേൾക്കുന്നില്ല. കോർപറേറ്റ്‌ താൽപര്യങ്ങൾ നിയന്ത്രിക്കുന്ന മാധ്യമങ്ങൾ വരുമാനവർധന മാത്രം ലക്ഷ്യമിട്ടാണ്‌ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരള മീഡിയ അക്കാദമി ഫെലോഷിപ്പിന്റെ ഭാഗമായി സാജൻ എവുജിൻ എഴുതിയ ‘മണ്ണിനു തീപിടിക്കുമ്പോൾ മാധ്യമങ്ങൾ എവിടെ’ എന്ന പുസ്‌തകം ഓൺലൈനിൽ പ്രകാശനം ചെയ്‌ത്‌ ‘കാർഷികപ്രതിസന്ധിയും മാധ്യമങ്ങളും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു സായിനാഥ്‌.

ഇപ്പോൾ നടക്കുന്ന കർഷകപ്രക്ഷോഭത്തിനു അടിസ്ഥാനമായ വസ്‌തുതകൾ തുറന്നുപറയാൻ ഭൂരിപക്ഷം മാധ്യമങ്ങളും തയ്യാറാകുന്നില്ല. കാർഷികനിയമങ്ങൾ വഴി ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കുന്ന കോർപറേറ്റ്‌ സ്ഥാപനമാണ്‌ രാജ്യത്ത്‌ ഏറ്റവും കൂടുതൽ മാധ്യമങ്ങളുടെ നിയന്ത്രണം കയ്യാളുന്നത്‌. കോർപറേറ്റുകൾ കൃഷി കയ്യടക്കിയതാണ്‌ രാജ്യത്തെ കാർഷികപ്രതിസന്ധിക്ക്‌ കാരണം. കാർഷികപ്രതിസന്ധിയാണ്‌ കുടിയേറ്റ തൊഴിലാളികൾ പെരുകാൻ കാരണം. കോവിഡ്‌ ലോക്ക്‌ഡൗൺ കാലത്ത്‌ കുടിയേറ്റ തൊഴിലാളികളുടെ ദുരിതത്തിൽ വേദന പ്രകടിപ്പിച്ച മാധ്യമങ്ങൾ ഇതിന്റെ കാരണങ്ങളിലേയ്‌ക്ക്‌ കടന്നില്ല.

ഏറ്റവും അനുയോജ്യമായ സമയത്താണ്‌ ഈ പുസ്‌തകം പ്രകാശനം ചെയ്യപ്പെടുന്നത്‌. കർഷകപ്രക്ഷോഭത്തിൽ രാജ്യം ഇളകിമറിയുകയാണ്‌. സമരം നേരിട്ട്‌ റിപ്പോർട്ട്‌ ചെയ്യുന്നവർ കഴിയുന്നത്ര സത്യസന്ധത കാട്ടുന്നു. എന്നാൽ മാധ്യമങ്ങളെ നിയന്ത്രിക്കുന്നവർ പുതിയ കാർഷികനിയമങ്ങളെ അനുകൂലിക്കുകയാണ്‌. കർഷകരെ പ്രകോപിപ്പിക്കുന്ന രീതിയിൽ നിയമങ്ങൾ കൊണ്ടുവന്നതിലാണ്‌ ചില മാധ്യമങ്ങൾക്ക്‌ ആശങ്ക. കാർഷികമേഖല കോർപറേറ്റുകൾക്ക്‌ തീറെഴുതുന്നതിനെ സ്വാഗതം ചെയ്‌ത്‌ മുഖപ്രസംഗങ്ങളും ലേഖനങ്ങളും തുടർച്ചയായി പ്രസിദ്ധീകരിക്കുന്നു. ദേശീയ ചാനലുകളിൽ നടക്കുന്ന ചർച്ചകളിൽ കർഷകരുടെയോ തൊഴിലാളികളുടെയോ പ്രതിനിധികളില്ല. വ്യവസായികളുടെ പ്രതിനിധികൾ മാത്രമാണെന്നും സായിനാഥ്‌ ചൂണ്ടിക്കാട്ടി.

താഴ്ന്ന നിലയിലുള്ള ബ്യൂറോക്രാറ്റുകൾ ക്ക് ജുഡീഷ്യൽ അധികാരം നൽകുന്ന വ്യവസ്ഥകൾ പുതിയ കാർഷിക നിയമത്തിലുണ്ട്  . എന്നാൽ ഇതിനെ കുറിച്ചുള്ള ചർച്ചകൾ നടക്കുന്നില്ല.

മാധ്യമങ്ങളിൽ ആകട്ടെ, കാർഷികരംഗം കവർ ചെയ്യുന്നതിന് നിയോഗിക്കപ്പെടുന്ന റിപ്പോർട്ടർമാർ കാർഷിക മന്ത്രാലയത്തെ അല്ലെങ്കിൽ അഗ്രി ബിസിനസിനെ ആണ് കണക്കിലെടുക്കുന്നത്. കർഷകരെ അല്ല.  അങ്ങനെ കർഷകരുടെ ശബ്ദം മാധ്യമങ്ങളിൽ നിന്ന് അപ്രത്യക്ഷമാകുന്നു എന്നും സായിനാഥ് പറഞ്ഞു.

2014 മുതൽ 2020 വരെയുള്ള കാര്യങ്ങൾ എടുക്കുമ്പോൾ കേന്ദ്ര സർക്കാർ കർഷകർക്ക് നൽകിയ വാഗ്ദാനങ്ങളിൽ നിന്ന് പിന്നോട്ട് പോകുന്നതായി കാണാം എന്ന്   അഖിലേന്ത്യ കിസാൻസഭ ജോയിൻ സെക്രട്ടറി വിജു കൃഷ്ണൻ പറഞ്ഞു. പുസ്തകം പരിചയപ്പെടുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷക ആത്മഹത്യകളും പോഷകാഹാരക്കുറവ് മൂലം മരിക്കുന്ന കുട്ടികളുടെ എണ്ണവും നമ്മെ ഭയപ്പെടുത്തുന്നു.   ഭൂമി അധികാര ആന്തോളൻ പോലുള്ള മുന്നേറ്റങ്ങൾ കോർപ്പറേറ്റുകളുടെ ഇടപെടലിനെതിരെ നടന്നിട്ടുണ്ട്. ലോക്ക് ഡൗണും ബന്ധപ്പെട്ട പലായനവും കർഷക ദുരിതം വർധിപ്പിക്കുകയാണ് ചെയ്തത്.

മാധ്യമങ്ങൾ എങ്ങനെ കർഷക പ്രക്ഷോഭത്തെ കാണുന്നുവെന്നത് പ്രാധാന്യമർഹിക്കുന്നു. അതുപോലെതന്നെ  മാധ്യമപ്രവർത്തകർക്കെതിരെ സർക്കാർ രാജ്യദ്രോഹ കുറ്റം ചുമത്തുന്ന ഈ സാഹചര്യവും  കാണാതെ പോകാനാവില്ലെന്ന് വിജു കൃഷ്ണൻ പറഞ്ഞു.

മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തകരുടെ തൊഴിൽപരമായ ശേഷി വർദ്ധിപ്പിക്കലിനൊപ്പം തന്നെ അവരെ കൂടുതൽ സാമൂഹികപ്രതിബദ്ധതയുള്ളവരാക്കുക എന്ന ഉത്തരവാദിത്തം കൂടി മീഡിയ അക്കാദമി പോലുള്ള സ്ഥാപനത്തിന് ഉണ്ട്. കർഷക പ്രക്ഷോഭത്തിൻറെ ഈ പശ്ചാത്തലത്തിൽ സാജൻ എവുജിൻറെ പുസ്തകത്തിന് പ്രാധാന്യമേറുന്നു എന്നും ആർ എസ് ബാബു പറഞ്ഞു.

അഖിലേന്ത്യ ഡെമോക്രാറ്റിക് വിമൻസ് അസോസിയേഷൻ ജനറൽസെക്രട്ടറി മറിയം ധാവ്ലെ, മീഡിയ അക്കാദമി സെക്രട്ടറി ചന്ദ്രഹാസൻ വടുതല, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ എം ശങ്കർ തുടങ്ങിയവർ സംസാരിച്ചു.

Tuesday, February 2, 2021

കര്‍ഷകരെ തടയാന്‍ കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍; റോഡ് നിറയെ ആണികള്‍; ഏത് വിധേനയും അടിച്ചൊതുക്കാന്‍ നീക്കം

ന്യൂഡല്‍ഹി > കര്‍ഷക പ്രക്ഷോഭത്തെ നേരിടാന്‍ വന്‍സന്നാഹമൊരുങ്ങുന്നു. ഗാസിപ്പൂര്‍, സിംഘു, തിക്രി അതിര്‍ത്തികളില്‍ കോണ്‍ക്രീറ്റില്‍ തീര്‍ത്ത ബാരിക്കേഡുകള്‍ നിര്‍മിച്ചുവരികയാണ് ഡല്‍ഹി പൊലീസ്. റോഡ് ഗതാഗതം തടസപ്പെടുത്തിയും റോഡില്‍ ആണികള്‍ പാകിയും വൈദ്യുതി-ജല വിതരണം റദ്ദാക്കിയും ഇന്റര്‍നെറ്റ് സേവം വിച്ഛേദിച്ചും കര്‍ഷകരെ തളര്‍ത്താന്‍ ശ്രമം നടക്കുന്നുണ്ട്.

നാല് നിരയായി കൂറ്റന്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചതിന് പുറമേയായിരുന്നു ആണികള്‍ കോണ്‍ക്രീറ്റ് ചെയ്തത്. കര്‍ഷകരുടെ ട്രാക്ടറുകള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് ആണികള്‍ സ്ഥാപിച്ചത്. കര്‍ഷകരെ നേരിടാനായി സേനയ്ക്ക് ഡല്‍ഹി പൊലീസ് കഴിഞ്ഞ ദിവസം പുതിയ സ്റ്റീല്‍ കയ്യുറകള്‍ നല്‍കിയിരുന്നു.

അഭയാര്‍ത്ഥികളെ തടയാന്‍ അമേരിക്ക നിര്‍മിച്ച മതിലിന് സമാനമാണ് ഈ ബാരിക്കേഡുകളെന്ന് അഖിലേന്ത്യാ കിസാന്‍സഭ ജോയിന്റ് സെക്രട്ടറി വിജൂ കൃഷ്ണന്‍ പറഞ്ഞു. സര്‍ക്കാരിന്റെ ആയുധപ്പുരയിലെ എല്ലാ ആയുധങ്ങളും എടുത്തുകൊള്ളാനാണ് കര്‍ഷകര്‍ പറയുന്നത്. എത്ര പേരെ ബാരിക്കേഡ് കൊണ്ട് തടയാനാകും? ലോകത്തെ എല്ലായിടത്തെയുമെന്ന പോലെ ഇവിടെയും ഫാസിസ്റ്റ് ശക്തികളുടെ അന്ത്യമാകും സംഭവിക്കുകയെന്നും വിജൂ കൃഷ്ണന്‍ പറഞ്ഞു.

അതേസമയം  കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം  കൂടുതല്‍ ശക്തമാക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു. ആറിന് രാജ്യവ്യാപകമായി റോഡ് തടയല്‍ സമരം നടത്തുമെന്ന് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന കര്‍ഷകസംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ച പ്രഖ്യാപിച്ചു. പകല്‍ 12 മുതല്‍ മൂന്നുവരെ എല്ലാ ദേശീയ, സംസ്ഥാന പാതകളും ഉപരോധിക്കും.

ബജറ്റ് ദിനത്തില്‍ കര്‍ഷകര്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയേക്കുമെന്ന അഭ്യൂഹത്തെ തുടര്‍ന്ന് അതിര്‍ത്തികളില്‍നിന്ന് നഗരത്തിലേക്കുള്ള പ്രധാന റോഡുകളെല്ലാം ബാരിക്കേഡുകള്‍ ഉയര്‍ത്തി പൊലീസ് അടച്ചിരുന്നു. പൊലീസിന്റെ റോഡ് ഉപരോധം നഗരത്തില്‍ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചു.

കർഷക സമരം രാജ്യസഭയിൽ ചർച്ചചെയ്യണമെന്ന്‌ എളമരം കരീം ; അനുമതിയില്ല

ന്യൂഡൽഹി> സഭ നിർത്തിവെച്ച്‌ കാർഷിക പ്രശ്‌നങ്ങൾ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട്‌ എളമരം കരീം രാജ്യസഭയിൽ നോട്ടീസ്‌ നൽകി. ചട്ടം 267 അനുസരിച്ചാണ്‌ നോട്ടീസ്‌. അതേസമയം സഭ നിർത്തിവെച്ച്‌ ചർച്ച സാധ്യമല്ലെന്ന്‌ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു അറിയിച്ചു.

ശൂന്യവേളയിൽ പ്രശ്‌നം ഉന്നയിക്കാമെന്നായിരുന്നു നിലപാട്‌. ഇതേതുടർന്ന്‌  പ്രതിപക്ഷം പ്രതിഷേധിച്ചു.  ചർച്ച അനുവദിക്കാത്ത സാഹചര്യത്തിൽ പ്രതിപക്ഷം സഭ വിട്ടിറങ്ങി.സഭ പത്തര വരെ നിർത്തിവെച്ചു. . തുടർന്ന്‌ സഭ ചേർന്നപ്പോഴും പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.

ഇന്ത്യന്‍ കര്‍ഷക സമരം. ബ്രിട്ടീഷ് പാർ‌ലമെന്റ് പെറ്റീഷന്‍ ലക്ഷത്തിലേക്ക്...ലക്ഷ്യത്തിലേക്ക്.

ലണ്ടൻ> ഇന്ത്യയിലെ കർഷക പ്രക്ഷോഭം ബ്രിട്ടീഷ്‌ പാർലമെന്റിൽചർച്ചയാക്കാനുള്ള നീക്കം വിജയത്തിലേക്ക്‌. "പ്രതിഷേധക്കാരുടെ സുരക്ഷയും മാധ്യമ സ്വാതന്ത്ര്യവും ഉറപ്പാക്കാൻ ഇന്ത്യൻ സർക്കാരിനോട് അഭ്യർത്ഥിക്കുക" എന്ന ആവശ്യം ഉന്നയിച്ചു ഗുര്‍ചരന്‍ സിംഗ് ആരംഭിച്ച നിവേദനം ഏതാനും ദിവസങ്ങള്‍ക്കകം എൺപതിനായിരം കടന്നു.

