Showing posts with label മദ്യാസക്തി. Show all posts
Showing posts with label മദ്യാസക്തി. Show all posts

Wednesday, January 16, 2013

കുടിയന്മാരെ കുടുക്കിയ ഡോ. ടോം പാരി അന്തരിച്ചു


മദ്യപാനികളുടെ പേടിസ്വപ്നമായ ശ്വാസ പരിശോധന യന്ത്രം കണ്ടുപിടിച്ച ഡോ. ടോം പാരി ജോണ്‍സ് അന്തരിച്ചു. വടക്കന്‍ വെയില്‍സിലെ ആംഗ്ലേസിയിലെ വീട്ടിലായിരുന്നു അന്ത്യം. 77 വയസ്സായിരുന്നു. റോഡ് സുരക്ഷാ കാര്യത്തില്‍ ലോകമാകെ വിപ്ലവകരമായ മാറ്റംവരുത്തിയ കണ്ടുപിടിത്തമാണ് ഡോ. ടേം പാരിയുടെ ഇലക്ട്രോണിക് ശ്വാസ പരിശോധന യന്ത്രം. 1974 ല്‍ ആണ് ശാസ്ത്രജ്ഞനായ പാരി ഈ കണ്ടുപിടിത്തം നടത്തിയത്. ഇന്ന് ലോകമെങ്ങും മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാന്‍ ഈ യന്ത്രം ഉപയോഗിക്കുന്നു.

ഉച്ഛ്വാസവായു പിടിച്ചെടുത്ത് രക്തത്തിലെ ആല്‍ക്കഹോളിന്റെ അളവ് സ്കാന്‍ ചെയ്തു കണ്ടെത്തുന്നതാണ് യന്ത്രത്തിന്റെ പ്രവര്‍ത്തനരീതി. അതുവരെ, മദ്യപിച്ചതായി സംശയിക്കുന്ന ഡ്രൈവര്‍മാരെ നേര്‍രേഖയില്‍ നടത്തിക്കുക, അപകടകാരികളായ ചില രാസവസ്തുക്കള്‍ ഉപയോഗിച്ച് പരിശോധിക്കുക തുടങ്ങിയ പ്രാകൃതരീതികളാണ് നിലവിലുണ്ടായിരുന്നത്.ശ്വാസപരിശോധന യന്ത്രം വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിക്കാന്‍ പാരി ലയണ്‍ ലബോറട്ടറി എന്ന പേരില്‍ സ്ഥാപനം തുടങ്ങി. യന്ത്രം ലോകമാകെ വിറ്റഴിക്കുകയുംചെയ്തു.

deshabhimani 160113

Sunday, September 30, 2012

പരിഷത്ത് ലഹരിവിമുക്ത കേരളം; സംസ്ഥാനതല ക്യാമ്പയിന്‍ ഉദ്ഘാടനം 2ന് ആലപ്പുഴയില്‍

"വേണം ലഹരിവിമുക്ത കേരളം" എന്ന മുദ്രാവാക്യമുയര്‍ത്തി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആരംഭിക്കുന്ന സംസ്ഥാനതല ക്യാമ്പയിന്റെ ഉദ്ഘാടനം ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ 2ന് ആലപ്പുഴ ജില്ലയിലെ ആര്യാട് നടക്കും. വൈകിട്ട് മൂന്നിന് ആര്യാട് പഞ്ചായത്ത് സാംസ്കാരിക നിലയത്തില്‍ കെ ആര്‍ ഗൗരിയമ്മ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്യും. പരിഷത്ത് സംസ്ഥാന പ്രസിഡന്റ് കെ ടി രാധാകൃഷ്ണന്‍ അധ്യക്ഷനാകും. പ്രൊഫ. ടി പി കുഞ്ഞിക്കണ്ണന്‍ വിഷയാവതരണം നടത്തും. അരി വാങ്ങുന്നതിന് ഒരു വര്‍ഷം 3000 കോടി രൂപ ചെലവിടുന്ന മലയാളി മദ്യത്തിന് 7500 കേടിയാണ് മുടക്കുന്നതെന്ന് പരിഷത്ത് ഭാവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പന്ത്രണ്ടര വയസില്‍ കേരളത്തില്‍ മദ്യപാനം ആരംഭിക്കുന്നുവെന്ന കണക്ക് ഞെട്ടിക്കുന്നതാണ്. ക്യാമ്പയിന്റ മുന്നോടിയായി ആര്യാട് പഞ്ചായത്തില്‍ ലഹരി വിമുക്ത ആര്യാട് എന്ന സന്ദേശമുയര്‍ത്തി ജനകീയ സമിതികള്‍ രൂപീകരിച്ചുവരികയാണ്. സംസ്ഥാന സെക്രട്ടറി പി വി വിനോദ്, ജില്ലാ സെക്രട്ടറി എന്‍ സാനു, സംഘാടകസമിതി ചെയര്‍മാന്‍ പ്രൊഫ. സി വി നടരാജന്‍, പി ജയരാജ്, ജോസി ഡൊമനിക്ക് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

