Showing posts with label നർമ്മം. Show all posts
Showing posts with label നർമ്മം. Show all posts

Tuesday, February 16, 2016

ചെങ്കടലിൽ സംഘിയും കോങ്കിയും കാണുന്നത്

കണ്ടില്ലേ..നവകേരള മാർച്ചിന്റെ സമാപനം..ജനം ചെങ്കടലായി..

ഞാനൊരു ചെങ്കടലും കാണുന്നില്ല..

സൂക്ഷിച്ച് നോക്ക്..

കുറച്ച് ക്യാമറാക്കാരെ കാണുന്നുണ്ട്..

അതിന്റെ മുന്നിലേക്ക് നോക്ക്...

കുറച്ച് ചുവന്ന കസേരയിൽ ആളുകളെ കാണുന്നുണ്ട്..

ഇനീം മുന്നിലേക്ക് നോക്ക്..

ചുവന്ന ഷർട്ടിട്ട വളണ്ടിയേഴ്സിനെ കാണുന്നുണ്ട്..

മുന്നിലേക്ക് നോക്ക്..

ഒരാൾ പ്രസംഗിക്കുന്നത് കാണാം..

അതിനും മുന്നിലേക്ക് നോക്ക്..

ക്രെയിനിലെ ക്യാമറ കാണാം..

ശരിക്ക് നോക്ക്..

ചുവന്ന കൊടി കാണാം..

ശ്രദ്ധിച്ച് നോക്ക്..

കടല്‌ കാണാം..

ഇപ്പ കണ്ടതിന്റെ ഒക്കെ ഇടയിൽ നോക്ക്...

അത് ഉറുമ്പുകളല്ലേ..ചെങ്കടൽ ഞാനിനിയും കണ്ടില്ല..

നീ സംഘിയുടെയും കൊങ്കിയുടെയും മിക്സ് ആണ്‌. നീ ഇനി ഒന്നും നോക്കണ്ട. കിണറ്റിൽ തന്നെ ഇരി.

Sunday, May 11, 2014

കംഫര്‍ട്ടബിള്‍ കോണ്‍ഗ്രസ്

"എനിക്ക് ഞാന്‍ നന്നാവണമെന്നില്ല എനിക്ക് നന്നാവണമെന്നേയുള്ളൂ" എന്ന് പാടിയത് കുഞ്ഞുണ്ണിമാഷാണ്. മണ്ണും ചാരിനിന്നുനിന്ന് അധ്യക്ഷപദവിയില്‍ ചാടിക്കയറിയ വി എം സുധീരനും, നന്നാവണമെന്നേയുള്ളൂ. ഉയരേണ്ടത് താന്‍മാത്രം എന്ന് കരുതുന്നവരോട് പൊരുതാന്‍ എളുപ്പമല്ല എന്ന് തിരിച്ചറിയാത്തത് ഷാനിമോളുടെ കുറ്റം. ഷാനിമോള്‍ ആരുടെയോ ആയുധമെന്ന് സുധീരന്‍ പറയുമ്പോള്‍, കെഎസ്യുക്കാലംമുതല്‍ ഓമനിച്ചു സൂക്ഷിച്ച കോണ്‍ഗ്രസുകാരിയുടെ സ്വത്വം ആലപ്പുഴയിലെ വാടക്കനാലില്‍ പുതയുകയാണ്. സ്വന്തമായി ഒരു കത്തെഴുതാന്‍പോലും ത്രാണിയില്ലാത്തവള്‍ എന്നാണതിന്റെ പരിഹാസം.

ഒരണസമരക്കാലത്ത് ഷാനിമോള്‍ ജനിച്ചിരുന്നില്ല; അതുകൊണ്ട് പാരമ്പര്യം കുറയും. ഓര്‍മവച്ച നാള്‍മുതല്‍ നീലക്കൊടി പിടിച്ചു. വളര്‍ന്ന് യൂത്തായി- നാല്‍പ്പത്തെട്ടാം വയസ്സിലും യുവത്വത്തിന്റെ നവോന്മേഷത്തോടെ മഹിളാ കോണ്‍ഗ്രസിന്റെ കൊടി കൈയില്‍. മൂന്നുവര്‍ഷംമുമ്പ് ഹൈക്കമാന്‍ഡില്‍നിന്ന് ഒരറിയിപ്പു വന്നു: "കേരളത്തില്‍നിന്നുള്ള ഷാനിമോള്‍ ഉസ്മാന്‍ യൂത്ത് കോണ്‍ഗ്രസ്, എന്‍എസ്യു-ഐ എന്നിവയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിക്കൊപ്പം പ്രവര്‍ത്തിക്കും" എന്ന്. അന്ന് സുധീരന്‍ എവിടെയും തൊടാതെ "പരപുച്ഛനായകന്റെ" റോളില്‍. കൂടുതല്‍ വലുപ്പം ഷാനിമോള്‍ക്ക്. രാഹുല്‍ ബ്രിഗേഡിലെ വിശ്വസ്ത. ആനന്ദാതിരേകത്തോടെ അവര്‍ പറഞ്ഞു: "കോണ്‍ഗ്രസില്‍ ഞാന്‍ കംഫര്‍ട്ടബിള്‍". സ്ത്രീപ്രശ്നങ്ങള്‍ വരുമ്പോള്‍ ഷാനിമോളുടെ ശബ്ദം മുഴങ്ങി. മാധ്യമങ്ങളിലും കംഫര്‍ട്ടബിള്‍.

ആലപ്പുഴ എസ്ഡി കോളേജില്‍ കെഎസ്യുവിനെ നയിച്ച്, കൊണ്ടും കൊടുത്തും ഉയര്‍ന്ന് തിരുവനന്തപുരത്തേക്ക് വണ്ടി കയറി നിയമബിരുദവുമായി തിരിച്ചെത്തിയ ഷാനിമോള്‍ വൈകാതെ മത്സരിച്ച് ജയിച്ച് ആലപ്പുഴയുടെ നഗരമാതാവായി. പിന്നെ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്. ഒടുവില്‍ എഐസിസി സെക്രട്ടറി. എന്നിട്ടും സുധീരന്‍ പറയുന്നു, "ഡല്‍ഹിയിലും കേരളത്തിലും സ്വാധീനമില്ല" എന്ന്. ഡല്‍ഹിയിലേക്ക് പോകുമ്പോള്‍ ഷാനിമോള്‍ ഉറപ്പിച്ചു: ""കോണ്‍ഗ്രസുപോലുള്ള ഒരു രാഷ്ട്രീയ പാര്‍ടിയിക്കുമാത്രമേ എന്നെപ്പോലെ പിന്നാക്ക- പാര്‍ശ്വവല്‍കൃത വിഭാഗത്തില്‍നിന്നുള്ളവരെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരാന്‍ കഴിയുകയുള്ളൂ.

കേരളത്തില്‍ ഗ്രൂപ്പുകള്‍ക്കതീതമായി പ്രത്യേക പരിഗണന ലഭിച്ച പ്രവര്‍ത്തകയാണ് ഞാന്‍."" ഇന്നവര്‍ പറയുന്നു: ""എന്റെ വ്യക്തിജീവിതത്തെയും പൊതുജീവിതത്തെയും കുടുംബജീവിതത്തെയും സ്ത്രീ എന്ന നിലയിലുള്ള എന്റെ മാന്യതയെയും പ്രതികൂലമായി ബാധിക്കുന്നതാണ് സുധീരന്റെ ആരോപണം"". ഇതാണ് കോണ്‍ഗ്രസ്. മുമ്പ് രാജ്മോഹന്‍ ഉണ്ണിത്താന്‍ ഷാനിമോളുടെ ചരിത്രത്തെയും ഭൂമിശാസ്ത്രത്തെയും കുറിച്ച് പറഞ്ഞ് അപഹസിച്ചു. അന്ന് പതറിയില്ല. ഇന്ന്, മാന്യനെന്നു കരുതിയ സുധീരന്‍ അപമാനിക്കുന്നു; ആക്ഷേപിക്കുന്നു. പാര്‍ടിക്കകത്ത് നേതൃത്വത്തെ വിമര്‍ശിക്കാമെന്നു കരുതിയതുതന്നെ ഷാനിമോളുടെ പാപം. ആളറിഞ്ഞ് വിമര്‍ശിക്കണമെന്ന് മനസ്സിലാക്കാത്തത് അതിലും വലിയ പാതകം.

