Showing posts with label അമേരിക്ക. Show all posts
Showing posts with label അമേരിക്ക. Show all posts

Thursday, July 1, 2021

ചൈനയ്‌ക്കെതിരായ യുഎസ്‌ ഭീഷണികൾ

കൊള്ളമുതലിൽ കഴുകൻ കണ്ണുകളുള്ള സഖ്യശക്തികളെയും അന്താരാഷ്ട്ര മാധ്യമസന്നാഹങ്ങളെയും പ്രസാധക ഗൃഹങ്ങളെയും പണം പറ്റുന്ന വലതുപക്ഷ ബുദ്ധിജീവികളെയും സിഐഎ പോലുള്ള ചാരസംവിധാനങ്ങളെയും പൗരാവകാശലംഘനങ്ങൾക്ക്‌ കുപ്രസിദ്ധമായ എഫ്‌ബിഐയെയും ഉപയോഗിച്ച്‌ അമേരിക്ക സോഷ്യലിസ്റ്റ്‌ രാജ്യങ്ങൾക്കെതിരെ പതിറ്റാണ്ടുകളായി നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങൾ കുപ്രസിദ്ധങ്ങളാണ്‌. ചൈനയും ക്യൂബയും വടക്കൻ കൊറിയയും വിയത്‌നാമും മറ്റും രാഷ്ട്രീയ‐സൈനിക‐സാമ്പത്തിക ഉപരോധങ്ങളുടെ  എത്രയോ കെടുതികൾ അനുഭവിക്കുകയും ശ്രമകരമായി അതിജീവിക്കുകയും ചെയ്‌തു. എണ്ണസമ്പന്നമായ വെനസ്വേലയാണ്‌ മറ്റൊരു ഇര.

കോവിഡ്‌ മഹാമാരി ഭൂഗോളത്തെ പിടിച്ചുകുലുക്കുംവിധം സംഹാര താണ്ഡവമാടിയപ്പോൾ ചൈനയ്‌ക്കെതിരെ തുറന്നുവിട്ട വ്യാജപ്രചാരണങ്ങൾ ലോകം കണ്ടു. ഈ പശ്ചാത്തലത്തിലാണ്‌ ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാർടി (സിപിസി)യെ തകർക്കാൻ തയ്യാറാക്കിയ പുതിയ പദ്ധതിയെയും വിലയിരുത്തേണ്ടത്‌. പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ട്രംപിന്റെ വിജയത്തിലെ  മുഖ്യ ബുദ്ധികേന്ദ്രങ്ങളിലൊരാളും തുടർന്ന്‌ പ്രത്യുപകാരമായി 2017 ആഗസ്‌ത്‌ 18 വരെ പ്രസിഡന്റിന്റെ മുഖ്യ തന്ത്രജ്ഞനായി അവരോധിക്കപ്പെടുകയും ചെയ്‌ത സ്റ്റീവ്‌  ബാനൺ, ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാർടിയെ നേരിടാനും മറിച്ചിടാനും ട്രംപ്‌ ഗവൺമെന്റ്‌ സംയോജിതമായ ‘യുദ്ധപദ്ധതി’ ഏകോപിപ്പിച്ചതായി പറഞ്ഞു. ട്രംപിന്റെ സ്വന്തം ചാനലെന്ന്‌ അറിയപ്പെടുന്ന ‘ഫോക്‌സ്‌ ന്യൂസ്‌’ നടത്തിയ അഭിമുഖത്തിലായിരുന്നു ഈ തുറന്നടിക്കൽ. വെള്ളക്കൊട്ടാരത്തിലെ ഒന്നാം നിരക്കാരനായിരുന്ന ബാനൺ നടത്തിയ വെളിപ്പെടുത്തലിൽ ഇന്ത്യയെ യുഎസ്‌ അട്ടിമറി നീക്കത്തിന്റെ അഭേദ്യ ഭാഗമാക്കാനുള്ള ഗൂഢോദ്ദേശ്യവും  തെളിഞ്ഞിട്ടുണ്ട്‌.

ടിബത്തൻ  അതിർത്തിയിൽ ഇന്ത്യയിലെ കൂട്ടാളികളെ സഹായിക്കുകകൂടി  പുതിയ പദ്ധതിയുടെ ഭാഗമാണ്‌. നവംബറിൽ നടക്കാനിരിക്കുന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ട്രംപിന്റെ  ജയംകൂടി ലക്ഷ്യമിട്ട്‌ ക്രൈസ്‌തവ പ്രതീകങ്ങൾ ഉപയോഗിച്ചാണ്‌ ബാനൺ പദ്ധതിയുടെ വിശദാംശങ്ങൾ ഫോക്‌സ്‌ ന്യൂസിനോട്‌ ആഹ്ലാദപൂർവം വിവരിച്ചതെന്നതും പ്രധാനം. സിപിസിക്കെതിരെ  ‘അന്തിമ നാശത്തിന്റെ നാല്‌ കുതിരക്കാർ’ അടങ്ങുന്ന പ്രസിഡന്റിന്റെ തനതായ യുദ്ധ കൗൺസിലിനാണ്‌ രൂപംനൽകിയിട്ടുള്ളതത്രെ. സ്‌റ്റേറ്റ്‌ സെക്രട്ടറി മൈക്‌ പോംപിയോ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ റോബർട്ട്‌ ഒബ്രീൻ, എഫ്‌ബിഐ മുൻ ഡയറക്ടർ   ക്രിസ്റ്റഫർ ആഷർ വ്രേ, അറ്റോർണി ജനറൽ വില്യം പെൽഹാം ബാർ എന്നിവർ. അതിൽ ഒബ്രീനും  വ്രേയും ബാറും ചൈനയ്‌ക്കെതിരെ  കടുത്ത ഭീഷണി ചുഴറ്റിയ  മൂന്ന്‌ അതിക്രമ  പ്രസംഗങ്ങൾ നടത്തിക്കഴിഞ്ഞു. സിപിസിക്കെതിരെ വിവരസാങ്കേതികവിദ്യാ, വാർത്താ, ധനകാര്യ യുദ്ധങ്ങൾക്കാണ്‌ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്‌.  തുടർന്ന്‌ കൂട്ടാളികൾക്കൊപ്പം തെക്കൻ ചൈനാ കടലിൽ നിലപാടെടുക്കുകയും ചെയ്യും.  കഴിഞ്ഞദിവസം ചൈനയെ വിമർശിച്ച്‌ ദേശീയ പ്രതിരോധ അധികാര നിയമ( എൻഡിഎഎ)ത്തിന്‌ അമേരിക്കൻ  പ്രതിനിധിസഭ ഭേദഗതി പാസാക്കിയത്‌ ഇതോട്‌ ചേർത്താണ്‌ വിലയിരുത്തേണ്ടത്‌.

ചൈനീസ്‌ കോൺസുലേറ്റ്‌

ഹൂസ്റ്റണിലെ ചൈനീസ്‌ കോൺസുലേറ്റ്‌ 48 മണിക്കൂർ മാത്രം  സാവകാശം നൽകി അടച്ചുപൂട്ടാനും മൂന്നു ദിവസത്തിനുള്ളിൽ ടെക്‌സാസ്‌ നഗരത്തിലെ അതിന്റെ എല്ലാ പ്രവർത്തനവും അവസാനിപ്പിക്കാനും  അമേരിക്ക പുറപ്പെടുവിച്ച   അന്ത്യശാസനം പോലുള്ള ഉത്തരവ്‌ അത്യന്തം പ്രകോപനപരമാണ്‌. അമേരിക്കൻ ബൗദ്ധിക സ്വത്തും സ്വകാര്യ വ്യക്തിവിവരങ്ങളും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന  ന്യായീകരണമാണ്‌ അതിനു നിരത്തിയത്‌. തീരുമാനം അറിയിച്ച സ്‌റ്റേറ്റ്‌  ഡിപ്പാർട്ട്‌‌മെന്റ്‌  ചൈനക്കാർ തങ്ങളുടെ  പൗരന്മാരുടെ തൊഴിൽ വലിയതോതിൽ കവരുന്നതായും  ആരോപിച്ചു. കോൺസുലേറ്റ് സാധാരണപോലെ പ്രവർത്തിച്ചുവരികയായിരുന്നുവെന്നും അതിനാൽ അന്താരാഷ്‌ട്ര നിയമങ്ങളുടെ കടുത്ത ലംഘനമാണ്‌ അമേരിക്കയുടേതെന്നുമാണ്‌  ചൈനീസ് വിദേശ  വക്താവ് വാങ്‌  വെൻബിൻ പ്രതികരിച്ചത്‌.  തീരുമാനം പിൻവലിച്ചില്ലെങ്കിൽ ശക്തമായ തിരിച്ചടി നേരിടേണ്ടിവരും. നയതന്ത്ര പ്രതിനിധികളുടെ എണ്ണമെടുത്താൻ ചൈനയിൽ കൂടുതൽ അമേരിക്കക്കാരുണ്ടെന്നത്‌ മറക്കരുത്‌.   ചൈന‐ യുഎസ് ബന്ധം  അട്ടിമറിക്കുന്ന നീചവും നീതിരഹിതവുമായ ഇത്തരം നീക്കത്തെ ശക്തമായി അപലപിക്കുന്നു.  തെറ്റായ തീരുമാനം ഉടൻ പിൻലിക്കണമെന്നും അല്ലെങ്കിൽ  പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും വാങ് വെൻബിൻ മുന്നറിയിപ്പു നൽകി.

കുറച്ചുകാലമായി, അമേരിക്കൻ ഭരണകൂടം ചൈനീസ്‌  വ്യവസ്ഥയെ അപകീർത്തിപ്പെടുത്തുകയും അകാരണമായി  കടന്നാക്രമിക്കുകയും സംശയത്തിന്റെ നിഴലിൽ നിർത്തുകയുമാണ്‌. യുഎസിലെ ചൈനീസ് നയതന്ത്ര, കോൺസുലേറ്റ് ഉദ്യോഗസ്ഥരെയും പ്രതിനിധികളെയും  ഉപദ്രവിക്കുന്നതും  ചൈനീസ് വിദ്യാർഥികളെ ഭീഷണിപ്പെടുത്തുന്നതും  ചോദ്യം ചെയ്യുന്നതും അവരുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുക്കുന്നതും ശീലമാക്കിയ മട്ടാണ്‌. ചൈനീസ്‌ വംശജരായ മാധ്യമപ്രവർത്തകരോടും നിറഞ്ഞ അസഹിഷ്‌ണുത തന്നെ. നിസ്സാര കാര്യങ്ങൾക്കുപോലും  തടങ്കലിലാക്കുന്ന സംഭവങ്ങളും  അപൂർവമല്ല.  യുഎസിലെ  ചൈനീസ്‌ എംബസിയിലും കോൺസുലേറ്റുകളിലും അടുത്തിടെ വധഭീഷണികളും എത്തി. സ്‌ഫോടകവസ്‌തുക്കളും കണ്ടെടുക്കുകയുണ്ടായി. തെരഞ്ഞെടുപ്പ്‌ മുന്നിൽ കണ്ട്‌ ട്രംപും ഉപദേശകരുമെടുത്തു ചുഴറ്റുന്ന ചൈനീസ്‌ വിരുദ്ധത തുറന്നു കാണിക്കുകകൂടി സാമ്രാജ്യത്വവിരുദ്ധ ശക്തികളുടെ അടിയന്തര കടമയാണ്‌.

ശാസ്‌ത്രത്തിലും 
വിസ്‌മയക്കുതിപ്പ്‌

ശാസ്‌ത്ര, സാങ്കേതികവിദ്യാ രംഗങ്ങളിൽ ചൈനയുടെ കുതിച്ചുചാട്ടം അത്ഭുതാവഹമാണ്‌. രാജ്യത്തിന്റെ പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിനും ശാസ്‌ത്ര, സാങ്കേതികവിദ്യാ മേഖലകളിൽ കുതിപ്പ്‌ അനിവാര്യമാണെന്ന ബോധ്യത്തിലൂന്നിയുള്ള പ്രവർത്തനമാണ്‌ ഇതിന്‌ അടിസ്ഥാനം. ഈ മേഖലയിലെ ഗവേഷണത്തിനും പഠനങ്ങൾക്കും നൽകുന്ന ഊന്നലും പ്രോത്സാഹനവും വലിയ കുതിപ്പിന്‌ കരുത്തായി. തൊണ്ണൂറുകൾക്കുശേഷം അതിശയകരമായ വളർച്ചയാണ്‌ ഈ രംഗത്തുണ്ടായത്‌. ശാസ്‌ത്ര–-സാങ്കേതിക രംഗത്ത്‌ വൻനിക്ഷേപം ഇക്കാലത്തുണ്ടായി. ശാസ്‌ത്രസാങ്കേതിക വിദഗ്‌ധരുടെ എണ്ണവും നാലിരട്ടിയിലേറെ വർധിച്ചു. 1956ൽ ശാസ്‌ത്ര ആസൂത്രണ കമീഷന്റെ രൂപീകരണമാണ്‌ ചൈനയുടെ ആധുനിക ശാസ്‌ത്രസാങ്കേതിക മേഖലയ്‌ക്ക്‌ വഴിത്തിരിവായത്‌. 56–-67 കാലത്തേക്കായി ദീർഘകാല പദ്ധതി തന്നെ തയ്യാറാക്കി നടപ്പാക്കി, വലിയ തുടക്കമിട്ടു.

പിന്നീടങ്ങോട്ട്‌ തിരിഞ്ഞുനോക്കേണ്ടി വന്നില്ല. വ്യവസായം, അടിസ്ഥാനസൗകര്യ വികസനം തുടങ്ങിയ രംഗങ്ങളിലടക്കം വൻ പുരോഗതി നേടാൻ ഇത്‌ മൂലമായി. ഇലക്‌ട്രോണിക്, എൻജിനിയറിങ്‌ മേഖലകളിലും ചൈന ഇന്ന്‌ ലോകശക്തിയാണ്‌. പേറ്റന്റുകളുടെ കാര്യത്തിൽ അമേരിക്കയെയും പിന്തള്ളി. ശാസ്‌ത്രസാങ്കേതിക സ്ഥാപനങ്ങൾ, ഗവേഷണസ്ഥാപനങ്ങൾ എന്നിവയുടെ എണ്ണവും കുതിച്ചുയർന്നു. പടുകൂറ്റൻ നിർമിതികൾ, അതിവേഗ യാത്രായാനങ്ങൾ, കമ്പ്യൂട്ടർ ആപ്ലിക്കേഷനുകൾ, നിർമിതബുദ്ധി തുടങ്ങിയവയിലും ചൈന മുൻനിരയിലാണ്‌. ശാസ്‌ത്രസാങ്കേതിക രംഗത്തെ സ്വയംപര്യാപ്‌തതയാണ്‌ അവർ ലക്ഷ്യമിടുന്നത്‌. ഈ രംഗത്തേക്ക്‌ കൂടുതൽ യുവാക്കളെയും വനിതകളെയും ആകർഷിക്കാനുള്ള പദ്ധതികളും ഏറെ ഗുണകരമായി. കാർഷികമേഖലയിലും ശാസ്‌ത്രനേട്ടങ്ങൾ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നു.  ബഹിരാകാശ ഗവേഷണത്തിൽ മറ്റു രാജ്യങ്ങളുടെ സഹായമില്ലാതെയുള്ള ചൈനയുടെ മുന്നേറ്റം അത്ഭുതകരമാണ്‌. ഏറ്റവുമൊടുവിൽ സ്വന്തമായ ബഹിരാകാശനിലയം നിർമിച്ച്‌ അവിടെ ആളുകളെയും എത്തിച്ചു അവർ. ടിയാൻഗോങ് എന്ന ആകാശനിലയത്തിൽ മൂന്നു യാത്രികരെ എത്തിച്ചത്‌ ദിവസങ്ങൾക്കുമുമ്പാണ്‌. 

നാസയുടെ നേതൃത്വത്തിലുള്ള അന്താരാഷ്‌ട്ര ബഹിരാകാശനിലയ പദ്ധതിയിൽ ചൈനയെ സഹകരിപ്പിക്കാത്തതിനുള്ള മധുരപ്രതികാരംകൂടിയാണ്‌ ഇത്‌. തങ്ങളുടെ പദ്ധതിയുമായി മറ്റു രാജ്യങ്ങളെ സഹകരിപ്പിക്കുമെന്ന്‌ ചൈന പ്രഖ്യാപിച്ചു. റഷ്യയും താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്‌. അടുത്ത 11 ദൗത്യങ്ങളിലൂടെ  നിലയം പൂർത്തീകരിക്കുകയാണ്‌ ചൈനയുടെ ലക്ഷ്യം. ഇതിനായി 18 യാത്രികരെയാണ്‌ തെരഞ്ഞെടുത്തിരിക്കുന്നത്‌.

ചൊവ്വയിൽ സുരക്ഷിതമായി മനുഷ്യനെ ഇറക്കാനും ദീർഘകാലം താമസിക്കാനുമുള്ള ദൗത്യങ്ങളിലേക്കും ചൈന ചിന്തിച്ചുതുടങ്ങി. ഇതിന്റെ ഭാഗമായി ചൊവ്വാ പര്യവേക്ഷണവും ആരംഭിച്ചു. ആദ്യ ശ്രമത്തിൽത്തന്നെ ലാൻഡറും റോവറും ചൊവ്വയിൽ ഇറക്കി. കഴിഞ്ഞ ഫെബ്രുവരിയിൽ ചൊവ്വാ പഥത്തിൽ എത്തിയ ടിയാവെൻ–-1 പേടകത്തിൽനിന്ന്‌ കൃത്യതയോടെ ചൊവ്വയുടെ ‘ഉട്ടോപ്യ’യിലാണ്‌ ഇവ ഇറങ്ങിയത്‌. 2029 ചൊവ്വയിൽനിന്ന്‌ സാമ്പിളുമായി മടങ്ങുന്ന മറ്റൊരു ദൗത്യത്തിനും രൂപംനൽകിയിട്ടുണ്ട്‌.

1964ലാണ്‌ ചൈന ബഹിരാകാശ പദ്ധതികൾക്ക്‌ തുടക്കമിട്ടത്‌. തുടർന്ന്‌ ഒട്ടേറെ ദൗത്യം. 2003ൽ ആദ്യ ചൈനാക്കാരൻ ബഹിരാകാശത്ത്‌ എത്തി. 21 മണിക്കൂർ ചെലവഴിച്ചു. 2007 ആദ്യ ഓർബിറ്റർ ചന്ദ്രനെ ചുറ്റി. 2012 ആദ്യ ചൈനക്കാരിയെ ബഹിരാകാശത്ത്‌ എത്തിച്ചു. കഴിഞ്ഞവർഷം ചാങ്‌–-3 ചന്ദ്രനിൽ ഇറങ്ങി, ആറരയടി കുഴിച്ച്‌ രണ്ട്‌ കിലോ സാമ്പിൾ ശേഖരിച്ചു. അതുമായി ഡിസംബർ 17ന്‌ ഭൂമിയിൽ വിജയകരമായി തിരിച്ചെത്തി. ചന്ദ്രന്റെ മറുപുറത്തെപ്പറ്റി പഠിക്കുന്ന മറ്റൊരു ദൗത്യവും മുന്നേറുകയാണ്‌. ഭൂമിയുടെ സമീപം കടന്നുപോകുന്ന ഉൽക്കകളെപ്പറ്റി പഠിക്കാനുള്ള ഉപഗ്രഹം ചൈന വിക്ഷേപിച്ചത്‌ കഴിഞ്ഞ മാസമാണ്‌.

ദിലീപ്‌ മലയാലപ്പുഴ 

ഏഷ്യയുടെ 
കായികവിളക്ക്‌

‘ചാമ്പ്യന്മാർ പിറക്കുന്നത്‌ ജിംനേഷ്യങ്ങളിലല്ല. അവരവരുടെ സ്വപ്‌നങ്ങളിലൂടെ, അതിയായ ആഗ്രഹങ്ങളിലൂടെ, ഭാവനാപരമായ ഉൾക്കാഴ്‌ചകളിലൂടെ..’

മുഹമ്മദലി (ബോക്‌സിങ് ഇതിഹാസം)

ഇടിക്കൂട്ടിലെ ഇതിഹാസം മുഹമ്മദലി പറഞ്ഞത്‌ ചൈനയെ ഉദ്ദേശിച്ചല്ല. പക്ഷേ, ലോക കായികശക്തിയായി ചൈന വളർന്നതിന്‌ പിന്നിൽ ഇവയെല്ലാമുണ്ട്‌. അമേരിക്കയും സോവിയറ്റ്‌ യൂണിയനും ജർമനിയും കൊടികുത്തി വാണിരുന്ന  സ്‌പോർട്‌സിൽ, അതിന്റെ  ആഗോള പ്രശസ്‌തി വൈകിയാണ്‌ ചൈന തിരിച്ചറിഞ്ഞത്‌. പക്ഷേ ആ തിരിച്ചറിവ്‌ നൽകിയ ഊർജം ചെറുതായിരുന്നില്ല. ഏഷ്യയിൽ ഒതുങ്ങിനിന്നിരുന്ന കായിക മികവുകൾ തേച്ചുമിനുക്കി ലോകത്തിനുമുന്നിൽ അവതരിപ്പിച്ചപ്പോൾ അതൊരു ചരിത്രമായി. 2008ൽ ഒളിമ്പിക്‌സിന്‌ ആതിഥേയരായതോടെ ചൈനയുടെ ശക്തി ലോകം തിരിച്ചറിഞ്ഞു.

Image Credit: Olympics.com

തലസ്ഥാനമായ ബീജിങ്ങിൽ നടന്ന ആ ഒളിമ്പിക്‌സിൽ ചരിത്രത്തിലാദ്യമായി ചൈന ഓവറോൾ ചാമ്പ്യൻപട്ടമണിഞ്ഞു. 51 സ്വർണവും 21 വെള്ളിയും 28 വെങ്കലുമടക്കം 100 മെഡൽ. ലോകം അത്ഭുതത്തോടെയാണ്‌ ഈ നേട്ടത്തെ നോക്കിക്കണ്ടത്‌.  സംഘാടന മികവിലും പ്രകടനമികവിലും  അമേരിക്കയെ പിന്തള്ളിയ ഒളിമ്പിക്‌സ്‌. ചരിത്രത്തിലെ ഏറ്റവും വലിയ സ്വർണക്കുതിപ്പ്‌.

ആ നേട്ടം ഒറ്റ രാത്രികൊണ്ട്‌ ഉണ്ടായതല്ല. അതിൽ മുഹമ്മദലി പറഞ്ഞ സ്വപ്‌നമുണ്ടായിരുന്നു. ഭാവനാപൂർണമായ പദ്ധതിയും ആസൂത്രണ മികവുമുണ്ടായിരുന്നു. കേന്ദ്രീകൃതവും സുസംഘടിതവുമായ മുന്നേറ്റം. 1988ലെ ഒളിമ്പിക്‌സിൽ അഞ്ച്‌ സ്വർണമടക്കം നേടി പതിനൊന്നാം സ്ഥാനത്തായിരുന്നു. 20 വർഷത്തെ അധ്വാനത്തിനൊടുവിൽ ചൈന ലോക കായിക ഭൂപടം മാറ്റിവരച്ചു.

വിപ്ലവകരമായ മാറ്റത്തിന്‌ വഴിയൊരുക്കിയത്‌ 1995ലെ കായിക നിയമമാണ്‌. സ്‌പോർട്‌സ്‌ പൂർണമായും സർക്കാരിന്‌ കീഴിലാക്കിയതാണ്‌ നിയമത്തിന്റെ കാതൽ. താരങ്ങൾ രാജ്യസ്‌നേഹവും കൂട്ടായ്‌മയും സോഷ്യലിസവും പാലിക്കണമെന്ന്‌ നിയമം അനുശാസിക്കുന്നു. സർക്കാർ നിയന്ത്രണത്തിലെ ഏകീകൃത കായിക സംവിധാനം പുതിയ മുന്നേറ്റത്തിന്‌ അടിത്തറയായി. 

സർക്കാർ നേരിട്ട്‌ പദ്ധതികൾക്ക്‌ നേതൃത്വം നൽകി. സ്‌പോർട്‌സിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ്‌ പാഠ്യപദ്ധതികൾ തയ്യാറാക്കി. കുട്ടികളെ ചെറുപ്രായത്തിൽ കളികളിലേക്ക്‌ കൊണ്ടുവന്നു. എല്ലാ കുട്ടികൾക്കും തുടക്കത്തിൽ വ്യായാമത്തിന്റെ പാഠങ്ങൾ പകർന്ന്‌ കായികവിനോദങ്ങളിലേക്ക്‌ ആകർഷിച്ചു. കൃത്യവും ചിട്ടയുമായ പരിശീലനം. അടിസ്ഥാനസൗകര്യ വികസനത്തിൽ വൻ കുതിപ്പുണ്ടായി. സ്‌പോർട്‌സിനായി ബജറ്റിൽ വൻ തുകമാറ്റിവച്ചു. മൂവായിരത്തോളം ആധുനിക സ്‌പോർട്‌സ്‌ സ്‌കൂളുകളിലായി നാല്‌ ലക്ഷത്തിലേറെ കായികതാരങ്ങൾ സദാസജ്ജരായി.

