Showing posts with label സര്‍ക്കോസി. Show all posts
Showing posts with label സര്‍ക്കോസി. Show all posts

Thursday, December 9, 2010

ചെറുകിട വ്യാപാര മേഖലയും അധിനിവേശവും

ലാഭക്കൊതിയന്മാരുടെ കഴുകന്‍ കണ്ണുകള്‍ ഇന്ത്യയിലെ ചില്ലറ വില്‍പ്പന മേഖലയ്ക്കു മീതേ വട്ടമിടാന്‍ തുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങളായി. രാജ്യത്തെ ചെറുകിട വ്യാപാരികള്‍ കാലങ്ങളായി കൈവശം വച്ചുപോരുന്ന ഈ മേഖലയില്‍ ആദ്യം നോട്ടമിട്ടത് സ്വദേശി കുത്തകകളാണ്. വന്‍കിടക്കാര്‍ക്ക് ഓശാനപാടുന്ന ഭരണാധികാരികളുടെ ആശീര്‍വാദത്തോടെ അവരതില്‍ വിജയിക്കുകയും ചെയ്തു. ഇതിനു പിന്നാലെ വിദേശ മൂലധന ശക്തികളും ഇന്ത്യന്‍ ചില്ലറ വില്‍പ്പന മേഖല ലക്ഷ്യമിട്ട് നീക്കങ്ങള്‍ നടത്തിവരികയാണ്. അവരെ പ്രീതിപ്പെടുത്തുന്ന നടപടികളുമായി കേന്ദ്രത്തിലെ യു പി എ സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയുടെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ നടന്ന ചില ചര്‍ച്ചകള്‍, വ്യക്തമായ നയരൂപീകരണം നടത്തുന്നതിനു മുമ്പുതന്നെ ചില്ലറ വില്‍പ്പന മേഖല കുത്തകകള്‍ക്കായി തുറന്നുകൊടുക്കാന്‍ യു പി എ സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങളുടെ തുടര്‍ച്ചയാണ്.

ചില്ലറ വ്യാപാര, ഇന്‍ഷ്വറന്‍സ് രംഗങ്ങള്‍ ബഹുരാഷ്ട്ര കുത്തകകള്‍ക്കായി തുറന്നുകൊടുക്കുമെന്ന് ഫ്രാന്‍സിന് ഉറപ്പ് നല്‍കുകയാണ് സര്‍ക്കോസിയുടെ സന്ദര്‍ശനത്തിനിടെ ഇന്ത്യ ചെയ്തിരിക്കുന്നത്. സര്‍ക്കോസിയുടെ സംഘത്തോടൊപ്പം എത്തിയ ഫഞ്ച് ധനമന്ത്രി ക്രിസ്റ്റീന്‍ ലഗാര്‍ഡിന് ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിംഗ് അലുവാലിയയാണ് ഈ ഉറപ്പു നല്‍കിയത്. ചില്ലറ വില്‍പ്പന മേഖല തുറന്നുകൊടുക്കുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ നടപടികള്‍ക്കു തുടക്കമിട്ടിട്ടുണ്ടെന്നും ഇത് ഉടന്‍ പൂര്‍ത്തിയാവുമെന്നുമാണ് അലുവാലിയ ഫ്രഞ്ച് മന്ത്രിയോട് പറഞ്ഞത്.

വ്യാപാരമേഖലയുടെ ദൂതരായി ഇന്ത്യയിലെത്തുന്ന ഓരോ രാഷ്ട്രനേതാവും നിക്ഷേപ രംഗത്തെ നിയന്ത്രണങ്ങള്‍ നീക്കാന്‍ സമ്മര്‍ദം ചെലുത്തും. അടുത്തിടെ രാജ്യത്തെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും സംഘവും ഇത്തരം നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. സര്‍ക്കോസിയുടെ സന്ദര്‍ശനത്തിനിടെയും ഇത്തരം സമ്മര്‍ദമുണ്ടായി. ആയിരം കോടി യൂറോ ഇന്ത്യയില്‍ നിക്ഷേപമിറക്കാന്‍ ഫ്രഞ്ച് കമ്പനികള്‍ സന്നദ്ധമാണെന്നും ചില്ലറ വ്യാപാര, ഇന്‍ഷ്വറന്‍സ് മേഖലകള്‍ തുറന്നുകൊടുത്താല്‍ ഈ നിക്ഷേപം ഇനിയും ഉയരുമെന്നുമാണ് ലാഗാര്‍ഡ് മുന്നോട്ടുവച്ച വാഗ്ദാനം. ഇതിനോടുള്ള പ്രതികരണമായാണ് ഈ രണ്ടു മേഖലകളിലും നിക്ഷേപ നിയന്ത്രണങ്ങള്‍ നീക്കുമെന്ന് അലുവാലിയ ഉറപ്പുനല്‍കിയത്.

