Showing posts with label ഭാഷ. Show all posts
Showing posts with label ഭാഷ. Show all posts

Friday, May 9, 2014

എല്‍പിയില്‍ എല്ലാ വിഷയങ്ങള്‍ക്കും ഇംഗ്ലീഷ് പുസ്തകങ്ങളായി

തിരു: മാതൃഭാഷ പഠനമാധ്യമമായി നിര്‍ബന്ധിക്കാനാകില്ലെന്ന സുപ്രീംകോടതി വിധിയില്‍ മുതലക്കണ്ണീരൊഴുക്കുന്ന സര്‍ക്കാര്‍, സംസ്ഥാനത്ത് പ്രീപ്രൈമറിയിലടക്കം നാലാം ക്ലാസ് വരെ മുഴുവന്‍ വിഷയങ്ങള്‍ക്കും ഇംഗ്ലീഷ് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. പ്രാഥമിക വിദ്യാഭ്യാസം മാതൃഭാഷയിലായിരിക്കണമെന്ന വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുമെന്നും പത്താംക്ലാസ് വരെ മലയാളഭാഷാപഠനം നിര്‍ബന്ധമാക്കുമെന്നും സര്‍ക്കാര്‍ ആണയിടുന്നതിനിടെയാണ് പ്രീ പ്രൈമറി, ഒന്ന്, രണ്ട്, മൂന്ന്, നാല് ക്ലാസുകളിലായി 124 ടൈറ്റിലുകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും ഇംഗ്ലീഷ് പുസ്തകങ്ങള്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത്. പ്രൈമറി, ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി ക്ലാസുകളിലെ പുസ്തകങ്ങളുടെ അച്ചടി തുടങ്ങും മുമ്പുതന്നെ ഇംഗ്ലീഷ് പുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയാക്കി. ഹയര്‍സെക്കന്‍ഡറി പുസ്തകങ്ങളുടെ അച്ചടി ഇനിയും ആരംഭിച്ചിട്ടുപോലുമില്ല.

കഴിഞ്ഞവര്‍ഷം പലവിഷയങ്ങള്‍ക്കും ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് പഴയ പുസ്തകങ്ങളും അവയുടെ ഫോട്ടോ കോപ്പികളുമായിരുന്നു ആശ്രയം. പൊതുവിദ്യാഭ്യാസ വകുപ്പിനായി എസ്സിഇആര്‍ടിയാണ് ഇംഗ്ലീഷ് പുസ്തകങ്ങളെല്ലാം തയ്യാറാക്കിയത്. പ്രീപ്രൈമറി ക്ലാസുകളില്‍ ഒരു കാരണവശാലും പുസ്തക പഠനം പാടില്ലെന്ന നിയമം നിലവിലിരിക്കെയാണ് ഇംഗ്ലീഷ് അക്ഷരമാല പഠിപ്പിക്കാനെന്ന പേരില്‍ പുസ്തകം തയ്യാറാക്കിയത്. തലസ്ഥാനത്തെ ഗവ. മോഡല്‍ സ്കൂളുകളിലടക്കം പ്രീപ്രൈമറി ക്ലാസില്‍ ഇംഗ്ലീഷ് പുസ്തകം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളില്‍ വ്യാപകമായി അണ്‍എയ്ഡഡ് ഇംഗ്ലീഷ് മീഡിയം ഡിവിഷനുകള്‍ ആരംഭിക്കാനുള്ള നീക്കത്തിന്റെ ഭാഗംകൂടിയാണ് ഇംഗ്ലീഷ് പുസ്തക പ്രസാധനം. പാവപ്പെട്ടവരുടെ മക്കള്‍ക്ക് കുറഞ്ഞ ചെലവില്‍ ഇംഗ്ലീഷ് പഠനം സാധ്യമാക്കാനാണ് സ്കൂളുകളില്‍ പ്രൈമറി ഇംഗ്ലീഷ് മീഡിയം ഡിവിഷനുകള്‍ ആരംഭിക്കുന്നതെന്ന സര്‍ക്കാര്‍ വിശദീകരണവും തട്ടിപ്പാണ്. രക്ഷിതാക്കളെ പ്രലോഭിപ്പിച്ച് പൊതുവിദ്യാലയങ്ങളില്‍ വ്യാപകമായി അണ്‍എയ്ഡഡ് ഇംഗ്ലീഷ് മീഡിയം തുടങ്ങുന്നതോടെ മാതൃഭാഷാപഠനവും പൊതുവിദ്യാഭ്യാസവും തകര്‍ന്ന് തരിപ്പണമാകും.

വിദ്യാഭ്യാസ അവകാശ നിയമത്തിലെ "അയല്‍പ്പക്ക സ്കൂള്‍" സങ്കല്‍പ്പം ദുര്‍വ്യാഖ്യാനംചെയ്ത് സംസ്ഥാന സിലബസിലുള്ള ആയിരത്തിലേറെ അണ്‍എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ക്കാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. എന്നാല്‍, ഈ സ്കൂളുകള്‍ സ്റ്റേറ്റ് സിലബസിലാണെങ്കിലും അവര്‍ക്ക് സര്‍ക്കാരിന്റെ ഇംഗ്ലീഷ് പുസ്തകങ്ങള്‍ വേണ്ട. എസ്സിഇആര്‍ടി ഇറക്കിയ പുസ്തകങ്ങള്‍ ആവശ്യപ്പെട്ട് ഇതുവരെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളുകളൊന്നും ബുക്ക്ഡിപ്പോകളില്‍ പണം അടച്ചിട്ടുമില്ല. സ്വകാര്യ സ്കൂളുകള്‍ക്ക് കുറഞ്ഞ വിലയ്ക്ക് കിട്ടുകയും വിദ്യാര്‍ഥികളില്‍നിന്ന് വന്‍തുക ഈടാക്കാനും കഴിയുന്ന സ്വകാര്യ പ്രസാധകരുടെ പുസ്തകങ്ങളോടാണ് താല്‍പ്പര്യം.

deshabhimani

Saturday, November 16, 2013

ലിപി തീരുമാനം പ്രായോഗിക ബുദ്ധിമുട്ട് പരിഗണിക്കാതെ

അഞ്ച്, ഏഴ് ക്ലാസുകളിലെ മലയാളം പാഠപുസ്തകം അടുത്ത അധ്യയനവര്‍ഷം മുതല്‍ പഴയ ലിപിയിലാക്കാന്‍ കരിക്കുലം കമ്മിറ്റി തീരുമാനിച്ചു. ആദ്യപടിയായി ഉ, ഋ, റ എന്നീ അക്ഷരങ്ങള്‍ കൂട്ടക്ഷരമായി വരുന്ന അക്ഷരങ്ങളായിരിക്കും പഴയ ലിപിയില്‍ അച്ചടിക്കുക. അതേസമയം, നിലവിലുള്ള ഉപയോഗത്തിലും നല്ലൊരു ശതമാനം അധ്യാപകര്‍ പഠിച്ചതും പുതിയ ലിപിയാണെന്നതിനാല്‍ പരിഷ്കാരത്തിന് പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഏറെയാണ്. ഈ ക്ലാസുകളിലെ മറ്റ് വിഷയങ്ങളും മറ്റ് ക്ലാസുകളിലെ പാഠപുസ്തകങ്ങളും മറ്റ് സര്‍ക്കാര്‍ രേഖകളുമെല്ലാം പുതിയ ലിപിയില്‍ത്തന്നെ രണ്ടെണ്ണംമാത്രം പഴയ രീതിയില്‍ തുടരുന്നതിലെ സാങ്കേതികപ്രശ്നങ്ങള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടപ്പെട്ടു.

പഠിപ്പിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് വ്യക്തമാക്കി കെഎസ്ടിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഷാജഹാനാണ് സാങ്കേതികപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയത്. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് ക്ലാസുകളിലേക്ക് തയ്യാറാക്കിയ 45 പുസ്തകങ്ങളെ കുറിച്ച് ഉയര്‍ന്ന പരാതികള്‍ പരിശോധിക്കുന്നതിനും ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിനും അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു. ഈ സമിതിയുടെ തീരുമാനത്തിനനുസരിച്ച് മാറ്റം വരുത്തിയശേഷം മാത്രമേ പുസ്തകങ്ങള്‍ അച്ചടിക്കൂ. അഞ്ചാം ക്ലാസിലെ സയന്‍സ്, സാമൂഹ്യശാസ്ത്രം എന്നീ പുസ്തകങ്ങള്‍ പ്രത്യേകം പരിശോധിക്കാനും യോഗം തീരുമാനിച്ചു. വിദ്യാര്‍ഥി കേന്ദ്രീകൃത രീതിയില്‍നിന്ന് മാറുകയും ക്ലാസ് മുറിയിലെ നാല് ചുവരുകളില്‍ ഒതുങ്ങുകയും ചെയ്യുന്ന പഴയ രീതിയിലേക്കുള്ള തിരിച്ചുപോക്കിനെ കെഎസ്ടിഎ ഉള്‍പ്പെടെയുള്ള അധ്യാപകസംഘടനകളുടെ പ്രതിനിധികള്‍ ചോദ്യംചെയ്തു. ഇത് സംബന്ധിച്ച് കെഎസ്ടിഎ പ്രത്യേക കുറിപ്പ് നല്‍കി. ഈ കുറിപ്പ് ചര്‍ച്ചചെയ്ത ശേഷം വിശദമായ പരിശോധന നടത്താന്‍ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് നിര്‍ദേശിച്ചു.

കണ്ണൂര്‍ സര്‍വകലാശാല നടത്തുന്ന അഫ്സല്‍ ഉലമ പ്രിലിമിനറി ഹയര്‍ സെക്കന്‍ഡറിക്ക് തുല്യമായി അംഗീകരിക്കാനും യോഗം തീരുമാനിച്ചു. വിഎച്ച്എസ്സികളിലെ നോണ്‍വൊക്കേഷണല്‍ വിഷയങ്ങള്‍ പഠിപ്പിക്കുന്നതിന് വിദൂരപഠനം വഴിയുള്ള പിജി കോഴ്സും മതിയെന്ന് യോഗം തീരുമാനിച്ചു. പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എസ് ജയകുമാര്‍, ഡിപിഐ ബിജു പ്രഭാകര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

deshabhimani

Thursday, October 31, 2013

കേട്ടെഴുത്തിന് "ശ്രുതിലേഖിത"; തര്‍ജമയ്ക്ക് "പരിഭാഷിക"യും

ഭാഷാ കംപ്യൂട്ടിങ് രംഗത്ത് വിസ്ഫോടനത്തിനിടയാക്കുന്ന നാല് സോഫ്റ്റ്വെയറുകള്‍ നവംബര്‍ ഒന്നിന് സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിങ് (സി-ഡാക്) തിരുവനന്തപുരം കേന്ദ്രം മലയാളത്തിന് സമര്‍പ്പിക്കും. ഇംഗ്ലീഷില്‍നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം നടത്തുന്ന പരിഭാഷിക, വാക്കുകളുടെയും വാക്യങ്ങളുടെയും അക്ഷരത്തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്ന സ്പെല്‍ചെക്കര്‍, മലയാളം ഫോണ്ടുകളുടെ രൂപകല്‍പ്പന, മലയാളം ഒസിആര്‍ തുടങ്ങിയ സോഫ്റ്റ്വെയറുകളാണ് കേരളപ്പിറവി ദിനത്തില്‍ പുറത്തിറക്കുന്നത്.

വിവര്‍ത്തനസഹായിയായ "പരിഭാഷിക"യെ പഠിപ്പിച്ചെടുത്തത് ആറുവര്‍ഷം കൊണ്ടാണ്. ഇംഗ്ലീഷ് വാക്യഘടനകള്‍ മലയാളത്തിലേക്ക് മൊഴിമാറ്റുമ്പോള്‍ പ്രശ്നങ്ങള്‍ ഏറെയായിരുന്നു. ഒന്നിലേറെ വാക്കുകള്‍ ചേരുന്ന ഇംഗ്ലീഷ് നാമം "പരിഭാഷിക" ആദ്യഘട്ടത്തില്‍ വിവര്‍ത്തനം ചെയ്യുന്നത് കണ്ട് സി- ഡാക്കിലെ വിദഗ്ധര്‍ അന്തംവിട്ടു. ചൈനീസ് ഫിഷിങ് നെറ്റ് എന്ന പദം മലയാളത്തിലേക്ക് വിവര്‍ത്തനത്തിന് ശ്രമിച്ചപ്പോള്‍ ചീനവലയ്ക്ക് പകരം സോഫ്റ്റ്വെയര്‍ നല്‍കിയത് ചൈന മീന്‍വല എന്നാണ്. ഇത്തരം പ്രശ്നങ്ങള്‍ സമര്‍ഥമായി പരിഹരിക്കാന്‍ ഭാഷാവിജ്ഞാനത്തിന്റെ ആഴങ്ങളിലൂടെ എന്‍ജിനിയര്‍മാര്‍ സഞ്ചരിച്ചെന്ന് സി-ഡാക്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബി രമണി പറഞ്ഞു.

