Showing posts with label സാങ്കേതികവിദ്യ. Show all posts
Showing posts with label സാങ്കേതികവിദ്യ. Show all posts

Wednesday, June 19, 2013

ഇന്റര്‍നെറ്റ് വ്യാപകമാക്കാന്‍ ഗൂഗിള്‍ ബലൂണുകള്‍

ഭൂമിയില്‍ ഇന്റര്‍നെറ്റ് സൗകര്യം   എല്ലായിടത്തും  ലഭ്യമാകുന്നതിന്റെ ഭാഗമായി ഇന്റര്‍നെറ്റ് സംവിധാനമുള്ള ബലൂണുകള്‍ ഗൂഗിള്‍ വിജയകരമായി വിക്ഷേപിച്ചു.  ജെല്ലി ഫിഷിനെപ്പോലെയുള്ള ഗൂഗിളിന്റെ  ഇന്റര്‍നെറ്റ് ബലുണുകള്‍് കാറ്റിന്റെ ഗതിക്കനുസരിച്ചാണ് സഞ്ചരിക്കുന്നത്.  സൗത്ത് ഐസ്ലാന്റിലാണ് ഗൂഗിള്‍ പരീക്ഷണം നടത്തിയത്. ഭൂമിയില്‍ നിന്ന് 20 കിലോമീറ്റര്‍ ദൂരെയായിരിക്കും ബലൂണുകളുടെ സഞ്ചാര പഥം. ആദ്യ ഘട്ടമെന്ന നിലയില്‍ ആന്റിന പിടിപ്പിച്ച 30 ഹീലിയം ബലൂണുകള്‍ ന്യൂസിലന്‍ഡിലെ െ്രെകസ്റ്റ് ചര്‍ച്ച് നഗരത്തിനു മുകളില്‍ 12.4 കിലോമീറ്റര്‍ ഉയരത്തില്‍ നിലയുറപ്പിക്കും.

ലൂണ്‍ മിഷന്‍ കണ്‍ട്രോള്‍ റൂമുകളില്‍ നിന്നാണ് ഇത്തരം ബലൂണുകളെ നിയന്ത്രിക്കുന്നത്. വിമാനങ്ങള്‍ പറക്കുന്ന വിതാനത്തിന് മുകളിലും സാറ്റ് ലൈറ്റുകളുടെ സഞ്ചാര പഥത്തിന് താഴയുമാണ് ഗൂഗിള്‍ ബലൂണുകളുടെ സഞ്ചാരം. ആഗോള ഇന്റര്‍നെറ്റ് പ്രൊവൈഡര്‍മാരുമായി കണക്ട്റ്റ് ചെയ്യപ്പെട്ട ഭൂമിയിലെ സ്‌റ്റേഷനുകളില്‍ നിന്നാണ് ബലൂണിലേക്കുള്ള സിഗ്‌നലുകള്‍ പ്രവഹിക്കുന്നത്. ഇത് തൊട്ടടുത്തുള്ള ബലൂണുകളിലേക്കും കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. അങ്ങനെ ആകാശത്ത് മറ്റൊരു ബലൂണ്‍ ഇന്റെര്‍നെറ്റ് വലയം തീര്‍ത്തതിന് ശേഷമാണ് താഴെ വീടുകളിലും സ്ഥാപനങ്ങളിലുമുള്ള റിസീവറുകളിലേക്ക് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നത്.

നാസയുടെയും യു എസ് പ്രതിരോധ വകുപ്പിന്റെയും സഹായത്തോടെയാണ് ബലൂണുകള്‍ നിര്‍മ്മിച്ചത്.  പുതിയ ഇന്റര്‍നെറ്റ് ബലൂണ്‍ ലോകത്തിലെ ഇന്റര്‍നെറ്റ് ലഭിക്കാത്ത4.8 ബില്ല്യണ്‍ ജനങ്ങള്‍ളെയാണ് ലക്ഷ്യം വെയ്ക്കുന്നതെന്ന് ഗൂഗിള്‍ വ്യക്തമാക്കി. ഈ പരീക്ഷണത്തിന്റെ എല്ലാ ഘട്ടങ്ങളും വിജയകരമാവുകയാണെങ്കില്‍ ഇന്റര്‍നെറ്റ് ലഭ്യത കുറഞ്ഞ ആഫ്രിക്കയിലേയും തെക്ക് പടിഞ്ഞാറന്‍ ഏഷ്യയിലേയും രാജ്യങ്ങള്‍ക്ക് ഉപയോഗിക്കാനാകും.

ഇന്റര്‍നെറ്റ് ഉണ്ടെങ്കിലും ബ്രോഡ്ബാന്റ് സംവിധാനമില്ലാത്ത വികസ്വര രാഷ്ട്രങ്ങള്‍ക്കും ഇത് ഉപയോഗിക്കാം.  300 ബലൂണുകള്‍ പുറത്തിറക്കാനാണ് ഗൂഗിള്‍ പദ്ധതിയിടുന്നത്.

ഭൂമികുലുക്കമുണ്ടാകുകയും ഒരു പ്രദേശമാകെ ഒറ്റപ്പെട്ടുപോകുകയും ചെയ്യുന്ന സമയത്ത് സ്ഥലത്തുനിന്നുള്ള വിവരങ്ങള്‍ പുറത്തേക്ക് എത്തിക്കുന്നതിനും പ്രദേശത്തെ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഒരുക്കുന്നതിനും പുതിയ സംവിധാനംകൊണ്ട് സാധ്യമാവുമെന്നും ഗൂഗിള്‍ അറിയിച്ചു.

janayugom

Sunday, September 2, 2012

രാജ്യത്തെ മൊബൈലുകള്‍ക്ക് ഉയര്‍ന്ന റേഡിയേഷന്‍


രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ എല്ലാ മൊബൈല്‍ ഫോണും വിവര വിനിമയ മന്ത്രാലയം പുതുതായി നിര്‍ദേശിച്ച റേഡിയേഷന്‍പരിധിക്ക് മുകളിലുള്ളതെന്ന്റിപ്പോര്‍ട്ട്. മൊബൈല്‍ ഫോണ്‍ പുറപ്പെടുവിക്കുന്ന റേഡിയേഷന്‍പരിധി അമേരിക്കയിലേതിന് തുല്യമാക്കി നിജപ്പെടുത്തിയതോടെ കമ്പനികള്‍ ആ നിലവാരത്തില്‍ ഫോണ്‍ നിര്‍മിക്കേണ്ടിവരും. ഒരാള്‍ ആറ് മിനിറ്റ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ മനുഷ്യമസ്തിഷ്കത്തിലെ ഒരു കിലോ യൂണിറ്റില്‍ ആഗിരണംചെയ്യുന്ന റേഡിയേഷന്‍ പരിധി (എസ്എആര്‍-സ്പെസിഫിക് അബ്സോര്‍പ്ഷന്‍ റേറ്റ്) 1.6 വാട്ടില്‍ അധികമാകരുതെന്നാണ് മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്. ഇതുവരെ പരിധി രണ്ട് വാട്ടായിരുന്നു. അമേരിക്കയിലെ റെഗുലേറ്ററി കമീഷനായ ഫെഡറല്‍ കമ്യൂണിക്കേഷന്‍ നിജപ്പെടുത്തിയ നിലവാരത്തിലാണ് ഇന്ത്യയില്‍ പുതിയ പരിധി നിശ്ചയിച്ചത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ പരിധി ഒരു വാട്ടാണ്.
ഫോണിന്റെ റേഞ്ച് വര്‍ധിപ്പിക്കാനാണ് കമ്പനികള്‍ റേഡിയേഷന്‍ നിരക്ക് ഉയര്‍ത്തുന്നത്. ഇത്തരം ഫോണുകളാണ് ഇന്ത്യന്‍ വിപണിയില്‍ വരുന്നത്. കൂടുതല്‍ റേഡിയേഷനുള്ള ഫോണ്‍ ക്യാന്‍സറിനും ജനിതകവൈകല്യത്തിനുംവരെ കാരണമാകുന്നെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും എസ്എആര്‍ പരിധി താഴ്ത്തിയത്. ഇന്ത്യയില്‍ ഉയര്‍ന്ന പരിധി നിലനിന്നപ്പോഴും അതിലും മുകളിലായിരുന്നു വിപണിയിലെത്തിയ മൊബൈലുകളുടെ എസ്എആര്‍ പരിധി. റേഡിയേഷന്‍ നിരക്ക് ഫോണില്‍ രേഖപ്പെടുത്തുന്ന രീതിയും ഇവിടെയില്ല. പുതുതായി നിശ്ചയിച്ച നിലവാരത്തില്‍ മൊബൈല്‍ ഫോണുകള്‍ ഇറക്കുമതി ചെയ്യുകയോ ഉല്‍പ്പാദിപ്പിക്കുകയോ ചെയ്യുന്നില്ലെന്നാണ് മന്ത്രാലയം നടത്തിയ പഠനം വെളിപ്പെടുത്തുന്നത്. ടെലികോം അഡൈ്വസര്‍ (ടെക്നോളജി) രാംകുമാര്‍ ചെയര്‍മാനായ സമിതിയാണ് പഠനം നടത്തിയത്.

യൂറോപ്യന്‍ പൗരന്മാരെ അപേക്ഷിച്ച് ബോഡി മാസ് ഇന്‍ഡക്സും കൊഴുപ്പിന്റെ അളവും കുറഞ്ഞ ശരീരപ്രകൃതക്കാരും ചൂടുള്ള കാലാവസ്ഥയില്‍ ജീവിക്കുന്നവരുമായ ഇന്ത്യക്കാര്‍ക്ക് ഉയര്‍ന്ന റേഡിയേഷനുള്ള മൊബൈല്‍ ഉപയോഗം ഗുരുതര ആരോഗ്യപ്രശ്നമുണ്ടാക്കുമെന്നും പഠനം പറയുന്നു. രാജ്യത്ത് ഉപയോഗിക്കുന്ന മൊബൈലുകള്‍ക്ക് അടിസ്ഥാന നിലവാരം ഏര്‍പ്പെടുത്താന്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സിനോട് ശുപാര്‍ശ ചെയ്യുന്നുമുണ്ട്. റേഡിയേഷന്‍ നിലവാരം പരിശോധിച്ച് മൊബൈല്‍ വാങ്ങുക, ഇത് ഫോണിലും മാനുവലിലും വെബ്സൈറ്റിലും രേഖപ്പെടുത്തുക, ഹെഡ്സെറ്റ് ഉപയോഗിക്കുക, ദൈര്‍ഘ്യംകുറഞ്ഞ കോളുകള്‍ ചെയ്യുക, എസ്എംഎസ് കൂടുതലായി ഉപയോഗിക്കുക, ആവശ്യത്തിന് റേഞ്ചുള്ളിടത്തുമാത്രം മൊബൈല്‍ ഉപയോഗിക്കുക, മൊബൈല്‍ ഉപയോഗത്തിന് തുറന്ന സ്ഥലം തെരഞ്ഞെടുക്കുക തുടങ്ങിയ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്.
(എം എസ് അശോകന്‍)

deshabhimani 020912

Wednesday, July 11, 2012

"മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ഉപയോഗിച്ച് കുറ്റംചെയ്യുന്നത് വിഡ്ഢികള്‍"


""മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ഉപയോഗിച്ച് കുറ്റംചെയ്യുന്നവര്‍ വെറും വിഡ്ഢികളാണ്. ഓരോതവണ ഇവ ഉപയോഗിക്കുമ്പോഴും തെളിവുകളുടെ എണ്ണം കൂടുകയാണ്""- പറയുന്നത് സോഫ്റ്റ്വെയര്‍ കുറ്റാന്വേഷണത്തില്‍ പിഎച്ച്ഡി നേടിയ ആദ്യ ഏഷ്യക്കാരനായ ഡോ. പി വിനോദ് ഭട്ടതിരിപ്പാട്. ഇന്റര്‍നെറ്റ്വഴിയുള്ള തട്ടിപ്പുകളും മൊബൈല്‍ഫോണ്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങളും തെളിയിക്കാന്‍, കൂടിയാല്‍ 24 മണിക്കൂര്‍ മതിയെന്നും സൈബര്‍കുറ്റകൃത്യങ്ങള്‍ തെളിയിക്കാന്‍ സംസ്ഥാന പൊലീസിനെ സഹായിക്കുന്ന വിനോദ് പറയുന്നു. ഇന്റര്‍നെറ്റ് ലോട്ടറിതട്ടിപ്പ്, കംപ്യൂട്ടര്‍ സഹായത്തോടെ സ്ത്രീകളുടെ ചിത്രം ദുരുപയോഗംചെയ്യുക എന്നിവയെല്ലാം എവിടെയിരുന്ന് ആരു ചെയ്താലും വേഗം കണ്ടെത്താം. സൈബര്‍ ഫോറന്‍സിക് കേസുകളില്‍ മൊബൈല്‍ ഫോണ്‍, കംപ്യൂട്ടര്‍, ക്യാമറമുതല്‍ ഓട്ടോറിക്ഷ മീറ്റര്‍വരെയുള്ള ഡിജിറ്റല്‍ ഉപകരണങ്ങള്‍ തെളിവാണ്. മൊബൈല്‍ ഫോണ്‍ നമ്പറും ഐഎംഇഐ നമ്പറും ടവറിന്റെ കീഴിലെത്തുമ്പോള്‍ ലഭിക്കുന്ന മൊബൈല്‍ സബ്സ്ക്രൈബര്‍ ഐഡന്റിറ്റി ഒരിക്കലും നിഷേധിക്കാനാവാത്ത തെളിവാണ്. ഡിജിറ്റല്‍ ഉപകരണങ്ങള്‍ ദുരുപയോഗം ചെയ്താല്‍ കുറ്റകൃത്യത്തിന്റെ മുദ്ര മായാതെകിടക്കും. മായ്ക്കാന്‍ ശ്രമിച്ചാല്‍ അതിന് ഉത്തരം പറയേണ്ടിയും വരും. പക്ഷേ നമ്മുടെ സംസ്ഥാന പൊലീസ്വകുപ്പില്‍ സാങ്കേതിക പരിജ്ഞാനമുള്ളവര്‍ കുറവാണ്. അതിനാല്‍ കുറ്റവാളികള്‍ എളുപ്പത്തില്‍ രക്ഷപ്പെടുന്നു- അദ്ദേഹം പറയുന്നു.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനിയേഴ്സ് (ഐഇഇഇ) അന്താരാഷ്ട്ര വാര്‍ഷിക സമ്മേളനത്തില്‍ പ്രബന്ധം അവതരിപ്പിക്കുന്ന ആദ്യ മലയാളിയെന്ന സ്ഥാനവും വിനോദിനെ തേടിയെത്തി. 16ന് തുര്‍ക്കി ഇസ്മീറില്‍ "കംപ്യൂട്ടര്‍ സോഫ്റ്റ്വെയറുകളും അതിന്റെ ഉപയോഗവും" എന്ന വിഷയത്തിലാണ് സമ്മേളനം. അമേരിക്ക ആസ്ഥാനമായ അത്യാധുനിക സാങ്കേതികവിദ്യാ നവീകരണ സ്ഥാപനമായ ഐഇഇഇ വാര്‍ഷിക സമ്മേളനത്തില്‍ "സോഫ്റ്റ്വെയര്‍ എന്‍ജിനിയറിങ്ങില്‍ കംപ്യൂട്ടര്‍ ഫോറന്‍സിക്കിന്റെ പങ്ക്" എന്ന ശില്‍പ്പശാലയില്‍ അധ്യക്ഷനായാണ് വിനോദിനെ തെരഞ്ഞെടുത്തത്. ശില്‍പ്പശാലയിലെ നാല് പ്രഭാഷകരിലൊരാളായ അദ്ദേഹം സോഫ്റ്റ്വെയര്‍ കുറ്റാന്വേഷണത്തെക്കുറിച്ച് പ്രബന്ധം അവതരിപ്പിക്കും. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെ കാലത്ത് കെഎസ്ആര്‍ടിസി ട്രേഡ് യൂണിയന്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന മലപ്പുറം പുലാമന്തോള്‍ പൊല്‍പ്പായ മനയില്‍ പി എം കെ ഭട്ടതിരിപ്പാടിന്റെയും ലീല മഴവഞ്ചേരിയുടെയും മകനാണ്. കോഴിക്കോട് ബിഎസ്എന്‍എല്‍ സബ് ഡിവിഷണല്‍ എന്‍ജിനിയര്‍ സുധയാണ് ഭാര്യ. മകള്‍ ഇന്ദു ചഞ്ചല്‍ പൊല്‍പ്പായ എന്‍ജിനിയറിങ് വിദ്യാര്‍ഥിനിയാണ്.
(ശ്രീരാജ് ഓണക്കൂര്‍)

deshabhimani 110712

Saturday, July 7, 2012

തര്‍ക്കം ഗോള്‍വര കടന്നു; ഫുട്ബോളില്‍ ഇനി സാങ്കേതികത


സൂറിച്ച്: വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ഫുട്ബോളില്‍ ഗോള്‍ഫൈലന്‍ സാങ്കേതികവിദ്യ നടപ്പക്കാന്‍ അനുമതി. ഇനിമുതല്‍ മത്സരത്തിനിടെ പന്ത് ഗോള്‍വര കടന്നോ എന്നറിയാന്‍ സാങ്കേതികവിദ്യ ഉപയോഗിക്കാം. അന്താരാഷ്ട്ര ഫുട്ബോള്‍ അസോസിയേഷന്‍ ബോര്‍ഡ് (ഇഫാബ്) ഇതിന് അന്തിമ അംഗീകാരംനല്‍കി. ഇതോടെ വര്‍ഷങ്ങള്‍ നീണ്ട തര്‍ക്കങ്ങള്‍ക്ക് പരിഹാരമായി. മുസ്ലിം വനിതകള്‍ക്ക് ശിരോവസ്ത്രം ധരിച്ച് കളിക്കുന്നതിലുള്ള വിലക്ക് നീക്കാനും സൂറിച്ചില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

ഫുട്ബോളില്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനെ വിമര്‍ശിച്ച ഫിഫയുടെ മാനസന്താരമാണ് ഗോള്‍ലൈന്‍ സാങ്കേതിക വിദ്യ നടപ്പാക്കുന്നതിന് വേഗം നല്‍കിയത്. താരങ്ങളും കോച്ചുമാരും മാധ്യമങ്ങളും ഏറെക്കാലമായി ഇതിനുവേണ്ടി ശബ്ദമുയര്‍ത്തിയിരുന്നു. എന്നാല്‍ ഫിഫയുടെ കടുത്ത എതിര്‍പ്പ് പ്രതികൂലമായി. ഒടുവില്‍ ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍തന്നെ ഗോള്‍ലൈന്‍ സാങ്കേതികവിദ്യയ്ക്കുവേണ്ടി രംഗത്തെത്തുകയായിരുന്നു. ഈവര്‍ഷം ജപ്പാനില്‍ നടക്കുന്ന ഫിഫ ക്ലബ് ഫുട്ബോള്‍ ലോകകപ്പിലായിരിക്കും ഇത് ആദ്യം നടപ്പാക്കുക.
ഏറെക്കാലമായി നടത്തുന്ന പഠനങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ടു രീതികളാണ് ഗോള്‍ലൈന്‍ സാങ്കേതികവിദ്യയില്‍ ഉപയോഗിക്കുക. ഹോക്ക് ഐ, ഗോള്‍റെഫ് രീതികളാണിവ. ഇതില്‍
ഹോക്ക് ഐ ക്രിക്കറ്റ്, ടെന്നീസ് ഉള്‍പ്പെടെയുള്ള മത്സരങ്ങളില്‍ ഉപയോഗിക്കുന്ന രീതിയാണ്. ക്യാമറ ഉപയോഗിച്ചുള്ള ഈ രീതി വികസിപ്പിച്ചെടുത്തത് ബ്രിട്ടീഷ് കമ്പനിയായ ഹോക്ക് ഐയാണ്. ഹോക്ക് ഐ സിസ്റ്റത്തില്‍ സ്റ്റേഡിയത്തിന്റെ രണ്ടു വശങ്ങളിലുമായി ആറോ ഏഴോ ക്യാമറകള്‍ ഘടിപ്പിക്കും. റഫറിക്ക് പന്ത് ഗോള്‍ വര കടന്നോയെന്ന് ഉറപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഹോക്ക് ഐയിലൂടെ ഇത് മനസ്സിലാക്കാം. സ്റ്റേഡിയത്തില്‍ മേല്‍ക്കൂരയിലും പിച്ചിലും ഘടിപ്പിച്ചിരിക്കുന്ന ക്യാമറകള്‍ പന്തിന്റെ നീക്കം ഒപ്പിയെടുക്കും. മാഗ്നറ്റിക് ഫീല്‍ഡ്സ് ഉപയോഗിച്ചുള്ള രീതിയാണ് ഗോള്‍റെഫ്. ഈ രീതിപ്രകാരം പന്തിന്റെ തുകലില്‍ മൂന്നു കാന്തിക ചീളുകള്‍വയ്ക്കും. പന്ത് ഗോള്‍വരകടക്കുമ്പോള്‍ ഗോള്‍പോസ്റ്റിലും ബാറിലുംവച്ചിരിക്കുന്ന സെന്‍സറുകള്‍ ഇത് പിടിച്ചെടുക്കും.

യൂറോ കപ്പ് ഫുട്ബോളില്‍ ഇംഗ്ലണ്ട്-ഉക്രയ്ന്‍ മത്സരത്തിനിടെയാണ് ഗോള്‍ലൈന്‍ വിവാദം വീണ്ടും സജീവമായത്. മത്സരത്തില്‍ ഉക്രയ്ന്‍ താരം മാര്‍കോ ഡെവിച്ചിന്റെ ഷോട്ട് ഇംഗ്ലണ്ടിന്റെ ജോണ്‍ ടെറി തട്ടിയകറ്റിയത് ഗോള്‍വരയ്ക്കകത്ത് നിന്നായിരുന്നു. എന്നാല്‍ റഫറി ഗോള്‍ അനുവദിച്ചില്ല. 2010 ലോകകപ്പില്‍ ജര്‍മനിക്കെതിരെ ഇംഗ്ലണ്ട് താരം ഫ്രങ്ക് ലാംബാര്‍ഡിനും ഇത്തരമൊരു അവസ്ഥ നേരിടേണ്ടിവന്നിരുന്നു. എന്നാല്‍ ഈ സമയത്തൊക്കെ ഫിഫ മുഖം തിരിച്ചു. ഫുട്ബോള്‍ ലോകം പൊതുവെ തീരുമാനത്തെ സ്വാഗതംചെയ്തിട്ടുണ്ടെങ്കിലും യുവേഫ പ്രസിഡന്റ് മിഷയേല്‍ പ്ലറ്റീനി അടക്കമുള്ളവര്‍ ഇതിനെതിരാണ്. ഫുട്ബോളില്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് കളിയുടെ സ്വാഭാവികതയെ ഇല്ലാതാക്കുമെന്ന് ഇവര്‍ ഭയപ്പെടുന്നു. ഓഫ് സൈഡ്, ഹാന്‍ഡ്ബോള്‍ എന്നിവയിലും ഭാവിയില്‍ സാങ്കേതികവിദ്യ ഉപയോഗിക്കേണ്ടിവരുമെന്നാണ് പ്ലറ്റീനി അടക്കമുള്ളവരുടെ വാദം. അതേസമയം, വനിതകളുടെ ശിരോവസ്ത്ര നിയന്ത്രണം നീക്കിയത് ഇറാന്‍ ഉള്‍പ്പെടെയുള്ള മുസ്ലിംരാജ്യങ്ങള്‍ക്ക് ആശ്വാസമേകി. നേരത്തെ, ശിരോവസ്ത്ര വിലക്കിനെത്തുടര്‍ന്ന് ഇറാന്‍ വനിതാഫുട്ബോള്‍ ടീമിന് ലണ്ടന്‍ ഒളിമ്പിക്സ് യോഗ്യതാമത്സരത്തില്‍ കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. മത്സരം നിയന്ത്രിക്കാന്‍ അഞ്ചു റഫറിമാര്‍ വേണമെന്നുള്ള നിര്‍ദേശവും ഇഫാബ് അംഗീകരിച്ചിട്ടുണ്ട്.

deshabhimani 070712

Tuesday, November 22, 2011

അത്യന്തം പ്രതിലോമകരമായ വ്യവസ്ഥകള്‍

എതിര്‍പ്പുകളെയും പ്രതിഷേധങ്ങളെയും വകവയ്ക്കാതെ ജനിതക വിളകള്‍ക്ക് പച്ചക്കൊടി വീശുന്ന ജൈവസാങ്കേതിക റഗുലേറ്ററി അതോറിട്ടി (ബി ആര്‍ എ ഐ) ബില്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. അതേസമയം ബില്‍ അവതരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കര്‍ഷക സംഘടനകളും ഉപഭോക്തൃ സംഘടനകളും ശാസ്ത്രജ്ഞന്മാരും സുപ്രിംകോടതി മുന്‍ ജഡ്ജിമാരും ഒപ്പിട്ട നിവേദനം പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു.

ജൈവസാങ്കേതിക റഗുലേറ്ററി അതോറിറ്റി ബില്ലും അതിലെ വ്യവസ്ഥകളും അത്യന്തം പ്രതിലോമപരവും സ്വേച്ഛാധിപത്യപരവും മര്‍ദകസ്വഭാവമുള്ളതാണെന്നും വിമര്‍ശിക്കപ്പെടുന്നു. ജൈവസാങ്കേതിക മേഖലയെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ നിന്നൊഴിവാക്കുന്നതാണ് വിവാദമായ ഒരു നിര്‍ദേശം. ഇതനുസരിച്ച് ജൈവസാങ്കേതിക ജനിതക എന്‍ജിനീയറിംഗ് മേഖലയിലെ ഗവേഷണത്തെക്കുറിച്ചുള്ള ഏത് വിവരവും ജനങ്ങള്‍ക്ക് നിഷേധിക്കാം. രഹസ്യാത്മക സ്വഭാവമുള്ളതാണ് എന്ന ഒറ്റക്കാരണം ചൂണ്ടിക്കാട്ടിയാല്‍ മതി. ഫലത്തില്‍ ജൈവസാങ്കേതിക മേഖലയെ പൊതുസമൂഹത്തിന്റെ ദൃഷ്ടിക്കും നിഷ്പക്ഷനിരീക്ഷണത്തിനും അപ്രാപ്യമാക്കുകയാണ് ഇതിലൂടെ കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്.

