Showing posts with label ചെങ്ങറ. Show all posts
Showing posts with label ചെങ്ങറ. Show all posts

Thursday, April 25, 2013

ചെങ്ങറ പുനരധിവാസ പദ്ധതി പാതിയില്‍


പെരിയയിലെ ചെങ്ങറ പുനരധിവാസ കേന്ദ്രത്തിലെ നിര്‍ധന കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ ചുവപ്പുനാടയില്‍ കുടുങ്ങി. പുനരധിവാസ ഫണ്ടില്‍ ചെലവഴിക്കാതെ കെട്ടിക്കിടക്കുന്നത് 9.5 കോടി രൂപ. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ചെങ്ങറ സമരകേന്ദ്രത്തിലെ കുടുംബങ്ങള്‍ക്കായി പ്ലാന്റേഷന്‍ കോര്‍പറേഷന്റെ പെരിയ കശുമാവിന്‍ തോട്ടത്തില്‍ 166 ഏക്കര്‍ ഭൂമി അനുവദിച്ചത്. ആദ്യഘട്ടത്തില്‍ 110 കുടുംബം ഇവിടെയെത്തിയെങ്കിലും തൃപ്തരായത് 50 കുടുംബങ്ങളാണ്. മറ്റുള്ള കുടുംബങ്ങളെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പുനരധിവസിപ്പിച്ചു. പെരിയ നാലക്കറയില്‍ കുടില്‍കെട്ടി താമസമാക്കിയ 50 കുടുംബത്തിനായി 43 ഏക്കര്‍ ഭൂമി ഉള്‍പ്പെടുത്തിയാണ് പുനരധിവാസ പദ്ധതി തയ്യാറാക്കിയത്. കലക്ടര്‍ ചെയര്‍മാനായി കെ ആര്‍ നാരായണന്‍ കോ- ഓപ്പറേറ്റീവ് സെറ്റില്‍മെന്റ് സൊസൈറ്റിക്കായിരുന്ന നിര്‍വഹണ ചുമതല. പദ്ധതി നടത്തിപ്പിന് 2010 നവംബര്‍ നാലിന് 11.37 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. വീട്, കുടിവെള്ളം, റോഡ്, വൈദ്യുതി, സ്വയംതൊഴില്‍ പദ്ധതിക്കായി പശുവളര്‍ത്തല്‍, പുരുഷ തൊഴിലാളികള്‍ക്കായി ചെങ്കല്‍ ക്വാറി, തരിശുഭൂമി കൃഷിയോഗ്യമാക്കല്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന പുനരധിവാസ പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തത്. പദ്ധതി പൂര്‍ത്തിയാകും മുമ്പെ 2011 മെയ് മാസത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം നടത്തിയതോടെ ചെങ്ങറ കുടുംബങ്ങളെ അധികൃതര്‍ മറന്നു.

ഭവന നിര്‍മാണത്തിനായി 5.4 കോടി രൂപ നീക്കിവച്ചതില്‍ ഒരു കോടിയാണ് ഇതിനകം ചെലവഴിച്ചത്. ചെറു വീടുകളിലാണ് അഞ്ചംഗങ്ങള്‍ വരെയുള്ള കുടുംബങ്ങളുടെ താമസം. വീടിനോട് ചേര്‍ന്ന് തൊഴുത്തും വളക്കുഴിയും നിര്‍മിച്ചതിനാല്‍ മഴക്കാലത്ത് ജീവിതം ദുരിതപൂര്‍ണമാണ്. കുടിവെള്ളത്തിനും വൈദ്യുതീകരണത്തിനുമായി 1.78 കോടി വകയിരുത്തിയെങ്കിലും ചെലവഴിച്ചത് 40 ലക്ഷം. രണ്ട് കുഴല്‍കിണറുള്ളതില്‍ മോട്ടോര്‍ തകരാര്‍ കാരണം കുടിവെള്ളം ലഭിക്കുന്നില്ല. വേനലാരംഭത്തോടെ കുടിവെള്ളക്ഷാമം രൂക്ഷമായി. കിലോമീറ്ററുകള്‍ നടന്ന് സ്വകാര്യവ്യക്തികളുടെ കിണറുകളില്‍നിന്നാണ് വെള്ളം ശേഖരിക്കുന്നത്. പശു വളര്‍ത്തലിന്റെ ഭാഗമായി രണ്ടേക്കര്‍ ഭൂമിയില്‍ തീറ്റപ്പുല്‍ കൃഷി തുടങ്ങിയെങ്കിലും വെള്ളമില്ലാത്തതിനാല്‍ കരിഞ്ഞുണങ്ങി. ചെങ്കല്‍ ക്വാറിക്കായി 7.5 ലക്ഷം രൂപ ചെലവിട്ടെങ്കിലും ചെങ്കല്‍ ഖനനം നിലച്ചു. കൃഷിക്കും സ്വയം തൊഴിലിനുമായി 3.09 കോടി രൂപ നീക്കിവച്ചതില്‍ ചെലവഴിച്ചത് 2.5 കോടി. അവശേഷിക്കുന്ന വീടുകളുടെ നിര്‍മാണം പാതിവഴിയിലാണ്. വൈദ്യുതീകരണ പ്രവൃത്തികളും പൂര്‍ത്തീകരിച്ചിട്ടില്ല. തരിശുഭൂമി കൃഷിയോഗ്യമാക്കാനുള്ള പദ്ധതികളും മുടങ്ങി.

deshabhimani 250413

Wednesday, October 31, 2012

യുഡിഎഫ് വെച്ച കെണിയില്‍വീണു ചെങ്ങറ സമരക്കാര്‍


ഒരു പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തില്‍ ളാഹ ഗോപാലന്‍ ഇങ്ങനെ പറഞ്ഞു. "യുഡിഎഫ് സര്‍ക്കാര്‍ തന്ന ഉറപ്പ് കടലാസിലാണ്. അവിടെയുള്ള 1000 പേര്‍ക്ക് 25 സെന്റ് വീതം നല്‍കാമെന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ പറയുന്നത്. ഞങ്ങള്‍ ഭുരഹിതരെ യുഡിഎഫ് സര്‍ക്കാരും വഞ്ചിച്ചു".

ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ കുമ്പഴ എസ്റ്റേറ്റിലെ ചെങ്ങറയില്‍ കൈയേറി കുടില്‍കെട്ടി താമസിക്കുന്നവരുടെ നേതാവാണ് ളാഹ ഗോപാലന്‍. 2007 ആഗസ്റ്റ് നാലിനായിരുന്നു കൈയേറ്റം. അന്ന് എല്‍ഡിഎഫ് ഗവണ്‍മെന്റ് ഭരിക്കുന്നതിനാല്‍ കോണ്‍ഗ്രസുകാരും ബിജെപിക്കാരുമെല്ലാം ഐക്യദാര്‍ഢ്യവുമായെത്തി. ""ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍ നിങ്ങളുടെ മുഴുവന്‍ ആവശ്യവും അനുവദിക്കുമെന്ന്"" ഉമ്മന്‍ ചാണ്ടിയും പ്രഖ്യാപിച്ചു. "അതോടെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വേണ്ടി ളാഹ ഗോപാലന്‍ സംസ്ഥാന വ്യാപകമായി പ്രചാരണ ജാഥ നടത്തി. അധികാരത്തില്‍ വന്നതോടെയാണ് ളാഹ ഗോപാലന് യുഡിഎഫിന്റെ തനിനിറം ബോധ്യപ്പെട്ടത്.

പട്ടികജാതി വിഭാഗത്തില്‍പെട്ടവര്‍ക്ക് അഞ്ചേക്കര്‍ കൃഷിഭൂമിയും കാര്‍ഷികാവശ്യത്തിനായി 50,000 രൂപയുമായിരുന്നു ഗോപാലന്റെ ആവശ്യം. ആവശ്യം നേടുന്നതുവരെ ഒഴിഞ്ഞുപോകില്ലെന്ന് പറഞ്ഞ ഗോപാലന്‍ ആത്മഹത്യ സ്ക്വാഡിനെ തയ്യാറാക്കി നിര്‍ത്തി. ഇതിനിടെ ജില്ലാ ഭരണകൂടം സര്‍ക്കാര്‍ സഹായത്തോടെ രക്തം ചിന്താതെ ഒഴിവാക്കാന്‍ ശ്രമിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ബലമായി ഒഴിപ്പിക്കേണ്ടതില്ലെന്നായിരുന്നു അന്നത്തെ എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ തീരുമാനം. വിവിധ തലങ്ങളില്‍ ചര്‍ച്ച നടത്തി. മന്ത്രിസഭാ ഉപസമിതിയും രൂപീകരിച്ചു. ഇതിന്റെയടിസ്ഥാനത്തില്‍ 2009 സെപ്തംബര്‍ അഞ്ചിന് അന്നത്തെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി. പ്രതിപക്ഷ നേതാവും മന്ത്രിമാരും പങ്കെടുത്തു. യോഗതീരുമാനപ്രകാരം പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ഒരേക്കര്‍ വീതവും പട്ടികജാതി കുടുംബങ്ങള്‍ക്ക് 50 സെന്റ് വീതവും മറ്റ് വിഭാഗങ്ങള്‍ക്ക് 25 സെന്റ് വീതവും നല്‍കാന്‍ തീരുമാനിച്ചു. അഞ്ച് സെന്റില്‍ താഴെ ഭൂമിയുള്ള കുടുംബങ്ങളെയും ഭൂരഹിതരുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്താനും തീരുമാനമായി. ഇതിന് പുറമെ പട്ടിക വര്‍ഗ കുടുംബത്തിന് വീട് വയ്ക്കാന്‍ ഒന്നേകാല്‍ ലക്ഷവും പട്ടികജാതി കുടുംബത്തിന് ഒരു ലക്ഷവും മറ്റ് വിഭാഗങ്ങള്‍ക്ക് 75,000 വീതവും നല്‍കാന്‍ തീരുമാനിച്ചു. സമരത്തില്‍ പങ്കെടുത്തവരും ഭൂമി ലഭിക്കാന്‍ അര്‍ഹതയുള്ളവരെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളവരുമായ 1459 കുടുംബങ്ങള്‍ക്കാണ് ഈ പാക്കേജ് പ്രഖ്യാപിച്ചത്. ഇതിനായി വിവിധ ജില്ലകളിലായി 831 ഏക്കര്‍ ഭൂമി കണ്ടെത്തുകയും ചെയ്തു. ഏത് ജില്ലയിലെ ഭൂമി എന്നത് നറുക്കിട്ടാണ് തെരഞ്ഞടുത്ത്. ഈ സംവിധാനങ്ങളെയെല്ലാം യുഡിഎഫ് നേതാക്കള്‍ക്കു വേണ്ടി തള്ളിക്കളഞ്ഞ് കൈയേറ്റ ഭൂമിയില്‍ കിടന്നവരാണ് ഇപ്പോള്‍ വഞ്ചിതരായത്. സിപിഐ എമ്മിനും എല്‍ഡിഎഫിനുമെതിരെ പ്രചാരണം നടത്തിയവര്‍ ഇപ്പോള്‍ തൃശങ്കുവിലാണ്.

deshabhimani

Thursday, September 13, 2012

കൈയേറ്റം പൊളിച്ചത് തൊഴിലാളികള്‍ ഇടപെട്ട്


റാന്നി: തോട്ടം തൊഴിലാളികളുടെയും പൊലീസിന്റെയും സമയോചിതമായ ഇടപെടല്‍ ളാഹ എസ്റ്റേറ്റിലെ അനധികൃത കൈയേറ്റം ഒഴിവാക്കാനായി. ഭൂമിയും വീടും നല്‍കാമെന്ന് പറഞ്ഞ് നൂറോളം കുടുംബങ്ങളെയാണ് തോട്ടം കൈയേറ്റത്തിന് സാധുജന മുന്നണി ഉപയോഗിച്ചത്. കൈയേറ്റം നടത്തിയശേഷം ഇവരില്‍നിന്ന് മാസംതോറും പണം പിരിക്കാനുള്ള സാധുജന വിമോചന മുന്നണി നേതാവ് ളാഹ ഗോപാലന്റെ നീക്കമാണ് ഇതോടെ പൊളിഞ്ഞത്.

കൈയേറ്റം നടക്കാന്‍ സാധ്യതയുണ്ടന്ന് സ്പെഷ്യല്‍ ബ്രാഞ്ചിന് നേരത്തെ വിവരം ലഭിച്ചിരുന്നു. എഎസ്ഐ ജോര്‍ജ്കുട്ടി അറിയിച്ചതനുസരിച്ച് പെരുനാട് എസ്ഐ സദാശിവനും സംഘവും ചൊവ്വാഴ്ച രാത്രി പത്തോടെതന്നെ മണക്കയം ഭാഗത്ത് കേന്ദ്രീകരിച്ചു. എന്നാല്‍, പുലര്‍ച്ചെ രണ്ടോടെ കൈയേറ്റസംഘം പൊലീസിനെ തള്ളിമാറ്റി മണക്കയം തോടിനരികിലൂടെ എസ്റ്റേറ്റിന്റെ കപ്പക്കാട് ഡിവിഷനിലേക്ക് അതിക്രമിച്ചു കയറി. എല്ലാവരുടെ കൈയിലും തോട്ടയും മാരകായുധങ്ങളും ഉണ്ടായിരുന്നു. ഭക്ഷണ സാധനങ്ങളും മണ്ണെണ്ണയും മദ്യക്കുപ്പികളും മരുന്നുകളും ഇവര്‍ കരുതിയിരുന്നു. തോട്ടത്തില്‍ കടന്ന ഉടന്‍തന്നെ ടാര്‍പാളിന്‍ ഉപയോഗിച്ച് നൂറോളം ഷെഡുകള്‍ കെട്ടി. ടാപ്പു ചെയ്യുന്ന റബര്‍ തോട്ടം നോക്കിയായിരുന്നു കൈയേറ്റം. നിസ്സഹായരായ പൊലീസ് എസ്റ്റേറ്റ് മാനേജര്‍ ഹരിയെ വിവരം അറിയിച്ചതനുസരിച്ച് തൊഴിലാളികളും നാട്ടുകാരുമടക്കം മുന്നൂറോളം പേര്‍ കൈയേറ്റ സ്ഥലത്തേക്കു പാഞ്ഞു. അപ്പോഴേക്കും വടശേരിക്കര സിഐ രവികുമാറും മറ്റു സ്റ്റേഷനുകളില്‍നിന്ന് പൊലീസ് സംഘവുമെത്തി. സംഘടിച്ചെത്തിയ തൊഴിലാളികളും നാട്ടുകാരും രണ്ടായി തിരിഞ്ഞ് തോട്ടത്തില്‍ പ്രവേശിച്ചു. ഇത് കൈയേറ്റക്കാരുടെ പദ്ധതി തെറ്റിച്ചു. തോട്ടം യുദ്ധക്കളമായി. ഒഴിപ്പിക്കാനുള്ള ശ്രമത്തില്‍ കൈയേറ്റക്കാര്‍ക്ക് ചെറുത്തുനില്‍ക്കാനായില്ല. ഭക്ഷണം പാകം ചെയ്യാന്‍ കൊണ്ടുവന്ന സാധനങ്ങള്‍ തോട്ടത്തില്‍ ചിതറിക്കിടന്നുണ്ട്. കൈയേറ്റക്കാര്‍ കൊണ്ടുവന്ന അഞ്ചോളം നാടന്‍ തോട്ടകള്‍ നാട്ടുകാര്‍ കണ്ടെടുത്തു. ഇവ പൊലീസിനു കൈമാറി. കൈയേറ്റക്കാര്‍ കെട്ടിയ താല്‍ക്കാലിക ഷെഡുകള്‍ തൊഴിലാളികള്‍ തീയിട്ടു നശിപ്പിച്ചു. പ്രദേശങ്ങള്‍ പുലര്‍ച്ചെ തന്നെ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി എസ് മോഹനന്‍ സന്ദര്‍ശിച്ച് തൊഴിലാളികള്‍ക്കും മാനേജ്മെന്റിനും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി.