കേന്ദ്ര സര്‍ക്കാരിന്റെ ഉപദേശക സംവിധാനം മാത്രമായ ആസൂത്രണ കമ്മിഷന്റെ ഉപാധ്യക്ഷനാണ് അലുവാലിയ. രാജ്യത്ത് ഏറെക്കാലമായി ചര്‍ച്ച നടക്കുകയും ശക്തമായ എതിര്‍പ്പ് ഉയര്‍ന്നതുകൊണ്ടുതന്നെ സര്‍ക്കാര്‍ തീരുമാനം മാറ്റിവയ്ക്കുകയും ചെയ്ത കാര്യത്തില്‍ അലുവാലിയ അഭിപ്രായം പറയേണ്ടതില്ല. ചില്ലറ വില്‍പ്പനമേഖല തുറന്നുകൊടുക്കുന്നതു സംബന്ധിച്ച് ഫ്രഞ്ച് ധനമന്ത്രി കേന്ദ്ര വാണിജ്യമന്ത്രി ആനന്ദ് ശര്‍മയുമായും ചര്‍ച്ച നടത്തിയിരുന്നു. ഇക്കാര്യത്തില്‍ നയപരമായ തീരുമാനം ഉണ്ടാവേണ്ടതുണ്ടെന്നും ജനാധിപത്യ രീതിയില്‍ ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ചേ തീരുമാനമെടുക്കാനാവൂ എന്നുമാണ് ആനന്ദ് ശര്‍മ പറഞ്ഞത്. ജനാധിപത്യ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ വേണ്ട ഈ വിവേകം അലുവാലിയയ്ക്ക് ഇല്ലാതെ പോയി.

രാജ്യത്തെ ചില്ലറ വില്‍പ്പനമേഖലയിലെ ചെറിയൊരു ശതമാനം ഇപ്പോള്‍ തന്നെ കുത്തകകളുടെ പക്കലായിട്ടുണ്ട്. ശരാശരി 40 ശതമാനത്തിന്റെ വാര്‍ഷിക വളര്‍ച്ചയാണ് സംഘടിത ചില്ലറ വില്‍പ്പന മേഖല പ്രകടിപ്പിക്കുന്നതെന്ന് ചില കണക്കുകള്‍ പറയുന്നു. അസംഘടിത ചില്ലറ വില്‍പ്പന മേഖലയ്ക്ക്, അതായത് സാദാ കച്ചവടക്കാര്‍ക്ക് ഇതുണ്ടാക്കുന്ന ഭീഷണി ചെറുതല്ല. ഇതിനും പുറമേയാണ് വിദേശ കുത്തകകളെക്കൂടി സര്‍ക്കാര്‍ ഇങ്ങോട്ടു ക്ഷണിച്ചുകൊണ്ടുവരുന്നത്. കോര്‍പ്പറേറ്റ് ചില്ലറ വില്‍പ്പന മേഖലയില്‍ അഞ്ചു ലക്ഷം പേര്‍ പണിയെടുക്കുമ്പോള്‍ അസംഘടിത മേഖലയില്‍ അതു നാലു കോടിയോളമാണ്. കോര്‍പ്പറേറ്റുകളുടെ പണമൊഴുക്കില്‍ ഉലയുക ഇവരുടെ ജീവിതമാണ്. രാജ്യത്തെ ജനസംഖ്യയുടെ നാലു ശതമാനം പേര്‍ ചില്ലറ വില്‍പ്പന മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ തുറന്ന വിപണി നയം ഇവിടെ പ്രയോഗിക്കുന്നത് മൂലമുണ്ടാവുന്ന സാമൂഹ്യ, സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ചെറുതാവില്ല.

ജനയുഗം മുഖപ്രസംഗം 091210

Tuesday, December 7, 2010

ഫ്രാന്‍സ് പരീക്ഷിക്കാത്ത റിയാക്ടറുകള്‍ ഇന്ത്യക്ക്

ന്യൂഡല്‍ഹി: സിവില്‍ ആണവസഹകരണം വളര്‍ത്തുന്ന അഞ്ച് കരാര്‍ ഉള്‍പ്പെടെ ഏഴ് കരാറില്‍ ഇന്ത്യയും ഫ്രാന്‍സും ഒപ്പിട്ടു. മഹാരാഷ്ട്രയിലെ ജെയ്ത്പുരില്‍ ഫ്രാന്‍സ് തുടങ്ങാനിരിക്കുന്ന ആറ് റിയാക്ടറില്‍ രണ്ടെണ്ണം സ്ഥാപിക്കാനുള്ളതാണ് സുപ്രധാന കരാര്‍. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയും ഹൈദരാബാദ് ഹൌസില്‍ നടത്തിയ ഉച്ചകോടിക്കുശേഷമാണ് കരാറുകളില്‍ ഒപ്പിട്ടത്. ഇതുവരെയും പരീക്ഷിക്കപ്പെടാത്തതും വിലകൂടിയതുമായ റിയാക്ടറുകളാണ് മഹാരാഷ്ട്രയില്‍ സ്ഥാപിക്കുക. 1650 മെഗാവാട്ട് ശേഷിയുള്ള ആറ് റിയാക്ടറാണ് വാങ്ങുക. റിയാക്ടറുകള്‍ സ്ഥാപിക്കുന്ന സിവില്‍ ആണവ ചട്ടക്കൂട് കരാറില്‍ ന്യൂക്ളിയര്‍ പവര്‍കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. എസ് കെ ജെയിനും ഫ്രഞ്ച് ആണവകമ്പനിയായ അരേവയുടെ മേധാവി ആനി ലുവേര്‍ജിയോണുമാണ് ഒപ്പിട്ടത്. 1100 കോടി ഡോളറിന്റേതാണ് കരാര്‍. 1650 മെഗാവാട്ട് ഉല്‍പ്പാദിപ്പിക്കുന്ന യൂറോപ്യന്‍ സമ്മര്‍ദിത റിയാക്ടറുകളാണ് (ഇപിആര്‍) വാങ്ങുന്നത്.

