Showing posts with label ലോ അക്കാദമി. Show all posts
Showing posts with label ലോ അക്കാദമി. Show all posts

Wednesday, February 8, 2017

(ലോ അക്കാദമിയിൽ നിന്ന്) 'മാറി'യവരെ 'മാറ്റി' വിജയാഘോഷം: ഒരു സമരസങ്കട രംഗം

തിരുവനന്തപുരം ലോ അക്കാദമിയിലെ വിദ്യാര്‍ഥിസമരം അവസാനിക്കുകയും ആ സ്ഥാപനത്തിനു മുന്നില്‍ പന്തല്‍കെട്ടി നിരാഹാരംകിടന്ന രണ്ടു രാഷ്ട്രീയനേതാക്കള്‍ എഴുന്നേറ്റുപോവുകയും ചെയ്തത് സമാധാനജീവിതം കാംക്ഷിക്കുന്ന മലയാളികള്‍ക്കെല്ലാം ആശ്വാസംപകരുന്ന അനുഭവമാണ്. വിദ്യാര്‍ഥികള്‍ അവരുടെ പഠനാന്തരീക്ഷം മെച്ചപ്പെടുത്താനും മാനേജ്മെന്റില്‍നിന്ന് നേരിടുന്ന പീഡനത്തിന് അറുതിവരുത്താനുമാണ് ലോ അക്കാദമിക്കു മുന്നില്‍ സമരമാരംഭിച്ചത്.

ഉന്നയിച്ച എല്ലാ ആവശ്യങ്ങളും മാനേജ്മെന്റിനെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ കഴിഞ്ഞപ്പോള്‍, അവിടെ അനിശ്ചിതകാല നിരാഹാരസമരം നയിച്ചിരുന്ന എസ്എഫ്ഐ പ്രക്ഷോഭം അവസാനിപ്പിച്ചു. എല്ലാ വിദ്യാര്‍ഥികളും പങ്കെടുത്ത ചര്‍ച്ചയില്‍നിന്ന് ഏകപക്ഷീയമായി ഇറങ്ങിപ്പോയും തുടര്‍ചര്‍ച്ചകളില്‍നിന്നു മാറിനിന്നും ചില രാഷ്ട്രീയ ദുഷ്ടശക്തികളുടെ കരുക്കളായിമാറിയ സംഘടനകളാണ് സമരം തുടര്‍ന്നത്. എസ്എഫ്ഐയുമായുണ്ടാക്കിയ ഒത്തുതീര്‍പ്പില്‍ ആരോപണവിധേയയായ പ്രിന്‍സിപ്പലിനെ മാറ്റിനിര്‍ത്തുക, അഞ്ചു വര്‍ഷത്തേയ്ക്ക് അവര്‍ക്ക് ഫാക്കല്‍റ്റിയില്‍പ്പോലും ഇടപെടാന്‍ കഴിയാത്ത വിലക്കേര്‍പ്പെടുത്തുക എന്നതിനു പുറമെ ഇന്റേണല്‍ മാര്‍ക്ക്, ഹോസ്റ്റലിലെ നിയമവിരുദ്ധ നിരീക്ഷണക്യാമറ എന്നിവയുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്കാണ് പരിഹാരമായത്.


അന്ന് ചെയര്‍മാന്‍സ്ഥാനത്തുനിന്ന് രാജി പ്രഖ്യാപിച്ചിട്ടില്ലാത്ത മുതിര്‍ന്ന ബിജെപി നേതാവ് അയ്യപ്പന്‍പിള്ള, അക്കാദമി ഡയറക്ടര്‍ നാരായണന്‍നായര്‍ എന്നിവര്‍ ഉള്‍പ്പെടെ മാനേജ്മെന്റിന്റെ നാലു പ്രതിനിധികള്‍ ഒപ്പിട്ടാണ് ഒത്തുതീര്‍പ്പുണ്ടാക്കിയത്.

അതിങ്ങനെ: ജനുവരി 30നും 31നും എസ്എഫ്ഐയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ താഴെ പറയുന്ന തീരുമാനങ്ങള്‍ സ്വീകരിച്ചു.
ജനുവരി 31ന് ഒപ്പിട്ട കരാർ

1. പ്രിന്‍സിപ്പല്‍ ഡോ. ലക്ഷ്മിനായര്‍ സ്ഥാനത്തുനിന്ന് ഒഴിഞ്ഞ് പകരം വൈസ്പ്രിന്‍സിപ്പലിന് ചുമതല നല്‍കിയിരിക്കുന്നു. അഞ്ചുവര്‍ഷത്തേയ്ക്ക് പേരൂര്‍ക്കട ലോ അക്കാദമി ക്യാമ്പസില്‍ ഫാക്കല്‍റ്റിസ്ഥാനത്തുണ്ടാവില്ല.
2. അറ്റന്‍ഡന്‍സ് റിപ്പോര്‍ട്ട് എല്ലാ മാസങ്ങളിലും പ്രസിദ്ധീകരിക്കുന്നതാണ്.
3. ഇന്റേണല്‍, വിഷയം പഠിപ്പിക്കുന്ന അതത് അധ്യാപകര്‍ ആയതിന്റെ ചുമതല വഹിക്കുന്നതും അത് കോളംതിരിച്ച് പ്രത്യകം രേഖപ്പെടുത്തുന്നതുമാണ്.
4. ഇന്റേണല്‍ മാര്‍ക്കുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിന് ഒതു ഏൃശല്മിരല രലഹഹ രൂപീകരിക്കുന്നതും വിദ്യാര്‍ഥികളോടുകൂടി ആലോചിച്ച് മുന്ന് അധ്യാപകരടങ്ങുന്ന സമിതിക്ക് ആയതിന്റെ ചുമതല നല്‍കുന്നതുമാണ്.
5. കോളേജിനകത്തുള്ള പൊതുവായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കോളേജ് യൂണിയന്‍ നോമിനേറ്റ്ചെയ്യുന്ന ഒരു വനിതയടക്കം രണ്ടു വിദ്യാര്‍ഥിപ്രതിനിധകള്‍ ഉള്‍ക്കൊള്ളുന്ന കോളേജ് കൌണ്‍സില്‍ രൂപീകരിക്കും.
6. സമരവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കുനേരെ ഒരു നടപടിയും സ്വീകരിക്കുന്നതല്ല.
7. മൂട്ട് കോര്‍ട്ട്, ചേമ്പര്‍ വര്‍ക്ക്, കോര്‍ട്ട് വര്‍ക്ക് തുടങ്ങിയ സമരത്തോടനുബന്ധിച്ച് മുടങ്ങിയിട്ടുള്ള അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ ഉടന്‍തന്നെ പുനരാരംഭിക്കുന്നതാണ്.
8. ഹോസ്റ്റലിനകത്ത് ഒരു മുതിര്‍ന്ന അധ്യാപികയുടെ അധ്യക്ഷതയില്‍ വാര്‍ഡനും മറ്റൊരു അധ്യാപികയും ഹോസ്റ്റല്‍ വിദ്യാര്‍ഥിനി പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഒരു കമ്മിറ്റി രൂപീകരിക്കുന്നതാണ്. ഹോസ്റ്റല്‍ വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ ഈ കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ വിദ്യാര്‍ഥിനികളുടെ അഭിപ്രായരൂപീകരണത്തിലൂടെ ഹോസ്റ്റലിന് ഒരു നിയമാവലി (ഞൌഹല മിറ ഞലഴൌഹമശീിേ) തയ്യാറാക്കും.
9. ഹോസ്റ്റലിലെ നിയമനിര്‍മാണത്തിനും ഭേദഗതിക്കുമുള്ള പൂര്‍ണ അധികാരം സമിതിക്കായിരിക്കും.
10. ന്യായമായ ആവശ്യങ്ങള്‍ക്ക് വാര്‍ഡന്റെ സമ്മതത്തില്‍ മാത്രം പുറത്തുപോകാനുള്ള അനുമതി
11. ലേഡീസ് ഹോസ്റ്റല്‍ പരിസരത്ത് സ്റ്റേഡിയത്തിലും വൈകിട്ട് ആറുവരെ കളിക്കാനുള്ള സ്വാതന്ത്യ്രം ലേഡീസ് ഹോസ്റ്റല്‍ അന്തേവാസികള്‍ക്കുണ്ടായിരിക്കുന്നതാണ്.
12. എല്ലാ അകാദമിക് ആക്ടിവിറ്റീസ്, ലൈബറി, എന്‍എസ്എസ് അടക്കം പ്രോഗ്രാമുകളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും തുല്യ പ്രാതിനിധ്യം.
13. ഒന്നാംവര്‍ഷ അഡ്മിഷന്‍ പൂര്‍ത്തിയാക്കി ഒരു മാസത്തിനകം കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് നടത്തും.
14. സര്‍വകലാശാലയുടെ നിര്‍ദേശമനുസരിച്ചായിരിക്കും ക്യാമറകളുടെ പ്രവര്‍ത്തനം.
15. പിടിഎ രൂപീകരിക്കുന്നതാണ്.
16. കോളേജില്‍ നടക്കുന്ന സെമിനാറുകള്‍ക്ക് ഹോസ്റ്റല്‍ വിദ്യാര്‍ഥിനികളില്‍നിന്നും നിര്‍ബന്ധിത ഫീസ് ഈടാക്കുന്നതല്ല.
17. മൂട്ട് കോര്‍ട്ട് അംഗങ്ങള്‍ക്കും ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ വിദ്യാര്‍ഥികള്‍ക്കും രാഷ്ട്രീയപ്രവര്‍ത്തനസ്വാതന്ത്യ്രം അനുവദിക്കാവുന്നതാണ്. മൂട്ട് കോര്‍ട്ട് ക്ളയിന്റ് കണ്‍സള്‍ട്ടിങ് മത്സരങ്ങള്‍ക്കായി വനിതാ ഹോസ്റ്റല്‍ റൂം ഒഴിയുന്നവര്‍ക്ക് മൂട്ട് കോര്‍ട്ടില്‍ സഹായിച്ചതായി പരിഗണിച്ച് ആയതിന്റെ ആനുകൂല്യം നല്‍കുന്നതായിരിക്കും.

