Showing posts with label ശ്രീനാരായണ ഗുരു. Show all posts
Showing posts with label ശ്രീനാരായണ ഗുരു. Show all posts

Saturday, January 23, 2021

ഓപ്പൺ സർവകലാശാല ഗുരു സങ്കൽപ്പത്തിൽ : പിണറായി വിജയൻ

ലോകത്തിനാവശ്യമായ ഉത്തമ പൗരന്മാരെ വാർത്തെടുക്കുക എന്ന ഗുരുവിന്റെ വിദ്യാഭ്യാസ സങ്കൽപ്പത്തിനനുസരിച്ചാണ്  ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ നടത്തിപ്പും ഉള്ളടക്കവുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയമസഭയിൽ ശ്രീനാരായണ ഓപ്പൺ സർവകലാശാലാ ബിൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ആഗ്രഹിക്കുന്ന ആർക്കും അറിവ് എളുപ്പത്തിൽ എത്തിക്കുക എന്നതാണ് സർക്കാർ ലക്ഷ്യം. ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയുടെ മാതൃകയിൽ ഇവിടെയൊരു സ്ഥാപനം വേണമെന്നുള്ളത്  കേരളത്തിന്റെ ആഗ്രഹമായിരുന്നു.  

സർവകലാശാലയിൽ പഠനസ്കൂൾ സ്ഥാപിക്കും.  സർവകലാശാലാ ഡിപ്പാർട്ട്മെന്റുകൾക്ക് സമാനമാണിത്.  കോഴ്സുകൾ തയ്യാറാക്കുന്നത്‌ ഈ സ്‌കൂളുകളാകും. ഓപ്പൺ സർവകലാശാലയിലെ  സർട്ടിഫിക്കറ്റുകൾ, റഗുലർ കോഴ്സ് സർട്ടിഫിക്കറ്റിന് തുല്യമാണ്. പഠനകോഴ്സുകൾ ഓൺലൈനായും കോണ്ടാക്ട് ക്ലാസുകളിലൂടെയും നടത്തും.  ഏതു പ്രായക്കാർക്കും ഏതറിവും ഇവിടെ നേടിയെടുക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി ബിൽ പാസായി

സംസ്ഥാനത്തെ ആദ്യ ഓപ്പൺ സർവകലാശാല ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി ബിൽ  നിയമസഭ ഏകകണ്‌ഠമായി പാസാക്കി.  ബിൽ നിയമമായതോടെ  സംസ്ഥാനത്തെ വിദൂരവിദ്യാഭ്യാസ പഠനത്തിനുള്ള ഏക സർവകലാശാലയാകുമിത്‌.  മറ്റു സർവകലാശാലകളിൽ പ്രൈവറ്റ്, വിദൂര വിദ്യാഭ്യാസ രജിസ്ട്രേഷൻ അടുത്ത അധ്യയനവർഷം മുതൽ അനുവദിക്കില്ല. ഇതിനുള്ള വ്യവസ്ഥയോടെയാണ് ഓപ്പൺ സർവകലാശാലാ ബിൽ പാസാക്കിയത്. നിലവിൽ മറ്റ് സർവകലാശാലകളിൽ വിദൂര വിദ്യാഭ്യാസ, പ്രൈവറ്റ് രജിസ്ട്രേഷൻ രീതിയിൽ പഠനം നടത്തിയവർക്കും രജിസ്റ്റർ ചെയ്തവർക്കും പഠനം പൂർത്തിയാക്കാം. മന്ത്രി ഡോ. കെ ടി ജലീലാണ്‌ ബിൽ അവതരിപ്പിച്ചത്‌.

ഓർഡിനൻസിലും സഭയിൽ അവതരിപ്പിച്ച ബില്ലിലും  സർവകലാശാലയ്‌ക്ക് ആദ്യഘട്ടത്തിൽ ഒമ്പത് പഠന സ്കൂളാണ് വ്യവസ്ഥ ചെയ്തിരുന്നത്. സബ്ജക്ട് കമ്മിറ്റി പരിശോധനയ്‌ക്ക് ശേഷം സഭ അംഗീകരിച്ച ബില്ലിൽ ഇത് എട്ട് സ്കൂളാക്കി. നേരത്തെ ഉണ്ടായിരുന്ന ‘സ്കൂൾ ഓഫ് ബിസിനസ് സ്റ്റഡീസ് ആൻഡ്‌ പബ്ലിക് പോളിസി സ്റ്റഡീസ്’ എന്നത് സ്കൂൾ ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ ആൻഡ്‌ പോളിസി റിസർച്ച് എന്ന പേരിലേക്ക് മാറ്റി.