2008 ഒളിമ്പിക്‌സ്‌ വേദി എട്ടുവർഷം മുമ്പ്‌ പ്രഖ്യാപിക്കപ്പെട്ടതോടെ ചൈന ഒളിമ്പിക്‌സിനായി കണ്ണുവച്ചു. കായികരംഗത്ത്‌ സോവിയറ്റ്‌ യൂണിയൻ പിന്തുടർന്ന നല്ല മാതൃകകൾ ചൈന സ്വീകരിച്ചു. നാടിനായി ഒരു കായികസംസ്‌കാരമുണ്ടായി. സ്‌പോർട്‌സിലെ നേട്ടം രാജ്യത്തിന്റെയാകെ നേട്ടമായി അവതരിപ്പിച്ചു. എല്ലാം സർക്കാർ നേരിട്ട്‌ നിയന്ത്രിച്ചു. ഏത്‌ ഇനത്തിലും മികച്ചവർ എന്ന ഒറ്റമാനദണ്ഡം പാലിച്ചു. പണവും പരിശീലനവും ഉറപ്പാക്കി. കളിക്കളങ്ങളും ആധുനിക പരിശീലന കേന്ദ്രങ്ങളും നിറഞ്ഞു. മികവുകാട്ടാറുള്ള പരമ്പരാഗത ഇനങ്ങളിൽ മെഡൽ ഉറപ്പാക്കുന്ന പരിശീലനം. അതിനൊപ്പം മറ്റ്‌ ഇനങ്ങളിലും പരീക്ഷണം. ബാഡ്‌മിന്റൺ, ടേബിൾടെന്നീസ്‌, ജിംനാസ്‌റ്റിക്‌സ്‌, ഡൈവിങ്, ഭാരോദ്വഹനം, അമ്പെയ്‌ത്ത്‌ തുടങ്ങിയ  ഇനങ്ങളിൽ കൂടുതൽ ശ്രദ്ധിച്ചു. പരമ്പരാഗത ഇനങ്ങളിൽ ആർക്കും മേധാവിത്വം വിട്ടുകൊടുക്കാതിരിക്കുന്നതാണ്‌ രീതി. അതോടൊപ്പം പുതിയ ഇനങ്ങളിലേക്ക്‌ കൂടുതൽ ശ്രദ്ധയും. ആ കരുതലിന്റെ ഫലമായിരുന്നു 2008ലെ ബീജിങ് ഒളിമ്പിക്‌സ്‌ കമ്യൂണിസ്‌റ്റ്‌, സോഷ്യലിസ്‌റ്റ്‌ പ്രത്യയശാസ്‌ത്രത്തിന്റെ അടിത്തറയിൽ ചൈന വികസന പുരോഗതിയിലേക്ക്‌ ചുവടുവച്ചപ്പോൾ സ്‌പോർട്‌സും മാറിനിന്നില്ല. ആ അടിത്തറയിൽതന്നെ കളികളും കളിക്കാരും ലോകം വെട്ടിപ്പിടിച്ചു.

ഏഷ്യാ ഭൂഖണ്ഡം ലോക കായികഭൂപടത്തിൽ എവിടെയുമുണ്ടായിരുന്നില്ല. ട്രാക്കിൽ ആഫ്രിക്കയും ഫീൽഡ്‌ ഇനങ്ങളിൽ യൂറോപ്പും മേധാവിത്വം പുലർത്തിയകാലം. അതിനിടെയാണ്‌ ഏഷ്യൻ കായികശക്തിയായി ചൈനയുടെ വളർച്ച. ഏഷ്യയെ കായികശക്തിയായി ലോകം അംഗീകരിച്ചത്‌ ചൈനയുടെ കുതിപ്പിലൂടെയാണ്‌. ആ അർഥത്തിൽ ചൈനയാണ്‌ ഏഷ്യയുടെ വഴികാട്ടി, ഭൂഖണ്ഡത്തിന്റെ കായിക വിളക്ക്‌.

ഇന്നിപ്പോൾ കായികരംഗത്ത്‌ ചൈന കൈവയ്‌ക്കാത്ത മേഖലകളില്ല.  പുതിയ നൂറ്റാണ്ടിൽ  അമേരിക്കയുടെ ആധിപത്യത്തെ വെല്ലുവിളിക്കാൻ മറ്റാരുമില്ല. എല്ലാ കായിക പദ്ധതികളിലും ചൈന കായികതാരങ്ങളോട്‌ പറയുന്നത്‌ പുതിയ ലക്ഷ്യത്തിലേക്ക്‌ കുതിക്കാനാണ്‌. ആ ഓർമപ്പെടുത്തലാണ്‌ വിജയത്തിന്റെ അടിസ്ഥാനം, ഇന്ന്‌ മാത്രമല്ല നാളേയും.

ആർ രഞ്‌ജിത്‌ 

അതിവേഗം പായുന്നു, 
ദെങ്ങിന്റെ സ്വപ്നം

ചെെനയുടെ സാമ്പത്തിക പുരോഗതിക്ക് വഴിയൊരുക്കി പരിഷ്കാരങ്ങളുടെ സൂത്രധാരൻ ദെങ് സിയാഒപിങ് കണ്ട സ്വപ്നമാണ് ചെെനയിലെ അതിവേഗ റെയിൽ. ജപ്പാൻ സന്ദർശനത്തിനിടെ ഷിങ്കാൻസൺ കണ്ടപ്പോഴാണ് ചെെനയിലും അതിവേഗം പായുന്ന തീവണ്ടിയെന്ന ആഗ്രഹം ഉടലെടുത്തത്. ആ സ്വപ്നമാണ് നാലു പതിറ്റാണ്ട് അപ്പുറം ചെെനയെ ലോകത്തിന്റെ നെറുകയിൽ നിർത്തുന്നവയിൽ ഒന്നായി മാറിയത്. വികസനത്തിന്റെ സോഷ്യലിസ്റ്റ്‌ മാതൃക തീർക്കുന്ന ചൈനയിലെ‌ അതിവേഗ റെയിൽ ഗതാഗതം ഇന്ന്‌ ലോകത്തിലെ ഏറ്റവും വലുതാണ്‌. ലോക അതിവേഗ റെയിൽ ഗതാഗതത്തിന്റെ 60 ശതമാനവും ചൈനയിലാണ്‌.

കുറഞ്ഞ ചെലവിൽ വേഗയാത്ര

ഈ തീവണ്ടികളുടെ വരവോടെ കുറഞ്ഞ ചെലവിൽ ഏറ്റവും വേഗം സുഖകരമായ യാത്രയെന്ന നേട്ടത്തിൽ ചെെനയെത്തി. ബീജിങ്ങിൽനിന്ന്‌ ഷാങ്ഹായിലേക്കുള്ള യാത്രസമയം 37 മണിക്കൂറിൽനിന്ന്‌ നാലായാണ് കുറഞ്ഞത്. ഏറ്റവും കുറവ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നതും ചെെനയാണ്. 480 കിലോമീറ്റർ വേഗതയിൽ പായുമ്പോഴും ഒരു നാണയം വിജയകരമായി തുലനം ചെയ്യാൻ കഴിയുന്നത്ര സുഖകരമായി യാത്ര ചെയ്യാൻ കഴിയും. 2008ൽ ആദ്യ അതിവേഗ റെയിൽ ആരംഭിച്ച ചെെനയിൽ നിലവിൽ 43,000 കിലോമീറ്റർ വ്യാപിച്ച ശൃംഖലയാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ 80 ശതമാനത്തിലധികം ഉൾക്കൊള്ളുന്നതാണിത്‌. 2035ഓടെ 70,000 കിലോമീറ്ററിലേക്ക് ഉയർത്താനാണ് ലക്ഷ്യമിടുന്നത്. രണ്ടാമതുള്ള സ്പെയിനിൽ അതിവേഗ റെയിൽ ശൃംഖല 3200 കിലോമീറ്ററോളം മാത്രമാണ്.

നൂറോളം രാജ്യത്തിന്‌ സഹായം

അതിവേഗ റെയിൽ പദ്ധതി തുടങ്ങിയപ്പോൾ വിദേശ സാങ്കേതിക വിദ്യയെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ, ചെെനയുടെ റെയിൽ മാതൃകയോട് പൂർണമായും ഇണങ്ങാത്തവ ആയിരുന്നു അവ. തുടർന്ന് ചെെനീസ് എൻജിനിയർമാർ അതിനെ പുനർനിർമിക്കുകയായിരുന്നു. നിലവിൽ സ്വതന്ത്രമായി വികസിപ്പിച്ചെടുത്തതാണ് ഉപയോഗിക്കുന്നത്. ഇപ്പോൾ ചെെനയുടെ റെയിൽ ഉൽപ്പന്നങ്ങളും സാങ്കേതികവിദ്യയും നൂറോളം രാജ്യത്തിലേക്ക് കയറ്റിയയക്കുന്നുണ്ട്. മറ്റു രാജ്യങ്ങൾ ചെെനയുടെ അതിവേഗ റെയിൽ നിർമാണമാതൃക പിന്തുടരുന്നത് നന്നായിരിക്കുമെന്നാണ് ലോക ബാങ്കിന്റെ റിപ്പോർട്ടിൽ പറയുന്നത്.

കെ എ നിധിൻനാഥ് 

Saturday, January 9, 2021

‘സ്വാതന്ത്ര്യ’ പ്രതിമയുടെ തലകുനിപ്പിച്ച ട്രംപ്‌

ആധുനിക കാലത്ത്‌ ഒട്ടേറെ സ്വതന്ത്ര‐ പരമാധികാര   രാജ്യങ്ങളിൽ  അട്ടിമറി നടത്തിയ ചോരപ്പാടുണ്ട്‌  അമേരിക്കയ്‌ക്ക്‌.  അവിടങ്ങളിൽ പലതിലെയും ജനപ്രിയരായ ഭരണാധികാരികളെ വധിക്കലും അസംഖ്യം പുരോഗമന പ്രസ്ഥാനങ്ങളെ തകർക്കലും പതിറ്റാണ്ടുകൾ നീണ്ട രാഷ്ട്രീയ‐ സാമ്പത്തിക  ഉപരോധങ്ങളും ഭൂഗോളം  കീഴടക്കാനുള്ള അതിവിപുലമായ ഗൂഢപദ്ധതികളുടെ ഭാഗമായിരുന്നു. അതിന്റെ ഉപകരണങ്ങളാണ്‌ സിഐഎയും എഫ്‌ബിഐയും. ഇറാഖിലും  ഇറാനിലും  ഗ്വാട്ടിമാലയിലും  ചിലിയിലും മറ്റും ഇടങ്കോലിടൽ വരുത്തിവച്ച കെടുതികൾ സംഹാരാത്മകങ്ങളായിരുന്നു.

ലോകപൊലീസ്‌ ചമയുന്ന ആ രാജ്യം ‘സ്വാതന്ത്ര്യ’ പ്രതിമ മുൻനിർത്തി പ്രതിവിപ്ലവങ്ങൾ ഇറക്കുമതി ചെയ്യുന്നതിലും മുന്നിലാണ്‌. വിയത്‌നാമും പഴയ സോവിയറ്റ്‌ യൂണിയനും ക്യൂബയും ഉത്തര കൊറിയയും വെനസ്വേലയും മറ്റും അതിന്റെ ഉദാഹരണങ്ങൾ. കൊറോണാ വ്യാപനത്തിനു ശേഷമുള്ള സഞ്ചാര നിയന്ത്രണം കാരണം സ്വന്തം രാജ്യത്തിലേക്കുതന്നെ അധിനിവേശം നടത്തുകയാണിപ്പോൾ. ആ അർഥത്തിൽ ഡോണൾഡ് ട്രംപിന്റെ ആശീർവാദത്തോടെ  അനുയായികൾ കഴിഞ്ഞ ദിവസം പാർലമെന്റിലേക്ക്‌ ഇരച്ചുകയറി നടത്തിയ അട്ടിമറി നീക്കം അവസാനത്തേതാകാൻ ഇടയില്ല. കറുത്ത വംശജർക്കെതിരെ വേട്ടപ്പട്ടികളെപ്പോലെ ചാടിവീണ്‌ മരണം ഉറപ്പാക്കാറുള്ള  ക്യുഅനോൻ, പ്രൗഡ്‌ ബോയ്‌സ്‌  തുടങ്ങിയ  തീവ്രവാദി സംഘടനകളും  ഇപ്പോഴത്തെ അതിക്രമത്തിൽ ഭാഗഭാക്കായെന്നത്‌ ഭയാനകമാണ്‌.

ഏവരും ഉറ്റുനോക്കിയതും മാധ്യമങ്ങളുടെ സവിശേഷ ശ്രദ്ധനേടിയതുമായ  2020 നവംബർ മൂന്നിന്റെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജയിച്ച ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ അധികാരത്തിൽ എത്തുന്നത് തടയുന്നതിനുള്ള അവസാനശ്രമമെന്ന നിലയിലായിരുന്നു  അഴിഞ്ഞാട്ടം. ഫലം പ്രഖ്യാപിക്കപ്പെട്ടിട്ടും സിംഹാസനം  വിട്ടൊഴിയാൻ ട്രംപ്‌ തയ്യാറല്ലെന്ന സൂചനയായിരുന്നു ആദ്യം. അതിന്‌ ഏതു വഴിവിട്ട മാർഗവും സ്വീകരിക്കാൻ  മടിക്കില്ലെന്നും തുടർച്ചയായി തെളിയിച്ചു. കോവിഡും ലോക്‌‌ഡൗണും  അതേത്തുടർന്നുണ്ടായ ഭയാശങ്കകളും   വിഭാഗീയമായ ചാലുകളിലേക്ക്‌  ഗതിമാറ്റി സ്ഥാനത്ത്‌ തുടരാൻ ആവതും ശ്രമിക്കുകയും ചെയ്‌തു. തെരഞ്ഞെടുപ്പ് നീട്ടിവയ്‌ക്കാനും തന്ത്രം പയറ്റി. നാല് ലക്ഷത്തിലധികം  മനുഷ്യ ജീവനാണ്‌ അമേരിക്കയിൽ കോവിഡ് കവർന്നത്‌. 

ബൈഡന്റെ ജയത്തിന്‌  സംയുക്ത സമ്മേളനം  അംഗീകാരം നൽകാൻ ചേർന്ന  സമയത്താണ്‌ പാർലമെന്റ് മന്ദിരത്തിലേക്ക് തീവ്രവലതുപക്ഷത്തിന്റെ ആക്രമണം ഉണ്ടായതെന്നതും ഗൗരവതരമാണ്‌. അനുകരണീയമായ ധാർമികതയും ഉന്നത ജനാധിപത്യ മൂല്യങ്ങളും വിപുലമായ സാഹോദര്യവും  കൊടിക്കൂറയാക്കിയ  രാജ്യമാണ് അമേരിക്കയെന്ന അവകാശവാദം പൊള്ളയാണെന്ന്‌ ഒരിക്കൽക്കൂടി തെളിഞ്ഞിരിക്കുകയാണ്‌. അധികാര സോപാനത്തിൽ അള്ളിപ്പിടിച്ചിരിക്കാൻ വെമ്പൽകൊള്ളുന്ന ട്രംപ്‌,  ശിങ്കിടികളെ ഊർജംനൽകി വൈകാരികമായി ഇളക്കിവിട്ടതിനെതിരെ  അന്താരാഷ്ട്ര സമൂഹവും സംഘടനകളും നേതാക്കളും  ശക്തമായ ഭാഷയിൽ അപലപിച്ചു. സഖ്യരാഷ്ട്രങ്ങളും  കൈയൊഴിഞ്ഞതോടെ വീണ്ടും നാണംകെട്ടു. ബ്രിട്ടീഷ്‌, ഫ്രഞ്ച്‌, ക്യാനഡ, ഇറാൻ ഭരണത്തലവന്മാർക്കു പുറമേ ഐക്യരാഷ്ട്ര സഭാ ജനറൽ സെക്രട്ടറി അന്തോണിേയാ ഗുട്ടെറസും ചൈനീസ്‌ വിദേശകാര്യ മന്ത്രാലയ വക്താവും  ട്രംപിനെ തുറന്നുകാട്ടാൻ തയ്യാറായെന്നതും നിസ്സാരമല്ല.

മൂലധനതാൽപ്പര്യങ്ങൾ എല്ലാ മനുഷ്യ ചലനങ്ങളും നിയന്ത്രിക്കുന്ന  ലോകത്തിലെ ഏറ്റവും വലിയ മുതലാളിത്ത രാജ്യമാണ് അമേരിക്ക.  പക്ഷേ,  ഏവരും മാതൃകയാക്കേണ്ട  ജനാധിപത്യ പറുദീസയെന്നാണ്‌  സ്വയം വിശേഷണം. തെരഞ്ഞെടുപ്പുകളിൽ ബഹുരാഷ്ട്ര ഭീമന്മാരുടെ കിഴിയിൽനിന്ന്‌ സംഭാവനയായി സ്വീകരിക്കുന്ന  പണക്കൂമ്പാരമിറക്കി പ്രചാരണത്തിനിറങ്ങുന്നവരാണ്‌ അവിടെ  വിജയരഥമേറാറുള്ളത്. ജനങ്ങൾക്കും ജനായത്തത്തിനുമല്ല, മുടക്കുന്ന ശതകോടി ഡോളറുകൾക്കാണ്‌  അമേരിക്കൻ  തെരഞ്ഞെടുപ്പുകളിൽ പ്രാധാന്യം.  അത് വ്യക്തമായി തെളിയിക്കപ്പെട്ട വർഷമായിരുന്നു ട്രംപ്‌ ജയിച്ച 2016.  ‘മഹത്തായ ജനാധിപത്യം’   സംരക്ഷിക്കാനാണെന്ന വ്യാഖ്യാനം നൽകി പാർലമെന്റ്‌ ആക്രമണത്തെ ന്യായീകരിക്കാനും  ആ അഭിനവ ഹിറ്റ്‌ലർ മുന്നോട്ടുവന്നു. അപ്പോഴും  മുഖ്യപ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർടിയുടെ പ്രതികരണം ആശാവഹമായിരുന്നില്ല.

അമേരിക്കയിലെ പുതിയ സംഭവവികാസങ്ങളോട്‌ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി കൈക്കൊണ്ട സമീപനം ചിരിക്ക്‌ വകനൽകുന്നതാണ്‌. ‘‘ നടന്നത്‌ സങ്കടകരമാണ്‌. അക്രമത്തിലൂടെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാൻ അനുവദിക്കരുത്‌. സുഗമമായ അധികാരക്കൈമാറ്റം തുടർന്നേ തീരൂ’’വെന്ന  വാക്കുകൾ സ്വന്തം നെഞ്ചിലേക്ക്‌ തിരിഞ്ഞു കുത്തുന്നതായി. അമേരിക്കൻ പാർലമെന്റിനു  നേരെയുണ്ടായ  കടന്നാക്രമണത്തിൽ ഇന്ത്യൻ ദേശീയ പതാകകൂടി  പ്രത്യക്ഷപ്പെട്ടതിൽ നമുക്ക്‌ ലജ്ജ തോന്നേണ്ടതാണ്‌. സംഘപരിവാർ സംഘടനകൾ ട്രംപിന്റെ ഏറ്റവും അടുത്ത ബന്ധുക്കളും  പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉറ്റമിത്രവുമാണ്‌. ട്രംപ്‌ മോഡിക്ക്‌ അമേരിക്കയിൽ നൽകിയ സ്വീകരണവും മോഡി അഹമ്മദാബാദിലും മറ്റും ഒരുക്കിയ ‘നമസ്‌തേ ട്രംപ് പരിപാടി’യും അതിന്റെ സാക്ഷ്യങ്ങൾ.    ട്രംപിന്റെ പേരിൽ ക്ഷേത്രം  സ്ഥാപിക്കുകയും അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ്‌ വിജയത്തിനായി കാവിപ്പട  പ്രാർഥനയും പൂജയും ഒരുക്കിയതും ദൈവിക പരിവേഷത്തോടെയായിരുന്നു.  ട്രംപിനെ പിന്തുണച്ച്‌  സാമൂഹ്യമാധ്യമങ്ങളിൽ വിപുലമായ  പ്രചാരണങ്ങളുമുണ്ടായി. ജനാധിപത്യത്തെ പുറംകാൽകൊണ്ട്‌ തൊഴിക്കുന്ന  ഒരേ പ്രവണതയുടെ രണ്ടു മുഖമാണ്‌ ഇരുവരും.

തീവ്രവലതുപക്ഷത്തെയും കൃത്രിമ ദേശീയതയെയും  പേശീബല രാഷ്ട്രീയത്തെയും തുറന്നു കാട്ടാതെ  ജനാധിപത്യം സംരക്ഷിക്കാനാകില്ലെന്നാണ്‌ അമേരിക്കയും ഇന്ത്യയും  മുന്നോട്ടുവയ്‌ക്കുന്ന പാഠം.

deshabhimani editorial 090120

നാണക്കേടിന്റെ പങ്കുപറ്റി മോഡിയും - സംഘപരിവാർ അനുകൂലികൾ ട്രംപിന്റെ വിജയത്തിനായി പ്രാർഥനകളും ഹോമങ്ങളും നടത്തി

 ‘വീണ്ടും ട്രംപ്‌ സർക്കാർ’ എന്ന്‌ മുദ്രാവാക്യം ഉയർത്തുകയും ‘എന്റെയും ഇന്ത്യയുടെയും സുഹൃത്ത്‌’ എന്ന്‌ ട്രംപിനെ വിശേഷിപ്പിക്കുകയും ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അമേരിക്ക നേരിടുന്ന നാണക്കേടിന്‌ ഭാഗിക ഉത്തരവാദി‌.

ഉദാരവൽക്കരണനയങ്ങൾ രണ്ട്‌ രാജ്യത്തും സാമൂഹ്യ–-സാമ്പത്തിക മേഖലകളിൽ സൃഷ്ടിച്ച കുഴപ്പങ്ങൾ മുതലെടുത്താണ്‌ മോഡി ഇന്ത്യയിലും ട്രംപ്‌ അമേരിക്കയിലും അധികാരത്തിൽ വന്നത്‌. ബിജെപി മതവർഗീയതയും ട്രംപും‌ റിപ്പബ്ലിക്കന്മാരും, വംശീയതയും ഇളക്കിവിട്ടു. ഭിന്നിപ്പ്‌ സൃഷ്ടിച്ചും വിദ്വേഷത്തിന്റെ ആശയങ്ങൾ പ്രചരിപ്പിച്ചുമാണ്‌ ഇരുവരും ഭരിച്ചത്‌. ജനാധിപത്യം, സഹിഷ്‌ണുത, സംവാദം എന്നിവയോട്‌  പുച്ഛമാണെന്ന്‌ ബിജെപിയും റിപ്പബ്ലിക്കന്മാരും പലതവണ തെളിയിച്ചു. ജനവിധിയിൽ തോൽക്കുന്ന സംസ്ഥാനങ്ങളിൽ പണമൊഴുക്കി അധികാരം പിടിക്കുന്ന ബിജെപി ശൈലി ട്രംപിസത്തിന്റെ തനിപ്പകർപ്പ്‌. ഫാസിസ്‌റ്റ്‌ സ്വഭാവമുള്ള നിയമനിർമാണങ്ങൾ നടപ്പാക്കാനും കോർപറേറ്റുകൾക്ക്‌ ശിങ്കിടിപ്പണി ചെയ്യാനും മോഡിസർക്കാരും ട്രംപ്‌ സർക്കാരും മത്സരിച്ചു.

വർഗീയതയുടെ തേരോട്ടത്തിൽ വീണ്ടും അധികാരം പിടിക്കാൻ മോഡിക്ക്‌ കഴിഞ്ഞു. പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ തീവ്രവംശീയതയിൽ കേന്ദ്രീകരിച്ചാണ്‌ റിപ്പബ്ലിക്കന്മാർ പ്രചാരണം നടത്തിയത്‌. കമല ഹാരിസിന്റെ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനാർഥിത്വം വംശീയത ആളിക്കത്തിക്കാനുള്ള സുവർണാവസരമാക്കി. ട്രംപും റിപ്പബ്ലിക്കന്മാരും ജനാധിപത്യത്തെ കുഴിച്ചുമൂടുമെന്ന്‌ മനസ്സിലാക്കാനുള്ള വിവേകം അമേരിക്കയിലെ ഭൂരിപക്ഷം വോട്ടർമാരും പ്രകടിപ്പിച്ചു.

ഇന്ത്യയിലാകട്ടെ, സംഘപരിവാർ അനുകൂലികൾ ട്രംപിന്റെ വിജയത്തിനായി പ്രാർഥനകളും ഹോമങ്ങളും നടത്തി. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ്‌ ട്രംപ്‌ സർക്കാരുമായി  ഇന്ത്യ നിർണായക പ്രതിരോധകരാറുകൾ ഒപ്പിട്ടു. വീണ്ടും ട്രംപ്‌ വരുമെന്ന്‌ ഉറപ്പിച്ച നിലയിലായിരുന്നു മോഡിയും കൂട്ടരും. അധികാരം നഷ്ടപ്പെട്ടാൽ സ്വേച്ഛാധിപതികൾ എന്തും ചെയ്യുമെന്നും ട്രംപിസം കാട്ടിത്തരുന്നു. ‌ ട്രംപ് അനുകൂലികളുടെ പെരുമാറ്റവും ഇന്ത്യക്കും‌ ‌ ഗുണപാഠം.

