Showing posts with label പാമോയില്‍ കേസ്. Show all posts
Showing posts with label പാമോയില്‍ കേസ്. Show all posts

Saturday, January 11, 2014

ഉമ്മന്‍ചാണ്ടിക്ക് കുരുക്ക് മുറുകി

കേസ് പിന്‍വലിക്കാനാകില്ല: കോടതി

തൃശൂര്‍: പാമൊലിന്‍ അഴിമതിക്കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ ഹര്‍ജി തൃശൂര്‍ വിജിലന്‍സ് കോടതി തള്ളി. കേസ് പിന്‍വലിക്കുന്നത് സാമൂഹ്യനീതിക്കും പൊതുതാല്‍പ്പര്യത്തിനും വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്ജി കെ ഹരിപാല്‍ ഹര്‍ജി തള്ളിയത്. കേസ് പിന്‍വലിക്കാനുള്ള യുഡിഎഫ് സര്‍ക്കാര്‍ തീരുമാനം തടയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും വി എസ് സുനില്‍കുമാര്‍ എംഎല്‍എയും ഉന്നയിച്ച വാദങ്ങള്‍ കോടതി അംഗീകരിച്ചു. ഇതോടെ കേസിലെ ഏഴ് പ്രതികള്‍ക്കുമെതിരായ നിയമനടപടികള്‍ തുടരുമെന്നുറപ്പായി.

കേസ് ഫെബ്രുവരി 22ന് പരിഗണിക്കും. സര്‍ക്കാരിനുവേണ്ടി ഹാജരായത് ഉത്തരവാദപ്പെട്ട അഭിഭാഷകനല്ലെന്നും കോടതി നിരീക്ഷിച്ചു. വിടുതല്‍ ഹര്‍ജികള്‍ പരിഗണിക്കുന്നതുവരെ അഡീഷണല്‍ ലീഗല്‍ അഡൈ്വസര്‍ ബിജുമനോഹറായിരുന്നു ഹാജരായത്. എന്നാല്‍ കേസ് പിന്‍വലിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിനുശേഷം പിന്‍വലിക്കല്‍ ഹര്‍ജി സമര്‍പ്പിച്ചതും ഹാജരായതും ലീഗല്‍ അഡൈ്വസര്‍ സി സി അഗസ്റ്റിനാണ്. പ്രതികളുടെ വിടുതല്‍ ഹര്‍ജികളെ എതിര്‍ത്തിരുന്ന പ്രോസിക്യൂഷന്‍, ഇപ്പോള്‍ കേസ് അപ്പാടേ പിന്‍വലിക്കുന്നതിനെ അനൂകുലിക്കുന്നതില്‍് വൈരുധ്യമുണ്ട്്. നിരപരാധികള്‍ പീഡിപ്പിക്കപ്പെടരുതെന്നും കുറ്റവാളികള്‍ രക്ഷപ്പെടാന്‍ ഇടയാകരുതെന്നും കോടതിക്ക് നിര്‍ബന്ധമുണ്ട്.

കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഉന്നയിച്ച വാദങ്ങള്‍ നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഐഎഎസുകാരായ പ്രതികളുടെ പ്രോസിക്യൂഷന് കേന്ദ്രാനുമതി വാങ്ങിയില്ലെന്ന വാദം കേസിന്റെ ഈ ഘട്ടത്തില്‍ പ്രസക്തമല്ല. സാക്ഷികളില്‍ മൂന്നുപേര്‍ മരിച്ചു, പാമൊലിന്‍ ഇറക്കുമതിക്ക് സ്റ്റോര്‍ പര്‍ച്ചേസ് നിയമം ബാധകമല്ല, കേസ് നിലനില്‍ക്കാനാവശ്യമായ തെളിവുകളില്ല എന്നിവയും കേസ് പിന്‍വലിക്കുന്നതിന് സര്‍ക്കാര്‍ ഉന്നയിച്ചിരുന്നു. എതാനും സാക്ഷികള്‍ മരിച്ചാലും കേസിന്റെ മറ്റു രേഖകളെല്ലാം നില്‍നില്‍ക്കുന്നുവെന്ന് സര്‍ക്കാര്‍ ഹര്‍ജി തള്ളി 30 പേജുള്ള ഉത്തരവില്‍ കോടതി വ്യക്തമാക്കി.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരിട്ടിടപെട്ടാണ് കേസ് പിന്‍വലിപ്പിക്കാന്‍ ചരടുവലിച്ചത്. പാമൊലിന്‍ ഇടപാട് സമയത്ത് ധനമന്ത്രിയായിരുന്നു ഉമ്മന്‍ചാണ്ടി. കേസ് തുടര്‍ന്നാല്‍ പ്രതിയാകുമെന്ന് കണ്ടാണ് അട്ടിമറിനീക്കമാരംഭിച്ചത്. മുന്‍ ഭക്ഷ്യമന്ത്രി ടി എച്ച് മുസ്തഫയുടെ ഹര്‍ജിയെതുടര്‍ന്ന് ഉമ്മന്‍ചാണ്ടിയുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് ജഡ്ജി പി കെ ഹനീഫ നേരത്തെ ഉത്തരവിട്ടിരുന്നു. ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് 2011ല്‍ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി നിരാകരിച്ചു. തുടരന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജിക്കെതിരെ ചീഫ്വിപ്പ് ഉള്‍പ്പെടെയുള്ളവരെ ഉമ്മന്‍ചാണ്ടി രംഗത്തിറക്കി. ഒടുവില്‍ കേസ് കേള്‍ക്കുന്നതില്‍നിന്ന് ജഡ്ജി പിന്മാറി. കേസ് തൃശൂര്‍ വിജിലന്‍സ് കോടതിയിലേക്ക് മാറ്റി. ഇടപാടില്‍ ഉമ്മന്‍ചാണ്ടിക്ക് പങ്കില്ലെന്ന് വിജിലന്‍സ് വീണ്ടും റിപ്പോര്‍ട്ട് നല്‍കി. ഇത് കോടതി അംഗീകരിച്ചതിനെ തുടര്‍ന്നാണ് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ കേസ് തന്നെ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്.
(വി എം രാധാകൃഷ്ണന്‍)

ഉമ്മന്‍ചാണ്ടിക്ക് കുരുക്ക് മുറുകി

പാമൊലിന്‍ കേസ് പിന്‍വലിക്കാനുള്ള മന്ത്രിസഭാ തീരുമാനം തള്ളിയതോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും സര്‍ക്കാരിനും എതിരെ കുരുക്ക് കൂടുതല്‍ സങ്കീര്‍ണമായി. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ അപേക്ഷ രണ്ടാംതവണയാണ് വിജിലന്‍സ് പ്രത്യേക കോടതി നിരാകരിക്കുന്നത്. 2005ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന വേളയിലാണ് കേസ് പിന്‍വലിക്കാന്‍ ആദ്യം തീരുമാനിച്ചത്. 2006ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ തീരുമാനം റദ്ദാക്കി. ഇതു ശരിവച്ച തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു. പാമൊലിന്‍ ഇടപാട് നടന്ന സമയത്ത് ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്കെതിരെ തുടരന്വേഷണത്തിന് വിജിലന്‍സ് കോടതി നിര്‍ദേശം നല്‍കിയതോടെയാണ് കേസ് പുതിയ വഴിത്തിരിവിലെത്തിയത്. ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് 2011ല്‍ പ്രത്യേക കോടതി നിരാകരിച്ചത് വന്‍വിവാദത്തിന് തിരികൊളുത്തി. ഇതേതുടര്‍ന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നിന്ന് തൃശൂരിലേക്ക് കേസ് മാറ്റി.

ഉമ്മന്‍ചാണ്ടിയെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തെളിവില്ലെന്ന് വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഇത് അംഗീകരിച്ചെങ്കിലും കേസ് പൂര്‍ണമായും എഴുതിത്തള്ളാനുള്ള നീക്കമാണ് പിന്നീട് അരങ്ങേറിയത്. പ്രതിപ്പട്ടികയില്‍ നിന്ന് തല്‍ക്കാലം ഒഴിവാക്കപ്പെട്ടെങ്കിലും മുഖ്യമന്ത്രിക്കെതിരെ തുറിച്ചുനോക്കുന്ന തെളിവുകളും രേഖകളും പാമൊലിന്‍ കേസിന്റെ നാള്‍വഴിയിലുണ്ട്. കേസ് പിന്‍വലിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിന് ആധാരം ഇതാണ്. 2013 സെപ്തംബര്‍ ഇരുപത്തിമൂന്നിനാണ് കേസ് പിന്‍വലിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. ഇതിനെതിരെ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. കേസിലെ മറ്റൊരു പ്രതിയായ പി ജെ തോമസ് നല്‍കിയ ഹര്‍ജിയും സുപ്രീംകോടതി വിജിലന്‍സ് കോടതിയുടെ തീര്‍പ്പിനു വിടുകയായിരുന്നു. പാമൊലിന്‍ കേസ് അട്ടിമറിക്കുന്നതിന് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടത്തിയ അണിയറനീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് പ്രത്യേക കോടതി വിധിയിലൂടെ ഉണ്ടായിരിക്കുന്നത്. കേസില്‍ അപ്പീല്‍ നല്‍കാന്‍ കഴിയുമെങ്കിലും ദേശീയതലത്തില്‍ തന്നെ കോളിളക്കം സൃഷ്ടിച്ച ഒരു അഴിമതിക്കേസില്‍ സര്‍ക്കാരിനെതിരെ കോടതി വിധി പ്രസ്താവിച്ചെന്നതാണ് ശ്രദ്ധേയം. ഈ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ മൂന്നാംതവണയാണ് കോടതി വിരല്‍ചൂണ്ടിയത്. കേസില്‍ പ്രതികളായ ടി എച്ച് മുസ്തഫ, സഖറിയാമാത്യു എന്നിവര്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയിലാണ് ഉമ്മന്‍ചാണ്ടിയെ ആദ്യം വിജിലന്‍സ് കോടതി പ്രതിക്കൂട്ടില്‍ നിര്‍ത്തിയത്. 2005ല്‍ കേസ് പിന്‍വലിക്കാനെടുത്ത തീരുമാനം ദുരുദ്ദേശ്യപരമല്ലേയെന്ന് 2010 ഡിസംബര്‍ 15ന് സുപ്രീംകോടതി ആരാഞ്ഞിരുന്നു. കേസ് പിന്‍വലിച്ചത് റദ്ദാക്കിയ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്ത് കെ കരുണാകരന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോഴാണ് സുപ്രീംകോടതിയില്‍ നിന്ന് കടുത്ത പരാമര്‍ശമുണ്ടായത്. അന്നും പ്രതിക്കൂട്ടിലായത് കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ്.

ടി എച്ച് മുസ്തഫയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് തുടരന്വേഷണത്തിന് 2011ല്‍ സര്‍ക്കാര്‍ അനുമതി തേടിയത്. 2011 ഫെബ്രുവരിയില്‍ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഇത് അംഗീകരിച്ചു. ഇതേതുടര്‍ന്ന് അന്ന് പ്രതിപക്ഷനേതാവായിരുന്ന ഉമ്മന്‍ചാണ്ടിയെ നാലാം പ്രതിയാക്കി വിജിലന്‍സ് റിപ്പോര്‍ട്ട് തയ്യാറാക്കിയെങ്കിലും ഭരണം മാറിയതിനെ തുടര്‍ന്ന് ഇതു പൂഴ്ത്തി. 2011 ജൂലൈയില്‍ ഉമ്മന്‍ചാണ്ടിയെ വെള്ളപൂശി വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ട് വിജിലന്‍സ് പ്രത്യേക ജഡ്ജി പി കെ ഹനീഫ തള്ളിക്കളഞ്ഞു. ഇതോടെ വീണ്ടും കുരുക്കിലായ ഉമ്മന്‍ചാണ്ടി വിജിലന്‍സ് വകുപ്പ് തന്റെ വിശ്വസ്തനായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കൈമാറി തടിയൂരി. തിരുവഞ്ചൂര്‍ വിജിലന്‍സ് മന്ത്രിയായിരുന്നപ്പോള്‍ തന്നെ മുഖ്യമന്ത്രിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഇത് അംഗീകരിച്ചതിനെ തുടര്‍ന്നാണ് കേസ് അപ്പാടെ അവസാനിപ്പിക്കാന്‍ അണിയറനീക്കം സജീവമായത്.
(കെ ശ്രീകണ്ഠന്‍)

deshabhimani

Friday, January 10, 2014

ഉമ്മന്‍ ചാണ്ടിയുടെ നീക്കം പൊളിഞ്ഞു: വി എസ്

പാമോലിന്‍ കേസ് പിന്‍വലിക്കാനുളള സര്‍ക്കാരിന്റെ അപേക്ഷ തള്ളിയ കോടതിവിധിയെ സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അഴിമതിക്കെതിരെ കാലങ്ങളായി താന്‍ നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടത്തിന്റെ വിജയം കൂടിയാണ് ഈ കോടതി വിധി. കഴിഞ്ഞ 22 കൊല്ലമായി സുപ്രീംകോടതി ഉള്‍പ്പെടെ വിവിധ കോടതികളില്‍ പാമോയില്‍ അഴിമതിക്കെതിരെ നിയമപോരാട്ടം നടത്തുകയാണ്. പാമോയില്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ കൂടി പ്രതിയാക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത കേസ് നിലവിലുണ്ട്.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പാമോലിന്‍ കേസ് ഫയല്‍ ചെയ്തത്. അഴിമതിക്കേസാണെന്നും അതിനാല്‍ ഈ കേസ് പരവതാനിക്കടിയിലേക്ക് തള്ളാന്‍ അനുവദിക്കുകയില്ലെന്നുമുള്ള സുപ്രീംകോടതി വിധി നിലനില്‍ക്കുമ്പോഴാണ് ഉമ്മന്‍ചാണ്ടി പാമോലിന്‍ കേസ് പിന്‍വലിക്കാനുള്ള തീരുമാനം എടുത്തത്. താന്‍ കൂടി ഈ കേസില്‍ ഉള്‍പ്പെടും എന്നുള്ള ഭയത്താലാണ് കേസ് പിന്‍വലിക്കാന്‍ ഉമ്മന്‍ചാണ്ടി തീരുമാനിച്ചത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റ അഴിമതി ഭരണത്തിനും ഇത്തരത്തിലുള്ള നിയമവിരുദ്ധപ്രവര്‍ത്തനങ്ങളിലൂടെ അഴിമതിക്കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ഉമ്മന്‍ചാണ്ടിയും കൂട്ടരും നടത്തുന്ന ശ്രമങ്ങള്‍ക്കുള്ള കനത്ത തിരിച്ചടിയുമാണ് ഈ വിധിയെന്ന് വിഎസ് പറഞ്ഞു.

നീതിബോധമുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി രാജിവെയ്ക്കണം: കോടിയേരി

തിരു: പാമോലിന്‍ കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം വിജിലന്‍സ് കോടതി തള്ളിയ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിസ്ഥാനത്ത് തുടരാന്‍ ഉമ്മന്‍ചാണ്ടിയ്ക്ക് അവകാശമില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം. നീതിബോധമുണ്ടെങ്കില്‍ അദ്ദേഹം രാജിവെയ്ക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.

കേസ് കോടതിയില്‍ വിചാരണയ്ക്കെടുത്താല്‍ നിലവിലെ സാഹചര്യത്തില്‍ പാമോലിന്‍ ഇടപാട് നടക്കുമ്പോള്‍ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയും പ്രതിയാകുമെന്ന് അദ്ദേഹത്തിനറിയാം. കുറ്റബോധം കൊണ്ടാണ് ഉമ്മന്‍ചാണ്ടിയുടെ തന്നെ നേതൃത്വത്തില്‍ കേസ് പിന്‍വലിക്കാനായി കോടതിയെ സമീപിച്ചത്. കോടതി വിധി ഉമ്മന്‍ചാണ്ടിയുടെ മുഖത്തേറ്റ അടിയാണ്.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ ഉമ്മന്‍ചാണ്ടിയുടെ കീഴിലായിരുന്ന വിജിലന്‍സ് അദ്ദേഹത്തിന് പാമോലിന്‍ ഇടപാടില്‍ പങ്കില്ലെന്ന് വിധിയെഴുതി. ഇതിനെ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ നല്‍കിയ റിവ്യു ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഈ സാഹചര്യത്തില്‍ കേസ് പിന്‍വലിക്കണമെന്ന് മന്ത്രിസഭ ആവശ്യപ്പെട്ടത് ഭരണഘടനയ്ക്ക് നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

പാമോലിന്‍ കേസ്:അപ്പീല്‍ നല്‍കുമെന്ന് ചെന്നിത്തല

തിരു: പാമോലിന്‍ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച അപേക്ഷ തള്ളിയ വിജിലന്‍സ് കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ പോകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

deshabhimani

പാമോലിന്‍ കേസ് പിന്‍വലിക്കാനാകില്ലെന്ന് വിജിലന്‍സ് കോടതി

തൃശൂര്‍: പാമോലിന്‍ കേസ് പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ തൃശൂര്‍ വിജിലന്‍സ് കോടതി തള്ളി. കേസ് പിന്‍വലിക്കാന്‍ നിലവില്‍ സാധ്യമല്ലെന്ന് ഉത്തരവിട്ട ജഡ്ജി കെ ഹരിപാല്‍ കേസ് പരിഗണനക്കായി ഫെബ്രുവരി 22ലേക്ക് മാറ്റി. കേസില്‍ ഏഴ് പേര്‍ക്കെതിരായ നിയമനടപടികള്‍ തുടരും. സര്‍ക്കാരിന്റെ അപേക്ഷ പൊതുതാല്‍പര്യത്തിന് എതിരാണെന്നും കോടതി ചുണ്ടിക്കാട്ടി. കേസ് പിന്‍വലിക്കരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍, വി എസ് സുനില്‍കുമാര്‍ എംഎല്‍എ എന്നിവരും ഹര്‍ജി നല്‍കിയിരുന്നു. കേസ് പിന്‍വലിച്ച് തടിയൂരാന്‍ ശ്രമിച്ച ഉമ്മന്‍ചാണ്ടിക്കുള്ള ഇരുട്ടടിയായി വിജിലന്‍സ് കോടതിയുടെ വിധി. പ്രധാന സാക്ഷികളും പ്രതികളും മരിച്ചുപോയെന്നും ഈ കേസിന്റെ പേരില്‍ ഇനിയും ഉദ്യോഗസ്ഥരെ പീഡിപ്പിക്കാനാവില്ലെന്നും ചൂണ്ടികാട്ടിയാണ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ ശ്രമിച്ചത്.

കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 13നാണു കേസ് പിന്‍വലിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. തുടര്‍ന്ന് ഒക്ടോബര്‍ 15നു ലീഗല്‍ അഡൈ്വസര്‍ അഗസ്റ്റിന്‍ മുഖേന കോടതിയില്‍ അപേക്ഷ നല്‍കി. 1991ല്‍ നടന്ന പാമോയില്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട് 1997ലാണു വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.കരുണാകരന്‍ മന്ത്രിസഭഭ 15,000 മെട്രിക് ടണ്‍ പാമോലിന്‍ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ടാണ് അഴിമതി ആരോപണം ഉയര്‍ന്നത്. മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്‍, ഭക്ഷ്യമന്ത്രി ടി എച്ച് മുസ്തഫ, ചീഫ് സെക്രട്ടറി എസ് പത്മകുമാര്‍, അഡീഷണല്‍ സെക്രട്ടറി സക്കറിയ മാത്യു, സിവില്‍ സപ്ലൈസ്എംഡി ജിജി തോംസണ്‍, വകുപ്പു സെക്രട്ടറി പി.ജെ തോമസ് എന്നിവരടക്കം എട്ടു പ്രതികളായിരുന്നു കേസില്‍.

1993ലെ സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളായിരുന്നു കേസിനാധാരം. നിയമവിരുദ്ധമായും ചട്ടങ്ങള്‍ മറികടന്നും മലേഷ്യയില്‍നിന്നു പാമോലിന്‍ ഇറക്കുമതി ചെയ്തതിലൂടെ രണ്ടു കോടിയിലധികം രൂപ സര്‍ക്കാരിനു നഷ്ടം സംഭവിച്ചുവെന്നായിരുന്നു കേസ്. 2001ല്‍ അന്വേഷണം പൂര്‍ത്തിയായി. 2003ല്‍ അന്വേഷണ റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. എന്നാല്‍, ഇടപാടു നടക്കുന്ന കാലത്തു ധനമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ പങ്കുകൂടി അന്വേഷിക്കണമെന്നു തിരുവനന്തപുരം വിജിലന്‍സ് കോടതി 2011ല്‍ ഉത്തരവിട്ടു. ഇത് വിവാദങ്ങള്‍ക്കിടയാക്കിയതോടെ ജഡ്ജി പിന്മാറുകയും കേസ് തൃശൂര്‍ വിജിലന്‍സ് കോടതിയിലേക്കു മാറ്റുകയുമായിരുന്നു. പാമോലിന്‍ ഇടപാടില്‍ ഉമ്മന്‍ ചാണ്ടിക്കു പങ്കില്ലെന്ന തുടരന്വേഷണ റിപ്പോര്‍ട്ട് 2012ല്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. പ്രതികളുടെ വിടുതല്‍ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണു പാമോലിന്‍ കേസ് അവസാനിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ വിജിലന്‍സ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്.

പാമോലിന്‍ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുറ്റ വിമുക്തമാക്കണമെന്ന റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്നും ഹര്‍ജിയില്‍ പറയുന്നു

deshabhimani

Saturday, November 9, 2013

വകുപ്പ് മന്ത്രിയുടെ വാദം മറികടന്ന് തീരുമാനം അസാധാരണം

സുപ്രധാന വിഷയങ്ങളില്‍ വകുപ്പ് മന്ത്രിയുടെ അഭിപ്രായം മറികടന്ന് മന്ത്രിസഭായോഗം തീരുമാനമെടുക്കുന്നത് സംസ്ഥാന ചരിത്രത്തില്‍ അപൂര്‍വം. പാമൊലിന്‍ കേസ് പിന്‍വലിക്കുന്നതിനെതിരെ കേസ് നടത്തിപ്പിന്റെ ചുമതലയുള്ള വിജിലന്‍സ് വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ശക്തമായ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിട്ടും മന്ത്രിസഭ മറിച്ച് തീരുമാനമെടുത്തതാണ് വിവാദമാവുന്നത്. മന്ത്രിസഭയുടെ തീരുമാനത്തിന്റെ പകര്‍പ്പുമായി കേസിലെ പ്രതിയായ പി ജെ തോമസ് സുപ്രീംകോടതിയെ സമീപിപ്പിച്ചതും ഗൂഢാലോചനയുടെ ഭാഗമാണ്.

പി ജെ തോമസിനെ കേന്ദ്ര വിജിലന്‍സ് കമീഷണറായി നിയമിച്ചതിനെ സുപ്രീംകോടതി നേരത്തെ രൂക്ഷമായി വിമര്‍ശിച്ചത് പാമൊലിന്‍ കേസില്‍ പ്രതിയായതിനാലാണ്. കേസിലെ മറ്റൊരു പ്രതി മുന്‍ മുഖ്യമന്ത്രി അന്തരിച്ച കെ കരുണാകരന്‍ നല്‍കിയ ഹര്‍ജിയിലും കേസ് തുടരണമെന്നായിരുന്നു നിലപാട്. 2005ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചതിനെതിരെയും സുപ്രീംകോടതി വിമര്‍ശിച്ചു. രാജ്യത്തെ പരമോന്നത നീതിപീഠം വിചാരണ നടത്തണമെന്ന് നിര്‍ദേശിച്ച കേസാണ് വകുപ്പ് മന്ത്രിയുടെ അഭിപ്രായം മറികടന്ന് പിന്‍വലിക്കാനുള്ള തീരുമാനം. പ്രതികളായ ഉദ്യോഗസ്ഥരെ കേസില്‍ നിന്ന് ഒഴിവാക്കാനായിരുന്നു ആദ്യം തീരുമാനം. ദീര്‍ഘകാലം കേസില്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം നഷ്ടപ്പെടുന്നുവെന്നാണ് ഇതിന് കാരണം പറഞ്ഞത്. കേസിലെ പ്രതി ജിജി തോംസണിന്റെ അപേക്ഷയുടെ പേരിലായിരുന്നു നീക്കം. ഉദ്യോഗസ്ഥരുടെ പേരിലുള്ള കേസ് പിന്‍വലിക്കാനുള്ള തീരുമാനത്തിന്റെ മറവില്‍ കേസ് മുഴുവനായി പിന്‍വലിക്കാന്‍ തീരുമാനിക്കുകയായിരുന്നു. "പാമൊലിന്‍ ഇടപാടില്‍ തെറ്റായി എന്തെങ്കിലും നടന്നുവെന്ന് കരുതുന്നില്ലെന്ന്" ആണ് ഇതിന് ന്യായീകരണമായി ഉമ്മന്‍ചാണ്ടി പറഞ്ഞത്. മുഖ്യമന്ത്രി ഏകപക്ഷീയമായി കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചതാണെന്ന് ഇതില്‍നിന്ന് വ്യക്തം.

സുപ്രീംകോടതിയിലും ഹൈക്കോടതിയിലുമുള്ള കേസില്‍ തീരുമാനമായശേഷം വിജിലന്‍സ് കോടതിയിലുള്ള കേസ് പിന്‍വലിച്ചാല്‍ മതിയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞതും കോടതിയുടെ വിമര്‍ശം കേള്‍ക്കേണ്ടെന്ന് കണക്കാക്കിയാണ്. എന്നാല്‍, കേസിന്റെ വിചാരണയുടെ ഘട്ടത്തില്‍ താന്‍ പ്രതിയാകുമോയെന്നാണ് ഉമ്മന്‍ചാണ്ടി ഭയക്കുന്നത്. ഉമ്മന്‍ചാണ്ടിക്കെതിരായ തെളിവുകള്‍ ശക്തമാണ്. ധനവകുപ്പ് സെക്രട്ടറിയുടെ തടസ്സവാദം തള്ളിയാണ് അന്ന് ധനമന്ത്രിയായ ഉമ്മന്‍ചാണ്ടി തുക അനുവദിച്ചതെന്നത് സംശയാതീതമായി വെളിപ്പെടുന്നതാണ്. പാമൊലിന്‍ കേസില്‍ വിജിലന്‍സ് കോടതിയില്‍ തനിക്കെതിരെ പരാമര്‍ശം വന്നപ്പോഴായിരുന്നു ഉമ്മന്‍ചാണ്ടി വിജിലന്‍സ് വകുപ്പ് വിശ്വസ്തനായ തിരുവഞ്ചൂരിന് കൈമാറിയത്. ആദ്യം ഉമ്മന്‍ചാണ്ടിക്ക് ഒപ്പമായ മന്ത്രി സോളാര്‍ തട്ടിപ്പ് കേസോടെ അകന്നു. ഈ അകല്‍ച്ചയും ഇപ്പോഴത്തെ വിയോജനക്കുറിപ്പിന് കാരണമായെന്നാണ് കരുതുന്നത്.

deshabhimani

Thursday, November 7, 2013

പാമൊലിന്‍ കേസ് പിന്‍വലിക്കരുതെന്ന് മന്ത്രിസഭയില്‍ തിരുവഞ്ചൂര്‍

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ പ്രതിസ്ഥാനത്തുള്ള പാമൊലിന്‍ അഴിമതിക്കേസ് പിന്‍വലിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ എതിര്‍പ്പ് മറികടന്നെന്ന് മന്ത്രിസഭാ രേഖ. കേസ് പിന്‍വലിക്കാനുള്ള മന്ത്രിസഭയുടെ അജന്‍ഡയിലാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയത്. ഇത് മറികടന്ന്് ഉമ്മന്‍ചാണ്ടിയുടെ പ്രത്യേക താല്‍പ്പര്യപ്രകാരം കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചു. തിരുവഞ്ചൂരിന്റെ വിയോജനക്കുറിപ്പ് അടങ്ങുന്ന അജന്‍ഡയുടെ വിശദാംശങ്ങള്‍ പുറത്തുവന്നു.

പാമൊലിന്‍ കേസ് സംബന്ധിച്ച ഹര്‍ജികള്‍ സുപ്രീംകോടതിയിലും ഹൈക്കോടതിയിലുമുള്ളതിനാല്‍ അവ തീര്‍പ്പാക്കുന്നതു വരെ കാത്തിരിക്കണമെന്നായിരുന്നു തിരുവഞ്ചൂരിന്റെ കുറിപ്പ്. എന്നാല്‍, കേസ് കൈകാര്യംചെയ്യുന്ന വകുപ്പ് മന്ത്രിയെ മറികടന്ന് ഫയല്‍ നിയമ സെക്രട്ടറിക്ക് അയച്ചു. കേസില്‍ ഇടപെടരുതെന്ന് ഒരു കോടതിയും നിര്‍ദേശിച്ചിട്ടില്ലെന്നും തീരുമാനമെടുക്കുന്നതില്‍ സര്‍ക്കാരിന് വിലക്കില്ലെന്നും നിയമ സെക്രട്ടറി കുറിപ്പെഴുതി. ഈ കുറിപ്പ് സഹിതമുള്ള ഫയല്‍ പരിഗണിച്ചാണ് കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. പിന്‍വലിക്കല്‍ ഹര്‍ജി തൃശൂര്‍ വിജിലന്‍സ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് തിരുവഞ്ചൂരിന്റെ വിയോജനക്കുറിപ്പ് പുറത്തുവരുന്നതെന്നതും ശ്രദ്ധേയം.

മുപ്പതിനായിരം മെട്രിക് ടണ്‍ പാമൊലിന്‍ ഇറക്കുമതിചെയ്യാന്‍ സിംഗപ്പുരിലെ പവര്‍ ആന്‍ഡ് എനര്‍ജി കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ അഴിമതി നടന്നുവെന്നാണ് കേസ്. 1991 നവംബര്‍ 27നാണ് ഇറക്കുമതിക്ക് മന്ത്രിസഭ തീരുമാനിച്ചത്. ഉത്തരവിറങ്ങിയത് 1991 ഡിസംബര്‍ രണ്ടിന്. എന്നാല്‍, സര്‍ക്കാര്‍ ഉത്തരവ് പുറത്തുവരുന്നതിനുമുമ്പ് നവംബര്‍ 29ന് പവര്‍ ആന്‍ഡ് എനര്‍ജി കമ്പനി പ്രതിനിധി സദാശിവവും സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ എംഡി ജിജി തോംസണും കരാര്‍ ഒപ്പിട്ടു. അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരനും ഭക്ഷ്യമന്ത്രി ടിഎച്ച് മുസ്തഫയും പ്രതികളായ കേസില്‍ ജിജി തോംസണ് പുറമെ മുന്‍ കേന്ദ്ര വിജിലന്‍സ് കമീഷണര്‍ പി ജെ തോമസ് ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായി. ധനസെക്രട്ടറിയുടെ തടസ്സവാദം തള്ളിയാണ് ഇടപാടിന് സിംഗപ്പുര്‍ കമ്പനിക്ക് പണമനുവദിക്കാന്‍ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ഉത്തരവിട്ടത്. താന്‍കൂടി പ്രതിയാകുമെന്ന് ഭയന്ന് 2005ല്‍ മുഖ്യമന്ത്രിയായ ഉടനെ കേസ് പിന്‍വലിക്കാന്‍ ഉമ്മന്‍ചാണ്ടി തീരുമാനിച്ചു. ഇതിനെ സുപ്രീംകോടതി ഉള്‍പ്പെടെ വിമര്‍ശിച്ചു. തുടര്‍ന്ന് കരുണാകരന്‍ ഉള്‍പ്പെടെ നല്‍കിയ ഹര്‍ജിയില്‍ വിചാരണക്കോടതിയില്‍ തെളിവെടുപ്പ് നടക്കട്ടെ എന്ന് സുപ്രീംകോടതി ഉത്തരവിട്ടു.

ഇതിനിടെ തങ്ങള്‍ പ്രതികളാണെങ്കില്‍ ഉമ്മന്‍ചാണ്ടിയും പ്രതിയാണെന്ന് ടി എച്ച് മുസ്തഫയും മറ്റും വിജിലന്‍സ് കോടതിയില്‍ ബോധിപ്പിച്ചു. കുരുക്ക് മുറുകിയപ്പോള്‍ ജഡ്ജിയെ പുകച്ച് ചാടിച്ചു. സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ രാജിവയ്പിച്ചു. ഇതേത്തുടര്‍ന്നാണ് കേസ് തൃശൂര്‍ വിജിലന്‍സ് കോടതിയിലെത്തിയത്. കേസ് തെളിവെടുപ്പിന്റെ ഘട്ടത്തില്‍ പ്രതിയായേക്കുമെന്ന ഭയന്നാണ് കേസ് പിന്‍വലിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. ഈ തീരുമാനത്തിന് വകുപ്പ് മന്ത്രിയുടെപോലും പിന്തുണയില്ലെന്നാണ് ഇപ്പോള്‍ വ്യക്തമായത്.
(എം രഘുനാഥ്)

deshabhimani

Thursday, September 26, 2013

പാമൊലിന്‍ കേസ്: തുറക്കുന്നത് പുതിയ നിയമയുദ്ധം

പാമൊലിന്‍ അഴിമതിക്കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും തുറക്കുന്നത് പുതിയ നിയമയുദ്ധത്തിനുള്ള വഴികള്‍. അഴിമതി നടന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ഹൈക്കോടതിയും സുപ്രീംകോടതിയും വ്യക്തമാക്കിയ കേസാണിത്. ഉമ്മന്‍ചാണ്ടി പ്രതിയാണെന്ന് വ്യക്തമാക്കുന്ന വിജിലന്‍സ് റിപ്പോര്‍ട്ടും പൂഴ്ത്തിയ നിലയില്‍ കിടപ്പുണ്ട്. പാമൊലിന്‍ കേസ് പിന്‍വലിച്ച 2005ലെ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനം ദുരുദ്ദേശ്യപരമാണെന്ന സുപ്രീംകോടതിയുടെ പരാമര്‍ശം മറച്ചുവച്ചാണ് അതേ ഉത്തരവ് പുനഃസ്ഥാപിച്ച് സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയത്. കേസ് പിന്‍വലിച്ച നടപടി റദ്ദാക്കിയതിനെതിരെ കെ കരുണാകരന്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് സുപ്രീംകോടതി 2005ലെ തീരുമാനം ദുരുദ്ദേശ്യപരമല്ലേയെന്ന ചോദ്യം ഉയര്‍ത്തിയത്.