deshabhimani 300912

Wednesday, April 11, 2012

മദ്യം കടലാസ് കൂടുകളിലേക്ക്; അഴിമതിക്ക് കളമൊരുങ്ങുന്നു


മദ്യരാജാവ് വിജയ് മല്യക്ക് കേരളത്തില്‍ ആധിപത്യത്തിന് വഴിയൊരുക്കാന്‍ മദ്യം കുപ്പിയില്‍നിന്ന് കടലാസ് പായ്ക്കറ്റുകളിലേക്ക് (ടെട്രാ പായ്ക്ക്്) മാറ്റാന്‍ എക്സൈസ് വകുപ്പ് നീക്കം. മറ്റു മദ്യവിതരണക്കാരെ പ്രതിസന്ധിയിലാക്കുന്ന നീക്കം എക്സൈസ് മന്ത്രിയുടെ പ്രത്യേക താല്‍പ്പര്യപ്രകാരമാണെന്നാണ് വിവരം. ബിവറേജസ് ഷാപ്പുകള്‍ വഴിയുള്ള മദ്യവിതരണത്തിന് കുപ്പികള്‍ക്കു പകരം ജ്യൂസ്പോലുള്ള പാനീയങ്ങളുടെ വില്‍പ്പനയ്ക്ക് ഉപയോഗിക്കുന്ന തരം ടെട്രാ പായ്ക്ക് ഉപയോഗിക്കാനാണ് നീക്കം. കേരളത്തിലെ ഡിസ്റ്റിലറികളില്‍ നിലവില്‍ ടെട്രാ പായ്ക്കിന് ആവശ്യമായ യന്ത്രസംവിധാനം ഇല്ലെന്നിരിക്കെ സര്‍ക്കാരിന്റെ തിരക്കിട്ട നീക്കം ചെറുകിട വിതരണക്കാരെ പ്രതിസന്ധിയിലാക്കും. സംസ്ഥാനത്തെ മദ്യവിപണിയുടെ 40 ശതമാനവും കൈയാളുന്ന വിജയ് മല്യയുടെ യുബി ഗ്രൂപ്പിനാണ് ഇതിനാവശ്യമായ സാങ്കേതികവിദ്യ സ്വന്തമായുള്ളത്. കുപ്പികള്‍ക്കു പകരം ടെട്രാ പായ്ക്കെന്ന പേരില്‍ പെട്ടെന്നു നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന പരിഷ്കാരം വിപണിയില്‍ യുബി ഗ്രൂപ്പിന്റെ ആധിപത്യം ഉറപ്പിക്കാനുള്ളതാണന്നു വ്യക്തമാണ്. പുതിയ രീതിയെന്ന നിലയില്‍ ടെട്രാ പായ്ക്കിന് ലഭിക്കുന്ന സ്വീകാര്യതവഴി യുബി ഗ്രൂപ്പിന് സംസ്ഥാനത്തെ മദ്യവിതരണരംഗം തീറെഴുതാനുള്ള നീക്കത്തിനു പിന്നില്‍ കോടികളുടെ അഴിമതിക്കും കളമൊരുങ്ങിയിട്ടുണ്ട്. ആദ്യഘട്ടമെന്ന നിലയില്‍ മെയ്മുതല്‍ 180 മില്ലിയുടെ മദ്യം പായ്ക്കറ്റില്‍ ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഫെബ്രുവരിയില്‍ എക്സൈസ് മന്ത്രി പങ്കെടുത്ത വിതരണക്കാരുടെ യോഗത്തിലാണ് നിര്‍ദേശം വന്നത്. ഇതിനെ ചെറുകിട ഡിസ്റ്റിലറി ഉടമകള്‍ എതിര്‍ത്തെങ്കിലും തീരുമാനവുമായി മുന്നോട്ടുപോകാനാണ് വകുപ്പിന്റെ നീക്കം. മദ്യം പായ്ക്കറ്റില്‍ നിറയ്ക്കുന്നതിനാവശ്യമായ യന്ത്രസംവിധാനത്തിന് അഞ്ചുകോടി രൂപ ചെലവുവരും. ചെറുകിട ഡിസ്റ്റിലറികള്‍ ഇതിനാവശ്യമായ പണം കണ്ടെത്താന്‍ ബുദ്ധിമുട്ടും. കുപ്പികളെ അപേക്ഷിച്ച് ഉപയോഗിക്കാന്‍ എളുപ്പമാണെന്നതിനാല്‍ പായ്ക്കറ്റില്‍ വരുന്ന മദ്യത്തിന് ആവശ്യക്കാരേറും. ഇതു മുന്നില്‍ക്കണ്ടാണ് യുബി ഗ്രൂപ്പിനെ സഹായിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവന്നത്. കര്‍ണാടകത്തിലും മറ്റും യുബി ഗ്രൂപ്പ് ഈ രീതിയാണ് നടപ്പാക്കുന്നത്.