ഓപ്പൺ സർവകലാശാല വിസി നിയമനത്തിനുള്ള ഉയർന്ന പ്രായപരിധിയും 65ൽനിന്ന്‌ 60 വയസ്സാക്കി.  സിൻഡിക്കറ്റിലേക്ക് ഇതര സർവകലാശാലാ മാതൃകയിൽ നിയമസഭാ സാമാജികരിൽനിന്ന് തെരഞ്ഞെടുക്കുന്ന ഒരംഗത്തെ ഉൾപ്പെടുത്താനും അന്തിമ ബില്ലിൽ വ്യവസ്ഥ കൊണ്ടുവന്നു. രജിസ്റ്റർചെയ്ത വിദ്യാർഥികളിൽനിന്ന് സർക്കാർ നാമനിർദേശം ചെയ്യുന്ന ഒരു വിദ്യാർഥിയെയും സിൻഡിക്കറ്റിൽ ഉൾപ്പെടുത്തും. സൈബർ കൗൺസിൽ സംവിധാനവും ഓപ്പൺ സർവകലാശാലയിലുണ്ടാകും.

ബിൽ ചരിത്രസംഭവമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആധുനിക ശാസ്ത്ര സാങ്കേതിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി വിദൂര വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ എല്ലാ വൈജ്ഞാനിക മേഖലകളിലും എല്ലാവിഭാഗം ജനങ്ങൾക്കും ഉന്നതവിദ്യാഭ്യാസ യോഗ്യതയും ഉന്നത വിദ്യാഭ്യാസ നൈപുണ്യവും പ്രദാനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ബില്ലിനെ പിന്തുണയ്‌ക്കുന്നതായി പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയും പറഞ്ഞു.

Sunday, October 4, 2020

കേരളം വണങ്ങി, ശ്രീനാരായണഗുരു ഓപ്പണ്‍ സർവകലാശാലയ്‌ക്കു‌ തുടക്കം

 കൊല്ലം: അനൗപചാരിക വിദ്യാഭ്യാസത്തിന്റെ പ്രയോക്താവായ ശ്രീനാരായണഗുരുവിന്റെ നാമത്തിൽ സംസ്ഥാനത്തെ ആദ്യ ഓപ്പൺ സർവകലാശാലയ്‌ക്ക്‌‌‌ തുടക്കം. നവോത്ഥാന മുന്നേറ്റങ്ങളുടെ ചരിത്രഭൂമിയായ കൊല്ലത്ത്‌ ഗാന്ധിജയന്തി ദിനത്തിൽ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നാടിന്‌ സമർപ്പിച്ചു. മന്ത്രി കെ ടി ജലീൽ അധ്യക്ഷനായി.

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യുന്നു

താൽക്കാലികാസ്ഥാനമായ തൃക്കടവൂർ കുരീപ്പുഴയിലെ ചൂരവിളാസ് കെട്ടിട സമുച്ചയത്തിൽ കോവിഡ്‌ പ്രേട്ടോകോൾ പ്രകാരം നടന്ന ചടങ്ങിൽ മന്ത്രിമാരായ ജെ മേഴ്‌സിക്കുട്ടിഅമ്മ, കെ രാജു എന്നിവർ വിശിഷ്ടാതിഥികളായി. മേയർ ഹണി ബെഞ്ചമിൻ, എംപിമാരായ എ എം ആരിഫ്, കൊടിക്കുന്നിൽ സുരേഷ്, കെ സോമപ്രസാദ്, എംഎൽഎമാരായ  മുല്ലക്കര രത്‌നാകരൻ, എം നൗഷാദ്, ഡിവിഷൻ കൗൺസിലർ ബി അജിത് കുമാർ എന്നിവർ സംസാരിച്ചു.  എം മുകേഷ്‌ എംഎൽഎ സ്വാഗതവും കലക്ടർ ബി അബ്ദുൽ നാസർ  നന്ദിയും പറഞ്ഞു. എൻ കെ  പ്രേമചന്ദ്രൻ എംപിയും പ്രിൻസിപ്പൽ സെക്രട്ടറി ഉഷാ ടൈറ്റസും ഓൺലൈൻ വഴി പങ്കെടുത്തു.

കൊല്ലം ബൈപാസിനോടു ചേർന്നാണ്‌ താൽക്കാലികാസ്ഥാനം . 18 ക്ലാസ് മുറിയും 800 പേരെ ഉൾക്കൊള്ളുന്ന ഓഡിറ്റോറിയവും നൂറോളം വാഹന പാർക്കിങ്‌ സൗകര്യവുമുണ്ട്. ഒന്നരലക്ഷത്തിലേറെപേർക്ക്‌  പഠനസൗകര്യമുണ്ടാകും‌.

കേരള, മഹാത്മാഗാന്ധി, കലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിലെ വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രങ്ങൾ സംയോജിപ്പിച്ചാണ് ഓപ്പൺ സർവകലാശാല നിലവിൽ വന്നത്. നാല്‌ പ്രാദേശിക കേന്ദ്രമുണ്ട്‌.

