Showing posts with label ശാസ്ത്രം. Show all posts
Showing posts with label ശാസ്ത്രം. Show all posts

Thursday, July 1, 2021

ചൈനയ്‌ക്കെതിരായ യുഎസ്‌ ഭീഷണികൾ

കൊള്ളമുതലിൽ കഴുകൻ കണ്ണുകളുള്ള സഖ്യശക്തികളെയും അന്താരാഷ്ട്ര മാധ്യമസന്നാഹങ്ങളെയും പ്രസാധക ഗൃഹങ്ങളെയും പണം പറ്റുന്ന വലതുപക്ഷ ബുദ്ധിജീവികളെയും സിഐഎ പോലുള്ള ചാരസംവിധാനങ്ങളെയും പൗരാവകാശലംഘനങ്ങൾക്ക്‌ കുപ്രസിദ്ധമായ എഫ്‌ബിഐയെയും ഉപയോഗിച്ച്‌ അമേരിക്ക സോഷ്യലിസ്റ്റ്‌ രാജ്യങ്ങൾക്കെതിരെ പതിറ്റാണ്ടുകളായി നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങൾ കുപ്രസിദ്ധങ്ങളാണ്‌. ചൈനയും ക്യൂബയും വടക്കൻ കൊറിയയും വിയത്‌നാമും മറ്റും രാഷ്ട്രീയ‐സൈനിക‐സാമ്പത്തിക ഉപരോധങ്ങളുടെ  എത്രയോ കെടുതികൾ അനുഭവിക്കുകയും ശ്രമകരമായി അതിജീവിക്കുകയും ചെയ്‌തു. എണ്ണസമ്പന്നമായ വെനസ്വേലയാണ്‌ മറ്റൊരു ഇര.

കോവിഡ്‌ മഹാമാരി ഭൂഗോളത്തെ പിടിച്ചുകുലുക്കുംവിധം സംഹാര താണ്ഡവമാടിയപ്പോൾ ചൈനയ്‌ക്കെതിരെ തുറന്നുവിട്ട വ്യാജപ്രചാരണങ്ങൾ ലോകം കണ്ടു. ഈ പശ്ചാത്തലത്തിലാണ്‌ ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാർടി (സിപിസി)യെ തകർക്കാൻ തയ്യാറാക്കിയ പുതിയ പദ്ധതിയെയും വിലയിരുത്തേണ്ടത്‌. പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ട്രംപിന്റെ വിജയത്തിലെ  മുഖ്യ ബുദ്ധികേന്ദ്രങ്ങളിലൊരാളും തുടർന്ന്‌ പ്രത്യുപകാരമായി 2017 ആഗസ്‌ത്‌ 18 വരെ പ്രസിഡന്റിന്റെ മുഖ്യ തന്ത്രജ്ഞനായി അവരോധിക്കപ്പെടുകയും ചെയ്‌ത സ്റ്റീവ്‌  ബാനൺ, ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാർടിയെ നേരിടാനും മറിച്ചിടാനും ട്രംപ്‌ ഗവൺമെന്റ്‌ സംയോജിതമായ ‘യുദ്ധപദ്ധതി’ ഏകോപിപ്പിച്ചതായി പറഞ്ഞു. ട്രംപിന്റെ സ്വന്തം ചാനലെന്ന്‌ അറിയപ്പെടുന്ന ‘ഫോക്‌സ്‌ ന്യൂസ്‌’ നടത്തിയ അഭിമുഖത്തിലായിരുന്നു ഈ തുറന്നടിക്കൽ. വെള്ളക്കൊട്ടാരത്തിലെ ഒന്നാം നിരക്കാരനായിരുന്ന ബാനൺ നടത്തിയ വെളിപ്പെടുത്തലിൽ ഇന്ത്യയെ യുഎസ്‌ അട്ടിമറി നീക്കത്തിന്റെ അഭേദ്യ ഭാഗമാക്കാനുള്ള ഗൂഢോദ്ദേശ്യവും  തെളിഞ്ഞിട്ടുണ്ട്‌.

ടിബത്തൻ  അതിർത്തിയിൽ ഇന്ത്യയിലെ കൂട്ടാളികളെ സഹായിക്കുകകൂടി  പുതിയ പദ്ധതിയുടെ ഭാഗമാണ്‌. നവംബറിൽ നടക്കാനിരിക്കുന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ട്രംപിന്റെ  ജയംകൂടി ലക്ഷ്യമിട്ട്‌ ക്രൈസ്‌തവ പ്രതീകങ്ങൾ ഉപയോഗിച്ചാണ്‌ ബാനൺ പദ്ധതിയുടെ വിശദാംശങ്ങൾ ഫോക്‌സ്‌ ന്യൂസിനോട്‌ ആഹ്ലാദപൂർവം വിവരിച്ചതെന്നതും പ്രധാനം. സിപിസിക്കെതിരെ  ‘അന്തിമ നാശത്തിന്റെ നാല്‌ കുതിരക്കാർ’ അടങ്ങുന്ന പ്രസിഡന്റിന്റെ തനതായ യുദ്ധ കൗൺസിലിനാണ്‌ രൂപംനൽകിയിട്ടുള്ളതത്രെ. സ്‌റ്റേറ്റ്‌ സെക്രട്ടറി മൈക്‌ പോംപിയോ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ റോബർട്ട്‌ ഒബ്രീൻ, എഫ്‌ബിഐ മുൻ ഡയറക്ടർ   ക്രിസ്റ്റഫർ ആഷർ വ്രേ, അറ്റോർണി ജനറൽ വില്യം പെൽഹാം ബാർ എന്നിവർ. അതിൽ ഒബ്രീനും  വ്രേയും ബാറും ചൈനയ്‌ക്കെതിരെ  കടുത്ത ഭീഷണി ചുഴറ്റിയ  മൂന്ന്‌ അതിക്രമ  പ്രസംഗങ്ങൾ നടത്തിക്കഴിഞ്ഞു. സിപിസിക്കെതിരെ വിവരസാങ്കേതികവിദ്യാ, വാർത്താ, ധനകാര്യ യുദ്ധങ്ങൾക്കാണ്‌ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്‌.  തുടർന്ന്‌ കൂട്ടാളികൾക്കൊപ്പം തെക്കൻ ചൈനാ കടലിൽ നിലപാടെടുക്കുകയും ചെയ്യും.  കഴിഞ്ഞദിവസം ചൈനയെ വിമർശിച്ച്‌ ദേശീയ പ്രതിരോധ അധികാര നിയമ( എൻഡിഎഎ)ത്തിന്‌ അമേരിക്കൻ  പ്രതിനിധിസഭ ഭേദഗതി പാസാക്കിയത്‌ ഇതോട്‌ ചേർത്താണ്‌ വിലയിരുത്തേണ്ടത്‌.

ചൈനീസ്‌ കോൺസുലേറ്റ്‌

ഹൂസ്റ്റണിലെ ചൈനീസ്‌ കോൺസുലേറ്റ്‌ 48 മണിക്കൂർ മാത്രം  സാവകാശം നൽകി അടച്ചുപൂട്ടാനും മൂന്നു ദിവസത്തിനുള്ളിൽ ടെക്‌സാസ്‌ നഗരത്തിലെ അതിന്റെ എല്ലാ പ്രവർത്തനവും അവസാനിപ്പിക്കാനും  അമേരിക്ക പുറപ്പെടുവിച്ച   അന്ത്യശാസനം പോലുള്ള ഉത്തരവ്‌ അത്യന്തം പ്രകോപനപരമാണ്‌. അമേരിക്കൻ ബൗദ്ധിക സ്വത്തും സ്വകാര്യ വ്യക്തിവിവരങ്ങളും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന  ന്യായീകരണമാണ്‌ അതിനു നിരത്തിയത്‌. തീരുമാനം അറിയിച്ച സ്‌റ്റേറ്റ്‌  ഡിപ്പാർട്ട്‌‌മെന്റ്‌  ചൈനക്കാർ തങ്ങളുടെ  പൗരന്മാരുടെ തൊഴിൽ വലിയതോതിൽ കവരുന്നതായും  ആരോപിച്ചു. കോൺസുലേറ്റ് സാധാരണപോലെ പ്രവർത്തിച്ചുവരികയായിരുന്നുവെന്നും അതിനാൽ അന്താരാഷ്‌ട്ര നിയമങ്ങളുടെ കടുത്ത ലംഘനമാണ്‌ അമേരിക്കയുടേതെന്നുമാണ്‌  ചൈനീസ് വിദേശ  വക്താവ് വാങ്‌  വെൻബിൻ പ്രതികരിച്ചത്‌.  തീരുമാനം പിൻവലിച്ചില്ലെങ്കിൽ ശക്തമായ തിരിച്ചടി നേരിടേണ്ടിവരും. നയതന്ത്ര പ്രതിനിധികളുടെ എണ്ണമെടുത്താൻ ചൈനയിൽ കൂടുതൽ അമേരിക്കക്കാരുണ്ടെന്നത്‌ മറക്കരുത്‌.   ചൈന‐ യുഎസ് ബന്ധം  അട്ടിമറിക്കുന്ന നീചവും നീതിരഹിതവുമായ ഇത്തരം നീക്കത്തെ ശക്തമായി അപലപിക്കുന്നു.  തെറ്റായ തീരുമാനം ഉടൻ പിൻലിക്കണമെന്നും അല്ലെങ്കിൽ  പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും വാങ് വെൻബിൻ മുന്നറിയിപ്പു നൽകി.

കുറച്ചുകാലമായി, അമേരിക്കൻ ഭരണകൂടം ചൈനീസ്‌  വ്യവസ്ഥയെ അപകീർത്തിപ്പെടുത്തുകയും അകാരണമായി  കടന്നാക്രമിക്കുകയും സംശയത്തിന്റെ നിഴലിൽ നിർത്തുകയുമാണ്‌. യുഎസിലെ ചൈനീസ് നയതന്ത്ര, കോൺസുലേറ്റ് ഉദ്യോഗസ്ഥരെയും പ്രതിനിധികളെയും  ഉപദ്രവിക്കുന്നതും  ചൈനീസ് വിദ്യാർഥികളെ ഭീഷണിപ്പെടുത്തുന്നതും  ചോദ്യം ചെയ്യുന്നതും അവരുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുക്കുന്നതും ശീലമാക്കിയ മട്ടാണ്‌. ചൈനീസ്‌ വംശജരായ മാധ്യമപ്രവർത്തകരോടും നിറഞ്ഞ അസഹിഷ്‌ണുത തന്നെ. നിസ്സാര കാര്യങ്ങൾക്കുപോലും  തടങ്കലിലാക്കുന്ന സംഭവങ്ങളും  അപൂർവമല്ല.  യുഎസിലെ  ചൈനീസ്‌ എംബസിയിലും കോൺസുലേറ്റുകളിലും അടുത്തിടെ വധഭീഷണികളും എത്തി. സ്‌ഫോടകവസ്‌തുക്കളും കണ്ടെടുക്കുകയുണ്ടായി. തെരഞ്ഞെടുപ്പ്‌ മുന്നിൽ കണ്ട്‌ ട്രംപും ഉപദേശകരുമെടുത്തു ചുഴറ്റുന്ന ചൈനീസ്‌ വിരുദ്ധത തുറന്നു കാണിക്കുകകൂടി സാമ്രാജ്യത്വവിരുദ്ധ ശക്തികളുടെ അടിയന്തര കടമയാണ്‌.

ശാസ്‌ത്രത്തിലും 
വിസ്‌മയക്കുതിപ്പ്‌

ശാസ്‌ത്ര, സാങ്കേതികവിദ്യാ രംഗങ്ങളിൽ ചൈനയുടെ കുതിച്ചുചാട്ടം അത്ഭുതാവഹമാണ്‌. രാജ്യത്തിന്റെ പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിനും ശാസ്‌ത്ര, സാങ്കേതികവിദ്യാ മേഖലകളിൽ കുതിപ്പ്‌ അനിവാര്യമാണെന്ന ബോധ്യത്തിലൂന്നിയുള്ള പ്രവർത്തനമാണ്‌ ഇതിന്‌ അടിസ്ഥാനം. ഈ മേഖലയിലെ ഗവേഷണത്തിനും പഠനങ്ങൾക്കും നൽകുന്ന ഊന്നലും പ്രോത്സാഹനവും വലിയ കുതിപ്പിന്‌ കരുത്തായി. തൊണ്ണൂറുകൾക്കുശേഷം അതിശയകരമായ വളർച്ചയാണ്‌ ഈ രംഗത്തുണ്ടായത്‌. ശാസ്‌ത്ര–-സാങ്കേതിക രംഗത്ത്‌ വൻനിക്ഷേപം ഇക്കാലത്തുണ്ടായി. ശാസ്‌ത്രസാങ്കേതിക വിദഗ്‌ധരുടെ എണ്ണവും നാലിരട്ടിയിലേറെ വർധിച്ചു. 1956ൽ ശാസ്‌ത്ര ആസൂത്രണ കമീഷന്റെ രൂപീകരണമാണ്‌ ചൈനയുടെ ആധുനിക ശാസ്‌ത്രസാങ്കേതിക മേഖലയ്‌ക്ക്‌ വഴിത്തിരിവായത്‌. 56–-67 കാലത്തേക്കായി ദീർഘകാല പദ്ധതി തന്നെ തയ്യാറാക്കി നടപ്പാക്കി, വലിയ തുടക്കമിട്ടു.

പിന്നീടങ്ങോട്ട്‌ തിരിഞ്ഞുനോക്കേണ്ടി വന്നില്ല. വ്യവസായം, അടിസ്ഥാനസൗകര്യ വികസനം തുടങ്ങിയ രംഗങ്ങളിലടക്കം വൻ പുരോഗതി നേടാൻ ഇത്‌ മൂലമായി. ഇലക്‌ട്രോണിക്, എൻജിനിയറിങ്‌ മേഖലകളിലും ചൈന ഇന്ന്‌ ലോകശക്തിയാണ്‌. പേറ്റന്റുകളുടെ കാര്യത്തിൽ അമേരിക്കയെയും പിന്തള്ളി. ശാസ്‌ത്രസാങ്കേതിക സ്ഥാപനങ്ങൾ, ഗവേഷണസ്ഥാപനങ്ങൾ എന്നിവയുടെ എണ്ണവും കുതിച്ചുയർന്നു. പടുകൂറ്റൻ നിർമിതികൾ, അതിവേഗ യാത്രായാനങ്ങൾ, കമ്പ്യൂട്ടർ ആപ്ലിക്കേഷനുകൾ, നിർമിതബുദ്ധി തുടങ്ങിയവയിലും ചൈന മുൻനിരയിലാണ്‌. ശാസ്‌ത്രസാങ്കേതിക രംഗത്തെ സ്വയംപര്യാപ്‌തതയാണ്‌ അവർ ലക്ഷ്യമിടുന്നത്‌. ഈ രംഗത്തേക്ക്‌ കൂടുതൽ യുവാക്കളെയും വനിതകളെയും ആകർഷിക്കാനുള്ള പദ്ധതികളും ഏറെ ഗുണകരമായി. കാർഷികമേഖലയിലും ശാസ്‌ത്രനേട്ടങ്ങൾ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നു.  ബഹിരാകാശ ഗവേഷണത്തിൽ മറ്റു രാജ്യങ്ങളുടെ സഹായമില്ലാതെയുള്ള ചൈനയുടെ മുന്നേറ്റം അത്ഭുതകരമാണ്‌. ഏറ്റവുമൊടുവിൽ സ്വന്തമായ ബഹിരാകാശനിലയം നിർമിച്ച്‌ അവിടെ ആളുകളെയും എത്തിച്ചു അവർ. ടിയാൻഗോങ് എന്ന ആകാശനിലയത്തിൽ മൂന്നു യാത്രികരെ എത്തിച്ചത്‌ ദിവസങ്ങൾക്കുമുമ്പാണ്‌. 

നാസയുടെ നേതൃത്വത്തിലുള്ള അന്താരാഷ്‌ട്ര ബഹിരാകാശനിലയ പദ്ധതിയിൽ ചൈനയെ സഹകരിപ്പിക്കാത്തതിനുള്ള മധുരപ്രതികാരംകൂടിയാണ്‌ ഇത്‌. തങ്ങളുടെ പദ്ധതിയുമായി മറ്റു രാജ്യങ്ങളെ സഹകരിപ്പിക്കുമെന്ന്‌ ചൈന പ്രഖ്യാപിച്ചു. റഷ്യയും താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്‌. അടുത്ത 11 ദൗത്യങ്ങളിലൂടെ  നിലയം പൂർത്തീകരിക്കുകയാണ്‌ ചൈനയുടെ ലക്ഷ്യം. ഇതിനായി 18 യാത്രികരെയാണ്‌ തെരഞ്ഞെടുത്തിരിക്കുന്നത്‌.

ചൊവ്വയിൽ സുരക്ഷിതമായി മനുഷ്യനെ ഇറക്കാനും ദീർഘകാലം താമസിക്കാനുമുള്ള ദൗത്യങ്ങളിലേക്കും ചൈന ചിന്തിച്ചുതുടങ്ങി. ഇതിന്റെ ഭാഗമായി ചൊവ്വാ പര്യവേക്ഷണവും ആരംഭിച്ചു. ആദ്യ ശ്രമത്തിൽത്തന്നെ ലാൻഡറും റോവറും ചൊവ്വയിൽ ഇറക്കി. കഴിഞ്ഞ ഫെബ്രുവരിയിൽ ചൊവ്വാ പഥത്തിൽ എത്തിയ ടിയാവെൻ–-1 പേടകത്തിൽനിന്ന്‌ കൃത്യതയോടെ ചൊവ്വയുടെ ‘ഉട്ടോപ്യ’യിലാണ്‌ ഇവ ഇറങ്ങിയത്‌. 2029 ചൊവ്വയിൽനിന്ന്‌ സാമ്പിളുമായി മടങ്ങുന്ന മറ്റൊരു ദൗത്യത്തിനും രൂപംനൽകിയിട്ടുണ്ട്‌.

1964ലാണ്‌ ചൈന ബഹിരാകാശ പദ്ധതികൾക്ക്‌ തുടക്കമിട്ടത്‌. തുടർന്ന്‌ ഒട്ടേറെ ദൗത്യം. 2003ൽ ആദ്യ ചൈനാക്കാരൻ ബഹിരാകാശത്ത്‌ എത്തി. 21 മണിക്കൂർ ചെലവഴിച്ചു. 2007 ആദ്യ ഓർബിറ്റർ ചന്ദ്രനെ ചുറ്റി. 2012 ആദ്യ ചൈനക്കാരിയെ ബഹിരാകാശത്ത്‌ എത്തിച്ചു. കഴിഞ്ഞവർഷം ചാങ്‌–-3 ചന്ദ്രനിൽ ഇറങ്ങി, ആറരയടി കുഴിച്ച്‌ രണ്ട്‌ കിലോ സാമ്പിൾ ശേഖരിച്ചു. അതുമായി ഡിസംബർ 17ന്‌ ഭൂമിയിൽ വിജയകരമായി തിരിച്ചെത്തി. ചന്ദ്രന്റെ മറുപുറത്തെപ്പറ്റി പഠിക്കുന്ന മറ്റൊരു ദൗത്യവും മുന്നേറുകയാണ്‌. ഭൂമിയുടെ സമീപം കടന്നുപോകുന്ന ഉൽക്കകളെപ്പറ്റി പഠിക്കാനുള്ള ഉപഗ്രഹം ചൈന വിക്ഷേപിച്ചത്‌ കഴിഞ്ഞ മാസമാണ്‌.

ദിലീപ്‌ മലയാലപ്പുഴ 

ഏഷ്യയുടെ 
കായികവിളക്ക്‌

‘ചാമ്പ്യന്മാർ പിറക്കുന്നത്‌ ജിംനേഷ്യങ്ങളിലല്ല. അവരവരുടെ സ്വപ്‌നങ്ങളിലൂടെ, അതിയായ ആഗ്രഹങ്ങളിലൂടെ, ഭാവനാപരമായ ഉൾക്കാഴ്‌ചകളിലൂടെ..’