ഹാരിസണ്‍ മലയാളം പ്ലാന്റേഷനില്‍ ഉണ്ടായ കൈയേറ്റശ്രമത്തില്‍ പ്രതിഷേധിച്ച് തോട്ടം തൊഴിലാളി സംയുക്ത ട്രേഡ് യൂണിയനുകള്‍ കപ്പക്കാട്ടില്‍ പ്രകടനവും യോഗവും നടത്തി. യോഗം സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി എസ് ഹരിദാസ് ഉദ്ഘാടനംചെയ്തു. വി എസ് സുരേഷ് അധ്യക്ഷനായി. പി കെ സോമരാജന്‍, അഡ്വ. വി ജി സുരേഷ്, വി കെ വാസുദേവന്‍, എസ് എസ് സുരേഷ്, കെ ടി സജി, ഷാജഹാന്‍ എന്നിവര്‍ സംസാരിച്ചു. തിരുവല്ല ആര്‍ഡിഒ ആന്റണി ഡൊമിനിക്, ജില്ലാ പൊലീസ് ചീഫ് കെ കെ ബാലചന്ദ്രന്‍, ഡിവൈഎസ്പിമാരായ സാബു ഇടിക്കുള, രാജീവന്‍, സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി എം പി രാജേന്ദ്രന്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തിയിരുന്നു.

തോട്ടം തൊഴിലാളികളുടെ തൊഴിലിനും ജീവനും സംരക്ഷണം നല്‍കണം: സിഐടിയു

പത്തനംതിട്ട: തോട്ടം തൊഴിലാളികളുടെ തൊഴിലിനും ജീവനും സംരക്ഷണം നല്‍കണമെന്ന് സിഐടിയു ജില്ലാ സെക്രട്ടറി കെ സി രാജഗോപാലന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

2007 ആഗസ്ത് നാല് മുതല്‍ ചെങ്ങറ തോട്ടത്തിന്റെ 350 ഏക്കര്‍ സ്ഥലം കൈയേറുകയും അതില്‍ ഉണ്ടായിരുന്ന 42000 റബര്‍ മരങ്ങള്‍ ടാപ്പ് ചെയ്ത് കോടികണക്കിന് രൂപയുടെ റബര്‍ ഇപ്പോഴും കൊള്ളയടിച്ചുകൊണ്ടിരിക്കുകയുമാണ് ഒരു വിഭാഗം ആളുകള്‍. ഇതോടെ ഇവിടെ പണി ചെയ്തുവന്നിരുന്ന 179 തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെട്ടു. തുടര്‍ന്ന് ജില്ലയിലെ മറ്റു തോട്ടങ്ങളും കൈയേറാനുള്ള പരിശ്രമത്തിലാണ് ഈ സംഘം. മാരകായുധങ്ങളും സ്ഫോടകവസ്തുക്കളുമായി തീവ്രവാദ പരിശീലനം ലഭിച്ചവര്‍ ഭീഷണിയുമായി മുന്നോട്ടു പോകുന്ന സ്ഥിതിയാണ് തുടര്‍ന്നുവരുന്നത്.

ജില്ലയിലെ തോട്ടങ്ങളില്‍ പാട്ടക്കാലാവധി കഴിഞ്ഞവ, ഗവണ്‍മെന്റ് ഏറ്റെടുത്ത് തോട്ടമായി നിലനിര്‍ത്തുകയും മറ്റുള്ളവ ആളന്നു തിട്ടപ്പെടുത്തി മിച്ചഭൂമിയുണ്ടെങ്കില്‍ തോട്ടം തൊഴിലാളികളില്‍ ഭൂമിയില്ലാത്തവര്‍ക്ക് മുന്‍ഗണന നല്‍കുകയും ബാക്കിയുണ്ടെങ്കില്‍ ജില്ലയില്‍ ഭൂമി ഇല്ലാത്തവര്‍ക്ക് അര്‍ഹത മാനദണ്ഡമാക്കി നല്‍കുകയും വേണം. ഇപ്പോള്‍ ഭീഷണിയുടെ നിഴലില്‍ കഴിയുന്ന തോട്ടം തൊഴിലാളികള്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കാന്‍ ജില്ലാ ഭരണം അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും കയ്യേറ്റക്കാരും ഭരണവിഭാഗവും തമ്മിലുള്ള ഒത്തുകളി അവസാനിപ്പിക്കണമെന്നും കെ സി രാജഗോപാലന്‍ അഭ്യര്‍ഥിച്ചു.

deshabhimani 130912

Sunday, August 5, 2012

കൈയ്യേറ്റ ഭൂമിയിലെ സമരം ഒത്തുതീര്‍പ്പാക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം; സമര സമിതി അപലപിച്ചു

ചെങ്ങറയില്‍ അഞ്ച് വര്‍ഷമായി നടന്നുവരുന്ന കൈയ്യേറ്റ സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ കാണിക്കുന്ന അലംഭവത്തെ കുമ്പഴ എസ്റ്റേറ്റിലെ സംയുക്ത തൊഴിലാളി യൂണിയനുകളുടെ സമര സമിതി അപലപിച്ചു.

ഭൂസമരത്തിന്റെ പേരില്‍ രാജ്യത്തെ നീതിന്യായ വ്യവസ്ഥയെതന്നെ വെല്ലുവിളിച്ച് ഒരു പറ്റം സാമൂഹ്യവിരുദ്ധര്‍ കൈയേറ്റ ഭൂമിയില്‍ നടത്തുന്ന സാമൂഹ്യ വിരുദ്ധപ്രവര്‍ത്തനങ്ങള്‍ ഈ പ്രദേശത്തെ തോട്ടം തൊഴിലാളികളുടെയും സാധാരണക്കാരുടെയും സൈ്വര്യജീവിതത്തെ കാര്യമായി ബാധിച്ചിട്ടും സര്‍ക്കാര്‍ പ്രശ്നത്തെ ലഘുവായി കാണുന്നതില്‍ യൂണിയനുകള്‍ അമര്‍ഷം രേഖപ്പെടുത്തി. 179 തൊഴിലാളികളുടെ ജോലി നഷ്ടപ്പെടുത്തിയും കോടിക്കണക്കിനുള്ള രൂപയുടെ വസ്തുവകകള്‍ കൊള്ളയടിച്ചും നശിപ്പിച്ചും നടത്തിവരുന്ന കൈയ്യേറ്റ സമരത്തെ പ്രോത്സാഹിപ്പിക്കുന്നവരുടെ ഗൂഢലക്ഷ്യത്തെക്കുറിച്ച് ഒരു സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സമിതി ആവശ്യപ്പെട്ടു.

കൈയ്യേറ്റ ഭൂമിയില്‍ നടക്കുന്ന പീഡനങ്ങളെക്കുറിച്ചോ വ്യാജവാറ്റ്, വന്യമൃഗവേട്ട, കഞ്ചാവു കൃഷി, ഡിഎച്ച്ആര്‍എം ന്റെ നേതൃത്വത്തില്‍ നാല് കേന്ദ്രങ്ങളില്‍ നടക്കുന്ന ആയുധപരിശീലനം, തീവ്രവാദ സാന്നിധ്യം എന്നിവയെകുറിച്ചോ അന്വേഷിക്കാന്‍ പൊലീസിനോ മറ്റു ഭരണസംവിധാനങ്ങള്‍ക്കോ സാധിക്കാത്തത് നീതിന്യായ വ്യവസ്ഥയ്ക്ക് തന്നെ പേരുദോഷം വരുത്തിവച്ചിരിക്കുകയാണ്. പട്ടിണി പാവങ്ങളുടെ പക്കല്‍നിന്ന് ആയിരക്കണക്കിന് രൂപ കൈയ്യേറ്റക്കാര്‍ ഇപ്പോഴും പിരിച്ചെടുത്തുകൊണ്ടിരിക്കുകയാണ്. ഈ പണംകൊണ്ട് ബഹുനില മാളികകളും സ്ഥലങ്ങളും കമാനങ്ങളും സ്ഥാപിക്കുന്നവരുടെ ലക്ഷ്യം സാധുജനക്ഷേമമല്ലെന്നും പൊതുജന സമൂഹം തിരിച്ചറിയണമെന്ന് സമിതി അഭ്യര്‍ഥിച്ചു. ഇവിടെനിന്ന് കൈയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നതില്‍ കാലതാമസമുണ്ടായാല്‍ ഉപരോധം ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി ശക്തമായി പ്രതികരിക്കാന്‍ യൂണിയനുകള്‍ സംയുക്തമായി തീരുമാനിച്ചതായി സംയുക്ത സമരസമിതി കണ്‍വീനര്‍ മലയാലപ്പുഴ മോഹനന്‍ അറിയിച്ചു.

deshabhimani 050812

Monday, April 23, 2012

ചെങ്ങറയില്‍ വീണ്ടും ഭൂമി കൈയേറ്റം


വഴിവെട്ടുന്നത് തടയാന്‍ ശ്രമിച്ച തൊഴിലാളികളെ ആക്രമിച്ചു

കോന്നി: ചെങ്ങറയിലെ ഹാരിസണ്‍ റബര്‍ പ്ലാന്റേഷന്‍ ഉടമസ്ഥതയിലുള്ള തോട്ടം സാധുജന വിമോചനമുന്നണി പ്രവര്‍ത്തകര്‍ കൈയേറി. കൈയേറിയതിനുശേഷം തോട്ടത്തിലേക്ക് സമരക്കാര്‍ വഴിവെട്ടി. ഇത് തടയാന്‍ ശ്രമിച്ച തൊഴിലാളികളെ സമരക്കാര്‍ ആക്രമിച്ചു. ആക്രമണത്തില്‍ നിരവധി തൊഴിലാളികള്‍ക്ക് പരിക്കേറ്റു. വിവരമറിഞ്ഞെത്തിയെ പൊലീസ് സംഘത്തിന്റെ സാന്നിധ്യത്തിലും സമരക്കാര്‍ വഴിവെട്ടല്‍ തുടര്‍ന്നു.

കഴിഞ്ഞദിവസം സമരസമിതി നേതാക്കള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സ്ഥലം എംഎല്‍എയും റവന്യൂമന്ത്രിയുമായ അടൂര്‍ പ്രകാശ് എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ നടന്ന ധാരണാപ്രകാരമാണ് പൊലീസ് സംയമനം പാലിച്ചതെന്ന് തൊഴിലാളികള്‍ പറയുന്നു. രണ്ടുമാസം മുമ്പും ഇവിടെ വഴിവെട്ടി കൈയേറ്റം വ്യാപിപ്പിക്കാനുള്ള ശ്രമമുണ്ടായിരുന്നു. തൊഴിലാളികളെ പൊലീസിന്റെ സാന്നിധ്യത്തിലാണ് സമരക്കാര്‍ ആക്രമിച്ചത്.

deshabhimani 230412

Sunday, March 25, 2012

ചെങ്ങറ ഭൂസമരക്കാര്‍ക്ക് ഭൂമി നല്‍കുന്നത് കോണ്‍ഗ്രസ് തടഞ്ഞു

രാജപുരം: ചെങ്ങറ ഭൂസമരക്കാര്‍ക്ക് സര്‍ക്കാര്‍ സ്ഥലം നല്‍കുന്നത് കോണ്‍ഗ്രസ് പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ തടഞ്ഞു. കള്ളാര്‍ പഞ്ചായത്തിലെ പൂടങ്കല്ല് ചേറ്റുകല്ലിലെ അഞ്ചേക്കര്‍ സ്ഥലമാണ് ചെങ്ങറ ഭൂസമരക്കാര്‍ക്ക് പതിച്ചുനല്‍കാന്‍ തീരുമാനിച്ചത്. ആറ് കുടുംബങ്ങള്‍ക്കായി അഞ്ചേക്കര്‍ സ്ഥലമാണ് നല്‍കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ഇവിടെ ചെങ്ങറ ഭൂ സമരക്കാരെത്തി കുടില്‍ കെട്ടി താമസിച്ചു വരുന്നതിനിടെയാണ് കള്ളാര്‍ പഞ്ചായത്തംഗവും കോണ്‍ഗ്രസ് നേതാവുമായ ഗോപിയുടെയും മറ്റൊരു കോണ്‍ഗ്രസ് അംഗമായ ശങ്കരനാരായണന്റെയും നേതൃത്വത്തിലാണ് തടഞ്ഞത്. ശനിയാഴച രാവിലെ സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്നതിനായി വില്ലേജ് ഓഫീസറും അസിസ്റ്റന്റും സ്ഥലത്തെത്തിയെങ്കിലും ഇവരെ തടയുകയായിരുന്നു. ഈ സ്ഥലം ചെങ്ങറ സമരക്കാര്‍ക്ക് നല്‍കാന്‍ പാടില്ലെന്നാണ് ഇവരുടെ വാദം. ഈ സ്ഥലം വര്‍ഷങ്ങളായി ചിലര്‍ കൈവശംവച്ച് വരുകയാണെന്നാണ് ഇവര്‍ പറയുന്നത്.