ഗുരുവിന്റെ വിദ്യാഭ്യാസചിന്തകൾ സർക്കാരിന്‌ പ്രചോദനം: മുഖ്യമന്ത്രി

എൽഡിഎഫ്‌ സർക്കാർ വിദ്യാഭ്യാസമേഖലയിൽ നടത്തുന്ന പരിഷ്‌കാരങ്ങൾക്ക്‌ ‌ ‌ശ്രീനാരായണഗുരുവിന്റെ വിദ്യാഭ്യാസചിന്തകൾ പ്രചോദനമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. അഞ്ചു‌ ലക്ഷത്തോളം കുട്ടികളാണ്‌ പുതുതായി സർക്കാർ സ്‌കൂളുകളിലേക്ക് വന്നത്‌. അമ്പതിനായിരത്തിലേറെ ഹൈടെക് ക്ലാസ് മുറികൾ പൊതുവിദ്യാലയങ്ങളിൽ സജ്ജീകരിച്ചു. ഇവയെല്ലാം ഗുരുവിന്റെ വിദ്യാഭ്യാസ ചിന്തകളിൽനിന്ന്‌ പ്രചോദനം ഉൾക്കൊണ്ട് നടത്തിയ മാറ്റങ്ങളാണ്‌. അതിന്റെ തുടർച്ചയാണ്‌ ഓപ്പൺ സർവകലാശാല. കൊല്ലത്ത്‌ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വീഡിയോ കോൺഫറൻസിലൂടെ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 

ഗുരു പൊതുജീവിതത്തിൽ  ഉടനീളം  ഉദ്‌ബോധിപ്പിച്ചത് അറിവ് സമ്പാദിക്കാനാണ്. അറിയാനും അറിയിക്കാനുമുള്ള  ഇടം ഉണ്ടാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ്. സമ്പത്ത് വ്യവസ്ഥയുടെ അടികല്ലുകളായ കൃഷി, വ്യവസായം, കൈത്തൊഴിൽ, സാങ്കേതികജ്ഞാനം എന്നിവയ്ക്ക് പ്രാമുഖ്യം നൽകുന്ന വിദ്യാഭ്യാസ രീതിക്കല്ലാതെ ഇനി സമൂഹത്തെ മുന്നോട്ടു നയിക്കാനാവില്ല. ഈ യാഥാർഥ്യം ഉൾക്കൊണ്ടാണ് പരമ്പരാഗത തൊഴിലുകൾ പുനരുജ്ജീവിപ്പിച്ചും ആധുനിക വിദ്യാഭ്യാസ സമ്പ്രദായം  ഏർപ്പെടുത്തിയും സർക്കാർ മുമ്പോട്ട്‌ പോകുന്നത്.

ആഗ്രഹിക്കുന്ന ആർക്കും അറിവ് എളുപ്പത്തിൽ ലഭ്യമാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. അതിന്  അവസരമൊരുക്കുന്ന ഒരു സാധ്യതയിൽനിന്നും സർക്കാർ മുഖംതിരിക്കില്ല. ആധുനിക ശാസ്ത്രസംവിധാനങ്ങളെ പ്രയോജനപ്പെടുത്തി വിദൂരവിദ്യാഭ്യാസത്തിലൂടെ എല്ലാവർക്കും  ഉന്നത വിദ്യാഭ്യാസ യോഗ്യതയും നൈപുണ്യവും നൽകുകയാണ്‌ ഓപ്പൺ സർവകലാശാലയിലൂടെ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Wednesday, September 2, 2020

മതരാഷ്ട്രം എന്ന ഗുരുനിന്ദ

 പ്രതിസന്ധികളും ആശങ്കകളും നിറഞ്ഞ ഒരു അന്തരീക്ഷത്തിലേക്കാണ് ഇത്തവണ ശ്രീനാരായണഗുരു ജയന്തി കടന്നുവരുന്നത്. കോവിഡ് എന്ന മഹാവ്യാധി ലോകം മുഴുവൻ സർവനാശം വിതച്ചുകൊണ്ട് മുന്നേറുന്നു. അപ്പുറത്ത് ഗുരു ലോകസമക്ഷം അവതരിപ്പിച്ച സാഹോദര്യത്തിന്റെ മൂല്യങ്ങൾ വെല്ലുവിളിക്കപ്പെടുന്നു. ഏതൊരു സാംസ്കാരിക ഭൂമികയിൽനിന്നാണോ വിഭജിതമല്ലാത്ത മാനവലോകത്തിനായി ഗുരു ഊർജം സംഭരിച്ചത്, ആ രാജ്യം പ്രിയപ്പെട്ട ഇന്ത്യ കൈയൂക്കിന്റെ മതരാഷ്ട്രമായി മാറുമോ എന്ന ആശങ്ക ഇരുട്ടുപോലെ പടരുന്നു.

