Showing posts with label വൈമാക്സ്. Show all posts
Showing posts with label വൈമാക്സ്. Show all posts

Friday, February 11, 2011

വൈമാക്സ് കരാറിലും അഴിമതി

2ജി സ്പെക്ട്രം, എസ് ബാന്‍ഡ് സ്പെക്ട്രം അഴിമതികള്‍ക്കു പിന്നാലെ കേന്ദ്രസര്‍ക്കാരിനെ ഉലച്ചുകൊണ്ട് വൈമാക്സ് കരാറും വിവാദത്തില്‍.

അതിവേഗ ഇന്റര്‍നെറ്റ് ലഭ്യത സാധ്യമാക്കുന്ന വൈമാക്സ് സേവനത്തിനായി ബിഎസ്എന്‍എല്‍ നാല് സ്വകാര്യകമ്പനിയുമായി ധാരണയിലെത്തിയതാണ് പുതിയ വിവാദം. കേന്ദ്രസര്‍ക്കാരിന് 8000 കോടി രൂപ പ്രവേശനഫീസിനത്തില്‍ നല്‍കിയാണ് വൈമാക്സ് സേവനം ആരംഭിക്കാന്‍ ബിഎസ്എന്‍എല്‍ അനുമതി തേടിയത്. മുന്‍കൂട്ടി പണം വാങ്ങാതെയാണ് ബിഎസ്എന്‍എല്‍ സ്വകാര്യ കമ്പനികളുമായി കരാറിലേര്‍പ്പെട്ടത്. വന്‍ നഗരങ്ങളില്‍ സേവനം ആരംഭിക്കാനായിരുന്നു പദ്ധതി. ഇതിനായി പ്രത്യേക സ്പെക്ട്രവും ബിഎസ്എന്‍എല്ലിനു ലഭിച്ചു.

എന്നാല്‍, സ്വന്തം നിലയില്‍ വൈമാക്സ് സേവനം ആരംഭിക്കുന്നതിനു പകരം നാല് സ്വകാര്യകമ്പനിയെ ഫ്രാഞ്ചൈസികളെന്ന നിലയില്‍ ചുമതലപ്പെടുത്തുകയാണ് ബിഎസ്എന്‍എല്‍ ചെയ്തത്. സര്‍ക്കാരിന് 8000 കോടി നല്‍കി വൈമാക്സ് അനുമതി വാങ്ങിയ ബിഎസ്എന്‍എല്‍ എന്നാല്‍ സ്വകാര്യകമ്പനികളില്‍നിന്ന് പണമൊന്നും വാങ്ങിയില്ല. വരുമാനം പങ്കിടാമെന്നുമാത്രമാണ് ധാരണ. ചുരുക്കത്തില്‍ ബിഎസ്എന്‍എല്ലിന്റെ ചെലവില്‍ രാജ്യത്ത് വൈമാക്സ് സേവനത്തിന് തുടക്കമിടാനുള്ള അവസരം സ്വകാര്യകമ്പനികള്‍ക്ക് ലഭിച്ചു. ടെറകോം, ടേക് സൊല്യൂഷന്‍സ്, അധീശ്വര്‍, സ്റാര്‍നെറ്റ് എന്നീ കമ്പനികളാണ് ബിഎസ്എന്‍എല്ലുമായി കരാറിലെത്തിയത്. ടെലികോംരംഗത്ത് അത്ര അറിയപ്പെടുന്ന കമ്പനികള്‍ക്കല്ല കരാര്‍ ലഭിച്ചതെന്ന പ്രത്യേകതയുമുണ്ട്.

2ജി സ്പെക്ട്രം അഴിമതിയിലും മറ്റും സംഭവിച്ചതുപോലെ കരാര്‍ നേടിയ കടലാസുകമ്പനികള്‍ പിന്നീട് വന്‍ വിലയ്ക്ക് ഓഹരികള്‍ വില്‍ക്കുകയുംചെയ്തു. വൈമാക്സ് സേവനം എവിടെയും എത്തിയിട്ടുമില്ല. വൈമാക്സ് സ്പെക്ട്രമടക്കം സ്വകാര്യകമ്പനികള്‍ക്ക് നല്‍കുന്നതിനു പുറമെ ബിഎസ്എന്‍എല്ലിന്റെ അരലക്ഷത്തോളം ടവറുകള്‍ സ്വകാര്യകമ്പനികള്‍ക്ക് സ്വന്തമായി ഉപയോഗിക്കാമെന്നും കരാറില്‍ ധാരണയുണ്ട്. ബിഎസ്എന്‍എല്ലിന്റെ ഇരുപതിനായിരത്തോളം ഓഫീസ് ഉപയോഗിക്കാനും സ്വകാര്യകമ്പനികള്‍ക്ക് അധികാരം ലഭിക്കും. സ്വകാര്യകമ്പനികള്‍ക്ക് വന്‍ നേട്ടമുണ്ടാക്കുന്ന ഇടപാട് പുറത്തായതോടെ ടെലികോംമന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു. വിശദമായ അന്വേഷണത്തിനാണ് മന്ത്രി കപില്‍സിബല്‍ ഉത്തരവിട്ടത്. വൈമാക്സ് അഴിമതിയുടെ പൂര്‍ണ ഉത്തരവാദിത്തവും മുന്‍മന്ത്രി എ രാജയുടെ തലയില്‍ കെട്ടിവച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍.

ദേശാഭിമാനി 110211