Showing posts with label നിയമസഭ. Show all posts
Showing posts with label നിയമസഭ. Show all posts

Monday, January 25, 2021

പ്രയോഗിച്ചത്‌ സഭയുടെ അധികാരം

സിഎജി റിപ്പോർട്ടിൽ കിഫ്‌ബിക്കെതിരെ രാഷ്ട്രീയ ലക്ഷ്യംവച്ച്‌ നടത്തിയ പരാമർശങ്ങൾ തള്ളിക്കളയുന്ന പ്രമേയം കേരള നിയമസഭ പാസാക്കിയിരിക്കുകയാണ്‌. സംസ്ഥാനത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്‌ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ഏതറ്റംവരെയും പോകുമെന്നതിന്റെ പ്രഖ്യാപനമാണിത്‌. കേരളത്തിന്റെ വികസന സ്വപ്‌നങ്ങൾക്ക്‌ ചിറകുനൽകുന്ന സ്ഥാപനമാണ്‌ കിഫ്‌ബി. വരുമാനക്കുറവ്‌ ഒരു തരത്തിലും സംസ്ഥാനത്തിന്റെ വികസനക്കുതിപ്പിന് തടയിടരുത്‌ എന്ന സർക്കാരിന്റെ നിശ്‌ചയദാർഢ്യത്തിന്റെ ഉത്തരം കൂടിയാണത്‌. കേന്ദ്ര സർക്കാരിന്റെയും റിസർവ്‌ ബാങ്കിന്റെയും മറ്റും അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഈ ധനസ്ഥാപനത്തെ കരിവാരിത്തേച്ച്‌ ദുർബലമാക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി ഭരണഘടനാ സ്ഥാപനമായ സിഎജി മാറിയപ്പോഴാണ്‌ അത്‌ തെറ്റാണെന്ന്‌ ചൂണ്ടിക്കാട്ടാൻ കേരള നിയമസഭ തയ്യാറായത്‌. വിദേശത്തുനിന്ന്‌ കിഫ്‌ബി വഴി മസാലബോണ്ടിലൂടെ 2150 കോടി രൂപ സമാഹരിച്ചത്‌ നിയമവിരുദ്ധമാണെന്നും കേന്ദ്രാധികാരത്തിലേക്കുള്ള കടന്നുകയറ്റമാണെന്നുമുള്ള അഭിപ്രായമാണ്‌ സിഎജി ഏകപക്ഷീയമായി നടത്തിയത്‌. കിഫ്‌ബിയുടെ വിശ്വാസ്യതയെയും ഭാവി പ്രവർത്തനത്തെയും അതുവഴി കേരളത്തിന്റെ വികസനത്തെയും സാരമായി ബാധിക്കുന്ന പരാമർശമാണ്‌ സിഎജിയിൽനിന്നുണ്ടായത്‌. ഈ പരാമർശത്തെ തള്ളിക്കളയുന്നതിൽ എന്താണ്‌ തെറ്റ്‌?.

കേന്ദ്ര–-സംസ്ഥാന സർക്കാരുകളുടെ ചെലവുകളുടെയും വരുമാനത്തിന്റെയും ഓഡിറ്റ്‌ നടത്തുന്ന സമിതിയാണ്‌ സിഎജി. അതിലപ്പുറമുള്ള അധികാരമുണ്ടെന്ന്‌ വരുത്തിത്തീർത്ത്‌ ചില വിധിപ്രഖ്യാപനം നടത്താൻ സിഎജി തയ്യാറായപ്പോഴാണ്‌ നിയമസഭയ്‌ക്ക്‌ ഇടപെടേണ്ടിവന്നത്‌. അതൊരിക്കലും ഭരണഘടനയെയോ ഭരണഘടനാ സ്ഥാപനത്തെയോ അവഹേളിക്കലല്ല. ചില മാധ്യമങ്ങൾ വിലയിരുത്തുന്നതുപോലെ അനുചിതമായ നടപടിയുമല്ലിത്‌. ഒരു ഭരണഘടനാ സ്ഥാപനം സാധാരണ രീതിയും നിഷ്‌‌പക്ഷതയും കൈവെടിഞ്ഞ്‌ പ്രവർത്തിച്ചപ്പോൾ മറ്റൊരു ഭരണഘടനാ സ്ഥാപനം അത്‌ ചൂണ്ടിക്കാട്ടുകയും തിരുത്തുകയും ചെയ്‌തു. ജനാധിപത്യത്തിന്റെ മഹത്തായ രീതിയാണ്‌ ഇവിടെ ആവർത്തിക്കപ്പെട്ടത്‌. അത്‌ അസാധാരണവും കേട്ടുകേൾവിയില്ലാത്തതുമായ നടപടിയായത്‌ ഇത്തരം നിഷ്‌പക്ഷതാ ലംഘനങ്ങളെ ചൂണ്ടിക്കാട്ടാനും സംസ്ഥാനങ്ങളുടെയും സ്ഥാപനങ്ങളുടെയും താൽപ്പര്യം സംരക്ഷിക്കാനും പിണറായി വിജയൻ സർക്കാർ തയ്യാറായതുകൊണ്ടാണ്‌. തെറ്റുകൾ തിരുത്താനുള്ള ഇച്ഛാശക്തിയാണ്‌ ഇവിടെ കണ്ടത്‌. അല്ലാതെ ഭരണഘടനാസ്ഥാപനങ്ങളെ  തകർക്കാനുള്ള ശ്രമമല്ല. ആ ശ്രമം രാജ്യത്ത്‌ ഏറ്റവും കൂടുതൽ നടത്തുന്നത്‌ കേന്ദ്രം ഭരിക്കുന്ന കക്ഷിതന്നെയാണെന്ന്‌ ആർക്കാണ്‌ അറിയാത്തത്‌. ഇതറിഞ്ഞിട്ടും സംഘപരിവാർ വാദങ്ങൾ സംസ്ഥാനത്ത്‌ ഉയർത്തുന്നത്‌ കോൺഗ്രസും യുഡിഎഫുമാണ് എന്നതാണ്‌ ഏറെ ഗൗരവതരം. ബിജെപിയുടെ മെഗാഫോണായി കേരളത്തിലെ യുഡിഎഫ്‌ അധഃപതിച്ചിരിക്കുന്നു.

പ്രാഥമിക റിപ്പോർട്ട്‌ തയ്യാറാക്കിയശേഷം ബന്ധപ്പെട്ട ഭരണവകുപ്പിന്റെ വിശദീകരണം തേടി മാത്രമേ സിഎജി അന്തിമ റിപ്പോർട്ട്‌ വയ്‌ക്കാവൂ എന്നാണ്‌ രീതി. ഇതാണ്‌ കിഫ്‌ബിയുടെ കാര്യത്തിൽ ലംഘിക്കപ്പെട്ടത്‌. അസാധാരണവും കേട്ടുകേൾവിയില്ലാത്തതുമായ ഈ നടപടി ഉണ്ടായതാണ്‌ സിഎജിയുമായി ബന്ധപ്പെട്ട എല്ലാ വിവാദങ്ങൾക്കും കാരണം. കേന്ദ്ര അന്വേഷണ ഏജൻസികളെ പോലെതന്നെ സിഎജി പോലുള്ള സ്ഥാപനങ്ങളെയും സ്വന്തം രാഷ്ട്രീയ ലക്ഷ്യത്തിന്‌ ഉപയോഗിക്കാൻ കേന്ദ്രം ഭരിക്കുന്ന കക്ഷി തയ്യാറാവുകയാണെന്ന വിമർശനം സ്വാഭാവികമായും ഉയർന്നു. നിയമസഭാ ചട്ടം 118 അനുസരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയം ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാൻ ലക്ഷ്യമിട്ടിട്ടുള്ളതാണെന്നും സിഎജി പരാമർശങ്ങൾ നിരാകരിക്കാൻ സഭയ്‌ക്ക്‌ അധികാരമില്ലെന്നുമാണ്‌ കോൺഗ്രസ്‌ അംഗങ്ങൾ ഉയർത്തിയ വാദം. സിഎജി റിപ്പോർട്ട്‌ പരിശോധിക്കാനുള്ള അധികാരം പബ്ലിക് അക്കൗണ്ട്‌സ്‌ കമ്മിറ്റിക്ക്(പിഎസി)‌ മാത്രമാണത്രെ. തീർത്തും തെറ്റായ വാദമുഖങ്ങളാണ്‌ ഇതെന്ന്‌ പാർലമെന്ററി നടപടിക്രമങ്ങൾ അറിയുന്ന ആർക്കും മനസ്സിലാകും. നിയമസഭ രൂപീകരിക്കുന്ന സമിതി മാത്രമാണ്‌ പിഎസി. അതായത്‌ പിഎസിക്കുള്ള അധികാരങ്ങളുടെയും അവകാശങ്ങളുടെയും ഉറവിടം സഭതന്നെയാണെന്ന്‌ സാരം.

മാത്രമല്ല പിഎസിയിലേക്ക്‌ പോകുന്നതിനുമുമ്പ്‌ സിഎജി റിപ്പോർട്ട്‌ ചർച്ച ചെയ്യാനുള്ള അധികാരം സഭയ്‌ക്ക്‌ ഉണ്ടെന്ന്‌ 1960ൽ അന്നത്തെ സ്‌പീക്കറായിരുന്ന അനന്തശയനം അയ്യങ്കാർ തന്നെ റൂളിങ് നൽകിയിട്ടുണ്ട്‌. കൂടാതെ സുപ്രീംകോടതിയും (2013 ലെ അരുൺകുമാർ അഗർവാൾ–-ഗവൺമെന്റ്‌ ഓഫ്‌ ഇന്ത്യ കേസ്‌) സഭാ ചർച്ചയിൽ സർക്കാരിന്‌ തങ്ങളുടെ വിയോജിപ്പ് ശക്തമായി പ്രകടിപ്പിക്കാൻ അധികാരമുണ്ടെന്നും അഭിപ്രായപ്പെടുകയുണ്ടായി. നിയമനിർമാണമാണ്‌ സഭകളുടെ പ്രധാന ചുമതലയെങ്കിലും ആത്യന്തികമായി അതൊരു രാഷ്ട്രീയ വേദിയാണെന്ന കാര്യം ആരും മറന്നുകൂടാ.  ഇവിടെ സർക്കാർ തങ്ങളുടെ അഭിപ്രായം ശക്തമായി അവതരിപ്പിച്ചത്‌ പ്രമേയത്തിലൂടെയാണെന്നുമാത്രം. ഇത്തരമൊരു പ്രമേയാവതരണം ആദ്യത്തേതാണെന്നതുമാത്രമാണ്‌ ഇതിലെ പുതുമ. സർക്കാർ പ്രമേയത്തിലൂടെ മുന്നോട്ടുവച്ചത്‌ അവരുടെ രാഷ്ട്രീയ അഭിപ്രായം തന്നെയാണ്‌. അത്‌ പ്രകടിപ്പിക്കാനുള്ള എല്ലാ അധികാരങ്ങളും ഭരണഘടനാപരമായി തന്നെ നിയമസഭയ്‌ക്കുണ്ട്.‌ അത്‌ മാത്രമാണ്‌ പിണറായി സർക്കാർ ഉപയോഗിച്ചിട്ടുള്ളത്‌. അതുകൊണ്ടുതന്നെ ഭരണഘടനയെയോ ഭരണഘടനാ സ്ഥാപനങ്ങളെയോ അവഹേളിക്കുകയോ അപമാനിക്കുകയോ ചെയ്‌തിട്ടില്ല

ദേശാഭിമാനി മുഖപ്രസംഗം 25012021

Saturday, January 23, 2021

ചരിത്രംകുറിച്ച്‌ 14–-ാം നിയമസഭ

ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിൽ ഒട്ടേറെ സവിശേഷതകൾ കൂട്ടിച്ചേർത്ത 14–-ാം  കേരള നിയമസഭയുടെ 22–-ാം സമ്മേളനം  പിരിഞ്ഞിരിക്കുന്നു. ഇക്കാലയളവിലാകെ 230 ദിവസം സഭ കൂടുകയുണ്ടായി. അവസാന 11  മാസം കടുത്ത കോവിഡ്‌ നിയന്ത്രണത്തിന്റെ പരിമിതികൾക്കും തടസ്സങ്ങൾക്കുമിടയിലും  ജാഗ്രത കൈവിടാതെ 22 സെഷനുകൾ ചേർന്നു.  രാജ്യത്തിനു  മാതൃകയായി ഐക്യവും ബഹുസ്വരതയും ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാനുള്ള അനുകരണീയങ്ങളായ പോരാട്ടങ്ങളുടെ വേദിയാക്കി മാറ്റാനായെന്നതാണ്‌ മൗലികമായ സംഭാവന. ആ ബദൽ പാർലമെന്ററി സംസ്‌കാരത്തെ മറ്റു സംസ്ഥാനങ്ങളിലെ സാമാജികരും അക്കാദമിക പണ്ഡിതരും നിയമവിദഗ്‌ധരും സാകൂതം വീക്ഷിച്ചുകൊണ്ടിരുന്നു. അതിൽ പലരും ആ അനുഭവങ്ങൾ നേരിട്ട്‌ മനസ്സിലാക്കാനും ആഴത്തിൽ പഠിക്കാനും ഇവിടേക്ക്‌ എത്തുകയുമുണ്ടായി.

തൊഴിലാളികളും കർഷകരുമടക്കമുള്ള അടിസ്ഥാന ജനവിഭാഗങ്ങളുടെ അവകാശസംരക്ഷണത്തിൽ  ബദ്ധശ്രദ്ധമായിരുന്ന സഭ,  ഭരണഘടന ഉറപ്പുനൽകുന്ന ന്യൂനപക്ഷാവകാശങ്ങൾക്കും കാവൽനിന്നു. കേന്ദ്ര  നിയമനമായ  ഗവർണർ പദവി  ജനങ്ങൾ തെരഞ്ഞെടുത്ത സംസ്ഥാന സർക്കാരിന്റെ അവകാശങ്ങൾക്ക്‌ മുകളിലാണെന്ന,  അടിസ്ഥാനതത്ത്വങ്ങളുടെ  ലംഘനമായ ആശയത്തിനെതിരെ നിലകൊണ്ട സഭ,  അത്‌  അടിച്ചേൽപ്പിക്കാൻ ശ്രമിച്ച  ചില തെറ്റായ കീഴ്‌വഴക്കങ്ങളുടെ നേർക്കുള്ള വിയോജനവും ശക്തമായി രേഖപ്പെടുത്തി. ആഗോളവൽക്കരണത്തിന്റെയും വർഗീയ ഫാസിസത്തിന്റെയും കോവിഡ്‌ മഹാമാരിയുടെയും അതിന്റെ മറപറ്റിയുള്ള തൊഴിലാളി‐ കർഷക ദ്രോഹ നയങ്ങളുടെയും ആസുരമായ കാലത്ത്‌ രാഷ്ട്രീയ‐ സാമ്പത്തിക‐ സാമൂഹ്യ ബദൽ മുന്നോട്ടുവച്ചെന്ന നിലയിലും ഈ സഭ എക്കാലവും ഓർമിക്കപ്പെടും. ആശയപരമായ തലത്തിൽമാത്രം അത്‌ ഒതുങ്ങിയില്ലെന്നതും ശ്രദ്ധേയം. പകരം ബൃഹത്തായ പ്രായോഗിക പരിഹാരമാർഗങ്ങൾ നിർദേശിച്ചതിലൂടെ പുതിയ മാതൃകയുമായി.

ലെജിസ്ലേച്ചർ ആക്ടിവിസമെന്ന അതിവിശാലമായ കാഴ്‌ചപ്പാടിലേക്ക്‌ നിയമസഭയെ ഉയർത്താൻ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണന്റെ  നേതൃത്വത്തിൽ നടന്ന പരിശ്രമങ്ങളും ശ്ലാഘനീയമാണ്‌. സർഗാത്മകമായ സഭാ അന്തരീക്ഷമായിരുന്നു അതിലേക്കുള്ള ആദ്യപടി.  ഭരണഘടനാ തത്വങ്ങൾ ഒരിക്കലുമില്ലാത്തവിധം വെല്ലുവിളി നേരിട്ടപ്പോൾ  ഭരണഘടനാ ക്ലാസുകളിലൂടെ പ്രതിരോധമുയർത്തി. ജനാധിപത്യ മൂല്യങ്ങൾ ഭയാനകമായ ഭീഷണി അഭിമുഖീകരിച്ചപ്പോൾ ‘ഫെസ്റ്റിവൽ ഓഫ്‌ ഡെമോക്രസി’ക്ക്‌ നേതൃത്വം നൽകി. ഇന്ത്യയിൽ ആദ്യമായി നിയമനിർമാണത്തിൽ ജനകീയ പങ്കാളിത്തം ഉറപ്പാക്കി.

നിയമസഭയ്‌ക്ക്‌ ബദൽ മാധ്യമസാധ്യതയും പ്രയോജനപ്പെടുത്തി. പാസാക്കിയെടുത്ത നിയമങ്ങളുടെ അനുഭവങ്ങളും പരിമിതികളും വിശകലനം ചെയ്യുന്നതിന്‌ ‘ഇംപാക്ട്‌ സ്റ്റഡീസി’ന്‌ തുടക്കം കുറിക്കുകയുമുണ്ടായി. സഭാ സമുച്ചയത്തിൽ ഹരിത പ്രോട്ടോകോൾ പരിചയപ്പെടുത്തി. അതിവേഗ മാറ്റങ്ങൾക്ക്‌ വിധേയമാകുന്ന കാലത്തിന്റെ ആവശ്യങ്ങളും രീതികളും ഉൾക്കൊണ്ട്‌ സഭയുടെ നവീകരണവും ആധുനികവൽക്കരണവും ലക്ഷ്യമാക്കിയുള്ള തീരുമാനങ്ങളും വേറെ. ‘ഇ’ സഭ, ഇരിപ്പിടത്തിനു മുന്നിൽ സാമാജികർക്കെല്ലാം ലാപ്‌ടോപ്, സഭാ ടെലിവിഷനിലൂടെ തത്സമയ സംപ്രേഷണം, എംഎൽഎമാരുടെ ഗൃഹപാഠത്തിനും വിവരശേഖരണത്തിനും മികച്ച ലൈബ്രറി എന്നിങ്ങനെ രാജ്യത്തെ മികച്ച നിയമസഭയെന്ന ഖ്യാതിയും  നേടി.

എൺപതിനടുത്ത്‌ സുപ്രധാന നിയമനിർമാണങ്ങൾക്കും 14–-ാം  സഭ സാക്ഷിയായി. കർഷക ക്ഷേമനിധി ബിൽ, വ്യവസായ ഏകജാലക ബിൽ, നെൽവയൽ തണ്ണീർത്തട ഭേദഗതി ബിൽ, ക്രിസ്‌ത്യൻ സെമിത്തേരി ബിൽ, മലയാള ഭാഷാ ബിൽ എന്നിങ്ങനെ ആ പട്ടിക നീളുന്നു. ചട്ടം 130 അനുസരിച്ചുള്ള നാലു പ്രധാന പ്രമേയവും അംഗീകരിച്ചു. രാജ്യത്തിന്റെ ഭാവിയെപ്പോലും കടുത്ത പ്രതിസന്ധിയിലാക്കുന്ന പുതിയ കേന്ദ്ര കർഷക നിയമങ്ങൾക്കും ഒരു ജനവിഭാഗത്തെ മനഃശാസ്‌ത്രപരമായി അനിശ്ചിതത്വത്തിലാഴ്‌ത്തിയ പൗരത്വ നിയമഭേദഗതിക്കുമെതിരെ സഭ നിലകൊണ്ടതും എടുത്തുപറയേണ്ടതാണ്‌. പൗരത്വ നിയമം സംസ്ഥാനത്ത്‌ ഒരിക്കലും നടപ്പാക്കില്ലെന്നും ഒരാളെപ്പോലും അന്യനായി കണക്കാക്കില്ലെന്നും 2019 ഡിസംബർ 31 ന്റെ ചർച്ചയ്‌ക്കിടെ മുഖ്യമന്ത്രി പിണറായി വിജയൻ അസന്ദിഗ്‌ധമായി പ്രഖ്യാപിച്ചത്‌ മറക്കാനാകില്ല. 

കർഷക നിയമത്തിനെതിരായ സമരമുഖം തുറക്കാൻ  2020 ഡിസംബർ 31ന്‌ സഭ ഒന്നടങ്കം കൈകോർത്തുനിന്നു. ഈ രണ്ടു സന്ദർഭത്തിലും സംയുക്ത ആഹ്വാനത്തിലൂടെ തെളിഞ്ഞ ഐക്യത്തിലെ വിപുലമായ സന്ദേശം മുന്നോട്ടുകൊണ്ടുപോകുന്നതിനു പകരം യുഡിഎഫ്‌ ചില ഘട്ടങ്ങളിൽ അനാവശ്യ വിവാദങ്ങളുടെയും ഊഹാപോഹങ്ങളുടെയും പൊടിപടലമുയർത്തി. സ്‌പീക്കർക്കെതിരെ  പ്രമേയം കൊണ്ടുവരികയുമുണ്ടായി. സഭാ സമ്മേളനത്തിന്റെ അവസാന രണ്ടുദിവസത്തെ നടപടികൾ പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്‌. സ്‌പീക്കർക്കെതിരായ  യുഡിഎഫ്‌ പ്രമേയത്തിന്‌ അനുകൂലമായി നിന്ന ഏക ബിജെപി അംഗം ഒ രാജഗോപാൽ, സിഎജിയുടെ ഭരണഘടനാ ബാഹ്യമായ ഇടപെടൽ മുൻനിർത്തി മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ എതിർക്കുകയുമായിരുന്നു. തെരഞ്ഞെടുപ്പ്‌ അടുത്ത ഘട്ടത്തിലെ  ഇത്തരമൊരു ചങ്ങാത്തം വരാനിരിക്കുന്ന ബന്ധത്തിന്റെ സൂചനയുമാകാം. ആർഎസ്‌എസ്‌ നേതാവ്‌ വി ഡി സവർക്കറുടെ ഫോട്ടോ അനാച്ഛാദനം ചെയ്‌ത, ‘ഗോമാതാവി’നെ സംരക്ഷിക്കാനും മതപരിവർത്തനം നിരോധിച്ചും നിയമങ്ങൾ പാസാക്കിയ, തൊഴിൽ സമയം ദീർഘിപ്പിക്കാൻ കൂട്ടുനിന്ന ഉത്തർപ്രദേശ്‌, ഗുജറാത്ത്‌, മധ്യപ്രദേശ്‌, കർണാടകം, ഹിമാചൽപ്രദേശ്‌ സഭകൾ നൽകുന്ന ആപൽക്കരങ്ങളായ സന്ദേശങ്ങൾക്കിടയിലാണ്‌ കേരള നിയമസഭ ജനാധിപത്യവാദികളുടെ പ്രതീക്ഷകളിൽ ഒന്നാകുന്നത്‌.

കേന്ദ്ര നയങ്ങൾക്കെതിരെ പോരാട്ടവീഥി തുറന്ന് സഭയും ; കേന്ദ്ര സർക്കാരിനും ഏജൻസികൾക്കുമെതിരെ 14 പ്രമേയം പാസാക്കി

ഒട്ടേറെ നിയമനിർമാണങ്ങൾക്കും പോരാട്ടങ്ങൾക്കും വേദിയായ 14–--ാം കേരള നിയമസഭയ്‌ക്ക് തിരശ്ശീല വീഴുന്നത് കേന്ദ്ര സർക്കാരിനെതിരായ പോരാട്ടത്തിന്റെ കാറ്റുവിതച്ച്. ജനാധിപത്യത്തെയും മതനിരപേക്ഷതയെയും കൊല്ലാക്കൊലചെയ്യുന്ന കേന്ദ്രർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ ശബ്ദം സഭയെ നിരന്തരം ത്രസിപ്പിച്ചു.