1992 ഡിസംബർ ആറിനാണ് സംഘപരിവാർ നേതൃത്വത്തിൽ അഞ്ഞൂറു കൊല്ലം പഴക്കമുള്ള ബാബ്‌റി മസ്ജിദ് തകർത്തത്. ആ നടപടി ഒരു കൊടിയ ക്രിമിനൽ കുറ്റമാണെന്ന് സുപ്രീംകോടതി ഈയിടെ വിലയിരുത്തുകയുണ്ടായി. പക്ഷേ, നിർഭാഗ്യം എന്നുപറയട്ടെ അതേ കോടതി, ഒരു വിധിയിലൂടെ പള്ളി തകർത്ത സ്ഥലം ഒരു ക്ഷേത്രത്തിന്റെ നിർമാണത്തിനായി വിട്ടുകൊടുത്തു. തകർക്കപ്പെട്ട പള്ളിയുടെ അവശിഷ്ടങ്ങൾക്കുമേൽ ക്ഷേത്രം പണിയുന്നതിനുള്ള ഭൂമിപൂജ നടന്നു. സാധാരണ മട്ടിലുള്ള ഒരു പൂജ ആയിരുന്നില്ല അത്. കോവിഡ് മഹാവ്യാധിയുടെ ഭാഗമായ നിയന്ത്രണങ്ങളെയെല്ലാം അവഗണിച്ചുകൊണ്ട് ഒരു ദേശീയ മഹോത്സവത്തിന്റെ ഭാവവും രൂപവും അതിനു കൽപ്പിക്കപ്പെട്ടിരുന്നു. പ്രധാനമന്ത്രിയായിരുന്നു അവിടത്തെ ‘മുഖ്യപുരോഹിത’ൻ.

ഇന്ത്യ ഒരു മതരാഷ്ട്രമാകുന്നതിന്റെ സൂചനയായിട്ടാണ് ജനാധിപത്യപക്ഷത്തെ നിരീക്ഷകർ ആ ചടങ്ങിനെ വിലയിരുത്തിയത്. ഇന്ത്യ ഒരു മതരാഷ്ട്രമാകുമ്പോൾ വിശ്വപ്രസിദ്ധമായ ഒരു സംസ്കാരത്തിന്റെ തകർച്ചയായിരിക്കും ലോകം കേൾക്കുക. അഞ്ഞൂറു കൊല്ലം തങ്ങൾ ആരാധന നടത്തിയിരുന്ന ഒരു ആലയം തകർക്കപ്പെടുകയും തകർത്തവർ രാഷ്ട്രത്തിന്റെ പിന്തുണയോടെ അവരുടെ ആരാധനാലയം പണിയുകയും ചെയ്യുമ്പോൾ  മുസ്ലിം ജനവിഭാഗങ്ങൾക്കുണ്ടാകുന്ന നിരാശയും ആത്മവേദനയും പ്രതിഷേധവുമെല്ലാം നമുക്ക്‌ കണ്ടില്ലെന്നു നടിക്കാം. പക്ഷേ, ഇന്ത്യയുടെ ആത്മാവ് മുറിഞ്ഞുണ്ടാകുന്ന വേദന ഏതെങ്കിലും ഒരു പൗരന് അവഗണിക്കാനാകുമോ?

നാരായണഗുരുവിനാൽ വിരചിതമായ ആധുനിക ജനാധിപത്യ കേരളം ഒരു മതരാഷ്ട്രത്തോട് എങ്ങനെയായിരിക്കും പ്രതികരിക്കുക എന്നും ആലോചിക്കേണ്ടതുണ്ട്. ഇന്ത്യയുടെ യഥാർഥ പ്രശ്നം എന്താണ് എന്ന് തന്നോട് എന്നപോലെ പ്രിയശിഷ്യൻ സി വി കുഞ്ഞിരാമനോട് ഗുരു ചോദിച്ചിട്ട് ഇപ്പോൾ ഒരു നൂറ്റാണ്ട് പിന്നിട്ടു. ഗുരു തന്നെയാണ് ആ ചോദ്യത്തിന് ഉത്തരം പറഞ്ഞത്. മതങ്ങൾ തമ്മിലുള്ള കലഹം. കാലങ്ങൾ ഏറെ കഴിഞ്ഞു. ആ കലഹം പലവിധത്തിൽ വളർന്നു. വളർന്നു എന്നല്ല; വളർത്തി എന്നുപറയണം. 1857ലെ പരാജയത്തിൽനിന്ന് ബ്രിട്ടീഷുകാർ പഠിച്ച പാഠം ഇന്ത്യയെ ഹിന്ദുക്കളും മുസ്ലിമുകളുമായി ഭിന്നിപ്പിച്ചു കൊണ്ടിരിക്കണം എന്നതാണ്. ആ ദൗത്യമാണ് സവർക്കർ മാപ്പപേക്ഷയിൽ വാഗ്ദത്തം ചെയ്തതനുസരിച്ച് ആർഎസ്എസ് ഏറ്റെടുത്ത് മുന്നോട്ടു കൊണ്ടുപോകുന്നത്.

