Showing posts with label സി.ബി.ഐ. Show all posts
Showing posts with label സി.ബി.ഐ. Show all posts

Tuesday, December 22, 2020

സിസ്റ്റർ അഭയ കൊലക്കേസ്‌:കുറ്റപത്രത്തിൽ 133 പ്രോസിക്യൂഷൻ സാക്ഷികൾ; രാജു കൂറുമാറാത്ത ദൃക്‌സാക്ഷി

കോട്ടയം> സിസ്‌റ്റർ അഭയ കഴിഞ്ഞ കാൽനൂറ്റാണ്ടിലേറെയായി മലയാളികൾക്ക്‌ ഒരു കണ്ണീർക്കണം‌. കോട്ടയം ബിസിഎം കോളേജിലെ രണ്ടാം വർഷ പ്രീ-ഡിഗ്രി വിദ്യാർത്ഥിനിയും ക്‌നാനായ കത്തോലിക്കാ സഭയുടെ കീഴിലുള്ള സെന്റ് ജോസഫ് കോൺഗ്രിഗേഷനിലെ കന്യാസ്‌ത്രീയുമായ സിസ്റ്റർ അഭയ (21) യുടെ മൃതദേഹം 1992 മാർച്ച് 27 നാണ്‌ കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ കാണപ്പെട്ടത്‌.പ്രതികൾ തമ്മിലുള്ള അവിഹിതബന്ധം സിസ്റ്റർ അഭയ കാണാൻ ഇടയായതാണ് അഭയെ കൊലപ്പെടുത്താൻ കാരണമെന്നാണ് പ്രോസിക്യൂഷൻ കേസ്.

കോട്ടയം അരീക്കര ഐക്കരക്കുന്നേൽ തോമസിന്റെയും ലീലാമ്മയുടെയും ഏക മകളാണ് അഭയ. അച്ഛനമ്മമാർ നാല്‌ വർഷം മുമ്പ്‌ മരിച്ചു. കേസ് അന്വേഷണം അട്ടിമറിച്ച് അഭയയുടെ മരണം ആത്മഹത്യയാക്കാൻ ലോക്കൽ പൊലീസ്‌ ശ്രമിച്ചെന്നാരോപിച്ച്‌ 1992 മാർച്ച് 31ന് കോട്ടയം മുനിസിപ്പൽ ചെയർമാൻ പി സി ചെറിയാൻ മടുക്കാനി പ്രസിഡന്റും ജോമോൻ പുത്തൻപുരയ്ക്കൽ കൺവീനറുമായി ആക്ഷൻ കൗൺസിൽ രൂപീകരിച്ചതിനെ തുടർന്ന് കൗൺസിൽ നേതൃത്വത്തിൽ കോട്ടയത്തും തലസ്ഥാനത്തുമായി സമരപരമ്പര നടന്നു.

ലോക്കൽ പൊലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും കേസ്‌ അന്വേഷിച്ചു. 1993 ജനുവരി 30 ന് കോട്ടയം ആർഡിഒ കോടതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ച്‌ റിപ്പോർട്ട് നൽകി. അതിന്‌ എട്ടു മാസം മുമ്പ്‌ 1992 മെയ് 15 ന് കോട്ടയം പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ മുഖ്യമന്ത്രി കെ കരുണാകരനെ നേരിൽ കണ്ട് ജോമോൻ സിസ്റ്റർ അഭയയുടെ മരണം സിബിഐയ്‌ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി. മൂന്ന്‌ ദിവസം കഴിഞ്ഞ്‌ 1992 മെയ് 18ന് സിബിഐ അന്വേഷണം ശുപാർശ ചെയ്‌ത്‌ മുഖ്യമന്ത്രി ഉത്തരവിട്ടു. അഭയക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്  34 ഓളം സംഘടനകളും വ്യക്തികളും സംസ്ഥാന സർക്കാരിന് നിവേദനം നൽകിയിരുന്നു.

1993 മാർച്ച് 29 ന് എറണാകുളം ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്‌തു. കൊച്ചി യൂണിറ്റ് ഡിവൈഎസ്‌പി വർഗീസ്‌ പി തോമസിന്റെ നേതൃത്വത്തിലുള്ള സിബിഐ സംഘം അഭയയുടെ മരണം ആത്മഹത്യയാണെന്ന ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് തള്ളി കൊലപാതകമാണെന്ന് ആറ്‌ മാസത്തിനുള്ളിൽ കണ്ടെത്തി. കേസ് ഡയറിയിൽ കൊലപാതകമാണെന്ന് രേഖപ്പെടുത്തുകയും ചെയ്‌തു. എന്നാൽ സിബിഐ അന്വേഷണ ഉദ്യോഗസ്ഥന്റെ നിഗമനത്തിന്  കടക വിരുദ്ധമായി അഭയയുടെ മരണം ആത്മഹത്യയാക്കാൻ സിബിഐ എസ്‌ പി വി ത്യാഗരാജൻ തന്റെ മേൽ സമ്മർദം ചെലുത്തിയെന്നും അതിന് വഴങ്ങാതെ വന്നപ്പോൾ പീഡിപ്പിച്ചെന്നും സിബിഐ ഡിവൈഎസ്‌പി വർഗീസ്‌ പി തോമസ് 1994 മാർച്ച് 7 ന് എറണാകുളത്ത് പത്രസമ്മേളനത്തിൽ വെളിപ്പെടുത്തിയത് വിവാദമായി. അതോടെ കേസ്‌ ദേശീയ ശ്രദ്ധ പിടിച്ചുപറ്റി.

ഈ വിഷയം പാർലമെന്റിൽ എം പി മാർ ഉന്നയിച്ചതിനെ തുടർന്ന്  പ്രധാനമന്ത്രി പി വി നരസിംഹറാവുവിന്റെ നിർദ്ദേശപ്രകാരം സിബിഐയുടെ ചുമതലയുള്ള മന്ത്രി മാർഗരറ്റ് ആൽവയ്‌ക്ക്‌ പാർലമെന്റിൽ മറുപടി പറയേണ്ടി വന്നു. തുടർന്ന്,‌ സിബിഐ എസ്‌ പി വി ത്യാഗരാജൻ പീഡിപ്പിച്ചതിൽ പ്രതിഷേധിച്ച്‌ ഡി.വൈ.എസ്.പി വർഗീസ്‌ പി തോമസ്,‌ ഡി.ഐ.ജി ആകാൻ ഒൻപത് വർഷം സർവീസ് നിലനിൽക്കെ 1993 ഡിസംബർ 31 ന് രാജിവച്ച സംഭവം വലിയ വാർത്തയായി. അതിനിടെ വർഗീസ്‌ പി തോമസിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ അഭയക്കേസിന്റെ മേൽനോട്ട ചുമതലയിൽ നിന്നും സിബിഐ കൊച്ചി യൂണിറ്റ് എസ്‌ പി സ്ഥാനത്ത് നിന്നും വി ത്യാഗരാജനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജോമോൻ 1994 മാർച്ച് 17 ന് ഹൈക്കോടതിയിൽ ഹർജി നൽകി.

1994 ജൂൺ 2 ന് സിബിഐ ഡയറക്ടർ കെ വിജയരാമറാവുവിനെ എം പിമാരായ ഒ.രാജഗോപാൽ, ഇ.ബാലാനന്ദൻ, പി.സി.തോമസ്, ജോമോൻ എന്നിവർ നേരിൽ കണ്ട് പരാതി നൽകിയതിനെ തുടർന്ന് ത്യാഗരാജനെ അഭയക്കേസിന്റെ മേൽനോട്ടത്തിൽ നിന്നും ഒഴിവാക്കി  ചെന്നൈയിലേക്ക് സ്ഥലംമാറ്റി. അതോടൊപ്പം സിബിഐ ഡിഐജിയും പിന്നീട് സ്‌പെഷ്യൽ ഡയറക്ടറും ആയിരുന്ന എം എൽ ശർമയുടെ നേതൃത്വത്തിലുള്ള സംഘം അഭയക്കേസ് അന്വേഷിക്കാനും ഉത്തരവായി. എം എൽ ശർമയുടെ നേതൃത്വത്തിലുള്ള സിബിഐ സംഘം കോട്ടയത്ത് എത്തി പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ ജയ്‌പൂരിലെ ഫോറൻസിക് വിദഗ്‌ധരുടെ സാന്നിധ്യത്തിൽ ‘ഡമ്മി പരീക്ഷണം’ നടത്തി. എന്നാൽ അഭയയുടെ മരണം കൊലപാതകമാണെങ്കിലും പ്രതികളെ പിടിക്കാൻ സിബിഐ എത്ര ശ്രമിച്ചിട്ടും കഴിയുന്നില്ലെന്ന്‌ കാണിച്ച്‌ അന്വേഷണം അവസാനിപ്പിക്കാൻ അനുമതി ചോദിച്ച്‌ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ 1996 ഡിസംബർ 6 ന് റിപ്പോർട്ട് കൊടുത്തു.

തുടർന്ന്‌ ഈ കേസിന്റെ അന്വേഷണം അവസാനിപ്പിച്ച് സിബിഐ മൂന്ന് പ്രാവശ്യം കോടതിയിൽ റിപ്പോർട്ട് കൊടുത്തു. അപ്പോഴെല്ലാം എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി എഫ്ഐആറിലെ പരാതിക്കാരിയായ ആലുവ മൗണ്ട് കാർമ്മൽ കോൺവെന്റിലെ സിസ്റ്റർ ബെനികാസിയക്ക് നോട്ടീസ് നൽകിയിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രിക്ക്‌ പരാതി കൊടുത്ത സിസ്റ്റർ ബെനികാസിയ കേസ്‌ അന്വേഷിക്കുന്ന ഒരു ഘട്ടത്തിലും സിബിഐക്ക് മൊഴി കൊടുത്തില്ല. 2008ൽ ഇവർ മരിച്ചു. 2007 മെയ് 9 നും18 നും സിബിഐ ഡയറക്ടർ വിജയ ശങ്കരനെ നേരിൽ കണ്ട്‌ ജോമോൻ നൽകിയ പരാതിയിന്മേൽ സിബിഐ സ്‌പെഷ്യൽ സംഘം അഭയ കേസ്‌ അന്വേഷണം നടത്താൻ സിബിഐ ഡയറക്ടർ ഉത്തരവിട്ടു. എസ്‌ പി ആർ ‌എം കൃഷ്ണയുടെയും ഡി.വൈ.എസ്.പി ആർ കെ അഗർവാളിന്റെയും നേതൃത്വത്തിലുള്ള സിബിഐ സംഘം കോട്ടയത്ത് ക്യാമ്പ് ചെയ്‌ത്‌ അന്വേഷണം നടത്തി,  പ്രതികളെന്ന്‌ ആരോപിക്കപ്പെട്ടവരെ ബെംഗളൂരുവിൽ നാർകോ  അനാലിസിസ് ടെസ്റ്റ് നടത്തി. നാർകോ റിസൽട്ട് കോടതിയിൽ ഹാജരാക്കാൻ ജോമോന്റെ ഹർജിയിന്മേൽ ഹൈക്കോടതി ഉത്തരവിട്ടു. പിന്നീട് കേസിന്റെ അന്വേഷണം ഡൽഹി യൂണിറ്റിൽ നിന്നും കൊച്ചി യൂണിറ്റിലേക്ക് മാറ്റിയതിനെ തുടർന്ന് കൊച്ചി യൂണിറ്റ് സിബിഐ ഡി.വൈ.എസ്.പി നന്ദകുമാർ നായർ 2008 നവംബർ  ഒന്നിന് അന്വേഷണം ഏറ്റെടുത്തു.

പ്രതികളുടെ അറസ്‌റ്റ്‌ 2008ൽ

അങ്ങനെ കേസിലെ പ്രതികളെന്ന്‌ ആരോപിക്കപ്പെട്ട ഫാ.തോമസ് കോട്ടൂർ, ഫാ.ജോസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരെ ഡി.വൈ.എസ്.പി നന്ദകുമാർനായരുടെ നേതൃത്തിലുള്ള സിബിഐ സംഘം 2008 നവംബർ 18 ന്, സംഭവം നടന്ന്‌ 16 വർഷങ്ങൾക്ക് ശേഷം അറസ്റ്റ് ചെയ്‌തു. മൂന്ന്‌ പ്രതികൾക്കുമെതിരെ 2009 ജൂലൈ 17 ന് നന്ദകുമാർനായരാണ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കണം എന്ന് ആവശ്യപ്പെട്ട് 2011 മാർച്ച് 16 ന് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്  കോടതിയിൽ പ്രതികൾ വിടുതൽ ഹർജി നൽകി. കുറ്റപത്രം നൽകി രണ്ട്‌ വർഷം കഴിഞ്ഞാണ് പ്രതികൾ കോടതിയിൽ വിടുതൽ ഹർജി നൽകിയത്.

അതിനിടെ, അഭയ കേസിൽ തെളിവ് നശിപ്പിച്ച ക്രൈംബ്രാഞ്ച് എസ്‌ പി കെ ടി മൈക്കിൾ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരേ സിബിഐ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള‌ ജോമോന്റെ ഹർജിയിൽ 2014 മാർച്ച് 19 ന് ഹൈക്കോടതി ഉത്തരവ് ഇട്ടു. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് അഭയ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ സാമുവലിനെ പ്രതിയാക്കി 2015 ജൂൺ 30 ന് തിരുവനന്തപുരം സിബിഐ കോടതിയിൽ തുടരന്വേഷണ  റിപ്പോർട്ട് നൽകി. അതേസമയം, കേസിൽ തെളിവ് നശിപ്പിച്ചതിന് ക്രൈംബ്രാഞ്ച് എസ്‌ പി ആയിരുന്ന കെ ടി മൈക്കിളിനെ നാലാം പ്രതിയാക്കി തിരുവനന്തപുരം സിബിഐ കോടതി സ്‌പെഷ്യൽ ജഡ്‌ജി ജെ.നാസർ 2018 ജനുവരി 22 ന് ഉത്തരവ് ഇട്ടു. ഈ ഉത്തരവിനെതിരെ കെ ടി മൈക്കിൾ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ സിബിഐ കോടതി ഉത്തരവ് റദ്ദ്‌ ചെയ്‌ത്,‌ കേസിന്റെ വിചാരണ വേളയിൽ ക്രിമിനൽ നടപടി ക്രമമനുസരിച്ച്‌ കെ ടി മൈക്കിളിനെതിരെ തെളിവ് ലഭിച്ചാൽ കോടതിക്ക് പ്രതിയാക്കാമെന്ന് 2019 ഏപ്രിൽ 9 ന് ഉത്തരവ് ഇട്ടു. അതേസമയം, വിചാരണ കൂടാതെ കുറ്റവിമുക്തരാക്കണമെന്നുള്ള പ്രതികളുടെ ഹർജി സിബിഐ കോടതിയിൽ പരിഗണിച്ചപ്പോഴെല്ലാം പ്രതികൾ ഓരോ കാരണം പറഞ്ഞ്‌ വിടുതൽ ഹർജിയിൽ വാദം പറയുന്നത് ഒമ്പത് വർഷത്തോളം നീട്ടിക്കൊണ്ടുപോയി. ഒടുവിൽ സിബിഐ കോടതി പ്രതികളായ ഫാ. കോട്ടൂരിന്റെയും ഫാ. പൂതൃക്കയിലിനെയും സിസ്റ്റർ സെഫിയുടെയും വിടുതൽ ഹർജിയിൽ അന്തിമ വാദം കേട്ട് ഒരുമിച്ച്‌ വിധി പറഞ്ഞു.

ഒന്നാം പ്രതിയും മൂന്നാം പ്രതിയും വിചാരണ നേരിടാൻ പര്യാപ്‌തമായ തെളിവുകൾ ഉണ്ടെന്ന് കണ്ടെത്തി, തിരുവനന്തപുരം സിബിഐ കോടതി ജഡ്‌ജി ജെ നാസർ 2018 മാർച്ച് 7 ന് രണ്ട്‌ പ്രതികളുടെയും വിടുതൽ ഹർജി തള്ളി ഉത്തരവിട്ടു. അതേ സമയം രണ്ടാം പ്രതി ഫാ. പൂതൃക്കയിലിനെ   വിചാരണ കൂടാതെ വെറുതെ വിടാനും കോടതി ഉത്തരവിട്ടു. കോട്ടയം പാറമ്പുഴ കൊശമറ്റം കോളനിയിലുള്ള നൈറ്റ് വാച്ച്മാൻ ചെല്ലമ്മ ദാസ് (64) സിബിഐക്ക് നൽകിയ മൊഴിയിൽ തീയതി രേഖപ്പെടുത്താഞ്ഞതിന്റെ ആനുകൂല്യത്താലാണ് രണ്ടാം പ്രതിയെ സിബിഐ കോടതി വെറുതെ വിട്ടത്. വാച്ച്മാൻ 2014 ഫെബ്രുവരി 28 ന്‌ മരിച്ചു. ഇക്കാരണത്താൽ വിചാരണ ഘട്ടത്തിൽ പ്രോസിക്യൂഷൻ ദൃക്‌സാക്ഷിയെ സിബിഐ കോടതിയിൽ വിസ്തരിക്കാൻ കഴിയാതെ പോയി.

രാജു അവശേഷിക്കുന്ന ദൃക്‌സാക്ഷി

അതേ സമയം മറ്റൊരു ദൃക്‌സാക്ഷി രാജു അഭയ മരിച്ച ദിവസം പുലർച്ചെ അഞ്ചിന്‌ ‘രണ്ട് വൈദികരെ കോൺവെന്റിന്റെ സ്റ്റെയർകേസിൽ  കണ്ടു’ എന്ന കാര്യം സിബിഐയ്‌ക്ക് 2007 ജൂലൈ 11 ന് മൊഴി കൊടുത്തത് സിബിഐ കോടതി മുഖവിലയ്‌ക്കെടുത്തില്ല.‌ ഇക്കാരണത്താലാണ് രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ സിബിഐ കോടതി വെറുതെ വിട്ടത്‌. ഇത്‌ ചൂണ്ടിക്കാട്ടി ജോമോൻ ഹൈക്കോടതിയിൽ നൽകിയ അപ്പീൽ തള്ളാൻ ഹൈക്കോടതി കാരണം പറഞ്ഞത് പ്രോസിക്യൂഷനാണ് അപ്പീൽ ഫയൽ ചെയ്യേണ്ടതെന്നും സിബിഐ അപ്പീൽ ഹൈക്കോടതിയിൽ ഫയൽ ചെയ്‌തിട്ടില്ലെന്നുമാണ്‌. രണ്ടാം പ്രതി ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ വിട്ടതിനെതിരെ സിബിഐ സുപ്രിം കോടതിൽ അപ്പീൽ നൽകുമെന്ന് സിബിഐ കോടതിയിൽ പ്രോസിക്യൂട്ടർ ഡിസംബർ 10ന് അറിയിച്ചിട്ടുണ്ട്‌. ഒന്നും മൂന്നും പ്രതികളെ വിചാരണ കൂടാതെ വെറുതെ വിടണമെന്നുള്ള പ്രതികളുടെ ആവശ്യം സിബിഐ കോടതിയും ഹൈക്കോടതിയും തള്ളിയതിനെതിരെ പ്രതികൾ സുപ്രിം കോടതിയിൽ നൽകിയ സ്‌പെഷ്യൽ ലീവ്‌ പെറ്റീഷനിൽ പ്രമുഖ അഭിഭാഷകരായ മുഖൽ റോത്തിക്കി, മനു അഭിഷേക് സിംഗ്‌‌വി എന്നിവർ ഹാജരായെങ്കിലും 2019 ജൂലൈ 15 ന് പ്രതികളുടെ ഹർജി സുപ്രിം കോടതിയിൽ ജ. അബ്‌ദുൾ നാസർ അധ്യക്ഷനായ ബെഞ്ച് ഫയലിൽ പോലും സ്വീകരിക്കാതെ തള്ളി സിബിഐ കോടതിയിൽ വിചാരണ നേരിടാൻ ഉത്തരവിട്ടു.

പ്രതികളുടെ ഹർജി തള്ളിയതിനെ തുടർന്ന് കുറ്റം തിരുവനന്തപുരം സിബിഐ കോടതി സ്‌പെഷ്യൽ ജഡ്‌ജി കെ സനൽ കുമാർ 2019 ആഗസ്റ്റ് 5 ന് പ്രതികളെ വായിച്ചു കേൾപ്പിച്ചു. അങ്ങനെ 2019 ആഗസ്റ്റ് 26 മുതൽ സിബിഐ കോടതിയിൽ അഭയ കേസിന്റെ വിചാരണ ആരംഭിച്ചു. ഇതിനിടെ, കോവിഡ്‌ –- 19 വൈറസിന്റെ പശ്‌ചാത്തലത്തിൽ വിചാരണ നിർത്തിവയ്ക്കണമെന്ന പ്രതികളുടെ ഹർജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിൽ ഒക്‌ടോബർ 20 മുതൽ അഭയ കേസിന്റെ വിചാരണ സിബിഐ കോടതിയിൽ പുനരാരംഭിച്ചു. സിബിഐയുടെ കുറ്റപത്രത്തിൽ 133 പ്രോസിക്യൂഷൻ സാക്ഷികളാണ് ആകെയുള്ളത്.

28 വർഷം കാലപ്പഴക്കമുള്ള കേസ് ആയതിനാൽ പല സാക്ഷികളും മരിച്ചുപോയതിനാൽ പ്രോസിക്യൂഷന് 49 സാക്ഷികളെ മാത്രമേ കോടതിയിൽ വിസ്തരിക്കാൻ കഴിഞ്ഞുള്ളൂ. പ്രതിഭാഗത്തിന് ഒരു സാക്ഷിയെ പോലും വിസ്തരിക്കാൻ കഴിഞ്ഞില്ല. ഡിസംബർ 10 ന് പ്രോസിക്യൂഷൻ വാദവും പ്രതിഭാഗ വാദവും പൂർത്തിയാക്കുമ്പോൾ അഭയ കൊല്ലപ്പെട്ടിട്ട് 28  വർഷവും 9 മാസവും തികഞ്ഞു. തിരുവനന്തപുരം സിബിഐ കോടതി സ്‌പെഷ്യൽ ജഡ്‌ജി കെ സനൽ കുമാറാണ്‌ 22 ന് വിധി പറയാൻ ഉത്തരവ് ഇട്ടത്‌.

കൂറുമാറിയ സാക്ഷിക്കെതിരേ ക്രിമിനൽ കേസ്‌

വിചാരണ വേളയിൽ പ്രതിഭാഗത്തേക്ക്‌ കൂറുമാറി മൊഴി മാറ്റി പറഞ്ഞ പ്രോസിക്യൂഷൻ രണ്ടാം സാക്ഷി സഞ്ജു പി മാത്യുവിനെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്യുമെന്ന്‌ സിബിഐ കോടതിയെ അറിയിച്ചിരുന്നു. ജോമോൻ പുത്തൻപുരയ്ക്കൽ പ്രോസിക്യൂഷൻ 24ാം സാക്ഷിയാണ്. പ്രോസിക്യൂഷന് വേണ്ടി വാദിച്ചത് സിബിഐ പ്രോസിക്യൂട്ടർ എം നവാസാണ്. ഒന്നാം പ്രതി ഫാ. കോട്ടൂരിന്‌ വേണ്ടി അഡ്വ.ബി.രാമൻപിള്ളയും മൂന്നാം പ്രതി സിസ്റ്റർ സെഫിക്ക് വേണ്ടി അഡ്വ.ജെ ജോസും വാദിച്ചു. അതിനിടെ, മൂന്നാം പ്രതി സിസ്റ്റർ സെഫി ഹൈമനോപ്ളാസ്റ്റിക് സർജറി നടത്തി കന്യകയാണെന്ന് സ്ഥാപിച്ചത്  കേസിൽ നിന്നും രക്ഷപ്പെടാൻ ആയിരുന്നു എന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

സിസ്റ്റർ സെഫിയെ സിബിഐ അറസ്റ്റ് ചെയ്‌തതിന് ശേഷം വൈദ്യപരിശോധനയ്ക്ക് 2008 നവംബർ 25 ന് വിധേയയാക്കിയപ്പോൾ സിസ്റ്റർ സെഫി കന്യകയാണെന്ന് സ്ഥാപിച്ച് എടുക്കാൻ വേണ്ടി കന്യകാചർമ്മം കൃതിമമായി വച്ചു പിടിപ്പിക്കാനായി  ഹൈമനോപ്ളാസ്റ്റിക് സർജറി നടത്തിയത് വൈദ്യപരിശോധനയിൽ കണ്ടെത്തിയെന്ന് ആലപ്പുഴ ഗവ. മെഡിക്കൽ കോളേജിലെ പൊലീസ് സർജനും 29-ാം സാക്ഷിയുമായ ഡോ.രമയും ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പലും 19-ാം സാക്ഷിയുമായ ഡോ.ലളിതാംബിക കരുണാകരനും സിബിഐ കോടതിയിൽ മൊഴി നൽകിയത് അന്തിമ വാദത്തിൽ പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

ബിജി കുര്യൻ

28 വർഷം നീണ്ട കാത്തിരിപ്പ്‌... അഭയ കൊലക്കേസ്‌ നാൾ വഴികൾ

കൊച്ചി> നീണ്ട 28 വർഷത്തിന്‌ ശേഷമാണ്‌ സിസ്‌റ്റർ അഭയ കൊല്ലപ്പെട്ട കേസേിൽ  വിധി വരുന്നത്‌.  .  കോട്ടയം പയസ്‌ ടെൻത്‌ കോൺവന്റിൽ 1992 മാർച്ച് 27നാണ് അഭയ കൊല്ലപ്പെട്ടത്. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയാണ്‌ കേസിൽ വിധി പറയുന്നത്‌. സിസ്റ്റർ സെഫി, ഫാദർ തോമസ് കോട്ടൂർ എന്നിവരാണ്‌ ഒന്നും മൂന്നും പ്രതികൾ . രണ്ടാംപ്രതി ഫാ. ജോസ്‌ പൂതൃക്കയിലെ കോടതി വിട്ടയച്ചിരുന്നു. നാലാംപ്രതി എഎസഐ വിവി അഗസ്‌റ്റിൽ വിചാരണക്കിടെ മരിച്ചതോടെ കുറ്റപത്രത്തിൽനിന്നും ഒഴിവാക്കപ്പെട്ടു.

