Wednesday, October 31, 2012

പോരാട്ടചരിത്രത്തില്‍ വേറിട്ട ഏടായി വ്യവസായമേഖലയില്‍ മനുഷ്യച്ചങ്ങല


കൊച്ചി: പരിസ്ഥിതിയെയും വ്യവസായത്തെയും ഒരുപോലെ സംരക്ഷിക്കണമെന്ന മുദ്രാവാക്യവുമായി വ്യവസായമേഖലയില്‍ തീര്‍ത്ത മനുഷ്യച്ചങ്ങലയില്‍ കാല്‍ലക്ഷംപേര്‍ കൈകോര്‍ത്തു. എഫ്എസിടിമുതല്‍ മുപ്പത്തടംവരെയുള്ള ആറര കിലോമീറ്ററാണ് തൊഴിലാളികളും ബഹുജനങ്ങളും ഉള്‍പ്പെടെ ഒരേ മനസ്സോടെ അണിചേര്‍ന്നത്. സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ഓഫ് ട്രേഡ്യൂണിയന്‍സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടി തെറ്റിദ്ധാരണപരത്തി വ്യവസായങ്ങള്‍ക്കെതിരെ ജനങ്ങളെ തിരിച്ചുവിടാനുള്ള ശ്രമങ്ങള്‍ നടത്തുന്നവര്‍ക്ക് കനത്ത താക്കീതുമായി.

തൊഴിലാളികളും ബഹുജനങ്ങളും കുട്ടികളും സ്ത്രീകളും ഉദ്യോഗസ്ഥരും പൗരപ്രമുഖരും അണിനിരന്ന് പെരിയാറിനെയും പരിസ്ഥിതിയെയും വ്യവസായങ്ങളെയും സംരക്ഷിക്കുമെന്ന് കരങ്ങള്‍ കോര്‍ത്ത് പ്രഖ്യാപിച്ചു. തുടര്‍ന്ന് പാതളം കവലയില്‍നടന്ന പൊതുയോഗം സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്തു. മനുഷ്യച്ചങ്ങല ഡിസിസി പ്രസിഡന്റ് വി ജെ പൗലോസ് ഫ്ളാഗ്ഓഫ് ചെയ്തു. പൊതുയോഗത്തില്‍ എഐടിയുസി സംസ്ഥാന സെക്രട്ടറി പി രാജു അധ്യക്ഷനായി. ഐഎന്‍ടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് ബി ശശിധരന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെപിസിസി ജനറല്‍ സെക്രട്ടറി ബെന്നി ബഹനാന്‍ എംഎല്‍എ ആമുഖപ്രഭാഷണം നടത്തി. ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍, സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ ഇ ഇസ്മയില്‍, എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരന്‍, എസ്ടിയു സംസ്ഥാന പ്രസിഡന്റ് അഹമ്മദ്കുട്ടി ഉണ്ണികുളം, യുണൈറ്റഡ് ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് ജോസ് പുത്തന്‍വീട്ടില്‍, സിഐടിയു സംസ്ഥാന സെക്രട്ടറി കെ ചന്ദ്രന്‍പിള്ള, ഡോ. എം പി സുകുമാരന്‍നായര്‍, ഡോ. ഇ പി യശോധരന്‍, സി ബി മൈക്കിള്‍, സിപിഐ ജില്ലാ സെക്രട്ടറി ഇ എ കുമാരന്‍, ബിജെപി ജില്ലാ പ്രസിഡന്റ് പി ജെ തോമസ്, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് എം പി അബ്ദുള്‍ഖാദര്‍ എന്നിവര്‍ സംസാരിച്ചു. സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ഓഫ് ട്രേഡ്യൂണിയന്‍ ജനറല്‍ കണ്‍വീനര്‍ കെ എന്‍ ഗോപിനാഥ് സ്വാഗതവും ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് എന്‍ കെ മോഹന്‍ദാസ് നന്ദിയും പറഞ്ഞു. സിപിഐ എം സംസ്ഥാന കമ്മറ്റി അംഗങ്ങളായ പി രാജീവ് എംപി, എസ് ശര്‍മ എംഎല്‍എ, സി എന്‍ മോഹനന്‍ എന്നിവര്‍ പങ്കെടുത്തു. ഏലൂര്‍-എടയാര്‍ വ്യവസായമേഖലയെ ബന്ധിപ്പിച്ച്, പെരിയാറിനെയും കണ്ണിയാക്കി തീര്‍ത്ത ചങ്ങലയില്‍ വിവിധ സാമൂഹ്യ, സന്നദ്ധ സംഘടനാ പ്രതിനിധികളും സാംസ്കാരിക പ്രവര്‍ത്തകരും സിനിമ-കായികരംഗത്തെ പ്രമുഖരും ജനപ്രതിനിധികളും കണ്ണികളായി.

എംഎല്‍എമാരായ ജോസ് തെറ്റയില്‍, അന്‍വര്‍ സാദത്ത്, ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് ടി പി ഹസന്‍, ജനറല്‍ സെക്രട്ടറി വി പി ജോര്‍ജ്, സിഐടിയു ജില്ലാ സെക്രട്ടറി പി എസ് മോഹനന്‍, പയ്യപ്പിള്ളി ബാലന്‍, സരോജിനി ബാലാനന്ദന്‍, വിവിധ ട്രേഡ്യൂണിയന്‍ നേതാക്കളായ എ എം യൂസഫ്, ആര്‍ രഘുരാജ്, മാത്യു കോലഞ്ചേരി, ജി ബി ഭട്ട്, ജോസഫ് ആന്റണി, കെ കെ ജിന്നാസ്, റാണി മത്തായി, ലൈസ സെബാസ്റ്റ്യന്‍, ശാന്ത ഉണ്ണികൃഷ്ണന്‍, ഷംസുദ്ദീന്‍ മഅ്ദനി, സാദിഖ് അല്‍ ഹസനി, ഹഫ്സല്‍ ബദനി, ഫാ. ആന്റണി സിജന്‍, ഫാ. തോമസ് ഒളാട്ടുപുറം, ഫാ. തദേവൂസ്, ആത്രശേരി രാമന്‍ നമ്പൂതിരി, സ്വാമി ശിവസ്വരൂപാനന്ദ, കലാ-സാംസ്കാരിക രംഗത്തെ പ്രമുഖരായ തോപ്പില്‍ ആന്റോ, സഹീര്‍ അലി, സേവ്യര്‍ പുല്‍പ്പാട്, ഏലൂര്‍ അബ്ദുള്‍ഖാദര്‍, കലാമണ്ഡലം ശങ്കരവാര്യര്‍, എ ആര്‍ രതീശന്‍, മീനാരാജ്, രാജീവ് കളമശേരി, ബാലന്‍ ഏലൂക്കര, കടുങ്ങല്ലൂര്‍ നാരായണന്‍ തുടങ്ങിയവരും കായികരംഗത്തുനിന്ന് കെ എസ് മണി, വാള്‍ട്ടര്‍ ആന്റണി തുടങ്ങിയവരും ചങ്ങലയില്‍ കണ്ണികളായി. തൊഴിലാളിവര്‍ഗ സമരചരിത്രത്തില്‍ ഐതിഹാസിക പോരാട്ടംകൊണ്ട് എക്കാലവും ഇടംപിടിച്ചിട്ടുള്ള വ്യവസായമേഖലയ്ക്ക് വേറിട്ട അനുഭവമായി മനുഷ്യച്ചങ്ങല.


പരിസ്ഥിതി പ്രത്യാഘാതം ഉണ്ടാകാതെ വ്യവസായം നിലനിര്‍ത്തണം: പിണറായി

കൊച്ചി: പരിസ്ഥിതിക്ക് കോട്ടംതട്ടാതെ വ്യവസായങ്ങളെ സംരക്ഷിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പരിസ്ഥിതിയെയും വ്യവസായത്തെയും ഒരുപോലെ സംരക്ഷിക്കുകയെന്ന മുദ്രാവാക്യമുയര്‍ത്തി സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ഓഫ് ട്രേഡ്യൂണിയന്‍സിന്റെ നേതൃത്വത്തില്‍ നടന്ന മനുഷ്യച്ചങ്ങലയെത്തുടര്‍ന്ന് പാതാളം കവലയില്‍ നടന്ന പൊതുയോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

വ്യവസായങ്ങളെ നശിപ്പിക്കാനല്ല സംരക്ഷിക്കാനാണ് അധികൃതര്‍ നടപടി സ്വീകരിക്കേണ്ടത്. എതെങ്കിലുമൊരു കോടതിപരാമര്‍ശം ചൂണ്ടിക്കാട്ടി വ്യവസായം വേണ്ടെന്നുവയ്ക്കാന്‍ കഴിയില്ല. ഇത്തരം പരാമര്‍ശം നടത്തുന്ന കോടതികള്‍ക്ക് തൊഴിലാളികളുടെ ആശങ്കകള്‍ പരിഹരിക്കാനും കഴിയണം. നാടിനുതന്നെ അഭിമാനകരമായ വ്യവസായങ്ങള്‍ അടച്ചുപൂട്ടുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍പോലും കഴിയില്ല. ആയിരക്കണക്കിനു തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടും. ഇത് നാടിന്റെ അഭിവൃദ്ധിയെത്തന്നെ ബാധിക്കും. വേണ്ടത്ര സുരക്ഷാക്രമീകരണങ്ങളോടെയാണോ വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പുവരുത്താന്‍ നീതിപീഠങ്ങള്‍ക്കു കഴിയണം. സുരക്ഷാക്രമീകരണങ്ങള്‍ പാലിച്ച് വ്യവസായം നടത്താന്‍ സ്ഥാപനങ്ങളും തയ്യാറാകണം. പരിസ്ഥിതി പ്രശ്നത്തില്‍ അതിയായ താല്‍പ്പര്യമെടുക്കുന്ന ചിലര്‍ മറ്റൊന്നും വേണ്ടെന്നുപറയുന്നു. പരിസ്ഥിതിക്ക് കോട്ടംതട്ടാതെ വ്യവസായം നടത്താന്‍ കഴിയുമ്പോള്‍ അത് അടച്ചുപൂട്ടാന്‍ പറയുന്നത് നിര്‍ഭാഗ്യകരമാണ്. പെരിയാറില്‍ വെള്ളം വര്‍ധിപ്പിച്ച് സംരക്ഷിക്കാനാണ് അധികൃതര്‍ ശ്രമിക്കേണ്ടതെന്നും പിണറായി പറഞ്ഞു.


deshabhimani

യുഡിഎഫ് സര്‍ക്കാര്‍ സ്ത്രീവിരുദ്ധം: പിണറായി


കുടുംബശ്രീയെ ഉന്മൂലനം ചെയ്യാനുള്ള നീക്കം യുഡിഎഫ് സര്‍ക്കാരിന്റെ സ്ത്രീവിരുദ്ധ മനോഭാവമാണ് വ്യക്തമാക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ചെറുക്കുക എന്ന ആവശ്യമുയര്‍ത്തി സംഘടിപ്പിച്ച അഖിലേന്ത്യാ പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി. സമൂഹത്തില്‍ എല്ലാ തലങ്ങളിലുമുള്ള സ്ത്രീകള്‍ പീഡനത്തിനും അവഗണനയ്ക്കും ഇരയാകുന്നു. ഇതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ കുടുംബശ്രീക്കെതിരെ തിരിഞ്ഞത്.

കുടുംബശ്രീയെ തകര്‍ക്കുന്ന നയത്തിനെതിരായ പോരാട്ടത്തിന് സ്ത്രീകളില്‍നിന്ന് സജീവപിന്തുണയുണ്ടായി. ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായ സമരം ഉയര്‍ന്നുവരുമെന്നതിന്റെ സൂചനയാണിത്. യുഡിഎഫ് ഭരിക്കുമ്പോള്‍ സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചു. പൊതുഇടങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതരായി യാത്ര ചെയ്യാനാകാത്ത അവസ്ഥയാണ്. ട്രെയിനില്‍ പോലും സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നു. കഴിഞ്ഞ ദിവസം കേന്ദ്രസഹമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കര്‍ക്കുണ്ടായ ദുരനുഭവം കോണ്‍ഗ്രസ് സംസ്കാരമാണ് കാണിക്കുന്നത്. മുമ്പ് അംബികാസോണിക്കും ഓസ്കാര്‍ ഫെര്‍ണാണ്ടസിന്റെ ഭാര്യക്കും ഇത്തരം അനുഭവം ഉണ്ടായി. സ്ത്രീകള്‍ ആക്രമിക്കപ്പെടുമ്പോള്‍ കുറ്റകൃത്യങ്ങളില്‍ പൊലീസിലെ ചിലര്‍ പങ്കാളികളാകുന്നു. സംരക്ഷണം കൊടുക്കേണ്ടവര്‍ കുറ്റവാളികളാകുന്ന സാഹചര്യം അനുവദിച്ചുകൂട.

മംഗളൂരുവിലെ ശ്രീരാമസേനയുടെ മറുപതിപ്പായി കേരളത്തിലും സദാചാര പൊലീസ് രംഗത്തുണ്ട്. ഇവര്‍ നിരവധി അക്രമങ്ങളും കൊലപാതകങ്ങള്‍ പോലും നടത്തിയിട്ടുണ്ട്. വര്‍ഗീയ ശക്തികള്‍ സ്ത്രീകളുടെ വസ്ത്രധാരണ രീതിയില്‍വരെ ഇടപെടുന്നു. സ്കൂളുകളില്‍ ഒരു ബെഞ്ചില്‍ ഒരേ മതസ്ഥര്‍തന്നെ ഇരിക്കണമെന്ന് ചില മതഭ്രാന്തന്മാര്‍ നിര്‍ബന്ധിക്കുന്നു. മതനിരപേക്ഷതയുടെ കടയ്ക്കല്‍ കത്തിവയ്ക്കലാണിത്. വര്‍ഗീയ ശക്തികളുടെ ഇത്തരം ഇടപെടല്‍ ഒറ്റപ്പെടുത്തണം. സ്ത്രീപ്രശ്നത്തെ മറ്റു സാമൂഹ്യപ്രശ്നങ്ങളുടെ ഭാഗമെന്ന നിലയില്‍തന്നെ കാണണം. സ്ത്രീവിമോചനം സോഷ്യലിസ്റ്റ് സാമൂഹ്യ വ്യവസ്ഥയിലൂടെയേ പ്രയോഗികമാകൂ. സ്ത്രീകളില്‍ സ്വത്വബോധമുയര്‍ത്തി വര്‍ഗ രാഷ്ട്രീയത്തില്‍ നിന്നകറ്റാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. സ്ത്രീപ്രശ്നങ്ങള്‍ വര്‍ഗപ്രസ്ഥാനങ്ങള്‍ ഏറ്റെടുക്കണം. സാമൂഹ്യ നീതിക്കുവേണ്ടിയുള്ള സമരത്തെ വര്‍ഗസമരത്തിന്റെ തലത്തിലേക്ക് ഉയര്‍ത്തുക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രധാന ഉത്തരവാദിത്തമാണ്- പിണറായി പറഞ്ഞു.

deshabhimani

ഇടതുപക്ഷം പ്രക്ഷോഭം ശക്തമാക്കും


ചില്ലറവില്‍പ്പന മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിച്ചതിനെതിരായ പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കാന്‍ ഇടതുപക്ഷപാര്‍ടികളുടെ യോഗം തീരുമാനിച്ചു. സംസ്ഥാനങ്ങളില്‍ ശക്തമായ പ്രചാരണ പരിപാടികള്‍ നടത്തും. സമാന ചിന്താഗതിയുള്ള രാഷ്ട്രീയപാര്‍ടികള്‍, വ്യാപാരിസംഘടനകള്‍ എന്നിവയെ യോജിപ്പിച്ച് അഖിലേന്ത്യാടിസ്ഥാനത്തില്‍ പ്രക്ഷോഭം നടത്തും. ഡിസംബര്‍ ആദ്യവാരം ദേശീയ കണ്‍വന്‍ഷന്‍ ഡല്‍ഹിയില്‍ നടത്തും. തുടര്‍ന്ന് സംസ്ഥാനങ്ങളിലും സംയുക്ത കണ്‍വന്‍ഷന്‍ ചേരും. പൊതുവിതരണ സംവിധാനം അട്ടിമറിക്കാനും ഭക്ഷ്യ സബ്സിഡി ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കാനുമുള്ള കേന്ദ്ര നീക്കം എന്തു വില കൊടുത്തും ചെറുക്കും. ഭക്ഷ്യ സബ്സിഡി അക്കൗണ്ടുകളിലൂടെ നല്‍കാനുള്ള ശ്രമം പൊതുവിതരണ സംവിധാനം പൂര്‍ണമായി ഇല്ലാതാക്കാനാണെന്ന് യോഗം വിലയിരുത്തി. ഫലപ്രദമായ പൊതുവിതരണ സംവിധാനം നടപ്പാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടത്. അല്ലാതെയുള്ള നീക്കങ്ങളെ അതിശക്തമായി എതിര്‍ക്കും. ഇതുസംബന്ധിച്ച ഭാവി പ്രക്ഷോഭപരിപാടി നവംബര്‍ 12ന് ചേരുന്ന ഇടതുപക്ഷപാര്‍ടികളുടെ യോഗത്തില്‍ തീരുമാനിക്കും. എ കെ ജി ഭവനില്‍ ചേര്‍ന്ന യോഗത്തില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള, സിപിഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി, എ ബി ബര്‍ധന്‍, ഫോര്‍വേഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ദേബബ്രത ബിശ്വാസ് എന്നിവര്‍ പങ്കെടുത്തു.

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവാദിത്തത്തില്‍നിന്ന് പിന്‍വാങ്ങുമെന്ന വ്യക്തമായ സൂചനയാണ് സംസ്ഥാന ഭക്ഷ്യമന്ത്രിമാരുടെ യോഗത്തില്‍ ചൊവ്വാഴ്ച കേന്ദ്ര ഭക്ഷ്യമന്ത്രി കെ വി തോമസ് നല്‍കിയത്. ഭക്ഷ്യ സബ്സിഡി ഇനി ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നല്‍കുമെന്നും ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ അഭിപ്രായം അറിയിക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. ഭക്ഷ്യധാന്യങ്ങള്‍ പൊതുവിതരണ സംവിധാനത്തില്‍നിന്ന് വഴിതിരിച്ചുവിടുന്നത് തടയാനുള്ള നിരവധി നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. റേഷന്‍കാര്‍ഡുകളടക്കം പൊതുവിതരണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഡിജിറ്റലൈസ് ചെയ്യും. ഭക്ഷ്യധാന്യചോര്‍ച്ച തടയാനും വഴിതിരിച്ചുവിടുന്നത് തടയാനുമാണ് സബ്സിഡി ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കാന്‍ പദ്ധതി തയ്യാറാക്കുന്നതെന്ന് മന്ത്രി അവകാശപ്പെട്ടു. ഏതെങ്കിലും കേന്ദ്രഭരണ പ്രദേശത്ത് ഇത് പൈലറ്റ് പദ്ധതിയായി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. നിലവിലുള്ള പൊതുവിതരണ സംവിധാനം പൂര്‍ണമായി ഇല്ലാതാക്കുകയാണ് പുതിയ പരിഷ്കാരങ്ങളുടെ ലക്ഷ്യമെന്ന് വ്യക്തമായി. ഭക്ഷ്യസുരക്ഷയുടെ പേരില്‍ ജനങ്ങളുടെ ഭക്ഷ്യാവകാശത്തെയാണ് കേന്ദ്രസര്‍ക്കാര്‍ കവര്‍ന്നെടുക്കാന്‍ ശ്രമിക്കുന്നത്. ദാരിദ്ര്യരേഖയ്ക്കു താഴെയായി ഭക്ഷ്യസബ്സിഡി പരിമിതപ്പെടുത്തുകയും അതുതന്നെ സാങ്കേതികവിദ്യയുടെ പേരുപറഞ്ഞ് കവര്‍ന്നെടുക്കാന്‍ ശ്രമിക്കുകയുമാണ്.
(വി ജയിന്‍)

deshabhimani

ബംഗാള്‍ സ്ത്രീപീഡനത്തിന്റെ കേന്ദ്രമായി: പ്രകാശ് കാരാട്ട്


തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഒന്നര വര്‍ഷത്തെ ഭരണം പശ്ചിമബംഗാളിനെ സ്ത്രീപീഡനത്തിന്റെ കേന്ദ്രമാക്കി മാറ്റിയെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം ഡല്‍ഹി സംസ്ഥാന കമ്മിറ്റി നടത്തിയ ധര്‍ണ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ ഇടമായിരുന്നു ഇടതുമുന്നണി ഭരണത്തില്‍ പശ്ചിമബംഗാള്‍. മമത ബാനര്‍ജിയുടെ ഭരണത്തില്‍ ഹരിയാനക്കൊപ്പം ഏറ്റവും കൂടുതല്‍ സ്ത്രീപീഡനം നടക്കുന്ന സംസ്ഥാനങ്ങളിലൊന്നായി പശ്ചിമബംഗാള്‍ മാറി. അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് മമത സര്‍ക്കാരിന്റേത്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ വര്‍ധിക്കുകയാണ്. സിനിമയിലൂടെയും വിപണി സംസ്കാരത്തിലൂടെയും സ്ത്രീകളെ താഴ്ത്തിക്കാട്ടുന്നു. ഇതൊക്കെ ഇത്തരം അതിക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു. പല സംഭവങ്ങളിലും കേസുകള്‍ ശരിയായി കൈകാര്യംചെയ്യുന്നില്ലെന്നു മാത്രമല്ല, പരാതി ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താനാണ് സര്‍ക്കാരും പൊലീസും ശ്രമിക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗികാതിക്രമങ്ങള്‍ ഫലപ്രദമായി തടയാനുള്ള നിയമനിര്‍മാണത്തിന്റെ ആവശ്യകതയാണ് ഇത് കാണിക്കുന്നത്. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍തന്നെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം ഫലപ്രദമായി തടയാനാവശ്യമായ നിയമം നിര്‍മിക്കണം. പൊലീസും ഭരണാധികാരികളും ഇക്കാര്യത്തില്‍ കര്‍ശന നിലപാടെടുക്കണം. യഥാസമയം അന്വേഷിച്ച് എഫ്ഐആര്‍ ശരിയായി തയ്യാറാക്കുകയും കേസുകളുടെ വിചാരണ കാലതാമസമില്ലാതെ നടത്തുകയും വേണം. ബലാത്സംഗക്കേസുകള്‍ വിചാരണ ചെയ്യാന്‍ അതിവേഗ കോടതികള്‍ സ്ഥാപിക്കണം. പെണ്‍കുട്ടികള്‍ വീട്ടിലിരിക്കണമെന്നും വിവാഹപ്രായം താഴ്ത്തണമെന്നും അതുമൂലം ബലാത്സംഗം തടയാന്‍ കഴിയുമെന്നുമാണ് ഹരിയാനയിലെ ഖാപ് പഞ്ചായത്തുകള്‍ പറയുന്നത്. സ്ത്രീകളുടെ സാമൂഹ്യപദവിയെ പിന്നിലേക്ക് നയിക്കാന്‍ ഇടയാക്കുന്ന പ്രസ്താവനകളാണിവ. ഈ പ്രാകൃത ചിന്താഗതികളെ സിപിഐ എം ശക്തമായി എതിര്‍ക്കുമെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു.

സിപിഐ എം ഡല്‍ഹി സംസ്ഥാന സെക്രട്ടറി പുഷ്പിന്ദര്‍ ഗ്രെവാള്‍, ആശ ശര്‍മ, നത്തു പ്രസാദ്, ജഗദീഷ് ചന്ദ്, സോണിയ വര്‍മ, മൈമുന മൊള്ള, സുനന്ദ്, ജി മമത എന്നിവര്‍ സംസാരിച്ചു. വിജേന്ദര്‍ ശര്‍മ അധ്യക്ഷനായി. ദുരഭിമാനഹത്യകള്‍ തടയാന്‍ നിയമം കൊണ്ടുവരിക, സ്ത്രീധനവിരുദ്ധ നിയമത്തില്‍ വെള്ളം ചേര്‍ക്കാനുള്ള ശ്രമത്തില്‍നിന്ന് പിന്തിരിയുക, ഖാപ് പഞ്ചായത്തുകളുടെ സ്ത്രീവിരുദ്ധ നടപടികള്‍ തടയുക, ബലാല്‍സംഗ കേസുകള്‍ വിചാരണചെയ്യാന്‍ അതിവേഗ കോടതികള്‍ സ്ഥാപിക്കുക എന്നീ ആവശ്യങ്ങളും ധര്‍ണ ഉന്നയിച്ചു. ഈ ആവശ്യങ്ങളടങ്ങുന്ന നിവേദനം കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെക്ക് നല്‍കി.

deshabhimani

യുഡിഎഫ് വെച്ച കെണിയില്‍വീണു ചെങ്ങറ സമരക്കാര്‍


ഒരു പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തില്‍ ളാഹ ഗോപാലന്‍ ഇങ്ങനെ പറഞ്ഞു. "യുഡിഎഫ് സര്‍ക്കാര്‍ തന്ന ഉറപ്പ് കടലാസിലാണ്. അവിടെയുള്ള 1000 പേര്‍ക്ക് 25 സെന്റ് വീതം നല്‍കാമെന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ പറയുന്നത്. ഞങ്ങള്‍ ഭുരഹിതരെ യുഡിഎഫ് സര്‍ക്കാരും വഞ്ചിച്ചു".

ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ കുമ്പഴ എസ്റ്റേറ്റിലെ ചെങ്ങറയില്‍ കൈയേറി കുടില്‍കെട്ടി താമസിക്കുന്നവരുടെ നേതാവാണ് ളാഹ ഗോപാലന്‍. 2007 ആഗസ്റ്റ് നാലിനായിരുന്നു കൈയേറ്റം. അന്ന് എല്‍ഡിഎഫ് ഗവണ്‍മെന്റ് ഭരിക്കുന്നതിനാല്‍ കോണ്‍ഗ്രസുകാരും ബിജെപിക്കാരുമെല്ലാം ഐക്യദാര്‍ഢ്യവുമായെത്തി. ""ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍ നിങ്ങളുടെ മുഴുവന്‍ ആവശ്യവും അനുവദിക്കുമെന്ന്"" ഉമ്മന്‍ ചാണ്ടിയും പ്രഖ്യാപിച്ചു. "അതോടെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വേണ്ടി ളാഹ ഗോപാലന്‍ സംസ്ഥാന വ്യാപകമായി പ്രചാരണ ജാഥ നടത്തി. അധികാരത്തില്‍ വന്നതോടെയാണ് ളാഹ ഗോപാലന് യുഡിഎഫിന്റെ തനിനിറം ബോധ്യപ്പെട്ടത്.

