Showing posts with label തൊഴിലുറപ്പ് പദ്ധതി. Show all posts
Showing posts with label തൊഴിലുറപ്പ് പദ്ധതി. Show all posts

Saturday, May 24, 2014

തൊഴിലുറപ്പ് പദ്ധതി തകരുന്നത് 28 ലക്ഷം കുടുംബങ്ങള്‍ക്ക് തിരിച്ചടി

കണ്ണൂര്‍: തൊഴിലുറപ്പ് പദ്ധതിയിലെ തൊഴില്‍ദിനങ്ങള്‍ വെട്ടിക്കുറയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനം കരിനിഴല്‍ പടര്‍ത്തുന്നത് സംസ്ഥാനത്തെ 28 ലക്ഷത്തോളം കുടുംബങ്ങളില്‍. കൂലികൂടുതലും 200 തൊഴില്‍ദിനങ്ങളും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന്‍ പ്രക്ഷോഭം നടത്തുമ്പോഴാണ് നിലവിലുള്ള തൊഴില്‍സാധ്യതയും വെട്ടിക്കുറച്ച് സര്‍ക്കാര്‍ തൊഴിലാളികളുടെ വയറ്റത്തടിച്ചത്. തൊഴിലുറപ്പ് പദ്ധതി പുതിയ മേഖലകളിലേക്ക് വ്യാപിപ്പിച്ച് തൊഴിലവസരം വര്‍ധിപ്പിക്കണമെന്നതാണ് യൂണിയന്റെ ആവശ്യങ്ങളിലൊന്ന്. പശുപരിപാലനം, നീര്‍ത്തട പ്രോജക്ട് എന്നിവ തയ്യാറാക്കി ഇതു സാധ്യമാക്കാന്‍ നിര്‍ദേശം സമര്‍പ്പിച്ചിട്ടും നടപടിയുണ്ടായില്ല.

കേരളത്തിന്റെ സവിശേഷ സാഹചര്യം കണക്കിലെടുത്തുള്ള മാനദണ്ഡങ്ങളിലെ ഇളവുകള്‍ ഉപേക്ഷിക്കുന്നതും ദേശീയസാഹചര്യം പരിഗണിച്ചുള്ള, തൊഴിലുറപ്പ് നിയമത്തിന്റെ പട്ടിക-ഒന്ന് നിര്‍ബന്ധിതമാക്കുന്നതുമാണ് തിരിച്ചടിയാകുന്നത്. രജിസ്റ്റര്‍ചെയ്തവര്‍ക്ക് നാമമാത്രമായെങ്കിലും തൊഴില്‍ നല്‍കാനുള്ള സാഹചര്യം നഷ്ടമാകുന്നതോടെ ലക്ഷക്കണക്കിന് തൊഴിലാളികള്‍ പ്രയാസത്തിലാകും. ഇടതുപക്ഷത്തിന്റെ ശക്തമായ ആവശ്യത്തെ തുടര്‍ന്നാണ് ഒന്നാം യുപിഎ സര്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാന്‍ നിര്‍ബന്ധിതമായത്.

2005 സെപ്തംബര്‍ അഞ്ചിനാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം നിലവില്‍ വന്നത്. പത്തുവര്‍ഷമായിട്ടും പദ്ധതി ലക്ഷ്യത്തിലെത്തിയില്ല. നടത്തിപ്പില്‍ വീഴ്ച വരുത്തി പദ്ധതി അട്ടിമറിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. തൊഴിലുറപ്പ് പദ്ധതി നിയമം അനുശാസിക്കുന്ന ഒരു പരിഗണനയും തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ല. തൊഴില്‍ സമയം രാവിലെ ഒമ്പതുമുതല്‍ വൈകിട്ട് അഞ്ചുവരെയാണ്. ഇത് നാലുവരെയാക്കണമെന്ന ആവശ്യം അംഗീകരിച്ചിട്ടില്ല. പെന്‍ഷന്‍, ഓണക്കോടി തുടങ്ങിയ പ്രഖ്യാപനങ്ങളും നടപ്പായില്ല. 180 രൂപയാണ് കൂലി. അതുതന്നെ ഇപ്പോള്‍ മുഴവനായി കൊടുത്തു തീര്‍ന്നിട്ടില്ല. വിലക്കയറ്റവും ജീവിതച്ചെലവുംമൂലം പൊറുതിമുട്ടുമ്പോള്‍ കൂലി 320 രൂപയെങ്കിലുമാക്കണമെന്നാണ് എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന്‍ ആവശ്യപ്പെടുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ആരംഭിച്ച അയ്യന്‍കാളി നഗര തൊഴിലുറപ്പ് പദ്ധതിയും ഇപ്പോള്‍ പൂര്‍ണമായും അവതാളത്തിലായി.

deshabhimani

Friday, May 23, 2014

തൊഴിലുറപ്പില്‍ ഇനി 100 ദിനം കിട്ടില്ല

കേന്ദ്രസര്‍ക്കാരിന്റെ ദയനീയ തോല്‍വിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതികാരം നിരാലംബരായ തൊഴിലുറപ്പു തൊഴിലാളികളോട്. പുതിയ കേന്ദ്രസര്‍ക്കാര്‍ അധികാരമേറുംമുമ്പേ കേരളത്തില്‍ തൊഴിലുറപ്പു പദ്ധതി നിശ്ചലമാക്കാനുള്ള നീക്കമാണ് ആരംഭിച്ചത്. ഇവിടത്തെ സവിശേഷ സാഹചര്യത്തില്‍ ഉണ്ടായിരുന്ന പ്രത്യേക ആനുകൂല്യങ്ങളെല്ലാം സംസ്ഥാനം നിര്‍ത്തലാക്കി. ഇതുമൂലം 100 ദിനങ്ങള്‍ തൊഴില്‍ ലഭിക്കുന്നത് ഇല്ലാതാകും. ഗ്രാമവികസനമന്ത്രി കെ സി ജോസഫിന്റെ നിര്‍ദേശത്തെതുടര്‍ന്ന് റൂറല്‍ ഡെവലപ്മെന്റ് കമീഷണറേറ്റ് പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെയും പദ്ധതിനിര്‍വഹണ ഉദ്യോഗസ്ഥരുടെയും യോഗങ്ങള്‍ ജില്ലാതലത്തില്‍ വിളിച്ചാണ് പ്രത്യേക ഇളവുകള്‍ ഉപേക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയത്.

തൊഴിലുറപ്പു നിയമത്തിന്റെ പട്ടിക ഒന്നിലാണ് തൊഴില്‍ ഇനങ്ങള്‍ ക്രോഡീകരിച്ചിട്ടുള്ളത്. രജിസ്റ്റര്‍ചെയ്യുന്നവര്‍ക്ക് വര്‍ഷം നൂറുദിവസം തൊഴില്‍ ഉറപ്പുവരുത്താനായി നല്‍കുന്ന ജോലികള്‍ പട്ടിക ഒന്ന് പ്രകാരമായിരിക്കണം. ദേശീയസാഹചര്യവും മൊത്തംസംസ്ഥാനങ്ങളുടെ പൊതുസാഹചര്യവും കണക്കിലെടുത്താണ് ഈ പട്ടിക തയ്യാറാക്കിയത്. ഇതുപ്രകാരം കേരളത്തില്‍ പദ്ധതി നടപ്പാക്കിയാല്‍ പത്തു ദിവസംപോലും തൊഴില്‍ നല്‍കാനാകില്ല. മറ്റു സംസ്ഥാനങ്ങളില്‍ ഒരു വര്‍ഷംവരെ ഒരു പദ്ധതിയില്‍ എല്ലാവര്‍ക്കും തൊഴില്‍ നല്‍കാനാകുന്ന പ്രവൃത്തി ഏറ്റെടുക്കാനാകും. ഇവിടെ ജനസാന്ദ്രതയും ഭൂമിശാസ്ത്ര പ്രത്യേകതകളും കാരണം ചെറിയ പദ്ധതികളിലേ മനുഷ്യാധ്വാനം വിനിയോഗിക്കാനാകൂ. പദ്ധതി കാര്യക്ഷമമാക്കാനായി 2008 മുതല്‍ കേരളത്തില്‍ ഇളവുകള്‍ സംസ്ഥാനസര്‍ക്കാര്‍ അനുവദിച്ചിരുന്നു. പട്ടിക ഒന്നിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍പ്പെടുത്തിയാണ് ഇളവുകള്‍ അനുവദിച്ചത്. കൃഷിപ്പണിയും റോഡ് നിര്‍മാണവും തോട് ആഴംകൂട്ടലും പദ്ധതിയില്‍ ഉള്‍പ്പെടുത്തി. അതോടെ രജിസ്റ്റര്‍ചെയ്തവര്‍ക്കെല്ലാം തൊഴില്‍ ലഭിക്കാന്‍ തുടങ്ങി. ഈ പ്രത്യേക ഇളവുകളാണ് ഉപേക്ഷിക്കുന്നത്.
 
പട്ടിക ഒന്ന് നിര്‍ബന്ധമാക്കുന്നതോടെ പഞ്ചായത്ത്, പിഡബ്ല്യുഡി, നാഷണല്‍ ഹൈവേ റോഡുകളില്‍ ഒരു ജോലിയും പറ്റില്ല. ഓടനിര്‍മിക്കല്‍, കാടുവെട്ടല്‍, റോഡ് അറ്റകുറ്റപ്പണി എന്നിവയായിരുന്നു റോഡുകളില്‍ തൊഴിലുറപ്പു പദ്ധതി ജോലികള്‍. തോടുകളുടെ ആഴം വര്‍ധിപ്പിക്കാനും മാലിന്യം നീക്കംചെയ്യാനും കഴിയുമായിരുന്നു. ഇനി തോടിന് അരിക് കെട്ടല്‍മാത്രമേ അനുവദിക്കൂ. കൃഷിപ്പണിയാണ് പദ്ധതിയില്‍ കൂടുതല്‍ തൊഴില്‍ദിനങ്ങള്‍ നല്‍കിയിരുന്നത്. തെങ്ങിന് തടം എടുക്കല്‍, റബറിന് പ്ലാറ്റ്ഫോം കിളയ്ക്കല്‍ എന്നിവ പദ്ധതിയില്‍പ്പെടുത്തി. ഒരു വര്‍ഷം പണി എടുത്ത കൃഷിയിടത്തില്‍ പിന്നീട് ഒരിക്കലും പണിയെടുക്കാന്‍ പറ്റില്ല. എപിഎല്‍ വിഭാഗങ്ങളുടെ കൃഷിയിടത്തിലേ ജോലി പറ്റൂ. അതും ഒരിക്കല്‍ചെയ്താല്‍ വീണ്ടും പറ്റില്ല. കേരളത്തില്‍ എപിഎല്‍ വിഭാഗക്കാരുടെ കൃഷിയിടങ്ങളിലെല്ലാം മൂന്നുവര്‍ഷമായി തൊഴിലുറപ്പു തൊഴിലാളികള്‍ പണിയെടുക്കുന്നതിനാല്‍ പുതിയ കൃഷിയിടം കണ്ടെത്തലും അസാധ്യമാണ്. നൂറുദിവസം തൊഴില്‍ എങ്ങനെ 28 ലക്ഷം കുടുംബത്തിന് നല്‍കുമെന്ന പഞ്ചായത്ത് സെക്രട്ടറിമാരുടെ ചോദ്യത്തിന് 100 ദിനം നിര്‍ബന്ധമില്ലെന്ന മറുപടിയാണ് ഗ്രാമവികസനവകുപ്പ് നല്‍കിയത്.

എം വി പ്രദീപ് deshabhimani

Friday, May 9, 2014

തൊഴിലുറപ്പില്‍ കാര്‍ഷിക മേഖലയെ ഒഴിവാക്കി

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പില്‍ നിന്ന് കാര്‍ഷിക മേഖലയെ പൂര്‍ണമായും ഒഴിവാക്കിയും ചെറുകിട കര്‍ഷകരുടെ ഭൂമിയില്‍ തൊഴിലെടുക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയും ഉത്തരവ്. പുല്ലുചെത്തല്‍, കല്ല് വാരല്‍ തുടങ്ങിയ ജോലികള്‍ പദ്ധതിയില്‍നിന്ന് പൂര്‍ണമായി ഒഴിവാക്കി. വ്യവസ്ഥ ലംഘിച്ചാല്‍ ശിക്ഷാനടപടി സ്വീകരിക്കുമെന്നും ഉത്തരവ് വ്യക്തമാക്കുന്നു.

ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഒന്നും രണ്ടും ഷെഡ്യൂള്‍ ഭേദഗതി ചെയ്ത ഉത്തരവ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ജനുവരി മൂന്നിനാണ് പുറത്തിറക്കിയത്. പുതുക്കിയ വ്യവസ്ഥ പ്രകാരം പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് തദ്ദേശ ഭരണ വകുപ്പ് തദ്ദേശസ്ഥാപനങ്ങള്‍ക്കും പ്രോഗ്രാം ഓഫീസര്‍മാര്‍ക്കും കത്തയച്ചു. തൊഴില്‍ദിനം വന്‍തോതില്‍ കുറയാന്‍ ഇടയാക്കുന്ന ഉത്തരവ് പദ്ധതിയെ പ്രതിസന്ധിയിലാക്കും. കുളംനന്നാക്കല്‍, മറ്റ് ജലസംരക്ഷണജോലി, വെള്ളപ്പൊക്കം തടയല്‍, വനവല്‍ക്കരണം എന്നിങ്ങനെ സ്വകാര്യവ്യക്തികളുടെ പറമ്പിലെ ജോലി ചെയ്യാന്‍ പുതിയ ഉത്തരവില്‍ കഴിയില്ല. ഈ മേഖലയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍ദിനമുള്ളത്. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍, നാടോടികളായ ഗിരിവര്‍ഗക്കാര്‍, ബിപിഎല്‍ കുടുംബങ്ങള്‍, ഗൃഹനാഥകള്‍, വികലാംഗരായ ഗൃഹനാഥകള്‍, ഭൂപരിഷ്കരണത്തില്‍ ഭൂമി ലഭിച്ചവര്‍, ഇന്ദിര ആവാസ് യോജന ഗുണഭോക്താക്കള്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലും പുരയിടത്തിലും തൊഴില്‍ നല്‍കാന്‍ ആദ്യ പരിഗണന നല്‍കണമെന്ന് ഉത്തരവില്‍ പറയുന്നു. എന്നാല്‍, ഇവര്‍ക്ക് നാമമാത്രമായ ഭൂമി മാത്രമേ സ്വന്തമായുള്ളു. ഇതില്‍ തൊഴിലാളികള്‍ക്ക് വര്‍ഷം നൂറുദിവസം തൊഴില്‍ നല്‍കുക അസാധ്യമാണെന്ന് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു.

