Showing posts with label പുസ്തകം. Show all posts
Showing posts with label പുസ്തകം. Show all posts

Saturday, October 17, 2020

ചരിത്രത്തെ ചുവപ്പിച്ച ഒക്‌ടോബർ ഇതിഹാസം

 മഹത്തായ ഒക്‌ടോബർ സോഷ്യലിസ്‌റ്റ്‌ വിപ്ലവത്തിന്റെ ഇതിഹാസകാരൻ ജോൺ റീഡിന്റെ ഓർമയ്‌ക്ക്‌ നൂറ്റാണ്ടുതികയുന്നു. 1887 ഒക്ടോബർ 22ന് അമേരിക്കയിലെ പോർട്ട്‌ലണ്ടിൽ ജനിച്ച്‌ 1920 ഒക്‌ടോബർ 17ന്‌ റഷ്യയിലെ ക്രെംലിനിൽ അന്തരിച്ച ജോൺ റീഡിനെ അനശ്വരനാക്കിയത്‌, ഒക്‌ടോബർ വിപ്ലവത്തിന്റെ ജീവൻതുടിക്കുന്ന ചരിത്രരേഖയായ  ‘ലോകത്തെ പിടിച്ചുകുലുക്കിയ പത്ത്‌ ദിവസങ്ങൾ’. മുപ്പത്തിമൂന്ന്‌ വയസ്സ്‌ മാത്രം ജീവിച്ച അദ്ദേഹത്തിന്റെ ജീവിതത്തെ സാർത്ഥകമാക്കി ആ ഒരൊറ്റ കൃതി. ഒരു നൂറ്റാണ്ടായി ലോകത്തിന്റെ മോചനസ്വപ്നങ്ങൾക്ക്‌ പ്രചോദനവും ചലച്ചിത്രമുൾപ്പെടെയുള്ള കലാവിഷ്‌കാരങ്ങൾക്ക്‌ പ്രമേയവുമായി നിലനിന്ന അത്‌ ഇന്നും ലോകവിപ്ലവസാഹിത്യത്തിലെ ക്ലാസിക്ക്‌.

അമേരിക്കൻ പത്രപ്രവർത്തകനായ ജോൺ റീഡ്‌ ആ തൊഴിലിന്റെ വിശാലമായ മാനമെന്തെന്ന്‌ ലോകത്തെ ബോധ്യപ്പെടുത്തിയ വിപ്ലവകാരികൂടിയായിരുന്നു. ചാൾസ് ജറോം റീഡിന്റെയും മാർഗരറ്റ് ഗ്രീൻ റീഡിന്റെയും മകൻ. പിറന്നത്‌ സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തിൽ. ‘ജാക്ക്' എന്നായിരുന്നു വിളിപ്പേര്. ന്യൂജർസിയിലെ സ്കൂൾ പഠനശേഷം പ്രശസ്തമായ ഹാർവാർഡ് സർവകലാശാലയിൽ ജേർണലിസം വിദ്യാർഥി. കവിതയും നാടകവും ഫുട്‌ബോളുമെല്ലാം വലിയ കമ്പം. യാഥാസ്ഥിതിക മുതലാളിത്തത്തിന്റെ മുഖമുള്ള ക്യാമ്പസിൽ സോഷ്യലിസ്റ്റ് ക്ലബ്ബ്‌ ആരംഭിച്ച്‌ അധികൃതരുടെ നോട്ടപ്പുള്ളിയായി. ബിരുദ പഠനശേഷം സുരക്ഷിതമായ  ജീവിത സാഹചര്യങ്ങളുപേക്ഷിച്ച്‌ പത്രപ്രവർത്തനരംഗത്തെത്തിയ റീഡ്‌  അമേരിക്കയിലെ പീറ്റേഴ്‌സണിൽ തുണിമിൽത്തൊഴിലാളി പണിമുടക്കും കൊളൊറാഡോയിൽ അടിമകളുടെ കലാപവും റിപ്പോർട്ടുചെയ്‌തത്‌ അവരിലൊരാളായി നിന്നുകൊണ്ട്‌. മെക്‌സിക്കോയിലെ ദരിദ്ര ജനവിഭാഗങ്ങളുടെ കലാപ വാർത്തകൾ ‘മെട്രോപ്പോളീറ്റൻ’ എന്ന ആനുകാലികത്തിലൂടെയും ‘വിപ്ലവ മെക്‌സിക്കോ’ എന്ന പുസ്‌തകത്തിലൂടെയും ലോകത്തെ അറിയിച്ചു. സാമ്രാജ്യത്വ യുദ്ധം തുടങ്ങിയതോടെ ഫ്രാൻസ്‌, ഇറ്റലി, ജർമനി തുടങ്ങിയ രാജ്യങ്ങളിലെല്ലാം സ്വാതന്ത്ര്യ പോരാട്ടം നടത്തുന്ന ജനങ്ങൾക്കൊപ്പം  ചേർന്ന്‌ യുദ്ധഭ്രാന്തിനെതിരെ സന്ദേശമുയർത്തി.

വൃക്ക തകരാറിനെ തുടർന്നുണ്ടായ അനാരോഗ്യം വകവെക്കാതെയായിരുന്നു ആ സഞ്ചാരങ്ങൾ. യുദ്ധത്തിനും ചൂഷണത്തിനുമെതിരെ തൊഴിലാളികളും മറ്റ്‌ ചൂഷിത വിഭാഗങ്ങളും നടത്തുന്ന പോരാട്ടങ്ങൾ ചരിത്രത്തിന്റെ ഗതിമാറ്റുമെന്നതിന്റെ നേർക്കാഴ്‌ച തേടിയായിരുന്നു ആ യാത്രകളെല്ലാം. ഒരു യുഗപിറവിയെക്കുറിച്ചുള്ള തിരിച്ചറിവാണ്‌ 1917ലെ ഗ്രീഷ്‌മകാലത്ത്‌ തിരക്കിട്ട്‌ റഷ്യയിലെത്താൻ റീഡിനെ പ്രേരിപ്പിച്ചതും.  ഭാര്യ ലൂയി ബ്രിയാണ്ടിയുമൊത്തായിരുന്നു യാത്ര. ഫെബ്രുവരി, ജൂലൈ മാസങ്ങളിൽ റഷ്യയിലുണ്ടായ കലാപങ്ങളിൽ ആസന്നമായ വലിയൊരു വർഗസംഘട്ടനത്തിന്റെ ലക്ഷണങ്ങൾ ക്രാന്തദർശിയായ ആ പത്രപ്രവർത്തകൻ മണത്തു. ചരിത്രം ചുവന്നുതുടുത്ത നാളുകളിൽ പെട്രോഗ്രാഡിലെത്തിയ അദ്ദേഹം ‌അതിന്റെ സമസ്തഭാവങ്ങളും ഒപ്പിയെടുക്കാൻ അവിശ്രാന്തം കണ്ണുതുറന്നു പ്രവർത്തിച്ചു.

1917 നവംബർ ഏഴിന് രാത്രി 11ന് ബോൾഷെവിക്കുകൾ കെരൻസ്കി സർക്കാറിന്റെ ആസ്ഥാനമായ "വിന്റർ പാലസ്സ്' പിടിച്ചെടുക്കുന്നതിന് സാക്ഷിയായതിന്റെ ആവേശവുമായാണ് റീഡ് 18 ഏപ്രിലിൽ അമേരിക്കയിൽ തിരിച്ചെത്തിയത്. റഷ്യൻ വിപ്ലവത്തിന്റെ സന്ദേശം ലോകമെങ്ങുമുള്ള തൊഴിലാളികളിൽ എത്തിക്കുകയെന്ന ഉദ്ദേശ്യത്തോടെ പത്രപ്രവർത്തനത്തിലും സംഘാടനങ്ങളിലും മുഴുകി. ഇതിനെതിരെ അമേരിക്കൻ സർക്കാരിന്റെ ദ്രോഹങ്ങളെ ചെറുത്താണ് 1919ൽ വിപ്ലവ ചരിത്രത്തിലെ ക്ലാസിക്കായി മാറിയ ലോകത്തെ പിടിച്ചുകുലുക്കിയ പത്ത് ദിനങ്ങൾ പൂർത്തിയാക്കിയത്. പ്രസിദ്ധീകരിച്ചത്‌ ന്യൂയോർക്കിലെ ബോണി ആന്റ് ലൈവ്റൈറ്റ് പുസ്തക കമ്പനി.  റഷ്യൻ വിപ്ലവത്തിന്റെ വെറുമൊരു ദൃഷ്സാക്ഷി വിവരണമെന്നതിലുപരി അതിൽ ആമഗ്നനായ ഒരു വിപ്ലവകാരിയുടെ ഹൃദയവികാരങ്ങൾ ചാലിച്ച രചന അതിവേഗം ജനപ്രീതിനേടി.

ആ കൃതി റീഡിന്‌ എന്തുമാത്രം പ്രധാനമായിരുന്നുവെന്ന്‌ തന്റെ പത്രാധിപ സുഹൃത്ത്‌ മാക്സ് ഈസ്റ്റ്മാന്‌ 1919ൽ എഴുതിയ കത്തിൽ വ്യക്തമാക്കുന്നുണ്ട്‌.  ‘"മാക്സ്, ഞാൻ എവിടെയാണെന്ന് ദയവ് ചെയ്ത് ആരോടും പറയരുത്. റഷ്യൻ വിപ്ലവത്തെക്കുറിച്ചുള്ള പുസ്തകമെഴുതുകയാണ്. രാവും പകലും… കഴിഞ്ഞ മുപ്പത്തിയാറ് മണിക്കൂറിൽ ഒരുപോള കണ്ണടയ്ക്കാതെ... രണ്ടാഴ്ചക്കകം ഞാൻ എഴുതി തീർക്കും. എനിക്ക് ഒരു കപ്പ് കാപ്പി വേണം. ദൈവത്തെയോർത്ത് ഞാൻ എവിടെയാണെന്ന് ആരോടും പറയരുത്…’’  1919ലാണ് ലോകത്തെ പിടിച്ചു കുലുക്കിയ പത്ത് ദിവസങ്ങൾ വിപ്ലവസാഹിത്യത്തിലെ അവിസ്മരണീയ രചനയായി പിറവികൊണ്ടത്. അത്‌ വെറും ചരിത്രമായിരുന്നില്ല, ഒക്ടോബർ വിപ്ലവത്തിന്റെ ദൃക്സാക്ഷി വിവരണം കൂടിയാണ്. ഒരു തുണ്ട് ചരിത്രമാണ് തന്റെ പുസ്തകമെന്ന് റീഡ് പറയുന്നത് അത്രയേറെ വാസ്തവം. നവംബർ ആദ്യദിനങ്ങളിലെ ഉരുകിത്തിളച്ച മോസ്കോയിലെയും പരിസരങ്ങളിലെയും ഓരോ ചലനവും ഒപ്പിയെടുത്തതിന്റെ സത്യസന്ധമായ രേഖയാണത്. ലോകചരിത്രത്തിലെ ആദ്യ സോഷ്യലിസ്റ്റ് വിപ്ലവ ശിശുവിന്റെ പിറവിയിലെ സംഘർഷ നിമിഷങ്ങളെ അതിൽ കാണാനാവും. വിപ്ലവത്തിന്റെ നാൾവഴി വിവരണമെന്നതിലുപരി ജീവൻതുടിക്കുന്ന ചിത്രങ്ങളായി അതിലെ താളുകൾ മാറുന്നതും അതുകൊണ്ട്‌.

ലെനിനും ട്രോട്സ്കിയും ഉൾപ്പെടെ കമ്യൂണിസ്റ്റ് നേതാക്കളുമായുള്ള ബന്ധം റീഡിനെ വീണ്ടും റഷ്യയിലെത്തിച്ചു. 1920 ആദ്യം അമേരിക്കയിലേക്കുള്ള മടക്കയാത്രക്കിടയിൽ ഹെൽസിംഗിയിൽവച്ച് റീഡിന് അറസ്റ്റും മർദനവും നേരിടേണ്ടിവന്നു. ആരോഗ്യം ക്ഷയിച്ച അദ്ദേഹം മോസ്കോവിലേക്ക് തന്നെ പോയി. സെപ്റ്റംബർ അവസാനത്തോടെ രോഗം മൂർച്ഛിച്ച് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒക്ടോബർ 17ന്  അന്ത്യശ്വാസം വലിച്ചു. പൂർണ ഔദ്യോഗിക ബഹുമതിയോടെ ജോൺ റീഡിന്റെ ഭൗതിക ശരീരം ക്രെംലിനിൽ അടക്കം ചെയ്‌തു.

ഗ്രന്ഥത്തെപ്പറ്റി ലെനിൻ പറഞ്ഞു: ‘‘ലോകത്തിലെ മുഴുവൻ ഭാഷകളിലേക്കും ഈ പുസ്തകം മൊഴിമാറ്റം ചെയ്യപ്പെടുന്നതും ലക്ഷക്കണക്കിന് കോപ്പികൾ അച്ചടിക്കപ്പെടുന്നതും കാണാൻ ഞാൻ ഇഷ്ടപ്പെടുന്നു. ജോൺ റീഡിന്റെ "ലോകത്തെ പിടിച്ചുകുലുക്കിയ പത്ത് ദിവസങ്ങൾ'വലിയ താൽപര്യത്തോടെയും പതറാത്ത ശ്രദ്ധയോടെയുമാണ് ഞാൻ വായിച്ചത്... മഹത്തായ തൊഴിലാളിവർഗ വിപ്ലവവും അധികാരപ്രാപ്തിയും എങ്ങനെയെന്നതിന് സത്യസന്ധവും വൈവിധ്യമാർന്നതുമായ വിവരണമാണ് അത് നൽകുന്നത്. വിപ്ലത്തിന്റെ ആശയം ആർക്കും സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാമെങ്കിലും അതിലടങ്ങിയ സങ്കീർണതകളെ ഒരാൾ മനസ്സിലാക്കിയിരിക്കണം. ലോകതൊഴിലാളിവർഗം അഭിമുഖീകരിക്കുന്ന അടിസ്ഥാന പ്രശ്നത്തെക്കുറിച്ചുള്ള ചോദ്യത്തിന് വ്യക്തമായ വിശദീകരണമാണ് റീഡിന്റെ കൃതി.’’

1927ൽ സോവിയറ്റ് യൂണിയനിലും 1932ൽ അമേരിക്കയിലും ജോൺ റീഡിന്റെ ജീവിതകഥ സിനിമയായി.

1981ൽ ‘റെഡ്സ്' എന്ന പേരിൽ വാറൺ ബെറ്റി നിർമിച്ച റീഡിനെക്കുറിച്ചുള്ള ചിത്രം കൂടുതൽ ശ്രദ്ധേയം. നിഷ്‌പക്ഷതയുടെ പേരിൽ വെറും കാഴ്‌ചക്കാരനായി നിന്ന്‌ ജീവൽ പ്രശ്‌നങ്ങളോട്‌ നിസ്സംഗമാവുകയും ക്രമേണ സകല അനീതിയോടും സമരസപ്പെടുകയും ചെയ്യുന്ന സമകാലിക മാധ്യമ പ്രവർത്തനത്തിന്റെ എതിർദിശയിൽ സഞ്ചരിച്ച വിപ്ലവകാരിയായ പത്രപ്രവർത്തകനായിരുന്നു ജോൺ റീഡ്‌. മുതലാളിത്ത ചൂഷണത്തിനും യുദ്ധക്കെടുതികൾക്കുമെതിരെ ചൂഷിതർക്കൊപ്പം നിന്ന്‌  ലോകത്തോട്‌ സത്യം വിളിച്ചുപറയുന്നതാണ്‌ മാധ്യമ ധർമമെന്ന്‌ വിശ്വസിക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്‌തു. 1999ൽ ന്യൂയോർക്ക് യൂണിവേഴ്സിറ്റി ഇരുപതാം നൂറ്റാണ്ടിലെ ലോക പത്രപ്രവർത്തനരംഗത്തെ മികച്ച സൃഷ്ടികളിൽ ഏഴാമതായി തിരഞ്ഞെടുത്തത് റീഡിന്റെ "ലോകത്തെ പിടിച്ചു കുലുക്കിയ പത്ത് ദിവസങ്ങൾ.’ അത്‌ ഭൂതകാലത്തിന്റെ ചരിത്രരേഖ മാത്രമല്ല വർത്തമാനത്തിന്റെയും ഭാവിയുടെയും സ്വപ്‌ന പദ്ധതി കൂടിയായിരുന്നു.