ആണവോര്‍ജം സമാധാനപരമായ ആവശ്യത്തിന് ഉപയോഗിക്കുന്നതിനുള്ള ബൌദ്ധിക സ്വത്തവകാശ നിയമത്തിലും ആണവസഹകരണം സംബന്ധിച്ച വിവരങ്ങള്‍ രഹസ്യമാക്കിവയ്ക്കുന്നതും ഉള്‍പ്പെടെയുള്ള അഞ്ച് കരാറിലും ഇരു രാജ്യവും ഒപ്പുവച്ചു. 2012 ആകുമ്പോഴേക്കും ഉഭയകക്ഷി വ്യാപാരം 12000 കോടി യൂറോ ആക്കി വര്‍ധിപ്പിക്കാനും തീരുമാനിച്ചു. കാലാവസ്ഥാമാറ്റം, ഭൌമശാസ്ത്രം എന്നിവ സംബന്ധിച്ച് ഐസ്ആര്‍ഒയും ഫ്രാന്‍സിലെ സിഎന്‍ഇസിയും തമ്മില്‍ ധാരണപത്രവും സംയുക്ത സിനിമാനിര്‍മാണം സംബന്ധിച്ച കരാറിലും ഇരു രാജ്യവും ഒപ്പുവച്ചു.

ഭീകരവാദത്തിനെതിരെ ശക്തമായ പോരാട്ടം നടത്താന്‍ പാകിസ്ഥാന്‍ തയ്യാറാകണമെന്ന് സര്‍ക്കോസി ആവശ്യപ്പെട്ടു. സമാധാനത്തിന് പാകിസ്ഥാന്‍ മുന്‍കൈ എടുക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ഭീകരവാദത്തിനെതിരെ പൊരുതുന്ന ഇന്ത്യക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനംചെയ്ത ഫ്രാന്‍സ് അഫ്ഗാനിസ്ഥാന്റെ വികസനത്തിന് ഇന്ത്യ ചെയ്യുന്ന സേവനങ്ങളെ പ്രകീര്‍ത്തിച്ചു. തന്ത്രപരമായ പങ്കാളിത്തം ശക്തമാക്കാന്‍ ഇരു രാഷ്ട്രവും തീരുമാനിച്ചതായി പത്രസമ്മേളനത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞു. പ്രതിരോധരംഗത്ത് സഹകരണം വര്‍ധിപ്പിക്കും. പ്രതിരോധമേഖലയെ ആധുനികവല്‍ക്കരിക്കാനുള്ള സാങ്കേതിക സഹായം ഫ്രാന്‍സ് വാഗ്ദാനം ചെയത്തിട്ടുണ്ട്. യുഎന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം നേടാന്‍ ഇന്ത്യയെ സഹായിക്കാമെന്നും ഫ്രാന്‍സ് അറിയിച്ചതായി മന്‍മോഹന്‍സിങ് പറഞ്ഞു. ഉച്ചകോടിക്കുശേഷം രാഷ്ട്രപതി പ്രതിഭ പാട്ടീലുമായും യുപിഎ അധ്യക്ഷ സോണിയഗാന്ധിയുമായും സര്‍ക്കോസി കൂടിക്കാഴ്ച നടത്തി. നാലുദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി സര്‍ക്കോസി ചൊവ്വാഴ്ച മുംബൈയില്‍നിന്ന് പാരീസിലേക്ക് തിരിക്കും. പ്രതിരോധരംഗത്തെ സഹകരണം ശക്തിപ്പെടുത്തുമെന്ന് പ്രഖ്യാപിക്കുന്ന സംയുക്ത പ്രസ്താവനയും ഇരുനേതാക്കളും പുറപ്പെടുവിച്ചു.

ദേശാഭിമാനി 071210

Sunday, December 5, 2010

രക്ഷാസമിതിയിലെ സ്ഥിരാംഗത്വം: ഇന്ത്യയ്ക്ക് ഫ്രാന്‍സിന്റെ പൂര്‍ണ പിന്തുണയില്ല

ബംഗളൂരു: യുഎന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിന് ഇന്ത്യയ്ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കാന്‍ ഫ്രാന്‍സും തയ്യാറായില്ല. ബ്രസീല്‍, ജര്‍മനി, ജപ്പാന്‍, ആഫ്രിക്ക, അറബ് രാജ്യങ്ങള്‍ എന്നിവക്കൊപ്പം ഇന്ത്യയും രക്ഷാസമിതിയിലുണ്ടാകണമെന്നാണ് ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ സര്‍ക്കോസി ബംഗളൂരില്‍ പറഞ്ഞത്. നാലുദിവസത്തെ ഇന്ത്യാസന്ദര്‍ശനത്തിനെത്തിയ അദ്ദേഹം ഇന്ത്യന്‍ ബഹിരാകാശ ഗവേഷണകേന്ദ്രത്തില്‍ ശാസ്ത്രജ്ഞരുമായി സംസാരിക്കുകയായിരുന്നു.