സാധാരണനിലയില്‍ ഈ ഒത്തുതീര്‍പ്പിനപ്പുറം ഒരു സമരവും പ്രസക്തമല്ല. ഒരു വിദ്യാര്‍ഥിസമരത്തിന്റെ സ്വപ്നതുല്യമായ വിജയമെന്നുപോലും വിശേഷിപ്പിക്കാവുന്ന ഈ ഒത്തുതീര്‍പ്പ് അംഗീകരിക്കാന്‍ പക്ഷെ കെഎസ്യു, എബിവിപി, എംഎസ്എഫ്, എഐഎസ്എഫ് എന്നീ സംഘടനകള്‍ തയ്യാറായില്ല. സമരവിജയത്തിന്റെ നേട്ടം എസ്എഫ്ഐക്കു ലഭിക്കരുതെന്നു തീരുമാനിച്ചുറപ്പിച്ച നീക്കങ്ങളാണ് പിന്നീടുണ്ടായത്.

ഇതിനിടയില്‍ ബിജെപി നേതാവ് വി മുരളീധരന്‍ പൊടുന്നനെ രംഗപ്രവേശം ചെയ്ത് 48 മണിക്കൂര്‍ നിരാഹാരസമരം പ്രഖ്യാപിച്ചത് തലസ്ഥാനജില്ലയില്‍ തന്റെ സാന്നിധ്യം അറിയിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. 48 മണിക്കൂര്‍ പിന്നിട്ടപ്പോള്‍, ആ സമരം അനിശ്ചിതകാലത്തേക്കാണെന്ന പ്രഖ്യാപനമുണ്ടായി. ചിത്രത്തില്‍ ഇല്ലാതിരുന്ന വട്ടിയൂര്‍ക്കാവ് എംഎല്‍എ കെ മുരളീധരനും പിന്നാലെ നിരാഹാരസമരവുമായെത്തി. ഓരോ ദിവസവും സമരമുദ്രാവാക്യങ്ങള്‍ മാറി. ഒത്തുതീര്‍പ്പിനായുള്ള എല്ലാ ശ്രമങ്ങളും ബോധപൂര്‍വം പരാജയപ്പെടുത്തി. മാനേജ്മെന്റ് സ്ഥാനത്തുനിന്നു നീക്കിയ പ്രിന്‍സിപ്പലിന്റെ രാജി’ആവശ്യ
പ്പെട്ടുള്ള സമരമെന്ന ദുഷ്പ്പേര്, സംഘടിതവും ആസൂത്രിതവുമായ പ്രചാരണത്തിലൂടെ മാറ്റിയെടുക്കാനായി പിന്നത്തെ ശ്രമം. ഏഷ്യാനെറ്റ് ന്യൂസ് ആണ് സമരത്തെ വഴിതിരിച്ചുവിടാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വംനല്‍കിയത്. അതിന്റെ വാര്‍ത്താവതാരകന്‍ ബിജെപി സമരപ്പന്തലിലെ സ്ഥിരസന്ദര്‍ശകനായി. ബിജെപി അജന്‍ഡയ്ക്കനുസരിച്ച് ചാനല്‍ചര്‍ച്ചകള്‍ രൂപപ്പെട്ടു.

സമരം അവസാനിപ്പിക്കാന്‍ തിരുവനന്തപുരം എഡിഎം ചര്‍ച്ചയ്ക്കു വിളിച്ചു. പ്രിന്‍സിപ്പലിനെ നീക്കിയ മാനേജ്മെന്റ് തീരുമാനത്തിന്റെ മിനിട്സ് കിട്ടിയാല്‍ തങ്ങള്‍ സമരം അവസാനിപ്പിക്കാമെന്നാണ് സമരനേതൃത്വം ആ ചര്‍ച്ചയില്‍ പഞ്ഞത്. പിറ്റേന്ന് മിനിട്സ് ഹാജരാക്കിയപ്പോള്‍ എഡിഎമ്മുമായി ചര്‍ച്ചയില്ലെന്നായി. വിദ്യാഭ്യാസമന്ത്രി ചര്‍ച്ചയ്ക്കു വിളിക്കണമെന്ന് സിപിഐ നേതാവ് ബിനോയ വിശ്വം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ അതംഗീകരിച്ചു. വിദ്യാഭ്യാസമന്ത്രി വിളിച്ച ചര്‍ച്ചയില്‍, പ്രിന്‍സിപ്പലിനെ മാറ്റുന്നതടക്കമുള്ള ഉറപ്പുകള്‍ ആവര്‍ത്തിച്ചപ്പോള്‍, മന്ത്രിയെത്തന്നെ അവഹേളിക്കാനായി ശ്രമം. ഏകപക്ഷീയമായി സംഘടനകള്‍ ചര്‍ച്ച അവസാനിപ്പിച്ചു. പിന്നീട് അക്രമത്തിന്റെ വഴിയായി. ആത്മഹത്യാഭീഷണിനാടകവും മരംകയറലും. അതിനിടെ, നിരാഹാര സമരപ്പന്തലില്‍നിന്ന് രാത്രി വി മുരളീധരന്‍ വാഹനത്തില്‍ക്കയറി പോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത് ബിജെപിയെ നാണംകെടുത്തി. മുരളീധരനു പകരം സമരമാരംഭിച്ച വി വി രാജേഷ് ആഗ്രഹിച്ച പിന്തുണ ലഭിച്ചുമില്ല.

ലോ അക്കാദമി വിഷയത്തില്‍ കലാപമഴിച്ചുവിട്ട് സംസ്ഥാനത്തെ അശാന്തിയിലേക്കു നയിക്കാനുള്ള ശ്രമമാണ് പിന്നീട് അരങ്ങേറിയത്. അതിന്റെ ഭാഗമായിരുന്നു ഫെബ്രുവരി ഏഴിന്റെ നാടകങ്ങള്‍. ആസൂത്രിതമായി ആക്രമണം നടത്തുക, പൊലീസിനെക്കൊണ്ട് ബലം പ്രയോഗിപ്പിക്കുക, സംസ്ഥാനവ്യാപകമായി വിദ്യാഭ്യാസബന്ദ് നടത്തുക. ഈ പദ്ധതി നടപ്പാക്കുന്നതിനിടെയാണ് അക്രമം കണ്ടുനിന്ന വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചത്. വിദ്യാര്‍ഥികളും രക്ഷാകര്‍ത്താക്കളും‘ഭയവിഹ്വലരായി. ഇനി തുടര്‍ന്നാല്‍ സമരം തകരുമെന്നു മാത്രമല്ല, പ്രത്യാഘാതം ഗുരുതരമാകുമെന്ന ബോധ്യവും അവരിലുണ്ടായി. അതിന്റെ ഫലമാണ്, ഏതുവിധേനയും സമരം അവസാനിപ്പിച്ച് തടിയൂരണമെന്ന തീരുമാനത്തില്‍ അവരെ എത്തിച്ചത്.
വിഷമസന്ധിയില്‍പ്പെട്ട സമരക്കാരെ പരിഹസിക്കാനോ പ്രകോപിപ്പിക്കാനോ അല്ല, സമരം ഒത്തുതുര്‍പ്പിലെത്തിക്കുന്നതിന് മുന്‍കൈയെടുക്കാന്‍ തന്നെയാണ് സംസ്ഥാന സര്‍ക്കാര്‍ എന്നിട്ടും തയ്യാറായത്. ഫെബ്രുവരി എട്ടിന് വിദ്യാഭ്യാസമന്ത്രി മാനേജ്മെന്റിനെയും സമരരംഗത്തുണ്ടായിരുന്ന എല്ലാ സംഘടനകളെയും ചര്‍ച്ചയ്ക്കു വിളിച്ചു.

അതിന്റെ തീരുമാനമായി പ്രസിദ്ധീകരണത്തിനു നല്‍കിയ രേഖയില്‍ ഇങ്ങനെ പറയുന്നു:
ഫെബ്രുവരി 8 ലെ കരാർ

‘’കേരള ലോ അക്കാദമി ലോ കോളേജ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ ഗവേണിങ്ങ് കൌണ്‍സില്‍ തീരുമാനപ്രകാരം പ്രിന്‍സിപ്പല്‍സ്ഥാനത്തുനിന്നു മാറ്റി. സര്‍വകലാശാല നിയമപ്രകാരം എല്ലാ യോഗ്യതകളുമുള്ള ഒരു പ്രിന്‍സിപ്പലിനെ നിശ്ചയിക്കുന്നതിന് ബഹു. വിദ്യാഭ്യാസമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന വിദ്യാര്‍ഥി പ്രതിനിധികളും മാനേജ്മെന്റ് പ്രതിനിധികളുമായി നടന്ന ചര്‍ച്ചയില്‍ തീരുമാനിച്ചു. മാനേജ്മെന്റ് ഈ ഉറപ്പില്‍നിന്നു വ്യതിചലിച്ചാല്‍ സര്‍ക്കാര്‍ ഇടപെടുന്നതുമായിരിക്കും. രേഖയില്‍ വിദ്യാര്‍ഥി പ്രതിനിധികള്‍ക്കുപുറമെ മാനേജ്മെന്റിനുവേണ്ടി ഡയറക്ടര്‍ അടക്കം രണ്ടുപേര്‍ ഒപ്പിട്ടിട്ടുണ്ട്. ഈ യോഗം ചേരുന്ന ദിവസത്തെ പ്രമുഖ പത്രങ്ങളില്‍ ലോ അക്കാദമിയുടെ ഒരു പരസ്യവുമുണ്ട്. തലക്കെട്ട്: കേരള ലോ അക്കാദമി ലോ കോളേജ് പ്രിന്‍സിപ്പല്‍നിയമനം അപേക്ഷകള്‍ ക്ഷണിക്കുന്നു’എന്ന്.
ഫെബ്രുവരി 7 പത്ര പരസ്യം
ലക്ഷ്മി നായരെ ഗവേണിങ് കമ്മിറ്റി തീരുമാനപ്രകാരം പ്രിന്‍സിപ്പല്‍സ്ഥാനത്തുനിന്നു മാറ്റി എന്ന രേഖയാണ് സമരവിജയമായും എസ്എഫ്ഐയുടെ പിന്മാറ്റത്തിനു’തെളിവായും സമരനേതാക്കളും അവര്‍ക്ക് സമസ്ത പിന്തുണയുമായി രംഗത്തുവന്ന ഏതാനും മാധ്യമങ്ങളും ചുണ്ടിക്കാട്ടുന്നത്. ആ ഗവേണിങ് കമ്മിറ്റി ചേര്‍ന്നത് എസ്എഫ്ഐയുമായി ഒത്തുതീര്‍പ്പുണ്ടാക്കുന്നതിനു മുമ്പായിരുന്നു. അതുകഴിഞ്ഞ് ചെയര്‍മാന്‍ അയ്യപ്പന്‍പിള്ള രാജി പ്രഖ്യാപിച്ചു. വിദ്യാര്‍ഥിസമരം അവസാനിപ്പിക്കാന്‍ മാനേജ്മെന്റ് തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചുള്ള ആ രാജിപ്രഖ്യാപനത്തിനുശേഷം പ്രത്യേകിച്ചൊന്നും സംഭവിച്ചിട്ടില്ല. എസ്എഫ്ഐ സമരം നടത്തി നേടിയ അവകാശങ്ങളും ആവശ്യങ്ങളുമല്ലാതെ ഒന്നും ആരും നേടിയിട്ടുമില്ല.
ഫെബ്രുവരി 6 സിൻഡിക്കേറ്റ് തീരുമാനം