മലയാളത്തില്‍ എന്തുപറഞ്ഞാലും കേട്ടെഴുതുന്ന "ശ്രുതിലേഖിത"യുടെ അവസാന മിനുക്കുപണിയിലാണ് സി-ഡാക് കേന്ദ്രത്തിലെ സാങ്കേതികവിദഗ്ധര്‍. അമ്പത്തൊന്നക്ഷരാളിയെ കൂട്ടുപിടിച്ച് രണ്ട് വര്‍ഷം മുമ്പാണ് കേട്ടെഴുത്ത് സോഫ്റ്റ്വെയര്‍ നിര്‍മാണം തുടങ്ങിയത്. ചില സംസ്കൃതപദങ്ങള്‍ പറയുമ്പോള്‍ "ശ്രുതിലേഖിത"യ്ക്ക് പിണയുന്ന അക്ഷരത്തെറ്റ് കൂടി പരിഹരിക്കാനായാല്‍ മലയാളം കേട്ടെഴുത്തുകാരി ഈ വര്‍ഷംതന്നെ മലയാളത്തിന് സ്വന്തമാകും. അതിവേഗം ശ്രുതിലേഖിത കേട്ടെഴുത്തില്‍ നൂറില്‍ നൂറും നേടുമെന്ന് ഡി- ഡാക്ക് അസോസിയറ്റ് ഡയറക്ടര്‍ വി കെ ഭദ്രന്‍ പറഞ്ഞു. ശ്രേഷ്ഠഭാഷാപദവിക്ക് നേരത്തെ അര്‍ഹമായ തമിഴിനും കന്നടയ്ക്കും തെലുങ്കിനും ഒപ്പം ഭാഷാ കംപ്യൂട്ടിങ് രംഗത്ത് മലയാളത്തിന്റെയും സാന്നിധ്യം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളില്‍ സി-ഡാക്കിന്റെ പലതും ലക്ഷ്യത്തിലെത്തുകയാണ്.

deshabhimani

Saturday, July 6, 2013

അധ്യയനം മാതൃഭാഷയില്‍: ഭരണഘടനാബെഞ്ച് തീരുമാനിക്കും

പ്രാഥമികവിദ്യാഭ്യാസ ഘട്ടത്തില്‍ മാതൃഭാഷ അധ്യയനഭാഷയായി നിശ്ചയിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടോയെന്ന വിഷയം സുപ്രീംകോടതി ഭരണഘടനാബെഞ്ചിന് വിടാന്‍ജസ്റ്റിസുമാരായ പി സദാശിവം, രഞ്ജന്‍ ഗൊഗോയ് എന്നിവരുള്‍പ്പെട്ട ബെഞ്ച് തീരുമാനിച്ചു. വിപുലമായ ബെഞ്ച് പരിഗണിക്കാന്‍ അര്‍ഹമായ കേസാണിതെന്ന് കോടതി അഭിപ്രായപ്പെട്ടു. വരുംതലമുറയുടെകൂടി മൗലികാവകാശവുമായി ബന്ധപ്പെട്ട പ്രശ്നമാണിത്.

കര്‍ണാടകത്തില്‍ പ്രാഥമിക സ്കൂള്‍തലത്തില്‍ കന്നട നിര്‍ബന്ധമാക്കിയുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവിനെതിരായ ഹര്‍ജിയില്‍ ഇടപെടാന്‍ 1993ല്‍ സുപ്രീംകോടതിയുടെ രണ്ടംഗബെഞ്ച് വിസമ്മതിക്കുകയായിരുന്നു. ഇത് പരിഗണിക്കുമ്പോള്‍ വിപുലമായ ബെഞ്ചുതന്നെയാണ് കേസ് കേള്‍ക്കേണ്ടത്. അധ്യയനഭാഷ ഏതുവേണമെന്നത് കുട്ടിക്കോ മാതാപിതാക്കള്‍ക്കോ തീരുമാനിക്കാമെന്ന് തങ്ങളിപ്പോള്‍ തീര്‍പ്പുകല്‍പ്പിച്ചാല്‍ അത് കോടതിയുടെ നേരത്തെയുള്ള നിലപാടിന് വിരുദ്ധമാകും. പ്രാഥമികവിദ്യാഭ്യാസഘട്ടം കുട്ടിയുടെ ഭാവി അധ്യയനത്തിന്റെയും അടിത്തറയാണ്. ഭാഷയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങളുടെ പുനര്‍രൂപീകരണംപോലുമുണ്ടായത്. ഇതെല്ലാം പരിഗണിക്കുമ്പോള്‍ വിഷയം പരിഗണിക്കേണ്ടത് ഭരണഘടനാബെഞ്ചുതന്നെയാണ്- കോടതി പറഞ്ഞു. പ്രാഥമികവിദ്യാഭ്യാസത്തിന് കന്നട നിര്‍ബന്ധമാക്കിയുള്ള കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവിനെതിരായ ഹര്‍ജി പരിഗണിച്ചാണ് കോടതി തീരുമാനം.

deshabhimani

Wednesday, June 12, 2013

ഓണറബിള്‍ സ്പീക്കര്‍ സഭ വിട്ടു; ബഹുമാനപ്പെട്ട സഭാധ്യക്ഷന്‍ എത്തി

നിയമസഭയില്‍നിന്ന് ഓണറബിള്‍ സ്പീക്കറും ഓണറബിള്‍ മെമ്പേഴ്സും "പടിയിറങ്ങി". മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി ലഭിച്ചതിന്റെ ഭാഗമായി ബഹുമാനപ്പെട്ട സ്പീക്കറും സാമാജികരും സഭയില്‍ "ഇടംപിടിച്ചു". പതിമൂന്നാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനത്തിന്റെ ആദ്യദിനമായ തിങ്കളാഴ്ചമുതലാണ് അഭിസംബോധനയിലെ ഈ മാറ്റം. സഭ തുടങ്ങുന്നതിനു തൊട്ടുമുമ്പ് സ്പീക്കറുടെ വരവ് അറിയിച്ച് സുരക്ഷാ ഉദ്യോഗസ്ഥന്‍ നടത്തിയിരുന്ന അഭിസംബോധനാ വാചകങ്ങളാണ് തനി മലയാളമായത്. രണ്ടാം ബെല്‍ മുഴങ്ങിക്കഴിയുമ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ സ്പീക്കറുടെ ഇരിപ്പിടത്തിനടുത്ത് എത്തി സ്പീക്കറുടെ വരവറിയിക്കുന്ന "ഓണറബിള്‍ മെമ്പേഴ്സ് ഓണറബിള്‍ സ്പീക്കര്‍" എന്നു പറയും. ഇതാണ് "ബഹുമാനപ്പെട്ട സാമാജികരേ, ബഹുമാനപ്പെട്ട സഭാധ്യക്ഷന്‍" എന്നാക്കി മാറ്റിയത്. മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചതിന്റെ ഭാഗമായാണ് ഈ മാറ്റം വരുത്താന്‍ തീരുമാനിച്ചത്.

deshabhimani

Sunday, March 17, 2013

സിവില്‍ സര്‍വീസ് പരീക്ഷയിലെ ഇംഗ്ലീഷ് മേല്‍ക്കൈ പ്രതികരണമില്ലാതെ കേരള സര്‍ക്കാര്‍


സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഇംഗ്ലീഷിന് അമിത പ്രാധാന്യം നല്‍കി യൂണിയന്‍  പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ (യു പി എസ് സി) പരീക്ഷ പരിഷ്‌കരിച്ച് പുറത്തിറക്കിയ വിവാദ ഉത്തരവിനെച്ചൊല്ലി മറ്റ് സംസ്ഥാനങ്ങളിലും പാര്‍ലമെന്റിലും എതിര്‍പ്പുകള്‍ ഉയരുമ്പോഴും പ്രതികരണമില്ലാതെ കേരള സര്‍ക്കാര്‍.

സിവില്‍ സര്‍വീസ് പരീക്ഷാ സിലബസ് പരിഷ്‌ക്കരിച്ച് കഴിഞ്ഞ അഞ്ചിനാണ് ഉത്തരവിറങ്ങിയത്.  കേരള സര്‍ക്കാര്‍ മലയാളത്തെ ശ്രേഷ്ഠ ഭാഷയാക്കാനും  സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പി എസ് സി പരീക്ഷകളിലും  മലയാളം നിര്‍ബന്ധമാക്കാനും ശ്രമിക്കുമ്പോള്‍ കേന്ദ്ര സര്‍വീസിലേക്ക് പോകുന്ന ഉദ്യോഗാര്‍ഥികള്‍ക്ക്  മലയാളത്തില്‍ ഉത്തരം എഴുതാനുള്ള സാഹചര്യമാണ് പുതിയ ഉത്തരവിലൂടെ ഇല്ലാതാകുന്നത്.

എന്നാല്‍ ഇതിനെതിരെ പ്രതികരിക്കാനോ ഔദ്യോഗികമായി കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കാനോ സംസ്ഥാന സര്‍ക്കാര്‍  തയ്യാറായിട്ടില്ല.  തമിഴ്‌നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ ഉത്തരവ് ഇറങ്ങിയ ഉടന്‍ പ്രതികരിച്ചിരുന്നു.  കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ ഈ വിഷയം ബഹളങ്ങള്‍ക്ക് ഇടയാക്കുകയും ഉത്തരവ് മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പുതിയ വിജ്ഞാപനം അനുസരിച്ച് യു പി എസ് സി യുടെ വിജ്ഞാപനത്തില്‍ പറഞ്ഞിട്ടുള്ള  25 ഐച്ഛിക വിഷയങ്ങളില്‍ ഏതെങ്കിലുമൊന്ന് ഉദ്യോഗാര്‍ഥികള്‍ക്ക് തിരഞ്ഞെടുത്ത് പഠിക്കാം.  അല്ലെങ്കില്‍ 21 ഭാഷകളില്‍ ഏതെങ്കിലുമൊന്നിന്റെ  സാഹിത്യം ഐച്ഛിക വിഷമായെടുക്കാം. എന്നാല്‍ സാഹിത്യം ഐച്ഛികമായി എടുക്കണമെങ്കില്‍ ഈ വിഷയത്തില്‍ ബിരുദധാരിയായിരിക്കണമെന്ന നിബന്ധന ഈ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.  ബി എ മലയാളം പഠിക്കാത്തവര്‍ക്ക്   ഇതനുസരിച്ച് മലയാളം സാഹിത്യം ഐച്ഛിക വിഷയമായി  സ്വീകരിക്കാന്‍ പറ്റില്ല. പുതിയ ഉത്തരവിലുള്ള മറ്റൊരു പ്രധാന മാറ്റം പ്രാദേശിക ഭാഷയില്‍ പരീക്ഷയെഴുതുന്നത് സംബന്ധിച്ചാണ്. കഴിഞ്ഞ വര്‍ഷം വരെ ഇംഗ്ലീഷിലോ  ഹിന്ദിയിലോ ഭരണഘടനയിലുള്ള പ്രാദേശികഭാഷകളിലോ മെയിന്‍ പരീക്ഷയുടെ മുഴുവന്‍ പേപ്പറുകള്‍ക്കും ഉത്തരമെഴുതാമായിരുന്നു.  എന്നാല്‍ പുതിയ വ്യവസ്ഥയനുസരിച്ച് ഒരു പ്രാദേശിക ഭാഷയില്‍ മെയിന്‍വിഷയത്തിന്റെ  പരീക്ഷയെഴുതാന്‍ 25 പേരെങ്കിലും ഇല്ലെങ്കില്‍  ആ വിഷയം ഇംഗ്ലീഷിലോ ഹിന്ദിയിലോ മാത്രമേ എഴുതാന്‍ സാധിക്കൂ. ഇതോടെ സിവില്‍ സര്‍വീസ് പരീക്ഷാ പരിഷ്‌ക്കാരങ്ങളുടെ  ഗുണം ഹിന്ദി ഭാഷ സംസാരിക്കുന്ന ഏഴ് സംസ്ഥാനങ്ങള്‍ക്ക് മാത്രമാകുമെന്ന അവസ്ഥയാണ്.

കേരളത്തില്‍ നിന്ന് മുമ്പ് പരീക്ഷ എഴുതിയവരില്‍ 60 ശതമാനവും മലയാളത്തിലാണ് എഴുതിയിരുന്നത്.  കഴിഞ്ഞ 10 വര്‍ഷത്തിനിടെ കേരളത്തിന് ലഭിച്ച സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ഥികളില്‍ 65 ശതമാനം പേരും മലയാളം ഐച്ഛിക വിഷയമായി എടുത്തവരാണെന്ന് പാലായിലെ സിവില്‍ സര്‍വീസ്  ഇന്‍സ്റ്റിറ്റിയൂട്ട് ജോയിന്റ് ഡയറക്ടര്‍ ബാബു പറയുന്നു.

ഈ വര്‍ഷം  പരീക്ഷ എഴുതാന്‍ തയ്യാറെടുക്കുന്നവരില്‍ 65  പേര്‍ മലയാളം ഐച്ഛികമായി എടുത്തവരാണ്. ഇവരുടെ പഠനമാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്.  നേരത്തേ ഇംഗ്ലീഷ് യോഗ്യതാ പരീക്ഷയായിരുന്നത് പുതിയ ഉത്തരവോടെ നിര്‍ബന്ധ വിഷയമാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. പാര്‍ലമെന്റിലെ  പ്രതിഷേധവും അതിന്റെ ഫലമായുള്ള ഉത്തരവ്  മരവിപ്പിക്കലും  തങ്ങള്‍ക്ക് പരീക്ഷ എഴുതാന്‍ സഹായകമാകുന്ന   മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന  പ്രതീക്ഷയിലാണ് കേരളത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍.
(പത്മേഷ് കെ വി )

janayugom

Friday, February 22, 2013

മുഖവും ജാതിയും നോക്കി സര്‍ക്കാര്‍ യാത്രക്കൂലി


വിശ്വമലയാള സമ്മേളനത്തിന് ക്ഷണിച്ചുകൊണ്ടുവന്ന സാഹിത്യകാരന്മാര്‍ക്ക് സര്‍ക്കാര്‍ പ്രതിഫലവും യാത്രപ്പടിയും നല്‍കിയത് മുഖവും ജാതിയും നോക്കി. ഒരേ സ്ഥലത്തുനിന്നെത്തിയ എഴുത്തുകാര്‍ക്ക് വ്യത്യസ്ത രീതിയിലാണ് പ്രതിഫലവും യാത്രക്കൂലിയും നല്‍കിയത്. ഇക്കാര്യത്തില്‍ ദളിത് എഴുത്തുകാരോടാണ് ക്രൂരവിവേചനം കാട്ടിയത്. ജൂറിമാര്‍ക്കുള്ള പ്രതിഫലവും ഇനിയും നല്‍കിയിട്ടില്ല. വിവരാവകാശ പ്രവര്‍ത്തകനും ദേശാഭിമാനി ഏജന്റുമായ രാജു വാഴക്കാലയ്ക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

വ്യക്തമായ മാനദണ്ഡമില്ലാതിരുന്ന ഓണറേറിയം വിതരണംവഴി ചിലര്‍ക്ക് 5000 രൂപ ലഭിച്ചപ്പോള്‍ മറ്റുചിലര്‍ക്ക് ലഭിച്ചത് 2000 രൂപയും. ഓണറേറിയത്തിനും യാത്രപ്പടിക്കുമായി 40 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയെങ്കിലും നല്‍കാന്‍ നിശ്ചയിച്ചത് 13,13,434 രൂപമാത്രം. ഇതില്‍ത്തന്നെ 1,33,400 രൂപ ഇനിയും കൊടുക്കാനുമുണ്ട്. എന്നാല്‍, മറ്റു പല വിഭാഗം ചെലവില്‍ എസ്റ്റിമേറ്റ് തുകയേക്കാള്‍ ദുരൂഹതയുണര്‍ത്തുന്ന ധൂര്‍ത്താണ് നടന്നതും.