മുഹമ്മദലി (ബോക്‌സിങ് ഇതിഹാസം)

ഇടിക്കൂട്ടിലെ ഇതിഹാസം മുഹമ്മദലി പറഞ്ഞത്‌ ചൈനയെ ഉദ്ദേശിച്ചല്ല. പക്ഷേ, ലോക കായികശക്തിയായി ചൈന വളർന്നതിന്‌ പിന്നിൽ ഇവയെല്ലാമുണ്ട്‌. അമേരിക്കയും സോവിയറ്റ്‌ യൂണിയനും ജർമനിയും കൊടികുത്തി വാണിരുന്ന  സ്‌പോർട്‌സിൽ, അതിന്റെ  ആഗോള പ്രശസ്‌തി വൈകിയാണ്‌ ചൈന തിരിച്ചറിഞ്ഞത്‌. പക്ഷേ ആ തിരിച്ചറിവ്‌ നൽകിയ ഊർജം ചെറുതായിരുന്നില്ല. ഏഷ്യയിൽ ഒതുങ്ങിനിന്നിരുന്ന കായിക മികവുകൾ തേച്ചുമിനുക്കി ലോകത്തിനുമുന്നിൽ അവതരിപ്പിച്ചപ്പോൾ അതൊരു ചരിത്രമായി. 2008ൽ ഒളിമ്പിക്‌സിന്‌ ആതിഥേയരായതോടെ ചൈനയുടെ ശക്തി ലോകം തിരിച്ചറിഞ്ഞു.

Image Credit: Olympics.com

തലസ്ഥാനമായ ബീജിങ്ങിൽ നടന്ന ആ ഒളിമ്പിക്‌സിൽ ചരിത്രത്തിലാദ്യമായി ചൈന ഓവറോൾ ചാമ്പ്യൻപട്ടമണിഞ്ഞു. 51 സ്വർണവും 21 വെള്ളിയും 28 വെങ്കലുമടക്കം 100 മെഡൽ. ലോകം അത്ഭുതത്തോടെയാണ്‌ ഈ നേട്ടത്തെ നോക്കിക്കണ്ടത്‌.  സംഘാടന മികവിലും പ്രകടനമികവിലും  അമേരിക്കയെ പിന്തള്ളിയ ഒളിമ്പിക്‌സ്‌. ചരിത്രത്തിലെ ഏറ്റവും വലിയ സ്വർണക്കുതിപ്പ്‌.

ആ നേട്ടം ഒറ്റ രാത്രികൊണ്ട്‌ ഉണ്ടായതല്ല. അതിൽ മുഹമ്മദലി പറഞ്ഞ സ്വപ്‌നമുണ്ടായിരുന്നു. ഭാവനാപൂർണമായ പദ്ധതിയും ആസൂത്രണ മികവുമുണ്ടായിരുന്നു. കേന്ദ്രീകൃതവും സുസംഘടിതവുമായ മുന്നേറ്റം. 1988ലെ ഒളിമ്പിക്‌സിൽ അഞ്ച്‌ സ്വർണമടക്കം നേടി പതിനൊന്നാം സ്ഥാനത്തായിരുന്നു. 20 വർഷത്തെ അധ്വാനത്തിനൊടുവിൽ ചൈന ലോക കായിക ഭൂപടം മാറ്റിവരച്ചു.

വിപ്ലവകരമായ മാറ്റത്തിന്‌ വഴിയൊരുക്കിയത്‌ 1995ലെ കായിക നിയമമാണ്‌. സ്‌പോർട്‌സ്‌ പൂർണമായും സർക്കാരിന്‌ കീഴിലാക്കിയതാണ്‌ നിയമത്തിന്റെ കാതൽ. താരങ്ങൾ രാജ്യസ്‌നേഹവും കൂട്ടായ്‌മയും സോഷ്യലിസവും പാലിക്കണമെന്ന്‌ നിയമം അനുശാസിക്കുന്നു. സർക്കാർ നിയന്ത്രണത്തിലെ ഏകീകൃത കായിക സംവിധാനം പുതിയ മുന്നേറ്റത്തിന്‌ അടിത്തറയായി. 

സർക്കാർ നേരിട്ട്‌ പദ്ധതികൾക്ക്‌ നേതൃത്വം നൽകി. സ്‌പോർട്‌സിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ്‌ പാഠ്യപദ്ധതികൾ തയ്യാറാക്കി. കുട്ടികളെ ചെറുപ്രായത്തിൽ കളികളിലേക്ക്‌ കൊണ്ടുവന്നു. എല്ലാ കുട്ടികൾക്കും തുടക്കത്തിൽ വ്യായാമത്തിന്റെ പാഠങ്ങൾ പകർന്ന്‌ കായികവിനോദങ്ങളിലേക്ക്‌ ആകർഷിച്ചു. കൃത്യവും ചിട്ടയുമായ പരിശീലനം. അടിസ്ഥാനസൗകര്യ വികസനത്തിൽ വൻ കുതിപ്പുണ്ടായി. സ്‌പോർട്‌സിനായി ബജറ്റിൽ വൻ തുകമാറ്റിവച്ചു. മൂവായിരത്തോളം ആധുനിക സ്‌പോർട്‌സ്‌ സ്‌കൂളുകളിലായി നാല്‌ ലക്ഷത്തിലേറെ കായികതാരങ്ങൾ സദാസജ്ജരായി.

2008 ഒളിമ്പിക്‌സ്‌ വേദി എട്ടുവർഷം മുമ്പ്‌ പ്രഖ്യാപിക്കപ്പെട്ടതോടെ ചൈന ഒളിമ്പിക്‌സിനായി കണ്ണുവച്ചു. കായികരംഗത്ത്‌ സോവിയറ്റ്‌ യൂണിയൻ പിന്തുടർന്ന നല്ല മാതൃകകൾ ചൈന സ്വീകരിച്ചു. നാടിനായി ഒരു കായികസംസ്‌കാരമുണ്ടായി. സ്‌പോർട്‌സിലെ നേട്ടം രാജ്യത്തിന്റെയാകെ നേട്ടമായി അവതരിപ്പിച്ചു. എല്ലാം സർക്കാർ നേരിട്ട്‌ നിയന്ത്രിച്ചു. ഏത്‌ ഇനത്തിലും മികച്ചവർ എന്ന ഒറ്റമാനദണ്ഡം പാലിച്ചു. പണവും പരിശീലനവും ഉറപ്പാക്കി. കളിക്കളങ്ങളും ആധുനിക പരിശീലന കേന്ദ്രങ്ങളും നിറഞ്ഞു. മികവുകാട്ടാറുള്ള പരമ്പരാഗത ഇനങ്ങളിൽ മെഡൽ ഉറപ്പാക്കുന്ന പരിശീലനം. അതിനൊപ്പം മറ്റ്‌ ഇനങ്ങളിലും പരീക്ഷണം. ബാഡ്‌മിന്റൺ, ടേബിൾടെന്നീസ്‌, ജിംനാസ്‌റ്റിക്‌സ്‌, ഡൈവിങ്, ഭാരോദ്വഹനം, അമ്പെയ്‌ത്ത്‌ തുടങ്ങിയ  ഇനങ്ങളിൽ കൂടുതൽ ശ്രദ്ധിച്ചു. പരമ്പരാഗത ഇനങ്ങളിൽ ആർക്കും മേധാവിത്വം വിട്ടുകൊടുക്കാതിരിക്കുന്നതാണ്‌ രീതി. അതോടൊപ്പം പുതിയ ഇനങ്ങളിലേക്ക്‌ കൂടുതൽ ശ്രദ്ധയും. ആ കരുതലിന്റെ ഫലമായിരുന്നു 2008ലെ ബീജിങ് ഒളിമ്പിക്‌സ്‌ കമ്യൂണിസ്‌റ്റ്‌, സോഷ്യലിസ്‌റ്റ്‌ പ്രത്യയശാസ്‌ത്രത്തിന്റെ അടിത്തറയിൽ ചൈന വികസന പുരോഗതിയിലേക്ക്‌ ചുവടുവച്ചപ്പോൾ സ്‌പോർട്‌സും മാറിനിന്നില്ല. ആ അടിത്തറയിൽതന്നെ കളികളും കളിക്കാരും ലോകം വെട്ടിപ്പിടിച്ചു.

ഏഷ്യാ ഭൂഖണ്ഡം ലോക കായികഭൂപടത്തിൽ എവിടെയുമുണ്ടായിരുന്നില്ല. ട്രാക്കിൽ ആഫ്രിക്കയും ഫീൽഡ്‌ ഇനങ്ങളിൽ യൂറോപ്പും മേധാവിത്വം പുലർത്തിയകാലം. അതിനിടെയാണ്‌ ഏഷ്യൻ കായികശക്തിയായി ചൈനയുടെ വളർച്ച. ഏഷ്യയെ കായികശക്തിയായി ലോകം അംഗീകരിച്ചത്‌ ചൈനയുടെ കുതിപ്പിലൂടെയാണ്‌. ആ അർഥത്തിൽ ചൈനയാണ്‌ ഏഷ്യയുടെ വഴികാട്ടി, ഭൂഖണ്ഡത്തിന്റെ കായിക വിളക്ക്‌.

ഇന്നിപ്പോൾ കായികരംഗത്ത്‌ ചൈന കൈവയ്‌ക്കാത്ത മേഖലകളില്ല.  പുതിയ നൂറ്റാണ്ടിൽ  അമേരിക്കയുടെ ആധിപത്യത്തെ വെല്ലുവിളിക്കാൻ മറ്റാരുമില്ല. എല്ലാ കായിക പദ്ധതികളിലും ചൈന കായികതാരങ്ങളോട്‌ പറയുന്നത്‌ പുതിയ ലക്ഷ്യത്തിലേക്ക്‌ കുതിക്കാനാണ്‌. ആ ഓർമപ്പെടുത്തലാണ്‌ വിജയത്തിന്റെ അടിസ്ഥാനം, ഇന്ന്‌ മാത്രമല്ല നാളേയും.

ആർ രഞ്‌ജിത്‌ 

അതിവേഗം പായുന്നു, 
ദെങ്ങിന്റെ സ്വപ്നം

ചെെനയുടെ സാമ്പത്തിക പുരോഗതിക്ക് വഴിയൊരുക്കി പരിഷ്കാരങ്ങളുടെ സൂത്രധാരൻ ദെങ് സിയാഒപിങ് കണ്ട സ്വപ്നമാണ് ചെെനയിലെ അതിവേഗ റെയിൽ. ജപ്പാൻ സന്ദർശനത്തിനിടെ ഷിങ്കാൻസൺ കണ്ടപ്പോഴാണ് ചെെനയിലും അതിവേഗം പായുന്ന തീവണ്ടിയെന്ന ആഗ്രഹം ഉടലെടുത്തത്. ആ സ്വപ്നമാണ് നാലു പതിറ്റാണ്ട് അപ്പുറം ചെെനയെ ലോകത്തിന്റെ നെറുകയിൽ നിർത്തുന്നവയിൽ ഒന്നായി മാറിയത്. വികസനത്തിന്റെ സോഷ്യലിസ്റ്റ്‌ മാതൃക തീർക്കുന്ന ചൈനയിലെ‌ അതിവേഗ റെയിൽ ഗതാഗതം ഇന്ന്‌ ലോകത്തിലെ ഏറ്റവും വലുതാണ്‌. ലോക അതിവേഗ റെയിൽ ഗതാഗതത്തിന്റെ 60 ശതമാനവും ചൈനയിലാണ്‌.

കുറഞ്ഞ ചെലവിൽ വേഗയാത്ര

ഈ തീവണ്ടികളുടെ വരവോടെ കുറഞ്ഞ ചെലവിൽ ഏറ്റവും വേഗം സുഖകരമായ യാത്രയെന്ന നേട്ടത്തിൽ ചെെനയെത്തി. ബീജിങ്ങിൽനിന്ന്‌ ഷാങ്ഹായിലേക്കുള്ള യാത്രസമയം 37 മണിക്കൂറിൽനിന്ന്‌ നാലായാണ് കുറഞ്ഞത്. ഏറ്റവും കുറവ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നതും ചെെനയാണ്. 480 കിലോമീറ്റർ വേഗതയിൽ പായുമ്പോഴും ഒരു നാണയം വിജയകരമായി തുലനം ചെയ്യാൻ കഴിയുന്നത്ര സുഖകരമായി യാത്ര ചെയ്യാൻ കഴിയും. 2008ൽ ആദ്യ അതിവേഗ റെയിൽ ആരംഭിച്ച ചെെനയിൽ നിലവിൽ 43,000 കിലോമീറ്റർ വ്യാപിച്ച ശൃംഖലയാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ 80 ശതമാനത്തിലധികം ഉൾക്കൊള്ളുന്നതാണിത്‌. 2035ഓടെ 70,000 കിലോമീറ്ററിലേക്ക് ഉയർത്താനാണ് ലക്ഷ്യമിടുന്നത്. രണ്ടാമതുള്ള സ്പെയിനിൽ അതിവേഗ റെയിൽ ശൃംഖല 3200 കിലോമീറ്ററോളം മാത്രമാണ്.

നൂറോളം രാജ്യത്തിന്‌ സഹായം

അതിവേഗ റെയിൽ പദ്ധതി തുടങ്ങിയപ്പോൾ വിദേശ സാങ്കേതിക വിദ്യയെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ, ചെെനയുടെ റെയിൽ മാതൃകയോട് പൂർണമായും ഇണങ്ങാത്തവ ആയിരുന്നു അവ. തുടർന്ന് ചെെനീസ് എൻജിനിയർമാർ അതിനെ പുനർനിർമിക്കുകയായിരുന്നു. നിലവിൽ സ്വതന്ത്രമായി വികസിപ്പിച്ചെടുത്തതാണ് ഉപയോഗിക്കുന്നത്. ഇപ്പോൾ ചെെനയുടെ റെയിൽ ഉൽപ്പന്നങ്ങളും സാങ്കേതികവിദ്യയും നൂറോളം രാജ്യത്തിലേക്ക് കയറ്റിയയക്കുന്നുണ്ട്. മറ്റു രാജ്യങ്ങൾ ചെെനയുടെ അതിവേഗ റെയിൽ നിർമാണമാതൃക പിന്തുടരുന്നത് നന്നായിരിക്കുമെന്നാണ് ലോക ബാങ്കിന്റെ റിപ്പോർട്ടിൽ പറയുന്നത്.

കെ എ നിധിൻനാഥ് 

Wednesday, December 11, 2013

തിരുത്തല്‍ പ്രക്രിയ വിജയിച്ചു; മംഗള്‍യാന്റെ വേഗത കൂടി

ബംഗളൂരു: ചൊവ്വയുടെ ഭ്രമണപഥത്തില്‍ മംഗള്‍യാനെ കൃത്യമായി എത്തിക്കാനുള്ള തിരുത്തല്‍ പ്രക്രിയകളില്‍ ആദ്യത്തേത് ഐഎസ്ആര്‍ഒ വിജയകരമായി പൂര്‍ത്തിയാക്കി. ബുധനാഴ്ച പുലര്‍ച്ചെ 6.30നാണ് ഐഎസ്ആര്‍ഒ ദൗത്യം വിജയകരമായി നിര്‍വഹിച്ചത്. മംഗള്‍യാന്റെ 22 ന്യൂട്ടണ്‍ എഞ്ചിന്‍ ജ്വലിപ്പിച്ച് വേഗത്തില്‍ മാറ്റം വരുത്തി. ഇതിലൂടെ പേടകത്തിന് സെക്കന്‍ഡില്‍ 7.6 മീറ്റര്‍ വേഗംകൂടി. 44 സെക്കന്‍ഡ് എഞ്ചിന്‍ ജ്വലിപ്പിച്ചാണ് വേഗതകൂട്ടിയത്.

ഭൂമിയില്‍ നിന്ന് 29 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള പേടകത്തിന് തിരുത്തല്‍ പ്രക്രിയയിലൂടെ ആര്‍ജിക്കുന്ന വേഗം ചൊവ്വയുടെ ഏറ്റവും അടുത്ത ദൂരമായ പെരിജി 500 കിലോ മീറ്ററിലും ഏറ്റവും അകലെയുള്ള ദൂരമായ അപ്പോജി 80,000 കിലോ മീറ്ററിലും സ്ഥിതിചെയ്യുന്ന ഭ്രമണപഥത്തില്‍ എത്തിക്കും. ഭൂമിയുടെ ആകര്‍ഷണവലയത്തിന് പുറത്തുകടന്നശേഷം ആദ്യമായാണ് പേടകത്തിന്റെ ദിശയിലും വേഗത്തിലും മാറ്റം വരുത്തുന്നത്.

ഡിസംബര്‍ ഒന്നിന് മംഗള്‍യാനെ ഭൂമിയുടെ ഭ്രമണപഥത്തില്‍നിന്ന് മാറ്റുകയും തുടര്‍ന്ന് സൂര്യന്റെ സഞ്ചാരപഥത്തിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഭൂമിയില്‍ നിന്ന് ഒന്‍പതേകാല്‍ ലക്ഷം കിലോമീറ്റര്‍ കടന്നപ്പോള്‍ ഭൂമിയുടെ ആകര്‍ഷണവലയത്തിന് പുറത്തായ പേടകം പൂര്‍ണമായും സൂര്യാകര്‍ഷണ സഞ്ചാരപഥത്തിലൂടെയാണ് കുതിക്കുന്നത്.

deshabhimani

Sunday, December 1, 2013

യാത്ര നേരെ ചൊവ്വെ...

ചൊവ്വാ ഗ്രഹത്തിലേക്കുള്ള മംഗള്‍യാന്റെ നേര്‍യാത്ര തുടങ്ങി. ഞായറാഴ്ച പുലര്‍ച്ചെ ഉപഗ്രഹത്തെ ചൊവ്വയിലേക്ക് ഐഎസ്ആര്‍ഒ തൊടുത്തു വിട്ടു. ഇരുപത്തിയേഴ് ദിവസത്തെ ഭൂഭ്രമണ പഥം വിട്ട് ചൊവ്വാദൗത്യപേടകം സൗരഭ്രമണപഥത്തിലേക്ക് നീങ്ങി. ഭൂഗുരുത്വാകര്‍ഷണം ഭേദിച്ചു നീങ്ങുന്നതിനുള്ള ശ്രമം വിജയിതായി ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചു.

ഭൂമിയെ അവസാനമായി വലംവച്ച് എത്തിയ പേടകത്തെ മൗറീഷ്യസിന് മുകളില്‍ നിന്നാണ് ഗതിതിരിച്ചു വിട്ടത്. ബംഗലുരുവിലെ ഐഎസ്ആര്‍ഒ സെന്ററില്‍ നിന്ന് ഞായറാഴ്ച പുലര്‍ച്ചെ 12.49 ന് നല്‍കിയ നിര്‍ദ്ദേശം കൃത്യമായി പേടകം സ്വീകരിച്ചു. ഭൂമിയുടെ 254 കിലോമീറ്റര്‍ അടുത്ത് എത്തിയപ്പോള്‍ പേടകത്തിലെ ലിക്വിഡ് അപോജി മോട്ടോര്‍ ജ്വലിപ്പിക്കുകയായിരുന്നു. 1328.89 സെക്കന്റ് ദ്രവ ഇന്ധനം ജ്വലിപ്പിച്ചതിലൂടെ പേടകത്തിന്റെ വേഗത സെക്കന്റില്‍ 32 കിലോമീറ്ററായി ഉയര്‍ന്നു. ഇതോടെ മംഗള്‍യാന്‍ ചൊവ്വയിലേക്കുള്ള വഴിയിലേക്ക് നീങ്ങി.

ഭൂമിയുടെ ആകര്‍ഷണവലയം ഭേദിച്ചു കുതിക്കുന്ന മംഗള്‍യാന് ഇനിയുള്ള മണിക്കൂറുകള്‍ ഏറെ നിര്‍ണാകമാണ്. ഇതുവരെയുള്ള 51 ചൊവ്വാ ദൗത്യങ്ങളില്‍ 31 ഉം പിഴച്ചത് ഈ മണിക്കുറുകളിലാണ്. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍, മിഷന്‍ ഡയറക്ടര്‍ എസ് അരുണന്‍, വിഎസ്എസ്സി ഡയറക്ടര്‍ എസ് രാമകൃഷ്ണന്‍, എല്‍പിഎസ്സി ഡയറക്ടര്‍ എം സി ദത്തന്‍ തുടങ്ങിയവരടക്കമുള്ള പ്രമുഖര്‍ ചരിത്ര ദൗത്യത്തിന് ഭാഗമാകാന്‍ ബംഗലുരുവിലെ ഐസ്ട്രാക്കില്‍ സന്നിഹിതരായി. ഐസ്ട്രാക്കിന്റെ ഗ്രൗണ്ട് സ്റ്റേഷനുകളില്‍ ഒന്നായ തിരുവനന്തപുരം വിഎസ്എസ്സിയിലും ശാസ്ത്രജ്ഞര്‍ കര്‍മനിരതരായിരുന്നു.

