Showing posts with label ചില്ലറവില്‍പന. Show all posts
Showing posts with label ചില്ലറവില്‍പന. Show all posts

Monday, October 28, 2013

വാള്‍മാര്‍ട്ടിന്റെ സ്വാധീനിക്കല്‍ തുടരുന്നു

വാഷിങ്ടണ്‍: ഇന്ത്യന്‍ വ്യാപാരമേഖല നേരിട്ടുള്ള വിദേശനിക്ഷേപത്തിന് തുറന്നുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കന്‍ ജനപ്രതിനിധികളെ കോടികളിറക്കി സ്വാധീനിക്കാന്‍ ചില്ലറവ്യാപാരമേഖലയിലെ ആഗോള കുത്തകകമ്പനിയായ വാള്‍മാര്‍ട്ട് വീണ്ടും ശ്രമം തുടങ്ങി. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിന്റെ അവസാനം ഇന്ത്യന്‍ വ്യാപാരമേഖല തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളില്‍ അനുകൂലതീരുമാനമുണ്ടാക്കാന്‍ ഒന്നരക്കോടി ഡോളര്‍ മുടക്കിയെന്ന വാള്‍മാര്‍ട്ടിന്റെ കണക്ക് പുറത്തുവന്നു. അനുകൂലതീരുമാനം എടുപ്പിക്കാനുള്ള ഇടപെടല്‍ (ലോബീയിങ്) സംബന്ധിച്ച് അമേരിക്കന്‍ സെനറ്റില്‍ വാള്‍മാര്‍ട്ട് സമര്‍പ്പിച്ച 2013ലെ മൂന്നാംപാദത്തിലെ കണക്കുകളിലാണ് ഈ വിവരമുള്ളത്. അമേരിക്കയിലെ അംഗീകൃത ലോബീയിങ് കമ്പനി വാള്‍മാര്‍ട്ടിനുവേണ്ടി കോടികള്‍ ചെലവഴിച്ചെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

50 കാര്യങ്ങളാണ് ഈ കാലയളവില്‍ അമേരിക്കന്‍ ജനപ്രതിനിധികളുമായി ലോബീയിങ് നടത്തിയത്. ഇന്ത്യന്‍ ചെറുകിടവിപണി വിദേശകുത്തകകള്‍ക്കുവേണ്ടി തുറന്നുകൊടുക്കാന്‍ സമ്മര്‍ദം ചെലുത്തുകയായിരുന്നു ഇതില്‍ പ്രധാനം. ഇതിനായി സെനറ്റ്, ജനപ്രതിനിധി സഭാംഗങ്ങളെയും ഫെഡറല്‍ ഏജന്‍സികളെയും സ്വാധീനിച്ചു. ഇന്ത്യന്‍ വിഷയത്തില്‍ അഞ്ചുവര്‍ഷത്തോളം നീണ്ട വാള്‍മാര്‍ട്ടിന്റെ ലോബീയിങ് അവസാനിപ്പിച്ചു എന്നായിരുന്നു ഇതുവരെയുള്ള കണക്ക്. എന്നാല്‍, വാള്‍മാര്‍ട്ട് ഇപ്പോഴും ലോബീയിങ് തുടരുന്നുവെന്ന് പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വാള്‍മാര്‍ട്ടിന്റെ ഇന്ത്യന്‍പ്രവേശവുമായി ബന്ധപ്പെട്ട് വന്‍വിവാദം ഉയര്‍ന്ന സാഹചര്യത്തിലും ലോബീയിങ് തുടര്‍ന്നുവെന്ന് ഇപ്പോള്‍ വ്യക്തമായി. ഇന്ത്യന്‍ കുത്തകകമ്പനിയായ ഭാരതി ഗ്രൂപ്പിന്റെ പകുതി ഓഹരിയും ഏറ്റെടുത്തതായി ഈമാസം ആദ്യം വാള്‍മാര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

deshabhimani

Monday, February 4, 2013

അന്വേഷണത്തിനിടയിലും വാള്‍മാര്‍ട്ട് ലോബിയിങ്


രാജ്യത്തെ ചില്ലറവില്‍പ്പനമേഖലയില്‍ വിദേശനിക്ഷേപം അനുവദിപ്പിക്കാനുള്ള ലോബിയിങ്, കോഴ എന്നിവയ്ക്കായി 2008 മുതല്‍ വാള്‍മാര്‍ട്ട് കമ്പനി ചെലവിട്ടത് 180 കോടിയോളം രൂപ. 2012 ഡിസംബറില്‍ അവസാനിച്ച പാദത്തില്‍മാത്രം എട്ടുകോടി രൂപ ചെലവിട്ടു. അമേരിക്കന്‍ സെനറ്റിനുമുന്നിലുള്ള രേഖകളിലാണ് ഈ വിവരം. 2008 മുതല്‍ വാള്‍മാര്‍ട്ട് തുടര്‍ച്ചയായി നടത്തിയ ശ്രമങ്ങളുടെ വിവരങ്ങളാണ് രേഖയില്‍.