യാത്രപ്പടിയുടെ കാര്യത്തില്‍ ദളിത് എഴുത്തുകാരോട് പൊറുക്കാനാകാത്ത വിവേചനമാണ് സംഘാടകര്‍ കാട്ടിയത്. കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ മുന്‍ എഡിറ്റര്‍കൂടിയായ കെ എല്‍ മോഹനവര്‍മയ്ക്ക് എറണാകുളത്തുനിന്നും തിരിച്ചുമുള്ള യാത്രപ്പടിയായി 6420 രൂപ നല്‍കിയപ്പോള്‍ ഇവിടെനിന്നുള്ള ശ്രദ്ധേയ ദളിത് എഴുത്തുകാരായ നാരായനും കെ കെ കൊച്ചിനും നല്‍കിയത് കേവലം 1000 രൂപവീതം. എറണാകുളം നഗരത്തില്‍നിന്നുള്ള ബാലചന്ദ്രന്‍ ചുള്ളിക്കാടിനും സേതുവിനും 4000 രൂപവീതം യാത്രപ്പടി നല്‍കിയപ്പോള്‍ നഗരത്തിനുസമീപം കാക്കനാട്ടുനിന്നുള്ള ചെമ്മനം ചാക്കോയ്ക്ക് യാത്രക്കൂലിയായി നല്‍കിയത് 3000. തുല്യതയ്ക്കുപകരം മുഖംനോക്കി തുക നല്‍കുന്ന സമീപനമാണ് ഇക്കാര്യത്തില്‍ ഉണ്ടായതെന്നും രേഖകളില്‍ വ്യക്തം.

ജൂറിമാര്‍ക്ക് നല്‍കാന്‍ നിശ്ചയിച്ച 75,000 രൂപയില്‍ 5000 രൂപ മാത്രമാണ് നല്‍കിയത്. പണം തട്ടാവുന്ന മറ്റു വിഭാഗങ്ങളില്‍ നടത്തിയ ധൂര്‍ത്ത് കണക്കുകളില്‍നിന്ന് വ്യക്തം. മൂന്നു ലക്ഷം രൂപ എസ്റ്റിമേറ്റ് തയ്യാറാക്കിയ വിളംബര പരിപാടികള്‍ക്ക് ചെലവിട്ടത് 6,19,538 രൂപ. സംഘാടകസമിതി ഓഫീസിന്റെ വാടക, താല്‍ക്കാലിക ജീവനക്കാരെ നിയമിക്കല്‍ തുടങ്ങിയവയ്ക്കായി നിശ്ചയിച്ചത് അഞ്ചു ലക്ഷമാണെങ്കിലും ചെലവിട്ടത് 8,47,149 രൂപ. 15 ലക്ഷം നിശ്ചയിച്ച കലാപരിപാടികള്‍ക്കാവട്ടെ 20,64,521 രൂപയും. വൈദ്യുതിക്കും അലങ്കാരത്തിനുമായി ലക്ഷ്യമിട്ടത് 10 ലക്ഷമാണെങ്കിലും മുടക്കിയത് 16,23,037. സമ്മേളനദിവസങ്ങളില്‍ അതിഥികള്‍ക്കും കലാകാരന്മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും ഭക്ഷണത്തിനായി ലക്ഷ്യമിട്ടത് രണ്ടുലക്ഷം രൂപയാണെങ്കില്‍ ചെലവിട്ടത് 7,47,500. ഒട്ടാകെ 1,50,85,959 രൂപയാണ് പരിപാടിക്കായി മുടക്കിയത്. ഇതില്‍ വിവിധ വിഭാഗങ്ങളില്‍ ഇനിയും കൊടുക്കാനുള്ളത് 5,71,450 രൂപ.

deshabhimani 220213

Saturday, February 16, 2013

ഗുണ്ടര്‍ട്ടിന്റെ പിന്മുറക്കാര്‍ ബെയ്ലിയുടെ തട്ടകത്തില്‍


മലയാള ഭാഷയ്ക്ക് നിഘണ്ടു നല്‍കി ഭാഷയെ സമ്പുഷ്ടമാക്കിയ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ അഞ്ചാം തലമുറയില്‍പ്പെട്ട പേരമകളും ഭര്‍ത്താവും കേരളം സന്ദര്‍ശിക്കുന്നു. ഗുണ്ടര്‍ട്ടിന്റെ കാലഘട്ടത്തിലെ കേരളവും, ഇന്നത്തെ കേരളവും തമ്മിലുള്ള താരതമ്യപഠനത്തിനായാണ് ഇവര്‍ കേരളം സന്ദര്‍ശിക്കുന്നത്. ശനിയാഴ്ച ബെഞ്ചമിന്‍ ബെയ്ലിയുടെ തട്ടകമായ കോട്ടയത്ത് വിവിധ പ്രദേശങ്ങള്‍ അവര്‍ സന്ദര്‍ശിക്കും. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ പേരമകള്‍ ജെര്‍ത്രൂഡ് ഫ്രന്‍സും, ഭര്‍ത്താവ് ഡോ. ആല്‍ബര്‍ട്ട് ഫ്രന്‍സുമാണ് കേരളം സന്ദര്‍ശിക്കുന്നത്. ജെര്‍ത്രൂഡ് ആദ്യമായാണ് കേരളത്തില്‍ എത്തുന്നത്. ജനുവരി 29നാണ് ജര്‍മനിയില്‍നിന്ന് മംഗളുരൂവില്‍ എത്തിയത്. കേരളത്തിലെ അതിപുരാതനമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുക എന്ന ലക്ഷ്യവും ഇവര്‍ക്കുണ്ട്. പുരാതന ക്ഷേത്രങ്ങളും, പള്ളികളും ഇവര്‍ സന്ദര്‍ശിച്ചുകഴിഞ്ഞു. തലശേരിയില്‍ 199-ാം ഗുണ്ടര്‍ട്ട് ജന്മദിനാഘോഷങ്ങളിലും പങ്കെടുത്തു.

1814-ല്‍ ഫെബ്രുവരി നാലിന് സ്റ്റുട്ടഗാര്‍ട്ടില്‍ പിറന്ന ഹെര്‍മന്‍ ഗുണ്ടര്‍ട്ട് 22-ാം വയസ്സിലാണ് കേരളത്തിലെത്തുന്നത്. 1843-ല്‍ കേരളോല്‍പ്പത്തി, മലയാള ഭാഷാ വ്യാകരണം, പാതമല, കേരളചരിത്രം, മലയാളരാജ്യം തുടങ്ങി നിരവധി മലയാള ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചു. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനെ സംബന്ധിച്ച നിരവധി ഗ്രന്ഥങ്ങള്‍ ഇന്നു മലയാളത്തില്‍ രചിക്കപ്പെട്ടിട്ടുണ്ട്. 1893 ഏപ്രില്‍ 25ന് ഗുണ്ടര്‍ട്ട് നിര്യാതനായി. ജെര്‍ത്രൂഡ് ഫ്രന്‍സും ഡോ. ആല്‍ബര്‍ട്ട് ഫ്രന്‍സും വെള്ളിയാഴ്ച ഭരണങ്ങാനം അല്‍ഫോന്‍സാമ്മയുടെ കബറിടം സന്ദര്‍ശിച്ചു. പ്രഗത്ഭ ചിത്രകാരന്‍ ബോബി അഗസ്റ്റിന്‍ വടയാറ്റിന്റെ വീട്ടിലെത്തി ഇരുവരും ബോബിയുടെ അമൂല്യങ്ങളായ ചിത്രങ്ങള്‍ കണ്ട് അഭിനന്ദിച്ച് മടങ്ങി.

deshabhimani 160213

Friday, November 2, 2012

ധൂര്‍ത്തിന്റെ മേള: മന്ത്രി കെ സി ജോസഫ് പ്രതിക്കൂട്ടില്‍


മലയാളത്തിന്റെ മഹാരഥന്മാരായ സാഹിത്യനായകര്‍ നിസ്വാര്‍ഥ പ്രവര്‍ത്തനങ്ങളിലൂടെ പടുത്തുയര്‍ത്തിയ കേരള സാഹിത്യ അക്കാദമിയുടെ വിശ്വാസ്യത വിശ്വമലയാള മഹോത്സവത്തെ അപഹാസ്യമാക്കി സാംസ്കാരിക മന്ത്രി കെ സി ജോസഫ് തകര്‍ത്തു. അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരനെ അനങ്ങാന്‍ പോലും അനുവദിക്കാതെ മന്ത്രിയുടെ ഓഫീസ് നിയന്ത്രിച്ച മലയാള മഹോത്സവം എക്കാലത്തെയും വലിയ നാണക്കേട് ഭാഷയ്ക്കും സാഹിത്യത്തിനും സമ്മാനിച്ചപ്പോള്‍ സാഹിത്യ അക്കാദമിയുടെ നിലനില്‍പ്പിനെ കൂടിയാണ് അതു ബാധിച്ചത്. സര്‍ക്കാര്‍ അനുവദിച്ച പണം മുഴുവന്‍ ധൂര്‍ത്തടിക്കുകയാണെന്ന ആരോപണം അക്കാദമി അംഗങ്ങള്‍ തന്നെ ഉയര്‍ത്തിയതോടെയാണ് മഹോത്സവ നടത്തിന്റെ ഉദ്ദേശ്യശുദ്ധി ചോദ്യംചെയ്യപ്പെട്ടത്.

അക്കാദമി ജനറല്‍ കൗണ്‍സില്‍ കൂട്ടത്തോടെ പരിപാടി ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടും സാംസ്കാരിക മന്ത്രി അത് രാഷ്ട്രീയവിരോധം മാത്രമായി വ്യാഖ്യാനിച്ചു. യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ച അക്കാദമി വൈസ് പ്രസിഡന്റ് ബാലചന്ദ്രന്‍ വടക്കേടത്ത് ചടങ്ങ് ബഹിഷ്കരിച്ചപ്പോഴും മന്ത്രി അതിനെ ഗ്രൂപ്പുപോരായി ചിത്രീകരിച്ചു. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുമായി അടുപ്പമുള്ള ആളാണ് വൈസ് പ്രസിഡന്റ്. 21 ജനറല്‍ കൗണ്‍സില്‍ അംഗങ്ങളില്‍ അഞ്ചുപേര്‍ മാത്രമാണ് മന്ത്രിയോടൊപ്പം മഹോത്സവത്തിന് ഉണ്ടായിരുന്നത്. ആറ് എക്സിക്യൂട്ടീവ് അംഗങ്ങളില്‍ ഒരാള്‍ മാത്രമാണ് പ്രസിഡന്റിനെ തുണയ്ക്കുന്നത്. ജോസ് പനച്ചിപ്പുറം, ഡോ. അജയപുരം ജ്യോതിഷ്കുമാര്‍, പ്രമീളാദേവി, പി കെ പാറക്കടവ്, കെ രഘുനാഥന്‍ എന്നിവര്‍ അക്കാദമിയിലെ മലയാള മഹോത്സവ നടത്തിപ്പിലെ അഴിമതിക്കും അക്കാദമി സെക്രട്ടറിയുടെ ഏകാധിപത്യത്തിനും എതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. ജനറല്‍ കൗണ്‍സിലിലെ നോമിനേറ്റഡ് അംഗങ്ങളും മേളയെ സഹായിച്ചില്ല. പ്രസിഡന്റ് പെരുമ്പടവം ശ്രീധരനും ജനറല്‍ കണ്‍വീനര്‍ ജോണ്‍ സാമുവലും മൂന്ന് അംഗങ്ങളും മാത്രമാണ് സജീവമായുണ്ടായത്. ഇതിനിടെ, വ്യക്തിപരമായ അധിക്ഷേപവും അക്കാദമി സെക്രട്ടറി നടത്തിയതായി വിവാദമുയര്‍ന്നിട്ടുണ്ട്. ഒരു വനിതാ അക്കാദമി അംഗം സെക്രട്ടറിക്കെതിരെ വകുപ്പുമന്ത്രിക്ക് പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നാണ് ആക്ഷേപം. മേളയിലെ ഫണ്ട് വിനിയോഗത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അക്കാദമിയിലെ ഒരുവിഭാഗം.