മനുഷ്യനും മനുഷ്യനും തമ്മിലുള്ള അകലത്തെ അവസാനിപ്പിക്കാനുള്ള ഉപാധികൾ തേടിയാണ് ഇന്ത്യയുടെ ആത്മീയചിന്തയിൽ നാരായണഗുരു നീന്തിനടന്നതെന്ന് ആ മഹത് ജീവിതവും കൃതികളും തെളിയിക്കുന്നു. പൗരോഹിത്യ വ്യാഖ്യാനങ്ങളുടെ മറവിൽപ്പെട്ടുകിടന്ന അദ്വൈതചിന്ത അതിന്റെ ആത്മസ്വരൂപം കൈവരിക്കുന്നത് ഗുരുവിന്റെ കൈകളിൽ കിടന്നാണ്. ഇതേ തത്വചിന്ത തനിക്കുമുമ്പേ വ്യാഖ്യാനിച്ച മറ്റൊരു കേരളീയനെ ഗുരു വിശേഷിപ്പിച്ചത് "ജാതി സ്ഥാപിക്കാൻ ബുദ്ധികൊണ്ട് പറന്ന ശങ്കരൻ" എന്നാണ്. ശങ്കരാചാര്യർ ഒരുപക്ഷേ നേരിട്ടിരിക്കാവുന്ന ഏറ്റവും ക്രിയാത്മകമായ വിമർശനം. അദ്വൈതത്തെ മായാ(വാദ) മറയാക്കി ശങ്കരാചാര്യർ പൗരോഹിത്യത്തിനും വർണവ്യവസ്ഥയ്‌ക്കും അരക്കിട്ടു. വേദോപനിഷത്തുകൾ കടഞ്ഞെടുത്ത്‌ തനിക്കു കിട്ടിയ ശരിയായ അദ്വൈതംകൊണ്ട് ഗുരു അതു പൊളിക്കുന്നു.

"അവൻ ഇവൻ എന്നൊക്കെ അറിയപ്പെടുന്നത് ആദിമമായ ആത്മരൂപമാണെ"ന്ന് ഗുരു പറയുന്നു. ഇത് അദ്വൈത ചിന്തയുടെ സാരാംശമാണ്. പക്ഷേ, ഗുരു അവിടെ നിർത്തുന്നില്ല. തൊട്ടവരിയിൽത്തന്നെ വെളിപ്പെടുത്തുന്നു: "അവനവനാത്മസുഖത്തിന് ആചരിക്കുന്നവ അപരന് സുഖത്തിനായി വരണം." ആത്മാവും പ്രപഞ്ചവും ഒരേ ഒന്നിന്റെ ഭാഗമാണ് എന്നതുപോലെ മനുഷ്യനും മനുഷ്യനും ഒരേ സത്തയുടെ ആവിഷ്‌കാരങ്ങളാണ്. അതുകൊണ്ട് അവന് ഭിന്നിച്ചുനിൽക്കാൻ അവകാശമില്ല.

"ഒരുവനുനല്ലതുമന്യനല്ലലും ചേർ-

പ്പൊരു തൊഴിലാത്മവിരോധിയോർത്തിടേണം,പരനു പരം പരിതാപമേകിടുന്നോ-

രെരി നരകാബ്ദിയിൽ വീണെരിഞ്ഞിടുന്നു.'

(ആത്മോപദേശശതകം)

മതത്തിനും ജാതിക്കും മേധാവിത്വങ്ങൾക്കും മറ്റെല്ലാ വിഭജനങ്ങൾക്കുമെതിരെ എന്തെല്ലാം ലഭ്യമാണോ അതെല്ലാം തന്റെ കർമപഥത്തിൽ ഗുരു ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അദ്വൈതചിന്ത കൂടാതെ ബുദ്ധദർശനവും തമിഴ് ദ്രാവിഡമുറകളും ഇസ്ലാമിക, ക്രൈസ്തവ മതചിന്തകളും അക്കാര്യത്തിൽ ഗുരുവിനു കൂട്ടുനിന്നു. നിങ്ങളേക്കാൾമുമ്പേ ഞാൻ ക്രിസ്തുമതത്തിൽ ചേർന്നുകഴിഞ്ഞു എന്ന് തന്നെ കാണാൻ വന്ന യുവപാതിരിയോട് ഗുരു പറയുന്നു. പരമേശ പവിത്രപുത്രനാണ് അദ്ദേഹത്തിന് ക്രിസ്തു. മുഹമ്മദാകട്ടെ കരുണാവാൻ നബി മുത്തുരത്നവും. മനുഷ്യർക്കിടയിൽ ശുചിത്യവും സ്നേഹവും ഉണ്ടാക്കാനാണ് താൻ ക്ഷേത്രങ്ങൾ സ്ഥാപിച്ചതെന്ന് ഗുരു പറഞ്ഞു.

ഒരു വിഭാഗം ജനങ്ങളുടെ ദുഃഖവും കണ്ണീരും ആശങ്കകളും തളം കെട്ടിനിൽക്കുന്നിടത്ത് ക്ഷേത്രം പണിയുകയും അവിടെ ദൈവമുണ്ടെന്ന് പറയുകയും ചെയ്യുന്നതിനേക്കാൾ മഹാപരാധം വേറെയില്ല. യുദ്ധസ്മാരകമാകരുത് ആരാധനാലയങ്ങൾ. മതരാഷ്ട്രത്തിനെതിരെ ഇന്ത്യൻ ജനത ഉണർന്ന് മുന്നേറുമ്പോൾ അവരെ മുന്നിൽനിന്നുതന്നെ നയിക്കും സമുന്നതമായ ഗുരുസ്മരണ.