അമേരിക്കന്‍ സെനറ്റ്, ജനപ്രതിനിധിസഭ, അമേരിക്കന്‍ ട്രേഡ് റെപ്രസന്റേറ്റീവ്സ് എന്നിവയില്‍ വാള്‍മാര്‍ട്ട് സ്വാധീനം ചെലുത്തി. അമേരിക്കന്‍ ഭരണകൂടം അതനുസരിച്ച് ഇന്ത്യന്‍ ഭരണാധികാരികളില്‍ സമ്മര്‍ദം ചെലുത്തി. ഇന്ത്യയില്‍ അനുകൂലമായി തീരുമാനമെടുപ്പിക്കാന്‍ ആവശ്യമായ കോഴയും നല്‍കി. ഇതിനാണ് നാലുവര്‍ഷത്തിനുള്ളില്‍ 180 കോടി രൂപ ചെലവിട്ടത്. ഇന്ത്യയില്‍ വാള്‍മാര്‍ട്ട് കോഴ കൊടുത്തതുസംബന്ധിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ ബഹളമുണ്ടാകുകയും ഇതുസംബന്ധിച്ച് അന്വേഷിക്കാമെന്ന് യുപിഎ സര്‍ക്കാര്‍ ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. 2012 ഡിസംബറില്‍ പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തിലായിരുന്നു ഇത്. ഇന്ത്യയില്‍ ബഹളം നടക്കുമ്പോഴും വാള്‍മാര്‍ട്ട് അതിന്റെ ലോബിയിങ് തുടരുകയായിരുന്നുവെന്ന് സെനറ്റ് രേഖകള്‍ തെളിയിക്കുന്നു. വാള്‍മാര്‍ട്ടിന്റെ ഇന്ത്യയിലെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറെ കോഴയുമായി ബന്ധപ്പെട്ട് സസ്പെന്‍ഡ് ചെയ്തിരുന്നു. വാള്‍മാര്‍ട്ടും അമേരിക്കയും ലോബിയിങ്ങിനും കോഴ നല്‍കലിനും ഔദ്യോഗിക അംഗീകാരം നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇന്ത്യയില്‍ അത് വിവാദമായപ്പോള്‍ സ്വന്തം ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്ത് മുഖംരക്ഷിക്കാനാണ് അവര്‍ ശ്രമിച്ചത്. അമേരിക്കയിലും മറ്റു രാജ്യങ്ങളിലും ലോബിയിങ് അതിനുശേഷവും തുടര്‍ന്നു.

deshabhimani 040213

Tuesday, December 11, 2012

ബാങ്കിങ് ഭേദഗതി ബില്‍ പാസാക്കാനുള്ള ശ്രമം ഇടതുപക്ഷം തടഞ്ഞു


ബാങ്കിങ് സ്വകാര്യവല്‍ക്കരണം ശക്തമാക്കുന്ന ബാങ്കിങ് ഭേദഗതി ബില്‍ പാസാക്കാനുള്ള സര്‍ക്കാര്‍ശ്രമത്തെ തിങ്കളാഴ്ച ഇടതുപക്ഷം തടസ്സപ്പെടുത്തി. ഇടതുപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബില്‍ പാസാക്കുന്നതിനെ എതിര്‍ത്തതിനാല്‍ സഭ രണ്ടു തവണ നിര്‍ത്തി. ബില്‍ ചൊവ്വാഴ്ച പാസാക്കുമെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ വ്യക്തമാക്കി. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇടതുപക്ഷത്തിന്റെ എതിര്‍പ്പ് കാരണം പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ കഴിയാതിരുന്ന ബില്ലാണ് ഇപ്പോള്‍ പാസാക്കാന്‍ ശ്രമിക്കുന്നത്. പൊതുമേഖലാ ബാങ്കുകളിലെ വിദേശനിക്ഷേപകരുടെ വോട്ടിങ് അധികാരം ഒരു ശതമാനത്തില്‍ നിന്ന് പത്ത് ശതമാനമാക്കി ഉയര്‍ത്തി അവര്‍ക്ക് ബാങ്കിന്റെ നിയന്ത്രണാധികാരം നല്‍കുന്നതാണ് ഭേദഗതി. ചില്ലറവ്യാപാരത്തില്‍ വിദേശനിക്ഷേപം അനുവദിച്ചതിനെ എതിര്‍ത്ത് പ്രതിപക്ഷം കൊണ്ടുവന്ന വോട്ടെടുപ്പ് പ്രമേയം പാര്‍ലമെന്റില്‍ അതിജീവിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞ പശ്ചാത്തലത്തിലാണ് ഈ ബില്‍ പാസാക്കാനുള്ള ശ്രമം.