എ സുരേഷ്‌

Sunday, April 20, 2014

പുസ്തക നിരോധത്തിനെതിരെ സാംസ്കാരിക കൂട്ടായ്മ

തൃശൂര്‍: ആവിഷ്കാര സ്വാതന്ത്ര്യത്തിനും അഭിപ്രായപ്രകടനത്തിനുമെതിരെ നടക്കുന്ന ഫാസിസ്റ്റ് ഭീകരതക്കെതിരെ താക്കീതായി എഴുത്തുകാരുടെയും സാംസ്കാരിക പ്രവര്‍ത്തകരുടെയും കൂട്ടായ്മ മാറി. ജോണ്‍ ബ്രിട്ടാസ് ഗെയിലുമായി നടത്തിയ അഭിമുഖ പുസ്തകം നിരോധിച്ചതിനെതിരെയാണ് കൂട്ടായ്മ സംഘടിപ്പിച്ചത്. ചിന്താ സ്വാതന്ത്ര്യം ബുദ്ധിജീവികളേയും എഴുത്തുകാരേയും മാത്രം ബാധിക്കുന്ന പ്രശ്നമല്ലെന്ന് സമ്മേളനത്തിന്് തുടക്കംകുറിച്ച് ആനന്ദ് പറഞ്ഞു. സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരേയും മുഖ്യധാരയില്‍നിന്ന് പുറന്തള്ളപ്പെട്ടവരേയുമാണ് ഇത്തരം നിരോധനംഅടിമകളാക്കുക. സംവാദത്തിലൂടെമാത്രമേ സംസ്കാരത്തിന് മുന്നേറാനാവൂ. സംവാദമെന്നത് വിമര്‍ശനംകൂടി ഉള്‍പ്പെടുന്നതാണെന്നും ആനന്ദ് പറഞ്ഞു.

ക്രിസ്തുവും ബുദ്ധനും മുഹമ്മദുമടക്കമുള്ളവര്‍ മുന്നോട്ടുപോയത് സംവാദങ്ങളിലൂടെയാണ്. സംവാദ സ്വാതന്ത്ര്യം അടുത്ത തലമുറയ്ക്ക് കൊടുക്കാനായതിനാലാണ് ഇവര്‍ പ്രവാചകരായത്. വിമര്‍ശത്തിനും നിന്ദയ്ക്കുമിടയില്‍ ചെറിയൊരു നൂല്‍പ്പാലം മാത്രമാണുള്ളതെന്ന് കെ ഇ എന്‍ പറഞ്ഞു. വന്ദിക്കുന്നവര്‍ക്ക് നിന്ദിക്കാനും അവകാശമുണ്ട്. എന്നാല്‍ വിമര്‍ശം ആത്മനിഷ്ഠ നിന്ദാവചനങ്ങളാവാതെ ജനാധിപത്യവിരുദ്ധതക്കെതിരെ മുന കൂര്‍പ്പിക്കപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു. തുഞ്ചന്‍പറമ്പില്‍ സ്വാമി സന്ദീപാനന്ദഗിരി ആക്രമിക്കപ്പെട്ടപ്പോള്‍ പ്രതിഷേധിക്കാന്‍ ആരും തയ്യാറാവാഞ്ഞത് നാണക്കേടാണ്. സമാന്തര ഭരണകൂടങ്ങളുടെ നാടായി രാജ്യംമാറി. മുഖ്യഭരണകൂടത്തെപ്പോലും ഭരിക്കുന്നത് സമാന്തര ഭരണകൂടങ്ങളാണെന്നും കെ ഇ എന്‍ പറഞ്ഞു.

ഫാസിസം മുഖ്യധാരാപ്രസാധകര്‍ക്കുനേരെ തിരിഞ്ഞതിനാല്‍ പ്രതിഷേധിക്കാന്‍ എഴുത്തുകാര്‍ മത്സരിക്കുമെന്ന് ദേശാഭിമാനി കണ്‍സള്‍ട്ടിങ് എഡിറ്റര്‍ എന്‍ മാധവന്‍കുട്ടി പറഞ്ഞു. കെ വേണു അധ്യക്ഷനായി. വൈശാഖന്‍, എം എന്‍ കാരശേരി,രാവുണ്ണി, സാറാജോസഫ്, ഡോ. എന്‍ ആര്‍ ഗ്രാമപ്രകാശ്, പാര്‍വതി പവനന്‍, ഡോ. എം പി പരമേശ്വരന്‍, സിവിക് ചന്ദ്രന്‍, യു കലാനാഥന്‍, രവി ഡിസി, സോമശേഖരന്‍, സി ആര്‍ പരമേശ്വരന്‍, ടി എന്‍ ജോയി എന്നിവര്‍ സംസാരിച്ചു. സജീവന്‍ അന്തിക്കാട് സ്വാഗതം പറഞ്ഞു. മൈത്രി ബുക്സ് പ്രസിദ്ധീകരിച്ച ഗെയ്ലിന്റെ ആത്മകഥയുടെ മലയാള പരിഭാഷ ചടങ്ങില്‍ പ്രകാശനം ചെയ്തു.

deshabhimani

Sunday, February 16, 2014

ഇതാ, ചൂളയില്‍ വെന്ത ആത്മകഥ

കരയാതിരിക്കാനാണ് ധനുജ എഴുതിത്തുടങ്ങിയത്. അവസാന താളും എഴുതിത്തീര്‍ന്നപ്പോള്‍ തിരിച്ചറിഞ്ഞു "ഇതെന്റെ കഥ മാത്രമല്ല, അനന്തപുരിയിലെ തിരസ്കൃതരുടെ ജീവിതമാണ്. കണ്ണീരും വിയര്‍പ്പും ചോരയും പുരണ്ടത്". ഒരു ചേരിയിലെ വ്യാകരണമില്ലാത്ത ജീവിതത്തെ എഴുതിച്ചേര്‍ത്ത എസ് ധനുജകുമാരിയുടെ ആത്മകഥയുടെ പേര്- "ചെങ്കല്‍ചൂളയിലെ എന്റെ ജീവിതം". ഒമ്പതാം ക്ലാസില്‍ പഠനം മുറിഞ്ഞുപോയ ധനുജകുമാരിയുടെ എഴുത്തില്‍ സാഹിത്യത്തിന് കല്‍പ്പിക്കപ്പെട്ട ആഖ്യയും ആഖ്യാതവുമില്ല. രാജാജി നഗര്‍ കോളനിയിലെ വീട്ടമ്മയായ ഇവര്‍ക്ക് ജീവിതയാഥാര്‍ഥ്യങ്ങളുടെ നേര്‍ക്കാഴ്ചയും പൊതുപ്രവര്‍ത്തനവും മാത്രം മൂലധനം. ചിന്ത പബ്ലിഷേഴ്സ്് പ്രസിദ്ധീകരിക്കുന്ന പുസ്തകം 150 പേജിലായി ചിതറിയ ഓര്‍മകളാണ് പങ്കുവയ്ക്കുന്നത്.

കലാമണ്ഡലത്തിലെ മകന്റെ അനുഭവങ്ങള്‍, ചെങ്കല്‍ചൂളയെ കുറിച്ചുതന്നെ, സര്‍വജാതി മതസംസ്കാരം, ഞങ്ങള്‍ കരുത്തരായ സ്ത്രീകള്‍, അമ്മയുടെ കാറ്ററിങ് തുടങ്ങിയ തലക്കെട്ടുകളില്‍ ജീവിതത്തിന്റെ ചൂടുംതണുപ്പും. സമരം, രാഷ്ട്രീയം, മതം, കല, മാലിന്യം... കോളനിയിലെ ജീവിതത്തിലേക്ക് ഇവയെല്ലാം എങ്ങനെ ബന്ധപ്പെടുന്നെന്ന സൂക്ഷ്മചിത്രം. കോണ്‍ക്രീറ്റ് അടര്‍ന്നുവീഴുന്ന കോളനിയിലെ പഴകിയ വീടുകളെക്കുറിച്ച് ധനുജ എഴുതുന്നു. "25 വര്‍ഷമാണ് ഒരു കെട്ടിടത്തിന്റെ ആയുസ്സ്. ഈ ഫ്ളാറ്റ് പണിതിട്ട് 40 വര്‍ഷമായി. "മക്കള്‍ക്കു കിട്ടിയ ട്രോഫികള്‍ പ്ലാസ്റ്റിക് കവറിലിട്ടാണ് സൂക്ഷിക്കുന്നത്. അങ്ങനെയൊരു ദിവസം പത്തിരുപത് ട്രോഫിയെടുത്ത് 400 രൂപയ്ക്ക് തൂക്കിവിറ്റു. അന്നത്തെ ചെലവിന് മറ്റുവഴികളില്ലായിരുന്നു." പട്ടിണിയുടെ കറുത്തദിനങ്ങളെ ഇങ്ങനെയാണ് ആത്മകഥയില്‍ ഓര്‍ത്തെടുക്കുന്നത്.

മഹാനഗരത്തിന്റെ പിന്നാമ്പുറത്ത് നിരന്തരം തരംതാഴ്ത്തപ്പെടുന്ന കോളനിജീവിതത്തിന്റെ തുറന്നുപറച്ചിലാകുന്നു ധനുജയുടെ ആത്മകഥ. മകന്‍ നിധീഷിനെ 2006ല്‍ എട്ടുമാസത്തെ ചെണ്ട പഠനത്തിനിടെ കലാമണ്ഡലത്തില്‍നിന്ന് അയിത്തം കല്‍പ്പിച്ച് പടിയിറക്കി. രാജാജി നഗര്‍ കോളനിയിലെ (പഴയ ചെങ്കല്‍ചൂള) 672-ാം നമ്പര്‍ ഫ്ളാറ്റിലാണ് ധനുജയുടെ കലാകുടുംബം. ഭര്‍ത്താവ് സതീഷ് തിരക്കുള്ള ചെണ്ടവാദകന്‍. മകന്‍ നിധീഷ് എ ആര്‍ റഹ്മാന്‍ പ്രിന്‍സിപ്പലായ കെ എം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഓഡിയോ എന്‍ജിനിയറിങ് കോഴ്സിന് പഠിക്കുന്നു. അനുജന്‍ സുധീഷും റഹ്മാന്റെ കീഴില്‍ ഡ്രം കോഴ്സിന് ചേരാനൊരുങ്ങുന്നു. സിപിഐ എം തമ്പാനൂര്‍ ലോക്കല്‍ കമ്മിറ്റി അംഗമായ ധനുജയുടെ ചെറിയ ആഗ്രഹങ്ങളില്‍ രാജാജി നഗര്‍ കോളനിയിലെ കൊച്ചുഗ്രന്ഥശാലയുമുണ്ട്. വിജില ചിറപ്പാടാണ് പുസ്തകം ചിട്ടപ്പെടുത്തിയത്.

ഷംസുദ്ദീന്‍ കുട്ടോത്ത്

എഴുത്തുകാരെ നിശ്ശബ്ദമാക്കാന്‍ ശ്രമം

ന്യൂഡല്‍ഹി: അമേരിക്കന്‍ ഗവേഷക വെന്‍ഡി ഡോണിഗര്‍ രചിച്ച "ദ ഹിന്ദൂസ്: ആന്‍ ആള്‍ട്ടര്‍നേറ്റീവ് ഹിസ്റ്ററി" (ഹിന്ദു ഒരു ബദല്‍ ചരിത്രം) എന്ന പുസ്തകം പിന്‍വലിച്ച പ്രസാധകരുടെ നടപടിയില്‍ വ്യാപക പ്രതിഷേധം. പുസ്തകം പിന്‍വലിച്ച പെന്‍ഗ്വിന്‍ ഇന്ത്യയുടെ തീരുമാനത്തിനെതിരെ വിവിധ സംഘടനകളും സാംസ്കാരികനായകരും രംഗത്തുവന്നു. പുസ്തകം ഹിന്ദുക്കളെ അപമാനിക്കുന്നതാണെന്ന ആരോപണവുമായി ഹൈന്ദവ സംഘടന പ്രതിഷേധമുയര്‍ത്തിയതോടെയാണ് പുസ്തകം പെന്‍ഗ്വിന്‍ ഇന്ത്യ പിന്‍വലിച്ചത്. പുസ്തകം പിന്‍വലിക്കുകവഴി എഴുത്തുകാരെ നിശബ്ദരാക്കുകയാണ് ചെയ്തതെന്ന് സഫ്ദര്‍ ഹശ്മി മെമ്മോറിയല്‍ ട്രസ്റ്റ് (സഹ്മത്) പ്രസ്താവനയില്‍ പറഞ്ഞു. ഇര്‍ഫാന്‍ ഹബീബ്, സി പി ചന്ദ്രശേഖര്‍, മൃദുല മുഖര്‍ജി, എം കെ റെയ്ന, രാം റഹ്മാന്‍, ജയതിഘോഷ്, സോയ ഹസന്‍ എന്നിവരാണ്് പുസ്തകം പിന്‍വലിച്ച നടപടിക്കെതിരെ സംയുക്ത പ്രസ്താവനയിറക്കിയത്.

പുസ്തകം പിന്‍വലിച്ച നടപടിക്കെതിരെ ബുക്കര്‍ പ്രൈസ് ജേതാവ് അരുന്ധതി റോയിയും രൂക്ഷ വിമര്‍ശവുമായി രംഗത്തെത്തി. പ്രസാധനരംഗത്ത് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള പെന്‍ഗ്വിന്‍ ഇന്ത്യ ഇത്തരമൊരു നടപടി സ്വീകരിക്കുകവഴി നിസ്സാര സംഘടനയുടെ മുന്നില്‍ അപമാനിതരായെന്ന് അരുന്ധതിറോയി പറഞ്ഞു.

അതേസമയം, പുസ്തകം പിന്‍വലിച്ച നടപടിയെ പ്രസാധകരായ പെന്‍ഗ്വിന്‍ ഇന്ത്യ ന്യായീകരിച്ചു. അതതു രാജ്യങ്ങളിലെ നിയമം പാലിക്കാന്‍ ബാധ്യസ്ഥമാണെന്നും മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ പ്രചരിപ്പിക്കാന്‍ കഴിയില്ലെന്നും പെന്‍ഗ്വിന്‍ ഇന്ത്യ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. തങ്ങളുടെ ജീവനക്കാരെ ഭീഷണിയില്‍നിന്ന് സംരക്ഷിക്കേണ്ട ബാധ്യതയുണ്ടെന്നും പ്രസാധകര്‍ അറിയിച്ചു.

