Monday, January 31, 2011

ഉമ്മന്‍ ചാണ്ടിയോട് ചിന്തിക്കുന്ന മലയാളിയുടെ ചോദ്യങ്ങള്‍

നമ്മുടെ ഈ കേരളത്തെ മോചിപ്പിക്കാന്‍ ഏതോ ദൈവപുത്രന്‍ കാസര്‍ഗോഡുനിന്ന് പുറപ്പെട്ടതായി മാധ്യമങ്ങള്‍ ഉദ്ഘോഷിക്കുന്നു! ചിന്തിക്കുന്ന ഒരു ശരാശരി മലയാളി അറിയാതെ ചോദിച്ചുപോകുന്നു: "ആരില്‍നിന്നാണ് അങ്ങ് ഞങ്ങളെ മോചിപ്പിക്കാന്‍ പോകുന്നത്? എന്തില്‍നിന്ന് എന്തിലേക്കാണ് മോചനം?''

    കര്‍ഷകജനതയെ ആത്മഹത്യാമുനമ്പില്‍നിന്ന് ഹരിത സാന്ദ്വനങ്ങളിലേക്കാനയിച്ച ഇടതുപക്ഷ സര്‍ക്കാരില്‍നിന്ന് എങ്ങോട്ടാണ് മോചിപ്പിക്കുക? കൃഷിയിറക്കാന്‍ കുറഞ്ഞ പലിശക്കും പലിശയില്ലാതെയും വായ്പാ സൌകര്യവും, ഉല്‍പന്നത്തിന് മര്യാദവിലയും (ഒരു കിലോ നെല്ലിന് 14 രൂപ) ലഭിക്കുന്ന ഈ കേരളത്തില്‍നിന്ന് ഞങ്ങളെ എങ്ങോട്ടാണ് മോചിപ്പിക്കുന്നത്? കടംവീട്ടാന്‍ കഴിയാതെ വന്നാല്‍ നിയമപ്രാബല്യമുള്ള കടാശ്വാസക്കമ്മീഷന്റെ സംരക്ഷണം ഞങ്ങള്‍ക്ക് മറ്റെവിടെയാണ് ലഭ്യമാവുക? കര്‍ഷകനെ അവന്റെ ഇല്ലായ്മയുടെ വലയില്‍ കുരുക്കി ഹുണ്ടികക്കച്ചവടക്കാരുടെയും ഊഹക്കച്ചവടക്കാരുടെയും നിസ്സഹായരായ ഇരകളാക്കി മാറ്റുന്ന 'നവലിബറല്‍ ലോക'ത്തേയ്ക്കോ? എല്ലാവിധ പിന്തുണകളില്‍നിന്നും സബ്സിഡികളില്‍നിന്നും കര്‍ഷകനെ "മോചിപ്പിച്ച'' മന്‍മോഹന്‍സിങ് ഭരണത്തിലേയ്ക്കോ? നവലിബറല്‍ നയങ്ങളുടെ കര്‍ഷക ഉന്മൂലന പരിപാടി കേരളത്തിലും നടപ്പിലാക്കാന്‍ വ്യഗ്രത പൂണ്ടു നടക്കുന്ന ശ്രീ ഉമ്മന്‍ചാണ്ടിയുടെ ഭരണത്തിലേയ്ക്കോ? കൊക്കോകോളയില്‍ 'കുരുഡാന്‍' കലക്കിക്കുടിച്ച് സകുടുംബം 'മോക്ഷം' പ്രാപിച്ചിരുന്ന പഴയ യുഡിഎഫ് ഭരണകാലത്തേയ്ക്കോ?

    ആയിരക്കണക്കിനു ന്യായവില ഷാപ്പുകളുണ്ട്, കേരളത്തില്‍, പൊതുകമ്പോളത്തെ അപേക്ഷിച്ച് ഈ ന്യായവില ഷാപ്പുകളിലെ വിലക്കുറവ് മാധ്യമപ്രവര്‍ത്തകര്‍ക്കുള്‍പ്പെടെ ബോധ്യമുള്ള കാര്യമാണല്ലോ! മാതൃകാപരമെന്ന് കേന്ദ്ര സര്‍ക്കാര്‍പോലും പ്രശംസിച്ച ശക്തമായ പൊതുവിതരണസമ്പ്രദായം നിലവിലുള്ള ഈ കേരളത്തിലാണ് നാം ജീവിക്കുന്നത്.

    കിലോവിന് 2 രൂപ വിലയ്ക്ക് 35 കി. ഗ്രാം ധാന്യം 42 ലക്ഷം കുടുംബങ്ങള്‍ക്ക് ലഭ്യമാകുന്ന ഒരു നാട് - ഓണത്തിനും പെരുന്നാളിനും ക്രിസ്മസ്സിനും ഓരോ സ്കൂള്‍ കുട്ടിക്കും 5 കിലോ വീതം സൌജന്യമായി അരി കിട്ടുന്ന ഒരു നാട്. ഇവിടെനിന്ന് ഞങ്ങളെ എങ്ങോട്ടാണ് അങ്ങ് മോചിപ്പിക്കുന്നത്? ദിവസം 20 രൂപ പോലും വരുമാനമില്ലാത്ത 84 കോടി ജനങ്ങളെ (കോണ്‍ഗ്രസ് എംപിയായിരുന്ന അര്‍ജ്ജുന്‍ സെന്‍ ഗുപ്തയുടെ റിപ്പോര്‍ട്ട്) അവരുടെ വരുമാന വര്‍ധനവാണ് വിലക്കയറ്റത്തിനു കാരണമെന്ന സാമ്പത്തികശാസ്ത്രം പഠിപ്പിക്കുന്ന മന്‍മോഹന്‍ജിയുടെ ഭരണത്തിലേയ്ക്കോ? അനുദിനം പെട്രോള്‍ വില വര്‍ധനവിലൂടെ എരിതീയില്‍ എണ്ണ കോരി ഒഴിക്കുന്ന 'യുപിഎ സ്വര്‍ഗ'ത്തിലേക്കോ? മനോമോഹന നയങ്ങള്‍ക്ക് ഹലേലുയ്യ പാടുന്ന ചാണ്ടിജീ, അങ്ങ് ഞങ്ങളെ ഏതു സ്വര്‍ഗത്തിലേക്കാണ് മോചിപ്പിക്കുന്നത്? പെട്രോള്‍ വില വര്‍ധന ന്യായീകരിക്കാന്‍ അങ്ങുപോലും തുനിയുന്നില്ലല്ലോ?

    ഇന്ത്യയില്‍ മറ്റെവിടെയും കേട്ടുകേള്‍വിയില്ലാത്ത വിധത്തില്‍ പൊതുമേഖലാ വ്യവസായങ്ങള്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്നു ഈ കേരളത്തില്‍. യുഡിഎഫ് ഭരണകാലത്ത് ഫാക്ടറി അടച്ചുപൂട്ടി തൊഴില്‍ നഷ്ടപ്പെട്ട ചെറുപ്പക്കാരന്‍ പെങ്ങളുടെ കല്യാണം നടത്താന്‍ വൃക്ക മുറിച്ചുവിറ്റു. ആ ചെറുപ്പക്കാരന്‍ ഇന്നു ജോലിക്കു തിരികെ കയറിയിരിക്കുന്നു. പൊതുമേഖലയുടെ ഈ പൂക്കാലത്തില്‍നിന്ന് ഓഹരിവില്‍പനയിലൂടെ പൊതുമുതല്‍ കോര്‍പറേറ്റ് മുതലാളിമാര്‍ക്ക് ചുളുവില്‍ ചോര്‍ത്തിക്കൊടുക്കുന്ന കൊള്ളയുടെ, കൊടും ലോകത്തേയ്ക്കോ?

    സ്വകാര്യവല്‍ക്കരിക്കാതെ, ഫ്രാഞ്ചൈസികളായി ശിഥിലീകരിക്കാതെ തന്നെ പൊതുമേഖലയില്‍ വൈദ്യുതി ഉല്‍പാദനവും വിതരണവും നിലനിര്‍ത്തുകയും 'കറന്റ് കട്ടി'ല്ലാതെ ഗുണമേന്മയുള്ള വൈദ്യുതി നല്‍കിപ്പോരുകയും ചെയ്യുന്ന കേരള നാട്ടില്‍നിന്ന് ഞങ്ങളെ ഏത് ഇരുട്ടിലേക്കാണ് അങ്ങ് ആനയിക്കുന്നത്?

    ആദ്യത്തെ സമ്പൂര്‍ണ വൈദ്യുത ജില്ലയായി പ്രഖ്യാപിക്കപ്പെട്ട പാലക്കാട്ടുനിന്ന് തുടങ്ങി സമ്പൂര്‍ണ വൈദ്യുതി സംസ്ഥാനത്തിലേയ്ക്ക് അതിവേഗം കുതിക്കുന്ന ഈ കേരളത്തിന്റെ കുതികാല്‍വെട്ടി ഏതു നരകത്തിലേക്ക് തള്ളിയിടാം എന്നാണ് അങ്ങയുടെ വാഗ്ദാനം? വൈദ്യുതിബോര്‍ഡുകളെ ഫ്രാഞ്ചൈസികളായി വേര്‍പിരിച്ചും സ്വകാര്യവത്കരിച്ചും എന്‍റോണ്‍പോലുള്ള വിദേശക്കമ്പനികള്‍ക്ക് അടിയറവെച്ചും തകര്‍ക്കുന്ന ഊര്‍ജ്ജനയത്തിലേയ്ക്കോ? മൂന്നിലൊന്നോളം ഗ്രാമങ്ങളില്‍ വൈദ്യുതി എത്താത്ത ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ അപാരാന്ധകാരത്തിലേയ്ക്കോ? 'പീക്ക് അവറി'ല്‍ രണ്ടു മണിക്കൂര്‍ പവര്‍കട്ട് ഏര്‍പ്പെടുത്തിയാല്‍ മോചനത്തിനുവേണ്ടി നിങ്ങളെങ്ങനെ കുഴലൂതും, പ്രിയപ്പെട്ട മാധ്യമപ്രഭുക്കളേ!

    ഡോക്ടര്‍മാരും, മരുന്നും, നഴ്സുമാരുമുള്ള സജീവമായ സര്‍ക്കാര്‍ ആശുപത്രികള്‍. പ്രാഥമികാരോഗ്യകേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജുവരെയുള്ള സാമൂഹ്യാരോഗ്യ സുരക്ഷാസംവിധാനം. പകര്‍ച്ചവ്യാധികള്‍ തടയുന്നതില്‍ മാതൃകാപരമെന്ന് കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രശംസ. ഈ കേരളത്തേക്കാള്‍ ആരോഗ്യമുള്ള മറ്റേതു ജനതയുണ്ട് ചാണ്ടിജീ, അങ്ങയുടെ പാര്‍ടി ഭരിക്കുന്ന ഈ വിശാല ഭാരതത്തില്‍?

    ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസം വരെ സാര്‍വത്രികവും സൌജന്യവുമായ കേരളത്തില്‍ എല്ലാ പഞ്ചായത്തിലും ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്ന ലക്ഷ്യം സാധിച്ചുകഴിഞ്ഞു. പിന്നോക്ക പ്രദേശങ്ങളില്‍ പുതിയ വിദ്യാലയങ്ങള്‍ ഹൈസ്കൂളാക്കി അപ്ഗ്രേഡ് ചെയ്തു. വിദ്യാഭ്യാസക്കച്ചവടക്കാരും 'നീതി' പീഠങ്ങളും ഇടങ്കോലിട്ടെങ്കിലും സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമേല്‍ സാമൂഹ്യനിയന്ത്രണം കൊണ്ടുവന്ന് പരമാവധി സാമൂഹ്യനീതി പരിരക്ഷിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ ഇടപെടല്‍...! ഈ സാക്ഷര കേരളത്തെ അങ്ങ് എങ്ങോട്ടാണ് മോചിപ്പിക്കുന്നത്? 8-ാം തരം വരെയുള്ള വിദ്യാഭ്യാസം മൌലികാവകാശമായി പ്രഖ്യാപിച്ചതിനുശേഷവും സ്കൂളില്ലാത്ത അഞ്ചിലൊന്നു ഗ്രാമങ്ങളും സ്കൂള്‍ കാണാത്ത തെരുവുകുട്ടികളും നിറഞ്ഞ ഭാരതഭൂമിയില്‍ വിദ്യാഭ്യാസവിഹിതം അരശതമാനംപോലും വര്‍ധിപ്പിക്കാത്ത ബാലശാപങ്ങളുടെ ദുരന്തഭൂമിയിലേക്കോ? വിദേശ സര്‍വകലാശാലകളെ ക്ഷണിച്ചുവരുത്തി കുടിയിരുത്തി നമ്മുടെ മസ്തിഷ്കങ്ങളെ പണയപ്പെടുത്തുന്ന കൊടുംവഞ്ചനയിലേക്കോ?

    വര്‍ഗീയത ചുരമാന്തുന്നുണ്ടെങ്കിലും കലാപങ്ങള്‍ തടയപ്പെടുന്ന, മതസൌഹാര്‍ദ്ദം നിലനില്‍ക്കുന്ന സമാധാനജീവിതം പുലരുന്ന നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്. ഒരു പാഠത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് കലാപമഴിച്ചുവിട്ട് അങ്ങയോടൊപ്പമുള്ളവര്‍ ഒരധ്യാപകനെ ചവിട്ടിക്കൊന്നതും, തന്റെ പിശകിന് മാപ്പിരന്ന ഒരധ്യാപകന്റെ കൈപ്പത്തി അറുത്തെറിഞ്ഞ് റഹ്മത്തിന്റെ (കാരുണ്യത്തിന്റെ) മതത്തെ അപമാനിച്ചതും (അവരും ഇപ്പോള്‍ അങ്ങയുടെ താവളത്തിലാണല്ലോ! അവരുടെ വോട്ടു വേണ്ടെന്നു പറയാനുള്ള ധിക്കാരം എനിക്കില്ലെന്ന് അങ്ങ് വിനയഭാവത്തോടെ കുമ്പിടുന്നത് അവരുടെ മുന്നിലാണല്ലോ!) ഒഴിച്ചാല്‍ മറ്റൊരു വര്‍ഗീയ - ഭീകരവാദസംഭവങ്ങളും നടക്കാത്ത ഈ കേരളത്തിലാണ് രാഷ്ട്രപതി പ്രതിഭാ പാട്ടീലും, രാഹുല്‍ഗാന്ധിയും സ്വൈരമായി രണ്ടുദിവസം ചിലവിടാന്‍ തെരഞ്ഞെടുത്തത്. ഈ ദൈവത്തിന്റെ സ്വന്തം നാട്ടില്‍നിന്ന് അങ്ങ് ഞങ്ങളെ മോചിപ്പിക്കുന്നത് എങ്ങോട്ടാണ്? കലാപങ്ങളുടെയും സ്ഫോടനങ്ങളുടെയും കുരുതിക്കളങ്ങളിലേയ്ക്കോ? ജീവിതസമാധാനത്തില്‍നിന്ന് മാറാടുകളുടെ കലാപഭീതികളിലേയ്ക്കോ? തൊടുപുഴയിലെ കൈവെട്ടു ഭീകരതയിലേയ്ക്കോ?

    കേരള മോചനത്തിനായി നിത്യവും തൊണ്ടകീറി വശംകെട്ട മാധ്യമ പ്രവര്‍ത്തകരെങ്കിലും നാക്കനക്കുമോ? കേരളത്തിലെ മന്ത്രിമാരെക്കുറിച്ച് വ്യക്തമായ ഒരഴിമതിയാരോപണവും നാളിതുവരെ ഉന്നയിക്കാന്‍ മോചനയാത്രക്കാര്‍ക്കോ, മാധ്യമപ്രവര്‍ത്തകര്‍ക്കോ കഴിഞ്ഞിട്ടില്ല. ഈ കേരളത്തെ എങ്ങോട്ടാണ് നമ്മുടെ പ്രതിപക്ഷ നേതാവ് നയിക്കുന്നത്? ക്രിക്കറ്റ് കളിയും കോമണ്‍വെല്‍ത്ത് ഗെയിംസും അഴിമതിയരങ്ങാക്കിയ, അഴിമതി 'ആദര്‍ശ' സൌധമാക്കിയ, 2 ജി സ്പെക്ട്രത്തിലൂടെ 176000 കോടിയുടെ പൊതുമുതല്‍ കോര്‍പറേറ്റ് മുതലാളിമാര്‍ക്കു ചോര്‍ത്തിക്കൊടുത്ത പകല്‍ക്കൊള്ളയുടെ ഭൂമികയിലേക്കോ?

    കര്‍ഷകത്തൊഴിലാളികള്‍ ചോദിക്കുന്നു: 300 രൂപ പെന്‍ഷന്‍ നല്‍കിയ, പെന്‍ഷന്‍ അഡ്വാന്‍സ് നല്‍കിയ ഈ ഭരണത്തില്‍നിന്ന് പെന്‍ഷന്‍ കുടിശ്ശികയുടെ ഭൂതകാലത്തിലേക്കാണോ ഞങ്ങളെ നയിക്കുന്നത്? പെന്‍ഷന്‍ വാങ്ങുന്നവര്‍, ക്ഷേമനിധി ആനുകൂല്യങ്ങള്‍ വാങ്ങുന്നവര്‍, ശമ്പളവര്‍ധന നേടിയ ജീവനക്കാര്‍ എല്ലാവരുടെ ചുണ്ടത്തും ചോദ്യങ്ങളുണ്ട്. എല്ലാവരും വിരലുയര്‍ത്തുന്നുണ്ട്! അങ്ങേയ്ക്കു കഴിയില്ലെങ്കില്‍ അങ്ങയുടെ പൂര്‍ണകായ ചിത്രത്തോടു കൊരുത്തിട്ടിരിക്കുന്ന അനേകം ശിരസ്സുകളുണ്ടല്ലോ, മോചനയാത്ര വിളംബരം ചെയ്യുന്ന പോസ്റ്ററില്‍! മാണിസാറിന്റെയും എം വി ആറിന്റെയും ഗൌരിയമ്മയുടെയും, തങ്ങളുപ്പാപ്പയുടെയും ചെന്നിത്തലയുടെയും കുഞ്ഞിത്തലകള്‍! (അഹോ! അങ്ങെത്ര വിനീതന്‍!) തലയില്‍ ആള്‍താമസമുള്ള ആരെങ്കിലും ഞങ്ങള്‍ക്കു മറുപടി നല്‍കുമോ? ഇന്നുവരെ മിനിമം കൂലി നിയമമുണ്ടാക്കാന്‍ സമയം കിട്ടാത്ത മന്‍മോഹന്‍ജിയുടെ ഭരണത്തിരക്കിലേക്കാണോ ഞങ്ങളുടെ മോചനം?

    വംഗനാട്ടിലെ ഇടതുപക്ഷഭരണം അവസാനിപ്പിക്കാന്‍ ഒരുമ്പെട്ടിറങ്ങിയവരോട് ഡോ. അമര്‍ത്യാസെന്‍ ചോദിച്ചു: (അമര്‍ത്യാസെന്‍ കമ്യൂണിസ്റ്റല്ല!) ഇടതുപക്ഷത്തെ തോല്‍പിച്ച് നിങ്ങള്‍ ആരെയാണ് ജയിപ്പിക്കാന്‍ പോകുന്നത്? മുപ്പതുവര്‍ഷംകൊണ്ട് നാം നേടിയതെല്ലാം തകര്‍ന്നുകാണാന്‍ നിങ്ങളാഗ്രഹിക്കുന്നുണ്ടോ?

    ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ക്ക് സ്തുതിപാഠകരോളം ബുദ്ധി കാണില്ല എന്നായിരിക്കും മാധ്യമ പ്രവര്‍ത്തകരുടെ ചിരി...! ഒടുവില്‍ നിങ്ങള്‍ അലറിവിളിച്ച് ഒരു "വിമോചിത കേരളം'' വന്നാല്‍ അതിന്റെ ചേലെന്തായിരിക്കുമെന്ന് അമര്‍ത്യാസെന്നിനോടൊപ്പം ഒരു നിമിഷം ശാന്തമായി ആലോചിക്കാം, സ്വകാര്യമായി, നിശ്ശബ്ദമായി...

    പണ്ടൊരു വിമോചനസമരം നടന്നു! അതിലൂടെ കേരളം "വിമോചിക്ക''പ്പെട്ടപ്പോള്‍ എന്തൊക്കെയാണ് നാം നേടിയത്...! ആ 'നേട്ട'ങ്ങളുടെ ഓര്‍മ്മകളില്‍ നടുങ്ങി, ഒരു നിമിഷം...!

    എങ്കിലും അന്നൊഴുകിയെത്തിയ അമേരിക്കന്‍ ഡോളറിന്റെ കഥ, ആസൂത്രകരും അനുഭവിച്ചവരും ഒരുപോലെ ഏറ്റുപറഞ്ഞു. ഇന്നും ഈ മോചനയാത്രയും സഫലമാവുകയാണെങ്കില്‍ ഡോളര്‍ക്കിഴികള്‍ തീര്‍ച്ചയായും വന്നെത്തും! യാത്ര ചെയ്തവര്‍ക്കു മാത്രമല്ല; മുന്നില്‍ കുഴലൂതിയവര്‍ക്കും!

    പക്ഷേ, ഞങ്ങള്‍ക്കോ? അതെ; അതു മന്ദബുദ്ധികളുടെ ചോദ്യമായി, നിങ്ങള്‍ക്കവഗണിക്കാം!

ടി കെ നാരായണദാസ് ചിന്ത വാരിക 040211

യു ഡി എഫിന് അടിതെറ്റുന്നു

ഐസ്‌ക്രീം പാര്‍ലര്‍ കേസ്: യു ഡി എഫിന് അടിതെറ്റുന്നു

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ടു മാസം മാത്രം ശേഷിക്കേ ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭം വീണ്ടും യു ഡി എഫിനെ വേട്ടയാടുന്നു. ഐസ്‌ക്രീം പാര്‍ലര്‍കേസില്‍ റജീനയുടെ വെളിപ്പെടുത്തലാണ് 2006 ല്‍ യു ഡി എഫിനെ ബാധിച്ചതെങ്കില്‍ ഇത്തവണ അത് കേസ് തേച്ചുമായ്ക്കാന്‍ കൂട്ടുനിന്ന റൗഫിന്റെ വെളിപ്പെടുത്തലാണെന്ന വ്യത്യാസം മാത്രം.

ഒഴിയാബാധപോലെ കുഞ്ഞാലിക്കുട്ടിയെ പിന്തുടരുന്ന കേസ് യു ഡി എഫിനകത്തും ലീഗിനകത്തും വീണ്ടും പൊട്ടിത്തെറിക്ക് വഴിവെച്ചിരിക്കയാണ്. എല്‍ ഡി എഫ് സര്‍ക്കാരിനെതിരെ പ്രചാരണത്തിന്റെ കെട്ടഴിച്ചുവിടാന്‍ മോചനയാത്രയുമായി പുറപ്പെട്ട ഉമ്മന്‍ചാണ്ടിയാവട്ടെ പുതിയ സംഭവവികാസങ്ങളോടെ പ്രതിരോധത്തിലുമായി.  ഇന്ന് മലപ്പുറത്ത് മോചനയാത്രക്ക് നല്‍കേണ്ടിയിരുന്ന  സ്വീകരണം  ഉമ്മന്‍ചാണ്ടി അസുഖബാധിതനായതിന്റെ പേരു പറഞ്ഞ്  മാറ്റിവച്ചിരിക്കയാണ്.  മലപ്പുറത്തെ പരിപാടി മാറ്റാന്‍ ലീഗും ആവശ്യപ്പെട്ടിരുന്നു.

പുറമേയ്ക്ക് കുഞ്ഞാലിക്കുട്ടിയെ പ്രതിരോധിക്കുന്നുണ്ടെങ്കിലും പ്രശ്‌നം കുഞ്ഞാലിക്കുട്ടിതന്നെ തീര്‍ക്കട്ടെ എന്ന നിലപാടിലാണ്  കോണ്‍ഗ്രസ്.
കുഞ്ഞാലിക്കുട്ടിതന്നെയാണ് വീണ്ടും പ്രശ്‌നം എടുത്തിട്ട് വഷളാക്കിയതെന്ന അഭിപ്രായം ലീഗിനകത്തും ശക്തമാണ്. റൗഫിനെതിരെ പത്രസമ്മേളനം നടത്താന്‍ പാര്‍ട്ടി അധ്യക്ഷനോട്  അനുവാദം ചേദിച്ചപ്പോള്‍ അദ്ദേഹം നിരുത്സാഹപ്പെടുത്തിയിരുന്നു. റൗഫ് തിരിച്ചടിച്ചപ്പോള്‍ കുഞ്ഞാലിക്കുട്ടിക്ക് മറുപടിയില്ലാതായി. മാത്രമല്ല, പറഞ്ഞതത്രയും പ്രശ്‌നമായി മാറുകയും ചെയ്തു. താന്‍ വ്യവസായ മന്തിയായിരുന്ന കാലത്ത് റൗഫിനു വേണ്ടി  വഴി വിട്ട്  പലതും ചെയ്തിരുന്നുവെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞത് സത്യപ്രതിജ്ഞാലംഘനമെന്ന ഗൗരവമായ കുറ്റം വിളിച്ചുപറയുന്നതിന് തുല്യമായി.

കുഞ്ഞാലിക്കുട്ടിയുടെ പത്രസമ്മേളനം പാര്‍ട്ടിക്കകത്ത് വിഭാഗീയതക്ക് ആക്കം കൂട്ടുകയും ചെയ്തിട്ടുണ്ട്.  പാര്‍ട്ടിയിലെ പ്രതിയോഗിയായ എം കെ മുനീറിനെതിരെ കുഞ്ഞാലിക്കുട്ടി കേസുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന റൗഫിന്റെ ആരോപണമാണ് ഇതിന് നിമിത്തമായത്.  തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് ജമാ അത്തെ ഇസ്‌ലാമി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്തുവിട്ടുവെന്ന് മുനീറിന്റെ പേരുപറയാതെ കുഞ്ഞാലിക്കുട്ടി ആക്ഷേപമുന്നയിച്ചിരുന്നു. ഈ വിഷയത്തില്‍ പാര്‍ട്ടിക്കകത്ത് അന്വേഷണം നടക്കുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞതും മുനീറിനെ ഉന്നം വെച്ചായിരുന്നു. മുനീര്‍ ചെയര്‍മാനായ ഇന്ത്യാവിഷന്‍ ചാനല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്തെന്ന പോലെ ഇപ്പോഴും ഐസ്‌ക്രീം കേസ് കുത്തിപ്പൊക്കാന്‍ ഗൂഡാലോചന നടത്തിയെന്ന് കുഞ്ഞാലിക്കുട്ടി ആരോപിക്കുന്നു.

റൗഫ് വ്യക്തിപരമായി  ഗൂഡാലോചന നടത്തുന്നത് പ്രതിരോധിക്കാന്‍ കുഞ്ഞാലിക്കുട്ടി നടത്തിയ പത്രസമ്മേളനം പാര്‍ട്ടിക്കും മുന്നണിക്കും ക്ഷീണം വരുത്തിവച്ചിരിക്കുകയാണെന്ന്  ലീഗിലെ എതിര്‍ പക്ഷം ചൂണ്ടിക്കാട്ടുന്നു. കുഞ്ഞാലിക്കുട്ടി വീണ്ടും ജനവിധി തേടുന്നതുപോലും പാര്‍ട്ടിക്ക് ക്ഷീണമാവുമെന്ന് കരുതുന്നവരുമുണ്ട്. സാക്ഷികളെ സ്വാധീനിക്കാന്‍ പ്രേരിപ്പിച്ച കുറ്റത്തിന് കേസുള്ള വ്യക്തിയെ മത്സരിപ്പിക്കുന്നത് പാര്‍ട്ടിക്ക് തലവേദനയാവുകയും ചെയ്യും. 

അതേസമയം, മലപ്പുറത്തെ കോണ്‍ഗ്രസ് നേതൃത്വം ഇപ്പോഴത്തെ സംഭവവികാസങ്ങളില്‍ സന്തോഷിക്കുകയാണ്. മലപ്പുറം ജില്ലയില്‍ കൂടുതലായി വരുന്ന നാല് അസംബ്ലി മണ്ഡലങ്ങളും പിടിച്ചടക്കാന്‍ ലീഗ്  നടത്തുന്ന നീക്കങ്ങളെ ചെറുത്തുവരികയായിരുന്നു കോണ്‍ഗ്രസ്.  പുതിയസംഭവവികാസങ്ങള്‍ ലീഗിന്റെ അവകാശവാദത്തിന് ബലം കുറയ്ക്കുമെന്ന് കോണ്‍ഗ്രസ് കരുതുന്നു.  യു ഡി എഫില്‍ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗവും പുതിയ പ്രശ്‌നത്തെ ആകാംക്ഷയോടെയാണ് കാണുന്നത്. ഇപ്പോഴത്തെ പ്രശ്‌നത്തിന്റെ പേരില്‍ മുന്നണിക്ക് സീറ്റ് കുറഞ്ഞാല്‍ അത് മലബാറിലായിരിക്കുമെന്ന് അവര്‍ കണക്കുകൂട്ടുന്നു. മുന്നണിയിലെ രണ്ടാം കക്ഷിയാവാന്‍ ജോസഫിനെയും കൂടെക്കൂട്ടി മാണി നടത്തുന്ന ശ്രമങ്ങള്‍ ഫലവത്താവുമെന്നാണ് അവരുടെ പ്രതീക്ഷ.