നാല് പ്രതികള്‍ നല്‍കിയ വിടുതല്‍ ഹര്‍ജി കോടതി നിരാകരിച്ച ഉത്തരവ് നിലനില്‍ക്കെയാണ് കേസ് പൂര്‍ണമായും പിന്‍വലിച്ചത്. അഞ്ചാം പ്രതിയും സപ്ലൈകോ മുന്‍ എംഡിയുമായ ജിജി തോംസനെമാത്രം പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയാല്‍ നിയമപ്രാബല്യം ലഭിക്കില്ലെന്ന് വ്യക്തമായതോടെയാണ് കേസ് തന്നെ അവസാനിപ്പിക്കുന്നത്. വിജിലന്‍സ് നിയമോപദേഷ്ടാവാണ് കേസ് പിന്‍വലിക്കണമെന്ന് സര്‍ക്കാരിനെ ഉപദേശിച്ചതും. 2005ല്‍ കേസ് പിന്‍വലിച്ചതിനെതിരെ സുപ്രീംകോടതിയും ഹൈക്കോടതിയും നടത്തിയ പരാമര്‍ശം ഈ ഉപദേഷ്ടാവും അവഗണിച്ചു. പാമൊലിന്‍ ഇടപാട് നടന്നപ്പോള്‍ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് ഇറക്കുമതി തീരുമാനത്തില്‍ നിര്‍ണായക പങ്കുള്ളതായി വിജിലന്‍സ് ആദ്യം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടിയെ നാലാം പ്രതിയാക്കി തയ്യാറാക്കിയ റിപ്പോര്‍ട്ട് യുഡിഎഫ് അധികാരത്തില്‍ വന്നതോടെ വിജിലന്‍സ് ആസ്ഥാനത്ത് മുക്കി. അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍തന്നെയാണ് റിപ്പോര്‍ട്ട് യുഡിഎഫ് കേന്ദ്രങ്ങള്‍ക്ക് കൈമാറിയത്. 14 പേജുള്ള ഈ റിപ്പോര്‍ട്ടില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയത്. പാമൊലിന്‍ ഇറക്കുമതിചെയ്യുന്നതിന് അന്നത്തെ ചീഫ് സെക്രട്ടറിയും മൂന്നാം പ്രതിയുമായ എസ് പത്മകുമാര്‍, നാലാം പ്രതി സഖറിയാ മാത്യു എന്നിവരുമായി ചേര്‍ന്ന് ധനമന്ത്രി ഉമ്മന്‍ചാണ്ടിയും ധന സെക്രട്ടറി എന്‍ വി മാധവനും ഗൂഢാലോചന നടത്തിയെന്നായിരുന്നു കണ്ടെത്തിയത്. ഉമ്മന്‍ചാണ്ടിക്കും എന്‍ വി മാധവനും എതിരെയുള്ള തെളിവ് വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ എസ്പി വി എന്‍ ശശിധരന്‍ റിപ്പോര്‍ട്ടില്‍ അക്കമിട്ട് നിരത്തി. എന്നാല്‍, ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായതിന് ശേഷം 2011 ഓഗസ്ത് എട്ടിന് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍നിന്ന് ഈ ഭാഗം നീക്കി. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ ഏഴു പേരെ വിജിലന്‍സ് അന്വേഷണ ഘട്ടത്തില്‍ ചോദ്യംചെയ്തിരുന്നു. ഒടുവില്‍ 14 പേജുള്ള റിപ്പോര്‍ട്ട് ഒമ്പത് പേജായി ചുരുങ്ങി. ഈ റിപ്പോര്‍ട്ടാണ് വിജിലന്‍സ് ജഡ്ജി പി കെ ഹനീഫ തള്ളിയത്.

ഇതേത്തുടര്‍ന്ന് ഉയര്‍ന്ന വിവാദത്തിനൊടുവിലാണ് ജഡ്ജി പിന്‍വാങ്ങിയത്. കേസ് തൃശൂരിലേക്ക് മാറ്റുകയുംചെയ്തു. വിജിലന്‍സ് ആസ്ഥാനത്ത് പൂഴ്ത്തിവച്ചിരിക്കുന്ന പഴയ റിപ്പോര്‍ട്ട് കാലാന്തരത്തില്‍ വീണ്ടും ഉയര്‍ന്നുവരുമോയെന്ന ഭയമാണ് മുഖ്യമന്ത്രിയെ വേട്ടയാടുന്നത്. "അഴിമതിയുടെ വിപത്ത് നിയപരമായ സാങ്കേതികതയുടെ പരവതാനികള്‍ക്കിടയില്‍ ഒളിക്കപ്പെടേണ്ടതല്ല" പാമൊലിന്‍ കേസില്‍ ഒരു ഘട്ടത്തില്‍ സുപ്രീംകോടതിയില്‍നിന്നുണ്ടായ നിരീക്ഷണമാണിത്. 2005ല്‍ കേസ് പിന്‍വലിച്ച നടപടി തിരുത്തിയത് ദുരുദ്ദേശ്യത്തോടെയാണെന്ന പരാമര്‍ശവും നിലനില്‍ക്കുന്നു. പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കണമെന്ന രണ്ട് പ്രതികളുടെ ആവശ്യം നിരാകരിച്ചതും കോടതിയാണ്.
(കെ ശ്രീകണ്ഠന്‍)

കേസ് പിന്‍വലിച്ചത് ഉമ്മന്‍ചാണ്ടിക്ക് തടിയൂരാന്‍

കോളിളക്കം സൃഷ്ടിച്ച പാമൊലിന്‍ അഴിമതിക്കേസ് പിന്‍വലിക്കുന്നത് ഉമ്മന്‍ചാണ്ടിക്ക് തടിയൂരാന്‍. വിചാരണ തുടര്‍ന്നാല്‍ താനും പ്രതിയാകുമെന്ന് ഉമ്മന്‍ചാണ്ടി ഉറച്ച് വിശ്വസിക്കുന്നു. ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഈ കേസ് പിന്‍വലിക്കുന്നതിലൂടെ മറ്റൊരു രാഷ്ട്രീയവഞ്ചനയ്ക്ക് കൂടി കേരളം സാക്ഷ്യം വഹിക്കുന്നു. സോളാര്‍ തട്ടിപ്പ്, സ്വര്‍ണക്കടത്ത് കേസ് തുടങ്ങി തട്ടിപ്പുകളുടെ ചുരുളുകള്‍ അഴിയുന്ന ഘട്ടത്തില്‍ പാമൊലിന്‍ കേസില്‍ കൂടി പ്രതിയാകേണ്ടിവന്നാല്‍ പിടിച്ചുനില്‍ക്കാനാകില്ലെന്ന് ഉമ്മന്‍ചാണ്ടിക്ക് നന്നായി അറിയാം.

എന്നാല്‍, പാമൊലിന്‍ കേസ് പിന്‍വലിക്കാന്‍ ഉമ്മന്‍ചാണ്ടി നിരത്തുന്ന വാദങ്ങള്‍ നിരര്‍ഥകമാണെന്ന് കാണാം. കേസ് എന്തുകൊണ്ട് പിന്‍വലിക്കുന്നില്ല എന്ന് ചോദിച്ച് 2007ല്‍ കേന്ദ്ര വിജിലന്‍സ് കമീഷണര്‍ അയച്ച കത്തിന് അന്നത്തെ സര്‍ക്കാര്‍ മറുപടി പറയാത്തതിനാലാണ് ഇപ്പോള്‍ കേസ് പിന്‍വലിക്കുന്നതെന്നാണ് ഉമ്മന്‍ചാണ്ടിയുടെ ന്യായം. എന്നാല്‍, ഈ കത്തിന് ശേഷവും രണ്ട് തവണ സുപ്രീംകോടതി ശക്തമായ നിലപാടെടുത്തിട്ടുണ്ട്. പി ജെ തോമസിനെ കേന്ദ്ര വിജിലന്‍സ് കമീഷണറായി നിയമിച്ചതിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് കെ കരുണാകരന്‍ കത്ത് നല്‍കിയപ്പോഴാകാട്ടെ വിചാരണക്കോടതി വിചാരണ നടത്തി തീരുമാനിക്കട്ടെ എന്നായിരുന്നു സുപ്രീംകോടതി പറഞ്ഞത്. 2005ല്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനമുള്ളതിനാല്‍ കോടതി നിര്‍ദേശങ്ങളൊന്നും ബാധകമല്ല എന്നാണ് ഉമ്മന്‍ചാണ്ടിയുടെ വിചിത്രമായ നിലപാട്. കേസിന്റെപേരില്‍ ജിജി തോംസന്റെ സ്ഥാനക്കയറ്റം തടയുന്നുവെന്നാണ് അടുത്ത ന്യായം. ഇതിന്റെപേരില്‍ ജിജി തോംസണെതിരായ കേസ് മാത്രം പിന്‍വലിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ഉത്തരവിറങ്ങിയപ്പോള്‍ കേസ് മുഴുവന്‍ പിന്‍വലിക്കുന്നു എന്നാക്കിയതും പാമൊലിന്‍ കേസ് തുടരുന്നത് തനിക്കുതന്നെ ഭീഷണിയാണ് എന്ന് ഉമ്മന്‍ചാണ്ടി തിരിച്ചറിഞ്ഞതുകൊണ്ടാണ്. കേസ് വിചാരണ ചെയ്യുന്നതിനെതിരെ പ്രതികള്‍ സുപ്രീംകോടതിയെവരെ സമീപിച്ചതിനാല്‍ വിചാരണ വൈകി. പക്ഷേ, ഈ കാരണം പറഞ്ഞ് കേസ് പിന്‍വലിക്കുന്നതെങ്ങനെ?

കേസിന്റെ വിചാരണ തുടങ്ങാമെന്ന് സുപ്രീംകോടതി പറഞ്ഞതോടെയാണ് ഉമ്മന്‍ചാണ്ടിയുടെ പങ്കിലേക്ക് വെളിച്ചം വീശുന്ന വെളിപ്പെടുത്തലുകള്‍ ഉണ്ടായത്. തങ്ങള്‍ പ്രതികളാണെങ്കില്‍ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയും പ്രതിയാണെന്നുകാണിച്ച് രണ്ടാംപ്രതി ടി എച്ച് മുസ്തഫയും നാലാംപ്രതിയും മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും സത്യവാങ്മൂലം നല്‍കി. തുടര്‍ന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടതനുസരിച്ച് പുനരന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവിട്ടത്. ഈ അന്വേഷണം അട്ടിമറിക്കാന്‍ വിജിലന്‍സിനെ ഉമ്മന്‍ചാണ്ടി ഉപയോഗിച്ചു. അത് വിജിലന്‍സ് ജഡ്ജി തടഞ്ഞപ്പോള്‍ ജഡ്ജിയെ അപമാനിച്ച് ഇറക്കിവിട്ടു. സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ "ശല്യം" അദ്ദേഹത്തിന് മുകളില്‍ മറ്റൊരാളെ പ്രതിഷ്ഠിച്ചു. തുടര്‍ന്ന് താന്‍ തട്ടിക്കൂട്ടിയ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയെക്കൊണ്ട് അംഗീകരിപ്പിച്ചു. ഇതിനെതിരെ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയെങ്കിലും ഒരു സുപ്രധാന പരാമര്‍ശമുണ്ട്. വിചാരണവേളയില്‍ വിചാരണക്കോടതിക്ക് ആവശ്യമെന്ന് തോന്നുകയാണെങ്കില്‍ പ്രതികളെ കൂട്ടിച്ചേര്‍ക്കാം. ടി എച്ച് മുസ്തഫയുടെയും സഖറിയ മാത്യുവിന്റെയും സത്യവാങ്മൂലം കോടതിയില്‍ തെളിവായിക്കിടക്കുകയാണ്. ഇതാണ് എന്നും ഉമ്മന്‍ചാണ്ടിക്ക് ഭീഷണിയായി നില്‍ക്കുന്നതും. കെ കരുണാകരനെ പുകച്ച് ചാടിക്കാന്‍ പമൊലിന്‍ കേസ് ആയുധമാക്കിയ ഉമ്മന്‍ചാണ്ടി തന്നെയാണ് ഇപ്പോള്‍ കേസില്‍ അഴിമതിയില്ലെന്ന് പറയുന്നത് എന്നത് മറ്റൊരു വിരോധാഭാസം.

ഉമ്മന്‍ചാണ്ടി സുപ്രീംകോടതി പരാമര്‍ശം മറയ്ക്കുന്നു: ഐസക്

ഉദ്യോഗസ്ഥര്‍ക്കെതിരേ തെളിവില്ലെന്ന കേന്ദ്ര വിജിലന്‍സ് കമീഷന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് പാമൊലിന്‍ കേസ് പിന്‍വലിച്ചതെന്ന വാദത്തിലൂടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യാഥാര്‍ഥ്യം മറച്ചുവയ്ക്കുകയാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ടി എം തോമസ് ഐസക് എംഎല്‍എ പറഞ്ഞു.

കേന്ദ്ര വിജിലന്‍സ് കമീഷന്റെ കത്തില്‍ ഉദ്യോഗസ്ഥര്‍ കുറ്റക്കാരല്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍, ഇതിനുശേഷം കേസ് വാദത്തിനെത്തിയപ്പോള്‍ ഉദ്യോഗസ്ഥരെ കുറ്റവിമുക്തരാക്കുന്നതിന് അടിസ്ഥാനമായ രേഖകളൊന്നുമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സുപ്രീംകോടതി പരാമര്‍ശം മറച്ചുവച്ചാണ് സിവിസിയുടെ കത്തിന്റെ കാര്യം മാത്രം ഉമ്മന്‍ചാണ്ടി പറയുന്നതെന്ന് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

യുഡിഎഫ് സര്‍ക്കാര്‍ ചുമതലയേറ്റശേഷം നടത്തിയ വിജിലന്‍സ് അന്വേഷണത്തില്‍ പാമോലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടി കുറ്റക്കാരനല്ലെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്്. ഇതില്‍ ഉദ്യോഗസ്ഥരെ കുറ്റവിമുക്തരാക്കിയിട്ടില്ല. പാമൊലിന്‍ വിഷയത്തില്‍ എ കെ ആന്റണി ചെയ്യാന്‍ വിസമ്മതിച്ച കാര്യമാണ് ഉമ്മന്‍ചാണ്ടി ചെയ്തത്. മുഖ്യമന്ത്രിയുടെ നിലപാട് അംഗീകരിക്കാനാവില്ല. ഇതിനെ നിയമപരമായി ചോദ്യംചെയ്യുമെന്നും തോമസ് ഐസക് പറഞ്ഞു.

deshabhimani

Tuesday, September 24, 2013

പാമൊലിന്‍ കേസ് പിന്‍വലിക്കുന്നു

പാമൊലിന്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട അഴിമതി കേസ് പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനുള്ള ഉത്തരവ് ആഭ്യന്തരവകുപ്പില്‍ നിന്നിറങ്ങി. ഇനി കേസ് പിന്‍വലിക്കാനുള്ള അപേക്ഷ കോടതിയില്‍ സമര്‍പ്പിക്കും.

കേസില്‍ നിന്ന് ഉദ്യോഗസ്ഥരെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നു. എന്നാല്‍കേസില്‍ നിന്ന് ഉദ്യോഗസ്ഥരെ മാത്രമായി ഒഴിവാക്കാനാവില്ലെന്ന് വിജിലന്‍സിന് നിയമോപദേശം ലഭിച്ചു. കേസില്‍ അഞ്ചാം പ്രതിയും പാമോലിന്‍ ഇറക്കുമതി സമയത്ത് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ എംഡിയുമായിരുന്ന ജിജി തോംസനെയും വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ പി ജെ തോമസിനെയും ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഉദ്യോഗസ്ഥരെ മാത്രം ഒഴിവാക്കുന്നത് നിയപരമായി നിലനില്‍ക്കുന്നതല്ലെന്നും കേസ് പൂര്‍ണമായും പിന്‍വലിക്കുന്നതിന് കോടതിയെ സമീപിക്കാമെന്നും നിയമോപദേശത്തില്‍ പറഞ്ഞിരുന്നു.

സംസ്ഥാനത്തെ ഭരണസാമൂഹ്യരംഗങ്ങളില്‍ വലിയ കോളിളക്കമുണ്ടാക്കിയ അഴിമതിക്കേസായിരുന്നു പാമോലിന്‍ കേസ്. കെ കരുണാകരന്‍ മുഖ്യമന്ത്രിയും ഉമ്മന്‍ചാണ്ടി ധനമന്ത്രിയുമായിരുന്ന 1991-92 കാലയളവിലായിരുന്നു പാമോലിന്‍ അഴിമതി നടന്നത്. മലേഷ്യയില്‍ നിന്ന് കൂടിയ വിലയ്ക്ക് പാമൊലിന്‍ ഇറക്കുമതി ചെയ്തെന്നാണ് കേസ്. ഇതുവഴി ഖജനാവിന് 2.32 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും വിജിലന്‍സ് കണ്ടെത്തി. സിംഗപ്പൂരിലെ പവര്‍ ആന്റ് എനര്‍ജി എന്ന കമ്പനി വഴി 15,000 ടണ്‍ പാമൊലിനാണ് ഇറക്കുമതി ചെയ്തത്. ടണ്ണിന് 405 യുഎസ് ഡോളറിനാണ് പാമൊലിന്‍ വാങ്ങിയത്. എന്നാല്‍ അക്കാലത്ത് ഇന്ത്യാ ഗവണ്‍മെന്റിന്റെ സ്റ്റേറ്റ് ട്രേഡിങ് കോര്‍പറേഷന്‍ (എസ്ടിസി) ഇറക്കുമതി ചെയ്യുന്ന നിരക്ക് 392 ഡോളറായിരുന്നു. മാത്രമല്ല, 405 ഡോളറിലും കുറഞ്ഞ നിരക്കില്‍ ഒമ്പത് ഓഫര്‍ ലഭിച്ചിരുന്നു. അത് മറച്ചുവച്ചു.

ഹസ്സന്‍ ചെയര്‍മാനായ നിയമസഭാ കമ്മിറ്റി പാമൊലിന്‍ ഇടപാടിലെ ക്രമക്കേട് ചൂണ്ടിക്കാണിച്ചിരുന്നു. സിഎജിയും അഴിമതി പറുത്തുകൊണ്ടുവന്നു. കരുണാകരനായിരുന്നു ഒന്നാം പ്രതി. അദ്ദേഹം അന്തരിച്ചതിനെ തുടര്‍ന്ന് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി. മുന്‍ മന്ത്രി ടി എച്ച് മുസ്തഫ, മുന്‍ ചീഫ് സെക്രട്ടറി എസ് പത്മകുമാര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി സഖറിയാ മാത്യു, സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ എംഡി ജിജി തോംസണ്‍, മുന്‍ ഭക്ഷ്യ സെക്രട്ടറി പി ജെ തോമസ് എന്നിവരടക്കം ഏഴുപേരായിരുന്നു മറ്റു പ്രതികള്‍. രണ്ടാം പ്രതി മുസ്തഫ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഒഴിവാക്കല്‍ ഹര്‍ജിയെ തുടര്‍ന്ന്് തുടരന്വേഷണ ആവശ്യമുയര്‍ന്നു. അന്ന് ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്കും പാമൊലിന്‍ ഇറക്കുമതിയില്‍ ഉത്തരവാദിത്തമുണ്ടെന്ന് മുസ്തഫ വാദിച്ചതോടെയാണ് കേസ് വഴിത്തിരിവിലെത്തിയതും ഉമ്മന്‍ചാണ്ടി പ്രതിക്കൂട്ടിലായതും.

