Showing posts with label പാമൊലിൻ. Show all posts
Showing posts with label പാമൊലിൻ. Show all posts

Saturday, January 11, 2014

ഉമ്മന്‍ചാണ്ടിക്ക് കുരുക്ക് മുറുകി

കേസ് പിന്‍വലിക്കാനാകില്ല: കോടതി

തൃശൂര്‍: പാമൊലിന്‍ അഴിമതിക്കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ ഹര്‍ജി തൃശൂര്‍ വിജിലന്‍സ് കോടതി തള്ളി. കേസ് പിന്‍വലിക്കുന്നത് സാമൂഹ്യനീതിക്കും പൊതുതാല്‍പ്പര്യത്തിനും വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്ജി കെ ഹരിപാല്‍ ഹര്‍ജി തള്ളിയത്. കേസ് പിന്‍വലിക്കാനുള്ള യുഡിഎഫ് സര്‍ക്കാര്‍ തീരുമാനം തടയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും വി എസ് സുനില്‍കുമാര്‍ എംഎല്‍എയും ഉന്നയിച്ച വാദങ്ങള്‍ കോടതി അംഗീകരിച്ചു. ഇതോടെ കേസിലെ ഏഴ് പ്രതികള്‍ക്കുമെതിരായ നിയമനടപടികള്‍ തുടരുമെന്നുറപ്പായി.

കേസ് ഫെബ്രുവരി 22ന് പരിഗണിക്കും. സര്‍ക്കാരിനുവേണ്ടി ഹാജരായത് ഉത്തരവാദപ്പെട്ട അഭിഭാഷകനല്ലെന്നും കോടതി നിരീക്ഷിച്ചു. വിടുതല്‍ ഹര്‍ജികള്‍ പരിഗണിക്കുന്നതുവരെ അഡീഷണല്‍ ലീഗല്‍ അഡൈ്വസര്‍ ബിജുമനോഹറായിരുന്നു ഹാജരായത്. എന്നാല്‍ കേസ് പിന്‍വലിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിനുശേഷം പിന്‍വലിക്കല്‍ ഹര്‍ജി സമര്‍പ്പിച്ചതും ഹാജരായതും ലീഗല്‍ അഡൈ്വസര്‍ സി സി അഗസ്റ്റിനാണ്. പ്രതികളുടെ വിടുതല്‍ ഹര്‍ജികളെ എതിര്‍ത്തിരുന്ന പ്രോസിക്യൂഷന്‍, ഇപ്പോള്‍ കേസ് അപ്പാടേ പിന്‍വലിക്കുന്നതിനെ അനൂകുലിക്കുന്നതില്‍് വൈരുധ്യമുണ്ട്്. നിരപരാധികള്‍ പീഡിപ്പിക്കപ്പെടരുതെന്നും കുറ്റവാളികള്‍ രക്ഷപ്പെടാന്‍ ഇടയാകരുതെന്നും കോടതിക്ക് നിര്‍ബന്ധമുണ്ട്.

കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഉന്നയിച്ച വാദങ്ങള്‍ നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഐഎഎസുകാരായ പ്രതികളുടെ പ്രോസിക്യൂഷന് കേന്ദ്രാനുമതി വാങ്ങിയില്ലെന്ന വാദം കേസിന്റെ ഈ ഘട്ടത്തില്‍ പ്രസക്തമല്ല. സാക്ഷികളില്‍ മൂന്നുപേര്‍ മരിച്ചു, പാമൊലിന്‍ ഇറക്കുമതിക്ക് സ്റ്റോര്‍ പര്‍ച്ചേസ് നിയമം ബാധകമല്ല, കേസ് നിലനില്‍ക്കാനാവശ്യമായ തെളിവുകളില്ല എന്നിവയും കേസ് പിന്‍വലിക്കുന്നതിന് സര്‍ക്കാര്‍ ഉന്നയിച്ചിരുന്നു. എതാനും സാക്ഷികള്‍ മരിച്ചാലും കേസിന്റെ മറ്റു രേഖകളെല്ലാം നില്‍നില്‍ക്കുന്നുവെന്ന് സര്‍ക്കാര്‍ ഹര്‍ജി തള്ളി 30 പേജുള്ള ഉത്തരവില്‍ കോടതി വ്യക്തമാക്കി.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരിട്ടിടപെട്ടാണ് കേസ് പിന്‍വലിപ്പിക്കാന്‍ ചരടുവലിച്ചത്. പാമൊലിന്‍ ഇടപാട് സമയത്ത് ധനമന്ത്രിയായിരുന്നു ഉമ്മന്‍ചാണ്ടി. കേസ് തുടര്‍ന്നാല്‍ പ്രതിയാകുമെന്ന് കണ്ടാണ് അട്ടിമറിനീക്കമാരംഭിച്ചത്. മുന്‍ ഭക്ഷ്യമന്ത്രി ടി എച്ച് മുസ്തഫയുടെ ഹര്‍ജിയെതുടര്‍ന്ന് ഉമ്മന്‍ചാണ്ടിയുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് ജഡ്ജി പി കെ ഹനീഫ നേരത്തെ ഉത്തരവിട്ടിരുന്നു. ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് 2011ല്‍ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി നിരാകരിച്ചു. തുടരന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജിക്കെതിരെ ചീഫ്വിപ്പ് ഉള്‍പ്പെടെയുള്ളവരെ ഉമ്മന്‍ചാണ്ടി രംഗത്തിറക്കി. ഒടുവില്‍ കേസ് കേള്‍ക്കുന്നതില്‍നിന്ന് ജഡ്ജി പിന്മാറി. കേസ് തൃശൂര്‍ വിജിലന്‍സ് കോടതിയിലേക്ക് മാറ്റി. ഇടപാടില്‍ ഉമ്മന്‍ചാണ്ടിക്ക് പങ്കില്ലെന്ന് വിജിലന്‍സ് വീണ്ടും റിപ്പോര്‍ട്ട് നല്‍കി. ഇത് കോടതി അംഗീകരിച്ചതിനെ തുടര്‍ന്നാണ് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ കേസ് തന്നെ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്.
(വി എം രാധാകൃഷ്ണന്‍)

ഉമ്മന്‍ചാണ്ടിക്ക് കുരുക്ക് മുറുകി

പാമൊലിന്‍ കേസ് പിന്‍വലിക്കാനുള്ള മന്ത്രിസഭാ തീരുമാനം തള്ളിയതോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും സര്‍ക്കാരിനും എതിരെ കുരുക്ക് കൂടുതല്‍ സങ്കീര്‍ണമായി. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ അപേക്ഷ രണ്ടാംതവണയാണ് വിജിലന്‍സ് പ്രത്യേക കോടതി നിരാകരിക്കുന്നത്. 2005ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന വേളയിലാണ് കേസ് പിന്‍വലിക്കാന്‍ ആദ്യം തീരുമാനിച്ചത്. 2006ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ തീരുമാനം റദ്ദാക്കി. ഇതു ശരിവച്ച തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു. പാമൊലിന്‍ ഇടപാട് നടന്ന സമയത്ത് ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്കെതിരെ തുടരന്വേഷണത്തിന് വിജിലന്‍സ് കോടതി നിര്‍ദേശം നല്‍കിയതോടെയാണ് കേസ് പുതിയ വഴിത്തിരിവിലെത്തിയത്. ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് 2011ല്‍ പ്രത്യേക കോടതി നിരാകരിച്ചത് വന്‍വിവാദത്തിന് തിരികൊളുത്തി. ഇതേതുടര്‍ന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നിന്ന് തൃശൂരിലേക്ക് കേസ് മാറ്റി.