മുസ്‌ലിംലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ കുഞ്ഞാലിക്കുട്ടി ഐസ്‌ക്രീംപാര്‍ലര്‍ കേസില്‍ മൂന്നാംതവണയാണ് പരീക്ഷണവിധേയനാവുന്നത്. 1997 ലാണ് കോഴിക്കോട് നഗരത്തില്‍  ശ്രീദേവി എന്ന സ്ത്രീ നടത്തിയിരുന്ന ഐസ്‌ക്രീം പാര്‍ലര്‍ കേന്ദ്രീകരിച്ച് നടന്നുവന്ന അനാശാസ്യപ്രവര്‍ത്തനം പുറത്തുവന്നത്. ആദ്യം ഈ കേസില്‍ ഉള്‍പ്പെട്ട കുഞ്ഞാലിക്കുട്ടിയുടെ പേര് പിന്നീട് പ്രതിസ്ഥാനത്തുനിന്ന് നീക്കം ചെയ്യപ്പെട്ടു. 2005ല്‍ കേസിലെ പ്രധാന സാക്ഷി റജീന, തന്നെ കുഞ്ഞാലിക്കുട്ടി പീഡിപ്പിച്ചിരുന്നുവെന്നും പിന്നീട് സമ്മര്‍ജം ചെലുത്തി  മൊഴി മാറ്റിക്കുകയായിരുന്നുവെന്നും മാധ്യമങ്ങള്‍ക്കു മുമ്പില്‍ വെളിപ്പെടുത്തി. ഉമ്മന്‍ചാണ്ടിയായിരുന്നു അന്ന് മുഖ്യമന്ത്രി. പൊതുസമൂഹം മുഴുവന്‍ കുഞ്ഞാലിക്കുട്ടിയുടെ രാജിക്കുവേണ്ടി മുറവിളികൂട്ടിയെങ്കിലും റജീനയുടെ വെളിപ്പെടുത്തല്‍ വന്ന് 67 ദിവസം കഴിഞ്ഞാണ് കുഞ്ഞാലിക്കുട്ടി രാജിവെയ്ക്കാന്‍ തയ്യാറയത്. ലീഗിന്റെ ഇളകാത്ത കോട്ടയായിരുന്ന കുറ്റിപ്പുറത്ത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി ഏഴായിരത്തിലേറെ വോട്ടുകള്‍ക്ക് തോല്‍ക്കുകയും ചെയ്തു. ലീഗിന്റെ നിയമസഭയിലെ അംഗസംഖ്യ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞുപോയതും ഈ തിരഞ്ഞെടുപ്പിലാണ്. 

കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വം: യു ഡി എഫിലും ഭിന്നത വളരുന്നു

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിയെ നേതൃനിരയില്‍ ഉള്‍പ്പെടുത്തി മുന്നോട്ടു പോവുന്നത് ദോഷം ചെയ്യുമെന്ന് കോണ്‍ഗ്രസിന്റെയും ലീഗ് ഇതരഘടകകക്ഷികളിലേയും അണികള്‍ക്കിടയില്‍  അഭിപ്രായം ശക്തം. ലീഗിന്റെ തട്ടകമായ മലപ്പുറത്താകില്ല കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യം ദോഷമുണ്ടാക്കുകയെന്നും മറ്റ് ജില്ലകളില്‍ ശക്തമായ വിരുദ്ധ തരംഗം സൃഷ്ടിക്കാന്‍ പോന്നതാണ് പുതിയ വിവാദങ്ങളെന്നുമാണ് യു ഡി എഫ് കേന്ദ്രങ്ങള്‍ പോലും വിലയിരുത്തുന്നത്. പെണ്‍വാണിഭ കേസൊതുക്കാന്‍ കോടതിയെ പോലും പണം നല്‍കി സ്വാധീനിക്കാന്‍  കുഞ്ഞാലിക്കുട്ടി ശ്രമിച്ചുവെന്ന ആരോപണം കേരളത്തിന്റെ  ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടെന്ന് വിലയിരുത്തപ്പെട്ടുകഴിഞ്ഞതോടെ എത്രയും പെട്ടെന്ന് യു ഡി എഫ് നേതൃത്വം പക്വമായ നിലാപട് സ്വീകരിക്കാതിരുന്നാല്‍ അത് എല്ലാവരുടേയും പ്രതിച്ഛായയെ ബാധിക്കുമെന്ന് ചില ഘടകകക്ഷി നേതാക്കള്‍ അടക്കം പറഞ്ഞു തുടങ്ങിക്കഴിഞ്ഞു. 

പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും കെ പി സി സി പ്രസിഡന്റ് രമേശ്‌ചെന്നിത്തലയും എടുത്തുചാടി കുഞ്ഞാലിക്കുട്ടിയെ ന്യായീകരിച്ചതും അണികളില്‍ മുറുമുറുപ്പുണ്ടാക്കിയിട്ടുണ്ട്.  എന്നാല്‍  ഒളിക്യാമറയില്‍ പകര്‍ത്തിയ മൊഴികള്‍ ഇന്ത്യാവിഷന്‍ പുറത്തുവിട്ടതോടെ കുഞ്ഞാലിക്കുട്ടിയുടെ വെളിപ്പെടുത്തലിനെ ന്യായീകരിച്ച കോണ്‍ഗ്രസ് നേതാക്കള്‍ സ്വയം അപഹാസ്യരാവുകയായിരുന്നു. കുഞ്ഞാലിക്കുട്ടിയെ എന്തുവില കൊടുത്തും സംരക്ഷിക്കുമെന്ന് പറഞ്ഞ കേരളകോണ്‍ഗ്രസ് നേതാവ് കെ എം മാണിയും കൂട്ടരും കിട്ടിയ അവസരം ഫലപ്രദമായി ഉപയോഗപ്പെടുത്തുമെന്ന് തീര്‍ച്ചയാണ്. യു ഡി എഫില്‍ രണ്ടാമത്തെ ഘടകകക്ഷിയാരെന്നുള്ള ചോദ്യം പുതിയ വിവാദത്തോടെ അപ്രസക്തമായെന്ന് മാണികോണ്‍ഗ്രസിന്റെ എന്‍ ജി ഒ സംഘടനയുടെ നേതാവ് മലപ്പുറത്ത് സൗഹൃദസംഭാഷത്തില്‍ പറഞ്ഞതും ഇതോടൊപ്പം വായിക്കേണ്ടതാണ്.

കെ എം  മാണിയുടെ വിശ്വസ്തനായ പീറ്ററില്‍ നിന്നാണ് ഒളിക്യാമറ ഉപയോഗിച്ച് ചാനല്‍ സംഘം ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ശേഖരിച്ചതെന്നതും ശ്രദ്ധേയമാണ്. ഫലത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ വീഴ്ച  യു ഡി എഫിലെ മിക്കഘടകകക്ഷികളെയും  സംബന്ധിച്ചിടത്തോളം സന്തോഷകരകമാണെങ്കിലും ആരും അത് പ്രകടമാക്കുന്നില്ലെന്നതാണ് സത്യം. മുസ്‌ലിംലീഗിനകത്തും  കുഞ്ഞാലിക്കുട്ടിക്കെതിരായുള്ള അഭിപ്രായം ശക്തിപ്രാപിച്ചു വരുന്നതായാണ് ഇന്നലെ ലഭിച്ച സൂചനകള്‍.  വിവാദങ്ങള്‍ കൊഴുക്കുകയും പുതിയ സംഭവവികാസങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്യുന്നതോടെ കുഞ്ഞാലിക്കുട്ടി  ലീഗിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയേണ്ടിവരുമെന്നാണ്  വിരുദ്ധരുടെ കണക്കുകൂട്ടല്‍. പുതിയ സംഭവവികാസങ്ങളുടെ പേരില്‍ എം കെ മുനീറിനെ ബലിയാടാക്കുന്നതിനെതിരേയും ഒരു വിഭാഗം രംഗത്തെത്തി കഴിഞ്ഞു. കുഞ്ഞാലിക്കുട്ടി വ്യക്തി താല്‍പര്യത്തിനുവേണ്ടി ചെയ്ത കാര്യങ്ങളെ ന്യായീകരിക്കാന്‍ പാര്‍ട്ടി തയ്യാറാവരുതെന്നും മുനീറിനെപ്പോലെയുള്ള നേതാവിനെ ക്രൂശിക്കരുതെന്നും ഇക്കൂട്ടര്‍  വാദിക്കുന്നു. യു ഡി എഫില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ നിലപാടുവരുന്നതും കാത്തിരിക്കയാണ് കാലങ്ങളായി നാവടക്കി കഴിയുന്ന ലീഗിലെ കടുത്ത ഔദ്യോഗികപക്ഷ വിരോധികള്‍.

ജനയുഗം 310111

യുപിഎ സര്‍ക്കാരിനു മൌനം

 ഈജിപ്തില്‍ ഹൊസ്നി മുബാറക്ക് സര്‍ക്കാരിനെതിരായ കലാപം കത്തിപ്പടരുമ്പോഴും ഔദ്യോഗിക പ്രതികരണം നല്‍കാന്‍ ഇന്ത്യ തയ്യാറാകുന്നില്ല. കലാപം ഒരാഴ്ച പിന്നിട്ടിട്ടും ഈജിപ്തുമായി ചരിത്രപരമായ ബന്ധമുള്ള ഇന്ത്യക്ക് തികഞ്ഞ മൌനം. ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടില്ലെന്ന പതിവ് പല്ലവിയാണ് വിദേശമന്ത്രാലയം തുടരുന്നത്. അമേരിക്കയുടെ സുഹൃത്ത് എന്ന പരിവേഷമാണ് അറബി ലോകത്ത് ഇന്ത്യക്കുള്ളത്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ് സന്ദര്‍ശിച്ച അറേബ്യന്‍ രാജ്യങ്ങളുടെ പട്ടികതന്നെ ഇതിന് തെളിവാണ്. സൌദിഅറേബ്യ, ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദര്‍ശിച്ചത്. ഇറാന്‍ സന്ദര്‍ശിക്കാന്‍ തയ്യാറായില്ല. അമേരിക്കയുമായി തന്ത്രപ്രധാനബന്ധം സ്ഥാപിച്ചതിന് പിന്നാലെ ഇറാനുമായി പിണങ്ങിയതിന്റെ ദൂഷ്യഫലം ഇന്ത്യ അനുഭവിക്കാന്‍ പോവുകയാണ്. അറബ് ലോകത്തില്‍ ഇറാന്റെ സ്വാധീനം വര്‍ധിച്ചുവരികയാണ്. ഇസ്രയേലുമായുള്ള അടുത്ത ബന്ധവും ഇന്ത്യക്ക് വിനയാകും.

പ്രക്ഷോഭകര്‍ക്കെതിരെ ബലപ്രയോഗം അരുതെന്ന് അമേരിക്ക മുബാറക്കിനെ ഓര്‍മിച്ചു. എന്നാല്‍, ഇന്ത്യയാകട്ടെ അത് പറയാന്‍ പോലും തയ്യാറായിട്ടില്ല. കേമ്പ്ഡേവിഡ് കരാര്‍ ഒപ്പിട്ട് ഇസ്രയേലുമായി ആദ്യം സമാധാനം സ്ഥാപിച്ച് അമേരിക്കന്‍ ക്യാമ്പിലെത്തിയ രാജ്യമാണ് ഈജിപ്ത്. 30 വര്‍ഷമായി ഹൊസ്നിമുബാറക്കിനെ അധികാരത്തില്‍ നിലനിര്‍ത്തിയതും അമേരിക്കതന്നെ. അതുകൊണ്ടുതന്നെ മുസ്ളിംബ്രദര്‍ഹൂഡ് അധികാരത്തിലെത്താന്‍ അമേരിക്ക അനുവദിക്കാന്‍ ഇടയില്ല. ഹൊസ്നിമുബാറക്കുമായും ഇന്ത്യക്ക് അടുത്ത ബന്ധമാണ്. 2008 ല്‍ അദ്ദേഹം ഇന്ത്യ സന്ദര്‍ശിച്ചു. ആ വര്‍ഷം ജവഹര്‍ലാല്‍ നെഹ്റു അവാര്‍ഡും മുബാറക്കിനാണ് നല്‍കിയത്. 2009ല്‍ ഷാറം അല്‍ ഹെയ്ഖില്‍ ചേര്‍ന്ന ചേരിചേരാ ഉച്ചകോടിയില്‍വച്ചും മന്‍മോഹന്‍സിങ്ങും മുബാറക്കും കൂടിക്കാഴ്ച നടത്തി. 1955ല്‍ തന്നെ സൌഹൃദ ഉടമ്പടി ഒപ്പുവച്ച രാജ്യമാണ് ഈജിപ്ത്. ഈജിപ്തിലെ കെയ്റോവിലും അലക്സാഡ്രിയയിലും സോയൂസിലും മറ്റും പ്രക്ഷോഭം പടരുമ്പോള്‍ എണ്ണ വില ഉയരുകയുമാണ്. ഒരു വീപ്പക്ക് 100 ഡോളറായി ഉയര്‍ന്നു.
(വി ബി പരമേശ്വരന്‍)

ദേശാഭിമാനി 310111

'പുറത്തുവരുന്നത് രാഷ്ട്രീയത്തെ ബാധിച്ച ജീര്‍ണരോഗം'

കേരള രാഷ്ട്രീയത്തെയും ജനാധിപത്യ സംവിധാനത്തെയും വര്‍ഷങ്ങളായി ബാധിച്ച ജീര്‍ണരോഗമാണ് കുഞ്ഞാലിക്കുട്ടി സംഭവത്തിലൂടെ ആവരണങ്ങള്‍ തകര്‍ത്ത് പ്രത്യക്ഷമാകുന്നതെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. സത്യങ്ങള്‍ മൂടിവച്ചാലും പിന്നില്‍നിന്ന് കുത്തും. വിവിധ ഗാന്ധിയന്‍ സംഘടനകളുടെ ആഭിമുഖ്യത്തില്‍ രക്തസാക്ഷിത്വദിനത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ജനാധിപത്യം പരിശുദ്ധവും നിസ്വാര്‍ഥവുമാകണമെന്ന് ഗാന്ധിജി ആഗ്രഹിച്ചു. നേതൃത്വം നല്‍കി വളര്‍ത്തിയ പാര്‍ടി അതില്‍നിന്നകലുന്നതു കണ്ടപ്പോള്‍ പാര്‍ടി പിരിച്ചുവിടാന്‍വരെ ഉപദേശിച്ചു. രക്തസാക്ഷിത്വത്തിന് 62 വര്‍ഷം പിന്നിട്ടപ്പോള്‍, അദ്ദേഹത്തിന് ആലോചിക്കാനും കണക്കുകൂട്ടാനും കഴിയുന്നതിനേക്കാള്‍ വലിയ തുകയുടെ കുംഭകോണങ്ങളാണ് നടക്കുന്നത്. സ്പെക്ട്രവും ആദര്‍ശും ഐപിഎല്ലും കോമവെല്‍ത്തും തുടങ്ങി നടുക്കുന്ന കുംഭകോണങ്ങള്‍. അതുമായി ബന്ധപ്പെട്ട മാഫിയാ പ്രവര്‍ത്തനങ്ങള്‍. സര്‍വത്ര മൂല്യച്യുതിയെന്ന് സുപ്രീംകോടതിപോലും പറയുന്നു. എക്സിക്യൂട്ടീവിനെപ്പോലെ ജുഡീഷ്യറിയും മാധ്യമങ്ങളും കടുത്ത ആരോപണത്തിനിരയാകുന്നു. മതമൈത്രിക്കും മാനവസാഹോദര്യത്തിനും വേണ്ടി ഉറച്ചു നിന്നതിനാലാണ് ഗാന്ധിജിയെ വര്‍ഗീയശക്തികള്‍ കൊന്നത്. ആ ദുഷ്ടശക്തികള്‍ ഇന്നും പല രൂപത്തില്‍ സ്പര്‍ധ വളര്‍ത്തുന്നു. രക്തസാക്ഷിത്വ ദിനം വര്‍ഗീയതക്കെതിരായ പ്രതിജ്ഞാദിനം കൂടിയായി കണക്കാക്കണം. അഹിംസയുടെയും സ്വാതന്ത്യ്രത്തിന്റെയും സ്വാശ്രയത്വത്തിന്റെയും മതസൌഹാര്‍ദത്തിന്റെയും പാഠമാണ് ഗാന്ധിജി പഠിപ്പിച്ചത്. വിദേശവസ്ത്ര ബഹിഷ്കരണവും ഖാദി പ്രചാരണവും സാമ്പത്തിക കോളനീകരണത്തിനെതിരെ ഏറ്റവും പ്രായോഗികമായ ചെറുത്തുനില്‍പ്പായി. ഖാദി-കൈത്തറി മേഖല തകര്‍ത്താണ് സാമ്രാജ്യത്വം ഇന്ത്യയെ അവരുടെ വിപണിയാക്കിയത്. രാഷ്ട്രീയ സ്വാതന്ത്യ്രത്തിന് സാമ്പത്തിക സമരത്തിന്റെകൂടി ഉള്ളടക്കമുണ്ടാക്കാന്‍ ഗാന്ധിജിക്ക് കഴിഞ്ഞു-മുഖ്യമന്ത്രി പറഞ്ഞു.

പുറത്തുവരുന്നത് യുഡിഎഫിലെ ജീര്‍ണത: പിണറായി

നാദാപുരം: യുഡിഎഫ് അകപ്പെട്ട ജീര്‍ണതയുടെ തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. നാദാപുരത്ത് സിപിഐ എം ഏരിയാകമ്മിറ്റിക്കുവേണ്ടി നിര്‍മിച്ച കേളുഏട്ടന്‍ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

കുഞ്ഞാലിക്കുട്ടിയെക്കുറിച്ചുള്ള കഥകള്‍ ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത് എം കെ മുനീറിന്റെ ചാനലിലൂടെയാണ്. മുനീറാകട്ടെ ലീഗിന്റെ സംസ്ഥാന സെക്രട്ടറിമാരിലൊരാളും. ഞങ്ങള്‍ നയപരമായി തീരുമാനിച്ചിട്ടാണ് വാര്‍ത്തയും രേഖകളും പുറത്തുവരുന്നതെന്നാണ് ചാനല്‍ വക്താവ് പറഞ്ഞത്. ഇതില്‍നിന്ന് വ്യക്തമാകുന്നത് നടക്കാന്‍ പാടില്ലാത്തത് ചിലതെല്ലാം നടന്നിട്ടുണ്ടെന്ന് മുനീറിനും ബോധ്യമുണ്ടെന്നാണ്. സമൂഹം അറിയേണ്ടതാണ് നടന്നതെന്ന് അദ്ദേഹത്തിനും അറിയാം. യുഡിഎഫിന്റെ ജീര്‍ണതയാണ് ഇതിലൂടെ തെളിയുന്നത്. അവര്‍ക്ക് ധാര്‍മികതയും നീതിബോധവുമില്ല. അവരുടേതായ കാര്യം നേടാന്‍ അവര്‍ എന്തുംചെയ്യും എന്നാണ് കൂടുതല്‍ തെളിയുന്നത്. ഒരുകാലത്ത് യുഡിഎഫിന്റെ പടക്കുതിരയായിരുന്നു റൌഫ്. അയാള്‍ കൊള്ളരുതാത്തവനാണെന്ന് ഇപ്പോഴാണല്ലോ പറയുന്നത്. എന്തേ അയാളെ അന്നേ അകറ്റിനിര്‍ത്തിയില്ല. കുഞ്ഞാലിക്കുട്ടിതന്നെ പറഞ്ഞിട്ടുണ്ട് വഴിവിട്ട സഹായങ്ങള്‍ ചെയ്തുകൊടുത്തിട്ടുണ്ടെന്ന്. പറഞ്ഞതെല്ലാം ശരിയാണോയെന്ന് കണ്ടെത്തണം. അതിനാണ് കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം തുടങ്ങിയത്. സര്‍ക്കാര്‍ അത് അന്വേഷണത്തിലൂടെ കണ്ടെത്തും.

കുഞ്ഞാലിക്കുട്ടിയും ബന്ധുവായ റൌഫും വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞത് നടക്കാന്‍ പാടില്ലാത്തത് പലതും നടന്നുവെന്നാണ്. കുഞ്ഞാലിക്കുട്ടി തെറ്റുപറ്റിയെന്ന് പറഞ്ഞപ്പോള്‍ ആവേശഭരിതനായ ഉമ്മന്‍ചാണ്ടി അതിനെ സ്വാഗതംചെയ്തു. എന്തോ നടക്കാന്‍ പാടില്ലാത്തത് ചിലത് നടന്നുവെന്ന് ഉമ്മന്‍ചാണ്ടിക്കും അറിയാമായിരുന്നു. ഉമ്മന്‍ചാണ്ടി ഇപ്പോള്‍ പനിപിടിച്ച് ജാഥ നിര്‍ത്തിവെച്ചിരിക്കുകയാണ്. പേടിപ്പനിയാണ് ഇത് എന്ന് പറയണം. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ പനി കൂടുകയേയുള്ളു. മഞ്ചേശ്വരത്തുനിന്ന് യുഡിഎഫിന്റെ മോചനയാത്ര തുടങ്ങുമ്പോള്‍ രമേശ് ചെന്നിത്തല പറഞ്ഞത് പൂര്‍ണമായും ശരിയാണെന്നാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്. ജാഥ തിരുവനന്തപുരത്തെത്തുമ്പോള്‍ രാഷ്ട്രീയ ഭൂകമ്പമുണ്ടാകുമെന്നാണ്് ചെന്നിത്തല പറഞ്ഞത്. എന്നാല്‍ അതിനുമുമ്പുതന്നെ അത് സംഭവിച്ചു. കാര്യങ്ങള്‍ മുന്‍കൂട്ടി കാണാനുള്ള ദിവ്യശക്തി രമേശ് ചെന്നിത്തലയ്ക്കുണ്ടെന്നാണ് ഇത് തെളിയിക്കുന്നതെന്നും പിണറായി പറഞ്ഞു.

എന്തില്‍നിന്നുള്ള മോചനമാണ് ഉമ്മന്‍ചാണ്ടിക്ക് വേണ്ടതെന്ന് അഴീക്കോട്

കോട്ടയം: വിമോചനമെന്നുപറഞ്ഞ് ജനങ്ങളെ കബളിപ്പിക്കാന്‍ മുതിരരുതെന്നും എന്തില്‍നിന്നുള്ള മോചനത്തിനുവേണ്ടിയാണ് ഉമ്മന്‍ചാണ്ടി യാത്ര നടത്തുന്നതെന്നും ഡോ. സുകുമാര്‍ അഴീക്കോട് ചോദിച്ചു. അഴിമതിയില്‍നിന്നും, അംബാനിമാരെ സൃഷ്ടിക്കുന്നതില്‍നിന്നുമെല്ലാം നാടിനെ സംരക്ഷിക്കാന്‍ മോചനയാത്രകൊണ്ട് സാധിക്കുമെന്ന് ഉറപ്പുപറയാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു. കോട്ടയത്ത് നടക്കുന്ന ദര്‍ശന പുസ്തകോത്സവത്തിന്റെ ഭാഗമായി ഗാന്ധിജിഅനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പത്തുകൊല്ലത്തിനുശേഷം തന്റെ കൊള്ളരുതായ്മ പുറത്തു പറഞ്ഞ ഒരു മന്ത്രിയെ അഭിനന്ദിക്കുന്ന സംസ്കാരമാണ് അദ്ദേഹത്തിന്റെ കൂട്ടുകാരനായ നേതാവിന്റേത്. കുറ്റം ചെയ്ത വ്യക്തിയുടെ ഭാഗത്തുനിന്ന് സംസാരിക്കാന്‍ ആളുണ്ടെന്നതാണ് ഇന്നത്തെ ദുരന്തം. നമ്മുടെ രാഷ്ട്രീയനേതൃത്വം അധഃപതിക്കുകയാണ്. അവരില്‍ ജനങ്ങളര്‍പ്പിച്ച വിശ്വാസമാണ് നശിക്കുന്നത്. ഇതെല്ലാം കണ്ടാണ് കുട്ടികള്‍ വളരുന്നതെന്നോര്‍ക്കണം. ഇത് അവരില്‍ മറ്റൊരു ചിത്രമാകും സമ്മാനിക്കുക. മതം ഭീകരതയുടെ മതമായി മാറുന്നു. മതനേതാക്കള്‍ യഥാര്‍ഥത്തില്‍ മതമാണ് പ്രചരിപ്പിക്കുന്നതെങ്കില്‍ എങ്ങനെ അതില്‍ ഭീകരത കടന്നുവന്നുവെന്ന് വ്യക്തമാക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്. നമ്മുടെ നാശത്തിന്റെ അവസാനദിനത്തിന്റെ തലേന്നാണ് നാമിപ്പോള്‍ ജീവിക്കുന്നത്. സ്വാതന്ത്യ്രം കിട്ടിയ കാലഘട്ടത്തില്‍ നടത്തിയതിനെക്കാള്‍ വലിയ സമരങ്ങളാണ് ഈ കാലഘട്ടത്തില്‍ ചെയ്യേണ്ടതെന്ന ബോധം സമൂഹത്തിനുണ്ടാവണം. പൊലീസ് സ്റ്റേഷന്റെ ഭിത്തിയിലോ കലണ്ടറിലോ അല്ല, ഹൃദയത്തിലാണ് ഗാന്ധിജിയെ സൂക്ഷിക്കേണ്ടതെന്നും അഴീക്കോട് പറഞ്ഞു. പോള്‍ മണലില്‍ അധ്യക്ഷനായി. 'ബഷീര്‍ എഴുതിയ കത്തുകള്‍' എന്ന ഗ്രന്ഥം ഡോ. സി ജെ റോയ് പ്രകാശിപ്പിച്ചു. ലതിക സുഭാഷ് ഏറ്റുവാങ്ങി. സി ജി വാസുദേവന്‍ നായര്‍, ഫാ. തോമസ് പുതുശേരി എന്നിവര്‍ സംസാരിച്ചു.

ദേശാഭിമാനി 310111

കര്‍ണാടകത്തിലെ പൊറാട്ട് നാടകം; അഴിമതിയുടെ ദുര്‍ഗന്ധവും

രാജ്യത്തെ രണ്ടു വലിയ ബൂര്‍ഷ്വാ പാര്‍ടികളും ഓരോ ദിവസം കഴിയുംതോറും കൂടുതല്‍ കൂടുതല്‍ തുറന്നു കാട്ടപ്പെടുന്ന, ജനങ്ങളില്‍നിന്ന് ഒറ്റപ്പെടുന്ന, ധാര്‍മികമായി അധ:പതിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. സ്വാതന്ത്ര്യം വാങ്ങിത്തന്നതിന്റെ ക്രെഡിറ്റ് മുഴുവന്‍ സ്വയം ഏറ്റെടുക്കുന്ന കോണ്‍ഗ്രസും ആ പാര്‍ടിക്ക് പകരം നില്‍ക്കാന്‍ കെല്‍പുള്ള, സംശുദ്ധമായ 'വേറിട്ട പാര്‍ടി' എന്ന് സ്വയം ഉയര്‍ത്തിക്കാണിച്ച ബിജെപിയും ഈ റിപ്പബ്ളിക്ദിനത്തില്‍പോലും സ്വയം അപഹാസ്യരായിനില്‍ക്കുന്നു.

    രാജ്യം മുഴുവന്‍, രാജ്യത്തെ ജനങ്ങള്‍ ഒന്നടങ്കം, അണിനിരന്ന് ആഘോഷിക്കേണ്ട വിശേഷ ദിവസങ്ങളാണ് റിപ്പബ്ളിക്ദിനവും സ്വാതന്ത്യ്രദിനവും. ലോകത്തിലെ എല്ലാ രാജ്യങ്ങളും അതതു രാജ്യത്തെ ജനങ്ങളുടെ മഹോത്സവമായിട്ടാണ് സ്വാതന്ത്യ്രദിനംപോലെയുള്ള ദിനങ്ങള്‍ ആചരിക്കാറുള്ളത്. എല്ലാ പാര്‍ടികളിലും പെട്ട ആളുകളെയും ഒരു പാര്‍ടിയിലും പെടാത്തവരെയും അണിനിരത്തിക്കൊണ്ട് ഔദ്യോഗികമായി ആഘോഷിക്കുന്ന ഇത്തരം ഒരു വിശേഷദിനത്തെ, തങ്ങളുടെ സങ്കുചിതമായ രാഷ്ട്രീയ-വര്‍ഗീയ താല്‍പര്യ മുതലെടുപ്പിനുവേണ്ടി വിഭാഗീയമായി ഉപയോഗപ്പെടുത്താനാണ് ബിജെപി റിപ്പബ്ളിക് ദിനത്തില്‍ ശ്രമിച്ചത്. ഓരോ സ്ഥലത്തുമുള്ളവര്‍, അതതു സ്ഥലത്തെ ഔദ്യോഗിക ചടങ്ങുകളില്‍ കൂട്ടായി പങ്കെടുത്ത് ദിനാചരണം വിജയിപ്പിക്കുകയാണ് പതിവ്. അതിന് വിരുദ്ധമായി വിദൂരത്തുള്ള ജമ്മു-കാശ്മീരിലെ ലാല്‍ചൌക്കില്‍ ചെന്ന് ബലംപ്രയോഗിച്ച് പതാക ഉയര്‍ത്തിക്കൊണ്ട്, തങ്ങളുടെ രാജ്യസ്നേഹവും ദേശാഭിമാനവും പ്രകടിപ്പിക്കുമെന്ന് വാശിപിടിച്ചവര്‍ രാജ്യസ്നേഹമല്ല പ്രകടിപ്പിച്ചത്; മറിച്ച് തങ്ങളുടെ മനസ്സിലുറഞ്ഞുകിടക്കുന്ന രാജ്യദ്രോഹ ബുദ്ധിയാണ്. ഒരു മത വിഭാഗത്തെ മറ്റൊരു മതവിഭാഗത്തിനെതിരായി അണിനിരത്തണമെന്ന ദ്രോഹബുദ്ധിയാണ് പ്രകടിപ്പിച്ചത്.