മദ്യ ഉപഭോഗത്തില്‍ മുന്നിലുള്ള കേരളത്തില്‍ പരിഷ്കാരം വരുന്നതോടെ വിതരണമേഖല പൂര്‍ണമായും യുബി ഗ്രൂപ്പിനു കീഴിലാകുമെന്നും ചെറുകിടക്കാര്‍ പറയുന്നു. ആദ്യഘട്ടത്തില്‍ 180 മില്ലിയുടെ പ്ലാസ്റ്റിക് കുപ്പികള്‍ക്കു പകരം കൊണ്ടുവരാന്‍ ലക്ഷ്യമിടുന്ന ടെട്രാ പായ്ക്ക് പിന്നീട് ഉയര്‍ന്ന അളവിലേക്കും വ്യാപിപ്പിക്കും. നേരത്തെ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാനായി ചില്ലുകുപ്പികള്‍ മാത്രമാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും ചില്ലിന്റെ ലഭ്യതക്കുറവും കൂടിയ വിലയും തടസ്സമായി. ഈ സാഹചര്യത്തിലാണ് ടെട്രാ പായ്ക്കെന്ന ആശയവുമായി കുത്തകകളെ സഹായിക്കാന്‍ സര്‍ക്കാര്‍തന്നെ മുന്‍കൈ എടുക്കുന്നത്. ഗുരുവായൂര്‍ ദര്‍ശനത്തിനായി കഴിഞ്ഞദിവസം കേരളത്തിലെത്തിയ വിജയ് മല്യ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയതായും സൂചനയുണ്ട്.