ധനമന്ത്രി പി ചിദംബരം ബില്‍ പരിഗണിക്കാന്‍ സഭയോട് ആവശ്യപ്പെട്ട വേളയിലാണ് ഇടതുപക്ഷം പ്രതിഷേധവുമായി എഴുന്നേറ്റത്. ബില്ലിന്റെ സത്തക്കെതിരായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ സഭയുടെ അംഗീകാരത്തിന് ശേഷം മാത്രമേ ബില്‍ പരിഗണിക്കാവൂ എന്നും സിപിഐ എം നേതാവ് ബസുദേവ് ആചാര്യയും സിപിഐ നേതാവ് ഗുരുദാസ്ദാസ്ഗുപ്തയും പറഞ്ഞു. ബില്ലില്‍ പുതിയ നിബന്ധനകള്‍ എഴുതിച്ചേര്‍ത്തതിനാല്‍ പുതിയ ബില്ലായിമാത്രമേ കരുതാനാവൂ എന്നുംബില്‍ വീണ്ടും സ്ഥിരംസമിതിക്ക് വിടണമെന്നും യശ്വന്ത് സിന്‍ഹ(ബിജെപി) പറഞ്ഞു. അവധിവ്യാപാരത്തില്‍ക്കൂടി പ്രവേശിക്കാന്‍ ബാങ്കുകളെ അനുവദിച്ചുകൊണ്ടുള്ള ചട്ടമാണ് ഉള്‍പ്പെടുത്തിയത്. ഇത് ബാങ്കുകളെ തകര്‍ക്കാനേ ഉപകരിക്കൂ എന്ന് പ്രതിപക്ഷം വാദിച്ചു.

ബില്ലുമായി മുന്നോട്ടുപോകാന്‍ ചെയറിലുണ്ടായിരുന്ന ഗിരിജാ വ്യാസ് ശ്രമിച്ചപ്പോള്‍ ഇടതുപക്ഷം നടുത്തളത്തിലേക്ക് ഇറങ്ങി. ഇടതുപക്ഷത്തിന്റെ ആരോപണത്തിനുള്ള ധനമന്ത്രി ചിദംബത്തിന്റെ മറുപടി ബഹളത്തില്‍ മുങ്ങി. തുടര്‍ന്ന് 15 മിനിറ്റ് സഭ നിര്‍ത്തി. വീണ്ടും ചേര്‍ന്നപ്പോഴും ബഹളം തുടര്‍ന്നു. എന്നാല്‍, പുതിയ ചട്ടം ഉള്‍പ്പെടുത്താന്‍ സഭാചട്ടം 80 അനുസരിച്ച് ധനമന്ത്രി ചിദംബരം അവതരിപ്പിച്ച അപേക്ഷകള്‍ക്ക് ചെയര്‍ അനുവാദം നല്‍കി. ഗിരിജാ വ്യാസിന്റെ നടപടി ഇടതുപക്ഷത്തെ കൂടുതല്‍ പ്രകോപിപ്പിച്ചു. ബില്‍ പിന്‍വലിക്കണമെന്ന മുദ്രാവാക്യങ്ങളുമായി അവര്‍ നടുത്തളത്തില്‍ നിലയുറപ്പിച്ചു. തുടര്‍ന്ന് സഭ ചൊവ്വാഴ്ചത്തേക്ക് ചേരാനായി പിരിഞ്ഞു. എന്നാല്‍, ബില്‍ വീണ്ടും പാര്‍ലമെന്ററി സ്ഥിരം സമിതിക്ക് വിടാനാകില്ലെന്ന് പാര്‍ലമെന്റ് മന്ദിരത്തില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ട ധനമന്ത്രി പി ചിദംബരം പറഞ്ഞു. പാര്‍ലമെന്ററി സമിതി മുന്നോട്ടുവച്ച ഒന്ന് രണ്ട് ചട്ടങ്ങള്‍ ഒഴിച്ച് ബാക്കിയെല്ലാം ഭേദഗതി ബില്ലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മന്ത്രിസഭയാണ് അവധിവ്യാപാരം സംബന്ധിച്ച ചട്ടം ബില്ലില്‍ പുതുതായി ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്തതെന്നും അത് സ്വാഭാവിക നടപടി മാത്രമാണെന്നും ചിദംബരം പറഞ്ഞു.
(വി ബി പരമേശ്വരന്‍)

വാള്‍മാര്‍ട്ട് കോഴ: രാജ്യസഭ സ്തംഭിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര ഭരണാധികാരികള്‍ക്ക് കോടികള്‍ കോഴ നല്‍കിയാണ് വാള്‍മാര്‍ട്ട് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്നതെന്ന വെളിപ്പെടുത്തല്‍ പാര്‍ലമെന്റില്‍ പ്രക്ഷുബ്ധരംഗങ്ങള്‍ സൃഷ്ടിച്ചു. തിങ്കളാഴ്ച പലവട്ടം നിര്‍ത്തിവച്ച രാജ്യസഭ ഒരു ദിവസത്തേക്ക് പിരിഞ്ഞു. വിഷയത്തില്‍ അന്വേഷണം വേണമെന്ന ആവശ്യം പ്രതിപക്ഷ പാര്‍ടികള്‍ മുന്നോട്ടുവച്ചു. എന്നാല്‍, പ്രതികരണത്തിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. അമേരിക്കന്‍ സെനറ്റിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വാള്‍മാര്‍ട്ട് തന്നെയാണ് ചില്ലറവിപണിയില്‍ പ്രവേശനം നേടാന്‍ 2008 മുതല്‍ ഇന്ത്യയില്‍ വിവിധ വ്യക്തികള്‍ക്ക് കോഴ നല്‍കിയതായി വെളിപ്പെടുത്തിയത്. ഇന്ത്യ ഉള്‍പ്പെടെയുള്ള വിപണികളില്‍ പ്രവേശനം നേടുന്നതിനുള്ള ലോബിയിങ്ങിന് 130 കോടിയിലേറെ രൂപ മുടക്കിയത്. നടപ്പുവര്‍ഷം മാത്രം മുടക്കിയത് 18 കോടിയിലേറെ രൂപ.

