Showing posts with label തെരഞ്ഞെടുപ്പ് 2013. Show all posts
Showing posts with label തെരഞ്ഞെടുപ്പ് 2013. Show all posts

Friday, March 21, 2014

ലക്ഷ്യം കേന്ദ്രഭരണം: കോടിയേരി

കണ്ണൂര്‍: കേന്ദ്രത്തില്‍ ഒന്നാംസ്ഥാനത്ത് എത്തുകയാണ് ഇടതുപക്ഷ നേതൃത്വത്തില്‍ രൂപപ്പെട്ട മതേതരകക്ഷികളുടെ കൂട്ടായ്മയുടെ ലക്ഷ്യമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മൂന്നാംമുന്നണി എന്ന ആശയം ഒരിക്കലും മുന്നോട്ടുവച്ചിട്ടില്ല. ഒന്നാംമുന്നണിയാകാനാണ് ശ്രമം. ഇപ്പോള്‍ കോണ്‍ഗ്രസിന്റെ കൂടെയുള്ളവരടക്കം തെരഞ്ഞെടുപ്പിനുശേഷം ഈ മുന്നണിയിലേക്ക് വരും- കണ്ണൂര്‍ പ്രസ്ക്ലബ്ബിന്റെ മുഖാമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 53 ശതമാനംപേരും കോണ്‍ഗ്രസ്- ബിജെപിയിതര കക്ഷികള്‍ക്ക് വോട്ടുചെയ്തവരാണ്. ഇവര്‍ ഭിന്നിച്ചുനില്‍ക്കുന്നതിനാലാണ് കോണ്‍ഗ്രസ്- ബിജെപി മുന്നണികള്‍ക്ക് അധികാരത്തിലെത്താന്‍ സാധിച്ചത്. ഈ സ്ഥിതി മാറ്റാനുള്ള ശ്രമത്തിനാണ് തുടക്കംകുറിച്ചത്. തെരഞ്ഞെടുപ്പിനുശേഷം പൂര്‍ണരൂപമാകും. സ്വാധീനമേഖലകളില്‍ ഓരോകക്ഷിക്കും പരമാവധി സീറ്റ് നേടാനാണ് ശ്രമിക്കുന്നത്. ഈ സംവിധാനം ഉയര്‍ത്തിക്കൊണ്ടുവന്നാലേ ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്ന, ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകൂ. ദേശീയതലത്തില്‍ കോണ്‍ഗ്രസ്- ബിജെപിയിതര കൂട്ടുകെട്ട് രൂപപ്പെട്ടിട്ടില്ലെങ്കിലും ദേശീയസാഹചര്യം ഇരുകക്ഷികള്‍ക്കും എതിരാണ്. കോണ്‍ഗ്രസ് എന്നത്തേക്കാളും ഒറ്റപ്പെട്ടിരിക്കുന്നു. ജാഫര്‍ ഷെരീഫ് ഉള്‍പ്പെടെ നിരവധി ഉന്നതനേതാക്കള്‍ കോണ്‍ഗ്രസില്‍നിന്ന് വിട്ടുപോവുകയാണ്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് മൂന്നക്കത്തിലേക്കെത്തില്ല. നിലവില്‍ 106 സീറ്റുള്ള ബിജെപിക്ക് ഭരണം തീര്‍ത്തും അപ്രാപ്യം.

ഇടതുപക്ഷത്തിന്റെ ഉത്തരവാദിത്തം വളരെയേറെ വര്‍ധിച്ച ഘട്ടമാണിത്. വര്‍ഗീയവിപത്ത് ശക്തിപ്പെട്ടതിനാലാണ് മതേതരകക്ഷികള്‍ ഇടതുപക്ഷത്തെ സമീപിച്ച് രാഷ്ട്രീയധ്രുവീകരണത്തിന് നേതൃത്വം നല്‍കണമെന്ന് ആവശ്യപ്പെട്ടത്. ഡല്‍ഹിയില്‍ ചേര്‍ന്ന 11 പാര്‍ടികളുടെ വര്‍ഗീയവിരുദ്ധ കണ്‍വന്‍ഷന്‍ മൂന്നാംമുന്നണി രൂപീകരിക്കാനായിരുന്നില്ല. ഇതില്‍പ്പെട്ട ഒമ്പതു കക്ഷികള്‍ പാര്‍ലമെന്റില്‍ ഒരു ബ്ലോക്കായി ഇരിക്കാന്‍ തീരുമാനിച്ചു. ഈ പാര്‍ടികളുടെ പരസ്പരമത്സരം ഇല്ലാതിരിക്കുന്ന നില ഇപ്പോഴില്ല. ഓരോകക്ഷിയുടെയും സ്വാധീനത്തിനുസരിച്ച് സീറ്റുകളില്‍ ധാരണയിലെത്താന്‍ ശ്രമിച്ചു. അത് സാധ്യമാകാത്ത സ്ഥലങ്ങളില്‍ മത്സരം നടക്കുമെങ്കിലും മറ്റ് സ്ഥലങ്ങളില്‍ കോണ്‍ഗ്രസ്- ബിജെപി കക്ഷികളുടെ പരാജയത്തിനുള്ള പൊതുസമീപനം സ്വീകരിക്കും. പാര്‍ലമെന്റില്‍ രൂപപ്പെട്ട ഒമ്പതു മതേതരപാര്‍ടികളുടെ കൂട്ടായ്മ ഇല്ലാതായിട്ടില്ല. തെരഞ്ഞെടുപ്പിനുശേഷം ദേശീയതലത്തിലുണ്ടാകുന്ന ധ്രുവീകരണത്തെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ ബാധിക്കില്ല. ഇടതുപക്ഷത്തിന് ഒന്നാം യുപിഎ സര്‍ക്കാരിന്റെ നയങ്ങളെ സ്വാധീനിക്കാനായത് 64 എംപിമാരുണ്ടായതിനാലാണ്. ബിജെപിയെ അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്താന്‍മാത്രമല്ല; സാമ്പത്തിക ഉദാരവല്‍ക്കരണത്തെ ഒരുപരിധിവരെ ചെറുക്കാനും കഴിഞ്ഞു.

രണ്ടാം യുപിഎ സര്‍ക്കാരിന്റെ ഭരണം നിയന്ത്രിച്ചത് കോര്‍പറേറ്റുകളായിരുന്നു. വിലക്കയറ്റവും അഴിമതിയും തൊഴിലില്ലായ്മയുമെല്ലാം ഈ കോര്‍പറേറ്റുവല്‍ക്കരണത്തിന്റെ ഫലമാണെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. ഒന്നും രണ്ടും യുപിഎ സര്‍ക്കാരുകള്‍ തമ്മിലുള്ള വ്യത്യാസം ഇടതുപക്ഷത്തെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തി. ഇത് ദേശീയതലത്തില്‍ ശക്തിപ്പെടുന്ന പുതിയ രാഷ്ട്രീയധ്രുവീകരണത്തില്‍ ഇടതുപക്ഷത്തിന്റെ പ്രസക്തിയും സാധ്യതകളും വര്‍ധിപ്പിക്കുമെന്ന് കോടിയേരി പറഞ്ഞു.

deshabhimani

Thursday, March 20, 2014

കോണ്‍ഗ്രസ്-ബിജെപി ഭായ് ഭായ്

ഒരേ നാണയത്തിന്റെ രണ്ടു വശമാണ് കോണ്‍ഗ്രസും ബിജെപിയും. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ ദുരന്തവും ഇതാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രണ്ടു ധ്രുവത്തില്‍ നില്‍ക്കുമെങ്കിലും നയപരമായ കാര്യങ്ങളില്‍ ഇരുപാര്‍ടികളും സഞ്ചരിക്കുന്നത് ഒരേ പാതയില്‍. നവഉദാരവല്‍ക്കരണനയങ്ങളെ ഇവര്‍ ഒരുപോലെ പിന്തുണയ്ക്കുന്നതാണ് രണ്ടു ദശാബ്ദമായി രാജ്യം കണ്ടത്. ധനവാന്‍ കൂടുതല്‍ അതിധനവാനും ദരിദ്രന്‍ അതിദരിദ്രനും ആകാന്‍ ഉതകുന്ന നയമാണ് ഇരുപാര്‍ടിക്കും. ഒപ്പം കോര്‍പറേറ്റ് പ്രീണനവും ഇവരുടെ മുഖമുദ്ര. വര്‍ഗീയതയുടെ കാര്യത്തില്‍മാത്രമാണ് ഇരുവരും തമ്മില്‍ അല്‍പ്പം വ്യത്യാസമുള്ളത്.

പാര്‍ലമെന്റില്‍ ഇരുപാര്‍ടിയും കൈകോര്‍ത്ത സംഭവങ്ങള്‍ നിരവധി. തെലങ്കാന രൂപീകരണ ബില്‍ പാസാക്കിയത് ഒടുവിലത്തെ സംഭവം. 2010ലെ ബജറ്റില്‍ പെട്രോളിയം വില കൂട്ടിയപ്പോള്‍ അത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷം ലോക്സഭയില്‍ ഖണ്ഡനോപക്ഷേപം അവതരിപ്പിച്ചു. അതിനെ പരാജയപ്പെടുത്താന്‍ യുപിഎക്കൊപ്പം ബിജെപിയും വോട്ട് ചെയ്തു. അന്നത് പാസായിരുന്നെങ്കില്‍ പെട്രോളിയം വില പിന്‍വലിച്ചേനെ. സര്‍ക്കാര്‍ രാജിവക്കേണ്ടിയും വരുമായിരുന്നു. എന്നാല്‍, ബിജെപി അന്ന് കോണ്‍ഗ്രസിനെ രക്ഷിച്ചു. പെട്രോള്‍ വിലനിയന്ത്രണം എടുത്തുകളഞ്ഞപ്പോള്‍ അതിനെതിരെ ബിജെപി ശബ്ദിച്ചില്ല.

2008ല്‍ ആണവകരാറിന്റെ പേരില്‍ ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചപ്പോള്‍ ബിജെപിയുടെ 10 എംപിമാരാണ് ആ സര്‍ക്കാരിനെ വിശ്വാസവോട്ടെടുപ്പില്‍ രക്ഷിച്ചത്. മുന്‍ എസ്പി നേതാവ് അമര്‍സിങ്ങ് അതിന് ഇടനിലക്കാരനായി. ഡല്‍ഹി വിമാനത്താവള നിര്‍മാണ അഴിമതിക്കെതിരെ പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട് നല്‍കിയപ്പോള്‍ അതിനെതിരെയും ബിജെപി മിണ്ടിയില്ല. ജിഎംആര്‍ ഗ്രൂപ്പുമായുള്ള ഇരു കക്ഷികളുടെയും ബന്ധമാണ് ഈ നിശബ്ദതയ്ക്കു കാരണം. ബാങ്ക് സ്വകാര്യവല്‍ക്കരണം, ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശനിക്ഷേപം 40 ശതമാനമായി വര്‍ധിപ്പിക്കല്‍ തുടങ്ങിയ നവഉദാരവല്‍ക്കരണ ബില്ലുകള്‍ മുഴുവന്‍ പാര്‍ലമെന്റ് പാസാക്കിയത് കോണ്‍ഗ്രസ്- ബിജെപി സഹകരണത്തിലൂടെ. ഇടതുപക്ഷം ഭേദഗതികള്‍ കൊണ്ടുവന്നപ്പോള്‍ സര്‍ക്കാരിനെ വോട്ട് ചെയ്ത് രക്ഷിച്ച് ബിജെപി "മഹാമനസ്കത" കാട്ടി.

കൃഷ്ണ- ഗോദാവരി തടത്തിലെ ഡി-6 ബ്ലോക്കില്‍നിന്ന് റിലയന്‍സ് കുഴിച്ചെടുക്കുന്ന പ്രകൃതിവാതകത്തിന്റെ വില ഏപ്രില്‍ ഒന്നുമുതല്‍ ഇരട്ടിയാക്കുമെന്ന പ്രഖ്യാപനത്തിനെതിരെ പ്രതികരിക്കാന്‍ മുഖ്യപ്രതിപക്ഷമായ ബിജെപി തയ്യാറായിട്ടില്ല. അരവിന്ദ് കെജ്രിവാളിന്റെ സമ്മര്‍ദശേഷവും റിലയന്‍സിന് പ്രകൃതിവാതകം ഖനംചെയ്യാന്‍ കഴിഞ്ഞതുതന്നെ 1999ല്‍ വാജ്പേയി സര്‍ക്കാര്‍ കൊണ്ടുവന്ന നയപ്രകാരം. വാതക വില സംബന്ധിച്ച് ഡല്‍ഹി സര്‍ക്കാര്‍ കേസെടുത്തപ്പോള്‍ കോണ്‍ഗ്രസിനും ബിജെപിക്കും ഒരേ സ്വരം. ഇരുപാര്‍ടിയും സര്‍ക്കാരിനെ വിമര്‍ശിച്ചു. വൊഡഫോണ്‍ കമ്പനി 11,200 കോടി രൂപ സര്‍ക്കാരിന് നികുതിയിനത്തില്‍ കുടിശ്ശിക വരുത്തിയപ്പോള്‍ അത് പിരിച്ചടുക്കാന്‍ സുപ്രീംകോടതി നടത്തിയ നീക്കത്തെ തടയാന്‍ കേന്ദ്രസര്‍ക്കാരും ബിജെപിയും കൈകോര്‍ത്തു. സഹാറ കമ്പനി ആയിരക്കണക്കിനു നിക്ഷേപകരുടെ 20,000 കോടി മുക്കിയപ്പോഴും മൗനം പാലിച്ചു.

മന്‍മോഹന്‍സിങ് ധനമന്ത്രിയായിരിക്കെ ആരംഭിച്ച പൊതുമേഖലാ ഓഹരിവില്‍പ്പന പ്രത്യേക മന്ത്രാലയമുണ്ടാക്കി തീവ്രമാക്കിയത് എന്‍ഡിഎ ഭരണത്തില്‍. അരുണ്‍ഷൂരിയായിരുന്നു രാജ്യത്തെ ആദ്യത്തെ ഓഹരിവില്‍പ്പനമന്ത്രി. ബാല്‍കോ വിറ്റപ്പോള്‍ കോണ്‍ഗ്രസ് അതിനെ പിന്തുണച്ചു. വൈദ്യുതിമേഖല സ്വകാര്യവല്‍ക്കരിക്കാനുള്ള ഇലക്ട്രിസിറ്റി ആക്ടിനെ ഇരുപാര്‍ടിയും പിന്തുണച്ചു. അമേരിക്കന്‍ വിധേയത്വത്തിലും ഇരുപാര്‍ടികളും ഒരേ തട്ടില്‍. അമേരിക്കന്‍ ചാരപ്രവര്‍ത്തനത്തെ വിമര്‍ശിക്കാതിരിക്കാന്‍ ഇരു പാര്‍ടികളും പ്രത്യേകം ശ്രദ്ധിച്ചു.

കോണ്‍ഗ്രസ് വര്‍ഗീയകക്ഷിയല്ലെങ്കിലും ഭൂരിപക്ഷവര്‍ഗീയതയെ തുറന്നെതിര്‍ക്കാന്‍ പലപ്പോഴും മടികാണിക്കുന്നു. വര്‍ഗീയതയ്ക്ക് വളമേകാനും ഉത്സുകരാണ് കോണ്‍ഗ്രസ് നേതൃത്വം. അയോധ്യയില്‍ സമാധാനം സ്ഥാപിക്കുമെന്ന് പറഞ്ഞ യുപിയിലെ ബിജെപി മുഖ്യമന്ത്രി കല്യാണ്‍സിങ്ങിനെ നരസിംഹറാവു സര്‍ക്കാര്‍ കണ്ണടച്ച് വിശ്വാസിച്ചതു കൊണ്ടായിരുന്നു ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ടത്. മഹാരാഷ്ട്രയിലും മറ്റുമുണ്ടായ ഭീകരവാദാക്രമണത്തിനു പിന്നില്‍ ആര്‍എസ്എസ് മേധാവിക്ക് ഉള്‍പ്പെടെ പങ്കുണ്ടെന്ന കാര്യം അസീമാനന്ദ വെളിപ്പെടുത്തിയെങ്കിലും ഇക്കാര്യം എന്‍ഐഎയുടെ അന്വേഷണ പരിധിയില്‍ കൊണ്ടുവന്നിട്ടില്ല.