    ആ ശ്രമം ദയനീയമായി പരാജയപ്പെടുകയും ചെയ്തു. തങ്ങള്‍ മുന്നോട്ടാണ് പോകുന്നതെന്ന് കരുതി വണ്ടിയില്‍ ഇരിപ്പുറപ്പിച്ചവര്‍, തങ്ങളെ നേതൃത്വം പിന്നോട്ടാണ് കൊണ്ടുപോകുന്നതെന്ന് മനസ്സിലാക്കിയത് നേരം പുലര്‍ന്നപ്പോഴാണത്രെ! ബിജെപി നേതൃത്വത്തെ സംബന്ധിച്ചിടത്തോളം നേരം ഇപ്പോഴും പുലര്‍ന്നിട്ടില്ലെങ്കിലും, അവരുടെ വിഘടനപരവും രാജ്യദ്രോഹപരവുമായ നീക്കത്തിന് മറ്റൊരിടത്തുനിന്നും പിന്‍തുണയോ പ്രോത്സാഹനമോ ലഭിച്ചില്ല എന്നത് അവരുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. അവരുടെ സഖ്യകക്ഷികളായ ഐക്യജനതാദളും മറ്റും അവരെ തള്ളിപ്പറഞ്ഞതോടെ, അവര്‍ ഏറ്റവും കൂടുതല്‍ ഒറ്റപ്പെടുകയും ചെയ്തു. രാഷ്ട്രപിതാവിനെ സ്വാതന്ത്യ്രത്തിന്റെ ആദ്യദിനങ്ങളില്‍ തന്നെ വെടിവെച്ചുകൊന്നവരുടെ രാജ്യസ്നേഹവും ദേശാഭിമാനവും കപടമായ പ്രകടനമാണെന്ന് ജനങ്ങള്‍ വീണ്ടും മനസ്സിലാക്കി. സമാന ഫാസിസ്റ്റ് സ്വഭാവമുള്ള സഖ്യകക്ഷിയായ ശിവസേനപോലും അവരുടെ ഈ പ്രകടനത്തെ ഏറെയൊന്നും സ്വാഗതംചെയ്തതായി കണ്ടില്ല.

    കപട ദേശാഭിമാന പ്രകടനത്തിന്റെപേരില്‍ ജനങ്ങളില്‍നിന്ന് സ്വയം ഒറ്റപ്പെട്ട് അപഹാസ്യരായ ബിജെപിക്കാര്‍, കര്‍ണാടകത്തില്‍ തങ്ങള്‍തന്നെ കുഴിച്ച അഴിമതിയുടെ അഗാധമായ കുഴിയില്‍കിടന്ന് ചക്രശ്വാസം വലിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. അഴിമതിയില്‍ പുതഞ്ഞുകിടക്കുന്ന കോണ്‍ഗ്രസുകാരില്‍നിന്ന് വ്യത്യസ്തരാണ് തങ്ങളെന്നും സദ്ഭരണം കാഴ്ചവെയ്ക്കാന്‍ കഴിവുള്ള 'വേറിട്ട പാര്‍ടി'യാണ് തങ്ങളുടേതെന്നും അവകാശപ്പെട്ടുകൊണ്ടാണ് ബിജെപിക്കാര്‍ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. കുത്തക പത്രങ്ങളുടെ ഗാനസംഘവും അവര്‍ക്ക് സ്തുതിപാടിക്കൊണ്ടിരുന്നു. പക്ഷേ ഭരണംനേടിയ കോണ്‍ഗ്രസിന്റെ അധ:പതനത്തിന് രണ്ടു മൂന്ന് പതിറ്റാണ്ടു വേണ്ടിവന്നുവെങ്കില്‍ വേറിട്ട പാര്‍ടിയുടെ അധ:പതനത്തിന് നിമിഷാര്‍ധം മതിയെന്നാണ് കര്‍ണാടകം സാക്ഷ്യപ്പെടുത്തുന്നത്. ഭരണം ഏറ്റെടുത്തതിന്റെ പിറ്റേദിവസംതൊട്ട് ശ്രീരാമസേനയേയും വിശ്വഹിന്ദുപരിഷത്തിനേയും ബജരംഗദളിനേയും മറ്റും അഴിച്ചുവിട്ട് അന്യമതവിദ്വേഷം ആളിക്കത്തിച്ചു തുടങ്ങിയ ബിജെപിസര്‍ക്കാര്‍, സാമൂഹ്യ പൊലീസിങ്ങിന്റെപേരില്‍ യുവാക്കളടക്കമുള്ള ജനവിഭാഗങ്ങളുടെ സഞ്ചാരസ്വാതന്ത്യ്രം, സംഘം ചേരാനുള്ള സ്വാതന്ത്യ്രം, ഇഷ്ടപ്പെട്ട ഭക്ഷണം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം, വസ്ത്രധാരണ സ്വാതന്ത്യ്രം, ജീവന്റെ ആധാരമായ പ്രണയസ്വാതന്ത്ര്യം തുടങ്ങി എല്ലാ സ്വാതന്ത്ര്യങ്ങളുടെമേലും നിയന്ത്രണങ്ങളും വിലക്കുകളും ഏര്‍പ്പെടുത്തി. ഒരു പരിഷ്കൃത-ജനാധിപത്യ-മതനിരപേക്ഷ സമൂഹത്തിനും പൊറുക്കാന്‍ കഴിയാത്ത കാടത്തവും കടന്നാക്രമണവും ആണ് അവര്‍ നടത്തിയത്.

    എന്നാലത്, പൊതുസ്വത്ത് സ്വന്തക്കാര്‍ക്കും ആശ്രിതര്‍ക്കും തീറെഴുതിക്കൊടുക്കാനുള്ള ഗൂഢനീക്കത്തിന്റെ തുടക്കവും മറയും മാത്രമായിരുന്നു; ഖനിജങ്ങളും മറ്റ് അപൂര്‍വ്വ വിഭവങ്ങളും കൊള്ളചെയ്യുന്നതിനുള്ള മറ മാത്രമായിരുന്നു. ഇരുമ്പയിര് മോഷ്ടിച്ചുവിറ്റ് റെഡ്ഡി സഹോദരന്മാര്‍ പതിനായിരക്കണക്കിന് കോടി രൂപയുടെ പൊതു സ്വത്ത് കൊള്ളയടിക്കുമ്പോള്‍, 1992ല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത കണ്ണായ സ്ഥലത്തെ ഭൂമി 2009 ഡിസംബറില്‍ ഡീ നോട്ടിഫൈചെയ്ത്, സ്വന്തക്കാര്‍ക്ക് സ്വകാര്യമായി വീതിച്ചുകൊടുത്ത് മുഖ്യമന്തി യെദ്യൂരപ്പയും കൂട്ടരും പകല്‍ക്കൊള്ള നടത്തുന്നു. ഈ സ്ഥലങ്ങളൊക്കെ ഇങ്ങനെ മറിച്ചുവില്‍ക്കാമെന്ന് 2007 ഡിസംബറില്‍തന്നെ കരാറുമുണ്ടാക്കിയിരുന്നു.

    ഇങ്ങനെ ബിജെപി മന്ത്രിമാരും നേതാക്കളും കാടും മേടും നഗരവും കൊള്ളചെയ്യുകയാണ്. മുഖ്യമന്ത്രി ഒറ്റയ്ക്ക്, സ്വന്തം മക്കള്‍ക്കും മരുമക്കള്‍ക്കും വീതിച്ചുകൊടുത്ത സര്‍ക്കാര്‍ ഭൂമിയുടെ വിലതന്നെ 500 കോടി രൂപ വരും എന്നാണ് കോടതിയിലെത്തിയ 5 കേസുകളില്‍ ഉള്‍പ്പെട്ട 15 സംഭവങ്ങള്‍ വെളിപ്പെടുത്തുന്നത്; കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ് മന്ത്രിമാരും നേതാക്കന്മാരും ലക്ഷക്കണക്കിന് കോടി രൂപ മോഷ്ടിക്കുമ്പോള്‍, കര്‍ണാടകത്തിലെ ബിജെപി നേതാക്കന്മാരും മന്ത്രിമാരും ആയിരക്കണക്കിന് കോടി രൂപയുടെ അഴിമതി നടത്തിക്കൊണ്ടിരിക്കുന്നു. അളവിലേ അല്‍പം വ്യത്യാസമുള്ളൂ. ഒരുപക്ഷേ എല്ലാവരും നിക്ഷേപിക്കുന്നത് സ്വിസ്ബാങ്കുകളടക്കമുള്ള വിദേശബാങ്കുകളിലാവും. അറബിക്കഥകളിലെ കള്ളന്മാര്‍ കൊള്ളമുതല്‍ വിദൂരമായ മലകളിലെ ഗുഹകളില്‍ രഹസ്യമായി സൂക്ഷിക്കുന്നതുപോലെ.

    അഴിമതിയുടെപേരില്‍ കര്‍ണാടകത്തില്‍ ബിജെപി സര്‍ക്കാരും കോണ്‍ഗ്രസുകാരനായ ഗവര്‍ണര്‍ ഭരദ്വാജും കളിക്കുന്ന "ടോം ആന്‍ഡ് ജെറി'' കളി അറപ്പുളവാക്കുന്നു. ഇതില്‍ ടോം ആണോ ജെറിയാണോ മഹാകള്ളന്‍ എന്നേ സംശയമുള്ളു-രണ്ടുകൂട്ടരും ഒരേപോലെ കള്ളന്മാര്‍തന്നെ.

    യുക്തിബോധമുള്ള ജനങ്ങളെയാകെ വിഡ്ഢികളാക്കുന്ന ഈ കളിയ്ക്ക് രണ്ടുവശങ്ങളുണ്ട്-ബിജെപിയുടെ മുഖ്യമന്ത്രിയായ യെദ്യുരപ്പയുടെയും കൂട്ടരുടെയും ഹിമാലയന്‍ അഴിമതിയാണ് ഒന്നാമത്തേത്; മുരത്ത കോണ്‍ഗ്രസുകാരനായ ഗവര്‍ണര്‍ ഭരദ്വാജിന്റെ പക്ഷപാതപരവും രാഷ്ട്രീയ വിദ്വേഷപരവുമായ സംസ്ഥാന വിരുദ്ധ നീക്കങ്ങളാണ് രണ്ടാമത്തേത്. ഇതിനെ രണ്ടിനേയും കൂട്ടിക്കുഴച്ച് ആദ്യത്തേതിനെ തമസ്കരിച്ച്, രണ്ടാമത്തേതിനോട് സമരംചെയ്യാന്‍ ബിജെപി ശ്രമിക്കുമ്പോള്‍, രണ്ടാമത്തേതിനെ തമസ്കരിച്ച് ആദ്യത്തേതിനെ ഉയര്‍ത്തിക്കാണിക്കാനാണ് സംസ്ഥാനത്തെ കോണ്‍ഗ്രസും കേന്ദ്രഭരണക്കാരും കോണ്‍ഗ്രസ് നേതൃത്വവും ശ്രമിക്കുന്നത്. ആ രണ്ട് നിലപാടുകളും അപൂര്‍ണമാണ്. രണ്ടിനേയും വേറെവേറെയും തുല്യ പ്രാധാന്യത്തോടുംകൂടി കാണേണ്ടതുണ്ട്.

    കേന്ദ്രഭരണകക്ഷിയുടേതില്‍നിന്ന് വ്യത്യസ്തമായ ഒരു കക്ഷിയോ കക്ഷികളുടെ കൂട്ടുകെട്ടോ ഭരണം നടത്തുന്ന സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരിലൂടെ സംസ്ഥാന ഭരണത്തിന് പരമാവധി തടസ്സം സൃഷ്ടിക്കുക എന്ന കേന്ദ്ര നടപടി 1957ലെ കേരളത്തില്‍ തൊട്ട് നാം കണ്ടുകൊണ്ടിരിക്കുന്നതാണ്. കേരളം, പശ്ചിമബംഗാള്‍, ജമ്മു-കാശ്മീര്‍, ആന്ധ്രാപ്രദേശ് തുടങ്ങിയ എത്രയോ സംസ്ഥാനങ്ങള്‍ക്ക് നിരവധി തിക്താനുഭവങ്ങളുടെ കഥകള്‍ വിവരിക്കാനുണ്ട്. രാമകൃഷ്ണറാവുതൊട്ട് ധര്‍മവീര, ജഗ്മോഹന്‍, രാംലാല്‍ തുടങ്ങിയ കേന്ദ്രഭരണ കക്ഷിയുടെ ചട്ടുകങ്ങളായ (അത് കോണ്‍ഗ്രസായാലും ബിജെപിയായാലും) ഗവര്‍ണര്‍മാരുടെ പക്ഷപാതപരവും രാഷ്ട്രീയ വൈരനിര്യാതനബുദ്ധിയോടുകൂടിയതുമായ പ്രവൃത്തികള്‍, കേന്ദ്ര-സംസ്ഥാന ബന്ധങ്ങളില്‍ തീരാ കളങ്കം സൃഷ്ടിച്ചിട്ടുണ്ട്.

    ആന്ധ്രാപ്രദേശിലെ മുഖ്യമന്ത്രി എന്‍ ടി രാമറാവു അമേരിക്കയില്‍ ചികിത്സയ്ക്കുപോയ തക്കംനോക്കി സഭയില്‍ ഭൂരിപക്ഷമുള്ള അദ്ദേഹത്തിന്റെ മന്ത്രിസഭയെ പിരിച്ചുവിട്ട് ഭാസ്കരറാവുവിന്റെ പാവ സര്‍ക്കാരിനെ വാഴിച്ചതും ജമ്മു-കാശ്മീരില്‍ ഫാറൂക് അബ്ദുള്ളയുടെ സര്‍ക്കാരിനെ പുറത്താക്കി തൊട്ടടുത്ത നിമിഷം ജി എം ഷായെ മുഖ്യമന്ത്രിയാക്കി വാഴിച്ചതും പശ്ചിമബംഗാളില്‍ 1967-69 കാലഘട്ടത്തില്‍ രണ്ടു മന്ത്രിസഭകളെ തകര്‍ത്തതും ഗവര്‍ണര്‍മാര്‍തന്നെയായിരുന്നുവല്ലോ.

    സംസ്ഥാനങ്ങളിലെ കേന്ദ്രത്തിന്റെ "കാവല്‍നായ്ക്ക''ളായി ("വാച്ച് ഡോഗ്'') പ്രതിഷ്ഠിക്കപ്പെടുന്ന ഗവര്‍ണര്‍മാര്‍ കാവല്‍പ്പണിനിര്‍ത്തി സംസ്ഥാന ഭരണങ്ങളെ വേട്ടനായ്ക്കളെപ്പോലെ വേട്ടയാടുന്ന ചരിത്രത്തിലെ ഏറ്റവും പുതിയ രംഗമാണ് കര്‍ണാടകത്തില്‍ ഭരദ്വാജ് കളിക്കുന്നത്. (കേരളത്തിലെ ഗവര്‍ണര്‍, എല്‍ഡിഎഫ് സര്‍ക്കാരിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് നിരന്തരം തടസ്സങ്ങള്‍ സൃഷ്ടിക്കുന്ന കാര്യങ്ങള്‍ ഇവിടെ ഓര്‍ക്കാവുന്നതാണ്).

    2009 ജൂണില്‍ കര്‍ണാടക ഗവര്‍ണറായി അധികാരമേറ്റ നാള്‍ മുതല്‍ ഈ ചാരപ്പണി ആരംഭിച്ച ഗവര്‍ണര്‍ ഭരദ്വാജ്, യെദ്യൂരപ്പ സര്‍ക്കാരിനെ മറിച്ചിടാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നുവല്ലോ. ബിജെപിയിലെ വിമത നീക്കവും അതിനെച്ചൊല്ലിയുള്ള സ്പീക്കറുടെ നടപടികളും ഗവര്‍ണറുടെ ഉടപെടലുകളും ഒന്നും മറക്കാറായിട്ടില്ല. അതിന്റെ മറ്റൊരു ഘട്ടമാണ് 2010 ഡിസംബര്‍ 28ന് രണ്ട് അഭിഭാഷകര്‍ കൊടുത്ത അപേക്ഷയില്‍ ഗവര്‍ണര്‍, ധൃതിപിടിച്ച് അവിഹിതമായി തീര്‍പ്പാക്കിക്കൊണ്ട് മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട്ചെയ്യാന്‍ അനുമതി നല്‍കിയത്. ഗവര്‍ണറുടെ ഈ രാഷ്ട്രീയപ്രേരിതമായ നടപടിയെ ന്യായീകരിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി ചിദംബരവും നിയമമന്ത്രി വീരപ്പമൊയ്ലിയും കോണ്‍ഗ്രസ് നേതൃത്വവും മറ്റും പക്ഷേ, യെദ്യൂരപ്പ നടത്തിയ കൊള്ളയേക്കാള്‍ ആയിരക്കണക്ക് മടങ്ങ് വലിയ പകല്‍ക്കൊള്ള നടത്തിയ രാജയേയും കല്‍മാഡിയേയും ചവാനേയും മറ്റും ഇപ്പോഴും സംരക്ഷിക്കുകയാണുതാനും! ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് കൈക്കൊള്ളുന്ന സമീപനം തികച്ചും പക്ഷപാതപരമാണ്; രാഷ്ട്രീയപ്രേരിതമാണ്.

    കര്‍ണാടക രാഷ്ട്രീയത്തിലെ കേന്ദ-സംസ്ഥാന ബന്ധങ്ങളെ സംബന്ധിക്കുന്ന ഈ പ്രശ്നം അതിനാല്‍ വേറിട്ടുതന്നെ പരിശോധിക്കണം. ഈ പ്രശ്നം വിശദമായി വിശകലനംചെയ്ത് ചില നിര്‍ദ്ദേശങ്ങള്‍ സിപിഐ (എം) 1960കളുടെ അവസാനംതന്നെ മുന്നോട്ടുവെച്ചിരുന്നു. പിന്നീട് 1980കളുടെ തുടക്കത്തില്‍ ജ്യോതിബസുവിന്റെ നേതൃത്വത്തിലുള്ള മുഖ്യമന്ത്രിമാരുടെ ശ്രീനഗര്‍ സമ്മേളനവും കാതലായ നിര്‍ദ്ദേശങ്ങള്‍ ആവിഷ്കരിച്ചിരുന്നു. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകളുടെ തലയ്ക്കു മുകളില്‍ തെരഞ്ഞെടുക്കപ്പെടാത്ത ഗവര്‍ണര്‍മാരെ പ്രതിഷ്ഠിക്കരുത്, അങ്ങനെയൊരു പദവിയേ ആവശ്യമില്ല, അഥവാ വേണമെങ്കില്‍ത്തന്നെ സംസ്ഥാന ഗവണ്‍മെന്റുകളോട് ആലോചിച്ച്, അവ നല്‍കുന്ന പാനലില്‍നിന്ന് ഒരാളെ ഗവര്‍ണറായി നിയമിക്കാം എന്നിങ്ങനെ പല നിര്‍ദ്ദേശങ്ങളും മുന്നോട്ടുവെച്ചിരുന്നു. ഒന്നും നടപ്പാക്കപ്പെട്ടിട്ടില്ല. ബിജെപിയുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന എന്‍ഡിഎ സര്‍ക്കാരും ഇപ്പോള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരും പഴയ നയംതന്നെ തുടരുന്നു. അതിന്റെ ഫലമാണ് കര്‍ണാടകത്തിലെ പുതിയ പൊറാട്ടുനാടകം.

    കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലെ ഈ സജീവ പ്രശ്നത്തെ തല്‍ക്കാലം അവസരവാദപരമായി ഉയര്‍ത്തിപ്പിടിക്കുന്ന ബിജെപി, അത്തരം മൌലികപ്രശ്നങ്ങളിലേക്കൊന്നും ഇറങ്ങിച്ചെല്ലാന്‍ ഇപ്പോഴും തയ്യാറില്ല. അതുപയോഗിച്ച് യെദ്യൂരപ്പയുടെയും സംഘത്തിന്റെയും അഴിമതി മറച്ചുവെയ്ക്കണം എന്നേ അവര്‍ക്കുള്ളു.

    അതെന്തായാലും ബിജെപിക്കുള്ളിലെ വിമത നീക്കം, കുതികാല്‍വെട്ട്, ദുര്‍ഭരണം, കടുത്ത അഴിമതി, കെടുകാര്യസ്ഥത, കേന്ദ്ര ബിജെപി നേതൃത്വത്തിന്റെ കഴിവില്ലായ്മ, ബിജെപിക്കുള്ളിലെ ജാതീയ സമവാക്യങ്ങള്‍, ഖനി കൊള്ളക്കാരായ റെഡ്ഡിമാരുടെ കുതന്ത്രങ്ങള്‍, ഗവര്‍ണറുടെ രാഷ്ട്രീയക്കളി തുടങ്ങിയ നടപടികള്‍മൂലം സംസ്ഥാനഭരണംതന്നെ സ്തംഭിച്ചിരിക്കുന്നു. വികസന പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ല. ഈ ദുര്‍ഭരണം സംസ്ഥാന ജനതയ്ക്കാകെ ദുസ്സഹമായിത്തീര്‍ന്നിരിക്കുന്നു.

    യഥാര്‍ത്ഥത്തില്‍ ഇതുതന്നെയല്ലേ കേന്ദ്രത്തിലെ മന്‍മോഹന്‍സിങ്ങിന്റെ ഭരണത്തിന്റെ അവസ്ഥയും? രണ്ടും തമ്മിലെന്തു വ്യത്യാസം?

    അടിക്കുറിപ്പ്: ബിജെപിയും കോണ്‍ഗ്രസും തുടരുന്ന ദുര്‍ഭരണങ്ങളെ ചൂണ്ടിക്കാണിച്ച് എല്ലാ രാഷ്ട്രീയ പാര്‍ടികളും ഒരുപോലെയാണെന്ന് സാമാന്യവല്‍ക്കരിക്കാന്‍ ചില അരാഷ്ട്രീയവാദികള്‍ ശ്രമിക്കാറുണ്ട്. കേരളത്തിലും പശ്ചിമ ബംഗാളിലും ത്രിപുരയിലും നിലനില്‍ക്കുന്ന (1957 മുതല്‍ വിവിധ കാലയളവുകളില്‍ നിലവില്‍വന്ന) ഇടതുപക്ഷ-ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരുകളുടെ പ്രവര്‍ത്തനത്തെ, കോണ്‍ഗ്രസ് - ബിജെപി ദുര്‍ഭരണങ്ങുളുമായി താരതമ്യപ്പെടുത്തി പഠിക്കാന്‍ അവര്‍ തയ്യാറാകേണ്ടതുണ്ട്.

നാരായണന്‍ ചെമ്മലശ്ശേരി ചിന്ത വാരിക 040211

ജഡ്ജിമാര്‍ കോഴ വാങ്ങിയെന്ന് ചാനല്‍ റിപ്പോര്‍ട്ട്

കൊച്ചി: ഐസ്ക്രീം പെണ്‍വാണിഭക്കേസില്‍ അനുകൂലവിധി സമ്പാദിക്കാന്‍ കുഞ്ഞാലിക്കുട്ടി കേരള ഹൈക്കോടതിയിലെ രണ്ടു ജഡ്ജിമാരെ പണംകൊടുത്ത് സ്വാധീനിച്ചതായി ഇന്ത്യാവിഷന്‍ ചാനല്‍ റിപ്പോര്‍ട്ടുചെയ്തു. കെ എം മാണിയുടെ വിശ്വസ്തനും യുഡിഎഫ് കാലത്ത് അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനുമായിരുന്ന കെ സി പീറ്ററാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ നല്‍കിയത്. ഒളിക്യാമറയില്‍ പകര്‍ത്തിയ കെ സി പീറ്ററിന്റെ സംഭാഷണങ്ങള്‍ ലീഗ് സെക്രട്ടറി ഡോ. എം കെ മുനീര്‍ ചെയര്‍മാനായ ഇന്ത്യാവിഷന്‍ പുറത്തുവിടുകയായിരുന്നു.

ഐസ്ക്രീം പാര്‍ലര്‍ കേസില്‍ അപ്പീലുകളടക്കം വിവിധ ഹര്‍ജി പരിഗണിച്ച ജസ്റിസ് കെ നാരായണക്കുറുപ്പ്, ജസ്റിസ് കെ തങ്കപ്പന്‍ എന്നിവര്‍ പണം വാങ്ങിയെന്നാണ് കെ സി പീറ്റര്‍ പറയുന്നത്. കൊച്ചിയിലെ വൈറ്റ്ഫോര്‍ട്ട്, കെ സി പീറ്ററിന്റെ പാലായ്ക്കടുത്തുള്ള കുടുംബവീട്, ഹൈക്കോടതിക്കടുത്തുള്ള വീട് എന്നിവിടങ്ങളിലെ സംഭാഷണങ്ങളാണ് ഒളിക്യാമറയില്‍ പകര്‍ത്തിയത്. ലേ മെറിഡിയന്‍ ഹോട്ടലില്‍ ഒരു അഭിഭാഷകന്‍ എഴുതിയ വിധി ജസ്റിസ് തങ്കപ്പന്‍ കോടതിയില്‍ എഴുതി വായിക്കുകയായിരുന്നുവെന്നും കെ സി പീറ്റര്‍ വെളിപ്പെടുത്തി. ഇപ്രകാരം ജഡ്ജിമാരെ സ്വാധീനിക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍ കുഞ്ഞാലിക്കുട്ടി അകത്താകുമായിരുന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്. ഹൈക്കോടതിയില്‍ വരുന്ന ക്രിമിനല്‍ കേസുകളില്‍ സര്‍ക്കാരിനെ പ്രതിനിധാനംചെയ്യാന്‍ ചുമതലപ്പെട്ട കെ സി പീറ്റര്‍ ആ പദവിയും ജസ്റിസ് തങ്കപ്പന്റെ സഹപാഠിയെന്ന സ്വാധീനവും ഉപയോഗിച്ചാണ് ജഡ്ജിമാരെ വിലയ്ക്കെടുത്തതെന്നും സൂചിപ്പിക്കുന്നു.

"പണം കൊടുക്കേണ്ട സന്ദര്‍ഭങ്ങളിലൊക്കെ ജസ്റിസ് തങ്കപ്പന് പണം കൊടുത്തു. കുഞ്ഞാലിക്കുട്ടിക്കുവേണ്ടി റൌഫിനെ ജസ്റിസ് തങ്കപ്പന് മുട്ടിച്ചുകൊടുത്തത് ഞാനാണ്. തങ്കപ്പനെ സ്വാധീനിക്കാന്‍ മറ്റൊരാള്‍വഴി ശ്രമിച്ചിട്ട് നടക്കാത്തതിനാലാണ് റൌഫ് തന്നെ സമീപിച്ചത്“-പീറ്റര്‍ വെളിപ്പെടുത്തി.

കുഞ്ഞാലിക്കുട്ടി പ്രതിയാകുമെന്ന അവസ്ഥ വന്നപ്പോള്‍ ഐസ്ക്രീം പാര്‍ലര്‍ കേസ് വിചാരണചെയ്ത അഡീഷണല്‍ സെഷന്‍സ് ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഒരു പ്രതി നല്‍കിയ ഹര്‍ജി, വിചാരണ ഇന്‍ക്യാമറയില്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു പ്രതി നല്‍കിയ ഹര്‍ജി, കേസിലെ അപ്പീല്‍വാദം എന്നിവയാണ് ഐസ്ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട് ജസ്റിസ് തങ്കപ്പന്റെ ബെഞ്ച് പരിഗണിച്ചത്. ഈ മൂന്ന് കേസിലും കുഞ്ഞാലിക്കുട്ടിക്ക് അനുകൂലവിധിയുണ്ടായി.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ അജിത നല്‍കിയ ഹര്‍ജി പരിഗണിച്ച ജസ്റിസ് കുറുപ്പിനെയും പരിചയപ്പെടുത്തിയത് താനാണെന്ന് കെ സി പീറ്റര്‍ പറയുന്നു. കുറുപ്പിന്റെ വീട്ടിലെത്തി മരുമകനായ സണ്ണി മുഖാന്തരമാണ് പണം കൈമാറിയത്. ജസ്റിസ് കുറുപ്പ് മുകള്‍നിലയിലെ മുറിയിലായിരുന്നു. താഴെയിരുന്ന് സംസാരിച്ചശേഷം സണ്ണി മുകളിലേക്ക് പോയി. പിന്നീട് താഴെ വന്ന് പണമെടുത്ത് മുകളിലേക്ക് കൊണ്ടുപോയെന്നും കെ സി പീറ്റര്‍ പറയുന്നു. ഈ ഹര്‍ജിയില്‍ അജിതയുടെ ആവശ്യം തള്ളുകയും ചെയ്തു.