ഉമ്മന്‍ചാണ്ടിയെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തെളിവില്ലെന്ന് വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഇത് അംഗീകരിച്ചെങ്കിലും കേസ് പൂര്‍ണമായും എഴുതിത്തള്ളാനുള്ള നീക്കമാണ് പിന്നീട് അരങ്ങേറിയത്. പ്രതിപ്പട്ടികയില്‍ നിന്ന് തല്‍ക്കാലം ഒഴിവാക്കപ്പെട്ടെങ്കിലും മുഖ്യമന്ത്രിക്കെതിരെ തുറിച്ചുനോക്കുന്ന തെളിവുകളും രേഖകളും പാമൊലിന്‍ കേസിന്റെ നാള്‍വഴിയിലുണ്ട്. കേസ് പിന്‍വലിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിന് ആധാരം ഇതാണ്. 2013 സെപ്തംബര്‍ ഇരുപത്തിമൂന്നിനാണ് കേസ് പിന്‍വലിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. ഇതിനെതിരെ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. കേസിലെ മറ്റൊരു പ്രതിയായ പി ജെ തോമസ് നല്‍കിയ ഹര്‍ജിയും സുപ്രീംകോടതി വിജിലന്‍സ് കോടതിയുടെ തീര്‍പ്പിനു വിടുകയായിരുന്നു. പാമൊലിന്‍ കേസ് അട്ടിമറിക്കുന്നതിന് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടത്തിയ അണിയറനീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് പ്രത്യേക കോടതി വിധിയിലൂടെ ഉണ്ടായിരിക്കുന്നത്. കേസില്‍ അപ്പീല്‍ നല്‍കാന്‍ കഴിയുമെങ്കിലും ദേശീയതലത്തില്‍ തന്നെ കോളിളക്കം സൃഷ്ടിച്ച ഒരു അഴിമതിക്കേസില്‍ സര്‍ക്കാരിനെതിരെ കോടതി വിധി പ്രസ്താവിച്ചെന്നതാണ് ശ്രദ്ധേയം. ഈ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ മൂന്നാംതവണയാണ് കോടതി വിരല്‍ചൂണ്ടിയത്. കേസില്‍ പ്രതികളായ ടി എച്ച് മുസ്തഫ, സഖറിയാമാത്യു എന്നിവര്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയിലാണ് ഉമ്മന്‍ചാണ്ടിയെ ആദ്യം വിജിലന്‍സ് കോടതി പ്രതിക്കൂട്ടില്‍ നിര്‍ത്തിയത്. 2005ല്‍ കേസ് പിന്‍വലിക്കാനെടുത്ത തീരുമാനം ദുരുദ്ദേശ്യപരമല്ലേയെന്ന് 2010 ഡിസംബര്‍ 15ന് സുപ്രീംകോടതി ആരാഞ്ഞിരുന്നു. കേസ് പിന്‍വലിച്ചത് റദ്ദാക്കിയ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്ത് കെ കരുണാകരന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോഴാണ് സുപ്രീംകോടതിയില്‍ നിന്ന് കടുത്ത പരാമര്‍ശമുണ്ടായത്. അന്നും പ്രതിക്കൂട്ടിലായത് കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ്.

ടി എച്ച് മുസ്തഫയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് തുടരന്വേഷണത്തിന് 2011ല്‍ സര്‍ക്കാര്‍ അനുമതി തേടിയത്. 2011 ഫെബ്രുവരിയില്‍ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഇത് അംഗീകരിച്ചു. ഇതേതുടര്‍ന്ന് അന്ന് പ്രതിപക്ഷനേതാവായിരുന്ന ഉമ്മന്‍ചാണ്ടിയെ നാലാം പ്രതിയാക്കി വിജിലന്‍സ് റിപ്പോര്‍ട്ട് തയ്യാറാക്കിയെങ്കിലും ഭരണം മാറിയതിനെ തുടര്‍ന്ന് ഇതു പൂഴ്ത്തി. 2011 ജൂലൈയില്‍ ഉമ്മന്‍ചാണ്ടിയെ വെള്ളപൂശി വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ട് വിജിലന്‍സ് പ്രത്യേക ജഡ്ജി പി കെ ഹനീഫ തള്ളിക്കളഞ്ഞു. ഇതോടെ വീണ്ടും കുരുക്കിലായ ഉമ്മന്‍ചാണ്ടി വിജിലന്‍സ് വകുപ്പ് തന്റെ വിശ്വസ്തനായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കൈമാറി തടിയൂരി. തിരുവഞ്ചൂര്‍ വിജിലന്‍സ് മന്ത്രിയായിരുന്നപ്പോള്‍ തന്നെ മുഖ്യമന്ത്രിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഇത് അംഗീകരിച്ചതിനെ തുടര്‍ന്നാണ് കേസ് അപ്പാടെ അവസാനിപ്പിക്കാന്‍ അണിയറനീക്കം സജീവമായത്.
(കെ ശ്രീകണ്ഠന്‍)

deshabhimani

Friday, January 10, 2014

ഉമ്മന്‍ ചാണ്ടിയുടെ നീക്കം പൊളിഞ്ഞു: വി എസ്

പാമോലിന്‍ കേസ് പിന്‍വലിക്കാനുളള സര്‍ക്കാരിന്റെ അപേക്ഷ തള്ളിയ കോടതിവിധിയെ സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അഴിമതിക്കെതിരെ കാലങ്ങളായി താന്‍ നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടത്തിന്റെ വിജയം കൂടിയാണ് ഈ കോടതി വിധി. കഴിഞ്ഞ 22 കൊല്ലമായി സുപ്രീംകോടതി ഉള്‍പ്പെടെ വിവിധ കോടതികളില്‍ പാമോയില്‍ അഴിമതിക്കെതിരെ നിയമപോരാട്ടം നടത്തുകയാണ്. പാമോയില്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ കൂടി പ്രതിയാക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത കേസ് നിലവിലുണ്ട്.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പാമോലിന്‍ കേസ് ഫയല്‍ ചെയ്തത്. അഴിമതിക്കേസാണെന്നും അതിനാല്‍ ഈ കേസ് പരവതാനിക്കടിയിലേക്ക് തള്ളാന്‍ അനുവദിക്കുകയില്ലെന്നുമുള്ള സുപ്രീംകോടതി വിധി നിലനില്‍ക്കുമ്പോഴാണ് ഉമ്മന്‍ചാണ്ടി പാമോലിന്‍ കേസ് പിന്‍വലിക്കാനുള്ള തീരുമാനം എടുത്തത്. താന്‍ കൂടി ഈ കേസില്‍ ഉള്‍പ്പെടും എന്നുള്ള ഭയത്താലാണ് കേസ് പിന്‍വലിക്കാന്‍ ഉമ്മന്‍ചാണ്ടി തീരുമാനിച്ചത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റ അഴിമതി ഭരണത്തിനും ഇത്തരത്തിലുള്ള നിയമവിരുദ്ധപ്രവര്‍ത്തനങ്ങളിലൂടെ അഴിമതിക്കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ഉമ്മന്‍ചാണ്ടിയും കൂട്ടരും നടത്തുന്ന ശ്രമങ്ങള്‍ക്കുള്ള കനത്ത തിരിച്ചടിയുമാണ് ഈ വിധിയെന്ന് വിഎസ് പറഞ്ഞു.

നീതിബോധമുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി രാജിവെയ്ക്കണം: കോടിയേരി

തിരു: പാമോലിന്‍ കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം വിജിലന്‍സ് കോടതി തള്ളിയ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിസ്ഥാനത്ത് തുടരാന്‍ ഉമ്മന്‍ചാണ്ടിയ്ക്ക് അവകാശമില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം. നീതിബോധമുണ്ടെങ്കില്‍ അദ്ദേഹം രാജിവെയ്ക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.

കേസ് കോടതിയില്‍ വിചാരണയ്ക്കെടുത്താല്‍ നിലവിലെ സാഹചര്യത്തില്‍ പാമോലിന്‍ ഇടപാട് നടക്കുമ്പോള്‍ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയും പ്രതിയാകുമെന്ന് അദ്ദേഹത്തിനറിയാം. കുറ്റബോധം കൊണ്ടാണ് ഉമ്മന്‍ചാണ്ടിയുടെ തന്നെ നേതൃത്വത്തില്‍ കേസ് പിന്‍വലിക്കാനായി കോടതിയെ സമീപിച്ചത്. കോടതി വിധി ഉമ്മന്‍ചാണ്ടിയുടെ മുഖത്തേറ്റ അടിയാണ്.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ ഉമ്മന്‍ചാണ്ടിയുടെ കീഴിലായിരുന്ന വിജിലന്‍സ് അദ്ദേഹത്തിന് പാമോലിന്‍ ഇടപാടില്‍ പങ്കില്ലെന്ന് വിധിയെഴുതി. ഇതിനെ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ നല്‍കിയ റിവ്യു ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഈ സാഹചര്യത്തില്‍ കേസ് പിന്‍വലിക്കണമെന്ന് മന്ത്രിസഭ ആവശ്യപ്പെട്ടത് ഭരണഘടനയ്ക്ക് നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

പാമോലിന്‍ കേസ്:അപ്പീല്‍ നല്‍കുമെന്ന് ചെന്നിത്തല

തിരു: പാമോലിന്‍ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച അപേക്ഷ തള്ളിയ വിജിലന്‍സ് കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ പോകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

deshabhimani

പാമോലിന്‍ കേസ് പിന്‍വലിക്കാനാകില്ലെന്ന് വിജിലന്‍സ് കോടതി

തൃശൂര്‍: പാമോലിന്‍ കേസ് പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ തൃശൂര്‍ വിജിലന്‍സ് കോടതി തള്ളി. കേസ് പിന്‍വലിക്കാന്‍ നിലവില്‍ സാധ്യമല്ലെന്ന് ഉത്തരവിട്ട ജഡ്ജി കെ ഹരിപാല്‍ കേസ് പരിഗണനക്കായി ഫെബ്രുവരി 22ലേക്ക് മാറ്റി. കേസില്‍ ഏഴ് പേര്‍ക്കെതിരായ നിയമനടപടികള്‍ തുടരും. സര്‍ക്കാരിന്റെ അപേക്ഷ പൊതുതാല്‍പര്യത്തിന് എതിരാണെന്നും കോടതി ചുണ്ടിക്കാട്ടി. കേസ് പിന്‍വലിക്കരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍, വി എസ് സുനില്‍കുമാര്‍ എംഎല്‍എ എന്നിവരും ഹര്‍ജി നല്‍കിയിരുന്നു. കേസ് പിന്‍വലിച്ച് തടിയൂരാന്‍ ശ്രമിച്ച ഉമ്മന്‍ചാണ്ടിക്കുള്ള ഇരുട്ടടിയായി വിജിലന്‍സ് കോടതിയുടെ വിധി. പ്രധാന സാക്ഷികളും പ്രതികളും മരിച്ചുപോയെന്നും ഈ കേസിന്റെ പേരില്‍ ഇനിയും ഉദ്യോഗസ്ഥരെ പീഡിപ്പിക്കാനാവില്ലെന്നും ചൂണ്ടികാട്ടിയാണ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ ശ്രമിച്ചത്.

കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 13നാണു കേസ് പിന്‍വലിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. തുടര്‍ന്ന് ഒക്ടോബര്‍ 15നു ലീഗല്‍ അഡൈ്വസര്‍ അഗസ്റ്റിന്‍ മുഖേന കോടതിയില്‍ അപേക്ഷ നല്‍കി. 1991ല്‍ നടന്ന പാമോയില്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട് 1997ലാണു വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.കരുണാകരന്‍ മന്ത്രിസഭഭ 15,000 മെട്രിക് ടണ്‍ പാമോലിന്‍ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ടാണ് അഴിമതി ആരോപണം ഉയര്‍ന്നത്. മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്‍, ഭക്ഷ്യമന്ത്രി ടി എച്ച് മുസ്തഫ, ചീഫ് സെക്രട്ടറി എസ് പത്മകുമാര്‍, അഡീഷണല്‍ സെക്രട്ടറി സക്കറിയ മാത്യു, സിവില്‍ സപ്ലൈസ്എംഡി ജിജി തോംസണ്‍, വകുപ്പു സെക്രട്ടറി പി.ജെ തോമസ് എന്നിവരടക്കം എട്ടു പ്രതികളായിരുന്നു കേസില്‍.

1993ലെ സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളായിരുന്നു കേസിനാധാരം. നിയമവിരുദ്ധമായും ചട്ടങ്ങള്‍ മറികടന്നും മലേഷ്യയില്‍നിന്നു പാമോലിന്‍ ഇറക്കുമതി ചെയ്തതിലൂടെ രണ്ടു കോടിയിലധികം രൂപ സര്‍ക്കാരിനു നഷ്ടം സംഭവിച്ചുവെന്നായിരുന്നു കേസ്. 2001ല്‍ അന്വേഷണം പൂര്‍ത്തിയായി. 2003ല്‍ അന്വേഷണ റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. എന്നാല്‍, ഇടപാടു നടക്കുന്ന കാലത്തു ധനമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ പങ്കുകൂടി അന്വേഷിക്കണമെന്നു തിരുവനന്തപുരം വിജിലന്‍സ് കോടതി 2011ല്‍ ഉത്തരവിട്ടു. ഇത് വിവാദങ്ങള്‍ക്കിടയാക്കിയതോടെ ജഡ്ജി പിന്മാറുകയും കേസ് തൃശൂര്‍ വിജിലന്‍സ് കോടതിയിലേക്കു മാറ്റുകയുമായിരുന്നു. പാമോലിന്‍ ഇടപാടില്‍ ഉമ്മന്‍ ചാണ്ടിക്കു പങ്കില്ലെന്ന തുടരന്വേഷണ റിപ്പോര്‍ട്ട് 2012ല്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. പ്രതികളുടെ വിടുതല്‍ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണു പാമോലിന്‍ കേസ് അവസാനിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ വിജിലന്‍സ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്.

പാമോലിന്‍ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുറ്റ വിമുക്തമാക്കണമെന്ന റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്നും ഹര്‍ജിയില്‍ പറയുന്നു

deshabhimani

Thursday, September 26, 2013

പാമൊലിന്‍ കേസ്: തുറക്കുന്നത് പുതിയ നിയമയുദ്ധം

പാമൊലിന്‍ അഴിമതിക്കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും തുറക്കുന്നത് പുതിയ നിയമയുദ്ധത്തിനുള്ള വഴികള്‍. അഴിമതി നടന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ഹൈക്കോടതിയും സുപ്രീംകോടതിയും വ്യക്തമാക്കിയ കേസാണിത്. ഉമ്മന്‍ചാണ്ടി പ്രതിയാണെന്ന് വ്യക്തമാക്കുന്ന വിജിലന്‍സ് റിപ്പോര്‍ട്ടും പൂഴ്ത്തിയ നിലയില്‍ കിടപ്പുണ്ട്. പാമൊലിന്‍ കേസ് പിന്‍വലിച്ച 2005ലെ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനം ദുരുദ്ദേശ്യപരമാണെന്ന സുപ്രീംകോടതിയുടെ പരാമര്‍ശം മറച്ചുവച്ചാണ് അതേ ഉത്തരവ് പുനഃസ്ഥാപിച്ച് സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയത്. കേസ് പിന്‍വലിച്ച നടപടി റദ്ദാക്കിയതിനെതിരെ കെ കരുണാകരന്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് സുപ്രീംകോടതി 2005ലെ തീരുമാനം ദുരുദ്ദേശ്യപരമല്ലേയെന്ന ചോദ്യം ഉയര്‍ത്തിയത്.

നാല് പ്രതികള്‍ നല്‍കിയ വിടുതല്‍ ഹര്‍ജി കോടതി നിരാകരിച്ച ഉത്തരവ് നിലനില്‍ക്കെയാണ് കേസ് പൂര്‍ണമായും പിന്‍വലിച്ചത്. അഞ്ചാം പ്രതിയും സപ്ലൈകോ മുന്‍ എംഡിയുമായ ജിജി തോംസനെമാത്രം പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയാല്‍ നിയമപ്രാബല്യം ലഭിക്കില്ലെന്ന് വ്യക്തമായതോടെയാണ് കേസ് തന്നെ അവസാനിപ്പിക്കുന്നത്. വിജിലന്‍സ് നിയമോപദേഷ്ടാവാണ് കേസ് പിന്‍വലിക്കണമെന്ന് സര്‍ക്കാരിനെ ഉപദേശിച്ചതും. 2005ല്‍ കേസ് പിന്‍വലിച്ചതിനെതിരെ സുപ്രീംകോടതിയും ഹൈക്കോടതിയും നടത്തിയ പരാമര്‍ശം ഈ ഉപദേഷ്ടാവും അവഗണിച്ചു. പാമൊലിന്‍ ഇടപാട് നടന്നപ്പോള്‍ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് ഇറക്കുമതി തീരുമാനത്തില്‍ നിര്‍ണായക പങ്കുള്ളതായി വിജിലന്‍സ് ആദ്യം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടിയെ നാലാം പ്രതിയാക്കി തയ്യാറാക്കിയ റിപ്പോര്‍ട്ട് യുഡിഎഫ് അധികാരത്തില്‍ വന്നതോടെ വിജിലന്‍സ് ആസ്ഥാനത്ത് മുക്കി. അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍തന്നെയാണ് റിപ്പോര്‍ട്ട് യുഡിഎഫ് കേന്ദ്രങ്ങള്‍ക്ക് കൈമാറിയത്. 14 പേജുള്ള ഈ റിപ്പോര്‍ട്ടില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയത്. പാമൊലിന്‍ ഇറക്കുമതിചെയ്യുന്നതിന് അന്നത്തെ ചീഫ് സെക്രട്ടറിയും മൂന്നാം പ്രതിയുമായ എസ് പത്മകുമാര്‍, നാലാം പ്രതി സഖറിയാ മാത്യു എന്നിവരുമായി ചേര്‍ന്ന് ധനമന്ത്രി ഉമ്മന്‍ചാണ്ടിയും ധന സെക്രട്ടറി എന്‍ വി മാധവനും ഗൂഢാലോചന നടത്തിയെന്നായിരുന്നു കണ്ടെത്തിയത്. ഉമ്മന്‍ചാണ്ടിക്കും എന്‍ വി മാധവനും എതിരെയുള്ള തെളിവ് വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ എസ്പി വി എന്‍ ശശിധരന്‍ റിപ്പോര്‍ട്ടില്‍ അക്കമിട്ട് നിരത്തി. എന്നാല്‍, ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായതിന് ശേഷം 2011 ഓഗസ്ത് എട്ടിന് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍നിന്ന് ഈ ഭാഗം നീക്കി. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ ഏഴു പേരെ വിജിലന്‍സ് അന്വേഷണ ഘട്ടത്തില്‍ ചോദ്യംചെയ്തിരുന്നു. ഒടുവില്‍ 14 പേജുള്ള റിപ്പോര്‍ട്ട് ഒമ്പത് പേജായി ചുരുങ്ങി. ഈ റിപ്പോര്‍ട്ടാണ് വിജിലന്‍സ് ജഡ്ജി പി കെ ഹനീഫ തള്ളിയത്.