പട്ടികജാതി വിഭാഗത്തില്‍പെട്ടവര്‍ക്ക് അഞ്ചേക്കര്‍ കൃഷിഭൂമിയും കാര്‍ഷികാവശ്യത്തിനായി 50,000 രൂപയുമായിരുന്നു ഗോപാലന്റെ ആവശ്യം. ആവശ്യം നേടുന്നതുവരെ ഒഴിഞ്ഞുപോകില്ലെന്ന് പറഞ്ഞ ഗോപാലന്‍ ആത്മഹത്യ സ്ക്വാഡിനെ തയ്യാറാക്കി നിര്‍ത്തി. ഇതിനിടെ ജില്ലാ ഭരണകൂടം സര്‍ക്കാര്‍ സഹായത്തോടെ രക്തം ചിന്താതെ ഒഴിവാക്കാന്‍ ശ്രമിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ബലമായി ഒഴിപ്പിക്കേണ്ടതില്ലെന്നായിരുന്നു അന്നത്തെ എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ തീരുമാനം. വിവിധ തലങ്ങളില്‍ ചര്‍ച്ച നടത്തി. മന്ത്രിസഭാ ഉപസമിതിയും രൂപീകരിച്ചു. ഇതിന്റെയടിസ്ഥാനത്തില്‍ 2009 സെപ്തംബര്‍ അഞ്ചിന് അന്നത്തെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി. പ്രതിപക്ഷ നേതാവും മന്ത്രിമാരും പങ്കെടുത്തു. യോഗതീരുമാനപ്രകാരം പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ഒരേക്കര്‍ വീതവും പട്ടികജാതി കുടുംബങ്ങള്‍ക്ക് 50 സെന്റ് വീതവും മറ്റ് വിഭാഗങ്ങള്‍ക്ക് 25 സെന്റ് വീതവും നല്‍കാന്‍ തീരുമാനിച്ചു. അഞ്ച് സെന്റില്‍ താഴെ ഭൂമിയുള്ള കുടുംബങ്ങളെയും ഭൂരഹിതരുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്താനും തീരുമാനമായി. ഇതിന് പുറമെ പട്ടിക വര്‍ഗ കുടുംബത്തിന് വീട് വയ്ക്കാന്‍ ഒന്നേകാല്‍ ലക്ഷവും പട്ടികജാതി കുടുംബത്തിന് ഒരു ലക്ഷവും മറ്റ് വിഭാഗങ്ങള്‍ക്ക് 75,000 വീതവും നല്‍കാന്‍ തീരുമാനിച്ചു. സമരത്തില്‍ പങ്കെടുത്തവരും ഭൂമി ലഭിക്കാന്‍ അര്‍ഹതയുള്ളവരെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളവരുമായ 1459 കുടുംബങ്ങള്‍ക്കാണ് ഈ പാക്കേജ് പ്രഖ്യാപിച്ചത്. ഇതിനായി വിവിധ ജില്ലകളിലായി 831 ഏക്കര്‍ ഭൂമി കണ്ടെത്തുകയും ചെയ്തു. ഏത് ജില്ലയിലെ ഭൂമി എന്നത് നറുക്കിട്ടാണ് തെരഞ്ഞടുത്ത്. ഈ സംവിധാനങ്ങളെയെല്ലാം യുഡിഎഫ് നേതാക്കള്‍ക്കു വേണ്ടി തള്ളിക്കളഞ്ഞ് കൈയേറ്റ ഭൂമിയില്‍ കിടന്നവരാണ് ഇപ്പോള്‍ വഞ്ചിതരായത്. സിപിഐ എമ്മിനും എല്‍ഡിഎഫിനുമെതിരെ പ്രചാരണം നടത്തിയവര്‍ ഇപ്പോള്‍ തൃശങ്കുവിലാണ്.

deshabhimani

മുഖ്യപ്രഭാഷകന്‍ 5 മാസം മുമ്പ് മരിച്ച കവി; ഗംഗോപാധ്യായയെയും അറിയില്ല


സാഹിത്യവും ഭാഷയും അറിയാത്തവരുടെ സംഘാടന വീഴ്ചകൊണ്ട് മലയാളത്തിന് അപമാനമായി മാറിയ വിശ്വമലയള മഹോത്സവത്തില്‍ ഭാഷയെയും സാഹിത്യത്തെയും അവഹേളിക്കുന്നത് തുടരുന്നു. ഉദ്ഘാടന ദിവസമായ ചൊവ്വാഴ്ചത്തെ സെമിനാറിലെ മുഖ്യപ്രഭാഷകന്‍ അഞ്ചുമാസംമുമ്പ് അന്തരിച്ച കവിയും ദളിത് പ്രവര്‍ത്തകനുമായ സണ്ണി കവിക്കാടാണ്. കോട്ടയം മധുരവേലി സ്വദേശിയായ സണ്ണി 2012 മെയ് 14നാണ് മരിച്ചത്. വൈകിട്ട് കനകക്കുന്ന് പുസ്തകോത്സവത്തില്‍ നടക്കുന്ന "ദളിത് ജീവിതം കാലങ്ങളിലൂടെ" എന്ന സെമിനാറിലാണ് സണ്ണിമുഖ്യപ്രഭാഷകനാകുന്നത്.അകാലത്തില്‍ പൊലിഞ്ഞ കവിക്ക് ഒരാദരംപോലും ഇതുവരെ അര്‍പ്പിക്കാത്ത സാംസ്കാരികവകുപ്പും സാഹിത്യ അക്കാദമിയുമാണ് എം ടി വാസുദേവന്‍നായരടക്കം പങ്കെടുക്കുന്ന ചടങ്ങില്‍ മുഖ്യപ്രഭാഷകനായി പരേതനെ നിയോഗിച്ചിരിക്കുന്നത്.

മഹോത്സവത്തിന്റെ വാര്‍ത്താപത്രികയിലും തെറ്റുകളുടെ പൂരമാണ്. ഒരാഴ്ചമുമ്പ് അന്തരിച്ച വിഖ്യാത ബംഗാളി സാഹിത്യകാരന്‍ സുനില്‍ ഗംഗോപാധ്യായ മഹോത്സവനടത്തിപ്പുകാര്‍ക്ക് കന്നട കവി ഡോ. സിദ്ധലിംഗപട്ടണ ഷെട്ടിയാണ്. കന്നട കവിയുടെ പേരും തെറ്റി. പട്ടണഷെട്ടി എന്നതിനു പകരം പട്ടാന്‍ ഷെട്ടി എന്നാണ് നല്‍കിയിരിക്കുന്നത്. മഹോത്സവം ധൂര്‍ത്തിനാണെന്നുള്ള സാഹിത്യ അക്കാദമി അംഗങ്ങള്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ മുഴുവന്‍ അക്ഷരാര്‍ഥത്തില്‍ ശരിവയ്ക്കുന്നതാണ് പരേതനെ മുഖ്യ പ്രഭാഷകനാക്കിയതിലൂടെ വെളിപ്പെടുന്നത്. പ്രഭാഷണത്തിന് പരേതന്‍ വന്നില്ലെങ്കിലും പരിപാടികഴിഞ്ഞ് യാത്രപ്പടി കണക്കില്‍ പരേതനും വന്‍ തുക ചെലവഴിക്കുമെന്നുറപ്പ്.

സാഹിത്യകാരന്മാരെ അറിയാതെ പ്രതിമകള്‍ സ്ഥാപിച്ചും കവികളെ ഗ്രേഡ് തിരിച്ച് അപമാനിച്ചും സാക്ഷരകേരളത്തിന് അപമാനമായി മാറിയ മഹോത്സവത്തില്‍ ദേശീയ സാഹിത്യനായകരെയും അപമാനിച്ചിരിക്കുകയാണ്.

deshabhimani

കേന്ദ്രമന്ത്രിയുടെ വാദം തെറ്റെന്ന് ഡിഎംആര്‍സി രേഖ


ഭരണം മാറി, ട്രാക്ക് തെറ്റി

മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം അട്ടിമറിച്ചാണ് വളഞ്ഞവഴിയിലൂടെ കൊച്ചി മെട്രോ നിര്‍മാണച്ചുമതലയില്‍ നിന്ന് ഡിഎംആര്‍സിയെയും ഇ ശ്രീധരനെയും ഒഴിവാക്കി സ്വകാര്യ കമ്പനികളെ കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. പദ്ധതി സമയ ബന്ധിതമായും അഴിമതിരഹിതമായും പൂര്‍ത്തിയാക്കണമെന്ന ഉദ്ദേശത്തോടെ നിര്‍മാണച്ചുമതല ഡിഎംആര്‍സിയെത്തന്നെ ഏല്‍പ്പിക്കണമെന്ന് കേന്ദ്ര നഗരാസൂത്രണ മന്ത്രാലയത്തോടും പ്രധാനമന്ത്രിയോടും എല്‍ഡിഎഫ് സര്‍ക്കാര്‍ രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് ഡിഎംആര്‍സിയും ഇ ശ്രീധരനും കൊച്ചിയില്‍ ഓഫീസ് തുറന്ന് മുന്നൊരുക്കങ്ങള്‍ നടത്തി.

എന്നാല്‍, യുഡിഎഫ് അധികാരത്തിലെത്തിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. കൊച്ചി മെട്രോയ്ക്ക് അനുയോജ്യമായത് ഡല്‍ഹി മെട്രോ മാതൃകയാണെന്ന് അറിയിച്ച് 2008ല്‍ കേന്ദ്ര നഗരാസൂത്രണ സെക്രട്ടറിക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ കത്തയച്ചിരുന്നു. അതില്‍ത്തന്നെ ഡിഎംആര്‍സി നിര്‍മാണം ഏറ്റെടുക്കണമെന്ന താല്‍പ്പര്യം അറിയിച്ചു. ഡല്‍ഹി മെട്രോ മാതൃകയ്ക്ക് അനുമതി നല്‍കണമെന്നും പദ്ധതി ഡിഎംആര്‍സിക്ക് കൈമാറി എത്രയുംവേഗം പൂര്‍ത്തിയാക്കാന്‍ നടപടി എടുക്കണമെന്നുമായിരുന്നു സെപ്തംബര്‍ എട്ടിന് അയച്ച കത്തിന്റെ ഉള്ളടക്കം. അതിനു മുമ്പ് 2007 ജൂണില്‍ പ്രധാനമന്ത്രിക്ക് എഴുതിയ കത്തിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കെഎംആര്‍എല്‍ രൂപീകരിക്കുന്നതിനെക്കുറിച്ചും അതില്‍ പറയുന്നു. കേന്ദ്ര-സംസ്ഥാന പങ്കാളിത്തത്തോടെ രൂപീകരിക്കുന്ന പ്രത്യേക സംവിധാനത്തിന് മെട്രോ നിര്‍മാണംപോലുള്ള സങ്കീര്‍ണമായ പദ്ധതി ഏറ്റെടുക്കാനുള്ള പരിചയമോ ശേഷിയോ ഉണ്ടാകില്ല. ഈ പ്രത്യേക സംവിധാനത്തിന്റെ മേല്‍നോട്ടത്തില്‍ ഡിഎംആര്‍സിതന്നെ നിര്‍മാണം ഏറ്റെടുക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു. 2009 അവസാനത്തോടെ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഫെബ്രുവരിയില്‍ത്തന്നെ കൊച്ചി മെട്രോയുടെ ചുമതല ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഡിഎംആര്‍സിയോട് ആവശ്യപ്പെട്ടു. ആ വര്‍ഷം ജനുവരിയില്‍ ചെന്നൈ മെട്രോയ്ക്ക് കേന്ദ്രാനുമതി കിട്ടിയെങ്കിലും അജ്ഞാത കാരണങ്ങളാല്‍ കൊച്ചിയെ തഴഞ്ഞു. 2009 ജൂണില്‍ ഡിഎംആര്‍സി കൊച്ചിയില്‍ ഓഫീസ് തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു. മെട്രോ അനുബന്ധ വികസനപദ്ധതികള്‍ ആവിഷ്കരിച്ചത് ഈ സമയത്താണ്. നോര്‍ത്ത് മേല്‍പ്പാലം പുനര്‍നിര്‍മാണം ഉള്‍പ്പെടെ നാല് പ്രധാന വികസനപദ്ധതികള്‍ക്ക് രൂപം നല്‍കി നിര്‍മാണച്ചുമതല ഡിഎംആര്‍സിക്ക് കൈമാറി 2010 മാര്‍ച്ച് 19ന് ഉത്തരവായി. സലിം രാജന്‍ റോഡിലെ പുതിയ മേല്‍പ്പാലം നിര്‍മാണം, സൗത്ത് റെയില്‍വേസ്റ്റേഷന്‍ റോഡ് വീതികൂട്ടല്‍, എംജി റോഡ് വികസിപ്പിക്കല്‍, ബാനര്‍ജി റോഡ് വികസിപ്പിക്കല്‍ എന്നിവയായിരുന്നു മറ്റു പദ്ധതികള്‍. ഇതിനായി 158.68 കോടി രൂപ അനുവദിക്കുകയും ചെയ്തു. ഈ പദ്ധതികളുടെ ഉല്‍ഘാടനം നിര്‍വഹിക്കുക മാത്രമാണ് തുടര്‍ന്നു വന്ന യുഡിഎഫ് സര്‍ക്കാരിനു ചെയ്യാനുണ്ടായിരുന്നത്.

മെട്രോ പദ്ധതിയുടെ സുതാര്യമായ നടത്തിപ്പിന് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ കാര്യങ്ങള്‍ അട്ടിമറിക്കുന്ന കാഴ്ചയാണ് പിന്നീടു കണ്ടത്. പദ്ധതിക്ക് ആഗോള ടെന്‍ഡര്‍ വേണമെന്ന് ആദ്യം ആവശ്യപ്പെട്ടത് പൊതുമരാമത്ത്മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞാണ്. 2011 ഫെബ്രുവരിയിലായിരുന്നു അത്. തുടര്‍ന്നിങ്ങോട്ട് ഡിഎംആര്‍സിയെയും ഇ ശ്രീധരനെയും പദ്ധതിയില്‍നിന്ന് ഒഴിവാക്കാനായിരുന്നു ശ്രമം. കെഎംആര്‍എല്‍ രൂപീകരിച്ച് ടോം ജോസിനെ എംഡി സ്ഥാനത്ത് അവരോധിച്ചതോടെ അതിന് ആക്കംകൂടി. നിര്‍മാണം ഏറ്റെടുക്കാന്‍ ഡിഎംആര്‍സി ധാരണപത്രം സമര്‍പ്പിച്ചെങ്കിലും മറുപടിപോലും നല്‍കിയില്ല. ജപ്പാന്‍ വായ്പയുടെയും കേന്ദ്ര വിജിലന്‍സ് കമീഷന്‍ ഉത്തരവിന്റെയും പ്രശ്നമുയര്‍ത്തിയും ഡിഎംആര്‍സിയെ കുടുക്കാന്‍ നോക്കി. കെഎംആര്‍എലിന്റെ രണ്ട് ബോര്‍ഡ് യോഗങ്ങളിലും ഡിഎംആര്‍സിയെ പരാമര്‍ശിച്ചില്ല. വിവാദമുയര്‍ന്ന ഘട്ടത്തില്‍ മൂന്ന് മന്ത്രിസഭായോഗങ്ങള്‍ ഡിഎംആര്‍സിയെ അനുകൂലിച്ച് തീരുമാനം എടുത്തെങ്കിലും അതൊന്നും ഉത്തരവായി ഇറങ്ങിയില്ല.

കേന്ദ്രമന്ത്രിയുടെ വാദം തെറ്റെന്ന് ഡിഎംആര്‍സി രേഖ

കൊച്ചി: കൊച്ചി മെട്രോ റെയില്‍ നിര്‍മാണച്ചുമതല ഏറ്റെടുക്കുന്നത് ഡിഎംആര്‍സിക്ക് അധികഭാരമാകുമെന്ന കേന്ദ്ര നഗരവികസനമന്ത്രി കമല്‍നാഥിന്റെ വിശദീകരണം തെറ്റെന്ന് ഡിഎംആര്‍സി രേഖകള്‍. കൊച്ചി മെട്രോ നിര്‍മാണം ഏറ്റെടുക്കാനായിമാത്രം 30 സിവില്‍ എന്‍ജിനിയര്‍മാരെയാണ് പുതുതായി തെരഞ്ഞെടുത്തത്. കൊച്ചി മെട്രോ നടപ്പാക്കുന്നതിലേക്ക് എന്ന പേരില്‍ 2012 ഫെബ്രുവരിയില്‍ പ്രസിദ്ധപ്പെടുത്തിയ തെരഞ്ഞെടുപ്പ് നോട്ടീസ് ഡിഎംആര്‍സി വെബ്സൈറ്റില്‍ ലഭ്യമാണ്. തിങ്കളാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് കേന്ദ്രമന്ത്രി കമല്‍നാഥ് ഡിഎംആര്‍സിയുടെ അസൗകര്യം അറിയിച്ചത്.

എന്നാല്‍ വെബ്സൈറ്റിലെ നോട്ടീസ് പ്രകാരംതന്നെ കേന്ദ്രമന്ത്രിയുടെ വിശദീകരണം തെറ്റാണെന്ന് പി രാജീവ് എംപി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതുപ്രകാരം 30 സിവില്‍ എന്‍ജിനിയര്‍മാരെ മൂന്നുമാസം പരിശീലനവും നല്‍കി ഡിഎംആര്‍സി നിയമിച്ചു. കൊച്ചി മെട്രോയുടെ നിര്‍മാണത്തിന് ഈ ശേഷിതന്നെ മതിയാകുമെന്നാണ് ഉന്നത ഡിഎംആര്‍സി ഉദ്യോഗസ്ഥന്‍ പറഞ്ഞത്. മെട്രോ നിര്‍മാണാവശ്യങ്ങള്‍ക്കായി ഈ എന്‍ജിനിയര്‍മാര്‍ മാസങ്ങളായി കൊച്ചിയിലുണ്ട്. പദ്ധതിയുടെ വിശദമായ ഡിസൈനും ടെന്‍ഡര്‍ രേഖകളുംവരെ ഇവര്‍ തയ്യാറാക്കിയിട്ടുമുണ്ട്. എന്നിട്ടും അധികബാധ്യതയാകുമെന്ന് കമല്‍നാഥ് പറഞ്ഞത് കൊച്ചി പദ്ധതിയില്‍നിന്ന് ഒഴിയാന്‍വേണ്ടി മാത്രമാണ്.

ഡിഎംആര്‍സി ഡല്‍ഹിക്കുപുറത്ത് കൂടുതല്‍ ജോലികള്‍ പുതുതായി ഏറ്റെടുത്തിട്ടുണ്ടെന്ന വാദവും തെറ്റാണ്. കൊച്ചി മെട്രോ നിര്‍മാണം ഡിഎംആര്‍സിയെ ഏല്‍പ്പിക്കുമ്പോള്‍ അവര്‍ നേരത്തെ ഏറ്റെടുക്കാന്‍ തീരുമാനിച്ചതില്‍ കൂടുതലായി ഒരു കരാറും ഏറ്റെടുത്തിട്ടില്ല. ഉത്തര്‍പ്രദേശിലെയും ഹരിയാണയിലെയും പുതിയ മെട്രോ ലൈനുകളുടെ നിര്‍മാണം ഏറ്റെടുത്തത് മുന്‍തീരുമാനപ്രകാരമാണ്. കേന്ദ്രസര്‍ക്കാരിനു പങ്കാളിത്തമില്ലാത്ത, രാജസ്ഥാന്‍ സര്‍ക്കാരിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള 9732 കോടിയുടെ ജയ്പുര്‍ മെട്രോ നടപ്പാക്കുന്നത് ഡിഎംആര്‍സിയാണ്. എന്നിട്ടും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തുല്യ പങ്കാളിത്തമുള്ള കൊച്ചി മെട്രോയില്‍നിന്ന് എന്തുകൊണ്ട് ഡിഎംആര്‍സിയെ ഒഴിവാക്കുന്നു എന്നത് ദുരൂഹമാണെന്നും പി രാജീവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

deshabhimani

സുനന്ദയെ അപമാനിച്ചവര്‍ക്കെതിരെ നടപടി വേണം: ശശി തരൂര്‍


വിമാനത്താവളത്തില്‍ കോണ്‍ഗ്രസുകാര്‍ അപമാനിച്ചു; സുനന്ദ കരണത്തടിച്ചു

സത്യപ്രതിജ്ഞ കഴിഞ്ഞുവരുന്ന കേന്ദ്ര സഹമന്ത്രി ശശി തരൂരിനെ സ്വീകരിക്കാനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഭാര്യ സുനന്ദ പുഷ്കറിനെ അപമാനിച്ചു. വൃത്തികെട്ട പെരുമാറ്റത്തില്‍ രോഷാകുലയായ സുനന്ദ ഒരു പ്രവര്‍ത്തകന്റെ കരണത്തടിച്ചു. തിങ്കളാഴ്ച പകല്‍ ഒന്നോടെ തരൂരും ഭാര്യയും തിരുവനന്തപുരത്ത് വിമാനം ഇറങ്ങിയപ്പോഴാണ് സംഭവം. കോണ്‍ഗ്രസ് നേതാക്കളോടൊപ്പം യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകരും മന്ത്രിക്ക് അഭിവാദ്യം വിളിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു. മന്ത്രിയെ വളഞ്ഞ് അനുമോദക്കുന്നതിനിടെയാണ് തിരക്കില്‍ പെട്ട സുനന്ദയ്ക്കു നേരെ പ്രവര്‍ത്തകരുടെ "കൈ" നീണ്ടത്.

നിസ്സഹായയായ സുനന്ദ ശബ്ദമുയര്‍ത്തി അപമാനിക്കുന്നവരെ അകറ്റാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അവര്‍ നിലവിളിക്കുന്ന സ്ഥിതിയായെങ്കിലും പ്രവര്‍ത്തകര്‍ക്ക് "വിടാന്‍" ഭാവമില്ലായിരുന്നു. സഹിക്കാനാവാതെ വന്നപ്പോള്‍ അവര്‍ ഒരാളുടെ കരണത്തടിച്ചു. "ബെഗേഴ്സ്... ഡോഗ്സ്... (തെണ്ടികളേ...പട്ടികളേ) എന്നു ചീത്തവിളിച്ചു. വീണ്ടും അടിക്കാന്‍ മുതിര്‍ന്നെങ്കിലും സുനന്ദയുടെ "കൈ അടയാളം" മുഖത്ത് പതിഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകനടക്കമുള്ളവര്‍ മുങ്ങി. ഏറെ പണിപ്പെട്ടാണ് ഏതാനും മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സുനന്ദയ്ക്ക് സംരക്ഷണവലയം തീര്‍ത്തത്.

മന്ത്രിയെയും സ്വീകരിച്ച് വാഹനവ്യൂഹം ഡിസിസി ഓഫീസിലേക്ക് നീങ്ങി. വിമാനത്താവളത്തില്‍ ലഭിച്ച വരവേല്‍പ്പിന്റെ ഞെട്ടലില്‍, ഡിസിസിയുടെ സ്വീകരണത്തിലേക്ക് കയറാന്‍പോലും സുനന്ദ തയ്യാറായില്ല. നേതാക്കള്‍ ഇടപെട്ടിട്ടും വഴങ്ങാതായതോടെ അവരെ കാറില്‍ വീട്ടിലെത്തിച്ചു. പൊലീസ് കാവലിലാണ് കോണ്‍ഗ്രസുകാര്‍ കേരളത്തെയാകെ അപമാനിക്കുംവിധം വിമാനത്താവളത്തില്‍ അഴിഞ്ഞാടിയത്. കേന്ദ്രമന്ത്രിയെയും ഭാര്യയെയും സുരക്ഷിതമായി എത്തിക്കാന്‍ ശ്രമിക്കുന്നതിനു പകരം പൊലീസ് എല്ലാം കണ്ടുനിന്നു.

സുനന്ദയെ അപമാനിച്ചവര്‍ക്കെതിരെ നടപടി വേണം: ശശി തരൂര്‍

തിരു: വിമാനത്താവളത്തില്‍ സുനന്ദ പുഷ്കറിനെ അപമാനിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടപടി വേണമെന്ന് ഭര്‍ത്താവും കേന്ദ്രമന്ത്രിയുമായ ശശി തരൂര്‍ ആവശ്യപ്പെട്ടു. "മന്ത്രിയായതിന്റെ സന്തോഷത്തിനിടയിലാണെങ്കിലും ഞങ്ങള്‍ ഇത് വിടില്ല. ദൃശ്യങ്ങളില്‍ പ്രതികളാരാണെന്ന് വ്യക്തമാണ്. അവര്‍ക്കെതിരെ നടപടി വേണം. നേതൃത്വം നടപടിയെടുക്കുമെന്നാണ് പ്രതീക്ഷ. ശിക്ഷിച്ചില്ലെങ്കില്‍ അവര്‍ ഇതാവര്‍ത്തിക്കും"- തരൂര്‍ പറഞ്ഞു.

അതേസമയം, സുനന്ദയെ പരസ്യമായി അപമാനിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ല. പരാതി കിട്ടിയിട്ടില്ലെന്ന മുടന്തന്‍ ന്യായമാണ് പൊലീസ് ഉയര്‍ത്തുന്നത്. പൊലീസ് നോക്കിനില്‍ക്കെയായിരുന്നു അഴിഞ്ഞാട്ടം. കോണ്‍ഗ്രസുകാര്‍ക്കിടയില്‍ കുടുങ്ങിപ്പോയ സുനന്ദയെ രക്ഷിക്കാന്‍ തരൂര്‍ പാടുപെട്ടിരുന്നു. അദ്ദേഹം പൊലീസിനെ വിളിച്ചിട്ടും കാര്യമുണ്ടായില്ല. കേന്ദ്രമന്ത്രിയുടെ ഭാര്യക്കുപോലും സ്വന്തം പാര്‍ടിക്കാരുടെ ഇടയില്‍ രക്ഷയില്ലെന്നുവരുന്നത് അങ്ങേയറ്റം അപമാനകരമാണെന്നും നടപടി വേണമെന്നും അദ്ദേഹം കോണ്‍ഗ്രസ് നേതൃത്വത്തെ ധരിപ്പിച്ചതായി അറിയുന്നു.

വീണ്ടും കേന്ദ്രമന്ത്രിയായി തലസ്ഥാനത്ത് തിരിച്ചെത്തിയ ശശി തരൂരിനെ സ്വീകരിക്കാനായി വിമാനത്താവളത്തിലെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ചിലരാണ് സുനന്ദയെ തിരക്കിനിടെ "കൈ" വച്ചത്. രോഷാകുലയായ അവര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മുഖത്തടിക്കുകയുംചെയ്തു. പാര്‍ടി പ്രവര്‍ത്തകരുടെ അസഭ്യമായ പെരുമാറ്റം അനുഭവിക്കേണ്ടി വന്നതോടെ മാനസികമായും സുനന്ദ തളര്‍ന്നതായാണ് വിവരം. തരൂരിനെ ആനയിച്ച് അണികള്‍ ഡിസിസി ഓഫീസിലേക്ക് പോയപ്പോള്‍ ഒപ്പം പോകാന്‍ അവര്‍ തയ്യാറായില്ല. അപമാനഭാരത്താല്‍ തളര്‍ന്ന അവര്‍ കോവളത്തെ ഹോട്ടലില്‍ തങ്ങുകയായിരുന്നു. പുറത്തിറങ്ങാന്‍പോലും മടികാണിച്ചതായാണ് വിവരം. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അതിക്രമത്തില്‍ തലസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളാരും പ്രതികരിക്കാത്തതിലും തരൂരിന് അമര്‍ഷമുണ്ട്. അമ്പത് കോടിയുടെ ഗേള്‍ഫ്രണ്ടാണ് ശശി തരൂരിന്റെ ഭാര്യയെന്ന ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ പരാമര്‍ശത്തെ തരൂര്‍ അപലപിച്ചു. "ഭാര്യയുടെ മൂല്യം കോടികള്‍ അടിസ്ഥാനമാക്കിയല്ല കണക്കാക്കുന്നത്. ഭാര്യ തന്റെ വിലമതിക്കാനാകാത്ത സ്വത്താണ്. സ്നേഹിക്കുന്നവര്‍ക്കറിയാം ഭാര്യ വിലമതിക്കാനാകാത്തതാണെന്ന്"- തരൂര്‍ പറഞ്ഞു.

കേരളത്തിന് അപമാനം: പി കെ ശ്രീമതി

തിരുവനന്തപുരം വിമാനത്താവളത്തില്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിനുണ്ടായ ദുരനുഭവം കേരളത്തിനാകെ അപമാനമാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി പറഞ്ഞു. സ്ത്രീത്വത്തെയാകെ കോണ്‍ഗ്രസുകാര്‍ അപമാനിച്ചു. രാജ്യത്തിനു മുമ്പില്‍ മലയാളികളെ നാണംകെടുത്തുന്ന അഴിഞ്ഞാട്ടമാണ് ശശി തരൂരിനെ സ്വീകരിക്കാനെന്ന പേരില്‍ എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയത്. വിമാനത്താവളത്തില്‍ നേരിടേണ്ടിവന്ന ദുരനുഭവം സുനന്ദയെ എത്രത്തോളം വേദനിപ്പിക്കുകയും ക്രുദ്ധയാക്കുകയും ചെയ്തെന്ന് മാധ്യമങ്ങളില്‍ വന്ന ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്. ഒരു കേന്ദ്രമന്ത്രിയുടെ ഭാര്യക്ക് ഇതാണ് അനുഭവമെങ്കില്‍ നമ്മുടെ നാട്ടിലെ സാധാരണസ്ത്രീകളുടെ അവസ്ഥ എന്താകും. ഭാര്യയെ അപമാനിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ശശി തരൂര്‍ ആവശ്യപ്പെട്ടത് ന്യായമാണ്. അതിക്രമം കാണിച്ചവരെ എത്രയും പെട്ടെന്ന് പിടികൂടണം. ഇതിന് സംസ്ഥാന സര്‍ക്കാര്‍ അടിയന്തരനടപടിയെടുക്കണം. കേരളത്തിലെ ഒട്ടുമിക്ക മാധ്യമങ്ങളും കോണ്‍ഗ്രസ് അഴിഞ്ഞാട്ടം മറച്ചുപിടിച്ചു. ഒരു സ്ത്രീക്ക് നേരിടേണ്ടിവന്ന കടുത്ത അപമാനം മൂടിവച്ച് കോണ്‍ഗ്രസുകാരെ വെള്ളപൂശാന്‍ പാടുപെട്ട മാധ്യമങ്ങള്‍ അപമാനമായെന്നും ശ്രീമതി പ്രസ്താവനയില്‍ പറഞ്ഞു.

കേന്ദ്രമന്ത്രിയുടെ ഭാര്യക്കുപോലും കേരളത്തില്‍ രക്ഷയില്ല: കോടിയേരി

കേന്ദ്രമന്ത്രിയുടെ ഭാര്യക്കുപോലും സ്വസ്ഥമായി പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത സ്ഥിതിയാണ് കേരളത്തിലുള്ളതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഒരു കേന്ദ്രമന്ത്രിയുടെ ഭാര്യയോട് കോണ്‍ഗ്രസുകാരന്റെ സമീപനം ഇതാണെങ്കില്‍ സംസ്ഥാനത്തെ സാധാരണ സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരം മുട്ടത്തറയില്‍ മുട്ടത്തറ രക്തസാക്ഷി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.