ബ്രിട്ടീഷ്‌ ജനാധിപത്യ വ്യവസ്ഥയിലെ ഒരു സവിശേഷ സംവിധാനമാണ് പാർലമെന്റ് അംഗീകരിച്ചിട്ടുള്ള ഈ  പെറ്റീഷന്‍ സമ്പ്രദായം. ഒരു വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താനും   തുടര്‍ന്ന് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുവാനും   വേണ്ടിയുള്ള സര്‍ക്കാര്‍ സംവിധാനമാണിത്. പെറ്റീഷനില്‍ പതിനായിരം പേര്‍ ഒപ്പുവച്ചാല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഔദ്യോദിഗമായി ഈ വിഷയത്തില്‍ പ്രതികരിക്കും. ഒപ്പ് ശേഖരണം ഒരു ലക്ഷം എത്തിയാല്‍ സര്‍ക്കാര്‍ ഈ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ചക്ക് എടുക്കും.

താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തു നിവേദനം സൈന്‍ ചെയ്യാന്‍ കഴിയും. പേരും ഇമെയില്‍ ഐഡിയും രാജ്യത്തിന്റെ പേരും പോസ്റ്റ്‌ കോഡും മാത്രമേ നല്‍കേണ്ടതുള്ളൂ. 

https://petition.parliament.uk/petitions/563473?fbclid=IwAR01PT_-xxdqy6FZboN4YxbkfP51W8yv9Dfq083Lltq5QGqCIAvSFcw7uxM

തോമസ്‌ പുത്തിരി 

Sunday, January 31, 2021

കര്‍ഷക സമരം തകര്‍ക്കാന്‍ ശ്രമം ;പരിഹാസ്യരായി കോർപറേറ്റ്‌ മാധ്യമങ്ങൾ

ന്യൂഡൽഹി> കർഷകപ്രക്ഷോഭം കരുത്താർജിച്ചതോടെ നുണക്കഥ പ്രചരിപ്പിച്ച വലതുകോർപറേറ്റ്‌ മാധ്യമങ്ങളുടെ വിശ്വാസ്യത കൂടിയാണ്‌ ഇടിഞ്ഞില്ലാതാകുന്നത്‌. റിപ്പബ്ലിക്‌ ദിനത്തിലെ കിസാൻ പരേഡു‌മുതൽ ചില‌ മാധ്യമങ്ങൾ കർഷകർക്കെതിരായി തുടർച്ചയായി വ്യാജപ്രചാരണം നടത്തി. കർഷകരെയാകെ അക്രമികളായി ചിത്രീകരിക്കാനായിരുന്നു ശ്രമം.

സിഎൻഎൻന്യൂസ്‌ 18, ടൈംസ്‌നൗ, റിപ്പബ്ലിക്‌ ടിവി എന്നീ ഇംഗ്ലീഷ്‌ ചാനലുകളും സീന്യൂസ്‌, ഇന്ത്യാ ടിവി തുടങ്ങിയ ഹിന്ദി ചാനലുകളുമാണ്‌ കർഷകസമരത്തെ അപകീർത്തിപ്പെടുത്തിയത്‌.

കർഷകരെ ഗുണ്ടകളെന്ന്‌ വിശേഷിപ്പിച്ചായിരുന്നു ആക്രോശം. ചെങ്കോട്ടയിലെ ദേശീയപതാക കർഷകർ നീക്കം ചെയ്‌തുവെന്നും ഖാലിസ്ഥാൻ പതാക ഉയർത്തിയെന്നും ഇവർ ആവർത്തിച്ച്‌ പറഞ്ഞു. ദേശീയപതാക ആരും നീക്കം ചെയ്‌തിട്ടില്ലെന്ന്‌ ദൃശ്യങ്ങൾ സഹിതം സാമൂഹ്യമാധ്യമങ്ങളിൽ പോസ്‌റ്റ്‌ നിറഞ്ഞിട്ടും തിരുത്തിയില്ല.

സിഖ്‌ പതാക ഉയർത്തിയത്‌ മോഡിയുടെയും സംഘപരിവാറിന്റെയും അടുപ്പക്കാരനായ ദീപ്‌ സിദ്ദുവാണെന്ന കാര്യം  മറച്ചുവച്ചു. അണികളില്ലാത്ത ചില കടലാസുസംഘടന പിൻവാങ്ങിയതിനെ പർവതീകരിച്ചു. സമരകേന്ദ്രങ്ങളിൽ ആളൊഴിഞ്ഞുവെന്ന്‌ കള്ളവാർത്ത നൽകി. നാട്ടുകാർ എന്ന പേരിലെത്തിയത്‌ സംഘപരിവാറുകാരാണെന്ന്‌ സാമൂഹ്യമാധ്യമങ്ങളിലൂടെ തെളിഞ്ഞെങ്കിലും കണ്ട ഭാവം നടിച്ചില്ല.

രാകേഷ്‌ ടിക്കായത്ത്‌ ഉടൻ പൊലീസിന്‌ കീഴടങ്ങുമെന്നും ഗാസിപുർ സമരകേന്ദ്രം ഒഴിപ്പിക്കുമെന്നും വാർത്ത നൽകി. മരിച്ചാലും സമരവേദി വിടില്ലെന്ന്‌ ടിക്കായത്ത്‌ പ്രഖ്യാപിച്ചതോടെ അദ്ദേഹത്തിന്‌ നേരെയായി നുണപ്രചാരണം. ചാനലുകളുടെ അപവാദങ്ങളെ തള്ളി കർഷകർ സമരകേന്ദ്രങ്ങളിലേക്ക്‌ പ്രവഹിച്ചതോടെ ഇവർ മറ്റ്‌ കാഴ്‌ചകളിലേക്ക്‌ ക്യാമറ തിരിച്ചു.

അടിച്ചമര്‍ത്താന്‍ ശ്രമിക്കുംതോറും കരുത്താര്‍ജിക്കുന്നു; ഗൂഢാലോചന പൊളിഞ്ഞു: പി‌ കൃഷ്‌ണപ്രസാദ്‌

സിൻഘു> ബിജെപി സർക്കാർ അടിച്ചമർത്താൻ ശ്രമിക്കുംതോറും കർഷകസമരം കൂടുതൽ കരുത്താർജിക്കുമെന്ന്‌ കിസാൻസഭ ഫിനാൻസ്‌ സെക്രട്ടറി പി കൃഷ്‌ണപ്രസാദ്.‌ സിൻഘു അതിർത്തിയിൽ ഉപവാസത്തിലുള്ള കർഷകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കർഷകസമരം അക്രമസമരമെന്ന്‌ വരുത്താൻ വലിയ ഗൂഢാലോചന നടക്കുന്നു‌. റിപ്പബ്ലിക്‌ ദിനത്തിലെ ഒറ്റപ്പെട്ട സംഭവം അതിന്റെ ഭാഗമാണ്‌.

കർഷകസംഘടനകൾ തീരുമാനിച്ചിരുന്നെങ്കിൽ ചെങ്കോട്ട തന്നെ സമരകേന്ദ്രമാകുമായിരുന്നു. അതിന്‌ ശ്രമിക്കാത്തത്‌‌ കർഷകസംഘടനകളുടെ ദൗർബല്യമായി മോഡി സർക്കാർ കാണരുത്‌.

സമരകേന്ദ്രത്തിന്‌ നേരെ ആക്രമണം നടത്തുന്നത്‌ ബിജെപിക്കാരാണ്‌.  ഇത്തരം പ്രകോപനങ്ങളിൽ കർഷകർ വീഴില്ല. മൂന്ന്‌ നിയമവും പിൻവലിക്കുംവരെ സമരം തുടരും.‌–- കൃഷ്‌ണപ്രസാദ്‌ പറഞ്ഞു. നേതാക്കളും കർഷകർക്കൊപ്പം ഉപവസിച്ചു. തിക്രി, ഷാജഹാൻപുർ, ഗാസിപുർ എന്നീ സമരകേന്ദ്രങ്ങളിലും കർഷകർ ഉപവസിച്ചു. ഡൽഹിയിലെ സുർജിത്‌ ഭവനിൽ കിസാൻസഭ നേതാക്കൾ ഉപവസിച്ചു.

അടിച്ചോടിക്കാന്‍ വന്ന ‘നാട്ടുകാർ’ ബിജെപി പ്രവർത്തകർ

ന്യൂഡൽഹി> സിൻഘു അതിർത്തിയിൽ സമാധാനപൂർവം പ്രതിഷേധിക്കുന്ന കർഷകരെ അടിച്ചൊതുക്കാൻ ‘നാട്ടുകാർ’ എന്ന വ്യാജേന എത്തിയത്‌ ബിജെപിക്കാർ.  റിപ്പബ്ലിക് ദിനത്തിൽ ദേശീയപതാകയെ അവഹേളിച്ച കർഷരെ ‘നാട്ടുകാർ’ കൈയേറ്റം ചെയ്‌തെന്ന നിലയിലാണ്‌ ചില ദേശീയ മാധ്യമങ്ങൾ വാർത്ത നൽകിയത്‌. എന്നാൽ, അക്രമികൾ പ്രാദേശിക ബിജെപി നേതാക്കളും പ്രവർത്തകരുമാണെന്ന്‌ വ്യക്തമായി.

വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ബിജെപി നേതാവ്‌ അമൻകുമാറാണ്‌ അക്രമങ്ങൾക്ക്‌ നേതൃത്വം നൽകിയത്. ഇതിന്റെ‌  ദൃശ്യങ്ങൾ പുറത്തുവന്നു. 31–-ാം വാർഡ്‌ ബിജെപി കൗൺസിലർ അഞ്‌ജുദേവിയുടെ ഭർത്താവാണ്‌ അമൻകുമാർ. ആഭ്യന്തരമന്ത്രി അമിത്‌ ഷാ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾക്ക്‌ ഒപ്പമുള്ള അമൻകുമാറിന്റെ ഫോട്ടോകളും പുറത്തുവന്നു‌. അമൻകുമാറിന്റെ സുഹൃത്തും പ്രാദേശിക ബിജെപി നേതാവുമായ കൃഷ്‌ണൻ ദബസും കർഷകരെ കൈയേറ്റം ചെയ്‌തു.  ‘പ്രദേശവാസികൾ’ എന്ന വ്യാജേനയാണ്‌ ബിജെപിക്കാർ ഗുണ്ടകളുമായെത്തി കർഷകരെ ആക്രമിച്ചത്‌. 

പൊലീസ്‌ ബാരിക്കേഡുകൾ മറികടന്ന്‌ കർഷകർക്ക്‌ നേരെ കല്ലെറിഞ്ഞു. കർഷകരുടെ കൂടാരങ്ങൾ നശിപ്പിക്കാൻ ശ്രമിച്ചു. ദൃശ്യങ്ങൾ പുറത്തുവന്നതോടെ അക്രമികൾക്കെതിരായ രോഷം സാമൂഹ്യമാധ്യമങ്ങളിൽ അലയടിക്കുന്നു‌.

കർഷകസമരത്തിന്‌ പിന്തുണ അറിയിച്ച്‌ ബിഹാറിൽ മനുഷ്യച്ചങ്ങല

ന്യൂഡൽഹി> കർഷകസമരത്തിന്‌ പിന്തുണ അറിയിച്ച്‌ ബിഹാറിൽ ഇടതുപക്ഷ പാർടികൾ ഉൾപ്പെടെയുള്ള പ്രതിപക്ഷ മഹാസഖ്യം സംസ്ഥാനത്തുടനീളം മനുഷ്യച്ചങ്ങല തീർത്തു. തലസ്ഥാനമായ പട്‌നയിൽ ബുദ്ധപാർക്കിലെ മനുഷ്യച്ചങ്ങലയിൽ ആയിരക്കണക്കിനാളുകൾ പങ്കാളികളായി.

പ്രതിപക്ഷ നേതാവ്‌ തേജസ്വി യാദവ്‌, സിപിഐ എം സംസ്ഥാന സെക്രട്ടറി അവധേഷ്‌ കുമാർ, സിപിഐ എംഎൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ എന്നിവർ അണിചേർന്നു.

മഹാരാഷ്ട്ര കിസാൻസഭ സെക്രട്ടറിയെ വധിക്കുമെന്ന്‌ സംഘപരിവാർ; നടപടിയെടുക്കണമെന്ന്‌ കിസാൻസഭ

ന്യൂഡൽഹി> മഹാരാഷ്ട്രയിൽ ഐതിഹാസിക കർഷകസമരത്തിന്‌ നേതൃത്വം നൽകുന്ന കിസാൻസഭ സംസ്ഥാന സെക്രട്ടറി ഡോ. അജിത്ത്‌ നർവാലെയെ വധിക്കുമെന്ന്‌ സംഘപരിവാർ ഭീഷണി. 

കർഷകസമരത്തിന്‌ നേതൃത്വം നൽകുന്നത്‌ തുടർന്നാൽ വെടിവച്ച്‌ കൊല്ലുമെന്നാണ്‌ സാമുഹ്യമാധ്യമങ്ങളിലൂടെ ഭീഷണി.

വധഭീഷണി ഉയർത്തുന്നവർക്കെതിരായി സർക്കാർ നടപടിയെടുക്കണമെന്ന്‌ കിസാൻസഭ പ്രസിഡന്റ്‌ അശോക്‌ ധാവ്‌ളെയും ജനറൽ സെക്രട്ടറി ഹനൻ മൊള്ളയും പ്രസ്‌താവനയിൽ പറഞ്ഞു.

യുപി, ഹരിയാന പൊലീസിന്റെ സഹായത്തോടെ ഗാസിപുർ, ഷാജഹാൻപുർ, പൽവൽ എന്നീ കർഷക സമരകേന്ദ്രങ്ങളിൽ സംഘപരിവാർ കുഴപ്പങ്ങൾക്ക്‌ ശ്രമിക്കുകയാണ്‌.  കർഷകർക്ക്‌ നേരെ ആക്രമണം നടത്തുന്നവരെയും അവർക്ക്‌ കൂട്ടുനിൽക്കുന്നവരെയും ഒറ്റപ്പെടുത്തണമെന്നും- കിസാൻസഭ പ്രസ്‌താവനയിൽ പറഞ്ഞു.

Saturday, January 30, 2021

ഗാസിപുരിലേക്ക്‌ കർഷകപ്രവാഹം ; നാടാകെ കർഷകർക്കൊപ്പം

യുപി പൊലീസിന്റെ ഒഴിപ്പിക്കൽ ശ്രമം ചെറുത്തുതോൽപ്പിച്ച ഗാസിപുരിലെ സമരകേന്ദ്രത്തിലേക്ക്‌ കർഷകപ്രവാഹം. വ്യാഴാഴ്‌ച രാത്രി ആരംഭിച്ച കർഷകരുടെ ഒഴുക്ക്‌ വെള്ളിയാഴ്‌ചയും തുടർന്നു. ആയിരത്തിൽ താഴെ പ്രക്ഷോഭകരുണ്ടായിരുന്ന ഗാസിപുരിൽ വെള്ളിയാഴ്‌ച പകലോടെ പതിനായിരത്തിലേറെ പേരെത്തി. സിൻഘുവിനും ടിക്രി‌ക്കുമൊപ്പം ശക്തമായ സമരകേന്ദ്രമായി ഡൽഹി–-യുപി അതിർത്തിയിലെ ഗാസിപുരും മാറി. ആയിരക്കണക്കിന്‌ പൊലീസിനെയും അർധസേനയെയുമാണ്‌ യുപി സർക്കാർ വിന്യസിച്ചത്‌. നിരോധനാജ്‌ഞയും പ്രഖ്യാപിച്ചു. കർഷകരെ ബലമായി ഒഴിപ്പിക്കാനുള്ള നീക്കമറിഞ്ഞ്‌ രാത്രി യുപി, ഹരിയാന സംസ്ഥാനങ്ങളിൽനിന്ന്‌ ട്രാക്ടറുകളിലും മറ്റ്‌ വാഹനങ്ങളിലുമായാണ്‌ കർഷകർ പ്രവഹിച്ചത്‌. 

