Wednesday, April 29, 2009

പൊന്നാനിയിലെ 'ചെക്ക'നും പത്തനംതിട്ടയില്‍ മൈക്ക് നിഷേധിക്കപ്പെട്ട അജ്ഞാത സുഹൃത്തും

"ആ ചെക്കനെ നിങ്ങള്‍ തയ്യാറാക്കിക്കൊണ്ടുവന്നതല്ലേ, ഇമ്മാതിരി ചോദ്യം ചോദിക്കാന്‍?'' ഹാലിളകിയമട്ടില്‍ ഒരു മുസ്ളിംലീഗ് പ്രവര്‍ത്തകന്‍ മുന്നില്‍. എന്റെ നിഷേധവും എതിര്‍വാദവും ഒന്നും ഒട്ടും വിലപ്പോവുന്നില്ല. അക്ഷരാര്‍ഥത്തിലുള്ള മേക്കിട്ടുകയറ്റം. വീറും വാശിയും വൈരാഗ്യവുമൊക്കെ വരിഞ്ഞുമുറുകി ഇപ്പോപ്പൊട്ടും എന്ന മട്ടില്‍ നില്‍ക്കുന്ന പൊന്നാനിയില്‍ നടന്ന 'പടക്കളം' ആണ് വേദി. മീശ മുളയ്ക്കാത്ത, അതിനുള്ള ലക്ഷണംപോലും ഇല്ലാത്ത ഒരു 'ചെക്കനാ'ണ് കേന്ദ്ര കഥാപാത്രം. ജീവിതത്തില്‍ ഞാനാദ്യമായി കാണുകയാണവനെ. പൊന്നാനിയിലെ സ്ഥാനാര്‍ഥികളായ ഇ ടി മുഹമ്മദ് ബഷീറും ഹുസൈന്‍ രണ്ടത്താണിയും ജനചന്ദ്രന്‍മാസ്റ്ററും നിരന്നുനില്‍ക്കുന്ന വേദി. എല്‍ ഡി എഫിന്റെ പി ഡി പി ബന്ധമാണ് കേന്ദ്ര വിഷയം. ചോദ്യം ചോദിക്കാന്‍ തിരക്കുകൂട്ടുന്നവര്‍ക്കിടയില്‍ മൈക്കിന് വേണ്ടി നീണ്ട കൈകളില്‍ ഒന്ന് അവന്റേതായിരുന്നു. ഭാവിയിലെ ഒരു വോട്ടറുടെ ചേദ്യം എന്ന ആമുഖത്തോടെയാണ് ഞാനവന് മൈക്ക് കൊടുത്തത്. ഇ ടി മുഹമ്മദ് ബഷീറിനോടായിരുന്നു ചേദ്യം.

വര്‍ഗീയകക്ഷികളോടുള്ള ലീഗിന്റെ നിലപാട് എന്ത്? പൊന്നാനിയില്‍ ലീഗിനെ തുണയ്ക്കുന്ന ജമാഅത്തെ ഇസ്ളാമി വര്‍ഗീയകക്ഷിയാണോ എന്നതായിരുന്നു അവന്റെ ചേദ്യം. ഇ ടി മുഹമ്മദ് ബഷീര്‍ ചോദ്യത്തിന്റെ രണ്ടാംഭാഗം ശ്രദ്ധിച്ചില്ലെന്ന് തോന്നുന്നു. ആദ്യചോദ്യത്തിന് ഉത്തരം നല്‍കി അവസാനിപ്പിച്ചു. ജമാഅത്തെ ഇസ്ളാമി വര്‍ഗീയകക്ഷിയാണോ എന്ന ചോദ്യം ഞാന്‍ ഓര്‍മിപ്പിച്ചപ്പോള്‍ ഇ ടിയ്ക്ക് ചെറുതായി ദേഷ്യം പിടിച്ചു. ആ ചോദ്യം നിങ്ങളുടെ വകയല്ലേ എന്നായി ഇ ടി. എന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ട നിമിഷം. ഞാന്‍ വിശദീകരണത്തിനൊന്നും നില്‍ക്കാതെ മൈക്ക് വീണ്ടും 'ചെക്കന്' കൊടുത്തു. അവനേതോ മൂത്ത എസഎഫഐക്കാരന്‍ ആയിരുന്നിരിക്കണം. 'ചെക്കന്‍' കത്തിക്കയറി. ചോദ്യം ആവര്‍ത്തിക്കുക മാത്രമല്ല കെ പി സി സി പ്രസിഡന്റ് ജമാഅത്ത് നേതാക്കളുമായി ചര്‍ച്ചനടത്തിയ കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്തു. "അപ്പോ ങ്ങക്ക് ഓലെപ്പറ്റും ല്ലേ?'' എന്ന ചോദ്യത്തോടെയായിരുന്നു ഒടുക്കം. ചുവപ്പന്മാരുടെ കൈയടി കൂടിയായപ്പോള്‍ ലീഗുകാര്‍ക്ക് കലികയറി. പിന്നെ തീര്‍ത്താത്തീരാത്ത ഒച്ചേം വിളീം. ഇതിന്റെ ഭാഗമായാണ് ലീഗ് പ്രവര്‍ത്തകന്‍ എന്റെ മേക്കിട്ടുകയറിയത്. അലമ്പിപ്പോയ സദസ്സ് ഒന്നു നേരെയാക്കിയെടുക്കാന്‍ പെടാപ്പാടു പെടേണ്ടിവന്നു.

വിവിധ ആംഗിളുകളില്‍ നാലു ക്യാമറവച്ചാണ് 'പടക്കള'ത്തിന്റെ ഷൂട്ടിങ്. ബഹളവും കൈയാങ്കളിയും ഒക്കെ അതുകൊണ്ട് സമഗ്രമായി ചിത്രീകരിക്കപ്പെടും; സംപ്രേക്ഷണം ചെയ്യപ്പെടും. കാസര്‍കോട്മുതല്‍ തിരുവനന്തപുരംവരെ 'പടക്കളം'നടത്തി തിരിച്ചുവന്നപ്പോള്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായ ദോഷൈകദൃക്കുകള്‍ക്ക് അറിയേണ്ട ഏകകാര്യം എത്ര സ്ഥലത്തുനിന്ന് അടികിട്ടി എന്നതായിരുന്നു.

കൈരളി-പീപ്പിള്‍ ടി വി ഇത്തവണ രണ്ട് തെരഞ്ഞെടുപ്പ് സംവാദ പരിപാടികളാണ് നടത്തിയത്. 'ബൈ ദ പീപ്പി'ളും 'പടക്കള'വും. പ്രമുഖ രാഷ്ട്രീയ നേതാക്കളെ ഉള്‍പ്പെടുത്തി ആദ്യഘട്ടത്തില്‍ നടത്തിയ 'ബൈ ദ പീപ്പിള്‍' കൃത്യമായ രാഷ്ട്രീയ ചര്‍ച്ചയായിരുന്നു. സ്ഥാനാര്‍ഥികളെ പങ്കെടുപ്പിച്ചു നടത്തിയ 'പടക്കളം' വന്നപ്പോഴേക്കും സ്ഥിതിയാകെ മാറി. തെരഞ്ഞെടുപ്പ് ചൂട് അതിന്റെ ഉച്ചസ്ഥായിയില്‍. സ്ഥാനാര്‍ഥിയും പ്രവര്‍ത്തകരും മാത്രമല്ല സാധാരണ വോട്ടര്‍ പോലും നല്ല ചൂടില്‍. കൊണ്ടും കൊടുത്തും നീളുന്ന സംവാദം പലപ്പോഴും തര്‍ക്കത്തിലേക്കും ബഹളത്തിലേക്കും കൈയാങ്കളിയിലേക്കും നീണ്ടു. അതുകൊണ്ടുമാത്രം ഇത്തരം പരിപാടികള്‍ പൊതുസമൂഹത്തില്‍ ചര്‍ച്ചക്ക് കാരണമാവുകയും ചെയ്തു.

ജനാധിപത്യ ലോകത്ത് ഭൂമിമലയാളത്തില്‍ മാത്രമുള്ള ഒരേര്‍പ്പാടാണ് 'പടക്കള'ങ്ങള്‍. പടക്കളം, പടയോട്ടം, പോര്‍ക്കളം, കുരുക്ഷേത്രം, കൊടിപ്പട തുടങ്ങി നാനാജാതി പേരുകളില്‍ വിവിധ ചാനലുകളില്‍ അരങ്ങേറുന്ന രാഷ്ട്രീയ സംവാദങ്ങള്‍. തെരഞ്ഞെടുപ്പ്കാലത്ത് നേതാക്കന്മാരും സ്ഥാനാര്‍ഥികളും ജനങ്ങള്‍ക്ക് ഇടയില്‍ നിന്നുകൊണ്ട് തങ്ങളുടെ വീക്ഷണങ്ങള്‍ പങ്കുവയ്ക്കുകയും ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയും ചെയ്യുന്ന രീതി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ടെലിവിഷന്‍ വലിയ പങ്ക് വഹിക്കുന്ന അമേരിക്കയില്‍പ്പോലും ഇത്ര വിശാലമായ സ്ഥിതിയില്‍ ഈ ഏര്‍പ്പാടില്ല. അവിടെ സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള വാദപ്രതിവാദങ്ങള്‍ പതിവാണെങ്കിലും ഇത്തരത്തില്‍ ജനകീയ വിചാരണക്ക് വിധേയരാവാന്‍ നേതാക്കളും സ്ഥാനാര്‍ഥികളും തയ്യാറാവാറില്ല. സത്യത്തില്‍ ഇതൊരു ജനകീയ വിചാരണ തന്നെയാണ്. ആര്‍ക്കും കടന്നെത്താവുന്ന തുറന്ന വേദിയില്‍, എന്ത് ചോദ്യവും ചോദിക്കാന്‍ അവകാശമുള്ള ജനങ്ങള്‍ക്ക് മുമ്പില്‍, എല്ലാ ചോദ്യത്തിനും ഉത്തരം നല്‍കാന്‍ ബാധ്യസ്ഥനായി നില്‍ക്കേണ്ടിവരിക. പ്രാദേശികവും ദേശീയവും അന്തര്‍ദേശീയവുമായ ഏത് ചോദ്യത്തിനും ഒരു റഫറന്‍സിന്റെയും അകമ്പടി ഇല്ലാതെ മറുപടി പറയേണ്ടിവരിക. തോല്‍പ്പിക്കാനും അപമാനിക്കാനും ലക്ഷ്യമിടുന്ന ചോദ്യങ്ങളെവരെ സംയമനത്തോടെ നേരിടുക. പല കാരണങ്ങള്‍കൊണ്ടും നേരിട്ട് ഉത്തരം പറയാനാവാത്ത ചോദ്യങ്ങളില്‍നിന്ന് വിദഗ്ധമായി ഒഴിഞ്ഞുമാറുക. പ്രകോപനങ്ങള്‍ക്ക് വശംവദനാവാതിരിക്കുക. അശ്രദ്ധകൊണ്ട് ഒരു വാക്ക് വായില്‍നിന്ന് വീണാല്‍ അത് പ്രചാരണ രംഗത്ത് എടുത്തുവീശാന്‍ കാത്തുനില്‍ക്കുന്നവര്‍ക്ക് മുന്നില്‍ അങ്ങനെയൊന്നും സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ചോദ്യവും ഉത്തരവും ഒന്നും എഡിറ്റ് ചെയ്യപ്പെടാതെ പലപ്പോഴും ലൈവായിതന്നെ സംപ്രേക്ഷണം ചെയ്യപ്പെടുന്ന സ്ഥിതിയിലാണിതൊക്കെ എന്നുകൂടി ഓര്‍ക്കുക. വീറും വാശിയും കത്തിനില്‍ക്കുന്ന തെരഞ്ഞെടുപ്പുകാലത്ത് ഇത്തരം സാഹസത്തിന് മുതിരുന്ന പൊതുപ്രവര്‍ത്തകരെ നമിക്കുകതന്നെ വേണം.

ഇനി മുന്നിലിരിക്കുന്ന ജനക്കൂട്ടമോ? അത് കൃത്യമായും നമ്മുടെ സമൂഹത്തിന്റെ ക്രോസ് സെക്ഷനാണ്. ഡോക്ടര്‍മാരും എന്‍ജിനിയര്‍മാരും അധ്യാപകരും വിദ്യാര്‍ഥികളും മുതല്‍ പൊതു പ്രവര്‍ത്തകരും കച്ചവടക്കാരുംവരെ. മദ്യപരും ബ്ളേഡ്കാരും മുതല്‍ കൂലിത്തല്ലുകാരും കൂട്ടിക്കൊടുപ്പുകാരും വരെ. ആര്‍ക്കും ആരെയും നിയന്ത്രിക്കാനാവില്ല. ഉള്ളത് സ്വയം നിയന്ത്രണം മാത്രം. അത് കൈവിട്ടുപോകുമ്പോഴാണ് പ്രശ്നങ്ങള്‍ ഉണ്ടാവുന്നത്.

ഇടുക്കിയില്‍വച്ച് ഒരമ്മാവന്‍ പലതവണ മൈക്കിനുവേണ്ടി ശ്രമിച്ചു. അല്പം ഉള്ളിലുണ്ടോ എന്ന സംശയംകൊണ്ട് കൊടുത്തില്ല. അമ്മാവനു പിന്നില്‍ ആളുകള്‍ അണിനിരക്കുകകൂടി ചെയ്തതോടെ വഴങ്ങേണ്ടിവന്നു. നേരത്തെ തോന്നിയ സംശയം ശരിയായിരുന്നു. അമ്മാവന്‍ ചോദ്യം ചോദിക്കാതെ കാടും പടപ്പും തല്ലി കൃത്യമായിത്തന്നെ കാടുകയറാന്‍ തുടങ്ങി. ചുറ്റും പരിഹാസച്ചിരികള്‍ മുഴങ്ങിയതോടെ ക്ഷുഭിത വാര്‍ധക്യം ഉണര്‍ന്നു. എന്നെ നിനക്കൊന്നും അറിയില്ലെടാ എന്ന് ആമുഖത്തോടെ തുടങ്ങി; ഒടുവില്‍ കോഴിക്കോടന്‍ ശൈലിയില്‍ പറഞ്ഞാല്‍ സംഖ്യ ചാമ്പി. സംഖ്യയല്ല സംഖ്യകള്‍. ലൈവ് അല്ലാതിരുന്നത് ഭാഗ്യം. അമ്മാവന്റെ ക്ഷോഭത്തിന് കാരണമുണ്ടായിരുന്നു. ആള്‍ പഴയ പൊതുപ്രവര്‍ത്തകനായിരുന്നു; ഒപ്പം പഴയ പത്രാധിപരും. ഇന്ദിരാഗാന്ധിയോടുള്ള പ്രതികാരം തീര്‍ക്കാന്‍ അവര്‍ക്ക് എതിരെ ചിക്കമംഗലൂരില്‍ പോയി മത്സരിച്ചിട്ടുവരെയുണ്ട്. മൈക്ക് തിരികെ വാങ്ങിക്കഴിഞ്ഞിട്ടും പ്രക്ഷോഭകാരിയായ അമ്മാവന്‍ ഏറെ നേരം പെയ്തു.

വിവിധ ചാനലുകളിലെ ചര്‍ച്ചകളുടെയെല്ലാം ഒന്നാം നിരയില്‍ പലപ്പോഴും ഒരേ മുഖങ്ങള്‍ കാണാം. ഇതിനുവേണ്ടി കച്ചമുറുക്കി വരുന്നവര്‍. ചോദ്യങ്ങള്‍ ചോദിച്ച് എതിരാളികളെ കുടുക്കാനാണ് ചിലരുടെ വരവെങ്കില്‍ പരമപ്രധാനമായി തങ്ങള്‍ കാണുന്ന വിഷയം എല്ലാ ചാനലുകളിലും ഉന്നയിക്കുകയാവും മറ്റുചിലരുടെ ലക്ഷ്യം. പടക്കളത്തില്‍ നീലേശ്വരം തൈക്കടപ്പുറത്തെ പ്രശ്നം ഉന്നയിച്ച ആളോട് പി കരുണാകരന്‍ തിരിച്ചുചോദിച്ചു, "ഞാനിതിന് എത്ര തവണയായി നിങ്ങളോട് മറുപടി പറയുന്നു?'' കണ്ണൂരില്‍ കണ്ട സ്ഥിരം ചോദ്യക്കാരന്‍ തിരുവേപ്പതി മില്ലിലെ മുന്‍ ജീവനക്കാരനാണ്. മില്ലിന്റെ പ്രശ്നം വികാര വിവശനായാണ് അദ്ദേഹം ഉന്നയിക്കുന്നത്. ചോദ്യം പ്രസ്താവനയായി വല്ലാതെ നീളുന്നത് കണ്ടപ്പോള്‍ ഇടപെടേണ്ടിവന്നു. അയാള്‍ പെട്ടെന്ന് ക്ഷുഭിതനായി. നിങ്ങള്‍ പക്ഷപാതപരമായാണ് ഇത് നടത്തുന്നത് എന്ന് അയാള്‍ ആക്രോശിച്ചു. ഇവിടെ കൂടിയിരിക്കുന്നവരില്‍ കുറച്ചുപേരെങ്കിലും അങ്ങനെ പറഞ്ഞാല്‍ ഈ പരിപാടി ഇപ്പോള്‍ അവസാനിപ്പിക്കുമെന്ന് ഞാന്‍ പറഞ്ഞു. ആരും അയാളെ പിന്താങ്ങിയില്ല. ആദ്യമായായിരുന്നു അത്തരം ഒരു ആരോപണം. സമാനമായ മറ്റു പരിപാടികളില്‍നിന്ന് വ്യത്യസ്തമായി 'പടക്കള'ത്തില്‍ മോഡറേറ്റര്‍ ചോദ്യം ചോദിക്കുന്ന രീതി ഉണ്ടായിരുന്നില്ല. ചോദ്യങ്ങള്‍ തീര്‍ത്തും ജനങ്ങളുടെ വകയായിരുന്നു. മറ്റുള്ള പരിപാടികളില്‍ പലതിലും അടിയും ബഹളവും സ്ഥിരമായപ്പോഴും 'പടക്കളം' താരതമ്യേന ശാന്തമായി നടന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് ഇതായിരുന്നു. തീര്‍ച്ചയായും ഇത്തരം സംവാദങ്ങളില്‍ ചോദ്യകര്‍ത്താവും ഉത്തരം നല്‍കുന്ന ആളും തമ്മിലുള്ള നീയോ ഞാനോ മത്സരമാണ് നടക്കുക. മോഡറേറ്റര്‍ ചോദ്യം ചോദിക്കുമ്പോള്‍ അയാളും ഈ മത്സരത്തിന്റെ ഭാഗമായി മാറും. സ്വയം ജയിക്കാനുള്ള ശ്രമം സ്വാഭാവികമായും ഉണ്ടാവും. അതോടെ എതിര്‍പക്ഷം ശത്രുക്കളാവും. പിന്നെ ബഹളം തുടങ്ങാന്‍ അധിക നേരമൊന്നും വേണ്ട.

ടെലിവിഷന്‍ മീഡിയത്തിന്റെ പ്രത്യേകതകള്‍ മനസ്സിലാക്കുക; മുന്നിലെ ജനങ്ങളെ വിശ്വാസത്തിലെടുക്കുക. ടെലിവിഷന്‍ 'ടോക്ഷോ'കളില്‍ വിജയിക്കുന്നവര്‍ കൃത്യമായും ഇത് ചെയ്യുന്നവരാണ്. പ്രസംഗനൈപുണികൊണ്ട് ഇവിടെ ഒരു കാര്യവും ഇല്ല. പ്രസംഗം ഒരുതരം അധിനിവേശമാണ്. ഒരു എതിര്‍പ്പും നേരിടാതെയുള്ള അധിനിവേശം. എന്നാല്‍ ടെലിവിഷന്‍ സംവാദങ്ങളില്‍ പ്രധാനം യുക്തിഭദ്രമായി കാര്യങ്ങള്‍ അവതരിപ്പിക്കലാണ്. ഉരുളയ്ക്ക് ഉപ്പേരിപോലെ മറുപടി പറയുന്നതിലാണ്. നീട്ടിപ്പറയുകയല്ല പരമാവധി കുറുക്കിപ്പറയുക. ഒപ്പം നിങ്ങളുടെ ശരീരഭാഷയും പരമപ്രധാനമാണ്. ടെലിവിഷന്‍ സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന ആരും പ്രേക്ഷകരുടെ മനസ്സില്‍ ഇടംതേടുക അവരുടെ ശരീരഭാഷയിലൂടെയാണ്. പ്രസംഗിക്കുമ്പോഴും പത്രസമ്മേളനങ്ങളിലോ സംവാദങ്ങളിലോ ഒക്കെ പങ്കെടുക്കുമ്പോഴും ഉള്ള ചേഷ്ടകളും ഭാവങ്ങളും എല്ലാം വളരെ പ്രധാനമാണ്. ഒരു നേതാവ് പറയുന്ന കാര്യം ശരിയോ എന്ന് പ്രേക്ഷകര്‍ മനസ്സിലാക്കുക അയാളുടെ ശരീരഭാഷയിലൂടെയാണ്.

പണ്ടത്തെപ്പോലെ രാഷ്ട്രീയം പുരുഷകുത്തകയല്ല ഇപ്പോള്‍. അടുക്കളകള്‍ക്കുള്ളില്‍വരെ ടെലിവിഷന്‍ വഴി രാഷ്ട്രീയക്കാരെത്തുമ്പോള്‍ സ്ത്രീകളുടെയും കുട്ടികളുടെയും ഇഷ്ടാനിഷ്ടങ്ങളും പരമപ്രധാനമാവുന്നു. ഒരു നേതാവിനെ ജനങ്ങള്‍ ഇഷ്ടപ്പെടുന്നതിലും വെറുക്കുന്നതിലും എല്ലാം ഈ ഘടകങ്ങളും ഉണ്ട്. ഇ കെ നായനാരുടെ മരണത്തില്‍ കേരളം ഒന്നടങ്കം വിങ്ങിപ്പൊട്ടിയതിനുപിന്നില്‍ ടെലിവിഷന്‍ വലിയ ഘടകമായിരുന്നു. ടെലിവിഷനിലൂടെ നായനാര്‍ ഓരോ കേരളീയ ഗൃഹത്തിലെയും കാരണവരായി മാറിയിരുന്നു.