അമേരിക്കന്‍ പ്രസിഡന്റ് ഒബാമയും ഇന്ത്യയുടെ സ്ഥിരാംഗത്വം വിഷമം പിടിച്ചതാണെന്നാണ് പറഞ്ഞിരുന്നത്. സ്ഥിരാംഗത്വത്തിന് ഇന്ത്യയ്ക്ക് അര്‍ഹതയുണ്ടെന്ന് പറഞ്ഞ സര്‍ക്കോടി ഇതിനായി ഇന്ത്യ നടത്തുന്ന ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നും കൂട്ടിച്ചേര്‍ത്തു. ആണവ വിതരണ ഗ്രൂപ്പില്‍ ഇന്ത്യക്ക് അംഗത്വം നല്‍കുന്നതിനെ പിന്തുണക്കും. ആണവോര്‍ജരംഗത്ത് ഇന്ത്യയെ ഒറ്റപ്പെടുത്തുന്നത് അനീതിയാണ്. ഇന്ത്യയുടെ സൈനികേതര ആണവോര്‍ജ പദ്ധതിയെ പിന്തുണക്കും. തീവ്രവാദത്തിനെതിരെ ഇന്ത്യ നടത്തുന്ന പോരാട്ടവുമായി യോജിച്ച് പ്രവര്‍ത്തിക്കും. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നുള്ള ഭീകരതയാണ് ലോകത്തിന്റെ അസ്ഥിരതക്ക് പ്രധാനകാരണം. മുംബൈ ഭീകരാക്രമണം ജനാധിപത്യത്തിനെതിരായ ആക്രമണമായാണ് കാണുന്നത്. ഇന്ത്യക്കെതിരെ ഭീകരാക്രമണം ഉണ്ടാകുമ്പോള്‍ ജനാധിപത്യമാണ് ആക്രമിക്കപ്പെടുന്നത്. താലിബാന്‍ പോലുള്ള ശക്തികളെ അംഗീകരിക്കാന്‍ കഴിയില്ല. ലോക സാമ്പത്തികക്രമത്തെ നിയന്ത്രിക്കുന്ന തരത്തിലേക്ക് ഇന്ത്യ വളരണം. ഇന്ത്യന്‍ രൂപലോകത്തെ പ്രമുഖ കറന്‍സികളിലൊന്നായി മാറും. മഹാരാഷ്ട്രയിലെ ജയ്താപുരയില്‍ 10,000 മെഗാവാട്ട് ശേഷിയുള്ള ആണവനിലയം സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതായും സര്‍ക്കോസി പറഞ്ഞു.

സര്‍ക്കോസിയുടെ സന്ദര്‍ശനത്തെത്തുടര്‍ന്ന് ബംഗളൂരുവില്‍ കനത്ത സുരക്ഷസന്നാഹം ഒരുക്കിയിരുന്നു. സര്‍ക്കോസി തങ്ങിയ ലീലാ പാലസ് വെള്ളിയാഴ്ചമുതല്‍ തന്നെ സുരക്ഷാ ഭടന്മാരുടെ നിയന്ത്രണത്തിലായിരുന്നു. ബംഗളരൂവില്‍നിന്ന് ആഗ്രയ്ക്ക് പോയ സര്‍ക്കോസി ശനിയാഴ്ച വൈകിട്ട് ഡല്‍ഹിയിലെത്തി. ഞായാറാഴ്ച വൈകിട്ട് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ വസതില്‍ അത്താഴവിരുന്നില്‍ പങ്കെടുക്കും. രാഷ്ട്രപതിയുമായി കൂടിക്കാഴ്ചയും നടത്തും. തിങ്കളാഴ്ച പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങുമായി ഔദ്യോഗിക ചര്‍ച്ച നടത്തും. തുടര്‍ന്ന് സംയുക്ത വാര്‍ത്താസമ്മേളനം. ചൊവ്വാഴ്ച മുംബൈയില്‍ വ്യവസായ പ്രമുഖരുമായി ചര്‍ച്ച നടത്തും. ഭാര്യ കാര്‍ല ബ്രൂണിക്ക് പുറമെ പ്രതിരോധ, വിശേദകാര്യ, ധനകാര്യ മന്ത്രിമാരും വന്‍കിടവ്യവസായികളും സര്‍ക്കോസിയെ അനുഗമിക്കുന്നു. 60 ഫ്രഞ്ച് കമ്പനികളിലെ പ്രമുഖരാണ് സംഘത്തിലുള്ളത്്. പ്രതിരോധ, ആണവ, ധനകാര്യമേഖലകളില്‍ വിവിധ കരാറുകളെപ്പറ്റി ചര്‍ച്ചകള്‍ നടക്കും.

ദേശാഭിമാനി 051210

Sunday, October 24, 2010

ഫ്രാന്‍സില്‍ പ്രക്ഷോഭം തുടരുന്നു

ഫ്രാന്‍സില്‍ പ്രക്ഷോഭം തുടരുന്നു; ഇന്ധനശാലകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ സര്‍ക്കാര്‍

പാരീസ്: പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയുടെ പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ക്കെതിരെ ഫ്രാന്‍സില്‍ നടക്കുന്ന പ്രക്ഷോഭം പത്താം ദിവസം പിന്നിട്ടു. അധോസഭ പാസ്സാക്കിയ ബില്‍ സെനറ്റിന്റെ പരിഗണനയിലാണ്.  ഇതിനിടെ രാജ്യത്തിന്റെ പ്രധാന ഇന്ധനശാലകള്‍  ബലമായി തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ ഫ്രഞ്ച് പൊലീസ് ശ്രമം തുടങ്ങി. കിഴക്കന്‍ പാരീസിലെ ഗ്രാന്‍ഡ്പ്യൂട്ട്‌സിലെ പ്രധാന ഇന്ധനശാല ബലമായി തുറന്നുപ്രവര്‍ത്തിപ്പിക്കാനുളള പൊലീസിന്റെ ശ്രമത്തിനെ പ്രക്ഷോഭകര്‍ തടയാന്‍ ശ്രമിച്ചതോടെ സംഘര്‍ഷം രൂക്ഷമായി. നിരവധി തൊഴിലാളികള്‍ക്ക് പൊലീസ് നടപടിയില്‍ പരിക്കേറ്റു.