ഭാരതീയ കിസാൻ യൂണിയൻ (ടിക്കായത്ത്‌) വിഭാഗത്തിൽപ്പെട്ട കർഷകരാണ്‌ ഗാസിപുരിൽ സമരത്തിലുണ്ടായിരുന്നത്‌. റിപ്പബ്ലിക്‌ ദിനത്തിലെ അനിഷ്ടസംഭവങ്ങളെ തുടർന്ന്‌ കോർപറേറ്റ്‌ മാധ്യമങ്ങളും സംഘപരിവാരവും വലിയ പ്രചാരം അഴിച്ചുവിട്ടതോടെയാണ് യുപി പൊലീസ് സമരകേന്ദ്രത്തിലെത്തിയത്. സമരകേന്ദ്രം ഒഴിയാൻ ബികെയു നേതാവ്‌ രാകേഷ്‌ ടിക്കായത്തിനോട് ജില്ലാ ഭരണകൂടവും പൊലീസും നിർദേശിച്ചു. വെള്ളവും വൈദ്യുതിയും വിച്ഛേദിച്ചു. ഇതറിഞ്ഞ് കിസാൻസഭ നേതാക്കളായ ഹനൻ മൊള്ള, അശോക്‌ ദാവ്‌ളെ, വിജൂ കൃഷ്‌ണൻ, കെ കെ രാഗേഷ്‌, പി കൃഷ്‌ണപ്രസാദ്‌ തുടങ്ങിയവർ എത്തി ചർച്ച നടത്തി.

അതിനിടെ, ഗാസിയാബാദ്‌ ബിജെപി എംഎൽഎയുടെ നേതൃത്വത്തിൽ ഒരു സംഘം കർഷകരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. കലക്ടറും കമീഷണറും അടക്കമുള്ളവർ പിന്നാലെയെത്തി സമരക്കാരെ ബലമായി നീക്കാൻ ശ്രമിച്ചു. കെ കെ രാഗേഷും ടിക്കായത്തും അടക്കമുള്ളവർ ചെറുത്തു. ഇതോടെ കലക്ടർക്കും കൂട്ടർക്കും മടങ്ങേണ്ടി വന്നു. 

ഡൽഹി ഉപമുഖ്യമന്ത്രി മനീഷ്‌ സിസോദിയ അടക്കം സമരകേന്ദ്രം സന്ദർശിച്ചു. കർഷകർക്ക്‌ വെള്ളം അടക്കമുള്ള സൗകര്യം ഉറപ്പുവരുത്തുമെന്ന്‌ സിസോദിയ അറിയിച്ചു. മൂന്ന്‌ കാർഷിക നിയമവും പിൻവലിക്കുംവരെ ഗാസിപുരിലെ കർഷകസമരം തുടരുമെന്ന്‌ നേതാക്കൾ പ്രഖ്യാപിച്ചു.

നാടാകെ കർഷകർക്കൊപ്പം , മുസഫർനഗറിൽ മഹാപഞ്ചായത്ത്‌

ഉത്തർപ്രദേശിലെ മുസഫർനഗറിൽ കർഷകസമരത്തിന്‌ പിന്തുണ അറിയിച്ച്‌ മഹാപഞ്ചായത്ത്‌ ചേർന്നു. ആയിരക്കണക്കിനാളുകൾ പങ്കെടുത്ത മഹാപഞ്ചായത്ത്‌ യുപി–- ഡൽഹി അതിർത്തിയിലെ ഗാസിപുർ സമരകേന്ദ്രത്തിലേക്ക്‌ കൂട്ടമായി നീങ്ങാൻ തീരുമാനമെടുത്തു. നിയമങ്ങൾ പിൻവലിക്കുംവരെ ഗാസിപുരിൽ സമരത്തിലിരിക്കാനാണ്‌ തീരുമാനം. ഗാസിപുർ സമരകേന്ദ്രം ഒഴിപ്പിക്കാൻ യുപിയിലെ ബിജെപി സർക്കാർ ശ്രമിച്ചതോടെയാണ് മഹാപഞ്ചായത്ത്‌ ചേർന്നത്‌.

ഹരിയാനയിൽ പാനിപ്പത്ത്‌ അടക്കം നിരവധി കേന്ദ്രങ്ങളിൽ കർഷകർ സമരം പുനരാരംഭിച്ചു. ഹരിയാനയിലെയും യുപിയിലെയും സമരകേന്ദ്രങ്ങൾ ഒഴിപ്പിക്കാൻ അധികാരികൾ തീരുമാനമെടുത്തുവെന്ന വാർത്തകൾക്ക്‌ പിന്നാലെയാണ്‌ കൂടുതൽ സമരകേന്ദ്രങ്ങൾ തുറന്നത്‌. ഗാസിപുരിലേക്ക്‌ ട്രാക്ടറുകളിലും മറ്റുമായി കൂടുതൽ കർഷകരെ അയക്കാനും നിരവധി ഗ്രാമങ്ങളിൽ കിസാൻസഭ അടക്കം തീരുമാനിച്ചു.

കർണാൽ ടോൾപ്ലാസയ്‌ക്ക്‌ പുറമെ ചണ്ഡിഗഢ്‌ ദേശീയപാതയിലെ പാനിപ്പത്ത്‌ ടോൾപ്ലാസയിലും കർഷകർ സമരം പുനരാരംഭിച്ചു. ടോൾപ്ലാസയിലെ പിരിവ്‌ കർഷകർ അവസാനിപ്പിച്ചു. ആയിരക്കണക്കിന്‌ കർഷകരാണ്‌ പാനിപ്പത്തിൽ പ്രക്ഷോഭം പുനരാരംഭിച്ചത്‌. ഡൽഹി–- റോത്തക്ക്‌ റോഡിലെ റൊഹഡ്‌ ടോൾപ്ലാസയിലും കർഷകർ സമരം പുനരാരംഭിച്ചു.

മുംബൈ കലക്‌ട്രേറ്റിലേക്ക് ഇരച്ചെത്തി കര്‍ഷകര്‍

മുംബൈ കേന്ദ്ര സർക്കാരിന്റെ കർഷകനിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ മുംബൈ കലക്‌ട്രേറ്റിനുമുന്നിൽ പ്രതിഷേധം. പുതിയ നിയമങ്ങൾ കോർപറേറ്റുകൾക്കു‌മാത്രമാണ്‌ ഗുണം ചെയ്യുകയെന്ന്‌ മുംബൈ സബർബൻ കലക്‌ട്രേറ്റിനുമുന്നിൽ സംഘടിച്ച കര്‍ഷര്‍ ചൂണ്ടിക്കാട്ടി.മഹാരാഷ്ട്ര മന്ത്രി ബച്ചു കടുവിന്റെ നേതൃത്വത്തിലുള്ള ‘പ്രഹാർ’ എന്ന സംഘടനയുടെ പിന്തുണയോടെയാണ്‌ പ്രതിഷേധം സംഘടിപ്പിച്ചത്‌.

കർണാൽ തിരിച്ചുപിടിച്ച്‌ കർഷകർ

ഹരിയാനയിലെ കർണാലിൽ പൊലീസും സംഘപരിവാറുകാരും ചേർന്നൊഴിപ്പിച്ച ഡൽഹി–- ചണ്ഡിഗഢ്‌ ദേശീയപാതയിലെ സമരകേന്ദ്രം കർഷകർ വീണ്ടും തുറന്നു. വെള്ളിയാഴ്‌ച നൂറുകണക്കിന്‌ കർഷകർ കർണാൽ ടോൾ പ്ലാസയിലെ സമരകേന്ദ്രത്തിലെത്തി പ്രക്ഷോഭം പുനരാരംഭിച്ചു. ടോൾ പ്ലാസയിലെ പിരിവ്‌ അവസാനിപ്പിച്ചാണ്‌ കർഷകസമരം. ഹരിയാനയിലെ മറ്റ്‌ കേന്ദ്രങ്ങളിലും കർഷകർ സമരം പുനരാരംഭിച്ചു.

വ്യാഴാഴ്‌ചയാണ്‌  സമരക്കാരെ പൊലീസ് ബലമായി ഒഴിപ്പിച്ചത്‌.  വെള്ളിയാഴ്‌ച രാവിലെ നൂറുകണക്കിന്‌ കർഷകർ സമരകേന്ദ്രത്തിലേക്ക്‌ മാർച്ച്‌ ചെയ്‌തെത്തിയതോടെ ടോൾപ്ലാസയിലെ  പിരിവ്‌ നിര്‍ത്തിവയ്ക്കേണ്ടിവന്നു. മൂന്ന്‌ കാർഷിക നിയമവും സർക്കാർ പിൻവലിക്കുംവരെ കർണാൽ ടോൾപ്ലാസയിലെ സമരം തുടരുമെന്ന്‌ കർഷകർ പ്രഖ്യാപിച്ചു.

Friday, January 29, 2021

മുഖംമൂടിയിട്ട് കര്‍ഷകരെ ആക്രമിച്ചത് ആര്‍എസ്എസ്: എ വിജയരാഘവന്‍

ഫെബ്രുവരി 6ന് എല്‍ഡിഎഫിന്റെ സായാഹ്ന പ്രതിഷേധം

തിരുവനന്തപുരം > കര്‍ഷക സമരത്ത അടിച്ചമര്‍ത്തുന്ന ഫാസിസ്റ്റ് നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍. കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിച്ച് സമരം ഒത്തുതീര്‍പ്പാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടത്. പക്ഷേ വൈദ്യുതിയും വെള്ളവും വിച്ഛേദിക്കുകയും സേനകളെ ഉപയോഗിച്ച് സമരക്കാരെ മര്‍ദ്ദിച്ച് ഒതുക്കുകയുമാണ് ചെയ്യുന്നത്. മുഖം മൂടിയിട്ട് വന്ന് ആര്‍എസ്എസുകാര്‍ ഉള്‍പ്പെടെ കര്‍ഷകരെ മര്‍ദ്ദിക്കുകയാണ്. ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങള്‍ക്ക് വലിയ കളങ്കമേറ്റ ദിവസമാണിതെന്നും വിജയരാഘവന്‍ പറഞ്ഞു.  

കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ ശക്തമായ ബഹുജനപ്രക്ഷോഭം രാജ്യവ്യാപകമായി വളര്‍ന്നുവരും. കേരളത്തില്‍ ഇടതുപക്ഷവും വിശേഷിച്ച് സിപിഐ എമ്മും ഈ പ്രക്ഷോഭങ്ങളുടെ മുന്നില്‍ അണിനിരക്കും. ഫെബ്രുവരി 6ന് എല്‍ഡിഎഫ് സായാഹ്ന പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്നും വിജയരാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വളരെ അപകടരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നിയമങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ പാസാക്കിയത്. ഈ നിയമങ്ങള്‍ക്കെതിരായ ശക്തമായ പ്രതിഷേധമാണ് റിപ്പബ്ലിക് ദിനത്തിലും കണ്ടത്.

ജനജീവിതത്തെ പ്രയാസകരമാക്കുന്ന നയങ്ങള്‍ നിര്‍ബാധം തുടരുകയാണ്. പെട്രോളിയം ഉള്‍പന്നങ്ങളുടെ വില ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ഇന്ത്യയിലാണ്. ദശലക്ഷക്കണക്കിന് മനുഷ്യരുടെ തൊഴില്‍ നഷ്ടപ്പെട്ടു. തീവ്രവര്‍ഗീയതയ്ക്കപ്പുറത്ത് ജനങ്ങള്‍ക്ക് അനുകൂലമായതൊന്നും ബിജെപി ഭരണം നല്‍കിയിട്ടില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.

പാര്‍ലമെന്റിലേക്ക് ഇടത് എംപിമാരുടെ മാര്‍ച്ച്; പൊലീസിനെ മറികടന്ന് പ്രതിഷേധം

ന്യൂഡല്‍ഹി > കര്‍ഷകര്‍ക്ക് നേരെയുള്ള അക്രമങ്ങളിലും കാര്‍ഷിക നിയമങ്ങളിലും പ്രതിഷേധിച്ച് ഇടതുപക്ഷ എംപിമാരുടെ പ്രതിഷേധം. പാര്‍ലമെന്റിലേക്ക് എംപിമാര്‍ മാര്‍ച്ച് ചെയ്യുകയാണ്.  പ്രതിഷേധ പ്രകടനം പൊലീസ് തടഞ്ഞുവെങ്കിലും എംപിമാര്‍ മുന്നോട്ടുനീങ്ങി.

കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ച പ്രതിപക്ഷപാര്‍ടികള്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനം ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചു.  സിപിഐ എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പാര്‍ടികള്‍ക്കു പുറമെ കോണ്‍ഗ്രസ്, എന്‍സിപി, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, എസ്പി, ആര്‍ജെഡി, ശിവസേന, നാഷണല്‍ കോണ്‍ഫറന്‍സ്, എംഡിഎംകെ, കേരള കോണ്‍ഗ്രസ്, എഐയുഡിഎഫ് പിഡിപി തുടങ്ങിയ പാര്‍ടികള്‍ ബഹിഷ്‌കരണത്തില്‍ പങ്കാളികളാകും. ടിആര്‍എസ് അടക്കമുള്ള ചില കക്ഷികള്‍കൂടി പങ്കുചേര്‍ന്നേക്കും.

സിംഘുവില്‍ കര്‍ഷകര്‍ക്ക് നേരെ ആക്രമണം; ടെന്റുകള്‍ പൊളിച്ചു; അതിര്‍ത്തിയില്‍ സംഘര്‍ഷം

ന്യൂഡല്‍ഹി > കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സിംഘു അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കുനേരെ ആക്രമണം. തദ്ദേശവാസികള്‍ എന്ന വ്യാജേന എത്തിയ സംഘമാണ് ആക്രമണം നടത്തിയത്. കര്‍ഷകരുടെ ടെന്റുകള്‍ പൊളിച്ചു.

ടെന്റുകള്‍ പൊളിച്ചുനീക്കാനുള്ള അക്രമികളുടെ ശ്രമം കര്‍ഷകര്‍ ചെറുത്തതോടെയാണ് സംഘര്‍ഷത്തിലേക്ക് നീങ്ങി. പൊലീസ് ലാത്തി വീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. സ്ഥലത്ത് വലിയ പൊലീസ് സന്നാഹം എത്തിയിട്ടുണ്ട്.