ബേഡഡുക്ക സ്കൂളിലെ കളിസ്ഥലം: വാര്‍ത്ത വാസ്തവ വിരുദ്ധം

ബേഡകം: ബേഡഡുക്ക ന്യൂ ജിഎല്‍പി സ്കൂളിന് കളിസ്ഥലം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ചില പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ വസ്തുത അറിയാതെയാണെന്ന് പിടിഎ യോഗം പ്രസ്താവനയില്‍ പറഞ്ഞു. പി കരുണാകരന്‍ എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച അഞ്ചുലക്ഷം രൂപ ഉപയോഗിച്ച് നിര്‍മിക്കുന്ന കളിസ്ഥലത്തിന്റെ പ്രവൃത്തികള്‍ നടന്നുവരികയാണ്. പിടിഎയുടെ നേതൃത്വത്തില്‍ ഗ്രൗണ്ട് നിര്‍മാണ ഗുണഭോക്തൃ സമിതിയാണ് പ്രവൃത്തി നടത്തുന്നത്. പഞ്ചായത്തില്‍ എഗ്രിമെന്റ് വച്ച് എസ്റ്റിമേറ്റ് തയ്യാറാക്കി ഓവര്‍സിയറുടെ മേല്‍നോട്ടത്തില്‍ പണി നടക്കുകയാണ്. പ്രവൃത്തികള്‍ ഗുണഭോക്തൃ സമിതിയും പിടിഎ കമ്മിറ്റിയും യോഗം ചേര്‍ന്ന് വിലയിരുത്തുന്നുമുണ്ട്. അഡ്വാന്‍സ് തുക പോലും ലഭിക്കാതെയാണ് പണി നടക്കുന്നത്. വിന്നേര്‍സ് ബേഡഡുക്ക ഗ്രൗണ്ടിനകത്ത് സ്ഥിരമായി ഇരുമ്പുപോസ്റ്റ് സ്ഥാപിക്കുന്നതിന് അനുമതി ചോദിച്ചിരുന്നു. കുട്ടികളുടെ മേളകളും മറ്റും നടക്കേണ്ടതിനാല്‍ സ്ഥിരമായി ഇരുമ്പുപോസ്റ്റ് സ്ഥാപിക്കുന്നതിന് അനുമതി നല്‍കാന്‍ കഴിയില്ലെന്ന് അറിയിച്ചിരുന്നു. അതിന്റെ പ്രതികാരമാകാം സ്കൂളിനെയും പിടിഎയും താറടിക്കുന്ന നിലയില്‍ ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചതും വ്യാജ വാര്‍ത്തകള്‍ നല്‍കുന്നതെന്നും പ്രസ്താവനയില്‍ പറഞ്ഞു. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളിനെയും പിടിഎയും താറടിക്കാനുള്ള ശ്രമത്തിനെതിരെ പിടിഎ യോഗം പ്രതിഷേധിച്ചു.

deshabhimani 250312

Saturday, November 12, 2011

ചെങ്ങറ പുനരധിവാസം പശുവളര്‍ത്തല്‍ പദ്ധതി അശാസ്ത്രീയം

പാക്കേജിന് അന്തിമ രൂപമായി

കാഞ്ഞങ്ങാട്: ചെങ്ങറ പുനരധിവാസ പാക്കേജിന്റെ ഭാഗമായി പെരിയയില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്കായി നടപ്പിലാക്കാന്‍ തീരുമാനിച്ച പശുവളര്‍ത്തല്‍ പദ്ധതി അശാസ്ത്രീയം. ഇവര്‍ക്ക് സ്ഥലം നല്‍കിയ പെരിയ പ്രദേശത്ത് പശു വളര്‍ത്തലിന് പറ്റിയ അടിസ്ഥാന സൗകര്യമില്ലാത്തത് പദ്ധതിയെ പ്രതികൂലമായി ബാധിക്കുമെന്ന അഭിപ്രായമാണ് ഉയരുന്നത്. പാറപ്രദേശം നിറഞ്ഞ പെരിയയില്‍ പുല്‍കൃഷി നടത്തുന്നത് അപ്രായോഗികമാണ്. ആവശ്യത്തിന് പുല്ല് ലഭ്യമാക്കുന്നതിനായി ഈ പദ്ധതിയുടെ അനുബന്ധമായി രണ്ടേക്കറോളം സ്ഥലത്ത് തീറ്റപ്പുല്‍കൃഷിയും ആവശ്യത്തിന് വെള്ളം ലഭിക്കുന്നതിനുള്ള സാഹചര്യവുമുണ്ടാക്കണം. നിലവില്‍ ഒരു കുഴല്‍കിണര്‍ മാത്രമാണ് ഇവിടെയുള്ളത്. മറ്റ് വെള്ളം ലഭിക്കാനുള്ള സാഹചര്യവും ഇവിടെയില്ല. പിന്നെ എങ്ങനെ പശുവിനെ വളര്‍ത്തുമെന്നാണ് താമസക്കാര്‍ ചോദിക്കുന്നത്. ആദ്യഘട്ടത്തില്‍ കുടുംബത്തിന് ഒരു പശുവിനെ നല്‍കും. വിജയകരമായി മുന്നോട്ടുപോയാല്‍ രണ്ടാംഘട്ടമെന്ന നിലയില്‍ മൂന്ന് മാസത്തിന് ശേഷം രണ്ടാമത്തെ പശുവിനെയും നല്‍കുന്നതാണ് പദ്ധതി. പത്ത് ലിറ്റര്‍ പാല്‍ ഉല്‍പാദിപ്പിക്കുന്ന പശുവിന് 30,000 രൂപ തോതില്‍ അനുവദിക്കും. തൊഴുത്തും ഉണ്ടാക്കും. ഗുണഭോക്താക്കളും ഡയറി ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള കമ്മിറ്റിക്കാണ് പദ്ധതിയുടെ ചുമതല. പാല്‍ വിപണനത്തിനായി സൊസൈറ്റിയുടെ കീഴില്‍ തന്നെ സംവിധാനമുണ്ടാക്കും. പശുവിനെ വളര്‍ത്താന്‍ സാഹചര്യമില്ലാത്ത ഇവിടെ ഇത് പൂര്‍ണ പരാജയമായിരിക്കുമെന്നാണ് പശുവളര്‍ത്തി പരിചയമുള്ള കുടുംബങ്ങള്‍ പറയുന്നത്.

ചെങ്ങറ പുനരധിവാസ പാക്കേജില്‍ കെ ആര്‍ നാരായണന്‍ സൊസൈറ്റിക്ക് കീഴില്‍ പെരിയയില്‍ താമസിക്കുന്ന അമ്പതോളം ഗുണഭോക്താക്കള്‍ക്ക് വീടും അനുബന്ധ സൗകര്യങ്ങളുമുള്‍പ്പെടെയുള്ള പദ്ധതി അന്തിമ രൂപത്തിലാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഗുണഭോക്താക്കള്‍ക്കുള്ള വീട്, ജലസേചനം, കൃഷി, ജീവിത സാഹചര്യം മെച്ചപ്പെടുത്താനാവശ്യമായ ജോലി, സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തല്‍ തുടങ്ങിയ പദ്ധതികളാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുക. പദ്ധതിയിലുള്‍പ്പെട്ട 360 കുടുംബങ്ങളില്‍ 100 കുടുംബങ്ങളാണ് എത്തിയത്. ഇതില്‍ അമ്പതോളം കുടുംബങ്ങള്‍ ഈ സ്ഥലം വേണ്ടെന്നുപറഞ്ഞ് തിരിച്ചുപോയി. ഇവരില്‍ 45 കുടുംബങ്ങള്‍ക്ക് ചീമേനി പഞ്ചായത്തില്‍ സ്ഥലം അനുവദിച്ചു. 32 കുടുംബങ്ങളാണ് നിലവില്‍ പെരിയയില്‍ താമസിക്കുന്നത്. നേരത്തെ ഇവിടുന്ന് വിട്ടുപോയ കുടുംബങ്ങള്‍ എത്തുകയാണെങ്കില്‍ അവരെയും പദ്ധതിയിലുള്‍പ്പെടുത്തും. ഇല്ലെങ്കില്‍ പുല്ലൂര്‍ - പെരിയ പഞ്ചായത്തിലെ 18 കുടുംബങ്ങളെ ഉള്‍പ്പെടുത്തി പദ്ധതിയില്‍ 50 പേരെ അംഗങ്ങളാക്കും. ഇവര്‍ക്കുള്ള വീട് നിര്‍മിക്കാന്‍ പിഡബ്ല്യുഡി അംഗീകരിച്ച പ്ലാന്‍ പ്രകാരം നിര്‍മിതികേന്ദ്രയും കെയര്‍ എന്ന എന്‍ജിഒ സംഘടനയും ടെന്‍ഡര്‍ സമര്‍പ്പിച്ചിട്ടുണ്ട്. കുടംബത്തിന് രണ്ടുലക്ഷം രൂപയാണ് അനുവദിക്കുന്നത്. ബെഡ്റൂം, ഹാള്‍ , അടുക്കള എന്നിങ്ങനെ മൂന്ന് മുറിയും കക്കൂസും വരാന്തയും ചേര്‍ന്നുള്ള 320 ചതുരശ്ര അടിയുള്ള വീടാണ് നിര്‍മിക്കുന്നത്.360 കുടുംബങ്ങള്‍ക്കായി 11 കോടി രൂപയാണ് സര്‍ക്കാര്‍ ചെങ്ങറ പാക്കേജ് പ്രകാരം കെ ആര്‍ നാരായണന്‍ സൊസൈറ്റിക്ക് അനുവദിച്ചിരുന്നത്. വീട് നിര്‍മിക്കാനുള്ള ചെങ്കല്ല് പെരിയയിലെ സ്ഥലത്ത് നിന്നുതന്നെ ഗുണഭോക്താക്കളെ ഉപയോഗിച്ച് തൊഴില്‍ നല്‍കി കൊത്തിയെടുക്കാനുള്ള പരിപാടിയും പരിഗണനയിലുണ്ട്. അടുത്ത വര്‍ഷം മാര്‍ച്ച്- ഏപ്രില്‍ മാസമാകുമ്പോള്‍ വീട് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് തീരുമാനം.
(ടി വി വിനോദ്)

deshabhimani 121111

Wednesday, October 12, 2011

ചെങ്ങറ സമരക്കാരെ പുനരധിവസിപ്പിക്കുന്നതിന്റെ മറവില്‍ ഹാരിസണ്‍ കമ്പനിയുമായി വിട്ടുവീഴ്ചയ്ക്ക്

ചെങ്ങറ സമരക്കാരെ പുനരധിവസിപ്പിക്കുന്നതിന്റെ മറവില്‍, നിയമവിരുദ്ധമായി മിച്ചഭൂമിയും അനധികൃതയായി പാട്ടഭൂമിയും കൈവശം വെക്കുകയും  മറിച്ചു വില്‍പന നടത്തുകയും ചെയ്ത ഹാരിസണ്‍ കമ്പനിയുമായി വിട്ടുവീഴ്ചക്ക് സര്‍ക്കാര്‍ നീക്കം നടത്തുന്നു. ഭൂരഹിതര്‍ക്ക് ഭൂമി നല്‍കണമെന്ന ആവശ്യവുമായി പത്തനംതിട്ട ജില്ലയിലെ ചെങ്ങറയില്‍ ഹാരിസണ്‍ കമ്പനിയുടെ എസ്റ്റേറ്റ് കയ്യേറി കുടില്‍കെട്ടി താമസിക്കുന്ന സമരക്കാരുമായി  ഓഗസ്റ്റില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉണ്ടാക്കിയ ഒത്തുതീര്‍പ്പിനെ തുര്‍ന്നാണ് ഉന്നതതലത്തില്‍ ഇത്തരത്തില്‍ നീക്കം നടക്കുന്നത്.  2009 ഒക്‌ടോബറില്‍ എല്‍ ഡി എഫ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ അന്ന് സമരഭൂമിയില്‍ ഉണ്ടായിരുന്ന അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ഭൂമി ലഭ്യമാക്കുന്നതിന് തീരുമാനിച്ചിരുന്നു. അതിനുശേഷം സമരത്തിനെത്തിച്ച 1000 പേര്‍ക്ക് 25 സെന്റ് വീതം ഭൂമി നല്‍കാമെന്നാണ് സാധുജന വിമോചന സമരസമിതിയും സര്‍ക്കാരും തമ്മില്‍ ഓഗസ്റ്റ് 23 ന് ഒത്തുതീര്‍പ്പിലെത്തിയത്. ഇതനുസരിച്ചുള്ള 250 ഏക്കര്‍ ഭൂമി ഹാരിസണ്‍ എസ്റ്റേറ്റില്‍ നിന്ന് വിട്ടുനല്‍കാനും കമ്പനിക്കെതിരായി എല്‍ ഡി എഫ് സര്‍ക്കാര്‍ ആരംഭിച്ച നടപടികള്‍ മരവിപ്പിക്കാനും തുടര്‍ നടപടികള്‍ ഒഴിവാക്കുവാനുമാണ് ധാരണയിലെത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഹാരിസണ്‍ എസ്റ്റേറ്റുകളുടെ സര്‍വ്വേ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്. ചെങ്ങറ സമരക്കാര്‍ക്ക് ഹാരിസണ്‍ എസ്റ്റേറ്റില്‍ തന്നെ ഭൂമി നല്‍കുമെന്ന് നിയമസഭയില്‍ റവന്യുവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തന്നെ വെളിപ്പെടുത്തുകയുമുണ്ടായി. എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് പുനരധിവസിപ്പിക്കുന്നതിന് നല്‍കിയ ഭൂമി വാസയോഗ്യമല്ലെന്ന് കണ്ടെത്തുന്നതിന് ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തിയതു തന്നെ തങ്ങളുടെ ഗൂഢനീക്കത്തിന് പൊതുപിന്തുണ ലഭ്യമാക്കുന്നതിനാണെന്നും ആക്ഷേപമുണ്ട്. ഹാരിസണ്‍ കമ്പനിയുമായി ഉണ്ടാക്കുന്ന ഒത്തുതീര്‍പ്പിനെതിരെ പ്രതിഷേധമുയരുമ്പോള്‍ കഴിഞ്ഞ സര്‍ക്കാര്‍ നല്‍കിയ ഭൂമി സമരക്കാര്‍ക്ക് സ്വീകാര്യമല്ലെന്നും സര്‍ക്കാരിന്റെ കയ്യില്‍ ഭൂമിയില്ലാത്ത സാഹചര്യത്തില്‍ ഇതല്ലാതെ മറ്റുമാര്‍ഗ്ഗമില്ലെന്നും വരുത്തിത്തീര്‍ക്കാനുമാണ് ഇത്തരത്തില്‍ ഒരു പരിശോധനയ്ക്ക്് സര്‍ക്കാര്‍ തുനിഞ്ഞിരിക്കുന്നത്.

2007 ഓഗസ്റ്റ് നാലിനാണ് ളാഹ ഗോപാലന്‍ നേതൃത്വം നല്‍കുന്ന സാധുജനവിമോചന സമിതി ചെങ്ങറ എസ്റ്റേറ്റ് കയ്യേറി കുടില്‍കെട്ടി സമരമാരംഭിച്ചത്. എല്‍ ഡി എഫ് സര്‍ക്കാര്‍ പല തവണ ശ്രമിച്ചുവെങ്കിലും സമരക്കാര്‍ ഒത്തുതീര്‍പ്പിനു സന്നദ്ധമായില്ല. 5 ഏക്കര്‍ കൃഷിഭൂമിയും വീടുവെക്കാന്‍ സാമ്പത്തിക സഹായവും ഉള്‍പ്പെടെയുള്ള ആവശ്യവുമായാണ് സമരം തുടങ്ങിയത്. സമരക്കാരെ ഇറക്കി വിടണമെന്ന് കോടതിയുടെ കര്‍ശനനിര്‍ദ്ദേശമുണ്ടായിട്ടുപോലും ബലംപ്രയോഗിച്ച് ഇറക്കി വിടുന്നതിനോട് സര്‍ക്കാറിന് യോജിപ്പില്ലാതിരുന്നതിനാല്‍ വിട്ടുവീഴ്ചാ മനോഭാവം സ്വീകരിക്കുകയാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ ചെയ്തത്. അതേസമയം ഒത്തുതീര്‍പ്പ് സാധ്യത ഉണ്ടാകുമ്പോഴെല്ലാം ഏതെങ്കിലും വിധത്തില്‍ പിന്‍മാറുന്ന നിലപാടാണ് സമരനേതാക്കള്‍ സ്വീകരിച്ചത്. ഈ നിലപാട് തന്നെ സംശയത്തിന് വഴിവെച്ചിരുന്നു. സമരത്തിനു പിന്നില്‍ നിക്ഷിപ്ത താല്‍പര്യങ്ങളുണ്ടെന്ന് അന്നു തന്നെ ആരോപണവുമുയര്‍ന്നിരുന്നു. ആ സംശയത്തെ ബലപ്പെടുത്തുന്ന രീതിയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ നീങ്ങുന്നത്. അഞ്ച് ഏക്കര്‍ ഭൂമിയും വീടുവെക്കാന്‍ സാമ്പത്തിക സഹായവുമെന്ന ആവശ്യത്തിനു പകരം പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പെട്ടവര്‍ക്ക് ഒരേക്കര്‍, പട്ടികജാതി വിഭാഗക്കാര്‍ക്ക് അര ഏക്കര്‍, മറ്റുള്ളവര്‍ക്ക് 25 സെന്റ് വീതം ഭൂമിയും വീടുവെക്കാനുള്ള സാമ്പത്തികസഹായവും നല്‍കുന്നതിനാണ് എല്‍ ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് തീരുമാനിച്ചത്. പ്രതിപക്ഷ നേതാവായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു ഈ  തീരുമാനം. ഈ തീരുമാനം അംഗീകരിക്കാതിരുന്നവരാണ് ഇപ്പോള്‍ ഹാരിസണ്‍ എസ്‌റ്റേറ്റില്‍ 25 സെന്റ് വീതം നല്‍കാമെന്ന യു ഡി എഫ് സര്‍ക്കാറിന്റെ പാക്കേജ് അംഗീകരിച്ചിരിക്കുന്നത് എന്നതാണ് സംശയം ബലപ്പെടുത്തുന്നത്.