ഇതേത്തുടര്‍ന്ന് ഉയര്‍ന്ന വിവാദത്തിനൊടുവിലാണ് ജഡ്ജി പിന്‍വാങ്ങിയത്. കേസ് തൃശൂരിലേക്ക് മാറ്റുകയുംചെയ്തു. വിജിലന്‍സ് ആസ്ഥാനത്ത് പൂഴ്ത്തിവച്ചിരിക്കുന്ന പഴയ റിപ്പോര്‍ട്ട് കാലാന്തരത്തില്‍ വീണ്ടും ഉയര്‍ന്നുവരുമോയെന്ന ഭയമാണ് മുഖ്യമന്ത്രിയെ വേട്ടയാടുന്നത്. "അഴിമതിയുടെ വിപത്ത് നിയപരമായ സാങ്കേതികതയുടെ പരവതാനികള്‍ക്കിടയില്‍ ഒളിക്കപ്പെടേണ്ടതല്ല" പാമൊലിന്‍ കേസില്‍ ഒരു ഘട്ടത്തില്‍ സുപ്രീംകോടതിയില്‍നിന്നുണ്ടായ നിരീക്ഷണമാണിത്. 2005ല്‍ കേസ് പിന്‍വലിച്ച നടപടി തിരുത്തിയത് ദുരുദ്ദേശ്യത്തോടെയാണെന്ന പരാമര്‍ശവും നിലനില്‍ക്കുന്നു. പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കണമെന്ന രണ്ട് പ്രതികളുടെ ആവശ്യം നിരാകരിച്ചതും കോടതിയാണ്.
(കെ ശ്രീകണ്ഠന്‍)

കേസ് പിന്‍വലിച്ചത് ഉമ്മന്‍ചാണ്ടിക്ക് തടിയൂരാന്‍

കോളിളക്കം സൃഷ്ടിച്ച പാമൊലിന്‍ അഴിമതിക്കേസ് പിന്‍വലിക്കുന്നത് ഉമ്മന്‍ചാണ്ടിക്ക് തടിയൂരാന്‍. വിചാരണ തുടര്‍ന്നാല്‍ താനും പ്രതിയാകുമെന്ന് ഉമ്മന്‍ചാണ്ടി ഉറച്ച് വിശ്വസിക്കുന്നു. ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഈ കേസ് പിന്‍വലിക്കുന്നതിലൂടെ മറ്റൊരു രാഷ്ട്രീയവഞ്ചനയ്ക്ക് കൂടി കേരളം സാക്ഷ്യം വഹിക്കുന്നു. സോളാര്‍ തട്ടിപ്പ്, സ്വര്‍ണക്കടത്ത് കേസ് തുടങ്ങി തട്ടിപ്പുകളുടെ ചുരുളുകള്‍ അഴിയുന്ന ഘട്ടത്തില്‍ പാമൊലിന്‍ കേസില്‍ കൂടി പ്രതിയാകേണ്ടിവന്നാല്‍ പിടിച്ചുനില്‍ക്കാനാകില്ലെന്ന് ഉമ്മന്‍ചാണ്ടിക്ക് നന്നായി അറിയാം.

എന്നാല്‍, പാമൊലിന്‍ കേസ് പിന്‍വലിക്കാന്‍ ഉമ്മന്‍ചാണ്ടി നിരത്തുന്ന വാദങ്ങള്‍ നിരര്‍ഥകമാണെന്ന് കാണാം. കേസ് എന്തുകൊണ്ട് പിന്‍വലിക്കുന്നില്ല എന്ന് ചോദിച്ച് 2007ല്‍ കേന്ദ്ര വിജിലന്‍സ് കമീഷണര്‍ അയച്ച കത്തിന് അന്നത്തെ സര്‍ക്കാര്‍ മറുപടി പറയാത്തതിനാലാണ് ഇപ്പോള്‍ കേസ് പിന്‍വലിക്കുന്നതെന്നാണ് ഉമ്മന്‍ചാണ്ടിയുടെ ന്യായം. എന്നാല്‍, ഈ കത്തിന് ശേഷവും രണ്ട് തവണ സുപ്രീംകോടതി ശക്തമായ നിലപാടെടുത്തിട്ടുണ്ട്. പി ജെ തോമസിനെ കേന്ദ്ര വിജിലന്‍സ് കമീഷണറായി നിയമിച്ചതിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് കെ കരുണാകരന്‍ കത്ത് നല്‍കിയപ്പോഴാകാട്ടെ വിചാരണക്കോടതി വിചാരണ നടത്തി തീരുമാനിക്കട്ടെ എന്നായിരുന്നു സുപ്രീംകോടതി പറഞ്ഞത്. 2005ല്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനമുള്ളതിനാല്‍ കോടതി നിര്‍ദേശങ്ങളൊന്നും ബാധകമല്ല എന്നാണ് ഉമ്മന്‍ചാണ്ടിയുടെ വിചിത്രമായ നിലപാട്. കേസിന്റെപേരില്‍ ജിജി തോംസന്റെ സ്ഥാനക്കയറ്റം തടയുന്നുവെന്നാണ് അടുത്ത ന്യായം. ഇതിന്റെപേരില്‍ ജിജി തോംസണെതിരായ കേസ് മാത്രം പിന്‍വലിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ഉത്തരവിറങ്ങിയപ്പോള്‍ കേസ് മുഴുവന്‍ പിന്‍വലിക്കുന്നു എന്നാക്കിയതും പാമൊലിന്‍ കേസ് തുടരുന്നത് തനിക്കുതന്നെ ഭീഷണിയാണ് എന്ന് ഉമ്മന്‍ചാണ്ടി തിരിച്ചറിഞ്ഞതുകൊണ്ടാണ്. കേസ് വിചാരണ ചെയ്യുന്നതിനെതിരെ പ്രതികള്‍ സുപ്രീംകോടതിയെവരെ സമീപിച്ചതിനാല്‍ വിചാരണ വൈകി. പക്ഷേ, ഈ കാരണം പറഞ്ഞ് കേസ് പിന്‍വലിക്കുന്നതെങ്ങനെ?

കേസിന്റെ വിചാരണ തുടങ്ങാമെന്ന് സുപ്രീംകോടതി പറഞ്ഞതോടെയാണ് ഉമ്മന്‍ചാണ്ടിയുടെ പങ്കിലേക്ക് വെളിച്ചം വീശുന്ന വെളിപ്പെടുത്തലുകള്‍ ഉണ്ടായത്. തങ്ങള്‍ പ്രതികളാണെങ്കില്‍ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയും പ്രതിയാണെന്നുകാണിച്ച് രണ്ടാംപ്രതി ടി എച്ച് മുസ്തഫയും നാലാംപ്രതിയും മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും സത്യവാങ്മൂലം നല്‍കി. തുടര്‍ന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടതനുസരിച്ച് പുനരന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവിട്ടത്. ഈ അന്വേഷണം അട്ടിമറിക്കാന്‍ വിജിലന്‍സിനെ ഉമ്മന്‍ചാണ്ടി ഉപയോഗിച്ചു. അത് വിജിലന്‍സ് ജഡ്ജി തടഞ്ഞപ്പോള്‍ ജഡ്ജിയെ അപമാനിച്ച് ഇറക്കിവിട്ടു. സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ "ശല്യം" അദ്ദേഹത്തിന് മുകളില്‍ മറ്റൊരാളെ പ്രതിഷ്ഠിച്ചു. തുടര്‍ന്ന് താന്‍ തട്ടിക്കൂട്ടിയ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയെക്കൊണ്ട് അംഗീകരിപ്പിച്ചു. ഇതിനെതിരെ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയെങ്കിലും ഒരു സുപ്രധാന പരാമര്‍ശമുണ്ട്. വിചാരണവേളയില്‍ വിചാരണക്കോടതിക്ക് ആവശ്യമെന്ന് തോന്നുകയാണെങ്കില്‍ പ്രതികളെ കൂട്ടിച്ചേര്‍ക്കാം. ടി എച്ച് മുസ്തഫയുടെയും സഖറിയ മാത്യുവിന്റെയും സത്യവാങ്മൂലം കോടതിയില്‍ തെളിവായിക്കിടക്കുകയാണ്. ഇതാണ് എന്നും ഉമ്മന്‍ചാണ്ടിക്ക് ഭീഷണിയായി നില്‍ക്കുന്നതും. കെ കരുണാകരനെ പുകച്ച് ചാടിക്കാന്‍ പമൊലിന്‍ കേസ് ആയുധമാക്കിയ ഉമ്മന്‍ചാണ്ടി തന്നെയാണ് ഇപ്പോള്‍ കേസില്‍ അഴിമതിയില്ലെന്ന് പറയുന്നത് എന്നത് മറ്റൊരു വിരോധാഭാസം.