എന്‍ഐഎക്ക് വിടരുതെന്ന ബിജെപിയുടെ വാദം കോണ്‍ഗ്രസും അംഗീകരിച്ചു. ബിജെപി സമ്മര്‍ദത്തിനു വഴങ്ങി ഹിന്ദുഭീകരവാദമെന്ന പദപ്രയോഗംപോലും ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ പിന്‍വലിച്ചു. ഒരു യുവതിയെ നരേന്ദ്രമോഡി നിരീക്ഷിച്ചപ്പോള്‍ അതിനെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ഇതുവരെയും ജഡ്ജിയെ നിയമിച്ചിട്ടില്ല.

വി ബി പരമേശ്വരന്‍ deshabhimani

Friday, March 14, 2014

എ സമ്പത്ത്: തലയുയര്‍ത്തി മൂന്നാം അങ്കത്തിന്

വികസന നായകന്‍ എന്ന പ്രതിച്ഛായയുമായാണ് എ സമ്പത്ത് ലോക്സഭയിലേക്ക് മൂന്നാം ഊഴം തേടുന്നത്. തുടര്‍ച്ചയായി രണ്ടാംതവണ. കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാര്‍ഥി ജി ബാലചന്ദ്രനെ 18,341 വോട്ടിനാണ് തോല്‍പ്പിച്ചത്. 1996ല്‍ കോണ്‍ഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീറിനെ പരാജയപ്പെടുത്തി ലോക്സഭയിലെത്തി. ആറ്റിങ്ങലായി മാറിയ ചിറയിന്‍കീഴ് മണ്ഡലത്തില്‍ മൂന്നാംവയസ്സിലാണ് സമ്പത്ത് പൊതുപ്രവര്‍ത്തനം തുടങ്ങുന്നത്. 1965ല്‍ ആറ്റിങ്ങല്‍ നിയമസഭാ മണ്ഡലത്തില്‍ ആര്‍ ശങ്കറിനെതിരെ ജയിലില്‍ കിടന്ന് കെ അനിരുദ്ധന്‍ മത്സരിച്ചപ്പോള്‍, പ്രചാരണത്തിലെ താരം മൂന്നു വയസ്സുകാരനായ മകന്‍ സമ്പത്തായിരുന്നു. ശങ്കര്‍ പരാജയപ്പെട്ടു. 1967ല്‍ ശങ്കറിനെതിരെ ചിറയിന്‍കീഴില്‍ അനിരുദ്ധന്‍ വിജയം വരിച്ചപ്പോഴും സമ്പത്ത് പ്രചാരണരംഗത്തുണ്ട്.

അടിയന്തരാവസ്ഥയില്‍ എസ്എഫ്ഐയുടെ സജീവപ്രവര്‍ത്തകനായി മാറിയ സമ്പത്ത് 1990ല്‍ തിരുവനന്തപുരം ലോ കോളേജില്‍നിന്ന് ഒന്നാം റാങ്കില്‍ എല്‍എല്‍എം നേടി. എസ്എഫ്ഐ ജില്ലാ പ്രസിഡന്റായി. സംസ്ഥാന കമ്മിറ്റി അംഗമെന്ന നിലയില്‍ എസ്എഫ്ഐ മുഖമാസിക സ്റ്റുഡന്റിന്റെ പത്രാധിപസമിതി അംഗമായി. കേരള സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ അംഗമായിരുന്നു. രണ്ട് തവണ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1995ല്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ തൈക്കാട് വാര്‍ഡിനെ പ്രതിനിധാനംചെയ്തു. തിരുവനന്തപുരം ബാറില്‍ 27 വര്‍ഷമായി അഭിഭാഷകനാണ്. ലോ കോളേജ് അധ്യാപകനായി നിയമനം കിട്ടിയെങ്കിലും ജോലി ഉപേക്ഷിച്ച് പൊതുരംഗത്ത് തുടര്‍ന്നു. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്റ് (കിലെ) ചെയര്‍മാനായിരുന്നു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം, സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ്, ദേശീയസമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. എഫ്സിഐ വര്‍ക്കേഴ്സ് അസോസിയേഷന്‍ പ്രസിഡന്റാണ്. മയക്കുമരുന്നുനിരോധന നിയമത്തില്‍ കേരള സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് നേടി. സുധര്‍മയാണ് അമ്മ. ഇന്‍ലാന്‍ഡ് വാട്ടര്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ എന്‍ജിനിയറായ ലിസി ഇന്ദിരയാണ് ഭാര്യ. അശ്വതി, സമൃദ്ധി എന്നിവര്‍ മക്കള്‍.

deshabhimani

Wednesday, March 12, 2014

കരട് വിജ്ഞാപനത്തിന് നിയമസാധുതയില്ല: പരിസ്ഥിതിമന്ത്രാലയം

കസ്തൂരിരംഗന്‍ സമിതി നിര്‍ദേശങ്ങള്‍ നടപ്പാക്കിയുള്ള 2013 നവംബര്‍ 13ലെ ഉത്തരവില്‍ മാറ്റമില്ലെന്ന് വനം-പരിസ്ഥിതിമന്ത്രാലയം സെക്രട്ടറി വി രാജഗോപാല്‍. നിര്‍ദേശങ്ങള്‍ സംബന്ധിച്ച് അന്തിമവിജ്ഞാപനം വരുംവരെ നിലനില്‍ക്കുന്നത് നവംബര്‍ 13ലെ ഉത്തരവാണെന്നും അദ്ദേഹം വ്യക്തമാക്കി. കരട്വിജ്ഞാപനമിറങ്ങിയതോടെ നവംബര്‍ 13ലെ ഉത്തരവ് റദ്ദായെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വാദം ഇതോടെ പൊളിഞ്ഞു. ബന്ധപ്പെട്ടവരുടെ അഭിപ്രായം സ്വീകരിക്കുന്നതിനാണ് കരട്വിജ്ഞാപനം പുറപ്പെടുവിച്ചതെന്നും ഇതില്‍ പറയുന്ന കാര്യങ്ങള്‍ക്ക് നിയമപരമായി ഒരു സാധുതയുമില്ലെന്നും പരിസ്ഥിതി മന്ത്രാലയത്തില്‍ പശ്ചിമഘട്ടം സംബന്ധിച്ച വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. അന്തിമവിജ്ഞാപനത്തിലൂടെ മാത്രമേ നവംബര്‍ 13ലെ ഉത്തരവില്‍ മാറ്റം വരുത്താനാകൂ. മറിച്ചുള്ള വാദങ്ങള്‍ അടിസ്ഥാനരഹിതമാണ്. കരട് വിജ്ഞാപനമെന്നത് വകുപ്പുതലത്തിലുള്ള തുടര്‍നടപടിമാത്രമാണ്. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കേരളം സമ്മര്‍ദം ചെലുത്തിയതിനാല്‍ പുറത്തിറക്കിയെന്നു മാത്രം- ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതേസമയം കരട്വിജ്ഞാപനത്തില്‍ കേരളത്തിലെ പരിസ്ഥിതിലോല മേഖലകളുടെമാത്രം ഭൂപടം ഉള്‍പ്പെടുത്താതെ പരിസ്ഥിതിമന്ത്രാലയം തന്ത്രപരമായി നീങ്ങി. എന്നാല്‍, പശ്ചിമഘട്ട മേഖലയില്‍ വരുന്ന മറ്റ് അഞ്ച് സംസ്ഥാനങ്ങളിലെ പരിസ്ഥിതിലോല മേഖലകളുടെ ഭൂപടം ഉള്‍പ്പെടുത്തി. പരിസ്ഥിതിലോല മേഖലയുടെ അതിര്‍ത്തി പുനര്‍നിര്‍ണയത്തിന് കേരളം എന്തൊക്കെ നിര്‍ദേശിച്ചുവെന്ന് കരടുവിജ്ഞാപനത്തില്‍ പരാമര്‍ശമുണ്ട്. എന്നാല്‍,ഭൂപടംമാത്രമില്ല. കേരളത്തിന്റെ ഭൂപടത്തിന് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കാനാണ് നിര്‍ദേശം. ഇത് കേരളം നിര്‍ദേശിച്ച ഭൂപടംമാത്രമാണെന്ന് എടുത്തുപറയുന്നുമുണ്ട്. ഇതുവഴി സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം തങ്ങള്‍ അംഗീകരിച്ചിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു.

പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതിയുടെയും ദേശീയ ഹരിത ട്രിബ്യൂണലിന്റെയും പരിഗണയിലാണെന്നത് കണക്കിലെടുത്താണ് മന്ത്രാലയത്തിന്റെ തന്ത്രപരമായ നിലപാട്. ഭാവിയില്‍ വന്നേക്കാവുന്ന കോടതി ഉത്തരവുകള്‍ക്ക് അനുസൃതമായി കരടില്‍ മാറ്റമുണ്ടാകുമെന്ന് മന്ത്രാലയം വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലപാട് അടിക്കടി മാറ്റുന്നത് ഹരിത ട്രിബ്യൂണലിന്റെ വിമര്‍ശത്തിനിടയാക്കുമോയെന്ന ആശങ്ക മന്ത്രാലയത്തിനുണ്ട്. ജനുവരി 28ന് കേസ് പരിഗണിച്ചപ്പോള്‍ കസ്തൂരിരംഗന്‍ നിര്‍ദേശം നടപ്പാക്കിയുള്ള നവംബര്‍ 13ന്റെ ഉത്തരവ് മാറ്റമില്ലാതെ തുടരുമെന്ന് കേന്ദ്രം അറിയിച്ചത് ഹരിത ട്രിബ്യൂണല്‍ ഉത്തരവിന്റെ ഭാഗമായി ചേര്‍ത്തിരുന്നു. അന്തിമ വിജ്ഞാപനം വരുംവരെ നവംബര്‍ 13ലെ ഉത്തരവില്‍ മാറ്റത്തിന് ട്രിബ്യൂണല്‍ അനുമതി നല്‍കില്ലെന്ന് തീര്‍ച്ച. നവംബര്‍ 13ന്റെ ഉത്തരവില്‍ 123 വില്ലേജുകളെ ഉള്‍പ്പെടുത്തിയുള്ള പരിസ്ഥിതിലോല മേഖലയുടെ ഭൂപടവും ചേര്‍ത്തിരുന്നു. ഭൂപടത്തിലെ മാറ്റം കേരളത്തിന്റെ ശുപാര്‍ശ മാത്രമാണെന്നും തങ്ങള്‍ അംഗീകരിക്കുകയോ അന്തിമ തീരുമാനം എടുക്കുകയോ ചെയ്തിട്ടില്ലെന്നും ട്രിബ്യൂണലില്‍ വാദിക്കാന്‍ ഇതുവഴി മന്ത്രാലയത്തിനാവും. കേരളത്തില്‍ 13,108 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് കസ്തൂരിരംഗന്‍ സമിതി പരിസ്ഥിതിലോലമായി കണ്ടെത്തിയത്. ഇത് 9993.7 ചതുരശ്ര കിലോമീറ്ററായി കുറയ്ക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടതെന്ന് കരടുവിജ്ഞാപനത്തില്‍ പരാമര്‍ശിക്കുന്നു. നവംബര്‍ 13ലെ ഉത്തരവുവഴി പരിസ്ഥിതിലോല മേഖലയില്‍ ഏര്‍പ്പെടുത്തിയ വിലക്കുകള്‍ കരടിലും ആവര്‍ത്തിക്കുന്നു.

ആശയക്കുഴപ്പം കൂടുതല്‍ രൂക്ഷമായി

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേലുള്ള കരടുവിജ്ഞാപനം തെരഞ്ഞെടുപ്പു ലക്ഷ്യമാക്കിയുള്ള തട്ടിപ്പാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടതോടെ മുടന്തന്‍ന്യായങ്ങളുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്. കരടുവിജ്ഞാപനത്തെ പൂര്‍ണമായി സ്വാഗതം ചെയ്ത് മുഖ്യമന്ത്രി നടത്തുന്ന ന്യായവാദമെല്ലാം വീണ്ടും പൊളിയുകയാണ്. ഒരു നിയമസാധുതയുമില്ലാത്ത കരടുവിജ്ഞാപനത്തെ അന്തിമവിജ്ഞാപനമാക്കി ചിത്രീകരിക്കാന്‍ യുഡിഎഫ് അനുകൂല മാധ്യമങ്ങള്‍ ശ്രമം തുടങ്ങി. കരടുവിജ്ഞാപനം ഇറങ്ങിയാലും നിയന്ത്രണങ്ങളും നിരോധനങ്ങളും ഏര്‍പ്പെടുത്തിയ നവംബര്‍ 13ലെ ഉത്തരവ് നിലനില്‍ക്കുമെന്ന കാര്യം കേന്ദ്ര പരിസ്ഥിതി വകുപ്പ് സെക്രട്ടറി ആവര്‍ത്തിച്ചു വ്യക്തമാക്കി കഴിഞ്ഞു. ഉത്തരവ് റദ്ദാക്കാനും ആകില്ല. കരടുവിജ്ഞാപനത്തിന് നിയമസാധുതയുണ്ടെന്ന് ചൊവ്വാഴ്ച വാര്‍ത്താസമ്മേളനം വിളിച്ചറിയിച്ച മുഖ്യമന്ത്രി അടുത്ത ആഴ്ചമുതല്‍ ഇതു നടപ്പാക്കുമെന്നുവരെ പറഞ്ഞുവച്ചു. അന്തിമവിജ്ഞാപനമോ ഗ്രീന്‍ ട്രിബ്യൂണലിന്റെ അനുമതിയോ ഇല്ലാത്ത കാര്യത്തില്‍ എങ്ങനെ ഇത് സാധ്യമാകുമെന്ന ചോദ്യത്തിന് മുഖ്യമന്ത്രിക്ക് മറുപടിയുണ്ടായില്ല. കൂടുതല്‍ ചോദ്യങ്ങള്‍ക്കു മുമ്പില്‍ ഉമ്മന്‍ചാണ്ടി ക്ഷുഭിതനാകുകയും ചെയ്തു.

കരടുവിജ്ഞാപനം നടപ്പാക്കുന്നതിനായി സംസ്ഥാനം ഉത്തരവ് ഇറക്കുമെന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീട് മുഖ്യമന്ത്രി തിരുത്തി. മുഖ്യമന്ത്രിയുടെ വിശദീകരണങ്ങള്‍ ആശയക്കുഴപ്പം രൂക്ഷമാക്കിയതായി മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയതോടെ അദ്ദേഹം വാര്‍ത്താസമ്മേളനം അവസാനിപ്പിച്ച് പോകുകയും ചെയ്തു. കരടുവിജ്ഞാപനത്തിന്മേല്‍ പൊതുജനാഭിപ്രായം തേടി അന്തിമവിജ്ഞാപനമടക്കമുള്ള കാര്യങ്ങളിലേക്ക് എത്തണമെങ്കില്‍ മാസങ്ങള്‍ വേണ്ടിവരും. ഇവയെല്ലാം ദേശീയ ഹരിത ട്രിബ്യൂണലിന്റെ അന്തിമവിധിയുടെ അടിസ്ഥാനത്തിലായിരിക്കുകയും ചെയ്യും. ഏഴു സംസ്ഥാനത്തിന് ബാധകമായ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേരളത്തിനു മാത്രമായി തട്ടിക്കൂട്ടി ഇറക്കിയിരിക്കുന്ന കരടുവിജ്ഞാപനത്തിന് നിലനില്‍പ്പില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ വിജ്ഞാപനത്തില്‍ മറ്റ് ആറ് സംസ്ഥാനത്തെപ്പറ്റി ഒരു പരാമര്‍ശവുമില്ല. വിജ്ഞാപനത്തെ മറ്റു സംസ്ഥാനങ്ങള്‍ ചോദ്യംചെയ്താലും പ്രശ്നങ്ങള്‍ സങ്കീര്‍ണമാകും.