രാജ്യസഭയില്‍ സിപിഐ എമ്മിലെ പി രാജീവും ബിജെപിയിലെ രവിശങ്കര്‍ പ്രസാദുമാണ് വിഷയം ഉന്നയിച്ചത്. ശൂന്യവേളയില്‍ വിഷയം ഉന്നയിക്കുന്നതിന് ഇരുവരും നോട്ടീസ് നല്‍കിയിരുന്നു. ചില്ലറവിപണിയില്‍ എഫ്ഡിഐ അനുവദിച്ച് ഫെമ ചട്ടങ്ങളില്‍ ഭേദഗതി വരുത്തുന്നതിന് മുമ്പാണ് വാള്‍മാര്‍ട്ട് ഇന്ത്യയില്‍ ലോബിയിങ്ങിന് പണം മുടക്കിയതെന്ന് പി രാജീവ് പറഞ്ഞു. ഇത് യഥാര്‍ഥത്തില്‍ കോഴയാണ്. ആരൊക്കെ കോഴപ്പണം പറ്റിയെന്ന് കണ്ടെത്തണം. സ്വതന്ത്രമായ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകണം-രാജീവ് പറഞ്ഞു. ഇന്ത്യയില്‍ ലോബിയിങ് നിയമവിരുദ്ധമാണെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഇതേ കുറിച്ച് അന്വേഷിക്കണം. തിരക്കുപിടിച്ച് തീരുമാനിച്ചതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇത് സാധൂകരിക്കുന്നതാണ് ഇപ്പോള്‍ യുഎസ് സെനറ്റിന് വാള്‍മാര്‍ട്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ആരെങ്കിലും പണം പറ്റിയിട്ടുണ്ടെങ്കില്‍ അത് ശിക്ഷാര്‍ഹമായ കുറ്റമാണ്- രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

മറ്റ് പ്രതിപക്ഷ പാര്‍ടി നേതാക്കള്‍ക്ക് സംസാരിക്കാന്‍ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ അനുമതി നല്‍കിയില്ല. ഇതോടെ ബഹളമായി. വാള്‍മാര്‍ട്ടിന്റെ വെളിപ്പെടുത്തലിനോട് പ്രധാനമന്ത്രി പ്രതികരിക്കണമെന്ന് ആവശ്യമുയര്‍ന്നു. ഈ ആവശ്യം അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് കുര്യന്‍ പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ പ്രതികരണത്തിനായി പാര്‍ലമെന്റികാര്യ സഹമന്ത്രി രാജീവ് ശുക്ല എണീറ്റു. വാര്‍ത്തകളുടെ പേരിലാണ് പ്രതിപക്ഷ ആക്ഷേപമെന്നും വകുപ്പുമന്ത്രി ഇതേകുറിച്ച് പ്രതികരിക്കുമെന്നുമായിരുന്നു ശുക്ല പറഞ്ഞു. മന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്നും പ്രധാനമന്ത്രി തന്നെ വിശദീകരണം നല്‍കണമെന്നുമുള്ള നിലപാടില്‍ പ്രതിപക്ഷം ഉറച്ചുനിന്നതോടെ സര്‍ക്കാര്‍ പ്രതിസന്ധിയിലായി. ഘടക കക്ഷിയായ ഡിഎംകെയും പ്രതിപക്ഷ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. തുടര്‍ന്ന് രണ്ടുവരെ സഭ നിര്‍ത്തി.

deshabhimani 111212

Wednesday, November 21, 2012

വിദേശനിക്ഷേപം: വോട്ടെടുപ്പ് ചര്‍ച്ചയ്ക്ക് പിന്തുണയുമായി എന്‍ഡിഎയും

ന്യൂഡല്‍ഹി: ചില്ലറവില്‍പ്പനമേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ചതിനെതിരെ വോട്ടെടുപ്പ് ചര്‍ച്ചയാണ് വേണ്ടതെന്ന് ആവശ്യപ്പെടാന്‍ എന്‍ഡിഎയും തീരുമാനിച്ചു. ഇതുസംബന്ധിച്ച പ്രമേയം പാര്‍ലമെന്റിന്റെ ഇരുസഭകളിലും നല്‍കുമെന്ന് എന്‍ഡിഎ അറിയിച്ചു. ഇടതുപക്ഷവും മറ്റ് മതനിരപേക്ഷ പാര്‍ടികളും നേരത്തേ കൈക്കൊണ്ട തീരുമാനത്തെ പിന്തുണയ്ക്കാനാണ് എന്‍ഡിഎ കക്ഷികളും തീരുമാനിച്ചിട്ടുള്ളത്. ഇതോടെ മമത ബാനര്‍ജിയുടെ അവിശ്വാസ പ്രമേയനീക്കം പാളി. അവിശ്വാസപ്രമേയം കൊണ്ടുവരാനുള്ള എംപിമാരുടെ പിന്തുണപോലും നേടാനാകാതെ മമതയുടെ രാഷ്ട്രീയനാടകം അപഹാസ്യമാകുകയാണ്.