അഞ്ചുകൊല്ലംമുമ്പ് കാസര്‍കോട്ട് മത്സരിക്കാന്‍ പറഞ്ഞപ്പോള്‍ ഓര്‍ക്കണമായിരുന്നു താന്‍ പാര്‍ടിക്ക് ആരെന്ന്. ഇത്തവണ സീറ്റ് കിട്ടാഞ്ഞപ്പോഴെങ്കിലും സ്വന്തം വില മനസ്സിലാക്കാനാകാഞ്ഞതിന്റെ കുഴപ്പമാണ്. ഉണ്ണിത്താനെ എതിര്‍ക്കാം. വാക്കിന്റെ നാറ്റമേ സഹിക്കേണ്ടൂ. വേണുഗോപാലിനെതിരെ തിരിയുമ്പോള്‍ വരുന്ന തിരിച്ചടി സുധീരന്റെ നാവിലൂടെയാകും. അത് മനസ്സിലാക്കാതെ തുടര്‍ന്നാല്‍, എതിര്‍പ്പുകളെല്ലാം നൈമിഷികമായിരുന്നുവെന്നു പറഞ്ഞ നാവുകൊണ്ടുതന്നെ, പക അനശ്വരമാണെന്ന് വിലപിക്കേണ്ടിയും വരും. കോണ്‍ഗ്രസില്‍ സരിതക്കാലമാണ്. സരിതയോളം "സംസ്കാരം" കൈയിലില്ലാഞ്ഞാല്‍, മദ്യമാഫിയക്കാരിയാകും; സുധീരന്‍ ശകാരത്തിന്റെയും ആക്ഷേപത്തിന്റെയും വേണുവൂതും. കോണ്‍ഗ്രസില്‍ സുധീര ജനാധിപത്യകാലത്ത് ഷാനിമോള്‍ക്കും രക്ഷയില്ല, ബിന്ദു കൃഷ്ണയ്ക്കും സ്ഥാനമില്ല. ഒരുപക്ഷേ, രാഹുല്‍ ബ്രിഗേഡിലേക്ക് സംസ്കാര സമ്പന്നതയോടെ മറ്റു ചിലര്‍ പറക്കും. സരിതയുടെ ഓട്ടോഗ്രാഫിന് ക്യൂനില്‍ക്കുന്ന മലയാളിക്ക് അതിലൊന്നും അത്ഭുതംതോന്നുകയുമില്ല.

സൂക്ഷ്മന്‍ deshabhimani varanthapathipp

Sunday, October 13, 2013

കുടുംബകാര്യസ്ഥന്‍

മോന്തായത്തിന്റെ വളവിനനുസരിച്ച് കഴുക്കോലിനും വളവുകാണും. പിള്ളയുടെ പുത്രന്‍ വളഞ്ഞോ നിവര്‍ന്നോ എന്നതില്‍ തര്‍ക്കമില്ല. കീഴൂട്ട് തറവാട്ടിലെ ആനച്ചൂരടിച്ച് വളര്‍ന്നാല്‍ നിവര്‍ന്നേ നില്‍ക്കൂ എന്ന് പിള്ള പറയും- തലയാട്ടി സമ്മതിക്കാന്‍ ആളുമുണ്ടാകും. "ജിഹ്വാഗ്രെ വര്‍ത്തതെ ലക്ഷ്മി; ജിഹ്വാഗ്രെ മരണം ധ്രുവം" എന്നാണ്. ജിഹ്വയെന്നാല്‍ നാവ്. നാവിന്‍തുമ്പിലാണ് ഐശ്വര്യവും പ്രതാപവും വെറുപ്പും നാശവുമെല്ലാം. ഒരിക്കല്‍ പഞ്ചാബ് മാതൃകയില്‍ നാവില്‍ ലക്ഷ്മി വിളയാടിയപ്പോള്‍ പിതാവിന് ഗൃഹസ്ഥാശ്രമം പൂകേണ്ടിവന്നു. ഒരുവിധത്തില്‍ നീന്തിത്തുഴഞ്ഞ് രക്ഷപ്പെട്ടുവന്നപ്പോള്‍ ഇടമലയാര്‍ ചതിച്ചു.

പാദുകങ്ങളും ചെങ്കോലും കിരീടാവാകാശിയെ ഏല്‍പ്പിച്ച് വീണ്ടും ഗൃഹസ്ഥാശ്രമം. ആ വിശിഷ്ടമുഹൂര്‍ത്തത്തിലാണ്, വെള്ളിത്തിരയില്‍നിന്ന് സുവര്‍ണതാരകം രാഷ്ട്രീയനഭസ്സില്‍ ഉദിച്ചുയര്‍ന്നത്. സിനിമയില്‍ സൗകര്യങ്ങളുണ്ട്. നായകനും വില്ലനും വിദൂഷകനുമാകാം. ആ സൗകര്യം രാഷ്ട്രീയത്തിലെത്തുമ്പോള്‍ അതിനെ അസൂയാലുക്കള്‍ ആഭാസമെന്ന് വിളിക്കും. മൂന്നുവട്ടം എംഎല്‍എയും രണ്ടുവട്ടം മന്ത്രിയുമായിരുന്നിട്ടും ആ പാഠം മകന്‍പിള്ളയ്ക്ക് വഴങ്ങിയില്ല. കുടുംബത്തിന്റെ ശാപം രാജിയാണ്. പിതാവ് രാജിവച്ചത് രണ്ടുവട്ടം. മകനും രണ്ടുവട്ടം. ഒടുവില്‍ രാജിയോട് കമ്പം കയറി ഉണ്ടയില്ലാ രാജിവെടിയും.

എംഎല്‍എസ്ഥാനമാണ് വിടുന്നതെങ്കില്‍ താടിവച്ച ഒരാള്‍ കാത്തിരിപ്പുണ്ട്. മകന്‍സ്ഥാനമാണ് ത്യജിക്കുന്നതെങ്കിലാണ് കത്ത് പിതൃസമക്ഷത്തിലെത്തുക. പഴയ പകയൊന്നും ഇപ്പോള്‍ കാണാനില്ല. "അച്ഛന്‍ മുപ്പത്തിയൊന്നു വയസ്സായപ്പോഴല്ലേ എന്നെ കണ്ടിട്ടുള്ളൂ, ഞാന്‍ ജനിച്ചതുമുതല്‍ അച്ഛനെ കാണുന്നതല്ലേ" എന്നാണ് ന്യൂ ജനറേഷന്‍ ഡയലോഗ്. പാര്‍ടിയോഗത്തില്‍ പിതൃപുത്രൈക്യം പൂത്തുലയുമ്പോള്‍, മന്ത്രിസ്ഥാനമെന്തേ വരാത്തൂ എന്നതിലാണാശങ്ക. യാമിനി ആദ്യം പോയി; പിറകെ "പാപമയൂരത്തിന്‍ പീലിചൂടുവാന്‍ കാല്‍ക്കല്‍ വീണോരെല്ലാം പിരിഞ്ഞുപോയി". വ്യവഹാരാദികള്‍ ദല്ലാള്‍ തുണയില്ലാതെ അവസാനിച്ചു. മര്‍ദനത്തിനും മര്‍ദകര്‍ക്കും മാപ്പും മധുരവും നല്‍കി. പാപപരിഹാരമുണ്ഡനവും സംഭവിച്ചു.

വിലക്കുമാത്രം മാറുന്നില്ല. ആരെയും സെന്‍സര്‍ ബോര്‍ഡിലേക്ക് ഉയര്‍ത്തിയിട്ടില്ല. വഴിമധ്യേ ഗൃഹപ്രവേശത്തിന്റെ ഇളന്നീരാട്ടത്തിലേക്ക് കടന്നുകയറിയവനെന്ന ബിരുദമില്ല. പാതിരാവിലെ ടെലിഫോണ്‍ സല്ലാപങ്ങളില്‍ സ്വപ്നംനെയ്തിട്ടില്ല. സൂര്യസുന്ദരിമാരുമായി സന്ധിയുണ്ടായിട്ടില്ല. വ്യവഹാരവേദികളില്‍ കൈചൂണ്ടി കണക്കുപറയാന്‍ ആരും വന്നിട്ടില്ല. തെളിവുകള്‍ വിഴുങ്ങിയവനെന്ന പഴികേട്ടിട്ടില്ല. എന്നിട്ടുമെന്തിനീ അയിത്തമെന്ന ചോദ്യത്തിന് ബോക്സോഫീസില്‍ തകര്‍പ്പന്‍ കൈയടി കാത്തിരിപ്പുണ്ട്. സര്‍വൈശ്വര്യപ്രതാപങ്ങളുടെയും താവഴിയിലൂടെ ചലച്ചിത്രതാരം രാഷ്ട്രീയതാരമാവുകയും ജനായത്തച്ചെങ്കോലിനുടയോനാവുകയും ചെയ്യുമ്പോഴുണ്ടാകുന്ന ഉദാത്തമായ ബഹുസ്വരതയുടെ സൗന്ദര്യം അജ്ഞമനസ്സുകളെ ബോധിപ്പിക്കാന്‍ പ്രയാസം. അധികാരവീര്യം കുടുംബകാര്യമാകുമ്പോള്‍ അധികാരവടംവലിയില്‍ പിതൃപുത്ര മത്സരമാകാം.

അത് സ്പോര്‍ട്സ്മാന്‍ സ്പിരിറ്റാണ്. ഒരു സിനിമയിലെ വില്ലന്‍ മറ്റൊന്നില്‍ നായകനും വേറൊന്നില്‍ സഹനടനുമാകും. ഈരാറ്റുപേട്ടയില്‍നിന്ന് അങ്ങനെയൊരു സ്വഭാവനടനെ കൂടെക്കൂട്ടിയതാണ് ചെയ്തുപോയ ഏക വിഡ്ഢിത്തം. അതിന്റെ കൂലി കിട്ടിക്കൊണ്ടേയിരിക്കുന്നു. വാളകത്തെ പാരയും നെല്ലിയാമ്പതിയിലെ കുളിരും ഹരിതരാഷ്ട്രീയത്തിന്റെ ശീതളച്ഛായയും മന്ത്രിമന്ദിരത്തിലെ സ്റ്റണ്ട് രംഗങ്ങളും കഴിഞ്ഞുപോയ എപ്പിസോഡുകള്‍. മെഗാ പരമ്പരയില്‍ ഒരെപ്പിസോഡിന്റെ ജയാപജയങ്ങള്‍ എണ്ണാറില്ല. പിതാവിനെയും പുതുപ്പള്ളിയിലെ പരിശുദ്ധാത്മാവിനെയും തൊട്ടുവണങ്ങി നിത്യവും ഈരാറ്റുപേട്ടയിലേക്കു നോക്കി കുരിശുവരച്ചാല്‍ തരപ്പെടുന്നതാണ് മന്ത്രിപദമെങ്കില്‍ അത് കിട്ടാന്‍ സമയമായി. നല്ല നാളും മുഹൂര്‍ത്തവും പറയുന്ന പുതിയൊരു ജ്യോത്സ്യന്‍ ബാബു പോള്‍ എന്ന അപരനാമത്തില്‍ പ്രാക്ടീസ് തുടങ്ങിയിട്ടുണ്ട്. ഇനിയുള്ള കാര്യം ആ ജ്യോത്സ്യരത്നം നോക്കിക്കൊള്ളും.