ഒഴിവാക്കാന്‍ കാരണം തന്റെ നിലപാടുകളാകാം: സുഗതകുമാരി

വിശ്വമലയാള മഹോത്സവത്തില്‍ വികസന സെമിനാറിന്റെ അധ്യക്ഷസ്ഥാനത്തുനിന്ന് തന്നെ നീക്കിയത് സര്‍ക്കാരിനെതിരെയുള്ള തന്റെ പരിസ്ഥിതി നിലപാട് കാരണമായിരിക്കാമെന്ന് കവയിത്രി സുഗതകുമാരി പ്രതികരിച്ചു. എമര്‍ജിങ് കേരള അടക്കമുള്ള വിഷയങ്ങളിലും സര്‍ക്കാരിനെതിരെ പ്രതികരിച്ചിരുന്നു. തന്റെ നിലപാടില്‍ മാറ്റമൊന്നുമില്ല. നാട് നേരിടുന്ന പ്രശ്നങ്ങള്‍ ഭരണാധികാരികളോട് പറയാന്‍ ലഭിച്ച അവസരം നഷ്ടമായതില്‍ നിരാശയുണ്ട്. ആറന്മുള വിമാനത്താവളവിഷയത്തില്‍ തന്റെ നിലപാടിന് ഒരു മാറ്റവും വരുത്തില്ല. വയല്‍ നികത്താന്‍ അനുവദിക്കില്ല. ഇത് സര്‍ക്കാരിനെ ചൊടിപ്പിച്ചിട്ടുണ്ടാകാം-സുഗതകുമാരി പറഞ്ഞു. സമാപനദിവസം കേരളത്തിന്റെ വികസനം ചര്‍ച്ച ചെയ്യാനായി ചേരുമെന്ന് പ്രഖ്യാപിച്ച സെമിനാര്‍ കവയിത്രി സുഗതകുമാരിയെ അപമാനിച്ചതിന്റെപേരില്‍ മന്ത്രി കെ സി ജോസഫിനും കൂട്ടര്‍ക്കും നില്‍ക്കക്കള്ളിയില്ലാതായതോടെ ഉപേക്ഷിക്കേണ്ടിവന്നു. "നാളത്തെ കേരളം: വികസന കാഴ്ചപ്പാട്" എന്ന സെമിനാറിന്റെ അധ്യക്ഷസ്ഥാനത്തുനിന്ന് സുഗതകുമാരിയെ നീക്കംചെയ്ത് അപമാനിച്ചതോടെ സ്പീക്കര്‍ക്കുപോലും വിശ്വമലയാള മഹോത്സവത്തെ തള്ളിപ്പറയേണ്ടിവന്നു. മന്ത്രി കെ സി ജോസഫ് കവയിത്രിയുടെ വീട്ടിലെത്തി മാപ്പുപറഞ്ഞ ശേഷം സെമിനാര്‍ ഉപേക്ഷിക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. സമാപനദിവസത്തെ പ്രധാന സെമിനാര്‍ ഉപേക്ഷിച്ചതോടെ വിശ്വമലയാള മഹോത്സവത്തിന്റെ സമാപനം നിറംകെട്ടതായി.

deshabhimani

Wednesday, October 31, 2012

മുഖ്യപ്രഭാഷകന്‍ 5 മാസം മുമ്പ് മരിച്ച കവി; ഗംഗോപാധ്യായയെയും അറിയില്ല


സാഹിത്യവും ഭാഷയും അറിയാത്തവരുടെ സംഘാടന വീഴ്ചകൊണ്ട് മലയാളത്തിന് അപമാനമായി മാറിയ വിശ്വമലയള മഹോത്സവത്തില്‍ ഭാഷയെയും സാഹിത്യത്തെയും അവഹേളിക്കുന്നത് തുടരുന്നു. ഉദ്ഘാടന ദിവസമായ ചൊവ്വാഴ്ചത്തെ സെമിനാറിലെ മുഖ്യപ്രഭാഷകന്‍ അഞ്ചുമാസംമുമ്പ് അന്തരിച്ച കവിയും ദളിത് പ്രവര്‍ത്തകനുമായ സണ്ണി കവിക്കാടാണ്. കോട്ടയം മധുരവേലി സ്വദേശിയായ സണ്ണി 2012 മെയ് 14നാണ് മരിച്ചത്. വൈകിട്ട് കനകക്കുന്ന് പുസ്തകോത്സവത്തില്‍ നടക്കുന്ന "ദളിത് ജീവിതം കാലങ്ങളിലൂടെ" എന്ന സെമിനാറിലാണ് സണ്ണിമുഖ്യപ്രഭാഷകനാകുന്നത്.അകാലത്തില്‍ പൊലിഞ്ഞ കവിക്ക് ഒരാദരംപോലും ഇതുവരെ അര്‍പ്പിക്കാത്ത സാംസ്കാരികവകുപ്പും സാഹിത്യ അക്കാദമിയുമാണ് എം ടി വാസുദേവന്‍നായരടക്കം പങ്കെടുക്കുന്ന ചടങ്ങില്‍ മുഖ്യപ്രഭാഷകനായി പരേതനെ നിയോഗിച്ചിരിക്കുന്നത്.

മഹോത്സവത്തിന്റെ വാര്‍ത്താപത്രികയിലും തെറ്റുകളുടെ പൂരമാണ്. ഒരാഴ്ചമുമ്പ് അന്തരിച്ച വിഖ്യാത ബംഗാളി സാഹിത്യകാരന്‍ സുനില്‍ ഗംഗോപാധ്യായ മഹോത്സവനടത്തിപ്പുകാര്‍ക്ക് കന്നട കവി ഡോ. സിദ്ധലിംഗപട്ടണ ഷെട്ടിയാണ്. കന്നട കവിയുടെ പേരും തെറ്റി. പട്ടണഷെട്ടി എന്നതിനു പകരം പട്ടാന്‍ ഷെട്ടി എന്നാണ് നല്‍കിയിരിക്കുന്നത്. മഹോത്സവം ധൂര്‍ത്തിനാണെന്നുള്ള സാഹിത്യ അക്കാദമി അംഗങ്ങള്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ മുഴുവന്‍ അക്ഷരാര്‍ഥത്തില്‍ ശരിവയ്ക്കുന്നതാണ് പരേതനെ മുഖ്യ പ്രഭാഷകനാക്കിയതിലൂടെ വെളിപ്പെടുന്നത്. പ്രഭാഷണത്തിന് പരേതന്‍ വന്നില്ലെങ്കിലും പരിപാടികഴിഞ്ഞ് യാത്രപ്പടി കണക്കില്‍ പരേതനും വന്‍ തുക ചെലവഴിക്കുമെന്നുറപ്പ്.

സാഹിത്യകാരന്മാരെ അറിയാതെ പ്രതിമകള്‍ സ്ഥാപിച്ചും കവികളെ ഗ്രേഡ് തിരിച്ച് അപമാനിച്ചും സാക്ഷരകേരളത്തിന് അപമാനമായി മാറിയ മഹോത്സവത്തില്‍ ദേശീയ സാഹിത്യനായകരെയും അപമാനിച്ചിരിക്കുകയാണ്.

deshabhimani

Monday, October 29, 2012

വിശ്വമലയാള മഹോത്സവം യാത്രാബത്ത കൊടുക്കാന്‍ കവികളെ ഗ്രേഡ് തിരിച്ചു


മലയാള സാഹിത്യനായകരോട് വിശ്വമലയാളമഹോത്സവ നടത്തിപ്പുകാരുടെ മാപ്പര്‍ഹിക്കാത്ത അവഹേളനം വീണ്ടും. സാഹിത്യത്തിനും ഭാഷയ്ക്കും അമൂല്യസംഭാവനകള്‍ അര്‍പ്പിച്ച പ്രിയ കവികളെ എ, ബി, തെരുവ് കവി എന്നിങ്ങനെ വേര്‍തിരിച്ച് സംഘാടകര്‍ അപമാനിച്ചു. ഭാഷയിലും സാഹിത്യത്തിലും കേട്ടുകേള്‍വിയില്ലാത്ത ഗ്രേഡ് തിരിക്കല്‍, കവിസമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് യാത്രാ ഇനത്തിലും മറ്റും നല്‍കുന്ന തുക നിശ്ചയിക്കാനാണെന്നാണ് ഔദ്യോഗികഭാഷ്യം. കേരളത്തിലെ പ്രമുഖ കവികളെ പോലും തെരുവ് കവികളുടെ പട്ടികയില്‍ പെടുത്തി. എന്നാല്‍, സാംസ്കാരിക വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെയും മന്ത്രി കെ സി ജോസഫിന്റെ സ്റ്റാഫിലുള്ള സാഹിത്യകാരന്റെയും പാര്‍ശ്വവര്‍ത്തികളായ ചിലര്‍ക്ക് ഉയര്‍ന്ന ഗ്രേഡുണ്ട്. സാഹിത്യനായകരുടെ പ്രതിമയെന്ന പേരില്‍ മറ്റുള്ളവരുടെ പ്രതിമ സ്ഥാപിച്ച മണ്ടത്തരത്തിനു പിന്നാലെയാണ് കവികളെ തരംതിരിച്ചുള്ള അധിക്ഷേപം.

വിശ്വമലയാള മഹോത്സവത്തോട് അനുബന്ധിച്ച് നടത്തുന്ന കവിസമ്മേളനങ്ങളിലോ സാഹിത്യചര്‍ച്ചകളിലോ ഒന്നും മധ്യതിരുവിതാംകൂറിലെയോ വടക്കന്‍ ജില്ലകളിലെയോ സാഹിത്യകാരന്മാരെ അധികം ഉള്‍പ്പെടുത്തിയിട്ടില്ല. പുരോഗമന സാഹിത്യ പക്ഷത്തുള്ള കവികളെ അവഗണിക്കാന്‍ പ്രത്യേക ശ്രദ്ധ കാട്ടിയിട്ടുമുണ്ട്. മഹോത്സവത്തിന് മുന്നോടിയായി സംഘടിപ്പിച്ച വിളംബര സന്ധ്യകളിലെ കാവ്യസദസ്സുകളില്‍ പങ്കെടുത്ത കവികളെയാണ് തെരുവ് കവികള്‍ എന്ന വിഭാഗത്തില്‍ പെടുത്തിയത്. എ ഗ്രേഡില്‍ ഉള്‍പ്പെടുത്തിയ കവികള്‍ക്ക് പതിനായിരം രൂപ നല്‍കുമ്പോള്‍ തെരുവ് കവി വിഭാഗത്തില്‍ ഉള്‍പ്പെട്ട ജില്ലയിലെ യുവകവികള്‍ക്ക് കൊടുത്തത് 500 രൂപയാണ്. മഹോത്സവത്തിന്റെ വിളംബരസന്ധ്യകള്‍ക്കും ജാഥയ്ക്കുമായി അഞ്ചുലക്ഷം രൂപയാണ് അനുവദിച്ചത്. ശുഷ്കമായ വിളംബരജാഥയ്ക്കാകട്ടെ അമ്പതിനായിരം രൂപപോലും ചെലവഴിച്ചിട്ടില്ല. 30 കവികളെയാണ് തെരുവ് കവികളുടെ പട്ടികയില്‍പെടുത്തിയത്. ഇവര്‍ക്ക് ആകെ നല്‍കിയത് 15,000 രൂപയാണ്.

തലസ്ഥാനത്ത് താമസമാക്കിയ പല പ്രമുഖരെയും മഹോത്സവത്തില്‍ പങ്കെടുപ്പിക്കാതെ പേരിന് നടത്തുന്ന വിളംബര പരിപാടികളിലേക്ക് മാത്രമാണ് ക്ഷണിച്ചത്. ചിലരെ ക്ഷണിച്ചിട്ടുമില്ല. മലയാള ചലച്ചിത്രഗാനശാഖയിലും കവിതാരംഗത്തും ശ്രദ്ധേയ സംഭാവന നല്‍കിയ ചുനക്കര രാമന്‍കുട്ടിയെ സംഘാടകര്‍ അവഗണിച്ചു. മണ്‍മറഞ്ഞ മഹാസാഹിത്യപ്രതിഭകളെപോലും അറിയാതെ പ്രതിമകള്‍ സ്ഥാപിച്ച് ഭാഷയ്ക്കും സാഹിത്യത്തിനും നാണക്കേടുണ്ടാക്കിയ ഒരു സംഘം സംഘടിപ്പിക്കുന്ന ഭാഷാമഹോത്സവത്തില്‍ പങ്കെടുക്കാന്‍ ക്ഷണിക്കാത്തത് ഭാഗ്യമായി കരുതുന്നതായി ചുനക്കര രാമന്‍കുട്ടി പറഞ്ഞു.
(എം വി പ്രദീപ്)

deshabhimani

Sunday, October 28, 2012

കേരളത്തിന് അപമാനമായി വിശ്വമലയാള മഹോത്സവം


ഭാഷയും സാഹിത്യവും എന്തെന്നറിയാത്ത ഒരു സംഘത്തെ വിശ്വമലയാള മഹോത്സവത്തിന്റെ നടത്തിപ്പ് ഏല്‍പ്പിച്ചത് മലയാളത്തിന് അപമാനമായി. മണ്‍മറഞ്ഞ സാഹിത്യനായകരുടെ പ്രതിമകള്‍ തെറ്റായി സ്ഥാപിച്ചും വികൃതമാക്കിയും അപമാനിച്ചതിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ഖേദപ്രകടനം നടത്തി തലയൂരാന്‍ സാംസ്കാരികമന്ത്രിയുടെ ശ്രമം. മലയാളത്തിന്റെ സ്കോട്ട് സി വി രാമന്‍പിള്ളയുടെ രൂപവും ബെഞ്ചമിന്‍ ബെയ്ലിയുടെ സംഭാവനകളും മലയാളത്തിന്റെ കാല്‍പ്പനികവസന്തം ചങ്ങമ്പുഴയുടെ ജീവിതദൈര്‍ഘ്യവും അറിയാത്തവര്‍ക്കെതിരെ നടപടിക്ക് സാംസ്കാരികവകുപ്പോ മന്ത്രിയോ തയ്യാറല്ല. മാര്‍ത്താണ്ഡവര്‍മയും ധര്‍മരാജായും എഴുതിയ സി വി രാമന്‍പിള്ളയ്ക്കുപകരം ഭൗതികശാസ്ത്രജ്ഞന്‍ സി വി രാമന്റെ പ്രതിമ ഭരണസിരാകേന്ദ്രത്തിന് മുമ്പില്‍ സ്ഥാപിച്ചാണ് അപമാനിച്ചത്. ഇത് വെറും സാങ്കേതിക പിശകായി കണ്ട സാംസ്കാരികമന്ത്രി കെ സി ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ ഖേദപ്രകടനം നടത്തി തലയൂരാനാണ് ശ്രമിച്ചത്. ആവര്‍ത്തിച്ച് ചോദിച്ചശേഷമാണ് സംഭവം അന്വേഷിക്കാമെന്ന് വ്യക്തമാക്കിയത്.