ലോക്കൽ പൊലീസ്‌  അന്വേഷണം തുടങ്ങിയ കേസ്‌ പിന്നീട്‌ ക്രൈം ബ്രാഞ്ചും തുടർന്ന്‌ സിബിഐയും അന്വേഷിച്ചു.മകളുടെ കൊലപാതകികളെ പുറത്തുകൊണ്ടുവരാൻ കാത്തിരുന്നിരുന്ന  അഭയയുടെ അച്‌ഛനും  അമ്മയും വിചാരണ കാലയളവിൽ  മരിച്ചു.28 വർഷം കാലപ്പഴക്കമുള്ള കേസ് ആയതിനാൽ പല സാക്ഷികളും മരിച്ചുപോയതിനാൽ പ്രോസിക്യൂഷന് 49 സാക്ഷികളെ മാത്രമേ കോടതിയിൽ വിസ്തരിക്കാൻ കഴിഞ്ഞുള്ളൂ. പ്രതിഭാഗത്തിന് ഒരു സാക്ഷിയെ പോലും വിസ്തരിക്കാൻ കഴിഞ്ഞില്ല

നാൾ വഴികൾ

1992 മാർച്ച് 27 - പയസ് ടെൻത് കോൺവെന്റ്‌ വളപ്പിലെ കിണറ്റിൽ അഭയയെ മരിച്ച നിലയിൽ കണ്ടെത്തി.

ഏപ്രിൽ 14 - കേസ് ക്രൈം ബ്രാഞ്ചിനു കൈമാറി

1993 ജനുവരി 30 - അഭയയുടെ മരണം ആത്മഹത്യയാണെന്ന ക്രൈം ബ്രാഞ്ച് റിപ്പോർട്ട് കോടതിയിൽ.

1993 മാർച്ച് 29 - കേസ് സിബിഐ ഏറ്റെടുക്കുന്നു. സിബിഐ ഡിവൈഎസ്പി വർഗീസ് പി തോമസിനു അന്വേഷണ ചുമതല.

1993 - ആത്മഹത്യ എന്ന വാദം തെറ്റാണെന്നു സിബിഐ കണ്ടെത്തൽ.

1994 ജനുവരി 19 - അഭയ ആത്മഹത്യ ചെയ്തതാണ് എന്നു റിപ്പോർട്ട് നൽകാൻ സിബിഐ നിർബന്ധിക്കുന്നതായി വർഗീസ് പി തോമസ് എന്ന ഉദ്യോഗസ്ഥൻ്റെ വെളിപ്പെടുത്തൽ.

1994 മാർച്ച് 17 - സിബിഐ ഫോറൻസിക് പരിശോധനയും ഡമ്മി പരിശോധനയും. മരണം കൊലപാതകം എന്നു കണ്ടെത്തൽ.

1996 നവംബർ 26- കേസ് എഴുതിത്തള്ളണമെന്നു സിബിഐ ആവശ്യം കോടതിയിൽ

1999 ജൂലൈ 12- കൊലപാതകമെന്ന് സിജെഎം കോടതിയിൽ സിബിഐ റിപ്പോർട്ട്. നിർണായക തെളിവുകളെല്ലാം പോലീസ് നശിപ്പിച്ചതിനാൽ പ്രതികളെ പിടിക്കാനായില്ലെന്നും വാദം.

2001 ജൂൺ 23- പുനരന്വേഷണത്തിന് പുതിയ ടീമിനെ നിയമിക്കാൻ സിബിഐയ്ക്ക് കോടതി നിർദ്ദേശം. ബ്രെയ്ൻ ഫിംഗർ പ്രിന്റിംഗ് അടക്കം നൂതന കുറ്റാന്വേഷണ മാർഗങ്ങൾ ഉപയോഗിക്കണമെന്നും ഉത്തരവ്.

2001 മേയ് 18- കേസിൽ കൂടുതൽ അന്വേഷണം നടത്താൻ സിബിഐയോട് ഹൈക്കോടതി.

2001 ആഗസ്റ്റ് 16- സിബിഐ ഡിഐജി നന്ദകിഷോറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം പുനരന്വേഷണത്തിന് കോട്ടയത്ത്.

2005 ആഗസ്റ്റ് 30- സിബിഐ മൂന്നാം റിപ്പോർട്ട് സമർപ്പിച്ചു.

2006 ആഗസ്റ്റ് 21- കേസിൽ തുടരന്വേഷണം നടത്താൻ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഉത്തരവ്.

2007 ഏപ്രിൽ-മേയ്: അഭയയുടെ ആന്തരികാവയവ പരിശോധനാ റിപ്പോർട്ടിൽ തിരുത്തൽ നടന്നുവെന്ന വെളിപ്പെടുത്തലോടെ കേസ് വീണ്ടും സജീവമാകുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരുന്ന രജിസ്റ്ററിൽ നിന്ന് അഭയയുടെ റിപ്പോർട്ട് കാണാതായെന്ന് കോടതിയിൽ പോലീസ് സർജൻ്റെ റിപ്പോർട്ട്.

2007 മേയ് 22- ഫോറൻസിക് റിപ്പോർട്ടിൽ തിരുത്തൽ നടന്നതായി തുരുവനന്തപുരം സിജെഎം കോടതി.

2008 ഒക്ടോബർ 23: അഭയക്കേസ് സിബിഐയുടെ കേരള ഘടകം അന്വേഷിക്കണമെന്ന് ഹൈക്കോടതി.

2008 നവംബർ 18: സഞ്ജു മാത്യു വിശദമായ മൊഴി നൽകി.

2008 നവം. 18: കേസിലെ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരും രണ്ടാം പ്രതി ഫാ. ജോസ് പൂത്തൃക്കയിലും കസ്റ്റഡിയിൽ.

2008 നവംബർ 19: കേസിലെ മൂന്നാം പ്രതി സിസ്റ്റർ സെഫി കസ്റ്റഡിയിൽ.

2008 നവംബർ 19: അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കുന്നു. കൂടുതൽ ചോദ്യം ചെയ്യലിനായി സിബിഐ കസ്റ്റഡിയിൽ.

2008 നവംബർ 24: അഭയക്കേസ് അന്വേഷിച്ച മുൻ എഎസ്ഐ വി വി അഗസ്റ്റിൻ ആത്മഹത്യ ചെയ്തു. ആത്മഹത്യാക്കുറിപ്പിൽ സിബിഐ മർദ്ദിച്ചതായി ആരോപണം.

2008 ഡിസംബർ 29: പ്രതികളുടെ ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് തള്ളിക്കളയുന്നു.

2008 ഡിസംബർ 2: പ്രതികളെ പോലീസ് കസ്റ്റഡിയിൽ വയ്ക്കാൻ മുഖ്യജുഡിഷ്യൽ മജിസ്‌ട്രേറ്റ് തീരുമാനിക്കുന്നു.

2009 ജൂലായ് 17- സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.

2011 മാർച്ച് 16- വിചാരണ കൂടതെ കുറ്റവിമുക്തരാക്കണം എന്ന് ആവശ്യപ്പെട്ട് മൂന്നു പ്രതികളും എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ

2014 മാർച്ച് 19- തെളിവ് നശിപ്പിച്ചുവെന്ന ആരോപണത്തിൽ ക്രൈം ബ്രാഞ്ച് എസ്പി കെ ടി മൈക്കിൾ ഉൾപ്പെടെയുള്ളവര്‍ക്കെതിരെ അന്വേഷണം വേണമെന്ന് ഹൈക്കോടതി.

2015 ജൂൺ 30- ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ സാമുവലിനെ പ്രതിയാക്കി തിരുവനന്തപുരം സിബിഐ കോടതിയിൽ റിപ്പോര്‍ട്ട്.

2018 മാർച്ച് 7- ഒന്നാം പ്രതിയുടെയും മൂന്നാം പ്രതിയുടെയും വിടുതൽ ഹർജി തള്ളി.

2019 ആഗസ്റ്റ് 26- അഭയ കേസിന്‍റെ വിചാരണ സിബിഐ കോടതയിൽ ആരംഭിച്ചു.

2020 ഒക്‌ടോബർ 20- സിബിഐ കോടതിയിൽ വിചാരണ പുനരാരംഭിച്ചു.

2020 ഡിസംബര്‍ 22- അഭയ കേസിൽ വിധി

Thursday, December 17, 2020

അന്വേഷണ വിഷയത്തില്‍ നിന്ന് വ്യതിചലിച്ചു; കേന്ദ്ര ഏജന്‍സികള്‍ ശ്രമിക്കുന്നത് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം > സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്താനുള്ള വഴികള്‍ തേടി നീതിയോ ന്യായമോ മര്യാദയോ ഇല്ലാത്ത അന്വേഷണമാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേരളത്തില്‍ നടത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ തിരുത്തല്‍ നടപടികള്‍ ഉണ്ടാകാന്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

നമ്മുടെ ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് ഭരണഘടനാപരമായ അധികാരങ്ങളും അതിരുകളും നിര്‍ണയിച്ചിട്ടുണ്ട്. എന്താണോ കണ്ടെത്തേണ്ടത്, അതില്‍ നിന്ന് മാറി സര്‍ക്കാരിന്റെ കുറ്റം കണ്ടെത്താനുള്ള അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികള്‍ക്ക് അധികാരമില്ല. ആരോപണങ്ങളുടെ സത്യം കണ്ടെത്താനുള്ള എല്ലാ അവകാശവും കേന്ദ്ര ഏജന്‍സികള്‍ക്കുണ്ട്. എന്നാല്‍ അവരുടെ അധികാരത്തിനപ്പുറത്തേക്ക് നീങ്ങുന്നത് അന്വേഷണ ഏജന്‍സികളുടെ നിഷ്പക്ഷത ഇല്ലാതാക്കുമെന്നും വിശ്വാസ്യത നഷ്ടപ്പെടുത്തുമെന്നും മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു.


അന്വേഷണ വിഷയത്തില്‍ നിന്ന് വ്യതിചലിച്ച് വല്ലതും കണ്ടെത്താന്‍ കഴിയുമോ എന്ന് നിലയിലുള്ള പരതല്‍ ഏജന്‍സികളുടെ വിശ്വാസ്യത പൂര്‍ണമായി ഇല്ലാതാക്കും. സര്‍ക്കാരിന്റെ വികസന പരിപാടികളെ അതു തടസ്സപ്പെടുത്തും. സത്യസന്ധരും കഠിനാദ്ധ്വാനികളുമായ ഉദ്യോഗസ്ഥരുടെ മനോവീര്യം അതു നഷ്ടപ്പെടുത്തും. അന്വേഷണ ഏജന്‍സികളുടെ ഈ വഴിവിട്ട പോക്ക് സര്‍ക്കാര്‍ നേരിടുന്ന ഭരണപരമായ ഗൗരവ പ്രശ്‌നമാണ്. ഒരു ജനാധിപത്യ-ഫെഡറല്‍ സംവിധാനത്തില്‍ ഇതു ഒരിക്കലും അംഗീകരിക്കാനാവില്ല.

തിരുവനന്തപുരം വിമാനത്താവളത്തില്‍ 2020 ജൂണില്‍ സ്വര്‍ണം കള്ളക്കടത്തു പിടിച്ചതുമായി ബന്ധപ്പെട്ട് ജൂലൈ 8ന് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്ന കാര്യം മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ ബാധിക്കുന്ന  പ്രശ്‌നമായതുകൊണ്ട് കേന്ദ്ര ഏജന്‍സികളുടെ ഫലപ്രദവും ഏകോപിതവുമായ അന്വേഷണം ആവശ്യപ്പെട്ടാണ് കത്തെഴുതിയിരുന്നത്. തിരുവനന്തപുരം യു.എ.ഇ. കോണ്‍സുലേറ്റിലെ ചില മുന്‍ ജീവനക്കാര്‍ പ്രതിചേര്‍ക്കപ്പെട്ട കേസില്‍ 2020 ജൂലൈയിലാണ് കസ്റ്റംസ് അന്വേഷണം ആരംഭിച്ചത്. ഐ.എ.എസ്. ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ വ്യക്തിക്ക് പ്രതികളുമായി ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ അദ്ദേഹത്തെ മാറ്റി നിര്‍ത്തുകയും പിന്നീട് സസ്‌പെന്റ് ചെയ്യുകയും ചെയ്തു. സ്വര്‍ണം കള്ളക്കടത്തായി അയച്ചതുമുതല്‍ അത് അവസാനം ഉപയോഗിച്ചതുവരെയുള്ള സംഭവങ്ങളിലെ വസ്തുത പുറത്തുവരണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിച്ചത്. കസ്റ്റംസിന് പുറമെ എന്‍.ഐ.എയും അന്വേഷണം ആരംഭിച്ചു. പിന്നീട് ജൂലൈ 13ന് ഇ.ഡി.യും സെപ്തംബര്‍ 24ന് സി.ബി.ഐയും രംഗത്തു വന്നു.

സ്വര്‍ണ്ണക്കടത്തില്‍ എന്‍.ഐ.എ. രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്. എന്നാല്‍ പിന്നീട് വടക്കാഞ്ചേരി ലൈഫ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് കരാറുകാരന്‍ ചില പ്രതികള്‍ക്ക് കമ്മീഷന്‍ കൊടുത്തുവെന്ന ആരോപണത്തിലേക്ക് ഇ.ഡി അന്വേഷണം വഴിതിരിഞ്ഞു. യു.എ.ഇ റെഡ്ക്രസന്റ്  പണം മുടക്കിയ പദ്ധതിയായിരുന്നു ഇത്. 140 വീടുകളും ഒരു വനിതാ-ശിശു ആശുപത്രിയും അവരുടെ ഫണ്ട് ഉപയോഗിച്ച് അവര്‍ നിശ്ചയിക്കുന്ന കരാറുകാരന്‍ മുഖേന നടപ്പാക്കുന്ന പദ്ധതിയാണിത്. ഭവനരഹിതര്‍ക്ക് വീട് നല്‍കുന്ന ലൈഫ് മിഷിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ലൈഫ് മിഷനിലൂടെ പാവപ്പെട്ട 2.5 ലക്ഷം പേര്‍ക്ക് ഇതിനകം വീട് നല്‍കിയിട്ടുണ്ട്. പ്രാദേശിക സ്ഥാപനങ്ങളുടെ സജീവമായ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ഈ പദ്ധതിയില്‍ ഒരു വീടിന് നാലു ലക്ഷം രൂപയാണ് നല്‍കുന്നത്. ഗുണഭോക്താവില്‍ നിന്ന് ഒരു വിഹിതവും ഈടാക്കുന്നില്ല എന്നത് ഈ പദ്ധതിയുടെ സവിശേഷതയാണ്.

ലൈഫ്മിഷന്‍ പദ്ധതിക്കെതിരെ കേരളത്തിലെ ഒരു കോണ്‍ഗ്രസ് എംഎല്‍എ 2020 സെപ്തംബര്‍ 20ന് നല്‍കിയ പരാതി പ്രകാരം സെപ്തംബര്‍ 24ന് സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. നടപടിക്രമങ്ങള്‍ പാലിക്കാതെയും പ്രാഥമിക പരിശോധന നടത്താതെയും വളരെ ധൃതിപിടിച്ചാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ലൈഫ് മിഷനിലെ ?അറിയപ്പെടാത്ത ഉദ്യോഗസ്ഥരെ? പ്രതികളാക്കി കേസ് എടുത്തു. എന്നാല്‍ അന്വേഷണം ആരംഭിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടിയില്ല.

എഫ്‌സിആര്‍എ ലംഘനം ആരോപിച്ചാണ് കേസ്സെടുത്തത്. നേരത്തെ പറഞ്ഞതുപോലെ റെഡ് ക്രസന്റിന്റെ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതിയാണിത്. കരാറുകാരനെ അവര്‍ തന്നെ നിശ്ചയിച്ചു. യു.എ.ഇ കോണ്‍സുലേറ്റും കരാറുകാരനും തമ്മില്‍ ധാരണാപത്രവും ഒപ്പുവെച്ചിട്ടുണ്ട്. വീടുകള്‍ പണിയേണ്ടതു സംബന്ധിച്ച് നിബന്ധനകള്‍ അറിയിക്കുക മാത്രമാണ് ലൈഫ് മിഷന്‍ ചെയ്തത്. അതല്ലാതെ ഈ പദ്ധതിയില്‍ ലൈഫ് മിഷന് നേരിട്ട് ഒരു പങ്കുമില്ല.

ലൈഫ് മിഷന്‍ സി.ഇ.ഒ ഫയല്‍ ചെയ്ത കേസില്‍ എഫ്‌ഐആറില്‍ ലൈഫ് മിഷനെ ചേര്‍ത്തതിന് എഫ്‌സിആര്‍എ വ്യവസ്ഥകള്‍ പ്രകാരമോ കോടതിക്ക് മുമ്പില്‍ വന്ന വസ്തുതകള്‍ പ്രകാരമോ ന്യായീകരണമില്ലെന്ന് കേരള ഹൈക്കോടതി തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സിബിഐ അന്വേഷണം രണ്ടു മാസത്തേക്ക് സ്റ്റേ ചെയ്യുകയും ചെയ്തു.

എല്ലാ അധികാരപരിധിയും ലംഘിച്ചാണ് ലൈഫ് മിഷന്‍ സംബന്ധിച്ച മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ ഇ.ഡി ആവശ്യപ്പെട്ടത്. ഒക്ടോബര്‍ 30ന് നല്‍കിയ സമന്‍സില്‍ പിറ്റേന്ന് രാവിലെ 10 മണിക്ക് മുഴുവന്‍ രേഖകളും ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടു. സുപ്രീംകോടതി വിധികള്‍ പോലും ലംഘിച്ചാണ് മുഴുവന്‍ രേഖകളു ചോദിച്ച് സമന്‍സ് നല്‍കിയത്. ഇതിന് പുറമെ, കേരള സര്‍ക്കാരിന്റെ പ്രധാന പദ്ധതികളായ കെ-ഫോണ്‍, ഇലക്ട്രേിക് വെഹിക്കിള്‍ എന്നിവ സംബന്ധിച്ച് മുഴുവന്‍ രേഖകളും ഇ.ഡി ആവശ്യപ്പട്ടുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.  

കേരളത്തിന്റെ വികസന പദ്ധതികള്‍ക്ക് ഗണ്യമായ പിന്തുണ നല്കുന്ന കിഫ്ബിയെക്കുറിച്ചം കാടടച്ചുള്ള അന്വേഷണത്തിന് ഇ.ഡി മുതിര്‍ന്നു. മസാല ബോണ്ടിന് അനുമതി നല്‍കിയതിന്റെ വിശദാംശം തേടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്ക് കത്തെഴുതി.

ഇ.ഡി. നടത്തുന്ന അന്വേഷണത്തിലെ പൊരുത്തക്കേടുകളും മുഖ്യമന്ത്രി ശ്രദ്ധയില്‍പെടുത്തി. പ്രതികളില്‍ ഒരാളുടെ ബാങ്ക് ലോക്കറില്‍ നിന്ന് കണ്ടെത്തിയ പണം സ്വര്‍ണക്കടത്തില്‍ നിന്ന് ലഭിച്ചതാണെന്നായിരുന്നു ആദ്യം ഇ.ഡി കോടതിയില്‍ പറഞ്ഞത്. പിന്നീട് അതില്‍ നിന്ന് മാറി കരാറുകാരനില്‍ നിന്ന് കമ്മീഷന്‍ വഴി ലഭിച്ച പണമാണെന്ന് റിപ്പോര്‍ട്ട് നല്‍കി.

സ്വര്‍ണക്കടത്തിനെക്കുറിച്ച് ഫലപ്രദവും ഏകോപിതവുമായ അന്വേഷണം നടത്തേണ്ട ഏജന്‍സികള്‍, അതൊഴികെ മറ്റെല്ലാം ചെയ്യുകയാണ്. പ്രതികളും സാക്ഷികളും നല്‍കുന്ന മൊഴികള്‍ സൗകര്യപൂര്‍വ്വം തെരഞ്ഞെടുത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നു. സമന്‍സ് അയച്ചാല്‍ അതു ബന്ധപ്പെട്ട ആള്‍ക്ക് ലഭിക്കും മുമ്പ് മാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നു.

ചില അന്വേഷണ ഉദ്യോഗസ്ഥരുടെ സഹായത്തോടെ സര്‍ക്കാരിനെയും സര്‍ക്കാരിന് നേതൃത്വം നല്‍കുന്നവരെയും അപകീര്‍ത്തിപ്പെടുത്തുന്നതിനുള്ള ആസൂത്രിതവും നിരന്തരവുമായ പ്രചാരണമാണ് നടക്കുന്നത്. മജിസ്‌ട്രേറ്റ് മുമ്പാകെ നല്‍കുന്ന രഹസ്യമൊഴികളിലെ ഉള്ളടക്കം ചോര്‍ത്തി നല്‍കുന്നത് ഇതിന് തെളിവാണ്.

അഞ്ചുമാസം കഴിഞ്ഞിട്ടും സ്വര്‍ണം അയച്ചവരെയോ അത് അവസാനം ലഭിച്ചവരേയോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വിദേശത്തുള്ള പ്രതികളെയും പ്രതികളെന്ന് സംശയിക്കുന്നവരെയും പിടികൂടുന്നതിനും കഴിഞ്ഞിട്ടില്ല. ഈ ഉത്തരവാദിത്തം നിര്‍വഹിക്കാതെ, സംസ്ഥാന സര്‍ക്കാരിന്റെ പ്രതിഛായ കളങ്കപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനമാണ് അന്വേഷണ ഏജന്‍സികള്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Sunday, December 13, 2020

സിബിഐയുടെ 103 കിലോ സ്വർണം കാണാനില്ല; പൊലീസ്‌ അന്വേഷണത്തിന്‌ കോടതി ഉത്തരവ്‌

 ചെന്നൈ > റെയ്‌ഡില്‍  പിടികൂടിയ 103 കിലോ സ്വര്‍ണം സിബിഐ കസ്റ്റഡിയില്‍ നിന്ന് കാണാതായി. 45 കോടി രൂപ വിലവരുന്ന സ്വര്‍ണമാണ് കാണാതായത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ തമിഴ്‌നാട് സിബി-സിഐഡിയോട് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.  2012ല്‍ സിബിഐ സുരാന കോര്‍പറേഷന്‍ ലിമിറ്റഡില്‍നിന്ന് പിടിച്ചെടുത്ത 400.5 കിലോ സ്വര്‍ണത്തില്‍ നിന്നാണ് 103 കിലോ കാണാതായതത്. സുരാനയുടെ നിലവറയില്‍ സിബിഐ സീല്‍ ചെയ്ത് പൂട്ടിയ സ്ഥലത്തുനിന്നാണ് സ്വര്‍ണം കാണാതായത്.