ഉമ്മന്‍ചാണ്ടി സുപ്രീംകോടതി പരാമര്‍ശം മറയ്ക്കുന്നു: ഐസക്

ഉദ്യോഗസ്ഥര്‍ക്കെതിരേ തെളിവില്ലെന്ന കേന്ദ്ര വിജിലന്‍സ് കമീഷന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് പാമൊലിന്‍ കേസ് പിന്‍വലിച്ചതെന്ന വാദത്തിലൂടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യാഥാര്‍ഥ്യം മറച്ചുവയ്ക്കുകയാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ടി എം തോമസ് ഐസക് എംഎല്‍എ പറഞ്ഞു.

കേന്ദ്ര വിജിലന്‍സ് കമീഷന്റെ കത്തില്‍ ഉദ്യോഗസ്ഥര്‍ കുറ്റക്കാരല്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍, ഇതിനുശേഷം കേസ് വാദത്തിനെത്തിയപ്പോള്‍ ഉദ്യോഗസ്ഥരെ കുറ്റവിമുക്തരാക്കുന്നതിന് അടിസ്ഥാനമായ രേഖകളൊന്നുമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സുപ്രീംകോടതി പരാമര്‍ശം മറച്ചുവച്ചാണ് സിവിസിയുടെ കത്തിന്റെ കാര്യം മാത്രം ഉമ്മന്‍ചാണ്ടി പറയുന്നതെന്ന് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

യുഡിഎഫ് സര്‍ക്കാര്‍ ചുമതലയേറ്റശേഷം നടത്തിയ വിജിലന്‍സ് അന്വേഷണത്തില്‍ പാമോലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടി കുറ്റക്കാരനല്ലെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്്. ഇതില്‍ ഉദ്യോഗസ്ഥരെ കുറ്റവിമുക്തരാക്കിയിട്ടില്ല. പാമൊലിന്‍ വിഷയത്തില്‍ എ കെ ആന്റണി ചെയ്യാന്‍ വിസമ്മതിച്ച കാര്യമാണ് ഉമ്മന്‍ചാണ്ടി ചെയ്തത്. മുഖ്യമന്ത്രിയുടെ നിലപാട് അംഗീകരിക്കാനാവില്ല. ഇതിനെ നിയമപരമായി ചോദ്യംചെയ്യുമെന്നും തോമസ് ഐസക് പറഞ്ഞു.

deshabhimani

Tuesday, September 24, 2013

പാമൊലിന്‍ കേസ് പിന്‍വലിക്കുന്നു

പാമൊലിന്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട അഴിമതി കേസ് പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനുള്ള ഉത്തരവ് ആഭ്യന്തരവകുപ്പില്‍ നിന്നിറങ്ങി. ഇനി കേസ് പിന്‍വലിക്കാനുള്ള അപേക്ഷ കോടതിയില്‍ സമര്‍പ്പിക്കും.

കേസില്‍ നിന്ന് ഉദ്യോഗസ്ഥരെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നു. എന്നാല്‍കേസില്‍ നിന്ന് ഉദ്യോഗസ്ഥരെ മാത്രമായി ഒഴിവാക്കാനാവില്ലെന്ന് വിജിലന്‍സിന് നിയമോപദേശം ലഭിച്ചു. കേസില്‍ അഞ്ചാം പ്രതിയും പാമോലിന്‍ ഇറക്കുമതി സമയത്ത് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ എംഡിയുമായിരുന്ന ജിജി തോംസനെയും വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ പി ജെ തോമസിനെയും ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഉദ്യോഗസ്ഥരെ മാത്രം ഒഴിവാക്കുന്നത് നിയപരമായി നിലനില്‍ക്കുന്നതല്ലെന്നും കേസ് പൂര്‍ണമായും പിന്‍വലിക്കുന്നതിന് കോടതിയെ സമീപിക്കാമെന്നും നിയമോപദേശത്തില്‍ പറഞ്ഞിരുന്നു.

സംസ്ഥാനത്തെ ഭരണസാമൂഹ്യരംഗങ്ങളില്‍ വലിയ കോളിളക്കമുണ്ടാക്കിയ അഴിമതിക്കേസായിരുന്നു പാമോലിന്‍ കേസ്. കെ കരുണാകരന്‍ മുഖ്യമന്ത്രിയും ഉമ്മന്‍ചാണ്ടി ധനമന്ത്രിയുമായിരുന്ന 1991-92 കാലയളവിലായിരുന്നു പാമോലിന്‍ അഴിമതി നടന്നത്. മലേഷ്യയില്‍ നിന്ന് കൂടിയ വിലയ്ക്ക് പാമൊലിന്‍ ഇറക്കുമതി ചെയ്തെന്നാണ് കേസ്. ഇതുവഴി ഖജനാവിന് 2.32 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും വിജിലന്‍സ് കണ്ടെത്തി. സിംഗപ്പൂരിലെ പവര്‍ ആന്റ് എനര്‍ജി എന്ന കമ്പനി വഴി 15,000 ടണ്‍ പാമൊലിനാണ് ഇറക്കുമതി ചെയ്തത്. ടണ്ണിന് 405 യുഎസ് ഡോളറിനാണ് പാമൊലിന്‍ വാങ്ങിയത്. എന്നാല്‍ അക്കാലത്ത് ഇന്ത്യാ ഗവണ്‍മെന്റിന്റെ സ്റ്റേറ്റ് ട്രേഡിങ് കോര്‍പറേഷന്‍ (എസ്ടിസി) ഇറക്കുമതി ചെയ്യുന്ന നിരക്ക് 392 ഡോളറായിരുന്നു. മാത്രമല്ല, 405 ഡോളറിലും കുറഞ്ഞ നിരക്കില്‍ ഒമ്പത് ഓഫര്‍ ലഭിച്ചിരുന്നു. അത് മറച്ചുവച്ചു.

ഹസ്സന്‍ ചെയര്‍മാനായ നിയമസഭാ കമ്മിറ്റി പാമൊലിന്‍ ഇടപാടിലെ ക്രമക്കേട് ചൂണ്ടിക്കാണിച്ചിരുന്നു. സിഎജിയും അഴിമതി പറുത്തുകൊണ്ടുവന്നു. കരുണാകരനായിരുന്നു ഒന്നാം പ്രതി. അദ്ദേഹം അന്തരിച്ചതിനെ തുടര്‍ന്ന് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി. മുന്‍ മന്ത്രി ടി എച്ച് മുസ്തഫ, മുന്‍ ചീഫ് സെക്രട്ടറി എസ് പത്മകുമാര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി സഖറിയാ മാത്യു, സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ എംഡി ജിജി തോംസണ്‍, മുന്‍ ഭക്ഷ്യ സെക്രട്ടറി പി ജെ തോമസ് എന്നിവരടക്കം ഏഴുപേരായിരുന്നു മറ്റു പ്രതികള്‍. രണ്ടാം പ്രതി മുസ്തഫ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഒഴിവാക്കല്‍ ഹര്‍ജിയെ തുടര്‍ന്ന്് തുടരന്വേഷണ ആവശ്യമുയര്‍ന്നു. അന്ന് ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്കും പാമൊലിന്‍ ഇറക്കുമതിയില്‍ ഉത്തരവാദിത്തമുണ്ടെന്ന് മുസ്തഫ വാദിച്ചതോടെയാണ് കേസ് വഴിത്തിരിവിലെത്തിയതും ഉമ്മന്‍ചാണ്ടി പ്രതിക്കൂട്ടിലായതും.