deshabhimani 110412

Thursday, March 29, 2012

ഫൈവ്സ്റ്റാര്‍ ഹോട്ടലിന് മാത്രം ബാര്‍ ലൈസന്‍സ്: മുഖ്യമന്ത്രി


ഫൈവ്സ്റ്റാര്‍ പദവിയുള്ള ഹോട്ടലിനു മാത്രമേ ഇനി ബാര്‍ ലൈസന്‍സ് നല്‍കുകയുള്ളൂ എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരള മദ്യനിരോധനസമിതിയുടെ പ്രൊഹിബിഷന്‍ മാസികയുടെ പുനഃപ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ത്രീസ്റ്റാറുകളില്‍ ബാര്‍ അനുവദിക്കുന്നത് സര്‍ക്കാര്‍ നിര്‍ത്തലാക്കിയതിനാല്‍ പല ഹോട്ടലും ഫോര്‍സ്റ്റാര്‍ പദവിക്കുവേണ്ടി ശ്രമിക്കുകയാണ്. കേന്ദ്ര ടൂറിസം വകുപ്പാണ് ഫോര്‍സ്റ്റാര്‍ പദവി നല്‍കേണ്ടത്. ബാറുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാടിനോട് കേന്ദ്ര ടൂറിസം വകുപ്പിനു വിയോജിപ്പാണ്. ടൂറിസം വികസനത്തിന്റെ ആവശ്യകതയാണ് കേന്ദ്ര ടൂറിസം വകുപ്പ് ഉയര്‍ത്തിക്കാട്ടുന്നത്. മദ്യലഭ്യത കുറയ്ക്കാനുള്ള എല്ലാ നിര്‍ദേശവും സര്‍ക്കാര്‍ സ്വീകരിക്കും. മദ്യവില്‍പ്പനയിലൂടെ ലഭിക്കുന്ന വരുമാനം സര്‍ക്കാരിന്റെ യഥാര്‍ഥവരുമാനമായി കാണുന്നില്ല. ഈ വരുമാനം മുഴുവന്‍ ഉപേക്ഷിക്കാന്‍ തയ്യാറാണ്. സംസ്ഥാനത്ത് പുതിയ ബിവറേജസ് ഔട്ട്ലെറ്റുകള്‍ അനുവദിക്കില്ലെന്നും കോടതിയുടെ ഇടപെടലിലൂടെയോ മറ്റോ അനുവദിക്കേണ്ടിവന്നാല്‍ ഇപ്പോഴുള്ള ഒന്ന് നിര്‍ത്തലാക്കി മാത്രമേ മറ്റൊന്ന് അനുവദിക്കൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ നടപ്പാക്കുന്ന മദ്യനയം അട്ടിമറിക്കാന്‍ മദ്യലോബി ശ്രമിക്കുന്നതായി വി എം സുധീരന്‍ പറഞ്ഞു. ഹോട്ടലുകള്‍ക്ക് ഫോര്‍സ്റ്റാര്‍ പദവി നല്‍കുന്ന കാര്യത്തില്‍ കേന്ദ്ര ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥര്‍ വന്‍ ക്രമക്കേട് നടത്തുന്നുണ്ടെന്നും സുധീരന്‍ പറഞ്ഞു. സീറോ മലങ്കരസഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ബസേലിയോസ് ക്ലീമിസ് കത്തോലിക്കാ ബാവ അധ്യക്ഷനായി. കേരള മദ്യനിരോധനസമിതി പ്രസിഡന്റ് ഫാദര്‍ തോമസ് തൈത്തോട്ടം, തമ്പാനൂര്‍ ഇമാം ജനാബ് ഹംസ മൗലവി ഫാറൂഖി, പി എന്‍ ശാന്തകുമാരി, ഒ ജെ ചിന്നമ്മ, അശോക്കുമാര്‍, ജി സദാനന്ദന്‍, പ്രൊഹിബിഷന്‍ മാസിക എഡിറ്റര്‍ ടി പി ആര്‍ നാഥ് എന്നിവര്‍ സംസാരിച്ചു.

deshabhimani 290312

Thursday, November 10, 2011

ബാര്‍ ലൈസന്‍സ് അഴിമതി സിബിഐ അന്വേഷിക്കണം: സുധീരന്‍

യുഡിഎഫ് സര്‍ക്കാര്‍ 21 ഹോട്ടലിന് ബാര്‍ ലൈസന്‍സ് അനുവദിച്ചതിലെ അഴിമതി സിബിഐ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ ആവശ്യപ്പെട്ടു. മദ്യനിരോധനസമിതി സെക്രട്ടറിയറ്റിനു മുന്നില്‍ ആരംഭിച്ച അനിശ്ചിതകാല സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധീരന്‍ .

ഈ ഹോട്ടലുകള്‍ക്ക് സ്റ്റാര്‍ പദവി എങ്ങനെ കിട്ടി? ഇതിനു പിന്നില്‍ എന്തുമാത്രം കള്ളത്തരവും ക്രമക്കേടും നടന്നെന്ന് പരിശോധിക്കണം. ഹോട്ടലുകള്‍ക്ക് സ്റ്റാര്‍ പദവി നേടിയെടുക്കാന്‍ തിരക്കുപിടിച്ച ശ്രമങ്ങളാണ് നടക്കുന്നത്. ഇതിന്റെ പേരില്‍ പണപ്പിരിവും നടക്കുന്നു. സിബിഐ അന്വേഷണത്തിന്റെ പരിധിയില്‍ ഇതെല്ലാം ഉള്‍പ്പെടുത്തണം. 100 ബാറിനുകൂടി അനുമതി നല്‍കാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണ്. ഇക്കാര്യത്തില്‍ കൃത്യമായ നിയന്ത്രണം ആവശ്യമാണ്. കേരളത്തെ രക്ഷിക്കാന്‍ ഇനിയെങ്കിലും പുതിയ മദ്യശാല അനുവദിക്കരുത്. ഒരുവശത്ത് ഇഷ്ടംപോലെ ബാര്‍ അനുവദിക്കുകയും മറുവശത്ത് നിരോധനത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നു. ഇതു ശരിയായ നടപടിയല്ല. സര്‍ക്കാരിന്റെ മദ്യനയം സംബന്ധിച്ച് വിവിധ തലത്തില്‍ ചര്‍ച്ച നടന്നതാണ്. എന്നാല്‍ , ഗുണപരമായ ഫലമൊന്നും ഉണ്ടായില്ല. പഞ്ചായത്തുകള്‍ക്ക് മദ്യനിരോധനാധികാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇക്കാര്യത്തില്‍ യുഡിഎഫ് നേതാക്കള്‍ നല്‍കിയ വാഗ്ദാനം പാലിക്കണം. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം തിരുത്തണം. ജനങ്ങളുടെ പ്രതീക്ഷയ്ക്ക് അനുസരിച്ച് മദ്യനയം നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. സര്‍ക്കാരിന്റെ മദ്യനയത്തിലെ ആമുഖത്തില്‍ മദ്യ ഉപയോഗം കുറയ്ക്കുമെന്നു പറയുന്നു. എന്നാല്‍ , ഇതിന് അനുസരിച്ചല്ല കാര്യങ്ങള്‍ നടക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സ്റ്റാര്‍ പദവി ലഭിച്ച ഹോട്ടലുകളെക്കുറിച്ചും അന്വേഷിക്കണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടു.