*

അശോകൻ ചരുവിൽ

Saturday, November 3, 2018

അയ്യങ്കാളിക്കും ഗുരുവിനും വിലക്ക‌്, കാളകൾക്കാവാം

അയിത്തോച്ചാടന പ്രക്ഷോഭ ചരിത്രത്തിലെ ആദ്യത്തെ ഐതിഹാസിക സമരമായിരുന്നു വൈക്കത്തേത‌്. അതിനെപിന്തുണച്ച‌് മന്നത്ത‌് പത്മനാഭന്റെ നേതൃത്വത്തിൽ സവർണജാഥ സംഘടിപ്പിച്ചതും ചരിത്രം

കോട്ടയം >ശബരിമല വിഷയത്തിൽ അനാവശ്യ സമരത്തിനിറങ്ങുന്ന സമുദായ പ്രമാണിമാർ മറക്കരുതായിരുന്നു അയിത്തത്തിനെതിരായ വൈക്കം സത്യഗ്രഹ പ്രസ്ഥാനത്തെയും സവർണ ജാഥയെയും.  അയിത്തോച്ചാടന പ്രക്ഷോഭ ചരിത്രത്തിലെ ആദ്യത്തെ ഐതിഹാസിക സമരമായിരുന്നു വൈക്കത്തേത‌്. അതിനെപിന്തുണച്ച‌്  മന്നത്ത‌് പത്മനാഭന്റെ നേതൃത്വത്തിൽ  സവർണജാഥ സംഘടിപ്പിച്ചതും ചരിത്രം . കേരള നവോത്ഥാന പാരമ്പര്യത്തിലെ തിളക്കമാർന്ന പ്രക്ഷോഭപ്രഭ കേരളത്തിനുണ്ടെങ്കിലും  ശബരിമലയിലെ യുവതി പ്രവേശം സാമൂഹ്യമുന്നേറ്റ പ്രക്രിയയുടെ പിന്തുടർച്ചയായി കാണാൻ ചിലർക്കാകുന്നില്ല.

1924 മാർച്ച് 30 ന് രാവിലെ കുഞ്ഞാപ്പി, ബാഹുലേയൻ, ഗോവിന്ദപ്പണിക്കർ എന്നീ മൂന്ന് പുലയ ഈഴവ നായർ യുവാക്കൾ ആരംഭിച്ച സത്യഗ്രഹ സമരമാണ് അറസ്റ്റും മർദനവും പീഡനവും നിറഞ്ഞ പോരാട്ടമായി വളർന്നത്. വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ  മതിൽക്കെട്ടിനു പുറത്തുള്ള വഴികളിലൂടെ അവർണർ നടന്നുകൂടാ എന്ന് തീണ്ടൽപ്പലക വച്ച് നിരോധിച്ചിരുന്നത് അവസാനിപ്പിക്കണമെന്ന ആവശ്യമാണ് സമരത്തിനാധാരം. 

സവർണർ നിയോഗിച്ച ഗുണ്ടകൾ സത്യഗ്രഹികളെ മർദിക്കുകയും ചുണ്ണാമ്പ് എഴുതി കണ്ണു പൊട്ടിക്കുകയും ചെയ്തിട്ടും ഗാന്ധിജിയെ പോലും അമ്പരപ്പിക്കുന്ന സമരസഹനനിഷ്ഠയുമായി സത്യഗ്രഹികൾ മുന്നേറി. ടി കെ മാധവൻ,  മന്നത്ത‌് പത്മനാഭൻ , കെ പി കേശവമേനോൻ, ജോർജ് ജോസഫ്, കെ കേളപ്പൻ, ചങ്ങനാശേരി പരമേശ്വരൻ പിള്ള തുടങ്ങിയ അതികായരെല്ലാം സമരത്തിന്റെ മുൻനിരയിലുണ്ടായിരുന്നു. 

അയ്യങ്കാളിക്കും ഗുരുവിനും വിലക്ക‌്, കാളകൾക്കാവാം

അവർണ വിഭാഗങ്ങൾക്ക് ക്ഷേത്രത്തിൽ മാത്രമല്ല അതിനു ചുറ്റുമുള്ള പൊതുവീഥികളിൽ‌പ്പോലും പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു.  അഹിന്ദുക്കളായ  ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കും ഈ വിലക്ക് ബാധകമായിരുന്നില്ല എന്നത് അവർണ വിഭാഗങ്ങളെ  കൂടുതൽ അപമാനിതരാക്കി. ക്ഷേത്രത്തെ തീണ്ടാതെ നടക്കാനായി, അവർണയാത്രക്കാർക്ക് രണ്ടുമൂന്നു മൈൽ ദൈർഘ്യം കൂടുതലുള്ള വഴിയേ ചുറ്റിവളഞ്ഞു യാത്രചെയ്യേണ്ടി വന്നു.