സുക്ഷ്മന്‍ deshabhimani varanthapathipp

Sunday, September 22, 2013

ആനപ്പുറത്തെ അഹങ്കാരം

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനടുത്ത് കൃഷ്ണമേനോന്‍ സ്മാരക വനിതാകോളേജ്. അവിടെ എസ്എഫ്ഐക്ക് സ്ഥിരം ജയം. ഒരു വട്ടം വിജയാഘോഷത്തിന് ചെറിയ തുകയ്ക്ക് ഒരു ആനയെ സംഘടിപ്പിച്ചു. ആനപ്പുറത്തിരിക്കാന്‍ ആള്‍ വേണം. പെണ്‍കുട്ടികള്‍ തയ്യാറല്ല. "ഞാന്‍ തയ്യാര്‍" അതാ മുറ്റത്തൊരു ശബ്ദം. കുട്ടികള്‍ തിരിഞ്ഞു നോക്കി. കുറ്റിത്താടിവച്ച ഒരു കൊലുന്നു പയ്യന്‍. കുണുങ്ങിക്കുണുങ്ങി ആനപ്പുറത്തേറിയ ആ പയ്യന്‍ അങ്ങനെ "ശ്രദ്ധയാകര്‍ഷിച്ചു." അരുവാനപ്പള്ളി പുതിയപുരയ്ക്കല്‍ അബ്ദുള്ളക്കുട്ടി ആനപ്പുറത്തേറിയാണ് നേതാവായതെന്ന് അങ്ങനെ പറയാം. കമ്പില്‍ എന്നുപേരുള്ള നാട്ടില്‍ ലീഗുകാരുടെ വിളയാട്ടമാണ്.

എല്ലായിടത്തും അബ്ദുള്ളക്കുട്ടിക്ക് വ്യത്യസ്തനാകണം. ലീഗല്ലാതാവുകയാണ് അവിടത്തെ വ്യത്യസ്തത. "മടുത്തു സാഖാക്കളേ. നിങ്ങളാണ് എന്നെ കോണ്‍ഗ്രസാക്കിയത്്, നിങ്ങള്‍മാത്രം" എന്നാണ് അബ്ദുള്ളക്കുട്ടി ഇന്ന് പറയുന്നത്. അന്ന് ലീഗുകാരോട്, നിങ്ങളാണ് എന്നെ മാര്‍ക്സിസ്റ്റാക്കിയത് എന്നും പറഞ്ഞു. മറുപടി വടികൊണ്ടാണ് കിട്ടിയത്. ലീഗുകാര്‍ തുണിയുരിഞ്ഞ് തല്ലിവീഴ്ത്തി പിറന്നപടി എടുത്തുപൊക്കി അബ്ദുള്ളക്കുട്ടിയെയുംകൊണ്ട് ജാഥ നടത്തിയത് അന്നത്തെ ഹോട്ട് ന്യൂസ്. ആ തല്ലും വ്യത്യസ്തന് വളമായി. പ്രസ്ഥാനത്തിനുവേണ്ടി ക്രൂരമര്‍ദനമേറ്റവനോടുള്ള സ്നേഹത്തിന് അന്ന് മുന്തിയ വിലതന്നെ "കുട്ടി" ഈടാക്കി. സകൂള്‍കാലത്ത് പഠനവും രാഷ്ട്രീയവും അലര്‍ജിയായിരുന്നു. കമ്പില്‍ സ്കൂളില്‍ ഒമ്പതാംക്ലാസിലെത്തിയപ്പോള്‍ നേതാവാകാന്‍ മോഹം. അന്ന് സ്വതന്ത്രവേഷത്തില്‍ കെഎസ്യുവിന്റെയും എംഎസ്എഫിന്റെയും പിന്തുണ വാങ്ങി ജയിച്ചു. (അന്നേയുണ്ടായിരുന്നു കോണ്‍ഗ്രസ് രക്തത്തികട്ടലും ലീഗിനോട് പ്രണയാവേശവും).
 
പത്താംതരത്തില്‍ രണ്ട് മുന്നണിക്കുമെതിരെ ഒറ്റയ്ക്ക് പോരാടി 11 വോട്ടുവാങ്ങിയതും എഴുതപ്പെട്ട ചരിത്രം. ഗള്‍ഫിലേക്കുള്ള വിസയുടെ വഴിയില്‍ ഐടിഐ പഠനത്തിന് ചേര്‍ന്നപ്പോള്‍ വിഷയം വഴങ്ങിയില്ല- എങ്കില്‍ സംഘടനാപ്രവര്‍ത്തനം ആകാമെന്നു കരുതി നില്‍ക്കുമ്പോഴാണ് ആനപ്പുറത്തേറാന്‍ അവസരം കിട്ടിയത്. ജീവിതത്തില്‍ പലപല അത്ഭുതപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. നാലാംതവണ കണ്ണൂരില്‍നിന്ന് ലോക്സഭയിലെത്തിയ മുല്ലപ്പള്ളി രാമചന്ദ്രനെ ഒരു കല്യാണവീട്ടില്‍ പരിചയപ്പെട്ടപ്പോള്‍ "ഈ വലിയ മനുഷ്യനെ തോല്‍പ്പിക്കാന്‍ ഞാന്‍തന്നെ വേണ്ടിവരുമെന്ന്" ഉപബോധമനസ്സില്‍ തോന്നി. പിന്നെ ഒരിക്കല്‍ പനിക്കിടക്കയില്‍ "ഞാന്‍തന്നെ കണ്ണൂരിലെ സ്ഥാനാര്‍ഥി" എന്ന് സ്വപ്നം കണ്ടു. അത് ഫലിച്ചു. മമ്മൂട്ടിയുടെ സൗന്ദര്യവും ഷാരൂഖ് ഖാന്റെ അഭിനയപാടവവും മോഹന്‍ലാലിന്റെ ശബ്ദസൗകുമാര്യവുമുള്ള സ്ഥാനാര്‍ഥി സ്വന്തം മിടുക്കുകൊണ്ട് ജയിക്കുകയുംചെയ്തു. ആ വിജയത്തില്‍ പാര്‍ടിക്കും മുന്നണിക്കും നാട്ടുകാര്‍ക്കും പങ്കില്ല- അഥവാ ഉണ്ടെങ്കില്‍ പിന്നെന്ത് മറ്റാരും ഇതുവരെ ജയിക്കാതിരുന്നതെന്ന് മറുചോദ്യം.

അങ്ങനെ അത്ഭുതക്കുട്ടിയായി സ്വയം തീരുമാനിച്ചപ്പോള്‍ പാര്‍ടിയും ജനങ്ങളും അവിടെനില്‍ക്കട്ടെ എന്നായി. ഇന്ദ്രപ്രസ്ഥത്തിന്റെ കുളിരും എംപി സ്ഥാനത്തിന്റെ സൗകര്യവും അബ്ദുള്ളക്കുട്ടിയെ മാറ്റിമറിച്ചില്ല- ഉറങ്ങിക്കിടന്ന വികാരങ്ങളെ ഉണര്‍ത്തിയതേയുള്ളൂ. എംപിയാകുമ്പോള്‍ പ്രോട്ടോകോള്‍ ഉണ്ട്, പറന്നുകളിക്കാനും പറന്നിറങ്ങാനും പണവുമുണ്ട്. മുകേഷ് അംബാനിയും ഒമര്‍ അബ്ദുള്ളയും വിജയ് മല്യയും വിരുന്നിന് വിളിക്കും. അങ്ങനെയങ്ങനെ "എന്റെയൊരു കഴിവേ..." എന്ന് അഭിമാനപുളകിതനാകുമ്പോഴാണ് നാട്ടിലെ "തുക്കടാ" പാര്‍ടിക്കാര്‍ സാറേയെന്നു വിളിക്കാതെ സഖാവേയെന്നും അബ്ദുള്ളേയെന്നും വിളിച്ച് അഹങ്കാരം കാട്ടുന്നത്. അപ്പുറം സുധാകരേട്ടന്‍. ആരെയും പേടിക്കേണ്ട. എപ്പോഴും ചെന്നൈയില്‍ പോകാം. ആരുടെ കാലും തല്ലിയൊടിക്കാം. കച്ചവടം നടത്താം. അമ്പലം വിഴുങ്ങാം. ചോദ്യംചെയ്യാനും ശാസിക്കാനും തരംതാഴ്ത്താനും പാര്‍ടിയില്‍ ആരുമില്ല. എല്ലാവരും "സാറേ" വിളിച്ച് ഓച്ഛാനിക്കും. അതാണ് സ്വാതന്ത്ര്യം.