യുഎസ്‌ കോൺഗ്രസ് അം​ഗങ്ങള്‍ പറയുന്നു ട്രംപിനെ പുറത്താക്കണം; സ്വയം മാപ്പ്‌ നൽകി രക്ഷപ്പെടാൻ ട്രംപ്‌

വാഷിങ്‌ടൺ: സ്ഥാനമൊഴിയാൻ രണ്ടാഴ്‌ചമാത്രം ശേഷിക്കെ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിനെ പുറത്താക്കണമെന്ന്‌ യുഎസ്‌ കോൺഗ്രസ്‌ അംഗങ്ങൾ. ക്യാപിറ്റോൾ ആക്രമണത്തിന്‌ പിന്നാലെ സ്വന്തം പാർടി പ്രതിനിധികൾപോലും ട്രംപിനെതിരെ തിരിഞ്ഞു.  ട്രംപിനെ നീക്കണമെന്ന ഡെമോക്രാറ്റുകളുടെ ആവശ്യത്തിന്‌ റിപ്പബ്ലിക്കന്മാരും പിന്തുണ നൽകി. ട്രംപിനെ നീക്കിയില്ലെങ്കിൽ രണ്ടാം ഇംപീച്ച്‌മെന്റിലേക്ക്‌ നീങ്ങുമെന്ന്‌ പ്രതിനിധിസഭ സ്‌പീക്കർ നാൻസി പെലോസി പറഞ്ഞു. ക്യാപിറ്റോൾ ആക്രമിച്ച്‌ കലാപം സൃഷ്ടിക്കാനുള്ള ട്രംപ്‌ അനുകൂലികളുടെ ശ്രമത്തെ തള്ളിപ്പറയാൻപോലും തയ്യാറാകാതിരുന്നതാണ്‌ ട്രംപ് സംഘത്തിലെ  ഉദ്യോഗസ്ഥരെപ്പോലും ചൊടിപ്പിച്ചു‌. ചില മുതിർന്ന ഉദ്യോഗസ്ഥർ പ്രസിഡന്റിനെ പുറത്താക്കാനുള്ള അധികാരം നൽകുന്ന യുഎസ്‌ ഭരണഘടനയുടെ 25–-ാം ഭേദഗതിയുടെ നാലാം വിഭാഗം ഉപയോഗിക്കുന്നതിനെക്കുറിച്ച്‌ ചർച്ച നടത്തി.

ട്രംപിനെ നീക്കി നിലവിലെ വൈസ്‌ പ്രസിഡന്റ്‌ മൈക്ക്‌ പെൻസിനെ അധികാരം ഏൽപ്പിക്കുന്ന നടപടിയെക്കുറിച്ച് വൈറ്റ്‌ ഹൗസിൽ‌ ചർച്ച നടത്തിയതായും റിപ്പോർട്ടുണ്ട്‌. പല വകുപ്പുകളിലൂടെയും ട്രംപിനെ നീക്കാനുള്ള ചർച്ചകൾ നടന്നു. പരസ്യമായും ക്യാബിനറ്റ്‌ അംഗങ്ങൾ പിന്തുണ അറിയിച്ചിട്ടില്ലെങ്കിലും പലരും ഈ നീക്കത്തിന്‌ അനുകൂലമാണ്‌. വരും ദിവസങ്ങളിൽ ട്രംപ്‌ കൂടുതൽ വിനാശകരമായ നടപടികളിലേക്ക്‌ നീങ്ങുമെന്ന ഭയവും ഇവരിലുണ്ട്‌.

ട്രംപിനെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട്‌ വൈസ്‌ പ്രസിഡന്റ്‌ മൈക്ക്‌ പെൻസിന്റെയടക്കം ക്യാബിനറ്റിലെ മറ്റു അംഗങ്ങളുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്ന്‌ സ്‌പീക്കർ നാൻസി പെലോസി പറഞ്ഞു.  ഇനി ട്രംപിനെ ഒരു തീരുമാനവും എടുക്കാൻ അനുവദിക്കരുതെന്നും ക്യാബിനറ്റ്‌ നടപടി സ്വീകരിച്ചില്ലെങ്കിൽ കോൺഗ്രസ്‌ ഇടപെടുമെന്നും പെലോസി പറഞ്ഞു.

ട്രംപിനെ നീക്കം ചെയ്യണമെന്ന് സെനറ്റിലെ ഡെമോക്രാറ്റിക് നേതാവ് ചങ്ക്‌ ഷുമറും ആവശ്യപ്പെട്ടു. അമേരിക്കയ്‌ക്കെതിരായ ഒരു കലാപത്തിനാണ്‌ പ്രസിഡന്റ് ‌പ്രേരിപ്പിച്ചത്. ഇനി ഒരു ദിവസംപോലും ട്രംപ്‌ പദവി വഹിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ട്രംപിനെ ഇംപീച്ച് ചെയ്യുന്നതിന് സഭയ്ക്ക് വേഗത്തിൽ വോട്ട് ചെയ്യാമെങ്കിലും, അടുത്ത 13 ദിവസത്തിനുള്ളിൽ കോൺഗ്രസിന് പ്രസിഡന്റിനെ നീക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ബുദ്ധിമുട്ടാണ്‌. റിപ്പബ്ലിക്കന്മാർക്കാണ്‌‌ നിലവിൽ സെനറ്റിൽ ഭൂരിപക്ഷം. എന്നാൽ, റിപ്പബ്ലിക്കൻ പ്രതിനിധിയായ ആദം കിൻ‌സിംഗർ അടക്കമുള്ളവർ ട്രംപിനെ നീക്കണമെന്ന്‌ ആവശ്യം ഉന്നയിച്ചിട്ടുണ്ട്‌. 2019ൽ ഡെമോക്രാറ്റുകൾ കൊണ്ടുവന്ന ഇംപീച്ച്‌മെന്റ്‌ സെനറ്റ്‌ വോട്ടിനിട്ട്‌ തള്ളുകയായിരുന്നു.

സ്വയം മാപ്പ്‌ നൽകി രക്ഷപ്പെടാൻ ട്രംപ്‌

രാജ്യത്തിനെതിരെ കലാപത്തിന്‌ ആഹ്വാനം നൽകിയെന്നതടക്കമുള്ള ആരോപണങ്ങൾ നേരിടുന്നതിനിടെ അധികാരം ദുരുപയോഗം ചെയ്യാനൊരുങ്ങി ഡോണൾഡ്‌ ട്രംപ്‌. നിലവിലെ പ്രശ്‌നങ്ങളിൽ നടപടി നേരിടാതിരിക്കാൻ പ്രസിഡന്റ്‌ മാപ്പ്‌ നൽകുന്നവരുടെ കൂട്ടത്തിൽ സ്വയം മാപ്പ്‌ നൽകാനാണ്‌ ട്രംപിന്റെ നീക്കം. ഇതിനെക്കുറിച്ച്‌ വൈറ്റ് ഹൗസ് കൗണ്‍സെല്‍ പാറ്റ് സിപൊളോണിനോടും നിയമവിദഗ്ധരോടും ചര്‍ച്ച നടത്തി.

അധികാരം കൈമാറുന്നതിന്റെ തലേദിവസമായ ജനുവരി 19ന്‌ മാപ്പ്‌ പ്രഖ്യാപിക്കും. ചീഫ് ഓഫ് സ്റ്റാഫ് മാർക്ക് മെഡോസ്, മുതിർന്ന ഉപദേഷ്ടാവ് സ്റ്റീഫൻ മില്ലർ, പേഴ്‌സണൽ ചീഫ് ജോൺ മക്ഇൻടി, സോഷ്യൽ മീഡിയ ഡയറക്ടർ ഡാൻ സ്കാവിനോ എന്നിവരടക്കം നിരവധി പേർക്ക്‌ മാപ്പ്‌ നൽകും. ട്രംപിന്റ മകൾ ഇവാക, മരുമകൻ ജരേഡ്‌ കൂഷ്‌നർ എന്നിവരും പരിഗണനയിലുണ്ട്‌. ട്രംപിന്റെ കുടുംബാംഗങ്ങൾ, സുഹൃത്തുകൾ, സഹായികൾ എന്നിവർക്കും പൊതുമാപ്പിന്റെ ആനുകൂല്യം ലഭിച്ചേക്കും.

അധികാരത്തിലേറിയതു‌മുതൽ സ്വയം മാപ്പുനല്‍കാനുളള അധികാരത്തെക്കുറിച്ച് ട്രംപ് ചർച്ച നടത്തിയിരുന്നു. 2018-ല്‍ സ്വയംമാപ്പുനല്‍കുന്നതിനുളള അധികാരം ഉപയോഗിക്കാന്‍ തനിക്ക് കഴിയുമെന്നും ട്രംപ് ട്വീറ്റും ചെയ്തിരുന്നു. അതേസമയം കുറ്റവാളികള്‍ക്ക് മാപ്പുനല്‍കാനുളള പ്രസിഡന്റിന്റെ അധികാരം തന്റെ വേണ്ടപ്പെട്ടവര്‍ക്കായി ആവശ്യാനുസരണം ഉപയോഗിച്ചിരുന്നു. പൊതുമാപ്പ് ലഭിച്ചവർക്കു‌മുമ്പ്‌ ചെയ്‌ത ഫെഡറൽ കുറ്റകൃത്യങ്ങൾക്ക് ശിക്ഷയിൽനിന്ന്‌ രക്ഷപ്പെടാനാകും.

പരിഹസിച്ച്‌ ചൈനീസ് മാധ്യമം; ‘മനോഹര കാഴ്‌ച’

ക്യാപിറ്റോൾ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കയെ പരിഹസിച്ച്‌ ചൈനീസ് മാധ്യമം. 2019ൽ ഹോങ്കോങ്ങിൽ ഉണ്ടായ സർക്കാർ വിരുദ്ധ പ്രക്ഷോഭവുമായി താരതമ്യപ്പെടുത്തിയാണ്‌ ഗ്ലോബൽ ടൈംസ് പരിഹസിച്ചത്‌.

2019 ജൂലൈയിൽ ഹോങ്കോങ്ങിലെ ലെജിസ്‌ലേറ്റീവ് കൗൺസിലിൽ പ്രതിഷേധക്കാർ ആക്രമിച്ചതും ക്യാപിറ്റോളിലെ പ്രതിനിധി സഭയിൽ ട്രംപ് അനുകൂലികൾ അതിക്രമിച്ച് കയറിയ ചിത്രങ്ങളും വച്ചായിരുന്നു പ്രതികരണം.

‘ഒരിക്കൽ നാൻസി പെലോസി ഹോങ്കോങ് പ്രക്ഷോഭത്തെ കാണാൻ മനോഹരമായ കാഴ്ചയെന്നാണ്‌ വിശേഷിപ്പിച്ചത്. ക്യാപിറ്റോളിലെ സംഭവത്തിൽ അവർക്ക് ഇതേ അഭിപ്രായം തന്നെയാണോയെന്ന്‌ യുഎസ് സ്‌പീക്കർ നാൻസി പെലോസിയെ പരാമർശിച്ച് ഗ്ലോബൽ ടൈംസ് ചോദിച്ചു.

ട്രംപ്‌ സംഘത്തിൽ കൂട്ടരാജി

അക്രമ സംഭവങ്ങളിൽ പ്രതിഷേധിച്ച്‌  ട്രംപിന്റെ സംഘത്തിലെ നിരവധി പേർ രാജിവച്ചു.  ക്യാബിനറ്റ് അംഗമായ വിദ്യാഭ്യാസ സെക്രട്ടറി ബെറ്റ്‌സി ഡേവോസാണ് രാജിവച്ചത്‌.ട്രംപ് അക്രമത്തെ പ്രോത്സാഹിപ്പിച്ചുവെന്നും അദ്ദേഹത്തിന്റെ നീക്കം നാല് പേർ കൊല്ലപ്പെടാൻ ഇടയാക്കി.  ഭരണനേട്ടങ്ങൾ ആഘോഷിക്കേണ്ട വേളയിൽ അക്രമകാരികൾ സൃഷ്ടിച്ച പ്രശ്‌നത്തിന് മറുപടി പറയേണ്ടിവരികയാണ് ചെയ്തതെന്നും ബെറ്റ്‌സി പറഞ്ഞു.ട്രാൻസ്‌പോർട്ടേഷൻ സെക്രട്ടറി ഇലനി കാവോ, ഡെപ്യൂട്ടി നാഷണൽ സെക്യൂരിറ്റി അഡ്വൈസർ മാത്യൂ പോട്ടിംഗർ, മെലാനിയ ട്രംപിന്റെ ചീഫ് സ്റ്റാഫ് സ്റ്റെഫാനി ഗ്രിഷാം എന്നിവരും രാജി നൽകി‌.

ക്യാപിറ്റോൾ പൊലീസ്‌ തലവൻ രാജിവച്ചു

ആക്രമണ സംഭവങ്ങൾക്കു പിന്നാലെ ക്യാപിറ്റോൾ പൊലീസ്‌ മേധാവി സ്റ്റീഫൻ സൻഡ് രാജിവച്ചു. ‌ 16ന്‌ സ്ഥാനമൊഴിയും. ‌ സ്‌പീക്കർ നാൻസി പെലോസി രാജി ആവശ്യപ്പെട്ടതിനു പിന്നാലെയാണ്‌ പടിയിറക്കം. ജോ ബൈഡന്റെ വിജയം അംഗീകരിക്കാൻ കോൺഗ്രസ്‌ ചേരുന്നതു തടഞ്ഞ്‌ തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാനുള്ള ശ്രമത്തെ നേരിടാൻ ആവശ്യമായ മുൻകരുതൽ ക്യാപിറ്റോൾ പൊലീസ്‌ സ്വീകരിച്ചിരുന്നില്ലെന്ന്‌ വലിയ വിമർശം ഉയർന്നു. ആക്രമണം ഉണ്ടാക്കുമെന്ന്‌ വിവരം ലഭിച്ചിട്ടും പൊലീസ്‌ അലംഭാവം കാണിച്ചു. കറുത്ത വർഗക്കാരുടെ പ്രതിഷേധങ്ങളെ ക്രൂരമായി അടിച്ചമർത്തുന്ന പൊലീസ്‌ ട്രംപിന്‌ അനുകൂലമായി നിലകൊണ്ടുവെന്നും വിമർശമുണ്ട്‌.

യു‌എസ് ക്യാപിറ്റോളിനെതിരായ ആക്രമണം വാഷിങ്‌ടൺ ഡി‌സിയിലെ തന്റെ 30 വർഷത്തെ പൊലീസ്‌ ജോലിക്കിടയിൽ താൻ അനുഭവിച്ചതിൽനിന്ന്‌ വ്യത്യസ്തമായിരുന്നുവെന്ന്‌ സ്റ്റീഫൻ പറഞ്ഞു. ഉദ്യോഗസ്ഥർ കലാപകാരികളെ നേരിട്ട രീതി വീരോചിതമാണെന്നും അദ്ദേഹം പറഞ്ഞു.

‘ബനാന റിപ്പബ്ലിക്’ ആയി: മൈക്ക് പോംപിയോ

ട്രംപിനെതിരെ കടുത്ത നിലപാടുമായി യുഎസ്‌ സ്‌റ്റേറ്റ്‌ സെക്രട്ടറി മൈക്ക്പോംപിയോ. ക്യാപിറ്റോൾ ആക്രമണത്തിന്റെ പേരിൽ ലോകത്തിന്‌ മുന്നിൽ അമേരിക്ക നാണംകെട്ടതിനു പിന്നാലെയാണ്‌ പോംപിയോയുടെ പ്രതികരണം. ക്യാപിറ്റോൾ ആക്രമണം അമേരിക്കയെ ഒരു ബനാന റിപ്പബ്ലിക് ആക്കിയെന്നും അദ്ദേഹം പറഞ്ഞു.

ആൾക്കൂട്ട അക്രമം അധികാരത്തിന്റെ വിനിയോഗം നിർണയിക്കുന്ന ഇടമാണ്‌ ബനാന റിപ്പബ്ലിക്‌. അമേരിക്കയിൽ നിയമപാലകർ ജനക്കൂട്ടത്തിന്റെ അക്രമം തടയുന്നു. അതിലൂടെ ജനങ്ങളുടെ പ്രതിനിധികൾക്ക് നിയമവാഴ്ചയ്ക്കും ഭരണഘടനയ്‌ക്കും സർക്കാരിനും അനുസൃതമായി അധികാരം പ്രയോഗിക്കാൻ കഴിയുമെന്ന് ട്രംപിന്റെ കടുത്ത വിശ്വസ്‌തനായിരുന്ന‌ പോംപിയോ ട്വീറ്റ്‌ ചെയ്‌തു.

‘ഈ ദിവസം ഒരു ഓര്‍മപ്പെടുത്തലാണ്’ : ജോ ബൈഡന്‍

ട്രംപ് അനുകൂലികള്‍ നടത്തിയ അക്രമത്തിനെതിരെ രൂക്ഷവിമര്‍ശവുമായി നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍. ‘ഈ ദിവസം ഒരു ഓര്‍മപ്പെടുത്തലാണ്, ജനാധിപത്യം ദുര്‍ബലമായിരിക്കുന്നതിന്റെ വേദനിപ്പിക്കുന്ന ഓര്‍മപ്പെടുത്തല്‍. ജനാധിപത്യത്തെ സംരക്ഷിക്കാന്‍ നല്ല മനസ്സുള്ള ജനങ്ങള്‍ വേണം. ഉറച്ചുനില്‍ക്കാന്‍ ധൈര്യമുള്ള നേതാക്കള്‍ വേണം. അധികാരത്തിനും സ്വന്തം താല്‍പ്പര്യത്തിനുമല്ലാതെ ജനങ്ങളുടെ നന്മയ്‌ക്കായി നിലകൊള്ളുന്ന നേതാക്കളായിരിക്കണം അത്,’ ബൈഡന്‍ ട്വീറ്റ് ചെയ്തു. 

സമാനതകളില്ലാത്ത കൈയേറ്റമാണ് അമേരിക്കന്‍ ജനാധിപത്യത്തിന് നേര്‍ക്കിപ്പോള്‍ നടക്കുന്നതെന്നും ബൈഡന്‍ പറഞ്ഞു.

ജനാധിപത്യത്തിന്‌ എതിരായ ഭയാനക ആക്രമണം ; ട്രംപിനെ തള്ളി ലോകനേതാക്കള്‍

ഭരണം നഷ്ടപ്പെടുന്നത്‌ സഹിക്കാനാകാതെ അനുയായികളെ ഇറക്കി കലാപം സംഘടിപ്പിച്ച  ഡോണൾഡ്‌ ട്രംപിനെ തള്ളിപ്പറഞ്ഞ്‌ അമേരിക്കയുടെ സുഹൃദ്‌രാജ്യ തലവൻമാരടക്കമുള്ള ലോകനേതാക്കൾ. അമേരിക്കയിൽ നടന്നത്‌ ജനാധിപത്യത്തിന്‌ എതിരായ ഭയാനക ആക്രമണവുമാണെന്നും സമാധാനപരമായ അധികാരക്കൈമാറ്റം നടക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

അക്രമത്തെ അപലപിച്ച  ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ബോറിസ്‌ ജോൺസൺ ‘മാനക്കേടുണ്ടാക്കുന്ന സംഭവ’മാണിതെന്ന്‌ വിശേഷിപ്പിച്ചു. ലോകത്താകെ ജനാധിപത്യത്തിനായി നിലകൊള്ളുന്ന അമേരിക്ക അവിടെ സമാധാനപരവും ക്രമപ്രകാരവുമായ അധികാരകൈമാറ്റം ഉറപ്പാക്കേണ്ടത് നിർണായകമാണെന്ന്‌ അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ജനാധിപത്യത്തിനെതിരായ നേരിട്ടുള്ള ആക്രമണമാണെന്ന്‌ ബ്രിട്ടനിലെ പ്രതിപക്ഷനേതാവ്‌ കിയർ സ്‌റ്റാർമർ പ്രതികരിച്ചു. കാപിറ്റോളിൽ നടന്നത്‌ അങ്ങേയറ്റം ഭയാനകമാണെന്ന്‌ സ്‌കോട്ട്‌ലൻഡ്‌ മന്ത്രി നിക്കോള സ്‌റ്റർജിയോൺ പറഞ്ഞു. അമേരിക്കൻ ജനാധിപത്യത്തിൽ വിശ്വാസമുണ്ടെന്നും പുതിയ പ്രസിഡന്റ്‌ ജോ ബൈഡൻ അക്രമങ്ങൾ അതിജീവിക്കുമെന്നും സ്‌പാനിഷ്‌ പ്രധാനമന്ത്രി പെദ്‌റോ സാൻജസ്‌  പറഞ്ഞു.

ഉൽക്കണ്ഠയുണ്ടാക്കുന്ന ആക്രമണമാണ്‌ ജനാധിപത്യത്തിന്‌ എതിരെ നടന്നതെന്ന്‌ ഫ്രഞ്ച്‌ വിദേശമന്ത്രി യാങ്‌ യേവസ്‌ ലെ ഡ്രിയാൻ പറഞ്ഞു. ട്രംപും അനുയായികളും അമേരിക്കൻ ജനതയുടെ വിധിയെഴുത്ത്‌ ഉൾക്കൊള്ളണമെന്നും ജനാധിപത്യത്തിനെതിരായ അക്രമം നിർത്തണമെന്നും ജർമൻ വിദേശമന്ത്രി ഹീക്കോ മാസ്‌ തുറന്നടിച്ചു.

അധികാരക്കൈമാറ്റം സമാധാനപരമാകണമെന്ന്‌ യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ്‌ ചാൾസ്‌ മിഷേലും യൂറോപ്യൻ കമീഷൻ പ്രസിഡന്റ്‌ ഉർസുല വോൺ ദെർ ലെയനും ആവശ്യപ്പെട്ടു.  തെരഞ്ഞെടുപ്പ്‌ ഫലത്തെ ബഹുമാനിക്കണമെന്ന്‌ അമേരിക്കൻ സൈനിക സഖ്യമായ നാറ്റോയുടെ സെക്രട്ടറി ജനറൽ ജെൻസ്‌ സ്‌റ്റോൾട്ടൻബർഗ്‌ പറഞ്ഞു.

ജനാധിപത്യത്തിനെതിരായ അക്രമത്തിൽ അങ്ങേയറ്റം അസ്വസ്ഥത തോന്നുതായി ക്യാനഡ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ വ്യക്തമാക്കി. ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾക്കുമേൽ ആൾക്കൂട്ടം ആക്രമിക്കപ്പെടരുതെന്ന്‌ ന്യൂസിലൻഡ്‌ പ്രധാനമന്ത്രി ജസിൻഡ ആൻഡേൺ പറഞ്ഞു.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട്‌ മോറിസൺ, തുർക്കി വിദേശമന്ത്രാലയം, വെനസ്വേലൻ വിദേശമന്ത്രാലയം, അർജന്റീന പ്രസിഡന്റ്‌ ആൽബർട്ടോ ഫർണാണ്ടസ്‌, ചിലി പ്രസിഡന്റ്‌ സെബാസ്‌റ്റ്യൻ പിനേര, ജപ്പാൻ കാബിനറ്റ്‌ സെക്രട്ടറി കറ്റ്‌സുനോബു കറ്റോ, ഫിജി പ്രധാനമന്ത്രി ഫ്രാങ്ക്‌ ബൈനിമരാമ, സിംഗപ്പുർ മന്ത്രി ടിയോ ചീ ഹീൻ തുടങ്ങി നിരവധി നേതാക്കളും അക്രമത്തെ അപലപിച്ചു.

എല്ലാ മുൻ പ്രസിഡന്റുമാരും ട്രംപിനെതിരെ

അമേരിക്കയിൽ ജീവിച്ചിരിക്കുന്ന മുഴുവൻ മുൻ പ്രസിഡന്റുമാരും ട്രംപിന്റെ നേതൃത്വത്തിൽ നടന്ന ആക്രമണത്തെ അപലപിച്ചു. ട്രംപിന്റെ റിപ്പബ്ലിക്കൻ പാർടിയുടെ മുൻ പ്രസിഡന്റുമാരും ശക്തമായി രംഗത്തുവന്നു. തെരഞ്ഞെടുപ്പിനുശേഷമുള്ള ചില രാഷ്ട്ര നേതാക്കളുടെ പെരുമാറ്റം ഭയപ്പെടുത്തുന്നതായി റിപ്പബ്ലിക്കൻ നേതാവും മുൻ പ്രസിഡന്റുമായ ജോർജ്‌ ഡബ്ല്യു ബുഷ്‌ പറഞ്ഞു.  അക്രമം രാഷ്ട്രത്തിനേറ്റ പ്രഹരമാണെന്ന്‌ മുൻ പ്രസിഡന്റ്‌ ബിൽ ക്ലിന്റൻ പ്രതികരിച്ചു. ദേശീയ ദുരന്തമാണ്‌ ഉണ്ടായതെന്ന്‌ 96 വയസ്സുള്ള മുൻ പ്രസിഡന്റ്‌ ജിമ്മി കാർട്ടർ പറഞ്ഞു.

നിയമപരമായി നടന്ന തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാൻ നിരന്തരം കള്ളംപറയുന്ന ട്രംപിനെയും റിപ്പബ്ലിക്കൻ നേതാക്കളെയും മുൻ പ്രസിഡന്റ്‌ ബറാക്‌ ഒബാമ കുറ്റപ്പെടുത്തി.

ട്രംപിനെ നീക്കാൻ ചർച്ച

ട്രംപിനെ പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന്‌ നീക്കാനുള്ള ‌ സാധ്യതകൾ  മന്ത്രിസഭാംഗങ്ങൾ ചർച്ച ചെയ്തതായി റിപ്പോർട്ട്‌. യുഎസ്‌ ഭരണഘടനയുടെ 25–-ാം ഭേദഗതി പ്രയോഗിക്കുന്ന കാര്യമാണ്‌ ചർച്ച ചെയ്തത്‌. പ്രസിഡന്റ്‌  സ്ഥാനത്തിരിക്കുന്നയാൾ യോഗ്യനല്ലെന്ന്‌ വന്നാൽ വൈസ്‌ പ്രസിഡന്റിനും അംഗങ്ങൾക്കും  അയാളെ നീക്കം ചെയ്യാൻ  അധികാരം നൽകുന്ന ഭേദഗതിയാണിത്‌. വൈസ്‌ പ്രസിഡന്റ്‌ മൈക്ക്‌ പെൻസാണ്‌ ഇതിനായുള്ള വോട്ടെടുപ്പിൽ മന്ത്രിസഭയെ നയിക്കേണ്ടത്‌.  ട്രംപിനെ നീക്കണമെന്നാവശ്യപ്പെട്ട്‌ ഹൗസ്‌ ജുഡീഷ്യറി കമ്മിറ്റിയിലുള്ള ഡെമോക്രാറ്റുകൾ മൈക്ക്‌ പെൻസിന്‌ കത്ത്‌  നൽകി.

