Showing posts with label വികസന മുന്നേറ്റ ജാഥ. Show all posts
Showing posts with label വികസന മുന്നേറ്റ ജാഥ. Show all posts

Friday, July 1, 2011

മാനേജ്‌മെന്റുകളുടേത് തെറ്റായ പ്രവണത: സുപ്രിം കോടതി

ന്യൂഡല്‍ഹി: സ്വാശ്രയ കോളജ് മാനേജ്‌മെന്റുകള്‍ക്ക് സുപ്രിം കോടതിയുടെ രൂക്ഷവിമര്‍ശനം. പ്രവേശനം ഫീസും സംബന്ധിച്ച കാര്യങ്ങളില്‍ തെറ്റായ പ്രവണതയാണ് സ്വാശ്രയ കോളജ് മാനേജ്‌മെന്റുകള്‍ പ്രകടിപ്പിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത് അവസാനിപ്പിക്കുമെന്ന് സുപ്രിം കോടതി മുന്നറിയിപ്പു നല്‍കി. പ്രവേശനം സംബന്ധിച്ച് മാനേജ്‌മെന്റുകള്‍ വര്‍ഷാവര്‍ഷം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കണമെന്നും കോടതി പറഞ്ഞു. സ്വാശ്രയ കോളജുകളിലെ സര്‍ക്കാര്‍ ക്വാട്ടയിലേക്കുള്ള മെഡിക്കല്‍ പി.ജി പ്രവേശനത്തിന് സമയം നീട്ടിനല്‍കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് സുപ്രിം കോടതിയുടെ നിരീക്ഷണങ്ങള്‍. ഇന്നുവരെയാണ് സമയപരിധി നീട്ടിനല്‍കിക്കൊണ്ട് ജസ്റ്റിസുമാരായ പി സദാശിവം, എ കെ പട്‌നായിക് എന്നിവരടങ്ങിയ ബഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഹൈക്കോടതി വിധി അനുസരിച്ചാവണം പ്രവേശനം പൂര്‍ത്തിയാക്കേണ്ടതെന്നും ബഞ്ച് നിര്‍ദേശിച്ചു.

സര്‍ക്കാര്‍ ലിസ്റ്റില്‍നിന്നും പ്രവേശനം പൂര്‍ത്തിയാക്കിയതായി ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഇത് റദ്ദാക്കണമെന്നും നിയമവിരുദ്ധ പ്രവേശനം നേടിയവരെ പുറത്താക്കണമെന്നും മെഡിക്കല്‍ കൗണ്‍സില്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ മെഡിക്കല്‍ കൗണ്‍സിലിന് തീരുമാനമെടുക്കാമെന്ന് ബഞ്ച് വ്യക്തമാക്കി. സ്വാശ്രയ കോളജുകളില്‍ നിന്നും വിദ്യാര്‍ഥികള്‍ക്കെന്നും തിക്താനുഭവമാണ് ഉണ്ടായിട്ടുള്ളത്. ഇത് അവസാനിപ്പിക്കാന്‍ നടപടി വേണം. നിയമം ലംഘിച്ചാല്‍ ശക്തമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. കേസ് മുമ്പ് പരിഗണിച്ചപ്പോള്‍ തീയതി നീട്ടിനല്‍കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തോട് എതിര്‍പ്പില്ലെന്നും 50 ശതമാനം സീറ്റ് സര്‍ക്കാരിന് അവകാശപ്പെട്ടതാണെന്നും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. മെഡിക്കല്‍ പിജിയുടെ അമ്പത് ശതമാനം സീറ്റുകളില്‍ സര്‍ക്കാര്‍ പ്രവേശനം നടത്തുന്നതില്‍ വിയോജിപ്പില്ലെന്നും മെഡിക്കല്‍ കൗണ്‍സില്‍ കോടതിയെ അറിയിച്ചിരുന്നു.

സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ ഡന്റല്‍ കോളജുകളില്‍ ഒഴിവുള്ള പി ജി സീറ്റുകള്‍ നികത്തുന്നതിനാണ് സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടത്. കര്‍ണാടക സര്‍ക്കാര്‍ ഇത്തരത്തില്‍ നല്‍കിയ ഹര്‍ജിയില്‍ അനുകൂല വിധിയുണ്ടായ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരും സുപ്രിം കോടതിയെ സമീപിച്ചത്. പി ജി പ്രവേശനത്തിന് മറ്റ് സംസ്ഥാനങ്ങള്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടാല്‍ അനുമതി നല്‍കാമെന്ന് മെഡിക്കല്‍ കൗണ്‍സിലും കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ എം ബി ബി എസ് പ്രവേശനത്തിന് സ്വന്തം നിലയില്‍ പ്രവേശന പരീക്ഷ നടത്താന്‍ മാനേജ്‌മെന്റുകള്‍ക്ക് സുപ്രിം കോടതി അനുമതി നല്‍കി. ജസ്റ്റിസുമാരായ പി സദാശിവം, എ കെ പട്‌നായിക് എന്നിവരുള്‍പ്പെട്ട അവധിക്കാല ബഞ്ചാണ് ഇന്നലെ ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
എം ബി ബി എസ് പ്രവേശന പരീക്ഷാ നടത്തിപ്പിനുള്ള സമയപരിധി നീട്ടിനല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് മാനേജ്‌മെന്റ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച് സുപ്രിംകോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ കീഴില്‍ വരുന്ന കോളജുകള്‍ ഒഴികെയുള്ള 11 കോളജുകള്‍ക്കാണ് അനുമതി. ജൂലൈ 15ന് മുമ്പ് പ്രവേശന പരീക്ഷ നടത്തണമെന്നും 20ന് മുമ്പ് ഫലം പ്രഖ്യാപിച്ച് 25ന് മുന്‍പ് പ്രവേശന നടപടികള്‍ തുടങ്ങണമെന്നും ബഞ്ച് നിര്‍ദേശിച്ചു. മെഡിക്കല്‍ കൗണ്‍സിലിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

പ്രവേശന പരീക്ഷാ നടത്താന്‍ സമയപരിധി നീട്ടണമെന്ന അസോസിയേഷന്റെ ആവശ്യത്തെ സംസ്ഥാന സര്‍ക്കാരും മെഡിക്കല്‍ കൗണ്‍സിലും കോടതിയില്‍ എതിര്‍ത്തിരുന്നു. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിന്നിരുന്നതിനാല്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്താന്‍ കഴിഞ്ഞില്ലെന്ന് അസോസിയേഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. അതേസമയം 50 ശതമാനം സീറ്റുകള്‍ സര്‍ക്കാരിന് വിട്ടുനല്‍കാമെന്ന് മാനേജ്‌മെന്റുകള്‍ നേരത്തെ സുപ്രിം കോടതിയെ അറിയിച്ചിരുന്നു.

ജനയുഗം 300611

Sunday, February 27, 2011

യു ഡി എഫിന്റെ ഭാവിയടഞ്ഞു: കോടിയേരി

 യു ഡി എഫിന്റെ ഇപ്പോഴത്തെ പ്രതിസന്ധി നേരത്തെ പ്രവചിക്കാന്‍ കഴിഞ്ഞ കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ ദീര്‍ഘദൃഷ്ടി അപാരമാണെന്ന് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍. ഉമ്മന്‍ചാണ്ടിയുടെ മോചനയാത്ര ഉദ്ഘാടനം ചെയ്തുകൊണ്ട് ചെന്നിത്തല കാസര്‍കോട്ട് പ്രഖ്യാപിച്ചത്, ജാഥ തിരുവനന്തപുരത്തെത്തുമ്പോള്‍ കേരളത്തിന്റെ രാഷ്ട്രീയരംഗത്ത് ഭൂകമ്പം ഉണ്ടാകുമെന്നാണ്. ഇത്ര ദീര്‍ഘദൃഷ്ടിയുള്ള ആളാണ് ചെന്നിത്തലയെന്ന് അറിഞ്ഞിരുന്നില്ല. ചെന്നിത്തല പറഞ്ഞത് ശരിയായിരുന്നു. ആദ്യത്തെ ഭൂകമ്പം കോഴിക്കോട്ട് തന്നെയാണ് ഉണ്ടായത്. മന്ത്രിയായിരുന്ന താന്‍ വഴിവിട്ട് പലതും ചെയ്തുവെന്നും  അത് തെറ്റായിപ്പോയി എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വൈകിയാണെങ്കിലും കുഞ്ഞാലിക്കുട്ടി എല്ലാം തുറന്നുപറഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഉമ്മന്‍ചാണ്ടിയും പറഞ്ഞു. തുടര്‍ന്ന് ഇന്ത്യാവിഷന്റെയും റൗഫിന്റെയും വെളിപ്പെടുത്തല്‍ ഉണ്ടായതോടെ മോചനയാത്ര തെക്കോട്ട് പോകണോ വടക്കോട്ട് പോകണോ എന്ന നിലയില്‍ കുഴങ്ങിയെന്നും കോടിയേരി പറഞ്ഞു. പത്തനാപുരത്ത് വികസന മുന്നേറ്റ ജാഥയ്ക്ക് നല്‍കിയ സ്വീകരണസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജാഥാ ക്യാപ്ടന്‍കൂടിയായ ആഭ്യന്തരമന്ത്രി.

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്ക് വന്‍സ്വീകരണമാണ് ഒരുക്കിയത്. അത് കണ്ടിട്ട് ഒരു കോണ്‍ഗ്രസ് എം എല്‍ എ പറഞ്ഞത്- ഐസ്‌ക്രീമിന് ഇത്രയും രുചിയുണ്ടോ എന്നാണ്. ഈ വീരോചിത സ്വീകരണങ്ങള്‍ നമ്മുടെ ചെറുപ്പക്കാരില്‍ എന്ത് സന്ദേശമാണ് ഉണ്ടാക്കുന്നതെന്ന് യു ഡി എഫുകാര്‍ ആലോചിക്കണം.