തെരഞ്ഞെടുപ്പുവരുമ്പോള്‍ സ്ഥാനാര്‍ഥികളെയും നേതാക്കളെയും അടുത്തറിയാന്‍ ജനങ്ങള്‍ക്ക് കഴിയുക 'പടക്കളം' പോലുള്ള ടോക്ഷോകളിലൂടെയാണ്. പ്രകോപനപരമായ ചോദ്യങ്ങളോടുപോലും സംയമനത്തോടും മാന്യതയോടും വ്യക്തതയോടും ഉത്തരം പറയുന്ന സ്ഥാനാര്‍ഥി ജനത്തിന്റെ ഇഷ്ടക്കാരനാവും. പടക്കളത്തില്‍ പങ്കെടുത്ത സ്ഥാനാര്‍ഥികളില്‍ ഏറ്റവും പ്രസന്നവദനന്‍ ആരായിരുന്നു എന്ന് ചോദിച്ചാല്‍ കാസര്‍കോട്ടെ ബി ജെ പി സ്ഥാനാര്‍ഥി കെ സുരേന്ദ്രനെയും ആലത്തൂരിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി കെ ബിജുവിനെയും ചാലക്കുടിയിലെ യു ഡി എഫ് സ്ഥാനാര്‍ഥി കെ പി ധനപാലനെയും എല്ലാം മറികടന്നുകൊണ്ട് മനസ്സില്‍ വരുന്നത് പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. അനന്തഗോപനാണ്. സിപിഐ എം ജില്ലാ സെക്രട്ടറിയാണ് അനന്തഗോപന്‍. തുറന്നു ചിരിക്കാത്ത ഗൌരവ പ്രകൃതരായ സിപിഐഎം നേതാക്കളുടെ ലിസ്റ്റിലായിരുന്നത്രേ ഇത്രകാലവും അനന്തഗോപന്റെ പേരും. എന്നാല്‍ സ്ഥാനാര്‍ഥിയായി ജനങ്ങള്‍ക്കിടയില്‍ ഇറങ്ങിയതോടെ അണികളും പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് ഉള്ള ഗൌരവം മുഴുവന്‍ ചോര്‍ത്തിക്കളഞ്ഞത്രേ. ഏത് പ്രകോപനമുള്ള ചോദ്യത്തെയും അനന്തഗോപന്‍ മന്ദഹാസംകൊണ്ട് നേരിട്ടു. യുഡിഎഫ് ശക്തികേന്ദ്രമായി കണക്കാക്കുന്ന പത്തനംതിട്ടയില്‍ ഇക്കുറി എല്‍ഡിഎഫ് വിജയിച്ചാല്‍ ആ ജയത്തിനു കൊടിപിടിക്കുക അനന്തഗോപന്റെ ഈ ഗുണവിശേഷമാവും.

തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞപ്പോള്‍ തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ പറഞ്ഞു. ഇപ്പോള്‍ പൊതുപ്രവര്‍ത്തകരോട് ബഹുമാനം കൂടി എന്ന്. മലയാളം ചാനലുകളുടെ 'ടോക്ഷോ'കളില്‍നിന്ന് രണ്ടുവട്ടം ക്ഷോഭിച്ച് ഇറങ്ങിപ്പോയ ആളാണ് തരൂര്‍. ഉന്നതങ്ങളില്‍ നിന്നിറങ്ങിവന്ന് കണ്ട അണ്ടനോടും അടകോടനോടും വോട്ടുചോദിച്ച് അവരുടെ ചീത്തയും ചോദ്യംചെയ്യലുമെല്ലാം കേട്ട് വെയിലുകൊണ്ട് നടന്നപ്പോഴാണ് തരൂരിന് "ബ്ളഡി പൊളിറ്റീഷ്യന്‍സ്'' എത്ര ഉയര്‍ന്നവരാണ് എന്ന് മനസ്സിലായത്. തരൂരിനെപ്പോലുള്ളവര്‍ക്ക് വൈകിമാത്രം മനസ്സിലായതാണെങ്കിലും ജനാധിപത്യത്തിന്റെയും തെരഞ്ഞെടുപ്പിന്റെയും പ്രചാരണത്തിന്റെയും എല്ലാം പ്രാധാന്യം ഈ നാട്ടിലെ സാധാരണക്കാര്‍ക്ക് വ്യക്തമായി അറിയാം. തെരുവുകളില്‍ നടത്തുന്ന ടെലിവിഷന്‍ 'ടോക്ഷോ'കളിലെ ജനപങ്കാളിത്തംതന്നെ അതിനുള്ള തെളിവ്.

'പടക്കളം' ഇത്തവണ ലൈവ് ആയിരുന്നില്ല. അതു മിക്ക മണ്ഡലങ്ങളിലും ഷൂട്ട്ചെയ്തത് കാലത്ത് ഏഴുമണിക്കായിരുന്നു! സ്ഥാനാര്‍ഥികളുടെ സൌകര്യം കണക്കിലെടുത്തായിരുന്നു ഇത്. കിഴക്ക് വെള്ളകീറുന്നതിനൊപ്പം ജനങ്ങള്‍ രാഷ്ട്രീയ ചര്‍ച്ചയ്ക്ക് പങ്കെടുക്കാന്‍ ഒഴുകിയെത്തുന്നു. ഭൂമി മലയാളത്തിലേ ഇതും സംഭവിക്കൂ. ഈ വരവ് ടെലിവിഷനില്‍ മുഖം കാണിക്കാനാണെന്നൊക്കെപ്പറയുന്നത് ശുദ്ധ തോന്നിവാസമാണ്. സ്വന്തം പക്ഷത്തിന്റെ ഉയര്‍ച്ചയും വിജയവും മാത്രമാണവരുടെ ലക്ഷ്യം. നമ്മുടെ രാഷ്ട്രീയ ജീവിതത്തിന്റെ ഏറ്റവും സക്രിയമായ ഒരംശമാണിത്. ചിലര്‍ കൂട്ടംചേര്‍ന്നു വരും; പരിപാടി മൊത്തം ഹൈജാക്ക്ചെയ്യാന്‍. തുടക്കത്തിലേ ഇത് തിരിച്ചറിഞ്ഞില്ലെങ്കില്‍ പിന്നെ മോഡറേറ്റര്‍ അടക്കം പുറത്തായിപ്പോവും. ആവേശവും വാശിയും മൂത്ത് ബഹളം ഉണ്ടാക്കുന്നവരെ നിയന്ത്രിക്കുക ശ്രമകരമായ ജോലിയാണ്. വാശിക്കാരും വികൃതികളും നിറഞ്ഞ ക്ളാസ് നിയന്ത്രിക്കുന്ന അധ്യാപകന്റെ റോളാണ് ഇവിടെ മോഡറേറ്റര്‍ക്ക്. പ്രോത്സാഹിപ്പിക്കലും അംഗീകരിപ്പിക്കലും ആശ്വസിപ്പിക്കലും അപൂര്‍വമായെങ്കിലും ശാസിക്കലും ഒക്കെ വേണ്ടിവരും. ഈ സമയത്തൊക്കെ നടത്തിപ്പുകാരനില്‍ നിന്നുണ്ടാവുന്ന തെറ്റായ ഒരു വാക്ക് ഉണ്ടാക്കുന്ന പൊല്ലാപ്പ് ചില്ലറയാവില്ല. സ്ഥാനാര്‍ഥി മാത്രമല്ല മോഡറേറ്ററും വാക്കിനെച്ചൊല്ലി ബദ്ധശ്രദ്ധനാവണം എന്നര്‍ഥം.

സ്ഥാനാര്‍ഥികളും മോഡറേറ്ററും മാത്രമല്ല ചോദ്യകര്‍ത്താക്കളില്‍ ആരെങ്കിലും തന്നെ തെറ്റായ പരാമര്‍ശം നടത്തിയാലും മതി സംഗതി കുഴമറിയാന്‍. ഒരു ചെറിയ വീഴ്ചപോലും രാഷ്ട്രീയമായി മുതലെടുക്കാനുള്ള തീവ്രശ്രമം തന്നെ അരങ്ങേറും. ഇത്തവണ പാലക്കാട്ടുവച്ച് അത്തരം ഒരു സംഭവം ഉണ്ടായി. അത് യുഡിഎഫ് സ്ഥാനാര്‍ഥി സതീശന്‍ പാച്ചേനിയുടെ ഇറങ്ങിപ്പോക്കില്‍ കലാശിച്ചു. മുംബൈ ആക്രമണം ഉണ്ടായപ്പോള്‍ രാഹുല്‍ഗാന്ധി ഏതോ ഹോട്ടലില്‍ അടിച്ചു പൂക്കുറ്റിയായിക്കിടക്കുകയായിരുന്നില്ലേ എന്നതായിരുന്നു ഒരു ചെറുപ്പക്കാരന്റെ ചോദ്യം. കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ക്ഷുഭിതരായി. വലിയ ബഹളം. ഒരുവേള കാര്യങ്ങള്‍ കൈവിട്ടുപോകുമോ എന്നുപോലും ഭയന്നു. നാമനിര്‍ദേശപത്രിക നല്‍കാന്‍ തിരക്കുകൂട്ടി നിന്ന യുഡിഎഫ് സ്ഥാനാര്‍ഥിയും കൂട്ടരും പ്രതിഷേധം പ്രകടിപ്പിച്ച് ഇറങ്ങിപ്പോയി. രംഗം ശാന്തമായപ്പോള്‍ ഞാനാ ചെറുപ്പക്കാരനെ ശാസിച്ചു. നേതാക്കന്മാരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന സംസ്കാരം വളര്‍ന്നാല്‍ പിന്നെ ഇത്തരം ഒരു ചര്‍ച്ചയും ഒരിടത്തും നടത്താനാവില്ല. വ്യക്തികളെ മാത്രമല്ല പ്രസ്ഥാനങ്ങളെയും അവമതിക്കരുത്. ക്യാമറ ഓണ്‍ ചെയ്യുന്നതിനുമുമ്പുള്ള ആമുഖ പ്രഭാഷണത്തില്‍ ചില സാരോപദേശകരെപ്പോലെ ഞാനിക്കാര്യം പേര്‍ത്തും പേര്‍ത്തും പറയാറുണ്ട്. പലയിടത്തും പക്ഷേ അതൊന്നും ഏശാറില്ല.

മറ്റു ചാനലുകളിലെ സമാനമായ 'ടോക്ഷോ'കളേക്കാള്‍ ബഹളം കുറവ് 'പടക്കള'ത്തിലായിരുന്നു (ഒരു അവകാശവാദമായി മാത്രം കണ്ടാല്‍ മതി). സ്ഥിരമായി അടി ഉണ്ടാവുന്ന ഷോകള്‍ പല ചാനലുകളും നടത്തി. തുടക്കത്തില്‍ സംഘാടകര്‍തന്നെ ഇതിനെ അല്‍പ്പം പ്രോത്സാഹിപ്പിച്ചു എന്നതാണ് സത്യം. ഒരു അടിയും ബഹളവും ഒന്നും ഇല്ലെങ്കില്‍ ആരുശ്രദ്ധിക്കാന്‍ എന്ന മട്ട്. പിന്നെപ്പിന്നെ കാര്യങ്ങള്‍ കൈവിട്ടുപോയി. തല്ലും വഴക്കും സ്ഥിരമായപ്പോള്‍ ചിലര്‍ കോടതിയെ സമീപിച്ചു. ടെലിവിഷന്‍ ചാനലുകളുടെ 'ടോക്ഷോ'കള്‍ ക്രമസമാധാന പ്രശ്നം ഉണ്ടാക്കുന്നില്ല എന്ന് ഉറപ്പുവരുത്താന്‍ കോടതി ഡി ജി പിക്ക് നിര്‍ദേശം നല്‍കി. പിന്നെ കാക്കി സാന്നിധ്യത്തിലായി ചര്‍ച്ച. ചര്‍ച്ച മൂക്കുമ്പോള്‍ പൊലീസുകാര്‍ മുന്നിലേക്ക് തള്ളിക്കയറിവരും. സ്ഥാനാര്‍ഥികളുടെ നില്‍പ്പും ക്യാമറകളുടെ സ്ഥാനവും ഒന്നും അവരുടെ വിഷയമല്ല. മോഡറേറ്റര്‍ക്കൊപ്പം പൊലീസുകാരും ചര്‍ച്ച നിയന്ത്രിക്കും. ചര്‍ച്ചാവേദിയിലെ ഈ കാക്കി സാന്നിധ്യമാണ് നമ്മുടെ ജനാധിപത്യ പ്രക്രിയയിലെ ഏറ്റവും ജുഗുപ്സാവഹമായ കാഴ്ച. നമ്മുടെ രാഷ്ട്രീയ ബോധത്തോടുള്ള വെല്ലുവിളിയാണത്.

ഈ പ്രശ്നത്തിന് പരിഹാരവുമായി ചിലര്‍ രംഗത്ത്വന്നു.ക്ഷണിക്കപ്പെട്ടവര്‍ മാത്രം പങ്കെടുക്കുന്ന അടച്ചിട്ട മുറികളിലെ ചര്‍ച്ചയായിരുന്നു അവരുടെ നിര്‍ദേശം. ഓരോ മേഖലയിലെയും പ്രഗല്ഭ വ്യക്തികളെ മാത്രം ക്ഷണിക്കുക. ചോദ്യങ്ങള്‍ മുമ്പേ എഴുതിക്കൊടുക്കുക. അങ്ങനെ പോയി നിര്‍ദേശങ്ങള്‍. കണ്ട ചെമ്മാനേയും ചെരുപ്പുകുത്തിയേയും അടക്കം പങ്കെടുപ്പിച്ചുകൊണ്ട് ചന്തപ്പറമ്പുകളില്‍ ഇപ്പോള്‍ നടത്തുന്ന സര്‍വാണി സംവാദത്തിനു പകരം ഇസ്തിരിക്കുട്ടപ്പന്മാര്‍ മാത്രം പങ്കെടുക്കുന്ന ഡീസന്റായ ചര്‍ച്ച. ഒക്കെ ശരി. ജനാധിപത്യം തീര്‍ച്ചയായും ഇത്തരം ഡീസന്റ് രാമന്മാര്‍ക്ക് മാത്രം ഉള്ളതല്ലല്ലോ. അതിവിടുത്തെ സര്‍വമാന ജനങ്ങള്‍ക്കും ഉള്ളതാണ്. അതുകൊണ്ടുതന്നെ ആരെയെങ്കിലും ഒഴിവാക്കിക്കൊണ്ടുള്ള ഒരു നിര്‍ദേശവും നമുക്ക് സ്വീകരിക്കാനാവില്ല. ഇക്കാര്യം ഏറ്റവും വ്യക്തമായി അറിയാവുന്നത് നമ്മുടെ ജനനേതാക്കന്മാര്‍ക്കാണ്. അതുകൊണ്ടാണ് അവര്‍ പാതയോരത്തോ ചന്തപ്പുരയിലോ എവിടെയായാലും വന്ന് ആരുടെ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ തയ്യാറാവുന്നത്.

പക്ഷേ ഇതിങ്ങനെ തന്നെ തുടര്‍ന്നാല്‍ മതിയോ? തീര്‍ച്ചയായും പോര. നമ്മള്‍ മലയാളികളുടെ ഉയര്‍ന്ന രാഷ്ട്രീയ ബോധത്തില്‍നിന്ന് ജന്മം കൊണ്ടതാണ് ഇത്തരം പരിപാടികള്‍. ജനനേതാക്കളെ വിചാരണചെയ്യാനുള്ള അവസരം, അപ്രിയസത്യങ്ങള്‍ അവരോട് നേരിട്ട് ചോദിക്കാനുള്ള അവസരം വേറെ ആര്‍ക്ക് ലഭിക്കുന്നുണ്ട്. ഉത്തരേന്ത്യയിലൊക്കെ മത്സരിക്കുന്ന എത്ര സ്ഥാനാര്‍ഥികള്‍ ഇത്തരം ഒരു വിചാരണക്ക് നിന്നുകൊടുക്കും എന്നുകൂടി ആലോചിക്കുക. അതുകൊണ്ട് ഇത്തരം പടക്കളങ്ങള്‍ നമ്മുടെ രാഷ്ട്രീയബോധത്തിന്റെ പ്രതിഫലനപ്പലകകളാക്കുകയാണ് ചെയ്യേണ്ടത്. ജനങ്ങളുടെ മുമ്പില്‍ എപ്പോഴും ഉത്തരം നല്‍കേണ്ട ഭാരിച്ച ഉത്തരവാദിത്വമാണ് തങ്ങള്‍ക്കുമേല്‍ ഉള്ളത് എന്ന് ഓരോ ജനപ്രതിനിധിയെയും നിരന്തരം ഓര്‍മിപ്പിക്കുന്ന ഒന്നായി മാറണം അത്. ഏതു വിഷയവും ഒരു പ്രകോപനവും കൂടാതെ മാന്യമായി ഉന്നയിക്കാനാവുന്ന ഒരു സമൂഹത്തെയാണ് നമ്മള്‍ പരിഷ്കൃത സമൂഹം എന്ന പദംകൊണ്ട് വിവക്ഷിക്കുന്നത്.

ഒരു ക്ഷമാപണം: പത്തനംതിട്ടയിലെ അജ്ഞാതനായ ആ സുഹൃത്തിനോടുള്ള ക്ഷമാപണത്തോടുകൂടി മാത്രമേ ഈ കുറിപ്പ് അവസാനിപ്പിക്കാനാവൂ. ഒരു ചോദ്യം ചോദിക്കാനുള്ള അവസരത്തിനുവേണ്ടി ആ പാവം മനുഷ്യന്‍ അക്ഷരാര്‍ഥത്തില്‍ എന്നോടു കെഞ്ചി. ഞാന്‍ അദ്ദേഹത്തിനടുത്തുകൂടി നടന്നപ്പോഴൊക്കെ വളരെ പ്രധാനപ്പെട്ട ഒരു ചോദ്യമാണ് എന്ന് അദ്ദേഹം ഓര്‍മപ്പെടുത്തുന്നുണ്ടായിരുന്നു. എനിക്ക് പക്ഷേ അപ്പോഴൊക്കെ ഓര്‍മവന്നത് പഴയൊരു അനുഭവമായിരുന്നു. അതുകൊണ്ട് ഞാന്‍ മൈക്ക് കൈമാറിയില്ല. ഇദ്ദേഹം എന്നെ ഓര്‍മിപ്പിച്ചത് തിരുവമ്പാടിയിലെ ആ ചെറുപ്പക്കാരനെയാണ്. സിപിഐ എമ്മിന്റെ യുവ നേതാവായിരുന്ന മത്തായിചാക്കോ മരണമടഞ്ഞതിനെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പ്കാലം. തിരുവമ്പാടി ഇരുപക്ഷത്തിന്റെയും അഭിമാനപ്രശ്നമായ നാളുകള്‍. മത്തായി ചാക്കോയുടെ സ്മാരകം നിര്‍മിക്കാന്‍ പാര്‍ടി നഗര ഹൃദയത്തില്‍ തയ്യാറാക്കിയ സ്ഥലത്താണ് അദ്ദേഹത്തെ സംസ്കരിച്ചത്. പള്ളിസെമിത്തേരിയില്‍ സംസ്കരിക്കാത്തത് ഒരു വിഷയമായി യുഡിഎഫ് ഉയര്‍ത്തുന്ന കാലം- വളരെ പ്രധാനപ്പെട്ട വിഷയമാണ് എന്നുപറയുകയും നിരന്തരം അഭ്യര്‍ഥിക്കുകയും ചെയ്തതുകൊണ്ട് അന്നത്തെ 'പടക്കള'ത്തില്‍ ഞാന്‍ അയാള്‍ക്ക് മൈക്ക് കൈമാറി. അന്ന് 'പടക്കളം'ലൈവാണ്. ഇല അനങ്ങിയാല്‍ നാട്ടുകാര്‍ കാണും. ചതുരവടിവില്‍ അയാള്‍ ചോദ്യം ചോദിച്ചു. "ഞങ്ങളുടെ പ്രിയപ്പെട്ട എംഎല്‍എ മത്തായിചാക്കോയെ നിങ്ങള്‍ തെമ്മാടിക്കുഴിയില്‍ അടക്കിയില്ലേ'' എന്നതായിരുന്നു ചോദ്യം. ചോദ്യം തീര്‍ന്നതും ചോദ്യകര്‍ത്താവിന്റെ ചെവിടു കാഞ്ഞു. 'ഠേ!' എന്ന ശബ്ദം ലൈവില്‍ മുഴങ്ങി. പിന്നെ 'പടക്കളം' അക്ഷരാര്‍ഥത്തില്‍ പടക്കളമായി. കസേരയേറും അടിയും. മൂന്നാം നിലയില്‍ ഒരു ഓഡിറ്റോറിയത്തിനുള്ളില്‍ ആയതുകൊണ്ട് ജനങ്ങള്‍ക്ക് പെട്ടെന്ന് ഒഴിഞ്ഞുപോകാനുമായില്ല. പരിപാടിയില്‍ പങ്കെടുത്ത ജനനേതാക്കളെ ഞങ്ങള്‍ സംരക്ഷിച്ചു. തല്ലാനും തല്ലുകൊള്ളാനും പൂതി ഉള്ളവര്‍ക്ക് അന്ന് കുശാലായിരുന്നു.

ആര്‍ സുഭാഷ് ദേശാഭിമാനി വാരിക

Tuesday, April 28, 2009

അക്ഷയ തൃതീയ എന്ന അന്ധവിശ്വാസം

ഈ വര്‍ഷവും അക്ഷയതൃതീയ വരുന്നു. ഇതെഴുതുമ്പോള്‍ സ്വര്‍ണ്ണക്കടകളുടെ പരസ്യങ്ങള്‍ വന്നു തുടങ്ങിയിട്ടേയുള്ളൂ. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ അക്ഷയതൃതീയ നാളിലെ സ്വര്‍ണ്ണവില്‍പന ആരേയും അമ്പരപ്പിക്കുംവിധം വലുതായിരുന്നു. സാധാരണ കേരളത്തിലെ ഏറ്റവും വലിയ ക്യൂ ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ വില്‍പനശാലകള്‍ക്ക് മുന്നിലാണ്. അതിന്റെ പതിന്മടങ്ങ് വലിയ ക്യൂ ആയിരുന്നു കഴിഞ്ഞ ഏപ്രില്‍ 30ന് സ്വര്‍ണ്ണക്കടയ്ക്ക്മുന്നില്‍.