നിഷേധിക്കപ്പട്ട ആ സ്വതന്ത്ര്യം പിടിച്ചുപറ്റാന്‍ കോണ്‍ഗ്രസില്‍ത്തന്നെ പോകണം. കണ്ണൂരില്‍ രണ്ടാമതും സീറ്റു കിട്ടിയതുകൊണ്ട് പോക്ക് അല്‍പ്പം വൈകി എന്നുമാത്രം. പോകാന്‍ ന്യായത്തിന് പഞ്ഞമില്ല. ആദ്യം മോഡിയെ സ്തുതിച്ച് പാര്‍ടിക്കാരുടെ വെറുപ്പ് വാങ്ങി. പിന്നെ പരസ്യമായി മതാനുഷ്ഠാനങ്ങളില്‍ പങ്കുകൊണ്ടും ഉമ്മുമ്മയുടെ മരണത്തിന്റെ നിസ്കാരകാര്യം പറഞ്ഞും മുസ്ലിംപ്രീതി പറ്റി. ഒടുവില്‍ ഇരന്നു വാങ്ങിയ നടപടിയുംകൊണ്ട് കോണ്‍ഗ്രസിലെത്തിയപ്പോള്‍, "ഞാന്‍ മുസ്ലിമായതുകൊണ്ട് പുറത്താക്കി" എന്ന് കണ്ണൂരിലെ ലീഗനുഭാവികളെ വിശ്വസിപ്പിച്ചു. രൂപവും ഭാവവും മാറിയ കുട്ടി കടിഞ്ഞാണ്‍പൊട്ടിച്ച് മുക്രയിട്ടോടി. കോണ്‍ഗ്രസില്‍ ആനപ്പുറത്തു കയറാന്‍ ഒരുപാട് കുട്ടികളുണ്ട്. അവിടെ പ്രത്യേകത കാണിക്കാന്‍ ചുരുങ്ങിയത് വിവസ്ത്രനാകണം. സുധീരനെതിരെ, പ്രതാപനെതിരെ- അങ്ങനെ പലര്‍ക്കുമെതിരെ പുലഭ്യം പറഞ്ഞാല്‍ വാര്‍ത്തയില്‍ കയറാം.

പണ്ട് ഭവനസന്ദര്‍ശങ്ങള്‍ നടത്തിയും വിവാഹവീടുകളില്‍ അത്ഭുതപ്രവൃത്തി കാണിച്ചും പൊന്‍മുടിയേറിയുമൊക്കെയാണ് വാര്‍ത്ത സൃഷ്ടിച്ചതെങ്കില്‍ ഇപ്പോള്‍ കത്തെഴുത്തിലാണ് കമ്പം. അനധികൃത മണല്‍ കടത്തിനെതിരെ കുഞ്ഞുങ്ങളെയുംകൊണ്ട് സമരംചെയ്യുന്ന ജസീറയ്ക്കാണ് ഒടുവിലത്തെ കത്ത്. "മോളെ ജസീറാ, കടപ്പുറത്ത് പൂഴിയിറക്കരുത്" എന്ന തലക്കെട്ടോടെയാണു കത്ത്. ടി എന്‍ പ്രതാപനെ മേനക ഗാന്ധി കണ്ടാല്‍ വെടിവച്ച് കൊല്ലുമെന്ന പ്രവചനവും കത്തിലുണ്ട്. ജസീറയുടെ സമരം എന്തിനെന്നോ ആര്‍ക്കുവേണ്ടിയെന്നോ സൂക്ഷ്മദൃഷ്ടിയില്‍ പതിയുന്നില്ല. എന്നാലും ജസീറ അബ്ദുള്ളക്കുട്ടിയോട് ഒരു കാര്യം പറഞ്ഞു: ""മണ്ടത്തരം പറയുന്നത് അബ്ദുള്ളക്കുട്ടി ഇനിയെങ്കിലും അവസാനിപ്പിക്കണം. അറിവില്ലാത്ത കാര്യങ്ങളെക്കുറിച്ച് പറയാതിരിക്കുന്നതാണ് നല്ലത്. ഒന്നുമില്ലെങ്കിലും നിങ്ങള്‍ ഒരു എംഎല്‍എ അല്ലേ"" എന്ന്.
 
ഇവിടെയാണ് കുഴപ്പം. ജസീറയുടെ ധാരണ അബ്ദുള്ളക്കുട്ടി മണ്ടനെന്നാണ്. മണ്ടന്മാരിലെ കുരുട്ടുബുദ്ധികളെ ജസീറ കണ്ടിട്ടില്ല. വെല്‍ഫെയര്‍ പാര്‍ടിയിലോ സോളിഡാരിറ്റിയിലോ ജമാ അത്തെ ഇസ്ലാമിയിലോ തിരക്കിയാല്‍ അത്തരം ഒരുപാടുപേരെ കണ്ടെത്താന്‍കഴിയും. അതുവരെ പ്രസ്താവന തിരുത്തണം. അല്ലെങ്കില്‍ മണ്ടന്മാരുടെ മാനം നഷ്ടപ്പെടുത്തിയതിന് നിയമ നടപടി നേരിടേണ്ടിവരും. അപ്പോള്‍ ജഡ്ജിയെ കുറ്റംപറഞ്ഞിട്ടോ മാറ്റണമെന്ന് പറഞ്ഞിട്ടോ കാര്യമുണ്ടാകില്ല.

സൂക്ഷ്മന്‍ deshabhimani varanthapathipp

Sunday, July 14, 2013

ഉമ്മന്‍ചാണ്ടിയുടെ 'ഭയാനക' രോഗവും ഇന്ദ്രപ്രസ്ഥത്തിലെ നമശിവായം മജിസ്‌ട്രേട്ടും!

തോപ്പില്‍ഭാസിയുടെ അശ്വമേധം എന്ന നാടകത്തില്‍ ഖാന്‍ അവതരിപ്പിച്ച ഒരവിസ്മരണീയ കഥാപാത്രമുണ്ട്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി. കണ്ണില്‍ കണ്ടതെല്ലാം രോഗം പരത്തുന്ന നികൃഷ്ടജീവികളാണെന്നു ഭയപ്പെടുന്ന ഒരു പേടിത്തൊണ്ടന്‍. ഏതെങ്കിലും ഭവനസന്ദര്‍ശനത്തിനു പോയാല്‍ ആരോഗ്യസംരക്ഷണ ഉദ്‌ബോധനത്തിലൊന്നുമല്ല മൂപ്പര്‍ക്ക് ശ്രദ്ധ. 'അതാ ഒരു പല്ലി, ഇതാ ഒരു പാറ്റ' എന്നെല്ലാം ഭിത്തിയില്‍ കാണുന്ന ജീവികളെയെല്ലാം നോക്കി ഭീതിയോടെ പറഞ്ഞിട്ട് സ്ഥലം കാലിയാക്കും.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഇപ്പോഴത്തെ സ്ഥിതി കാണുമ്പോള്‍ ഖാന്റെ കഥാപാത്രത്തെയാണ് ഓര്‍ത്തുപോവുക. സര്‍വത്ര പേടി. 'അതാ ഒരു സരിത, ഇതാ ഒരു ശാലു, ദേ ഒരു മുക്ത, നോക്കൂ ഒരു ഉത്തര.' എന്നിങ്ങനെ ഭയപ്പാടിന്റെ പ്രതിരൂപമായി ഒരു മുഖ്യമന്ത്രി. പുതുപ്പള്ളി മുതല്‍ ഇന്ദ്രപ്രസ്ഥം വരെ നീളുന്ന ഭയം. ചുറ്റുമുള്ളവരെയെല്ലാം സംശയം. പ്രിയതമ മറിയാമ്മ പിറന്നതു പോലും തന്റെ കാലുവാരാനാണോ എന്ന ആകുലത.

ജനസാഗരത്തില്‍ നീന്തിത്തുടിക്കുന്ന 'ജനനായകമത്സ്യം' എന്നു സ്വയം വിശേഷിപ്പിച്ച പുതുപ്പള്ളിയുടെ പുഷ്യരാഗത്തിന്റെ ഇന്നത്തെ സ്ഥിതി കണ്ട് വി എസും പന്ന്യനും പിണറായിയും പോലും കണ്ണീര്‍ വാര്‍ക്കുന്നു! സെക്രട്ടേറിയറ്റില്‍ തന്നെ കാണാന്‍ വരുന്നവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ താന്‍ സെക്രട്ടേറിയറ്റിന്റെ തിരുമുറ്റത്തിറങ്ങി ജനത്തെ കണ്ടുകളയും എന്നു ഭീഷണിപ്പെടുത്തിയ കുഞ്ഞൂഞ്ഞിനാണ് ഈ ഗതികേട്. നാടെല്ലാം തന്റേത്, പക്ഷേ നട്ടുച്ചയ്ക്ക് നാട്ടിലിറങ്ങാന്‍ വയ്യെന്നു പരിതപിക്കുന്ന കാട്ടിലെ കുറുക്കനെപ്പോലെ നമുക്ക് ഒരു മുഖ്യമന്ത്രി എന്നത് കലികാല വൈഭവം എന്നല്ലാതെ എന്തു പറയാന്‍!