കോണ്‍ഗ്രസുകാരനായ കേന്ദ്രമന്ത്രിയുടെ ഭാര്യക്ക് സ്വന്തം പാര്‍ടിക്കാരുടെ സ്വീകരണത്തില്‍ പൊറുതിമുട്ടി പ്രതികരിക്കേണ്ടിവന്നു. അപമാനിച്ച കോണ്‍ഗ്രസുകാരെ നിയന്ത്രിക്കാന്‍പോലും ആര്‍ക്കും കഴിഞ്ഞില്ല. കഴിഞ്ഞ ഒന്നരവര്‍ഷത്തെ യുഡിഎഫ് സര്‍ക്കാരിന്റെ ഭരണംമൂലം സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് രക്ഷയില്ല. സ്ത്രീകളുടെ മാനത്തിന് വിലപറയുന്ന തരത്തില്‍ ക്രിമിനലുകള്‍ അഴിഞ്ഞാടുമ്പോള്‍ പൊലീസ് നോക്കുകുത്തിയായി മാറി. കോണ്‍ഗ്രസിന്റെ സംസ്കാരം വെളിപ്പെടുത്തുന്നതായി കേന്ദ്രമന്ത്രി ശശി തരൂരിന് ലഭിച്ച സ്വീകരണം.

കോര്‍പറേറ്റുകള്‍ക്കുവേണ്ടി മന്ത്രിസഭ പുനഃസംഘടിപ്പിക്കുകയാണ് മന്‍മോഹന്‍സിങ് സര്‍ക്കാര്‍. അഴിമതിക്ക് പേരുകേട്ട മന്ത്രിമാരെ കൂടുതല്‍ അഴിമതി നടത്താന്‍ സുപ്രധാനവകുപ്പുകളിലേക്ക് മാറ്റുന്നു. അഴിമതിക്കെതിരെ ശബ്ദിക്കാന്‍ ഒരു കോണ്‍ഗ്രസുകാരന്‍പോലും രംഗത്തുവരുന്നില്ല. അഴിമതിവിരുദ്ധനെന്ന് അവകാശപ്പെടുന്ന എ കെ ആന്റണിയുടെ വകുപ്പില്‍പോലും കോടികളുടെ അഴിമതിയാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ തനിപ്പകര്‍പ്പായി കേരളത്തിലെ യുഡിഎഫ് മാറിക്കഴിഞ്ഞു. ഓരോ ആഴ്ച മന്ത്രിസഭായോഗം ചേരുമ്പോഴും ജനങ്ങളുടെ നെഞ്ചിടിക്കുകയാണ്. വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടുന്ന ജനങ്ങളെ സര്‍ചാര്‍ജിന്റെയും മറ്റും പേരില്‍ വീണ്ടും പീഡിപ്പിക്കുന്നു. ജനങ്ങളെ പിഴിഞ്ഞെടുക്കുന്ന നടപടിയാണ് യുഡിഎഫ് സര്‍ക്കാരും കൈക്കൊള്ളുന്നത്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ ഡിസംബര്‍ ഒന്നിന് നടക്കുന്ന അടുപ്പുകൂട്ടിയുള്ള സമരം ജനങ്ങളുടെ ശക്തമായ താക്കീതാകും. അടുക്കള പൂട്ടുന്നതിനെതിരെയാണ് അടുപ്പുകൂട്ടി സമരം നടത്തുന്നത്. ഡിസംബര്‍ ഒന്നിന് കേരളത്തിന്റെ ദേശീയപാതയോരത്തുനിന്ന് ഉയരുന്ന പുക കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ആണിക്കല്ലിളക്കും. നിയമന നിരോധനംവഴി ലക്ഷക്കണക്കിനു യുവാക്കളെ ആത്മഹത്യയിലേക്ക് നയിക്കുന്ന, ജനവിരുദ്ധനയങ്ങള്‍ അനുസ്യൂതം പിന്തുടരുന്ന സര്‍ക്കാരുകള്‍ക്കെതിരെ അതിശക്തമായ പ്രക്ഷോഭം നാടെങ്ങും ഉയര്‍ന്നുവരണമെന്നും കോടിയേരി പറഞ്ഞു.

deshabhimani

Monday, October 29, 2012

കരിപുരണ്ട മുഖം മിനുക്കാനുള്ള പാഴ്ശ്രമം


മന്‍മോഹന്‍സിങ് സര്‍ക്കാരിന്റെ കരിപുരണ്ട മുഖം മിനുക്കാനുള്ള വൃഥാ വ്യായാമമായി കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഒതുങ്ങി. തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരു വര്‍ഷംമാത്രം ബാക്കിയുള്ള യുപിഎ മന്ത്രിസഭയ്ക്ക് ഈ പുനഃസംഘടനകൊണ്ട് കാര്യമായ പ്രയോജനമൊന്നുമില്ല. അഴിമതി ആരോപണം നേരിടുന്ന പ്രധാനമന്ത്രി മുതലുള്ളവര്‍ ഒഴിവായിട്ടില്ല. കല്‍ക്കരി മന്ത്രി ശ്രീപ്രകാശ് ജയ്സ്വാളിനെ വകുപ്പ് മാറ്റാതെ നിലനിര്‍ത്തി. സല്‍മാന്‍ ഖുര്‍ഷിദിന് നിയമ വകുപ്പില്‍നിന്ന് വിദേശകാര്യ വകുപ്പിലേക്ക് സ്ഥാനക്കയറ്റം നല്‍കുകയും ചെയ്തു. 2ജി സ്പെക്ട്രം അഴിമതി, കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി, ടട്രാ ട്രക്ക് അഴിമതി, കല്‍ക്കരി പാടം കുംഭകോണം തുടങ്ങി മന്ത്രിസഭയുടെ നിറംകെടുത്തിയ അഴിമതികള്‍ നിരവധിയാണ്. ഏറ്റവുമൊടുവില്‍ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വധേര നടത്തിയ അഴിമതികളുടെ വിവരവും പുറത്തുവന്നു. തലയുയര്‍ത്തി നടക്കാന്‍ വയ്യാതായ മന്ത്രിസഭയെയാണ് ചില പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി മിനുക്കാന്‍ മന്‍മോഹന്‍സിങ് ശ്രമിച്ചത്.

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില അടിക്കടി ഉയര്‍ത്തുകയും അവശ്യവസ്തുക്കളുടെ വില കൂടാന്‍ വഴിയൊരുക്കുകയുംചെയ്ത കേന്ദ്ര സര്‍ക്കാരിനെതിരെ വന്‍ ജനരോഷമാണ് രാജ്യത്ത് വളര്‍ന്നുവന്നിട്ടുള്ളത്. യുപിഎ ഘടകകക്ഷികള്‍ക്കുപോലും അംഗീകരിക്കാന്‍ കഴിയാത്ത നയ പരിപാടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ചില്ലറവില്‍പ്പന മേഖലയിലെ വിദേശനിക്ഷേപം രാജ്യവ്യാപകമായ രോഷം ക്ഷണിച്ചുവരുത്തി. തൃണമൂല്‍ കോണ്‍ഗ്രസ് യുപിഎ വിട്ടു. ഡിഎംകെ അതൃപ്തിയോടെ യുപിഎയില്‍ തുടരുന്നു. ഈ നിലയില്‍ ജനങ്ങളില്‍നിന്നും സ്വന്തം ഘടകകക്ഷികളില്‍നിന്നുപോലും ഒറ്റപ്പെട്ടുപോയ യുപിഎ സര്‍ക്കാരിന്റെ അവസാനത്തെ അടവാണ് പുനഃസംഘടന. പുനഃസംഘടനകൊണ്ട് ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും രാഷ്ട്രീയ പാര്‍ടികളും എതിര്‍ക്കുന്ന നയങ്ങളും പരിപാടികളും പിന്‍വലിക്കാന്‍ തയ്യാറാവുകയാണ് ജനവിശ്വാസം വീണ്ടെടുക്കാനുള്ള പ്രധാന ഉപാധി. എന്നാല്‍, ഈ ദിശയിലുള്ള ഉപദേശമല്ല സോണിയ ഗാന്ധിക്കും മന്‍മോഹന്‍സിങ്ങിനും ലഭിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയടക്കം ക്ഷണിച്ചിട്ടും ശ്രമിച്ചിട്ടും രാഹുല്‍ഗാന്ധി മന്ത്രിസഭയില്‍ ചേര്‍ന്നില്ല. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് കോണ്‍ഗ്രസിനെ അടിമുടി ശക്തിപ്പെടുത്തുമെന്നാണ് രാഹുല്‍ പറയുന്നത്. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ രാഹുല്‍ഗാന്ധി ബിഹാറിലും യുപിയിലും നടത്തിയ യജ്ഞങ്ങള്‍ ദയനീയമായി പരാജയപ്പെട്ടിരുന്നു. മന്ത്രിസഭാ പുനഃസംഘടനയ്ക്കു പിന്നാലെ കോണ്‍ഗ്രസ് പുനഃസംഘടന നടക്കുമെന്ന് അറിയുന്നു.

deshabhimani

ഹിമാചല്‍ പ്രചാരണം: കോണ്‍ഗ്രസും ബിജെപിയും അഴിമതിക്കയത്തില്‍


"ആരാണ് അഴിമതിക്കാരെന്" ചോദ്യത്തിനുമുന്നില്‍ പകച്ചുനില്‍ക്കുകയാണ് ഹിമാചലിലെ സാധാരണ ജനങ്ങള്‍. ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷമായ കോണ്‍ഗ്രസും അഴിമതി ആരോപണങ്ങളുടെ കെട്ടഴിക്കുമ്പോള്‍ സ്തംഭിച്ച് നില്‍ക്കുകയാണ് വോട്ടര്‍മാര്‍. ഇരുപക്ഷത്തെയും ഒരുപോലെ ആക്രമിച്ച് സംശുദ്ധ നിലപാടുമായി ജനങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കുകയാണ് സിപിഐ എം ഉള്‍പ്പെടുന്ന ഹിമാചല്‍ ലോക്ഹിത്മോര്‍ച്ച.

ഹിമാചല്‍ കണ്ട ഏറ്റവും അഴിമതി നിറഞ്ഞ ഭരണമാണ് പ്രേംകുമാര്‍ ധുമലിന്റേതെന്ന് ചിത്രീകരിക്കാനാണ് തുടക്കംമുതലേ കോണ്‍ഗ്രസ് ശ്രമിച്ചത്. എന്നാല്‍, പിസിസി അധ്യക്ഷന്‍ വീരഭദ്രസിങ് അഴിമതിക്കയത്തില്‍ മുങ്ങിയതോടെ കോണ്‍ഗ്രസും പ്രതിസന്ധിയിലായി. അഴിമതിക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ച വീരഭദ്രസിങ്ങിനെ നിയമസഭാതെരഞ്ഞെടുപ്പിന്റെ ചുക്കാന്‍ ഏല്‍പ്പിക്കാന്‍ ഹൈക്കമാന്‍ഡ് അയച്ചപ്പോള്‍ത്തന്നെ അഴിമതിക്കെതിരെ മിണ്ടാനുള്ള ധാര്‍മികാവകാശം കോണ്‍ഗ്രസിന് നഷ്ടമായി. വീരഭദ്രസിങ്ങും ഭാര്യ പ്രതിഭാസിങ്ങും മറ്റൊരുദ്യോഗസ്ഥനും ചേര്‍ന്ന് കൈക്കൂലി വാങ്ങുന്നതിനെക്കുറിച്ച് സംസാരിക്കുന്ന സിഡി പുറത്തായ സാഹചര്യത്തിലാണ് കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടത്. കേന്ദ്ര ഉരുക്ക് മന്ത്രിയായിരിക്കെ മിത്തല്‍ ഗ്രൂപ്പിന്റെ ഇസ്പാത്തില്‍നിന്ന് രണ്ടരക്കോടി രൂപ കൈക്കൂലി വാങ്ങിയെന്നും ആദായനികുതിവെട്ടിപ്പ് നടത്തിയെന്നുമുള്ള ആരോപണങ്ങളും പിന്നീട് വീരഭദ്രസിങ്ങിനെതിരെ ഉയര്‍ന്നു. സിങ്ങിനെ ന്യായീകരിക്കാന്‍ കേന്ദ്രത്തില്‍നിന്നെത്തിയ കോണ്‍ഗ്രസ് നേതാക്കളാരും തയ്യാറായില്ലെന്നത് തെരഞ്ഞെടുപ്പിന് ശേഷം അദ്ദേഹത്തെ നേതൃത്വം തള്ളിക്കളയുമെന്നതിന്റെ സൂചനയായാണ് ഹിമാചലിലെ ജനങ്ങള്‍ വായിച്ചെടുക്കുന്നത്. ഭൂമിതട്ടിപ്പ് കേസില്‍ ചംബയിലെ കോടതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ മുന്‍ മന്ത്രി ആശാകുമാരിക്കും കോണ്‍ഗ്രസ് സീറ്റ് നല്‍കി. ഡല്‍ഹൗസിയിലാണ് ആശാകുമാരി മത്സരിക്കുന്നത്.

"ഹിമാചലിനെ വില്‍ക്കുന്ന പാര്‍ടിയെന്നാണ്" പ്രതിപക്ഷ കക്ഷികള്‍ ബിജെപിയെ വിശേഷിപ്പിക്കുന്നത്. പാര്‍ലമെന്റില്‍ "ചോദ്യത്തിന് കോഴ" ആവശ്യപ്പെട്ട കേസില്‍ കുടുങ്ങിയ മുന്‍ എംപി സുരേഷ് ചന്ദേലിന് ബിലാസ്പുരില്‍ ബിജെപി സീറ്റ് നല്‍കി. സോലന്‍ മുനിസിപ്പാലിറ്റി നിയമനത്തില്‍ കോഴവാങ്ങി വിജിലന്‍സ് കേസില്‍പെട്ട രാജീവ് ഭിന്‍ഡലിന് നഹാനില്‍ സീറ്റ് നല്‍കി. സ്വകാര്യ സര്‍വകലാശാല സ്ഥാപിക്കാന്‍ കോഴ വാങ്ങിയ സിംല എംപി വിരേന്ദ്രര്‍ കാശ്യപും ബിജെപിക്ക് തലവേദനയാണ്. ധുമലിന്റെ മകനും ഹമീര്‍പുര്‍ എംപിയുമായ അനുരാഗ് താക്കൂറിന്റെ നേതൃത്വത്തിലുള്ള ഹിമാചല്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ ധര്‍മശാലയിലും സിംലയിലും നദുവാനിലും ഗുമ്മയിലും ഏക്കര്‍ കണക്കിന് സ്ഥലം അനധികൃതമായി നല്‍കിയതും തെരഞ്ഞെടുപ്പിലെ പ്രധാന വിഷയമാണ്. സിംലയിലെ അനന്‍ഡേല്‍ മൈതാനം കൈയടക്കാന്‍ അനുരാഗ് നടത്തുന്ന ശ്രമത്തിനെതിരെ വന്‍ ജനകീയപ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. അഴിമതിക്കയത്തില്‍ ബിജെപിയും കോണ്‍ഗ്രസും മുങ്ങിത്താഴുമ്പോള്‍ ജനങ്ങള്‍ പ്രതീക്ഷയര്‍പ്പിക്കുന്നത് മൂന്നാം ബദലിലാണ്. അഴിമതിക്കറ പുരളാത്ത സ്ഥാനാര്‍ഥികളും നേതാക്കളുമാണ് സിപിഐ എം ഉള്‍പ്പെടുന്ന മൂന്നാം ബദലിനുള്ളത്.
(വി ബി പരമേശ്വരന്‍)

deshabhimani

കയറ്റുമതി വര്‍ധിച്ചിട്ടും നാളികേരവില ഇടിയുന്നു


നാളികേര ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ വന്‍ വര്‍ധനയുണ്ടാകുമ്പോഴും തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും വിലയില്ലാതെ കേരകര്‍ഷകര്‍ നട്ടംതിരിയുന്നു. 2011-12 സാമ്പത്തിക വര്‍ഷത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കയറ്റുമതിയില്‍ 309.1 കോടി രൂപയുടെ വര്‍ധന ഉണ്ടായി. എന്നാല്‍, ഇടനിലക്കാരുടെ ചൂഷണം കാരണം കേരകര്‍ഷകന് ഇതിന്റെ ഗുണം ലഭിക്കുന്നില്ല. കഴിഞ്ഞ നാല് സാമ്പത്തിക വര്‍ഷമായി നാളികേര ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി ക്രമമായി വര്‍ധിക്കുകയാണ്. നാളികേര വികസനബോര്‍ഡിന്റെ കണക്കനുസരിച്ച് 2008-09ല്‍ 329.8 കോടി രൂപയും 2009-10ല്‍ 432.28 കോടി രൂപയും 2010-11ല്‍ 525.65 കോടി രൂപയും 2011-12ല്‍ 834.75 കോടി രൂപയുമാണ് കയറ്റുമതി. പച്ചത്തേങ്ങ, തൂള്‍ തേങ്ങ, തേങ്ങാപ്പിണ്ണാക്ക്, ചിരട്ട, ചിരട്ടക്കരി, കൊപ്ര, ചിരട്ടക്കരിയില്‍ നിന്ന് തയ്യാറാക്കുന്ന ഉത്തേജിത കാര്‍ബണ്‍ എന്നിവയാണ് ഇന്ത്യ കയറ്റുമതിചെയ്യുന്ന നാളികേര ഉല്‍പ്പന്നങ്ങള്‍. ഉത്തേജിത കാര്‍ബണ്‍ ആണ് കൂടുതല്‍ കയറ്റുമതി ചെയ്യുന്നത്. 2011-12ല്‍ 347.60 കോടി രൂപയാണ് ഉത്തേജിത കാര്‍ബണ്‍ കയറ്റുമതിയിലൂടെമാത്രം ലഭിച്ചത്.

രാജ്യത്ത് സര്‍ക്കാര്‍ ഏജന്‍സികളൊന്നും നാളികേര ഉല്‍പ്പന്നങ്ങള്‍ കയറ്റുമതിചെയ്യുന്നില്ല. സ്വകാര്യ ഏജന്‍സികളാണ് ഈ രംഗം കൈയടക്കിയിട്ടുള്ളത്. കൊച്ചിയിലെ മൂന്നു കമ്പനികള്‍ 2011-12 സാമ്പത്തിക വര്‍ഷം 80 കോടിയിലധികം രൂപയാണ് കയറ്റുമതിയിലൂടെ നേടിയത്. കയറ്റുമതിക്കുള്ള പച്ചത്തേങ്ങ ഏറെയും തമിഴ്നാട്ടിലെ പൊള്ളാച്ചിയില്‍നിന്നാണ് വരുന്നത്. കയറ്റുമതിക്കാര്‍ ആവശ്യപ്പെടുന്നതനുസരിച്ച് എത്ര തേങ്ങ വേണമെങ്കിലും പൊള്ളാച്ചിയില്‍നിന്ന് കച്ചവടക്കാര്‍ എത്തിക്കും. ഇതിനാല്‍ കേരളത്തിലെ തേങ്ങയ്ക്ക് വിലയിടിയുന്നു. പലയിടങ്ങളിലും തേങ്ങ കെട്ടിക്കിടന്ന് കിളിര്‍ത്ത് നശിക്കുകയാണ്. കര്‍ഷകര്‍ കിട്ടിയ വിലയ്ക്ക് തേങ്ങ വില്‍ക്കാന്‍ നിര്‍ബന്ധിതരാകുന്നു. ഇതിലൂടെ വന്‍തോതില്‍ ലാഭമുണ്ടാക്കുകയാണ് ഇടനിലക്കാര്‍. കയറ്റുമതിക്കാര്‍ക്ക് തേങ്ങ എത്തിക്കാന്‍ സംഘടിത സംവിധാനം ഇല്ലാത്തതും കേരളത്തിലെ കര്‍ഷകര്‍ക്ക് തിരിച്ചടിയാണ്. നാളികേര ഉല്‍പ്പന്നങ്ങള്‍ക്ക് ആഭ്യന്തരവിപണിയില്‍ വില കുറഞ്ഞ് അന്താരാഷ്ട്ര വിപണിക്കൊപ്പം എത്തിയതാണ് കയറ്റുമതി കൂടാന്‍ കാരണമെന്ന് വികസനബോര്‍ഡ് അസിസ്റ്റന്റ് മാര്‍ക്കറ്റിങ് ഓഫീസര്‍ കെ എസ് സെബാസ്റ്റ്യന്‍ പറഞ്ഞു. ആഭ്യന്തര വില അന്താരാഷ്ട്ര വിലയേക്കാള്‍ ഉയര്‍ന്നിരുന്നപ്പോള്‍ കയറ്റുമതി ആദായകരമായിരുന്നില്ല. ആസിയാന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ അന്താരാഷ്ട്ര വിപണിയില്‍ മത്സരിച്ച് വില കുറയ്ക്കുന്നുമുണ്ട്.
(അഞ്ജുനാഥ്)

deshabhimani

അട്ടിമറി നീക്കം വിജയിക്കുന്നു; ഡിഎംആര്‍സി ഇല്ലെന്ന് കേന്ദ്രമന്ത്രിയും


കൊച്ചി മെട്രോയുടെ നിര്‍മ്മാണ കരാറില്‍ നിന്നും ഡിഎംആര്‍സി പിന്‍മാറുമെന്ന് ഉറപ്പായി. ഡിഎംആര്‍സിക്ക് കമല്‍നാഥ് മുഖ്യമന്ത്രിയെ അറിയിക്കുകയായിരുന്നു.എന്നാല്‍ ഏറ്റെടുത്ത ആദ്യഘട്ടജോലികള്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ഫലത്തില്‍ പദ്ധതിയില്‍ നിന്നും ഡിഎംആര്‍സി ഒഴിവാകും. ഇതോടെ മെട്രോ റെയില്‍ പദ്ധതിയില്‍ നിന്ന് ഡിഎംആര്‍സിയെ പൂര്‍ണ്ണമായും പുറത്താക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം വിജയം കാണുന്നതായാണ് സൂചന.

പദ്ധതി ഏറ്റെടുക്കുന്നതിനുള്ള സാങ്കേതിക വൈഷമ്യങ്ങള്‍ കമല്‍നാഥ് ചൂണ്ടിക്കാട്ടിയതായി കമല്‍നാഥുമായുള്ള ചര്‍ച്ചക്ക് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡല്‍ഹി മുഖ്യമന്ത്രി ഷീലാദീക്ഷിത്തുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തി. കൂടിക്കാഴ്ച്ചക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കാന്‍ ഷീല ദീക്ഷിത് തയ്യാറായില്ല. കൊച്ചി മെട്രോയുടെ കാര്യം ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹി- കേരള സര്‍ക്കാരുകള്‍ സംയുക്തയോഗം ചേരുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. കേന്ദ്ര നഗരവികസനമന്ത്രി കമല്‍നാഥിന്റെ സാന്നിധ്യത്തിലാണ് യോഗം ചേരുക. കൊച്ചി മെട്രോ പദ്ധതി ഏറ്റെടുക്കാന്‍ ഡിഎംആര്‍സി ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിക്കണം. ഇക്കാര്യം സംബന്ധിച്ച് ബുധനാഴ്ച ഇ ശ്രീധരനുമായി ചര്‍ച്ച നടത്തും.

കൊച്ചി മെട്രോ ഇ ശ്രീധരനെ തന്നെ ഏല്‍പ്പിക്കുമോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി കൃത്യമായി മറുപടി പറയാതെ ഒഴിഞ്ഞു മാറി. കൊച്ചി മെട്രോയടക്കമുള്ള വികസന പദ്ധതികള്‍ എമേര്‍ജിങ്ങ് കേരളയില്‍ ഉള്‍പ്പെടുത്തിയതിനെ മുഖ്യമന്ത്രി ന്യായീകരിച്ചു. വലിയ പദ്ധതികള്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു ഇതെന്നായിരുന്നു വിശദീകരണം.

മെട്രോ കുഴപ്പത്തിലേക്ക്: പിണറായി

കൊച്ചി മെട്രോയുടെ കാര്യത്തില്‍ ജനങ്ങളെ വിഡ്ഡികളാക്കാന്‍ കഴിയില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ആളുകള്‍ എല്ലാം മനസിലാക്കുന്നുണ്ട്. മെട്രോ വീണ്ടും കുഴപ്പത്തിലേക്കു പോവുകയാണെന്ന സൂചനയാണ് മുഖ്യമന്ത്രി നല്‍കുന്നത്. ഡല്‍ഹിക്ക് പുറത്തുള്ള ജോലികള്‍ ഏറ്റെടുക്കാന്‍ കഴിയില്ലെന്ന നിലപാടാണ് ഡിഎം ആര്‍സിക്കെന്നാണ് മുഖ്യമന്ത്രി പറയുന്നത്. സംസ്ഥാന സര്‍ക്കാര്‍ ശ്രമം തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെ നടത്തിയ ശ്രമം പോലെയാണെങ്കില്‍ അത് ഡിഎംആര്‍സിയെ ഒഴിവാക്കാനുള്ളതാണല്ലോ. തങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ളവരെ പദ്ധതി ഏല്‍പ്പിക്കാനുള്ള ശ്രമമാണല്ലോ ഇതുവരെ മുഖ്യമന്ത്രി നടത്തിയത്. ആളുകള്‍ എല്ലാം മനസിലാക്കുന്നുണ്ട്. മെട്രോയെ അങ്ങനെ വിട്ടു കൊടുക്കാന്‍ കഴിയില്ല. ഡിഎംആര്‍സിയെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന കള്ളക്കളിക്കെതിരെ നന്നായി പ്രതികരിക്കുമെന്നും പദ്ധതി അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

deshabhimani 

അഴിമതിക്കാര്‍ക്ക് പ്രോത്സാഹനം; അംബാനിവിരുദ്ധര്‍ക്ക് ശിക്ഷ


അഴിമതി ആരോപണങ്ങള്‍ നേരിടുന്നവര്‍ക്ക് സ്ഥാനക്കയറ്റം. കോര്‍പറേറ്റുകളുടെ വഴിവിട്ട നടപടികളെ ചോദ്യംചെയ്ത നേതാക്കളെ പതിവുപോലെ മൂലയ്ക്കിരുത്തുകയുംചെയ്തു. കോണ്‍ഗ്രസ് ഭരണത്തില്‍ ഉന്നതങ്ങളിലേക്കുള്ള കുറുക്കുവഴി അഴിമതിയും കോര്‍പറേറ്റ് പ്രീണനവുമെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതായി മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ അവസാന അഴിച്ചുപണി.
വികലാംഗ ക്ഷേമത്തിനുള്ള കേന്ദ്രഫണ്ടില്‍നിന്ന് ലക്ഷങ്ങള്‍ അടിച്ചുമാറ്റിയെന്ന് ആക്ഷേപം നേരിടുന്ന സല്‍മാന്‍ ഖുര്‍ഷിദിനാണ് അഴിച്ചുപണിയില്‍ മികച്ച നേട്ടമുണ്ടായത്. സുപ്രധാനമായ നാലുവകുപ്പുകളില്‍ ഒന്നായി കരുതപ്പെടുന്ന വിദേശവകുപ്പാണ് സോണിയയും മന്‍മോഹനും ചേര്‍ന്ന് ഖുര്‍ഷിദിന് സമ്മാനിച്ചത്. താരതമ്യേന അപ്രധാനമായ നിയമവകുപ്പില്‍നിന്നാണ് ഖുര്‍ഷിദിനെ വിദേശമന്ത്രാലയത്തിലേക്ക് കൊണ്ടുവന്നത്. ഖുര്‍ഷിദിന്റെയും ഭാര്യ ലൂയിസിന്റെയും നേതൃത്വത്തിലുള്ള സര്‍ക്കാരേതര സംഘടന വ്യാജരേഖകള്‍ സമര്‍പ്പിച്ച് വികലാംഗക്ഷേമത്തിനുള്ള ഫണ്ടില്‍നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്നാണ് തെളിവുകള്‍ സഹിതം അരവിന്ദ് കെജ്രിവാള്‍ ആരോപണമുന്നയിച്ചത്. എന്നാല്‍, ആരോപണമുയര്‍ന്ന് ദിവസങ്ങള്‍ക്കകം സ്ഥാനക്കയറ്റം നല്‍കി കോണ്‍ഗ്രസ് നേതൃത്വം ഖുര്‍ഷിദിനെ "ആദരിച്ചിരിക്കയാണ്." ഖുര്‍ഷിദിനെതിരെ ഒരുവിധ അന്വേഷണത്തിനും സര്‍ക്കാര്‍ ഉത്തരവിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

ഐപിഎല്‍ വിവാദക്കറ മാറാത്ത ശശി തരൂരിന് വീണ്ടും കേന്ദ്ര മന്ത്രിപദം നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് മടിയുണ്ടായില്ല. ഐപിഎല്‍ വിവാദത്തില്‍ മന്ത്രിപദം നഷ്ടമായ ശേഷം പാതിരാപാര്‍ടികളിലും ഫാഷന്‍ഷോകളിലും മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന തരൂരിന് എന്ത് പ്രവര്‍ത്തനമികവിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും മന്ത്രിപദം നല്‍കിയതെന്ന മുറുമുറുപ്പ് കോണ്‍ഗ്രസിനുള്ളില്‍ ഉയരുന്നുണ്ട്.