കാളവണ്ടിയിൽ  യാത്രചെയ്യുകയായിരുന്ന പുലയസമുദായ നേതാവ് അയ്യങ്കാളിക്ക‌് സവർണരുടെ എതിർപ്പുമൂലം വണ്ടിയിൽ നിന്നിറങ്ങി വളഞ്ഞ വഴിയേ നടന്നുപോകേണ്ടിവന്നു.അദ്ദേഹമില്ലാത്ത കാളയ‌്ക്കും വണ്ടിക്കും നേർവഴിയിൽ പോകാൻ അനുവാദവും കിട്ടി. മറ്റൊരിക്കൽ ശ്രീനാരായണ ഗുരു യാത്രചെയ്തിരുന്ന റിക്ഷ വൈക്കം ക്ഷേത്രത്തിന് സമീപം തടയുകയും തിരിച്ചുവിടുകയും ചെയ്തു.

500 പേരടങ്ങിയ പദയാത്ര തിരുവനന്തപുരത്ത‌് എത്തുമ്പോൾ 5000 േപർ

വൈക്കം സത്യഗ്രഹത്തെ പിന്തുണച്ച് തിരുവനന്തപുരത്തേക്കു നടത്തിയ സവർണപദയാത്ര നയിച്ചത് നായർസമുദായ നേതാവായ മന്നത്തു പത്മനാഭനാണ്. നായന്മാർക്കിടയിൽ പ്രചാരത്തിലിരുന്ന താലികെട്ടു കല്യാണം, തിരണ്ടുകുളി, ബ്രാഹ്മണ സംബന്ധ സമ്പ്രദായം, പുലകുളി തുടങ്ങിയ ജീർണാചാരങ്ങൾ ഇല്ലാതാക്കിയത‌്  1914 ഒക്ടോബർ 31 ന‌് സ്ഥാപിച്ച എൻഎസ‌്എസിന്റെ നേതൃത്വത്തിൽ. 500 പേരടങ്ങിയ സവർണ പദയാത്ര 1924 നവംബർ ഒന്നിന്  വൈക്കത്തുനിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചു. വഴിക്ക് കൂടുതൽപേർ ചേർ‍ന്നു. തിരുവനന്തപുരത്ത‌് എത്തുമ്പോൾ 5000 പേരുണ്ടായിരുന്നു.  അതേദിവസം തന്നെ  ശുചീന്ദ്രത്തുനിന്ന് പെരുമാൾ നായിഡുവിന്റെ നേതൃത്വത്തിൽ 1000 പേരടങ്ങിയ മറ്റൊരു പദയാത്രയും തിരുവനന്തപുരത്തെത്തി. അവിടെ പൊതുസമ്മേളനവും നടത്തി.  നവംബർ 13 ന്  ചങ്ങനാശേരി പരമേശ്വരൻ പിള്ളയുടെ നേതൃത്വത്തിലുള്ള ഒരു പ്രതിനിധിസംഘം റീജന്റ് മഹാറാണി  സേതുലക്ഷ്മീഭായിയെ കണ്ട് 25,000 സവർണർ ഒപ്പിട്ട ഒരു മെമോറാണ്ടം സമർപ്പിച്ചു.  മെമോറാണ്ടത്തിന‌് കിട്ടിയ പ്രതികരണം അനുകൂലമായിരുന്നില്ല. പിന്നീട്  എസ്എൻഡിപി യോഗം കാര്യദർശി എൻ കുമാരൻ 1925 ഫെബ്രുവരി ഏഴിന് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചെങ്കിലും അത് 21 ന് എതിരെ 22 വോട്ടിന് പരാജയപ്പെട്ടു.

യാഥാസ്ഥിതികരുടെ നേതാവായ ഇണ്ടൻതുരുത്തിൽ നമ്പൂതിരി സത്യഗ്രഹികളെ മർദിക്കാൻ ആളെ വാടകക്കെടുത്ത് അയച്ചു. സത്യഗ്രഹികളെ കഴുത്തറ്റം വെള്ളത്തിൽ തള്ളിയിടുകയും അവരുടെ കണ്ണിൽ ചുണ്ണാമ്പ് കലർത്തിയ ലായനി തളിക്കുകയും ചെയ്തു.  പൊലീസ് നോക്കിനിൽക്കെയായിരുന്നു ഇത‌്. പെരുമ്പളം ആമചാടി തുരുത്തിൽ നിന്നെത്തിയ പുലയ സമുദായക്കാരനായ ആമചാടി തേവൻ, മൂവാറ്റുപുഴക്കാരൻ രാമൻ ഇളയത‌് എന്നിവരെ പച്ചചുണ്ണാമ്പെഴുതി കണ്ണുപൊട്ടിച്ചു. തിരുവല്ല ചിറ്റേടത്ത് ശങ്കുപിള്ളയെ  മർദിച്ചു കൊന്നു.  അക്രമവാഴ്ചക്ക് അറുതിവരുത്താൻ ആവശ്യപ്പെട്ട്  ഗാന്ധി തിരുവിതാംകൂറിലെ പൊലീസ് കമീഷണറായിരുന്ന ഡബ്ല്യു എച്ച് പിറ്റിന് എഴുതി.