ഒന്നാം നമ്പര്‍ സ്റ്റേറ്റ്കാറില്‍ പൈലറ്റും അകമ്പടിയും വാഹനങ്ങളുമില്ലാതെ നാടുനീളെ വിലസിയ കുഞ്ഞൂഞ്ഞിന് ഇപ്പോള്‍ പുതുപ്പള്ളിയിലെ വീട്ടിലൊന്നു പോകണമെങ്കില്‍ ടാക്‌സി പിടിക്കണം. എന്നാല്‍ പോലും സെഡ് കാറ്റഗറി സുരക്ഷയുമായി ഒരായിരം സലിം രാജുമാരുടെ വലയമുണ്ടാകണം. 'കാലുപിറന്ന പിള്ളാരാ'രെങ്കിലും കരിങ്കൊടി കാട്ടി പേടിപ്പിച്ചാലോ. ത്രിവര്‍ണ പതാക കണ്ട നാളുകള്‍ പോലും പപ്പാ മറന്നെന്ന് മകന്‍ ചാണ്ടി ഉമ്മന്‍കുഞ്ഞിന്റെ പരിദേവനം. അടുത്തകാലത്തായി അദ്ദേഹം കാണുന്നതു കരിങ്കൊടികള്‍ മാത്രം'.

അങ്ങ് ദല്‍ഹിയിലൊന്നു പോകാമെന്നു വെച്ചാല്‍ വിമാനത്താവളത്തില്‍ കരിങ്കൊടി പ്രളയം. ഇന്ദ്രപ്രസ്ഥത്തില്‍ കാലൂന്നി ഇന്ദിരയെ മനസില്‍ ധ്യാനിച്ചു കേരളാ ഹൗസിലേക്കു പോകണമെങ്കില്‍ കരിമ്പൂച്ചകളുടേയും കമാന്‍ഡോകളുടെയും അതിര്‍ത്തി രക്ഷാ സൈന്യത്തിന്റെ കുപ്പിണിക്കണക്കിന് അകമ്പടി. കേരളാ ഹൗസില്‍ സന്ദര്‍ശകനിരോധനം. പോരാഞ്ഞ് മാധ്യമപ്രവര്‍ത്തകരുടെ അടിവസ്ത്രം മുതല്‍ തൂലിക വരെ പരതുന്ന ദില്ലിവാല പൊലീസ്. ഹോ എന്തൊരു ജനകീയന്‍ മുഖ്യമന്ത്രി! ഇതു കണ്ടാണല്ലോ പണ്ടു പൂന്താനം പാടിയത്, 'രണ്ടുനാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റുന്നതും സരിത' എന്ന് !

കേരളാഹൗസിലാണെങ്കില്‍ മാധ്യമശിങ്കിടിമുങ്കന്മാരുടെ പട. കേരളത്തില്‍ നിന്നും പടപേടിച്ച് ദില്ലിയിലെത്തിയപ്പോള്‍ ചൂട്ടും കെട്ടി പട! മാധ്യമപ്പടയാകട്ടെ കിലുകിലാ ചോദ്യങ്ങളെറിയുന്നു. സരിതയെ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ കണ്ടോ എന്ന് ഒരു വിദ്വാന്റെ മുനവെച്ച ചോദ്യം. 'കണ്ടൂ, കണ്ടൂ കണ്ടില്ല' എന്ന സിനിമാപ്പാട്ടുപോലെ കുഞ്ഞൂഞ്ഞിന്റെ ഉത്തരം. സരിത ഫോണ്‍ ചെയ്തതെന്തായിരുന്നുവെന്നാണ് മറ്റൊരു മാധ്യമകിങ്കരന് അറിയേണ്ടത്. 'കേട്ടൂ കേട്ടൂ കേട്ടില്ല' എന്നു മറുപടി! ഉപ്പിലിട്ട ഒച്ചിനെപ്പോലെ വഴുവഴാ പരുവത്തിലുള്ള ഉത്തരങ്ങള്‍ കേട്ട് ദില്ലിയിലെ മാധ്യമജഗജില്ലികള്‍ പോലും നാണിച്ചു പത്തി താഴ്ത്തുന്നു!

*
ഇതെല്ലാം നടക്കുമ്പോള്‍ ദില്ലിയില്‍ നമുക്കുണ്ട് ഒരു നമശിവായം മജിസ്‌ട്രേട്ട്! പേര് ഏ കെ ആന്റണി. തസ്തിക പ്രതിരോധമന്ത്രി. റാങ്ക് രണ്ട്. സ്വഭാവം കണ്ണടച്ച് പൂച്ചപാലു കുടിക്കുന്നതുപോലെ. കേരളത്തില്‍ എന്തൊക്കെയോ നടക്കുന്നുണ്ടെന്നു മാത്രമേ ഈ നമശിവായം മജിസ്‌ട്രേട്ടിനറിയൂ. തന്റെ മാനസപുത്രന്‍ കേന്ദ്ര തൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് സോളാര്‍ തട്ടിപ്പില്‍ കൊടികെട്ടിയ റാണിയായ ശാലുമേനോന് മാണിമാളിക പണിതുകൊടുത്ത കാര്യം ആന്റണിക്കറിയില്ല. ശാലുവിന് മുപ്പത്താറുപവന്റെ അരഞ്ഞാണവും ഇരുപത്തഞ്ചു പവന്റെ പാദസരവും വാങ്ങിക്കൊടുത്തെന്നു ചങ്ങനാശേരി പുഴവാതുക്കല്‍ സ്വദേശികള്‍ പറയുന്നതും കേള്‍ക്കുന്നില്ല. ശാലുവിന്റെ കൊട്ടാരത്തിലെ കിടപ്പറയില്‍ മണിമെത്തയിലിരുന്ന് 'നടികര്‍ തിലക'ത്തിന്റെ തിലകക്കുറി നോക്കി വെടിക്കെട്ടു കണ്ട മരപ്പട്ടിയെപ്പോലെ പൊട്ടന്‍ ചിരിചിരിക്കുന്ന ചിത്രവും ആന്റണി കണ്ടില്ല! ആന്റണിക്ക് ഒരു പുനര്‍ജന്മമുണ്ടായാലേ ഇനി ഇതു പോലൊരു സൈസിനെ കിട്ടൂ എന്ന് ചേര്‍ത്തലക്കാര്‍ അഭിമാനരോമാഞ്ചത്തോടെ പറയുന്നു!

*
ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും തമ്മിലുള്ള അത്യുന്നത സുനഹദോസ് കഴിഞ്ഞു. തീരുമാനങ്ങള്‍ കേട്ടപ്പോള്‍, കേരളത്തിലെ പെയിന്റിംഗ് തൊഴിലാളികള്‍ക്ക് പെരുത്ത് ആഹ്ലാദം. കോണ്‍ഗ്രസിന്റെ പ്രതിഛായ നന്നാക്കി മുഖം മിനുക്കണമെന്ന് സോണിയാജി കല്‍പിച്ചിരിക്കുന്നു. ആകെ ഒരൊറ്റ നിറത്തില്‍, കറുപ്പു നിറത്തില്‍ കുളിച്ചു നില്‍ക്കുയല്ലേ കോണ്‍ഗ്രസിന്റേയും മന്ത്രിസഭയുടേയും മുഖഛായ. അതൊന്നു മിനുക്കിയെടുക്കണമെങ്കില്‍  രാജ്യത്തെ പെയിന്റ് കമ്പനികള്‍ ഉല്‍പാദനം പലമടങ്ങാക്കണം.

ആയിരക്കണക്കിന് പെയിന്റടിക്കാര്‍ക്ക് ഇനി മാസങ്ങളോളം അഹോരാത്രം പണിയായി. രമേശ് ചെന്നിത്തല രക്ഷാധികാരിയായി ഒരു 'പ്രതിഛായ പെയിന്റിംഗ് തൊഴിലാളി കോണ്‍ഗ്രസ്' ഉണ്ടാകാന്‍ പോകുന്നുവെന്നാണ് ഒടുവില്‍ കിട്ടിയ വാര്‍ത്ത. ഉമ്മന്‍ചാണ്ടി സൂക്ഷിക്കുക. യൂണിയന്റെ തലപ്പത്ത് രമേശാണെങ്കില്‍ മന്ത്രിസഭയെ കീചക വേഷത്തിലായിരിക്കും പെയിന്റടി!

*
പത്ര മുത്തശ്ശിക്കു തലക്കെട്ടു ചമയ്ക്കാനുള്ള വിരുത് പണ്ടേ ഭുവനപ്രസിദ്ധം. ഒരു പാവം മത്തായി കുടിച്ചു പൂസായി പൊലീസ് പിടിയിലായാല്‍ മുത്തശ്ശി തലക്കെട്ടെഴുതും. 'മത്തായി അടിച്ചു മത്തായി, പിന്നെ മത്തായി അകത്തായി' എന്ന്! ഒരു വ്യക്തി മരിച്ചാല്‍ മാധ്യമങ്ങളൊക്കെ അന്തരിച്ചു, നിര്യാതനായി എന്നൊക്കയേ എഴുതാറുള്ളൂ. അതല്ലാതെ മരിച്ചു, ചത്തു, ചരിഞ്ഞു, നാടുനീങ്ങി, കാലം ചെയ്തു എന്നൊന്നും തലക്കെട്ടിലെഴുതാറില്ല. പക്ഷേ മുത്തശ്ശിയുടെ മുഖപേജില്‍ ഒരു വാര്‍ത്ത ഞായറാഴ്ച കണ്ടു, ബോഫോഴ്‌സ് ഇടനിലക്കാരന്‍ ക്വത്‌റോച്ചി മരിച്ചുവെന്നാണ് വാര്‍ത്ത. തലക്കെട്ടു വായിച്ചാല്‍ അയാള്‍ വിഷം കുടിച്ചു മരിച്ചു എന്നു തോന്നിപ്പോകും.