ദിലീപ് മലയാലപ്പുഴ

കസ്തൂരിരംഗന്‍: മലയോരം പറയുന്നു കരടിട്ട് കബളിപ്പിക്കാനാവില്ല

കണ്ണൂര്‍: പ്രകൃതിയൊരുക്കിയ കടമ്പകളേറെ കടന്നവരാണ് മലയോരവാസികള്‍. ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിലാണ് അവര്‍ കാര്യങ്ങളെ വിലയിരുത്തുന്നത്. അതിനാല്‍, അതിജീവനത്തിനു മേലുള്ള ഭീഷണികളെ അവര്‍ പൊറുക്കില്ല, ചെറുതായി കണക്കാക്കില്ല. അതുകൊണ്ടാണ് ജില്ലയിലെ മൂന്ന് വില്ലേജുകള്‍ പരിസ്ഥിതിലോല പട്ടികയില്‍പ്പെടുത്തിയപ്പോള്‍ അവര്‍ ക്ഷുഭിതരായത്. ഭരിക്കുന്നവര്‍ക്ക് താക്കീതായി കണ്ണൂര്‍ കലക്ടറേറ്റിലേക്ക് കുത്തിയൊലിച്ചെത്തിയത്. സര്‍വേ നടത്താനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞിട്ട് അവര്‍ കൊട്ടിയൂരില്‍ പ്രതിഷേധാഗ്നി കൊളുത്തിയത്. കഠിനാധ്വാനം ചെയ്ത ഇത്തിരിമണ്ണിന്റെ പേരിലുള്ള ആശങ്ക അണയാത്ത അവരുടെ നെഞ്ചില്‍ എണ്ണപകരുകയാണ് കഴിഞ്ഞദിവസം പുറത്തിറക്കിയ കരട് വിജ്ഞാപനം. ഇത് തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള കണ്ണില്‍ പൊടിയിടലാണെന്ന് അവരോട് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല.

ജാതിമത പ്രീണനവും കപടവാഗ്ദാനങ്ങളുമായി ആരും കുന്നുകയറിയെത്തേണ്ടെന്നാണ് മലയോരവാസികളുടെ മുന്നറിയിപ്പ്. നിര്‍മാണപ്രവര്‍ത്തനങ്ങളും ഭൂമി കൈമാറ്റവും വിവാഹവും വരെ മുടങ്ങുന്ന സ്ഥിതിയിലായ മലയോരത്തെ ജനങ്ങള്‍ അന്തിമപോരാട്ടത്തിനൊരുങ്ങുകയാണ്. കരട് വിജ്ഞാപനമെന്നത് കബളിപ്പിക്കലിന്റെ മാര്‍ഗരേഖയാണെന്ന് തിരിച്ചറിയുമ്പോള്‍ വഞ്ചകരോടുള്ള വെറുപ്പാണ് ഓരോമനുഷ്യനിലും പ്രകടമാകുന്നത്. ജില്ലയില്‍ കൊട്ടിയൂര്‍, ഇരിട്ടി, ചെറുവാഞ്ചേരി വില്ലേജുകളാണ് പരിസ്ഥിതിലോല പ്രദേശങ്ങളുടെ പട്ടികയിലുള്ളത്. യാഥാര്‍ഥ്യബോധത്തോടെ പ്രശ്നം പഠിക്കാനും പരിസ്ഥിതിസംരക്ഷണം പ്രദേശവാസികളെ വിശ്വാസത്തിലെടുത്ത് നടപ്പാക്കാനും കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ക്ക് ഒട്ടേറെ സമയമുണ്ടായിരുന്നു. പാര്‍ലമെന്റില്‍ കണ്ണൂരിന്റെ ജനപ്രതിനിധി റിപ്പോര്‍ട്ടിനെതിരെ ഉരിയാടിയിട്ടില്ല. ഇത് മലയോരജനതയുടെ പ്രതിഷേധം ആളിക്കത്തിക്കുന്നു. ഈ വഞ്ചന ഞങ്ങളാണ് ആദ്യം തിരിച്ചറിയുന്നതെന്നാണ് മലമ്പ്രദേശത്തുള്ളവര്‍ പ്രഖ്യാപിക്കുന്നത്.

അടുത്ത തവണ അധികാരത്തിലേറുമെന്ന് ഒരു ഉറപ്പുമില്ലാത്ത സര്‍ക്കാര്‍ തട്ടിക്കൂട്ടിയതാണ് കരട് വിജ്ഞാപനം. ഇത് സ്ഥായിയായ ഉറപ്പല്ല. കരട് വിജ്ഞാപനം പുറത്തുവിട്ടെങ്കിലും കഴിഞ്ഞ നവംബര്‍ 13ന് കേന്ദ്ര- വനം പരിസ്ഥി മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് നിലനില്‍ക്കും. കേരളത്തിലെ 123 വില്ലേജുകള്‍ ഈ ഉത്തരവ് പ്രകാരം പരിസ്ഥിതി ലോലപ്രദേശങ്ങളായി തുടരും. ഈ പ്രദേശങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം. സര്‍ക്കാരിന് സഹായകമായ റിപ്പോര്‍ട് തട്ടിക്കൂട്ടാന്‍ നിയോഗിച്ച ഉമ്മന്‍ വി ഉമ്മന്റെ നേതൃത്വത്തിലുള്ള "വിദഗ്ധസമിതി"യാണ് ആശങ്ക ദുരീകരിക്കാന്‍ പഠനം നടത്തിയത്. ഇവര്‍ ഏത് മാനദണ്ഡം അടിസ്ഥാനപ്പെടുത്തിയാണ് പഠനവും തെളിവെടുപ്പും നടത്തിയതെന്ന് ഇപ്പോഴും ദുരൂഹം.

പുതിയ വിജ്ഞാപനപ്രകാരം 9993.7 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് പരിസ്ഥിതി ലോലം. ഇവിടെ ഖനവും നിര്‍മാണപ്രവര്‍ത്തനങ്ങളും വിലക്കിയിട്ടുമുണ്ട്. കൊട്ടിയൂരില്‍ പ്രതിഷേധം കത്തിയാളിയപ്പോള്‍ കോണ്‍ഗ്രസ് നേതാക്കളുടെ കുത്തിനുപിടിക്കാന്‍ ജനക്കൂട്ടം തയ്യാറായത് അവരുടെ അമര്‍ഷത്തിന്റെ തെളിവാണ്. ഖദറിട്ട നേതാക്കളുടെ കാപട്യ ഗീര്‍വാണങ്ങള്‍ ആരും വിശ്വസിക്കുന്നില്ല. ചരിത്രത്തിന് സാക്ഷികളായ പഴയ തലമുറയില്‍പ്പെട്ടവര്‍ ഇപ്പോഴും ഓര്‍മിക്കുന്നു കൊട്ടിയൂരിലെ കുടിയിറക്ക് സമരം. പട്ടം താണുപിള്ളയുടെ കാലത്ത് കൊട്ടിയൂര്‍ ജനതയെ കുടിയിറക്കാന്‍ ഒരുങ്ങിയപ്പോള്‍ ജനപക്ഷത്തുനിന്നത് എ കെ ജിയായിരുന്നു. കര്‍ഷകനെ ചതിച്ച് അന്ന് ഭൂപ്രഭുക്കള്‍ക്കൊപ്പമായിരുന്നു കോണ്‍ഗ്രസ്. കബളിപ്പിക്കലിന്റെ തനിയാവര്‍ത്തനങ്ങള്‍ക്ക് ഈ മണ്ണില്‍ ഇടമില്ലെന്ന് പ്രഖ്യാപിക്കുകയാണ് മലയോരത്തെ പുതുതലമുറ.

deshabhimani

Wednesday, December 11, 2013

തെരഞ്ഞെടുപ്പ് ഫലം ജനവിരുദ്ധ നയങ്ങള്‍ക്കുള്ള തിരിച്ചടി: സുനീത് ചോപ്ര

കണ്ണൂര്‍: വിലക്കയറ്റം ഉള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയത്തിനെതിരായ തിരിച്ചടിയാണ് വിവിധ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം സുനീത് ചോപ്ര പറഞ്ഞു. ലൈബ്രറി കൗണ്‍സില്‍ ദേശീയ സെമിനാറിന് കണ്ണൂരിലെത്തിയ സുനീത് ചോപ്ര "ദേശാഭിമാനി"യോട് സംസാരിക്കുകയായിരുന്നു.

ഡല്‍ഹി നിയമസഭയില്‍ ആംആദ്മി പാര്‍ടിക്കുണ്ടായ മുന്നേറ്റം താല്‍ക്കാലികമാണ്. കോണ്‍ഗ്രസിനും ബിജെപിക്കുമെതിരായ വികാരം മുതലെടുത്താണ് അവരുടെ മുന്നേറ്റം. ഇടതുപക്ഷം ശക്തമായി ഈ സ്ഥാനത്തേക്ക് കയറിവരും. രാജ്യത്തെ ജനങ്ങളുടെ വിവിധ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് ഇടതുപക്ഷം നടത്തിയ പോരാട്ടത്തിന്റെ താല്‍ക്കാലിക ലാഭം ഇത്തരം പ്രാദേശിക പാര്‍ടികള്‍ക്ക് ലഭിക്കുകയാണ്. ഇത് സ്ഥായിയല്ല. വര്‍ഗീയതക്കും പ്രാദേശിക വാദത്തിനുമെതിരായ മുന്നേറ്റം ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

കല്യാശേരി "ശാരാദാസി"ല്‍ നായനാരുടെ സഹധര്‍മിണി ശാരദ ടീച്ചര്‍, പള്ളിക്കുന്നില്‍ അഴീക്കോടന്‍ രാഘവന്റെ സഹധര്‍മിണി മീനാക്ഷി ടീച്ചര്‍ എന്നിവരെ സുനീത് ചോപ്ര സന്ദര്‍ശിച്ചു. കണ്ണൂര്‍ "ദേശാഭിമാനി"യും സന്ദര്‍ശിച്ചു. കൂത്തുപറമ്പ് വെടിവയ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പനെ സന്ദര്‍ശിച്ച അദ്ദേഹം ലൈബ്രറി കൗണ്‍സില്‍ ദേശീയ സെമിനാറില്‍ ലഭിച്ച പുസ്തകങ്ങളും പ്രബന്ധങ്ങളും കൈമാറി. സെമിനാര്‍ ബാഡ്ജ് സുനീത് ചോപ്ര പുഷ്പനെ അണിയിച്ചു. ലൈബ്രറി കൗണ്‍സില്‍ തയ്യാറാക്കിയ വിവിധ പുസ്തകങ്ങള്‍ ജില്ലാ സെക്രട്ടറി പി കെ ബൈജു പുഷ്പന് നല്‍കി. താലൂക്ക് പ്രസിഡന്റ് കെ പി പ്രദീപ്കുമാര്‍, സെക്രട്ടറി സി സോമന്‍, ജില്ലാ കൗണ്‍സില്‍ അംഗം ടി ടി കെ ശശി എന്നിവരും ഒപ്പമുണ്ടായിരുന്നു.

deshabhimani

Monday, December 9, 2013

ജനവികാരം കോണ്‍ഗ്രസിന് എതിരെന്ന് തെളിഞ്ഞു: കാരാട്ട്

നാലു സംസ്ഥാനത്ത് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ ദയനീയ പരാജയം രാജ്യത്തെ ജനവികാരം കോണ്‍ഗ്രസിന് എതിരാണെന്ന് വ്യക്തമാക്കുന്നുവെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. കോണ്‍ഗ്രസ് വിരുദ്ധവികാരത്തിന്റെ ഗുണഭോക്താവ് ബിജെപിയാണെന്നു മാത്രം. എന്നാല്‍, വിശ്വസനീയമായ ബദല്‍ ശക്തികളുള്ള ഡല്‍ഹി പോലെയുള്ള സംസ്ഥാനങ്ങളില്‍ അത്തരം ശക്തികള്‍ക്കാണ് വിജയം നേടാനായതെന്നും കാരാട്ട് ദേശാഭിമാനിയോട് പറഞ്ഞു.

തോല്‍വി പ്രതീക്ഷിച്ചത്: വയലാര്‍ രവി

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് പരാജയം പ്രതീക്ഷിച്ചിരുന്നതാണെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വിലക്കയറ്റം ഫലപ്രദമായി നേരിടാന്‍ കഴിയാതെപോയതാണ് തോല്‍വിക്ക് പ്രധാന കാരണം. ഡല്‍ഹിയിലെ കോണ്‍ഗ്രസ് പരാജയം നിരാശയുണ്ടാക്കുന്നു. പരാജയകാരണം വിശദമായി വിലയിരുത്തും. കോണ്‍ഗ്രസ് തിരിച്ചുവരുമെന്നാണ് വിശ്വാസം. കേരളത്തിലെ പൊലീസില്‍ ഒരുവിഭാഗം രാഷ്ട്രീയം കളിക്കുകയാണ്. രാഷ്ട്രീയപ്രേരിതമായാണ് ചില വിഷയങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പെരുമാറുന്നതെന്നും വയലാര്‍ രവി പറഞ്ഞു.

മെച്ചപ്പെട്ടില്ലെങ്കില്‍ 2004 ആവര്‍ത്തിക്കും: കുഞ്ഞാലിക്കുട്ടി

തെരഞ്ഞെടുപ്പ് ഫലത്തില്‍നിന്ന് കേരളത്തിലെ യുഡിഎഫ് പാഠം പഠിക്കണമെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. സര്‍ക്കാരിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തിയില്ലെങ്കില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 2004ലെ അവസ്ഥയുണ്ടാകുമെന്നും യുഡിഎഫിലെ കലഹം സര്‍ക്കാരിനെ ഒരോദിവസവും ദുര്‍ബലമാക്കിക്കൊണ്ടിരിക്കയാണെന്നും അദ്ദേഹം മഞ്ചേരിയില്‍ പറഞ്ഞു. വിലക്കയറ്റം സാധാരണക്കാരെ സര്‍ക്കാരില്‍നിന്ന് അകറ്റിക്കൊണ്ടിരിക്കുന്നതിനിടയില്‍ മുന്നണിക്ക് നേതൃത്വംകൊടുക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുള്ള തര്‍ക്കം അകല്‍ച്ച വര്‍ധിപ്പിക്കുന്നു. എമര്‍ജിങ് കേരളയുള്‍പ്പെടെയുള്ള പദ്ധതികള്‍ വിവാദത്തില്‍ കുരുങ്ങിയതും സര്‍ക്കാരിന്റെ പ്രതിഛായക്ക് മങ്ങലേല്‍പ്പിച്ചതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കോണ്‍ഗ്രസിന്റെ കഥ കഴിയും: ചീഫ് വിപ്പ്

പാര്‍ലമെന്റ് തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസിന്റെ കഥ കഴിയുമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്. അഹങ്കാരത്തിന്റെ മൂര്‍ത്തിമദ്ഭാവമായി കോണ്‍ഗ്രസ് നേതാക്കള്‍ മാറിയതാണ് പരാജയത്തിന് കാരണം. നേതാക്കള്‍ ഈ പരുവത്തിലായാല്‍ കോണ്‍ഗ്രസ് പാര്‍ടി തന്നെ ഇല്ലാതാകും. യുഡിഎഫില്‍ ലീഗും കോണ്‍ഗ്രസും അടക്കമുള്ള കക്ഷികള്‍ അതൃപ്തരാണ്. ഇങ്ങനെ പോയാല്‍ യുഡിഎഫ് തന്നെ തകരുമെന്നും ജോര്‍ജ് കല്‍പ്പറ്റയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് മതേതര സ്വഭാവം നഷ്ടപ്പെട്ടിരിക്കയാണ്. പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ കേന്ദ്ര മന്ത്രി വയലാര്‍ രവി അതിദയനീയമായി പരാജയപ്പെട്ടു. മലബാറില്‍നിന്നുള്ള കേന്ദ്രമന്ത്രി ഇ അഹമ്മദിന്റെ ഇടപെടലും ശോചനീയമാണെന്ന് ജോര്‍ജ് പറഞ്ഞു.