 വഴിവിട്ട പ്രവര്‍ത്തനവും അഴിമതിയും നടത്തുന്നവര്‍ക്ക് സ്വീകരണം ഒരുക്കുന്നത് സാംസ്‌കാരിക കേരളത്തിന് വെല്ലുവിളിയാണ്.

യു ഡി എഫ് നേതാക്കള്‍ ഇപ്പോള്‍ ജയിലില്‍ എന്തൊക്കെ സൗകര്യങ്ങള്‍ ഉണ്ടെന്നാണ് അന്വേഷിക്കുന്നത്. ഉടനെ സത്യപ്രതിജ്ഞചെയ്യുമെന്ന് വീമ്പിളക്കി നടന്നവര്‍ ജയിലിലായി. ചിലര്‍ ജയിലിന്റെ പടിവാതില്‍ക്കലും.

ജയിലില്‍ ഇപ്പോള്‍ ടിവി ഏര്‍പ്പാടുചെയ്തിട്ടുണ്ട്. അതുകൊണ്ട് ജയിലില്‍ പ്രവേശിച്ച നേതാക്കള്‍ക്ക് തൊടുപുഴയില്‍ കോണ്‍ഗ്രസ്-കേരളാ കോണ്‍ഗ്രസ് സംഘട്ടനം 'ലൈവ്' ആയി കാണാന്‍ ഭാഗ്യമുണ്ടായി. 

പാമോയില്‍ കേസോ ബാര്‍ ലൈസന്‍സിന് കൈക്കൂലി നല്‍കിയതോ അതിന്‍മേലുള്ള വിവാദമോ എല്‍ ഡി എഫുകാര്‍ ഉണ്ടാക്കിയതല്ല. അതെല്ലാം യു ഡി എഫുകാരുടെ സൃഷ്ടിയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അഴിമതി നടത്താത്തവരായി ആരെങ്കിലുമുണ്ടോ? സാക്ഷാല്‍ ഉമ്മന്‍ചാണ്ടിക്കെതിരെ 800 കോടി രൂപയുടെ അഴിമതിയാണ് ടി എം ജേക്കബ് അസംബ്ലിയില്‍ ഉന്നയിച്ചത്.

കേരളത്തില്‍ എല്‍ ഡി എഫ് ഇന്ത്യയ്ക്കാകെ മാതൃകയായ ഭരണം കാഴ്ചവയ്ക്കുന്നു. എങ്ങനെയാണ് ഭരിക്കേണ്ടതെന്ന് അഞ്ച് വര്‍ഷം കൊണ്ട് എല്‍ ഡി എഫ് സര്‍ക്കാര്‍ കാണിച്ചുകൊടുത്തു. തുടര്‍ച്ചയായ ഭരണമാണ് കേരളത്തിന് കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാകാന്‍ സഹായിക്കുക.

എല്‍ ഡി എഫ് ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും കോടിയേരി ബാലകൃഷ്ണന്‍  നിര്‍ദേശിച്ചു.

janayugom 270211

Friday, February 25, 2011

ജനമുന്നേറ്റം കാണാതെ വീരഭൂമിയും മുത്തശ്ശിയും

കോഴിക്കോട്: എല്‍ഡിഎഫിന്റെ ജനമുന്നേറ്റത്തില്‍ അന്ധാളിച്ച് മനോരമയും മാതൃഭൂമിയും വികസനമുന്നേറ്റ ജാഥയുടെ വാര്‍ത്ത മുക്കി. പതിനായിരങ്ങള്‍ അണിനിരന്ന സ്വീകരണത്തിന്റെ ചിത്രം തിരസ്കരിച്ച് വേദിയിലെ നേതാക്കളുടെ മാത്രം പടം പ്രസിദ്ധീകരിച്ച് യുഡിഎഫ് വിധേയത്വവും ഭക്തിയും രണ്ടു പത്രങ്ങളും പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പുതന്നെ യുഡിഎഫിന്റെ മുഖപത്രമായി മാറിയിരിക്കയാണ് വീരഭൂമിയും കോട്ടയം മുത്തശ്ശിയുമെന്ന് വ്യക്തമാക്കുന്നതാണ് എല്‍ഡിഎഫ് ജാഥ വാര്‍ത്ത തിരസ്കരിച്ചതിലൂടെ വെളിപ്പെടുന്നത്. സ്വതന്ത്രമെന്ന് മേനിപറഞ്ഞുനടിക്കുന്നത് തുടരുന്നതിനിടയിലാണ് ഇരുപത്രങ്ങളുടെയും ഇടതുപക്ഷവിരോധവും യുഡിഎഫ് പ്രേമവും തുറന്നുകാട്ടപ്പെട്ടിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