അതേസമയം, സുധീരന്റെ പ്രസ്താവന തെറ്റിദ്ധാരണ കൊണ്ടാണെന്ന് എക്സൈസ് മന്ത്രി കെ ബാബു പ്രതികരിച്ചു. എല്ലാവരുമായി ചര്‍ച്ച നടത്തിയാണ് മദ്യനയത്തിന് അംഗീകാരം നല്‍കിയത്. ഈ ചര്‍ച്ചയില്‍ സുധീരനും പങ്കാളിയായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അടുത്തകാലത്ത് ഹോട്ടലുകള്‍ക്ക് സ്റ്റാര്‍ പദവി കിട്ടിയതിനെക്കുറിച്ച് സിബിഐ നടത്തുന്ന അന്വേഷണത്തെക്കുറിച്ചാകാം സുധീരന്‍ ഉദ്ദേശിച്ചതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതികരിച്ചു. ബാര്‍ ലൈസന്‍സ് നല്‍കിയതു സംബന്ധിച്ചാണ് സുധീരന്‍ പറഞ്ഞതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയെങ്കിലും മുഖ്യമന്ത്രി മൗനംപാലിച്ചു.

deshabhimani 101111

Monday, September 5, 2011

മദ്യം വിലകൂട്ടല്‍ : ഉല്‍പ്പാദകരുടെ ലക്ഷ്യം 300 കോടി അധികലാഭം

ആല്‍ക്കഹോളിന് വില വര്‍ധിപ്പിച്ചതിനാല്‍ മദ്യത്തിന്റെ വില വര്‍ധിപ്പിക്കണമെന്ന മദ്യം ഉല്‍പ്പാദകരുടെ വാദം പൊളിയുന്നു. കഴിഞ്ഞ രണ്ടുവര്‍ഷത്തേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് ഇപ്പോള്‍ മദ്യം ഉല്‍പ്പാദനത്തിന് ആവശ്യമായ എക്സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ (ഇഎന്‍എ) ഉല്‍പ്പാദകര്‍ക്ക് ലഭിക്കുന്നത്. കേരള ബോട്ടിലേഴ്സ് അസോസിയേഷന്റെ ആവശ്യം അംഗീകരിച്ച് മദ്യത്തിന്റെ വില വര്‍ധിപ്പിച്ചാല്‍ 300 കോടി രൂപയുടെ അധികലാഭം 13 മദ്യക്കമ്പനികള്‍ക്ക് ലഭിക്കും.

അഞ്ചുവര്‍ഷമായി സംസ്ഥാന ബിവറേജസ് കോര്‍പറേഷന് മദ്യം നിര്‍മിക്കുന്ന കമ്പനികള്‍ക്ക് വില വര്‍ധിപ്പിച്ചു നല്‍കിയില്ലെന്ന ന്യായവുമായാണ് മദ്യം ഉല്‍പ്പാദകരുടെ സംഘടനയായ കേരള ബോട്ടിലേഴ്സ് അസോസിയേഷന്‍ പുതിയ സര്‍ക്കാരിനെ സമീപിച്ചത്. ആല്‍ക്കഹോളിന്റെ വില ലിറ്ററിന് 42 രൂപ വര്‍ധിച്ചതിനാല്‍ കോര്‍പറേഷന് നല്‍കുന്ന മദ്യത്തിന്റെ വില ഒരു കെയ്സിന് (12 കുപ്പി) 100 രൂപ വീതം വര്‍ധിപ്പിക്കണമെന്നാണ് അസോസിയേഷന്‍ ആവശ്യപ്പെട്ടത്. ആല്‍ക്കഹോള്‍ വിലവര്‍ധനയില്‍ വ്യവസായം തകരുന്നെന്ന മദ്യം ഉല്‍പ്പാദകരുടെ വാദം തെറ്റാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

