Showing posts with label കോവിഡ്. Show all posts
Showing posts with label കോവിഡ്. Show all posts

Tuesday, June 15, 2021

ജാഗ്രതയ്ക്ക് ഇളവില്ല: മൂന്നാം തരംഗം വരാതിരിക്കാന്‍ ഇപ്പോഴെ കരുതല്‍ വേണം: ആരോഗ്യമന്ത്രി

തിരുവനന്തപുരം> സംസ്ഥാനത്ത് ലോക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വന്നെങ്കിലും എല്ലാവരും കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ നിന്നും നാം പൂര്‍ണ മുക്തരല്ല. കേരളത്തിന്റെ പല ജില്ലകളിലും ഡെല്‍റ്റാ വൈറസിന്റ വ്യാപനം നടക്കുന്നുണ്ട്. ഇക്കാരണം കൊണ്ട് പെട്ടെന്ന് രോഗവ്യാപനം ഉണ്ടാകാന്‍ സാധ്യതയുണ്ട്. മാത്രമല്ല മൂന്നാം തരംഗം ഉണ്ടായേക്കാമെന്ന വിദഗ്ധാഭിപ്രായവുമുണ്ട്. അതിനാല്‍ നമ്മള്‍ പാലിച്ച ജാഗ്രതയും കരുതലും കുറേ നാളുകള്‍ കൂടി തുടരേണ്ടതുണ്ട്.

നിയന്ത്രണങ്ങളില്‍ ഇളവ് വന്നെങ്കിലും നമ്മള്‍ സ്വയം നിയന്ത്രിക്കണം. പനി, ചുമ, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവരും രോഗിയുമായി നേരിട്ട് സമ്പര്‍ക്കത്തിലുള്ളവരും ഒരു കാരണവശാലും പുറത്തിറങ്ങരുത്. രോഗലക്ഷണമുള്ളവര്‍ നേരിട്ടോ ഇ സഞ്ജീനി വഴിയോ ചികിത്സ തേടേണ്ടതാണ്. മാത്രമല്ല ഇവര്‍ കോവിഡ് പരിശോധന നടത്തേണ്ടതുമാണ്. പൊതു സ്ഥലത്തേക്കിറങ്ങുന്ന എല്ലാവരും ഡബിള്‍ മാസ്‌ക്, അല്ലെങ്കില്‍ എന്‍ 95 മാസ്‌ക് ധരിക്കേണ്ടതാണ്. ക്വാറന്റൈനിലും ഐസൊലേഷനിലും ഉള്ളവര്‍ അത് കൃത്യമായി പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

പരമാവധി യാത്രകള്‍ ഒഴിവാക്കുക. യാത്രയ്ക്ക് മുമ്പും ശേഷവും കൈകള്‍ ഫലപ്രദമായി കഴുകുകയോ സാനിറ്റൈസ് ചെയ്യുകയോ വേണം. കൈ ശുചിയാക്കാതെ കൈകള്‍ കണ്ണിലോ മൂക്കിലോ വായിലോ സ്പര്‍ശിക്കരുത്. പൊതുയിടങ്ങളില്‍ കഴിവതും 2 മീറ്റര്‍ സാമൂഹിക അകലം പാലിക്കേണ്ടതാണ്. വീട്ടിലെത്തിയ ഉടന്‍ കൈകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകണം. വസ്ത്രം സോപ്പ് വെള്ളത്തില്‍ കുതിര്‍ത്ത് വച്ചശേഷം കഴുകണം. സോപ്പുപയോഗിച്ച് കുളിച്ചതിന് ശേഷം മാത്രമേ മറ്റുള്ളവരുമായി ഇടപഴകാവൂ.

അടച്ചിട്ടിരിക്കുന്ന സ്ഥലങ്ങളില്‍ രോഗവ്യാപന സാധ്യത കൂടുതലാണ്. അതിനാല്‍ തന്നെ ഓഫീസുകളും സ്ഥാപനങ്ങളും തുറക്കുമ്പോള്‍ വാതിലുകളും ജനാലകളും തുറന്നിടേണ്ടതാണ്. സാധ്യമാകുന്നിടത്തൊക്കെ എ.സി. ഒഴിവാക്കേണ്ടതാണ്. സ്ഥാപനത്തിലുള്ള എല്ലാവരും മാസ്‌ക് ധരിക്കേണ്ടതാണ്. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. എല്ലാവരും കൂടി മാസ്‌ക് അഴിച്ച് വച്ചാല്‍ ആര്‍ക്കെങ്കിലും രോഗബാധയുണ്ടെങ്കില്‍ എല്ലാവര്‍ക്കും പകരാന്‍ സാധ്യതയുണ്ട്. ജനിതകമാറ്റം വന്ന വൈറസിന്റെ വ്യാപനം നിലനില്‍ക്കുന്നതിനാല്‍ ഓഫീസുകളിലും വ്യാപാര സ്ഥാപനങ്ങളിലും വലിയ വ്യാപനം ഒഴിവാക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്.

കോവിഡ് സംബന്ധിച്ച സംശയങ്ങള്‍ക്ക് ദിശ 104, 1056 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

പോസ്റ്റ് കോവിഡ് രോഗികളിലെ ക്ഷയരോഗം കണ്ടെത്താന്‍ ആരോഗ്യ വകുപ്പ്

തിരുവനന്തപുരം> സംസ്ഥാനത്തെ പോസ്റ്റ് കോവിഡ് രോഗികളിലെ ക്ഷയരോഗബാധ കണ്ടെത്തി ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ലോകമെമ്പാടുമുള്ള പല പഠനങ്ങളിലും കോവിഡ് മുക്തരായ രോഗികളുടെ ശരീരത്തില്‍ സജീവമാകാതെ കിടക്കുന്ന ക്ഷയ രോഗാണുക്കള്‍ സജീവമാകാനുള്ള സാധ്യത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് കോവിഡ് മുക്തരായ പത്തോളം പേര്‍ക്ക് ക്ഷയരോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കോവിഡ് മൂലമുണ്ടാകുന്ന താല്‍ക്കാലിക രോഗപ്രതിരോധ ശേഷിക്കുറവും ശ്വാസകോശത്തിലെ വീക്കവും ക്ഷയരോഗത്തിലേക്ക് നയിച്ചേക്കാം. പോസ്റ്റ് കോവിഡ് ശ്വസന രോഗങ്ങളുടെ ലക്ഷണങ്ങള്‍ ക്ഷയരോഗത്തിന്റെ ലക്ഷണങ്ങളുമായി സാമ്യമുള്ളതിനാല്‍ ക്ഷയരോഗ നിര്‍ണയത്തിലെ കാലതാമസം വരാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ കോവിഡ് മുക്തരായ രോഗികളില്‍ ക്ഷയരോഗമുള്ളവരെ കണ്ടെത്താനാണ് മര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

കോവിഡ് മുക്തരായവരില്‍ ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങള്‍ ഉണ്ടെന്നുകണ്ടാല്‍ ക്ഷയരോഗമില്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്. എല്ലാ പോസ്റ്റ് കോവിഡ് ക്ലിനിക്കുകളിലും ടിബി സ്‌ക്രീനിംഗ് നടപ്പിലാക്കും. പോസ്റ്റ് കോവിഡ് ക്ലിനിക്കുകളില്‍ വരുന്ന എല്ലാ രോഗികള്‍ക്കും അവബോധം നല്‍കുന്നതാണ്. 2 ആഴ്ചയില്‍ കൂടുതലുള്ള ചുമ, രണ്ടാഴ്ചയിലധികം നീണ്ടുനില്‍ക്കുന്ന പനി, രാത്രികാലങ്ങളിലെ വിയര്‍പ്പ്, ഭാരം കുറയല്‍, നെഞ്ചുവേദന, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ തുടങ്ങി ഏതെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആ വ്യക്തികളെ ക്ഷയരോഗ പരിശോധനയ്ക്ക് വിധേയരാക്കുകയും നാറ്റ് പരിശോധകള്‍ നടത്തുകയും ചെയ്യും.

ശ്വാസകോശ ലക്ഷണങ്ങളുള്ള കോവിഡ് മുക്തരായ രോഗികളെ ടെലി കണ്‍സള്‍ട്ടേഷനിലൂടെ കണ്ടെത്തുകയാണെങ്കില്‍ അവരെയും ക്ഷയ രോഗപരിശോധനക്ക് വിധേയരാക്കും. കിടത്തിചികിത്സ ആവശ്യമായിവരുന്ന കോവിഡ് രോഗികളെ എന്‍ടിഇപി അംഗങ്ങള്‍ ടെലഫോണില്‍ ബന്ധപ്പെടുകയും ആവശ്യമെങ്കില്‍ അവരെ ക്ഷയരോഗ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യുന്നതാണ്.  

Wednesday, June 9, 2021

ഒടുവിൽ വഴങ്ങി , 
നയം തിരുത്തി

നാനാ കോണിൽനിന്നുയർന്ന ശക്തമായ വിമർശം, കേരളമടക്കമുള്ള സംസ്ഥാന സർക്കാരുകളുടെ കടുത്ത സമ്മർദം, ഇടപെടലുകൾ, സുപ്രീംകോടതിയുടെ കർശന സ്വരത്തിലുള്ള താക്കീത്... ഒടുവിൽ, നിൽക്കക്കള്ളിയില്ലാതെ വാക്സിൻനയം കേന്ദ്രം തിരുത്തി. 18നും 45നും ഇടയിൽ പ്രായമുള്ളവർക്ക്  സൗജന്യമായി വാക്സിൻ നൽകില്ലെന്ന ഏപ്രിൽ 19ലെ പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോഡി തിങ്കളാഴ്ച പിൻവലിച്ചു. 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സിൻ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ജൂൺ 21 മുതൽ പുതിയ നയം നിലവിൽ വരും.  സർക്കാർ സ്വമേധയാ എടുത്ത തീരുമാനമായി ഇതിനെ ഒട്ടുമേ കാണേണ്ടതില്ല. ഇങ്ങനെ തീരുമാനിക്കാൻ സർക്കാർ നിർബന്ധിതമായി. ജനകീയ പ്രതിഷേധങ്ങൾ ഫലം കണ്ടു. രാജ്യത്തിന് ആശ്വാസകരമായ തീരുമാനം വന്നിരിക്കുന്നു. എന്നാൽ, വാക്സിൻനയം പൂർണമായും മാറിയിട്ടില്ലെന്നതും കാണണം.

രാജ്യത്ത് ഏത് മഹാമാരിയും നിയന്ത്രണ വിധേയമാക്കേണ്ടത് കേന്ദ്ര ഗവൺമെന്റിന്റെ പരമ പ്രധാനമായ ഉത്തരവാദിത്തമാണ്.  ഇപ്പോഴത്തെ സാഹചര്യത്തിൽ കോവിഡ് മഹാമാരി നിയന്ത്രണ വിധേയമാക്കണമെങ്കിൽ വാക്സിനേഷൻ ഒന്നു മാത്രമാണ് പോംവഴി. രോഗവ്യാപനവും മരണവും തടയാൻ എവിടെയും വാക്സിൻ എത്തണം. എല്ലാവരും സുരക്ഷിതരാകാതെ ആരും ഒറ്റയ്‌ക്ക് സുരക്ഷിതരാകില്ല. എന്നാൽ, രാജ്യത്തെ വാക്സിനേഷന്റെ സ്ഥിതിയെന്താണ്? ജൂൺ ഏഴുവരെ ഇന്ത്യയിൽ രണ്ട്‌ ഡോസും ലഭിച്ചവർ ജനസംഖ്യയുടെ 3.3 ശതമാനംമാത്രം. പിന്നെ ഒരു ഡോസ് മാത്രം ലഭിച്ച കുറച്ചുപേർ. ഒരു ഡോസുപോലും ലഭിക്കാത്ത ജനകോടികൾ.  ഇത്തരമൊരു സാഹചര്യത്തിലായിരുന്നു, സൗജന്യവും സാർവത്രികവുമായ സമ്പൂർണ വാക്സിനേഷന്റെ ഉത്തരവാദിത്തത്തിൽനിന്ന് കേന്ദ്ര സർക്കാർ ഒളിച്ചോടിയത്.

സാർവത്രികവും സൗജന്യവുമായ വാക്സിനേഷൻ നടപ്പാക്കേണ്ടത് കേന്ദ്രത്തിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. ലോകത്തെ മിക്കവാറും എല്ലാ രാജ്യവും സൗജന്യമായാണ് ജനങ്ങൾക്ക് വാക്സിൻ നൽകുന്നത്. എന്നാൽ, ഇവിടെ വാക്സിൻ കമ്പനികൾക്ക് വലിയ തോതിൽ ലാഭമുണ്ടാക്കാൻ അവസരമൊരുക്കുകയാണ് മോഡി സർക്കാർ ചെയ്തത്. ഔഷധ കമ്പനികളുടെ സമ്മർദത്തിനും താൽപ്പര്യത്തിനും സർക്കാർ വഴങ്ങി. പാവങ്ങളായ ജനകോടികൾക്ക് വാക്സിൻ നിഷേധിക്കാൻ സർക്കാർതന്നെ വഴിയൊരുക്കി. മാത്രമല്ല, വാക്സിൻ കമ്പോളത്തിൽ കടുത്ത മത്സരത്തിനും ഇടയായി. കമ്പനികളിൽനിന്ന് വാക്സിൻ വാങ്ങാൻ  സംസ്ഥാനങ്ങൾ തമ്മിൽപ്പോലും മത്സരിക്കേണ്ട സ്ഥിതി. രാജ്യത്ത് വാക്സിൻക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് കേന്ദ്രം ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും പ്രത്യേകം കാണണം. മഹാമാരിക്കെതിരെ പൊരുതി മടുത്ത്, സാമ്പത്തികമായി ക്ഷീണിച്ചുനിൽക്കുന്ന സംസ്ഥാന സർക്കാരുകളെ പ്രയാസത്തിലാക്കുന്നതുമായിരുന്നു ഏപ്രിലിലെ പ്രഖ്യാപനം.

ഇതിനെതിരെ രാജ്യത്തിനകത്തും പുറത്തും പ്രതിഷേധമുയർന്നു. സംസ്ഥാന സർക്കാരുകൾ രംഗത്തു വന്നു. കോടതി ശക്തിയായി ഇടപെട്ടു. കോവിഡ് വിഷയത്തിൽ സുപ്രീംകോടതി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിൽ, അതിശക്തമായ ഭാഷയിലാണ് കഴിഞ്ഞ ജൂൺ രണ്ടിന്  കേന്ദ്ര സർക്കാരിന് താക്കീത് നൽകിയത്. സർക്കാർ നയങ്ങൾ പൗരന്മാരുടെ അവകാശത്തിൽ കടന്നുകയറിയാൽ മിണ്ടാതിരിക്കാൻ ഭരണഘടന കോടതികളെ അനുവദിക്കുന്നില്ലെന്ന് അന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജനങ്ങളുടെ അവകാശത്തിൽ ഇടപെട്ടാൽ മൂകസാക്ഷിയായി നോക്കിയിരിക്കില്ലെന്നും, വാക്സിൻനയത്തെ ശക്തിയായി എതിർത്ത് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നൽകി. സർക്കാർനയം ഏകപക്ഷീയവും യുക്തിരഹിതവുമാണെന്ന് കോടതി അന്നു പറഞ്ഞിരുന്നു. മാത്രമല്ല, വാക്സിനേഷനായി ബജറ്റിൽ നീക്കിവച്ച 35,000 കോടി രൂപ എന്തു ചെയ്തുവെന്നും ചോദിക്കുകയുണ്ടായി.  ബജറ്റ് തുക എങ്ങനെ ചെലവാക്കി, വാക്സിൻ സംഭരണം, വില നിർണയം എന്നീ കാര്യങ്ങൾ വ്യക്തമാക്കി ജൂൺ 15ന് സത്യവാങ്‌മൂലം സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. അതിനു മുന്നേയാണ് ഇപ്പോൾ നയംമാറ്റമുണ്ടായത്.

വാക്സിൻ നയംമാറ്റത്തിന് കേന്ദ്ര സർക്കാരിന്റെ കണ്ണു തുറപ്പിച്ചതിൽ കേരളത്തിന്റെ ശക്തമായ ഇടപെടലുകളും നടപടികളും എടുത്തു പറയേണ്ടതുണ്ട്. 18നു മുകളിൽ പ്രായമുള്ള എല്ലാവർക്കും സൗജന്യ വാക്സിൻ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് പലവട്ടം കത്തെഴുതി. ഇക്കാര്യത്തിൽ യോജിച്ച നീക്കത്തിനായി ബിജെപി ഇതര മുഖ്യമന്ത്രിമാർക്കും പിണറായി കത്തെഴുതി. പല മുഖ്യമന്ത്രിമാരും ഇതിന് പിന്നാലെ രംഗത്തു വന്നു. കേന്ദ്രം സൗജന്യമായി വാക്സിൻ ലഭ്യമാക്കണമെന്ന്  പല മുഖ്യമന്ത്രിമാരും ആവശ്യപ്പെടാൻ തുടങ്ങി.

ഇതിനൊക്കെ മുമ്പുതന്നെ കേരളത്തിൽ എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. സൗജന്യ വാക്സിൻ പ്രഖ്യാപിച്ച ആദ്യ സംസ്ഥാനം കേരളമാണ്. സർക്കാരിന്റെ നയപ്രഖ്യാപനത്തിലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. സൗജന്യ വാക്സിനേഷനായി, ബജറ്റിൽ 1000 കോടി രൂപ വകയിരുത്തുകയും ചെയ്തു. ഇതോടൊപ്പംതന്നെ, രാജ്യത്തെ കമ്പനികളിൽനിന്ന് സംസ്ഥാന സർക്കാർ നേരിട്ട് വാക്സിൻ വാങ്ങി 18നു മുകളിലുള്ളവർക്ക് വാക്സിനേഷൻ തുടങ്ങി. ഇതിനിടെ, വിദേശ കമ്പനികളിൽനിന്ന് വാക്സിൻ വാങ്ങാനും കേരള സർക്കാർ നടപടി തുടങ്ങി. സർക്കാരിനൊപ്പം ജനങ്ങളും അണിനിരന്നു. വാക്സിൻ ചലഞ്ച് ഏറ്റെടുത്ത ജനങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം അയച്ചുകൊണ്ടേയിരിക്കുകയാണ്. സൗജന്യ വാക്സിനായി കേന്ദ്രത്തിൽ സമ്മർദം ചെലുത്തുന്നതിനൊപ്പം കേരളത്തിന്റെ മാതൃകാപരമായ ഈ നടപടികളെല്ലാം കേന്ദ്രത്തിന്റെ മനസ്സുമാറ്റാൻ ഇടയാക്കിയിട്ടുണ്ട്. സംസ്ഥാനങ്ങളുടെ പരാതിയെ തുടർന്നാണ് നയംമാറ്റമെന്ന് പ്രധാനമന്ത്രി പറഞ്ഞതും ചേർത്തു വായിക്കാം.

കേന്ദ്രം നയം മാറ്റി. ഇനി രാജ്യവ്യാപകമായി  വാക്സിനേഷൻ ശക്തമായി നടപ്പാക്കുകയാണ് പ്രധാനം. അതിന് സംസ്ഥാനങ്ങൾക്ക് ആവശ്യമായ വാക്സിൻ അതിവേഗം ലഭ്യമാക്കണം. കേന്ദ്രം വാക്സിൻ സംഭരിച്ച് നൽകുന്നതു സംബന്ധിച്ച് വ്യക്തതയും സുതാര്യതയും ഉറപ്പാക്കണം.  വിതരണത്തിലെ താളപ്പിഴകളും കാലതാമസവും ഒഴിവാക്കാൻ അടിയന്തര നടപടികൾ വേണം. വാക്സിൻ ഉൽപ്പാദനത്തെ മുൻനിർത്തി പ്രധാനമന്ത്രി പറഞ്ഞ കാര്യങ്ങളൊക്കെ സമയബന്ധിതമായി നടപ്പാക്കണം. ഇപ്പോൾ , പ്രഖ്യാപിച്ച നയത്തിൽ 75 ശതമാനം വാക്സിൻ കേന്ദ്രം സംഭരിക്കുമ്പോൾ 25 ശതമാനം സ്വകാര്യ ആശുപത്രികൾക്ക് നൽകുമെന്നും പറഞ്ഞിട്ടുണ്ട്. സൗജന്യ വാക്സിനേഷൻ ഉറപ്പാക്കിയാൽ ഇതിന്റെ ആവശ്യമുണ്ടോ എന്നതും പരിശോധിക്കേണ്ടതുണ്ട്. അതിനാൽ തീരുമാനം പിൻവലിച്ച്‌ സൗജന്യവും സാർവത്രികവുമായ വാക്‌സിനേഷൻ നടപ്പാക്കണമെന്നും സിപിഐ എം പൊളിറ്റ്‌ബ്യൂറോ ആവശ്യപ്പെട്ടിട്ടുണ്ട്‌.

deshabhimani editorial 090621

Tuesday, June 8, 2021

ഉദാരവല്‍കൃത വാക്സിന്‍നയം' പൂര്‍ണമായി തിരുത്തിയിട്ടില്ല; മുഴുവന്‍ വാക്സിനും കേന്ദ്രം സംഭരിച്ച് നല്‍കണം: പിബി

ന്യൂഡല്‍ഹി> സ്വകാര്യമേഖലയ്ക്ക് 25 ശതമാനം വാക്സിന്‍ നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നും സൗജന്യവും സാര്‍വത്രികവുമായ വാക്സിനേഷന്‍ പരിപാടി വിപുലമായ തോതില്‍ നടപ്പാക്കണമെന്നും സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

തികച്ചും തെറ്റായതും വിനാശകരവുമായ 'ഉദാരവല്‍കൃത വാക്സിന്‍നയം' കേന്ദ്രസര്‍ക്കാരിനു തിരുത്തേണ്ടിവന്നത് ശക്തമായ പ്രതിഷേധത്തിന്റെയും സംസ്ഥാനങ്ങളുടെ സമ്മര്‍ദ്ദത്തിന്റെയും സുപ്രീംകോടതി ഉത്തരവിന്റെയും പശ്ചാത്തലത്തിലാണ്.എല്ലാ പൗരന്മാര്‍ക്കും സൗജന്യമായി വാക്സിന്‍ ലഭിക്കണമെന്ന ആവശ്യം കേന്ദ്രത്തിനു അംഗീകരിക്കേണ്ടിവന്നു.

സംസ്ഥാനങ്ങള്‍ക്കുനേരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച്, അവരെ കുറ്റപ്പെടുത്താന്‍ ദേശീയ സംപ്രേഷണത്തില്‍ പ്രധാനമന്ത്രി നടത്തിയ അപലപനീയമായ  ശ്രമം ജനങ്ങള്‍ തിരസ്‌കരിക്കും.  'ഉദാരവല്‍കൃത വാക്സിന്‍നയം' കേന്ദ്രത്തിന്റെ ഏകപക്ഷീയ തീരുമാനമായിരുന്നു.

   എന്നാല്‍ പരാജയപ്പെട്ടനയം പൂര്‍ണമായി തിരുത്തിയിട്ടില്ല. ഇരട്ട വില സമ്പ്രദായം തുടരുന്നു. ഉല്‍പാദിപ്പിക്കുന്ന വാക്സിന്റെ 25 ശതമാനം സ്വകാര്യമേഖലയ്ക്കായി നീക്കിവച്ചിരിക്കുന്നു. സ്വകാര്യ നിര്‍മാതാക്കള്‍ക്ക് കൊള്ളലാഭം നേടാന്‍ നല്‍കിയ ലൈസന്‍സാണ് ഇത്. വാക്സിനു കടുത്ത ക്ഷാമം നേരിടുന്ന ഇന്നത്തെ സാഹചര്യത്തില്‍, കോവിഡിന്റെ മൂന്നാം തരംഗം തടയാന്‍ നടത്തേണ്ട സാര്‍വത്രിക വാക്സിനേഷന്‍ പരിപാടിയെ ദുര്‍ബലപ്പെടുത്താന്‍ ഈ നയം ഇടയാക്കും.