കേസില്‍ തുടരന്വേഷണം നടത്താന്‍ തിരുവനന്തപുരം വിജിലന്‍സ് ജഡ്ജി ഉത്തരവിട്ടു.മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും കീഴിലുള്ള വിജിലന്‍സ് കേസില്‍ ഉമ്മന്‍ചാണ്ടിക്ക് പങ്കില്ലെന്ന വിചിത്രമായ റിപ്പോര്‍ട്ടാണ് നല്‍കിയത്. എന്നാല്‍ വിജിലന്‍സ് ജഡ്ജി ഇത് സ്വീകരിക്കാതെ തുടര്‍ന്നും അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു. ഈ ഘട്ടത്തില്‍ യുഡിഎഫ് നേതാക്കളുടെ പരസ്യവിമര്‍ശനങ്ങളെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടി ചീഫ് വിപ്പ് പിസി ജോര്‍ജിനെ ഇറക്കി വിജിലന്‍സ് ജഡ്ജി പികെ ഹനീഫയെ ഭീഷണിപ്പെടുത്തിയത്. ഇതേ തുടര്‍ന്ന് വിജിലന്‍സ് ജഡ്ജി കേസില്‍ നിന്ന് അദ്ദേഹംസ്വയം ഒഴിവായി. പിന്നീട് കേസ് തൃശൂര്‍ വിജിലന്‍സ് കോടതിയിലേക്ക് മാറ്റി. തൃശൂര്‍ കോടതി ഉമ്മന്‍ചാണ്ടിക്ക് പങ്കില്ലെന്ന റിപ്പോര്‍ട്ട് അംഗീകരിക്കുകയായിരുന്നു. ഇപ്പോള്‍ കേസ് ആകെ പിന്‍വലിക്കാനാണ് നീക്കം.

deshabhimani

Monday, January 9, 2012

ഉമ്മന്‍ചാണ്ടിയുടെ ഇടപെടല്‍ കേരളം മറക്കില്ല: പിണറായി

വടക്കഞ്ചേരി: കീഴുദ്യോഗസ്ഥരെക്കൊണ്ട് പരിശോധന നടത്തി പാമൊലിന്‍ കേസില്‍നിന്ന് രക്ഷപ്പെടാന്‍ ഉമ്മന്‍ചാണ്ടി നടത്തിയ ഇടപെടല്‍ കേരളം മറക്കില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ . സിപിഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ജ്യോതിബസു നഗറില്‍ നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാമൊലിന്‍ കേസിലെ യഥാര്‍ഥ വസ്തുതകള്‍ ഉമ്മന്‍ചാണ്ടിക്ക് അറിയാമായിരുന്നു. മന്ത്രിസഭ തീരുമാനിച്ച കാര്യത്തില്‍ ധനമന്ത്രിക്ക് പ്രത്യേക ഉത്തരവാദിത്തമില്ലെന്ന വിജിലന്‍സിന്റെ കണ്ടെത്തല്‍ ശരിയല്ല. പൊതുഖജനാവിന് നഷ്ടം വരുന്ന കാര്യങ്ങള്‍ വരുമ്പോള്‍ ധനവകുപ്പ് നിര്‍ബന്ധമായും പരിശോധിക്കണം. തടയുകയും വേണം. പാമൊലിന്‍ കേസിലും അതാണ് സംഭവിച്ചത്. ധനമന്ത്രി എന്ന നിലയില്‍ ഉമ്മന്‍ചാണ്ടി അത്തരമൊരു ഇടപെടല്‍ നടത്തിയിട്ടില്ല. തന്റെ ഉത്തരവാദിത്തം നിര്‍വഹിക്കാത്തത് അഴിമതിക്ക് കൂട്ടുനില്‍ക്കലാണ്. അതുകൊണ്ടാണ് തിരുവനന്തപുരം വിജിലന്‍സ് ജഡ്ജി പാമൊലിന്‍ കേസില്‍ ചില കാര്യങ്ങള്‍കൂടി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത്. സ്വന്തം വകുപ്പിലെ ഉദ്യോഗസ്ഥരെക്കൊണ്ട് കേസ് പരിശോധിപ്പിച്ച് ക്ലീന്‍ ചിറ്റ് വാങ്ങിയിരിക്കുകയാണ് മുഖ്യമന്ത്രി. വിജിലന്‍സ് വകുപ്പിന്റെ തലപ്പത്തിരിക്കുന്നവര്‍ ആഭ്യന്തര വകുപ്പില്‍നിന്ന് പോയവരാണ്. അവര്‍ നാളെ തിരിച്ചുവരേണ്ടവരുമാണ്. ഈ ഉദ്യോഗസ്ഥരെല്ലാം മുഖ്യമന്ത്രിയുടെ കീഴിലുള്ളവരാണ്. ഇവര്‍ പരിശോധിക്കുക എന്നാല്‍ ഉമ്മന്‍ചാണ്ടിതന്നെ കേസ് പരിശോധിക്കുക എന്നാണ്. സ്വന്തം കേസ് സ്വയം പരിശോധിച്ച് ക്ലീന്‍ ചിറ്റ് വാങ്ങുകയെന്നത് കേരളം ഒരിക്കലും മറക്കില്ല -പിണറായി പറഞ്ഞു.

പാമൊലിന്‍ കേസ് വിഷയത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍ പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്ന് മനസ്സിലാകുന്നില്ല. അദ്ദേഹത്തെക്കുറിച്ച് നല്ല മതിപ്പാണ് ഞങ്ങള്‍ക്കുള്ളത്. ആ പരാമര്‍ശത്തിനുള്ള മറുപടിയുടെ പേരില്‍ രണ്ട് പാര്‍ടികള്‍ തമ്മില്‍ തര്‍ക്കമാണെന്ന് വരുത്താന്‍ ആരും ശ്രമിക്കേണ്ടെന്നും പിണറായി പറഞ്ഞു.

deshabhimani 090112

Saturday, January 7, 2012

പാമൊലിന്‍ : ഉമ്മന്‍ചാണ്ടിയെ വെള്ളപൂശി വിജിലന്‍സ്

പാമൊലിന്‍ അഴിമതി കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വെള്ളപൂശി വിജിലന്‍സിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട്. തൃശൂര്‍ വിജിലന്‍സ് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അടുത്തമാസം 27ന് ജഡ്ജി വി ഭാസ്കരന്‍ പരിഗണിക്കും. പാമൊലിന്‍ ഇറക്കുമതി ചെയ്യാനുള്ള തീരുമാനം മന്ത്രിസഭയുടേതാണെന്നും ഉമ്മന്‍ചാണ്ടിക്ക് ഗൂഢാലോചനയില്‍ പങ്കുള്ളതായി തെളിവില്ലെന്നും തിരുവനന്തപുരം വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ എസ്പി വി എന്‍ ശശിധരന്‍ സമര്‍പ്പിച്ച 89 പേജുള്ള റിപ്പോര്‍ട്ടില്‍ പറഞ്ഞു. അതേസമയം, വിജിലന്‍സ് മുമ്പ് ഉന്നയിച്ച വാദമുഖങ്ങള്‍പോലും പരിഗണിക്കാതെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. തുടരന്വേഷണം ആവശ്യപ്പെട്ട് മുമ്പ് വിജിലന്‍സ് നല്‍കിയ ഹര്‍ജിയില്‍ സുപ്രധാനമായ പലകാര്യങ്ങളും ഉന്നയിച്ചിരുന്നു. എന്നാല്‍ , ഇപ്പോള്‍ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ടില്‍ അതേക്കുറിച്ച് പരാമര്‍ശിച്ചിട്ടേയില്ല.

തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവിനെത്തുടര്‍ന്നാണ് അഴിമതിയില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്കിനെക്കുറിച്ച് തുടരന്വേഷണം നടത്തിയത്. 1992ല്‍ സിങ്കപ്പൂരില്‍ നിന്നും പാമൊലിന്‍ ഇറക്കുമതി ചെയ്തതുവഴി സംസ്ഥാന ഖജനാവിന് 2.32 കോടി രൂപ നഷ്ടപ്പെട്ടെന്നാണ് കേസ്. മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന്‍ , ഭക്ഷ്യമന്ത്രി ടിഎച്ച് മുസ്തഫ എന്നിവര്‍ ചേര്‍ന്നാണ് ഇറക്കുമതി തീരുമാനമെടുത്തതെന്നും ഉമ്മന്‍ചാണ്ടിക്ക് ഇതില്‍ പങ്കില്ലെന്നുമാണ് വിജിലന്‍സ് ഇപ്പോള്‍ പറയുന്നത്. 2011 മാര്‍ച്ചില്‍ വിജിലന്‍സിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് തുടരന്വേഷണം തിരുവനന്തപുരം വിജിലന്‍സ് കോടതി അനുവദിച്ചത്. കൂടുതല്‍ പ്രതികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വിജിലന്‍സ് അപേക്ഷ നല്‍കിയത്. ഇതേതുടര്‍ന്ന് മെയ് 13ന് നല്‍കിയ റിപ്പോര്‍ട്ടില്‍ വേറെ ആരെയും പ്രതിചേര്‍ക്കാന്‍ തെളിവില്ലെന്ന് വിജിലന്‍സ് ചൂണ്ടിക്കാട്ടി. ഇത് തള്ളിക്കളഞ്ഞ കോടതി വീണ്ടും അന്വേഷിക്കാന്‍ ഉത്തരവിടുകയായിരുന്നു.