രണ്ടാമത്തെ വിവാദ നിര്‍ദേശം അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തെക്കുറിച്ചാണ്. ഇതനുസരിച്ച് ശാസ്ത്രീയമായ തെളിവുകളില്ലാതെ ജനങ്ങളെ ജൈവസങ്കേതിക ജനിതക എന്‍ജിനീയറിംഗ് മേഖലയെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്നത് ജനങ്ങളുടെ ഇടയില്‍ പ്രചാരണം നടത്തുന്നത് ശിക്ഷാര്‍ഹമായിരിക്കും എന്ന് വ്യക്തമാക്കുന്നു. ആറുമാസം തടവോ രണ്ടു ലക്ഷം രൂപ പിഴയോ രണ്ടും കൂടിയോ ചുമത്താവുന്നതാണ്. ഫലത്തില്‍ ജൈവസാങ്കേതികവിദ്യയുടെയും ജനിതക വ്യതിയാനത്തിന്റെയും ദോഷവശങ്ങളെക്കുറിച്ച് ആര്‍ക്കും സംസാരിക്കാനാവില്ല. ദോഷഫലങ്ങള്‍ ഇല്ലെന്ന് തെളിയിക്കാനുള്ള ബാധ്യതയില്‍നിന്ന് ഉല്‍പ്പാദകര്‍ ഫലത്തില്‍ ഒഴിവാക്കപ്പെടുകയും ഉണ്ടെന്ന് തെളിയിക്കാനുള്ള ബാധ്യത ജനങ്ങളുടെമേല്‍ കെട്ടിവെക്കപ്പെടുകയും ചെയ്യുന്നു. യഥാര്‍ഥത്തില്‍ ഇത് ഭരണഘടനാവിരുദ്ധമാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യമാണ് ഇതിലൂടെ ഹനിക്കപ്പെടുന്നത്.
യാതൊരു സുതാര്യതയുമില്ലാതെ രഹസ്യ സ്വഭാവത്തിലാണ് ബില്‍ തയ്യാറാക്കിയത്. പൊതുജനങ്ങള്‍ക്ക് അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവസരം പോലും കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചു. ജനിതക വിളകളെ പരമാവധി പ്രോത്സാഹിപ്പിക്കുന്ന ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ കീഴിലാണ് ബില്‍ തയ്യാറാക്കുന്നത് എന്നതും ബില്ലിന്റെ വിശ്വാസ്യതയെക്കുറിച്ച് സംശയമുയര്‍ത്തുന്നു. ജനാധിപത്യ വിരുദ്ധ വ്യവസ്ഥകളാണ് ബില്ലിന്റെ മുഖമുദ്ര. ആരോഗ്യം, കൃഷി തുടങ്ങിയ മേഖലകളിലെ സംസ്ഥാനത്തിനുള്ള അവകാശങ്ങള്‍ കവര്‍ന്നെടുക്കുകവഴി ഫെഡറല്‍ സംവിധാനത്തിന് തന്നെ ബില്‍ ഭീഷണി ഉയര്‍ത്തുന്നു.

ജനിതകവിത്തുകള്‍ക്ക് അനുമതി നല്‍കുന്നതിലൂടെ രാജ്യത്തെ ഭക്ഷ്യ സുരക്ഷ തന്നെ അപകടത്തിലേക്ക് തള്ളിവിടുന്നുവെന്ന വിമര്‍ശനങ്ങളെ തെല്ലും പരിഗണിക്കതാതെയാണ് ബില്ലുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ലോകം മുഴുവന്‍ ജനിതക വിത്തുകള്‍ക്ക് എതിരെ പ്രതിഷേധം ശക്തമായ വേളയിലാണ് ബില്‍ അവതരിപ്പിക്കപ്പെടുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി രാജ്യം സ്വീകരിച്ച തെറ്റായ കാര്‍ഷിക നയത്തിന്റെ ഭാഗമായി ഉണ്ടായിട്ടുള്ള കാര്‍ഷിക പ്രതിസന്ധിയും അതേതുടര്‍ന്നുള്ള കര്‍ഷക ആത്മഹത്യകളും രാജ്യത്ത് സര്‍വസാധാരണമായിരിക്കുന്നു. ഈ വേളയില്‍ കാര്‍ഷിക ഉപജീവനത്തെ അപ്പാടെ തകര്‍ത്തുകൊണ്ട് ജനിതക വിളകള്‍ക്ക് അംഗീകാരം നല്‍കാനുള്ള ഏക ജാലക സംവിധാനമായി ബില്ല് മാറും.

ജനിതക വിത്തുകള്‍ അപകട രഹിതമാണെന്ന് കണ്ടെത്തിയിട്ടില്ലാത്ത അവസരത്തില്‍ ഇത്തരമൊരു ബില്ലുമായി മുന്നോട്ടുപോകുന്ന കേന്ദ്രസര്‍ക്കാരിന്റെ സാംഗത്യമാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. കഴിഞ്ഞ പത്തുവര്‍ഷമായി ജനിതക വഴുതന ഇന്ത്യയില്‍ പരീക്ഷണകൃഷി നടത്തിവരുകയായിരുന്നു. മോണ്‍സാന്‍േറായും അവരുടെ ഇന്ത്യയിലെ പ്രതിനിധികളായ മഹികോയുമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത് പരീക്ഷിച്ചിരുന്നത്. 2002 മാര്‍ച്ചില്‍ ബി ടി പരുത്തി വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യാനുള്ള അനുമതി മോണ്‍സാന്‍േറാ കമ്പനിക്കും കൂട്ടാളികള്‍ക്കും ലഭിച്ചു. അത്  ഗുജറാത്തിലും മധ്യപ്രദേശിലും മഹാരാഷ്ട്രയിലും ഏതാണ്ട് സമ്പൂര്‍ണപരാജയമായിരുന്നു.

രാജേഷ് വെമ്പായം janayugom 22111

Sunday, October 9, 2011

അച്ചടിയുടെ 60 ശതമാനവും ഡിജിറ്റലാകുമെന്ന് കേംബ്രിഡ്ജ് സി ഇ ഒ സ്റ്റീഫന്‍ ബോണ്‍

ലോകമെമ്പാടും അച്ചടിക്കപ്പെടുന്നവയുടെ 60 ശതമാനവും 2020 ഓടെ ഡിജിറ്റലാകുമെന്ന് കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി പ്രസ് സി ഇ ഒ സ്റ്റീഫന്‍ ബോണ്‍. തിരുവനന്തപുരത്തെ കേംബ്രിഡ്ജ് ഓഫീസ് സന്ദര്‍ശിക്കാന്‍ എത്തിയ അദ്ദേഹം പ്രസ്‌ക്ലബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു.ഇപ്പോഴുള്ള പ്രസാധകന്‍മാരില്‍ പലരും 2020 ഓടെ പുസ്തകങ്ങള്‍ പ്രിന്റ്‌ചെയ്‌തെന്നു വരില്ല. പകരം അവര്‍ അത് ഡിജിറ്റലൈസ് ചെയ്യും. വായനക്കാര്‍ക്ക് അങ്ങനെയാകും അവര്‍ എത്തിക്കുക. കേംബ്രിഡിജ് യൂണിവേഴിസിറ്റി പ്രസും ഈ വഴിയേ പോകുമെങ്കിലും ആവശ്യത്തിനനുസരിച്ച് പുസ്തകങ്ങള്‍ പ്രിന്റ് ചെയ്യും. കാരണം പ്രസിന്റെ ലക്ഷ്യം ലാഭമല്ലെന്നും സമൂഹ്യ സേവനമാണെന്നും അദ്ദേഹം പറഞ്ഞു.

അധ്യാപകര്‍ ഇപ്പോള്‍ തുടരുന്ന അധ്യാപന രീതി മാറ്റണം. അതില്‍ നിന്ന് മാറുന്നത് അവര്‍ക്ക് വിഷമമാണെങ്കിലും കുട്ടികള്‍ക്ക് വേഗം മനസിലാകുന്നതും അവര്‍ ഇഷ്ടപ്പെടുന്നതും നൂതന ഡിജിറ്റല്‍ വിദ്യാഭ്യാസ രീതിയാണ്. പുസ്തകങ്ങളേക്കാള്‍ ഇതാണ് കുട്ടികള്‍ സ്വാഗതംചെയ്യുന്നതും.തങ്ങളുടെ ഇംഗ്ലീഷ് പഠന പുസ്തകങ്ങള്‍ക്ക് മറ്റ് ഏതൊരു പഠന സഹായിയേക്കാളും ഗുണമുണ്ട്.ഓരോ രാജ്യത്തും ഇംഗ്ലീഷ് പ്രയോഗത്തില്‍ വരുത്തുന്ന തെറ്റുകള്‍ വ്യത്യസ്ഥമാണ്. ഇക്കാരണത്താല്‍ ഒരോ രാജ്യത്തിനും വേണ്ടിയുള്ള പുസ്തകങ്ങളാണ് കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി പ്രസ് തയാറാക്കുന്നത്. ഇംഗ്ലീഷ് ഇല്ലാതെ പുറംജോലി തരപ്പെടുത്തുക വിഷമകരമാണ്. അതുകൊണ്ടാണ് ഇന്ത്യയും ചൈനയും ഇംഗ്ലീഷ് പഠനത്തിന് ഏറെ പ്രാധാന്യം നല്‍കുന്നത്. ഈ രണ്ടു രാജ്യങ്ങളുമാണ് ഇംഗ്ലീഷ് അന്തര്‍ദേശീയ ഭാഷയാകുന്നതിന് പ്രധാന പങ്കുവഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രിന്റിംഗ് രംഗത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന ഒരു രാജ്യമാണ് ഇന്ത്യ. ഇതിനാല്‍ തന്നെ  ഗുണനിലവാരമുള്ള സേവനവും പുസ്തകവും ഇവിടുത്തെ മാര്‍ക്കറ്റില്‍ നല്‍കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. നൂ റു രാജ്യങ്ങളില്‍നിന്നായി 42,000 എഴുത്തുകാരുടെ പുസ്തകങ്ങള്‍ ഇപ്പോള്‍ പ്രസ് പുറത്തിറക്കിയിട്ടുണ്ട്. 11,000 എണ്ണം ഇപ്പോള്‍ ഇ പുസ്തകങ്ങളായും ലഭ്യമാണ്.

janayugom 091011

Tuesday, August 23, 2011

വരുന്നു റോബോട്ടുകള്‍ തൊഴിലാളികള്‍ക്കു ഭീഷണിയായി

കാലിഫോര്‍ണിയ: റോബോട്ടുകള്‍ (യന്ത്രമനുഷ്യന്‍) തൊഴിലാളികള്‍ക്ക് ഭീഷണിയാകുന്ന കാലം വരുന്നു.

2013 ആകുമ്പോഴേയ്ക്കും ലോകമൊട്ടാകെ 12 ലക്ഷം റോബോട്ടുകള്‍ വ്യവസായശാലകളില്‍ പണിയെടുക്കുമെന്ന് 'റോബോട്ടിക് നേഷന്‍' എന്ന ഗ്രന്ഥത്തിന്റെ രചയിതാവായ മാര്‍ഷല്‍ ബ്രെയിന്‍ പറയുന്നു. രേഖകള്‍ വിശകലനം ചെയ്യുന്നതുമുതല്‍ പ്രശ്‌നപരിഹാരത്തിനുളള കുറിപ്പടികള്‍ തയ്യറാക്കുന്നതുവരെയുള്ള ജോലികള്‍ റോബോട്ടുകള്‍ ചെയ്തുകൊള്ളും.
കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട സാന്‍ഫ്രാന്‍സിസ്‌കോ മെഡിക്കല്‍ സെന്ററിന്റെ നിയന്ത്രണത്തിലുള്ള രണ്ട് ആശുപത്രികളുടെ ഫാര്‍മസികളില്‍ കഴിഞ്ഞ കുറേനാളുകളായി റോബോട്ടുകള്‍ മാത്രമാണ് പണിയെടുക്കുന്നത്. ഓരോരുത്തര്‍ക്കും ആവശ്യമുള്ളത്ര ഡോസ് ഗുളികകള്‍ റോബോട്ടുകള്‍ തിരഞ്ഞെടുത്തുനല്‍കും.

റോബോട്ടുകള്‍ പത്രപ്രവര്‍ത്തകര്‍ക്കും ഭീഷണിയാകും. സ്‌പോര്‍ട്‌സ് മത്സരങ്ങളുടെ വാര്‍ത്തകള്‍ ഇനി റോബോട്ടുകള്‍ ചെയ്തുകൊള്ളും. പ്രത്യേകിച്ചും ബേസ്ബാള്‍, സോഫ്റ്റ്‌ബോള്‍ മത്സരങ്ങളുടെ ഇതിനാവശ്യമായ സോഫ്റ്റ് വെയറുകള്‍ തയ്യാറായിക്കഴിഞ്ഞു. ഒരു മത്സരത്തിനുശേഷം സ്‌കോര്‍കീപ്പര്‍ അതിന്റെ സ്ഥിതിവിവര കണക്കുകള്‍ ഇ-മെയിലായി അയയ്ക്കുന്നു. ഒരു പ്രക്രിയയിലൂടെ മിനുട്ടുകള്‍ക്കകം തന്നെ അത് ഒരു സ്റ്റോറി ആയി പുറത്തുവരും. സ്‌പോര്‍ട്‌സ് ലേഖകന്‍മാരെ ഇതെങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം.

ഫാക്ടറികളില്‍ റോബോട്ടുകള്‍ വളരെ വര്‍ഷങ്ങളായിത്തന്നെ പണിയെടുക്കുന്നുണ്ട്. സാങ്കേതികവിദ്യാരംഗത്തെ കുത്തക സ്ഥാപനമായ ഫോക്‌സ്‌കോണ്‍, ചൈനയില്‍ അതിന്റെ ഫാക്ടറികളില്‍ പത്ത് ലക്ഷം റോബോട്ടുകളെ അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വര്‍ധിച്ചുവരുന്ന കൂലിചെലവിനെ മറികടക്കാനാണ് ഈ നടപടി. വെല്‍ഡിംഗ്, സ്‌പ്രേയിംഗ്, അസംബ്ലിംഗ് തുടങ്ങി വിവിധ ജോലികള്‍ റോബോട്ടുകള്‍ ചെയ്തുകൊള്ളും. ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ നിര്‍മാതാക്കളായ ഫോക്‌സ്‌കോണ്‍ ചൈനയില്‍ സ്വകാര്യ മേഖലയില്‍ ഏറ്റവുമധികം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന സ്ഥാപനമാണ്. ആപ്പിള്‍, നിന്റന്‍ഡൊ, നോകിയ, ആമസോണ്‍. കോം തുടങ്ങിയ കമ്പനികള്‍ക്കാവശ്യമായ ഇലക്‌ട്രോണിക് ഘടകങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന ഫോക്‌സ് കോണ്‍ കമ്പനിയുടെ ചില പ്രവൃത്തികള്‍ വലിയവിവാദം ഉയര്‍ത്തിയിരുന്നു.