മുന്‍ഗണന നിശ്ചയിച്ച വിഭാഗത്തിന്റെ ഭൂമിയിലെയും പുരയിടത്തിലെയും ജോലി പൂര്‍ത്തിയാക്കിയെന്ന് ഉറപ്പാക്കിയാലെ ചെറുകിട, നാമമാത്ര കര്‍ഷകരുടെ പറമ്പിലെ ജോലി പരിഗണിക്കാവൂ. പട്ടികവിഭാഗക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ ഭൂമിയിലെ ജോലി പൂര്‍ണമായും തീര്‍ന്നുവെന്ന് ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയാലെ മറ്റ് ജോലികള്‍ ഏറ്റെടുക്കാന്‍ കഴിയു. എന്നാല്‍, ഇതിന് ഉദ്യോഗസ്ഥര്‍ തയ്യാറാകാനിടയില്ല. 2014 ഏപ്രില്‍ 29നാണ് പുതിയ ഉത്തരവ് പുറത്തിറങ്ങിയത്. എന്നാല്‍, തൊഴിലുറപ്പ് ഗ്രാമസഭ വിളിച്ച് 2013 ആഗസ്ത്, സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ നടപ്പു വര്‍ഷത്തെ പദ്ധതി നിര്‍ദേശം തയ്യാറാക്കുകയും ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ പദ്ധതി അംഗീകരിച്ചതുമാണ്. ഇത് പുനഃപരിശോധിക്കണമെന്നാണ്് പുതിയ ഉത്തരവ്്. ഇത് നിയമവിരുദ്ധമാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.

deshabhimani

Sunday, April 27, 2014

തൊഴിലുറപ്പ് പണികള്‍ സ്തംഭിച്ചു

ഭൂവികസനവും കൃഷിയും ഒഴിവാക്കി ഏറ്റെടുക്കാവുന്ന പണികള്‍ സംബന്ധിച്ച് സര്‍ക്കാര്‍ പഞ്ചായത്തുകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍മപദ്ധതികള്‍ വീണ്ടും തയ്യാറാക്കേണ്ടതിനാല്‍ സംസ്ഥാനത്തെ തൊഴിലുറപ്പ് പദ്ധതികള്‍ സ്തംഭിച്ചു. നാലു വിഭാഗങ്ങളിലായി ഏറ്റെടുക്കാവുന്ന പണികള്‍ സംബന്ധിച്ച 11 ഇന മാര്‍ഗനിര്‍ദേശം 22നാണ്് സര്‍ക്കാര്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് നല്‍കിയത്. കക്കൂസ് നിര്‍മാണം, ധാന്യപ്പുര നിര്‍മാണം, കളിസ്ഥല നിര്‍മാണം. പഞ്ചായത്ത്, അങ്കണവാടി കെട്ടിട നിര്‍മാണം തുടങ്ങിയ ആസ്തിനിര്‍മിത പദ്ധതികള്‍ മാത്രമേ തൊഴിലുറപ്പില്‍ പെടുത്തി ചെയ്യാവൂ എന്നാണ് പുതിയ നിര്‍ദേശം.

ഇതില്‍ പ്രകൃതിക്ഷോഭങ്ങളെ അതിജീവിക്കാനുള്ള പ്രവൃത്തി മാത്രമാണ് കേരളത്തിന് പ്രയോജനപ്പെടുക. ബാക്കിയെല്ലാം വടക്കന്‍ സംസ്ഥാനങ്ങള്‍ക്ക് മാത്രം പ്രയോജനപ്പെടുന്നവയാണ്. 2014-15 വര്‍ഷത്തേയ്ക്കുള്ള കര്‍മപദ്ധതി പതിവുപോലെ കഴിഞ്ഞ സെപ്തംബറില്‍ തയ്യാറാക്കി പഞ്ചായത്തുകള്‍ അംഗീകാരം വാങ്ങിയിരുന്നു. ആ കര്‍മപദ്ധതിയുടെ അടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കിയാല്‍ അതിന്റെ ബാധ്യത ഉദ്യോഗസ്ഥര്‍ക്കായിരിക്കും. അതിനാല്‍ പണികള്‍ നടത്താന്‍ അവര്‍ തയ്യാറാകുന്നില്ല. ഇതോടെയാണ് സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതി തന്നെ സ്തംഭിച്ചത്. പുതിയ മാര്‍ഗനിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് തൊഴിലുറപ്പ് പുനഃരാരംഭിക്കാന്‍ പുതിയ കര്‍മപദ്ധതി തയ്യാറാക്കേണ്ടിവരും. ആദ്യം അയല്‍കൂട്ടതല പദ്ധതി തയ്യാറാക്കണം. അതിനുശേഷം വാര്‍ഡുതല പദ്ധതി രൂപീകരിച്ച് ഗ്രാമസഭ അംഗീകരിക്കണം. അതിനുശേഷം ഇവ ക്രോഡീകരിച്ച് പഞ്ചായത്ത് തലത്തില്‍ കര്‍മപദ്ധതി തയ്യാറാക്കണം. ഇതിന് ചുരുങ്ങിയത് രണ്ടുമാസം വേണ്ടിവരും. ജില്ലാതല അംഗീകാരവും വാങ്ങുമ്പോള്‍ മൂന്നുമാസം കഴിയും. അതായത് ഓണത്തിന് മുമ്പ് തൊഴിലുറപ്പ് പണിയോ ചെയ്തതിന്റെ കൂലിയോ കിട്ടാനിടയില്ലെന്ന് അര്‍ഥം.

ആസ്തിനിര്‍മിത പദ്ധതികള്‍ മാത്രമേ ഏറ്റെടുക്കാനാകൂ എന്നാണ് കര്‍ശന നിര്‍ദേശം. ഇതില്‍ തന്നെ നിര്‍മാണ സാമഗ്രികള്‍ക്ക് 40 ശതമാനം തുകയേ നീക്കിവെക്കാനും പറ്റൂ. 60 ശതമാനം കൂലിച്ചെലവായി നീക്കിവെക്കണം. (റോഡിന് പൂഴി വിരിക്കണമെങ്കില്‍ പോലും പൂഴിക്ക് ആകെ ചെലവിന്റെ 70 ശതമാനത്തിലേറെ വേണ്ടിവരും) അതുകൊണ്ട് തന്നെ അത്തരം പണികള്‍ ഏറ്റെടുക്കാനാകില്ല. കൂലിച്ചെലവ് മാത്രമുള്ള ഭൂവികസന പദ്ധതികള്‍ ഏറ്റെടുത്ത് അതിന്റെ കൂടി അടിസ്ഥാനത്തില്‍ ആസ്തിനിര്‍മിത പദ്ധതികള്‍ക്കുള്ള സാമഗ്രികള്‍ നേരത്തെ വാങ്ങുകയായിരുന്നു പതിവ്. എന്നാല്‍ ബിപിഎല്‍ വിഭാഗത്തില്‍പെട്ടവരുടെ ഭൂവികസന പദ്ധതികള്‍ മാത്രമേ ഏറ്റെടുക്കാനാകൂ എന്നാണ് പുതിയ നിര്‍ദേശം.

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ കൈവശം ഭൂമി വളരെ കുറച്ച് മാത്രമേ ഉണ്ടാകൂ എന്നതിനാല്‍ ചെലവഴിക്കാന്‍ കഴിയുന്ന പണം വളരെ പരിമിതമായിരിക്കും. ഇതനുസരിച്ച് കര്‍മപദ്ധതി ഉണ്ടാക്കിയാല്‍ തന്നെ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ തൊഴിലാളികള്‍ക്കും നൂറുദിവസം പോയിട്ട് പത്ത് ദിവസത്തെ പണി പോലും നല്‍കാന്‍ കഴിയില്ലെന്ന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു പ്രതിഭാഹരി പറഞ്ഞു. അതേസമയം ചെയ്ത പണിയുടെ കൂലിയിനത്തില്‍ സംസ്ഥാനത്തെ തൊഴിലാളികള്‍ക്ക് 371.16 കോടി രൂപ നല്‍കാനുണ്ട്. ആലപ്പുഴ ജില്ലയില്‍ മാത്രം 36.46 കോടിയും.

ഡി ദിലീപ് deshabhimani

Sunday, March 30, 2014

തദ്ദേശഫണ്ട് വകമാറ്റുന്നത് ചട്ടലംഘനം: വി എസ്

തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുത്ത തൊഴിലാളികള്‍ക്ക് നല്‍കേണ്ട കൂലിയായ 428 കോടി രൂപ കേന്ദ്രത്തില്‍ നിന്നും വാങ്ങിയെടുക്കാന്‍ നടപടികള്‍ സ്വീകരിക്കാതെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ മെയിന്റനന്‍സ് ഫണ്ടില്‍ നിന്നും വകമാറ്റി തൊഴിലാളികള്‍ക്ക് കൂലിയായി നല്‍കുന്നതിന് സര്‍ക്കാര്‍ എടുത്ത തീരുമാനം തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പ്രസ്താവ നയില്‍ പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴിലാളികള്‍ക്ക് നല്‍കേണ്ടുന്ന കൂലി ഉള്‍പ്പെടെ ആയിരം കോടി രൂപയാണ് കേന്ദ്രത്തില്‍ നിന്നും കേരളത്തിന് ലഭിക്കാനുള്ളത്. ഈ തുക കേന്ദ്രത്തില്‍ നിന്നും വാങ്ങിയെടുക്കുന്നതിന് സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഇതുമൂലം തൊഴിലെടുത്ത പാവപ്പെട്ട തൊഴിലാളികള്‍ക്ക് 428 കോടി രൂപയാണ് കൂലിയിനത്തില്‍ കുടിശികയായിരിക്കുന്നത്. കേന്ദ്രത്തില്‍ നിന്നും തുക തെരഞ്ഞെടുപ്പിന് മുമ്പ് ലഭിക്കുന്നതിന് യാതൊരു സാധ്യതയുമില്ലാത്ത സാഹചര്യത്തിലാണ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ മെയിന്റനന്‍സ് ഫണ്ടില്‍ നിന്നും വകമാറ്റി തൊഴിലാളികളുടെ കൂലി കൊടുക്കുന്നതിന് സര്‍ക്കാര്‍ തീരുമാനമെടുത്തത്.

ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് തെരഞ്ഞെടുപ്പിന് മുമ്പ് ഇത്രയും തുക നിയമം ലംഘിച്ച് നല്‍കുന്നതിന് എടുത്ത തീരുമാനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി പോലും വാങ്ങിയിട്ടില്ല. വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന് എന്ത് ഹീനപ്രവൃത്തിയും സര്‍ക്കാര്‍ കൈക്കൊള്ളുമെന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ഈ നടപടി.

കേന്ദ്രം നല്‍കേണ്ടുന്ന ആയിരം കോടി രൂപ യഥാസമയം വാങ്ങിയെടുക്കുന്നതിന് വീഴ്ചവരുത്തിയ തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രിയും മുഖ്യമന്ത്രിയും ഇക്കാര്യത്തില്‍ കുറ്റകരമായ അനാസ്ഥയും തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനവുമാണ് നടത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് വി.എസ്. ആവശ്യപ്പെട്ടു.


തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുത്ത തൊഴിലാളികള്‍ക്ക് നല്‍കേണ്ട കൂലിയായ 428 കോടി രൂപ കേന്ദ്രത്തില്‍ നിന്നും വാങ്ങിയെടുക്കാന്‍ നടപടികള്‍ സ്വീകരിക്കാതെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ മെയിന്റനന്‍സ് ഫണ്ടില്‍ നിന്നും വകമാറ്റി തൊഴിലാളികള്‍ക്ക് കൂലിയായി നല്‍കുന്നതിന് സര്‍ക്കാര്‍ എടുത്ത തീരുമാനം തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പ്രസ്താവ നയില്‍ പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴിലാളികള്‍ക്ക് നല്‍കേണ്ടുന്ന കൂലി ഉള്‍പ്പെടെ ആയിരം കോടി രൂപയാണ് കേന്ദ്രത്തില്‍ നിന്നും കേരളത്തിന് ലഭിക്കാനുള്ളത്. ഈ തുക കേന്ദ്രത്തില്‍ നിന്നും വാങ്ങിയെടുക്കുന്നതിന് സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഇതുമൂലം തൊഴിലെടുത്ത പാവപ്പെട്ട തൊഴിലാളികള്‍ക്ക് 428 കോടി രൂപയാണ് കൂലിയിനത്തില്‍ കുടിശികയായിരിക്കുന്നത്. കേന്ദ്രത്തില്‍ നിന്നും തുക തെരഞ്ഞെടുപ്പിന് മുമ്പ് ലഭിക്കുന്നതിന് യാതൊരു സാധ്യതയുമില്ലാത്ത സാഹചര്യത്തിലാണ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ മെയിന്റനന്‍സ് ഫണ്ടില്‍ നിന്നും വകമാറ്റി തൊഴിലാളികളുടെ കൂലി കൊടുക്കുന്നതിന് സര്‍ക്കാര്‍ തീരുമാനമെടുത്തത്.

ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് തെരഞ്ഞെടുപ്പിന് മുമ്പ് ഇത്രയും തുക നിയമം ലംഘിച്ച് നല്‍കുന്നതിന് എടുത്ത തീരുമാനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി പോലും വാങ്ങിയിട്ടില്ല. വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന് എന്ത് ഹീനപ്രവൃത്തിയും സര്‍ക്കാര്‍ കൈക്കൊള്ളുമെന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ഈ നടപടി.