സമരഭൂമിയില്‍ ഉണ്ടായിരുന്നവരില്‍ നിന്ന് ശേഖരിച്ച വിശദാംശങ്ങളുടെ അടിസ്ഥാനത്തിലാണ് 2209 ല്‍ 1495 കുടുംബങ്ങളെ എല്‍ ഡി എഫ് സര്‍ക്കാര്‍ ഭൂമിക്ക് അര്‍ഹരായി കണ്ടെത്തിയത്. ചെങ്ങറ സമരഭൂമിയില്‍ നടത്തിയ സര്‍വ്വേയുടെയും തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ വില്ലേജുകളില്‍ നിന്ന് ലഭ്യമാക്കിയ റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തിലാണ് ഭൂമി ലഭിക്കാന്‍ അര്‍ഹരായവരുടെ പട്ടിക തയ്യാറാക്കിയത്. ഇതില്‍ 38 പട്ടിക വര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ഒരേക്കര്‍ വീതവും 1227 പട്ടികജാതി കുടുംബങ്ങള്‍ക്ക് അര ഏക്കര്‍ വീതവും മറ്റു വിഭാഗത്തില്‍ പെട്ട 230 പേര്‍ക്ക് 25 സെന്റ് വീതവും ഭൂമിയും വീടും നല്‍കുന്നതിനാണ് തീരുമാനമായത്. അതനുസരിച്ച് സംസ്ഥാനത്ത് 9 ജില്ലകളിലായി സര്‍ക്കാര്‍ഭൂമി കണ്ടെത്തുകയും നറുക്കെടുപ്പിലൂടെ ഭൂമി അനുവദിക്കുകയും ചെയ്തു. ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഭൂമി അനുവദിച്ച കാസര്‍കോട് ജില്ലയില്‍ ഭൂമി കൃഷിയോഗ്യമാക്കുന്നതിനും വീടു വെക്കുന്നതുള്‍പെടെയുള്ള സൗകര്യങ്ങള്‍ അനുവദിച്ച് കമ്മ്യൂണിറ്റി വില്ലേജ് സ്ഥാപിക്കുന്നതിനുമായി 11 കോടി രൂപയും അനുവദിച്ചിരുന്നു. ഇടുക്കി ജില്ലയിലും ഇതുപോലെ ഒരു പദ്ധതി ആവിഷ്‌കരിക്കുകയുണ്ടായി. സമരഭൂമിയിലുണ്ടായിരുന്ന പലരും ഭൂമിയുടെ പട്ടയം വാങ്ങിയെങ്കിലും ഭൂമി ഏറ്റെടുക്കാന്‍ എത്തിയില്ല. 139 പേര്‍ മാത്രമാണ് സ്ഥലം നേരിട്ട് ഏറ്റെടുത്തത്. ആദ്യഘട്ടത്തില്‍ ഭൂമി ഏറ്റെടുക്കാന്‍ സന്നദ്ധരായവര്‍ പോലും ബാഹ്യ ശക്തികളുടെയും ഭൂമാഫിയയുടെയും സമ്മര്‍ദത്തെ തുടര്‍ന്ന് പിന്‍വാങ്ങുകയായിരുന്നു.

കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് 2005 ലാണ് ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍സ് ലിമിറ്റഡ് കമ്പനി അനധികൃതമായി പാട്ടഭൂമി മറിച്ചു വില്‍ക്കുന്നതായും മിച്ചഭൂമി കൈവശം വെക്കുന്നതായുമുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. ഇതേത്തുടര്‍ന്ന് 2005 ഡിസമ്പര്‍ 16 ന് അന്വേഷണത്തിന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. രണ്ടു മാസത്തിനകം റിപ്പോര്‍ട്ടു നല്‍കണമെന്ന് നിര്‍ദേശിച്ചിരുന്നുവെങ്കിലും എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി മാസങ്ങള്‍ കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തില്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ പുതിയതായി അന്വേഷണത്തിന് ചുമതലപ്പെടുത്തുകയും 2007 ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുമായിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹാരിസണ്‍  കമ്പനിക്കെതിരായി എല്‍ ഡി എഫ് സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചത്.

അബ്ദുള്‍ഗഫൂര്‍ janayugom 121011

Thursday, September 8, 2011

ചെങ്ങറ പാക്കേജ് വിദഗ്ധ സമിതിയുടെ സന്ദര്‍ശനം പ്രഹസനമായി

കാഞ്ഞങ്ങാട്: ചെങ്ങറ നിവാസികളുടെ അടിസ്ഥാന സൗകര്യവികസനം പരിശോധിക്കാനെത്തിയവര്‍ കാഴ്ചകണ്ട് മടങ്ങി. ചെങ്ങറ പാക്കേജുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണുന്നതിനായി മുഖ്യമന്ത്രി അധ്യക്ഷനായി രൂപീകരിച്ച വിദഗ്ധ സമിതിയിലെ അംഗങ്ങളായ പരിസ്ഥിതി പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠന്‍ , കെ രജികുമാര്‍ , സമരസമിതി ജനറല്‍ കണ്‍വീനര്‍ അയ്യപ്പന്‍ , കെ ബേബി ചെരുപ്പട്ടക്കടവ് എന്നിവരാണ് ജില്ലയിലെത്തി പരിഹാസ്യരായി മടങ്ങിയത്.

ജില്ലയില്‍ പെരിയ പ്ലാന്റേഷനില്‍ താമസിക്കുന്ന 48 കുടുംബങ്ങളുടെ പ്രശ്നങ്ങള്‍ പഠിക്കാനെത്തിയ സംഘം സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ 18 കുടുംബങ്ങള്‍ തങ്ങള്‍ക്ക് ഈ സ്ഥലം മതിയെന്ന് സമിതിയെ അറിയിച്ചു. കമ്മിറ്റി അംഗങ്ങള്‍ പ്രശ്നങ്ങള്‍ പഠിക്കാനെത്തുന്ന വിവരം നേരത്തെ തന്നെ കലക്ടര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥ വൃന്ദത്തെ അറിയിച്ചിരുന്നെങ്കിലും ഡപ്യൂട്ടി തഹസില്‍ദാര്‍ നാരായണന്‍ , ഹൊസ്ദുര്‍ഗ് അഡീഷണല്‍ തഹസില്‍ദാര്‍ രാഘവന്‍ , വില്ലേജ് അസിസ്റ്റന്റ് അശോകന്‍ എന്നിവര്‍ മാത്രമാണ് സമിതിക്ക് മുന്നില്‍ കാര്യങ്ങള്‍ അറിയിച്ചത്. ജില്ലയില്‍ 165 പേര്‍ക്കായി കരിവേടകത്തും ചീമേനിയിലും പെരിയയിലും കള്ളാറിലുമാണ് കൃഷിഭൂമി നല്‍കുകയെന്ന് പറയുന്ന സമിതി അംഗങ്ങള്‍ ബുധനാഴ്ച സന്ദര്‍ശിച്ചത് പെരിയയിലും ചീമേനിയിലും മാത്രമാണ്.

deshabhimani 080911

Sunday, June 19, 2011

ചെങ്ങറക്കാര്‍ക്ക്‌ ലഭിച്ച പട്ടയഭൂമിയിലെ റവന്യുമന്ത്രിയുടെ സന്ദര്‍ശനം പ്രഹസനം

പത്തനംതിട്ട: ചെങ്ങറ ഭൂസമരപരിഹാര പാക്കേജിനെ തുടര്‍ന്ന്‌ പട്ടയം കൈപ്പറ്റി വിവിധ ജില്ലകളില്‍ താമസത്തിനെത്തിയവരുടെ ദുരിതം നേരില്‍ മനസ്സിലാക്കാനെത്തിയ റവന്യുമന്ത്രിയുടെ സന്ദര്‍ശനം വെറും പ്രഹസനം മാത്രമാണെന്ന്‌ ചെങ്ങറ പുനരധിവാസ സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.

കഴിഞ്ഞ 14നാണ്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രത്യേക നിര്‍ദേശപ്രകാരം ഇടുക്കിയിലെ കീഴാന്തൂര്‍ വില്ലേജില്‍ പെരടിപള്ളത്ത്‌ സ്ഥിരമായി താമസിക്കുന്ന കുടുംബങ്ങളെ റവന്യുമന്ത്രി സന്ദര്‍ശിച്ച്‌ 50 കി അരിയും പുതപ്പും തലയണയും കുടിവെള്ളം സംഭരിച്ച്‌ വെക്കാനുള്ള ടാങ്കറും നല്‍കിയത്‌.

എന്നാല്‍ ചെങ്ങറയില്‍ നിന്നും 650 പട്ടയം അനുവദിച്ച ഇടുക്കി കീഴാന്തൂര്‍ വില്ലേജിലെ പട്ടയഭൂമി മാറ്റി നല്‍കുന്നതിനും തര്‍ക്കരഹിതമായ 350 ഏക്കര്‍ ഭൂമി കണ്ടെത്തുന്നതിമുള്ള യാതൊരു നടപടിയും മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായില്ല.

ചിന്നക്കനാലും ഹാരിസണ്‍ മലയാളത്തിന്റെ കൈവശമുള്ളതും പാട്ടകാലാവധി കഴിഞ്ഞതുമായ കാളിയാര്‍ എസ്റ്റേറ്റിലെ മിച്ചഭൂമി ഉള്‍പ്പെടെയുള്ള തോട്ടം ഭൂമി ഏറ്റെടുത്ത്‌ ചെങ്ങറക്കാര്‍ക്ക്‌ നല്‍കാനുള്ള നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകുന്നില്ല. അട്ടപ്പാടിയില്‍ ആനത്താര ഉള്‍പ്പെട്ട സ്ഥലം ചെങ്ങറക്കാര്‍ക്ക്‌ നല്‍കിയത്‌ സന്ദര്‍ശിക്കുമെന്ന്‌ ഉഖപ്പ്‌ നല്‍കിയെങ്കിലും തീയതി ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല.

ചെങ്ങറ സമരം ഒത്തുതീര്‍പ്പാക്കുന്നതിന്‌ 2009 ഒക്‌ടോബര്‍ 5ന്‌ എല്‍ ഡി എഫ്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒത്ത്‌ തീര്‍പ്പ്‌ വ്യവസ്ഥയെ തുടര്‍ന്ന്‌ 1495 കുടുംബങ്ങള്‍ക്ക്‌ പട്ടയം നല്‍കാനുള്ള തീരുമാനത്തില്‍ നിന്നുകൊണ്ട്‌ പ്രശ്‌നത്തിന്‌ പരിഹാരമുണ്ടാകണമെന്നാണ്‌ ചെങ്ങറ പുനരധിവാസ സമിതിയുടെ നിലപാട്‌.

എന്നാല്‍ ചെങ്ങറ ഭൂസമര പാക്കേജ്‌ നിലവില്‍ വന്നതിന്‌ ശേഷം ചെങ്ങറ സമരഭൂമിയില്‍ പ്രവേശിപ്പിച്ചവര്‍ക്ക്‌ കൂടിയും പട്ടയം നല്‍കി ചെങ്ങറ സമരം പരിഹരിക്കണമെന്ന ഒരു സമരനേതാവിന്റെ കാര്‍ക്കശ്യം പരിഹാര നപടി സങ്കീര്‍ണ്ണമാക്കുകയാണ്‌.

ഈ നേതാവ്‌ ഇപ്പോഴും ചെങ്ങറയില്‍ തന്നെ ഭൂമി ലഭിക്കുമെന്ന്‌ വാഗ്‌ദാനം ചെയ്‌ത്‌ വന്‍ തുക ഈടാക്കി ആളുകളെ പ്രവേശിപ്പിച്ചുകൊണ്ടിരിക്കുകയുമാണ്‌. 2008ന്റെ തുടക്കത്തില്‍ മലയാലപ്പുഴ വില്ലേജധികൃതര്‍ ചെങ്ങറ സമരഭൂമിയില്‍ ദിവസങ്ങള്‍ ചിലവഴിച്ച്‌ നടത്തിയ സര്‍വ്വെയെ തുടര്‍ന്ന്‌ 2772 കുടുംബങ്ങള്‍ പട്ടയലിസ്റ്റില്‍ ഉള്‍പ്പെടാന്‍ അര്‍ഹതയുണ്ടെന്ന്‌ കണ്ടെത്തിയിരുന്നു.

ഇപ്പോള്‍ പട്ടയം ലഭിച്ചവരുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ അവര്‍ക്ക്‌ അരിയും പുതപ്പും തലയണയും നല്‍കി കബളിപ്പിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ചെങ്ങറ പുനരധിവാസ സമിതി ചെയര്‍മാന്‍ ശ്രീരാമന്‍ കൊയ്യോന്‍, രാഘവന്‍ തോന്ന്യാമല, സുരേഷ്‌ അഞ്ചല്‍, പി ജെ ജോസഫ്‌, കെ പി രാജപ്പന്‍ എന്നിവര്‍ പങ്കെടുത്തു.

ജനയുഗം 190611

Thursday, June 9, 2011

വാര്‍ത്തകള്‍ ചുരുക്കത്തില്‍ - ചെങ്ങറ, മെട്രോ, ട്രോളിങ്ങ്..