മലയാളിയുടെ ഉറച്ച മതനിരപേക്ഷതാ ബോധവും ബദൽ നയങ്ങളും നിയമസഭയ്‌ക്ക് കരുത്ത് പകർന്നു. കേന്ദ്ര സർക്കാരിനും ഏജൻസികൾക്കുമെതിരെ  14 പ്രമേയം സഭ പാസാക്കി. ഇതിനായി രണ്ട് തവണ പ്രത്യേക സഭാ സമ്മേളനംചേർന്നു. അവസാന സമ്മേളനം നടന്ന വെള്ളിയാഴ്ചയും ഒരുപ്രമേയം പാസാക്കി. 

കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരായ പോരാട്ട വേദിയായി ഭരണപക്ഷം സഭയെ മാറ്റിയപ്പോൾ പ്രതിപക്ഷ ശബ്ദം പലപ്പോഴും ദുർബലമായി. ബിജെപിയോടുള്ള യുഡിഎഫിന്റെ മൃദുസമീപനമാണ് ഇതിന് കാരണം.ബിജെപിയെ കുറ്റപ്പെടുത്താൻ പലപ്പോഴും പ്രതിപക്ഷ നേതാവടക്കമുള്ളവർ പിശുക്ക് കാട്ടി. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഭരണപക്ഷം കേന്ദ്ര സർക്കാരിനും അവരെ നയിക്കുന്ന ബിജെപിക്കും ആർഎസ്എസിനുമെതിരെ ആഞ്ഞടിച്ചു. പൗരത്വ ഭേദഗതി നിയമം, ആൾക്കൂട്ട കൊലപാതകം, പട്ടികജാതി പട്ടികവർഗ നിയമ ഭേദഗതി എന്നിവയിൽ നടത്തിയ പോരാട്ടം ഇതിന് തെളിവാണ്. കേന്ദ്ര സർക്കാരിന്റെ കർഷക, സഹകരണ, പ്രവാസി, പൊതുമേഖലാ വിരുദ്ധ നിലപാടുകൾക്കെതിരെയും കേരളത്തിന്റെ പ്രതിഷേധം സഭയിൽ മുഴങ്ങി.

ഏതാനും മാസമായി സംസ്ഥാന സർക്കാരിനെ തകർക്കാൻ വട്ടമിട്ട് പറക്കുന്ന കേന്ദ്ര ഏജൻസികൾക്കെതിരെയും സഭ താക്കീതിന്റെ ശബ്ദം മുഴക്കി. കിഫ്ബിയെ തകർക്കാനുള്ള സി എ ജി നീക്കത്തിനെതിരെ വെള്ളിയാഴ്ച പാസാക്കിയ പ്രമേയം ഇതിന് തെളിവാണ്.

കാർഷിക നിയമ ഭേദഗതിക്കും പൗരത്വ ഭേദഗതി നിയമത്തിനുമെതിരായ പ്രമേയം കൊണ്ടുവന്നത് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചാണ്. നോട്ട് നിരോധനം, സഹകരണ ബാങ്ക് നിക്ഷേപങ്ങൾക്ക് ആദായ നികുതി, പ്രവാസികൾക്ക് ആദായ നികുതി, ദേശീയ വിദ്യാഭ്യാസ നയം, ആർ സി ഇ പി കരാർ, കൃഷി ഭൂമി സെക്യുരിറ്റി ഭേദഗതി, പട്ടിക ജാതി പട്ടികവർഗ നിയമ ഭേദഗതി, ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ്‌ വിൽപ്പന, ലോക്‌സഭയിൽനിന്ന് ആംഗ്ലോ ഇന്ത്യൻ പ്രതിനിധികളെ ഒഴിവാക്കൽ  തുടങ്ങിയ തീരുമാനങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം കൊണ്ടുവന്നു.

കോവിഡ് കാലത്തെ പ്രവാസികളുടെ വിമാനയാത്രാ പ്രശ്നം, കർണാടക രാത്രികാല യാത്രാ വിലക്ക്, തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള കൂലി കുടിശ്ശിക അനുവദിക്കൽ എന്നീ ആവശ്യങ്ങൾക്കും പ്രമേയം കൊണ്ടുവന്നു.  സംഘപരിവാറിന്റെ ആൾക്കൂട്ടകൊലപാതകത്തിനെതിരെയും പ്രമേയം കൊണ്ടുവന്നു.

ഗുരുസ്‌മരണയോടെ 14‐ാം നിയമസഭ പിരിഞ്ഞു

ശ്രീനാരായണ ഗുരുവിന്റെ സ്മരണയിൽ പതിനാലാം കേരള നിയമസഭ പിരിഞ്ഞു. ഒട്ടേറെ നിയമ നിർമാണങ്ങൾക്കും ഭരണ പ്രതിപക്ഷ പോരാട്ടങ്ങൾക്കും കേന്ദ്ര നയങ്ങൾക്കെതിരായ ഐക്യപ്പെടലിനും സാക്ഷിയായ സഭ ,യുഗപ്രഭാവനയായ ശ്രീനാരായണ ഗുരു  ഓപ്പൺ സർവകലാശാലാ ബിൽ പാസാക്കിയാണ്‌ പിരിഞ്ഞത്‌. സ്‌പീക്കറെ നീക്കണമെന്ന അത്യപൂർവമായ പ്രമേയം ചർച്ച ചെയ്യുന്നതിനും സഭ വേദിയായി.  സഭയിൽ ഒട്ടേറെ ഹൈടെക്‌ പദ്ധതികളും ഈ കാലത്ത്‌ ആരംഭിച്ചു.  

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ വന്നശേഷം 2016 ജൂൺ രണ്ടിനാണ്‌ ആദ്യ സമ്മേളനം തുടങ്ങിയത്‌. 22 സമ്മേളനങ്ങളിലായി 232 ദിനങ്ങൾ സമ്മേളിച്ചു.      1,13,44 ചോദ്യം അംഗീകരിച്ചു. 72482 ചോദ്യങ്ങൾ അച്ചടിച്ചു.  ഏഴ്‌ അടിയന്തര ചോദ്യങ്ങളും അനുവദിച്ചു.  2072 സബ്മിഷനും അനുവദിച്ചു.    

213 ഔദ്യോഗിക ബില്ലും 62 അനൗദ്യോഗിക ബില്ലും ഉൾപ്പെടെ 275 ബില്ല് പ്രസിദ്ധീകരിച്ചു. അവയിൽ 87 ഗവൺമെന്റ് ബില്ലും 22 ധനവിനിയോഗ ബില്ലും ഉൾപ്പെടെ 109 നിയമങ്ങൾ പാസാക്കി.  അടിസ്ഥാന സൗകര്യ നിക്ഷേപനിധി (ഭേദഗതി) ബിൽ, കേരള ഗുഡ്സ് ആൻഡ്‌ സർവീസസ് ടാക്സ് ബിൽ, കേരള മലയാള ഭാഷാ (നിർബന്ധിത ഭാഷ) ബിൽ, കേരള മാരിടൈം ബോർഡ് ബിൽ, കേരള ക്ലിനിക്കൽ സ്ഥാപനങ്ങൾ (രജിസ്ട്രേഷനും നിയന്ത്രണവും) ബിൽ, കേരള സഹകരണ ആശുപത്രി കോംപ്ലക്സും മെഡിക്കൽ സയൻസ്അക്കാദമിയും അനുബന്ധ സ്ഥാപനങ്ങളും (ഏറ്റെടുക്കലും നടത്തിപ്പും) ബിൽ,  സൂക്ഷ്മ - ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങൾ സുഗമമാക്കൽ ബിൽ,  കേരള മദ്രസ അധ്യാപക ക്ഷേമനിധി ബിൽ, കേരള ക്രിസ്ത്യൻ സെമിത്തേരികൾ (മൃതദേഹം അടക്കം ചെയ്യുന്നതിനുള്ള അവകാശം) ബിൽ, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ബിൽ എന്നിവയാണ്‌ ഇതിൽ പ്രധാനം. ഗവർണർ തിരിച്ചയച്ച 2014 -ലെ കേരള മാരിടൈം ബോർഡ് ബിൽ പിൻവലിച്ചു.

സഭ പാസാക്കിയ 2018-ലെ കേരള പ്രൊഫഷണൽ കോളേജുകൾ (മെഡിക്കൽ കോളേജുകളിലെ പ്രവേശനം ക്രമവൽക്കരിക്കൽ) ബില്ലിന് ഗവർണർ അനുമതി നിഷേധിച്ചു.  രണ്ട്‌ സ്റ്റാറ്റ്യൂട്ടറി പ്രമേയവും 20 ഗവണ്മെന്റ് പ്രമേയങ്ങളും പാസാക്കി.   ഒരു അവിശ്വാസ പ്രമേയവും സഭ വോട്ടിനിട്ടു തള്ളി. സ്പീക്കറെ തൽസ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെടുന്ന മറ്റൊരു പ്രമേയം  ഭൂരിപക്ഷമില്ലാത്തതിനാൽ സഭാ തലത്തിൽ പരാജയപ്പെട്ടു.  പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്നതിനു മുമ്പുതന്നെ സംസ്ഥാന ബജറ്റ് സമ്പൂർണമായി പാസാക്കാനുമായി.

റഷീദ് ആനപ്പുറം 

പ്രമേയം സംസ്ഥാന താൽപ്പര്യം സംരക്ഷിക്കാൻ : ടി എം തോമസ്‌ ഐസക്‌

സംസ്ഥാനത്തിന്റെ വികസനവും ജനങ്ങളുടെ താൽപ്പര്യവും സംരക്ഷിക്കാനാണ്‌ സിഎജി റിപ്പോർട്ടിലെ അന്യായമായ പരാമർശങ്ങൾ തള്ളണമെന്ന പ്രമേയം അവതരിപ്പിച്ചതെന്ന്‌ ധനമന്ത്രി  ടി എം തോമസ്‌ ഐസക്‌. വമ്പൻ ധനസമാഹരണത്തിനൊരുങ്ങുന്ന കിഫ്‌ബിക്ക്‌ സിആൻഡ്‌എജി റിപ്പോർട്ടിലെ പരമാർശങ്ങൾ പ്രതികൂലമായി ബാധിക്കും. വിശ്വാസത്തിന്റെ പേരിലാണ്‌ ഈ വായ്പ എടുക്കുന്നത്‌. എന്നാൽ,  മസാല ബോണ്ട്‌ ഭരണഘടനാ വിരുദ്ധമാണെന്നതുൾപ്പെടെയുള്ള പ്രതികൂല പരാമർശങ്ങൾ വിശ്വാസ്യത നഷ്ടപ്പെടുത്തും. ഡെമോക്ലീസിന്റെ വാൾ പോലെ ഈ പരാമർശങ്ങൾ കിഫ്‌ബിയുടെ തലയ്ക്കുമേൽ തൂങ്ങിക്കിടക്കും. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിനുമേൽ നടന്ന ചർച്ചയ്ക്ക്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം.

കിഫ്‌ബിയെ തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണിത്‌. കിഫ്‌ബി തകർന്നാൽ സംസ്ഥാനത്തിന്റെ വികസനം മുടങ്ങും. പിന്നെ ജനതാൽപ്പര്യം സംരക്ഷിക്കാനാകില്ല. സംസ്ഥാന സർക്കാരിനെ തകർക്കാൻ ശ്രമിക്കുന്ന കേന്ദ്രത്തിനും  അവരുടെ ഏജൻസികൾക്കുമുള്ള മുന്നറിയിപ്പാണ്‌ ഈ പ്രമേയം. സംസ്ഥാന താൽപ്പര്യം സംരക്ഷിക്കാൻ ഏതറ്റംവരെയും പോകുമെന്ന സന്ദേശംകൂടിയാണ്‌ ഇത്‌. ഇതിലൂടെ നിയമസഭയുടെ അവകാശം സർക്കാർ സംരക്ഷിച്ചു.

സിആൻഡ്‌എജി ഡിക്ടറ്റീവ്‌ ഇൻസ്‌പെക്ടറല്ല. സർക്കാരിന്റെ പണം ചട്ടങ്ങളും നിയമങ്ങൾക്കുമനുസരിച്ച്‌ വിനിയോഗിക്കുന്നുണ്ടോയെന്ന്‌ പരിശോധിക്കാനാണ്‌ ഈ ഉദ്യോഗസ്ഥൻ. അല്ലാതെ രാഷ്ട്രീയം കളിക്കാനുള്ളതല്ലെന്നും ജയിംസ്‌ മാത്യു പറഞ്ഞു.

   സംസ്ഥാനത്തിന്റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണിത്‌. ഇത്‌ അംഗീകരിക്കാനാകില്ലെന്നും വീണ ജോർജ്‌ പറഞ്ഞു.

മറ്റ്‌ ഏജൻസികളെപ്പോലെ സിആൻഡ്‌ എജിയെയും സംസ്ഥാനത്തിനെതിരെ ഉപയോഗിക്കുന്നു. ജനങ്ങൾ ഇതെല്ലാം തിരിച്ചറിയുന്നുണ്ടെന്ന കാര്യം മറക്കരുതെന്ന്‌ എ എൻ ഷംസീർ പറഞ്ഞു. കിഫ്‌ബിയെയും കേരളത്തെയും ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്‌. ഇതിന്‌ ഭരണഘടനാ സ്ഥാപനങ്ങളെ ഉപയോഗിക്കുന്നു. ഈ ഭീഷണിക്കു മുന്നിൽ ഓച്ചാനിച്ചുനിൽക്കാൻ തയ്യാറല്ലെന്ന്‌ എം സ്വരാജ്‌ പറഞ്ഞു.

പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല, കെ സി ജോസഫ്‌, വി ഡി സതീശൻ, എം  കെ മുനീർ, ഒ രാജഗോപാൽ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

Friday, January 22, 2021

പ്രതിപക്ഷത്തിന്റെ കള്ളം ചവറ്റുകൊട്ടയിൽ - പി ശ്രീരാമകൃഷ്ണൻ എഴുതുന്നു

വിഷയദാരിദ്ര്യവും വിഭവദാരിദ്ര്യവുംകൊണ്ട്  പ്രതിപക്ഷത്തിന് എത്രത്തോളം തരംതാഴാനാകും എന്നതിന്റെ ഉദാഹരണമാണ് അവർ  സ്‌പീക്കർക്കെതിരെ അവതരിപ്പിച്ച പ്രമേയം. കേട്ടുകേൾവികളുടെയും അപവാദങ്ങളുടെയും പിൻബലത്തിൽ ഒരു നിയമസഭയുടെ അധ്യക്ഷവേദിക്കെതിരെ ഇന്ത്യയിൽ ആദ്യമായി പ്രമേയം കൊണ്ടുവന്ന പ്രതിപക്ഷമെന്നും പ്രതിപക്ഷ നേതാവെന്നുമാണ് ചരിത്രം രേഖപ്പെടുത്തുക. അപക്വമായ ഈ രീതി ഭാവിയിലും ആവർത്തിച്ചാൽ അത് ജനാധിപത്യത്തെ ദുർബലപ്പെടുത്തും.

നിയമസഭയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ഞാൻ നെപ്പോളിയന്റെ വാക്കുകൾ പറയുകയുണ്ടായി. “വെൻ ഐ വാസ്‌ ഇൻ ഈജിപ്‌ത്‌ ഐ വാസ്‌ എ മുസ്‌ലിം. നൗ ഐ ആം ഇൻ ഇസ്രയേൽ ഡഫ്‌നിറ്റ്‌ലി ഐ ആം കൃസ്‌ത്യൻ’’ ഈ വാക്കുകൾ പാലിക്കാൻ പരമാവധി ശ്രമിച്ചു. നാലേമുക്കാൽ വർഷം അധ്യക്ഷനിൽനിന്ന്‌ നീതി കിട്ടിയില്ല എന്ന ഒരു പരാതിയും ഈ സഭയിൽ വന്നിട്ടില്ല. പ്രതിപക്ഷത്തിന്റെ ശബ്ദത്തിന് കുറവുണ്ടാകാതിരിക്കാൻ ആകുന്നവിധം പരിശ്രമിച്ചു. ഇപ്പോൾ "അങ്ങാടിയിൽ തോറ്റതിന് അമ്മയോട്' എന്ന പഴഞ്ചൊല്ലിനെ അനുസ്മരിപ്പിക്കുന്ന രീതിയാണ് ഓർമവരുന്നത്. ഈ സർക്കാരിനെതിരെ ഒന്നും പറയാനില്ലാത്ത പ്രതിപക്ഷത്തിന്റെ ഈ അടി സ്വയം തിരിച്ചടിക്കുന്ന ബൂമറാങ്‌ ആണ്.

എന്താണ് സഭാധ്യക്ഷൻ ചെയ്ത തെറ്റ്?  ലെജിസ്ലേച്ചർ ആക്ടിവിസം എന്ന തലത്തിലേക്ക് നമ്മുടെ നിയമസഭയെ ഉയർത്താൻ ശ്രമിച്ചതോ? മാറുന്ന കാലത്തോടു ചേർന്നുനിൽക്കാൻ പദ്ധതികൾ ആവിഷ്കരിച്ചതോ? ഭരണഘടന വെല്ലുവിളികൾ നേരിടുമ്പോൾ ഭരണഘടനാ ക്ലാസുകളിലൂടെ ബദൽ പ്രതിരോധം ഉയർത്തിക്കൊണ്ടുവന്നതോ?  ഇന്ത്യയിൽ ആദ്യമായി നിയമനിർമാണത്തിൽ ജനകീയ പങ്കാളിത്തത്തിന് തുടക്കം കുറിച്ചതോ? നിയമസഭയ്‌ക്ക്‌ ഇന്ത്യയിൽ ആദ്യമായി ബദൽ മാധ്യമം കൊണ്ടുവന്നതോ? നിയമസഭാ പ്രവർത്തനങ്ങളെ എക്കാലത്തും ലഭ്യമാക്കാൻ മാധ്യമരംഗത്തെ പുതിയ അനുഭവമായ ഒടിടി പ്ലാറ്റ്ഫോം രാജ്യത്ത്‌ ആദ്യമായി തുടക്കം കുറിച്ചതോ? നിർമിച്ച നിയമങ്ങളുടെ അനുഭവങ്ങളെയും പരിമിതികളെയും വിശകലനം ചെയ്യുന്ന ഇംപാക്ട് സ്റ്റഡിക്ക് തുടക്കം കുറിച്ചതിനോ? 21 ഗ്രന്ഥത്തിലൂടെ നിയമനിർമാണത്തിന്റെ ചരിത്രംവിശകലനത്തിന് വിധേയമാക്കിയതോ? ചട്ടങ്ങളില്ലാത്ത നിയമങ്ങൾ എന്ന അവസ്ഥയ്ക്ക് അറുതിവരുത്താൻ നേതൃത്വം കൊടുത്തതോ? ഗ്രീൻ പ്രോട്ടോകോളിലൂടെ നിയമസഭാ സമുച്ചയത്തെ ജൈവജീവിതത്തിന്റെ ഭാഗമാക്കിയതോ? ഇതെല്ലാം തെറ്റാണെങ്കിൽ ആ തെറ്റ് ഏറ്റെടുക്കാൻ തയ്യാറാണ്.

ജനാധിപത്യത്തിന്റെ അന്തസ്സത്തയ്‌ക്ക് ഇടിവു പറ്റുന്ന ഒരു കാലത്തിന്റെ കരിനിഴൽ ഇന്ന് ഇന്ത്യയിലുണ്ട്. ഭരണസംവിധാനത്തിന്റെ എല്ലാ ഘടകത്തെയും കൈപ്പിടിയിൽ ഒതുക്കുന്ന അസാധാരണമായ നീക്കം. ജനാധിപത്യത്തിന്റെ മധുരത്തെത്തന്നെ ഇത് ഇല്ലാതാക്കുമെന്ന് ഏത് രാഷ്ട്രീയ വിദ്യാർഥിക്കും മനസ്സിലാകും. ഈ സാഹചര്യത്തിൽ നിയമനിർമാണ സഭകൾക്ക് പരമ്പരാഗത ചുമതലകൾ അല്ലാതെ പലതും ചെയ്യാൻ കഴിയും. പലതും ചെയ്യാൻ കഴിയണം. ജനാധിപത്യത്തിൽ ശരിയായ മതനിരപേക്ഷ രാഷ്ട്രീയത്തിലുള്ള വിശ്വാസം പൊതുസമൂഹത്തിനും യുവതലമുറയിലും വളർത്തിയെടുക്കാൻ ബോധപൂർവം ശ്രമിക്കേണ്ട കാലമാണ് ഇത്. അതൊന്നും അൽപ്പംപോലും പ്രതിപക്ഷം പരിഗണിച്ചില്ല. ഇവിടെയാണ് സോക്രട്ടീസിനെ ഓർമ്മിക്കേണ്ടത്. അദ്ദേഹത്തെ കുറിച്ചുളള കുറ്റപത്രത്തിൽ പറയുന്നു.

"ഈ മനുഷ്യൻ ചിന്താപരമായ പ്രകോപനം കൊണ്ട് യുവത്വത്തെ വഴിതെറ്റിച്ചു. അതിനാൽ ഇയാൾ ശിക്ഷ അർഹിക്കുന്നു. സോക്രട്ടീസിന്റെ വാക്കുകൾ "ബുദ്ധിമാന്മാർ ആശയങ്ങളെക്കുറിച്ച് പറഞ്ഞു കൊണ്ടേയിരിക്കും, സാധാരണക്കാർ സംഭവങ്ങളെക്കുറിച്ച് പറഞ്ഞു കൊണ്ടേയിരിക്കും, നിലവാരമില്ലാത്തവർ വ്യക്തികളെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരിക്കും. ആ പുലഭ്യത്തിൽ അവർക്ക് ആനന്ദ നിർവൃതി ഉണ്ടാകും". ഇതിൽ തങ്ങളേത് പക്ഷത്തിൽപ്പെടുമെന്ന്, ഏത് വിഭാഗത്തിൽപ്പെടുമെന്ന്, ഓരോരുത്തരും സ്വയം ചിന്തിച്ചാൽ മതി. ഇന്ത്യയുടെ ഈ സാഹചര്യത്തെക്കുറിച്ചൊന്നും പ്രതിപക്ഷം ചിന്തിച്ചില്ല. ഓർത്തില്ല.

ഫെസ്റ്റിവൽ ഓൺ ഡെമോക്രസി, ദളിത്, ആദിവാസി, ന്യൂനപക്ഷസമ്മേളനം, നാഷണൽ വിദ്യാർഥി പാർലമെന്റ് എന്നിവയെല്ലാം ധൂർത്തും വ്യർഥവും അനാവശ്യവുമാണെന്ന് പ്രതിപക്ഷനേതാവ് പലവുരു പറഞ്ഞു. അതും ആ ചടങ്ങിൽ പങ്കെടുത്ത് പ്രസംഗിച്ചതിനുശേഷം. ശശി തരൂരും അബ്ദുസമദ് സമദാനിയും അനിൽകുമാറും സജീന്ദ്രനും കെ എസ് ശബരീനാഥനും ആബിദ് ഹുസൈൻ തങ്ങളും ഒ രാജഗോപാലും വി എം സുധീരനും സി പി ജോണും എല്ലാവരും പലപ്പോഴായി അതിൽ പങ്കാളികളായിരുന്നു. അത് സംഘടിപ്പിച്ച സാഹചര്യത്തെക്കുറിച്ച് അൽപ്പമെങ്കിലും പ്രതിപക്ഷം ചിന്തിച്ചില്ല.