Sunday, November 8, 2020

എല്ലാവരെയും ചേർത്തുപിടിച്ച്‌‌ കമല

‘‘മുപ്പത്തഞ്ച്‌ വയസ്സായാൽ നിനക്കും അമേരിക്കൻ പ്രസിഡന്റാകാം.’ നാലുവയസ്സുകാരി അമാരയുമായുള്ള‌ കമലാ ഹാരിസിന്റെ സംഭാഷണം‌ ലോകം ഏറ്റെടുത്തുകഴിഞ്ഞു. അമേരിക്കയെ വംശീയമായി വിഭജിച്ച ഡോണൾഡ്‌ ട്രംപിനെ ബൈഡനൊപ്പം പൊരുതിത്തോൽപ്പിച്ച്‌ രാജ്യത്തിന്റെ ആദ്യ വനിതാ വൈസ്‌ പ്രസിഡന്റാകുന്ന ഇന്ത്യൻ–- ആഫ്രിക്കൻ വംശജയ്‌ക്ക്‌ അതേ പശ്ചാത്തലമുള്ള പെൺകുഞ്ഞിനോട്‌ പറയാവുന്ന ഏറ്റവും നല്ല വാക്കുകൾ. ജോർജ്‌ ഫ്ലോയിഡിന്റെ കൊലപാതകവും തുടർന്നുണ്ടായ‌ സർക്കാർ സ്‌പോൺസേർഡ്‌ അതിക്രമങ്ങളും അരക്ഷിതാവസ്ഥയിലാക്കിയ രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കും കുടിയേറ്റ തൊഴിലാളികൾക്കും എല്ലാവരെയും ചേർത്തുനിർത്തുന്ന കമലയുടെ വിജയം ഒരുപോലെ ആശ്വാസമാകുന്നു.

ചെന്നൈയിൽനിന്ന് അമേരിക്കയിലെത്തിയ ആദ്യകാലങ്ങളിൽ വംശീയാധിക്ഷേപം ഏറെ അനുഭവിച്ച അമ്മ ‌ശ്യാമളാ ഗോപാലനായിരുന്നു‌‌ എന്നും പ്രചോദനം. ‘നിങ്ങൾ ഇന്ത്യാക്കാരാണ്‌. കറുത്തവരുമാണ്‌. ഇതിൽ ഏതെങ്കിലും ഒന്നാണെന്നൊ, മറിച്ചോ, നിങ്ങൾ തെളിയിക്കേണ്ട കാര്യമില്ല’. ആ വാക്കുകളുടെ കരുത്തിൽ ഇന്ത്യൻ–- ജമൈക്കൻ വംശജയായ കമല ദേവി ഹാരിസ്‌ ഒരു ദേശീയ കക്ഷിയുടെ വൈസ്‌ പ്രസിഡന്റ്‌ ‘സ്ഥാനാർഥി’യാകുന്ന ആദ്യ ആഫ്രിക്കൻ വംശജയും ആദ്യ ഇന്ത്യൻ വംശജയും മൂന്നാമത്തെ സ്ത്രീയുമായി.

വൈസ്‌ പ്രസിഡന്റ്‌ ‘സ്ഥാനാർഥി’യാകുന്നതിന്‌‌ മുമ്പേതന്നെ അമേരിക്കക്കാർക്ക്‌ സുപരിചിത. 2004മുതൽ 2011വരെ സാൻ ഫ്രാൻസിസ്‌കോ ജില്ലാ അറ്റോർണി. തുടർന്ന്‌ 2017വരെ കലിഫോർണിയ അറ്റോർണി ജനറൽ. 2017ൽ കലിഫോർണിയയിൽനിന്ന്‌ സെനറ്റിലെത്തി. സെനറ്റിലെത്തുന്ന രണ്ടാമത്തെ ആഫ്രിക്കൻ വംശജയും ആദ്യ ദക്ഷിണേഷ്യൻ വനിതയുമായി. നിയമം, ഇന്റലിജൻസ്‌, സുരക്ഷ, സർക്കാർ വ്യവഹാരം‌, ബജറ്റ്‌ കമ്മിറ്റികളിലെ അംഗം. അറ്റോർണി ജനറൽ ബിൽ ബാർ, ഫെയ്‌സ്‌ബുക്‌ സിഇഒ മാർക്ക്‌ സുക്കർബെർഗ്‌ തുടങ്ങിയ പ്രമുഖരെ ചോദ്യം ചെയ്തു. ലൈംഗികാരോപണം നേരിട്ട ബ്രെറ്റ്‌ കാവനായെ ചോദ്യം ചെയ്തത്‌ കമലയെ ട്രംപിന്റെ കണ്ണിലെ കരടാക്കി. തന്റെ അനുകൂലിയായ കാവനായെ ട്രംപ്‌ സുപ്രീംകോടതി അസോസിയേറ്റ്‌ ജഡ്‌ജായി നിർദേശിച്ചിരുന്നു.

അധിക്ഷേപങ്ങൾ വകവയ്‌ക്കാതെ

2019ൽ പ്രസിഡന്റ്‌ പദവി ലക്ഷ്യമാക്കി പ്രചാരണം ആരംഭിച്ച കമല പിന്നീട്‌‌ പിൻവാങ്ങി. ആഗസ്ത്‌ 11ന്‌‌‌ ജോ ബൈഡന്റെ ‘റണ്ണിങ്‌ മേറ്റാ’യി‌. പ്രചാരണത്തിലുടനീളം ട്രംപ്‌ കമലയെ വ്യക്തിപരമായും വംശീയമായും ആക്രമിച്ചു. പേരിന്റെ ഉച്ചാരണത്തിൽത്തുടങ്ങി ‘പ്രസിഡന്റ്‌ പദവിയിൽ സ്ത്രീയെ അനുവദിച്ചുകൂടാ’യെന്ന സ്ത്രീവിരുദ്ധ പരാമർശംവരെയുണ്ടായി.

ഇതൊന്നും കമലയെ കുലുക്കിയില്ല. ‘സ്ത്രീകളോട്‌ ‘നിങ്ങളുടെ സമയമായിട്ടില്ല,’ ‘ഇത്‌ നിങ്ങളുടെ ഇടമല്ല’ എന്ന്‌ ‌ പറയുന്നവരുണ്ടാകും. ഇത്തരം നെഗറ്റീവ്‌ ചിന്തകളെ പ്രഭാതഭക്ഷണത്തിനൊപ്പം വിഴുങ്ങിക്കളയുക. അതോടെ മറന്നേക്കുക. പുതിയ തുടക്കത്തിനും നേതൃനിരയിലേക്ക്‌ വരാനും ആരുടെയും അനുമതിക്കായി കാത്തുനിൽക്കേണ്ടതില്ല.’

ഇഡലി, സാമ്പാർ

അമേരിക്കയിൽ വളർന്നെങ്കിലും തന്റെ ഇന്ത്യൻ വേരുകളുമായി പരിചയത്തിലായത്‌ ക്യാൻസർ വിദഗ്‌ധയായിരുന്ന അമ്മ ശ്യാമളയിൽനിന്നാണ്‌. ചൂടൻ ഇഡ്‌ലിയും സ്വയമ്പൻ സാമ്പാറും ടിക്കയും ജീവിതത്തിന്റെ ഭാഗമായി. മുത്തച്ഛനും നയതന്ത്രജ്ഞനുമായ പി വി ഗോപാലനിൽനിന്നാണ്‌‌ കുട്ടിക്കാലത്ത്‌ സ്വാതന്ത്ര്യസമര സേനാനികളുടെ കഥകൾ കേട്ടത്‌.

ജമൈക്കക്കാരനും സാമ്പത്തിക വിദഗ്‌ധനുമായ അച്ഛൻ ഡോണൾഡ്‌ ഹാരിസിന്റെ വരുമാന അസമത്വത്തെക്കുറിച്ചുള്ള പഠനങ്ങൾ കമലയ്‌ക്കും പുതിയ അറിവുകളേകി. 2016ൽ ഹിലരി ക്ലിന്റന്റെ സീനിയർ ഉപദേഷ്ടാവായിരുന്ന അനുജത്തി മായാ ലക്ഷ്‌മി ഹാരിസും അവരുടെ മകളും അഭിഭാഷകയുമായ മീനയും പ്രചാരണത്തിലുടനീളം കമലയുടെ ശക്തികേന്ദ്രങ്ങളായി. 2014ലായിരുന്നു അഭിഭാഷകനായ ഡഗ്ലസ്‌ എമ്മോഫുമായുള്ള വിവാഹം. കുട്ടികളില്ല. ഡഗ്ലസിന്‌ ആദ്യ വിവാഹത്തിൽ രണ്ട്‌ മക്കളുണ്ട്‌.

വി കെ അനുശ്രീ

വോട്ടിൽ റെക്കോഡോടെ ഒന്നാമൻ ; ബൈഡൻ അമേരിക്കയുടെ നാല്പത്തിയാറാമത് പ്രസിഡന്റാകും

നാലു ദിവസം നീണ്ട ലോകത്തിന്റെ കാത്തിരിപ്പിന്‌ വിരാമം. ജോസഫ്‌ റോബിനെറ്റ്‌ ബൈഡൻ ജൂനിയർ എന്ന ജോ ബൈഡൻ അമേരിക്കയുടെ 46–-ാമത്‌ പ്രസിഡന്റാകാൻ ഭൂരിപക്ഷം ഉറപ്പിച്ചു.  ഇന്ത്യൻ വംശജ കമല ഹാരിസ്‌ അമേരിക്കയുടെ വൈസ്‌ പ്രസിഡന്റാകുന്ന ആദ്യ സ്‌ത്രീയാകും.

പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന 538 അംഗ ഇലക്ടറൽ കോളേജിൽ ഡെമോക്രാറ്റിക്‌ സ്ഥാനാർഥി ബൈഡന്‌ 290 അംഗങ്ങളായി.  ഭൂരിപക്ഷത്തിന്‌ 270  മതി. റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്‌  കനത്ത പരാജയമായി. 28 വർഷത്തിനിടെ രണ്ടാമങ്കത്തിൽ പരാജയപ്പെടുന്ന ആദ്യ പ്രസിഡന്റാണ്‌ ട്രംപ്‌.

ഫലം അറിയാൻ അവശേഷിച്ചിരുന്ന നാല്‌ ചാഞ്ചാട്ട സംസ്ഥാനങ്ങളിൽ  പെൻസിൽവേനിയ, നെവാഡ എന്നിവ പിടിച്ചതോടെയാണ്‌ ബൈഡന്‌ ഭൂരിപക്ഷമായത്‌. ഈ സംസ്ഥാനങ്ങളിൽനിന്നുള്ള 26 ഇലക്ടറൽ വോട്ടുകൾ കൂടി ബൈഡന്‌ സ്വന്തമായി. 16 അംഗങ്ങളുള്ള ജോർജിയയിലും മുന്നിലുള്ള ബൈഡന്‌ മൊത്തം 306 ഇലക്ടറൽ വോട്ട്‌ ലഭിച്ചേക്കും. ബൈഡന്‌ ഇതുവരെ 7,48,57,880 ജനകീയ വോട്ടായി. അമേരിക്കൻ ചരിത്രത്തിലെ റെക്കോഡാണിത്‌. ട്രംപിനേക്കാൾ 43 ലക്ഷത്തോളം അധികം.

ട്രംപിന്‌ ശനിയാഴ്‌ച രാത്രിവരെ (ഇന്ത്യൻ സമയം) 214 ഇലക്ടറൽ വോട്ടാണ്‌ ഉള്ളത്‌. അദ്ദേഹം മുന്നിലുള്ള ഉത്തര കാരലൈന കൂടി ലഭിച്ചാൽ 229 ആകും. 7.06 കോടിയോളം ജനകീയ വോട്ടുണ്ട്‌. ബൈഡന്റെ വിജയം അംഗീകരിക്കില്ലെന്ന്‌ പ്രഖ്യാപിച്ചിട്ടുള്ള ട്രംപ്‌ നിയമയുദ്ധം ആരംഭിക്കുന്നതായി വ്യക്തമാക്കിയിട്ടുണ്ട്‌.

അമേരിക്കയുടെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റായിരിക്കും ബൈഡൻ. അടുത്ത ജനുവരി 20ന്‌ അധികാരമേൽക്കുമമ്പോൾ 78 തികയും. 1973 മുതൽ 2009 വരെ യുഎസ്‌ സെനറ്ററായിരുന്നു. 2009ൽ ബറാക്‌ ഒബാമയ്‌ക്കു കീഴിൽ രാജ്യത്തിന്റെ 47–-ാമത്‌ വൈസ്‌ പ്രസിഡന്റായി. രണ്ടു തവണയായി എട്ടു വർഷം വൈസ്‌ പ്രസിഡന്റ്‌ സ്ഥാനത്ത്‌ തുടർന്നു.

ഉറച്ച പ്രതീക്ഷയോടെ അവസാനംവരെ

അമേരിക്കയുടെ അടുത്ത പ്രസിഡന്റ്‌ ആരെന്ന്‌ ഉറപ്പിക്കാൻ എല്ലാവരും നാല്‌ ചാഞ്ചാട്ട സംസ്ഥാനങ്ങളിലേക്ക്‌ ഉറ്റുനോക്കുമ്പോൾ ജോ ബൈഡന്‌ വിജയത്തിൽ സംശയമുണ്ടായിരുന്നില്ല. താൻ 300ലധികം ഇലക്‌ടറൽ കോളേജ്‌ വോട്ടുകളുടെ പാതയിലാണെന്ന്‌ ബൈഡൻ വെള്ളിയാഴ്‌ച രാത്രി പ്രഖ്യാപിച്ചിരുന്നു. പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന 538 അംഗ ഇലക്ടറൽ കോളേജിൽ 270 അംഗങ്ങളാണ്‌ ഭൂരിപക്ഷത്തിനാവശ്യം. വോട്ടെണ്ണൽ ഇഴയുന്നതിനാൽ ബൈഡന്‌ 264, റിപബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ്‌ ട്രംപിന്‌ 214 എന്ന നിലയിലായിരുന്നു മൂന്ന്‌ ദിവസം.

വെള്ളിയാഴ്‌ച രാത്രി ഡെലവേറിലെ വിൽമിങ്‌ടണിലുള്ള പ്രചാരണ ആസ്ഥാനത്തു‌നിന്ന്‌ രാഷ്‌ട്രത്തോട്‌ നടത്തിയ പ്രസംഗത്തിലാണ്‌ ബൈഡൻ വിജയത്തിൽ ഉറച്ച വിശ്വാസം പ്രകടിപ്പിച്ചത്‌. ‘എന്റെ സഹ അമേരിക്കക്കാരെ, അന്തിമ വിജയപ്രഖ്യാപനം ഇനിയും ആയിട്ടില്ല. എന്നാൽ, സംഖ്യകൾ വ്യക്തമായും ബോധ്യപ്പെടുത്തുന്ന തരത്തിലും കഥ പറയുന്നുണ്ട്‌. ഈ മത്സരം നമ്മൾ ജയിക്കാൻ പോവുകയാണ്‌’–- ബൈഡൻ പറഞ്ഞു. കമല ഹാരിസും ഒപ്പമുണ്ടായിരുന്നു.

ബൈഡന്റെ മുന്നേറ്റം വ്യക്തമായശേഷം പൊതുവേദിയിൽ പ്രത്യക്ഷപ്പെടാൻ മടിച്ച ട്രംപ്‌ ട്വീറ്റുകളായി പ്രതികരണങ്ങൾ പുറത്തുവിട്ടു. ബൈഡൻ തെറ്റായി വിജയം അവകാശപ്പെടരുതെന്ന്‌ ട്രംപ്‌ ആവശ്യപ്പെട്ടു. നിയമയുദ്ധം ഇതാ ആരംഭിച്ചു എന്നും ട്രംപ്‌ വ്യക്തമാക്കി. എന്നാൽ, യുഎസ്‌ കോൺഗ്രസിന്റെ പ്രതിനിധിസഭാ സ്‌പീക്കർ നാൻസി പെലൊസി നിയുക്ത പ്രസിഡന്റ്‌ എന്നാണ്‌ ബൈഡനെ വിശേഷിപ്പിച്ചത്‌.

ഒരുക്കം നേരത്തെ തുടങ്ങി

ബൈഡനും സംഘവും ഭരണമാറ്റത്തിന്‌ മുന്നോടിയായ പരിവർത്തനകാലത്തിലേക്ക്‌ കടന്നു. ശക്തമായ സർക്കാർ രൂപീകരണത്തിന്‌ ബൈഡനെ സഹായിക്കാൻ വിശ്വസ്‌ത സഹായി റ്റെഡ്‌ കോഫ്‌മന്റെ നേതൃത്വത്തിലാണ്‌ ഒരുക്കം. ദീർഘകാലമായി ബൈഡന്റെ വിശ്വസ്‌ത സഹായിയായ കോഫ്‌മൻ 2009ൽ ബൈഡൻ വൈസ്‌ പ്രസിഡന്റായപ്പോൾ ഒഴിവുവന്ന സെനറ്റ്‌ സീറ്റിലേക്ക്‌ അവശേഷിച്ച രണ്ട്‌ വർഷത്തേക്ക്‌ നിയോഗിക്കപ്പെട്ടിരുന്നു‌.

അമേരിക്കൻ ഭരണസമ്പ്രദായത്തിൽ പുതിയ പ്രസിഡന്റ്‌ അധികാരമേൽക്കുമ്പോൾ വലിയ മാറ്റങ്ങളാണ്‌ അധികാരസ്ഥാനങ്ങളിൽ ഉണ്ടാവുക. ഒഴിയുന്ന പ്രസിഡന്റും പുതിയ ആളും രണ്ട്‌ പാർടിക്കാരാണെങ്കിൽ പരിവർത്തനകാലത്ത്‌ ഇരട്ടി അധ്വാനം വേണ്ടിവരും. താനാണ്‌ സ്ഥാനാർഥി എന്ന്‌ ഏറെക്കുറെ ഉറപ്പായ ഏപ്രിലിൽതന്നെ പ്രസിഡന്റായാൽ വേണ്ട മാറ്റങ്ങൾക്ക്‌ ഒരുക്കം ആരംഭിക്കാൻ ബൈഡൻ കോഫ്‌മന്‌ നിർദേശം നൽകിയിരുന്നു.

കാബിനറ്റിലും വൈറ്റ്‌ഹൗസിലും മറ്റുമായി നാലായിരത്തോളം നിയമനങ്ങൾ പ്രസിഡന്റ്‌ നടത്തേണ്ടിവരും. അതിൽ 1200ൽപരം നിയമനങ്ങൾക്ക്‌ സെനറ്റിന്റെ അംഗീകാരം ആവശ്യമാണ്‌. ഓരോരുത്തരുടെയും പശ്ചാത്തലം പരിശോധിക്കണം. സെനറ്റിൽ ഡെമോക്രാറ്റുകൾക്ക്‌ ഭൂരിപക്ഷം ഉറപ്പില്ലാത്തതിനാൽ റിപബ്ലിക്കൻ സെനറ്റർമാർക്ക്‌ കൂടി സ്വീകാര്യരായവരെ കണ്ടെത്തേണ്ടിവരും. ദീർഘകാലം സെനറ്ററായിരുന്ന ബൈഡന്‌ എതിർപക്ഷത്തും നല്ല ബന്ധങ്ങളുള്ളതിനാൽ കാര്യങ്ങൾ കുറച്ചൊക്കെ സുഗമമായേക്കും.

എന്നാൽ, സ്ഥാനമൊഴിയുന്ന പ്രസിഡന്റിന്റെ സഹകരണവും പ്രധാനമാണ്‌. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഫലമറിഞ്ഞ്‌ ഒരാഴ്‌ചയ്‌ക്കകം അന്നത്തെ പ്രസിഡന്റ്‌ ബറാക്‌ ഒബാമ ഡോണൾഡ്‌ ട്രംപിനെ കണ്ട്‌ ഒരുക്കങ്ങൾ ആരാഞ്ഞു. എന്നാൽ, അധികാരം നിലനിർത്താൻ എന്തും ചെയ്യാൻ ഒരുങ്ങിനിൽക്കുന്ന ട്രംപിൽനിന്ന്‌ സഹകരണം പ്രതീക്ഷിക്കാനാവാത്ത സ്ഥിതിയിലാണ്‌ ബൈഡൻ.

പ്രസിഡന്റ്‌ തോൽക്കുന്നത്‌ 28 വർഷത്തിനുശേഷം

അമേരിക്കയിൽ 28 വർഷത്തിനു ശേഷമാണ്‌ നിലവിലെ പ്രസിഡന്റ്‌ രണ്ടാമങ്കത്തിൽ പരാജയപ്പെടുന്നത്‌. രണ്ടാംവട്ടം തുടരാനാകാതെ പരാജയപ്പെട്ട അപമാനിതരുടെ നിരയിലാകും ചരിത്രത്തിൽ ഇനി ട്രംപിന്‌ സ്ഥാനം.

1992ൽ ബിൽ ക്ലിന്റനോട്‌ പരാജയപ്പെട്ട ജോർജ്‌ ബുഷ്‌ സീനിയറിനായിരുന്നു മുമ്പ്‌ ഈ അപമാനം ഏറ്റുവാങ്ങേണ്ടിവന്നത്‌.23.9 കോടി വോട്ടർമാരിൽ 16 കോടിയോളം ആളുകൾ ഇത്തവണ വോട്ട്‌ ചെയ്‌തു. ഇത്‌ സർവകാല റെക്കോഡാണ്‌.അമേരിക്കയിലെ 50 സംസ്ഥാനത്തായാണ്‌ തെരഞ്ഞെടുപ്പ്‌ നടക്കുന്നതെങ്കിലും വിജയി ആരെന്ന്‌ നിശ്ചയിക്കുന്നത്‌ 12 ചാഞ്ചാട്ട സംസ്ഥാനമാണ്‌. ഇത്തവണ ഫലമറിഞ്ഞ 10 ചാഞ്ചാട്ട സംസ്ഥാനത്തിൽ ആറെണ്ണം ബൈഡൻ പിടിച്ചപ്പോൾ ട്രംപിനു ലഭിച്ചത്‌ നാലെണ്ണം. ഫലം അറിയാനുള്ള രണ്ടെണ്ണത്തിൽ രണ്ടുപേരും ഓരോ സംസ്ഥാനത്ത്‌ മുന്നിലാണ്‌.

28 വർഷമായി ഒരു ഡെമോക്രാറ്റിക്‌ സ്ഥാനാർഥി പോലും വിജയിച്ചിട്ടില്ലാത്ത ജോർജിയ, മിഷിഗൻ എന്നിവ പിടിച്ചതാണ്‌ ബൈഡന്‌ നേട്ടമായത്‌. അതിനൊപ്പം കഴിഞ്ഞതവണ ഡെമോക്രാറ്റുകളിൽനിന്ന്‌ ട്രംപ്‌ പിടിച്ചെടുത്ത പെൻസിൽവേനിയയടക്കം മൂന്നു സംസ്ഥാനം തിരിച്ചുപിടിച്ചു.

Saturday, November 7, 2020

'അങ്ങനെ തീരില്ല അത്രയേറെ എണ്ണാനുണ്ട്'-അമേരിക്കയിലെ എണ്ണല്‍ അനുഭവവുമായി ഉമേഷ്‌ പി നരേന്ദ്രന്‍

 ''പതിനാറുകോടിയോളം വോട്ടുകളാണ് എണ്ണേണ്ടത്. ഓരോ വോട്ടും പ്രസിഡന്റു തെരഞ്ഞെടുപ്പിന്റേതു മാത്രമല്ല. സിറ്റി മേയറും കൗൺസിലർമാരും വരെയുള്ള ലോക്കൽ ആളുകളെ വരെ തെരഞ്ഞെടുക്കുന്ന തെരഞ്ഞെടുപ്പാണ്. ഇന്ത്യയിലെ പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയും സ്റ്റേറ്റ് മുഖ്യമന്ത്രിയെയും എല്ലാ മന്ത്രിമാരെയും സുപ്രീം കോടതി ചീഫ് ജസ്റ്റീസിനെയും പോലീസ് ഐജിയെയും എം പിയെയും എം എൽ എയും പഞ്ചായത്തു പ്രസിഡന്റിനെയും പഞ്ചായത്തു മെമ്പറെയും ഒക്കെ തെരഞ്ഞെടുക്കുന്ന ഒറ്റ ബാലറ്റ് പേപ്പർ ഒന്ന് ആലോചിച്ചു നോക്കൂ.''...ഉമേഷ്‌ പി നരേന്ദ്രന്‍ എഴുതുന്നു.

പത്തിരുപത്തഞ്ചു കൊല്ലം മുമ്പുള്ള കഥയാണ്. ആദ്യമായി അമേരിക്കയിൽ വന്ന കാലം.ബോസ്റ്റണിലാണു ജീവിതം.വണ്ടിയും വള്ളവും ഒന്നുമില്ല സ്വന്തമായി.   ട്രെയിനിലും ബസ്സിലുമാണു സഞ്ചാരം.   48 ഡോളർ കൊടുത്ത് ഒരു മന്ത്‌ലി പാസ് വാങ്ങിയിട്ടുണ്ട്. അതു കൊണ്ട് ഏതു ട്രെയിനിലും ബസ്സിലും എത്ര വേണമെങ്കിലും യാത്ര ചെയ്യാം.   "ശല്യം വേണ്ടാ സരണി മുഴുവൻ വണ്ടിയിൽ തന്നെ പോകാം." എന്നും ഓഫീസിൽ പോകുന്നതു കൂടാതെ ശനിയും ഞായറും ഞങ്ങൾ ഈ ഫ്രീ റൈഡ് മുതലാക്കാൻ കാണുന്ന ട്രെയിനിലും ബസ്സിലും ഒക്കെ സഞ്ചരിച്ചു പോന്നു.