സര്‍ക്കാര്‍ അനുമതിയുടെ അടിസ്ഥാനത്തില്‍ സ്വകാര്യആശുപത്രികള്‍ വാക്സിനു ഈടാക്കുന്ന ഉയര്‍ന്നവില താങ്ങാന്‍ സമ്പന്നര്‍ക്കേ കഴിയൂ. രാജ്യത്ത് ഉല്‍പാദിപ്പിക്കുന്ന എല്ലാ വാക്സിനും കേന്ദ്രം സംഭരിക്കണം. വിദേശത്തുനിന്നും വാങ്ങണം. സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് ഇത് അവര്‍ക്ക് വിതരണം ചെയ്യണം-പിബി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

വാക്‌സിൻ നയമാറ്റം : മോഡിയുടെ 
കണ്ണുതുറപ്പിച്ചത്‌ കേരളനീക്കവും ; സൗജന്യവാക്‌സിൻ ആദ്യം 
പ്രഖ്യാപിച്ചത്‌ കേരളം

വാക്‌സിൻ നയംമാറ്റത്തിലേക്ക്‌ കേന്ദ്ര സർക്കാരിന്റെ കണ്ണ്‌ തുറപ്പിച്ചതിനു പിന്നിൽ കേരളത്തിന്റെ ശക്തമായ ഇടപെടലും. 18ന്‌ മുകളിൽ പ്രായമുള്ള എല്ലാവർക്കും വാക്‌സിൻ സൗജന്യമാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിരവധി തവണയാണ്‌ പ്രധാനമന്ത്രിക്ക്‌ കത്തയച്ചത്‌. ഇതിൽ യോജിച്ച നീക്കത്തിനായി ബിജെപി ഇതര മുഖ്യമന്ത്രിമാർക്കും പിണറായി കത്തയച്ചു. ഇതും നിർണായകമായി. സുപ്രീംകോടതിയുടെ നിർദേശങ്ങൾക്കു പുറമെ തുടക്കംമുതലുള്ള കേരളത്തിന്റെ ഇടപെടൽകൂടിയാണ്‌ ഫലം കാണുന്നത്‌.

വാക്‌സിൻ സൗജന്യമായി നൽകുമെന്ന്‌ രാജ്യത്ത്‌ ആദ്യം പ്രഖ്യാപിച്ചത്‌ കേരളമാണ്‌. നയപ്രഖ്യാപന പ്രസംഗത്തിലും മുഖ്യമന്ത്രിയുടെ പതിവ്‌ വാർത്താ സമ്മേളനത്തിലും ഇത്‌ വ്യക്തമാക്കി. പുതുക്കിയ ബജറ്റിലും ഇത്‌ ആവർത്തിച്ചു. 1000 കോടി രൂപ നീക്കിവയ്‌ക്കുകയും ചെയ്‌തു. ഇതിനായി മുഖ്യമന്ത്രി പ്രഖ്യാപിച്ച വാക്‌സിൻ ചലഞ്ച്‌ ജനം ആവേശപൂർവം ഏറ്റെടുത്തു. സൗജന്യവാക്‌സിൻ ആവശ്യമുയർത്തി എൽഡിഎഫ്‌ നേതൃത്വത്തിൽ കേരളമെമ്പാടും ഉയർത്തിയ പ്രക്ഷോഭവും ദേശീയതലത്തിൽ ശ്രദ്ധനേടി.

വാക്‌സിൻ സൗജന്യമായി കിട്ടാൻ സമ്മർദം തുടരുകയും, ഒപ്പം അതിനായി കാത്തുനിൽക്കാതെ വാക്‌സിൻ വിലയ്‌ക്ക്‌ വാങ്ങുകയും ചെയ്‌തു. മെയ്‌ 31നാണ്‌ മുഖ്യമന്ത്രി 11 ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക്‌ കത്ത്‌ അയച്ചത്‌. ഇതിൽ വാക്‌സിൻ പൂർണമായും കേന്ദ്രം നേരിട്ട്‌ സംഭരിച്ച്‌ സൗജന്യമായി വിതരണം ചെയ്യണം എന്ന ആവശ്യം സംയുക്തമായി മുന്നോട്ടുവയ്‌ക്കണമെന്ന അഭ്യർഥനയാണ്‌ നടത്തിയത്‌. ഇതേത്തുടർന്ന്‌ ബിജെപി ഇതര സംസ്ഥാനങ്ങളിലെ പല മുഖ്യമന്ത്രിമാരും കേന്ദ്രത്തോട്‌ ഈ ആവശ്യം ഉന്നയിച്ചിരുന്നു.

വാക്സിന്‍ നയം : തിരുത്തൽ ഗത്യന്തരമില്ലാതെ

മോഡി സർക്കാർ ഒടുവിൽ വാക്‌സിൻനയം തിരുത്തിയത്‌ ഗത്യന്തരമില്ലാതെ. സ്വകാര്യകമ്പനികൾക്ക്‌ കൊള്ളലാഭം നൽകാനുള്ള സംഭരണനയവും വിലനിർണയവും സുപ്രീംകോടതി കൈയോടെ പിടികൂടിയതും ബിജെപിയിതര സംസ്ഥാന സർക്കാരുകൾ കേന്ദ്രനയത്തിനെതിരെ ശക്തമായ നിലപാട്‌ സ്വീകരിച്ചതുമാണ്‌ കേന്ദ്രത്തെ മുട്ടുകുത്തിച്ചത്‌.

പതിനെട്ടുമുതൽ 44 വയസ്സുവരെയുള്ളവർക്ക്‌ വാക്‌സിൻ നൽകാനുള്ള ഉത്തരവാദിത്തം സംസ്ഥാനങ്ങള്‍ക്ക് കൈമാറിയ സാഹചര്യത്തിൽ കേന്ദ്രബജറ്റിൽ വകയിരുത്തിയ തുക എന്ത്‌ ചെയ്‌തെന്ന്‌ സുപ്രീംകോടതി ഡിവിഷൻബെഞ്ച്‌ ചോദിച്ചിരുന്നു. ബജറ്റിൽ വാക്‌സിനേഷനുവേണ്ടി 35,000 കോടി രൂപയാണ്‌ വകയിരുത്തിയത്‌. സംസ്ഥാനങ്ങൾ വാക്‌സിൻ സംഭരിച്ചാൽ അത്‌ വാക്‌സിൻ കമ്പനികൾ തമ്മിൽ മത്സരത്തിന്‌ കാരണമാകുമെന്നും കൂടുതൽ കമ്പനികൾ വാക്‌സിൻ ഉൽപ്പാദനമേഖലയിലേക്ക്‌ ആകർഷിക്കപ്പെടുമെന്നും കേന്ദ്രം വാദിച്ചത്‌  ദുരൂഹമാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. 

വലിയ ഓർഡറുകൾ നൽകുന്നതുകൊണ്ടാണ്‌ കേന്ദ്ര സർക്കാരിന്‌ വാക്‌സിൻ വില കുറച്ച്‌ കിട്ടുന്നതെന്ന അവകാശവാദത്തെയും കോടതി ചോദ്യംചെയ്‌തു. അങ്ങനെയെങ്കിൽ 100 ശതമാനവും കേന്ദ്രം സംഭരിച്ചാൽപോരേയെന്നും കോടതി ആരാഞ്ഞു. ഈ ചോദ്യങ്ങൾക്ക്‌ യുക്തിസഹമായ മറുപടി നൽകാൻ കേന്ദ്രത്തിനു കഴിഞ്ഞില്ല.കേന്ദ്രനയത്തിനെതിരെ ഒന്നിച്ചുനിൽക്കണമെന്ന്‌ അഭ്യർഥിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ ബിജെപിയിതര കക്ഷികളിലെ മുഖ്യമന്ത്രിമാർക്ക്‌ കത്തെഴുതി. മിക്ക സംസ്ഥാനങ്ങളും ഇതിനോട്‌ യോജിച്ചു. കോവിഡ്‌ കൈകാര്യം ചെയ്‌തതിൽ ബിജെപി സർക്കാരുകൾക്ക്‌ സംഭവിച്ച വീഴ്‌ചകൾ ആർഎസ്‌എസിന്റെ പരസ്യവിമർശത്തിനും ഇടയാക്കി.

Sunday, June 6, 2021

പ്രതിരോധത്തില്‍ പരാജയം; കേന്ദ്രസര്‍ക്കാരിന് മനോരോ​ഗം: അമർത്യ സെൻ

ന്യൂഡൽഹി > കോവിഡ് വ്യാപനം ചെറുക്കുന്നതില്‍ രാജ്യം പരാജയപ്പെടാന്‍ കാരണം മോഡിസര്‍ക്കാരിന്റെ മനോരോ​ഗമാണെന്ന് തുറന്ന് വിമര്‍ശിച്ച് നൊബേല്‍ ജേതാവായ സാമ്പത്തിക ശാസ്‌ത്രജ്ഞന്‍ അമർത്യ സെൻ. ആശയകുഴപ്പത്തില്‍ അകപ്പെട്ട കേന്ദ്രം രോ​ഗവ്യാപനം ചെറുക്കാനല്ല, ചെയ്തതിന്റെയെല്ലാം പേരില്‍ മേനി നടിക്കാനാണ് തുനിഞ്ഞത്. ഇത് മാനസികരോ​ഗമായി മാറുകയും വന്‍കുഴപ്പത്തിലേക്ക് രാജ്യം വീഴുകയുംചെയ്തുവെന്ന്  രാഷ്‌ട്രസേവ ദൾ സംഘടിപ്പിച്ച പരിപാടിയിൽ അദ്ദേഹം പറഞ്ഞു.

മഹാമാരിക്കെതിരെ പൊരുതാനാവശ്യമായ എല്ലാ കാര്യങ്ങളും ഇന്ത്യയിലുണ്ട്‌. മെച്ചപ്പെട്ട മരുന്ന്‌ നിർമാണ സംവിധാനവും മികച്ച പ്രതിരോധശേഷി നിലവാരവും ഉണ്ടെങ്കിലും സര്‍ക്കാരിന് തന്നെയുള്ള സംശയങ്ങള്‍ കാരണം പ്രതിസന്ധിയെ നേരിടുന്നതില്‍ പരാജയപ്പെട്ടു. 

മഹാമാരി പടരുന്നത്‌ തടയുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്‌ പകരം ലോകശ്രദ്ധ പിടിച്ചുപറ്റാൻ ചില കാര്യങ്ങൾ ചെയ്യുകയാണ്‌ ഉണ്ടായത്‌. ഇത്‌ ഒരുതരത്തിലുള്ള മാനസികരോ​ഗമാണ്. ഇന്ത്യ ലോകത്തെ രക്ഷിക്കും എന്ന പ്രതീതി ഉണ്ടാക്കാനാണ്‌ കേന്ദ്ര സർക്കാർ ശ്രമിച്ചത്‌. അതിനാൽ രാജ്യത്ത്‌ പടരുന്ന മഹാമാരിയെ പ്രതിരോധിക്കാനായില്ല. ഇന്ത്യയിൽ ഇപ്പോൾ തന്നെ സാമൂഹ്യമായ അസമത്വം, വളർച്ചാ നിരക്കിലെ ഇടിവ്‌, തൊഴിലില്ലായ്‌മ എന്നിവ വലിയ ഉയരത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

Thursday, June 3, 2021

വാക്‌സിൻ സൗജന്യമായി ലഭ്യമാക്കിയേ തീരൂ

കോവിഡിന്റെ മൂന്നാം തരംഗം മാസങ്ങൾക്കകം എത്തുമെന്ന് പറയപ്പെടുന്നു. രോഗത്തിനെതിരെ പൊരുതാൻ മനുഷ്യരാശിക്ക് പ്രതിരോധ കുത്തിവയ്പ് എന്ന ഒരേയൊരു ആയുധമേ ഫലപ്രദമായുള്ളൂ. ഒന്നാം തരംഗത്തിൽനിന്ന് ലോകം പഠിച്ചതാണ് ഈ പാഠം. മിക്കരാജ്യങ്ങളും മുഴുവൻ ജനങ്ങൾക്കും വാക്സിൻ ലഭ്യമാക്കാനുള്ള തീവ്രശ്രമത്തിലാണ്. അമേരിക്ക പോലെ ചില രാജ്യങ്ങൾ ലക്ഷ്യം കൈവരിച്ചുകഴിഞ്ഞു. എന്നാൽ, ഇന്ത്യ ഇന്നും ഈ വിഷയത്തിൽ കിതച്ചുനിൽക്കുന്നു. ലോകത്തിന്റെ വാക്സിൻ ഹബ് എന്നൊക്കെ മേനി നടിച്ച രാജ്യത്ത് ഇപ്പോഴും ജനസംഖ്യയിൽ 3.2 ശതമാനം പേർക്ക് മാത്രമാണ് രണ്ടു ഡോസും കിട്ടിയത്. ഒരു ഡോസ് എങ്കിലും കിട്ടിയത് 12.2 ശതമാനത്തിനുമാത്രം. തുടരെ പ്രഖ്യാപനങ്ങൾ വന്നു. ആദ്യം 45നും 60നും ഇടയിലുള്ളവർക്ക് നൽകുമെന്ന്‌ പ്രഖ്യാപിച്ചു. പിന്നീട് യുവജനങ്ങൾക്കും നൽകുമെന്നായി. എന്നാൽ, വാക്‌സിൻ ഇല്ലെന്ന് ഇപ്പോൾ പറയുന്നു. ഇല്ലെങ്കിൽ, പിന്നെ എന്തിന് പ്രഖ്യാപനം നടത്തി എന്ന് ഡൽഹി ഹൈക്കോടതിക്ക്‌ ചോദിക്കേണ്ടിവന്നു.

കോവിഡ്‌ വാക്സിൻ സൗജന്യമായി നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം ബുധനാഴ്‌ച കേരള നിയമസഭ ഐകകണ്ഠ്യേന അംഗീകരിച്ചത് ഈ സാഹചര്യത്തിലാണ്. സാർവത്രികവും സൗജന്യവുമായി പ്രതിരോധ കുത്തിവയ്‌പ്‌ എന്നത് ഇന്ത്യയിലെ ഓരോ പൗരന്റെയും അവകാശമാണ്. ഇത്രകാലം വിവിധ കുത്തിവയ്‌പുകൾ നൽകിവന്നതും അങ്ങനെയാണ്. അതൊക്കെ എന്നെങ്കിലും വരാനിടയുള്ള രോഗങ്ങളിൽനിന്ന് ജനതയെ പ്രതിരോധിക്കാനായിരുന്നു. കോവിഡിന്റെ കാര്യത്തിൽ സ്ഥിതി വ്യത്യസ്തമാണ്. മരണകാരണമാകാൻ ഇടയുള്ളതും ഇപ്പോൾ അതിവേഗം പടരുന്നതുമായ ഒരു മഹാമാരിയെ നേരിടാനുള്ള വാക്സിനേഷനാണ് ജനങ്ങൾക്ക് നൽകേണ്ടത്. മറ്റെല്ലാ പരിഗണനകളും മാറ്റിവച്ച് ഭരണസംവിധാനം ഏറ്റവും മുൻഗണന നൽകി ഏറ്റെടുക്കേണ്ട ദൗത്യമാണിത്. പല രാജ്യങ്ങളിലെ സർക്കാരുകളും ഇതാണ് ചെയ്തത്. ഇവിടെ അക്കാര്യത്തിൽ തെല്ലും ആസൂത്രണം ഉണ്ടായില്ല. ഈ രംഗത്തെ സ്വകാര്യ കമ്പനികൾക്ക് എങ്ങനെ ലാഭം ഉണ്ടാക്കി കൊടുക്കാം എന്നതിലായിരുന്നു സർക്കാരിന്റെ ഊന്നൽ. പരസ്പരം മത്സരിച്ചും വിലയിൽ തർക്കിച്ചും സംസ്ഥാന സർക്കാരുകൾക്ക് കമ്പനികളിൽനിന്ന് വാക്സിൻ വാങ്ങാം എന്ന നിലപാടാണ് കേന്ദ്ര സർക്കാരിന്റെത്.

സർക്കാരുകൾക്കൊപ്പം സ്വകാര്യ ആശുപത്രികളും മത്സരത്തിനുണ്ട്. അവരും സ്വന്തമായി വാങ്ങുന്നു. വൻ ഹോട്ടലുകൾവരെ വാക്സിനേഷൻ അടക്കമുള്ള പാക്കേജുകൾ ഉൾപ്പെടുത്തി പരസ്യം ചെയ്യുന്നു. സമൂഹത്തിലെ മുകൾത്തട്ടിലുള്ളവർക്ക് അത് ലഭ്യമാക്കുന്നു. ഈ സമീപനം മാറ്റി രാജ്യത്തിനാകെ ആവശ്യമായ വാക്‌സിൻ ആഗോള ടെൻഡറിലൂടെ വാങ്ങണം എന്നാണ്‌ നിയമസഭയിൽ മന്ത്രി വീണ ജോർജ്‌ അവതരിപ്പിച്ച പ്രമേയത്തിൽ ആവശ്യപ്പെടുന്നത്‌. വാക്സിൻ സൗജന്യമായില്ലെങ്കിൽ എന്താ കുഴപ്പം എന്ന് ചോദിക്കുന്നവരുണ്ട്. അവരോടു പറയാനുള്ളത് സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്.

വരുമാനത്തിലും ഡിജിറ്റൽ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നതിലും ജനങ്ങൾക്കിടയിൽ വൻവിടവ് നിലനിൽക്കുന്ന രാജ്യത്ത് നയങ്ങളും തീരുമാനങ്ങളും അതിനനുസരിച്ചുവേണം എന്നാണ് കോടതി ഓർമിപ്പിച്ചത്. പൊതുഫണ്ട് കൂടി ഉപയോഗിച്ചാണ് വാക്‌സിൻ വികസിപ്പിച്ചതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. വിലകൊടുത്തു വാങ്ങേണ്ടിവന്നാൽ അത് ലഭിക്കാതെ പോകുക ഏറ്റവും പാവപ്പെട്ടവനാകും. രോഗം വന്നാൽ ആശുപത്രിയിൽ പോയി ചികിത്സിക്കാൻ പ്രയാസമുള്ള ആ വിഭാഗമാകും ഇക്കാര്യത്തിലും പിന്തള്ളപ്പെടുക. ഇപ്പോൾ തന്നെ മഹാമാരി അവരുടെ ജീവിതമാർഗം അടച്ചിരിക്കുന്നു. തെല്ലും വരുമാനമില്ലാതെ കഴിയുന്ന അവർക്ക് വാക്സിന് കൂടി പണം കണ്ടെത്തുക സാധ്യമല്ല. വാക്സിൻ സൗജന്യമാക്കിയില്ലെങ്കിൽ വലിയൊരു വിഭാഗം ജനങ്ങളെ ഒരു കൊടും പകർച്ചവ്യാധിക്ക്‌ എറിഞ്ഞുകൊടുക്കലാകും സംഭവിക്കുക.

ജനകീയ ആരോഗ്യനയവും ക്ഷേമപദ്ധതികളുമുള്ള കേരളത്തിൽ ഒരു പരിധിവരെ ജനങ്ങൾ പിടിച്ചുനിൽക്കും. ഇതല്ല ഭൂരിഭാഗം സംസ്ഥാനങ്ങളിലെയും സ്ഥിതി. ഇവിടെപ്പോലും വാക്സിൻ വിലകൊടുത്തു വാങ്ങേണ്ടിവന്നാൽ അതിനു സാധിക്കാത്തവർ ലക്ഷങ്ങളായിരിക്കും. വില കൊടുത്തുവാങ്ങി സംസ്ഥാന സർക്കാരിനു സൗജന്യമായി ജനങ്ങൾക്ക് കൊടുത്തുകൂടെ എന്ന വാദം ഉയർത്തുന്നവരുമുണ്ട്. ഒരു വശത്ത് വരുമാനം വറ്റിയ അവസ്ഥ. മറുവശത്ത് ഉള്ള വരുമാന സ്രോതസ്സുകൾ പോലും അടയ്ക്കുന്ന കേന്ദ്രനയം. ഇതിനിടയിൽ വാക്സിന് കൂടി പണം മുടക്കേണ്ടിവന്നാൽ സംസ്ഥാന സർക്കാരുകൾ കൂടുതൽ പ്രതിസന്ധിയിലാകും.

വാക്സിൻ സൗജന്യമായും സമയബന്ധിതമായും ലഭ്യമാക്കണം എന്ന കേരളത്തിന്റെ ആവശ്യം അതിനാൽ തന്നെ ഏറെ പ്രസക്തമാണ്. പ്രമേയം കൊണ്ടുവരിക മാത്രമല്ല സർക്കാർ ചെയ്തത്. പ്രശ്നം പരിഹരിക്കാൻ പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയൻ പതിനൊന്ന്‌ ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക് കഴിഞ്ഞ ദിവസം കത്തും എഴുതിയിരുന്നു. ഇതുപോലെ ഒരു പ്രതിസന്ധിഘട്ടത്തിൽ രാഷ്ട്രം അതിന്റെ ജനതയോട് എങ്ങനെ പെരുമാറണം എന്ന് ചൂണ്ടിക്കാട്ടുകയാണ് കേരളം. പലതിലും മാതൃകയായ സംസ്ഥാനം ഇന്ത്യക്ക് ഒരിക്കൽക്കൂടി വഴികാട്ടുകയാണ്. കൂടുതൽ സംസ്ഥാന നിയമസഭകളും സർക്കാരുകളും രംഗത്തെത്തി ഉയർത്തുന്ന പ്രതിരോധത്തിലൂടെ മാത്രമേ ജനദ്രോഹം മുഖമുദ്രയാക്കിയ കേന്ദ്ര സർക്കാരിനെ തിരുത്താൻ കഴിയൂ.

deshabhimani editorial 030621

Wednesday, June 2, 2021

2 കോടി കടന്ന് സംസ്ഥാനത്തെ കോവിഡ് പരിശോധന; അഭിമാനമായി ലാബ് ജീവനക്കാര്‍

തിരുവനന്തപുരം>  സംസ്ഥാനത്തെ കോവിഡ് 19 സാമ്പിള്‍ പരിശോധനകളുടെ എണ്ണം രണ്ട് കോടി (2,00,55,047) കഴിഞ്ഞു. ആര്‍.ടി.പി.സി.ആര്‍. 69,28,572, ആന്റിജന്‍ 1,23,81,380, വിമാനത്താവള നിരീക്ഷണ സാമ്പിള്‍ 77321, സിബി നാറ്റ് 71,774, ട്രൂനാറ്റ് 5,75,035, പി.ഒ.സി.ടി. പി.സി.ആര്‍. 9691, ആര്‍.ടി. ലാമ്പ് 11,274 എന്നിങ്ങനെയാണ് പരിശോധന നടത്തിയത്.

ആദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്ത 2020 ജനുവരി 30ന് ആലപ്പുഴ എന്‍ഐവിയില്‍ മാത്രമുണ്ടായിരുന്ന കോവിഡ് പരിശോധനാ സംവിധാനം ഇപ്പോള്‍ സംസ്ഥാനം മുഴുവന്‍ ലഭ്യമാണ്. സംസ്ഥാനത്തെ 2667 പരിശോധനാ കേന്ദ്രങ്ങളിലാണ് കോവിഡ് പരിശോധനകള്‍ നടത്തുന്നത്. 1633 സര്‍ക്കാര്‍ ലാബുകളിലും 1034 സ്വകാര്യ ലാബുകളിലുമാണ് കോവിഡ് പരിശോധനാ സൗകര്യമുള്ളത്. 89 ലാബുകളില്‍ ആര്‍.ടി.പി.സി.ആര്‍, 30 ലാബുകളില്‍ സിബി നാറ്റ്, 83 ലാബുകളില്‍ ട്രൂനാറ്റ്, 2465 ലാബുകളില്‍ ആന്റിജന്‍ എന്നിങ്ങനെ പരിശോധനകളാണ് നടത്തുന്നത്. 10 മൊബൈല്‍ ലാബുകള്‍ മുഖേനയും കോവിഡ് പരിശോധന നടത്തുന്നുണ്ട്. ഇതുകൂടാതെ 4 മൊബൈല്‍ ലാബുകള്‍ ഉടന്‍ പ്രവര്‍ത്തനസജ്ജമാകുന്നതാണ്.

കോവിഡ് കാലത്ത് വലിയ സേവനം നടത്തിയവരാണ് ലാബ് ജീവനക്കാരെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. രാവും പകലുമില്ലാതെ 24 മണിക്കൂറും ഷിഫ്റ്റടിസ്ഥാനത്തില്‍ പി.പി.ഇ. കിറ്റുമിട്ട് സേവനമനുഷ്ഠിക്കുന്നവരാണവര്‍. തുടക്കത്തില്‍ 100ന് താഴെ മാത്രമുണ്ടായിരുന്ന പ്രതിദിന പരിശോധനകളുടെ എണ്ണം ഒന്നര ലക്ഷത്തിന് മുകളില്‍ വരെ ഉയര്‍ത്താനായത് ഇവരുടെ ആത്മാര്‍ത്ഥ പരിശ്രമം കൊണ്ടാണ്.

കോവിഡിന്റെ രണ്ടാം തരംഗത്തില്‍ കൂട്ടപരിശോധനയുടെ ഭാഗമായി പരിശോധനകള്‍ തുടര്‍ച്ചയായി ഒരുലക്ഷത്തിന് മുകളില്‍ വര്‍ധിപ്പിച്ചു. കഴിഞ്ഞ മേയ് അഞ്ചിനാണ് (1,63,321) ഏറ്റവുമധികം പരിശോധനകള്‍ നടത്തിയത്. കോവിഡ് വ്യാപനമുണ്ടായ സമയത്തെല്ലാം വിശ്രമമില്ലാതെ ആരോഗ്യ വകുപ്പിനോടൊപ്പം നിന്നു പ്രവര്‍ത്തിച്ച എല്ലാ ജീവനക്കാരേയും ഈ സന്ദര്‍ഭത്തില്‍ അഭിനന്ദിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

പരിശോധനാ കിറ്റുകള്‍ തീര്‍ന്ന് മറ്റുപല പ്രദേശങ്ങളും പ്രതിസന്ധിയിലായപ്പോഴും കേരളം വളരെ കരുതലോടെയാണ് മുന്നോട്ട് പോയത്. അതിനാല്‍ തന്നെ സംസ്ഥാനത്ത് ഒരു സമയത്തും ടെസ്റ്റ് കിറ്റിന് ക്ഷാമം നേരിട്ടില്ല. പരിശോധയുടെ കാര്യത്തില്‍ ടെസ്റ്റ് പെര്‍ മില്യണ്‍ ബൈ കേസ് പെര്‍ മില്യണ്‍ എന്ന ശാസ്ത്രീയ മാര്‍ഗമാണ് കേരളം അവലംബിച്ചത്. കേസുകള്‍ കൂടുന്നതനുസരിച്ച് പരിശോധനകളുടെ എണ്ണവും വര്‍ധിപ്പിച്ചു. അതനുസരിച്ച് രോഗികളേയും സമ്പര്‍ക്കത്തിലുള്ളവരേയും കണ്ടെത്തി നിരീക്ഷണത്തിലാക്കാന്‍ സാധിച്ചു.

തുടക്കത്തില്‍ സര്‍ക്കാര്‍ ലാബുകളില്‍ മാത്രമുണ്ടായിരുന്ന കോവിഡ് പരിശോധനയ്ക്ക് സ്വകാര്യ ലാബുകള്‍ക്കും അനുമതി നല്‍കുകയും സര്‍ക്കാര്‍ നിരക്ക് നിശ്ചയിക്കുകയും ചെയ്തു. ഐ.സി.എം.ആര്‍. അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായതോടെ പരിശോധനാ നിരക്കുകള്‍ കുറച്ചു. ആര്‍.ടി.പി.സി.ആര്‍. പരിശോധനാ നിരക്ക് 500 ആക്കി കുറച്ചു. ഇപ്പോള്‍ 26 സര്‍ക്കാര്‍ ലാബുകളിലും 63 സ്വകാര്യ ലാബുകളിലുമാണ് ആര്‍.ടി.പി.സി.ആര്‍. പരിശോധനയ്ക്കുള്ള സൗകര്യമുള്ളത്. സംസ്ഥാനത്തെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മുതലുള്ള എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും കോവിഡ് പരിശോധിക്കാനുള്ള സൗകര്യമൊരുക്കി. സര്‍ക്കാര്‍ ലാബുകളില്‍ കോവിഡ് പരിശോധന തികച്ചും സൗജന്യമാണ്. വിദേശത്ത് നിന്നും വരുന്നവര്‍ക്ക് എയര്‍പോര്‍ട്ടിലെ പരിശോധനയും സൗജന്യമാണ്.

ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് കോവിഡ് സര്‍വയലന്‍സിന്റെ ലാബ് സര്‍വയലന്‍സ് ആന്റ് റിപ്പോര്‍ട്ടിംഗ് ടീം ആണ് സംസ്ഥാനത്തെ കോവിഡ് പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്. സര്‍ക്കാര്‍ ലാബുകളിലേയും സ്വകാര്യ ലാബുകളിലേയും പരിശോധനകള്‍ ഏകീകൃത ഓണ്‍ലൈന്‍ സംവിധാനമായ ലബോറട്ടറി ഡയഗ്‌നോസിസ് ആന്റ് മാനേജ്മെന്റ് സിസ്റ്റം (എല്‍.ഡി.എം.എസ്.) പോര്‍ട്ടല്‍ വഴിയാണ് ഏകോപിപ്പിക്കുന്നത്. ജില്ലാ കോവിഡ് കണ്‍ട്രോള്‍ റൂമും സ്റ്റേറ്റ് കോവിഡ് കണ്‍ട്രോള്‍ റൂമും ഇത് ക്രോഡീകരിക്കുന്നു. മൊബൈലിലൂടെ പരിശോധനാ ഫലം ജനങ്ങള്‍ക്ക് നേരിട്ടറിയാനുള്ള സംവിധാനവും ലഭ്യമാണ്.

ജനങ്ങളെ മറക്കുന്ന മോഡി ഭരണം

നരേന്ദ്ര മോഡി സർക്കാർ അധികാരത്തിലേറിയിട്ട്‌ ഏഴ്‌ വർഷം പിന്നിടുകയാണ്‌. ഇന്ത്യൻ ഭരണഘടനയെ നോക്കുകുത്തിയാക്കി ഹിന്ദുത്വ അജൻഡ നടപ്പാക്കാനാണ്‌ ഈ മഹാമാരിക്കാലത്തും മോഡി സർക്കാർ ഊന്നൽ നൽകുന്നത്‌. മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്കായ ഇന്ത്യയെ ഫാസിസ്‌റ്റ്‌ ഹിന്ദുരാഷ്ട്രമാക്കുക എന്ന ആർഎസ്‌എസിന്റെ പ്രഖ്യാപിത അജൻഡയാണ്‌ നടപ്പാക്കുന്നത്‌. 2014ൽ ഒന്നാം മോഡി സർക്കാർ അധികാരത്തിലേറിയതുമുതൽ ഇതിനുള്ള നടപടി ആരംഭിച്ചിരുന്നു. തുടർച്ചയായി രണ്ടാം തവണയും അധികാരമേറ്റതോടെയാണ്‌ കൂടുതൽ ആവേശത്തോടെ ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള ശ്രമം വേഗത്തിലാക്കിയത്‌. 1925ൽ ആർഎസ്‌എസ്‌ സ്ഥാപിച്ചതുമുതൽ ഹിന്ദുരാഷ്ട്രം എന്നത്‌ അവരുടെ പ്രഖ്യാപിത ലക്ഷ്യമാണ്‌. അസഹിഷ്‌ണുതയാണ്‌ ഇതിന്റെ മുഖമുദ്ര. ഇന്ത്യൻ ഭരണഘടനയ്‌ക്കു നേരെയുള്ള ഏറ്റവും വലിയ ഭീഷണിയാണ്‌ ആർഎസ്‌എസിന്റെ ഈ നിലപാട്‌. മതനിരപേക്ഷതയും ജനാധിപത്യവും വ്യക്തി സ്വാതന്ത്ര്യവും ഉറപ്പുനൽകുന്ന ഇന്ത്യൻ ഭരണഘടനയെ തകർക്കാനുള്ള ശ്രമമാണ്‌ 2019നുശേഷം കേന്ദ്രസർക്കാർ ത്വരിതപ്പെടുത്തിയിരിക്കുന്നത്‌. ഭരണഘടനാ സ്ഥാപനങ്ങളെ ഒന്നൊന്നായി ഇല്ലാതാക്കുന്നു.

ഭരണഘടന മുന്നോട്ടുവയ്‌ക്കുന്ന സ്വാശ്രയത്വം, ഫെഡറലിസം, സാമൂഹ്യനീതി എന്നിവ ഇല്ലാതാക്കുന്നു. പാർലമെന്റിനെപ്പോലും നോക്കുകുത്തിയാക്കിയാണ്‌ നിയമങ്ങൾ കൊണ്ടുവരുന്നത്‌. രണ്ടാം മോഡി സർക്കാർ അധികാരത്തിലേറിയ ഉടൻതന്നെ ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി ഉറപ്പുവരുത്തുന്ന ഭരണഘടനയിലെ 370, 35 എ അനുച്ഛേദങ്ങൾ എടുത്തുകളഞ്ഞു. സംസ്ഥാനത്തെ രണ്ട്‌ കേന്ദ്രഭരണ പ്രദേശമാക്കി വെട്ടിമുറിച്ചു. സംസ്ഥാനത്തെ സൈന്യത്തിന്റെ പൂർണ നിയന്ത്രണത്തിലാക്കിയും എല്ലാവിധ ആശയവിനിമയ സംവിധാനവും വിച്ഛേദിച്ചും ജനങ്ങളുടെ ദൈനംദിന ജീവിതം പൂർണമായും തടസ്സപ്പെടുത്തിയുമാണ്‌ ഇത്‌ നടപ്പാക്കിയത്‌. രണ്ട്‌ വർഷം കഴിഞ്ഞിട്ടും ജനങ്ങൾക്ക്‌ സാധാരണ ജീവിതത്തിലേക്ക്‌ തിരിച്ചുവരാനുള്ള അവസ്ഥ സംജാതമായിട്ടില്ല. ഭരണഘടനാ വിരുദ്ധമായി ചട്ടങ്ങൾ ലംഘിച്ചുകൊണ്ടാണ്‌ ജമ്മു കശ്‌മീരിന്റെ പ്രത്യേകാവകാശങ്ങൾ കവർന്നെടുത്തത്‌. ഇതിനു പിന്നാലെ പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കി. ഭരണഘടനയെ അവഹേളിച്ചും വ്യവസ്ഥകൾ ലംഘിച്ചും പാർലമെന്റിനെ വിശ്വാസത്തിലെടുക്കാതെയുമാണ്‌ നിയമം കൊണ്ടുവന്നത്‌. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ്‌ ഒരാളുടെ മതവിശ്വാസത്തെ പൗരത്വം ലഭിക്കുന്നതിനുള്ള മാനദണ്ഡമാക്കുന്നത്‌. ഇപ്പോൾ ജമ്മു കശ്‌മീർ മാതൃകയിൽ ലക്ഷദ്വീപിലും വർഗീയ ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ അശാന്തി പടർത്തുകയാണ്‌. രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന ഏറ്റവും വലിയ മഹാമാരിയായി മോഡി ഭരണം മാറി.

ഭരണഘടനയ്‌ക്കു നേരെയുള്ള കടന്നാക്രമണം യഥാർഥത്തിൽ സ്വതന്ത്ര ഇന്ത്യയുടെ സവിശേഷതയ്‌ക്കുമേലുള്ള കടന്നുകയറ്റമാണ്‌. നാനാത്വത്തിലെ ഏകത്വമാണ്‌ നമ്മുടെ ഭരണഘടനയുടെ സവിശേഷത. ഈ സവിശേഷതയിലൂടെയാണ്‌ നമ്മുടെ രാജ്യത്തെയും ജനങ്ങളെയും നിർവചിക്കുന്നത്‌. ജനങ്ങളെ തമ്മിൽ പരസ്‌പരം ബന്ധിപ്പിക്കുന്ന വൈവിധ്യങ്ങളുടെ നൂലിഴകളെ ബലപ്പെടുത്തിയാൽ മാത്രമേ ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും ശക്തിപ്പെടുത്തൻ സാധിക്കുകയുള്ളൂ. മതം, വിശ്വാസം, ഭാഷ, വംശം, സംസ്‌കാരം, ജീവിതരീതി തുടങ്ങിയ വൈവിധ്യങ്ങളെ തകർത്ത്‌ ആർഎസ്‌എസും ബിജെപിയും ഹിന്ദുത്വം അടിച്ചേൽപ്പിക്കാനാണ്‌ ശ്രമിക്കുന്നത്‌. ആർഎസ്‌എസ്‌ വിഭാവനം ചെയ്യുന്ന ഹിന്ദു രാഷ്ട്രത്തിന്റെ പ്രധാന ആശയംതന്നെ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ടവർ ഹിന്ദുത്വ ആശയം ഉൾക്കൊണ്ട്‌ ജീവിക്കുക അല്ലെങ്കിൽ ഭരണഘടനാ പ്രകാരമുള്ള തുല്യനീതി ഇല്ലാതെ രണ്ടാംകിട പൗരന്മാരായി ജീവിക്കുക എന്നതാണ്‌. ‘ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാൻ’ എന്ന ആർഎസ്‌എസ്‌ മുദ്രാവാക്യം ഏക ഭാഷകൂടി അടിച്ചേൽപ്പിക്കുന്നതാണ്‌. ജനാധിപത്യാവകാശങ്ങളും പൗരാവകാശങ്ങളും അഭിപ്രായ സ്വാതന്ത്ര്യവും നിഷേധിക്കുന്നതിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ യുഎപിഎ, രാജ്യദ്രോഹക്കുറ്റം തുടങ്ങിയ കരിനിയമങ്ങൾ ഉപയോഗിച്ച്‌ അടിച്ചമർത്തുന്നു. മോഡി സർക്കാരിന്റെ നയങ്ങളെ എതിർക്കുന്നവരെ രാജ്യദ്രോഹികളും വിദേശ ഏജന്റുമാരുമായി മുദ്രകുത്തുന്നു. എല്ലാ അർഥത്തിലും മോഡി ഭരണം രാജ്യത്തെ ജനങ്ങളിൽ കടുത്ത ഭയം സൃഷ്ടിച്ചിരിക്കുകയാണ്‌.

മരണത്തിന്റെ കാവൽക്കാർ

2020 ജനുവരിയിലാണ്‌ രാജ്യത്ത്‌ കോവിഡ്‌ പടരാൻ തുടങ്ങിയത്‌. രോഗം വ്യാപിക്കുന്നത്‌ ഫലപ്രദമായി നേരിടാനും ജനങ്ങളുടെ ജീവൻ രക്ഷിക്കാനുമുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിനുപകരം സർക്കാർ ആർഎസ്‌എസിന്റെ വർഗീയ അജൻഡ നടപ്പാക്കാനാണ്‌ ശ്രദ്ധയൂന്നിയത്‌. ഇതിന്റെ ഫലമായി രാജ്യവും ജനങ്ങളും വലിയ വിലകൊടുത്തുകൊണ്ടിരിക്കുകയാണ്‌. സിപിഐ എമ്മും മറ്റ്‌ പ്രതിപക്ഷ രാഷ്ട്രീയ പാർടികളും മഹാമാരിയെ നേരിടാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്ന്‌ നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ ആവശ്യം ചെവിക്കൊണ്ടില്ല. കോവിഡിനെ നേരിടുന്നതിൽ മോഡി സർക്കാർ തികഞ്ഞ പരാജയമാണ്‌. കോവിഡ്‌ റിപ്പോർട്ട്‌ ചെയ്‌തതിനുശേഷവും ആരോഗ്യമേഖലയിൽ അടിസ്ഥാനസൗകര്യങ്ങളൊരുക്കി മുൻകരുതൽ സ്വീകരിച്ചില്ല. ആരോഗ്യപ്രവർത്തകർക്ക്‌ സംരക്ഷണ ഉപകരണങ്ങൾ ലഭ്യമാക്കിയില്ല. ആശുപത്രി സംവിധാനങ്ങൾ വിപുലമാക്കുന്നതിലും ഓക്‌സിജൻ ലഭ്യത ഉറപ്പുവരുത്തുന്നതിലും പുതിയ വാക്‌സിന്‌ മുൻകൂട്ടി ഓർഡർ നൽകി സംഭരിക്കുന്നതിലും സർക്കാർ അലംഭാവം കാട്ടി. എല്ലാ തരത്തിലും കോവിഡിനെ നേരിടുന്നതിൽ ശ്രദ്ധചെലുത്തുന്നതിൽ വീഴ്‌ച വരുത്തി.

ഒരു മുൻകരുതലും ആസൂത്രണവുമില്ലാതെ അപ്രതീക്ഷിതമായി രാജ്യമാകെ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചത്‌ എല്ലാ മേഖലയിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചു. മഹാമാരിക്കു മുമ്പേതന്നെ തകർന്നുകൊണ്ടിരുന്ന ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഇതോടെ കടുത്ത മാന്ദ്യത്തിലേക്ക്‌ കൂപ്പുകുത്തി. കോടിക്കണക്കിനാളുകൾക്ക്‌ തൊഴിലും വരുമാനവും നഷ്ടപ്പെട്ടു. ദാരിദ്ര്യവും പട്ടിണിയും വ്യാപകമായി. ജനങ്ങൾ പട്ടിണിയിലേക്ക്‌ എടുത്തെറിയപ്പെട്ടപ്പോഴും ജനങ്ങളുടെ കൈകളിലേക്ക്‌ പണം കൈമാറുന്നതിനോ ആവശ്യമായ ഭക്ഷ്യവസ്‌തുക്കൾ സൗജന്യമായി നൽകാനോ തയ്യാറായില്ല. അടച്ചുപൂട്ടലിനെ തുടർന്ന്‌ വിവിധ വ്യവസായ നഗരങ്ങളിൽനിന്ന്‌ ഗ്രാമങ്ങളിലേക്ക്‌ കുടിയേറ്റ തൊഴിലാളികളുടെ പലായനമായിരുന്നു. വിഭജനക്കാലത്തെ പലായനത്തെ ഓർമിക്കുന്നതായിരുന്നു ഇത്‌. സർവതും നഷ്ടപ്പെട്ട്‌ സ്വന്തം ഗ്രാമങ്ങളിലെത്താൻ വെമ്പൽകൊണ്ട പാവപ്പെട്ട കുടിയേറ്റ തൊഴിലാളികൾക്ക്‌ യാത്രാ സൗകര്യം ഒരുക്കാൻപോലും സർക്കാരിന്‌ സാധിച്ചില്ല. ഇത്‌ സ്വാഭാവികമായും കോവിഡ്‌ പടരാനും ഇടയാക്കി. പാവപ്പെട്ടവരെ കൂടുതൽ ദുരിതത്തിലേക്കും തുടർന്ന്‌ മരണത്തിലേക്കും സർക്കാർ തള്ളിവിടുകയായിരുന്നു. രണ്ടാംതരംഗം വരുമെന്ന മുന്നറിയിപ്പുകൾ ഉണ്ടായിട്ടും അതിനെ നേരിടാനുള്ള തയ്യാറെടുപ്പുകൾ നടത്താതെ കോവിഡിനെതിരായ യുദ്ധം വിജയിച്ചതായി മോഡി പ്രഖ്യാപിച്ചു. ഇന്ത്യ വൻതോതിൽ വാക്‌സിൻ ഉൽപ്പാദിപ്പിച്ച്‌ മനുഷ്യസമൂഹത്തെയാകെ സംരക്ഷിക്കുമെന്ന്‌ വീമ്പിളക്കി. ‘വിശ്വഗുരു’ എന്ന്‌ സ്വയം പുകഴ്‌ത്തുകയും ചെയ്‌തു. എന്നാൽ, രാജ്യത്ത്‌ ഇപ്പോഴും വാക്‌സിൻ ആവശ്യത്തിന്‌ ലഭ്യമാക്കിയിട്ടില്ല.

കോവിഡ്‌ പടരുന്നതിനിടയിലും കുംഭമേളയ്‌ക്ക്‌ അനുമതി നൽകി. അടുത്ത വർഷം നടക്കേണ്ട കുംഭമേള യുപി തെരഞ്ഞെടുപ്പിൽ വർഗീയ ചേരിതിരിവുണ്ടാക്കി വോട്ട്‌ നേടാനായി ഒരു വർഷം മുമ്പേ സംഘടിപ്പിക്കുകയായിരുന്നു. ഐപിഎൽ ക്രിക്കറ്റ്‌ ടൂർണമെന്റ്‌ നടത്താനും അനുവദിച്ചു. കോവിഡ്‌ മാനദണ്ഡങ്ങളെല്ലാം ലംഘിച്ച്‌ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും വൻതെരഞ്ഞെടുപ്പു റാലികൾ സംഘടിപ്പിച്ചു. ഇത്തരം തീരുമാനങ്ങളെല്ലാം വിനാശകരമായി മാറിയെന്ന്‌ തെളിയിച്ചിരിക്കുകയാണിപ്പോൾ. ഇതെല്ലാം കോവിഡിന്റെ സമൂഹവ്യാപനം ത്വരിതപ്പെടുത്തി. രണ്ടാംതരംഗം വൻദുരന്തമായി മാറിയപ്പോൾ കേന്ദ്രസർക്കാർ ഉത്തരവാദിത്തത്തിൽനിന്ന്‌ ഒഴിഞ്ഞുമാറി സംസ്ഥാനങ്ങളുടെമേൽ ബാധ്യത കെട്ടിവയ്‌ക്കുന്നു. സംസ്ഥാനങ്ങൾക്ക്‌ പ്രത്യേക സാമ്പത്തിക പാക്കേജും അനുവദിച്ചില്ല. സർക്കാർ അനാസ്ഥ കാരണം ജനങ്ങൾ പ്രാണവായു കിട്ടാതെ മരിച്ചുവീണു എന്നതാണ്‌ ആത്യന്തികഫലം. ജീവൻരക്ഷാമരുന്നുകളുടെ ക്ഷാമവും ഹോസ്‌പിറ്റലുകളുടെയും വെന്റിലേറ്ററുകളുടെയും അപര്യാപ്‌തതമൂലമായി മരണങ്ങളേറെയും. ലോകത്ത്‌ പ്രതിദിനം ഏറ്റവും കൂടുതൽ രോഗികളും കോവിഡ്‌ മരണവും റിപ്പോർട്ട്‌ ചെയ്യുന്ന രാജ്യമാണ്‌ ഇന്ത്യ. മോഡി സർക്കാരിന്റെ കോവിഡ്‌ മാനേജ്‌മെന്റിന്റെ ദുരന്തമാണിത്‌. ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ കഴിഞ്ഞില്ലെന്നുമാത്രമല്ല, കോവിഡ്‌ ബാധിച്ച്‌ മരണപ്പെട്ടവരുടെ ശവസംസ്‌കാരം മാന്യമായ രീതിയിൽ നടത്താനുള്ള സൗകര്യം ഒരുക്കാനും സാധിക്കുന്നില്ല. ഉത്തരേന്ത്യൻ നദികളിൽ, പ്രത്യേകിച്ച്‌ ഗംഗാ നദിയിലൂടെ മൃതദേഹങ്ങൾ ഒഴുകിപ്പോകുന്ന ദൃശ്യങ്ങളും കൂട്ട സംസ്‌കാരങ്ങളും ദുരന്തത്തിന്റെ ആഴം വർധിപ്പിക്കുന്നു. രാജ്യത്തിനും ജനങ്ങൾക്കും ഈ ദുരന്തം സമ്മാനിച്ചത്‌ സർക്കാരാണ്‌. മരണത്തിന്റെ കാവൽക്കാരനായി മോഡി സർക്കാർ.

ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ എല്ലാ കേന്ദ്രത്തിൽനിന്നും വാക്‌സിൻ ശേഖരിച്ച്‌ ജനങ്ങൾക്ക്‌ കോവിഡ്‌ പ്രതിരോധ കുത്തിവയ്‌പെടുത്ത്‌ ആശ്വാസം പകരുകയാണ്‌ വേണ്ടത്‌. രാജ്യവ്യാപകമായി സൗജന്യവും സാർവത്രികവുമായ വാക്‌സിനേഷൻ യജ്ഞം നടത്തണം. യുദ്ധകാലാടിസ്ഥാനത്തിൽ വാക്‌സിനേഷൻ യജ്ഞം നടത്താൻ നിർബന്ധിപ്പിച്ചാൽ മാത്രമേ ജനങ്ങൾക്ക്‌ അവരുടെ ജീവൻ സംരക്ഷിക്കാനാകൂ. ഒപ്പം ആവശ്യമായ സാമ്പത്തിക, ഭക്ഷ്യധാന്യ സഹായവും ഉറപ്പുവരുത്താനാകണം. ജനങ്ങളെയും അവരുടെ ജീവിതവും ജീവനോപാധിയും സംരക്ഷിക്കുന്നതിനും ഭരണഘടനയെയും ഭരണഘടനാവകാശങ്ങളെയും സംരക്ഷിക്കുക എന്നത്‌ ഓരോ പൗരന്റെയും കടമയായി മാറിയിരിക്കുകയാണ് ഇന്ന്‌. ഭരണഘടനയും  ജീവനും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ രാജ്യത്തെ ജനങ്ങളാകെ അണിനിരക്കണം.

സീതാറാം യെച്ചൂരി 

Tuesday, June 1, 2021

അസമത്വത്തിന്റെ മഹാമാരി - ഡോ. ഗ്രേഷ്യസ് ജയിംസ് എഴുതുന്നു

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആരോഗ്യ-, സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിലൂടെ നാം കടന്നുപോകുമ്പോൾ രാജ്യത്ത് നിലനിൽക്കുന്ന കോർപറേറ്റ് അനുകൂല സാമ്പത്തികവ്യവസ്ഥ  സമ്പന്നവർഗത്തെ സമ്പത്ത് കുന്നുകൂട്ടാൻ പ്രാപ്തരാക്കുന്നു. അതേസമയം, കോടിക്കണക്കിന് ജനങ്ങൾ നിത്യവൃത്തിക്ക് കഷ്ടപ്പെടുകയാണ്. ലോകത്തിലെ ഏറ്റവും വലിയ 10 ധനികരിൽ ഒരാൾ ഇന്ത്യക്കാരനാണ്. എന്നാൽ, ഏറ്റവും ദരിദ്രരായ ആളുകളിൽ നാലിലൊന്ന് ഇന്ത്യയിലാണ്. കോവിഡ് –-19 ഈ വിരോധാഭാസത്തെ കൂടുതൽ വ്യാപ്തിയുള്ളതാക്കുന്നു. ഇന്ത്യയിൽ സാമൂഹ്യമായും സാമ്പത്തികമായും നിലനിൽക്കുന്ന അസമത്വങ്ങളെ മഹാമാരി എങ്ങനെ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നു എന്നതിന്റെ നേർകാഴ്ചയാണ് ഇത്‌.  കോവിഡ് -രണ്ടാം തരംഗം ഇന്ത്യയിലെ സമ്പന്നരും ദരിദ്രരും തമ്മിലുള്ള സാമ്പത്തിക അസമത്വത്തിന്റെ വിടവ് വെളിപ്പെടുത്തി. ഇന്ത്യയിൽ  സാമ്പത്തിക ആഘാതം വളരെ വിനാശകരമാകുമെന്നാണ് സൂചനകൾ. ഇന്ത്യയിലെ ദരിദ്ര ജനവിഭാഗം ആശുപത്രി കിടക്ക, മരുന്ന്, ഓക്സിജൻ തുടങ്ങിയ അടിസ്ഥാന ആരോഗ്യസൗകര്യങ്ങൾ ലഭിക്കാതെ മരിക്കുമ്പോൾ സമ്പന്നവിഭാഗം കൂടുതൽ സുരക്ഷിതമായ രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നു. ആദ്യ തരംഗം  സാമ്പത്തിക അസമത്വത്തിന്റെ വിടവ് വർധിപ്പിക്കുകയും രണ്ടാമത്തെ തരംഗം അത് വെളിപ്പെടുത്തുകയും ചെയ്‌തു.

കോവിഡിന്റെ ഒന്നാം തരംഗവും തുടർന്നുണ്ടായ അടച്ചുപൂട്ടലും ഇന്ത്യയിലെ 40 ദശലക്ഷം കുടിയേറ്റത്തൊഴിലാളികൾക്ക്‌ തൊഴിൽ നഷ്ടമുണ്ടാക്കി. ഇതിൽ 23 ദശലക്ഷത്തിലധികംപേരെ തെരുവിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. രണ്ടാം തരംഗവും തുടർന്നുള്ള പ്രതിസന്ധികളും കുടിയേറ്റത്തൊഴിലാളികളുടെ അവസ്ഥ അതിസങ്കീർണമാക്കിയിരിക്കുകയാണ്. നിരവധി കമ്പനിയിൽ വൻതോതിൽ പിരിച്ചുവിടൽ പ്രഖ്യാപിച്ചുകഴിഞ്ഞു. പ്രമുഖ കമ്പനികൾ പ്രതിഫലം ഗണ്യമായി കുറച്ചു. കഴിഞ്ഞമാസം മാത്രം ഏഴു ദശലക്ഷത്തിലധികം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു. രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് മാർച്ചിലെ 6.5 ശതമാനത്തിൽനിന്ന് ഏപ്രിലിൽ എട്ടു ശതമാനമായി ഉയർന്നതായി സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമിയുടെ കണക്കുകൾ വ്യക്തമാക്കുന്നു.

വരുമാന അസമത്വം

കഴിഞ്ഞ വർഷത്തിന്റെ തുടർച്ചയെന്ന രീതിയിൽ വരുമാന അസമത്വം ആഴത്തിൽ വർധിച്ചുവരികയാണ്. അതിസമ്പന്നരായ ഇന്ത്യക്കാർ, വർധിച്ചുവരുന്ന ആരോഗ്യ പ്രതിസന്ധിയിൽനിന്ന് സ്വയം അകന്നുനിൽക്കുമ്പോൾ ഭൂരിപക്ഷം ജനങ്ങളും ഇടത്തരം - ഉയർന്ന മധ്യവർഗ വരുമാനമുള്ള കുടുംബങ്ങൾ പോലും പരിമിതമായ വിഭവങ്ങളുമായി കോവിഡ് –-19 പ്രതിസന്ധിയെ നേരിടാൻ നിർബന്ധിതരായി. സമൂഹത്തിന്റെ താഴെത്തട്ടിലുള്ള 10 ശതമാനം ഇന്ത്യക്കാർക്ക് 2020ൽ വരുമാനത്തിന്റെ നാലിലൊന്ന് നഷ്ടമായി. ഈവർഷം മഹാമാരി വീണ്ടും ആഞ്ഞടിക്കുമ്പോൾ ദിവസവേതന തൊഴിലാളികൾ ഉൾപ്പെടുന്ന ഒരു വലിയ വിഭാഗത്തിന് നഷ്ടങ്ങളുടെ കണക്കെടുക്കാൻ അവർ ബാക്കിയുണ്ടാകുമോ എന്ന ചോദ്യമാണ് ഏറ്റവും ഭയപ്പെടുത്തുന്ന സത്യം.

2020 മാർച്ച് മുതൽ നേരിട്ട അടച്ചുപൂട്ടലും തുടർന്നുള്ള അസ്ഥിരതയും ഇപ്പോഴത്തെ രണ്ടാം തരംഗത്തെ തുടർന്ന് -പല സംസ്ഥാനവും ഏർപ്പെടുത്തിയിരിക്കുന്ന കടുത്ത നിയന്ത്രണങ്ങളോ അടച്ചുപൂട്ടലോ സ്ഥിതി കൂടുതൽ വഷളാക്കിക്കൊണ്ടിരിക്കുകയാണ്. രണ്ടാം തരംഗം തുടങ്ങിയതിനുശേഷം ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിലെ അതിദരിദ്ര കുടുംബങ്ങളുടെ പ്രതിവാര വരുമാനം 75 ശതമാനം കുറഞ്ഞ് 769 രൂപയിൽനിന്ന് 180 രൂപയായതായി ബംഗളൂരു ആസ്ഥാനമായ നഡ്ജ് ഫൗണ്ടേഷന്റെ സർവേ വെളിപ്പെടുത്തുന്നു. രണ്ടാമത്തെ തരംഗത്തിന്റെ ആഘാതം സമ്പദ്‌വ്യവസ്ഥയെ അതിരൂക്ഷമായി ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ വർധിച്ചുവരുന്ന വരുമാന അസമത്വംമൂലം, ഇപ്പോഴത്തെ പ്രതിസന്ധിഘട്ടത്തിൽ ദരിദ്ര ജനവിഭാഗങ്ങൾക്ക് ശരിയായ ആരോഗ്യപരിരക്ഷ ലഭിക്കാനോ പട്ടിണിയിൽനിന്ന് കരകയറാനോ സാധിക്കുകയില്ല. ലോകത്ത് ഭക്ഷ്യക്ഷാമം നേരിടുന്ന ഏറ്റവും വലിയ ജനസംഖ്യ ഇന്ത്യയിലാണ്. മഹാമാരി

ആരംഭിക്കുന്നതിനുമുമ്പ് ഇന്ത്യയിൽ 189 ദശലക്ഷം ആളുകൾ പോഷകാഹാരക്കുറവുള്ളവരാണെന്ന് കണക്കാക്കപ്പെട്ടിരുന്നു. മധ്യവർഗത്തിന്റെ കാര്യവും വ്യത്യസ്തമല്ല. കോവിഡ് മഹാമാരി കഴിഞ്ഞവർഷം ഏകദേശം 3.2 കോടി ഇന്ത്യക്കാരെ മധ്യവർഗത്തിൽനിന്ന് പുറന്തള്ളി. മഹാമാരിക്ക് മുമ്പുണ്ടായിരുന്ന 9.9 കോടിയിൽനിന്ന് മധ്യവർഗം 6.6 കോടിയിലേക്ക് ചുരുങ്ങി. സമ്പദ്‌ ഘടനയുടെ ആഴത്തിലുള്ള ഘടനാപരമായ പ്രശ്നങ്ങളും സർക്കാരിന്റെ പല നയവൈകല്യങ്ങളും വളർച്ചയെ - തടസ്സപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ചുരുങ്ങിക്കൊണ്ടിരിക്കുന്ന മധ്യവർഗം കൂടുതൽ ഇല്ലായ്മകളിലേക്ക് പോകും. ഇത് നമ്മുടെ വളർച്ച നിരക്കിനെ വൻതോതിൽ പിന്നോട്ടുനയിക്കുകയും കൂടുതൽ വലിയ അസമത്വം സൃഷ്ടിക്കുകയും ചെയ്തു. ഇന്ത്യയിൽ ദിവസ വരുമാനം 150 രൂപയോ അതിൽ കുറവോ ഉള്ള ദരിദ്രരുടെ എണ്ണം കഴിഞ്ഞ ഒരു വർഷക്കാലയളവിൽ ആറു കോടിയിൽനിന്ന്‌ 13.4 കോടിയായി വർധിച്ചു.

1970കൾക്കുശേഷം ദാരിദ്രനിർമാർജനത്തിൽ ഇന്ത്യയുടെ ക്രമേണയുള്ള പുരോഗതി സ്തംഭിച്ചു. 2020ലെ സ്ഥിതി പരിശോധിക്കുമ്പോൾ ആഗോള തലത്തിൽ ഏറ്റവും കൂടുതൽ ദരിദ്രരുടെ വർധന ഇന്ത്യയിലാണ് നടന്നത്. ആകെയുള്ള അസമത്വത്തിന്റെ ഭൂരിഭാഗവും ഗ്രാമീണമേഖലകളിലും നഗര ബ്ലോക്കുകളിലും പ്രാദേശികതലത്തിലുമുള്ളതാണ്. പ്രാദേശിക തലത്തിലുള്ള അസമത്വവും അതിന്റെ മാറ്റത്തിന്റെ ദിശയും ഇന്ത്യയിലെ വിവിധ സംസ്ഥാനത്തിൽ വ്യത്യസ്തമാണ്. 1990കളുടെ തുടക്കത്തിലും 2000ത്തിലും ഇന്ത്യയിലും ചൈനയിലും വരുമാന അസമത്വം ഗണ്യമായി ഉയരാൻ തുടങ്ങിയപ്പോൾ, ചൈന സ്ഥിരത കൈവരിക്കുകയും ഇന്ത്യ തൽസ്ഥിതി തുടരുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായി ഇനിയും ഉയർന്നുവരാനുള്ള -വിഭവശേഷി ഇന്ത്യക്ക് കൈമുതലായി ഉണ്ടെങ്കിലും  ഇപ്പോഴത്തെ നയപാളിച്ചകളും ആസൂത്രണമില്ലായ്മയും കാരണം ലോകത്തിലെ ഏറ്റവും അസമത്വമുള്ള രാജ്യങ്ങളിൽ ഒന്നായി നാം മാറും. കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തിൽ  ദയനീയ സ്ഥിതിയുടെ നേർകാഴ്ചയാണ് ഗംഗാനദിയിലൂടെ ഒഴുകിവരുന്ന കോവിഡ് രോഗികളുടെ ശവശരീരങ്ങൾ.

കേരള മാതൃക

മഹാമാരിയുടെ കാലഘട്ടത്തിൽ തൊഴിൽ നഷ്ടപ്പെട്ടവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കുമായി കേരളം കൈക്കൊണ്ട ധനസഹായ നടപടികളും മറ്റ് ആശ്വാസപദ്ധതികളും കോവിഡ് പ്രതിരോധപ്രവർത്തനങ്ങളും രാജ്യത്തിനും ലോകത്തിനും മാതൃകയായി. സ്വകാര്യ ആശുപത്രികളിൽ നിരക്ക് സർക്കാർ ഏകീകരിച്ചുനിശ്ചയിച്ചു. ആവശ്യമായ മെഡിക്കൽ വസ്തുക്കൾക്ക് കേരള അവശ്യസാധന നിയന്ത്രണനിയമം–-1986 പ്രകാരം വിൽക്കാവുന്നതിന് പരമാവധി വില നിശ്ചയിച്ച്‌ ഉത്തരവിറക്കി. പരിശോധന നിരക്ക് 1700 രൂപയിൽനിന്ന്‌ 500 രൂപയാക്കി കുറച്ചു. 

സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് ആശ്വാസമേകാൻ കേരള സർക്കാർ നടപ്പാക്കിയ വിവിധ പദ്ധതി അസമത്വത്തിന്റെ ആഴം കുറയ്‌ക്കുന്നവയായിരുന്നു. ക്ഷേമ പെൻഷനുകൾ, കമ്യൂണിറ്റി കിച്ചൻ, സൗജന്യ അവശ്യസാധനക്കിറ്റുകൾ തുടങ്ങിയവ അതിന്റെ തുടർച്ചയായി കരുതണം. അതിദാരിദ്ര്യ ലഘൂകരണം ലക്ഷ്യമിട്ട്‌ സുപ്രധാനമായ ഒരു തീരുമാനം  പുതിയ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം കൈക്കൊണ്ടത് ഈ ഘട്ടത്തിൽ ഏറെ പ്രത്യാശ നൽകുന്ന കേരള മാതൃകയാണ്.

ഡോ. ഗ്രേഷ്യസ് ജയിംസ് 

(ആറ്റിങ്ങൽ ഗവ. കോളേജ്‌ കൊമേഴ്‌സ്‌ വിഭാഗം അസോ. പ്രൊഫസറാണ്‌ ലേഖകൻ )

Sunday, May 30, 2021

കോവിഡ്‌ ചികിത്സ : സ്വകാര്യ ആശുപത്രിവഴി 
സർക്കാർ ചെലവിട്ടത്‌ 132 കോടി

 കോവിഡ്‌ ചികിത്സ : സ്വകാര്യ ആശുപത്രിവഴി 
സർക്കാർ ചെലവിട്ടത്‌ 132 കോടി ; സൗജന്യ ചികിത്സ ലഭ്യമാക്കിയത്‌ 
അര ലക്ഷത്തോളം കോവിഡ് രോഗികള്‍ക്ക്

സ്വകാര്യ ആശുപത്രികളിൽ ചികിത്സതേടിയ കോവിഡ്‌ രോഗികൾക്കുവേണ്ടി സംസ്ഥാന സർക്കാർ ഇതുവരെ ചെലവാക്കിയത്‌ 132.61 കോടി രൂപ. 263 സ്വകാര്യ ആശുപത്രിയാണ്‌ കോവിഡ് ചികിത്സയ്‌ക്ക്‌ സ്‌റ്റേറ്റ് ഹെൽത്ത് ഏജൻസിയുമായി (എസ്എച്ച്എ) എംപാനൽ ചെയ്തത്‌. ഇതിലൂടെ അരലക്ഷത്തോളംപേർക്ക്‌ സൗജന്യ ചികിത്സ ലഭ്യമാക്കി.

സംസ്ഥാന ആരോഗ്യവകുപ്പിന് കീഴിൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്‌), കാരുണ്യ ബെനവലന്റ് ഫണ്ട് (കെബിഎഫ്‌) പദ്ധതികൾ നടപ്പാക്കാൻ രജിസ്റ്റർചെയ്ത സ്‌റ്റേറ്റ് ഹെൽത്ത് ഏജൻസി ഒരു വർഷം പൂർത്തീകരിക്കുമ്പോഴാണ്‌ ഈ നേട്ടം. കോവിഡ് മഹാമാരിയിലും തടസ്സമില്ലാതെ ശ്രദ്ധേയസേവനം നൽകിയ എസ്എച്ച്എയുടെ ജീവനക്കാരെ മന്ത്രി വീണ ജോർജ് അഭിനന്ദിച്ചു. സംസ്ഥാനത്ത്  ഇതുവരെ 709 സ്വകാര്യ ആശുപത്രിയിലാണ് എസ്എച്ച്എ സൗജന്യ ചികിത്സ ലഭ്യമാക്കുന്നത്. മൂന്ന്‌ ലക്ഷം രൂപയിൽ കുറവ് വാർഷിക വരുമാനമുള്ള കുടുംബങ്ങൾക്ക് കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയുടെ ആനുകൂല്യവും എസ്എച്ച്എ വഴി ലഭ്യമാണ്‌.

2020 ജൂലൈ ഒന്നുമുതലാണ്‌ സ്‌റ്റേറ്റ് ഹെൽത്ത് ഏജൻസി നേരിട്ട്‌ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പാക്കിയത്. അനുദിനം വർധിക്കുന്ന ചികിത്സാച്ചെലവ് പരിഹരിക്കാനുള്ള നിർണായക ചുവടുവയ്പായിരുന്നു ഇത്‌. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഇ കാർഡ് രജിസ്‌ട്രേഷൻമുതൽ ഡിസ്ചാർജുവരെ എല്ലാ സേവങ്ങളും എല്ലാ എംപാനൽ ആശുപത്രികളിലെയും ഹൈടെക് കിയോസ്‌കുകളിൽ ലഭ്യമാണ്‌. ഇതിന്‌ 2000ത്തോളം മെഡിക്കൽ കോഓർഡിനേറ്റർമാരും പ്രവർത്തിക്കുന്നു. രണ്ടുലക്ഷം രൂപയുടെവരെ ചികിത്സാ സഹായം എസ്‌എച്ച്‌എയിലൂടെ ലഭ്യമാകും. വൃക്ക രോഗികൾക്ക് മൂന്നുലക്ഷം രൂപവരെ അനുവദിക്കും.

മൂന്നാം തരംഗം 
ഒക്ടോബറോടെ ; കൂട്ടായ്മകൾ സ്വയം ഒഴിവാക്കാം , പ്രായമായവരും കുട്ടികളും വീടുകളിൽ തുടരണം

രാജ്യത്ത്‌ അടുത്ത ആറുമാസത്തിനുള്ളിൽ കോവിഡ്‌ മൂന്നാംതരംഗം ഉണ്ടാകുമെന്ന്‌ ആരോഗ്യവിദഗ്ധർ. ഒക്‌ടോബറോടെ  ഇതിന്റെ തെളിവുകൾ പ്രകടമാകും. സംസ്ഥാനത്ത്‌ രണ്ടാംതരംഗം അതിന്റെ ഉച്ഛസ്ഥായി പൂർത്തിയാക്കി കുറയുകയാണ്‌. അതിനാൽ, മൂന്നാംതരംഗത്തെ നേരിടാനുള്ള ഒരുക്കം വീട്ടിൽനിന്നുതന്നെ തുടങ്ങണമെന്നാണ്‌ ആരോഗ്യവിദഗ്ധർ പറയുന്നത്‌.

വിവിധ ഘട്ടങ്ങളിലായി കൂട്ടായ്മകളും ആഘോഷങ്ങളുമാണ്‌ സംസ്ഥാനത്തെ കോവിഡ്‌ നിരക്ക്‌ വർധിക്കാൻ കാരണമായത്‌. അതിനാൽ, അടച്ചുപൂട്ടൽ അവസാനിച്ചാലും കൂട്ടായ്മകളിൽനിന്ന്‌ സ്വയം ഒഴിഞ്ഞുനിൽക്കണം. പ്രായമായവരും കുട്ടികളും വീടുകളിൽ കഴിയുന്നത്‌ തുടരണം. രണ്ട്‌ ഡോസ്‌ വാക്സിൻ സ്വീകരിച്ചവരും സ്വയം പ്രതിരോധം ഉറപ്പാക്കണം.