കോണ്‍ഗ്രസിന് വന്‍ തകര്‍ച്ച

രാജ്യതലസ്ഥാനത്തും രാജസ്ഥാനിലും കോണ്‍ഗ്രസിന് സമ്പൂര്‍ണ പരാജയം. ഡല്‍ഹിയില്‍ ബിജെപിക്കും ആം ആദ്മി പാര്‍ടിക്കും പിന്നില്‍ കോണ്‍ഗ്രസ് മൂന്നാംസ്ഥാനത്തായി.

മധ്യപ്രദേശില്‍ ഭരണം നിലനിര്‍ത്തിയ ബിജെപി രാജസ്ഥാനില്‍ അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും അധികാരത്തിലേക്ക്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലായി വിശേഷിപ്പിക്കപ്പെട്ട, നാല് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ നിയമസഭാതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ദേശീയരാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ നില കൂടുതല്‍ പരുങ്ങലിലായി. കോണ്‍ഗ്രസിന് വളരെയധികം നിരാശയുണ്ടെന്നും ജനങ്ങളുടെ അസന്തുഷ്ടി വ്യക്തമാണെന്നും പാര്‍ടി അധ്യക്ഷ സോണിയ ഗാന്ധി പ്രതികരിച്ചു. തെരഞ്ഞെടുപ്പ് ഫലം മോഡി പ്രഭാവത്തിന്റെ തെളിവാണെന്ന് ബിജെപി അവകാശപ്പെട്ടു.

ഡല്‍ഹിയില്‍ അപമാനകരമായ പരാജയമാണ് കോണ്‍ഗ്രസിന്. മുഖ്യമന്ത്രി ഷീല ദീക്ഷിത് അടക്കം ജനരോഷത്തില്‍ വീണു. പുതിയ നിയമസഭയില്‍ കോണ്‍ഗ്രസ് അംഗബലം രണ്ടക്കം തികയില്ല. ഭരണവിരുദ്ധവികാരം മുതലെടുക്കാമെന്ന് കരുതിയ ബിജെപിക്കും തനിച്ച് ഭൂരിപക്ഷം നേടാനായില്ല. അഴിമതിവിരുദ്ധ പ്രസ്ഥാനമായി രംഗത്തുവന്ന് രാഷ്ട്രീയപാര്‍ടിയായി മാറിയ ആംആദ്മി പാര്‍ടി ശ്രദ്ധേയവിജയം നേടി. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഡോ. ഹര്‍ഷവര്‍ധന്‍ കൃഷ്ണനഗര്‍ മണ്ഡലത്തില്‍ വിജയിച്ചു.

പരാജയം സമ്മതിച്ച് ഷീല ദീക്ഷിത് ഡല്‍ഹി ലഫ്. ഗവര്‍ണര്‍ നജീബ് ജംഗിന് രാജിക്കത്ത് നല്‍കി. ലഫ്. ഗവര്‍ണര്‍ നിയമസഭ പിരിച്ചുവിട്ട് മുഖ്യമന്ത്രിയുടെ രാജിക്കത്ത് രാഷ്ട്രപതിക്ക് അയച്ചു. സര്‍വേ ഫലങ്ങള്‍ ശരിവച്ച് തൂക്കുസഭ നിലവില്‍ വന്ന ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി വരുംനാളുകളില്‍ കുതിരക്കച്ചവടം അരങ്ങേറും. രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ തൂത്തെറിഞ്ഞ ബിജെപിക്ക് നാലില്‍ മൂന്ന് ഭൂരിപക്ഷം ലഭിച്ചു. മുഖ്യമന്ത്രി അശോക് ഗെലോട്ട് സര്‍ദാര്‍പുര മണ്ഡലത്തില്‍നിന്ന് വീണ്ടും ജയിച്ചെങ്കിലും മന്ത്രിസഭയിലെ ഒട്ടേറെ പ്രമുഖര്‍ പരാജയം നുണഞ്ഞു. പിസിസി പ്രസിഡന്റ് ചന്ദ്രഭാനും വിജയിക്കാനായില്ല. ബിജെപി സംസ്ഥാന അധ്യക്ഷയും പാര്‍ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ വസുന്ധര രാജെ ജലാര്‍പ്രധാന്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മീനാക്ഷി ചന്ദ്രവത്തിനെ 60,896 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് ബിജെപി വിജയം നേടിയതെന്ന് ഗെലോട്ട് ആരോപിച്ചു. ഗവര്‍ണര്‍ക്ക് ഉടന്‍ രാജിക്കത്ത് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

രാജസ്ഥാനില്‍ സിപിഐ എം വിജയം പ്രതീക്ഷിച്ച മണ്ഡലങ്ങള്‍ നേടാനായില്ല. മധ്യപ്രദേശില്‍ മുഖ്യമന്ത്രി ശിവ്രാജ്സിങ് ചൗഹാന്റെ ജനപ്രീതിയുടെ ബലത്തില്‍ ബിജെപി വര്‍ധിച്ച ഭൂരിപക്ഷത്തോടെ ഭരണം നിലനിര്‍ത്തി. ബിജെപി മന്ത്രിസഭയിലെ പല അംഗങ്ങളും കേസുകളില്‍ കുടുങ്ങിയതും പാര്‍ടി എംഎല്‍എമാരുടെ അഴിമതികളും ജനങ്ങളില്‍ അതൃപ്തി പടര്‍ത്തിയിരുന്നു. പുതുമുഖങ്ങളെ പരീക്ഷിച്ചാണ് ബിജെപി ഇത് മറികടന്നത്. ചൗഹാന്‍ രണ്ട് മണ്ഡലങ്ങളില്‍നിന്ന് വിജയിച്ചു. 143 സീറ്റുണ്ടായിരുന്ന ബിജെപിക്ക് ഇക്കുറി അംഗബലം കൂട്ടാനായി.

കടുത്ത മത്സരം നടന്ന ഛത്തീസ്ഗഢില്‍ ജനവിധി വീണ്ടും ബിജെപിക്ക് അനുകൂലമായി. രമണ്‍സിങ് സര്‍ക്കാരിനെതിരായ ആരോപണങ്ങളും ജനകീയപ്രശ്നങ്ങളും ഫലപ്രദമായി ഏറ്റെടുക്കാന്‍ ഗ്രൂപ്പ്വൈരത്തില്‍ ഉലഞ്ഞ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. 2008ല്‍ 50 സീറ്റ് ലഭിച്ച ബിജെപിക്ക് ഇക്കുറി അത്രയും സീറ്റ് നേടാനായില്ല. രമണ്‍സിങ് രാജ്നന്ദ്ഗാവ് മണ്ഡലത്തില്‍നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. മിസോറമില്‍ തിങ്കളാഴ്ചയാണ് വോട്ടെണ്ണല്‍.

ബിജെപിയെ തുണച്ചത് കോണ്‍ഗ്രസ് വിരോധം

ബിജെപിയും ഒരുപറ്റം മാധ്യമങ്ങളും കൊട്ടിഘോഷിച്ച മോഡിതരംഗം തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രകടമായില്ല. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിയുടെ "പ്രഭാവം" തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് വന്‍നേട്ടമാകുമെന്നായിരുന്നു പ്രചാരണം. യുപിഎ സര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും കടന്നാക്രമിച്ച് മോഡി ബിജെപിയുടെ താരപ്രചാരകനുമായിരുന്നു. എന്നാല്‍, പ്രചാരണഘട്ടത്തില്‍ത്തന്നെ, ചില യോഗങ്ങളിലെ ആള്‍ക്കൂട്ടം ഒഴിച്ചാല്‍, മോഡിക്ക് തരംഗമാകാന്‍ കഴിഞ്ഞിരുന്നില്ല. നാലിടത്തെ ഫലം മോഡി ആരാധകര്‍ക്കും അദ്ദേഹത്തെ ഉയര്‍ത്തിക്കാട്ടി കേന്ദ്രഭരണം പിടിക്കാന്‍ ശ്രമിക്കുന്ന ബിജെപി നേതൃത്വത്തിനും ആഹ്ലാദിക്കാന്‍ വക നല്‍കുന്നില്ല. മോഡി ആഘോഷപൂര്‍വം പ്രചാരണം നടത്തിയ ഡല്‍ഹിയില്‍ കേവലഭൂരിപക്ഷമായിട്ടില്ല. മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടുമെന്നായിരുന്നു അവകാശവാദം. ശക്തമായ ഭരണവിരുദ്ധവികാരം പോലും മുതലെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഇത്രയും സീറ്റ് കിട്ടിയത് ആം ആദ്മി പാര്‍ടിയുടെ മുന്നേറ്റം കൊണ്ടുമാത്രം.
മധ്യപ്രദേശില്‍ ശിവ്രാജ്സിങ് ചൗഹാനാണ് ബിജെപിയെ രക്ഷിച്ചത്. മോഡി വന്നത് മധ്യപ്രദേശില്‍ ബിജെപിയെ പ്രതിസന്ധിയിലാക്കുകയാണുണ്ടായത്. പല ജനവിഭാഗങ്ങളും പിണങ്ങി. ചൗഹാന്റെ ജനപ്രീതിയിലാണ് ഈ പ്രതിസന്ധി മറികടന്നത്. ചൗഹാന്റെ നിര്‍ദേശപ്രകാരം ബിജെപിയുടെ പല സിറ്റിങ് എംഎല്‍എമാര്‍ക്കും സ്ഥാനാര്‍ഥിത്വം നിഷേധിച്ചു.

രാജസ്ഥാനില്‍ ബിജെപി മുമ്പും ഭരിച്ചിട്ടുണ്ട്. ജനതാപരിവാറിന്റെ കാലം മുതല്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് വിരുദ്ധതരംഗം പലപ്പോഴും പ്രകടമായിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും അശോക് ഗെലോട്ടിന് കേവലഭൂരിപക്ഷം ലഭിച്ചിരുന്നില്ല. സ്വതന്ത്രന്മാരുടെ പിന്തുണയോടെയാണ് അദ്ദേഹം കാലാവധി പൂര്‍ത്തിയാക്കിയത്.

ബിജെപിയുടെ അഭിമാനസംസ്ഥാനങ്ങളിലൊന്നായ ഛത്തീസ്ഗഢിലും മുന്നേറ്റമുണ്ടായില്ല. 2008ലെ പോലെ കഷ്ടിച്ച് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയും. രാജസ്ഥാനില്‍ ഭരണം പിടിക്കാന്‍ കഴിഞ്ഞതൊഴിച്ചാല്‍ ബിജെപി അഭിമാനിക്കാന്‍ വകയില്ല. ബിജെപിക്ക് കുതിക്കാനുള്ള ഇന്ധനമൊന്നും മോഡി നല്‍കിയില്ലെന്നര്‍ഥം.

ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസ് ഇനി ഓര്‍മ

നാല് സംസ്ഥാന നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയോടെ ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസ് തൂത്തെറിയപ്പെട്ടു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേരിടാനിരിക്കുന്ന കനത്ത പരാജയത്തിന്റെ വ്യക്തമായ സൂചനയാണിത്. ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, രാജസ്ഥാന്‍ പിസിസി പ്രസിഡന്റ് ചന്ദ്രഭാന്‍, 10 ജന്‍പഥിലെ വിശ്വസ്തനായ മധ്യപ്രദേശ് മുന്‍ പിസിസി പ്രസിഡന്റ് സുരേഷ് പച്ചോരി തുടങ്ങിയ വമ്പന്‍ നേതാക്കള്‍ പരാജയമറിഞ്ഞവരിലുണ്ട്. രാജസ്ഥാനിലും ഡല്‍ഹിയിലും കോണ്‍ഗ്രസ് മന്ത്രിമാരില്‍ നല്ലൊരു പങ്കും തോറ്റു.

ഡല്‍ഹിയില്‍ ഭൂരിഭാഗം സീറ്റുകളിലും മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. രാജസ്ഥാനിലും ഒട്ടനവധി മണ്ഡലങ്ങളില്‍ മൂന്നും നാലും സ്ഥാനത്താണ്. ഉത്തരേന്ത്യയില്‍ ഇനി കോണ്‍ഗ്രസ് ഭരണം ശേഷിക്കുന്നത് ഹരിയാന, ഹിമാചല്‍, ഉത്തരാഖണ്ഡ് എന്നീ മൂന്ന് ചെറുസംസ്ഥാനങ്ങളില്‍ മാത്രം. മൂന്നിടത്തും കൂടി ആകെയുള്ളത് 19 ലോക്സഭാ മണ്ഡലങ്ങള്‍ മാത്രം. ഉത്തരാഖണ്ഡില്‍ സ്വതന്ത്രരുടെ പിന്തുണയോടെയാണ് ഭരണം. വിമതര്‍ സജീവമായ ഹരിയാനയില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് കടുത്ത പരീക്ഷയാകും.

ബിജെപിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്നതിന് തെളിവാണ് ഈ ഫലം. ഡല്‍ഹിയൊഴികെ മൂന്നിടത്തും കോണ്‍ഗ്രസും ബിജെപിയും നേര്‍ക്കുനേര്‍ മത്സരമായിരുന്നു. രാജസ്ഥാനിലും മധ്യപ്രദേശിലും ദയനീയമായാണ് കോണ്‍ഗ്രസ് തോറ്റത്. രാജസ്ഥാനിലേത് ചരിത്രത്തിലില്ലാത്ത തോല്‍വി. 200 അംഗ നിയമസഭയില്‍ 23 സീറ്റ് മാത്രം. പിസിസി പ്രസിഡന്റും മന്ത്രിമാരും കൂട്ടത്തോടെ തോറ്റു. കൊലപാതക കേസിലും ബലാത്സംഗ കേസിലും ജയിലില്‍ കഴിയുന്ന നേതാക്കളുടെ ബന്ധുകള്‍ക്ക് ഇവിടെ ടിക്കറ്റ് നല്‍കിയിരുന്നു. എല്ലാവരും തോറ്റു. ഭന്‍വാരി ദേവിയെന്ന നേഴ്സിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍മന്ത്രി മഹിപാല്‍ മദേര്‍ണയുടെ ഭാര്യ ലീല മദേര്‍ണ, ഇതേ കേസില്‍ ജയിലുള്ള മുന്‍ എംഎല്‍എ മല്‍ക്കാന്‍സിങ് ബിഷ്ണോയിയുടെ അമ്മ അമ്രി ദേവി, ബലാത്സംഗ കേസില്‍ ജയിലിലായ മുന്‍ മന്ത്രി ബാബുലാല്‍ നഗറിന്റെ സഹോദരന്‍ ഹജാരിയലാല്‍ നഗര്‍ എന്നിവരാണ് തോറ്റത്. മുന്‍ കേന്ദ്രമന്ത്രി നട്വര്‍ സിങ്ങിന്റെ മകന്‍ ജഗത്സിങ് ബിജെപി ടിക്കറ്റില്‍ ജയിച്ചതും ആഘാതമായി. നഗരവികസന മന്ത്രി ശാന്തി ധരിവാള്‍, വനിതാ കമീഷന്‍ അധ്യക്ഷ മമത ശര്‍മ എന്നിവരും തോറ്റു. കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച ഡിസ്കസ് താരം കൃഷ്ണ പുനിയ സാദുല്‍പ്പുരില്‍ മൂന്നാം സ്ഥാനത്തായി. ഇവിടെ ബിഎസ്പിക്കാണ് വിജയം.