കല്‍ക്കരി കുംഭകോണത്തില്‍ ആരോപണവിധേയനായ ഖനിമന്ത്രി ശ്രീപ്രകാശ് ജയ്സ്വാളിന് ഒരു സ്ഥാനചലനവുമുണ്ടായില്ല. എന്നാല്‍, റിലയന്‍സ് മുതലാളി മുകേഷ് അംബാനിക്ക് അലോസരമുണ്ടാക്കുന്ന തീരുമാനങ്ങളെടുത്ത പെട്രോളിയംമന്ത്രി ജയ്പാല്‍ റെഡ്ഡിയെ മറ്റൊരു വകുപ്പിലേക്ക് തട്ടി. വയലാര്‍ രവി അധികച്ചുമതലയായി കൈവശംവച്ചിരുന്ന ശാസ്ത്ര- സാങ്കേതികവകുപ്പാണ് ജയ്പാല്‍ റെഡ്ഡിക്ക് നല്‍കിയത്. പ്രകൃതിവാതക വിലനിര്‍ണയവുമായി ബന്ധപ്പെട്ട് മുകേഷ് അംബാനിയുമായി റെഡ്ഡി ഇടഞ്ഞിരുന്നു. കൃഷ്ണ-ഗോദാവരി തടത്തില്‍ റിലയന്‍സ് ഉല്‍പ്പാദിപ്പിക്കുന്ന വാതകത്തിന് നേരത്തെ കരാറായതിലും ഉയര്‍ന്ന വില നിര്‍ണയിക്കണമെന്നായിരുന്നു അംബാനിയുടെ നിലപാട്. എന്നാല്‍, റെഡ്ഡി ഇതിനോട് യോജിച്ചില്ല. കേന്ദ്ര ഖജനാവിന് ആയിരക്കണക്കിന് കോടി രൂപ ലാഭിക്കുന്നതിന് റെഡ്ഡിയുടെ നിലപാട് വഴിയൊരുക്കി. അംബാനിയ്ക്കാവട്ടെ പ്രതീക്ഷിച്ച ലാഭം നേടാനായില്ല. ഇതിന് പുറമെ കെ-ജി തടത്തില്‍ റിലയന്‍സിന്റെ വാതകഉല്‍പ്പാദനം സിഎജി നിരീക്ഷണത്തിലാക്കാനും റെഡ്ഡി നടപടിയെടുത്തു. റെഡ്ഡിയുടെ നീക്കങ്ങള്‍ക്ക് തടയിടാന്‍ റിലയന്‍സ് പല വിധത്തില്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് റെഡ്ഡിയെ വകുപ്പില്‍നിന്ന് മാറ്റാനുള്ള നിര്‍ദേശം കോണ്‍ഗ്രസ് നേതൃത്വത്തിന് നല്‍കുകയായിരുന്നു. റെഡ്ഡിയെ അപ്രധാനവകുപ്പിലേക്ക് മാറ്റി മന്‍മോഹന്‍ സിങ് അംബാനികൂറ് ആവര്‍ത്തിക്കുകയുംചെയ്തു. 2006ല്‍ മണിശങ്കര്‍ അയ്യരെ പെട്രോളിയം വകുപ്പില്‍നിന്ന് മാറ്റിയതും സമാന സാഹചര്യങ്ങളിലായിരുന്നു.

ജയ്റാം രമേഷാണ് വകുപ്പുമാറ്റങ്ങളില്‍ നഷ്ടം സംഭവിച്ച മറ്റൊരാള്‍. ജയ്റാം കൈകാര്യംചെയ്തിരുന്ന കുടിവെള്ളം-ശുചീകരണം വകുപ്പ് എടുത്തുമാറ്റി ഭരത്സിങ് സോളങ്കിക്ക് നല്‍കി. ഗ്രാമവികസനം മാത്രമാണ് ഇനി ജയ്റാം രമേശിനുണ്ടാകുക.
(എം പ്രശാന്ത്)

deshabhimani

വിശ്വമലയാള മഹോത്സവം യാത്രാബത്ത കൊടുക്കാന്‍ കവികളെ ഗ്രേഡ് തിരിച്ചു


മലയാള സാഹിത്യനായകരോട് വിശ്വമലയാളമഹോത്സവ നടത്തിപ്പുകാരുടെ മാപ്പര്‍ഹിക്കാത്ത അവഹേളനം വീണ്ടും. സാഹിത്യത്തിനും ഭാഷയ്ക്കും അമൂല്യസംഭാവനകള്‍ അര്‍പ്പിച്ച പ്രിയ കവികളെ എ, ബി, തെരുവ് കവി എന്നിങ്ങനെ വേര്‍തിരിച്ച് സംഘാടകര്‍ അപമാനിച്ചു. ഭാഷയിലും സാഹിത്യത്തിലും കേട്ടുകേള്‍വിയില്ലാത്ത ഗ്രേഡ് തിരിക്കല്‍, കവിസമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് യാത്രാ ഇനത്തിലും മറ്റും നല്‍കുന്ന തുക നിശ്ചയിക്കാനാണെന്നാണ് ഔദ്യോഗികഭാഷ്യം. കേരളത്തിലെ പ്രമുഖ കവികളെ പോലും തെരുവ് കവികളുടെ പട്ടികയില്‍ പെടുത്തി. എന്നാല്‍, സാംസ്കാരിക വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെയും മന്ത്രി കെ സി ജോസഫിന്റെ സ്റ്റാഫിലുള്ള സാഹിത്യകാരന്റെയും പാര്‍ശ്വവര്‍ത്തികളായ ചിലര്‍ക്ക് ഉയര്‍ന്ന ഗ്രേഡുണ്ട്. സാഹിത്യനായകരുടെ പ്രതിമയെന്ന പേരില്‍ മറ്റുള്ളവരുടെ പ്രതിമ സ്ഥാപിച്ച മണ്ടത്തരത്തിനു പിന്നാലെയാണ് കവികളെ തരംതിരിച്ചുള്ള അധിക്ഷേപം.

വിശ്വമലയാള മഹോത്സവത്തോട് അനുബന്ധിച്ച് നടത്തുന്ന കവിസമ്മേളനങ്ങളിലോ സാഹിത്യചര്‍ച്ചകളിലോ ഒന്നും മധ്യതിരുവിതാംകൂറിലെയോ വടക്കന്‍ ജില്ലകളിലെയോ സാഹിത്യകാരന്മാരെ അധികം ഉള്‍പ്പെടുത്തിയിട്ടില്ല. പുരോഗമന സാഹിത്യ പക്ഷത്തുള്ള കവികളെ അവഗണിക്കാന്‍ പ്രത്യേക ശ്രദ്ധ കാട്ടിയിട്ടുമുണ്ട്. മഹോത്സവത്തിന് മുന്നോടിയായി സംഘടിപ്പിച്ച വിളംബര സന്ധ്യകളിലെ കാവ്യസദസ്സുകളില്‍ പങ്കെടുത്ത കവികളെയാണ് തെരുവ് കവികള്‍ എന്ന വിഭാഗത്തില്‍ പെടുത്തിയത്. എ ഗ്രേഡില്‍ ഉള്‍പ്പെടുത്തിയ കവികള്‍ക്ക് പതിനായിരം രൂപ നല്‍കുമ്പോള്‍ തെരുവ് കവി വിഭാഗത്തില്‍ ഉള്‍പ്പെട്ട ജില്ലയിലെ യുവകവികള്‍ക്ക് കൊടുത്തത് 500 രൂപയാണ്. മഹോത്സവത്തിന്റെ വിളംബരസന്ധ്യകള്‍ക്കും ജാഥയ്ക്കുമായി അഞ്ചുലക്ഷം രൂപയാണ് അനുവദിച്ചത്. ശുഷ്കമായ വിളംബരജാഥയ്ക്കാകട്ടെ അമ്പതിനായിരം രൂപപോലും ചെലവഴിച്ചിട്ടില്ല. 30 കവികളെയാണ് തെരുവ് കവികളുടെ പട്ടികയില്‍പെടുത്തിയത്. ഇവര്‍ക്ക് ആകെ നല്‍കിയത് 15,000 രൂപയാണ്.

തലസ്ഥാനത്ത് താമസമാക്കിയ പല പ്രമുഖരെയും മഹോത്സവത്തില്‍ പങ്കെടുപ്പിക്കാതെ പേരിന് നടത്തുന്ന വിളംബര പരിപാടികളിലേക്ക് മാത്രമാണ് ക്ഷണിച്ചത്. ചിലരെ ക്ഷണിച്ചിട്ടുമില്ല. മലയാള ചലച്ചിത്രഗാനശാഖയിലും കവിതാരംഗത്തും ശ്രദ്ധേയ സംഭാവന നല്‍കിയ ചുനക്കര രാമന്‍കുട്ടിയെ സംഘാടകര്‍ അവഗണിച്ചു. മണ്‍മറഞ്ഞ മഹാസാഹിത്യപ്രതിഭകളെപോലും അറിയാതെ പ്രതിമകള്‍ സ്ഥാപിച്ച് ഭാഷയ്ക്കും സാഹിത്യത്തിനും നാണക്കേടുണ്ടാക്കിയ ഒരു സംഘം സംഘടിപ്പിക്കുന്ന ഭാഷാമഹോത്സവത്തില്‍ പങ്കെടുക്കാന്‍ ക്ഷണിക്കാത്തത് ഭാഗ്യമായി കരുതുന്നതായി ചുനക്കര രാമന്‍കുട്ടി പറഞ്ഞു.
(എം വി പ്രദീപ്)

deshabhimani

നെല്ലിയാമ്പതിയില്‍ സിപിഐ എം മനുഷ്യച്ചങ്ങല


നെല്ലിയാമ്പതി വനമേഖലയെ ഭൂമാഫിയയില്‍നിന്ന് രക്ഷിക്കുമെന്ന് പ്രഖ്യാപിച്ച് സിപിഐ എം നേതൃത്വത്തില്‍ മനുഷ്യച്ചങ്ങല തീര്‍ത്തു. "നെല്ലിയാമ്പതിയെ രക്ഷിക്കുക, തൊഴിലാളികളെ സംരക്ഷിക്കുക" എന്ന മുദ്രാവാക്യമുയര്‍ത്തി നടന്ന പ്രക്ഷോഭത്തില്‍ ആയിരങ്ങള്‍ അണിനിരന്നു. ഞായറാഴ്ച പകല്‍ 11.30ന് നെല്ലിയാമ്പതിയിലെ പുലയംപാറമുതല്‍ നൂറടിവരെ അഞ്ചുകിലോമീറ്റര്‍ നീളത്തിലാണ് പ്രതിഷേധശൃംഖല തീര്‍ത്തത്. തേയിലയും കാപ്പിയും വിളഞ്ഞുനില്‍ക്കുന്ന തോട്ടങ്ങള്‍ക്കിടയില്‍ ചെങ്കൊടിയേന്തി സമരവളന്റിയര്‍മാര്‍ ഒഴുകിയെത്തുകയായിരുന്നു. സിപിഐ എം കൊല്ലങ്കോട് ഏരിയയില്‍നിന്നുള്ളവരാണ് കണ്ണികളായത്.

അതീവ ജൈവപ്രാധാന്യമുള്ള വനമേഖല വെട്ടിമുറിച്ച് വില്‍ക്കാന്‍ അനുവദിക്കില്ലെന്നു പ്രതിജ്ഞയെടുത്താണ് പ്രവര്‍ത്തകര്‍ സമരകേന്ദ്രം വിട്ടത്. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ആദ്യകണ്ണിയായി. സംസ്ഥാനകമ്മിറ്റിയംഗം പി കെ ബിജു എംപിയായിരുന്നു അവസാനകണ്ണി. ലോകപൈതൃകപട്ടികയില്‍പ്പെട്ട പശ്ചിമഘട്ട മലനിരയിലെ വനഭൂമി സംരക്ഷിക്കാന്‍ സംസ്ഥാന-ജില്ലാ നേതാക്കളും ജനപ്രതിനിധികളും കൈകോര്‍ത്തു. കൂനംപാലത്ത് പൊതുയോഗം കോടിയേരി ഉദ്ഘാടനംചെയ്തു. തോട്ടം ഉടമകളുമായി സര്‍ക്കാര്‍ നടത്തുന്ന ഒത്തുകളി അവസാനിപ്പിക്കുക, പാട്ടക്കാലാവധി കഴിഞ്ഞതും പാട്ടക്കരാര്‍ ലംഘിച്ചതുമായ നെല്ലിയാമ്പതിയിലെ എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുക, സ്ഥിരവും അല്ലാത്തതുമായ തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റി-പ്രൊവിഡന്റ്ഫണ്ട് അടക്കമുള്ള തൊഴിലാനുകൂല്യം നല്‍കാനുള്ള പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മനുഷ്യച്ചങ്ങല തീര്‍ത്തത്.

deshabhimani

Sunday, October 28, 2012

മേനാശേരി രക്തസാക്ഷികള്‍ക്ക് പ്രണാമം


നാടിന്റെ മോചനത്തിന് ജീവരക്തം നല്‍കിയ മേനാശേരിയിലെ ധീരരക്തസാക്ഷികള്‍ക്ക് ആയിരങ്ങളുടെ പ്രണാമം. കൈയില്‍ ചെങ്കൊടിയുമേന്തി ചെറുചെറു പ്രകടനങ്ങളായി മേനാശേരി രക്തസാക്ഷി മണ്ഡപത്തിലെത്തിയ ആയിരങ്ങള്‍ മേനാശേരിയിലെ അനശ്വര രക്തസാക്ഷികള്‍ക്ക് ശോണാഭിവാദ്യം അര്‍പ്പിച്ചു. രക്തസാക്ഷികളില്‍ ഏറ്റവും പ്രായംകുറഞ്ഞ 13കാരന്‍ അനഘാശയന്റെ ഉയിരാര്‍ന്ന സ്മരണകളുയര്‍ത്തിയ മുദ്രാവാക്യങ്ങളോടെ പിന്മുറക്കാരായ യുവാക്കള്‍ പ്രകടനത്തില്‍ ഏറെ പങ്കാളികളായി.

വ്യാഴാഴ്ച ഉച്ചതിരിഞ്ഞതോടെ പട്ടണക്കാട് പഞ്ചായത്തിലെയും സമീപപഞ്ചായത്തുകളിലെയും ബഹുജനങ്ങളും സമരസേനാനികളും കുടുംബാംഗങ്ങളും അടങ്ങുന്ന ചെറുചെറുസംഘങ്ങള്‍ മേനാശേരി രക്തസാക്ഷി മണ്ഡപത്തിലേക്കെത്തി. പാറയില്‍, കോനാട്ടുശേരി, ഉഴുവ, പൊന്നാംവെളി, വീയാത്ര എന്നിവിടങ്ങളില്‍നിന്നും വെട്ടയ്ക്കല്‍ പ്രദേശത്തുനിന്നുമുള്ള റാലികള്‍ സംയുക്തമായി മേനാശേരി റോഡിലൂടെ മണ്ഡപത്തിലെത്തി. ഇതോടെ മണ്ഡപപ്രദേശം ജനിബിഡമായി. രക്തസാക്ഷി മണ്ഡപത്തിന് വലംവച്ച് പുഷ്പാര്‍ച്ചന നടത്തി. ഇരുകമ്യൂണിസ്റ്റ് പാര്‍ടികളുടെയും വര്‍ഗബഹുജനസംഘടനകളുടെയും നേതൃത്വത്തില്‍ മണ്ഡപത്തില്‍ റീത്തുകളും രക്തപുഷ്പങ്ങളും അര്‍പ്പിച്ചു. സ്ത്രീകളും കുട്ടികളുമടക്കം പ്രകടനത്തില്‍ പങ്കാളികളായി. മേനാശേരി രക്തസാക്ഷി വാരാചരണ കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് ടി എം ഷെറീഫ്, സെക്രട്ടറി അത്തിക്കാട് വിശ്വന്‍ തുടങ്ങിയവരും ത്രിതല പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവരുടെ നേതൃത്വത്തിലും ജീവിതത്തിന്റെ നാനാതുറകളില്‍പെട്ടവരും റീത്ത് സമര്‍പ്പിച്ചു. തുടര്‍ന്ന് സംയുക്തപ്രകടനം വാദ്യമേളങ്ങളുടെയും നിശ്ചലദൃശ്യങ്ങളുടെയും അകമ്പടിയില്‍ മേനാശേരിയില്‍നിന്ന് പൊന്നാംവെളിയിലെ അനുസ്മരണസമ്മേളന നഗറിലേക്ക് നീങ്ങി.

പൊന്നാംവെളിയില്‍ ചേര്‍ന്ന അനുസ്മരണസമ്മേളനം സിപിഐ എം പൊളിറ്റ് ബ്യറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വാരാചരണകമ്മിറ്റി പ്രസിഡന്റ് ടി എം ഷെറീഫ് അധ്യക്ഷനായി. ടി പുരുഷോത്തമന്‍, സി ബി ചന്ദ്രബാബു, പി തിലോത്തമന്‍, അഡ്വ. കെ പ്രസാദ്, അഡ്വ. എ എം ആരിഫ് എംഎല്‍എ, കെ വി ദേവദാസ്, എസ് ബാഹുലേയന്‍, എ എസ് സാബു, ബി വിനോദ്, മനു സി പുളിക്കല്‍, പി വി പൊന്നപ്പന്‍, കെ കെ വിശ്വംഭരന്‍, എന്‍ എസ് ശിവപ്രസാദ്, എന്‍ പി ഷിബു, പി ഡി ബിജു, ടി പി മോഹനന്‍, എം സി സിദ്ധാര്‍ഥന്‍, കെ നാരായണന്‍, വൈജയന്തി മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു.

സമരാഗ്നിയായി ഇന്ന് മേനാശേരി ദിനം

മേനാശേരി: പുന്നപ്ര-വയലാര്‍ വിപ്ലവസമരത്തിലെ ജ്വലിക്കുന്ന അധ്യായമാണ് മേനാശേരി രക്തസാക്ഷികളുടെ സമരചരിത്രം. സാമൂഹ്യമാറ്റത്തിനും സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിനും നാന്ദികുറിച്ച് പിറന്നനാടിന്റെ മോചനത്തിനും സര്‍വോപരി പ്രായപൂര്‍ത്തി വോട്ടവകാശത്തിനും വേണ്ടി അറുപത്തിയാറ് ആണ്ടുകള്‍ക്കപ്പുറം ധീരരക്തസാക്ഷിത്വം വരിച്ച നൂറുകണക്കിനു ധീരദേശാഭിമാനികള്‍ക്ക് വ്യാഴാഴ്ച മേനാശേരിയില്‍ പിന്മുറക്കാര്‍ പ്രണാമം അര്‍പ്പിക്കും.

സര്‍ സിപിയുടെ ചോറ്റുപട്ടാളത്തിന്റെ നിറതോക്കിനുമുന്നില്‍ വിരിമാറുകാട്ടി പിടഞ്ഞുവീണത് സമരാവേശത്തിന്റെ പ്രതീകമായി മാറിയ 13കാരന്‍ അനഘാശയന്‍ അടക്കം എണ്ണിയാലൊടുങ്ങാത്തവര്‍. പട്ടാളക്കാരന്റെ കൈവെട്ടിവീഴ്ത്തി വയര്‍വെട്ടിപ്പിളര്‍ത്തിയ വേലായുധന്‍ പുതുതലമുറയുടെ സ്മരണകളില്‍ അഗ്നി പടര്‍ത്തുന്നു. മേനാശേരിയിലെ തൊഴിലാളിക്യാമ്പ് തകര്‍ക്കാന്‍ തുലാം പത്തിന് ഉച്ചയോടെ പറപ്പള്ളി തോടുവഴി സര്‍ സിപിയുടെ പട്ടാളം കെട്ടുവള്ളങ്ങളിലും ബോട്ടുകളിലുമായി വയലാറില്‍ നിന്ന് ഒളതലവഴി എത്തി. മേനാശേരി ക്ഷേത്രത്തിന് പടിഞ്ഞാറുഭാഗത്തെ തൊഴിലാളി ക്യാമ്പായിരുന്നു ലക്ഷ്യം. ഈ സമയം ആയിരക്കണക്കിന് തൊഴിലാളികള്‍ ക്യാമ്പില്‍ തമ്പടിച്ചിരുന്നു. പട്ടാളമെത്തിയ വിവരമറിഞ്ഞതോടെ കൈയില്‍കിട്ടിയ ആയുധങ്ങളുമായി ഇവര്‍ മൂന്നുവഴികളിലൂടെ പട്ടാളത്തെ നേരിടാന്‍ മുന്നോട്ടുനീങ്ങി. ഈ സമയംപട്ടാളത്തിന് സര്‍ സിപിയുടെ നിര്‍ദേശങ്ങളടങ്ങിയ നോട്ടീസ് ഹെലികോപ്ടറില്‍ വിതരണം ചെയ്യുന്നുണ്ടായിരുന്നു. മണ്ണില്‍ ഇഴഞ്ഞുനീങ്ങിയ സമരഭടന്മാര്‍ ആവേശപൂര്‍വം മുന്നേറി. പട്ടാളത്തിന്റെ മനോധൈര്യം തകര്‍ക്കുന്ന നിലയില്‍ വേലായുധന്‍ എന്ന യോദ്ധാവ് നിലത്തുനിന്ന് ഉയര്‍ന്നുപൊങ്ങി സമരസഖാക്കളെ വെടിവെച്ചുവീഴ്ത്തിക്കൊണ്ടിരുന്ന പട്ടാളക്കാരന്റെ കൈവെട്ടി താഴെയിട്ടു. അടുത്തവെട്ട് പട്ടാളക്കാരന്റെ വയര്‍പിളര്‍ത്തി. ആ നിമിഷത്തില്‍തന്നെ നിരവധി വെടിയുണ്ടകളേറ്റ് വേലായുധന്‍ പിടഞ്ഞുവീണു. സമരഭടന്മാര്‍ക്കൊപ്പം നീങ്ങിയ അനഘാശയന്‍ അയ്യങ്കാട്ട് വീടിനുമുന്നില്‍ വെടിയേറ്റു പിടഞ്ഞുവീണ് ധീരരക്തസാക്ഷിയായി. സമരത്തിന്റെ ജ്വലിക്കുന്ന വീരയോദ്ധാവാണ് രക്തസാക്ഷികളില്‍ ഏറ്റവും പ്രായംകുറഞ്ഞ ഈ 13കാരന്‍. തൊഴിലാളിക്യാമ്പിലേക്കുള്ള കരിങ്കല്‍ചീളുകളും മറ്റും എത്തിക്കുന്നത് അനഘാശയനായിരുന്നു. അയ്യങ്കാട്ട് നിലവറയും പട്ടാളക്കാര്‍ തീവച്ചുനശിപ്പിച്ചു. ഇവിടെനിന്ന് അനേകം തലയോട്ടികള്‍ പിന്നീട് കണ്ടെടുത്തു.

മേനാശേരി ദിനത്തില്‍ ആയിരങ്ങള്‍ ഇവിടെയെത്തി പുഷ്പാര്‍ച്ചനയും പുഷ്പചക്രവും സമര്‍പ്പിക്കും. പട്ടണക്കാട്ടെയും സമീപപഞ്ചായത്തുകളിലെയും ബഹുജനങ്ങള്‍ റാലിയിലും സമ്മേളനത്തിലും പങ്കെടുക്കും. വൈകിട്ട് നാലിന് പട്ടണക്കാട് പഞ്ചായത്തിലെ 19 വാര്‍ഡുകളില്‍നിന്ന് റാലികള്‍ ആരംഭിച്ച് മണ്ഡപത്തിലെത്തി പുഷ്പചക്രങ്ങള്‍ അര്‍പ്പിക്കും. തുടര്‍ന്ന് വാദ്യമേളങ്ങളും നിശ്ചലദൃശ്യങ്ങളും അടക്കമുള്ള സംയുക്തറാലി പൊന്നാംവെളിയിലെ പൊതുസമ്മേളന വേദിയായ മേനാശേരി രക്തസാക്ഷി നഗറിലേക്ക് നീങ്ങും. തുടര്‍ന്ന് ചേരുന്ന അനുസ്മരണസമ്മേളനത്തില്‍ വാരാചരണകമ്മിറ്റി പ്രസിഡന്റ് ടി എം ഷെറീഫ് അധ്യക്ഷനാകും. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. എഐടിയുസി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, സിപിഐ എം ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബു, സിപിഐ ജില്ലാ സെക്രട്ടറി പി തിലോത്തമന്‍, അഡ്വ. കെ പ്രസാദ്, പി വി പൊന്നപ്പന്‍, എ എസ് സാബു, കെ വി ദേവദാസ്, എസ് ബാഹുലേയന്‍, എന്‍ എസ് ശിപ്രസാദ്, എന്‍ പി ഷിബു, പി ഡി ബിജു, എം സി സിദ്ധാര്‍ഥന്‍, കെ കെ വിശ്വംഭരന്‍, കെ നാരായണന്‍, ടി പി മോഹനന്‍, അത്തിക്കാട് വിശ്വന്‍ എന്നിവര്‍ സംസാരിക്കും.

deshabhimani

ഭൂപരിഷ്കരണം അട്ടിമറിച്ചത് കോണ്‍ഗ്രസ് സര്‍ക്കാര്‍: എം വി ഗോവിന്ദന്‍


കേന്ദ്രത്തിലും കേരളത്തിലും അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് സര്‍ക്കാരാണ് കാര്‍ഷിക ഭൂപരിഷ്കരണ നിയമം അട്ടിമറിച്ചതെന്ന് കെഎസ്കെടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. രണ്ടാം ഭൂസമര പ്രഖ്യാപനത്തിനുള്ള സംയുക്ത സമരസമിതിയുടെ കോട്ടയം ജില്ലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ മൂന്നുലക്ഷം ആളുകള്‍ക്ക് ഇപ്പോഴും വീടില്ല. കാര്‍ഷിക ഭൂപരിഷ്കരണം സമഗ്രമായി നടപ്പാക്കാനായിരുന്നെങ്കില്‍ 25 വര്‍ഷം മുമ്പുതന്നെ ഭൂപ്രശ്നം പരിഹരിക്കാമായിരുന്നു. ഭൂപരിഷ്കരണം നടപ്പാക്കിയതുകൊണ്ട് മാര്‍ക്സിസ്റ്റുകാരും ഇടതുപക്ഷവും കേരളത്തെ അബദ്ധത്തിലേക്ക് ചാടിച്ചെന്ന് വിമര്‍ശിക്കുന്നത് ശുദ്ധ അസംബദ്ധമാണ് .ലക്ഷക്കണക്കായ പാവങ്ങള്‍ക്ക് കിടപ്പാടം ലഭിച്ചത് ഇടതുപക്ഷ സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂപരിഷ്കരണ നിയമത്തിലൂടെയാണ്. കുടിയൊഴിപ്പിക്കലിനെതിരായ നിയമം ഇ എം എസ് സര്‍ക്കാരാണ് രാജ്യത്ത് ആദ്യം നടപ്പാക്കിയത്. ഇന്ത്യയില്‍ കോണ്‍ഗ്രസും ബിജെപിയും ഭരിച്ച സംസ്ഥാനങ്ങളിലൊന്നും ഈ തീരുമാനം ഉണ്ടായില്ല. ഇടതുപക്ഷ സര്‍ക്കാരുകള്‍ക്ക് പിന്നാലെ എത്തിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഈ നിയമം നടപ്പാക്കാന്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ ഏഴരലക്ഷം ഹെക്ടര്‍ മിച്ചഭൂമി ലഭിക്കുമായിരുന്നു. പിന്നീട് 70ല്‍ എകെജിയുടെ നേതൃത്വത്തില്‍ വളച്ചുകെട്ടല്‍ സമരത്തിലൂടെ 36 ലക്ഷം കുടുംബങ്ങള്‍ക്ക് കിടപ്പാടവും ഭൂമിയും കിട്ടി.