കഴിഞ്ഞ അഞ്ചിനാണ് മംഗള്‍യാനെ ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ചത്. ആറ് ഘട്ടങ്ങളിലായി ഭൂഭ്രമണപഥം ഉയര്‍ത്തി യ ശേഷമാണ് പുതിയ പഥത്തിലേക്ക് ഞായറാഴ്ച പേടകത്തെ തിരിച്ചു വിട്ടത്. നാല്‍പതുകോടി കിലോമീറ്ററിലേറെ സഞ്ചരിച്ച് അടുത്തവര്‍ഷം സെപ്തംബര്‍ 24 ന് ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് മംഗള്‍യാന്‍ പ്രവേശിക്കും. തുടര്‍ന്ന് പേടകത്തെ ചൊവ്വയുടെ 327 കിലോമീറ്റര്‍ അടുത്തുള്ള നിശ്ചിത ഭ്രമണപഥത്തില്‍ ഉറപ്പിക്കും. അഞ്ച് പരീക്ഷണ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിച്ച് ആറുമാസം ചൊവ്വയെ വലംവക്കുന്ന മംഗള്‍യാന്‍, വിവരങ്ങളും ചിത്രങ്ങളും ഭൂമിയിലേക്ക് അയക്കും.

മീഥൈന്‍ വാതകത്തിന്റെ സാന്നിധ്യം കണ്ടെത്തുന്നതിനുള്ള മീഥൈന്‍ സെന്‍സര്‍ ഫോര്‍ മാര്‍സ് ആണ് ഉപകരണങ്ങളില്‍ പ്രധാനം. ചൊവ്വയില്‍ ജലത്തിന്റേയും ജീവന്റെയും സാന്നിധ്യം തേടിയുള്ള യാത്രയില്‍ ചൊവ്വയുടെ ചുരുള്‍ അഴിക്കാനാവുമെന്നാണ് കരുതുന്നത്. ചൊവ്വയുടെ ഉപരിതലം, ലോലമായ അന്തരീക്ഷം, ധാതുക്കള്‍, ധ്രൂവങ്ങള്‍, വിവിധ ഗര്‍ത്തങ്ങള്‍ തുടങ്ങിയവയെല്ലാം പഠന വിധേയമാക്കും. ഇതു കൂടാതെ ചൊവ്വയുടെ രണ്ട് ഉപഗ്രഹങ്ങളേയും നിരീക്ഷിക്കും. 450 കോടി ചെലവുള്ള ദൗത്യം ലക്ഷ്യം കണ്ടാല്‍ ചൊവ്വ പര്യവേഷണത്തില്‍ വിജയം നേടുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.
(ദിലീപ് മലയാലപ്പുഴ)

deshabhimani

Friday, November 22, 2013

മംഗള്‍യാന്റെ ക്യാമറ കണ്‍തുറന്നപ്പോള്‍ ഭൂമിയുടെ ഉപഗ്രഹചിത്രം

ഇന്ത്യയുടെ ചൊവ്വാദൗത്യപേടകമായ മംഗള്‍യാന്‍ അഥവാ മാഴ്‌സ് ഓര്‍ബിറ്റര്‍ എടുത്ത ഭൂമിയുടെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ടു. ഇന്ത്യന്‍ ചൊവ്വാപര്യവേക്ഷണ ദൗത്യത്തിന്റെ ഭാഗമായി പുറത്തുവരുന്ന ആദ്യ ചിത്രങ്ങളാണിത്.

 ഭൂമിയില്‍ നിന്നും 70000 കിലോമീറ്റര്‍  ഉയരത്തില്‍ നിന്നും എടുത്ത ചിത്രത്തില്‍  നാം അധിവസിക്കുന്ന പച്ചപ്പാര്‍ന്നഭൂമിയുടെ മഞ്ഞയും ക്രീം നിറത്തിലുള്ളതുമായ ഒരു ഭാഗമാണ് ഇന്ത്യയും അയല്‍ പ്രദേശങ്ങളും .ഇന്ത്യയ്ക്ക്  മുകളിലൂടെ  സഞ്ചരിച്ചില്ലങ്കിലും മംഗള്‍യാന്‍ പുറത്തുവിട്ട ഇന്ത്യയുടെ ചിത്രം നവംബര്‍  20 ന്  ഉച്ചക്ക് 1. 50 ന് എടുത്തതാണെന്ന്  ഐ എസ് ആര്‍ ഒ അറിയിച്ചു .ശ്രീഹരിക്കോട്ടയില്‍നിന്ന് കഴിഞ്ഞ നവംബര്‍ അഞ്ചിന് വിക്ഷേപിച്ച മംഗള്‍യാന്‍ പേടകത്തിലെ ക്യാമറ പ്രവര്‍ത്തിപ്പിച്ച ശേഷമുള്ള ഭൂമിയുടെ ആദ്യചിത്രം കൂടിയാണിത്

ഭൂമിക്കു ചുറ്റും 91.5 മണിക്കൂറെടുത്ത് ചുറ്റിക്കൊണ്ടിരിക്കുന്ന  മംഗള്‍യാനില്‍ നവംബര്‍  16 ഓടെ അതിന്റെ  ഭ്രമണപഥം  ഉയര്‍ത്താനുള്ള  ഏറ്റവും ഒടുവിലത്തെ ശ്രമവും വിജയിച്ചിരുന്നു. പേടകത്തിന്റെ ഭ്രമണപഥത്തിന് ഭൂമിയില്‍നിന്നുള്ള ഏറ്റവും കൂടിയ അകലം ഇതോടെ 192,874 കിലോമീറ്ററായി. ഇപ്പോള്‍  അഞ്ചാമത്തെ ഭൂഭ്രമണപഥത്തിലേക്ക്   മംഗള്‍യാന്‍  വിജയകരമായി എത്തിയിരിക്കുകയാണ് .

'മംഗള്‍യാന്‍ പേടകത്തെ അടുത്ത ഭ്രമണപഥത്തിലേക്ക് ഇനി നീക്കുക ഡിസംബര്‍ ഒന്നിനാണ്. സൗരഭ്രമണപഥത്തിലേക്കുള്ള ആ നീക്കം അത്യധികം നിര്‍ണായകമാണെന്നാണ്  ഐഎസ്ആര്‍ഒ യിലെ ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. തുടര്‍ന്ന് പത്തുമാസം സൗരഭ്രമണപഥത്തില്‍ സഞ്ചരിക്കുന്ന മംഗള്‍യാന്‍ പേടകം 2014 സപ്തംബര്‍ 24 ന് ചൊവ്വാഗ്രഹത്തിന്റെ ഭ്രമണപഥത്തിലെത്തും.
ഭൂമിയില്‍നിന്നും 600 മുതല്‍ 800 കിലോ മീറ്റര്‍ വരെ അകലത്തിലുള്ള ചിത്രങ്ങളാണ് സാധാരണ ഉപഗ്രഹ ചിത്രങ്ങളായി ലഭ്യമാകുന്നത്. അതുകൊണ്ട് തന്നെ 3.5  കിലോമീറ്റര്‍ ദൂരപരിധി വരെയുള്ള ഈ ചിത്രങ്ങള്‍ക്ക് പ്രത്യേകതയുണ്ടെന്ന്  ഐ എസ് ആര്‍ ഒ കരുതുന്നു.

ഇതേസമയം ഇന്ത്യയുടെ ചൊവ്വാ ദൗത്യമായ മാഴ്‌സ് ഓര്‍ബിറ്റര്‍ ബഹിരാകാശരംഗത്ത് ഭാരതം  പ്രവചനങ്ങള്‍ക്കപ്പുറമുള്ള  ശക്തിയുള്ളവരെന്നു തെളിയിച്ചതായി ഐ എസ് ആര്‍ ഒ  ചെയര്‍മാന്‍  കെ .രാധാകൃഷ്ണന്‍. മംഗല്‍യാന്‍ ദൗത്യം ബഹിരാകാശ രംഗത്ത്   ഇന്ത്യക്ക് പുതിയ ചരിത്രം സമ്മാനിക്കും.

വിക്ഷേപിച്ച് മണിക്കൂറുകള്‍ക്കകം തന്നെ 440 ന്യൂട്ടന്‍ ലിക്വിഡ് എന്‍ജിന്‍ 416 സെക്കന്‍ഡ് പ്രവര്‍ത്തിപ്പിച്ചാണ് ഭ്രമണപഥം ഉയര്‍ത്തിയത്. ഇസ്രൊയുടെ ടെലിമെട്രി, ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക്കിലെ സ്‌പേസ്‌ക്രാഫ്റ്റ് കണ്‍ട്രോള്‍ സെന്ററിലായിരുന്നു ഇതിന്റെ നിയന്ത്രണമെന്നും എല്ലാം പ്രതീക്ഷിച്ച പോലെ തന്നെ പ്രവര്‍ത്തിച്ചുവെന്നും  ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ വ്യക്തമാക്കി .

janayugom

Tuesday, November 19, 2013

ഐസോണ്‍ വാല്‍നക്ഷത്രം ദൃഷ്ടിപഥത്തിലേക്ക്

ആകാശവിസ്മയമൊരുക്കി അപൂര്‍വ വാല്‍നക്ഷത്രം ദൃഷ്ടിപഥത്തിലേക്ക്. കൗതുകകാഴ്ചയുമായി സൗരയൂഥം വഴി കടന്നു പോകുന്ന ഐസോണ്‍ വാല്‍നക്ഷത്രത്തെ വരുംദിവസങ്ങളില്‍ വ്യക്തതയോടെ കാണാം. തെളിഞ്ഞ ആകാശത്ത് കിഴക്കന്‍ ചക്രവാളത്തില്‍ സൂര്യോദയത്തിന് മുമ്പ് ധൂമകേതു തെളിയും. പുലര്‍ച്ചെ നാലുമുതല്‍ 5.30 വരെ വാല്‍നക്ഷത്രത്തെ കാണാനാവും. മേഘങ്ങള്‍ ചതിച്ചില്ലെങ്കില്‍ ബൈനോക്കുലറോ ടെലിസ്കോപ്പോ ഉപയോഗിച്ച് ഐസോണെ വ്യക്തമായി കാണാനാവും. കന്നി രാശിക്കടുത്താകുമിത്.

28 ന് ഐസോണ്‍ സൂര്യന് അടുത്തു കൂടി കടന്നു പോകും. 18.6 ലക്ഷം കിലോമീറ്റര്‍ അടുത്ത്. ഈ യാത്രയെ വാല്‍നക്ഷത്രം അതിജീവിക്കുമോ എന്നു വ്യക്തമല്ല. സൂര്യനിലേക്ക് പതിക്കുകയോ താപമേറ്റ് ബാഷ്പമാവുകയോ ചെയ്തേക്കാം. പൊട്ടിത്തെറിച്ച് ഒന്നിലേറെയായി മാറാനും സാധ്യതയുണ്ട്. സൂര്യനെ ചുറ്റി, തിരിച്ചുള്ള യാത്രയെ അതിജീവിച്ചാല്‍ ഡിസംബറില്‍ നഗ്ന നേത്രങ്ങള്‍കൊണ്ട് കാണാനാവുമെന്ന് വാനശാസ്ത്രജ്ഞര്‍ പറയുന്നു. ഭൂമിയില്‍നിന്ന് ആറരക്കോടിയിലധികം കിലോമീറ്റര്‍ അകലെ കൂടിയാകും ഐസോണിന്റെ മടക്കയാത്ര. സന്ധ്യാസമയത്തും സൂര്യോദയത്തിനു മുമ്പും തെളിയുന്ന ഐസോണ്‍ ജനുവരി ആദ്യത്തോടെ മറയും. തിരുവനന്തപുരത്ത് ശാസ്ത്ര സാങ്കേതിക മ്യൂസിയത്തില്‍ വാല്‍ നക്ഷത്രത്തെ നിരീക്ഷിക്കാന്‍ സൗകര്യമൊരുക്കുന്നുണ്ട്. സൂര്യസ്പര്‍ശിയായ വാല്‍നക്ഷത്ര വിഭാഗത്തിലുള്ള ഐസോണ്‍ സൗരയൂഥത്തിലെത്തുന്നത് ആദ്യമാണ്. 2012 സെപ്തംബര്‍ 21ന് റഷ്യന്‍ വാനനിരീക്ഷകരായ വിറ്റാലി നെവാസ്കിയും ആര്‍ട്യം നോവിച്ചോനോക്കുമാണ് ഈ ധൂമകേതുവിനെ കണ്ടെത്തിയത്.
(ദിലീപ് മലയാലപ്പുഴ)

deshabhimani

Sunday, November 17, 2013

അവസാന ഭ്രമണപഥം ഉയര്‍ത്തലും വിജയം

മംഗള്‍യാനെ ചൊവ്വയിലേക്ക് തൊടുക്കുന്നതിനുമുമ്പുള്ള അവസാന ഭ്രമണപഥം ഉയര്‍ത്തലും വിജയകരം. ശനിയാഴ്ച പുലര്‍ച്ചെ നടന്ന പഥം ഉയര്‍ത്തല്‍വഴി ഭൂമിയില്‍നിന്നുള്ള ഉപഗ്രഹത്തിന്റെ കൂടിയ ദൂരം 1,92,874 കിലോമീറ്റര്‍ ആയി. ഇതോടെ പേടകം അഞ്ചാം ഭൂഭ്രമണപഥത്തില്‍ എത്തി. പതിനാല് ദിവസംകൂടി ഭൂമിയെ വലംവയ്ക്കുന്ന മംഗള്‍യാന്‍ ഡിസംബര്‍ ഒന്നിന് ചൊവ്വയിലേക്ക് യാത്ര തുടങ്ങും. സൗരഭ്രമണപഥത്തിലേക്ക് തള്ളിവിടുന്ന ഈ പ്രക്രിയ നിര്‍ണായകവും സങ്കീര്‍ണവുമാണ്. പേടകത്തിലെ ബൂസ്റ്റര്‍ റോക്കറ്റ് പ്രവര്‍ത്തിപ്പിച്ച് പ്രവേഗം വര്‍ധിപ്പിച്ചാണ് ഇത് സാധ്യമാക്കുക. സെക്കന്‍ഡില്‍ 11.5 കിലോമീറ്റര്‍ വേഗത്തിലാകും ഭൂഭ്രമണപഥം വിട്ട് ഉപഗ്രഹം നീങ്ങുക. നേരിയ പാളിച്ച ഉണ്ടായാല്‍പ്പോലും ചൊവ്വയിലേക്കുള്ള ലക്ഷ്യം തെറ്റും. അടുത്തവര്‍ഷം സെപ്തംബര്‍ 21ന് മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തുമെന്നാണ് പ്രതീക്ഷ. ശ്രീഹരിക്കോട്ടയില്‍നിന്ന് കഴിഞ്ഞ അഞ്ചിന് വിക്ഷേപിച്ച ഉപഗ്രഹത്തിന്റെ ഭ്രമണപഥം ആറുമുതലാണ് ഘട്ടംഘട്ടമായി ഉയര്‍ത്തിയത്. നാലാംഘട്ടം പഥം ഉയര്‍ത്തല്‍ ആദ്യതവണ പാളിയെങ്കിലും പരിഹരിക്കാനായി. അഞ്ചാംഘട്ട ഭ്രമണപഥ വികാസപ്രവര്‍ത്തനം ശനിയാഴ്ച പുലര്‍ച്ചെ 1.27നാണ് നടന്നത്.

deshabhimani

Tuesday, November 12, 2013

മംഗള്‍യാന്‍: ഭ്രമണപഥം ഒരുലക്ഷം കിലോമീറ്ററിലേക്ക് ഉയര്‍ത്തി

ഇന്ത്യയുടെ പ്രഥമ ചൊവ്വാ പര്യവേക്ഷണ ഉപഗ്രഹമായ മംഗള്‍യാനെ ഭൂമിയില്‍ നിന്ന് ഒരുലക്ഷം കിലോമീറ്റര്‍ അകലെ എത്തിക്കാന്‍ ചൊവ്വാഴ്ച പുലര്‍ച്ചെ നടന്ന രണ്ടാം ഘട്ട ശ്രമം വിജയിച്ചു. തിങ്കളാഴ്ച നടന്ന ശ്രമം പരാജയപ്പെട്ടിരുന്നു. 78,276 കിലോമീറ്ററില്‍ നിന്നാണ് ഭ്രമണപഥം ഒരു ലക്ഷം കിലോമീറ്ററാക്കി വര്‍ധിപ്പിച്ചത്. മംഗള്‍യാന്‍ പേടകത്തിന്റെ ഭ്രമണപഥത്തിലേക്ക് ഭൂമിയില്‍നിന്നുള്ള കൂടിയ അകലം ഇപ്പോള്‍ 1,18,642 കിലോമീറ്ററാണ്. സെക്കന്റില്‍ 124 മീറ്റര്‍ വേഗത ആര്‍ജിച്ചതായും ഐഎസ്ആര്‍ഒ അറിയിച്ചു.

തിങ്കളാഴ്ച 71,623 കിലോമീറ്ററില്‍നിന്ന് ഭ്രമണപഥം വികസിപ്പിക്കുന്നതിനുള്ള ശ്രമമാണ് പൂര്‍ണവിജയമാകാതിരുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ 2.06ന് ഭ്രമണപഥം ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും 78,276 കിലോമീറ്ററില്‍ ഒതുങ്ങി. ഇതില്‍ ആശങ്ക വേണ്ടെന്നും ചൊവ്വാഴ്ച ബൂസ്റ്റര്‍ ജ്വലിപ്പിച്ച് ഇതു പരിഹരിക്കാനാകുമെന്നും ഐഎസ്ആര്‍ഒ അറിയിച്ചിരുന്നു. ഉപഗ്രഹത്തിലെ ലിക്വഡ് അപ്പോജി മോട്ടോര്‍ ജ്വലിപ്പിച്ചാണ് വ്യാഴാഴ്ച മുതല്‍ ഭ്രമണപഥം ഉയര്‍ത്തിത്തുടങ്ങിയത്. തിങ്കളാഴ്ച മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ഉപഗ്രഹത്തിന്റെ പ്രവേഗം സെക്കന്‍ഡില്‍ 130 മീറ്ററാണ് പ്രതീക്ഷിച്ചതെങ്കിലും 35 മീറ്റര്‍ മാത്രമേ ലഭിച്ചുള്ളൂ. നിശ്ചിതരീതിയില്‍ ഭ്രമണപഥം ഉയരാതിരുന്നത് ഇതു മൂലമാണെന്നാണ് വിലയിരുത്തല്‍.

എന്നാല്‍, കണക്കുകൂട്ടല്‍ പിഴച്ചത് എങ്ങനെയെന്ന് ഐഎസ്ആര്‍ഒ പരിശോധിക്കുന്നുണ്ട്. ബംഗളൂരുവിലെ ഐഎസ്ആര്‍ഒ കേന്ദ്ര (ഐസ്ട്രാക്)ത്തില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ സ്വീകരിച്ചാണ് ഭ്രമണപഥം ഉയര്‍ത്തല്‍. ഉപഗ്രഹം ഭൂമിയോട് അടുത്തുവരുന്ന സമയത്താണ് നിര്‍ദേശം നല്‍കുന്നത്. ശനിയാഴ്ചയാണ് ഉപഗ്രഹം 71,623 കിലോമീറ്ററിലെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ശ്രീഹരിക്കോട്ടയില്‍നിന്ന് മംഗള്‍യാന്‍ വിക്ഷേപിച്ചത്.

deshabhimani

Friday, November 8, 2013

യാത്ര തുടരുന്നു; മംഗള്‍യാന്‍ 70,656 കിലോമീറ്ററിലേക്ക്

ചൊവ്വ ഗ്രഹത്തെ തേടിയുള്ള മംഗള്‍യാന്‍ പേടകത്തിന്റെ യാത്ര തുടരുന്നു. ഐഎസ്ആര്‍ഒയുടെ ചൊവ്വാദൗത്യ ഉപഗ്രഹത്തിന്റെ ഭ്രമണപഥം 70,656 കിലോമീറ്ററിലേക്ക്. ശ്രീഹരിക്കോട്ടയില്‍ നിന്ന് ചൊവ്വാഴ്ച വിക്ഷേപിച്ച ഉപഗ്രഹത്തിന്റെ ഭ്രമണപഥം ഘട്ടംഘട്ടമായി ഉയര്‍ത്തുന്ന പ്രവര്‍ത്തനമാണ് ആരംഭിച്ചത്. നിലവില്‍ ഭൂമിയെ വലംവക്കുന്ന ഉപഗ്രഹത്ത ആറ് ഘട്ടമായാണ് ഭൂഭ്രമണപഥത്തില്‍ നിന്ന് സൗരഭ്രമണപഥത്തിലേക്ക് തൊടുത്തു വിടുക. പേടകത്തിലെ ലിക്വിഡ് അപോജി മോട്ടോര്‍ ജ്വലിപ്പിച്ചാണ് ഇത് സാധ്യമാക്കുന്നത്.