രണ്ട് ജഡ്ജിമാര്‍ക്കായി കുഞ്ഞാലിക്കുട്ടി 40 ലക്ഷം രൂപ കൊടുത്തുവെന്ന് ഇന്ത്യാവിഷന്‍ വിശദീകരിച്ചു. എന്നാല്‍ ചാനല്‍ വെളിപ്പെടുത്തല്‍ ജസ്റിസ് നാരായണക്കുറുപ്പും ജസ്റിസ് കെ തങ്കപ്പനും നിഷേധിച്ചു. തന്നെ പണവുമായി ആരും സമീപിച്ചിട്ടില്ലെന്ന് നാരായണക്കുറുപ്പ് പറഞ്ഞു. കെ സി പീറ്റര്‍ പരിചയക്കാരനാണ്. പീറ്റര്‍ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന ഘട്ടം വന്നപ്പോള്‍ വിലക്കിയിരുന്നു. എന്നാലും പീറ്ററിനെതിരെ പരാതിപ്പെടില്ല. സിബിഐ അന്വേഷണം നടത്തേണ്ട ഗൌരവം ഐസ്ക്രീം കേസിനുണ്ടായിരുന്നില്ല. കുഞ്ഞാലിക്കുട്ടിയെപ്പോലെ ഉന്നതനായ വ്യക്തി ഉള്‍പ്പെട്ട കേസായതിനാല്‍ക്കൂടിയാണ് സിബിഐ അന്വേഷണം അനുവദിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. റൌഫിനെ അറിയില്ലെന്നും കെ സി പീറ്റര്‍ തന്നെ സമീപിച്ചിട്ടില്ലെന്നും ജസ്റിസ് കെ തങ്കപ്പന്‍ പറഞ്ഞു. തന്റേതായി വാര്‍ത്താചാനലില്‍ വന്ന ദൃശ്യങ്ങളിലെ ശബ്ദം കെട്ടിച്ചമച്ചതാണെന്ന് കെ സി പീറ്റര്‍ പ്രതികരിച്ചു.

റജീനയെ ഭ്രാന്തിയാക്കാന്‍ ആശുപത്രിയിലിട്ടത് 3 ദിവസം

കൊച്ചി: ഐസ്ക്രീം പാര്‍ലര്‍ പെവാണിഭക്കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ മൊഴിനല്‍കിയ റജീനയെ ഭ്രാന്തിയെന്നു മുദ്രകുത്താന്‍ ആശുപത്രിയിലിട്ടത് മൂന്നുദിവസം. കോഴിക്കോട്ടെ വിവേക് ആശുപത്രിയില്‍ 2006 മെയ് 23 മുതല്‍ 25 വരെയായിരുന്നു ചികിത്സ. കുന്ദമംഗലം കോടതിയില്‍ മൊഴി മാറ്റിപ്പറഞ്ഞത് കുഞ്ഞാലിക്കുട്ടി പണം നല്‍കിയാണെന്ന് റജീന മാധ്യമങ്ങള്‍ക്കുമുന്നില്‍ വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജിയുമെത്തി. ഈ സന്ദര്‍ഭത്തില്‍ റജീന സ്വബോധത്തോടെയല്ല വെളിപ്പെടുത്തല്‍ നടത്തിയതെന്ന് കോടതിയില്‍ രേഖ നല്‍കാനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് കഴിഞ്ഞദിവസം കെ എ റൌഫ് വെളിപ്പെടുത്തിയിരുന്നു.

ഒക്സ്റോള്‍ 300 എംജി, ലോനാസെപ്, അറ്റിവന്‍ തുടങ്ങിയ മരുന്നുകളാണ് റജീനയ്ക്കു നല്‍കിയത്. ഉന്മാദത്തിനു നല്‍കുന്ന മരുന്നുകളാണിതെന്ന് മാനസികാരോഗ്യരംഗത്തെ വിദഗ്ധര്‍ വെളിപ്പെടുത്തി. എന്നാല്‍, ഈ ഡോസേജ് കഴിക്കുന്നതുകൊണ്ട് അസുഖമില്ലാത്ത ഒരാള്‍ക്ക് കുറച്ചു തളര്‍ച്ച അനുഭവപ്പെടുമെന്നല്ലാതെ മറ്റ് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കില്ലെന്നും വിദഗ്ധര്‍ പറഞ്ഞു. മൂന്നുദിവസത്തെ ചികിത്സയ്ക്ക് മരുന്നു കൂടാതെ 1435 രൂപ ഈടാക്കുകയുംചെയ്തു.

ഐസ്ക്രീം കേസ് അട്ടിമറി: കുഞ്ഞാലിക്കുട്ടിക്കും റൌഫിനും എതിരെ കേസ്

കോഴിക്കോട്: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ ഇരകളുടെ മൊഴിമാറ്റാനും കേസ് അട്ടിമറിയ്ക്കാനും ശ്രമിച്ചതിന് മുന്‍ മന്ത്രിയും മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറിയുമായ പി കെ കുഞ്ഞാലിക്കുട്ടി, അദ്ദേഹത്തിന്റെ അടുത്ത ബന്ധു കെ എ റൌഫ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. റൌഫിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണിത്. ക്രിമിനല്‍ ഗൂഢാലോചനയുള്‍പ്പെടെയുള്ള ഏഴ് വകുപ്പുകള്‍ ചേര്‍ത്ത് കോഴിക്കോട് ടൌണ്‍പൊലീസാണ് കേസെടുത്തത്. റൌഫ് പരാമര്‍ശിച്ച മറ്റുള്ളവരെയും പിന്നീട് കേസിലുള്‍പ്പെടുത്തും. സിറ്റി പൊലീസ് കമീഷണര്‍ പി വിജയന്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും.

വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുക്കുകയായിരുന്നെന്ന് സിറ്റി പൊലീസ് കമീഷണര്‍ പി വിജയന്‍ പറഞ്ഞു. 59/2011 നമ്പറായാണ് ടൌണ്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. വാര്‍ത്തകളുടെയും റൌഫിന്റെ വെളിപ്പെടുത്തലുകളുടെയും അടിസ്ഥാനത്തില്‍ അതില്‍ പറയുന്നവര്‍ക്കെതിരെയെല്ലാം അന്വേഷണം നടക്കും. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ക്രിമിനല്‍ ഗൂഢാലോചന (120 ബി), കുറ്റംചെയ്യുന്നതിന് ബാഹ്യപ്രേരണചെലുത്തല്‍(109), കൃത്രിമ രേഖ ചമയ്ക്കല്‍ (465, 468), കുറ്റവാളികളെ രക്ഷിക്കുന്ന വിധത്തില്‍ പണംകൊടുത്ത് സാക്ഷികളെ സ്വാധീനിക്കല്‍ (214), വിചാരണയിലിരിക്കുന്ന കേസില്‍ വ്യാജ തെളിവുണ്ടാക്കി കോടതിയില്‍ സാക്ഷികളെ ഹാജരാക്കല്‍ (193), പൊതുവായ ദുരുദ്ദേശ്യം(34) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. തുടരന്വേഷണത്തിലേ പ്രതികള്‍ ആരൊക്കെയെന്ന് പറയാനാകൂവെന്നും കമീഷണര്‍ പറഞ്ഞു. നടക്കാവ് പൊലീസ് 282/97 നമ്പറായി ചാര്‍ജ്ചെയ്ത കേസിലെ പ്രതികളെ രക്ഷിക്കാനും മുന്‍മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി യുടെ പേര് കേസില്‍ വരാതിരിക്കാനും വേണ്ടി സാക്ഷികള്‍ക്കും മറ്റും പണം കൊടുക്കുകയും വ്യാജരേഖയുണ്ടാക്കുകയും ചെയ്തതിനാണ് ഇരുവര്‍ക്കുമെതിരെ കേസ് എടുത്തത്. രണ്ടുവര്‍ഷത്തിലേറെ തടവു ലഭിക്കുന്നതാണ് മിക്ക വകുപ്പും.

റെജീനയും റജുലയും ഉള്‍പ്പെടെയുള്ള സാക്ഷികളുടെ മൊഴിമാറ്റിക്കാന്‍ ശ്രമിച്ചു എന്ന് കെ എ റൌഫ് കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലുകളാണ് കേസെടുക്കുന്നതിലേക്ക് എത്തിച്ചത്. കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം തിരുത്തുന്നതില്‍ പ്രമുഖനായ അഭിഭാഷകനും പങ്കുണ്ട് എന്ന് റൌഫ് പറഞ്ഞിരുന്നു. ഇദ്ദേഹം പിന്നീട് ഹൈക്കോടതിയില്‍ പബ്ളിക് പ്രോസിക്യൂട്ടറായി നിയമിതനായി.

ഐസ്ക്രീം പെണ്‍‌വാണിഭക്കേസ് പുനരന്വേഷിക്കാന്‍ നിയമ തടസ്സമില്ലെങ്കില്‍ പൊലീസിനെ ചുമതലപ്പെടുത്തുമെന്നും കോടതിയുടെ അനുമതി ആവശ്യമാണെങ്കില്‍ അതിനുള്ള നടപടി സ്വകരിക്കുമെന്നും ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ കണ്ണൂരിലെ കീച്ചേരിയില്‍ പറഞ്ഞു. കോടതി പരിഗണിച്ച വിഷയമായതിനാല്‍ അന്വേഷണസാധ്യത പരിശോധിക്കും. ഐസ്ക്രീം പെണ്‍വാണിഭക്കേസ് അട്ടിമറിക്കാന്‍ നിയമവിരുദ്ധമാര്‍ഗം സ്വീകരിച്ചെന്ന റൌഫിന്റെ വെളിപ്പെടുത്തലിന്റെ നിജസ്ഥിതിയാണ് പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതെന്ന് കോടിയേരി കാസര്‍കോട്ട് പറഞ്ഞു. റൌഫിന്റെ വെളിപ്പെടുത്തലും പുറത്തുവന്ന രേഖകളും പരിശോധിക്കുമ്പോള്‍ പ്രതികള്‍ നിയമവിരുദ്ധനടപടി സ്വീകരിച്ചിട്ടുണ്ടാകുമെന്ന കോഴിക്കോട് സിറ്റി സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിറ്റി കമീഷണറുടെ നിര്‍ദേശപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ദേശാഭിമാനി 310111

സംസ്ഥാന സഹകരണ യൂണിയന്‍: ഇടതുപക്ഷത്തിന് വന്‍വിജയം

സംസ്ഥാന സഹകരണ യൂണിയന്‍ മാനേജിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ പാനല്‍ വിജയിച്ചു. മത്സരം നടന്ന അപ്പെക്സ് മണ്ഡലത്തില്‍ കോലിയക്കോട് കൃഷ്ണന്‍നായരും കെ എം ജോസഫും വിജയിച്ചു. പോള്‍ചെയ്ത 13 വോട്ടില്‍ എട്ട് വോട്ട് എല്‍ഡിഎഫ് നേടി. എറണാകുളം റവന്യൂ ജില്ലാ പ്രതിനിധി മണ്ഡലത്തില്‍ പോള്‍ചെയ്ത ഏഴ് വോട്ടില്‍ നാലെണ്ണം കരസ്ഥമാക്കി ടി എസ് ഷമുഖദാസ് വിജയിച്ചു. ജീവനക്കാരുടെ മണ്ഡലത്തില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ കേരള കോ-ഓപ്പറേറ്റീവ് എംപ്ളോയീസ് യൂണിയന്‍ (സിഐടിയു) സ്ഥാനാര്‍ഥി എന്‍ വി അജയകുമാറിനെ വന്‍ഭൂരിപക്ഷത്തോടെ തെരഞ്ഞെടുത്തു. പോള്‍ചെയ്ത 95 വോട്ടില്‍ 81 വോട്ട് കെസിഇയു നേടി. കോ-ഓപ്പറേറ്റീവ് എംപ്ളോയീസ് ഫ്രണ്ടിന്റെ സ്ഥാനാര്‍ഥിക്ക് 14 വോട്ടുമാത്രമാണ് ലഭിച്ചത്.

സംസ്ഥാന സഹകരണ യൂണിയനിലെ 13 സ്ഥാനങ്ങളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. എം മെഹബൂബ് (ജില്ലാബാങ്ക്), അനു വിജയനാഥ് (വനിതാമണ്ഡലം), കെ ആര്‍ ശോധരന്‍ (പട്ടികജാതി/പട്ടികവര്‍ഗ മണ്ഡലം), അഡ്വ. എന്‍ ദാമോദരന്‍നായര്‍ (തിരുവനന്തപുരം), ജി വിക്രമന്‍ (കൊല്ലം), ആര്‍ ഉണ്ണിക്കൃഷ്ണപിള്ള (പത്തനംതിട്ട), എം ശശികുമാര്‍ (ആലപ്പുഴ), കെ എന്‍ രവി (കോട്ടയം), വി എം എം ബഷീര്‍ (ഇടുക്കി), പി കെ പുഷ്പാകരന്‍ (തൃശൂര്‍), കെ ഡി പ്രസേനന്‍ (പാലക്കാട്), ബാബു പറശേരി (കോഴിക്കോട്), ഇ നാരായണന്‍ (കണ്ണൂര്‍) എന്നിവരെ എതിരില്ലാതെ തെരഞ്ഞെടുത്തു.

ദേശാഭിമാനി 310111

മലബാര്‍ സിമന്റ്സ്: കൊള്ളയടിച്ചത് യുഡിഎഫ്, പഴി എല്‍ഡിഎഫിന്

മലബാര്‍ സിമന്റ്സില്‍ യുഡിഎഫ് ഭരണകാലത്ത് അരങ്ങേറിയ കൊള്ള മറച്ചുപിടിക്കാന്‍ മാധ്യമങ്ങള്‍ പുകമറ സൃഷ്ടിക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ആക്ഷേപവുമായി മാതൃഭൂമി അടക്കമുള്ള മാധ്യമങ്ങളാണ് യുഡിഎഫിനെ രക്ഷിക്കാന്‍ പാടുപെടുന്നത്.

യുഡിഎഫ് ഭരണകാലത്ത് നടന്ന 34 കോടിയോളം രൂപയുടെ വെട്ടിപ്പുസംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നു. 2001-06 കാലത്താണ് ഈ ക്രമക്കേട് നടന്നത്. 2005-06ല്‍ 127 കോടി രൂപയുടെ സ്പെയര്‍പാര്‍ട്സ് വാങ്ങിയതിനുപിന്നിലെ ക്രമക്കേടും പിന്നീട് പുറത്തുവന്നു. മൂന്ന് കേസില്‍ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഒരു കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നടപടി പുരോഗമിക്കുന്നു. 2007ലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. 16 കോടിയിലധികം രൂപയുടെ ഫ്ളൈ ആഷ് ഇറക്കുമതി കേസാണ് ഇതിലൊന്ന്. യന്ത്രസാമഗ്രികള്‍ ഇറക്കുമതി ചെയ്തതിന്റെ മറവില്‍ നടന്ന വന്‍വെട്ടിപ്പാണ് മറ്റൊരു കേസ്. ഫ്ളൈ ആഷ് ഇറക്കുമതിക്കുള്ള കരാറിനുപിന്നിലെ ഇടപാടും ചുണ്ണാമ്പുകല്ല് ഇടപാടുമാണ് വിജിലന്‍സ് അന്വേഷിച്ച മറ്റ് കേസുകള്‍. അക്കാലത്തെ പ്രമുഖ ഉദ്യോഗസ്ഥര്‍ പ്രതികളായ ഇടപാടുകള്‍ക്കുപിന്നില്‍ ചരടുവലിച്ചത് വ്യവസായവകുപ്പ് കൈകാര്യം ചെയ്ത മുസ്ളിംലീഗ് നേതൃത്വവും യുഡിഎഫ് നേതാക്കളുമാണ്.

1996 മുതല്‍ 2001 വരെ എല്‍ഡിഎഫ് ഭരിച്ച ഘട്ടത്തില്‍ 80 കോടി രൂപ ലാഭമുണ്ടാക്കിയ മലബാര്‍ സിമന്റ്സ് യുഡിഎഫ് വന്നതോടെ അഴിമതിയുടെയും ക്രമക്കേടുകളുടെയും കേന്ദ്രമായി. 2006ല്‍ യുഡിഎഫ് അധികാരമൊഴിയുമ്പോള്‍ മലബാര്‍ സിമന്റ്സിന്റെ ലാഭം രണ്ടുകോടിയായി കുത്തനെ ഇടിഞ്ഞു. വീണ്ടും എല്‍ഡിഎഫ് അധികാരത്തില്‍ എത്തിയതോടെയാണ് മലബാര്‍ സിമന്റ്സ് കരകയറിയതും റെക്കോഡ് ലാഭത്തിലേക്ക് നീങ്ങിയതും. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ ഐഎഎസ് ഉദ്യോഗസ്ഥനെ മലബാര്‍ സിമന്റ്സ് എംഡിയായി നിയമിച്ചു. പിന്നീട് ഐപിഎസ് ഉദ്യോഗസ്ഥരും തുടര്‍ന്ന് സാങ്കേതിക- മാനേജ്മെന്റ് വിദഗ്ധരും സ്ഥാപനത്തിന്റെ സാരഥ്യം വഹിച്ചു. യുഡിഎഫ് സര്‍ക്കാര്‍ തകര്‍ച്ചയിലേക്ക് തള്ളിനീക്കിയ സ്ഥാപനത്തെ രക്ഷപ്പെടുത്താനുള്ള തീവ്രശ്രമമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയത്. ഈ വര്‍ഷം 34 കോടി രൂപ ലാഭം ലക്ഷ്യമാക്കുന്നു. അഴിമതിയും ക്രമക്കേടുംമൂലം അടച്ചുപൂട്ടല്‍ഭീഷണി നേരിട്ട സ്ഥാപനമാണ് ഈ വളര്‍ച്ചയിലേക്ക് നീങ്ങിയത്.

2006ല്‍ എല്‍ഡിഎഫ് ഭരണമേറ്റശേഷം മലബാര്‍ സിമന്റ്സില്‍ എന്തെങ്കിലും ക്രമക്കേട് നടന്നതായി യുഡിഎഫിനും മാധ്യമങ്ങള്‍ക്കും ആരോപിക്കാന്‍ കഴിഞ്ഞിട്ടില്ല. യുഡിഎഫ് ഭരണത്തില്‍ വഴിവിട്ട ഏര്‍പ്പാടുകള്‍ നടന്നതായി അന്ന് വ്യവസായമന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിതന്നെ തുറന്നുസമ്മതിച്ച സാഹചര്യത്തിലാണ് യുഡിഎഫിന് ഊര്‍ജം പകരാനാകുമെന്ന മോഹത്തില്‍ മാതൃഭൂമി എല്‍ഡിഎഫിനെതിരെ ഒളിയമ്പ് എയ്തത്.

ദേശാഭിമാനി 310111

യുഡിഎഫിന്റെ ദുര്‍ഗന്ധം

കേരളത്തിലെ വലതുപക്ഷരാഷ്ട്രീയം വീണുപതിച്ച ചെളിക്കുണ്ടിന്റെ ദുര്‍ഗന്ധവും അറപ്പുളവാക്കുന്ന കാഴ്ചയുമാണ് കഴിഞ്ഞ കുറെ ദിവസങ്ങളിലായി ജനങ്ങളുടെ മനംമടുപ്പിച്ച് പുറത്തുവരുന്നത്. മുന്‍ മന്ത്രിയും ഐക്യജനാധിപത്യമുന്നണിയിലെ രണ്ടാം കക്ഷിയുടെ അനിഷേധ്യ നേതാവുമായ പി കെ കുഞ്ഞാലിക്കുട്ടി തനിക്ക് വധഭീഷണിയുണ്ടെന്നും ഒരു ബന്ധു ബ്ളാക്ക് മെയിലിങ്ങിന് ശ്രമിക്കുകയാണെന്നും പത്രസമ്മേളനം വിളിച്ച് പറഞ്ഞതോടെ തുടങ്ങിയ വിവാദവും വെളിപ്പെടുത്തലുകളും അവയുടെ അനുരണനങ്ങളായ രാഷ്ട്രീയ ചലനങ്ങളും അവിരാമം തുടരുകയാണ്.

1991-96ലും 2001-06ലും ഭരിച്ച യുഡിഎഫ് മന്ത്രിസഭകളിലെ സമുന്നത സ്വാധീനമുള്ള മന്ത്രിയായിരുന്നു പി കെ കുഞ്ഞാലിക്കുട്ടി. ഭരണ സ്വാധീനവും അവിഹിതമായി സമ്പാദിച്ച ധനവും ഉപയോഗിച്ച് അദ്ദേഹം വഴിവിട്ട പലതുംചെയ്തു എന്ന് തൊണ്ണൂറുകളുടെ തുടക്കത്തില്‍തന്നെ ആരോപണമുയര്‍ന്നതാണ്. കോഴിക്കോട്ടെ ഒരു ഐസ്ക്രീം പാര്‍ലര്‍ കേന്ദ്രീകരിച്ച് നടന്ന പെണ്‍വാണിഭത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ പങ്കാളിത്തം സംസ്ഥാനത്ത് സജീവമായ ചര്‍ച്ചകള്‍ക്കും രാഷ്ട്രീയ കോളിളക്കങ്ങള്‍ക്കും വഴിമരുന്നിട്ടു. ആ കേസുമായി ബന്ധപ്പെട്ട്, പീഡനത്തിനിരയായ റജീന എന്ന യുവതി പരസ്യമായി ചില വെളിപ്പെടുത്തലുകള്‍ നടത്തിയപ്പോള്‍, കുഞ്ഞാലിക്കുട്ടിക്ക് മന്ത്രിസ്ഥാനത്തുനിന്നുതന്നെ ഇറങ്ങിപ്പോകേണ്ടിവന്നു. അന്നെല്ലാം മുസ്ളിംലീഗും യുഡിഎഫും പറഞ്ഞ ന്യായം കുഞ്ഞാലിക്കുട്ടിയെ ഒരു കോടതിയും ശിക്ഷിച്ചില്ലല്ലോ; സുപ്രീം കോടതിവരെ പരിശോധിച്ച് 'കഴമ്പില്ലെന്നു കണ്ടെത്തിയ' കേസിനെച്ചൊല്ലി വിവാദമെന്തിന് എന്നായിരുന്നു.

അത്തരം വാദമുഖങ്ങളെയാകെ ഖണ്ഡിക്കുന്നതും കേസില്‍നിന്നുള്ള രക്ഷപ്പെടല്‍ വഴിവിട്ട നീക്കങ്ങളിലൂടെയായിരുന്നുവെന്ന് തെളിയിക്കുന്നതുമാണ് സമീപനാളുകളില്‍ പുറത്തുവന്ന വിവരങ്ങള്‍. ജുഡീഷ്യറിയെ കോഴകൊടുത്ത് സ്വാധീനിച്ചാണ് കേസില്‍നിന്ന് രക്ഷപ്പെട്ടത് എന്നതാണ് ഏറ്റവുമൊടുവില്‍ പുറത്തുവന്ന തെളിവ്. കുഞ്ഞാലിക്കുട്ടി തന്നെയാണ് ഇപ്പോള്‍ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത് എന്നത് ശ്രദ്ധേയമാണ്. ഏതെങ്കിലും രാഷ്ട്രീയ ശത്രുക്കളല്ല അതിന് മുതിര്‍ന്നത്. തനിക്കെതിരെ നീങ്ങുന്നു; വധിക്കാന്‍വരെ ശ്രമിക്കുന്നു എന്ന് കുഞ്ഞാലിക്കുട്ടി ആരോപിക്കുന്നയാളും പുറത്തുള്ളതല്ല-കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാ സഹോദരീ ഭര്‍ത്താവാണ്. ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട് വിവാദം കൊടുമ്പിരിക്കൊണ്ട കാലത്ത് നിഴല്‍പോലെ കുഞ്ഞാലിക്കുട്ടിയുടെ കൂടെ നിന്ന ആള്‍. അയാള്‍ അന്ന് താന്‍കൂടി ചെയ്ത കൊള്ളരുതായ്മകളാകെ വിളിച്ചു പറയുന്നു-കുഞ്ഞാലിക്കുട്ടിക്ക് മറുപടിയായി. ഇതെല്ലാം യുഡിഎഫിലും ചുറ്റുവട്ടത്തും നടന്ന കാര്യങ്ങളാണ്.

സ്വാഭാവികമായും ഇത്തരമൊരവസ്ഥ വരുമ്പോള്‍ ആ മുന്നണിയില്‍നിന്ന് മാന്യമായ പ്രതികരണം ജനങ്ങള്‍ പ്രതീക്ഷിക്കും. എന്നാല്‍, യുഡിഎഫ് നേതൃത്വത്തില്‍നിന്നും മുസ്ളിം ലീഗില്‍നിന്നുമുണ്ടായ പ്രതികരണങ്ങള്‍ അങ്ങനെയുള്ളതല്ല. താന്‍ അധികാരത്തിലിരുന്ന കാലത്ത് വഴിവിട്ട കാര്യങ്ങള്‍ചെയ്തു എന്ന കുഞ്ഞാലിക്കുട്ടിയുടെ കുറ്റസമ്മതം സ്വന്തം സര്‍ക്കാരിനുനേരെയുള്ള കുറ്റപത്രംതന്നെയാണെന്ന് അറിയാത്തയാളല്ല ഉമ്മന്‍ചാണ്ടി. എന്നിട്ടും അദ്ദേഹം കുഞ്ഞാലിക്കുട്ടിയെ അഭിനന്ദിക്കാനാണ് മുതിര്‍ന്നത്. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയാകട്ടെ, പുതിയ വിവാദത്തില്‍ ലീഗിനെ തകര്‍ക്കാനുള്ള ഗൂഢാലോചന ഉണ്ടെന്നാണ് കണ്ടെത്തിയത്. ഇന്ത്യന്‍ യൂണിയന്‍ മുസ്ളിം ലീഗ് നേതൃത്വം കുഞ്ഞാലിക്കുട്ടിക്ക് പിന്നില്‍ അചഞ്ചലമായി ഉറച്ചുനില്‍ക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. കുഞ്ഞാലിക്കുട്ടി ഒറ്റയ്ക്കല്ല എന്നാണ് എല്ലാവരും പറയുന്നത്. അതുതന്നെയാണ് പ്രസക്തമായ പ്രശ്നവും.

ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളതും വരാനിരിക്കുന്നതുമായ കൊള്ളരുതായ്മകള്‍, അഴിമതി, ജുഡീഷ്യറിയെപ്പോലും ദുരുപയോഗപ്പെടുത്തുന്ന ഇടപെടലുകള്‍, അവിഹിത സ്വത്തുസമ്പാദനം-ഇത്തരം കാര്യങ്ങളിലൊന്നും കുഞ്ഞാലിക്കുട്ടിയെ ഒറ്റപ്പെടുത്തി ആക്രമിക്കാനാവില്ല. അത് യുഡിഎഫിന്റെ, അതിലെ മുഖ്യ കക്ഷികളുടെ പൊതുസ്വഭാവമാണ്. അങ്ങനെയല്ലെങ്കില്‍, അതീവ ഗുരുതരമായ വെളിപ്പെടുത്തലുകള്‍ ഉണ്ടായ ഘട്ടത്തില്‍ അതിനെക്കുറിച്ച് അന്വേഷിച്ച് നിജസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള അവസരം തട്ടിയകറ്റാന്‍ യുഡിഎഫ് കൂട്ടായി രംഗത്തിറങ്ങുമായിരുന്നില്ല.

കുഞ്ഞാലിക്കുട്ടി വഴിവിട്ട് പ്രവര്‍ത്തിക്കുമ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയായിരുന്നു. കൂട്ടുപ്രതിതന്നെയാണദ്ദേഹം. എന്തൊക്കെ അന്ന് നടന്നു; നാടിനെ എങ്ങനെയെല്ലാം കൊള്ളയടിച്ചു-ഉമ്മന്‍ചാണ്ടി എണ്ണിപ്പറഞ്ഞേതീരൂ. നിശ്ചയമായും കേരളത്തില്‍ വരുംനാളുകളില്‍ സജീവ ചര്‍ച്ചയ്ക്കു വരുന്ന പ്രശ്നമാണിത്. ഏതെങ്കിലും മാധ്യമങ്ങളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും വിവരങ്ങള്‍ മൂടിവച്ചതുകൊണ്ട് കെട്ടുപോകുന്നതല്ല പടര്‍ന്നുകയറുന്ന അഗ്നി. കുഞ്ഞാലിക്കുട്ടിക്ക് വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞ; എല്ലാകാര്യങ്ങളും വഴിവിട്ടുമാത്രം നടന്ന മുന്‍ യുഡിഎഫ് സര്‍ക്കാരിനെക്കുറിച്ചുള്ള ഓര്‍മകളിലേക്കാണ് ഈ ചര്‍ച്ച ജനങ്ങളെ നയിക്കുന്നത്.

കുഞ്ഞാലിക്കുട്ടി ചെയ്തതായി റൌഫ് വെളിപ്പെടുത്തിയ കാര്യങ്ങളും അതിന് ചെലവിട്ട പണവും കേരളത്തിന്റെ പൊതുമേഖല കൊള്ളയടിച്ചിട്ടാണെന്ന് ധനമന്ത്രി തോമസ് ഐസക് വിലയിരുത്തിയത് പ്രസക്തമാണ്. അന്ന് പൊതുമേഖല വിറ്റുതുലച്ച് പണം ഇങ്ങനെ പലതിനുമായി ധൂര്‍ത്തടിച്ചുവെങ്കില്‍ ഇന്ന് കേരളത്തിലെ പൊതുമേഖലാ വ്യവസായങ്ങളാകെ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നു. അതാണ് എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള വ്യത്യാസം. ഏതാനും മാധ്യമങ്ങള്‍ അപ്രധാനമായി തള്ളിയതുകൊണ്ടോ, യുഡിഎഫിന് താല്‍പ്പര്യമില്ലെന്നതുകൊണ്ടോ അവസാനിപ്പിക്കേണ്ടതല്ല കുഞ്ഞാലിക്കുട്ടിവിഷയവുമായി ബന്ധപ്പെട്ട പരിശോധനകള്‍. ജനാധിപത്യത്തെയും ഭരണഘടനയെയും നിയമ വ്യവസ്ഥയെയും വെല്ലുവിളിക്കുന്ന ഒട്ടേറെ വിഷയങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുകഴിഞ്ഞു. അവയെല്ലാം ഇഴകീറി പരിശോധിക്കപ്പെടേണ്ടതുണ്ട്.

ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് പുനരന്വേഷിക്കണമെന്ന ആവശ്യവും പ്രധാനമാണ്. ഗുജറാത്തിലെ ബെസ്റ് ബേക്കറി കേസില്‍ ദൃക്സാക്ഷിയായിരുന്ന സൈറാ ഷെയ്ക്കിനെ സ്വാധീനം ചെലുത്തി മൊഴിമാറ്റിച്ച അനുഭവം സ്മരണീയമാണ്. മനുഷ്യക്കുരുതി നേരിട്ടുകണ്ട സൈറ, സ്വാധീനത്തിനു വഴങ്ങി മൊഴി മാറ്റിയപ്പോള്‍ ആ കേസുതന്നെ ഇല്ലാതാകുന്ന സ്ഥിതിവന്നു. മൊഴിമാറ്റിയ സൈറയെ ഒടുവില്‍ സുപ്രീംകോടതി ഒരുകൊല്ലം തടവിന് ശിക്ഷിക്കുകയും കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരികയുംചെയ്തു. ഗുജറാത്തില്‍ മൊഴിമാറ്റിക്കാന്‍ സംഘപരിവാര്‍ നടത്തിയ ശ്രമങ്ങളും ഇവിടെ മുസ്ളിം ലീഗ് നടത്തിയ നീക്കങ്ങളും സമാനമാണ് എന്നാണ് റൌഫിന്റെ മൊഴിയിലൂടെ തെളിയുന്നത്.

ഇവയെല്ലാം നിയമപരമായി പരിശോധിക്കപ്പെട്ടേ തീരൂ. പുനരന്വേഷണത്തിന്റെ സാധ്യതകള്‍ പരിശോധിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിട്ടുണ്ട്. ഭരണതലത്തിലും നിയമപാലനത്തിന്റെ തലത്തിലും ഇതുസംബന്ധിച്ച അടിയന്തര നടപടികളുണ്ടാകണം. അതോടൊപ്പം യുഡിഎഫിന്റെ ജീര്‍ണിച്ച് ദുര്‍ഗന്ധം വമിപ്പിക്കുന്ന മുഖം തിരിച്ചറിഞ്ഞ് പ്രതികരിക്കാന്‍, ആ മുന്നണിയുടെ കാപട്യങ്ങളില്‍ കുരുങ്ങിപ്പോയ ജനങ്ങളും തയ്യാറാകണം.

ദേശാഭിമാനി മുഖപ്രസംഗം 310111

കേന്ദ്ര സ്കീമില്‍ കശുവണ്ടി ഉള്‍പ്പെടുത്താന്‍ നിവേദനം

കൊല്ലം കേന്ദ്രമാക്കി കാഷ്യൂ ബോര്‍ഡ്; പാര്‍ലമെന്റ് സമിതി കേന്ദ്രത്തിന് ശുപാര്‍ശ നല്‍കും

കൊല്ലം: കൊല്ലം കേന്ദ്രമായി കാഷ്യൂ ബോര്‍ഡ് സ്ഥാപിക്കാന്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി കേന്ദ്രസര്‍ക്കാരിന് ശുപാര്‍ശ നല്‍കും. കശുവണ്ടിയുടെ തലസ്ഥാനമെന്ന് അറിയപ്പെടുന്ന കൊല്ലം കേന്ദ്രമായി വാണിജ്യമന്ത്രാലയത്തിനു കീഴില്‍തന്നെ കാഷ്യൂ ബോര്‍ഡ് സ്ഥാപിക്കാന്‍ സമിതി ശുപാര്‍ശ നല്‍കുമെന്ന് ഡിപ്പാര്‍ട്ട്മെന്റ് റിലേറ്റഡ് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ഓണ്‍ കൊമേഴ്സ് ചെയര്‍മാന്‍ ശാന്തകുമാര്‍ പറഞ്ഞു. രാജ്യത്തെ കൃഷി, കാര്‍ഷിക വ്യവസായങ്ങള്‍ എന്നിവ നേരിടുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് പഠിക്കാനായി ലോക്സഭയിലെയും രാജ്യസഭയിലെയും അംഗങ്ങള്‍ ഉള്‍പ്പെട്ട കമ്മിറ്റി പഠനയാത്രയുടെ ഭാഗമായി കശുവണ്ടി വികസന കോര്‍പറേഷന്റെ അയത്തില്‍ ഫാക്ടറി സന്ദര്‍ശിച്ച ശേഷം അറിയിച്ചതാണിത്.

കാര്‍ഷികോല്‍പ്പാദനവും കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഗുണമേന്മയും ഈ രംഗത്തെ തൊഴില്‍ സാധ്യതയും വര്‍ധിപ്പിക്കാന്‍ കമ്മിറ്റി ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. കൂടുതല്‍ തൊഴിലാളികള്‍ പണിയെടുക്കുന്ന പരമ്പരാഗത വ്യവസായമെന്ന നിലയിലാണ് കൊല്ലത്തെ കശുവണ്ടി സമിതിയുടെ പരിഗണനയില്‍വന്നത്. കശുവണ്ടി വ്യവസായത്തിന്റെ പ്രാധാന്യം പരിഗണിച്ച് കാഷ്യൂബോര്‍ഡ് സ്ഥാപിക്കണമെന്നുതന്നെയാണ് പാര്‍ലമെന്ററി കമ്മിറ്റിയുടെ അഭിപ്രായമെന്ന് ചെയര്‍മാന്‍ ശാന്തകുമാര്‍ പറഞ്ഞു. കാഷ്യൂബോര്‍ഡ് സംബന്ധിച്ച് കൃഷി, വാണിജ്യ മന്ത്രാലയങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കും. കശുവണ്ടിഫാക്ടറികളുടെ അടിസ്ഥാന സൌകര്യവികസനം അനിവാര്യമാണ്. ഫാക്ടറികളുടെ ശുചിത്വം, കശുവണ്ടിയില്‍നിന്ന് കൂടുതല്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം, തൊഴിലാളികളുടെ സേവന-വേതന വ്യവസ്ഥയുടെ പരിഷ്കരണം തുടങ്ങിയ കാര്യങ്ങളും സമിതി പരിശോധിക്കുമെന്ന് കമ്മിറ്റി അംഗം കെ എന്‍ ബാലഗോപാല്‍ എംപി പറഞ്ഞു.

ബംഗളൂരു, പൂണെ, മുംബൈ എന്നിവിടങ്ങളിലെ കാര്‍ഷികാധിഷ്ടിത വ്യവസായങ്ങള്‍ കൂടി സന്ദര്‍ശിച്ചശേഷം സമിതി ഡല്‍ഹിയില്‍ യോഗം ചേരും. തുടര്‍ന്ന് ശുപാര്‍ശകള്‍ അടങ്ങിയ വിശദമായ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയ്ക്ക് സമര്‍പ്പിക്കും. എറണാകുളത്തെ സമുദ്ര മത്സ്യ വ്യവസായമേഖല സന്ദര്‍ശിച്ചശേഷമാണ് പന്ത്രണ്ടംഗ കമ്മിറ്റി കൊല്ലത്തെത്തിയത്.

കേന്ദ്ര സ്കീമില്‍ കശുവണ്ടി ഉള്‍പ്പെടുത്താന്‍ നിവേദനം

കൊല്ലം: കേന്ദ്രസര്‍ക്കാരിന്റെ വിദേശ വ്യാപാരനയത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച വാര്‍ഷികപദ്ധതിയില്‍ കശുവണ്ടി വ്യവസായത്തെയും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് കശുവണ്ടി വികസന കോര്‍പറേഷന്‍ നിവേദനം നല്‍കി. പഠനയാത്രയുടെ ഭാഗമായി കോര്‍പറേഷന്റെ അയത്തില്‍ ഫാക്ടറി സന്ദര്‍ശിച്ച ഡിപ്പാര്‍ട്ട്മെന്റ് റിലേറ്റഡ് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ഓണ്‍ കൊമേഴ്സിന്റെ ചെയര്‍മാന്‍ ശാന്തകുമാറിനാണ് നിവേദനംനല്‍കിയത്.

കഴിഞ്ഞ ആഗസ്ത് 23ന് വ്യവസായ-വാണിജ്യ മന്ത്രാലയം പ്രഖ്യാപിച്ച വാര്‍ഷിക സപ്ളിമെന്റില്‍ കൃഷി, ടെക്സ്റ്റൈല്‍, തുകല്‍, ആഭരണം, കരകൌശലം, കൈത്തറി വ്യവസായങ്ങളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. വര്‍ഷം 3000 കോടി വിദേശനാണ്യം നേടിത്തരുന്ന കശുവണ്ടി വ്യവസായത്തില്‍ മൂന്നുലക്ഷം തൊഴിലാളികള്‍ പണിയെടുക്കുന്നു. അതില്‍ 95 ശതമാനവും സ്ത്രീകളാണ്. പരോക്ഷമായി നാലുലക്ഷം പേരും വ്യവസായത്തെ ആശ്രയിച്ച് ജീവിക്കുന്നു. ലോകത്തെ ഏറ്റവും വലിയ കശുവണ്ടി വ്യവസായ പൊതുമേഖലാസ്ഥാനമായ കോര്‍പറേഷന്റെ കീഴില്‍ 30 ഫാക്ടറികളും 20000 തൊഴിലാളികളുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പുതിയ സ്കീമില്‍ കശുവണ്ടി വ്യവസായത്തെയും ഉള്‍പ്പെടുത്തണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു. കോര്‍പറേഷന്‍ ചെയര്‍മാന്‍ ഇ കാസിം, എംഡി ഡോ. കെ എ രതീഷ് എന്നിവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്.

കശുവണ്ടിയുടെ രുചിയില്‍ മനംമയങ്ങി എംപിമാര്‍

കൊല്ലം: കശുവണ്ടിയുടെ രുചിയില്‍ ദക്ഷിണേന്ത്യക്കാരായ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് അതിശയം. ശനിയാഴ്ച പകല്‍ 3.30നാണ് കശുവണ്ടി വികസന കോര്‍പറേഷന്റെ അയത്തില്‍ ഫാക്ടറിയില്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍ സന്ദര്‍ശനത്തിന് എത്തിയത്. കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ഇ കാസിം, എംഡി ഡോ. കെ എ രതീഷ്, കാഷ്യൂ എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൌണ്‍സില്‍ ചെയര്‍മാന്‍ ഷഹാല്‍ ഹസ്സന്‍ മുസലിയാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഘത്തെ സ്വീകരിച്ചു. ഫാക്ടറിയിലെ സ്ത്രീ തൊഴിലാളികള്‍ കശുവണ്ടി തല്ലുന്നത് സമിതി അംഗങ്ങള്‍ കൌതുകത്തോടെ വീക്ഷിച്ചു. സമിതി അംഗമായ കെ എന്‍ ബാലഗോപാല്‍ എംപി ഫാക്ടറിയിലെ ഓരോ സെക്ഷന്റെയും പ്രവര്‍ത്തനം വിശദീകരിച്ചു. ബോര്‍മ, ഗ്രേഡിങ്, പാക്കിങ് വിഭാഗങ്ങള്‍, അടുത്തിടെ സ്ഥാപിച്ച ഓട്ടോമാറ്റിക് ടിന്‍ ഫാക്ടറി, മൂല്യവര്‍ധിത ഉല്‍പ്പന്ന നിര്‍മാണ യൂണിറ്റ് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച സമിതി അംഗങ്ങള്‍ തോട്ടണ്ടി ഭക്ഷ്യോല്‍പ്പന്നമായ കശുവണ്ടിപ്പരിപ്പാക്കി മാറ്റുന്നതുവരെയുള്ള വിവിധ ഘട്ടങ്ങള്‍ നേരിട്ടു മനസ്സിലാക്കി.

കശുവണ്ടിപ്പരിപ്പ് രുചിച്ചുനോക്കിയ അംഗങ്ങള്‍ അതിശയകരമെന്നാണ് അഭിപ്രായപ്പെട്ടത്. പലരും ആദ്യമാണ് കശുവണ്ടിയുടെ രുചി അറിഞ്ഞത്. ഫാക്ടറിയിലെ അടിസ്ഥാന സൌകര്യങ്ങളില്‍ സമിതി അംഗങ്ങള്‍ തൃപ്തി രേഖപ്പെടുത്തി. രണ്ട് അംഗങ്ങള്‍ ഭാര്യാസമേതമാണ് എത്തിയത്. ആറംഗ ഉദ്യോഗസ്ഥ സംഘവും അനുഗമിച്ചു. സമിതി അംഗങ്ങള്‍ക്ക് സമ്മാനമായി കശുവണ്ടി പരിപ്പ് നല്‍കി. കാപ്പക്സ് ചെയര്‍മാന്‍ ബി തുളസീധരക്കുറുപ്പും ഫാക്ടറിയില്‍ എത്തിയിരുന്നു.

deshabhimani 300111

എയര്‍ ഇന്ത്യ വിമാന ഇടപാട് സിഎജി അന്വേഷിക്കുന്നു

അരലക്ഷം കോടി രൂപ ചെലവിട്ട് 111 വിമാനങ്ങള്‍ വാങ്ങാനുള്ള എയര്‍ ഇന്ത്യ തീരുമാനം സംബന്ധിച്ച് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) പരിശോധിക്കുന്നു. 2006ലാണ് വിമാനങ്ങള്‍ വാങ്ങാന്‍ കരാര്‍ നല്‍കിയത്. വന്‍തോതില്‍ വിമാനങ്ങള്‍ വാങ്ങുമ്പോള്‍ കിട്ടേണ്ട അറ്റകുറ്റപ്പണികള്‍ സംബന്ധിച്ച മെയിന്റനന്‍സ്-റിപ്പയര്‍-ഓപ്പറേഷന്‍ (എംആര്‍ഒ) സൌകര്യങ്ങള്‍ ലഭിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവും അന്വേഷണത്തിന്റെ ഭാഗമായി സിഎജി ഉയര്‍ത്തുന്നു. എയര്‍ ഇന്ത്യയെ സംബന്ധിച്ച് സിഎജി തയ്യാറാക്കിയ ഇടക്കാല റിപ്പോര്‍ട്ടിലാണ് ഈ സംശയങ്ങള്‍ ഉയര്‍ത്തിയത്.

കരാര്‍ നല്‍കുന്ന കാലത്ത് ഇന്ത്യന്‍ എയര്‍ലൈന്‍സും എയര്‍ ഇന്ത്യയും വ്യത്യസ്ത കമ്പനികളായിരുന്നു. ഇന്ത്യന്‍ എയര്‍ലൈന്‍സ് 43 എയര്‍ബസ് 320 വിമാനങ്ങള്‍ക്കും എയര്‍ ഇന്ത്യ 68 ബോയിങ് വിമാനങ്ങള്‍ക്കുമാണ് കരാര്‍ നല്‍കിയത്. ഇതില്‍ 43 എയര്‍ബസ് വിമാനങ്ങള്‍ കിട്ടിയപ്പോള്‍ ബോയിങ് വിമാനങ്ങള്‍ 40 എണ്ണമേ ലഭിച്ചുള്ളൂ. എംആര്‍ഒ സൌകര്യങ്ങള്‍ ലഭിച്ചതുമില്ല. കരാറിന്റെ കാലാവധി 2012വരെയുള്ളതിനാല്‍ ബാക്കി വിമാനങ്ങള്‍ പിന്നീടേ ലഭിക്കൂ. യൂറോപ്യന്‍ എയര്‍ക്രാഫ്റ്റ് മാനുഫാക്ചറില്‍നിന്നാണ് 43 വിമാനങ്ങള്‍ വാങ്ങിയത്. കരാറിന്റെ ഭാഗമായി എംആര്‍ഒ സംവിധാനവും നല്‍കുമെന്ന് വാഗ്ദാനമുണ്ടായിരുന്നെങ്കിലും അത് പാലിക്കപ്പെട്ടിട്ടില്ല. 35 വിമാനങ്ങള്‍ വാങ്ങാനാണ് സര്‍ക്കാര്‍ ആദ്യം തീരുമാനിച്ചത്. പിന്നീട് എങ്ങനെ എണ്ണം വര്‍ധിച്ചെന്ന ചോദ്യവും സിഎജി ഉയര്‍ത്തുന്നു. വിമാനങ്ങള്‍ വാങ്ങിയെങ്കിലും അത് വാണിജ്യപരമായി ഉപയോഗിക്കപ്പെടുന്നുണ്ടോ എന്ന കാര്യം ബോധ്യപ്പെടുത്താനും സിവില്‍ വ്യോമയാനമന്ത്രാലയത്തോട് ആവശ്യപ്പെട്ടു. നേരത്തേ എയര്‍ഇന്ത്യക്കും ഇന്ത്യന്‍ എയര്‍ലൈന്‍സിനും കൂടി മൊത്തം എയര്‍ സര്‍വീസിന്റെ 22-24 ശതമാനം ഉണ്ടായിരുന്നത് ഇപ്പോള്‍ കുത്തനെ കുറയുകയാണുണ്ടായത്-സിഎജി വിലയിരുത്തുന്നു.

ഇന്ത്യന്‍ എയര്‍ലൈന്‍സിനെ എയര്‍ ഇന്ത്യയുമായി 2007ലാണ് ലയിപ്പിച്ചത്. ഈ തീരുമാനത്തെ സീതാറാം യെച്ചൂരി നേതൃത്വം നല്‍കുന്ന ഗതാഗത-വിനോദസഞ്ചാര-സംസ്കാര മന്ത്രാലയ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി എതിര്‍ത്തിരുന്നു. സിഎജിയുടെ ചോദ്യങ്ങള്‍ക്ക് സിവില്‍ വ്യോമയാനമന്ത്രാലയം മറുപടി നല്‍കിയിട്ടുണ്ട്. ഇതുകൂടി പരിശോധിച്ചായിരിക്കും സിഎജി അന്തിമ റിപ്പോര്‍ട്ട് നല്‍കുക. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും.

ദേശാഭിമാനി 300111

Sunday, January 30, 2011

ഇന്ത്യാവിഷനു പറയാനുള്ളത്

കോഴിക്കോട് ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസിന്റെ സത്യാവസ്ഥ പുറത്തു കൊണ്ടുവരുന്നതിന് വേണ്ടി ഇന്ത്യാവിഷന്‍ വാര്‍ത്താ സംഘം കഴിഞ്ഞ നാല് മാസമായി ചില അന്വേഷണങ്ങള്‍ നടത്തിവരികയായിരുന്നു. കേസിന്റെ അന്വേഷണഘട്ടത്തിലും വിചാരണയുടെ ഘട്ടത്തിലും അധികാര കേന്ദ്രങ്ങളില്‍ നിന്ന് അവിഹിതമായ ഇടപെടലുകള്‍ ഉണ്ടായി എന്ന ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു അന്വേഷണം. മുസ്ളിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും സംസ്ഥാനത്തിന്റെ മുന്‍ വ്യവസായ വകുപ്പ് മന്ത്രിയുമായ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ ബന്ധു കെ.എ.റഊഫ് ഈ കേസുമായി ബന്ധപ്പെട്ട ചില നിര്‍ണായക വിവരങ്ങള്‍ നല്‍കിയതിനെ തുടര്‍ന്നാണ് ഞങ്ങള്‍ അന്വേഷണം തുടങ്ങിയത്. കേസിലെ ഇരകളും സാക്ഷികളുമായ മൂന്ന് പെണ്‍കുട്ടികള്‍, രണ്ട് പെണ്‍കുട്ടികളുടെ ഭര്‍ത്താക്കന്മാര്‍, കേസിലെ പ്രതിപട്ടികയിലെ ചിലര്‍, കേസ് കൈകാര്യം ചെയ്ത ഉദ്യോഗസ്ഥര്‍ തുടങ്ങി 12 ഓളം പേരുടെ വെളിപ്പെടുത്തലുകളാണ് ഞങ്ങള്‍ രഹസ്യ ക്യാമറയില്‍ പകര്‍ത്തിയത്. അന്വേഷണ ഘട്ടത്തിലും വിചാരണയുടെ ഘട്ടത്തിലും കേസിന്റെ പ്രതിപട്ടികയില്‍ മുന്‍ മന്ത്രി കുഞ്ഞാലിക്കുട്ടി വരുന്നത് ഒഴിവാക്കാനുള്ള നിയമബാഹ്യമായ ഇടപെടലുകള്‍ നടന്നുവെന്ന വ്യക്തമായ സൂചനകളാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ഒരു മുന്‍ അഡ്വേക്കറ്റ് ജനറല്‍, ഒരു അഡീഷണല്‍ അഡ്വേക്കറ്റ് ജനറല്‍, ഒരു മുന്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ എന്നിവര്‍ കേസില്‍ അവിഹിതമായി ഇടപെട്ടുവെന്നതിന് ഞങ്ങള്‍ക്ക് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. കേസ് പരിഗണിച്ച ന്യായാധിപന്മാരില്‍ രണ്ടുപേര്‍ കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായി വിധി നല്‍കുന്നതിനായി വന്‍തുക കൈപ്പറ്റിയിട്ടുണ്െടന്നതിന് ഈ വെളിപ്പെടുത്തലുകളില്‍ ശക്തമായ തെളിവുകളുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് കെ.സി. പീറ്റര്‍ തന്നെയാണ് ഒളിക്യാമറയ്ക്ക് മുമ്പാകെ ഇക്കാര്യം വെളിപ്പെടുത്തിയത്. രണ്ട് ന്യായാധിപര്‍ക്കെതിരായ ഈ ആരോപണങ്ങള്‍ സ്ഥിരീകരിക്കാവുന്ന തെളിവുകള്‍ മറ്റു ചിലരുടെ മൊഴികളിലില്‍ നിന്നും ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേസില്‍ ജുഡീഷ്യറിക്കകത്ത് നടന്ന ഇടപെടലുകളെ കുറിച്ച് ഞങ്ങള്‍ക്ക് ലഭ്യമായ വിവരങ്ങള്‍
പുറത്തുവിടുകയാണ്. എന്നാല്‍ ഈ കേസിന്റെ പൂര്‍വ്വചരിത്രം പരിഗണിച്ച് ഇന്ത്യാവിഷന് ലഭിച്ച മറ്റ് മൊഴികള്‍ സംപ്രേഷണം ചെയ്യേണ്ടതില്ല എന്നാണ് ഇന്ത്യാവിഷന്‍ എഡിറ്റോറിയല്‍ ബോര്‍ഡിന്റെ തീരുമാനം.

ഞങ്ങള്‍ക്ക് മൊഴി നല്‍കിയ കേസിലെ സാക്ഷികളായ സ്ത്രീകള്‍ ഇപ്പോള്‍ കുടുംബജീവിതം നയിക്കുന്നവരാണ്. പണവും അധികാരകേന്ദ്രങ്ങളും ചേര്‍ന്ന് നേരത്തേ ഛിന്നഭിന്നമാക്കിയ അവരുടെ ജീവിതത്തില്‍ ഇനിയും അസ്വസ്ഥതകള്‍ ഉണ്ടാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. വാര്‍ത്തകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് ഈ സ്ത്രീകളില്‍ ചിലര്‍ ഞങ്ങളെ വിളിക്കുകയും ദൃശ്യങ്ങള്‍ പുറത്തുവിടരുതെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ജീവന് ഭീഷണിയുണ്െടന്നാണ് അവര്‍ പറഞ്ഞത്. ഈ കേസിന്റെ ചരിത്രം അറിയാവുന്നതുകൊണ്ട് ഞങ്ങള്‍ അവരെ അവിശ്വസിക്കുന്നില്ല. പ്രതികളെ രക്ഷിച്ചെടുക്കാന്‍ അന്വേഷണ സംവിധാനങ്ങള്‍ മുഴുവന്‍ ദുരുപയോഗപ്പെടുത്തപ്പെട്ട ചരിത്രമാണ് ഐസ്ക്രീം പാര്‍ലര്‍ കേസിനുള്ളത്. പ്രതികള്‍ക്കും കുറ്റാരോപിതര്‍ക്കുമെതിരെ നല്‍കപ്പെട്ട മൊഴികള്‍ ഞൊടിയിടയില്‍ തിരുത്തപ്പെട്ട ചരിത്രവുമുണ്ട് ഈ കേസിന്. ഇത്തരത്തിലുള്ള മൊഴി മാറ്റങ്ങള്‍ക്ക് ഇനിയും കളമൊരുങ്ങുന്നതായും ഞങ്ങള്‍ മനസ്സിലാക്കുന്നു. ഈ സാഹചര്യത്തില്‍ കേസിലെ സാക്ഷികളായ സ്ത്രീകളുടെ വെളിപ്പെടുത്തലുകള്‍ സംപ്രേഷണം ചെയ്യേണ്ടതില്ല എന്നാണ് ഇന്ത്യാവിഷന്‍ എഡിറ്റോറിയല്‍ ബോര്‍ഡിന്റെ തീരുമാനം.

ഐസ്ക്രീം പാര്‍ലര്‍ കേസിന്റെ പുനരന്വേഷണത്തിന്റെ സാധ്യത പരിശോധിക്കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കേസ് പുനരന്വേഷിക്കുന്നതിന് നിയമപരമായി തടസമില്ലെന്ന് മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് പ്രതികരിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ ഈ കേസിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ പുനരന്വേഷണം നടത്തുന്നതിന് സര്‍ക്കാര്‍ തയ്യാറാകുമെന്ന് ഞങ്ങള്‍ പ്രത്യാശിക്കുന്നു. അത്തരത്തിലുള്ള ഒരു അന്വേഷണം പ്രഖ്യാപിക്കപ്പെടുകയാണെങ്കില്‍ സംസ്ഥാന മുഖ്യമന്ത്രിക്കോ ആഭ്യന്തരമന്ത്രിക്കോ ചുമതലപ്പെടുത്തപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കോ ഞങ്ങളുടെ പക്കലുള്ള തെളിവുകളും വിശദാംശങ്ങളും നല്‍കാന്‍ തയ്യാറാണെന്ന്
ഇന്ത്യാവിഷന്‍ എഡിറ്റോറിയല്‍ ബോര്‍ഡ് പ്രേഷകരെ അറിയിക്കുന്നു. ഐസ്ക്രീം കേസിന്റെ തെളിവുകള്‍ മിക്കവയും കൈവശമുള്ള ഞങ്ങള്‍ക്ക് ഇതില്‍ നടന്ന അവിഹിത, നിയമലംഘന ഇടപെടലുകളെ കുറിച്ച് പൂര്‍ണ ബോധ്യമുണ്ട്. മലയാളി പൊതു ജീവിതത്തിന്റെ സംശുദ്ധിയും നീതിന്യായ വ്യവസ്ഥയുടെ സംശുദ്ധമായ നിലനില്‍പ്പും ആഗ്രഹിക്കുന്ന പൊതു സമൂഹം ജാഗ്രത്തായ നിലപാടുകള്‍ സ്വീകരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഒപ്പം മുസ്ളിം ലീഗ് അടക്കമുള്ള കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തകരും നേതാക്കളും സത്യത്തിന് വേണ്ടി നിലകൊള്ളുമെന്നും ഞങ്ങള്‍ ഇപ്പോഴും പ്രതീക്ഷിക്കുന്നു, നന്ദി.

ഇന്ത്യാവിഷന്‍ വെബ് സൈറ്റില്‍ നിന്ന് 
ലിങ്ക്

മികവിന്റെ വഴിയില്‍ താലൂക്ക് ആശുപത്രികള്‍

തിരൂര്‍ താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയാക്കി

തിരൂര്‍: താലൂക്കിലെ സാധാരണക്കാരുടെ ആശ്രയകേന്ദ്രമായ തിരൂര്‍ താലൂക്കാശുപത്രി ജില്ലാ ആശുപത്രിയായി സര്‍ക്കാര്‍ ഉയര്‍ത്തി. വര്‍ഷങ്ങള്‍നീണ്ട ആഗ്രഹമാണ് ഇടതുമുന്നണി സര്‍ക്കാര്‍ സഫലമാക്കിയത്. ജില്ലയുടെ തീരദേശത്തെ ആയിരക്കണക്കിന് രോഗികളുടെ ആശ്രയമായ താലൂക്കാശുപത്രി പരാധീനതകളുടെ നടുവിലായിരുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ വികല ആരോഗ്യനയംമൂലം താലൂക്കാശുപത്രി തകര്‍ച്ചയുടെ വക്കിലായി. നിത്യേന 1500നും 2000നും ഇടയില്‍ ഔട്ട്പേഷ്യന്റ് എത്തിയിരുന്ന ആശുപത്രിയില്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എട്ട് ഡോക്ടര്‍മാരാണ് ഉണ്ടായിരുന്നത്. ഇതുമൂലം പാവപ്പെട്ട രോഗികള്‍ക്കുപോലും സ്വകാര്യ ആശുപത്രിയെ സമീപിക്കേണ്ട സ്ഥിതിയുണ്ടായി.

എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ ആശുപത്രി വികസനത്തിന് പടിപടിയായി ശ്രമം തുടങ്ങി. പി പി അബ്ദുള്ളക്കുട്ടി എംഎല്‍എയുടെ ഇടപെടല്‍കൊണ്ടായിരുന്നിത്. ആശുപത്രിയില്‍ ബ്ളഡ് ബാങ്ക് ആരംഭിച്ചു. സുനാമി ഫണ്ടില്‍നിന്ന് ഒരുകോടി രൂപ അനുവദിച്ച് ഓപ്പറേഷന്‍ തിയറ്റര്‍, ജനറല്‍ വാര്‍ഡുകള്‍ എന്നിവ നവീകരിച്ചു. ഇതിനിടെ ആരോഗ്യമന്ത്രി പി കെ ശ്രീമതി ആശുപത്രി സന്ദര്‍ശിച്ച് വികസനത്തിനായി സര്‍ക്കാര്‍ സഹായം ഉറപ്പ് നല്‍കുകയുംചെയ്തു. ആശുപത്രിയിലെ ഡോക്ടര്‍മാരുടെ എണ്ണം 11ല്‍നിന്ന് 22 ആയി ഉയര്‍ത്തി. നേഴ്സിങ് ജീവനക്കാരുടെ എണ്ണവും വര്‍ധിപ്പിച്ചു. മലപ്പുറം ജില്ലാ ആശുപത്രി ജനറല്‍ ആശുപത്രിയായി ഉയര്‍ത്തിയതോടെയാണ് തിരൂര്‍ താലൂക്കാശുപത്രി ജില്ലാ ആശുപത്രിയാക്കണമെന്ന ആവശ്യം ഉയര്‍ന്നത്. ഈ ആവശ്യമാണ് ഇപ്പോള്‍ സര്‍ക്കാര്‍ അംഗീകരിച്ചത്. സംസ്ഥാനത്തെ മറ്റ് നാല് താലൂക്കാശുപത്രികളും ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയിട്ടുണ്ട്.

ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയതോടെ 40ല്‍ കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം തിരൂരിന് ലഭിക്കും. നേഴ്സുമാര്‍ അടക്കമുള്ള ജീവനക്കാരുടെ എണ്ണവും വര്‍ധിക്കും. കാഷ്വാലിറ്റി ആരംഭിക്കുകയും പുതിയ ഡിപ്പാര്‍ട്ട്മെന്റുകള്‍ തിരൂരില്‍ അനുവദിക്കുമെന്നും പി പി അബ്ദുള്ളക്കുട്ടി എംഎല്‍എ അറിയിച്ചു.

എല്‍ഡിഎഫ് സര്‍ക്കാരിന് നാടിന്റെ അഭിനന്ദനം

തിരൂര്‍: തിരൂരിന്റെ ചികിത്സാ പാരമ്പര്യത്തിന് ഔദ്യോഗിക അംഗീകാരം നല്‍കി താലൂക്കാശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയ എല്‍ഡിഎഫ് സര്‍ക്കാരിനെ ഒരു നാടൊന്നാകെ അഭിനന്ദിച്ചു. സര്‍ക്കാര്‍ നടപടി തീരദേശ മേഖലയുടെ ആരോഗ്യ സുരക്ഷക്ക് ഏറെ ഗുണകരമാകുമെന്ന് സിപിഐ എം തിരൂര്‍ ഏരിയാകമ്മിറ്റി ചൂണ്ടിക്കാട്ടി. താലൂക്കാശുപത്രിയെ ജില്ലാ നിലവാരത്തിലേക്ക് ഉയര്‍ത്തിയതോടെ മുസ്ളിംലീഗും യുഡിഎഫും ആരോഗ്യവകുപ്പിനും എംഎല്‍എക്കുമെതിരെ നടത്തിയ വിമര്‍ശനങ്ങളുടെ മുനയൊടിഞ്ഞു.

ആശുപത്രി കെട്ടിടനിര്‍മാണത്തിന് ശ്രമം ആരംഭിക്കുമ്പോള്‍ ബദല്‍ ആശുപത്രി രൂപീകരണവുമായി മുന്നോട്ടുപോയ യുഡിഎഫ് ഉന്നത നേതൃത്വം കള്ളപ്രചാരണങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്ന് സിപിഐ എം ഏരിയാകമ്മിറ്റി ആവശ്യപ്പെട്ടു. തിരൂര്‍ താലൂക്കാശുപത്രി ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയ എല്‍ഡിഎഫ് സര്‍ക്കാരിനെയും പി പി അബ്ദുള്ളക്കുട്ടി എംഎല്‍എയെയും ഡിവൈഎഫ്ഐ തിരൂര്‍ ബ്ളോക്ക് കമ്മിറ്റി അഭിനന്ദിച്ചു. ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയ സര്‍ക്കാര്‍ തീരുമാനത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ച് എന്‍ജിഒ യൂണിയന്‍ നേതൃത്വത്തില്‍ പ്രകടനംനടത്തി. കെ ടി എസ് ബാബു സംസാരിച്ചു. ടി എം ഋഷികേശന്‍, സുനില്‍കുമാര്‍, പത്മനാഭന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

മികവിന്റെ വഴിയില്‍ താലൂക്ക് ആശുപത്രി

പെരിന്തല്‍മണ്ണ: സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളില്‍ വലിയ തുക മുടക്കി നടത്തിയിരുന്ന ഇടുപ്പെല്ല്, മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ കുറഞ്ഞ ചെലവില്‍ ഗവ. താലൂക്ക് ആശുപത്രിയിലും. രണ്ട് ശസ്ത്രക്രിയകളും താലൂക്ക് ആശുപത്രിയില്‍ വിജയകരമായി നടത്തി. ചെമ്മാട് കരിപ്പറമ്പിലെ പുള്ളാട്ട് മൊയ്തു (58)വിനാണ് മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. എരവിമംഗലം വീട്ടിക്കാത്തൊടി മാധവ (50)ന്റെ ഇടുപ്പെല്ലും മാറ്റിവച്ചു. ഇരുവരും പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡില്‍ സുഖംപ്രാപിച്ചുവരുന്നു. ശസ്ത്രക്രിയ നൂറുശതമാനവും വിജയിച്ചതായി ഡോക്ടര്‍മാരായ എം രാധാകൃഷ്ണന്‍, ടി ജി വിനോദ്, എം എന്‍ അബ്ദുള്ള, ഇ കെ റഷീദ് എന്നിവര്‍ പറഞ്ഞു.

പെരിന്തല്‍മണ്ണയില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളിലായിരുന്നു ഇത്തരം ശസ്ത്രക്രിയകള്‍ പതിവ്. താലൂക്ക് ആശുപത്രിയിലും ഇതേ സൌകര്യം ലഭ്യമായത് സാധാരണക്കാര്‍ക്ക് ആശ്വാസമാകും. മുട്ടുമാറ്റലിന് സ്വകാര്യ ആശുപത്രിയില്‍ ഒന്നരലക്ഷം രൂപ ചെലവുവരും. എന്നാല്‍ താലൂക്ക് ആശുപത്രിയില്‍ 35,000 രൂപയില്‍ ഒതുങ്ങും. ഇടുപ്പെല്ല് മാറ്റിവയ്ക്കാന്‍ അസംസ്കൃത പദാര്‍ഥങ്ങളുള്‍പ്പെടെ 80,000 രൂപയാണ് സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നത്. താലൂക്ക് ആശുപത്രിയില്‍ 25,000 രൂപയേ ചെലവുള്ളൂ. ജനകീയാസൂത്രണ പദ്ധതികളില്‍ ഉള്‍പ്പെടുത്തി നഗരസഭ പുതിയ ഓപ്പറേഷന്‍ തിയറ്റര്‍ കോംപ്ളക്സും പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡും അതിനനുസരിച്ച് ആധുനിക യന്ത്രസാമഗ്രികളും ഒരുക്കിയതോടെ താലൂക്ക് ആശുപത്രി മികവിലേക്കുയര്‍ന്നു. വി ശശികുമാര്‍ എംഎല്‍എയുടെ സജീവമായ ഇടപെടലും ആശുപത്രി വികസനത്തിന് സഹായമായി.

എല്ലാ വിഭാഗങ്ങളിലും സ്പെഷ്യലൈസ് ചെയ്ത ഡോക്ടര്‍മാരുടെ സേവനം ഇവിടെ ലഭ്യമാണ്. 25 ഡോക്ടര്‍മാര്‍ ആശുപത്രിയിലുണ്ട്. അഞ്ചുവര്‍ഷമായി പൂട്ടിക്കിടന്ന നേത്രരോഗ വിഭാഗം പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമായി. ഒ പി വിഭാഗത്തില്‍ 1500 മുതല്‍ 2000 വരെ രോഗികള്‍ ദിവസവും ഇവിടെ ചികിത്സതേടിയെത്തുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗവും സജ്ജീകരിച്ചിട്ടുണ്ട്. ഏറെനാള്‍ പൂട്ടിക്കിടന്നിരുന്ന എക്സറേ യൂണിറ്റ് പ്രവര്‍ത്തനക്ഷമമായി. വി ശശികുമാര്‍ എംഎല്‍എയുടെ പ്രത്യേക സഹായ ഫണ്ടില്‍നിന്നും ഒമ്പതുലക്ഷം രൂപ ചെലവഴിച്ചാണ് എക്സ്റേ ലാബ് കെട്ടിടം പണിതത്.

deshabhimani 300111

യുഡിഎഫിനെ മുക്കി സുനാമി

പേടിപ്പനിയില്‍ ജാഥയും മാറ്റി

കുഞ്ഞാലിക്കുട്ടി കേസ് യുഡിഎഫിനെ മുക്കുന്ന സുനാമിയായി. അതിന്റെ ആഘാതത്തിലാണ് ഉമ്മന്‍ചാണ്ടി നയിക്കുന്ന മോചനയാത്ര രണ്ടുദിവസത്തേക്ക് മാറ്റിയത്. ജാഥാനേതാവിന് അസുഖമാണെന്ന ന്യായം ജാള്യം മറയ്ക്കാനുള്ള രാഷ്ട്രീയതന്ത്രംമാത്രം. ക്യാപ്റ്റന് പനി വന്നാല്‍ ഒരു മുന്നണിയുടെ ജാഥ ഉപേക്ഷിക്കുന്നത് കേരളചരിത്രത്തില്‍ കേട്ടുകേള്‍വി ഇല്ലാത്തത്. പനിയെ പഴിചാരി ജാഥ നിര്‍ത്താന്‍ നിര്‍ബന്ധിതമാകുംവിധം യുഡിഎഫ് ജനരോഷത്തില്‍ അകപ്പെട്ടു. കുഞ്ഞാലിക്കുട്ടിയും ബന്ധു റൌഫും നടത്തിയ വെളിപ്പെടുത്തലുകളിലൂടെ തകര്‍ന്നുവീണത് യുഡിഎഫ് മൂടിവച്ച സാമൂഹ്യവിരുദ്ധതയുടെ കഥകളാണ്. എന്നാല്‍, ഇതിനുമുന്നില്‍ കണ്ണുകെട്ടി കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ച ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, വയലാര്‍ രവി എന്നീ നേതാക്കളും ലീഗ് നേതൃത്വവും കേരള മനസ്സാക്ഷിക്കുമുന്നില്‍ പ്രതിക്കൂട്ടിലാണ്. കുഞ്ഞാലിക്കുട്ടിയെ തള്ളിപ്പറഞ്ഞാല്‍ ഭരണത്തിന്റെ സ്വാദ് കൂട്ടായി നുണഞ്ഞവരും കുഴപ്പത്തിലാകുമെന്ന പേടി ഉമ്മന്‍ചാണ്ടിയെ ബാധിച്ചിട്ടുണ്ടാകാം. യുഡിഎഫ് രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആരോപണ- പ്രത്യാരോപണത്തില്‍ കേരളം നടുക്കത്തിലാണ്.

2004 ഒക്ടോബര്‍ 28ന് പെണ്‍‌വാണിഭക്കേസിലെ ഇര റജീന നടത്തിയ വെളിപ്പെടുത്തലിനെതുടര്‍ന്നുണ്ടായത് കുഞ്ഞാലിക്കുട്ടിക്കെതിരായ പെണ്‍‌വാണിഭക്കേസിന്റെ ദുര്‍മുഖമായിരുന്നെങ്കില്‍, ഇപ്പോഴത്തെ ആരോപണ- പ്രത്യാരോപണങ്ങള്‍ കേസിനെ പുതിയ പതനങ്ങളില്‍ എത്തിച്ചിരിക്കുന്നു. ഉമ്മന്‍ചാണ്ടിയുടെയും ആന്റണിയുടെയും മന്ത്രിസഭയില്‍ അംഗമായിരുന്ന്, കോടികള്‍ സമ്പാദിക്കുകയും അതിന്റെ ഭാഗമായി വിദേശത്തടക്കം വന്‍വ്യവസായങ്ങള്‍ നടത്തുന്നുവെന്നുമാണ് കുഞ്ഞാലിക്കുട്ടിക്കെതിരായ പ്രധാനപ്പെട്ട പുതിയ ആക്ഷേപങ്ങളില്‍ ഒന്ന്. പെണ്‍‌വാണിഭക്കേസില്‍ കോടതിയില്‍നിന്ന് അനുകൂലവിധി സമ്പാദിക്കാന്‍ നീതിന്യായസംവിധാനത്തെ നോക്കുകുത്തിയാക്കിയെന്നും അതിനായി വഴിവിട്ട കുതന്ത്രങ്ങളും പണമിടപാടും നടത്തിയെന്നതാണ് മറ്റൊരു ആക്ഷേപം. ഇതില്‍ പാകിസ്ഥാനില്‍നിന്ന് വന്ന കള്ളനോട്ട് ഇടപാടുമുണ്ട്.

റജീനയ്ക്കുപുറമെ ഒരുഡസന്‍ ഇരകളുണ്ടെന്നതാണ് മറ്റൊരു വെളിപ്പെടുത്തല്‍. ഇത് തെളിയിക്കാനുള്ള വസ്തുതകളടങ്ങുന്ന സിഡി പുറത്തുവന്നാല്‍ യുഡിഎഫ് നിലയില്ലാ കയത്തില്‍ മുങ്ങും. അതുകൊണ്ടുതന്നെ ഒരു ടിവി ചാനലിനുമാത്രമായി നല്‍കിയിരിക്കുന്ന സിഡി മുക്കാനാണ് കോണ്‍ഗ്രസ്- ലീഗ് നേതാക്കള്‍ സംയുക്തമായി ഇറങ്ങിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി, മുമ്പ് റജീനയെ ഒതുക്കിയതുപോലെ കോടികള്‍ ഒഴുക്കി റൌഫിനെ ഒതുക്കാനുള്ള പരിശ്രമം അണിയറയില്‍ സജീവമാണ്. മൂന്നു ചാനല്‍ എഡിറ്റര്‍മാര്‍ക്ക് സിഡി കൈമാറിയെന്ന് റൌഫ് പറഞ്ഞെങ്കിലും ഇതുവരെ അത് കൈവശമുള്ളത് ലീഗ് നേതാവ് മുനീറിന്റെ ഉടമസ്ഥതയിലുള്ള ചാനലിനുമാത്രമാണെന്നാണ് അറിയുന്നത്. സിഡിയിലെ ഒരു ഭാഗംപോലും ഇതുവരെ പുറത്തുവിടാത്തത് യുഡിഎഫ് സമ്മര്‍ദത്തില്‍ മുനീറിന്റെ ചാനല്‍ വീണതുകൊണ്ടാകണം.
(ആര്‍ എസ് ബാബു)

ലീഗിന്റെ ആവശ്യപ്രകാരം മലപ്പുറത്തെ യുഡിഎഫ് ജാഥ മാറ്റി

കുഞ്ഞാലിക്കുട്ടിയുടെയും റൌഫിന്റെയും വെളിപ്പെടുത്തലുകള്‍ മുസ്ളിംലീഗിന്റെ തട്ടകമായ മലപ്പുറം ജില്ലയിലെ യുഡിഎഫ് കേന്ദ്രങ്ങളെ ഞെട്ടിച്ചു. മൂന്നാംകിട സിനിമയെ വെല്ലുന്ന രംഗങ്ങള്‍ കണ്ടുംകേട്ടും അമ്പരന്ന ജില്ലയിലെ ലീഗ് നേതാക്കളും പ്രവര്‍ത്തകരും ഉമ്മന്‍ചാണ്ടിയുടെ മോചനയാത്രയുടെ സ്വീകരണപരിപാടി മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് ഞായറാഴ്ചത്തെ സ്വീകരണം ഫെബ്രുവരി അഞ്ചിലേക്ക് മാറ്റി. അതിനിടെയാണ് ഉമ്മന്‍ചാണ്ടിക്ക് അസുഖമായത്. റൌഫിന്റെ വെളിപ്പെടുത്തലുകള്‍ പുറത്തുവന്ന വെള്ളിയാഴ്ച വൈകിട്ട് അടിയന്തരമായി ചേര്‍ന്ന ജില്ലാ യുഡിഎഫ് യോഗമാണ് സ്വീകരണപരിപാടി മാറ്റിവയ്ക്കാന്‍ ആവശ്യപ്പെട്ടത്. പാര്‍ടിയുടെ തലവന്‍ പെണ്ണുകേസില്‍ കുടുങ്ങിനില്‍ക്കുമ്പോള്‍ സ്വീകരണപരിപാടിയില്‍ പങ്കെടുക്കാന്‍ പറ്റില്ലെന്ന് ലീഗ് പ്രവര്‍ത്തകര്‍ അറിയിച്ചു.

ചാനലില്‍ വാര്‍ത്ത വന്നപ്പോള്‍ത്തന്നെ മോചനയാത്രയുടെ പ്രചാരണപരിപാടികള്‍ നിര്‍ത്തിവച്ചു. മുസ്ളിംലീഗ് നേതാക്കളും അണികളും പിന്‍വലിഞ്ഞതോടെ സ്വീകരണപരിപാടി അവതാളത്തിലാകുമോയെന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് നേതൃത്വം. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പി കെ കുഞ്ഞാലിക്കുട്ടിയുടെ ചിത്രമുള്ള പ്രചാരണബോര്‍ഡുകള്‍ കോണ്‍ഗ്രസ്സുകാര്‍ എടുത്തുമാറ്റിത്തുടങ്ങി. കേരളമോചനയാത്രക്കിടെ പഴയകാര്യങ്ങള്‍ വീണ്ടും ഓര്‍ത്തെടുക്കുമോ എന്ന ഭയമാണ് യുഡിഎഫ് നേതൃത്വത്തിന്. 'ന്യൂനപക്ഷങ്ങളുടെ രക്ഷ ഈ കൈകളില്‍' എന്ന ബോര്‍ഡ് കുഞ്ഞാലിക്കുട്ടിയുടെ ചിത്രത്തോടെ ലീഗുകാര്‍ ചിലയിടത്ത് സ്ഥാപിക്കുന്നതാണ് മറ്റൊരു തമാശ.

പെണ്‍‌വാണിഭവാര്‍ത്തകള്‍ പുറത്തുവിടരുത്; മുനീറിന് ലീഗിന്റെ അന്ത്യശാസനം

മലപ്പുറം: പി കെ കുഞ്ഞാലിക്കുട്ടിക്കെതിരായ പെണ്‍‌വാണിഭ വാര്‍ത്തകള്‍ ഇന്ത്യാവിഷന്‍ ചാനല്‍ സംപ്രേഷണംചെയ്യുന്നത് നിര്‍ത്തിവയ്ക്കാന്‍ എം കെ മുനീറിന് മുസ്ളിംലീഗ് നേതൃത്വത്തിന്റെ അന്ത്യശാസനം. അല്ലെങ്കില്‍ ചാനലിന്റെ ചെയര്‍മാന്‍സ്ഥാനം ഒഴിയണം. ഇതേരീതിയില്‍ മുന്നോട്ടുപോകുകയാണെങ്കില്‍ പാര്‍ടിയില്‍നിന്ന് പുറത്തുപോകേണ്ടിവരുമെന്നുമാണ് മുന്നറിയിപ്പ്. ശനിയാഴ്ച രാവിലെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന അടിയന്തര യോഗം, കുഞ്ഞാലിക്കുട്ടിയുടെ കുറ്റസമ്മതവും ബന്ധു കെ എ റൌഫിന്റെ വെളിപ്പെടുത്തല്‍ ഉണ്ടാക്കിയ പ്രശ്നങ്ങളും ചര്‍ച്ചചെയ്തു. ചെയര്‍മാനായ മുനീറിന്റെ അറിവോടെയാണ് ഇന്ത്യാവിഷന്‍ ചാനല്‍ ലേഖകര്‍ ഒളിക്യാമറയിലൂടെ ഐസ്ക്രീം കേസിന്റെ അണിയറക്കഥകള്‍ വീണ്ടും ചിത്രീകരിച്ചതെന്നാണ് നേതൃത്വത്തിന്റെ നിഗമനം. ഇക്കാര്യം ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, ഹൈദരലി ശിഹാബ് തങ്ങളേയും മറ്റ് നേതാക്കളെയും അറിയിച്ചു. മുനീറിന്റെ ലക്ഷ്യം താനാണെന്നും ഇങ്ങനെ ഇനി മുന്നോട്ടുപോകാനാവില്ലെന്നും കുഞ്ഞാലിക്കുട്ടി രൂക്ഷമായി യോഗത്തില്‍ പ്രതികരിച്ചു.

ഇന്ത്യാവിഷന്‍ ചാനല്‍ മുറിയിലുള്ള 'ബോംബ്' പുറത്തെടുക്കാന്‍ ലീഗ് നേതൃത്വം മുനീറിന് അനുമതി നല്‍കിയിട്ടില്ല. എന്നിട്ടും കൈവശമുള്ള സുപ്രധാന രേഖകളിലൊന്ന് ശനിയാഴ്ച വൈകിട്ടോടെ ഇന്ത്യാവിഷനടക്കമുള്ള ചാനലുകള്‍ പുറത്തുവിട്ടു. കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയഭാവി തകര്‍ക്കുന്ന ദൃശ്യങ്ങള്‍ ഇന്ത്യാവിഷന്‍ പുറത്തുവിട്ടാല്‍ മുനീറിന് ലീഗില്‍ നിന്നും പുറത്തുപോകേണ്ടിവരും. ഇക്കാര്യം കുഞ്ഞാലിക്കുട്ടി നേരിട്ടുതന്നെ മുനീറിനെ അറിയിച്ചിട്ടുണ്ട്. സി എച്ച് മുഹമ്മദ്കോയയുടെ മകനാണെന്നതും സെക്രട്ടറിമാരിലൊരാളാണെന്നതും ഇനി പരിഗണിക്കില്ലെന്ന് നേതൃത്വം മുനീറിനെ അറിയിച്ചു.

ഐസ്ക്രീം പാര്‍ലര്‍ കേസ് പുനരന്വേഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അതെങ്ങനെ നേരിടണമെന്നതിനെ കുറിച്ചും യോഗം ചര്‍ച്ചചെയ്തു. ഇക്കാര്യത്തില്‍ അടിയന്തരമായി നിയമോപദേശം തേടും. പാണക്കാട്ടെ യോഗത്തിനുശേഷം കേന്ദ്രമന്ത്രി ഇ അഹമ്മദിന്റെ സാന്നിധ്യത്തില്‍ തലശേരിയിലും നേതാക്കള്‍ സംഭവങ്ങള്‍ വിലയിരുത്തി. ചന്ദ്രിക പത്രത്തിന്റെ പ്ളാറ്റിനം ജൂബിലി ഉദ്ഘാടനത്തിനെത്തിയ ഇ അഹമ്മദ്, പി കെ കുഞ്ഞാലിക്കുട്ടി, എം പി അബ്ദുസമദ് സമദാനി, സി ടി അഹമ്മദലി, കെ പി എ മജീദ്, പി കെ കെ ബാവ എന്നിവര്‍ ഈ യോഗത്തില്‍ പങ്കെടുത്തു. ഒറ്റക്കെട്ടെന്ന് നേതാക്കള്‍ യോഗത്തില്‍ പറയുമ്പോഴും കുഞ്ഞാലിക്കുട്ടിയുടെ മുന്‍കൂര്‍ വാര്‍ത്താസമ്മേളനം പാര്‍ടിക്കും യുഡിഎഫിനും പരിക്കുണ്ടാക്കിയെന്നാണ് മുതിര്‍ന്ന ചില നേതാക്കളുടെ വിലയിരുത്തല്‍. വധഭീഷണിയുണ്ടെന്ന പരാതി ആരും വിശ്വസിക്കില്ലെന്നും ഐസ്ക്രീം കേസ് വീണ്ടും പൊതുജനമധ്യത്തിലെത്താന്‍ വാര്‍ത്താസമ്മേളനം ഇടയാക്കിയെന്നും നേതാക്കള്‍ പറയുന്നു.
(ആര്‍ രഞ്ജിത്)

മാധ്യമപ്രവര്‍ത്തകരെ വെട്ടിച്ച് കുഞ്ഞാലിക്കുട്ടി മുങ്ങി


തലശേരി: മാധ്യമപ്രവര്‍ത്തകരെ അഭിമുഖീകരിക്കാനാവാതെ മുസ്ളിംലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി മുങ്ങി. ചന്ദ്രിക പ്ളാറ്റിനംജൂബിലി ഉദ്ഘാടനവേദിയില്‍നിന്നാണ് കാത്തുനിന്ന ചാനലുകളെയും മാധ്യമപ്രവര്‍ത്തകരെയും വെട്ടിച്ച് വിവാദനായകന്‍ കടന്നുകളഞ്ഞത്. രാവിലെ സംഗമം ഓഡിറ്റോറിയത്തില്‍ ചടങ്ങിനെത്തിയ കുഞ്ഞാലിക്കുട്ടി പരിപാടി കഴിഞ്ഞു കാണാമെന്ന് പറഞ്ഞാണ് വേദിയിലേക്ക് കയറിയത്. പ്രസംഗത്തില്‍ കുഞ്ഞാലിക്കുട്ടി വിവാദങ്ങളൊന്നും പരാമര്‍ശിച്ചില്ല.

കുഞ്ഞാലിക്കുട്ടി തിരിച്ചിറങ്ങുന്നത് കാത്ത് ഓഡിറ്റോറിയത്തിന്റെ ഇരുഭാഗത്തെ വഴിയിലും ചാനല്‍സംഘങ്ങളും മാധ്യമപ്രവര്‍ത്തകരും നിലയുറപ്പിച്ചു. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുഖംകൊടുക്കാതെ കുഞ്ഞാലിക്കുട്ടി പെട്ടെന്ന് വാഹനത്തില്‍ കയറി രക്ഷപ്പെട്ടു. രാവിലെ മുസ്ളിംലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഇ അഹമ്മദിന്റെ സാന്നിധ്യത്തില്‍ സംഗമം ഓഡിറ്റോറിയത്തില്‍ നേതാക്കളുടെ യോഗം ചേര്‍ന്നിരുന്നു. ഉച്ചക്കുശേഷം കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തിലും തലശേരിയില്‍ യോഗം ചേര്‍ന്നു.