2009 ജനുവരി ഒന്നിന് 40.99 രൂപയും 2010 ജനുവരി ഒന്നിന് 40.93 രൂപയുമായിരുന്നു ഒരു ലിറ്റര്‍ ഇഎന്‍എയുടെ വില. നിലവില്‍ 37.88 രൂപയും. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ലിറ്ററിന് 3.05 രൂപ ഇപ്പോള്‍ കുറവാണ്. ഈവര്‍ഷം ഏതാണ്ട് 250 ലക്ഷം കെയ്സ് ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും (റം, ബ്രാന്‍ഡി, വിസ്കി, വോഡ്ക, ജിന്‍ , വൈന്‍ ഉള്‍പ്പെടെ) 90 ലക്ഷം കെയ്സ് ബിയറും വിറ്റഴിക്കുമെന്നാണ് ബിവറേജസ് കോര്‍പറേഷന്റെ കണക്കുകൂട്ടല്‍ . 2010-11ല്‍ 217.41 കെയ്സ് വിദേശമദ്യവും 85.61 കെയ്സ് ബിയറുമാണ് കോര്‍പറേഷന്‍ വഴി വിതരണം ചെയ്തത്. ഉപഭോഗത്തിലെ ശരാശരി വാര്‍ഷിക വര്‍ധന കണക്കിലെടുത്താണ് ഈവര്‍ഷത്തെ ആവശ്യം നിശ്ചയിച്ചത്. ഇതനുസരിച്ച് ഒരോ കെയ്സിനും 100 രൂപ വര്‍ധിപ്പിച്ചാല്‍ വിദേശമദ്യത്തില്‍ നിന്നുമാത്രം ഉല്‍പ്പാദകര്‍ക്ക് 250 കോടി രൂപ അധികം ലഭിക്കും. ബിയറിലൂടെ 90 കോടിയുടെ അധിക വരുമാനവുമുണ്ടാകും.

വിലകൂട്ടാന്‍ ഉല്‍പ്പാദകര്‍ക്ക് എക്സൈസ് മന്ത്രിയുടെ പച്ചക്കൊടി ലഭിച്ചതായാണ് വിവരം. ഉല്‍പ്പാദകര്‍ മുഖ്യമന്ത്രിയെ മാത്രം കണ്ട് വര്‍ധന ആവശ്യപ്പെട്ടതിന്റെ നീരസം എക്സൈസ് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പ്രകടിപ്പിച്ചിരുന്നു. തൊട്ടടുത്ത ദിവസം ബോട്ടിലേഴ്സ് അസോസിയേഷന്‍ ബിവറേജസ് കോര്‍പറേഷന് മദ്യം നിര്‍ത്തിവയ്ക്കുന്നെന്ന് പ്രഖ്യാപിച്ചു. വര്‍ധന ഓണത്തിനുശേഷം ചര്‍ച്ചചെയ്യാമെന്ന് എക്സൈസ് മന്ത്രി ഉറപ്പുനല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മദ്യം നല്‍കുന്നത് തുടരുമെന്നാണ് അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കിയത്. എക്സൈസ് മന്ത്രിയെ കാണേണ്ട രീതിയില്‍ കണ്ടിട്ടുണ്ടെന്നാണ് ഒരു ഭാരവാഹി പ്രതികരിച്ചത്.
(ജി രാജേഷ്കുമാര്‍)

deshabhimani 050911

Sunday, December 5, 2010

മദ്യാസക്തി അരാഷ്ട്രീയവല്‍ക്കരണത്തിന്റെ വിത്ത്

മദ്യാസക്തി അരാഷ്ട്രീയവല്‍ക്കരണത്തിന്റെ വിത്ത്: പിണറായി

കൊച്ചി: കേരളസമൂഹത്തെ അരാഷ്ട്രീയവല്‍ക്കരിക്കുന്ന വിപത്താണ് മദ്യാസക്തിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിന്റെ ഇടതുപക്ഷമനസ്സ് തകര്‍ക്കുകയാണ് ഇതിന്റെ ലക്ഷ്യം. മദ്യാസക്തിക്കും മറ്റ് സാമൂഹികജീര്‍ണതകള്‍ക്കും എതിരെ ഡിവൈഎഫ്ഐ, എസ്എഫ്ഐ, ജനാധിപത്യ മഹിളാ അസോസിയേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജാഗ്രതാ പ്രചാരണത്തിന്റെ ഭാഗമായി എറണാകുളം ടൌണ്‍ഹാളില്‍ ജനകീയ കണ്‍വെന്‍ഷന്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