കേസില്‍ തുടരന്വേഷണം നടത്താന്‍ തിരുവനന്തപുരം വിജിലന്‍സ് ജഡ്ജി ഉത്തരവിട്ടു.മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും കീഴിലുള്ള വിജിലന്‍സ് കേസില്‍ ഉമ്മന്‍ചാണ്ടിക്ക് പങ്കില്ലെന്ന വിചിത്രമായ റിപ്പോര്‍ട്ടാണ് നല്‍കിയത്. എന്നാല്‍ വിജിലന്‍സ് ജഡ്ജി ഇത് സ്വീകരിക്കാതെ തുടര്‍ന്നും അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു. ഈ ഘട്ടത്തില്‍ യുഡിഎഫ് നേതാക്കളുടെ പരസ്യവിമര്‍ശനങ്ങളെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടി ചീഫ് വിപ്പ് പിസി ജോര്‍ജിനെ ഇറക്കി വിജിലന്‍സ് ജഡ്ജി പികെ ഹനീഫയെ ഭീഷണിപ്പെടുത്തിയത്. ഇതേ തുടര്‍ന്ന് വിജിലന്‍സ് ജഡ്ജി കേസില്‍ നിന്ന് അദ്ദേഹംസ്വയം ഒഴിവായി. പിന്നീട് കേസ് തൃശൂര്‍ വിജിലന്‍സ് കോടതിയിലേക്ക് മാറ്റി. തൃശൂര്‍ കോടതി ഉമ്മന്‍ചാണ്ടിക്ക് പങ്കില്ലെന്ന റിപ്പോര്‍ട്ട് അംഗീകരിക്കുകയായിരുന്നു. ഇപ്പോള്‍ കേസ് ആകെ പിന്‍വലിക്കാനാണ് നീക്കം.

deshabhimani

Thursday, September 12, 2013

പാമോയില്‍ കേസ് അട്ടിമറിക്കാനുള്ള നീക്കത്തില്‍നിന്ന് പിന്തിരിയണം: വി എസ്

പാമൊലിന്‍ കേസ്: ജിജി തോംസണെ ഒഴിവാക്കുന്നു

തൃശൂര്‍: പാമൊലിന്‍ അഴിമതികേസില്‍ നിന്ന് സിവില്‍ സെപ്ലെസ് കോര്‍പറേഷന്‍ മുന്‍ എംഡി. ജിജി തോംസണെ ഒഴിവാക്കാന്‍ മന്ത്രിസഭാ തീരുമാനം. കോടതിയുടെ അനുമതിയോടെ ഒഴിവാക്കാനാണ് തീരുമാനം. എന്നിവരെ വിജിലന്‍സ് കോടതി കുറ്റവിമുക്തനാക്കണമെന്ന് ജിജി തോംസണ്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി ഈ ആവശ്യം തള്ളിയിരുന്നു. ഇതിനെതിരെ ജിജി തോംസണ്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്. അതിനിടെയാണ് മന്ത്രിസഭാതീരുമാനം.

1991-92 വര്‍ഷമാണ് മലേഷ്യയില്‍ നിന്ന് പാമൊലിന്‍ ഇറക്കുമതി ചെയ്തത്. ഇടപാടില്‍ ചട്ടങ്ങള്‍ പാലിച്ചില്ലെന്നും 2.32 കോടിയുടെ ക്രമക്കേട് നടന്നെന്നും സിഎജി. കണ്ടെത്തി. വിജിലന്‍സ് അന്വേഷണത്തില്‍ അഴിമതി കണ്ടെത്തി കുറ്റപത്രം സമര്‍പ്പിച്ചു. പിന്നീട് പിന്നീട് യുഡിഎഫ്. സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും കോടതികള്‍ തടഞ്ഞു.

ഇതിനിടെ 2011ല്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ കേസിലെ പ്രതി ടി എച്ച് മുസ്തഫ വിടുതല്‍ ഹര്‍ജി സമര്‍പ്പിച്ചു. ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ സാക്ഷിയാക്കുകയും ഭക്ഷ്യമന്ത്രിയായിരുന്ന തന്നെ പ്രതിയാക്കുകയും ചെയതത് ന്യായമല്ലെന്ന് മുസ്തഫ വാദിച്ചു. പാമൊലിന്‍ ഇടപാടില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു. ഉത്തരവിട്ട ജഡ്ജിക്കെതിരെ യുഡിഎഫ് നേതാക്കള്‍ അധിക്ഷേപങ്ങള്‍ ചൊരിഞ്ഞതോടെ ജഡ്ജി കേസില്‍ നിന്ന് ഒഴിവായി. തുടര്‍ന്ന് കേസ് തൃശൂരിലേക്ക് മാറ്റി.

പാമോയില്‍ കേസ് അട്ടിമറിക്കാനുള്ള നീക്കത്തില്‍നിന്ന് പിന്തിരിയണം: വി എസ്

തിരു: പ്രതിപക്ഷനേതാവ് വിഎസ് പാമോയില്‍ കേസ് അട്ടിമറിക്കാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കേസില്‍നിന്ന് ജിജി തോംസണെ ഒഴിവാക്കാന്‍ മന്ത്രിസഭ എടുത്ത തീരുമാനം കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഒരു കാരണവശാലും ഇത് അംഗീകരിക്കില്ലെന്നും വിജിലന്‍സ് കോടതിയില്‍ ഇതിനെ ശക്തിയായി എതിര്‍ക്കുമെന്നും വിഎസ് പറഞ്ഞു. സര്‍ക്കാരിന്റെ ഈ ദുരുപദിഷ്ട നീക്കം നീതിന്യായവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും, സുപ്രീംകോടതിയുടെ നീരീക്ഷണത്തോടുള്ള അവഹേളനമാണെന്നും വിഎസ് ചൂണ്ടിക്കാട്ടി. ഏറെ കോളിളക്കമുണ്ടാക്കിയ പാമോയില്‍ കേസില്‍നിന്ന് തലയൂരാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വര്‍ഷങ്ങളായി സ്വീകരിക്കുന്ന തന്ത്രങ്ങളുടെ ഭാഗമാണ് ഇപ്പോഴത്തെ തീരുമാനം. കഴിഞ്ഞ യു.ഡി.എഫ്. ഗവര്‍മെണ്ടിന്റെ കാലത്ത് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ത്തന്നെ പാമോയില്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ച് കേസ് ഇല്ലാതാക്കാന്‍ ശ്രമം നടത്തിയതായിരുന്നു. പിന്നീട് 2006ല്‍ എല്‍.ഡി.എഫ്. ഗവര്‍മെണ്ടാണ് വീണ്ടും കേസിന്റെ നടപടികളുമായി മുന്നോട്ടുപോയത്.

കേസില്‍ പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ട ഘട്ടത്തില്‍ എഫ്.ഐ.ആര്‍. റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊടുത്ത കേസില്‍, കേസിന്റെ ഗൗരവ സ്വഭാവം പരിഗണിച്ച്, "അഴിമതിക്കേസുകള്‍ പരവതാനിക്കടിയില്‍ ഒളിപ്പിച്ചുവെച്ച് കേസില്ലാതാക്കാന്‍ കഴിയില്ലെ"ന്ന് സുപ്രീംകോടതി പരാമര്‍ശിക്കുകയുണ്ടായി. അപ്രകാരം ഫയല്‍ ചെയ്ത കേസില്‍നിന്നും ഏതുവിധേനയും രക്ഷപ്പെടാനുള്ള ഗൂഢനീക്കമാണ് ഉമ്മന്‍ചാണ്ടി നടത്തിക്കൊണ്ടിരിക്കുന്നത്. കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവ് വന്നപ്പോള്‍ ഉമ്മന്‍ചാണ്ടി ചീഫ് വിപ്പ് പി.സി ജോര്‍ജിനെക്കൊണ്ട് വിജിലന്‍സ് ജഡ്ജി ഹനീഫയ്ക്കെതിരെ ഭീഷണികള്‍ മുഴക്കി. ഇതേത്തുടര്‍ന്ന് കേസ് കേള്‍ക്കുന്നതില്‍നിന്ന് അദ്ദേഹം പിന്‍വാങ്ങി. പിന്നീട് തൃശൂര്‍ വിജിലന്‍സ് കോടതിയിലേക്ക് കേസ് മാറ്റിയതിനു ശേഷം തന്റെ ആശ്രിതനായ വിജിലന്‍സ് ഉദ്യോഗസ്ഥനെക്കൊണ്ട് ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. ഇതിന്റെ പാരിതോഷികമായി ആ ഉദ്യോഗസ്ഥന് ഐ.പി.എസ്. നല്‍കുകയും ചെയ്തു.

അതിനും ശേഷമാണ്, പാമോയില്‍ ഇറക്കുമതിക്ക് ഒപ്പുവെച്ച അന്നത്തെ സപ്ലൈകോ എം.ഡി.യായിരുന്ന ജിജി തോംസണെ ഒഴിവാക്കാന്‍ തീരുമാനിച്ചത്. ഇതിലൂടെ കേസ്തന്നെ ഇല്ലാതാകുന്ന സ്ഥിതിയായിരിക്കും ഉണ്ടാവുക. ഒരു കാരണവശാലും ഇത് അംഗീകരിക്കില്ലെന്നും വിഎസ് പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani

Thursday, May 9, 2013

മുസ്തഫയുടെയും ജിജി തോംസന്റെയും ഹര്‍ജി തള്ളി


പാമൊലിന്‍ അഴിമതിക്കേസില്‍ പ്രതികളായ മുന്‍ ഭക്ഷ്യമന്ത്രി ടി എച്ച് മുസ്തഫ, സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ മുന്‍ എംഡി ജിജി തോംസണ്‍ എന്നിവരെ കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട വിടുതല്‍ ഹര്‍ജി തൃശൂര്‍ വിജിലന്‍സ് കോടതി തള്ളി. മൂന്നാം പ്രതി മുന്‍ ചീഫ് സെക്രട്ടറി എസ് പത്മകുമാര്‍, നാലാം പ്രതി അഡീഷണല്‍ ചീഫ് സെക്രട്ടറി സഖറിയ മാത്യു എന്നിവരുടെ വിടുതല്‍ ഹര്‍ജികള്‍ 29ന് പരിഗണിക്കും.

പാമൊലിന്‍ ഇറക്കുമതി ചെയ്തപ്പോള്‍ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് പുനരന്വേഷണ റിപ്പോര്‍ട്ട് നല്‍കിയത് ചൂണ്ടിക്കാട്ടിയാണ് ടി എച്ച് മുസ്തഫ വിടുതല്‍ഹര്‍ജി നല്‍കിയത്. ഇടപാടില്‍ അഴിമതിയില്ലെന്നും മന്ത്രിസഭാ തീരുമാനം പാലിക്കുകമാത്രമാണ് ചെയ്തതെന്നും മുസ്തഫയും ജിജി തോംസനും വാദിച്ചു. ഐഎഎസ് ഉദ്യോഗസ്ഥനായ തന്നെ വിചാരണ ചെയ്യാന്‍ കേന്ദ്രാനുമതി വിജിലന്‍സിന് ലഭിച്ചിട്ടില്ലെന്ന ജിജി തോംസന്റെ വാദവും കോടതി അംഗീകരിച്ചില്ല. പാമൊലിന്‍ ഇറക്കുമതി ചെയ്ത പവര്‍ ആന്‍ഡ് എനര്‍ജി കമ്പനി പ്രതിനിധികളായ സദാശിവന്‍, ശിവരാമകൃഷ്ണന്‍, ഭക്ഷ്യവകുപ്പ് സെക്രട്ടറിയായിരുന്ന പി ജെ തോമസ് എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍. ഒന്നാംപ്രതിയായിരുന്ന മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്‍ നിര്യാതനായതോടെ കേസില്‍നിന്ന് ഒഴിവാക്കി. 1991-1992 വര്‍ഷമാണ് മലേഷ്യയില്‍നിന്ന് പാമൊലിന്‍ ഇറക്കുമതി ചെയ്തത്. ഇടപാടില്‍ ചട്ടങ്ങള്‍ പാലിച്ചില്ലെന്നും 2.32 കോടിയുടെ ക്രമക്കേട് നടന്നെന്നുമാണ് സിഎജി കണ്ടെത്തിയത്. എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ വിജിലന്‍സ് അന്വേഷണത്തിലാണ് അഴിമതി കണ്ടെത്തി കുറ്റപത്രം സമര്‍പ്പിച്ചത്. 2012 ജനുവരി ആറിനാണ് ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഉമ്മന്‍ചാണ്ടിയെ കേസില്‍ പ്രതിചേര്‍ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെയും അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെയും ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

deshabhimani 090513

Friday, May 25, 2012

ജയിച്ചത് ഉമ്മന്‍ചാണ്ടിയുടെ കുതന്ത്രം


അഴിമതിക്കേസില്‍നിന്ന് രക്ഷപ്പെടാന്‍ എന്ത് കുതന്ത്രത്തിനും തയ്യാറാണെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇപ്പോള്‍ തെളിയിച്ചത്. കിങ്കരന്മാരെ ഇറക്കിവിട്ട് കേസ് കേള്‍ക്കുന്നതില്‍നിന്ന് ജഡ്ജിയെ പിന്തിരിപ്പിക്കല്‍, സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ ഗത്യന്തരമില്ലാതെ രാജിവയ്ക്കുന്നിടത്തേക്ക് എത്തിക്കല്‍, മുന്‍ സര്‍ക്കാര്‍ നല്‍കിയ പ്രോസിക്യൂഷന്‍ അനുമതി റദ്ദാക്കല്‍... പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടി പയറ്റിയ കുതന്ത്രങ്ങള്‍ കുറച്ചൊന്നുമല്ല.

തുടരന്വേഷണം ആവശ്യപ്പെട്ട ഏജന്‍സി അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് കോടതിയില്‍ വാദിക്കുന്നതും കോടതി അത് നിരാകരിച്ച് അന്വേഷണത്തിന് ഉത്തരവിടുന്നതും കേസില്‍ കണ്ടു. പാമൊലിന്‍ ഇടപാട് നടക്കുമ്പോള്‍ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് ഇടപാടില്‍ ഉത്തരവാദിത്തമുണ്ട് എന്നു കണ്ടെത്തിയ വിജിലന്‍സ് അത് വിഴുങ്ങി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ട് തട്ടിക്കൂട്ടി. തുടരന്വേഷണം ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കാനുള്ള ചെപ്പടിവിദ്യയാക്കി. വിജിലന്‍സിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് 2011 മാര്‍ച്ചില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി തുടരന്വേഷണം അനുവദിച്ചത്. കൂടുതല്‍ പ്രതികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അപേക്ഷ. എന്നാല്‍, മെയ് 13ന് വിജിലന്‍സ് മലക്കംമറിഞ്ഞു. അന്നായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍. ഉമ്മന്‍ചാണ്ടിയുടെ മുഖ്യമന്ത്രിപദവി എളുപ്പമാക്കാനായി വിജിലന്‍സ് ഡയറക്ടര്‍ കോടതിയിലെത്തി. വേറെ ആരെയും പ്രതിചേര്‍ക്കാന്‍ തെളിവില്ലെന്ന് വിജിലന്‍സ് അവകാശപ്പെട്ടു. ഇത് തള്ളിയ കോടതി വീണ്ടും അന്വേഷിക്കാന്‍ ഉത്തരവിട്ടു. അതോടെ ജഡ്ജിക്കെതിരെ ഉമ്മന്‍ചാണ്ടി യുഡിഎഫ് നേതാക്കളെ ഇറക്കിവിട്ടു. ചീഫ് വിപ്പ് പി സി ജോര്‍ജിനായിരുന്നു ജഡ്ജിയെ നേരിടാനുള്ള മുഖ്യചുമതല. ജഡ്ജിയെ ജോര്‍ജ് വ്യക്തിപരമായി അധിക്ഷേപിച്ചു. വിവാദങ്ങള്‍ക്കൊടുവില്‍ കേസ് പരിഗണിക്കുന്നതില്‍നിന്ന് തിരുവനന്തപുരം വിജിലന്‍സ് ജഡ്ജി പി കെ ഹനീഫ ഒഴിഞ്ഞു. 2011 ഒക്ടോബറില്‍ ഹൈക്കോടതി കേസ് തൃശൂര്‍ വിജിലന്‍സ് കോടതിയിലേക്ക് മാറ്റി. തുടര്‍ച്ചയായ സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ കേസിലെ സ്പെഷ്യല്‍ പ്രോസിക്യുട്ടര്‍ പി എ അഹമ്മദ് രാജിവച്ചു.

ഇറക്കുമതി ഘട്ടത്തില്‍ ഭക്ഷ്യമന്ത്രിയായിരുന്ന ടി എച്ച് മുസ്തഫയുടെ വെളിപ്പെടുത്തലാണ് 20 വര്‍ഷം പഴക്കമുള്ള പാമൊലിന്‍ കേസില്‍ തുടരന്വേഷണത്തിന് വഴിതെളിച്ചത്. പവര്‍ ആന്‍ഡ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് 15 ശതമാനം സേവനചാര്‍ജ് നല്‍കി 15,000 മെട്രിക് ടണ്‍ പാമൊലിന്‍ ഇറക്കുമതിചെയ്യാന്‍ തീരുമാനിച്ചത് ഉമ്മന്‍ചാണ്ടിയുടെ അറിവോടെയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ രേഖപ്പെടുത്തിയ മൊഴിയിലുണ്ട്. രണ്ടാംപ്രതി ടി എച്ച് മുസ്തഫയും നാലാംപ്രതിയും മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ സഖറിയ മാത്യുവും കോടതിയില്‍ വെവ്വേറെ സമര്‍പ്പിച്ച ഹര്‍ജികള്‍, ഉമ്മന്‍ചാണ്ടിക്ക് ഇടപാടില്‍ നിഷേധിക്കാനാകാത്ത പങ്കുണ്ടെന്ന് വ്യക്തമാക്കി.

കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലും കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സന്‍ ചെയര്‍മാനായ നിയമസഭയുടെ പബ്ലിക് അണ്ടര്‍ടേക്കിങ്സ് കമ്മിറ്റിയുമാണ് പാമൊലിന്‍ ഇടപാടിലെ ക്രമക്കേടും അഴിമതിയും ചൂണ്ടിക്കാണിച്ചത്. പാമൊലിന്‍ കേസ് പിന്‍വലിക്കാന്‍ ഉമ്മന്‍ചാണ്ടി കഴിഞ്ഞതവണ മുഖ്യമന്ത്രിയായപ്പോഴും തീരുമാനിച്ചിരുന്നു. പക്ഷേ, കോടതി അംഗീകരിച്ചില്ല. പാമൊലിന്‍ ഇറക്കുമതി നടന്നത് ഉമ്മന്‍ചാണ്ടിയുടെ അംഗീകാരത്തോടെയാണെന്ന സിവില്‍ സപ്ലൈസ് സെക്രട്ടറി ജോസ് സിറിയക്കിന്റെ മൊഴിയെക്കുറിച്ച് മൗനംപാലിച്ച തുടരന്വേഷണ റിപ്പോര്‍ട്ട് പാമൊലിന്‍ ഇറക്കുമതി അടിയന്തരാവശ്യമുള്ള കാര്യമായിരുന്നില്ലെന്ന ടി എച്ച് മുസ്തഫയുടെ ആദ്യമൊഴിയും മുക്കി.

deshabhimani 250512

ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ട് സ്വീകരിച്ചു


പാമൊലിന്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ട് തൃശൂര്‍ വിജിലന്‍സ് കോടതി സ്വീകരിച്ചു. ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കാന്‍ മതിയായ തെളിവില്ലെന്ന റിപ്പോര്‍ടിലെ വാദം കോടതി അംഗീകരിച്ചു. എന്നാല്‍, വിചാരണഘട്ടത്തില്‍ ആവശ്യമെങ്കില്‍ ഉമ്മന്‍ചാണ്ടിയടക്കം ആരെയും പ്രതിയാക്കാന്‍ കോടതിക്ക് അധികാരമുണ്ടായിരിക്കുമെന്നും വിജിലന്‍സ് സ്പെഷ്യല്‍ ജഡ്ജി വി ഭാസ്കരന്‍ പറഞ്ഞു. തുടര്‍ന്ന്, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും മറ്റും സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളി. കേസ് ജൂണ്‍ 18ലേക്ക് മാറ്റി.

പാമൊലിന്‍ ഇറക്കുമതിയില്‍ അന്നത്തെ ധനമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കാന്‍ തെളിവില്ലാത്ത സാഹചര്യത്തില്‍ മറ്റു വാദങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. അതിനാല്‍ തുടരന്വേഷണ റിപ്പോര്‍ട് തള്ളണമെന്നാവശ്യപ്പട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍, നിലവിലുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കണമെന്നാവശ്യപ്പെട്ട മുന്‍ സിവില്‍ സപ്ലൈസ് ഡയറക്ടര്‍ അല്‍ഫോന്‍സ് കണ്ണന്താനം, പാമൊലിന്‍ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച് അഡ്വ. അഞ്ജു എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് തള്ളിയത്. പുതിയ തെളിവ് ഹാജരാക്കിയാല്‍ ഉമ്മന്‍ചാണ്ടിയടക്കം ആര്‍ക്കെതിരെയും കേസെടുക്കാന്‍ ഇപ്പോഴത്തെ ഉത്തരവ് തടസ്സമല്ലെന്നും കോടതി വ്യക്തമാക്കി. കേസില്‍ വിടുതല്‍ ഹര്‍ജി നല്‍കിയ പ്രതികളുടെ അപേക്ഷകള്‍ കോടതി പിന്നീട് പരിഗണിക്കും. റിപ്പോര്‍ട്ട് കോടതി സ്വീകരിച്ചാല്‍ പാമൊലിന്‍ കേസ് അട്ടിമറിക്കപ്പെടുമെന്ന് വി എസ് ചൂണ്ടിക്കാട്ടിയിരുന്നു. ഇറക്കുമതി ഫയല്‍ അജന്‍ഡയ്ക്കു പുറത്തുള്ള വിഷയമാക്കാന്‍ മുഖ്യമന്ത്രിക്കാണ് അവകാശം. എന്നാല്‍, ധനമന്ത്രി ഫയലില്‍ ഒപ്പിട്ടതുകൊണ്ടു മാത്രം പ്രതിയാകില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഫയലില്‍ ഒപ്പുവച്ച മുഖ്യമന്ത്രി കരുണാകരന്‍, ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ടി എച്ച് മുസ്തഫ, അഡീഷണല്‍ ചീഫ് സെക്രട്ടറി എസ് പത്മകുമാര്‍, ഭക്ഷ്യ-സിവില്‍ സപ്ലൈസ് സെക്രട്ടറി സഖറിയ മാത്യു എന്നിവര്‍ പ്രതികളായത് ഒപ്പിന്റെ പേരിലല്ല, ടെണ്ടര്‍ ക്ഷണിക്കാതെ പാമൊലിന്‍ ഇറക്കുമതിക്ക് ഗൂഢാലോചന നടത്തിയതടക്കമുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. അഡീഷണല്‍ ലീഗല്‍ അഡൈ്വസര്‍ ബിജു ഭാസ്കര്‍ സര്‍ക്കാരിനു വേണ്ടിഹാജരായി.

1991ല്‍ കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ സിംഗപ്പൂരില്‍ നിന്ന് 15,000 ടണ്‍ പാമൊലിന്‍ ഇറക്കുമതി ചെയ്തതില്‍ 2.32 കോടി രൂപയുടെ നഷ്ടം ഖജനാവിന് ഉണ്ടാക്കിയെന്നാണ് കേസ്. ഉത്തരവ് പഠിച്ചശേഷം മറ്റു കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് വി എസിന്റെ അഭിഭാഷകന്‍ ടി ബി ഹൂദും ഹൈക്കോടതിയെ സമീപിക്കുമെന്ന് കണ്ണന്താനത്തിന്റെ അഭിഭാഷകന്‍ എന്‍ കെ ഉണ്ണികൃഷ്ണനും പറഞ്ഞു. കേസ് നേരത്തേ പരിഗണിച്ച തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് കഴിഞ്ഞ ജനുവരി ആറിനാണ് വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ എസ്പി വി എന്‍ ശശിധരന്‍ ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വിജിലന്‍സിന്റെ ആദ്യ റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് ജഡ്ജി പി കെ ഹനീഫ നിരാകരിച്ചിരുന്നു. തുടര്‍ന്നാണ് ഉമ്മന്‍ചാണ്ടിയുടെ പങ്കിനെക്കുറിച്ച് തുടരന്വേഷണ റിപ്പോര്‍ട് ആവശ്യപ്പട്ടത്. ഇതിന്റെ പേരില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ നേതൃത്വത്തില്‍ യുഡിഎഫ് നേതാക്കള്‍ വ്യക്തിപരമായി അധിക്ഷേപിച്ചപ്പോള്‍ പി കെ ഹനീഫ കേസില്‍ നിന്നു പിന്മാറി. ഹനീഫയെ അധിക്ഷേപിച്ച് ജോര്‍ജ് നടത്തിയ പരസ്യപ്രസ്താവനയെ തുടര്‍ന്ന് സമര്‍പ്പിച്ച രണ്ട് കോടതിയലക്ഷ്യ ഹര്‍ജികളും വാദികള്‍ ഹാജരാവാത്തതിനെ തുടര്‍ന്ന് തൃശൂര്‍ വിജിലന്‍സ് കോടതി തള്ളി.

deshabhimani 250512

Sunday, March 25, 2012

പാമൊലിന്‍ : വി എസിന്റെ ഹര്‍ജി സര്‍ക്കാര്‍ എതിര്‍ത്തു

പാമൊലിന്‍ അഴിമതിക്കേസില്‍ ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കിയ വിജിലന്‍സിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജിക്കെതിരെ സംസ്ഥാനസര്‍ക്കാര്‍ വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കണമെന്നാവശ്യപ്പെട്ട് സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ ഡയറക്ടറായിരുന്ന അല്‍ഫോന്‍സ് കണ്ണന്താനം സമര്‍പ്പിച്ച ഹര്‍ജിക്കെതിരെയും സര്‍ക്കാര്‍ തടസ്സവാദമുന്നയിച്ചു. ഇതേത്തുടര്‍ന്ന് വിശദവാദം കേള്‍ക്കാന്‍ കേസ് ഏപ്രില്‍ 24ലേക്ക് മാറ്റിയതായി തൃശൂര്‍ വിജിലന്‍സ് സ്പെഷ്യല്‍ ജഡ്ജി വി ഭാസ്കരന്‍ ഉത്തരവിട്ടു.

പാമൊലിന്‍ കേസുമായി ബന്ധമില്ലാത്ത ഇരുവരുടെയും വാദഗതികള്‍ അംഗീകരിക്കരുതെന്നും ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കിയ തുടരന്വേഷണ റിപ്പോര്‍ട്ട് സ്വീകരിക്കണമെന്നും വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ എസ്പി വി എന്‍ ശശിധരനാണ് ശനിയാഴ്ച വിജിലന്‍സ് കോടതിയില്‍ സര്‍ക്കാരിനുവേണ്ടി തടസ്സവാദ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസിന്റെ തുടക്കംമുതലുളള കാര്യങ്ങളില്‍ പ്രതിപക്ഷനേതാവിന് ബന്ധമില്ലെന്നും 1994ല്‍ എം വിജയകുമാര്‍ എംഎല്‍എയാണ് സാക്ഷിയായി വന്നതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. കേസിന്റെ സംഭവകാലത്ത് സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ ഡയറക്ടറായിരുന്നെങ്കിലും അല്‍ഫോന്‍സ് കണ്ണന്താനത്തിനും കേസുമായി ബന്ധമില്ല. അതുകൊണ്ടുതന്നെ കേസിനെക്കുറിച്ച് വ്യക്തതയില്ലാത്ത ഇവര്‍ക്ക് അന്വേഷണറിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെടാന്‍ അധികാരമില്ലെന്നാണ് വിജിലന്‍സ് വാദം.ഇതിനിടയില്‍ എറണാകുളം സ്വദേശി അഡ്വ. അഞ്ജു തന്റെ വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച കോടതിക്ക് അപേക്ഷ നല്‍കി.

തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍നിന്നും പാമൊലിന്‍ കേസ് തൃശൂര്‍ കോടതിയിലേക്ക് മാറ്റിയശേഷം കഴിഞ്ഞ ജനുവരി ആറിനാണ് ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇത് ആദ്യം നിരാകരിച്ച തിരുവനന്തപുരം സ്പെഷ്യല്‍ ജഡ്ജി പി കെ ഹനീഫയെ യുഡിഎഫ് നേതാക്കള്‍ രൂക്ഷമായി ആക്രമിച്ചു. സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ നേതൃത്വത്തില്‍ ജഡ്ജിയെ വ്യക്തിപരമായി അധിക്ഷേപിച്ചപ്പോഴാണ് അദ്ദേഹം കേസ് തുടര്‍ന്ന് കേള്‍ക്കുന്നതില്‍നിന്നും പിന്മാറിയത്.

1991ല്‍ കെ കരുണാകരന്‍ മുഖ്യമന്ത്രിയും ഉമ്മന്‍ചാണ്ടി ധനമന്ത്രിയുമായിരിക്കെ സിംഗപ്പുരില്‍നിന്ന് 15,000 മെട്രിക് ടണ്‍ പാമൊലിന്‍ ഇറക്കുമതി ചെയ്തതില്‍ 2.32 കോടി രൂപയുടെ നഷ്ടം ഖജനാവിന് ഉണ്ടാക്കിയെന്നാണ് കേസ്. മരണത്തെത്തുടര്‍ന്ന് ഒന്നാംപ്രതി കെ കരുണാകരനെ കേസില്‍നിന്ന് ഒഴിവാക്കി. അന്നത്തെ ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ടി എച്ച് മുസ്തഫ, അഡീഷണല്‍ ചീഫ് സെക്രട്ടറി എസ് പത്മകുമാര്‍ , ഭക്ഷ്യ-സിവില്‍ സപ്ലൈസ് സെക്രട്ടറി സഖറിയ മാത്യു, സിവില്‍ സപ്ലൈസ് എംഡി ജിജി തോംസണ്‍ , സിംഗപ്പുര്‍ പവര്‍ ആന്‍ഡ് എനര്‍ജി കോര്‍പറേഷന്‍ പ്രൈവറ്റ് ലമിറ്റഡിലെ രണ്ടു ഡയറക്ടര്‍മാര്‍ , സിവില്‍ സപ്ലൈസ് സെക്രട്ടറി പി ജെ തോംസണ്‍ എന്നിവരാണ് കേസിലെ രണ്ടുമുതല്‍ എട്ടുവരെയുള്ള പ്രതികള്‍ . ക്യാബിനറ്റില്‍ പാമൊലിന്‍ ഇറക്കുമതിക്ക് അനുമതി നല്‍കിയത് ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ അറിവോടെയാണെന്നതിന്റെ രേഖകളും സാക്ഷിമൊഴികളും സഹിതമാണ് വി എസ് കോടതിയെ സമീപിച്ചത്.

deshabhimani 250312

Friday, February 24, 2012

പാമൊലിന്‍ : ഉമ്മന്‍ചാണ്ടിയുടെ ചോദ്യം പദവിക്ക് ചേര്‍ന്നതല്ല- വി എസ്

പുതിയ അന്വേഷണത്തിന് ഉത്തരവിടണം

തൃശൂര്‍ : പാമൊലിന്‍ കേസില്‍ അന്തിമ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തിന് കടകവിരുദ്ധമാണ് ഇപ്പോള്‍ വിജിലന്‍സ് സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ടെന്നതിനാല്‍ സത്യസന്ധവും നിക്ഷ്പക്ഷവുമായ അന്വേഷണം നടത്തി പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിടണമെന്ന് വിജിലന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വി എസ് ആവശ്യപ്പെട്ടു.

പാമൊലിന്‍ ഇറക്കുമതിക്ക് ആഗോള ടെന്‍ഡര്‍ ക്ഷണിച്ചില്ല, സ്റ്റോര്‍ പര്‍ച്ചേയ്സ് റൂള്‍സ് ലംഘിച്ചു, ഇറക്കുമതിക്ക് അടിയന്തര സാഹചര്യം ഇല്ല എന്നീ കാര്യങ്ങളാണ് അന്തിമറിപ്പോര്‍ടില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ തുടരന്വേഷണ റിപ്പോര്‍ട്ടില്‍ ആഗോള ടെന്‍ഡര്‍ വിളിക്കാന്‍ സാധ്യമല്ല, ഇറക്കുമതിക്ക് സ്റ്റോര്‍ പര്‍ച്ചേയ്്സ് റൂള്‍സ് ബാധകമല്ല, ഇറക്കുമതി ചെയ്യേണ്ട അടിയന്തര സാഹചര്യമുണ്ടായിരുന്നു എന്നാണ് പറയുന്നത്. ഈ റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ കേസ് തന്നെ ഇല്ലാതാവും. തിരുവനന്തപുരം വിജിലന്‍സ് കോടതി പാമൊലിന്‍ ഇടപാടില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്കിനെക്കുറിച്ച് മാത്രം അന്വേഷിക്കാനാണ് ആവശ്യപ്പെട്ടത്. മുഴുവന്‍ കേസിന്റെയും കാര്യം പറഞ്ഞിട്ടില്ല. തുടരന്വേഷണ റിപ്പോര്‍ട്ടിന്റെ മറവില്‍ കേസ് അട്ടിമറിക്കാന്‍ പ്രോസിക്യൂഷനും പ്രതിഭാഗത്തിനും അവസരം നല്‍കരുത്. ഉമ്മന്‍ചാണ്ടിക്കെതിരെ കേസെടുക്കാന്‍ പാമൊലിന്‍ ഇടപാടില്‍ മതിയായ തെളിവുകളുണ്ട്. നേരത്തേ രണ്ടു തവണ കേസ് ഹൈക്കോടതിയിലെത്തിയപ്പോഴും പാമൊലിന്‍ ഇടപാടില്‍ അഴിമതി നടന്നതായി കോടതി പറഞ്ഞിരുന്നതായും വി എസ് ഹര്‍ജിയില്‍ ബോധിപ്പിച്ചു.

പാമൊലിന്‍ : ഉമ്മന്‍ചാണ്ടിയുടെ ചോദ്യം പദവിക്ക് ചേര്‍ന്നതല്ല- വി എസ്

തിരു: അഞ്ചുകൊല്ലം അധികാരത്തിലിരുന്നപ്പോള്‍ പാമൊലിന്‍ കേസില്‍ തന്നെ പ്രതിയാക്കാത്തതെന്ത് എന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ചോദ്യം ഇരിക്കുന്ന പദവിക്ക് യോജിച്ചതല്ലെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. അധികാരത്തിലിരുന്നപ്പോള്‍ ഏതെങ്കിലും കേസില്‍ ആരെയെങ്കിലും പ്രതിയാക്കാനോ പ്രതിയല്ലാതാക്കാനോ ശ്രമിച്ചിട്ടില്ല. അതൊക്കെ തീരുമാനിക്കുന്നത് പൊലീസും വിജിലന്‍സും കോടതികളുമാണ്.