ഇന്ത്യൻ ജനാധിപത്യത്തിനും ഭരണഘടനയ്ക്കും മുകളിൽ അധികാര പ്രമത്തതയുടെ പിടിവീണുകൊണ്ടിരിക്കുന്ന ഒരു ദേശീയ സാഹചര്യത്തിലാണ് ഇന്ത്യൻ ക്യാമ്പസുകളിലെ നേതൃത്വം ഇവിടെ ഒത്തുകൂടിയത്. ഇന്ത്യ എന്ന ആശയം ഈ സമയത്ത് വലിയ ചർച്ചാ വിഷയമായിരുന്നു. യുവത്വത്തിന്റെ നിലപാടുകൾ ഏകോപിക്കുന്ന ഒരു അനുഭവമായി ഫെസ്റ്റിവൽ ഓൺ ഡെമോക്രസി‌ മാറി. ഫെസ്റ്റിവൽ ഓൺ ഡെമോക്രസിയുടെ കേരള മോഡൽ രാജ്യം മുഴുവൻ കൊണ്ടുവരണമെന്നും സംസ്ഥാന നിയമസഭകളും ലോക്‌സഭാ സെക്രട്ടറിയറ്റും അതിന് നേതൃത്വം കൊടുക്കണമെന്നും നിർദേശിച്ചതും രാജസ്ഥാനിലെ സ്പീക്കറും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന കോൺഗ്രസ് നേതാവ്  സി പി ജോഷിയാണ്.  അതുപോലെ ഡിജിറ്റൽ അസംബ്ലിയും സഭാ ടിവിയും ലോഞ്ച് നവീകരണവും എല്ലാം അനാവശ്യവും ധൂർത്തും അഴിമതിയുമാണെന്നും പറയുന്നു. ഇതൊന്നും സ്പീക്കറുടെ പോക്കറ്റിൽനിന്ന്‌ തന്നിഷ്ടംപോലെ ചെലവഴിക്കുന്ന കാര്യങ്ങൾ അല്ലെന്നും എല്ലാ ക്രമവും പാലിച്ചുകൊണ്ടാണെന്നും എല്ലാവർക്കും അറിയാം. അതിനുപുറമേ വിവിധ തലത്തിലുള്ള മോണിറ്ററിങ്‌ സമിതികളും രൂപീകരിച്ചാണ്‌ എല്ലാം ചട്ടപ്രകാരം ചെയ്യുന്നത്‌.

ചെക്കോവിന്റെ കഥയുണ്ട്‌. മനോഹരമായ ഒരു വെണ്ണക്കൽ കൊട്ടാരം കണ്ട കിരീടാവകാശികളായ രണ്ട് രാജകുമാരന്മാർ. അവർക്ക് ധാർമികമൂല്യവും വിശാല വീക്ഷണവും പഠിപ്പിച്ച ഗുരുനാഥൻ അവരെ പരീക്ഷിക്കാനായി വെണ്ണക്കൽ കൊട്ടാരം കണ്ട് അവർ നിരീക്ഷിച്ച കാര്യങ്ങൾ അറിയിക്കാൻ ആവശ്യപ്പെട്ടു. ഒരാൾ കൊട്ടാരത്തിന്റെ മനോഹാരിതയും സർഗവൈഭവവും ചാരുചിത്ര ഭംഗിയും തൊഴിലാളികളുടെ അധ്വാനശേഷിയും സൗന്ദര്യബോധവും കുറിച്ചിട്ടു. മറ്റേയാൾ ആ പണിക്ക് നേതൃത്വം നൽകിയ ആൾ നടത്താനിടയുള്ള കള്ളത്തരങ്ങളുടെയും മോഷണ സാധ്യതകളെയും കുറിച്ച് എഴുതിക്കൊടുത്തു. ഈ വികൃത മനോഭാവമുള്ളയാളെ രാഷ്ട്രഭരണത്തിന് യോജിക്കില്ലെന്ന് വിധിയെഴുതി അയാളെ രാജ്യത്തിന് പുറത്തേക്ക് അയച്ചു എന്നാണ് കഥ. ഇതിൽ പ്രതിപക്ഷം ഏത് മനോഭാവക്കാരാണെന്ന് സ്വയം തീരുമാനിച്ചാൽ മതി.

ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ഊരാളുങ്കൽ ലേബർ സൊസൈറ്റിയെ ടോട്ടൽ പ്രൊവൈഡർ ആയി അംഗീകരിക്കുകയും സാങ്കേതിക പ്രവൃത്തി ചെയ്യാനുള്ള അനുവാദം കൊടുക്കുകയും ചെയ്ത് ഐടി വകുപ്പിന്റെ  ഉത്തരവിറക്കിയത്. യുഡിഎഫിന്റെ ഭരണകാലത്ത്‌ ഊരാളുങ്കൽ ലേബർ സൊസൈറ്റി ഇന്നത്തെ പ്രതിപക്ഷ നേതാവിന്റെയും പ്രതിപക്ഷ എംഎൽഎമാരുടെയും മണ്ഡലങ്ങളിൽ നിരവധി പദ്ധതികൾ ഏറ്റെടുത്തു നടപ്പാക്കി.  യുഡിഎഫിന്റെ കാലത്ത് യുഎൽസിസിക്ക് നൽകിയ പ്രവൃത്തികൾ ചിലത്‌ സൂചിപ്പിക്കാം.

-1. രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട് 132 കോടി രൂപയുടെ വലിയഴീക്കൽ പാലം .

-2. എം കെ മുനീറിന്റെ മണ്ഡലത്തിലെ തൊണ്ടയാട് ഫ്ലൈ ഓവർ ഫേസ്-1 എൻ എച്ച് 66- ന്റെ 51 കോടി രൂപയുടെ പ്രവൃത്തി.

-3. പി കെ കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലമായിരുന്ന വേങ്ങരയിലെ നടുക്കുനി വഴിക്കടവ് - നിലമ്പൂർ -എടവണ്ണ -മഞ്ചേരി - മലപ്പുറം - വേങ്ങര - തിരൂരങ്ങാടി - പരപ്പനങ്ങാടി റോഡിന്റെ 132 കോടിരൂപയുടെ പ്രവൃത്തി. 

4.കെ സി ജോസഫിന്റെ മണ്ഡലത്തിൽ ചെറുപുഴ–--പയ്യാവൂർ-–-ഉളിക്കൽ-–-വള്ളിത്തോട് റോഡിന്റെ 191 കോടിയുടെ പ്രവൃത്തി. -

5. വി എസ് ശിവകുമാറിന്റെ മണ്ഡലത്തിൽ 50 കോടിരൂപ ചെലവഴിച്ച് നിർമ്മിച്ച കോ‐-ഓപറേറ്റീവ് രജിസ്ട്രാർ ഓഫീസ് കോംപ്ലക്സ് കെട്ടിടം

-6.ഷിബു ബേബിജോണിന്റെ ചവറയിൽ 44 കോടിരൂപ ചെലവഴിച്ച് നിർമിച്ച ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ് ഇൻഫ്രാസ്ട്രക്ചർ ആന്റ് കൺസ്ട്രക്ഷന്റെ കെട്ടിടം.

യുഡിഎഫ്‌ ഭരണകാലത്ത്‌ ചെയ്യുമ്പോൾ ശരിയും ഇപ്പോൾ സഭയിൽ ചെയ്യുമ്പോൾ തെറ്റും ആകുന്നത് എങ്ങനെയാണ്.

സ്വർണക്കടത്ത് -ശൂന്യതയിൽനിന്ന് ഉണ്ടാക്കിയെടുത്ത ഒരു കഥയാണ് സ്റ്റാർട്ടപ് സംരംഭമായ കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനം. കോൺസുലേറ്റ് ഫസ്റ്റ് സെക്രട്ടറി എന്ന നിലയിൽ സ്വപ്ന സുരേഷ് ഉൾപ്പെടെയുള്ളവരുടെ ക്ഷണം സ്വീകരിച്ച്‌ ഉദ്ഘാടനം ചെയ്യാൻ പോയി എന്നത് ശരിയാണ്. അത് അവരുടെ വഴിവിട്ട നീക്കങ്ങളെക്കുറിച്ച് ഒന്നും അറിയാതെയാണ്. ഇതേ കഥാപാത്രത്തെയല്ലേ പ്രതിപക്ഷനേതാവ് വീട്ടിൽ വിളിച്ചുവരുത്തി സൽക്കരിച്ചത്. ഉത്തമബോധ്യത്തോടെ പറയുന്നു ഒരു സഹായവും ഒരു വഴിവിട്ട നീക്കവും ഒരു ശുപാർശയും എന്റെ ഭാഗത്തുനിന്ന്‌ ഉണ്ടായിട്ടില്ല. ഒരു ശതമാനംപോലും തെറ്റ് ചെയ്യാത്തതുകൊണ്ട് ഒരിഞ്ചുപോലും തലകുനിക്കില്ല എന്ന് നട്ടെല്ല് നിവർത്തി ധൈര്യസമേതം പറയാൻ കഴിയുന്നതാണ്. മുഖ്യമന്ത്രി പറഞ്ഞതുപോലെ ഈ കൈകൾ പരിശുദ്ധമാണ്, ജനുസ്സ് വേറെ ആയതുകൊണ്ടുമാണ്. ചില്ലറക്കിലുക്കം കേൾക്കുമ്പോൾ പതർച്ച ഇല്ലാത്തതുകൊണ്ടാണ്.

ഈ കള്ളങ്ങൾ എല്ലാം ചരിത്രം ചവറ്റുകൊട്ടയിൽ തള്ളും. കേരള നിയമസഭയുടെ ചരിത്രത്തിൽ മാറ്റങ്ങളുടെ ഒരു കാലത്തിലൂടെയാണ് ഈ സഭ കടന്നുപോകുന്നതെന്ന് കാലം തെളിയിക്കും

ഒരു വ്യക്തി രൂപപ്പെടുന്നത് ഒരു ദിവസം കൊണ്ടല്ല. നിരവധി അനുഭവങ്ങളിലൂടെയും കാലത്തിലൂടെയും ആണ്. കഴിഞ്ഞ 40 വർഷത്തെ പൊതുപ്രവർത്തനരംഗത്തെ ഒരാളെ സംബന്ധിച്ച് കാള -പെറ്റെന്ന് കേട്ടപ്പോൾ കയറെടുത്ത് ചാടിയിറങ്ങുന്നതിനുമുമ്പ് അന്വേഷിക്കേണ്ടതായിരുന്നു.

തന്റെ പ്രിയപ്പെട്ട അധ്യാപകനെക്കുറിച്ച് ഇ എം എസിന്റെ ആത്മകഥയിൽ എഴുതിവച്ചിട്ടുണ്ട്. അദ്ദേഹമാണ് മാഞ്ചീരി രാമൻനായർ. ആ പിതാമഹന്റെ പൈതൃകത്തിന്റെകൂടി ബലത്തിലാണ് വള്ളുവനാട്ടിലെയും ഏറനാട്ടിലെയും ജനങ്ങളുടെ വാത്സല്യം എനിക്ക്‌ ലഭിച്ചത്. അതുകൊണ്ടുതന്നെയാണ് പൊന്നാനിയിൽനിന്ന്‌ മുസ്ലിംലീഗ് പിന്തുണയില്ലാതെ ജനങ്ങൾ എന്നെ അംഗീകരിക്കുന്നത്. ഇതൊന്നും സ്വന്തം നേട്ടമല്ല. ഒരു നാടിനെ രൂപപ്പെടുത്തിയ ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും നേട്ടമാണ്. അതിന്റെ ബലത്തിൽ ഉറപ്പിച്ചുപറയുന്നു, ഈ കള്ളങ്ങൾ എല്ലാം ചരിത്രം ചവറ്റുകൊട്ടയിൽ തള്ളും. കേരള നിയമസഭയുടെ ചരിത്രത്തിൽ മാറ്റങ്ങളുടെ ഒരു കാലത്തിലൂടെയാണ് ഈ സഭ കടന്നുപോകുന്നതെന്ന് കാലം തെളിയിക്കും.

പി ശ്രീരാമകൃഷ്ണൻ (നിയമസഭാ സ്‌പീക്കർ) 

സിഎജി റിപ്പോർട്ട്‌ സ്വാഭാവിക നീതി ലംഘിക്കുന്നത്‌; നിയമസഭ പ്രമേയം പാസാക്കി

 സി ആൻഡ്‌ എജിയുടെ തെറ്റായ കീഴ്‌വഴക്കം അംഗീകരിക്കാൻ കഴിയില്ലെന്ന്‌ വ്യക്തമാക്കി റിപ്പോർട്ടിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി. ചട്ടം 118 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനാണ്‌ സി&എജി റിപ്പോർട്ട് സംബന്ധിച്ച് പ്രമേയം അവതരിപ്പിച്ചത്‌.

മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിന്റെ പൂർണരൂപം:

സി&എജി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ചിലവുകളുടെയും വരുമാനത്തിന്റെയും ആഡിറ്റ് നടത്തുന്ന ഭരണഘടനാ സ്ഥാപനമാണ്. ഈ ആഡിറ്റ് നടത്തുന്നതിന് നിയമവും കീഴ്‌വഴക്കവും ചട്ടവും നിലവിലുണ്ട്. കാലങ്ങളായി നിലവിലുള്ള നടപടിക്രമങ്ങള്‍ ബോധപൂര്‍വ്വം മറികടന്നാല്‍ എന്താണ് ഉണ്ടാവുക.?

സി&എജി ആഡിറ്റ് നടത്തുമ്പോള്‍ കരട് റിപ്പോര്‍ട്ട് ബന്ധപ്പെട്ട വകുപ്പിന് നല്‍കുകയും അവരുടെ അഭിപ്രായങ്ങള്‍ തേടുകയും ചെയ്യുന്ന രീതിയുണ്ട്. അതിനുശേഷം ഈ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചാണ് അന്തിമ റിപ്പോര്‍ട്ട് ഭരണഘടനാ സ്ഥാപനമായ സി&എജിയുടെ ഒപ്പോടുകൂടി നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കുന്നത്. ഇത് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് പോവുകയും കമ്മിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്യുന്നു.

ഇവിടെ കരട് റിപ്പോര്‍ട്ടില്‍ ഇല്ലാത്ത ചില ഭാഗങ്ങള്‍ അന്തിമ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍, ബന്ധപ്പെട്ട വകുപ്പിന് സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടിരിക്കുന്നു. ഒരു കാര്യം തീരുമാനിക്കുന്നതിനു മുമ്പ് ബാധിക്കപ്പെടുന്ന ആളിന്റെ/സ്ഥാപനത്തിന്റെ ഭാഗം കൂടി കേള്‍ക്കണമെന്നാണ് സ്വാഭാവിക നീതി അഥവാ natural justice ന്റെ പ്രാഥമിക തത്വം. ഇത് ലംഘിക്കപ്പെട്ടതിനാല്‍ സി&എജി റിപ്പോര്‍ട്ടിന്റെ അടിത്തറ തന്നെ ഇളകിയിരിക്കുകയാണ്.

ഈ തെറ്റായ കീഴ്‌വഴക്കം അംഗീകരിച്ചു പോയാല്‍ എക്‌സിക്യൂട്ടീവും ലജിസ്ലേച്ചറും തമ്മില്‍ നിലവിലുള്ള checks and balances അട്ടിമറിക്കപ്പെടും. ഇതിന് കൂട്ടുനിന്നു എന്ന അപഖ്യാതി ഈ സഭയ്ക്ക് ഉണ്ടാകാന്‍ പാടില്ല എന്ന നിര്‍ബന്ധം ഞങ്ങള്‍ക്കുണ്ട്. അതിനാലാണ് ഈ പ്രമേയം.

കേരളത്തെ തകർക്കാൻ സിഎജിക്കൊപ്പം യുഡിഎഫും ; കിഫ്‌ബിക്കെതിരായ ഗൂഢനീക്കം തുറന്നുകാട്ടി സഭ

കേരളത്തിന്റെ വികസനത്തിന്‌ കരുത്ത്‌ പകരുന്ന കിഫ്‌ബിയെ തകർക്കാനുള്ള സിഎജിയുടെ ഗൂഢനീക്കം തുറന്ന്‌ കാട്ടി നിയമസഭ. സംഘപരിവാർ അജണ്ട നടപ്പാക്കുന്ന കേന്ദ്ര ഏജൻസികൾ പറയുന്ന അതേകാര്യം യുഡിഎഫ് സഭയിൽ അടിയന്തരപ്രമേയ ചർച്ചയിലും ആവർത്തിച്ചു. 

വി ഡി സതീശനാണ്‌ കിഫ്ബിക്കെതിരായ സിഎജി റിപ്പോർട്ട്‌ ചൂണ്ടിക്കാട്ടി നിയമസഭയിൽ അടിയന്തര പ്രമേയത്തിന്‌ നോട്ടീസ്‌ നൽകിയത്‌.  വിഷയം സഭയിൽ ചർച്ചചെയ്യില്ലെന്ന പ്രതീക്ഷയിലാണ്‌ നോട്ടീസ്‌ നൽകിയത്‌. എന്നാൽ ചർച്ചയ്‌ക്ക്‌ തയ്യാറാണെന്ന്‌ ധനമന്ത്രി ഡോ. ടി എം തോമസ്‌ ഐസക്‌ അറിയിച്ചു. കിഫ്ബി വികസനം വേണോയെന്ന കാര്യത്തിൽ എവിടെ നിൽക്കുന്നുവെന്ന്‌ പ്രതിപക്ഷം ചർച്ചയിൽ തുറന്നുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതോടെ 12ന്‌‌ സഭാ നടപടി നിർത്തിവച്ച്‌ അടിയന്തര പ്രമേയം ചർച്ചയ്‌ക്കെടുത്തു. 

വി ഡി സതീശനാണ്‌ ചർച്ചയ്‌ക്ക്‌ തുടക്കമിട്ടത്‌. പ്രതിപക്ഷം പറയാത്തതൊന്നും സിഎജി റിപ്പോർട്ടിലില്ലെന്ന്‌ അദ്ദേഹം തുറന്ന്‌ പറഞ്ഞു. തങ്ങൾ പലപ്പോഴായി പറഞ്ഞതിന്റെ ആവർത്തനം  മാത്രമാണ്‌ സിഎജി എഴുതിയത്‌. പിന്നീടാണ്‌ ഈ തുറന്ന്‌ പറച്ചിൽ അബദ്ധമായതെന്ന് യുഡിഎഫിന്‌ മനസ്സിലായത്‌. യുഡിഎഫ്‌ സഭയിൽ പറയുന്നവ അതേപോലെ സിഎജി റിപ്പോർട്ടിൽ സ്ഥാനം പിടിക്കുന്നതായി നേരത്തെ വിമർശനമുണ്ട്‌. പൊലീസ്‌ വകുപ്പ്‌മായി ബന്ധപ്പെട്ട കഴിഞ്ഞ സിഎജി റിപ്പോർട്ടിലെ പരാമർശം, റിപ്പോർട്ട്‌ വരുംമുമ്പേ പി ടി തോമസ്‌ സഭയിൽ അവതരിപ്പിച്ചിരുന്നു. എക്‌സിറ്റ്‌ യോഗത്തിന്റെ   മിനിറ്റ്‌‌സ്‌ ധനവകുപ്പിന്‌ കിട്ടിയിരുന്നുവെന്ന സതീശന്റെ ആരോപണവും തിരിച്ചടിച്ചു. എവിടെനിന്നാണ്‌ ഈ വിവരം കിട്ടിയതെന്ന്‌ ധനമന്ത്രി ചോദിച്ചു. അതിന്‌ വിവരാവകാശം പോലെ പല വഴികളുമുണ്ടെന്നായി സതീശൻ. എന്നാൽ അങ്ങനെ ഒരു റിപ്പോർട്ട്‌ കിട്ടിയിട്ടില്ലെന്ന്‌ പറഞ്ഞ മന്ത്രി അത്‌ തെളിയിക്കാൻ സതീശനെ വെല്ലുവിളിച്ചു.  

കേരളത്തിന്റെ ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ അടക്കം 60,000 കോടിരൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തുന്ന കിഫ്‌ബിയുടെ ഗുണം ജനങ്ങൾ അനുഭവിച്ചിട്ടുണ്ട്‌. അതിനാൽ പ്രതിപക്ഷത്തിന്റെ കിഫ്‌ബിയെ തകർക്കാനുള്ള ശ്രമം തങ്ങൾ ജനങ്ങൾക്ക്‌ മുമ്പിൽ വിശദീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ജയിംസ്‌ മാത്യു, എം സ്വരാജ്‌,  മുല്ലക്കര രത്‌നാകരൻ, സി കെ നാണു, എം  ഉമ്മർ,  വി ടി ബൽറാം, മോൻസ്‌ ജോസഫ്‌ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. തുടർന്ന്‌ അടിയന്തര പ്രമേയം സഭ തള്ളി.

സിഎജി വെല്ലുവിളിച്ചത്‌ കേരളത്തെ: ഐസക്‌

കിഫ്‌ബിയെ തകർക്കാനുള്ള സിഎജിയുടെ നീക്കം കേരളത്തോടുള്ള വെല്ലുവിളിയാണെന്നും അവ അംഗീകരിക്കാനാകില്ലെന്നും ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്‌ നിയമസഭയിൽ പറഞ്ഞു. കിഫ്‌ബി ഭരണഘടനാ വിരുദ്ധമാണെന്ന സിഎജിയുടെ റിപ്പോർട്ട്‌ തെറ്റാണ്‌. കിഫ്‌ബി വിദേശത്തു‌നിന്ന്‌ എടുത്ത വായ്‌പ മാത്രമല്ല, എല്ലാ വായ്‌പയും  ഭരണഘടനാ വിരുദ്ധമാണെന്നാണ്‌ സിഎജി പറഞ്ഞത്‌. ഇതാണ്‌ പ്രതിപക്ഷം ഏറ്റുപിടിച്ചത്‌.

കിഫ്‌ബിക്ക്‌ മസാലബോണ്ടിലുടെ സഹായം വാങ്ങാൻ അവകാശമുണ്ട്‌. അത്‌  ഭരണഘടനാ വിരുദ്ധമല്ല. സംസ്ഥാന സർക്കാരല്ല,  കോർപറേറ്റ്‌‌ ബോഡിയാണ് കിഫ്‌ബി. ഫെറ നിയമപ്രകാരം ഇത്തരം സ്ഥാപനങ്ങൾക്ക്‌ വിദേശ വായ്‌പയെടുക്കാം.

റിസർവ്‌ ബാങ്ക്‌ ഈ വായ്‌പയെ എതിർത്തിട്ടില്ല.  കേന്ദ്ര നിയമം  കൃത്യമായി പാലിച്ചാണ്‌ വായ്പ എടുത്തത്‌.  കിഫ്ബിയെടുത്ത വായ്പ സംസ്ഥാനം  എടുക്കുന്നതിന്‌ തുല്യമല്ല.  ലണ്ടൻ സ്‌റ്റോക്ക്‌ എക്‌സ്‌ചേഞ്ചിൽനിന്ന്‌ വായ്‌പ എടുത്തത്‌ തങ്ങൾക്ക്‌ ഇതിനൊക്കെ പ്രാപ്‌തിയുണ്ടെന്ന സന്ദേശം അന്താരാഷ്‌ട്ര കമ്പോളത്തിന്‌ നൽകുന്നതിനാണ്.  