ക്വത്‌റോച്ചിയാണെങ്കില്‍ സോണിയയുമായി കുടുംബബന്ധമുള്ള പത്തരമാറ്റ് ഇറ്റാലിയന്‍ തങ്കം.ബോഫോഴ്‌സ് പീരങ്കി ഇടപാടില്‍ കോടികളുടെ കോഴ കീശയിലാക്കിയ ഈ മിടുക്കനെ രക്ഷിച്ചത് സോണിയയും സി ബി ഐയും ചേര്‍ന്ന്. ഇരുപത് വര്‍ഷമായി ഇന്ത്യയ്ക്ക് ഈ കുംഭകോണ വീരന്റെ രോമത്തെപ്പോലും തൊടാനായില്ല. ഈ പെരുങ്കള്ളന്‍ മരിച്ചാല്‍ എങ്ങിനെ കാലം ചെയ്തു, നാടുനീങ്ങി, നിര്യാതനായി, എന്നിങ്ങനെ ആദരസമന്വിതം തലക്കെട്ടെഴുതും. ജനത്തിനെന്തു തോന്നും. അതുകൊണ്ട് തലക്കെട്ടില്‍ ഒരൊററ ചെയ്ത്ത്! മരിച്ചു. തലയിടിച്ചു വീണോ, വിഷം തീണ്ടിയോ പാമ്പുകടിച്ചോ മരിച്ചുവെന്നറിയാന്‍ ജനം വാര്‍ത്തവായിച്ചെടുത്തോട്ടെ. എന്തായാലും മുത്തശ്ശിയുടെ തലക്കെട്ടെഴുത്തുകാരന്‍ കൊച്ചുമോന് ഒരു ഭാവിയുണ്ട്

ദേവിക janayugom

Monday, July 8, 2013

തിരിച്ചുവരവ്

മണിക്കിണറിലെ വെള്ളംകൊണ്ട് തുലാഭാരം തൂക്കിയാണ് തിരിച്ചുവരവ്. ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും കണ്ണീരുകൊണ്ടോ ചെന്നിത്തല ആശ്വാസംകൊണ്ടോ തുലാഭാരം തൂക്കി പകരംചെയ്യാന്‍ നോക്കിയിട്ടു ഫലമില്ല. വിത്തുഗുണം പത്തുഗുണം എന്നത് നേരാണ്. അന്ന് കിങ്ങിണിക്കുട്ടന്‍ എന്ന് വിളിച്ച് കളിയാക്കി. ഏറെക്കാലം കഴിയുംമുമ്പ് കേരളത്തിലെ കോണ്‍ഗ്രസിന്റെ ഭാവി എന്ന് തിരുത്തിപ്പറയേണ്ടിവന്നു. കെപിസിസിക്ക് ഒരു പ്രസിഡന്റ് ഉണ്ടെന്ന് തോന്നിച്ചത് മുരളീധരനാണ്. ചാണ്ടി ഉമ്മനെപ്പോലെ ഒളിച്ചും പതുങ്ങിയുമായിരുന്നില്ല ഒന്നും. തുറന്ന മനസ്സും തുറന്ന പ്രവൃത്തിയുമായതുകൊണ്ട് കിങ്ങിണിക്കുട്ടനായി.

കരുണാകരന്‍ കള്ളം പറയുമ്പോഴും കണ്ണിറുക്കും. ഉമ്മന്‍ചാണ്ടി ഒളിവിലും മറവിലും എന്തുംചെയ്യും; പുറത്ത് മാന്യന്റെ കുപ്പായമിടും. അതാണ് വ്യത്യാസം. ചാണ്ടി ഉമ്മന്‍ അമേരിക്കയിലും ദുബായിലും പോയപ്പോള്‍ കൂടെ ആരായിരുന്നു എന്ന് ആരും തിരക്കില്ല-അഥവാ തിരക്കിയാല്‍ ജോപ്പന്‍ ഇറക്കുമതിചെയ്ത സിംഗിള്‍ മാള്‍ട്ട് വിസ്കികൊണ്ട് മറുപടി പറയും. ഉമ്മന്‍ ചാണ്ടിയും കുടുംബവും പ്രൊഫഷണല്‍ കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുന്നു; കരുണാകരനും കുടുംബവും പരമ്പരാഗത കോണ്‍ഗ്രസ് രാഷ്ട്രീയം കളിച്ചു. ആദ്യത്തേതിന് കാപട്യത്തിന്റെ അളവ് കൂടും. അതുകൊണ്ടാണ്, ഉമ്മന്‍ ചാണ്ടി എന്നും ആരുമറിയാതെ കളിച്ചതും ലീഡര്‍ എല്ലാം സഹിച്ചതും. അതൊക്കെ കണ്ടുവളര്‍ന്ന മുരളിക്ക്, അവസരം നോക്കി ആഞ്ഞടിക്കാനറിയാം. മുഖത്തുനോക്കി അനിഷ്ടം പറയാനും അഹിതമായത് തിരസ്കരിക്കാനുമറിയാം. പ്രസിഡന്റ് പദംവേണോ മന്ത്രിയാകണോ എന്ന് ചോദ്യം വന്നപ്പോള്‍ ഒരു നിമിഷം പതറിപ്പോയതിന്റെ ദുരന്തമാണ് ഇന്നലെവരെ അനുഭവിച്ചത്. അന്ന് ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലയ്ക്കുമൊപ്പം സ്വന്തം പിതാവുകൂടി മറുപക്ഷത്തായപ്പോള്‍ നടുക്കടലില്‍ പെട്ടുപോയി. അനുഭവംകൊണ്ട് പലതും പഠിച്ചു-വട്ടിയൂര്‍ക്കാവില്‍നിന്ന് ജയിച്ച് നിയമസഭയിലെത്തിയപ്പോള്‍ മന്ത്രിസ്ഥാനം വിലക്കിയിട്ടും മിണ്ടിയില്ല. പഴയ ശിഷ്യന്മാര്‍ മന്ത്രിപദത്തിലിരുന്ന് അധികാരഗര്‍വ് കാട്ടുമ്പോള്‍ അടക്കിപ്പിടിച്ച് ചിരിച്ചതേയുള്ളൂ. ആന മെലിഞ്ഞാലും തൊഴുത്ത് ചേരില്ല.

സേവാദളിന്റെയും പാര്‍ലമെന്റ് ഹൗസിന്റെയും കെപിസിസി ആസ്ഥാനത്തിന്റെയും ഓര്‍മകള്‍ മാത്രമല്ല സമ്പാദ്യം. തന്റെ വീടിന്റെ അടുക്കളയിലും ഉമ്മറപ്പടിയിലും പാടുകിടന്നവരും കരുണാകരന് പാദസേവ നടത്തിയവരും ഇന്നിരിക്കുന്ന സ്ഥാനവും കാട്ടുന്ന വിക്രിയകളും മനസ്സില്‍ പരിഹാസവും നിറയ്ക്കുന്നുണ്ട്. ശാശ്വതമായ ശത്രുത ആരോടുമില്ല. ഇതുവരെ മന്ത്രിയാക്കാതിരിക്കാന്‍ മുന്നില്‍ നിന്നത് ചെന്നിത്തലയായിരുന്നു. ആ ചെന്നിത്തല ആപത്തില്‍പെട്ടപ്പോള്‍ ആപദ്ബാന്ധവനായി മുരളീധരനെത്തി.

അവസരം ഒരിക്കല്‍ വിട്ടുപോയാല്‍ പിന്നെ തിരികെ വരില്ല എന്ന് നന്നായറിയാം. കണക്കുകള്‍ തീരാന്‍ നിരവധിയുണ്ട്. കുടുംബത്തെ കടിച്ചുകീറിയതിന്റെ; പുകച്ച് പുറത്തുചാടിച്ചതിന്റെ; അപമാനത്തിന്റെ പടുകുഴിയില്‍ തള്ളിയതിന്റെ; രാഷ്ട്രീയ വനവാസം കല്‍പ്പിച്ചതിന്റെ; അടുക്കളപ്പുറത്ത് നിര്‍ത്തിയതിന്റെ. അന്നെല്ലാം ആന്റണിയുടെ ചരടും ഉമ്മന്‍ചാണ്ടിയുടെ കൈയിലായിരുന്നു. കരുണാകരനെ ചാരനെന്നും കള്ളനെന്നും വിളിച്ച് ചവിട്ടിത്തേച്ചപ്പോള്‍ നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. ഉമ്മന്‍ചാണ്ടിയുടെ ഉപജാപത്തില്‍ എല്ലാ പ്രതിരോധവും ഇല്ലാതായിപ്പോയി. കോണ്‍ഗ്രസായാല്‍ അഴിമതിയാവാം; കള്ളത്തരവും തട്ടിപ്പുമാവാം. അത് നാട്ടുനടപ്പാണ്. പൊലീസിനെ അരഞ്ഞാണച്ചരടില്‍ കോര്‍ക്കുന്ന പരിപാടിയും കോണ്‍ഗ്രസിന് നിഷിദ്ധമല്ല. കള്ളം പറയുന്നത് ഒരു കോണ്‍ഗ്രസുകാരന്റെ ജന്മാവകാശമാണ്. കരുണാകരന്‍ അതൊക്കെ ചെയ്തിട്ടുണ്ടെങ്കിലും സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിന്റെ പാരമ്പര്യം ബാക്കിയുണ്ടായിരുന്നു. ഉമ്മന്‍ചാണ്ടി തുടങ്ങിയത് വിമോചന സമരത്തിലാണ്. ബിരുദമെടുത്തത് ഉപജാപത്തിലാണ്. ആ വ്യത്യാസം കാണാതെപോയതാണ് കരുണാകരന് പറ്റിയ അപകടം. തനിക്കും അതിന്റെ കൂലി കിട്ടി. ഇനിയതുണ്ടാകില്ല.