230 അംഗ മധ്യപ്രദേശ് നിയമസഭയില്‍ 62 സീറ്റുമാത്രമാണ് നേടാനായത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ ജ്യോതിരാദിത്യ സിന്ധ്യക്ക് സ്വാധീനമുള്ള ഗ്വാളിയോര്‍-ചമ്പല്‍ മേഖലകളില്‍ ദയനീയമായി തകര്‍ന്നു. ഗ്വാളിയോര്‍ ഈസ്റ്റിലും ശിവ്പുരിയിലും സിന്ധ്യ രാജകുടുംബാംഗങ്ങളെ തന്നെ സ്ഥാനാര്‍ഥികളാക്കി ബിജെപി വിജയം കൊയ്തു. പിസിസി പ്രസിഡന്റ് കാന്തിലാല്‍ ഭുരിയക്ക് സ്വാധീനമുള്ള ജാബുവ ആദിവാസിമേഖലയിലും കേന്ദ്രമന്ത്രി കമല്‍നാഥ് നിയന്ത്രിക്കുന്ന മഹാകോശല്‍ മേഖലയിലും കോണ്‍ഗ്രസ് തകര്‍ന്നു. ഡല്‍ഹിയിലും കോണ്‍ഗ്രസ് നേതാക്കള്‍ കുട്ടത്തോടെ തോറ്റു. കാല്‍ ലക്ഷത്തോളം വോട്ടിനാണ് മുഖ്യമന്ത്രി ഷീലാ ദീക്ഷിത് വീണത്. മന്ത്രിമാരില്‍ അരവിന്ദര്‍ സിങ് ലവ്ലി, ഹാരൂണ്‍ യൂസഫ് എന്നിവരൊഴികെ എല്ലാവരും തോറ്റെന്ന് മാത്രമല്ല, മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. 46 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താണ്.

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് ചൂലടി

തുടര്‍ച്ചയായി പതിനഞ്ച് വര്‍ഷം ഡല്‍ഹി ഭരിച്ച കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞപ്പോള്‍ നേട്ടമുണ്ടാക്കിയത് ഒരു വര്‍ഷം മാത്രം പ്രായമുള്ള ആം ആദ്മി പാര്‍ടി. ചൂല്‍ തെരഞ്ഞെടുപ്പ് ചിഹ്നമാക്കിയ അരവിന്ദ് കേജ്രിവാളും സംഘവും ഡല്‍ഹിയില്‍കോണ്‍ഗ്രസിനെയും ബിജെപിയെയും ഞെട്ടിച്ചു. മുഖ്യമന്ത്രി ഷീല ദീക്ഷിതിനെതിരെ മത്സരിക്കാന്‍ ധൈര്യം കാട്ടിയ കേജ്രിവാള്‍ മികച്ച വിജയം നേടി. ന്യൂഡല്‍ഹി മണ്ഡലത്തില്‍ ഷീലാ ദീക്ഷിതിന് 18405 വോട്ടു ലഭിച്ചപ്പോള്‍ കേജ്രിവാള്‍ 44269 വോട്ടു നേടി. 25864 വോട്ടിന്റെ ഭൂരിപക്ഷം.

ജനലോക്പാല്‍ ബില്‍ പാസാക്കണമെന്ന് ആവശ്യപ്പെട്ട് 2011ല്‍ അണ്ണ ഹസാരെയുടെ നേതൃത്വത്തില്‍ തുടക്കമിട്ട സമരത്തിലൂടെയാണ് ആം ആദ്മി പാര്‍ടിയുടെ പിറവി. ജന്തര്‍മന്ദറിലും രാംലീലാ മൈതാനത്തുമായി നടന്ന സമരങ്ങള്‍ അഴിമതിയില്‍ മനംമടുത്ത മധ്യവര്‍ഗത്തെ ആകര്‍ഷിച്ചു. അഴിമതിക്കെതിരായ രോഷപ്രകടനത്തില്‍ ഹസാരെയുടെ വലംകൈയായിരുന്നു കെജ്രിവാള്‍. സമരത്തിലേക്ക് യുവാക്കളടക്കമുള്ളവരെ ആകര്‍ഷിച്ച തന്ത്രങ്ങള്‍ മെനഞ്ഞതും കേജ്രിവാള്‍. ജനലോക്പാല്‍ ബില്‍ പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിക്കുമെന്ന ഉറപ്പില്‍ സമരം അവസാനിച്ചെങ്കിലും രാഷ്ട്രീയ പാര്‍ടി വേണമെന്ന കെജ്രിവാളിന്റെ അഭിപ്രായത്തോട് ഹസാരെ യോജിച്ചില്ല. അത് വഴിപിരിയലിനും പുതിയ പാര്‍ടിയുടെ പിറവിക്കും നിമിത്തമായി.

കുടിവെള്ളപ്രശ്നം, വൈദ്യുതി പ്രതിസന്ധി, വിലക്കയറ്റം തുടങ്ങി ജനങ്ങളെ നേരിട്ടു ബാധിക്കുന്ന പ്രശ്നങ്ങളില്‍ എഎപി ഇടപെട്ടു. വൈദ്യുതി ബില്‍ കത്തിച്ചതടക്കമുള്ള സമരങ്ങള്‍ ഏറെപ്പേരെ ആകര്‍ഷിച്ചു. ആം ആദ്മി പാര്‍ടിയുടെ വിജയത്തിന്റെ പൂര്‍ണ അവകാശി അരവിന്ദ് കെജ്രിവാള്‍ എന്ന നാല്‍പ്പത്തഞ്ചുകാരനാണ്. ഖരക്പുര്‍ ഐഐടിയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബിരുദം നേടിയ കെജ്രിവാള്‍ 1995ല്‍ ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ പ്രവേശിച്ചു. ആദായനികുതി വകുപ്പില്‍ ജോയിന്റ് ഡയറക്ടറായിരിക്കെ 2006 ല്‍ ജോലി രാജിവച്ചു. വിവരാവകാശ പ്രവര്‍ത്തനത്തിന് മെഗ്സാസെ അവാര്‍ഡിനും അര്‍ഹനായി.

Sunday, November 24, 2013

രാജാക്കന്മാരും റാണിമാരും കുബേരന്മാരും നിറഞ്ഞാടുന്ന തെരഞ്ഞെടുപ്പ്

രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്ന അഞ്ച് സംസ്ഥാന അസംബ്ലി തെരഞ്ഞെടുപ്പുകളാണ് നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടക്കുന്നത്. ഇന്ന് നടക്കുന്ന രണ്ടാംഘട്ടത്തോടെ ഛത്തീസ്ഗഡ് അസംബ്ലിയിലേയ്ക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയാവും. അടുത്തവര്‍ഷത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള മിനി പൊതുതെരഞ്ഞെടുപ്പായാണ് ജനങ്ങള്‍ ഇതിനെ വീക്ഷിക്കുന്നത്. ആ അര്‍ഥത്തില്‍ അടുത്തവര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനെപ്പറ്റി വ്യക്തമായ സൂചനയാണ് ഇപ്പോള്‍ നടന്നുവരുന്ന തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നല്‍കുന്നത്. രാജ്യത്തെ കര്‍ഷകര്‍, തൊഴിലാളികള്‍, അധ്വാനിക്കുന്ന ഇതര ജനവിഭാഗങ്ങള്‍ എന്നിവര്‍ക്കോ അവരെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ തുല്യതയുടെ അടിസ്ഥാനത്തില്‍ മത്സരിക്കാവുന്ന ഒരു യഥാര്‍ഥ ജനാധിപത്യ പ്രക്രിയ ആയിരിക്കില്ല ഈ തെരഞ്ഞെടുപ്പും വരാന്‍ പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പും എന്നാണ് വസ്തുതകള്‍ വെളിവാക്കുന്നത്. തെരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് സംസ്ഥാനങ്ങളില്‍ നിന്നും ലഭ്യമായ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് അളവറ്റ ധനശക്തിയും സ്ഥാനാര്‍ഥികള്‍ പരമ്പരാഗതമായോ അല്ലാതെയോ ആര്‍ജിച്ച കുലമഹിമയും അനുബന്ധമായ കായികശേഷിയും തെരഞ്ഞെടുപ്പു പ്രചാരണരംഗത്ത് മുമ്പ് ഒരിക്കലുമില്ലാത്ത ആധിപത്യമാണ് പുലര്‍ത്തുന്നത്. മേല്‍സൂചിപ്പിച്ച ഘടകങ്ങള്‍ നമ്മുടെ തെരഞ്ഞെടുപ്പ് പ്രക്രിയയിലും പാര്‍ലമെന്ററി പ്രാതിനിധ്യത്തിലും മേല്‍ക്കൈ നേടുന്നത് കഴിഞ്ഞ ഓരോ തെരഞ്ഞെടുപ്പിലും അസന്നിഗ്ധമായി വെളിപ്പെട്ടിരുന്നു. അതിന്റെ ഏറ്റവും മികച്ച തെളിവാണ് ഇപ്പോള്‍ കാലാവധി പൂര്‍ത്തിയാക്കുന്ന പതിനഞ്ചാം ലോക്‌സഭ. അതുസംബന്ധിച്ച കണക്കുകള്‍ ആവര്‍ത്തനവിരസത പരിഗണിച്ച് ഒഴിവാക്കുന്നു.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് സംബന്ധിച്ച വാര്‍ത്തകളില്‍ ആധിപത്യം പുലര്‍ത്തുന്നത് മുന്‍രാജാക്കന്മാരും രാജാത്തിമാരും അവരുടെ കുടുംബ പരമ്പരകളും നടത്തുന്ന തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ വര്‍ണശബളിമയാണ്. പട്ടിണിയുടെയും വിലക്കയറ്റത്തിന്റെയും തൊഴില്‍ രാഹിത്യത്തിന്റെയും അളവറ്റ ജീവിത ക്ലേശത്തിന്റെയും അഗാധതകളിലേയ്ക്ക് മുങ്ങിത്താഴുന്ന ജനകോടികള്‍ അത്തരം വാര്‍ത്തകളില്‍ തീര്‍ത്തും അപ്രസക്തമാകുന്നു.

സ്വതന്ത്ര ഇന്ത്യ രാജത്വത്തിന്റെ എല്ലാ അവകാശ അധികാരങ്ങളും പൂര്‍ണമായി റദ്ദാക്കിയിട്ട് മൂന്നര പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. പക്ഷേ, ഇപ്പോള്‍ തെരഞ്ഞെടുപ്പു നടക്കുന്ന രാജസ്ഥാനും മധ്യപ്രദേശും ഉള്‍പ്പെടുന്ന മേഖലയില്‍ ഇന്നും ഭരണം കയ്യാളുന്നത് മുന്‍ രാജകുടുംബാംഗങ്ങള്‍ തന്നെ. ഇവിടെ ഭരണകക്ഷിയുടെയും മുഖ്യപ്രതിപക്ഷത്തിന്റെയും സ്ഥാനാര്‍ഥികളില്‍ ഒരു ഡസനിലേറെപ്പേര്‍ മുന്‍ രാജാകുമാരന്മാരും രാജകുമാരിമാരുമാണ്. അവര്‍ കേവലം സ്ഥാനാര്‍ഥികള്‍ മാത്രമായിരിക്കില്ല, തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് അധികാരത്തെ നിര്‍ണായകമായി സ്വാധീനിക്കുന്ന ശക്തികളാവും. തൊട്ടടുത്ത ഛത്തീസ്ഗഡില്‍ മുന്‍ രാജകുമാരന്മാരും രാജകുമാരിമാരുമായ സ്ഥാനാര്‍ഥികളെ തിരയുന്നവര്‍ക്ക് കുണ്ഠിതപ്പെടേണ്ടിവരില്ല. കാരണം, മുന്‍മധ്യപ്രദേശ് സംസ്ഥാനത്തെയും അതിനെ വിഭജിച്ച് രൂപംകൊണ്ട ഛത്തീസ്ഗഡ് സംസ്ഥാനത്തെയും സുസ്ഥാപിത രാഷ്ട്രീയ കുടുംബങ്ങളില്‍ നിന്നും ഡസന്‍ കണക്കിന് നവരാജകുമാരന്മാരെയും രാജകുമാരിമാരെയും അവിടെ സ്ഥാനാര്‍ഥി വേഷത്തില്‍ കണ്ട് അത്തരം അന്വേഷകര്‍ക്ക് സായൂജ്യമടയാം. ധനശേഷിയുടെയും കുലമഹിമയുടെയും ഈ ആധിപത്യം പരമ്പരാഗത മുതലാളിത്ത പാര്‍ട്ടികളായ കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും മാത്രം സ്വഭാവവിശേഷമല്ലെന്നാണ് വസ്തുതകള്‍ സാക്ഷ്യപ്പെടുത്തുന്നത്. ദളിത് ജനതയുടെ വിമോചനത്തിനുവേണ്ടി അവതരിച്ച ബഹന്‍ജി മായവതിയുടെ ആസ്തികളെപ്പറ്റിയുള്ള വെളിപ്പെടുത്തല്‍ നമുക്ക് മുന്നില്‍ സാക്ഷ്യമായി നിലനില്‍ക്കുന്നു. 2003 ല്‍ ഒരു കോടിരൂപയുടെ ആസ്തി പ്രഖ്യാപിച്ച അവരുടെ 2012 ലെ ആസ്തി 112 കോടിയില്‍ എത്തി നില്‍ക്കുന്നു! അത്ഭുതകരമായ ഈ സാമ്പത്തിക വളര്‍ച്ചയുടെ ശാസ്ത്രം ഇന്ത്യയിലെ രാഷ്ട്രീയത്തിനൊഴികെ ഒരു ലോക സാമ്പത്തിക സിദ്ധാന്തത്തിനും വ്യാഖ്യാനിക്കാനാവില്ല.