ചൊവ്വാഴ്ച രാവിലെ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗമാണ് ചില്ലറവില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ചതിനെതിരെ വോട്ടെടുപ്പ് ചര്‍ച്ച വേണമെന്ന ആവശ്യത്തെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത്. വൈകിട്ട് മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനിയുടെ വസതിയില്‍ ചേര്‍ന്ന എന്‍ഡിഎ യോഗവും ബിജെപിയുടെ തീരുമാനത്തെ പിന്തുണച്ചു. രാഷ്ട്രീയ സമവായത്തിന് ശേഷംമാത്രമേ വിദേശനിക്ഷേപം അനുവദിക്കൂ എന്ന് 2011 ഡിസംബര്‍ ഏഴിന് പാര്‍ലമെന്റില്‍ നല്‍കിയ ഉറപ്പിന്റെ ലംഘനമാണ് സര്‍ക്കാരിന്റെ തീരുമാനമെന്ന് ഒരു മണിക്കൂറിലധികം നീണ്ട യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. അവിശ്വാസപ്രമേയത്തിന്റെ സാധ്യതയെക്കുറിച്ച് മറ്റ് രാഷ്ട്രീയ പാര്‍ടികളുമായി ആലോചിക്കും. വോട്ടെടുപ്പ് ചര്‍ച്ചയ്ക്കാണ് മുന്‍ഗണന. ആവശ്യമെങ്കില്‍ ബജറ്റ് സമ്മേളനത്തില്‍ അവിശ്വാസപ്രമേയത്തെക്കുറിച്ച് ആലോചിക്കാം.

ചില്ലറ വില്‍പ്പനയിലെ വിദേശനിക്ഷേപത്തിനെതിരെ ഭാരത് ബന്ദില്‍ പങ്കെടുത്ത എല്ലാ കക്ഷികളുമായും വോട്ടെടുപ്പ് ചര്‍ച്ചയ്ക്ക് പിന്തുണ തേടി ചര്‍ച്ച നടത്തുമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. പ്രതിപക്ഷ ഐക്യമാണ് പ്രധാനമെന്നും വോട്ടെടുപ്പ് ചര്‍ച്ചയുടെ കാര്യത്തില്‍ അതാണ് തെളിയുന്നതെന്നും എന്‍ഡിഎ കണ്‍വീനര്‍കൂടിയായ ജെഡിയു നേതാവ് ശരത്യാദവ് പറഞ്ഞു. എന്നാല്‍, വോട്ടെടുപ്പ് ചര്‍ച്ചയ്ക്കുള്ള പ്രതിപക്ഷപ്രമേയം അനുവദിക്കരുതെന്ന് സ്പീക്കറോട് സര്‍ക്കാര്‍ ആവശ്യപ്പെടുമെന്ന് പാര്‍ലമെന്ററികാര്യമന്ത്രി കമല്‍നാഥ് പറഞ്ഞു. വിദേശനിക്ഷേപ തീരുമാനം അടിച്ചേല്‍പ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ വോട്ടെടുപ്പ് ചര്‍ച്ചയ്ക്ക് പ്രസക്തിയില്ല-കമല്‍നാഥ് കൂട്ടിച്ചേര്‍ത്തു. ചില്ലറവില്‍പ്പനമേഖലയിലെ വിദേശ നിക്ഷേപ കാര്യത്തില്‍ യുപിഎ സര്‍ക്കാര്‍ തീര്‍ത്തും ഒറ്റപ്പെടുകയാണ്. എന്‍സിപിയും നാഷനല്‍ കോണ്‍ഫറന്‍സുംമാത്രമേ കോണ്‍ഗ്രസിനെ പിന്തുണയ്ക്കൂ. തൃണമൂല്‍ കോണ്‍ഗ്രസും ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ചയും നേരത്തേ പിന്തുണ പിന്‍വലിച്ചിരുന്നു. ഡിഎംകെയും വിദേശ നിക്ഷേപ തീരുമാനത്തെ എതിര്‍ക്കുന്നുണ്ട്. പാര്‍ലമെന്റില്‍ ഭൂരിപക്ഷം കക്ഷികളും എതിര്‍ക്കുന്ന തീരുമാനവുമായി മുന്നോട്ടുപോകുക സര്‍ക്കാരിന് വിഷമമായിരിക്കും.
 