എസ്എഫ്ഐ വിജയിപ്പിച്ച സമരമാണ്, രാഷ്ട്രീയ അവിശുദ്ധസഖ്യത്തിലേക്കും കലാപത്തിലേക്കും തല്‍പ്പരകക്ഷികള്‍ വലിച്ചിഴച്ചത്. പാമ്പാടി കോളേജിലെ വിഷ്ണുവിന്റെ ദുരൂഹമരണത്തില്‍ തങ്ങള്‍ക്കുള്ള പ്രതിഷേധം പ്രകടിപ്പിക്കാന്‍ വിദ്യാര്‍ത്ഥികളെ അനുവദിക്കാത്തിടത്തുനിന്നാണ് സമരം ആരംഭിച്ചത് കോളേജ് മാനേജുമെന്റിന്റെ പിടിവാശി വിദ്യാര്‍ത്ഥികളെ സമരത്തിലേക് നയിച്ചു. ആ സമരം പിന്നീട് സംസ്ഥാനത്തെ പിടിച്ചുലയ്ക്കുന്ന ഒന്നാക്കി വളരുകയായിരുന്നു. കോളേജുമാനേജുമെന്റും പ്രിന്‍സിപ്പലും ജനാധിപത്യ മര്യാദകള്‍ കാറ്റില്‍പറത്തുകയും വിദ്യാര്‍ത്ഥികളോട് ആശാസ്യമല്ലാത്തത്ത രീതിയില്‍ പെരുമാറുകയും ചെയ്തതിനെതിരെ ഉയര്‍ന്ന വികാരം പിന്നീട് വഴിതിരിച്ച് വിദ്യാര്‍ഥികളെയും അവരുടെ ആവശ്യങ്ങളെയും അരുക്കാക്കി വിവാദ വ്യവസായികളും രാഷ്ട്രീയ കുബുദ്ധികളും ഏറ്റെടുക്കുകയാണുണ്ടായത്.

സ്വാശ്രയ കൊള്ളയ്ക്കെതിരെയും സ്വാശ്രയ സ്ഥാപനങ്ങളിലെ മനുഷ്യത്വഹീനമായ നടപടികള്‍ക്കെതിരെയും ഉയര്‍ന്നുവരേണ്ട പൊതുസമരത്തെ ദുര്‍ബലപ്പെടുത്താന്‍ ആസൂത്രിതമായി ചില കേന്ദ്രങ്ങള്‍ ശ്രമിച്ചതിന്റെ ഫലംകൂടിയാണ്, ലോ അക്കാദമിയില്‍ മാത്രം സമരത്തെ തളയ്ക്കാനുണ്ടായ ആവേശം. അത്തരം കുതന്ത്രങ്ങളോ ലോ അക്കാദമിപോലുള്ള സ്ഥാപന മാനേജ്മെന്റുകളുടെ വിദ്യാര്‍ഥിവിരുദ്ധ സമീപനമോ വാഴിക്കുന്ന നാടല്ല കേരളം എന്ന സന്ദേശമാണ് ഈ സമരത്തിന്റേത്. എസ്എഫ്ഐയുടെ സമരവിജയം അംഗീകരിക്കാന്‍ മടിക്കുന്നവര്‍ക്കും ഈ വസ്തുതകളൊന്നും തള്ളിക്കളയാനാവില്ല.

പി എം മനോജ്

(http://www.deshabhimani.com/special/law-academy-strike/622432)

Tuesday, February 7, 2017

ലോ അക്കാദമി : മന്ത്രിയെ പഴിചാരുന്നത് മറ്റൊന്നും പറയാനില്ലാതെ

തിരുവനന്തപുരം > ലോ അക്കാദമി ലോ കോളേജ് സമരവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിനെതിരെ വാളോങ്ങുന്നത് മറ്റൊന്നും പറയാനില്ലാതായപ്പോള്‍. മന്ത്രി അല്‍പ്പംകൂടി മനസ്സ് വച്ചിരുന്നെങ്കില്‍ ഞായറാഴ്ച നടന്ന ചര്‍ച്ചയില്‍ സമരം തീരുമായിരുന്നുവെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി യുഡിഎഫ് കണ്‍വന്‍ഷനില്‍ കുറ്റപ്പെടുത്തിയത്. മറ്റു ചില കേന്ദ്രങ്ങളും ഇതേ വാദവുമായി രംഗത്തു വന്നതും യഥാര്‍ഥ വസ്തുതകള്‍ മറച്ചുവയ്ക്കാനാണ്.

വിദ്യാര്‍ഥി സമരത്തില്‍ ഉന്നയിച്ച ആവശ്യങ്ങള്‍ക്കെല്ലാം പരിഹാരമുണ്ടായിട്ടും ചര്‍ച്ചയില്‍ അവര്‍ ഉന്നയിച്ച നിര്‍ദേശങ്ങള്‍ അംഗീകരിച്ചിട്ടും ചര്‍ച്ച അലങ്കോലപ്പെടുത്തിയത് ഒരുവിഭാഗം വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളാണ്. ഇത് മൂടിവച്ച് മന്ത്രിയെ കുറ്റപ്പെടുത്തി തടിതപ്പാനാണ് ശ്രമം. മന്ത്രി പരമാവധി ശ്രമിച്ചാണ് ധാരണയിലെത്തുന്നിടത്തേക്ക് കാര്യങ്ങള്‍ എത്തിയത്. അപ്പോള്‍ പൊടുന്നനെ എല്ലാം അട്ടിമറിച്ചത് ഒരു വിദ്യാര്‍ഥി സംഘടനാ നേതാവിന്റെ ദുര്‍വാശിയാണെന്ന് എല്ലാവര്‍ക്കും ബോധ്യമായതാണ്. എന്നിട്ടും രാഷ്ട്രീയ മുതലെടുപ്പ് മാത്രം ലക്ഷ്യമിട്ട് കോണ്‍ഗ്രസും ബിജെപിയും മന്ത്രിയെ പഴിചാരുന്നുവെന്ന് മാത്രം.

വിദ്യാര്‍ഥി സംഘടനകളുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങളും വസ്തുതകളും പരിശോധിക്കുന്ന ഏതൊരാള്‍ക്കും മന്ത്രി യാഥാര്‍ഥ്യ ബോധത്തോടെയും ഗുണപരമായുമാണ് ഇടപെട്ടതെന്ന് വ്യക്തമാണ്. പ്രിന്‍സിപ്പലായിരുന്ന ലക്ഷ്മി നായരെ നീക്കിയിട്ടും അവര്‍ രാജിവയ്ക്കണമെന്നായിരുന്നു ചില സംഘടനകളുടെ ആവശ്യം. അതിനു കാരണമായി പറഞ്ഞത് ലക്ഷ്മി നായരെ നീക്കിയതിന് വിശ്വാസ്യതയില്ലെന്നാണ്. തിരുവനന്തപുരം എഡിഎം നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായാണ് ഞായറാഴ്ച തന്റെ ചേംബറില്‍ മാനേജ്മെന്റ്, വിദ്യാര്‍ഥി പ്രതിനിധികളുടെ ചര്‍ച്ച നടന്നത്. എഡിഎമ്മുമായി ചര്‍ച്ച നടത്തിയാല്‍ പോരെന്നും മന്ത്രി തന്നെ ചര്‍ച്ച നടത്തണമെന്നും ചില കേന്ദ്രങ്ങളില്‍നിന്ന് ആവശ്യപ്പെട്ടതനുസരിച്ചാണ് ഇത്.

ലക്ഷ്മി നായരെ നീക്കിയതിന്റെ മിനിറ്റ്സ് കാണണമെന്നായിരുന്നു എഡിഎമ്മുമായി നടത്തിയ ചര്‍ച്ചയില്‍ ഒരുവിഭാഗം വിദ്യാര്‍ഥി സംഘടനകളുടെ ആവശ്യം. എസ്എഫ്ഐക്ക് മാത്രം എഴുതിക്കൊടുത്തതില്‍ വിശ്വാസമില്ലെന്ന് പറഞ്ഞായിരുന്നു ഇത്. മാനേജ്മെന്റ് മിനിറ്റ്സ് ഹാജരാക്കിയപ്പോഴാണ് എഡിഎമ്മുമായി ചര്‍ച്ചയ്ക്കില്ല, മന്ത്രിയുമായി ചര്‍ച്ച വേണമെന്ന ആവശ്യമുയര്‍ന്നത്. ഈ ചര്‍ച്ചയാണ് വിവാദമാക്കുന്നത്. മന്ത്രിതല ചര്‍ച്ചയില്‍ പ്രിന്‍സിപ്പലിനെ നീക്കിയ മിനിറ്റ്സ് സംഘടനാ പ്രതിനിധികളെ മാനേജ്മെന്റ് പ്രതിനിധികള്‍ കാണിച്ചു. അപ്പോഴാണ് പകരം പ്രിന്‍സിപ്പലിന്റെ ചുമതല നല്‍കിയ വൈസ് പ്രിന്‍സിപ്പലിന് യോഗ്യത ഇല്ലെന്ന് വിമര്‍ശനമുന്നയിച്ചത്. അങ്ങനെയെങ്കില്‍ സര്‍വകലാശാല മാനദണ്ഡപ്രകാരം പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കണമെന്ന് മന്ത്രിയെന്ന നിലയില്‍ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടു. ഈ ആവശ്യം മാനേജ്മെന്റ് അംഗീകരിച്ചു. സര്‍വകലാശാലാ മാനദണ്ഡ പ്രകാരം പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കാമെന്നും മാനേജ്മെന്റ് സമ്മതിച്ചു.