അക്ഷയതൃതീയയും സ്വര്‍ണ്ണവും തമ്മില്‍ എന്താണ് ബന്ധം?

ആദ്യം അക്ഷയതൃതീയ എന്താണെന്ന് നോക്കാം. ഉത്തരഭാരതത്തിലെ സവര്‍ണ്ണ ഹൈന്ദവരുടെ ഒരു പുണ്യദിനമാണത്. വിശേഷിച്ചും വിഷ്ണുഭക്തരുടെ. വൈശാഖമാസത്തിലെ വെളുത്ത പക്ഷത്തിലെ മൂന്നാമത്തെ തിഥിയാണ് അക്ഷയ തൃതീയ. ശകവര്‍ഷ കലണ്ടറിലെ രണ്ടാമത്തെ മാസമാണ് വൈശാഖം. ആദ്യത്തേത് ചൈത്രം. കലണ്ടര്‍ എടുത്തുനോക്കൂ. ഈ വര്‍ഷം ഏപ്രില്‍ 21നാണ് വൈശാഖമാസം ആരംഭിക്കുന്നത്. ശകവര്‍ഷം 1931-ാമാണ്ടാണിത്.

ഏപ്രില്‍ 21ന് വൈശാഖമാസം ആരംഭിക്കുന്നു. ഏപ്രില്‍ 25ന് അതായത് വൈശാഖം അഞ്ചിന് അമാവാസി. 26ന് വെളുത്തപക്ഷം ആരംഭിക്കുന്നു. അതായത് ചന്ദ്രന്‍ തെളിഞ്ഞുതുടങ്ങുന്നു. തുടര്‍ന്നുള്ള പതിനഞ്ച് ദിവസമാണ് വെളുത്തപക്ഷം. ചന്ദ്രന്‍ പൂര്‍ണ്ണചന്ദ്രനിലേക്ക് വളരുന്ന കാലം. പ്രഥമയും ദ്വിതീയയും 26ന്. തൃതീയ 27ന്. ഇത്രയും കാര്യങ്ങള്‍ നമ്മുടെ സാധാരണ കലണ്ടര്‍ നോക്കിയാല്‍ മനസ്സിലാക്കാം. ഇതുപ്രകാരം ഈ വര്‍ഷം ഏപ്രില്‍ 27നാണ് അക്ഷയതൃതീയ. കഴിഞ്ഞവര്‍ഷം ഇത് ഏപ്രില്‍ 30ന് ആയിരുന്നു.

ഇനി എന്താണ് ഈ ദിവസത്തിന്റെ പ്രാധാന്യം? അന്ന് ഉപവസിക്കുകയും വിഷ്ണുവിന് അന്നം നിവേദിക്കുകയും ബ്രാഹ്മണര്‍ക്ക് അന്നദാനം നടത്തുകയും വേണം എന്ന് വിഷ്ണുധര്‍മ്മസൂത്രം പറയുന്നു. ഇങ്ങനെ ചെയ്താല്‍ പുണ്യം ലഭിക്കും. അക്ഷയതൃതീയ ദിനത്തില്‍ ലഭിക്കുന്ന പുണ്യം അക്ഷയം ആയിരിക്കും എന്ന് വിശ്വാസം.

ഇനി രണ്ടാമത്തെ കാര്യം. എന്താണ് ഈ ദിവസവും സ്വര്‍ണ്ണക്കച്ചവടവും തമ്മിലുള്ള ബന്ധം. അന്നത്തെ പുണ്യം അക്ഷയമായിരിക്കും എന്നേ വിശ്വാസം പറയുന്നുള്ളൂ. അന്ന് കിട്ടുന്ന സ്വര്‍ണ്ണത്തിന് എന്തെങ്കിലും സവിശേഷതയുള്ളതായി ഒരു വിശ്വാസവും പറയുന്നില്ല.

പക്ഷേ ഉത്തരഭാരതത്തില്‍ മറ്റുചില സാഹചര്യങ്ങള്‍ കൂടിയുണ്ട്. അവിടെ സവര്‍ണ്ണ ഹൈന്ദവര്‍ ശൈശവ വിവാഹത്തില്‍ വിശ്വസിക്കുന്നവരാണ്. കുട്ടികളോട് ചെയ്യുന്ന കൊടും ക്രൂരതയും അനാചാരവുമാണിതെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമൊന്നുമില്ല. അതുകൊണ്ട് ശൈശവ വിവാഹം നിയമംമൂലം നിരോധിച്ചിട്ടുണ്ട്. എന്നാലും ഈ മതഭ്രാന്തന്മാര്‍ തരംകിട്ടിയാല്‍ ഇപ്പോഴും ശൈശവ വിവാഹം സംഘടിപ്പിക്കും.

മുമ്പ് കാലത്ത് ശൈശവ വിവാഹം സാധാരണയായിരുന്നു. ഇതൊരു പുണ്യ പ്രവൃത്തിയാണ് എന്ന് വിശ്വസിച്ചിരുന്നവര്‍ ഈ ദുഷ്കര്‍മ്മത്തിനായി തെരഞ്ഞെടുത്തിരുന്ന ദിവസം അക്ഷയ തൃതീയ നാള്‍ ആയിരുന്നു. അതുകൊണ്ട് ഉത്തരേന്ത്യയിലെ സ്വര്‍ണ്ണക്കച്ചവടക്കാര്‍ക്കും തുണിക്കച്ചവടക്കാര്‍ക്കും ഈ ദിനം വലിയ കൊയ്താണ്. എപ്പോഴും അന്ധവിശ്വാസങ്ങളില്‍നിന്ന് മുതലെടുക്കുന്നവര്‍ കച്ചവടക്കാരാണല്ലോ? അവര്‍ അക്ഷയതൃതീയക്ക് വലിയ പരസ്യംകൊടുത്തു. ശൈശവവിവാഹം നടന്നില്ലെങ്കിലും സ്വര്‍ണ്ണം വാങ്ങല്‍ ഒരു അനുഷ്ഠാനമായി മാറി. സ്വര്‍ണ്ണക്കച്ചവടക്കാരാണ് ഇതിനുവേണ്ട പ്രചാരവേല സംഘടിപ്പിച്ചത്. അവര്‍ വിശ്വാസത്തിന് ഒരു ചെറിയ തിരുത്തല്‍ വരുത്തി. അക്ഷയ തൃതീയ നാളിലെ പുണ്യം പൊലിക്കുമെന്നതിന് പകരം അന്ന് ലഭിക്കുന്ന സ്വര്‍ണ്ണം പൊലിക്കും എന്നാക്കിമാറ്റി പ്രചാരം. ജനം കെണിയില്‍ വീണു.

ഇത് ഉത്തര ഭാരതത്തിലെ കാര്യം. കേരളത്തില്‍ ഇങ്ങനെയൊരു പുണ്യദിനം അടുത്തകാലംവരെ ഉണ്ടായിരുന്നില്ല. പൊലിക്കുന്ന പുണ്യത്തിലായിരുന്നില്ലല്ലോ കര്‍മ്മത്തിലൂടെ ലഭിക്കുന്ന പുണ്യത്തിലായിരുന്നല്ലോ നമ്മുടെ വിശ്വാസം. എന്നാല്‍ പൊലിക്കുന്ന സമൃദ്ധിയെക്കുറിച്ച് നമുക്കൊരു വിശ്വാസമുണ്ടായിരുന്നു. അത് പക്ഷേ വിഷുനാളിലെ കണിയിലും കൈനീട്ടത്തിലുമാണ് നമ്മള്‍ അനുഷ്ഠിച്ചത്. അന്ന് കാണുന്ന സമൃദ്ധിയുടെ കണിയും ലഭിക്കുന്ന കൈനീട്ടവും വര്‍ഷം മുഴുവന്‍ പൊലിക്കുമെന്ന് നമ്മള്‍ വിശ്വസിച്ചു. വിശ്വാസം ഫലിക്കാഞ്ഞിട്ടോ, സമ്പത്തിനോടുള്ള അത്യാര്‍ത്തി മൂത്തിട്ടോ ചുളുവില്‍ സമ്പത്തുണ്ടാക്കുന്ന വെപ്രാളത്തിലാണ് ഇപ്പോള്‍ കേരളത്തിലെ ജനങ്ങള്‍.

പെട്ടെന്ന് സമ്പത്ത് കിട്ടാന്‍ രണ്ടു മാര്‍ഗ്ഗങ്ങളേയുള്ളൂ. ഒന്നുകില്‍ നിയമവിരുദ്ധമായ എന്തെങ്കിലും തട്ടിപ്പുകള്‍, കള്ളക്കടത്ത്, മയക്കുമരുന്ന് കച്ചവടം അങ്ങനെയെന്തെങ്കിലും. അല്ലെങ്കില്‍ പിന്നെ ദൈവം പ്രസാദിക്കണം. ലോട്ടറിയടിക്കുകയാണ് ഒരു മാര്‍ഗ്ഗം. ലോട്ടറിയില്‍ ഒരു 'റിസ്ക്ഫാക്ടര്‍' ഉണ്ട്. ലോട്ടറിയെടുക്കുന്ന എല്ലാവര്‍ക്കും സമ്മാനം അടിക്കുകയില്ല. സമ്മാനം കിട്ടാത്തവര്‍ക്ക് മുടക്കുമുതല്‍ നഷ്ടം.

മലയാളിയുടെ ഈ വൃത്തികെട്ട ധനമോഹം മുതലെടുക്കുന്നത് സ്വര്‍ണ്ണക്കച്ചവടക്കാരാണ്. അക്ഷയതൃതീയ സ്വര്‍ണ്ണം വാങ്ങാന്‍ പറ്റിയ നാളാണെന്നും അന്ന് ലഭിക്കുന്ന സ്വര്‍ണ്ണം പൊലിക്കുമെന്നും പത്രപരസ്യം നല്‍കിയത് അവരാണ്. ചില അതി ബുദ്ധിമാന്‍മാര്‍ തങ്ങളുടെ സ്വര്‍ണ്ണക്കടയില്‍ പൂജാരിമാരേയും ജോത്സ്യന്മാരേയും നിയമിക്കുകകൂടി ചെയ്തതോടെ കേരളം ഒന്നാകെ സ്വര്‍ണ്ണക്കടക്കാരുടെ കെണിയില്‍ മൂക്കുംകുത്തി വീണു.

പുലര്‍ച്ച മുതല്‍ പാതിരാവ് വരെ സ്വര്‍ണ്ണക്കടയ്ക്ക് മുന്നിലെ നീണ്ട ക്യൂ കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലും ഉണ്ടായിരുന്നു. ഈ വര്‍ഷം ഇതെഴുതുമ്പോള്‍ പത്രപ്പരസ്യങ്ങള്‍ വന്നു തുടങ്ങിയിട്ടേയുള്ളൂ. അതിന്റെ ഫലമെന്താകുമെന്ന് ഏപ്രില്‍ 27 കഴിയുമ്പോള്‍ അറിയാം. എന്നാല്‍ ഇതുവരെ വന്ന പരസ്യങ്ങളില്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. സ്വര്‍ണ്ണം മാത്രമല്ല, ഇത്തവണ പ്ളാറ്റിനം ആഭരണങ്ങളുടെ പരസ്യവും വന്നിട്ടുണ്ട്. അക്ഷയതൃതീയ നാളില്‍ പൊലിപ്പിക്കുന്ന ലോഹങ്ങളുടെ പട്ടിക വികസിപ്പിച്ചതും അതില്‍ പ്ളാറ്റിനം ഉള്‍പ്പെടുത്തിയതും ആരാണാവോ?

പ്ളാറ്റിനം ആഭരണക്കച്ചവടക്കാരും ചാകര കണ്ട് വലയുമായി ഇറങ്ങിയിരിക്കുന്നു.!!

അക്ഷയതൃതീയ എന്താണെന്ന് ആദ്യമേ എഴുതിയിരുന്നു. പ്രഥമ, ദ്വിതീയ, തൃതീയ എന്നൊക്കെയുള്ളത് ചന്ദ്രനെ അടിസ്ഥാനമാക്കി തീയതി കണ്ടുപിടിക്കാനുള്ള ഒരു പഴയ മാര്‍ഗ്ഗമാണ്. നേരത്തെ പറഞ്ഞില്ലേ, അമാവാസി കഴിഞ്ഞാല്‍ ഒന്നാം നാള്‍ പ്രഥമ, അടുത്തത് ദ്വിതീയ, തുടര്‍ന്ന് തൃതീയ, ചതുര്‍ത്ഥി, പഞ്ചമി, ഷഷ്ഠി, സപ്തമി, അഷ്ടമി, നവമി, ദശമി, ഏകാദശി, ദ്വാദശി, ത്രയോദശി, ചതുര്‍ദശി എന്നിങ്ങനെ ആകെ പതിനാല് ദിനങ്ങള്‍. പതിനഞ്ചാംനാള്‍ പൌര്‍ണ്ണമി അഥവ വെളുത്തവാവ്. അടുത്ത ദിവസം മുതല്‍ വീണ്ടും പ്രഥമ, ദ്വിതീയ എന്ന് തുടങ്ങി ചതുര്‍ദശിവരെ. അടുത്തദിവസം അമാവാസി അഥവാ കറുത്തവാവ്. അപ്പോള്‍ ഒരു മാസമായി. സൌരമാസവും ചാന്ദ്രമാസവും തമ്മില്‍ ചെറിയ വ്യത്യാസങ്ങള്‍ ഉള്ളതുകൊണ്ട് ഇതില്‍ ചെറിയ അഡ്ജസ്റ്റ്മെന്റുകള്‍ വരും. ചിലപ്പോള്‍ ഒരേ പക്ഷത്തില്‍ രണ്ട് പ്രഥമ വരാം. ചിലപ്പോള്‍ രണ്ട് നാളുകള്‍ ഉദാ: പ്രഥമയും ദ്വിതീയയും ഒറ്റ ദിവസമാകാം.

അപ്പോള്‍ നമ്മള്‍ ഒന്നാം തീയതി, രണ്ടാം തീയതി എന്ന് പറയുന്നതുപോലെയുള്ള അര്‍ത്ഥമേ പ്രഥമ, ദ്വിതീയ തുടങ്ങിയ നാളെണ്ണലിനും ഉള്ളൂ. മാസത്തിന്റെ പേരും പ്രഥമയ്ക്കും ചതുര്‍ദശിക്കും ഇടയിലുള്ള നാളും പറഞ്ഞാല്‍ ഏത് ദിവസമാണ് എന്ന് മനസ്സിലാക്കാം. അമാവാസി മുതല്‍ പൌര്‍ണ്ണമിവരെയും പൌര്‍ണ്ണമി മുതല്‍ അടുത്ത അമാവാസിവരെയുഃം രണ്ട് പക്ഷങ്ങള്‍ ഉള്ളതിനാല്‍ വെളുത്ത പക്ഷമോ കറുത്തപക്ഷമോ എന്നുകൂടി പറഞ്ഞാല്‍ കൃത്യം തീയതിയാകും. ഉദാഹരണത്തിന് 2009 ഏപ്രില്‍ 23ന് എന്റെ പന്ത്രണ്ടാം വിവാഹ വാര്‍ഷികമാണ് എന്ന കാര്യം ശകവര്‍ഷ കലണ്ടര്‍ പ്രകാരം എങ്ങനെ പറയും? 1931 വൈശാഖം കറുത്തപക്ഷത്തെ ത്രയോദശി നാളില്‍ വിവാഹ വാര്‍ഷികമാണ് എന്നുപറഞ്ഞാല്‍ പഴയകാലത്ത് ആളുകള്‍ക്ക് കാര്യം മനസ്സിലാകും.

ഇതിലേതെങ്കിലും ദിവസം വിഷ്ണുവുമായി പ്രത്യേകം സമ്പര്‍ക്കം പുലര്‍ത്താന്‍ കഴിവുള്ള ഗോളമല്ല ചന്ദ്രന്‍ എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ചന്ദ്രന്‍ അല്ല കലണ്ടര്‍ നിര്‍മ്മിച്ചത്. സൂര്യ ചന്ദ്രന്മാരുടെയും മറ്റ് ആകാശഗോളങ്ങളുടെയും ആപേക്ഷിക സ്ഥാനങ്ങള്‍ നോക്കി മനുഷ്യരാണ് കലണ്ടര്‍ നിര്‍മ്മിച്ചത്.

ഇത്തരം വിശ്വാസങ്ങള്‍ ശക്തിപ്പെടുന്നത് നമ്മുടെ മനസ്സില്‍ കാലാകാലങ്ങളിലായി അടിഞ്ഞുകൂടുന്ന മൂല്യബോധത്തിന്റെകൂടി സ്വാധീനത്തിന്റെ ഫലമാണ്. ഉദാഹരണമായി എന്തുകൊണ്ട് ഈ വര്‍ഷം അക്ഷയതൃതീയ നാളില്‍ പ്ളാറ്റിനം ആഭരണം കടന്നുവന്നു? പ്ളാറ്റിനം വെളുത്ത ലോഹമാണ്. വെളുത്തതാണ് ദൈവത്തിന് ഇഷ്ടം. വെളുപ്പാണ് സൌന്ദര്യം എന്ന നമ്മുടെ മൂല്യബോധമാണ് ഈ പ്രചാരണത്തെ ശരിവെയ്ക്കാന്‍ പ്രേരിപ്പിക്കുന്നത്.

ഇനി കേവലയുക്തിയെ അടിസ്ഥാനമാക്കിയുള്ള ചില ചോദ്യങ്ങളും ചോദിക്കാം. എന്തുകൊണ്ടാണ് സ്വര്‍ണ്ണം പൊലിക്കുന്നത്. ഈയവും അലൂമിനിയവും ഒക്കെ ലോഹങ്ങളാണല്ലോ? അവ പൊലിക്കുകയില്ലേ? സ്വര്‍ണ്ണം സമ്പത്തിന്റെ പ്രതീകമാണ്. പൊലിക്കുന്നത് സമ്പത്താണ്. അപ്പോള്‍ അക്ഷയതൃതീയ നാളില്‍ നമ്മള്‍ ഒരു ഗ്രാം സ്വര്‍ണ്ണം വാങ്ങുന്നു എന്ന് വിചാരിക്കുക. അതിന്റെ വില സ്വര്‍ണ്ണക്കച്ചവടക്കാരന് കൊടുത്തു. കിട്ടിയതിന് തുല്യമായ പണം നഷ്ടപ്പെട്ടു. അതായത് സ്വര്‍ണ്ണം വാങ്ങുന്നതിന് മുമ്പും പിമ്പും നമ്മുടെ ആകെ സമ്പത്തിന് മാറ്റമൊന്നുമില്ല. കുറച്ച് പണം സ്വര്‍ണ്ണത്തിന്റെ രൂപത്തിലേക്ക് മാറി. പിന്നെങ്ങനെയാണ് പൊലിക്കുന്നത്?

ഇപ്പറഞ്ഞ കാര്യങ്ങളൊക്കെ മനസ്സിലാക്കാന്‍ കഴിവുള്ള ബുദ്ധിയും വിവരവും ഉള്ളവര്‍തന്നെയാണ് മലയാളികള്‍. വിശേഷിച്ചും സ്വര്‍ണ്ണക്കടയ്ക്കുമുന്നില്‍ ക്യൂ നില്‍ക്കുന്നവര്‍ പാവപ്പെട്ടവരോ നിരക്ഷരരോ അല്ല. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും മതിയായ സാമ്പത്തിക സുരക്ഷയും ഉള്ളവരാണ്. എന്നാല്‍ കച്ചവടക്കാര്‍ പ്രചരിപ്പിച്ച ഒരു അന്ധവിശ്വാസത്തില്‍ കുടുങ്ങി അവര്‍ സ്വന്തം വിദ്യാഭ്യാസ യോഗ്യതയെ പരിഹാസ്യമാക്കുന്നു. ഒരുകാലത്ത് യുക്തിചിന്തയുടേയും പുരോഗമന ആശയങ്ങളുടേയും കൊടിപറപ്പിച്ച കേരളത്തിന് ഇത് അപമാനകരമാണ്.

ജോജി കൂട്ടുമ്മേല്‍

Sunday, April 26, 2009

ചൂതാടുവാന്‍ പെന്‍ഷന്‍ ചൂതാടുവാന്‍

എല്ലാ പൌരന്മാര്‍ക്കും വേണ്ടി പുതുതായി നടപ്പാക്കുന്ന പെന്‍ഷന്‍ പദ്ധതിയില്‍ നിക്ഷേപിക്കുന്ന തുക ഓഹരി വിപണിയിലെ ചൂതാട്ടത്തിന് എറിഞ്ഞുകൊടുക്കുന്നതിന് അരങ്ങൊരുങ്ങി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമുണ്ടെങ്കിലും പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കുന്നതില്‍ അപാകതയില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചതിനെത്തുടര്‍ന്ന് പദ്ധതിയെക്കുറിച്ചുള്ള പരസ്യങ്ങള്‍ പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി ആന്‍ഡ് ഡവലപ്പ്മെന്റ് അതോറിട്ടി (പിഎഫ്ആര്‍ഡിഎ) പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചു.