മദ്യനിരോധനംകൊണ്ട് മദ്യാസക്തി ഇല്ലാതാകില്ല. അതിന് ശക്തമായ പ്രചാരണവും ബോധവല്‍ക്കരണവും വേണം. മദ്യാസക്തിക്കെതിരായ പ്രചാരണത്തിന് ചെത്തുതൊഴിലാളികള്‍ എതിരാണെന്ന വാര്‍ത്ത മാധ്യമസൃഷ്ടിയാണ്. കേരളം പല പ്രത്യേകതകളുമുള്ള സംസ്ഥാനമാണ്. വിവേകാന്ദന്‍ ഭ്രാന്താലയമെന്നു വിശേഷിപ്പിച്ച കേരളത്തില്‍ അയിത്തം തുടച്ചുനീക്കി. വര്‍ഗീതയെ തളച്ചിടാനായി. മതസൌഹാര്‍ദത്തിനും പേരുകേട്ടു. രക്തംചിന്തിയ പ്രതിരോധത്തിലൂടെയും പ്രതികരണങ്ങളിലൂടെയുമാണ് ഈ നേട്ടം കൈവരിക്കാനായത്. കേരളത്തിന്റെ ഇടതുപക്ഷ ആഭിമുഖ്യമാണ് മറ്റൊരു പ്രത്യേകത. ഇവിടത്തെ വലതുപക്ഷശക്തികളുടെ നയങ്ങളില്‍പ്പോലും ഇടതുപക്ഷ സ്വാധീനമുണ്ട്. ഈ ഇടതുപക്ഷ സ്വാധീനമാണ് കേരളത്തിന് രാഷ്ട്രീയപ്രബുദ്ധത നല്‍കിയത്. ഇടതുപക്ഷ സ്വാധീനവും രാഷ്ട്രീയപ്രബുദ്ധതയും ഇഷ്ടപ്പെടാത്ത ശക്തികളുണ്ട്. ഇവരാണ് അരാഷ്ട്രീയവാദം പ്രചരിപ്പിക്കുന്നത്.

കുറച്ചുവര്‍ഷം മുമ്പുവരെ കാമ്പസില്‍ മദ്യം കഴിക്കുന്നവരില്ലായിരുന്നു. ഇന്ന് മദ്യം ഫാഷനായി. വിവാഹവീടുകളില്‍ സഹായിക്കാനെത്തുന്നവര്‍ക്ക് ഇത് നിര്‍ബന്ധമായി. ഇഷ്ടമല്ലാത്തവര്‍പോലും മദ്യം നല്‍കാന്‍ നിര്‍ബന്ധിതരായതും ചോദ്യംചെയ്യേണ്ടവര്‍ കണ്ടില്ലെന്നു നടിച്ചതും സ്ഥിതി വഷളാക്കി. ചില ഗ്രാമങ്ങളില്‍ ഇതിനെതിരെ ചെറുത്തുനില്‍പ് ഉയരുന്നുവെന്നത് ആശ്വാസകരമാണ്. മദ്യപാനം ഉണ്ടാക്കുന്ന ആപത്തിനെയും ഗൌരവത്തോടെ കാണണം. കാശുകൊടുത്ത് ഇവര്‍ ബുദ്ധിമുട്ട് വാങ്ങുകയാണ്. മദ്യപാനിയായ കുടുംബനാഥന്റെ ചെയ്തികള്‍കണ്ട് വിറങ്ങലിച്ചു നില്‍ക്കുന്ന കുട്ടി നാളെ സമൂഹത്തിന് ആപല്‍ക്കാരിയായി മാറിയില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളു. പ്രചാരണം ശക്തമാക്കുകയാണ് ഈ വിപത്തിനെ ചെറുക്കാനുള്ള ഏക വഴി. ഈ പ്രചാരണം വീടുകളിലെത്തണം. ഇതില്‍ കക്ഷി രാഷ്ട്രീയം കാണരുതെന്നും ഈ സംഘടനകളുമായി സഹകരിക്കാന്‍ കഴിയാത്തവര്‍ അവരുടേതായ നിലയ്ക്ക് പ്രചാരണം നടത്തണമെന്നും പിണറായി അഭ്യര്‍ഥിച്ചു.