കേന്ദ്രം നല്‍കേണ്ടുന്ന ആയിരം കോടി രൂപ യഥാസമയം വാങ്ങിയെടുക്കുന്നതിന് വീഴ്ചവരുത്തിയ തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രിയും മുഖ്യമന്ത്രിയും ഇക്കാര്യത്തില്‍ കുറ്റകരമായ അനാസ്ഥയും തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനവുമാണ് നടത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് വി.എസ്. ആവശ്യപ്പെട്ടു.

deshabhimani

Tuesday, March 18, 2014

തൊഴിലുറപ്പില്ല കൂലിയും

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ മാനദണ്ഡം കേന്ദ്രസര്‍ക്കാര്‍ പുതുക്കുമ്പോഴും തൊഴിലാളികള്‍ക്കുള്ള കുടിശ്ശിക തീര്‍ക്കാന്‍ നടപടിയില്ല. നാട് തെരഞ്ഞെടുപ്പിന്റെ തിരക്കിലമരുമ്പോള്‍ ഉള്ള തൊഴിലും മുടങ്ങുമെന്ന അവസ്ഥയിലാണ് തൊഴിലാളികള്‍. 312 കോടിരൂപയാണ് സംസ്ഥാനത്ത് കൂലിയിനത്തില്‍ കുടിശ്ശിക. ജില്ലയില്‍ 18.92 കോടിയോളം. 100 തൊഴില്‍ദിനം പൂര്‍ത്തിയാക്കിയവര്‍ക്കുപോലും കൂലി നല്‍കാതെ കബളിപ്പിക്കുകയാണ് സര്‍ക്കാര്‍. ഗ്രാമീണമേഖലയിലെ തൊഴിലാളികള്‍ക്ക് വര്‍ഷം നൂറുദിവസമെങ്കിലും തൊഴില്‍ നല്‍കാന്‍ ആവിഷ്കരിച്ച ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയാണ് പ്രതിസന്ധിയിലായത്. ഇടതുപക്ഷത്തിന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് ഒന്നാം യുപിഎ സര്‍ക്കാരാണ് പദ്ധതി നിയമം നടപ്പാക്കിയത്. 2005 സെപ്തംബര്‍ അഞ്ചിനാണ് തൊഴിലുറപ്പ് നിയമം നിലവില്‍ വന്നത്. പദ്ധതിയുടെ അടിസ്ഥാനയം സര്‍ക്കാര്‍തന്നെ അവതാളത്തിലാക്കുകയാണ്. 200 ദിവസമെങ്കിലും തൊഴില്‍ നല്‍കണമെന്ന ആവശ്യം പരിഗണിക്കുന്നില്ല. നടത്തിപ്പിലെ വീഴ്ചക്കൊപ്പം കൂലിയും കിട്ടാതായതോടെ തൊഴിലാളികളുടെ ജീവിതമാണ് ഇരുട്ടിലായത്. 180 രൂപയാണ് ഇപ്പോള്‍ കൂലി. ജീവിതച്ചെലവും വിലക്കയറ്റവും കാരണം പൊറുതിമുട്ടുന്ന വര്‍ക്ക് ഇത് അപര്യാപ്തം. അസംഘടിത മേഖലയിലെ അവിദഗ്ധ തൊഴിലാളിക്കും മറുനാടന്‍ തൊഴിലാളിക്കും സംസ്ഥാനത്ത് 500- 600 രൂപ കൂലി ലഭിക്കുമ്പോഴാണ് തൊഴിലുറപ്പ് പദ്ധതി തൊഴിലാളിക്ക് നാമമാത്രക്കൂലി. ഇത് 320 രൂപയെങ്കിലുമാക്കണമെന്നാണ് ഈ മേഖലയിലെ പ്രമുഖ സംഘടനയായ എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന്‍ ആവശ്യപ്പെടുന്നത്.

കേരളത്തില്‍ 27,85,969 ലക്ഷം കുടുംബം പദ്ധതിയില്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. 16,23,831 കുടുംബം കഴിഞ്ഞ ജനുവരി 31 വരെ തൊഴിലിനായി അപേക്ഷിച്ചതില്‍ തൊഴില്‍ ലഭിച്ചത് 14,03,281 കുടുംബത്തിനുമാത്രം. മറ്റുള്ളവര്‍ക്ക് തൊഴില്‍രഹിത വേതനത്തിന് നിയമപരമായി അര്‍ഹതയുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും അലംഭാവംമൂലം ലഭിക്കുന്നില്ല. കൂലിക്കുടിശ്ശികക്കുപുറമെ പിഴപ്പലിശയിനത്തില്‍ 7.63 കോടിരൂപയും നല്‍കാനുണ്ട്. തൊഴിലുറപ്പ് പദ്ധതിയെ ക്ഷീരമേഖലയിലേക്ക് വ്യാപിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിക്കുന്നില്ല. പ്രതിസന്ധിയിലായ ക്ഷീരമേഖലയ്ക്ക് സഹായമാകുന്നതിനൊപ്പം പദ്ധതിയിലെ തൊഴിലാളികള്‍ക്ക് അവസരം വര്‍ധിക്കുന്നതിനും ഇത് ഇടയാക്കും. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നഗരപ്രദേശങ്ങളിലെ പാവപ്പെട്ടവര്‍ക്കായി നടപ്പാക്കിയ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയും ഇപ്പോള്‍ നിര്‍ജീവമാണ്. കേന്ദ്രസര്‍ക്കാരില്‍നിന്ന് പണം കൃത്യമായി വാങ്ങുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ കുടിശ്ശികത്തുകയുടെ കാര്യത്തിലും കള്ളക്കളി നടത്തുകയാണ്. പദ്ധതി നടത്തിപ്പിന്റെ ചുമതലയുള്ള മന്ത്രി കെ സി ജോസഫ് നിയമസഭയില്‍ കുടിശ്ശിക സംബന്ധിച്ച് അവതരിപ്പിച്ചത് കള്ളക്കണക്കാണ്. കൂലി കൃത്യസമയത്ത് നല്‍കിയില്ലെങ്കില്‍ ഉദ്യോഗസ്ഥരില്‍നിന്ന് പിഴ ഈടാക്കണമെന്ന വ്യവസ്ഥയും പാലിക്കുന്നില്ല. കൂലി കൃത്യമായി കിട്ടാതാകുമ്പോള്‍ തൊഴിലാളികള്‍ പിന്മടങ്ങുന്നതോടെ പദ്ധതി അവസാനിപ്പിക്കുകയെന്ന ലക്ഷ്യമാണ് കേന്ദ്രസര്‍ക്കാരിന്.

ഒരു ഉറപ്പുമില്ലാത്ത തൊഴില്‍

എത്ര നല്ലരീതിയില്‍ തൊഴിലുറപ്പ് ജോലി ചെയ്ത് ജീവിച്ചവരാ നമ്മള്‍. ഇപ്പോ ഈ തൊഴിലിന് ഒരു ഉറപ്പുമില്ലാതായെന്ന് ചെറുതാഴം പഞ്ചായത്തിന് കീഴില്‍ തൊഴിലുറപ്പ് പണിയെടുക്കുന്ന മേലേതിയടത്തെ എം ശ്രീജ പറയുന്നു. അന്നന്നത്തെ ആഹാരത്തിന് വേണ്ടി പണിയെടുക്കുന്നവരാണ് എല്ലാ തൊഴിലാളികളും. കൂലി കിട്ടാതായതോടെ കുടുംബങ്ങള്‍ പട്ടിണിയായിത്തുടങ്ങി. എല്ലാ തൊഴിലാളികളും കൂലി കിട്ടാത്തതില്‍ മനംമടുത്ത് നില്‍ക്കുകയാണ്. എന്‍ജിനീയറോടും മറ്റും അന്വേഷിച്ചപ്പോള്‍ കൈമലര്‍ത്തുന്നു. അവര്‍ക്ക് തന്നെ ശമ്പളം കിട്ടുന്നില്ല പോലും. മുന്‍പൊക്കെ കൃത്യമായി കിട്ടിയിരുന്നതാണ്. അന്ന് ഭര്‍ത്താവിന് പണിയില്ലെങ്കിലും കുടുംബം പട്ടിണിയാവില്ല. ഇപ്പോ കുറെ മാസമായി കൂലി തരാത്തത് കാരണം എല്ലാവരും കഷ്ടപ്പെടുകയാണ് - ശ്രീജ പറഞ്ഞു.

ഒരുറപ്പും നല്‍കാത്ത ജോലി

100 തൊഴില്‍ ദിനം പൂര്‍ത്തീകരിച്ചയാളാണ് ഞാന്‍. കഴിഞ്ഞ നാലുമാസമായി കൂലി നല്‍കാന്‍ സര്‍ക്കാര്‍ പണം അനുവദിച്ചില്ല. അയ്യായിരത്തോളം രൂപ കിട്ടാന്‍ ബാക്കി. ഇങ്ങനെ നരകിപ്പിക്കാന്‍ എന്തിനാണ് ഇത്തരമൊരു സര്‍ക്കാര്‍"?- മാടത്തിയിലെ അമ്പത് പിന്നിട്ട സി പി കമലാക്ഷിയുടെ ചോദ്യം കേന്ദ്രസര്‍ക്കാരിന് നേര്‍ക്കുള്ള പ്രതികരണമാവുന്നു. "രണ്ടു മക്കളടങ്ങിയ കുടുംബത്തെ പട്ടിണിയില്ലാതെ പോറ്റാനാണ് പദ്ധതിയില്‍ ചേര്‍ന്നത്. 22 ദിവസമായി കൂലി കിട്ടിയിട്ട്. കൂലി നല്‍കാന്‍ പഞ്ചായത്തിന് പണം നല്‍കേണ്ട സര്‍ക്കാര്‍ ഇതുവരെ തുക നല്‍കിയില്ല. 45 ലക്ഷമാണ് പായം പഞ്ചായത്തില്‍ പദ്ധതി നടത്തിപ്പില്‍ കൂലിയിനത്തില്‍ നല്‍കാതെ പിടിച്ചുവച്ചത്. പാവങ്ങളുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരുന്ന സര്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതിക്കാരായ ഞങ്ങളോട് കടുത്ത ദ്രോഹമാണ് ചെയ്യുന്നത്."- പായം ചീങ്ങാക്കുണ്ടത്തെ എം രജനി പറഞ്ഞു. വിളമന ഉദയഗിരിയിലെ മോളിക്കും കിട്ടാനുണ്ട് അയ്യായിരത്തോളം രൂപ. പണം ഇന്ന് കിട്ടും നാളെ കിട്ടും എന്ന പ്രതീക്ഷവച്ച് കുറെ ദിവസമായി നടക്കുന്നു. "പാവപ്പെട്ടവരുടെ കുടുംബങ്ങളില്‍ അടുപ്പ് പുകയുന്നുവെന്ന് ഉറപ്പാക്കാതെ എന്ത് ജനക്ഷേമമാണ് കേന്ദ്ര- കേരള സര്‍ക്കാരുകള്‍ കൊട്ടിഘോഷിക്കുന്നത്?- മോളി ചോദിക്കുന്നു.

പ്രഖ്യാപനങ്ങള്‍ കടലാസില്‍

പെരിങ്ങോം: കൂലിയിനത്തില്‍ ആയിരക്കണക്കിന് രൂപ കുടിശ്ശിക ലഭിക്കാത്തതിന്റെ കദനകഥയാണ് മലയോര മേഖലയിലെ തൊഴിലാളികള്‍ക്ക് പറയാനുള്ളത്. മടക്കാംപൊയിലിലെ പുത്തന്‍പുരക്കല്‍ വത്സമ്മ രാജുവിന് ഒക്ടോബര്‍ മുതലുള്ള കൂലി ലഭിക്കാനുണ്ട്. കൂലി ലഭിക്കാനായി നിരവധി തവണ ബാങ്കുകളിലും പഞ്ചായത്തിലും കയറിയിറങ്ങിയെങ്കിലും അധികൃതര്‍ കൈമലര്‍ത്തുന്നു. അരവഞ്ചാലിലെ പലേരി പത്മനാഭന്‍ (75) കൂലിയിനത്തിലുള്ള കുടിശ്ശിക വര്‍ധിച്ചതോടെ പണിനിര്‍ത്തി. സഹകരണ ബാങ്കിലെ അക്കൗണ്ടിലൂടെ തൊഴിലുറപ്പ് കൂലി ലഭിക്കുകയില്ല എന്ന അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ദേശസാല്‍കൃത ബാങ്കുകളില്‍ അക്കൗണ്ട് തുടങ്ങിയെങ്കിലും ആറുമാസത്തിലധികമായി കൂലി കിട്ടാറില്ലെന്ന് പുക്കലിലെ കെ പ്രേമ സാക്ഷ്യപ്പെടുത്തുന്നു. കൊട്ടിഘോഷിച്ച് നടപ്പാക്കിയ പദ്ധതിയുടെ കൂലി വിതരണം ചെയ്യാത്തത് കേന്ദ്ര സര്‍ക്കാരിന്റെ പിടിപ്പുകേട്മൂലമാണ്. ഇത് പഞ്ചായത്തുകളുടെ ചുമലില്‍ ഇടാനുള്ള നീക്കമാണ് നടക്കുന്നത്. തൊഴിലുറപ്പ് കൂലി ലഭിക്കുമെന്ന പ്രതീക്ഷ അസ്തമിച്ചതായി മടക്കാംപൊയിലിലെ പാലവിള പുത്തന്‍പുരയില്‍ ഫാത്തിമാബീവി പറയുന്നു. തൊഴിലുറപ്പ് കൂലി കുടിശ്ശിക വരുത്താതെ വിതരണം ചെയ്യുമെന്ന പ്രഖ്യാപനങ്ങള്‍ വരുന്നുണ്ടെങ്കിലും എല്ലാം കടലാസില്‍ ഒതുങ്ങിനില്‍ക്കുകയാണെന്നും ഫാത്തിമബീവി സാക്ഷ്യപ്പെടുത്തുന്നു.

deshabhimani

Sunday, March 16, 2014

തൊഴിലുറപ്പ്: കേരളത്തിന് കുടിശ്ശിക 312 കോടിയിലേറെ

തൊഴിലുറപ്പുപദ്ധതിയുടെ വേതന ഇനത്തില്‍ സംസ്ഥാനത്തിന്റെ കുടിശ്ശികമാത്രംമതി കേരളത്തോടുള്ള കേന്ദ്ര അവഗണനയുടെ ആഴം ബോധ്യപ്പെടാന്‍. സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ രണ്ടാഴ്ച മാത്രം ശേഷിക്കെ കുടിശ്ശികയിനത്തില്‍ കേരളത്തിന് കിട്ടാനുള്ളത് 312.27 കോടി. കേരളത്തില്‍നിന്ന് എട്ടു കേന്ദ്രമന്ത്രിമാരുള്ളപ്പോഴാണ് കടുത്ത അവഗണന. 1456.12 കോടിയാണ് വേതന ഇനത്തില്‍ കേരളത്തിന് കിട്ടേണ്ടത്. ഇതുവരെ ലഭിച്ചത് 1143.85 കോടി മാത്രം. പകലന്തിയോളം പണിയെടുത്ത ആയിരക്കണക്കിനു തൊഴിലാളികള്‍ മാസങ്ങളായി വേതനമില്ലാതെ ബുദ്ധിമുട്ടുമ്പോള്‍ ഇക്കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി പ്രതിഷേധം ഉയര്‍ത്തിയത് സിപിഐ എമ്മിന്റെ ലോക്സഭാ ഉപനേതാവ് പി കരുണാകരനും മറ്റു ഇടതുപക്ഷ എംപിമാരും മാത്രം. കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ പ്രശ്നം കണ്ടില്ലെന്ന് നടിച്ചു.