അഴിമതിക്കെതിരായ നവ ഇന്ത്യന്‍ അവതാരമായ അരവിന്ദ് കേജ്‌രിവാളിന്റെയും അദ്ദേഹത്തിന്റെ പാര്‍ട്ടി സ്ഥാനാര്‍ഥികളുടെയും ആസ്തിബാധ്യതകള്‍ സംബന്ധിച്ച് നാമനിര്‍ദ്ദേശപത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലം ആം ആദ്മി പാര്‍ട്ടിയിലെ അവരുടെ സഹപ്രവര്‍ത്തകരെപ്പോലും അമ്പരപ്പിക്കുന്നതാണ്. ആ പാര്‍ട്ടിയുടെ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി പട്ടിക 'ആം ആദ്മി പാര്‍ട്ടി' എന്ന പേരിനെതന്നെ പരിഹസിക്കുന്നു. വന്‍ ബിസിനസുകാര്‍, കോടിപതികള്‍, അതിസമ്പന്ന കര്‍ഷകര്‍ എന്നിവരൊഴികെ സാമാന്യ ജനങ്ങളുടെ പ്രതിനിധികള്‍ എന്ന് ചൂണ്ടിക്കാട്ടാവുന്നവര്‍ ഏറെയൊന്നും ആ പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടില്ല. ആം ആദ്മി പാര്‍ട്ടിയുടെ ഏറ്റവും വലിയ കരുത്തെന്ന് അവര്‍ തന്നെ വിശേഷിപ്പിക്കുന്ന ഡല്‍ഹിയിലെ ആയിരക്കണക്കായ ഓട്ടോറിക്ഷാ തൊഴിലാളികളില്‍ ഒരാള്‍പോലും ആ പട്ടികയില്‍ ഇടം കണ്ടില്ല. ഇടതുപക്ഷ പാര്‍ട്ടികള്‍ ഒഴികെ മറ്റെല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ധനശേഷിയും കുലമഹിമയും കായികശക്തിയും സ്ഥാനാര്‍ഥി നിര്‍ണയത്തിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ആധിപത്യം പുലര്‍ത്തുന്ന മാനദണ്ഡങ്ങളാക്കി മാറ്റിയിരിക്കുന്നു. ഇത് പട്ടിണി പാവങ്ങളായ ഒരു മഹാജനസഞ്ചയത്തെ അപ്പാടെ അവഗണിച്ച് നമ്മുടെ ജനാധിപത്യത്തെ അപഹാസ്യവും അര്‍ഥശൂന്യവുമാക്കി മാറ്റിയിരിക്കുന്നു. ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ സമഗ്രമായ തെരഞ്ഞെടുപ്പു പരിഷ്‌ക്കാരങ്ങള്‍ കൂടിയേതീരു എന്നാണ് ഈ സ്ഥിതിവിശേഷം ആവശ്യപ്പെടുന്നത്. തെരഞ്ഞെടുപ്പ് പരിഷ്‌ക്കാരങ്ങള്‍ സംബന്ധിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അതിന്റെ നേതാക്കളും, വിശേഷിച്ച് രാജ്യം കണ്ട എക്കാലത്തെയും മികച്ച പാര്‍ലമെന്റേറിയന്‍ സി പി ഐ നേതാവ് ഇന്ദ്രജിത് ഗുപ്തയും, മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ അത്യന്തം പ്രസക്തമായി മാറിയിരിക്കുന്നു. രാജാക്കന്മാരും റാണിമാരും കുബേരന്മാരും നിറഞ്ഞാടുന്ന തെരഞ്ഞെടുപ്പ് ജനാധിപത്യത്തിനും ജനങ്ങള്‍ക്കുതന്നെയും അപമാനമാണ്.

janayugom editorial

Friday, November 22, 2013

ബദലിന്റെ കൊടി നാട്ടാന്‍ സിപിഐ എം

സിക്കര്‍: രാജസ്ഥാനില്‍ ബദല്‍രാഷ്ട്രീയത്തിന്റെ കൊടി ഉയര്‍ത്തി സിപിഐ എം 37 സീറ്റില്‍ മത്സരിക്കുന്നു. കര്‍ഷകസമരത്തിന്റെ കരുത്തിലാണ് സിപിഐ എം അഞ്ചിലൊന്ന് സീറ്റില്‍ മത്സരിക്കുന്നത്. ഉത്തരേന്ത്യയില്‍ സിപിഐ എം ഏറ്റവും കൂടുതല്‍ നിയമസഭാ സീറ്റില്‍ മത്സരിക്കുന്ന സംസ്ഥാനമാണ് രാജസ്ഥാന്‍. 2008ലെ തെരഞ്ഞെടുപ്പില്‍ 34 സീറ്റില്‍ മത്സരിച്ച സിപിഐ എം സിക്കര്‍, ഗംഗാനഗര്‍ ജില്ലകളില്‍ മൂന്ന് സീറ്റ് നേടി. 2003ല്‍ 15 സീറ്റില്‍ മത്സരിച്ചപ്പോള്‍ ഒരു സീറ്റാണ് കിട്ടിയത്. 1977 മുതല്‍ ഒരു സീറ്റു മാത്രമുണ്ടായിരുന്ന സിപിഐ എം "ഏക് സേ അനേക്" എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് 2008ല്‍ മൂന്ന് സീറ്റുമായി കരുത്ത് കാട്ടിയത്. മൂന്നു ജില്ലയിലെ എല്ലാ സീറ്റിലും സിപിഐ എം മത്സരിക്കുന്നു. ശക്തികേന്ദ്രവും നിലവില്‍ രണ്ട് എംഎല്‍എമാരുമുള്ള ജില്ലയുമായ സിക്കറില്‍ എട്ട് സീറ്റിലും ഇക്കുറി മത്സരിക്കുന്നു. ഉത്തരേന്ത്യയിലെ ഒരു ജില്ലയില്‍ സിപിഐ എം എല്ലാ സീറ്റിലും മത്സരിക്കുന്നതും ആദ്യം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍പ്പോലും ആറ് സീറ്റിലാണ് ഇവിടെ മത്സരിച്ചത്. ഹനുമന്‍ഗഡ് ജില്ലയിലെയും നഗോര്‍ ജില്ലയിലെയും അഞ്ച് സീറ്റിലും പാര്‍ടി മാറ്റുരയ്ക്കുന്നു.

കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ സംസ്ഥാനത്ത് രൂപംകൊണ്ട രാജസ്ഥാന്‍ ലോക്താന്ത്രിക് മോര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുന്ന പാര്‍ടി ശെഖാവതി മേഖലയില്‍ ആധിപത്യം ഉറപ്പിച്ചു കഴിഞ്ഞു. സംസ്ഥാന സെക്രട്ടറി വാസുദേവ് ശര്‍മയും പാര്‍ടി കേന്ദ്രകമ്മിറ്റി അംഗവും അഖിലേന്ത്യാ കിസാന്‍സഭ പ്രസിഡന്റുമായ അമ്രാറാമുമാണ് പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത്. വൈദ്യുതി വിലവര്‍ധനയ്ക്കെതിരെ നടത്തിയ സമരത്തിന്റെ സിരാകേന്ദ്രമായ സിക്കറില്‍ കൂടുതല്‍ സീറ്റ് നേടുമെന്ന പ്രതീക്ഷയുണ്ടെന്ന് വാസുദേവ് ശര്‍മ പറഞ്ഞു. ജില്ലയില്‍ സിപിഐ എം നേടിയ ആദ്യസീറ്റ് ധോഡാണ്. അയോധ്യപ്രസ്ഥാനത്തിന്റെ കുത്തൊഴുക്കിലും 1993ല്‍ അമ്രാറാം നേടിയ സീറ്റില്‍ ജയിച്ചു. തുടര്‍ന്നുള്ള മൂന്ന് തെരഞ്ഞെടുപ്പിലും നിലനിര്‍ത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ധോഡിനെ സംവരണമണ്ഡലമാക്കിയപ്പോള്‍ സിപിഐ എമ്മിലെ പേമറാംവിജയിച്ചു. അമ്രറാം തൊട്ടടുത്ത ദത്തേരാംഗഡില്‍നിന്നും. ഇക്കുറിയും രണ്ടുപേരും ഇതേ മണ്ഡലങ്ങളില്‍. ലക്ഷ്മണ്‍ഗഡ്, ഖണ്ഡേല തുടങ്ങിയ സീറ്റിലും ഇക്കുറി സിപിഐ എം കടുത്ത പോരാട്ടമാണ് കാഴ്ചവയ്ക്കുന്നത്. ഇന്ദിരാഗാന്ധി കനാലിലെ വെള്ളം ജയ്സാല്‍മീറിലേക്ക് തിരിച്ചുവിട്ട് ഗംഗാനഗര്‍, ഹനുമന്‍ഗഡ് ജില്ലകളിലെ കൃഷിയും അനുബന്ധവ്യവസായങ്ങളും നശിപ്പിച്ചപ്പോള്‍ കര്‍ഷകരെയും വ്യാപാരികളെയും അണിനിരത്തി വന്‍ സമരം നടത്തിയ സിപിഐ എമ്മിന് ഈ മേഖലകളില്‍ വന്‍ സ്വീകാര്യതയാണ്. 2004ലും 2006ലുമായി ഗഡ്സാനയിലും റാവലയിലും നടന്ന വെടിവയ്പില്‍ എട്ടുപേരാണ് രക്തസാക്ഷിത്വം വരിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഗംഗാനഗര്‍ ജില്ലയിലെ അനൂപ്ഗഡില്‍നിന്ന് 20,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പവന്‍കുമാര്‍ദുഗ്ഗല്‍ വിജയിച്ചത്. ദുഗ്ഗല്‍ ഇക്കുറിയും ഇവിടെ ജനവിധി തേടുന്നു.

ജില്ലയിലെതന്നെ ശാദുല്‍സെഹറില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും കര്‍ഷകസമരത്തില്‍ ദീര്‍ഘകാലം ജയില്‍വാസം അനുഭവിച്ചയാളുമായ ഹേത്റാം ബൈനിവാള്‍ കടുത്തമത്സരം കാഴ്ചവയ്ക്കുന്നു. ഹായ്സിങ്നഗറില്‍ ഷോപത്റാമും ഹനുമന്‍ഗഡ് ജില്ലയിലെ ഭാദ്രയില്‍ ബല്‍വാന്‍ പൂനിയയും എതിരാളികളുടെ ഉറക്കം കെടുത്തുന്നു. ഇരുനൂറ്റിയിരുപത്തൊമ്പതുകോടി രൂപയുടെ വിള ഇന്‍ഷുറന്‍സ് കമ്പനികളില്‍നിന്ന് വാങ്ങിക്കൊടുത്തതിന്റെ പ്രതിച്ഛായയുമായാണ് ചുരു ജില്ലയിലെ നാല് സീറ്റില്‍ വിജയം തേടുന്നത്. നിര്‍മല്‍ പ്രജാപതി മത്സരിക്കുന്ന താരാനഗറില്‍ ശക്തമായ ഏറ്റുമുട്ടലാണ്. ബിസാല്‍പുര്‍ അണയില്‍നിന്ന് വെള്ളം ലഭിക്കുന്നതിന് കിസാന്‍സഭ നടത്തിയ പ്രക്ഷോഭത്തില്‍ സോയ്ലയില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ട ടോങ്കിലും ആദിവാസിമേഖലകളായ ഉദയ്പുരിലും ദുംഗാര്‍പുരിലും പാര്‍ടി സ്ഥാനാര്‍ഥികളുണ്ട്.

deshabhimani 

Wednesday, November 13, 2013

ആം ആദ്മി പാര്‍ടിയില്‍ തമ്മിലടി തുടങ്ങി

അഴിമതിക്കെതിരെ ജനങ്ങളെ അണിനിരത്തി രംഗത്തു വന്ന ആം ആദ്മി പാര്‍ടിയില്‍ അഭിപ്രായവ്യത്യാസം രൂക്ഷം. പാര്‍ടിയില്‍ ജനാധിപത്യം കൂടുതല്‍ ശക്തമാക്കണമെന്നാവശ്യപ്പെട്ട് പാര്‍ടി അംഗങ്ങളിലൊരാള്‍ വിളിച്ച വാര്‍ത്താസമ്മേളനം മറ്റൊരു വിഭാഗം അലങ്കോലപ്പെടുത്തി. ഡല്‍ഹിയിലെ ഓട്ടോറിക്ഷാഡ്രൈവര്‍മാര്‍ക്കായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയുടെ സെക്രട്ടറി രാകേഷ് അഗര്‍വാള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അരവിന്ദ് കെജ്രിവാള്‍ അനുകൂലികള്‍ഇരച്ചുകയറിയത്. പാര്‍ടിക്കുള്ളില്‍ ജനാധിപത്യവും വികേന്ദ്രീകൃതവും നടപ്പാക്കണമെന്നാണ് ആവശ്യം. ഇക്കാര്യമാവശ്യപ്പെട്ട് കെജ്രിവാളിന് കത്തു നല്‍കിയെന്ന് അഗര്‍വാള്‍ അറിയിച്ചു.

അതേസമയം അഗര്‍വാളിനെതിരെ ആരോപണങ്ങളുമായി ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ എത്തി. അവരെ കെജ്രിവാള്‍ അയച്ചതാണെന്ന് അഗര്‍വാള്‍ പരസ്യമായി പറഞ്ഞതോടെ സംഘര്‍ഷമായി. പാര്‍ടിയില്‍ ജനാധിപത്യവും എതിര്‍വാദങ്ങളും ആഗ്രഹിക്കാത്ത ചിലരാണിതിനു പിന്നിലെന്ന് അഗര്‍വാള്‍ പറഞ്ഞു. ജനവിശ്വാസം ആര്‍ജിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പാര്‍ടിക്ക് നിലനില്‍പ്പുണ്ടാകില്ല. ഭാരവാഹികള്‍ നാമനിര്‍ദേശം ചെയ്യപ്പെടുന്നതിനു പകരം തെരഞ്ഞെടുക്കപ്പെടണം. സിഖുകാര്‍ക്കായി പ്രത്യേക സെല്‍ വേണ്ട. അത് ജാതിയുടെ പേരില്‍ വോട്ടുബാങ്ക് രൂപീകരണത്തിനേ വഴിയൊരുക്കൂ. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി കെജ്രിവാളിന് അയച്ച കത്തിന് 21 നകം മറുപടി ലഭിക്കാത്തപക്ഷം അനിശ്ചിതകാല നിരാഹാരസമരം തുടങ്ങുമെന്നും അഗര്‍വാള്‍ അറിയിച്ചു.

deshabhimani

Tuesday, November 12, 2013

രാജസ്ഥാനില്‍ സീറ്റ് നല്‍കി സ്ത്രീപീഡകര്‍ക്ക് രാഹുലിന്റെ "ആദരം"

ക്രിമിനല്‍കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരെ സംരക്ഷിക്കാനുള്ള ഓര്‍ഡിനന്‍സ് പീച്ചിച്ചീന്തി ചവറ്റുകുട്ടയില്‍ എറിയാന്‍ മന്‍മോഹന്‍സിങ്ങിനോട് നിര്‍ദേശിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി രാജസ്ഥാന്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാക്കിയവരില്‍ കുപ്രസിദ്ധ ക്രിമിനലുകളും അവരുടെ ബന്ധുക്കളും. സ്ത്രീപീഡനക്കേസിലെ പ്രതികളെയും അവരുടെ ബന്ധുക്കളെയുമാണ് രാഹുല്‍ഗാന്ധി സീറ്റ് നല്‍കി ആദരിച്ചത്. രാജിവയ്ക്കാന്‍ നിര്‍ബന്ധിതരായ മൂന്ന് മന്ത്രിമാരില്‍ ഒരാളെ സ്ഥാനാര്‍ഥിയാക്കി. മറ്റ് രണ്ട്പേരുടെ ബന്ധുക്കള്‍ക്കും സീറ്റ് നല്‍കി.

മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ ജില്ലയായ ജോധ്പുരിലെ നേഴ്സ് ഭന്‍വാരിലാല്‍ ദേവിയെ തട്ടിക്കൊണ്ടുപോയി വധിച്ച കേസില്‍ ജയിലില്‍ കിടക്കുന്ന കോണ്‍ഗ്രസ് നേതാവാണ് ജലവിഭവശേഷി മന്ത്രിയായിരുന്ന മഹിപാല്‍ മദേര്‍ണ. ഭന്‍വാരിദേവിയുടെ ഭര്‍ത്താവ് അമര്‍ചന്ദ് നല്‍കിയ ഹേബിയസ്കോര്‍പസ് ഹര്‍ജിയെ തുടര്‍ന്നാണ് ക്രൂരമായ കൊലയുടെ വിവരങ്ങള്‍ പുറത്തുവന്നത്. ജില്ലയിലെ ലുനിയില്‍നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ മല്‍ക്കന്‍സിങ് ബിഷ്ണോയിയും ഈ കേസില്‍പെട്ട് ഇപ്പോള്‍ ജയിലിലാണ്. രണ്ടുപേരെയും കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, നിയസഭാ തെരഞ്ഞെടുപ്പില്‍ ഇരുവരുടെയും ബന്ധുക്കള്‍ക്ക് സീറ്റ് നല്‍കി കോണ്‍ഗ്രസ് ആ "തെറ്റി"ന് പ്രായശ്ചിത്തം ചെയ്തു. മദേര്‍ണയുടെ ഭാര്യ ലീലയെയാണ് മഹിപാലിന്റെ സ്ഥിരം മണ്ഡലമായ ഒസിയാനില്‍ സ്ഥാനാര്‍ഥയാക്കിയതെങ്കില്‍ ലുനി മണ്ഡലത്തില്‍ മല്‍ക്കാന്‍സിങ് ബിഷ്ണോയിയുടെ 82 വയസ്സുള്ള അമ്മ അമ്രിദേവിക്കാണ് കോണ്‍ഗ്രസ് സീറ്റ് നല്‍കിയത്.