അങ്ങനെയിരിക്കുമ്പോൾ  കൂടെ ജോലി ചെയ്യുന്ന ഇന്ത്യക്കാരി സ്ത്രീ ഡിന്നറിനു വീട്ടിലേക്കു വിളിച്ചു. അവരുടെ വീട്ടിൽ പോകണമെങ്കിൽ ലോംഗ് ഡിസ്റ്റൻസ് ട്രെയിനിൽ പോകണം. അവിടെ ഇറങ്ങിയാൽ അവർ കാറിൽ വന്നു കൊണ്ടുപൊയ്ക്കോളും.   

അങ്ങോട്ടു പോകേണ്ട ട്രെയിൻ സ്റ്റേഷനിൽ ഞങ്ങൾ മൂന്നു പേർ നേരത്തേ തന്നെ എത്തി.   ടിക്കറ്റെടുക്കാൻ നല്ല ലൈൻ. പോകേണ്ട സ്ഥലത്തേക്കുള്ള ഒരു ടിക്കറ്റിനു  രണ്ടേകാൽ ഡോളർ. ഒരുത്തനെ ടിക്കറ്റെടുക്കാൻ വിട്ടു.  ഞാനും വേറൊരുത്തനും കൂടി ഇങ്ങനെ സ്റ്റേഷനും കണ്ടു നിന്നു.

സീസൺ  ടിക്കറ്റ് ഉള്ളതു കൊണ്ട് ലോക്കൽ ട്രെയിനിൽ എത്രയാ ടിക്കറ്റ് ചാർജ് എന്ന് അറിഞ്ഞിട്ടില്ല. അവിടെ ദൂരം കൂടുന്നതനുസരിച്ച് ചാർജ് കൂടുകയും ഒന്നുമില്ല. ഒരു സോണിൽ മുഴുവൻ ഒരു ചാർജാണ്. ഒരു ടിക്കറ്റിന് 70 സെന്റ്.

ഭിത്തിയിൽ ടിക്കറ്റുവിവരം എഴുതി വെച്ചിരിക്കുന്നു.

1 ടിക്കറ്റ് : $0.70

2 ടിക്കറ്റുകൾ: $1.40

3 ടിക്കറ്റുകൾ: $2.10

...

എന്നിങ്ങനെ.

"ഇതെന്തിനാ ഇങ്ങനെ എഴുതിയിരിക്കുന്നത്?  ഒരെണ്ണത്തിന്റെ എഴുതിയാൽ പോരേ?"  എന്നു ഞാൻ.

"ചിലപ്പോൾ അഞ്ചെണ്ണം മേടിച്ചാൽ ചാർജ് കുറവുണ്ടാകും."

"അല്ലെങ്കിൽ നമ്മുടെ നാട്ടിലെപ്പോലെ അഞ്ചെണ്ണം വാങ്ങിയാൽ വല്ല സ്റ്റീൽ ഗ്ലാസ്സും ഫ്രീയായി കൊടുക്കുമായിരിക്കും."

ഞങ്ങൾ വിലവിവരപ്പട്ടികയുടെ അവസാനം നോക്കി.

..

20 ടിക്കറ്റുകൾ : $14.00

"ഡാ, കുറവൊന്നുമില്ല. ഇരുപതെഴുപത് ആയിരത്തി നാനൂറ്"

ഞങ്ങൾക്കു കാര്യം മനസ്സിലായി. 6 ടിക്കറ്റു വാങ്ങാൻ വരുന്നവന് എത്ര കാശു കൊടുക്കണം എന്നു കൺഫ്യൂഷൻ വരാൻ പാടില്ല.  

"ഏഴാറു നാല്പത്തിരണ്ട് എന്നു ഗുണനപ്പട്ടിക ഇവന്മാരൊന്നും പഠിച്ചിട്ടില്ലേ?"

"ചിലപ്പോൾ ഇല്ലായിരിക്കും. അക്ഷരാഭ്യാസമില്ലാത്തവരും ചിലപ്പോൾ ഉണ്ടായിരിക്കും...അല്ലാ, വണ്ടി വരാറായല്ലോ.  ലവനെ കാണുന്നില്ലല്ലോ"

ടിക്കറ്റു മേടിക്കാൻ പോയവൻ വെറും കൈയോടെ ഓടി വന്നു. "ടിക്കറ്റു വാങ്ങണ്ടാന്ന്. ട്രെയിനിൽ കണ്ടക്ടർ വരുമ്പോൾ വാങ്ങിച്ചാൽ മതിയെന്ന്."

"ഒള്ളതാണോഡേ?  കണ്ടക്ടറു തന്നെയാണോ ട്രെയിനിൽ? റ്റീറ്റീയി അല്ല?  ഇനി  ടിക്കറ്റെടുക്കാത്തതിനു ജെയിൽ പോകേണ്ടി വരുമോ?  ഗോതമ്പുണ്ട തിന്നേണ്ടി  വരുമോ?"

"ഏയ്, ഇവിടെയൊക്കെ ബർഗർ ആയിരിക്കും..."

ഞങ്ങൾ മൂന്നു പേരും ട്രെയിനിൽ കയറി.  കണ്ടക്ടർ വന്നപ്പോൾ ടിക്കറ്റില്ല എന്നു നെഞ്ചു വിരിച്ചു പറഞ്ഞു.  പോകേണ്ട സ്ഥലം പറഞ്ഞു.

"മൂന്നു ഡോളർ 25 സെന്റ്," കണ്ടക്ടർ ഉവാച.

'മൂന്നേകാലോ?,"  ഞങ്ങൾ ഞെട്ടി.  "രണ്ടേകാൽ എന്നാണല്ലോ സ്റ്റേഷനിൽ എഴുതി വെച്ചിരുന്നത്."

"രണ്ടേകാൽ ടിക്കറ്റിന്റെ വില.  ഒരു ഡോളർ ട്രെയിനിൽ നിന്നു വാങ്ങുന്നതിനു സർചാർജ്."

ഞങ്ങൾ മൂന്നു പേരും തലയിൽ കൈ വെച്ചിരുന്നു പോയി.  ഇന്ത്യയിൽ നിന്നു വന്ന  സമയമാണ്.  ഓരോ ഡോളറിനെയും 35 കൊണ്ടു ഗുണിച്ച് രൂപയാക്കി കണക്കുകൂട്ടി  നടക്കുന്ന കാലം. ഒരു സെന്റിന്റെ നാണയം ഉരുണ്ടു വല്ല കക്കൂസുകുഴിയിലും പോയാൽ അതിലിറങ്ങി മുങ്ങിത്തപ്പി എടുത്തു കൊണ്ടു വരുന്ന കാലം.  35 പൈസയല്ലേ?   നാട്ടിൽ ഏഴു ഗ്യാസുമുട്ടായി വാങ്ങിക്കാം.

വെറുതേ മൂന്നു ഡോളർ  കൊണ്ടുക്കളഞ്ഞു. വീട്ടിലെത്തിയാൽ ടിക്കറ്റെടുക്കാതെ വന്ന മൂന്നാമനെ കൊന്നു  കളയാൻ ഞങ്ങൾ ബാക്കി രണ്ടു പേരും കൂടി രഹസ്യമായി തീരുമാനിച്ചു.

"മൂന്നു ടിക്കറ്റ്," ഞാൻ പറഞ്ഞു.

കണ്ടക്ടർ പോക്കറ്റിൽ നിന്ന് കാൽക്കുലേറ്റർ എടുത്തു.  പൊടി തുടച്ചു.  ഓൺ ചെയ്തു.  എന്നിട്ട് ഉറക്കെ പറഞ്ഞു കൊണ്ട് കുത്താൻ തുടങ്ങി.

"ത്രീ റ്റൈംസ് ത്രീ റ്റ്വെന്റിഫൈവ്..."

"നയൻ സെവന്റിഫൈവ്"," ഞങ്ങൾ മൂന്നു പേരും കൂടി കോറസ്സിൽ.

201  അക്കമുള്ള ഒരു സംഖ്യയുടെ ഇരുപത്തിമൂന്നാമത്തെ റൂട്ട് പണ്ടു ടെക്സസിൽ  എവിടെയോ വെച്ച് ശകുന്തളാദേവി അമ്പതു സെക്കന്റു കൊണ്ട് കണക്കുകൂട്ടിയപ്പോൾ  അവിടെയിരുന്നവരുടെ വായ് പൊളിഞ്ഞതു പോലെ കണ്ടക്ടറുടെ വായ് പൊളിഞ്ഞു.  കണ്ണു  തിരുമ്മി ഒന്നുകൂടി നോക്കി.  ഒന്നല്ല, മൂന്നു ശകുന്തളാ ദേവന്മാർ ഒരേ  സ്വരത്തിൽ!

കണ്ടക്ടർക്കു വിശ്വാസം വന്നില്ല.  കാൽക്കുലേറ്റർ എടുത്തു  കുത്തി.  ഉത്തരം അതു തന്നെയാണെന്ന് ഉറപ്പിച്ചു.  എന്നിട്ടു തലയുയർത്തി  ഞങ്ങളെ നോക്കി പറഞ്ഞു, "സ്മാർട്ട് ബോയ്സ്!"

അയാൾ അന്നു ഭാര്യയോടു  പോയി പറഞ്ഞത് ഞങ്ങൾക്ക് ഊഹിക്കാം.  "എടീ, ഇന്നു നടന്ന സംഭവം പറഞ്ഞാൽ നീ  വിശ്വസിക്കില്ല. നരുന്തു പോലെയുള്ള മൂന്ന് ഇന്ത്യൻ ചെക്കന്മാർ. എന്റെ  കാൽക്കുലേറ്ററിനെക്കാൾ ഫാസ്റ്റായി അവർ ഒരു കോമ്പ്ലിക്കേറ്റഡ് കണക്ക് ചെയ്തു. അതും മൂന്നു പേരും!"

"ഇവന്മാർക്ക് കണക്കു കൂട്ടാൻ അറിയാന്മേലെന്നു തോന്നുന്നു" ഞങ്ങളിൽ ഒരുത്തൻ പറഞ്ഞു.  

"ഇനി അറിയാമെങ്കിൽത്തന്നെ, ഭയങ്കര സ്ലോ ആണ്..."

=========================

അമേരിക്കക്കാർ കണക്കിനു മോശമാണെന്നും ബുദ്ധി കുറവുള്ളവരാണെന്നും  ഇന്ത്യക്കാരും ചൈനക്കാരും അവരെക്കാൾ ബുദ്ധി വളരെ കൂടിയ ആളുകളാണെന്നും  പൊതുവേ ഇവിടെയുള്ള ഇന്ത്യക്കാർക്കും ഒരു ധാരണയുണ്ട്.  അമേരിക്കയിൽ ബുദ്ധിയുള്ളവർ കുറവായതു കൊണ്ടാണ് ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമൊക്കെ ഇത്രയും ആളുകൾക്കു സോഫ്റ്റ്വെയർ ജോലിയ്ക്ക് വിസ കൊടുത്തു കൊണ്ടുവരുന്നതെന്നും ഒരു തെറ്റിദ്ധാരണ പലർക്കുമുണ്ടു്.

സത്യത്തിൽ,  സംഗതി നേരേ തിരിച്ചാണ്. ഗണിതശാസ്ത്രത്തിലും കമ്പ്യൂട്ടർ സയൻസിലും മറ്റു ശാസ്ത്രശാഖകളിലും അമേരിക്കക്കാർ നടത്തിയിട്ടുള്ള മുന്നേറ്റം ഇന്ത്യക്കാരെക്കാൾ വളരെ കൂടുതലാണ്.   

ശരാശരി  അമേരിക്കക്കാരന് ശരാശരി ഇന്ത്യക്കാരനെക്കാൾ മനക്കണക്കു ചെയ്യാൻ സ്കിൽ കുറവാന് എന്നത് ഒരു പരമാർത്ഥമാണ്. കിലോഗ്രാമിന് 6 രൂപ 35 പൈസ വെച്ച് 460 ഗ്രാം ശർക്കരയ്ക്ക് എത്ര വിലയെന്നൊക്കെ പഴയ പലചരക്കുകച്ചവടക്കാർ മനസ്സിൽ കണക്കുകൂട്ടുന്നത് എന്നെ അമ്പരപ്പിച്ചിട്ടുണ്ട്. അതുപോലെ പഴയ തലമുറക്കാർ ഭിന്നസംഖ്യകൾ കൈകാര്യം ചെയ്യുന്നതു പോലെ  ഇപ്പോഴുള്ളവർക്കു കഴിയാറില്ല.  കാൽക്കുലേറ്ററുകൾ വ്യാപകമായതോടു കൂടി ആളുകളുടെ  ഈ കഴിവു കുറഞ്ഞിട്ടുണ്ട്.16 വരെയും അതിനു മുകളിലും ഉള്ള ഗുണനപ്പട്ടിക പത്തിലേക്കു ചുരുങ്ങി.  

ഇന്ത്യക്കാരന്റെ മനക്കണക്കു ചെയ്യാനുള്ള ഈ സ്കില്ലിന്റെ കാരണം അതല്ലാതെ അവനു വഴിയില്ലായിരുന്നു എന്നതാണ്. വളരെ നേരത്തേ തന്നെ യന്ത്രങ്ങൾ ഉപയോഗിച്ചു തുടങ്ങിയ അമേരിക്കക്കാരൻ മനക്കണക്കു ചെയ്യാൻ തന്റെ തലയെ ഉപയോഗിച്ചില്ല എന്നതാണു സത്യം. ഇവിടെ പലചരക്കു കടയിലൊക്കെ തുക കൂട്ടാനും ബാക്കി കണ്ടുപിടിക്കാനും യന്ത്രങ്ങളുണ്ടു്. ചിലയിടത്ത് ബാക്കി ചില്ലറ തുക എണ്ണി കസ്റ്റമർക്കു കൊടുക്കുക വരെ ചെയ്യും. ഇത്തരം യന്ത്രങ്ങൾ മനുഷ്യന്റെ സ്കില്ലുകൾ കൂടുതൽ ഉപയോഗപ്രദമായ കാര്യങ്ങൾക്ക് സഹായകമായി.   

തനിക്കു ചെയ്യാൻ  പറ്റുന്ന ഒരു കാര്യം മറ്റൊരുത്തനു പറ്റാത്തപ്പോൾ മറ്റെയാളെ മോശമായി കരുതുന്നതു കൊണ്ടാണ് ഇങ്ങനെ ചിന്തിക്കുന്നത്. മനക്കണക്കു ചെയ്യാൻ പറ്റുക ഇവിടെ പലചരക്കുകടക്കാരനാകാനോ കണ്ടക്ടറാകാനോ ഒരു യോഗ്യതയല്ല താനും.

=========================

ഇത്രയും  പറഞ്ഞതിന് മറ്റൊരു  കാരണമുണ്ട്.  അമേരിക്കൻ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ വൈകുന്നതിനെപ്പറ്റി പല ട്രോളുകളും കണ്ടിരുന്നു. വോട്ടെണ്ണാൻ ഏതാനും ദിവസങ്ങൾ എടുക്കുന്നതിനെപ്പറ്റി. ഇന്ത്യയിലായിരുന്നെങ്കിൽ ഇപ്പോൾ മല മറിച്ചേനേ എന്ന രീതിയിലുള്ള കമന്റുകളും.

പതിനാറുകോടിയോളം വോട്ടുകളാണ് എണ്ണേണ്ടത്. ഓരോ വോട്ടും പ്രസിഡന്റു തെരഞ്ഞെടുപ്പിന്റേതു മാത്രമല്ല. സിറ്റി മേയറും കൗൺസിലർമാരും വരെയുള്ള ലോക്കൽ ആളുകളെ വരെ തെരഞ്ഞെടുക്കുന്ന തെരഞ്ഞെടുപ്പാണ്. ഇന്ത്യയിലെ പ്രെസിഡന്റിനെയും പ്രധാനമന്ത്രിയെയും സ്റ്റേറ്റ് മുഖ്യമന്ത്രിയെയും എല്ലാ മന്ത്രിമാരെയും സുപ്രീം കോടതി ചീഫ് ജസ്റ്റീസിനെയും പോലീസ് ഐജിയെയും എം പിയെയും എം എൽ എയും പഞ്ചായത്തു പ്രെസിഡന്റിനെയും പഞ്ചായത്തു മെമ്പറെയും ഒക്കെ തെരഞ്ഞെടുക്കുന്ന ഒറ്റ ബാലറ്റ് പേപ്പർ ഒന്ന് ആലോചിച്ചു നോക്കൂ.  ഇതു കൂടാതെ രാജ്യത്തിന്റെ ലെവലിലും സ്റ്റേറ്റിന്റെ ലെവലിലും ഇങ്ങു താഴെ സിറ്റിയുടെ ലെവെലിലും ഒക്കെ നിയമമാകാൻ പോകുന്ന പല പ്രോപ്പോസിഷനും അനുകൂലിച്ചോ എതിർത്തോ വോട്ടു ചെയ്യണം. വോട്ടെണ്ണൽ ഇതോരോന്നും നോക്കി അതു രേഖപ്പെടുത്തി വേണം മുന്നോട്ടു പോകാൻ.അത് ഓരോ സ്ഥലത്തും വ്യത്യസ്തമാണു താനും. ഇതിനെ ഒരു പ്രെസിഡന്റ് തെരഞ്ഞെടുപ്പായി മാത്രം കാണുന്നതാണു പ്രശ്നത്തിനു കാരണം.

രണ്ടാമതായി,  കൊറോണ ഇതിനെ നന്നായി ബാധിച്ചിട്ടുണ്ട്. കൊറോണ മൂലം പോസ്റ്റൽ വോട്ടുകളുടെ എണ്ണം വർദ്ധിച്ചു.  പേപ്പറുകൾ കൂടുതൽ കൈകാര്യം ചെയ്യേണ്ടി വന്നു.   പലരും തൊട്ട പേപ്പർ കൈകാര്യം ചെയ്യാൻ കൊറോണസമയത്ത് കൂടുതൽ മുൻകരുതലുകൾ വേണ്ടി വന്നു.   ഇതും വോട്ടെണ്ണലിന്റെ വേഗത കുറച്ചിട്ടുണ്ട്. ഇലക്ഷൻ ദിവസം വരെ വോട്ടു ചെയ്യാമായിരുന്നു. അന്നു പോസ്റ്റു ചെയ്ത വോട്ടുകൾ യഥാസ്ഥലത്ത് എത്താനുള്ള സമയം കൊടുക്കേണ്ടതുണ്ട്. ഇക്കൊല്ലം വോട്ടിംഗ് ശതമാനവും നന്നായി വർദ്ധിച്ചിരുന്നു.

പിന്നെ  നമ്മൾ ബൈഡൻ കാലിഫോർണിയയിൽ ജയിച്ചു, ട്രമ്പ് ടെക്സസിൽ ജയിച്ചു എന്നൊക്കെ പറയുന്നതു കൊണ്ട് അവിടുത്തെ വോട്ടെണ്ണൽ കഴിഞ്ഞെന്നു കരുതരുത്.   അവിടെയും ഇപ്പോൾ എണ്ണിക്കൊണ്ടിരിക്കുകയാണ്. കാലിഫോർണിയയിൽ ഇനി എണ്ണാനുള്ള വോട്ടുകൾ  ബൈഡന്റെ ഇപ്പോഴുള്ള ലീഡിനെക്കാൾ കുറവാണ് എന്നേ ഇതിന് അർത്ഥമുള്ളൂ.  പ്രെസിഡന്റ് തെരഞ്ഞെടുപ്പൊഴികെയുള്ള മറ്റു പല കാര്യങ്ങളുടെയും തീരുമാനം വരാനിരിക്കുന്നതേ ഉള്ളൂ. ലീഡ് താരതമ്യേന കുറവുള്ള സ്റ്റേറ്റുകളുടെ കാര്യമാണ് നാം ഇപ്പോൾ കേൾക്കുന്നത്.

ഇന്ത്യയിൽ ഒരു നിയോജകമണ്ഡലത്തിലെ ഒരു തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണുന്നതുമായി ഇതിനെ താരതമ്യപ്പെടുത്താൻ പോലും പറ്റില്ല. 

ഉമേഷ്‌ പി നരേന്ദ്രന്‍

ട്രംപ്‌ വീണു, ജോ ബൈഡൻ യുഎസ് പ്രസിഡന്റ്

 ട്രംപ്‌ വീണു, ജോ ബൈഡൻ യുഎസ് പ്രസിഡന്റ്; പെൻസിൽവേനിയയിൽ വിജയം

വാഷിങ്ടൻ> യുഎസിന്റെ 46ാമത് പ്രസിഡന്റാകാൻ ജോ ബൈഡൻ. 20 ഇലക്ടർ വോട്ടുകള്ള പെൻസിൽവേനയയിൽ വിജയിച്ചതോടെയാണ് പ്രസിഡന്റാകാൻ വേണ്ട 270 വോട്ട് ബൈഡൻ നേടിയത്. ഇതോടെ ബൈഡന് 284 വോട്ടായി.

ഇന്ത്യന്‍ വംശജ കമല ഹാരിസാണ് വൈസ് പ്രസിഡന്റ്. വോട്ടെണ്ണല്‍ പുരോഗമിക്കുകയാണെങ്കിലും 538 അംഗ ഇലക്ടറല്‍ വോട്ടുകളില്‍ കേവല ഭൂരിപക്ഷം ബൈഡന്‍ നേടിയതായി സി.എന്‍.എന്‍. റിപ്പോര്‍ട്ട് ചെയ്തു.

തിരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് റിപ്പബ്ലിക്കൻ സ്ഥാനാർഥിയും നിലവിലെ പ്രസിഡന്റുമായ ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് ദിവസം രാത്രി എട്ട് മണിക്കു ശേഷം ആയിരക്കണക്കിനു വോട്ടുകളാണ് അനധികൃതമായി സ്വീകരിക്കപ്പെട്ടത്. ഇതാണു പെൻസിൽവേനിയയിലെയും മറ്റു സംസ്ഥാനങ്ങളിലെയും ഫലത്തെ ബാധിച്ചതെന്നും തുടർച്ചയായുള്ള ട്വീറ്റുകളിൽ ട്രംപ് ആരോപിച്ചു.

Wednesday, October 28, 2020

ഇനി സാമന്തരാജ്യം ; ഇന്ത്യ യുഎസ്‌ പ്രതിരോധക്കരാർ ഒപ്പുവച്ചു

 ഉപഗ്രഹ നിരീക്ഷണ വിവരങ്ങൾ ഉൾപ്പെടെ പരസ്‌പരം കൈമാറുന്നതിനുള്ള കരാറിൽ  (ബെക്ക)ഇന്ത്യയും അമേരിക്കയും ഒപ്പിട്ടു. ഇന്ത്യയെ അമേരിക്കയുടെ സൈനികനീക്കങ്ങൾക്കുള്ള‌ സൗകര്യദാതാവാക്കി മാറ്റുന്ന നാല്‌ കരാറും ഇതോടെ നിലവിൽവന്നു. വിദേശമന്ത്രി എസ്‌ ജയ്‌ശങ്കർ, പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്‌ എന്നിവർ അമേരിക്കൻ വിദേശ സെക്രട്ടറി മൈക്ക്‌ പോംപിയോ, പ്രതിരോധസെക്രട്ടറി മാർക്ക്‌ ടി എസ്‌പർ എന്നിവരുമായി നടത്തിയ ടു പ്ലസ്‌ ടു ചർച്ചയിലാണ്‌ ബെക്ക (അടിസ്ഥാന വിനിമയ സഹകരണ കരാർ) ഒപ്പിട്ടത്‌.

അമേരിക്കയുടെ ശിങ്കിടിയായി ഇന്ത്യയെ മാറ്റുന്ന കരാറുകളുടെ പൂർത്തീകരണമാണ്‌ ബെക്ക. മിസൈലുകൾ നിർദിഷ്ട ലക്ഷ്യത്തിൽ എത്തിക്കാൻ ഉതകുന്ന സാഹചര്യം ഒരുക്കാനാണ്‌ ‌ബെക്ക ഉപകരിക്കുകയെന്ന്‌ കേന്ദ്രസർക്കാർ അവകാശപ്പെടുന്നു. പ്രായോഗികമായി അമേരിക്കയ്‌ക്കാണ്‌ ഇതിന്റെ പ്രയോജനം. കരാറിന്റെ ഭാഗമായി, ഇന്ത്യയുടെ സമുദ്രയാന നിരീക്ഷണകേന്ദ്രത്തിൽ അമേരിക്കയ്‌ക്കും ബഹ്‌റൈനിലെ അമേരിക്കൻ നിരീക്ഷണകേന്ദ്രത്തിൽ ഇന്ത്യക്കും പ്രവേശിക്കാം.

അമേരിക്കയുടെ കേന്ദ്ര സൈനിക കമാൻഡുകൾക്ക്‌ ഇന്ത്യൻ മഹാസമുദ്രമേഖലയിൽ നിയന്ത്രണം കൈവരും. അമേരിക്കയുടെ സമ്മർദത്തിനു വഴങ്ങി മലബാർ നാവിക അഭ്യാസത്തിൽ ഓസ്‌ട്രേലിയയെയും പങ്കാളിയാക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ ടു പ്ലസ്‌ ടു കൂടിക്കാഴ്‌ച സ്വാഗതം ചെയ്‌തു.