ബംഗലൂരുവിലെ ഐഎസ്ആര്‍ഒ സ്റ്റേഷനി(ഐസ്ട്രാക്ക്)ല്‍ നിന്നാണ് ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്. രണ്ട് ജ്വലനങ്ങളിലൂടെ മംഗള്‍യാന്റെ ഭ്രമണപഥത്തിന്റെ ദൂരം 40,000 കിലോമീറ്ററില്‍ എത്തി. വ്യാഴാഴ്ച പുലര്‍ച്ചെ 416 സെക്കന്റ് നീണ്ട ആദ്യ ജ്വലനത്തില്‍ ഉപഗ്രഹം 28,825 കിലോമീറ്ററിലെത്തിയിരുന്നു. ശനിയാഴ്ച വീണ്ടും ഭ്രമണപഥം 70,656 കിലോമീറ്ററിലേക്ക് ഉയര്‍ത്തും. തുടര്‍ന്ന് 11 നും 16 നും നടത്തുന്ന ഭ്രമണപഥ വികസനത്തിലൂടെ ഇത് 1.99 ലക്ഷം കിലോമീറ്ററിലെത്തിക്കും. ഡിസംബര്‍ ഒന്നിന് മോട്ടോര്‍ ജ്വലനം വഴി സൗര ഭ്രമണപഥത്തിലേക്ക് തൊടുക്കുന്നതോടെ മംഗള്‍യാന്റെ യാത്ര കൂടുതല്‍ സങ്കീര്‍ണമാകും. അടുത്തവര്‍ഷം സെപ്തംബര്‍ 24 ന് മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമപണപഥത്തിലെത്തുമെന്നാണ് പ്രതീക്ഷ. ദീര്‍ഘവൃത്താകൃതിയില്‍ ഭൂമിയെ ഭ്രമണം ചെയ്യുന്ന പേടകത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും തൃപ്തികരമാണെന്ന് ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചു.

deshabhimani

Tuesday, November 5, 2013

മംഗള്‍യാന്‍ ചൊവ്വയിലേക്ക് കുതിച്ചുയര്‍ന്നു

ചൊവ്വാ ഗ്രഹത്തിന്റെ രഹസ്യംതേടിയുള്ള ഇന്ത്യയുടെ മംഗള്‍യാന്‍ കുതിച്ചുയര്‍ന്നു. ചൊവ്വാഴ്ച ഉച്ചക്ക് 2.38നാണ് ഐഎസ്ആര്‍ഒയുടെ ദൗത്യമായ മംഗള്‍യാന്‍ ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്പെയ്സ് സെന്ററില്‍നിന്ന് കുതിച്ചുയര്‍ന്നത്.ഒന്നാംനമ്പര്‍ വിക്ഷേപണത്തറയില്‍നിന്ന് പിഎസ്എല്‍വി സി 25 റോക്കറ്റാണ് മംഗള്‍യാനുമായി കുതിച്ചുയര്‍ന്നത്.

44ാം മിനിറ്റില്‍ 1350 കിലോഗ്രാം ഭാരമുള്ള മംഗള്‍യാന്‍ ഭൂമിക്കുമുകളിലുള്ള താല്‍ക്കാലിക ഭ്രമണപഥത്തില്‍ എത്തും. നവംബര്‍ 30 വരെ പേടകം ഭൂമിയെ ചുറ്റും. തുടര്‍ന്ന് ഘട്ടംഘട്ടമായി ഭ്രമണപഥം ഉയര്‍ത്തി ചൊവ്വയിലേക്ക് യാത്രയാകും. 300 ദിവസത്തെ യാത്രയ്ക്കൊടുവില്‍ 2014 സെപ്തംബര്‍ 24ന് ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിക്കും. ചൊവ്വ ഭൂമിയോടടുത്തുവരുന്ന സന്ദര്‍ഭം പ്രയോജനപ്പെടുത്തിയാണ് വിക്ഷേപണം. കുറവു സമയവും ഇന്ധനവും ഉപയോഗിച്ച് ലക്ഷ്യത്തിലെത്താനാകുമെന്നതാണ് പ്രത്യേകത. ഇനി 2016ലേ ഇങ്ങനെയൊരു അവസരം ലഭിക്കൂ. ചൊവ്വയില്‍ ജീവന്റെ സാന്നിധ്യം തേടിയാണ് മംഗള്‍യാന്റെ യാത്ര. ്രഅമ്പത്തിയാറര മണിക്കൂര്‍ നീണ്ടു നില്‍ക്കുന്നതാണ് കൗണ്ട് ഡൗണ്‍.
 
ദൗത്യം വിജയിച്ചാല്‍ റഷ്യക്കും അമേരിക്കയ്ക്കും യൂറോപ്യന്‍ യൂണിയനും ശേഷം ചൊവ്വയിലേക്ക് പര്യവേക്ഷണ വാഹനം അയക്കുന്ന രാജ്യമായിരിക്കും ഇന്ത്യ. മറ്റു രാജ്യങ്ങളുടെ ചൊവ്വ പര്യവേക്ഷണവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും ചെറിയ തുക ഉപയോഗിച്ചുള്ള ചൊവ്വ ദൗത്യമാണിത്. പദ്ധതിയുടെ ചെലവ് 450 കോടി രൂപയാണ്. നാസ തള്ളിക്കളഞ്ഞ ഒരു വിഷയമാണ് ഇന്ത്യയുടെ ഉപഗ്രഹം പഠിക്കാന്‍ ശ്രമിക്കുന്നത്. ചൊവ്വയിലെ മീഥൈന്റെ സാന്നിധ്യം കണ്ടെത്തുക എന്നതാണ് ലക്ഷ്യം. മീഥൈന്‍ ഉണ്ടെങ്കില്‍ ജീവന്‍ നിലനിന്നിരുന്നു എന്ന് ഉറപ്പിക്കാം.

ചൊവ്വയില്‍ മിഥൈന്‍ ഇല്ല എന്ന നിലപാടിലാണ് നാസയുടെ ശാസ്ത്രജ്ഞര്‍. ചൊവ്വാ ദൗത്യം വിജയകരമായാല്‍ ഇന്ത്യ ബഹിരാകാശ ലോകത്തെ അജയ്യശക്തിയാകും. ശതകോടികളുടെ വരുമാനം രാജ്യത്തിന് നേടിക്കൊടുക്കാന്‍ കഴിയുന്നതാണ് ബഹിരാകാശ ലോകത്തെ സ്വാശ്രയത്വം. ഇതുവരെ ലോകത്ത് നടന്ന 51 ചൊവ്വാദൗത്യങ്ങളില്‍ വിജയിച്ചത് 21 എണ്ണം മാത്രമാണ് എന്നതാണ് അതിനു കാരണം.

deshabhimani

Sunday, June 30, 2013

"മൂന്നുപേര്‍ക്ക് ഒരു കുഞ്ഞ് " പരീക്ഷണത്തിന് ബ്രിട്ടന്‍ അനുമതി നല്‍കുന്നു

മൂന്നുപേരുടെ കോശങ്ങള്‍ ഉപയോഗപ്പെടുത്തി കുഞ്ഞുണ്ടാക്കാനുള്ള കൃത്രിമ സന്താനോല്‍പ്പാദന പദ്ധതിക്ക് (ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍-ഐവിഎഫ്) ബ്രിട്ടന്‍ അനുമതി നല്‍കുന്നു. 2015നുള്ളില്‍ പദ്ധതി യാഥാര്‍ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി നിര്‍ദേശങ്ങളുടെയും നിബന്ധനകളുടെയും കരട് അടുത്തവര്‍ഷം പുറത്തിറക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഈ പദ്ധതിക്ക് അനുമതി നല്‍കുന്ന ആദ്യ രാജ്യമാകും ബ്രിട്ടന്‍.

മാതാപിതാക്കളില്‍ നിന്ന് അടുത്ത തലമുറയിലേക്ക് ജനിതകരോഗങ്ങള്‍ പടരുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയെന്ന് പറയുന്നു. അതേസമയം, പദ്ധതിയുടെ ധാര്‍മികതയെ ചോദ്യംചെയ്ത് രൂക്ഷവിമര്‍ശനങ്ങളും ഉയരുന്നു. കോശത്തിലെ മുഖ്യഭാഗമായ മൈറ്റോകോണ്‍ട്രിയയുടെ വൈകല്യങ്ങളാണ് പ്രധാനമായും പാരമ്പര്യരോഗങ്ങള്‍ക്ക് വഴിയൊരുക്കുന്നത്. അമ്മയുടെ വൈകല്യങ്ങളുള്ള അണ്ഡകോശത്തിലെ ന്യൂക്ലിയസ് (മര്‍മം) ദാതാവായ മറ്റൊരു സ്ത്രീയുടെ അണ്ഡത്തിലേക്ക് വച്ചുമാറ്റുന്നതാണ് ഇവിടെ ചെയ്യുന്നത്. മൈറ്റോകോണ്‍ട്രിയയിലെ തകരാറിലൂടെ മാതാപിതാക്കളില്‍നിന്ന് സന്താനങ്ങളിലേക്ക് പടരുന്ന ഹൃദയ, കരള്‍, പേശീരോഗങ്ങള്‍ പുതിയ പദ്ധതിയിലൂടെ ഒഴിവാക്കാനാകുമെന്ന് ബ്രിട്ടണിലെ ആരോഗ്യ വകുപ്പിന്റെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രൊഫ. ഡാം സാലി ഡേവിസ് പറഞ്ഞു. പരീക്ഷണം വിജയിച്ചാല്‍ ഒരു കുട്ടിക്ക് ഒരു അച്ഛനും രണ്ട് അമ്മമാരുമുണ്ടാകും. പുരുഷബീജത്തിലെ വൈകല്യങ്ങളും ഈ രീതിയില്‍ മറികടക്കാനാകും.

അതേസമയം, ഈ രീതിയില്‍ സന്താനങ്ങളെ ഉല്‍പ്പാദിപ്പിക്കുന്നത് ധാര്‍മികമായി ശരിയല്ലെന്ന് ചൂണ്ടിക്കാണിച്ച് ചില ആരോഗ്യസംഘടനകളും വിദഗ്ധരും രംഗത്തെത്തിയിട്ടുണ്ട്. മൂന്ന് മനുഷ്യരില്‍നിന്നുള്ള ജനിതകഘടന സ്വീകരിച്ച കുട്ടികളാകും ഈ പരീക്ഷണങ്ങളിലൂടെ ഉണ്ടാകുകയെന്നും അവര്‍ വിമര്‍ശിക്കുന്നു. പുതിയ പരീക്ഷണത്തിന് പാര്‍ലമെന്റ് അംഗീകാരം നല്‍കേണ്ടതുണ്ട്. നിയമം അംഗീകരിക്കപ്പെട്ടാല്‍ ബ്രിട്ടനില്‍ പ്രതിവര്‍ഷം അഞ്ച് മുതല്‍ പത്ത് വരെ കുഞ്ഞുങ്ങള്‍ ഇത്തരത്തില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

deshabhimani

Friday, April 5, 2013

ലോകത്തെ ഏറ്റവും ഭാരം കുറഞ്ഞ വസ്തു കണ്ടുപിടിച്ചു


വായുവിനേക്കാള്‍ ആറിലൊന്നു മാത്രം സാന്ദ്രതയുള്ള കാര്‍ബണ്‍ എയ്‌റോജല്‍ ചൈനീസ് ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തു. ലോകത്തെ ഏറ്റവും ഭാരം കുറഞ്ഞ വസ്തുവാണിത്. ഗ്രാഫൈറ്റ് എയ്‌റോജലിനായിരുന്നു ഇതുവരെ ഈ പദവി.

കാര്‍ബണ്‍ എയ്‌റോജലിന്റെ സാന്ദ്രത ക്യൂബിക്‌സെന്റിമീറ്ററിനു 0.16 മില്ലിഗ്രാം ആണ്. കാര്‍ബണ്‍ നാനോ ട്യൂബുകളുടെയും ഗ്രഫീന്റെയും ലായനികള്‍ അതിശീതീകരിച്ച് ഉണക്കിയെടുത്താണ് ഷെജിയാങ്ങ് യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസര്‍ ഗാവോ ചാവോയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘം കാര്‍ബണ്‍ എയ്‌റോജല്‍ വികസിപ്പിച്ചെടുത്തത്. സ്വന്തം ഭാരത്തിന്റെ 900 മടങ്ങ് എണ്ണ എയ്‌റോജല്‍ന് വലിച്ചെടുക്കാനാകും. മലിനീകരണ നിയന്ത്രണത്തിനും എനര്‍ജി സ്‌റ്റോറേജ് ഇന്‍സുലേഷനും മറ്റും ഇത് ഉപയോഗിക്കാം.

janayugom

Tuesday, August 7, 2012

ആകാംക്ഷയുണര്‍ത്തി "ക്യൂരിയോസിറ്റി" ചൊവ്വയില്‍


ഇനി രണ്ടു വര്‍ഷം "ക്യൂരിയോസിറ്റി"യുടെ കാലം. നാസ ശാസ്ത്രജ്ഞര്‍ക്കും ലോകത്തിനുതന്നെയും ആകാംക്ഷയുടെ നാളുകളും. ജീവന്റെ നിലനില്‍പ്പിനുള്ള സാധ്യതകള്‍ തേടി ചൊവ്വയില്‍ സുരക്ഷിതമായി ഇറങ്ങിയ ക്യൂരിയോസിറ്റി അവിടെ "ജീവിത സാഹചര്യങ്ങള്‍" തേടിയുള്ള അന്വേഷണം തുടങ്ങി.

ചൊവ്വയില്‍ സൂക്ഷ്മാണുക്കള്‍ക്ക് ജീവിക്കാനുള്ള സാഹചര്യമുണ്ടോയെന്ന ഗവേഷണമാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ പര്യവേക്ഷണവാഹനം നടത്തുക. ചൊവ്വയിലെ ഗെയ്ല്‍ ഗര്‍ത്തത്തില്‍ 4.8 കിലോമീറ്റര്‍ ഉയരവും 154 കിലോമീറ്റര്‍ വ്യാസവുമുള്ള ഒരു പര്‍വതത്തിന്റെ ചുവട്ടിലാണ് തിങ്കളാഴ്ച രാവിലെ ഇന്ത്യന്‍സമയം 11ന് ക്യൂരിയോസിറ്റി ഇറങ്ങിയത്. ലാ കനഡ ഫ്ളിന്റ്റിഡ്ജിലെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയില്‍ ഗവേഷകര്‍ നിലയ്ക്കാത്ത കരഘോഷത്തോടെ ഈ നേട്ടമാഘോഷിച്ചു. പേടകത്തിന്റെ ദൗത്യം നിയന്ത്രിക്കുന്ന ലാബിലെ എന്‍ജിനിയര്‍മാര്‍ സന്തോഷാശ്രുക്കളോടെ ആലിംഗനങ്ങളിലമര്‍ന്നു.

പേടകം വിജയകരമായി ചൊവ്വയിലിറങ്ങിയെന്ന സന്ദേശം വന്നതിനു തൊട്ടുപിന്നാലെ ചൊവ്വയുടെ ഉപരിതലത്തിന്റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളും എത്തി. പേടകത്തില്‍നിന്ന് നേരെ മുന്നില്‍ക്കാണുന്ന പാറ നിറഞ്ഞ ചൊവ്വോപരിതലത്തിന്റെ ചിത്രമാണ് ആദ്യം അയച്ചത്. പിന്നാലെ 256 ഃ 256 പിക്സലുള്ള കൂടുതല്‍ വലിയ ഒരു ചിത്രവും. അടുത്ത ദിവസങ്ങളില്‍ വിവിധ കോണുകളില്‍നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍ അയക്കും. ചൊവ്വയില്‍ ജീവന്റെ സാന്നിധ്യമോ ഫോസിലുകളോ അന്വേഷിക്കുകയല്ല, മറിച്ച് ഈ അന്തരീക്ഷത്തില്‍ കാര്‍ബണ്‍, നൈട്രജന്‍, ഫോസ്ഫറസ്, സള്‍ഫര്‍, ഓക്സിജന്‍ എന്നിങ്ങനെ ജീവന്റെ നിലനില്‍പ്പിന് ആധാരമായ അടിസ്ഥാന കണങ്ങള്‍ തേടുകയാണ് ക്യൂരിയോസിറ്റിയുടെ ദൗത്യം. ബഹിരാകാശ ഗവേഷണരംഗത്ത് ആഴത്തിലുള്ള പര്യവേക്ഷണങ്ങള്‍ക്ക് ക്യൂരിയോസിറ്റി വഴിയൊരുക്കും. ചൊവ്വയിലെ മണ്ണ് കുഴിച്ചുള്ള പരീക്ഷണങ്ങള്‍ക്കും മണ്ണ് ഭൂമിയിലെത്തിച്ചുള്ള കൂടുതല്‍ പരിശോധനകള്‍ക്കും ഭാവിയില്‍ ചൊവ്വയിലേക്കുള്ള മനുഷ്യയാത്രയ്ക്കും ക്യൂരിയോസിറ്റി ദൗത്യം സഹായകമാവും.

ചൊവ്വയില്‍ ജലമുണ്ടായിരുന്നതിന്റെ സൂചനകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ചൊവ്വയുടെ മണ്ണ് വരണ്ടുണങ്ങിയും അന്തരീക്ഷം കൊടുംതണുപ്പും പൊടിക്കാറ്റും കലര്‍ന്നുമാണിരിക്കുന്നത്. "ആകാശ ക്രെയിന്‍" എന്ന നൂതനരീതി ഉപയോഗിച്ചാണ് പേടകം ചൊവ്വയുടെ പ്രതലത്തില്‍ ഇറക്കിയത്. ആദ്യ ആഴ്ച ക്യൂരിയോസിറ്റി നിരവധി ക്യാമറകളുള്ള അതിന്റെ പ്രധാന ആന്റിന ഉയര്‍ത്തും. പാറയെ ഉരുക്കാന്‍ കഴിവുള്ള ലേസറുകളും മറ്റ് ഉപകരണങ്ങളും ആന്റിനയില്‍ ഘടിപ്പിച്ചിട്ടുണ്ട്. ഈ ആന്റിനയുടെ സഹായത്തോടെയാണ് ചുറ്റുപാടുകളുടെ വിശാലമായ ചിത്രം ക്യൂരിയോസിറ്റി പകര്‍ത്തുക. ആദ്യമാസം നാസ ക്യൂരിയോസിറ്റിയെ സൂക്ഷ്മമായി നിരീക്ഷിക്കും. സെപ്തംബര്‍ പകുതിയോടെയേ ചൊവ്വയിലെ മണ്ണിന്റെ സാമ്പിള്‍ എത്തിക്കുകയുള്ളു. ഒക്ടോബര്‍-നവംബറിലേ പാറ തുരക്കല്‍ തുടങ്ങൂ. ക്യൂരിയോസിറ്റി "പൂര്‍ണ ആരോഗ്യത്തോടെ" ഇരിക്കുന്നുണ്ടെന്നും പ്രതീക്ഷിച്ചതുപോലെ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും നാസ പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani 070812

Tuesday, May 22, 2012

ഗവേഷണവും സ്വകാര്യമേഖലയ്ക്ക്; ലോക്സഭയില്‍ പുതിയ ബില്‍


ഉന്നതവിദ്യാഭ്യാസ-ഗവേഷണ മേഖലകളില്‍ സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കാന്‍ അനുമതി നല്‍കുന്ന ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. പൊതുമേഖലയില്‍ മാത്രമായി ഉന്നതവിദ്യാഭ്യാസം ഒതുക്കാനാകില്ലെന്ന പ്രഖ്യാപനത്തിലൂടെ സ്വകാര്യമേഖലയുടെ കടന്നുകയറ്റത്തിന് നിയമപരിരക്ഷ ഉറപ്പാക്കുന്ന ബില്‍ വിദ്യാഭ്യാസമന്ത്രി കപില്‍ സിബലാണ് അവതരിപ്പിച്ചത്. പൂര്‍ണമായ പൊതുപങ്കാളിത്തത്തിലോ പൂര്‍ണമായ സ്വകാര്യപങ്കാളിത്തത്തിലോ പൊതു-സ്വകാര്യ പങ്കാളിത്തത്തിലോ സര്‍വകലാശാല തുടങ്ങാന്‍ ബില്‍ അനുമതി നല്‍കുന്നു. ഉന്നതവിദ്യാഭ്യാസരംഗത്ത് സ്വകാര്യമേഖലയ്ക്ക് പൂര്‍ണസ്വാതന്ത്ര്യം അനുവദിക്കുംവിധം നിരവധി വ്യവസ്ഥകള്‍ ബില്ലിലുണ്ട്. ലാഭോദ്ദേശ്യം ഇല്ലാത്ത സ്വകാര്യസംരംഭകര്‍ എന്ന പേരിലാണ് സ്വകാര്യവ്യക്തികളെ സ്വാഗതം ചെയ്യുന്നത്. സ്വകാര്യ സര്‍വകലാശാലകള്‍ക്ക് പൂര്‍ണമായ സ്വയംഭരണാവകാശമുണ്ടാകും.