വേതന കുടിശ്ശിക ജില്ലകളില്‍: ആലപ്പുഴ (27.95 കോടി), എറണാകുളം (17.88), ഇടുക്കി (30.98), കണ്ണൂര്‍ (18.92), കാസര്‍കോട് (14.81), കൊല്ലം (15.86), കോട്ടയം (16.75), കോഴിക്കോട് (32.81), മലപ്പുറം (28.47), പാലക്കാട് (19.31), പത്തനംതിട്ട (19.36), തിരുവനന്തപുരം (41.06), തൃശൂര്‍ (19.63), വയനാട് (2.47). ബംഗാളിന് 928.13 കോടിയാണ് കുടിശ്ശിക. എന്നാല്‍, വേതന ഇനത്തില്‍ ബംഗാള്‍ ആവശ്യപ്പെട്ടത് 3089.05 കോടി രൂപ. ഇതില്‍ 2160.92 കോടി ലഭിച്ചു. കേരളത്തിന് ആകെ ലഭിക്കേണ്ടിയിരുന്നത് 1456.12 കോടിയായിരുന്നു. ലഭിച്ചതാകട്ടെ 1143.85 കോടിയും. 3462.86 കോടി രൂപ വേതന ഇനത്തില്‍ ആവശ്യപ്പെട്ട തമിഴ്നാടിന് 165 കോടിയാണ് കുടിശ്ശിക. കോണ്‍ഗ്രസ് ഭരണമില്ലാത്ത സംസ്ഥാനങ്ങള്‍ക്കുപോലും കേരളത്തിന്റെ ഗതികേടില്ല. ഗുജറാത്തിന് 37.34 കോടി, മധ്യപ്രദേശിന് 89.47 കോടി, അരുണാചലിന് 6.35 കോടി, അസമിന് 12.54 കോടി, ഹരിയാനയ്ക്ക് 21.03 കോടി, മഹാരാഷ്ട്രയ്ക്ക് 49.79കോടി എന്നിങ്ങനെയാണ് കുടിശ്ശിക.

ഈ സംസ്ഥാനങ്ങളിലെല്ലാം കേരളത്തെ അപേക്ഷിച്ച് കുടിശ്ശിക തീരെ കുറവ്. കോണ്‍ഗ്രസ് തീര്‍ത്തും ദുര്‍ബലമായ ഒഡിഷയ്ക്ക് കുടിശ്ശിക 41.71 കോടിയും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശിന് 179.48 കോടിയും മാത്രം. എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി 3295.04 കോടി രൂപയാണ് തൊഴിലുറപ്പ് വേതനകുടിശ്ശിക. പദ്ധതി നടപ്പാക്കിയശേഷം ആദ്യമായാണ് ഇത്രയധികം തുക കുടിശ്ശികയാകുന്നത്. വേതനം തുടര്‍ച്ചയായി മുടങ്ങുമ്പോള്‍ സ്വാഭാവികമായും തൊഴിലാളികള്‍ക്ക് പദ്ധതിയില്‍ താല്‍പ്പര്യമില്ലാതാകും. അങ്ങനെ ഘട്ടംഘട്ടമായി പദ്ധതിതന്നെ അവസാനിപ്പിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കളുടെ ലക്ഷ്യം.

deshabhimani

Sunday, February 2, 2014

അട്ടപ്പാടിയില്‍ തൊഴിലുറപ്പ് പദ്ധതി എന്‍ജിഒക്ക് കൈമാറാന്‍ നീക്കം

അട്ടപ്പാടിയില്‍ തൊഴിലുറപ്പ്പദ്ധതി എന്‍ജിഒക്ക് കൈമാറാന്‍ ഉന്നതതല നീക്കം. ഇതിന്റെ ഭാഗമായി അട്ടപ്പാടിയില്‍ വിവിധ വകുപ്പ്മേധാവികളുടെ യോഗം ചേര്‍ന്നു. യോഗങ്ങളിലും ഊരുസന്ദര്‍ശനങ്ങളിലും കര്‍ണാടകയില്‍നിന്നുള്ള ഒരു എന്‍ജിഒയും പങ്കെടുത്തു. ഹൈദരാബാദില്‍ നിന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്മെന്റിലെ (എന്‍ഐആര്‍ഡി)ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. തൊഴിലുറപ്പ്പദ്ധതി നിലവില്‍ നടപ്പാക്കിവരുന്ന ചട്ടങ്ങള്‍ക്ക് വിരുദ്ധമായി നീര്‍ത്തടാധിഷ്ഠിത പ്ലാന്‍ തയ്യാറാക്കി പദ്ധതി നടപ്പാക്കാനാണ് നീക്കം. നീര്‍ത്തടാധിഷ്ഠിത പ്ലാന്‍ തയ്യാറാക്കുന്നതിന്റെ മറവിലാണ് എന്‍ജിഒയെ തിരുകിക്കയറ്റുന്നത്.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലംമുതല്‍ മാതൃകാപരമായി തൊഴിലുറപ്പ്പദ്ധതി നടപ്പാക്കി വരുന്ന ബ്ലോക്കാണ് അട്ടപ്പാടി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ശ്രമഫലമായി ആദിവാസിഭൂമിയിലും ദാരിദ്ര്യരേഖയ്ക്കുതാഴെയുള്ള കാര്‍ഷികഭൂമിയിലും പട്ടികജാതിക്കാരുടെ ഭൂമിയിലും മിച്ചഭൂമിലഭിച്ച കര്‍ഷകര്‍ക്കും തൊഴിലുറപ്പ്പദ്ധതിയുടെ ഗുണം ലഭിക്കുന്നുണ്ട്. അട്ടപ്പാടിയില്‍ 25,500 ഏക്കര്‍ ആദിവാസിഭൂമിയാണ് തരിശായിട്ടുള്ളത്. ഇതില്‍ 4500 ഏക്കര്‍ സ്ഥലം തൊഴിലുറപ്പ് പദ്ധതിയില്‍ കൃഷിയോഗ്യമാക്കി. 3500ഉം ആദിവാസികളാണ് തൊഴിലുറപ്പ്പദ്ധതിയിലൂടെ പരമ്പരാഗതകൃഷിയിലേക്കു തിരിച്ചുവന്നത്. അട്ടപ്പാടിയില്‍ തൊഴില്‍ ലഭിച്ചവരില്‍ 54ശതമാനവും ആദിവാസികളാണ്. ഇതേവരെ സൃഷ്ടിച്ച തൊഴില്‍ദിനങ്ങളുടെ 55 ശതമാനം ഗുണഭോക്താക്കളും ആദിവാസികളാണ്. നൂറുദിവസം തൊഴില്‍ പൂര്‍ത്തിയാക്കിയത് 353 പേരാണ്. ഇവരില്‍ 242പേരും ആദിവാസിഭൂമി കൃഷിയോഗ്യമാക്കുന്നു. ആദിവാസിക്കു തൊഴില്‍ ലഭിക്കുന്നു. ഇങ്ങനെ നിരവധി നേട്ടങ്ങളാണ് ആദിവാസികള്‍ക്കും മറ്റുപിന്നോക്ക വിഭാഗങ്ങള്‍ക്കും ലഭിച്ചുവരുന്നത്. ആദിവാസി "മേറ്റു"കള്‍ക്ക് 500രൂപ യാത്രാച്ചെലവും നല്‍കുന്നുണ്ട്. അട്ടപ്പാടിയിലെ 90 ശതമാനം ആദിവാസികളും പദ്ധതിയില്‍ പേര് രജിസ്റ്റര്‍ ചെയ്തുവെന്നത് ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടതാണ്. നിലവിലുള്ള ചട്ടക്കൂടില്‍നിന്നാണ് ഇതെല്ലാം നടക്കുന്നത്.

മണ്ണ് -ജലസംരക്ഷണപ്രവര്‍ത്തനങ്ങള്‍, കാര്‍ഷിക, വനവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, ജലസേചന പ്രവൃത്തികള്‍ തുടങ്ങി പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കൃഷിഭവനുമായി സഹകരിച്ച് ചെയ്യുന്നുണ്ട്. "അഹാഡ്സി"ല്‍നിന്ന് തൊഴില്‍രഹിതരായി പുറത്തുപോയി കൃഷിഭവനില്‍ നിയമനം ലഭിച്ച ആദിവാസി ജീവനക്കാരാണ് ഇത്തരം പ്ലാനുകള്‍ തയ്യാറാക്കിയത്. ഓരോ ഊരും ആദിവാസിഭൂമിയെപ്പറ്റിയും അടുത്തറിയുന്ന ഇവര്‍ തയ്യാറാക്കിയ പ്ലാന്‍ പ്രകാരം അടുത്തവര്‍ഷത്തെ പദ്ധതി നടപ്പാക്കാന്‍ കഴിയും. ഇതിനിടെയാണ് നീര്‍ത്തടാധിഷ്ഠിത പ്ലാന്‍ തയ്യാറാക്കി പദ്ധതിനടത്താനുള്ള നീക്കം നടത്തുന്നത്. ഇത് പദ്ധതിപ്രവര്‍ത്തനത്തിന് കാലതാമസം വരുത്തും. തോട്ടംഉടമകള്‍ക്കും വന്‍കിട കര്‍ഷകര്‍ക്കുമാണ് നീര്‍ത്തടാധിഷ്ഠിത പദ്ധതിയുടെ ഗുണം ലഭിക്കുക. നീര്‍ത്തടാധിഷ്ഠിതമല്ലാത്ത എല്ലാവിഭാഗം കര്‍ഷകര്‍ക്കും ഗുണം ലഭിക്കുന്ന ഇന്റര്‍ഗ്രേറ്റഡ് വാട്ടര്‍ ഷെഡ് മാനേജ്മെന്റ് പ്രോഗ്രാം(ഐഡബ്ല്യുഎംപി) നിലവിലുണ്ട്. എസ്സി, എസ്ടി, ബിപിഎല്‍ തുടങ്ങിയ മാനദണ്ഡങ്ങള്‍ ഒന്നും ഐഡബ്ല്യുഎംപിയില്‍ തൊഴിലുറപ്പ് നടത്താന്‍ തടസ്സമല്ല. ഇതിനൊന്നും ശ്രമിക്കാതെ പദ്ധതിയെ അട്ടിമറിക്കാനാണ് ഉന്നതതല നീക്കമുള്ളത്. പാളിച്ചകള്‍ ഉണ്ടെങ്കില്‍ അതു പരിഹരിച്ചുപോകാന്‍ ശ്രമിക്കാതെ പദ്ധതി എന്‍ജിഒകളെ ഏല്‍പ്പിച്ച് ആദിവാസികളേയും ദരിദ്ര കര്‍ഷകത്തൊഴിലാളികളേയും പദ്ധതിയില്‍നിന്ന് പുറത്താക്കാനാണ് നീക്കം.

deshabhimani

Friday, January 31, 2014

തൊഴിലുറപ്പുപദ്ധതി സ്തംഭനത്തിലേക്ക്

മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി സംസ്ഥാനത്ത് പൂര്‍ണമായും സ്തംഭനത്തിലേക്ക്. പദ്ധതിക്കു കീഴില്‍ തൊഴിലെടുത്തവര്‍ക്ക് ഡിസംബര്‍ 31 വരെ കൊടുത്തുതീര്‍ക്കാനുള്ളത് 240.47 കോടി രൂപ. ഫെബ്രുവരി അവസാനിക്കുന്ന സീസണില്‍ തൊഴിലാളികള്‍ക്ക് കൂലി നല്‍കണമെങ്കില്‍ 500 കോടി രൂപയെങ്കിലും ഇനിയും വേണം. നവംബര്‍മുതല്‍ ഫെബ്രുവരിവരെയുള്ള മാസങ്ങളിലാണ് ഈ പദ്ധതിക്കു കീഴില്‍ ഏറ്റവും കൂടതല്‍ പ്രവൃത്തി നടക്കുന്നത്. പദ്ധതി മുന്നോട്ട് പോകണമെങ്കില്‍ 750 കോടി രൂപയെങ്കിലും വേണം. കേന്ദ്രാവിഷ്കൃത പദ്ധതിക്ക് കേന്ദ്രം പണം നല്‍കുന്നുമില്ല. തൊഴിലാളികള്‍ക്ക് വേതനം നല്‍കാന്‍ ഒരു പൈസപോലും അധികൃതരുടെ കൈവശമില്ല.

തിരുവനന്തപുരം പട്ടത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയിലാണ് തൊഴിലുറപ്പു പദ്ധതിക്കുള്ള പണം വരാറ്. ഇവിടെനിന്നാണ് തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് പണം അയക്കുക. എന്നാല്‍, പണം ലഭിക്കാത്തതിനാല്‍ ഈ മാസംമുതല്‍ പദ്ധതി നടത്തിപ്പിനായി പഞ്ചായത്തുകളിലും മറ്റും ജോലിചെയ്യുന്നവര്‍ക്കുപോലും വേതനം നിലയ്ക്കും. ഇത് ജോലിയെ ബാധിക്കും. അതോടെ പദ്ധതിനടത്തിപ്പ് അവതാളത്തിലാകും. ലോക്സഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങിയാല്‍ പണത്തിന്റെ വരവ് പൂര്‍ണമായി നിലയ്ക്കാനാണ് സാധ്യത. പണം യഥാസമയം വാങ്ങിയെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു ശുഷ്കാന്തിയും കാട്ടുന്നുമില്ല.

നിയമസഭയില്‍ ഗ്രാമവികസനമന്ത്രി കെ സി ജോസഫ് ബുധനാഴ്ച നല്‍കിയ മറുപടിയില്‍ കുടിശ്ശിക ജനുവരി 21 വരെ 182.03 കോടിയെന്നാണ് അറിയിച്ചത്. എന്നാല്‍, എംഎന്‍ആര്‍ജിഎ വെബ്സൈറ്റില്‍ വ്യാഴാഴ്ചയും കേരളത്തില്‍ വേതന വിതരണത്തിലെ കുടിശ്ശിക 240.47 കോടി രൂപയാണെന്നാണുള്ളത്. മന്ത്രി തെറ്റായ കണക്ക് അവതരിപ്പിച്ച് സഭയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. സംസ്ഥാനത്തെ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ തൃപ്തികരമായാണ് നടപ്പാക്കുന്നതെന്നും നടപ്പ് സാമ്പത്തിക വര്‍ഷം 2643.20 കോടി രൂപ കേന്ദ്രത്തില്‍നിന്ന് നേടിയെടുക്കാന്‍ കഴിഞ്ഞെന്നും മറ്റൊരു ചോദ്യത്തിന് മന്ത്രി അവകാശപ്പെട്ടു. എന്നിട്ടും ഭീമമായ തുക വേതന കുടിശ്ശിക വരുന്നതെങ്ങനെയെന്ന ചോദ്യം അവശേഷിക്കുന്നു. വേതനകുടിശ്ശിക വൈകുന്നതിനു കാരണം വേതനനിര്‍ണയത്തിലേക്കും വിതരണത്തിലേക്കും നയിക്കുന്ന പ്രക്രിയയുടെ വിവധ ഘട്ടങ്ങളില്‍ ഉണ്ടാകുന്ന കാലതാമസമാണെന്നാണ് കെ സി ജോസഫിന്റെ വിശദീകരണം. പണം അനുവദിക്കാത്ത കേന്ദ്രസര്‍ക്കാരിനെ വെള്ളപൂശി പദ്ധതിനടത്തിപ്പിലെ പോരായ്മകള്‍ മറച്ചുപിടിക്കുകയാണ് മന്ത്രി.

സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ ഈ നയം ആയിരങ്ങളുടെ ഉപജീവനമാര്‍ഗത്തെയാണ് ഇല്ലാതാക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കുടുതല്‍ കുടിശ്ശിക തിരുവനന്തപുരത്താണ്- 38.78 കോടി രൂപ. ആലപ്പുഴയില്‍ 27.47 കോടിയും കോഴിക്കോട്ട് 25.21 കോടിയും കുടിശ്ശികയുണ്ട്. ജില്ലയും കുടിശ്ശിക വരുത്തിയ തുകയും (കോടിക്കണക്കില്‍) ചുവടെ. പാലക്കാട്- 12, വയനാട്- 6, ഇടുക്കി- 20, കാസര്‍കോട്- 18, എറണാകുളം- 13, കണ്ണൂര്‍- 12, കൊല്ലം- 18, കോട്ടയം-10, മലപ്പുറം- 19, പത്തനംതിട്ട- 13, തൃശൂര്‍- 13. ഏറ്റവും കൂടുതല്‍ വേതനകുടിശ്ശിക വരുത്തിയ സംസ്ഥാനങ്ങളില്‍ ബിഹാര്‍ കഴിഞ്ഞാല്‍ രണ്ടാംസ്ഥാനം കേരളത്തിനാണ്. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ഉത്തര്‍പ്രദേശില്‍പ്പോലും വേതന കുടിശ്ശിക 238 കോടി രൂപമാത്രമാണ്. ഇടതുപക്ഷം ഭരിക്കുന്ന ത്രിപുരയാകട്ടെ ഏറ്റവും കുറഞ്ഞ കുടിശ്ശികയുള്ള രണ്ടാമത്തെ സംസ്ഥാനമാണ്. 11 കോടിയാണ് കുടിശ്ശിക. 2005 ആഗസ്ത് 25ന് ഒന്നാം യുപിഎ സര്‍ക്കാര്‍ ആരംഭിച്ച ഈ പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ കുടിശ്ശികയുള്ള കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനവും കേരളമാണ്.

deshabhimani

Wednesday, January 8, 2014

തൊഴിലുറപ്പ് പദ്ധതി: കേരളമടക്കം 7 സംസ്ഥാനത്തിന് നോട്ടീസ്

തൊഴിലുറപ്പ് പദ്ധതിയുടെ വേതനം തൊഴിലാളികള്‍ക്ക് നല്‍കുന്നതില്‍ തുടര്‍ച്ചയായി കാലതാമസം വരുത്തുന്നതിന്റെ കാരണം ആരാഞ്ഞ് കേരളം ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങള്‍ക്ക് ദേശീയ മനുഷ്യാവകാശ കമീഷന്‍ നോട്ടീസ് അയച്ചു. കൂലി കൃത്യസമയത്ത് കിട്ടാതെ പല സംസ്ഥാനങ്ങളിലും തൊഴിലാളികള്‍ ആത്മഹത്യചെയ്യുന്നത് വാര്‍ത്തയായതോടെയാണ് കമീഷന്റെ ഇടപെടല്‍. കേരളത്തിന് പുറമെ മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ബിഹാര്‍, രാജസ്ഥാന്‍, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കമീഷന്‍ നോട്ടീസ് അയച്ചത്. കേന്ദ്ര ഗ്രാമവികസന വകുപ്പ് സെക്രട്ടറിക്കും ഏഴ് സംസ്ഥാനങ്ങളിലെ ചീഫ്സെക്രട്ടറിമാര്‍ക്കുമാണ് നോട്ടീസ്. ആറാഴ്ചയ്ക്കകം വിശദീകരണം നല്‍കാനാണ് നിര്‍ദേശം.

തൊഴിലുറപ്പ് പദ്ധതിയുടെ വേതനം വര്‍ഷങ്ങളായി കിട്ടാതെ വന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ അഞ്ച് തൊഴിലാളികള്‍ ആത്മഹത്യചെയ്തത് ദേശീയ മാധ്യമങ്ങളിലടക്കം വാര്‍ത്തയായിരുന്നു. മൂന്നുവര്‍ഷത്തെ കൂലിയാണ് തൊഴിലാളികള്‍ക്ക് കിട്ടാനുണ്ടായിരുന്നത്. ജാര്‍ഖണ്ഡിലും കൂലികിട്ടാതെ രണ്ട് തൊഴിലാളികള്‍ ആത്മഹത്യചെയ്തു. കേരളത്തില്‍ പതിമൂന്നരലക്ഷം തൊഴിലാളികള്‍ക്കാണ് വേതനം കിട്ടാനുള്ളത്്. ബംഗാളില്‍ 27ലക്ഷം, ബിഹാറില്‍ 18.20ലക്ഷം, രാജസ്ഥാനില്‍ 11ലക്ഷം, ആന്ധ്രയില്‍ 8.7ലക്ഷം എന്നിങ്ങനെയാണ് തൊഴിലുറപ്പ് കൂലി കിട്ടാനുള്ള തൊഴിലാളികളുടെ എണ്ണം. 2009ലെ പൊതുതെരഞ്ഞെടുപ്പില്‍ കേരളം, ആന്ധ്രപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ മികച്ച വിജയം നേടാന്‍ കോണ്‍ഗ്രസിന് സഹായകമായത് തൊഴിലുറപ്പ് പദ്ധതിയായിരുന്നു. ഒന്നാം യുപിഎ സര്‍ക്കാരില്‍ ഗ്രാമവികസന വകുപ്പ് കൈകാര്യംചെയ്ത ആര്‍ജെഡിയുടെ രഘുവംശ് പ്രസാദ് സിങ്ങിന്റെ ഭരണപാടവവും പദ്ധതി വിജയകരമാകാന്‍ കാരണമായി. എന്നാല്‍, രണ്ടാം യുപിഎ സര്‍ക്കാരിന്റെ തുടക്കം മുതല്‍ പദ്ധതിപാളി. നിരവധി സംസ്ഥാനങ്ങളില്‍ വേതനം കൃത്യസമയത്ത് തൊഴിലാളികള്‍ക്ക് ലഭിക്കാതിരിക്കുന്നതിന് കേന്ദ്രത്തിന്റെ മേല്‍നോട്ടക്കുറവും മുഖ്യകാരണമാണ്. തൊഴിലാളികള്‍ ആത്മഹത്യചെയ്തത് വാര്‍ത്തയായപ്പോള്‍ മാത്രം മന്ത്രി ജയ്റാം രമേഷ് പ്രശ്നത്തില്‍ ഇടപെട്ടു.
(എം പ്രശാന്ത്)

deshabhimani

Sunday, December 29, 2013

ജീവന് ഉറപ്പില്ലാത്ത തൊഴിലുറപ്പ്; പരിഹാസംമാത്രം കൂലി

പെരുമ്പാവൂര്‍: ഏറെ പ്രതീക്ഷയോടെ ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയില്‍ അംഗങ്ങളായ ലക്ഷക്കണക്കിനു തൊഴിലാളികള്‍ നിരാശയില്‍. കൂലി 180 രൂപയേയുള്ളൂ എന്നതുമാത്രമല്ല, തൊഴിലിന് ഉറപ്പും ഇല്ലാതായി. കേന്ദ്ര നിബന്ധനകള്‍ കേരളത്തിന്റെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാതായതോടെ ഈ സാമ്പത്തികവര്‍ഷത്തെ പദ്ധതികള്‍ക്ക് അനുമതി മൂന്നുമാസം വൈകി. ഇതോടെ ഒരുവര്‍ഷം 100 തൊഴില്‍ദിനമെന്നത് ഏറെ ദുഷ്കരമായി. സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ മൂന്നുമാസംമാത്രം ബാക്കിനില്‍ക്കെ ശരാശരി 60 തൊഴില്‍ദിനങ്ങളെ ഇതുവരെ ഉറപ്പാക്കാനായിട്ടുള്ളൂ. 100 തൊഴില്‍ദിനം പൂര്‍ത്തീകരിക്കുന്നവര്‍ക്ക് 400 രൂപയുടെ പുടവ നല്‍കുമെന്ന സര്‍ക്കാര്‍ വാഗ്ദാനവും പൂര്‍ണമായി നടപ്പാക്കാനായില്ല. തീരുമാനത്തിലെ അവ്യക്തതമൂലം ഒരു കുടുംബത്തില്‍ ഒരാള്‍ക്കുമാത്രമായി അത് പരിമിതപ്പെടുത്തി. 100 തൊഴില്‍ദിനം പൂര്‍ത്തീകരിക്കുന്നവരുടെ മക്കള്‍ക്ക് 1000 രൂപയുടെ പഠനോപകരണം നല്‍കുമെന്ന പ്രഖ്യാപനവും പിന്നീടുവന്നു. ഇതും ജലരേഖയായി. തൊഴില്‍ചെയ്ത് 14 ദിവസത്തിനകം കൂലി നല്‍കണമെന്ന വ്യവസ്ഥയും പാലിക്കപ്പെടുന്നില്ല.

രാവിലെ ഒമ്പതുമുതല്‍ വൈകിട്ട് അഞ്ചുവരെ തൊഴില്‍ചെയ്താല്‍ ലഭിക്കുന്നത് 180 രൂപയാണ്. മെക്കാട്പണിക്കുപോലും നാട്ടില്‍ 600 രൂപയാണ് കൂലി. ഭാവിയില്‍ കൂലിക്കൂടുതല്‍ ലഭിക്കുമെന്നും പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലുമാണ് പട്ടിണിക്കൂലിക്ക് പലരും തൊഴിലെടുക്കുന്നത്. എന്നാല്‍, നിലനില്‍പ്പിനുവേണ്ടി സാഹസികമായി തൊഴിലെടുക്കാന്‍പോലും തൊഴിലാളികള്‍ നിര്‍ബന്ധിതമാകുന്നു. രായമംഗലം പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ നൂറോളം തൊഴിലാളികള്‍ കനാല്‍ ശുചീകരണത്തിന്റെ ഭാഗമായി ചെയ്യുന്ന സാഹസികകാഴ്ച ഇതിനുദാഹരണമാണ്. മുപ്പതടിയിലേറെ താഴ്ചയുള്ള കീഴില്ലം ലോലെവല്‍ കനാലിന്റെ ശുചീകരണം നടത്താന്‍ വടത്തില്‍ തൂങ്ങി സാഹസികമായി ജോലിചെയ്യുകയാണിവര്‍. വരള്‍ച്ച രൂക്ഷമായപ്പോള്‍ ശുചീകരണം പൂര്‍ത്തിയാകുംമുമ്പെ കനാലിലൂടെ വെള്ളവും വിട്ടു. വടത്തില്‍നിന്നും അബദ്ധത്തില്‍ കൈവിട്ടാല്‍ ശക്തമായ ഒഴുക്കില്‍പ്പെടും. നീന്തലറിയാവുന്നവര്‍ ആരുമില്ലതാനും. വെള്ളം തുറന്നുവിടുംമുമ്പ് രണ്ടുപേര്‍ പിടിവിട്ട് കനാലില്‍വീണ് പരിക്കേറ്റിട്ടും പഞ്ചായത്ത് അധികൃതര്‍ ഒരു സഹായവും ചെയ്തില്ല. 18-ാം വാര്‍ഡില്‍ രാജമ്മ എന്ന തൊഴിലാളി വീണ് കാലൊടിഞ്ഞ് അരലക്ഷത്തിലേറെ രൂപ ആശുപത്രിയില്‍ ചെലവായിട്ടും ഒരു സഹായവും ലഭിച്ചില്ലെന്ന് എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന്‍ മേഖലാ സെക്രട്ടറി കെ എന്‍ ഹരിദാസ് പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നല്‍കിയെങ്കിലും പരിഹാരമുണ്ടായില്ല.

deshabhimani

Saturday, October 26, 2013

തൊഴിലുറപ്പ് പദ്ധതിയില്‍നിന്ന് ആദിവാസികള്‍ പുറന്തള്ളപ്പെടുന്നു

മാനന്തവാടി: ജില്ലയിലെ തൊഴിലുറപ്പ് പദ്ധതികളില്‍ നിന്നും ആദിവാസികള്‍ പുറംതള്ളപ്പെടുത്തുന്നതായി കണക്ക്. 2009-10 വര്‍ഷങ്ങളില്‍ 868,286 തൊഴില്‍ ദിനങ്ങള്‍ നല്‍കിയിരുന്നെങ്കില്‍ 2012-13 വര്‍ഷത്തില്‍ 647,846 ദിനങ്ങളായി ചുരുങ്ങി. നൂറു ദിനം പൂര്‍ത്തിയാക്കിയ ആദിവാസികളും നാമമാത്രമായി. 2011-12 വര്‍ഷത്തില്‍ ജില്ലയില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട ഒരാള്‍പോലും നൂറുദിനം പൂര്‍ത്തിയാക്കിയിട്ടില്ല. 18%ത്തോളം ആദിവാസികളുള്ള ജില്ലയില്‍ തൊഴിലുറപ്പ് പദ്ധതികളില്‍ നിന്നും ആദിവാസികളെ പുറത്താക്കുകയാണ്. തൊഴിലുറപ്പ് ജോലിയില്‍ 50% ലധികവും വരേണ്ടത് ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ്.എന്നാല്‍ ഇവര്‍ പിന്തളളപ്പെടുകയാണ് ചെയ്യുന്നത്.

2009 മുതല്‍ 2013 വരെയുള്ള കാലയളവില്‍ 96,457 തൊഴില്‍ കാര്‍ഡുകളാണ് വിതരണം ചെയ്യപ്പെട്ടത്. പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി ഈ കാലയളവില്‍ 20,906 തൊഴില്‍ കാര്‍ഡുകളാണ് വിതരണം ചെയ്തത്. പട്ടികജാതി വിഭാഗങ്ങള്‍ക്കും തൊഴില്‍ ദിനം നല്‍കുന്നതില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. 2009-10 വര്‍ഷത്തില്‍ 202,884 തൊഴില്‍ ദിനം ഉണ്ടായിരുന്നെങ്കില്‍ 2012-13ല്‍ 127,709 ആയി ചുരുങ്ങി. എന്നാല്‍ പൊതു വിഭാഗത്തില്‍നല്‍കുന്ന തൊഴില്‍ ദിനങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായി. 2009-10 ല്‍ 21,21,348 ദിനങ്ങളായിരുന്നു നല്‍കിയതെങ്കില്‍ 2012-13 വര്‍ഷത്തില്‍ 26,10,948 തൊഴില്‍ ദിനങ്ങള്‍ നല്‍കി. ചില സമയങ്ങളില്‍ മാസങ്ങളോളം തൊഴിലുറപ്പ് കൂലി തടസ്സപ്പെട്ടതും ആദിവാസി വിഭാഗത്തിനെ ഈ മേഖലയില്‍ നിന്നും പിന്നോട്ടടിച്ചു.അക്കൗണ്ട് നമ്പര്‍ മാറിയും മറ്റും പലപ്പോഴും കൂലി വൈകിയാണ് ലഭിക്കുന്നത്. തൊഴില്‍ കാര്‍ഡുകള്‍ കൃത്യമായി പുതുക്കാത്തതും ഇവര്‍ക്ക് വിനയായി.തൊഴിലുറപ്പ് ജോലിക്ക് വേണ്ടി പരമാവധി ആദിവാസി കുടുംബങ്ങളുടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ ഉത്തരവുണ്ടെങ്കിലും അതൊന്നും ഇവിടെ പാലിക്കപ്പെടുന്നില്ല. ആദിവാസി മേറ്റുകള്‍ക്ക് 14 കൂലിക്ക് പുറമേ 500 രൂപ നല്‍കാന്‍ നിര്‍ദ്ദേശം ഉണ്ടെങ്കിലും ജില്ലയിലെ ഒരു ആദിവാസി മേറ്റിനു പോലും 500 രൂപ നല്‍കിയിട്ടില്ല.