ഇതിനെതിരെ യുഡിഎഫ് നേതാക്കള്‍ വന്‍ പ്രചരണമാണ് അഴിച്ചുവിട്ടത്. സര്‍ക്കാര്‍ ചീഫ് വിപ്പ് ജഡ്ജിക്കെതിരെ വ്യക്തിപരമായ ആക്ഷേപം ഉന്നയിച്ചു. ഇതോടെ കേസ് പരിഗണിക്കുന്നതില്‍ നിന്നും തിരുവനന്തപുരം വിജിലന്‍സ് ജഡ്ജി പി കെ ഹനീഫ ഒഴിഞ്ഞു. 2011 ഒക്ടോബറില്‍ ഹൈക്കോടതി കേസ് തൃശൂര്‍ വിജിലന്‍സ് കോടതിയിലേക്ക് മാറ്റുകയും ചെയ്തു.

കേസിലെ രണ്ടാം പ്രതിയും മുന്‍ ഭക്ഷ്യമന്ത്രിയുമായ ടി എച്ച് മുസ്തഫ, നാലാം പ്രതിയും മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ സഖറിയാ മാത്യു എന്നിവര്‍ സമര്‍പ്പിച്ച ഒഴിവാക്കല്‍ ഹര്‍ജിയിലെ വെളിപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള നാലു കാരണമാണ് തുടരന്വേഷണത്തിന് ആധാരമായി വിജിലന്‍സ് തിരുവനന്തപുരത്തെ കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. ഇരുപതാം സാക്ഷിയായ മുന്‍ സിവില്‍ സപ്ലൈസ് സെക്രട്ടറി ജോസ് സിറിയക് നിയമസഭയുടെ പബ്ലിക് അണ്ടര്‍ടേക്കിങ് കമ്മിറ്റിക്കു മുന്നില്‍ നല്‍കിയ മൊഴി, പാമൊലിന്‍ ഇടപാടിനെക്കുറിച്ച് എല്ലാ കാര്യവും തനിക്ക് അറിയാമെന്ന ഉമ്മന്‍ചാണ്ടിയുടെ വെളിപ്പെടുത്തല്‍ , ഏറ്റവുമൊടുവില്‍ നിയമസഭയുടെ മേശപ്പുറത്തുവച്ച പാമൊലിന്‍ ഫയല്‍ - ഇവയെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നു പറഞ്ഞ വിജിലന്‍സ് ഇപ്പോള്‍ മലക്കം മറിഞ്ഞിരിക്കുകയാണ്. ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഇക്കാര്യത്തില്‍ തൃശൂര്‍ വിജിലന്‍സ് കോടതിയുടെ തീരുമാനം സുപ്രധാനമാകും. റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചാല്‍ അത് പുതിയ നിയമയുദ്ധത്തിന് വഴിതുറക്കും.

അന്വേഷണം പ്രഹസനമാക്കി

മൂന്നു മാസത്തിനുള്ളില്‍ വീണ്ടും അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി ആവശ്യപ്പെട്ടതെങ്കിലും ആസൂത്രിതമായ നീക്കത്തിലൂടെ അന്വേഷണംതന്നെ വിജിലന്‍സ് പ്രഹസനമാക്കി. പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ നാലാം പ്രതിയാക്കി തയ്യാറാക്കിയ റിപ്പോര്‍ട്ട് മുക്കി തെരഞ്ഞെടുപ്പ് ഫലം വന്ന 2011 മെയ് 13ന് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കി. ഇത് തള്ളിയ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി വീണ്ടും അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഒരു തവണയേ ഉമ്മന്‍ചാണ്ടി പാമൊലിന്‍ ഫയല്‍ കണ്ടിട്ടുള്ളൂവെന്നാണ് വിജിലന്‍സിന്റെ പുതിയ കണ്ടെത്തല്‍ . ഉമ്മന്‍ചാണ്ടിയെ 23-ാം സാക്ഷിയാക്കി രേഖപ്പെടുത്തിയ മൊഴിയിലും തുടരന്വേഷണത്തിന്റെ ഭാഗമായി 2011 ഏപ്രില്‍ 29ന് അദ്ദേഹത്തില്‍നിന്ന് എടുത്ത മൊഴിയിലും പറയാത്ത കാര്യങ്ങളാണ് ഇപ്പോള്‍ വിജിലന്‍സ് പറയുന്നത്.

1991 നവംബര്‍ 27ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിനു തൊട്ടുമുമ്പാണ് വിഷയം ധനമന്ത്രി എന്ന നിലയില്‍ ഉമ്മന്‍ചാണ്ടിയുടെ ശ്രദ്ധയില്‍പ്പെട്ടതെന്നാണ് വിജിലന്‍സ് വാദം. എന്നാല്‍ , ഏപ്രില്‍ 29ന് വിജിലന്‍സ് എസ്പിക്ക് നല്‍കിയ മൊഴിയില്‍ പാമൊലിന്‍ ഇറക്കുമതി ഫയല്‍ ഭക്ഷ്യമന്ത്രി തനിക്ക് നല്‍കിയെന്നും അത് അജന്‍ഡയ്ക്കു പുറത്തുള്ള വിഷയമായി മന്ത്രിസഭാ യോഗത്തില്‍ വയ്ക്കുന്നതിന് താന്‍ സമ്മതിച്ചെന്നുമാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്. അന്നത്തെ മുഖ്യമന്ത്രിയും ഭക്ഷ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ചേര്‍ന്ന് തീരുമാനമെടുത്തശേഷമാണ് വിഷയം മന്ത്രിസഭാ യോഗത്തില്‍ സമര്‍പ്പിച്ചതെന്നാണ് വിജിലന്‍സ് ഇപ്പോള്‍ പറഞ്ഞിട്ടുള്ളത്. പാമൊലിന്‍ ഇറക്കുമതി നടന്നത് ഉമ്മന്‍ചാണ്ടിയുടെ അംഗീകാരത്തോടെയാണെന്ന സിവില്‍ സപ്ലൈസ് സെക്രട്ടറി ജോസ് സിറിയക്കിന്റെ മൊഴിയെക്കുറിച്ച് തുടരന്വേഷണ റിപ്പോര്‍ട്ടില്‍ മൗനം പാലിക്കുന്നു. പാമൊലിന്‍ ഇറക്കുമതി അടിയന്തരാവശ്യമുള്ള കാര്യമായിരുന്നില്ലെന്ന ടി എച്ച് മുസ്തഫയുടെ മൊഴിയെക്കുറിച്ചും പരാമര്‍ശിക്കുന്നില്ല. ഇറക്കുമതിയെക്കുറിച്ച് ധനമന്ത്രിയെന്ന നിലയില്‍ ഉമ്മന്‍ചാണ്ടിക്ക് നേരത്തെ അറിവുണ്ടായിരുന്നെന്ന് ധനവകുപ്പിലെയും ഭക്ഷ്യവകുപ്പിലെയും മുന്‍ ഉദ്യോഗസ്ഥരുടെ മൊഴിയും അവഗണിച്ചു. പാമൊലിന്‍ ഇറക്കുമതി ചെയ്യുന്നത് പവര്‍ ആന്‍ഡ് എനര്‍ജി കമ്പനി വഴിയാണെന്നും 15 ശതമാനം അവര്‍ക്ക് കമീഷന്‍ നല്‍കണമെന്നും ഫയലില്‍ പറഞ്ഞിട്ടുള്ളതായി തനിക്ക് അറിയാമായിരുന്നൂവെന്ന ഉമ്മന്‍ചാണ്ടിയുടെ പഴയ മൊഴിയും വിജിലന്‍സ് പുതിയ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായി തുടരന്വേഷണ റിപ്പോര്‍ട്ട് നല്‍കിയ വിജിലന്‍സ് എസ്പി വി എന്‍ ശശിധരന് പിന്നീട് ഐപിഎസ് നല്‍കാന്‍ സര്‍ക്കാര്‍ ശുപാര്‍ശചെയ്തു. അന്വേഷണകാലത്ത് വിജിലന്‍സ് ഡയറക്ടറായിരുന്ന ഡസ്മണ്ട് നെറ്റോ സ്ഥാനം ഒഴിഞ്ഞപ്പോള്‍ ദേശീയ ഗെയിംസ് ഡയറക്ടറുടെ പദവിയില്‍ നിയമിച്ചു.
(കെ ശ്രീകണ്ഠന്‍)

കോടതിയില്‍ പോകും: വി എസ്

പാലക്കാട്: പാമൊലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കി റിപ്പോര്‍ട്ട് നല്‍കിയ വിജിലന്‍സ് നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള സമിതിയായി വിജിലന്‍സ് മാറി. ഇവര്‍ പാമൊലിന്‍കേസില്‍ മുഖ്യമന്ത്രിക്ക് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കുമെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. മുഖ്യമന്ത്രിയുടെ ആശ്രിതരാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മുമ്പ് ഉമ്മന്‍ചാണ്ടിക്കെതിരെ വിധിപ്രസ്താവിച്ച വിജിലന്‍സ് ജഡ്ജി ഹനീഫയെ ചീഫ് വിപ്പിനെക്കൊണ്ട് ചീത്ത പറയിച്ചും, പാകിസ്ഥാന്‍ ചാരന്‍ എന്ന് വിളിപ്പിച്ചും അപമാനിച്ചു- വിഎസ് പറഞ്ഞു.