ചികിത്സയിലുള്ളവരുടെ എണ്ണം പരമാവധി കുറയ്ക്കുകയാണ്‌ അടച്ചിടൽ തുടരുന്നതിന്റെ ലക്ഷ്യം. ഇതിലൂടെ ഐസിയു, വെന്റിലേറ്റർ കിടക്കകളും ഒഴിയും. അടുത്ത തരംഗത്തെയും ശക്തമായി നേരിടാനും എല്ലാവർക്കും ചികിത്സ ഉറപ്പിക്കാനും സാധിക്കും. ഏപ്രിൽ അവസാനത്തോടെയാണ്‌ സംസ്ഥാനത്ത്‌ പ്രതിദിന കോവിഡ്‌ നിരക്ക്‌ കുത്തനെ ഉയർന്നത്‌. പിന്നീട്‌ അടച്ചിടലിലൂടെയും മികച്ച പ്രവർത്തനങ്ങളുടെയും ഫലമായി പല ജില്ലയിലും കോവിഡ് കേസുകൾ കുറയ്‌ക്കാൻ സാധിച്ചു. അടുത്ത ഘട്ടത്തിൽ അടച്ചുപൂട്ടൽ സാധ്യത പൂർണമായി ഒഴിവാക്കുകയാണ്‌ ലക്ഷ്യം. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക്‌ പത്ത്‌ ശതമാനമത്തിൽ താഴെ നിർത്താനായിരിക്കും കൂടുതൽ ശ്രദ്ധ.

Friday, May 28, 2021

സേവാഭാരതിയുടെ മരുന്നുവിതരണം 
സംസ്ഥാനത്തിന്റെ അനുമതിയില്ലാതെ ; ആളുകളില്‍നിന്ന് ആധാറിന്റെ പകര്‍പ്പും 
വാങ്ങുന്നു

കോവിഡ്‌ ബാധിതർക്ക്‌ കേന്ദ്ര ആയുഷ്‌ മന്ത്രാലയം വികസിപ്പിച്ച ‘ആയുഷ്‌ 64’ മരുന്ന്‌ സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ സേവാഭാരതി വ്യാപകമായി വിതരണം ചെയ്യുന്നു. കോവിഡുമായി ബന്ധപ്പെട്ട മരുന്നു വിതരണത്തിന്‌ സംസ്ഥാന സർക്കാർ അനുമതി വേണമെന്നിരിക്കെയാണിത്‌. തദ്ദേശ സ്ഥാപനങ്ങൾ, പ്രാദേശിക ആയുർവേദ ഡോക്ടർമാർ എന്നിവരെ ഉൾക്കൊള്ളിച്ച്‌ അവരുടെ അനുമതിയോടെയാണ്‌ മരുന്നുവിതരണം ചെയ്യേണ്ടതെന്ന്‌ കേന്ദ്ര നിർദേശമുണ്ട്‌. എന്നാൽ, ഇതൊന്നും പാലിക്കാതെയാണ്‌ വീടുകൾ കയറിയുള്ള മരുന്ന്‌ വിതരണം. മരുന്ന്‌ സ്വന്തം ഇഷ്ടപ്രകാരമാണ്‌ സ്വീകരിക്കുന്നതെന്ന സത്യവാങ്‌മൂലം വീട്ടുകാരിൽനിന്ന്‌ ഇവർ നിർബന്ധിച്ച്‌ ഒപ്പിട്ടു വാങ്ങുന്നുമുണ്ട്‌. ആധാർ കാർഡിന്റെ പകര്‍പ്പും ആവശ്യപ്പെടുന്നു.  ആധാർ കാർഡിന്റെ പകർപ്പ്‌  ഇത്തരത്തിൽ കൈപ്പറ്റുന്നതിനെതിരെ വ്യാപക പരാതിയുണ്ട്‌.

ആയുർവേദ ഡോക്ടറുടെ മേൽനോട്ടത്തിൽ രോഗലക്ഷണം മനസ്സിലാക്കി മരുന്ന്‌ നൽകണമെന്ന നിബന്ധന ലംഘിക്കുന്നു. കോവിഡ്‌ ബാധിതരുടെ പട്ടിക ആവശ്യപ്പെട്ട്‌ സേവാഭാരതി പ്രവർത്തകർ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ വിളിച്ച്‌ ഭീഷണിപ്പെടുത്തുന്നതായി പരാതിയുണ്ടായി. മിക്ക പഞ്ചായത്തുകളും പട്ടിക നൽകാൻ തയ്യാറായിട്ടില്ല.

അശാസ്‌ത്രിയ മരുന്നു വിതരണത്തിൽ ആയുർവേദ ഡോക്ടർമാരും എതിർപ്പ്‌ അറിയിച്ചു. സംസ്ഥാനത്ത്‌ സർക്കാർതലത്തിലും സ്വകാര്യമേഖലയിലും മരുന്നു വിതരണത്തിന്‌ മികച്ച സംവിധാനങ്ങൾ ഉണ്ടെന്നിരിക്കെയാണ്‌ സംഘപരിവാർ സംഘടനയായ സേവാഭാരതിയെ മരുന്നു വിതരണ ചുമതല കേന്ദ്രസർക്കാർ ഏൽപ്പിച്ചത്‌. മരുന്നു വിതരണത്തിന്‌ സഹായം അഭ്യർഥിച്ച്‌ കേന്ദ്ര ആയുഷ്‌ മന്ത്രാലയം സംസ്ഥാന ചീഫ്‌ സെക്രട്ടറിമാർക്ക്‌ അയച്ച കത്തിൽ വിതരണ ഏജൻസിയായി സേവാഭാരതിയെ നിയോഗിച്ചതായി പറയുന്നില്ല. എന്നാല്‍ ആയുഷ് മന്ത്രാലയം ഇറക്കിയ മറ്റൊരു ഉത്തരവില്‍ സേവാഭാരതിയെ മരുന്നു വിതരണത്തിന് നിയോ​ഗിച്ചതായും പറയുന്നു. മഹാമാരിക്കിടയിലും രാഷ്ട്രീയ മുതലെടുപ്പിനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്.

Thursday, February 25, 2021

16 സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനതോത് വര്‍ധിച്ചു; കേരളത്തില്‍ കുറയുന്നു; കൃത്യമായ റിപ്പോര്‍ട്ടിംഗും സംസ്ഥാനത്ത് മാത്രം

തിരുവനന്തപുരം > കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ക്രമാനുഗതമായ കുറവാണ് കണ്ടു വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതേസമയം ഇന്ത്യയിലെ 16 സംസ്ഥാനങ്ങളില്‍ രോഗവ്യാപനത്തിന്റെ തോത് വര്‍ദ്ധിച്ചു. അതില്‍ 5 സംസ്ഥാനങ്ങളില്‍ 10 ശതമാനത്തില്‍ കൂടുതലാണ് വര്‍ദ്ധന. പല സംസ്ഥാനങ്ങളും കോവിഡ് വ്യാപനത്തിന്റെ അടുത്ത തരംഗത്തിന്റെ വക്കിലാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. കഴിഞ്ഞ ആഴ്ചയിലെ കണക്ക് പ്രകാരം 31 ശതമാനം വര്‍ദ്ധനവാണ് രോഗികളുടെ എണ്ണത്തില്‍ രാജ്യത്ത് ഉണ്ടായത്.

ഒരു സമയത്ത് ഏകദേശം 150 മരണങ്ങളും, പതിനായിരത്തിലധികം കേസുകളും ഉണ്ടായിരുന്ന സാഹചര്യം കര്‍ണാടകത്തിലുണ്ടായിരുന്നു. കര്‍ണാടകയില്‍ 2020 നവംബറില്‍ തന്നെ ഏകദേശം 46 ശതമാനം ആളുകള്‍ക്ക് കോവിഡ് വന്നതായാണ് അവരുടെയും ഐസിഎംആറിന്റേയും സെറൊ പ്രിവലസ് സര്‍വേ ഫലങ്ങള്‍ കാണിക്കുന്നത്. അതായത് ഏകദേശം 3 കോടി ആളുകള്‍ക്ക് അവിടെ കോവിഡ് വന്നു പോയിട്ടുണ്ടാകാം എന്നാണ് ആ പഠനങ്ങള്‍ കാണിക്കുന്നത്. അതിന്റെ പത്തിലൊന്ന് ആളുകള്‍ക്ക് പോലും കേരളത്തില്‍ ഇതുവരെ കോവിഡ് ബാധയുണ്ടായിട്ടില്ല.

കേരളത്തിലെ റിപ്പോര്‍ട്ടിങ് സംവിധാനത്തിന്റെ മികവു കൂടി പരിഗണിക്കേണ്ടതുണ്ട്. അവിടെ 30 പേര്‍ക്ക് രോഗം വരുമ്പോള്‍ ഒരു കേസാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെങ്കില്‍, കേരളത്തില്‍ 3 പേര്‍ക്ക് രോഗം വരുമ്പോള്‍ ഒരു കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്. കേരളത്തില്‍ കേസുകള്‍ മറ്റുള്ളവിടങ്ങളിലപേക്ഷിച്ചു കൂടുതല്‍ ആണെന്ന പ്രതീതി ഉണ്ടാകുന്നതിന്റെ കാരണം, ഇവിടെ നമ്മള്‍ രോഗങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി കണ്ടെത്തുന്നു എന്നതുകൊണ്ട് കൂടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് മൂലം രാജ്യത്ത് ഏറ്റവും കുറച്ചു മരണ നിരക്കുള്ള, ഏറ്റവും കാര്യക്ഷമമായി രോഗം കണ്ടെത്തുന്ന, രോഗികള്‍ക്ക് മികച്ച ചികിത്സയും പരിചരണവും നല്‍കുന്ന കേരളത്തെ വസ്തുതകള്‍ മൂടിവച്ച് താറടിക്കാനാണ് പലരും ശ്രമിക്കുന്നത്. പക്ഷേ, ജനങ്ങളുടെ അനുഭവങ്ങളെ മായ്ച്ചുകളയാന്‍ ഈ വ്യാജപ്രചാരകര്‍ക്ക് സാധിക്കില്ല.

ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന വാക്‌സിന്‍ മുന്‍ഗണനാക്രമമനുസരിച്ച് കേരളത്തില്‍ ചിട്ടയായി നല്‍കി വരികയാണ്. കേന്ദ്ര സോഫ്‌റ്റ്വെയറിന്റെയും മറ്റും തകരാറുകൊണ്ട് ചിലര്‍ക്ക് വാക്‌സിന്‍ കിട്ടാതെ പോയത് പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാരുമായി സംസ്ഥാന ആരോഗ്യ വകുപ്പ് ബന്ധപ്പെടുന്നുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ രോഗ പ്രതിരോധം ശക്തിപ്പെടുത്തുന്നതോടൊപ്പം കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ നല്‍കിവരുന്ന വാക്‌സിന്‍ വിതരണത്തിലൂടെ ഈ ലക്ഷ്യം കൈവരിക്കാന്‍ മാസങ്ങളെടുക്കും. അതുവരെ കാത്തുനില്‍ക്കുന്നത് വിഷമകരമാണ്. കരുതല്‍ നടപടികള്‍ വിജയകരമായിരുന്നതുകൊണ്ട് കേരളം നേരിടുന്ന പ്രത്യേക പ്രതിസന്ധി പരിഗണിച്ച് കൂടുതല്‍ വാക്‌സിന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടാന്‍ തീരുമാനിച്ചിട്ടുണ്ട്.

അതോടൊപ്പം പൊതുവിപണിയില്‍ ടെസ്റ്റിങ്ങിന്റെ കാര്യത്തിലെന്നപോലെ സ്വകാര്യ സംരംഭകര്‍ക്കും വാക്‌സിന്‍ മിതമായ വിലക്ക് വിതരണം ചെയ്യാന്‍ അനുമതി നല്‍കണമെന്നും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Sunday, February 14, 2021

കോവിഡ്‌‌: മാസങ്ങള്‍ക്ക് മുമ്പേ ബിഹാര്‍ 'കണക്കിലെ കളി' തുടങ്ങി ; ‘ക്വോട്ട തികയ്‌ക്കാൻ’ 
വ്യാജപേരുകള്‍

കോവിഡിനെ  കുറച്ചുകാണിക്കാന്‍ ബിഹാറില്‍ കണക്കിലെ തട്ടിപ്പ് തുടങ്ങിയിട്ട് മാസങ്ങള്‍. 2020 ജൂലൈ അവസാനം വരെ പ്രതിദിന പരിശോധന 10,000 ല്‍ താഴെ. എന്നാൽ, ഒറ്റമാസത്തില്‍ പരിശോധനാനിരക്ക്‌ കുതിച്ചു. ആഗസ്‌ത്‌ മധ്യത്തോടെ പ്രതിദിനം ലക്ഷത്തിൽ കൂടുതൽ പേരെ പരിശോധിച്ചെന്നാണ് കണക്ക്. ആഗസ്‌തിൽ കട്ടിഹാർ ജില്ലയിലാണ്‌ നിരക്ക്‌ ആദ്യം വർധിച്ചത്‌.  ആഗസ്‌ത്‌ മുതൽ ഇവിടെ ദിവസം 3,000 പേരെ പരിശോധിച്ചെന്നാണ് കണക്ക്. പിന്നാലെ സര്‍ക്കാര്‍ ജില്ലാമജിസ്‌ട്രേട്ടുമാരുടെ പ്രത്യേകയോഗം വിളിച്ച് പരിശോധനാനിരക്ക്‌ ഉയർത്താൻ നിര്‍ദേശം നല്‍കി. ഇതോടെ 38 ജില്ലയിലും പരിശോധനാനിരക്ക്‌ കുതിച്ചു. സെപ്‌തംബറിലും ഒക്ടോബറിലും പരിശോധനാനിരക്ക്‌ പ്രതിദിനം 1.5 ലക്ഷമായി.  ഇതില്‍ ‘കണക്കിലെ കളി’ ഉണ്ടെന്നാണ്‌ ‘ഇന്ത്യൻ എക്‌സ്‌പ്രസ്‌’ നടത്തിയ അന്വേഷണത്തിൽ വെളിപ്പെടുന്നത്.

പ്രശ്നം താഴേത്തട്ടിലെന്ന്

തട്ടിപ്പുകൾ പുറത്തായതോടെ  പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലെ ജീവനക്കാരുടെ തലയിൽ  കുറ്റംകെട്ടിവയ്ക്കാനാണ് ശ്രമം. ഒക്ടോബറിലും നവംബറിലും ബിഹാർ നിയമസഭാതെരഞ്ഞെടുപ്പ്‌ തിരക്കിലായിരുന്നു. രോഗനിരക്കിൽ  കുതിച്ചുചാട്ടമുണ്ടാകുമെന്ന്‌ പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല.  പരിശോധനയ്ക്ക്‌ വരുന്നവരുടെ എണ്ണം കുറഞ്ഞു. ഒാരോദിവസവും നിശ്‌ചിതശതമാനം പേരെ പരിശോധിക്കണമെന്ന്‌ വ്യവസ്ഥയുണ്ടായിരുന്നു. ‘ക്വോട്ട തികയ്‌ക്കാൻ’ ജീവനക്കാർ  കള്ളക്കണക്ക്‌ ഉണ്ടാക്കി. വ്യാജ പേരും മേൽവിലാസവും ഫോൺനമ്പരും എഴുതി പരിശോധനാകണക്കുണ്ടാക്കി. ഇതോടെ ബിഹാർ കോവിഡിനെ നിയന്ത്രിച്ച സംസ്ഥാനങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിച്ചു.

തട്ടിപ്പില്‍ താഴേതട്ടിലെ ജീവനക്കാരെ മാത്രം ശിക്ഷിച്ചാൽ പോരെന്നും  മുകളിൽ നിന്നുള്ള ഇടപെടല്‍ അന്വേഷിക്കണമെന്നും ആവശ്യം ശക്തമായി‌. പരിശോധനയ്‌ക്ക്‌ അയച്ച കിറ്റുകൾ സ്വകാര്യ ലാബുകൾക്ക്‌ മറിച്ചുവിറ്റ് വൻതട്ടിപ്പ്‌ നടത്തിയെന്നും ആരോപണം ഉയരുന്നു.

അന്വേഷിക്കുന്നുവെന്ന് കേന്ദ്രം

തട്ടിപ്പ്പുറത്തുവന്നതോടെ‌,  പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലെ ഒമ്പത്‌ ജീവനക്കാരെ‌ സസ്‌പെൻഡ്‌ ചെയ്‌തു‌. കൂടുതൽ പേർക്ക്‌ എതിരെ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി നിതീഷ്‌കുമാർ പറയുന്നു. കോവിഡ്‌ കണക്കിലെ ഗുരുതര വൈരുധ്യം പുറത്തായതോടെ കേന്ദ്രസർക്കാർ വിശദീകരണം തേടി. ആർജെഡി എംപി മനോജ്‌ ഝാ രാജ്യസഭയിൽ വിഷയം ഉന്നയിച്ചു.  അന്വേഷണംനടക്കുന്നുവെന്ന് ആരോഗ്യമന്ത്രി മറുപടി നൽകി.

രോ​ഗമില്ലാത്തവരുടെ ഫോണ്‍നമ്പര്‍ ‘0000000000’ ; ബിഹാര്‍ കോവിഡിനെ "ചെറുത്തത്' ഇങ്ങനെ

ബിഹാറിൽ കോവിഡ്‌ കണക്കുകളിലെ തട്ടിപ്പിന്റെ കൂടുതല്‍ വിശദാംശങ്ങൾ പുറത്ത്‌. ജമുയ്‌ ജില്ലയിലെ ബർഹാത്ത്‌ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ജനുവരി 16ന്‌ കോവിഡ് പരിശോധിച്ചെന്ന് രേഖയുള്ള 48ൽ 28 പേരുടെയും ജനുവരി 25ലെ പട്ടികയിലുള്ള 83ൽ 46 പേരുടെയും മൊബൈൽനമ്പർ ‘0000000000’ എന്നാണെന്ന്‌ ‘ഇന്ത്യൻ എക്‌സ്‌പ്രസ്‌’ റിപ്പോർട്ട്‌ ചെയ്‌തു. മറ്റൊരു പ്രാഥമിക ആരോഗ്യകേന്ദ്രമായ ജമുയ്‌ സദറിൽ ജനുവരി 16ലെ‌ പട്ടികയിലുള്ള 150ൽ 73 പേരും ‘സംപൂജ്യര്‍’. 

ജമുയ്‌ ജില്ലയിലെ ആറ്‌ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ പരിശോധനപട്ടികയിലുള്ള 885 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. മേല്‍വിലാസവും ഫോൺനമ്പറും വ്യാജം. നൽകിയ ഫോണ്‍നമ്പറുകൾ പലതും നിലവിലില്ലാത്തവ, അല്ലെങ്കില്‍ മറ്റ്‌ സംസ്ഥാനങ്ങളിലോ ജില്ലകളിലോ ഉള്ളവരുടേത്. ഷെയ്‌ക്ക്‌പുരയിലെ ആരോഗ്യകേന്ദ്രങ്ങളിൽ ജനുവരി 21, 28 തീയതികളിൽ പരിശോധിച്ചവരുടെ പട്ടികയിലെ 245 പേരിൽ 205 പേരുടെയും വിശദാംശം രേഖപ്പെടുത്താനുള്ള കള്ളികളിൽ ഒന്നും രേഖപ്പെടുത്തിയിട്ടില്ല.

കോവിഡ്‌ നിയന്ത്രണവിധേയമെന്ന്‌ അവകാശപ്പെടുന്ന സംസ്ഥാനത്തിലെ കണക്കിലെ തട്ടിപ്പ് പുറത്തായതോടെ ആരോഗ്യമേഖല ആശങ്കയിലാണ്‌. മറ്റ്‌ സംസ്ഥാനങ്ങളിലും സമാന തട്ടിപ്പ് അരങ്ങേറുന്നതായി ആക്ഷേപമുണ്ട്. എന്നാൽ, അതേക്കുറിച്ച്‌ അന്വേഷിക്കാനോ സംസ്ഥാനങ്ങളുടെ അവകാശവാദത്തിന്റെ ആധികാരികത പരിശോധിക്കാനോ ദേശീയതലത്തില്‍ സംവിധാനമില്ല. കൃത്യമായ പരിശോധനയും മേൽനോട്ടവും ഉറപ്പാക്കിയില്ലെങ്കിൽ ഭാവിയിൽ വലിയ പ്രത്യാഘാതത്തിന്‌ ഇടയാക്കുമെന്ന ആശങ്ക ആരോ​ഗ്യമേഖലയിലെ വിദ​ഗ്ധര്‍ക്കുണ്ട്.

Thursday, February 11, 2021

കോവിഡ്‌ പ്രതിരോധത്തിൽ കേരളം ശരിയായ പാതയിൽ: കെ കെ ശൈലജ

 കോഴിക്കോട്‌ > കോവിഡ്‌ നിയന്ത്രണത്തിൽ കേരളം ഇപ്പോഴും ശരിയായ പാതയിലാണ്‌ പോകുന്നതെന്ന്‌ ആരോഗ്യമന്ത്രി കെ കെ ശൈലജ. മരണനിരക്ക്‌ പിടിച്ചുനിർത്താൻ കേരളത്തിനായത്‌ മികച്ച പ്രതിരോധ പ്രവർത്തനങ്ങൾ മൂലമാണെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട്‌ ജെൻഡർ പാർക്കിൽ നടന്ന ഇന്റർനാഷണൽ കോൺഫറൻസ്‌ ഓൺ ജെൻഡർ ഇക്വാലിറ്റി ഉദ്‌ഘാടനം ചെയ്‌ത ശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു മന്ത്രി.

സൂക്ഷ്‌മമായി നിരീക്ഷിക്കുന്ന ആർക്കും കേരളം  കോവിഡ്‌ പ്രതിരോധത്തിൽ പിന്നോക്കം പോയെന്ന്‌ പറയാനാവില്ല. ആകെ കണക്കുകൾ താരതമ്യം ചെയ്‌തുവേണം കോവിഡ്‌ പ്രതിരോധം വിലയിരുത്താൻ. മറ്റ്‌ സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം മൂർധന്യാവസ്ഥയിൽ എത്തിയപ്പോഴുള്ള എണ്ണവുമായി വേണം താരതമ്യപ്പെടുത്താൻ. കുറച്ച്‌ ആളുകളിൽ മാത്രം രോഗബാധയുണ്ടാവുക എന്ന രീതിയാണ്‌ സംസ്ഥാന സർക്കാർ സ്വീകരിച്ചത്‌. ഇതാണ്‌ കേരളത്തിൽ മരണ സംഖ്യ കുറയാനുള്ള കാരണം. ഐസിഎംആർ നടത്തിയ സീറോ സർവൈലൻസ്‌ ടെസ്‌റ്റിൽ കേരളം ഒന്നാമതാണ്‌.

ആരോഗ്യ രംഗത്ത്‌ വിദഗ്‌ധർ എന്ന്‌ അവകാശപ്പെടുന്നവർ തന്നെ കോവിഡ്‌ പ്രതിരോധത്തിൽ വീഴ്‌ചയുണ്ടെന്ന പ്രചരണം നടത്തുന്നു. എന്നാൽ, ഇത്തരം വിവാദങ്ങളോടല്ല, പ്രശ്‌നങ്ങളെ എങ്ങനെ പരിഹരിക്കാം എന്നതിലാണ്‌ സർക്കാർ ശ്രദ്ധിക്കുന്നത്‌. രോഗപ്രതിരോധത്തിൽ തെല്ലും വീഴ്‌ച വരുത്താതെ ജീവൻ രക്ഷിക്കുകയെന്നതിലാണ്‌ സർക്കാരിന്റെ ശ്രദ്ധ. കേരളത്തിൽ നിന്നുള്ളവർക്ക്‌ മറ്റ്‌ സംസ്ഥാനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ തെറ്റില്ല. എല്ലാവരും നിയന്ത്രണവും ജാഗ്രതയും തുടരണമെന്നും മന്ത്രി പറഞ്ഞു.