കഴിഞ്ഞ മാസം ഉമ്മന്‍ചാണ്ടി നയിച്ച കേരള മോചനയാത്ര ഇവ ആഘോഷിച്ചിരുന്നു. നിറംപൂശിയ വാര്‍ത്തകള്‍ക്കൊപ്പം വര്‍ണചിത്രങ്ങളുമായി മത്സരിച്ചായിരുന്നു ഉമ്മന്‍ചാണ്ടിക്ക് മനോരമ, മാതൃഭൂമി വരവേല്‍പ്പ്. രണ്ടുദിവസങ്ങളിലായി 10 കേന്ദ്രങ്ങളിലായിരുന്നു ഇടതുപക്ഷ ജനാധിപത്യമുന്നണി വികസന സന്ദേശ ജാഥക്ക് സ്വീകരണം. ഇതിനായി മാതൃഭൂമി മാറ്റിവെച്ചത് ഇരുപത് സെന്റിമീറ്ററോളം സ്ഥലമാണ്. പ്രാദേശിക പേജില്‍ കൊച്ചുചിത്രവും നല്‍കാന്‍ മാധ്യമധാര്‍മ്മികതയുടെ വീരവക്താക്കള്‍ സന്മനസ്സുകാട്ടി. മനോരമ മാതൃഭൂമിയോട് കിടപിടിക്കുന്ന ഇടതുപക്ഷ തിരസ്കാരംതന്നെ പ്രകടിപ്പിച്ചു. രണ്ടുദിവസങ്ങളിലായി രണ്ടു ചിത്രം രണ്ടു കുഞ്ഞു വാര്‍ത്തയും. ആദ്യ ദിവസത്തേത് പ്രാദേശിക എഡിഷനില്‍ മാത്രമൊതുക്കാനും ശ്രദ്ധിച്ചു.

മൂന്നുമന്ത്രിമാരും മുന്‍മന്ത്രിയും ജനപ്രതിനിധികളുമടങ്ങുന്ന ജാഥ രണ്ടുദിവസമായി ഒരു ലക്ഷത്തോളം പേരുടെ അഭിവാദനമാണ് ഏറ്റുവാങ്ങിയത്. കോഴിക്കോട് കടപ്പുറത്ത് ജനസാഗരമാണ് വരവേറ്റത്. എന്നാല്‍ രണ്ടുപത്രങ്ങളും ജനത്തെ ഉള്‍പ്പെടുത്താതെ സദസ്സ്മാത്രം കാട്ടി അപമാനിച്ചു. കേരളം മോചിപ്പിക്കാനെത്തിയ ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കും ഈ പത്രങ്ങള്‍ നല്‍കിയ പ്രാധാന്യവും സ്ഥലവും പരിഗണിച്ചാലാണ് ഇവയുടെ അധഃപതനവും എല്‍ഡിഎഫ് വിരോധവും ബോധ്യമാവുക.

 ഫെബ്രുവരി ആറ്, ഏഴ് ദിവസങ്ങളിലായിരുന്നു പ്രതിപക്ഷനേതാവിന്റെ ജാഥ. ആദ്യദിവസം മനോരമയും മാതൃഭൂമിയും തങ്ങളുടെ മാനസസന്താനമായ നേതാവിന്റെ വര്‍ണചിത്രം ഒന്നാംപേജില്‍ തന്നെ കൊടുത്ത് സ്വാഗതം ചെയ്തു. അതും കാല്‍പേജോളം വലുപ്പത്തില്‍. ഇതുകൂടാതെ മനോരമ ഏഴിന് നാലാംപേജില്‍ മറ്റൊരു ചിത്രം, എട്ടാംപേജില്‍ നാലുകോളം മറ്റൊരു ചിത്രം, മൂന്നുകോളം ചിത്രം നാലാംപേജില്‍, 11-ാം പേജില്‍ ആറ്കോളം തലക്കെട്ടില്‍ പ്രസംഗം, നാലാംപേജില്‍ ഉമ്മന്‍ചാണ്ടി, പി കെ കുഞ്ഞാലിക്കുട്ടി പ്രസംഗങ്ങള്‍. ആകെക്കൂടി വീക്ഷണത്തെ നാണിപ്പിച്ചു മനോരമ. ആകെ ആദ്യദിവസം മനോരമ നല്‍കിയത് മൂന്നു ചിത്രങ്ങളും അഞ്ചു വാര്‍ത്തയും. രണ്ടാംദിവസം രണ്ടു വര്‍ണചിത്രമടക്കം മൂന്നു വാര്‍ത്തകള്‍ നല്‍കി ആഘോഷം തുടര്‍ന്നു.