പ്രതിരോധമേഖലയിലെ സഹകരണം ശക്തമാക്കാനും ഉഭയകക്ഷി തന്ത്രപ്രധാന  താൽപ്പര്യങ്ങൾ സംരക്ഷിക്കാനുമാണ്‌ കരാർ ഒപ്പിട്ടതെന്ന്‌ പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇരു സൈന്യവും തമ്മിലുള്ള സഹകരണം വളർന്നുവരികയാണ്‌. സൈനിക വൈദഗ്‌ധ്യം പരസ്‌പരം പ്രയോജനപ്പെടുത്തും– -രാജ്‌നാഥ്‌ പറഞ്ഞു

ഇരുരാജ്യവും തമ്മിൽ 2016ൽ ഒപ്പിട്ട ലമോവ കരാർ വഴി സൈനികത്താവളങ്ങൾ പരസ്‌പരം ഉപയോഗിക്കാനും സൈനികനീക്കങ്ങൾക്ക്‌ സഹായം നൽകാനും കഴിയും. പരസ്‌പരം വിവരവിനിമയം നടത്താൻ 2018ൽ കോംകാസ ഉടമ്പടി ഒപ്പുവച്ചു. വാജ്‌പേയി സർക്കാരിന്റെ കാലത്ത്‌ 2002ൽ സൈനിക സഹകരണത്തിനുള്ള പൊതുഉടമ്പടിയും ഒപ്പിട്ടു. പ്രധാനമന്ത്രി നരേന്ദ്രമോഡി, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ അജിത്‌ ഡോവൽ എന്നിവരുമായും  അമേരിക്കൻ സംഘം കൂടിക്കാഴ്‌ചനടത്തി.

Sunday, February 23, 2014

ഉക്രയ്നില്‍ യുഎസ് അട്ടിമറി

കീവ്: അമേരിക്കയുടെയും യൂറോപ്യന്‍ യൂണിയന്റെയും പിന്തുണയോടെ ഉക്രയ്നില്‍ നടക്കുന്ന പ്രതിപക്ഷകലാപം സര്‍ക്കാരിനെ അട്ടിമറിക്കുന്ന ഘട്ടത്തിലേക്ക് നീങ്ങി. തലസ്ഥാനമായ കീവിന്റെ നിയന്ത്രണം സ്വന്തമാക്കിയ പ്രതിപക്ഷം, പാര്‍ലമെന്റടക്കമുള്ള സുപ്രധാന സര്‍ക്കാര്‍മന്ദിരങ്ങളും മന്ത്രാലയങ്ങളും പിടിച്ചെടുത്തെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, അക്രമികള്‍ക്ക് മുന്നില്‍ കീഴടങ്ങി രാജിവയ്ക്കില്ലെന്ന് കിഴക്കന്‍ നഗരമായ ഖാര്‍കിവിലെത്തിയ പ്രസിഡന്റ് വിക്ടര്‍ യാനുകോവിച് പ്രാദേശിക ടിവി ചാനലില്‍ പറഞ്ഞു. പ്രതിപക്ഷമല്ല, കൊള്ളക്കാരാണ് നിയമപരമായി തെരഞ്ഞെടുക്കപ്പെട്ട തന്റെ ഭരണത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മൂന്നുമാസമായി തുടരുന്ന കലാപം അവസാനിപ്പിക്കാന്‍ വെള്ളിയാഴ്ച പ്രതിപക്ഷനേതാക്കളുമായി പ്രസിഡന്റ് ഉടമ്പടിയില്‍ എത്തിയിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പ് നേരത്തെ നടത്താനും ഐക്യസര്‍ക്കാര്‍ രൂപീകരിക്കാനും സര്‍ക്കാര്‍ സമ്മതിച്ചിരുന്നു. ഈ സമാധാന കരാറിനുശേഷം നാടകീയമായാണ് പ്രതിപക്ഷത്തിന്റെ അട്ടിമറിനീക്കം. പാര്‍ലമെന്റ് പിടിച്ചെടുത്ത പ്രതിപക്ഷ അംഗങ്ങള്‍ തടവിലുള്ള മുന്‍ പ്രധാനമന്ത്രി യൂലിയ തൈമോഷെങ്കോയെ മോചിപ്പിക്കണമെന്ന് പ്രമേയം പാസാക്കി.

അധികാരം ദുരുപയോഗിച്ചതിന് ഏഴുവര്‍ഷം തടവുശിക്ഷ അനുഭവിക്കുകയാണ് അവര്‍. തൈമോഷെങ്കോയുടെ കൂട്ടാളിയായ ആഴ്സന്‍ അവാകോവിനെ ആഭ്യന്തരമന്ത്രിയായി പ്രതിപക്ഷം പ്രഖ്യാപിച്ചു. പൊലീസ് സംരക്ഷണം ഇല്ലാതായ പ്രസിഡന്റിന്റെ ഓഫീസ് വളപ്പിലടക്കം സൈനികവേഷം ധരിച്ച പ്രതിപക്ഷപ്രവര്‍ത്തകര്‍ തോക്കുമായി നടക്കുന്ന ദൃശ്യം ചാനലുകള്‍ സംപ്രേഷണംചെയ്തു. മുന്‍ സോവിയറ്റ് റിപ്പബ്ലിക്കായ ഉക്രയ്നിലെ ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അമേരിക്ക നടത്തിയ ഇടപെടലുകള്‍ നേരത്തെതന്നെ പുറത്തുവന്നിരുന്നു.

കലാപമുണ്ടാക്കാന്‍ ചുമതലപ്പെട്ട യുഎസ് അസിസ്റ്റന്റ് സെക്രട്ടറി വിക്ടോറിയ നൂലാന്‍ഡും അമേരിക്കന്‍ സ്ഥാനപതി ജിയോഫ്രപാറ്റും തമ്മില്‍ നടന്ന ഫോണ്‍സംഭാഷണമാണ് ഇക്കാര്യം വ്യക്തമാക്കിയത്. സര്‍ക്കാരിനെ പുറത്താക്കാന്‍ ഇടപെടുമെന്ന് യുഎസ് വിദേശ സെക്രട്ടറി ജോണ്‍ കെറി കഴിഞ്ഞദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭരണപക്ഷത്തെ പാര്‍ലമെന്റ് അംഗങ്ങളെയും സൈന്യത്തിലെയും പൊലീസിലെയും ഉദ്യോഗസ്ഥരെയും വിലയ്ക്കെടുത്താണ് അമേരിക്കയും കൂട്ടാളികളും ഇയു അനുകൂല പ്രതിപക്ഷസമരത്തെ അട്ടിമറിയിലേക്ക് നയിച്ചത്.

deshabhimani

സാമ്പത്തിക സൂചിക മുന്നോട്ടെങ്കിലും അമേരിക്കയില്‍ തൊഴിലില്ലായ്മ രൂക്ഷം

വാഷിംഗ് ടണ്‍: 2013ല്‍ സാമ്പത്തിക സൂചികയില്‍ ഉയര്‍ച്ച രേഖപ്പെടുത്തുമ്പോഴും അമേരിക്കയില്‍ തൊഴിലില്ലായ്മ രൂക്ഷമായി തുടരുന്നതായി സര്‍വ്വെ റിപ്പോര്‍ട്ടുകള്‍. ഒരുമാസം രണ്ടുലക്ഷത്തില്‍ താഴെ തൊഴിലുകള്‍ മാത്രമാണ് അമേരിക്കയില്‍ ഇപ്പോള്‍ സൃഷ്ടിക്കപ്പെടുന്നത്. ഇത് നാലുലക്ഷം എങ്കിലുമായി ഉയര്‍ന്നാല്‍ മാത്രമേ അമേരിക്കയ്ക്ക് നില മെച്ചപ്പെടുത്താനാകൂ എന്ന് പഠനങ്ങള്‍ പറയുന്നു.

2008ലെ തകര്‍ച്ചയ്ക്കുശേഷം 2013 മെയ് ജൂണ്‍ മാസങ്ങളിലാണ് അമേരിക്കന്‍ സാമ്പത്തിക മേഖലയില്‍ ഉയര്‍ച്ച ഉണ്ടായത്. എന്നാല്‍ ഒരുകോടി അമേരിക്കക്കാര്‍ ഇപ്പോഴും തൊഴില്‍ രഹിതരാണെന്ന് സര്‍വ്വേയുടെ പിന്‍ബലത്തില്‍ അമേരിക്കന്‍ സാമ്പത്തിക സ്ഥിതി വിലയിരുത്തിയ ഗ്യാലപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. തൊഴിലാളികളെ കമ്പനികള്‍ കൂലിക്കെടുക്കാന്‍ മടിക്കുന്നതല്ല, മറിച്ച് ഉല്‍പ്പാദനത്തിലെയും ആവശ്യകതയിലെയും കുറവാണ് തൊഴിലില്ലായ്മ രൂക്ഷമാകാന്‍ കാരണമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

2012ല്‍ ഒരു അമേരിക്കന്‍ പൗരന്‍ ശരാശരി ഒരു ദിവസം ചെലവഴിച്ചിരുന്നത് 16 യുഎസ് ഡോളറായിരുന്നുവെങ്കില്‍ അത് 2013ആയപ്പോഴേക്കും 88 യുഎസ് ഡോളറായി.എന്നാല്‍ തൊഴിലില്ലായ്മ ആ വേഗത്തില്‍ കുറയുന്നില്ല. സാമ്പത്തിക മാന്ദ്യത്തിന് മുന്‍പുള്ള കാലത്തെപ്പോലെയാകണമെങ്കില്‍ 79 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കേണ്ടതുണ്ട്. എന്നാല്‍ അമേരിക്കന്‍ തൊഴില്‍ വിപണിയില്‍ ഇപ്പോള്‍ ഒരുമാസം രണ്ടുലക്ഷം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്.

അടുത്ത രണ്ടുവര്‍ഷം കൊണ്ടങ്കിലും സാമ്പത്തിക മാന്ദ്യത്തിന് മുമ്പുള്ള അവസ്ഥയിലെത്തണമെങ്കില്‍ നാലുലക്ഷം തൊഴിലവസരങ്ങള്‍ പ്രതിമാസം ഉണ്ടാകണം. സാമ്പത്തിക മാന്ദ്യത്തെ പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജുകള്‍ തൊഴില്‍ വിപണിയെ കാര്യമായി സഹായിച്ചില്ലെന്നാണ് സര്‍വ്വെ ഫലങ്ങളുടെ സൂചന.

deshabhimani

Wednesday, January 29, 2014

അമേരിക്കന്‍ നാടോടിപ്പാട്ടുകാരന്‍ പീറ്റ് സീഗര്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ജനതയ്ക്ക് നാടന്‍പാട്ടുകളുടെ ശീലുകള്‍ പകര്‍ന്ന വിഖ്യാത ഗായകനും ഗാനരചയിതാവും സാമൂഹ്യപ്രവര്‍ത്തകനുമായ പീറ്റ് സീഗര്‍ (94) അന്തരിച്ചു. ന്യൂയോര്‍ക്കിലെ പ്രസ്ബിറ്റീരിയന്‍ ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു അന്ത്യം. ആറുദിവസംമുമ്പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആറുപതിറ്റാണ്ടോളം അമേരിക്കന്‍ നാടോടിഗാനശാഖയുടെ തലതൊട്ടപ്പനായി വാഴുമ്പോഴും സാധാരണക്കാരനായി അറിയപ്പെടാന്‍ ആഗ്രഹിച്ച ലളിതവ്യക്തിത്വമായിരുന്നു പീറ്റ് സീഗറിന്റേത്. കമ്യൂണിസ്റ്റ് എന്നാണ് സ്വയം വിശേഷിപ്പത്. അടുത്തകാലംവരെ പൊതുരംഗത്ത് സജീവമായിരുന്നു. 2011 ഒക്ടോബറില്‍ "വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍" പ്രക്ഷോഭത്തിന്റെ ഭാഗമായി ന്യൂയോര്‍ക്ക് നഗരത്തിലൂടെ അദ്ദേഹം മാര്‍ച്ച് ചെയ്തു.

1919 മെയ് മൂന്നിനാണ് ജനം. കുടിയേറ്റതൊഴിലാളികള്‍ക്കുവേണ്ടിയാണ് അദ്ദേഹം പാടിത്തുടങ്ങിയത്. "40കളിലും "50കളിലും തൊഴിലാളിപ്രസ്ഥാനങ്ങള്‍ക്കായി അദ്ദേഹം ഗാനങ്ങള്‍ രചിച്ച് പാടി. കമ്യൂണിസ്റ്റ് പാര്‍ടി അംഗമായ സീഗറിനെ ഭരണകൂടം വേട്ടയാടി. കരിമ്പട്ടികയില്‍പ്പെടുത്തി അദ്ദേഹത്തിന്റെ പാട്ടുകള്‍ വിലക്കി. "61ല്‍ യുഎസ് കോടതി ശിക്ഷിച്ച് തടവറയിലാക്കി. ഒരുവര്‍ഷം ജയിലില്‍ കിടന്ന അദ്ദേഹത്തെ അപ്പീല്‍ കോടതി കുറ്റവിമുക്തനാക്കി. ഈ സംഭവത്തിനുശേഷമാണ് ഗായകന്‍ എന്നനിലയില്‍ സീഗര്‍ കത്തിക്കയറിയത്. "60കളില്‍ പൗരാവകാശപ്രക്ഷോഭങ്ങളിലും വിയത്നാം യുദ്ധവിരുദ്ധറാലികളിലും സീഗറിന്റെ പാട്ട് ഉയര്‍ന്നുകേട്ടു.

സീഗറിന്റെ വേര്‍പാടില്‍ സിപിഐ എം കേന്ദ്രകമ്മിറ്റി അനുശോചിച്ചു. കല- സാംസ്കാരിക രംഗത്തിനുമാത്രമല്ല, തൊഴിലാളിവര്‍ഗത്തിനാകെ നഷ്ടമാണ് അദ്ദേഹത്തിന്റെ മരണമെന്ന് സിസി പ്രസ്താവനയില്‍ പറഞ്ഞു.


Friday, January 17, 2014

അമേരിക്ക ദിനംപ്രതി പരിശോധിക്കുന്നത് 2000 ലക്ഷം മെസേജുകള്‍

അമേരിക്കയുടെ ദേശീയ സുരക്ഷ ഏജന്‍സിയായ എന്‍എസ്എ ലോകമെങ്ങുനിന്നും ദിനംപ്രതി പരിശോധിക്കുന്നത് 2000 ലക്ഷം മെസേജുകള്‍. എന്‍എസ്എയുടെ മുന്‍ ചാരനായിരുന്ന എഡ്വേര്‍ഡ് സ്നോഡന്‍ പുറത്ത് വിട്ട വിവരങ്ങളെ ആസ്പദമാക്കി ബ്രിട്ടനിലെ പ്രമുഖ മാധ്യമങ്ങളായ " ദി ഗാര്‍ഡിയന്‍"പത്രവും "ചാനല്‍ഫോര്‍" ചാനലുമാണ് വാര്‍ത്ത പുറത്ത് വിട്ടത്. എസ്എംഎസുകളില്‍നിന്ന് ഡേറ്റ വേര്‍ത്തിരിച്ച് ശേഖരിക്കുകയാണ് എന്‍എസ്എ ചെയ്യുന്നത്.

എന്നാല്‍ എന്‍എസ്എ ചെയ്യുന്നത് നിയമപരമാണെന്ന് എസ്എന്‍എ അധികതര്‍ വ്യക്തമാക്കി. മിസ്ഡ് കോള്‍, റോമിങ് , ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. ബ്രീട്ടീഷ് പൗരന്‍മാരുടെ വിവരങ്ങളും ചോര്‍ത്തിയിരുന്നതായി പറയുന്നു. ഇക്കാര്യത്തെ കുറിച്ച് ബ്രീട്ടീഷ് പ്രസിഡന്റ് ഡേവീഡ് കാമറൂണുമായി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ചര്‍ച്ചനടത്തിയതായും പറയുന്നു. ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളുടെ രഹസ്യങ്ങള്‍ അമേരിക്ക ചോര്‍ത്തുന്നുണ്ടെന്ന് സ്നോഡന്‍ നേരത്തെ പുറത്ത്വിട്ടിരുന്നു. തുടര്‍ന്ന് അമേരിക്കയില്‍നിന്ന് പുറത്ത്പോകേണ്ടി വന്ന സ്നോഡന് റഷ്യയാണ് അഭയം നല്‍കിയത്.

deshabhimani

Wednesday, January 15, 2014

സാമ്പത്തിക സൂചിക മുന്നോട്ടെങ്കിലും അമേരിക്കയില്‍ തൊഴിലില്ലായ്മ രൂക്ഷം

2013ല്‍ സാമ്പത്തിക സൂചികയില്‍ ഉയര്‍ച്ച രേഖപ്പെടുത്തുമ്പോഴും അമേരിക്കയില്‍ തൊഴിലില്ലായ്മ രൂക്ഷമായി തുടരുന്നതായി സര്‍വ്വെ റിപ്പോര്‍ട്ടുകള്‍. ഒരുമാസം രണ്ടുലക്ഷത്തില്‍ താഴെ തൊഴിലുകള്‍ മാത്രമാണ് അമേരിക്കയില്‍ ഇപ്പോള്‍ സൃഷ്ടിക്കപ്പെടുന്നത്. ഇത് നാലുലക്ഷം എങ്കിലുമായി ഉയര്‍ന്നാല്‍ മാത്രമേ അമേരിക്കയ്ക്ക് നില മെച്ചപ്പെടുത്താനാകൂ എന്ന് പഠനങ്ങള്‍ പറയുന്നു.

2008ലെ തകര്‍ച്ചയ്ക്കുശേഷം 2013 മെയ് ജൂണ്‍ മാസങ്ങളിലാണ് അമേരിക്കന്‍ സാമ്പത്തിക മേഖലയില്‍ ഉയര്‍ച്ച ഉണ്ടായത്. എന്നാല്‍ ഒരുകോടി അമേരിക്കക്കാര്‍ ഇപ്പോഴും തൊഴില്‍ രഹിതരാണെന്ന് സര്‍വ്വേയുടെ പിന്‍ബലത്തില്‍ അമേരിക്കന്‍ സാമ്പത്തിക സ്ഥിതി വിലയിരുത്തിയ ഗ്യാലപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. തൊഴിലാളികളെ കമ്പനികള്‍ കൂലിക്കെടുക്കാന്‍ മടിക്കുന്നതല്ല, മറിച്ച് ഉല്‍പ്പാദനത്തിലെയും ആവശ്യകതയിലെയും കുറവാണ് തൊഴിലില്ലായ്മ രൂക്ഷമാകാന്‍ കാരണമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

2012ല്‍ ഒരു അമേരിക്കന്‍ പൗരന്‍ ശരാശരി ഒരു ദിവസം ചെലവഴിച്ചിരുന്നത് 16 യുഎസ് ഡോളറായിരുന്നുവെങ്കില്‍ അത് 2013ആയപ്പോഴേക്കും 88 യുഎസ് ഡോളറായി.എന്നാൽ തൊഴിലില്ലായ്മ ആ വേഗത്തിൽ കുറയുന്നില്ല. സാമ്പത്തിക മാന്ദ്യത്തിന് മുന്‍പുള്ള കാലത്തെപ്പോലെയാകണമെങ്കില്‍ 79 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കേണ്ടതുണ്ട്. എന്നാല്‍ അമേരിക്കന്‍ തൊഴില്‍ വിപണിയില്‍ ഇപ്പോള്‍ ഒരുമാസം രണ്ടുലക്ഷം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്.

അടുത്ത രണ്ടുവര്‍ഷം കൊണ്ടങ്കിലും സാമ്പത്തിക മാന്ദ്യത്തിന് മുമ്പുള്ള അവസ്ഥയിലെത്തണമെങ്കില്‍ നാലുലക്ഷം തൊഴിലവസരങ്ങള്‍ പ്രതിമാസം ഉണ്ടാകണം. സാമ്പത്തിക മാന്ദ്യത്തെ പിടിച്ചുനിര്‍ത്താന്‍ സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജുകള്‍ തൊഴില്‍ വിപണിയെ കാര്യമായി സഹായിച്ചില്ലെന്നാണ് സര്‍വ്വെ ഫലങ്ങളുടെ സൂചന.

deshabhimani

Tuesday, January 14, 2014

ആണവ ഉടമ്പടി 20ന് പ്രാബല്യത്തില്‍

ആണവപ്രശ്നപരിഹാരത്തിന് ഉണ്ടാക്കിയ ഇടക്കാല ഉടമ്പടി 20 മുതല്‍ പ്രാബല്യത്തില്‍ വരുത്താന്‍ ഇറാനും ലോകരാജ്യങ്ങളും ധാരണയായി. ആറുമാസത്തേക്ക് ആണവ സമ്പുഷ്ടീകരണം നിര്‍ത്തിവയ്ക്കാനും തങ്ങളുടെ നിലയങ്ങളില്‍ അന്താരാഷ്ട്രപരിശോധനയ്ക്ക് അവസരമൊരുക്കാനും ഇറാന്‍ തയ്യാറായി. ഇറാനുമേല്‍ വര്‍ഷങ്ങളായി ചുമത്തിയ കടുത്ത ഉപരോധങ്ങളില്‍ ഇളവുനല്‍കാന്‍ അമേരിക്കയടക്കമുള്ള പാശ്ചാത്യരാജ്യങ്ങള്‍ സമ്മതിച്ചതോടെയാണ് പ്രശ്നപരിഹാരത്തിന് വഴിതെളിഞ്ഞത്.

ഉപരോധങ്ങള്‍ ഇളവുചെയ്യാത്ത പക്ഷം ഒത്തുതീര്‍പ്പിന് തയ്യാറല്ലെന്ന് ഇറാന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയതോടെ അമേരിക്കയും കൂട്ടാളികളും വഴങ്ങി. റഷ്യയടക്കമുള്ള രാജ്യങ്ങളുടെ കടുത്ത സമ്മര്‍ദവും അമേരിക്കന്‍ നിലപാട് മയപ്പെടുത്തി. നവംബറില്‍ എത്തിച്ചേര്‍ന്ന ഉടമ്പടി 29 മുതല്‍ നടപ്പാക്കാന്‍ തീരുമാനിച്ചതായി ഇറാന്‍ വിദേശമന്ത്രി അബ്ബാസ് അരാക്ഷിയെ ഉദ്ധരിച്ച് "ഇര്‍ന" വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പാശ്ചാത്യരാജ്യങ്ങളും പിന്നീട് റിപ്പോര്‍ട്ട് സ്ഥിരീകരിച്ചു. ഉടമ്പടിയനുസരിച്ച് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ പ്രതിനിധികള്‍ക്ക് ഇറാനിലെ നിലയങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം നല്‍കും.

ദിവസവും ഇറാന്‍ ആണവവിവരം കൈമാറും. ഇതിന്റെ അടിസ്ഥാനത്തില്‍ മാസംതോറും റിപ്പോര്‍ട്ട് തയ്യാറാക്കും. ഇതിന് പ്രത്യുപകാരമായി ഇറാനെതിരായ ഉപരോധങ്ങള്‍ ആറുമാസത്തേക്ക് ഇളവുചെയ്യും. തടഞ്ഞുവച്ച 420 കോടി ഡോളറിന്റെ എണ്ണവരുമാനം ഇറാന് ലഭ്യമാകുമെന്ന് അരാക്ഷി പറഞ്ഞു. 700 കോടി ഡോളറിന്റെ സാമ്പത്തികനേട്ടമാണ് ഇറാനുണ്ടാകുകയെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കി. വ്യോമയാനം, വാഹനവ്യവസായം എന്നീ മേഖലകളിലും പൊട്രോളിയം ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയിലും ഇറാന് നേട്ടമുണ്ടാകും. സ്വര്‍ണ ഇറക്കുമതിയും കയറ്റുമതിക്കും ഏര്‍പ്പെടുത്തിയ ഉപരോധവും നീക്കി.

എന്നാല്‍, അമേരിക്കന്‍ ബാങ്കുകളുമായി ഇറാന് ഇടപാട് സാധിക്കില്ല. ഉടമ്പടിയെ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ സ്വാഗതംചെയ്തു. ലക്ഷ്യം എളുപ്പമാകുമെന്ന ധാരണയില്ലെങ്കിലും പ്രശ്നപരിഹാരത്തിന് നയതന്ത്രത്തിന് മികച്ച അവസരമാണ് ഇതെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. കരാര്‍ സുഗമമായി നടപ്പാക്കാന്‍ വഴിയൊരുങ്ങിയെന്ന് ചര്‍ച്ചകള്‍ക്ക് മധ്യസ്ഥയായ യൂറോപ്യന്‍ യൂണിയന്‍ വിദേശനയമേധാവി കാതറിന്‍ അഷ്ടണ്‍ പറഞ്ഞു. നിര്‍ണായകമായ ചുവടുവയ്പാണിതെന്ന് ജര്‍മന്‍ വിദേശമന്ത്രി ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റെയ്ന്‍മിയര്‍ പ്രതികരിച്ചു.