ബജറ്റിന്‌ പുറത്തുനിന്നുള്ള വായ്‌പയാണെന്നാണ് സിഎജി വാദം. എന്നാൽ  ബജറ്റിൽ വച്ച പദ്ധതികൾക്കു വേണ്ടിയല്ല കിഫ്‌ബി വായ്‌പ.  

7300 കോടി ചെലവിട്ടു

കിഫ്‌ബി ഇതുവരെ 7300 കോടിരൂപ ചെലവഴിച്ചു. ദേശീയ പാത സ്ഥലമെടുപ്പിനുള്ള 700 കോടിരൂപ അടുത്ത ദിവസം നൽകും. അടുത്ത മാർച്ചോടെ 10000 മുതൽ 12,000 കോടി രൂപവരെ കേരളത്തിൽ കിഫ്‌ബി വഴി ചെലവഴിക്കും.  ഉദാരവൽക്കരണം നടപ്പാക്കിയ കോൺഗ്രസുകാർ ഇപ്പോൾ വിദേശ വായ്‌പയെ എതിർക്കുന്നത്‌ കാണുമ്പോൾ  ഒന്നും പറയാനില്ല.  

ഭരണഘടനാ സ്ഥാപനങ്ങളെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക്‌ ഉപയോഗിക്കുന്ന കേന്ദ്ര ബിജെപി സർക്കാരിന്റെ അജൻഡയുടെ ഭാഗമായാണ്‌ സിഎജി റിപ്പോർട്ടിൽ കിഫ്‌ബിക്കെതിരായ പരാമർശങ്ങൾ കൂട്ടിച്ചേർത്തത്‌.  സിഎജിയുടെ തലപ്പത്ത്‌ ആരൊക്കെയാണ്‌ ഇരുത്തുന്നതെന്ന്‌ പരിശോധിക്കുന്നത്‌ നല്ലതാണെന്നും  മന്ത്രി ഐസക്‌ പറഞ്ഞു.

കേരളത്തിനെതിരായ രാഷ്‌ട്രീയ നീക്കം

ഇതരസംസ്ഥാനങ്ങൾക്കുള്ള അവകാശം കേരളത്തിന്‌ നിഷേധിക്കുന്നത്‌ രാഷ്‌ട്രീയ നീക്കമാണെന്ന്‌ പിന്നീട്‌ മന്ത്രി തോമസ് ഐസക് വാർത്താസമ്മേളനത്തിൽ പറഞ്ഞു.  തെരഞ്ഞെടുപ്പ്‌ മുന്നിൽക്കണ്ട്‌ പുകമറ സൃഷ്ടിക്കാനാണ്‌ സി‌എജി ശ്രമിക്കുന്നത്‌. കരട്‌ റിപ്പോർട്ടിൽ ഇല്ലാത്ത കാര്യം അന്തിമ റിപ്പോർട്ടിൽ തിരുകി കയറ്റി. ഇതാകട്ടെ സംസ്ഥാനത്തിന്റെ വിശദീകരണം തേടാതെയും. ഇത്‌ നിയമവിരുദ്ധമാണ്‌. നടപടിക്രമങ്ങൾ ലംഘിച്ച്‌ സംസ്ഥാന സർക്കാരിനെതിരെ യുദ്ധം പ്രഖ്യാപിക്കുകയാണ്‌ ചെയ്തതെന്നും ഐസക്‌ പറഞ്ഞു.

Thursday, January 21, 2021

'എത്ര കോടി കൊടുത്തിട്ടാണ് അമരീന്ദര്‍ പുരസ്‌കാരം വാങ്ങിയതെന്ന് ചെന്നിത്തല പറയട്ടെ; വെറുതെയാണോ ഹൈക്കമാന്‍ഡ് കടിഞ്ഞാണ്‍ പിടിച്ചുവാങ്ങിയത്'

സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ന് മാതൃകാ സ്പീക്കര്‍ പുരസ്‌‌കാരം ലഭിച്ചത് പണം കൊടുത്തതുകൊണ്ടാണെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്ക് മന്ത്രി ടി എം തോമസ് ഐസകിന്റെ മറുപടി.

ശ്രീരാമകൃഷ്‌ണന് പുരസ്‌‌കാരം നല്‍കിയ അതേ സെലക്ഷന്‍ കമ്മിറ്റി മാതൃകാ മുഖ്യമന്ത്രിക്കുള്ള പുരസ്‌‌കാരം നല്‍കി ആദരിച്ചത് പഞ്ചാബ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അമരീന്ദര്‍ സിംഗിനെയാണ്. എത്ര കോടിയുടെ കരാര്‍ കൊടുത്തിട്ടാണ് അമരീന്ദറിന് പുരസ്‌‌കാരം ലഭിച്ചതെന്ന് ചെന്നിത്തല വ്യക്തമാക്കണമെന്ന് ഐസക് പറഞ്ഞു. കെ എസ്  ശബരിനാഥന്‍ എംഎല്‍എയെ മാതൃകാ നിയമസഭാംഗമായും ആദരിച്ചു. ശബരിനാഥ് എത്ര കോടിയാണ് കൊടുത്തതെന്നും ഐസക് ചോദിച്ചു.

തോമസ് ഐസകിന്റെ ഫെയ്‌‌സ്‌ബുക്ക് പോസ്റ്റ് ചുവടെ

ഇന്ത്യയിലെ ഐഡിയല്‍ ചീഫ് മിനിസ്റ്ററായി തിരഞ്ഞെടുക്കപ്പെടാന്‍ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് എത്ര കോടിയുടെ കരാര്‍ കൊടുത്തുവെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കണം.  അഞ്ച് കോടിയുടെ കരാര്‍ നല്‍കിയാല്‍ ഇന്ത്യയിലെയല്ല ലോകത്തിലെ ഏറ്റവും നല്ല സ്പീക്കര്‍ക്കുള്ള അവാര്‍ഡും കിട്ടുമെന്നായിരുന്നല്ലോ കേരളത്തിന്റെ സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷ നേതാവിന്റെ പരിഹാസം.

പി. ശ്രീരാമകൃഷ്ണന് ഐഡിയല്‍ സ്പീക്കര്‍ പുരസ്‌കാരം നല്‍കിയ അതേ സെലക്ഷന്‍ കമ്മിറ്റി തന്നെയാണല്ലോ പഞ്ചാബ് മുഖ്യമന്ത്രിയെയും പുരസ്‌കരിച്ചത്. അതേ സംഘാടകരുടേതു തന്നെയാണ് പുരസ്‌കാരം. ഇവിടെ കിട്ടിയ പുരസ്‌കാരം അഞ്ചു കോടിയുടെ കരാറിന്റെ പ്രതിഫലമാണെങ്കില്‍, പഞ്ചാബില്‍ എത്ര കോടിയുടെ കരാര്‍ കൊടുത്തു കാണും? കെ.എസ്. ശബരിനാഥനെ അതേ വേദിയില്‍ Ideal legislator ആയി ആദരിച്ചു. ശബരിനാഥ് എത്ര കോടിയാണ് കൊടുത്തത്? Festival on Democracy യുടെ പേരില്‍ 5 കോടി MIT പൂനെയ്ക്ക് കൊടുത്തിട്ടില്ലായെന്ന് സ്പീക്കര്‍ സഭയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് ഇനിയെങ്കിലും തന്റെ ആരോപണം പ്രതിപക്ഷ നേതാവ് ആവര്‍ത്തിക്കില്ലായെന്നു കരുതട്ടെ.

അസംബന്ധം പറയുന്നതില്‍ ഏതറ്റം വരെയും തരം താഴാന്‍ നമ്മുടെ പ്രതിപക്ഷ നേതാവിന് ഒരിക്കലും ഒരു സങ്കോചവും ഉണ്ടായിട്ടില്ല. സംസാരിക്കുന്നത് അസംബ്ലിയിലാണെന്നോ ചരിത്രമുള്ള കാലത്തോളം അതൊക്കെ സഭാ രേഖയില്‍ കിടക്കുമെന്നോ ഒന്നും അദ്ദേഹത്തിന് ഒരു നോട്ടവുമില്ല. വായില്‍ വരുന്നതെന്തും അദ്ദേഹം വിളിച്ചു കൂവും. ശ്രീരാമകൃഷ്ണനെ ഐഡിയല്‍ സ്പീക്കറായി തിരഞ്ഞെടുത്തവര്‍ ഈ പ്രസംഗം കേട്ടാല്‍ രമേശ് ചെന്നിത്തലയെ ഐഡില്‍ (idle) പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഏറ്റവും ഉദാസീനനായ പ്രതിപക്ഷ നേതാവ് എന്ന പദവിയ്ക്ക് അദ്ദേഹത്തിന് എതിരാളികളേയില്ല. 

ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവേ, പി ശ്രീരാമകൃഷ്ണനെയും ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെയുമൊക്കെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്ത കമ്മിറ്റിയുടെ തലവന്‍ ആരെന്ന് അറിയുമോ. സാക്ഷാല്‍ ശിവരാജ് പാട്ടീല്‍. കോണ്‍ഗ്രസിന്റെ സമുന്നത നേതാവ്. പത്താം ലോക്‌സഭയുടെ സ്പീക്കറും മന്‍മോഹന്‍ സിംഗ് മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയുമായിരുന്ന അതേ ശിവരാജ് പാട്ടീല്‍.

ആരെങ്കിലും കാശുകൊടുത്തു തരപ്പെടുത്തുന്ന പുരസ്‌കാരത്തിന് ഊന്നുവടി കൊടുക്കാനിരിക്കുന്ന ആളാണോ രമേശ് ചെന്നിത്തലയുടെ ദേശീയ നേതാവ്? ആണെങ്കില്‍ അക്കാര്യം കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ അദ്ദേഹത്തിന് ചങ്കൂറ്റമുണ്ടോ? ഒന്നു ഗൂഗിളില്‍ പരതിയാല്‍ അമരീന്ദര്‍ സിംഗ് ഈ പുരസ്‌കാരം സ്വീകരിക്കുന്ന ചിത്രവും വാര്‍ത്തയും കാണാം. ശ്രീരാമകൃഷ്ണന്‍ അവാര്‍ഡ് സ്വീകരിച്ച അതേ ആഴ്ചയില്‍ അമരീന്ദര്‍ സിംഗിന് പുരസ്‌കാരം നല്‍കിയത് മുന്‍ പ്രസിഡന്റ് പ്രണബ് മുഖര്‍ജി. 

എത്ര ഉദാസീനമായിട്ടാണ് അദ്ദേഹം കാര്യങ്ങളെ കാണുന്നത് എന്നു നോക്കൂ. ഒരു കാര്യവുമില്ലാതെ ശ്രീരാമകൃഷ്ണനു നേരെ വാരിയെറിഞ്ഞ ചെളി രണ്ടു കോണ്‍ഗ്രസ് നേതാക്കളുടെ കൂടി ദേഹത്താണ് പതിച്ചത്. വെറുതേയാണോ, അവരുടെ ഹൈക്കമാന്‍ഡ് ഇദ്ദേഹത്തിന്റെ കൈയില്‍ നിന്ന് കടിഞ്ഞാണ്‍ പിടിച്ചു വാങ്ങി ഉമ്മന്‍ചാണ്ടിയെ ഏല്‍പ്പിച്ചത്. കുറച്ചു കൂടി ഭേദമാണ് ഉമ്മന്‍ചാണ്ടിയെന്ന് കോണ്‍ഗ്രസ് നേതൃത്വം വിചാരിച്ചെങ്കില്‍ അവരെ ആരു കുറ്റം പറയും? 

പൊള്ളയായ പ്രതിപക്ഷ ആരോപണങ്ങള്‍ തുറന്നുകാട്ടി പി ശ്രീരാമകൃഷ്ണന്‍; അവിശ്വാസ പ്രമേയം തള്ളി

സ്പീക്കര്‍  പി  ശ്രീരാമകൃഷ്ണനെതിരെ  പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ  പ്രമേയം തള്ളി.  രണ്ട് മണിക്കൂര്‍ നിശ്ചയിച്ചിരുന്ന ചര്‍ച്ച മൂന്ന് മണിക്കൂറും 45 മിനുട്ടും നീണ്ടു. ചര്‍ച്ചയില്‍ സംസാരിച്ച മുഖ്യമന്ത്രിയടക്കമുള്ളവര്‍ ശക്തമായ വാദങ്ങള്‍ നിരത്തി  പ്രതിപക്ഷത്തിന് കൃത്യമായ മറുപടി നല്‍കി.

അന്വേഷണ ഏജന്‍സി വഴിവിട്ട് പ്രവര്‍ത്തിക്കുകയും അതിന് കൂട്ടുനില്‍ക്കുകയാണ് പ്രതിപക്ഷമെന്നും മുഖ്യമന്ത്രി ചര്‍ച്ചയില്‍ പറഞ്ഞു.അന്വേഷണ ഏജന്‍സികള്‍ തീര്‍ക്കുന്ന തെറ്റായ കാര്യത്തെ ന്യായീകരിക്കുകയല്ല ചെയ്യേണ്ടതെന്നും അദ്ദേഹം വിശദീകരിച്ചു. പ്രമേയത്തിന് മറുപടി പറഞ്ഞ സ്പീക്കര്‍  പി ശ്രീരാമകൃഷ്ണന്‍ പ്രതിപക്ഷത്തിന്‌റെ ഗൂഢാലോചന ഒന്നൊന്നായി പൊളിച്ചു.

അപവാദ പ്രചാരണങ്ങളുടെ ബലത്തില്‍ കെട്ടിപ്പൊക്കിയതാണ് തനിക്കെതിരായ അവിശ്വാസ പ്രമേയമെന്ന്  അദ്ദേഹം പറഞ്ഞു

 സര്‍ക്കാരിനെ അടിക്കാനാവാത്തതിനാല്‍ പ്രതിപക്ഷം സ്പീക്കര്‍ക്കെതിരെ തിരിയുകയാണെന്നും  പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞുകൊണ്ട് അദ്ദേഹം ആരോപിച്ചു.

ഇങ്ങനെയൊരു പ്രമേയം ചര്‍ച്ചചെയ്യുന്നതില്‍ അഭിമാനവും സന്തോഷവുമുണ്ട്. എന്നാല്‍ വസ്തുതകള്‍ ഇല്ലാതെ കേട്ടുകേള്‍വികളുടെ അടിസ്ഥാനത്തിലുള്ള ആരോപണങ്ങളാണ് പ്രതിപക്ഷത്തിന്റേത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കെഎസ്.യുവിന്റെ നേതാവിനെപ്പോലെയാണ് സംസാരിക്കുന്നത്. അദ്ദേഹം ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഒരു അടിസ്ഥാനവുമില്ലാത്തവയാണെന്നു് സ്പീക്കര്‍ പറഞ്ഞു. തനിക്കെതിരെയുള്ള ഓരോ ആരോപണങ്ങള്‍ക്കും സ്പീക്കര്‍ അക്കമിട്ട് മറുപടി പറഞ്ഞു.

സര്‍ക്കാരിനെ അടിക്കാന്‍ നിവൃത്തിയില്ലാത്തതുകൊണ്ട് സ്പീക്കറുടെ മുഖത്തടിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നത്. പ്രമേയം അവതരിപ്പിച്ച ഉമ്മര്‍ അടിച്ച അടി ബൂമറാങ് ആകും. ഏതെങ്കിലും പത്രവാര്‍ത്തയെ അടിസ്ഥാനമാക്കി മറുപടി നല്‍കാന്‍ തനിക്ക് സമയമില്ല. അതുകൊണ്ടാണ് തനിക്കെതിരായ അരോപണങ്ങളോട് പ്രതികരിക്കാതിരുന്നത്. കേട്ടുകേള്‍വികളുടെ പേരില്‍ പ്രമേയം കൊണ്ടുവന്ന പ്രതിപക്ഷം എന്നായിരിക്കും ചരിത്രം രേഖപ്പെടുത്താന്‍ പോകുന്നത്. നിയമസഭാ മന്ദിരത്തിന്റെ നിര്‍മാണത്തില്‍ അഴിമതി ഉണ്ടായിട്ടില്ലെന്നും തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തെളിയിച്ചാല്‍ ഈ പണി നിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ ക്രമങ്ങളും പാലിച്ചുകൊണ്ടാണ് നിയമസഭയുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. നിര്‍മാണവുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച സമിതികളെക്കുറിച്ചും സ്പീക്കര്‍ വിശദീകരിച്ചു. ലോഞ്ച് നവീകരണത്തില്‍ കുറ്റം കണ്ടെത്താന്‍ മാത്രമാണ് ഇപ്പോള്‍ പ്രതിപക്ഷം ശ്രമിക്കുന്നത്.  കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ടെണ്ടര്‍ വിളിക്കാതെ നല്‍കിയ നിര്‍മാണ പ്രവൃത്തികളുടെ പട്ടികയും അദ്ദേഹം വായിച്ചു. ടെണ്ടര്‍ ഒഴിവാക്കി നിര്‍മാണ പ്രവൃത്തികള്‍ ഊരാളുങ്കലിനെ ഏല്‍പിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ സര്‍ക്കാരിന് വിവിധ എംഎല്‍എമാര്‍ നല്‍കിയ കത്തുകളും അദ്ദേഹം സഭയില്‍ വായിച്ചു.

ഒരാളുടെ വ്യക്തിത്വം രൂപപ്പെടുന്നത് ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ്. ഞാന്‍ സാമാന്യം അന്തസ്സുള്ള കുടുംബത്തില്‍ പിറന്ന ആളാണ്. വള്ളുവനാട്ടിലെ കുടിയാന്‍ കര്‍ഷകര്‍ക്കായി പ്രവര്‍ത്തിച്ച  പിതാമഹനായ മാഞ്ചേരി രാമന്‍നായരുടെ ആ സംസ്‌കാരത്തിന്റെ ബലത്തില്‍ പറയുന്നു, നിങ്ങള്‍ പറയുന്നത് കാലം വിലയിരുത്തും. ചരിത്രം ഒരുദിവസം അവസാനിക്കാന്‍ പോകുന്നില്ല. അപവാദപ്രചാരണങ്ങളുടെ ബലത്തില്‍ കെട്ടിപ്പൊക്കിയ ഈ അവിശ്വാസ പ്രമേയം തള്ളിക്കളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Thursday, January 14, 2021

എന്റെ നട്ടെല്ല്‌ ഒടിക്കാനൊക്കെ നിങ്ങളുടെ വലിയ നേതാവ്‌ കുറേ നോക്കിയതാ, ഇപ്പോഴും നിവർന്ന്‌ തന്നെയാ നിൽക്കുന്നത്‌': പ്രതിപക്ഷത്തോട്‌ മുഖ്യമന്ത്രി

തിരുവനന്തപുരം > തന്റെ നട്ടെല്ലൊടിക്കാൻ കോൺഗ്രസിലെ വലിയ നേതാവ്‌ ഒരുപാട്‌ നോക്കിയതാണെന്നും, ഇപ്പോഴും നിവർന്ന്‌ തന്നെയാണ്‌ നിൽക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അന്ന്‌ അത്‌ ഏൽപ്പിച്ചിരുന്ന പൊലീസ്‌ ഉദ്യോഗസ്ഥനെ അതിന്‌ ശേഷം കണ്ട്‌, മർദ്ദിച്ച കാല്‌ ഉയർത്തിപ്പിടിച്ചാണ്‌ താൻ സംസാരിച്ചതെന്നും അടിയന്തരാസ്ഥ കാലത്തെ ഓർത്തെടുത്ത്‌ പി ടി തോമസിന്‌ മുഖ്യമന്ത്രി മറുപടി നൽകി.

റിയൽ എസ്റ്റേറ്റ് കച്ചവടം നടന്നപ്പോൾ കേന്ദ്രഏജൻസികൾ വരുന്നുണ്ടെന്ന് അറിഞ്ഞ് അവിടെ നിന്ന് ഓടി രക്ഷപ്പെട്ടത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ആരുമല്ല. കേസുകളിൽ അന്വേഷണ ഏജൻസികൾ അന്വേഷിച്ചു തെളിവുകൾ കണ്ടെത്തണം. അല്ലാതെ മുൻകൂട്ടി നിശ്ചയിച്ച് കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകൽ അല്ല. ബിജെപിയുടെ കച്ചേരിക്ക് പക്കവാദ്യം വായിക്കാൻ സദാ സന്നദ്ധരായിരിക്കുകയാണ് നിങ്ങൾ. കേരള സർക്കാരിനെ ശ്വാസം മുട്ടിച്ചു കളയാം എന്ന് വ്യാമോഹിക്കേണ്ട, പി ടി തോമസിനോട് മുഖ്യമന്ത്രി.

ആരുടെ മുന്നിലും തല ഉയർത്തി നിന്ന് പറയാൻ ഉള്ള മനക്കരുത്ത് ഈ നെഞ്ചിൽ ഉണ്ട്. തന്‍റെ കൈകൾ ശുദ്ധമാണ്. പിണറായി വിജയനെ ഇങ്ങനെ ആക്കിയത് പി ആർ ഏജൻസികൾ അല്ല. കമ്മ്യൂണിസ്റ്റ്കാരെ ജയിൽ കാണിച്ചു പേടിപ്പിക്കരുത്. അതങ്ങ് മനസ്സിൽ വച്ചാൽ മതി. ഇപ്പൊ നട്ടെല്ല് ഉയർത്തിയാണ് നിൽക്കുന്നത്.

ക്ലിഫ് ഹൗസിലെ വലിയ റൂമിൽ വച്ചാണ് മകളുടെ കല്യാണം നടന്നത്. ആ റൂം നിങ്ങൾക്ക് എല്ലാം അറിയാമല്ലോ അല്ലേ? കല്യാണത്തലേന്നും, അന്നും സ്വപ്‌ന വന്നിട്ടില്ല. വീട്ടുകാരെ ഒരു കേന്ദ്ര ഏജൻസിയും ചോദ്യം ചെയ്‌തിട്ടുമില്ല. ഞങ്ങൾക്ക് ഞെളിഞ്ഞ് ഇരിക്കാൻ അവകാശം ഉണ്ട്. അതുകൊണ്ട് തന്നെയാണ് ഞെളിഞ്ഞു ഇരിക്കുന്നത്. എല്ലാവരുടെയും നേരെ വല വീശിയില്ല. ഒരു പരൽ മീനിനെ പോലും കിട്ടിയില്ലല്ലോ? ഇത് വേറെ ജനുസ്സാണ്, എന്ന് മുഖ്യമന്ത്രി.

"സ്ഥല കച്ചവടസ്ഥലത്ത്‌ നിന്ന്‌ കേന്ദ്ര ഏജൻസി വരുന്നതറിഞ്ഞ്‌ ഓടിയതാരാ?; പി ടി തോമസിനോട്‌ മുഖ്യമന്ത്രി

തിരുവനന്തപുരം > പി ടി തോമസ്‌ എംഎൽഎയുടെ വ്യാജ ആരോപണങ്ങൾക്ക്‌ നിയമസഭയിൽ മറുപടി നൽകി മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിന് സ്വപ്‌ന വന്നോ എന്നതടക്കം വ്യക്തിപരമായ ആരോപണങ്ങൾ പി ടി തോമസ് ഉന്നയിച്ചപ്പോൾ റിയൽ എസ്റ്റേറ്റ് കച്ചവടം നടന്നപ്പോൾ കേന്ദ്രഏജൻസികൾ വരുന്നുണ്ടെന്ന് അറിഞ്ഞ് അവിടെ നിന്ന് ഓടി രക്ഷപ്പെട്ടത് ആരാണെന്ന് മുഖ്യമന്ത്രി ചോദിച്ചു. സ്വ‌ർണക്കടത്ത് വഴി കിട്ടുന്ന പണം റിയൽ എസ്റ്റേറ്റ് ഇടപാടുകളിലും ഉപയോഗിക്കുന്നുണ്ട് എന്ന് കണ്ടെത്തിയിരുന്നു എന്നോർക്കണം എന്നും മുഖ്യമന്ത്രി പി ടി തോമസിനോട് പറഞ്ഞു.