അവിടെ തീരേണ്ടതായിരുന്നു സമരം. തുടര്‍ന്ന് സംസാരിച്ച കെഎസ്യു ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഈ നിര്‍ദേശം അംഗീകരിക്കുകയും ചെയ്തു. അപ്പോഴാണ് ഒരു വിദ്യാര്‍ഥി സംഘടനാ പ്രതിനിധി ചര്‍ച്ച വഴിതിരിച്ചുവിട്ടത്്. ഈ പ്രതിനിധി അപമര്യാദയായി പെരുമാറിയിട്ടും മന്ത്രി സംയമനം പാലിക്കുകയും സമരം ഒത്തുതീര്‍ക്കാന്‍ പരമാവധി ഇടപെടുകയും ചെയ്തു. ഒരു സംഘടന മാത്രം വാശി തുടര്‍ന്നപ്പോള്‍ എസ്എഫ്ഐ ഒഴിച്ചുള്ള മറ്റു സംഘടനകളും അവരോടൊപ്പം നില്‍ക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു.

രണ്ടു മണിക്കൂറിലധികമാണ് ചര്‍ച്ച നടത്തിയത്. എന്നിട്ടും ഈ സംഘടനകള്‍ വഴങ്ങിയില്ല. തുടര്‍ന്നാണ് യോഗം അവസാനിപ്പിച്ചതായി മന്ത്രി അറിയിച്ചത്. ഉദ്യോഗസ്ഥരും മാനേജ്മെന്റ് പ്രതിനിധികളും പോയശേഷവും ചില വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍ മന്ത്രിയുടെ ചേംബറില്‍ ഇരുന്ന് ബഹളമുണ്ടാക്കാനാണ് ശ്രമിച്ചത്. ഇതൊന്നും കാണാതെ ഗൂഢരാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് വളംവച്ചുകൊടുക്കുന്ന പ്രതികരണമാണ് ചില കേന്ദ്രങ്ങളില്‍ നിന്നുമുണ്ടായത്.

ലക്ഷ്‌മി നായരുടെ ബിരുദ യോഗ്യത സംബന്ധിച്ച് അന്വേഷണം നടത്തും; ലോ അക്കാദമിയുടെ അഫിലിയേഷന്‍ റദ്ദാക്കണമെന്ന ആവശ്യം സിന്‍ഡിക്കേറ്റ് തള്ളി

തിരുവനന്തപുരം > ലോ അക്കാദമി ലോ കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ ലക്ഷ്മി‌ നായരുടെ ബിരുദ യോഗ്യത സംബന്ധിച്ച് അന്വേഷണം നടത്താന്‍ കേരളസര്‍വകലാശാല തീരുമാനം. ലക്ഷ്മി നായരുടെ എല്‍എല്‍ബി ബിരുദം സംബന്ധിച്ച് പ്രത്യേക പരീക്ഷാ സമിതി അന്വേഷിക്കുവാന്‍ തിങ്കളാഴ്ച ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. ഒരേ സമയം കേരള സര്‍വകലാശാലയില്‍ നിന്ന് എല്‍എല്‍ബി ബിരുദവും ആന്ധ്രയിലെ സര്‍വകലാശാലയില്‍ നിന്ന് പിജി ബിരുദവും നേടി എന്നാണ് ആരോപണം. ഇക്കാര്യത്തിലാണ് സിന്‍ഡിക്കറ്റ് ഉപസമിതി പ്രത്യേക അന്വേഷണം നടത്തുക.

ലോ അക്കാദമി  അഫിലിയേഷന്‍ റദ്ദാക്കണമെന്ന യുഡിഎഫ് അംഗങ്ങളുടെ പ്രമേയം സിന്‍ഡിക്കേറ്റ് വോട്ടിനിട്ട് തള്ളി. ആകെ എട്ട് അംഗങ്ങളാണ് അഫിലിയേഷന്‍ റദ്ദാക്കുന്നതിനെ അനുകൂലിച്ചത്. സിപിഐഎം നോമിനികളായ സിന്‍ഡിക്കറ്റ് അംഗങ്ങളും  സര്‍ക്കാര്‍ പ്രതിനിധികളും അഫിലിയേഷന്‍ റദ്ദാക്കണമെന്ന പ്രമേയത്തെ എതിര്‍ത്തു. സിപിഐ അംഗം യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തു.

ഭാവി മരുമകള്‍ക്ക് മാര്‍ക്ക് ദാനം നടത്തിയ സംഭവം സിന്‍ഡിക്കറ്റ് ഉപസമിതി അന്വേഷിക്കാനും തീരുമാനമായിട്ടുണ്ട്.  മാര്‍ക്ക് ക്രമക്കേട് അന്വേഷിക്കാന്‍ പരീക്ഷാ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയെയാണ് സര്‍വകലാശാല സിന്‍ഡിക്കറ്റ് ചുമതലപ്പെടുത്തിയത്. സിന്‍ഡിക്കറ്റ് യോഗം അവസാനിച്ചതിന് പിന്നാലെ കെഎസ് യു, എഐഎസ്എഫ് എംഎസ്എഫ്പ്രവര്‍ത്തകര്‍ സര്‍വകലാശാല ആസ്ഥാനത്തേക്ക് തള്ളിക്കയറി ബഹളം വെച്ചു.

ലക്ഷ്മി നായരെ പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിന്നും നീക്കിയെന്ന് കാണിച്ച് ലോ അക്കാദമി മാനേജ്മെന്റ് രേഖാമൂലം നല്‍കിയ കത്ത് കേരള യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് തിങ്കളാഴ്ച അംഗീകരിച്ചു. പുതിയ പ്രിന്‍സിപ്പാളിനെ നിയമിക്കാന്‍ സിന്‍ഡിക്കേറ്റ് യോഗം മാനേജ്മെന്റിനോട് ആവശ്യപ്പെടുകയും ചെയ്തു.

ലോ അക്കാദമി സമരം : ഓരോ ദിവസം ഓരോ ആവശ്യം; പിന്നില്‍ ബാഹ്യശക്തികള്‍

എം രഘുനാഥ്

തിരുവനന്തപുരം > ലോ അക്കാദമി ലോ കോളേജിന് മുന്നിലെ സമരക്കാര്‍ ആവശ്യങ്ങള്‍ അടിക്കടി മാറ്റുന്നതിനുപിന്നില്‍ ബാഹ്യശക്തികളുടെ സമ്മര്‍ദം. ഉന്നയിക്കുന്ന ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടുമ്പോള്‍ പുതിയത് ഉയര്‍ത്തി വഴുതിമാറുന്നവരെ നിയന്ത്രിക്കുന്നത് രാഷ്ട്രീയലക്ഷ്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന ഈ ബാഹ്യശക്തികള്‍. ഞായറാഴ്ച വിദ്യാഭ്യാസമന്ത്രി വിളിച്ചുചേര്‍ത്ത ചര്‍ച്ച അലങ്കോലമാക്കിയതും മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെപേരില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നതും ഇതേ ഗൂഢശക്തികളാണ്.

പാമ്പാടി നെഹ്റുകോളേജ് വിദ്യാര്‍ഥി ജിഷ്ണുവിന്റെ മരണത്തെത്തുടര്‍ന്ന് ജനുവരി ഒമ്പതിന് കോളേജില്‍ എസ്എഫ്ഐ ക്യാമ്പയിന്‍ നടത്തിയിരുന്നു. 11ന് കെഎസ്യുവും എഐഎസ്എഫും പ്രകടനത്തിന് അനുമതി തേടിയെങ്കിലും ലഭിച്ചില്ല. അതിനെതിരെയായിരുന്നു അവരുടെ സമരം. അപ്പോഴൊന്നും ഈ സംഘടനകള്‍ പ്രിന്‍സിപ്പല്‍ രാജിവയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചില്ല. കോളേജ് ഭരിക്കാനറിയാത്ത പ്രിന്‍സിപ്പല്‍ രാജിവയ്ക്കുക, അല്ലെങ്കില്‍ പുറത്താക്കുക എന്നതുള്‍പ്പെടെ 17 ആവശ്യങ്ങള്‍ ഉന്നയിച്ച് എസ്എഫ്ഐ നിരാഹാരസമരം തുടങ്ങി. അതിനിടെ, സിന്‍ഡിക്കറ്റ് ഉപസമിതി തെളിവെടുപ്പ് നടത്തി തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍  ലക്ഷ്മിനായരെ അഞ്ചുവര്‍ഷത്തേക്ക് ഡീബാര്‍ ചെയ്തു. യൂണിവേഴ്സിറ്റി സ്റ്റാറ്റ്യൂട്ട് പ്രകാരമുള്ള പരമാവധി ശിക്ഷ നല്‍കി.