ദേശാഭിമാനി 300111

കേരളം സമ്പൂര്‍ണ വൈദ്യുതീകൃത സംസ്ഥാനമാകും: വി എസ്

താരിഫ് വര്‍ധിപ്പിക്കാതെ വൈദ്യുതിമേഖലയില്‍ സുസ്ഥിര വികസനം സാധ്യമായെന്നും കേരളം സമ്പൂര്‍ണ വൈദ്യുതീകരണത്തിലേക്ക് നീങ്ങുകയാണെന്നും മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. 14 ജില്ലയിലും മന്ത്രി എ കെ ബാലന്‍ പങ്കെടുത്തു നടത്തുന്ന ജനകീയ വൈദ്യുതി അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വിജെടി ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം ജില്ലാ വൈദ്യുതി അദാലത്തും ഇതോടൊപ്പം നടത്തി. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കേവലം 26 മെഗാ വാട്ട് വൈദ്യുതിയാണ് അധികമായി ഉല്‍പ്പാദിപ്പിച്ചതെങ്കില്‍ കഴിഞ്ഞ നാലരവര്‍ഷംകൊണ്ട് 204 മെഗാ വാട്ട് വൈദ്യുതി കൂടുതലായി ഉല്‍പ്പാദിപ്പിച്ചു. ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ 100 നിയോജകമണ്ഡലം സമ്പൂര്‍ണമായി വൈദ്യുതീകരിക്കുകയാണ് ലക്ഷ്യം. വര്‍ഷാവസാനത്തോടെ സംസ്ഥാനം സമ്പൂര്‍ണ വൈദ്യുതീകരണം സാക്ഷാല്‍ക്കരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി എ കെ ബാലന്‍ അധ്യക്ഷനായി. മന്ത്രിമാരായ എം വിജയകുമാര്‍, വി സുരേന്ദ്രന്‍പിള്ള, സി ദിവാകരന്‍, എംഎല്‍എമാരായ വി ശിവന്‍കുട്ടി, ജോര്‍ജ് മേഴ്സിയര്‍, എം എ വാഹിദ്, ജെ അരുന്ധതി, എന്‍ രാജന്‍, മാങ്കോട് രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

ആലപ്പുഴ ജില്ലയുടെ വൈദ്യുതീകരണം സമ്പൂര്‍ണമാകുന്നു

ആലപ്പുഴ: ആലപ്പുഴ ജില്ലയുടെ സമ്പൂര്‍ണവൈദ്യുതീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി വരികയാണെന്നും ഫെബ്രുവരി 19 ന് ആലപ്പുഴയെ സമ്പൂര്‍ണ വൈദ്യുതീകരിക്കപ്പെട്ട ജില്ലയായി പ്രഖ്യാപിക്കുമെന്നും വൈദ്യുതി മന്ത്രി എ കെ ബാലന്‍ അറിയിച്ചു. മന്ത്രിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ പ്രഖ്യാപനചടങ്ങിന്റെ രൂപരേഖ തയ്യാറാക്കുകയും വിപുലമായ സ്വാഗതസംഘം രൂപീകരിക്കുകയും ചെയ്തു. അരൂര്‍ മണ്ഡലത്തിലെ എരമല്ലൂരിലാണ് ജില്ലയുടെ സമ്പൂര്‍ണവൈദ്യുതീകരണപ്രഖ്യാപനം നടക്കുക. ആലപ്പുഴ, ഹരിപ്പാട് എന്നീ രണ്ടു മണ്ഡലങ്ങളില്‍ വൈദ്യുതീകരണം നേരത്തെ പൂര്‍ത്തിയായിരുന്നു. മറ്റ് ഒമ്പതു മണ്ഡലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെയാണ് ജില്ലയുടെ സമ്പൂര്‍ണ്ണവൈദ്യുതീകരണപ്രഖ്യാപനം നടക്കുക. ചടങ്ങില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, കേന്ദ്ര ഊര്‍ജ്ജസഹമന്ത്രി കെ സി വേണുഗോപാല്‍, മറ്റു മന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഒമ്പതു മണ്ഡലങ്ങളിലെ സമ്പൂര്‍ണവൈദ്യുതീകരണവുമായി ബന്ധപ്പെട്ട് 8,112 വൈദ്യുതി കണക്ഷനുകള്‍ നല്‍കിയിട്ടുണ്ട്. പദ്ധതിയുടെ ആകെ ചെലവ് 713.76 ലക്ഷം രൂപയാണ്. ഫെബ്രുവരി 14 മുതല്‍ 19 വരെ നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികളില്‍ വിവിധ കലാപരിപാടികള്‍, സെമിനാറുകള്‍, വിജ്ഞാനപ്രദമായ എക്സിബിഷന്‍, സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി മത്സരങ്ങള്‍ എന്നിവയുണ്ടായിരിക്കും. യോഗത്തില്‍ എംഎല്‍എമാരായ എ എം ആരിഫ്, പി തിലോത്തമന്‍, കലക്ടര്‍ പി വേണുഗോപാല്‍, കെഎസ്ഇബി മധ്യമേഖലാ ചീഫ് എന്‍ജിനീയര്‍ ജി സുധാദേവി, ഡെപ്യൂട്ടി സിഇമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

എറാണാകുളം സമ്പൂര്‍ണ വൈദ്യുതി ജില്ലാ പ്രഖ്യാപനം ഫെബ്രു. 19ന് പിറവത്ത്


തൃക്കാക്കര : ഫെബ്രുവരി 19ന് ജില്ലയെ സമ്പൂര്‍ണ വൈദ്യുതി ജില്ലയായി പ്രഖ്യാപിക്കുമെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. കലക്ടറേറ്റ് കോഫറന്‍സ് ഹാളില്‍ ജില്ലയിലെ എംഎല്‍എമാരുടെയും വൈദ്യുതിവകുപ്പ് ജീവനക്കാരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്പൂര്‍ണ വൈദ്യുതി ജില്ലയായി പ്രഖ്യാപിക്കുന്നത് പിറവം നിയോജകമണ്ഡലത്തിലെ വലിയപള്ളി പരിസരത്താണ്. എംപിമാര്‍, എംഎല്‍എമാര്‍, വൈദ്യുതിവകുപ്പ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുക്കും. സമ്പൂര്‍ണ വൈദ്യുതി പ്രഖ്യാപനം നടത്തുന്ന മൂന്നാമത്തെ ജില്ലയാണിത്. പാലക്കാട്, തൃശൂര്‍ എന്നിവ ആദ്യഘട്ടത്തില്‍ കഴിഞ്ഞു.

എല്ലാ കുടുംബങ്ങളിലും വൈദ്യുതി എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വൈദ്യുതിവകുപ്പ് പൂര്‍ത്തിയാക്കുകയാണ്. ജില്ലയില്‍ 12.85 കോടി രൂപ ചെലവഴിച്ചാണ് ഇതു നടപ്പാക്കുന്നത്. അതത് സെക്ഷനുകളില്‍ ലഭിച്ചിട്ടുള്ള പരാതികള്‍ അസി. എക്സിക്യൂട്ടീവ് എന്‍ജിനിയര്‍മാര്‍ എഡിഎമ്മിന്റെ നേതൃത്വത്തില്‍ പരിഹരിക്കണം. ഓരോ നിയോജകമണ്ഡലം അടിസ്ഥാനത്തിലും ഫെബ്രുവരി ആറിനുമമ്പായി പരാതികള്‍ പരിഹരിക്കണം. ജില്ലയില്‍ 14,232 കണക്ഷനുകള്‍ നല്‍കാനുണ്ട്. ഇതില്‍ ഏറ്റവും കൂടുതലുള്ളത് കുട്ടമ്പുഴ പഞ്ചായത്തിലാണ്. 2355 വൈദ്യുതി കണക്ഷനുകളാണ് ഇവിടെ നല്‍കാനുള്ളത്. ഇത് നല്‍കാനുള്ള നടപടികള്‍ അതതു മേഖലകളിലെ ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍മാര്‍ക്ക് നല്‍കി.

വൈദ്യുതിയുമായി ബന്ധപ്പെട്ട് സമകാലീന വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന സെമിനാറുകള്‍ സംഘടിപ്പിക്കും. ശാസ്ത്ര-സാങ്കേതിക, വിജ്ഞാന-വിനോദ-വാണിജ്യ-വ്യവസായിക പ്രദര്‍ശനങ്ങള്‍ ഉള്‍പ്പെടുത്തി ഫെബ്രുവരി 16 മുതല്‍ 19 വരെ സമ്മേളനനഗരിയില്‍ പ്രദര്‍ശനം നടത്തും. സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനത്തിന്റെ ഭാഗമായി ജില്ലയില്‍ വിളംബരജാഥകള്‍ നടത്തും. യോഗത്തില്‍ എംഎല്‍എമാരായ സി എം ദിനേശ്മണി, എം കെ പുരുഷോത്തമന്‍, എം എം മോനായി, ഡൊമിനിക് പ്രസന്റേഷന്‍, കെ ബാബു, എം ജെ ജേക്കബ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി, കലക്ടര്‍ എം ബീന, ചീഫ് എന്‍ജിനിയര്‍ സി വി നന്ദന്‍, ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍മാരായ യു കേശവദാസ്, കെ എ അബ്ദുള്‍ഖാദര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കാസര്‍കോട് സമ്പൂര്‍ണ വൈദ്യുതീകരണ പ്രവൃത്തി ഉദ്ഘാടനം 1 ന്


കാസര്‍കോട്: കാസര്‍കോട് നിയോജക മണ്ഡലം സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതികളുടെ പ്രവൃത്തി ഉദ്ഘാടനം ഫെബ്രുവരി ഒന്നിന് നിര്‍വഹിക്കുമെന്ന് സി ടി അഹമ്മദലി എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പകല്‍ മൂന്നിന് മിഞ്ചിപദവ് എംജിഎല്‍സിയില്‍ സി ടി അഹമ്മദലി എംഎല്‍എ ഉദ്ഘാടനം ചെയ്യും. കാറഡുക്ക ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി എം പ്രദീപ് അധ്യക്ഷനാവും.

നിയോജക മണ്ഡലത്തിലെ ബെള്ളൂര്‍, കുമ്പടാജെ, കാറഡുക്ക, ബദിയടുക്ക, മൊഗ്രാല്‍ പുത്തൂര്‍, മുളിയാര്‍, ചെങ്കള എന്നീ പഞ്ചായത്തുകളിലെ വൈദ്യുതി എത്താത്ത പ്രദേശങ്ങളില്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതോടെ വൈദ്യുതി ക്ഷാമത്തിന് പരിഹാരമാകുമെന്ന് എംഎല്‍എ പറഞ്ഞു. വൈദ്യുതി ബോര്‍ഡിന്റെ 99.7 ലക്ഷം രൂപയും മറ്റ് ഏജന്‍സികളുടെ വിഹിതവും ചേര്‍ത്ത് 1.99 കോടി രൂപയാണ് പദ്ധതിക്കായി ചെലവിടുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ കാറഡുക്ക ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി എം പ്രദീപ്, എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ വി ജെ പോള്‍, അസിസ്റ്റന്റ് എന്‍ജിനിയര്‍ പി ജയകൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.

ദേശാഭിമാനി 29/300111

കുഞ്ഞാലിക്കുട്ടിയുടെ വഴിവിട്ട സഹായം ഉമ്മന്‍ചാണ്ടിയുടെ തണലില്‍

കൊച്ചി കോഴിക്കോട്: കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ഐസ്ക്രീം പാര്‍ലര്‍ പെണ്‍‌വാണിഭക്കേസ് വീണ്ടും അന്വേഷിക്കാന്‍ വഴിതെളിഞ്ഞു. ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടെ ബന്ധു റൌഫിന്റെ ആരോപണങ്ങള്‍ വളരെ ഗൌരവമുള്ളതാണെന്നും പെണ്‍‌വാണിഭ കേസ് പുനരന്വേഷിക്കുന്നത് സംബന്ധിച്ച് നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ വടകരയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

റൌഫിന്റെ വെളിപ്പെടുത്തല്‍, കേസ് പുനരന്വേഷിക്കാന്‍ പര്യാപ്തമാണെന്ന് നിയമജ്ഞരും ചൂണ്ടിക്കാട്ടുന്നു. പുതുതായി വെളിപ്പെടുന്ന രേഖകളോ തെളിവോ വിശ്വാസയോഗ്യമാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടാല്‍ അന്വേഷണ ഉദ്യോഗസ്ഥന് പുനരന്വേഷണം നടത്താം. അല്ലെങ്കില്‍ ഹൈക്കോടതിക്കോ സുപ്രീംകോടതിക്കോ പുനരന്വേഷണത്തിന് സ്വമേധയാ ഉത്തരവിടാമെന്നും നിയമവൃത്തങ്ങള്‍ പറഞ്ഞു. കോടതി തീര്‍പ്പാക്കിയ കേസില്‍, പുതിയ തെളിവോ പഴയ തെളിവിന്റെ പുതിയ ആഖ്യാനമോ ഉണ്ടെങ്കില്‍, അന്വേഷണ ഉദ്യോഗസ്ഥന് നല്‍കുന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പുനരന്വേഷണം നടത്താമെന്ന് നിയമവിദഗ്ധന്‍ കാളീശ്വരം രാജ് പറഞ്ഞു. ബെസ്റ് ബേക്കറി കേസിലടക്കമുള്ള സുപ്രീംകോടതി വിധികള്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. നേരത്തെ നല്‍കിയ തെളിവുകള്‍ വ്യാജമാണെന്നു ബോധ്യപ്പെട്ടാലും മതി. പുതിയ തെളിവുകള്‍ വിശ്വാസയോഗ്യമാണെന്നും അത് പുനരന്വേഷണത്തിന് വിധേയമാക്കേണ്ടതാണെന്നും അന്വേഷണ ഉദ്യോഗസ്ഥന് ബോധ്യപ്പെടണം. ഐസ്ക്രീം കേസില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയ റൌഫിനുതന്നെ തെളിവുകളുമായി അന്വേഷണ ഉദ്യോഗസ്ഥനെ സമീപിക്കാം. ഇതുപ്രകാരം കേസെടുത്ത് അന്വേഷിക്കാം. ഇപ്രകാരം അന്വേഷണ ഉദ്യോഗസ്ഥന്‍ കേസെടുത്തില്ലെങ്കില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെയോ സര്‍ക്കാരിനെയോ സമീപിക്കാം. അധികാരകേന്ദ്രവുമായി ബന്ധപ്പെട്ട കേസായതിനാല്‍ പൊതുതാല്‍പ്പര്യ ഹര്‍ജിയും നല്‍കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കോടതികള്‍ക്ക് സ്വമേധയാ നോട്ടീസ് നല്‍കാനോ പുനരന്വേഷണത്തിനുള്ള നിര്‍ദേശം നല്‍കാനോ ഉള്ള അധികാരമുണ്ടെന്ന് മുന്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ പി ജി തമ്പി പറഞ്ഞു. ഈ കേസില്‍ കോടതികള്‍ക്കുനേരെതന്നെ ആരോപണം ഉയരുന്നുണ്ട്. അതുകൊണ്ട് കോടതികള്‍തന്നെ ശുദ്ധി തെളിയിക്കാന്‍ നേരിട്ട് വരേണ്ടിവരും- അദ്ദേഹം പറഞ്ഞു. എന്നാല്‍, വെറുമൊരു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞകാര്യങ്ങള്‍വച്ചുമാത്രം പുനരന്വേഷണത്തിന് സാധ്യതയില്ല. തെളിവുകള്‍ കെട്ടിച്ചമച്ചതിനും മൊഴി പണംകൊടുത്ത് നിര്‍ബന്ധിച്ച് മാറ്റിയതിനും അനുകൂല വിധിക്കായി ജുഡീഷ്യറിയെത്തന്നെ സ്വാധീനിച്ചതിനുമുള്ള തെളിവുകള്‍ തന്റെ പക്കലുണ്ടെന്നാണ് റൌഫ് അവകാശപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസിന് റൌഫിനെ ചോദ്യംചെയ്തശേഷം അതിന്റെ വിശദാംശവുമായി പുനരന്വേഷണത്തിന് ഹൈക്കോടതിയെ സമീപിക്കാനാകും. ഒരുപ്രാവശ്യം പുനരന്വേഷണ ആവശ്യം തള്ളിയതിനാല്‍ പുതിയ തെളിവുകളും വെളിപ്പെടുത്തലുകളും ഹൈക്കോടതിയെ ബോധ്യപ്പെടുത്തി പുനരന്വേഷണം നടത്താനാണ് കൂടുതല്‍ സാധ്യതയുള്ളത്. കോഴിക്കോട് ബീച്ചിലെ ഐസ്ക്രീം പാര്‍ലര്‍ കേന്ദ്രീകരിച്ച് നടന്ന പെണ്‍‌വാണിഭ കേസുകള്‍ പുറത്തുവരുന്നത് 1997 ആഗസ്തിലാണ്. പാര്‍ലര്‍ നടത്തിപ്പുകാരി ശ്രീദേവി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പലര്‍ക്കും കാഴ്ചവയ്ക്കുന്നതായാണ് ആരോപണം ഉയര്‍ന്നത്. തെളിവുകള്‍ പുറത്തുവരുന്നതിനിടയിലാണ് കുഞ്ഞാലിക്കുട്ടിയുടെ പേരും പുറത്തായത്.

മാറ്റിപ്പറയാനുള്ള സാക്ഷിമൊഴി എഴുതിവാങ്ങി

ഐസ്ക്രീം പെണ്‍‌വാണിഭക്കേസില്‍ കോടതിയില്‍ മാറ്റിപ്പറയാനുള്ള പ്രധാന സാക്ഷികളുടെ മൊഴി കുഞ്ഞാലിക്കുട്ടിയും കൂട്ടരും മുദ്രപ്പത്രത്തില്‍ എഴുതിവാങ്ങിയതായി തെളിവുകള്‍. റെജീന, റെജുല എന്നീ സാക്ഷികളില്‍നിന്ന് 100 രൂപയുടെ മുദ്രക്കടലാസില്‍ നോട്ടറിയെക്കൊണ്ടു സാക്ഷ്യപ്പെടുത്തി എഴുതിവാങ്ങിയ മൊഴിയുടെ പകര്‍പ്പ് മാധ്യമങ്ങളിലൂടെ പുറത്തായി. പണം നല്‍കിയതിന്റെ ഉറപ്പിനായും വീണ്ടും മൊഴിമാറ്റാതിരിക്കാന്‍ ഭീഷണിപ്പെടുത്താനുമാണ് ഈ മൊഴികള്‍ എഴുതിവാങ്ങിയത്. കുഞ്ഞാലിക്കുട്ടിക്കുവേണ്ടി എഴുതിവാങ്ങിയ രേഖകള്‍ ഇത്രയുംകാലം ബന്ധു കെ എ റൌഫിന്റെ പക്കലായിരുന്നു. അതാണ് ഇപ്പോള്‍ പുറത്തുവന്നത്.

കുന്ദമംഗലം സബ്കോടതിയില്‍ ക്രിമിനല്‍ നടപടിച്ചട്ടം 164 പ്രകാരം നല്‍കിയ മൊഴി മാറ്റിപ്പറയിപ്പിക്കാന്‍ റെജീനയ്ക്കും റെജുലയ്ക്കും കുഞ്ഞാലിക്കുട്ടി തന്ന ലക്ഷങ്ങള്‍ താന്‍ കൈമാറിയതായി റൌഫ് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. കുഞ്ഞാലിക്കുട്ടിയടക്കമുള്ള ഒമ്പതു പ്രതികള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് റെജീനയും റെജുലയും സബ്കോടതിയില്‍ ആദ്യം മൊഴിനല്‍കിയത്. മറ്റുള്ള നാലു സാക്ഷികള്‍ പൊലീസിലും മൊഴിനല്‍കി. കോടതിയില്‍ നല്‍കിയ മൊഴി വിചാരണസമയത്ത് മാറ്റിപ്പറഞ്ഞാല്‍ അത് കേസിനെ ബാധിക്കുമെന്നതിനാല്‍ അതിനുമുമ്പുതന്നെ മൊഴിമാറ്റാനായിരുന്നു ശ്രമം. മജിസ്ട്രേട്ടിനുമുമ്പാകെ നല്‍കിയ മൊഴി നിയമപ്രകാരമല്ലെന്നും അതിനാല്‍ മൊഴി രണ്ടാമത് രേഖപ്പെടുത്തണമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് നല്‍കിയത് മൊഴിമാറ്റാനുള്ള അവസരമുണ്ടാക്കി. ഇതിനിടെ പ്രതികള്‍ പണം നല്‍കി സാക്ഷികളെ സ്വാധീനിച്ചു. തുടര്‍ന്ന് തിരുത്തിയ മൊഴി കോടതിയില്‍ നല്‍കുകയായിരുന്നു.

അന്വേഷി പ്രവര്‍ത്തകരും പൊലീസും ഭീഷണിപ്പെടുത്തിയതിനാലാണ് കുഞ്ഞാലിക്കുട്ടിയും മറ്റും ലൈംഗികമായി പീഡിപ്പിച്ചെന്നു പറഞ്ഞതെന്നും അത് വാസ്തവവിരുദ്ധമാണെന്നുമാണ് നോട്ടറിയുടെ മുന്നില്‍ റെജീനയും റെജുലയും ഒപ്പിട്ടുനല്‍കിയ മൊഴികളിലുള്ളത്. പിന്നീട് കോടതിയില്‍ ഇവര്‍ നല്‍കിയതും ഈ മൊഴിതന്നെ. കുഞ്ഞാലിക്കുട്ടിയുടെ പേര് പരാമര്‍ശിച്ചും പരാമര്‍ശിക്കാതെയും രണ്ടുതരത്തിലുള്ള മൊഴികള്‍ ഇവരോട് എഴുതിവാങ്ങിയിരുന്നു. കോടതിയില്‍ ഏതു മൊഴി നല്‍കണം എന്നു തീരുമാനിക്കുംമുമ്പ് രേഖപ്പെടുത്തിയതാണിവയെന്ന് ഇതില്‍ നിന്ന് വ്യക്തമാകുന്നു. തോമസ് മാത്യു എന്ന നോട്ടറി സാക്ഷ്യപ്പെടുത്തിയ കെ റെജീനയുടെ മൊഴിയില്‍ ടി പ്രസാദാണ് സാക്ഷി. ഇയാളുടെ പേരില്‍ കുഞ്ഞാലിക്കുട്ടി കാറും ഫ്ളാറ്റും വാങ്ങിനല്‍കിയെന്ന് റൌഫ് വെളിപ്പെടുത്തിയിരുന്നു. എച്ച് ജെ മനോഹര്‍ലാല്‍ തയ്യാറാക്കിയ റെജുലയുടെ മൊഴിയില്‍ അച്ഛന്‍ സുന്ദരനാണ് സാക്ഷി.
(ഡി ദിലീപ്)

കുഞ്ഞാലിക്കുട്ടിയുടെ വഴിവിട്ട സഹായം ഉമ്മന്‍ചാണ്ടിയുടെ തണലില്‍

യുഡിഎഫ് ഭരിക്കെ അധികാരത്തിന്റെ സിരാകേന്ദ്രങ്ങളില്‍ പലരും കയറിയിറങ്ങിയെന്നും വഴിവിട്ട സഹായം അവര്‍ക്ക് ചെയ്തുകൊടുത്തെന്നും കുമ്പസാരിക്കുന്ന പി കെ കുഞ്ഞാലിക്കുട്ടിക്ക് തണലായിനിന്നത് ഉമ്മന്‍ചാണ്ടി. വ്യവസായമന്ത്രിയായിരിക്കെ യുഡിഎഫിന്റെ രാഷ്ട്രീയനീക്കങ്ങള്‍ നിശ്ചയിക്കുന്നതില്‍ തനിക്കൊപ്പംനിന്ന കുഞ്ഞാലിക്കുട്ടിക്ക് ഇപ്പോഴും ഉമ്മന്‍ചാണ്ടി അകമഴിഞ്ഞ പിന്തുണ നല്‍കുന്നു. എല്ലാം കഴിഞ്ഞ കാര്യങ്ങളാണെന്ന് ആശ്വസിക്കാന്‍ ശ്രമിക്കുന്ന ഉമ്മന്‍ചാണ്ടി തന്റെ ഭരണകാലത്ത് ഒരു മന്ത്രി വഴിവിട്ടു പ്രവര്‍ത്തിച്ചതിനെ ന്യായീകരിച്ച് സ്വയരക്ഷയ്ക്ക് ശ്രമിക്കുകയാണ്. ആദ്യത്തെ കുറ്റസമ്മതം വൈകിട്ട് നിഷേധിച്ചെന്നും അതോടെ എല്ലാം തീര്‍ന്നെന്നുമാണ് അദ്ദേഹത്തിന്റെ അവകാശവാദം.

കേരളത്തെ മോചിപ്പിക്കാന്‍ യാത്രക്കു തിരിച്ച ഉമ്മന്‍ചാണ്ടിയുടെയും കൂട്ടരുടെയും സമീപഭൂതകാലമാണ് വെള്ളിയാഴ്ച തുറന്നുകാട്ടപ്പെട്ടത്. കേരളത്തെ കൊള്ളയടിച്ചത് ഒന്നൊന്നായി എണ്ണിപ്പറയാന്‍ യുഡിഎഫ് നിര്‍ബന്ധിതമാകുകയാണ്. കുഞ്ഞാലിക്കുട്ടിയുടെ കുറ്റസമ്മതം അമ്പരപ്പിക്കുന്ന ഇടപാടുകളില്‍ ഒന്നുമാത്രം. യുഡിഎഫിനെ ചൂഴ്ന്നുനില്‍ക്കുന്ന ദുരൂഹമായ ഇടപാടുകളും ക്രമക്കേടുകളും വിചാരണചെയ്യപ്പെടാന്‍ പോകുകയാണ.് ഇതില്‍നിന്ന് മോചനം നേടാനുള്ള വഴി യുഡിഎഫിനും ഉമ്മന്‍ചാണ്ടിക്കും മുമ്പിലില്ല. യുഡിഎഫ് കാലത്തെ അപമാനകരമായ അന്തപ്പുരനാടകങ്ങളിലൊന്നുമാത്രമാണ് കുഞ്ഞാലിക്കുട്ടിയുടെ കുമ്പസാരത്തോടെ പുറത്തുവന്നത്. ബിനാമികളും ഇടനിലക്കാരുമാണ് ഭരണസിരാകേന്ദ്രം വാണതെന്ന് അന്നത്തെ സര്‍ക്കാരില്‍ രണ്ടാമനായിരുന്ന കുഞ്ഞാലിക്കുട്ടി തെളിവു നല്‍കിയിരിക്കുന്നു. സുനാമി ദുരിതബാധിതര്‍ക്കുള്ള ഫണ്ട് പോലും കൊള്ളയടിച്ച കാലമാണത്. വ്യവസായങ്ങള്‍ വില്‍പ്പനയ്ക്കുവച്ച് വിലപേശി അഡ്വാന്‍സ് വാങ്ങിയവര്‍ എല്ലാ മേഖലയിലും കൈയിട്ടുവാരി. വര്‍ഗീയകലാപത്തിനുപിന്നിലെ അന്താരാഷ്ട്രബന്ധവും പണത്തിന്റെയും ആയുധങ്ങളുടെയും സ്രോതസ്സും കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന ജുഡീഷ്യല്‍ കമീഷന്‍ നിര്‍ദേശംവരെ അട്ടിമറിക്കപ്പെട്ടത് യുഡിഎഫ് ഭരണത്തിലാണ്. അതിനുപിന്നില്‍ ലീഗിന്റെ സമ്മര്‍ദമുണ്ടായിരുന്നു.

കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ കാര്യമാക്കേണ്ടെന്ന് പറയുന്ന ഉമ്മന്‍ചാണ്ടി പല ഇടപാടിലും കുഞ്ഞാലിക്കുട്ടിക്കൊപ്പമുണ്ടായിരുന്നു. അതിന്റെ രേഖകള്‍ പലപ്പോഴും പുറത്തുവരികയും ചെയ്തു. കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ്(കെഎംഎംഎല്‍)നവീകരണത്തിന്റെ പേരില്‍ യുഡിഎഫ് ഭരണത്തില്‍ നടന്ന വന്‍വെട്ടിപ്പ് ഇതിലൊന്നു മാത്രം. 1113 കോടിയുടെ ഇടപാടിനാണ് നവീകരണമെന്നുപറഞ്ഞ് യുഡിഎഫ് ഉന്നതരും ബിനാമികളും രൂപം നല്‍കിയത്. കെഎംഎംഎല്ലിന് അഞ്ഞൂറ് കോടിയിലേറെ രൂപയുടെ ബാധ്യത സൃഷ്ടിച്ച ഇടപാടിനെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി. സംസ്ഥാനം തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും അനുകൂല നിലപാടുണ്ടായില്ല. ശക്തമായ സമ്മര്‍ദമാണ് ഇക്കാര്യത്തിലുണ്ടായത്. നവീകരണകരാറുകളിലൊന്നില്‍ ഉള്‍പ്പെട്ട വിദേശ കമ്പനി ഉമ്മന്‍ചാണ്ടിക്കും കുഞ്ഞാലിക്കുട്ടിക്കും 20 ലക്ഷം ഡോളര്‍ കോഴ വാഗ്ദാനം ചെയ്തതിന്റെ രേഖ നിയമസഭയുടെ മുമ്പില്‍ വരെ വന്നു. യുഡിഎഫ് ഭരണത്തിന്റെ അവസാനകാലത്താണ് തിരക്കിട്ട് കരാറുകളില്‍ ഏര്‍പ്പെട്ടത്. നടപടിക്രമങ്ങളൊന്നും പൂര്‍ത്തിയാക്കാതെ നല്‍കിയ കരാറുകള്‍ എല്‍ഡിഎഫ് സര്‍ക്കാരാണ് റദ്ദാക്കിയത്.

സാക്ഷികളെ സ്വാധീനിച്ചത് പൊതുമേഖല വിറ്റ പണംകൊണ്ട്: ഐസക്

യുഡിഎഫ് ഭരണകാലത്ത് പൊതുമേഖലാസ്ഥാപനങ്ങള്‍ വിറ്റുതുലയ്ക്കാന്‍ അച്ചാരം വാങ്ങിയ പണംകൊണ്ടാണ് കുഞ്ഞാലിക്കുട്ടി ഐസ്ക്രീം കേസിലെ സാക്ഷികളെ സ്വാധീനിച്ചതെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. യുഡിഎഫ് രാഷ്ട്രീയം എത്രമാത്രം അധഃപതനത്തിന്റെ നെല്ലിപ്പലക കണ്ടിരുന്നു എന്നത് കേരള ജനതയ്ക്ക് ഒന്നുകൂടി ഓര്‍ക്കാന്‍ അവസരം ലഭിച്ചിരിക്കുകയാണിപ്പോള്‍. കെഎഫ്സി ഓഫീസേഴ്സ് അസോസിയേഷന്റെയും കെഎഫ്സി എംപ്ളോയീസ് അസോസിയേഷ(സിഐടിയു) ന്റെയും സംയുക്ത സംസ്ഥാനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യവസായമന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടി സ്വകാര്യവത്ക്കരിക്കാന്‍ ഉത്തരവിറക്കിയ പൊതുമേഖലാസ്ഥാപനങ്ങളെല്ലാം ഇന്ന് ലാഭത്തിലാണ്. കേരളത്തെ മൊത്തത്തില്‍ കൊള്ളയടിച്ചുകൊണ്ടിരുന്ന ഗൂഢസംഘത്തിന്റെ ഭരണമായിരുന്നു യുഡിഎഫിന്റേത്. കേട്ടതിനേക്കാള്‍ ഭീകരമായിരിക്കും കേള്‍ക്കാനിരിക്കുന്നത് എന്നാണ് കുഞ്ഞാലിക്കുട്ടിയുടെ കൂട്ടുപ്രതികള്‍ പറഞ്ഞിരിക്കുന്നത്. കുഞ്ഞാലിക്കുട്ടിയെ അഭിനന്ദിച്ച ഉമ്മന്‍ചാണ്ടി അടുത്തദിവസം അത് തിരിച്ചെടുത്തു. കുഞ്ഞാലിക്കുട്ടിയുടെ മാത്രം കുറ്റസമ്മതത്തില്‍ അന്നത്തെ കാര്യങ്ങള്‍ നില്‍ക്കില്ലെന്ന് ഉമ്മന്‍ചാണ്ടിക്കറിയാം. യുഡിഎഫ് മന്ത്രിമാരില്‍ ആരാണ് കുറ്റം ചെയ്യാത്തവരുള്ളത്. ഒരുപാട് കുറ്റസമ്മതം നടത്തേണ്ടിവരും ഉമ്മന്‍ചാണ്ടിക്കെന്നും തോമസ് ഐസക് പറഞ്ഞു.