''റിയൽ എസ്റ്റേറ്റ് കച്ചവടം നടന്നപ്പോൾ കേന്ദ്രഏജൻസികൾ വരുന്നുണ്ടെന്ന് അറിഞ്ഞ് അവിടെ നിന്ന് ഓടി രക്ഷപ്പെട്ടത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ആരുമല്ല. കേസുകളിൽ അന്വേഷണ ഏജൻസികൾ അന്വേഷിച്ചു തെളിവുകൾ കണ്ടെത്തണം. അല്ലാതെ മുൻകൂട്ടി നിശ്ചയിച്ച് കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകൽ അല്ല. ബിജെപിയുടെ കച്ചേരിക്ക് പക്കവാദ്യം വായിക്കാൻ സദാ സന്നദ്ധരായിരിക്കുകയാണ് നിങ്ങൾ. കേരള സർക്കാരിനെ ശ്വാസം മുട്ടിച്ചു കളയാം എന്ന് വ്യാമോഹിക്കേണ്ട'', പി ടി തോമസിനോട് മുഖ്യമന്ത്രി പറഞ്ഞു.

"പി ടി തോമസിന്‌ പിണറായി വിജയനെ മനസിലായിട്ടില്ല, കമ്യൂണിസ്‌റ്റുകാരെ ജയിൽകാട്ടി പേടിപ്പിക്കരുത്‌'; മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം > പിണറായി വിജയനെ പി ടി തോമസിന്​ ഇതുവരെ മനസിലായിട്ടില്ലെന്ന് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന്‌​ മുഖ്യ​മന്ത്രിയുടെ മറുപടി. പ്രമേയ അവതാരകനെ നിയന്ത്രിക്കാൻ പ്രതിപക്ഷ നേതാവിന്​ കഴിയുന്നില്ല. അദ്ദേഹം വേറെ ഗ്രൂപ്പായതിനാലാണ് ചെന്നിത്തലക്ക്​ നിയന്ത്രിക്കാൻ സാധിക്കാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. കമ്യൂണിസ്‌റ്റുകാരെ ജയിൽകാണിച്ച്‌ പേടിപ്പിക്കാൻ നോക്കരുത്‌, ഈ കൈകൾ ശുദ്ധമാണെന്നും മുഖ്യമന്ത്രി നെഞ്ചിൽ കൈവച്ച്‌ സംസാരിച്ചു. പി ടി തോമസ്‌ എംഎൽഎയുടെ അടിയന്തര പ്രമേയത്തിന്‌ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

താന്‍ ജയിലില്‍ പോകുമെന്നത് മനോവ്യാപാരം മാത്രമായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ ഏജന്‍സികളും ഒരുമിച്ച് നിന്ന് ശ്രമിച്ചിട്ടും ഇതുവരെ ഒരു തെളിവും സര്‍ക്കാറിനെതിരെ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല.

സ്വർണക്കടത്ത്‌ കേസിൽ അതിശക്‌തമായ നടപടി ആവശ്യപ്പെട്ടത്‌  സർക്കാർ ആണെന്ന്‌ മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെയടക്കം അനാവശ്യമായി വലിച്ചിഴച്ചാണ്‌ പി ടി തോമസ്‌ സഭയിൽ സംസാരിച്ചത്‌. ഗീബൽസിന്റെ ശിഷ്യൻമാരെ ആശ്വസിപ്പിക്കാൻ ആകില്ലെന്നും പ്രമേയ അവതാരകനെ നിയന്ത്രിക്കാൻ ചെന്നിത്തലക്ക്‌ കഴിയില്ലന്നും മുഖ്യമന്ത്രി പറഞ്ഞു.  എങ്കിലും കെ സി ജോസഫിനെങ്കിലും പി ടി തോമസിനെ നിയന്ത്രിക്കാൻ കഴിയണ്ടേ.

കേന്ദ്ര ഏജൻസികൾ കൈകാര്യം  ചെയ്യുന്ന വിഷയം രാഷ്‌ട്രീയമാക്കി മാറ്റി. പി ടി തോമസിന്‌ പിണറായി വിജയനെ മനസിലായിട്ടില്ല. താൻ ഒരു പ്രത്യേക തരം ജനുസാണ്‌. തന്റെ മകളുടെ കല്യാണം എല്ലാവര്‍ക്കുമറിയാവുന്ന ക്ലിഫ്ഹൗസിന്റെ വലിയ ഹാളില്‍ വച്ചാണെന്നും സ്വപ്‌ന തന്റെ മകളുടെ കല്യാണത്തിന് വന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തന്നെയോ കുടുംബത്തിലുള്ളവരെയോ ആരും ചോദ്യം ചെയ്‌തിട്ടില്ല. പണം കാണുമ്പോള്‍ പോരട്ടെ പോരട്ടെ എന്ന് പറയുന്ന സ്വഭാവക്കാരല്ല.

താന്‍ ജയിലില്‍ പോകുമെന്നത് മനോവ്യാപാരം മാത്രമായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ ഏജന്‍സികളും ഒരുമിച്ച് നിന്ന് ശ്രമിച്ചിട്ടും ഇതുവരെ ഒരു തെളിവും സര്‍ക്കാറിനെതിരെ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. പ്രതിപക്ഷം ഇനിയും പ്രയാസപ്പെടണമെന്നില്ല.

എന്തും പറയാനുള്ള വേദിയാക്കി നിയമസഭയെ മാറ്റരുത്​. ലാവ്​ലിൻ കേസിൽ തന്നെ പ്രതിയാക്കാൻ കുറേ ശ്രമിച്ചതല്ലേ. എന്‍റെ കൈകൾ ശുദ്ധമായതുകൊണ്ടാണ്​ അത്​ പറയാനുള്ള ആർജ്ജവമുണ്ടാവുന്നതെന്നും പിണറായി പറഞ്ഞു. നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ സംഭവിച്ചപ്പോൾ ശിവശങ്കറിനെതിരെ നടപടി സ്വീകരിച്ചു. ലൈഫ്​ മിഷൻ സിഇഒ യു വി ജോസ്​ ഏത്​ കേസിലാണ്​ പ്രതി?. അതൊക്കെ വികലമായ മനസുകളുടെ വ്യാമോഹം മാത്രമാണ്‌. സി എം രവീന്ദ്രനെ ഇതുവരെ ഒരു കേസിലും പ്രതിയാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശിവശങ്കർ കെഎസ്​ഇബി ചെയർമാനും ഊർജ സെക്രട്ടറിയുമായത്​ ആരുടെ ഭരണകാലത്താണെന്ന്​ മുഖ്യമന്ത്രി ചോദിച്ചു. ശിവശങ്കറിന്​ ഐഎഎസ്​ ലഭിക്കുന്നത്​ എ കെ​ ആന്‍റണിയുടെ ഭരണകാലത്താണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി​. സ്വർണക്കടത്ത്​ കേസിൽ പ്രതിപക്ഷം അടിയന്തര പ്രമേയം അവതരിപ്പിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

Thursday, December 31, 2020

കേന്ദ്ര നിയമം കോർപ്പറേറ്റുകൾക്ക്‌ വേണ്ടി; കാർഷിക നിയമത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കി

കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമത്തിനെതിരെ സംസ്‌ഥാന നിയമസഭ  പ്രമേയം പാസാക്കി.  നിയമസഭയുടെ പ്രത്യേക സമ്മേളനം ചേർന്നാണ്‌ പ്രമേയം പാസാക്കിയത്‌. 

ഡല്‍ഹിയില്‍ കര്‍ഷക സമരം ശക്തമായ പശ്ചാത്തലത്തില്‍  കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ നല്‍കാനാണ് സമ്മേളനം ചേര്‍ന്ന്‌ പ്രമേയം പാസാക്കിയത്‌. ഏകകണ്‌ഠമായാണ്‌ പ്രമേയം പാസാക്കിയത്‌. ബിജെപി അംഗം ഒ രാജഗോപാലും പ്രമേയത്തെ അംഗീകരിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനാണ്‌  നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത്‌.    പുതിയ നിയമം കര്‍ഷകരില്‍ കടുത്ത ആശങ്കയുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പ്രമേയത്തിലൂടെ വ്യക്തമാക്കി. ഭക്ഷ്യ സുരക്ഷ അപകടത്തിലാക്കുന്ന നിയമം റദ്ദാക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.കർഷക പ്രക്ഷോഭം ഇനിയും തുടർന്നാൽ കേരളത്തെ സാരമായി ബാധിക്കുമെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. കാർഷിക നിയമഭേദഗതി റദ്ദാക്കണം എന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കേന്ദ്ര നിയമഭേദഗതി കോർപ്പറേറ്റുകൾക്ക് വേണ്ടിയാണെന്നും പുതിയ നിയമം കർഷകരിൽ ഉണ്ടാക്കുന്നത് കടുത്ത ആശങ്കയാണെന്നുംമുഖ്യമന്ത്രി പറ‍ഞ്ഞു. കാർഷിക രംഗത്ത് വൻ പ്രത്യാഘാതം ഉണ്ടാകുന്നതാണ് നിയമ ഭേദഗതി. കർഷകരുടെ വില പേശൽ ശേഷി കോർപറേറ്റുകൾക്ക് മുന്നിൽ ഇല്ലാതാക്കുന്നതാണ് ഈ നിയമം. കർഷകർക്ക് ന്യായ വില ഉറപ്പാക്കുന്നതിൽ നിന്നും കേന്ദ്രം പിൻവാങ്ങുന്നത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാര്‍ഷികമേഖല വലിയ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് കാര്‍ഷികരംഗത്ത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പുതിയ മൂന്ന് നിയമങ്ങള്‍  കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച്  പാസ്സാക്കിയിട്ടുള്ളത്.  ഇതിനെ തുടര്‍ന്ന് ഭക്ഷ്യധാന്യങ്ങള്‍ക്ക് നിലവിലുള്ള താങ്ങുവില പോലും നഷ്ടപ്പെടുമോ എന്ന ഭയാശങ്കയാണ്  കര്‍ഷകരെ  അലട്ടുന്നത്.

കര്‍ഷകരുടെ വിലപേശല്‍ശേഷി മിക്കപ്പോഴും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ ശക്തിക്കു മുന്നില്‍ വളരെ ദുര്‍ബലമാകും എന്നതാണ് ഇതില്‍ ഉയരുന്ന ഗൗരവതരമായ പ്രശ്‌നം. കര്‍ഷകര്‍ക്ക് നിയമപരിരക്ഷ ലഭിക്കാനുള്ള വ്യവസ്ഥകള്‍ നിയമത്തിലില്ല. അത് മാത്രവുമല്ല, കോര്‍പറേറ്റുകളുമായി ഇതിനുവേണ്ടി നിയമയുദ്ധം നടത്താനുള്ള ശേഷിയും കര്‍ഷകര്‍ക്കില്ല.

കാര്‍ഷിക ഉല്‍പന്നങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ മുന്‍കയ്യെടുത്ത്  സംഭരിച്ച് ന്യായവിലയ്ക്ക് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്ന സംവിധാനമാണ് നിലനില്‍ക്കേണ്ടത്. അതിനു പകരം കാര്‍ഷികോല്‍പന്നങ്ങളുടെ വ്യാപാരമാകെ കോര്‍പറേറ്റുകള്‍ക്ക് കൈവശപ്പെടുത്താന്‍ അവസരം നല്‍കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. കര്‍ഷകര്‍ക്ക് ന്യായവില ലഭ്യമാക്കാനുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഒഴിഞ്ഞുപോകുകയും ചെയ്യുന്നു.

ഇതോടൊപ്പം തന്നെ വളരെ പ്രാധാന്യം അര്‍ഹിക്കുന്ന പ്രശ്‌നമാണ് ഭക്ഷ്യസുരക്ഷ. സംഭരണത്തില്‍ നിന്നും വിതരണത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്ന അവസ്ഥയുണ്ടാകുമ്പോള്‍ പൂഴ്ത്തിവെയ്പ്പും കരിഞ്ചന്തയും വര്‍ധിക്കുകയും ഭക്ഷ്യ വിതരണവുംഅതുവഴി ഭക്ഷ്യസുരക്ഷയും അപകടത്തിലാവുകയും ചെയ്യും.അവശ്യസാധന നിയമത്തിലെ വ്യവസ്ഥയില്‍ നിന്ന് ഭക്ഷ്യധാന്യങ്ങള്‍, പയറു വര്‍ഗങ്ങള്‍ എന്നിവയടക്കമുള്ള അവശ്യസാധനങ്ങള്‍ ഒഴിവാക്കിയത് സ്ഥിതി കൂടുതല്‍ വഷളാക്കും.മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു

സമ്മേളനത്തിന് അടിയന്തിര പ്രാധാന്യമെന്ന് സ്‌പീക്കര്‍ വ്യക്തമാക്കി.ഘടകകക്ഷി നേതാക്കളായ കെ സി ജോസഫ്‌, ഇ ചന്ദ്രശേഖരൻ, ടി എ അഹ്മ്മദ്‌ കബീർ, മാത്യൂ ടി തോമസ്‌, പി ജെ ജോസഫ്‌, മാണി സി കാപ്പൻ, അനൂപ്‌ജേക്കബ്‌, ഒ രാജഗോപാൽ, കടന്നപ്പള്ളി രാമചന്ദ്രൻ. ഗണേഷ്‌ കുമാർ, പി സിജോർജ്‌ എന്നിവർ പ്രമേയത്തെ അനുകൂലിച്ച്‌ സംസാരിച്ചു.

വീണ്ടും വഴികാട്ടുന്നു; കേരള നിയമസഭയെ അഭിനന്ദിച്ച് യെച്ചൂരി

ന്യൂഡല്‍ഹി > കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കിയ കേരള നിയമസഭയെ അഭിനന്ദിച്ച് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളം വീണ്ടും ഇന്ത്യയ്ക്ക് വഴികാട്ടുകയാണെന്നും യെച്ചൂരി പറഞ്ഞു.

കാര്‍ഷിക നിയമത്തില്‍ ബിജെപിക്കകത്ത് തന്നെ അഭിപ്രായ ഭിന്നത രൂക്ഷമായതിന്റെ സൂചനയാണ് ഒ രാജഗോപാല്‍ പ്രമേയത്തെ പിന്തുണച്ചതിലൂടെ വ്യക്തമാകുന്നത്. ഒ രാജഗോപാല്‍ പിന്തുണ നല്‍കിയതില്‍ നിലപാട് വ്യക്തമാക്കേണ്ടത് ബിജെപിയാണെന്നും യെച്ചൂരി പറഞ്ഞു.

"കേന്ദ്രം കാർഷികനിയമം പിൻവലിക്കണം'; പ്രമേയത്തെ അനുകൂലിക്കുന്നതായി ഒ രാജഗോപാൽ

തിരുവനന്തപുരം > കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയത്തെ എതിർത്തില്ലെന്ന് ബിജെപി എംഎൽഎ ഒ രാജഗോപാൽ. അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും പൊതുഅഭിപ്രായത്തെ മാനിച്ചു. പ്രമേയത്തിലെ ചില പരാമർശങ്ങളെ എതിർക്കുന്നു. കേരളസഭയുടെ പൊതുവികാരമാണ് പ്രമേയത്തിലുള്ളത്. പ്രമേയം പാസാക്കിയത് ഏകകണ്ഠമായാണെന്നും രാജഗോപാൽ പറഞ്ഞു. നിയമസഭാ സമ്മേളനത്തിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

താൻ പ്രമേയത്തെ അനുകൂലിക്കുകയാണ് ചെയ്‌ത‌ത്. പ്രമേയത്തിൽ പറഞ്ഞിട്ടുള്ള ചില കാര്യങ്ങളിൽ അഭിപ്രായവ്യത്യാസം ഉണ്ട്. അത് ചൂണ്ടിക്കാണിച്ചു. എന്നാൽ സമഗ്രമായ പ്രമേയത്തെ പിന്തുണയ്ക്കുകയാണ് ചെയ്‌തത്. കേന്ദ്ര സർക്കാരിനെതിരായ സംസ്ഥാനത്തിന്റെ പ്രമേയത്തെ ബിജെപിക്കാരൻ ആയതുകൊണ്ട് എതിർക്കുന്നത് ശരിയല്ല. അതുകൊണ്ട് പ്രമേയത്തെ എതിർത്തില്ല. ഒന്നിച്ചു നിൽക്കണം എന്നതാണ് പൊതു അഭിപ്രായം. ആ നിലപാട് സ്വീകരിക്കുകയാണ് ചെയ്‌തത്. അത് ഡമോക്രാറ്റിക് സ്‌പിരിറ്റ് ആണ് എന്നതാണ് തന്റെ വ്യാഖ്യാനമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രനിയമങ്ങൾ പിൻവലിക്കണമെന്ന പ്രമേയത്തോട് യോജിക്കുന്നുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് തീർച്ചയായും, അതുകൊണ്ടാണല്ലോ വോട്ട് ചെയ്യാതിരുന്നത് എന്നായിരുന്നു രാജഗോപാലിന്റെ മറുപടി. കേന്ദ്രനിയമം പിൻവലിക്കണമെന്ന് ബിജെപി എംഎൽഎ ആവശ്യപ്പെടുന്നതിൽ ഒരു പ്രശ്നവുമുള്ളതായി തനിക്ക് തോന്നുന്നില്ലെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

Tuesday, December 22, 2020

സഭാസമ്മേളനത്തിന് അനുമതി നിഷേധിച്ചത് ഭരണഘടനാവിരുദ്ധം; ഗവര്‍ണര്‍ക്ക് വിവേചനാധികാരമില്ല: മുഖ്യമന്ത്രി

 പത്തനംതിട്ട > പ്രത്യേക നിയമസഭാസമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണറുടെ നടപടി ഭരണഘടനയ്ക്ക് നിരക്കാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ വ്യക്തമായ ഭൂരിപക്ഷമുള്ള സര്‍ക്കാരിന്റെ ശുപാര്‍ശ തള്ളിക്കളയാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. നിയമസഭ വിളിക്കുന്ന കാര്യത്തില്‍ ഗവര്‍ണര്‍ക്ക് വിവേചനാധികാരം ഇല്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുഖ്യമന്ത്രി കത്തയച്ചു.

സമ്മേളനം വിളിച്ച് ചേര്‍ക്കുന്നതിന് അടിയന്തര സാഹചര്യം ഇല്ല എന്ന ഗവര്‍ണറുടെ വാദം തെറ്റാണ്.  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം ഇന്നത്തെ നിലയിലേക്ക് വളര്‍ന്നത് അടുത്ത ദിവസങ്ങളിലാണ്.  ഭക്ഷ്യസാധനങ്ങള്‍ക്ക് മറ്റ്  സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിന് കര്‍ഷക സമൂഹവും കാര്‍ഷിക മേഖലയും നേരിടുന്ന പ്രശ്‌നങ്ങളില്‍ വലിയ ഉത്കണ്ഠയുണ്ട്.

മാത്രമല്ല, ഗവര്‍ണറുടെ നടപടി ഭരണഘടനയുടെ 174 (ഒന്ന് ) അനുഛേദത്തിന് വിരുദ്ധമാണ്.  സഭ വിളിക്കുന്നതിനോ സഭാ സമ്മേളനം അവസാനിപ്പിക്കുന്നതിനോ ഗവര്‍ണര്‍ക്ക് വിവേചനാധികാരം ഇല്ല.

രാഷ്ട്രപതിയും ഗവര്‍ണറും മന്ത്രിസഭയുടെ ഉപദേശപ്രകാരമാണ് പ്രവര്‍ത്തിക്കേണ്ടത്.  പഞ്ചാബ് സംസ്ഥാനവും ഷംസീര്‍ സിങും തമ്മിലുള്ള കേസില്‍ ( 1975 ) സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

നിയമസഭയില്‍ ഭൂരിപക്ഷമുള്ള സര്‍ക്കാര്‍ നിയമസഭ വിളിക്കാനോ പിരിയാനോ ശുപാര്‍ശ ചെയ്താല്‍ അത് അനുസരിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണെന്ന് സര്‍ക്കാരിയ കമ്മീഷനും (കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ കുറിച്ച് ശുപാര്‍ശ സമര്‍പ്പിച്ച കമ്മീഷന്‍ ) അടിവരയിട്ട് പറഞ്ഞിട്ടുണ്ട്. നിയമസഭ വിളിക്കുവാന്‍ മന്ത്രിസഭ ശുപാര്‍ശ ചെയ്താല്‍ അത് നിരസിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. കീഴ് വഴക്കങ്ങളും അതുതന്നെയാണെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി.

Monday, December 14, 2020

നടപടിയെല്ലാം സുതാര്യം - പി ശ്രീരാമകൃഷ്ണൻ എഴുതുന്നു

കേരള നിയമസഭയുടെ ഇ–-നിയമസഭാ പദ്ധതി സംബന്ധിച്ചും സഭയിലെ നിർമാണപ്രവൃത്തി, സഭാ ടിവി തുടങ്ങിയവ സംബന്ധിച്ചുമെല്ലാം പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല ചില ആരോപണങ്ങൾ ഉന്നയിക്കുകയുണ്ടായി. ഈ ആരോപണങ്ങളുടെയെല്ലാം നിജസ്ഥിതി കണക്കുകളും രേഖകളും ഹാജരാക്കിക്കൊണ്ടുതന്നെ വ്യക്തമാക്കുകയാണ്‌. ദേശീയ ഐടി നയത്തിന്റെ ഭാഗമായി 13–-ാം കേരള നിയമസഭയുടെ കാലഘട്ടത്തില്‍ത്തന്നെ നിയമസഭയുടെ നടപടിക്രമങ്ങളും നിയമസഭാ സെക്രട്ടറിയറ്റിന്റെ പ്രവര്‍ത്തനവും സമ്പൂര്‍ണമായി കംപ്യൂട്ടര്‍വല്‍ക്കരിക്കാന്‍ ശ്രമമാരംഭിച്ചിരുന്നു. കടലാസ് രഹിത ഇ–-നിയമസഭ എന്ന ആശയം പ്രാവര്‍ത്തികമാക്കുന്നതിനുള്ള നടപടികളായിരുന്നു.

2015ല്‍ പദ്ധതിക്ക് ഇ–-നിയമസഭാ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. അതിന്റെ തുടര്‍ച്ചയായി 2016 ഒക്‌ടോബറില്‍ സ്പീക്കറുടെ അധ്യക്ഷതയില്‍ യോഗം ചേർന്നു. 2017 ജൂണിൽ വീണ്ടും കൂടിയാലോചന നടത്തി. പദ്ധതി വിജയകരമായി നടപ്പാക്കിയ ഹിമാചല്‍ പ്രദേശ് ഇ വിധാന്‍സഭ നിയമസഭാ സെക്രട്ടറിയറ്റിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുകയും ചെയ്തു.