സ്വര്‍ണ സൂക്ഷിച്ച സ്ഥലത്തിന്റെ 72 താക്കോലുകള്‍ ചെന്നൈ പ്രിന്‍സിപ്പല്‍ സ്‌പെഷ്യല്‍ കോടതിയില്‍ കൈമാറിയിരുന്നുവെന്നാണ് സിബിഐ പറയുന്നത്. തൂക്കിയപ്പോള്‍ ഉണ്ടായ പിഴവാണ് കാരണമെന്നും സിബിഐ പറയുന്നു. സ്വര്‍ണം പിടിച്ചെടുത്തപ്പോള്‍ ഒരുമിച്ചാണ് തൂക്കിയത്. എന്നാല്‍, സുരാനയും എസ്ബിഐയും തമ്മിലുള്ള വായ്പ ഇടപാടുകള്‍ അവസാനിപ്പിക്കുന്നതിനായി ഓരോ ആഭരണവും പ്രത്യേകമായാണ് തൂക്കിയത്. അതുകൊണ്ടാണ് തൂക്കം തമ്മില്‍ പൊരുത്തക്കേടുണ്ടായതെന്നും സിബിഐ പറയുന്നു.

എന്നാല്‍ സിബിഐയുടെ വാദം കോടതി അംഗീകരിച്ചില്ല. സിബി - സിഐഡിയോട് എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ സംഭവം അന്വേഷിച്ച് ആറ് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജസ്റ്റിസ് പ്രകാശ് ഉത്തരവിട്ടു. ലോക്കല്‍ പൊലീസ് അന്വേഷിച്ചാല്‍ അഭിമാനത്തിന് ഇടിവുണ്ടാകുമെന്ന് സിബിഐ കോടതിയോട് പറഞ്ഞു. എന്നാല്‍ സിബിഐക്ക് പ്രത്യേക കൊമ്പില്ലെന്നും എല്ലാ പൊലീസിനെയും വിശ്വസിക്കണമെന്നും കോടതി നിരീക്ഷിച്ചു.

Friday, November 20, 2020

സിബിഐ അന്വേഷണം‌:സംസ്ഥാന അനുമതി നിർബന്ധം:‌ സുപ്രീംകോടതി

സിബിഐ അന്വേഷണത്തിന്‌ സംസ്ഥാനസർക്കാരുകളുടെ അനുമതി നിർബന്ധമാണെന്ന്‌ സുപ്രീംകോടതി. അനുമതി നൽകാത്ത  സംസ്ഥാനങ്ങളിലേക്ക്‌  സിബിഐയുടെ‌ അധികാരപരിധി വ്യാപിപ്പിക്കാൻ കേന്ദ്രസർക്കാരിന്‌ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. ഉത്തർപ്രദേശിൽ അഴിമതിക്കേസിൽ പ്രതികളായ സർക്കാർ ഉദ്യോഗസ്ഥർ അലഹബാദ്‌ ഹൈക്കോടതി ഉത്തരവിന്‌ എതിരെ നൽകിയ അപ്പീൽ തീർപ്പാക്കിയാണ്‌‌ സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം.

ഡൽഹി സ്‌പെഷ്യൽ പൊലീസ്‌ എസ്‌റ്റാബ്ലിഷ്‌മെന്റ്‌ നിയമം‌ (ഡിഎസ്‌പിഇ)  ആറാം വകുപ്പ്‌ അനുസരിച്ച്‌ ഏതെങ്കിലും സംസ്ഥാനത്തേയ്ക്ക്‌ സിബിഐയുടെ അധികാരപരിധി വ്യാപിപ്പിക്കണമെങ്കിൽ ആ സംസ്ഥാനത്തിന്റെ അനുമതി തേടിയിരിക്കണമെന്ന്‌ വ്യവസ്ഥയുണ്ടെന്ന്‌ ജസ്‌റ്റിസുമാരായ‌ എ എം ഖാൻവിൽക്കർ,  ഭൂഷൺ ഗവായ്‌ എന്നിവർ അംഗങ്ങളായ  ബെഞ്ച്‌ വ്യക്തമാക്കി. സംസ്ഥാനങ്ങളുടെ അനുമതി ഇല്ലാതെ കേന്ദ്രസർക്കാരിന്‌ സിബിഐയുടെ അധികാരപരിധി വ്യാപിപ്പിക്കാൻ കഴിയില്ല. ഭരണഘടന അനുശാസിക്കുന്ന ഫെഡറൽ ഘടന സംരക്ഷിക്കാനാണ്‌ ഈ  നിയമവ്യവസ്ഥയെന്നും കോടതി ചൂണ്ടിക്കാട്ടി.

മോഡിസർക്കാർ കേന്ദ്രഏജൻസികളെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുള്ള ആയുധമാക്കുകയാണെന്ന്‌ ചൂണ്ടിക്കാട്ടി‌ മഹാരാഷ്ട്ര, രാജസ്ഥാൻ, പശ്ചിമബംഗാൾ, ആന്ധ്രപ്രദേശ്‌, ഛത്തീസ്‌ഗഢ്‌, കേരളം, പഞ്ചാബ്‌, ജാർഖണ്ഡ്‌ തുടങ്ങിയ സംസ്ഥാനങ്ങൾ സിബിെഐ അന്വേഷണത്തിനുള്ള‌  പൊതുഅനുമതി പിൻവലിച്ചിരുന്നു‌.

ഈ സംസ്ഥാനങ്ങളിലെ ഒരോ കേസും അന്വേഷിക്കുന്നതിന്‌  സിബിഐ സംസ്ഥാനസർക്കാരിന്റെ അനുമതിക്ക്‌ അപേക്ഷിക്കണം. സുപ്രീംകോടതി, ഹൈക്കോടതി നിർദേശാനുസരണം ഏറ്റെടുക്കുന്ന കേസുകളിൽ അനുമതി ആവശ്യമില്ല.

ഡിഎസ്‌പിഇ നിയമപ്രകാരം ഡൽഹിയിലെ പ്രത്യേക പൊലീസ്‌സേന എന്ന നിലയിലാണ്‌ സിബിഐക്ക്‌ രൂപംനൽകിയത്‌‌. കേന്ദ്രഭരണപ്രദേശങ്ങളിലെ  കുറ്റകൃത്യങ്ങൾ അന്വേഷിക്കാനാണ്‌ പ്രത്യേക സേന രൂപീകരിച്ചത്‌.

എം അഖിൽ 

Tuesday, November 17, 2020

സിബിഐ പോര; ഇഡിയാണ്‌ ഇടിവെട്ട്‌

 കേന്ദ്രം ഭരിക്കുന്നവരുടെ കോടാലിക്കൈയായിരുന്നു പണ്ടേ സിബിഐ. അതും കടത്തിവെട്ടുകയാണ് ഇപ്പോൾ എൻഫോഴ്‌സമെന്റ്‌ ഡയറക്ടറേറ്‌ (ഇഡി)‌. കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയചട്ടുകമായി  മാറുന്നുവെന്ന ആരോപണം ഇപ്പോൾ ഏറ്റവും കൂടുതൽ നേരിടുന്ന ഏജൻസി കൂടിയാണ്‌ ഇഡി.  കോൺഗ്രസും ബിജെപിയും തരംപോലെ ഇഡിയെ ഉപയോഗിച്ചിട്ടുണ്ട്‌. തെരഞ്ഞെടുപ്പുകൾക്കു മുന്നോടിയായി നിരവധി കേസും കോലാഹലങ്ങളും വരും; പിന്നീട്‌ അന്വേഷണം പാതിവഴിയിൽ നിലയ്‌ക്കും.

ബിജെപിയിലേക്ക്‌ ചാടിയാൽ കേസ്‌ സ്വാഹ...

ശാരദ ചിട്ടിതട്ടിപ്പ്‌ കേസിൽ ആരോപണവിധേയരായ രണ്ട്‌ നേതാക്കളാണ്‌ മുകുൾ റോയിയും ഹിമാന്ത ബിസ്വ സാർമയും. തൃണമൂൽ കോൺഗ്രസിൽനിന്ന്‌ റോയി ബിജെപിയിൽ എത്തിയതോടെ ഇഡി അന്വേഷണം‌ ഒഴിവായി. റോയി  ബിജെപി ദേശീയ സെക്രട്ടറിയുമായി.  കോൺഗ്രസ്‌ വിട്ട്‌  ബിജെപിയിൽ എത്തിയതോടെ സാർമയ്‌ക്കും ക്ലീൻചിറ്റ്‌. അസമിൽ സാർമ ധനമന്ത്രിയുമായി.

രാജ്യസഭാംഗങ്ങളായ വൈ എസ്‌ ചൗധരിയുടെയും നാരായൺ റാണയുടെയും പേരിൽ ഇഡി അന്വേഷണം തുടങ്ങി. ചൗധരി തെലുഗുദേശത്തിൽനിന്ന്‌ ബിജെപിയിൽ എത്തിയപ്പോൾ അന്വേഷണം നിലച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി അഖിലേഷ്‌ യാദവിന്റെയും മായാവതിയുടെയും പേരിൽ കേസെടുത്തു. രാജസ്ഥാനിൽ‌ മുഖ്യമന്ത്രി അശോക്‌ ഗെലോട്ടിന്റെ സഹോദരൻ അഗ്രസെൻ ഗെലോട്ടിനെതിരെയും അന്വേഷണം തുടങ്ങി. പഞ്ചാബിൽ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ മകൻ രണീന്ദർ സിങ്ങിനെ ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്‌.

കേസ്‌ 2500 ശിക്ഷിച്ചത്‌ 15 മാത്രം

രാഷ്ട്രീയതാൽപ്പര്യം മുൻനിർത്തി ചാർത്തുന്ന ഇഡിയുടെ പല കേസും ലക്ഷ്യം കാണാറില്ല. കൊട്ടിഘോഷിക്കുന്ന കേസുകളിൽ ശിക്ഷ ഒന്നുമുണ്ടാകില്ല. 2005–-2019ൽ  കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമെടുത്ത രണ്ടായിരത്തഞ്ഞൂറിൽപ്പരം കേസിൽ ശിക്ഷിച്ചത്‌ 15 മാത്രം.  2400 കേസ്‌ അനന്തമായി നീളുന്നു.

ഇഡിക്ക്‌ സ്വന്തമായി കേസെടുക്കാൻ അധികാരമില്ല. മറ്റേതെങ്കിലും ഏജൻസികളെടുക്കുന്ന കേസിന്റെ തുടർച്ചയെന്ന നിലയിലാണ്‌ ഇഡി അന്വേഷണം. ഇഡിക്ക്‌ നേരിട്ട്‌ പരാതി ലഭിച്ചാലും പ്രാഥമിക പരിശോധനയ്‌ക്കുശേഷം മറ്റേതെങ്കിലും ഏജൻസിക്ക്‌ കൈമാറണം. സഹ ഏജൻസിയുടെ കേസ്‌ പരാജയപ്പെട്ടാൽ ഇഡി കേസും ദുർബലമാകും.

ഇഡി കഥ എഴുതുകയാണ്‌ ; ഇന്ന്‌ ബിജെപി പറയുന്നത്‌ നാളെ ഇഡി ചെയ്യും

നയതന്ത്രബാഗേജിലെ സ്വർണക്കടത്ത്‌ കേസിൽ ഏറ്റവുമൊടുവിൽ അന്വേഷണമേറ്റെടുത്ത കേന്ദ്ര ഏജൻസിയാണ്‌ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌‌ ‌(ഇഡി). മറ്റ്‌ ഏജൻസികളെ അപേക്ഷിച്ച്‌  യജമാനന്റെ ആഗ്രഹത്തിനനുസരിച്ച്‌ മുന്നേ ഓടുന്നതും ഇഡിതന്നെ. ഇന്ന്‌ ബിജെപി പറയുന്നത്‌ നാളെ ഇഡി ചെയ്യും എന്നാണ്‌ കാര്യങ്ങൾ. ആരെയൊക്കെ എപ്പോഴൊക്കെ ചോദ്യംചെയ്യണം, ആരെ പ്രതിചേർക്കണം, ഒഴിവാക്കണം, ആരുടെയൊക്കെ മൊഴി, ഏതൊക്കെ പേജ്‌ ചോർത്തണമെന്നെല്ലാം ഇഡിക്കറിയാം. ഏറ്റവുമൊടുവിൽ അവരന്വേഷിക്കുന്ന കേസ്‌ ഏതെന്നുപോലും കോടതിക്ക്‌ ഓർമിപ്പിക്കേണ്ടിവന്നു. സ്വർണക്കടത്തുകേസ്‌ അന്വേഷണത്തിനാണ്‌ വന്നതെങ്കിലും ആസൂത്രിതമായി ചിലരെയെല്ലാം പ്രതിചേർക്കേണ്ടതുള്ളതിനാൽ സംഭവിച്ചതാണ്‌.   

ഇഡി വരുന്നു

നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ സംഭവത്തിൽ ജൂലൈ ആറിന്‌ കസ്‌റ്റംസും ഒമ്പതിന്‌ എൻഐഎയും കേസെടുത്തു. 22നാണ്‌ ഇഡി‌ അന്വേഷണമാരംഭിച്ചത്‌. ഫൈസൽ ഫരീദ്‌ ഒഴികെയുള്ള പ്രധാന പ്രതികളുൾപ്പെടെ 17 പേരെ പിടികൂടി. അവരെയെല്ലാം കസ്‌റ്റംസും എൻഐഎയും വിശദമായി ചോദ്യംചെയ്‌ത്‌തെളിവുകൾ  ശേഖരിച്ചിരുന്നു. പി എസ്‌ സരിത്‌, സ്വപ്‌ന സുരേഷ്‌, ഫൈസൽ ഫരീദ്‌, സന്ദീപ്‌ നായർ എന്നിവരെ പ്രതികളാക്കി കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡി കേസെടുത്തു. ഇതിനെല്ലാം മുന്നോടിയായി സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റി. പകരം വന്നത്‌ ‘ജന്മഭൂമി’യുടെ ലീഗൽ അഡ്വൈസർ.

യജമാനന്റെ നായ

ഇഡി എത്തിയതിന്‌ പിന്നാലെ കേന്ദ്ര ആഭ്യന്തരവകുപ്പിന്റെയും ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ അജിത്‌ ഡോവലിന്റെയും പ്രത്യേക ശ്രദ്ധ സ്വർണക്കടത്ത്‌ കേസിലേക്ക്‌. അവരുടെ നിർദേശപ്രകാരം ഇഡി സ്‌പെഷ്യൽ ഡയറക്ടർ സുശീൽകുമാർ കൊച്ചിയിലെത്തി കേസ്‌ വിലയിരുത്തി. അതിന്‌ പിന്നാലെ‌ ഇഡി മന്ത്രി കെ ടി ജലീലിനെതിരായ നീക്കം ആരംഭിച്ചു‌. സെപ്‌തംബർ 11ന്‌ ജലീലിനെ മൊഴിയെടുക്കാൻ വിളിച്ചുവരുത്തി. പിന്നാലെ ജലീലിന്റെ മൊഴിയെടുക്കാൻ കസ്‌റ്റംസ്‌, എൻഐഎ തീരുമാനം.

തിരക്കഥ തയ്യാർ

കള്ളപ്പണം വെളുപ്പിക്കൽ കേസാണ്‌ അന്വേഷിക്കുന്നതെങ്കിലും സ്വർണക്കടത്തിലെ പ്രധാനപ്രതികളിൽ ഒരാളായ കെ ടി റമീസിനെ ഇഡി  പ്രതിചേർത്തിട്ടില്ല. എൻഐഎ പ്രതികളാക്കിയ പതിനഞ്ചോള‌ം പേരെയുംചോദ്യംചെയ്‌തിട്ടില്ല. എന്നിട്ടും ഒക്‌ടോബർ ഏഴിന്‌ ആദ്യ കുറ്റപത്രം നൽകി. 303 പേജുള്ള കുറ്റപത്രത്തിൽ സ്വപ്‌ന സുരേഷും കേസിൽ പ്രതിയായിട്ടില്ലാത്ത ശിവശങ്കറും നിറഞ്ഞുനിന്നു. സ്വർണക്കടത്തിന്‌ പുറമെ ‘ലൈഫ്‌’ പോലുള്ള സർക്കാർ പദ്ധതികളും.

വേണ്ടിടത്തെല്ലാം ചോർത്തൽ

കുറ്റപത്രം സമർപ്പിച്ചതിന്‌ പിന്നാലെ‌  ‘മൊഴികളും റിപ്പോർട്ടുകളും’ മാധ്യമങ്ങളിൽ നിറഞ്ഞു. സ്വപ്‌നയുടെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെ, മുഖ്യമന്ത്രിയുമായി സ്വപ്‌നയ്‌ക്ക്‌ പരിചയം, സ്വപ്‌നയെ ശിവശങ്കറുമായി പരിചയപ്പെടുത്തിയത്‌ മുഖ്യമന്ത്രി, സ്വപ്‌നയ്‌ക്ക്‌ മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വാധീനം തുടങ്ങിയ വാർത്തകളുടെ ഉറവിടം ഇഡിയിൽനിന്ന്‌ ‘ചോർന്ന’ പകർപ്പുകൾ. മുഖ്യമന്ത്രിക്കെതിരെ സ്വപ്‌നയുടെ മൊഴി പ്രധാനവാർത്തയായി ആദ്യം പ്രസിദ്ധീകരിച്ചത്‌ ജന്മഭൂമിയിൽ.

കേസ്‌ മറന്ന്‌ ഇഡി

ബാങ്ക്‌ ലോക്കറിൽനിന്ന്‌ പിടിച്ച ഒരുകോടിയോളം രൂപയും സ്വർണാഭരണങ്ങളും ‘ലൈഫി’ൽനിന്നുള്ള കമീഷനാണെന്ന്‌ ‘അവകാശപ്പെട്ടത്’‌ സ്വപ്‌നയാണ്‌. പണം പിടികൂടിയ എൻഐഎ ഇത്‌ നിഷേധിച്ചു. ലോക്കർ സമ്പാദ്യം സ്വർണക്കടത്തിൽനിന്നുള്ളതാണെന്ന്‌ കോടതിയിൽ റിപ്പോർട്ടും നൽകി. 

ലൈഫിൽ കമീഷൻ നൽകിയയാളുടെ മൊഴിയും ഹാജരാക്കി. ഇത്‌ സർക്കാർ പദ്ധതികളിൽനിന്നുള്ള സമ്പാദ്യമാണെന്നാണ്‌ ഇഡിയുടെ ‘കണ്ടെത്തൽ’. സ്വപ്‌നയെ ശിവശങ്കറുമായി ബന്ധിപ്പിക്കാനാണ്‌ ഇഡി കഥ മെനഞ്ഞത്‌. ഇത്‌ ഇഡി അന്വേഷിക്കുന്ന കേസിന്‌ വിരുദ്ധമാകില്ലേയെന്ന്‌ ചോദിച്ച കോടതി മറ്റ്‌ പദ്ധതികളിൽ കമീഷൻ കിട്ടിയത്‌ ഈ കേസിൽ ബാധകമാകില്ലെന്നും പറഞ്ഞു.

എം എസ്‌ അശോകൻ 

നേതാക്കളുടെ പേര്‌ പറയാൻ സമ്മർദം: ശിവശങ്കർ

എൻഫോഴ്‌സ്‌മെന്റിന്‌ ആവശ്യമുള്ള രാഷ്‌ട്രീയ നേതാക്കളുടെ പേര്‌ പറയാൻ വിസമ്മതിച്ചതിനാണ്‌ തന്നെ കള്ളപ്പണക്കേസിൽ പ്രതിചേർത്ത്‌  അറസ്‌റ്റ്‌ ചെയ്‌തതെന്ന്‌ എം ശിവശങ്കർ. കള്ളപ്പണം വെളുപ്പിക്കൽ കേസുകൾക്കുള്ള കൊച്ചിയിലെ പ്രിൻസിപ്പൽ സെഷൻസ്‌ കോടതിയിൽ വാദത്തിനായി സമർപ്പിച്ച കുറിപ്പിലാണ്‌ ഇക്കാര്യം‌. വലിയ സമ്മർദം ചെലുത്തുന്ന ഇഡി  കഥകൾ മെനഞ്ഞുണ്ടാക്കി കോടതിയെ തെറ്റിദ്ധരിപ്പിക്കാനും ആശയക്കുഴപ്പത്തിൽ ആക്കാനുമാണ്‌  ശ്രമിക്കുന്നതെന്നും കുറിപ്പിൽ വിശദീകരിച്ചു.

സ്വർണക്കടത്തിനും കള്ളപ്പണം വെളുപ്പിക്കലിനും ശിവശങ്കർ പ്രതികളെ സഹായിച്ചെന്നാണ്‌ ഒക്‌ടോബർ 28ന്‌ ഇഡി നൽകിയ അറസ്‌റ്റ്‌ റിപ്പോർട്ട്‌ (ഖണ്ഡിക 7). ബാങ്ക്‌ ലോക്കറിൽനിന്ന്‌ കണ്ടെടുത്ത ഒരുകോടിയിലേറെ രൂപ സമ്പാദിക്കാൻ സ്വപ്‌നയെ സഹായിച്ചു (ഖണ്ഡിക 10).

എന്നാൽ, നവംബർ അഞ്ചിന്‌ ഇഡി സമർപ്പിച്ച കസ്‌റ്റഡി നീട്ടൽ അപേക്ഷയിൽ ഈ വാദങ്ങളില്ല.  ലൈഫ്‌ പദ്ധതിയിൽനിന്ന്‌ സ്വപ്‌നയ്‌ക്ക്‌ കോഴ കിട്ടിയെന്നും അതിൽ ശിവശങ്കറിന്റെ സഹായം അന്വേഷിക്കണം (ഖണ്ഡിക10) എന്നുമാണുള്ളത്‌‌. നവം. 11ന്‌  ജാമ്യാപേക്ഷയെ എതിർത്ത്‌ ഇഡി പറഞ്ഞത്‌, ലോക്കറിലെ പണം ലൈഫിലെ കോഴയാണെന്നാണ്‌. ഒരാഴ്‌ച വ്യത്യാസത്തിലാണ്‌ ഇഡി സ്വന്തം വാദം  മാറ്റിയത്‌.  കസ്‌റ്റംസിലെ മുതിർന്ന ഉദ്യോഗസ്ഥനെ വിളിച്ചുവെന്ന്‌ അറസ്‌റ്റ്‌ റിപ്പോർട്ടിലുണ്ട്‌. എന്നാൽ ഉദ്യോഗസ്ഥനാരെന്നോ എന്തിന്‌ വിളിച്ചെന്നോ പറയുന്നില്ല.

സ്വർണക്കടത്തിനെപ്പറ്റി ശിവശങ്കറുമായി സ്വപ്‌ന സംസാരിച്ചിട്ടില്ലെന്ന്‌ നവം.11ന്‌ ഇഡിക്കുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയിൽ പറഞ്ഞു.  ഇഡി പരിശോധിച്ച വാട്‌സാപ്‌ സന്ദേശങ്ങളിലും  നിരപരാധിത്തം തെളിവാണ്‌‌. എന്നാൽ, സന്ദേശങ്ങൾ അടർത്തിമാറ്റി പുകമറ സൃഷ്‌ടിക്കുകയാണ്‌.

താൻ ലൈഫ്‌ മിഷന്റെ ചുമതലവഹിച്ചത്‌ 2018 ജൂൺ ആറുമുതൽ ഡിസംബർ 16 വരെയുള്ള ആറ്‌ മാസവും 2019 മാർച്ച്‌ 26 മുതൽ ഒരുമാസത്തോളവുമാണ്‌. അതിനുശേഷമാണ്‌ ലൈഫ്‌ കരാർ. ലൈഫിന്റെ പ്രത്യേക ചുമതലയില്ലാത്തയാൾക്ക്‌ യൂണിടാക്‌ കമീഷൻ നൽകിയെന്നത്‌ വിചിത്രമാണെന്നും കുറിപ്പിൽ പറയുന്നു.

സ്വർണക്കടത്തിൽ മലക്കംമറിഞ്ഞ്‌ ഏജൻസികൾ ; വെട്ടിലായപ്പോള്‍ കളംമാറ്റി മാധ്യമങ്ങൾ

സ്വർണക്കടത്ത്‌ കേസിൽ വിരുദ്ധവാദങ്ങളുമായി അന്വേഷണ ഏജൻസികൾ മലക്കംമറിയുമ്പോൾ അവർ പറഞ്ഞതെല്ലാം അതേപടി  വിഴുങ്ങിയ മാധ്യമങ്ങള്‍ വെട്ടിലായി.  ഇതോടെ കേസിൽ കളംമാറ്റി ചവിട്ടുകയാണ് മനോരമയും മാതൃഭൂമിയുടക്കമുള്ള മാധ്യമങ്ങള്‍.