അതേസമയം, ഇറാന് ഇളവുനല്‍കിയതിനെ എതിര്‍ത്ത് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങളില്‍ ഒരുവിഭാഗം രംഗത്തെത്തി. അമേരിക്ക, റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ്, ചൈന, ജര്‍മനി എന്നീ ആറു രാജ്യവുമായി നവംബറില്‍ എത്തിച്ചേര്‍ന്ന പ്രാഥമിക ഉടമ്പടിപ്രകാരം ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം അഞ്ചു ശതമാനമായി നിജപ്പെടുത്തും. 20 ശതമാനം വരെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം ആറുമാസത്തിനിടെ ഘട്ടംഘട്ടമായി വീര്യം കുറയ്ക്കാനും ധാരണയായി. ഈസമയത്ത് ആറു രാജ്യം ഇറാനുമായി ചര്‍ച്ച നടത്തി സ്ഥിരം ഉടമ്പടി തയ്യാറാക്കും. 2003 മുതലാണ് ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം ഊര്‍ജിതമാക്കിയത്. മാരകമായ ആണവായുധം നിര്‍മിക്കുകയാണ് ഇറാന്റെ ലക്ഷ്യമെന്ന് ആരോപിച്ച് പാശ്ചാത്യചേരി രംഗത്തുവന്നു.

പിന്നാലെ ഉപരോധവും യുദ്ധഭീഷണിയും ഒറ്റപ്പെടുത്തലും. മെഡിക്കല്‍ ഐസോടോപ്പുകള്‍ക്കും ഊര്‍ജാവശ്യങ്ങള്‍ക്കും വേണ്ടിയുള്ള യുറേനിയം സമ്പുഷ്ടീകരണം മാത്രമാണ് നടത്തുന്നതെന്ന നിലപാടില്‍ ഉറച്ചുനിന്ന ഇറാന്‍ ധീരമായി ഭീഷണി നേരിട്ടു. ഹസന്‍ റൂഹാനി പ്രസിഡന്റായശേഷമുള്ള ആദ്യ ചര്‍ച്ചയുടെ തുടക്കത്തില്‍ തന്നെ ഇറാന്‍ വ്യക്തമായ നിര്‍ദേശം മുന്നോട്ടുവച്ചിരുന്നു. ഇറാന്റെ പരമാധികാരത്തില്‍ കൈകടത്താന്‍ വിദേശശക്തികളെ അനുവദിക്കില്ലെന്നുമുള്ള മുന്‍ പ്രസിഡന്റ് മഹ്മൂദ് അഹ്മദിനെജാദിന്റെ നിലപാടാണ് റൂഹാനിയും പിന്തുടരുന്നത്.

deshabhimani

Monday, January 6, 2014

ജിഎസ്എല്‍വി ഡി-5 ന്റെ കുതിപ്പില്‍ ജിസാറ്റ്-14 ബഹിരാകാശത്ത്, തോറ്റത് യുഎസ് ഉപരോധം

ശ്രീഹരിക്കോട്ട: ബഹിരാകാശത്ത് വീണ്ടും ഐഎസ്ആര്‍ഒയുടെ കുതിപ്പ്. തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് സാങ്കേതികവിദ്യയില്‍ ജിഎസ്എല്‍വി ഡി-5ന്റെ വിക്ഷേപണം ചരിത്രവിജയം. അത്യാധുനിക വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-14 നെ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു.

ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍നിന്ന് ഞായറാഴ്ച വൈകിട്ട് 4.18 നായിരുന്നു വിക്ഷേപണം. തുടര്‍ന്ന് പതിനെട്ടാം മിനിറ്റില്‍ ജിഎസ്എല്‍വി ദൗത്യം പൂര്‍ത്തിയാക്കി. ഇതോടെ ക്രയോജനിക് സാങ്കേതികവിദ്യ സ്വന്തമാക്കുന്ന ആറാമത്തെ രാജ്യമായി ഇന്ത്യ. ചൈന, റഷ്യ, അമേരിക്ക, യൂറോപ്യന്‍ സ്പേസ് ഏജന്‍സി, ജപ്പാന്‍ എന്നിവയാണ് ഈ പട്ടികയിലുള്ളത്. മൂന്ന് പരാജയങ്ങള്‍ക്ക് ശേഷം എല്ലാ പഴുതുകളും അടച്ചുള്ള വിക്ഷേപണമാണ് ഞായറാഴ്ച നടന്നത്. ഉച്ചയോടെ ക്രയോഘട്ടത്തില്‍ ഇന്ധനം നിറയ്ക്കുന്ന പ്രക്രിയ പൂര്‍ത്തിയാക്കി. 29 മണിക്കൂര്‍ കൗണ്ട് ഡൗണിന്റെ അവസാന മിനിറ്റുകളില്‍ വിക്ഷേപണ ചുമതല പൂര്‍ണമായും കംപ്യൂട്ടര്‍ സംവിധാനം ഏറ്റെടുത്തു.

റോക്കറ്റിന്റെ ആദ്യഘട്ടങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ പന്ത്രണ്ടാം മിനിറ്റില്‍ ഏറ്റവും സങ്കീര്‍ണമായ ക്രയോജനിക് ഘട്ടവും ആശങ്കയില്ലാതെ ജ്വലിച്ചു. ഇതോടെ ശ്രീഹരിക്കോട്ടയില്‍ ആഹ്ലാദം നിറഞ്ഞു. തുടര്‍ന്ന് ജിസാറ്റ്-14 ഉപഗ്രഹം 35,000 കിലോമീറ്റര്‍ ദൂരത്തെ ഭൂസ്ഥിര ഭ്രമണപഥത്തിലേക്ക് നീങ്ങി. എല്ലാം നേരത്തെ നിശ്ചയിച്ചപോലെ തന്നെ. ആദ്യചൊവ്വാ ദൗത്യ പേടകം സങ്കീര്‍ണമായ യാത്ര ലക്ഷ്യത്തിലേക്ക് തുടരുന്നതിനിടെയാണ് ജിഎസ്എല്‍വി ഡി-5 നേട്ടമെന്നതും പ്രത്യേകതയാണ്. കാലാവധി പൂര്‍ത്തിയായ എഡ്യൂസാറ്റിന്റെ പകരക്കാരനാണ് ജിസാറ്റ്-14. ഉപഗ്രഹത്തില്‍നിന്നുള്ള സന്ദേശങ്ങള്‍ ലഭിച്ചുതുടങ്ങിയതായി ഐഎസ്ആര്‍ഒ അറിയിച്ചു.

ഇന്റര്‍നെറ്റ്, ടെലിവിഷന്‍, ടെലിമെഡിസിന്‍, വിദ്യാഭ്യാസം തുടങ്ങി ആശയവിനിമയ മേഖലയില്‍ പുതിയ സാധ്യതകള്‍ ഉപഗ്രഹം തുറക്കും. 12 വര്‍ഷമാണ് പ്രവര്‍ത്തനകാലാവധി. പൂര്‍ണമായി ഐഎസ്ആര്‍ഒയാണ് ഉപഗ്രഹം വികസിപ്പിച്ചത്. ജിഎസ്എല്‍വി രൂപകല്‍പ്പന ചെയ്തതും വികസിപ്പിച്ചതും തിരുവനന്തപുരം വിഎസ്എസ്സിയിലാണ്. ക്രയോഎന്‍ജിന്‍ വികസിപ്പിച്ചത് വലിയമല എല്‍പിഎസ്സിയിലും മഹേന്ദ്രഗിരിയിലും. 300 കോടിയാണ് വിക്ഷേപണച്ചെലവ്.

ഐഎസ്ആര്‍ഒ ഡയറക്ടര്‍ കെ രാധാകൃഷ്ണന്‍, വിഎസ്സി ഡയറക്ടര്‍ എസ് രാമകൃഷ്ണന്‍, വലിയമല എല്‍പിഎസ്സി ഡയറക്ടര്‍ എം സി ദത്തന്‍, സതീഷ്ധവാന്‍ സ്പേസ് സെന്റര്‍ ഡയറക്ടര്‍ എം വൈ എസ് പ്രസാദ്, ഐസാക് ഡയറക്ടര്‍ എസ്കെ ശിവകുമാര്‍, ഡോ. യശ്പാല്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ വിക്ഷേപണത്തിന് സാക്ഷിയാകാന്‍ ശ്രീഹരിക്കോട്ടയിലുണ്ടായിരുന്നു.

ഐഎസ്ആര്‍ഒ കുതിച്ചു; തോറ്റത് യുഎസ് ഉപരോധം

അമേരിക്കന്‍ ഉപരോധത്തെ പ്രതിരോധിച്ച കരുത്തില്‍ ഐഎസ്ആര്‍ഒക്ക് ചരിത്രവിജയം. രണ്ട് ദശാബ്ദം നീണ്ട ഗവേഷങ്ങള്‍ക്കൊടുവില്‍ തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക്ക് എന്‍ജിന്‍ ഉപയോഗിച്ചുള്ള ജിഎസ്എല്‍വി ഡി-5 റോക്കറ്റിന്റെ വിക്ഷേപണ വിജയം ബഹിരാകാശ ഗവേഷണരംഗത്ത് വഴിത്തിരിവാകും. നാലായിരം കിലോ വരെയുള്ള ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ കൃത്യതയോടെ എത്തിക്കാനുള്ള ശേഷി ഇതു വഴി ഐഎസ്ആര്‍ഒക്ക് സ്വന്തമാകും. ഈ നേട്ടം ഗോളാന്തര പര്യവേഷണങ്ങളിലടക്കം വന്‍കുതിപ്പിന് വഴിതുറക്കുകയും വാണിജ്യ വിക്ഷേപണ രംഗത്ത് ഐഎസ്ആര്‍ഒയുടെ മത്സരക്ഷമത കുതിച്ചുയരുകയും ചെയ്യും.

അമേരിക്കന്‍ ഉപരോധത്തെതുടര്‍ന്നാണ് ക്രയോജനിക് സാങ്കേതിക വിദ്യ സ്വന്തമായി വികസിപ്പിക്കാന്‍ ഐഎസ്ആര്‍ഒ ശ്രമമാരംഭിച്ചത്. സാങ്കേതിക വിദ്യ ഐഎസ്ആര്‍ഒക്ക് കൈമാറരുതെന്ന് റഷ്യയോട് അമേരിക്ക ആവശ്യപ്പെടുകയും ചെയ്തു. പ്രതിരോധ ആവശ്യങ്ങള്‍ക്കായി ഇന്ത്യ ക്രയോജനിക് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുമെന്നായിരുന്നു ഇതിന് ന്യായമായി ഉന്നയിച്ചത്. അമേരിക്കന്‍ സമ്മര്‍ദ്ദത്താല്‍ സാങ്കേതികവിദ്യ കൈമാറുന്ന 1990ലെ കരാറില്‍നിന്ന് റഷ്യ പിന്മാറി. കഠിനാധ്വാനത്തിന്റേയും ആത്മവിശ്വാസത്തിന്റേയും കരുത്തുമായാണ് ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രലോകം ഈ പ്രതിസന്ധി നേരിട്ടത്. അമേരിക്കന്‍ വിധേയത്വം പുലര്‍ത്തുന്ന ഭരണാധികാരികള്‍ക്ക് മുന്നില്‍ ശാസ്ത്രലോകത്തിന്റെ വേറിട്ട വഴിയായിരുന്നു ഇതെന്ന പ്രത്യേകത കൂടിയുണ്ട്. ഐഎസ്ആര്‍ഒ ചാരക്കേസ് ഇടക്ക് പദ്ധതിയുടെ താളം തെറ്റിച്ചെങ്കിലും ശ്രമം തുടര്‍ന്നു. ജിഎസ്എല്‍വിയുടെ തുടര്‍ച്ചയായ രണ്ടു പരാജയങ്ങള്‍ ഈ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി. സ്വന്തമായി വികസിപ്പിച്ച ക്രയോജനിക് എന്‍ജിന്‍ ഉപയോഗിച്ച് 2010 ഏപ്രില്‍ 15ന് നടത്തിയ ജിഎസ്എല്‍വി വിക്ഷേപണം പരാജയമായി. ഉപഗ്രഹവുമായി കുതിച്ച റോക്കറ്റ് നിമിഷങ്ങള്‍ക്കുള്ളില്‍ കത്തിയമര്‍ന്നു. ഡിസംബര്‍ 25ന് റഷ്യന്‍ ക്രയോ എന്‍ജിന്‍ ഉപയോഗിച്ചുള്ള രണ്ടാം വിക്ഷേപണവും വിജയമായില്ല. ഫ്യൂവല്‍ ബൂസ്റ്റര്‍ ടര്‍ബോ പമ്പിന്റെ തകരാര്‍ ഉള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ പരാജയങ്ങള്‍ക്ക് കാരണമായി. ആഗസ്റ്റ് 19ന് ഇന്ധനചോര്‍ച്ച കാരണം ജിഎസ്എല്‍വി ഡി -5 ന്റെ വിക്ഷേപണം അവസാന മണിക്കൂറില്‍ മാറ്റിയിരുന്നു.

പഴുതടച്ച നിരീക്ഷണങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ഒടുവിലാണ് ക്രയോജനിക് സാങ്കേതിക വിദ്യ വികസിപ്പിച്ചത്. റഷ്യയുടെതിനേക്കാള്‍ മികവുള്ള എന്‍ജിനെന്ന ലക്ഷ്യത്തിനായി ഏറ്റവും നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള 35ലധികം ഗ്രൗണ്ട് ടെസ്റ്റുകള്‍ വിജയകരമായി പൂര്‍ത്തീകരിച്ചാണ് ക്രയോ എഞ്ചിന് പച്ചക്കൊടി ലഭിച്ചത്. ഇപ്പോഴത്തെ വിക്ഷേപണവാഹനമായ പിഎസ്എല്‍വി റോക്കറ്റുകള്‍ ഉപയോഗിച്ച് 1.8 ടണ്‍ വരെയുള്ള ഉപഗ്രഹങ്ങള്‍മാത്രമേ വിക്ഷേപിക്കാനാവൂ. ക്രയോജനിക് സാങ്കേതിക വിദ്യ സ്വന്തമായതോടെ മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന ഐഎസ്ആര്‍ഒയുടെ പദ്ധതികള്‍ക്കും ഇത് ഗുണകരമാകും. മറ്റുരാജ്യങ്ങളുടെതടക്കം ഭാരം കൂടിയ ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കുക വഴി വിക്ഷേപണ വിപണിയില്‍ ഐഎസ്ആര്‍ഒക്ക് വന്‍ സാധ്യതകള്‍ തെളിയും.
(ദിലീപ് മലയാലപ്പുഴ)

deshabhimani

Wednesday, December 25, 2013

സംഗീതയുടെ കുടുംബത്തിന് വിമാനക്കൂലി നല്‍കിയത് യുഎസ്

ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖൊബ്രഗഡെയ്ക്ക് എതിരായി പരാതി നല്‍കിയ സംഗീത റിച്ചാര്‍ഡിന്റെ കുടുംബാംഗങ്ങള്‍ക്ക് ന്യൂഡല്‍ഹിയില്‍നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള വിമാനടിക്കറ്റിന് പണം നല്‍കിയത് അമേരിക്കന്‍ എംബസി. സംഗീതയുടെ ഭര്‍ത്താവ് ഫിലിപ്പ് റിച്ചാര്‍ഡ്, മക്കളായ ജന്നിഫര്‍, ജതിര്‍ എന്നിവര്‍ ഡിസംബര്‍ പത്തിനാണ് ഡല്‍ഹിയില്‍നിന്ന് പറന്നത്. ഇവരെ ഇന്ത്യയില്‍നിന്ന് രക്ഷപ്പെടുത്തുകയായിരുന്നുവെന്ന് ന്യൂയോര്‍ക്ക് അറ്റോര്‍ണി പ്രീത് ഭരാര പ്രസ്താവിച്ചത് വിവാദമായിരുന്നു. ദേവയാനിയെ കേസില്‍പ്പെടുത്തിയതിലും അപമാനിച്ചതിലും ഗൂഢാലോചനയുണ്ടെന്ന പരാതി ശരിവയ്ക്കുന്നതാണ് പുതിയ വിവരം. ഇതിനോട് പ്രതികരിക്കാന്‍ അമേരിക്കന്‍ എംബസി തയ്യാറായില്ല.

ന്യൂഡല്‍ഹിയിലെ അമേരിക്കന്‍ എംബസിയുടെ ഔദ്യോഗിക ട്രാവല്‍ ഏജന്‍സിയാണ് ഫിലിപ്പ് റിച്ചാര്‍ഡിന്റെയും മക്കളുടെയും ടിക്കറ്റുകള്‍ ശരിയാക്കിയത്. നയതന്ത്രപരിരക്ഷയുള്ളവര്‍ക്ക് ലഭിക്കുന്ന രീതിയില്‍ ടിക്കറ്റ് നിരക്കില്‍നിന്ന് 4.5 ശതമാനം സേവനനികുതി ഒഴിവാക്കുകയുംചെയ്തു. ഫിലിപ്പും മക്കളും ഡിസംബര്‍ 12നാണ് ന്യൂയോര്‍ക്കില്‍ എത്തിയത്. ദേവയാനിയെ അറസ്റ്റുചെയ്തതും അന്നാണ്. ഇതിനിടെ, ഇന്ത്യയിലെ അമേരിക്കന്‍ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് പേരെഴുതാതെ നല്‍കിയ തിരിച്ചറിയല്‍കാര്‍ഡുകള്‍ പിന്‍വലിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കാര്‍ഡുകള്‍ മടക്കിനല്‍കാന്‍ ഇന്ത്യ മുന്നോട്ടുവച്ച സമയപരിധി കഴിഞ്ഞദിവസം അവസാനിച്ചിരുന്നു. ഇനി നയതന്ത്രജ്ഞര്‍ക്കു മാത്രമാണ് പരിരക്ഷയുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കുകയെന്ന് വിദേശ വകുപ്പ് പറഞ്ഞു. കുടുംബാംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും നയതന്ത്രപരിരക്ഷ ഉണ്ടാകില്ല. ദേവയാനിക്ക് എതിരായ കേസ് ഒബാമ സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ കൊക്കകോള പ്ലാന്റിലെ തൊഴിലാളികള്‍ ഒന്നടങ്കം പണിമുടക്കി. ഇതിനെത്തുടര്‍ന്ന് പ്ലാന്റിന്റെ പ്രവര്‍ത്തനം നിലച്ചു. പ്രതിദിനം 60,000 ലിറ്റര്‍ കൊക്കകോള ഉല്‍പ്പാദിപ്പിക്കുന്ന പ്ലാന്റില്‍ ഏകദേശം 1200 തൊഴിലാളികളുണ്ട്.

deshabhimani

Monday, December 23, 2013

യുഎസ് പരസ്പര ബഹുമാനം പഠിക്കണം: റൗള്‍ കാസ്ട്രോ

ഹവാന: പരസ്പര ബഹുമാനത്തോടെയുള്ള, സംസ്കാരം കലര്‍ന്ന ബന്ധമാണ് നിലനിര്‍ത്തേണ്ടതെന്ന് അമേരിക്കയ്ക്ക് ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്ട്രോയുടെ നിര്‍ദേശം. ക്യൂബയില്‍ ഭരണകൂടത്തെ മാറ്റണമെന്ന ആവശ്യം അമേരിക്ക അവസാനിപ്പിച്ചാലേ ഇരുരാജ്യങ്ങളും തമ്മില്‍ ബന്ധം സാധാരണനിലയിലാകാന്‍ വഴിയൊരുങ്ങൂവെന്നും അദ്ദേഹം വ്യക്തമാക്കി.

ഹവാനയില്‍ പാര്‍ലമെന്റ് സമ്മേളനത്തിന്റെ അവസാന സെഷനില്‍ സംസാരിക്കുകയായിരുന്നു റൗള്‍. ഇരു രാജ്യങ്ങളുടെയും വൈജാത്യങ്ങള്‍ അംഗീകരിച്ച് സമാധാനത്തോടെ ജീവിക്കാന്‍ പഠിക്കണം. പരസ്പര ബന്ധം മെച്ചപ്പെടണമെങ്കില്‍ ഇത് അത്യാവശ്യമാണ്. അല്ലെങ്കില്‍ ഉഭയകക്ഷി ബന്ധം സുഗമമാവുകയില്ല. 55 വര്‍ഷം കഴിഞ്ഞതുപോലെ ഇനിയും തുടരാന്‍ ക്യൂബ തയ്യാറാണ്. അമേരിക്കയുടെ രാഷ്ട്രീയ-സാമൂഹ്യ സമ്പ്രദായങ്ങള്‍ മാറണമെന്ന് ക്യൂബ ആവശ്യപ്പെട്ടിട്ടില്ല. അതുകൊണ്ട് ക്യൂബയുടെ നിലപാടുകളും പ്രവര്‍ത്തനവും മാറ്റണമെന്ന് ശഠിക്കാന്‍ അമേരിക്കയ്ക്കും അധികാരമില്ല.

ക്യൂബയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അമേരിക്കയുമായി ചര്‍ച്ചചെയ്യാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും റൗള്‍ കാസ്ട്രോ പറഞ്ഞു. അന്തരിച്ച ദക്ഷിണാഫ്രിക്കന്‍ വിമോചന നേതാവ് നെല്‍സണ്‍ മണ്ടേലയുടെ സംസ്കാരച്ചടങ്ങിനിടെ റൗള്‍ കാസ്ട്രോയും അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും പരസ്പരം ഹസ്തദാനം ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. ക്യൂബയും അമേരിക്കയും തമ്മിലുള്ള ബന്ധത്തില്‍ നീക്കുപോക്കുകള്‍ ഉണ്ടാകാന്‍ പോകുന്നു എന്ന തരത്തില്‍ വാര്‍ത്തകളും പരന്നിരുന്നു. ക്യൂബയുമായി അരനൂറ്റാണ്ടിലേറെയായി നിലനില്‍ക്കുന്ന ശത്രുത അവസാനിപ്പിക്കാന്‍ സമയമായെന്ന് ഒബാമ ഈയിടെ അഭിപ്രായപ്പെടുകയുംചെയ്തു.

ഈ സാഹചര്യത്തിലാണ് റൗള്‍ നിലപാട് വ്യക്തമാക്കിയത്. വിപ്ലവാനന്തരം ഫിദല്‍ കാസ്ട്രോയുടെ നേതൃത്വത്തില്‍ ക്യൂബന്‍ സര്‍ക്കാര്‍ അധികാരമേറ്റതിനെത്തുടര്‍ന്ന് 1961 മുതല്‍ അമേരിക്കയും ക്യൂബയും തമ്മില്‍ നയതന്ത്രബന്ധമില്ല. സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി തങ്ങളെ മുട്ടുകുത്തിക്കാനുള്ള അമേരിക്കയുടെ ശ്രമത്തെ ഓരോ മേഖലയിലും സ്വയംപര്യാപ്തത നേടിയാണ് കമ്യൂണിസ്റ്റ് ക്യൂബ മറികടന്നത്. ജീവന്‍രക്ഷാമരുന്നുകള്‍പോലും അമേരിക്ക വിലക്കിയപ്പോള്‍ ക്യൂബ സ്വയം വളര്‍ത്തിയെടുത്ത ആരോഗ്യമേഖല ഇപ്പോള്‍ ലോകത്തിന് മാതൃകയായി.

കാസ്ട്രോയെ മഡുറോ കണ്ടു

ഹവാന: അനശ്വരനായ വിപ്ലവപോരാളി ഹ്യൂഗോ ഷാവേസിന്റെ ജ്വലിക്കുന്ന ഓര്‍മകള്‍ പങ്കുവച്ച് ക്യൂബന്‍ വിപ്ലവനായകന്‍ ഫിദല്‍ കാസ്ട്രോയും വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളസ് മഡുറോയും കൂടിക്കാഴ്ച നടത്തി. ഹവാനയില്‍ ഫിദലിന്റെ വീട്ടില്‍ നടന്ന കൂടിക്കാഴ്ച മണിക്കൂറോളം നീണ്ടു. വെനസ്വേലയില്‍ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ടി മികച്ച വിജയം ആവര്‍ത്തിച്ച പശ്ചാത്തലത്തില്‍ തന്നെ കാണാനെത്തിയ മഡുറോയെ കാസ്ട്രോ പിതൃസഹജമായ വത്സല്യത്തോടെ സ്വീകരിച്ചു. 1994 ഡിസംബര്‍ 14നാണ് കാസ്ട്രോയും ഹ്യൂഗോ ഷാവേസും ആദ്യമായി തമ്മില്‍ കണ്ടത്. ഇതിന്റെ ഓര്‍മകള്‍ കാസ്ട്രോ മഡുറോയുമായി പങ്കുവച്ചു. 2004 ഡിസംബര്‍ 14ന് രൂപീകരിച്ച ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ അല്‍ബയുടെ ഒമ്പതാം വാര്‍ഷികത്തെക്കുറിച്ചും ഇരുവരും സംസാരിച്ചു. അന്താരാഷ്ട്ര പ്രശ്നങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ച് മഡുറോയെ ഓര്‍മിപ്പിച്ച കാസ്ട്രോ ലാറ്റിനമേരിക്കയുടെ ഐക്യത്തെക്കുറിച്ച് എടുത്തുപറഞ്ഞു. സൈമണ്‍ ബൊളിവറിനെക്കുറിച്ചുള്ള ജനറല്‍ ഒ ലെറിയുടെ സമ്പൂര്‍ണ കൃതികള്‍ മഡുറോ കാസ്ട്രോയ്ക്ക് സമ്മാനിച്ചു.

deshabhimani

Friday, December 20, 2013

ദേവയാനിക്കെതിരായ കേസ് പിന്‍വലിക്കില്ലെന്ന് അമേരിക്ക

യുഎസില്‍ അറസ്റ്റിലായ ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖൊബ്രഗഡെക്കെതിരായ കേസ് പിന്‍വലിക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി. ദേവയാനിയെ അപമാനിച്ച സംഭവത്തില്‍ മാപ്പ് പറയണമെന്ന ഇന്ത്യയുടെ ആവശ്യവും അമേരിക്ക തള്ളി.