കര്‍ഷക സമരത്തെ നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ ആര്‍എസ്എസുമായി ബന്ധമുള്ളവരെ അയയ്ക്കുന്നതായി കര്‍ഷകര്‍ നേരത്തേ ആരോപിച്ചിരുന്നു. മുന്‍പ് സമരത്തില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച അക്രമിയെ കര്‍ഷകര്‍ തന്നെ പിടികൂടിയിരുന്നു.

ഗാസിപ്പൂരിലേക്ക് ടാങ്കറില്‍ വെള്ളമെത്തിക്കും: ഡല്‍ഹി ഉപമുഖ്യമന്ത്രി

ന്യൂഡല്‍ഹി> കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ സമരം നടക്കുന്ന ഗാസിപ്പൂരിലേക്ക് ഡല്‍ഹി സര്‍ക്കാര്‍ ടാങ്കറില്‍ വെള്ളമെത്തിക്കും.കുടിവെള്ളം, ശൗചാലയം, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ പരിശോധിച്ച് ഉറപ്പുവരുത്തിയതായി ഡല്‍ഹി ഉപമുഖ്യമന്ത്രി അറിയിച്ചു.സമരസ്ഥലത്തെത്തിയ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയാണ് ഇക്കാര്യം അറിയിച്ചത്.

കര്‍ഷക സമരത്തെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ഗാസിപ്പൂരിലെ സമരവേദിയിലേക്കുള്ള ജലവിതരണവും വൈദ്യുതി വിതരണവും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വിച്ഛേദിച്ചിരുന്നു. ഇതോടെയാണ് പിന്തുണ പ്രഖ്യാപിച്ച് ആംആദ്മി സര്‍ക്കാര്‍ രംഗത്തെത്തിയത്.

Thursday, January 28, 2021

വെടിവെച്ചാലും മുന്നില്‍ നില്‍ക്കും; എത്രപേരെ ജയിലിലടയ്ക്കും? കര്‍ഷകരുടെ ഇച്ഛാശക്തിയെ അടിച്ചമര്‍ത്താനാകില്ല: കെ കെ രാഗേഷ്

ന്യൂഡല്‍ഹി > കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷക പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കെ കെ രാഗേഷ് എംപി. പൊലീസിന് തങ്ങളെ അറസ്റ്റ് ചെയ്യുകയോ ജയിലിലടക്കുകയോ ചെയ്യാം. വെടിവെച്ചാലും സമരമുഖത്ത് മുന്നില്‍ തന്നെ നില്‍ക്കും. അത്തരം ഭീഷണികള്‍ക്ക് മുന്നില്‍ വഴങ്ങില്ല. രാജ്യത്തെ കര്‍ഷകരുടെ ഇച്ഛാശക്തിയെ അടിച്ചമര്‍ത്താന്‍ കേന്ദ്രസര്‍ക്കാരിന് കഴിയില്ലെന്നും രാഗേഷ് പറഞ്ഞു.

ഗാസിപൂരില്‍ നിന്ന് അടിയന്തിരമായി ഒഴിഞ്ഞുപോകണമെന്നാണ് പൊലീസ് കര്‍ഷകരോട് ആവശ്യപ്പെട്ടിരിക്കുന്നത്. പക്ഷേ കൂടുതല്‍ ശക്തമായി സമരം തുടരുക തന്നെ ചെയ്യും. സമരസ്ഥലത്തേക്കുള്ള ജലവിതരണവും വൈദ്യുതിയും യുപി സര്‍ക്കാര്‍ വിച്ഛേദിച്ചു. താല്‍കാലിക ശൗചാലയങ്ങള്‍ നീക്കം ചെയ്തു.

രാജ്യത്തെ കര്‍ഷകരെ മുഴുവന്‍ ജയിലിലടച്ചുകൊണ്ട് എത്രകാലം മുന്നോട്ടുപോകാന്‍ കഴിയുമെന്ന് രാഗേഷ് ചോദിച്ചു. രണ്ട് മാസത്തിലേറെയായി കര്‍ഷകര്‍ തുടര്‍ച്ചായി സമരത്തിലാണ്. 150ലേറെ പേര്‍ ഇതിനിടയില്‍ മരണപ്പെട്ടു. എന്നിട്ടും കോര്‍പറേറ്റുകള്‍ക്കുവേണ്ടിയാണ് പ്രധാനമന്ത്രി നിലകൊള്ളുന്നത്. കരിനിയമങ്ങള്‍ പിന്‍വലിക്കാത്ത പ്രധാനമന്ത്രിയെ എത്രകാലം രാജ്യം സഹിക്കുമെന്ന് കണ്ടറിയാമെന്നും രാഗേഷ് പറഞ്ഞു.

കര്‍ഷകരുടെ ഇന്ത്യ

ചരിത്രത്തിൽ പോരാട്ട ലിപികളിൽ എഴുതപ്പെട്ട ഒരു റിപ്പബ്ലിക് ദിനമാണ് ഇന്ത്യ ചൊവ്വാഴ്ച പിന്നിട്ടത്. രാജ്യത്തിനായി പൊരുതി സ്വാതന്ത്ര്യം നേടിയവരുടെ പിന്മുറക്കാർ ആ സ്വാതന്ത്ര്യം സംരക്ഷിക്കുമെന്ന ദൃഢപ്രതിജ്ഞയുമായി തലസ്ഥാന നഗരം നിറഞ്ഞ ദിനമായി അത്. ഔദ്യോഗിക പരേഡിന്റെ ശോഭ തെല്ലും കെടുത്താതെയാണ് ട്രാക്ടറും പണിക്കോപ്പുമായെത്തിയ ലക്ഷക്കണക്കിന്‌ കർഷകരും അവർക്ക് പിന്തുണയുമായെത്തിയ പതിനായിരങ്ങളും നഗരവീഥികളിൽ പുതിയ സമരഗാഥ രചിച്ചത്. “ജയ്‌ ജവാൻ ജയ്‌ കിസാൻ’ എന്ന മുദ്രാവാക്യം കൂടുതൽ അർഥം നേടിയ ദിവസം.

തികച്ചും ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് കൊടുംതണുപ്പിൽ രണ്ടുമാസത്തിലേറെയായി സഹനസമരം ചെയ്യുന്ന കർഷകരാണ് റിപ്പബ്ലിക് ദിനത്തിൽ ചിട്ടയോടെ ചുവടുവച്ചത്. പതിനൊന്നു തവണ സർക്കാർ വിളിച്ച ചർച്ചയിൽ പങ്കെടുത്തവരാണ് അവരുടെ പ്രതിനിധികൾ. ഈ പതിനൊന്നു ചർച്ചയിലും കേന്ദ്രസർക്കാർ കർഷകവിരുദ്ധ നിലപാടിൽ ഉറച്ചുനിന്നിട്ടും വീണ്ടും ചർച്ചയ്ക്ക് ഒരുക്കമാണ് എന്ന് വ്യക്തമാക്കി ക്ഷമയുടെ പ്രതിരൂപങ്ങളായവരാണ്‌ അവർ. വളരെ നേരത്തേ മുന്നറിയിപ്പ് നൽകി സമരരൂപവും വ്യക്തമാക്കിയാണ് ഇത്ര ബൃഹത്തായ സമരം അവർ സംഘടിപ്പിച്ചത്. കർഷകസംഘടനകളുടെ കൊടികൾക്കൊപ്പം ദേശീയപതാകയും വഹിച്ചായിരുന്നു വാഹനങ്ങൾ നീങ്ങിയത്. ഡൽഹിയിലെ സമരത്തിനൊപ്പം കർഷകസമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജ്യത്താകെ റാലികൾ നടന്നു. കോടിക്കണക്കിനു ജനങ്ങൾ പങ്കെടുത്തു. കേരളത്തിൽ എല്ലാ പഞ്ചായത്തിലും പട്ടണങ്ങളിലും ആയിരങ്ങൾ അണിചേർന്നു. രാജ്യം കണ്ടിട്ടില്ലാത്തത്ര വിപുലമായ പങ്കാളിത്തത്തിലൂടെ കർഷകസമരം ബഹുജന സമരമായി മാറുന്ന കാഴ്ചയാണ് റിപ്പബ്ലിക് ദിനത്തിൽ കണ്ടത്.

സമരത്തോടനുബന്ധിച്ച് ചില അക്രമങ്ങൾ ഉണ്ടായി. അതേപ്പറ്റി മാത്രമാണ് ചില കൂട്ടർക്ക് ആവലാതി. “വൻ അക്രമം അരങ്ങേറി, ചെങ്കോട്ടയിൽ ഏതോ കൊടി കെട്ടി രാജ്യത്തെ അപമാനിച്ചു’ എന്നൊക്കെ അവർ അലമുറയിടുന്നു. പത്തുലക്ഷത്തോളം പേർ അണിനിരന്ന സമരത്തിൽ വളരെ ചെറിയൊരു ന്യൂനപക്ഷം വഴിവിട്ടു നീങ്ങി എന്നത് ശരിയാണ്. സമരസമിതിയും പൊലീസും ചർച്ച ചെയ്തു തയ്യാറാക്കിയ റൂട്ട് മാപ്പിലൂടെ ലക്ഷങ്ങൾ നീങ്ങുമ്പോൾ ഈ വിഭാഗം മുൻനിശ്ചയിച്ചിട്ടില്ലാത്ത നഗരഭാഗങ്ങളിൽ എത്തി. ഇവരെ പൊലീസ് നേരിട്ടു. സാധാരണ സമരരംഗത്തുണ്ടാകാറുള്ള സംഘർഷം ഉണ്ടായി. റൂട്ടുമാറി വന്നവരെ തടയാനോ അവർ ചെങ്കോട്ടയിൽ കടക്കുന്നത്‌ തടുക്കാനോ കഴിയാതിരുന്ന പൊലീസ് അവരെ മർദിച്ച്‌ പിന്തിരിപ്പിക്കാനാണ് നോക്കിയത്. കണ്ണീർവാതകവും ലാത്തിയും തോക്കും ഇവിടെയും മറ്റ് സമര കേന്ദ്രങ്ങളിലും ഉപയോഗിച്ചു. ഇതിനിടെ ചിലർ ചെങ്കോട്ടയിലെത്തി അവിടത്തെ ഒഴിഞ്ഞുകിടന്ന ഇടങ്ങളിൽ അവരുടെ കൊടികൾ കെട്ടി.

ഇതൊന്നും സമരസമിതി മുൻകൂട്ടി നിശ്ചയിച്ച പരിപാടിയല്ല. സംഘർഷം നടക്കുമ്പോൾത്തന്നെ സമിതി അതിനെ തള്ളിപ്പറഞ്ഞു. എന്നാൽ, ഈ സംഭവങ്ങളുടെ മറപിടിച്ച്‌ സമരത്തെ ദേശവിരുദ്ധ സമരവും അക്രമസമരവുമായി മുദ്രകുത്താനാണ് ചിലർ ശ്രമിക്കുന്നത്. സംഘപരിവാറും കേന്ദ്രസർക്കാരുമാണ് ഇതിന്റെ മുഖ്യ വക്താക്കൾ.1992 ഡിസംബർ ആറിന്‌ ആളെക്കൂട്ടി ആയുധങ്ങളുമായെത്തി ബാബ്‌റി മസ്ജിദ് പൊളിച്ചവരാണിവർ. ആ സ്ഥലത്ത് പണിയാനൊരുങ്ങുന്ന ക്ഷേത്രത്തിന്റെ മാതൃക റിപ്പബ്ലിക് ദിനത്തിൽ നിരത്തിലുരുട്ടി അതു നോക്കി തൊഴുത് നിർവൃതി അടഞ്ഞവരാണവർ.

എന്നാൽ, പൊലീസിന്റെ കടുത്ത പ്രകോപനം ഉണ്ടായിട്ടും അത്തരമൊരു അക്രമസമരത്തിന്‌ കർഷകസമരത്തിൽ വഴിതെറ്റി നീങ്ങിയവർപോലും മുതിർന്നില്ല എന്നതുകാണണം. അവരിൽ ചിലർ ചെങ്കോട്ടയുടെ മിനാരങ്ങളിൽ പിടിച്ചുകയറിയത് കോട്ട പൊളിക്കാനുള്ള പിക്ക് ആക്സും കമ്പിപ്പാരയുമായല്ല; അവരുടെ സമര പതാകയുമായാണ്. എങ്കിലും അത്തരത്തിലുള്ള നീക്കങ്ങൾ സമരത്തെ ദുർബലപ്പെടുത്തുകയേ ഉള്ളൂ എന്ന നിലപാടാണ് സമരസമിതിക്ക്‌. അവർ തിരുത്തൽ നടപടി തുടങ്ങിക്കഴിഞ്ഞു. സമരത്തിൽ ഒരു വിഭാഗത്തെ ഇങ്ങനെ വഴിതെറ്റിച്ചതിലും അക്രമങ്ങൾക്ക് ഇടയാക്കിയതിലും സംഘപരിവാറിനുള്ള പങ്കിനെപ്പറ്റിയും ചില ആരോപണങ്ങൾ ഉയരുന്നുണ്ട്. അവയും പരിശോധിക്കപ്പെടട്ടെ.

ഈ സമരം അട്ടിമറിയോ അക്രമമോ ലക്ഷ്യമിടുന്നതായിരുന്നെങ്കിൽ കൊടുംമഞ്ഞിൽ നിരവധിപ്പേരുടെ ജീവൻ പൊലിഞ്ഞിട്ടും അവരുടെ ഭാഗത്തുനിന്ന്‌ ഒരു അക്രമസംഭവംപോലും ഈ അറുപതിലേറെ ദിവസങ്ങളിൽ എന്തേ ഉണ്ടായില്ല?

ഇത് ജനകീയ സമരമാണ്. ആർഎസ്എസും സമാന വർഗീയശക്തികളും സംഘടിപ്പിക്കുന്ന കലാപംപോലെയല്ല ഇത്. കർഷകർ വിവിധ സംസ്ഥാനങ്ങളിൽനിന്ന് സ്വയം സംഘടിച്ചും പല സംഘടനകളുടെ ബാനറിലും എത്തിയവരാണ്. ഇതുവരെ സമാധാനപരമായി സമരം ചെയ്ത അവർക്ക് ഈ സമരം ഈ രീതിയിൽത്തന്നെ ശക്തമായി മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമെന്ന് ഉറപ്പുണ്ട്. ബ്രിട്ടീഷുകാരുടെ ദാസ്യത്തിന് മുതിർന്ന സവർക്കറിൽനിന്നും മതഭിന്നത വിതച്ച ഭിന്ദ്രൻവാലയിൽനിന്നും ആവേശം നേടിയവരല്ല, അവർ. സ്വാതന്ത്ര്യത്തിനായി തൂക്കിലേറിയ ഭഗത് സിങ്ങിൽനിന്നും കൃഷിക്കാർക്കും ഏറ്റവും ദരിദ്രർക്കും വേണ്ടി പോരാടിയ ഗാന്ധിജിയിൽനിന്നും ജീവിതപാഠം ഉൾക്കൊണ്ടവരാണ്. ആരെയാണ് എതിരിടുന്നത് എന്ന ഉത്തമ ബോധ്യത്തിലാണ് അവർ സമരം ചെയ്യുന്നത്.

സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടിയതുപോലെ സമരം തീർക്കാൻ ഒറ്റ വഴിയേ ഉള്ളൂ: ജനവിരുദ്ധവും കോർപറേറ്റുകൾക്കുവേണ്ടി ഉള്ളതുമായ മൂന്ന്‌ കാർഷികനിയമം പിൻവലിക്കുക. സമരം വീണ്ടും ശക്തമാക്കാനാണ് കർഷകരുടെ തീരുമാനം. അതിനു മുമ്പെങ്കിലും നിയമങ്ങൾ പിൻവലിക്കാൻ തയ്യാറായാൽ സർക്കാരിന് തൽക്കാലം മുഖം രക്ഷിക്കാം. ഇല്ലെങ്കിൽ മണ്ണിൽ അന്നം വിളയിക്കുന്നവന്റെ സമരച്ചൂടിൽ ഈ സർക്കാർ ചുട്ടടങ്ങും എന്നുറപ്പ്.

ദേശാഭിമാനി മുഖപ്രസംഗം 280121

Wednesday, January 27, 2021

ഇത് രാജ്യദ്രോഹ ഭീകരനിയമങ്ങള്‍ക്കെതിരായ ദേശസ്നേഹികളുടെ സമരം

"കള്ളൻ " "കള്ളൻ " എന്ന് വിളിച്ചു പറഞ്ഞു ആൾക്കൂട്ടത്തിൽ ഓടി മറയാൻ നോക്കുന്ന പോക്കറ്റടിക്കാരന്‍റെ തന്ത്രമാണ് കേന്ദ്ര സർക്കാറും ചരിത്രത്തിലൊരിക്കലും രാജ്യത്തോടൊപ്പം നിന്നിട്ടില്ലാത്ത സംഘികളും പയറ്റുന്നത്. ഇപ്പോൾ വലിയ ദേശസ്നേഹവും ദേശീയ പതാകാസ്നേഹവും തട്ടിവിടുന്ന ഈ കപടദേശീയവാദികൾക്കറിയുമോ ചെങ്കോട്ട ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി നടന്ന എത്രയോ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളുടെ ചരിത്ര സ്മാരകം കൂടിയാണെന്ന്.ഒന്നാം സ്വാതന്ത്ര്യ സമരത്തിന്‍റെ വിജയഭേരി മുഴക്കി ധീരദേശാഭിമാനികൾ അവസാന മുഗള ചക്രവർത്തിയായ ബഹദൂർ ഷായെ ഇന്ത്യൻ ഭരണാധികാരിയായി പ്രഖ്യാപിച്ച ദേശീയ സ്‌മാരകമാണെന്ന്.

സമരം ചെയ്യുന്ന കർഷകർ ഭീകരവാദികളാണ്, ഖാലിസ്ഥാനികളാണെന്ന് വിളിച്ചു പറഞ്ഞും തങ്ങൾ പറയുന്നതെന്തും ഏറ്റുപറയുന്ന, പുൽവാമയിൽ ഇന്ത്യൻ ജവാന്മാരെ കുരുതി കൊടുക്കുന്നതിന് കൂട്ടുനിന്ന അർണാബ് തരത്തിലുള്ള മാധ്യമഭീകരരെ ഇറക്കിയും, ലോക പിന്തുണയാർജിച്ച കർഷകസമരത്തെ അപകീർത്തിപ്പെടുത്തി അടിച്ചമർത്താമെന്നാണ് മര്യാദയും മനുഷ്യത്വവും തൊട്ടുതീട്ടിയില്ലാത്ത കോർപ്പറേറ്റ് ദാസന്മാരായ മോഡിയും കൂട്ടാളികളും വിചാരിക്കുന്നത്.

ഫോട്ടോ: പി വി സുജിത്

സംഘികളെ ഒരു കാര്യമോർപ്പിക്കട്ടെ ഡൽഹിയിലെ കൊടുംശൈത്യത്തിലും സമരം ചെയ്യുന്ന ഈ കർഷകർ സവർക്കറിൽ നിന്നും ഭിന്ദ്രൻവാലയിൽ നിന്നും രാഷ്ട്രീയവും ചരിത്രവും പഠിച്ചവരല്ല. രാജ്യത്തിന് വേണ്ടി തൂക്കിലേറിയ ഭഗത് സിംഗിൽ നിന്നും ചമ്പാരനിലെ നീലം കൃഷിക്കാർക്കും രാജ്യത്തെ ദരിദ്രനാരായണന്മാർക്കും വേണ്ടി പൊരുതിയ ഗാന്ധിജിയിൽ നിന്നും രാഷട്രീയവും ചരിത്രവും പഠിച്ചവരാണ്. അന്നെല്ലാം നിങ്ങളുടെ ആചാര്യന്മാരായ പൂർവ്വികർ ഉള്ളുണങ്ങി പറങ്കികളുടെ ചിറി നക്കി നടന്ന് കാലംകഴിച്ചവരാണ്.

ചരിത്രം ഒരിക്കലും മാപ്പ് തരാത്ത ദേശദ്രോഹത്തിന്‍റെ അപമാനകരമായ ഭൂതകാലവും സാമ്രാജ്യത്വസേവയുടെ കുറ്റകരമായ വർത്തമാനവുമാണ് സംഘികളെ നിങ്ങൾക്ക് സ്വന്തമായുള്ളൂ..

കൃഷിയും ഭക്ഷ്യവസ്തുക്കളുടെ സംഭരണവും വിതരണവുമെല്ലാം ആഗോള  അഗ്രിബിസിനസ് - കോർപറേറ്റ് കമ്പനികളുടെ ആധിപത്യത്തിലാക്കുന്നതും രാജ്യത്തിന്‍റെ ഭക്ഷ്യ സുരക്ഷയെ തകർക്കുന്നതുമാണ് മോഡി സർക്കാറിന്‍റെ കാർഷിക പരിഷ്ക്കരണ നിയമങ്ങളെന്ന തിരിച്ചറിവിൽ നിന്നാണ് ഇന്ത്യൻ കർഷകർ പൊരുതുന്നത്. പിന്മടക്കമില്ലാതെ സമരം തുടരുന്നത്.അവരെ രാജ്യദ്രോഹികളും ഖാലിസ്ഥാനികളുമായി മുദ്ര കുത്തി അടിച്ചമർത്തുക എന്ന തന്ത്രമാണ് വൻകിട കുത്തക വർഗ്ഗങ്ങളുടെ താല്പര്യ സംരക്ഷകരായ ഹിന്ദുത്വവാദികൾ പരീക്ഷിക്കുന്നത്. സമാധാനപരമായി സമരം ചെയ്യുന്ന കർഷകലക്ഷങ്ങളെ പ്രകോപിച്ച് കലാപമുണ്ടാക്കാനുള്ള കുത്സിത തന്ത്രമാണ് ഇന്നലെ ഡൽഹി പോലീസിലെ പ്രത്യേകം നിയോഗിതരായ ഒരു വിഭാഗം പയറ്റിയതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ചെങ്കോട്ട ഖാലിസ്ഥാൻ ഭീകരർ കയ്യടക്കി, അവിടെ ദേശീയ പതാക മാറ്റി ഖാലിസ്ഥാൻ പതാക ഉയർത്തി എന്നൊക്കെയുള്ള നുണപ്രചരണങ്ങൾ ആസൂത്രിതമായി അഴിച്ചുവിടുകയായിരുന്നു സംഘികൾ.സങ്കുചിതദേശീയ വികാരം ഇളക്കിയെടുത്ത് നിലനില്പിന് വേണ്ടി സമരം ചെയ്യുന്ന കർഷകലക്ഷങ്ങളെ ഖാലിസ്ഥാനികളാക്കി അടിച്ചമർത്താനുള്ള കൗശലപൂർവ്വമായ നീക്കമാണ് കേന്ദ്ര സർക്കാറും സംഘികളും നടത്തിയത്. യഥാർത്ഥത്തിൽ ചെങ്കോട്ടയിൽ ഉയർത്തിയത് സിഖ് മതത്തിന്‍റെ വിശുദ്ധ പതാകയായ നിഷാൻ സാഹിബ് ആയായിരുന്നെന്നും, അത് ദേശീയ പതാകക്ക് മുകളിലായിരുന്നില്ലെന്നും, അവിടെ നിന്നുള്ള വിഷ്വൽസ് തന്നെ വ്യക്തമാക്കുന്നുണ്ട്. ഈ സിഖ് പതാക കെട്ടൽ തന്നെ സംഘികൾ തന്നെ പ്ലാൻ ചെയ്ത് നടത്തിയതാണോയെന്നും സംശയിക്കാവുന്ന വിവരങ്ങളും പുറത്തു വന്നിരിക്കുന്നു.

കൃഷിയെ കോർപ്പറേറ്റു വൽക്കരിക്കുകയും കർഷകരെ കൂലിയടിമകളാക്കുകയും ഭക്ഷ്യവസ്തുക്കളുടെ സംഭരണവും വിതരണവും അംബാനി, അദാനി, ആമസോൺ ബഹുരാഷ്ട്ര കുത്തകകളെ ഏല്പിക്കുകയും ചെയ്യുന്നതാണ് ഈ നിയമങ്ങൾ ... ജീവന്‍റെ അടിസ്ഥാനമായ ഭക്ഷണത്തെയും അതുല്പാദിപ്പിക്കുന്ന കർഷകരെയും അന്താരാഷ്ട്ര മൂലധനശക്തികൾക്ക് അടിയറ വെക്കുന്ന രാജ്യദ്രോഹ ഭീകരനിയമമാണ് ഈ മൂന്ന് നിയമങ്ങളും... ഇത് അടിച്ചേല്പിക്കുന്നവരാണ് രാജ്യദ്രോഹികളും യഥാർത്ഥ ഭീകരവാദികളും.

കെ ടി കുഞ്ഞിക്കണ്ണൻ 

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി സാംസ്‌കാരിക പ്രവര്‍ത്തകരുടെ കലാ പ്രതിഷ്ഠാപനം

പുഴയ്ക്കല്‍> ഡല്‍ഹിയിലെ കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി അടാട്ടെ കോള്‍ കര്‍ഷകരുടെ പിന്തുണയോടെ തൃശ്ശൂരിലെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ കോള്‍ പാടത്തിന്റെ നടുവില്‍ കലാ പ്രതിഷ്ഠാപനം നടത്തി. തൃശൂര്‍ ഫൈന്‍ ആര്‍ട്‌സ് കോളേജ് വിദ്യാര്‍ത്ഥികള്‍, അരണാട്ടുകര സ്‌കൂള്‍ ഓഫ് ഡ്രാമാ വിദ്യാര്‍ത്ഥികള്‍ എന്നിവരാണ്  തികച്ചും വ്യത്യസ്തവും മൗലികവുമായ ഈ പ്രവര്‍ത്തനത്തിന് പുറകില്‍.

(ചിത്രം :കര്‍ഷക സമരത്തിന് പിന്തുണയുമായി അടാട്ട് കോള്‍ വരമ്പത്ത് കലാകാരന്മാര്‍ ഒരുക്കിയ പ്രതിഷ്ഠാപനങ്ങളില്‍ ഒന്ന് )

കര്‍ഷക സമരത്തിന് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായാണ് കോള്‍ പാടം തന്നെ അവതരണത്തിനായി തിരഞ്ഞെടുത്തത്. പ്രാദേശികമായി ലഭ്യമായ പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ച് കാര്‍ഷിക സംസ്‌കൃതിയുടെ ഓര്‍മ നിലനിര്‍ത്തുന്നതായ  കലാസൃഷ്ടികളാണ് ഇതിന്റെ ഭാഗമായി  ഒരുക്കിയത്. 

റിപ്പബ്ലിക് ദിനത്തില്‍ കാലത്ത് 9 മണിക്ക് ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ വൈകീട്ട് ആറു മണിയോടെ പൂര്‍ണമാക്കുകയും തുടര്‍ന്ന് വ്യത്യസ്തമായ  കലാവതരണങ്ങള്‍ സംഘടിപ്പിക്കുകയുമുണ്ടായി.

 നാടകം , നാടന്‍പാട്ടുകള്‍, കുമ്മാട്ടി, പോസ്റ്ററുകള്‍, ചിത്രങ്ങള്‍, പ്രതിഷേധ ജാഥകള്‍,പഴയ കാലത്തെ ജലസേചനരീതിയായിരുന്ന ചക്രം ചവിട്ടല്‍   എന്നിവയെല്ലാം ഇതിന്റെ ഭാഗമായി നടന്നു. കലാകാരന്മാരുടെ പിന്തുണ സമരം ചെയ്യുന്ന കര്‍ഷകരെ   അറിയിക്കുക എന്നതായിരുന്നു ലക്ഷ്യം. 

അന്‍വര്‍ അലി , പി പി രാമചന്ദ്രന്‍ , കവിത ബാലകൃഷ്ണന്‍ , ഫൈന്‍ ആര്‍ട്‌സ് കോളേജ് പ്രിന്‍സിപ്പല്‍ മനോജ് , പ്രൊഫ.എം വി നാരായണന്‍, മുസ്തഫ ദേശമംഗലം എന്നിവര്‍ നേതൃത്വം നല്‍കി.


ചെങ്കോട്ടയിലെ പതാക : ദീപ് സിദ്ധുവിനൊപ്പം മോഡിയും അമിത് ഷായും; വിമര്‍ശനവുമായി പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്

ന്യൂഡല്‍ഹി> ബാഹ്യശക്തികളാണ് കര്‍ഷക സമരത്തിന്റെ ഗതി അക്രമത്തിലേക്കു മാറ്റിയതിനു പിന്നിലെന്ന് കര്‍ഷക സംഘടനകളും അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും.

'മോഡിക്കും അമിത് ഷായ്ക്കും ഒപ്പം നില്‍ക്കുന്ന ഇയാളാണ് ദീപ് സിദ്ധു. ഇയാളാണ് ചെങ്കോട്ടയിലേക്ക് ആള്‍ക്കൂട്ടത്തെ നയിച്ചതും സിഖ് പതാക അവിടെ ഉയര്‍ത്തിയതും'- മോഡിക്കും അമിത് ഷായ്ക്കുമൊപ്പം ദീപ് നില്‍ക്കുന്ന ഫോട്ടോ പങ്കുവച്ച് പ്രശാന്ത് ഭൂഷണ്‍ കുറിച്ചു.