സുഹൃത്തിന്റെ ഭാര്യ പരസ്ദേവി ദുരൂഹമായി കൊല്ലപ്പെട്ട കേസിലാണ് വനം-പരിസ്ഥിതി മന്ത്രി രാംലാല്‍ ജാട്ട് രാജിവച്ചത്. മൃതദേഹം സംസ്കരിക്കാന്‍ മന്ത്രികാട്ടിയ തിടുക്കം സംശയമുയര്‍ന്നതിന് പിന്നാലെ വിഷം അകത്ത് ചെന്നാണ് പരസ്ദേവി മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നു. സ്ത്രീഘാതകനായ രാംലാല്‍ ജാട്ടിന് ഭില്‍വാര ജില്ലയിലെ അസിന്ദ് സീറ്റ് നല്‍കിയാണ് കോണ്‍ഗ്രസ് ആദരിച്ചത്. ജാട്ട് വോട്ട് നഷ്ടപ്പെടാതിരിക്കാനാണ് ലീല മദേര്‍ണയ്ക്കും രാംലാല്‍ ജാട്ടിനും കോണ്‍ഗ്രസ് സീറ്റ് നല്‍കിയത്. രാജസ്ഥാനിലെ ജാട്ടുകളുടെ നേതാവായ തൊണ്ണൂറുകാരന്‍ പരസ്റാം മദേര്‍ണയുടെ മകനാണ് മഹിപാല്‍ മദേര്‍ണ. രാല്‍ലാല്‍ ജാട്ടും ഇതേ ജാതിക്കാരനാണ്. ഇവര്‍ രണ്ടുപേരെയും മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കിയ നടപടി ജാട്ടുകളുടെ രോഷത്തിന് വഴിവച്ചിരുന്നു. 12 ശതമാനം വരുന്ന ജാട്ട് വോട്ട് അമ്പതോളം സീറ്റില്‍ വിധി നിര്‍ണയിക്കും. അതിനാലാണ് കളങ്കിതരായിട്ടും ഇരുവര്‍ക്കും കോണ്‍ഗ്രസ് സീറ്റ് നല്‍കിയത്.

യുവതിയെ ഔദ്യോഗിക മന്ത്രിവസതിയില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് ഗെലോട്ട് മന്ത്രിസഭയില്‍നിന്ന് ഏറ്റവും അവസാനം രാജിവച്ചയാളാണ് ബാബുലാല്‍ നാഗര്‍. കഴിഞ്ഞ ദിവസം അറസ്റ്റിലായ നാഗറിന്റെ സഹോദരന്‍ ഹസാരിലാല്‍ നഗറിന് ദുഡു സീറ്റ് നല്‍കി കോണ്‍ഗ്രസ് ഏത് പക്ഷത്താണ് തങ്ങളെന്ന് പ്രഖ്യാപിച്ചു. ദുഡുവില്‍നിന്ന് നാല് തവണ തുടര്‍ച്ചയായി വിജയിച്ചയാളാണ് നാഗര്‍. അനധികൃത ഖനനത്തിന് ഉത്തരവ് നല്‍കിയതിന് ശിക്ഷിക്കപ്പെട്ട മുന്‍ മന്ത്രി ഭരോസി ലാല്‍ ജാതവിനും കോണ്‍ഗ്രസ് സീറ്റ് നല്‍കി. ഹിന്‍ഡോണ്‍ സീറ്റിലാണ് ഇയാള്‍ മത്സരിക്കുന്നത്. കളങ്കിതരായ ഇവര്‍ക്കെല്ലാംതന്നെ സീറ്റ് നല്‍കിയത് ഹൈക്കമാന്‍ഡുമായി ആലോചിച്ചാണെന്ന് രാജസ്ഥാന്‍ കോണ്‍ഗ്രസിന്റെ വക്താവ് അര്‍ച്ചന ശര്‍മ ജയ്പുരില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

deshabhimani

Saturday, October 26, 2013

ഡല്‍ഹിയില്‍ ആത്മവിശ്വാസം തകര്‍ന്ന് ബിജെപി

കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ഫലം ഡല്‍ഹിയില്‍ ആവര്‍ത്തിക്കുമോയെന്ന ആശങ്കയില്‍ ബിജെപി. നേതാക്കള്‍ക്കിടയിലെ പടലപ്പിണക്കം തന്നെയാണ് കേന്ദ്ര നേതൃത്വത്തിന് തലവേദന. ഹര്‍ഷ്വര്‍ധനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതില്‍ വലിയൊരു വിഭാഗം അതൃപ്തരാണ്. അരവിന്ദ് കെജ്രിവാളിന്റെ ആദം ആദ്മി പാര്‍ടിയുടെ മുന്നേറ്റവും ബിജെപിയെ അസ്വസ്ഥമാക്കുന്നു. ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡി തന്നെയാണ് ഏറെ ആശങ്കാകുലന്‍. മോഡി വഴി നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ഫലം അനുകൂലമാക്കി മാറ്റാമെന്ന പ്രതീക്ഷ ഒരു വിഭാഗത്തിനുണ്ടായിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പ് അടുക്കുംതോറും കണക്കുകൂട്ടലുകള്‍ തെറ്റുകയാണ്. മോഡിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് ഹര്‍ഷ്വര്‍ധനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിക്കുപ്പായമിട്ട് ഏറെനാളായി പ്രചാരണരംഗത്ത് സജീവമായിരുന്ന വിജയ് ഗോയലിനെ തള്ളിയാണ് ഹര്‍ഷ്വര്‍ധനെ മുന്നിലേക്ക് കൊണ്ടുവന്നത്. ആര്‍എസ്എസിന്റെ പിന്തുണയും തീരുമാനത്തിനുണ്ട്. കേന്ദ്രനേതൃത്വത്തിന്റെ തീരുമാനത്തില്‍ വിജയ്ഗോയല്‍ കടുത്ത അതൃപ്തനാണ്. ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ നിയമസഭാ തെരഞ്ഞെടുപ്പുരംഗത്തുനിന്ന് മാറിനില്‍ക്കാനാണ് ഗോയലിനോട് നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്.

ഡല്‍ഹിയുടെ തെരഞ്ഞെടുപ്പുചുമതല നിതിന്‍ ഗഡ്കരിക്കാണ്. ഡല്‍ഹി ബിജെപി ഒറ്റക്കെട്ടാണെന്ന് വ്യാഴാഴ്ച വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഗഡ്കരി അവകാശപ്പെട്ടു. ആം ആദ്മി പാര്‍ടി(എഎപി) തങ്ങള്‍ക്കൊരു വെല്ലുവിളിയല്ല. കോണ്‍ഗ്രസിന്റെ ബി ടീം മാത്രമാണ് എഎപി. തങ്ങള്‍ക്ക് അവര്‍ എതിരാളികളേയല്ല. ഭരണവിരുദ്ധവോട്ടുകള്‍ ബിജെപിക്ക് തന്നെ ലഭിക്കും-ഗഡ്കരി പറഞ്ഞു. ഡല്‍ഹിയില്‍ ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാനായില്ലെങ്കില്‍ നഗരവോട്ടുകളില്‍ മോഡിക്ക് സ്വാധീനമില്ലെന്നതിന്റെ തെളിവാകുമെന്ന ആശങ്ക ബിജെപിക്കുണ്ട്. ബിജെപിക്ക് അധികാരത്തില്‍ തിരിച്ചെത്താന്‍ സാഹചര്യങ്ങള്‍ അനുകൂലമായിട്ടും ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയുന്നില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാക്കള്‍തന്നെ രഹസ്യമായി സമ്മതിക്കുന്നു. പ്രതിപക്ഷമെന്ന നിലയില്‍ എഎപിയാണ് സജീവം. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പായി രണ്ട് റാലി കൂടി മോഡി ആസൂത്രണം ചെയ്തിരുന്നു. എന്നാല്‍, നേതാക്കളുടെ തമ്മിലടി നാണക്കേടായ പശ്ചാത്തലത്തില്‍ റാലി വേണോയെന്ന ചിന്താക്കുഴപ്പത്തിലാണ് മോഡി ക്യാമ്പ്.

deshabhimani

ഇന്റര്‍നെറ്റ് പ്രചാരണത്തിനും തെരഞ്ഞെടുപ്പു ചട്ടം

നവമാധ്യമമായ സോഷ്യല്‍ മീഡിയ വെബ്സൈറ്റുകള്‍ക്ക് മേലും തെരഞ്ഞെടുപ്പ് കമീഷന്റെ പിടിവീഴുന്നു. സ്ഥാനാര്‍ഥികളും രാഷ്ട്രീയപാര്‍ടികളും ഇന്റര്‍നെറ്റ് വഴി നടത്തുന്ന പരസ്യപ്രചാരണങ്ങള്‍ക്ക് ഇനി മുതല്‍ കമീഷന്റെ മുന്‍കൂര്‍ സര്‍ട്ടിഫിക്കേഷന്‍ ആവശ്യമാകും. ഇന്റര്‍നെറ്റ് പ്രചാരണങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് ചട്ടവും ബാധകമാക്കും. നവമാധ്യമം വഴിയുള്ള പ്രചാരണങ്ങള്‍ക്ക് വേണ്ട ചെലവ് സ്ഥാനാര്‍ഥിയുടെയോ പാര്‍ടികളുടെയോ തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടും. സ്ഥാനാര്‍ഥികളോ പാര്‍ടികളോ അല്ലാതെ വ്യക്തികള്‍ നടത്തുന്ന പ്രചാരണപ്രവര്‍ത്തനങ്ങളെ എങ്ങനെ നിയന്ത്രിക്കാമെന്ന കാര്യം കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയവുമായി ചര്‍ച്ച ചെയ്തു വരികയാണെന്നും കമീഷന്‍ അറിയിച്ചു.

ഫേസ്ബുക്ക്, ട്വിറ്റര്‍, യൂ ട്യൂബ് എന്നിവ വഴിയുള്ള പ്രചാരണങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തെരഞ്ഞെടുപ്പ് കമീഷന്‍ വെബ്സൈറ്റില്‍ വിശദമായി പ്രസിദ്ധപ്പെടുത്തി. സ്ഥാനാര്‍ഥികള്‍ക്ക് നവമാധ്യമങ്ങളില്‍ സ്വന്തം പേരില്‍ അക്കൗണ്ടുകളുണ്ടെങ്കില്‍ നാമനിര്‍ദേശപത്രികയോടൊപ്പം സമര്‍പ്പിക്കുന്ന ഫോം 26ല്‍ ഇക്കാര്യം വെളിപ്പെടുത്തണം. നിലവില്‍ ഫോണ്‍ നമ്പറും ഇ മെയില്‍ ഐഡിയുമാണ് ഫോം 26ല്‍ ചോദിച്ചിരുന്നത്.

ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണങ്ങള്‍ക്ക് 2004ല്‍ കമീഷന്‍ മുന്‍കൂര്‍ സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാക്കിയിരുന്നു. സര്‍ട്ടിഫിക്കേഷനായി സംസ്ഥാന- ജില്ലാ തല നിരീക്ഷണസമിതികള്‍ക്ക് രൂപം നല്‍കി 2008ല്‍ ഉത്തരവ് പുറപ്പെടുവിച്ചു. പുതിയ നിര്‍ദേശപ്രകാരം സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണങ്ങള്‍ക്കും നിരീക്ഷണസമിതികളുടെ മുന്‍കൂര്‍ അനുമതി വേണം. ഇനി മുതല്‍ സോഷ്യല്‍ മീഡിയ വഴിയുള്ള പരസ്യങ്ങളുടെ ചെലവും സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ടികളും സ്വന്തം അക്കൗണ്ടില്‍ കാണിക്കണം. പരസ്യമിടാന്‍ ഇന്റര്‍നെറ്റ് കമ്പനികള്‍ക്കും വെബ്സൈറ്റുകള്‍ക്കും നല്‍കുന്ന പണവും പരസ്യങ്ങളുണ്ടാക്കാന്‍ മുടക്കുന്ന പണവും കൃത്യമായി അക്കൗണ്ടില്‍ ചേര്‍ക്കണം. പരസ്യങ്ങള്‍ തയ്യാറാക്കുന്നവരെ ശമ്പളത്തിന് വച്ചിട്ടുണ്ടെങ്കില്‍ അതും ബോധ്യപ്പെടുത്തണം. സ്ഥാനാര്‍ഥികളും പാര്‍ടികളുമല്ലാതെ, വ്യക്തികളുടെ പോസ്റ്റുകളും ഏതെങ്കിലും വിധം സ്ഥാനാര്‍ഥിയുമായോ രാഷ്ട്രീയ പാര്‍ടിയുമായോ ബന്ധപ്പെട്ടതാണെങ്കില്‍ നിയന്ത്രണം കൊണ്ടുവരാനും നീക്കമുണ്ട്.
(എം പ്രശാന്ത്)

deshabhimani

മുസഫര്‍നഗറിലെ യുവാക്കളെ പാക് ചാരസംഘടന വശത്താക്കുന്നുവെന്ന് രാഹുല്‍

മുസഫര്‍നഗറില്‍ വര്‍ഗീയകലാപത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളായ മുസ്ലിം യുവാക്കളെ പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്ഐ പ്രലോഭിപ്പിച്ച് തീവ്രവാദ പരിശീലനം നല്‍കാന്‍ ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളായ 10-15 മുസ്ലിം ചെറുപ്പക്കാരടങ്ങിയ സംഘവുമായി ഐഎസ്ഐ ബന്ധം സ്ഥാപിച്ചിട്ടുണ്ടെന്നും ഒരു ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥനാണ് തന്നോടിത് പറഞ്ഞതെന്നും രാഹുല്‍ ഗാന്ധി മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ അവകാശപ്പെട്ടു.