പിഎഫ്ആര്‍ഡിഎയാണ് പദ്ധതിയുടെ നടത്തിപ്പുകാരെങ്കിലും ഫണ്ട് കൈകാര്യം ചെയ്യുക സ്വകാര്യ പെന്‍ഷന്‍ ഫണ്ട് മാനേജര്‍മാരായിരിക്കും. ഇവര്‍ ഈ തുക ഓഹരിവിപണിയില്‍ നിക്ഷേപിക്കും. ഓഹരിവിപണിയിലെ ചാഞ്ചാട്ടമനുസരിച്ചായിരിക്കും തൊഴിലാളികളുടെ അധ്വാനഫലമായ പെന്‍ഷന്‍ നിശ്ചയിക്കപ്പെടുക. ഏപ്രില്‍ ഒന്നു മുതല്‍ നടപ്പാക്കാനിരുന്ന പദ്ധതി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ മെയ് മാസത്തില്‍ ആരംഭിക്കും. അസംഘടിത മേഖലയിലെ തൊഴിലാളികളടക്കം ആര്‍ക്കും പദ്ധതിയില്‍ ചേരാം. പാര്‍ലമെന്റ് നിയമം പാസാക്കാതെ ഇത്തരമൊരു പ്രഖ്യാപനം നടത്താന്‍ പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി അതോറിറ്റിക്ക് അവകാശമില്ല.

ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി, ഐഡിഎഫ്സി അസറ്റ് മാനേജ്മെന്റ് കമ്പനി, കൊടാക് മഹീന്ദ്ര അസറ്റ് മാനേജ്മെന്റ് കമ്പനി, റിലയന്‍സ് കാപ്പിറ്റല്‍ അസറ്റ് മാനേജ്മെന്റ് കമ്പനി എന്നിവയ്ക്കാണ് പെന്‍ഷന്‍ ഫണ്ടില്‍നിന്നുള്ള വലിയ തുക ലഭിക്കാന്‍ പോകുന്നത്.

അവസാനം വാങ്ങിയ ശമ്പളത്തിന്റെ പകുതിതുക പെന്‍ഷന്‍തുകയായി നല്‍കാമെന്ന് സ്വകാര്യകമ്പനികള്‍ ഉറപ്പുനല്‍കുന്നില്ല. നിലവിലുള്ള പെന്‍ഷന്‍ ആനുകൂല്യത്തിന്റെ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തുകയും പൂര്‍ണമായും കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍പദ്ധതിയായി മാറുകയും ചെയ്യും.

തെരഞ്ഞെടുപ്പുപ്രചാരണത്തിനിടെ കേന്ദ്ര സര്‍ക്കാര്‍ പുതിയ പെന്‍ഷന്‍പദ്ധതി പ്രഖ്യാപിച്ചത് നിയമവിരുദ്ധമാണെന്ന് സിഐടിയു പ്രസിഡന്റ് ഡോ. എം കെ പന്ഥെ പ്രസ്താവനയില്‍ പറഞ്ഞു.പെന്‍ഷന്‍ഫണ്ട് തൊഴിലാളികളുടെ ഭാവി സുരക്ഷിതത്വത്തിനുള്ള സംവിധാനമായല്ല, ലാഭമുണ്ടാക്കാനുള്ള ഉപകരണമായാണ് സ്വകാര്യ കമ്പനികള്‍ കാണുക. ഓഹരിവിപണിയില്‍ നിക്ഷേപിച്ച പെന്‍ഷന്‍ഫണ്ട് തൊഴിലാളികള്‍ക്ക് നഷ്ടപ്പെട്ടതാണ് ലോകമെങ്ങുമുള്ള അനുഭവം. ഈ അനുഭവത്തില്‍നിന്ന് പാഠം പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ല- പന്ഥെ പറഞ്ഞു.

Saturday, April 25, 2009

സ്ത്രീകളോടുള്ള വഞ്ചന

യുപിഎ ഭരണത്തിന്റെ കഴിഞ്ഞ അഞ്ചുവര്‍ഷം സ്ത്രീകളെ സംബന്ധിച്ചിടത്തോളം വാഗ്ദാനലംഘനങ്ങളുടെ ഘോഷയാത്രയാണ് കാണാനായത്. ലിംഗനിര്‍ണയ പരിശോധനകള്‍, സ്ത്രീധനം ചോദിക്കല്‍, ശൈശവ വിവാഹം, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തുടങ്ങി സ്ത്രീകള്‍ക്കെതിരായി തുടര്‍ന്നുകൊണ്ടിരിക്കുന്ന പ്രതിലോമ നടപടികള്‍ തടയുന്നതിന് സാമൂഹ്യ കൂട്ടായ്മകള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് മുന്‍ഗണന നല്‍കുന്ന ഒരു ശ്രമവും ഗവമെന്റിന്റെ ഭാഗത്തുനിന്നുണ്ടായില്ല. മറിച്ച് ഗവമെന്റിന്റെ രാഷ്ട്രീയ അജന്‍ഡകളില്‍ വളരെ കുറച്ച് സ്ഥാനം മാത്രമാണ് സ്ത്രീകള്‍ക്ക് നല്‍കപ്പെട്ടത്. ഗവമെന്റില്‍ തന്നെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള മന്ത്രാലയത്തിന് ക്യാബിനറ്റ് പദവി പോലും നല്‍കപ്പെട്ടില്ല. ഗവമെന്റിന്റെ മറ്റു കമീഷനുകളെ അപേക്ഷിച്ച് ദേശീയ വനിതാകമീഷന് താഴ്ന്ന പദവിയാണ് നല്‍കപ്പെട്ടത്. അങ്ങനെ ഈ ഗവമെന്റിന്റെ കാലത്ത് സ്ത്രീകള്‍ക്ക് രണ്ടാംതരം പദവിയെന്നത് മുകളില്‍ നിന്നുതന്നെ തുടങ്ങിയതാണ്. എന്‍ഡിഎ ഗവമെന്റിനെപ്പോലെ തന്നെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎയും സ്ത്രീകള്‍ക്ക് പാര്‍ലമെന്റിലും നിയമസഭകളിലും മൂന്നിലൊന്ന് സീറ്റ് സംവരണംചെയ്യുന്നതിനുള്ള നിയമം പാസാക്കുന്നതില്‍ പരാജയപ്പെട്ടു.

കഴിഞ്ഞ 12 വര്‍ഷമായി അട്ടത്തുവച്ചിരിക്കുന്ന വനിതാ സംവരണബില്‍ പാസാക്കുന്നതിനായി 'നേതൃത്വം വഹിക്കു'മെന്ന് സിപിഐ എമ്മിന്റെയും ഇടതുപാര്‍ടികളുടെയും സമ്മര്‍ദത്തെത്തുടര്‍ന്ന് പൊതുമിനിമം പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈ ബില്‍ പാസാക്കണമെന്ന് സിപിഐ എമ്മും ഇടതുപാര്‍ടികളും പലതവണ ആവശ്യപ്പെട്ടു. എന്നാല്‍, 'സമവായ'ത്തിന്റെ പേരുപറഞ്ഞ് ഈ വാഗ്ദാനത്തില്‍നിന്ന് യുപിഎ പിറകോട്ടുപോയി. 2008 മേയില്‍ രാജ്യസഭയില്‍ ഈ ബില്‍ ഒന്നവതരിപ്പിക്കുന്നതിന് യുപിഎ ഗവമെന്റ് നാലുവര്‍ഷമെടുത്തു. അതിനുശേഷം അതൊരു പാര്‍ലമെന്ററി സ്റാന്‍ഡിങ് കമ്മിറ്റിക്ക് അയച്ചുകൊടുത്തു. അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്നതിനുവേണ്ടി കോണ്‍ഗ്രസ് പാര്‍ടി സ്ത്രീകളുടെ താല്‍പ്പര്യങ്ങള്‍ ബലികഴിച്ചു. അതുകൊണ്ടാണ് കരാറിനുള്ളില്‍ ഒരു കരാറുണ്ടാക്കിക്കൊണ്ട് ഇന്തോ അമേരിക്കന്‍ ആണവകരാറിനെ പിന്തുണയ്ക്കാന്‍ സമാജ് വാദി പാര്‍ടി തയ്യാറായാല്‍ വനിതാബില്‍ ഉപേക്ഷിക്കാമെന്ന് കോണ്‍ഗ്രസ് അവരുമായി കരാറുണ്ടാക്കിയത്. അങ്ങനെ ബില്‍ ശീതീകരണിയില്‍ തള്ളപ്പെട്ടു.

കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളിലായി 18 സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 5.3 ശതമാനം സ്ത്രീകളാണ് തെരഞ്ഞെടുക്കപ്പെട്ടത്. ബില്‍ അംഗീകരിച്ചിരുന്നെങ്കില്‍ അത് 33 ശതമാനമായി ഉയരുമായിരുന്നു. സിപിഐ എം വനിതാസംവരണബില്ലിന് ആവര്‍ത്തിച്ച് പിന്തുണ പ്രഖ്യാപിക്കുന്നു. എന്തുകൊണ്ടെന്നാല്‍ അത് എല്ലാ സമുദായങ്ങളിലുംപെട്ട സ്ത്രീകളെ പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും പ്രതിനിധാനംചെയ്യുന്നതിന് പ്രാപ്തമാക്കും. പൊതുമിനിമം പരിപാടി 'ഗാര്‍ഹിക അതിക്രമങ്ങള്‍, ലിംഗപരമായ വിവേചനം എന്നിവയ്ക്കെതിരെ നിയമനിര്‍മാണം, എല്ലാ മേഖലയിലും സ്ത്രീകള്‍ക്ക് നിയമപരമായി പൂര്‍ണമായ തുല്യത' എന്നിവ വാഗ്ദാനം ചെയ്തിരുന്നു. ഏഴുവര്‍ഷത്തില്‍ താഴെ തടവുശിക്ഷ വിധിക്കാവുന്ന നിരവധി കുറ്റകൃത്യങ്ങളില്‍ ജാമ്യവ്യവസ്ഥകള്‍ ഉദാരമാക്കുന്നത് ഉള്‍പ്പെടെ ക്രിമിനല്‍ നടപടി നിയമത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഗവമെന്റ് നിരവധി ഭേദഗതികള്‍ കൊണ്ടുവന്നിരുന്നു. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ അറസ്റ്റില്‍ നിന്ന് ഒഴിവാക്കാന്‍ സഹായിക്കുന്നതായിരുന്നു ഇത്. ഈ വ്യവസ്ഥകള്‍ തിരുത്തണം. വനിതാസംഘടനകളില്‍നിന്നുണ്ടായ സമ്മര്‍ദത്തിന്റെ ഫലമായി സ്ത്രീകളെ ഗാര്‍ഹികപീഡനത്തില്‍നിന്ന് സംരക്ഷിക്കുന്നതിനുള്ള നിയമം നിര്‍മിക്കുകയുണ്ടായി. എന്നാല്‍, നിയമം നടപ്പാക്കുന്നതിന് കേന്ദ്രത്തില്‍നിന്ന് ബഡ്ജറ്റ് വിഹിതം അനുവദിക്കാന്‍ വിസമ്മതിച്ചതിനാല്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരെ നിയമിക്കല്‍ അടക്കമുള്ള നിര്‍വഹണരംഗത്തെ കാര്യങ്ങള്‍ ദുര്‍ബലപ്പെട്ടു. ഇതിനെ തുടര്‍ന്ന് ഭര്‍ത്താക്കന്മാരും ബന്ധുക്കളും നടത്തുന്ന പീഡനസംഭവങ്ങള്‍ വന്‍തോതില്‍ വര്‍ധിച്ചു.

2004ല്‍ അത്തരം സംഭവങ്ങള്‍ 58121 ആയിരുന്നെങ്കില്‍ 2007ല്‍ 75930 ആയി വര്‍ധിച്ചു. 30 ശതമാനത്തിന്റെ വര്‍ധന. സ്ത്രീധനമരണങ്ങളുടെ എണ്ണം ആഘാതമേല്‍പ്പിക്കത്തക്കതാണ്. പ്രതിദിനം 22 എണ്ണം വീതം ഏതാണ്ട് മണിക്കൂറില്‍ ഒന്നുവീതം. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍ കാണിക്കുന്നത് ബലാത്സംഗങ്ങളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായെന്നതാണ്. 2004ല്‍ 18233 ആയിരുന്നത് 2008ല്‍ 20737 ആയി . 14 ശതമാനത്തിന്റെ വളര്‍ച്ച. മാനഭംഗപ്പെടുത്തലുകളുടെ എണ്ണം ഇക്കാലത്ത് യഥാക്രമം 34567ല്‍നിന്ന് 38734 ആയി വര്‍ധിച്ചു. 12 ശതമാനത്തിന്റെ വര്‍ധന. ഇതില്‍ത്തന്നെ ഏറ്റവും അപകടകരമായ സംഗതി 25 ശതമാനം സംഭവങ്ങളിലും ഉള്‍പ്പെട്ടവര്‍ 18 വയസ്സിനുതാഴെ പ്രായമുള്ളവരാണെന്നാണ്. ലൈംഗികാതിക്രമങ്ങളും ശിശുക്കളുടെമേലുള്ള ലൈംഗികാതിക്രമങ്ങളും തടയുന്നതിന് സമഗ്രമായ നിയമം നിര്‍മിക്കേണ്ടതിന്റെ ആവശ്യകതയെയാണിത് ചൂണ്ടിക്കാണിക്കുന്നത്. ലോ കമീഷനും ദേശീയ വനിതാകമീഷനും ശുപാര്‍ശ നല്‍കിയിട്ടും ഗവമെന്റ് ഈ ദിശയില്‍ നീങ്ങുന്നതിന് തയ്യാറായിട്ടില്ല. ദളിത് സ്ത്രീകള്‍ക്കെതിരായി നടന്ന ബലാത്സംഗങ്ങളുടെ എണ്ണത്തില്‍ 16 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. എന്നാല്‍, എസ്സിഎസ്ടി (അതിക്രമങ്ങള്‍ തടയല്‍) നിയമം ഉപയോഗപ്പെടുത്തി ഈ കുറ്റകൃത്യങ്ങളെ തടയുന്നതിന് ശ്രമിക്കുന്നില്ലെന്ന് 2006 സെപ്തംബറില്‍ രണ്ടു സ്ത്രീകളെ ഉന്നതജാതിക്കാരായ ജനക്കൂട്ടം ക്രൂരമായി മര്‍ദിച്ച ഹീനമായ ഖൈര്‍ലാഞ്ചി സംഭവം വ്യക്തമാക്കുന്നു. വിശാഖ കേസില്‍ സുപ്രീംകോടതി ജോലിസ്ഥലത്ത് സ്ത്രീകള്‍ക്ക് വഹിക്കേണ്ടിവരുന്ന ലൈംഗികാതിക്രമങ്ങള്‍ കൈകാര്യംചെയ്യുന്നതിന് നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിട്ട് 12 വര്‍ഷം കഴിഞ്ഞു. വനിതാസംഘടനകളും ദേശീയ വനിതാ കമീഷനും ചര്‍ച്ച ചെയ്യുകയും ഒരു കരടു ബില്‍ തയ്യാറാക്കുകയും ചെയ്തു. എന്നാല്‍, തൊഴിലെടുക്കുന്ന എല്ലാ വിഭാഗം സ്ത്രീകളെയും ബാധിക്കുന്ന ഈ പ്രധാന വിഷയം ഏറ്റെടുക്കല്‍ യുപിഎ ഗവമെന്റ് തയ്യാറായിട്ടില്ല. ഇതിന്റെ ഫലമായി ലൈംഗികപീഡനത്തിന് ഇരയാക്കപ്പെടുന്നെന്ന് ആരോപിക്കുന്ന സ്ത്രീകളെ ഇരയാക്കാന്‍ നിരവധി സ്വകാര്യ ബഹുരാഷ്ട്രസ്ഥാപനങ്ങള്‍ക്ക് കഴിയുന്നു.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെയുള്ള നിയമങ്ങള്‍ ശക്തിപ്പെടുത്താന്‍ തുനിയുന്നതിനുപകരം യുപിഎ ഗവമെന്റിന് വേണ്ടിയിരുന്നത് ക്രിമിനല്‍ നടപടി നിയമത്തില്‍ ഭേദഗതി വരുത്തി ഇരകളാക്കപ്പെടുന്നവരില്‍ സമ്മര്‍ദം ചെലുത്തി പ്രതികള്‍ക്കനുകൂലമായ കേസ് പിന്‍വലിക്കുന്നതില്‍ ആയിരുന്നു. വിശ്വാസവഞ്ചന (406), ലൈംഗികപീഡനം(354), ബഹുഭാര്യത്വം (494), മാനഭംഗപ്പെടുത്തല്‍ (509) തുടങ്ങിയ ഇന്ത്യന്‍ ശിക്ഷാനിയമത്തിലാണ് ഇങ്ങനെ കേസ് പിന്‍വലിക്കാവുന്ന ഭേദഗതികള്‍ കൊണ്ടുവരാന്‍ ശ്രമിച്ചത്. സിപിഐ എം അംഗങ്ങള്‍ പാര്‍ലമെന്റില്‍ നടത്തിയ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് അവസാന നിമിഷത്തില്‍ ഈ ഭേദഗതികള്‍ പിന്‍വലിക്കാന്‍ തയ്യാറായത്.

ദേശാഭിമാനി 250409

Friday, April 24, 2009

‘നിഷ്പക്ഷ‘ പത്രങ്ങളുടെ പാദസേവ

ഉമ്മന്‍ചാണ്ടിക്കും കെ സുധാകരനുമെതിരെ കേസെടുത്ത് അന്വേഷിക്കാനുള്ള കോടതി ഉത്തരവ് മുക്കി മാതൃഭൂമിയുടെ പാദസേവ. മനോരമയാകട്ടെ ഈ വാര്‍ത്ത ആരും കാണാത്തവിധം ഉള്‍പ്പേജിലൊതുക്കി. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് വക്കീല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി പുറപ്പെടുവിച്ച ഉത്തരവ് മുഖ്യവാര്‍ത്തയാക്കി ആഘോഷിച്ച പത്രങ്ങളാണിത്. കണ്ണൂരില്‍ കലാപം സൃഷ്ടിക്കാന്‍ ഗൂഢാലോചന നടത്തിയെന്നും ചട്ടം ലംഘിച്ച് ഉമ്മന്‍ചാണ്ടി കണ്ണൂരിലെത്തിയെന്നും കാണിച്ച് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേസെടുത്ത് അന്വേഷിക്കാന്‍ കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേട്ട് കോടതി (രണ്ട്) ഉത്തരവിട്ടത്.

മിക്ക പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും ഇത് വാര്‍ത്തയേ ആയില്ല. ജനപ്രാതിനിധ്യനിയമം ലംഘിച്ചാണ് ഉമ്മന്‍ചാണ്ടി കണ്ണൂരില്‍ വന്നതെന്നും അവിടെ കലാപമുണ്ടാക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറഞ്ഞു. കെ സുധാകരന്‍ ക്രിമിനല്‍ സംഘങ്ങളെ ഇറക്കിയതായും പരാതിയില്‍ പറഞ്ഞിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി കേസെടുത്ത് അന്വേഷിക്കാന്‍ വളപട്ടണം പൊലീസിന് നിര്‍ദേശം നല്‍കി. മനോരമയുടെ ഉള്‍പ്പേജില്‍ ഉമ്മന്‍ചാണ്ടിയുടെ സന്ദര്‍ശനം അന്വേഷിക്കാന്‍ ഉത്തരവ് എന്ന തലക്കെട്ടില്‍ ചെറിയ വാര്‍ത്തയുണ്ട്. അവിടെ കലാപത്തിനുള്ള ഗൂഢാലോചന നടന്നതില്‍ മനോരമയ്ക്ക് ഉല്‍ക്കണ്ഠയില്ല. കണ്ണൂരില്‍ ബൂത്ത് പിടിത്തവും വന്‍ അക്രമവും നടക്കുമെന്ന് പ്രചരിപ്പിച്ചുകൊണ്ടിരുന്ന പത്രമാണത്. എന്നാല്‍, ഒരു പ്രശ്നവുമില്ലാതെ വോട്ടെടുപ്പ് പൂര്‍ത്തിയായി. അത് മനോരമയെ വല്ലാതെ വിഷമിപ്പിച്ചു. മാതൃഭൂമി കണ്ണൂര്‍ എഡിഷനില്‍ ആറാം പേജില്‍ രണ്ടു കോളത്തില്‍ കൊച്ചുവാര്‍ത്ത നല്‍കി ഉമ്മന്‍ചാണ്ടിയോടും സുധാകരനോടുമുള്ള കൂറ് പ്രകടിപ്പിച്ചു. ഉമ്മന്‍ചാണ്ടിക്കെതിരെ സ്വകാര്യ അന്യായം എന്നാണ് തലക്കെട്ട്. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദേശം നല്‍കി, സുധാകരനും എതിര്‍കക്ഷിയാണ്. മാതൃഭൂമിയുടെ 'നിഷ്പക്ഷ'വാര്‍ത്ത ഇതോടെ അവസാനിക്കുന്നു. മറ്റിടങ്ങളില്‍ ഈ വാര്‍ത്ത മുക്കാന്‍ നടത്തിപ്പുകാര്‍ ഉത്തരവിടുകയായിരുന്നു. പത്രം എംഡി കോണ്‍ഗ്രസിന്റെ പിന്നാമ്പുറത്ത് കറങ്ങുന്ന സാഹചര്യത്തിലാണ് ഉമ്മന്‍ചാണ്ടിക്കും സുധാകരനുമെതിരായ ഉത്തരവ് മുക്കി യജമാനഭക്തിപ്രകടനം. ലാവ്ലിന്‍ ഫയല്‍ മുക്കിയെന്നാരോപിച്ച് കോണ്‍ഗ്രസ് വക്കീല്‍ നല്‍കിയ ഹര്‍ജിയില്‍ അന്വേഷണ ഉത്തരവ് മുഖ്യവാര്‍ത്തയാക്കിയ ദീപിക അടക്കമുള്ള പത്രങ്ങള്‍ക്കും കണ്ണൂര്‍ കോടതി ഉത്തരവ് വലിയ വാര്‍ത്തയേ ആയില്ല. മാധ്യമങ്ങള്‍ അവയുടെ എല്‍ഡിഎഫ് വിരുദ്ധമുഖമാണ് ഇതുവഴി തുറന്നുകാട്ടിയത്.