മീനമാസത്തിലെ മഴപോലെയാണ് ചെന്നിത്തലയ്ക്ക് മുരളീധരന്റെ പിന്തുണ. ബാക്കിയുള്ള ഐ ഗ്രൂപ്പിന് ആശ്വാസമായിട്ടുണ്ട്. ഇനി മുരളി കളിക്കും; ചെന്നിത്തല കണ്ടു നില്‍ക്കും. കോഴിക്കോട് ഗസ്റ്റ് ഹൗസിലെ ഏതാനും സമയത്തെ ചര്‍ച്ച കഴിഞ്ഞപ്പോള്‍ ചെന്നിത്തലയെ ലീഗിന്റെ കരണക്കുറ്റിക്കടിക്കാന്‍ പ്രാപ്തനാക്കിയ മുരളിയുടെ ബുദ്ധിവൈഭവം ചെറുതല്ല. വട്ടിയൂര്‍ക്കാവിലും ഹരിപ്പാട്ടും ലീഗ് വോട്ട് വേണ്ട. ഉമ്മന്‍ചാണ്ടിക്ക് മധ്യകേരളംകടക്കണമെങ്കില്‍ ഊന്നുവടി പാണക്കാട്ടുനിന്ന് എത്തിക്കണം. അത് മുരളിക്കേ അറിയൂ. മുരളി തിരിച്ചെത്തിക്കഴിഞ്ഞു. ഭിക്ഷാംദേഹിയായല്ല-ചെന്നിത്തലയ്ക്ക് ഭിക്ഷ കൊടുക്കുന്നവനായി. എല്ലാ ദിവസവേതനക്കാരും പേടിക്കണം. ചാണ്ടി ഉമ്മന്‍ പാസ്പോര്‍ട്ടുതന്നെ നശിപ്പിച്ച് നല്ല കുട്ടിയായാല്‍ ഒരുപക്ഷേ രക്ഷപ്പെടാം.

സൂക്ഷ്മന്‍ deshabhimani varanthapathipp

Monday, June 24, 2013

ദാ കിടക്കുന്നു "ഗഫൂര്‍ കാ ദോസ്ത് "

സത്യന്‍ അന്തിക്കാടിന്റെ നാടോടിക്കാറ്റെന്ന സിനിമയാണ് മുനിയുടെ മനസ്സില്‍. ഗള്‍ഫ് എന്ന സ്വപ്നവുമായി കഴിയുന്ന മോഹന്‍ലാലിനെയും ശ്രീനിവാസനെയും ഉരുവില്‍ കയറ്റിവിട്ട മാമുക്കോയയുടെ ഗഫൂര്‍ക്കായുടെ വെളുക്കെയുള്ള ചിരി എന്നുമുണ്ട് ഉള്ളില്‍. ആവശ്യക്കാരെ അക്കരെക്കടത്തിവിടുന്ന ഗഫൂര്‍ മലപ്പുറത്തുമുണ്ട്. കൂട്ടത്തോടെ തിരിച്ചെത്തിയ പ്രവാസികള്‍ തിരിച്ചുപോകാനാവാതെ വലഞ്ഞപ്പോള്‍ ടിയാനായിരുന്നു ആശ്രയം. ചില്വാനം കൊടുത്താല്‍ പാസ്പോര്‍ട്ട് റെഡി. ഉരുവിലല്ല, വിമാനത്തില്‍ത്തന്നെ കയറ്റിവിടും. വിമാനത്താവളത്തില്‍ "ഗഫൂര്‍ കാ ദോസ്ത്" എന്നുമാത്രം പറയുക. ഇഷ്ടന്റെ വീട്ടില്‍ നേരറിയാനെത്തിയ സിബിഐക്കാര്‍ക്ക് കിട്ടിയത് രണ്ടര ലക്ഷം രൂപയാണ്. എന്നാല്‍ ആ തുക വീടുപണിക്കുള്ളതാണെന്ന് വിശദീകരണം. സിബിഐക്ക് എന്ത് വീട്? അവര്‍ നോട്ടുകെട്ടും രേഖകളും പെറുക്കിക്കൊണ്ടുപോയി.

ബേജാറായ ഓഫീസര്‍ തന്നെ നിയമിച്ച പച്ചക്കോട്ടുകാരെയെല്ലാം വിളിച്ചു. ലോകംചുറ്റുന്ന കേന്ദ്രസഹമന്ത്രിയും കേരളം ഭരിക്കുന്ന കുഞ്ഞാപ്പ മന്ത്രിയും രക്ഷിക്കാനെത്തുമോയെന്നാണ് പ്രതീക്ഷ. "ഹരിതസ്വപ്നം" ആവോളമുള്ള ഏക ജനറല്‍ സെക്രട്ടറിക്കും ഇടപെടാതിരിക്കാനാവില്ല. കാരണം ഇവരെയെല്ലാം തോക്കുംപിടിച്ച് കാത്തുരക്ഷിച്ച ചരിത്രമുണ്ട് ഈ ഗുഡ് ഓഫീസര്‍ക്ക്! അക്കാലത്ത് അവര്‍ക്കൊന്നും ഒരു പോറല്‍പോലുമേറ്റില്ലെന്നത് നേര്.

പൊലീസുകാരനായി നാട്ടുകാരോട് കണ്ണുരുട്ടുന്നതിനിടെയാണ് ബമ്പറടിച്ചത്. കേട്ടവര്‍ കേട്ടവര്‍ മൂക്കത്തു വിരല്‍വച്ചു. കേവലം ഡിവൈഎസ്പിയായയാള്‍ പാസ്പോര്‍ട്ട് ഓഫീസറുടെ കസേരയില്‍. നിയമവും കീഴ്വഴക്കവും ചോദിക്കരുത്. പച്ചക്കോട്ടിടോ എന്നാല്‍ നിങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ കസേരയില്‍ വരെ ഇരിക്കാം. അഖിലേന്ത്യാ പ്രസിഡന്റിനെ സംസ്ഥാന പ്രസിഡന്റ് പുറത്താക്കിയ കൂട്ടരാണ്. ആരും കേറാത്ത കരിപ്പൂര്‍ എയര്‍പോര്‍ട്ടിന്റെ സുരക്ഷാകേന്ദ്രത്തില്‍ കയറി കൊടി നാട്ടി ലോക റെക്കോര്‍ഡിട്ടവര്‍... സ്ത്രീകളുടെ വിവാഹ പ്രായം 18ല്‍നിന്ന് 16 ആക്കിയും ചരിത്രം സൃഷ്ടിച്ചു.
ഓര്‍മകള്‍ മേയുന്ന മുറ്റത്തുനിന്ന് പാസ്പോര്‍ട്ട് ഓഫീസറുടെ യോഗ്യതയെന്തെന്ന് മുനി ഒരുവട്ടംകൂടെ ആലോചിക്കുന്നു. കുഞ്ഞാലിക്കുട്ടിയുടെയും മജീദ് സാഹിബ്ബിന്റെയും തോക്കുപിടുത്തക്കാരനായിരുന്നു കക്ഷി കുറേനാള്‍. പാര്‍ടിയോടുള്ള കൂറ് പിന്നേയും തുടര്‍ന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് നാട്ടിലെ ലീഗുകാര്‍ തെരുവില്‍ അഴിഞ്ഞാടിയപ്പോള്‍ കൂട്ടത്തില്‍ "ഓഫീസറു"മുണ്ടായിരുന്നു. ഇനി എന്തെല്ലാം കാണണം. വാര്‍ത്ത: പാസ്പോര്‍ട്ട് കൈക്കൂലി: അറസ്റ്റ് ഉണ്ടാകും മുനിവാക്യം: ഒടുവില്‍ ടിക്കറ്റ് ഓ...കെ

മുനി deshabhimani

Monday, January 7, 2013

സബ് സിഡി: ബോധവല്‍ക്കരിക്കണമെന്ന് പ്രധാനമന്ത്രി


ഇന്ധന സബ്സിഡി കുറയക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ജനങ്ങളെ ബോവല്‍ക്കരിക്കണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര സര്‍ക്കാരും ബോധവല്‍ക്കരണം നടത്തണം. ആഗോളവിപണിയിലെ വിലയേക്കാള്‍ ഇന്ധനവില ഇന്ത്യയില്‍ കുറവാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

അമ്പലമുകളില്‍ 20,000 കോടി രൂപ മുടക്കി സ്ഥാപിക്കുന്ന പെട്രൊ കെമിക്കല്‍ പാര്‍ക്കിന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അമ്പലമുകള്‍ കൊച്ചി റിഫൈനറിയില്‍ ചടങ്ങുന്ന ചടങ്ങില്‍ ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്രമന്ത്രിമാരായ ഡോ. എം വീരപ്പ മൊയ്ലി, വയലാര്‍ രവി, കെ വി തോമസ്, ലക്ഷ്മി പനബാക എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായിരുന്നു.