പാമൊലിന്‍ കേസിലെ എഫ്ഐആര്‍ സുപ്രീംകോടതി ശരിവച്ചത് രണ്ടായിരാമാണ്ടിലാണ്. 2005ല്‍ പാമൊലിന്‍ കേസ് പിന്‍വലിക്കാന്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭ തീരുമാനിച്ചു. ഫലത്തില്‍ ഈ സുപ്രീംകോടതി വിധിയോടുള്ള വെല്ലുവിളിയായിരുന്നു ഇത്. ഈ കള്ളക്കളിയാണ് ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നത്. പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന് ഉത്തരവിട്ട വിജിലന്‍സ് ജഡ്ജിയെ അനുചരന്മാരെക്കൊണ്ട് ചീത്തവിളിപ്പിച്ചതും തേച്ചുമാച്ചുകളയാന്‍ വിജിലന്‍സിനെക്കൊണ്ട് വ്യാജരേഖ ഉണ്ടാക്കിയതും കേരളം കാണുന്നുണ്ട്. കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് പകല്‍പോലെ വ്യക്തമാക്കുന്ന തെളിവാണ് അന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന സക്കറിയാ മാത്യു കഴിഞ്ഞവര്‍ഷം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി. ഇത് പ്രധാന തെളിവായെടുത്താണ് വിജിലന്‍സ് പുനരന്വേഷണം തുടങ്ങിയത്. ആ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ച ഉമ്മന്‍ചാണ്ടി ഇക്കാര്യത്തില്‍ ഏതറ്റംവരെയും പോകും. അതുകൊണ്ടുതന്നെയാണ് ഈ കേസ് തേച്ചുമാച്ചുകളയാനുള്ള ശ്രമങ്ങളെ സര്‍വശക്തിയുമുപയോഗിച്ച് ചെറുക്കുന്നതെന്ന് വി എസ് പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani 240212

Thursday, February 23, 2012

ടൈറ്റാനിയം കേസില്‍ കോടതിയുടെ അന്ത്യശാസനം

ഉമ്മന്‍ചാണ്ടി ഉള്‍പ്പെട്ടതായി ആരോപണമുള്ള ടൈറ്റാനിയം അഴിമതി കേസില്‍ നാലു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി നിര്‍ദേശിച്ചു. അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആറു മാസം കൂടി വേണമെന്ന ആവശ്യം കോടതി തള്ളി. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോഴും സമയം നീട്ടി ചോദിച്ചിരുന്നു. തന്നെ ഇതുവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടിട്ടില്ലെന്നും രേഖകളൊന്നും അവര്‍ വാങ്ങുന്നില്ലെന്നും വാദിക്കാരന്‍ പറഞ്ഞു. വാദിയില്‍ നിന്ന് വ്യാഴാഴ്ച തന്നെ മൊഴിയെടുക്കാന്‍ കോടതി ഉത്തരവിട്ടു. മൂന്നു രേഖകള്‍ വാദി കോടതിയില്‍ നല്‍കി. ഇത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. കേസ് ജൂണ്‍ 25ലേക്ക് മാറ്റി. ടൈറ്റാനിയം നവീകരണ പദ്ധതിയുമായി ബന്ധപ്പെട്ട് 100 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് ആരോപണം.

പാമോയില്‍ : വി എസിന്റെ ഹര്‍ജി മാര്‍ച്ച് 24ന് പരിഗണിക്കും

പാമോയില്‍ കേസില്‍ കക്ഷിചേരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കി. തുടരന്വേഷണ റിപ്പോര്‍ട്ടിന്‍മേലുള്ള നടപടികള്‍ക്കായി കേസ് മാര്‍ച്ച് 24 ലേക്കു മാറ്റി. അന്നു തന്നെ വി എസിന്റെ ഹര്‍ജിയിലും വാദം കേള്‍ക്കും. ഈ ഹര്‍ജിയില്‍ തീര്‍പ്പു കല്‍പ്പിച്ചതിനുശേഷമേ തുടരന്വേഷണ റിപ്പോര്‍ട്ടില്‍മേല്‍ കോടതി തീരുമാനമെടുക്കു. ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയുള്ള റിപ്പോര്‍ട്ട് തള്ളണമെന്ന് വി എസ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. തുടരന്വേഷണ റിപ്പോര്‍ട്ട് സ്വീകരിച്ചാല്‍ ഉമ്മന്‍ചാണ്ടിക്കു പുറമേ മറ്റു പ്രതികളും രക്ഷപ്പെടുമെന്നും കേസ് അട്ടിമറിക്കപ്പെടുമെന്നും വി എസ് ഹര്‍ജിയില്‍ ബോധിപ്പിച്ചു. കേസിലെ ഏഴു പ്രതികളില്‍ അഞ്ചാംപ്രതി ജിജി തോംസണ്‍ മാത്രമേ കോടതിയില്‍ ഹാജരായുള്ളു. മുന്‍മന്ത്രി ടിഎച്ച് മുസ്തഫയടക്കമുള്ള പ്രതികള്‍ക്കുവേണ്ടി അഭിഭാഷകരാണ് ഹാജരായത്. വി എസിനുവേണ്ടി അഡ്വ: ഊദ് ഹാജരായി. തന്നോട് ആലോചിക്കാതെയാണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്ന് ആരോപിച്ച് കേസിലെ സ്പെഷല്‍ പബ്ലിക് പ്രോസിക്യട്ടര്‍ പി എ അഹമ്മദ് രാജിവച്ചിരുന്നു.

deshabhimani news

Saturday, February 18, 2012

ഉമ്മന്‍ചാണ്ടിയുടെ പങ്ക് രേഖകളില്‍ വ്യക്തം: വി എസ്

പാമൊലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ വിജിലന്‍സ് വ്യാജരേഖ ചമയ്ക്കുകയാണെന്നതിന് വ്യക്തമായ തെളിവുകള്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പുറത്തുവിട്ടു. കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്കുതെളിയിക്കുന്ന രേഖകള്‍ എസ്പി ശശിധരന്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ തന്നെയുണ്ടെന്ന് വിഎസ് വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

പാമൊലിന്‍ ഇടപാട് നടന്നപ്പോള്‍ അന്നത്തെ ഭക്ഷ്യമന്ത്രി ടി എച്ച് മുസ്തഫ "പാമോലിന്‍ ഫയല്‍ സിഎം" എന്ന് എഴുതി മുഖ്യമന്ത്രി കെ കരുണാകരന് മാര്‍ക്ക് ചെയ്തുവെന്ന് എസ്പി നല്‍കിയ റിപ്പോര്‍ട്ടിന്റെ 21-ാംപേജില്‍ പറയുന്നു. എന്നാല്‍ , കുറിപ്പെഴുതിയ പാമൊലിന്‍ ഫയലില്‍ മുസ്തഫ "സിഎം" എന്ന് മാര്‍ക്ക് ചെയ്തിട്ടില്ല. മാര്‍ക്ക് ചെയ്തിരിക്കുന്നത് അന്നത്തെ അഡീഷണല്‍ ചീഫ് സെക്രട്ടറി സക്കറിയ മാത്യുവാണ്. എസ്പിയുടെ റിപ്പോര്‍ട്ടിന്റെ 23-ാംപേജില്‍ "എ2 (ടി എച്ച് മുസ്തഫ)വിന്റെ ഉത്തരവോടെ ഫയല്‍ മുഖ്യമന്ത്രിക്ക് (എ1) പോയി. സി ഡബ്ല്യു 23 (അന്നത്തെ ധനമന്ത്രി ഉമ്മന്‍ചാണ്ടി) വഴിയല്ല ഫയല്‍ പോയിരിക്കുന്നത്" എന്നു പറയുന്നു. ഇത് പച്ചക്കള്ളമാണ്. 1998 മെയ് 25ന് മുസ്തഫ വിജിലന്‍സ് എസ്പിക്കുമുമ്പാകെ നല്‍കിയ മൊഴിക്ക് വിരുദ്ധമാണിത്. "ഈ ഫയലില്‍ ചീഫ് മിനിസ്റ്റര്‍ക്കും ധനമന്ത്രിക്കും സമര്‍പ്പിക്കാവുന്നതിനായി എം(ഫിനാന്‍സ്), സിഎം എന്നിങ്ങനെ മാര്‍ക്ക് ചെയ്തിരുന്നു" എന്നാണ് അന്ന് മുസ്തഫ മൊഴി നല്‍കിയിരുന്നത്. "സിഎം" എന്ന് മാര്‍ക്ക് ചെയ്തത് സക്കറിയ മാത്യുവാണെന്ന് ഇതില്‍നിന്ന് വ്യക്തമാണ്. 1998 മെയ് അഞ്ചിന് ഉമ്മന്‍ചാണ്ടി വിജിലന്‍സ് എസ്പിക്ക് നല്‍കിയ മൊഴിയും ഇതിനെ സാധൂകരിക്കുന്നു. "സക്കറിയാ മാത്യുവിന്റെ നോട്ടിന്റെ സൈഡില്‍ സിഎസ്, എം(എഫ് ആന്‍ഡ് സി), എം (എഫ്), സിഎം എന്നിങ്ങനെ കുറിച്ചിരുന്നു. അതനുസരിച്ച് ഫുഡ് മിനിസ്റ്റര്‍ ഔട്ട് ഓഫ് അജന്‍ഡയില്‍ ഉള്‍പ്പെടുത്തി ഈ ഫയല്‍ വയ്ക്കുന്നതിന് ഒപ്പിട്ടിട്ട് എനിക്ക് തരികയും, ഞാന്‍ ഒപ്പിട്ടശേഷം ഫയല്‍ ചീഫ് മിനിസ്റ്റര്‍ക്ക് കൊടുക്കുകയും ചെയ്തു. സിഎം അതില്‍ ഒപ്പിട്ടു. ക്യാബിനറ്റ് മുറിയില്‍വച്ചാണ് ഞങ്ങള്‍ ഒപ്പിട്ടത്"- ഉമ്മന്‍ചാണ്ടിയുടെ മൊഴി തുടര്‍ന്നു.

ഇത്രയും രേഖകള്‍ പകല്‍വെളിച്ചംപോലെ ഉണ്ടായിട്ടും ഇങ്ങനെ പച്ചക്കള്ളം റിപ്പോര്‍ട്ടില്‍ എഴുതി കോടതിയില്‍ സമര്‍പ്പിക്കാന്‍ ഒരു വിജിലന്‍സ് എസ്പി എന്തുകൊണ്ട് തയ്യാറായി? 1991 നവംബര്‍ 27ന് വിവാദമായ നോട്ടെഴുതിയ സക്കറിയ മാത്യു കോടതിയില്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയില്‍ ഇതിനുള്ള ഉത്തരം കാണാം. അന്നെഴുതിയ നോട്ട് ധനകാര്യ അനുമതിക്കുവേണ്ടിക്കൂടിയായിരുന്നുവെന്നാണ് വിടുതല്‍ ഹര്‍ജിയില്‍ സക്കറിയ മാത്യു വ്യക്തമാക്കിയത്. ഈ വിടുതല്‍ ഹര്‍ജിയാണ് ഉമ്മന്‍ചാണ്ടിയുടെ പങ്ക് കൂടുതല്‍ വ്യക്തമാക്കിയത്. ഇത് മറച്ചുവയ്ക്കാനാണ് എസ്പി ശശിധരനെ ഉപയോഗിച്ച് പച്ചക്കള്ളം കോടതിയില്‍ പറയിക്കുന്നത്. ശശിധരനെ നിയന്ത്രിച്ചിരുന്ന മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ഡെസ്മണ്ട് നെറ്റോയ്ക്ക് പുതിയ ലാവണം നല്‍കിയതിന്റെ ചേതോവികാരവും ഇതിലൂടെ ജനത്തിന് ബോധ്യപ്പെട്ടു.

പാമൊലിന്‍ കേസ്: റിപ്പോര്‍ട്ടിലെ തിരിമറി കോടതി അന്വേഷിക്കണം- കോടിയേരി

പാമൊലിന്‍ കേസില്‍ യഥാര്‍ഥ കുറ്റപത്രത്തില്‍നിന്ന് വ്യത്യസ്തമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെക്കുറിച്ച് കോടതി വിശദമായി അന്വേഷിക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. തൃശൂര്‍ രാമനിലയത്തില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാവരെയും രക്ഷപ്പെടുത്തുന്ന റിപ്പോര്‍ട്ടാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കിയത്. ഒറിജിനല്‍ ചാര്‍ജ്ഷീറ്റില്‍നിന്ന് വിരുദ്ധമായ റിപ്പോര്‍ട്ടായതിനാലാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജിവച്ചത്. കേസില്‍ തൃശൂര്‍ വിജിലന്‍സ് കോടതിയുടെ നിലപാട് വ്യക്തമായശേഷം മേല്‍ക്കോടതിയെ സമീപിക്കും. ജുഡീഷ്യറിയെ തകര്‍ക്കുന്ന സമീപനമാണ് യുഡിഎഫ് സര്‍ക്കാരിന്റേത്. സംസ്ഥാനത്ത് നിയമവാഴ്ച സംരക്ഷിക്കാന്‍ ജുഡീഷ്യറി ഇടപെടണമെന്നും കോടിയേരി അഭ്യര്‍ത്ഥിച്ചു. പിറവം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുതിയ പ്രഖ്യാപനങ്ങള്‍ പാടില്ല. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിലായാലും ബജറ്റിലായാലും പുതിയ പ്രഖ്യാപനങ്ങളുണ്ടായാല്‍ അത് വോട്ടര്‍മാരെ സ്വാധീനിക്കും. തെരഞ്ഞെടുപ്പില്‍ ഭരണസംവിധാനം ഉപയോഗിക്കാന്‍ യുഡിഎഫ് ശ്രമിച്ചാല്‍ എല്‍ഡിഎഫ് ചെറുക്കും.

പിറവത്ത് എല്‍ഡിഎഫ് വന്‍വിജയം നേടുമെന്ന കാര്യം ഉറപ്പാണ്. ഒമ്പതുമാസത്തെ യുഡിഎഫ് ഭരണത്തില്‍ അതൃപ്തിയുള്ള ജനങ്ങള്‍ എല്‍ഡിഎഫിനെ അനുകൂലിക്കും. മുല്ലപ്പെരിയാര്‍ വിഷയത്തില്‍പ്പോലും യുഡിഎഫ് ഘടകകക്ഷികള്‍ക്ക് യോജിപ്പില്ല. കേരള കോണ്‍ഗ്രസ് പ്രത്യേകം സമരം നടത്തുകയാണ്. ഇടുക്കി തമിഴ്നാടിന്റെ ഭാഗമാക്കണമെന്നാവശ്യപ്പെട്ടത് തമിഴ്നാട്ടിലെ കോണ്‍ഗ്രസ് എംഎല്‍എമാരാണ്. അതിനെതിരെ കേരളത്തിലെ ഒരു കോണ്‍ഗ്രസ് എംഎല്‍എപോലും പ്രതികരിച്ചിട്ടില്ല. കെഎസ്യു തെരഞ്ഞെടുപ്പിന്റെ പേരില്‍ തെരുവുയുദ്ധമാണ് നടന്നത്. ഒരു എംഎല്‍എ ഉള്ളവര്‍പോലും പോരടിച്ചു നില്‍ക്കുന്നു- കോടിയേരി വ്യക്തമാക്കി.

deshabhimani 180212

മൊഴിയെടുത്തത് മാണിയില്‍നിന്നും കുഞ്ഞാലിക്കുട്ടിയില്‍നിന്നും

പാമൊലിന്‍ കേസിന്റെ തുടരന്വേഷണത്തില്‍ പുതിയതായി മൊഴിയെടുത്തത് മന്ത്രിമാരായ കുഞ്ഞാലിക്കുട്ടിയും മാണിയും അടക്കം നാലുപേരില്‍നിന്ന് മാത്രം. തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ടിലെ പതിനാലാം പേജിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഉമ്മന്‍ചാണ്ടിക്ക് ഇടപാടില്‍ പങ്കില്ലെന്നാണ് കുഞ്ഞാലിക്കുട്ടിയും മാണിയും വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ എസ്പി വി എന്‍ ശശിധരന് നല്‍കിയ മൊഴി. ഇടപാട് നടന്ന 1991ലും ഇരുവരും മന്ത്രിമാരായിരുന്നു. ഇതോടെ ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനു മുന്നോടിയായി അരങ്ങേറിയ വന്‍ ഗൂഢാലോചന വെളിച്ചത്തായി. മാണിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും മൊഴി അടിസ്ഥാനമാക്കി വിജിലന്‍സ് റിപ്പോര്‍ട്ട് തയ്യാറാക്കിയെന്ന് വ്യക്തം.

മുഖ്യമന്ത്രിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് മാണിയില്‍നിന്നും കുഞ്ഞാലിക്കുട്ടിയില്‍നിന്നും മൊഴിയെടുത്തത്. വിജിലന്‍സ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ സമാനമായ വിധത്തില്‍ മൂന്നു പേരുടെയും മൊഴി രേഖപ്പെടുത്തി. മന്ത്രിമാരില്‍നിന്ന് മൊഴിയെടുത്തത് എവിടെവച്ചാണെന്ന് തുടരന്വേഷണ റിപ്പോര്‍ട്ടിലില്ല. മുന്‍ ധനസെക്രട്ടറി മോഹന്‍കുമാര്‍ , പുരാരേഖാ വകുപ്പ് ഡയറക്ടര്‍ ആര്‍ ഗോപാലകൃഷ്ണന്‍ എന്നിവരുടെ മൊഴിയാണ് ഇതിനുപുറമേ രേഖപ്പെടുത്തിയത്. ഇവരുടെ മൊഴിയും ഉമ്മന്‍ചാണ്ടിക്ക് അനുകൂലമാണ്. രണ്ടാം പ്രതി ടി എച്ച് മുസ്തഫ, നാലാം പ്രതി സഖറിയാ മാത്യു എന്നിവരില്‍നിന്ന് വീണ്ടും മൊഴി എടുത്തെങ്കിലും അത് മുന്‍പ് നല്‍കിയതിനു വിരുദ്ധമാണ്. പാമൊലിന്‍ ഇറക്കുമതി ഫയല്‍ മന്ത്രിസഭായോഗത്തില്‍ അജന്‍ഡയ്ക്ക് പുറത്തുള്ള വിഷയമായി അവതരിപ്പിക്കാനുള്ള തീരുമാനം തന്റേത് മാത്രമായിരുന്നുവെന്നാണ് മുസ്തഫയുടെ വെളിപ്പെടുത്തല്‍ . സഖറിയാ മാത്യുവിന്റെ മൊഴിയും വിജിലന്‍സ് വളച്ചൊടിച്ചു. ഫയല്‍ ധനമന്ത്രിക്ക് സമര്‍പ്പിച്ചിട്ടില്ലെന്നാണ് സഖറിയാ മാത്യു പറഞ്ഞിരിക്കുന്നത്. ക്രമക്കേടില്‍ ധനമന്ത്രിക്ക് പങ്കുണ്ടോയെന്ന ചോദ്യത്തിന്, അതേക്കുറിച്ച് ഒന്നും പറയാന്‍ കഴിയില്ലെന്നാണ് മറുപടി. മുസ്തഫ ഫയല്‍ കണ്ടശേഷം നേരേ മുഖ്യമന്ത്രികരുണാകരന് നല്‍കിയെന്നും അതിനു ശേഷമാണ് ഉമ്മന്‍ചാണ്ടി കണ്ടതെന്നുമാണ് തുടരന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. നേരത്തെ 23-ാം സാക്ഷി എന്ന നിലയില്‍ ഉമ്മന്‍ചാണ്ടി നല്‍കിയ മൊഴിക്ക് വിരുദ്ധമാണിത്. മന്ത്രിസഭാ യോഗത്തില്‍ അജന്‍ഡയ്ക്ക് പുറത്തുള്ള ഇനമായി അവതരിപ്പിക്കാന്‍ ഭക്ഷ്യമന്ത്രി ഫയല്‍ തന്റെ പക്കല്‍ തന്നതായും അത് മന്ത്രിസഭയില്‍ വച്ചുവെന്നുമാണ് ഉമ്മന്‍ചാണ്ടി നേരത്തെ വെളിപ്പെടുത്തിയത്.