ദേശാഭിമാനി വാര്‍ത്ത 24.04.09

Thursday, April 23, 2009

ശ്രീലങ്കയില്‍ സമാധാനം പുലരണം

ശ്രീലങ്കയില്‍നിന്നുള്ള വെടിയൊച്ചയും നിലവിളികളും ലോകത്തിന്റെയാകെ, വിശേഷിച്ച് ഇന്ത്യയുടെ ആകുലതയാണ്. ആ കൊച്ചു ദ്വീപരാഷ്ട്രം അശാന്തിയുടെയും അസ്ഥിരതയുടെയും പിടിയില്‍പെട്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടു. രാഷ്ട്രീയമായ എല്ലാ പരിഹാരശ്രമങ്ങളും ഉപേക്ഷിച്ച് ആക്രമണത്തിന്റെ വഴിയിലൂടെ തമിഴ് പ്രശ്നം പരിഹരിക്കാനാകുമെന്ന തെറ്റായ നിലപാടുമായി മുന്നോട്ടുപോകുന്ന ശ്രീലങ്കന്‍സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്ന യുദ്ധം തമിഴ് പുലികളോടുമാത്രമല്ല, തമിഴ് വംശജരോടാകെയാണ് എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് അവിടെനിന്ന് വരുന്നത്. എല്‍ടിടിഇ അധീനപ്പെടുത്തിയ പ്രദേശങ്ങള്‍ ഒന്നൊന്നായി തിരിച്ചുപിടിച്ചും പുലിത്താവളങ്ങള്‍ തകര്‍ത്തും രൂക്ഷമായ യുദ്ധം നടത്തി മുന്നേറിയ സൈന്യം അതിന്റെ പ്രഖ്യാപിത ലക്ഷ്യത്തോടടുക്കുകയാണ്. എന്നാല്‍, ആയുധബലംകൊണ്ട് തങ്ങളെ തോല്‍പ്പിച്ചാലും പോരാട്ടം അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന മുന്നറിയിപ്പാണ്, ഇരുപത്തിനാലു മണിക്കൂറിനകം കീഴടങ്ങാനുള്ള ശ്രീലങ്കന്‍ സര്‍ക്കാരിന്റെ അന്ത്യശാസനം തള്ളിയതിലൂടെ പുലികള്‍ നല്‍കിയത്. പതിനേഴു ചതുരശ്ര കിലോമീറ്ററോളം വരുന്ന വനമേഖലയില്‍ മാത്രമാണ് പുലികള്‍ ഇപ്പോള്‍ അവശേഷിക്കുന്നത്. അവസാനത്തെ എല്‍ടിടിഇക്കാരനെയും കൊല്ലാനുള്ള ആവേശത്തോടെ പട്ടാളവും ചാവേര്‍ പോരാട്ടത്തിന്റെ എല്ലാ നശീകരണ വാസനകളും ആവാഹിച്ച് എല്‍ടിടിഇക്കാരും നടത്തുന്നത് സര്‍വം നശിപ്പിക്കുന്ന യുദ്ധമാണ്. കഴിഞ്ഞ ദിവസം ആയിരത്തിലേറെ ഗ്രാമീണര്‍ കൊല്ലപ്പെട്ടുവെന്നും മൂവായിരത്തോളം പേര്‍ക്ക് പരിക്കേറ്റുവെന്നുമാണ് വാര്‍ത്ത.

തമിഴ് വംശജരാകെ അരക്ഷിതാവസ്ഥയിലാണ്. ദിനേന പതിനായിരങ്ങള്‍ വീടുവിട്ട് എങ്ങോട്ടെന്നില്ലാതെ പലായനംചെയ്യുന്നു. യുദ്ധമേഖലയില്‍നിന്ന് പലായനംചെയ്തവരുടെ എണ്ണം അരക്കോടി കവിഞ്ഞുവെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍തന്നെ പറയുന്നു. സ്ത്രീകളും കുഞ്ഞുങ്ങളും വൃദ്ധരും രോഗികളുമെല്ലാം ദുരിതത്തിന്റെ ആഴക്കയത്തിലേക്കാണ് എടുത്തെറിയപ്പെടുന്നത്. അവരില്‍ മഹാഭൂരിപക്ഷത്തിനും എല്‍ടിടിഇയുമായി ബന്ധമില്ല. തമിഴ് പുലികളെയും തമിഴ് വംശജരായ സാധാരണ ജനങ്ങളെയും രണ്ടായി കാണാന്‍ സൈന്യം തയ്യാറാകുന്നില്ല. അതേസമയം, പാവപ്പെട്ട തമിഴ് ജനതയെ യുദ്ധപരിചയായി ഉപയോഗിക്കാന്‍ എല്‍ടിടിഇയും തയ്യാറാകുന്നു. സൈന്യത്തിനും പുലികള്‍ക്കുമിടയില്‍പെട്ട തമിഴ് ജനതയുടെ ജീവിതം അനിശ്ചിത്വത്തിന്റെ പിടിയിലാണ്. കടുത്ത മനുഷ്യാവകാശലംഘനമാണ് നടക്കുന്നത്. പരിക്കേറ്റവര്‍ക്ക് ചികിത്സ കിട്ടുന്നില്ല. മരുന്ന്, ഭക്ഷണം, കുടിവെള്ളം-എല്ലാറ്റിനും ക്ഷാമം നേരിടുകയാണെന്ന് വാര്‍ത്തകള്‍ വരുന്നു. കൂടാരങ്ങളില്‍കിടന്ന് നിലവിളിക്കുന്ന സ്ത്രീകളുടെ ചിത്രം പുറത്തുവന്നിട്ടുണ്ട്. മനുഷ്യാവകാശസംഘടനകള്‍ പുറത്തുവിട്ടു. സമീപമേഖലയിലെ ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞു. ഹെലികോപ്റ്ററിലും ബോട്ടുകളിലും ആയിരങ്ങളെ രക്ഷപ്പെടുത്തിയെന്നും ഗുരുതരമായി പരിക്കേറ്റ ചിലരെ കൊളംബോയിലേക്ക് എത്തിച്ചെന്നും സൈന്യം അവകാശപ്പെട്ടു. എന്നാല്‍, പലായനംചെയ്യുന്നവര്‍ക്കുനേരെയും പുലികള്‍ ആക്രമണം നടത്തിയെന്നാണ് സൈന്യം പറയുന്നത്. ജനങ്ങളെ കവചമാക്കിയാണ് സൈന്യം തങ്ങളെ ആക്രമിക്കുന്നതെന്ന പ്രത്യാരോപണം എല്‍ടിടിഇയും ഉയര്‍ത്തിയിട്ടുണ്ട്. പുലിത്തലവന്‍ പ്രഭാകരനെക്കുറിച്ച് തിട്ടമുള്ള വിവരമൊന്നും സൈന്യത്തിന് ലഭിച്ചിട്ടില്ല. പ്രഭാകരന്റെ സഹായികളായ രണ്ട് മുതിര്‍ന്ന പുലിനേതാക്കള്‍കൂടി കീഴടങ്ങിയതായാണ് ഒടുവിലത്തെ വാര്‍ത്ത. പ്രശ്നം ഗുരുതരമാംവണ്ണം വഷളായിട്ടും രാഷ്ട്രീയപരിഹാരത്തിന്റെയോ സമാധാനത്തിന്റെയോ മാര്‍ഗത്തില്‍ സര്‍ക്കാരും പുലികളും വരുന്നില്ലെന്നതാണ് ദുഃഖകരമായ യാഥാര്‍ഥ്യം. പുലികള്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടല്‍ വീണ്ടും ആവശ്യപ്പെട്ടിരിക്കുന്നു. ചര്‍ച്ചനടത്താമെന്ന സര്‍ക്കാരിന്റെ വാഗ്ദാനം നിലനില്‍ക്കുകയാണെന്നും പ്രഭാകരനും കൂട്ടാളികള്‍ക്കും കീഴടങ്ങാന്‍ അവസരമുണ്ടെന്നുമാണ് പ്രസിഡന്റ് മഹിന്ദ രജപക്സെയുടെ പ്രതികരണം. കീഴടങ്ങിയില്ലെങ്കില്‍ സയനൈഡ് ഗുളികയുടെ സഹായം തേടുകയല്ലാതെ പുലികള്‍ക്ക് മറ്റു മാര്‍ഗമില്ലെന്നും രജപക്സെ പറയുന്നു.

സമാധാന പ്രക്രിയയിലൂടെ രാഷ്ട്രീയ പരിഹാരം കാണാനുള്ള പ്രതീക്ഷയെ സാധൂകരിക്കുന്ന സൂചനകള്‍ ഒന്നുംതന്നെ 2006 മുതല്‍ ശ്രീലങ്കയില്‍നിന്ന് വന്നിട്ടില്ല. കിഴക്കന്‍ മേഖലയില്‍നിന്ന് എല്‍ടിടിഇയെ തുടച്ചുനീക്കുന്നതില്‍ സൈന്യം വിജയം വരിച്ചത് ബലപ്രയോഗത്തിലൂടെ പുലികളെ അടിച്ചമര്‍ത്താമെന്ന് വാദിക്കുന്ന ശക്തികള്‍ക്ക് പ്രാത്സാഹനമാണ് പകര്‍ന്നത്. പുലികളുടെ കടുംപിടിത്തവും അവര്‍ സായുധ സമരമാര്‍ഗത്തില്‍ മാത്രം ഉറച്ചുനില്‍ക്കുന്നതും പരിഹാരമാര്‍ഗങ്ങള്‍ അടയ്ക്കുന്നതിനാണ് സഹായകമായത്. ഇതുമൂലം ഏറ്റവുമധികം ദുരിതമനുഭവിക്കുന്നത് തമിഴ്ജനതയാണ്; അവരില്‍ വലിയൊരു വിഭാഗം അഭയാര്‍ഥികളായി അലയുകയാണിന്ന്. സമ്പൂര്‍ണമായ യുദ്ധംതന്നെയാണ് നടക്കുന്നത്. ഈ അവസ്ഥ സൃഷ്ടിക്കുന്നതില്‍ പുലികള്‍ക്കെന്നപോലെ പ്രസിഡന്റ് രജപക്സെയുടെ ഭരണത്തിനും ഉത്തരവാദിത്തമുണ്ട്. സ്വയംഭരണത്തെയും അധികാരവികേന്ദ്രീകരണത്തെയും അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയ പരിഹാരത്തിന് അനുകൂലമായ ഒരു നടപടിയും രജപക്സെ ഭരണം കൈക്കൊണ്ടില്ല. തമിഴ് സംസാരിക്കുന്ന പ്രദേശങ്ങള്‍ക്ക് സ്വയംഭരണം അനുവദിക്കുന്ന വ്യവസ്ഥയിലൂടെമാത്രമേ ശ്രീലങ്കയുടെ ഐക്യം കാത്തുസൂക്ഷിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും കഴിയൂ എന്ന ധാരണയില്‍ പ്രധാന സിംഹള പാര്‍ടികള്‍ എത്തിച്ചേരണം. തമിഴ് പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരം കാണാനുള്ള പരിശ്രമങ്ങള്‍ ഇന്ത്യാഗവമെന്റ് തുടരുകയും ചെയ്യേണ്ടതുണ്ട്. സമാധാന ഭഞ്ജകരായ പുലികളെ നിര്‍ദാക്ഷിണ്യം നേരിടുന്നതിനോടൊപ്പം തമിഴ് വംശജരായി എന്ന കാരണംകൊണ്ടുമാത്രം ഒരാളും ദുരിതത്തിലേക്ക് വലിച്ചെറിയപ്പെട്ടുകൂടാ എന്ന ശരിയായ സമീപനത്തില്‍ രജപക്സെ ഭരണം എത്തിയാലേ ശ്രീലങ്ക സമാധാനത്തിലേക്ക് തിരിച്ചുവരികയുള്ളൂ.

ദേശാഭിമാനി മുഖപ്രസംഗം 2009 ഏപ്രില്‍ 23

Tuesday, April 21, 2009

ബുദ്ധദേവ് സംസാരിക്കുന്നു

ബംഗാള്‍ മുഖ്യമന്ത്രിയും സിപിഐ (എം) പി ബി അംഗവുമായ ബുദ്ധദേവ് ഭട്ടാചാര്യ 'ഹിന്ദു' ദിനപത്രത്തിന്റെ പ്രതിനിധി മര്‍ക്കസ് ദാമുമായി നടത്തിയ അഭിമുഖം

പശ്ചിമബംഗാളില്‍ ഇടതുപക്ഷ പാര്‍ടികളുടെ സാധ്യതയ്ക്കനുസരിച്ചായിരിക്കും മൂന്നാംമുന്നണിയുടെ ഭാവി കുടികൊള്ളുന്നത്. ഈ വെല്ലുവിളി എത്രമാത്രം അപ്രതിരോധ്യമാണ്?

പാര്‍ലമെന്റിലേക്കുള്ളതായാലും നിയമസഭയിലേക്കുള്ളതായാലും ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും അത് ഒരു വെല്ലുവിളിതന്നെയാണ്. ഓരോ പ്രാവശ്യവും ഞങ്ങളെ പരാജയപ്പെടുത്താന്‍ ഒത്തുചേരുന്നതിന് പ്രതിപക്ഷം ശ്രമിക്കാറുണ്ട്. അതിനാല്‍, ഇതൊരു പുതിയ വെല്ലുവിളിയല്ല; ഏതു വെല്ലുവിളിയും ഏറ്റെടുക്കാന്‍ ഞങ്ങള്‍ സന്നദ്ധരാണ്. അത് എത്രമാത്രം പ്രയാസമേറിയതായാലും, എത്രത്തോളം അപ്രതിരോധ്യമായാലും ഞങ്ങള്‍ അത് ഏറ്റെടുക്കും.

എന്നാല്‍, ആദ്യമായി നമുക്ക് ദേശീയരംഗം ഒന്നു നോക്കാം. ഞങ്ങളുടെ (ഇടതുപക്ഷപാര്‍ടികളുടെ) നില ക്രമേണ മെച്ചപ്പെടുകയാണ്. മൂന്നാം ബദലിന് രൂപംനല്‍കാന്‍ ഞങ്ങള്‍ ഗൌരവപൂര്‍വ്വം ഏര്‍പ്പെട്ടിരിക്കുകയാണ്. ഈ ആശയം വിജയത്തിലേക്ക് നീങ്ങുകയാണെന്ന് രാജ്യത്തുടനീളമുള്ള സംഭവവികാസങ്ങള്‍ ആകെ ശ്രദ്ധിക്കുന്ന ആര്‍ക്കും ബോധ്യപ്പെടും.

കോണ്‍ഗ്രസും ബിജെപിയും തങ്ങളുടെ സ്വന്തം സഖ്യകക്ഷികളില്‍നിന്നുതന്നെ ഒറ്റപ്പെടുകയാണ്. ആ രണ്ടു കൂട്ടരുടെയും കപ്പലുകള്‍ മുങ്ങുകയാണ്. യുപിഎ തകര്‍ന്നിരിക്കുന്നു; സഖ്യകക്ഷികള്‍ എന്‍ഡിഎയെ ഉപേക്ഷിച്ചുപോകുന്നു.

ഞങ്ങളുടേത് വിശ്വസനീയമായ ഒരു ബദല്‍ പരിപാടിയാണ്. പല പാര്‍ടികളും അവരുടെ മുന്‍ നിലപാടുകളില്‍ മാറ്റം വരുത്തി ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നു. തെരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസിനെയും ബിജെപിയെയും കൈവെടിയാനാണ് ഇനിയും ചിലര്‍ ചിന്തിക്കുന്നത്. കൂട്ടുകക്ഷി രാഷ്ട്രീയത്തിന്റെ പുതിയൊരു ഘട്ടത്തിലേക്കാണ് ഇന്ത്യന്‍ രാഷ്ട്രീയം കടക്കുന്നത്-ആ പദപ്രയോഗത്തിന്റെ കൃത്യമായ അര്‍ത്ഥത്തിലുള്ള കൂട്ടുകക്ഷി രാഷ്ട്രീയത്തിലേക്ക്. ഇതേവരെ യുപിഎ ആയാലും എന്‍ ഡി എ ആയാലും മേധാവിത്വം പുലര്‍ത്തുന്ന ഒരു പാര്‍ടിയുടെ തണലിലായിരുന്നു-ഓരോ മുന്നണിയിലെയും ഏറ്റവും വലിയ കക്ഷിയുടെ തണലില്‍.

പശ്ചിമബംഗാളിലെ സ്ഥിതി?

തൃണമൂല്‍ കോണ്‍ഗ്രസുമായി കൂട്ടുകൂടാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം കോണ്‍ഗ്രസ് അണികളില്‍ മാത്രമല്ല പൊതുവെ ജനങ്ങള്‍ക്കിടയില്‍ ആകെയും സ്വീകാര്യമായിട്ടില്ലെന്നാണ് ഞാന്‍ കരുതുന്നത്. ഇത്തരത്തിലുള്ള ഒരു സഖ്യത്തില്‍ കോണ്‍ഗ്രസ് ഏര്‍പ്പെട്ടത് എന്തുകൊണ്ടാണ്? ഇത് തികച്ചും ഒരു കീഴടങ്ങലാണ്. ഈ കൂട്ടുകെട്ടുകൊണ്ട് കോണ്‍ഗ്രസിന് നഷ്ടമല്ലാതെ നേട്ടമൊന്നുമുണ്ടാകില്ലെന്ന് ഞാന്‍ തറപ്പിച്ചു പറയുകയാണ്.

ഇത് വെറും ഒരു കണക്കിന്റെ കളിയാണെന്നാണ് അവര്‍ കരുതുന്നത്- അതായത്, കോണ്‍ഗ്രസും തൃണമൂലുംകൂടി ചേര്‍ന്നുകഴിഞ്ഞാല്‍ അവര്‍ക്ക് ഞങ്ങളെ പരാജയപ്പെടുത്താന്‍ കഴിയുമെന്ന്. എന്നാല്‍ രാഷ്ട്രീയം വെറും കണക്കുകൊണ്ടുള്ള കളിയല്ല. കണക്കില്‍ രണ്ടും രണ്ടും ചേര്‍ന്നാല്‍ നാലാകും. എന്നാല്‍ രാഷ്ട്രീയത്തില്‍, ഒരു കൂട്ടുകെട്ട് തത്വാധിഷ്ഠിതം അല്ലെങ്കില്‍, അതിന് പരിപാടിപരമായ ഒരടിത്തറ ഇല്ലെങ്കില്‍, ജനങ്ങള്‍ അതിനെ അംഗീകരിക്കില്ല. അപ്പോള്‍, ആ സമവാക്യത്തിലെ തുക വെറും പൂജ്യമായിരിക്കും.

മിക്കവാറും ജില്ലകളിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സന്തുഷ്ടരല്ല. ആയതിനാല്‍ സാഹചര്യം ആകെ മാറുകയാണ്. ആ മാറ്റം നല്ലതിനുമാണ്.

ഇത് ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണ്. എന്നാല്‍ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ഇപ്പോഴത്തെ തെരഞ്ഞെടുപ്പിനെ 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായിട്ടാണ് അവതരിപ്പിക്കുന്നത്.

തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാനാടിസ്ഥാനത്തിലുള്ള ഒരു പാര്‍ടിയാണ്. അവര്‍ എപ്പോഴും സംസ്ഥാന തെരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തിലേ ചിന്തിക്കൂ. രാജ്യത്താകെ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് അവര്‍ ആലോചിക്കുന്നതായിപ്പോലും തോന്നുന്നില്ല. ആരാണ് ഈ രാജ്യം ഭരിക്കാന്‍ പോകുന്നത് എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ മുഖ്യ വിഷയം. എന്നാല്‍ ഒരു പ്രാദേശിക പാര്‍ടിയായതിനാല്‍ അവര്‍ക്ക് സംസ്ഥാനത്തിനപ്പുറത്തേക്കുള്ള കാര്യങ്ങള്‍ കാണാന്‍ കഴിയുന്നില്ല. ഞാന്‍ അവരെ വിമര്‍ശിക്കുകയല്ല. നാം ഇപ്പോള്‍ കേന്ദ്രത്തില്‍ ഒരു പുതിയ സര്‍ക്കാരിന് രൂപം നല്‍കാനുള്ള ശ്രമത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നത് എന്നാണ് ഞാന്‍ പറഞ്ഞുവരുന്നത്. എന്നാല്‍, ഇതു പറയുമ്പോള്‍തന്നെ, ഈ സംസ്ഥാനത്തെ വോട്ടര്‍മാര്‍ സംസ്ഥാനത്ത് എന്താണ് നടക്കുന്നതെന്നും ഗൌരവപൂര്‍വം ചിന്തിക്കേണ്ടതുമുണ്ട്. ഇവിടത്തെ ഭരണമുന്നണി എന്താണ് ചെയ്യുന്നത് എന്നും സിംഗൂരിലെയും നയാചാറിലെയും മാത്രമല്ല മറ്റെല്ലാ വികസന പദ്ധതികളെയും കണ്ണടച്ച് എതിര്‍ക്കുന്ന പ്രതിപക്ഷം എന്താണ് ചെയ്യുന്നതെന്നും ജനങ്ങള്‍ ചിന്തിക്കേണ്ടതാണ്.

പശ്ചിമബംഗാളിനെ സംബന്ധിച്ചിടത്തോളം ഈ തെരഞ്ഞെടുപ്പില്‍ രണ്ട് മുഖ്യ വിഷയങ്ങള്‍ പരിഗണന അര്‍ഹിക്കുന്നതായുണ്ട്. സര്‍ക്കാര്‍ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളെ പ്രതിപക്ഷം എതിര്‍ക്കുന്നത് എന്തുകൊണ്ട്? ഇതാണ് ഒരു വിഷയം. മറ്റൊന്ന്, ചില വിഘടനവാദികളും ചില ഇടതുപക്ഷ തീവ്രവാദികളും അവരുടെ പ്രവര്‍ത്തനങ്ങളെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളുമായി കൂട്ടി യോജിപ്പിക്കാന്‍ ശ്രമിക്കുന്നു. ഈ പാര്‍ടി-തൃണമൂല്‍-എന്തുകൊണ്ടാണ് ഇത്തരം ശക്തികളെ പിന്തുണയ്ക്കുന്നത്? ജനങ്ങള്‍ അവരോട് ഈ ചോദ്യങ്ങള്‍ ചോദിക്കേണ്ടതാണ്.