അന്വേഷണം നാല്‌ മാസം പിന്നിട്ടിട്ടും  സ്വപ്‌നയുടെ ലോക്കറിലെ പണത്തെച്ചൊല്ലി ഇഡിയും എൻഐഎയും കസ്റ്റംസും പരസ്‌പരബന്ധമില്ലാത്ത വാദമാണ്‌ നിരത്തുന്നത്‌. ഈ വൈരുധ്യം നിസ്സാരമല്ലെന്നാണ്‌ മനോരമയും മാതൃഭൂമിയും അടക്കമുള്ള മാധ്യമങ്ങൾ ഇപ്പോൾ പറയുന്നത്‌. ലോക്കറിലെ ഒരു കോടി രൂപ സ്വർണക്കടത്ത്‌ പ്രതിഫലമെന്നാണ്‌ കസ്റ്റംസും എൻഐഎയും പറയുന്നത്‌.

എന്നാൽ, വടക്കാഞ്ചേരി ലൈഫ്‌ മിഷൻ പദ്ധതിയുടെ കോഴയെന്നാണ്‌ ഇഡി റിപ്പോർട്ട്‌. ഇത്‌ അംഗീകരിക്കേണ്ടി വന്നാൽ ശിവശങ്കറിന്‌ കേസിൽ ബന്ധമില്ലാതാകുമെന്ന്‌ മനോരമ ആശങ്കപ്പെടുന്നു. ഒരു കോടി യഥാർഥത്തിൽ ആരുടേത്‌ എന്ന ചോദ്യവും പത്രം ഉയർത്തുന്നു.

അത്‌ ഇനി കസ്റ്റംസ്‌ കണ്ടെത്തണമെന്നാണ്‌ നിർദേശം. സ്വർണക്കടത്തിന്റെ ബുദ്ധികേന്ദ്രമാണ്‌ എം ശിവശങ്കറെങ്കിൽ ഒരു രൂപപോലും പ്രതിഫലം കിട്ടിയില്ലേ. സംസ്ഥാന പദ്ധതിയിലെ കമീഷൻ എങ്ങനെയാണ്‌ സ്വർണക്കടത്തുമായി ബന്ധിപ്പിക്കുക. ഇനി ഇതെല്ലാം കസ്റ്റംസ്‌ കണ്ടെത്തട്ടേ എന്നും പത്രം പറയുന്നു. കസ്റ്റംസിനും എൻഐഎയ്‌ക്കും ഇതുവരെ കണ്ടെത്താൻ കഴിയാത്ത കാര്യങ്ങളാണ്‌ ഇഡി സത്യവാങ്‌മൂലമായി നൽകിയത്‌. അതിൽ പലതും കഴമ്പില്ലെന്ന വാദം ശക്തമാകുമ്പോഴാണ്‌ ഏജൻസികൾതന്നെ പരസ്‌പരം തർക്കിക്കുന്നത്‌. ഇതോടെയാണ്‌ സ്വർണക്കടത്ത്‌ സംബന്ധിച്ച്‌ ഇതുവരെ നൽകിയ വാർത്തകൾ മനോരമയെ അടക്കം തിരിഞ്ഞുകുത്തുന്നത്.

Tuesday, November 3, 2020

ടൈറ്റാനിയം അഴിമതി : പ്രതികളാരെന്ന്‌ ആന്റണിക്ക്‌ അറിയാം: സെബാസ്‌റ്റ്യൻ ജോർജ്‌

 ടൈറ്റാനിയം അഴിമതിയുടെ ഉള്ളുകള്ളികളെല്ലാം മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്‌ നേതാവുമായ എ കെ ആന്റണിക്ക്‌ അറിയാമെന്ന്‌ സെബാസ്‌റ്റ്യൻ ജോർജ്‌. 2004–-ൽ അദ്ദേഹത്തിന്റെ മുഖ്യമന്ത്രിസ്ഥാനം തെറിച്ചതിന്‌ ടൈറ്റാനിയം അഴിമതിയെക്കുറിച്ചുള്ള ‌വിജിലൻസ്‌ ത്വരിതാന്വേഷണവും പങ്കുവഹിച്ചതായി സംശയിക്കണം. ആന്റണിയെ സിബിഐ ചോദ്യംചെയ്‌താൽ യഥാർഥ പ്രതികളെയെല്ലാം പുറത്തുകൊണ്ടുവരാൻ കഴിയും. കഴിഞ്ഞ ദിവസം ‘കൈരളി’ ചാനലിലെ ചർച്ചയ്‌ക്കിടെ കോൺഗ്രസ്‌ നേതാവ്‌ ഡൊമിനിക്‌ പ്രസന്റേഷൻ ആക്ഷേപിച്ചതിനെതിരെ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‌ അയച്ച പരാതിയിലാണ്‌ ഇരുപതു വർഷമായി ടൈറ്റാനിയം അഴിമതിക്കാര്യത്തിൽ നിയമയുദ്ധം നടത്തുന്ന സെബാസ്‌റ്റ്യൻ ജോർജിന്റെ വെളിപ്പെടുത്തൽ.

പൊതുഖജനാവിന്‌ 280 കോടി രൂപയുടെ നഷ്ടം വരുത്തിയതും ഇപ്പോഴും പ്രതിവർഷം 25 കോടിയിൽപരം രൂപയുടെ നഷ്ടം സംഭവിക്കുന്നതുമാണ്‌ ടൈറ്റാനിയത്തിലെ മലിനീകരണ നിവാരണപദ്ധതി. അഴിമതി നടക്കാൻ പോകുന്നകാര്യം മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണിക്ക് വ്യക്തമായി അറിയാമായിരുന്നു. തടയുന്നതിനുള്ള ധൈര്യം അദ്ദേഹത്തിന്‌ ഇല്ലാതെപോയി. പദ്ധതിയിൽ അഴിമതിയുണ്ടെന്നും വിജിലൻസ്‌ അന്വേഷണം വേണമെന്നും 2003 മാർച്ച്‌ മൂന്നിന്‌ താൻ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. മെയ്‌ 26ന്‌ നേരിൽകണ്ട്‌ ഈ  അഴിമതി തടയണമെന്ന്‌ വീണ്ടും ആവശ്യപ്പെട്ടു.

ഫയൽ വ്യവസായമന്ത്രിയുടെ ഓഫീസ് പിടിച്ചുവച്ചിരിക്കയാണെന്ന മറുപടിയാണ് ലഭിച്ചത്. 2004 ആഗസ്‌ത്‌ ഒന്നിന്‌ വീണ്ടും നൽകിയ പരാതിയിൽ ആഗസ്‌ത്‌ 26ന്‌ വിജിലൻസ്‌ ത്വരിതാന്വേഷണത്തിന്‌ ഉത്തരവിട്ടു. ഉത്തരവിന്റെ മഷിയുണങ്ങുംമുമ്പ്‌ ആഗസ്‌ത്‌ 29ന്‌ ആന്റണിയുടെ മുഖ്യമന്ത്രിക്കസേര തെറിച്ചു. സിബിഐ അന്വേഷണം അട്ടിമറിക്കാൻ കോൺഗ്രസ്‌ നേതാക്കൾ കിണഞ്ഞുശ്രമിക്കുകയാണെന്നും‌ സെബാസ്‌റ്റ്യൻ ജോർജ്‌ പറഞ്ഞു.

അതിരുവിട്ട അന്വേഷണം അനുവദിച്ചുകൂടാ ‌

 തിരുവനന്തപുരം യുഎഇ കോൺസുലേറ്റ്‌  സ്വർണക്കടത്തിനെത്തുടർന്ന്‌ ‌ കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണം  ഭരണഘടനാ വ്യവസ്ഥകളുടെയും സാമാന്യനീതിയുടെയും  എല്ലാ സീമകളും ലംഘിച്ചാണ്‌ മുന്നോട്ടുപോകുന്നത്‌. രാജ്യത്തിന്റെ സാമ്പത്തികഭദ്രതയും പരമാധികാരവും അപകടപ്പെടുത്തുന്ന വിഷയങ്ങൾ ഉൾച്ചേർന്നതിനാലാണ്‌ യുക്തമായ അന്വേഷണത്തിന്‌ എൽഡിഎഫ്‌ സർക്കാർ കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടത്‌. എന്നാൽ, ഫെഡറൽ തത്വങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട്‌ സംസ്ഥാന സർക്കാരിന്റെ നയനിലപാടുകളെയും വികസനപ്രവർത്തനങ്ങളെയും തടസ്സപ്പെടുത്തുന്ന നിലയിലേക്ക്‌ അന്വേഷണം  വഴിതെറ്റിയിരിക്കുന്നു. ജനവിരുദ്ധവും ഭരണഘടനാവിരുദ്ധവും ഫെഡറൽ തത്വങ്ങളുടെ ലംഘനവുമായ ഈ നിലപാടിനെ അംഗീകരിക്കില്ലെന്ന  മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളിൽ എല്ലാം അടങ്ങിയിട്ടുണ്ട്‌.  കേന്ദ്ര സർക്കാരിന്റെ രാഷ്‌ട്രീയ കുതന്ത്രങ്ങൾക്ക്‌ ഒത്തുനീങ്ങുന്ന അന്വേഷണ ഏജൻസികൾക്ക്‌ കുഴലൂത്തു നടത്തുന്ന മാധ്യമങ്ങളും ഈ ഗൂഢനീക്കത്തിൽ പങ്കാളികളാണ്‌.

സ്വർണക്കടത്ത്‌ ‌ അന്വേഷണം നാലുമാസം പിന്നിടുമ്പോഴും പ്രധാന കണ്ണികൾ വലയ്‌ക്കു പുറത്താണ്‌. നയതന്ത്ര ബാഗേജിൽ സ്വർണം അയച്ചവരെക്കുറിച്ച്‌ എന്തെങ്കിലും പറയാൻ ദേശീയ അന്വേഷണ ഏജൻസിക്ക്‌ സാധിക്കുന്നില്ല. സ്വർണം വന്നത്‌ ആർക്കുവേണ്ടിയാണെന്ന ചോദ്യത്തിനും ഉത്തരമില്ല. അറസ്‌റ്റിലായവരെല്ലാം ഇടനിലക്കാരാണ്. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ സാധിക്കാത്തതിനാൽ പ്രാഥമിക കുറ്റപത്രംപോലും സമർപ്പിക്കാനായില്ല. അതുകൊണ്ടുതന്നെ കസ്‌റ്റംസ്‌ കേസിൽ ആരോപണവിധേയരായവർക്കെല്ലാം  ജാമ്യം ലഭിച്ചു. യുഎപിഎ ചുമത്തപ്പെട്ടവർക്കു മാത്രമാണ്‌ ജാമ്യം ലഭിക്കാനുള്ളത്‌. ഇതിനിടയിൽ സംസ്ഥാനത്തെ ചില പ്രധാന വികസന–- ജനക്ഷേമ പദ്ധതികൾ തടസ്സപ്പെടുംവിധം അന്വേഷണക്കുരുക്ക്‌ ഒരുക്കാനാണ്‌  കേന്ദ്ര ഏജൻസികൾ  ശ്രമിക്കുന്നത്‌.  സർക്കാർപദ്ധതികളുടെ  സാമ്പത്തിക ഇടപാടുകളും നിയമസാധുതയുമൊക്കെ പരിശോധിക്കാനുള്ള ഭരണഘടനാസ്ഥാപനമാണ്‌ സിഎജി.  ഈ തത്വം മറികടന്ന്‌ വികസനപദ്ധതികളുടെ ഫയൽ ആവശ്യപ്പെടാൻ ഒരു അന്വേഷണ ഏജൻസിക്കും അധികാരമില്ല. സർക്കാർപദ്ധതികളുടെ ഫയലുകൾ  വിളിപ്പിക്കുന്നത്‌ ഏത്‌ നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്ന്‌ ഇഡിക്ക്‌ വ്യക്തമാക്കേണ്ടിവരും.

എൻഐഎയ്‌ക്ക്‌ പിന്നാലെ എത്തിയ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്,  സിബിഐ, ആദായനികുതി  ഇന്റലിജൻസ്‌ തുടങ്ങിയ ദേശീയ അന്വേഷണ ഏജൻസികൾ സ്വർണക്കടത്തു കേസ്‌ വിട്ട്‌ മറ്റു പല മേഖലകളിലും കടന്നുകയറി‌. ഇവയ്‌ക്ക്‌ ഓരോന്നിനും നിശ്‌ചിതമായ പ്രവർത്തനപരിധിയും  നിയമാവലിയുമുണ്ട്‌.  അതെല്ലാം വിസ്‌മരിച്ച്‌ അമിതാധികാര സ്വഭാവത്തിലാണ്‌ കേന്ദ്ര ഏജൻസികൾ പ്രവർത്തിക്കുന്നത്‌‌‌. കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ രാഷ്ട്രീയദൗത്യങ്ങൾ നിർവഹിക്കുന്ന ഉപകരണമായി  സിബിഐയും ഇഡിയും മാറുമ്പോൾ ചെറുക്കാതെ നിർവാഹമില്ല.  പാവങ്ങൾക്ക്‌ വീടുവച്ചുനൽകുന്ന ലൈഫ്‌ മിഷൻ പദ്ധതിക്കെതിരെ  സിബിഐ നടത്തിയ നീക്കത്തെ ഹൈക്കോടതിയിൽ ചോദ്യംചെയ്യാൻ സംസ്ഥാന സർക്കാർ നിർബന്ധിതമായ സാഹചര്യമിതാണ്‌. രണ്ടു മാസത്തേക്ക്‌ അന്വേഷണം തടഞ്ഞ ഹൈക്കോടതി വിധിയുടെ അന്തഃസത്ത ഉൾക്കൊള്ളാൻ സിബിഐ തയ്യാറായിട്ടില്ല.

ഉയർന്നുവന്ന കോഴ ആരോപണങ്ങൾ സംസ്ഥാന വിജിലൻസ്‌ അന്വേഷിക്കുന്നതിനിടയിലാണ്‌ സിബിഐയുടെ അസാധാരണ ഇടപെടലുണ്ടായത്‌. പദ്ധതി പ്രവർത്തനംതന്നെ നിർത്തിവയ്‌ക്കുന്നതിന്‌ ഇതു കാരണമായി. ഒരു പ്രതിപക്ഷ  എംഎൽഎയുടെ പരാതി ഉയർത്തിക്കാട്ടിയാണ്‌ സിബിഐ ഏകപക്ഷീയമായി, പേരുപോലും ചേർക്കാതെ  ലൈഫ്‌ മിഷൻ ഉദ്യോഗസ്ഥരെ പ്രതികളാക്കിയത്‌. തുടർന്നും ലൈഫ്‌ മിഷന്റെ  ചുമതലക്കാരനായ മുതിർന്ന ഉദ്യോഗസ്ഥനെ  നോട്ടീസ്‌ നൽകി വിളിപ്പിക്കുകയാണ്‌. അതേസമയം, സംസ്ഥാന സർക്കാർ ഒരു വർഷംമുമ്പ്  സിബിഐക്ക്‌  കൈമാറിയ ടൈറ്റാനിയം  അഴിമതിക്കേസ്‌ അന്വേഷിക്കാൻ വിസമ്മതിക്കുന്നു. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയും പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയുമൊക്കെയാണ്‌ ഈ കേസിലെ പ്രതികൾ. കേന്ദ്ര മന്ത്രി വി മുരളീധരൻ സ്വർണക്കടത്തു കേസിൽ നടത്തിയ ഇടപെടലുകളും ടൈറ്റാനിയം കേസിലെ ഒത്തുകളിയും ചേർത്തുവായിക്കേണ്ടതാണ്‌. തെരഞ്ഞെടുപ്പുഘട്ടത്തിൽ എൽഡിഎഫ്‌ സർക്കാരിനെ പുകമറയിൽ നിർത്താൻ  യുഡിഎഫിനും - ബിജെപിക്കും ഒരേ മനസ്സാണ്‌.

ഈ രാഷ്ട്രീയതാൽപ്പര്യത്തിനൊപ്പം, കേരളത്തിൽ വൻകിട കോർപറേറ്റുകളുടെ  വ്യവസായ സാമ്രാജ്യത്തിനേൽക്കുന്ന തിരിച്ചടിയും‌ കേന്ദ്ര ഭരണത്തിന്റെ ഉറക്കംകെടുത്തുന്നു‌. ലൈഫ്‌ മിഷന്റെ ചുവടുപിടിച്ച്‌ കെ ഫോൺ, ടോറസ്‌ ഡൗൺ ടൗൺ, ഇ മൊബിലിറ്റി, സ്‌മാർട്‌ സിറ്റി തുടങ്ങിയ അഭിമാനപദ്ധതികളെ വിവാദത്തിൽ കുരുക്കാനും വൈകിപ്പിക്കാനും പറ്റുമെങ്കിൽ തകർക്കാനും കേന്ദ്രത്തിനും കോർപറേറ്റുകൾക്കും‌ താൽപ്പര്യമുണ്ടാകും.  കെ ഫോൺ പദ്ധതി യാഥാർഥ്യമാകുന്നതോടെ പ്രതിവർഷം 3000 കോടിയുടെ നഷ്ടം സ്വകാര്യ ഇന്റർനെറ്റ്‌ സേവനദാതാക്കൾക്കുമാത്രം ഉണ്ടാകുമെന്നാണ്‌ കണക്ക്‌. 52,000 കിലോമീറ്റർ ഒപ്‌റ്റിക്കൽ ഫൈബർ കേബിൾ ശൃംഖല‌ സർക്കാർ ഉടമസ്ഥതയിൽ പൂർത്തിയാകുന്നതോടെ റിലയൻസ്‌ ജിയോയുടെ  കുത്തക‌ കേരളത്തിൽ തകരും.  ഐടി അധിഷ്‌ഠിത –- ഐടി അനുബന്ധ വ്യവസായമേഖലകളിലെ ഭീമന്മാർ കേരളത്തിൽനിന്ന്‌ കടത്തിക്കൊണ്ടുപോകുന്ന സഹസ്രകോടികളാണ്‌ നഷ്‌ടപ്പെടാൻ പോകുന്നത്‌.

കേരളത്തിലെ മുഴുവൻ സർക്കാർ ഓഫീസുകൾക്കും വിദ്യാലയങ്ങൾക്കും അതിവേഗ ഇന്റർനെറ്റ്‌ എത്തിക്കുന്ന പദ്ധതിയാണ്‌ കെ ഫോൺ. 20 ലക്ഷം കുടുംബങ്ങൾക്ക്‌ സൗജന്യമായും മറ്റുള്ളവർക്ക്‌ സൗജന്യനിരക്കിലും ഇന്റർനെറ്റ്‌ ലഭ്യമായാൽ സ്വന്തം  കേബിൾ നെറ്റ്‌‌വർക്കുള്ള ജിയോയ്‌ക്കാണ്‌ ഏറ്റവും വലിയ തിരിച്ചടി. പ്രധാനമന്ത്രി‌ നരേന്ദ്ര മോഡിയുടെ ഉറ്റ തോഴനായ‌ മുകേഷ്‌ അംബാനിയുടെ വ്യവസായ സാമ്രാജ്യത്തിനേൽക്കുന്ന കനത്ത ആഘാതമാണ്‌ ഇത്തരം അതിരുവിട്ട നീക്കങ്ങൾക്കുള്ള പ്രധാന കാരണം‌.  അഴിമതിയുടെ കരിനിഴൽ വീഴ്‌ത്തി എൽഡിഎഫ്‌ സർക്കാരിനെ തകർക്കാമെന്ന വ്യാമോഹത്തോടെയാണ്‌ അന്വേഷണ ഏജൻസികളെക്കൊണ്ട്‌ ചുടുചോറു വാരിപ്പിക്കുന്നത്‌. അന്വേഷണ ഏജൻസികൾ നിയമപ്രകാരം പ്രവർത്തിക്കേണ്ടവയാണ്‌. സംസ്ഥാന സർക്കാരിനെ നിയന്ത്രിക്കുന്ന ഉപരി ഘടകമോ സമാന്തര സംവിധാനമോ അല്ല. ലൈഫ്‌ മിഷൻ കേസിൽ അന്വേഷണം തടഞ്ഞ‌ ഹൈക്കോടതി ഇടക്കാല ഉത്തരവ്‌‌ ഈ മുന്നറിയിപ്പാണ്‌ കേന്ദ്ര ഏജൻസികൾക്ക്‌ നൽകിയത്‌. അത്‌ ഉൾക്കൊള്ളാൻ തയ്യാറാകുന്നില്ലെങ്കിൽ രാഷ്ട്രീയ ഉപകരണങ്ങളായേ ഇവരെ ജനം  പരിഗണിക്കുകയുള്ളൂ. കേരളത്തിന്റെ വികസനപ്രവർത്തനങ്ങളെ തുരങ്കംവയ്‌ക്കാനുള്ള മറയില്ലാത്ത നീക്കങ്ങൾക്കെതിരെ സാധ്യമായ എല്ലാവഴികളും  സർക്കാർ തേടണം. നിയമപരമായും ജനങ്ങളെ അണിനിരത്തിയും ഈ നെറികേടിനെ  ചെറുക്കണം.

deshabhimani editorial 031120

Tuesday, October 27, 2020

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: സിബിഐ അന്വേഷണം വേണമെന്ന സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശത്തില്‍ കേന്ദ്രത്തിന് മൗനം

 പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം വേണമെന്ന സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശത്തില്‍ കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതിയില്‍ മൗനം.കേന്ദ്ര സര്‍ക്കാരിന് സംസ്ഥാനം കത്തെഴുതി ഒരു മാസം കഴിഞ്ഞിട്ടും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഇനിയും നിലപാടറിയിച്ചിട്ടില്ല.പ്രതികള്‍ നിക്ഷേപം വിദേശത്തേക്ക് കടത്തിയ സാഹചര്യം കൂടി കണക്കിലെടുത്താണ് സംസ്ഥാനം സിബിഐ അന്വേഷണം ആവശ്യപ്പെട്ട്കത്തെഴുതിയത്.

കേസ് ചൊവാഴ്ച പരിഗണിച്ചപ്പോഴും കേന്ദ്രം നിലപാടറിയിച്ചില്ല. കേസില്‍ ഈ മാസം 18 വരെ

സ്വീകരിച്ച നടപടികളിലെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 1368 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും പരാതികളില്‍ വെവ്വേറെകേസ് എടുക്കുന്നില്ലെന്ന പരാതി ശരിയല്ലന്നും സ്റ്റേറ്റ് അറ്റോര്‍ണി കെ.വി.സോഹന്‍ അറിയിച്ചു.

 കൊല്ലം, ആലപ്പുഴ, എറണാകുളം,പാലക്കാട്, വയനാട്, തൃശൂര്‍, പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, മലപ്പുറം, കണ്ണുര്‍, കാസര്‍കോഡ് ജില്ലകളിലാണ് ഇത്രയും കേസുകള്‍. 2019 ലെ ബാനിംഗ് ഓഫ് അണ്‍റഗുലേറ്റഡ് ഡെപ്പോസിറ്റ് ആക്ട് പ്രകാരം നടപടിയള്‍ക്കായി

ആഭ്യന്തര സെക്രട്ടറിയെ ചുമതലപ്പെടുത്തി ഉത്തരവിറക്കിയതായും സര്‍ക്കാര്‍ അറിയിച്ചു.

പരാതികളില്‍ ഒറ്റ എഫ് ഐ ആര്‍ മതിയെന്ന് പോപ്പുലര്‍ ഫിനാന്‍സിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. കേസ് കൂടുതല്‍ വാദത്തിനായി മാറ്റി.

Monday, October 26, 2020

കുറച്ച് സീറ്റും വോട്ടുമാണ് പ്രധാനമെന്ന് കാണരുത്; ചെന്നിത്തലയുടെ വഴിവിട്ട പ്രസ്താവനയെക്കുറിച്ച് കോണ്‍ഗ്രസുകാര്‍ ചിന്തിക്കണം: മുഖ്യമന്ത്രി

 കേന്ദ്ര ഏജന്‍സികളെ സംബന്ധിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്‌താവന രാ‌‌ഷ്ട്രീയത്തിന്റെ ആദ്യാക്ഷരം അറിയാവുന്ന ആര്‍ക്കും മനസിലാക്കാന്‍ കഴിയാത്തതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രഏജന്‍സികളെ സംബന്ധിച്ച കോണ്‍ഗ്രസ് നിലപാടാണ് രാഹുല്‍ഗാന്ധിയും സോണിയാഗാന്ധിയും ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ വ്യക്തമാക്കിയത്. ഒരു അഖിലേന്ത്യാപാര്‍ടിയുടെ ഭാഗമായി നില്‍ക്കുമ്പോള്‍ അഖിലേന്ത്യാ നേതൃത്വം പറയുന്ന കാര്യത്തെ തള്ളിപ്പറയാന്‍ സാധാരണനിലയില്‍ സംസ്ഥാന നേതൃനിരയിലുള്ളവര്‍ തയ്യാറാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സിബിഐയെ ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗിക്കുന്നതിനെതിരെ സോണിയാഗാന്ധി വിമര്‍ശിച്ചതും, സിബിഐയെ പിന്താങ്ങിയ ചെന്നിത്തലയുടെ നിലപാടും സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേന്ദ്രഏജന്‍സികളെ സംബന്ധിച്ച രാഹുല്‍ഗാന്ധിയുടെ പ്രസ്താവനയെ ഒരു ബിജെപി നേതാവ് വിമര്‍ശിച്ചിരുന്നു. ഇതുവരെ എല്ലാക്കാര്യത്തിനും തങ്ങള്‍ക്കൊപ്പം ഒരുമിച്ചുനിന്ന കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ നിലപാട് മാറിയോ എന്നാണ് ബിജെപി നേതാവ് ചോദിച്ചത്. ആ ചോദ്യത്തിനുള്ള വ്യക്തത വരുത്തലാണ് പ്രതിപക്ഷ നേതാവില്‍ നിന്നുണ്ടായത്. ദേശീയതലത്തില്‍ നിന്ന് വ്യത്യസ്തമായി ബിജെപിയുമായി കഴിയാവുന്ന ഇടങ്ങളില്‍ ഒന്നിച്ച് പോകുകയാണ് കേരളത്തിലെ കോണ്‍ഗ്രസ്. അതിന് രാഹുല്‍ഗാന്ധിയുടെ പ്രസ്താവന തടസമാണെന്ന് ബിജെപി നേതാവ് സൂചിപ്പിച്ചപ്പോഴാണ് ദേശീയ നേതൃത്വത്തെ ചെന്നിത്തല തള്ളിയത്.