നഗരത്തില്‍ പലഭാഗങ്ങളിലും ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പ് വിശ്വമലയാള സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം സ്ഥാപിച്ച പ്രതിമകളും വിവരണങ്ങളും വികൃതവും അബദ്ധജടിലവുമാണ്. "മതപരിവര്‍ത്തനത്തിന് നേതൃത്വം കൊടുത്ത ബഞ്ചമിന്‍ ബെയ്ലി" എന്നാണ് പാളയത്ത് സ്ഥാപിച്ച ബെയ്ലിയുടെ പ്രതിമയ്ക്ക് വിശദീകരണക്കുറിപ്പ്. കേരളത്തിലെത്തി സംസ്കൃതം, മലയാളം, സുറിയാനി ഭാഷകളില്‍ പാണ്ഡിത്യം നേടി ആദ്യ ഇംഗ്ലീഷ്-മലയാളം നിഘണ്ടു തയ്യാറാക്കിയ മഹാനെ മതപരിവര്‍ത്തകനാക്കി ചുരുക്കിയതിലൂടെ നാടിന്റെ മതേതരപാരമ്പര്യത്തെകൂടിയാണ് അടിയറ വച്ചത്. മലയാളകവിതയില്‍ കാല്‍പ്പനികതയുടെ വസന്തം വിരിയിച്ച് യൗവനത്തില്‍ കൊഴിഞ്ഞുപോയ അനശ്വരപ്രതിഭ ചങ്ങമ്പുഴ കൃഷ്ണപിള്ളയ്ക്ക് ശില്‍പ്പത്തില്‍ വൃദ്ധപരിവേഷം നല്‍കി സാംസ്കാരികവകുപ്പും സാഹിത്യ അക്കാദമിയും അപമാനിച്ചു. പോരായ്മ ചൂണ്ടിക്കാട്ടിയിട്ടും വികലരൂപം എടുത്തുമാറ്റാതെ അപമാനിക്കല്‍ തുടരുകയാണ്.

ലോകം ശ്രദ്ധിക്കേണ്ട ഭാഷാസമ്മേളന നടത്തിപ്പിന് മന്ത്രിയുടെ ആജ്ഞാനുവര്‍ത്തികളെ മാത്രം കുത്തിനിറച്ചാണ് സംഘാടക സമിതിയുണ്ടാക്കിയത്. സാഹിത്യ അക്കാദമി അംഗങ്ങളെപ്പോലും സഹകരിപ്പിക്കാതെ വിശ്വമലയാള സമ്മേളനം നടത്തുന്നതിനെ മന്ത്രി ന്യായീകരിച്ചത് എല്ലാവര്‍ക്കും സ്ഥാനങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്നാണ്. സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ബാലചന്ദ്രന്‍ വടക്കേടത്ത് അറിയപ്പെടുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. ബാലചന്ദ്രനടക്കം അക്കാദമിയിലെ ഭൂരിപക്ഷം അംഗങ്ങളും സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് ഉറപ്പായിരിക്കുന്നു. മലയാള സാഹിത്യലോകം കൈവിട്ട മഹോത്സവം എങ്ങനെയെങ്കിലും തട്ടിക്കൂട്ടി സര്‍ക്കാര്‍ അനുവദിച്ച രണ്ട് കോടി രൂപ അപഹരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സംഘാടനത്തില്‍ പോരായ്മകളുണ്ടെന്നും വീഴ്ച പരിഹരിക്കുമെന്നും പറഞ്ഞ് പ്രശ്നത്തെ നിസ്സാരവല്‍ക്കരിക്കുകയാണ് മന്ത്രിയും കൂട്ടാളികളും. 30നും 31നും നവംബര്‍ ഒന്നിനും നടക്കുന്ന മഹോത്സവത്തിന് വിളംബരമായി സംഘടിപ്പിച്ച പരിപാടികളെല്ലാം ദയനീയപരാജയമായിരുന്നു.

deshabhimani 281012

Thursday, June 21, 2012

മലയാളം ക്ലാസിക്കല്‍ പദവിക്ക് അര്‍ഹമല്ലെന്ന്

മലയാളത്തിന് ക്ലാസിക്കല്‍ പദവിക്ക് അര്‍ഹതയില്ലെന്ന് സാഹിത്യ കലാ അക്കാദമിയുടെ ഭാഷാശാസ്ത്രവിഭാഗം കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി. ക്ലാസിക്കല്‍ പദവിക്ക് പരിഗണിക്കാവുന്ന പഴക്കം മലയാളത്തിനില്ലെന്ന ഭാഷാശാസ്ത്രവിഭാഗത്തിന്റെ അഭിപ്രായത്തെ തുടര്‍ന്നാണിത്. 1500 മുതല്‍ 2000 വര്‍ഷം വരെ പഴക്കമുള്ള ഭാഷകള്‍ക്കേ ക്ലാസിക്കല്‍ പദവി നല്‍കാനാവൂ. മലയാളത്തിന് ഇത്രയും പഴക്കമില്ല-സമിതി അഭിപ്രായപ്പെട്ടു.

പഴയ തമിഴിന്റെ പടിഞ്ഞാറന്‍ തീരഭാഷാ വകഭേദത്തില്‍നിന്നാണ് മലയാളം രൂപപ്പെട്ടത്. ഈ വകഭേദം പ്രത്യേക ഭാഷയായത് എട്ടാം നൂറ്റാണ്ടിലോ ഒമ്പതാം നൂറ്റാണ്ടിലോ മാത്രമാണെന്നും സമിതി പറയുന്നു. ക്ലാസിക്കല്‍ പദവിക്ക് ആവശ്യമായ മറ്റു മാനദണ്ഡങ്ങള്‍ മലയാളത്തിനുണ്ടെന്ന് സമിതി കണ്ടെത്തി. നിലവില്‍ സംസ്കൃതം, തമിഴ്, കന്നഡ, തെലുഗു ഭാഷകള്‍ക്കാണ് ക്ലാസിക്കല്‍ പദവി ഉള്ളത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാണ് മലയാളത്തിന് ക്ലാസിക്കല്‍ പദവി നേടിയെടുക്കാനുള്ള ശ്രമം തുടങ്ങിയത്. ക്ലാസിക്കല്‍ പദവി നിഷേധിക്കാനുള്ള ശുപാര്‍ശ പ്രതിഷേധാര്‍ഹമാണെന്ന് ജ്ഞാനപീഠജേതാവ് ഒ എന്‍ വി കുറുപ്പ് പറഞ്ഞു.

deshabhimani 210612

Wednesday, March 28, 2012

മലയാളത്തെ ആധുനിക ഭാഷയാക്കണം: കെ എന്‍ പണിക്കര്‍


മലയാളം ക്ലാസിക്കല്‍ ഭാഷയാക്കുകയല്ല ആധുനിക ഭാഷയാക്കുകയാണ് വേണ്ടതെന്ന് ഡോ. കെ എന്‍ പണിക്കര്‍. മലയാളത്തിന് വേണ്ടത് സര്‍വകലാശാലയോ ക്ലാസിക്കല്‍ പദവിയോ അല്ല. മലയാള സര്‍വകലാശാലയല്ല അന്താരാഷ്ട്ര വിജ്ഞാന പഠനത്തിനുള്ള സ്ഥാപനങ്ങളാണ് മലയാളത്തിലുണ്ടാവേണ്ടത്- സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച ഭാഷ, സംസ്കാരം, ദേശീയത സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാഷയെ വീണ്ടെടുക്കണമെങ്കില്‍ അത് കൂടുതല്‍ സമ്പന്നവും ശക്തവുമാകണം. അറിവിന്റെയും വിജ്ഞാനത്തിന്റെയും മേഖലയില്‍സമ്പന്നമല്ലാത്തതാണ് മലയാളമടക്കമുള്ള ഭാഷകളുടെ ദൗര്‍ബല്യം. ഇംഗ്ലീഷിന്റെ ആധിപത്യം തുടരുന്നതിന് കാരണങ്ങളിലൊന്ന് അതിലെ വിജ്ഞാനസമ്പത്താണ്. ആശയ-വിനിമയ മേഖലയെ അധിനിവേശശക്തികള്‍ കൈയടക്കി. ഇത് പലപ്പോഴും തിരിച്ചറിയുന്നില്ല. ഇന്ത്യന്‍ സംസ്കാരത്തിലും ദേശീയതയിലും മതാധിഷ്ഠിത കാഴ്ചപ്പാട് പ്രബലമാണ്. സംസ്കാരത്തിന് ബഹുസ്വരതയുണ്ടെങ്കിലും സമത്വമില്ലാത്തത് പരിമിതിയാണ്. സംസ്കാരത്തിലൂടെയാണ് ആഗോളവല്‍ക്കരണം മുന്നോട്ടുവയ്ക്കുന്ന അധിനിവേശം കടന്നുവരുന്നത്. സാംസ്കാരിക ചിന്തകള്‍ അന്യമായ തലമുറയെ സൃഷ്ടിക്കയാണ് ആഗോളവല്‍ക്കരണം. കുഞ്ഞുങ്ങള്‍ക്ക് വാങ്ങിനല്‍കുന്ന കളിക്കോപ്പില്‍ തുടങ്ങി വിനോദവ്യവസായത്തിലടക്കം ആഗോളവല്‍ക്കരണത്തിന്റെ താല്‍പര്യവും സംസ്കാരനിര്‍മിതിയും മേല്‍ക്കൈ നേടുന്നു. ഇതിനെ പ്രതിരോധിക്കാന്‍ ജനകീയ ഇടപെടലുകള്‍ ഉണ്ടാകണം. ഇത് കലയുടെയോ മാധ്യമത്തിന്റെയോ സംസ്കാരത്തിന്റെയോ രംഗത്ത് ചുരുക്കിനിര്‍ത്താനാവില്ല. ജീവിതത്തിലുമുണ്ടാകണമെന്നും കെ എന്‍ പണിക്കര്‍ പറഞ്ഞു.

സര്‍വകലാശാലയുണ്ടാക്കി മലയാളത്തെയല്ല ഒരു ഭാഷയെയും സംരക്ഷിക്കാനാവില്ലെന്ന് പി വത്സല പറഞ്ഞു. സ്കൂളില്‍ മലയാളമില്ലാതാവുന്നതില്‍ വേവലാതിയില്ലാതാവുകയും സര്‍വകലാശാലയില്‍ മലയാളത്തിനായി വാദിക്കുകയും ചെയ്യുന്നതുകൊണ്ടെങ്ങനെ ഭാഷ നിലനിര്‍ത്താനാകും. ഭാഷ കൈവിട്ടാല്‍ ജീവിതവും സ്വാതന്ത്ര്യവും കൈവിട്ടുപോകുമെന്നും അവര്‍ പറഞ്ഞു. ടൗണ്‍ഹാളില്‍ നടന്ന സെമിനാറില്‍ ഡോ. കെ എന്‍ ഗണേഷ് അധ്യക്ഷനായി. ദേശാഭിമാനി കണ്‍സള്‍ട്ടന്റ് എഡിറ്റര്‍ എന്‍ മാധവന്‍കുട്ടി, ഡോ. ഖദീജ മുംതാസ്, സുനില്‍ പി ഇളയിടം എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ "മലയാള നാടകം: താജ് വഴി" പുസ്തകം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ജി സുധാകരന്‍ എംഎല്‍എ താജിന്റെ ഭാര്യ ബിച്ചുതാജിന് നല്‍കി പ്രകാശനം ചെയ്തു. കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രം ഡയറക്ടര്‍ കെ ടി കുഞ്ഞിക്കണ്ണന്‍ പുസ്തകം പരിചയപ്പെടുത്തി. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ എഡിറ്റര്‍ ഭാനുപ്രകാശാണ്. ദേശാഭിമാനി വാരികാ പത്രാധിപര്‍ ഡോ. കെ പി മോഹനന്‍ സ്വാഗതവും ടി ശിവദാസ് നന്ദിയും പറഞ്ഞു.

deshabhimani 280312

Monday, March 19, 2012

"പാര്‍ടി കോടതി" അപവാദപ്രചാരണത്തിന്റെ തുടര്‍ച്ച: പി ജയരാജന്‍

തലശേരി: പുരോഗമന പ്രസ്ഥാനങ്ങള്‍ക്കെതിരായ അപവാദത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ പാര്‍ടിക്കോടതിയടക്കമുള്ള പ്രചാരണമെന്ന് സിപിഐ എം ജില്ലാസെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. മലയാളം-തമിഴ് നിഘണ്ടു രചിച്ച ഞാറ്റ്യേല ശ്രീധരനെ ആദരിക്കാന്‍ മുളിയില്‍നടയില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ടി കോടതിയെന്ന് അപവാദം പ്രചരിപ്പിക്കുന്നവര്‍ ഏത് ലീഗ് കോടതിയാണ് അരിയിലെ കാര്‍പ്പന്ററി തൊഴിലാളി മോഹനനെയും ചെത്തുതൊഴിലാളി കുന്നൂല്‍ രാജനെയും കൊല്ലാക്കൊലചെയ്തതെന്ന് വ്യക്തമാക്കണം. സംഭവത്തിനുശേഷം ബോധംതെളിയാതെ ജീവച്ഛവമായി കിടക്കുകയാണ് മോഹനന്‍ . ഈ കൃത്യം നടത്താന്‍ കല്‍പന നല്‍കിയത് ഏത് ലീഗ് കോടതിയാണെന്ന് മാതൃഭൂമിയും മനോരമയും വെളിപ്പെടുത്തണം.