കൃഷിഭൂമി വ്യവസായാവശ്യത്തിനുവേണ്ടി ഏറ്റെടുക്കുന്നത് സംബന്ധിച്ച സംവാദം ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. അത് സംസ്ഥാനത്തിന്റെ ഗ്രാമീണ മേഖലയില്‍ ഇടതുപക്ഷത്തിനുണ്ടായിരുന്ന ജനപിന്തുണയില്‍ ചോര്‍ച്ചയ്ക്കും ഇടയാക്കിയിട്ടുണ്ടാവാം. ഈ പ്രശ്നത്തെ സംസ്ഥാന സര്‍ക്കാര്‍ എങ്ങനെയാണ് നേരിടുന്നത്?

(2008 മേയിലെ) പഞ്ചായത്ത് തെരഞ്ഞെടുപ്പുകളെ തുടര്‍ന്ന്, തെരഞ്ഞെടുപ്പ് ഫലങ്ങളെ സംബന്ധിച്ച് ഞങ്ങളുടെ പാര്‍ടി ചര്‍ച്ചചെയ്തപ്പോള്‍, ദക്ഷിണ 24 പര്‍ഗാന, പൂര്‍വ മെദിനിപ്പൂര്‍, ഉത്തര 24 പര്‍ഗാന, നാദിയ എന്നീ ജില്ലകളിലെ ചില കേന്ദ്രങ്ങളില്‍ ഞങ്ങളുടെ പരാജയത്തിന് ഇടയാക്കിയ ചില വിഷയങ്ങള്‍ ഞങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇടതുമുന്നണി ഘടകകക്ഷികളുമായി പൂര്‍ണമായ ധാരണയില്‍ എത്തിച്ചേരുന്നതില്‍ ഞങ്ങള്‍ക്ക് സംഭവിച്ച വീഴ്ചയായിരുന്നു ഏറ്റവും വലിയ പ്രശ്നം എന്നായിരുന്നു ഞങ്ങളുടെ വിശകലനം.

എന്നാല്‍, ഞങ്ങള്‍ അവരുടെ ഭൂമി പിടിച്ചെടുക്കാന്‍ തുനിഞ്ഞ് നില്‍ക്കുകയാണെന്ന പ്രചാരണത്തില്‍ കുടുങ്ങിയ ഒരു വിഭാഗം കര്‍ഷകര്‍ക്കിടയില്‍ ഞങ്ങളോട് കടുത്ത അവിശ്വാസം നിലനില്‍ക്കുന്ന ചില മേഖലകളും ഞങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

ഈ ആശങ്ക മനസ്സിലാക്കാവുന്നതേയുള്ളൂ. വിശേഷിച്ചും നന്ദിഗ്രാം സംഭവം ചില ഭയാശങ്കകള്‍ക്കും ഉല്‍ക്കണ്ഠകള്‍ക്കും ഇടയാക്കിയത് ഗ്രാമീണ തെരഞ്ഞെടുപ്പുകളില്‍ ചില പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഞങ്ങളുടെ പിന്തുണയുടെ പൊതു അടിത്തറ-ചെറുകിട കര്‍ഷകര്‍-ചില സ്ഥലങ്ങളില്‍ ഞങ്ങളില്‍നിന്ന് അകന്നു. അവരില്‍തന്നെ മുസ്ളിം സമുദായത്തില്‍പ്പെട്ടവര്‍ അതിശക്തമായാണ് പ്രതികരിച്ചത്. കാരണം, ഇന്ത്യയിലെ അവരുടെ പൌരത്വം നിര്‍ണയിക്കുന്ന ശക്തമായ ഒരേയൊരു തെളിവ് ഭൂമി സംബന്ധിച്ച രേഖയാണെന്ന് അവര്‍ വിശ്വസിക്കുന്നു. "നിങ്ങള്‍ നിങ്ങളുടെ ഭൂമി വിട്ടുകൊടുത്തുകഴിഞ്ഞാല്‍ പിന്നെ നിങ്ങള്‍ ബംഗ്ളാദേശുകാരല്ല എന്ന് തെളിയിക്കേണ്ടതായി വരും. അതിന് നിങ്ങള്‍ക്ക് എങ്ങനെ കഴിയും?'' എന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രചാരണം.

ഇപ്പോള്‍ ഞങ്ങള്‍ ഭൂമി ഏറ്റെടുക്കലിനുള്ള ഒരു നയത്തിന് രൂപം നല്‍കിയിരിക്കുന്നു. പുനരധിവാസത്തിനും മതിയായ നഷ്ടപരിഹാരത്തിനുമുള്ള നിര്‍ദ്ദേശവും അതോടൊപ്പം അവതരിപ്പിച്ചിരിക്കുന്നു. ഒരു ഭൂബാങ്കും ഞങ്ങള്‍ രൂപീകരിച്ചിരിക്കുകയാണ്. ആയതിനാല്‍, കര്‍ഷകരില്‍നിന്ന് അവരുടെ ഭൂമി വെറുതെ തട്ടിയെടുക്കുമെന്ന പ്രതിപക്ഷ പ്രചരണം ഇനിയും ഇവിടെ വിലപ്പോകുമെന്ന് തോന്നുന്നില്ല. ഞങ്ങള്‍ ഞങ്ങളുടെ പാര്‍ടി പ്രവര്‍ത്തകരോട് പറഞ്ഞിട്ടുള്ളത്, നിങ്ങള്‍ ജനങ്ങളെ സമീപിക്കുമ്പോള്‍ അവരോട് സംസാരിക്കുകമാത്രമല്ല, അവര്‍ പറയുന്നത് കേള്‍ക്കുകയും ചെയ്യണമെന്നാണ്. ജനങ്ങള്‍ എന്താണ് പറയുന്നത് എന്ന് ശ്രദ്ധിക്കുന്നതാണ് പ്രധാനം.

Monday, April 20, 2009

പകപോക്കല്‍ രാഷ്ട്രീയം പത്രധര്‍മത്തെ ഭരിക്കുമ്പോള്‍

മാതൃഭൂമി പണ്ടേ കമ്യൂണിസ്റ്റുവിരുദ്ധ പത്രമാണ്. തെരഞ്ഞെടുപ്പുകാലത്ത് വിശേഷിച്ചും. ദീര്‍ഘകാലമായി അതിന്റെ മാനേജിംഗ് ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന എം പി വീരേന്ദ്രകുമാര്‍ പതിറ്റാണ്ടുകളായി ഇടതുപക്ഷത്താണെങ്കിലും അത്തരം ദാക്ഷിണ്യമൊന്നും പത്രം കാണിക്കാറില്ല. കഴിഞ്ഞ നാല്‍പത്തെട്ടുവര്‍ഷമായി ഇടതുപക്ഷത്തിനൊപ്പമായിരുന്നു താനെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

മാതൃഭൂമിയുടേത് ഇടതുപക്ഷവിരുദ്ധ നിലപാടാണെങ്കിലും പത്രധര്‍മ്മത്തിന്റേതായ മാന്യത കാത്തുസൂക്ഷിക്കാറുണ്ടായിരുന്നു. പത്രത്തിന്റെ രാഷ്ട്രീയ നിലപാടുകളില്‍ മാനേജിംഗ് ഡയറക്ടര്‍ ഇടപെട്ടിരുന്നില്ലെങ്കിലും തന്റെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ പത്രത്താളുകളില്‍ പകര്‍ന്നുനല്‍കാന്‍ വീരേന്ദ്രകുമാര്‍ എന്നും വീറുകാണിച്ചിരുന്നു. പ്രശസ്ത പത്ര പ്രവര്‍ത്തകന്‍ എം ഡി നാലപ്പാട് മുഖ്യപത്രാധിപരായിരിക്കെ വീരേന്ദ്രകുമാറുമായി തെറ്റുകയും പല കാര്യങ്ങള്‍ തുറന്നടിക്കയും ചെയ്തിരുന്നു. അന്നത്തെ മുഖ്യമന്ത്രി കരുണാകരനോടും കോണ്‍ഗ്രസ് നേതാക്കളോടും ചോദിച്ചിട്ടേ വീരേന്ദ്രകുമാര്‍ എന്തും ചെയ്യുകയുള്ളായിരുന്നു എന്ന് നാലപ്പാട് പറയുകയുണ്ടായി.

തനിക്കു താല്‍പര്യമുള്ള വാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്‍കുന്നതിലും താല്‍പര്യമില്ലാത്തവ തമസ്കരിക്കുന്നതിനും വീരേന്ദ്രകുമാര്‍ ഇടപെടുന്നതിന് സമീപ ദിവസങ്ങളിലെ മാതൃഭൂമി താളുകള്‍തന്നെ സാക്ഷ്യംപറയും.

മുമ്പ് പ്രമുഖ സാഹിത്യകാരനും സാംസ്കാരികനായകനുമായ ഡോ. സുകുമാര്‍ അഴീക്കോടും വീരേന്ദ്രകുമാറുമായി ഏറ്റുമുട്ടുകയുണ്ടായി. ഇരുവരും തമ്മിലുള്ള യുദ്ധം മുറുകി. പിന്നീട് കുറെക്കാലം സുകുമാര്‍ അഴീക്കോടിന്റെ പേരോ ചിത്രമോ മാതൃഭൂമിയില്‍ മഷി പുരണ്ടുവന്നില്ല. പിന്നീട് ഇരുവരും തമ്മില്‍ പ്രശ്നം തീര്‍ത്തപ്പോള്‍ മാതൃഭൂമിയില്‍ പഴയതുപോലെ അഴീക്കോടിന്റെ പേരും ചിത്രവും വന്നുതുടങ്ങി. എല്ലാ മാധ്യമങ്ങളും വളരെ പ്രാധാന്യത്തോടെ കൊടുത്തിരുന്ന അഴീക്കോടിന്റെ പ്രസ്താവനകളും അഭിപ്രായങ്ങളും തമസ്കരിക്കുന്നതില്‍ മാതൃഭൂമിക്ക് ഒരു ലജ്ജയും തോന്നിയില്ല.

ഈ തെരഞ്ഞെടുപ്പുകാലത്ത് മാതൃഭൂമി രണ്ടുപേരെയാണ് പ്രധാനമായും പത്രത്താളുകളിലൂടെ വേട്ടയാടിയത്. സിപിഐ (എം) സംസ്ഥാനസെക്രട്ടറി പിണറായി വിജയനെയാണ് മുഖ്യമായി ആക്രമിച്ചത്. രണ്ടാമത് പിഡിപി നേതാവ് മ്അദനിയെ.

മാര്‍ച്ച് 16-ാം തീയതിയാണ് കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം ജനതാദളിന് വിട്ടുനല്‍കാന്‍ കഴിയില്ലെന്ന തീരുമാനം സിപിഐ (എം) അന്തിമമായി ജനതാദളിനെ അറിയിച്ചത്. അതിനുള്ള കാരണവും പാര്‍ടി വ്യക്തമാക്കുകയുണ്ടായി. പഴയ കോഴിക്കോട് മണ്ഡലത്തിലെ സുല്‍ത്താന്‍ബത്തേരി, കല്‍പ്പറ്റ, തിരുവമ്പാടി എന്നീ മണ്ഡലങ്ങള്‍ പുതിയ വയനാട് മണ്ഡലത്തിലാണ്. കല്‍പറ്റ ഉള്‍പ്പെടുന്ന പ്രദേശത്താണ് വീരേന്ദ്രകുമാറിന്റെ വീട്. കല്‍പറ്റയിലെ ജനപ്രതിനിധിയാണ് വീരേന്ദ്രകുമാറിന്റെ മകന്‍ ശ്രേയാംസ്‌കുമാര്‍. പുതുക്കിയ കോഴിക്കോട്ടെ മണ്ഡലങ്ങള്‍ ബാലുശ്ശേരി, എലത്തൂര്‍, വടക്കേ കോഴിക്കോട്, തെക്കേ കോഴിക്കോട്, ബേപ്പൂര്‍, കുന്ദമംഗലം, കൊടുവള്ളി എന്നിവയാണ്. പുതിയതായി ചേര്‍ക്കപ്പെട്ട മണ്ഡലങ്ങള്‍ സിപിഐഎമ്മിന്റെ ശക്തിദുര്‍ഗങ്ങളാണുതാനും. ഒരു സിപിഐ (എം) സ്ഥാനാര്‍ത്ഥി മത്സരിക്കുന്നതാണ് വിജയസാധ്യത കൂടുതല്‍. വയനാട്ടില്‍ ജനതാദളും.

എന്നാല്‍ മണ്ഡലത്തിനുവന്ന മാറ്റങ്ങളോ പുതിയതായി രൂപവത്കരിക്കപ്പെട്ട മണ്ഡലമോ കാണാതെ കോഴിക്കോടിനുമേല്‍ കടുംപിടുത്തം പിടിക്കുകയായിരുന്നു വീരേന്ദ്രകുമാറും കൂട്ടരും. ജനതാദളിന്റെ സീറ്റ് സിപിഐ (എം) കയ്യടക്കി എന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിക്കയും ചെയ്തു. എന്നാല്‍ അവര്‍ക്കുപോലും കോഴിക്കോട് പാര്‍ലമെന്റു മണ്ഡലത്തില്‍ പതിനായിരത്തില്‍ താഴെയേ ജനതാദള്‍ വോട്ടുള്ളൂ എന്ന് സമ്മതിക്കേണ്ടിവന്നു.

ഘടകകക്ഷികളോട് പല വിട്ടുവീഴ്ചയും ചെയ്യുന്ന പാര്‍ടിയാണ് സിപിഐ (എം). 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐ (എം)ന്റെ സിറ്റിംഗ് സീറ്റായ എടക്കാട് കടന്നപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. കടന്നപ്പള്ളി പലതവണ പേരാവൂരുനിന്ന് പരാജയപ്പെട്ടിരുന്നു. സിപിഐ (എം) സീറ്റു നല്‍കി, കടന്നപ്പള്ളി വിജയിക്കയും ചെയ്തു. അതുപോലെ സിപിഐ (എം)ന്റെ സിറ്റിംഗ് സീറ്റാണ് മാവേലിക്കര. ആ മണ്ഡലം പുനര്‍ വിഭജിക്കപ്പെട്ടതിനെതുടര്‍ന്ന് സംവരണമണ്ഡലമായി. ഒരു സംവരണമണ്ഡലം തങ്ങള്‍ക്കുവേണമെന്ന് സിപിഐ ആവശ്യപ്പെട്ട ഉടന്‍ ആ സീറ്റ് ഒരു തര്‍ക്കവും പറയാതെ അവര്‍ക്കു നല്‍കുകയായിരുന്നു. പകരം പുതിയതായി രൂപവത്കരിക്കപ്പെട്ട പത്തനംതിട്ട സിപിഐ (എം) ഏറ്റെടുക്കുകയും ചെയ്തു. ഈ തരത്തിലൊരു മാറ്റമേ ജനതാദളിനോടും ആവശ്യപ്പെട്ടുള്ളു.

കോഴിക്കോട് മണ്ഡലത്തിലെപ്പോലെ വിജയസാധ്യത വയനാടിനില്ലെന്നായിരുന്നു വീരേന്ദ്രകുമാറിന്റെ വാദം. വയനാട്ടില്‍ മത്സരിച്ചുതോറ്റാല്‍ 2010ല്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളിലൊന്ന് ജനതാദളിന് നല്‍കാമെന്ന് സിപിഐ (എം) വാഗ്ദാനം നല്‍കി. ഇരു പാര്‍ടികളുടെയും കേന്ദ്ര നേതാക്കള്‍ തമ്മിലുള്ള സംഭാഷണത്തിലാണ് ഇങ്ങനെ ഒരു നിര്‍ദ്ദേശമുണ്ടായത്.

എന്നാല്‍ കോഴിക്കോടു സീറ്റില്ലെങ്കില്‍ മുന്നണിയേ വേണ്ട എന്നതായിരുന്നു വീരേന്ദ്രകുമാറിന്റെയും കൂട്ടരുടെയും നിലപാട്.

മാര്‍ച്ച് 16ന് ജനതാദള്‍ സംസ്ഥാനസമിതി കോഴിക്കോടുചേര്‍ന്ന് മന്ത്രിയെ പിന്‍വലിക്കാന്‍ തീരുമാനിച്ചു. അന്നുതന്നെ മാത്യു ടി തോമസ് രാജിവെയ്ക്കുകയും ചെയ്തു.

മാര്‍ച്ച് 19ന്റെ എല്‍ഡിഎഫ് യോഗത്തില്‍ ജനതാദള്‍ പ്രതിനിധികള്‍ എത്തിയിരുന്നു. കോഴിക്കോട് സീറ്റ് അവര്‍ വീണ്ടും ആവശ്യപ്പെട്ടു. സിപിഐ (എം) നിലപാട് ആവര്‍ത്തിച്ചു. അതോടെ വര്‍ഗീസ് ജോര്‍ജ്, കെ കൃഷ്ണന്‍കുട്ടി, കെ പി മോഹനന്‍ എന്നിവരടങ്ങിയ ജനതാദള്‍ പ്രതിനിധികള്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. തുടര്‍ന്ന്എല്‍ഡിഎഫിനെതിരെ പ്രതികരിക്കണം എന്ന് സംസ്ഥാന സമിതിയുടെ തീരുമാനത്തെ വളച്ചൊടിച്ച് യുഡിഎഫിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ വീരേന്ദ്രകുമാറും കൂട്ടരും തീരുമാനിച്ചു. എന്നാല്‍ അതിനെതിരെ മാത്യു ടി തോമസ്, ജോസ് തെറ്റയില്‍ എംഎല്‍എ, മുന്‍ മന്ത്രി എന്‍ എം ജോസഫ്, സംസ്ഥാന വൈസ്പ്രസിഡന്റും എല്‍ഡിഎഫ് തിരുവനന്തപുരം ജില്ലാ കണ്‍വീനറുമായ ഗംഗാധരന്‍നാടാര്‍ തുടങ്ങിയ ബഹുഭൂരിപക്ഷം നേതാക്കളും അണികളും രംഗത്തുവന്നു. ജനതാദളിനെ യുഡിഎഫ്പക്ഷത്ത് കെട്ടാനുള്ള നിക്ഷിപ്ത താല്‍പര്യക്കാരുടെ മനസ്സിലിരിപ്പ് അവര്‍ അതിവേഗം തിരിച്ചറിഞ്ഞു. മാത്രമല്ല ജനതാദള്‍ (എസ്) അഖിലേന്ത്യാ അദ്ധ്യക്ഷന്‍ ദേവഗൌഡയുടെ നിലപാടും വീരേന്ദ്രകുമാറിനെതിരാണ്. യുഡിഎഫിനുവേണ്ടി ഒരു കാരണവശാലും ജനതാദളുകാര്‍ പ്രവര്‍ത്തിക്കരുതെന്നും അങ്ങനെ ചെയ്യുന്നവര്‍ നടപടി നേരിടേണ്ടിവരുമെന്നും ഗൌഡ വ്യക്തമാക്കിയിട്ടുണ്ട്.

മാര്‍ച്ച് 19നുശേഷമുള്ള മാതൃഭൂമി താളുകള്‍ മറിച്ചുനോക്കുന്നത് കൌതുകകരമാണ്. പിണറായി വിജയനോടുള്ള വീരേന്ദ്രകുമാറിന്റെ പച്ചയായ ദേഷ്യം മാതൃഭൂമി താളുകളെ എത്രമാത്രം മലീമസമാക്കിയെന്നുവ്യക്തമാകും. മുമ്പ് പലപ്പോഴും കൊടുത്ത വാര്‍ത്തകള്‍ അതേപടി, പുതിയ എന്തോ വലിയ കണ്ടുപിടിത്തം എന്ന മട്ടിലാണ് അവതരണം. ഉള്ളടക്കം ഒന്നുതന്നെ.

എസ്എന്‍സി ലാവ്ലിന്‍ തന്നെ മാതൃഭൂമിയുടെ ഒന്നാംപേജില്‍ വന്നതു നോക്കുക.

1. ലാവ്ലിന്‍: പ്രതിസ്ഥാനത്ത് സര്‍ക്കാര്‍: പ്രതിപക്ഷം.

(മാതൃഭൂമി മാര്‍ച്ച് 28ന് ഒന്നാംപേജില്‍ ഏറ്റവും പ്രധാനവാര്‍ത്ത. പ്രതിപക്ഷനേതാക്കള്‍ ഗവര്‍ണറെ കണ്ടതാണ് ഉള്ളടക്കം.)

2. ലാവ്ലിന്‍ തീരുമാനം ഉടനെ വേണം-ഗവര്‍ണര്‍

(മാതൃഭൂമി മാര്‍ച്ച് 29ന് ഒന്നാംപേജില്‍ ഏറ്റവും പ്രധാനവാര്‍ത്ത.)

3. ലാവ്ലിന്‍: കുറ്റവാളികള്‍ ശിക്ഷിക്കപ്പെടും-വി എസ്.

(മാതൃഭൂമി മാര്‍ച്ച് 30 ഒന്നാംപേജില്‍ ഏറ്റവും പ്രധാനവാര്‍ത്ത.)

4. ലാവ്ലിന്‍: റിപ്പോര്‍ട്ട് കണ്ടില്ല ചെയര്‍മാന്‍ പച്ചക്കള്ളം-സിബിഐ.

(മാതൃഭൂമി ഏപ്രില്‍ 1 ഒന്നാംപേജില്‍ ഏറ്റവും പ്രധാനവാര്‍ത്ത.)

5. ലാവ്ലിന്‍: പിണറായിയുടെ ലക്ഷ്യം സ്വന്തം നേട്ടമെന്ന് സിബിഐ

(മാതൃഭൂമി ഏപ്രില്‍ 2 ഒന്നാംപേജില്‍ ഏറ്റവും പ്രധാനവാര്‍ത്ത.)