നിലവിലുള്ള സര്‍വകലാശാലകളുടെ പ്രവര്‍ത്തനരീതിയില്‍നിന്ന് ഭിന്നമായ രീതിയിലാണ് പുതിയ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുക. രജിസ്റ്റര്‍ ചെയ്ത സംഘടനയ്ക്കോ സൊസൈറ്റിക്കോ ട്രസ്റ്റിനോ സര്‍വകലാശാല തുടങ്ങാം. നൂതനപ്രവര്‍ത്തനങ്ങളില്‍ കഴിവു തെളിയിച്ചവര്‍ക്കും 25 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ സര്‍വകശാലയ്ക്കും ഗവേഷണസര്‍വകലാശാല തുടങ്ങാം. വിദേശത്ത് 50 വര്‍ഷം പരിചയമുള്ള സര്‍വകലാശാലകള്‍ക്കും ക്ഷണമുണ്ട്. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പകുതി സീറ്റ് നീക്കിവച്ചാല്‍ മതി. പൊതുമേഖലയില്‍ തുടങ്ങുന്ന സര്‍വകലാശാലകളില്‍ രാഷ്ട്രപതിക്ക് വിസിറ്റര്‍ പദവി ഉണ്ടായിരിക്കും. രാഷ്ട്രപതി ചാന്‍സലറെ നിയമിക്കും. വൈസ് ചാന്‍സലറെ നിയമിക്കുന്നത് ഉന്നതനിര്‍വഹണസമിതിയായ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ്. സ്വകാര്യമേഖലയില്‍ സര്‍വകലാശാല തുടങ്ങാന്‍ ഭൂമി ഏറ്റെടുത്ത് അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാനും സര്‍ക്കാര്‍ സഹായിക്കും. സര്‍വകലാശാലകളുടെ നിയന്ത്രണാധികാരം ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിന്റെ കീഴിലായിരിക്കും. ചാന്‍സലറെ നിശ്ചയിക്കാനും സംരംഭകന് അധികാരമുണ്ടാകും.
(പി വി അഭിജിത്)

deshabhimani 220512

Saturday, January 28, 2012

ശാസ്ത്രസമൂഹം പരീക്ഷിക്കപ്പെടുമ്പോള്‍

ശൂന്യാകാശ പര്യവേഷണത്തില്‍ ഇന്ത്യയുടെ അന്തസുയര്‍ത്തിയ മഹത് സ്ഥാപനമാണ് ഐ എസ് ആര്‍ ഒ. ലോകത്തിന്റെ തന്നെ അംഗീകാരം നേടിയ ശാസ്ത്രജ്ഞരുടെ സങ്കേതമാണത്. ശൂന്യാകാശ ഗവേഷണത്തെ നാടിന്റെ പുരോഗതിയുമായി ബന്ധപ്പെടുത്താന്‍ കഴിയുമെന്ന് തെളിയിച്ച ഒട്ടേറെ കണ്ടെത്തലുകളുടെ കേന്ദ്രം എന്ന നിലയിലും ഐ എസ് ആര്‍ ഒ രാജ്യത്തിന് പ്രിയങ്കരമാവുന്നു. അവിടെ നിന്ന് ശുഭകരമല്ലാത്ത വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ രാജ്യത്തിന് ദുഃഖം തോന്നുന്നത് ഇക്കാരണങ്ങളാലാണ്.

ഐ എസ് ആര്‍ ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പ്പറേഷനും ദേവാസ് മള്‍ട്ടി മീഡിയ കമ്പനി എന്ന സ്വകാര്യ സ്ഥാപനവും തമ്മില്‍ ഒപ്പുവെയ്ക്കപ്പെട്ട കരാറാണ് ഐ എസ് ആര്‍ ഒയുടെ മുഖശോഭയ്ക്ക് കളങ്കം ചാര്‍ത്തിയത്. 2005 ജനുവരി മാസം 28-ാം തീയതി ഒപ്പുവയ്ക്കപ്പെട്ട പ്രസ്തുത കരാറാണ് എസ്-ബാന്‍ഡ് സ്‌പെക്ട്രം ഇടപാട് എന്ന പേരില്‍ കുപ്രസിദ്ധി നേടിയത്. ഐ എസ് ആര്‍ ഒ വിക്ഷേപിക്കുന്ന രണ്ട് അത്യന്താധുനിക ഉപഗ്രഹങ്ങളുടെ 90 ശതമാനം ട്രാന്‍സ്‌പോണ്ടറുകളും ദേവാസ് മള്‍ട്ടി മീഡിയയ്ക്ക് ആ കരാറിലൂടെ കൈമാറുകയായിരുന്നു. അതിലൂടെ പൊതു ഖജനാവിന് രണ്ട് ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായി എന്നുകേട്ട് രാജ്യം നടുങ്ങിപ്പോയി. ഒരു ലക്ഷത്തി എഴുപത്താറായിരം കോടി കൈമറിഞ്ഞ 2 ജി സ്‌പെക്ട്രം ഇടപാടിനെ അതിശയിപ്പിക്കുന്നതായി എസ്-ബാന്‍ഡ് സ്‌പെക്ട്രം ഇടപാട്. രാജ്യരക്ഷയും അതിസൂക്ഷ്മ സാങ്കേതികതയും ഇഴപിരിക്കുന്ന ഇത്തരം ഇടപാടുകളിലെ സാമ്പത്തിക വിനിമയത്തിന്റെ കൃത്യമായ കണക്കുകള്‍ സമൂഹത്തിന് വ്യക്തമാകാറില്ല. അതുകൊണ്ടുതന്നെ ആ കണക്കുകളിലെ ഏറ്റക്കുറച്ചിലുകളെക്കുറിച്ച് പണ്ഡിതന്മാര്‍ പലവിധം പറയുമ്പോള്‍ അത്ഭുതം കൂറാനെ സമൂഹത്തിന് കഴിയൂ.

ആന്‍ട്രിക്‌സ്-ദേവാസ് സ്‌പെക്ട്രം ഇടപാടിന്റെ വിശദാംശങ്ങള്‍ അരിച്ചരിച്ചു മാത്രമേ പുറത്തുവന്നിട്ടുള്ളൂ. ഏറ്റവുമൊടുവില്‍ പുറത്തുവന്ന വിവരമനുസരിച്ച് ഐ എസ് ആര്‍ ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍നായരടക്കം രാജ്യത്തെ നാല് ശൂന്യാകാശ ശാസ്ത്രജ്ഞന്മാര്‍ കരിംപട്ടികയില്‍ പെട്ടിരിക്കുന്നു. ഐ എസ് ആര്‍ ഒയുടെ മുന്‍ ചെയര്‍മാന്‍, ശൂന്യാകാശ വകുപ്പ് സെക്രട്ടറി, സ്‌പെയ്‌സ് കമ്മിഷന്‍ ചെയര്‍മാന്‍ എന്നീ അത്യുന്നത പദവികള്‍ വഹിച്ചിട്ടുള്ള ലോക പ്രശസ്ത ശാസ്ത്രജ്ഞനാണ് ജി മാധവന്‍ നായര്‍. ശിരസു താഴ്ത്തി പിടിക്കേണ്ട ഒരു സാമ്പത്തിക ഇടപാടില്‍ അദ്ദേഹത്തിന്റെ പേര് ഉള്‍പ്പെട്ടുകാണുമ്പോള്‍ രാജ്യത്തിന് നാണംതോന്നുന്നത് സ്വാഭാവികം. ഈ സന്ദര്‍ഭത്തില്‍ സത്യം വിജയിക്കുകയാണ് ആവശ്യം. അത് രാജ്യത്തിന്റെയും രാഷ്ട്രത്തിന്റെയും വിജയമായിരിക്കും. ഒരു വിഭാഗം ശാസ്ത്രജ്ഞന്മാര്‍ പ്രകടിപ്പിക്കുന്ന വികാരവിക്ഷോഭം മനസിലാക്കാന്‍ പ്രയാസമുള്ളതാണ്.

ആന്‍ട്രിക്‌സ്-ദേവാസ് ഇടപാടിന്റെ ഗൗരവം പരിഗണിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ട ശിക്ഷണ നടപടി അതീവ ദുര്‍ബലമാണെന്ന വിമര്‍ശനം ഉയരുന്നുണ്ട്. കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട ചുമതലകളില്‍ നിന്ന് കുറ്റാരോപിതരായ ശാസ്ത്രജ്ഞന്മാര്‍ നാലുപേരേയും ഒഴിവാക്കാന്‍ നിര്‍ദ്ദേശിക്കുക മാത്രമാണ് ഗവണ്‍മെന്റ് ചെയ്തത്. അതുപോലും ശാസ്ത്രലോകത്തിന്റെ മനോവീര്യം തളര്‍ത്തുമെന്നാണ് ഒരുവിഭാഗം ശാസത്രജ്ഞന്മാര്‍ സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നത്. സാമ്പത്തിക അച്ചടക്കത്തിന്റേയും സുതാര്യതയുടേയും താത്പര്യങ്ങളെ മുന്‍നിര്‍ത്തിയാണ് ഈ നടപടിയെന്ന് കേന്ദ്രമന്ത്രി വി നാരായണസ്വാമി വ്യക്തമാക്കുന്നു. അതുപോലും ഉള്‍ക്കൊള്ളാന്‍ ആവാത്തവിധം ദുര്‍ബലമാണോ ശാസ്ത്രസമൂഹത്തിന്റെ മനോവീര്യമെന്ന് സാമാന്യ ജനങ്ങളെക്കൊണ്ട് തോന്നിപ്പിക്കും വിധം ഉണ്ടാകുന്ന പ്രതികരണങ്ങള്‍ ഖേദകരമാണ്.

മുന്‍കാബിനറ്റ് സെക്രട്ടറിയും സ്‌പേയ്‌സ് കമ്മിഷന്‍ അംഗവുമായിരുന്ന ബി കെ ചതുര്‍വേദി, സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷന്‍ ചെയര്‍മാന്‍ ആയിരുന്ന പ്രത്യുഷ് സിന്‍ഹ തുടങ്ങിയ ആധികാരിക കേന്ദ്രങ്ങള്‍ ആന്‍ട്രിക്‌സ്-ദേവാസ് ഇടപാടിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാണിച്ചതാണ്. ഗവണ്‍മെന്റിന് ലഭിക്കേണ്ട വരുമാനത്തിന്റെ 15ല്‍ ഒരുഭാഗം മാത്രമാണ് ഈ ഇടപാടിന്റെ ഫലമായി ഖജനാവിലേക്ക് എത്തിയിട്ടുള്ളൂ. വഴിമാറിപ്പോയ സംഖ്യയുടെ വ്യാപ്തിയെപ്പറ്റി ആര്‍ക്കെങ്കിലും തര്‍ക്കവുമുണ്ടായിരിക്കാം. എന്നാല്‍ ക്രമക്കേട് ഉണ്ടായി എന്നത് ആര്‍ക്കും നിഷേധിക്കാന്‍ ആവില്ല. ഈ സാഹചര്യത്തില്‍ കൂടുതല്‍ വിശദമായ അന്വേഷണങ്ങളാണ് ഉണ്ടാകേണ്ടത്. അതിന്റെ ലക്ഷ്യം സത്യം കണ്ടെത്തുക തന്നെയായിരിക്കണം. ക്രമക്കേടുകള്‍ തുറന്നു കാണിക്കപ്പെടുമ്പോള്‍ ചില കേന്ദ്രങ്ങള്‍ പ്രകടിപ്പിക്കുന്ന അസ്വസ്ഥത സംശയങ്ങള്‍ക്ക് ബലമേകുന്നതാണ്. രാജ്യംകണ്ട ഏറ്റവും പ്രമുഖനായ ശൂന്യാകാശ ശാസ്ത്രജ്ഞനും മുന്‍ രാഷ്ട്രപതിയുമായ ഡോക്ടര്‍ എ പി ജെ അബ്ദുല്‍കലാം പറഞ്ഞതുപോലെ സ്ഥാപനമാണ് വലുത്, വ്യക്തികളല്ല. ഒരു സ്ഥാപനം ഐ എസ് ആര്‍ ഒ ആണെന്നതുകൊണ്ടുതന്നെ അതിന്റെ വിശ്വാസ്യതയ്ക്ക് പോറല്‍ വീഴുന്നത്, തെല്ലും ആശാസ്യമല്ല.

ഈ വസ്തുത കണക്കിലെടുത്ത് നീതിപൂര്‍വ്വമായ അന്വേഷണത്തിനും പഴുതടയ്ക്കുന്ന നടപടികള്‍ക്കും കേന്ദ്ര ഗവണ്‍മെന്റ് മുന്‍കൈ എടുക്കണം. ശാസ്ത്ര ലോകത്തിന്റെ മുഴുവന്‍ പിന്തുണയും ഇത്തരം നടപടിക്ക് ഉണ്ടാകണമെന്നാണ് ശാസ്ത്രവും സത്യവും ആവശ്യപ്പെടുന്നത്.

janayugom editorial 280112

Sunday, October 30, 2011

പരിഷത്തിന്റെ ജനകീയ പ്രചാരണം നാളെ തുടങ്ങും

"വേണം മറ്റൊരു കേരളം" എന്ന സന്ദേശവുമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന സംസ്ഥാനതല പ്രചാരണം തിങ്കളാഴ്ച തൃശൂരില്‍നിന്ന് ആരംഭിക്കും. ഒന്നരവര്‍ഷം നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികളാണ് സാമൂഹിക വികസനത്തിനുള്ള ജനകീയ പ്രചാരണത്തില്‍ പരിഷത്ത് ആസൂത്രണം ചെയ്തിട്ടുള്ളത്. സാമ്പത്തിക വളര്‍ച്ചയില്‍ മുന്നില്‍ നില്‍ക്കുമ്പോഴും സാമൂഹിക മുന്നേറ്റത്തില്‍ കേരളം പിന്നോട്ടടിപ്പിക്കപ്പെടുന്നു. ഈ സത്യം ഉള്‍ക്കൊണ്ടാണ് ജനകീയ ക്യാമ്പയിന്‍ ആരംഭിക്കുന്നതെന്ന് പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി പി ശ്രീശങ്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച വൈകിട്ട് നാലിന് സാഹിത്യ അക്കാദമി ഹാളില്‍ ഡോ. കെ എന്‍ പണിക്കര്‍ നിര്‍വഹിക്കും. നവംബര്‍ ഒന്നു മുതല്‍ 2012 ജനുവരി 30വരെ നടക്കുന്ന ഒന്നാംഘട്ട പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 136 കേന്ദ്രങ്ങളില്‍ പരിപാടികള്‍ നടത്തും. ഡിസംബര്‍ എട്ടു മുതല്‍ 18വരെ മൂന്നു കലാജാഥകള്‍ 180 കേന്ദ്രങ്ങളില്‍ പരിപാടി സംഘടിപ്പിക്കും. 2012 ജനുവരി 15 മുതല്‍ 30 വരെ രണ്ട് പദയാത്രകള്‍ കേരളത്തില്‍ പര്യടനം നടത്തും. കാഞ്ഞങ്ങാട്ടുനിന്നും തിരുവനന്തപുരത്തുനിന്നുമാണ് പദയാത്രകളാരംഭിക്കുക. വാര്‍ത്താസമ്മേളനത്തില്‍ പരിഷത്ത് ഭാരവാഹികളായ പ്രൊഫ. ടി പി കുഞ്ഞിക്കണ്ണന്‍ , ഡോ. കാവുമ്പായി ബാലകൃഷ്ണന്‍ , പി രാധാകൃഷ്ണന്‍ , ടി മുരളീധരന്‍ എന്നിവരും പങ്കെടുത്തു.

deshabhimani 301011

Wednesday, December 29, 2010

ആത്മവിശ്വാസത്തോടെ ആകാശദൌത്യം മുന്നേറട്ടെ

ജിയോ സിംക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ എന്ന ജിഎസ്എല്‍വി ദൌത്യം തുടര്‍ച്ചയായി രണ്ടുവട്ടം പരാജയപ്പെട്ടുവെന്നത് ഖേദകരമാണ്. എന്നാല്‍, അതിനേക്കാള്‍ ഖേദകരമായ കാര്യം തുടര്‍ച്ചയായുണ്ടായ ഈ പരാജയങ്ങളെത്തുടര്‍ന്ന് ഇന്ത്യന്‍ സ്പെയ്സ് റിസര്‍ച്ച് ഓര്‍ഗനൈസേഷനെ (ഐഎസ്ആര്‍ഒ)യാകെ കടുത്ത നൈരാശ്യം ബാധിച്ചിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ്. ശാസ്ത്രബുദ്ധിക്ക് നിരക്കാത്തതാണ് ഈ നൈരാശ്യബോധം. പരാജയങ്ങളെ വിജയത്തിലേക്കുള്ള കുതിപ്പിന്റെ ഊര്‍ജകേന്ദ്രങ്ങളായി കാണാനുള്ള പക്വതയും യുക്തിചിന്തയുമാണ് പ്രഗത്ഭമതികളായ നമ്മുടെ ശാസ്ത്രജ്ഞന്മാരില്‍നിന്ന് ഇന്ത്യ ആവശ്യപ്പെടുന്നത്. പ്രത്യേകിച്ചും ചാന്ദ്രയാന്‍ 2, മനുഷ്യ ബഹിരാകാശസഞ്ചാരം എന്നിങ്ങനെയുള്ള വെല്ലുവിളി നിറഞ്ഞ പുത്തന്‍പദ്ധതികള്‍ ഏറ്റെടുക്കാനിരിക്കെ.

ജിഎസ്എല്‍വിഎഫ് 06 കഴിഞ്ഞ ഡിസംബര്‍ 25 നും ഇന്ത്യന്‍ നിര്‍മിത ക്രയോജനിക് എന്‍ജിനോടുകൂടിയ ജിഎസ്എല്‍വിഡി 3 ഏപ്രില്‍ 15 നും പരാജയമായപ്പോള്‍ ആ ദൌത്യങ്ങളുടെ വിജയത്തിനായി അര്‍പ്പണബുദ്ധിയോടെ കര്‍മനിരതരായിരുന്ന ശാസ്ത്രജ്ഞര്‍ക്ക് വിഷമമുണ്ടാവുന്നത് സ്വാഭാവികമാണ്. ഈ രണ്ട് ദൌത്യങ്ങള്‍ ഉള്‍പ്പെടെ, ഏഴ് ജിഎസ്എല്‍വി ദൌത്യങ്ങളാണ് 2001നുശേഷം പരാജയപ്പെട്ടത്. എന്നാല്‍, ഇതുകൊണ്ടൊന്നും ശുഭപ്രതീക്ഷ കൈവിട്ടുകൂടാ എന്ന് നമ്മുടെ ശാസ്ത്രജ്ഞര്‍ക്ക് മനസിലാക്കാന്‍ അവരുടെ പൂര്‍വികരുടെതന്നെ എത്രയോ അനുഭവങ്ങളുണ്ട്. പരാജയങ്ങളെ വിജയത്തിലേക്കുള്ള ചവിട്ടുപടിയായിക്കണ്ട ആ പ്രതിഭാധനരുടെ ചുവടുകള്‍ പിന്‍പറ്റുന്നവരാണ് തങ്ങള്‍ എന്ന ബോധമാണ് ശാസ്ത്രജ്ഞരെ നയിക്കേണ്ടത്.