തുടര്‍ന്ന് വിദ്യാര്‍ഥിസംഘടനകളുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് പ്രിന്‍സിപ്പലിനെ മാറ്റാന്‍ മാനേജ്മെന്റ് നിര്‍ബന്ധിതമായത്. പ്രിന്‍സിപ്പല്‍സ്ഥാനത്തുനിന്ന് മാറ്റുമെങ്കിലും ഫാക്കല്‍റ്റിയായി തുടരുമെന്നായിരുന്നു മാനേജ്മെന്റ് നിലപാട്. ഇതംഗീകരിക്കില്ലെന്ന് എസ്എഫ്ഐ വ്യക്തമാക്കി. അഞ്ചുവര്‍ഷത്തേക്ക് മാറ്റണമെന്ന് മറ്റ് സംഘടനകളും ആവശ്യപ്പെട്ടു. അഞ്ചുവര്‍ഷത്തേക്ക് അധ്യാപികയായിപോലും വരില്ലെന്നതുള്‍പ്പെടെ എസ്എഫ്ഐ ഉന്നയിച്ച 17 ആവശ്യങ്ങളും അംഗീകരിച്ചതോടെ എസ്എഫ്ഐ സമരം പിന്‍വലിച്ചു. എന്നാല്‍ വഴുതിമാറിയ മറ്റ് സംഘടനകള്‍ പ്രിന്‍സിപ്പല്‍ രാജിവയ്ക്കണമെന്നായി. മാനേജ്മെന്റ് നീക്കിയ പ്രിന്‍സിപ്പല്‍ രാജിവയ്ക്കേണ്ടതില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടപ്പോള്‍ എസ്എഫ്ഐക്ക് കൊടുത്ത ഉറപ്പില്‍ വിശ്വാസമില്ലെന്നും മിനിറ്റ്സ് കാണണമെന്നും ആവശ്യമുയര്‍ന്നു. മാനേജ്മെന്റ് മിനിറ്റ്്സ് ഹാജരാക്കിയപ്പോള്‍ ചര്‍ച്ച എഡിഎം നടത്തിയാല്‍ പോരാ, മന്ത്രിതന്നെ വേണമെന്നായി. നേരത്തെ മന്ത്രി നടത്തിയ ചര്‍ച്ച അലങ്കോലമാക്കിയ സംഘംതന്നെയാണ് വീണ്ടും മന്ത്രി ചര്‍ച്ചനടത്തണമെന്ന് ആവശ്യമുന്നയിച്ചത്.

ഞായറാഴ്ച മന്ത്രി നടത്തിയ ചര്‍ച്ചയില്‍ പ്രിന്‍സിപ്പലിനെ നീക്കിയുള്ള മിനിറ്റ്സ് മാനേജ്മെന്റ് കാണിച്ചപ്പോള്‍ പകരം ചുമതല കൊടുത്തയാള്‍ക്ക് യോഗ്യത ഇല്ലെന്നായി. അങ്ങനെയെങ്കില്‍ പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കണമെന്ന മന്ത്രിയുടെ ആവശ്യം മാനേജ്മെന്റ് അംഗീകരിച്ചു. അപ്പോഴാണ് അതൊന്നും പോരാ രാജിതന്നെ വേണമെന്ന് ഒരു സംഘടനമാത്രം നിലപാടെടുത്തത്. ഈ സംഘടനയുടെ പ്രതിനിധി അപമര്യാദമായി പെരുമാറിയിട്ടും മന്ത്രി സംയമനം പാലിച്ചു. ചര്‍ച്ച അവസാനിപ്പിച്ചശേഷവും മന്ത്രിയുടെ ചേംബറില്‍ ബഹളംവച്ചു. തുടര്‍ന്നാണ് മന്ത്രി യോഗം ബഹിഷ്കരിച്ചെന്ന കഥ മെനഞ്ഞത്.
ലോ അക്കാദമി ഭൂമിവിഷയത്തിലും ബാഹ്യശക്തികള്‍ ഇതേ കള്ളക്കളി തുടരുന്നു.  നടരാജപിള്ളയുടെ കുടുംബം ഭൂമി തിരിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് മറുപടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ നല്‍കിയത്. ഭൂമി തിരിച്ചുനല്‍കുന്നതിന്റെ നിയമതടസ്സമാണ് സൂചിപ്പിച്ചത്. ഒരു പിള്ളയുടെ ഭൂമി  എന്ന പരാമര്‍ശത്തിനും അടുത്ത ദിവസംതന്നെ വിശദീകരണം നല്‍കി. എന്നിട്ടുംകുത്തിത്തിരിപ്പ് തുടരുകയാണ്.

സര്‍ സി പിയുടെ കാലത്താണ് ഭൂമി കണ്ടുകെട്ടിയത്. സിപിഐ നേതാവ് എം എന്‍ ഗോവിന്ദന്‍നായര്‍ കൃഷിമന്ത്രിയായിരിക്കെ ഭൂമി ലോ അക്കാദമി ട്രസ്റ്റിന് പാട്ടത്തിന് നല്‍കി. പിന്നീട് കോണ്‍ഗ്രസ് പിന്തുണയോടെ സിപിഐ നേതാവ് സി അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരിക്കെ പാട്ടക്കാലാവധി 30 വര്‍ഷമാക്കി. കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ കമ്പോളവില കണക്കാക്കി ഭൂമി പതിച്ചുനല്‍കി പട്ടയഭൂമിയാക്കി. അത് തിരിച്ചുപിടിക്കുന്നതിലെ നിയമതടസ്സങ്ങള്‍ ആര്‍ക്കും അറിയാത്ത കാര്യമല്ല. വിദ്യാര്‍ഥികള്‍ നേരിടുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമായിട്ടും പുതിയ ആവശ്യങ്ങളും ഭൂമിപ്രശ്നവും ഉന്നയിച്ച് പുകമറ സൃഷ്ടിച്ച് തുടരുന്ന സമരത്തിലെ അജന്‍ഡ എല്‍ഡിഎഫ് സര്‍ക്കാരിനെ താറടിക്കല്‍മാത്രം.

Wednesday, February 1, 2017

ലോ അക്കാദമിയിലെ എസ്എഫ്ഐ വിജയം ആഘോഷിക്കുക തന്നെവേണം, എന്തുകൊണ്ടെന്നാൽ‍?

ലോ അക്കാദമി ലോ കോളേജ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ നീക്കിയതിലൂടെ വിദ്യാര്‍ഥികള്‍ നേടിയത് വന്‍ വിജയമാണ്. ഫാക്കല്‍റ്റി എന്ന നിലയില്‍പോലും കോളേജില്‍ തുടരില്ല എന്ന രേഖാമൂലമുള്ള ഉറപ്പും എസ്എഫ്ഐക്ക് മാനേജ്മെന്റില്‍നിന്ന് നേടിയെടുക്കാനായി. ഇന്റേണല്‍മാര്‍ക്കിന്റെയും അറ്റന്‍ഡന്‍സിന്റെയും പേരില്‍നടക്കുന്ന പീഡനങ്ങള്‍ അവസാനിപ്പിക്കാനും വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ ഉറപ്പാക്കാനും എസ്എഫ്ഐ നടത്തിയ ചര്‍ച്ചയില്‍ ധാരണ ഉണ്ടാക്കി. ഉന്നയിച്ച 17 ആവശ്യങ്ങളും നേടിയശേഷമാണ് എസ്എഫ്ഐ സമരം അവസാനിപ്പിച്ചത്.

വിദ്യാര്‍ഥികള്‍ നേടിയ വിജയത്തെ അപഹസിക്കാനും നിരവധിപേര്‍ രംഗത്തെത്തി. വിദ്യാര്‍ഥി സമരത്തെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കാന്‍ ചിലര്‍ നടത്തുന്ന ഇത്തരം ശ്രമങ്ങള്‍ക്ക് വലിയ വിമര്‍ശനമാണ് നേരിടേണ്ടി വന്നത്. വിജയത്തിലെത്തിയ വിദ്യാര്‍ഥിസമരത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളനിരവധിപേരാണ് അഭിപ്രായം രേഖപ്പെടുത്തിയത്. സോഷ്യല്‍ മീഡിയ പ്രതികരണങ്ങളില്‍ ചിലത് ചുവടെ:-

Saneesh Elayadath

പഠിക്കുന്നവര്‍ സമരം നടത്തിയത് ലക്ഷ്മി നായര്‍ക്കെതിരെയാണ്. അവര്‍ വിദ്യാര്‍ഥിപീഡകയാണ്, തോന്ന്യാസിയാണ് .അവര്‍ രാജി വെയ്ക്കണം എന്നതായിരുന്നല്ലോ ആവശ്യം. ലോ അക്കാദമിയിലെ സ്ഥിതിയനുസരിച്ച് രാജി വെയ്പ്പിക്കാന്‍ സാങ്കേതികതടസ്സമുണ്ട് എന്നാണ് ഇത് വരെയുള്ള വായനയും കേള്‍വിയും വെച്ച് എനിക്ക് മനസ്സിലായിട്ടുള്ളത്. അപ്പോള്‍ അവര്‍ പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് തുടരാതിരിക്കുക എന്ന ആവശ്യമേ പ്രാക്ടിക്കലി ശരിയാകൂ. ആ ആവശ്യം ഈ സമരക്കാര്‍ നേടിയെടുത്തിട്ടുണ്ട്. വിദ്യാര്‍ഥി പീഡകയും തോന്ന്യാസിയും ആയ ലക്ഷ്മി നായര്‍ ഇനി മുതല്‍ ലോ അക്കാദമിയുടെ പ്രിന്‍സിപ്പല്‍ അല്ല. എന്ന് മാത്രമല്ല അവിടത്തെ അധ്യാപികയും അല്ല.അത് എസ്സെഫൈക്കാരുടെ അവകാശവാദമായി മാത്രമല്ല നമ്മുടെ മുന്നിലുള്ളത്. മാനേജ്‌മെന്റിന്റെ വാര്‍ത്താസമ്മേളനത്തിലൂടെ ,അവരുടെ സ്വന്തം വാക്കുകളിലൂടെ തന്നെയാണ്. ഞാന്‍ രാജി വെയ്ക്കില്ല എന്ന് നല്ല ധാര്‍ഷ്ട്യത്തോടെ പറഞ്ഞ ലക്ഷ്മി പി നായരെ ഈ മട്ടില്‍ അധികാരരഹിതയാക്കിയത് വിജയമോ പരാജയമോ. ഞാളെ ചെറ്യേ ബുദ്ധീല് അതൊരു വിജയമാണ് എന്നാണ് തോന്നുന്നത്.

പിന്നെ ഇതൊരു ഒത്ത് തീര്‍പ്പല്ലേ എന്നത്. ആണ്. തെരുവുകളില്‍ രക്തം ചിന്തി കുറേ ചെറുപ്പക്കാര്‍ സംഘടിതമായി നീങ്ങി , അധികാരത്തിന്റെ കൊത്തളങ്ങള്‍ പിടിച്ചെടുത്ത് അവരുടെ പതാക നാട്ടുന്നത് നല്ല രസമുള്ള കാഴ്ചയൊക്കെയായിരിക്കും. നമ്മുടേത് പോലൊരു ജനാധിപത്യസംവിധാനത്തിനകത്ത് അതല്ലാതെയുള്ള പരിഹാരരീതികള്‍ അവലംബിക്കുന്നതാണ് നല്ലതെന്നാണ് ചെറ്യേ ബുദ്ധിയില്‍.