സിബിഐ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ വളച്ചൊടിച്ചും വക്രീകരിച്ചുമാണ് മാതൃഭൂമി ഇങ്ങനെ വാര്‍ത്തയുണ്ടാക്കിയത്. അക്കാര്യം സിപിഐ (എം) നേതാക്കള്‍ തുറന്നുകാട്ടിയതോടെ മാതൃഭൂമിക്ക് കൈപൊള്ളി. അടുത്തദിവസം ഏപ്രില്‍ 4ന് അതിന്റെ ഫോളോഅപ്പ് എന്ന മട്ടില്‍ അതേ ലേഖകന്റെ 3 കോളം വാര്‍ത്ത നല്‍കിയത് ആ പത്രത്തിന് 15-ാം പേജിലാണ്. തുടര്‍ന്ന് ഏതാനും ദിവസം മൌനം പാലിക്കാനേ മാതൃഭൂമിക്ക് കഴിഞ്ഞുള്ളു. പതിനാറാം തീയതി തെരഞ്ഞെടുപ്പാണെന്ന് ഓര്‍മിച്ചപ്പോള്‍ മാതൃഭൂമിക്ക് ഇരിപ്പുറച്ചില്ല. പഴയത് വീണ്ടും പൊടിതട്ടിയെടുത്തു.

6. ലാവ്ലിന്‍ കരാര്‍ തന്റെ ശുപാര്‍ശ തള്ളിക്കൊണ്ടെന്ന് ബാലാനന്ദന്റെ മൊഴി. (മാതൃഭൂമി ഏപ്രില്‍ 13ന് ഒന്നാംപേജില്‍ 6 കോളം വാര്‍ത്ത.)

തൊട്ടടുത്തദിവസം എന്തുചെയ്യുമെന്ന്മാതൃഭൂമി നോക്കിയിരിക്കയാണ് ഏപ്രില്‍ ആദ്യം ലാവ്ലിന്‍ കേസ് സംബന്ധിച്ച് ഒരു ഫയല്‍ കാണാനില്ലെന്നുപറഞ്ഞ് ആരോ കോടതിയെ സമീപിക്കയും തിരുവനന്തപുരം സെഷന്‍സ് ജഡ്ജ് പിണറായിക്കും കോടിയേരിക്കും എതിരെ, കേസെടുക്കാന്‍ ഓര്‍ഡറിട്ടത്. ഉടനെ മാതൃഭൂമി അത് ഒന്നാംപേജില്‍ വെച്ചുകാച്ചി.

7. ലാവ്ലിന്‍: പിണറായിക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്. (മാതൃഭൂമി ഏപ്രില്‍ 14ന് ഒന്നാംപേജില്‍ ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്ത.)

രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടിയാണ് ഇത്തരം കേസുകള്‍ കൊടുക്കാറ് ഫയലുകാണാത്തതിന് ഇന്ന ഇന്ന ആളുകള്‍ ഉത്തരവാദി എന്നു പറഞ്ഞ് കോടതിയില്‍ കേസ് ഫയല്‍ചെയ്യുമ്പോള്‍ അന്വേഷിക്കുക എന്ന് എഴുതി ന്യായാധിപന്മാര്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിലേക്കയക്കുകയാണ് പതിവ് ഇങ്ങനെ ചെയ്യുമ്പോള്‍ വേണ്ടത്ര പിരിശോധനയും അന്വേഷണങ്ങളും ന്യായാധിപന്മാര്‍ നടത്തണം. ഈ കേസില്‍ അത്തരമൊരു പരിശോധന നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. മുമ്പ് സമാനമായ മറ്റൊരുകേസില്‍ പി കെ ശ്രീമതിയെ പ്രതിചേര്‍ത്തു എന്നുപറഞ്ഞ കേസില്‍ ഒരടിസ്ഥാനവുമില്ലെന്നു വ്യക്തമായതാണ്. മാത്രമല്ല നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടല്ല ആ ജുഡീഷ്യല്‍ ഉദ്യോഗസ്ഥന്‍ അങ്ങനെ ഒരു ഉത്തരവിട്ടതെന്ന് നിയമവിദഗ്ധര്‍തന്നെ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. രാഷ്ട്രീയ കളിക്കായി കോടതികള്‍ നിന്നുകൊടുക്കുന്നതിനെതിരെ സുപ്രിംകോടതി വിരല്‍ചൂണ്ടിയിട്ടുള്ളതുമാണ്. ഇതൊന്നും മാതൃഭൂമിക്കറിയേണ്ടല്ലോ?

പിഡിപിയുടെ പിന്തുണ എല്‍ഡിഎഫിനാണെന്ന് നേരത്തെതന്നെ അവര്‍ വ്യക്തമാക്കുകയുണ്ടായി. അപ്പോഴൊന്നും മ്അദനി മാതൃഭൂമിക്ക് അനഭിമതനായിരുന്നില്ല. മാര്‍ച്ച് 19ന് എല്‍ഡിഎഫുമായി വീരേന്ദ്രകുമാറും കൂട്ടരും തെറ്റിയതോടെ മാതൃഭൂമി മ്അദനിക്കെതിരെ തിരിഞ്ഞു.

1. മ്അദനിക്കെതിരായ ആരോപണം: മുഖ്യമന്ത്രി ഡിഐജിയെ വരുത്തി സംസാരിച്ചു.

(മാതൃഭൂമി മാര്‍ച്ച് 20 ന് ഒന്നാംപേജില്‍ 5 കോളം വാര്‍ത്ത.)

2. എല്‍ഡിഎഫ് വേദിയില്‍ പിഡിപി നേതാക്കള്‍

(മാതൃഭൂമി മാര്‍ച്ച് 21 ഒന്നാംപേജില്‍ 4 കോളം വാര്‍ത്ത. ആറ്റിങ്ങലില്‍ പിണറായി പങ്കെടുത്ത യോഗത്തില്‍ പൂന്തുറസിറാജ് പങ്കെടുത്തതാണ് പരാമര്‍ശവിഷയം).

മാര്‍ച്ച് 22ലെ പത്രത്തില്‍ മാതൃഭൂമി ഒന്നാംപേജ് മ്അദനിയെയും പിഡിപിയെയുംകൊണ്ട് നിറച്ചിരിക്കയാണ്.

3. എല്‍ഡിഎഫില്‍ അപസ്വരം

(മാതൃഭൂമി മാര്‍ച്ച് 22 ഒന്നാംപേജില്‍ 5 കോളം വാര്‍ത്ത.)

പിഡിപി വര്‍ഗീയകക്ഷിതന്നെ ബര്‍ദന്‍

(മാതൃഭൂമി മാര്‍ച്ച് 22 ഒന്നാംപേജില്‍ 3 കോളം വാര്‍ത്ത.)

ആരോപണങ്ങള്‍ മറുപടിനല്‍കി പിണറായിയും മ്അദനി യും ഒരേ വേദിയില്‍

(മാതൃഭൂമി മാര്‍ച്ച് 22 ഒന്നാംപേജില്‍ 4 കോളം വാര്‍ത്ത.)

4. പിഡിപി വിവാദം: മുന്നണിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല: വെളിയം.

(മാതൃഭൂമി മാര്‍ച്ച് 23 ഏഴാംപേജില്‍ 3 കോളം വാര്‍ത്ത.) അതേദിവസം അതേപേജില്‍ കുഞ്ഞാലിക്കുട്ടി. വയലാര്‍രവി തുടങ്ങിയ 'മതനിരപേക്ഷവാദികളുടെ പിഡിപിയെപറ്റിയുള്ള അഭിപ്രായവും മൂന്നുകോളം വീതം വാര്‍ത്തകൊടുത്തിട്ടുണ്ട്.)

5. പ്രചാരണരംഗത്ത് മുഖ്യ വിഷയം മ്അദനി (മാതൃഭൂമി, മാര്‍ച്ച് 24 ഒന്നാംപേജ്)

6. മ്അദനിക്ക് പ്രാമുഖ്യം നല്‍കുന്നതില്‍ ഇടതുമുന്നണിയില്‍ അമര്‍ഷം.

(മാര്‍ച്ച് 25, 7-ാം പേജില്‍ അഞ്ചുകോളം വാര്‍ത്ത)

പിഡിപിയുമായി സഖ്യമില്ലെന്നും അവര്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കുക മാത്രമേ ചെയ്യുന്നുള്ളു എന്നുമുള്ള സിപിഐ എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും നിലപാട് വ്യക്തമാക്കിക്കൊണ്ട് പ്രകാശ്കാരാട്ടിന്റെ വിശദീകരണം അതേദിവസം ഏഴാംപേജില്‍ രണ്ടുകോളത്തില്‍ ചുരുക്കി.

7. മ്അദനിക്കെതിരായ അന്വേഷണം തുടരും-മുഖ്യമന്ത്രി

(മാതൃഭൂമി മാര്‍ച്ച് 26 ഒന്നാംപേജില്‍ പ്രധാന വാര്‍ത്ത.)

8. പിഡിപി ബന്ധം: മുഖ്യമന്ത്രിയുടെ നിലപാട് സിപിഐ എമ്മിനെ വെട്ടിലാക്കും

(മാതൃഭൂമി മാര്‍ച്ച് 26 ഒന്നാംപേജില്‍ 4 കോളം വാര്‍ത്ത.)

9. വി എസിന്റെ വേദികളില്‍നിന്ന് പിഡിപി വിട്ടുനിന്നു.

(മാതൃഭൂമി മാര്‍ച്ച് 27 ഒന്നാംപേജില്‍ മൂന്നു കോളം വാര്‍ത്ത.)

ഒന്നാംപേജില്‍ മ്അദനിയും പിണറായിയും രാമന്‍പിള്ളയും നില്‍ക്കുന്ന കാര്‍ട്ടൂണുമുണ്ട്.

മാര്‍ച്ച് 27ന് ദില്ലി വാര്‍ത്തയുമുണ്ട് പിഡിപിയുമായി ചേര്‍ന്നുള്ള പ്രചാരണം മലപ്പുറത്ത് ഒതുക്കാന്‍ സിപിഐ (എം) നിര്‍ദ്ദേശം എന്ന തലക്കെട്ടില്‍.

പിഡിപി ബന്ധം: വി എസ് കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു എന്നായി 28ന്റെ മാതൃഭൂമി.

10 വി എസിന്റെ കത്തിനെക്കുറിച്ച് അറിയില്ല-പിണറായി.

(മാതൃഭൂമി മാര്‍ച്ച് 28 ഒന്നാംപേജില്‍ പ്രധാന വാര്‍ത്ത.)

ഇങ്ങനെ ഒരു കത്തയച്ചില്ലെന്ന് വി എസും കിട്ടിയിട്ടില്ലെന്ന് പ്രകാശ് കാരാട്ടും വ്യക്തമാക്കി. അതൊന്നും മാതൃഭൂമിയുടെ വിഷയമല്ലല്ലോ?

മ്അദനിയും സിപിഐ എമ്മുമായി സഖ്യമുണ്ടെന്ന തരത്തില്‍ രണ്ടാഴ്ചക്കാലം മാതൃഭൂമി വാര്‍ത്ത നല്‍കി. ഏപ്രില്‍ മൂന്നാംതീയതി എന്‍ഡിഎഫ് നിലപാട് വ്യക്തമാക്കി. പതിനെട്ടിടങ്ങളില്‍ അവരുടെ പിന്തുണ യുഡിഎഫിനാണെന്ന് അവര്‍ വെളിപ്പെടുത്തി. യുഡിഎഫ് നേതാക്കള്‍ അത് സര്‍വ്വാത്മനാ സ്വീകരിക്കയും ചെയ്തു. നിഷ്ഠൂരമായ രീതിയില്‍ ആസൂത്രിതമായി കൊലപാതകങ്ങള്‍ നടത്തുകയും അക്രമങ്ങള്‍ സംഘടിപ്പിക്കയും ചെയ്യുന്ന ഭീകര സംഘടനയാണ് എന്‍ഡിഎഫ്. 2008ല്‍തന്നെ ആറ് കൊലപാതകങ്ങള്‍ ഉള്‍പ്പെടെ 193 ആക്രമണങ്ങള്‍ അവര്‍ നടത്തിയതായി പൊലീസ് രേഖകള്‍ വെളിവാക്കുന്നു. സംസ്ഥാനത്തുടനീളം ഭീകരപ്രവര്‍ത്തനവും ആയുധ പരിശീലനവും ആയുധശേഖരണവും നടത്തുന്ന സംഘടനയാണ് എന്‍ഡിഎഫ് (ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട്) കാശ്മീരില്‍ എറ്റുമുട്ടലിനിടയില്‍ കൊല്ലപ്പെട്ട തീവ്രവാദികളുമായി ഈ സംഘടനയ്ക്കുള്ള ബന്ധം വെളിവായതാണ്. ഈ സംഘടനയുടെ ധനസ്രോതസ്സിനെപ്പറ്റിയും നിരവധി ആരോപണങ്ങളുണ്ട്.

തിരുവനന്തപുരം, എറണാകുളം എന്നീ മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താന്‍ എല്‍ഡിഎഫിന് പിന്തുണ എന്‍ഡിഎഫ് പ്രഖ്യാപിച്ചു. അവരുടെ പിന്തുണ തങ്ങള്‍ക്കു വേണ്ടെന്ന് പിണറായിയും എല്‍ഡിഎഫ് നേതാക്കളും വ്യക്തമാക്കുകയുണ്ടായി.

യുഡിഎഫ്-എന്‍ഡിഎഫ് ബന്ധത്തിന്റെ വാര്‍ത്തവന്നതോടെ മ്അദനി പരിപ്പ് പഴയതുപോലെ വേകില്ലെന്ന് മാതൃഭൂമി വളരെ വേഗം മനസ്സിലാക്കി. അതോടെയാണ് മ്അദനി വേട്ടയ്ക്ക് അവര്‍ മയം വരുത്തിയത്.

ഇസ്രയേല്‍ മിസൈല്‍ ഇടപാടിലെ ക്രമക്കേടും കോഴയും പുറത്തായതോടെ യുഡിഎഫ് വല്ലാത്ത പ്രതിരോധത്തിലായി. ഇന്ത്യന്‍ താല്‍പര്യം ബലികഴിക്കുന്നതിനൊപ്പം പലസ്തീനിലെ നിരപരാധികളെ കൊന്നൊടുക്കുന്നതിന് പരോക്ഷമായ സാമ്പത്തിക സഹായവും പിന്തുണയുമാണ് ഇസ്രയേലിന് ഈ ആയുധ ഇടപാടിലൂടെ ഇന്ത്യ നല്‍കുന്നത്. ജനങ്ങളുടെ സംശയത്തിന് ഉത്തരം പറയാനാവാതെ യുഡിഎഫ് നേതാക്കള്‍ ശരിക്കും വെള്ളം കുടിച്ചു. യുഡിഎഫിനെ ഇതില്‍നിന്ന് രക്ഷപ്പെടുത്താനുള്ള ജോലിയും മാതൃഭൂമി ഏറ്റെടുത്തു. ഇല്ലാത്ത ഇസ്രയേല്‍ വിത്തുകാളയുടെ കാര്യവും പറഞ്ഞ് മാതൃഭൂമി രംഗത്തുവന്നതും അപഹാസ്യമായതും എല്ലാവരും കണ്ടതാണ്.

തനിക്കു വിരോധമുള്ളവരോടുള്ള പക തീര്‍ക്കാന്‍ എല്ലാ പത്രധര്‍മങ്ങളും മറന്ന് വീരേന്ദ്രകുമാര്‍ പ്രവര്‍ത്തിക്കും എന്നതിന്റെ സാക്ഷ്യമാണ് മേല്‍പറഞ്ഞ ഉദാഹരണങ്ങള്‍. തനിക്ക് മത്സരിക്കാന്‍ ലഭിക്കാത്ത കോഴിക്കോട് സീറ്റിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെപ്പറ്റിയും വീരേന്ദ്രകുമാറും മകനും ഏഷണിയും പരദൂഷണവുമായി രംഗത്തുവന്നു. വീരേന്ദ്രകുമാറിന്റെ മകന്റെ പ്രായംപോലുമില്ലാത്ത മുഹമ്മദ് റിയാസിനെക്കുറിച്ചുള്ള അപവാദങ്ങള്‍ കുറച്ചത് നിയമനടപടികളുമായി റിയാസ് മുമ്പോട്ടുപോകും എന്ന് മനസ്സിലാക്കിയതോടെയാണ്.

സ്വാധീനമുള്ള ഒരു പത്രമുണ്ടെങ്കില്‍ ആര്‍ക്കെതിരെ എന്തും എഴുതാം ആരെയും വിരട്ടാം, തന്‍കാര്യത്തിനായി എങ്ങനെയും ഉപയോഗിക്കാം എന്നൊക്കെ ആരു കരുതിയാലും അത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഒരേ വാര്‍ത്തതന്നെ വാചകങ്ങളും തലക്കെട്ടും മാറ്റി എത്രദിവസമാണ് മാതൃഭൂമി ഒന്നാംപേജില്‍ കൊടുത്തത്? ഇതിനോട് വായനക്കാര്‍ എങ്ങനെ പ്രതികരിക്കുമെന്ന് ഒരു സര്‍വ്വേ നടത്തി നോക്കണം. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന പണിയാണ് മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ കാണിക്കുന്നതെന്ന് അപ്പോള്‍ വെളിവാകും. വിദ്വേഷവിഷം മനസ്സില്‍ നിറഞ്ഞാല്‍ വിവേകവും സമചിത്തതയും അന്ന്യമാകുമല്ലോ?

നാടിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ നിര്‍ണായകമായ പങ്കുവഹിച്ച മാതൃഭൂമിയുടെ ഇന്നത്തെ അവസ്ഥ ആരിലും സഹതാപം ഉളവാക്കുന്നതാണ്.

ഗിരീഷ് ചേനപ്പാടി ചിന്ത

Friday, April 17, 2009

ബംഗാളിന്റെ വികസനത്തില്‍ കോണ്‍ഗ്രസിന്റെ കണ്ണുകടി

ദേശീയ തലത്തില്‍ സിപിഐ എംന്റെ ശക്തമായ ഇടപെടല്‍ മൂലം ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് പിടിച്ചു നില്‍ക്കാന്‍ മറ്റു കോപ്പുകളൊന്നും കിട്ടാതെ വന്നതിനെ തുടര്‍ന്നാണ് ബംഗാളിന്റെ മാത്രം പോരായ്മകള്‍ എടുത്തു കാട്ടി കൊണ്ട് ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത്. തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ബംഗാളിനെതിരെ കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രചരണ ലഘുലേഖയിലെ കണക്കുകള്‍ അധികവും വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ വ്യക്തമാണ്. അതില്‍ ഉന്നയിക്കുന്ന പല കാര്യങ്ങളും വ്യാജ നിര്‍മ്മിതവും യാഥാര്‍ത്ഥ്യത്തോട് ഒട്ടും പൊരുത്തപ്പെടാത്ത വയുമാണ്. പത്തു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കണക്കുകള്‍ നിരത്തിക്കൊണ്ടാണ് ഇപ്പോള്‍ അവകാശ വാദം ഉന്നയിക്കുന്നത്. അതില്‍ പറയുന്ന മിക്ക കാര്യങ്ങളിലും കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളേക്കാള്‍ വളരെ മെച്ചമാണ് ബംഗാളിന്റെ ഇന്നത്തെ സ്ഥിതി.

കോണ്‍ഗ്രസ് നേതൃത്വത്തിനു വേണ്ടി ദല്‍ഹിയില്‍ വാര്‍ത്താ സമ്മേളനം നടത്തി ലഘുലേഖ പ്രസിദ്ധീകരിച്ച പിസിസി പ്രസിഡന്റും മുതിര്‍ന്ന നേതാവുമായ പ്രണാബ് മുഖര്‍ജിയ്ക്കു തന്നെ അതിലെ കാര്യങ്ങള്‍ വസ്തുതാപരമല്ലെന്ന് വ്യക്തമാണ്. അതിനാലാണ് അതു സംബന്ധിച്ച് കൂടുതല്‍ വിശദീകരണത്തിനു അദ്ദേഹം തുനിയാതിരുന്നത്. പ്രണാബ് മുഖര്‍ജിയെ കൊണ്ടു തന്നെ തെറ്റായ വസ്തുതകള്‍ പറയിപ്പിച്ചതില്‍ കോണ്‍ഗ്രസിന് പ്രത്യേക ഉദ്ദേശ്യമുണ്ട്. പലപ്പോഴും പല വേദികളിലും ഇടതുമുന്നണി ഗവണ്മെന്റ് നടപ്പിലാക്കുന്ന ഗ്രാമീണ തൊഴില്‍ദാന പദ്ധതി, ദാരിദ്ര്യനിര്‍മ്മാര്‍ജനം, കൃഷി വികസനം, ആരോഗ്യ- സേവന നടപടികള്‍ തുടങ്ങിയ കാര്യങ്ങളെ അദ്ദേഹം പ്രശംസിച്ചിട്ടുണ്ട്. മുഖര്‍ജി പുറത്തിറക്കിയ ചെറുപുസ്തകത്തില്‍ പറയുന്ന പരാമര്‍ശങ്ങള്‍ മിക്കതും മുമ്പ് അദ്ദേഹംതന്നെ പറഞ്ഞിട്ടുള്ളതിന് കടക വിരുദ്ധമായ കാര്യങ്ങളാണ്.

ഈ വര്‍ഷം ഫെബ്രുവരി ഒമ്പതിന് കൊല്‍ക്കത്തയില്‍ ജെ ഡി ഡയബറ്റിക്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്ഘാടനം ചെയ്തു കൊണ്ട് നടത്തിയ പ്രസംഗത്തില്‍ ആരോഗ്യ രംഗത്ത് ബംഗാള്‍ ആര്‍ജിച്ച നേട്ടങ്ങളെ പ്രശംസിക്കുകയും ചടങ്ങില്‍ സന്നിഹിതനായിരുന്ന മുഖ്യമന്ത്രിയെ അഭിനന്ദിക്കുകയും ചെയ്ത പ്രണാബ് മുമ്പ് ചികിത്സക്കായി സംസ്ഥാനത്തെ ജനങ്ങള്‍ മറ്റുസംസ്ഥാനങ്ങളിലേക്കാണ് പോയിരുന്നതെന്നും ഇപ്പോള്‍ ആ സ്ഥിതി മാറിയെന്നും അനുസ്മരിക്കുകയുണ്ടായി. ബംഗാളിലെ എല്ലാ പത്രങ്ങളിലും ഇത് ഫ്രണ്ട്പേജ് വാര്‍ത്തയായിരുന്നു.