കോവിഡ്‌ കണക്ക്‌; ബിഹാറിൽനിന്ന്‌ ഞെട്ടിപ്പിക്കുന്ന വാർത്തയുമായി "ഇന്ത്യൻ എക്‌സ്‌പ്രസ്‌'

ന്യൂഡൽഹി > ബിഹാറിൽ കോവിഡ്‌ സ്ഥിതിവിവരകണക്കുകളിൽ കൃത്രിമം കാണിച്ച്‌  വൻ തട്ടിപ്പ്‌. പരിശോധനാകണക്കുകളിൽ കൃത്രിമം കാണിച്ചാണ്‌ അധികൃതർ കോവിഡ്‌ നിയന്ത്രണവിധേയമായെന്ന്‌ അവകാശപ്പെടുന്നതെന്ന്‌ ‘ഇന്ത്യൻ എക്‌സ്‌പ്രസ്‌’ നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞു. കോവിഡ്‌ കണക്കുകളിലെ ഗുരുതരമായ വൈരുധ്യങ്ങളെ കുറിച്ച്‌ അന്വേഷണം നടത്തുമെന്ന്‌ ബിഹാർ ആരോഗ്യവകുപ്പ്‌ അറിയിച്ചു.

ജനുവരി 16,18,25 തിയതികളിൽ ജമുയ്‌ ജില്ലയിലെ മൂന്ന്‌ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ 588 പേർ കോവിഡ്‌ പരിശോധനയ്‌ക്ക്‌ വിധേയരായെന്നാണ്‌ ഔദ്യോഗിക കണക്ക്‌. 588 പേരിൽ ആർക്കും രോഗം സ്ഥിരീകരിച്ചില്ലെന്നും രേഖപ്പെടുത്തിയിട്ടുണ്ട്‌. എന്നാൽ, ‘ഇന്ത്യൻ എക്‌സ്‌പ്രസ്‌’ നടത്തിയ അന്വേഷണത്തിൽ 120 പേർ മാത്രമാണ്‌ യഥാർഥത്തിൽ പരിശോധനയ്‌ക്ക്‌ വിധേയരായിട്ടുള്ളതെന്ന്‌ തെളിഞ്ഞു. പരിശോധനയ്‌ക്ക്‌ വിധേയരായെന്ന്‌ കണക്കിൽ പറഞ്ഞിട്ടുള്ള ബാക്കി 468 ആൾക്കാരുടെയും പേരുകളും മേൽവിലാസങ്ങളും മൊബൈൽനമ്പറുകളും വ്യാജമാണ്‌.

രേഖയിൽ കാണിച്ചിട്ടുള്ള ഭൂരിഭാഗം  മൊബൈൽനമ്പറുകളും നിലവിൽ ഇല്ലാത്തതാണ്‌. ചില നമ്പറുകൾ  മറ്റ്‌ സംസ്ഥാനങ്ങളിലോ ജില്ലകളിലോ താമസിക്കുന്നവരുടേതാണ്‌. ഇവർക്ക്‌ കോവിഡ്‌ പരിശോധനയുമായി യാതൊരു ബന്ധവുമില്ല. പ്രാഥമികആരോഗ്യകേന്ദ്രങ്ങളിലെ ചില ജീവനക്കാരുടെ നമ്പറുകളും പരിശോധന നടത്തിയവരുടേതെന്ന്‌ അവകാശപ്പെട്ട്‌ നൽകിയിട്ടുണ്ട്‌. ജമുയ്‌ ജില്ലയ്‌ക്ക്‌ പുറമേ പട്‌ന, ഷെയ്‌ക്ക്‌പുര ജില്ലകളിലും കോവിഡ്‌ പരിശോധനാകണക്കുകളിൽ വൻതട്ടിപ്പ്‌ നടത്തിയതായി ‘ഇന്ത്യൻ എക്‌സ്‌പ്രസ്‌’ കണ്ടെത്തിയിട്ടുണ്ട്‌. കോവിഡ്‌ പശ്‌ചാത്തലത്തിൽ മറ്റ്‌ സംസ്ഥാനങ്ങളിൽ തൊഴിലെടുത്തിരുന്ന 20 ലക്ഷത്തോളം അതിഥിതൊഴിലാളികൾ മടങ്ങിയെത്തിയതിനെ തുടർന്ന്‌ ബിഹാറിൽ ആരോഗ്യമേഖലയിൽ വലിയ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന്‌ വിദഗ്‌ധർ മുന്നറിയിപ്പ്‌ നൽകിയിരുന്നു. എന്നാൽ, പ്രതീക്ഷിച്ച രീതിയിലുള്ള പ്രശ്‌നങ്ങൾ ഒന്നും ഇതുവരെ അവിടെ ഉണ്ടായില്ലെന്ന്‌ ഔദ്യോഗികകണക്കുകൾ വ്യക്തമാക്കുന്നു.

ഇതുവരെ 2,61,447 പോസിറ്റീവ്‌ കേസുകളും 1,518 മരണങ്ങളുമാണ്‌ ബിഹാറിൽ റിപ്പോർട്ട്‌ ചെയ്‌തിട്ടുള്ളത്‌. സംസ്ഥാനത്ത്‌ നിലവിൽ 718 പേർ മാത്രമാണ്‌ ചികിത്സയിലുള്ളത്‌. ഔദ്യോഗിക കണക്കുകൾ പ്രകാരം കോവിഡിനെ നിയന്ത്രണ വിധേയമാക്കിയ സംസ്ഥാനങ്ങളുടെ കൂട്ടത്തിലാണ്‌ ബിഹാറിനെ കണക്കാക്കുന്നത്‌. കണക്കുകളിൽ വലിയ കൃത്രിമം കാണിച്ചാണ്‌ ഈ നിലയിലേക്ക്‌ എത്തിയതെന്ന്‌ തെളിയിക്കുന്ന വിവരങ്ങളാണ്‌ ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്‌. ബിഹാറിൽ മാത്രമല്ല മറ്റ്‌ പല സംസ്ഥാനങ്ങളിലും കോവിഡ്‌ പരിശോധനയുടെയും സ്ഥിതിവിവരകണക്കുകളുടെയും കാര്യത്തിൽ കൃത്രിമം നടക്കുന്നുണ്ടെന്ന ആക്ഷേപം ശക്തമാണ്‌. സംസ്ഥാനങ്ങൾ പുറത്തുവിടുന്ന കണക്കുകൾ സൂക്ഷ്‌മമായി വിശകലനം ചെയ്യാനോ പരിശോധനകൾക്ക്‌ മേൽനോട്ടം വഹിക്കാനോ ആവശ്യമായ സംവിധാനങ്ങൾ നിലവിൽ ഇല്ലെന്നതും വസ്‌തുതയാണ്‌. ചില പ്രാഥമികആരോഗ്യകേന്ദ്രങ്ങളിൽ ടെസ്‌റ്റ്‌കിറ്റുകളുടെ പേരിൽ വലിയ അഴിമതി നടക്കുന്നുവെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്‌.

Wednesday, February 10, 2021

കേരളത്തില്‍ കോവിഡ് വ്യാപനം താരതമ്യേന കുറവ്; പ്രതിരോധം ശരിയായ ദിശയിലെന്ന് ഐസിഎംആര്‍ പഠനം

തിരുവനന്തപുരം > രാജ്യത്തെ മറ്റു പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറച്ചു മാത്രം രോഗവ്യാപനമേ കേരളത്തില്‍ ഉണ്ടായിട്ടുള്ളു എന്ന് ഐസിഎംആര്‍ പഠനം. ഡിസംബര്‍ 2020ല്‍ നടത്തിയ സെറോ പ്രിവലന്‍സ് സര്‍വേ ഫലം പറയുന്നത് രാജ്യമൊട്ടാകെ ആയിരത്തില്‍ 220 പേര്‍ക്ക് രോഗം വന്നു പോയപ്പോള്‍, കേരളത്തില്‍ കേവലം 116 പേര്‍ക്ക് മാത്രമാണ് കോവിഡ് വന്നു പോയിട്ടുള്ളത് എന്നാണ്. അതായത് ദേശീയ ശരാശരിയുടെ ഏകദേശം പകുതി ആളുകള്‍ക്ക് മാത്രമാണ് ഇവിടെ രോഗം വന്നു പോയിരിക്കുന്നത്. ഏറ്റവും പുതിയ ഈ സര്‍വേ പ്രകാരം ഏറ്റവും കുറവ് രോഗവ്യാപനം ഉണ്ടായിരിക്കുന്ന ജില്ലകള്‍, ഐസിഎംആര്‍ കേരളത്തില്‍ പഠന വിധേയമാക്കിയ ജില്ലകളാണ്.

ഇതിനു മുമ്പ് നടത്തിയ സെറോപ്രിവലന്‍സ് സര്‍വേ പ്രകാരം മെയ് 2020ല്‍ ഇന്ത്യയില്‍ ഏകദേശം ആയിരത്തില്‍ ഏഴു പേര്‍ക്ക് കോവിഡ് വന്നിരുന്നു. അതേ പഠന പ്രകാരം കേരളത്തില്‍ ആയിരത്തില്‍ മൂന്നു പേര്‍ക്കായിരുന്നു രോഗം വന്നു പോയത്. അതു കഴിഞ്ഞ് ആഗസ്റ്റിലെ സര്‍വേ ഇന്ത്യയില്‍ ആയിരത്തില്‍ 66 പേര്‍ക്ക് രോഗം വന്നു പോയതായി കണ്ടെത്തിയപ്പോള്‍ കേരളത്തില്‍ ആയിരത്തില്‍ 8 പേര്‍ക്ക് മാത്രമായിരുന്നു രോഗം വന്നു പോയതായി കണ്ടെത്തിയത്.

അതിനുശേഷം കേരളത്തില്‍ രോഗികള്‍ കൂടുകയുണ്ടായി. എന്നാല്‍ ഇന്ത്യയിലെ മറ്റു സ്ഥലങ്ങളില്‍ രോഗം അശേഷം കുറഞ്ഞെന്നും, കേരളത്തില്‍ മാത്രമാണ് രോഗമുള്ളതെന്നുമുള്ള തരത്തിലുള്ള പ്രചരണങ്ങള്‍ ചില ഭാഗങ്ങളില്‍നിന്നും ഉയര്‍ന്നു വന്നു.

ഇത്രത്തോളം രോഗവ്യാപനം കുറഞ്ഞ സ്ഥലത്ത് നിന്നും കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു എന്നത്, കേസുകള്‍ കണ്ടെത്തി അതു റിപ്പോര്‍ട്ട് ചെയ്യാന്‍ മെച്ചപ്പെട്ട സംവിധാനം നമ്മുടെ നാട്ടില്‍ ഉണ്ടെന്നതിന്റെ തെളിവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നമ്മുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മികവിലേക്കാണ് ഈ പഠനങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. രോഗവ്യാപനം മറ്റു പ്രദേശങ്ങളിലേക്കാള്‍ വളരെ കുറഞ്ഞ രീതിയില്‍ പിടിച്ചുനിര്‍ത്താന്‍ നമുക്ക് സാധിച്ചത് ഈ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ മികവ് കൊണ്ടാണ്. രോഗത്തിന്റെ റിപ്പോര്‍ട്ടിങ് കാര്യക്ഷമമായി നടക്കുന്നതും അതുകൊണ്ടുതന്നെയാണ്. കോവിഡിന്റെ കാര്യത്തില്‍ കേരളം ശരിയായ ദിശയിലാണെന്ന് ഈ കണ്ടെത്തലുകള്‍ അടിവരയിട്ടു തെളിയിക്കുകയാണ്. ഈ പഠനങ്ങള്‍ നമുക്ക് നല്‍കുന്ന ഒരു താക്കീത് കൂടിയുണ്ട്. രാജ്യത്ത് ഏകദേശം നാലിലൊരാള്‍ക്ക് രോഗം വന്നു പോയി എങ്കില്‍ കേരളത്തില്‍ ഏകദേശം പത്തിലൊന്ന് പേര്‍ക്കു മാത്രമേ രോഗം വന്നിട്ടുള്ളൂ. അതിന്റെ മറുവശം രോഗം പിടിപെടാന്‍ സാധ്യത കൂടുതലുള്ള കൂടുതല്‍ ആളുകള്‍ ഇവിടെയുണ്ട് എന്നതാണ്. ജാഗ്രത ഇനിയും തുടരുകയാണ് വേണ്ടത്.- മുഖ്യമന്ത്രി വ്യക്തമാക്കി.

വാക്സിനേഷന്‍ ആരംഭിച്ചിട്ടുണ്ട്. സമൂഹത്തിലെ ഭൂരിപക്ഷം ആളുകള്‍ക്കും വാക്സിനേഷന്‍ ലഭ്യമാകുന്നത് വരെ രോഗം പടരാതെ പിടിച്ചുനിര്‍ത്തേണ്ടത് അനിവാര്യമാണ്. മരണങ്ങള്‍ തടയാനും സമൂഹത്തിന്റെ ആരോഗ്യം കാത്തു സൂക്ഷിക്കാനും അവശ്യമായ മുന്‍കരുതല്‍ കാണിക്കുമെന്ന് ഏവരും ദൃഢനിശ്ചയം ചെയ്യണം.

നാഷണല്‍ എയിഡ്സ് കണ്‍ട്രോള്‍ പ്രോഗാമും നാഷണല്‍ ടിബി എലിമിേനഷന്‍ പ്രോഗ്രാമും രോഗപര്യവേഷണ വിവരങ്ങള്‍ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും പൊതുജനങ്ങളെ കൃത്യമായി അറിയിക്കാറുണ്ട്.

കോവിഡ് സെറോ സര്‍വേ റിപ്പോര്‍ട്ടുകളും സംസ്ഥാന അടിസ്ഥാനത്തിലും ജില്ലാ അടിസ്ഥാനത്തിലും ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം. ഐസിഎംആര്‍ മുഖേന സെറോ സര്‍വേ റിപ്പോര്‍ട്ടുകള്‍ അത്തരത്തില്‍ ലഭ്യമാക്കിയാല്‍ കോവിഡ് വ്യാപനം ഓരോ സംസ്ഥാനത്തും എങ്ങനെ ആണെന്നത് കൃത്യമായി മനസ്സിലാക്കാന്‍ എല്ലാവര്‍ക്കും സഹായകമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Saturday, February 6, 2021

കേരളത്തില്‍ കോവിഡ് വന്നുപോയത് 11.6 ശതമാനം പേര്‍ക്ക്; ദേശീയ ശരാശരിയുടെ പകുതി; ഐസിഎംആറിന്റെ സര്‍വേ റിപ്പോര്‍ട്ട് പുറത്തിറങ്ങി

തിരുവനന്തപുരം > കോവിഡ് 19 രോഗബാധയുമായി ബന്ധപ്പെട്ട് ഐസിഎംആറിന്റെ മൂന്നാമത് സീറോ സര്‍വേ റിപ്പോര്‍ട്ട് ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ കോവിഡ് വന്നുപോയവരുടെ വിവരങ്ങള്‍ കണ്ടെത്തുന്നതിനായാണ് ആന്റിബോഡി പരിശോധന നടത്തി ഐ.സി.എം.ആര്‍. സീറോ സര്‍വയലന്‍സ് പഠനം നടത്തിയത്. 2020 മേയ്, ആഗസ്റ്റ്, ഡിസംബര്‍ മാസങ്ങളിലാണ് സീറോ സര്‍വേ നടത്തിയത്.

ഇതനുസരിച്ച് സംസ്ഥാനത്ത് കോവിഡ് വന്ന് പോയവര്‍ ദേശീയ ശരാശരിയുടെ പകുതി മാത്രമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ദേശീയ തലത്തില്‍ 21 ശതമാനം പേരില്‍ കോവിഡ് വന്നു പോയപ്പോള്‍ കേരളത്തില്‍ 11.6 ശതമാനം പേരിലാണ് കോവിഡ് വന്നുപോയതായി കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാനം നടത്തിയ പരിശോധനകള്‍, കോണ്ടാക്ട് ട്രെയിസിംഗ്, ക്വാറന്റൈന്‍, ഐസൊലേഷന്‍ തുടങ്ങിയ മികച്ച കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് കോവിഡ് വന്നു പോയവരുടെ എണ്ണം കുറയാന്‍ കാരണമെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തില്‍ തൃശൂര്‍, എറണാകുളം, പാലക്കാട് ജില്ലകളിലാണ് മൂന്നാംഘട്ട സീറോ സര്‍വയലന്‍സ് പഠനം നടത്തിയത്. 1244 ആന്റിബോഡി പരിശോധനകളാണ് നടത്തിയത്. അതിലാണ് 11.6 ശതമാനം പേരിലാണ് രോഗം വന്നുപോയതായി കണ്ടെത്തിയത്. മേയില്‍ നടന്ന ഒന്നാം ഘട്ട പഠനത്തില്‍ കേളത്തില്‍ 0.33 ശതമാനം പേര്‍ക്ക് കോവിഡ് വന്നു പോയപ്പോള്‍ ഇന്ത്യയിലത് 0.73 ശതമാനം ആയിരുന്നു. ആഗസ്റ്റില്‍ നടന്ന രണ്ടാം ഘട്ട പഠനത്തില്‍ കേളത്തില്‍ 0.8 ശതമാനം പേര്‍ക്ക് കോവിഡ് വന്നു പോയപ്പോള്‍ ഇന്ത്യയിലത് 6.6 ശതമാനം ആയിരുന്നു.

Wednesday, February 3, 2021

കോവിഡ് കാലത്ത് സംസ്ഥാനത്ത് മരണ നിരക്കില്‍ ഗണ്യമായ കുറവ്; മുന്‍ വര്‍ഷത്തേക്കാള്‍ 29,365 മരണങ്ങള്‍ കുറവ്

തിരുവനന്തപുരം > കോവിഡ്-19 മഹാമാരി കാലത്ത് സംസ്ഥാനത്തെ മരണനിരക്കില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി മന്ത്രി കെ കെ ശൈലജ അറിയിച്ചു. സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെ കഴിഞ്ഞ വര്‍ഷം കടന്നുപോയ സമയത്ത് പല ലോകരാജ്യങ്ങളിലും മരണ നിരക്ക് ഗണ്യമായ അളവില്‍ കൂടിയിരുന്നു. അതേസമയം 2020ലെ കേരളത്തിലെ മരണനിരക്ക് വിശകലനം ചെയ്‌തപ്പോള്‍ ഗണ്യമായ കുറവാണ് കാണാന്‍ കഴിഞ്ഞത്. നിലവിലെ കണക്കുകള്‍ പരിശോധിച്ചപ്പോള്‍ 2019ല്‍ 2,63,901 മരണങ്ങള്‍ രേഖപ്പെടുത്തിയപ്പോള്‍ 2020ല്‍ 2,34,536 ആയി കുറയുകയാണ് ഉണ്ടായത്. അതായത് 29,365 മരണങ്ങളുടെ കുറവാണ് രേഖപ്പെടുത്തിയത്. കോവിഡ്-19 മഹാമാരി കാലയളവില്‍ മരണനിരക്ക് കുറച്ചുകൊണ്ടു വരുന്നതിനായി സംസ്ഥാന ആരോഗ്യ വകുപ്പും മറ്റു വകുപ്പുകളും നടത്തിയ ശാസ്ത്രീയ ഇടപെടലുകള്‍ ഫലം കൈവരിച്ചു എന്ന് ഇതിലൂടെ മനസിലാക്കാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വികസ്വര രാജ്യങ്ങളിലെ സാമൂഹിക സാമ്പത്തിക വികസന രംഗത്തെ അളവുകോലായാണ് ജനന മരണ രജിസ്‌ട്രേഷനെ വിലയിരുത്തുന്നത്. ജനനവും മരണവും ഉള്‍പ്പെടെയുള്ള പ്രധാന സംഭവങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുക എന്നുള്ളത് കേരളത്തില്‍ സിവില്‍ രജിസ്‌ട്രേഷന്റെ ഭാഗമാണ്. സംസ്ഥാനത്ത് ഇതു തുടര്‍ച്ചയായിട്ടുള്ളതും നിര്‍ബന്ധിതവും സ്ഥിരതയാര്‍ന്നതുമായ ഒരു പ്രവൃത്തിയാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജനന മരണ നിരക്ക് പരിശോധനയില്‍ കേരളം കഴിഞ്ഞ കാലയളവില്‍ 100 ശതമാനം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിരുന്നു. (https://india.unfpa.org/sites/default/files/pub-pdf/ReportonCRS-Final.pdf) ഈ ജനന മരണ രജിസ്‌ട്രേഷനിലാണ് കേരളത്തിലെ മരണ നിരക്ക് കുറഞ്ഞതായി കണ്ടെത്തിയിരിക്കുന്നത്.

ജനസംഖ്യാ അടിസ്ഥാനത്തില്‍ കോവിഡ് മരണനിരക്ക് കേരളത്തില്‍ 8.4 രേഖപ്പെടുത്തിയപ്പോള്‍ അമേരിക്കയില്‍ 106 ഉം ഇറ്റലിയില്‍ 124 ഉം ആയിരുന്നു. 2019 നെ അപേക്ഷിച്ച് ക്രൂഡ് ഡെത്ത് റേറ്റ് അമേരിക്കയിലും ഇറ്റലിയിലും കുത്തനെ ഉയര്‍ന്നടപ്പോള്‍ കേരളത്തില്‍ 681 ആയി അതു ചുരുങ്ങി. കോവിഡ് കാലയളവില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ലോകരാജ്യങ്ങളില്‍ മരണനിരക്ക് വളരെ ഉയര്‍ന്നു നില്‍ക്കുമ്പോഴും കേരളത്തില്‍ മരണനിരക്ക് (0.4) വളരെ കുറവാണ്. വെല്ലുവിളികള്‍ നേരിട്ടെങ്കിലും കേരളം കോവിഡിനെ ഫലപ്രദമായി പ്രതിരോധിച്ച സംസ്ഥാനമെന്നു തന്നെയാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ആരോഗ്യ വകുപ്പിന്റെയും ഇതര വകുപ്പുകളുടെയും പ്രവര്‍ത്തനനങ്ങളോടൊപ്പം ശരിയായ ആരോഗ്യ ശീലങ്ങള്‍ സ്വീകരികാനും പ്രവൃത്തിയില്‍ കൊണ്ടുവരാനുള്ള ജനങ്ങളുടെ മനസും മരണനിരക്ക് കുറയുന്നതിനുള്ള പ്രധാന ഘടകങ്ങളില്‍ ഒന്നായി മാറി. കൂടാതെ ബ്രേക്ക് ദ ചെയിന്‍ ഉള്‍പ്പെടെയുള്ള വിവിധ കാമ്പയിനുകളും രോഗാതുരത കുറയ്ക്കാനും അതോടൊപ്പം മരണനിരക്ക് കുറച്ചു കൊണ്ടുവരുന്നതിനും കാരണമായി. ചികിത്സ സംബന്ധമായ മരണങ്ങളും അപകട മരണങ്ങളും കോവിഡ് കാലത്ത് കുറയ്ക്കാന്‍ സാധിച്ചു. മാസ്‌ക് ഒരു ശീലമാക്കിയതോടെ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ജനങ്ങളില്‍ ഗണ്യമായി കുറക്കാനായി. ജീവിതശൈലീ രോഗങ്ങളും പകര്‍ച്ചവ്യാധികളും തടഞ്ഞു നിറുത്താനും സാധിച്ചു.