പട്ടുവം അരിയില്‍ ലീഗ് തീവ്രവാദി താവളമാക്കുകയായിരുന്നു ലക്ഷ്യം. കമ്യൂണിസ്റ്റുകാര്‍ക്കെതിരെ ദേശീയപ്രസ്ഥാനകാലത്ത് ആരംഭിച്ച അപവാദപ്രചാരണവും അക്രമം ഇന്നും ശക്തമായി തുടരുകയാണ്. സ്വാതന്ത്ര്യസമരകാലത്ത് വലതുപക്ഷ കോണ്‍ഗ്രസ് നേതൃത്വമായിരുന്നു എതിര്‍പ്പിന്റെ മുമ്പില്‍ . ഗാന്ധിസത്തിന് എതിരാണെന്നും തൊഴിലാളികളെ സംഘടിപ്പിച്ച് സമരം നടത്തുന്നുവെന്നായിരുന്നു ആക്ഷേപം. എന്നാല്‍ ഈ എതിര്‍പ്പുകളെയൊന്നും വകവയ്ക്കാതെ വടക്കെമലബാറില്‍ സാമ്രാജ്യത്വത്തിനെതിരെ ഉശിരാര്‍ന്ന പോരാട്ടം നയിച്ചത് കമ്യൂണിസ്റ്റ്പ്രസ്ഥാനമാണ്. പൊലീസുമായി ഏറ്റുമുട്ടുന്ന തരത്തിലുള്ള ഉശിരന്‍സമരങ്ങള്‍ ഇവിടെ നടന്നു. ഉശിരാര്‍ന്ന ആ പഴയ പോരാട്ട പാരമ്പര്യം ഇന്നും ഉയര്‍ത്തിപ്പിടിക്കുന്നവരാണ് കണ്ണൂരിലെ കമ്യൂണിസ്റ്റുകാരെന്നും പി ജയരാജന്‍ പറഞ്ഞു.

നിഘണ്ടുവിന്റെ ശില്‍പിക്ക് ജന്മനാടിന്റെ ആദരം

തലശേരി: മലയാളം-തമിഴ് ഭാഷാനിഘണ്ടുവിന്റെ ശില്‍പിക്ക് ജന്മനാടിന്റെ സ്നേഹാദരം. മലയാളഭാഷക്കും സംസ്കാരത്തിനും അമൂല്യ സംഭാവന നല്‍കിയ ഞാറ്റ്യേലശ്രീധരനെ മുളിയില്‍നട ഇഎംഎസ് ഗ്രന്ഥാലയം ആദരിച്ചു. വായനശാലയുടെ ഉപഹാരം സിപിഐ എം ജില്ല സെക്രട്ടറി പി ജയരാജന്‍ നല്‍കി. ലോക്കല്‍സെക്രട്ടറി കാരായി ചന്ദ്രശേഖരന്‍ അധ്യക്ഷനായി. ഞാറ്റ്യേല ശ്രീധരന്റെ സ്ഥിരോത്സാഹത്തിന്റെയും കഠിനപരിശ്രമത്തിന്റെയും ഫലമാണ് 600 പേജുള്ള നിഘണ്ടുവെന്ന് പി ജയരാജന്‍ പറഞ്ഞു. ബീഡിത്തൊഴിലാളിയായി ജീവിതം ആരംഭിച്ച ഞാറ്റ്യേല സര്‍ക്കാര്‍ സര്‍വീസിലെത്തിയപ്പോഴും നാടിനോടും ജനങ്ങളോടുമുള്ള പ്രതിബന്ധത കെടാതെ കാത്തുസൂക്ഷിച്ചിട്ടുണ്ടെന്നും പി ജയരാജന്‍ പറഞ്ഞു. ഡോ. കെ പി മോഹനന്‍ പ്രഭാഷണം നടത്തി. സി സോമന്‍ , വി കെ ബാലന്‍ , പി പ്രമോദ് എന്നിവര്‍ സംസാരിച്ചു. ഞാറ്റ്യേല ശ്രീധരന്‍ മറുപടി പറഞ്ഞു.

deshabhimani 190312

Monday, October 17, 2011

എം ജിയില്‍ പി ജി പരീക്ഷയും ഗവേഷണ പ്രബന്ധങ്ങളും മലയാളത്തിലെഴുതാം

മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ ഭാഷാവിഷയങ്ങളൊഴികെയുള്ള എല്ലാ ബിരുദാനന്തര പരീക്ഷകളും ഗവേഷണ പ്രബന്ധങ്ങളും മലയാള ‘ഭാഷയില്‍ ഉത്തരമെഴുതാന്‍ അനുവദിക്കുന്നതിന് അക്കാദമിക് കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ബിരുദ പരീക്ഷകള്‍ക്ക് ഇപ്പോള്‍ തന്നെ മലയാളത്തില്‍ ഉത്തരമെഴുതാം.മാതൃ‘ഭാഷയില്‍ പഠനം നടത്തുന്ന രാജ്യങ്ങള്‍ ഉല്‍കൃഷ്ട വിഞ്ജാനോത്പ്പാദനം നടത്തുന്നുണ്ടെന്ന് വൈസ് ചാന്‍സലര്‍ പ്രഫ. രാജന്‍ ഗുരുക്കള്‍ വിഷയമവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. മാത്രമല്ല സിവില്‍ സര്‍വ്വീസ് പരീക്ഷ പോലും മലയാളത്തിലെഴുതാന്‍ അനുവദിക്കുന്നുണ്ട്.

മലയാള ഭാഷയുടെ നിലനില്‍പ്പിനും വികാസത്തിനും അനിവാര്യമായ നടപടിയാണിതെന്ന് വിഷയത്തെ അനുകൂലിച്ചുകൊണ്ട് സിന്‍ഡിക്കേറ്റംഗം അഡ്വ. പി കെ ഹരികുമാര്‍ പറഞ്ഞു. ഇന്ന് കേരളത്തില്‍ നിലവിലുള്ള ജീവിത വ്യവഹാരങ്ങളുടെ സമസ്ത മേലകളെയും വിദേശ ഭാഷ കൈയടക്കി കഴിഞ്ഞു. ഇത് മലയാള‘ഭാഷയുടെ മരണമണി മുഴക്കമാണ്.
‘ഭാഷയെ സംരക്ഷിക്കാന്‍ അക്കാദമിക മേഖലകളില്‍ മലയാളത്തിന് അംഗീകാരം നല്‍കിയേ പറ്റു –- അദ്ദേഹം പറഞ്ഞു പി ജി അധ്യാപക കൗണ്‍സില്‍ പ്രസിഡണ്ട് ഏബ്രാഹം പി. തോമസിന്റെ നിവേദനത്തെ ആസ്പദമാക്കിയാണ് ഈ വിഷയം അക്കാദമിക കൗണ്‍സില്‍ ചര്‍ച്ചയ്‌ക്കെടുത്തത്. കഴിഞ്ഞ 20 വര്‍ഷമായി നിരന്തരം ഈ വിഷയം അദ്ദേഹം വിവിധ വേദികളില്‍ ഉന്നയിച്ചിരുന്നു.

കോളജ് അധ്യാപകര്‍ക്ക് പാര്‍ട്ട് ടൈം ഗവേഷണം നടത്താനുതകുന്ന രീതിയില്‍ നിലവിലുള്ള ചട്ടങ്ങള്‍ പരിഷ്‌ക്കരിക്കൂം. അംഗീകൃത ഗവേഷണ കേന്ദ്രങ്ങളില്‍ കോഴ്‌സ് വര്‍ക്ക് നടത്താനനുവദിക്കൂം. ഈ കേന്ദ്രങ്ങള്‍ക്ക് മുമ്പുണ്ടായിരുന്നതു പോലെ പ്രത്യേക ഡോക്ടറല്‍ കമ്മിറ്റികള്‍ രൂപീകരിക്കും. ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ ഭേദഗതി ചെയ്യാനുള്ള ശുപാര്‍ശ സമര്‍പ്പിക്കുവാന്‍ സിന്‍ഡിക്കേറ്റിന്റെ റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് അക്കാദമിക സബ് കമ്മിറ്റികളെ ചുമതലപ്പെടുത്തി. സര്‍വ്വകലാശാല പഠന വകുപ്പുകളുടെ കീഴിലുള്ള ഗവേഷണ പഠനത്തിന് നിലവിലുള്ള മാനദണ്ഡങ്ങള്‍ തന്നെ തുടരും.

ലോകപ്രശസ്ത രസതന്ത്രജ്ഞനും പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേശക സമിതി ചെയര്‍മാനുമായ ഡോ. സി എന്‍ ആര്‍ റാവുവിന് ഡോക്ടര്‍ ഓഫ് സയന്‍സ് ഹോണററി ബിരുദം നല്‍കുവാനും യോഗം സിന്‍ഡിേക്കറ്റിന് ശുപാര്‍ശ ചെയ്തു. എം ജി സര്‍വ്വകലാശാലയില്‍ നിന്ന് ബി എസ് സി നേഴ്‌സിംഗ് പാസായ വിദ്യാര്‍ഥികള്‍ക്ക് കോഴ്‌സ് വര്‍ക്കിന്റെ പേരില്‍ തൊഴിലവസരം നഷ്ടമാകാതിരിക്കാനുള്ള അക്കാദമിക പുന:ക്രമീകരണം അടിയന്തിരമായി ചെയ്യാന്‍ യോഗം വൈസ് ചാന്‍സലറെ ചുമതലപ്പെടുത്തി. യോഗത്തില്‍ ൈവസ് ചാന്‍സലര്‍ പ്രഫ. രാജന്‍ ഗുരുക്കള്‍ അദ്ധ്യക്ഷത വഹിച്ചു. പ്രോ വൈസ് ചാന്‍സലര്‍ ഡോ. രാജന്‍ വറുഗീസ്, സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ. പി കെ ഹരികുമാര്‍, വി എന്‍ ചന്ദ്രമോഹനന്‍, ഡോ. ആര്‍ ശശികുമാര്‍, കെ രാധാകൃഷ്ണന്‍ നായര്‍, ഡോ. സി.റ്റി അരവിന്ദകുമാര്‍, ഡോ. കെ  എം സീതി സംസാരിച്ചു.

janayugom 171011

Tuesday, September 13, 2011

ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ "മരണമില്ലാത്ത മഹാപ്രതിഭക"ളില്‍ ഗാന്ധിജിയില്ല

യുഡിഎഫ് സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രകാശനം ചെയ്ത "മരണമില്ലാത്ത മഹാപ്രതിഭ"കളുടെ പട്ടികയില്‍ നിന്ന് മഹാത്മാഗാന്ധിയെ ഒഴിവാക്കി. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ 141 പുസ്തകത്തിലൊന്നായ "മരണമില്ലാത്ത മഹാപ്രതിഭ"കളില്‍ ഹോമര്‍ മുതല്‍ മൈക്കല്‍ജാക്സന്‍ വരെയുള്ള ലോകത്തെ 168 മഹാന്മാരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജവാഹര്‍ലാല്‍ നെഹ്റുവും ലാല്‍ബഹാദൂര്‍ ശാസ്ത്രിയും മുതുകുളം പാര്‍വതിയമ്മയുമുണ്ട്. എന്നാല്‍ , രാഷ്ട്രപിതാവായ ഗാന്ധിജി മാത്രം ഇല്ല. രാഷ്ട്രപതിയെ നിന്ദിച്ച നടപടിയില്‍ പരക്കെ പ്രതിഷേധമുയര്‍ന്നു.

ലിംക ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്സില്‍ ഇടംനേടിയ രാജേന്ദ്രന്‍ ചെറുപൊയ്കയുടെ പുസ്തകം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരായ കെ സി ജോസഫും വി എസ് ശിവകുമാറും ചേര്‍ന്നാണ് പ്രകാശനം ചെയ്തത്. മരണമില്ലാത്ത മഹാപ്രതിഭകളില്‍ ബിസി 700 മുതല്‍ 1958 വരെ ജനിച്ച മഹാന്മാരെയാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 1869 ഒക്ടോബര്‍ 2നാണ് മഹാത്മാഗാന്ധി ജനിച്ചത്. 1863ല്‍ ജനിച്ച എ ആര്‍ രാജരാജവര്‍മയ്ക്കു ശേഷം വേണ്ടത് 1869ല്‍ ജനിച്ച മഹാത്മാഗാന്ധിയായിരുന്നെങ്കിലും പിന്നീടു നല്‍കിയിരിക്കുന്നത് 1871ല്‍ ജനിച്ച റൂഥര്‍ഫോര്‍ഡ് ഏണസ്റ്റാണ്. കേരളത്തില്‍ നിന്നുള്ള പലരും ഈ പുസ്തകത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. തുഞ്ചത്ത് എഴുത്തച്ഛന്‍ , കേരളവര്‍മ വലിയകോയിത്തമ്പുരാന്‍ , അയ്യന്‍കാളി, ചട്ടമ്പി സ്വാമികള്‍ , ശ്രീനാരായണഗുരു, വള്ളത്തോള്‍ , ആറ്റൂര്‍ കൃഷ്ണപിഷാരടി, കെ അയ്യപ്പന്‍ , എ കെ ജി, മുതുകുളം പാര്‍വതിയമ്മ, ഇ എം എസ് നമ്പൂതിരിപ്പാട്, മാധവിക്കുട്ടി, പി ജെ ആന്റണി തുടങ്ങിയവരുമുണ്ട്.

deshabhimani 130911

Monday, September 5, 2011

മലയാളഭാഷാപഠനം നിര്‍ബന്ധമാക്കി

സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ മലയാളഭാഷാപഠനം നിര്‍ബന്ധമാക്കിയും മറ്റിതരഭാഷകള്‍ ഒന്നാംഭാഷയായെടുത്തു പഠിക്കുന്ന കുട്ടികള്‍ക്കു മലയാളഭാഷാപഠനത്തിനു കൂടുതല്‍ പീരിയഡുകള്‍ അനുവദിച്ചും സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതുപ്രകാരം പൊതുവിദ്യാലയങ്ങളില്‍ ചൊവ്വാഴ്ചകളില്‍ എട്ടു പീരിയഡുകളായിരിക്കും ഉണ്ടാവുക. ഓറിയന്റല്‍ വിദ്യാലയങ്ങളില്‍ ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലായി മൂന്നു പീരിയഡുകള്‍ കണ്ടെത്തി മലയാളം പഠിപ്പിക്കും. ഈ ദിവസങ്ങളില്‍ എട്ടു പീരിയഡുകളായിരിക്കും. സംസ്ഥാനത്തെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറികളില്‍ മലയാളം പഠിപ്പിക്കുന്നതിനും എല്ലാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ മലയാളഭാഷാ പഠനം ഉറപ്പാക്കുന്നതിനും ആവശ്യമായ റിപ്പോര്‍ട്ടുകള്‍ നല്‍കാന്‍ ബന്ധപ്പെട്ട ഡയറക്ടര്‍മാരെ ചുമതലപ്പെടുത്തി. സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ മലയാളഭാഷാ പഠനം നിര്‍ബന്ധമാക്കി സര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. എന്നാല്‍, ഈ ഉത്തരവ് സംബന്ധിച്ചു ചില പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് വീണ്ടും ഭേദഗതി ഉത്തരവ് പുറപ്പെടുവിക്കുന്നതെന്നും വിദ്യാഭ്യാസ വകുപ്പ് ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ പത്താംക്ലാസ് വരെ മലയാളം നിര്‍ബന്ധഭാഷയായിരിക്കും.