 ചെങ്കോട്ടയിലെ സംഘര്‍ഷത്തിലും പതാക ഉയര്‍ത്തിയ സംഭവത്തിനും നേതൃത്വം നല്‍കിയത് പഞ്ചാബി സിനിമാതാരം ദീപ് സിദ്ധു ആണെന്നാണ് കര്‍ഷക സംഘടനകള്‍ ആരോപിച്ചിരുന്നു.

 പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി എംപി സണ്ണി ഡിയോളും ആഭ്യന്തര മന്ത്രി അമിത് ഷായുമായും ദീപ് നില്‍ക്കുന്ന ചിത്രമാണ് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തത്.ഇതോടെ സൈബറിടത്തിലും ചര്‍ച്ച സജീവമാകുകയാണ്

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സണ്ണി ഡിയോളിനായി തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ദീപ് സജീവമായിരുന്നു.  അതേസമയം , ചെങ്കോട്ടയില്‍ പതാക ഉയര്‍ത്താന്‍ നേതൃത്വം നല്‍കിയ ദീപ് സിദ്ദുവുമായി തനിക്കു ബന്ധമില്ലെന്ന് ബിജെപി എംപിയും നടനുമായ സണ്ണി ഡിയോള്‍ രംഗത്തെത്തി. .

ചെങ്കോട്ടയിലേക്ക് മൈക്രോഫോണുമായാണ് ദീപ് സിദ്ധു എത്തിയതെന്നും കര്‍ഷക പ്രതിഷേധക്കാരെ ചെങ്കോട്ടയിലേക്ക് വഴിതിരിച്ചതു ദീപ് സിദ്ധുവാണെന്നും ആരോപണമുണ്ട്.

കര്‍ഷകപ്രതിഷേധത്തില്‍ പങ്കെടുക്കാനും പിന്തുണ അറിയിച്ചും ഇയാള്‍ മുന്‍പ് തന്നെ സജീവമായിരുന്നു. എന്നാല്‍ ആര്‍എസ്എസ് - ബിജെപി ബന്ധം ആരോപിച്ച് കര്‍ഷക സംഘടന തന്നെ ഇയാള്‍ക്കെതിരെ മുന്‍പ് രംഗത്തുവന്നിരുന്നു.

Tuesday, January 26, 2021

'ഒറ്റ പരിഹാരം മാത്രം; നിയമങ്ങള്‍ പിന്‍വലിക്കുക': സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി> "കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കാന്‍ ഒറ്റ മാര്‍ഗ്ഗമേയുള്ളൂ- ഈ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുക"- സിപിഐ എം ജനറല്‍ സെക്രട്ടറി  സീതാറാം യെച്ചൂരി പറഞ്ഞു.നിയമങ്ങള്‍ ഉടനടി പിന്‍വലിച്ച് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തണം. ഈ ന്യായമായ ആവശ്യം ഉന്നയിച്ചാണ്  രാജ്യത്താകെയുള്ള കര്‍ഷകര്‍ പ്രക്ഷോഭം നടത്തുന്നത്. കാര്യങ്ങള്‍ ഈ നിലയിലെത്തിച്ചത് നരേന്ദ്ര മോഡി സര്‍ക്കാരാണ്. അറുപതു ദിവസമായി കൊടും തണുപ്പിനെ വെല്ലുവിളിച്ചു സമരത്തിലാണ്. ഡല്‍ഹിയിലേക്ക് കടക്കാന്‍ അനുവദിയ്ക്കാതെ അവരെ തടഞ്ഞിരിക്കുകയാണ്. നൂറിലധികം കര്‍ഷകര്‍ മരിച്ചു.

ട്രാക്ടര്‍ പരേഡിനിടെ ഉണ്ടായ അക്രമങ്ങള്‍ അസ്വീകാര്യമാണ്.ഏത് തരത്തിലുള്ള അക്രമവും ഒന്നിനും പരിഹാരമല്ല,

വ്യത്യസ്ത അഭിപ്രായം ഉന്നയിക്കുന്നവരേയും അവകാശങ്ങള്‍ ചോദിക്കുന്നവരേയും ബിജെപിയും അവരുടെ ട്രോള്‍ ആര്‍മികളും ചേര്‍ന്ന് നിന്ദിക്കുകയാണ് .മന്ത്രിമാര്‍ വരെ ഹീനമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. കോടതിയില്‍ ഉദ്യോഗസ്ഥര്‍ അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ഉന്നയിക്കുന്നു.കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങളെ നേരിടാനുള്ള മാര്‍ഗ്ഗമല്ല ഇത്- യെച്ചൂരി പറഞ്ഞു.

ഡൽഹിയിൽ പ്രക്ഷോഭം അതിശക്തം; യോഗം വിളിച്ച്‌ കേന്ദ്രസർക്കാർ

ന്യൂഡൽഹി > കർഷക പ്രക്ഷോഭം ശക്തമായി നടക്കുന്നതിനിടെ രാജ്യ തലസ്ഥാനത്ത് പല ഭാഗത്തും ഇന്റർനെറ്റ് വിച്ഛേദിച്ചു. ചെങ്കോട്ടയിൽ വീണ്ടും കടന്നുകയറിയ കർഷകർ ഏറ്റവും ഉയരത്തിലുള്ള മന്ദിരത്തിൽ കർഷക സംഘടനകളുടെയും മറ്റും കൊടികൾ സ്ഥാപിച്ചു. സ്ഥിതിഗതികൾ അനിയന്ത്രിതമായതോടെ ഉന്നതതല യോഗം വിളിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. അമിത്‌ ഷായും കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും യോഗത്തിൽ പങ്കെടുക്കും.

ഡൽഹിയിൽ ഇന്ന് ഉച്ച മുതൽ 12 മണിക്കൂർ നേരത്തേക്കാണ് ഇന്റർനെറ്റ് വിച്ഛേദിച്ചിരിക്കുന്നത്. ഇന്ന് വൈകീട്ട് അഞ്ച് മണി വരെയാണ് കർഷകർക്ക് റാലി നടത്താൻ അനുവാദം നൽകിയിരിക്കുന്നത്. തീരുമാനമെടുക്കും.

രാവിലെ സിംഘു അതിർത്തിയിലും തിക്രി അതിർത്തിയിലും ബാരിക്കേഡ് തകർത്ത് സമരക്കാർ പ്രതിഷേധവുമായി മുന്നോട്ട് പോവുകയായിരുന്നു. ഗാസിപ്പൂരിലും പിന്നീട് സംഘർഷം ഉണ്ടായി. ബാരിക്കേഡ് നീക്കി കർഷകർ മുന്നോട്ട് നീങ്ങിയപ്പോൾ പൊലീസ് തടഞ്ഞതാണ് കാരണം. പ്രതിഷേധത്തിനിടെ പൊലീസ്‌ നടപടിയിൽ രണ്ട്‌ കർഷകർ മരിച്ചതായാണ്‌ റിപ്പോർട്ട്‌. വെടിവയ്‌പ്പിലാണ്‌ ഒരാൾ മരിച്ചതെന്ന്‌ കർഷകർ പറഞ്ഞു. മൃതദേഹം പൊലീസ്‌ കൊണ്ടുപോയതായും ബന്ധുക്കളും കർഷകരും പറഞ്ഞു.

ചെങ്കോട്ടയിൽ പൊലീസിന്റെ ലാത്തിച്ചാർജ്ജ്‌; ഇന്റർനെറ്റ്‌ വിച്ഛേദിച്ചു

ന്യൂഡൽഹി > ചെങ്കോട്ടയിൽ കർഷകരെ ഒഴിപ്പിക്കാൻ ലാത്തിച്ചാർജ്ജും കണ്ണീർവാതകവുമായി പൊലീസ്‌. ചെങ്കോട്ടയ്‌ക്ക്‌ മുകളിൽ കർഷകർ കെട്ടിയ കൊടി അഴിക്കാൻ ശ്രമമുണ്ടായെങ്കിലും നടന്നില്ല. ഏത്‌ വിധേനയും ഇവിടെനിന്ന്‌ കർഷകരെ ഒഴിപ്പിക്കാനുള്ള നീക്കമാണ്‌ പൊലീസിന്റെ ഭാഗത്തുനിന്ന്‌ നടക്കുന്നത്‌.

പ്രതിഷേധം നടക്കുന്ന പ്രധാന കേന്ദ്രങ്ങളിൽ ഇന്റർനെറ്റ്‌ സൗകര്യങ്ങൾ വിച്ഛേദിച്ചു. സിംഘി, തിക്രി, ഗാസിയപൂർ തുടങ്ങിയ സ്ഥലങ്ങളിലാണ്‌ ഇന്റർനെറ്റ്‌ വിച്ഛേദിച്ചത്‌. വൈകിട്ട് അഞ്ച് മണിവരെയാണ് പ്രതിഷേധിക്കാൻ അനുമതി നൽകിയതെങ്കിലും അതിർത്തിയിൽ നിന്നും ഇപ്പോഴും നൂറുകണക്കിന് ട്രാക്‌ടറുകൾ ദില്ലി ലക്ഷ്യമാക്കി നീങ്ങുന്ന സാഹചര്യത്തിൽ സംഘർഷം ഇനിയും നീളാനാണ് സാധ്യത.

റാലിക്കിടെ രണ്ട്‌ കർഷകർ മരിച്ചു; ഒരാൾ മരിച്ചത്‌ പൊലീസ്‌ വെടിവയ്‌പ്പിലെന്ന്‌ കർഷകർ

ന്യൂഡല്‍ഹി > ഡല്‍ഹി ഐടിഒയില്‍ പൊലീസ്‌ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് കര്‍ഷകര്‍ മരിച്ചുവെന്ന് വിവരം. ഒരു കര്‍ഷകന്‍ വെടിവെപ്പില്‍ മരിച്ചെന്നും ഒരാള്‍ ട്രാക്‌ടര്‍ മറിഞ്ഞ് മരിച്ചെന്നും കര്‍ഷക സംഘടനാ നേതാക്കൾ പറഞ്ഞു. ആറ് ട്രാക്‌ടറുകള്‍ അപകടത്തില്‍പ്പെട്ടുവെന്നും രണ്ട് പേരുടെ നില ഗുരുതരമാണെന്നും വിവരമുണ്ട്‌.

പോലീസ് വെടിവെപ്പിനേത്തുടര്‍ന്നാണ് കര്‍ഷകന്‍ മരിച്ചതെന്ന് പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ആരോപിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ പോലീസിന്റെ ഭാഗത്തുനിന്ന് സ്ഥിരീകരണം ഉണ്ടായിട്ടില്ല. മരിച്ച കര്‍ഷകന്റെ മൃതദേഹവുമായി കര്‍ഷകര്‍ പ്രതിഷേധിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

മരിച്ച കര്‍ഷകന്റെ മൃതദേഹം സംഭവ സ്ഥലത്തിനിന്ന് പൊലീസ് മാറ്റിയെന്ന് കര്‍ഷകന്‍ ആരോപിച്ചു.

കർഷകർക്ക്‌ നേരെ ആക്രമണം അഴിച്ചുവിട്ട്‌ പൊലീസ്‌; ട്രാക്‌ടറുകൾ തല്ലിത്തകർത്തു

ന്യൂഡൽഹി > റിപ്പബ്ലിക് ദിനത്തിൽ അവകാശ പോരാട്ട മുദ്രാവാക്യങ്ങൾ ഉയർത്തി ഡൽഹിയിലേക്ക് ആരംഭിച്ച കർഷക മാർച്ചിനുനേരെ പൊലീസ്‌ അതിക്രമം. മാർച്ച് പൊലീസ് തടഞ്ഞതോടെ പൊലീസും കർഷകരും നേർക്കുനേർ നിലയുറപ്പിച്ചു. സീമാപുരിയിൽ ലാത്തിവീശിയ പൊലീസ് പിന്നാലെ കണ്ണീർവാതകം പ്രയോഗിച്ചു.

ബാരിക്കേഡ് മറികടക്കാൻ കർഷകർ ശ്രമിച്ചത് ദിൽഷാദ് ഗാർഡനിൽ വൻ സംഘർഷത്തിനിടയാക്കി. മാർച്ചിനു നേരെ പൊലീസ് നടപടി ആരംഭിച്ചതോടെ നിരവധി പേർക്ക് പരുക്കേറ്റു. ട്രാക്‌ടറുകളുടെ ടയറിന്റെ കാറ്റ് പൊലീസ് അഴിച്ചുവിട്ടു. നിരവധി കർഷകർക്കും പരിക്കേറ്റു. വാഹനങ്ങളെല്ലാം റോഡിൽനിന്ന്‌ എടുത്ത്‌ മാറ്റാൻ കഴിയാത്ത രീതിയിൽ പൊലീസ്‌ ആക്രമിക്കുന്നുണ്ട്‌.

അതേസമയം, ഹരിയാന അതിർത്തിയായ കർനാലിൽ എത്തിയ കർഷകർ സിംഘുവിലേക്കു മടങ്ങിത്തുടങ്ങി. രാവിലെ സിംഘുവിൽനിന്ന് ആരംഭിച്ച മാർച്ച് കർനാലിൽ അവസാനിപ്പിച്ചാണ് കർഷകർ മടക്കം ആരംഭിച്ചത്. സിംഘുവിൽ നിന്നുള്ളവർ ബാരിക്കേഡുകൾ തകർത്ത് ജി ടി റോഡു വരെ എത്തിയിരുന്നു. പ്രഗതി മൈതാനിയിലും രാജ്ഘട്ടിലും ട്രാക്‌ടർ മാർച്ച് എത്തി.

Monday, January 25, 2021

ആ ട്രാക്‌ടറുകൾ ഉരുളുന്നത്‌ കീഴടങ്ങാൻ ഒരുക്കമല്ലാത്തവരുടെ വീരചരിത്രത്തിലേക്ക്

 ഈ ജനുവരി 26 ന് ഇന്ത്യൻ റിപ്പബ്ലിക്കിനായി കർഷകലക്ഷങ്ങൾ ട്രാക്ടർ റാലി നടത്തുകയാണ്. നാല് ദിശകളിലൂടെ ട്രാക്ടറുകൾ ഡൽഹിയിലേക്ക് നീങ്ങുകയാണ്. അതെ,രാജ്യം ട്രാക്ടർ റാലിയിലേക്ക് നീങ്ങുകയാണ്. ഇത് അംബാനിമാരുടെയും അദാനിമാരുടെയും കമ്പനി രാജല്ല കർഷകരുടെയും തൊഴിലാളികളുടെയും റിപ്പബ്ലിക്കാണെന്ന് പ്രഖ്യാപിച്ചു കൊണ്ട് ദശലക്ഷകണക്കിന് കർഷകർ ലക്ഷക്കണക്കിന് ട്രാക്ടുകളിലായി ഇന്ദ്രപ്രസ്ഥത്തിലേക്ക് മാർച്ച് ചെയ്യുമ്പോൾ രാജ്യത്തെമ്പാടും ബഹുജനങ്ങൾ ഐക്യദാർഢ്യറാലികളും പരേഡുകളും നടത്തും.കൃഷിയെ അന്താരാഷ്ട്ര കോർപ്പറേറ്റുകളുടെ ബിസിനസാക്കി മാറ്റുന്ന കർഷകരെ കൂലിയടികളാക്കി കൊള്ളയടിക്കുന്ന നവകൊളോണിയൽമൂലധനശക്തികൾക്കെതിരായ പോരാട്ടമാണിത്. ഫ്യൂഡൽ നാടുവാഴിത്തത്തിനും ബ്രിട്ടീഷു കൊളോണിയൽ ശക്തികൾക്കെതിരായി പോരാടി നേടിയ സ്വാതന്ത്ര്യവും രാജ്യത്തിൻ്റെ പരമാധികാരവും തകർക്കുന്ന ഹിന്ദുത്വ വാദികളുടെ കോർപ്പറേറ്റു വൽക്കരണ നയങ്ങൾക്കെതിരായ പോരാട്ടം.

സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ പിടിച്ചുകുലുക്കിയ സാന്താൾ കർഷകപോരാട്ടങ്ങളുടെയും മലബാറിലെ മാപ്പിള കുടിയാന്മാരുടെയും ചമ്പരാനിലെ നീലം കർഷകരുടെയും തെലുങ്കാനയിലെ മണ്ണിൻ്റെ മക്കളുടെയും രണോത്സുക സമരങ്ങളുടെ സ്മൃതികളുണർത്തുന്ന ചരിത്രമാണ് കോർപ്പറേറ്റ് മുലധനശക്തികൾക്കെതിരായ പോരാട്ടങ്ങളിലൂടെ ഇന്ന് ഇന്ത്യൻ കർഷകർ രചിച്ചു കൊണ്ടിരിക്കുന്നത്. കരിനിയമങ്ങളു പയോഗിച്ചും എൻ ഐ എ യെ അഴിച്ചുവിട്ടും സമരത്തെ തകർക്കാനുള്ള ഗൂഢാലോചനയിലാണ് കേന്ദ്രസർക്കാർ.ഖാലിസ്ഥാൻ ഭീകരവാദികളാണ് സമരക്കാരെന്ന് പ്രചരിപ്പിച്ച് ജനങ്ങൾക്കിടയിൽ സങ്കുചിത വികാരവും വിഭജനവും സൃഷ്ടിക്കാനുള്ള കൗടില്യതന്ത്രങ്ങൾ കൊണ്ടും ഈ കർഷക പോരാട്ടത്തെ തകർക്കാനാവില്ലെന്ന് മോഡിക്കും അമിത് ഷാക്കും മനസിലാക്കി കൊടുക്കുകയാണ് പൊരുതുന്ന കർഷകർ.ഓരോ ദിവസം കഴിയുന്തോറും സമരത്തിനുള്ള പിന്തുണയും ശക്തിയും കൂടി കൂടി വരികയാണ്.അപ്രതിരോധ്യമായ വർഗ്ഗ ശക്തിയും ബഹുജന ശേഷിയുമായി എല്ലാ പ്രതികൂലതകളെയും അതിജീവിച്ച് സമരം മുന്നേറുകയാണ്.

ഇന്ത്യൻ കർഷകൻ്റെയും സമ്പദ്ഘടനയുടെയും അതിജീവനത്തിന് വേണ്ടിയുള്ള ജീവന്മരണ സമരമാണിത്.1991 ലെ റാവു സർക്കാർ തുടക്കമിട്ട നവലിബറൽ പരിഷ്ക്കാരങ്ങളുടെ ദുരന്തപരിണതിയാണ് രാജ്യമെത്തി ചേർന്ന കാർഷിക പ്രതിസന്ധി.ഗാട്ട് കരാറിൻ്റെയും ഡബ്ലു ടി ഒ  വ്യവസ്ഥകളുടെയും തുടർച്ചയിലാണ് ഇന്ത്യൻ കർഷകന് ലഭിക്കുന്ന താങ്ങുവിലയും പരിമിതമായ വിപണി പരിരക്ഷാ സംവിധാനങ്ങളും ഇല്ലാതാക്കുന്ന ഈ നിയമ ഭേദഗതികൾ .കാർഷിക രംഗത്തെ വിഴുങ്ങുന്ന കോർപ്പറേറ്റനുകൂല നയങ്ങൾക്കെതിരായ പോരാട്ടമാണ് കർഷകർ നടത്തുന്നത്. അതിന്റെ രാഷ്ട്രീയം അഗ്രിബിസിനസ് കുത്തകകളുടെ രാക്ഷസമോഹങ്ങളിൽ നിന്നും കൃഷിയെയും നാടിനെയും രക്ഷിക്കുക എന്നതാണ്. ആഗോളമൂലധനാധിപത്യത്തിൽ നിന്നും ഇന്ത്യൻകർഷകന്റെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കാനുള്ള സമരമാണിത്. വളരെ പ്രതികൂലമായ കാലാവസ്ഥയിലും സാഹചര്യങ്ങളിലും സമരരംഗത്ത് ഉറച്ചു നില്ക്കുകയാണ് കർഷകജനത . എല്ലാ ഭരണകൂട വിലക്കുകളെയും ഗൂഢാലോചനകളെയും അതിജീവിച്ചുകൊണ്ടാണ് ഓരോ ദിവസവും കർഷകർ സമര മുഖത്തറച്ചു നില്ക്കുന്നത്.. ദില്ലിയുടെ അതിർത്തിമേഖലകളിൽ സമരത്തെ തടയാൻ വൻതോതിലുള്ള സജ്ജീകരണങ്ങളാണ് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയത്. അതിനെയെല്ലാം നിശ്ചയദാർഢ്യത്തോടെ പ്രതിരോധിച്ച് മുന്നറുകയാണവർ.  ജനവരി 26 ൻ്റെ ട്രാക്ടർ റാലിയോടെ ലോകജനതയുടെയും മനുഷ്യവിമോചനനത്തിൻ്റെയും ചരിത്രത്തിൽ കർഷക മുന്നേറ്റം പുതിയൊരധ്യായമാണ് എഴുതി ചേർക്കാൻ പോവുന്നത്.

ആദ്യഘട്ടത്തിൽ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഹരിയാന, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും ഛത്തീസ്ഗഡിൽ നിന്നും രാജസ്ഥാനിൽ നിന്നുമാണ് കർഷകർ ഡൽഹിയിലെത്തിയത്. കർഷകരെ തടയാനായി ജലപീരങ്കികളും ലാത്തിച്ചാർജ്ജുകളും റോഡ് ഉപരോധങ്ങളും ഏർപ്പെടുത്തി. ശത്രുസൈന്യത്തെ നേരിടുന്നതുപോലെ ദേശീയപാതകളിൽ കുഴികൾ കുഴിക്കൽ വരെ നടത്തി നോക്കി. കൂടുതൽ സംസ്ഥാനങ്ങളിൽ നിന്നും കർഷകർ ഡൽഹിയിലേക്ക് വന്നതോടെ ഡൽഹി ജനത പ്രക്ഷോഭകരെ ഹാർദ്ദമായി സ്വാഗതം ചെയ്തു. എല്ലാ സഹായങ്ങളും സൗകര്യങ്ങളും ഒരുക്കി കൊടുത്തു. പോലീസിന്റെ ബാരിക്കേഡുകളെയും ലാത്തിച്ചാർജ്ജുകളെയും ജലപീരങ്കി പ്രയോഗങ്ങളെയും ധീരോചിതമായി നേരിട്ടുകൊണ്ട് കർഷകർ സമരം കരുത്താർജ്ജിക്കുന്നത്. ഇതോടെയാണ് കേന്ദ്രസർക്കാർ സമരത്തെ നേരിടുന്നതിൽ നിന്നും പതുക്കെ പിന്മാറാൻ തുടങ്ങിയത്. സമരക്കാർക്ക് സമ്മേളിക്കാനായി ഡൽഹിയിലെ പ്രാന്തപ്രദേശങ്ങളിൽ മൈതാനങ്ങൾ അനുവദിക്കുകയും ചെയ്തു. ബുരാരിയിലെ ഈ മൈതാനം തുറന്ന ജയിലാക്കി മാറ്റുമെന്ന് വന്നതോടെ സംയുക്ത കർഷകമോർച്ച സർക്കാരിന്റെ വാഗ്ദാനം വേണ്ടെന്നുവെക്കുകയാണുണ്ടായത്. ദേശീയപാതകളിൽ അവർ കൊടും ശൈത്യത്തെ നേരിട്ട് കൊണ്ടു്ഉപരോധം തുടർന്നു.

11തവണ സർക്കാറുമായി സംയുക്ത കർഷകമോർച്ച ചർച്ച നടത്തിയെങ്കിലും സമവായത്തിലെത്താൻ കഴിഞ്ഞില്ല. സർക്കാറിൻ്റെ ലജ്ജാ രഹിതമായ കോർപ്പറേറ്റ് ദാസ്യവും സമരസംഘടനകളുടെ അനുരഞ്ജന രഹിതമായ കർഷക താല്പര്യവുമാണ് ചർച്ചകളിൽപ്രകടമായത്. സംയുക്ത കർഷകമോർച്ച നേതാക്കൾ നിയമങ്ങൾ റദ്ദാക്കിയാലെ പിന്മാറാനാവൂ എന്നാണ് എല്ലാ ചർച്ചകളിലുംഅറിയിച്ചത്. അതിനുശേഷം കാർഷികപരിഷ്‌കാരങ്ങളെക്കുറിച്ച് ചർച്ച ചെയ്യാമെന്നും പുതിയ നിയമങ്ങൾ രൂപീകരിക്കുന്നത് എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണമെന്നും നിർദ്ദേശിച്ചു. എന്നാൽ ഇത് സർക്കാർ അംഗീകരിക്കാൻ കൂട്ടാക്കിയില്ല. കാർഷിക നിയമങ്ങളിൽ ഉപരിതല മാറ്റങ്ങൾ മാത്രം വരുത്തുന്ന ചില നിർദ്ദേശങ്ങൾ മുന്നോട്ടുവെക്കുകയായിരുന്നു സർക്കാർ. എം.എസ്.പി തുടരുമെന്ന രേഖാപരമായ ഉറപ്പുനൽകാൻ തയ്യാറാണെന്നതുപോലുള്ള സർക്കാരിന്റെ പ്രഖ്യാപനങ്ങൾ വെറും കബളിപ്പിക്കൽ മാത്രമാണെന്ന് സംയുക്ത കർഷകമോർച്ച കാണുന്നത്.. എം.എസ്.പിയിൽ എല്ലാ വിളകളെയും മുഴുവൻ കർഷകരെയും ഉൾപ്പെടുത്തണമെന്നും മോർച്ച ആവശ്യപ്പെട്ടു. സ്വാമിനാഥൻ കമ്മറ്റി ശുപാർശയനുസരിച്ച് എം.എസ്.പി നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ടു. എം.എസ്.പിയേക്കാൾ കുറഞ്ഞവില വാങ്ങിയുള്ള എല്ലാ വ്യാപാരങ്ങളും നിയമവിരുദ്ധമാക്കണമെന്നും ശിക്ഷാനടപടി സ്വീകരിക്കണമെന്നും സംയുക്ത കർഷകമോർച്ച ആവശ്യപ്പെട്ടു. എം.എസ്.പിയെ നിയമപരമായ അവകാശമാക്കണമെന്നാണ് കർഷകർ ആവശ്യപ്പെട്ടത്. രാജ്യവ്യാപകമായി പൊതുവും സ്വകാര്യവുമായ മേഖലകളിൽ സംഭരണ ശൃംഖല വിപുലപ്പെടുത്തണമെന്നും ശക്തമാക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു. കാർഷിക നിയമങ്ങളും വൈദ്യുതി നിയമവും പിൻവലിച്ച് നിർദ്ദേശങ്ങൾ ചർച്ചചെയ്യണമെന്നുള്ളതാണ് സർക്കാരുമായുള്ള എല്ലാ ചർച്ചകളിലും സംയുക്ത കർഷകമോർച്ച ആവർത്തിച്ച് ആവശ്യപ്പെട്ടത്. എന്നാൽ ഈ നിർദ്ദേശങ്ങൾ അംഗികരിക്കാൻ തയ്യാറാവാതെ കർഷകരോട് കോടതിയിൽ പോകാൻ ആവശ്യപ്പെടുകയാണ് കേന്ദ്രകൃഷിമന്ത്രി തന്നെ ചെയ്തത്.ഒടുവിൽ സുപ്രിം കോടതിയിൽ കേസ് പരിഗണനക്ക് വന്നു. സർക്കാരിൻ്റെ സമീപനങ്ങളെയും ചർച്ച ചെയ്യാതെ നിയമം ഉണ്ടാക്കി രീതിയെ കോടതി വിമർശിച്ചുവെങ്കിലും നിയമം പരിശോധിക്കാനായി നിയമിച്ച വിദഗ്ദ്ധ സമിതി നിയമത്തെ അനുകൂലിക്കുന്നവരുടേതായതോടെ ഉന്നത നീതിപീഠത്തിൽ നിന്നും കർഷകർക്ക്

നീതി പ്രതീക്ഷിക്കാനാവില്ലെന്ന സൂചനയായി.

സുപ്രീംകോടതി നിയമിച്ച വിദഗ്ദ്ധസമിതി നമ്മുടെ നീതിന്യായവ്യവസ്ഥയെ തന്നെ സ്വയം അപഹസിക്കുന്നതായിപ്പോയെന്ന് പറയേണ്ടി വരുന്നു. ചർച്ചചെയ്യാതെ നിയമം ഉണ്ടാക്കിയ സർക്കാറിനെ കടുത്ത ഭാഷയിൽ വിമർശിച്ച കോടതി നിയമങ്ങളെ കുറിച്ച് പഠിക്കാൻ നിയോഗിച്ച സമിതിയാവട്ടെ സർക്കാറിനും കോർപ്പറേറ്റുകൾക്കും വേണ്ടി നിയമങ്ങളെ ന്യായീകരിച്ചവരും നടപ്പാക്കണമെന്നാവശ്യപ്പെട്ടവരുമാണെന്ന വൈരുധ്യത്തിന് കാരണമെന്താവാം.