Saturday, January 30, 2021

കോവിഡ്:‌ പോരാട്ടത്തിന്റെ ഒരുവർഷം - കെ കെ ശൈലജ എഴുതുന്നു

2020 ജനുവരി 30 കേരളത്തിന്‌ മറക്കാനാകാത്ത ഒരു ദിവസമാണ്. ഇന്ത്യയിൽത്തന്നെ ആദ്യത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് അന്നാണ്. ചൈനയിലെ വുഹാനിൽ 2019 ഡിസംബർ അവസാനം റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ കൊറോണ വൈറസ് (നോവൽ കൊറോണ വൈറസ് ) കൊറോണ കുടുംബത്തിൽപ്പെട്ട (സാർസ്, മെർസ് ) വൈറസുകളുടെ ഒരു വകഭേദമായിരുന്നു. ഇതിന് പകർച്ചാശേഷി വളരെ കൂടുതലാണെന്നും പതിനായിരക്കണക്കിന് മനുഷ്യരുടെ മരണകാരണമാകുമെന്ന് ഡബ്ല്യുഎച്ച്ഒ  മുന്നറിയിപ്പ് നൽകി. ഉടൻതന്നെ കേരളത്തിൽ കോവിഡ് പ്രതിരോധത്തിനാവശ്യമായ മുന്നൊരുക്കങ്ങൾ തുടങ്ങി.

പകർച്ചവ്യാധി പ്രതിരോധത്തിൽ കേരളം മൂന്ന് പ്രധാന വെല്ലുവിളി നേരിടുന്നു. ഒന്ന്, വളരെ ഉയർന്ന ജനസാന്ദ്രതയാണ്. രണ്ടാമതായി പ്രായം ചെന്നവരുടെ ജനസംഖ്യ ഏറ്റവും കൂടുതലാണ്‌. ജീവിതശൈലീ രോഗവ്യാപനമാണ് മറ്റൊന്ന്. ഇന്ത്യയുടെ പ്രമേഹ തലസ്ഥാനമെന്നാണ് കേരളം അറിയപ്പെടുന്നത്. പല മാനവ വികസന സൂചികകളിലും നാം ഒന്നാമതെത്തിയെങ്കിലും ആരോഗ്യശീലങ്ങളിലും ജീവിതശൈലിയിലും ഉണ്ടായ അശാസ്ത്രീയമായ പ്രവണതകളാണ് ജീവിതശൈലീരോഗങ്ങൾ വർധിക്കാൻ കാരണം. ഏറെ വ്യാപനശേഷിയുള്ള ഒരു വൈറസിന്റെ പകർച്ച ഉണ്ടാകുമ്പോൾ മരണനിരക്ക് വർധിക്കാൻ ഇത് കാരണമാകുന്നു. സർക്കാരിന്റെ ശ്രദ്ധേയമായ ഇടപെടലിന്റെ ഫലമായിട്ടാണ് നമുക്ക് മരണനിരക്ക് വളരെ കുറയ്‌ക്കാൻ സാധിച്ചത്. ലോകാരോഗ്യ സംഘടനയും ആരോഗ്യരംഗത്തെ മറ്റ്‌ ഏജൻസികളും മരണനിരക്ക് ഒരു ശതമാനത്തിന് താഴെയാക്കാൻ കഴിഞ്ഞാൽ നേട്ടമാകുമെന്ന് സൂചിപ്പിച്ചപ്പോൾ നമുക്ക് മരണനിരക്ക് 0.4 ആയി കുറയ്ക്കാൻ സാധിച്ചു.

ഈ ഘട്ടത്തിൽ അകലംപാലിച്ചും മാസ്‌ക് ധരിച്ചും സാനിറ്റൈസർ ഉപയോഗിച്ചും ഒരാളിൽനിന്ന്‌ മറ്റൊരാളിലേക്ക് രോഗം പകരുന്നത് തടയാൻ ഓരോ വ്യക്തിയും തയ്യാറായാൽ മാത്രമേ രോഗപകർച്ച തടയാൻ കഴിയുമായിരുന്നുള്ളൂ. ആയത് വേണ്ടത്ര പാലിക്കാത്തതിന്റെ ഫലമായാണ് രോഗപകർച്ച കൂടിയത്. എന്നാൽ, സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും സമയോചിതവും സാഹസികവുമായ ഇടപെടലിലൂടെയാണ് കേസുകൾ ഇത്രയേറെ വർധിച്ചിട്ടും മരണനിരക്ക് ആദ്യഘട്ടത്തിലെ 0.5 ശതമാനത്തിൽനിന്ന്‌ 0.4 ശതമാനമായി കുറയ്ക്കാൻ സാധിച്ചത്. കോവിഡ് മഹാമാരി പിൻമാറുമ്പോൾ ഒരു ചോദ്യമാണ് പ്രധാനമായി അവശേഷിക്കുക. എത്ര പേരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു എന്നത്. ഒരു ചെറിയ അശ്രദ്ധ ഉണ്ടായിരുന്നെങ്കിൽ മരിച്ചു പോകുമായിരുന്ന പതിനായിരങ്ങളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു എന്നതാണ് കേരളത്തിന് ഇതേവരെയുണ്ടായിട്ടുള്ള നേട്ടം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള ഇടപെടലുകളും ആരോഗ്യ സംവിധാനങ്ങളും സേവനങ്ങളും ശക്തമാക്കാനുള്ള ആരോഗ്യ വകുപ്പിന്റെ സമയബന്ധിതമായിട്ടുള്ള പ്രവർത്തനങ്ങളുമാണ് ഇതിന് സാധ്യമാക്കിയത്.

2020 ജനുവരി 24 മുതൽ സംസ്ഥാനത്തൊട്ടാകെയുള്ള പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനും ഏകോപനത്തിനുമായി കൺട്രോൾ റൂം സ്ഥാപിച്ചു. 18 ടീം സജ്ജമാക്കി.  ജില്ലാ കൺട്രോൾ റൂമുകളും കോൾ സെന്ററുകളും സ്ഥാപിച്ചു. ജനുവരി 25 മുതൽ മാർച്ച് അഞ്ചുവരെയുള്ള ആദ്യഘട്ടത്തിൽ ആകെ മൂന്ന് പേർക്കാണ് രോഗം ബാധിച്ചത്. മാർച്ച് 6 മുതൽ മെയ് നാലുവരെയുള്ളതാണ് രണ്ടാം ഘട്ടം. മറ്റ് പല സംസ്ഥാനത്തും രോഗബാധ കുതിച്ചുയർന്നപ്പോഴും പിടിച്ചുനിൽക്കാൻ നമുക്കായി. മാർച്ച് എട്ടിന് വിദേശത്തുനിന്ന്‌ വന്ന പത്തനംതിട്ടയിലെ ഒരു കുടുംബത്തിലെ അഞ്ചുപേർക്കാണ് രണ്ടാം ഘട്ടത്തിൽ ആദ്യം രോഗമുണ്ടായത്. രണ്ടാം ഘട്ടത്തിൽ ആകെ 499 പേർക്കാണ് രോഗം ബാധിച്ചത്. അതിൽ മൂന്നുപേർ മരിച്ചു.

രണ്ടാംഘട്ടത്തിൽ മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിൽ ഐസൊലേഷൻ സൗകര്യങ്ങൾ ഒരുക്കി. എല്ലാ ജില്ലയിലും കോവിഡ് കെയർ സെന്ററുകൾ സ്ഥാപിച്ചു. കോവിഡ് ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രങ്ങൾ സ്ഥാപിച്ചു. മികച്ച കോവിഡ് ചികിത്സയ്ക്കായി ഐസിയു, വെന്റിലേറ്റർ സൗകര്യങ്ങളോടെയുള്ള കോവിഡ് ആശുപത്രികൾ ആരംഭിച്ചു. ഒപി സമയം വൈകിട്ട്‌ ആറുവരെ നീട്ടി.

രാജ്യവ്യാപക ലോക്‌ഡൗൺ

2020 മാർച്ച് 24ന് രാജ്യവ്യാപകമായി ലോക്‌ഡൗൺ പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയ വഴി വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിച്ചു. ക്വാറന്റൈൻ മാർഗനിർദേശങ്ങൾ പാലിക്കാത്ത വ്യക്തികൾക്കെതിരെയും നിയമനടപടികൾ ആരംഭിച്ചു. എൻസിഡി രോഗികൾക്ക് അവരുടെ വീടുകളിൽ ഒരു മാസത്തെ മരുന്നുകൾ വിതരണം ചെയ്തു. ഐസൊലേഷനിൽ കഴിയുന്ന രോഗികൾക്ക് പ്രത്യേക ഡയാലിസിസ് സൗകര്യം നൽകാൻ നിർദേശം നൽകി. വയോജനങ്ങളുടെ വീടുകൾ ആരോഗ്യപ്രവർത്തകർ സ്ഥിരമായി സന്ദർശിക്കുകയും റിവേഴ്‌സ് ക്വാറന്റൈൻ ഫലപ്രദമായി നടപ്പാക്കുകയും ചെയ്തു. പഞ്ചായത്ത് തലത്തിലുള്ള സന്നദ്ധ സംഘങ്ങൾ വീട് സന്ദർശനം ആരംഭിച്ചു.  കമ്യൂണിറ്റി അടുക്കളകൾ ആരംഭിച്ച് ഭക്ഷണം ഉറപ്പുവരുത്തി. ഡീ അഡിക്‌ഷൻ, കൗൺസലിങ്‌ സേവനം ഉറപ്പുവരുത്തി.

മെയ് നാലുമുതൽ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ കുടുങ്ങിയവർക്ക്  സംസ്ഥാനത്തേക്ക് മടങ്ങാൻ അനുവാദം നൽകി. മെയ് ഏഴുമുതൽ “വന്ദേ ഭാരത് മിഷന്റെ’ ഭാഗമായി അന്താരാഷ്ട്ര വിമാനസർവീസുകൾ പുനരാരംഭിച്ചു. മികച്ച കോവിഡ് ചികിത്സയ്ക്കായി 29 കോവിഡ് ആശുപത്രിയും 41 മറ്റാശുപത്രികളും ഉൾപ്പെടെ സർക്കാർ മേഖലയിൽ 70 ആശുപത്രിയിലായി 11,640 കിടക്ക സജ്ജമാക്കി. 1286 സ്വകാര്യ ആശുപത്രിയിലായി 5757 കിടക്ക സജ്ജമാക്കി. കൂടുതൽ ഐസിയു കിടക്കകളും വെന്റിലേറ്റർ സൗകര്യങ്ങളും ഒരുക്കി. കോവിഡ് പ്രതിരോധത്തിൽ സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പിച്ചു. 1427 കേന്ദ്രത്തിലായി 1,24,282 കിടക്കയാണ് സജ്ജമാക്കിയത്.

പരിശോധന 70,000 വരെ

പരിശോധനാശേഷി പ്രതിദിനം 70,000 ടെസ്റ്റായി ഉയർത്തി.  കോവിഡ് റിപ്പോർട്ട് ചെയ്യുന്ന സമയത്ത് എൻഐവി ആലപ്പുഴ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ, സംസ്ഥാനത്തുടനീളം സർക്കാർ,സ്വകാര്യലാബുകൾ ഉൾപ്പെടെ 2231 ലാബ്‌ സ്ഥാപനങ്ങളിൽ കോവിഡ് പരിശോധന നടത്തുന്നു. കോവിഡ്-–-19 സമ്പർക്കരോഗികളുടെ എണ്ണം കൂടിയ പശ്ചാത്തലത്തിൽ സൂപ്പർ സ്‌പ്രെഡ് ഒഴിവാക്കാൻ ആക്‌ഷൻ പ്ലാൻ തയ്യാറാക്കി. ബ്രേക്ക് ദ ചെയിൻ നടപ്പാക്കി. കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ലോക ശ്രദ്ധനേടി. ഏറ്റവും ശരിയായ പരിശോധനാ രീതിയും നിയന്ത്രണരീതിയുമാണ് കേരളം അവലംബിച്ചത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൃത്യമായ വിലയിരുത്തലും ആസൂത്രണവും വഴിയാണ് സംസ്ഥാനം കാര്യങ്ങൾ നിയന്ത്രിച്ചത്. കേരളത്തിന്റെ രീതി ശരിയെന്ന് ലോകം മുഴുവൻ ചർച്ച ചെയ്യപ്പെട്ടു. ഇന്ത്യയിൽ ഏറ്റവുമാദ്യം കേസ് റിപ്പോർട്ട് ചെയ്ത കേരളത്തിലാണ് ഇപ്പോൾ അവസാനം ഉച്ചസ്ഥായിലെത്തുന്നത്.

മൂന്നാംഘട്ടത്തിൽ ഓണം കഴിഞ്ഞുള്ള ആഴ്ചകളിൽ പ്രതിദിന രോഗികളുടെ എണ്ണംകൂടി 10,000 കഴിഞ്ഞു. ഒരു ഘട്ടത്തിൽ ചികിത്സയിലുള്ളവരുടെ എണ്ണം 95,000വും കടന്നു. ഒക്‌ടോബറിൽ ചികിത്സയിലുള്ളവരുടെ എണ്ണം 95,000ന് മുകളിലായെങ്കിലും ഡിസംബർ പതിനാലോടെ ചികിത്സയിലുള്ളവരുടെ എണ്ണം അമ്പത്തേഴായിരമാക്കി കുറയ്ക്കാൻ സാധിച്ചു. കേരളത്തിൽ കോവിഡ് വ്യാപനം കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് തദ്ദേശതെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച പ്രവർത്തനങ്ങളിൽ വലിയ ആൾക്കൂട്ടമാണ് ഉണ്ടായത്. അതിന്റെ പ്രതിഫലനമാണ് ഇപ്പോൾ കാണുന്നത്. പ്രതിദിന രോഗികളുടെ എണ്ണം കൂടിയെങ്കിലും നമുക്ക് നിയന്ത്രിക്കാൻ പറ്റുന്ന അവസ്ഥയാണുള്ളത്. 

കോവിഡ് വാക്‌സിന് അനുമതി ലഭിച്ചതോടെ ഈവർഷം പ്രതീക്ഷ നൽകുന്നു. കേന്ദ്രം വാക്‌സിൻ എത്തിക്കുന്ന മുറയ്ക്ക് മുൻഗണനാ ക്രമമനുസരിച്ച് എല്ലാവർക്കും വാക്‌സിൻ എത്തിക്കാനാണ് ശ്രമിക്കുന്നത്. അതിനായുള്ള എല്ലാ ഒരുക്കവും നടത്തിയിട്ടുണ്ട്. ഒരു വർഷത്തിലേറെയായി പ്രവർത്തിക്കുന്ന കോവിഡ് പോരാളികളായ ആരോഗ്യപ്രവർത്തകർക്കും മറ്റ് വിവിധ വിഭാഗങ്ങളിലെ പ്രവർത്തകർക്കും സന്നദ്ധ പ്രവർത്തകർക്കും നന്ദി അറിയിക്കുന്നു. എല്ലാവരിലും വാക്‌സിൻ എത്തുന്നതുവരെ പോരാട്ടം തുടരണം.

Thursday, January 28, 2021

കോവിഡ്‌; സാഹചര്യം അതിതീവ്ര ജാഗ്രത ആവശ്യപ്പെടുന്നുവെന്ന്‌ മുഖ്യമന്ത്രി

തിരുവനന്തപുരം > സംസ്ഥാനത്ത്‌ ഇന്ന്‌ 5771 പേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു.19 പേർ മരണമടഞ്ഞു. 72392 പേരാണ് ചികിൽസയിൽ. 5228 പേർക്ക് സമ്പർക്കുമൂലം രോഗബാധയുണ്ടായി. ഉറവിടം അറിയാത്ത 410 കേസുണ്ട്. 45 ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിച്ചു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോവിഡ് കേസുകള്‍ കൂടി വരുന്നുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10 ശതമാനത്തിനു മുകളിലേയ്ക്ക് ഉയരുകയും ചെയ്തിട്ടുണ്ട്. ഒരു ഘട്ടത്തില്‍ രോഗവിമുക്തരുടെ എണ്ണം രോഗികളുടെ എണ്ണത്തിനു തുല്യമോ കൂടുതലോ ആയിരുന്ന സ്ഥിതിയില്‍ എത്തിയിരുന്നു. നേരത്തെ ഉണ്ടായിട്ടുള്ളത്ര വ്യാപകമായ വര്‍ദ്ധനവില്ലെങ്കിലും രോഗവിമുക്തരേക്കാള്‍ രോഗികളുടെ എണ്ണം ഓരോ ദിവസവും കൂടുന്ന ഒരു സാഹചര്യം വന്നിട്ടുണ്ട്. തികഞ്ഞ ജാഗ്രതയോടെ നമ്മള്‍ സമീപിക്കേണ്ട കാര്യമാണിതെന്നതില്‍ സംശയമില്ല.

കേരളത്തില്‍ കേസ് പെര്‍ മില്യണ്‍ ഇതുവരെ  25,762.11 ആണ്. മിക്ക സംസ്ഥാനങ്ങളേക്കാള്‍ കൂടുതലാണിത്. അതെ സമയം 2,67,648.74 ആണ് നമ്മുടെ ടെസ്റ്റ് പെര്‍ മില്യണ്‍. മിക്ക സംസ്ഥാനങ്ങളേക്കാളും കൂടുതലാണ് നമ്മള്‍ നടത്തുന്ന ടെസ്റ്റുകളുടെ എണ്ണം. എന്നാലും അത് ഇനിയും വര്‍ധിപ്പിക്കണം എന്നതാണ് സര്‍ക്കാരിന്റെ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റും കേരളത്തില്‍ മറ്റു പല സ്ഥലങ്ങളേക്കാള്‍ ഉയര്‍ന്നിരിക്കുന്നു.  എന്നാല്‍, മരണസംഖ്യ താരതമ്യേന കുറവാണ്. പത്തു ലക്ഷത്തില്‍ 104.32 പേരാണ് കേരളത്തില്‍ മരിച്ചത്. നമ്മുടെ അയല്‍ സംസ്ഥാനങ്ങളിലുള്‍പ്പെടെ ഈ സംഖ്യ ഇവിടത്തേക്കാള്‍ ഉയര്‍ന്ന നിലയിലാണ്. കേസ് ഫെറ്റാലിറ്റി റേറ്റ് ഏറ്റവും കുറഞ്ഞിരിക്കുന്ന സംസ്ഥാനവും കേരളം തന്നെ. 0.4 ശതമാനം മാത്രമാണ് കേരളത്തിലെ കേസ് ഫെറ്റാലിറ്റി റേറ്റ്.

ഈ മാസത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ കേരളത്തില്‍ ഒരാഴ്ചയില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളുടെ എണ്ണത്തില്‍ ക്രമാനുഗതമായ വര്‍ദ്ധനവുണ്ടായതായി കാണാന്‍ സാധിക്കും. ജനുവരി 4നും 10നും ഇടയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍ 35,296 ആയിരുന്നു. ജനുവരി 11 മുതലുള്ള ആഴ്ചയില്‍ അത് 36,700 ആയും, ജനുവരി 18 മുതലുള്ള ആഴ്ചയില്‍ സമയത്ത് അത് 42,430 ആയും ഉയര്‍ന്നു.

കോവിഡ് മഹാമാരിയുടെ തുടക്കം മുതല്‍ നാം സ്വീകരിച്ച സമീപനം യഥാര്‍ത്ഥ സ്ഥിതി അതുപോലെ  ജനങ്ങള്‍ക്കു മുന്‍പില്‍ അവതരിപ്പിക്കലാണ്. ഇത്തരമൊരു നയമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. കേരളത്തിലെ തീരദേശ മേഖലയില്‍ സമൂഹവ്യാപനം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ അതു പരസ്യമായി പൊതുസമൂഹത്തെ അറിയിക്കുകയാണ് ഈ സര്‍ക്കാര്‍ ചെയ്തത്.  

എന്നാല്‍ പലരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. എന്തുകൊണ്ട് കേരളത്തില്‍ മാത്രം ഇത്രയും രോഗികള്‍ കൂടി എന്നതാണ്. നിലവില്‍ ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനം കേരളമാണ്. പൊതു ആരോഗ്യത്തിന്റെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച മാതൃകകളായി വാഴ്ത്തപ്പെടുന്നത് സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളെയാണ്. അവിടെ ഉള്‍പ്പെടെ കോവിഡിന്റെ രണ്ടും മൂന്നും തരംഗങ്ങള്‍ ഉണ്ടായത് നമ്മള്‍ കണ്ടതാണ്. അവിടങ്ങളില്‍ ഇപ്പോഴും രോഗവ്യാപനം കുറഞ്ഞു എന്നു പറയാന്‍ ആയിട്ടില്ല. കോവിഡ് പോലെ അതിവേഗം പടരുന്ന ഒരു മഹാമാരിയുടെ കാര്യത്തില്‍ വളരെ സ്വാഭാവികമായ ഒരു പരിണതിയാണീ സംഭവിച്ചിരിക്കുന്നത്.  

രോഗവ്യാപനം ഇപ്പോഴും വര്‍ദ്ധിക്കുന്നു എന്നത്, അത്തരം ഇടങ്ങളിലെല്ലാം രോഗികളാകാന്‍ സാധ്യതയുള്ള ഇതുവരെ രോഗബാധിതരാകാത്ത ആളുകള്‍ ഒരുപാടുണ്ട് എന്നതിന്റെ സൂചനയാണ്. കേരളത്തിലെ സ്ഥിതിയെടുത്താല്‍ ജനസംഖ്യയുടെ 3 ശതമാനത്തില്‍ താഴെ ആളുകള്‍ക്കാണ് ഔദ്യോഗിക കണക്കുകള്‍ പ്രകാരം കോവിഡ് ബാധിച്ചിട്ടുള്ളത്.

രോഗികളെ കണ്ടെത്താനും, ചികിത്സിക്കാനും ശേഷിയുള്ള ആരോഗ്യസംവിധാനവും, രോഗത്തെക്കുറിച്ച് അവബോധമുള്ള ഒരു സമൂഹവും കേരളത്തിലുണ്ട്. ഐസിഎംആര്‍ ഇതുവരെ നടത്തിയ സെറോ പ്രിവേലെന്‍സ് പഠനങ്ങളിലെല്ലാം കോവിഡ് വന്നു മാറിയവരുടെ എണ്ണം ഏറ്റവും കുറച്ചുണ്ടായിരുന്ന പ്രദേശം കേരളമാണ്. അതുകൊണ്ട് തന്നെ പുതിയ സെറൊ പ്രിവേലെന്‍സ് ഡാറ്റയുടെ സഹായത്തോടെ മാത്രമേ കേരളത്തില്‍ നിലവില്‍ രോഗവ്യാപനം ചിലര്‍ ആരോപിക്കുന്ന രീതിയില്‍ അസ്വഭാവികമായോ എന്നു പറയാന്‍ സാധിക്കൂകയുള്ളൂ.   

നമ്മുടെ ആരോഗ്യവ്യവസ്ഥയുടെ മികവിനെ വെല്ലുവിളിക്കുന്ന രീതിയില്‍, കൈകാര്യം ചെയ്യാനാകാത്ത തലത്തിലേക്ക് രോഗവ്യാപനം വളര്‍ന്നില്ല എന്നതും നാം മനസ്സിലാക്കേണ്ടതാണ്. നമ്മുടെ ജാഗ്രതയുടേയും മികവിന്റേയും നേട്ടമാണിത്. അതുകൊണ്ടുതന്നെ, വിമര്‍ശനങ്ങള്‍ ഏതൊക്കെ തരത്തിലുണ്ടായാലും കോവിഡിനെതിരെയുള്ള പ്രവര്‍ത്തനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോക്കം പോകില്ല. യഥാര്‍ഥ കണക്കുകള്‍ നിര്‍ഭയം ജനങ്ങള്‍ക്കു മുന്‍പില്‍ വയ്ക്കും; ഒത്തൊരുമിച്ച് ഈ മഹാമാരിയെ നമുക്ക് പ്രതിരോധിക്കേണ്ടതുണ്ട്.