ആരോപണത്തിനെതിരെ മുസ്ലിം മത സംഘടനകള്‍ രംഗത്തുവന്നു. രാഹുല്‍ഗാന്ധിക്ക് ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ നേരിട്ട് റിപ്പോര്‍ട്ട് നല്‍കിയെന്നത് പ്രതിഷേധാര്‍ഹമാണെന്ന് ബിജെപിയും പറഞ്ഞു. ദേശാഭിമാനികളും സമാധാനപ്രിയരുമായ മുസ്ലിങ്ങള്‍ക്കെതിരെ ദുസ്സൂചനയുള്ള പരാമര്‍ശമാണ് രാഹുല്‍ഗാന്ധി നടത്തിയതെന്ന് മുസ്ലിം മതപണ്ഡിതന്‍ മൗലാനാ സൈഫ് അബ്ബാസ് നഖ്വി പറഞ്ഞു. വര്‍ഗീയകലാപത്തിന് ഇരയായവരുടെ വേദന ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിനു പകരം പ്രശ്നത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്- അദ്ദേഹം പറഞ്ഞു. ഷഹര്‍ ഖാസി, മൗലാന അബ്ദുള്‍ ഇര്‍ഫാന്‍, മിയാന്‍ ഫരംഗി മഹാലി എന്നീ മുസ്ലിം മതപണ്ഡിതന്മാരും രാഹുലിന്റെ പ്രസ്താവനയ്ക്കെതിരെ രംഗത്തുവന്നു. എങ്ങനെയാണ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ പാര്‍ടി ഭാരവാഹിമാത്രമായ രാഹുല്‍ഗാന്ധിക്ക് റിപ്പോര്‍ട്ട് നല്‍കുന്നതെന്ന് ബിജെപി വക്താവ് പ്രകാശ് ജാവ്ദേക്കര്‍ ചോദിച്ചു.

deshabhimani

Saturday, October 12, 2013

30ന്റെ മതനിരപേക്ഷ കണ്‍വന്‍ഷന്‍ വിജയിപ്പിക്കാന്‍ വിപുലമായ ഒരുക്കം

ഡല്‍ഹിയില്‍ ഒക്ടോബര്‍ 30ന് ചേരുന്ന മതനിരപേക്ഷ ദേശീയ കണ്‍വന്‍ഷന്‍ വിജയിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ഊര്‍ജിതം. കൂടുതല്‍ കക്ഷികളെ അണിചേര്‍ത്ത് മതനിരപേക്ഷ പാര്‍ടികളുടെ ഐക്യം ശക്തിപ്പെടുത്തി വര്‍ഗീയതയെ നേരിടുകയാണ് കണ്‍വന്‍ഷന്റെ ലക്ഷ്യം. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന പ്രമുഖ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും കണ്‍വന്‍ഷനില്‍ അണിനിരത്തും. വിവിധ മേഖലകളിലെ പ്രമുഖരുമായി കൂടിയാലോചന തുടരുകയാണ്. പ്രമുഖ നര്‍ത്തകി മല്ലികാ സാരാഭായ് ഉള്‍പ്പെടെ ഒട്ടനവധി പ്രമുഖര്‍ കണ്‍വന്‍ഷനെത്തും. ഒരുക്കങ്ങളുടെ ഭാഗമായി ഡല്‍ഹിയില്‍ ചേര്‍ന്ന കൂടിയാലോചനാ യോഗത്തില്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി, അമര്‍ജിത് കൗര്‍ (സിപിഐ), രാംഗോപാല്‍ യാദവ് (എസ്പി), കെ സി ത്യാഗി (ജെഡിയു) എന്നിവര്‍ പങ്കെടുത്തു.

ബിജെഡി, എഐഎഡിഎംകെ എന്നീ കക്ഷികളെക്കൂടി കണ്‍വന്‍ഷനില്‍ പങ്കാളികളാക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് ഒരു മണിക്കൂര്‍ നീണ്ട യോഗത്തിന് ശേഷം യെച്ചൂരി പറഞ്ഞു. രണ്ടു പാര്‍ടികളും കണ്‍വന്‍ഷന് അനുകൂലമായാണ് പ്രതികരിച്ചത്. ആന്ധ്രാപ്രദേശിലെ ചില കക്ഷികളുമായും സംസാരിച്ചിട്ടുണ്ട്. എന്നാല്‍, അവിടത്തെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ഏതെങ്കിലും കക്ഷികള്‍ക്ക് പങ്കെടുക്കാനാകുമോയെന്നത് വ്യക്തമല്ല. പുതിയ മുന്നണി രൂപീകരിക്കുന്നതിനെക്കുറിച്ചൊന്നും ആലോചനയില്ല. വര്‍ഗീയ ശക്തികളുടെ ഭീഷണിയില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കുന്നതിനുള്ള ദേശീയവേദിയുടെ രൂപീകരണമാണ് ലക്ഷ്യം. വര്‍ഗീയത ഉയര്‍ത്തി തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനുള്ള ശ്രമം തടയണം. അതിന് മതനിരപേക്ഷ കക്ഷികളുടെ കൂട്ടായ്മ കൂടിയേ തീരൂ. രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ഏറ്റവും ഭീഷണി വര്‍ഗീയതയാണ്- യെച്ചൂരി പറഞ്ഞു.

deshabhimani

Thursday, October 10, 2013

ഡല്‍ഹിയില്‍ ത്രികോണ മത്സരം; കോണ്‍ഗ്രസിനും ബിജെപിക്കും ഉള്‍ക്കിടിലം

ഒന്നേകാല്‍ കോടി വോട്ടര്‍മാരും എഴുപത് നിയമസഭാ സീറ്റുമുള്ള ചെറിയ സംസ്ഥാനം. പക്ഷേ, ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് ഫലം പ്രമുഖ പാര്‍ടികള്‍ക്കെല്ലാം നിര്‍ണായകം. 15 വര്‍ഷമായി കൈയാളുന്ന ഭരണം നഷ്ടപ്പെട്ടാല്‍ കോണ്‍ഗ്രസിനത് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ദിശാസൂചിയാവും. ബിജെപി നാലാംവട്ടവും പരാജയപ്പെട്ടാല്‍ ഊതിവീര്‍പ്പിച്ച മോഡിപ്രഭാവം പൊട്ടിത്തകരും. അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ടി (എഎപി)നേട്ടമുണ്ടാക്കിയാല്‍ കോണ്‍ഗ്രസിനും ബിജെപിക്കും ബദലായ മൂന്നാം ശക്തിയെ ജനങ്ങള്‍ കാംക്ഷിക്കുന്നു എന്നതിന്റെ തെളിവുമാകും. എഎപിയുടെ രംഗപ്രവേശംതന്നെയാണ് ഡല്‍ഹി ഫലത്തെ പ്രവചനാതീതമാക്കുന്നത്. കെജ്രിവാളിനെമാത്രം മുന്‍നിര്‍ത്തിയുള്ള എഎപി പ്രചാരണരംഗത്ത് ഏറെ മുന്നേറിയിട്ടുണ്ട്. ഭരണവിരുദ്ധ വോട്ടുകള്‍ എഎപി റാഞ്ചിയാല്‍ ബിജെപിക്കാകും ഏറെ ക്ഷീണം. പൊതുവെ അരാഷ്ട്രീയതയില്‍ അഭയം തേടുന്ന നഗരത്തിലെ മധ്യവര്‍ഗവും ചേരി നിവാസികളും തങ്ങളെ പിന്തുണയ്ക്കുമെന്നാണ് എഎപിയുടെ പ്രതീക്ഷ. ന്യൂനപക്ഷ മേഖലകളിലും എഎപി സജീവം.

ഷീലാ ദീക്ഷിതിന്റെ നേതൃപ്രഭാവത്തിലാണ് മൂന്ന് തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വിജയിച്ചത്. മുഖ്യമന്ത്രിയെന്ന നിലയില്‍ അവരുടെ പ്രതിച്ഛായ തകര്‍ന്നിട്ടില്ലെങ്കിലും വിലക്കയറ്റവും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും കോമണ്‍വെല്‍ത്ത് അഴിമതിയും കോണ്‍ഗ്രസിന് വെല്ലുവിളിയാണ്. ഡല്‍ഹി പൂര്‍ണമായും ഉപഭോഗ സംസ്ഥാനമായതിനാല്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് പരിമിതികള്‍ ഏറെ. സവാളയ്ക്ക് മാസങ്ങളായി 60-80 എന്ന നിരക്ക് തുടരുകയാണ്. 1998ല്‍ ബിജെപിക്ക് അധികാരം നഷ്ടമായത് ഉള്ളിവില വിഷയത്തിലായിരുന്നു. പോളിങ് ദിനമായ ഡിസംബര്‍ നാലിനു മുമ്പ് സവാള വില കുറയുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതൃത്വം.

സ്ത്രീസുരക്ഷയാണ് സര്‍ക്കാര്‍ നേരിടുന്ന മറ്റൊരു വെല്ലുവിളി. ഡല്‍ഹി കൂട്ടബലാല്‍സംഗം ഇപ്പോഴും തെരഞ്ഞെടുപ്പ് വേദികളിലെ മുഖ്യപ്രചാരണ വിഷയം. ഡല്‍ഹിയിലെ ആഭ്യന്തരസുരക്ഷ കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെങ്കിലും പഴിയത്രയും സംസ്ഥാന സര്‍ക്കാരിന്. സാമ്പത്തികമാന്ദ്യവും രൂപയുടെ വിലയിടിവുമെല്ലാം ഷീലാ ദീക്ഷിതിന് തലവേദന സൃഷ്ടിക്കുന്ന വിഷയങ്ങളാണ്. ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കിയെങ്കിലും തെരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിക്കുമോ എന്ന സംശയം കോണ്‍ഗ്രസിനുണ്ട്. പാചകവാതക സബ്സിഡിയുടെ കാര്യത്തിലെ അനിശ്ചിതത്വവും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കും. മോഡിപ്രഭാവം നേട്ടമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. രോഹിണിയില്‍ മോഡി പങ്കെടുത്ത റാലിയില്‍ കാര്യമായ ആള്‍ക്കൂട്ടമുണ്ടായി. ഇനി രണ്ട് റാലികളില്‍ കൂടി മോഡി പങ്കെടുക്കും. നഗരവോട്ടര്‍മാരെ സ്വാധീനിക്കാന്‍ മോഡിക്ക് കഴിഞ്ഞിട്ടുണ്ടോയെന്ന് ഡല്‍ഹി ഫലം തെളിയിക്കും. മുഖ്യമന്ത്രിസ്ഥാനത്തിനായി നേതാക്കളുടെ പിടിവലി ബിജെപിക്ക് ക്ഷീണംചെയ്യുന്നുണ്ട്. വിജയ് ഗോയല്‍, വിജേന്ദര്‍ ഗുപ്ത, ഹര്‍ഷ്വര്‍ധന്‍, വി കെ മല്‍ഹോത്ര തുടങ്ങിയവരാണ് രംഗത്തുള്ളത്. എഎപി 20 ശതമാനംവരെ വോട്ടും 8-12 സീറ്റുകളും നേടുമെന്നാണ് സര്‍വേഫലങ്ങള്‍ സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസിനും ബിജെപിക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയില്‍ എഎപി നേടുന്ന സീറ്റുകള്‍ നിര്‍ണായകമാകും. എന്നാല്‍ തൂക്കുസഭയാണെങ്കില്‍ കോണ്‍ഗ്രസിനെയോ ബിജെപിയെയോ പിന്തുണയ്ക്കില്ലെന്ന് കെജ്രിവാള്‍ വ്യക്തമാക്കിയിട്ടുണ്ട്.
(എം പ്രശാന്ത്)

deshabhimani

"വികസനം" റായ്ബറേലിയെ വീര്‍പ്പുമുട്ടിക്കുന്നു

റായ്ബറേലിയില്‍നിന്ന് എന്നും വാര്‍ത്തകളുണ്ട്; ഉദ്ഘാടനങ്ങളുടെയും തറക്കല്ലിടലുകളുടെയും. വികസനപ്രവര്‍ത്തനങ്ങളും പദ്ധതികളും റായ്ബറേലിയെ ശ്വാസംമുട്ടിക്കുകയാണ്. ലക്നൗവിനും അലഹബാദിനുമിടയിലുള്ള ഈ ചെറുപട്ടണത്തെ ചുറ്റിപ്പറ്റി വന്‍ സ്ഥാപനങ്ങളുടെ നിരയാണ് 10 വര്‍ഷംകൊണ്ട് ഉയര്‍ന്നത്. റെയില്‍ കോച്ച് ഫാക്ടറി മുതല്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്(എയിംസ്) വരെ സ്ഥലം എംപിയായ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി റായ്ബറേലിയില്‍ എത്തിച്ചു.

കഴിഞ്ഞ ദിവസം എയിംസിന്റെയും ഫോര്‍ജ്ഡ് വീല്‍ ഫാക്ടറിയുടെയും ശിലാസ്ഥാപനം സോണിയ ഗാന്ധി നിര്‍വഹിച്ചു. പാലക്കാട് റെയില്‍വേ കോച്ച് ഫാക്ടറിയും റായ്ബറേലി റെയില്‍വേ കോച്ച് ഫാക്ടറിയും ഒരുമിച്ച് റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിച്ചതാണ്. റായ്ബറേലി ഫാക്ടറിയില്‍നിന്ന് പുറത്തിറങ്ങിയ കോച്ചുകള്‍പാളത്തില്‍ ഓടാന്‍ തുടങ്ങി. പാലക്കാട് റെയില്‍ കോച്ച് ഫാക്ടറിയെ ശ്രദ്ധിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സമയമില്ല. പാലക്കാട് കോച്ച് ഫാക്ടറിയുടെ നിര്‍മാണത്തില്‍ പങ്കാളിയാകാന്‍ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ സന്നദ്ധമായി മുന്നോട്ടുവന്നു. നയപരമായ പ്രശ്നം പറഞ്ഞ് അത് നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ റായ്ബറേലിയില്‍ പൊതുമേഖലാ സ്ഥാപനമായ രാഷ്ട്രീയ ഇസ്പാത് നിഗമുമായി സഹകരിച്ച് 1000 കോടി രൂപ മുതല്‍മുടക്കുള്ള വീല്‍ ഫാക്ടറിയുടെ നിര്‍മാണം തുടങ്ങിക്കഴിഞ്ഞു. ഇവിടെ നയപരമായ പ്രശ്നങ്ങള്‍ തടസ്സമല്ല.

1685 കോടി ചെലവിട്ടാണ് റെയില്‍ കോച്ച് ഫാക്ടറി പദ്ധതി പൂര്‍ത്തിയാക്കിയത്. റെയില്‍വേയുടെ നിരവധി പദ്ധതികള്‍ക്കായി 1500 കോടി രൂപ കൂടി റായ്ബറേലിക്ക് റെയില്‍വേ അനുവദിച്ചു. മോഡല്‍ റെയില്‍വേ സ്റ്റേഷന്‍, കുടിവെള്ള ബോട്ട്ലിങ് പ്ലാന്റ് ഇവയില്‍ പ്രധാനം. നവോദയ വിദ്യാലയം, കേന്ദ്രീയ വിദ്യാലയം, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി, രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ടെക്നോളജി, രാജീവ്ഗാന്ധി ഏവിയേഷന്‍ യൂണിവേഴ്സിറ്റി, ഇന്ത്യയിലെ ആദ്യത്തെ ഓള്‍ വിമന്‍ യൂണിവേഴ്സിറ്റി തുടങ്ങി ഏറ്റവുമൊടുവില്‍ എയിംസ്വരെ റായ്ബറേലിക്ക് ലഭിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. എയിംസ് സ്ഥാപിക്കാന്‍ നീക്കിവച്ചത് 823 കോടി.

ഇത്രയും വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തിയെന്ന് കരുതിയാല്‍ തെറ്റി. സാക്ഷരത 69.04 ശതമാനമാണ്. സ്ത്രീ-പുരുഷ അനുപാതം 1000:941. യുപിയിലെ 70 ജില്ലകളില്‍ വികസനത്തിന്റെ കാര്യത്തില്‍ റായബറേലിക്ക് 55-ാം സ്ഥാനം മാത്രം. റായ്ബറേലിയിലേക്ക് വരുന്ന സ്ഥാപനങ്ങളില്‍ ജോലി നേടാന്‍ യോഗ്യതയുള്ള തദ്ദേശവാസികള്‍ കുറവ്. ദേശീയ സര്‍വകലാശാലകളും സ്ഥാപനങ്ങളും ഫാക്ടറികളുമൊക്കെ വരുമ്പോള്‍ അന്തംവിട്ട് നോക്കിനില്‍ക്കാനേ സാധാരണക്കാരായ റായ്ബറേലിക്കാര്‍ക്ക് കഴിയുന്നുള്ളൂ.
(വി ജയിന്‍)

deshabhimani