നാലംഗസമിതിയിലുള്ള കാർഷിക സാമ്പത്തിക ശാസ്ത്രജ്ഞരായ അശോക് ഗുലാത്തിയും പി.കെ.ജോഷിയും കടുത്ത നിയോലിബറലിസ്റ്റുകളാണ്. ഈ നിയമങ്ങളെ ന്യായീകരിച്ച് ഇന്ത്യൻ എക്‌സ്പ്രസ്സ്, ഫിനാൽഷ്യൽ ടൈംസ് തുടങ്ങിയ പത്രങ്ങളിൽ ലേഖനങ്ങൾ എഴുതിയവർ. മറ്റൊരംഗമായ ഭുപിന്ദർമാനെ മുൻ രാജ്യസഭാംഗവും നിയമങ്ങളെ അനുകൂലിക്കുന്ന കിസാൻകോർഡിനേഷൻ കമ്മിറ്റിയുടെ നേതാവുമാണ്. പുതിയ കാർഷികനിയമങ്ങൾ നടപ്പാക്കണമെന്നാവശ്യപ്പെട്ടയാൾ. മറ്റൊരംഗമായ അനിൽ ഘൽവാത്‌ഷേത്വാരി സംഘടനാ നേതാവാണ്. തുറന്ന ഉദാരവൽക്കരണവാദി. ഇവരിൽ നിന്ന് എന്തുനീതിയാണ് കർഷകർക്ക് പ്രതീക്ഷിക്കാനാവുക? ഇപ്പോൾഭൂപേന്ദർ മാൻ സമിതിയിൽ നിന്നും പിൻ വാങ്ങിയിരിക്കുകയുമാണ്. വിദഗ്ദ്ധ സമിതി വിശ്വാസം നഷ്ടപ്പെട്ട പരിഹാസ്യതയിലാണ് ഇപ്പോൾ എത്തിയിരിക്കുന്നത്.

കോർപ്പറേറ്റുകൾക്ക് വേണ്ടി കോർപ്പറേറ്റുകളുടെ പൊതുകാര്യങ്ങൾ നോക്കി നടത്തുന്ന കേന്ദ്രസർക്കാറാണ് കാർഷികനിയമങ്ങളുണ്ടാക്കിയത്. പാർലിമെന്ററി നടപടി ക്രമങ്ങളെ കാറ്റിൽ പറത്തിയാണവർ നിയമം പാസ്സാക്കിയെടുത്തത്. കർഷകദ്രോഹ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കർഷകർക്കെതിരെ പത്രങ്ങളിൽ എഴുതിയവരെയും പരസ്യമായി സമരത്തിനെതിരെ പ്രചാരണം നടത്തിയവരെയും നിയമങ്ങൾ നടപ്പാക്കണമെന്ന് ശാഠ്യം പിടിച്ചവരെയും നിയമങ്ങളെ കുറിച്ച് പഠിക്കാൻ നിയോഗിച്ച സുപ്രീംകോടതി കൊടുംശൈത്യത്തിലും മഴയിലും  സമരം ചെയ്യുന്ന കർഷകർക്ക് നൽകുന്ന സന്ദേശമെന്താണ്.  കർഷകരുടെ ജീവിക്കാനുള്ള മൗലികാവകാശത്തിന് നേരെ വെല്ലുവിളി ഉയർത്തുന്ന  ഇങ്ങനെയൊരു നിയമമുണ്ടാക്കിയതിനെ എങ്ങിനെ ജുഡിഷ്യൽ വ്യവസ്ഥക്ക് അംഗീകരിക്കാനാവും.

കൃഷിയെ ലാഭകരമല്ലാതാക്കിയതും സബ്സി ഡികളും സഹായങ്ങളും വെട്ടിക്കുറച്ചും നഷ്ടത്തിലാക്കിയതുംആഗോളവൽക്കരണ നയങ്ങളാണ്.ഗാട്ടു കരാറും ആസിയാൻ കരാറും ഇറക്കുമതി ഉദാരവൽക്കരണവും കാർഷികോല്പന്നങ്ങളുടെ വിലയിടിച്ച് .വിലയിടിച്ചതും സർക്കാർ സഹായങ്ങൾ ഇല്ലാതായതും കർഷകരെ കടക്കെണിയിലാക്കി.ഇത്കാർഷികോല്പാദനം തകരുന്നതിലേക്കും കൃഷിയെ ആശ്രയിച്ചു ജീവിക്കാൻ കഴിയാത്ത സ്ഥിതിയിലേക്കും കർഷകരെ എത്തിച്ചു. വിദർഭകൾ സൃഷ്ടിച്ചു.ലക്ഷോപലക്ഷം കർഷകരുടെ  ആത്മഹത്യാമരണങ്ങളിലേക്ക് രാജ്യമെത്തി. കൃഷിയിടങ്ങളിൽ നിന്നും കർഷകരെ പുറന്തള്ളുന്ന അപകാർഷികവൽക്കരണത്തിലേക്കും കോർപ്പറേറ്റു വൽക്കരണത്തിലേക്കുമാണ് കോൺഗ്രസ് ബി ജെ പി സർക്കാരുകൾ രാജ്യത്തെ തള്ളിവിട്ടത്.

ഇന്ത്യൻ പാടങ്ങൾ ലോകത്തിലെ ഏറ്റവും വലിയ അരി, ഗോതമ്പ് കമ്പനികളായ കാർഗിൽ ഇൻകോർപ്പറേറ്റും ആസ്‌ട്രേലിയൻ വീറ്റ് ബോർഡും പോലുള്ള ബഹുരാഷ്ട്ര കുത്തകകൾ കയ്യടക്കുന്നതും ഗൗതംഅദാനി ആസ്‌ട്രേലിയയിൽ കൽക്കരി ഖനനമേഖലയിൽ നിക്ഷേപം നടത്തുന്നതും റിലയൻസും ടാറ്റയുമെല്ലാം അമേരിക്കയിലെയും ഫ്രാൻസിലെയും ഐടി കമ്പനികളും ഓട്ടോമൊബൈൽ കമ്പനികളും യുദ്ധോപകരണ നിർമ്മാതാക്കളുമായി കൂട്ടുസംരംഭങ്ങളും ഉണ്ടാക്കുന്നതും തമ്മിലെന്തെങ്കിലും ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നവർക്ക് ഉത്തരമുണ്ടാവും. ആഗോളഫൈനാൻസ് മൂലധനത്തിന്റെ ഭ്രമണപഥത്തിലേക്ക് അതിവേഗം ഇന്ത്യൻ കുത്തകകളും സമ്പദ്ഘടനയും ഉദ്ഗ്രഥിക്കപ്പെടുകയാണല്ലോ. അന്താരാഷ്ട്ര കോർപ്പറേഷനുകൾ ഇന്ത്യൻ കൃഷിയെയും വ്യവസായങ്ങളെയും കീഴടക്കുകയാണ്. സ്വാതന്ത്ര്യാനന്തരം വൻകിട ബൂർഷാസിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ഭരണകൂടം സാർവ്വദേശീയവും ദേശീയവുമായ രാഷ്ട്രീയ സാഹചര്യങ്ങളുടെ നിർബന്ധം മൂലം രൂപപ്പെടുത്തിയ രാജ്യത്തിന്റെ പരമാധികാരവും സമ്പദ്ഘടനയുടെ ആപേക്ഷികമായ സ്വാശ്രയത്വവും നഷ്ടപ്പെടുത്തുകയാണ്.

1990-കളോടെ ആരംഭിച്ച ആഗോളവൽക്കരണ ഉദാരവൽക്കരണ പരിഷ്‌ക്കാരങ്ങൾ പൊതുമേഖലകളെ തകർക്കുകയും വ്യവസായങ്ങളെ സ്വകാര്യവൽക്കരിക്കുകയുമാണ് ചെയ്തത്. കൃഷിയെ ഭക്ഷ്യസുരക്ഷയിൽ നിന്നും കോർപറേഷനിലേക്കും അഗ്രിബിസിനസ്സിലേക്കും തള്ളിവിട്ടിരിക്കുന്നു. റാവു സർക്കാർ നിയമിച്ച ഭാനുപ്രതാപ് കമ്മിറ്റി ശുപാർശകളും അമേരിക്കൻ കൺസൾട്ടൻസിയായ മക്കൻസിയുടെ നിർദ്ദേശങ്ങളുമനുസരിച്ചാണല്ലോ ബാജ്പെയ്സർക്കാർ ആവശ്യ സാധന നിയമ പട്ടികയിൽ നിന്നും 90 ഇനങ്ങൾ എടുത്തുകളഞ്ഞതും പൂഴ്ത്തിവെയ്പ്പും കരിഞ്ചന്തയും തടയാനുള്ള 1962ലെ ഫോർവേഡ് കോൺട്രാക്ട് റെഗുലേഷൻസ് ആക്ട് ഭേദഗതി ചെയ്തത്. കോൺഗ്രസും ബി ജെ പി അംഗങ്ങൾ ഒന്നിച്ച് കൈ പൊക്കി അവധി വ്യാപാര നിയമം പാസാക്കിയെടുത്തതും.

ഒടുവിൽ ഹിന്ദുത്വ വാദികളുടെ സർക്കാർ കാർഷികനിയമങ്ങൾ വഴി ഉൽപാദന, വിപണന, സംഭരണരംഗങ്ങളിലെ കർഷകർക്കും രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷക്കും അനുകൂലമായ പരിരക്ഷാ വ്യവസ്ഥകളും നിയന്ത്രണങ്ങളും എടുത്തുകളഞ്ഞിരിക്കുന്നു.. ഈ കരിനിയമങ്ങൾ വ്യവസ്ഥാരഹിതമായ കോർപ്പറേറ്റ് കൊള്ളക്ക് അവസരമൊരുക്കുന്നു. കർഷകരെയും ഭക്ഷ്യ സംഭരണ, വിപണന രംഗത്തെ കോടിക്കണക്കിന് ചെറുകിട ചില്ലറ വ്യാപാരികളെയും വഴിയാധാരമാക്കുന്നതാണ് ഈ നിയമങ്ങൾ.അംബാനിക്കും അദാനിക്കും ആമസോണിനും മോറിനും വേണ്ടി ഇന്ത്യൻ കാർഷികോൽപന്നവിപണി തുറന്നുകൊടുക്കുന്നതോടെ കർഷകരെ പോലെ ഉപജീവനോപാധിയിൽ നിന്നും 4 കോടിയോളം ചെറുകിട കച്ചവടക്കാരും പുറന്തള്ളപ്പെടും.റിലയൻസുൾപ്പെടെയുള്ള കുത്തകകളുടെ റീട്ടെയിൽ ശൃംഖലകൾ ചെറുകിടക്കാരെ വിഴുങ്ങും.

എ.പി.എം.സിയെയും മിനിമം സപ്പോർട്ട് പ്രൈസ് സംവിധാനങ്ങളെയും തകർത്ത് അവരുടെ ശീതീകരണ സംഭരണശാലകളും റീട്ടെയിൽ ശൃംഖലകളും ഇന്ത്യൻ കർഷകന്റെയും ഉപഭോക്താവിന്റെയും ജീവിക്കാനുള്ള അവകാശത്തിന് മരണവാറന്റ് പുറപ്പെടുവിക്കുന്ന അത്യന്തം ഗുരുതരമായ സാഹചര്യമാണ് ഈ കർഷകദ്രോഹ നിയമങ്ങൾ സൃഷ്ടിക്കുന്നത്.

അന്താരാഷ്ട്ര അഗ്രിബിസിനസ് കമ്പനികൾക്ക് കരാർ കൃഷിക്ക് സൗകര്യമൊരുക്കുന്ന നിയമങ്ങൾ ഇന്ത്യയെ ബഹുരാഷ്ട്രകുത്തകകളുടെ നവകോളനികളായി മാറേണ്ടിവന്ന ലാറ്റിനമേരിക്കൻ ബനാന റിപ്പബ്ലിക്കുകളുടെ ദുരന്ത യാഥാർത്ഥ്യങ്ങളിലേക്കാണ് എത്തിക്കുക. ഗ്വാട്ടിമലയെ കലക്കിയെറിഞ്ഞ യുണൈറ്റഡ് ഫ്രൂട്ടുസ് കമ്പനികൾക്ക് സമാനമായ അഗ്രിബിസിനസ്സ് കമ്പനികൾക്ക് ചുവപ്പ് പരവതാനി വിരിക്കുകയാണ് ഫാം നിയമങ്ങളിലൂടെയും ഉദാരവൽക്കരണ പരിഷ്‌കാരങ്ങളിലൂടെയും മോഡി സർക്കാർ. ഇതിനെ പ്രതിരോധിച്ചേ കോർപ്പറേറ്റുകളുടെ ബകമോഹങ്ങളിൽ നിന്ന് നാടിനെയും കൃഷിയെയും സംരക്ഷിക്കാനാവൂ. മോഡിയുടെ കോർപ്പറേറ്റ് ഹിന്ദുത്വരാജിനെതിരായ പോരാട്ടമാണ് രാജ്യം ഇന്നാവശ്യപ്പെടുന്നത്. കൊടുംശൈത്യത്തിലും മഴയിലും കർഷകലക്ഷങ്ങളുടെ പോരാട്ടം രാജ്യത്തെ വിശാല ജനവിഭാഗങ്ങളുടെ പിന്തുണയോടെ മുന്നോട്ട് നയിക്കുകയാണ് തൊഴിലാളി വർഗ്ഗ പ്രസ്ഥാനങ്ങളുടെയും രാജ്യത്തെ സ്നേഹിക്കുന്ന എല്ലാവരുടെയും കടമ. നാടിന്റെ വിധി നിർണയിക്കുന്ന വർഗ പോരാട്ടമാണ് കർഷക മുന്നേറ്റങ്ങളിലൂടെ കരുത്താർജ്ജിക്കുന്നത്.മുതലാഖ് നിയമം, കാശ്മീരിൻ്റ പ്രത്യേക പദവി എടുത്തുകളഞ്ഞത്, പൗരത്വ നിയമ ദേഗതി, തൊഴിൽ നിയമ ഭേദഗതി ഫാസിസ്റ്റധികാരത്തിൻ്റെ തേർവാഴ്ചയുടെ തുടർച്ചയിലാണ് കാർഷിക പരിഷ്ക്കരണ ഭേദഗതി നിയമങ്ങളും പിറന്നു വീണത്. കോർപ്പറേറ്റ് ഹിന്ദുത്വ രാജായി ഇന്ത്യൻ റിപ്പബ്ലിക്കിനെ അധ:പതിപ്പിക്കാൻ അനുവദിക്കില്ലെന്നും അതിനായി ഏതറ്റം വരെയും പോരാടുമെന്നുമുള്ള താക്കീതുംപ്രഖ്യാപനവും ജനുവരി 26 ൻ്റെ കർഷകരുടെ ട്രാക്ടർറാലിയിലൂടെ സന്ദേശി ക്കപ്പെടും.കേന്ദ്ര സർക്കാറിന് ഇന്ത്യൻ ജനത നൽകുന്ന താക്കീത്. സംശയരഹിതിമായി പറയാം കോർപ്പറേറ്റ് മൂലധനാധിപത്യത്തിനും ഹിന്ദുത്വഫാസിസത്തിനും കീഴടങ്ങാൻ വിസമ്മതിക്കുന്ന ഇന്ത്യൻ കർഷകരുടെയും ജനങ്ങളുടെയും വീരചരിത്രമാണ് ഇന്ദ്രപ്രസ്ഥത്തിലെ സമര മുന്നേറ്റങ്ങളിലൂടെ കുറിക്കപ്പെടുന്നത്.

കെ ടി കുഞ്ഞിക്കണ്ണൻ