തൊഴില്‍ കാര്‍ഡ് ലഭിച്ച് പ്രൊജക്ട് മീറ്റിങില്‍ പങ്കെടുത്ത് സൈറ്റ് ഡയറിയില്‍ ഒപ്പിട്ട് മസ്റോളില്‍ പേര് വന്നാല്‍ മാത്രമേ സാധാരണയായി തെഴില്‍ ലഭിക്കുകയുള്ളൂ. പലപ്പോഴും പണി തുടങ്ങുന്ന കാര്യം ഇവര്‍ വൈകി മാത്രമാണ് അറിയുന്നത്. അതിനാല്‍ തന്നെ ഇവര്‍ക്ക് തൊഴിലും നഷ്ടമാകുന്നു. പ്രൊജക്ട് മീറ്റിങിന്റെ വിവരം പലപ്പോഴും മേറ്റുമാര്‍ ആദിവാസികളെ അറിയിക്കാറില്ല. മേറ്റുമാര്‍ ഇഷ്ടപ്പെട്ട തൊഴിലാളികളെ മെബൈല്‍ ഫോണില്‍ വിളിച്ചാണ് പ്രൊജക്ട് മീറ്റിങിന്റെ വിവരം അറിയിക്കുന്നത്. കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് പഞ്ചായത്തും, കുടുംബശ്രീ സംവിധാനവും മൂലം നിരന്തരമായി ഇത്തരം കാര്യങ്ങള്‍ അറിയിച്ചിരുന്നു. കൂടാതെ പ്രൊജക്ട് മീറ്റിങ് വിവരം മുന്‍കൂട്ടി പൊതു സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ ആ സമ്പ്രദായം നിലച്ചു. തൊഴിലുറപ്പ് പദ്ധതിയിലെ പ്രശ്നങ്ങള്‍ അവലോകനം ചെയ്യാനും അവ പരിഹരിക്കാനുമുള്ള ജില്ലാ അഡൈ്വസിങ് കമ്മിറ്റിയുടെ പ്രവര്‍ത്തനം നിലച്ച മട്ടാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കണ്‍വീനറും കലക്ടര്‍ ചെയര്‍മാനുമായുള്ള ജില്ലാ അഡൈ്വസിങ് കമ്മിറ്റി കഴിഞ്ഞ മൂന്നു വര്‍ഷമായി യോഗം ചേര്‍ന്നിട്ട്. ഇതോടെ ജില്ലയിലെ പാവപ്പെട്ടവനു താങ്ങാവേണ്ട തൊഴിലുറപ്പ് പദ്ധതി താളം തെറ്റി.

deshabhimani

Friday, April 26, 2013

ജില്ലയില്‍ തൊഴിലാളികള്‍ക്ക് കിട്ടാനുള്ളത് 1.19കോടി


ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ വയനാടന്‍ വിജയഗാഥക്ക് വിരാമം. തൊഴിലുറപ്പിലെ വയനാടന്‍ പെരുമ അവസാനിക്കുകയാണ്. കെടുകാര്യസ്ഥതയും അഴിമതിയും പദ്ധതിയെ തകര്‍ത്തു. ജില്ലയിലെ 25പഞ്ചായത്തുകളിലായി 119ലക്ഷം രൂപയാണ് തൊഴിലാളികളുടെ കൂലി കുടിശിക. പണിയെടുത്ത് മാസങ്ങള്‍ കാത്തിരുന്നാലും കൂലിലഭിക്കാത്ത സാഹചര്യമാണ്. മാനന്തവാടി പഞ്ചായത്താണ് കൂലി കുടിശികയില്‍ മുന്നില്‍. 30,61,000 രൂപയാണ് തൊഴിലാളികള്‍ക്ക് കൂലി നല്‍കാനുള്ളത്. തൊട്ടുപുറകില്‍ എടവക പഞ്ചായത്താണ്. 16,33000രൂപ നല്‍കണം. ജില്ലയില്‍ കൂലി കുടിശിക ഒരുകോടി കവിഞ്ഞിട്ടും പ്രശ്നത്തില്‍ ഇടപെടാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കൂലിക്കായി തൊഴിലാളികള്‍ സമരം തുടങ്ങി. ജോലി പൂര്‍ത്തീകരിച്ച് 14ദിവസത്തിനകം കൂലി നല്‍കണമെന്നാണ് നിയമം. ജില്ലയിലിപ്പോള്‍ ഇത് നടക്കാറേയില്ല.

നേരത്തെ ഭൂരിപക്ഷം പഞ്ചായത്തുകളും എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ മാതൃകാപരമായി നടത്തിയിരുന്ന പദ്ധതിയായിരുന്നു തൊഴിലുറപ്പ്. എടവക, തവിഞ്ഞാല്‍ തുടങ്ങിയ പഞ്ചായത്തുകള്‍ ദേശീയതലത്തില്‍വരെ നേട്ടങ്ങള്‍ കൊയ്തു. എന്നാല്‍ പഞ്ചായത്തുകളിലെ ഭരണമാറ്റത്തോടെ പദ്ധതി തകിടം മറിഞ്ഞു. വ്യക്തമായ പദ്ധതിയും നടത്തിപ്പുമില്ലാതെ തൊഴിലുറപ്പ് പാളി. അഴിമതിവര്‍ധിച്ചു. മേറ്റുമാരുള്‍പ്പെടെയുള്ളവര്‍ അഴിമതിക്കാരായി. ആദിവാസികള്‍ കൂട്ടത്തോടെ തൊഴിലുറപ്പിനോട് വിടപറഞ്ഞു. കൂലികിട്ടാന്‍ വൈകുന്നതാണ് ആദിവാസികള്‍ പണി ഉപേക്ഷിക്കാന്‍ കാരണം. നേരത്തെ എല്‍ഡിഎഫ് ഭരണസമിതികള്‍ ഇവര്‍ക്ക് മുന്‍കൂറായി കൂലിനല്‍കുന്ന പദ്ധതി ആവിഷ്കരിച്ച് വിജയകരമായി നടപ്പാക്കിയിരുന്നു. കൂലിനേരത്തെ കിട്ടാന്‍ തുടങ്ങിയതോടെയാണ് ആദിവാസികള്‍ പദ്ധതിയുമായി അടുത്തത്. ഇപ്പോള്‍ കൂലി കുടിശികയായതോടെ ഇവര്‍ അകന്നു. നൂറ് തൊഴില്‍ദിനമെന്നത് മരീചികയായി. വര്‍ഷം 50പണിപോലും നല്‍കാന്‍ ഇപ്പോള്‍ പഞ്ചായത്തുകള്‍ക്കാകുന്നില്ല. ജോലിയും കൂലിയും നല്‍കാതെ ചെപ്പടിവിദ്യകളിലൂടെ തൊഴിലുറപ്പിന്റെ പെരുമ നിലനിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമം.

നേരത്തെ മെറ്റീരിയല്‍സ് വാങ്ങി പ്രവര്‍ത്തി നടത്താന്‍ സര്‍ക്കാര്‍ പഞ്ചായത്തുകളെ അനുവദിച്ചിരുന്നു. എന്നാല്‍ അഴിമതി വര്‍ധിക്കുകയും പഞ്ചായത്തുകളുടെ കാര്യക്ഷമത കുറയുകയും ചെയ്തതോടെ ഈ അനുമതി സര്‍ക്കാര്‍ റദ്ദാക്കി. ഇതോടെ ഏറ്റെടുക്കാവുന്ന പദ്ധതികളുടെ എണ്ണം കുറഞ്ഞു. കാര്‍ഷികമേഖലയിലെ പ്രവര്‍ത്തികള്‍ എടുക്കാന്‍പാടില്ലെന്ന സര്‍ക്കാരിന്റെ പുതിയ തീരുമാനംകൂടി നടപ്പാകുന്നതോടെ തൊഴിലുറപ്പിന്റെ പതനം പൂര്‍ത്തിയാകും. ജില്ല കാര്‍ഷിക പ്രതിസന്ധിയില്‍ ഉഴലുമ്പോഴാണ് തൊഴിലുറപ്പില്‍നിന്നും കാര്‍ഷിക മേഖലയെ ഒഴിവാക്കുന്നത്. ഇത് കൃഷി വീണ്ടും പിന്നോട്ട് അടുപ്പിക്കും. ഒപ്പം തൊഴിലുറപ്പ്തൊഴിലാളികള്‍ക്ക് ജോലിയും നഷ്ടമാകും. ഫലത്തില്‍ റോഡരികിലെ കാടുവെട്ടലും അരിക്ചാല്‍ വൃത്തിയാക്കലും മാത്രമാകും തൊഴിലുറപ്പ് പണി. പദ്ധതിയില്‍ തൊഴില്‍ ദിനങ്ങളുടെ എണ്ണം 150ആക്കി ഉയര്‍ത്തിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയില്ല. വയനാട് ഉള്‍പ്പെടെയുള്ള വരള്‍ച്ചാബാധിത പ്രദേശങ്ങളിലാണ് തൊഴിലുറപ്പ് പദ്ധതിയില്‍ 150 തൊഴില്‍ദിനങ്ങള്‍ നല്‍കാന്‍ കേന്ദ്രം ഉത്തരവിട്ടത്. കഴിഞ്ഞ സെപ്തംബര്‍18ന് കേന്ദ്രഗ്രാമവികസനമന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയിരുന്നത്.

deshabhimani 260413

Monday, April 22, 2013

കൗണ്‍സില്‍ യോഗം വിളിക്കാതെ മന്ത്രി


കൂലിക്കുടിശ്ശികയും തൊഴിലും കിട്ടാതെ സംസ്ഥാനത്തെ 27 ലക്ഷത്തോളം തൊഴിലുറപ്പ് തൊഴിലാളികള്‍ പട്ടിണിയിലായിട്ടും സംസ്ഥാന തൊഴിലുറപ്പ് കൗണ്‍സില്‍ യോഗം വിളിക്കാന്‍ ചെയര്‍മാന്‍ മന്ത്രി കെ സി ജോസഫ് തയ്യാറാകുന്നില്ല. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന നിര്‍വഹണ ചുമതല തൊഴിലുറപ്പ് പദ്ധതി സ്റ്റേറ്റ് കൗണ്‍സിലിനാണ്. കഴിഞ്ഞ ഡിസംബര്‍ 26നാണ് ഒടുവില്‍ ഈ യോഗം ചേര്‍ന്നത്. എന്നാല്‍, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ കൂലി ഇനത്തില്‍ 62.85 കോടി രൂപ കുടിശ്ശികയായപ്പോള്‍. യോഗം ചേരണമെന്നും കൂലി നല്‍കാന്‍ താല്‍ക്കാലിക സംവിധാനം ഉണ്ടാക്കണമെന്നും പഞ്ചായത്ത് വകുപ്പ് നിരന്തരം അഭ്യര്‍ഥിച്ചിട്ടും മന്ത്രി ജോസഫ് അനങ്ങിയില്ല. കൗണ്‍സില്‍ യോഗം ആറുമാസത്തിലൊരിക്കല്‍ മതിയെന്ന കടുംപിടുത്തമാണ് മന്ത്രിക്ക്.

പുതിയ സാമ്പത്തിക വര്‍ഷം ആരംഭിച്ച് മൂന്ന് ആഴ്ചയായിട്ടും ഒരു ദിവസംപോലും തൊഴിലാളികള്‍ക്ക് പണി കിട്ടിയില്ല. കൂലിക്കുടിശ്ശിക അനുവദിക്കാതെയും പുതിയ തൊഴില്‍ നല്‍കാതെയും ആയതോടെ തൊഴിലാളികള്‍ പഞ്ചായത്ത് ഓഫീസുകളില്‍ കൂലിക്കായി കയറി ഇറങ്ങുകയാണ്. പഞ്ചായത്ത് വകുപ്പും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷനും തൊഴിലുറപ്പ് കൗണ്‍സില്‍ യോഗം വിളിക്കാന്‍ വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും മന്ത്രി മിണ്ടുന്നില്ല.

മിഷന്‍ ഡയറക്ടര്‍ പ്രണബ്നാഥ് ജ്യോതിയെ പത്തനംതിട്ട കലക്ടറായി നിയമിച്ചതോടെ പദ്ധതി നടത്തിപ്പിന് നാഥനില്ലാത്ത അവസ്ഥയായി. രണ്ടുമന്ത്രിമാരും ജനപ്രതിനിധികളും വിവിധ വകുപ്പ് മേധാവികളും അടങ്ങുന്ന കൗണ്‍സില്‍ യോഗം ചേരാത്തതിനാല്‍ അടുത്ത വര്‍ഷത്തെ വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങളും തുടങ്ങാനായില്ല. ഇതും തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാണ്. കാലവര്‍ഷത്തിനുമുമ്പ് തോടുകളുടെയും കുളങ്ങളുടെയും ആഴം കൂട്ടണം. ഉപയോഗശൂന്യമായ കുളങ്ങളും കിണറുകളും നവീകരിക്കണം. കഴിഞ്ഞ വര്‍ഷം ഈ പദ്ധതിയില്‍ ആറ് ലക്ഷം പ്രവൃത്തികള്‍ നടത്തിയിരുന്നു. അതുവഴി അഞ്ചുലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാനായി. പദ്ധതിയില്‍ 400 കോടി രൂപ കഴിഞ്ഞ വര്‍ഷം ചെലവഴിച്ചു. എന്നാല്‍, സംസ്ഥാനം കൊടുംവരള്‍ച്ചയെ അഭിമുഖീകരിക്കുന്ന ഈ ഘട്ടത്തില്‍ വരള്‍ച്ച പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാകാത്തത് ഗുരുതരമായ അലംഭാവമാണ്.