ചെങ്ങറ പാക്കേജ് ഉടന്‍ നടപ്പാക്കും മുഖ്യമന്ത്രി

ചെങ്ങറ പാക്കേജ് നടപ്പാക്കുന്നതിന്റെ ഭാഗമായി റവന്യൂമന്ത്രിയും കൃഷിമന്ത്രിയും ഇടുക്കിയും കാസര്‍കോടും സന്ദര്‍ശിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇവിടെ നേരിട്ടെത്തി താമസക്കാരുടെ പ്രശ്നങ്ങള്‍ മനസിലാക്കിയാണ് പദ്ധതി നടപ്പാക്കുക. കൊച്ചി മെട്രോ നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടപ്പാക്കും. 184 കോടിയുടെ പ്രവൃത്തിയാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുക. സ്ഥലം ഏറ്റെടുക്കുന്നതിനായി കൊച്ചി കോര്‍പറേഷന് 48 കോടിരൂപ അനുവദിക്കും. ഇതിനാവശ്യമായ കാര്യങ്ങള്‍ ചെയ്യുന്നതിന് കലക്ടറെ ചുമതലപ്പെടുത്തി. കൊച്ചി കുടിവെള്ളപദ്ധതിയുടെ നടത്തിപ്പിന് സ്ഥലമേറ്റെടുക്കുന്നതിന് 11 കോടിയും അനുവദിക്കും. 2012 ല്‍ ആദ്യഘട്ടം പൂര്‍ത്തിയായില്ലെങ്കില്‍ ഈ പദ്ധതി നഷ്ടപ്പെടും. കോഴിക്കോട് ബംഗ്ലാദേശ് കോളനിയില്‍ വീട് നിര്‍മ്മാണത്തിനായി കലക്ടറുടെ ശുപാര്‍ശ പരിഗണിച്ച് പുതിയ പദ്ധതി നടപ്പാക്കും. കടലാക്രമണം തടയുന്നതിനുള്ള താല്‍ക്കാലിക സംവിധാനത്തിനായി 2 കോടി നല്‍കും. കടല്‍കയറി സ്ഥിരമായി ദുരന്തമുണ്ടാവുന്ന സ്ഥലങ്ങളില്‍ പുലിമുട്ട് നിര്‍മ്മിക്കും. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍ക്ക് എന്‍ഒസി നല്‍കും. എട്ട് ജില്ലകളില്‍ പ്ലസ് വണിന് സീറ്റുകള്‍ വര്‍ധിപ്പിച്ചു. ഇടിമിന്നലേറ്റും പാമ്പുകടിയേറ്റും മരിക്കുന്നവര്‍ക്ക് 1 ലക്ഷം രൂപ വീതം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കൊച്ചി മെട്രോ: സ്ഥലമെടുക്കാന്‍ അടിയന്തരനടപടി

കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ സ്ഥലം ഏറ്റെടുക്കുന്നത് ത്വരിതപ്പെടുത്താന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഏല്‍പ്പിച്ച 154 കോടി രൂപയുടെ പ്രവൃത്തി ഉടന്‍ തുടങ്ങും. കൊച്ചിന്‍ ഷിപ്പ് യാര്‍ഡിനുസമീപം റെയില്‍വേ ഓവര്‍ബ്രിഡ്ജ് പണിയുന്നതിനായി സ്ഥലം ഏറ്റെടുക്കാന്‍ കൊച്ചി കോര്‍പറേഷന് 48 കോടി അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കാനാണ് മുന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ ആവശ്യപ്പെട്ട സഹായം ഉടന്‍ നല്‍കും. 154 കോടിയുടെ പ്രവൃത്തികള്‍ ആരംഭിക്കാനാവശ്യമായ സ്ഥലം ഉടനെ ഏറ്റെടുക്കും. പ്രവൃത്തികളുടെ നിര്‍വഹണത്തിന് വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കും. കൊച്ചിന്‍ ഷിപ്പ് യാര്‍ഡിനുസമീപത്ത് ഓവര്‍ബ്രിഡ്ജ് പണിയാന്‍ കൊച്ചി കോര്‍പറേഷന്‍ തീരുമാനമെടുത്തിരുന്നെങ്കിലും സ്ഥലം ഏറ്റെടുക്കാന്‍ കഴിഞ്ഞില്ല. 48 കോടിയാണ് സ്ഥലമെടുക്കാന്‍ വേണ്ടത്. ഇതുഅനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു. സ്ഥലമെടുപ്പാണ് മെട്രോപദ്ധതിക്ക് പ്രധാന തടസ്സമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നോര്‍ത്ത് ഓവര്‍ബ്രിഡ്ജ് പുനരുദ്ധാരണത്തിന് എട്ടു സെന്റ് സ്ഥലമേ വേണ്ടു. അതും തടസ്സമായി നില്‍ക്കുകയാണ്. കൊച്ചി കുടിവെള്ളപദ്ധതിക്ക് ഭൂമി ഏറ്റെടുക്കാന്‍ 11 കോടി അനുവദിച്ചു.

ട്രോളിങ് നിരോധനം 15 മുതല്‍

ഈമാസം 15 മുതല്‍ ജൂലൈ 31 വരെ സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഏര്‍പ്പെടുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നിരോധനസമയത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യറേഷന്‍ നല്‍കും. മത്സ്യത്തൊഴിലാളികള്‍ക്കായുള്ള മഴക്കാല സമാശ്വാസപദ്ധതിയില്‍ സഹായം നല്‍കുന്നതിന് 10 കോടി അനുവദിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. എപിഎല്‍ , ബിപിഎല്‍ വ്യത്യാസമില്ലാതെ ഈ സഹായം നല്‍കും.

കുട്ടനാട് പാക്കേജ്: 1000 കോടി ബജറ്റില്‍ വകയിരുത്തും

കുട്ടനാട് പാക്കേജ് നടപ്പാക്കുന്നതിനു മുന്നോടിയായി ബജറ്റില്‍ ആയിരം കോടി രൂപ വകകൊള്ളിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതലയോഗം തീരുമാനിച്ചു. വേമ്പനാട്ട് കായല്‍ മലിനീകരണം തടയാന്‍ ഫലപ്രദ നടപടികള്‍ സ്വീകരിക്കുന്നതിന് പഠനം നടത്താനും തീരുമാനമായി. കുട്ടനാട് പാക്കേജില്‍ സംസ്ഥാനഗവര്‍മെന്റ് തുക വകകൊള്ളിക്കുകയും ചെലവിടുകയും ചെയ്തശേഷം കേന്ദ്ര ഫണ്ട് ലഭ്യമാക്കും. ഇതിന്റെ ഭാഗമായാണ് വെള്ളപ്പൊക്ക നിവാരണത്തിനായി 1000 കോടി അടുത്ത ബജറ്റില്‍ വകയിരുത്തുന്നത്. പദ്ധതി തുകയില്‍ 75 ശതമാനം തുക കേന്ദ്രം തരുമ്പോള്‍ 25 ശതമാനം സംസ്ഥാനമാണ് മുടക്കുക. പാക്കേജില്‍ 523 കോടിയുടെ പദ്ധതികള്‍ക്ക് ഇതിനകം അനുമതി ലഭിച്ചതായി ജലവിഭവ മന്ത്രി പി ജെ ജോസഫും കൃഷിമന്ത്രി കെ പി മോഹനനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

3500 കോടിയുടെ പദ്ധതിയാണ് മൂന്നു വര്‍ഷത്തില്‍ നടപ്പാക്കുക. പദ്ധതി പ്രവര്‍ത്തനം സുഗമമാക്കാന്‍ ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തില്‍ സംവിധാനമുണ്ടാക്കും. കുട്ടനാട്ടിലെ എസി കനാല്‍ പുനുരുദ്ധരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വിദഗ്ധസമതിയെ നിയോഗിച്ചു. ഒരു മാസത്തിനകം റിപ്പോര്‍ട്ട് ലഭിക്കും. കുട്ടനാടിനായി വാങ്ങിയ കൊയ്ത്ത് യന്ത്രങ്ങള്‍ അവിടത്തെ സാഹചര്യങ്ങള്‍ക്ക് യോജിച്ചതല്ലാത്തതിനാല്‍ അവ പാലക്കാടിന് നല്‍കും. കുട്ടനാടിന് ഈ വര്‍ഷം തന്നെ 150 യന്ത്രങ്ങള്‍ വാങ്ങി നല്‍കും.

തണ്ണീര്‍മുക്കം ബണ്ടിന്റെയും തോട്ടപ്പള്ളി സ്പില്‍വേയുടെ പുനരുദ്ധാരണം സംബന്ധിച്ച് ഐഐടി ചെന്നൈയുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. കേരള കാര്‍ഷിക സര്‍വകലാശാലയുടെ മങ്കൊമ്പ് ഗവേഷണ കേന്ദ്രം വികസിപ്പിച്ച "പ്രത്യാശ" നെല്‍വിത്ത് കുട്ടനാട്ടില്‍ വ്യാപകമാക്കാനും തീരുമാനിച്ചു. ഉപ്പുരസത്തെ ചെറുക്കുന്നതും കൂടുതല്‍ വിളവു നല്‍കുന്നതുമാണ് വിത്ത്. വേമ്പനാട്ട് കായല്‍ മലിനീകരണം തടയുന്നതിന്റെ ഭാഗമായി പമ്പ, അച്ചന്‍കോവില്‍ , മണിമല, മീനച്ചില്‍ , മുവാറ്റുപുഴ ആറുകള്‍ സംരക്ഷിക്കണം. വേമ്പനാട്ട് കായല്‍ റാംസര്‍ സൈറ്റായി പ്രഖ്യപിച്ചിട്ടുള്ളതിനാല്‍ കേന്ദ്രഫണ്ട് ലഭ്യമാകുമെന്നും മന്ത്രിമാര്‍ പറഞ്ഞു.

മിന്നലേറ്റോ പാമ്പുകടിയേറ്റോ മരിച്ചാല്‍ ഒരുലക്ഷം

മിന്നലേറ്റോ പാമ്പുകടിയേറ്റോ മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപ വീതം സഹായധനം അനുവദിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. പ്രകൃതിക്ഷോഭ ദുരിതാശ്വാസപദ്ധതിപ്രകാരമാണ് സഹായധനം നല്‍കുക. മിന്നലേറ്റ് മരിക്കുന്നത് കേന്ദ്രമാനദണ്ഡപ്രകാരം പ്രകൃതിക്ഷോഭ ദുരന്തത്തിന്റെ പരിധിയില്‍ വരില്ല. വീട് പൂര്‍ണമായി നശിക്കുന്നവര്‍ക്ക് കേന്ദ്രമാനദണ്ഡമനുസരിച്ച് 35,000 രൂപയേ ലഭിക്കു. ഇത് ഒരുലക്ഷമായി വര്‍ധിപ്പിച്ചു. ഭാഗികമായി വീട് നശിച്ചവര്‍ക്കുള്ള സഹായം 20,000ത്തില്‍ നിന്ന് 35,000 ആയി ഉയര്‍ത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കടലാക്രമണം തടയാന്‍ ജലസേചനവകുപ്പ് അടിയന്തരനടപടിയെടുക്കും. താല്‍ക്കാലിക നടപടിക്ക് രണ്ടു കോടി രൂപ അനുവദിച്ചു. രൂക്ഷമായ കടലാക്രമണം അനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ സ്ഥിരം പുലിമുട്ട് നിര്‍മിക്കുന്നത് ആലോചിക്കും. തീരദേശ അതോറിറ്റിയുടെ അനുമതിക്ക് വിധേയമായി കടല്‍ഭിത്തി പണിയും.

പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള വായ്പ മൂന്ന് ലക്ഷമാക്കി

പിന്നാക്ക കോര്‍പ്പറേഷന്‍ വഴി പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള നല്‍കുന്ന വായ്പ മൂന്ന് ലക്ഷമായി ഉയര്‍ത്തുമെന്ന് മന്ത്രി എ പി അനില്‍കുമാര്‍ പറഞ്ഞു. നിലവില്‍ ഇത് രണ്ട് ലക്ഷമാണ്. പട്ടിക ജാതി വിദ്യാര്‍ഥികള്‍ക്കായി 55,000 സൈക്കിളുകള്‍ സൗജന്യമായി നല്‍കുമെന്നും മന്ത്രി അറിയിച്ചു. എസ്്എസ്എല്‍സി പരീക്ഷയില്‍ ഉന്നതവിജയം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് സൗജന്യ എന്‍ട്രന്‍സ് പരിശീലനം നല്‍കും. വിനോദസഞ്ചാര മേഖലയില്‍ നാല് പദ്ധതികള്‍ നൂറു ദിവസത്തിനുള്ളില്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. വര്‍ക്കല, പാലക്കാട്, ആലപ്പുഴ, കോട്ടയം ജില്ലകളിലെ പദ്ധതികളാണ് നടപ്പാക്കുക.

ദേശാഭിമാനി 090611

Thursday, December 30, 2010

ചെങ്ങറ സമരക്കാരുടെ പുനരധിവാസത്തിന് സഹകരണ സംഘം

കാഞ്ഞങ്ങാട്: പെരിയയിലെ ചെങ്ങറ സമരക്കാരുടെ പുനരധിവാസത്തിന് 25 ലക്ഷം രൂപാ മുലധനമുള്ള സഹകരണ സംഘം രൂപികരിച്ചു. കെ ആര്‍ നാരായണന്‍ കോ ഓപ്പറ്റേറ്റീവ് വില്ലേജ് ഇന്‍ ഹാബിറ്റന്‍സ് വെല്‍ഫെയര്‍ കോ ഓപ് സെസൈറ്റി എന്ന പേരിലാണ് സംഘം പ്രവര്‍ത്തിക്കുക. പെരിയയില്‍ ഭൂമി ലഭിച്ച 360 കുടുംബങ്ങള്‍ക്ക് സമഗ്ര പുനരധിവാസത്തിന് 11.37 കോടി രൂപയുടെ പദ്ധതിക്ക് നേരത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. പദ്ധതിയുടെ നടത്തിപ്പ് ചുമതല ഇനിമുതല്‍ സംഘത്തിനായിരിക്കും. 360 കുടുംബങ്ങള്‍ക്കും തുല്ല്യപങ്കാളിത്തം ഉറപ്പാക്കിയാണ് സംഘം പ്രവര്‍ത്തിക്കുക. പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കാന്‍ 13 അംഗ പ്രമോട്ടര്‍ സംഘത്തെ ചുമതലപെടുത്തും. ചീഫ് പ്രമോട്ടറായി ഗുണഭോക്താവും പത്തനംത്തിട്ട പെരുനാട് സ്വദേശിനി ലീല ശശിയെ തെരഞ്ഞെടുത്തു. തങ്കപ്പന എരുമേലി, റജി വര്‍ഗീസ് കോന്നി, രാമചന്ദ്രന്‍ പത്താനാപുരം, ലീലാമ്മ, ഗോപാലന്‍ ചിറ്റാര്‍, ടി കെ ശ്യാമള, നീലകണ്ഠന്‍ കോന്നി എന്നിവരാണ് മറ്റ് പ്രമോട്ടര്‍മാര്‍. അവശേഷിക്കുന്ന ആറു പ്രമോട്ടര്‍മാര്‍ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്ദ്യോഗസ്ഥാരായിരിക്കും.

260 പട്ടികജാതി കുടുംബങ്ങള്‍ക്ക് 50 സെന്റ് വീതവും 100 പിന്നോക്ക വിഭാഗം കുടുംബങ്ങള്‍ക്ക് 25 സെന്റ് വീതവും പൊതു സൌകര്യങ്ങള്‍ക്കായി 45 ഏക്കറുള്‍പ്പെടെയുള്ള 200 ഏക്കര്‍ ഭൂമിയിലാണ് പുനരധിവാസ പ്രവൃത്തികള്‍ നടത്തുക. പദ്ധതിയുടെ മാസ്റ്റര്‍ പ്ളാന്‍ തിരുവനന്തപുരത്തെ കോസ്റ്റ്ഫോര്‍ഡാണ് തയ്യാറാക്കുന്നത്. ആറുമുതല്‍ എട്ട് വീടുകള്‍ ഉള്‍പെട്ട ഫ്ളാറ്റ് വ്യവസ്ഥയില്‍ 60 വീടുകളുടെ ക്ളസ്റ്ററുകളായാണ് 360 വീടുകള്‍ നിര്‍മിക്കുക. വീടൊന്നിന് ഒന്നരലക്ഷം നിരക്കില്‍ 5.40 കോടി രൂപാ ഭവനനിര്‍മാണത്തിനായി ചെലവിടും ഒരോ വീടിനും 500 ചതുരശ്ര അടി വിസ്തൃതി ഉണ്ടാവും. പാറക്കെട്ടുകര്‍ നിറഞ്ഞ ഭൂമിയില്‍ നിന്ന് കല്ലുകള്‍ വെട്ടിയെടുത്ത് മണ്ണിടാന്‍ 1.54 കോടി രൂപ അനുവദിച്ചു. കല്ലുവെട്ടി യന്ത്രങ്ങള്‍ വാങ്ങി ചെങ്കല്‍ഖനനം സെസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തും. സഹകരണ സംഘം രൂപീകരണയോഗത്തില്‍ ജില്ലാ ജോയന്റ് രജിസ്ട്രാര്‍ സി എം രാഘവന്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍മാരായ മാധവന്‍നായര്‍, ശ്രീധരന്‍ എന്നിവര്‍ സംഘം പ്രവര്‍ത്തനങ്ങള്‍ വീശദീകരിച്ചു. അഡിഷണല്‍ തഹസില്‍ദാര്‍ പി കെ ശോഭ, ഡെപ്യൂട്ടി തഹസില്‍ദാര്‍ ഗോപാലന്‍, പട്ടികജാതി വികസന ഓഫീസര്‍ സുകുമാരന്‍, സഹകരണവകുപ്പ് ഇന്‍സ്പെക്ടര്‍ രാജഗോപാലന്‍, പഞ്ചായത്തംഗങ്ങളായ ലീല, ശോഭ എന്നിവര്‍ സംസാരിച്ചു.