മുഖ്യമന്ത്രി മന്ത്രിസഭായോഗത്തില്‍ സമര്‍പ്പിച്ചതോടെ നയപരമായ തീരുമാനമായെന്നാണ് വിജിലന്‍സിന്റെ പുതിയ നിഗമനം. പാമൊലിന്‍ ഇറക്കുമതി നയപരമായ തീരുമാനമാണെന്ന് കരുണാകരന്‍പോലും അവകാശപ്പെട്ടിട്ടില്ല. റിപ്പോര്‍ട്ടിന്റെ 38-ാം പേജില്‍ മന്ത്രിസഭാകുറിപ്പിലെ എല്ലാ സംഗതികളും കണക്കിലെടുത്തശേഷമാണ് പാമൊലിന്‍ ഇറക്കുമതി തീരുമാനിച്ചതെന്ന് വിജിലന്‍സ് വാദിക്കുന്നു. എന്നാല്‍ , ഇതുസംബന്ധിച്ച് ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് മുസ്തഫ മുന്‍പ് മൊഴി നല്‍കിയിട്ടുണ്ട്.
(കെ ശ്രീകണ്ഠന്‍)

deshabhimani 180212

ഈ കാപട്യം ജനം തിരിച്ചറിയും

ജുഡീഷ്യല്‍ പ്രക്രിയയില്‍ ഇടപെട്ട് നീതിനടത്തിപ്പിന്റെ വഴി തങ്ങളെ കുറ്റവിമുക്തമാക്കുന്ന ദിശയിലേക്കാക്കാന്‍ , യുഡിഎഫ് സര്‍ക്കാര്‍ നടത്തുന്ന നികൃഷ്ടമായ ശ്രമങ്ങളുടെ പരമ്പരയിലെ പുതിയ കണ്ണിയാണ് പാമൊലിന്‍ കേസുമായി ബന്ധപ്പെട്ട് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക് രാജിവയ്ക്കേണ്ട സാഹചര്യമൊരുക്കിയ ഭരണനടപടി. യുഡിഎഫ് ഭരണമേറ്റെടുത്തതുമുതല്‍ പാമൊലിന്‍ കേസ് ഇല്ലാതാക്കാന്‍ തീവ്രശ്രമമാണ് നടത്തിവരുന്നത്. ഒരുവശത്ത് തങ്ങളുടെ കീഴിലുള്ള വിജിലന്‍സിനെക്കൊണ്ട് ഉമ്മന്‍ചാണ്ടിയടക്കമുള്ളവരെ കുറ്റക്കാരല്ലാത്തവരെന്ന് സ്ഥാപിക്കുക. മറുവശത്ത് ജഡ്ജിയെവരെ ആക്ഷേപിച്ച് കേസ് കേള്‍ക്കുന്നതില്‍നിന്ന് വിടുവിക്കുക. ഇനിയുമൊരു വശത്ത് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക് അത്യാവശ്യ ഫയലുകള്‍ നിഷേധിച്ച് പ്രോസിക്യൂഷന്‍ നടപടികളെ നിരായുധമാക്കിയെടുക്കുക. ഇങ്ങനെ പലപല തന്ത്രങ്ങള്‍ . സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിശ്ശബ്ദനാക്കി വിജിലന്‍സ് ഡയറക്ടറെക്കൊണ്ട് ഒരു റിപ്പോര്‍ട്ട് എഴുതിച്ചുണ്ടാക്കി കോടതിയെ തെറ്റിദ്ധരിപ്പിച്ച് രക്ഷപ്പെടുക എന്നതാണ് തന്ത്രം. ഇതിനായി മുഖ്യമന്ത്രി അദ്ദേഹത്തിന് വേണ്ടപ്പെട്ടയാളെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചു.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനത്ത് തുടരുമ്പോള്‍ , അദ്ദേഹത്തിന് കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് ആ മുഖ്യമന്ത്രിസ്ഥാനത്തിനു കീഴിലുള്ള ഒരു ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് കൊടുക്കുമെന്ന് ഇന്നത്തെ ഭരണരീതിയുടെയും ഭരണരാഷ്ട്രീയത്തിന്റെയും പശ്ചാത്തലത്തില്‍ തലയ്ക്ക് വെളിവുള്ള ആരും കരുതുമെന്നുതോന്നുന്നില്ല. പാമൊലിന്‍ ഇറക്കുമതിയില്‍ അഴിമതി നടന്നിട്ടുണ്ടെന്നും കൂടുതല്‍ പേര്‍ പ്രതികളാകാന്‍ സാധ്യതയുണ്ടെന്നും കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രത്യേക കോടതിയില്‍ ബോധിപ്പിച്ചതാണ് വിജിലന്‍സ് വിഭാഗം. കോടതിയാകട്ടെ, അതിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണത്തിന് അനുമതി നല്‍കുകയും ചെയ്തു. എന്നാല്‍ , അതേ വിജിലന്‍സും അതേ എസ്പിയും കോടതിയില്‍ മലക്കംമറിഞ്ഞു. കൂടുതല്‍ പ്രതികളില്ല എന്നായി അവരുടെ പുതിയ റിപ്പോര്‍ട്ട്. കോടതിക്കുതന്നെ ഈ മലക്കംമറിച്ചിലില്‍ അസന്തുഷ്ടിയുണ്ടായതുകൊണ്ടാണ് വീണ്ടും വിശദമായി അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയത് എന്നത് വ്യക്തം.

വിജിലന്‍സ് ശ്രമം വിജയിക്കുന്നില്ല എന്ന് കണ്ടപ്പോഴാണ് അതിന് സാഹചര്യമൊരുക്കാത്ത ജഡ്ജിക്കെതിരെ ആക്ഷേപവുമായി തിരിഞ്ഞത്. തങ്ങള്‍ക്കിഷ്ടമുള്ള ഉത്തരവുനല്‍കുന്നില്ലെങ്കില്‍ ജഡ്ജിമാരെ വച്ചേക്കില്ല എന്ന പരസ്യസന്ദേശം നല്‍കലായിരുന്നു അത്; ബഹുജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തുമെന്ന ഭീഷണിപ്പെടുത്തലായിരുന്നു അത്. ആ പ്രത്യേക ജഡ്ജിക്കെതിരെയെന്ന നിലയിലല്ല, ജഡ്ജിമാര്‍ക്കാകെ എതിരെയുള്ള ഭീഷണിയായിവേണം അതിനെ കാണാന്‍ . ജുഡീഷ്യറിയുടെ പരിപാവനതയെക്കുറിച്ചും കേസ് കേസിന്റെ വഴിക്ക് ന്യായയുക്തമായി പോകേണ്ടതിന്റെ ധാര്‍മികതയെക്കുറിച്ചും ഒക്കെ നിരന്തരം കണ്ഠവിക്ഷോഭം നടത്തിപ്പോന്നിട്ടുള്ള ഉമ്മന്‍ചാണ്ടിയുടെ കൂട്ടരാണ് ഇത് ചെയ്തതെന്നത് അവരുടെ വാക്കും പ്രവൃത്തിയും തമ്മിലുള്ള അന്തരത്തെ ബഹുജനമധ്യത്തില്‍ മറനീക്കിക്കാട്ടുന്നുണ്ട്.

2005ല്‍ മുഖ്യമന്ത്രിയായിരിക്കെ പ്രോസിക്യൂഷന്‍ അനുമതി റദ്ദാക്കിയതും തുടരന്വേഷണം ദുര്‍ബലമാക്കാന്‍ ഇടപെട്ടതും വിജിലന്‍സ് ജഡ്ജിക്കെതിരെ ചീഫ് വിപ്പ് പരസ്യ ആക്ഷേപം നടത്തിയതുമെല്ലാം ഉമ്മന്‍ചാണ്ടിയുടെ മൗനാനുവാദത്തോടെയായിരുന്നുവെന്ന് കാണാന്‍ വിഷമമില്ല. "താന്‍ ഒന്നുമറിഞ്ഞില്ല" എന്ന നാട്യത്തില്‍ പുറത്ത് പ്രത്യക്ഷപ്പെടുകയും കേസ് ഇല്ലാതാക്കി സ്വയം രക്ഷപ്പെടാന്‍ അകത്ത് ഏത് ഹീനതന്ത്രവും മെനയുകയും ചെയ്യുന്ന ഈ കാപട്യം ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്.

ഈ കാപട്യംതന്നെയാണ് ഇപ്പോഴും ഉമ്മന്‍ചാണ്ടി അനുവര്‍ത്തിക്കുന്നത്. പ്രോസിക്യൂട്ടറെ ഇരുട്ടില്‍ നിര്‍ത്തി വിജിലന്‍സിനെക്കൊണ്ട് പുതിയ റിപ്പോര്‍ട്ട് ഉണ്ടാക്കിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് അദ്ദേഹം. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കുമുമ്പില്‍ രാജിവയ്ക്കുകയല്ലാതെ നിവൃത്തിയില്ലാത്ത നിസ്സഹായാവസ്ഥ സൃഷ്ടിച്ചത് താന്‍ അറിഞ്ഞില്ലെന്ന് ഉമ്മന്‍ചാണ്ടി പറയുമായിരിക്കും. എന്നാല്‍ , സാമാന്യബുദ്ധിയുള്ള ആരെങ്കിലും അത് വിശ്വസിക്കുമോ? താന്‍ ഇതിലൊന്നും ഇടപെടുന്നില്ല എന്ന് കാണിക്കാനായി വിജിലന്‍സിന്റെ ചുമതല തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നല്‍കി. വിജിലന്‍സിലുള്ള ഓഫീസര്‍മാര്‍ പൊലീസ് ഡിപ്പാര്‍ട്മെന്റിന്റെ ഉദ്യോഗസ്ഥര്‍തന്നെയാണ് എന്നും അവരുടെ പ്രൊമോഷന്‍ അടക്കമുള്ള കാര്യങ്ങളില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് നിര്‍ണായക പങ്കാണുള്ളത് എന്നും പൊലീസ് വകുപ്പാകട്ടെ മുഖ്യമന്ത്രിയുടെ കീഴില്‍ത്തന്നെയാണ് എന്നും അറിയാത്തവരല്ല കേരളത്തിലെ ജനങ്ങള്‍ . ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ അദ്ദേഹത്തിനെതിരെ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ വിജിലന്‍സ് എസ്പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന് എങ്ങനെ ധൈര്യം വരും? വിജിലന്‍സില്‍ പ്രോസിക്യൂഷന്‍ ഡെപ്യൂട്ടി ഡയറക്ടറുടെ പുതിയ തസ്തിക സൃഷ്ടിച്ചതും പാമൊലിന്‍ കേസ് നിലനില്‍ക്കില്ലെന്ന് 1988ല്‍ അഭിപ്രായപ്പെട്ട വ്യക്തിയെത്തന്നെ ആ തസ്തികയില്‍ നിയമിച്ചതും സദുദ്ദേശ്യത്തോടെയാണ് എന്ന് ജനങ്ങള്‍ കരുതിക്കൊള്ളുമെന്നാണോ ഉമ്മന്‍ചാണ്ടി ധരിക്കുന്നത്?

പാമൊലിന്‍ കേസ് ദേശീയശ്രദ്ധയില്‍വന്ന ഒന്നാണ്. ഇത് ദുരുദ്ദേശ്യപരമാണെന്ന വാദം സുപ്രീംകോടതിതന്നെ തള്ളിയതാണ്. കേസിലുള്‍പ്പെട്ട വ്യക്തിയെ കേന്ദ്ര വിജിലന്‍സ് കമീഷണറാക്കിക്കൊണ്ടുള്ള നിയമനത്തെ സുപ്രീംകോടതി അസാധുവാക്കിയതാണ്. ഇത്തരമൊരു കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ അടക്കം മാറ്റിനിര്‍ത്തി വിജിലന്‍സിലെ ഒരു എസ്പിയെ ഉപയോഗിച്ച് കൃത്രിമ റിപ്പോര്‍ട്ടുണ്ടാക്കിച്ച് രക്ഷപ്പെടാമെന്നാണോ ഉമ്മന്‍ചാണ്ടി ധരിക്കുന്നത്?

മുന്‍ അന്വേഷണ റിപ്പോര്‍ട്ടുകളും കോടതി നിരീക്ഷണങ്ങളുമെല്ലാം നിലനില്‍ക്കുന്നുണ്ട്. അതിനെയെല്ലാം അവഗണിക്കുന്ന ഒരു പ്രവര്‍ത്തന റിപ്പോര്‍ട്ട് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ കൊടുത്ത് സ്വയം രക്ഷപ്പെടാമെന്നാണോ ഉമ്മന്‍ചാണ്ടി കരുതുന്നത്. വിജിലന്‍സുതന്നെ ഇതുവരെ പറഞ്ഞതൊക്കെ ഇപ്പോള്‍ ഒറ്റയടിക്ക് മാറ്റിപ്പറയുമ്പോള്‍ അതിനു പിന്നിലുള്ള രാഷ്ട്രീയ കരുനീക്കങ്ങളും സമ്മര്‍ദവും കോടതി കാണില്ല എന്നാണോ ഉമ്മന്‍ചാണ്ടി കണക്കാക്കുന്നത്? ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവില്ലെന്ന തട്ടിക്കൂട്ടുറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസിലുള്‍പ്പെട്ട മറ്റുപ്രതികളെയും വിടുവിച്ചെടുക്കുക എന്ന തന്ത്രം ഒളിഞ്ഞിരിക്കുന്നുണ്ട്. പാമൊലിന്‍ അഴിമതി നടത്താന്‍ ഒത്തുചേര്‍ന്നവരാകെ, ഭരണം കിട്ടിയപ്പോള്‍ അതിന്റെ അധികാരശക്തി ഉപയോഗിച്ച് കേസ് ഇല്ലാതാക്കാന്‍ വീണ്ടും ഒരുമിച്ചുചേര്‍ന്നിരിക്കുന്നു. ഇത് തിരിച്ചറിയപ്പെടുകതന്നെ ചെയ്യും എന്ന് നമുക്ക് പ്രത്യാശിക്കുക

deshabhimani editorial 180212

Friday, February 17, 2012

പാമൊലിന്‍ : വിജിലന്‍സ് റിപ്പോര്‍ട്ട് പച്ചക്കള്ളമെന്ന് വി എസ്

പാമൊലിന്‍ കേസിലെ വിജിലന്‍സ് റിപ്പോര്‍ട്ട് പച്ചക്കള്ളമാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ . ഇടപാടില്‍ ഉമ്മന്‍ചാണ്ടിയ്ക്ക് പങ്കില്ലെന്ന റിപ്പോര്‍ട്ട് യുഡിഎഫ് തിരക്കഥയാണ്. വിജിലന്‍സ് അന്വേഷണം അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധികാരവും പദവിയും ദുരുപയോഗം ചെയ്തു. ഉപജാപങ്ങളിലൂടെയാണ് പബ്ലിക് പ്രോസിക്യൂട്ടറെ രാജിവെപ്പിച്ചത്. ഈ നടപടിയിലൂടെ കേസ് തേഞ്ഞുമാഞ്ഞുപോകുമെന്നത് ഉമ്മന്‍ചാണ്ടിയുടെ പകല്‍കിനാവ് മാത്രമാണെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിഎസ് പറഞ്ഞു.

പാമൊലിന്‍ ഇടപാടില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് വ്യക്തമാണ്. കേസ് അട്ടിമറിച്ചതിന്റെ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും വിഎസ് വ്യക്തമാക്കി. പാമൊലിന്‍ കേസില്‍ കാര്യങ്ങള്‍ കോടതിയെ വ്യക്തമായി ധരിപ്പിച്ചിട്ടില്ല. വിചാരണക്കോടതിയില്‍ കേസില്‍ കക്ഷിചേരുന്നകാര്യം ആലോചിക്കുന്നുണ്ടെന്നും വിഎസ് പറഞ്ഞു.

പിറവം തെരഞ്ഞെടുപ്പ് നേരത്തെ നടത്തണമെന്നാണ് എല്‍ഡിഎഫ് ആവശ്യപ്പെട്ടതെന്നും തെരഞ്ഞെടുപ്പിന് ഇടതുമുന്നണി പൂര്‍ണ്ണ സജ്ജമാണെന്നും ഒരു ചോദ്യത്തിന് മറുപടിയായി വി എസ് പറഞ്ഞു.

deshabhimani

മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ കുറ്റപത്രവും വിസ്മരിച്ചു

പാമൊലിന്‍ കേസില്‍ 1999 നവംബര്‍ 23ന് പ്രതികള്‍ക്ക് നല്‍കിയ കുറ്റപത്രത്തിന് വിരുദ്ധമായ നിഗമനങ്ങളാണ് വിജിലന്‍സ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. പാമൊലിന്‍ ഇറക്കുമതിതീരുമാനം സര്‍ക്കാര്‍നയത്തിന്റെ ഭാഗമായിരുന്നുവെന്നാണ് വിജിലന്‍സ് തുടരന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ , ഇറക്കുമതി നയപരമായ തീരുമാനമായിരുന്നില്ലെന്നാണ് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയത്. കേസിലെ വിവിധ ഘട്ടങ്ങളിലായി മൂന്നുതവണ സുപ്രീംകോടതിയെ സമീപിച്ച മുന്‍ മുഖ്യമന്ത്രി കെ കരുണാകരനും നയപരമായ തീരുമാനമായിരുന്നുവെന്ന് അവകാശപ്പെട്ടിട്ടില്ല തുടരന്വേഷണ റിപ്പോര്‍ട്ടിന്റെ 38-ാംപേജില്‍ ക്യാബിനറ്റ് നോട്ടിലുള്ള എല്ലാ സംഗതികളും കണക്കിലെടുത്തതിനുശേഷമാണ് ഇറക്കുമതിതീരുമാനമെന്ന് പറയുന്നു. പക്ഷേ, ഇതുസംബന്ധിച്ച് ഒരു ചര്‍ച്ചയും ഉണ്ടായിട്ടില്ലെന്നാണ് മുന്‍മന്ത്രി ടി എച്ച് മുസ്തഫയുടെ മൊഴി.