മദ്യാസക്തിക്കെതിരായ ജനകീയ ക്യാമ്പയിന് കോഴിക്കോട്ട് ഉജ്ജ്വല തുടക്കം


കോഴിക്കോട്: മദ്യാസക്തിക്കും അത് തീര്‍ക്കുന്ന സാമൂഹ്യ തിന്മകള്‍ക്കുമെതിരായുള്ള ജനകീയ ക്യാമ്പയിന് ജില്ലയില്‍ ഉജ്ജ്വല തുടക്കം. ജനാധിപത്യ മഹിളാ അസോസിയേഷന്‍, ഡിവൈഎഫ്ഐ, എസ്എഫ്ഐ എന്നീ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ക്യാമ്പയിന്റെ ഭാഗമായി ചേര്‍ന്ന ജില്ലാ കണ്‍‌വന്‍ഷന്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കേന്ദ്രകമ്മിറ്റിയംഗം പി സതീദേവി ഉദ്ഘാടനംചെയ്തു. നാടിനെ അരാജകത്വത്തിലേക്ക് നയിക്കുന്ന മദ്യ വിപത്തിനെതിരെയുള്ള ജനകീയ പോരാട്ടത്തിന്റെ വിളംബരമായി കണ്‍‌വന്‍ഷന്‍ മാറി. എന്തുവിലകൊടുത്തും സമൂഹ മനസ്സിന്റെ രോഗാദുരമായ അവസ്ഥക്ക് പരിഹാരം കണ്ടെത്തുമെന്ന പ്രഖ്യാപനമായി നൂറുകണക്കിന് സ്ത്രീകളും വിദ്യാര്‍ഥികളും യുവജനങ്ങളും കണ്‍വന്‍ഷനില്‍ പങ്കെടുത്തു.

ലഹരി ഉപയോഗത്തിന് ലിംഗഭേദമില്ലാത്ത നാടായി കേരളം മാറിയതായി പി സതീദേവി പറഞ്ഞു. മദ്യം ഇന്ന് മലയാളിയുടെ ആഘോഷത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ്. മരണവീടുപോലും ഇതില്‍നിന്ന് മുക്തമല്ലെന്ന അവസ്ഥ ഭയാനകമാണ്. പുരോഗമനപരമെന്ന് മേനിനടിക്കുന്ന മലയാളിസമൂഹം എത്തിനില്‍ക്കുന്ന ജീര്‍ണതയുടെ മുഖമാണ് ഇത് കാണിക്കുന്നത്. നാടിന്റെ ശോഭന ഭാവി മനസ്സില്‍ കാണുന്ന എല്ലാ വിഭാഗം ജനങ്ങളും ക്യാമ്പയിനില്‍ പങ്കാളികളാകണമെന്നും അവര്‍ അഭ്യര്‍ഥിച്ചു. ക്യാമ്പയിന്റെ ഭാഗമായി ഈ മാസം 15നുമുമ്പ് കോര്‍പറേഷന്‍, മുന്‍സിപ്പാലിറ്റി, പഞ്ചായത്തുതല കണ്‍വഷനുകള്‍ ചേര്‍ന്ന് ജാഗ്രതാ സമിതികള്‍ക്ക് രൂപംനല്‍കും. 20നകം വാര്‍ഡുതല ബഹുജന സംഗമങ്ങള്‍ നടക്കും. മൂന്ന് സംഘടനകളുടെയും നേതൃത്വത്തില്‍ സ്ക്വാഡുകള്‍ വീടുകളിലെത്തി ലഘുലേഖ വിതരണം ചെയ്യും. ക്ളബ്ബുകള്‍, സന്നദ്ധസംഘടനകള്‍, സ്വയംസാഹായ സംഘങ്ങള്‍, കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവ ഉള്‍പ്പെടുത്തി വാര്‍ഡുതല ജാഗ്രതാ സമിതികള്‍ രൂപീകരിക്കും. 31ന് കോര്‍പറേഷന്‍, മുന്‍സിപ്പല്‍, പഞ്ചായത്ത് തലത്തില്‍ ആയിരങ്ങള്‍ പങ്കെടുക്കുന്ന ബഹുജന സംഗമം നടക്കും. ജനപ്രതിനിധികള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, കലാകാരന്മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന സംഗമത്തില്‍ മദ്യവിരുദ്ധ പ്രതിജ്ഞയെടുക്കും. ജാഗ്രതാസമിതികള്‍ സ്ഥിരം സംവിധാനമായി തുടരും.

ചടങ്ങില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ കെ ലതിക എംഎല്‍എ അധ്യക്ഷയായി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ കെ ദിനേശന്‍, ജില്ലാ സ്രിഡന്റ് പി എ മുഹമ്മദ് റിയാസ് എന്നിവര്‍ സംസാരിച്ചു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി എസ് കെ സജീഷ് സ്വാഗതവും കെ എം രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

ദേശാഭിമാനി 051210