കന്നട, ഗുജറാത്തി എന്നിവ മാതൃഭാഷയായുള്ള കുട്ടികള്‍ക്ക് അവരുടെ മാതൃഭാഷ ഒന്നാംഭാഷയായിത്തന്നെ പഠിക്കാന്‍ നിലവിലെ സംവിധാനം തുടരും. എന്നാല്‍, അവര്‍ക്കു നിലവിലെ ഭാഷയ്ക്കു പുറമേ മലയാളം കൂടി പഠിക്കാന്‍ സാഹചര്യമൊരുക്കും. അറബി, സംസ്‌കൃതം ഓറിയന്റല്‍ സ്‌കൂളുകളിലും ഒന്നാംഭാഷ പാര്‍ട്ട് രണ്ടില്‍ മലയാളംകൂടി പഠിപ്പിക്കും. പാര്‍ട്ട് രണ്ടില്‍ രണ്ടു പേപ്പറുകളായിരിക്കും. പേപ്പര്‍ ഒന്നില്‍ അറബി/സംസ്‌കൃതവും പേപ്പര്‍ രണ്ടില്‍ മലയാളവും പഠിപ്പിക്കും. എല്ലാ വിഭാഗം സ്‌കൂളുകളിലും സ്‌പെഷ്യല്‍ ഇംഗ്ലീഷ് ഘട്ടംഘട്ടമായി ഒഴിവാക്കും. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സി ബി എസ് ഇ/ഐ സി എസ് ഇ, മറ്റു ബോര്‍ഡുകള്‍ക്കു കീഴിലെ സ്‌കൂളുകളില്‍ മലയാളഭാഷ നിര്‍ബന്ധവിഷയമായി പഠിപ്പിക്കണം. വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ഉത്തരം സ്‌കൂളുകള്‍ക്കു നല്‍കുന്ന അംഗീകാര സര്‍ട്ടിഫിക്കറ്റില്‍ ഇതൊരു വ്യവസ്ഥയായി നിഷ്‌കര്‍ഷിക്കും. ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങളില്‍ മലയാളം ഒന്നാംഭാഷയാക്കുന്നതും ദേശീയ ഭാഷയായ ഹിന്ദി, മറ്റു ഭാഷകളായ അറബി, ഉറുദു, സംസ്‌കൃതം തുടങ്ങിയവയുടെയും പ്രാധാന്യം ഉള്‍ക്കൊണ്ട് പ്രായോഗിക നിര്‍ദേശളടങ്ങിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറെ ചുമതലപ്പെടുത്തിയതായും ഉത്തരവില്‍ വ്യക്തമാക്കുന്നു.

janayugom 050911

Saturday, August 27, 2011

മലയാളം കുറ്റകൃത്യമാകുന്നത്‌ അടിമ മനോഭാവത്തില്‍

സ്‌കൂളില്‍ മലയാളം സംസാരിച്ചതിന്‌ നൂറില്‍പരം വിദ്യാര്‍ഥികള്‍ക്ക്‌ ആയിരം രൂപ വീതം പിഴ. പിഴ അടച്ചില്ലെങ്കില്‍ കുട്ടികള്‍ സ്‌കൂളിനു പുറത്ത്‌. സംഭവം അന്വേഷിക്കുന്നവരോട്‌ `കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കും മുമ്പ്‌ മലയാളം സംസാരിക്കുന്നത്‌ കുറ്റകൃത്യമാണെന്ന്‌ അറിയിച്ചിരുന്നു' എന്ന മറുപടി നല്‍കുന്ന സ്‌കൂള്‍ അധികൃതര്‍. വിവരം അറിഞ്ഞ മലയാളത്തിന്റെ കവയത്രി സുഗതകുമാരി ചോദിക്കുന്നു, `ഇവര്‍ ഏതു ലോകത്താണ്‌ ജീവിക്കുന്നത്‌, ഇത്തരക്കാരെ രാജ്യദ്രോഹ കുറ്റത്തിന്‌ വിചാരണ ചെയ്യണം'. മലയാളികളുടെ തലമുതിര്‍ന്ന സാംസ്‌കാരിക നായകന്‍ ഡോ സുകുമാര്‍ അഴിക്കോട്‌ ഈ പ്രതിഭാസത്തെ ഒറ്റവാക്കില്‍ വിലയിരുത്തി. `നാണക്കേട്‌'. ഇത്തരം സ്‌കൂളുകള്‍ നാടിനും നാട്ടാര്‍ക്കും അമ്പെ നാണക്കേടാണ്‌.

സ്വന്തം ഭാഷയെക്കുറിച്ചുള്ള ന്യായമായ ആത്മാഭിമാനത്തിന്റെ അതിര്‍വരമ്പുകളെ ലംഘിക്കുന്ന ഭാഷാഭ്രാന്ത്‌ മലയാളത്തിന്റെയും മലയാളിയുടെയും സ്വത്വമല്ല. ഭൂമിശാസ്‌ത്രപരവും കാര്‍ഷികോല്‍പ്പന്നമടക്കമുള്ള പ്രകൃതിവിഭവങ്ങളുടെയും മറ്റും പരിമിതിമൂലവും പശ്ചിമഘട്ടത്തെയും അറബിക്കടലിനെയും കടന്ന്‌ ലോകമെങ്ങും വ്യാപിക്കാന്‍ നിര്‍ബന്ധിതനാണ്‌ മലയാളി. അതുകൊണ്ട്‌ തന്നെ സ്വന്തം ഭാഷയിലും സംസ്‌കാരത്തിലും മിഥ്യാഭിമാനിയാവാന്‍ മലയാളിക്കാവില്ല. എത്തിപ്പെടുന്ന നാടുകളില്‍ അവിടുത്തെ ഭാഷയെയും സംസ്‌കാരത്തെയും ആദരിക്കാനും സ്വായത്തമാക്കാനുമുള്ള യാഥാര്‍ഥ്യബോധം അവനുണ്ട്‌. മലയാളി ലാളിത്യവും വിനീതത്വവുമുള്ള വിശ്വപൗരനായി മാറിയത്‌ അങ്ങനെയാണ്‌. അതാണ്‌ അനേകം പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ ലോകം അംഗീകരിക്കുന്ന `കേരളാ മോഡലി'നു ഉടമകളാക്കി നമ്മെ മാറ്റിയതും.

ആധുനിക വിവരവിജ്ഞാന വിനിമയ സാങ്കേതങ്ങളുടെ വിസ്‌ഫോടനത്തിന്റെ ഈ കാലത്ത്‌ സ്വന്തം പരിമിതികള്‍ക്കുള്ളില്‍ ചുരുങ്ങികൂടുന്ന ഭാഷാഭ്രാന്തന്‍മാരാകാന്‍ നാം ആഗ്രഹിക്കുന്നില്ല. അതുകൊണ്ടുതന്നെയാണ്‌ സ്‌കൂള്‍ പൂര്‍വകാലം മുതല്‍ ഇംഗ്ലീഷ്‌ ഭാഷാ പഠനത്തിനും സര്‍ക്കാര്‍ - എയ്‌ഡഡ്‌ മേഖലയെന്ന വ്യത്യാസം കൂടാതെ നാം ഊന്നല്‍ നല്‍കാന്‍ തുടങ്ങിയത്‌. സ്വാശ്രയമേഖലയുള്‍പ്പെടെ സെക്കന്‍ഡറി തലംവരെ മലയാളം ഒന്നാം ഭാഷയാക്കാന്‍ എല്‍ ഡി എഫ്‌ സര്‍ക്കാര്‍ മുന്‍കൈയെടുത്തത്‌ ഈ യാഥാര്‍ഥ്യത്തെ ഒട്ടും വിസ്‌മരിച്ചുകൊണ്ടും അല്ല. എന്നാല്‍ ഇംഗ്ലീഷ്‌ ഭാഷാ പഠനമാണ്‌, അത്‌ മാത്രമാണ്‌, മലയാളിക്ക്‌ രക്ഷപ്പെടാനുള്ള ഏക മാര്‍ഗമെന്ന ചിന്തയും കാഴ്‌ചപ്പാടും പലരെയും ഇനിയും വിട്ടുപിരിയാത്ത അടിമ മനോഭാവമാണ്‌, കോളനി വിധേയത്വ ചിന്തയാണ്‌. അത്‌ മലയാളത്തോടും ഈ നാടിന്റെ മഹത്തായ സംസ്‌കാരത്തോടുമുള്ള അനാദരവില്‍ നിന്നും അവജ്ഞയില്‍ നിന്നുമാണ്‌ ഉടലെടുക്കുന്നത്‌.

കേരളത്തിലെ മുഴുവന്‍ വിദ്യാലയങ്ങളിലും മലയാളം ഒന്നാം ഭാഷയായി പഠിപ്പിക്കണമെന്നത്‌ തിരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ ഭരണകൂടം ആവിഷ്‌കരിച്ചു നടപ്പിലാക്കിയ നിയമമാണ്‌. അതിലുപരി, സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷ സംസാരിക്കുന്നത്‌ കുറ്റകൃത്യമായി വ്യാഖ്യാനിക്കപ്പെടുന്നത്‌ നിയമലംഘനമാണ്‌. ഈ നിയമലംഘനം തൂശൂര്‍ ജില്ലയിലെ മാളയില്‍ ഹോളി ഗ്രേസ്‌ സ്‌കൂളില്‍ മാത്രമാണ്‌ നടക്കുന്നതെന്നും കരുതുന്നില്ല. ഹോളി ഗ്രേസ്‌ സ്‌കൂള്‍ ഒരു മുന്നറിയിപ്പാണ്‌ നല്‍കുന്നത്‌. ഈ വിധം നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ക്കശ ശിക്ഷാ നടപടികള്‍ കൈക്കൊള്ളാന്‍ നാടുഭരിക്കുന്ന ഗവണ്‍മെന്റ്‌ തയ്യാറാവണം. നിയമങ്ങളും വ്യവസ്ഥകളും ലംഘിച്ച്‌ നാട്ടിലുടനീളം കൂണുപോലെ മുളച്ചുപൊന്തിയ സ്വകാര്യ സ്വാശ്രയ സി ബി എസ്‌ ഇ-ഐ സി എസ്‌ ഇ സ്‌കൂളുകള്‍ക്ക്‌ മതസമുദായപ്രീണനത്തിന്റെ തളികയില്‍ അംഗീകാരം വച്ചുനീട്ടുന്ന ഐക്യജനാധിപത്യമുന്നണി സര്‍ക്കാരിന്‌ അതിനുള്ള തന്റേടവും നിശ്ചയദാര്‍ഢ്യവും ഉണ്ടോ എന്നാണ്‌ ഇവിടെ ഉയരുന്ന ചോദ്യം.

ഇംഗ്ലീഷ്‌ പഠിപ്പിക്കാന്‍ പിഴയും പുറത്താക്കലും ഭീഷണിയുമല്ല മാര്‍ഗമെന്ന്‌ വിദ്യാഭ്യാസ കച്ചവടത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ തിരിച്ചറിയണം. വിദ്യാഭ്യാസം കച്ചവടമാക്കി മാറ്റുന്നവര്‍ ഭാഷാപഠനത്തിനുള്ള ആധുനിക സങ്കേതങ്ങളും സംവിധാനങ്ങളും എന്താണെന്ന്‌ പഠിക്കണം. തങ്ങള്‍ക്കു ലഭിക്കുന്ന ലാഭത്തിന്റെ ഒരു വിഹിതം ചിലവഴിച്ചാല്‍ ഏത്‌ ഭാഷാപഠനത്തിനും ആവശ്യമായ ആധുനിക സാങ്കേതികവിദ്യകളും ഉപകരണങ്ങളും അനുബന്ധ സംവിധാനങ്ങളും സജ്ജമാക്കാന്‍ കഴിയും. അതൊരുക്കി നല്‍കാതെ മലയാളഭാഷയെന്ന അമ്മയുടെ നെഞ്ചില്‍ കുതിര കയറാന്‍ നടത്തുന്ന ഏതു ശ്രമത്തെയും അഭിമാനബോധമുള്ള മലയാളി എതിര്‍ത്തു പരാജയപ്പെടുത്തും.