രാജ്യത്ത് മതനിരപേക്ഷത പലരീതിയില്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ കേരളം ഒരു പ്രത്യേക തുരുത്തായി നിലകൊള്ളുന്നു. മതനിരപേക്ഷതയ്ക്ക് ഒരുപോറല്‍പോലും ഏല്‍ക്കാതെ നമുക്ക് മുന്നോട്ട് പോകാന്‍ കഴിയുന്നു. ആ മതനിരപേക്ഷതയെ അപകടപ്പെടുത്താനുള്ള നീക്കമാണ് വര്‍ഗീയ-തീവ്രവാദ ശക്തികളുമായുള്ള കൂടിച്ചേരല്‍.

കുറച്ച് വോട്ടും കുറച്ച് സീറ്റുമാണ് പ്രധാനമെന്ന് കരുതാന്‍ പാടില്ല. കേരളീയ സമൂഹം ഇത്തരത്തിലുള്ള വഴിവിട്ട നീക്കങ്ങളെല്ലാം തിരിച്ചറിയുന്ന സമൂഹമാണ്. പ്രതിപക്ഷ നേതാവിന്റെ ഇത്തരം വഴിവിട്ട പ്രസ്താവനകളടക്കം എത്രകണ്ട് ആ പാര്‍ടിക്ക് യോജിച്ചതാണെന്ന് ചിന്തിക്കുന്ന കോണ്‍ഗ്രസുകാര്‍ ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാളയാര്‍: കുടുംബത്തിനൊപ്പം തന്നെയാണ് നിലകൊള്ളുന്നത്; നിയമപോരാട്ടത്തിന് മുന്നിട്ടിറങ്ങിയതും സര്‍ക്കാര്‍

തിരുവനന്തപുരം> വാളയാര്‍ കേസില്‍ എല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയുണ്ടെന്നും ആരെയും പറ്റിക്കുന്ന നിലപാട് മുഖ്യമന്ത്രി എന്ന നിലയ്ക്ക് തനിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടികളുടെ അമ്മയ്ക്ക് നീതി ലഭിക്കണം എന്ന നിലപാടാണ് സര്‍ക്കാരിന്. അവര്‍ക്കൊപ്പമാണ് നമ്മളെല്ലാവരും ഉള്ളത്. ഒരു വര്‍ഷം മുന്‍പ് അവര്‍ വന്ന് കണ്ടപ്പോഴും ഈ കാര്യങ്ങള്‍ പറഞ്ഞിരുന്നു. അത് പാലിക്കാനാണ് ശ്രമിച്ചത്.

പ്രതികളെ വെറുതെ വിട്ടതിനെതിരായ നിയമപോരാട്ടത്തിന് സര്‍ക്കാരാണ് മുന്‍കയ്യെടുത്തത്. പ്രതികളെ വിട്ടയച്ചതിനെതിരെ 2019 ല്‍ തന്നെ സര്‍ക്കാര്‍  അപ്പീല്‍ നല്‍കി. മരണപ്പെട്ട കുട്ടികളുടെ അമ്മയുടെ ഹര്‍ജികളുമുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത് സര്‍ക്കാര്‍ ആവശ്യപ്പെട്ട പ്രകാരമാണ്. സര്‍ക്കാരിന്റെ ആവശ്യത്തിന്റെ ഗൗരവം മനസിലാക്കിയാണ് ഹൈക്കോടതി അപൂര്‍വ ഇടപെടല്‍ നടത്തിയത്

വിചാരണ നടത്തി പ്രതികളെ വിട്ടയച്ച കേസില്‍ വീണ്ടും മറ്റൊരേജന്‍സിയെ വച്ച് അന്വേഷണം സാധിക്കില്ല. എന്നാല്‍ വിചാരണ കോടതിയില്‍ സംഭവിച്ച വീഴ്ചകള്‍ ചൂണ്ടിക്കാട്ടി വിചാരണ കോടതി വിധി റദ്ദാക്കിയാല്‍ പുനര്‍ വിചാരണ സാധിക്കും.ഇതിനാണ് പരിശ്രമിക്കുന്നത്

ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി കാത്തിരിക്കുകയല്ല സര്‍ക്കാര്‍ ചെയ്തത്. അപ്പീല്‍ ഹൈക്കോടതി പരിഗണിക്കാന്‍ കാലതാമസം ഉണ്ടാകും.ഇതൊഴിവാക്കാന്‍ കേസ് വേഗത്തില്‍ പരിഗണിക്കണമെന്ന് സര്‍ക്കാര്‍ അര്‍ജന്റ് എംഒ ഫയല്‍ ചെയ്തു. നവംബര്‍ ഒന്‍പതിന് കേസ് പരിഗണിക്കുമെന്ന് ഹൈക്കോടതി വ്യക്തമാകുകയും ചെയ്തുവെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.

കേസില്‍ വിചാരണ വേളയിലെ വീഴ്ച പരിശോധിക്കാന്‍ വിരമിച്ച ജില്ലാ ജഡ്ജി പി കെ ഹനീഫയെ കമ്മീഷനായി നിയമിച്ചു. റിപ്പോര്‍ട്ട് ലഭിച്ചു. അത് നിയമസഭയുടെ മേശപ്പുറത്ത് വെച്ചു. കമ്മീഷന്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പൊലീസുകാര്‍ക്കെതിരെ കുറേക്കൂടി കര്‍ശനമായ നടപടിയെടുക്കും. മാതാവ് സര്‍ക്കാരില്‍ വിശ്വാസമാണെന്ന് ഇന്നും പറഞ്ഞു. ആ കുടുംബത്തിന് നീതി ലഭ്യമാക്കാന്‍ ഇനിയും സര്‍ക്കാര്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു

രാഷ്‌ട്രീയ എതിരാളികളെ നേരിടാൻ ബിജെപി കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നു: സോണിയ ഗാന്ധി

 ന്യൂഡൽഹി > രാഷ്‌ട്രീയ എതിരാളികളെ നേരിടാന്‍ ബിജെപി സർക്കാർ സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ്, എന്‍ഐഎ തുടങ്ങിയ ഏജന്‍സികളെ ഉപയോഗിക്കുകയാണെന്ന്‌ സോണിയ ഗാന്ധി. ഒരു ഇംഗ്ലീഷ് ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ്‌ സോണിയ ഗാന്ധിയുടെ പ്രസ്‌താവന.

സാധാരണജനതയ്‍ക്ക് വേണ്ടി ശബ്‌ദിക്കുന്ന പൗരാവകാശ പ്രവര്‍ത്തകരെ കരിനിയമങ്ങള്‍ ഉപയോഗിച്ച് ജയിലിലടയ്‍ക്കുകയാണെന്ന്‌ സോണിയ ഗാന്ധി പറയുന്നു. കേന്ദ്ര ഏജൻസികളെക്കൊണ്ട്‌ കേസുകളിൽ അന്വേഷണം നടത്തുന്നതിനായി കേരളത്തിലെ കോൺഗ്രസ്‌ നേതാക്കൾ ശ്രമിക്കുമ്പോഴാണ്‌ സോണിയ ഗാന്ധി അഭിപ്രായം വ്യക്തമാക്കുന്നത്‌. പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയും, പ്രതിപക്ഷ എംഎൽഎമാരും സിബിഐയെയും എൻഫോഴ്‌സ്‌മെന്റിനേയും സർക്കാരിനെതിരെയുള്ള ആയുധമായി ഉപയോഗിക്കുകയാണ്‌. ഈ അവസരത്തിലാണ്‌ ബിജെപിയുടെ ഇംഗിതത്തിനനുസരിച്ചാണ്‌ കേന്ദ്ര ഏജൻസികൾ പ്രവർത്തിക്കുന്നതെന്ന്‌ സോണിയ ഗാന്ധിതന്നെ പറയുന്നത്‌.

"ബിജെപി സർക്കാർ ഭരണകൂടത്തിൻ്റെ എല്ലാ ഉപകരണങ്ങളേയും രാഷ്ട്രീയ എതിരാളികളെ നേരിടുന്നതിനായി ഉപയോഗിക്കുകയാണ്‌. എൻഫോഴ്സ്മെൻറ്, സിബിഐ , എൻഐഎ തുടങ്ങി നർകോട്ടിക്സ് ബ്യൂറോ വരെ ഇതിനായി ഉപയോഗിക്കുന്നു . പ്രധാനമന്ത്രിയുടേയും ആഭ്യന്തര മന്ത്രിയുടേയും ഓഫിസിൻ്റെയും താളത്തിനൊത്ത് തുള്ളുക മാത്രമാണ് ഈ ഏജൻസികൾ ചെയ്യുന്നത്" ‐ സോണിയ ലേഖനത്തിൽ പറയുന്നു.

കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ സോണിയാഗാന്ധിയുടെ പ്രസ്താവന: കേരളത്തിലെ കോണ്‍ഗ്രസിന്റെ പ്രതികരണത്തിനായി കാത്തിരിക്കാമെന്ന് പി രാജീവ്

ന്യൂഡല്‍ഹി > കേന്ദ്ര ഏജന്‍സികളെ ദുരുപയോഗിക്കുന്നത് സംബന്ധിച്ച സോണിയാ ഗാന്ധിയുടെ പ്രസ്താവനയില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണത്തിനായി കാത്തിരിക്കാമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി രാജീവ്. ഭരണകൂടത്തിന്റെ എല്ലാ ഉപകരണങ്ങളേയും രാഷ്ട്രീയ എതിരാളികളെ നേരിടുന്നതിനായി ഉപയോഗിക്കുന്നുവെന്നും, പ്രധാനമന്ത്രിയുടേയും അഭ്യന്തര മന്ത്രിയുടേയും ഓഫിസിന്റെയും താളത്തിനൊത്ത് തുള്ളുക മാത്രമാണ് ഈ ഏജന്‍സികള്‍ ചെയ്യുന്നതെന്നുമാണ് സോണിയ ആരോപിച്ചത്.

കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധി എംപിയും സിബിഐ ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ പ്രസ്താവന നടത്തിയിരുന്നു. എന്നാല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ദേശീയ നേതൃത്വത്തിന്റെ നിലപാട് തള്ളുകയും സിബിഐയെ ന്യായീകരിക്കുകയുമാണ് ചെയ്തത്.

പി രാജീവിന്റെ ഫെയ്‌‌സ്‌ബുക്ക് പോസ്റ്റ് ചുവടെ

'ഭരണകൂടത്തിന്റെ എല്ലാ ഉപകരണങ്ങളേയും രാഷ്ട്രീയ എതിരാളികളെ നേരിടുന്നതിനായി ഉപയോഗിക്കുന്നു. എന്‍ഫോഴ്‌സ്‌മെന്റ്, സിബിഐ , എന്‍ഐഎ തുടങ്ങി നര്‍കോട്ടിക്‌സ് ബ്യൂറോ വരെ ഇതിനായി ഉപയോഗിക്കുന്നു . പ്രധാനമന്ത്രിയുടേയും അഭ്യന്തര മന്ത്രിയുടേയും ഓഫിസിന്റെയും താളത്തിനൊത്ത് തുള്ളുക മാത്രമാണ് ഈ ഏജന്‍സികള്‍ ചെയ്യുന്നത്'

സോണിയ ഗാന്ധി

ഇനി കേരളത്തിലെ CONGRSS പ്രതികരണത്തിനായി കാത്തിരിക്കാം

Saturday, October 24, 2020

സിബിഐ വി മുരളീധരന്റെ കുടുംബസ്വത്തല്ല; കേസ്‌ ഏറ്റെടുക്കുന്ന നിലപാട്‌ ശരിയല്ലെന്ന്‌ കാനം

 തിരുവനന്തപുരം > സംസ്ഥാന സര്‍ക്കാരിന്‍റെ അറിവോടെ മാത്രമേ കേസുകൾ സിബിഐ ഏറ്റെടുക്കാവൂ  എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പൊലീസ് അന്വേഷിക്കുന്ന കേസുകള്‍ ഏറ്റെടുക്കുന്ന നിലപാട് ശരിയല്ല. സംസ്ഥാനം ആവശ്യപ്പെടുന്ന കേസുകള്‍ സിബിഐ ഏറ്റെടുക്കുന്നില്ല. ഇക്കാര്യത്തിൽ സിബിഐ വിവേചനം കാണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രമന്ത്രി വി മുരളീധരന്റെ കുടുംബസ്വത്തല്ല സിബിഐ. രാജ്യത്തിന്റെ അന്വേഷണ ഏജൻസിയാണ്. സിബിഐ അന്വേഷണം നടത്തുന്നെങ്കിൽ കർണാടക മുഖ്യമന്ത്രി യെഡിയൂരപ്പക്കെതിരെയും വേണ്ടതല്ലേ. കശുവണ്ടി വികസന കോർപറേഷൻ തോട്ടണ്ടി യുമായി ബന്ധപ്പെട്ട കേസിൽ വിചാരണയ്ക്കു സർക്കാർ അനുമതി നിഷേധിച്ചതിൽ തെറ്റില്ല. വിചാരണ ചെയ്യണമെങ്കിൽ സർക്കാരിനു കൂടി പൂർണബോധ്യം ഉണ്ടാകണമെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.

സംസ്ഥാനം ആവശ്യപ്പെടുന്ന പല കേസുകളും സിബിഐ ഏറ്റെടുക്കാത്ത സാഹചര്യമാണ്. എന്നാൽ അതല്ലാത്ത പല കേസുകളും അവർ ഏറ്റെടുക്കുന്നുമുണ്ട്. സിബിഐയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന ആക്ഷേപം സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ട്. സംസ്ഥാനത്തിന്റെ അറിവോടെ മാത്രമേ, അന്വേഷിക്കാൻ പാടുളളൂ. രാഷ്ട്രീയമായി പുകമറ സൃഷ്ടിക്കാനാണ് ഇപ്പോൾ ഏജൻസികൾ ശ്രമിക്കുന്നത്. ഇക്കാര്യത്തിൽ നിയമപരമായ പരിശോധനകൾ ആവശ്യമാണ്, ഇത് സർക്കാരിനെ അറിയിച്ചെന്നും, തുറന്ന ചർച്ച ആവശ്യപ്പെട്ടെന്നും കാനം വ്യക്തമാക്കി.

'മറ്റിടങ്ങളില്‍ കേന്ദ്രഏജന്‍സികളുടെ പകപോക്കലുണ്ട്, ഇവിടില്ല'; രാഹുലിനെ തള്ളിയും സിബിഐയെ പിന്തുണച്ചും ചെന്നിത്തല

തിരുവനന്തപുരം > കേന്ദ്രഏജന്‍സികളെ സംബന്ധിച്ച രാഹുല്‍ ഗാന്ധി എംപിയുടെ പ്രസ്‌താവനയെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിബിഐക്കെതിരായ സിപിഐ എം നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയും ആത്മഹത്യാപരവുമാണെന്ന് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ രാജസ്ഥാനിലും ഛത്തീസ്ഗഡിലുമൊക്കെ രാഷ്ട്രീയപകപോക്കല്‍ നടത്തുന്നതിനാലാണ് സിബിഐയെ വിലക്കിയതെന്നും ചെന്നിത്തല സമ്മതിച്ചു. രാഹുല്‍ ഗാന്ധിയും സിബിഐയുടെ കടന്നുകയറ്റത്തെ എതിര്‍ത്ത് സംസാരിച്ചതല്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കാതെ ചെന്നിത്തല ഒഴിഞ്ഞു മാറി.

സിബിഐയെ ഉപയോഗിച്ചുള്ള ബിജെപി നീക്കങ്ങള്‍ക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ അറിവോടെ മാത്രമേ കേസുകള്‍ സിബിഐ ഏറ്റെടുക്കാവൂ എന്ന് കാനം പറഞ്ഞു. പൊലീസ് അന്വേഷിക്കുന്ന കേസുകള്‍ ഏറ്റെടുക്കുന്ന നിലപാട് ശരിയല്ല. സംസ്ഥാനം ആവശ്യപ്പെടുന്ന കേസുകള്‍ സിബിഐ ഏറ്റെടുക്കുന്നില്ല. ഇക്കാര്യത്തില്‍ സിബിഐ വിവേചനം കാണിക്കുന്നുണ്ട്. കേന്ദ്രമന്ത്രി വി മുരളീധരന്റെ കുടുംബസ്വത്തല്ല സിബിഐ. രാജ്യത്തിന്റെ അന്വേഷണ ഏജന്‍സിയാണ്. രാഷ്ട്രീയമായി പുകമറ സൃഷ്ടിക്കാനാണ് ഇപ്പോള്‍ ഏജന്‍സികള്‍ ശ്രമിക്കുന്നതെന്നും കാനം വ്യക്തമാക്കി.

സിബിഐ വേണ്ടെന്ന്‌ മഹാരാഷ്ട്രയും; അനുമതി പിന്‍വലിക്കുന്ന അഞ്ചാമത്തെ സംസ്ഥാനം

ന്യൂഡൽഹി  > കേസന്വേഷണത്തിനായി സിബിഐക്ക്‌ നൽകിയിരുന്ന പൊതു അനുമതി മഹാരാഷ്ട്ര സർക്കാരും പിൻവലിച്ചു. ഡൽഹി സ്‌പെഷ്യൽ പൊലീസ്‌ എസ്‌റ്റാബ്ലിഷ്‌മെന്റ്‌ നിയമപ്രകാരം നൽകിയ പൊതു അനുമതിയാണ്‌ മഹാരാഷ്ട്ര ആഭ്യന്തരവകുപ്പ്‌ പിൻവലിച്ചത്‌. 

മഹാരാഷ്ട്രയിൽ നേരിട്ട്‌ കേസുകൾ അന്വേഷിക്കാൻ ഉണ്ടായിരുന്ന അനുമതി നഷ്ടമായതോടെ ഇനി ഓരോ കേസിനും സംസ്ഥാനസർക്കാരിന്റെ അനുമതി നേടണം. അല്ലെങ്കിൽ സുപ്രീംകോടതിയുടെയോ ബോംബെ ഹൈക്കോടതിയുടെയോ അനുമതി വാങ്ങണം.

രാജസ്ഥാൻ, ആന്ധ്രപ്രദേശ്‌, ഛത്തീസ്‌ഗഢ്‌, പശ്ചിമബംഗാൾ സർക്കാരുകൾ നേരത്തേ  പൊതു അനുമതി പിൻവലിച്ചിരുന്നു.

ടിആർപി തട്ടിപ്പ്‌ കേസിൽ റിപ്പബ്ലിക്ക്‌ ടിവിക്കും അർണാബ്‌ ഗോസ്വാമിക്കും എതിരായ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കം മുന്നിൽക്കണ്ടാണ്‌ മഹാരാഷ്ട്രയുടെ നടപടി. ടിആർപി തട്ടിപ്പിൽ കേസ്‌ രജിസ്‌റ്റർ ചെയ്‌ത ഉത്തർപ്രദേശ്‌ സർക്കാർ അന്വേഷണം സിബിഐക്ക്‌ വിട്ടിരുന്നു. 

Friday, October 23, 2020

ടൈറ്റാനിയം കേസിലെ രാഷ്ട്രീയ ഒത്തുകളി

 മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്‌, പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല എന്നിവർ ആരോപണവിധേയരായ ട്രാവൻകൂർ ടൈറ്റാനിയം അഴിമതിക്കേസിന്റെ‌ അന്വേഷണം ഏറ്റെടുക്കില്ലെന്ന സിബിഐ നിലപാട്‌ കേരളത്തെ നിരാശപ്പെടുത്തുന്നതാണ്‌. സംസ്ഥാന ഖജനാവിന്‌ കോടിക്കണക്കിന്‌ രൂപ നഷ്‌ടമാക്കിയ അഴിമതി അന്വേഷിക്കാൻ സിബിഐ തയ്യാറല്ലെന്ന്‌ അറിയിച്ച്‌ കേന്ദ്ര പേഴ്‌സണൽ മന്ത്രാലയം സംസ്ഥാന ചീഫ്‌ സെക്രട്ടറിക്ക്‌ കത്തയച്ചിരിക്കുകയാണ്‌. അന്താരാഷ്‌ട്ര ബന്ധങ്ങളുള്ള കേസ്‌ ഏറ്റെടുക്കാനാകില്ലെന്ന്‌ രാജ്യത്തെ പ്രമുഖ അന്വേഷണ ഏജൻസി നിലപാട്‌ എടുക്കുന്നത്‌ എന്ത്‌ കാരണത്താലാണെന്ന്‌ അവർതന്നെ വിശദീകരിക്കേണ്ടതുണ്ട്‌. ജനങ്ങളുടെ പണം കൊള്ളയടിച്ചുകൊണ്ടുപോകുന്ന അഴിമതിക്കാരെ നിയമത്തിന്‌ മുന്നിലെത്തിക്കാൻ താൽപ്പര്യമില്ലാത്ത ഈ അന്വേഷണസംവിധാനം എന്തിനാണെന്ന്‌ ജനങ്ങൾ സ്വാഭാവികമായും സംശയിച്ചുപോകും.

തിരുവനന്തപുരത്തെ പൊതുമേഖലാ വ്യവസായശാലയായ ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്‌ട്‌ ലിമിറ്റഡിൽ(ടിടിപിഎൽ) മലിനീകരണ നിർമാർജന പ്ലാന്റ്‌ സ്ഥാപിച്ചതിലും യന്ത്രങ്ങൾ ഇറക്കുമതി ചെയ്‌തതിലും കോടിക്കണക്കിന്‌ രൂപയുടെ അഴിമതി നടന്നുവെന്ന ഗുരുതരമായ ആരോപണം ഉയർന്നിട്ട്‌ ഒന്നരപ്പതിറ്റാണ്ടിലേറെയായി. 2005ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ്‌‌ സംസ്ഥാന ഖജനാവിൽനിന്ന്‌‌ 280 കോടി രൂപയോളം ചെലവാക്കിയ പദ്ധതിയിൽ 68 കോടിയുടെ അഴിമതി നടന്നത്‌. അന്ന്‌ കെപിസിസി പ്രസിഡന്റായിരുന്ന രമേശ്‌ ചെന്നിത്തല സ്വാധീനം ചെലുത്തി മെക്കൊൺ കമ്പനി വഴി ഫിൻലൻഡിലെ സ്ഥാപനത്തിന്‌ ടെൻഡർ ക്ഷണിക്കാതെ കരാർ നൽകിയെന്നാണ്‌ ആരോപണം. വിജിലൻസ്‌ അന്വേഷിച്ച കേസ്‌ 2019ൽ എൽഡിഎഫ്‌ സർക്കാരാണ്‌ സിബിഐക്ക്‌ വിട്ടത്‌. സംസ്ഥാന സർക്കാരിന്റെ ആവശ്യത്തിൽ തീരുമാനമെടുക്കാതിരുന്ന സിബിഐ കേസ്‌ കൈയൊഴിയുന്നതായി കഴിഞ്ഞ ദിവസമാണ്‌ അറിയിച്ചത്‌.