ഇത്രയായിട്ടും തൊഴിലുറപ്പ് പദ്ധതി കൗണ്‍സില്‍ യോഗം വിളിക്കാന്‍ തയ്യാറാകാത്ത മന്ത്രി വരള്‍ച്ചാ പ്രതിരോധപ്രവര്‍ത്തനം തുടങ്ങാന്‍ കഴിഞ്ഞ 22ന് പഞ്ചായത്തുകള്‍ക്ക് കത്തയച്ചു. തൊഴിലുറപ്പ് പദ്ധതി ആരംഭിക്കാതെ മന്ത്രിയുടെ കത്തയച്ചാല്‍ എങ്ങനെ പ്രതിരോധ പ്രവര്‍ത്തനം ആരംഭിക്കാനാകുമെന്നാണ് പഞ്ചായത്ത് സെക്രട്ടറിമാരുടെ ചോദ്യം. വരള്‍ച്ചാ സംസ്ഥാനങ്ങളില്‍ തൊഴിലുറപ്പ് ദിനങ്ങള്‍ 150 ദിവസമാക്കാമെന്ന് നിയമമുണ്ടായിരിക്കെയാണ് കേരളത്തില്‍ ഒരു ദിവസംപോലും തൊഴില്‍ നല്‍കാതിരിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയില്‍ ജോലിചെയ്താല്‍ 14 ദിവസത്തിനകം കൂലി നല്‍കണമെന്നത് പാര്‍ലമെന്റ് പാസാക്കിയ നിയമമാണ്. കഴിയാതെ വന്നാല്‍ 12 ശതമാനം പലിശയും നല്‍കണം. കൂലികിട്ടാത്ത തൊഴിലാളികള്‍ കോടതിയെ സമീപിച്ചാല്‍ സംസ്ഥാനത്തെ കൂലിക്കുടിശ്ശികയ്ക്ക് പലിശ നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകുമെന്ന് ഉറപ്പാണ്

deshabhimani 220413

Tuesday, April 16, 2013

തൊഴിലുറപ്പില്‍ കാര്‍ഷിക മേഖലയെ ഒഴിവാക്കല്‍ തൊഴില്‍ദിനം മൂന്നിലൊന്നായി ചുരുങ്ങും


തൊഴിലുറപ്പ് പദ്ധതി കാര്‍ഷിക മേഖലയില്‍നിന്നും ഒഴിവാക്കിയത് പ്രതിസന്ധിയിലുഴലുന്ന ജില്ലയ്ക്ക് കനത്ത തിരിച്ചടിയാകും. കാര്‍ഷിക പ്രതിസന്ധിയില്‍ ജില്ല നട്ടം തിരിയുമ്പോഴാണ് സര്‍ക്കാരിന്റെ ഇരുട്ടടി. തൊഴിലുറപ്പ് പദ്ധിയില്‍ നിന്ന് ഈ സാമ്പത്തിക വര്‍ഷം കാര്‍ഷിക മേഖലയേയും നീര്‍ത്താടാധിഷ്ഠിത പ്രവര്‍ത്തനങ്ങളെയും നെഗറ്റിവ് പട്ടികയില്‍ ഉള്‍പ്പെടുത്തിയതതിനാല്‍ തൊഴില്‍ ദിനങ്ങള്‍ മൂന്നിലൊന്നായി ചുരങ്ങുകയും കാര്‍ഷികമേഖല കൂടുതല്‍ തകരുകയും ചെയ്യുകയും. നൂറ് തൊഴില്‍ ദിനമെന്ന വ്യവസ്ഥ പാലിക്കാന്‍ പഞ്ചായത്തുകള്‍ക്ക് കഴിയില്ല. ഇപ്പോള്‍തന്നെ പഞ്ചായത്തുകള്‍ക്ക് തൊഴില്‍ നലകാനാവുന്നില്ല. ക

ഴിഞ്ഞ വര്‍ഷം നീര്‍ത്തട സംരക്ഷണവും ചെറുകിടകര്‍ഷകരുടെ കൃഷിപരിപാലനവും അടക്കം 16 വിഭാഗങ്ങളിലായി വിവിധ പ്രവര്‍ത്തികള്‍ നടപ്പാക്കിയിരുന്നു. ജില്ലയില്‍ 1,13,000 കുടുംബങ്ങളില്‍ നിന്നായി 1,89,000 തൊഴിലാളികളാണ് തൊഴിലുറപ്പ് പദ്ധതിയില്‍ പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കാലവസ്ഥ വ്യതിയാനവും മഴക്കുറവും ജില്ലയിലെ കാര്‍ഷിക മേഖലയെ വന്‍ തോതില്‍ ബാധിച്ചു കൃഷിയിടങ്ങളില്‍ യാഥാസമയം പണികള്‍ നടത്താന്‍ തൊഴിലാളികളെ ലഭിക്കാതിരുന്ന സാഹര്യത്തില്‍ കര്‍ഷകസംഘടനകളുടെ നിരന്തമായ ആവശ്യത്തെതുടര്‍ന്നാണ് തൊഴിലുറപ്പ് പദ്ധതി കാര്‍ഷികമേഖയിലേക്ക് വ്യാപിപ്പിച്ചത്. കൃഷിയിടം ഒരുക്കാനും കാടുമൂടികിടക്കുന്ന പറമ്പുകള്‍ വെട്ടിതെളിക്കാനും തെങ്ങിന്‍തടം ചെത്തുന്നതിനും തൊഴിലാളികളെ ലഭിച്ചിരുന്നു. കാപ്പി, കുരുമുളക്, നെല്ല് തുടങ്ങിയവയുടെ വിളവെടുപ്പ് തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉയരുമ്പോഴാണ് കാര്‍ഷികമേഖലയെതന്നെ ഒഴിവാക്കിയത്. വിളകള്‍ പറിക്കുന്നതിന് തൊഴിലാളികളെ ലഭിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് എം ഐ ഷാനവാസ് എംപി വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ കേരളത്തില്‍ നിന്ന് പദ്ധതിയുടെ നാഷണല്‍ ഗ്യാരന്റി കൗണ്‍സില്‍ അംഗമായ എംപിയുടെ ഭാഗത്ത് നിന്ന് പദ്ധതി കാര്‍ഷിക മേഖലയില്‍ നിലനിര്‍ത്താനുള്ള നടപടി പോലുമുണ്ടായിട്ടില്ല. കഴിഞ്ഞസാമ്പത്തിക വര്‍ഷം ജില്ലയില്‍ 50തൊഴില്‍ ദിനം നല്‍കാന്‍ പഞ്ചായത്തുകള്‍ക്ക് കഴിഞ്ഞിട്ടില്ല. കാര്‍ഷികമേഖലകൂടി ഒഴിവാകുന്നതോടെ 10 ദിവസംപോലും തൊഴില്‍ ലഭിക്കില്ല. റോഡരികിലെ കാടുവെട്ടലില്‍ മാത്രം തൊഴിലുറപ്പ് പദ്ധതി ഒതുങ്ങും.

deshabhimani 160413

Saturday, April 13, 2013

തൊഴിലുറപ്പ്: കാര്‍ഷികമേഖലയെ ഒഴിവാക്കി


കാര്‍ഷിക മേഖലയെയും ഭൂവികസന പദ്ധതികളെയും തൊഴിലുറപ്പ് പദ്ധതി പരിധിയില്‍നിന്ന് ഒഴിവാക്കുകയും രണ്ടുമാസത്തെ കൂലി നിഷേധിക്കുകയും ചെയ്തതോടെ സംസ്ഥാനത്തെ 27 ലക്ഷം കുടുംബങ്ങള്‍ പട്ടിണിയിലേക്ക്. അര്‍ധപട്ടിണിക്കാരായ തൊഴിലാളികള്‍ക്ക് 62.85 കോടി രൂപയാണ് കൂലിയിനത്തില്‍ സര്‍ക്കാര്‍ നല്‍കാനുള്ളത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഈ സാമ്പത്തിക വര്‍ഷം കാര്‍ഷിക മേഖലയെയും നീര്‍ത്തടാധിഷ്ഠിത പ്രവര്‍ത്തനങ്ങളെയും നെഗറ്റീവ് പട്ടികയില്‍ പെടുത്തിയതോടെ സംസ്ഥാനത്ത് വര്‍ഷം 10 ദിവസം പോലും തൊഴില്‍ കിട്ടാത്ത സാഹചര്യമായി. ഓട വൃത്തിയാക്കലല്ലാതെ മറ്റൊന്നും ഇനി ചെയ്യിക്കാന്‍ കഴിയാത്തവിധമുള്ള നിര്‍ദേശങ്ങളാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മാര്‍ഗരേഖയിലുള്ളത്. പദ്ധതിയുടെ വെബ് സൈറ്റില്‍ കേരളത്തിന് എതിരായ നിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടും വിയോജിപ്പ് അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ തയ്യാറായില്ല.

കഴിഞ്ഞ വര്‍ഷം നീര്‍ത്തടസംരക്ഷണവും ചെറുകിട കര്‍ഷകരുടെ കൃഷി പരിപാലനവും അടക്കം 16 വിഭാഗങ്ങളിലായി രണ്ട് ലക്ഷം പ്രവൃത്തിയാണ് സംസ്ഥാനത്ത് നടത്തിയത്. ഇതില്‍ 1.25 ലക്ഷം പ്രവൃത്തിയും നീര്‍ത്തട മേഖലയിലായിരുന്നു. 1500 കോടിയോളം രൂപ വിനിയോഗിച്ചതില്‍ 1200 കോടിയും കാര്‍ഷിക മേഖലയിലായിരുന്നു. എന്നാല്‍ ഈ സാമ്പത്തിക വര്‍ഷം ഇതൊന്നും ചെയ്യാനാകില്ല. ഇനി മുതല്‍ ഭൂമി കിളയ്ക്കാനോ, കയ്യാലകള്‍ നിര്‍മിക്കാനോ, ജലം സംഭരിച്ചു നിര്‍ത്തുന്ന പ്രവൃത്തികള്‍ ഏറ്റെടുക്കാനോ പദ്ധതിയിലൂടെ കഴിയില്ല. ഇവയെല്ലാം നെഗറ്റീവ് ലിസ്റ്റില്‍ പെടുത്തി. കൃഷി ഭൂമിയിലെ കാട് തെളിക്കാന്‍ പോലും ഇനി കഴിയില്ല. കുറ്റിച്ചെടി നശീകരണ പ്രവൃത്തിയായിട്ടാണ് കൃഷിയിടത്തിലെ കാട് തെളിക്കലിനെ വ്യാഖ്യാനിച്ചിട്ടുള്ളത്. പുഴയോരത്ത് ചെടി വച്ചുപിടിപ്പിക്കുന്ന പ്രവൃത്തി മാത്രമാണ് പുതുതായി ഉള്‍പ്പെടുത്തിയത്.

പൊതുഭൂമി കുറവുള്ള കേരളത്തില്‍ കാര്‍ഷിക മേഖലയ്ക്ക് എതിരായ മാര്‍ഗനിര്‍ദേശങ്ങള്‍ വന്നതോടെ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത കുടുംബങ്ങള്‍ക്ക് മാസം ഒരു ദിവസം പോലും തൊഴില്‍ നല്‍കാനാകില്ല. കഴിഞ്ഞവര്‍ഷം കാര്‍ഷിക ജോലികള്‍ ചെയ്യിച്ചിട്ടും 10 ശതമാനം തൊഴിലാളികള്‍ക്കുപോലും 100 ദിവസം ജോലി നല്‍കാനായില്ല. ഫെബ്രുവരിയിലും മാര്‍ച്ചിലും ജോലി ചെയ്ത തൊഴിലാളികള്‍ക്ക് ഇതുവരെ പണം നല്‍കിയിട്ടില്ല. പാര്‍ലമെന്റ് അംഗീകരിച്ച രേഖയില്‍ ഈ പദ്ധതിയില്‍ പണിയെടുക്കുന്നവര്‍ക്ക് 14 ദിവസത്തിനകം കൂലി കൊടുക്കണമെന്നത് നിര്‍ബന്ധമാണ്്. രണ്ടുമാസം കേന്ദ്രം തുക അനുവദിച്ചില്ലെന്നാണ് സംസ്ഥാനത്തിന്റെ ന്യായം. എന്നാല്‍ അത്യാവശ്യഘട്ടങ്ങളില്‍ സംസ്ഥാനത്തിന് പണം അനുവദിക്കാമെന്നും കേന്ദ്രം അനുവദിക്കുമ്പോള്‍ തിരിച്ചെടുക്കാമെന്നും വ്യവസ്ഥയുണ്ട്. എന്നാല്‍ ഇതൊന്നും ചെയ്യാന്‍ സംസ്ഥാനത്തിന് താല്‍പര്യമില്ല. പദ്ധതിയില്‍ 27 ലക്ഷം കുടുംബങ്ങളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഏപ്രിലില്‍ ഇതുവരെ പണി ലഭിച്ചിട്ടില്ല. വിഷുവിനുമുമ്പ് തുക ലഭിക്കുമെന്ന് പ്രതീക്ഷിച്ച കുടുംബങ്ങളെയാണ് സര്‍ക്കാര്‍ പട്ടിണിക്കിടുന്നത്. കൂലിയിനത്തില്‍ തൊഴിലാളികള്‍ക്ക് നല്‍കാനുള്ള തുക ജില്ലതിരിച്ച്: കാസര്‍കോട്- 3.5 കോടി, കണ്ണൂര്‍- 4.43 കോടി,വയനാട്- 2.21 കോടി, കോഴിക്കോട്- 4.5 കോടി, മലപ്പുറം-8.43 കോടി, തൃശൂര്‍-6.56 കോടി, പാലക്കാട്-12.85 കോടി, എറണാകുളം-1.96 കോടി, ഇടുക്കി-5.9 കോടി, കോട്ടയം-6.56 കോടി, പത്തനംതിട്ട-3.34 കോടി, ആലപ്പുഴ-2.23 കോടി, കൊല്ലം-6.79 കോടി, തിരുവനന്തപുരം-2.03 കോടി.
(എം വി പ്രദീപ്)

deshabhimani 130413

Friday, March 29, 2013

കൂലി നല്‍കാന്‍ പണമില്ല: തൊഴിലുറപ്പു പദ്ധതി അട്ടിമറിക്കാന്‍ ശ്രമം


തൊഴിലാളികള്‍ക്ക് കൂലി ലഭ്യമാക്കാതെ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമം. തൊഴിലാളികള്‍ ചെയ്ത ജോലിക്ക് കൂലി നല്‍കാനുള്ള തുക ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് മാസങ്ങളായി സര്‍ക്കാര്‍ കൈമാറിയിട്ട്. ജോലിചെയ്ത് 14 ദിവസത്തിനകം കൂലി നല്‍കണമെന്ന വ്യവസ്ഥ നിലനില്‍ക്കെയാണിത്. ഈ സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ രണ്ടുദിവസം മാത്രം ബാക്കിനില്‍ക്കെ തൊഴിലാളികള്‍ക്ക് കൂലി നല്‍കാന്‍ പണമില്ലാതെ ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അധികൃതര്‍ നെട്ടോട്ടമോടുകയാണ്. കൂലിയില്ലാതെ ആയിരക്കണക്കിന് തൊഴിലാളികളും ദുരിതത്തിലായി. നൂറുജോലി പൂര്‍ത്തീകരിച്ച തൊഴിലാളികള്‍ക്ക് അതത് സാമ്പത്തികവര്‍ഷം കൂലി ലഭിച്ചില്ലെങ്കില്‍ നൂറ് ജോലി ചെയ്തതായി രേഖപ്പെടുത്തില്ല. ഇക്കാരണത്താല്‍ നൂറ് ജോലി പൂര്‍ത്തീകരിച്ച തൊഴിലാളി കുടുംബങ്ങള്‍ക്ക് നല്‍കുന്ന 1000 രൂപയും ഓണക്കോടിയും നഷ്ടമാകും. സാംഖ്യ സോഫ്റ്റ്വെയര്‍ അപ്ലോഡ് ചെയ്ത പഞ്ചായത്തുകളില്‍ മാര്‍ച്ച് 31 കഴിഞ്ഞാല്‍ 2012-13 സാമ്പത്തികവര്‍ഷത്തെ കണക്കില്‍ ഈ ജോലികള്‍കൂടി ചേര്‍ക്കാന്‍ കഴിയുകയുമില്ല. ഇതിനാല്‍ ഇത്തരത്തില്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യം ഇല്ലാതാകും.