deshabhimani 080112

ടു ജി: ചിദംബരത്തിനെതിരെ കൂടുതല്‍ തെളിവ്

ടു ജി സ്പെക്ട്രം കേസില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ചിദംബരത്തിനെതിരെ ജനതാ പാര്‍ട്ടി നേതാവ് സുബ്രഹ്മണ്യം സ്വാമി വിശദമായ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചു. സ്വാമിയുടെ തെളിവുകള്‍ സംബന്ധിച്ച വിശദമായ വാദം കേള്‍ക്കുന്നതിന് കേസ് ഈ മാസം 21 ലേക്ക് മാറ്റി. സിബിഐ പ്രത്യേക കോടതി ജഡ്ജി ഒ പി സായിനിയാണ് ഉത്തരവിട്ടത്. ടു ജി ഇടപാടില്‍ തീരുമാനമെടുക്കുന്നതില്‍ ടെലകോം മന്ത്രി എ രാജയുടെ മേല്‍ ധനമന്ത്രിയായിരുന്ന ചിദംബരത്തിന്റെ സ്വാധീനമുണ്ടായിരുന്നുവെന്ന് സ്വാമി കോടതിയില്‍ പറഞ്ഞു. രാജയുടെ മാത്രം ഉത്തരവാദിത്വമല്ല. നധമന്ത്രിയുടെ അറിവും സമ്മതവും ഇടപാടിലുണ്ട്. അതിനാല്‍ ചിദംബരത്തെയും വിസ്തരിക്കണം. സ്പെക്ട്രം വിലയും ലൈസന്‍സും കമ്പനികള്‍ക്ക് നിശ്ചയിച്ചു നല്‍കുന്നതില്‍ ചിദംബരത്തിന്റെ ഇടപെടല്‍ വ്യക്തമാണ്. തീരുമാനം രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്നതാണ്. ധനമന്ത്രാലയത്തിന്റെ പൂര്‍ണ്ണമായ അറിവോടെയാണ് ടെലകോം മന്ത്രാലയം ടു ജി സ്പെക്ട്രം അനുവദിക്കാന്‍ തീരുമാനമെടുത്തതെന്ന് സ്വാമി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചിദംബരം പ്രധാനമന്ത്രിക്കും രാജക്കുമയച്ച കത്തുകളുടെ കോപ്പിയും കോടതിയില്‍ സമര്‍പ്പിച്ചു. ചിദംബരത്തെയും പ്രതിചേര്‍ക്കണമെന്നാവശ്യപ്പെട്ട സ്വതന്ത്ര ഹര്‍ജിയാണ് സ്വാമി നല്‍കിയത്.

പാമോയില്‍ : ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവില്ലെന്ന് വിജിലന്‍സ്

തൃശൂര്‍ : പാമൊയില്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കുള്ള പങ്കിന് തെളിവില്ലെന്ന് വിജിലന്‍സ് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ നല്‍കിയ തുടരന്വേഷണറിപ്പോര്‍ട്ടില്‍ പറഞ്ഞു. വിജിലന്‍സ് എസ്പി വി എന്‍ ശശിധരനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കഴിഞ്ഞ ആഗസ്തില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് പാമൊയില്‍ ഇടപാട് സമയത്ത് ധനമന്ത്രി ആയിരുന്ന ഉമ്മന്‍ചാണ്ടിയുടെ പങ്ക് കൂടി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിട്ടത്. മുന്‍ ഭക്ഷ്യ മന്ത്രി ടി എച്ച് മുസ്തഫയുടെ വെളിപ്പെടുത്തലോടെയാണ് ഉമ്മന്‍ ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. തിരുവനന്തപുരം കോടതി വിധിയെത്തുടര്‍ന്ന് കോണ്‍ഗ്രസ്സ് നേതാക്കള്‍ ജഡ്ജിക്കെതിരെ ആക്ഷേപമുന്നയിച്ചു. അതോടെ ജഡ്ജി ഈ കേസ് കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറി. പിന്നീടാണ് തൃശൂര്‍ കോടതിയിലേക്ക് മാറ്റിയത്.

deshabhimani news

Wednesday, September 28, 2011

ഉമ്മന്‍ചാണ്ടിക്കെതിരായ അന്വേഷണത്തിന് സ്റ്റേ

പാമൊലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ തുടരന്വേഷണം ഹൈക്കോടതി ഒരുമാസത്തേക്ക് സ്റ്റേചെയ്തു. വിജിലന്‍സ് കോടതി ഉത്തരവ് നിയമപരമല്ലെന്നാരോപിച്ച് അഞ്ചാംപ്രതി ജിജി തോംസണ്‍ സമര്‍പ്പിച്ച ഹര്‍ജിയെ സര്‍ക്കാര്‍ അഭിഭാഷകന്‍ അനുകൂലിച്ചതിനെത്തുടര്‍ന്നാണ് ജസ്റ്റിസ് കെ ടി ശങ്കരന്റെ സ്റ്റേ ഉത്തരവ്. മെയ് 13ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയ അന്തിമ റിപ്പോര്‍ട്ടടക്കമുള്ള രേഖകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. ഉമ്മന്‍ചാണ്ടിക്കെതിരായ തുടരന്വേഷണം ഹര്‍ജിക്കാരനെ എങ്ങനെ ബാധിക്കുമെന്ന് കോടതി ആരാഞ്ഞു. ആവര്‍ത്തിച്ച് തുടരന്വേഷണം നടക്കുന്നത് കേസ് നടപടികള്‍ ഒരിടത്തുമെത്താത്ത സാഹചര്യം ഉണ്ടാക്കുമെന്ന് ജിജി തോംസണുവേണ്ടി ഹാജരായ അഡ്വ. എസ് രാജീവ് പറഞ്ഞു. ഒരിക്കല്‍ തുടരന്വേഷണത്തിനു നിര്‍ദേശിച്ച കേസില്‍ വിജിലന്‍സ് കോടതിക്ക് വീണ്ടും സ്വമേധയാ തുടരന്വേഷണത്തിനു ഉത്തരവിടാനാവില്ലെന്ന് ഹര്‍ജിക്കാരന്റെ വാദങ്ങള്‍ ആവര്‍ത്തിച്ച് സര്‍ക്കാര്‍ അഭിഭാഷകന്‍ സി എസ് മണിലാലും വാദിച്ചു. കേസ് നടപടികള്‍ നീളുന്നത് പ്രതികളുടെ അവകാശത്തെ പ്രതികൂലമായി ബാധിക്കുമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വിശദീകരിച്ചു. പ്രതിഭാഗം ഉദ്ധരിച്ച സുപ്രീംകോടതി വിധിതന്നെ ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്റെയും വാദം. ജിജി തോംസന്റെ ഹര്‍ജി നിലനില്‍ക്കുന്നതാണോയെന്ന് കോടതി ആവര്‍ത്തിച്ചുചോദിച്ചെങ്കിലും സര്‍ക്കാര്‍ അഭിഭാഷകന്‍ ഉത്തരം നല്‍കിയില്ല. കോടതിയെ നിയമപരമായി സഹായിക്കുക എന്നതാണ് തന്റെ ദൗത്യമെന്ന് വാദത്തിനിടെ പറയുന്നുമുണ്ടായിരുന്നു. വിജിലന്‍സ് കോടതി ഉത്തരവ് തെറ്റാണെന്നു വാദിക്കുകയാണോ എന്ന കോടതിയുടെ ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കിയില്ല. കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ സാധാരണ ഹാജരാകാന്‍ ചുമതലയുള്ള രണ്ട് പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ മാറ്റിനിര്‍ത്തിയാണ് ജിജി തോംസന്റെ ഹര്‍ജിയില്‍ ഹാജരാകാന്‍ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സി എസ് മണിലാലിനെ അഡ്വക്കറ്റ് ജനറല്‍ നിയോഗിച്ചത്. കേസ് ഒക്ടോബര്‍ 17ന് വീണ്ടും പരിഗണിക്കും. ഹര്‍ജിഭാഗവും സര്‍ക്കാരും അന്തിമവാദത്തിന് തയ്യാറായിരിക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് എന്‍ കെ ബാലകൃഷ്ണന്‍ കേസ് പരിഗണിക്കുന്നതില്‍നിന്ന് ഒഴിവായതിനെത്തുടര്‍ന്നാണ് പുതിയ ബെഞ്ച് കേസ് കേട്ടത്.



*****

ദേശാഭിമാനി 28092011