ഫ്രാന്‍സില്‍ ആയിരത്തോളം ഇന്ധനശാലകള്‍ സമരത്തെത്തുടര്‍ന്ന് അടച്ചിട്ടതിനാല്‍ ജനജീവിതം പൂര്‍ണമായി സ്തംഭിച്ചു. ഇതേതുടര്‍ന്ന് എത്രയും പെട്ടെന്നുതന്നെ ഇവ തുറന്ന് പ്രവര്‍ത്തിപ്പിക്കാനുളള അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി് പൊലീസിന് നിര്‍ദേശം നല്‍കി. പെന്‍ഷന്‍ പരിഷ്‌കരണബില്ല് സെനറ്റിനുമുന്നിലെത്തിയപ്പോള്‍ ആയിരത്തോളം ഭേദഗതികളാണ് പ്രതിപക്ഷം കൊണ്ടുവന്നതെങ്കിലും ഇതെല്ലാം തളളിക്കളഞ്ഞു. ഈയാഴ്ചയോടെ പെന്‍ഷന്‍ പരിഷ്‌കരണബില്‍ നിയമമാക്കാനാണ് സര്‍ക്കോസി സര്‍ക്കാര്‍ ശ്രമിക്കുന്നത്.

തെക്കന്‍നഗരമായ ടൊളോസില്‍ രണ്ട് ഇന്ധനശാലകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാനുളള പൊലീസ് ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചു. ഇരുന്നൂറോളം പ്രകടനക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പൊലീസ് കണ്ണീര്‍വാതക പ്രയോഗം നടത്തി.

വടക്കു പടിഞ്ഞാറന്‍ ഫ്രാന്‍സിലെ ഗ്രാന്‍ഡ് ഖ്യുവില്ലേയില്‍ ഈയാഴ്ച രണ്ടാംവട്ടം പ്രകടനക്കാരും പൊലീസും തമ്മില്‍ ഏറ്റുട്ടി. ലിയോണ്‍ നഗരത്തില്‍ കഴിഞ്ഞദിവസമുണ്ടായ ശക്തമായ വിദ്യാര്‍ഥി പ്രക്ഷോഭത്തെത്തുടര്‍ന്ന് നഗരത്തിലെങ്ങും പൊലീസ് കാവല്‍ ശക്തിപ്പെടുത്തി.

എന്തുവിലകൊടുത്തും പെന്‍ഷന്‍ പരിഷ്‌കരണ നടപടി നടപ്പിലാക്കുമെന്ന് സര്‍ക്കോസി സര്‍ക്കാരും ജനദ്രോഹപരമായ പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് പ്രക്ഷോഭകരും ഉറച്ച നിലപാടിലാണ്.

കഴിഞ്ഞ ദിവസങ്ങളിലെ സംഭവവികാസങ്ങള്‍

ഫ്രാന്‍സില്‍ പ്രക്ഷോഭം ശക്തിപ്പെടുന്നു; സംഘര്‍ഷം രൂക്ഷം

പാരീസ്: സര്‍ക്കോസി സര്‍ക്കാര്‍  പെന്‍ഷന്‍ പരിഷ്‌കരണനടപടികളില്‍ നിന്ന് പിന്‍വാങ്ങണമെന്നാവശ്യപ്പെട്ട് നടക്കുന്ന ബഹുജന സമരം എട്ടാം ദിനത്തിലേയ്ക്ക് കടന്നതോടെ ഫ്രാന്‍സിലെങ്ങും സംഘര്‍ഷം രൂക്ഷമായി. അധോസഭ അംഗീകരിച്ച ബില്‍ ഇന്നലെ സെനറ്റിനുമുന്നില്‍ അവതരിപ്പിക്കാനിരുന്നതാണെങ്കിലും അവസാന നിമിഷം ബില്ലിന്റെ അവതരണം മാറ്റി വയ്ക്കുകയായിരുന്നു. ഇന്നോ നാളെയോ ബില്‍ സെനറ്റിനു മുന്നിലെത്തുമെന്നാണ് കരുതപ്പെടുന്നത്.

പെന്‍ഷന്‍ പ്രായം 60 ല്‍ നിന്ന് 62 ആയി വര്‍ധിപ്പിച്ചതും മുഴുവന്‍ പെന്‍ഷന്‍ ലഭിക്കാനുളള കാലാവധി 65 വയസ്സായി ഉയര്‍ത്തിയതും മറ്റ് സേവന വേതന വ്യവസ്ഥകളില്‍ വരുത്തിയ വെട്ടിക്കുറവുകളും യാതൊരു കാരണവശാലും പിന്‍വലിക്കില്ലെന്ന പ്രസിഡന്റ് സര്‍ക്കോസിയുടെ നിഷേധാത്മക നിലപാടുകളാണ് പ്രക്ഷോഭകരെ കൂടുതല്‍ ചൊടിപ്പിച്ചതും സമരം അക്രമാസക്തമായതും.മാഴ്‌സെലെ വിമാനത്താവളം പ്രക്ഷോഭകര്‍ ഉപരോധിച്ചു. ഫ്രാന്‍സില്‍ നിന്നും  മറ്റു രാജ്യങ്ങളിലേയ്ക്കുളള വിമാനസര്‍വീസുകള്‍ നിലച്ചു. ട്രക്ക് തൊഴിലാളികള്‍ ദേശീയപാതയിലുടനീളം വാഹനങ്ങള്‍ നിരത്തിയിട്ടതിനാല്‍ റോഡ് മാര്‍ഗ്ഗമുളള ഗതാഗതവും സ്തംഭിച്ചു. പെട്രോള്‍ പമ്പുകള്‍ തുടര്‍ച്ചയായ മൂന്നാം ദിനവും അടഞ്ഞുകിടന്നു. കഴിഞ്ഞദിവസം പൊലീസ് സഹായത്തോടെ തുറന്നു പ്രവര്‍ത്തിച്ച പെട്രോള്‍ പമ്പുകളും പിന്നീട് തുറന്നു പ്രവര്‍ത്തിക്കാന്‍ തയ്യാറായില്ല. പാചകവാതക ഇന്ധനവിതരണം നിലച്ചതോടെ സര്‍ക്കോസി സര്‍ക്കാരിനെതിരെ ജനരോക്ഷം അലയടിച്ചു.  പാരീസില്‍ ഹൈസ്‌കൂളിനുമുന്നില്‍ ബാരിക്കേഡുകള്‍ ഉയര്‍ത്തി പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. ലിയോണ്‍ നഗരത്തില്‍ അര്‍ധരാത്രിയില്‍ പ്രതിഷേധക്കാരും പൊലീസും പരസ്പരം കല്ലേറ് നടത്തി.  ഫ്രാന്‍സിന്റെ വടക്കുഭാഗത്തുളള കലായിസ് മുതല്‍ തെക്ക് ഭാഗത്തുളള പൈറീനസ് വരെയുളള പ്രദേശങ്ങളില്‍ ദേശീയപാതയില്‍ കാറുകളും ട്രക്കുകളും നിരത്തിയിട്ട് ജനങ്ങള്‍ സര്‍ക്കാരിനെതിരെ പ്രതിരോധം സൃഷ്ടിച്ചു. പലയിടങ്ങളിലും പ്രക്ഷോഭകര്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ അഗ്നിക്കിരയാക്കി.