കൊളോണിയല്‍ ദാസ്യമനോഭാവവും അശാസ്‌ത്രീയ ബോധനരീതികളും അസ്വാതന്ത്ര്യത്തിന്റെ അന്തരീക്ഷവും കൈമുതലും മുഖമുദ്രയുമാക്കിയ സ്വകാര്യ സ്വാശ്രയ പാഠശാലകളിലേയ്‌ക്ക്‌ തങ്ങളുടെ കുട്ടികളെ അടിമകളെപ്പോലെ തെളിച്ചുവിടുന്ന രക്ഷിതാക്കള്‍ സ്വയം ചിന്തിക്കാന്‍ ഈ അവസരം വിനിയോഗിക്കണം. സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായുവും വെള്ളിവെളിച്ചവുമുള്ള പാഠശാലകള്‍ക്കെ ഉത്തമ പൗരന്‍മാരെയും നല്ല മനുഷ്യരെയും സൃഷ്‌ടിക്കാനാവൂ. അത്‌ ഓരോ കുട്ടിയുടെയും ജന്മാവകാശമാണ്‌. അത്‌ നിഷേധിക്കരുത്‌.

janayugom editorial 270811

പഠനം പാല്‍പ്പായസം ..:)

അധ്യാപകന്‍ വിദ്യാര്‍ഥിയുടെ പല്ല് അടിച്ചു കൊഴിച്ചു;പണം നല്‍കി ഒത്തുതീര്‍ത്തു

തൃക്കരിപ്പൂര്‍ : വാക്യങ്ങളുടെ അവസാനം ഫുള്‍ സ്റ്റോപ്പിടാത്തതിന് അധ്യാപകന്‍ വിദ്യാര്‍ഥിയുടെ കരണത്തടിച്ച് പല്ലുകൊഴിച്ചു. സംഭവം വിവാദമായതോടെ 20,000 രൂപ നല്‍കി ഒത്തുതീര്‍ത്തു. വിദ്യാര്‍ഥിയുടെ ബന്ധുക്കള്‍ ആദ്യം ഒരുലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും ഒടുവില്‍ 20,000 രൂപയ്ക്ക് സമ്മതിക്കുകയായിരുന്നു. പടന്നയിലെ ഒരു ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് ബയോളജി അധ്യാപകന്റെ അടിയേറ്റ് ഒമ്പതാം ക്ലാസുകാരന്റെ മുന്‍വശത്തെ പല്ല് കൊഴിഞ്ഞത്.

എടച്ചാക്കൈയിലെ അഗതി മന്ദിരത്തില്‍ താമസിച്ചു പഠിക്കുന്ന പതിനാലുകാരന്‍ കാഞ്ഞങ്ങാട് മീനാപ്പീസ് സ്വദേശിയാണ്. വിവരമറിഞ്ഞ് കുട്ടിയുടെ ബന്ധുക്കള്‍ സ്കൂളിലെത്തി ബഹളം വച്ചു. നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ ലഭിക്കണമെന്നായിരുന്നു ആവശ്യം. ഇല്ലെങ്കില്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് അധ്യാപകനെയും സ്കൂള്‍ മാനേജ്മെന്റിനെയും ഭീഷണിപ്പെടുത്തി. സംഗതി പന്തിയല്ലെന്ന് തിരിച്ചറിഞ്ഞ അധ്യാപകന്‍ പണം നല്‍കി തടിയൂരുകയായിരുന്നു.

പ്രതിഷേധമായി ടീഷര്‍ട്ട് ധരിച്ചെത്തിയ 420 വിദ്യാര്‍ഥികളെ പുറത്താക്കി
മൂവാറ്റുപുഴ: യൂണിഫോം ബഹിഷ്കരിച്ച് ടീഷര്‍ട്ട് ധരിച്ച് ക്യാമ്പസിലെത്തിയ 420 എന്‍ജിനിയറിങ് വിദ്യാര്‍ഥികളെ കോളേജ് അധികൃതര്‍ സസ്പെന്‍ഡ്ചെയ്തു. മൂവാറ്റുപുഴ ഇലാഹിയ എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ഥികളെയാണ് സസ്പെന്‍ഡ്ചെയ്തത്. കോളേജില്‍ ചേരുമ്പോള്‍ മാനേജ്മെന്റ് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പുതിയ സമരമുറയുമായി നാലാംവര്‍ഷ വിദ്യാര്‍ഥികള്‍ രംഗത്തെത്തിയത്. ടീഷര്‍ട്ട് ധരിച്ചെത്തിയ ആണ്‍കുട്ടികള്‍ക്കെതിരെ നടപടിയെടുക്കാനാണ് അധികൃതര്‍ ആദ്യം ശ്രമിച്ചത്. എന്നാല്‍ , പെണ്‍കുട്ടികളടക്കം പ്രതിഷേധവുമായെത്തിയപ്പോള്‍ ആറ് ബാച്ചുകളിലെ 420 വിദ്യാര്‍ഥികളെ സസ്പെന്‍ഡ്ചെയ്യുകയായിരുന്നു. ബുധനാഴ്ച യൂണിഫോമിനു പകരം മറ്റു വസ്ത്രങ്ങള്‍ ധരിക്കാമെങ്കിലും ടീഷര്‍ട്ടിന് ക്യാമ്പസില്‍ നിരോധമുണ്ട്.

കോളേജില്‍ അടിസ്ഥാനസൗകര്യമടക്കം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നാളുകളായി പ്രതിഷേധത്തിലായിരുന്നു. കോളേജ് ഫീസിനത്തില്‍ പറഞ്ഞിരുന്ന 30,750 രൂപയ്ക്കു പകരം 35,750 രൂപയാണ് ഇവിടെ ഈടാക്കുന്നത്. ഇന്റര്‍നെറ്റ് ഫീസ് 500 രൂപയ്ക്കു പകരം 800 രൂപയാക്കി. ക്യാമ്പസില്‍ വൈ-ഫൈ സൗകര്യമുണ്ടെന്ന് പ്രവേശനസമയത്ത് പറഞ്ഞിരുന്നെങ്കിലും ഇതവരെ നടപ്പാക്കിയിട്ടില്ല. ടീഷര്‍ട്ട് ധരിക്കാനുള്ള വിലക്ക് ഒഴിവാക്കുക, ബൈക്ക്ഷെഡ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ വിദ്യാര്‍ഥികള്‍ ഉന്നയിച്ചു. കല്‍ാമ്പസിലെ ഹോസ്റ്റലിലേക്ക് ഓട്ടോറിക്ഷയില്‍ എത്തുന്ന വിദ്യാര്‍ഥികളെ ക്യാമ്പസിന്റെ കവാടത്തില്‍ തടഞ്ഞ് നടത്തിക്കുകയാണ് പതിവ്. വിദ്യാര്‍ഥികളുമായി ചര്‍ച്ചയ്ക്കില്ലെന്ന നിലപാടിലാണ് കോളേജ് അധികൃതര്‍ . ഇതോടെ എല്ലാവിഭാഗം വിദ്യാര്‍ഥികളും സമരത്തിനിറങ്ങുന്ന സ്ഥിതിയാണ്. അധികൃതരുടെ നിലപാടിനെതിരെ വിദ്യാര്‍ഥികള്‍ കോളേജിന്റെ മെയിന്‍ ബ്ലോക്ക് ഉപരോധിച്ചു. തുടര്‍ന്നാണ് വിദ്യാര്‍ഥികളെ സസ്പെന്‍ഡ്ചെയ്തത്.

സസ്പെന്‍ഷന്‍ പിന്‍വലിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു. വിദ്യാര്‍ഥികള്‍ക്കെതിരെ ഇലാഹിയ കോളേജ് അധികൃതര്‍ എടുത്ത നടപടിയില്‍ എസ്എഫ്ഐ മൂവാറ്റുപുഴ ഏരിയകമ്മിറ്റി പ്രതിഷേധിച്ചു.

മലയാളത്തില്‍ സംസാരിച്ചതിന് സ്‌കൂളധികൃതര്‍ വിദ്യാര്‍ഥികളില്‍ നിന്ന് പിഴ ഈടാക്കി


മാള: മലയാളദിനത്തില്‍പോലും മലയാളം സംസാരിക്കാന്‍ വിലക്കുമായി ഒരു വിദ്യാലയം. ക്ലാസ് സമയത്ത് സ്‌കൂളില്‍ മലയാളം സംസാരിച്ചാല്‍ ആയിരം രൂപ വരെയാണ് ഇവിടെ പിഴ. മാള ഹോളിഗ്രേസ് അക്കാദമിയിലാണ് മലയാളത്തിന് വിലക്ക് കല്‍പ്പിച്ചിരിക്കുന്നത്.

മലയാളം സംസാരിച്ചതിന്റെ പേരില്‍ സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥികളില്‍ നിന്ന് 1000 രൂപ വരെ പിഴ ഈടാക്കുന്നതായി രക്ഷിതാക്കള്‍ ആരോപിക്കുന്നു. ഈ അധ്യയനവര്‍ഷം തന്നെ ഒരു ലക്ഷത്തോളം രൂപ ഇങ്ങനെ പിരിച്ചിട്ടുണ്ടത്രെ. പിഴയൊടുക്കാത്ത വിദ്യാര്‍ഥികളെ ക്ലാസില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്.

മാതൃഭാഷ എല്ലാ വിദ്യാലയങ്ങളിലും നിര്‍ബന്ധമാക്കാനുള്ള നീക്കങ്ങള്‍ക്കിടയിലാണ് ഈ സി ബി എസ് ഇ സ്‌കൂളില്‍ ഇംഗ്ലീഷ് മാത്രമേ സംസാരിക്കാനാകൂ എന്ന നിയമം നിര്‍ബന്ധിതമായി നടപ്പാക്കുന്നത്. ഒന്നാംക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വരെ മലയാളം അറിയാതെ പറഞ്ഞുപോയാല്‍ പിഴയൊടുക്കേണ്ട അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഈ നിയമത്തോട് പല രക്ഷിതാക്കള്‍ക്കും എതിര്‍പ്പുണ്ട്. നാലായിരത്തോളം വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്.

എല്ലാ ദിവസവും പരീക്ഷ നടത്തുന്ന സമ്പ്രദായം കഴിഞ്ഞവര്‍ഷം ഈ സ്‌കൂളില്‍ നടപ്പാക്കിയത് വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. എ ഐ എസ് എഫ് അടക്കമുള്ള സംഘടനകള്‍ ഇതിനെതിരെ സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.

എന്നാല്‍ സംഭവം ഊതിപെരുപ്പിച്ചതാണെന്ന് അക്കാദമി ചെയര്‍മാന്‍ രാജു ഡേവീസ് പെരേപ്പാടന്‍ പറഞ്ഞു. ഉയര്‍ന്ന ക്ലാസുകളിലെ വിദ്യാര്‍ഥികളെ മാത്രമാണ് മലയാളം പറയുന്നതില്‍ നിന്ന് നിരുത്സാഹപ്പെടുത്തുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് നിരവധി അധ്യാപകര്‍ ക്ലാസെടുക്കുന്നതിനാല്‍ സ്വാഭാവികമായും ഇംഗ്ലീഷില്‍ സംസാരിക്കുന്നതാണ് ഇവിടുത്തെ രീതി.
മലയാളഭാഷ സംസാരിച്ചതിന് വിദ്യാര്‍ഥികളില്‍ നിന്നു പിഴ ഈടാക്കുന്നത് അപലപനീയമാണെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് പറഞ്ഞു. മലയാളഭാഷയ്ക്ക് പ്രാധാന്യം നല്‍കാന്‍ നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്. ഇതിനെ തുരങ്കം വയ്ക്കാന്‍ ആരേയും അനുവദിക്കില്ല. ഹോളി ഗ്രേസ് സ്‌കൂളിലെ സംഭവം സംബന്ധിച്ച് അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കും. നിലവിലുള്ള നിയമങ്ങളെ ലംഘിക്കാന്‍ ആരേയും അനുവദിക്കില്ലെന്നും പി കെ അബ്ദുറബ്ബ് പ്രതികരിച്ചു.

മലയാളം സംസാരിച്ചതിന് വിദ്യാര്‍ഥിയില്‍ നിന്നു പിഴ ഈടാക്കിയ സംഭവം സംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി എം എ ബേബി പറഞ്ഞു.  സംസ്ഥാനത്തെ സ്‌കൂളുകളില്‍ മലയാളം ഒന്നാം ഭാഷയാക്കിക്കൊണ്ടുള്ള ഉത്തരവ് എല്‍ ഡി എഫ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ സംസ്ഥാനത്ത് ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടില്ല. മാനേജുമെന്റുകളെ നിലക്ക് നിര്‍ത്താനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണം. വിദ്യാര്‍ഥികളില്‍  നിന്നും ആയിരം രൂപ പിഴ ഈടാക്കിയ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ പ്രവര്‍ത്തനം ധിക്കാരപരമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ അനുവദിച്ചാല്‍ വിദ്യാഭ്യാസ മേഖലയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. ഇത്തരം പ്രവണതകളെ മുളയിലേ നുള്ളാനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും  എം എ ബേബി പറഞ്ഞു.

മലയാളം സംസാരിച്ചതിന് കുട്ടികളില്‍ നിന്നും പിഴ ഈടാക്കിയ സംഭവം ശിക്ഷയെക്കാള്‍ വലിയ കുറ്റമാണെന്ന് സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ പറഞ്ഞു  മലയാളം കേവലം ഭാഷയല്ല, മറിച്ച് ഒരു സംസ്‌കാരമാണ്. അതിനെ ഇല്ലാതാക്കുന്ന നടപടിയാണ് സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായത്. ഇത്തരം അനാരോഗ്യകരണമായ പ്രവണതകളെ ചെറുക്കണം.

മലയാളം സംസാരിച്ചതിന് പിഴ ഈടാക്കിയത് നാടിന് നാണക്കേടാണെന്ന് സുഗതകുമാരി പ്രതികരിച്ചു. മലയാള ഭാഷയെ അപമാനിക്കലാണ്. ഇവര്‍ ഏത് ലോകത്താണ് ജീവിക്കുന്നത്. ഇത്തരക്കാരെ രാജ്യദ്രോഹകുറ്റത്തിന് വിചാരണ ചെയ്യണമെന്ന് സുഗതകുമാരി പറഞ്ഞു.

ദേശാഭിമാനി/ജനയുഗം വാര്‍ത്തകള്‍