ഇറക്കുമതിക്ക് തയ്യാറായ മറ്റു കമ്പനികളെ ഒഴിവാക്കിയത് ഗൂഢാലോചനയാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. തുടരന്വേഷണ റിപ്പോര്‍ട്ടിലെ 49-ാംപേജില്‍ ഇത് നിഷേധിച്ചിരിക്കുകയാണ്. ഉദ്യോഗസ്ഥരാണ് ഇക്കാര്യം ബോധ്യപ്പെടുത്തേണ്ടതെന്നും മന്ത്രി അവരെ കുറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നുമാണ് വാദം. സ്റ്റോര്‍ പര്‍ച്ചേസ് ചട്ടം പാലിച്ചില്ലെന്ന് കുറ്റപത്രത്തിലുണ്ട്. അന്വേഷണറിപ്പോര്‍ട്ടിലെ 51-ാംപേജില്‍ ആഗോള ടെന്‍ഡര്‍ വിളിക്കുന്നത് പ്രായോഗികമല്ലെന്നാണ് പറയുന്നത്. 53-ാംപേജില്‍ മന്ത്രിസഭയ്ക്ക് ഇത്തരം ചട്ടങ്ങള്‍ മറികടക്കാന്‍ അവകാശമുണ്ടെന്നാണ് വാദം. 56, 57 പേജുകളില്‍ വിജിലന്‍സ് ജഡ്ജി അന്വേഷിക്കാന്‍ നിര്‍ദേശിച്ച കാര്യങ്ങള്‍ അദ്ദേഹത്തിന് പറ്റിയ പിശകാണെന്നാണ് വിജിലന്‍സ് എസ്പിയുടെ വാദം.

വിജിലന്‍സ് ജഡ്ജിയുടെ ഉത്തരവിനെ ഉദ്യോഗസ്ഥര്‍ക്ക് ചോദ്യംചെയ്യാന്‍ അവകാശമില്ല. വിധിയില്‍ എതിര്‍പ്പുണ്ടെങ്കില്‍ അത് നീക്കാന്‍ ഉയര്‍ന്ന കോടതിയെ സമീപിക്കുകയാണ് വേണ്ടത്. ഉമ്മന്‍ചാണ്ടിയുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്ത് കേസ്തന്നെ ഇല്ലാതാക്കുന്നതിനുള്ള ശ്രമമാണ് വിജിലന്‍സ് നടത്തിയിരിക്കുന്നത്. ഗൂഢാലോചന, സ്റ്റോര്‍ പര്‍ച്ചേസ് ചട്ടങ്ങളുടെ ലംഘനം തുടങ്ങിയ കുറ്റങ്ങള്‍ കുറ്റപത്രത്തില്‍ ചുമത്തിയിരുന്നു. വിജിലന്‍സ് ഇപ്പോള്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ അതിന് കടകവിരുദ്ധമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇത് അംഗീകരിച്ചാല്‍ ആദ്യം നല്‍കിയ കുറ്റപത്രംതന്നെ അപ്രസക്തമാകും.

deshabhimani 170212

"ധാര്‍മികത"യുടെ ഉമ്മന്‍ചാണ്ടി മോഡല്‍

പാമൊലിന്‍ ഇടപാടില്‍ നിയമക്കുരുക്ക് തനിക്കുനേരെ നീളുന്നത് കണ്ട് കേസില്ലാതാക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം ഒന്നുമറിഞ്ഞില്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നുമാണ് ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നത്. 2005ല്‍ മുഖ്യമന്ത്രിയായിരിക്കെ പ്രോസിക്യൂഷന്‍ അനുമതി റദ്ദാക്കിയപ്പോഴും തുടരന്വേഷണം ദുര്‍ബലമാക്കാന്‍ അണിയറനീക്കം നടത്തുമ്പോഴും വിജിലന്‍സ് ജഡ്ജിക്കെതിരെ ചീഫ് വിപ്പടക്കമുള്ളവരെ ഇറക്കിവിട്ടപ്പോഴുമെല്ലാം ഒന്നുമറിഞ്ഞില്ലെന്ന് നടിക്കുകയായിരുന്നു അദ്ദേഹം. പ്രോസിക്യൂട്ടറെ മറികടന്ന് പുതിയ റിപ്പോര്‍ട്ട് തട്ടിക്കൂട്ടി കോടതിയില്‍ സമര്‍പ്പിച്ചതിനെതുടര്‍ന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജിവച്ചപ്പോഴും ഇതേനാട്യത്തിലാണ് ഉമ്മന്‍ചാണ്ടി. പ്രോസിക്യൂട്ടര്‍ തുടരണമായിരുന്നെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, എല്‍ഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച പ്രോസിക്യൂട്ടറെ തങ്ങള്‍ മാറ്റിയിട്ടില്ലെന്നും പറയുന്നു. സര്‍ക്കാരിന് ഇങ്ങനെ മാറ്റാന്‍ അധികാരമില്ലെന്ന കാര്യം മറച്ചുപിടിച്ചാണ് തങ്ങള്‍ മാറ്റിയില്ലെന്ന അവകാശവാദം. അതേസമയം, സര്‍ക്കാര്‍ ആവശ്യപ്പെടാതെതന്നെ പ്രോസിക്യൂട്ടറെ കേസില്‍നിന്ന് മാറ്റിനിര്‍ത്തുന്ന തന്ത്രവും സ്വീകരിച്ചു. ധാര്‍മികതയെയും നിയമവാഴ്ചയെയുംകുറിച്ച് വാചാലനാകുകയും അധാര്‍മികമാര്‍ഗങ്ങളിലൂടെ നിയമവാഴ്ചയ്ക്ക് തുരങ്കംവയ്ക്കുകയുമാണ് ഉമ്മന്‍ചാണ്ടി.

കഴിഞ്ഞതവണ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ 2005 നവംബര്‍ നാലിന് പാമൊലിന്‍ കേസിലെ പ്രോസിക്യൂഷന്‍ അനുമതി പിന്‍വലിക്കാന്‍ തീരുമാനിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഭൂരിപക്ഷം ഉറപ്പായ ഉടന്‍ ഉമ്മന്‍ചാണ്ടിയടക്കമുള്ളവരെ പ്രതിചേര്‍ക്കാന്‍ തെളിവില്ലെന്ന് വിജിലന്‍സ് ഡയറക്ടര്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അതും താനറിഞ്ഞിരുന്നില്ലെന്നാണ് ഉമ്മന്‍ചാണ്ടി ഭാവിച്ചത്. പാമൊലിന്‍ ഇറക്കുമതി ഘട്ടത്തില്‍ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ പങ്കും അന്വേഷിക്കണമെന്ന് വിജിലന്‍സ് കോടതി ഉത്തരവിട്ടശേഷം ഭരണസംവിധാനം ദുരുപയോഗപ്പെടുത്തി ഉമ്മന്‍ചാണ്ടിയെ വെള്ളപൂശുകയായിരുന്നു വിജിലന്‍സ്.

കോടതി ഉത്തരവിനെതുടര്‍ന്ന് വിജിലന്‍സ് ചുമതല ഒഴിഞ്ഞ് ഉമ്മന്‍ചാണ്ടി ധാര്‍മികത ഭാവിച്ചു. സെപ്തംബറില്‍ വിജിലന്‍സില്‍ പ്രോസിക്യൂഷന്‍ ഡെപ്യൂട്ടി ഡയറക്ടറുടെ പുതിയ തസ്തിക ഉണ്ടാക്കി. 1998ല്‍ വിജിലന്‍സ് നിയമോപദേശകനായിരുന്ന ജി ശശീന്ദ്രനെയാണ് ഈ തസ്തികയില്‍ നിയമിച്ചത്. പാമൊലിന്‍ കേസ് നിലനില്‍ക്കുന്നതല്ലെന്ന് 1998ല്‍ നിയമോപദേശം നല്‍കിയ ശശീന്ദ്രനെ വീണ്ടും പ്രതിഷ്ഠിച്ചത് വ്യക്തമായ ലക്ഷ്യത്തോടെയാണ്. കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വിജിലന്‍സ് നേരത്തെ ചൂണ്ടിക്കാണിച്ചതിന് വിരുദ്ധമായ കണ്ടുപിടിത്തങ്ങളാണ് ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ എഴുതിയുണ്ടാക്കിയ പുതിയ റിപ്പോര്‍ട്ടിലുള്ളത്. ഉമ്മന്‍ചാണ്ടിയും മുസ്തഫയും മുമ്പു നല്‍കിയ മൊഴിയും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നതും തമ്മില്‍ ഒരു ബന്ധവുമില്ല. പാമൊലിന്‍ കേസ് ദുരുദ്ദേശ്യപരമാണെന്ന വാദം സുപ്രീംകോടതി ഉള്‍പ്പെടെ തള്ളിയതാണ്. കേസിലുള്‍പ്പെട്ട പി ജെ തോമസിനെ കേന്ദ്ര വിജിലന്‍സ് കമീഷണറാക്കിയത് അസാധുവാക്കി പുറപ്പെടുവിച്ച ഉത്തരവില്‍ പാമൊലിന്‍ കേസിന്റെ ഗൗരവം സുപ്രീംകോടതി ഓര്‍മപ്പെടുത്തിയിരുന്നു.
(കെ എം മോഹന്‍ദാസ്)

വിജിലന്‍സ് തന്ത്രത്തെ എതിര്‍ത്ത പ്രോസിക്യൂട്ടറെ പുകച്ചുചാടിച്ചു

പാമൊലിന്‍ കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ രാജിയിലേക്ക് നയിച്ചത് എല്ലാ പ്രതികളെയും രക്ഷപ്പെടുത്താനുള്ള വിജിലന്‍സ് തന്ത്രം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവില്ലെന്ന തുടരന്വേഷണ റിപ്പോര്‍ട്ട് മറ്റു പ്രതികള്‍ക്കുള്ള വിടുതല്‍ ഉത്തരവുകൂടിയാണ്. ഉമ്മന്‍ചാണ്ടിയെ രക്ഷപ്പെടുത്തുന്നതോടൊപ്പം, മറ്റു പ്രതികള്‍ക്ക് അതിന് പഴുതുണ്ടാക്കിക്കൊടുക്കുക എന്ന ദ്വിമുഖതന്ത്രമാണ് വിജിലന്‍സ് ആവിഷ്കരിച്ചത്. ഏറെ കോളിളക്കമുണ്ടാക്കിയ പാമൊലിന്‍ കേസ്തന്നെ ഇല്ലാതെയാകുന്ന ഈ കള്ളക്കളിയെയാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എതിര്‍ത്തത്. അതിന്റെ പേരില്‍ അദ്ദേഹത്തെ പുകച്ച് പുറത്തുചാടിച്ചിരിക്കുകയാണിപ്പോള്‍ .

പാമൊലിന്‍ കേസില്‍ വിജിലന്‍സ് നടത്തിയ മലക്കംമറിച്ചില്‍ നിയമവൃത്തങ്ങളെ അമ്പരപ്പിക്കുന്നതാണ്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ വിജിലന്‍സ് പലതവണ നിലപാട് മാറ്റി. കേസില്‍ കൂടുതല്‍പേര്‍ പ്രതികളാകാന്‍ സാധ്യതയുണ്ടെന്നാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ വിജിലന്‍സ് എസ്പി വി എന്‍ ശശിധരന്‍ വിജിലന്‍സ് പ്രത്യേക കോടതിയില്‍ ബോധിപ്പിച്ചത്. ഇത് പരിഗണിച്ച് കോടതി തുടരന്വേഷണം നടത്താന്‍ നിര്‍ദേശിച്ചു. മൂന്നുമാസം പിന്നിട്ടപ്പോള്‍ അതേ എസ്പിതന്നെ കൂടുതല്‍ പ്രതികളില്ലെന്ന റിപ്പോര്‍ട്ടും നല്‍കി. ഇതില്‍ സംശയം പ്രകടിപ്പിച്ച കോടതി, കേസ് വീണ്ടും അന്വേഷിക്കാന്‍ പറഞ്ഞു. ഉടനെ യുഡിഎഫ് നേതാക്കള്‍ ജഡ്ജിക്കുനേരെ തിരിഞ്ഞു. കേസില്‍ ജഡ്ജിയുടെ പിന്മാറ്റവും കോടതിമാറ്റവുമാണ് പിന്നീട് കണ്ടത്.
ജനുവരിയില്‍ , തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും തെരഞ്ഞെടുപ്പുഫലം വന്ന ദിവസത്തെ നിലപാട് വിജിലന്‍സ് ആവര്‍ത്തിച്ചു. പാമൊലിന്‍ ഇറക്കുമതിയെ ന്യായീകരിച്ച വിജിലന്‍സ് എസ്പി, മറ്റു പ്രതികള്‍ നല്‍കിയ മൊഴിപോലും മറച്ചുവച്ചു. തുടരന്വേഷണ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചാല്‍ അതോടെ എല്ലാറ്റിനും അറുതിയാകുമെന്നായിരുന്നു വിജിലന്‍സ് കണക്കുകൂട്ടിയത്. അതിനായി പല വസ്തുതയും മറച്ചുവച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

കോടതിയെ തെറ്റിദ്ധരിപ്പിച്ച് വിധി വാങ്ങാമെന്ന എസ്പിയുടെയും വിജിലന്‍സ് ഡയറക്ടറുടെയും തന്ത്രം കഴിഞ്ഞ ആഗസ്തില്‍ തിരുവനന്തപുരത്തെ സ്പെഷ്യല്‍ കോടതി നിലപാട് തടയിട്ടതാണ്. തനിക്ക് വേണ്ടപ്പെട്ടയാളെ വിജിലന്‍സ് ഡയറക്ടര്‍സ്ഥാനത്ത് നിയമിച്ചാണ് ഉമ്മന്‍ചാണ്ടി തുടര്‍ന്നുള്ള ചരടുവലി നടത്തിയത്. ഇതേത്തുടര്‍ന്നാണ് ഇക്കഴിഞ്ഞ ജനുവരി ആറിന് ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി വീണ്ടും റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ട് തൃശൂര്‍ വിജിലന്‍സ് കോടതി അംഗീകരിച്ചാല്‍ പാമൊലിന്‍ കേസിന് തിരശ്ശീല വീഴും. വിജിലന്‍സ് എസ്പിയുടെ റിപ്പോര്‍ട്ട് അതേപടി അംഗീകരിക്കണമെന്നാണ് മറ്റു പ്രതികളുടെ നിലപാട്. തിരുവനന്തപുരം പ്രത്യേക കോടതിയിലും ഹൈക്കോടതിയിലും പ്രതികളുടെ അഭിഭാഷകര്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഇതില്‍നിന്ന്, എസ്പിയും വിജിലന്‍സ് ഡയറക്ടറും ഗൂഢാലോചന നടത്തി തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് കോടതിയില്‍ എത്തിയതെന്ന് വ്യക്തമാണ്. പഴയ നിഗമനങ്ങളില്‍നിന്ന് വ്യത്യസ്തമായ വാദഗതികള്‍ ഉന്നയിച്ചിരിക്കുന്നതിനാല്‍ അവ സമര്‍ഥിക്കുന്നതിന് തെറ്റായ രേഖകള്‍തന്നെ ചമയ്ക്കാമെന്നാണ് പ്രോസിക്യൂഷന്‍ ഭയക്കുന്നത്. യഥാര്‍ഥത്തില്‍ പ്രതികളെ രക്ഷപ്പെടുത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍തന്നെ ശ്രമിച്ചിരിക്കുകയാണ്.

സ്പെഷ്യല്‍ പ്രോസിക്യൂട്ടറുമായി നീരസം പ്രകടിപ്പിക്കാന്‍ തുടങ്ങിയത് ഭരണമാറ്റത്തിനുശേഷമാണ്. വോട്ടെണ്ണല്‍ നടന്ന മെയ് 13ന് ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയത് പ്രോസിക്യൂട്ടര്‍ അറിയാതെയാണ്. കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതിനുശേഷമാണ് പകര്‍പ്പ് പ്രോസിക്യൂട്ടര്‍ക്ക് നല്‍കിയത്. അതിനുമുമ്പ് നടന്ന ചര്‍ച്ചകളില്‍നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു റിപ്പോര്‍ട്ടിലെ നിഗമനം. ഈ റിപ്പോര്‍ട്ട് തള്ളിയശേഷം പ്രോസിക്യൂട്ടറുമായി കൂടിയാലോചന നടത്താനോ കേസുസംബന്ധിച്ച രേഖകള്‍ നല്‍കാനോ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കൂട്ടാക്കിയില്ല. രേഖകള്‍ നല്‍കാന്‍ വിജിലന്‍സിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂട്ടര്‍ കോടതിയെ സമീപിച്ചതും പാമൊലിന്‍ കേസിന്റെ നാള്‍വഴിയില്‍ കാണാം. രണ്ടാം തുടരന്വേഷണ റിപ്പോര്‍ട്ട് ജനുവരി ആറിനാണ് തൃശൂര്‍ കോടതിയില്‍ നല്‍കിയത്. പക്ഷേ, ദിവസങ്ങള്‍ക്കുശേഷമാണ് അതിന്റെ പകര്‍പ്പ് പ്രോസിക്യൂട്ടര്‍ക്ക് കൈമാറിയത്. പ്രോസിക്യൂട്ടറെ മാറ്റില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചുപറയുമ്പോള്‍ , അന്വേഷണ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തോട് മുഖംതിരിഞ്ഞുനില്‍ക്കുകയായിരുന്നു.
(കെ ശ്രീകണ്ഠന്‍)

deshabhimani 170212