സംഘപരിവാര്‍ സംഘടനയുടെ പരാതിയില്‍ ന്യൂഡല്‍ഹിയിലെ ജില്ലാ കോടതിയില്‍ നടന്ന ഒത്തുതീര്‍പ്പുപ്രകാരം പുസ്തകം പിന്‍വലിക്കുന്നതായി പ്രസാധകരായ പെന്‍ഗ്വിന്‍ ബുക്സ് എഴുതി നല്‍കുകയായിരുന്നു. 2009ലാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ലോകപ്രശസ്ത എഴുത്തുകാരിയും അധ്യാപികയുമായ വെന്റി ഡോണിഗര്‍ ഹിന്ദു സംസ്കാരം, പുരാണകഥകള്‍ തുടങ്ങി വിഷയങ്ങളില്‍ ഇന്ത്യയില്‍ തങ്ങിയാണ് ഗവേഷണജോലികള്‍ നടത്തിയത്. സ്ത്രീ സ്വാതന്ത്ര്യം, ലൈംഗിക സങ്കല്‍പ്പങ്ങള്‍, പല കാലഘട്ടങ്ങളില്‍ പലതരത്തില്‍ വ്യാഖ്യാനിക്കപ്പെട്ട കര്‍മ-ധര്‍മ വിചാരങ്ങള്‍ തുടങ്ങിയവ 800 പേജുള്ള ഗ്രന്ഥത്തില്‍ ചര്‍ച്ചചെയ്യുന്നു. കെട്ടിച്ചമച്ച കഥകളും കൃത്യമല്ലാത്ത വിവരങ്ങളുമാണ് പുസ്തകത്തിലെന്ന് ആരോപിച്ചാണ് ശിക്ഷാ ബചാവോ ആന്ദോളന്‍ കോടതിയെ സമീപിച്ചത്. ഹിന്ദു സംസ്കാരത്തോടും പുരാണകഥകളോടും സംസ്കൃതഭാഷയോടുമുള്ള ആരാധനയും സ്നേഹവുമാണ് ഇന്ത്യയെക്കുറിച്ച് പഠിക്കാന്‍ പ്രേരിപ്പിച്ചതെന്ന് വെന്റി ഡോണിഗര്‍ സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഋഗ്വേദം, കാമസൂത്രം, മനുസ്മൃതി തുടങ്ങിയ ഗ്രന്ഥങ്ങള്‍ ഡോണിഗര്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനംചെയ്തിട്ടുണ്ട്.

deshabhimani

Friday, January 24, 2014

മോഡിയെ ക്ഷണിച്ചുവരുത്തി മതനിരപേക്ഷ പൈതൃകം തകര്‍ക്കരുത്: മീന കന്തസ്വാമി

കൊല്ലം: സവര്‍ണവര്‍ഗീയതയുടെ വക്താവായ നരേന്ദ്രമോഡിയെ ക്ഷണിച്ചുവരുത്തുന്നതിലൂടെ കേരളത്തിന്റെ മതനിരപേക്ഷ പൈതൃകത്തിനു ചിലര്‍ കളങ്കംവരുത്തുകയാണെന്ന് എഴുത്തുകാരി മീന കന്തസ്വാമി പറഞ്ഞു. കെ സുകുമാരന്റെ "മഹാനദിക്കരയില്‍" നോവല്‍ പ്രകാശനംചെയ്യുകയായിരുന്നു അവര്‍.

മതനിരപേക്ഷതയ്ക്കും സാമൂഹിക സമത്വത്തിനും പേരുകേട്ട നാടാണ് കേരളം. ശ്രീനാരായണഗുരുവും അയ്യന്‍കാളിയും ഉയര്‍ത്തിപ്പിടിച്ച മതേതര പൈതൃകത്തെ മുറിവേല്‍പ്പിക്കരുത്. അവശരുടെ ഉയിര്‍പ്പിനായി രൂപംകൊണ്ട സംഘടനകള്‍ കര്‍മയോഗയുടെ വക്താവായ മോഡിയെ ക്ഷണിച്ചുവരുത്തുന്നതിലെ ശരിയെക്കുറിച്ച് ആത്മപരിശോധന നടത്തണം. വികസനത്തിന്റെ നാടെന്നു കൊട്ടിഘോഷിക്കുന്ന ഗുജറാത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ബഹുഭൂരിപക്ഷത്തിന്റെയും ജീവിതം നരകതുല്യമാണ്. ന്യൂനപക്ഷം വരുന്ന ഐടി, കുത്തക വ്യവസായികള്‍ മാത്രമാണ് മോഡി ഭരണത്തില്‍ നേട്ടമുണ്ടാക്കുന്നത്. തോട്ടിപ്പണി ഇന്നും സജീവമായി നിലനില്‍ക്കുന്ന നാടാണ് മോഡിയുടെ ഗുജറാത്തെന്നും മീന കന്തസ്വാമി പറഞ്ഞു.

deshabhimani

Tuesday, October 15, 2013

പിള്ളച്ചേട്ടന്റെ "പൈശാ"ക്കഥകളുമായി വക്കീലന്മാരുടെ പുസ്തകം

ഒരു പഴംകൊണ്ട് 25 പഴംപൊരി ഉണ്ടാക്കിയ യേശുവാണ് കൃഷ്ണപിള്ളച്ചേട്ടന്‍. പൈശാ പൈശാ എന്ന ശബ്ദമാണ് ഈ ചേട്ടന് എപ്പോഴും നാവില്‍നിന്ന് വരുന്നത്. കുട്ടികള്‍ തര്‍ക്കിച്ചാല്‍ പൈശ തന്നിട്ടു പോടെ എന്നാണ് ചേട്ടന്റെ നിഷ്കളങ്കമായ വിരട്ട്. "പൈപ്പും പരിപ്പുവടയും പറഞ്ഞത്" എന്ന ക്യാമ്പസ് കഥകളില്‍ നിറഞ്ഞുനില്‍ക്കുന്നത് ക്യാന്റീന്‍ നടത്തിയിരുന്ന കൃഷ്ണപിള്ള ച്ചേട്ടനും ഭാര്യ ഗോമതിച്ചേച്ചിയുമാണ്. ലോ അക്കാദമിയിലെ പൂര്‍വവിദ്യാര്‍ഥികളുടെ ഫേസ് ബുക്ക് കൂട്ടായ്മ ഇറക്കിയ കലാലയ അനുഭവങ്ങളും തങ്ങളുടെ സര്‍ഗസൃഷ്ടികളുമാണ് ഈ പുസ്തകം. ഇതിലെ പ്രധാന കഥാപാത്രങ്ങള്‍ മൂന്നു പതിറ്റാണ്ടായി ലോ അക്കാദമിയില്‍ ക്യാന്റീന്‍ നടത്തിയിരുന്ന കൃഷ്ണപിള്ളയും കലാലയമുറ്റത്ത് കുടിവെള്ളപദ്ധതിക്കായി ഇറക്കിയിട്ടിരിക്കുന്ന കോണ്‍ക്രീറ്റ് പൈപ്പുകളുമാണ്. പണ്ട് ഇറക്കിയിട്ടിരുന്ന കൂറ്റന്‍ പൈപ്പുകള്‍ വിദ്യാര്‍ഥികള്‍ക്ക് പിന്നീട് ഒഴിവുവേളകളിലെ ഇരിപ്പിടമായി. ഇതിനു പുറമെ വിദ്യാര്‍ഥി സംഘടനകളുടെ യോഗങ്ങള്‍ക്കും ചൂടേറിയ നിയമ ചര്‍ച്ചകള്‍ക്കും ക്യാമ്പസ് പ്രണയത്തിനും ഈ പൈപ്പുകള്‍ സാക്ഷിയായി. ഈ പൈപ്പുകളില്‍ ഒരിക്കലും അഴുക്കു പുരണ്ടിട്ടില്ല. അഴുക്കൊക്കെ ഉടുതുണികള്‍ ഭദ്രമായി വീട്ടിലെത്തിച്ചു എന്നാണ് പുസ്തകത്തിലെ ഒരു കഥയില്‍ പരാമര്‍ശിച്ചിരിക്കുന്നത്.

 ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ആരംഭിച്ച കേരള ലോ അക്കാദമി ഇന്റര്‍നെറ്റ് കമ്യൂണിറ്റി എന്ന ഫേസ്ബുക്ക് കൂട്ടായ്മയാണ് "പൈപ്പും പരിപ്പുവടയും പറഞ്ഞത്" എന്ന പുസ്തകത്തിന് രൂപം നല്‍കിയത്. ഇതിന്റെ എഡിറ്ററായ വി അരവിന്ദ്, അഭിഭാഷകരായ എം ആര്‍ ചിത്രലാല്‍, ഡിജിത്ത് നായര്‍, വി പി വിപിന്‍കുമാര്‍ എന്നിവരാണ് ഈ ഓര്‍മപ്പുസ്തകത്തിന്റെ പിന്നണിയില്‍. ഫേസ്ബുക്കില്‍ കലാലയത്തെ ഓര്‍മിപ്പിക്കുന്ന പൈപ്പ്, ക്യാന്റീന്‍, ബസ്, ലേഡീസ് റൂം, സ്റ്റേജ്, മണ്‍കുടം, ഗ്രൗണ്ട്, കലുങ്ക്, ഇടനാഴി, ഹോസ്റ്റല്‍ എന്നിവയുടെ ചിത്രങ്ങള്‍ ഇടുകയായിരുന്നു. ഇതില്‍ പൂര്‍വവിദ്യാര്‍ഥികള്‍ തങ്ങളുടെ അനുഭവങ്ങളും കുറിപ്പുകളും എഴുതിച്ചേര്‍ക്കുകയായിരുന്നു. കലാലയത്തില്‍ നടന്ന ചെറിയ സംഭവങ്ങള്‍, യാത്രകള്‍, തുടങ്ങിയവ കഥാരൂപത്തില്‍ പുസ്തകമായി. ആകര്‍ഷകമായ ലേ ഔട്ടും ചിത്രങ്ങളും ചേര്‍ത്ത് അപൂര്‍വമായ ഒരു സൃഷ്ടിയായി ഇതു രൂപംകൊണ്ടു. പുസ്തകത്തിന്റെ പ്രകാശനവും ശ്രദ്ധേയമായി. ക്യാന്റീന്‍ നടത്തിയിരുന്ന കൃഷ്ണപിള്ളയ്ക്കും ഗോമതിക്കും പുസ്തകം കൈമാറി കോളേജ് പ്രിന്‍സിപ്പല്‍ ലക്ഷ്മിനായരാണ് പ്രകാശനം നിര്‍വഹിച്ചത്. ഡോ. എന്‍ നാരായണന്‍നായരും പങ്കെടുത്തു. പൈപ്പിനു സമീപത്താണ് ചടങ്ങ് നടന്നത്. 1979 ബാച്ചു മുതലുള്ള വിദ്യാര്‍ഥികള്‍ മുതല്‍ നിലവില്‍ പഠിക്കുന്നവര്‍വരെ പങ്കാളികളായി. പ്രമുഖ യുവ കഥാകൃത്തുക്കളായ കെ ആര്‍ മീരയും ബി മുരളിയുമാണ് പുസ്തകത്തിന് ആമുഖക്കുറിപ്പ് എഴുതിയിരിക്കുന്നത്.

deshabhimani

Thursday, September 12, 2013

ഡോ. കെ എന്‍ പണിക്കരുടെ "ഹിസ്റ്ററി ആസ് എ സൈറ്റ് ഓഫ് സ്ട്രഗിള്‍" പുസ്തകം പ്രകാശനം ചെയ്തു

പ്രമുഖ ചരിത്രകാരന്‍ ഡോ. കെ എന്‍ പണിക്കരുടെ "ഹിസ്റ്ററി ആസ് എ സൈറ്റ് ഓഫ് സ്ട്രഗിള്‍" എന്ന പുസ്തകം ഉപരാഷ്ട്രപതി ഡോ എ ഹമീദ് അന്‍സാരി പ്രകാശനം ചെയ്തു. പ്രമുഖ ചരിത്രകാരി റോമിലാഥാപ്പര്‍ ആദ്യപ്രതി ഏറ്റുവാങ്ങി. ചരിത്ര രചനയിലെ വേറിട്ട ശബ്ദമാണ് കെ എന്‍ പണിക്കരുടേതെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. സാമ്രാജ്യത്വവിരുദ്ധ ചരിത്ര രചനയ്ക്ക് ഊന്നല്‍ നല്‍കുകയും മതേതരത്വത്തിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന അദ്ദേഹം മുന്‍നിര ചിരിത്രകാരന്മാരില്‍ ഒരാളാണെന്നും ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. ചരിത്രവും ചരിത്രരചനയും ബൗദ്ധികമായും പ്രായോഗികമായും നിര്‍ണാക പോരാട്ടത്തിന്റെ വേദിയായി മാറുകയാണ്. ബൗദ്ധികമായ ചരിത്രമാണ് പണിക്കരുടെ വഴി. അതിലൂടെ സാമൂഹികവും സാംസ്കാരികവുമായ പരിഛേദമാണ് അദ്ദേഹം ചികയുന്നത്. ബൗദ്ധികമായ അധിനിവേശത്തിനെതിരെയുള്ള ഡോ. പണിക്കരുടെ പോരാട്ടം അവഗണിക്കാനാകുന്നതല്ലെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

രാജ്യത്തിന്റെ ഇപ്പോഴത്തെ പോക്ക് അപകടകരമാണെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന ഗവര്‍ണര്‍ നിഖില്‍കുമാര്‍ പറഞ്ഞു. മതവും ജാതിയും രാഷ്ട്രീയത്തെ സ്വാധീനിക്കുന്ന അവസ്ഥയില്‍ ജനാധിപത്യം എവിടെ എത്തി എന്ന് പരിശോധിക്കണം. മതേതരത്വവും മതതീവ്രവാദവും തമ്മിലാണ് മത്സരം. മതേതരത്വം വര്‍ഗീയതയ്ക്കെതിരായി മാത്രമല്ല, ജാതിയത, പ്രാദേശികവാദം, വിഭാഗീയത എന്നിവയ്ക്കും എതിരായ ആയുധമാണ്. തെരഞ്ഞെടുപ്പുകളില്‍ ഇവയെല്ലാം വിഷയമാകേണ്ടതുണ്ട്്. ചരിത്രത്തില്‍നിന്ന് പാഠം ഉള്‍ക്കൊണ്ടില്ലെങ്കില്‍ തെറ്റുകള്‍ ആവര്‍ത്തിക്കും. ചരിത്രകാരന്‍ എന്ന നിലയില്‍ അതുല്യ പ്രതിഭയാണ് ഡോ കെ എന്‍ പണിക്കര്‍. തനിക്ക് സത്യമെന്ന് തോന്നുന്ന കാര്യം തുറന്നു പറയുന്നതില്‍ അദ്ദേഹം മടിക്കാറില്ല. നമ്മുടെ നല്ല പാരമ്പര്യങ്ങളുടെ വക്താവായ അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ ഹിന്ദിയിലേക്കും വിവിധ പ്രാദേശിക ഭാഷകളിലേക്കും വിവര്‍ത്തനംചെയ്ത് പ്രസിദ്ധീകരിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

വര്‍ഗീയവല്‍ക്കരിച്ച ചരിത്ര രീതികളെ ശക്തമായി എതിര്‍ക്കുന്ന ചരിത്രകാരനാണ് ഡോ കെ എന്‍ പണിക്കരെന്ന് മുഖ്യപ്രഭാഷണം നടത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മതേതര നിലപാടിലൂന്നിയുള്ള ഡോ. പണിക്കരുടെ ചരിത്രവീക്ഷണം വിലമതിക്കാനാകാത്തതാണെന്ന് ഡോ റോമിലാഥാപ്പര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ചരിത്ര രചന എന്നും പ്രചോദനമാണ്. ചരിത്രത്തെ വളച്ചൊടിച്ച് തങ്ങള്‍ക്കനുകൂലമാക്കാന്‍ മതവര്‍ഗീയ ശക്തികള്‍ ശ്രമിക്കുന്നു. ബാബറി മസ്ജിദ് തകര്‍ത്തതിന് ചരിത്രത്തിന്റെ പിന്‍ബലം നല്‍കാന്‍ നടന്ന ശ്രമങ്ങള്‍ നാം കണ്ടതാണ്. ഇത്തരം ശ്രമങ്ങളെ ചെറുക്കുന്നതില്‍ ഡോ. പണിക്കര്‍ നിര്‍ണായക പങ്ക് വഹിച്ചു. മതേതര അടിത്തറിയിലാണ് അദ്ദേഹം ചരിത്ര രചന നിര്‍വഹിക്കുന്നതെന്നും റോമിലാഥാപ്പര്‍ പറഞ്ഞു. കേന്ദ്ര മന്ത്രി ശശി തരൂര്‍, മന്ത്രി വി എസ് ശിവകുമാര്‍, കെസിഎച്ച്ആര്‍ ഡയറക്ടര്‍ ഡോ പി ജെ ചെറിയാന്‍, അക്കാദമിക് കോഡിനേറ്റര്‍ ഡോ പ്രീതാനായര്‍ എന്നിവര്‍ സംസാരിച്ചു.

deshabhimani

Thursday, May 9, 2013

"ലോകത്തെ മാറ്റുന്നത്" പ്രകാശനം ചെയ്തു



തൃശൂര്‍: എറിക് ഹോബ്സ്ബോമിന്റെ "ഹൗ റ്റു ചേഞ്ച് ദി വേള്‍ഡി"ന്റെ മലയാള പരിഭാഷയായ "ലോകത്തെ മാറ്റുന്നത്" എന്ന പുസ്തകം സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി പ്രകാശനം ചെയ്തു. ചിന്ത പബ്ലിഷേഴ്സാണ് പ്രസാധകര്‍. അറിവും ചിന്തകളും നവീകരിച്ചു മാത്രമേ ഉത്തമനായ കമ്യുണിസ്റ്റും വിപ്ലവകാരിയുമായി മാറാന്‍ കഴിയൂവെന്ന് എം എ ബേബി പറഞ്ഞു. സമൂഹത്തെ മാറ്റിമറിക്കുന്ന പ്രവര്‍ത്തനത്തില്‍ പങ്കാളിയായ യഥാര്‍ഥ കമ്യൂണിസറ്റുകാരന്‍ അറിവുകളെ സ്വയം പുതുക്കുക എന്ന മാര്‍ക്സിസ്റ്റ് ചിന്തകന്‍ എറിക് ഹോബ്സ്ബോമിന്റെ നിരീക്ഷണങ്ങള്‍ ഇന്നും പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു കമ്യൂണിസ്റ്റുകാരന്‍ എന്താണ് പൊതുചര്‍ച്ചക്ക് വിധേയമാക്കേണ്ടത്, എന്താണ് പാടില്ലാത്ത് എന്ന് അതിവിദഗ്ധമായി എറിക് ഹോബ്സ് ബോധ്യപ്പെടുത്തി. സാമുഹ്യമാറ്റത്തിനായി പ്രവര്‍ത്തിക്കുന്നവരുടെ ലക്ഷ്യബോധത്തിന് മൂര്‍ച്ചകൂട്ടാന്‍ സഹായിക്കുന്ന എറിക്കിന്റെ പുസ്തകം നമ്മുടെ സാംസ്കാരിക ജീവിതത്തിലെ വലിയ സംഭാവനയായി മാറുമെന്നും ബേബി പറഞ്ഞു.