പല പഞ്ചായത്തുകളിലും ജോലി ചെയ്തതിന്റെ മസ്റ്ററോള്‍ തിരികെ ലഭിച്ച ശേഷം പണത്തിനായി ബ്ലോക്ക് ഓഫീസുകളില്‍ സമീപിച്ചപ്പോഴാണ് പണം ലഭ്യമല്ലാത്ത വിവരം അറിയുന്നത്. പല പഞ്ചായത്തുകള്‍ക്കും ആവശ്യപ്പെട്ട തുകയുടെ നാലിലൊന്ന് മാത്രമാണ് നല്‍കിയത്. രണ്ടും അതിലധികവും പ്രോജക്ടുകളുടെ പണം ലഭ്യമാകാതെ കിടക്കുന്ന പഞ്ചായത്തിലെ തൊഴിലാളികള്‍ ഇതുമൂലം ബുദ്ധിമുട്ടിലാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഘട്ടംഘട്ടമായി തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കുന്നതിന്റെ ഭാഗമാണ് പണം പഞ്ചായത്തുകളിലേക്ക് അലോട്ട് ചെയ്യാത്തത്. കഴിഞ്ഞകാലങ്ങളില്‍ അലോട്ട്മെന്റ് ചെയ്ത തുകയ്ക്ക് അനുസരിച്ച് തൊഴിലാളികളെക്കൊണ്ട് പണിചെയ്യിക്കാന്‍ പഞ്ചായത്തുകള്‍ മത്സരിക്കുമ്പോള്‍ ഈ വര്‍ഷം പണിചെയ്ത പണത്തിനായി യാചിക്കേണ്ട അവസ്ഥയാണ്.
(എ ബി അന്‍സാര്‍)

deshabhimani 290313

Saturday, March 23, 2013

തൊഴിലുറപ്പ്: നെല്‍കൃഷിയും ഭൂവികസനവും ഒഴിവാക്കി


മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍നിന്ന് നെല്‍കൃഷിയും ഭൂവികസന പ്രവര്‍ത്തനങ്ങളും ഭൂമിയൊരുക്കലും ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം. കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയത്തിന് വേണ്ടി ഗ്രാമീണ വികസന വകുപ്പ് പ്രസിദ്ധീകരിച്ച എംജിഎന്‍ആര്‍ഇഎ പ്രവര്‍ത്തന മാര്‍ഗനിര്‍ദേശം-2013 പ്രകാരം ഏറ്റെടുക്കാന്‍ പാടില്ലാത്ത പ്രവര്‍ത്തനങ്ങളുടെ പട്ടികയിലാണ് ഇവയെല്ലാം ഉള്‍പെടുത്തിയിരിക്കുന്നത്. കയര്‍ മേഖലയെയും കൈത്തറി മേഖലയെയും തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് കേരളം ആവര്‍ത്തിച്ച് ആവശ്യപ്പെടുമ്പോഴാണ് അനുവദിച്ച മേഖലകളില്‍ പോലും നിയന്ത്രണം ചുമത്തി കേന്ദ്രം നിര്‍ദേശം നല്‍കിയത്.

ഭൂമിയിലെ പാറകളും ചപ്പുചവറുകളും കളകളും നീക്കം ചെയ്യുന്നതും ഏറ്റെടുക്കാന്‍ പാടില്ലാത്ത പ്രവൃത്തികളുടെ പട്ടികയിലാണ്. സാധാരണ കാര്‍ഷിക പ്രവൃത്തികളും ഈ പട്ടികയിലാണുള്ളത്. ഭൂമിയൊരുക്കല്‍, ഉഴുതുമറിക്കല്‍, കിളയ്ക്കല്‍, വിത്തുവിത, നനയ്ക്കല്‍, വിളവെടുപ്പ് എന്നിവയും പാടില്ല. ഭക്ഷ്യധാന്യം, പച്ചക്കറി, പൂക്കൃഷി എന്നിവയും അനുവദിക്കില്ല. ഈ കൃഷിക്കുള്ള വിത്ത്, വളം, കളനാശിനി, കീടനാശിനി എന്നിവയുടെ പണവും അനുവദിക്കില്ല. കളപറിക്കല്‍ മൂന്നു വര്‍ഷത്തിലൊരിക്കല്‍ വനവല്‍ക്കരണത്തിന് മാത്രമേ അനുവദിക്കു. തരിശുനിലങ്ങള്‍ കൃഷിയോഗ്യമാക്കാന്‍ ഒരിക്കല്‍ മാത്രം കല്ലും മറ്റു ചപ്പുകളും മാറ്റാനുള്ള പ്രവൃത്തി ഏറ്റെടുക്കാം. ഇതിനു വിരുദ്ധമായി തൊഴിലുറപ്പ് പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതും നടപ്പാക്കുന്നതുമായ ഉദ്യോഗസ്ഥരില്‍ നിന്ന് ഇതിന്റെ പണം ഈടാക്കുമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നുണ്ട്.

ഈ നിര്‍ദേശങ്ങള്‍ കേരളത്തിന് പ്രത്യേകിച്ച് ആലപ്പുഴ ജില്ലയ്ക്ക് ദോഷകരമാകുമെന്ന് ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി അഡ്വ. ഡി പ്രിയേഷ്കുമാര്‍ പറഞ്ഞു. മുന്‍ വര്‍ഷങ്ങളില്‍ കുടുംബശ്രീ ഗ്രൂപ്പ് മുഖേന കരനെല്ലും പച്ചക്കറിയും ഈ പദ്ധതിയില്‍ ഏറ്റെടുത്തിരുന്നു. ഭൂവികസന പദ്ധതികളും വന്‍തോതില്‍ ഏറ്റെടുത്തു. ഉല്‍പ്പാദനം വര്‍ധിക്കുകയും ചെയ്തു. ആലപ്പുഴയിലെ പഞ്ചായത്തുകള്‍ ദേശീയപാതയുടെ ഇരുവശങ്ങളിലും കപ്പയും മറ്റ് കിഴങ്ങുകളും തൊഴിലുറപ്പ് പദ്ധതിയില്‍ കൃഷിചെയ്യാന്‍ ആരംഭിച്ചു. റോഡരുകില്‍ പൂച്ചെടികള്‍ നട്ട് മനോഹരമാക്കുന്ന പദ്ധതികളും ഏറ്റെടുത്തു. ഈ പദ്ധതികള്‍ തുടരാന്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രതിബന്ധമാകും. സൃഷ്ടിക്കപ്പെടുന്ന തൊഴില്‍ ദിനങ്ങളുടെ എണ്ണവും പാതിയാകും. 2011-12 വര്‍ഷം 3.726 കോടി തൊഴില്‍ ദിനങ്ങളാണ് കേരളത്തില്‍ സൃഷ്ടിക്കപ്പെട്ടത്. കൂലിയിനത്തില്‍ 563.37 കോടി രൂപയും സാധാരണക്കാരുടെ കൈകളില്‍ എത്തി. ഇതിന്റെ 70 ശതമാനവും കാര്‍ഷിക മേഖലയിലായിരുന്നു. 2013- 14ല്‍ സംസ്ഥാനത്ത് 6.33 കോടി തൊഴില്‍ ദിനങ്ങള്‍ പ്രദാനം ചെയ്യാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. എന്നാല്‍ ഈ മാര്‍ഗനിര്‍ദേശം കര്‍ശനമായി നടപ്പാക്കിയാല്‍ രണ്ടുകോടി തൊഴില്‍ ദിനങ്ങള്‍ പോലും സൃഷ്ടിക്കാനാകില്ല. കുടുംബങ്ങള്‍ക്ക് വരുമാനം കുറയുന്നതോടൊപ്പം പച്ചക്കറിയുടെയും നെല്ലിന്റെയും ഉല്‍പ്പാദനവും കുറയും. തൊഴിലുറപ്പ് പദ്ധതിയില്‍ വെള്ളം ചേര്‍ക്കാനുള്ള രണ്ടാം യുപിഎ സര്‍ക്കാരിന്റെ നീക്കമാണ് ഈ നിര്‍ദേശങ്ങളെന്ന് എംജിഎന്‍ആര്‍ഇ വര്‍ക്കേഴ്സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എസ് രാജേന്ദ്രന്‍ പറഞ്ഞു.
(ഡി ദിലീപ്)

deshabhimani 230313

Friday, March 8, 2013

കേരളത്തില്‍ 100 നാള്‍ തൊഴില്‍ ലഭിച്ചവര്‍ കുറഞ്ഞു


മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പുപദ്ധതിക്ക് കീഴില്‍ 2012-13ല്‍ കേരളത്തില്‍ 100 ദിവസം തൊഴില്‍ ലഭിച്ച കുടുംബങ്ങളുടെ എണ്ണത്തില്‍ കുറവ്. ഫെബ്രുവരി രണ്ടുവരെയുള്ള കണക്കനുസരിച്ച് 77,660 കുടുംബത്തിനാണ് 100 ദിനം തൊഴില്‍ കിട്ടിയത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 1,24,865 കുടുംബമായിരുന്നു 100 ദിനം പൂര്‍ത്തിയാക്കിയത്. പി കെ ബിജുവിന് ഗ്രാമവികസനസഹമന്ത്രി പ്രദീപ് ജയിന്‍ ആദിത്യ ലോക്സഭയില്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യമറിയിച്ചത്.

പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ളവരോ ശാരീരിക വൈകല്യമുള്ളവരോ രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജി സെന്ററിലെ ശാസ്ത്രവിഭാഗത്തില്‍ ഇല്ലെന്ന് എം ബി രാജേഷിനെ ശാസ്ത്രസാങ്കേതിക മന്ത്രി ജയ്പാല്‍റെഡി അറിയിച്ചു. ഭരണ സാങ്കേതികരംഗങ്ങളില്‍ പട്ടികജാതിയില്‍നിന്ന് മൂന്നുപേരുണ്ട്. ശാസ്ത്രവിഭാഗത്തില്‍ ഒബിസി വിഭാഗത്തില്‍നിന്നുള്ള നാലുപേര്‍ ജോലി ചെയ്യുന്നു. ഭരണപരവും സാങ്കേതികവുമായ രംഗങ്ങളില്‍ ഇതേ വിഭാഗത്തില്‍നിന്ന് 22 പേരാണുള്ളത്. സര്‍ക്കാരിന്റെ സംവരണ ചട്ടങ്ങള്‍ പാലിച്ചാണ് സെന്റര്‍ പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

ന്യൂനപക്ഷ കേന്ദ്രീകൃതമേഖലകളില്‍ നടപ്പാക്കുന്ന ബഹുമേഖലാ വികസനപദ്ധതിക്ക് കീഴില്‍ കേരളത്തിലെ 50 ബ്ലോക്ക് ഉള്‍പ്പെടുത്താന്‍ സംസ്ഥാനസര്‍ക്കാര്‍ പദ്ധതി സമര്‍പ്പിച്ചതായി ന്യൂനപക്ഷ സഹമന്ത്രി നിനോങ് എറിങ് അറിയിച്ചു. ജില്ലകള്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ പദ്ധതി നടപ്പാക്കുന്നത്. ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകളില്‍ കേരളത്തില്‍നിന്നുള്ളത് വയനാട് മാത്രമാണ്. 12-ാം പദ്ധതിക്കാലത്ത് ജില്ലകള്‍ക്ക് പകരം ബ്ലോക്കുകള്‍ അടിസ്ഥാനമാക്കി ബഹുമേഖലാ വികസന പദ്ധതി നടപ്പാക്കാന്‍ മന്ത്രാലയം ശുപാര്‍ശ നല്‍കിയിരുന്നെന്നും പി കരുണാകരനെ മന്ത്രി അറിയിച്ചു.

പാലക്കാട് കോച്ച് ഫാക്ടറി അന്തര്‍ മന്ത്രാലയസമിതിയുടെ പരിഗണനയ്ക്ക് വിടാനുള്ള നടപടി ആരംഭിച്ചതായി റെയില്‍ സഹമന്ത്രി കൊട്ജ ജയസൂര്യപ്രകാശ്റെഡ്ഡി അറിയിച്ചു. മന്ത്രിതല സമിതിയുമായി ആലോചിച്ചാകും പദ്ധതിയുമായി ബന്ധപ്പെട്ട രേഖകള്‍ അംഗീകരിക്കുക. ഫാക്ടറിക്ക് വേണ്ട ഭൂമി റെയില്‍ മന്ത്രാലയം ഏറ്റെടുത്തതായും പി കരുണാകരനെ മന്ത്രി അറിയിച്ചു. തലശ്ശേരി-മൈസൂരു റെയില്‍ പാതയ്ക്കുള്ള സര്‍വേ പരിഗണനയിലുള്ളതായി കെ സുധാകരന്‍ അടക്കമുള്ള എംപിമാരെ മന്ത്രി അറിയിച്ചു. കളമശേരിയിലെ എച്ച്എംടിക്ക് നവീകരണ പാക്കേജ് അനുവദിച്ചത് 2007ലാണെന്ന് ഘനവ്യവസായമന്ത്രി പ്രഫുല്‍പട്ടേല്‍ കെ പി ധനപാലനെ അറിയിച്ചു. 101.22 കോടി രൂപയാണ് അനുവദിച്ചത്. കേരളത്തിലെ ഭൂഗര്‍ഭജലത്തെക്കുറിച്ച് നാസ പഠനം നടത്തിയിട്ടില്ലെന്ന് എം കെ രാഘവനെ ജലവിഭവമന്ത്രി ഹരീഷ് റാവത്ത് അറിയിച്ചു.

deshabhimani 080313