പിന്നെ എസ്സെഫൈക്കാര് ഇത് ഒറ്റയ്ക്കുള്ള വിജയമാക്കരുതായിരുന്നു എന്ന തോന്നല്‍ എനിക്കുമുണ്ട്. ആദ്യം സമരം നടത്തിയത് കെ എസ് യു ആണ്. ഹോസ്റ്റലില്‍ പെണ്‍കുട്ടികള്‍ നല്ല ആര്‍ജ്ജവത്തോടെ സമരരംഗത്തുണ്ട്.എ ബിവിപിയും ഉണ്ടല്ലോ. വിദ്യാര്‍ഥികളെയെല്ലാവരെയും വിശ്വാസത്തിലെടുത്ത് , അവരുടെ കൂടെ വിജയമായി, അവര്‍ക്കൊപ്പം നിന്ന് വിജയം അവകാശപ്പെടുന്നതായിരുന്നു നല്ലത്. പക്ഷെ അത് അവരുടെ കാര്യം. എസ്സെഫൈ ഇങ്ങനെ ചെയ്യണം എന്ന് പറഞ്ഞ് കൊടുക്കാന്‍ നമ്മളാ സംഘടനയുടെ സുപ്പീരിയര്‍ അഡൈ്വസര്‍ ഒന്നുമല്ലല്ലോ.

പിന്നെ, ആ സ്ത്രീ നടത്തിയ ജാതി, സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍. അവയ്‌ക്കെതിരെ കേസ് നടത്തണം. ഇനി ആവര്‍ത്തിക്കാത്ത വിധം അവരെ പാഠം പഠിപ്പിക്കണം.

ഏറ്റവും പ്രധാനപ്പെട്ടത് ആ ഭൂമി. അത് തിരിച്ച് പൊതു ഉടമസ്ഥതയിലേക്ക് പിടിക്കണം. ജാത്യാഹങ്കാരം പോലും കയ്യിലുള്ള തോന്ന്യാസകുടുംബത്തിന് കയ്യില്‍ വെച്ച് പുട്ടടിക്കാനല്ല 1968ല്‍ ആ ഭൂമി നല്‍കിയത് എന്ന് സിപിഐയും സിപിഎമ്മും കോണ്‍ഗ്രസ്സും അടക്കം, ആ ഭൂമി അവരുടെ കൈയിലെത്താന്‍ കാരണക്കാരായ സകലരും കാണിച്ച് കൊടുത്തണം. ലോ അക്കാദമി പൂട്ടിക്കണം എന്നതിനല്ല, 68ല്‍ വിഭാവനം ചെയ്യപ്പെട്ട പോലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നിയമകലാലയം എന്ന നിലയിലേക്ക് അതിനെ എത്തിക്കുകയാണ് വേണ്ടത്. സര്‍ക്കാരിും നിയമവിദഗ്ദരും ഉള്‍പ്പെടുന്ന ട്രസ്റ്റ് നിയന്ത്രിക്കുന്ന അവസ്ഥയിലേക്ക് അവരെ എത്തിക്കണം.

സമര സമിതിയുടെ ബോര്‍ഡ്. എസ്എഫ്ഐയ്ക്ക് മാനെജ്മെന്റ് രേഖാമൂലം എഴുതി നല്‍കിയ കത്തില്‍ ഈ ബോര്‍ഡിലെ ആവശ്യങ്ങളെല്ലാം അംഗീകരിച്ചിട്ടുണ്ട്. സമര സമിതിയുടെ ബോര്‍ഡ്. എസ്എഫ്ഐയ്ക്ക് മാനെജ്മെന്റ് രേഖാമൂലം എഴുതി നല്‍കിയ കത്തില്‍ ഈ ബോര്‍ഡിലെ ആവശ്യങ്ങളെല്ലാം അംഗീകരിച്ചിട്ടുണ്ട്.

Harshan Poopparakkaran

ലക്ഷ്മി നായര്‍ സ്വമേധയാ രാജിവച്ചൊഴിയണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്നത് ഹിറ്റ്ലര്‍ മാനസാന്തരപ്പെടണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്നതിന് തുല്യമാണ്. ലക്ഷ്മി നായരെ സര്‍ക്കാര്‍ പുറത്താക്കണമെന്ന ആവശ്യം മുത്തൂറ്റിന്‍്റെ ബ്രാഞ്ച് മാനേജരെ സര്‍ക്കാര്‍ പിരിച്ചുവിടണമെന്നതുപോലെയുള്ള ആവശ്യമാണ്.

K J Jacob

മുഖ്യ ആവശ്യങ്ങള്‍ നേടിയെടുത്തുതന്നെ അവസാനിപ്പിക്കാന്‍ സാധിച്ച സമരം. ജാതിവെറിയുമായി ഇനി അവര്‍ നിങ്ങളെ ചവിട്ടിമെതിക്കില്ല. സമരം ചെയ്ത എല്ലാ വിദ്യാര്തഥികള്‍ക്കും സംഘടനകള്‍ക്കും അഭിവാദ്യം. ലോ അക്കാദമി സ്വയം തയ്യാറാക്കി നാട്ടുകാര്‍ക്ക് മുന്‍പില്‍ വച്ച കുറ്റപത്രവും, മറ്റു കേസുകളും വച്ച് ബാക്കി നടപടികള്‍ സര്‍ക്കാരും സര്‍വ്വകലാശാലയും ചെയ്യണം.

Sreechithran Mj

സിമ്പിള്‍. മൂന്നു തരം സമരങ്ങളേയുള്ളൂ.

@ നിലവിലുള്ള ജനാധിപത്യസംവിധാനത്തില്‍ അര്‍ഹിക്കുന്ന നീതി ലഭിക്കണമെന്ന ആവശ്യം മുന്‍നിര്‍ത്തി നടക്കുന്ന സമരങ്ങള്‍
@ നിലവിലുള്ള ജനാധിപത്യസംവിധാനത്തിന്റെ ഘടനയിലോ രീതിശാസ്ത്രത്തിലോ വിയോജിക്കുന്ന സമരങ്ങള്‍
@ പുറമേ മുന്‍പു പറഞ്ഞ രണ്ടുതരം സമരങ്ങളിലേതെങ്കിലും ഒന്നാണെന്ന വ്യാജേന നടക്കുന്ന സമരാഭാസങ്ങള്‍.

ആദ്യം പറഞ്ഞ രണ്ടുതരം സമരങ്ങളിലും പങ്കെടുക്കുന്നവര്‍ക്ക് കരയിലിരുന്ന് കളി കാണുന്നവരുടെ കയ്യടിയെ തൃപ്തിപ്പെടുത്തലല്ല ഉദ്ദേശം. അതുകൊണ്ടുതന്നെ സമരത്തിലെ ലക്ഷ്യങ്ങളെക്കുറിച്ച് അവര്‍ക്ക് അവരുടേതായ തീരുമാനങ്ങള്‍ ഉണ്ടാവും. ഉണ്ടായിരിയ്ക്കുകയും വേണം.

ലോ കോളേജ് വിഷയത്തില്‍ ഒരു പ്രിന്‍സിപ്പാളുടെ രാജിയിലേക്ക് നടന്ന സമരകേന്ദ്രീകരണം തന്നെ എനിയ്ക്ക് അഭിപ്രായമുള്ള കാര്യമല്ല. ഇതിനര്‍ത്ഥം അവരുടെ രാജിയെന്ന ആവശ്യം തെറ്റായിരുന്നു എന്നല്ല. അവര്‍ക്ക് ജാതീയത മുതല്‍ സ്ത്രീവിരുദ്ധത വരെ സകല പ്രാകൃതബോധരാഹിത്യവുമുണ്ടായിരുന്നു, ഉണ്ട്. എന്നാല്‍ അത്തരമാദ്യത്തെ അദ്ധ്യാപികയല്ല ലക്ഷ്മി നായര്‍, അവസാനത്തേതുമല്ല. നിയമം പഠിപ്പിക്കുന്ന സ്ഥാപനത്തില്‍ നടക്കുന്ന കടുത്ത മനുഷ്യാവകാശലംഘനങ്ങളുടെ തുറന്നുകാട്ടലായിട്ടാണ് ഈ പ്രശ്നത്തെ മാറ്റിത്തീര്‍ക്കേണ്ടിയിരുന്നത്. അല്ലാതെ ഒരു വ്യക്തിയുടെ നന്മതിന്മയില്‍ അല്ല സമരത്തിന്റെ കേന്ദ്രസ്ഥാനം. നിലവില്‍ അഞ്ചുവര്‍ഷത്തേയ്ക്ക് ഫാക്കല്‍റ്റി ആയിപ്പോലും വരാനാവാത്ത നിലയില്‍ ലക്ഷ്മി നായര്‍ മാറ്റിനിര്‍ത്തപ്പെട്ടിട്ടുണ്ട്. ജാതിപരാമര്‍ശമടക്കമുള്ളവയില്‍ നിയമനടപടികള്‍ നേരിടേണ്ട സാഹചര്യം അവര്‍ക്കു മുന്നിലുണ്ട്.

ഇതിന്റെയൊക്കെ പേരുതന്നെയാണ് സമരവിജയം.

പിന്നെ, എഫ് ബിയില്‍ ടൈപ്പ് ചെയ്തുമാത്രം സമരം ചെയ്യുന്നവര്‍ക്ക് ലക്ഷ്മി നായരെ തൂക്കിക്കൊല്ലണമെന്നോ ലക്ഷ്മി നായര്‍ നേരിട്ട് സമരക്കാര്‍ക്കു മുന്നില്‍ വന്ന് ആത്മഹത്യ ചെയ്യണമെന്നോ ആവശ്യപ്പെട്ട് സമരം തുടരാവുന്നതാണ്. ആ പണി എസ് എഫ് ഐ ഏറ്റെടുക്കണമെന്ന് വാശിപിടിക്കരുത് എന്നേയുള്ളൂ.