യുഡിഎഫ് സര്‍ക്കാര്‍ വന്നശേഷം നെല്‍വയല്‍ നീര്‍ത്തടസംരക്ഷണനിയമം തകര്‍ക്കുകയാണ്. റിയല്‍എസ്റ്റേറ്റ് കച്ചവടക്കാര്‍ക്കും ഭൂമാഫിയയ്ക്കും ഏക്കറുകണക്കിന് ഭൂമി കൈയ്യടക്കാന്‍ അവസരമൊരുക്കുന്നു. മിച്ചഭൂമി നിയമം മറികടക്കാന്‍ എസ്റ്റേറ്റായി പരിവര്‍ത്തനം ചെയ്ത ആയിരക്കണക്കിന് ഏക്കര്‍ ഭൂമി കേരളത്തിലുണ്ട്. ഭൂമിയില്ലാത്തവര്‍ക്ക് അവകാശപ്പെട്ട ഈ മണ്ണിലേക്ക് പ്രവേശിക്കാനാണ് തീരുമാനം. സര്‍ക്കാര്‍ ഈ ഭൂമിയെല്ലാം ഏറ്റെടുത്തില്ലെങ്കില്‍ കുടില്‍കെട്ടി താമസിക്കും. ഒരുലക്ഷം ആളുകളെ റിക്രൂട്ട്ചെയ്ത് സമരഭടന്മാരാക്കി മാറ്റും. അവര്‍ ജയിലില്‍ പോകേണ്ടിവന്നാലും ഈ സമരത്തില്‍ നിന്ന് പിന്നോട്ടില്ല. ടൂറിസത്തിനുവേണ്ടി അഞ്ച് ശതമാനം ഭൂമി കൈമാറ്റം ചെയ്യാമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറയുന്നത്. നെല്ലിയാമ്പതിയില്‍ ഭൂസ്വാമിമാര്‍ക്ക് കൈയേറാന്‍ അവസരം നല്‍കിയതുപോലെയാണ് ഈ ലക്ഷ്യം. ഇത്തരം ഭൂമികളെല്ലാം കേസിന്റെ പേരിലാണ് സര്‍ക്കാര്‍ ഏറ്റെടുക്കാത്തത്. ഇതൊന്നും ഇനി നടപ്പില്ല. ഒരു ഹെക്ടറില്‍ 150 കശുമാവുണ്ടെങ്കില്‍ അത് തോട്ടമായി പരിഗണിക്കണമെന്നാണ് കെ എം മാണിയുടെ സൂത്രം. ഈ പേരുപറഞ്ഞ് മിച്ചഭൂമി തട്ടാനാണ് ശ്രമമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. കെഎസ്കെടിയു ജില്ലാപ്രസിഡന്റ് അഡ്വ. വി എന്‍ ശശിധരന്‍ അധ്യക്ഷനായി. സിപിഐ എം ജില്ലാസെക്രട്ടറി കെ ജെ തോമസ്, സംസ്ഥാനകമ്മിറ്റിയംഗങ്ങളായ വി ആര്‍ ഭാസ്കരന്‍, കെ രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. 101 പേരടങ്ങുന്ന സമരസമിതിയും രൂപീകരിച്ചു.

deshabhimani

പോരാട്ട പ്രതിജ്ഞ പുതുക്കി പതിനായിരങ്ങള്‍


പിറന്നനാടിന്റെ മോചനത്തിന് ജീവന്‍ ബലിനല്‍കിയ വയലാറിലെ ധീര ദേശാഭിമാനികള്‍ക്ക് നാടിന്റെ പ്രണാമം. ഒരൊറ്റ ലക്ഷ്യവും ഒരേ മന്ത്രവുമായെത്തിയ ആയിരങ്ങള്‍ രക്തസാക്ഷികള്‍ അന്ത്യവിശ്രമം കൊള്ളുന്ന ബലിത്തറയോട് ഹൃദയങ്ങള്‍ ചേര്‍ത്തു. ചെങ്കൊടിയും പൂക്കളുമായി ചെറുസംഘങ്ങളും വന്‍ പ്രകടനങ്ങളുമായി രാവിലെ മുതല്‍ ഒഴുകിയെത്തിയ പിന്‍തലമുറക്കാര്‍ രക്തസാക്ഷിമണ്ഡപത്തിന് വലംവച്ച് പോരാട്ട പ്രതിജ്ഞ പുതുക്കി മടങ്ങി. പുഷ്പാര്‍ച്ചനയിലും അനുസ്മരണ സമ്മേളനത്തിലും രക്തസാക്ഷി കുടുംബാംഗങ്ങളും സമരസേനാനികളും യുവതലമുറയും ആവേശത്തോടെ അണിനിരന്നു.

സിപിഐ എം, സിപിഐ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 66-ാമതു പുന്നപ്ര-വയലാര്‍ വാര്‍ഷികവാരാചരണത്തിന് ശനിയാഴ്ച കൊടിയിറങ്ങി. വയലാര്‍ രക്തസാക്ഷിമണ്ഡപത്തില്‍ സ്ഥാപിക്കാനുള്ള ദീപശിഖ ആലപ്പുഴ വലിയചുടുകാട്, മേനാശേരി രക്തസാക്ഷി മണ്ഡപം എന്നിവിടങ്ങളില്‍നിന്ന് അത്ലീറ്റുകളുടെ അകമ്പടിയോടെ റിലേയായി എത്തിച്ചു. രാവിലെ വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തില്‍ പുന്നപ്ര-വയലാര്‍ സമരനായകന്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ദീപശിഖ കൊളുത്തി നല്‍കി. മേനാശേരിയില്‍ സമരസേനാനി കെ വി തങ്കപ്പന്‍ ദീപശിഖ കൊളുത്തി. ഇരുറിലേകളും പകല്‍ പതിനൊന്നരയോടെ വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ എത്തി. വാരാചരണ കമ്മിറ്റി പ്രസിഡന്റ് പി തിലോത്തമന്‍ ദീപശിഖ ഏറ്റുവാങ്ങി മണ്ഡപത്തില്‍ സ്ഥാപിച്ചു. തുടര്‍ന്ന് പുഷ്പാര്‍ച്ചനയില്‍ ഇരു കമ്യൂണിസ്റ്റ് പാര്‍ടികളുടെയും നേതാക്കള്‍, പുന്നപ്ര-വയലാര്‍ സമരസേനാനികള്‍, രക്തസാക്ഷി കുടുംബാംഗങ്ങള്‍ തുടങ്ങി പതിനായിരങ്ങള്‍ രക്തസാക്ഷി സ്മരണ പുതുക്കി.

വിപ്ലവകവി വയലാര്‍ രാമവര്‍മ്മ അനുസ്മരണ സമ്മേളനം കവി ഏഴാച്ചേരി രാമചന്ദ്രന്‍ ഉദ്ഘാടനംചെയ്തു. വൈകിട്ട് വയലാറില്‍ ചേര്‍ന്ന രക്തസാക്ഷി അനുസ്മരണസമ്മേളനം വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനംചെയ്തു. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, സിപിഐ സംസ്ഥാനസെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, സി ദിവാകരന്‍, കാനം രാജേന്ദ്രന്‍, പി കെ ചന്ദ്രാനന്ദന്‍, കെ ഇ ഇസ്മയില്‍, സി ബി ചന്ദ്രബാബു, ജി സുധാകരന്‍, എ ശിവരാജന്‍ എന്നിവര്‍ സംസാരിച്ചു. പി തിലോത്തമന്‍ അധ്യക്ഷനായി. എ എസ് സാബു സ്വാഗതം പറഞ്ഞു.
(ഡി ദിലീപ്)

വര്‍ഗീയതയെ നേരിടാന്‍ മതനിരപേക്ഷ കക്ഷികള്‍ ഒന്നിക്കണം: പിണറായി

വയലാര്‍: വര്‍ഗീയതയെ നേരിടാന്‍ എല്ലാ മതനിരപേക്ഷ കക്ഷികളും ഒന്നിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. 66-ാമത് പുന്നപ്ര- വയലാര്‍ വാര്‍ഷിക വാരാചരണത്തിന് സമാപനംകുറിച്ച് വയലാറില്‍ നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫ് ഭരണത്തില്‍ വര്‍ഗീയ ശക്തികള്‍ക്ക് തഴച്ചുവളരുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നു. ഇവര്‍ക്ക് ഏതുതരം ആക്രമണവും നടത്താന്‍ കഴിയുന്ന സാഹചര്യമാണ്. തീവ്രവാദ ബന്ധമുള്ള കേസുകളുടെ അന്വേഷണം ലീഗിന്റെ സമ്മര്‍ദംമൂലം തടയപ്പെടുന്നു. തീവ്രവാദ ബന്ധമുള്ള കേസുകളുടെ അന്വേഷണത്തെ ലീഗ് ഭയപ്പെടുകയാണ്. മുന്‍കാലത്ത് പ്രവര്‍ത്തിച്ച രീതിയിലല്ല ലീഗ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ട് വര്‍ഗീയ പ്രചാരണംനടത്തുകയാണ്. കേരളത്തിലെ വലതുപക്ഷത്തിന് സാമ്രാജ്യത്വത്തിന്റെ സഹായം ലഭിക്കുന്നുണ്ട്. ഇടതുപക്ഷത്തെ തകര്‍ക്കുകയാണ് ലക്ഷ്യം. ഇതിനായി പലതരം പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. അരാഷ്ട്രീയവാദം, ജാതിമത സംഘടനകളെ വളര്‍ത്തല്‍, ജാതിമത സംഘടനകളെ യോജിപ്പിക്കല്‍, സാമുദായിക സംതുലിതാവസ്ഥയെ തകര്‍ക്കല്‍ തുടങ്ങിയ മാര്‍ഗങ്ങള്‍ ഇടതുപക്ഷത്തെ തകര്‍ക്കാനായി ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ ഈ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. ആര്‍എസ്എസ് നടത്തിയ വര്‍ഗീയ ആക്രമണങ്ങളെ സര്‍ക്കാര്‍ ഗൗരവത്തോടെ കണ്ട് നടപടി സ്വീകരിച്ചിരുന്നില്ല. സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്ന സര്‍ക്കാരിന്റെ നടപടിയില്‍ കാഴ്ചക്കാരായി നോക്കിനില്‍ക്കാനാകില്ലെന്നും പിണറായി പറഞ്ഞു.

ഭരണക്കാര്‍ ഗാന്ധിയുടെ ഭാഷ മനസിലാക്കാത്തവര്‍: വി എസ്

വയലാര്‍: ഗാന്ധിജിയുടെ ഭാഷ മനസിലാക്കാത്തവരാണ് ഇന്നത്തെ കേന്ദ്ര-സംസ്ഥാന ഭരണാധികാരികളെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ജനവിരുദ്ധനയങ്ങളില്‍ നിന്ന് ഇവരെ തിരുത്താന്‍ വയലാറിന്റെയും ഭഗത്സിങ്ങിന്റെയും മാര്‍ഗം സ്വീകരിക്കേണ്ടി വരും. പുന്നപ്ര-വയലാര്‍ 66-ാം വാര്‍ഷിക വാരാചരണത്തിന്റെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വി എസ്.

ജനങ്ങളെ പാപ്പരാക്കുന്ന നയങ്ങള്‍ക്കെതിരെ ഐഎന്‍ടിയുസിയും ബിഎംഎസും അടക്കമുള്ള ട്രേഡ് യൂണിയനുകള്‍ ഒറ്റക്കെട്ടായി പണിമുടക്കി മുന്നറിയിപ്പ് നല്‍കിയിരുന്നു. അതു കണ്ടില്ലെന്ന് നടിച്ച് ഉദാരവല്‍ക്കരണ നയങ്ങള്‍ പൂര്‍വാധികം ശക്തിയായി പിന്തുടരുകയാണ് കേന്ദ്രസര്‍ക്കര്‍. വീണ്ടും മുന്നറിയിപ്പ് നല്‍കാന്‍ തൊഴിലാളിവര്‍ഗം പ്രഖ്യാപിച്ച ദ്വിദിന പണിമുടക്ക് വന്‍വിജയമാക്കാന്‍ ജനം രംഗത്തിറങ്ങണം. ഉദാരവല്‍ക്കരണത്തില്‍ രാജ്യത്തെ അഴിമതിയും വര്‍ധിച്ചു. എട്ടുവര്‍ഷം കൊണ്ട് സോണിഗാന്ധി ലോകത്തെ വനിതകളില്‍ നാലാമത്തെ വനിതയായി മാറി. സോണിയയുടെ മരുമകന്‍ വധേര നിമിഷനേരം കൊണ്ടാണ് 500 കോടി രൂപയുടെ ആസ്ഥിയുണ്ടാക്കിയത്. ഇവര്‍ക്ക് ദാസ്യവേല ചെയ്യുകയാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. ഉമ്മന്‍ചാണ്ടി മന്‍മോഹന്‍സിങിന്റെ ശിഷ്യനാകാനാണ് ശ്രമിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങളാകെ ഇവര്‍ തകര്‍ത്തു. എമര്‍ജിങ് കേരളയിലൂടെ കേരളത്തിന്റെ ഭൂമി വില്‍ക്കുകയാണ് ലക്ഷ്യം. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും വി എസ് പറഞ്ഞു. പി തിലോത്തമന്‍ എംഎല്‍എ അധ്യക്ഷനായി.

deshabhimani 281012

കേരളത്തിന് അപമാനമായി വിശ്വമലയാള മഹോത്സവം


ഭാഷയും സാഹിത്യവും എന്തെന്നറിയാത്ത ഒരു സംഘത്തെ വിശ്വമലയാള മഹോത്സവത്തിന്റെ നടത്തിപ്പ് ഏല്‍പ്പിച്ചത് മലയാളത്തിന് അപമാനമായി. മണ്‍മറഞ്ഞ സാഹിത്യനായകരുടെ പ്രതിമകള്‍ തെറ്റായി സ്ഥാപിച്ചും വികൃതമാക്കിയും അപമാനിച്ചതിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ഖേദപ്രകടനം നടത്തി തലയൂരാന്‍ സാംസ്കാരികമന്ത്രിയുടെ ശ്രമം. മലയാളത്തിന്റെ സ്കോട്ട് സി വി രാമന്‍പിള്ളയുടെ രൂപവും ബെഞ്ചമിന്‍ ബെയ്ലിയുടെ സംഭാവനകളും മലയാളത്തിന്റെ കാല്‍പ്പനികവസന്തം ചങ്ങമ്പുഴയുടെ ജീവിതദൈര്‍ഘ്യവും അറിയാത്തവര്‍ക്കെതിരെ നടപടിക്ക് സാംസ്കാരികവകുപ്പോ മന്ത്രിയോ തയ്യാറല്ല. മാര്‍ത്താണ്ഡവര്‍മയും ധര്‍മരാജായും എഴുതിയ സി വി രാമന്‍പിള്ളയ്ക്കുപകരം ഭൗതികശാസ്ത്രജ്ഞന്‍ സി വി രാമന്റെ പ്രതിമ ഭരണസിരാകേന്ദ്രത്തിന് മുമ്പില്‍ സ്ഥാപിച്ചാണ് അപമാനിച്ചത്. ഇത് വെറും സാങ്കേതിക പിശകായി കണ്ട സാംസ്കാരികമന്ത്രി കെ സി ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ ഖേദപ്രകടനം നടത്തി തലയൂരാനാണ് ശ്രമിച്ചത്. ആവര്‍ത്തിച്ച് ചോദിച്ചശേഷമാണ് സംഭവം അന്വേഷിക്കാമെന്ന് വ്യക്തമാക്കിയത്.

നഗരത്തില്‍ പലഭാഗങ്ങളിലും ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പ് വിശ്വമലയാള സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം സ്ഥാപിച്ച പ്രതിമകളും വിവരണങ്ങളും വികൃതവും അബദ്ധജടിലവുമാണ്. "മതപരിവര്‍ത്തനത്തിന് നേതൃത്വം കൊടുത്ത ബഞ്ചമിന്‍ ബെയ്ലി" എന്നാണ് പാളയത്ത് സ്ഥാപിച്ച ബെയ്ലിയുടെ പ്രതിമയ്ക്ക് വിശദീകരണക്കുറിപ്പ്. കേരളത്തിലെത്തി സംസ്കൃതം, മലയാളം, സുറിയാനി ഭാഷകളില്‍ പാണ്ഡിത്യം നേടി ആദ്യ ഇംഗ്ലീഷ്-മലയാളം നിഘണ്ടു തയ്യാറാക്കിയ മഹാനെ മതപരിവര്‍ത്തകനാക്കി ചുരുക്കിയതിലൂടെ നാടിന്റെ മതേതരപാരമ്പര്യത്തെകൂടിയാണ് അടിയറ വച്ചത്. മലയാളകവിതയില്‍ കാല്‍പ്പനികതയുടെ വസന്തം വിരിയിച്ച് യൗവനത്തില്‍ കൊഴിഞ്ഞുപോയ അനശ്വരപ്രതിഭ ചങ്ങമ്പുഴ കൃഷ്ണപിള്ളയ്ക്ക് ശില്‍പ്പത്തില്‍ വൃദ്ധപരിവേഷം നല്‍കി സാംസ്കാരികവകുപ്പും സാഹിത്യ അക്കാദമിയും അപമാനിച്ചു. പോരായ്മ ചൂണ്ടിക്കാട്ടിയിട്ടും വികലരൂപം എടുത്തുമാറ്റാതെ അപമാനിക്കല്‍ തുടരുകയാണ്.

ലോകം ശ്രദ്ധിക്കേണ്ട ഭാഷാസമ്മേളന നടത്തിപ്പിന് മന്ത്രിയുടെ ആജ്ഞാനുവര്‍ത്തികളെ മാത്രം കുത്തിനിറച്ചാണ് സംഘാടക സമിതിയുണ്ടാക്കിയത്. സാഹിത്യ അക്കാദമി അംഗങ്ങളെപ്പോലും സഹകരിപ്പിക്കാതെ വിശ്വമലയാള സമ്മേളനം നടത്തുന്നതിനെ മന്ത്രി ന്യായീകരിച്ചത് എല്ലാവര്‍ക്കും സ്ഥാനങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്നാണ്. സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ബാലചന്ദ്രന്‍ വടക്കേടത്ത് അറിയപ്പെടുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. ബാലചന്ദ്രനടക്കം അക്കാദമിയിലെ ഭൂരിപക്ഷം അംഗങ്ങളും സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് ഉറപ്പായിരിക്കുന്നു. മലയാള സാഹിത്യലോകം കൈവിട്ട മഹോത്സവം എങ്ങനെയെങ്കിലും തട്ടിക്കൂട്ടി സര്‍ക്കാര്‍ അനുവദിച്ച രണ്ട് കോടി രൂപ അപഹരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സംഘാടനത്തില്‍ പോരായ്മകളുണ്ടെന്നും വീഴ്ച പരിഹരിക്കുമെന്നും പറഞ്ഞ് പ്രശ്നത്തെ നിസ്സാരവല്‍ക്കരിക്കുകയാണ് മന്ത്രിയും കൂട്ടാളികളും. 30നും 31നും നവംബര്‍ ഒന്നിനും നടക്കുന്ന മഹോത്സവത്തിന് വിളംബരമായി സംഘടിപ്പിച്ച പരിപാടികളെല്ലാം ദയനീയപരാജയമായിരുന്നു.

deshabhimani 281012

കൊച്ചി മെട്രോ ഏറ്റെടുക്കാന്‍ ബംഗളൂരു മെട്രോയ്ക്ക് കത്തെഴുതി


കെഎംആര്‍എല്‍ എംഡിയായിരിക്കെ കൊച്ചി മെട്രോ റെയില്‍നിര്‍മാണം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ടോം ജോസ് ബംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ക്കും കത്തെഴുതി. ടോം ജോസ് എഴുതിയ കത്തും അതിന് ബംഗളൂരു മെട്രോ എംഡി എന്‍ ശിവശൈലം അയച്ച അനുകൂല മറുപടിയും കെഎംആര്‍എല്ലിന്റെ പക്കലുണ്ടെന്ന് ഡിഎംആര്‍സിയിലെ ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

ടോം ജോസിന്റെ നേതൃത്വത്തില്‍ ജൂണ്‍ ആദ്യവാരം കെഎംആര്‍എല്‍ സംഘം ബംഗളൂരു മെട്രോ റെയില്‍(നമ്മ) നിര്‍മാണ സൈറ്റും ഓഫീസും സന്ദര്‍ശിച്ചശേഷമാണ് കൊച്ചി മെട്രോ ഏറ്റെടുക്കാനാവശ്യപ്പെട്ട് കത്തെഴുതിയത്. പൊതുമേഖലാ സ്ഥാപനമെന്ന നിലയില്‍ ഡിഎംആര്‍സിയെ തന്നെ കൊച്ചി മെട്രോ നിര്‍മാണം ഏല്‍പ്പിക്കണമെന്ന ആവശ്യം മറികടക്കുകയായിരുന്നു ടോം ജോസിന്റെ ലക്ഷ്യം. പദ്ധതിയില്‍ ഡിഎംആര്‍സി ഉന്നയിക്കുന്ന അവകാശവാദം കേന്ദ്ര-കര്‍ണാടക സര്‍ക്കാര്‍ പ്രതിനിധികള്‍ ഉള്‍പ്പെട്ട പൊതുമേഖലാ സംരംഭമെന്ന നിലയില്‍ ബംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷനെ കൊണ്ടും ഉന്നയിപ്പിക്കാനായിരുന്നു ടോം ജോസിന്റെ നീക്കം. കത്തിന് അനുകൂല മറുപടി ശിവശൈലം നല്‍കി. എന്നാല്‍, അന്ന് ഉയര്‍ന്ന വിവാദത്തില്‍ അവകാശവാദങ്ങള്‍ ഉന്നയിക്കാതെ വിട്ടുനിന്നു. ഇപ്പോഴത്തെ വിവാദങ്ങള്‍ക്കിടയില്‍ അന്ന് ടോം ജോസ് ഉന്നയിച്ച അതേ വാദമുഖങ്ങളുമായി ശിവശൈലം രംഗത്തുണ്ടെന്നതും ശ്രദ്ധേയം. കൊച്ചി പദ്ധതി ഡിഎംആര്‍സിക്ക് ഏറ്റെടുക്കാമെങ്കില്‍ പൊതുമേഖലാ സ്ഥാപനമായ തങ്ങള്‍ക്കും അതില്‍ താല്‍പ്പര്യമുണ്ടെന്ന് ഒരു മാധ്യമത്തിനു നല്‍കിയ പ്രതികരണത്തില്‍ ശിവശൈലം അവകാശപ്പെട്ടു. മെട്രോ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കണ്ടറിയാന്‍ മാത്രമാണ് അന്ന് ബംഗളൂരു മെട്രോ സന്ദര്‍ശിച്ചതെന്നായിരുന്നു എംഡിസ്ഥാനം ഒഴിഞ്ഞ ശേഷം ടോം ജോസ് മാധ്യമങ്ങളോടു പറഞ്ഞത്. കെഎംആര്‍എല്‍ എംഡിസ്ഥാനത്തിരുന്ന് പ്രഖ്യാപിത സര്‍ക്കാര്‍നയത്തിനു വിരുദ്ധമായി കത്തെഴുതിയത് സര്‍ക്കാരിന്റെ അറിവോടെയാണോ എന്ന ചോദ്യം ഉയരുന്നു

deshabhimani 281012

വനഭൂമിയുടെ നെഞ്ചുപിളര്‍ക്കുന്ന കൈയേറ്റം


നെല്ലിയാമ്പതി ഉള്‍പ്പെടുന്ന പശ്ചിമഘട്ട മലനിരകളെ ലോക പൈതൃകപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത് ഈയടുത്താണ്. ഇതോടെ ലോകത്ത് മുഖ്യമായും സംരക്ഷിക്കേണ്ട 36 ജൈവവൈവിധ്യ കേന്ദ്രങ്ങളില്‍ ഒന്നായി നെല്ലിയാമ്പതി മാറി. ജൈവപരമായി അതീവ പ്രാധാന്യമുള്ള നിബിഢവനഭൂമി ഇന്ന് അതിരൂക്ഷമായ കൈയേറ്റ ഭീഷണി നേരിടുകയാണ്. കാപ്പിയും ഏലവും കുരുമുളകും വിളഞ്ഞുനിന്ന ഭൂമി കഷ്ണങ്ങളാക്കി മുറിച്ചുവിറ്റു. 10,000 ഏക്കറോളം ഭൂമിയാണ് അനധികൃതമായി കൈമാറുകയും വിഭജിക്കുകയും ചെയ്തത്. വനഭൂമിയുടെ നെഞ്ചുപിളര്‍ന്ന് കോണ്‍ക്രീറ്റ് കെട്ടിടങ്ങളും റിസോര്‍ട്ടുകളും ഉയര്‍ന്നു. കാര്‍ഷിക ആവശ്യങ്ങള്‍ക്ക് മാത്രമായി പാട്ടത്തിന് നല്‍കിയ ഭൂമിയാണ് എല്ലാ വ്യവസ്ഥയും കാറ്റില്‍പ്പറത്തി വില്‍പ്പന നടത്തിയത്.

2008ല്‍ നെല്ലിയാമ്പതിയിലെ മീരാഫ്ളോര്‍ എസ്റ്റേറ്റിന്റെ വനഭൂമി ഈടുവച്ച് കൈവശക്കാരനായ ന്യൂവേള്‍ഡ് ഇന്‍വെസ്റ്റ്മെന്റ് 9.98 കോടി രൂപ വായ്പയെടുത്തു. പണം തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് റവന്യുവകുപ്പ് ലേലനടപടി ആരംഭിച്ചതോടെയാണ് നെല്ലിയാമ്പതിയിലെ ഭൂമി കൈയേറ്റം ഉള്‍പ്പെടെയുള്ള തട്ടിപ്പുകള്‍ പുറത്തായത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വനഭൂമി ഈടായിവച്ച് കൈവശക്കാര്‍ കോടിക്കണക്കിനു രൂപ വായ്പയെടുത്തതായി പിന്നീട് അന്വേഷണത്തില്‍ കണ്ടെത്തി. നിയമസഭയില്‍ വി ചെന്താമരാക്ഷന്‍ എംഎല്‍എ സബ്മിഷനിലൂടെ നെല്ലിയാമ്പതി വിഷയം ഉന്നയിച്ചതോടെയാണ് പ്രശ്നം സജീവ ചര്‍ച്ചയായത്. സര്‍ക്കാരുമായുള്ള പാട്ടക്കരാറിന്റെയും 1980ലെ ഫോറസ്റ്റ് കണ്‍സര്‍വേഷന്‍ ആക്ടിന്റെയും പരസ്യമായ ലംഘനമാണ് ഓരോ എസ്റ്റേറ്റും നടത്തുന്നത്. കേന്ദ്ര സര്‍ക്കാര്‍ അനുമതിയില്ലാതെയുള്ള ഭൂമി കൈമാറ്റം, വനഭൂമി പണയം വച്ചുള്ള വായ്പയെടുക്കല്‍, എസ്റ്റേറ്റുകളിലെ മരം മുറിക്കല്‍ തുടങ്ങിയവ വ്യാപകമായി. കാപ്പി, ഏലം, കുരുമുളക് എന്നിവ കൃഷിചെയ്യാന്‍ മാത്രമാണ് ഭൂമി അനുവദിച്ചത് എന്നിരിക്കെ റബര്‍ ഉള്‍പ്പെടെ ലാഭകരമായ വിളകളും വ്യാപകമായി കൃഷിചെയ്തു. വനഭൂമിക്കകത്തെ അനധികൃത നടപടി തടയാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ല. ചില ഉദ്യോഗസ്ഥര്‍ ഒത്താശചെയ്യുകയും ചെയ്തു.

പാട്ടക്കരാര്‍ ലംഘിച്ച 27 എസ്റ്റേറ്റുകള്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചു. മീരാ ഫ്ളോര്‍, തൂത്തമ്പാറ, ബിയാട്രീസ്, റോസറി, ക്ലിഫ് വ്യു എന്നീ എസ്റ്റേറ്റുകള്‍ ഏറ്റെടുത്തു. മീരാഫ്ളോറിനു കീഴില്‍ അഞ്ച് എസ്റ്റേറ്റുണ്ടായിരുന്നു. ഏറ്റെടുത്ത എസ്റ്റേറ്റുകളിലെ തൊഴിലാളികളെ വനംവികസന കോര്‍പറേഷനുകീഴിലാക്കി. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷമാണ് ചെറുനെല്ലി, രാജാക്കാട്, മാങ്കോട് എസ്റ്റേറ്റുകള്‍ ഏറ്റെടുക്കാന്‍ നടപടിയായത്. എന്നാല്‍, ചെറുനെല്ലി എസ്റ്റേറ്റ് ഏറ്റെടുക്കുമ്പോള്‍ നടപടിക്രമം പാലിക്കാത്തതിനാല്‍ ഹൈക്കോടതിയില്‍ കേസ് തോറ്റു. വീണ്ടും ഉടമയ്ക്കുതന്നെ തിരിച്ചുനല്‍കി. പിന്നീട്, ഏറ്റെടുക്കല്‍ നിര്‍ത്തിവയ്ക്കാന്‍ വനംവകുപ്പിനോട് ആവശ്യപ്പെടുകയായിരുന്നു. ചെറുനെല്ലി, രാജാക്കാട്, മാങ്കോട് എസ്റ്റേറ്റുകളുമായി ബന്ധപ്പെട്ട കേസാണ് നിലവില്‍ കോടതിയുടെ പരിഗണനയിലുള്ളത്. പാട്ടക്കരാര്‍ ലംഘിച്ച എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുന്നതിലുള്‍പ്പെടെ യുഡിഎഫ് സര്‍ക്കാര്‍ രണ്ടു തട്ടിലാണ്. വന്‍കിട വനംകൊള്ളക്കാരെ കുടിയേറ്റ കര്‍ഷകരെന്ന് മുദ്രകുത്തിയാണ് പി സി ജോര്‍ജും കെ എം മാണിയും സംരക്ഷിക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മൗനാനുവാദം നല്‍കി ഇവര്‍ക്ക് രഹസ്യമായ പിന്തുണ നല്‍കുന്നു. വനം വകുപ്പ് നല്‍കുന്ന സത്യവാങ്മൂലങ്ങളില്‍ വെള്ളംചേര്‍ത്ത് ദുര്‍ബലപ്പെടുത്തി കോടതിയില്‍ സമര്‍പ്പിച്ചും കോടതിയില്‍ യഥാസമയം അപ്പീല്‍ നല്‍കാതെയും കൈയേറ്റക്കാരെ ഇവര്‍ സഹായിച്ചു. സര്‍ക്കാര്‍ പിന്തുണയോടെ ഭൂമാഫിയകള്‍ തഴച്ചുവളരുമ്പോള്‍ ഇല്ലാതാകുന്നത് പ്രകൃതിരമണീയമായ, അതീവ ജൈവസമ്പത്തുള്ള വനഭൂമിയാണ്.