അമ്പലമുകളില്‍ കൊച്ചിന്‍ റിഫൈനറിക്കും ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സിനും ഇടയിലുള്ള സ്ഥലത്താണ് പാര്‍ക്ക.് റിഫൈനറിയില്‍ നിന്നുള്ള ഉപോത്പന്നങ്ങളായ പ്രൊപ്പലിന്‍, എത്ലിന്‍ എന്നിവ അസംസ്കൃത വസ്തുക്കളായി ഉപയോഗിക്കുന്ന വ്യവസായങ്ങള്‍ ഇവിടെ ആരംഭിക്കാം. ഇതോടെ കൊച്ചിന്‍ റിഫൈനറിയുടെ ഉത്പാദനശേഷി 95 ലക്ഷം ടണ്ണില്‍ നിന്ന് 155 ലക്ഷം ടണ്‍ ആകും. പദ്ധതിക്ക് ആവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ 200 മെഗാവാട്ട് ശേഷിയുള്ള വാതകാധിഷ്ഠിത വൈദ്യുതി നിലയവും സ്ഥാപിക്കും. പുതുവൈപ്പിലെ എല്‍എന്‍ജി ടെര്‍മിനലില്‍നിന്നുള്ള പ്രകൃതിവാതകമാണ് ഇതിനുപയോഗിക്കുക. മാലിന്യസംസ്കരണ പ്ലാന്‍റും പാര്‍ക്കില്‍ ഉണ്ടാകും.

deshabhimani

Sunday, December 16, 2012

മൊയ്ലിയുടെ ഔദാര്യം!


കുറ്റി ആറായാലും ഒമ്പതായാലും മൊയ്ലിയുടെ മുടി വെളുക്കില്ല. 72-ാം വയസ്സിലും ആരോഗ്യദൃഢഗാത്രനും ഊര്‍ജസ്വലനുമായ മൊയ്ലി മറ്റു വീരന്മാര്‍ക്കും വീരപ്പന്മാര്‍ക്കും നിത്യഹരിത അസൂയാപാത്രംതന്നെ. ലാടവൈദ്യം ഹൃദിസ്ഥമാണ്. ഏതുരോഗത്തിനും മരുന്ന് കൈയിലുണ്ട്. പണ്ട് നേത്രാവതി പാലം കടന്ന് കേരളത്തിലെത്തി ആന്റണി- ലീഡര്‍ യുദ്ധത്തില്‍ റഫറി ആകാനും മുറിവേല്‍ക്കുന്ന പക്ഷത്തിന് മുറിവെണ്ണ വില്‍ക്കാനും ഒരേ ഒരു മൊയ്ലിയേ ഉണ്ടായിരുന്നുള്ളൂ. കന്നടാവില്‍ വലിയ വിലയാണ്.

ബങ്കാരപ്പയും മറ്റും കളവും കാലും മാറിമാറി ചവിട്ടിയപ്പോള്‍ ഉറച്ചുനിന്നത് മൊയ്ലിമാത്രം. ആ ഉറപ്പിന് ഒരു നറുക്ക് വീണു. മീശയും താടിയുമില്ലാത്ത എസ് എം കൃഷ്ണ കോട്ടിട്ടുവന്നപ്പോഴാണ് മൊയ്ലിയുടെ കാറ്റുപോയത്.

വികസനായകന്‍ വിശ്രുത കലാകാരന്‍, വേണ്ടാതീനങ്ങളുടെ രാജകുമാരന്‍ തുടങ്ങിയ ബിരുദങ്ങളൊന്നും വിലപ്പോയില്ല. നമ്മുടെ ടി എച്ച് മുസ്തഫയുടെ അവസ്ഥയായി. വാക്കിനു വീറുണ്ട്; വിലയില്ല എന്ന സ്ഥിതി. അപ്പോഴാണ് സോണിയാജി വിലപ്പെട്ട മുത്തിനെ കണ്ടെടുത്തത്. എവിടെവിടെ കുഴപ്പമുണ്ടോ അവിടെ അയക്കാന്‍ ഒരു മഹാ മധ്യസ്ഥന്‍, ട്രബിള്‍ ഷൂട്ടര്‍. പോകെപ്പോകെ മധ്യസ്ഥന്‍ ജനപഥ് പത്തിലെ കാര്യക്കാരനായി. എങ്ങനെ ചാടിയാലും ചട്ടിയിലേ വീഴൂ. അതല്ലെങ്കില്‍ മുട്ടോളം. പ്രത്യേകിച്ച് ഉപദ്രവമൊന്നുമില്ല. തന്‍കാര്യം നോക്കി ജീവിച്ചോളും. അനുയായി വൃന്ദവും അടിപതറാതെ നില്‍ക്കാനുള്ള കഴിവുമില്ലാത്ത സ്ഥിതിക്ക് മാധ്യസ്ഥത്തിന്റെയും മലക്കംമറിച്ചിലിന്റെയും ക്വട്ടേഷന്‍തന്നെ അത്യുത്തമം. എന്തും എപ്പോഴും ഏറ്റെടുക്കാം. തോറ്റാലും ജയിച്ചാലും ആരും കണക്കുപറയില്ല. പേരിനൊപ്പം മാത്രമല്ല വീരത്വം, സ്വഭാവത്തിലും അതു തുളുമ്പുന്നു.

സദാ വീരശൈലിയില്‍ത്തന്നെ പ്രവര്‍ത്തനം, സകലകലാവല്ലഭന്‍, അവാര്‍ഡുകളുടെ കളിത്തോഴന്‍, കവി, നോവലിസ്റ്റ്, കോളമിസ്റ്റ്, സോഷ്യലിസ്റ്റ് സര്‍വോപരി സൂര്യനു താഴെയുള്ള സകലചലനങ്ങളുടെയും നിയന്താതാവ്. സ്വന്തം ഭാഷ തുളു. ലിപി ഉണ്ടോ ഇല്ലയോ എന്ന് തിട്ടമില്ല- മൊയ്ലിയുടെ വ്യക്തിത്വംപോലെ.

അതുപോലെതന്നെ പുതിയ വിവാദവും, ഒരു കുടുംബത്തിന് വര്‍ഷത്തില്‍ ഗ്യാസ് സിലിണ്ടര്‍ ആറോ ഒമ്പതോ എന്നത് ദൈവത്തിനുപോലും അറിയില്ല. ഇഷ്ടംപോലെ കിട്ടിയ ഗ്യാസ്കുറ്റി പിടിച്ചുവച്ചതും വിതരണം കടുപ്പിച്ചതും മൊയ്ലി പെട്രോളിയം മന്ത്രിയായ യുപിഎ സര്‍ക്കാര്‍. വര്‍ഷം 12 കുറ്റി യഥേഷ്ടം കിട്ടിയതാണ്. പലര്‍ക്കും പന്ത്രണ്ടും തികഞ്ഞിരുന്നില്ല. ആറുമതിയെന്നോ ഒമ്പത് മതിയെന്നോ ആരും പറഞ്ഞിട്ടില്ല. എന്നിട്ടും മൊയ്ലിയും മന്‍മോഹനും നിരുപിച്ചു, ആറുതന്നെ ധാരാളമെന്ന്. ആറ് കുറ്റികൊണ്ട് ആറുമാസം. അടുപ്പില്‍ തീ പുകയാതെ വരുമെന്നു വന്നപ്പോള്‍ ജനം പ്രതികരിച്ചു. അവര്‍പറഞ്ഞിട്ടല്ല ആറായത്. ആറുകഴിഞ്ഞ് ഏഴാമത്തേതിന് സ്വര്‍ണവില കൊടുക്കാമെന്നും ജനങ്ങള്‍ പറഞ്ഞിട്ടില്ല. എല്ലാം മൊയ്ലിയുടെയും മന്‍മോഹന്റെയും സ്വപ്നസഞ്ചാരം. സകലമാന വികൃതികളും പൂര്‍ത്തിയാക്കിയശേഷം ഒരു സൗജന്യം കൊടുക്കാമെന്ന് മൊയ്ലിയുടെ ഔദാര്യം- ആറുകുറ്റി ഒമ്പതാക്കാമെന്ന്. അപ്പോഴേക്കും ദാ വരുന്നു തെരഞ്ഞെടുപ്പു കമീഷന്‍ എന്ന ദുര്‍ഭൂതം.

ഗുജറാത്തിലും ഹിമാചലിലും തെരഞ്ഞെടുപ്പ് കഴിഞ്ഞേ ഗ്യാസ്കുറ്റിയുടെ വര്‍ധന പാടുള്ളൂ എന്ന്. അതും മൊയ്ലിക്ക്നേട്ടംതന്നെ. താന്‍ ഒരു മഹത്തായ ജനസേവനത്തിന് കൊതിച്ചു. അത് തെരഞ്ഞെടുപ്പു കമീഷന്‍ മുടക്കി എന്നാണ് പുതിയ വിലാപം. ഇതിനെയാണ് നാലുകാലില്‍ വീഴുന്ന മാര്‍ജാര ജന്മം എന്ന് തുളുനാട്ടിലെ പൂര്‍വഗാമികള്‍ വിളിച്ചത്.

സൂക്ഷ്മന്‍ deshabhimani varanthapathippu 161212

Friday, November 9, 2012

നാരായണഗുരു ദൈവം തന്നെ: വെള്ളാപ്പള്ളി

ആലപ്പുഴ: നാരായണഗുരു ദൈവമല്ലെന്ന് പറയുന്നവര്‍ ചരിത്രമറിയാത്തവരാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ജീവിച്ചിരിക്കുമ്പോള്‍ തന്നെ ജനങ്ങള്‍ അദ്ദേഹത്തെ ആരാധിച്ചിരുന്നു. ഇക്കാര്യങ്ങള്‍ സുപ്രീം കോടതിയെ ബോധ്യപ്പെടുത്തേണ്ട ചുമതല സംസ്ഥാന സര്‍ക്കാരിനാണ്. ഹിന്ദുസമുദായത്തില്‍ മാത്രമാണ് ഇത്തരം പ്രശ്നങ്ങള്‍ വിവാദമാകുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.