വി ബി പരമേശ്വരന്‍

Tuesday, November 20, 2012

പാര്‍ലമെന്റില്‍ ചര്‍ച്ച വേണ്ടെന്ന വാദം അസംബന്ധം : കാരാട്ട്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ എടുക്കുന്ന നയപരമായ തീരുമാനങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്ത ചരിത്രമില്ലെന്ന വാണിജ്യമന്ത്രി ആനന്ദ് ശര്‍മയുടെ പ്രസ്താവന തികഞ്ഞ അസംബന്ധമാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ആനന്ദ് ശര്‍മയ്ക്ക് വാണിജ്യകാര്യങ്ങളില്‍ അറിവുണ്ടായിരിക്കാം. എന്നാല്‍ അദ്ദേഹത്തിന് ചരിത്രജ്ഞാനം കുറവാണെന്ന് ഇന്ത്യന്‍ വിമന്‍സ് പ്രസ്കോര്‍പ് നടത്തിയ മീറ്റ് ദ പ്രസ് പരിപാടിയില്‍ കാരാട്ട് പറഞ്ഞു. 
 
ചില്ലറവില്‍പ്പനമേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ച സര്‍ക്കാര്‍ നടപടി പാര്‍ലമെന്റില്‍ വോട്ടെടുപ്പു ചര്‍ച്ചയ്ക്ക് വിധേയമാക്കണമെന്ന ഇടതുപക്ഷത്തിന്റെ ആവശ്യത്തോട് പ്രതികരിക്കവേയാണ് സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനം പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്ത ചരിത്രമില്ലെന്ന് ആനന്ദ് ശര്‍മ പറഞ്ഞത്. എന്നാല്‍, ഭാരത് അലുമിനിയം കമ്പനി (ബാല്‍കോ) എന്‍ഡിഎ സര്‍ക്കാര്‍ സ്വകാര്യവല്‍ക്കരിച്ച നടപടിയെ ചോദ്യംചെയ്ത് ലോക്സഭയില്‍ വോട്ടെടുപ്പു ചര്‍ച്ച നടന്നിരുന്നെന്ന് കാരാട്ട് പറഞ്ഞു. 2001 മാര്‍ച്ച് അവസാനവാരമാണ് സിപിഐ എമ്മിലെ രൂപ്ചന്ദ്പാല്‍ പ്രമേയം അവതരിപ്പിച്ചത്. ബാല്‍കോ സ്വകാര്യവല്‍ക്കരണത്തെ എതിര്‍ക്കുന്ന പ്രമേയം അഞ്ചു മണിക്കൂര്‍ ചര്‍ച്ചചെയ്താണ് വോട്ടിനിട്ടത്. അമേരിക്കയുടെയും മറ്റും സമ്മര്‍ദത്തിന്റെ ഫലമായാണ് ചില്ലറവില്‍പ്പനമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കുന്നത്. അമേരിക്കന്‍ വിദേശസെക്രട്ടറി ഹിലരിക്ലിന്റണ്‍ ചില്ലറവില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ചതില്‍ അതീവസന്തുഷ്ടി പ്രകടിപ്പിച്ചതില്‍നിന്നുതന്നെ കാര്യം വ്യക്തമാണ്. പ്രത്യാഘാതങ്ങളൊന്നും കണക്കിലെടുക്കാതെയാണ് സര്‍ക്കാര്‍ വിദേശനിക്ഷേപം അനുവദിക്കാന്‍ തീരുമാനിച്ചത്. വാള്‍മാര്‍ട്ട് ഗൂഢമാര്‍ഗങ്ങളിലൂടെയാണ് പല രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്നത്. മെക്സിക്കോയിലും മറ്റും വന്‍ അഴിമതിയാണ് വാള്‍മാര്‍ട്ട് നടത്തിയതെന്ന കാര്യം സര്‍ക്കാര്‍ കണക്കിലെടുക്കണം. 
 
യുപിഎ സര്‍ക്കാരിനെ ഒറ്റപ്പെടുത്താനുള്ള ഫലപ്രദമായ മാര്‍ഗം വോട്ടെടുപ്പു ചര്‍ച്ചയാണെന്നാണ് ഇടതുപക്ഷത്തിന്റെ വിലയിരുത്തല്‍. കോണ്‍ഗ്രസ്, എന്‍സിപി, നാഷണല്‍ കോണ്‍ഫ്രന്‍സ് കക്ഷികള്‍ മാത്രമാണ് ചില്ലറവില്‍പ്പനമേഖലയിലെ വിദേശനിക്ഷേപത്തെ അനുകൂലിച്ചിട്ടുള്ളത്. മറ്റെല്ലാ കക്ഷികളും ഈ തീരുമാനം എതിര്‍ക്കുകയാണ്. ഭൂരിപക്ഷം സംസ്ഥാനങ്ങളും ഈ തീരുമാനത്തിന് എതിരാണ്. രാഷ്ട്രീയ സമവായത്തിലൂടെ മാത്രമേ വിദേശനിക്ഷേപം അനുവദിക്കൂവെന്ന് മുന്‍ ധനമന്ത്രി പ്രണബ് മുഖര്‍ജി പാര്‍ലമെന്റില്‍ ഉറപ്പ് നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ ഇടതുപക്ഷത്തില്‍ ഭിന്നാഭിപ്രായമുണ്ടെന്ന വാര്‍ത്ത ശരിയല്ല. അവിശ്വാസപ്രമേയം സര്‍ക്കാരിനെ സഹായിക്കുന്ന നടപടിയാകും. സര്‍ക്കാരിന് വിജയിക്കാനുള്ള അംഗസംഖ്യയുണ്ട്. എസ്പി, ബിഎസ്പി, ആര്‍ജെഡി, ജെഡി-എസ് തുടങ്ങിയ കക്ഷികളെല്ലാം സര്‍ക്കാരിനെ പിന്തുണയ്ക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ വോട്ടെടുപ്പു ചര്‍ച്ചയിലൂടെ മാത്രമേ സര്‍ക്കാരിനെ പ്രതിസന്ധിയിലാഴ്ത്താന്‍ കഴിയൂ. ഇടതുപക്ഷം ഈ വിഷയത്തില്‍ എല്ലാ പ്രതിപക്ഷ കക്ഷികളുമായി ചര്‍ച്ച നടത്തുകയാണ്-കാരാട്ട് പറഞ്ഞു.