നെല്ലിയാമ്പതി നിബിഡവനം തന്നെ

പാലക്കാട് ചുരത്തിന്റെ തെക്ക്ഭാഗത്തെ തെന്മലയുടെ മുകളിലെ അതീവ ജൈവപ്രാധാന്യമുള്ള മലമ്പ്രദേശമാണ് നെല്ലിയാമ്പതി. പോത്തുണ്ടി ഡാമില്‍നിന്ന് നെല്ലിയാമ്പതിയിലേക്കുള്ള യാത്ര അവിസ്മരണീയമാണ്. റോഡിന്റെ ഇരുവശത്തുമായി തിങ്ങിവളരുന്ന പടുകൂറ്റന്‍മരങ്ങള്‍. പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ ഒഴുകുന്ന സുന്ദരമായ നീര്‍ച്ചാലുകള്‍. മാനും മുയലും ആനയും കാട്ടുപോത്തും സിംഹവാലന്‍കുരങ്ങനും വേഴാമ്പലും വരയാടുമെല്ലാം വസിക്കുന്ന നിബിഡവനം. പ്രകൃതിയുടെ വരദാനമായ ഭൂമിയെയാണ് റവന്യു ഭൂമിയെന്നു വാദിച്ച് കൈയേറ്റക്കാര്‍ തട്ടിയെടുക്കാനൊരുങ്ങുന്നത്. ഇവരുടെ വാദം അതേപടി ഏറ്റുപറയുകയാണ് യുഡിഎഫ്നേതാക്കളും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും. കൊച്ചീരാജ്യത്തിന്റെയും കൊല്ലങ്കോട് വെങ്ങുനാട് കോവിലകത്തിന്റെയും വകയിലുള്ള ഭൂമിയാണ് നെല്ലിയാമ്പതി.

1863 മുതലാണ് അന്നത്തെ കൊച്ചീരാജാവ് ബ്രിട്ടീഷുകാര്‍ക്ക് കാര്‍ഷികാവശ്യങ്ങള്‍ക്കായി വനഭൂമി പാട്ടത്തിനു നല്‍കിത്തുടങ്ങിയത്. കാപ്പി, ഏലം, കുരുമുളക് എന്നിവ മാത്രം കൃഷി ചെയ്യാമെന്നായിരുന്നു കരാര്‍. ഭൂമിയുടെ ഉടമസ്ഥാവകാശം കൊച്ചീരാജാവില്‍ത്തന്നെ നിക്ഷിപ്തമായിരുന്നു. കാര്‍ഷികാവശ്യത്തിനു മാത്രമായി പരിമിതപ്പെടുത്തിയ ഭൂമി മറിച്ചുവില്‍ക്കാന്‍ അനുവാദമില്ല. വനം കൈയേറ്റവും നിയന്ത്രണാതീത മരംമുറിയും വനത്തിന്റെ നടത്തിപ്പിനായി നിയോഗിച്ചവരുടെ കെടുകാര്യസ്ഥതയുംമൂലം വനസമ്പത്ത് നഷ്ടപ്പെടുന്നതായി മനസ്സിലാക്കിയ രാജാവ് 1905ല്‍ കൊച്ചിന്‍ ഫോറസ്റ്റ് ആക്ട് നടപ്പാക്കി. 1863 മുതല്‍ 1902വരെയുള്ള കാലയളവില്‍ പാട്ടത്തിനു നല്‍കിയ വനഭൂമിയില്‍ സര്‍ക്കാരിന്റെ നിയന്ത്രണം കൊണ്ടുവരുന്നതായിരുന്നു ആക്ട്. പിന്നീട് 1909ല്‍ നെല്ലിയാമ്പതി മേഖലയില്‍ സൈറ്റില്‍മെന്റ് ഓഫീസറെ നിയോഗിച്ച് തര്‍ക്കവിഷയങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കുകയും ഈ മേഖല റിസര്‍വ്വനമാണെന്ന് വിജ്ഞാപനമിറക്കുകയും ചെയ്തു. 25 എസ്റ്റേറ്റുകളെ റിസര്‍വ് വനത്തിനകത്തുള്ള ഭൂമിയാണെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നുണ്ട്. 1909ലെ നോട്ടിഫിക്കേഷനില്‍ ഉള്‍പ്പെടുന്ന എസ്റ്റേറ്റുകള്‍ 1980ലെ ഫോറസ്റ്റ് കണ്‍സര്‍വേഷന്‍ ആക്ട് പ്രകാരം വനമായി കണക്കാക്കേണ്ടതാണെന്ന് 1990ല്‍ ഹൈക്കോടതി വിധിച്ചിട്ടുണ്ട്. നെല്ലിയാമ്പതി തോട്ടങ്ങള്‍ നിയമപ്രകാരം 1909ലെ റിസര്‍വ് നോട്ടിഫിക്കേഷനില്‍ ഉള്‍പ്പെട്ടവയാണ്. ചെറുനെല്ലി എസ്റ്റേറ്റാണെങ്കില്‍ റിസര്‍വ്നോട്ടിഫിക്കേഷനില്‍ ഉള്‍പ്പെടുകയും കൂടാതെ പറമ്പിക്കുളം ടൈഗര്‍ റിസര്‍വിന്റെ ഭാഗമായുള്ള 2009ലെ ബഫര്‍സോണ്‍ നോട്ടിഫിക്കേഷനിലുള്‍പ്പെടുകയും ചെയ്തിട്ടുണ്ട്. ഇതിനുപുറമെ നിരവധി സര്‍ക്കാര്‍രേഖകളിലും നെല്ലിയാമ്പതിയിലെ തോട്ടങ്ങള്‍ വനഭൂമിയായിത്തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

1995ലെ ഗോദവര്‍മന്‍ തിരുമുല്‍പ്പാട് കേസിലെ വിധിപ്രകാരം ഓരോ സംസ്ഥാനവും 1980ലെ ഫോറസ്റ്റ് കണ്‍സര്‍വേഷന്‍ ആക്ടിന്റെ പരിധിയില്‍ വരുന്ന വനത്തെ തിട്ടപ്പെടുത്താന്‍ ഒരു വിദഗ്ധസമിതിയെ നിയോഗിച്ചിരുന്നു. അപ്രകാരം കേരള സംസ്ഥാനത്തിന്വേണ്ടി നിയോഗിച്ച കമ്മിറ്റി നെല്ലിയാമ്പതിയിലെ തോട്ടങ്ങള്‍ വനഭൂമിയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഇവിടങ്ങളിലെ തോട്ടങ്ങള്‍ സ്വാഭാവികവനമാണെന്ന് കണ്ടെത്തി. കേരള സംസ്ഥാനം രൂപംകൊണ്ടശേഷം പാട്ടഭൂമിയുടെ ഉടമസ്ഥാവകാശം സംസ്ഥാന സര്‍ക്കാരിന് കൈവന്നു. പാലക്കാട് ജില്ലാ കലക്ടറുടെ പാട്ടത്തുക പുതുക്കിയ ഉത്തരവുകളില്‍ എസ്റ്റേറ്റുകള്‍ വനഭൂമിയായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. നെല്ലിയാമ്പതി വില്ലേജ്ഓഫീസിലുള്ള അടിസ്ഥാന നികുതിരജിസ്റ്ററിലും എസ്റ്റേറ്റുകള്‍ സര്‍ക്കാര്‍വനമാണ്.

ഭൂമി കൈയേറ്റം യുഡിഎഫ് പിന്തുണയോടെ

നെല്ലിയാമ്പതിയിലെ വനംകൈയേറ്റം യുഡിഎഫ് നേതാക്കളുടെ പിന്തുണയോടെയും പ്രോത്സാഹനത്തോടെയുമാണ് നടന്നത്. പി സി ജോര്‍ജും കെ എം മാണിയുമാണ് ഇതിന്റെ നേതൃത്വത്തിലുള്ളത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രഹസ്യപിന്തുണയുമുണ്ട്. വിവാദമായ പല എസ്റ്റേറ്റുകളുടെയും നടത്തിപ്പുകാര്‍ കേരള കോണ്‍ഗ്രസ് നേതാക്കളാണ്. എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കേസുകളില്‍ സംസ്ഥാനസര്‍ക്കാര്‍ മനഃപൂര്‍വം തോറ്റുകൊടുക്കുകയായിരുന്നു. "ദൈവംതമ്പുരാന്‍ വന്നു വാദിച്ചാലും കേസില്‍ സര്‍ക്കാര്‍ ജയിക്കില്ലെ"ന്ന് ക്യാബിനറ്റ്മന്ത്രിയുടെ പദവി വഹിക്കുന്ന ചീഫ്വിപ്പ് പി സി ജോര്‍ജിന്റെ പ്രസ്താവന സര്‍ക്കാരിന്റെ നയം വ്യക്തമാക്കുന്നതാണ്. കേസില്‍ സര്‍ക്കാര്‍ തോല്‍ക്കുമെന്ന് ചീഫ്വിപ്പ് ഉറപ്പിച്ചു പറയുമ്പോള്‍പോലും പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. വനംവകുപ്പ് തയ്യാറാക്കി നല്‍കുന്ന സത്യവാങ്മൂലം ദുര്‍ബലപ്പെടുത്തിയാണ് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചത്. മുഖ്യമന്ത്രിയുടെ അറിവോടെയല്ലാതെ ഇത് ഒരിക്കലും സാധ്യമല്ല. കേസ് വാദിക്കാന്‍ ജൂനിയര്‍ അഭിഭാഷകരെ നിയോഗിച്ചും എതിര്‍ഹര്‍ജികള്‍ സമര്‍പ്പിക്കാന്‍ അനാവശ്യമായി കാലതാമസം വരുത്തിയുമാണ് ഭൂമികൈയേറ്റക്കാര്‍ക്ക് സര്‍ക്കാര്‍ ഒത്താശ ചെയ്തത്.

ഏറ്റെടുക്കാനുള്ള എസ്റ്റേറ്റുകളില്‍ ചിലത് കേരളാ കോണ്‍ഗ്രസ് മാണിവിഭാഗം നേതാക്കളുടേതാണ്. മാണിയുടെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് എസ്റ്റേറ്റുകള്‍ ഏറ്റെടുക്കാനുള്ള നടപടി നിര്‍ത്തിവച്ചത്. ബാലകൃഷ്ണപ്പിള്ള, ചീഫ്വിപ്പ് പി സി ജോര്‍ജ് എന്നിവരും എസ്റ്റേറ്റുടമകള്‍ക്കുവേണ്ടി രംഗത്തുവന്നു. ഇരുവരും നെല്ലിയാമ്പതി, പറമ്പിക്കുളംമേഖലകളില്‍ രഹസ്യസന്ദര്‍ശനവും നടത്തിയിരുന്നു. എസ്റ്റേറ്റ്ലോബിക്കുവേണ്ടി ശക്തമായിനിന്നത് ചീഫ്വിപ്പ് പി സി ജോര്‍ജാണ്. എസ്റ്റേറ്റ് ഉടമകളുമായി ജോര്‍ജ് അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു. കൈയേറ്റക്കാര്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച നെന്മാറ ഡിഎഫ്ഒ ധനേഷ്കുമാറിനെ യുഡിഎഫ്സര്‍ക്കാര്‍ അധികാരത്തില്‍വന്നപ്പോള്‍ത്തന്നെ സ്ഥലംമാറ്റി. നെല്ലിയാമ്പതിയിലെ കാരപ്പാറ എസ്റ്റേറ്റ്കേസ് അട്ടിമറിക്കാന്‍ യുഡിഎഫ്സര്‍ക്കാര്‍ ബോധപൂര്‍വം ശ്രമിച്ചുവെന്നത് വ്യക്തമായതാണ്. ഹൈക്കോടതിയില്‍ കേസ് തോറ്റുകൊടുത്ത സര്‍ക്കാര്‍, എസ്റ്റേറ്റ് ഉടമകള്‍ക്ക് കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ റവന്യു ഉദ്യോഗസ്ഥരില്‍ കടുത്ത സമ്മര്‍ദം ചെലുത്തി. കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന ഹൈക്കോടതിവിധിയെ ചോദ്യംചെയ്യാന്‍ മതിയായ കാരണമില്ലെന്നും വിധി നടപ്പാക്കുകയേ നിര്‍വാഹമുള്ളുവെന്നുമാണ് സര്‍ക്കാര്‍ പാലക്കാട് ജില്ലാ കലക്ടര്‍ക്ക് നല്‍കിയ ഉപദേശം. എന്നാല്‍, നിയമവകുപ്പിന്റെ ഉപദേശം മറികടന്ന് കലക്ടര്‍ സമ്മര്‍ദംചെലുത്തിയാണ് പിന്നീട് സുപ്രീംകോടതിയില്‍ സ്പെഷ്യല്‍ ലീവ്പെറ്റീഷന്‍ സമര്‍പ്പിച്ചത്. ഈ ഹര്‍ജി പരിഗണിച്ചാണ് കൈവശാവകാശസര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. കാരപ്പാറ എസ്റ്റേറ്റ് വനഭൂമിയാണെന്നും കോടതി നിരീക്ഷിച്ചു. നെല്ലിയാമ്പതിവിഷയം പഠിക്കാന്‍ യുഡിഎഫ് സമിതി രൂപീകരിച്ചെങ്കിലും ഇത് പരസ്പരം ഏറ്റുമുട്ടാനുള്ള വേദി മാത്രമായി മാറി. യുഡിഎഫിന്റെ രണ്ടു സംഘം നെല്ലിയാമ്പതി സന്ദര്‍ശിച്ചിട്ടും ക്രിയാത്മകമായ ഒരു നിര്‍ദേശവും മുന്നോട്ടുവയ്ക്കാനായില്ല.
(സി അജിത് )

തൊഴിലാളികളെ മനുഷ്യകവചമാക്കുന്നു

തൊഴിലാളികളുടെയും ചെറുകിട കര്‍ഷകരുടെയും പേരിലാണ്ആയിരക്കണക്കിന് ഏക്കര്‍ വനഭൂമി കൈയേറുന്നതിനെ യുഡിഎഫ്നേതാക്കള്‍ ന്യായീകരിക്കുന്നത്. നെല്ലിയാമ്പതിയിലെ വിവാദമായ എസ്റ്റേറ്റുകളിലൊന്നുംതന്നെ ചെറുകിട കര്‍ഷകരില്ല. നൂറും ഇരുന്നൂറും ഏക്കര്‍ ഭൂമി സ്വന്തമായുള്ളവരെയാണ് ജോര്‍ജും മാണിയും ചെറുകിട കുടിയേറ്റകര്‍ഷകരെന്ന് വിളിക്കുന്നത്. നെല്ലിയാമ്പതിയിലെ എസ്റ്റേറ്റുകള്‍ സന്ദര്‍ശിച്ച യുഡിഎഫിന്റേതുള്‍പ്പെടെയുള്ള നേതാക്കള്‍ക്കെല്ലാം ഇത് ബോധ്യപ്പെടുകയും ചെയ്തു. തൊഴിലാളികളെ മനുഷ്യകവചമായി മുന്നില്‍നിര്‍ത്തിയാണ് ഭൂമാഫിയാസംഘം അനധികൃത കൈയേറ്റത്തെ ന്യായീകരിക്കുന്നത്.

വിവാദമായ ചെറുനെല്ലി എസ്റ്റേറ്റില്‍ രജിസ്റ്റര്‍ ചെയ്ത ഒരു തൊഴിലാളിയുമില്ല. എസ്റ്റേറ്റ്ഭൂമി കഷ്ണങ്ങളാക്കി മുറിച്ച് ഭൂപരിധിനിയമം അട്ടിമറിക്കാനാണ് കൈവശക്കാര്‍ ശ്രമിക്കുന്നത്. ഇതുവഴി തൊഴിലാളികള്‍ക്ക് നല്‍കേണ്ട ആനുകൂല്യം ഇല്ലാതാക്കാനുള്ള ഗൂഢതന്ത്രവും ഭൂവുടമകള്‍ നടത്തി. പാട്ടക്കരാര്‍ ലംഘിച്ചതിന്റെ പേരില്‍ തോട്ടം സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ ഒരു ആനുകൂല്യവും നല്‍കാതെ തോട്ടം ഉടമ തൊഴിലാളികളെ കൈയൊഴിയുകയാണ്. സര്‍ക്കാര്‍ ഏറ്റെടുത്ത തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് ശരിയായ രീതിയില്‍ ഗ്രാറ്റുവിറ്റി, പ്രൊവിഡന്റ്ഫണ്ട് തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭിക്കാതെ പോവുന്നുമുണ്ട്. തൊഴിലാളികളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണ്. അത് നിര്‍വഹിക്കാതെ കപടതൊഴിലാളി സ്നേഹം കാണിച്ച് വന്‍തോതിലുള്ള ഭൂമി കൈയേറ്റത്തെ പ്രോത്സാഹിപ്പിക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍.

വിനോദസഞ്ചാരത്തിന് നീക്കിവച്ചത് വനഭൂമി

പാലക്കാട്: എമര്‍ജിങ് കേരളയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നെല്ലിയാമ്പതിയില്‍ വിനോദസഞ്ചാരപദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം റിസര്‍വ് വനഭൂമി. പുലയന്‍പാറയ്ക്ക് സമീപം 25ഏക്കറില്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനും ഫോറസ്റ്റ്ലോഡ്ജും പണിയാനാണ് യുഡിഎഫ് നീക്കം. എട്ട് മുറിയുള്ള ലോഡ്ജ് പണിയാനായിരുന്നു നിര്‍ദേശം. നെല്ലിയാമ്പതിയില്‍ കൃഷിവകുപ്പിന്റെ കൈവശമുള്ള 743 ഏക്കര്‍വരുന്ന ഓറഞ്ച് ആന്‍ഡ് വെജിറ്റബിള്‍ ഫാമിന്റെ 25 ഏക്കര്‍ ഭൂമി നേരത്തെ ടൂറിസം വകുപ്പിനു കൈമാറിയിട്ടുണ്ട്. റിസര്‍വ് വനമായി നിലനില്‍ക്കുമ്പോള്‍ത്തന്നെയാണ് വനംവകുപ്പ് 743 ഏക്കര്‍ ഭൂമി കൃഷിവകുപ്പിനു കൈമാറിയത്. ഭൂമി കൃഷിവകുപ്പിനു കൈമാറിയെങ്കിലും റിസര്‍വ് വനത്തില്‍നിന്ന് ഒഴിവാക്കി വിജ്ഞാപനം ഇറക്കിയിട്ടില്ല. അതിനാല്‍ ഇത് വനഭൂമിയായിത്തന്നെയാണ് പരിഗണിക്കപ്പെടുകയെന്നാണ് വനംവകുപ്പ് പറയുന്നത്. ഇവിടെയാണ് കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഉയരാന്‍ പോകുന്നത്.

deshabhimani

വന്‍ അഴിമതികള്‍ക്ക് പിന്നില്‍ കോര്‍പറേറ്റ് ശക്തികള്‍: പ്രകാശ് കാരാട്ട്


രാജ്യത്തെ വന്‍ അഴിമതികളിലെല്ലാം കോര്‍പറേറ്റ് ശക്തികളുടെ പങ്കാളിത്തമുണ്ടെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ബിഗ് ബിസിനസ്-രാഷ്ട്രീയ-ഉദ്യോഗസ്ഥ അച്ചുതണ്ടാണ് അഴിമതികള്‍ക്കു പിന്നില്‍. അഴിമതിക്കെതിരായ പോരാട്ടം നവ ഉദാരവല്‍ക്കരണ ആശയങ്ങള്‍ക്കെതിരായ പോരാട്ടം കൂടിയാണെന്ന് "തെഹല്‍ക"ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

അഴിമതിയുടെ പേരില്‍ വ്യക്തിപരമായി ഏതെങ്കിലും മന്ത്രിയെയോ ഉദ്യോഗസ്ഥനെയോ ചൂണ്ടിക്കാട്ടാന്‍ എളുപ്പമാണ്. എന്നാല്‍, മൊത്തം സംവിധാനത്തിനെതിരായ പോരാട്ടമാണ് അഴിമതിക്കെതിരായ യഥാര്‍ഥ പോരാട്ടം. അഴിമതിക്കെതിരെ തൊലിപ്പുറമേയുള്ള സമരങ്ങളല്ല ഇടതുപക്ഷം നടത്തുന്നത്. അഴിമതിയുടെ അച്ചുതണ്ടില്‍പെടാത്ത ശക്തികള്‍ ഇടതുപക്ഷമാണെന്നതും അംഗീകരിക്കപ്പെട്ട സത്യമാണ്. ഇടതുപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്ന പ്രചാരണപരിപാടികളുടെ സ്വാധീനംമൂലം മറ്റ് രാഷ്ട്രീയശക്തികളും ചില്ലറവില്‍പ്പന മേഖലയിലെ വിദേശ നിക്ഷേപംപോലുള്ള നയ പരിപാടികളെ എതിര്‍ക്കുന്നുണ്ട്. പശ്ചിമബംഗാളിലും കേരളത്തിലും ഇടതുപക്ഷം സ്വീകരിച്ച നിലപാടുകള്‍ തങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന തോന്നലുണ്ടാക്കാന്‍ ശ്രമിക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസും കേരളത്തിലെ യുഡിഎഫും. സാമ്പത്തികനയത്തിന്റെ കാര്യത്തില്‍ സിപിഐ എമ്മിന്റെ നിലപാടുകള്‍ വ്യക്തവും ഉറച്ചതുമാണ്. നവ ഉദാര സാമ്പത്തികനയങ്ങളെ സിപിഐ എം തള്ളിക്കളഞ്ഞു. ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ തുടരുന്ന നയം ചങ്ങാത്ത മുതലാളിത്തത്തിന്റേതാണ്. പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിക്കുന്നതാണ്. പശ്ചിമബംഗാളില്‍ സിപിഐ എമ്മിന്റെ വര്‍ഗാടിത്തറ തകര്‍ക്കാന്‍ മമതാ ബാനര്‍ജി സ്വത്വരാഷ്ട്രീയത്തെ ഉപയോഗിക്കുകയാണ്.ബംഗാളില്‍ വര്‍ഗ്ഗീയശക്തികളുടെ തിരിച്ചുവരവ് ആശങ്കയുണര്‍ത്തുന്നു. കേരളത്തില്‍ ജനകീയനേതാക്കള്‍ ഇനിയുമുണ്ടാകും.വിഭാഗീയത അവസാനിപ്പിക്കാനുള്ള പരിശ്രമങ്ങള്‍ക്ക് നല്ല ഫലമുണ്ടായി. ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി എന്തെങ്കിലും തരത്തിലുള്ള സഖ്യത്തിന് സാധ്യതയില്ല. കോര്‍പറേറ്റ് മാധ്യമങ്ങള്‍ തന്നെ കടുംപിടിത്തക്കാരനെന്ന് വിശേഷിപ്പിക്കുന്നത് പാര്‍ടി സ്വീകരിക്കുന്നത് ശരിയായ നിലപാടുകളാണെന്ന് വ്യക്തമാക്കുന്നു-കാരാട്ട് പറഞ്ഞു.

deshabhimani 281012

നവമാധ്യമങ്ങളിലെ ഇടപെടല്‍ അനിവാര്യം: എം എ ബേബി


സത്യം ജനങ്ങളില്‍ എത്തിക്കാനും കള്ളപ്രചാരണങ്ങള്‍ക്ക് മറുപടി പറയാനും നവമാധ്യമങ്ങളിലെ ഇടപെടല്‍ അനിവാര്യമാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. തങ്ങള്‍ക്ക് താല്‍പ്പര്യമുള്ള കാര്യങ്ങള്‍ ഇരകളെ കൊണ്ട് സമ്മതിപ്പിക്കാനുള്ള തന്ത്രങ്ങളാണ് ചൂഷകവര്‍ഗം മാധ്യമങ്ങളിലൂടെ നടത്തുന്നത്്. അപ്രസക്തമായ കാര്യങ്ങള്‍ വലതുപക്ഷമാധ്യമങ്ങള്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നത് യഥാര്‍ഥ വിഷയങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള തന്ത്രമാണ്. ഇ എം എസ് അക്കാദമിയില്‍ നവമാധ്യമ പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ബേബി.

എ കെ ജിക്കും അഴീക്കോടന്‍ രാഘവനുമെതിരെവരെ ഇല്ലാത്ത അഴിമതി ആരോപണം ഉന്നയിച്ചവരാണ് കോണ്‍ഗ്രസുകാര്‍. ഇതിന് മറുപടി നല്‍കിയത് ഇ എം എസാണ്. 1946ല്‍ കമ്യൂണിസ്റ്റുകാര്‍ മര്‍ദകരെന്ന ആരോപണം മാതൃഭൂമി ഉയര്‍ത്തി. പി കൃഷ്ണപിള്ളയാണ് ദേശാഭിമാനിയിലൂടെ യാഥാര്‍ഥ്യം ജനങ്ങളെ ബോധ്യപ്പെടുത്തിയത്. തൊഴിലാളിവര്‍ഗപ്രസ്ഥാനങ്ങള്‍ക്കെതിരായ കള്ളപ്രചാരണങ്ങളെ നേരിടാന്‍ അച്ചടി, ദൃശ്യ മാധ്യമങ്ങള്‍ക്കൊപ്പം നവമാധ്യമങ്ങളെയും ഉപയോഗിക്കണം. പുരോഗമന ആശയങ്ങള്‍ എന്ന പേരില്‍ പുരോഗമനപ്രസ്ഥാനങ്ങള്‍ക്കെതിരെ നടത്തുന്ന പ്രചാരണങ്ങളെയും ചെറുക്കേണ്ടതുണ്ട്. ആധുനികസമൂഹത്തില്‍ ആഭാസകരമെന്ന് കരുതുന്ന പല അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കടന്നുവരുന്നുണ്ട്. ഇതിനെതിരെയും നവമാധ്യമങ്ങളെ ഉപയോഗിക്കാനാകണമെന്ന് എം എ ബേബി പറഞ്ഞു. എ പ്രതാപചന്ദ്രന്‍നായര്‍ സ്വാഗതം പറഞ്ഞു. ദേശാഭിമാനി ചീഫ് എഡിറ്റര്‍ വി വി ദക്ഷിണാമൂര്‍ത്തി, അസോസിയറ്റ് എഡിറ്റര്‍ പി എം മനോജ്, ഡോ. എം ആര്‍ ബൈജു, എ ഡി ജയന്‍, പി എസ് ബിരെണ്‍ ജിത് എന്നിവര്‍ ക്ലാസെടുത്തു. ഞായറാഴ്ചയും ക്യാമ്പ് തുടരും. പി രാജീവ് എംപി രേഖ അവതരിപ്പിക്കും. ഡോ. ടി എം തോമസ് ഐസക് ക്ലാസെടുക്കും.

deshabhimani 281012

പരിയാരത്ത് കടബാധ്യതയുണ്ടായത് രാഘവന്റെ ഭരണത്തില്‍


പരിയാരം സഹകരണ മെഡിക്കല്‍ കോളേജിന് വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കിയത് എം വി രാഘവന്റെ ഭരണം. ഇപ്പോഴുള്ള 500 കോടി രൂപയോളംവരുന്ന ബാധ്യത രാഘവന്റെകാലത്തെ സംഭാവനയാണ്. എല്‍ഡിഎഫ് ഭരണസമിതി അധികാരത്തില്‍ വന്നശേഷം പുതിയ കടബാധ്യതയുണ്ടായിട്ടില്ല. കടുത്ത സാമ്പത്തിക പ്രയാസത്തിനിടയിലും മൂന്ന് വര്‍ഷത്തിനിടെ 11 കോടി തിരിച്ചടച്ചു. വരുമാനം വര്‍ധിപ്പിക്കാനും പുതിയ വികസന പദ്ധതികള്‍ നടപ്പാക്കാനും അനാവശ്യച്ചെലവും ധൂര്‍ത്തും ഒഴിവാക്കാനുമാണ് എല്‍ഡിഎഫ് ഭരണസമിതി ശ്രമിച്ചത്.