അമേരിക്കയില്‍ ഇപ്പോള്‍ത്തന്നെ രൂക്ഷമായ തോതില്‍ എത്തിയിട്ടുള്ള തൊഴിലില്ലായ്മയെ റോബോട്ടുകള്‍ കൂടുതല്‍ വഷളാക്കുമെന്ന് പത്രപ്രവര്‍ത്തകനായ മാര്‍ട്ടിന്‍ ഫോര്‍ഡ് അഭിപ്രായപ്പെട്ടു. എന്നാല്‍ റോബോട്ടുകളുടെ ഉപയോഗം കൊണ്ടുള്ള പ്രയോജനം മറക്കാനും പാടില്ല. 2007 ല്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ ഒരു ഭൂഗര്‍ഭ വാതകക്കുഴല്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സംഭവം അദ്ദേഹം ചൂണ്ടിക്കാട്ടി. വാതകക്കുഴല്‍ കൃത്യമായി പരിശോധന നടത്താത്തതായിരുന്നു അപകടകാരണം. പരിശോധന നടത്തണമെങ്കില്‍ റോഡ് കുത്തിക്കുഴിക്കേണ്ടിവരും. അത് എല്ലായ്‌പ്പോഴും സാധ്യമല്ല. അതേസമയം റോബോട്ടുകള്‍ക്ക് റോഡ് കുത്തിക്കുഴിക്കാതെ തന്നെ വാതകക്കുഴലിന്റെ കേടുപാടുകള്‍ കണ്ടെത്തുന്നതിനു കഴിയും.

janayugom 220811

Tuesday, May 31, 2011

ജര്‍മനി തുറന്നുതരുന്ന വഴി

ശുദ്ധവും സുരക്ഷിതവുമെന്ന് അതിന്റെ പ്രണേതാക്കള്‍ തന്നെ വാഴ്ത്തിയ ആണവോര്‍ജത്തിന്റെ കെടുതികള്‍ ലോകം ഏറ്റവുമധികം അനുഭവിച്ചുകൊണ്ടിരിക്കുന്ന ദിനങ്ങളാണിത്. സമീപകാല ലോക ചരിത്രത്തിലെ ഏറ്റവും വലിയ സുനാമിയെത്തുടര്‍ന്നുണ്ടായ ഫുകുഷിമ ആണവ ദുരന്തം സമാനതകളില്ലാത്ത ദുരന്തത്തിലേയ്ക്കാണ് ജപ്പാനെ കൊണ്ടെത്തിച്ചിരിക്കുന്നത്. ജപ്പാനിലെ ആണവ ദുരന്തത്തിന്റെ വ്യാപ്തിയെന്തെന്ന് ഇനിയും കണക്കാക്കാനായിട്ടില്ല. എങ്കിലും അതിന്റെ ഭയാനകമായ 'ആഴ'ത്തെക്കുറിച്ച് ലോകത്തിന് അസന്നിഗ്ധമായ ബോധ്യം വന്നിട്ടുണ്ട്. അതുകൊണ്ടാണ് വൈദ്യുതിക്കു വേണ്ടി ആണവ പദ്ധതികളെ ആശ്രയിക്കുന്നതിനെക്കുറിച്ച് പല രാജ്യങ്ങളും പുനരാലോചന നടത്തുന്നത്. ഫുകുഷിമ ആണവ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജപ്പാന്‍ അടക്കം പല രാജ്യങ്ങളും ആണവ പദ്ധതികള്‍ക്കു മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനെ പിന്‍പറ്റി  ജര്‍മനി ഇന്നലെ കൈക്കൊണ്ട തീരുമാനം ചരിത്രത്തില്‍ ഇടം നേടാന്‍ പോന്നതാണ്. 2022 ഓടെ ആണവ നിലയങ്ങള്‍ പൂര്‍ണമായും അടച്ചിടാനും രാജ്യത്തെ ഊര്‍ജമേഖല ആണവവിമുക്തമാക്കാനുമാണ് ജര്‍മന്‍ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. ഊര്‍ജസുരക്ഷയെന്നാല്‍ മുക്കിനു മുക്കിന് ആണവ നിലയങ്ങള്‍ സ്ഥാപിക്കുകയാണന്ന മിഥ്യാധാരണയില്‍ കഴിയുന്ന ഇന്ത്യന്‍ ഭരണകൂടത്തിന്റെ കണ്ണു തുറപ്പിക്കേണ്ടതാണ്, ജര്‍മനി തുറന്നുതരുന്ന ഈ വഴി.

യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയാണ് ജര്‍മനിയുടേത്. ലോകത്തെ വ്യവസായവല്‍ക്കൃത രാഷ്ട്രങ്ങളില്‍ മുന്‍നിരയിലാണ് അതിന്റെ സ്ഥാനം. നിലവില്‍ പ്രവര്‍ത്തന സജ്ജമായ പതിനേഴു റിയാക്ടറുകളാണ് ജര്‍മനിയിലുള്ളത്. വൈദ്യുതോല്‍പ്പാദനത്തില്‍ ഗണനീയ വിഹിതം ഈ റിയാക്ടറുകളില്‍നിന്നു ലഭ്യമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സ്വാഭാവികമായും ഇവ അടച്ചുപൂട്ടുന്നത് രാജ്യത്തെ വ്യവസായ മേഖലയെ ബാധിക്കുക തന്നെ ചെയ്യും. എന്നിട്ടും ഇത്തരമൊരു തീരുമാനവുമായി മുന്നോട്ടുപോവാനാണ് ആ രാജ്യത്തെ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. ഭാവിക്ക് കുറെക്കൂടി സുരക്ഷിതമായ ഊര്‍ജരൂപം വേണമെന്നാണ് തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് ജര്‍മന്‍ ചാന്‍സലര്‍ ഏയ്ഞ്ചല മെര്‍ക്കല്‍ പറഞ്ഞത്. ആണവ നിലയങ്ങളുയര്‍ത്തുന്ന സുരക്ഷാ ഭീഷണിയെക്കുറിച്ചുള്ള, പ്രത്യേകിച്ചും ഫുകുഷിമ ദുരന്തത്തിനു ശേഷം, നിസ്സംശയമായ ബോധ്യമാണ് ജര്‍മന്‍ ഭരണകൂടത്തെ ഈ തീരുമാനത്തിലെത്തിച്ചത്.

ത്രീമെന്‍ ഐലന്റിലും ചെര്‍ണോബില്ലിലും അടക്കം വന്‍ ആണവ അപകടങ്ങള്‍ ലോകം കണ്ടതാണ്. ചെറിയ ചെറിയ അപകടങ്ങള്‍ ലോകത്ത് പലയിടത്തും നടന്നുകൊണ്ടിരിക്കുന്നു, ആണവ വ്യവസായത്തിന്റെ സ്വതവേയുള്ള രഹസ്യസ്വഭാവം കൊണ്ട് അവയുടെ വ്യാപ്തിയെന്തെന്ന് പുറംലോകം അറിയുന്നില്ല. ഫുകുഷിമ ദുരന്തത്തിന്റെ ഭീകരമുഖം മൂടിവയ്ക്കാന്‍ പോലും ലോകത്തെ ആണവ വ്യവസായത്തെ നിയന്ത്രിക്കുന്ന ലോബികളുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായിട്ടുണ്ട്. വ്യവസായവല്‍ക്കരണത്തെ തുടര്‍ന്ന് വൈദ്യുതിയുടെ ആവശ്യം പലമടങ്ങ് വര്‍ധിച്ച പശ്ചാത്തലത്തിലാണ്, ഊര്‍ജത്തിന്റെ അക്ഷയഖനി എന്ന നിലയില്‍ ആണവ നിലയങ്ങള്‍ വ്യാപകമായി അവതരിപ്പിക്കപ്പെട്ടത്. എന്നാല്‍ ആണവലോബി എന്നും അവകാശപ്പെടുന്ന പോലെ ശുദ്ധവും സുരക്ഷിതവുമല്ല ആണവോര്‍ജമെന്ന് ഇന്നേതാണ്ട് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ വൈദ്യുതിയുടെ ആവശ്യം ദിനംപ്രതി ഏറിവന്നിട്ടും കൂടുതല്‍ ആണവ നിലയങ്ങള്‍ സ്ഥാപിക്കുന്നതിലല്ല, മറിച്ച് റിയാക്ടറുകളുടെയും ആണവ ഇന്ധനത്തിന്റെയും കച്ചവടത്തിലാണ്, ആണവോര്‍ജത്തിന്റെ വലിയ പ്രയോക്താക്കളിലൊന്നായ അമേരിക്ക ശ്രദ്ധ കേന്ദ്രീകരിച്ചത്. 1970നു ശേഷം ഒരു അണുനിലയം പോലും അവിടെ സ്ഥാപിക്കപ്പെട്ടില്ല. അതേസമയം ഊര്‍ജസുരക്ഷയില്‍ ആണവ നിലയങ്ങള്‍ക്കുള്ള പങ്കു പ്രചരിപ്പിക്കുക എന്ന കച്ചവടതന്ത്രം ഫലപ്രദമായി ആവിഷ്‌കരിക്കാനും ഇന്ത്യയെപ്പോലെയുള്ള രാജ്യങ്ങളെ അതില്‍ കുടുക്കാനും അവര്‍ക്കു കഴിയുകയും ചെയ്തു.

ഇന്ത്യയില്‍ ഇന്ന് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയുടെ മൂന്നു ശതമാനം മാത്രമാണ് ആണവ നിലയങ്ങളില്‍നിന്നുള്ളത്. 2020 ഓടെ ഇത് 14 ശതമാനമാക്കുകയാണ് യു പി എ സര്‍ക്കാരിന്റെ പ്രഖ്യാപിതലക്ഷ്യം. അമേരിക്കയുമായുള്ള ആണവ കരാറും മറ്റു ഈ ന്യായത്തിന്റെ പുറത്താണ്. ആണവ നിലയങ്ങളുണ്ടാക്കുന്ന സാമ്പത്തിക ആഘാതവും അവയോടുള്ള ജനകീയ പ്രതിരോധവും കണക്കിലെടുക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോയിക്കൊണ്ടിക്കുന്നത്. മഹാരാഷ്ട്രയിലും ഗുജറാത്തിലും തമിഴ്‌നാട്ടിലുമെല്ലാം നിര്‍ദിഷ്ട ആണവ നിലയങ്ങളോടുള്ള എതിര്‍പ്പ് ശക്തമാണ്. നേരത്തെ ചെര്‍ണോബില്‍ ദുരന്തത്തിന്റെ അലകള്‍ ജര്‍മനിയിലെത്തിയപ്പോള്‍ സമാനമായ സാഹചര്യമായിരുന്നു ജര്‍മനിയിലേത്. ആണവ നിലയങ്ങള്‍ക്കെതിരെ അവിടെ ജനങ്ങള്‍ വന്‍ പ്രക്ഷോഭങ്ങള്‍ നടത്തി. അന്ന് ജനങ്ങളുടെ വികാരങ്ങളെ അവഗണിച്ചും ആണവ പദ്ധതികളുമായി മുന്നോട്ടുപോവാന്‍ ആ രാജ്യത്തെ ഭരണകൂടമെടുത്ത തീരുമാനമാണ് പിന്‍മുറക്കാര്‍ തിരുത്തുന്നത്. ആണവ നിലയങ്ങള്‍ ഡീകമ്മിഷന്‍ ചെയ്യുന്നതിലൂടെയുണ്ടാവുന്ന ഭാരിച്ച ചെലവ് ഏറ്റെടുത്താണ് അവര്‍ ഇത്തരത്തിലൊരു തീരുമാനമെടുത്തിരിക്കുന്നത്. നിര്‍മാണ ദശയിലുള്ള നമ്മുടെ ആണവ പദ്ധതികളില്‍നിന്നു പിന്മാറുക ഇന്ത്യന്‍ ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം താരതമ്യേന യുക്തിസഹവും അനായാസവുമായിരിക്കും. അതിനുള്ള ഇച്ഛാശക്തി മാത്രമാണ് ഇനിയുണ്ടാവേണ്ടത്.

janayugom editorial 310511

Wednesday, May 11, 2011

ഡിജിറ്റല്‍ തരംഗത്തില്‍ ഫിലിമും ഡാര്‍ക്ക് റൂമും ഔട്ട്

തൃക്കരിപ്പൂര്‍ : ഫോട്ടോഗ്രാഫി മേഖലയില്‍ ഡിജിറ്റല്‍ ക്യാമറകളും കംപ്യൂട്ടറുകളും വ്യാപകമായതോടെ ഫിലിം റോളുകളും ഡാര്‍ക്ക് റൂമുകളും വിസ്മൃതിയിലേക്ക്. പുത്തന്‍ കണ്ടുപിടിത്തങ്ങള്‍ ഫോട്ടോഗ്രാഫി രംഗത്ത് അരങ്ങ് കീഴടക്കുമ്പോള്‍ നാട്ടിന്‍പുറത്തെ ഫോട്ടോഗ്രാഫര്‍മാരുടെ ക്യാമറ ക്കണ്ണുകള്‍ക്ക് നിറം മങ്ങിത്തുടങ്ങി. രാസവസ്തുക്കള്‍ കൂട്ടി കലര്‍ത്തിയും പ്രകാശം കടത്തിവിട്ടും പ്രിന്റുപേപ്പറുകളില്‍ ഫോട്ടോ പതിപ്പിക്കുന്ന ഇരുട്ടുമുറികള്‍ ഇന്ന് കാണാനില്ല.