ഭരണതലത്തിൽ നടന്ന വലിയ അഴിമതി അന്വേഷിക്കാൻ ഒരു സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടും തയ്യാറാകാത്ത സിബിഐ നിലപാട്‌ ദുരൂഹമാണ്‌. വർഷങ്ങൾക്കുമുമ്പ്‌ നടന്ന ഇടപാടായതിനാൽ വിദേശ കമ്പനികളിൽനിന്ന്‌ രേഖകൾ കിട്ടാൻ ബുദ്ധിമുട്ടാണെന്നാണ്‌ സിബിഐ പറയുന്നത്‌. രാജ്യത്തെ പരമോന്നത അന്വേഷണ ഏജൻസികളിൽ ഒന്നായ സിബിഐക്ക്‌ ഇത്തരമൊരു കേസ്‌ ഏറ്റെടുക്കാൻ കഴിവില്ലെന്നു പറയുന്നത്‌ എത്ര പരിഹാസ്യം. ഒരു പൊതുമേഖലാ സ്ഥാപനം ടെൻഡറില്ലാതെ വിദേശത്തുനിന്ന്‌ യന്ത്രങ്ങൾ ഇറക്കുമതി ചെയ്‌ത കേസ്‌ അന്വേഷിക്കാൻപോലും ആത്മവിശ്വാസമില്ലാത്തവിധം തകർച്ചയിലാണ്‌ സിബിഐ എന്ന്‌ വിശ്വസിക്കാൻ പ്രയാസം.

കേന്ദ്ര സർക്കാർ കൂട്ടിലടച്ച തത്തയാണ്‌ സിബിഐ എന്ന്‌ മുമ്പേയുള്ള പരാതിയാണ്‌‌. രാഷ്‌ട്രീയ എതിരാളികളെ ഒതുക്കാൻ സിബിഐ അടക്കമുള്ള ദേശീയ അന്വേഷണ ഏജൻസികളെ മോഡി സർക്കാർ ഉപയോഗിക്കുന്നുവെന്ന്‌ പരക്കെ ആക്ഷേപമുണ്ട്‌. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച്‌ എതിരാളികളെ കേന്ദ്രം വേട്ടയാടുകയാണെന്ന്‌ കോൺഗ്രസും ശക്തമായി വിമർശിക്കുന്നു‌. കോൺഗ്രസ്‌ ഭരിക്കുന്ന രാജസ്ഥാനിലും മഹാരാഷ്‌ട്രയിലുമെല്ലാം കേസ്‌ അന്വേഷണത്തിന്‌ സിബിഐക്ക്‌ നൽകിയ മുൻകൂർ അനുമതി പിൻവലിച്ചുകഴിഞ്ഞു.

സിബിഐയുടെ പ്രവർത്തനത്തെക്കുറിച്ച്‌ വ്യാപകമായ പരാതികളും ആരോപണങ്ങളും ഉയരുന്നതിനിടയിലാണ്‌ കേരളത്തിലെ യുഡിഎഫ്‌ നേതാക്കൾക്കെതിരായ അഴിമതിക്കേസ്‌ അന്വേഷണത്തിൽനിന്ന്‌ അവർ പിൻവാങ്ങുന്നത്‌. അത്ര നിഷ്‌കളങ്കമായ തീരുമാനമാണ്‌ ഇതെന്ന്‌ കരുതാനാകില്ല. എതിരാളികളെ വേട്ടയാടാൻ മാത്രമല്ല, രാഷ്‌ട്രീയ കൂട്ടുകെട്ടിന്‌‌ രൂപംനൽകാനും സിബിഐയെ ഉപയോഗിക്കാം എന്നാണ്‌ ടൈറ്റാനിയം കേസിലെ തീരുമാനം കാണിക്കുന്നത്‌. സിബിഐയെ പിൻമാറ്റി കേരളത്തിൽ അവിശുദ്ധ രാഷ്‌ട്രീയസഖ്യത്തിന്‌ നിലമൊരുക്കുകയാണെന്ന്‌ നിശ്‌ചയമായും സംശയിക്കാം. എൽഡിഎഫിനെതിരെ സംഘപരിവാർ –യുഡിഎഫ്‌–- - ജമാഅത്തെ ഇസ്ലാമി–-പോപ്പുലർ ഫ്രണ്ട്‌ സഖ്യത്തിന്‌ വഴിയൊരുക്കാനുള്ള രാഷ്‌ട്രീയ സന്ദേശമാണ്‌ ഇതുവഴി കേന്ദ്ര സർക്കാർ മുന്നോട്ടുവയ്‌ക്കുന്നതെന്ന്‌ കരുതേണ്ടിയിരിക്കുന്നു‌.

അന്വേഷണ ഏജൻസികളെ ഉപയോഗിച്ചുള്ള രാഷ്‌ട്രീയ കരുനീക്കം യുഡിഎഫിന്‌ താൽക്കാലിക ആഹ്ലാദം പകർന്നുവെന്നുവരാം. ഇതിന്റെ ദൂരവ്യാപക പ്രത്യാഘാതങ്ങൾ അവർ അനുഭവിക്കാനിരിക്കുന്നതേയുള്ളൂ എന്നുമാത്രം പറയാം. വടക്കാഞ്ചേരി ലൈഫ്‌ ഭവനപദ്ധതിക്കെതിരെ അനിൽ അക്കര വെള്ളക്കടലാസിൽ എഴുതിയ രാഷ്ട്രീയപ്രേരിതമായ പരാതി കിട്ടിയ ഉടൻ ചാടിവീണ് കേസെടുത്തവരാണ്‌ സിബിഐ. സർക്കാർ പണംമുടക്കാത്ത പദ്ധതിക്കെതിരായ ആരോപണംപോലും സ്വന്തം നിലയിൽ അന്വേഷിക്കുന്ന സിബിഐ പൊതു ഖജനാവ്‌ കൊള്ളയടിച്ച സംഭവം കൈയൊഴിയുന്നത്‌ കേന്ദ്ര സർക്കാർ നടത്തിയ രാഷ്‌ട്രീയ ഒത്തുകളിയുടെ ഫലമല്ലാതെ മറ്റൊന്നുമല്ല.

deshabhimani editorial 231020

Thursday, October 22, 2020

  ബിജെപി- യുഡിഎഫ്‌ കൂട്ടുകെട്ടിനായി അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്തുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്‌ 68 കോടി രൂപയുടെ അഴിമതി നടന്ന ടൈറ്റാനിയം കേസ്‌ സിബിഐ ഏറ്റെടുക്കേണ്ടതില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു.

2019 സെപ്‌തംബര്‍ 3 നാണ്‌ സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്‌. വിജിലന്‍സ്‌ അന്വേഷണ റിപ്പോര്‍ട്ടും സാക്ഷിമൊഴികളും അനുബന്ധ രേഖകളും സിബിഐക്ക്‌ കൈമാറുകയും ചെയ്‌തു. അന്താരാഷ്ട്ര ബന്ധങ്ങളുള്ള കേസില്‍ പ്രതികളെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായം തേടിയപ്പോള്‍ നയതന്ത്ര മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടതിന്റെ കൂടി അടിസ്ഥാനത്തിലാണ്‌ ഈ കേസ്‌ സിബിഐ ക്ക്‌ വിടാന്‍ തീരുമാനിച്ചത്‌.

ഉമ്മന്‍ചാണ്ടിയേയും ചെന്നിത്തലയേയും ഇബ്രാഹിം കുഞ്ഞിനേയും പ്രതിചേര്‍ത്ത്‌ അന്വേഷണം നടത്താന്‍ തിരുവനന്തപരം വിജിലന്‍സ്‌ കോടതി വിധി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ്‌ വിജിലന്‍സ്‌ അന്വേഷണം തുടങ്ങിയത്‌. ഇതിനെതിരെ ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചെ ങ്കിലും അന്വേഷണം തുടരാനാണ്‌ കോടതി വിധിച്ചത്‌. ഇത്രയും ഗൗരവമേറിയ കേസില്‍ കോണ്‍ഗ്രസിനേയും ലീഗിനേയും രക്ഷപ്പെടു ത്താനാണ്‌ പ്രധാനമന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പ്‌ തന്നെ സിബിഐ അന്വേഷണം വേണ്ടെന്ന തീരുമാനമെടുത്തത്‌. ഇത്‌ യുഡിഎഫും - ബിജെപിയും തമ്മില്‍ പരസ്യധാരണ തന്നെയാണ്‌ ഉള്ളതെന്ന്‌ വ്യക്തമാക്കുന്നു .

മാറാട്‌ കേസില്‍ സിബിഐ അന്വേഷണം തുടരാത്തതും ഇതിന്റെ ഭാഗമാണ്‌. മാറാട്‌ കേസ്‌ സിബിഐക്ക്‌ വിടണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രക്ഷോഭം നടത്തിയ പാര്‍ടിയാണ്‌ ബിജെപി. മുസ്ലീംലീഗിനെ രക്ഷപ്പെടു ത്താനായാണ്‌ ഈ കേസില്‍ സിബിഐ അന്വേഷണം മരവിപ്പിച്ചിട്ടുള്ളത്‌.

പാവങ്ങള്‍ക്ക്‌ വിട്‌ നല്‍കുന്ന ലൈഫ്‌ പദ്ധതി അട്ടിമറിക്കുന്നതിനായി കോണ്‍ഗ്രസ്‌ എംഎല്‍എ നല്‍കിയ പരാതിയില്‍ ഉടന്‍ എഫ്‌ഐആര്‍ കോടതിയില്‍ സമര്‍പ്പിച്ചതും ഇതേ സിബിഐ ആണ്‌. പല സംസ്ഥാനങ്ങളിലും രാഷ്‌ട്രീയ എതിരാളികള്‍ക്ക്‌ എതിരെ ഇഡിയേയും സിബിഐ യേയും ബിജെപി ദുരുപയോഗിക്കുകയാണ്‌. ഇതുകൊണ്ടാണ്‌ രാജസ്ഥാനും, പശ്ചിമ ബംഗാളിനും പിന്നാലെ കോണ്‍ഗ്രസ്‌ ശിവസേന സഖ്യം ഭരിക്കുന്ന മഹാരാഷ്ട്രയിലും സിബിഐക്ക്‌ നിയന്ത്രണം ഏര്‍പ്പെടുത്തിയത്‌. ബിജെപിയുടെ രാഷ്ട്രീയ താത്‌പര്യങ്ങള്‍ക്കായി സിബിഐ യെ ദുരുപയോഗപ്പെടുത്തുന്നതിനെതിരെ ജനവികാരം ഉയര്‍ന്നു വരണമെന്ന്‌ സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ അഭ്യര്‍ത്ഥിച്ചു.

Wednesday, October 21, 2020

ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഉള്‍പ്പെട്ട ടൈറ്റാനിയം അഴിമതി കേസ് അന്വേഷിക്കാനാവില്ലെന്ന് സിബിഐ

 ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉള്‍പ്പെട്ട ടൈറ്റാനിയം അഴിമതി കേസ് അന്വേഷിക്കാനാവില്ലെന്ന് സിബിഐ. ഇക്കാര്യം വ്യക്തമാക്കുന്ന കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ കത്ത് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. ഖജനാവിന് 127 കോടി രൂപ നഷ്ടം വരുത്തിയ കേസാണ് ടൈറ്റാനിയം അഴിമതി. യു ഡി എഫ് നേതാക്കള്‍ക്കെതിരായ കേസുകളില്‍ അന്വേഷണത്തിന് സി ബി ഐ വൈമുഖ്യം കാണിക്കുന്നു എന്ന ആക്ഷേപങ്ങള്‍ക്ക് ഇടയിലാണ് കേന്ദ്രത്തിന്റെ ഈ നിലപാട്.

വിജിലന്‍സ് കേസിന്റെ മുഴുവന്‍ രേഖകളും കഴിഞ്ഞ ഡിസംബറില്‍ തന്നെ സർക്കാർ കൈമാറിയെങ്കിലും സിബിഐ ഒരു നടപടിയും കൈക്കൊണ്ടിരുന്നില്ല. മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് വിദേശത്തു നിന്ന് സാമഗ്രികള്‍ ഇറക്കുമതി ചെയ്തങ്കിലും സ്ഥാപിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഖജനാവിന് നഷ്‌ടം വരുത്തിയതിനു പിന്നില്‍ അഴിമതി നടന്നുവെന്നാണ് ആരോപണം.

കമ്പനിയുടെ മേല്‍ ഉദ്യോഗസ്ഥരെ കൂടാതെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തല എന്നിവര്‍ക്കെതിരെയായിരുന്നു ആരോപണം. അഴിമതി നടന്നതായി വിജിലന്‍സ് കോടതിയില്‍ ബോധിപ്പിച്ചിരുന്നുവെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഫിന്‍ലന്‍ഡില്‍ നിന്നും ഇറക്കുമി നടത്തിയതിന് ഇടനിലക്കാരനായ വ്യക്തിയെ ഇതുവരെ വിജിലന്‍സിന് ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ലന്നും വിദേശത്ത് കഴിയുന്ന ഇയാളെ സിബിഐ ചോദ്യം ചെയ്യണമെന്നും വിദേശ ബാങ്കുകള്‍ വഴി നടന്ന പണ ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്തേണ്ടത് സിബിഐയാണെന്നും നേരത്തെ വ്യക്തമായിരുന്നു. അന്വേഷണം സിബിഐക്ക് കൈമാറാന്‍ ശുപാര്‍ശ ഉണ്ടായിട്ടും ഉത്തരവ് പുറപ്പെടുവിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വീഴ്ച വരുത്തിയതായും ആരോപണമുണ്ടായി.

ഉമ്മൻചാണ്ടിയും രമേശ്‌ ചെന്നിത്തലയും അടക്കം പ്രതികളായ 68 കോടിയുടെ ടൈറ്റാനിയം അഴിമതി കേസിൽ ഒരു വർഷം കഴിഞ്ഞിട്ടും തീരുമാനം എടുക്കാതിരിക്കുമ്പോഴാണ്‌ ലൈഫ്‌ മിഷൻ അന്വേഷണത്തിൽ സിബിഐ തിരക്കിട്ട നീക്കം നടത്തിയിരുന്നത്‌. 2019 സെപ്‌തംബർ മൂന്നിനാണ്‌ ടൈറ്റാനിയം കേസ്‌ സിബിഐ ഏറ്റെടുക്കണമെന്ന്‌ സംസ്ഥാന സർക്കാർ കേന്ദ്രത്തോട്‌ ശുപാർശ ചെയ്‌തത്‌.

ഹൈക്കോടതി നിർദേശപ്രകാരം വിജിലൻസ്‌ അന്വേഷിച്ച കേസ്‌ രാജ്യാന്തരതല അന്വേഷണം വേണമെന്ന്‌ വന്നപ്പോഴാണ്‌ സിബിഐയ്‌ക്ക്‌ വിടാൻ തീരുമാനിച്ചത്‌. കേസ്‌ ഡയറി അടക്കം എല്ലാ രേഖകളും ഉടനടി സിബിഐ ആസ്ഥാനത്ത്‌ വിജിലൻസ്‌ നേരിട്ട്‌ എത്തിക്കുകയും ചെയ്‌തു. എന്നാൽ, ഒരു വർഷം കഴിഞ്ഞിട്ടും ഇത്‌ സംബന്ധിച്ച്‌ സിബിഐയിൽനിന്നോ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽനിന്നോ സംസ്ഥാന സർക്കാരിന്‌ ഒരു മറുപടിയും നൽകിയിരുന്നില്ല.

Friday, October 16, 2020

ലൈഫിനെതിരായ നീക്കത്തിന് ആദ്യപ്രഹരം

 സംസ്ഥാന സർക്കാരിന്റെ ഏറ്റവും ജനക്ഷേമകരമായ പദ്ധതികളിൽ ഒന്നിനെ അപകീർത്തിപ്പെടുത്താനുള്ള കോൺഗ്രസ്  ബിജെപി സംയുക്തശ്രമത്തിനാണ് ഹൈക്കോടതിയിൽനിന്ന് ചൊവ്വാഴ്ച അടികിട്ടിയത്. ‘ലൈഫ് മിഷൻ ഒരു വിദേശസഹായവും കൈപ്പറ്റിയില്ലെന്നത് അവിതർക്കിതമാണെ’ന്ന ഹൈക്കോടതി ഇടക്കാല  ഉത്തരവിലെ പരാമർശം ഇതുവരെ കേസിന്റെ പേരിൽ പരത്തിയ പുകമറ മാറ്റുകയാണ്. ലൈഫ്മിഷൻ ഉദ്യോഗസ്ഥർക്കെതിരെ രജിസ്റ്റർ ചെയ്ത കേസിലെ എല്ലാ തുടർനടപടികളും കോടതി തടയുകയും ചെയ്യുന്നു. ഒരു പടികൂടി കടന്ന് ലൈഫ്‌മിഷനും നിർമാണ കരാറുകാരും വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നുകൂടി ഹൈക്കോടതി വ്യക്തമാക്കിയതോടെ സിബിഐ കേസിന്റെ അടിത്തറ ഇളകുന്നു. ഇനി ബാക്കിയുള്ളത് കമീഷനായി കിട്ടിയ പണം ചിലർക്കൊക്കെ നൽകിയതായി കരാർ കമ്പനി ഉടമ വെളിപ്പെടുത്തിയിരുന്നത് മാത്രമാണ്. അങ്ങനെ പണം പറ്റിയവർ ആരൊക്കെ എന്ന് സിബിഐ അന്വേഷിക്കട്ടെ എന്നാണ്‌ കോടതി പറഞ്ഞിരിക്കുന്നത്.

വിചിത്രമായ രാഷ്ട്രീയനീക്കത്തിലൂടെയാണ് ഈ കേസുണ്ടായത്. സ്വന്തം മണ്ഡലത്തിലെ വീടില്ലാത്ത 140 പേർക്ക് വീട് ലഭിക്കുന്ന പദ്ധതിക്കെതിരെ കോൺഗ്രസ് എംഎൽഎയാണ് സിബിഐക്ക് പരാതി നൽകിയത്. ബിജെപിയുടെ കേന്ദ്ര സർക്കാർ നിയന്ത്രിക്കുന്ന സിബിഐ  മിന്നൽവേഗത്തിൽ നടപടി നീക്കി കേസ് ഏറ്റെടുക്കുന്നു. എല്ലാ ഫെഡറൽ മര്യാദകളും ലംഘിച്ചായിരുന്നു നീക്കം. സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ ഇത്തരം കേസുകൾ ഏറ്റെടുക്കാം എന്ന വാദം ഉന്നയിച്ചായിരുന്നു കേന്ദ്ര നടപടി. സംസ്ഥാന സർക്കാർ വിജിലൻസ് അന്വേഷണം തുടങ്ങിക്കഴിഞ്ഞശേഷമായിരുന്നു ഇത്. സിബിഐയെ കേന്ദ്രസർക്കാർ ദുരുപയോഗിക്കുന്നതിനെതിരെ ദേശീയതലത്തിൽ പൊരുതുന്നവരായി നടിക്കുന്ന കോൺഗ്രസിന്റെ ഒത്താശയോടെയുള്ള  ബിജെപി നീക്കം എന്നുതന്നെ ഇതിനെ വിശേഷിപ്പിക്കാം. 68 കോടി രൂപയുടെ ടൈറ്റാനിയം അഴിമതിക്കേസ്‌ അന്വേഷിക്കാൻ സംസ്ഥാന  സർക്കാർ സിബിഐയോട്‌ ആവശ്യപ്പെട്ടിട്ട് ഒരുവർഷവും ഒരുമാസവും പിന്നിടുന്നു. ഉമ്മൻചാണ്ടിയും രമേശ്‌ ചെന്നിത്തലയും  ലീഗ്‌ നേതാവായ ഇബ്രാഹിം കുഞ്ഞും  ഉൾപ്പെട്ട കേസിൽ ഇതുവരെ അന്വേഷണം ഉണ്ടായില്ല. അപ്പോഴാണ്‌ ഒരു കേസിനുതന്നെ പഴുതില്ലാതിരുന്നിട്ടും ലൈഫ് മിഷനുമേൽ പാഞ്ഞുകയറാൻ സിബിഐ ശ്രമിച്ചത്.

വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്സിആര്‍എ)ത്തിന്റെ ലംഘനമുണ്ടായിട്ടുണ്ടെന്ന് ആരോപിച്ചായിരുന്നു കോടതിയിൽ സിബിഐ പ്രഥമവിവര റിപ്പോർട്ട്  സമർപ്പിച്ചത്. വടക്കാഞ്ചേരിയിൽ യുഎഇ റെഡ്ക്രസന്റിന്റെ സഹായത്തോടെ നിർമിക്കുന്ന 140 ഫ്ളാറ്റിന്റെയും ഒരു ഹെൽത്ത് സെന്ററിന്റെയും നിർമാണ കരാർ യുഎഇ കോൺസൽ ജനറലും യൂണിടാക്, സാനെ വെഞ്ചേഴ്സും തമ്മിൽ ഏർപ്പെട്ടിട്ടുള്ളതാണ്. അതുകൊണ്ട് കേസിന്  നിലനിൽപ്പില്ലെന്ന്‌ നിയമോപദേശം കിട്ടി. സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. എന്തോ അഴിമതി പുറത്തുവരുന്നത് തടയാൻ ശ്രമിക്കുന്നു എന്ന മട്ടിൽ പ്രതിപക്ഷവും കുറെ മാധ്യമങ്ങളും ഇറങ്ങിപ്പുറപ്പെട്ടു. എന്നാൽ, സർക്കാരിന് ഇക്കാര്യത്തിൽ തികഞ്ഞ വ്യക്തത ഉണ്ടായിരുന്നു. രണ്ടു കാര്യമാണ് സർക്കാർ പ്രധാനമായി കണ്ടത്.

പദ്ധതിയുമായി ബന്ധപ്പെട്ട് ലൈഫ് മിഷൻ ഒരു തുകയും വിദേശസംഭാവനയായി സ്വീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ സർക്കാരിന്റെ ഭാഗത്തുനിന്ന് എഫ്സിആര്‍എയുടെ ലംഘനം ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ല എന്നതായിരുന്നു ആദ്യത്തെ കാര്യം. ഫെഡറൽ സംവിധാനത്തിന്റെ അന്തഃസത്തയ്ക്ക് വിരുദ്ധമായി  സിബിഐ ഇടപെടുമ്പോൾ അത് നോക്കിനിന്നാൽ പോരാ എന്ന ശക്തമായ നിലപാടും സംസ്ഥാന സർക്കാരിനുണ്ടായിരുന്നു. അത്തരം നീക്കങ്ങൾ ഹൈക്കോടതിയിൽ ചോദ്യം ചെയ്യേണ്ടതാണ് എന്ന ഉറച്ച ബോധ്യവും ഉണ്ടായിരുന്നു. അതാണ് ചെയ്തത്.

ഭരണഘടനപ്രകാരമുള്ള ഈ നീക്കത്തിനെതിരെപ്പോലും കോൺഗ്രസ് രംഗത്തുവന്നു. സ്വന്തം പാർടി ഭരിക്കുന്ന  രാജസ്ഥാനിൽ സിബിഐക്ക് സംസ്ഥാനത്ത് അന്വേഷണം നടത്താനുള്ള പൊതു അനുമതി വിലക്കിയതുപോലും  ഇവിടെ ഈ അപഹാസ്യമായ നിലപാടെടുക്കാൻ അവർക്ക് തടസ്സമായില്ല. യുഎഇ കോൺസൽ ജനറലും നിർമാണ കമ്പനികളും തമ്മിലുള്ള കരാറിൽ കമീഷൻ ഇടപാടോ ഏതെങ്കിലും തരത്തിൽ അഴിമതിയോ നടന്നിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കപ്പെടണമെന്നുള്ള കാര്യത്തിൽ സംസ്ഥാന സർക്കാരിന്‌ തർക്കമില്ലെന്ന്‌ മുഖ്യമന്ത്രിതന്നെ വ്യക്‌തമാക്കിയതാണ്. വിജിലൻസ് അന്വേഷണം ആരംഭിച്ചതും അതുകൊണ്ടാണ്.

സർക്കാർ ഉന്നയിച്ച  പ്രധാന കാര്യം ഏതായാലും കേസിന്റെ ആദ്യഘട്ട പരിഗണനയിൽത്തന്നെ കോടതി അംഗീകരിച്ചുകഴിഞ്ഞു. സംസ്ഥാന സർക്കാർ വിദേശനാണയം സ്വീകരിച്ചിട്ടില്ലെന്നും  വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ പരിധിയിൽ ഈ കേസ് വരില്ലെന്നുമുള്ള  കാര്യം ചൂണ്ടിക്കാട്ടിയാണ് ലൈഫ് മിഷനെതിരായ അന്വേഷണം കോടതി തടഞ്ഞത്. മറ്റ് കാര്യങ്ങൾ വിശദമായി വാദം കേട്ട് കോടതി തീരുമാനിക്കട്ടെ.