ഡിസംബര്‍ 25 ന്റെ ദൌത്യപരാജയമുണ്ടായത് വളരെ നിസ്സാരമായ കാരണത്താലാണെന്ന് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍തന്നെ പറയുന്നുണ്ട്. ജിഎസ്എല്‍വിയുടെ ഇലക്ട്രോണിക് മസ്തിഷ്കം നിലനില്‍ക്കുന്നയിടത്തുനിന്ന് സിഗ്നല്‍ പുറത്തുവരാതിരുന്നതുകൊണ് പരാജയമുണ്ടായതെന്ന് അവര്‍ പറയുന്നു. ഇത് കണക്ഷനില്‍വന്ന തകരാറുകൊണ്ടാണത്രെ. പരിഹരിക്കാവുന്ന തകരാറാണത് എന്നു ചുരുക്കം. ഗൌരവാവഹമായ ഒരു ദൌത്യത്തിനിടയില്‍ ഈ പോരായ്മ വന്നതെങ്ങനെ എന്നത് അന്വേഷിക്കണം. 2013ല്‍ ഇന്ത്യന്‍ നിര്‍മിത ക്രയോജനിക് എന്‍ജിനോടുകൂടിയ ജിഎസ്എല്‍വി മാര്‍ക്ക് കക ആണ് രണ്ടാംചാന്ദ്രയാനെ ഭ്രമണപഥത്തിലേക്കെത്തിക്കേണ്ടത്. അപ്ഗ്രേഡ് ചെയ്യപ്പെട്ട ജിഎസ്എല്‍വി മാര്‍ക്ക് കകക ആണ് 2016ല്‍ രണ്ട് ഇന്ത്യക്കാരെ ബഹിരാകാശത്തേക്കുകൊണ്ടുപോകേണ്ടത്. നിസ്സാരങ്ങളായ പ്രശ്നങ്ങള്‍ ഇടയ്ക്കുയര്‍ന്നുവന്ന് പദ്ധതി തകര്‍ക്കുന്ന അവസ്ഥ ഒഴിവാക്കേണ്ടതുണ്ട്. ഇന്ത്യന്‍ ബഹിരാകാശസഞ്ചാരികളെ കൊണ്ടുപോവാനുള്ള ജിഎസ്എല്‍വി മാര്‍ക്ക് III പരാജയമാവില്ലെന്നുറപ്പിക്കേണ്ടതുണ്ട്. അത് പരാജയപ്പെട്ടാല്‍ മനുഷ്യജീവനും രാജ്യത്തിന്റെ യശസ്സും ഒരുപോലെ അപകടത്തിലാവും.
അതേപോലെ, നമ്മുടെ ടെലികമ്യൂണിക്കേഷന്‍ രംഗത്തിന്റെ വികസനത്തിന് കുതിപ്പുനല്‍കേണ്ടവയാണ് പുതിയ ബഹിരാകാശപദ്ധതികള്‍. അത് തകരാറിലായാല്‍ നമ്മുടെ വികസനരംഗത്ത് വന്‍തിരിച്ചടിയാവും ഉണ്ടാവുക. വിദേശ സാറ്റലൈറ്റുകളില്‍നിന്ന് ട്രാന്‍സ്പോണ്ടറുകള്‍ വാടകക്കെടുത്ത് നമ്മുടെ ടെലികമ്യൂണിക്കേഷന്‍-ടെലിവിഷന്‍-റേഡിയോ ബ്രോഡ്കാസ്റിങ് വികസനം സാധ്യമാക്കാമെന്നാണ് ഇപ്പോള്‍ കേന്ദ്രം ചിന്തിക്കുന്നത്. ഇത് ആശാസ്യമല്ല. ഇന്ത്യക്ക് ട്രാന്‍സ്പോണ്ടറുകള്‍ ഏറെ ആവശ്യമുള്ള കാലമാണിത്. അത് കണ്ടെത്താന്‍ ഐഎസ്ആര്‍ഒയ്ക്കാകട്ടെ ശേഷിയുമുണ്ട്. ആ ശേഷിയെക്കുറിച്ച് ശാസ്ത്രജ്ഞരില്‍ ആത്മവിശ്വാസം വളര്‍ത്തേണ്ട ഘട്ടത്തില്‍ കേന്ദ്രം വാടക ട്രാന്‍സ്പോണ്ടറുകളുടെ കാര്യം പറയുന്നത് ശാസ്ത്രജ്ഞരുടെ ആത്മവീര്യം കെടുത്തുകയേയുള്ളൂ.

ഇന്ത്യയുടെ ഉപഗ്രഹവിക്ഷേപണദൌത്യങ്ങള്‍ മുമ്പും പരാജയപ്പെട്ടിട്ടുണ്ട്. 1979ല്‍ എസ്എല്‍വി റോക്കറ്റ് ഉപയോഗിച്ച് നടത്തിയ ആദ്യ ഉപഗ്രഹവിക്ഷേപണംതന്നെ പരാജയപ്പെട്ടു. ഓഗ്മെന്റസ് സാറ്റലെറ്റ് ലോഞ്ച് വെഹിക്കിളിന്റെ രണ്ട് സംരംഭങ്ങള്‍ പരാജയപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഈ പരാജയങ്ങളില്‍ മനസ്സുമടുക്കാതെ മുമ്പോട്ടുപോവുകയും പുത്തന്‍ദൌത്യങ്ങള്‍ ഏറ്റെടുത്തു വിജയിപ്പിക്കുകയുമാണ് ഐഎസ്ആര്‍ഒ ചെയ്തത്. ബഹിരാകാശത്തേക്ക് ആദ്യമായി മനുഷ്യനെ അയച്ച പഴയ സോവിയറ്റ് യൂണിയനും ചന്ദ്രനില്‍ മനുഷ്യനെ എത്തിച്ച അമേരിക്കയുംപോലും തൊട്ടതെല്ലാംവിജയമാക്കിയ ചരിത്രമുള്ളവരല്ല. പല പരാജയങ്ങള്‍ക്കുശേഷം, അതില്‍നിന്നൊക്കെ പാഠങ്ങള്‍ പഠിച്ച് വിജയത്തിലേക്കെത്തിയവരാണ്. ഇന്ത്യതന്നെയും 1979ല്‍ എസ്എല്‍വി 3 റോക്കറ്റിന്റെ ആദ്യ ഉപഗ്രഹവിക്ഷേപണം പരാജയപ്പെട്ടിടത്ത് മനസ്സുതളര്‍ന്ന് ഇരുന്നില്ല. 1993ല്‍ പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ കാര്യത്തിലും ആദ്യഘട്ടങ്ങള്‍ ദുരിതമായിരുന്നു. പ്രശ്നങ്ങള്‍ പരിഹരിച്ച് അത് വിജയിപ്പിച്ചെടുത്തത് ക്ഷമാപൂര്‍വമായ കര്‍മപദ്ധതികൊണ്ടാണ്.

ഇപ്പോള്‍ പരാജയപ്പെട്ട ദൌത്യത്തിന് ഇന്ത്യ ചെലവിട്ടത് നൂറ്റിഇരുപത്തഞ്ചുകോടി രൂപയാണ്. മുപ്പത്താറ് ട്രാന്‍സ്പോണ്ടര്‍ സംവിധാനങ്ങള്‍ ഉള്ളതായിരുന്നു ആ ജി സാറ്റ് 5പി ഉപഗ്രഹം. അത് വിജയിച്ചിരുന്നെങ്കില്‍ ടെലിവിഷന്‍ സംപ്രേഷണം മുതല്‍ കാലാവസ്ഥാപ്രവചനംവരെയുള്ള കാര്യങ്ങളില്‍ വന്‍ കുതിപ്പുണ്ടാവുമായിരുന്നു. ഇന്‍സാറ്റ് ഉപഗ്രഹത്തിന്റെ കാലാവധി കഴിയാറായ സാഹചര്യത്തിലാണ് ജി സാറ്റ് 5 പി ഉപഗ്രഹം ഐഎസ്ആര്‍ഒ നിര്‍മിച്ചത്. വിക്ഷേപണഘട്ടത്തില്‍തന്നെ ഇത് പരാജയപ്പെട്ടതിന്റെ കാരണം അന്വേഷിക്കേണ്ടതുണ്ട്. ഇന്ത്യന്‍ ക്രയോജനിക് സാങ്കേതികവിദ്യ കൂടുതല്‍ മികവുറ്റതാക്കാന്‍ എന്തൊക്കെ ചെയ്യേണ്ടതുണ്ട് എന്ന് ആലോചിക്കണം. നമ്മുടെ പ്രഗത്ഭരായ ശാസ്ത്രജ്ഞര്‍ക്ക് ആത്മവീര്യവും ഭൌതികസാഹചര്യങ്ങളുടെ പിന്‍ബലവും നല്‍കി അവരെ കൂടുതല്‍ കര്‍മോന്മുഖരാക്കാന്‍ ശ്രമിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ഈ ഘട്ടത്തില്‍ ചെയ്യേണ്ടത്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ കമ്യൂണിക്കേഷന്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് ഈ രംഗത്തെ പോരായ്മ പരിഹരിക്കാന്‍ ഇന്ത്യക്ക് ശേഷിയുണ്ടെന്ന ഐഎസ്ആര്‍ഒ അധ്യക്ഷന്‍ ഡോ. കെ രാധാകൃഷ്ണന്റെ വാക്കുകളെ അവിശ്വസിക്കേണ്ട കാര്യമില്ല.

2011ല്‍ 24 ട്രാന്‍സ്പോണ്ടറുകളുള്ള ജിഎസ്എറ്റി 8 ഫ്രഞ്ച് ഗുയാനയില്‍നിന്ന് യൂറോപ്യന്‍ സ്പെയ്സ് ഏജന്‍സിയുടെ എറിയന്‍ റോക്കറ്റ് വിക്ഷേപിക്കാനിരിക്കുകയാണ്; ശ്രീഹരിക്കോട്ടയില്‍നിന്ന് പിഎസ്എല്‍വി ആകട്ടെ, ജിഎസ്എടി 12 വിക്ഷേപിക്കാനിരിക്കുന്നു. ഇതിനിടയില്‍ ജിഎസ്എടി 10, ജിഎസ്എടി 9 എന്നിവയും വിക്ഷേപിക്കപ്പെടും. ഇതിനൊക്കെയപ്പുറത്ത് ചാന്ദ്രയാന്‍, മനുഷ്യബഹിരാകാശസഞ്ചാരം പദ്ധതികളും നടക്കാനിരിക്കുന്നു. ഇത്തരമൊരു ഘട്ടത്തില്‍ ശാസ്ത്രജ്ഞരുടെ കരുത്തുചോരാനിടയാക്കുന്ന ഒരു പരാമര്‍ശവും ഉണ്ടായിക്കൂടാ. ആത്മവിശ്വാസത്തോടെ അവര്‍ക്ക് മുന്നോട്ടുപോവാന്‍ കഴിയട്ടെ! പരാജയം വിജയത്തിലേക്കുള്ള വഴിയാണ് തുറന്നുതരേണ്ടത്; നൈരാശ്യത്തിലേക്കും അതിലൂടെയുള്ള വിനാശത്തിലേക്കുമുള്ള വഴിയല്ല.

deshabhimani editorial 291210

Tuesday, December 28, 2010

ആണവകരാറും വന്‍ അഴിമതി

തൃശൂര്‍: ഇന്തോ-അമേരിക്കന്‍ ആണവ കരാറിലെ ഉള്ളുകള്ളികള്‍ പുറത്തുവന്നാല്‍ വന്‍ അഴിമതിയുടെ ചുരുളഴിയുമെന്ന് ആണവോര്‍ജ റെഗുലേറ്ററി ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഡോ. എ ഗോപാലകൃഷ്ണന്‍ പറഞ്ഞു. അത് 2ജി സ്പെക്ട്രത്തേക്കാള്‍ വലിയ അഴിമതിയാകും. പ്രധാനമന്ത്രിയെയാണ് ഈ അഴിമതി നേരിട്ട് ബാധിക്കുക. ഇത്തരം ആണവപദ്ധതികളെ ജനകീയശാസ്ത്രപ്രസ്ഥാനങ്ങളുടെ മുന്നേറ്റത്തിലൂടെ ചെറുക്കണം. അഞ്ചു ദിവസം നീളുന്ന 13-ാം അഖിലേന്ത്യാ ജനകീയ ശാസ്ത്രകോണ്‍ഗ്രസ് തൃശൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കുത്തക കച്ചവടക്കാരുമടങ്ങുന്ന വന്‍ഗൂഢസംഘമാണ് ഇന്തോ- അമേരിക്കന്‍ ആണവകരാറിന് പിന്നില്‍. ഇവര്‍ ഇല്ലാതാക്കുന്നത് നെഹ്രുവിന്റെ കാലം മുതല്‍ പിന്തുടരുന്ന രാജ്യത്തിന്റെ ആണവോര്‍ജ നയങ്ങളാണ്. ആണവോര്‍ജ മേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കാനാണ് ആദ്യകാലംമുതല്‍ ശ്രമിച്ചിരുന്നത്. പൊക്രാനില്‍ 1974ലും 1998ലും നടത്തിയ പരീക്ഷണങ്ങള്‍ ആണവമേഖലയില്‍ ഇന്ത്യയുടെ ശക്തമായ കാല്‍വയ്പ്പുതന്നെയായിരുന്നു. എന്നാല്‍ അവ പിന്തുടരാതെ, ഉദാരവല്‍ക്കരണ നയത്തിന്റെ ഭാഗമായി ആണവോര്‍ജമേഖലയും കുത്തകരാഷ്ട്രങ്ങള്‍ക്ക് അടിയറവയ്ക്കാനാണ് ശ്രമം. സിടിബിടിയില്‍ ഒപ്പുവയ്ക്കാതിരിക്കുമ്പോള്‍ത്തന്നെ അമേരിക്കയുമായി ആണവ ഉടമ്പടികളുമായി മുന്നോട്ട് പോകുന്നത് ജനവഞ്ചനയാണ്. കോടികള്‍ മുടക്കി വിദേശ ആണവ റിയാക്ടറുകള്‍ സ്ഥാപിച്ചതുകൊണ്ടുമാത്രം ഇന്ത്യയുടെ ആണവ പ്രതിസന്ധി പരിഹരിക്കാനാവില്ല. മറിച്ച് കൊങ്ക(ണ്‍) പോലുള്ള ചെറിയ പ്രദേശങ്ങളില്‍ ഇത്തരം റിയാക്ടറുകള്‍ സ്ഥാപിക്കുന്നത് ജീവന് ഭീഷണിയാകും.

ഇന്ത്യയില്‍ ഉപയോഗിക്കുന്നത് ഘന ജല റിയാക്ടറുകളാണ്. ഇറക്കുമതി ചെയ്യുന്നവ ലഘു ജല റിയാക്ടടറുകളും. ഇതിനാവശ്യമായ ഇന്ധനവും ഇറക്കുമതി ചെയ്യേണ്ടിവരും. പൊക്രാനിലെ ആദ്യ പരീക്ഷണത്തെത്തുടര്‍ന്ന് ലോക രാജ്യങ്ങള്‍ ഇന്ത്യക്കെതിരെ ഉപരോധമേര്‍പ്പെടുത്തിയിരുന്നു. അത്തരം സാഹചര്യം ഇനിയുമുണ്ടായാല്‍ ഇന്ധനം ലഭിക്കാതെ റിയാക്ടറുകള്‍ ഉപയോഗശൂന്യമാകും. അതുകൊണ്ട് ഇന്ത്യയില്‍തന്നെ രൂപകല്‍പ്പന ചെയ്ത് നിര്‍മിച്ചെടുക്കുന്ന റിയാക്ടറുകളാകും എറെ അനുയോജ്യമായത്. ആണവകരാര്‍ ഉടമ്പടികള്‍ ജനങ്ങളില്‍ നിന്ന് മറച്ചുവയ്ക്കേണ്ടതല്ല. ഒളിപ്പിച്ചുവയ്ക്കുന്ന അത്തരം വ്യവസ്ഥകള്‍ വിവരാവകാശനിയമത്തിന്റെ പിന്‍ബലത്താല്‍ പുറത്തുകൊണ്ടുവരണമെന്നും ഡോ. എ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

സി പി നാരായണന്‍ അധ്യക്ഷനായി. ശാസ്ത്രം ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വികസനത്തിനും എന്ന മുദ്രാവാക്യമുയര്‍ത്തി കേരളവര്‍മ്മ കോളേജിലും 'കില'യിലുമായി നടക്കുന്ന കോണ്‍ഗ്രസില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 500ഓളം പ്രതിവിധികള്‍ക്കു പുറമെ കേരളത്തില്‍ നിന്നും ഹോങ്കോങ്ങില്‍ നിന്നുമുള്ള പ്രതിനിധികളുംപങ്കെടുക്കുന്നു.

ദേശാഭിമാനി 281210

Sunday, November 28, 2010

മതനിരപേക്ഷതയ്ക്ക് ശാസ്ത്രബോധം വളരണം

മതനിരപേക്ഷതയ്ക്ക് ശാസ്ത്രബോധം വളരണം: യെച്ചൂരി

തൃശൂര്‍: ജനാധിപത്യവും മതനിരപേക്ഷതയും ശക്തിപ്പെടുന്നതിന് ജനങ്ങളുടെ ശാസ്ത്രബോധം വളരണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ അഖിലേന്ത്യാ ജനകീയ ശാസ്ത്രകോഗ്രസിന് മുന്നോടിയായി സംഘടിപ്പിച്ച 'ശാസ്ത്രവും മതനിരപേക്ഷതയും' സെമിനാര്‍ തൃശൂര്‍ ടാഗോര്‍ സെന്റിനറി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മതനിരപേക്ഷതക്കെതിരായ വെല്ലുവിളികള്‍ അശാസ്ത്രീയ ചിന്തകളില്‍നിന്ന് ഉരുത്തിരിയുന്നതാണ്. ശാസ്ത്രബോധം സൃഷ്ടിക്കുന്ന സാമൂഹ്യവളര്‍ച്ചയാണ് സമൂഹത്തെ വര്‍ഗസമരത്തിലേക്ക് നയിക്കുന്നത്. ജനാധിപത്യ, മതനിരപേക്ഷ വിരുദ്ധശക്തികള്‍ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തി മാത്രമേ ശാസ്ത്രനേട്ടം സാധാരണക്കാരിലേക്ക് എത്തിക്കാനാവൂ. വര്‍ഗീയ ശക്തികളും മതനിരപേക്ഷ വിരുദ്ധ ശക്തികളും ജനങ്ങളുടെ മതവിശ്വാസത്തെ രാഷ്ട്രീയ, സങ്കുചിത താല്‍പ്പര്യങ്ങള്‍ക്കായി ചൂഷണം ചെയ്യുകയാണ്.

ശാസ്ത്രനേട്ടം ഇന്നും ഭൂരിഭാഗത്തിനും വേണ്ട വിധം പ്രയോജനപ്പെടുന്നില്ല. ഉല്‍പ്പാദനം ഗണ്യമായി വര്‍ധിക്കാന്‍ ശാസ്ത്രം സഹായിക്കുന്നുണ്ട്. ആധുനിക മുതലാളിത്തലോകം ശാസ്ത്രത്തിന്റെ നേട്ടങ്ങളെ ലാഭം വര്‍ധിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. ബൌദ്ധിക സ്വത്തവകാശ നിയമംവരെ കോര്‍പറേറ്റ് ശക്തികള്‍ സ്വന്തം നേട്ടത്തിന് പ്രയോജനപ്പെടുത്തുന്നു. ദാരിദ്ര്യരേഖക്ക് താഴെയുള്ളവരും മുകളിലുള്ളവരുമെന്ന രണ്ടു തരം ഇന്ത്യ സാമ്പത്തികരംഗത്തു മാത്രമല്ല, അറിവിന്റെ കാര്യത്തിലുമുണ്ട്. അറിയാന്‍ അവകാശമില്ലാത്ത വര്‍ഗത്തെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസവും ഇവിടെ നിലനില്‍ക്കുന്നു. ആത്മീയതയും ശാസ്ത്രവും തമ്മില്‍ വൈരുധ്യമുണ്ട്. മതം അയഥാര്‍ഥലോകത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. അയഥാര്‍ഥലോകത്ത് സംഭവിക്കുന്നു എന്ന് വിശ്വസിപ്പിക്കപ്പെടുന്ന കാര്യങ്ങളാണ് മതം കൈകാര്യം ചെയ്യുന്നത്. യുക്തിയും തെളിവുമാണ് ശാസ്ത്രത്തിന്റെ അടിസ്ഥാനം.