വിപുലമായ ഒരു സംവിധാനമാണ് കേരള നിയമസഭ. മുപ്പത്താറോളം നിയമസഭാ സമിതി, രാജ്യത്ത് ഏറ്റവും കൂടുതല്‍ സമ്മേളനം ചേരുന്ന സഭ, സബ്ജക്ട് കമ്മിറ്റികളുടെ ഇടപെടലുകള്‍ രാജ്യത്തിനുതന്നെ മാതൃകയായ രീതികള്‍ ഇങ്ങനെയുള്ള വൈവിധ്യങ്ങള്‍ നിറഞ്ഞ കേരള നിയമസഭയിൽ ഇത്തരമൊരു പദ്ധതി നടപ്പാക്കുമ്പോൾ വിദഗ്ധ പഠനവും പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കേണ്ടതുമുണ്ടെന്ന് ധാരണയായി. ഇതിന്റെ അടിസ്ഥാനത്തില്‍ ടോട്ടൽ സൊലൂഷൻ പ്രൊവൈഡറാ (ടിഎസ്‌പി)യി കഴിഞ്ഞ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ–-ഓപ്പറേറ്റീവ് സൊസൈറ്റിയെ വിദഗ്‌ധപഠനം നടത്താനും ഡിപിആർ തയ്യാറാക്കാനുമായി ചുമതലപ്പെടുത്തി. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ–-ഓപ്പറേറ്റീവ് സൊസൈറ്റിയെ ടിഎസ്‌പി  ആയി അംഗീകരിച്ച് ഉത്തരവിറക്കിയത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തായിരുന്നു.

ഇ നിയമസഭാ പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ച് എൻഐസിയുമായി ചര്‍ച്ച ചെയ്തിരുന്നെങ്കിലും സോഫ്റ്റ്‌വെയര്‍ ഡെവലപ്മെന്റ്‌ നിശ്ചിത സമയത്തിനകം പൂര്‍ത്തീകരിക്കാന്‍ കഴിയില്ലെന്നും അതിന് ദീര്‍ഘകാലമെടുക്കുമെന്നും മുഴുവന്‍ തുകയും മുന്‍കൂറായി ലഭിക്കേണ്ടതുണ്ടെന്നും അവര്‍ അറിയിച്ച സാഹചര്യത്തിലാണ് ഊരാളുങ്കലിനെ ഏല്‍പ്പിച്ചത്. 2019 ജനുവരിയിൽ പ്രോജക്ട്‌ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഐടി വിദഗ്ധര്‍ അടങ്ങുന്ന ടെക്നിക്കല്‍ കമ്മിറ്റി അംഗീകാരം നല്‍കി.

രൂപീകരിച്ച കമ്മിറ്റികള്‍

ഉന്നതതല സമിതി: മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിന് സ്പീക്കര്‍ അധ്യക്ഷനായി വിവിധ കക്ഷികളില്‍നിന്ന് നാമനിര്‍ദേശം ചെയ്ത സാമാജികർ ഉള്‍പ്പെടുന്ന  ഉന്നതതലസമിതി രൂപീകരിച്ചു. സ്റ്റിയറിങ്‌ കമ്മിറ്റി:  മേല്‍നോട്ടത്തിനായി നിയമസഭാ സെക്രട്ടറി ചെയര്‍മാനായ സ്റ്റിയറിങ്‌ കമ്മിറ്റി 2019- മെയ്‌ 30ന് രൂപീകരിച്ചു. ഐടി മിഷന്‍ ഡയറക്ടറെ നോഡല്‍ ഓഫീസറായി നിയോഗിക്കുകയും സ്റ്റിയറിങ്‌ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

ടെക്നിക്കല്‍ കമ്മിറ്റി: ഡിപിആർ പരിശോധിച്ച്  പദ്ധതി നടപ്പാക്കുന്നതിനായി  കേരള ഐടി മിഷനില്‍നിന്നുള്ള ഒരു പ്രതിനിധി ഉള്‍പ്പെടെയുള്ള  ടെക്നിക്കല്‍ കമ്മിറ്റി രൂപീകരിച്ചു. ഉപദേശക സമിതി: മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി നിയമസഭാ സെക്രട്ടറി ചെയര്‍മാനായ  ഉപദേശക സമിതി രൂപീകരിച്ചു.

ടെക്നിക്കല്‍ വെരിഫിക്കേഷന്‍ കമ്മിറ്റി: ഊരാളുങ്കൽ ലഭ്യമാക്കുന്ന വിവിധ കമ്പോണന്‍സിന്റെ സ്പെസിഫിക്കേഷന്‍ സാക്ഷ്യപ്പെടുത്തുന്നതിനും ഹാര്‍ഡ് വെയര്‍ പാര്‍ട്ടുകള്‍, ഇലക്ട്രിക്കല്‍ കേബിളുകള്‍/ഡിവൈസുകള്‍, എസി, മറ്റ് മെക്കാനിക്കല്‍ വര്‍ക്കുകള്‍, സിവില്‍ വര്‍ക്കുകള്‍ തുടങ്ങിയവയുടെ സ്പെസിഫിക്കേഷന്‍ ഡിപിആര്‍ പ്രകാരമാണോ എന്നും സമര്‍പ്പിക്കുന്ന ഇന്‍വോയിസ് പ്രകാരമുള്ള സാമഗ്രികളാണോ ലഭ്യമാക്കിയിട്ടുള്ളത് എന്നുമുള്ള കാര്യങ്ങള്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തുന്നതിന്‌ പിഡബ്ല്യുഡിയിലെ എക്സിക്യൂട്ടീവ് എൻജിനിയര്‍, അസി. എക്സിക്യൂട്ടീവ് എൻജിനിയര്‍ തലത്തിലുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി വെരിഫിക്കേഷന്‍ കമ്മിറ്റി രൂപീകരിച്ചു.

വിദഗ്ധ സമിതി: നിയമസഭാ സെക്രട്ടറിയറ്റിലെ വിവിധ വിഭാഗങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച് ആവശ്യമായ വിവരവും നിര്‍ദേശങ്ങളും നല്‍കുന്നതിനായി വിദഗ്ധസമിതി രൂപീകരിച്ചു.

മൊബിലൈസേഷന്‍ അഡ്വാന്‍സ്

സാധാരണയായി നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് പദ്ധതി നിർവഹണത്തുക നൂറു ശതമാനം മുന്‍കൂറായി നല്‍കുകയെന്ന രീതിയാണ് അവലംബിക്കുന്നത്‌.  കരാറില്‍ വ്യവസ്ഥ ചെയ്തിരുന്നതു പ്രകാരം മൊബിലൈസേഷന്‍ അഡ്വാന്‍സായി പ്രോജക്ട്‌ തുകയുടെ 30 ശതമാനം നല്‍കിയിട്ടുണ്ട്. ഇത് സ്പീക്കറുടെ പ്രത്യേക ഇടപെടലിന്റെ ഭാഗമായിട്ടല്ല. കരാറിന്റെ ഭാഗമാണ്. മൊബിലൈസേഷന്‍ അഡ്വാന്‍സ് നല്‍കുകയില്ലെന്ന് ടെൻഡറില്‍ വ്യവസ്ഥ ചെയ്യുകയും അതിന്റെ ഭാഗമായി ടെൻഡറില്‍ പങ്കെടുത്തവര്‍ക്ക് മൊബിലൈസേഷന്‍ അഡ്വാന്‍സ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ആക്ഷേപം.

ഇബ്രാഹിം കുഞ്ഞുമായി ഇക്കാര്യം താരതമ്യം ചെയ്യുന്നത് വസ്തുതാവിരുദ്ധമാണ്. പദ്ധതി സംബന്ധിച്ച് എൻഐസിയുമായി ചര്‍ച്ച ചെയ്തിരുന്നെങ്കിലും സോഫ്റ്റ്‌വെയര്‍ ഡെവലപ്മെന്റ്‌ നിശ്ചിത സമയത്തിനകം പൂര്‍ത്തീകരിക്കാന്‍ കഴിയില്ലെന്നും മുഴുവന്‍ തുകയും മുന്‍കൂറായി ലഭിക്കേണ്ടതുണ്ടെന്നും അവര്‍ അറിയിച്ച സാഹചര്യത്തിലാണ് എൻഐസിയെ ഒഴിവാക്കാന്‍ തീരുമാനിച്ചത്.

ആര്‍ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ച് നവീകരണം

ലോക കേരളസഭയുടെ ഒന്നാം സമ്മേളനത്തോട്‌ അനുബന്ധിച്ച് ആര്‍ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ ലോഞ്ചിനോട്‌ അനുബന്ധിച്ചുള്ള ടോയ്‌ലെറ്റ്, വാഷ് റൂം പ്രവൃത്തികള്‍ക്കായി ഏകദേശം 52 ലക്ഷം രൂപയാണ് ചെലവഴിച്ചത്. ആദ്യത്തെ  കസേരകള്‍ തന്നെയാണ് രണ്ടാംഘട്ട നവീകരണത്തിലും ഉപയോഗിച്ചിട്ടുള്ളത്. കസേരയുടെ മാത്രം വില  1,31,53,181 രൂപയും പ്രവൃത്തി തുക 51,78,834 യും ആകെ  1,83,32,015 യുമാണ്‌ ചെലവ്‌.

2020 ജനുവരിയില്‍ നടന്ന രണ്ടാം സമ്മേളനത്തിനു മുന്നോടിയായി ലോഞ്ചിന്റെ നവീകരണം പൂര്‍ണമായും നടപ്പാക്കുന്നതിനായി 16 കോടി 65 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കി. 10 കോടി 99 ലക്ഷത്തി അമ്പത്തി മൂവായിരത്തി മുന്നൂറ് രൂപയുടെ സാങ്കേതികാനുമതി നല്‍കി. അന്തിമ ബില്‍ത്തുക ഒമ്പതു കോടി പതിനേഴ് ലക്ഷത്തി മുപ്പത്തെണ്ണായിരത്തി ഇരുന്നൂറ്റി തൊണ്ണൂറ്റിയേഴു രൂപ  മാത്രമാണ്.  ഈ രീതിയിലാണ്  ഊരാളുങ്കൽ ഏറ്റെടുക്കുന്ന ജോലികളുടെ അനുഭവം. എസ്റ്റിമേറ്റില്‍ ഉള്ളതിനേക്കാള്‍ കുറഞ്ഞ തുകയ്ക്കാണ് പ്രവൃത്തി പൂര്‍ത്തിയാക്കുന്നത്.

സഭാ ടിവി

ബഹുമുഖമായ മാധ്യമ ഇടപെടൽ നടത്തുന്നതിനും സഭാ നടപടികളുമായും  പ്രവര്‍ത്തനങ്ങളുമായും ബന്ധപ്പെട്ട വിവിധ പരിപാടികള്‍ ടെലിവിഷന്‍ ചാനലുകളില്‍ സംപ്രേഷണം ചെയ്യുന്നതിനും ഓണ്‍ലൈന്‍ സ്ട്രീമിങ്‌ നടത്തുന്നതിനുമായാണ് സഭാ ടിവി  എന്ന സംരംഭത്തിന് തുടക്കംകുറിച്ചത്. പദ്ധതിയുടെ മീഡിയ കണ്‍സള്‍ട്ടന്റായി പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണനെയാണ് നിയോഗിച്ചിരിക്കുന്നത്. സൗജന്യമായാണ് അദ്ദേഹം ഈ ഉത്തരവാദിത്തം നിർവഹിക്കുന്നത്.

മേല്‍നോട്ടം വഹിക്കുന്നതിനായി ഭരണ–-പ്രതിപക്ഷ വിഭാഗത്തില്‍പ്പെട്ട 16 അംഗങ്ങള്‍ അടങ്ങുന്ന ഉന്നതതല സമിതിയും  ഏഴ്‌ അംഗങ്ങള്‍ ഉള്‍പ്പെടുന്ന കണ്ടന്റ്‌ ഡെവലപ്മെന്റ്‌ കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നു. വകയിരുത്തിയിട്ടുള്ള തുക വ്യവസ്ഥാപിതമായ രീതിയില്‍ മാത്രമാണ് ചെലവഴിക്കുന്നത്. എല്ലാ ചെലവും സിഎജിയുടെ ഓഡിറ്റിന് വിധേയമാക്കുന്നുണ്ട്. സാങ്കേതിക ജോലികള്‍ക്കായി സ്ഥിരംനിയമനം നടത്തിയിട്ടില്ല. താല്‍ക്കാലികമായി അഞ്ചു പേരെ നിയോഗിച്ചിട്ടുണ്ട്. വിവിധ രാഷ്ട്രീയ കക്ഷികളില്‍പ്പെട്ട അംഗങ്ങളുമായും മുന്‍ നേതാക്കളുമായും ബന്ധപ്പെട്ട വളരെ ഉന്നത നിലവാരം പുലര്‍ത്തുന്ന വ്യത്യസ്തങ്ങളായ പരിപാടികളാണ് സഭാ ടിവിയിലൂടെ പുറത്തുവരുന്നത്. നല്ല പ്രതികരണമാണ് പൊതുസമൂഹത്തില്‍നിന്നും ലഭിക്കുന്നത്.

ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി

രാഷ്ട്രപതി ഉദ്ഘാടനം നിര്‍വഹിക്കുകയും സംസ്ഥാനത്തെ എല്ലാ നിയമസഭാ അംഗങ്ങളും സജീവമായി പങ്കെടുക്കുകയും ചെയ്ത ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസിയുടെ ചെലവുകള്‍ക്കായി 2018–-19 സാമ്പത്തിക വര്‍ഷം ബജറ്റ് വിഹിതമായി മൂന്നു കോടി രൂപ അനുവദിച്ചിരുന്നു. ഇതുവരെയുള്ള ആകെ ചെലവ് രണ്ടു കോടി എണ്‍പത്തഞ്ച് ലക്ഷത്തി മുപ്പത്തിനാലായിരത്തി ഒരുനൂറ്റി പതിനൊന്ന് രൂപയാണ്. കൂടാതെ സ്പോണ്‍സര്‍ഷിപ്പായി 33 ലക്ഷത്തോളം രൂപയും ലഭിച്ചിട്ടുണ്ട്. ദേശീയ വിദ്യാര്‍ഥി പാര്‍ലമെന്റില്‍ പങ്കെടുത്ത രണ്ടായിരത്തോളം കുട്ടികളില്‍നിന്ന്‌ 250 രൂപ വീതം രജിസ്ട്രേഷന്‍ ഫീസ് ഇനത്തില്‍ ലഭിച്ചിട്ടുണ്ട് (ഏകദേശം അഞ്ചു ലക്ഷം രൂപ).  സാങ്കേതിക ജോലികള്‍ നിര്‍വഹിക്കുന്നതിനായി കരാറടിസ്ഥാനത്തില്‍ അഞ്ചുപേരെ നിയോഗിച്ചിരുന്നു. മൂന്നു പേരെ ഒഴിവാക്കിയിട്ടുണ്ട്. എഡിറ്റോറിയല്‍ അസിസ്റ്റന്റായി രണ്ടുപേര്‍  പ്രവര്‍ത്തിക്കുന്നു.

നിയമസഭാ മ്യൂസിയം

മ്യൂസിയത്തിന്റെ വിപുലീകരണത്തിനായി പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത മന്ദിരത്തിലാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കുട്ടികളുടെ ലൈബ്രറി സജ്ജീകരിച്ചത്. യാത്രാസൗകര്യം, സ്ഥലപരിമിതി, നിയമസഭാ മന്ദിരത്തിന്റെ സുരക്ഷാക്രമീകരണം എന്നിവ പരിഗണിക്കുമ്പോള്‍ ഈ സ്ഥലം കുട്ടികളുടെ ലൈബ്രറിക്ക് ഒട്ടും യോജിച്ചതായിട്ടില്ല. നിയമസഭാ ലൈബ്രറി പ്രവര്‍ത്തിക്കുന്ന മന്ദിരത്തിലെ പ്രധാന കെട്ടിടത്തിലാണ് കുട്ടികളുടെ ലൈബ്രറി സജ്ജീകരിച്ചിട്ടുള്ളത്. മ്യൂസിയം മന്ദിരത്തില്‍ സജ്ജീകരിച്ച അടിസ്ഥാനസൗകര്യമൊന്നും ഇളക്കിമാറ്റുകയോ പൊളിച്ചുകളയുകയോ ചെയ്തിട്ടില്ല.

ഇ എം എസ് സ്മൃതി തയ്യാറാക്കാന്‍ തീരുമാനിച്ചപ്പോള്‍ പാര്‍ലമെന്റ്‌ മ്യൂസിയത്തെയാണ് സമീപിച്ചത്. ഈ തീരുമാനവും ഭരണ–- പ്രതിപക്ഷ അംഗങ്ങള്‍ ഉള്‍പ്പെടുന്ന മ്യൂസിയം ഉപദേശകസമിതിയുടെ അംഗീകാരത്തോടെയാണ് കൈക്കൊണ്ടത്. എന്നാല്‍, പാര്‍ലമെന്റ്‌ മ്യൂസിയത്തില്‍ ഇതിനായി ചുമതലപ്പെടുത്തിയ  ഉദ്യോഗസ്ഥർ സമര്‍പ്പിച്ച ഡിപിആർ അംഗീകരിക്കാവുന്ന നിലവാരത്തിലായിരുന്നില്ല. അവർ പുതുക്കിത്തന്ന ഡിപിആറും പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നതായിരുന്നില്ല.

ഇ എം എസ് സ്മൃതി തയ്യാറാക്കാന്‍ ഈ ഘട്ടത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ താല്‍പ്പര്യം അറിയിച്ചിരുന്നു. ഇത് അദ്ദേഹം സ്വന്തം നിലയ്ക്ക് തയ്യാറാക്കി നല്‍കിയതാണ്. ഈ പ്രൊപ്പോസലിന്മേല്‍ തുകയൊന്നും ചെലവഴിച്ചിട്ടില്ല. കേരള സര്‍ക്കാരിന്റെ അംഗീകൃത ഏജന്‍സിയായ കേരളാ മ്യൂസിയത്തെയാണ് ഈ പ്രവൃത്തി ഏല്‍പ്പിച്ചിരിക്കുന്നത്. ഇതിന്റെ ഡിപിആർ തയ്യാറാക്കി വരുന്നതേയുള്ളൂ.

പി ശ്രീരാമകൃഷ്ണൻ

Monday, November 23, 2020

കിഫ്‌ബിക്കെതിരെ ഇഡി: സ്പീക്കര്‍ക്ക് എം സ്വരാജ് പരാതി നല്‍കി

നിയമസഭയുടെ മേശപ്പുറത്ത് വയ്‌ക്കാത്ത സിഎജി റിപ്പോര്‍ട്ടില്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റിന്റെ അന്വേഷണം സഭയുടെ അവകാശലംഘനമാണെന്നു കാണിച്ച് എം സ്വരാജ് എംഎല്‍എ സ്പീക്കര്‍ക്ക് പരാതി നല്‍കി. സഭയില്‍ വ‌യ്‌ക്കാത്ത റിപ്പോര്‍ട്ടില്‍ പരിശോധന നടത്തി ഇഡി നടപടിയിലേക്ക് കടക്കുന്നത് നിയമസഭയുടെ അവകാശങ്ങളിലുള്ള കടന്നുകയറ്റമാണെന്നു ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയതെന്ന് എം സ്വരാജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സിഎജി റിപ്പോര്‍ട്ടിലെ ചില പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ ഇഡി അന്വേഷണം ആരംഭിച്ചുവെന്നാണ് വാര്‍ത്തകള്‍. ഇഡിയിലെ ഒരാള്‍ അയച്ചുവെന്ന് പ്രചരിപ്പിക്കുന്ന വാട്സാപ് സന്ദേശവും പുറത്തുവന്നിട്ടുണ്ട്. റിപ്പോര്‍ട്ട് പരിശോധിക്കേണ്ടത് നിയമസഭയിലെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയാണ്. ന്യായീകരിക്കാനാവാത്ത രാഷ്ട്രീയ ദാസ്യവേലയാണ് എല്ലാ പരിധിയും ലംഘിച്ച് ഇഡി ചെയ്യുന്നതെന്നും സ്വരാജ് പറഞ്ഞു.

ധനമന്ത്രി സംസ്ഥാന താല്‍പ്പര്യം ഉയര്‍ത്തിപ്പിടിക്കുകയാണ് ചെയ്തത്. അസാധാരണ സാഹചര്യത്തിലാണ് മന്ത്രി അത്തരം നടപടി എടുത്തത്. ദേശീയ അന്വേഷണ ഏജന്‍സികള്‍ എല്ലാ അതിര്‍വരമ്പുകളും ലംഘിക്കുകയാണ്. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ പകപോക്കലുകള്‍ നടത്തുന്നതായും എം സ്വരാജ് പറഞ്ഞു.

Sunday, August 16, 2020

രാജ്യത്ത്‌ നിയമസഭക്കായി സഭാ ടിവി തുടങ്ങുന്ന ആദ്യ സംസ്ഥാനമായി കേരളം; ഉദ്‌ഘാടനം 17ന്‌

 തിരുവനന്തപുരം > നിയമസഭയുടെ ‘സഭാ ടിവി’ ഉദ്‌ഘാടനം തിങ്കളാഴ്‌ച പകൽ 12ന്‌ ലോക്‌സഭാ സ്‌പീക്കർ ഓം ബിർള ഓൺലൈനിൽ നിർവഹിക്കുമെന്ന്‌ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല, ഡെപ്യൂട്ടി സ്‌പീക്കർ വി ശശി തുടങ്ങിയവരും ഓൺലൈനിൽ പങ്കെടുക്കും. രാജ്യത്ത്‌ ആദ്യമായാണ്‌  നിയമസഭക്കായി സഭാ ടിവി തുടങ്ങുന്നത്‌.  സ്വന്തമായി ഒടിടി പ്ലാറ്റ്‌ഫോം താമസിയാതെ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു

വിവിധ ചാനലുകളിൽ സമയം വിലയ്‌ക്ക്‌ വാങ്ങിയാണ്‌ സഭാ ടിവി തയ്യാറാക്കുന്ന എപ്പിസോഡുകളുടെ സംപ്രേഷണം. നിയമസഭയുടെ പ്രവർത്തനം വിശദമാക്കുന്ന സഭയും സമൂഹവും, ബില്ലിന്റെ രൂപീകരണത്തിന്റെ വിവിധ ഘട്ടങ്ങൾ വിശദീകരിക്കുന്ന കേരള ഡയലോഗ്‌, പ്രമുഖരുടെ അഭിമുഖം ഉൾപ്പെടുത്തിയ സെൻട്രൽ ഹാൾ, നിയമസഭാ മണ്ഡലങ്ങളെക്കുറിച്ചുള്ള നാട്ടുവഴി എന്നിങ്ങനെ നാല്‌ വിഭാഗമായണ്‌ എപ്പിസോഡുകൾ. 90 എണ്ണംവരെ തയ്യാറാണ്‌. ആഴ്‌ചയിൽ രണ്ട്‌ എപ്പിസോഡുണ്ടാവും. ഒടിടി പ്ലാറ്റ്‌ ഫോം ഉള്ള ആദ്യ നിയമസഭയും കേരളത്തിന്റേതാകും. ഭാവിയിൽ സാമൂഹ്യ പ്രാധാന്യമുള്ള സിനിമകൾ ഇതുവഴി റിലീസ്‌ ചെയ്യുന്നതും‌ ആലോചിക്കും.