 മെഡിക്കല്‍ കോളേജിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനം ലാഭനഷ്ടമില്ലാതെയാണ്. വിദ്യാര്‍ഥികളുടെ ഫീസും ചികിത്സയില്‍നിന്നുള്ള വരുമാനവുമാണ് മെഡിക്കല്‍ കോളേജിലെ പ്രധാന സാമ്പത്തിക സ്രോതസ്. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കിയത് പാവപ്പെട്ട രോഗികളെ സഹായിക്കാനായിരുന്നു. പത്തു മാസത്തിനകം 2.88 കോടി രൂപ ചെലവായി. ഇതില്‍ 1.14 കോടിയേ ഇന്‍ഷുറന്‍സ് കമ്പനി അനുവദിച്ചുള്ളൂ. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചികിത്സ തേടിയെത്തുന്ന രോഗികള്‍ക്ക് മരുന്ന് സൗജന്യമായി ലഭ്യമാക്കണമെന്ന് അഭ്യര്‍ഥിച്ചെങ്കിലും സര്‍ക്കാര്‍ പരിഗണിച്ചില്ല. ഭീമമായ നഷ്ടം സഹിച്ച് ഈ പദ്ധതിയുമായി മുന്നോട്ടുപോവുകയാണ്. ഇപ്പോള്‍ പരിയാരത്ത് ടെന്‍ഡറില്ലാതെ ഒരു നിര്‍മാണജോലിയും ഏറ്റെടുക്കുന്നില്ല. പര്‍ച്ചേസ് കമ്മിറ്റിയുടെ പരിഗണനയില്‍വരുന്ന എല്ലാ കാര്യവും സുതാര്യമായാണ് നടക്കുന്നത്. ഇതിന്റെ ഫലമായി ഒട്ടേറെ മേഖലകളില്‍ വലിയ മാറ്റമുണ്ടായി. 2001-02ല്‍ 24.39 ലക്ഷം രൂപയാണ് മരുന്ന് വില്‍പനയിലൂടെയുണ്ടായ വരുമാനമെങ്കില്‍ ഈ വര്‍ഷം പത്തുമാസത്തിനിടെ 20 കോടി രൂപയുടെ വില്‍പ്പനയുണ്ടായി. ആശുപത്രി വരുമാനത്തിന്റെ കാര്യത്തിലും വളര്‍ച്ചയുണ്ടായി. 2001-02ല്‍ 1.62 കോടി രൂപയായിരുന്നെങ്കില്‍ ഈവര്‍ഷം വരുമാനം 25 കോടി കവിയും.

സഹകരണ ഹൃദയാലയയില്‍ കാര്‍ഡിയാക് തൊറാസിക് സര്‍ജന്‍ ഉള്‍പ്പെടെ രണ്ട് ഡോക്ടര്‍മാരെ ഒഴിവാക്കിയിട്ടും ശസ്ത്രക്രിയ കൂടി. ചുരുങ്ങിയ ദിവസത്തിനുള്ളില്‍ 27 ശസ്ത്രക്രിയ നടന്നു. രോഗികളുടെ വിശ്വാസ്യത വര്‍ധിച്ചതിന്റെ തെളിവാണിത്. പിജി പ്രവേശനത്തില്‍ സര്‍ക്കാര്‍ മാനദണ്ഡം പാലിച്ച സംസ്ഥാനത്തെ ഏക സ്വാശ്രയ സ്ഥാപനം പരിയാരം മെഡിക്കല്‍ കോളേജാണ്. നേഴ്സുമാര്‍ക്ക് സര്‍ക്കാര്‍ സ്കെയിലിലാണ് ശമ്പളം നല്‍കുന്നത്. ട്രെയിനി നേഴ്സുമാര്‍ക്ക് തൊഴില്‍ വകുപ്പിന്റെ സര്‍ക്കുലര്‍ പ്രകാരമുള്ള ശമ്പളം നല്‍കുന്നു. എം വി രാഘവന്റെ ഭരണകാലത്താണ് സ്വന്തം പാര്‍ടിക്കാരെ തിരുകിക്കയറ്റി വന്‍ ബാധ്യതയുണ്ടാക്കിയത്. നിയമനത്തിലുള്‍പ്പെടെയുള്ള അഴിമതിയും സ്വജനപക്ഷപാതവും നടന്നത് രാഘവന്റെ ഭരണത്തിലാണെന്ന് യുഡിഎഫ് നിയോഗിച്ച അന്വേഷണ കമീഷന്‍ കണ്ടെത്തി. ഇതെല്ലാം ഇപ്പോഴത്തെ ഭരണസമിതിയുടെമേല്‍ ചാരാനാണ് ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. മെഡിക്കല്‍ കോളേജ് ഏറ്റെടുക്കണമെന്ന് പറയുന്നവരുടെ ഉള്ളിലിരിപ്പ് രാഘവന്റെ അഴിമതി ഭരണം തിരിച്ചുകൊണ്ടുവരലാണ്.

deshabhimani 281012

ഡിഎംആര്‍സിയെ ഒഴിവാക്കാന്‍ നഗരവികസന മന്ത്രാലയവും


കൊച്ചി മെട്രോ പദ്ധതിയില്‍നിന്ന് ഡിഎംആര്‍സിയെ ഒഴിവാക്കാന്‍ ആസൂത്രിത നീക്കവുമായി കേന്ദ്ര നഗരവികസന മന്ത്രാലയവും രംഗത്തെത്തി. കൊച്ചി മെട്രോയ്ക്ക് പകരം ഡല്‍ഹി മെട്രോയുടെ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഡിഎംആര്‍സിയോട് ആവശ്യപ്പെടുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.കൊച്ചി മെട്രോ പദ്ധതി ഏറ്റെടുക്കാനുള്ള പരിമിതി ചൂണ്ടിക്കാട്ടുന്ന മന്ത്രാലയത്തിന്റെ രേഖ നവംബറില്‍ നടക്കുന്ന കെഎംആര്‍എല്‍ ബോര്‍ഡ് യോഗത്തില്‍ അവതരിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ഇ ശ്രീധരനെയും ഡിഎംആര്‍സിയെയും കൊച്ചി മെട്രോ പദ്ധതിയില്‍നിന്ന് മാറ്റി നിര്‍ത്താന്‍ കേന്ദ്ര-സംസ്ഥാന തലങ്ങളില്‍ നടന്ന ഗൂഢാലോചനയുടെ തുടര്‍ച്ചയാണ് നഗരവികസന മന്ത്രാലയത്തിന്റെ പുതിയ നീക്കം.

ഡിഎംആര്‍സിക്ക് ഇപ്പോള്‍തന്നെ ചെയ്തു തീര്‍ക്കാന്‍ ഏറെ ജോലികള്‍ ഉണ്ടെന്നും കൊച്ചി മെട്രോയില്‍ പരിമിതമായ പങ്കാളിത്തം മതിയെന്നുമാണ് നഗരവികസന മന്ത്രാലയം നിര്‍ദ്ദിഷ്ട രേഖയില്‍ പറയുന്നത്. ഡല്‍ഹി മെട്രോയുടെ മൂന്നാംഘട്ട വികസന പരിപാടിയുടെ ഭാഗമായ 140 കിലോമീറ്റര്‍ ഇടനാഴി നിര്‍മാണം 2016ല്‍ തീര്‍ക്കണം, മറ്റ് പദ്ധതി ഏറ്റെടുത്താല്‍ ജോലിക്കാരുടെ ലഭ്യതയില്‍ കുറവുവരും തുടങ്ങിയ കാരണങ്ങള്‍ ഇതിനായി നിരത്തുന്നുണ്ട്. "പരിമിതമായ പങ്കാളിത്തം" എന്ന പേരില്‍ ഡിഎംആര്‍സിയെ തളയ്ക്കാനാണ് നീക്കം. ഇതിലൂടെ ജനരോഷത്തെ മറികടക്കാമെന്നാണ് കണക്കുകൂട്ടല്‍. ഈ വിഷയത്തില്‍ സംസ്ഥാനസര്‍ക്കാരിന്റെ സമീപനമാണ് ഇനി നിര്‍ണായകമാവുക. ഡല്‍ഹിക്ക് പുറത്ത് പദ്ധതി ഏറ്റെടുക്കണമെങ്കില്‍ ഡിഎംആര്‍സി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന്റെ അംഗീകാരം വേണമെന്ന് നഗരവികസന സെക്രട്ടറി സുധീര്‍ കൃഷ്ണ കഴിഞ്ഞ കെഎംആര്‍എല്‍ ബോര്‍ഡ് യോഗത്തില്‍ റിപ്പോര്‍ട്ടുചെയ്തിരുന്നു. ഡല്‍ഹിക്ക് പുറത്ത് മറ്റ് പദ്ധതികള്‍ ഏറ്റെടുക്കുന്നതില്‍ ഇല്ലാതിരുന്ന തടസ്സം കൊച്ചി മെട്രോയുടെ കാര്യത്തില്‍ സൃഷ്ടിച്ചെടുക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ കനത്ത ജനരോഷം മറികടക്കാന്‍ പദ്ധതി ഇ ശ്രീധരന്റെ മേല്‍നോട്ടത്തില്‍ ഡിഎംആര്‍സി തന്നെ നിര്‍വഹിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് വ്യക്തമാക്കേണ്ടി വന്നു. ഇതേ ആവശ്യം ഉന്നയിച്ച് നഗരവികസന മന്ത്രി കമല്‍നാഥുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, നഗരവികസന മന്ത്രാലയം തയ്യാറാക്കുന്ന പുതിയ രേഖ കമല്‍നാഥിന്റെ അറിവോടെയാണെന്ന് വ്യക്തമാണ്. ഇതോടെ ഉമ്മന്‍ചാണ്ടി- കമല്‍ നാഥ് കൂടിക്കാഴ്ചയില്‍ കൊച്ചി മെട്രോയ്ക്ക് അനുകൂലമായ തീരുമാനം ഉണ്ടാകില്ലെന്ന ആശങ്കയും ശക്തമായി. സുധീര്‍ കൃഷ്ണയുടെയും ഡിഎംആര്‍സി ഡയറക്ടര്‍ ബോര്‍ഡ് അംഗവും ഡല്‍ഹി ചീഫ് സെക്രട്ടറിയുമായ പി കെ ത്രിപാഠിയുടെയും അഭിപ്രായത്തിന് വിരുദ്ധമായി കൊച്ചി മെട്രോ പദ്ധതി ഏറ്റെടുക്കാന്‍ തടസ്സങ്ങളില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ നവംബര്‍ 15ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഡിഎംആര്‍സി ഡയറക്ടര്‍ ബോര്‍ഡ് യോഗം നവംബര്‍ 27ലേക്ക് മാറ്റിവച്ചു. ഡിഎംആര്‍സിക്ക് പകരം ബംഗളൂരു മെട്രോ പദ്ധതി ഏറ്റെടുത്ത സ്വകാര്യകമ്പനിയെ കൊച്ചിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് ഇപ്പോള്‍ മറനീക്കുന്നത്. കഴിഞ്ഞ ദിവസം ബംഗളൂരു മെട്രോ എംഡി എന്‍ ശിവശൈലം കൊച്ചി മെട്രോ പദ്ധതി ഏറ്റെടുക്കാനുള്ള താല്‍പ്പര്യം മലയാള മനോരമയിലൂടെ പ്രകടിപ്പിച്ചിരുന്നു.

deshabhimani 281012

അഴിമതിക്കാര്‍ക്ക് താക്കീതായി മനുഷ്യ മെട്രോ


ഡിഎംആര്‍സിയെയും ഇ ശ്രീധരനെയും ഒഴിവാക്കി കൊച്ചിമെട്രോ പദ്ധതിയെ അഴിമതിയില്‍ മുക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് താക്കീതായി പതിനായിരങ്ങള്‍ കൈകോര്‍ത്തു. പദ്ധതിയിലൂടെ കോടികള്‍ കമീഷന്‍ അടിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന പ്രഖ്യാപനമായി സമൂഹത്തിന്റെ നാനാതുറയിലുള്ളവര്‍ അണിനിരന്ന മനുഷ്യ മെട്രോ. ആലുവ മുതല്‍ പേട്ട വരെ 25 കിലോമീറ്റര്‍ നിര്‍ദ്ദിഷ്ട മെട്രോപാതയില്‍ ഒരേ മനസ്സോടെ അണിനിരന്നവര്‍, പദ്ധതിയുടെ പേരില്‍ പണം കൊള്ളയടിക്കാനുള്ള ഏതുനീക്കവും പ്രതിരോധിക്കുമെന്ന് പ്രതിജ്ഞയെടുത്തു. ഇ ശ്രീധരനെയും ഡിഎംആര്‍സിയെയും കൊച്ചി മെട്രോയില്‍നിന്ന് ഒഴിവാക്കാനുള്ള നീക്കം ശക്തമായതിനെ തുടര്‍ന്നാണ് കൊച്ചി നഗരവികസന സമിതിയുടെ നേതൃത്വത്തില്‍ മനുഷ്യ മെട്രോ സംഘടിപ്പിച്ചത്.

രാഷ്ട്രീയഭിന്നത മറന്ന പങ്കാളിത്തമാണ് പ്രതിഷേധത്തില്‍ പ്രകടമായത്. നഗര വികസന സമിതി ഭാരവാഹികളായ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരും പി രാജീവ് എംപിയും നടത്തിയ അഭ്യര്‍ഥനപ്രകാരം വിവിധ സാമൂഹ്യ, സന്നദ്ധ സംഘടനകളുടെ പ്രതിനിധികളും തൊഴിലാളി സംഘടനകളും സാംസ്കാരിക, പൊതുപ്രവര്‍ത്തകരും മനുഷ്യ മെട്രോയില്‍ കണ്ണി ചേരുകയായിരുന്നു. സിപിഐ എം ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ പാര്‍ടികളും കേരള ലത്തീന്‍ കാത്തോലിക അസോസിയേഷന്‍, എസ്എന്‍ഡിപി യോഗം, എറണാകുളം കരയോഗം തുടങ്ങിയ സാമുദായിക സംഘടനകളും ആലുവ മര്‍ച്ചന്റ്സ് അസോസിയേഷന്‍, കേരള മര്‍ച്ചന്റ്സ് യൂണിയന്‍, കേരള വ്യാപാരി വ്യവസായി സമിതി, ക്രഡായ്, എന്‍ജിനിയേഴ്സ് അസോസിയേഷന്‍, ആര്‍ക്കിടെക്ട്സ് അസോസിയേഷന്‍, ചേംബര്‍ ഓഫ് കൊമേഴ്സ് എന്നിവയുടെ നേതൃത്വത്തില്‍ വ്യാപാരി വ്യവസായി സമൂഹവും മനുഷ്യ മെട്രോയില്‍ നിരന്നു. ഐഎംഎ, റോട്ടറി ക്ലബ്, ഫൈന്‍ആര്‍ട്സ് സൊസൈറ്റി, പബ്ലിക് ലൈബ്രറി റസിഡന്‍സ്, ഗാന്ധിഭവനു കീഴിലെ മുതിര്‍ന്ന പൗരന്മാരുടെ പകല്‍വീട്, അസോസിയേഷനുകള്‍ എന്നിവയും മനുഷ്യ മെട്രോയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രതിഷേധക്കൂട്ടായ്മയില്‍ കൈകോര്‍ത്തു. ബെഫി, എഐബിഎ, എന്‍ജിഒ യൂണിയന്‍, കേന്ദ്ര ജീവനക്കാരുടെ കോണ്‍ഫെഡറേഷന്‍, അഭിഭാഷക സംഘടനകള്‍ എന്നിവയുടെ ഭാഗമായി നൂറുകണക്കിന് സര്‍വീസ് സംഘടനാ പ്രവര്‍ത്തകരും കണ്ണിചേര്‍ന്നു. സാമൂഹ്യ-സാംസ്കാരിക-സിനിമ-രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ വന്‍നിര മനുഷ്യമെട്രോയുടെ ഭാഗമായി. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍, ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, ബിനോയ് വിശ്വം, എന്‍ കെ പ്രേമചന്ദ്രന്‍, കേരള കോണ്‍ഗ്രസ് നേതാവ് പി സി തോമസ്, ടി പി പീതാംബരന്‍, എസ് ശര്‍മ എംഎല്‍എ, ഡോ. സെബാസ്റ്റ്യന്‍ പോള്‍, എം വി ഗോവിന്ദന്‍, സി എന്‍ മോഹനന്‍, എം എം ലോറന്‍സ്, കെ എം സുധാകരന്‍, സി എം ദിനേശ്മണി, കെ ചന്ദ്രന്‍പിള്ള, ഡോ. എം എന്‍ സോമന്‍, ജോസ് തെറ്റയില്‍ എംഎല്‍എ തുടങ്ങിയവര്‍ അണിനിരന്നു. കെ എല്‍ മോഹനവര്‍മ, സിനിമാ സംവിധായകരായ രഞ്ജിത്, അന്‍വര്‍ റഷീദ്, ആഷിഖ് അബു, അമല്‍ നീരദ്, നടന്‍ അനൂപ് ചന്ദ്രന്‍, തിരക്കഥാകൃത്ത് ജോണ്‍ പോള്‍, സംഗീത സംവിധായകന്‍ ബിജിബാല്‍ എന്നിവരും പങ്കെടുത്തു. മനുഷ്യമെട്രോ വിജയിപ്പിച്ച എല്ലാവര്‍ക്കും നഗരവികസന സമിതി ഭാരവാഹികളായ ജ. വി ആര്‍ കൃഷ്ണയ്യരും പി രാജീവ് എംപിയും നന്ദി അറിയിച്ചു.

ജനാഭിലാഷത്തിന്റെ പ്രതീകമായി മനുഷ്യ മെട്രോ

കൊച്ചി: കൊച്ചി മെട്രോ റെയില്‍ പദ്ധതി സുതാര്യവും സമയബന്ധിതവുമായി പൂര്‍ത്തിയാക്കണമെന്ന ജനാഭിലാഷത്തിന്റെ പ്രതീകമായി മാറി ആലുവമുതല്‍ പേട്ടവരെ പതിനായിരങ്ങള്‍ അണിനിരന്ന മനുഷ്യ മെട്രോ. വിവിധ രാഷ്ട്രീയപാര്‍ടികളും രാഷ്ട്രീയാഭിപ്രായ ഭിന്നതകള്‍ മറന്ന് വ്യക്തികളും സാമൂഹ്യ, സാംസ്കാരിക സംഘടനാ പ്രവര്‍ത്തകരും കലാകാരന്മാരും തൊഴിലാളികളും ബഹുജനങ്ങളും ഒരുമയോടെ കൈകോര്‍ത്ത അപൂര്‍വ സംഭവംകൂടിയായി മനുഷ്യ മെട്രോ. മെട്രോ പദ്ധതിയുടെ മറവില്‍ കൊള്ളയ്ക്ക് കോപ്പുകൂട്ടുന്നവരെ അതിന് അനുവദിക്കില്ലെന്ന് പ്രക്ഷോഭത്തില്‍ അണിനിരന്നവര്‍ പ്രതിജ്ഞയെടുത്തു. ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍ ചൊല്ലിക്കൊടുത്ത പ്രതിജ്ഞാ വാചകം ആയിരങ്ങള്‍ ഏകസ്വരത്തില്‍ ഏറ്റുചൊല്ലി. ആലുവ പുളിഞ്ചോട്ടില്‍ ആദ്യ കണ്ണിയായി ഡോ. ടോണി ഫെര്‍ണാണ്ടസും അവസാന കണ്ണിയായി പേട്ടയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനും കൈകോര്‍ത്തു.

മെട്രോ ജനകീയ ആവശ്യമാണെന്നും വിജയംവരെ പോരാടുമെന്നും പൊതുയോഗത്തില്‍ അധ്യക്ഷനായ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ പറഞ്ഞു. മെട്രോ പദ്ധതി അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിനെതിരായ ജനകീയസമ്മര്‍ദവും ജനങ്ങളുടെ ആശങ്കയുമാണ് മനുഷ്യ മെട്രോ എന്ന് പി രാജീവ് എംപി പറഞ്ഞു. ഡിഎംആര്‍സിയുമായി ധാരണപത്രത്തില്‍ ഒപ്പിടുംവരെ ഈ ജാഗ്രത തുടരണമെന്നും രാജീവ് ആവശ്യപ്പെട്ടു. സംവിധായകന്‍ രഞ്ജിത്, നോവലിസ്റ്റ് കെ എല്‍ മോഹനവര്‍മ, മുന്‍ മന്ത്രിമാരായ ബിനോയ് വിശ്വം, എന്‍ കെ പ്രേമചന്ദ്രന്‍, ജോസ് തെറ്റയില്‍ എംഎല്‍എ, എന്‍സിപി നേതാവ് ടി പി പീതാംബരന്‍, കോണ്‍ഗ്രസ് എസ് പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി, മര്‍ച്ചന്റ്സ് യൂണിയന്‍ പ്രസിഡന്റ് വെങ്കിടേഷ് പൈ, എഡ്രാക് പ്രസിഡണ്ട് രംഗദാസ പ്രഭു, എല്‍ഡിഎഫ് ജില്ലാ നേതാക്കളായ ഉഴവൂര്‍ വിജയന്‍, ജോര്‍ജ് ഇടപ്പരത്തി, ടി പി അബ്ദുള്‍ അസീസ്, പ്രകാശ് കുര്യാക്കോസ്, സാബു ജോര്‍ജ്, ബി എ അഷറഫ്, ജോര്‍ജ് സ്റ്റീഫന്‍, ഇ എ കുമാരന്‍, കെഎല്‍സിഎ പ്രസിഡന്റ് ഷാജി ജോര്‍ജ്, നഗരസഭ പ്രതിപക്ഷ നേതാവ് കെ ജെ ജേക്കബ്, സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങള്‍, നഗരസഭ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ കണ്ണിയായി.

രണ്ടര കിലോമീറ്ററില്‍ അണിനിരന്നത് ആറായിരത്തോളം പേര്‍

കളമശേരി: വ്യവസായമേഖലയ്ക്ക് ആവേശമായി മനുഷ്യ മെട്രോ. കളമശേരി പ്രീമിയര്‍ ജങ്ഷന്‍മുതല്‍ ഇടപ്പള്ളി ജങ്ഷന്‍വരെ രണ്ടര കിലോമീറ്ററില്‍ ദേശീയപാതയ്ക്കു സമീപം ആറായിരത്തോളം പേരാണ് അണിനിരന്നത്. ഏലൂര്‍, കളമശേരി, തൃക്കാക്കര, പെരുമ്പാവൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍നിന്ന് വൈകിട്ട് നാലോടെ പ്രവര്‍ത്തകരുമായി വാഹനങ്ങള്‍ എത്തിത്തുടങ്ങി. ഫാക്ട്, ടിസിസി, ഹിന്‍ഡാല്‍കോ, അപ്പോളോ ടയേഴ്സ്, എച്ച്എംടി, ഐആര്‍ഇ, എച്ച്ഐഎല്‍, കൊച്ചിന്‍ യൂണിവേഴ്സിറ്റി, കൊച്ചി മെഡിക്കല്‍ കോളേജ്, കെബിവിഎസ്, തൃക്കാക്കര സ്പെഷ്യല്‍ എക്കണോമിക് സോണ്‍, വ്യവസായമേഖല എന്നിവിടങ്ങളില്‍നിന്നുള്ള തൊഴിലാളികള്‍, ഹെഡ്ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് യൂണിയന്‍, നിര്‍മാണ തൊഴിലാളികള്‍, റസിഡന്‍സ് അസോസിയേഷന്‍ തുടങ്ങിയവയുടെ പ്രതിനിധികള്‍ മനുഷ്യ മെട്രോയില്‍ അണിനിരന്നു. സ്ത്രീകളുടെയും കുട്ടികളുടെയും മുതിര്‍ന്ന പൗരന്മാരുടെയും പങ്കാളിത്തം ശ്രദ്ധേയമായി.

വൈകിട്ട് അഞ്ചിന് ഇടപ്പള്ളി ടോള്‍ജങ്ഷനില്‍ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം വി പി ശശീന്ദ്രന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സാജുപോള്‍ എംഎല്‍എ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം സരോജിനി ബാലാനന്ദന്‍, എ എം യൂസഫ്, കെ എന്‍ ഗോപിനാഥ്, കെ കെ കരുണാകരന്‍, ഹെന്നി ബേബി, പി വി ഷാജി, എന്‍ സുരന്‍, സി പി ഉഷ, അഡ്വ. എന്‍ സി മോഹനന്‍, സിപിഐ എം കളമശേരി ഏരിയ സെക്രട്ടറി സി കെ പരീത്, എം ഇ ഹസൈനാര്‍, പി എ സീതി, എന്‍ പി ഷണ്‍മുഖന്‍, സബിതാ കരീം, കെ മോഹനന്‍, സിപിഐ നേതാക്കളായ കെ കെ സുബ്രഹ്മണ്യന്‍, എം ടി നിക്സണ്‍, എഐടിയുസി ജില്ലാ സെക്രട്ടറി കെ കെ അഷ്റഫ്, കോണ്‍ഗ്രസ് എസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എ ടി സി കുഞ്ഞുമോന്‍, ജനതാദള്‍ എസ് നേതാക്കളായ ശിവദാസന്‍, പി കെ നിയാസ്, മാഹിന്‍ കളമശേരി, എന്‍സിപി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി ഡി ജോണ്‍സണ്‍, ഡോ. ജാതവേദന്‍, കെ ജി ബാലകൃഷ്ണന്‍, പി കെ ഹരി, എ എം കുഞ്ഞുമരയ്ക്കാര്‍, പി കെ ബേബി, ടി എ അസൈനാര്‍, അഡ്വ. കെ മോഹനചന്ദ്രന്‍, അഡ്വ. പി എം മുജീബ് റഹ്മാന്‍, ബിജു മനോഹരന്‍, ടി എ അസൈനാര്‍ ആര്‍എസ്പി ജില്ലാ സെക്രട്ടറി എംകെഎ അസീസ് തുടങ്ങിയവര്‍ അണിനിരന്നു.

deshabhimani news

Friday, October 26, 2012

വിഴിഞ്ഞംപദ്ധതിയും അട്ടിമറി ഭീഷണിയില്‍


സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിന്റെ ഭാവിയില്‍ വീണ്ടും ആശങ്ക. സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയുടെ ബന്ധുവായ റിസോര്‍ട്ട് ഉടമ അടക്കമുള്ള ചിലര്‍ തുറമുഖത്തിന്റെ കണ്‍സല്‍ട്ടന്റായ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പറേഷന്റെ (ഐഎഫ്സി) ഓംബുഡ്സ്മാന് പരാതി നല്‍കിയതോടെയാണ് പദ്ധതി വീണ്ടും അട്ടിമറിഭീഷണിയിലായത്.

പരാതിയുടെ അടിസ്ഥാനത്തില്‍ ഓംബുഡ്സ്മാന്‍ ഒക്ടോബര്‍ 29, 30, നവംബര്‍ ഒന്ന് തീയതികളില്‍ വിഴിഞ്ഞത്തെത്തി തെളിവെടുക്കും. പരാതിയുടെ നിജസ്ഥിതി അന്വേഷിക്കുകപോലും ചെയ്യാതെ ഐഎഫ്സിയുടെ ഓംബുഡ്സ്മാന്‍ വാഷിങ്ടണില്‍നിന്ന് എത്തുന്നത് അസാധാരണ നടപടിയാണ്. വിഴിഞ്ഞം തുറമുഖം ടൂറിസത്തിനും മത്സ്യബന്ധനത്തിനും ദോഷമാകുമെന്നാണ് പരാതി. അന്തര്‍ദേശീയ തുറമുഖലോബിയാണ് പരാതിക്കുപിന്നില്‍ എന്നറിയുന്നു. പുതിയ ചീഫ് സെക്രട്ടറിയായ ജോസ് സിറിയക്കിന്റെ ബന്ധുവായ റിസോര്‍ട്ട് ഉടമയ്ക്കുപുറമെ ഫിഷറീസ്വകുപ്പില്‍നിന്ന് വിരമിച്ച ഒരു ഉദ്യോഗസ്ഥനും മത്സ്യബന്ധനമേഖലയിലെ ഒരു കടലാസ് സംഘടനയുടെ നേതാവും പരാതി നല്‍കിയവരില്‍പ്പെടുന്നു. ധനവകുപ്പ് സെക്രട്ടറിയായിരിക്കെ പദ്ധതിക്കെതിരെ റിപ്പോര്‍ട്ട് എഴുതിയ ആളാണ് പുതിയ ചീഫ് സെക്രട്ടറി. ഐഎഫ്സി ഓംബുഡ്സ്മാന്റെ തീരുമാനം കേരളത്തിന് ബാധകമാകില്ലെന്ന് പദ്ധതിനടത്തിപ്പുസംബന്ധിച്ച സര്‍വകക്ഷിയോഗത്തിനുശേഷം തുറമുഖമന്ത്രി കെ ബാബു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍, ഓംബുഡ്സ്മാന്‍ തീര്‍പ്പിനുവിരുദ്ധമായി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചാല്‍ അന്തര്‍ദേശീയ തുറമുഖലോബി പ്രശ്നം കോടതിയില്‍ എത്തിക്കുമെന്നുറപ്പ്. ഇത് പദ്ധതിനടത്തിപ്പ് അനിശ്ചിതത്വത്തിലാക്കും. നാനൂറ്റമ്പതുകോടി രൂപ അനുവദിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ തുടക്കംകുറിച്ച പദ്ധതിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും സ്തംഭിച്ചിരിക്കയാണ്. തുറമുഖനിര്‍മാണത്തിനുള്ള പരിസ്ഥിതി അനുമതി രണ്ടുവര്‍ഷമായിട്ടും കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടില്ല.

deshabhimani news

പെരുന്നാളിനും സപ്ലൈകോ വില്‍പ്പനശാലകള്‍ ശൂന്യം


ന്യായവിലയില്‍ സാധനങ്ങള്‍ ലഭ്യമാക്കേണ്ട സപ്ലൈകോ മാര്‍ക്കറ്റുകളില്‍ ബലിപെരുന്നാളിനും നിത്യോപയോഗ സാധനങ്ങളില്ല. വിലക്കയറ്റത്തിനിടെ സാധാരണക്കാരന് ആശ്വാസമാകേണ്ട മാവേലിസ്റ്റോറുകളും ലാഭം മാര്‍ക്കറ്റുകളും ശൂന്യമാണ്. സബ്സിഡി നിരക്കില്‍ വിതരണംചെയ്ത പല നിത്യോപയോഗ സാധനങ്ങളും സ്റ്റോക്കില്ല. സപ്ലൈകോയുടെ അറുപതോളം ഡിപ്പോകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നു. ഇവിടെനിന്നാണ് ഔട്ട്ലെറ്റുകളിലേക്ക് സാധനങ്ങള്‍ കൊണ്ടുപോകുന്നത്. ഓരോ ഡിപ്പോയ്ക്ക് കീഴിലും ശരാശരി 20 ഔട്ട്ലെറ്റ് പ്രവര്‍ത്തിക്കുന്നു. എന്നാല്‍, ഡിപ്പോകളില്‍ അവശ്യസാധനങ്ങള്‍ക്ക് രൂക്ഷമായ ക്ഷാമമാണ്. എത്തുന്ന സാധനങ്ങള്‍ ഓരോ ഔട്ട്ലെറ്റിലേക്കും പരിമിതമായി വീതംവച്ചുകൊടുക്കുകയാണ് ഡിപ്പോ അധികൃതര്‍.