1924 ഫെബ്രുവരിയിൽ പുറപ്പെടുവിച്ച നിരോധന ഉത്തരവുകൾ പിൻ‌വലിക്കാമെന്ന് സർക്കാരും സത്യാഗ്രഹം പിൻ‌വലിക്കാമെന്ന് ഗാന്ധിയും സമ്മതിച്ചു. സർക്കാരുമായി ഉണ്ടാക്കിയ ഒത്തുതീർപ്പിനെത്തുടർന്ന‌് 603 ദിവസം നീണ്ടുനിന്ന സത്യഗ്രഹം പിൻ‌വലിക്കാൻ  1925 ഒക്ടോബർ എട്ടിന‌്  ഗാന്ധി നിർദേശം നൽകി. എന്നാൽ  ഒത്തുതീർപ്പു വ്യവസ്ഥകൾ നടപ്പാക്കാൻ വൈകിയതുമൂലം പ്രക്ഷോഭം അടുത്ത മാസമാണ് പിൻ‌വലിച്ചത്.

Thursday, November 1, 2018

ഗുരുവിനുമുന്നില്‍ മുട്ടുമടക്കിയ പൗരോഹിത്യം

തലശേരി > തലശേരി ജഗന്നാഥക്ഷേത്രത്തില്‍ ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയപ്പോഴും വിശ്വാസത്തിന്റെപേരില്‍ എതിര്‍പ്പുയര്‍ത്താന്‍ സവര്‍ണ മേധാവികളെത്തിയിരുന്നു. അബ്രാഹ്മണനായ ഒരാള്‍ പ്രതിഷ്ഠ നടത്തുന്നത് ചിന്തിക്കാന്‍പോലും അന്ന് പലര്‍ക്കും സാധിച്ചിരുന്നില്ല. സവര്‍ണപൗരോഹിത്യത്തിന്റെ എതിര്‍പ്പിനുമുന്നില്‍ ഗുരു കീഴടങ്ങിയിരുന്നെങ്കില്‍ ക്ഷേത്രാചാരങ്ങളില്‍നിന്ന് അകറ്റിനിര്‍ത്തപ്പെട്ടവര്‍ക്ക്  ജഗന്നാഥ ക്ഷേത്രമെന്നത് സ്വപ്‌നം മാത്രമാകുമായിരുന്നു.

തൊട്ടുകൂടായ്‌മയും തീണ്ടികൂടായ്‌മയും കൊടുകുത്തിവാണകാലത്താണ്  'ഈഴവ ശിവനെ' പ്രതിഷ്ഠിച്ച് സാമൂഹ്യവിപ്ലവത്തിന് ഗുരുതിരികൊളുത്തിയത്. പ്രതിഷ്ഠക്കെത്തിയ ഗുരുവിനെ തര്‍ക്കത്തില്‍ തോല്‍പിക്കാനെത്തിയവര്‍  അദ്ദേഹത്തിന്റെ വാദമുഖങ്ങള്‍ക്ക് മുന്നില്‍ തോറ്റുമടങ്ങിയതാണ് ചരിത്രം. അന്നതിന് സാക്ഷിയായ മൊയാരത്ത് ശങ്കരന്‍ ആത്മകഥയില്‍ ഇതേക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. മൊയാരം തലശേരി മിഷന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് ശ്രീനാരായണഗുരു ശിഷ്യന്മാര്‍ക്കൊപ്പം തലശേരിയിലെത്തി 1906 മാര്‍ച്ച് 23ന് ജഗന്നാഥക്ഷേത്രത്തിന് കുറ്റിയടിച്ചത്. ശ്രീനാരായണഗുരു കൊളുത്തിവിട്ട വിചാരവിപ്ലവത്തിന്റെ അഗ്‌നി വടക്കന്‍കേരളവും ഏറ്റുവാങ്ങിയതിന്റെ ഫലമായിരുന്നു ജഗന്നാഥ ക്ഷേത്രം.

1908 ഫെബ്രുവരി 13നായിരുന്നു പ്രതിഷ്‌ഠ. നാനാജാതിയില്‍പെട്ട ആയിരങ്ങളാണന്ന് ക്ഷേത്രത്തില്‍ തടിച്ചുകൂടിയതെന്ന് 1908 മാര്‍ച്ച് ലക്കം 'നല്ലീശ്വരവിലാസം' മാസിക റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ജഗന്നാഥത്തില്‍ പട്ടികജാതിക്കാര്‍ക്ക് പ്രവേശനം തടഞ്ഞപ്പോള്‍ അതിനുപരിഹാരം കണ്ടതുംഗുരുതന്നെ.