ഫ്രാന്‍സില്‍ കുട്ടികളുടെ സ്‌കൂള്‍ അവധിക്കാലം ഇന്നാരംഭിക്കുന്നതിനാല്‍ പ്രശ്‌നപരിഹാരമുണ്ടാക്കാത്ത സര്‍ക്കാരിന്റെ നടപടി ഏറെ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. 3,000 പാചകവാതക വിതരണ സ്ഥാപനങ്ങള്‍ ഇന്ധനക്ഷാമം മൂലം അടച്ചുപൂട്ടിയത് കുടുംബ ബജറ്റിന്റെ താളം തെറ്റിച്ചിട്ടുണ്ട്. സര്‍ക്കാരില്‍ നിന്നും അനുകൂലമായ പ്രതികരണങ്ങളുണ്ടായില്ലെങ്കില്‍ വരും ദിനങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്നും രാജ്യത്തിന്റെ എല്ലാ മേഖലകളും സമ്പൂര്‍ണമായി നിശ്ചലമാകുമെന്നും തൊഴിലാളി യൂണിയനുകളുടെ സംയുക്തസമിതി അറിയിച്ചു.
(221010)

ഫ്രാന്‍സില്‍ പ്രക്ഷോഭം ഏഴാം ദിവസം പിന്നിട്ടു

പാരീസ്: ഫ്രാന്‍സില്‍ സര്‍ക്കോസി സര്‍ക്കോസി സര്‍ക്കാരിന്റെ പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ക്കെതിരെയുളള ബഹുജനപ്രക്ഷോഭം ഏഴാം ദിവസം പിന്നിട്ടു. ഇന്ധന വിതരണ സംവിധാനങ്ങള്‍ പുനസ്ഥാപിക്കാനുളള പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്  മൂന്ന് പെട്രോള്‍ പമ്പുകള്‍ തുറന്ന് പ്രവര്‍ത്തിച്ചതായി ഫ്രഞ്ച്  പൊലീസ് സേനാംഗങ്ങള്‍ അറിയിച്ചു. എന്നാല്‍ ജനങ്ങളുടെ ശക്തമായ ചെറുത്തുനില്‍പ്പിനെത്തുടര്‍ന്ന് തുടര്‍നടപടികളുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാരിനായില്ല. രാജ്യത്തെ വിമാനത്താവളങ്ങളില്‍ നിന്നുളള സര്‍വീസുകള്‍ പ്രക്ഷോഭത്തെത്തുടര്‍ന്ന് പൂര്‍ണമായി നിലച്ചു.

അതിനിടെ ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളികളും സമരത്തില്‍ അണിചേരുന്നതായി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ തെക്കന്‍ ഭാഗമായ ട്രാപില്‍ വിമാനസര്‍വീസുകള്‍ക്കാവശ്യമായ ഇന്ധനം നിറയ്ക്കുന്നത് തൊഴിലാളികളുടെ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് നിര്‍ത്തി വയ്‌ക്കേണ്ടി വന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്തു വില കൊടുത്തും പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ നടപ്പാക്കുമെന്ന സര്‍ക്കോസിയുടെ ആവര്‍ത്തിച്ചുളള പ്രഖ്യാപനങ്ങളാണ് പ്രക്ഷോഭകരെ ചൊടിപ്പിച്ചത്. ഡോങ്ങ്‌സ് , ലാ റോഷെല്ലെ, ലെ മാന്‍സ് എന്നീ ഇന്ധന വിതരണശാലകളിലെ വിതരണമാണ് പുനസ്ഥാപിച്ചതെന്ന് ഫ്രഞ്ച് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പാരീസ് നഗരപ്രാന്തത്തിലെ നാന്റെറെയില്‍ യുവജനങ്ങള്‍ നടത്തിയ റാലിക്കിടെ നഗരത്തില്‍ പലയിടത്തും പൊലീസുമായി ഏറ്റുമുട്ടലുണ്ടായി. പാരീസ് നഗരകേന്ദ്രത്തില്‍ ഫ്രഞ്ച് സെനറ്റിനു മുന്നില്‍ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ സര്‍ക്കാരിനെതിരെ പ്രതിരോധം സൃഷ്ടിച്ചു. കിഴക്കന്‍ ഫ്രാന്‍സിലെ നഗരങ്ങളില്‍ കാറുകള്‍ നിരത്തിയിട്ട് മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ചുകൊണ്ട് ജനങ്ങള്‍ സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചു. പാര്‍ലമെന്റിന്റെ അധോസഭയായ നാഷണല്‍ അസംബ്‌ളി പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ക്ക് അംഗീകാരം നല്‍കിയെങ്കിലും സെനറ്റില്‍ പരിഗണനയ്ക്ക് വരുമ്പോള്‍ തളളിക്കളയുക എന്ന ഉദ്ദേശത്തോടെയാണ് പ്രക്ഷോഭകാരികള്‍  സെനറ്റിനു മുന്നിലേയ്ക്ക് പ്രതിഷേധവുമായെത്തിയത്.