ദേവയാനിക്കെതിരായ ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും നിയമത്തില്‍ നിന്ന് ആര്‍ക്കും ഒഴിവാകാന്‍ സാധിക്കില്ലെന്നും യുഎസ് സ്റ്റേറ്റ് വക്താവ് മേരി ഹാര്‍ഫ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഇന്ത്യയുമായുള്ള നയതന്ത്രബന്ധം വളരെ പ്രധാനപ്പെട്ടതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കേസ് പിന്‍വലിക്കാന്‍ ന്യൂയോര്‍ക്കിലെ യുഎസ് അറ്റോര്‍ണി പ്രീത് ബരാരയ്ക്കു മേല്‍ സമ്മര്‍ദം ചെലുത്തുമെന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്നും യുഎസ് സ്റ്റേറ്റ് ഓഫീസ് അറിയിച്ചു.

വ്യാഴാഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോനെ ഫോണില്‍ വിളിച്ച് ഖേദം അറിയിച്ചിരുന്നു. എന്നാല്‍ കേസ് കൈകാര്യം ചെയ്ത രീതിയിലാണ് ഖേദം അറിയിച്ചതെന്നും എന്നാല്‍ ദേവയാനിക്കെതിരായ കേസ് തുടരുമെന്നും മേരി ഹാര്‍ഫ് അറിയിച്ചു.

നടപടി ന്യായീകരിച്ച് യുഎസ് അറ്റോര്‍ണി

ന്യൂഡല്‍ഹി: ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖൊബ്രഗഡെയെ അറസ്റ്റുചെയ്തതിനെയും നഗ്നയാക്കി പരിശോധിച്ചതിനെയും ശക്തമായി ന്യായീകരിച്ച് അമേരിക്കന്‍ അറ്റോര്‍ണി പ്രീത് ഭരാര രംഗത്ത്. കസ്റ്റഡിയില്‍ കഴിയവെ അമേരിക്കക്കാര്‍ക്ക് ലഭിക്കാത്ത ഇളവുകള്‍ ദേവയാനിക്ക് നല്‍കിയെന്നും കുട്ടികളുടെ പരിചരണം ഏര്‍പ്പടാക്കാന്‍ ഫോണ്‍ അനുവദിച്ചെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ അമേരിക്കന്‍ വിദേശസെക്രട്ടറി ജോണ്‍കെറി ബുധനാഴ്ച അര്‍ധരാത്രി ദേശീയസുരക്ഷാ ഉപദേഷ്ടാവ് ശിവ്ശങ്കര്‍മേനോനെ വിളിച്ച് ഖേദം പ്രകടിപ്പിച്ചിരുന്നു. ഖേദപ്രകടനമല്ല, അമേരിക്ക മാപ്പ് പറയുകയാണ് വേണ്ടതെന്ന് ഇന്ത്യ പ്രതികരിച്ചതിനു പിന്നാലെയാണ് പുതിയ പ്രകോപനം.

ദേവയാനിയുടെ ശരീരമാകെ പരിശോധിച്ചെന്ന് മാന്‍ഹട്ടനില്‍ ഇന്ത്യന്‍ വംശജനായ സര്‍ക്കാര്‍ അഭിഭാഷകന്‍ ഭരാര പ്രസ്താവനയില്‍ സമ്മതിച്ചു. വനിതകളാണ് പരിശോധിച്ചത്. ദേവയാനിക്ക് കാപ്പി നല്‍കി. ഭക്ഷണം വാഗ്ദാനംചെയ്തു. നിയമം ലംഘിച്ച ഒരാള്‍ക്കെതിരെ സ്വീകരിച്ച നടപടിയില്‍ ഇന്ത്യയില്‍ ഇത്ര രോഷം ഉയരുന്നത് അത്ഭുതകരമാണ്. വാദിയായ സംഗീത റിച്ചാര്‍ഡാണ് യഥാര്‍ഥ ഇര. പീഡനം ഒഴിവാക്കാന്‍ സംഗീതയെയും കുടുംബത്തെയും ഇന്ത്യയില്‍നിന്ന് അമേരിക്ക "ഒഴിപ്പിക്കുക"യായിരുന്നു- പ്രസ്താവനയില്‍ പറഞ്ഞു. വീട്ടുജോലിക്കാരി സംഗീതയ്ക്ക് വിസയില്‍ പറഞ്ഞതിലുംകുറഞ്ഞ ശമ്പളം കൊടുത്തതിന് ദേവയാനിയില്‍ ചുമത്തിയത് 10 വര്‍ഷംവരെ തടവു കിട്ടാവുന്ന കുറ്റമാണ്. ദേവയാനിയെ വഞ്ചിച്ചതിനും ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതിനും സംഗീതയ്ക്കെതിരെ ഡല്‍ഹി കോടതിയില്‍ കേസുണ്ട്. സംഗീതയ്ക്കെതിരെ ഡല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ച വാറന്റ് അമേരിക്കയ്ക്ക് കൈമാറിയിട്ടും നടപടി ഉണ്ടായില്ല. ദേവയാനിയെ അറസ്റ്റുചെയ്യുന്നതിന്റെ തൊട്ടുമുമ്പാണ് സംഗീതയും കുടുംബവും അമേരിക്കയിലെത്തിയത്. കേസില്‍ ഇര ദേവയാനിയാണെന്ന് വിദേശമന്ത്രാലയം പ്രതികരിച്ചു. രാജ്യത്തെ നിയമപ്രകാരം വിചാരണ നേരിടേണ്ട ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ വിദേശരാജ്യത്തിന് എന്താണ് അവകാശമെന്നും ഭരാരെയുടെ പ്രസ്താവന മുഖവിലയ്ക്ക് എടുക്കാന്‍ കഴിയില്ലെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

അമേരിക്ക മാപ്പ് പറയണമെന്ന് വിദേശമന്ത്രി സല്‍മാന്‍ ഖുര്‍ഷിദും പാര്‍ലമെന്ററിമന്ത്രി കമല്‍നാഥും പറഞ്ഞു. ദേവയാനിക്ക് എതിരായ കേസ് നിരുപാധികം പിന്‍വലിക്കണമെന്നും സംഗീതയെയും കുടുംബത്തെയും കൈമാറണമെന്നും ഖുര്‍ഷിദ് ആവശ്യപ്പെട്ടു. ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയെ ഭരാര കടന്നാക്രമിച്ചിരിക്കുകയാണെന്ന് ദേവയാനിയുടെ അച്ഛന്‍ ഉത്തം ഖൊബ്രഗഡെ പ്രതികരിച്ചു. അമേരിക്കന്‍ വിദേശസെക്രട്ടറി ജോണ്‍ കെറിയുടെ അറിവോടെയാണ് ദേവയാനിയുടെ അറസ്റ്റെന്ന് വ്യക്തമായി. അമേരിക്കന്‍ വിദേശവകുപ്പ് ഉപവക്താവ് മേരി ഹാര്‍ഫാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സെപ്തംബറില്‍ ദേവയാനിക്ക് എതിരായ കേസ് സംബന്ധിച്ച് ഇന്ത്യക്ക് വിവരം നല്‍കിയതായും അവര്‍ അവകാശപ്പെട്ടു. ഇതിനിടെ, അമേരിക്കന്‍ വിസ നിയമപ്രകാരമുള്ള കുറഞ്ഞശമ്പളം നയതന്ത്രജ്ഞരുടെ വീട്ടുജോലിക്കാര്‍ക്ക് നല്‍കുക പ്രായോഗികമല്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
(സാജന്‍ എവുജിന്‍)

ദേവയാനിയുടെ അറസ്റ്റ് ചട്ടം ലംഘിച്ച്

ന്യൂഡല്‍ഹി: ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖൊബ്രഗെഡെയെ നികൃഷ്ടമായ പരിശോധനയ്ക്കും വിലങ്ങിടലിനും വിധേയയാക്കിയ അമേരിക്കന്‍ പൊലീസ് അന്നാട്ടിലെ ചട്ടങ്ങളും ലംഘിച്ചു. മയക്കുമരുന്നോ ആയുധമോ കള്ളക്കടത്ത് സാമഗ്രികളോ കൈവശംവച്ചതായി സംശയിക്കുന്ന വ്യക്തിയെ മാത്രമേ വസ്ത്രമഴിച്ച് പരിശോധനയ്ക്ക് വിധേയമാക്കാവൂ എന്നാണ് അമേരിക്കന്‍ മാര്‍ഷല്‍ സര്‍വീസ് ചട്ടം. വസ്ത്രം പൂര്‍ണമായി നീക്കിയശേഷമുള്ള പരിശോധനയ്ക്കും സ്വകാര്യഭാഗങ്ങളില്‍ ഡിജിറ്റല്‍ നിരീക്ഷണത്തിനും തന്നെ വിധേയയാക്കിയെന്ന് ഐഎഫ്എസിലെ സഹപ്രവര്‍ത്തകര്‍ക്ക് അയച്ച സന്ദേശത്തില്‍ ദേവയാനി വ്യക്തമാക്കിയിട്ടുണ്ട്.

ഒരു മുതിര്‍ന്ന നയതന്ത്രജ്ഞയുടെ ശരീരത്തില്‍ ഇത്തരം പരിശോധനകള്‍ നടത്തിയതിലൂടെ അമേരിക്ക സ്വന്തം നിയമങ്ങളാണ് ലംഘിച്ചതെന്ന് മുന്‍ ക്യാബിനറ്റ് സെക്രട്ടറിയും 1996-2001 കാലത്ത് അമേരിക്കയില്‍ സ്ഥാനപതിയുമായിരുന്ന നരേഷ് ചന്ദ്ര പറഞ്ഞു. ന്യൂയോര്‍ക്ക് പൊലീസിന്റെ അതിരുവിട്ട നടപടി ന്യായീകരിക്കുന്ന അമേരിക്കന്‍ ബ്യൂറോക്രാറ്റുകള്‍ അവരുടെ തനിസ്വഭാവം പ്രകടിപ്പിച്ചിരിക്കുകയാണ്. ആത്മഹത്യചെയ്യുമെന്നോ ഓടിപ്പോകുമെന്നോ അക്രമം കാട്ടുമെന്നോ സംശയിക്കുന്നവരെയാണ് വിലങ്ങിടുക. നയതന്ത്രജ്ഞയെ തെരുവില്‍ അറസ്റ്റുചെയ്ത് വിലങ്ങിട്ടതിന് ന്യായീകരണമില്ലെന്ന് മുന്‍ വിദേശ സെക്രട്ടറി കന്‍വാല്‍ സിബല്‍ പറഞ്ഞു. നിയമം ഏറ്റവും മോശമായ രീതിയില്‍ ദേവയാനിക്കു നേരെ ഉപയോഗിക്കുകയായിരുന്നു. അമേരിക്കയുടെ ഭ്രാന്തമായ മനഃസ്ഥിതിയുടെ തെളിവാണിതെന്ന് മുന്‍ ആഭ്യന്തരസെക്രട്ടറി ജി കെ പിള്ള പറഞ്ഞു. വിദേശസെക്രട്ടറി സുജാതസിങ്ങും സംഘവും വാഷിങ്ടണില്‍ ചര്‍ച്ച നടത്തുന്ന സമയത്താണ് ന്യൂയോര്‍ക്കില്‍ നയതന്ത്രജ്ഞ ഹീനമായി അപമാനിക്കപ്പെട്ടത്.

deshabhimani

Thursday, December 19, 2013

നാണംകെട്ട് അമേരിക്ക

നയതന്ത്രജ്ഞ ദേവയാനി ഖൊബ്രഗഡയെ പ്രാകൃതമായി അപമാനിച്ചതിനെ തുടക്കംമുതല്‍ ന്യായീകരിച്ച അമേരിക്ക ഒടുവില്‍ ഇന്ത്യയിലുണ്ടായ വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് നാണംകെട്ട് ഖേദം പ്രകടിപ്പിച്ചു. അമേരിക്കന്‍ വിദേശ സെക്രട്ടറി ജോണ്‍ കെറി ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോനെ ഇന്ത്യന്‍ സമയം ബുധനാഴ്ച അര്‍ധരാത്രി ഫോണില്‍ വിളിച്ചാണ് ഖേദം പ്രകടിപ്പിച്ചത്. സംഭവത്തില്‍ വൈറ്റ് ഹൗസും ഖേദം പ്രകടിപ്പിച്ചു.

ഈ "ഒറ്റപ്പെട്ട" സംഭവം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള "അടുത്ത" ബന്ധത്തിന് ഉലച്ചില്‍ തട്ടാന്‍ ഇടയാക്കരുതെന്നാണ് കെറി പറഞ്ഞത്. ദേവയാനിയുടെ അതേ പ്രായമുള്ള രണ്ട് പെണ്‍മക്കളുടെ പിതാവ് എന്ന നിലയില്‍ ദേവയാനിയുടെ അറസ്റ്റിനുശേഷം ഇന്ത്യയ്ക്കുണ്ടായ ക്ഷതത്തില്‍ ഖേദിക്കുന്നു. രാജ്യത്ത് നിയമവാഴ്ച ഉറപ്പാക്കുന്നതിന്റെയും ഇരകളെ സംരക്ഷിക്കുന്നതിന്റെയും പ്രാധാന്യം സെക്രട്ടറി എന്ന നിലയില്‍ ഉള്‍ക്കൊള്ളുന്നു.

അതേ സമയം അമേരിക്കയില്‍ സേവനമനുഷ്ഠിക്കുന്ന നയതന്ത്രജ്ഞര്‍ അമേരിക്കന്‍ നിയമം അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടത് നിര്‍ബന്ധമാണെന്നും കെറി പറഞ്ഞു. ഈ സംഭവം ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്തതും പരസ്പര ബഹുമാനത്തോടെയുള്ളതുമായ ബന്ധത്തെ ബാധിക്കരുതെന്ന് വൈറ്റ്ഹൗസ് പ്രത്യേകം വ്യക്തമാക്കി. നയതന്ത്രജ്ഞയെ അവഹേളിച്ചതിനെ ആദ്യം ന്യായീകരിച്ച അമേരിക്ക, വിയന്ന ചട്ടങ്ങള്‍ ഇന്ത്യ പാലിക്കണമെന്നും അമേരിക്കന്‍ നയതന്ത്രജ്ഞരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

അതേസമയം ദേവയാനിയുടെ അറസ്റ്റിലും അപമാനത്തിലും പാര്‍ലമെന്റില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നു. അമേരിക്കയുടെ അഹന്തയ്ക്ക് നേരത്തെ ഇന്ത്യ വഴങ്ങിയതാണ് അവഹേളനത്തിന്കാരണമെന്ന് അംഗങ്ങള്‍ പറഞ്ഞു. ദേവയാനിയെ നാട്ടില്‍ തിരിച്ചെത്തിക്കാനും അവരുടെ അന്തസ്സ് വീണ്ടെടുക്കാനുമുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും ഇന്ത്യ അതിരുവിട്ട് പ്രതികരിച്ചിട്ടില്ലെന്നും വിദേശമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. അമേരിക്കന്‍ അധികൃതരുടെ നടപടി ഖേദകരമെന്ന് മാത്രമാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പ്രതികരിച്ചത്. ഇന്ത്യയിലെ അമേരിക്കന്‍ നയതന്ത്രജ്ഞരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് വിദേശമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

ഇതിനിടെ, ദേവയാനിയെ ന്യൂയോര്‍ക്കിലെ ഇന്ത്യയുടെ യുഎന്‍ സ്ഥിരം പ്രതിനിധി ഓഫീസിലേക്ക് മാറ്റി. പൂര്‍ണ നയതന്ത്രപരിരക്ഷ ലഭ്യമാക്കാനാണിത്. ദേവയാനിക്ക് പരിമിതമായ നയതന്ത്രപരിരക്ഷ മാത്രമാണുള്ളതെന്ന് അമേരിക്ക വാദിച്ചിരുന്നു. ദേവയാനിയെ വസ്ത്രമുരിഞ്ഞ് പരിശോധിച്ചതിനെയും മയക്കുമരുന്ന് അടിമകള്‍ക്കും ലൈംഗിക കുറ്റവാളികള്‍ക്കുമൊപ്പം പാര്‍പ്പിച്ചതിനെയും അമേരിക്ക ന്യായീകരിച്ചു. തന്റെ ശരീരത്തിന്റെ ഓരോഭാഗത്തും സ്വകാര്യതകള്‍ ലംഘിച്ച് പരിശോധന നടത്തിയെന്നും താന്‍ തളര്‍ന്നുപോയെന്നും സഹപ്രവര്‍ത്തകര്‍ക്ക് അയച്ച ഇമെയിലില്‍ ദേവയാനി പറഞ്ഞു. ദേവയാനിക്കെതിരെ പരാതി നല്‍കിയ സംഗീത റിച്ചാര്‍ഡ് ഇന്ത്യന്‍ കോടതിക്കും പൊലീസിനും പിടികൊടുക്കാതെ മുങ്ങിനടക്കുകയാണെന്ന് സല്‍മാന്‍ ഖുര്‍ഷിദ് രാജ്യസഭയില്‍ പറഞ്ഞു. ദേവയാനി നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും അവര്‍ക്കെതിരായ കേസിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും മന്ത്രി പറഞ്ഞു.
(സാജന്‍ എവുജിന്‍)

കടുത്ത അതിക്രമം: കാരാട്ട്

ന്യൂഡല്‍ഹി: ഇന്ത്യന്‍ നയതന്ത്രജ്ഞയെ അറസ്റ്റുചെയ്ത് അപമാനിച്ച അമേരിക്കന്‍ നടപടി കടുത്ത അതിക്രമമായിപ്പോയെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യയോടും നമ്മുടെ നയതന്ത്രജ്ഞരോടുമുള്ള അമേരിക്കന്‍ അധികൃതരുടെ മനോഭാവമാണ് ഇതു വ്യക്തമാക്കുന്നത്. ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്കുനേരെ ഇത്തരം അപമാനം ആദ്യമല്ല. മൂന്നുവര്‍ഷം മുമ്പ് ഇന്ത്യന്‍ സ്ഥാനപതി മീരാശങ്കറിനെ അമേരിക്കന്‍ വിമാനത്താവളത്തില്‍ ദേഹപരിശോധനയ്ക്ക് വിധേയയാക്കി. യുഎന്നിലെ ഇന്ത്യന്‍ സ്ഥിരംപ്രതിനിധിക്കും സമാനമായ ദുരനുഭവം നേരിട്ടു. അമേരിക്കന്‍ നയതന്ത്രകാര്യാലയങ്ങള്‍ക്കെതിരെ ഇതിനു മറുപടി നല്‍കുംവിധം ഇന്ത്യ ഉറച്ചനടപടി സ്വീകരിക്കണം. മാത്രമല്ല, അമേരിക്കയിലെ നമ്മുടെ നയതന്ത്രജ്ഞരുടെ കാര്യത്തില്‍ നയതന്ത്രബന്ധങ്ങള്‍ സംബന്ധിച്ച വിയന്ന ചട്ടങ്ങള്‍ പാലിക്കുമെന്ന ഉറപ്പ് അമേരിക്കയില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ വാങ്ങണം-കാരാട്ട് ആവശ്യപ്പെട്ടു.

deshabhimani

Wednesday, December 18, 2013

നയതന്ത്രജ്ഞയുടെ അറസ്റ്റ്; പാര്‍ലമെന്റിലും കടുത്ത പ്രതിഷേധം

ദേവയാനി ഖൊബ്രഗഡയ്ക്ക് നേരെയുണ്ടായ ഹീനമായ അമേരിക്കന്‍ നടപടിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നതോടെ വിഷയം പാര്‍ലമെന്റിലും കടുത്ത പ്രതിഷേധത്തിനിടയാക്കി. അമേരിക്കയുടെ ലോക പൊലീസ് ചമയലിന് ഉദാഹരണമാണ് ദേവയാനിയ്ക്ക് നേരെയുണ്ടായ നടപടിയെന്നും ഇത് ഇന്ത്യയുടെ ആത്മാഭിമാനം ചോദ്യം ചെയ്യുന്നതാണെന്നും സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി രാജ്യസഭയില്‍ പറഞ്ഞു. പരസ്പര ബഹുമാനം നിലനിര്‍ത്താന്‍ അമേരിക്ക തയ്യാറാകണം. സംഭവത്തില്‍ ഇന്ത്യ കാര്യമായി പ്രതിഷേധിച്ചില്ലെന്നും യെച്ചൂരി പറഞ്ഞു. അമേരിക്കന്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യ പ്രതിപക്ഷ കക്ഷിയായ ബിജെപി പ്രതികരിച്ചു. ഇന്ത്യയുടെ വിദേശനയം പുന:പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ദേവയാനി ദളിത് യുവതിയായതിനാലാണോ അപമാനിക്കപ്പെട്ടതെന്ന് ബിഎസ്പി നേതാവ് മായാവതി ചോദിച്ചു.

കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയിലെ അമേരിക്കന്‍ നയതന്ത്രജ്ഞരുടെ വിമാനത്താവള പാസുകളും തിരിച്ചുവാങ്ങുകയും എംബസിയിലേക്ക് മദ്യവും ഭക്ഷണവും ഇറക്കുമതിചെയ്യുന്നതിനുള്ള അനുമതിയും പിന്‍വലിക്കുകയും ചെയ്തു. കോണ്‍സുലേറ്റുകളിലെ പ്രതിനിധികളോട് അവരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ മടക്കിനല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഈ കാര്‍ഡുകള്‍ മടക്കുന്നതോടെ ഇവര്‍ക്ക് നയതന്ത്രപരിരക്ഷ ഇല്ലാതാകും. ന്യായമാര്‍ഗിലെ അമേരിക്കന്‍ എംബസിക്കുമുന്നിലെ ബാരിക്കേഡുകള്‍ നീക്കി. പൊലീസ് പിക്കറ്റ് തുടരും.

ഇന്ത്യയിലെ എല്ലാ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും ഇന്ത്യക്കാരായ ജീവനക്കാരുടെയും വീട്ടുജോലിക്കാരുടെയും ശമ്പളവിവരങ്ങള്‍ ഹാജരാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. രാജ്യത്തെ എല്ലാ അമേരിക്കന്‍ സ്കൂളുകളിലെയും അധ്യാപകരുടെ വിസ വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും ഇന്ത്യക്കാരായ ജീവനക്കാരുടെ ശമ്പളവിവരങ്ങളും നല്‍കാനും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയും എഐസിസി വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിയും അമേരിക്കന്‍ കോണ്‍ഗ്രസിന്റെ പ്രതിനിധിസംഘവുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി.

കഴിഞ്ഞദിവസം സ്പീക്കര്‍ മീരാകുമാറും ദേശീയസുരക്ഷാ ഉപദേഷ്ടാവ് ശിവ്ശങ്കര്‍ മേനോനും ഇതേ സംഘത്തെ കാണാന്‍ വിസമ്മതിച്ചിരുന്നു. മുന്‍ ഐഎഫ്എസ് ഉദ്യോഗസ്ഥകൂടിയായ മീരാകുമാര്‍ ഇന്ത്യന്‍ നയതന്ത്രജ്ഞയോട് അമേരിക്കന്‍ അധികൃതര്‍ കാട്ടിയ ക്രൂരതയില്‍ അത്യന്തം ക്ഷുഭിതയാണ്. കഴിഞ്ഞ ഡിസംബര്‍ 16ന് ഡല്‍ഹിയില്‍ ഓടുന്ന ബസിനുള്ളില്‍ പെണ്‍കുട്ടിയെ ബലാത്സംഗംചെയ്തവരും ന്യൂയോര്‍ക്ക് അധികൃതരും തമ്മില്‍ എന്താണ് വ്യത്യാസമെന്ന് മുതിര്‍ന്ന നയതന്ത്രജ്ഞനായ രാജീവ് ദോഗ്ര പ്രതികരിച്ചു.

എംബസിക്കെതിരായ ഇന്ത്യന്‍ നടപടി ചോദ്യം ചെയ്ത് അമേരിക്ക

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖൊബ്രഗഡയ്ക്കെതിരായ ഹീനമായ നടപടിയില്‍ പ്രതിഷേധിച്ച് എംബസികള്‍ക്കെതിരെ ഇന്ത്യ സ്വീകരിച്ച നടപടികള്‍ ചോദ്യം ചെയ്ത് അമേരിക്ക രംഗത്തെത്തി. ഇന്ത്യ വിയന്ന കണ്‍വെന്‍ഷന്‍ വ്യവസ്ഥകള്‍ പാലിക്കണമെന്നും ഇന്ത്യയുടെ നടപടി അംഗീകരിക്കാനാവില്ലെന്നും അമേരിക്ക വ്യക്തമാക്കി.

ദേവയാനിക്കെതിരായ നടപടിയില്‍ പ്രതിഷേധിച്ച് അമേരിക്കന്‍ നയതന്ത്രജ്ഞരുടെ വിമാനത്താവള പാസുകള്‍ ഇന്ത്യ തിരിച്ചുവാങ്ങുകയും എംബസിയിലേക്ക് മദ്യവും ഭക്ഷണവും ഇറക്കുമതിചെയ്യുന്നതിനുള്ള അനുമതി പിന്‍വലിക്കുകയും ചെയ്തിരുന്നു. ന്യായമാര്‍ഗിലെ അമേരിക്കന്‍ എംബസിക്കുമുന്നിലെ ബാരിക്കേഡുകള്‍ ഇന്ത്യ നീക്കുകയും ചെയ്തു.

ഇന്ത്യയിലെ എല്ലാ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും ഇന്ത്യക്കാരായ ജീവനക്കാരുടെയും വീട്ടുജോലിക്കാരുടെയും ശമ്പളവിവരങ്ങള്‍ ഹാജരാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ കടുത്ത നടപടികളാണ് അമേരിക്കയെ പ്രകോപിപ്പിച്ചിരിക്കുന്നത്.

deshabhimani