ഇ നിയമസഭ യാഥാർഥ്യമാകും

ഇ -നിയമസഭ അടുത്ത സഭാസമ്മേളനത്തോടെ  പൂർണമായി യാഥാർഥ്യമാകും.   20 എംഎൽഎമാരെ ഉൾപ്പെടുത്തി പൈലറ്റ്‌ പദ്ധതി ആരംഭിക്കും. മികച്ച രണ്ട്‌ എംഎൽഎമാർക്ക്‌ പുരസ്‌കാരം നൽകും. മണ്ഡലങ്ങളിൽ ഇ സാക്ഷരതാ പദ്ധതി തുടങ്ങും. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടം, സ്‌പീക്കറുടെ മണ്ഡലമായ പൊന്നാനി, പ്രതിപക്ഷ നേതാവിന്റെ മണ്ഡലമായ ഹരിപ്പാട്‌ എന്നിവിടങ്ങളിൽ കൈറ്റിന്റെ സഹായത്തോടെ മാതൃകാപദ്ധതി നടപ്പാക്കുമെന്നും സ്‌പീക്കർ പറഞ്ഞു.

Monday, February 3, 2014

ജമീല പ്രകാശത്തെ മന്ത്രി ബാബു അധിക്ഷേപിച്ചു; സഭയില്‍ ബഹളം

വിഴിഞ്ഞം പദ്ധതിയിലെ ആശങ്കകള്‍ പരിഹരിക്കണ മെന്നാവശ്യപ്പെട്ട്  നിയമസഭയില്‍ നോട്ടീസ്  നല്‍കിയ ജമീല പ്രകാശം എംഎല്‍എയെ  മന്ത്രി കെ ബാബു അധിക്ഷേപിച്ചു. പദ്ധതികള്‍ തുരങ്കം വെക്കാനായി ഇത്തരത്തില്‍ എംഎല്‍എമാരെ കയരൂരി വിടാതിരിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ നോക്കണമെന്നായിരുന്നു മന്ത്രി ബാബുവിന്റെ പ്രതികരണം. ഇതേ തുടര്‍ന്ന് സഭയില്‍ ബഹളമുയര്‍ന്നു. തുടര്‍ന്ന് സ്പീക്കര്‍ ഇടപ്പെടുകയും മോശം വാക്കിനെതിരെ മന്ത്രി മാപ്പുപറയണമെന്നും ആവശ്യപ്പെട്ടു.

വിഴിഞ്ഞം പദ്ധതി പിപിപി മോഡലില്‍ നടപ്പാക്കുന്നതില്‍ നാട്ടുകാര്‍ക്ക് വലിയ ആശങ്കയുണ്ടെന്നും 6000 കോടിയുടെ ടെണ്ടര്‍ നടപടികള്‍ സുതാര്യമാണോയെന്നും നോട്ടീസ് നല്‍കിയ ജമീല പ്രകാശം എംഎല്‍എ ചോദിച്ചിരുന്നു. എന്നാല്‍ നാട്ടുകാര്‍ക്ക് ആശങ്കയൊന്നും ഇല്ലെന്നും ശരിയായ ദിശാബോധത്തിലാണ് പദ്ധതിയെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. ഇത്തരത്തില്‍ ആശങ്കയുണ്ടാക്കി സമരം നടത്തുന്നവരുടെ കൂടെ കുട്ടുകൂടാതെ അത്തരക്കാരെ പിന്തിരിപ്പിക്കാനാണ് എംഎല്‍എമാര്‍ ചെയ്യേണ്ടതെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് അടിയന്തരപ്രമേയത്തിനുള്ള അനുമതി സ്പീക്കര്‍ നിഷേധിച്ചു.തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു. അതേസമയം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ കുറ്റവാളികള്‍ക്ക് ക്രൂര മര്‍ദ്ദനമേറ്റ സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സബ്മിഷന്‍ ഉന്നയിച്ചു. കെ രാധാകൃഷ്ണന്‍ എംഎല്‍എയാണ് സബ്മിഷന്‍ ഉന്നയിച്ചത്.ശൂന്യവേളയില്‍ സബ്മിഷന്‍ ചര്‍ച്ചചെയ്തേക്കും.

deshabhimani

Friday, January 31, 2014

മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു

ദേശീയ ഹരിത ട്രിബ്യൂണല്‍ മുമ്പാകെ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം സ്വീകരിച്ച നിലപാട് സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു. പരിസ്ഥിതിലോല പ്രദേശങ്ങളുടെ കാര്യത്തില്‍ വനം-പരിസ്ഥിതി മന്ത്രാലയം കേവല പരാമര്‍ശമാണ് നടത്തിയതെന്നാണ് മുഖ്യമന്ത്രി സഭയില്‍ വിശദീകരിച്ചത്. എന്നാല്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ 123 വില്ലേജ് പരിസ്ഥിതിലോലമായി പ്രഖ്യാപിച്ച് 2013 നവംബര്‍ 13ന് പുറപ്പെടുവിച്ച ഉത്തരവ് നിലനില്‍ക്കുന്നതായി വനം-പരിസ്ഥിതി മന്ത്രാലയം ഹരിത ട്രിബ്യൂണല്‍ മുമ്പാകെ ജനുവരി 28ന് വ്യക്തമായി അറിയിച്ചു. ട്രിബൂണലിന്റെ അന്നത്തെ ഉത്തരവില്‍ ഇക്കാര്യം സംശയാതീതമായി എടുത്തുപറയുന്നുണ്ട്.

ജസ്റ്റിസ് സ്വതന്തര്‍കുമാര്‍ അധ്യക്ഷനായ ഹരിത ട്രിബ്യൂണല്‍ ജനുവരി 28ന് പുറപ്പെടുവിച്ച ഉത്തരവിലെ വാചകം ഇങ്ങനെ: ""2013 നവംബര്‍ 13ന് ഇറക്കിയ ഉത്തരവും അതിലെ നിര്‍ദേശങ്ങളും നിലനില്‍ക്കുന്നതായാണ് വനം-പരിസ്ഥിതി മന്ത്രാലയത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ വിശദീകരിച്ചതെന്ന് മനസിലാക്കുന്നു"". ഡിസംബര്‍ 20ന്റെ ഓഫീസ് മെമ്മോറാണ്ടത്തോടെ നവംബര്‍ 13ന്റെ ഉത്തരവ് അപ്രസക്തമായെന്ന് ട്രിബ്യൂണല്‍ മുമ്പാകെ ഹര്‍ജിക്കാരായ ഗോവ ഫൗണ്ടേഷന്റെ അഭിഭാഷകന്‍ വാദിച്ചപ്പോഴാണ് കേന്ദ്രം നിലപാട് ആവര്‍ത്തിച്ചത്. 20ന്റെ മെമ്മോറാണ്ടം ആഭ്യന്തര നടപടിമാത്രമാണെന്നും മന്ത്രാലയത്തിനുവേണ്ടി ഹാജരായ നീലം റാത്തോഡ് അറിയിച്ചു. ഇതെല്ലാം മറച്ചുവച്ചാണ് മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചത്. താന്‍ വനം-പരിസ്ഥിതി മന്ത്രി വീരപ്പമൊയ്ലിയുമായി ബന്ധപ്പെട്ടുവെന്നും കേരളത്തിന്റെ അഭിപ്രായവും ആരാഞ്ഞശേഷമേ ഹരിതട്രിബ്യൂണലില്‍ സ്വീകരിക്കേണ്ട നിലപാട് തീരുമാനിക്കൂ എന്ന് മൊയ്ലി ഉറപ്പുനല്‍കിയതായും ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. പ്രതിപക്ഷം വിഷയം സഭയില്‍ ഉയര്‍ത്തിയപ്പോഴാണ് ആശങ്കയ്ക്ക് വകയില്ലെന്നും കേന്ദ്രത്തിന്റെ അഭിഭാഷകന്‍ പരാമര്‍ശം മാത്രമാണ് നടത്തിയതെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടത്.

സാജന്‍ എവുജിന്‍

Tuesday, January 28, 2014

കേരളം തട്ടിപ്പുകാരുടെ താവളം

കേരളം തട്ടിപ്പുകാരുടെ താവളമായി മാറിയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍. സാമ്പത്തികത്തട്ടിപ്പുകളില്‍ കേരളം രാജ്യത്ത് രണ്ടാംസ്ഥാനത്ത് എത്തിയതായി ചെന്നിത്തല നിയമസഭയെ രേഖാമൂലം അറിയിച്ചു. ദേശീയ ക്രൈംറെക്കോഡ്സ് ബ്യൂറോയുടെ കണക്ക് ഉദ്ധരിച്ചാണ് വെളിപ്പെടുത്തല്‍. ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്ത കാലത്തെ കണക്കാണ് ചെന്നിത്തല നിയമസഭയില്‍ വച്ചത്. 880.24 കോടി രൂപയാണ് ഈ തട്ടിപ്പുകളിലൂടെ നഷ്ടമായത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 6506 സാമ്പത്തികത്തട്ടിപ്പ് കേസ് രജിസ്റ്റര്‍ചെയ്തു.

കൂടുതല്‍ കേസ് എറണാകുളം ജില്ലയിലാണ്-1720. രണ്ടാംസ്ഥാനത്ത് തൃശൂരാണ്-1298. കുറവ് ഇടുക്കിയില്‍-മൂന്ന് കേസ്. തലസ്ഥാനജില്ലയില്‍- 423, കൊല്ലം- 489, പത്തനംതിട്ട- 400, ആലപ്പുഴ- 345, കോട്ടയം- 233, പാലക്കാട്- 195, മലപ്പുറം- 343, കോഴിക്കോട്- 366, വയനാട്- 389, കണ്ണൂര്‍- 255, കാസര്‍കോട്- 108 സോളാര്‍ വൈദ്യുതിയുമായി ബന്ധപ്പെട്ട് 22 തട്ടിപ്പുകേസുണ്ട്. ബ്ലേഡ് മാഫിയ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 73 പരാതി ലഭിച്ചു.

ബ്ലേഡ് മാഫിയകള്‍ക്കെതിരെ കഴിഞ്ഞവര്‍ഷം 843 കേസുണ്ട്. രണ്ടരവര്‍ഷത്തിനിടെ 928 കൊലപാതകമുണ്ടായി. 35,243 സ്ത്രീപീഡനവും 2950 ബലാത്സംഗവും രജിസ്റ്റര്‍ചെയ്തു. 1376 പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടു. പട്ടികജാതി- വര്‍ഗക്കാര്‍ക്കുനേരെ 2394 അതിക്രമമുണ്ടായി. തലസ്ഥാനജില്ലയാണ് ഇതില്‍ മുന്നില്‍- 233 കേസ്. കൊല്ലം- 229, എറണാകുളം- 215 എന്നിവയാണ് തൊട്ടടുത്ത്. 6863 മോഷണക്കേസും 496 കവര്‍ച്ചക്കേസും രജിസ്റ്റര്‍ചെയ്തു. 834 ക്ഷേത്ര- ദേവാലയ കവര്‍ച്ചകള്‍ പരാതിയായെത്തി. മോഷ്ടാക്കളുടെ ആക്രമണത്തില്‍ 43 പേര്‍ കൊല്ലപ്പെട്ടു. 39 പേര്‍ക്ക് പരിക്കേറ്റു. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ പട്ടികയില്‍ 4158 കേസുണ്ട്. 13,31,635 കുറ്റകൃത്യം രജിസ്റ്റര്‍ചെയ്തു. കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി, ഇ പി ജയരാജന്‍, കെ രാധാകൃഷ്ണന്‍, കെ സുരേഷ്കുറുപ്പ്, എ പ്രദീപ്കുമാര്‍, സാജുപോള്‍, കെ കുഞ്ഞമ്മദ് എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ആഭ്യന്തരമന്ത്രി ഈ കാര്യങ്ങള്‍ അറിയിച്ചത്. പൊലീസ് സേനയിലെ 850 പേര്‍ ക്രിമിനല്‍ കേസില്‍ പ്രതികളാണെന്ന് ബാബു എം പാലിശേരിക്ക് മറുപടി ലഭിച്ചു.

ദേശാഭിമാനി

Wednesday, January 22, 2014

സ്വയം പിരിച്ചുവിടേണ്ട പാര്‍ടി

മുസ്ലിംലീഗ് പിരിച്ചുവിട്ട് അതിലുള്ളവരെല്ലാം മറ്റു മതേതര പാര്‍ടികളില്‍ ചേരേണ്ടതിന്റെ കാലികപ്രസക്തി കാര്യകാരണസഹിതമാണ് എ കെ ബാലന്‍ വിശദീകരിച്ചത്. ആര്‍എസ്എസിന്റെ വളര്‍ച്ചയ്ക്ക് വളക്കൂറായത് ലീഗാണ്. തീവ്രവാദത്തെ കൈമെയ് മറന്ന് പ്രോത്സാഹിപ്പിച്ചെങ്കിലും ഭസ്മാസുരന് വരംകൊടുത്ത മട്ടിലായി. ലീഗ് വിചാരിച്ചാലും അവരെ തടയാന്‍ കഴിയില്ലെന്നതാണ് യാഥാര്‍ഥ്യം. സമുദായത്തിന്റെ കുത്തകാവകാശവും തള്ളി. മുസ്ലിങ്ങള്‍ക്ക് എന്തെങ്കിലും ഗുണമുണ്ടായത് കമ്യൂണിസ്റ്റ് സര്‍ക്കാരുകളുടെ കാലത്താണെന്നതിന് ഉദാഹരണങ്ങളേറെ...

ഈയൊരു ചുറ്റുപാടില്‍ മതേതര സങ്കല്‍പ്പത്തിന് ശക്തിപകരാന്‍ സ്വയം പിരിഞ്ഞ് മറ്റുപാര്‍ടികളില്‍ അഭയംതേടുകയാണ് ലീഗുകാര്‍ക്ക് മുമ്പിലുള്ള ഏകമാര്‍ഗമെന്ന് ബാലന്‍ തീര്‍ച്ചയാക്കി. ലീഗുകാരെല്ലാം ഇടതുപക്ഷത്തേക്ക് വരണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമില്ല. ഇഷ്ടമുള്ള പാര്‍ടികളില്‍ ചേര്‍ന്നോളൂ. ഇടതുപക്ഷത്തായാല്‍ കുറെ ഗുണം കിട്ടും. ഒരു ബുദ്ധിമുട്ടും ഉണ്ടാകുകയുമില്ല. "ഇമാനോട്" (വിശ്വാസദാര്‍ഢ്യം) കൂടിത്തന്നെ പ്രവര്‍ത്തിക്കുകയുമാകാം. ന്യൂനപക്ഷ കമീഷന്‍ ബില്ലിന്റെ ചര്‍ച്ചയിലാണ് ബാലന്‍ തന്റെ നിര്‍ദേശം മുന്നോട്ടുവച്ചത്. കമീഷന്‍ വന്നതുകൊണ്ടൊന്നും ന്യൂനപക്ഷങ്ങള്‍ക്ക് ഒരു ഗുണവും ഉണ്ടാകാന്‍ പോകുന്നില്ലെന്ന ഉറച്ച വിശ്വാസക്കാരനാണ് അദ്ദേഹം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയ പാലോളി കമീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ ബാലന്‍ അക്കമിട്ട് നിരത്തി. ഭൂപരിഷ്കരണ നിയമം, മലപ്പുറം ജില്ലാ രൂപീകരണം, ഹജ്ജ് ഹൗസ്, മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകം, മുസ്ലിം പെണ്‍കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്..... നീണ്ട പട്ടികതന്നെ അദ്ദേഹത്തിന്റെ പക്കലുണ്ട്. ഇനി കമ്യൂണിസ്റ്റ് ചൈനയിലേക്ക് പോയാലോ. പണ്ട് അബ്ദുറഹ്മാന്‍ രണ്ടത്താണിയോടൊപ്പം നടത്തിയ യാത്ര മായാതെ നില്‍പ്പുണ്ട്. പക്ഷേ, ഒന്നും രണ്ടുമല്ല, അഞ്ചുനേരമാണ് രണ്ടത്താണി നിസ്കരിച്ചത്. ഖുറാന്‍ വില്ലേജ്, വനിതാ ഇമാം, പാകിസ്ഥാനില്‍ പോയി ഇസ്ലാം പഠിക്കാന്‍ സ്കോളര്‍ഷിപ്.... രണ്ടത്താണിക്ക് ചൈനയെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറിയെന്നാണ് ബാലന്റെ പക്ഷം. മലപ്പുറം ജില്ല രൂപീകരിച്ചതിനെ എതിര്‍ത്ത് സത്യഗ്രഹം നടത്തിയ ചിലര്‍ അപ്പുറത്തുണ്ടെന്ന് ഓര്‍മിപ്പിക്കാനും അദ്ദേഹം മറന്നില്ല. കെ ടി ജലീല്‍ ഒരു പടികൂടി കടന്ന് ലീഗുകാരെ വെല്ലുവിളിക്കാന്‍ തയ്യാറായി. മലപ്പുറം ജില്ല രൂപീകരണത്തെ കോണ്‍ഗ്രസുകാര്‍ അനുകൂലിച്ചുവെന്ന് പറയാന്‍ ധൈര്യമുള്ള ലീഗുകാര്‍ ആരെങ്കിലുമുണ്ടോയെന്നായിരുന്നു ജലീലിന്റെ വെല്ലുവിളി. ഇ എം എസ് സര്‍ക്കാര്‍ മലപ്പുറം ജില്ല രൂപീകരിക്കാന്‍ തീരുമാനിച്ചപ്പോള്‍ താനൂര്‍ കടപ്പുറത്ത് പാകിസ്ഥാന്‍ പടക്കപ്പല്‍ വരുമെന്ന് പറഞ്ഞ് പ്രക്ഷോഭം നടത്തിയവരാണ് കോണ്‍ഗ്രസുകാരെന്ന് ജലീല്‍ ചൂണ്ടിക്കാട്ടി. മലപ്പുറം ജില്ലയെ കോണ്‍ഗ്രസ് അനുകൂലിച്ചൂവെന്ന് ഒരാള്‍ പറഞ്ഞാല്‍ മതിയെന്ന് ജലീല്‍ ആവര്‍ത്തിച്ചെങ്കിലും ലീഗുകാര്‍ ഏറ്റുപിടിക്കാന്‍ മടിച്ചു. തീരെ വശംകെട്ടപ്പോള്‍ കെ എന്‍ എ ഖാദര്‍ എന്തുംവരട്ടെയെന്ന് കരുതി മുന്നോട്ടുവന്നു. കോണ്‍ഗ്രസിന്റെ ദേശീയ-സംസ്ഥാന നേതൃത്വം മലപ്പുറം ജില്ലയെ എതിര്‍ത്തില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. മലപ്പുറം ജില്ലയുടെ പേരിലുള്ള വര്‍ഗീയവല്‍ക്കരണത്തെയാണ് തങ്ങള്‍ എതിര്‍ത്തതെന്നായിരുന്നു ബെന്നി ബഹനാന്റെ ന്യായം. ഇ എം എസിന്റെ നെഞ്ചുറപ്പും ചങ്കൂറ്റവും കൊണ്ടുമാത്രമാണ് മലപ്പുറം ജില്ല യാഥാര്‍ഥ്യമായതെന്ന് കെ ടി ജലീല്‍. ഉമ്മാക്കി കാണിച്ചാല്‍ എടുത്ത തീരുമാനം പിന്‍വലിക്കുന്നവരല്ല കമ്യൂണിസ്റ്റുകാരെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ഇക്കാര്യം തന്നേക്കാള്‍ കുടുതല്‍ നന്നായി ബില്ല് അവതരിപ്പിച്ച മന്ത്രി മഞ്ഞളാംകുഴി അലിക്ക് ബോധ്യമുണ്ടെന്നും ജലീല്‍ വ്യക്തമാക്കി. മതത്തിന്റെയും വിശ്വാസത്തിന്റെയും കണ്ണടയിലൂടെയുള്ള വിലയിരുത്തലിനെയും ജലീല്‍ വിമര്‍ശിച്ചു. കേരളത്തിലെ ക്രൈസ്തവരുടെയും പട്ടിക വിഭാഗക്കാരുടെയും ജീവിതം മെച്ചപ്പെട്ടത് അതത് സമുദായങ്ങളുടെ നേട്ടമാണോ? എങ്കില്‍ കോണ്‍ഗ്രസിന്റെയും കമ്യൂണിസ്റ്റുപാര്‍ടികളുടെയും പങ്ക് എന്താണെന്ന് ജലീല്‍ ആരാഞ്ഞു. സി ദിവാകരനും ലീഗിനെയും കോണ്‍ഗ്രസിനെയും അരിഞ്ഞുവീഴ്ത്തി. ഗുജറാത്തില്‍ മോഡിയെ തളയ്ക്കാന്‍ കഴിയാത്ത കോണ്‍ഗ്രസിന് മോഡിയില്‍നിന്ന് രാജ്യത്തെ എങ്ങനെ രക്ഷിക്കാന്‍ കഴിയുമെന്നാണ് അദ്ദേഹം ചോദിച്ചത്. മഅ്ദനിയെ വിചാരണ കൂടാതെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നതിനെയും ദിവാകരന്‍ വിമര്‍ശിച്ചു. അഹമ്മദ് കബീര്‍, ജോസഫ് വാഴക്കന്‍, കെ അജിത് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

പൊതുശ്മശാനങ്ങളുടെ ദൂരപരിധി ഇളവ് ചെയ്യുന്ന മുനിസിപ്പാലിറ്റി ഭേദഗതിബില്ലും സഭ പരിഗണിച്ചു. പൊതുശ്മശാനത്തിന് സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറാണെന്ന സാജുപോളിന്റെ പ്രഖ്യാപനമാണ് ബില്ലിന്റെ പരിഗണനാവേളയില്‍ ശ്രദ്ധേയമായത്. രാജു എബ്രഹാം, ഇ എസ് ബിജിമോള്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. പാമൊലിന്‍ കേസ് പിന്‍വലിക്കാനുള്ള തീരുമാനം കോടതി റദ്ദാക്കിയതിനെക്കുറിച്ച് സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യാന്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. വി എസ് സുനില്‍കുമാറാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്.
(കെ ശ്രീകണ്ഠന്‍)

deshabhimani

Tuesday, January 21, 2014

നിയമസഭ: പെട്രോള്‍വില 18 തവണയും ഡീസല്‍വില 16 തവണയും വര്‍ധിപ്പിച്ചു

തിരു: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 18 തവണ പെട്രോളിനും 16 തവണ ഡീസലിനും കേന്ദ്രസര്‍ക്കാര്‍ വിലവര്‍ധിപ്പിച്ചെന്ന് ധനമന്ത്രി കെ എം മാണി. കഴിഞ്ഞ രണ്ടരവര്‍ഷത്തെ കണക്കാണിത്. ഇതുമൂലം സംസ്ഥാന സര്‍ക്കാരിന് നികുതി വരുമാനമായി കോടികള്‍ ലഭിച്ചതായി മന്ത്രിസഭയില്‍വച്ച രേഖകളില്‍ പറയുന്നു.