ഒരു പതിറ്റാണ്ട് മുമ്പുവരെ കൂര്‍ത്ത മുനയുള്ള പെന്‍സില്‍ കൊണ്ട് ബള്‍ബ് വെട്ടത്തില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫിലിമില്‍ മുഖത്തെ പാടുകള്‍ മിനുക്കുന്ന കാഴ്ച സ്റ്റുഡിയോയിലെത്തുന്നവര്‍ക്ക് കൗതുകമായിരുന്നു. മൂന്ന് കാലില്‍ തൂക്കി മുന്‍ വശത്തെ അടപ്പുതുറന്ന് റെഡി എന്നുപറഞ്ഞ ഫീല്‍ഡ് ക്യാമറയുടെ പിന്മാറ്റത്തോടെ സജീവമായിരുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് 120 ക്യാമറകളായ യാഷികയും ഒളിംപ്യസും അധികം താമസിയാതെ മെമ്മറി കാര്‍ഡില്‍ ഒതുങ്ങുന്ന ഡിജിറ്റല്‍ ക്യാമറകള്‍ക്ക് മുമ്പില്‍ വഴിമാറി. ഗ്രാമങ്ങളില്‍പോലും ഇത്തരം പുത്തന്‍ സാങ്കേതിക വിദ്യകള്‍ സജീവമാണ്. 30,000 മുതല്‍ നാലു ലക്ഷം രൂപവരെ വിലയുള്ള ക്യാമറകളാണ് ഈ രംഗത്ത് ചുവടുറപ്പിച്ചത്. തൃക്കരിപ്പൂരിലെ ആദ്യ ഡിജിറ്റല്‍ സ്റ്റുഡിയോ ഉടമ കണ്ണന്‍ ഫോട്ടോഫാസ്റ്റിന്റെ ശേഖരത്തില്‍ ഈ രംഗത്ത് 27 വര്‍ഷം പിന്നിടുമ്പോള്‍ മുപ്പതിലേറെ ഫിലിം ക്യാമറകളും അത്ര തന്നെ വിലപിടിപ്പുള്ള വിദേശ നിര്‍മിത ലെന്‍സുകളുമാണ് സ്വന്തമായുള്ളത്. കാനോന്‍ എഎഫ് 1, നിക്കോണ്‍ എഫ്ജി, പെന്‍ടെക്സ് 1000, യാഷിക എം 900, മാറ്റ് 124, ലുബിട്ടല്‍ 166 ബി തുടങ്ങി മൂന്ന് പതിറ്റാണ്ടോളം ആയിരങ്ങളുടെ ചിത്രം ഒപ്പിയെടുത്ത ക്യാമറകള്‍ ഇപ്പോള്‍ പുറംലോകം കാണാതെ കാഴ്ചക്കാര്‍ക്ക് കൗതുകമാകുന്നു.

സിനിമാ ചിത്രീകരണത്തിനുള്ള 5 ഡി, 7 ഡി ക്യാമറകളും നാട്ടിന്‍പുറത്തെ സ്റ്റുഡിയോകളില്‍ സുലഭമാണെന്ന് കണ്ണന്‍ പറഞ്ഞു. മുന്‍കാലങ്ങളില്‍ കോയമ്പത്തൂരില്‍നിന്നാണ് ഇത്തരം ക്യാമറകള്‍ കേരളത്തിലെത്തുന്നതെങ്കില്‍ ഇപ്പോള്‍ തൃശൂരില്‍നിന്ന് വാങ്ങാന്‍ കഴിയും. 1999ല്‍ ഒരു ലക്ഷം രൂപ കൊടുത്താണ് ആദ്യമായി ഡിജിറ്റല്‍ ക്യാമറയും മിനിറ്റുകള്‍ കൊണ്ട് ചിത്രം ലഭിക്കുന്ന പ്രിന്ററും വാങ്ങിയത്. ഡിജിറ്റല്‍ മേഖല വിപണികീഴടക്കിയതോടെ അനാഥരായത് ആയിരങ്ങളാണ്. കളര്‍ ലാബുകളില്‍ തൊഴിലെടുത്ത് ജീവിച്ചിരുന്ന കണ്ണൂരിലെ കൊറ്റാളി രാജന്‍ ഇപ്പോള്‍ സെക്യൂരിറ്റി ജോലി ചെയ്താണ് കുടുബം പോറ്റുന്നത്. അഞ്ച് പതിറ്റാണ്ട് കാലം മുംബൈയിലും എറണാകുളം അരുണ്‍ കളര്‍ലാബിലും ഫിലിം ഡവലപ്് ചെയ്തിരുന്ന ഇദ്ദേഹം ഡിജിറ്റലിന്റെ വരവോടെ പിടിച്ചുനിക്കാനാകാതെ തൊഴിലിനോട് വിട പറയുകയായിരുന്നു. ഡിജിറ്റലിനോടൊപ്പം ഫോട്ടോഷോപ്പും വേരുറപ്പിച്ചതോടെ കല്യാണ ആല്‍ബങ്ങളിലും മറ്റും ആര്‍ട്ട് വര്‍ക്ക് ചെയ്തിരുന്ന അനേകം പേര്‍ ഈ രംഗത്തുനിന്ന് പിന്‍മാറി. പുത്തന്‍ പ്രിന്ററുകള്‍ വിപണി കൈയടക്കുന്നതോടെ ലാബുടമകളുടെ കീശയും കാലിയാകുന്നു. അരക്കോടി രൂപ മുടക്കി പ്രിന്ററുകള്‍ വാങ്ങി ദിവസങ്ങള്‍ക്ക് ശേഷം നൂതന ലേസര്‍ പ്രിന്റുകള്‍ വിപണിയില്‍ ഇടം പിടിക്കുന്നതോടെ ഇതിന്റെ പിന്നാലെയോടി കളം വിട്ടവരും ഏറെയാണ്.

പി മഷൂദ് deshabhimani 110511

Monday, May 9, 2011

ടൈപ്പ്‌റൈറ്ററുകള്‍ പുരാവസ്തുക്കളായി മാറുന്നു

വിദ്യാഭ്യാസരംഗത്ത് ഒരു കാലഘട്ടത്തില്‍ സജീവസാന്നിധ്യമായിരുന്ന ടൈപ്പ്‌റൈറ്റിംഗ് ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ മറവിയിലേക്ക് മായുന്നു. ഗ്രാമീണ ജീവിതത്തില്‍ വിദ്യാഭ്യാസരംഗത്ത് മുഖ്യസ്ഥാനമായിരുന്നു ടൈപ്പ്‌റൈറ്റിംഗ് കേന്ദ്രങ്ങള്‍ക്കുണ്ടായിരുന്നത്. വിദ്യാഭ്യാസമ്പന്നര്‍ക്ക് ജോലിസാധ്യതയുടെ എളുപ്പമാര്‍ഗം തുറന്നിട്ട വിദ്യാകേന്ദ്രങ്ങളായിരുന്നു അവ. ഇടത്തരം കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് ഭാരിച്ച ചെലവുകളില്ലാതെ ഒരു ജീവനോപാധി നേടാന്‍ സഹായിച്ച നൂറുകണക്കിന് ടൈപ്പ്‌റൈറ്റിംഗ് സെന്ററുകള്‍ നാട്ടിന്‍പുറങ്ങളിലുണ്ടായിരുന്നു.

കഴിഞ്ഞ കാലഘട്ടങ്ങളില്‍ നമ്മുടെ വിദ്യാഭ്യാസരംഗത്ത് ഏറ്റവും തിരക്കേറിയ വിദ്യാകേന്ദ്രങ്ങളായിരുന്നു ടൈപ്പ്‌റൈറ്റിംഗ് കേന്ദ്രങ്ങള്‍. ടൈപ്പും ഷോര്‍ട്ടുഹാന്റും പഠിച്ചവര്‍ക്ക് നഗരങ്ങളില്‍ ജോലിസാധ്യത ഏറെയുള്ള കാലങ്ങള്‍ കടന്നുപോയിരിക്കുന്നു. കമ്പ്യൂട്ടറുകളുടെ കടന്നുവരവോടെ ടൈപ്പ്‌റൈറ്ററുകളുടെ കാലം കഴിയുകയായിരുന്നു. ഇന്ത്യയിലെ മഹാനഗരങ്ങളില്‍ ഗ്രാമീണ യൗവനങ്ങള്‍ക്ക് ജോലിസ്ഥിരതയുടെ പര്യായമായി ടൈപ്പ്‌റൈറ്റിംഗ് പഠനം ദീര്‍ഘകാലം നിലനിന്നു. സര്‍ക്കാര്‍ ഓഫീസുകള്‍, പ്രമുഖ സ്വകാര്യസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ടൈപ്പിസ്റ്റുകള്‍ അഭിവാജ്യ ഘടകമായിരുന്നു. എന്നാല്‍ ഇന്ന് ഇതൊരു പഴംകഥ മാത്രമായി മാറുമ്പോള്‍ ഈ പഠനകേന്ദ്രങ്ങളും മറവിയിലേക്ക് പോയികഴിഞ്ഞു.

ആദ്യകാലഘട്ടങ്ങളില്‍ പ്രധാനനഗരങ്ങളിലായിരുന്നു ടൈപ്പ്‌റൈറ്റിംഗ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍ പിന്നീട് ഇവ ഗ്രാമീണ മേഖലയിലെ പ്രധാന കേന്ദ്രങ്ങളിലേക്കും വളരുകയായിരുന്നു. പ്രധാന ഹൈസ്‌കൂള്‍ കേന്ദ്രങ്ങളില്‍ ഒന്നിലേറെ ടൈപ്പ്‌റൈറ്റര്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചിരുന്നത്. രാവിലെയും വൈകുന്നേരങ്ങളിലുമാണ് പ്രധാനമായും ക്ലാസ് നടന്നിരുന്നത്. ഉന്നത വിദ്യാഭ്യാസത്തിന് വിദ്യാര്‍ഥികള്‍ക്ക് തടസമില്ലാതെ ക്ലാസുകള്‍ ക്രമീകരിക്കപ്പെട്ടിരുന്നതിനാല്‍ ഇവിടെയെത്താന്‍ കുട്ടികള്‍ക്കും താല്‍പര്യമേറെയായിരുന്നു. വളരെ കുറച്ച് അടിസ്ഥാന സൗകര്യങ്ങള്‍ മാത്രം ലഭ്യമാകുന്ന സാഹചര്യത്തിലും കാര്യക്ഷമമായി നടത്താന്‍ കഴിയുന്ന സംവിധാനമാണെന്നതിനാല്‍ വലിയ മുതല്‍ മുടക്കില്ലാതെ ഇത്തരം കേന്ദ്രങ്ങള്‍ അക്കാലങ്ങളില്‍ ആരംഭിക്കാന്‍ കഴിയുമായിരുന്നു.

ലാപ്‌ടോപ്പുകളും ഡെസ്‌ക്‌ടോപ്പും സര്‍വസാധാരണമായ ആധുനിക കാലഘട്ടത്തില്‍ പേരുകേട്ട പഴയ ടൈപ്പ്‌റൈറ്റിംഗ് സെന്ററുകള്‍ കമ്പ്യൂട്ടര്‍ സെന്ററുകളായി രൂപം മാറിക്കഴിഞ്ഞു. ഗോദറേജ്, ഹാല്‍ഡ, റെമിംഗ്ടണ്‍, ഫാസിറ്റ് കമ്പനികളുടെ ടൈപ്പ്‌റൈറ്റിംഗ് മെഷീനുകളായിരുന്നു പഠനകേന്ദ്രങ്ങളില്‍ ഏറെ പ്രചാരത്തിലുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് അവയെല്ലാം പുരാവസ്തുക്കളായി മാറുന്ന കാഴ്ചയാണ്. നൂറുകണക്കിന് വിദ്യാര്‍ഥികള്‍ വന്നെത്തിയിരുന്ന ടൈപ്പ്‌റൈറ്റിംഗ് കേന്ദ്രങ്ങളില്‍ നിന്നും ഇന്ന് പഴയ ടൈപ്പറൈറ്റിംഗ് മെഷീനുകളുടെ ശബ്ദം ഓര്‍മയില്‍ ലയിക്കുകയാണ്. ഒപ്പം പഴയകാലത്തെ സാങ്കേതിക വിദ്യാഭ്യാസത്തിന്റെ ഒരു കാലഘട്ടവും വിട പറഞ്ഞു കഴിഞ്ഞു.