 പ്രതിഷേധം പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്കും വ്യാപിച്ചതോടെ വിദ്യാഭ്യാസമേഖലയുടെ പ്രവര്‍ത്തനം സമ്പൂര്‍ണമായി നിലച്ചു. വിദ്യാര്‍ഥികളും പൊലീസും തമ്മിലുളള ഏറ്റുമുട്ടലും കണ്ണീര്‍വാതകപ്രയോഗവും കഴിഞ്ഞ ഏഴു ദിവസമായി ഫ്രാന്‍സില്‍ സര്‍വസാധാരണമായിരിക്കുകയാണ്. ഇതിനിടെ ഫ്രാന്‍സില്‍ പെന്‍ഷന്‍ പരിഷ്‌കരണ നടപടികളുമായി ബന്ധപ്പെട്ടുനടന്ന അഭിപ്രായ വോട്ടെടുപ്പുകളില്‍ 71 ശതമാനം പേരും സര്‍ക്കോസി സര്‍ക്കാരിന്റെ പരിഷ്‌കരണ നടപടികളില്‍ വിയോജിപ്പ് രേഖപ്പെടുത്തി. പ്രസിഡന്റ് സര്‍ക്കോസിയുടെ ജനസമ്മതിയിലും കാര്യമായ ഇടിവ് സംഭവിച്ചതായി അഭിപ്രായവോട്ടെടുപ്പുകള്‍ വെളിപ്പെടുത്തുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ സര്‍ക്കോസി സര്‍ക്കാരിന് 30 ശതമാനത്തിലേറെ വോട്ട് കുറഞ്ഞതായി സര്‍വെ ഫലങ്ങള്‍ വെളിപ്പെടുത്തുന്നു. കഴിഞ്ഞ സെപ്തംബറിലേതില്‍ നിന്നും വ്യത്യസ്ഥമായി പ്രസിഡന്റ്  സര്‍ക്കോസിക്കെതിരായ ജനവികാരം അഞ്ച് ശതമാനത്തിലേറെ വര്‍ധിച്ച് 69 ശതമാനത്തിലെത്തിയതായി സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നു. പെന്‍ഷന്‍ പരിഷ്‌കരണ നടപടികളില്‍ നിന്നും പിന്നോട്ടില്ലെന്ന സര്‍ക്കോസി സര്‍ക്കാരിന്റെ നിലപാടും ജനദ്രോഹപരമായ  പരിഷ്‌കരണനടപടികള്‍ അനുവദിക്കില്ലെന്ന ജനങ്ങളുടെ നിലപാടും ഫ്രാന്‍സിലെ ജനജീവിതം സ്തംഭിപ്പിച്ചിരിക്കുകയാണ്.
(211010)

ജനയുഗം വാര്‍ത്തകള്‍

Wednesday, March 24, 2010

ഫ്രാന്‍സിലെ ഇടതു വിജയം

പടിഞ്ഞാറന്‍ യൂറോപ്പിലെ പ്രബലരാജ്യവും എണ്ണപ്പെട്ട ലോക സാമ്പത്തിക ശക്തിയുമായ ഫ്രാന്‍സ് ഫ്രഞ്ച് വിപ്ളവത്തിന്റെ മഹത്തായ പാരമ്പര്യമുള്‍ക്കൊള്ളുന്നു. അധിനിവേശത്തിലൂടെയും കോളനി വല്‍ക്കരണത്തിലൂടെയും ലോകത്തിന്റെ നാനാഭാഗത്തും സാന്നിധ്യമുറപ്പിച്ചിരുന്ന ഫ്രാന്‍സിന് എക്കാലത്തും മേധാപരമായ പങ്കാണ് ലോകരാഷ്ട്രീയത്തില്‍ ലഭിച്ചുപോന്നത്. ഇപ്പോഴത്തെ പ്രസിഡന്റ് നിക്കോളസ് സര്‍ക്കോസി അധികാരത്തില്‍ വന്നപ്പോള്‍ ഫ്രാന്‍സിന്റെ 'തിരിച്ചുപോക്ക്' ആയാണ് വിലയിരുത്തപ്പെട്ടത്. തീവ്ര വലതുപക്ഷത്തുനില്‍ക്കുകയും കടുത്ത തൊഴിലാളി ദ്രോഹനടപടികള്‍ പ്രഖ്യാപിക്കുകയും ഉന്മത്ത ജീവിതം നയിക്കുകയുംചെയ്യുന്ന സര്‍ക്കോസി ആഗോളവല്‍ക്കരണത്തിന്റെ ബ്രാന്‍ഡ് അംബാസഡറായി പരിഗണിക്കപ്പെടുന്നു.