എം പി വീരേന്ദ്രകുമാറിന്റെ രാഷ്ട്രീയതാല്‍പര്യാര്‍ഥം സ്വീകരിച്ച മാതൃഭൂമിയുടെ തരംതാണശൈലി എല്‍ഡിഎഫ് ജാഥാവാര്‍ത്ത നല്‍കുന്നതില്‍ കൂടുതല്‍ വെളിവായി. ഒന്നാംപേജില്‍ വര്‍ണചിത്രം നല്‍കി പ്രതിപക്ഷനേതാവിന്റെ ജാഥയില്‍ ആദ്യദിനം ആവേശംകൊണ്ട പത്രം നാലുകോളത്തില്‍ പ്രസംഗവും വീശി. മൂന്നാംപേജില്‍ മറ്റൊരു വര്‍ണചിത്രം, കുഞ്ഞാലിക്കുട്ടിയുടെ പ്രസംഗം, സ്വന്തം മുതലാളി വീരേന്ദ്രകുമാറിന്റെ പ്രസംഗം, പ്രാദേശിക പേജില്‍ വീണ്ടും ഉമ്മന്‍ചാണ്ടിയുടെ പ്രസംഗം അങ്ങനെ വീരഭൂമി കൊണ്ടാടുകയായിരുന്നു വലതുപക്ഷജാഥ. അടുത്തദിവസവും തകര്‍ത്തു നിറംപൂശിയ വാര്‍ത്തകള്‍. മൂന്നുവാര്‍ത്തയും രണ്ടു ചിത്രവും. മുതലാളിയുടെ സ്വന്തം മുഖപത്രമാണെന്ന് തെളിയിച്ചു രണ്ടുദിവസവും. തെരഞ്ഞെടുപ്പിന് മുമ്പെ യുഡിഎഫിനെ കരകയറ്റാനുള്ള ബാധ്യത ഈ പത്രങ്ങള്‍ ഭംഗിയായി നിറവേറ്റാനിറങ്ങി എന്നതിന് തെളിവാണ് എല്‍ഡിഎഫ് ജാഥാവാര്‍ത്ത അവഗണിച്ചതിലൂടെ പറുത്തുവന്നിരിക്കുന്നത്.

ദേശാഭിമാനി 250211

Thursday, February 24, 2011

പുതുപ്പള്ളി വീണ്ടും ചുവക്കുന്നതില്‍ അഭിമാനപൂര്‍വം വി കെ കുമാരന്‍.

പുതുപ്പള്ളി: കര്‍ഷകത്തൊഴിലാളി സമരത്തിന്റെ പേരില്‍ കിട്ടിയ കൊലക്കയറില്‍നിന്ന് മോചനം ലഭിച്ചതില്‍ വടക്കേടത്ത് കുമാരന്‍ ഇപ്പോള്‍ ആഹ്ളാദിക്കുകയാണ്. കേരളത്തെ പിടിച്ചുകുലുക്കിയ പുതുപ്പള്ളി കൊലക്കേസിലെ നാലാം പ്രതിയായിരുന്നു വി കെ കുമാരന്‍ എന്ന വടക്കേടത്ത് കുമാരന്‍. സംസ്ഥാനത്തിന് ഇടതുസര്‍ക്കാര്‍ നല്‍കിയ വികസന മുന്നേറ്റത്തിനൊപ്പം പുതുപ്പള്ളി വീണ്ടും ചുവക്കുന്നതാണ് കുമാരനെ ആഹ്ളാദിപ്പിക്കുന്നത്. തെക്കന്‍ വികസന മുന്നേറ്റ ജാഥയുടെ ക്യാപ്റ്റന്‍ കോടിയേരി ബാലകൃഷ്ണനെ ഹാരമണിയിച്ചപ്പോള്‍ കുമാരന്‍ ഓര്‍മകളിലേക്ക് മടങ്ങിപ്പോയി.

കര്‍ഷകത്തൊഴിലാളികളുടെ കൂലി വര്‍ധനയ്ക്കും നെല്‍പ്പാടങ്ങളിലെ പതം നല്‍കുന്നതുസംബന്ധിച്ചും അന്ന് പുതുപ്പള്ളിയിലെ കര്‍ഷകത്തൊഴിലാളികള്‍ സമരത്തിലായിരുന്നു. കോണ്‍ഗ്രസ് ഈ സമരത്തെ ഗുണ്ടകളെ ഉപയോഗിച്ചാണ് നേരിട്ടത്. സമരക്കാരെ മര്‍ദിച്ചും വീടുതോറും അക്രമം അഴിച്ചുവിട്ടും സമരം അടിച്ചമര്‍ത്തുകയായിരുന്നു അവരുടെ ലക്ഷ്യം. പതിനാലോളം വരുന്ന ഗുണ്ടാസംഘത്തെ തൊഴിലാളികള്‍ എതിരിട്ടപ്പോള്‍ ഗുണ്ടകളില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 1970 ഡിസംബര്‍ 13നാണ് സംഭവം. കുമാരനുള്‍പ്പെടെ പത്ത് പ്രതികള്‍. 71 ഏപ്രില്‍ ആറിന് സെഷന്‍സ് കോടതിവിധി വന്നു. ഒന്നുമുതല്‍ അഞ്ചുവരെയുള്ള പ്രതികള്‍ക്ക് വധശിക്ഷ. കുമാരന്‍ നാലാംപ്രതി. അഞ്ച് പ്രതികളെ വെറുതെവിട്ടു. ഹൈക്കോടതി അപ്പീല്‍ വിധി ശരിവച്ചു. സുപ്രീംകോടതി അഞ്ചുപേരുടെ വധശിക്ഷ ജീവപര്യന്തമാക്കി. ബാക്കി അഞ്ചുപേരെ വെറുതെവിട്ടു. തടവുശിക്ഷ 1981വരെ. 81ല്‍ കമ്യൂണിസ്റ്റ് പാര്‍ടി അധികാരത്തില്‍ വന്നപ്പോള്‍ രാഷ്ട്രീയ തടവുകാര്‍ക്ക് നല്‍കിയ ഇളവില്‍ ജയില്‍ മോചനം. ഓര്‍മകളില്‍നിന്നും മടങ്ങിയ കുമാരന്റെ കണ്ണുകളില്‍ അഭിമാനത്തിളക്കം.

കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ അടിസ്ഥാനവര്‍ഗ ക്ഷേമത്തിന് നല്‍കിയ സംഭാവനകള്‍ തന്റെ പ്രതീക്ഷയായ പൂര്‍ണവിമോചനത്തിലേക്ക് വഴിതുറന്നിരിക്കുന്നു. അതാണ് പുതുപ്പള്ളി ഇപ്പോള്‍ വീണ്ടും ചെങ്കടലായതെന്നും കുമാരന്‍ പറഞ്ഞു. ജയില്‍ മോചിതനായ കുമാരന്‍ സിപിഐ എമ്മിലും സിഐടിയുവിലും കര്‍ഷകത്തൊഴിലാളി യൂണിയനിലും സജീജ പ്രവര്‍ത്തകനായി. പുതുപ്പള്ളി ലോക്കല്‍കമ്മിറ്റിയംഗം, സിഐടിയു വില്ലേജ് സെക്രട്ടറി, കെഎസ്കെടിയു ഏരിയകമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ സജീവ പ്രവര്‍ത്തനത്തിലില്ല. വികസന മുന്നേറ്റ ജാഥാ സ്വീകരണചടങ്ങില്‍ സംഘാടകര്‍ ക്ഷണിച്ചത് കുമാരന്റെ ത്യാഗോജ്വല വര്‍ഗ സമര പ്രവര്‍ത്തനങ്ങളെ അനുസ്മരിച്ചുകൊണ്ടായിരുന്നു.

ദേശാഭിമാനി 240211

Wednesday, February 23, 2011

മൂന്ന് രൂപയുടെ അരി: കേന്ദ്രം പറഞ്ഞ് പറ്റിക്കുന്നു-മന്ത്രി ദിവാകരന്‍

കല്‍പ്പറ്റ: കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് തരാമെന്ന് പറഞ്ഞ മൂന്ന് രൂപയുടെ അരി ഇനിയും ലഭിച്ചിട്ടില്ലെന്ന് മന്ത്രി സി ദിവാകരന്‍ പറഞ്ഞു. വഴിയിലെവിടേയോ കുടുങ്ങിക്കിടക്കുകയാണ്. കേന്ദ്രം സംസ്ഥാനത്തെ പറഞ്ഞുപറ്റിക്കുകയാണ്. എല്‍ഡിഎഫ് ഉത്തരമേഖലാ ജാഥയക്ക് ബത്തേരിയിലും കല്‍പ്പറ്റയിലും നല്‍കിയ സ്വീകരണങ്ങള്‍ക്ക് നന്ദി പറയുകയായിരുന്നു ജാഥാലീഡര്‍കൂടിയായ അദ്ദേഹം.

കേരളത്തില്‍ രണ്ട് രൂപയ്ക്ക് അരി നല്‍കുമ്പോഴാണ് കോണ്‍ഗ്രസ്സുകാര്‍ പറയുന്നത് ബിപിഎല്‍ കുടുംബത്തിന് മൂന്ന് രൂപയ്ക്ക് അരിനല്‍കുമെന്ന്. എന്നാല്‍ പ്രഖ്യാപിച്ചതെങ്കിലും തരണ്ടേ?. കേരളത്തില്‍ ബിപിഎല്‍ കുടംബത്തിന് മാത്രമല്ല നിര്‍മാണത്തൊഴിലാളികള്‍ക്ക്, ചുമട്ടുതൊഴിലാളികള്‍ക്ക് എന്നുവേണ്ട സമൂഹത്തിലെ ബഹുഭൂരിപക്ഷം കുടുംബങ്ങള്‍ക്കും രണ്ട് രൂപയുടെ അരിനല്‍കിയ സര്‍ക്കാരാണ് എല്‍ഡിഎഫിന്റേത്. 70 ലക്ഷം കുടുംബങ്ങള്‍ക്കാണ് കേരളത്തില്‍ റേഷന്‍കാര്‍ഡുള്ളത്. ഇതില്‍ 41 ലക്ഷത്തിനും ഈ സര്‍ക്കാര്‍ രണ്ട് രൂപയ്ക്ക് അരി നല്‍കുന്നുണ്ട്. അതേസമയമാണ് കേരളത്തിനുള്ള അരിവിഹിതം വെട്ടിക്കുറക്കുന്നത്. ഡല്‍ഹിയില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേരളം ധര്‍ണ നടത്തി. എന്നിട്ടും കരുണ കാണിച്ചില്ല.