രാധാകൃഷ്ണന്‍ കുന്നുംപുറം ജനയുഗം 090511

Wednesday, January 5, 2011

ജനിതക സാങ്കേതികവിദ്യ സര്‍ക്കാര്‍ വികസിപ്പിക്കണം: എസ് ആര്‍ പി

കോഴിക്കോട്: കാര്‍ഷിക മേഖലയുടെ ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കാന്‍ ജനിതക സാങ്കേതികവിദ്യ കുത്തകകള്‍ക്ക് വിട്ടുകൊടുക്കാതെ സര്‍ക്കാര്‍ ഉടമസ്ഥതയിലാക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. സുരക്ഷ ഉറപ്പുവരുത്തി ശാസ്ത്ര-സാങ്കേതിക നേട്ടങ്ങള്‍ രാജ്യപുരോഗതിക്ക് പ്രയോജനപ്പെടുത്തണമെന്നാണ് പാര്‍ടി നിലപാടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ശാസ്ത്ര-സാങ്കേതിക നേട്ടങ്ങള്‍ പ്രയോജനപ്പെടുത്താതെ കാര്‍ഷികമേഖലയില്‍ ഉല്‍പ്പാദനക്ഷമതയും ഉല്‍പ്പാദനവും വര്‍ധിപ്പിക്കാനാകില്ല. ജനിതക സാങ്കേതികവിദ്യയിലൂടെ അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തകകള്‍ ലോകത്തെ കൊള്ളയടിക്കുകയാണ്. കുത്തകകളുടെ കൈയിലാണ് സാങ്കേതികവിദ്യയെങ്കില്‍ ജനങ്ങള്‍ക്കും നാട്ടിനും ഗുണവുമുണ്ടാകില്ല. സ്വകാര്യമേഖലയുടെ ലക്ഷ്യം ലാഭം മാത്രമാണ്. അതിനാല്‍ പൊതുമേഖലയെ പ്രയോജനപ്പെടുത്തി ഈ സാങ്കേതികനേട്ടം നാം ആര്‍ജിക്കേണ്ടതും അതിന് സര്‍ക്കാര്‍ മുതല്‍മുടക്കേണ്ടതുമാണ്. ജനിതകവിത്തുകള്‍ കുറഞ്ഞ വിലയ്ക്ക് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വിതരണം ചെയ്യണം. ഇവ പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ആഘാതം ഒഴിവാക്കാന്‍ സുരക്ഷിതത്വം ഉറപ്പുവരുത്തണം. സ്വകാര്യമേഖലയേക്കാള്‍ അതിന് സാധിക്കുക സര്‍ക്കാരിനും പൊതുമേഖലയ്ക്കുമാണ്. സസ്യജാലങ്ങള്‍ക്കോ ജന്തുജാലങ്ങള്‍ക്കോ അപകടവുമുണ്ടാകരുത്. പ്രദേശങ്ങളുടെ വൈവിധ്യത്തിനനുസരിച്ച് കൃഷിചെയ്യാവുന്ന വിത്തിനങ്ങള്‍ കണ്ടെത്തണം.

2005ല്‍ അഖിലേന്ത്യാ കിസാന്‍സഭ ബംഗളൂരുവില്‍ നടത്തിയ ശില്‍പ്പശാല ജനിതകവിത്ത് സംബന്ധിച്ച് വിശദമായ ചര്‍ച്ച നടത്തിയിരുന്നു. സാങ്കേതികവിദ്യയോട് മുഖംതിരിക്കരുത് എന്നാണ് ശില്‍പ്പശാല തീരുമാനിച്ചത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ ചേര്‍ന്ന സിപിഐ എം കേന്ദ്രകമ്മിറ്റി സാങ്കേതികവിദ്യ കുത്തകകള്‍ക്ക് വിട്ടുകൊടുക്കാതെ സര്‍ക്കാര്‍ കരസ്ഥമാക്കണമെന്നാണ് ആവശ്യപ്പെട്ടത്. കാര്‍ഷിക മേഖലയില്‍ ജനിതകവിത്ത് ഉപയോഗിക്കരുത് എന്ന് പറയാന്‍ നമുക്കാവില്ല. നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഇവിടെ പൂര്‍ണമായും ജൈവിക കൃഷിരീതി മാത്രമാണ് ഉണ്ടായിരുന്നത്. അത്രയും പിറകിലേക്ക് നാം പോകണമെന്ന് പറഞ്ഞാല്‍ പുത്തന്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുണ്ടാക്കുന്ന വില കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ രാജ്യത്ത് എത്തും. കാര്‍ഷിക കമ്പോളം പിടിക്കാന്‍ അമേരിക്കന്‍, യൂറോപ്യന്‍ ബഹുരാഷ്ട്ര കമ്പനികള്‍ മത്സരിക്കുകയാണ്. അവരുടെ കോര്‍പറേറ്റ് പ്രചാരവേലയില്‍ കുടുങ്ങാതെ വസ്തുനിഷ്ഠമായി വിലയിരുത്തണം. സാങ്കേതികവിദ്യയിലെ കോര്‍പറേറ്റ് മേധാവിത്വം ചെറുക്കണമെങ്കില്‍ നാം അത് കൈവശപ്പെടുത്തണം. ജനിതകവിത്ത് ഉപയോഗപ്പെടുത്തുന്നതോടൊപ്പം ജൈവവൈവിധ്യം സംരക്ഷിക്കുകയും വേണം- എസ് ആര്‍ പി പറഞ്ഞു. സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

സിപിഐ എം- സിപിഐ സംവാദമല്ല: സി കെ ചന്ദ്രപ്പന്‍

പാലക്കാട്: ജനിതകവിത്ത് സംബന്ധിച്ച് സിപിഐ എം-സിപിഐ സംവാദമല്ല നടക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍ പറഞ്ഞു. ഇത് ശാസ്ത്രവിഷയമാണ്. ഇക്കാര്യത്തില്‍ ശാസ്ത്രലോകത്തുനിന്ന് സ്വീകാര്യമായ അഭിപ്രായം വരുന്നതുവരെ ജനിതകവിത്തിനെ അനുകൂലിക്കാന്‍ പറ്റില്ലെന്നാണ് സിപിഐ അഭിപ്രായപ്പെട്ടതെന്ന് പാലക്കാട് പ്രസ് ക്ളബ്ബില്‍ മീറ്റ് ദി പ്രസ് പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.

സിപിഐ എമ്മും സിപിഐയും ഉള്‍പ്പെടെ ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ജനിതകരഹിതസംസ്ഥാനങ്ങളാണ്. ഇക്കാര്യത്തില്‍ എല്‍ഡിഎഫില്‍ ഒരേ അഭിപ്രായമാണ്. ബഹുരാഷ്ട്രക്കമ്പനികള്‍ കൊള്ളലാഭത്തിനും ജൈവവൈവിധ്യ നാശത്തിനും രാജ്യത്തെ വിത്തുവിഭവങ്ങള്‍ ഇല്ലാതാക്കാനുമാണ് ജനിതക വിത്തുകള്‍ ഉപയോഗപ്പെടുത്തുന്നത്. എല്‍ഡിഎഫില്‍നിന്ന് കൂടുതല്‍ കക്ഷികള്‍ വിടുമെന്ന് പ്രത്യാശിക്കുന്ന ഉമ്മന്‍ചാണ്ടി യുഡിഎഫിലെ കക്ഷികള്‍ വിട്ടുപോവാതെ നോക്കുന്നതായിരിക്കും നല്ലത്. പാര്‍ലമെന്റും ജുഡീഷ്യറിയും എക്സിക്യൂട്ടിവും നേരത്തേതന്നെ പണാധിപത്യത്തിനു കീഴടങ്ങി. ഇപ്പോള്‍ മാധ്യമങ്ങളും ഇതില്‍ കുടുങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി 050111

Tuesday, January 4, 2011

ബിടി വഴുതന: എതിര്‍പ്പ് തുടരും

ജനിതകമാറ്റം വരുത്തിയ ബിടി വഴുതനയ്ക്കുമേലുള്ള നിരോധനവും എതിര്‍പ്പും മാറ്റുന്ന പ്രശ്നം ഉദിക്കുന്നില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ജനിതകവിത്തിനോടുള്ള സമീപനം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള കേരള പഠനകോണ്‍ഗ്രസില്‍ അവതരിപ്പിച്ചതിനെ ചില കേന്ദ്രങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയും അതിന്മേല്‍ പ്രതികരണങ്ങള്‍ സൃഷ്ടിക്കുകയുമാണ്- പഠന കോണ്‍ഗ്രസിന്റെ സമാപനപ്രസംഗത്തില്‍ പിണറായി പറഞ്ഞു.

മനുഷ്യജീവിതം മെച്ചപ്പെടുത്തുന്ന ശാസ്ത്രവളര്‍ച്ചയെ ഒരു ഘട്ടത്തിലും തൊഴിലാളിവര്‍ഗം എതിര്‍ത്തിട്ടില്ല. ജനിതകമാറ്റം സംബന്ധിച്ച ശാസ്ത്രനേട്ടം കോര്‍പറേറ്റുകള്‍ക്കും അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തകയായ മോസാന്റോപോലുള്ള കമ്പനികള്‍ക്കും തീറെഴുതരുത്. നമ്മുടെ സര്‍വകലാശാലകളും പൊതുമേഖലാ സ്ഥാപനങ്ങളും ഗവേഷണം നടത്തുകയും ശാസ്ത്രനേട്ടങ്ങള്‍ ആര്‍ജിക്കുകയും വേണം. ഈ ദിശയിലേക്ക് നീങ്ങാതെ, ബിടി വഴുതനയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിക്ക് കേന്ദ്ര പരിസ്ഥിതിമന്ത്രാലയത്തിനു കീഴിലെ കൌസില്‍ അംഗീകാരം നല്‍കിയതാണ് ഇന്ത്യയില്‍ വിവാദവും പ്രശ്നവും സൃഷ്ടിച്ചത്. ഇത് ഇവിടെ പറ്റില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെയും പാര്‍ടിയുടെയും നിലപാടില്‍ മാറ്റമില്ല.

ബിടി വഴുതന കൃഷിചെയ്യുമ്പോള്‍ മറ്റു കൃഷികള്‍ക്കും കൃഷിഭൂമിക്കുമുണ്ടാകുന്ന പാരിസ്ഥിതികപ്രശ്നങ്ങള്‍ പഠിക്കണം. അതുപോലെ ബിടി വഴുതന ഉപയോഗിക്കുമ്പോഴുള്ള ആരോഗ്യപ്രശ്നങ്ങള്‍ മനസ്സിലാക്കണം. ഇതിലെല്ലാം വ്യക്തത വരാതെ ഇതുപയോഗിക്കാനോ കൃഷിചെയ്യാനോ പാടില്ല. ഇതാണ് ഞങ്ങളുടെ നിലപാട് എന്നിരിക്കെ ബിടി വഴുതനയെ എസ് ആര്‍ പി ന്യായീകരിച്ചെന്ന പ്രചാരണം അസംബന്ധമാണ്. ജനിതക സാങ്കേതികവിദ്യയെ പാടെ എതിര്‍ക്കുന്നത് അശാസ്ത്രീയമാണെന്ന എസ് ആര്‍ പിയുടെ നിലപാട് ശരിയാണെന്നും പിണറായി വ്യക്തമാക്കി.

ദേശാഭിമാനി 040111

Wednesday, December 29, 2010

ആത്മവിശ്വാസത്തോടെ ആകാശദൌത്യം മുന്നേറട്ടെ

ജിയോ സിംക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ എന്ന ജിഎസ്എല്‍വി ദൌത്യം തുടര്‍ച്ചയായി രണ്ടുവട്ടം പരാജയപ്പെട്ടുവെന്നത് ഖേദകരമാണ്. എന്നാല്‍, അതിനേക്കാള്‍ ഖേദകരമായ കാര്യം തുടര്‍ച്ചയായുണ്ടായ ഈ പരാജയങ്ങളെത്തുടര്‍ന്ന് ഇന്ത്യന്‍ സ്പെയ്സ് റിസര്‍ച്ച് ഓര്‍ഗനൈസേഷനെ (ഐഎസ്ആര്‍ഒ)യാകെ കടുത്ത നൈരാശ്യം ബാധിച്ചിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ്. ശാസ്ത്രബുദ്ധിക്ക് നിരക്കാത്തതാണ് ഈ നൈരാശ്യബോധം. പരാജയങ്ങളെ വിജയത്തിലേക്കുള്ള കുതിപ്പിന്റെ ഊര്‍ജകേന്ദ്രങ്ങളായി കാണാനുള്ള പക്വതയും യുക്തിചിന്തയുമാണ് പ്രഗത്ഭമതികളായ നമ്മുടെ ശാസ്ത്രജ്ഞന്മാരില്‍നിന്ന് ഇന്ത്യ ആവശ്യപ്പെടുന്നത്. പ്രത്യേകിച്ചും ചാന്ദ്രയാന്‍ 2, മനുഷ്യ ബഹിരാകാശസഞ്ചാരം എന്നിങ്ങനെയുള്ള വെല്ലുവിളി നിറഞ്ഞ പുത്തന്‍പദ്ധതികള്‍ ഏറ്റെടുക്കാനിരിക്കെ.

ജിഎസ്എല്‍വിഎഫ് 06 കഴിഞ്ഞ ഡിസംബര്‍ 25 നും ഇന്ത്യന്‍ നിര്‍മിത ക്രയോജനിക് എന്‍ജിനോടുകൂടിയ ജിഎസ്എല്‍വിഡി 3 ഏപ്രില്‍ 15 നും പരാജയമായപ്പോള്‍ ആ ദൌത്യങ്ങളുടെ വിജയത്തിനായി അര്‍പ്പണബുദ്ധിയോടെ കര്‍മനിരതരായിരുന്ന ശാസ്ത്രജ്ഞര്‍ക്ക് വിഷമമുണ്ടാവുന്നത് സ്വാഭാവികമാണ്. ഈ രണ്ട് ദൌത്യങ്ങള്‍ ഉള്‍പ്പെടെ, ഏഴ് ജിഎസ്എല്‍വി ദൌത്യങ്ങളാണ് 2001നുശേഷം പരാജയപ്പെട്ടത്. എന്നാല്‍, ഇതുകൊണ്ടൊന്നും ശുഭപ്രതീക്ഷ കൈവിട്ടുകൂടാ എന്ന് നമ്മുടെ ശാസ്ത്രജ്ഞര്‍ക്ക് മനസിലാക്കാന്‍ അവരുടെ പൂര്‍വികരുടെതന്നെ എത്രയോ അനുഭവങ്ങളുണ്ട്. പരാജയങ്ങളെ വിജയത്തിലേക്കുള്ള ചവിട്ടുപടിയായിക്കണ്ട ആ പ്രതിഭാധനരുടെ ചുവടുകള്‍ പിന്‍പറ്റുന്നവരാണ് തങ്ങള്‍ എന്ന ബോധമാണ് ശാസ്ത്രജ്ഞരെ നയിക്കേണ്ടത്.