പൊതുവിപണിയില്‍നിന്നുള്ള കാര്യമായ വിലക്കുറവാണ് ജനങ്ങളെ സപ്ലൈകോയിലേക്ക് ആകര്‍ഷിക്കുന്ന ഘടകം. അരി (ജയ, മട്ട, കുറുവ), പഞ്ചസാര, വന്‍പയര്‍, ഉഴുന്ന്, ചെറുപയര്‍, കടല, തുവര, മുളക്, മല്ലി, പച്ചരി തുടങ്ങിയ 14 ഇനങ്ങള്‍ക്കാണ് ഇപ്പോള്‍ സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നത്. ഇവയില്‍ പലതും നിലവില്‍ സ്റ്റോക്കില്ല. പെരുന്നാള്‍ കാലമായിട്ടും ആവശ്യത്തിന് അരിപോലും പലയിടത്തും സ്റ്റോക്കില്ല. പച്ചരിക്കാണ് ഏറ്റവും ക്ഷാമം. ഒരു മാസമായി പഞ്ചസാരയും കിട്ടാനില്ല. മുളക്, വന്‍പയര്‍, ചെറുപയര്‍, മല്ലി തുടങ്ങിയവയുടെ സ്ഥിതിയും വ്യത്യസ്തമല്ല.

മുമ്പ് ജനങ്ങള്‍ക്ക് സാധനങ്ങള്‍ ആവശ്യാനുസൃതം സപ്ലൈകോയില്‍നിന്ന് വാങ്ങാന്‍ സാധിക്കുമായിരുന്നു. അടുത്തിടെ സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം നിശ്ചിത അളവിലാണ് സാധന വിതരണം. 15 ദിവസത്തേയ്ക്ക് 10 കിലോ അരി, ധാന്യവര്‍ഗങ്ങളും പഞ്ചസാരയുമടക്കമുള്ളവ ഓരോ കിലോ വീതം എന്നായിരുന്നു നിശ്ചയിച്ച പരിധി. എന്നാല്‍, സാധനങ്ങള്‍ ആവശ്യത്തിന് ലഭ്യമല്ലാതായതോടെ ഇത് ഒരു മാസമായി ചുരുക്കി. ആവശ്യക്കാര്‍ ഏറെയുണ്ടായിരുന്ന ജീരകം, കടുക്, ഉലുവ, പീസ്പരിപ്പ്, ഉഴുന്നുപരിപ്പ് എന്നിവയുടെ സബ്സിഡി എടുത്തുകളഞ്ഞതും തിരിച്ചടിയായി. സബ്സിഡിയില്ലാത്ത ഇനങ്ങള്‍മാത്രമാണ് സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ പ്രധാനമായും ഉള്ളത്. ഇതിനാവട്ടെ പൊതുവിപണിയില്‍നിന്ന് വലിയ വിലവ്യത്യാസമില്ല. ഓരോ മാസവും ടെന്‍ഡര്‍ നല്‍കിയാണ് ഡിപ്പോകളില്‍ ചരക്ക് ഇറക്കുക. നവംബറിലേക്കുള്ള ടെന്‍ഡര്‍ ഇതുവരെ കൊടുത്തിട്ടില്ല. ഇത് അവശ്യസാധന ക്ഷാമം രൂക്ഷമാക്കും.
(സുജിത് ബേബി)

ലാഭം മാര്‍ക്കറ്റില്‍ ഉപഭോക്താക്കള്‍ക്ക് ഇരട്ടിനഷ്ടം

സപ്ലൈകോയുടെ ലാഭം മാര്‍ക്കറ്റില്‍നിന്ന് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഇരട്ടിനഷ്ടം. പച്ചക്കറികള്‍ക്കും പലവ്യഞ്ജനങ്ങളില്‍ പലതിനും പൊതുവിപണിയെക്കാള്‍ ഉയര്‍ന്ന വില നല്‍കണം. സര്‍ക്കാര്‍ സബ്സിഡി ഗണ്യമായി വെട്ടിക്കുറച്ചതും ഔട്ട്ലെറ്റുകള്‍ ലാഭത്തിലാക്കാന്‍ മാനേജര്‍മാര്‍ക്കുമേല്‍ കടുത്ത നിബന്ധന ഏര്‍പ്പെടുത്തിയതുമാണ് വില കുതിച്ചുയരാന്‍ ഇടയാക്കിയത്. പൊതു വിപണിയില്‍ കിലോയ്ക്ക് 38 രൂപ വിലയുള്ള ചെറിയ ഉള്ളിക്ക് ലാഭം മാര്‍ക്കറ്റില്‍ 50.60 രൂപ നല്‍കണം. കിഴങ്ങ്, സവോള, വെളുത്തുള്ളി എന്നിവയ്ക്കും വില കൂടുതലാണ്. കടുക്, ഉലുവ, ജീരകം തുടങ്ങിയവയ്ക്ക് പൊതുവിപണിയിലെ വിലതന്നെ നല്‍കണം. നിലവില്‍ പഞ്ചസാര, ഉഴുന്ന്, തുവരപരിപ്പ് എന്നിവയ്ക്കുമാത്രമാണ് സബ്സിഡി നല്‍കുന്നത്. മറ്റ് സാധനങ്ങള്‍ക്കെല്ലാം പൊതുവിപണിയിലേതിനു തുല്യമായ വിലയാണ്. പാക്കിങ് ചാര്‍ജായി ഒരുരൂപയും നല്‍കണം. ചുവന്ന മുളകിനാണെങ്കില്‍ ഒരു കിലോ വാങ്ങുമ്പോള്‍ പാക്കിങ് ചാര്‍ജായി 4 രുപ നല്‍കണം. 250 ഗ്രാം വീതമുള്ള പായ്ക്കറ്റുകളിലായതാണ് ഇതിനുകാരണം.

ഉള്ളി, കിഴങ്ങ്, സവോള, വെളുത്തുള്ളി തുടങ്ങിയവ പൊതു വിപണിയില്‍നിന്ന് വാങ്ങി വില്‍പന നടത്തണമെന്ന് ഔട്ട്ലെറ്റ് മാനേജര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഇങ്ങനെ വാങ്ങുന്ന സാധനങ്ങള്‍ വില്‍ക്കുമ്പോള്‍ 10 ശതമാനം ലാഭം നേടണമെന്ന് ഇതുസംബന്ധിച്ച് സിവില്‍സപ്ലൈസ് വകുപ്പ് പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നു. ലാഭം കുറഞ്ഞാല്‍ ജീവനക്കാരുടെ ശമ്പളത്തില്‍നിന്ന് പിടിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു. കൂടാതെ സാധനങ്ങളുടെ ഗതാഗതച്ചെലവും കയറ്റിറക്കുകൂലിയും സാധനങ്ങളുടെ വിലയില്‍ നിന്ന് നല്‍കണമെന്നും നിര്‍ദേശമുണ്ട്. മൊത്ത വില്‍പന കേന്ദ്രങ്ങളില്‍നിന്ന് വാങ്ങുന്നതിനുപകരം പ്രാദേശികമായി വാങ്ങുന്നതും സാധനവില ഉയരാന്‍ കാരണമായി. പൊതുവിപണിയില്‍നിന്ന് പച്ചക്കറികള്‍ വാങ്ങി പീപ്പിള്‍ ബസാര്‍ വഴിവില്‍ക്കുമ്പോള്‍ 5 ശതമാനം ലാഭം നേടണമെന്നാണ് നിര്‍ദേശം. പുറത്തുനിന്നുള്ള പച്ചക്കറികള്‍ കച്ചവടക്കാര്‍ ഇവിടെ എത്തിച്ചുനല്‍കണം. ഇതിനാല്‍ ഗതാഗത- കയറ്റിറക്കുചെലവ് സാധനവിലയില്‍ കുറവുവരുമെങ്കിലും ലാഭം ഉണ്ടാക്കണമെന്ന നിബന്ധനമൂലം വിലയില്‍ കാര്യമായ കുറവില്ല. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനും കുറഞ്ഞ വിലയ്ക്ക് ജനങ്ങള്‍ക്ക് സാധനങ്ങള്‍ ലഭ്യമാക്കുന്നതിനുമായി മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ 160 കോടിവരെ സിവില്‍ സപ്ലെസ് കോര്‍പറേഷന് സബ്സിഡിയായി നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് 50 കോടിയായി വെട്ടിക്കുറച്ചു. ഇതോടെ കോര്‍പറേഷന്റെ വിവിധ സ്ഥാപനങ്ങള്‍ വഴി വില്‍ക്കുന്ന സാധനങ്ങളുടെ വില പൊതുവിപണയിലേതിനെക്കാള്‍ ഉയര്‍ന്നു.

deshabhimani news

ഇന്ത്യന്‍ ശതകോടീശ്വരന്മാരുടെ എണ്ണം വര്‍ധിച്ചു


വിലക്കയറ്റമടക്കമുള്ള പ്രശ്നങ്ങളില്‍പ്പെട്ട് ഇന്ത്യയിലെ ജനങ്ങള്‍ കൂടുതല്‍ ദരിദ്രരാകുമ്പോള്‍ രാജ്യത്തെ ശതകോടീശ്വരന്മാരുടെ എണ്ണം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. വാണിജ്യമാസികയായ "ഫോബ്സിന്റെ" ഈ വര്‍ഷത്തെ കണക്കുകളനുസരിച്ച് ഇന്ത്യയില്‍ നിലവില്‍ 61 ശതകോടീശ്വരന്മാരുണ്ട്. മുന്‍ വര്‍ഷമിത് 57 ആയിരുന്നു. കുത്തകകള്‍ക്കും വിദേശ സ്ഥാപനങ്ങള്‍ക്കും പ്രകൃതി വിഭവങ്ങളടക്കം ചൂഷണംചെയ്യുന്നതിന് സഹായം നല്‍കുന്ന കേന്ദ്രഭരണം സമ്പന്നരെ അതി സമ്പന്നന്മാരാക്കുന്നെന്ന വിമര്‍ശം ശരിവയ്ക്കുന്നതാണ് ഈ റിപ്പോര്‍ട്ട്.

തുടര്‍ച്ചയായ അഞ്ചാംവര്‍ഷവും രാജ്യത്തെ അതി സമ്പന്നനെന്ന ബഹുമതി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിക്കാണ്. 2100 കോടി അമേരിക്കന്‍ ഡോളറിന്റെ സമ്പാദ്യമാണ് മുകേഷിനുള്ളത്. 1600 കോടി ഡോളറുമായി ഉരുക്ക് രാജാവ് ലക്ഷ്മി മിത്തലാണ് പട്ടികയില്‍ രണ്ടാമന്‍. 1200 കോടി ഡോളറുമായി വിപ്രോ തലവന്‍ അസിം പ്രേംജി മൂന്നാംസ്ഥാനത്തുണ്ട്. ഷപൂര്‍ജി പല്ലോങ്ജി ഗ്രൂപ്പിന്റെ പല്ലോങ്ജി മിസ്ട്രി (980),}സണ്‍ഫാര്‍മയുടെ ദിലീപ് സാങ്വി (920), ആദി ഗോദ്റെജ് (900), സാവിത്രി ജിന്‍ഡാല്‍ (820), ശശി-രവി റൂയിയ (810), ഹിന്ദുജ സഹോദരങ്ങള്‍ (800), കുമാര്‍ ബിര്‍ല}(780) എന്നിവരാണ് യഥാക്രമം ആദ്യ പത്തിലുള്ളത്. ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍പ്പെട്ട ആദ്യ നൂറുപേരുടെ സ്വത്ത് ഒരു വര്‍ഷംകൊണ്ട് 3.7 ശതമാനം വര്‍ധിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മദ്യരാജാവ് വിജയ് മല്യയുടെ ശതകോടീശ്വരന്‍ സ്ഥാനം നഷ്ടപ്പെട്ടു. 80 കോടി ഡോളറുമായി ഫോബ്സ് പട്ടികയില്‍ 73-ാം സ്ഥാനത്താണ് നിലവില്‍ മല്യ.

deshabhimani

കര്‍ണാടകത്തില്‍ ജാതീയ അനാചാരങ്ങള്‍ക്കെതിരെ പ്രക്ഷോഭം: സിപിഐ എം


കര്‍ണാടകത്തില്‍ നടമാടുന്ന ജാതീയത, അയിത്തം, ദളിത് പീഡനം എന്നിവയ്ക്കെതിരെ പ്രക്ഷോഭം ശക്തമാക്കാന്‍ സിപിഐ എം സംസ്ഥാന കമ്മിറ്റിയോഗം തീരുമാനിച്ചു. ക്ഷേത്രങ്ങളില്‍ നിലനില്‍ക്കുന്ന ജാതിതിരിച്ചുള്ള ഭോജനംനിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് പ്രചാരണപരിപാടികളും റാലിയും സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി, ഡിസംമ്പര്‍ 21ന് കൂക്കെ സുബ്രഹ്മണ്യക്ഷേത്ര പരിസരത്ത് ആരംഭിക്കുന്ന വാഹനജാഥ 23ന് മംഗളൂരുവിലെത്തും. തുടര്‍ന്ന് ഉഡുപ്പിയിലേക്ക് കാല്‍നടജാഥ നടത്തും. ഡിസംമ്പര്‍ 27ന് ഉഡുപ്പിയില്‍ വന്‍ റാലിയോടെ ജാഥ സമാപിക്കും.

ചാതുര്‍വര്‍ണ്യ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് ഉഡുപ്പി ക്ഷേത്രത്തില്‍ ഭക്ഷണം നല്‍കുന്നത്. കൂക്കെ സുബ്രമണ്യക്ഷേത്രത്തിലാണ് ബ്രാഹ്മണരുടെ എച്ചിലിലയില്‍ താഴ്ന്ന ജാതിക്കാരെക്കൊണ്ട് ശയനപ്രദിക്ഷണം ചെയ്യിക്കുന്ന "മടെസ്നാ" എന്ന ദുരാചാരം നിലനില്‍ക്കുന്നത്. ബിജെപി സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ നവംമ്പര്‍ 18നും 19നും രണ്ടു പ്രചാരണജാഥ സംഘടിപ്പിക്കും. 18ന് ബല്‍ഗാം ജില്ലയിലെ രാമദുര്‍ഗയില്‍നിന്ന് ആരംഭിക്കുന്ന ജാഥയ്ക്ക് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ജി എന്‍ നാഗരാജ് നേതൃത്വം നല്‍കും. ഹൂബ്ലി, കാര്‍വാര്‍, മംഗളൂരു, ബല്‍ത്തങ്ങാടി, മടിക്കേരി, മൈസൂര്‍, മാണ്ഡ്യ എന്നിവിടങ്ങളില്‍ പര്യടനം നടത്തുന്ന ജാഥ ഡിസംബര്‍ മൂന്നിന് ദൊഡ്ഡബല്ലാപുരവഴി ബംഗളൂരുവിലെ യലഹങ്കയില്‍ സമാപിക്കും. 19ന് ബീദര്‍ ജില്ലയിലെ ബസവകല്യാണില്‍നിന്ന് ആരംഭിക്കുന്ന ജാഥയ്ക്ക് സെക്രട്ടറിയറ്റ് അംഗം മാരുതിമാന്‍പടെ നേതൃത്വം നല്‍കും. ഗുല്‍ബര്‍ഗ, റയ്ച്ചൂര്‍, ബല്ലാരി, ചിത്രദുര്‍ഗ എന്നിവിടങ്ങളില്‍ പര്യടനം നടത്തി, ജാഥ മാലൂര്‍ വഴി ബംഗളൂരുവിലെ ആനേക്കലില്‍ ഡിസംബര്‍ മൂന്നിന് സമാപിക്കും. ഡിസംബര്‍ ആദ്യവാരം ബംഗളൂരുവില്‍ ബഹുജനകണ്‍വന്‍ഷന്‍ നടത്താനും തീരുമാനിച്ചു. സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി കേന്ദ്രകമ്മിറ്റി തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ബി മാധവ അധ്യക്ഷനായി.

deshabhimani

ഡിജിസിഎ മാര്‍ഗനിര്‍ദേശങ്ങള്‍ എയര്‍ ഇന്ത്യ ലംഘിക്കുന്നു


യാത്രക്കാരെ പെരുവഴിയില്‍ ഇറക്കിവിടുന്ന എയര്‍ഇന്ത്യ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) മാര്‍ഗനിര്‍ദേശങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കുന്നു. വിമാനം വൈകുകയോ റദ്ദാക്കുകയോ ചെയ്താല്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതുള്‍പ്പെടെ വിമാനക്കമ്പനികള്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ഡിജിസിഎ 2010 ആഗസ്ത് 15ന് പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. എയര്‍ ഇന്ത്യ ഇത് പാലിക്കാത്തതിനാല്‍ ഈ പൊതുമേഖലാ സ്ഥാപനത്തെ ആശ്രയിക്കുന്നവര്‍ ദുരിതത്തിലാകുന്നു. വിമാനം വൈകുകയോ റദ്ദാക്കുകയോ ചെയ്താല്‍ വിമാനക്കമ്പനി യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഡിജിസിഎ നിര്‍ദേശിക്കുന്നു. ടിക്കറ്റ് തുകയ്ക്ക് അനുസൃതമായി 2000 മുതല്‍ 4000 രൂപവരെയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. കൂടാതെ, യാത്രക്കാര്‍ക്ക് ഇഷ്ടാനുസരണം ടിക്കറ്റ് തുക മടക്കിവാങ്ങുകയോ കമ്പനി ഏര്‍പ്പാടാക്കുന്ന മറ്റു വിമാനത്തില്‍ യാത്രചെയ്യുകയോ ആവാം. ഇങ്ങനെ യാത്രാസൗകര്യം ഏര്‍പ്പെടുത്തുമ്പോള്‍ കൂടുതല്‍ തുക ഈടാക്കരുത്. വിമാനം രണ്ടുമണിക്കൂറില്‍ കൂടുതല്‍ താമസിച്ചാല്‍ യാത്രക്കാര്‍ക്ക് ഭക്ഷണവും വെള്ളവും ഉള്‍പ്പെടെ കമ്പനികള്‍ ലഭ്യമാക്കണം. സര്‍വീസ് റദ്ദാക്കിയശേഷം കമ്പനി ഏര്‍പ്പെടുത്തുന്ന മറ്റു വിമാനത്തിനായി കാത്തിരിക്കുന്ന യാത്രക്കാര്‍ക്കും ഭക്ഷണവും വെള്ളവും നല്‍കണം. ബജറ്റ് എയര്‍ലൈനുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് ഡിജിസിഎ നിര്‍ദേശം ബാധകമാണ്. 24 മണിക്കൂറിലധികം വിമാനം വൈകിയാല്‍ യാത്രക്കാര്‍ക്ക് താമസസൗകര്യം ഒരുക്കേണ്ട ഉത്തരവാദിത്തവും വിമാനക്കമ്പനിക്കുണ്ട്. മോശം കാലാവസ്ഥമൂലമാണ് വിമാനം റദ്ദാക്കേണ്ടിവരുന്നതെങ്കില്‍ നഷ്ടപരിഹാരം നല്‍കേണ്ടെങ്കിലും ഭക്ഷണവും വെള്ളവും ലഭ്യമാക്കണം.

കഴിഞ്ഞ വെള്ളിയാഴ്ച എയര്‍ ഇന്ത്യയുടെ അബുദാബി-കൊച്ചി വിമാനത്തിലെ യാത്രക്കാരെ തിരുവനന്തപുരത്ത് ഇറക്കിവിടാന്‍ ശ്രമിച്ചത് വന്‍ പ്രതിഷേധത്തിന് വഴിവച്ചിരുന്നു. സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാര്‍ക്ക് ഭക്ഷണവും വെള്ളവും കൊടുത്തില്ല. പ്രതിഷേധിച്ചവരുടെ പേരില്‍ കേസെടുത്തു. ഇവ ഡിജിസിഎയുടെ നിര്‍ദേശങ്ങള്‍ക്കു വിരുദ്ധമാണെന്ന് വ്യോമയാനരംഗവുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. ശനിയാഴ്ച കരിപ്പൂരില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം 10 മണിക്കൂറിലധികം വൈകിയിട്ടും യാത്രക്കാര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കിയില്ല. മറ്റു വിമാനക്കമ്പനികള്‍ പരാതിക്ക് ഇടവരുത്താതെ യാത്രക്കാര്‍ക്ക് എല്ലാ സൗകര്യവും ഏര്‍പ്പെടുത്താന്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് അയാട്ട ഏജന്റ്സ് അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് ബിജി ഈപ്പന്‍ പറഞ്ഞു. തിരുവനന്തപുരത്തുനിന്ന് ഞായറാഴ്ച പുറപ്പെടേണ്ടിയിരുന്ന എമിറേറ്റ്സിന്റെ ദുബായ് വിമാനം റദ്ദാക്കിയിരുന്നു. പിറ്റേന്ന് വലിയ വിമാനം എത്തിച്ച് അതില്‍ രണ്ടുദിവസത്തെ യാത്രക്കാരെ കയറ്റിയാണ് സര്‍വീസ് നടത്തിയത്. ഞായറാഴ്ച പോകേണ്ടിയിരുന്ന യാത്രക്കാര്‍ക്ക് താമസം ഉള്‍പ്പെടെ എല്ലാ സൗകര്യവും എമിറേറ്റ്സ് ഏര്‍പ്പെടുത്തി.
(അഞ്ജുനാഥ്)

എയര്‍ ഇന്ത്യ വിവാദം: യാത്രക്കാരെ ചോദ്യംചെയ്തു

എയര്‍ ഇന്ത്യ വിമാനം റാഞ്ചാന്‍ ശ്രമിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വിമാനത്താവളത്തിലുണ്ടായ സംഭവങ്ങളുടെ പേരില്‍ ആറു യാത്രക്കാരെ പൊലീസ് വിളിച്ചുവരുത്തി ചോദ്യംചെയ്തു. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് കേരള പ്രവാസി സംഘം ജനറല്‍ സെക്രട്ടറി കെ വി അബ്ദുള്‍ ഖാദര്‍ എംഎല്‍എ ചോദ്യംചെയ്യല്‍ നടന്ന വലിയതുറ പൊലീസ് സ്റ്റേഷനില്‍ സത്യഗ്രഹം നടത്തി. ശംഖുംമുഖം അസിസ്റ്റന്റ് കമീഷണര്‍ കെ എസ് വിമലിന്റെ നേതൃത്വത്തിലായിരുന്നു മൂന്നു മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യല്‍. യാത്രക്കാരുടെ മൊഴി വിശദമായി രേഖപ്പെടുത്തി അവരുടെ ഫോട്ടോ എടുത്തു.

എംഎല്‍എയും യാത്രക്കാരും പൊലീസ് നടപടിയെ ചോദ്യംചെയ്തത് സംഘര്‍ഷത്തിനിടയാക്കി. സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരും സ്റ്റേഷനിലെത്തി. പൊലീസ് നടപടിക്കെതിരെ യാത്രക്കാര്‍ മുദ്രാവാക്യം വിളിച്ചു. യാത്രക്കാര്‍ക്കെതിരെ കേസ് എടുക്കില്ലെന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും വ്യക്തമാക്കിയശേഷമാണ് യാത്രക്കാരെ വിളിച്ചുവരുത്തി ചോദ്യംചെയ്തത്. പൈലറ്റിന്റെയും മറ്റും പരാതിയിലാണ് യാത്രക്കാരുടെ മൊഴി രേഖപ്പെടുത്തിയതെന്നും ആര്‍ക്കെതിരെയും കേസ് എടുത്തിട്ടില്ലെന്നും അസിസ്റ്റന്റ് കമീഷണര്‍ കെ എസ് വിമല്‍ പറഞ്ഞു. കേസ് എടുക്കില്ലെന്ന് തിരുവനന്തപുരം റേഞ്ച് എഡിജിപി എ ഹേമചന്ദ്രനും അറിയിച്ചു.

എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലെ ആറു പേരെയാണ് ചോദ്യംചെയ്തത്. ബുധനാഴ്ച രാത്രി മൊബൈല്‍ ഫോണിലാണ് ഇവരോട് വലിയതുറ സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെട്ടത്. രാവിലെ പത്തിന് ആറുപേരും സ്റ്റേഷനില്‍ എത്തി. വിവരമറിഞ്ഞ് കെ വി അബ്ദുള്‍ ഖാദറും സ്റ്റേഷനിലെത്തി. വിമാനം കൊച്ചിയിലേക്ക് പോകാത്തതിനാല്‍ തങ്ങള്‍ പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്നും കോക്പിറ്റില്‍ കയറിയിട്ടില്ലെന്നും പൈലറ്റിനോടും മറ്റു ജീവനക്കാരോടും മോശമായി പെരുമാറിയിട്ടില്ലെന്നും ആറുപേരും മൊഴി നല്‍കി. മുഖ്യമന്ത്രിയുടെ ഉറപ്പ് ലംഘിച്ചാണ് ചോദ്യംചെയ്യലെന്ന് എംഎല്‍എ പറഞ്ഞു. യാത്രക്കാരുടെ താമസസ്ഥലത്ത് ചെന്ന് പൊലീസ് മൊഴി രേഖപ്പെടുത്തുമെന്ന് പറഞ്ഞശേഷം അവരെ വിളിച്ചുവരുത്തി ചോദ്യംചെയ്തത് കേസില്‍ പ്രതിയാക്കാനാണ്. മുഖ്യമന്ത്രിയും മറ്റും പറഞ്ഞതിനു വിരുദ്ധമാണ് ഈ നടപടി- അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും വാക്കുകളില്‍ തങ്ങള്‍ക്ക് വിശ്വാസമില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു. കഴിഞ്ഞ 19ന് അബുദാബി-കൊച്ചി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം തിരുവനന്തപുരത്ത് ഇറക്കിയതിനെ തുടര്‍ന്നാണ് പ്രതിഷേധം അരങ്ങേറിയത്. നെടുമ്പാശ്ശേരിയില്‍ നിന്ന് തിരിച്ചുവിട്ട വിമാനം തിരികെ പോകാത്തതില്‍ പ്രതിഷേധിച്ചതിന്റെ പേരിലാണ് യാത്രക്കാര്‍ക്കെതിരെ നടപടി. യാത്രക്കാരെ പൊലീസ് പീഡിപ്പിക്കുകയാണെന്ന് കേരള പ്രവാസി സംഘം ആരോപിച്ചു. പൊലീസ് നടപടി യാത്രക്കാരുടെ മടക്കയാത്രയടക്കം അനിശ്ചിതത്വത്തിലാക്കിയിരിക്കയാണ്. കേസെടുത്താല്‍ മടക്കയാത്ര മുടങ്ങുമെന്നും ഗള്‍ഫിലെ ജോലി നഷ്ടപ്പെടുമെന്നുമുള്ള ഭയപ്പാടിലാണ് ഇവര്‍. എയര്‍ ഇന്ത്യാ വിമാനം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന പരാതി നിലനില്‍ക്കുന്നുണ്ടെന്ന് ശംഖുംമുഖം എസി അറിയിച്ചു. പൈലറ്റ്, കോ-പൈലറ്റ് എന്നിവരില്‍ നിന്ന് മൊഴിയെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അനന്തര നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

deshabhimani news