സർക്കാർ ശ്രമിച്ചത് ഭൂരഹിതരും ഭവനരഹിതരുമായ ആളുകൾക്ക് അടച്ചുറപ്പുള്ള ഭവനം നൽകാനാണ്. അതിന് ഉദാരമതികളുടെ സഹായവും തേടി. അങ്ങനെ സഹായിക്കാൻ വന്നവർ എന്തെങ്കിലും കമീഷൻ ഇടപാടുകൾ നടത്തിയെങ്കിൽ അതിന് അവർ ഉത്തരം പറയണം. പക്ഷേ, അടിസ്ഥാനരഹിതമായ വ്യവഹാരങ്ങളുടെ നൂലാമാലകളിൽ പെടുത്തി  ലൈഫ് മിഷനെ തകർക്കാൻ നോക്കിയാൽ ഏതുവിധേനയും പൊരുതും എന്ന സർക്കാർ നിലപാട് തികച്ചും ഉചിതമാണ്. ആ നിലപാടിന് കോടതി നൽകിയ അംഗീകാരംകൂടിയാണ് ചൊവ്വാഴ്ചത്തെ ഹൈക്കോടതി ഉത്തരവ്.

deshabhimani editorial 141020

Tuesday, October 13, 2020

നഷ്ടമായത്‌ സിബിഐയുടെ വിശ്വാസ്യത

 ഇത്‌ ‘സെൻട്രൽ ബ്യൂറോ ഓഫ്‌ ഇഡിയറ്റ്‌സ്‌’ അല്ല–- കഴിഞ്ഞ ദിവസം ഹൈക്കോടതി മുമ്പാകെ സിബിഐ അഭിഭാഷകൻ അവകാശപ്പെട്ടതാണ് ഇത്‌. ഒരുകാലത്ത്‌ രാജ്യത്തെ ‘പ്രീമിയർ’ അന്വേഷണ ഏജൻസിയെന്നും ഇന്ത്യയിലെ സ്‌കോട്ട്‌ലൻഡ്‌ യാർഡെന്നും മറ്റും അവകാശപ്പെട്ടിരുന്ന ഒരു സംഘടനയ്‌ക്ക്‌ തങ്ങൾ വെറും വിഡ്‌ഢിക്കൂട്ടമല്ലെന്ന്‌ നീതിന്യായ കോടതിമുമ്പാകെ അവകാശപ്പെടേണ്ടി വരുന്ന പരിതാപകരമായ സാഹചര്യത്തിലേക്ക്‌ തരംതാഴേണ്ടി വന്നത്‌ എന്തുകൊണ്ടാകും? കഴിഞ്ഞ എട്ടു ദിവസം ഞങ്ങൾ പ്രസിദ്ധീകരിച്ച ‘യജമാനന്റെ അരുമ’ എന്ന പരമ്പര ഈ ചോദ്യത്തിന്‌ ഉത്തരം തേടുകയായിരുന്നു.

ഇതിന്‌ ഉത്തരം ഹാഥ്‌രസിൽ സവർണരുടെ പീഡനത്തിന്‌ ഇരയായി കൊല്ലപ്പെട്ട ദളിത്‌ പെൺകുട്ടിയുടെ കുടുംബം നൽകുന്നുണ്ട്‌. ഹാഥ്‌രസ്‌ പീഡനം സിബിഐ അന്വേഷിക്കുമെന്ന്‌ യുപിയിലെ ബിജെപി സർക്കാർ പ്രഖ്യാപിച്ചപ്പോൾ സിബിഐ വേണ്ടേ വേണ്ടെന്നാണ്‌ പെൺകുട്ടിയുടെ കുടുംബം പ്രതികരിച്ചത്‌. സുപ്രീംകോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണമാണ്‌ അവർ താൽപ്പര്യപ്പെട്ടത്‌. എന്നാൽ, ഈ ആവശ്യം യുപി സർക്കാർ തള്ളി. കേസ്‌ സിബിഐയെ ഏൽപ്പിച്ചു.

കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പയുടെ കുടുംബത്തിനെതിരായി അടുത്തിടെ ഉയർന്ന അഴിമതി ആക്ഷേപങ്ങളിൽ പ്രതിപക്ഷമായ കോൺഗ്രസ്‌ സിബിഐ അന്വേഷണം താൽപ്പര്യപ്പെടുന്നില്ല. ജുഡീഷ്യൽ അന്വേഷണമാണ്‌ പ്രതിപക്ഷ നേതാവായ സിദ്ദാരാമയ്യ ആവശ്യപ്പെടുന്നത്‌. കോൺഗ്രസ്‌ ഭരണസംസ്ഥാനങ്ങളായ രാജസ്ഥാനും ഛത്തീസ്‌ഗഢും ഒരു പടികൂടി കടന്ന്‌ സംസ്ഥാനങ്ങളിൽ കേസന്വേഷണത്തിന്‌ സിബിഐക്ക്‌ കാലങ്ങളായി നൽകിവന്നിരുന്ന ‘പൊതുസമ്മതം’ പിൻവലിക്കുകയും ചെയ്‌തു. ഈ രണ്ട്‌ സംസ്ഥാനങ്ങൾക്കു പുറമെ ബംഗാൾ, ആന്ധ്ര സംസ്ഥാനങ്ങളും സിബിഐക്ക്‌ നൽകിയിരുന്ന പൊതുസമ്മതം പിൻവലിച്ചിരുന്നു.

സത്യസന്ധവും നിഷ്‌പക്ഷവുമായ അന്വേഷണത്തിന്‌ ഒരുകാലത്ത്‌ പേരുകേട്ടിരുന്ന സിബിഐക്ക്‌ തൊണ്ണൂറുകൾമുതലാണ്‌ നിറംമാറ്റം ആരംഭിച്ചത്‌. കേന്ദ്രത്തിൽ മാറിമാറി അധികാരത്തിൽ വന്ന കോൺഗ്രസും ബിജെപിയും തങ്ങളുടെ രാഷ്ട്രീയതാൽപ്പര്യങ്ങൾക്ക്‌ അനുസൃതമായി സിബിഐയെ ഉപയോഗിച്ചുതുടങ്ങി. കേന്ദ്ര ഭരണകക്ഷിയെ രാഷ്ട്രീയമായി എതിർക്കുന്നവരെ വേട്ടയാടുന്നതിനുള്ള ഉപകരണംമാത്രമായി സിബിഐ ചുരുങ്ങി. അന്വേഷണ ഏജൻസിയിൽനിന്ന്‌ വേട്ടയാടൽ ഏജൻസിയായി പരുവപ്പെട്ടതോടെ മികച്ച ഉദ്യോഗസ്ഥരുണ്ടായിട്ടുകൂടി പ്രധാന കേസുകളിൽ സിബിഐ തോറ്റുതുടങ്ങി. എൽ കെ അദ്വാനി അടക്കം പരിവാർ നേതാക്കളായ എല്ലാ പ്രതികളെയും വെറുതെവിട്ടുള്ള ബാബ്‌റി കേസ്‌ വിധി ഒടുവിലെ ഉദാഹരണമാണ്‌. പൊലീസ്‌ സ്‌റ്റേഷനുകളിലെ സാധാരണ റൈട്ടർമാർ പാലിക്കുന്ന ജാഗ്രതപോലും ബാബ്‌റി കേസ്‌ കൈകാര്യം ചെയ്‌ത ഘട്ടത്തിൽ സിബിഐക്കുണ്ടായില്ല. ബൊഫോഴ്‌‌സ്‌, ടു ജി സ്‌പെക്ട്രം, സൊറാബുദ്ദീൻ ഷെയ്‌ക്ക്‌ വ്യാജഏറ്റുമുട്ടൽ, ആരുഷി തൽവാർ കൊലപാതകം, ജെഎൻയു വിദ്യാർഥി നജീബിന്റെ തിരോധാനം തുടങ്ങി സിബിഐ തോൽക്കുകയോ അന്വേഷണം എങ്ങുമെത്താതെ അവസാനിപ്പിക്കുകയോ ചെയ്‌ത കേസുകളുടെ പട്ടിക നീണ്ടതാണ്‌.

സിബിഐയുടെ പ്രൊഫഷണലിസമില്ലായ്‌മയിൽ മനംമടുത്ത്‌ പലപ്പോഴും കടുത്ത ഭാഷയിൽ സുപ്രീംകോടതിക്കുപോലും വിമർശിക്കേണ്ടി വന്നു. കൽക്കരി കേസ്‌ പരിഗണിക്കുന്ന വേളയിൽ യജമാനന്റെ ശബ്ദത്തിൽമാത്രം സംസാരിക്കുന്ന കൂട്ടിലടച്ച തത്തയെന്നാണ്‌ ചീഫ്‌ ജസ്റ്റിസായിരുന്ന ആർ എം ലോധ സിബിഐയെ വിശേഷിപ്പിച്ചത്‌. സ്വീകാര്യമായ ഒരു തെളിവെങ്കിലും സിബിഐ സമർപ്പിക്കുമെന്ന പ്രതീക്ഷയിൽ ഏഴുവർഷം കോടതിമുറിയിൽ താൻ കാത്തിരുന്നുവെന്ന്‌ ടു ജി കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടുള്ള വിധിന്യായത്തിൽ പ്രത്യേക കോടതി ജഡ്‌ജി ഒ പി സെയ്‌നി കുറിച്ചു. ഫോട്ടോകളുടെ നെഗറ്റീവുകളോ പത്രവാർത്തകളുടെ ഒറിജിനലുകളോ ഹാജരാക്കാൻപോലും സിബിഐക്ക്‌ കഴിഞ്ഞില്ലെന്ന്‌ ബാബ്‌റി കേസ്‌ വിധിയിൽ ജഡ്‌ജി പറഞ്ഞു.

ബ്രിട്ടീഷ്‌കാലത്ത്‌ യുദ്ധാനുബന്ധ അഴിമതികൾ അന്വേഷിക്കുന്നതിനായി രൂപീകരിക്കപ്പെട്ട സ്‌പെഷ്യൽ പൊലീസ്‌ എസ്റ്റാബ്ലിഷ്‌മെന്റാണ്‌ സിബിഐയുടെ ആദ്യരൂപം. 1946ൽ ഇത്‌ ഡൽഹി സ്‌പെഷ്യൽ പൊലീസ്‌ എസ്റ്റാബ്ലിഷ്‌മെന്റായി (ഡിഎസ്‌പിഇ) മാറി. നെഹ്‌റു പ്രധാനമന്ത്രിയും ലാൽബഹാദൂർ ശാസ്ത്രി ആഭ്യന്തരമന്ത്രിയുമായിരിക്കെ 1963 ഏപ്രിൽ ഒന്നിനാണ്‌ ഡിഎസ്‌പിഇ സിബിഐ ആയി മാറിയത്‌. ആഭ്യന്തരവകുപ്പ്‌ പുറപ്പെടുവിച്ച ഒരു വിജ്ഞാപനപ്രകാരമായിരുന്നു പേരുമാറ്റം. സെക്രട്ടറിതല ഉദ്യോഗസ്ഥൻ പുറപ്പെടുവിച്ച ഈ വിജ്ഞാപനത്തിന്റെ നിയമസാധുതതന്നെ ചോദ്യംചെയ്യപ്പെട്ട നിലയിലാണ്‌. ഭരണഘടനാപരമല്ലെന്ന്‌ ചൂണ്ടിക്കാട്ടി ഗുവാഹത്തി ഹൈക്കോടതി 2013 നവംബറിൽ സിബിഐ രൂപീകരിച്ചുള്ള വിജ്ഞാപനം റദ്ദാക്കി. ഇതിനെതിരായ അപ്പീൽ‌ സുപ്രീംകോടതിയുടെ പരിഗണനയിലാണ്‌. അപ്പീൽ അനുവദിച്ച്‌ സുപ്രീംകോടതി അനുവദിച്ച സ്‌റ്റേയുടെ പിൻബലത്തിലാണ്‌ നിലവിൽ സിബിഐയുടെ പ്രവർത്തനം.

സിബിഐയെ സ്വതന്ത്രമാക്കി നിലനിർത്തുകയെന്ന ലക്ഷ്യത്തോടെ 1997ലെ വിനീത്‌ നരെയ്‌ൻ കേസ്‌ വിധിയിൽ സുപ്രീംകോടതി ചില മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഡയറക്ടറുടെ കാലാവധി രണ്ടുവർഷമായി നിജപ്പെടുത്തൽ, സിവിസിക്ക്‌ മേൽനോട്ട അധികാരം, തോൽക്കുന്ന കേസുകളിൽ പ്രോസിക്യൂഷൻ വീഴ്‌ച പരിശോധിച്ച്‌ നടപടി തുടങ്ങിയ നിർദേശങ്ങൾ കോടതി മുന്നോട്ടുവച്ചെങ്കിലും സിബിഐയുടെ സ്വഭാവത്തിൽ മാറ്റമുണ്ടായില്ല. ഏറ്റവുമൊടുവിൽ ഡയറക്ടറും സ്‌പെഷ്യൽ ഡയറക്ടറുമായുള്ള തമ്മിലടിയും സിബിഐ ആസ്ഥാനത്തുണ്ടായ പാതിരാഅട്ടിമറിയും നാഗേശ്വര റാവുവിനെപ്പോലുള്ള വർഗീയവാദികൾ ഡയറക്ടർ സ്ഥാനത്ത്‌ അവരോധിക്കപ്പെട്ടതുമെല്ലാം കൂട്ടിലടച്ച തത്തയായിത്തന്നെ സിബിഐ തുടരുന്നതിന്‌ ഉദാഹരണങ്ങളാണ്‌. അമിതാധികാര പ്രവണതകാട്ടുന്ന മോഡി സർക്കാരിന്റെ കീഴിൽ സിബിഐമാത്രമല്ല മറ്റ്‌ അന്വേഷണ ഏജൻസികളും യജമാനന്മാരുടെ ശബ്ദമായി അധഃപതിച്ചിരിക്കുകയാണ്‌. മികവുറ്റ ,സ്വതന്ത്ര ഏജൻസിയായി സിബിഐ മാറണമെങ്കിൽ അധികാരത്തിലിരിക്കുന്നവർ രാഷ്ട്രീയ ഇച്ഛാശക്തി കാട്ടുകതന്നെ വേണം.

deshabhimani editorial 131020

സിബിഐക്ക് ഇനി അന്വേഷിയ്ക്കാവുന്നത് ചെന്നിത്തലയ്ക്ക് ഐ ഫോണ്‍ നല്‍കിയതടക്കമുള്ള കാര്യങ്ങള്‍

 ലൈഫ് മിഷന്‍ കേസിലെ ഹൈക്കോടതിയുടെ ഇടക്കാല വിധിയോടെ സിബിഐക്ക് ഇനി അന്വേഷിയ്ക്കാന്‍ കഴിയുക ചെന്നിത്തലയ്ക്ക് ഐ ഫോണ്‍ നല്‍കി എന്നതടക്കമുള്ള ആരോപണങ്ങള്‍. യുണിടാക് ഉടമ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍ സിബിഐക്ക് അന്വേഷിയ്ക്കാം എന്നാണു ജസ്റ്റിസ് വി ജി അരുണിന്റെ ഇടക്കാല വിധിയില്‍ പറയുന്നത്. അതിലാണ് ചെന്നിത്തലയ്ക്ക് അടക്കം കൊടുക്കാനായി സ്വപ്ന നിര്‍ദേശിച്ച പ്രകാരം ഫോണ്‍ വാങ്ങി നല്‍കിയതായി സന്തോഷ്‌ ഈപ്പന്‍ വെളിപ്പെടുത്തിയത് .

സന്തോഷ്‌ ഈപ്പന്റെ മൊഴിയില്‍ ചെന്നിത്തലയെപ്പറ്റിയുള്ള പരാമര്‍ശം

ലൈഫ്മിഷനും കരാറുകാരും വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് വ്യക്തമാക്കി സിബിഐ അന്വേഷണം സ്റ്റേ ചെയ്ത വിധിയില്‍ സന്തോഷ്‌ ഈപ്പനെതിരായ അന്വേഷണം കോടതി വിലക്കുന്നില്ല.''കരാറുകാരായ യുണിടാക്കിന്റെ മാനേജിംഗ് ഡയറക്ടർ യുഎഇ കോൺസലേറ്റിലെ ഉദ്യോഗസ്ഥർക്കും മറ്റ് ചിലർക്കും പണം നൽകിയതായി കോടതിയിൽ വെളിപ്പെടുത്തിയിരുന്നു. പണം നൽകിയത് വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ നിരോധനം ഏർപ്പെടുത്തിയിട്ടുള്ള ഗണത്തിൽപ്പെട്ടവരായ രാഷ്ട്രീയ പാർടികൾക്കോ സർക്കാർ ഉദ്യോഗസ്ഥർക്കോ ആണെങ്കിൽ അന്വേഷിക്കേണ്ടതുണ്ട്.വിദേശത്തു നിന്നും ലഭിക്കുന്ന പണം നിരോധിത പട്ടികയിലുള്ളവർക്ക് നൽകുന്നത് കുറ്റകൃത്യമാണ്.''-വിധിയില്‍ ചൂണ്ടിക്കാട്ടുന്നു.

വിധിയില്‍ സന്തോഷ്‌ ഈപ്പന്‍റെ ആരോപണങ്ങള്‍ അന്വേഷിക്കാം എന്ന് പറയുന്ന ഭാഗം

കോൺസുലേറ്റില്‍ നിന്ന് തുടര്‍ന്നും കരാറുകള്‍ കിട്ടാനായി കോൺസുലേറ്റ് ജനറലിന് നല്‍കാനെന്ന പേരില്‍ സ്വപ്ന സുരേഷ് ആവശ്യപ്പെട്ടപ്രകാരം  20 ലക്ഷം രൂപനല്‍കിയെന്ന് സന്തോഷ്‌ ഈപ്പന്‍  സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.പിന്നീട് മൂന്നു കോടി 80 ലക്ഷം രൂപ അമേരിക്കൻ ഡോളർ ആക്കി കോൺസുലേറ്റില്‍ ജോലി ചെയ്യുന്ന ഈജിപ്ത് പൌരനായ ഖാലിദിന് കൈമാറിയതായും ഈ ഭാഗത്ത് പറയുന്നു. സ്വര്‍ണ്ണ ക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുടെ ഉടമസ്ഥതയിലുള്ള ഇസോമോ എന്ന കമ്പനിയുടെ പേരില്‍  68 ലക്ഷം രൂപ മാറ്റിയതായും പറയുന്നുണ്ട്. ഇവിടെത്തന്നെയാണ് രമേശ്‌ ചെന്നിത്തലയ്ക്ക് കൊടുത്തതടക്കം അഞ്ച് ഐഫോണുകൾ വാങ്ങിയതായി സന്തോഷ് ഈപ്പന്‍  പറഞ്ഞത്.

ചുരുക്കത്തില്‍ ലൈഫ് മിഷന്‍ പദ്ധതി മുന്നോട്ടുപോകുന്നത് തടയാന്‍ കേസുമായിറങ്ങിയ പ്രതിപക്ഷത്തിനുകൂടി വിനയാകും വിധമാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

സിപിഐ എം നിലപാട് സാധൂകരിക്കുന്ന വിധി; നുണപ്രചാരകര്‍ക്കേറ്റ തിരിച്ചടി

 തിരുവനന്തപുരം > രാഷ്‌ട്രീയ താത്പര്യങ്ങള്‍ക്കായി അന്വേഷണ ഏജന്‍സികളെ ദുരുപയോഗിക്കലാണ്  ലൈഫ് മിഷനെതിരെ കേസെടുത്ത സിബിഐ നടപടിയെന്ന പാര്‍ടി നിലപാട് സാധൂകരിക്കുന്നതാണ് ഹൈക്കോടതി വിധിയെന്ന് സിപിഐ എം. ലൈഫ്‌ മിഷന്‍ വിദേശ ഫണ്ട് സ്വീകരിച്ചിട്ടില്ലെന്ന് ആധികാരികമായി ഹൈക്കോടതി വിധി വ്യക്തമാക്കി. വിദേശ ഫണ്ട് സ്വീകരിക്കുന്നതില്‍ നിന്നും നിയമപ്രകാരം വിലക്കപ്പെട്ട വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും പട്ടികയില്‍ ഉള്‍പ്പെടുന്നതല്ല ലൈഫ് മിഷന്‍ എന്നതും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇതെല്ലാം പരിശോധിച്ച് എഫ്‌സിആര്‍എ നിയമ പ്രകാരം ലൈഫ്മിഷനെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നുണ പ്രചാരവേലക്കാര്‍ക്ക് ഏറ്റ തിരിച്ചടി കൂടിയാണെന്നും സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

നിയമ പ്രശ്‌നങ്ങള്‍ ഉയര്‍ത്താന്‍ കഴിയാതെ സിബിഐ കോടതിയില്‍ ഉന്നയിച്ച വാദങ്ങള്‍ ഈ നടപടിക്ക് പിന്നില്‍ രാഷ്ട്രീയം മാത്രമാണെന്ന് വ്യക്തമാക്കുന്നു. യുഡിഎഫ് നേതാക്കള്‍ ഉള്‍പ്പെട്ട മുന്നൂറോളം കോടി രൂപയുടെ ടൈറ്റാനിയം അഴിമതി കേസ്സില്‍ ഉള്‍പ്പെടെ അന്വേഷണം ആരംഭിക്കാത്ത സിബിഐ ആണ് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി കോണ്‍ഗ്രസ് എംഎല്‍എ യുടെ പരാതി കിട്ടിയ ഉടന്‍ കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്തുന്ന ഇത്തരം രീതിയ്‌ക്കെതിരെ ശക്തമായ ജനവികാരം ഉയരേണ്ടതുണ്ടെന്നും സിപിഐ എം സംസ്ഥാന  സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

വടക്കാഞ്ചേരി: ലൈഫ്‌മിഷനും കരാറുകാരും വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് ഹൈക്കോടതി

കൊച്ചി> വടക്കാഞ്ചേരി ഭവന പദ്ധതിയുമായി ബന്ധപ്പെട്ട കാര്യത്തില്‍ ലൈഫ്‌മിഷനും നിര്‍മ്മാണ കരാറുകാരും വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ വ്യവസ്ഥകൾ ലംലിച്ചുവെന്ന ആരോപണം നിലനിൽക്കുന്നതല്ലെന്നും സിബിഐ ലൈഫ് മിഷനെതിരായ സി ബി ഐ അന്വേഷണം സ്റ്റേ ചെയ്തുകൊണ്ടുള്ള ജസ്റ്റിസ് വി ജി അരുണിന്‍റെ വിധിന്യായത്തില്‍ പറയുന്നു.അനിൽഅക്കരെ എംഎല്‍എയാണ് ഈ ആരോപണം ഉന്നയിച്ച് സിബിഐക്ക് പരാതി നല്‍കിയത്.

സർക്കാർ ഏജൻസിയായ ലൈഫ് മിഷൻ നിയമപ്രകാരം ഒഴിവാക്കപ്പെട്ട പട്ടികയിൽ വരും. നിർമ്മാണം നടത്തുന്ന കരാറുകാർ അവരുടെ സേവനത്തിനു ലഭിക്കുന്ന പണമാണ് കൈപ്പറ്റിയത്.അതിനാൽ വടക്കാഞ്ചേരിയിലെ ലൈഫ്‌മിഷൻ പദ്ധതിക്ക് യുഎഇ.യിലെ റെഡ്ക്രസൻറിൽ നിന്നും സംഭാവന വാങ്ങിയതിൽ കുറ്റകൃത്യമില്ല.

കരാറുകാരായ യുണിടാക്കിന്റെ മാനേജിംഗ് ഡയറക്ടർ യുഎഇ കോൺസലേറ്റിലെ ഉദ്യോഗസ്ഥർക്കും മറ്റ് ചിലർക്കും പണം നൽകിയതായി കോടതിയിൽ വെളിപ്പെടുത്തിയിരുന്നു. പണം നൽകിയത് വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ നിരോധനം ഏർപ്പെടുത്തിയിട്ടുള്ള ഗണത്തിൽപ്പെട്ടവരായ രാഷ്ട്രീയ പാർടികൾക്കോ സർക്കാർ ഉദ്യോഗസ്ഥർക്കോ ആണെങ്കിൽ അന്വേഷിക്കേണ്ടതുണ്ട്.വിദേശത്തു നിന്നും ലഭിക്കുന്ന പണം നിരോധിത പട്ടികയിലുള്ളവർക്ക് നൽകുന്നത് കുറ്റകൃത്യമാണ്.അതിനാൽ ഈ ഘട്ടത്തിൽ സന്തോഷ് ഈപ്പനെതിരായ അന്യേഷണം സ്റ്റേ ചെയ്യുന്നില്ലന്ന് കോടതി വ്യക്തമാക്കി.