ആ സര്‍ക്കോസിയും അദ്ദേഹത്തിന്റെ വലതുപക്ഷ കൂട്ടുകെട്ടും ഫ്രാന്‍സിലെ ജനങ്ങളില്‍നിന്ന് തീര്‍ത്തും ഒറ്റപ്പെടുന്നതാണ് കഴിഞ്ഞ ദിവസം നടന്ന പ്രവിശ്യാസഭാ തെരഞ്ഞെടുപ്പില്‍ കണ്ടത്. 22 പ്രവിശ്യയില്‍ 21ലും ഇടതുപക്ഷത്തിന് ചരിത്രവിജയം ലഭിച്ചു. പോള്‍ചെയ്ത വോട്ടിന്റെ 54.12 ശതമാനം നേടിയ സോഷ്യലിസ്റ്റ്-ഇടതുപക്ഷ കക്ഷികള്‍ സര്‍ക്കോസിയുടെ വലതുപക്ഷ കക്ഷിയായ യുഎംപിയെ ഫ്രഞ്ച് ഗയാന പ്രവിശ്യയില്‍ ഒതുക്കി. സര്‍ക്കോസി ഭരണത്തിനെതിരെ ഫ്രാന്‍സില്‍ കടുത്ത രോഷമാണുയര്‍ന്നിട്ടുള്ളത്. അഞ്ചുലക്ഷം പൊതുമേഖലാ തൊഴിലാളികള്‍ അണിചേര്‍ന്ന ഐതിഹാസികമായ പണിമുടക്കുള്‍പ്പെടെ, ജീവിതത്തിന്റെ നാനാ മേഖലകളിലുമുള്ളവര്‍ പ്രക്ഷോഭരംഗത്തിറങ്ങിയിരുന്നു.

ജനങ്ങളുടെ സംഘടിതമായ ചെറുത്തുനില്‍പ്പു കാരണം, ആഗോളവല്‍ക്കരണ നയങ്ങളുടെ സമ്മര്‍ദത്തിലും ക്ഷേമപദ്ധതികള്‍ ഒരു പരിധിവരെയെങ്കിലും നിലനിര്‍ത്താന്‍ നിര്‍ബന്ധിതമായിട്ടുള്ള രാജ്യമാണ് ഫ്രാന്‍സ്. എന്നാല്‍, ഇംഗ്ളണ്ട്, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ ക്ഷേമപദ്ധതികളോട് വിടപറഞ്ഞ് സാമ്പത്തിക മത്സരത്തില്‍ മുന്നിലെത്തി.ഫ്രാന്‍സിന്റെ വ്യാപാരകമ്മി വര്‍ധിച്ചുവന്നു. അനേകവര്‍ഷങ്ങള്‍കൊണ്ട് ജര്‍മനിയില്‍ നടപ്പാക്കിയ പരിഷ്കാരങ്ങള്‍ ആറുമാസത്തിനുള്ളില്‍ ഫ്രാന്‍സില്‍ നടപ്പാക്കാമെന്നാണ് സര്‍ക്കോസി വീമ്പുപറഞ്ഞത്. തൊഴിലാളികളുടെ ത്യാഗോജ്വലമായ അവകാശപ്പോരാട്ടങ്ങളുടെയും പിന്തിരിപ്പന്‍ നയങ്ങള്‍ ചെറുത്തു പരാജയപ്പെടുത്തിയതിന്റെയും ചരിത്രം വിസ്മരിച്ച് ആഗോളവല്‍ക്കരണ വണ്ടി മുന്നോട്ടുകൊണ്ടുപോയ സര്‍ക്കോസിക്ക് ജനങ്ങള്‍ നല്‍കിയ ശിക്ഷയാണ് ഈ തോല്‍വി.

ആഗോളസാമ്പത്തിക മാന്ദ്യം ഫ്രാന്‍സിനെ കൊടും കുഴപ്പത്തിലാണ് ചാടിച്ചത്. രൂക്ഷമായ തൊഴിലില്ലായ്മ എല്ലാ റെക്കോഡും ഭേദിച്ചു. തൊഴിലില്ലാത്തവരുടെ എണ്ണം 30 ലക്ഷം കവിഞ്ഞു. മാന്ദ്യം നേരിടാന്‍ കൊണ്ടുവന്ന നടപടി കുത്തകകമ്പനികള്‍ക്ക് മാത്രമാണ് ഗുണകരമായത്. രാജ്യത്ത് പൊതുഗതാഗതം, പെന്‍ഷന്‍പരിഷ്കരണം എന്നീ രംഗങ്ങളിലും സര്‍ക്കോസിയുടെ നയങ്ങള്‍ ജനങ്ങളെ രോഷാകുലരാക്കി. ഇതിന്റെയെല്ലാം ഫലമായാണ് സര്‍ക്കോസിയുടെ കക്ഷി ഇടതുപക്ഷ സഖ്യം നേടിയതിന്റെ നേര്‍പകുതി വോട്ടിലേക്ക് തരംതാഴ്ത്തപ്പെട്ടത്. 2012ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നു. ആ തെരഞ്ഞെടുപ്പിലും വലതുപക്ഷത്തിന്റെ ഭാവി ശോഭനമല്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറപ്പിക്കുന്നത്.

ആഗോളവല്‍ക്കരണ നയങ്ങള്‍ക്കു പിന്നാലെ വാശിയോടെ പായുന്ന എല്ലാ ഭരണാധികാരികള്‍ക്കും ഉള്ള പാഠമാണിത്. വിശേഷിച്ചും ഇന്ത്യയെ വലത്തോട്ടും അമേരിക്കന്‍ അടിമത്തത്തിലേക്കും നയിക്കുന്ന യുപിഎ നേതൃത്വത്തിന്.

ദേശാഭിമാനി മുഖപ്രസംഗം 250310