ദേശാഭിമാനി കാസര്‍കോട് ജില്ല

Wednesday, August 4, 2010

ചെങ്ങറയിലെ കള്ളപ്രചരണം പൊളിഞ്ഞു

ചെങ്ങറയിലെ പട്ടയവിതരണം കള്ളപ്രചാരണങ്ങള്‍ പൊളിഞ്ഞു; സര്‍ക്കാര്‍ വാക്ക് പാലിച്ചു

ചെങ്ങറയില്‍ കൈയേറ്റം നടത്തിയവരില്‍ അര്‍ഹരായ ഭൂരഹിതര്‍ക്ക് ഭൂമി ലഭിക്കരുതെന്ന് ആഗ്രഹിച്ചത് മറ്റാരുമല്ല. കൈയ്യേറ്റത്തിന് നേതൃത്വം നല്‍കിയവര്‍ സാധുജനവിമോചന വേദിയും അവര്‍ക്ക് ഒത്താശ ചെയ്തുവന്ന കടലാസ്സ് സംഘങ്ങളുമാണ്. ഒരിക്കലും കൈയേറ്റം അവസാനിക്കരുതെന്നാണ് ഇവരുടെ മനസ്സിലിരിപ്പ്. അത് പൊളിഞ്ഞു. ചൊവ്വാഴ്ച എല്‍ഡിഎഫ് സര്‍ക്കാരിന്റെ വാഗ്ദാനം മുഖ്യമന്ത്രി നേരിട്ട് പത്തനംതിട്ടയില്‍ വന്ന് നടപ്പാക്കി. പട്ടയം വാങ്ങരുതെന്ന ളാഹഗോപാലന്റെ ആഹ്വാനം കൈയേറ്റക്കാര്‍ തന്നെ തള്ളിക്കളഞ്ഞു. ഇനിയും തങ്ങളെ വഞ്ചിക്കാന്‍ കിട്ടില്ലെന്ന നിശ്ചയദാര്‍ഢ്യത്തോടെയാണ് അവര്‍ കുടുംബസമേതം സര്‍ക്കാര്‍ സൌജന്യമായി നല്‍കുന്ന പട്ടയം വാങ്ങാന്‍ അതിയായ സന്തോഷത്തോടെ എത്തിയത്.

യുഡിഎഫിന്റെ കാലത്ത് തുടങ്ങിയ സമരം ഒത്തുതീര്‍ക്കാന്‍ ഒരു നടപടിയും യുഡിഎഫ് സര്‍ക്കാര്‍ ചെയ്തില്ല. എല്ലാം വാഗ്ദാനത്തില്‍ മാത്രം ഒതുക്കുകയായിരുന്നു അവര്‍. എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ സര്‍ക്കാരിനെതിരെ ആയുധമാക്കാമെന്ന ഉദ്ദേശ്യത്തോടെ രാജ്യത്തിനകത്തും പുറത്തുമുള്ള ചില ശക്തികളുടെകൂടി സഹായത്തോടെയാണ് ചെങ്ങറയില്‍ കൈയേറ്റം തുടങ്ങിയത്. ഇത്തരം ശക്തികളുടെ സാമ്പത്തിക സഹായവും ഇവര്‍ക്ക് ലഭ്യമായിരുന്നു. സിപിഐ എമ്മിനെതിരെ പാവപ്പെട്ടവരെ അണിനിരത്തുകയെന്നതായിരുന്നു ഇവരുടെ അജണ്ട. കൈയേറ്റത്തിന്റെ ആദ്യ നാളുകളില്‍ കുറച്ചുപേരെ തെറ്റിദ്ധരിപ്പിക്കാന്‍ സാധിച്ചെങ്കിലും അധികം വൈകാതെ സത്യാവസ്ഥ ആളുകള്‍ തിരിച്ചറിഞ്ഞു.

ഭൂമി പ്രശ്നത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടും അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധത്തില്‍ സര്‍ക്കാരും സിപിഐ എമ്മും വ്യക്തമാക്കിയിരുന്നു. സിപിഐ എമ്മിനെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ചില മാധ്യമങ്ങളും അന്ന് കൈയേറ്റത്തെ പ്രോത്സാഹിപ്പിച്ച് രാജ്യാന്തരതലത്തില്‍ വരെ എത്തിച്ചു. പ്രശ്നം ഒത്തുതീര്‍ക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമത്തെയെല്ലാം പരാജയപ്പെടുത്താന്‍ ശ്രമിച്ചതും യുഡിഎഫിന്റെ ആശീര്‍വാദത്തോടെയായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വിജയിക്കുക തന്നെ ചെയ്തു. അര്‍ഹരായവര്‍ക്കെല്ലാം ഭൂമി നല്‍കുമെന്ന എല്‍ഡിഎഫ് പ്രഖ്യാപനം നടപ്പാക്കാന്‍ സര്‍ക്കാരിന് സാധിച്ചു. എന്നാല്‍ പണം വാങ്ങി തങ്ങള്‍ നടത്തുന്ന ഭൂമി കച്ചവടം അവസാനിക്കുമെന്ന നില വന്നപ്പോള്‍ കൈയേറ്റത്തിന് നേതൃത്വം നല്‍കുന്നവര്‍ വീണ്ടും സര്‍ക്കാരിനെയും പാവപ്പെട്ടവരെയും ഭീഷണിപ്പെടുത്താനും അവഹേളിക്കാനും പുറപ്പെട്ടിരിക്കുകയാണ്. എന്നാല്‍ ആ ശ്രമവും വിജയിക്കില്ലെന്ന് ചൊവ്വാഴ്ച പത്തനംതിട്ടയില്‍ സെന്റ്സ്റ്റീഫന്‍സ് ഹാളില്‍ തിങ്ങിക്കൂടിയ പുരുഷാരം വിളിച്ചു പറഞ്ഞു. തങ്ങള്‍ക്ക് ഒരിക്കല്‍ തെറ്റ് പറ്റി. ഇനിയും വഞ്ചിക്കാമെന്ന് 'വിമോചന'ക്കാര്‍ കരുതേണ്ടതില്ലെന്ന് അവര്‍ വിളിച്ചു പറഞ്ഞു.

ചെങ്ങറയില്‍ 1152 പേര്‍ക്ക് പട്ടയം നല്‍കി

സംസ്ഥാനത്ത് ഭൂമിയില്ലാത്ത എല്ലാവര്‍ക്കും ഭൂമി നല്‍കുന്നതിന്റെ ഭാഗമായി ചെങ്ങറയില്‍ തോട്ടം കൈയേറിയവരില്‍ അര്‍ഹരായ 1152 പേര്‍ക്ക് ചൊവ്വാഴ്ച പട്ടയം വിതരണം ചെയ്തു. 831ഏക്കര്‍ഭൂമിയാണ് വിതരണം ചെയ്തത്. പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ഒന്നേകാല്‍ ലക്ഷം രൂപയും പട്ടികജാതി കുടുംബങ്ങള്‍ക്ക് ഒരുലക്ഷം രൂപയും മറ്റുള്ളവര്‍ക്ക് മുക്കാല്‍ ലക്ഷം രൂപയും വീടുവയ്ക്കാന്‍ നല്‍കും. പത്തനംതിട്ട സെന്റ് സ്റ്റീഫന്‍സ് ഹാളില്‍ പട്ടയവിതരണത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി വി എസ് അ്യുതാനന്ദന്‍ നിര്‍വഹിച്ചു. പട്ടയവിതരണ ചടങ്ങ് ബഹിഷ്ക്കരിക്കാന്‍ സാധുജന വിമോചന വേദി ആഹ്വാനം ചെയ്തിട്ടും അതെല്ലാം അവഗണിച്ച് സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ ആവേശപൂര്‍വം ചടങ്ങിനെത്തി. ളാഹ ഗോപാലനെതിരെ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചത് ഹര്‍ഷാരവത്തോടെയാണ് പട്ടയം വാങ്ങാനെത്തിയവര്‍ സ്വീകരിച്ചത്. യോഗത്തില്‍ റവന്യൂ മന്ത്രി കെ പി രാജേന്ദ്രന്‍ അധ്യക്ഷനായി. 1495 പേരില്‍ 1152 പേര്‍ക്കാണ് ചൊവ്വാഴ്ച പട്ടയം നല്‍കിയത്. തിരുവനന്തപുരം ജില്ലയില്‍ ഭൂമിനല്‍കേണ്ടിയിരുന്ന 225 പേരുടെ പട്ടയം ചില സാങ്കേതിക പ്രശ്നങ്ങളാല്‍ തയ്യാറാക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ മാസം തന്നെ അതും വിതരണം ചെയ്യും.

നന്ദി... ഒരായിരം നന്ദി

പത്തനംതിട്ട: ഒരു തുണ്ടു ഭൂമിയും കിടപ്പാടവുമില്ലാത്ത ആയിലരത്തിലധികം പാവങ്ങള്‍ ഭൂമിയുടെ അവകാശികളായതിന്റെ സുന്ദരനിമിഷത്തിനാണ് ചൊവ്വാഴ്ച പത്തനംതിട്ട നഗരം സാക്ഷിയായത്. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനില്‍നിന്നും ഭൂമി സ്വന്തമാകുന്നതിന്റെ രേഖകകള്‍ ഏറ്റുവാങ്ങിയവര്‍ അത് നെഞ്ചോട് ചേര്‍ത്ത് ഇടതു സര്‍ക്കാരിനെ നന്ദിയോടെ സ്മരിച്ചു. തങ്ങളെ ഭൂമിയുടെ പേര് പറഞ്ഞ് നാളിതുവരെയും കബളിപ്പിച്ച സാധുജന വിമോചന മുന്നണി നേതാവ് ളാഹ ഗോപാലനോടുള്ള ഒടുങ്ങാത്ത രോഷവും അണപൊട്ടി. ഗോപാലന്റെ വൃത്തികെട്ട ചെയ്തികളോട് ചെറുത്ത് നില്‍ക്കുന്നവര്‍ക്ക് എസ്റ്റേറ്റില്‍ നേരിടേണ്ടിവന്ന കൊടിയ മര്‍ദ്ദനങ്ങളിലും പീഡനത്തില്‍നിന്നും രക്ഷപ്പെട്ടതിന്റെ ആശ്വാസവും അവര്‍ പങ്കുവെച്ചു.

ദേശാഭിമാനി 04082010

മറ്റൊരു വാര്‍ത്ത

ചെങ്ങറ ഭൂമി വിതരണം: എല്‍ഡിഎഫിന്റെ പ്രതിബദ്ധതയുടെ തെളിവ്

ഭൂരഹിതരോടും പാവപ്പെട്ടവരോടുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രതിബദ്ധതയുടെ തെളിവായി ചെങ്ങറ മാറുന്നു. ഭൂരഹിതരായ സംസ്ഥാനത്തെ മുഴുവന്‍ പേര്‍ക്കും സ്വന്തമായി ഭൂമി നല്‍കുകയെന്ന എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തിന് ചെങ്ങറയിലെ ഭൂരഹിതര്‍ക്ക് പട്ടയം നല്‍കുന്നതിലൂടെ എല്‍ഡിഎഫ് വാഗ്ദാനത്തിന് തിളക്കമേറുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 831 ഏക്കര്‍ഭൂമിയാണ് ചൊവ്വാഴ്ച പത്തനംതിട്ടയില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വിതരണം ചെയ്യുക.

സിപിഐ എമ്മിനെതിരെയും സംസ്ഥാന സര്‍ക്കാരിനെതിരെയും യുദ്ധപ്രഖ്യാപനവുമായി ചില വിദേശ ഫണ്ടിങ് ഏജന്‍സികളുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള സഹായത്തോടെയായിരുന്നു ചെങ്ങറയില്‍ കൈയേറ്റം തുടങ്ങിയത്. നക്സല്‍ പ്രസ്ഥാനങ്ങള്‍ക്കടക്കം ഛിദ്രശക്തികള്‍ക്ക്വളക്കൂറുള്ള മണ്ണാക്കി ചെങ്ങറയെ മാറ്റാനായിരുന്നു പദ്ധതി. ഭൂമിയുടെ പേരിലുള്ള സമരം ഇതിനുള്ള മറമാത്രമായിരുന്നു. സമരത്തിന്റെ ആദ്യഘട്ടത്തില്‍ ഒരുവിഭാഗം മാധ്യമങ്ങളും ഒരളവോളം സമരത്തെ പ്രോത്സാഹിപ്പിച്ചു. തോട്ടം കൈയേറിയവരില്‍ ഭൂരിഭാഗം പേര്‍ക്കും സ്വന്തമായി ഭൂമിയും വീടും ഉള്ളവരായിരുന്നു വെന്ന് തെളിവ് സഹിതം ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചില കടലാസ്സ് സംഘനടകള്‍ക്ക് വേരോട്ടം ഉണ്ടാക്കാന്‍ നടത്തിയ നാടകമായിരുന്നു ചെങ്ങറയിലെ കൈയേറ്റം. ഭൂമി വാഗ്ദാനം ചെയ്ത് പാവപ്പെട്ടവരില്‍നിന്നും വന്‍ തുകയാണ് ഈ സംഘങ്ങള്‍ കൈക്കലാക്കിയത്. ഇപ്പോഴും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ഭൂമി വാഗ്ദാനം നല്‍കി ഇവര്‍ പിരിവ് നടത്തുന്നു.

എല്‍ഡിഎഫിനെതിരെ കൈയേറ്റത്തെ ആയുധമാക്കാന്‍ യുഡിഎഫും സമരത്തിന് എല്ലാ പ്രോത്സാഹനവും നല്‍കി. കൈയേറ്റക്കാരില്‍ ഒരുവിഭാഗം യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സമരം നടത്തിയപ്പോള്‍ വാഗ്ദാനം നല്‍കി വഞ്ചിച്ചവരാണ് ഇപ്പോള്‍ കൈയേറ്റത്തെ പ്രോത്സാഹിപ്പിച്ചത്. കൈയേറ്റത്തിന്റെ തുടക്കം മുതല്‍തന്നെ ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അതത് വില്ലേജ് ഓഫീസുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടു. അത് വകവെക്കാതെ കൈയേറ്റവുമായി മുന്നോട്ട് നീങ്ങിയവരുടെ ലക്ഷ്യം സര്‍ക്കാരിനെതിരെ പാവപ്പെട്ടവരെ തിരിച്ചുവിടുകയെന്നതായിരുന്നു. അതില്‍ അവര്‍ പരാജയപ്പെട്ടുവെന്നതാണ് കൈയേറ്റത്തിലൂടെ അവര്‍ക്ക് തിരിച്ചടിയായത്. കൈയേറ്റക്കാരുടെ നേതൃത്വം അവകാശപ്പെടുന്നവരുമായി സര്‍ക്കാര്‍ നിരവധി തവണ ചര്‍ച്ച നടത്തി. ഓരോ തവണയും ആവശ്യങ്ങളും ഇവര്‍ മാറ്റി. ഒടുവില്‍ സര്‍ക്കാര്‍ നിര്‍ദേശത്തെ എതിര്‍ത്ത നേതൃത്വത്തിനെതിരെ കൈയേറ്റക്കാരില്‍ ഭൂരിഭാഗം ആളുകളും തിരിഞ്ഞതോടെ സര്‍ക്കാര്‍ നല്‍കുന്ന ഭൂമി വാസയോഗ്യമല്ലെന്ന പ്രചാരണമായി. അതും പൊളിഞ്ഞപ്പോള്‍ തങ്ങളുടെ വരുമാനമാര്‍ഗം നിലയ്ക്കാതിരിക്കാന്‍ കൂടുതല്‍ ആളുകളെ പണം വാങ്ങി ഭൂമി വാഗ്ദാനം ചെയ്ത് കൈയേറ്റം നടത്താനാണ് വീണ്ടും ശ്രമിക്കുന്നത്.