അനിൽ അക്കര എം.എൽ.എയുടെ പരാതിയിന്മേൽ സി ബി ഐ കൊച്ചി യൂണിറ്റ് രജിസ്റ്റർ ചെയ്ത കേസിൽ ലൈഫ്മിഷനെതിരായ മുഴുവൻ തുർ നടപടികളുമാണ് കോടതി തടഞ്ഞത്. സിബിഐ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലൈഫ്‌മിഷൻ സിഇഒ വി .യു.ജോസ് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് വി.ജി.അരുണിന്റെ ഇടക്കാല ഉത്തരവ്. രണ്ട് മാസത്തേക്കാണ് ഉത്തരവ്.

ലൈഫ് മിഷന്‍ വിദേശസഹായം കൈപ്പറ്റിയിട്ടില്ല എന്നത് അവിതര്‍ക്കിതം: ഹൈക്കോടതി

കൊച്ചി> വടക്കാഞ്ചേരി ഭവന നിര്‍മ്മാണ പദ്ധതിയില്‍ ലൈഫ് മിഷന്‍ വിദേശസഹായം കൈപ്പറ്റിയിട്ടില്ല എന്നത് അവിതര്‍ക്കിതമാണെന്ന്‌  ഹൈക്കോടതി. സിബിഐ അന്വേഷണം സ്‌റ്റേ ചെയ്‌തുള്ള ജസ്റ്റിസ് വി ജി അരുണിന്റെ ഇടക്കാല ഉത്തരവിലാണ് ഈ പരാമര്‍ശം.കേസില്‍ സര്‍ക്കാര്‍ ഉന്നയിച്ച മുഖ്യവാദം ശരിവെക്കുന്നതാണ് ഈ പരാമര്‍ശം.വിദേശ നാണയം കൈപ്പറ്റിയിട്ടില്ലാത്തതിനാല്‍ ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍  റെഗുലേഷന്‍ നിയമ (എഫ്‌സിആര്‍എ) പ്രകാരമുള്ള കുറ്റം ലൈഫ് മിഷനെതിരെ നിലനില്‍ക്കില്ല.

രണ്ടു മാസത്തേക്കാണ്‌ സിബിഐ അന്വേഷണം സ്‌റ്റേ ചെയ്‌തിട്ടുള്ളത്‌.ലൈഫ്‌ മിഷൻ പദ്ധതിയിലെ സിബിഐ അന്വേഷണം റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌  ലൈഫ് മിഷന്‍ സിഇഒ സമര്‍പ്പിച്ച  ഹർജിയിലാണ്‌ ഉത്തരവ്‌. സർക്കാർ വാദം കോടതി ശരിവെച്ചു.

ഭൂമി കൈമാറിയതല്ലാതെ  നടത്തിപ്പില്‍ പങ്കില്ലന്നും ലൈഫ് മിഷനെ അനാവശ്യമായി കേസിലേക്ക് വലിച്ചിഴച്ചെന്നും ഒഴിവാക്കണമെന്നുമാണ് സിഇഒയുടെ ഹര്‍ജിയിലെ ആവശ്യം.വടക്കാഞ്ചേരിയിൽ ലൈഫ്‌ മിഷന്‌ വേണ്ടി യൂണിടാക്‌ നിർമ്മിക്കുന്ന പദ്ധതിയിലെ അഴിമതി അന്വേഷിക്കുന്നതിന്‌ അനിൽ അക്കര നൽകിയ പരാതിയിലാണ് സിബിഐ അന്വേഷണം ഏറ്റെടുത്തിരുന്നത്‌.അതേ സമയം യൂണി ടാക്കിനെതിരെ  അന്വേഷണം തുടരാം.അന്വേഷണം അനാവശ്യമാണന്ന യുണിടാക്കിന്റെ ഹർജിയിൽ കോടതി സ്റ്റേ അനുവദിച്ചില്ല

ലൈഫ്‌മിഷൻ ഉദ്യോഗസ്ഥർക്കെതിരെ രജിസ്റ്റർ ചെയ്ത കേസിലെ എല്ലാ തുടർ നടപടികളുമാണ്കോടതി തടഞ്ഞത്.

Friday, October 9, 2020

കൂട്ടിലടച്ച തത്ത, ഹാ എത്ര മികച്ച വിശേഷണം

 ‘രാഷ്ട്രീയ യജമാനൻമാരുടെ ശബ്‌ദത്തിൽ സംസാരിക്കുന്ന കൂട്ടിലടച്ച തത്ത’–- സിബിഐക്ക്‌ ഈ വിശേഷണം നൽകിയത്‌ സുപ്രീംകോടതി ചീഫ്‌ജസ്‌റ്റിസായിരുന്ന ജസ്‌റ്റിസ്‌ ആർ എം ലോധ. ഇതിനേക്കാൾ മികച്ച  വിശേഷണം സിബിഐക്ക്‌ കിട്ടാനില്ല. യുപിഎ ഭരിച്ചാല്‍ കോൺഗ്രസും എൻഡിഎ ഭരിച്ചാല്‍ ബിജെപിയുമാണ്‌ സിബിഐയുടെ യജമാനൻ. കേസുകള്‍ നീങ്ങുക യജമാനന്റെ ഉള്ളറിഞ്ഞുമാത്രം. വഴങ്ങുന്നവര്‍ക്കേ അവിടേക്ക് നിയമനം കിട്ടൂ. 

യുപിഎ കാലത്ത്‌  2ജി–- കൽക്കരി കുംഭകോണ കേസുകളിൽ സിബിഐ ബോധപൂർവം വീഴ്‌ച വരുത്തുന്നതിൽ മനംമടുത്താണ്‌ ജസ്‌റ്റിസ്‌ ലോധ ക്ഷുഭിതനായി പ്രതികരിച്ചത്. കൽക്കരിക്കേസ് അന്വേഷണ റിപ്പോർട്ടിൽ പ്രധാനമന്ത്രി കാര്യാലയത്തിന്റെയും നിയമ മന്ത്രാലയത്തിന്റെയും നിർദേശപ്രകാരം മാറ്റം വരുത്തിയതാണ്‌ അദ്ദേഹത്തെ ചൊടിപ്പിച്ചത്. ‘നിഷ്‌പക്ഷമായി പ്രവർത്തിക്കണമെങ്കിൽ ബാഹ്യസമ്മർദമുണ്ടാകില്ലെന്ന്‌ ഉറപ്പുവരുത്തണം. സിബിഐയെ സ്വതന്ത്രമാക്കിയില്ലെങ്കിൽ കോടതിക്ക്‌ ഇടപെടേണ്ടതായി വരും. സർക്കാർ ഉദ്യോഗസ്ഥരുമായുള്ള ആശയവിനിമയമല്ല സിബിഐയുടെ ജോലി. സർക്കാരിന്റെ സമ്മർദങ്ങളെയും പിടിവലികളെയും എങ്ങനെ അതിജീവിക്കണമെന്ന്‌ സിബിഐ അറിയേണ്ടതുണ്ട്‌. സിബിഐയുടെ സ്വയംഭരണാധികാരം ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടുള്ള വിനീത്‌ നരെയ്‌ൻ കേസ്‌ വിധി വന്ന്‌ 15 വർഷം കഴിഞ്ഞിട്ടും എന്തിനാണ്‌ കേന്ദ്രം ഇടപെടലുകൾ നടത്തുന്നത്’‌–- ജസ്‌റ്റിസ്‌ ലോധ ആരാഞ്ഞു.

വിമർശനങ്ങള്‍ക്ക് ഫലമില്ല

കീഴ്‌കോടതികൾമുതൽ സുപ്രീംകോടതിവരെ ഏറ്റവുമധികം വിമര്‍ശിച്ച കേന്ദ്ര ഏജൻസി സിബിഐ ആകും. അന്വേഷണപാളിച്ചയുടെ പേരിലും കേന്ദ്ര ഇടപെടലുകൾക്ക്‌ വഴങ്ങുന്നതിന്റെ പേരിലുമാണ്‌ വിമര്‍ശമേറെയും. സിബിഐയെ സ്വതന്ത്ര അന്വേഷണ ഏജൻസിയായി ഉയര്‍ത്താന്‍ സുപ്രീംകോടതി നിരവധി ഇടപെടല്‍ നടത്തി‌. തൊണ്ണൂറുകളില്‍ കോളിളക്കമുണ്ടാക്കിയ ജയിൻ ഹവാല ഇടപാടിന്റെ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്ന പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ വിനീത്‌ നരെയ്‌ൻ നടത്തിയ നിമയപോരാട്ടത്തിന്റെ ഫലമായി സുപ്രീംകോടതി ശ്രദ്ധേയമായ വിധിന്യായം പുറപ്പെടുവിച്ചു. എൽ കെ അദ്വാനി, വി സി ശുക്ല തുടങ്ങി വിവിധ രാഷ്ട്രീയകക്ഷികളിലെ വമ്പൻമാർ ഉൾപ്പെട്ട ജയിൻ ഹവാല കേസിൽ അന്വേഷണം വഴിപിഴച്ചതോടെയാണ്‌ വിനീത്‌ നരെയ്‌ൻ സുപ്രീംകോടതിയെ സമീപിച്ചത്.

തുടര്‍ന്നാണ്, 1997ല്‍ സിബിഐയെ ‘ശരിപ്പെടുത്താൻ’ കോടതി പ്രത്യേക മാർഗനിർദേശം പുറപ്പെടുവിച്ചത്‌. സിബിഐ ഡയറക്ടർക്ക്‌ രണ്ടുവർഷ കാലാവധിയടക്കം സിബിഐയുടെയും സിവിസിയുടെയും പ്രവർത്തനങ്ങളില്‍ മാറ്റം വരുത്തി 16 നിർദേശം  മുന്നോട്ടുവച്ചു. സിബിഐക്കുമേൽ സിവിസിക്ക്‌ മേൽനോട്ടച്ചുമതല, ഡയറക്ടറെ കണ്ടെത്താന്‍‌ സിവിസി നേതൃത്വത്തിൽ പ്രത്യേക സമിതി, അന്വേഷണ കാര്യങ്ങളിൽ ഡയറക്ടർക്ക്‌ പൂർണ സ്വാതന്ത്ര്യം, പ്രോസിക്യൂഷന്‍ വീഴ്ചകൾ  കണ്ടെത്തി നടപടിക്ക്‌ വ്യവസ്ഥ തുടങ്ങിയവ  നിർദേശങ്ങളിൽ ഉൾപ്പെടുന്നു.

വിധി വന്ന്‌ ആറുവർഷം കഴിഞ്ഞാണ്‌ ജസ്‌റ്റിസ്‌ ആർ എം ലോധയ്‌ക്ക്  ‘കൂട്ടിലടച്ച തത്ത’ പ്രയോ​ഗം നടത്തേണ്ടിവന്നത്. സിബിഐയുടെ സ്വതന്ത്രമായ പ്രവർത്തനം ഉറപ്പുവരുത്തുമെന്ന്‌ അന്നത്തെ അറ്റോർണി ജനറല്‍ ജി ഇ വഹൻവതി ജസ്‌റ്റിസ്‌ ലോധയ്‌ക്ക്‌ ഉറപ്പുനൽകിയെങ്കിലും ഒന്നുംസംഭവിച്ചില്ല. 

വിഡ്ഢിദിനത്തിൽ പിറവി

 ‘വിഡ്ഢികളുടെ കേന്ദ്ര ബ്യൂറോ’യല്ലെന്ന്‌ സിബിഐ ആവർത്തിച്ച്‌ അവകാശപ്പെടുമെങ്കിലും 1963ലെ വിഡ്ഢിദിനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച  വിജ്ഞാപനത്തിലൂടെയാണ്‌ ഈ സ്ഥാപനം രൂപീകൃതമായത്‌‌. പാർലമെന്റ്‌ പാസാക്കിയ  നിയമപിൻബലം സിബിഐയ്‌ക്കില്ല. അതുകൊണ്ടുതന്നെ സിബിഐയുടെ ഭരണഘടനാ സാധുത പലവട്ടം ചോദ്യംചെയ്യപ്പെട്ടു‌. സിബിഐക്ക്‌ രൂപംനൽകിയുള്ള 1963ലെ വിജ്ഞാപനം ഗുവാഹത്തി ഹൈക്കോടതി റദ്ദുചെയ്‌തിരുന്നു. പിന്നീട്‌ സുപ്രീംകോടതി ഈ ഉത്തരവ്‌ സ്‌റ്റേ ചെയ്‌തു. കേസ്‌ ഇപ്പോഴും തുടരുകയാണ്‌.

രാഷ്ട്രീയ ഉപകരണംമാത്രം: വിനീത്‌ നരെയ്‌ൻ

കേന്ദ്രത്തിൽ ഏതുപാർടി അധികാരത്തിൽ വരുന്നോ അവരുടെ രാഷ്ട്രീയ ഉപകരണം മാത്രമാണ്‌ ഇപ്പോഴും സിബിഐയെന്ന്‌‌ ജയിൻഹവാല ഇടപാട്‌ പുറത്തുകൊണ്ടുവരികയും സിബിഐയിൽ വലിയ മാറ്റങ്ങൾക്ക്‌ വഴിയൊരുക്കിയ സുപ്രീംകോടതി വിധിക്ക്‌ കാരണക്കാരനുമായ മാധ്യമപ്രവർത്തകൻ വിനീത്‌ നരെയ്‌ൻ പറയുന്നു. രാഷ്ട്രീയ എതിരാളികളെ ബ്ലാക്ക്‌മെയിൽ ചെയ്യുന്നതിനാണ്‌ സിബിഐയെ ഉപയോഗിക്കുന്നത്‌. സിബിഐക്ക്‌ സ്വയംഭരണം ഉറപ്പിക്കാൻ പല ശ്രമങ്ങളുമുണ്ടായെങ്കിലും കാര്യങ്ങളിൽ ഒരു മാറ്റവും ഇപ്പോഴുമില്ല–- നരെയ്‌ൻ പറഞ്ഞു. 

എം പ്രശാന്ത‌്

Thursday, October 8, 2020

വാ തുറന്നാൽ വർഗീയത ; തലപ്പത്ത്‌ ഇങ്ങനെയുമൊരാൾ

 ശല്യം ഒഴിവായി. കാഷായ വസ്‌ത്രധാരിയായ ഹിന്ദുവിരുദ്ധനായിരുന്നു നിങ്ങള്‍. ഹിന്ദുത്വത്തിന്‌ വലിയ നഷ്ടം വരുത്തി. നിങ്ങൾ  തെലുങ്കു ബ്രാഹ്‌മണനായി ജനിച്ചതിൽ ഞാൻ ലജ്ജിക്കുന്നു. ആട്ടിൻത്തോലണിഞ്ഞ സിംഹം. യമരാജനോടുള്ള എന്റെ പരാതി ഇത്രമാത്രം. എന്തിനാണ്‌ താങ്കൾ ഇത്രനാൾ കാത്തത്‌’–- സ്വാമി അഗ്‌നിവേശ്‌ അന്തരിച്ചപ്പോൾ മുൻ ഐപിഎസ്‌ ഉദ്യോഗസ്ഥന്റെ ട്വിറ്റർ കുറിപ്പാണിത്‌. ഉദ്യോഗസ്ഥന്റെ പേര്‌ എം നാഗേശ്വർ റാവു. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട അന്വേഷണ ഏജൻസിയായ സിബിഐയെ 2018 ഒക്‌ടോബർമുതൽ 2019 ഫെബ്രുവരിവരെ നയിച്ചത്‌ വർഗീയവിഷം ചീറ്റുന്ന ഈ മനുഷ്യന്‍. 

ഐപിഎസ്‌ പദവിയിലിരിക്കുമ്പോഴും ആർഎസ്‌എസ്‌ ആശയംപേറുന്ന കടുത്ത വർഗീയവാദിയായിരുന്നു നാഗേശ്വർ റാവു. ഐജി മാത്രമായിരിക്കെ സിബിഐ തലപ്പത്തേക്ക്‌ എടുത്തുയര്‍ത്തപ്പെട്ടതും  സംഘപരിവാറിന്റെ വിശ്വസ്‌ത വിധേയനായതിനാല്‍. ‘ഹിന്ദുസംസ്‌കാരത്തിന്റെ എബ്രഹാമവൽക്കരണം’ എന്ന തലക്കെട്ടിൽ സർവീസിലിരിക്കെയുള്ള റാവുവിന്റെ ട്വീറ്റ്‌ എറെ വിവാദമായി. ട്വീറ്റ്‌ ഇങ്ങനെ : ‘പദ്ധതിയുടെ കഥാസാരം. 1. ഹിന്ദുക്കൾക്ക്‌ അറിവ്‌ നിഷേധിക്കുക. 2. ദുരാചാരങ്ങളുടെ കൂമ്പാരമായി ഹിന്ദുത്വത്തെ അപഹസിക്കുക. 3. എബ്രഹാമവൽക്കരിക്കപ്പെട്ട വിദ്യാഭ്യാസം. 4. എബ്രഹാമവൽക്കരിക്കപ്പെട്ട മാധ്യമങ്ങളും വിനോദമേഖലയും. 5. ഹിന്ദുക്കളെ അവരുടെ സ്വത്വത്തിന്റെ പേരിൽ പരിഹസിക്കുക. 6. ഹിന്ദുത്വത്തിന്റെ പശിമയില്ലായ്‌മയാൽ ഹിന്ദുസമൂഹaത്തിന്റെ മരണം.’

ഐപിഎസ്‌ ഉദ്യോഗസ്ഥന്റെ മതവെറി ട്വീറ്റില്‍ വ്യാപക പരാതി ഉയർന്നിട്ടും മോഡി സർക്കാർ സംരക്ഷിച്ചു.

തുടക്കംമുതൽ വർഗീയത

1986 ഒഡിഷ കേഡർ ഉദ്യോഗസ്ഥനായ റാവു സർവീസിന്റെ ആദ്യകാലത്തുതന്നെ ന്യൂനപക്ഷ വെറുപ്പ്‌ പ്രകടമാക്കി. മതപരിവർത്തനത്തില്‍നിന്ന് വിദ്യാർഥികളെ നിരുൽസാഹപ്പെടുത്തണമെന്ന്‌ നിര്‍ദേശിച്ച് എസ്‌പി ആയിരിക്കെ സ്‌കൂളുകൾക്ക്‌ കത്തയച്ചു.  ഭരണഘടനാ രചയിതാക്കളെ ന്യൂനപക്ഷ പ്രേമികളെന്ന് കളിയാക്കിപ്പറഞ്ഞത്  1998ലെ പ്രസം​ഗത്തില്‍. മുസ്ലിങ്ങളും ക്രിസ്‌ത്യാനികളും മാർക്‌സിസ്‌റ്റുകളുമാണ്‌ മനുഷ്യാവകാശങ്ങൾക്ക്‌ ഭീഷണിയെന്ന്‌ ആക്രോശിച്ചത് അതേവർഷം മറ്റൊരു ചടങ്ങിൽ.  ‘ന്യൂനപക്ഷങ്ങൾ രാജ്യത്തേക്കാൾ മതത്തിന്‌ പ്രാമുഖ്യം നൽകുന്നു‌. അവർ പ്രലോഭിപ്പിച്ച്‌ മതംമാറ്റുന്നു. ഹിന്ദുക്കളുടെ നികുതിപണം ന്യൂനപക്ഷ ക്ഷേമത്തിന് ഉപയോഗിക്കുന്നത്‌ മനുഷ്യാവകാശലംഘനമാണ്‌. ഭരണഘടനാ നിർമാണസഭയിൽ 95 ശതമാനം ഹിന്ദുക്കളായിട്ടും ഭൂരിപക്ഷ താൽപ്പര്യസംരക്ഷണത്തിന്‌ ഒന്നും ചെയ്‌തില്ല. ഇത്‌ ന്യൂനപക്ഷങ്ങൾക്ക്‌ ഗുണകരമായി. നെഹ്‌റുവാണ്‌ ഇതിന്‌ ഉത്തരവാദി’–- റാവു പറഞ്ഞതായി അക്കാലത്തെ ഒഡിയ പത്രങ്ങൾ റിപ്പോർട്ടുചെയ്‌തു.

കന്ധമാലിലും പങ്ക്

ന്യൂനപക്ഷങ്ങള്‍ക്കുമേല്‍ സംഘടിത അക്രമമുണ്ടായ 2008ലെ കന്ധമാൽ കലാപവേളയില്‍ സിആർപിഎഫിലായിരുന്നു റാവു. വൈകുന്നേരം ആറു മുതൽ രാവിലെ ആറുവരെ സിആർപിഎഫ്‌ പട്രോളിങ്ങിന്‌ നിയന്ത്രണമേർപ്പെടുത്തി. തടസ്സമില്ലാതെ കടന്നാക്രമണം നടത്താൻ സംഘപരിവാർ അക്രമികൾക്ക്‌ ഇത് വഴിയൊരുങ്ങി. സംഘപരിവാർ സൃഷ്ടികളായ വിവേകാനന്ദ ഫൗണ്ടേഷന്റെയും ഇന്ത്യാ ഫൗണ്ടേഷന്റെയും പരിപാടികളിലെ സ്ഥിരംസാന്നിധ്യമായ റാവു ബീഫ്‌ നിരോധനം, ന്യൂനപക്ഷങ്ങൾക്ക്‌ സംരക്ഷണം നൽകുന്ന നിയമങ്ങളുടെ റദ്ദാക്കല്‍ തുടങ്ങിയ അജൻഡകളുടെ വലിയ പ്രചാരകനാണ്.

വര്‍​ഗീയത പറഞ്ഞാല്‍ ​ഗുണമുണ്ട്

സർവീസിലിരിക്കെ നിരവധി അഴിമതി ആക്ഷേപങ്ങൾ റാവുവിനെതിരെ ഉയര്‍ന്നു. സിബിഐ ഡയറക്ടറായ അലോക്‌ വർമ അതേപ്പറ്റി അന്വേഷിക്കാന്‍ നീങ്ങിയതോടെയാണ് അദ്ദേഹത്തിന് രായ്ക്കുരാമാനം സ്ഥാനം നഷ്ടമാകുന്നത്. പകരം ആ സ്ഥാനത്തേക്ക്‌ റാവുവിനെ മോഡിയും അമിത് ഷായും ചേര്‍ന്ന് കെട്ടി ഇറക്കി. അഴിമതി അന്വേഷണങ്ങൾക്ക്‌ അതോടെ വിരാമമായി. പരിവാർ രാഷ്ട്രീയത്തിൽ ഉയർന്നുവരാനുള്ള ശ്രമത്തിലാണ്‌ ഇപ്പോള്‍ റാവു. അതിനുള്ള വഴിമരുന്നാണ് ട്വിറ്ററിലെ വര്‍ഗീയവിഷംചീറ്റല്‍.

എം പ്രശാന്ത‌് 

റാവു നയിച്ച സിബിഐയിൽ എന്ത് നിഷ്‌പക്ഷത : ബൃന്ദാ കാരാട്ട്‌

സർവീസിലിരിക്കെ റാവു നടത്തിയ വർഗീയ ട്വീറ്റുകൾക്കെതിരായി ആഭ്യന്തരമന്ത്രി അമിത്‌ ഷായ്‌ക്ക്‌ പരാതി നൽകിയിരുന്നുവെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്‌ ദേശാഭിമാനിയോട്‌ പറഞ്ഞു. പരാതി കിട്ടിയിട്ടുണ്ടെന്ന  മറുപടിമാത്രം ഷായിൽനിന്ന്‌ ലഭിച്ചു. പിന്നീട്‌ പൊലീസുമായി ബന്ധപ്പെട്ടു. സർവീസിലുള്ള ഉദ്യോഗസ്ഥനെതിരായി അന്വേഷണവും മറ്റും സാധ്യമാകണമെങ്കിൽ സർക്കാരിന്റെ അനുമതി ആവശ്യമാണെന്നും അത്തരം പ്രക്രിയ നടന്നുവരികയാണെന്നും അറിയിച്ചു.

യഥാർഥത്തിൽ റാവുവിനെ സർക്കാർ പൂർണമായും സംരക്ഷിച്ചു. അദ്ദേഹം വർഗീയവാദി മാത്രമല്ല ആർഎസ്‌എസ്‌ അജൻഡയോട്‌ പ്രതിബദ്ധത പുലർത്തുന്നയാൾ കൂടിയാണ്‌.

അങ്ങനെയൊരാൾക്ക്‌ പ്രധാനമന്ത്രി കാര്യാലയം നേരിട്ട്‌ സിബിഐയിൽ സ്ഥാനക്കയറ്റം നൽകുകവഴി ഒരു കാര്യം വ്യക്തമാണ്‌, ഇത്തരക്കാരാൽ നയിക്കപ്പെടുന്ന ഏജൻസിയിൽനിന്ന്‌ നിഷ്‌പക്ഷ അന്വേഷണം പ്രതീക്ഷിക്കേണ്ടതില്ല–- ബൃന്ദ പറഞ്ഞു.