Monday, November 19, 2012

തൃണമൂലിന്റെ അവിശ്വാസം സര്‍ക്കാരിനെ സഹായിക്കാന്‍

കൊല്‍ക്കത്ത: യുപിഎ സര്‍ക്കാരിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് അവിശ്വാസപ്രമേയം കൊണ്ടുവരുന്നത് ഇടതുപക്ഷത്തിന്റെ നീക്കംതടഞ്ഞ് സര്‍ക്കാരിനെ സഹായിക്കാന്‍. ചില്ലറ വ്യാപാര രംഗത്ത് വിദേശനിക്ഷേപം അനുവദിക്കാനുള്ള തീരുമാനത്തിനെതിരെ വോട്ടെടുപ്പോടുകൂടിയ ചര്‍ച്ച വേണമെന്ന് ഇടതുപക്ഷ പാര്‍ടികള്‍ നോട്ടീസ് നല്‍കിയതിനു തൊട്ടുപിന്നാലെയാണ് മമത ബാനര്‍ജി ധൃതിപിടിച്ച് അവിശ്വാസപ്രമേയം പ്രഖ്യാപിച്ചത്. അടിയന്തരമായി വിളിച്ചുചേര്‍ത്ത തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ടി യോഗത്തിനുശേഷമായിരുന്നു മമതയുടെ പ്രഖ്യാപനം. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങുന്ന ദിവസംതന്നെ അവിശ്വാസത്തിന് നോട്ടീസ് നല്‍കുമെന്ന് മമത പറഞ്ഞു. എന്നാല്‍, ലോക്സഭയില്‍ 19 അംഗങ്ങള്‍ മാത്രമുള്ള തൃണമൂലിന് ഇത് സാധിക്കുമോ എന്ന് വ്യക്തമാക്കാന്‍ മമതയ്ക്ക് കഴിഞ്ഞില്ല.
 
ഒറ്റയ്ക്ക് അവിശ്വാസം കൊണ്ടുവരാന്‍ കഴിയില്ലെന്ന് അറിയാവുന്ന മമത, സര്‍ക്കാരിനെതിരായ ഇടതുപക്ഷത്തിന്റെ നീക്കം തടഞ്ഞ് ശ്രദ്ധ പിടിച്ചുപറ്റാനാണ് ശ്രമിക്കുന്നത്. ചില്ലറ വ്യാപാര രംഗത്ത് വിദേശനിക്ഷേപത്തെ എതിര്‍ക്കുന്ന യുപിഎ കക്ഷികളെയും സര്‍ക്കാരിന് പിന്നില്‍ അണിനിരക്കാന്‍ പ്രേരിപ്പിക്കുന്നതാണ് അവിശ്വാസപ്രമേയം. ഇടതുപക്ഷത്തിന്റെ നോട്ടീസിനെയും അതിന്മേലുള്ള ചര്‍ച്ചയെയും തൃണമൂലുള്‍പ്പെടെ ചില്ലറ വ്യാപാര രംഗത്ത് വിദേശനിക്ഷേപത്തെ എതിര്‍ക്കുന്ന എല്ലാ കക്ഷികള്‍ക്കും പിന്തുണയ്ക്കേണ്ടി വരും. യുപിഎയെ പിന്തുണയ്ക്കുകയും അതേസമയം ഈ പ്രശ്നത്തില്‍ എതിര്‍ക്കുകയും ചെയ്യുന്ന കക്ഷികള്‍ക്കും ചര്‍ച്ചയില്‍ സര്‍ക്കാര്‍ വിരുദ്ധ നിലപാട് എടുക്കാം. അങ്ങനെ ഇടതുപക്ഷം നേടുന്ന മേല്‍ക്കൈ ഒഴിവാക്കാനും അവരെ അനുകൂലിച്ചെന്ന പഴിയില്‍നിന്ന് രക്ഷപ്പെടാനുമുള്ള തന്ത്രമാണ് മമതയുടേത്. 
 