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം അടുത്ത തെരഞ്ഞെടുപ്പോടെ തിരുത്തിക്കുറിക്കപ്പെടും. അഞ്ചുവര്‍ഷം കൂടുമ്പോഴുള്ള മാറ്റം ജനങ്ങളും ആഗ്രഹിക്കുന്നില്ലെന്നതിന് തെളിവാണ് വികസന മുന്നേറ്റ ജാഥയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകരണങ്ങള്‍ തെളിയിക്കുന്നത്. അവരുടെ അനുഭവം അതാണ്. എല്ലാ മേഖലയിലും ക്ഷേമവും ഐശ്വര്യവും കളിയാടുന്നതാണ്് അനുഭവം. വയനാട്ടിലെ ജനങ്ങള്‍ക്ക് അത് വ്യക്തമായി അറിയാം. കഴിഞ്ഞ യുഡിഎഫ് ഭരണത്തിലാണ് ഭൂമിക്കുവേണ്ടി സമരംചെയ്ത ആദിവാസിയായ ജോഗിയെ വെടിവെച്ചുകൊന്നത്. ആ കുടംബത്തെ സാന്ത്വനിപ്പിക്കാനും ഭൂമി ചോദിച്ചവര്‍ക്ക് ഭൂമിയും കിടപ്പാടവും നല്‍കാനും ഉമ്മന്‍ചാണ്ടി മാറി വി എസ് അധികാരത്തിലെത്തേണ്ടിവന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ പ്രവര്‍ത്തകര്‍ കഷ്ടപ്പെട്ട് ജയിപ്പിച്ചുവിട്ട ചിലര്‍ മറുകണ്ടം ചാടിയത് എന്തിനാണ് എന്ന് നിങ്ങള്‍ക്കറിയാം. ഭൂമിയിടപാടാണ് അവരെ പ്രയാസത്തിലാക്കിയത്. ഇത്തരക്കാരുടെ തനിനിറം തിരിച്ചറിയുന്ന ജനങ്ങള്‍ അതിന് മറുപടി കൊടുക്കുമെന്നും ദിവാകരന്‍ പറഞ്ഞു.

deshabhimani 230211

ഹൃദയപക്ഷം ചേര്‍ത്ത് വയനാട്

കല്‍പ്പറ്റ: വയനാടിന്റെ കാര്‍ഷിക മനസ്സ് എല്‍ഡിഎഫിനൊപ്പമാണ്. പൊരിവെയിലത്തും വൈകിയും കാത്തുനിന്ന് എല്‍ഡിഎഫ് ഉത്തരമേഖലാ വികസന മുന്നേറ്റ ജാഥയെ വരവേല്‍ക്കാന്‍ എത്തിച്ചേര്‍ന്ന ആയിരങ്ങള്‍ ഒരേസ്വരത്തില്‍ പ്രഖ്യാപിച്ചത് ഇതാണ്. വയനാടിന്റെ ഹൃദയഭൂവിലൂടെ രണ്ടുദിവസമായി പര്യടനം നടത്തിയ ജാഥയ്ക്ക് ഓരോ കേന്ദ്രത്തിലും ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് ആത്മഹത്യചെയ്ത കര്‍ഷക കുടുംബങ്ങളില്‍ നിന്നുള്ളവരും ജാഥയെ വരവേല്‍ക്കാന്‍ എത്തി. മന്ത്രിമാരായ സി ദിവാകരന്‍, എം എ ബേബി, രാമചന്ദ്രന്‍ കടന്നപ്പള്ളി, നേതാക്കളായ സി കെ നാണു, എ എ അസീസ്, സ്കറിയ തോമസ്, ഉഴവൂര്‍ വിജയന്‍ എന്നിവരുടെ വാക്കുകള്‍ക്ക് കാതോര്‍ക്കാന്‍ ജനങ്ങളൊന്നാകെ ഒഴുകിയെത്തിയ കാഴ്ചയാണ് ജില്ലയിലെങ്ങും ദൃശ്യമായത്. ഉച്ചയ്ക്കുശേഷം ജാഥ കോഴിക്കോട് ജില്ലയിലേക്ക് കടന്നു.