ഉത്തരവാദിത്തം ഉമ്മന്‍ചാണ്ടിക്കും: പാലോളി

പി കെ കുഞ്ഞാലിക്കുട്ടി മന്ത്രിയായിരിക്കെ വഴിവിട്ട് കാര്യങ്ങള്‍ ചെയ്തതിന്റെ ഉത്തരവാദിത്തം അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുമുണ്ടെന്ന് മന്ത്രി പാലോളി മുഹമ്മദ്കുട്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വഴിവിട്ട് ചെയ്ത കാര്യങ്ങളെല്ലാം കുഞ്ഞാലിക്കുട്ടി വെളിപ്പെടുത്തണം. ഗുരുതരമായ സത്യപ്രതിജ്ഞാലംഘനമാണ് നടന്നിട്ടുള്ളത്.പെണ്‍‌വാണിഭസംഘങ്ങളെ വഴിവിട്ട് സഹായിച്ചതാണോ ഉമ്മന്‍ചാണ്ടി പറഞ്ഞ ധീരമായ നടപടി. കുഞ്ഞാലിക്കുട്ടിയെ എന്തിനാണ് അഭിനന്ദിച്ചതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കണമെന്ന് പാലോളി പറഞ്ഞു.

ദേശാ‍ഭിമാനി 300111

ടെലികോം നയം തിരുത്തുന്നു സ്പെക്ട്രത്തിനും പണം നല്‍കണം

മൊബൈല്‍ ടെലികോം സേവനത്തിനുള്ള ലൈസന്‍സിനൊപ്പം സ്പെക്ട്രം സൌജന്യമായി അനുവദിച്ചിരുന്ന നയം കേന്ദ്രസര്‍ക്കാര്‍ തിരുത്തുന്നു. ലൈസന്‍സിനൊപ്പം ഇനി സ്പെക്ട്രത്തിനും ടെലികോം കമ്പനികള്‍ വിപണിവില നല്‍കേണ്ടി വരുമെന്ന് ടെലികോംമന്ത്രി കപില്‍ സിബല്‍ പറഞ്ഞു. ഖജനാവിന് 1.76 ലക്ഷം കോടിരൂപയുടെ നഷ്ടം വരുത്തിയ 2ജി സ്പെക്ട്രം അഴിമതിയുടെ പശ്ചാത്തലത്തിലാണ് നയംമാറ്റം. ഭാവിയില്‍ ലൈസന്‍സിനൊപ്പം സ്പെക്ട്രം കൂടി അനുവദിക്കില്ലെന്ന് കപില്‍ സിബല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഏകീകൃത ലൈസന്‍സ് എന്ന നിലയിലായിരിക്കും ടെലികോം കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കുക. ലാന്‍ഡ്ലൈന്‍ സേവനമോ മൊബൈല്‍ സേവനമോ ഏത് ആരംഭിക്കണമെന്നത് ബന്ധപ്പെട്ട കമ്പനിക്ക് തീരുമാനിക്കാം. മൊബൈല്‍ സേവനം ആരംഭിക്കാനാണ് താല്‍പ്പര്യമെങ്കില്‍ അതിനാവശ്യമായ സ്പെക്ട്രം വിപണിപ്രക്രിയയിലൂടെ കമ്പനികള്‍ സ്വന്തമാക്കണം- സിബല്‍ പറഞ്ഞു.

സര്‍ക്കാരിന്റെ നയംമാറ്റം മൊബൈല്‍നിരക്കുകള്‍ വര്‍ധിക്കുന്നതിന് വഴിയൊരുക്കുമെന്ന് പുതിയതായി ലൈസന്‍സ് നേടിയ കമ്പനികള്‍ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ തന്നെ ലൈസന്‍സ് നേടിയ കമ്പനികള്‍ക്ക് 6.2 മെഗാഹെര്‍ട്ട്സ് സ്പെക്ട്രമായിരുന്നു അനുവദിച്ചിരുന്നത്. പുതുതായി ലൈസന്‍സ് നേടിയവര്‍ക്ക് 6.2 മെഗാഹെര്‍ട്ട്സിനൊപ്പം 1.8 മെഗാഹെര്‍ട്ട്സ് കൂടി അനുവദിച്ചു. അധികമായി ലഭിച്ച 1.8 മെഗാഹെര്‍ട്ട്സിന് ഇനി വിപണിവില നല്‍കേണ്ടിവരും. പുതിയ കമ്പനികള്‍ക്കൊപ്പം ഭാരതി, വോഡഫോണ്‍, ഐഡിയ എന്നീ കമ്പനികളും 1.8 മെഗാഹെര്‍ട്ട്സ് സ്പെക്ട്രം അധികമായി സ്വന്തമാക്കിയിരുന്നു. ഇവരും അധികസ്പെക്ട്രത്തിന് വിപണിവില നല്‍കണം. സര്‍ക്കാരിന്റെ നയംമാറ്റം ടെലികോം സേവനരംഗത്തേക്ക് അടുത്ത കാലത്ത് കടന്നുവന്ന തങ്ങള്‍ക്ക് വലിയ തിരിച്ചടിയാകുമെന്ന് പുതിയ കമ്പനികള്‍ പറയുന്നു. ഉപഭോക്താക്കളെ കണ്ടെത്താന്‍ തങ്ങള്‍ വിഷമിക്കുകയാണ്. ഇതോടൊപ്പം സ്പെക്ട്രത്തിന് ഉയര്‍ന്ന വിലകൂടി നല്‍കേണ്ടി വന്നാല്‍ വലിയ നഷ്ടം വരും-കമ്പനി പ്രതിനിധികള്‍ പറഞ്ഞു.

കമ്പനികള്‍ക്ക് നല്‍കിയ അധിക സ്പെക്ട്രത്തിന് വിപണിവില എങ്ങനെ ഈടാക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കുമെന്ന് കപില്‍സിബല്‍ പറഞ്ഞു. ലേലപ്രക്രിയയാണ് ഗൌരവമായി പരിഗണിക്കുന്നത്. ലേലപ്രക്രിയയില്‍ ആവശ്യത്തിന് മത്സരമുണ്ടാകുമെന്ന് ഉറപ്പുവരുത്തും. ഇക്കാര്യത്തില്‍ ട്രായിയുടെ അഭിപ്രായങ്ങള്‍ തേടണം. സ്പെക്ട്രം നിരക്കെന്ന നിലയില്‍ കമ്പനികള്‍ സര്‍ക്കാരിന് തങ്ങളുടെ വരുമാനത്തിന്റെ തുല്യവിഹിതം നല്‍കേണ്ടി വരും. കമ്പനികള്‍ക്ക് ആവശ്യത്തിന് സ്പെക്ട്രം അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. ടെലികോം കമ്പനികള്‍ സ്പെക്ട്രം വേണ്ടവിധം ഉപയോഗിക്കുന്നുണ്ടോയെന്നും സര്‍ക്കാര്‍ ഉറപ്പുവരുത്തും- സിബല്‍ പറഞ്ഞു.

ദേശാഭിമാനി 300111

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കൂടുതല്‍ പ്രതിബദ്ധത കാട്ടണം

ആലുവ താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് സെന്റര്‍ തുടങ്ങി

ആലുവ: എംപി ഫണ്ട് ഉപയോഗിച്ച് ജനകീയസഹകരണത്തോടെ ആലുവ താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് സെന്ററിനു തുടക്കമായി. രാജ്യത്തിനാകെ മാതൃകയാകുംവിധം സംസ്ഥാനത്ത് സര്‍ക്കാര്‍മേഖലയില്‍ മെഡിക്കല്‍ കോളേജിനു പുറത്ത് ആരംഭിച്ച ആദ്യത്തെ ഡയാലിസിസ് സെന്ററാണിത്. എം പി ഫണ്ടിനൊപ്പം മറ്റ് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹായത്തോടെ ഇത്രയും ബൃഹത്തായ പദ്ധതിയും ഇന്ത്യയില്‍ ആദ്യം. ആശുപത്രി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി പി കെ ശ്രീമതി സെന്റര്‍ ഉദ്ഘാടനംചെയ്തു. ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കാന്‍ മേല്‍നോട്ടംവഹിച്ച ഡോ. വിജയകുമാറിനെ മന്ത്രി അഭിനന്ദിച്ചു. എ എം യൂസഫ് എംഎല്‍എ അധ്യക്ഷനായി. ഡയാലിസിസ് യൂണിറ്റ് വികസനത്തിന്റെ ആദ്യപടിയായി എംഎല്‍എ ഫണ്ടില്‍നിന്ന് അഞ്ചുലക്ഷം രൂപ നല്‍കുമെന്ന് യൂസഫ് പ്രഖ്യാപിച്ചു.

ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ നല്‍കുന്ന സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാവപ്പെട്ടവര്‍ക്ക് ഡയാലിസിസ് തികച്ചും സൌജന്യമായിരിക്കുമെന്ന് ആമുഖപ്രഭാഷണം നടത്തിയ പി രാജീവ് എംപി പറഞ്ഞു. മാര്‍ച്ച് 15നു തുടങ്ങി എട്ടുമാസംകൊണ്ട് പണിപൂര്‍ത്തിയാക്കിയ യൂണിറ്റിന് ഇതിനകം ഒന്നേകാല്‍ കോടി രൂപ ചെലവഴിച്ചു. യൂണിറ്റ് ഉദ്ഘാടനംചെയ്യുന്നതിനുമുമ്പുതന്നെ 52 പേര്‍ ഡയാലിസിസിന് പേര് രജിസ്റ്റര്‍ചെയ്തിട്ടുണ്ടെന്നും രാജീവ് പറഞ്ഞു.

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. എം കെ ജീവന്‍, ഡിഎച്ച്എസ് ഡോ. കെ ടി രമണി, വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ, ഐഎംഎ മധ്യകേരള പ്രസിഡന്റ് ഡോ. സി എം ഹൈദരലി, അഡ്വ. സ്മിത ഗോപി, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എന്‍ വി സുബൈദ, കൊച്ചിന്‍ ഷിപ്യാര്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി അബൂബക്കര്‍, ഡോ. എന്‍ രാധാകൃഷ്ണന്‍, അരോമ പ്രസിഡന്റ് പി എം അബൂബക്കര്‍, ടെല്‍ക് എംഡി എസ് വെങ്കിടേശ്വരന്‍, സിഎംആര്‍എല്‍ ജിഎം എന്‍ അജിത്, ലാ ഫോര്‍ച്യൂണ ഫൌണ്ടേഷന്‍ പ്രതിനിധി കെ എം ഷംസുദ്ദീന്‍, ആലുവ റോട്ടറി ക്ളബ് പ്രതിനിധി കെ പി അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. നഗരസഭാ ചെയര്‍മാന്‍ എം ടി ജേക്കബ് സ്വാഗതവും സംഘാടകസമിതി കണ്‍വീനര്‍ പി എം സഹീര്‍ നന്ദിയും പറഞ്ഞു.

പി രാജീവ് എംപിയുടെ പ്രാദേശികവികസനഫണ്ടില്‍നിന്ന് നീക്കിവച്ച 25 ലക്ഷം രൂപയാണ് ഡയാലിസിസ് യൂണിറ്റിന് തുടക്കം കുറിച്ചത്. മധ്യമേഖല ഐഎംഎയുടെയും മറ്റ് പത്തോളം സംഘടനകളുടെയും സഹായത്തോടെയാണ് യൂണിറ്റ് പ്രവര്‍ത്തനസജ്ജമാക്കിയത്. 11 യൂണിറ്റില്‍ ഒരെണ്ണം എച്ച്ഐവി ബാധിതര്‍ക്കുമാത്രമാണ്. സംരംഭത്തിലെ പ്രധാന പങ്കാളി കൊച്ചിന്‍ ഷിപ്യാര്‍ഡാണ്. മൂന്ന് ഡയാലിസിസ് യൂണിറ്റ് ഷിപ്യാര്‍ഡ് സംഭാവനചെയ്തു. ആലുവയിലെ റീജണല്‍ ബ്ളഡ് ട്രാന്‍സ്ഫ്യൂഷന്‍ സെന്ററും ആലുവ റസിഡന്‍സ് ഓവര്‍സീസ് മലയാളി അസോസിയേഷനും (അരോമ) രണ്ടുവീതം യൂണിറ്റ് നല്‍കി. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ടെല്‍ക് ഒരു യൂണിറ്റും അത്യാധുനിക സൌകര്യങ്ങളുള്ള ആംബുലന്‍സും സംഭാവനചെയ്തു. ആലുവ അല്‍ ഹസ്സന്‍ ട്രസ്റ്റ്, കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍സ് (സിഎംആര്‍എല്‍) എന്നിവയും ഓരോ യൂണിറ്റ് സംഭാവനചെയ്തു. ഇതിനുപുറമെ റിവേഴ്സ് ഓസ്മോസിസ് പ്ളാന്റ് ആലുവ റീജണല്‍ ബ്ളഡ് ട്രാന്‍സ്ഫ്യൂഷന്‍ സെന്ററും 82.5 കിലോവാട്ട് ശേഷിയുള്ള ജനറേറ്റര്‍ ഫാല്‍ക്ക ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും സ്പോസര്‍ ചെയ്തു. ആശുപത്രി റോഡിന്റെ ടാറിങ് റോട്ടറിക്ളബ് ചെയ്തുകൊടുത്തപ്പോള്‍ ലാ ഫോര്‍ച്യൂണ ഫൌണ്ടേഷന്‍ എയര്‍കണ്ടീഷണറും ടിവിയും നല്‍കി. തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കും ഇവരുടെ സഹായങ്ങളും മേല്‍നോട്ടവും ഉണ്ടാകും. സെന്ററിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തികസഹായം നല്‍കാനുള്ള സന്നദ്ധതയും ഇവര്‍ അറിയിച്ചിട്ടുണ്ട്.

ഡയാലിസിസ് ഇനി സാമ്പത്തിക ബാധ്യതയാവില്ല


ആലുവ: കുറഞ്ഞ ചെലവില്‍ ഡയാലിസിസ് സൌകര്യവുമായി ആലുവ താലൂക്ക് ആശുപത്രിയില്‍ ആരംഭിച്ച യൂണിറ്റ് നിര്‍ധന രോഗികള്‍ക്ക് ആശ്വാസമാകും. ഡയാലിസിസിനായി വന്‍തുക ചെലവഴിക്കേണ്ടിവരുമ്പോള്‍ ഉണ്ടാകുന്ന സാമ്പത്തികബാധ്യതയെക്കുറിച്ചോര്‍ത്ത് രോഗിയുടെ കുടുംബം ഇനി വേവലാതിപ്പെടേണ്ടതില്ല. സൌജന്യ നിരക്കിലാണ് താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ്. ഒരുതവണ ഡയാലിസിസ് നടത്തുന്നതിന് പുറത്ത് 2000 രൂപ മുതല്‍ മുകളിലേക്കാണ് ഈടാക്കുന്നതെങ്കില്‍ താലൂക്ക് ആശുപത്രിയില്‍ ദാരിദ്യ്രരേഖയ്ക്കുതാഴെയുള്ളവര്‍ക്ക് 400 രൂപ മതിയാകും. ഉയര്‍ന്ന വരുമാനക്കാര്‍ക്ക് 700 രൂപ. ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയറില്‍നിന്നുള്ള റിപ്പോര്‍ട്ട് അനുസരിച്ച് അര്‍ഹരായവര്‍ക്ക് ഡയാലിസിസ് പൂര്‍ണമായും സൌജന്യമായിരിക്കും. ആര്‍എസ്ബിവൈ കാര്‍ഡുള്ളവര്‍ക്കും സൌജന്യനിരക്ക് ലഭിക്കും. പ്രമുഖരുടെ ശുപാര്‍ശക്കത്തുമായി വരുന്നവര്‍ക്കല്ല, അര്‍ഹരായവര്‍ക്കായിരിക്കും പരിഗണന ലഭിക്കുക. എംഎല്‍എ, എംപി, ജനപ്രതിനിധികള്‍ തുടങ്ങിയവരുടെ ശുപാര്‍ശക്കത്തുകള്‍ ഇക്കാര്യത്തില്‍ പരിഗണിക്കേണ്ടതില്ലെന്നാണ് ആശുപത്രി വികസനസമിതി തീരുമാനിച്ചിട്ടുള്ളത്. ഒന്നേകാല്‍ കോടിയിലധികം രൂപ മുതല്‍മുടക്കി നിര്‍മിച്ച റീജണല്‍ ഡയാലിസിസ് സെന്ററില്‍ 11 ഡയാലിസിസ് യൂണിറ്റാണുള്ളത്. ഇതില്‍ ഒരെണ്ണം എച്ച്ഐവി ബാധിതര്‍ക്കുമാത്രമാണ്.

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കൂടുതല്‍ പ്രതിബദ്ധത കാട്ടണം: മന്ത്രി

ആലുവ: പാവപ്പെട്ട രോഗികളോടുള്ള മനോഭാവത്തിലും അവര്‍ക്ക് ചികിത്സ നിശ്ചയിക്കുന്ന കാര്യത്തിലും സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കൂടുതല്‍ ഉദാരസമീപനം പുലര്‍ത്തണമെന്ന് മന്ത്രി പി കെ ശ്രീമതി പറഞ്ഞു. ആലുവ താലൂക്ക് ആശുപത്രിയില്‍ പി രാജീവ് എംപിയുടെ പ്രാദേശികവികസനഫണ്ട് ഉപയോഗിച്ചു നിര്‍മിച്ച റീജണല്‍ ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. രോഗികളോടുള്ള മനോഭാവത്തില്‍ ഡോക്ടര്‍മാര്‍ മാറ്റം വരുത്താതെ സര്‍ക്കാര്‍ ആശുപത്രികളില്‍ കൂടുതല്‍ രോഗികള്‍ എത്തില്ല. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് ചെയ്യുന്ന ജോലിയോട് കൂടുതല്‍ പ്രതിബദ്ധതയുണ്ടാകണം. അതിനു സന്മനസ്സില്ലാത്ത ഡോക്ടര്‍മാര്‍ അത് തുറന്നുപറയണം. അവര്‍ക്ക് സ്വകാര്യ ആശുപത്രികളിലേക്കോ, പ്രൈവറ്റ് പ്രാക്ടീസിനോ പോകാവുന്നതാണ്. ജില്ലാ ആശുപത്രിയുടെയോ, മെഡിക്കല്‍ കോളേജ് ആശുപത്രിയുടെയോ സൌകര്യങ്ങളുണ്ടായിട്ടും ആലുവയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗികളുടെ എണ്ണം കുറയുന്നത് എന്തുകൊണ്ടാണെന്നു പരിശോധിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിഎംഒ ഡോ. സുധാകരന് മന്ത്രി നിര്‍ദേശം നല്‍കി.

ദേശാഭിമാനി 300111

സര്‍ക്കാരിനെതിരെ പ്രക്ഷോഭം: ഈജിപ്ത് തിളച്ചുമറിയുന്നു

ഈജിപ്തില്‍ ഹൊസ്‌നി മുബാരക്കിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിനെതിരായ ജനകീയ പ്രക്ഷോഭം ശക്തമാവുന്നു. ഇന്നലെ വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കു ശേഷം തെരുവിലിറങ്ങിയ പ്രക്ഷോഭകര്‍ പലയിടത്തും പൊലീസുമായി ഏറ്റുമുട്ടി. പ്രക്ഷോഭകരെ നേരിടാന്‍ പൊലീസ് കണ്ണീര്‍ വാതകവും ലാത്തിചാര്‍ജും പ്രയോഗിച്ചു. രാജ്യാന്തര ആണവോര്‍ജ ഏജന്‍സിയുടെ മുന്‍ ചെയര്‍മാനും മുബാരക്കിന്റെ കടുത്ത വിമര്‍ശകനുമായ മുഹമ്മദ് എല്‍ബരദേയി നാട്ടിലെത്തിയത് പ്രക്ഷോഭകര്‍ക്ക് ആവേശമായിട്ടുണ്ട്. ടുണീഷ്യയില്‍ ഏകാധിപത്യ ഭരണത്തിനെതിരെ തുടക്കമിട്ട പ്രക്ഷോഭമാണ് യെമനും പിന്നിട്ട് ഈജിപ്തിനെ ഇളക്കിമറിച്ചുകൊണ്ടിരിക്കുന്നത്.

പ്രക്ഷോഭത്തിന്റെ നാലാം ദിനമായ ഇന്നലെ പ്രാര്‍ഥനയ്ക്കു ശേഷം ഗിസ സ്‌ക്വയറില്‍ തടിച്ചുകൂടിയ പ്രക്ഷോഭകരെ നേരിടാന്‍ പൊലീസ് കണ്ണീര്‍വാതകവും റബര്‍ ബുള്ളറ്റും പ്രയോഗിച്ചു. മുഹമ്മദ് എല്‍ ബരദേയിയാണ് ഇവിടെ പ്രക്ഷോഭകര്‍ക്ക് നേതൃത്വം നല്‍കിയത്. പൊലീസില്‍നിന്ന് എല്‍ബരദേയിയെ രക്ഷിക്കാന്‍ അനുയായികള്‍ വലയം തീര്‍ത്തതായി ടെലിവിഷന്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നു. അലക്‌സാണ്ട്രിയ, മിനിയ, അസ്യൂത്, എല്‍ ആരിഷ് എന്നിവിടങ്ങളിലും പ്രക്ഷോഭകര്‍ പൊലീസുമായി ഏറ്റുമുട്ടി. ചൊവ്വാഴ്ച തുടങ്ങിയ പ്രക്ഷോഭത്തില്‍ ഇതുവരെ ഏഴു പേര്‍ പൊലീസ് നടപടിയില്‍ മരിച്ചിട്ടുണ്ട്. കെയ്‌റോയിലെ രാംസിസ് സ്‌ക്വയറില്‍ പൊലീസും പ്രക്ഷോഭകരും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലുണ്ടായി. എല്‍ നൂര്‍ പള്ളിയില്‍നിന്ന് പ്രാര്‍ഥനയ്ക്കു ശേഷം എത്തിയവരാണ് ഇവിടെ അണിനിരന്നത്. മുഹന്തിസീനില്‍ പതിനായിരത്തിലേറെ പ്രക്ഷോഭകര്‍ മുബാരക്കിനെതിരെ മുദ്രാവാക്യം വിളികളുമായി റാലി നടത്തി.

രാജ്യത്ത് പലയിടത്തും മൊബൈല്‍, ഇന്റര്‍നെറ്റ് സര്‍വീസുകള്‍ തടസ്സപ്പെട്ടു.

ആഫ്രിക്കയിലെ അമേരിക്കയുടെ മുഖ്യ പങ്കാളിയായ മുബാരക്കിനെതിരായ പ്രക്ഷോഭത്തില്‍ ഈജിപ്തിലെ പ്രമുഖ ഗ്രൂപ്പായ മുസ്‌ലിം ബ്രദേഴ്‌സ് മുന്‍നിരയിലുണ്ട്. ഏറെ ജനപിന്തുണയുള്ള മുസ്‌ലിം ബ്രദേഴ്‌സിനു പുറമേ എല്‍ബരദേയിയുടെ പിന്തുണ കൂടിയായതോടെ രാജ്യത്ത് സര്‍ക്കാര്‍ വിരുദ്ധ വികാരം ആളിപ്പടരുകയാണ്.

ജനയുഗം 290111

സംസ്ഥാനത്ത് 32 ലക്ഷം ബി പി എല്‍ കുടുംബങ്ങള്‍

സംസ്ഥാനത്ത് പുതിയ ബി പി എല്‍ പട്ടിക പൂര്‍ത്തിയായി. ദരിദ്ര കുടുംബങ്ങളുടെ പട്ടികയില്‍ സംസ്ഥാനത്താകെ 32.29 ലക്ഷം കുടുംബങ്ങളാണുളളതെന്ന് തദ്ദേശ മന്ത്രി പാലോളി മുഹമ്മദ് കുട്ടി അറിയിച്ചു. നഗരപ്രദേശങ്ങളിലെ ദരിദ്ര കുടുംബങ്ങളുടെ പട്ടികയില്‍ 4.37 ലക്ഷം കുടുംബങ്ങളും ഗ്രാമപ്രദേശങ്ങളിലെ ദരിദ്ര കുടുംബങ്ങളുടെ പട്ടികയില്‍ 27.92 ലക്ഷം കുടുംബങ്ങളുമാണുളളതെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കൂടുതല്‍ കുടുംബങ്ങള്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളത് തിരുവനന്തപുരം ജില്ലയിലാണ്. 3,98,981. ഏറ്റവും കുറവ് വയനാട് ജില്ലയിലാണ്(1,06,794). സംസ്ഥാന സര്‍ക്കാര്‍ 2009 ഏപ്രില്‍-മെയ് മാസങ്ങളില്‍ അധ്യാപകരെ ഉപയോഗിച്ചു പുതിയ സര്‍വേ നടത്തിയിരുന്നു. ഈ സര്‍വേയിലാണ് സംസ്ഥാനത്ത് ആകെയുള്ള 76.12 ലക്ഷം കുടുംബങ്ങളില്‍ 32.29 കുടുംബങ്ങള്‍ ദരിദ്ര കുടുംബങ്ങളായി കണ്ടെത്തിയത്. ദരിദ്ര കുടുംബങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളള കുടുംബം പിന്നീടുളള പരിശോധനയില്‍ അനര്‍ഹരെന്ന് കാണുകയാണെങ്കില്‍ അത്തരം കുടുംബങ്ങളെ കാരണം രേഖപ്പെടുത്തി ഒഴിവാക്കുന്നതിന് ഗ്രാമപഞ്ചായത്തിനും നഗരസഭയ്ക്കും അധികാരമുണ്ടായിരിക്കും. ദരിദ്ര കുടുംബങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു കഴിഞ്ഞാല്‍ അതിന്‍ മേല്‍ ലഭിക്കുന്ന ആക്ഷേപങ്ങളും പരാതികളും കൂടി പരിശോധിച്ച് അര്‍ഹരായ കുടുംബങ്ങളെ ഉള്‍പ്പെടുത്തേണ്ടതായി വന്നേക്കാം. പരാതികള്‍ പരിശോധിച്ച് തീര്‍പ്പ് കല്‍പ്പിക്കുമ്പോള്‍ കൂടുതല്‍ കുടുംബങ്ങളെ കൂടി ഉള്‍പ്പെടുത്തേണ്ടി വരുമെന്നു കണക്കാക്കുന്നു. ഇതു കൂടി ഉള്‍പ്പെടുന്നതായിരിക്കും സംസ്ഥാനത്തെ ആകെ ബി പി എല്‍ കുടുംബങ്ങളുടെ എണ്ണമെന്നും മന്ത്രി പറഞ്ഞു.

പഞ്ചായത്ത്-നഗരസഭാ തലത്തിലുളള ബി പി എല്‍ ലിസ്റ്റ് പ്രസിദ്ധീകരണത്തിന് തയ്യാറായി കഴിഞ്ഞു. അടുത്തമാസം ഒന്നു മുതല്‍ പഞ്ചായത്ത് നഗരസഭാ തലങ്ങളില്‍ പട്ടിക പ്രസിദ്ധപ്പെടുത്തും. ബി പി എല്‍ പട്ടിക സംബന്ധിച്ച മുഴുവന്‍ വിവരങ്ങളുമുളള ഡേറ്റാബേസ് തദ്ദേശ സ്വയം ഭരണ സ്ഥാപന വകുപ്പിനു കീഴില്‍ സൂക്ഷിക്കാനും വെബ്‌സൈറ്റില്‍ നിന്നു ലഭ്യമാക്കാനും കൂടി ഉദ്ദേശിക്കുന്നതായി മന്ത്രി പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടുളള കണക്കു പ്രകാരം കേരളത്തിലെ ഗ്രാമീണ മേഖലയില്‍ 10.25 ലക്ഷം കുടുംബങ്ങളാണ് ബി പി എല്‍ വിഭാഗത്തില്‍പ്പെടുന്നത്.  ഈ എണ്ണത്തോടും അതു കണ്ടെത്തുന്ന മാനദണ്ഡങ്ങളോടും കേരളത്തിനുളള എതിര്‍പ്പ് നേരത്തെ പ്രകടമാക്കിയിട്ടുണ്ട്. ദരിദ്ര കുടുംബങ്ങളെ കണ്ടെത്തുന്നതിന് സംസ്ഥാനം തയ്യാറാക്കിയ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് പുതിയ പട്ടിക തയ്യാറാക്കിയിട്ടുളളതെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുളള കുടുംബങ്ങള്‍ക്ക് മാത്രമേ കേന്ദ്ര സഹായം നല്‍കുകയുളളൂവന്നാണ് അവര്‍ പറയുന്നത്. ബാക്കി വരുന്ന കുടുംബങ്ങളുടെ കാര്യം സംസ്ഥാനം പരിഗണിക്കേണ്ടി വരും. ബി പി എല്‍ പട്ടികയില്‍ വരുന്ന എല്ലാ കുടുംബങ്ങള്‍ക്കും ഒരേപോലെ എല്ലാ ആനുകൂല്യങ്ങളും നല്‍കുന്നതാണ്. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്ന ധനസഹായം കേന്ദ്രം അനുവദിക്കുന്ന സംഖ്യ അനുസരിച്ചായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

ജനയുഗം 290111