അവിശ്വാസപ്രമേയം വന്നാല്‍ മറ്റെല്ലാം മാറ്റിവച്ച് അതാകും ആദ്യം ചര്‍ച്ചയ്ക്കു വരിക. തല്‍ക്കാലം സര്‍ക്കാര്‍ വീഴരുതെന്ന് ആഗ്രഹിക്കുന്ന, പുറത്തുനിന്ന് പിന്തുണ നല്‍കുന്ന പല കക്ഷികള്‍ക്കും സര്‍ക്കാരിനെ സംരക്ഷിക്കുന്ന നിലപാട് എടുക്കേണ്ടി വരും. ഫലത്തില്‍ ചില്ലറ വ്യാപാര രംഗത്ത് വിദേശനിക്ഷേപത്തിന് ഭൂരിപക്ഷ പിന്തുണ ഉണ്ടെന്നുവരുത്താന്‍ സര്‍ക്കാരിനാകും. അവിശ്വാസം തള്ളിക്കളഞ്ഞാല്‍ മറ്റുചര്‍ച്ചകള്‍ ഉടന്‍ ഉണ്ടാകില്ല. സര്‍ക്കാരിനെ നിലനിര്‍ത്തുകയും, സര്‍ക്കാര്‍വിരുദ്ധ നിലപാട് എടുത്തെന്ന് വരുത്തുകയും ചെയ്യുന്നതാണ് മമതയുടെ തന്ത്രം. "സര്‍ക്കാര്‍വിരുദ്ധ"പ്രമേയത്തെ ഇടതുപക്ഷം പിന്തുണച്ചില്ലെന്നും മമതയ്ക്ക് പ്രചാരണം നടത്താം. 
 
****
 
ഗോപി

രാഷ്ട്രീയനാടകം: സിപിഐ എം

ന്യൂഡല്‍ഹി: പ്രതിസന്ധിയിലാഴ്ന്ന സര്‍ക്കാരിനെ രക്ഷിക്കാനുള്ള രാഷ്ട്രീയ നാടകമാണ് മമത ബാനര്‍ജിയുടെ അവിശ്വാസപ്രമേയ നീക്കമെന്ന് സിപിഐ എം വ്യക്തമാക്കി. യുപിഎ സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമമായി തൃണമൂല്‍ കോണ്‍ഗ്രസിന്റെ നീക്കത്തെ കാണാനാകില്ലെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. ചില്ലറ വില്‍പ്പനമേഖലയിലെ വിദേശനിക്ഷേപത്തിനെതിരെ രൂപപ്പെടുന്ന രാഷ്ട്രീയ ഐക്യത്തെ തുരങ്കംവയ്ക്കാനുള്ള നീക്കമാണ് മമതയുടേത്. അവിശ്വാസം പരാജയപ്പെട്ടാല്‍ ഇപ്പോള്‍ നടപ്പാക്കുന്ന ജനവിരുദ്ധനയങ്ങള്‍ക്കുള്ള അംഗീകാരമായി സര്‍ക്കാര്‍ ആഘോഷിക്കും. ആ നയങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യും. 
 
തൃണമൂലിന്റെ അവിശ്വാസപ്രമേയം പാസാകാനുള്ള രാഷ്ട്രീയ പിന്തുണ ഇപ്പോഴില്ല. തരം പോലെ മാറിമാറി യുപിഎ, എന്‍ഡിഎ സഖ്യങ്ങളുടെ ഭാഗമായി അധികാരം പങ്കിട്ട മമതയെ ബിജെപിപോലും പിന്തുണയ്ക്കില്ല. രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ആദ്യം അബ്ദുള്‍ കലാമിനെ പിന്തുണച്ച് ഒടുവില്‍ പ്രണബ് മുഖര്‍ജിക്ക്;വോട്ടുചെയ്ത പാര്‍ടിയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. 
 
നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ ഫലപ്രദമായ നീക്കം ചില്ലറവില്‍പന മേഖലയിലെ വിദേശനിക്ഷേപത്തിനെതിരായ വോട്ടെടുപ്പ് ചര്‍ച്ചയാണ്. പാര്‍ലമെന്റിന്റെ ഇരുസഭയിലും വോട്ടെടുപ്പ് ചര്‍ച്ച വേണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷം നോട്ടീസ് നല്‍കി. ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒരുപോലെ ചില്ലറവില്‍പ്പനമേഖലയിലെ വിദേശനിക്ഷേപത്തെ എതിര്‍ക്കുകയാണ്. സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന സമാജ്വാദി പാര്‍ടിയും ബഹുജന്‍സമാജ് പാര്‍ടിയും യുപിഎ സഖ്യത്തിലെ ഡിഎംകെയും വിദേശനിക്ഷേപത്തെ എതിര്‍ക്കുമെന്ന് പരസ്യമായി പറഞ്ഞിട്ടുണ്ട്. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയും വിദേശനിക്ഷേപത്തെ എതിര്‍ക്കും. പാര്‍ലമെന്റിലും ഈ അഭിപ്രായം രേഖപ്പെടുത്തിയാല്‍ അത് യുപിഎ സര്‍ക്കാരിനുള്ള കടുത്ത താക്കീതായിരിക്കും- സിപിഐ എം ചൂണ്ടിക്കാട്ടി.