സര്‍ക്കാര്‍ ആന്റിജന്‍ ടെസ്റ്റുകളെയാണ് അധികം ആശ്രയിക്കുന്നതെന്ന് ഒരു പരാതിയുണ്ട്. കോവിഡ് ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം ഒരു ലക്ഷമായി വര്‍ധിപ്പിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതില്‍ 75 ശതമാനം ആര്‍ടിപിസിആര്‍ പരിശോധനയായിരിക്കും.  അതിനുള്ള തയ്യാറെടുപ്പ് നടത്തിക്കൊണ്ടിരിക്കുകയാണ്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം നടത്തിയ പഠനത്തില്‍, 56 ശതമാനം പേര്‍ക്ക് രോഗം ബാധിക്കുന്നത് വീടുകള്‍ക്ക് അകത്തുനിന്നു തന്നെയാണ് എന്ന് വ്യക്തമായിട്ടുണ്ട്.  രോഗവുമായി പുറത്തുനിന്നു വരുന്നവരാണ് വീട്ടില്‍ കഴിയുന്നവര്‍ക്ക് രോഗം നല്‍കുന്നത്. ഇത് സംബന്ധിച്ച് വാര്‍ത്ത വന്നിട്ടുള്ളതു കൊണ്ട് കൂടുതല്‍ വിശദീകരിക്കുന്നില്ല. നമ്മുടെയാകെ ശ്രദ്ധ എവിടെയും കുറയാന്‍ പാടില്ല എന്നാണ് ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത്.

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പോലീസിന്റെ നിരീക്ഷണം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ്. ബസ് സ്റ്റാന്റ്, റെയില്‍വെ സ്റ്റേഷന്‍, ആശുപത്രികള്‍, ഷോപ്പിങ് മാളുകള്‍ എന്നിവിടങ്ങളില്‍ പൊതുജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നുവെന്നും മാസ്ക് ധരിക്കുന്നുവെന്നും പൊലീസ് ഉറപ്പാക്കും. നിലവില്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ വിന്യസിച്ചിട്ടുണ്ട്. എങ്കിലും വീണ്ടും ആവശ്യമുള്ള സ്ഥലങ്ങലില്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ വിന്യസിക്കും. ഇതിനായി സംസ്ഥാനത്തെ പൊതുസ്ഥലങ്ങളില്‍ നാളെ രാവിലെ മുതല്‍ ഫെബ്രുവരി പത്തു വരെ 25,000 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും.

പൊതുസമ്മേളനങ്ങള്‍, വിവാഹം, അതുപോലുളള മറ്റ് ചടങ്ങുകള്‍ എന്നിവ നടത്തുന്നതിന് അടഞ്ഞ ഹാളുകള്‍ കഴിയുന്നതും ഒഴിവാക്കണം. പകരം അവ തുറസ്സായ സ്ഥലങ്ങളില്‍ ശാരീരിക അകലം പാലിച്ച് നടത്തുകയാവും ഉചിതം. ഇക്കാര്യത്തില്‍ ഹോട്ടല്‍ അധികൃതരുടെയും മറ്റും സഹകരണം അത്യാവശ്യമാണ്. രാത്രിയില്‍ അത്യാവശ്യ യാത്രകള്‍ മാത്രമേ നടത്താവൂ. രാത്രി പത്ത് മണിക്കുശേഷം യാത്രകള്‍ കഴിയുന്നതും ഒഴിവാക്കണമെന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.

കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ 'അടിസ്ഥാനങ്ങളിലേയ്ക്ക് തിരികെ പോവുക' എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് പ്രതിരോധപ്രവര്‍ത്തനങ്ങളെ കൂടുതല്‍ ശക്തമാക്കാനാണ് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ശ്രമിച്ചുവരുന്നത്. അതിന്റെ ഭാഗമായി മാധ്യമങ്ങള്‍ ഉപയോഗിച്ചും ഫീല്‍ഡ് പ്രവര്‍ത്തനങ്ങളിലൂടെയും ജനങ്ങളെ കൂടുതല്‍ ബോധവല്‍ക്കരിക്കാനും പ്രവര്‍ത്തന സജ്ജരാക്കാനും വേണ്ട കാര്യങ്ങള്‍ നടന്നു വരുന്നു. പനിയുടെ ലക്ഷണങ്ങള്‍ കണ്ടാലുടനെ ടെസ്റ്റ് നടത്താനും രോഗം കണ്ടെത്താനും വേണ്ട പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും. സെറോ സര്‍വൈലന്‍സ് സര്‍വേയും ജീനോം പഠനവും നടന്നു വരികയാണ്. ഫെബ്രുവരി 15ന് ആദ്യത്തെ റിപ്പോര്‍ട്ട് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കോവിഡ് വാക്സിന്‍

സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന കോവിഷീല്‍ഡ് വാക്സിന്‍  7,94,000 ഡോസുകളാണ് കേരളത്തിനു ലഭിച്ചിട്ടുള്ളത്. നമ്മുടെ ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാരില്‍ 17.54 ശതമാനം ആളുകള്‍ക്ക് വാക്സിന്‍ നല്‍കിക്കഴിഞ്ഞു.    

മാസ്ക് ഉപയോഗം കുറഞ്ഞു വരുന്നുണ്ട്. ട്രെയിന്‍ യാത്രക്കാരില്‍ ഈ പ്രവണത കൂടുതലായി കാണുന്നു. നിയന്ത്രണങ്ങളില്‍ അയവു വന്നതോടെ ഇനി കോവിഡിനെ ഭയപ്പെടേണ്ടതില്ല എന്ന പൊതുസമീപനത്തില്‍ ആളുകള്‍ എത്തിയിട്ടുണ്ട്. അത് വലിയ അപകടമാണുണ്ടാക്കുക. അക്കാര്യത്തിലും സമൂഹത്തിന്റെ പൊതുവായ ജാഗ്രത വര്‍ധിക്കണം.

നാം മാതൃകാപരമായി തന്നെ ഈ രോഗത്തോട് പൊരുതുകയാണ്. നമ്മുടെ ആരോഗ്യമേഖല ആകെയും സമൂഹം ഒന്നടങ്കവും ഈ പോരാട്ടത്തില്‍ ഉണ്ട്. രോഗബാധിതര്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നുണ്ട്.  നാടിന്റെ  കൂട്ടായ്മയും നമ്മുടെയാകെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനവും കൊണ്ട് ഈ അപകടസന്ധി മുറിച്ചുകടക്കാന്‍ നമുക്ക് കഴിയും.

ലൈഫ്

ലൈഫ് മിഷന്റെ ഭാഗമായി രണ്ടര ലക്ഷം കുടുംബങ്ങള്‍ക്ക് സ്വന്തം വീടെന്ന സ്വപ്നം യാഥാര്‍ഥ്യമായിരിക്കുന്നു.

കൃത്യമായി പറഞ്ഞാല്‍ 2,57,547. ഒരാളുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നാണ് സ്വന്തം വീട് എന്നതിനാല്‍ ഇതിലെ ഓരോ എണ്ണവും പ്രധാനപ്പെട്ടതാണല്ലോ. പാര്‍പ്പിടം എന്ന അടിസ്ഥാന ആവശ്യത്തെ അതീവ  ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കണ്ടതും അത് കൈകാര്യം ചെയ്തതും.

ഇനിയും അടച്ചുറപ്പില്ലാത്ത കിടപ്പാടമില്ലാത്തതിന്റെ പേരില്‍ വിഷമിക്കുന്ന ധാരാളം പേരുണ്ട്. അവര്‍ക്കും വൈകാതെ തന്നെ ആത്മസംതൃപ്തിയോടെ സ്വന്തം വീട്ടില്‍ അന്തിയുറങ്ങാനുള്ള നടപടികള്‍ ഈ സര്‍ക്കാര്‍ സ്വീകരിക്കും. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

ലൈഫ് മിഷന്റെ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. നിലവില്‍ 85 ഭവനസമുച്ചയങ്ങള്‍ നിര്‍മിക്കുന്നതിനുള്ള ഭൂമി കണ്ടെത്തിയതില്‍ 52 സമുച്ചയങ്ങളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. 5 സമുച്ചയങ്ങളുടെ നിര്‍മാണം രണ്ടു മാസത്തിനുള്ളിലും 32 സമുച്ചയങ്ങള്‍ മെയ് മാസത്തോടെയും പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വടക്കാഞ്ചേരി നഗരസഭയില്‍ യുഎഇ റെഡ്ക്രസന്റ് എന്ന സന്നദ്ധ സംഘടന സ്പോണ്‍സര്‍ഷിപ്പിലൂടെ നേരിട്ട് 140 ഫ്ളാറ്റുകളാണ് നിര്‍മിക്കുന്നത്. അവിടെ ഭവനസമുച്ചയം മാത്രമല്ല ഒരു പ്രാഥമിക ആരോഗ്യകേന്ദ്രവും നിര്‍മിക്കുന്നുണ്ട്. ജനങ്ങള്‍ക്കു അനുഭവവേദ്യമാകുന്ന ഇത്തരം വികസന പദ്ധതികള്‍ ആരുടെയെങ്കിലും ആരോപണങ്ങളിലും ആരോപണങ്ങളിലും ഭയന്ന് ഈ സര്‍ക്കാര്‍ ഉപേക്ഷിക്കില്ല എന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.  

സഹകരണ വകുപ്പ് നടപ്പിലാക്കുന്ന കെയര്‍ഹോം ഉള്‍പ്പടെ മറ്റു വകുപ്പുകള്‍ തുടങ്ങിവച്ച ഭവനനിര്‍മാണ പദ്ധതികളും സംസ്ഥാനത്താകെ പുരോഗമിക്കുകയാണ്. പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് ഭൂമിയുള്ള ഭവനരഹിതര്‍ക്കു 51,317 വീടുകളും ഭൂരഹിതരായ ഭവനരഹിതര്‍ക്കു 29,608 വീടുകളും നിര്‍മിക്കുകയാണ്. ഇത്തരത്തില്‍ വിവിധ പദ്ധതികളിലൂടെ 8,823 കോടി രൂപയുടെ വീടുനിര്‍മാണമാണ് ഇതേവരെ സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്.

കേരള ലുക്സ് എഹെഡ്ഡ്

നാളത്തെ കേരളം എന്നതുകൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന പല കാര്യങ്ങളും വിവിധ മേഖലകളില്‍ ഇനിയും പൂര്‍ത്തിയാകാനുണ്ട്. സാമ്പത്തിക പ്രതിസന്ധി ഉള്‍പ്പെടെയുണ്ടായ തകര്‍ച്ചയില്‍നിന്ന് കരകയറാന്‍ പുതിയ കാഴ്ചപ്പാടുകളും സമീപനവും  ആവിഷ്കരിക്കേണ്ടതുണ്ട്. ആധുനിക മേഖലകള്‍ കണ്ടെത്തി വ്യവസായ ഉല്‍പാദനം വര്‍ധിപ്പിക്കാനും കൃഷിþഭക്ഷ്യ സംസ്കരണ വ്യവസായങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനുമുള്ള സാധ്യതകളാണ് അത്യാവശ്യമായിട്ടുള്ളത്. അത്തരം കാര്യങ്ങള്‍ക്ക് ശാസ്ത്രീയമായ പിന്തുണയും പിന്‍ബലവും വേണം.  

ഭാവികേരളത്തിന്റെ സൃഷ്ടിക്ക് ദിശാബോധം നല്‍കുക എന്ന ലക്ഷ്യത്തോടെ ഒന്‍പതു സുപ്രധാന മേഖലകളില്‍ നടപ്പിലാക്കേണ്ട പരിപാടികള്‍ നിര്‍ദ്ദേശിക്കാന്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ്  'കേരള ലുക്സ് എഹെഡ്ഡ്' എന്ന വിപുലമായ രാജ്യാന്തര സമ്മേളനം ഫെബ്രുവരി ഒന്നുമുതല്‍ മൂന്നുവരെ സംഘടിപ്പിക്കുകയാണ്. ലോകപ്രശസ്തരായ വിദഗ്ധര്‍ അതില്‍ പങ്കെടുത്ത സംസാരിക്കും. കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ കോണ്‍ഫറന്‍സ് പൂര്‍ണമായും ഓണ്‍ലൈനായാണ് സംഘടിപ്പിച്ചിട്ടുള്ളത്.

രാജ്യാന്തര തലത്തില്‍ പങ്കാളിത്തം ഉറപ്പാക്കുന്ന തരത്തിലുള്ള ഉന്നതവിദ്യാഭ്യാസം, ആധുനിക വ്യവസായ സാധ്യതകള്‍, നൈപുണ്യ വികസനം, കൃഷി, മത്സ്യബന്ധനം, മൃഗസംരക്ഷണം, ടൂറിസം, വിവരസാങ്കേതിക വിദ്യ, ഇþഗവേണന്‍സ് എന്നീ പ്രധാന സാമ്പത്തിക മേഖലകള്‍ക്കു പുറമെ തദ്ദേശഭരണം, ഫെഡറലിസം, വികസനോന്‍മുഖ ധനവിനിയോഗം എന്നീ പ്രത്യേക വിഷയങ്ങളും ചര്‍ച്ചയ്ക്ക് വിധേയമാകും.

രാജ്യാന്തര തലത്തിലും ഇന്ത്യക്കുള്ളിലും ഉണ്ടായ പുതിയ നീക്കങ്ങളും ഇടപെടലുകളും മനസ്സിലാക്കുവാനും അതിലൂടെ കേരളത്തിന്റെ പ്രത്യേകതകള്‍ക്ക് അനുസൃതമായ വികസന തന്ത്രങ്ങള്‍ രൂപീകരിക്കുവാനും ഈ കോണ്‍ഫറന്‍സ് സഹായിക്കും എന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.  

കൊവിഡ് കാരണം നഷ്ടപ്പെട്ട തൊഴിലും തൊഴിലവസരങ്ങളും വീണ്ടെടുക്കണമെങ്കില്‍ ആധുനിക ശാസ്ത്ര സാങ്കേതിക രംഗത്തെ തൊഴിലവസരങ്ങളും നൂതന തൊഴില്‍ സംരംഭങ്ങളുടെ പ്രോത്സാഹനവും അടിസ്ഥാന സൗകര്യ വികസനവും ഒന്നിച്ചു മുന്നോട്ടു കൊണ്ടുപോകാനാകണം.

വിശ്രുത സാമ്പത്തിക വിദഗ്ധനും നോബല്‍ സമ്മാന ജേതാവുമായ പ്രൊഫ. അമര്‍ത്യാ സെന്‍, സാമ്പത്തിക നോബേല്‍ സമ്മാന ജേതാവ് പ്രൊഫ. ജോസഫ് സ്റ്റിഗ്ലിറ്റ്സ്, വ്യവസായ പ്രമുഖരായ ശ്രീ. രത്തന്‍ ടാറ്റ, ശ്രീ. ആനന്ദ് മഹീന്ദ്ര, ശ്രീ. എം.എ. യൂസുഫ് അലി, കിരണ്‍ മസുംദാര്‍ ഷാ, ഡോ. രവി പിള്ള, ക്രിസ് ഗോപാലക്രഷ്ണന്‍, ഡോ. ആസാദ് മൂപ്പന്‍, ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥന്‍ തുടങ്ങിയവര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നുണ്ട്. ഇവരുടെ കാഴ്ചപ്പാടുകളും സംസ്ഥാനത്തിന്റെ ഭാവിക്കായി അവര്‍ മുന്നോട്ടുവെയ്ക്കുന്ന ആശയങ്ങളും ഈ സമ്മേളനത്തെ സംബന്ധിച്ച് ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്.

ഇതില്‍ പങ്കെടുക്കുന്നതിന് പ്രത്യേക രജിസ്ട്രേഷന്‍ ആവശ്യമില്ല. ഏവര്‍ക്കും ഏതു സെഷനും കാണാന്‍ സാധിക്കുന്ന വിധത്തിലാണ് സമ്മേളനത്തിന്റെ ക്രമീകരണം. കോണ്‍ഫെറെന്‍സ് വെബ്സൈറ്റായ www.keralalooksahead.com എന്ന സൈറ്റില്‍ എല്ലാ സെഷനുകളും ലൈവായി വീക്ഷിക്കാവുന്നതാണ്.

നൂറുദിന പരിപാടി

ഡിസംബര്‍ 17ന് പ്രഖ്യാപിച്ച സര്‍ക്കാരിന്റെ രണ്ടാംഘട്ട നൂറുദിന പരിപാടിയുടെ പുരോഗതി കഴിഞ്ഞ ദിവസം വിലയിരുത്തി. പദ്ധതികള്‍  തീവ്ര വേഗത്തില്‍ പുരോഗമിക്കുകയാണ്. 27 വകുപ്പുകളിലായി 150 പദ്ധതികളാണ് പൂര്‍ത്തിയാക്കുകയോ തുടക്കം കുറിക്കുകയോ ചെയ്യുന്നത്.  

100 ദിന പരിപാടിയില്‍ അമ്പതിനായിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടതില്‍  ഇതിനകം 23,606 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. 100 ദിവസത്തിനുള്ളില്‍ പതിനായിരം പട്ടയങ്ങള്‍ വിതരണം ചെയ്യാനാണ് ഉദ്ദേശിച്ചതിതെങ്കിലും പതിമൂവായിരം പട്ടയങ്ങള്‍ വിതരണത്തിന് തയ്യാറായിട്ടുണ്ട്.

അഴിമതി വിരുദ്ധ പരിപാടി

സര്‍ക്കാര്‍ സംവിധാനത്തില്‍ എപ്പോഴെങ്കിലും അഴിമതിയോ മറ്റു തെറ്റുകളോ ഉണ്ടായാല്‍ പ്രതികരിക്കണമെന്നും ഇടപെടണമെന്നും  ജനങ്ങള്‍ ആഗ്രഹിക്കാറുണ്ട്. പക്ഷെ, ആരോടാണ് പരാതിപ്പെടേണ്ടത്, എന്ത് വിവരമാണ് നല്‍കേണ്ടത്, ഇതൊക്കെ ഉയര്‍ത്തുന്നതുകൊണ്ട് വ്യക്തിപരമായ അപകടങ്ങള്‍ സംഭവിക്കുമോ, ബുദ്ധിമുട്ടുന്നതുകൊണ്ട് എന്തെകിലും ഗുണം ഉണ്ടാകുമോ എന്നിങ്ങനെയുള്ള ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്.

സത്യസന്ധരായ ഉദ്യോഗസ്ഥരും ആശങ്കയിലാണ്. സത്യസന്ധമായി ജോലി ചെയ്യുന്നതിനിടയില്‍ ആരെങ്കിലും വ്യാജ പരാതികള്‍ നല്‍കുമോ? മറ്റ് ഉപദ്രവങ്ങള്‍ ഉണ്ടാകുമോ എന്നൊക്കെ അവരും ചിന്തിക്കുന്നു.

ഈ സാഹചര്യത്തില്‍, സര്‍ക്കാര്‍ സംവിധാനങ്ങളില്‍ 'ഉത്തരവാദിത്വം ഉറപ്പ് വരുത്തുന്നതിനും അഴിമതിയെ തുരത്തുന്നതിനും' ജനങ്ങളുമായി സഹകരിച്ചു ഒരു പദ്ധതി ആരംഭിക്കുകയാണ്.'2021þലെ പത്തിന  കര്‍മ്മപരിപാടി'കളുടെ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്. പൊതുജനങ്ങള്‍ക്ക് തെളിവുകളടക്കം സമര്‍പ്പിക്കാവുന്ന ഒരു വെബ്സൈറ്റ് ഒരുങ്ങുകയാണ്. ഇതുവഴി ഫോണ്‍ സന്ദേശങ്ങള്‍, സ്ക്രീന്‍ ഷോട്സ്, എസ്എംഎസ്, ഓഡിയോ റെക്കോര്‍ഡിങ് തുടങ്ങിയ തെളിവുകള്‍ സമര്‍പ്പിക്കാം.

ജനങ്ങളുടെ പൂര്‍ണ്ണമായ സഹകരണത്തോടെയും പങ്കാളിത്തത്തോടെയും സര്‍ക്കാര്‍ സംവിധാനങ്ങളിലുള്ള ദുഷ്പ്രവണതകളെക്കുറിച്ചു വിപുലമായ വിവര ശേഖരണം സാധ്യമാകും. അതോടുകൂടി ഭാവിയില്‍ ഈ പ്രവണതകള്‍ തടയുന്നതിന് ആവശ്യമായ കൃത്യവും ശക്തവുമായ ഇടപെടല്‍ നടത്താന്‍ സര്‍ക്കാരിന് കഴിയും.  ജനങ്ങളുടെ പങ്കാളിത്തത്തോടുകൂടി നടത്തുന്ന പദ്ധതി ആയതിനാല്‍, ഈ പദ്ധതിയുടെ പേര് ജനങ്ങള്‍ക്ക് നിര്‍ദേശിക്കാം. അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കി ഉടനെ പരസ്യപ്പെടുത്തും.

സാന്ത്വന സ്പര്‍ശം

ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കും പരാതികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ ഫെബ്രുവരി 1 മുതല്‍ 18 വരെ സാന്ത്വന സ്പര്‍ശം എന്ന പേരില്‍ അദാലത്തുകള്‍ നടക്കും.

പരാതികള്‍ സ്വന്തം നിലയില്‍ ഓണ്‍ലൈനായോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സമര്‍പ്പിക്കാം. അപേക്ഷാഫീസ് ഈടാക്കുന്നതല്ല. അക്ഷയ സെന്ററുകള്‍ക്കുള്ള ഫീസ് സര്‍ക്കാര്‍ നല്‍കും. നേരത്തെ പരാതി നല്‍കിയിട്ടും തീര്‍പ്പാകാതെയുള്ളവയും പുതിയ പരാതികളും സ്വീകരിക്കും. സാന്ത്വന സ്പര്‍ശത്തിന്റെ പ്രധാന ചുമതല കലക്ടര്‍മാര്‍ക്കായിരിക്കും. അവരെ സഹായിക്കുന്നതിന് സെക്രട്ടറിമാരെയും ജില്ലകളിലേക്ക് നിയോഗിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്‍ കാര്യക്ഷമമായി പരാതികള്‍ക്ക് പരിഹാരം കാണന്നുണ്ട്. ഇതുവരെ ലഭിച്ച 3,21,049 പരാതികളില്‍ 2,72,441 എണ്ണം തീര്‍പ്പാക്കി. സിഎം പോര്‍ട്ടലില്‍ 5,74,220 അപേക്ഷകളാണ് ലഭിച്ചത്. അതില്‍ 34,778 എണ്ണമാണ് തീര്‍പ്പാക്കാനുള്ളത്. ഇതിനെല്ലാമുപരി പരാതികള്‍ പൊതുജനങ്ങള്‍ക്കുണ്ടെങ്കില്‍ ഉന്നതതലത്തില്‍ നേരിട്ട് പരിഹരിക്കണമെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. അതിന്റെ ഭാഗമായാണ് 'സാന്ത്വന സ്പര്‍ശം' സംഘടിപ്പിക്കുന്നത്.

ആലപ്പുഴ ബൈപ്പാസ്

ദശാബ്ദങ്ങള്‍ നീണ്ട കാത്തിരിപ്പിനു ശേഷം ആലപ്പുഴ ജില്ലയ്ക്കാകെ അഭിമാനം പകര്‍ന്നു ബൈപ്പാസ് ഉദ്ഘാടനം ചെയ്തു.  ബൈപ്പാസിന്റെ നിര്‍മാണം പൂര്‍ണ്ണമായും സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് നിര്‍വ്വഹിച്ചത്. റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍, കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി എന്നിവയാണ് ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കുന്നതിന് അല്‍പ്പം കാലതാമസം വരുത്തിയത്.