കേരള സാഹിത്യ അക്കാദമി ബഷീര്‍ വേദിയില്‍ നടന്ന ചടങ്ങില്‍ പ്രൊഫ. കെ യു അരുണന്‍ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി എ സി മൊയ്തീന്‍ പുസ്തകം ഏറ്റുവാങ്ങി. പുസ്തക പരിഭാഷകന്‍ പി കെ ശിവദാസ് പുസ്തക പരിചയപ്പെടുത്തി. സുനില്‍ പി ഇളയിടം, എന്‍ ആര്‍ ഗ്രാമപ്രകാശ് എന്നിവര്‍ സംസാരിച്ചു. ചിന്ത പബ്ലിഷേഴ്സ് ജനറല്‍ മാനേജര്‍ വി കെ ജോസഫ് സ്വാഗതവും എം ശിവശങ്കരന്‍ നന്ദിയും പറഞ്ഞു.

ലോകത്തിന്റെ മാറ്റവും മാറ്റത്തിന്റെ ലോകവും - സച്ചിദാനന്ദന്‍ എഴുതിയ അവതാരിക

deshabhimani 080513

Friday, April 26, 2013

സ്ത്രീജീവിതങ്ങളുടെ തുടിപ്പും പാരീസിന്റെ സൗരഭ്യവും പേറി പുസ്തകോത്സവം


കൊല്ലം: "ചരിത്രം പുരുഷാധിപത്യത്തിന്റേതു മാത്രമല്ല; അറിഞ്ഞും അറിയാതെയും ആള്‍ക്കൂട്ടത്തിന്റെ ഭാഗമായി മാറുന്ന സ്ത്രീജീവിതങ്ങളുടെ കൂടിയാണ്..." ചരിത്രത്തെ അടയാളപ്പെടുത്തുകയും ഒപ്പം പൂര്‍ണതയിലെത്തിക്കാനുമുള്ള ചരിത്രദൗത്യമാണ് പി കെ ഗോപന്‍ എഡിറ്റ് ചെയ്ത സ്ത്രീജീവിതങ്ങള്‍ എന്ന പുസ്തകം നിര്‍വഹിക്കുന്നത്. വി ടിയുടെ നാടകപാഠം പോലെ, അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക് എത്തി സാമൂഹികനിര്‍മിതിയുടെ നേതൃത്വത്തിന് പുരുഷനോടൊപ്പം ചേര്‍ന്നുനിന്ന 25 മഹനീയ സ്ത്രീരത്നങ്ങളുടെ ജീവിതപാഠമാണ് സ്ത്രീജീവിതം എന്ന ഗ്രന്ഥം. സ്വാതന്ത്ര്യസമര നായികയും കമ്യൂണിസ്റ്റ് പോരാളിയുമായിരുന്ന ക്യാപ്റ്റന്‍ ലക്ഷ്മി മുതല്‍ സാക്ഷരതാപ്രസ്ഥാനത്തെ സാമൂഹ്യനവോത്ഥാനത്തിന്റെ വിശുദ്ധിയിലേക്ക് ഉയര്‍ത്തിയ വി കെ റാബിയ വരെ 25 ഇതിഹാസ നായികമാരെക്കുറിച്ച് രേഖപ്പെടുത്തുന്നത് സുഭാഷിണി അലി മുതല്‍ ഡോ. മഞ്ജു രാമചന്ദ്രന്‍ വരെയുള്ള 25 എഴുത്തുകാരികളാണ്. അങ്ങനെ 50 സ്ത്രീകളുടെ സജീവ സാന്നിധ്യവും കേരളീയ സ്ത്രീജീവിതത്തിന്റെ നേരടയാളവും കൂടിയാണ് പുസ്തകം. പ്ര

മുഖരുടെ രചനകള്‍കൊണ്ട് സമ്പന്നമായ പുസ്തകോത്സവത്തില്‍ സിപിഐ എം കുന്നത്തൂര്‍ ഏരിയസെക്രട്ടറിയും പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറിയും ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റുമായ പി കെ ഗോപന്‍ എഡിറ്റ് ചെയ്ത സ്ത്രീജീവിതം ഏറെ ചര്‍ച്ചചെയ്യപ്പെടുന്നത് പുസ്തകത്തിന്റെ മൗലികമായ പ്രത്യേകതകള്‍ കൊണ്ടുതന്നെയാണ്. കോഴിക്കോട് പ്രോഗ്രസ് പബ്ലിക്കേഷന്‍സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ചിത്രകാരനും ഗ്രാഫിക് ഡിസൈനറുമായ യു എം ബിന്നിയുടെ മുഖമുദ്രകള്‍ പറയുന്നത് എന്ന വ്യത്യസ്തമായ പുസ്തകം പുസ്തകപ്രസാധനരംഗത്തുതന്നെ ചരിത്രമായി മാറുകയാണ്. എം എ ബേബി, ബിനോയ് വിശ്വം, കുരീപ്പുഴ ശ്രീകുമാര്‍ തുടങ്ങി 21 പ്രമുഖര്‍ ബിന്നിയുടെ 21 ലോഗോകളെക്കുറിച്ച് എഴുതിയ കുറിപ്പുകളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. കൊല്ലം മധു എഡിറ്റ് ചെയ്ത പുസ്തകം യുവമേള പബ്ലിക്കേഷന്‍സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്വപ്നത്തില്‍നിന്ന് ജീവിത യാഥാര്‍ഥ്യങ്ങളിലേക്കുള്ള യാത്രയാണ് എം മുകുന്ദന്റെ പാരീസ് എന്ന നോവലെറ്റ്. യാഥാര്‍ഥ്യത്തിന്റെയും ഭ്രമാത്മകതയുടെയും അതിരുകള്‍ വായനയ്ക്കിടയില്‍ മാഞ്ഞുപോകുന്ന ഹൃദ്യമായ അനുഭവമായി മാറുന്ന പാരീസ് കൊല്ലം പുസ്തകോത്സവത്തില്‍ പന്ന്യന്‍ രവീന്ദ്രനാണ് പ്രകാശനം ചെയ്തത്. ഗ്രന്ഥകാരന്‍ തന്റെ കൗമാരയൗവനങ്ങള്‍ കഴിച്ചുകൂട്ടിയ ഫ്രാന്‍സ് പ്രധാന പശ്ചാത്തലമാകുന്ന പാരീസ്, മലയാളി ദൈവങ്ങള്‍ എന്നീ നോവലെറ്റുകള്‍ വായനക്കാരിലേക്ക് സന്നിവേശിപ്പിക്കുന്നത് ഒരു ഫ്രഞ്ച് മണമാണ്. പുസ്തകോത്സവത്തിലെത്തുന്ന പുസ്തകപ്രേമികളുടെ ഇഷ്ടവിഭവമായി മാറിയിരിക്കുകയാണ് സൈന്ധവ ബുക്സ് പ്രസിദ്ധീകരിച്ച പാരീസ്. ജീവിതത്തിന്റെ കൂട്ടുകാര്‍ എന്നു വിശേഷിപ്പിക്കുന്ന പുസ്തകങ്ങളുമായി കൊല്ലം പബ്ലിക് ലൈബ്രറിയില്‍ ഒരുക്കിയിരിക്കുന്ന പുസ്തകോത്സവത്തിന് 27നു തിരശ്ശീല വീഴും.
(കെ ബി ജോയി)

deshabhimani 260413

Tuesday, April 9, 2013

ഇടതുപക്ഷത്തിനെതിരെ കാണപ്പെടാത്ത ശക്തികളും: പിണറായി


ഇടതുപക്ഷത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് കേരളത്തിന് അകത്തുള്ള വലതുപക്ഷം മാത്രമല്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പുറത്തുള്ള ശക്തികളും ഇതിലുണ്ട്. നാം കാണുന്ന ശക്തികളും കാണാത്ത ശക്തികളും ഈ ആക്രമണങ്ങള്‍ക്കു പിന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡോ. ടി എം തോമസ് ഐസക് രചിച്ച "വിരുദ്ധന്മാരുടെ രണ്ടാം വരവ്" എന്ന പുസ്കത്തിന്റെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു പിണറായി.

ശരിയായ രീതിയില്‍ ജനാധിപത്യ കേന്ദ്രീകരണ തത്വം പ്രയോഗിച്ചതിന്റെ ഫലമായാണ് പാര്‍ടിക്ക് വെല്ലുവിളികളെ നേരിടാന്‍ കഴിഞ്ഞത്. രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ സമീപനങ്ങള്‍ സ്വീകരിച്ചാണ് പാര്‍ടി കരുത്താര്‍ജിച്ചത്. പാര്‍ടി ഗ്രാമങ്ങള്‍ മറ്റു രാഷ്ട്രീയവിശ്വാസങ്ങളുള്ളവര്‍ക്ക് താമസിക്കാന്‍ പറ്റാത്ത സ്ഥലങ്ങളാണെന്നും പ്രചരിപ്പിക്കുന്നു. ഇത് ശരിയല്ല. വന്‍തോതില്‍ ഇടതുപക്ഷ ആഭിമുഖ്യമുള്ള സംസ്ഥാനമാണ് കേരളം. അത് തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. നാട് തിരസ്കരിച്ച ആചാരങ്ങള്‍ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ അതിന്റെ ഭാഗമാണ്. അരാഷ്ട്രീയത വളര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ഗ്രന്ഥശാലാപ്രസ്ഥാനത്തെയും തകര്‍ക്കുകയാണെന്നും പിണറായി പറഞ്ഞു.

എ കെ ജി പഠന ഗവേഷണകേന്ദ്രത്തിന്റെ പ്രതിമാസ ചര്‍ച്ചാ പരിപാടിയുടെ ഭാഗമായി എ കെ ജി സെന്ററിലായിരുന്നു പുസ്തക പ്രകാശനം. ചിന്ത ജെറോം പുസ്തകം ഏറ്റുവാങ്ങി. ചെറിയാന്‍ ഫിലിപ്പ് അധ്യക്ഷനായി. ഡോ. കെ എന്‍ ഗണേഷ് പ്രഭാഷണം നടത്തി. പ്രൊഫ. കെ എന്‍ ഗംഗാധരന്‍ സ്വാഗതവും സി കെ ഗുപ്തന്‍ നന്ദിയും പറഞ്ഞു. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് പാര്‍ടിവിരുദ്ധര്‍ സിപിഐ എമ്മിനെതിരെ അഴിച്ചുവിട്ട ആക്രമണങ്ങള്‍ പ്രതിപാദിക്കുന്നതാണ് പുസ്തകം. ചിന്ത പബ്ലിഷേഴ്സാണ് പ്രസാധകര്‍.

deshabhimani 090413

facebook note by N Madhavan Kutty

Monday, April 8, 2013

കേരളം മരുന്നുതീനികളുടെ നാട്: ശ്രീമതി


കൊച്ചി: മരുന്നുതിന്ന് ജീവിക്കുന്നവരുടെ നാടായി കേരളം മാറിയിരിക്കയാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി പറഞ്ഞു. മരുന്നിന്റെ ഉപഭോഗം വര്‍ധിച്ചു. യുവതലമുറ കൂടുതലായി മരുന്ന് ഉപയോഗിക്കുന്ന സ്ഥിതിയായി. ഡോ. ബി ഇക്ബാല്‍ എഴുതിയ "ഇന്ത്യന്‍ ഔഷധമേഖല ഇന്നലെ ഇന്ന്" എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ പുസ്തകം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അവര്‍.

കേരളീയര്‍ മരുന്ന് ഭക്ഷണംപോലെയാണ് ഉപയോഗിക്കുന്നത്. അതിനനുസരിച്ച് മരുന്നിന്റെ പേരിലുള്ള ചൂഷണവും വര്‍ധിച്ചു. വികസിത രാജ്യങ്ങളില്‍ നിരോധിച്ച മരുന്നുകള്‍വരെ ഇന്ത്യന്‍ വിപണിയില്‍ ഉയര്‍ന്ന വിലയില്‍ വില്‍ക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഔഷധവിപണിയായി ഇന്ത്യയെ മാറ്റിയിക്കുകയാണ്. ജീവന്‍ കൊടുക്കാനുള്ള മരുന്ന് മനുഷ്യന്റെ നാശത്തിലേക്ക് വഴിതെളിക്കുന്ന സ്ഥിതിയാണുള്ളത്. മരുന്ന് നിരോധിക്കപ്പെടേണ്ടതാണെന്ന വസ്തുത ആശങ്കാജനകമാണ്. മരുന്നിന്റെ ഗുണനിലവാരത്തകര്‍ച്ചയാണ് ഇതു സൂചിപ്പിക്കുന്നത്. മനുഷ്യന് ജീവിക്കാനുള്ള അവകാശം ഉറപ്പാക്കുന്നതുപോലെ ആവശ്യമായ മരുന്ന് ലഭ്യക്കാനുള്ള സാഹചര്യവും ഉറപ്പാക്കണം. ജനറിക് മരുന്നുകളുടെ സൗജന്യവിതരണം പ്രഖ്യാപനം മാത്രമായി ഒതുങ്ങി. സൗജന്യനിരക്കില്‍ മരുന്ന് വിതരണംചെയ്യാന്‍പോലും സര്‍ക്കാരിന് കഴിഞ്ഞില്ല. സാധാരണക്കാര്‍ക്ക് സൗജന്യമായി മരുന്നും ചികിത്സയും ഉറപ്പാക്കാന്‍ കഴിയാത്ത സര്‍ക്കാരിന് തല്‍സ്ഥാനത്തു തുടരാന്‍ അവകാശമില്ലെന്നും ശ്രീമതി പറഞ്ഞു.

ഔഷധമേഖലയുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കണമെന്ന് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ പുസ്തകം പ്രകാശനംചെയ്ത് പറഞ്ഞു. ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസാധനംചെയ്ത പുസ്തകത്തിന്റെ ആദ്യ വില്‍പ്പന ഡോ. സി കെ രാമചന്ദ്രനു നല്‍കി ഡോ. സെബാസ്റ്റ്യന്‍ പോള്‍ നിര്‍വഹിച്ചു. വേണുഗോപാല്‍ രാജ പുസ്തകം പരിചയപ്പെടുത്തി. ഡോ. കെ എസ് ഡേവിഡ് സംസാരിച്ചു. എം കെ പ്രസാദ് അധ്യക്ഷനായി. കാവുമ്പായി ബാലകൃഷ്ണന്‍ സ്വാഗതവും ടി കെ ദേവരാജന്‍ നന്ദിയും പറഞ്ഞു.

deshabhimani 080413

Monday, March 11, 2013

സ്ത്രീമുന്നേറ്റത്തിന്റെ മുഖമുദ്രയായി സമത


തൃശൂര്‍: വായനയിലെ ജനകീയതയും എഴുത്തിലെ സ്ത്രീപക്ഷ ചായ്വും മുഖമുദ്രയാക്കി പുസ്തകപ്രസാധന രംഗത്തെ വനിതാകൂട്ടായ്മയായ "സമത" ശ്രദ്ധേയമാകുന്നു. ഒറ്റയ്ക്കോ ഒന്നോ രണ്ടോ പേര്‍ ചേര്‍ന്നോ നടത്തുന്ന പ്രസാധനക്കമ്പനികള്‍ സ്ത്രീകളുടേതായുണ്ടെങ്കിലും സംസ്ഥാനത്താദ്യമായാണ് പുസ്തകപ്രസാധനരംഗത്ത് വന്‍ കൂട്ടായ്മയൊരുക്കി "സമത" വേറിട്ടുനില്‍ക്കുന്നത്. ഈ പെണ്‍കൂട്ടായ്മയില്‍ ഡോക്ടര്‍മാരും റിട്ട. പ്രൊഫസര്‍മാരും സര്‍ക്കാര്‍ ജീവനക്കാരും വിദ്യാര്‍ഥിനികളും കലാകാരികളും വീട്ടമ്മമാരുമുണ്ട്. രൂപംകൊണ്ട് രണ്ടുവര്‍ഷത്തിനുള്ളില്‍ 11 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച് വമ്പന്‍ പുസ്തക പ്രസാധകരെപ്പോലും ഞെട്ടിച്ചാണ് ഈ വനിതാകൂട്ടായ്മയുടെ ജൈത്രയാത്ര. സാര്‍വദേശീയ വനിതാ ദിനത്തില്‍ ഇവര്‍ നടത്തുന്ന സ്ത്രീപക്ഷ ഇടപെടല്‍ സമൂഹത്തിന് മാതൃകയാണ്. എഴുത്തും വായനയും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പ്രാന്തവല്‍ക്കരിക്കപ്പെട്ട സ്ത്രീപോരാട്ടങ്ങളെ അടയാളപ്പെടുത്താനും അവശതകളനുഭവിക്കുന്ന പഴയകാല സ്ത്രീപോരാളികള്‍ക്ക് പെന്‍ഷന്‍ നല്‍കാനും ഇവര്‍ മുന്നിട്ടിറങ്ങിയിരിക്കുന്നു. പുസ്തകവില്‍പ്പനയില്‍നിന്നാണ് ഇതിനുള്ള തുക കണ്ടെത്തുന്നതെന്നതും ശ്രദ്ധേയം.

കേരളത്തിലെ സ്ത്രീപക്ഷ സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രബിന്ദുവായി തൃശൂരില്‍ 1987ല്‍ രൂപീകരിച്ച "സമത"യുടെ തുടര്‍ച്ചയാണ് ഈ കൂട്ടായ്മ. 1987 മുതല്‍ 1997 വരെയുള്ള കാലത്തിനിടയില്‍ 2500 വേദികളിലായി സമതയുടെ പ്രവര്‍ത്തകര്‍ ആലപിച്ച പാട്ടുകള്‍ സിഡിയായി പ്രസിദ്ധീകരിക്കുകയും ചെയ്തു. കവയത്രി പ്രൊഫ. ലളിത ലെനിനാണ് സമതയുടെ ചെയര്‍പേഴ്സണ്‍. മാനേജിങ് ട്രസ്റ്റിയായി പ്രൊഫ. ടി എ ഉഷാകുമാരി, ജോയിന്റ് ട്രസ്റ്റിയായി ഡോ. പി യു ശോഭ, വൈസ് ചെയര്‍ പേഴ്ണായി ഡോ. ആര്‍ ബി രാജലക്ഷ്മി, ട്രഷറര്‍ ഗിരിജാകുമാരി എന്നിവരടങ്ങിയ ഇരുപത്തൊമ്പതംഗ കമ്മിറ്റിയാണ് വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

deshabhimani

Friday, December 21, 2012

"ചെഗുവേര എന്റെ ജീവിത സഖാവ്" പ്രകാശനം ചെയ്തു


കൊച്ചി: അനശ്വര വിപ്ലവകാരി ചെഗുവേരയുടെ ജീവിതസഖി അലൈഡാ മാര്‍ച്ച് രചിച്ച "ചെഗുവേര എന്റെ ജീവിത സഖാവ്" എന്ന ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ പ്രകാശനം ചെയ്തു. ജെഎസ്എസ് നേതാവ് കെ ആര്‍ ഗൗരിയമ്മ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബിക്ക് പുസ്തകത്തിന്റെ കോപ്പി നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. പ്രസാധനരംഗത്തെ പെണ്‍കൂട്ടായ്മയായ സമത പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ മൊഴിമാറ്റം നിര്‍വഹിച്ചത് രാജന്‍ തുവ്വാരയാണ്.

"ചെഗുവേര എന്റെ ജീവിത സഖാവ്" എന്ന പുസ്തകം തൊടുമ്പോള്‍ നാം ലാറ്റിനമേരിക്കന്‍ ഭൂഖണ്ഡത്തെയാണ് തൊടുന്നതെന്ന് പുസ്തകം സ്വീകരിച്ച് എം എ ബേബി പറഞ്ഞു. ചെഗുവേരയും ഫിഡല്‍ കാസ്ട്രോയും റൗള്‍ കാസ്ട്രോയും സൈറാ എസ്ട്രേ മലനിരകളില്‍ ഒളിപ്പോര്‍ നടത്തുമ്പോള്‍ സമതലങ്ങളില്‍ ജനങ്ങളെ സംഘടിപ്പിക്കുന്ന ജോലിയായിരുന്നു അലൈഡാ മാര്‍ച്ച് നിര്‍വഹിച്ചിരുന്നത്. സ്വന്തം രക്തംനല്‍കി ചെഗുവേരയും സഖാക്കളും ജ്വലിപ്പിച്ച ലാറ്റിനമേരിക്കയിലാണ് ഇന്ന് ലോകത്തിന്റെ പ്രതീക്ഷയത്രയുമെന്ന് എം എ ബേബി പറഞ്ഞു. ഇന്ന് പത്രം വായിച്ചാല്‍ സ്ത്രീ പുരുഷന്റെ ഉപഭോഗവസ്തുവായി മാറിയെന്ന് തോന്നുമെന്ന് പുസ്തകം പ്രകാശനം ചെയ്ത് കെ ആര്‍ ഗൗരിയമ്മ പറഞ്ഞു. ഇതിനെതിരെ ശക്തമായ പോരാട്ടത്തിന് സ്ത്രീകള്‍ തയ്യാറാകണമെന്ന് ഗൗരിയമ്മ പറഞ്ഞു.

മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സമത ചെയര്‍പേഴ്സണ്‍ പ്രൊഫ. ലളിത ലെനിന്‍ അധ്യക്ഷയായി. ഗായിക പി കെ മേദിനി "റെഡ് സല്യൂട്ട്, റെഡ് സല്യൂട്ട് രക്തസാക്ഷി ഗ്രാമങ്ങളെ.." എന്ന ഗാനം ആലപിച്ച് സദസ്സിന് അഭിവാദ്യം അര്‍പ്പിച്ചു. ഡോ. സെബാസ്റ്റ്യന്‍ പോള്‍, ഡോ. കെ ആര്‍ വിശ്വംഭരന്‍, സൈമണ്‍ ബ്രിട്ടോ, കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. പി കെ ഹരികുമാര്‍, വിവര്‍ത്തകന്‍ രാജന്‍ തുവ്വാര, മഹാരാജാസ് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ബി അനൂപ്, സമത മാനേജിങ് ട്രസ്റ്റി പ്രൊഫ. ടി എ ഉഷാകുമാരി എന്നിവര്‍ സംസാരിച്ചു. പരിപാടിക്കു മുന്നോടിയായി പി കെ സുനില്‍കുമാറും സംഘവും ഇന്തോ-ലാറ്റിനമേരിക്കന്‍ ഫ്യൂഷന്‍ സംഗീതം അവതരിപ്പിച്ചു.

deshabhimani 211212

Monday, August 6, 2012

വെട്ടുവഴികളിലെ വേട്ടക്കാര്‍


മരണം ദുഃഖകരമാണ്. കൊലപാതകമാകുമ്പോള്‍ പ്രതിഷേധകരവുമാകും. ആയുധങ്ങള്‍കൊണ്ട് ആശയങ്ങളെ തിരുത്താനോ അവസാനിപ്പിക്കാനോ ആകില്ല. 1960കളുടെ അവസാനത്തിലും "70കളുടെ തുടക്കത്തിലും നടപ്പാക്കാന്‍ ശ്രമിച്ച ഉന്മൂലനസിദ്ധാന്തത്തിന്റെ പ്രയോഗത്തെ കേരളസമൂഹം നിഷ്കരുണം നിരാകരിച്ചു. ഭരണാധികാരികളുടെ നടപടികളല്ല, നരഹത്യക്കെതിരെയുള്ള പൊതുബോധത്തെ സൃഷ്ടിക്കാന്‍ പുരോഗമനപ്രസ്ഥാനങ്ങള്‍ നടത്തിയ ക്രിയാത്മക ഇടപെടലാണ് വഴിപിഴച്ച ആശയങ്ങള്‍ക്ക് അന്ത്യംകുറിച്ചത്. പരിഷ്കൃതസമൂഹത്തിന് അംഗീകരിക്കാന്‍ കഴിയുന്ന കൃത്യമല്ല മെയ് നാലിന് ഒഞ്ചിയത്ത് നടന്ന കൊലപാതകം. എന്നാല്‍, പൊലിഞ്ഞുവീണ ജീവന്റെ പേരില്‍ രാഷ്ട്രീയലാഭം കൊയ്യാന്‍ നടന്ന സംഘടിതശ്രമം ഈ അരുംകൊലയെപ്പോലെതന്നെ നമ്മളെ ഞെട്ടിപ്പിക്കേണ്ടതാണ്. കൊല നടന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ കൊന്നവരെപ്പറ്റി അന്വേഷിക്കുന്നതിനുമുന്നേ കൊല്ലിച്ചവരെ കണ്ടെത്താന്‍ കാട്ടിയ തിടുക്കത്തിനുപിന്നിലെ ഉദ്ദേശ്യശുദ്ധി ആരെങ്കിലും സംശയിച്ചുപോയാല്‍ അവര്‍ ഒഞ്ചിയം വധത്തെ ന്യായീകരിക്കുന്നവരാണെന്ന് പറയരുത്. വാര്‍ത്താ ചാനലുകളുടെയും മുഖ്യധാരാ പത്രങ്ങളുടെയും ചര്‍ച്ചകളിലും വിശകലനങ്ങളിലും മുന്തിയ പങ്കും ഈ സംഭവത്തിനുവേണ്ടി വിനിയോഗിച്ചത് ഉത്തമമായ മാധ്യമധര്‍മം സംരക്ഷിക്കാനാണെന്ന് സാക്ഷരകേരളത്തെ ആര്‍ക്കാണ് വിശ്വസിപ്പിക്കാന്‍ കഴിയുക? സമസ്തമേഖലയിലെയും ഉന്നതശീര്‍ഷരോട് പ്രതികരണത്തിന് ആഹ്വാനംചെയ്ത മഹത്തുക്കളുടെ കാരുണ്യം കേരളത്തിന് പുതിയ അനുഭവമായിരുന്നു. കവിതയുടെ കഴുത്തുവെട്ടി ധീരത കാട്ടിയവരും വായില്‍ ഇറച്ചി സൂക്ഷിക്കാത്ത പട്ടികളെന്ന് സ്വയം വിശേഷിപ്പിച്ചവരുമെല്ലാം അരുംകൊലയെ അധിക്ഷേപിച്ച് നടത്തിയ ഉറഞ്ഞുതുള്ളലിന് സമാനതകളില്ല. പക്ഷേ, ഇത് സുമനസ്സുകളുടെ വിലാപമാണെന്ന് കരുതാന്‍ നിര്‍ദോഷികള്‍ക്കേ കഴിയൂ.

ഒഞ്ചിയം കൊലപാതകം സാഹിത്യ സാംസ്കാരിക രംഗങ്ങളിലെയും ചര്‍ച്ചാവിഷയമായി. ഉദാരമായ നിഷ്പക്ഷത പ്രകടിപ്പിച്ചുള്ള പ്രതികരണങ്ങള്‍ അഭിമുഖങ്ങളായും ലേഖനങ്ങളായും കഥകളായും കവിതകളായും വന്നു. വധത്തിലുള്ള ദുഃഖവും അമര്‍ഷവും പ്രകടിപ്പിക്കുന്നതിനേക്കാള്‍ കുറ്റവാളികളെ സ്വയംനിശ്ചയിച്ച് വിചാരണ നടത്തുന്ന പൊതുസ്വഭാവം ഇവയില്‍ നിറഞ്ഞുനിന്നു. അന്വേഷണം പ്രാഥമികഘട്ടത്തില്‍ നില്‍ക്കുമ്പോഴായിരുന്നു ഇത്തരത്തിലുള്ള നിരീക്ഷണം എന്നോര്‍ക്കുക. കറുത്തദിനങ്ങളുടെ ആവര്‍ത്തനം ഇല്ലാതാക്കാന്‍വേണ്ടിയുള്ള പ്രാര്‍ഥനയോടെ കറുത്ത പേജുകളില്‍ അച്ചടിച്ച 36 കവിതകളുടെ സമാഹാരം ഡിസി ബുക്സ് കേരളത്തിന് സമര്‍പ്പിച്ചത് 2012 ജൂണ്‍ 26നായിരുന്നു. കറുത്തനാളുകള്‍ എന്നു ചരിത്രം രേഖപ്പെടുത്തിയ അടിയന്തരാവസ്ഥയുടെ 37-ാം വാര്‍ഷികദിനം പുസ്തക പ്രകാശനത്തിനായി രവി ഡിസി തെരഞ്ഞെടുത്തത് യാദൃച്ഛികമെന്ന് വിചാരിക്കാം. സത്യത്തിന്റെയും നീതിയുടെയും വായ്മൂടി കെട്ടിയ കാലത്തിന്റെ ഓര്‍മനാളില്‍തന്നെ ഈ പുസ്തകം പ്രകാശനംചെയ്തത് ഉചിതംതന്നെ.

കെ ജി ശങ്കരപ്പിള്ളയില്‍ തുടങ്ങി സുധീഷ് കോട്ടേമ്പ്രത്തില്‍ അവസാനിക്കുന്ന കവികളുടെ ആത്മാവിഷ്കാരത്തില്‍ ചിലതില്‍മാത്രമാണ് ഹിംസാത്മകതയ്ക്കെതിരെയുള്ള സത്യസന്ധമായ രോഷത്തിന്റെ അഗ്നിപടരുന്നത്. മിക്കകവിതകളും ലക്ഷ്യമിടുന്നത് മനുഷ്യസ്നേഹത്തിന്റെ മഹത്വം വിളംബരംചെയ്യുന്ന തത്വശാസ്ത്രത്തെ അവഹേളിക്കുക എന്നതിനാണ്. മെയ് നാലിന് ഒഞ്ചിയത്ത് വീണ ചോരയില്‍മുക്കി തൂലിക ചലിപ്പിച്ചതുകൊണ്ടാകാം കവിശ്രേഷ്ഠര്‍ക്ക് ആത്മാവ് നഷ്ടപ്പെട്ട ലോകത്തിന്റെ ആത്മാവാക്കി കവിതയെ മാറ്റാന്‍ കഴിയാതിരുന്നത്. ചാനല്‍ ചര്‍ച്ചകളിലെ അല്‍പ്പജ്ഞാനികളായ ചില വിശകലനവീരന്മാരുടെ നിലവാരംപോലും പല സൃഷ്ടികള്‍ക്കുമില്ലെന്ന് പറയേണ്ടി വരുന്നതില്‍ ക്ഷമിക്കുക.