കഴിഞ്ഞവര്‍ഷംമാത്രം ഡീസലിന് 11ഉം പെട്രോളിന് പത്തുതവണയും വില വര്‍ധിപ്പിച്ചു. ഡീസലിന് 39 ശതമാനവും പെട്രോളിന് 12 ശതമാനവും പാചകവാതകത്തിന് 21 ശതമാനവും വിലവര്‍ധനയാണ് കഴിഞ്ഞ രണ്ടരവര്‍ഷത്തിനിടെയുണ്ടായത്. ഏറ്റവും ഒടുവില്‍ ജനുവരി മൂന്നിന് പെട്രോളിന് 75 പൈസയും ഡീസലിന് 50 പൈസയും വര്‍ധന വരുത്തി. ഈ കാലയളവില്‍ പാചകവാതകത്തിന് 35,406.46 ലക്ഷവും പെട്രോളിന് 44,8481.89 ലക്ഷവും ഡീസലിന് 50,7492.66 ലക്ഷവും മണ്ണെണ്ണയ്ക്ക് 59,01.07 ലക്ഷവും നികുതി ഇനത്തില്‍ സര്‍ക്കാരിന് വരുമാനം ലഭിച്ചു. പെട്രോളിന് ലിറ്ററിന് 26.21 ശതമാനവും ഡീസലിന് 19.80 ശതമാനവും മണ്ണെണ്ണയ്ക്കും പാചകവാതകത്തിനും അഞ്ചു ശതമാനംവീതവും നികുതിവരുമാനമാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഈ വര്‍ഷം എട്ടുമുതല്‍ പത്തു ശതമാനംവരെ നികുതിവരുമാനത്തില്‍ വര്‍ധന പ്രതീക്ഷിക്കുന്നതായും എം എ ബേബി, ജയിംസ് മാത്യു, സാജു പോള്‍, കെ അജിത് എന്നിവരെ മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ലോട്ടറി മാഫിയ ശക്തം: ധനമന്ത്രി

തിരു: സംസ്ഥാനത്തിപ്പോള്‍ അന്തര്‍ സംസ്ഥാന ലോട്ടറി മാഫിയ വീണ്ടും ശക്തമായതായി ധനമന്ത്രി കെ എം മാണി നിയമസഭയെ അറിയിച്ചു. അന്യസംസ്ഥാന ലോട്ടറികളുടെ വില്‍പ്പന അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച അപേക്ഷകള്‍ പരിശോധിച്ച് നടപടി സ്വീകരിക്കും. അനധികൃത ലോട്ടറി വില്‍പ്പനയും ഇടപാടുകളും നടത്തിയതിന് 63 കേസ് രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. ലോട്ടറി സമ്മാനത്തുക കള്ളപ്പണക്കാര്‍ കൈവശപ്പെടുത്താന്‍ ശ്രമിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും എ പ്രദീപ്കുമാറിന് മറുപടി ലഭിച്ചു.

സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന് ഗ്രാന്റ് നല്‍കില്ലെന്ന് മന്ത്രി

തിരു: സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന് ബജറ്റില്‍ വകകൊള്ളിച്ച ഗ്രാന്റ് താല്‍ക്കാലം നല്‍കില്ലെന്ന് മന്ത്രി പി കെ അബ്ദുറബ്ബ് നിയമസഭയില്‍ പറഞ്ഞു. തെറ്റായ നടപടി തിരുത്തി സര്‍ക്കാര്‍ നിര്‍ദേശം പാലിച്ചാലേ ഈ വര്‍ഷത്തെ ഗ്രാന്റ് അനുവദിക്കൂ. സര്‍ക്കാര്‍ ആവശ്യപ്പെട്ട വിശദീകരണം ലൈബ്രറി കൗണ്‍സില്‍ നല്‍കുന്നില്ല. സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയ പോരായ്മകള്‍ പരിഹരിച്ചാല്‍ അനുകൂലമായ തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കോടിയേരി ബാലകൃഷ്ണനാണ് സബ്മിഷന്‍ അവതരിപ്പിച്ചത്. രാഷ്ട്രീയ അഭിപ്രായവ്യത്യാസം മാറ്റിവച്ച് ലൈബ്രറികള്‍ക്ക് ബജറ്റില്‍ വകയിരുത്തിയ ഗ്രാന്റ് ഉടന്‍ നല്‍കണമെന്ന് കോടിയേരി പറഞ്ഞു. കൗണ്‍സിലുമായി തര്‍ക്കമുണ്ടെങ്കില്‍ അത് ചര്‍ച്ചയിലൂടെ പരിഹരിക്കണം. ഗ്രാന്റ് നിഷേധിച്ചതുകൊണ്ട് ലൈബ്രേറിയന്‍മാര്‍ക്ക് വേതനം നല്‍കാനാവുന്നില്ല. ഭൂരഭിമാനം വെടിഞ്ഞ് ഗ്രാന്റ് വിതരണം പുനഃസ്ഥാപിക്കണം- കോടിയേരി ആവശ്യപ്പെട്ടു.

മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷന്‍ ഭേദഗതി ബില്‍ സബ്ജക്ട് കമ്മിറ്റിക്ക്

തിരു: മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷന്‍ ബില്‍ ഭേദഗതി ഫിഷറീസ് മന്ത്രി കെ ബാബു സഭയില്‍ അവതരിപ്പിച്ചു. കമീഷന്‍ സിറ്റിങ്ങിന് ക്വാറത്തില്‍ കുറവുവരുത്തുന്ന വ്യവസ്ഥയാണ് ഭേദഗതിയിലുള്ളത്. 2008ലെ കടാശ്വാസ കമീഷന്‍ നിയമത്തിലെ കമീഷന്‍ സിറ്റിങ്ങിനുള്ള ക്വാറം മൂന്നാണ്. കമീഷന് ഉചിതമെന്നു തോന്നിയാല്‍ മൂന്നോ അതിലധികമോ അംഗങ്ങള്‍ ഉള്‍പ്പെടുന്ന ബെഞ്ച് രൂപീകരിച്ച് ജില്ലകളില്‍ സിറ്റിങ് നടത്താനും അധികാരം നല്‍കിയിട്ടുണ്ട്. ഇതേ നിയമം കമീഷന്റെ അംഗസംഖ്യ അഞ്ചായി പരിമിതപ്പെടുത്തുന്നു. ഇതുമൂലം ബെഞ്ച് രൂപീകരിച്ച് ജില്ലകളില്‍ സിറ്റിങ് നടത്തുന്നതിനുള്ള ബുദ്ധിമുട്ട് പരിഗണിച്ചാണ് നിയമഭേദഗതി കൊണ്ടുവന്നതെന്ന് മന്ത്രി കെ ബാബു പറഞ്ഞു. കഴിഞ്ഞവര്‍ഷം മെയ് 17ന് ഈ വ്യവസ്ഥ ഉള്‍പ്പെടുത്തി ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു. ഇതിനു പകരമായി അവതരിപ്പിച്ച ബില്‍ ചര്‍ച്ചകള്‍ക്കുശേഷം സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. ചര്‍ച്ചയില്‍ എസ് ശര്‍മ, സാജുപോള്‍, സി കെ നാണു, ഡൊമനിക് പ്രസന്റേഷന്‍ എന്നിവര്‍ പങ്കെടുത്തു.

യുവജന കമീഷന്‍ ബില്‍ സബ്ജക്ട് കമ്മിറ്റിക്ക്

തിരു: സംസ്ഥാന യുവജന കമീഷന്‍ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് സബ്ജക്ട് കമ്മറ്റിയുടെ പരിഗണനയ്ക്ക് വിട്ടു. യുവജനങ്ങളെ വിദ്യാസമ്പന്നരാക്കാനും ശാക്തീകരിക്കാനുമുള്ള പദ്ധതികള്‍ക്കും അവകാശ സംരക്ഷണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കുമായി കമീഷന്‍ രൂപീകരിക്കാന്‍ വ്യവസ്ഥചെയ്യുന്നതാണ് ബില്‍. 2012 ആഗസ്ത് 18ന് ഗവര്‍ണര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിനു പകരമാണ് ബില്‍. 2012 ഡിസംബര്‍ 21ന് ബില്‍ സഭയില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. ചെയര്‍പേഴ്സണും 10ല്‍ കവിയാത്ത അംഗങ്ങളും ഉള്‍പ്പെടുന്നതാകും കമീഷന്‍. ചെയര്‍പേഴ്സണെയും അംഗങ്ങളെയും സര്‍ക്കാര്‍ നിയമിക്കും. കാലാവധി മൂന്നുവര്‍ഷമാണ്. 18 മുതല്‍ 40 വയസ്സുവരെയുള്ളവരെ തെരഞ്ഞെടുക്കാം. 40 വയസ്സ് പൂര്‍ത്തിയായാല്‍ കമീഷന്‍ സ്ഥാനം നഷ്ടപ്പെടും. രണ്ടില്‍ കൂടുതല്‍ തവണ സ്ഥാനത്തിന് അര്‍ഹതയില്ല. അഡീഷണല്‍ സെക്രട്ടറി പദവിയുള്ളയാളായിരിക്കും കമീഷന്‍ സെക്രട്ടറി. തിരുവനന്തപുരമാണ് ആസ്ഥാനം. യുവജനങ്ങളുടെ സംരക്ഷകനായി പ്രവര്‍ത്തിക്കുക, തൊഴില്‍ അന്തസ്സിനെപ്പറ്റി യുവാക്കളില്‍ അറിവുണ്ടാക്കുക, മെച്ചപ്പെട്ട വിദ്യാഭ്യസത്തിനും തൊഴിലവസരങ്ങള്‍ക്കും സര്‍ക്കാര്‍ വകുപ്പുകളെ ഏകോപിപ്പിക്കുക, ഗവേഷണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുക, ഗോത്രവര്‍ഗ വിഭാഗങ്ങളിലടക്കം യുവജനങ്ങളുടെ സാമൂഹിക സാമ്പത്തിക വികസനത്തിന് നടപടി സ്വീകരിക്കുക, അസംഘടിതമേഖലയിലെ തൊഴില്‍ദുരിതങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുക തുടങ്ങിയവയാണ് കമീഷന്റെ അധികാരങ്ങള്‍. പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ ഗ്രാന്റ് നല്‍കും. സാഹിത്യ-സാംസ്കാരിക-കായിക മേഖലയില്‍ യുവജനങ്ങള്‍ക്കായി എന്റോവ്മെന്റ് ഏര്‍പ്പെടുത്താനും കമീഷന് അധികാരമുണ്ട്. മന്ത്രി മന്ത്രി പി കെ ജയലക്ഷ്മി ബില്‍ അവതരിപ്പിച്ചു. പി രാമകൃഷ്ണന്‍, ഇ ചന്ദ്രശേഖരന്‍, വി എസ് സുനില്‍കുമാര്‍, ഷാഫി പറമ്പില്‍, എന്‍ ഷംസുദീന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷനെ കടലാസ് കമീഷനാക്കി: എസ് ശര്‍മ

തിരു: സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷനെ കടലാസ് കമീഷനാക്കി അധഃപതിപ്പിച്ചതായി എസ് ശര്‍മ നിയമസഭയില്‍ പറഞ്ഞു. കമീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കുന്നതിന് പണം കണ്ടെത്താന്‍ സര്‍ക്കാരിനാകുന്നില്ല. കമീഷന്‍ ശുപാര്‍ശ നടപ്പാക്കാന്‍ സര്‍ക്കാരിന്റെ ഔദാര്യം വേണ്ട. മത്സ്യത്തൊഴിലാളികള്‍ നേടിത്തരുന്ന സമ്പത്തിന്റെ ചെറിയ ഭാഗംമാത്രം വിനിയോഗിച്ചാല്‍ മതിയാകുമെന്നും കമീഷന്‍ ഭേദഗതി ബില്ലില്‍ നടന്ന ചര്‍ച്ചയില്‍ ശര്‍മ പറഞ്ഞു. സര്‍ക്കാര്‍ തൊഴിലാളികളെ കൂടുതല്‍ കടക്കെണിയിലേക്ക് തള്ളിവിടുകയാണ്. കടത്തിന്റെ മുതലിലേക്ക് വകയിരുത്താനായി കമീഷന്‍ ശുപാര്‍ശചെയ്ത തുക പലിശയും പിഴപ്പലിശയുമായി സംഘങ്ങള്‍ വകയിരുത്തുന്നു. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ പേരില്‍ സഹകരണവകുപ്പ് നല്‍കിയ സര്‍ക്കുലറാണിതിന് കാരണം. കമീഷന്‍ ശുപാര്‍ശചെയ്ത അപേക്ഷകളില്‍ കൂടുതല്‍ അന്വേഷണത്തിനെന്ന പേരില്‍ ബാങ്ക് കാലതാമസം വരുത്തുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ കമീഷന്റെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതിന് മതിയായ തുക അനുവദിച്ചിരുന്നു. ഈ തുകപോലും വിനിയോഗിക്കാന്‍ ഇപ്പോഴാകുന്നില്ല. കടാശ്വാസം കടലാസ് പദ്ധതിയല്ലെന്ന് ബോധ്യപ്പെടുത്താന്‍ എല്‍ഡിഎഫ് സര്‍ക്കാരിനായി. ഈ വിശ്വാസം ഇപ്പോള്‍ നഷ്ടമായതായും ശര്‍മ പറഞ്ഞു.

പേഴ്സണല്‍ സ്റ്റാഫില്‍ ആരെയും ഒഴിവാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരു: സോളാര്‍കേസില്‍ പ്രതികളായ സരിത എസ്}നായരെയും ബിജു രാധാകൃഷ്ണനെയും ബന്ധപ്പെട്ടതിന്റെ പേരില്‍ ആരെയും പേഴ്സണല്‍ സ്റ്റാഫില്‍നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ അവകാശവാദം. മുഖ്യമന്ത്രിയുടെ നിഴലായി നടന്ന ടെന്നിജോപ്പന്‍, ജിക്കുമോന്‍ ജേക്കബ് തുടങ്ങിയവരെ പേഴ്സണല്‍ സ്റ്റാഫില്‍നിന്ന് പുറത്താക്കിയത് അവരുടെ ആവശ്യപ്രകാരമാണെന്നും ഉമ്മന്‍ചാണ്ടി. നിയമസഭയ്ക്ക് രേഖാമൂലം നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രിയുടെ വിചിത്രനിലപാട്. പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളായ ടെന്നി ജോപ്പന്‍, ജിക്കുമോന്‍ ജേക്കബ്, സുനില്‍കുമാര്‍, സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മേത്തര്‍, കോള്‍ സെന്റര്‍ ജീവനക്കാരന്‍ ഗിരീഷ് കുമാര്‍ എന്നിവരെയാണ് ഒഴിവാക്കിയതെന്ന് ബാബു എം പാലിശേരിയെ മുഖ്യമന്ത്രി അറിയിച്ചു.

വ്യക്തിപരമായി ആവശ്യപ്പെട്ടതിനാലാണ് ഇവരെ ഒഴിവാക്കിയത്. പേഴ്സണല്‍ സ്റ്റാഫിലുള്ള ആരുടെയെല്ലാം ഫോണില്‍നിന്ന് സരിതയുടെയും ബിജുവിന്റെയും ഫോണിലേക്ക് വിളിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് വിവരങ്ങള്‍ ലഭ്യമല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സോളാര്‍തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് പേഴ്സണല്‍ സ്റ്റാഫില്‍പ്പെട്ടവരെ ഒഴിവാക്കിയതതെന്നായിരുന്നു ഉമ്മന്‍ചാണ്ടി മുമ്പെടുത്ത നിലപാട്.

കേന്ദ്രത്തിന് നല്‍കിയ നിവേദനങ്ങളെക്കുറിച്ച് സര്‍ക്കാരിന് ഉത്തരമില്ല

തിരു: സംസ്ഥാന സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ച് പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രിമാര്‍ക്കും സമര്‍പ്പിച്ച നിവേദനങ്ങളെക്കുറിച്ച് വ്യക്തമായ ഉത്തരമില്ല. അവയുടെ തുടര്‍നടപടികളെക്കുറിച്ച് വ്യക്തതയില്ലെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സി കെ സദാശിവന് നല്‍കിയ മറുപടിയില്‍ പറയുന്നു. പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും നേരില്‍ കണ്ട് നിവേദനം സമര്‍പ്പിക്കാന്‍ എത്രതവണ ഡല്‍ഹിക്ക് പോയി എന്ന ചോദ്യത്തിന് വിവരം ശേഖരിച്ചുവരുന്നു എന്നായിരുന്നു മറുപടി. നിവേദനങ്ങളില്‍ പരിഗണിക്കപ്പെടാത്തതും കേന്ദ്രമന്ത്രിമാര്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ നടപ്പാക്കാത്തത് ഏതൊക്കെ തുടങ്ങിയ ചോദ്യങ്ങള്‍ക്കും മറുപടിയുണ്ടായില്ല.

deshabhimani

പെട്രോള്‍വില 18 തവണയും ഡീസല്‍വില 16 തവണയും വര്‍ധിപ്പിച്ചു

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 18 തവണ പെട്രോളിനും 16 തവണ ഡീസലിനും കേന്ദ്രസര്‍ക്കാര്‍ വിലവര്‍ധിപ്പിച്ചെന്ന് ധനമന്ത്രി കെ എം മാണി. കഴിഞ്ഞ രണ്ടരവര്‍ഷത്തെ കണക്കാണിത്. ഇതുമൂലം സംസ്ഥാന സര്‍ക്കാരിന് നികുതി വരുമാനമായി കോടികള്‍ ലഭിച്ചതായി മന്ത്രിസഭയില്‍വച്ച രേഖകളില്‍ പറയുന്നു.

കഴിഞ്ഞവര്‍ഷംമാത്രം ഡീസലിന് 11ഉം പെട്രോളിന് പത്തുതവണയും വില വര്‍ധിപ്പിച്ചു. ഡീസലിന് 39 ശതമാനവും പെട്രോളിന് 12 ശതമാനവും പാചകവാതകത്തിന് 21 ശതമാനവും വിലവര്‍ധനയാണ് കഴിഞ്ഞ രണ്ടരവര്‍ഷത്തിനിടെയുണ്ടായത്. ഏറ്റവും ഒടുവില്‍ ജനുവരി മൂന്നിന് പെട്രോളിന് 75 പൈസയും ഡീസലിന് 50 പൈസയും വര്‍ധന വരുത്തി. ഈ കാലയളവില്‍ പാചകവാതകത്തിന് 35,406.46 ലക്ഷവും പെട്രോളിന് 44,8481.89 ലക്ഷവും ഡീസലിന് 50,7492.66 ലക്ഷവും മണ്ണെണ്ണയ്ക്ക് 59,01.07 ലക്ഷവും നികുതി ഇനത്തില്‍ സര്‍ക്കാരിന് വരുമാനം ലഭിച്ചു. പെട്രോളിന് ലിറ്ററിന് 26.21 ശതമാനവും ഡീസലിന് 19.80 ശതമാനവും മണ്ണെണ്ണയ്ക്കും പാചകവാതകത്തിനും അഞ്ചു ശതമാനംവീതവും നികുതിവരുമാനമാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഈ വര്‍ഷം എട്ടുമുതല്‍ പത്തു ശതമാനംവരെ നികുതിവരുമാനത്തില്‍ വര്‍ധന പ്രതീക്ഷിക്കുന്നതായും എം എ ബേബി, ജയിംസ് മാത്യു, സാജു പോള്‍, കെ അജിത് എന്നിവരെ മന്ത്രി അറിയിച്ചു.

deshabhimani

കേസ് അട്ടിമറിക്കുന്നതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലീംരാജിന്റെ നേതൃത്വത്തില്‍ നടന്ന കടകംപള്ളി- കളമശേരി ഭൂമികുംഭകോണത്തെപ്പറ്റിയുള്ള അന്വേഷണം അട്ടിമറിക്കുന്നത് സഭനിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ നിയമസഭയില്‍ ശക്തമായ പ്രതിപക്ഷ പ്രതിഷേധം. മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉപയോഗിച്ചു നടന്ന ഭൂമിതട്ടിപ്പിന്റെയും ഇതു സംബന്ധിച്ച് ഹൈക്കോടതിയില്‍നിന്ന് തുടര്‍ച്ചയായുണ്ടായ പരമാര്‍ശങ്ങളുടെയും അടിസ്ഥാനത്തില്‍, പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ അടിയന്തരപ്രമേയത്തിന് അനുമതി തേടി സംസാരിച്ചതോടെ മുഖ്യമന്ത്രി പ്രകോപിതനായി.

ആരോപണങ്ങള്‍ക്ക് മറുപടി പറയാതെ പ്രതിപക്ഷത്തെ കുറ്റപ്പെടുത്താനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. തട്ടിപ്പിനെ ന്യായീകരിക്കാനും ശ്രമിച്ചു. കളമശേരിയിലെ പ്രശ്നം രണ്ടുകുടുംബങ്ങള്‍ തമ്മിലുള്ള പകപോക്കല്‍ മാത്രമാണ്. കടകംപള്ളിയിലെ 44.5 എക്കര്‍ ചിലര്‍ തട്ടിയെടുക്കാന്‍ നീക്കംനടത്തുന്നുവെന്നത് ആരോപണം മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് പ്രതിപക്ഷബഹളത്തിനും ശക്തമായ പ്രതിഷേധത്തിനും ഇടയാക്കി. മുഖ്യമന്ത്രിയുടെയും കോടിയേരിയുടെയും പ്രസംഗങ്ങള്‍ പരിശോധിച്ച് അവഹേളനാപരമായ പരാമര്‍ശങ്ങള്‍ രേഖകളില്‍നിന്നും നീക്കം ചെയ്യുമെന്ന് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പിന്തുണയോടെയാണ് സലീംരാജ് തട്ടിപ്പുനടത്തിയതെന്നും ഇക്കാര്യം സഭയില്‍ പറയുമ്പോള്‍ ഉമ്മന്‍ചാണ്ടി പ്രകോപിതനായി ഉറഞ്ഞുതുള്ളുകയാണെന്നും കോടിയേരി പറഞ്ഞു. മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് ശേഷം സ്പീക്കര്‍ അടിയന്തിരപ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍നിന്നിറങ്ങിപ്പോയി. മുഖ്യമന്ത്രിയും സലീംരാജുമായുള്ള അവിശുദ്ധബന്ധമാണ് ഭൂമികുംഭകോണത്തിനുപിന്നിലെന്ന് കോടിയേരി പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. കോടതിയില്‍ നിന്നും രൂക്ഷവിമര്‍ശനങ്ങളുണ്ടായി. ഇതിനൊന്നും മറുപടി പറയാതെ സഭയെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും കോടിയേരി ചൂണ്ടിക്കാട്ടി. വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭൂമിതട്ടിപ്പില്‍ ഉദ്യോഗസ്ഥര്‍ തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ സംരക്ഷിക്കില്ലെന്ന് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതിന്റെ പേരിലല്ല റവന്യൂസെക്രട്ടറി അവധിയില്‍പോയതെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഭൂമി കുംഭകോണത്തിനുപിന്നില്‍ പ്രവര്‍ത്തിച്ച സലീംരാജിനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണെണെന്ന് ഇറങ്ങിപ്പോക്കിനുമുമ്പ് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ സ്വന്തക്കാരനായതുകൊണ്ടാണ് സലീംരാജിനെ ഡിജിപി ഭയക്കുന്നത്. സലീംരാജിന്റെ ഫോണ്‍രേഖകള്‍ പുറത്തുവരുന്നതിനെ സര്‍ക്കാര്‍ ഭയപ്പെടുകയാണ്. നിയമസഭയിലെങ്കിലും മുഖ്യമന്ത്രി സത്യാവസ്ഥ തുറന്നുപറയണമെന്നും വി എസ് പറഞ്ഞു. സി ദിവാകരന്‍, മാത്യൂ ടി തോമസ്, എ എ അസീസ്, തോമസ് ചാണ്ടി എന്നിവരും സംസാരിച്ചു.

deshabhimani