എസ്എഫ്ഐയ്ക്ക് മാനെജ്മെന്റ് എഴുതിനല്‍കിയ ഉറപ്പുകള്‍ ഇവിടെ:

Sebin A Jacob

KSU, ABVP, MSF, AISF, AIDSO --സംയുക്ത വിദ്യാര്‍ത്ഥി സമരം തുടരും! കേരളമാകെ പടരും! ഉവ്വുവ്വേ... സ്ഥാനമൊഴിഞ്ഞ പ്രിന്‍സിപ്പലിനെ തിരിച്ചു പ്രിന്‍സിപ്പാളാക്കി രാജി വാങ്ങണമെന്നാണോ? അതോ മുരളീധരനു പറ്റിയ അമളി പരിഹരിക്കാന്‍ ഒരു സര്‍വ്വകക്ഷി കൂട്ടായ്മയോ? ഈ സമരവീര്യമൊന്നും നെഹ്റു കോളജിന്റെ കാര്യത്തിലും ടോംസ് കോളജിന്റെ കാര്യത്തിലും കാണുന്നില്ലല്ലോ...

(http://www.deshabhimani.com/from-the-net/law-academy-sfi-social-media-response/620856)

ലോ അക്കാദമി സമരം : വിജയിച്ചത് അക്കാദമിക് താല്‍പ്പര്യം

കൊമാലയിലെ വസന്തം, ഞങ്ങള്‍ പൂത്താല്‍ വസന്തം എന്നാണ്’ലോ അക്കാദമിയിലെ വിദ്യാര്‍ഥിപ്രക്ഷോഭത്തിന് വിദ്യാര്‍ഥികള്‍ നല്‍കിയിരുന്ന പേര്. ഈ വിദ്യാര്‍ഥിസമരം
ഐതിഹാസികവിജയത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. ആവശ്യങ്ങള്‍ മുഴുവനും അംഗീകരിച്ചുകിട്ടിയ അപൂര്‍വം സമരങ്ങളില്‍ ഒന്നാണിത്. അധികം രക്തംചൊരിയാതെ സര്‍ഗാത്മകമായ സമരവഴികളില്‍ വിദ്യാര്‍ഥികള്‍ തീര്‍ത്ത വസന്തം. വിദ്യാര്‍ഥിസംഘടനകള്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ അന്വേഷിക്കാന്‍ കേരള സര്‍വകലാശാല സിന്‍ഡിക്കറ്റ് ചുമതലപ്പെടുത്തിയ ഉപസമിതിയിലെ ഒരംഗംകൂടിയായിരുന്ന താന്‍ തൊണ്ണൂറിലധികം വിദ്യാര്‍ഥികളെ നേരിട്ട് കേട്ടു. രക്ഷാകര്‍ത്താക്കളെയും അധ്യാപകരെയും പ്രിന്‍സിപ്പലിനെയും കേട്ടു. പൂര്‍ണമായും ഇരകളുടെ പക്ഷംചേര്‍ന്നാണ് സര്‍വകലാശാല റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

പ്രിന്‍സിപ്പലിനെ മാറ്റാനോ മാറ്റണമെന്ന് നിര്‍ദേശിക്കാനോ ഉള്ള അധികാരം സര്‍വകലാശാലയ്ക്കില്ല. ഈ പരിമിതിമാത്രമായിരുന്നു സര്‍വകലാശാലയുടെ മുന്നിലുണ്ടായിരുന്നത്. എട്ടു തീരുമാനങ്ങളാണ് സര്‍വകലാശാല സിന്‍ഡിക്കറ്റ് ഈ റിപ്പോര്‍ട്ടിന്മേല്‍ അംഗീകരിച്ചത്.  ഒരു കാര്യത്തില്‍മാത്രമായിരുന്നു അഭിപ്രായവ്യത്യാസമുണ്ടായിരുന്നത്. സര്‍വകലാശാല സിന്‍ഡിക്കറ്റ് അംഗീകരിച്ച റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിനും മാനേജ്മെന്റിനും തുടര്‍നടപടികള്‍ക്കായി കൈമാറുന്നു എന്നായിരുന്നു ഇതുസംബന്ധിച്ച പ്രമേയത്തിലെ രണ്ടാമത്തെ നിര്‍ദേശം. ഇതിലെ, തുടര്‍നടപടികള്‍ എന്ന ഭാഗത്ത് പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്ന് എഴുതിച്ചേര്‍ക്കണം എന്നതായിരുന്നു ഒരുവിഭാഗം കോണ്‍ഗ്രസുകാരും സിന്‍ഡിക്കറ്റിലെ സിപിഐ പ്രതിനിധിയും ഉയര്‍ത്തിയ വാദം. സിപിഐ എമ്മിലെ സിന്‍ഡിക്കറ്റ് അംഗങ്ങളും യുഡിഎഫിലെ രണ്ടുപേരും ഈ വാദത്തെ എതിര്‍ത്തു. സര്‍വകലാശാല ആക്ടും സ്റ്റാറ്റ്യൂട്ടും പ്രകാരം പ്രിന്‍സിപ്പലിനെ മാറ്റാനോ മാറ്റണമെന്ന് പറയാനോ അധികാരമില്ലെന്നിരിക്കെ, പുറത്താക്കണമെന്ന വാക്ക് കൂട്ടിച്ചേര്‍ക്കുന്നത് അനൌചിത്യമാണ്. മാത്രവുമല്ല, ഇല്ലാത്ത അധികാരം പ്രയോഗിച്ചതിന്റെ പേരില്‍ മാനേജ്മെന്റിനോ പ്രിന്‍സിപ്പലിനോ കോടതിയെ സമീപിച്ച് ഈ റിപ്പോര്‍ട്ടും തീരുമാനങ്ങളും അസാധുവാക്കാന്‍ നിഷ്പ്രയാസം സാധിക്കും. ഈ യാഥാര്‍ഥ്യം ബോധ്യപ്പെട്ടിട്ടും പിന്നെയെന്തിനായിരുന്നു വോട്ടെടുപ്പുനാടകത്തിലേക്ക് നീങ്ങിയത്? ഉത്തരം ലളിതമാണ്, സങ്കുചിത രാഷ്ട്രീയതാല്‍പ്പര്യം.

സര്‍വകലാശാല സിന്‍ഡിക്കറ്റ് ഉപസമിതിയില്‍ ഒമ്പതുപേരില്‍ ഭൂരിഭാഗവും സിപിഐ എം പ്രതിനിധികള്‍തന്നെയായിരുന്നു.’ഉപസമിതി റിപ്പോര്‍ട്ട് ലക്ഷ്മിനായര്‍ക്കെതിരായ കുറ്റപത്രമെന്നാണ് എല്ലാ മാധ്യമങ്ങളും വാര്‍ത്ത നല്‍കിയത്. റിപ്പോര്‍ട്ട് ലളിതവല്‍ക്കരിക്കാനോ മാനേജ്മെന്റിനോട് അനുകൂലമായ സമീപനം പുലര്‍ത്താനോ പൂര്‍വനിശ്ചിതമായ നിലപാട് സിപിഐ എമ്മിന് ഉണ്ടായിരുന്നെങ്കില്‍, റിപ്പോര്‍ട്ട് എങ്ങനെയും ദുര്‍ബലമാക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമായിരുന്നില്ലേ? സിന്‍ഡിക്കറ്റ് യോഗം റിപ്പോര്‍ട്ട് ഐകകണ്ഠ്യേന അംഗീകരിക്കുകയും ചെയ്തു. നടപടികള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ സിന്‍ഡിക്കറ്റ് യോഗത്തില്‍ അവതരിപ്പിച്ചത് സിപിഐ എം പ്രതിനിധിയും അഫിലിയേഷന്‍ കമ്മിറ്റി കണ്‍വീനറുമായ ഡോ. പി രാജേഷ്കുമാറായിരുന്നു. ലക്ഷ്മിനായരെ അഞ്ചുവര്‍ഷത്തേക്ക് പരീക്ഷാസംബന്ധമായ എല്ലാ പ്രവൃത്തികളില്‍നിന്നും പൂര്‍ണമായും വിലക്കി, അനധികൃതമായി അറ്റന്‍ഡന്‍സ് സമ്പാദിച്ച പ്രിന്‍സിപ്പലിന് ഏറ്റവും വേണ്ടപ്പെട്ട ഒരു വിദ്യാര്‍ഥിനി എഴുതിയ മുഴുവന്‍ പരീക്ഷകളും റദ്ദാക്കുന്നതിനും ആ വിദ്യാര്‍ഥിനിയെ ഇയര്‍ഔട്ടാക്കുന്നതിനും തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ പരീക്ഷാ സ്റ്റാന്‍ഡിങ് കമ്മിറ്റിയെ ചുമതലപ്പെടുത്തി, ഹോസ്റ്റലിലെ ക്യാമറകള്‍ വിദ്യാര്‍ഥിനികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറാത്തവിധം അഞ്ചുദിവസത്തിനകം മാറ്റിസ്ഥാപിച്ച് സര്‍വകലാശാലയെ അറിയിക്കാന്‍ നിര്‍ദേശിച്ചു, യൂണിവേഴ്സിറ്റി പരീക്ഷാസമയങ്ങളില്‍ വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍നിന്ന് പുറത്താക്കരുത്, ലോ അക്കാദമിയിലെ ഇന്റേണല്‍ അസസ്മെന്റ് ഉള്‍പ്പെടെയുള്ള മുഴുവന്‍ അക്കാദമിക് പ്രവര്‍ത്തനങ്ങളും പരീക്ഷാ സ്റ്റാന്‍ഡിങ് കമ്മിറ്റി കണ്‍വീനര്‍, പരീക്ഷാ കണ്‍ട്രോളര്‍, ലോ ഫാക്കല്‍റ്റി ഡീന്‍ എന്നിവരുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും. ഇതിനുപുറമെ എല്‍എല്‍ബി കോഴ്സിലെ ഇന്റേണല്‍ അസസ്മെന്റ് സംവിധാനത്തെ ഉടച്ചുവാര്‍ക്കുന്നതിന് സമഗ്രനിര്‍ദേശം നല്‍കാന്‍ പരീക്ഷാ സ്റ്റാന്‍ഡിങ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. അടുത്ത അക്കാദമിക് കൌണ്‍സില്‍ യോഗത്തില്‍ ഇന്റേണല്‍ സംവിധാനത്തെയാകെ പൊളിച്ചെഴുതും. പൊതുവില്‍ പ്രശംസിക്കപ്പെട്ട റിപ്പോര്‍ട്ടും നിര്‍ദേശങ്ങളും തയ്യാറാക്കിയതില്‍ നിര്‍ണായകമായ സ്ഥാനമുണ്ടായിരുന്ന സിപിഐ എമ്മിനെ പ്രതിക്കൂട്ടിലാക്കാന്‍ നടന്ന രാഷ്ട്രീയഗൂഢാലോചനയാണ് സിന്‍ഡിക്കറ്റില്‍ നടന്ന വോട്ടെടുപ്പ്.