മതത്തിന്റെ ഓരോ നിഗമനങ്ങളും പൂര്‍ണത നേടിയതെന്ന നിലയിലാണ് അവതരിപ്പിക്കുന്നത്. എന്നാല്‍ ശാസ്ത്രം പരമമായ സത്യത്തെ അന്വേഷിച്ചുകൊണ്ടേയിരുന്നു. അതിനാലാണ് മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് മാര്‍ക്സ് പറഞ്ഞത്. ഇതിനര്‍ഥം മതത്തെ നിഷേധിക്കലല്ല. മര്‍ദിതന്റെ ആശ്വാസമായും ഹൃദയമില്ലാത്തലോകത്തിന്റെ ഹൃദയമായും ആത്മാവില്ലാത്ത ലോകത്തിന്റെ ആത്മാവായും മാര്‍ക്സ് മതത്തെ വിശേഷിപ്പിച്ചിട്ടുണ്ട്. മതനിരപേക്ഷതയെ എതിര്‍ക്കുന്നവര്‍ ചരിത്രത്തെയും ഐതിഹ്യത്തെയും കൂട്ടിക്കലര്‍ത്തുന്നു. മതശാസ്ത്രത്തെയും ദര്‍ശനത്തെയും ഇതുപോലെ തെറ്റായി വ്യഖ്യാനിക്കുന്നു. അയോധ്യയില്‍ രാമന്‍ ജനിച്ചു എന്നത് ഐതിഹ്യമാണ്. എന്നാല്‍ അത് ചരിത്രമാണെന്ന് വര്‍ഗീയവാദികള്‍ പ്രചരിപ്പിക്കുന്നു. രാമനെ നിരന്തരമായി ജനങ്ങളെക്കൊണ്ട് ഓര്‍മിപ്പിക്കുന്നു. ഇത് ഐതിഹ്യത്തെ ചരിത്രവല്‍ക്കരിക്കലാണ്. ജനങ്ങളുടെ മതവിശ്വാസത്തെ ആര്‍എസ്എസ് പോലുള്ള വര്‍ഗീയ ശക്തികള്‍ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗപ്പെടുത്തുന്നു. ഇന്ത്യന്‍ മതനിരപേക്ഷത നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിത്- യെച്ചൂരി പറഞ്ഞു.

വര്‍ഗീയത ശാസ്ത്രത്തിനും വെല്ലുവിളി


തൃശൂര്‍: ഭരണകൂടത്തില്‍ വര്‍ഗീയതയുടെ ഇടപെടല്‍ ശാസ്ത്രബോധത്തിനും മതനിരപേക്ഷതക്കും വെല്ലുവിളിയാണെന്ന് അഖിലേന്ത്യാ ജനകീയ ശാസ്ത്രകോണ്‍ഗ്രസ് സെമിനാര്‍. അധികാരം പങ്കിടാന്‍ വര്‍ഗീയവാദികള്‍ മതത്തിന്റെ പേരില്‍ ശാസ്ത്രത്തെ വരെ ദുരുപയോഗം ചെയ്യുകയാണെന്ന് 'ശാസ്ത്രവും മതനിരപേക്ഷതയും' എന്ന സെമിനാറില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

ശാസ്ത്രീയ ചിന്തകളേക്കാള്‍ കപട ശാസ്ത്രങ്ങള്‍ക്ക് പ്രചാരണം നല്‍കുമ്പോള്‍ സാമാന്യ ജനതയുടെ വികസനത്തിനും രാഷ്ട്രത്തിന്റെ മതേതര മൂല്യങ്ങള്‍ക്കുമാണ് തകര്‍ച്ചയുണ്ടാകുന്നത്. ശാസ്ത്രീയ ചിന്തകളെ നിഷേധിക്കുന്ന മതവാദികള്‍ ശാസ്ത്രത്തിന്റെ സാങ്കേതിക വിദ്യകളെ പ്രയോജനപ്പെടുത്താന്‍ മടിക്കുന്നില്ല. ശാസ്ത്രത്തിന്റെ യുക്തിചിന്തയെ ചോദ്യംചെയ്യുന്ന ഇവര്‍ തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സാങ്കേതിക വിദ്യകള്‍ക്കൊപ്പം ദൈവശാസ്ത്രവും പഠിപ്പിക്കുന്നത്് മതമേധാവിത്വത്തിന് മുറിവേല്‍ക്കാതിരിക്കാനാണ്- സെമിനാര്‍ അഭിപ്രായപ്പെട്ടു.

സെമിനാര്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി എംപി ഉദ്ഘാടനം ചെയ്തു. ഓള്‍ ഇന്ത്യാ പീപ്പിള്‍സ് സയന്‍സ് പ്രസിഡന്റ് സി പി നാരായണന്‍ അധ്യക്ഷനായി. ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഡോ. സി പി രാജേന്ദ്രന്‍, ഡോ. കെ എന്‍ ഗണേഷ്, ഡോ. ബി ഇക്ബാല്‍, ഓള്‍ ഇന്ത്യാ പീപ്പിള്‍സ് സയന്‍സ് ജനറല്‍ സെക്രട്ടറി ഡോ. അമിത്സെന്‍ ഗുപ്ത എന്നിവര്‍ പ്രബന്ധമവതരിപ്പിച്ചു. ഇന്ത്യയിലെശാസ്ത്രജ്ഞരുടെ നേട്ടങ്ങളെ അവലംബിച്ച് ശാസ്ത്രസാഹിത്യ പരിഷത്ത് തയ്യാറാക്കിയ മലയാള കലണ്ടര്‍ യെച്ചൂരി പ്രകാശനം ചെയ്തു. ഡോ.കാവുമ്പായി ബാലകൃഷ്ണന്‍ സ്വാഗതവും പ്രൊഫ. സി ജെ ശിവശങ്കരന്‍ നന്ദിയും പറഞ്ഞു.

ദേശാഭിമാനി 281110

Sunday, March 7, 2010

രണ്ടു ശാസ്ത്ര കോണ്‍ഗ്രസ്സുകളെക്കുറിച്ച്

കേന്ദ്രഗവണ്‍മെന്റിന്റെയും സംസ്ഥാന ഗവണ്‍മെന്റിന്റെയും ആഭിമുഖ്യത്തില്‍ വര്‍ഷാരംഭത്തില്‍ത്തന്നെ അതാതിന്റെ പ്രൌഢിക്കനുസരിച്ച ശാസ്ത്രസമ്മേളനങ്ങള്‍ നടക്കുക പതിവാണ്. ഇക്കുറി രണ്ടും കേരളത്തിലാണ് നടന്നത്. നടത്തിപ്പിന്റെ കൊഴുപ്പുകൊണ്ടും വാര്‍ത്തകളിലെ പ്രാധാന്യം കൊണ്ടും മികച്ചുനിന്നത് തിരുവനന്തപുരത്തുനടന്ന തൊണ്ണൂറ്റേഴാമത് ശാസ്ത്ര കോണ്‍ഗ്രസായിരുന്നു. അത് സ്വാഭാവികവുമാണ്. ഭക്ഷണം, ഊര്‍ജം, ആരോഗ്യം, ആഗോളതാപനം തുടങ്ങിയ പൊതുവിഷയങ്ങളെക്കുറിച്ച് നയരൂപീകരണാത്മകമായ പര്യാലോചനകളുണ്ടായി. അതിന് പുറമെ വിഷയങ്ങളെ പതിമൂന്നായി വിഭജിച്ച് ഓരോന്നിനെയും ഇഴകീറി പരിശോധിക്കുന്ന മൂവായിരത്തോളം അവതരണങ്ങളുമുണ്ടായി. കാലം അവയിലെ നെല്ലും പതിരും വേര്‍തിരിക്കും.

ആഗോളീകരണത്തിന്റെ പശ്ചാത്തലത്തില്‍ വികസിത രാജ്യങ്ങള്‍ രൂപീകരിക്കുന്ന നയങ്ങള്‍ക്കനുസരണമായ ഒരു പാത സ്വീകരിക്കുകയും അതിനനുസരിച്ച് വിഷയങ്ങളെ പരുവപ്പെടുത്തുകയുമാണ് ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസിന് ചെയ്യുവാനുണ്ടായിരുന്നത്. ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ രാജ്യം നേരിടുവാന്‍ പോകുന്ന വെല്ലുവിളികളെ വിശാലമായി മുന്നില്‍ക്കണ്ടുകൊണ്ട് നയരൂപീകരണം നടത്തുവാനാണ് ശ്രമമുണ്ടായത്. അതിനുള്ള ഉദ്ഘോഷണമാണ് പ്രധാനമന്ത്രിയുടെ ഉദ്ഘാടനപ്രസംഗത്തിലുണ്ടായത്.

ഇരുപത്തിരണ്ടാം കേരള ശാസ്ത്ര കോണ്‍ഗ്രസിന്റെ പ്രധാന പ്രതിപാദ്യവിഷയം ബൌദ്ധിക സ്വത്തവകാശമായിരുന്നു. എങ്കിലും കൃഷി, ജൈവം, രാസം, ഭൌമം, സാങ്കേതികം, ഭൌതികം തുടങ്ങിയ വിഷയങ്ങളില്‍ നാനൂറിലധികം അവതരണങ്ങളുണ്ടായി. മുന്‍കാലങ്ങളെ അപേക്ഷിച്ച് കേരള ശാസ്ത്രകോണ്‍ഗ്രസും മെച്ചപ്പെട്ട രീതിയില്‍ കൈകാര്യം ചെയ്യപ്പെട്ടു.

ശാസ്ത്രം സമൂഹത്തിന് രണ്ടുതരം സംഭാവനകള്‍ നല്‍കുന്നുണ്ട്. ഒന്ന്, ഭൌതിക സുഖസൌകര്യങ്ങളുടെ വികസനം. രണ്ട്, ചിന്തയിലും ദര്‍ശനത്തിലും വരുത്തിത്തീര്‍ക്കുന്ന പരിഷ്കരണം. ഇതില്‍ ആദ്യത്തേത് പ്രായോഗികശാസ്ത്രത്തിലൂടെയും സാങ്കേതിക പരിജ്ഞാനത്തിലൂടെയുമാണ് മുന്നേറുന്നത്. വ്യാവസായിക മൂല്യമുള്ളതും അതിനുതന്നെ. കച്ചവട സാധ്യതകള്‍കൂടി പരിഗണിക്കുമ്പോള്‍ പ്രത്യേകിച്ചും. ശാസ്ത്ര കോണ്‍ഗ്രസിലുടനീളം നടക്കുന്ന ചര്‍ച്ചകള്‍ ശാസ്ത്രത്തിന്റേതല്ല, സാങ്കേതികതയുടേതാണ്. ശാസ്ത്രത്തെ പ്രായോഗിക- സാങ്കേതിക ശാസ്ത്രത്തില്‍നിന്ന് വേര്‍തിരിച്ചുകാണുവാന്‍ സാധാരണക്കാര്‍ക്ക് പൊതുവെ ബുദ്ധിമുട്ടായി മാറിയിരിക്കുന്നു.

ഇതഃപര്യന്തമുള്ള മനുഷ്യചരിത്രത്തെ വിവിധ ദശാസന്ധികളില്‍ മാറ്റിമറിച്ചിട്ടുള്ളത് സാങ്കേതിക വ്യതിയാനങ്ങളാണ്. ശിലായുഗം, ലോഹയുഗം, ചക്രയുഗം, കല്‍ക്കരി/എണ്ണയുഗം, ബഹിരാകാശയുഗം, ആണവയുഗം എന്നിങ്ങനെ കാലഘട്ടങ്ങള്‍ വിഭജിക്കപ്പെട്ടിരിക്കുന്നതുതന്നെ അതിന് തെളിവാണ്. ഉപകരണങ്ങളിലുണ്ടാകുന്ന പരിഷ്കരണമാണ് വ്യവസ്ഥിതികളുടെ മാറ്റത്തിനാധാരമെന്ന മാര്‍ക്സിയന്‍ സിദ്ധാന്തത്തിന്റെ അന്തസ്സാരവും ഇതുതന്നെ.

വ്യാവസായിക വിപ്ളവത്തിനുശേഷമാണ് എന്തിനെയും ചരക്കായി കാണുവാനുള്ള മുതലാളിത്ത വീക്ഷണം സമൂഹത്തിലുടലെടുത്തത്. വായുവും വെള്ളവും പോലെ സ്വാഭാവികമായിരുന്ന 'ചിന്ത'യും ചരക്കായതും വിലപേശലിന് വിയേമായതും അതോടെയാണ്. ബൌദ്ധികസ്വത്തവകാശ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുക എന്നത് ഇന്ന് ചിന്തിക്കാന്‍പോലും കഴിയാത്ത അവസ്ഥയിലായി. നമ്മുടെ പരമ്പരാഗതമായ അറിവുകളുടെ അവകാശംപോലും മറ്റുള്ളവര്‍ തട്ടിയെടുത്ത് അധികാരം സ്ഥാപിച്ചേക്കും എന്ന പരിതഃസ്ഥിതിയില്‍ കേരള ശാസ്ത്ര കോണ്‍ഗ്രസ് ഈ പ്രശ്നം പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്തത് ഉചിതമായി.

ആഗോള പരിതഃസ്ഥിതിയില്‍ ഭാരതം ഈ നൂറ്റാണ്ടില്‍ അഭിമുഖീകരിക്കുവാന്‍ പോകുന്ന വിപത്തുകളെന്തൊക്കെ? എങ്ങനെയാണ് അതെല്ലാം നേരിടുവാന്‍ പോകുന്നത്? ഇതിനുത്തരം കണ്ടെത്തുക എന്നതിലൂന്നിയായിരുന്നു ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസിന്റെ പ്രധാന ചര്‍ച്ചകള്‍. അബ്ദുള്‍കലാം, സ്വാമിനാഥന്‍, അനില്‍ കാകോട്കര്‍, സിഎന്‍ ആര്‍ റാവു, മാധവന്‍ നായര്‍, സാരസ്വത് തുടങ്ങിയ ഭാരതീയ സാങ്കേതിക പ്രതിഭകള്‍ എഴുന്നള്ളി അണിനിരന്ന സമ്മേളനത്തില്‍ ജയന്ത് നള്‍ളിക്കര്‍, താണു പദ്മനാഭന്‍ തുടങ്ങിയ ശാസ്ത്ര പ്രതിഭകള്‍ക്ക് സ്ഥാനം ലഭിക്കാതെ പോയത് യാദൃച്ഛികമാകാനിടയില്ല.

വ്യാവസായിക വിപ്ളവത്തെ തുടര്‍ന്നുണ്ടായ സാങ്കേതിക വിജ്ഞാന സ്ഫോടനം ജീവിതത്തിന്റെ നാനാതുറകളെ ഒരു മായയാലെന്നവണ്ണം കണ്‍മുന്നില്‍ മാറ്റിമറിച്ചു. ഭക്ഷ്യോത്പാദനം, വിവരവിനിമയം, ഗതാഗതം, പൊതുവിദ്യാഭ്യാസം തുടങ്ങി ജീവിതത്തോടൊട്ടിനിന്നിരുന്ന എല്ലാ രംഗങ്ങളെയും അത് പരിഷ്കരിക്കുകയും പുഷ്കലമാക്കുകയും ചെയ്തു. വീടുകളുടെ അകങ്ങള്‍പോലും അതിന്റെ മാന്ത്രികശക്തിക്ക് വിധേയമായി. എല്ലാ പ്രവര്‍ത്തനത്തിനും എതിരായി തുല്യമായ പ്രതിപ്രവര്‍ത്തനമുണ്ടാകുമെന്ന ന്യൂട്ടന്റെ തത്വശാസ്ത്രത്തെ അന്വര്‍ഥമാക്കുംവിധം അത് സമൂഹത്തില്‍ തിന്മയും വിതറി. വലിയ ഒരു സാമൂഹ്യപരിഛേദത്തെ അത് പാര്‍ശ്വവല്‍ക്കരിക്കുകയും കൊടിയ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയും ചെയ്തു. മറ്റൊരു വിഭാഗത്തെ സുഖലോലുപതയുടെ പാരമ്യത്തിലേക്കും നയിച്ചു. രാജ്യങ്ങളെയും അത് അത്തരത്തില്‍ വിഭജിച്ചു.

സുഖത്തിനുവേണ്ടിയുള്ള പരക്കം പാച്ചിലില്‍ ലോകത്തിന്റെ വിഭവശേഷി അനുദിനം കുറഞ്ഞുവരികയാണ്. ഇന്ധനഖനികളെ മാത്രമല്ല ധാതുഖനികളെയും അത് ശോഷിപ്പിക്കുന്നു. കല്‍ക്കരിയും എണ്ണയും എരിഞ്ഞു തീരുന്നതോടൊപ്പം അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അനുപാതം ക്രമാതീതമായി വര്‍ധിക്കുന്നു. കാര്‍ബണ്‍ ഡൈ ഓക്സൈഡിന് സൂര്യതാപത്തെ നഷ്ടപ്പെടാതെ പിടിച്ചുവയ്ക്കുന്ന സ്വഭാവമുണ്ട്. ഇതുമൂലം അന്തരീക്ഷത്തിന്റെ താപം ക്രമേണ വര്‍ധിച്ചുവരുന്നു. ഇത് നിയന്ത്രിക്കാതെ വന്നാല്‍ ലോകത്തിന്റെ കാലാവസ്ഥാ സന്തുലനത്തെ അത് തകര്‍ക്കും. ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുകും. സമുദ്രനിരപ്പുയരും. താഴ്ന്ന ഭൂവിഭാഗങ്ങള്‍ വെള്ളത്തിനടിയിലാകും. ഉയരങ്ങളിലേക്ക് ഭാണ്ഡക്കെട്ടുകളുമായി നീങ്ങുന്ന അഭയാര്‍ഥി പ്രവാഹത്തിന് അതു കാരണമാകും. കൃഷിസ്ഥലങ്ങളുടെ വിസ്തീര്‍ണം ഗണ്യമായി കുറയും. ഈവിധ പ്രശ്നങ്ങളെ ലോകം എങ്ങനെയാണ് അഭിമുഖീകരിക്കുവാന്‍ പോകുന്നത് എന്ന ചോദ്യമാണ് ഉച്ചകോടി സമ്മേളനങ്ങളില്‍ മുഴങ്ങുന്നത്. അതിന്റെ അനുരണനങ്ങളാണ് ശാസ്ത്ര കോണ്‍ഗ്രസുകളിലും അലയടിക്കുന്നത്.

നമ്മുടെ സുഖഭോഗങ്ങളില്‍ കുറവുവരുത്താതെ തലമുറകളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകുകയില്ല. 'ഇനി ഞാന്‍ സുഖിക്കട്ടെ' എന്ന വികസ്വരരാജ്യങ്ങളുടെ വാദഗതികളും നിലനില്‍ക്കുന്നതല്ല. ലോകത്തിന് മുന്നില്‍ ഇതിനുള്ള പോംവഴികള്‍ മുന്നോട്ടുവയ്ക്കപ്പെട്ടിട്ടുണ്ട്. ഈ പോംവഴികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസിലെ ചര്‍ച്ചകളില്‍ മുന്‍തൂക്കം ലഭിച്ചു. എന്താണ് പ്രധാന പോംവഴികള്‍. 1. ഇന്ധന ഉപഭോഗം കുറയ്ക്കുക. 2. പകരമുപയോഗിക്കാവുന്ന ഫലപ്രദമായ ഒന്ന് കണ്ടെത്തുക. 3. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അനുപാതം കുറയ്ക്കുവാന്‍ തക്കവണ്ണം ഭൌമോപരിതലത്തില്‍ ജൈവഹരിതം വളര്‍ത്തുക.

ഫോസില്‍ ഇന്ധനത്തിന് പകരം ഇന്ധനം കണ്ടെത്താത്തിടത്തോളം അതിന്റെ ഉപഭോഗം കുറയുകയില്ല. അനുഭവിച്ചുകൊണ്ടിരിക്കുന്ന സ്വന്തം സുഖങ്ങളില്‍ കുറവുവരുത്തുവാന്‍ ആരാണ് തയാറാകുക. ഫോസില്‍ ഇന്ധനങ്ങള്‍ക്കും വിറകിനും പകരം വയ്ക്കാവുന്ന ഇന്ധനം കണ്ടെത്തിയിട്ടുണ്ടെങ്കിലും അതെല്ലാം ഫലപ്രദമായി, സാമ്പത്തികമായി വഴങ്ങുംവിധം, പ്രയോജനപ്പെടുത്താനുള്ള സാങ്കേതിക വിദ്യ വികസിച്ചിട്ടില്ല. ജലവൈദ്യുതി നിലയങ്ങളെ സംബന്ധിച്ചിടത്തോളം പരിസ്ഥിതിയെ ഒരുതരത്തിലും ബാധിക്കാതെ ഒരു അണക്കെട്ടോ, തടയണയോ നിര്‍മിക്കുക അസാധ്യമാണ്. സൂര്യതാപം, കാറ്റ്, തിരമാല എന്നിവയില്‍നിന്നുത്പാദിപ്പിക്കാവുന്ന വൈദ്യുതി ഇന്നത്തെ നിലയില്‍ അപര്യാപ്തമാണ്. ഇതിനെ മുന്‍നിര്‍ത്തിയുള്ള ഗവേഷണങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം. എന്നാല്‍ ഊര്‍ജം വൈദ്യുതിയായി ലഭിച്ചതുകൊണ്ട് മാത്രമായില്ല. പെട്രോള്‍പോലെയും ഡീസല്‍പോലെയും കൈകാര്യം ചെയ്യാനും കൊണ്ടുനടക്കാനും പറ്റുന്ന ഒരു ഊര്‍ജ സ്രോതസ് കൂടി ഉണ്ടായിരിക്കണം. കരിമ്പു കൃഷിയുള്ളിടത്ത് ചാരായം ഉല്പാദിപ്പിച്ച് അത് പെട്രോളുമായി കലര്‍ത്തി ഉപയോഗിക്കുന്ന ഒരു സംവിധാനമുണ്ട്. ഇത് സാര്‍വത്രികമായി ഉപയോഗത്തിലാക്കാന്‍വേണ്ടുംവിധം ഉല്പാദനമില്ല. മാത്രമല്ല കത്തിച്ചാല്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉണ്ടാകാതിരിക്കുന്നതുമില്ല.