ദേശാഭിമാനി 03082010

Wednesday, October 7, 2009

ചെങ്ങറ സമരം: രണ്ട് നയം

രണ്ടുവര്‍ഷത്തിലേറെയായി നടന്ന ചെങ്ങറ സമരം ഒത്തുതീര്‍പ്പിലെത്തിക്കുന്നതില്‍ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ സ്വീകരിച്ച നയസമീപനം രാജ്യത്തിനാകെ മാതൃകയാണ്. യുഡിഎഫ് ഭരണത്തിലാണ് മുത്തങ്ങ സമരം നടന്നത്. ആ സമരത്തെ അന്നത്തെ സര്‍ക്കാര്‍ എങ്ങനെയാണ് നേരിട്ടതെന്ന് കേരളം കണ്ടതാണ്. പൊലീസിനെ ഉപയോഗിച്ച് ആദിവാസിയെ വെടിവച്ചുകൊല്ലുകയും മര്‍ദിച്ചൊതുക്കുകയുംചെയ്ത സംഭവം കൈരളിചാനല്‍ സന്ദര്‍ഭോചിതമായി വീണ്ടും പ്രദര്‍ശിപ്പിച്ചപ്പോള്‍ ആദിവാസികളുടെയും അവശജനവിഭാഗത്തിന്റെയും സമരത്തോട് എടുക്കുന്ന രണ്ട് സമീപനവും രീതിയും നയവും കാണാനും പഠിക്കാനും പ്രേക്ഷകര്‍ക്ക് ഒരിക്കല്‍ക്കൂടി അവസരം ലഭിച്ചു. ആദിവാസികള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാനവര്‍ഗത്തോടുള്ള ഇടതുപക്ഷത്തിന്റെ പ്രതിബദ്ധതയും യുഡിഎഫിന്റെ ശത്രുതാമനോഭാവവും മറനീക്കി കാണിക്കാനാണ് ചെങ്ങറസമരത്തിന്റെ പര്യവസാനം അവസരം നല്‍കിയത്.

ചെങ്ങറയില്‍ സമരം ആളിക്കത്തിക്കാന്‍ ഇടതുതീവ്രവാദികളും വലതുപക്ഷ പിന്തിരിപ്പന്‍ ശക്തികളും അതിവിപ്ളവവായാടികളും അരാജക രാഷ്ട്രീയത്തിന്റെ വക്താക്കളും ഉള്‍പ്പെടെ സകല പിന്തിരിപ്പന്‍ വിഭാഗങ്ങളും കൈകോര്‍ക്കുന്ന കാഴ്ചയാണ് കേരളം ദര്‍ശിച്ചത്. ദേശീയതലത്തില്‍ മാത്രമല്ല സാര്‍വദേശീയതലത്തില്‍ത്തന്നെ മാധ്യമങ്ങളെ ഉപയോഗിച്ച് കള്ളപ്രചാരവേല കെട്ടഴിച്ചുവിട്ടു. ഇടതുപക്ഷത്തോട് കൂറുപുലര്‍ത്തുകയും അനുഭാവം പ്രകടിപ്പിക്കുകയും ചെയ്യുന്ന വിവിധവിഭാഗങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമം നടന്നു. ചെങ്ങറയില്‍ നന്ദിഗ്രാം ആവര്‍ത്തിക്കുമെന്ന ഭീഷണിയുണ്ടായി. എന്നാല്‍, ഇടതുപക്ഷജനാധിപത്യമുന്നണി സര്‍ക്കാര്‍ അതീവജാഗ്രതയോടും ദീര്‍ഘവീക്ഷണത്തോടെയുമാണ് ചെങ്ങറ സമരത്തെ സമീപിച്ചത്.

ഹാരിസണ്‍ മലയാളം പ്ളാന്റേഷന്‍ എസ്റേറ്റില്‍നിന്ന് കൈയേറ്റക്കാരെ ഒഴിപ്പിക്കണമെന്ന് കോടതിവിധിയുണ്ടായിരുന്നു. കോടതിവിധി അനുസരിച്ച് ഒഴിപ്പിക്കാന്‍ പൊലീസെത്തിയപ്പോള്‍ ആത്മഹത്യാഭീഷണിയും നേരിടാനുള്ള ഒരുക്കവുമെല്ലാം ഉണ്ടായി. സ്വകാര്യഎസ്റ്റേറ്റിലെ റബര്‍ അനധികൃതമായി വെട്ടിയെടുത്ത് വില്‍പ്പന നടത്തുന്നതായി ആക്ഷേപമുയര്‍ന്നു. സമരം ഒത്തുതീര്‍പ്പിലെത്തിക്കാതിരിക്കാനുള്ള അട്ടിമറിശ്രമവും ഒരു വിഭാഗം നടത്തി. മുത്തങ്ങ ആവര്‍ത്തിക്കാന്‍ അനുവദിക്കുകയില്ല എന്ന ദൃഢനിശ്ചയത്തോടെയാണ് സര്‍ക്കാര്‍ പ്രശ്നം കൈകാര്യംചെയ്തത്. സമരക്കാരുമായി പലതവണ കൂടിയാലോചന നടത്തി. ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി നല്‍കുമെന്ന് തുറന്ന് പ്രഖ്യാപിച്ചു. ഒത്തുതീര്‍പ്പ് നിര്‍ദേശം സ്വീകരിക്കുന്നതില്‍ സമരക്കാര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടായി. ഒടുവില്‍ എല്ലാവരെയും ഒന്നിച്ചിരുത്തി സമരം ഒത്തുതീര്‍പ്പിലെത്തിക്കാന്‍ സാധിച്ചതില്‍ സന്തോഷിക്കാനും അഭിമാനിക്കാനും വകയുണ്ട്.

മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പിലെത്തിയത്. മന്ത്രിമാരായ എ കെ ബാലന്‍, കെ പി രാജേന്ദ്രന്‍, ബിനോയ് വിശ്വം, പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി എന്നിവരുടെ സാന്നിധ്യവും നിര്‍ദേശങ്ങളും ഒത്തുതീര്‍പ്പിന് സഹായകമായി. ചെങ്ങറയിലെ 1432 കുടുംബത്തിന് ഭൂമിയും വീടും 306 കുടുംബത്തിന് വീടും സര്‍ക്കാര്‍ നല്‍കുമെന്നും മൂന്നുമാസത്തിനുള്ളില്‍ ഭൂമിവിതരണം പൂര്‍ത്തിയാവുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഒത്തുതീര്‍പ്പിനെത്തുടര്‍ന്ന് സമരം പിന്‍വലിക്കാനും തീരുമാനമായി. അടിസ്ഥാന വര്‍ഗത്തോടുള്ള എല്‍ഡിഎഫിന്റെ പ്രതിബദ്ധതയാണ് ഈ നടപടികളില്‍ തെളിഞ്ഞുനില്‍ക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ സമരത്തെ നേരിട്ട മാര്‍ഗം ബഹുജനശ്രദ്ധ ആകര്‍ഷിക്കേണ്ടതാണ്.

മുത്തങ്ങയില്‍ സി കെ ജാനുവിന്റെ നേതൃത്വത്തിലാണ് ഇതേപോലെ കൈയേറ്റം നടന്നത്. അത് സര്‍ക്കാര്‍ഭൂമിയാണ്. വന്യജീവി സംരക്ഷണകേന്ദ്രവുമാണ്. ആ സമരത്തെ യുഡിഎഫ് സര്‍ക്കാര്‍ എങ്ങനെയാണ് നേരിട്ടതെന്ന് കേരളീയര്‍ക്ക് മറക്കാന്‍ കഴിയുന്നതല്ല. കേരള ചരിത്രത്തില്‍ ആദ്യമായി അന്ന് ഒരു ആദിവാസിയെ വെടിവച്ചുകൊന്നു. മറ്റുള്ളവരെ മൃഗീയമായി മര്‍ദിച്ചു. എന്നാല്‍, ചെങ്ങറയില്‍ സമരം നടത്തിയവരെ പൊലീസിനെ ഉപയോഗിച്ച് ഒരിക്കല്‍പോലും നേരിട്ടില്ല. ചെങ്ങറയില്‍ സമരം നടത്തിയവര്‍ക്കുമാത്രമല്ല കേരളത്തിലെ മുഴുവന്‍ ആദിവാസികള്‍ക്കും ഭൂമിയും വീടും നല്‍കുമെന്നാണ് മന്ത്രി എ കെ ബാലന്‍ ആദിവാസി ഊരുകള്‍ സന്ദര്‍ശിച്ചതിനുശേഷം പ്രഖ്യാപിച്ചത്.
ആദിവാസിക്ഷേമസമിതി ഭൂമിക്കുവേണ്ടി സമാധാനപരമായി സമരം നടത്തിയ സംഘടനയാണ്. കണ്ണൂര്‍ ജില്ലയില്‍ ഈ സര്‍ക്കാര്‍ ആദിവാസികള്‍ക്ക് ഭൂമി നല്‍കിയിട്ടുണ്ട്. സമരഭീഷണിമൂലമല്ല ഇത്. നിലവില്‍ ഭൂവിതരണത്തിനുള്ള പ്രശ്നം ആവശ്യമായ തോതില്‍ മിച്ചഭൂമി ലഭ്യമല്ല എന്നുള്ളതാണ്. ആദിവാസികള്‍ക്കും പാവങ്ങളില്‍ പാവങ്ങളായ അടിസ്ഥാന വിഭാഗങ്ങള്‍ക്കാകെയും അവകാശപ്പെട്ട ഭൂമി അനധികൃതമായി കൈവശംവച്ച് അനുഭവിക്കുന്ന പലരും നാട്ടിലുണ്ട്. അത്തരക്കാരില്‍നിന്ന് ദാക്ഷിണ്യമില്ലാതെ ഭൂമി പിടിച്ചെടുത്ത് വിതരണംചെയ്യുന്നത് അടിയന്തര കടമയായി ഏറ്റെടുക്കേണ്ടതുണ്ട്. എല്ലാ വൈതരണികളും തട്ടിമാറ്റി അടിസ്ഥാന വര്‍ഗത്തിന് ഭൂമി വിതരണംചെയ്യാനുള്ള കടമ ധീരമായി ഏറ്റെടുത്ത സംസ്ഥാന സര്‍ക്കാരിനെയും അതിന് സഹായകമായ നിലപാടെടുത്ത എല്ലാവരെയും ഞങ്ങള്‍ സഹര്‍ഷം അഭിനന്ദിക്കുന്നു. സര്‍ക്കാരിന്റെ ഈ സമീപനം ജനങ്ങള്‍ സര്‍വാത്മനാ സ്വാഗതം ചെയ്യുമെന്നു വിശ്വസിക്കുന്നു.


അവശവിഭാഗങ്ങള്‍ക്ക് സഹായം

അവശതയനുഭവിക്കുന്ന ജനവിഭാഗങ്ങളോട് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിനുള്ള അനുഭാവവും പ്രതിബദ്ധതയും തെളിയിക്കുന്ന മറ്റൊരനുഭവമാണ് ക്ഷേമനിധിയില്‍നിന്ന് വിരമിക്കുന്ന കര്‍ഷകത്തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കാന്‍ 114 കോടി രൂപ അനുവദിച്ച തീരുമാനം. 1,83,692 കര്‍ഷകത്തൊഴിലാളികള്‍ക്ക് 5000 രൂപമുതല്‍ 25,000 രൂപവരെയാണ് ഇങ്ങനെ ലഭിക്കാന്‍ പോകുന്നത്. കുടിശ്ശിക തീര്‍ത്തുകൊടുക്കാന്‍ ക്ഷേമനിധി ബോര്‍ഡിനു കഴിയാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടപെട്ട് പ്രശ്നം പരിഹരിച്ചത്. യുഡിഎഫ് ഭരിച്ച കാലത്ത് കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ 120 രൂപയായിരുന്നു. 27 മാസത്തെ പെന്‍ഷന്‍തുക കുടിശ്ശികയാക്കിയാണ് ആ സര്‍ക്കാര്‍ ഇറങ്ങിപ്പോയത്. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷം കര്‍ഷകത്തൊഴിലാളി പെന്‍ഷനു മാത്രമായി 400 കോടി രൂപ നല്‍കി. പ്രതിമാസ പെന്‍ഷന്‍ 250 രൂപയാക്കി. കുടിശ്ശിക തീര്‍ത്തു. ക്ഷേമനിധിയില്‍ കര്‍ഷകത്തൊഴിലാളികള്‍ അടയ്ക്കുന്ന അംശാദായത്തിനു തുല്യമായ തുക സര്‍ക്കാര്‍ നല്‍കുന്നതിന് നിയമഭേദഗതി കൊണ്ടുവരുമെന്ന പ്രഖ്യാപനവുമുണ്ടായിരിക്കുന്നു. പിന്നിട്ട വര്‍ഷങ്ങളില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമ പദ്ധതികളുടെയും സാധാരണ ജനങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താനായി എടുത്ത തീരുമാനങ്ങളുടെയും തുടര്‍ച്ചതന്നെയാണ് കര്‍ഷകത്തൊഴിലാളി ക്ഷേമനിധി കുടിശ്ശിക തീര്‍ക്കാന്‍ പണം വകയിരുത്തിയ നടപടി. വാര്‍ധക്യത്തിന്റെ അവശതയും രോഗപീഡയുമനുഭവിക്കുന്നവര്‍ക്ക് വലിയ ആശ്വാസമാണ് ഇതിലൂടെ ലഭിക്കുക. ആഗോളവല്‍ക്കരണ നയങ്ങളിലൂടെ ജനങ്ങളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും ഒന്നൊന്നായി കവര്‍ന്നെടുക്കുന്ന യുപിഎ ഗവമെന്റിനുകീഴില്‍ അസാമാന്യമായ ഇച്ഛാശക്തിയും ജനങ്ങളോട് പ്രതിബദ്ധതയുമുണ്ടെങ്കിലേ ഇത്തരം നടപടികള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സാധ്യമാകൂ.