കേരളപ്പിറവിക്കുശേഷമുള്ള അരനൂറ്റാണ്ടിനുള്ളില്‍ അരലക്ഷത്തിലേറെ കൊലപാതകങ്ങള്‍ കേരളത്തില്‍ നടന്നിട്ടുണ്ട്. 2011ല്‍മാത്രം 19,370 പേര്‍ കൊലചെയ്യപ്പെട്ടതായി നിയമസഭാ രേഖകള്‍ വ്യക്തമാക്കുന്നു. രാഷ്ട്രീയപ്രവര്‍ത്തകരായ അസംഖ്യംപേര്‍ വധിക്കപ്പെട്ടിട്ടുണ്ട്. കൂട്ടത്തില്‍ ഉന്നതരായ രാഷ്ട്രീയനേതാക്കളും ഉള്‍പ്പെടുന്നു. രാഷ്ട്രീയഭേദമില്ലാതെ ഇത്തരം അരുതായ്മകളെ കേരളസമൂഹം അപലപിച്ചിട്ടുണ്ട്. എന്നാല്‍, ഒരു കൊലപാതകത്തെ ആഘോഷമാക്കി മാറ്റിയ അനുഭവം കേരളത്തിന് പുതുമയാണ്. സാഹിത്യ സാംസ്കാരിക രംഗത്ത് സജീവമായി നിലയുറപ്പിച്ച പലരും കടുത്ത പക്ഷപാതിത്വമാണ് ഇക്കാര്യത്തില്‍ പ്രകടിപ്പിച്ചത്. ജന്മിത്വത്തിനും അയിത്തംപോലുള്ള ദുരാചാരങ്ങള്‍ക്കെതിരെയും ഒരു ജനത നടത്തിയ സമരപോരാട്ടത്തിന്റെ ഭൂമിയാണ് ഒഞ്ചിയം. ഒഞ്ചിയം എന്ന ദേശത്തെയും ആ ദേശത്തിന്റെ ആവേശം ജനിപ്പിക്കുന്ന സമരചരിത്രത്തെയും സ്മാരകശിലകള്‍ എന്ന നോവലില്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. 1948 ഏപ്രില്‍ 30ന് നടന്ന ഒഞ്ചിയം വെടിവയ്പില്‍ എട്ടുപേരാണ് രക്തസാക്ഷികളായത്. പൊലീസ് ലോക്കപ്പില്‍ മര്‍ദനമേറ്റ് വീഴുമ്പോഴും സ്വന്തം രക്തംകൊണ്ട് ചുവരില്‍ ചിഹ്നംപതിപ്പിച്ച മണ്ടോടി കണ്ണനെ ഇതിഹാസപുരുഷന്‍ എന്നാണ് ഭാരതീയ ജനതാപാര്‍ടി സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുള്ള പുനത്തില്‍ കുഞ്ഞബ്ദുള്ള വിശേഷിപ്പിക്കുന്നത്. വെട്ടുവഴി കവിതകളിലെ ചുരുക്കം കവികളെങ്കിലും ഒഞ്ചിയം സമരചരിത്രം വായിച്ചില്ലെങ്കിലും സ്മാരകശിലകള്‍ അറിയണമെന്ന് ആഗ്രഹിക്കുകയാണ്.

ഒരു സംഭവത്തെ ആസ്പദമാക്കി ഇത്രയേറെ കവിതകള്‍ എഴുതപ്പെട്ട സന്ദര്‍ഭം ഉണ്ടായിട്ടില്ല. ലബ്ധപ്രതിഷ്ഠരായ കവികള്‍മുതല്‍ മെയ് നാലിനുശേഷം കവികളായവര്‍വരെയുള്ളവരുടെ സൃഷ്ടികള്‍ക്കുണ്ടായ ഏകമാനസ്വഭാവം ശ്രദ്ധിക്കപ്പെടേണ്ടതാണ്. കേരളം ആദരിക്കുന്ന കവിയാണ് കെ ജി ശങ്കരപ്പിള്ള. ജീവിച്ചിരിക്കുന്ന മുന്‍നിര കവികളില്‍ അദ്ദേഹത്തിന് പ്രമുഖസ്ഥാനമുണ്ട്. മെയ് അവസാനലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച വെട്ടുവഴി എന്ന കവിത ഒഞ്ചിയം സംഭവവുമായി ബന്ധപ്പെട്ടുവന്ന ആദ്യകവിതയാണ്. ഒഞ്ചിയം വധത്തിന് രണ്ടുദിനങ്ങള്‍ക്കുശേഷമാണ് കുട്ടനാട്ടിലെ മുട്ടാര്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 10-ാംക്ലാസുകാരന്‍ ലെജിന്‍ വര്‍ഗീസ് കൊല്ലപ്പെടുന്നത്. സഹപാഠിയായിരുന്നു കൊലപാതകി. മരിച്ചുവെന്ന് ഉറപ്പായശേഷവും രണ്ട് കൈകളും കുപ്പിച്ചില്ലുകള്‍കൊണ്ട് വരഞ്ഞ് വികൃതമാക്കത്തക്കവിധം പൈശാചികത പതിനഞ്ചുകാരന്റെ മനസ്സില്‍ ഉണ്ടായിരുന്നു. മാര്‍ച്ച് എട്ടിനാണ് നെടുങ്കണ്ടത്തെ അനീഷ് രാജന്‍ എന്ന ഇരുപത്തൊന്നുകാരനായിരുന്ന വിദ്യാര്‍ഥിസംഘടനാ നേതാവ് കൊലചെയ്യപ്പെട്ടത്. ഈ രണ്ട് വിദ്യാര്‍ഥികളുടെയും കൊലപാതകങ്ങള്‍ മൂന്നുപതിറ്റാണ്ട് കാലം അധ്യാപകവൃത്തി ചെയ്ത എറണാകുളം മഹാരാജാസ് കോളേജിന്റെ പ്രിന്‍സിപ്പല്‍കൂടിയായിരുന്ന ശങ്കരപ്പിള്ള സാറിന്റെ കവിമനസ്സിനെ എന്തേ അസ്വസ്ഥമാക്കിയില്ല? ഒരുവരി കവിതപോലും എന്തേ ഉതിര്‍ന്നുവീണില്ല? വേര്‍പാടില്‍ സങ്കടപ്പെടുന്നതിന് പ്രത്യേക മാനദണ്ഡമുണ്ടോ? അതോ മൈലേജ് കിട്ടുമെന്നുറപ്പുള്ള ദുരന്തസന്ദര്‍ഭങ്ങളില്‍മാത്രമേ കവിതയ്ക്ക് സാധ്യതയുള്ളൂ എന്നാണോ?

വെട്ടുവഴി കവികളില്‍ പലരുടെയും പേരുകള്‍ അപരിചിതമായി തോന്നുന്നത് പുതിയ കവിതകള്‍ വായിക്കാത്തതുകൊണ്ടുള്ള പോരായ്മയാകാം. ഗാന്ധിജിയുടെ വേര്‍പാടിനുശേഷം ജനിച്ചവരാണ് ഇതിലെ മിക്ക കവികളും. ഒരു കൗതുകത്തിനുവേണ്ടി നമുക്ക് അന്വേഷിക്കാം- മഹാത്മജി കൊല്ലപ്പെട്ട കാലയളവില്‍ ഈ കവികള്‍ ഉണ്ടായിരുന്നുവെങ്കില്‍ അവരില്‍ എത്രപേര്‍ കവിതകള്‍ എഴുതുമായിരുന്നു. ഇന്ദിരാഗാന്ധി വെടിയേറ്റു മരിച്ചപ്പോള്‍ തോക്കുവഴി എന്ന ഒരു കവിത കെ ജി ശങ്കരപ്പിള്ളപോലും എഴുതിയില്ലല്ലോ.

മാധ്യമങ്ങള്‍ നിര്‍മിക്കുന്ന സാമാന്യബോധത്തെ അടിസ്ഥാനമാക്കി പടച്ചുണ്ടാക്കുന്ന കലാസൃഷ്ടികള്‍ക്ക് അല്‍പ്പായുസ്സേ പ്രതീക്ഷിക്കേണ്ടതുള്ളൂ. ഒരു വ്യാജവിലാപം എന്ന സ്ഥാനമേ ഇത്തരം കവിതകള്‍ക്ക് സഹൃദയമനസ്സിലുണ്ടാകൂ. കവിമനസ്സിലെ മൂല്യബോധവും ധാര്‍മികചിന്തയും ചില ഘട്ടങ്ങളില്‍മാത്രമല്ല ഉണരേണ്ടത്. അതിന് സ്ഥായീഭാവം ഉണ്ടാകണം. അപ്പോള്‍മാത്രമേ അവരെ കവികളെന്ന് സാഹിത്യലോകം വിളിക്കൂ. പത്രവാര്‍ത്തകളിലെ അസത്യങ്ങള്‍ക്കും അര്‍ധസത്യങ്ങള്‍ക്കും കവിത എന്ന പേരില്‍ അച്ചടിമഷി പുരട്ടുന്നത് കൊലപാതകത്തേക്കാള്‍ കടുത്ത പാതകമാണ്.

ഇരുണ്ട കവിതാപുസ്തകത്തിലെ കവികളുടെ കൂട്ടത്തില്‍ ഇടതുപക്ഷാഭിമുഖ്യം ഉണ്ടെന്ന് കരുതപ്പെടുന്ന ചില പേരുകളുമുണ്ട്. മുഖംമൂടി അഴിഞ്ഞുവീഴുന്നത് പലപ്പോഴും അറിയാതെയാണ്. ഈ ഗണത്തില്‍പ്പെട്ടവരുടെ ഇതിലെ കവിതകള്‍ വായിക്കുമ്പോള്‍ അവരെ അറിയുന്നവര്‍ക്കെങ്കിലും ശരീരത്തിലൂടെ അട്ട ഇഴയുന്ന അവസ്ഥയുണ്ടാകും. ലോകാധിപത്യത്തിനുവേണ്ടി അണുബോംബ് എറിയുന്നവനെ ലോകരക്ഷകനെന്ന് വാഴ്ത്തിയവര്‍തന്നെയാണ് പിറന്നമണ്ണില്‍ ജീവിക്കാന്‍വേണ്ടി വാരിക്കുന്തമേന്തിയവനെ ഭീകരവാദിയായി ചിത്രീകരിച്ചിട്ടുള്ളത്. ഇക്കൂട്ടത്തില്‍ കവികളുമുണ്ടായിരുന്നു. ചരിത്രത്തിന്റെ തുടര്‍ച്ചയാണിത്. കവിമനസ്സിനെ വിഹ്വലമാക്കുന്ന ഏതുവിഷയവും കവിതയായി വരാം. എന്നാല്‍, കവിതാബന്ധമില്ലാത്ത താല്‍പ്പര്യങ്ങളും ലക്ഷ്യങ്ങളും മേല്‍ക്കൈ നേടുമ്പോള്‍ നഷ്ടമാകുന്നത് കവിതതന്നെയാണ്. പ്രതികള്‍ക്കുവേണ്ടി മിടിക്കാത്ത ചങ്കാണ് ഞങ്ങള്‍ക്കുള്ളതെന്ന് ഊറ്റംകൊള്ളുന്ന വെട്ടുവഴികളിലെ ഭൂരിപക്ഷം കവികള്‍ക്കും വേട്ടക്കാരന്റെ മനസ്സാണുള്ളതെന്ന് ഈ കറുത്ത കവിതാപുസ്തകം വിളിച്ചുപറയുന്നു.

ജെ പി deshabhimani 070812

Tuesday, May 29, 2012

ഒഞ്ചിയം എന്ന വര്‍ത്തമാനപ്പുസ്തകം


ഇന്നില്‍ മാത്രം ജീവിക്കുന്നതാണ് ഒരര്‍ഥത്തില്‍ ജീവിതത്തിലെ ഏറവും വലിയ ദുരന്തം. ഓര്‍മകളുണ്ടാകണം എന്ന വാദത്തെ നിരന്തരം ഓര്‍മിപ്പിക്കുന്ന രാഷ്ട്രീയ സാംസ്കാരിക അനുഭവങ്ങളിലൂടെയാണ് ഇപ്പോള്‍ കേരളം കടന്നുപോകുന്നത്. വിപ്ലവമണ്ണായ ഒഞ്ചിയത്തെ മുന്‍നിര്‍ത്തിയുള്ള ഇന്നിന്റെ വിചാരണകള്‍ക്കിടെയിലാണ് ഒഞ്ചിയത്തിന്റെ വിപ്ലവപോരാട്ടങ്ങളുടെ ചരിത്രമായ "പടനിലങ്ങളില്‍ പൊരുതി വീണവര്‍" എന്ന പുസ്തകം പ്രസക്തമാകുന്നത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം പോരാട്ടങ്ങളുടെയും സഹനസമരങ്ങളുടെയും രക്തസാക്ഷിത്വങ്ങളുടെതുമാണെന്ന കേവലമായ ഓര്‍മപ്പെടുത്തല്‍ മാത്രമല്ല ഒഞ്ചിയം സ്വദേശിയായ പി പി ഷാജു എഴുതിയ ഈ പുസ്തകം. അദ്ദേഹം തന്നെ ഊന്നുന്ന പോലെ, സ്വയം കത്തിയെരിഞ്ഞ് സുഗന്ധം പരത്തുന്ന ചന്ദനത്തിരികളായി പഴയ ത്യാഗധനര്‍ ഓരോരുത്തരായി മനസില്‍ വിങ്ങലായി ഓര്‍മകളുടെ സുഗന്ധമായി മറയുമ്പോള്‍ അവര്‍ക്കുള്ള പിതൃതര്‍പ്പണമാണ് ഈ പുസ്തകം. നവോത്ഥാന ആശയങ്ങള്‍ ഉഴുതു മറിച്ചിട്ട മണ്ണില്‍ ഒഞ്ചിയം അടക്കമുള്ള വിത്തുകള്‍ എങ്ങനെ തഴച്ചു വളര്‍ന്നുവെന്ന് ഈ പുസ്തകം കാട്ടിത്തരുന്നു.

സ്വതന്ത്ര്യ ലബ്ധിക്ക് പിറ്റേവര്‍ഷം ഏപ്രില്‍ 30നാണ് കമ്യൂണിസ്റ്റ് പാര്‍ടി ചരിത്രത്തിലെ ഏക്കാലത്തെയും നിണം തിളച്ച ഏടായ ഒഞ്ചിയം വെടിവയ്പ് നടന്നത്. ഒഞ്ചിയത്ത് കമ്യൂണിസ്റ്റ് പാര്‍ടി കുറുമ്പ്രനാട് താലൂക്ക് കമ്മറ്റിയോഗത്തില്‍ പങ്കെടുത്ത നേതാക്കളെ അറസ്റ്റുചെയ്യാന്‍ എംഎസ്പിയും കോണ്‍ഗ്രസിന്റെ ഗുണ്ടാപ്പടയായ ദേശരക്ഷാസേനയും എത്തിയതോടെയാണ് ഒഞ്ചിയം സംഭവങ്ങളുടെ തുടക്കം. നേതാക്കളെ കാട്ടിക്കൊടുക്കാന്‍ തയ്യാറാകാത്ത കര്‍ഷക കാരണവരായ പുളിയുള്ളതില്‍ ചോയിയെയും മകന്‍ കണാരനെയും പിടിച്ചുകൊണ്ടുപോയി. ഇവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് തടിച്ചുകൂടിയ ജനങ്ങള്‍ക്ക് നേരെ പൊലീസും ഗുണ്ടാപ്പടയും വെടിയുതിര്‍ത്തു. ആറുപേര്‍ സ്ഥലത്തുതന്നെ മരിച്ചു വീണു. മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇതിനുശേഷവും ക്രൂരമായ നരനായാട്ടാണ് പൊലീസ് തുടര്‍ന്നത്. ഇവരുടെ പ്രധാന ലക്ഷ്യമായിരുന്ന മണ്ടോടി കണ്ണനെ തടവറയിലിട്ട് ഭീകരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനമേറ്റ് മരിച്ചുവീണപ്പോഴും തളംകെട്ടിയ രക്തത്തില്‍ കൈകള്‍ മുക്കി ചുമരില്‍ അരിവാള്‍ ചുറ്റിക നക്ഷത്രം വരച്ച മണ്ടോടി കണ്ണനാണ് ഒഞ്ചിയത്തിലെ ഇന്നും തിളങ്ങുന്ന രക്തനക്ഷത്രം. പ്രദേശത്തിന്റെ സാമുഹ്യചിത്രവും പാര്‍ടി ചരിത്രവും ഒന്നാകുന്ന തീഷ്ണമായ ദിനസരിക്കുറിപ്പുകളാണ് ഈ പുസ്തകം പങ്കുവയ്ക്കുന്നത്.