ഇന്ന് മുന്നിലുള്ള ഒരു പോംവഴി ഇതാണ്. സൂര്യതാപത്തില്‍ നിന്ന് വൈദ്യുതിയുണ്ടാക്കുക. ഈ വൈദ്യുതി ഉപയോഗിച്ച് ജലത്തെ വിശ്ളേഷണം ചെയ്ത് ഹൈഡ്രജനും ഓക്സിജനുമായി വേര്‍തിരിക്കുക. ഹൈഡ്രജന്‍ ദ്രവീകരിച്ച് ഇപ്പോള്‍ പെട്രോള്‍ അല്ലെങ്കില്‍ ഡീസല്‍ എന്നപോലെ ഉപയോഗിക്കുക. ഹൈഡ്രജന്‍ എരിയുമ്പോള്‍ ജലം തന്നെയാണുണ്ടാകുന്നത്. അത് അന്തരീക്ഷത്തെ മലിനീകരിക്കുന്നില്ല. ഈ ആശയം പ്രായോഗികമായി പ്രവൃത്തിപഥത്തിലെത്തിക്കാനുള്ള ഗവേഷണമാണ് ഊര്‍ജിതമായി നടപ്പിലാക്കാനുള്ളത്. ഭാവിയിലെ ഇന്ധനം ദ്രവ ഹൈഡ്രജന്‍ തന്നെയായിരിക്കുമെന്നാണ് ശാസ്ത്രം കരുതുന്നത്.

ഇതൊന്നും വിജയിക്കാത്ത ഒരു പരിതഃസ്ഥിതിയില്‍ എന്താകും സ്ഥിതി? ധ്രുവങ്ങളിലെ മഞ്ഞുരുകി, സമുദ്രനിരപ്പുയര്‍ന്നും, തീരപ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി, അഭയാര്‍ഥികള്‍ പ്രവഹിച്ചു.... നാം കരുതിയിരിക്കണം. അല്ലെങ്കില്‍ സുനാമി വന്നപ്പോഴുണ്ടായ പരിഭ്രാന്തിക്കും പലായനത്തിനും കാരണമാകും. ശാസ്ത്രലോകം എന്തുചെയ്തു എന്ന് പഴിയുയരും. പുനരധിവാസ സ്ഥലങ്ങള്‍ കണ്ടുവയ്ക്കണം. വെള്ളത്തില്‍ കൃഷിചെയ്യാവുന്ന വിത്തുകള്‍ കണ്ടെത്തണം, വിത്തുകളുടെ ഉല്പാദനശേഷി വര്‍ധിപ്പിക്കണം, ജനസംഖ്യ നിയന്ത്രിക്കണം, ആര്‍ഭാടമില്ലാത്ത ഒരു ജീവിതശൈലി കണ്ടെത്തണം. ജനസംഖ്യ കുറയാതിരിക്കുക, കൃഷിസ്ഥലങ്ങളുടെ വിസ്തൃതി കുറയുക, കൃഷിചെയ്യാന്‍ താല്‍പ്പര്യം കുറയുക എന്ന പരിതഃസ്ഥിതിയില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതെങ്ങനെ? ഇതിനല്ലൊം പരിഹാരം കാണാന്‍ ബാധ്യസ്ഥതയുള്ള, പ്രതിബദ്ധതയുള്ള ഒരു തലമുറയെ അതിന് തക്ക വിദ്യാഭ്യാസം നല്‍കി വാര്‍ത്തെടുക്കുക എന്നതാണ് ഇതിനോടൊപ്പമുള്ള ദൌത്യം.

മേധാവിത്വപരമായ ഇന്നത്തെ ഭരണസമ്പ്രദായത്തിലെ മാറ്റമാണ് സമ്മേളനം മുന്നോട്ടുവച്ച മറ്റൊരു പ്രധാന നിര്‍ദേശം. അധികാര ശ്രേണീബദ്ധമായ നിലവിലുള്ള സ്ഥിതി പൊളിച്ചെഴുതുകയെന്നത് എതിര്‍പ്പുകള്‍ ക്ഷണിച്ചുവരുത്തും. ഭരണസംവിധാനത്തിന്റെ ഘടന പരിഷ്കരിക്കുന്നതിന് മൂന്ന് മാനസികമായ തയാറെടുപ്പുകളാണ് ആവശ്യമായി വരിക.

ആഗോളീകരണത്തിനും മുതലാളിത്ത -സാമ്രാജ്യത്വ സംവിധാനങ്ങള്‍ക്കും അനുസരണമായി മുന്നേറുവാന്‍ ഉപകരിക്കുന്ന നയത്തിലധിഷ്ഠിതമായതാണ് ഇന്നത്തെ ശാസ്ത്രകോണ്‍ഗ്രസുകള്‍. നേരത്തെ സൂചിപ്പിച്ചതുപോലെ ഇവിടെ സാങ്കേതികശാസ്ത്രം മാത്രമാണ് ചര്‍ച്ചചെയ്യപ്പെടുന്നത്. മാത്രമല്ല, ശാസ്ത്രത്തില്‍നിന്ന് ഉരുത്തിരിയുന്ന ഉള്‍ക്കാഴ്ചയും ദര്‍ശനവും ഇവിടെ ചര്‍ച്ചചെയ്യപ്പെടുന്നതുമില്ല. അതുകൊണ്ടാണ് ശാസ്ത്രജ്ഞ പദവിധാരികള്‍ ഉദ്ദിഷ്ടകാര്യസാധ്യത്തിനായി നേര്‍ച്ചകളും വഴിപാടുകളുമായി ആരാധനാലയങ്ങളിലും, കാഴ്ചകളും കാണിക്കകളുമായി ആള്‍ദൈവങ്ങള്‍ക്ക് മുന്നിലും അണിനിരക്കുന്നത്.

ബൌദ്ധികസ്വത്തവകാശം മാത്രമല്ല, ശാസ്ത്രത്തിന്റെ ബൌദ്ധികവും ദര്‍ശനപരവുമായ എല്ലാ വശങ്ങളും ചര്‍ച്ചചെയ്യുന്ന ശാസ്ത്രസമ്മേളനങ്ങള്‍ വേണ്ടിവന്നാല്‍ പ്രത്യേകം നടത്തണം. അതിന് ഗവണ്‍മെന്റുകള്‍ മുന്‍കൈ എടുക്കുന്നില്ലെങ്കില്‍ ജനകീയമായി ഏറ്റെടുക്കണം. കേരള വികസന സെമിനാര്‍ വിജയകരമായി നടത്തിയ പരിചയവും നമുക്കുണ്ട്. കംപ്യൂട്ടറുകളും റോബോട്ടുകളും മിസൈലുകളും ആണവായുധങ്ങളും പിന്‍ഗണനയിലേക്ക് വലിയുകയും വിശപ്പും ആഹാരവും മുന്‍ഗണനയിലേക്ക് വരികയുംചെയ്യുന്ന ഒരു കാലമാണ് നമ്മെ കാത്തിരിക്കുന്നത്; കാതോര്‍ത്തിരിക്കുക.

സി രാമചന്ദ്രന്‍ ദേശാഭിമാനി 260210

Thursday, December 10, 2009

ജനിതക ഇന്ത്യന്‍

ജാര്‍ഖണ്ഡില്‍നിന്നുള്ള അജ്ഞാതനായ ആദിവാസിയുടെ പത്ത് മില്ലീലിറ്റര്‍ രക്തത്തില്‍നിന്ന് ഇന്ത്യന്‍ ശാസ്ത്രരംഗം മറ്റൊരു കുതിച്ചുചാട്ടം നടത്തിയിരിക്കുകയാണ്. മനുഷ്യന്റെ ജനിതകഘടന പൂര്‍ണമായി വേര്‍തിരിച്ച് മനസ്സിലാക്കുന്ന അപൂര്‍വം രാജ്യങ്ങളില്‍ ഒന്നായി ഇതോടെ ഇന്ത്യ മാറി. അമേരിക്ക, ബ്രിട്ടന്‍, ചൈന, കനഡ തുടങ്ങിയ ചുരുക്കം രാജ്യങ്ങളേ ഈ പട്ടികയിലുള്ളൂ. ചന്ദ്രനില്‍ ജലമുണ്ടെന്നതിന് തെളിവുനല്‍കിയ ആദ്യരാജ്യം എന്ന പദവി ഇന്ത്യ നേടിയ അതേ വര്‍ഷംതന്നെയാണ് ഈ മുന്നേറ്റമെന്നത് കൂടുതല്‍ അഭിമാനകരമാണ്. ഇരുപത്തയ്യായിരത്തോളം ജീനുകളില്‍ നാല് തന്മാത്രാ എഴുത്താണികളാല്‍ കുറിച്ചുവച്ച 300 കോടിയോളം നിര്‍ദേശങ്ങളെ വായിച്ചറിഞ്ഞ മനുഷ്യജനിതക പദ്ധതി ആരോഗ്യമേഖലയിലാണ് വിപ്ളവകരമായ മാറ്റമുണ്ടാക്കുക. പാരമ്പര്യരോഗങ്ങള്‍ നേരത്തെ തിരിച്ചറിയുക, ഇതിന് നേരത്തെ ചികിത്സ തുടങ്ങുക എന്നതാണ് ഇതിന്റെ കര്‍മം. ജീവിതം കാലൂന്നുമ്പോള്‍ 'അകാരണമായി' വീണുപോകുന്ന അനേകായിരങ്ങള്‍ക്ക് പുതിയ അത്താണിയാകും ഇത് എന്നതില്‍ സംശയമേതുമില്ല. ബൌദ്ധിക സ്വത്തവകാശ നിയമം ഗവേഷണ മേഖലയില്‍ വന്‍മതില്‍ തീര്‍ക്കുന്ന കാലമായതിനാല്‍ ജനിതക മാപ്പിങ് ഓരോ രാജ്യവും വെവ്വേറെ കണ്ടുപിടിക്കേണ്ടതുമുണ്ട്. അതിനാല്‍ ഇന്ത്യയുടെ 'ജനിതകയാന്‍' വിജയിപ്പിച്ച ഡല്‍ഹിയിലെ ശാസ്ത്ര-വ്യാവസായിക ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ സവിശേഷ അഭിനന്ദനം അര്‍ഹിക്കുന്നു. ഈ സംഘത്തില്‍ മലയാളിയായ ഡോക്ടര്‍ വിനോദ് സ്കറിയയും ഉണ്ടെന്നതില്‍ മലയാളിക്ക് കൂടുതല്‍ അഭിമാനബോധം നല്‍കുന്നു.

എന്നാല്‍, എല്ലാ ശാസ്ത്ര മുന്നേറ്റങ്ങള്‍ക്കും ഒരു ചെറുശതമാനം പ്രതിലോമ സ്വഭാവം ഉണ്ടെന്നത് മനുഷ്യന്റെ പരിമിതികളില്‍ ഒന്നാണ്. കഴുത്തറുപ്പന്‍ കച്ചവട മനോഭാവവും വെട്ടിപ്പിടിത്തത്തിന്റെ സഹജസ്വഭാവവുമുള്ള മുതലാളിത്ത ലോകത്ത് ഈ പ്രതിലോമ ഘടകത്തിനാണ് മുന്‍തൂക്കം ലഭിക്കുന്നതെന്നതും ദുഃഖസത്യമാണ്. പ്രപഞ്ചോര്‍ജത്തിന്റെ രഹസ്യം മൂന്നക്കത്തില്‍ (e=mc2) ആവാഹിച്ച ഐന്‍സ്റ്റീന്‍ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വീണപ്പോള്‍ പരിതപിച്ചു; സവിശേഷ ആപേക്ഷികതാ സിദ്ധാന്തം കണ്ടുപിടിച്ചതില്‍ ദുഃഖിക്കുന്നുവെന്ന്.

ഹ്യുമന്‍ ജീനോം പ്രോജക്ടിന് 1990ല്‍ അമേരിക്കയിലാണ് തുടക്കംകുറിച്ചത്. 13 വര്‍ഷത്തിനുശേഷം ജനിതക മാപ്പിങ് പൂര്‍ത്തീകരിച്ചായി അവര്‍ പ്രഖ്യാപിച്ചു. ഈ പദ്ധതിയുടെ പ്രധാനപ്പെട്ട ആറു ലക്ഷ്യങ്ങളില്‍ അഞ്ചാമത്തേത് 'ലഭിക്കുന്ന സാങ്കേതികവിദ്യ സ്വകാര്യ മേഖലയ്ക്ക് കൈമാറും'എന്നതാണ്. തല്‍ഫലമായി അമേരിക്കയുടെ ഭൂഖണ്ഡാന്തര ജൈവ സാങ്കേതിക വിദ്യാ വ്യവസായം കുതികുതിച്ചു. 2003നുശേഷം പുതിയ പുതിയ മരുന്നുകള്‍ വിപണിയിലിറങ്ങി. ഈ മരുന്നുകള്‍ക്ക് വിപണി കണ്ടുപിടിക്കുക എന്നത് കോര്‍പറേറ്റുകളുടെ അടിയന്തര ലക്ഷ്യമാണ്. ഓരോ മേഖലയിലെയും മനുഷ്യര്‍ക്ക് ഓരോതരം മരുന്ന് വേണ്ടി വരുമെന്നതാണ് ജനിതക ചികിത്സയുടെ മറ്റൊരു സവിശേഷത. ഭൂഖണ്ഡാന്തര മരുന്നുകമ്പനികളുടെ കൊയ്ത്തുകാലം വരികയാണ്. ആരോഗ്യരംഗത്തെ സദാചാരം ഇതില്‍ എത്ര കമ്പനികള്‍ക്ക് ഉണ്ടാകുമെന്നത് കണ്ടറിയേണ്ടതാണ്.

ഐന്‍സ്റ്റീനെ സാമ്രാജ്യത്വം ദുരുപയോഗിച്ചതുപോലെ ചാള്‍സ് ഡാര്‍വിനെയും മുതലാളിത്തം ദുര്‍വ്യാഖ്യാനംചെയ്ത് വംശഹത്യക്ക് ഉപയോഗിച്ചിട്ടുണ്ട്. അമേരിക്കന്‍ ഐക്യനാടുകളില്‍ തദ്ദേശീയരെ യൂറോപ്യന്‍ കുടിയേറ്റക്കാര്‍ ഉന്മൂലനംചെയ്ത വേളയിലാണ് 'സോഷ്യല്‍ ഡാര്‍വിനിസം' എന്ന പദം പ്രചുരപ്രചാരം നേടിയത്. അര്‍ഹതയുള്ളതിന്റെ അതിജീവനം എന്ന ഡാര്‍വിന്റെ സിദ്ധാന്തം വംശഹത്യയുടെ മാഗ്നാകാര്‍ട്ടയായി ഫാസിസം ഇന്നും ഉപയോഗിച്ചുവരുന്നുണ്ട്. തന്റെ മാതുലനായ ഫ്രാന്‍സിസ് ഗാല്‍ട്ട (19-ാം നൂറ്റാണ്ടില്‍) തോമസ് മാല്‍ത്തൂസിനെ (18-ാം നൂറ്റാണ്ടില്‍) പിന്‍പറ്റി ഇങ്ങനെയൊരു ദുര്‍വ്യാഖ്യാനം കൊണ്ടുവന്നപ്പോഴേ ഡാര്‍വിന്‍ അതിനെ അതിശക്തമായി എതിര്‍ത്തിരുന്നു. ജനിതക മാപ്പിങ്ങിലും ഈയൊരു വംശഹത്യാ അപകടം പതിയിരിപ്പുണ്ട്. ആഗോളവല്‍ക്കരണ യുഗത്തിലെ മനുഷ്യരെ ചരിത്രാരംഭ കാലത്തേ ആദിമവംശജരായി ചിത്രീകരിക്കുക എന്നതിന് ശാസ്ത്രത്തിന്റെ മേമ്പൊടി ചേര്‍ക്കാന്‍ ഇത് ഉപയോഗിച്ചേക്കാം. വംശങ്ങളെ വേര്‍തിരിച്ചാണ് ഇപ്പോള്‍ ജനിതക മാപ്പിങ് നടക്കുന്നത്. കൊക്കേഷ്യന്‍, ഹാന്‍, കൊറിയന്‍, ഇന്ത്യന്‍.... എന്നിങ്ങനെ.

സോവിയറ്റ് ചേരി തകര്‍ന്നപ്പോള്‍ സംസ്കാരങ്ങളുടെ ഏറ്റുമുട്ടലാണ് ഇനി നടക്കുകയെന്ന് അമേരിക്കന്‍ സാമ്രാജ്യത്വം പ്രചരിപ്പിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഇന്ന് സാമ്രാജ്യത്വ അധിനിവേശങ്ങളും ഭീകരതയും അരങ്ങുതകര്‍ക്കുന്നത്. ഗര്‍ഭാശയത്തില്‍ വളരുന്ന കുഞ്ഞ് ആണോ പെണ്ണോ എന്ന് തിരിച്ചറിയാനുള്ള ശാസ്ത്രീയ നേട്ടം വ്യാപകമായ പെഭ്രൂണഹത്യയിലേക്കാണ് നയിച്ചത്. ഒടുവില്‍ ഇതിന് നിരോധനത്തോളം പോന്ന നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവന്നു. നാട്ടിന്‍പുറത്തെ ലാബുകളില്‍ അയ്യായിരം രൂപയ്ക്ക് ജനിതക മാപ്പിങ് വന്നാല്‍ ഉപയോഗത്തേക്കാള്‍ ദുരുപയോഗമായിരിക്കുമോ സംഭവിക്കുക എന്ന ആശങ്ക ആസ്ഥാനത്തല്ല.

ഇതിനെല്ലാറ്റിനുമുപരി മനുഷ്യന്‍ എന്നത് ജീനുകളാല്‍ തീര്‍ത്ത ഒരു യന്ത്രമനുഷ്യനാണെന്ന സങ്കല്‍പ്പം മുതലാളിത്ത മനസ്സിന്റെ പ്രതിഫലനമാണ്. മനസ്സ് എന്ന രൂപമില്ലാ അവയവത്തിന് ബോധം എന്നാണ് മാര്‍ക്സ് പേരിട്ടിരിക്കുന്നത്. ഈ ബോധം സാമൂഹ്യ ഉല്‍പ്പന്നമാണ്. അതുകൊണ്ടാണ് മനുഷ്യന്‍ സാമൂഹ്യജീവിയാകുന്നത്. മനുഷ്യനെ വെറും വ്യക്തിയാക്കി ചുരുക്കുക എന്നത് മുതലാളിത്തത്തിന്റെ പ്രതിലോമ തത്വശാസ്ത്രമാണ്. സമൂഹമില്ലാതെ മനുഷ്യനെന്നല്ല, ഭൂമിയില്‍ ജീവനുള്ള ഒന്നുമുണ്ടാകില്ലെന്നത് കോപ്പന്‍ ഹേഗന്‍ ഭൌമ ഉച്ചകോടി വേളയില്‍ ഒന്നുകൂടി ഓര്‍ക്കേണ്ടതാണ്. ഇതെല്ലാം അശുഭ ചിന്തകള്‍. ശാസ്ത്രനേട്ടങ്ങള്‍ എല്ലാ സങ്കുചിതങ്ങളെയും തകര്‍ത്ത് സത്യത്തിന്റെ പാതയില്‍ സഞ്ചരിക്കുമെന്നുറപ്പ്. അല്ലെങ്കില്‍ ഈ ഭൂമി എന്നേ ഇല്ലാതായേനേ.

ദേശാഭിമാനി മുഖപ്രസംഗം 111209