ദേശാഭിമാനി മുഖപ്രസംഗം 07 ഒക്ടോബര്‍ 2009

Tuesday, October 6, 2009

അന്ന് വെടിയുണ്ട; ഇന്ന് ഭൂമിയും വീടും

1432 കുടുംബത്തിന് ഭൂമിയും വീടും

ചെങ്ങറയില്‍ രണ്ടു വര്‍ഷത്തിലേറെയായി നടക്കുന്ന സമരം ഒത്തുതീര്‍ന്നു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് സമരം പിന്‍വലിച്ചത്. ചെങ്ങറയിലെ 1,432 കുടുംബത്തിന് ഭൂമിയും വീടും 306 കുടുംബത്തിന് വീടും സര്‍ക്കാര്‍ നല്‍കും. മൂന്നുമാസത്തിനുള്ളില്‍ ഭൂമിവിതരണം പൂര്‍ത്തിയാക്കും. വിവിധ ജില്ലകളിലായി ഭൂമി വിതരണംചെയ്യുന്ന മുറയ്ക്ക് സമരക്കാര്‍ കൈയേറ്റ ഭൂമിയില്‍നിന്ന് പിന്‍വാങ്ങും. ഹാരിസണ്‍ മലയാളം പ്ളാന്റേഷന്‍ എസ്റ്റേറ്റ് മൂന്നുമാസത്തിനുള്ളില്‍ അളന്ന് തിട്ടപ്പെടുത്തി സര്‍ക്കാര്‍ഭൂമിയുണ്ടെങ്കില്‍ പിടിച്ചെടുക്കും. ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ചക്കൊടുവില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനാണ് വാര്‍ത്താസമ്മേളനത്തില്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ അറിയിച്ചത്.

ചെങ്ങറയില്‍ ആകെയുള്ള 1738 കുടുംബത്തെ രണ്ടു വിഭാഗമായി തിരിച്ചാണ് ഒത്തുതീര്‍പ്പ്. ഭൂമിയില്ലാത്തവരും അഞ്ചുസെന്റില്‍ താഴെയുള്ളവരുമാണ് ആദ്യ വിഭാഗത്തില്‍. ഒരു സെന്റ്പോലുമില്ലാത്ത 907 കുടുംബമുണ്ട്. ഇതില്‍ 832 പട്ടികജാതി കുടുംബമാണ്. 27 കുടുംബം ആദിവാസികള്‍ അടക്കമുള്ള പട്ടികവര്‍ഗ വിഭാഗമാണ്. മറ്റ് വിഭാഗങ്ങളില്‍ 48 കുടുംബം. പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ഒരേക്കര്‍ ഭൂമിയും ഒന്നേകാല്‍ ലക്ഷം രൂപയുടെ വീടും നല്‍കും. പട്ടികജാതി കുടുംബങ്ങള്‍ക്ക് അര ഏക്കര്‍ ഭൂമിയും ഒരു ലക്ഷം രൂപയുടെ വീടുമാണ് നല്‍കുക.മറ്റുള്ളവര്‍ക്ക് 25 സെന്റും 75,000 രൂപയുടെ വീടും ലഭിക്കും. ഭൂമിക്കും മറ്റുമുള്ള അപേക്ഷ പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഭൂമി കിട്ടുന്നവര്‍ക്ക് അവിടെയോ നിലവിലുള്ളിടത്തോ വീടുണ്ടാക്കാം. അഞ്ച് സെന്റില്‍ താഴെയുള്ള 525 കുടുംബമുണ്ട്. ആറ് സെന്റിന് മുകളിലുള്ളവരെ രണ്ടാമത്തെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി വീട്വച്ചു നല്‍കും. ഭൂമിയില്ലാത്തവര്‍ ഏറ്റവും കൂടുതല്‍ പത്തനംതിട്ടയില്‍നിന്നാണ്-358. എന്നാല്‍, സര്‍ക്കാരിന് ഏറ്റവും കുറച്ച് ഭൂമിയുള്ളതും പത്തനംതിട്ടയിലാണ്. അതിനാല്‍ ഇവിടത്തുകാര്‍ മറ്റ് ജില്ലകളിലെ ഭൂമി സ്വീകരിക്കേണ്ടിവരും. സമരക്കാര്‍ ഉള്‍പ്പെട്ട കേസുകള്‍ അനുഭാവപൂര്‍വം പരിഗണിക്കും. സമരകാലത്ത് മരിച്ച 13 പേര്‍ക്ക് സാമ്പത്തികസഹായം നല്‍കുന്ന കാര്യം പരിഗണിക്കും.

മന്ത്രിമാരായ എ കെ ബാലന്‍, കെ പി രാജേന്ദ്രന്‍, ബിനോയ് വിശ്വം, പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി, ചീഫ് സെക്രട്ടറി നീലാ ഗംഗാധരന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സമരക്കാരെ പ്രതിനിധാനംചെയ്ത്് സാധുജന വിമോചന സംയുക്തവേദി നേതാവ് ളാഹ ഗോപാലനടക്കം ആറുപേരുണ്ടായിരുന്നു. 2007 ആഗസ്ത് നാലിനാണ് ഹാരിസ മലയാളം പ്ളാന്റേഷന്‍ എസ്റേറ്റ് ഭൂമി കൈയേറി കുടില്‍ കെട്ടി സമരക്കാര്‍ താമസം തുടങ്ങിയത്. ഇവരില്‍ പലര്‍ക്കും സ്വന്തമായി ഭൂമിയും വീടുമുണ്ടെന്ന് സര്‍ക്കാര്‍ അന്വേഷണത്തില്‍ വ്യക്തമായി. കോടതിവിധി ഉണ്ടായിട്ടും സമരക്കാരെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഓരോവട്ടം ചര്‍ച്ചയിലും പുതിയ ആവശ്യങ്ങളുന്നയിച്ച് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയാണ് സമരം നീട്ടിക്കൊണ്ടുപോയത്. എന്നാല്‍ പട്ടികവര്‍ഗക്കാരും പട്ടികജാതിക്കാരുമുള്ള സമരമായതിനാല്‍ സര്‍ക്കാര്‍ അങ്ങേയറ്റം സംയമനത്തോടെയും അനുഭാവത്തോടെയുമാണ് സമരത്തെ കണ്ടത്.

അന്ന് വെടിയുണ്ട; ഇന്ന് ഭൂമിയും വീടും

ചെങ്ങറയില്‍ ഭൂമി കൈയേറി നടത്തിയ സമരം ഒരുതുള്ളി ചോരപൊടിയാതെ അവസാനിക്കുമ്പോള്‍ കേരളത്തിന്റെ ഓര്‍മ മുത്തങ്ങയിലേക്ക് നീളുകയാണ്. വെടിയുണ്ട തുളച്ചുകയറിയ ശരീരവുമായി പിടഞ്ഞുവീണ ആദിവാസിയുടെ ചോരപടര്‍ന്ന് കാട് പങ്കിലമായ നാള്‍. കേരളചരിത്രത്തിലാദ്യമായി ഒരു ആദിവാസി പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത് അന്നാണ്. ഭരണകൂട ക്രൂരതയുടെ സമാനതയില്ലാത്ത അധ്യായമായിരുന്നു മുത്തങ്ങയിലെ നരവേട്ട. അന്ന് ഭൂമി ചോദിച്ചവര്‍ക്കുനേരെ ഭരണകൂടം നിറയൊഴിച്ചെങ്കില്‍ ഇന്ന് ഭൂമിക്കൊപ്പം വീടും നല്‍കുന്നു. ചെങ്ങറയിലെ സമരം 790 രാപ്പകലുകള്‍ക്കൊടുവില്‍ ചോരകിനിയാതെ അവസാനിക്കുമ്പോള്‍ സര്‍ക്കാരിന്റെ പ്രതിബദ്ധത തന്നെയാണ് വിജയിക്കുന്നത്.

മുത്തങ്ങയില്‍ പൊലീസ് നടത്തിയ നരനായാട്ടിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ കേരളത്തിന്റെ മനസ്സില്‍നിന്ന് ഇനിയും മാഞ്ഞിട്ടില്ല. 2003 ഫെബ്രുവരി 19നാണ് വയനാട്ടിലെ മുത്തങ്ങ വനം യുദ്ധക്കളമായത്. ഭൂമി നല്‍കാമെന്ന വാഗ്ദാനം യുഡിഎഫ് സര്‍ക്കാര്‍ ലംഘിച്ചപ്പോള്‍ ആയിരത്തിരുനൂറോളം ആദിവാസി കുടുംബങ്ങള്‍ നിക്ഷിപ്ത വനഭൂമിയില്‍ കുടില്‍ കെട്ടി താമസം തുടങ്ങി. ഇവരെ ബലംപ്രയോഗിച്ച് ഇറക്കിവിടാനുള്ള സര്‍ക്കാര്‍ തീരുമാനം ക്രൂരമായ മനുഷ്യവേട്ടയായി. എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ ആദിവാസികള്‍ക്കുനേരെ തോക്കും ലാത്തിയും ഉപയോഗിച്ചു. ഒരു പൊലീസുകാരനും ബലിയാടായി. എന്നാല്‍, ചെങ്ങറയില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാടുകള്‍ ആദിവാസികളടക്കമുള്ള പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് തുണയായി.

2007 ആഗസ്ത് നാലിനാണ് ചെങ്ങറയിലെ ഹാരിസണ്‍ മലയാളം പ്ളാന്റേഷന്‍ എസ്റ്റേറ്റ് കൈയേറി സമരക്കാര്‍ താമസം തുടങ്ങിയത്. ഇവരില്‍ ഭൂമിയോ വീടോ ഇല്ലാത്തവരും രണ്ടും ഉള്ളവരും ഉണ്ടായിരുന്നു. എന്നാല്‍, സമരക്കാരുമായി സര്‍ക്കാര്‍ സമാധാന ചര്‍ച്ചകളാണ് നടത്തിയത്. കൈയേറ്റക്കാരാണെങ്കിലും വൈദ്യസഹായവും ഭക്ഷണവും വിദ്യാഭ്യാസവും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായി. അതിനിടെ കേസില്‍ ഇടപെട്ട ഹൈക്കോടതി മാര്‍ച്ച് ഏഴിനകം കൈയേറ്റക്കാരെ ഒഴിപ്പിക്കണമെന്ന് ഉത്തരവിട്ടു. എന്നാല്‍, ബലപ്രയോഗത്തിന് സര്‍ക്കാര്‍ തയ്യാറായില്ല. ഇതേതുടര്‍ന്ന് ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി തുടങ്ങി. സമരം ഏതുവിധേനയും തീര്‍ക്കാനായി മൂന്നുതവണ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് സന്നദ്ധമായി. ഭൂമി നല്‍കാമെന്നതടക്കമുള്ള നിര്‍ദേശം വച്ചു. ദളിത് സംഘടനകളെല്ലാം സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ അംഗീകരിച്ചു. എന്നാല്‍, ളാഹ ഗോപാലന്റെ നേതൃത്വത്തിലുള്ള സാധുജന വിമോചന സംയുക്തവേദി ആവശ്യങ്ങള്‍ മാറ്റിപ്പറഞ്ഞ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി. സമരക്കാര്‍ക്കിടയില്‍ത്തന്നെ ഭിന്നിപ്പുണ്ടായി. പരസ്പരം ഏറ്റുമുട്ടുന്ന സ്ഥിതിവരെയുണ്ടായി.

സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുംമുമ്പ് എല്ലാ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും ഭൂമിയും വീടും നല്‍കുമെന്ന് മന്ത്രി എ കെ ബാലന്‍ വ്യക്തമാക്കിയിരുന്നു. ഇതിനായി 1,600 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് രൂപം നല്‍കിയത്. 1.13 ലക്ഷം വീടുകള്‍ നല്‍കി. 2,000 ഏക്കറിന് പട്ടയവും കൈവശാവകാശ രേഖയും കൈമാറി. ആദിവാസി കോളനികളിലെ 14,048 പേര്‍ക്ക് കൈവശാവകാശ രേഖ നല്‍കി. 2,442.93 ഹെക്ടര്‍ 7441 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് കൈമാറി. സര്‍ക്കാരിന്റെ പക്കല്‍ ഭൂമി ഇല്ലാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഏകദേശം 1,182 ഏക്കര്‍ മിച്ചഭൂമിയാണ് ഇപ്പോള്‍ സര്‍ക്കാരിനുള്ളത്. പട്ടികജാതിക്കാര്‍ക്ക് 61,000 വീടുകളും പട്ടികവര്‍ഗത്തിന് 32,000 വീടുകളും ഉടന്‍ നിര്‍മിച്ചുനല്‍കാനും പദ്ധതിയുണ്ട്.

(ആര്‍ രഞ്ജിത്)

അന്തസ്സായി ജീവിക്കാന്‍ അവസരം: മുഖ്യമന്ത്രി

ചെങ്ങറയിലെ സമരം അഭിമാനബോധത്തോടെ ഒത്തുതീര്‍പ്പിലെത്തിക്കാനായെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭൂമിയില്ലാത്തവര്‍ക്ക് അന്തസ്സായി ജീവിക്കാനുള്ള അവസരമാണ് സര്‍ക്കാര്‍ ഒരുക്കുന്നത്. പട്ടികജാതിക്കാര്‍ക്കും ഒരേക്കര്‍ ഭൂമി കിട്ടണമെന്നായിരുന്നു ആവശ്യം. എല്ലാ പാവങ്ങള്‍ക്കും ഭൂമി കൊടുക്കണമെന്നാണ് സര്‍ക്കാരിന്റെയും ആഗ്രഹം. എന്നാല്‍, അങ്ങനെ കൊടുക്കാന്‍ കേരളത്തില്‍ സര്‍ക്കാര്‍ ഭൂമിയില്ല. ഉള്ള ഭൂമി എല്ലാവര്‍ക്കും വിതരണംചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ സ്വീകരിച്ചത് സമാധാന മാര്‍ഗം: ബാലന്‍

ചെങ്ങറയില്‍ സമരക്കാര്‍ ഭൂമി കൈയേറിയിട്ടും സര്‍ക്കാര്‍ സമാധാനമാര്‍ഗമാണ് സര്‍ക്കാര്‍ സ്വകീരിച്ചതെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. മാര്‍ച്ച് ഏഴിനകം കൈയേറ്റക്കാരെ ഒഴിപ്പിക്കാനായിരുന്നു ഹൈക്കോടതി ഉത്തരവ്. എന്നാല്‍, ബലം പ്രയോഗിച്ച് ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. പാവപ്പെട്ടവര്‍ക്ക് അനുകൂലമായ ഒത്തുതീര്‍പ്പ് വ്യവസ്ഥകളാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ചതെന്ന് മന്ത്രി വിശദീകരിച്ചു. ചെങ്ങറയില്‍ ഭൂമി കൈയേറിയിട്ടുണ്ടെങ്കില്‍ സര്‍വേ പൂര്‍ത്തിയാക്കി അതേറ്റെടുത്ത് വിതരണം ചെയ്യുമെന്ന് റവന്യൂമന്ത്രി കെ പി രാജേന്ദ്രന്‍ പറഞ്ഞു.

സര്‍ക്കാര്‍ പരമാവധി ചെയ്തു: ഉമ്മന്‍ചാണ്ടി

ചെങ്ങറയിലെ സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനം ന്യായമാണെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. സര്‍ക്കാര്‍ ചെയ്യാവുന്നതിന്റെ പരമാവധി ചെയ്തു. പട്ടികജാതിക്കാര്‍ക്കും ഒരേക്കര്‍ വേണമെന്ന ആവശ്യം സമരക്കാര്‍ മുന്നോട്ടുവച്ചിരുന്നു. എന്നാല്‍, സര്‍ക്കാരിന്റെ പക്കല്‍ അത്രയധികം ഭൂമിയില്ലെന്ന് എല്ലാവരും മനസ്സിലാക്കണം. ഇല്ലാത്തത് കൊടുക്കാനാകില്ലല്ലോ. ചര്‍ച്ചയ്ക്കിടയില്‍ ഇക്കാര്യം സമരക്കാരെ ബോധ്യപ്പെടുത്തിയതാണ്. അവര്‍ അതു സമ്മതിച്ചതായും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ദേശാഭിമാനി 06 ഒക്ടോബര്‍ 2009