18ന് മഞ്ചേശ്വരത്തുനിന്ന് മന്ത്രി സി ദിവാകരന്റെ നേതൃത്വത്തില്‍ പ്രയാണം തുടങ്ങിയ ജാഥയാണ് കാസര്‍കോടും കണ്ണുരിന്റെ വിപ്ളവഭൂമിയും പിന്നിട്ട് തിങ്കളാഴ്ച വൈകിട്ട് മാനന്തവാടിയില്‍ എത്തിയത്. ചൊവ്വാഴ്ച രാവിലെ ബത്തേരിയിലും തുടര്‍ന്ന് കല്‍പ്പറ്റയിലുമായിരുന്നു സ്വീകരണം.

സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ നായകനായിരുന്ന പഴശ്ശിരാജയുടെ നാട് കഴിഞ്ഞ ദിവസം നല്‍കിയ വീറുറ്റ വരവേല്‍പ്പിന്റെ ആവേശവുമായാണ് ജാഥ ബത്തേരിയില്‍ എത്തിയത്. ജനകീയ സ്വീകരണത്തിന്റെ വേറിട്ട മുഖമായിരുന്നു ഇവിടെ. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിയ സാധാരണക്കാരും ആദിവാസികളും ഉള്‍പ്പെടെയുള്ള ജനാവലി അത്യുജ്ജ്വല പ്രകടനത്തോയൊണ് നേതാക്കളെ സ്വീകരിച്ചത്. ബത്തേരി ടൌ അടുത്തകാലത്തൊന്നും കണ്ടിട്ടില്ലാത്തത്രയും വന്‍ ജനസഞ്ചയമാണ് ഒത്തുകൂടിയത്. ഒരുമണിക്കൂറോളം സമയമെടുത്തു പ്രകടനം ഒരു പോയിന്റ് കടക്കാന്‍. കൈക്കുഞ്ഞുങ്ങളെയുമെടുത്തുള്ള സ്ത്രീകള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ പ്രകടനത്തില്‍ അണിനിരന്നു. കര്‍ഷകരുടെയും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ആദിവാസികളും ഉള്‍പ്പെടുന്ന ജനത തങ്ങളുടെ വേദനകളില്‍ ഒപ്പം നിന്ന ഈ സര്‍ക്കാരിനെ സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ചു. ബാന്‍ഡ് സംഘത്തിന്റെ മാര്‍ച്ചും കാവടിയാട്ടവും വ്യത്യസ്ത പതാകകളും പ്രകടനത്തിന് അകമ്പടിയേകി.

ബത്തേരിയില്‍ നടന്ന സ്വീകരണയോഗത്തില്‍ എസ് ജി സുകുമാരന്‍ അധ്യക്ഷനായി. സി ഭാസ്കരന്‍ സ്വാഗതവും കെ ശശാങ്കന്‍ നന്ദിയും പറഞ്ഞു. കല്‍പ്പറ്റയില്‍ ബൈക്ക്റാലിയുടെയും പടക്കത്തിന്റെയും മുദ്രാവാക്യം വിളികളുടെയും അകമ്പടിയോടെയുമാണ് ജാഥാംഗങ്ങളെ വരവേറ്റത്. വിജയാപമ്പ് പരിസരത്ത് നടന്ന സ്വീകരണയോഗത്തില്‍ വന്‍ജനാവലിയാണ് എത്തിച്ചേര്‍ന്നത്. ടി സുരേഷ്ചന്ദ്രന്‍ അധ്യക്ഷനായി. ജാഥാംഗങ്ങള്‍ക്കുപുറമേ പി എ മുഹമ്മദ്, പി കുഞ്ഞിക്കണ്ണന്‍ എന്നിവരും സംസാരിച്ചു. വി പി ശങ്കരന്‍ നമ്പ്യാര്‍ സ്വാഗതവും സി എം ശിവരാമന്‍ നന്ദിയും പറഞ്ഞു. എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ വി മോഹനന്‍, സിപിഐ എം ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രന്‍, സംസ്ഥാന കമ്മിറ്റിയംഗം പി എ മുഹമ്മദ്, പി കൃഷ്ണപ്രസാദ് എംഎല്‍എ, സിപിഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, ആര്‍എസ്പി ജില്ലാ സെക്രട്ടറി ഏച്ചോം ഗോപി, ജനതാദള്‍ ജില്ലാപ്രസിഡന്റ് ശശികുമാര്‍, കേരള കോഗ്രസ് ജില്ലാ പ്രസിഡന്റ് എം ജെ പോള്‍, കോണ്‍ഗ്രസ് എസ് സംസ്ഥാന സെക്രട്ടറി പി കെ ബാബു, സിപിഐ എം നേതാക്കളായ എം വേലായുധന്‍, പി എസ് ജനാര്‍ദനന്‍ തുടങ്ങിയവരും ജാഥയോടൊപ്പം ഉണ്ടായിരുന്നു.

ദേശാഭിമാനി 230211