ഡിസംബര്‍ 25 ന്റെ ദൌത്യപരാജയമുണ്ടായത് വളരെ നിസ്സാരമായ കാരണത്താലാണെന്ന് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍തന്നെ പറയുന്നുണ്ട്. ജിഎസ്എല്‍വിയുടെ ഇലക്ട്രോണിക് മസ്തിഷ്കം നിലനില്‍ക്കുന്നയിടത്തുനിന്ന് സിഗ്നല്‍ പുറത്തുവരാതിരുന്നതുകൊണ് പരാജയമുണ്ടായതെന്ന് അവര്‍ പറയുന്നു. ഇത് കണക്ഷനില്‍വന്ന തകരാറുകൊണ്ടാണത്രെ. പരിഹരിക്കാവുന്ന തകരാറാണത് എന്നു ചുരുക്കം. ഗൌരവാവഹമായ ഒരു ദൌത്യത്തിനിടയില്‍ ഈ പോരായ്മ വന്നതെങ്ങനെ എന്നത് അന്വേഷിക്കണം. 2013ല്‍ ഇന്ത്യന്‍ നിര്‍മിത ക്രയോജനിക് എന്‍ജിനോടുകൂടിയ ജിഎസ്എല്‍വി മാര്‍ക്ക് കക ആണ് രണ്ടാംചാന്ദ്രയാനെ ഭ്രമണപഥത്തിലേക്കെത്തിക്കേണ്ടത്. അപ്ഗ്രേഡ് ചെയ്യപ്പെട്ട ജിഎസ്എല്‍വി മാര്‍ക്ക് കകക ആണ് 2016ല്‍ രണ്ട് ഇന്ത്യക്കാരെ ബഹിരാകാശത്തേക്കുകൊണ്ടുപോകേണ്ടത്. നിസ്സാരങ്ങളായ പ്രശ്നങ്ങള്‍ ഇടയ്ക്കുയര്‍ന്നുവന്ന് പദ്ധതി തകര്‍ക്കുന്ന അവസ്ഥ ഒഴിവാക്കേണ്ടതുണ്ട്. ഇന്ത്യന്‍ ബഹിരാകാശസഞ്ചാരികളെ കൊണ്ടുപോവാനുള്ള ജിഎസ്എല്‍വി മാര്‍ക്ക് III പരാജയമാവില്ലെന്നുറപ്പിക്കേണ്ടതുണ്ട്. അത് പരാജയപ്പെട്ടാല്‍ മനുഷ്യജീവനും രാജ്യത്തിന്റെ യശസ്സും ഒരുപോലെ അപകടത്തിലാവും.
അതേപോലെ, നമ്മുടെ ടെലികമ്യൂണിക്കേഷന്‍ രംഗത്തിന്റെ വികസനത്തിന് കുതിപ്പുനല്‍കേണ്ടവയാണ് പുതിയ ബഹിരാകാശപദ്ധതികള്‍. അത് തകരാറിലായാല്‍ നമ്മുടെ വികസനരംഗത്ത് വന്‍തിരിച്ചടിയാവും ഉണ്ടാവുക. വിദേശ സാറ്റലൈറ്റുകളില്‍നിന്ന് ട്രാന്‍സ്പോണ്ടറുകള്‍ വാടകക്കെടുത്ത് നമ്മുടെ ടെലികമ്യൂണിക്കേഷന്‍-ടെലിവിഷന്‍-റേഡിയോ ബ്രോഡ്കാസ്റിങ് വികസനം സാധ്യമാക്കാമെന്നാണ് ഇപ്പോള്‍ കേന്ദ്രം ചിന്തിക്കുന്നത്. ഇത് ആശാസ്യമല്ല. ഇന്ത്യക്ക് ട്രാന്‍സ്പോണ്ടറുകള്‍ ഏറെ ആവശ്യമുള്ള കാലമാണിത്. അത് കണ്ടെത്താന്‍ ഐഎസ്ആര്‍ഒയ്ക്കാകട്ടെ ശേഷിയുമുണ്ട്. ആ ശേഷിയെക്കുറിച്ച് ശാസ്ത്രജ്ഞരില്‍ ആത്മവിശ്വാസം വളര്‍ത്തേണ്ട ഘട്ടത്തില്‍ കേന്ദ്രം വാടക ട്രാന്‍സ്പോണ്ടറുകളുടെ കാര്യം പറയുന്നത് ശാസ്ത്രജ്ഞരുടെ ആത്മവീര്യം കെടുത്തുകയേയുള്ളൂ.

ഇന്ത്യയുടെ ഉപഗ്രഹവിക്ഷേപണദൌത്യങ്ങള്‍ മുമ്പും പരാജയപ്പെട്ടിട്ടുണ്ട്. 1979ല്‍ എസ്എല്‍വി റോക്കറ്റ് ഉപയോഗിച്ച് നടത്തിയ ആദ്യ ഉപഗ്രഹവിക്ഷേപണംതന്നെ പരാജയപ്പെട്ടു. ഓഗ്മെന്റസ് സാറ്റലെറ്റ് ലോഞ്ച് വെഹിക്കിളിന്റെ രണ്ട് സംരംഭങ്ങള്‍ പരാജയപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഈ പരാജയങ്ങളില്‍ മനസ്സുമടുക്കാതെ മുമ്പോട്ടുപോവുകയും പുത്തന്‍ദൌത്യങ്ങള്‍ ഏറ്റെടുത്തു വിജയിപ്പിക്കുകയുമാണ് ഐഎസ്ആര്‍ഒ ചെയ്തത്. ബഹിരാകാശത്തേക്ക് ആദ്യമായി മനുഷ്യനെ അയച്ച പഴയ സോവിയറ്റ് യൂണിയനും ചന്ദ്രനില്‍ മനുഷ്യനെ എത്തിച്ച അമേരിക്കയുംപോലും തൊട്ടതെല്ലാംവിജയമാക്കിയ ചരിത്രമുള്ളവരല്ല. പല പരാജയങ്ങള്‍ക്കുശേഷം, അതില്‍നിന്നൊക്കെ പാഠങ്ങള്‍ പഠിച്ച് വിജയത്തിലേക്കെത്തിയവരാണ്. ഇന്ത്യതന്നെയും 1979ല്‍ എസ്എല്‍വി 3 റോക്കറ്റിന്റെ ആദ്യ ഉപഗ്രഹവിക്ഷേപണം പരാജയപ്പെട്ടിടത്ത് മനസ്സുതളര്‍ന്ന് ഇരുന്നില്ല. 1993ല്‍ പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ കാര്യത്തിലും ആദ്യഘട്ടങ്ങള്‍ ദുരിതമായിരുന്നു. പ്രശ്നങ്ങള്‍ പരിഹരിച്ച് അത് വിജയിപ്പിച്ചെടുത്തത് ക്ഷമാപൂര്‍വമായ കര്‍മപദ്ധതികൊണ്ടാണ്.

ഇപ്പോള്‍ പരാജയപ്പെട്ട ദൌത്യത്തിന് ഇന്ത്യ ചെലവിട്ടത് നൂറ്റിഇരുപത്തഞ്ചുകോടി രൂപയാണ്. മുപ്പത്താറ് ട്രാന്‍സ്പോണ്ടര്‍ സംവിധാനങ്ങള്‍ ഉള്ളതായിരുന്നു ആ ജി സാറ്റ് 5പി ഉപഗ്രഹം. അത് വിജയിച്ചിരുന്നെങ്കില്‍ ടെലിവിഷന്‍ സംപ്രേഷണം മുതല്‍ കാലാവസ്ഥാപ്രവചനംവരെയുള്ള കാര്യങ്ങളില്‍ വന്‍ കുതിപ്പുണ്ടാവുമായിരുന്നു. ഇന്‍സാറ്റ് ഉപഗ്രഹത്തിന്റെ കാലാവധി കഴിയാറായ സാഹചര്യത്തിലാണ് ജി സാറ്റ് 5 പി ഉപഗ്രഹം ഐഎസ്ആര്‍ഒ നിര്‍മിച്ചത്. വിക്ഷേപണഘട്ടത്തില്‍തന്നെ ഇത് പരാജയപ്പെട്ടതിന്റെ കാരണം അന്വേഷിക്കേണ്ടതുണ്ട്. ഇന്ത്യന്‍ ക്രയോജനിക് സാങ്കേതികവിദ്യ കൂടുതല്‍ മികവുറ്റതാക്കാന്‍ എന്തൊക്കെ ചെയ്യേണ്ടതുണ്ട് എന്ന് ആലോചിക്കണം. നമ്മുടെ പ്രഗത്ഭരായ ശാസ്ത്രജ്ഞര്‍ക്ക് ആത്മവീര്യവും ഭൌതികസാഹചര്യങ്ങളുടെ പിന്‍ബലവും നല്‍കി അവരെ കൂടുതല്‍ കര്‍മോന്മുഖരാക്കാന്‍ ശ്രമിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ഈ ഘട്ടത്തില്‍ ചെയ്യേണ്ടത്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ കമ്യൂണിക്കേഷന്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് ഈ രംഗത്തെ പോരായ്മ പരിഹരിക്കാന്‍ ഇന്ത്യക്ക് ശേഷിയുണ്ടെന്ന ഐഎസ്ആര്‍ഒ അധ്യക്ഷന്‍ ഡോ. കെ രാധാകൃഷ്ണന്റെ വാക്കുകളെ അവിശ്വസിക്കേണ്ട കാര്യമില്ല.

2011ല്‍ 24 ട്രാന്‍സ്പോണ്ടറുകളുള്ള ജിഎസ്എറ്റി 8 ഫ്രഞ്ച് ഗുയാനയില്‍നിന്ന് യൂറോപ്യന്‍ സ്പെയ്സ് ഏജന്‍സിയുടെ എറിയന്‍ റോക്കറ്റ് വിക്ഷേപിക്കാനിരിക്കുകയാണ്; ശ്രീഹരിക്കോട്ടയില്‍നിന്ന് പിഎസ്എല്‍വി ആകട്ടെ, ജിഎസ്എടി 12 വിക്ഷേപിക്കാനിരിക്കുന്നു. ഇതിനിടയില്‍ ജിഎസ്എടി 10, ജിഎസ്എടി 9 എന്നിവയും വിക്ഷേപിക്കപ്പെടും. ഇതിനൊക്കെയപ്പുറത്ത് ചാന്ദ്രയാന്‍, മനുഷ്യബഹിരാകാശസഞ്ചാരം പദ്ധതികളും നടക്കാനിരിക്കുന്നു. ഇത്തരമൊരു ഘട്ടത്തില്‍ ശാസ്ത്രജ്ഞരുടെ കരുത്തുചോരാനിടയാക്കുന്ന ഒരു പരാമര്‍ശവും ഉണ്ടായിക്കൂടാ. ആത്മവിശ്വാസത്തോടെ അവര്‍ക്ക് മുന്നോട്ടുപോവാന്‍ കഴിയട്ടെ! പരാജയം വിജയത്തിലേക്കുള്ള വഴിയാണ് തുറന്നുതരേണ്ടത്; നൈരാശ്യത്തിലേക്കും അതിലൂടെയുള്ള വിനാശത്തിലേക്കുമുള്ള വഴിയല്ല.