പ്രിന്‍സിപ്പലിനെ മാറ്റരുതെന്ന് സിപിഐ എം അംഗങ്ങള്‍ നിലപാടെടുത്തു എന്നാണ് ഒരു വിഭാഗം മാധ്യമങ്ങള്‍ നടത്തിയ പ്രചാരണം. ഇത് അടിസ്ഥാനരഹിതമായിരുന്നു. മാറ്റണമെന്ന് പറയാന്‍ അധികാരമില്ലാത്തതുകൊണ്ട് അങ്ങനെയൊരു വാക്ക് എഴുതിച്ചേര്‍ക്കുന്നതില്‍ മാത്രമായിരുന്നു തര്‍ക്കം. ഇല്ലാത്ത അധികാരം പ്രയോഗിക്കാന്‍ ആവശ്യപ്പെട്ട് ബോധപൂര്‍വം പ്രതിസന്ധി സൃഷ്ടിക്കാനുള്ള തന്ത്രമാണ് നടന്നത്. യുഡിഎഫിലെ രണ്ടംഗങ്ങള്‍ വിട്ടുനിന്നതും വാര്‍ത്തയായിവന്നു. എന്നാല്‍, കോണ്‍ഗ്രസിലെതന്നെ രണ്ടംഗങ്ങള്‍ വ്യത്യസ്തമായ രണ്ടു പ്രമേയങ്ങള്‍ അവതരിപ്പിച്ചത് ഇതേമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതേയില്ല. കെപിസിസി ട്രഷററും സിന്‍ഡിക്കറ്റ് അംഗവുമായ ജോണ്‍സണ്‍ എബ്രഹാം അവതരിപ്പിച്ച പ്രമേയത്തെ കോണ്‍ഗ്രസിലെ മറ്റൊരംഗവും പിന്തുണച്ചില്ല. കോണ്‍ഗ്രസ് അംഗം ജ്യോതികുമാര്‍ ചാമക്കാല മറ്റൊരു പ്രമേയം അവതരിപ്പിച്ചു. ആ പ്രമേയത്തിന് ജോണ്‍സണ്‍ എബ്രഹാം വോട്ട് രേഖപ്പെടുത്തിയതുമില്ല. ഈ വസ്തുതകള്‍ വാര്‍ത്തയായതേയില്ല.

കൊമാലയിലെ വസന്തം’ചരിത്രപരമായ ഒരു അനിവാര്യതയായിരുന്നു. ഇന്റേണല്‍ അസസ്മെന്റ് സംവിധാനവും സ്വാശ്രയവിദ്യാഭ്യാസവും അരാജകത്വം സൃഷ്ടിക്കുമ്പോള്‍ വിദ്യാര്‍ഥികളില്‍നിന്നുയര്‍ന്ന സ്വാഭാവികമായ പോരാട്ടം. അടുത്ത അക്കാദമിക് കൌണ്‍സില്‍ യോഗത്തില്‍ നിയമവിദ്യാഭ്യാസ മേഖലയിലെ ഇന്റേണല്‍ അസസ്മെന്റ് സംവിധാനം പൊളിച്ചെഴുതുമ്പോള്‍ അത് കൊമാലയിലെ കുട്ടികളുടെ വിജയമാണ്. യുജിസിയും സര്‍വകലാശാലയും ഇന്റേണല്‍ അസസ്മെന്റ് സംബന്ധിച്ച് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍, ഇതൊന്നും എവിടെയും പാലിച്ചുകാണാറില്ല. വിദ്യാര്‍ഥികളുടെ പരാതി പരിഹരിക്കാന്‍ നിര്‍ബന്ധമായി വേണ്ട കോളേജ് ലെവല്‍ മോണിറ്ററിങ് കമ്മിറ്റി ലോ അക്കാദമിയില്‍ ഉണ്ടായിരുന്നില്ല. ഇത് ലോ അക്കാദമിയിലെമാത്രം പ്രശ്നമായി ഞാന്‍ കരുതുന്നില്ല. ഗവണ്‍മെന്റ്- സ്വകാര്യ സ്ഥാപനങ്ങളെന്ന വ്യത്യാസമില്ലാതെ എല്ലാ സ്ഥാപനങ്ങളിലും ഇന്റേണല്‍ അസസ്മെന്റിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ വേട്ടയാടപ്പെടുന്നു. വിദ്യാര്‍ഥികേന്ദ്രീകൃതമായി വിദ്യാഭ്യാസത്തെ മാറ്റുന്നതിനാണ് ഇന്റേണല്‍സംവിധാനം കൊണ്ടുവന്നതുതന്നെ. എന്നാല്‍, ഇത് കൂടുതല്‍ അധ്യാപകകേന്ദ്രീകൃതമായി ഇന്ന് മാറിയിരിക്കുന്നു. എല്‍എല്‍ബി കോഴ്സുകളിലാകട്ടെ അവസാനത്തെ നാല് സെമസ്റ്ററുകളിലായി പൂര്‍ണമായും നൂറുമാര്‍ക്കിന്റെവീതം ഓരോ ഇന്റേണല്‍ പരീക്ഷകളുണ്ട്. എല്‍എല്‍ബി പരീക്ഷ വിജയിക്കുന്നതിന് ആവശ്യമായ മാര്‍ക്കിന്റെ പകുതിയിലധികവും ഇന്റേണല്‍ മാര്‍ക്കാണ്! അധ്യാപകരുടെ കാരുണ്യമില്ലാതെ ഒരാള്‍ക്കും വിജയിക്കാനാകില്ല. ഈ അധികാരമുപയോഗിച്ചാണ് ലോ അക്കാദമി പ്രിന്‍സിപ്പലിന് വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്താന്‍ കഴിഞ്ഞത്. ഈ സമ്പ്രദായം മാറ്റേണ്ട ആവശ്യകതയെക്കുറിച്ച് സര്‍വകലാശാലയെയും അക്കാദമിക സമൂഹത്തെയും ബോധ്യപ്പെടുത്തിയ സമരമായിരുന്നു ലോ അക്കാദമിയിലേത്.

സ്വകാര്യസ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനാവശ്യമായ അധികാരങ്ങള്‍ സര്‍വകലാശാലകള്‍ക്ക് പരിമിതമാണ്. ഇക്കാര്യം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത് ലോ അക്കാദമി സമരത്തിലൂടെയാണ്. ഉന്നതവിദ്യാഭ്യാസമേഖല സ്വകാര്യസംരംഭകര്‍ക്ക് തീറെഴുതിയവര്‍തന്നെയാണ് ഇന്ന് അവിടങ്ങളില്‍ നടക്കുന്ന ചൂഷണത്തെക്കുറിച്ച് കണ്ണുനീരൊഴുക്കുന്നതെന്ന് ഓര്‍മ വേണം. അടിയന്തരമായി ഇത്തരം സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിന് നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ മുതിരണം. സര്‍വകലാശാലകള്‍ക്ക് ഇക്കാര്യത്തില്‍ കൂടുതല്‍ അധികാരങ്ങള്‍ നല്‍കണം. സര്‍വകലാശാലയുടെ മാര്‍ഗനിര്‍ദേശങ്ങളും നിയമങ്ങളും ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കും അധ്യാപകര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കഴിയുംവിധം നിയമനിര്‍മാണമുണ്ടാകണം.

യഥാര്‍ഥ വിഷയങ്ങളെ അഭിസംബോധന ചെയ്യാതെ രാഷ്ട്രീയമായി സിപിഐ എമ്മിനെയും സര്‍ക്കാരിനെയും ആക്രമിക്കുന്നതിനുള്ള അവസരമായാണ് കോണ്‍ഗ്രസും ബിജെപിയും ഈ സമരത്തെ ഉപയോഗിക്കാന്‍ ശ്രമിച്ചത്. സര്‍വകലാശാല പൂര്‍ണമായും അക്കാദമിക് താല്‍പ്പര്യംമാത്രം മുന്‍നിര്‍ത്തി വിദ്യാര്‍ഥികളുടെ പരാതികള്‍ക്ക് ഉത്തരം തേടി. അതില്‍ വലിയ വിജയം നേടാനായി.

പ്രിന്‍സിപ്പലിനെ മാറ്റി. സര്‍വകലാശാല ഡീബാര്‍ ചെയ്ത അഞ്ചുവര്‍ഷവും ലോ അക്കാദമിയിലെ അധ്യാപികയായി ഇനി ലക്ഷ്മിനായര്‍ ഉണ്ടാകില്ല. ഈ ഉറപ്പ് ലഭിച്ചിട്ടും ചില കൂട്ടര്‍ വിദ്യാഭ്യാസബന്ദും ഹര്‍ത്താലുമൊക്കെയായി മുന്നോട്ടുപോകുകയാണ്. രാഷ്ട്രീയനാടകത്തിന് വിദ്യാര്‍ഥികളുടെ സമരപ്പന്തലല്ല വേദിയാക്കേണ്ടത്. സര്‍വകലാശാല സിന്‍ഡിക്കറ്റുപോലെ അക്കാദമിക് താല്‍പ്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കേണ്ട ജനാധിപത്യവേദികള്‍ രാഷ്ട്രീയനാടകമാടാനുള്ള വേദികളുമല്ല. ലോ അക്കാദമിയില്‍ എവിടെയും കാണുന്ന ചുവരെഴുത്ത്- കൊമാലയിലെ വസന്തം,  ഞങ്ങള്‍ പൂത്താല്‍ വസന്തം എന്നാണ്. ഈ വസന്തം ചരിത്രത്തില്‍ ഇടംപിടിക്കുകതന്നെ ചെയ്യും. എന്നാല്‍, ഈ വസന്തത്തിനിടയില്‍ രാഷ്ട്രീയതാല്‍പ്പര്യത്തിനിറങ്ങിയവര്‍ ചരിത്രത്തില്‍ ഒറ്റുകാരായും അറിയപ്പെടും

എ എം റഹിം  Wednesday Feb 1, 2017

(http://www.deshabhimani.com/articles/law-academy-strike/620633)