സംഭവങ്ങളുടെ സമയവിവരപ്പട്ടിക തയാറാക്കിയാല്‍ ചരിത്രമായെന്ന സമീപനം തീരെ ഇല്ലാത്ത ഗ്രന്ഥമാണിതെന്ന് പുസ്തകത്തിന് അഭിവാദ്യമെഴുതുയ രാജന്‍ ഗുരുക്കള്‍ ചൂണ്ടിക്കാട്ടുന്നു. ചരിത്രമെന്നാല്‍ സാമുഹ്യശാസ്ത്രമാണെന്നും മറ്റെല്ലാം അതില്‍ ഇഴചേര്‍ന്നതാണെന്നും ഉള്ള ബോധ്യം രചയിതാവിനുണ്ട്. കേന്ദ്രപ്രമേയം ഒഞ്ചിയം വെടിവെപ്പും പ്രത്യാഘാതങ്ങളും മറ്റുമാണെങ്കിലും അവയിലേക്ക് നയിച്ച കമ്യൂണിസ്റ്റ് പ്രഷോഭത്തിന്റെ സാമൂഹ്യ ചരിത്ര പശ്ചാത്തലം അനാവരണം ചെയ്യുന്നതിലും പുസ്തകം ശ്രദ്ധിക്കുന്നു. പുസ്തകത്തിന് മുഖമൊഴി എഴുതിയ പിണറായി വിജയന്‍ പറയുന്നത് കേള്‍ക്കുക: ""ത്യാഗോജ്വലങ്ങളായ സമരങ്ങളുടെ പാരമ്പര്യം ഏറ്റുവാങ്ങിയാണ് ഒഞ്ചിയത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനം വളര്‍ന്നത്. ആ മഹത്തായ ത്യാഗത്തിന്റെ പാരമ്പര്യത്തെ മറന്ന് ജനങ്ങളെ വഴിതെറ്റിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഈ മണ്ണില്‍ നടന്നു എന്നത് വേദനാജനകമായ കാര്യമാണ്""- അതുതന്നെയാണ് ഈ പുസ്തകത്തിന്റെ കാലിക പ്രസക്തിയും. നാമെങ്ങനെ നമ്മളായെന്ന് നമ്മെ ഓര്‍മപ്പെടുത്തുന്ന ഇന്നിന്റെ പുസ്തകം എന്ന അര്‍ഥത്തില്‍ ഇതിന്റെ വായന സാര്‍ഥകമായ രാഷ്രടീയ പ്രവര്‍ത്തനം കൂടിയാകുന്നു.
(വിനോദ് പായം)

ദേശാഭിമാനി വാരാന്തപ്പതിപ്പ് 270512

Friday, May 4, 2012

"ആടുജീവിത"ത്തിന് ഇംഗ്ലീഷ് പതിപ്പ്; "ഗോട്ട്-ഡെയ്സ്"


പ്രവാസജീവിതത്തിന്റെ അഗ്നിപരീക്ഷകള്‍ മികവോടെ ആവിഷ്കരിച്ച് വായനക്കാരുടെയും നിരൂപകരുടെയും പ്രീതി നേടിയ ബെന്യാമിന്റെ "ആടുജീവിത"ത്തിന് ഇംഗ്ലീഷ് പതിപ്പ്. "ഗോട്ട്-ഡെയ്സ്" എന്ന പേരില്‍ പെന്‍ഗ്വിന്‍ പബ്ലിഷേഴ്സാണ് നോവല്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കുന്നത്. കാസര്‍കോട് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് കേരളയിലെ അധ്യാപകനായ പ്രൊഫ. ജോസഫ് കോയിപ്പള്ളിയുടേതാണ് വിവര്‍ത്തനം. മെയ് അവസാനത്തോടെ ഇംഗ്ലീഷ് പതിപ്പ് വായനക്കാരുടെ കൈകളില്‍ എത്തുമെന്ന് ബെന്യാമിന്‍ "ദേശാഭിമാനി"യോടു പറഞ്ഞു.

"നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമ്മുക്ക് കെട്ടുകഥയാണ്" എന്ന ആമുഖത്തോടെ പുറത്തിറങ്ങിയ "ആടുജീവിതം" ഗള്‍ഫില്‍ ജീവിക്കുന്ന ലക്ഷക്കണക്കിനു മലയാളികളുടെ ജീവിതം പച്ചയായി ചിത്രീകരിച്ച നോവല്‍ എന്ന നിലയിലാണ് ശ്രദ്ധിക്കപ്പെട്ടത്. 40 എഡിഷനുകളിലായി അരലക്ഷത്തോളം കോപ്പികളാണ് ഇതിനോടകം വിറ്റഴിഞ്ഞത്. ഒ വി വിജയന്റെ "ഖസാക്കിന്റെ ഇതിഹാസ"വും എം ടിയുടെ "രണ്ടാമൂഴ"വും പെരുമ്പടവത്തിന്റെ "ഒരു സങ്കീര്‍ത്തനംപോലെ"യുമാണ് മുമ്പ് ഇതുപോലെ തുടര്‍ച്ചയായി പുതിയ പതിപ്പുകളിറങ്ങിയ മലയാളനോവലുകള്‍. എന്നാല്‍, പ്രസിദ്ധീകരിച്ച് നാലുവര്‍ഷത്തിനുള്ളില്‍ ആടുജീവിതം ചരിത്രവിജയമാണ് നേടിയതെന്ന് പുസ്തകം പ്രസിദ്ധീകരിച്ച ഗ്രീന്‍ ബുക്സ് ഉടമ കൃഷ്ണദാസ് പറഞ്ഞു. കേരള, കലിക്കറ്റ്, പോണ്ടിച്ചേരി സര്‍വകലാശാലകളില്‍ "ആടുജീവിതം" പാഠപുസ്തകമാണ്. കേരള സിലബസില്‍ പത്താംക്ലാസിലും ആടുജീവിതം പഠിക്കാനുണ്ട്. "ആടുജീവിതം" എന്ന പേരില്‍ തമിഴ് പതിപ്പും "സിന്ദഗി ബക്രി കി" എന്ന പേരില്‍ ഹിന്ദി പതിപ്പും പുറത്തിറങ്ങിയിട്ടുണ്ട്. കന്നടയില്‍ ഇന്റര്‍നെറ്റ് മാസികയില്‍ ആടുജീവിതത്തിന്റെ വിവര്‍ത്തനം ഖണ്ഡശ്ശ പ്രസിദ്ധീകരിക്കുന്നുണ്ട്.

സൗദിഅറേബ്യയിലെ മരുഭൂമിയില്‍ നരകതുല്യമായ സാഹചര്യത്തില്‍ ആടുകളെ മേയ്ക്കുന്ന ജോലിനോക്കിയ ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതമാണ് നോവലിന് കരുത്തേകിയതെന്ന് ബെന്യാമിന്‍ പറഞ്ഞു. മരുഭൂമിയില്‍ നജീബിനെത്തേടി എഴുത്തുകാരന്‍ എത്തിയപ്പോള്‍ നരകജീവിതത്തിന്റെ ദുരിതം താങ്ങാനാവാതെ അയാളുടെ ഓര്‍മകള്‍ മങ്ങിയിരുന്നു. തുടര്‍ച്ചയായ കണ്ടുമുട്ടലുകളിലൂടെയും അഭിമുഖങ്ങളിലൂടെയുമാണ് നോവലിനാവശ്യമായ അസംസ്കൃതവസ്തു ലഭിച്ചത്. ആടുജീവിതം പുറത്തിറങ്ങിയതോടെ നജീബിനെപ്പോലെ മണല്‍ക്കാടുകളില്‍ നരകിക്കുന്ന വിവിധ രാജ്യക്കാരെക്കുറിച്ചുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. സംവിധായകന്‍ ബ്ലെസി പൃഥ്വിരാജിനെ നായകനാക്കി "ആടുജീവിത"ത്തിന് ചലച്ചിത്രഭാഷ്യം നല്‍കാന്‍ ആലോചിച്ചിരുന്നു. എന്നാല്‍, പ്രായോഗിക ബുദ്ധിമുട്ടുകള്‍കാരണം പദ്ധതി ഉപേക്ഷിച്ചു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങളും ഈ നോവലിനു ലഭിച്ചു. പുതിയ ഇതിവൃത്തത്തിനുവേണ്ടിയുള്ള അന്വേഷണത്തിലാണ് താനെന്ന് ബെന്യാമിന്‍ പറഞ്ഞു. പുസ്തകം ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കുന്നതോടെ പ്രവാസിജീവിതത്തിന്റെ നൊമ്പരക്കാഴ്ചകള്‍ ലോകശ്രദ്ധ നേടുമെന്നാണു പ്രതീക്ഷ.

എം അഖില്‍ deshabhimani 040512

Sunday, April 1, 2012

വായനയില്‍ പുതുമ സമ്മാനിച്ച് എന്‍ബിഎസ്

കണ്‍മുന്നില്‍ തെളിഞ്ഞത് ചരിത്രഗാഥകള്‍

"എനിക്ക് ആറോ ഏഴോ വയസ്സുള്ളപ്പോള്‍ നടന്ന സംഭവങ്ങളാണിത്. പറഞ്ഞും കേട്ടും കണ്ടും മനസ്സിലാക്കിയ മറ്റനവധി ചരിത്രസത്യങ്ങളും. നാടിന്റെ പുരോഗതിയില്‍ കമ്യൂണിസ്റ്റ് പാര്‍ടി വഹിച്ച പങ്ക്. രക്തം ചിന്തിയും അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടം. പ്രദര്‍ശനത്തിലെ ചിത്രങ്ങള്‍ക്കും ജീവനുണ്ട്""- "സോഷ്യലിസമാണ് ഭാവി" ചരിത്രപ്രദര്‍ശനം കണ്ട മാനന്തവാടി മക്കാട് സ്വദേശി എ എസ് നാരായണപിള്ളയുടെ വാക്കുകളില്‍ നിറയുന്നത് സമരാവേശം. വാര്‍ധക്യത്തിന്റെ അവശതയ്ക്കിടയിലും മനസ്സിലെ വിപ്ലവവീര്യം ചോരാതെ ചരിത്രപ്രദര്‍ശനത്തിലെ വിവിധ ബോര്‍ഡുകളില്‍ രേഖപ്പെടുത്തിയ ഓരോ വാചകവും ആവേശപൂര്‍വമാണ് നാരായണപിള്ള ഹൃദയത്തോട് ചേര്‍ക്കുന്നത്. ഒപ്പം ചില കാര്യങ്ങള്‍ തന്റെ കൈയിലുള്ള ചെറു ഡയറിയില്‍ കുറിക്കുന്നു. ഇദ്ദേഹത്തോടൊപ്പവും താന്‍ സമരങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെന്ന് എണ്‍പത്തെട്ടുകാരനായ പിള്ള സ. സി കണ്ണന്റെ ഫോട്ടോ ചൂണ്ടിക്കാട്ടി പറഞ്ഞു.

"നൂറ്റിയിരുപതോളം ഭരണാധികാരികളെയാണ് സിഐഎ കൊലപ്പെടുത്തിയത്. ജനകീയ നേതാക്കളെ തെരഞ്ഞുപിടിച്ചാണ് കൊല"- സിഐഎ കൊലപ്പെടുത്തിയ കോംഗോ റിപ്പബ്ലിക്കിന്റെ ആദ്യ പ്രധാനമന്ത്രി പാട്രിസ് ലുമുംബയുടെ ചിത്രത്തിനുമുന്നില്‍നിന്ന് പിള്ള പറഞ്ഞു. ""നമ്മുടെ നാട്ടില്‍ സി പിയുടെ ദുര്‍ഭരണവും അമേരിക്കന്‍ മോഡലുമൊക്കെ അവസാനിപ്പിക്കാന്‍ വാരിക്കുന്തമുള്‍പ്പെടെ ആയുധമേന്തിയുള്ള പോരാട്ടങ്ങള്‍ ഏറെ സഹായിച്ചിട്ടുണ്ട്. ദിവാനെ വെട്ടി നാട്ടില്‍നിന്ന് ഓടിച്ചതും അമേരിക്കന്‍ മോഡലിനുള്ള താക്കീതായി. അവസാനശ്വാസംവരെ പോരാടി നാടിനായി ജീവന്‍ വെടിഞ്ഞവരെല്ലാമാണ് ഇന്നത്തെ നാടിന്റെ സ്രഷ്ടാക്കള്‍""- സ്വാതന്ത്ര്യസമരസേനാനിയും ആദ്യകാല കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകനുമായ പിള്ളയുടെ വാക്കുകളില്‍ തുടിക്കുന്നത് അണയാത്ത വിപ്ലവവീര്യം. പ്രദര്‍ശനം കണ്ട് മതിവരാതെ തിരികെ ഒരുവട്ടംകൂടി എല്ലാം നോക്കിക്കണ്ടശേഷമാണ് അദ്ദേഹം ഇ എം എസ് നഗറിനോട് വിടപറഞ്ഞത്.
(സിനോവ് സത്യന്‍)

സഹനസമരത്തിന്റെ നേര്‍ക്കാഴ്ചയുമായി ഡോക്യൂമെന്ററികള്‍ പ്രകാശനം ചെയ്തു

കമ്യൂണിസ്റ്റ് പാര്‍ടി കെട്ടിപ്പടുക്കാന്‍ പ്രവര്‍ത്തകര്‍ അനുഭവിച്ച സഹനത്തിന്റെയും ഭൂപ്രഭുത്വത്തിനിരയായ കര്‍ഷകത്തൊഴിലാളികളുടെ ധീരരക്തസാക്ഷിത്വത്തിന്റെയും നേര്‍ക്കാഴ്ചയുമായി ഡോക്യൂമെന്ററി ഫിലിമുകള്‍ പ്രകാശനം ചെയ്തു. പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനാണ് വീഡിയോ ആല്‍ബങ്ങളുടെ പ്രകാശനം നിര്‍വഹിച്ചത്.

1940 മുതല്‍ 71വരെയുള്ള കാലഘട്ടത്തില്‍ വടകര താലൂക്കിലെ കോട്ടപ്പള്ളി പ്രദേശങ്ങളില്‍ പാര്‍ടിപ്രവര്‍ത്തകര്‍ അനുഭവിച്ച സഹനത്തിന്റെ കഥ പറയുന്ന "കനല്‍വഴികളില്‍ നിന്നും" എന്ന ഡോക്യുമെന്ററി ഫിലിം നിര്‍മിച്ചത് സിപിഐ എം കോട്ടപ്പള്ളി ലോക്കല്‍ കമ്മിറ്റിയാണ്. സാധാരണക്കാരായ മുന്നൂറോളം പേരാണ് ഇതില്‍ വേഷമിട്ടത്. തൊഴില്‍സമയം നിജപ്പെടുത്തുന്നതിന് കര്‍ഷകത്തൊഴിലാളികള്‍ നടത്തിയ കൊടിനാട്ടിസമരം, സാധാരണക്കാരന്റെ സഞ്ചാരസ്വാതന്ത്ര്യവും കൂരയില്‍ കിടന്നുറങ്ങാന്‍ പോലുമാകാത്ത പ്രമാണിമാരുടെ കാടത്തം തുടങ്ങി പോയകാലത്തെ യാഥാര്‍ഥ്യങ്ങളിലേക്ക് കടന്നു ചെല്ലുന്നതാണ് "കനല്‍വഴികളില്‍ നിന്നും" ഡോക്യുമെന്ററി. കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകരെ വേട്ടയാടിയ കുപ്രസിദ്ധനായ മാടമ്പിക്കെതിരെ പോരാടി ജയില്‍ശിക്ഷയനുഭവിച്ച സ. ടി കെ ബാലന്‍ നായരുടെ ജീവിതവഴികളിലൂടെയാണ് ചിത്രത്തിന്റെ സഞ്ചാരം.

സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. പി സതീദേവിക്ക് സിഡി കൈമാറിയായിരുന്നു പ്രകാശനം. കവിയും നാടകപ്രവര്‍ത്തകനുമായ ഗോപീനാരായണനാണ് സംവിധായകന്‍. സ്ക്രിപ്റ്റ് തയാറാക്കിയത് എം കുഞ്ഞിക്കണ്ണന്‍ വൈദ്യരാണ്. സുഖേഷ് ശേഖര്‍ ക്യാമറയും അജിത് ശ്രീധര്‍ സംഗീതവും ഷൈലേഷ് റെഡ് എഡിറ്റിങ്ങും നിര്‍വഹിച്ചു. ബോബി മോഹന്‍, പീതാംബരന്‍ എന്നിവരാണ് സഹസംവിധായകര്‍. "നാടുണരുന്നു" വീഡിയോ ആല്‍ബം തയാറാക്കിയത് ഡിവൈഎഫ്ഐ കുന്നുമ്മല്‍ ബ്ലോക്ക് കമ്മിറ്റിയാണ്. ജന്മിമാരുടെ കൊലക്കത്തിക്ക് ഇരയായ കര്‍ഷകത്തൊഴിലാളികളുടെ രക്തസാക്ഷിത്വ സ്മരണകളാണ് ഈ വീഡിയോ ആല്‍ബം. ആല്‍ബത്തിന്റെ സിഡി കോടിയേരിയില്‍ നിന്നും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി എ മുഹമ്മദ് റിയാസ് ഏറ്റുവാങ്ങി. അജികുമാര്‍ പനമരമാണ് രചനയും സംഗീതവും നിര്‍വഹിച്ചത്. ലിയോണ്‍ കെ തോമസാണ് സംവിധായകന്‍.

വായനയില്‍ പുതുമ സമ്മാനിച്ച് എന്‍ബിഎസ്

വായനയുടെ പുതിയ തലങ്ങള്‍ തേടുന്നവര്‍ക്ക് എന്‍ബിഎസ് സ്റ്റാളില്‍ പുസ്തകങ്ങളുടെ വൈവിധ്യം. ചരിത്രം, സംസ്കാരം, വിജ്ഞാനം, ശാസ്ത്രം, ബാലസാഹിത്യം, പഠനങ്ങള്‍ തുടങ്ങിയ ശാഖകള്‍ തെരഞ്ഞെടുക്കാന്‍ സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിനുകീഴിലുള്ള എന്‍ബിഎസില്‍ തിരക്കേറെയാണ്. ആഗോള മുതലാളിത്തത്തിന്റെ നീരാളിപ്പിടിത്തത്തിനെതിരെ പ്രതിരോധമുയരുന്ന കാലഘട്ടത്തില്‍ കാള്‍ മാര്‍ക്സിന്റെ "മൂലധനം" തേടി എത്തുന്നവരേറെ.

കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിലെ പുസ്തകോത്സവനഗറിലേക്ക് വായനയെ നെഞ്ചേറ്റുന്നവരുടെ നിലയ്ക്കാത്ത സഞ്ചാരമാണ്. "മൂലധ"ത്തിന്റെ കോപ്പികള്‍ തവണവ്യവസ്ഥയില്‍ നാഷണല്‍ ബുക്ക് സ്റ്റാളിന്റെ പവിലിയനില്‍നിന്ന് സ്വന്തമാക്കാം. മൂന്ന് വാല്യങ്ങള്‍ക്ക് 2880 രൂപയാണ് മുഖവിലയെങ്കിലും 1300 രൂപയ്ക്ക് ലഭിക്കും. നിരവധി ഗ്രന്ഥശാലകളും വ്യക്തികളും ഈ അവസരം ഉപയോഗിക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. മാക്സിം ഗോര്‍ക്കിയുടെ "അമ്മ", വിഖ്യാത റഷ്യന്‍ എഴുത്തുകാരന്‍ ഫയദോര്‍ ദസ്തോവ്സ്കിയുടെ "കുറ്റവും ശിക്ഷയും" തുടങ്ങിയ ക്ലാസിക്കല്‍ രചനകള്‍ക്കും ആവശ്യക്കാരേറെയാണ്. ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് കെ ദാമോദരന്റെ ജീവചരിത്രമായ "കെ ദാമോദരന്‍: പോരും പൊരുളും" എന്ന ഗ്രന്ഥം എന്‍ബിഎസിന്റെ പുസ്തകശേഖരത്തിലെ പുതിയ പിറവിയാണ്. പി ഗോവിന്ദപ്പിള്ളയുടേതാണ് രചന. 180 രൂപയാണ് മുഖവില. കുട്ടികളുടെ വായനയെ പരിപോഷിപ്പിക്കാന്‍ എസ്പിസിഎസ് ആവിഷ്കരിച്ചിട്ടുള്ള "അറിവൂഞ്ഞാല്‍" പഠനസഹായ പുസ്തകപരമ്പരയിലെ ആദ്യവാല്യങ്ങളിലെ പത്തു പുസ്തകങ്ങളും ഇവിടെ ലഭിക്കും. വള്ളത്തോള്‍ വിദ്യാപീഠത്തിന്റെ പ്രസിദ്ധീകരണങ്ങളും സ്റ്റാളിലുണ്ട്.

deshabhimani 310312

Wednesday, March 28, 2012

ഇവിടെ വായനയുടെ പുതുലോകം


പുസ്തകോത്സവം തുടങ്ങി

കോഴിക്കോട്: സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള അന്താരാഷ്ട്ര പുസ്തകോത്സവം ആരംഭിച്ചു. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന പ്രസിഡന്റ് യു എ ഖാദര്‍ ഉദ്ഘാടനം ചെയ്തു. മനുഷ്യനെ സാമൂഹ ജീവിയാക്കി മാറ്റുന്നത് വായനയാണെന്ന് യു എ ഖാദര്‍ പറഞ്ഞു. പുസ്തകം കൈയിലെടുക്കുന്നതിലൂടെ ലോകത്തെ കൈയിലെടുക്കാന്‍ കഴിയും. വായനയിലൂടെ മറ്റൊരു ലോകത്തെയാണ് കൊണ്ടുവരുന്നത്. ഒരു കാലഘട്ടത്തിന്റെ ജനസഞ്ചയത്തെ കാണിച്ചുതരാന്‍ പുസ്തകങ്ങള്‍ക്ക് കഴിയുന്നു. മനസ്സിനെ വിപുലപ്പെടുത്താന്‍ വായനയ്ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പി കെ സതീശന്‍ അധ്യക്ഷനായി. ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച "ഹോച്ചിമിന്‍: തെരഞ്ഞെടുത്ത കൃതികള്‍" പുസ്തകം സിപിഐ എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ ദേശാഭിമാനി വാരിക എഡിറ്റര്‍ ഡോ. കെ പി മോഹനന് നല്‍കി പ്രകാശനം ചെയ്തു. "വായനയുടെ ലോകം" എന്ന വിഷയത്തില്‍ പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറി കെ ഇ എന്‍ കുഞ്ഞഹമ്മദ് സംസാരിച്ചു. കെ ടി രാധാകൃഷ്ണന്‍ സ്വാഗതവും വേണു അമ്പലപ്പടി നന്ദിയും പറഞ്ഞു.

ഏപ്രില്‍ എട്ടുവരെ കോര്‍പറേഷന്‍ ഇ എം എസ് സ്റ്റേഡിയത്തിന്റെ പടിഞ്ഞാറ് പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ രാവിലെ ഒമ്പതര മുതല്‍ രാത്രി എട്ട് വരെയാണ് പുസ്തകോത്സവം. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമായി അറുപതോളം പ്രസാധകരും പുസ്തകശാലകളും മേളയില്‍ പങ്കെടുക്കും. പ്രമുഖ ഇംഗ്ലീഷ് പ്രസാധകരായ പെന്‍ഗ്വിന്‍, മാക്മില്ലന്‍, ഓക്സ്ഫോര്‍ഡ്, കേംബ്രിഡ്ജ്, റൂട്ലെസ്, ഇടതുപക്ഷ പ്രസാധകശാല ലെഫ്റ്റ്വേഡ്, ഐപിഡിഎല്‍, പ്രജാശക്തി(ആന്ധ്ര), ഭാരതീയപുസ്തകശാല(ചെന്നൈ) തുടങ്ങിയവരും കേരളത്തിലെ പ്രസാധകരും മേളയെ സജീവമാക്കും. ചിന്ത പബ്ലിഷേഴ്സുമായി സഹകരിച്ചാണ് പാര്‍ടി കോണ്‍ഗ്രസ് സ്വാഗതസംഘം മേള ഒരുക്കുന്നത്. പ്രദര്‍ശനം രാവിലെ ഒമ്പതിനാരംഭിക്കും.

ഇവിടെ വായനയുടെ പുതുലോകം

ബെന്യാമിന്റെ "മഞ്ഞവെയില്‍ മരണങ്ങള്‍" മുതല്‍ ചെഗുവേരയുടെ "ഗറില്ലായുദ്ധം"വരെ. മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങളുടെ നീണ്ട നിര. ലോക ക്ലാസിക്കുകള്‍ ഏതും ലഭിക്കും.സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് ഇ എം എസ് സ്റ്റേഡിയത്തില്‍ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവം വായനയുടെ വസന്തം തീര്‍ക്കുകയാണ്. രാഷ്ട്രീയം, സാംസ്കാരികം, സിനിമ, വൈജ്ഞാനികം, ആത്മീയം, ബാലസാഹിത്യം തുടങ്ങി ഏത് വിഭാഗത്തിലുമുള്ള പുസ്തകങ്ങള്‍ ഇഷ്ടാനുസരണം തെരഞ്ഞെടുക്കാം. എഴുപത്തഞ്ചോളം പ്രസാധകര്‍ പങ്കെടുക്കുന്ന മേളയില്‍ പതിനായിരക്കണക്കിന് പുസ്തകങ്ങളാണുള്ളത്. ചിന്ത പബ്ലിഷേഴ്സിന്റെ സ്റ്റാളില്‍ ചെഗുവേരയുടെ "ഗറില്ലായുദ്ധത്തിനും" ചെഗുവേരയുടെ കത്തുകള്‍ക്കും ആവശ്യക്കാരേറെയാണ്. ഇടതുപക്ഷാശയപ്രചാരണത്തിനുള്ള പുസ്തകങ്ങളേതും സ്റ്റാളിലുണ്ട്. ഇഎംഎസിന്റെ സമ്പൂര്‍ണ കൃതികളുടെ പ്രത്യേക ശേഖരവും ഒരുക്കിയിട്ടുണ്ട്. വിവര്‍ത്തനങ്ങളും നിരവധിയാണ്. സേതുവിന്റെ മറുപിറവി, മുകുന്ദന്റെ ഡല്‍ഹിഗാഥകള്‍ എന്നിവയുള്‍പ്പെടെയുള്ള കൃതികള്‍ തേടിയാണ് കൂടുതല്‍ പേരെത്തുന്നത്. എം എഫ് ഹുസൈന്റെ ലേഖന സമാഹാരം, റഷ്യന്‍ നോവല്‍ "വിപ്ലവത്തിന്റെ തീച്ചൂളയി"ലിന്റെ ആദ്യ മലയാള പരിഭാഷയും ചിന്തയുടെ സ്റ്റാളിലുണ്ട്. ചിന്ത പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ പ്രകാശനവും പ്രദര്‍ശനത്തോടൊപ്പമുണ്ട്. കെ ഇ എന്നിന്റെ "കേരളത്തിന്റെ മാഷ് മലയാളത്തിന്റെ മുഴക്കം", ഗോഗോളിന്റെ നോവല്‍ "പരേതാത്മാക്കള്‍" എന്നിവ അടുത്ത ദിവസങ്ങളില്‍ പ്രകാശനം ചെയ്യും.

ഡിസി, കറന്റ്, മാതൃഭൂമി, ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങി പഴയ പ്രസാധകരായ മാരാര്‍ സാഹിത്യപ്രകാശം, വള്ളത്തോള്‍ വിദ്യാപീഠം വരെയുള്ളവര്‍ മേളയിലുണ്ട്. പ്രജാശക്തിയുടെ സ്റ്റാളും ശ്രദ്ധേയമാണ്. ഇംഗ്ലീഷ് പുസ്തങ്ങള്‍ക്കായി പ്രത്യേക സ്റ്റാള്‍ ഒരുക്കിയിട്ടുണ്ട്. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്, മാക്മില്ലന്‍, യൂണിവേഴ്സിറ്റി ഓഫ് ഓക്സ്ഫോര്‍ഡ്, വെസ്റ്റ്ലാന്‍ഡ് തുടങ്ങിയ പ്രസാധകരുടെ പുസതകങ്ങളും ലഭിക്കും. 10മുതല്‍ 50ശതമാനം വരെ വിലക്കിഴിവിലാണ് വില്‍പ്പന. പുസ്തകോത്സവത്തിന്റെ ഭാഗമായി എല്ലാ ദിവസവും വൈകിട്ട് വൈക്കം മുഹമ്മദ് ബഷീര്‍ വേദിയില്‍ സാഹിത്യചര്‍ച്ചയും പുസ്തകപ്രകാശനവും നടക്കും. രാവിലെ ഒമ്പത് മുതല്‍ രാത്രി എട്ടുവരെയാണ് മേള. ഏപ്രില്‍ എട്ടിന് സമാപിക്കും.

deshabhimani 280312

Sunday, March 11, 2012

"മൂലധനം മതം രാഷ്ട്രീയം" പ്രകാശനം ചെയ്തു


എം ബി രാജേഷ് എംപിയുടെ ലേഖനസമാഹാരമായ "മൂലധനം മതം രാഷ്ട്രീയം" എന്ന പുസ്തകം കേരള സര്‍വകലാശാല മുന്‍ വൈസ്ചാന്‍സലര്‍ ഡോ. ബി ഇക്ബാല്‍ പ്രകാശനം ചെയ്തു. ജസ്റ്റിസ് ചേറ്റൂര്‍ ശങ്കരന്‍നായര്‍ പുസ്തകം ഏറ്റുവാങ്ങി. പാലക്കാട് താരേക്കാട് ഫൈന്‍ ആര്‍ട്സ് സൊസൈറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ പുരോഗമന കലാസാഹിത്യസംഘം ജില്ലാ പ്രസിഡന്റ്് എന്‍ രാധാകൃഷ്ണന്‍ നായര്‍ അധ്യക്ഷനായി.

കേരളത്തിന്റെ വായനാസംസ്കാരം ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്ന് ഡോ. ബി ഇക്ബാല്‍ പറഞ്ഞു. മതം, രാഷ്ട്രീയം എന്നിവ സംബന്ധിച്ച് കേരളത്തിലെ മാധ്യമങ്ങളില്‍ തരംതാഴ്ന്ന ചര്‍ച്ചകളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഥാകൃത്ത് മുണ്ടൂര്‍ സേതുമാധവന്‍ , പ്രൊഫ. പി എ വാസുദേവന്‍ , ജസ്റ്റീസ് ചേറ്റൂര്‍ ശങ്കരന്‍നായര്‍ , ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി എം കാസിം, എം ബി രാജേഷ് എംപി എന്നിവര്‍ സംസാരിച്ചു. പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി എ കെ ചന്ദ്രന്‍കുട്ടി സ്വാഗതം പറഞ്ഞു. ഹരിതം ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

deshabhimani 110312