deshabhimani editorial 291210

Sunday, October 17, 2010

പാഠമാകട്ടെ ചിലിയുടെ വിപദി ധൈര്യം

അസാധ്യമായി തോന്നുന്നതിനെ സാധ്യമാക്കുന്ന അത്യുജ്വലമായ നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതിബദ്ധതാപൂര്‍ണമായ പ്രവര്‍ത്തനത്തിന്റെയും ഒടുങ്ങാത്ത ശുഭവിശ്വാസത്തിന്റെയും വിജയമാണ് ചിലിയില്‍ നമ്മള്‍ കണ്ടത്. സഹജാതരോടുള്ള സ്നേഹവും കരുതലും മുന്‍നിര്‍ത്തി അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ചാല്‍ ഒന്നും അസാധ്യമല്ലെന്ന സന്ദേശമാണ് ചിലിയിലെ ഖനിയില്‍നിന്ന് മനുഷ്യരാശി കണ്ടെടുത്തത്. സന്ദര്‍ഭത്തിനൊത്തുയര്‍ന്ന്, ക്ഷമയോടെ, എന്നാല്‍ സൂക്ഷ്മബുദ്ധിയോടെ പ്രത്യാശ കൈവിടാതെ ബന്ധപ്പെട്ടവര്‍ പ്രവര്‍ത്തിച്ചു. ശാസ്ത്ര സാങ്കേതികവിദ്യകള്‍ ലോകത്തിന്റെ പലഭാഗങ്ങളില്‍നിന്നായി വരുത്തി രക്ഷാപ്രവര്‍ത്തനത്തിന്റെ ഫലപ്രാപ്തിക്കായി ഉപയോഗിച്ചു. ലോകജനതയാകെ, ശ്വാസമടക്കിപ്പിടിച്ച്, ഈ രക്ഷാസംരംഭം വിജയിക്കണേ എന്ന ആഗ്രഹവുമായി നിലകൊണ്ടു. അങ്ങനെ, മരണത്തെ മുഖാമുഖംകണ്ട് ഖനിക്കുള്ളില്‍ 700 മീറ്റര്‍ അഗാധതയില്‍ കഴിഞ്ഞിരുന്ന 33 പേര്‍ 69 ദിവസത്തിനുശേഷം പുറത്തുവന്നു. അങ്ങനെ, ലോകത്തിലെ ഏറ്റവും വലിയ ഖനിദുരന്തങ്ങളിലൊന്നാകാമായിരുന്നത്, ലോകത്തിലെ ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനങ്ങളിലൊന്നായി മാറി.
ശാസ്ത്രസാങ്കേതികവിദ്യയുടെ രംഗത്ത് നാം ഉണ്ടാക്കിയിട്ടുള്ള വിസ്മയാവഹമായ നേട്ടങ്ങള്‍,
മനുഷ്യത്വപരമായ സല്‍സംരംഭങ്ങള്‍ക്കായി വിനിയോഗിക്കപ്പെടുന്നതിന്റെ ശ്രദ്ധേയമായ ദൃഷ്ടാന്തംകൂടിയായി ചിലിയിലെ കോപ്പിയാപ്പോ എന്ന സ്ഥലത്തുള്ള സാന്‍ജോസ് ഖനിയില്‍ നടന്ന രക്ഷാപ്രവര്‍ത്തനം. ചരിത്രത്തില്‍ അധികം സമാനതകളില്ലാത്ത സംഭവമാണ് ഇത്. അഗാധതയില്‍ കുടുങ്ങിപ്പോയവര്‍, അവിടത്തെ അന്ധകാരത്തില്‍ രണ്ടുമാസത്തിലേറെയാണ് കഴിഞ്ഞത്. അവര്‍ക്ക് പ്രാണവായുമുതല്‍ ആഹാരത്തിന് പകരമായുള്ള പോഷക കാപ്സ്യൂളുകള്‍വരെ കൃത്യമായി എത്തിച്ചുകൊടുത്തു. അവരുടെ ആത്മവീര്യം കെടാതെ നോക്കി. വിദേശസാങ്കേതികവിദ്യയും നാസാ വിദഗ്ദ്ധരേയും എത്തിച്ച് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി. പ്രത്യാശ കൈവിടാതെ നടത്തിയ ആ പ്രവര്‍ത്തനങ്ങള്‍ ഒടുവില്‍ വിജയപ്രാപ്തിയിലെത്തി. ആത്മവീര്യം കെടാതെ കഠിനപ്രയത്നം നടത്തിയാല്‍ മനുഷ്യരാശിക്ക് പല ദുരന്തങ്ങളെയും മറികടക്കാനാകുമെന്ന ദൃഢമായ വിശ്വാസം ലോകജനതയുടെ മനസ്സില്‍ ഊട്ടിയുറപ്പിക്കുന്നവിധത്തിലുള്ളതായി ചിലിയിലെ വിജയം.

ദുരന്തങ്ങളുണ്ടാകുമ്പോള്‍ അവയെ എങ്ങനെ നേരിടണമെന്നും, രക്ഷാസംവിധാനങ്ങള്‍ ലോകത്തിന്റെ നാനാദിക്കുകളില്‍നിന്നായി എത്തിച്ച് എങ്ങനെ ഏകോപിപ്പിക്കണമെന്നുമുള്ളതിന്റെ വിലപ്പെട്ട പാഠപുസ്തകംകൂടിയാകുന്നു ചിലിയിലെ അനുഭവം. തങ്ങളുടെ പക്കലുള്ള രക്ഷാസംവിധാനങ്ങള്‍ അപര്യാപ്തമാണെന്ന വിശദീകരണവുമായി അധികാരികള്‍ക്ക് വേണമെങ്കില്‍ നിസ്സഹായത പ്രകടിപ്പിക്കാമായിരുന്നു. എന്നാല്‍, ഉയര്‍ന്നതോതിലുള്ള വിപദി ധൈര്യത്തിന്റെ പിന്‍ബലത്തോടെ നാസാസംഘത്തെവരെ എത്തിച്ച് രക്ഷാപ്രവര്‍ത്തനങ്ങള്‍ മുമ്പോട്ടുകൊണ്ടുപോയി. നാലുമാസംവരെ വേണ്ടിവന്നേക്കുമെന്ന പ്രാഥമിക റിപ്പോര്‍ട്ടുകളില്‍പ്പോലും ആരും പ്രതീക്ഷ കൈവിട്ടില്ല. ലോകത്തിന്റെ ഏതെങ്കിലും ഭാഗത്ത് എന്തെങ്കിലും രക്ഷാസാങ്കേതികവിദ്യയുണ്ടെങ്കില്‍ അത് ഞങ്ങള്‍ക്ക് എത്തിച്ചുതരൂ എന്നാണ് ചിലിയുടെ പ്രസിഡന്റ് അഭ്യര്‍ഥിച്ചത്. മനുഷ്യത്വത്തിന്റേതായ ഉയര്‍ന്ന ബോധത്തോടെ ലോകം അതിനോട് പ്രതികരിച്ചു. 2000 അടി താഴ്ചയിലേക്ക് മനുഷ്യത്വത്തിന്റെ കരങ്ങള്‍ നീണ്ടുചെന്നു. അതിരുകളെ കടന്നുനില്‍ക്കുന്നതരത്തിലുള്ള മാനവികതയുടെ ഐക്യദാര്‍ഢ്യത്തിന്റെ പാഠങ്ങള്‍കൂടി ലോകത്തിന് പകര്‍ന്നുനല്‍കുന്നുണ്ട് ചിലിസംഭവം.

വിജ്ഞാന വിസ്ഫോടനത്തിന്റെ പുതിയകാലത്ത്, ഈ മൂന്നാംസഹസ്രാബ്ദഘട്ടത്തില്‍പ്പോലും മനുഷ്യത്വത്തിന് നിരക്കാത്ത പ്രതികൂല സാഹചര്യങ്ങളില്‍, ജീവന്‍ പണയംവച്ച് അന്നന്നത്തെ ആഹാരത്തിനുവേണ്ടി പണിയെടുക്കേണ്ടിവരുന്നുണ്ട് പ്രത്യേകവിഭാഗം തൊഴിലാളികള്‍ക്കെന്നത്, ശാസ്ത്ര-സാങ്കേതികരംഗങ്ങളിലെ കണ്ണഞ്ചിപ്പിക്കുന്ന വളര്‍ച്ചയുടെ പശ്ചാത്തലത്തില്‍ സമൂഹം ഓര്‍മിക്കാറില്ല. അത്തരം ചില ദുരന്തസത്യങ്ങളുടെ നേര്‍ക്ക് നമ്മുടെ കണ്ണ് തുറപ്പിക്കുന്നുമുണ്ട് ചിലി. ഒന്നും പ്രതീക്ഷിക്കാനില്ലെന്ന അവസ്ഥയില്‍പ്പോലും പ്രതീക്ഷ കൈവിടാതെ ഭൂഗര്‍ഭജീവിതത്തെ അതിജീവിച്ച ഖനിത്തൊഴിലാളികളുടെ അജയ്യമായ ഇച്ഛാശക്തി ഇതുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട മറ്റൊരു ഘടകമാണ്. സമൂഹം സ്വന്തം ജീവിതത്തിലേക്ക് പകര്‍ത്തിയെടുക്കേണ്ട മറ്റൊരു പാഠം.

ഖനിഭിത്തി ഇടിഞ്ഞതിനെത്തുടര്‍ന്ന് 17 ദിവസത്തോളം ലോകം കരുതിയത് 33 ജീവനും പൊലിഞ്ഞിട്ടുണ്ടാകുമെന്നാണ്. 17-ാം നാള്‍ ഖനിയുടെ അഗാധതകളില്‍നിന്നു ലഭിച്ച സന്ദേശത്തോട് ചിലിയന്‍ സര്‍ക്കാര്‍ പ്രതികരിച്ചത് കര്‍മധീരതയുടെ ഭാഷകൊണ്ടാണ്. നാല്‍പ്പത്തഞ്ചുദിവസംകൊണ്ട് തീര്‍ത്ത പുതുഗുഹയിലൂടെയാണ് 54 സെന്റീമീറ്റര്‍മാത്രം വ്യാസമുള്ള ഫീനിക്സ് എന്ന രക്ഷാപേടകം ഇരുളിന്റെ ആഴങ്ങളിലേക്കിറങ്ങിച്ചെന്ന് 33 പേരെ വെളിച്ചത്തിന്റെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ചിതയില്‍നിന്ന് ഉയിര്‍ത്തെണീറ്റ് പറക്കുന്ന പക്ഷിയാണ് ഫീനിക്സ് എന്നതാണ് സങ്കല്‍പ്പം. ഖനിയുടെ പാതാളങ്ങളില്‍നിന്ന് ഭൂമുഖത്തേക്ക് തിരിച്ചുകയറിവന്നവര്‍ ഓരോരുത്തരും നിശ്ചയദാര്‍ഢ്യത്തിന്റെയും അതിജീവനവാഞ്ഛയുടെയും പ്രത്യാശയുടെയും തിളങ്ങുന്ന ഫീനിക്സുകള്‍തന്നെ! ചിലിയില്‍ കണ്ട ആത്മവിശ്വാസവും വിപദിധൈര്യവും അര്‍പ്പണബോധവും കര്‍മധീരതയും മനുഷ്യത്വവും ലോകത്തിന് പാഠമാകട്ടെ! മാനവികതയുടേതായ ഈ സാര്‍വദേശീയ ഐക്യദാര്‍ഢ്യം എന്നും നിലനില്‍ക്കട്ടെ.

ദേശാഭിമാനി മുഖപ്രസംഗം

Tuesday, January 26, 2010

കേരളത്തിലെ ഗൂഗിള്‍ മാപ്പിങ്ങു് പരിപാടി

കേരളത്തിന്റെ സൂക്ഷ്മ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി ഇന്റര്‍നെറ്റ്‌ ഭൂപടം തയ്യാറാക്കാന്‍ പ്രശസ്‌ത സെര്‍ച്ച്‌ യന്ത്രമായ 'ഗൂഗിള്‍' 'കേരള മാപ്പിങ്‌ പാര്‍ട്ടി' നടത്തുന്നതായും റവന്യൂ വകുപ്പിന്റെ കീഴിലുള്ള 'ഭൂമി കേരളം' പദ്ധതി ഉദ്യോഗസ്ഥരും ചില വിദ്യാഭ്യാസ സ്ഥാപനങ്ങളും ഫിബ്രവരി അഞ്ചിന്‌ സംഘടിപ്പിച്ചിട്ടുള്ള മാപ്പിങ്‌ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ഒരുങ്ങുന്നതായും സുരക്ഷാ ഭീഷണിയുള്ളതിനാല്‍ ഗൂഗിള്‍ മാപ്പിങ്‌ പാര്‍ട്ടി നടത്താന്‍ അനുവദിക്കണോ എന്ന കാര്യത്തില്‍ അടിയന്തര ഉത്തരവ്‌ പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട്‌ ശനിയാഴ്‌ച സര്‍ക്കാരിന്‌ കത്ത്‌ നല്‍കുമെന്ന്‌ ഇന്റലിജന്‍സ്‌ മേധാവി ഡോ സിബി മാത്യൂസ്‌ അറിയിച്ചതായും വാര്‍ത്ത വന്നിരിക്കുന്നു.

ഇക്കാര്യത്തില്‍ മൂന്നു് നിലപാടുകളാണു് ഉയര്‍ന്നു വന്നിട്ടുള്ളത്. ഒന്ന്, ഭൂപട മാപ്പിംഗ് നടത്തുന്നതും അതിലെ വിവരങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുന്നതും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കും, അതിനാല്‍ ഈ വിവരം സര്‍ക്കാരിന്റെ പ്രതിരോധ-രഹസ്യാന്വേഷണ-സുരക്ഷാ വിഭാഗങ്ങള്‍ക്കു് മാത്രമേ ശേഖരിക്കാനും സംഭരിക്കാനും അനുവദനീയമാകാവൂ, സ്വദേശത്തും വിദേശത്തുമുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ ഭൂപട മാപ്പിങ്ങു് നടത്തുന്നതും വിവരം കൈവശം വെയ്ക്കുന്നതും അനുവദനീയമല്ല എന്നതാണു്. രണ്ട്‌, ഗൂഗിള്‍ എന്ന ബഹുരാഷ്ട്ര ഭീമനുമായി ചേര്‍ന്നു് സംയുക്ത ഭൂപട മാപ്പിങ്ങു് നടത്തുന്നതിലൂടെ രാജ്യത്തിനു് ഗുണകരമായ വിവരങ്ങള്‍ ലഭ്യമാക്കാനും സാങ്കേതിക ജ്ഞാനം കൈവരിക്കാനും കഴിയുമെന്നതാണു്. മൂന്നാമത്തെ നിലപാടു്, ഭൂപട മാപ്പിങ്ങില്‍ തെറ്റില്ല, വിവരം സാമൂഹ്യ ഉടമസ്ഥതയിലായിരിക്കണമെന്നും അതു് സമൂഹത്തില്‍ എല്ലാവര്‍ക്കും ഒരേ പോലെ ലഭ്യമായിരിക്കണം എന്നതുമാണു്.

...... ജോസഫു് തോമസു് (കണ്‍വീനര്‍, വിജ്ഞാന സ്വാതന്ത്ര്യത്തിനുള്ള ജനാധിപത്യ വേദി) എഴുതിയ ഈ ലേഖനം പൂര്‍ണ്ണമായി വിവരവിചാരം ബ്ലോഗില്‍ വായിക്കുക. കമന്റുകള്‍ അവിടെ തന്നെ പോസ്റ്റ് ചെയ്യുമല്ലോ.