2009 മാര്‍ച്ച് രണ്ടിന് പ്രതിദിന്‍ എന്ന ബംഗാളി ദിന പത്രം പ്രസിദ്ധീകരിച്ച 'ബംഗ്ളാര്‍ മുഖ്' എന്ന സപ്ളിമെന്റില്‍ പ്രണാബ് മുഖര്‍ജി എഴുതിയ ഒരു ലേഖനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഗ്രാമീണ മേഖലയില്‍ നടപ്പാക്കുന്ന തൊഴിലവസരം, വൈദ്യുതിവല്‍ക്കരണം, റോഡ് നിര്‍മ്മാണം എന്നീ രംഗങ്ങളിലെല്ലാം വളരെ പുരോഗതി കൈവരിച്ചതായി എടുത്തു കാട്ടി. ഭാരത് നിര്‍മ്മാണ്‍ പദ്ധതി പ്രകാരമുള്ള ഗ്രാമീണ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പഞ്ചായത്തുകളുടെ സഹായത്തോടെ വളരെ തൃപ്തികരമായ രീതിയിലാണ് നടപ്പിലാക്കുന്നത്. വളരെയധികം തൊഴിലവസരങ്ങള്‍ ഇതുമൂലം ഉണ്ടായി. സംസ്ഥാനത്തെ 37910 ഗ്രാമങ്ങളില്‍ 31705 ഇടത്തും വൈദ്യുതിയെത്തി. മറ്റുസ്ഥലങ്ങളിലും എത്രയുംവേഗം വൈദ്യുതി എത്തിക്കാനുള്ള പ്രവര്‍ത്തനം നടക്കുന്നതായി മനസ്സിലാക്കുന്നു. ഗ്രാമീണ റോഡു നിര്‍മ്മാണവും വളരെ മുന്നോട്ടു പോയി. 2008-09 ല്‍ 4058 കിലോമീറ്റര്‍ റോഡുകള്‍ നിര്‍മ്മിച്ചു. പശ്ചിമ ബംഗാളിലൊട്ടാകെ ഗ്രാമീണ തൊഴിലവസരം സൃഷ്ടിക്കല്‍ വളരെ നല്ലനിലയില്‍ നടക്കുന്നു. ജില്ലകളില്‍ ആളുകള്‍ക്ക് ഇത് വളരെ പ്രയോജനം ചെയ്യുന്നു. സംസ്ഥാനത്ത് ആകെ 25 ലക്ഷം കുടുംബങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിച്ചു. എല്ലാം കൂടി 504 ലക്ഷം തൊഴില്‍ ദിനങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ ഇതില്‍ വന്‍തോതില്‍ പങ്കാളികളായി. സ്ത്രീകളുടെ പങ്കാളിത്തവും ഗണ്യമായുണ്ട്. ഗ്രാമവികസന മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് എതാണ്ട് 595 കോടി രൂപ സംസ്ഥാനത്ത് ഇതിനായി ഇതിനകം ചെലവഴിച്ചു. 36,201 പണികള്‍ പൂര്‍ത്തിയായി. 39,738 ഇടത്ത് പണി പുരോഗമിക്കുന്നു. വികസനത്തിന്റെ കാര്യത്തില്‍ ഞാന്‍ കക്ഷി രാഷ്ട്രീയം ഇടകലര്‍ത്താറില്ല; ഇതാണ് മുഖര്‍ജിയുടെ ലേഖനത്തിന്റെ പ്രസക്ത ഭാഗങ്ങള്‍. ഇടതുമുന്നണിയ്ക്കും സര്‍ക്കാരിനും എതിരെ രൂക്ഷമായി നില കൊള്ളുന്ന പത്രമാണ് പ്രതിദിന്‍. അതില്‍ താന്‍ തന്നെ ഒരു മാസം മുമ്പ് എഴുതിയ കാര്യങ്ങള്‍ ദേശീയ തലത്തില്‍ ഇടതുമുന്നണിയേയും അതിനു നേതൃത്വം കൊടുക്കുന്ന സിപിഐഎംനേയും താറടിക്കാനായി പ്രണാബിന് ബോധപൂര്‍വ്വം മറച്ചു പിടിക്കേണ്ടിവന്നു.

പ്ളാനിംഗ് കമ്മീഷന്റേയും വിവിധ മന്ത്രാലയങ്ങളുടേയും കണക്കുകളില്‍ നിന്ന് വ്യത്യസ്തമായ കണക്കുകളാണ് കോണ്‍ഗ്രസ് ലഘുലേഖയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. സ്കൂളുകളിലെ കൊഴിഞ്ഞുപോക്ക് കണക്ക് 1998-99ലെ വിവരമാണ് നല്‍കിയിരിക്കുന്നത്. അന്ന് 14 ശതമാനമായിരുന്നിടത്ത് ഇപ്പോള്‍ 8.56 ശതമാനം മാത്രമാണ് സംസ്ഥാനത്ത് കൊഴിഞ്ഞു പോക്ക്. കഴിഞ്ഞ 32 വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് ആയിരക്കണക്കിന് പുതിയ സ്കൂളുകളും നൂറുകണക്കിന് കോളേജുകളും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉടലെടുത്തു. 1977ല്‍ സംസ്ഥാനത്തെ നിരക്ഷരതാ നിരക്ക് 64 ശതമാനമായിരുന്നത് ഇപ്പോള്‍ 14 ശതമാനമായി കുറഞ്ഞു. സംസ്ഥാനത്ത് ഇപ്പോള്‍ 6535 പ്രാഥമിക ചികിത്സാ -ശിശുക്ഷേമ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. രാജ്യത്തൊട്ടാകെ 20 ശതമാനം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ കുറഞ്ഞപ്പോള്‍ ബംഗാളില്‍ അത് വര്‍ദ്ധിക്കുകയാണ്. ജനങ്ങളില്‍ 72 ശതമാനവും ഗവണ്മെന്റ് ചികിത്സയെയാണ് ആശ്രയിക്കുന്നത്.

രാജ്യത്തിനൊട്ടാകെ മാതൃകയായി ഏറ്റവും സമഗ്രമായി നടപ്പാക്കിയ ഭൂപരിഷ്കരണത്തെ കുറിച്ച് കോണ്‍ഗ്രസിന്റെ കൊച്ചു പുസ്തകത്തില്‍ ഒറ്റയക്ഷരവും ഉരിയാടിയിട്ടില്ലെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ദേശീയ ശരാശരി വളര്‍ച്ചയേക്കാള്‍ രണ്ടു ശതമാനം കൂടുതല്‍ കൃഷിയില്‍ നേടിയ അഭിവൃദ്ധിയെ കൂറിച്ചും ഒന്നും മിണ്ടുന്നില്ല. ആ രംഗത്ത് ഒരു തരത്തിലും കൃത്രിമ രേഖ ചമയ്ക്കാന്‍ കഴിഞ്ഞില്ല.

ബംഗാളില്‍ ദാരിദ്ര്യം ഏറ്റവും അധികം വര്‍ദ്ധിച്ചത് 28 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണകാലത്താണ്. 1977ല്‍ ഇടതുമുന്നണി ആദ്യമായി അധികാരത്തില്‍ വരുമ്പോള്‍ സംസ്ഥാനം പട്ടിണിയിലും ദാരിദ്ര്യത്തിലും ആണ്ടു കിടക്കുകയായിരുന്നു. ഭക്ഷ്യോല്‍പാദനം ഏറ്റവും താഴെതട്ടിലായിരുന്നു. കൃഷി ഭൂമിയുടെ സിംഹഭാഗവും ജമിന്ദാര്‍മാരുടേയും വന്‍കിട ഭൂഉടമകളുടെയും കൈവശമായിരുന്നു. ഭൂരഹിതരായ കൃഷിക്കാരായിരുന്നു ബഹുഭൂരിപക്ഷവും. മിതമായി പോലും ഭക്ഷണം ലഭിക്കാതെ ബഹുഭൂരിപക്ഷം ജനങ്ങളും വലയുകയായിരുന്നു. മിക്ക അവശ്യവസ്തുക്കള്‍ക്കും മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഭക്ഷ്യോല്‍പാദനത്തില്‍ പശ്ചിമ ബംഗാള്‍ മുന്‍നിര സംസ്ഥാനമായി മാറി. പഞ്ചാബിനേയും ആന്ധ്രയേയും തള്ളി പിന്നിലാക്കിക്കൊണ്ട് അരിയുല്‍പ്പാദനത്തില്‍ ബംഗാള്‍ കുതിച്ചു കയറുകയാണ്. അതേപോലെ പച്ചക്കറി, മത്സ്യബന്ധനം എന്നിവയിലും കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി സംസ്ഥാനം ഒന്നാം സ്ഥാനത്താണ്. പയറ്-പരിപ്പു വര്‍ഗങ്ങള്‍, എണ്ണക്കുരു എന്നിവയിലും ഗണ്യമായ നേട്ടമുണ്ടാക്കി. മൊത്തം ഭക്ഷ്യധാന്യ ഉല്‍പാദനത്തില്‍ ബംഗാള്‍ സ്വയം പര്യാപ്തതയുടെ വക്കത്തെത്തി. അരി, ഗോതമ്പ്, പയറുവര്‍ഗങ്ങള്‍ തുടങ്ങി സംസ്ഥാനത്തിനാവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ 170.80 ലക്ഷം മെട്രിക് ടണ്‍ വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതില്‍ 170.19 ലക്ഷം മെട്രിക് ടണ്ണും ഇവിടെ തന്നെ ഉല്‍പ്പാദിപ്പിക്കുന്നു. സമഗ്രമായ വളര്‍ച്ചയുടെ ഫലമായാണ് ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത്. 1977ല്‍ ബംഗാളിലെ ജനസംഖ്യ 4 കോടിയായിരുന്നു. ഇപ്പോള്‍ അത് എട്ടര കോടി കവിഞ്ഞു. ജനസംഖ്യയിലുണ്ടായ ഈ വന്‍ വര്‍ദ്ധനവു കൂടി കണക്കിലെടുത്തുള്ള ഭക്ഷ്യ സ്വയം പര്യാപ്തത 32 വര്‍ഷത്തെ പ്രതിബദ്ധതയോടുകൂടിയ ആസൂത്രിതമായ പ്രവര്‍ത്തനങ്ങളുടെ ഫലമാണ്. ഇപ്പോള്‍ കൃഷിയില്‍ ദേശീയ ശരാശരി വളര്‍ച്ചയേക്കാള്‍ കൂടുതല്‍ വളര്‍ച്ചയാണ് സംസ്ഥാനം നേടിയത്. ദേശീയാടിസ്ഥാനത്തില്‍ 2.6 ശതമാനം വര്‍ദ്ധനയുണ്ടായപ്പോള്‍ ബംഗാളിലേത് 4.4 ശതമാനമാണ്.

ഫലപ്രദമായ ഭൂപരിഷ്കരണം, ആധുനിക സാങ്കേതിക മികവോടെയുള്ള കാര്‍ഷിക പദ്ധതികള്‍, ജലസേചന സൌകര്യം വര്‍ദ്ധിപ്പിക്കല്‍ എന്നിവയില്‍ കൂടിയാണ് ഈ വന്‍ നേട്ടം കൈവരിച്ചത്. കാര്യക്ഷമമായി നടപ്പിലാക്കിയ ഭൂപരിഷ്കരണം ലക്ഷക്കണക്കിന് ഭൂരഹിതരായ പാവപ്പെട്ടവരെ ഭൂഉടമകളാക്കി. ഭൂപരിഷ്കരണത്തിന്റെ ആനുകൂല്യം ഏറ്റവും കൂടുതല്‍ ലഭിച്ചത് സമൂഹത്തിന്റെ താഴെ തട്ടില്‍ നിന്നവര്‍ക്കാണ് . 2009 ജനുവരി 15 വരെ 11.26 ലക്ഷം ഏക്കര്‍ കൃഷിഭൂമി ആകെ വിതരണം ചെയ്തു. 30 ലക്ഷം പാവപ്പെട്ട കുടുംബങ്ങള്‍ക്കാണ് ഇതു ലഭിച്ചത്. അതില്‍ 78 ശതമാനവും പട്ടികജാതി, പട്ടികവര്‍ഗം, ന്യൂനപക്ഷം എന്നീ വിഭാഗത്തില്‍പ്പെട്ടവരാണ്. ബര്‍ഗാ ഓപ്പറേഷന്റെ പേരില്‍ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് സ്ഥിര പങ്കുപാട്ട കൃഷി അവകാശം ലഭിച്ചു. ബംഗാളിന്റെ സാമൂഹ്യ സാമ്പത്തിക രംഗത്ത് എടുത്തു പറയത്തക്ക വ്യതിയാനമാണ് ഇത് സൃഷ്ടിച്ചത്. 1977ല്‍ കൃഷി ഭൂമിയുടെ 32 ശതമാനം സ്ഥലത്തു മാത്രമായിരുന്നു ജലസേചന സൌകര്യമുണ്ടായിരുന്നത്. ഇപ്പോള്‍ അത് 78 ശതമാനമായി വര്‍ദ്ധിച്ചു. ഇതുമൂലം അരിയുല്‍പാദനം വന്‍തോതില്‍ കൂടി. ഒരുതവണ മാത്രം കൃഷിയിറക്കിയിരുന്ന പാടങ്ങളില്‍ മിക്കതും രണ്ടും മൂന്നും തവണ വീതം നെല്‍ കൃഷിയ്ക്കനുയോജ്യമായി. ഇപ്പോള്‍ സംസ്ഥാനത്തെ മൊത്തം അരിയുല്‍പാദനം 155.33ലക്ഷം ടണ്ണാണ്. സംസ്ഥാനത്തിന്റെ ആവശ്യം 137.62 ലക്ഷം ടണ്ണും. 128.4 ലക്ഷം ടണ്‍ പച്ചക്കറിയാണ് ഈ വര്‍ഷത്തെ ഉല്‍പാദനം. മറ്റു സംസ്ഥാനങ്ങളിലേക്ക് ഇവ കയറ്റിയയക്കുന്നു.

കൃഷി വീണ്ടും ആധുനിക പ്രക്രിയയിലൂടെ അഭിവൃദ്ധിപ്പെടുത്തുന്നതിനെ കുറിച്ച് നിര്‍ദ്ദേശിക്കാനായി ഡോക്ടര്‍ സ്വാമിനാഥന്റെ നേതൃത്വത്തില്‍ രൂപീകരിച്ച കാര്‍ഷിക കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഗവണ്മെന്റ് നടപ്പാക്കാന്‍ തുടങ്ങി. കാര്‍ഷിക രംഗത്ത് തൊഴില്‍ അവസരവും ഉല്‍പ്പാദനവും വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതികളാണ് പുതുതായി നടപ്പാക്കുന്നത്. അതിനായി ഇതിനകം 64 ബയോഗ്രാമങ്ങള്‍ സംസ്ഥാനത്ത് രൂപീകരിച്ചു. ഓരോ ബ്ളോക്കിലും ഓരോ ബയോ ഗ്രാമം രൂപീകരിക്കാനുള്ള പദ്ധതിയാണ് തയ്യാറാക്കുന്നത്. ഓരോ സ്ഥലത്തിന്റേയും പ്രത്യേകതകളും ആവശ്യവും കണക്കിലെടുത്താണ് ഇത് നടപ്പാക്കുക. 2002-03 കാര്‍ഷിക ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തി. ഇതുവഴി കാര്‍ഷിക വിളകള്‍ക്ക് സംരക്ഷണം ലഭ്യമായി. 2007-08 ല്‍ 2,73,000 ഹെക്ടര്‍ സ്ഥലം വിള ഇന്‍ഷുറന്‍സിന്റെ പരിധിയില്‍ കൊണ്ടു വന്നു.

കൃഷിയിലുണ്ടായ നേട്ടം നിലനിര്‍ത്തിക്കൊണ്ടാണ് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കാനുള്ള വ്യവസായ വികസന പദ്ധതികള്‍ ഗവണ്മെന്റ് തയ്യാറാക്കിയത്. സംസ്ഥാനത്തെ ആകെ കൃഷി ഭൂമിയുടെ ഒരു ശതമാനം പോലും വ്യാവസായികാവശ്യത്തിനായി ഏറ്റെടുക്കേണ്ടി വന്നിട്ടില്ല. കാര്യമായി ഗവണ്മെന്റില്‍ ഭൂമി നിക്ഷിപ്തമല്ലാത്തതിനാല്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത അവസരത്തില്‍ തക്കതായ പ്രതിഫലം നല്‍കിക്കൊണ്ടാണ് വ്യവസായത്തിനായി നാമമാത്രമായി ഭൂമി ഏറ്റെടുക്കുന്നത്. ഈ വസ്തുതകള്‍ മറച്ചുവെച്ചു കൊണ്ടാണ് ഇടതുമുന്നണിക്കെതിരെ അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നത്.

ഇടതുമുന്നണി ഭരണത്തിനിടയില്‍ ബംഗാളില്‍ ഒരു നേട്ടവും ഉണ്ടായിട്ടില്ലെന്നും വ്യവസായം വര്‍ദ്ധിപ്പിക്കാന്‍ കൃഷിയും കൃഷിഭൂമിയും തകര്‍ക്കുകയാണെന്നും ഘോര ഘോരം വായിട്ടടിക്കുന്ന മമതാ ബാനര്‍ജിക്കും അവരുടെ പാര്‍ടിക്കും പോലും കാര്‍ഷിക രംഗത്ത് ഇവിടെയുണ്ടായ ഈ വന്‍ വളര്‍ച്ചയെ അംഗീകരിക്കേണ്ടി വന്നു. അവര്‍ പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ അത് പരോക്ഷമായെങ്കിലും സുചിപ്പിക്കേണ്ടിയും വന്നു. കൃഷി ഒഴിച്ചുള്ള എല്ലാ മേഖലകളിലും ബംഗാള്‍ വളരെ പിന്നിലാണെന്ന് ആരോപിക്കുന്ന മമത, വ്യവസായ വികസനത്തിന് തങ്ങള്‍ എതിരല്ലെന്നും അതിനായി കൃഷി ഭൂമി ഏറ്റെടുക്കുന്നതിനെയാണ് എതിര്‍ക്കുന്നതെന്നും മുന്‍കൂര്‍ ജാമ്യമായി പ്രഖ്യാപിച്ചു.

വ്യവസായ രംഗത്തും ബംഗാള്‍ കഴിഞ്ഞ വര്‍ഷം ദേശീയ ശരാശരിയേക്കാള്‍ വളര്‍ച്ച നേടി. ആ രംഗത്ത് ദേശീയ ശരാശരി വളര്‍ച്ച 4.1 ആണെങ്കില്‍ സംസ്ഥാനത്തിന്റേത് 5.8 ശതമാനമാണ്.

ഇടതുമുന്നണി അധികാരത്തില്‍ വന്നതിനു ശേഷം ദാരിദ്ര്യ നിര്‍മ്മാര്‍ജനം അടിക്കടി മെച്ച പ്പെടുകയായിരുന്നു. കേന്ദ്ര ഗവണ്മെന്റ് കണക്കുകള്‍ തന്നെയാണ് ഇത് വ്യക്തമാക്കുന്നത്. രാഷ്ട്രീയ ലക്ഷ്യത്തോടെ കോണ്‍ഗ്രസ് നിരത്തിയ കണക്കുകള്‍ പലതും സ്വന്തം കക്ഷി നേതൃത്വം നല്‍കുന്ന ഗവണ്മെന്റിന്റെ കണക്കുകളുമായി ഒട്ടും പൊരുത്തപ്പെടുന്നതല്ല. ദാരിദ്ര്യ രേഖയ്ക്ക് താഴെ കഴിയുന്നവരുടെ ദേശീയ ശരാശരിയേക്കാളും കോണ്‍ഗ്രസ് ഗവണ്മെന്റ് ഭരണം നടത്തുന്ന ആന്ധ്ര പോലുള്ള സംസ്ഥാനങ്ങളേക്കാളും വളരെ മെച്ചമാണ് ബംഗാളിന്റെ നില. ദാരിദ്ര്യ നിര്‍മ്മാര്‍ജനം ദേശീയ ശരാശരിയേക്കാള്‍ വേഗത്തിലാണ് ബംഗാളില്‍ നടപ്പിലാകുന്നത്. 1977 ല്‍ ബംഗാളിലെ ജനങ്ങളില്‍ 61 ശതമാനവും ദാരിദ്ര്യ രേഖക്കുതാഴെ കഴിയുന്നവരായിരുന്നു. അന്ന് ദേശീയ ശരാശരി 51 ശതമാനമായിരുന്നു. 1948 മുതല്‍ 77 വരെ ബംഗാളില്‍ 28 വര്‍ഷം കോണ്‍ഗ്രസ്സ് ഭരണമായിരുന്നു. 2005-06ലെ പ്ളാനിംഗ് കമ്മീഷന്റെ കണക്കു പ്രകാരം ദേശീയ തലത്തില്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെ കഴിയുന്നവര്‍ 22 ശതമാനമായിരുന്നു. അന്ന് ബംഗാളില്‍ അത് 19 ശതമാനമായി കുറഞ്ഞു. ഇപ്പോള്‍ അതിലും താഴെയാണ്. സംസ്ഥാന പഞ്ചായത്ത് ഗ്രാമവികസന വകുപ്പു നടത്തിയ സാമ്പത്തിക സര്‍വേയനുസരിച്ച് 14 ശതമാനമാണ് ഇപ്പോള്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍. 50 വര്‍ഷത്തിലധികം കോണ്‍ഗ്രസ് രാജ്യം ഭരിച്ചിട്ടും 21 ശതമാനം ജനങ്ങളും ദാരിദ്ര്യ രേഖയ്ക്ക് താഴെ കഴിയുന്നതിനെക്കുറിച്ച് പ്രണാബ് മുഖര്‍ജിയും കൂട്ടരും ഒന്നും മിണ്ടുന്നില്ല. ഇന്റര്‍നാഷണല്‍ ഫുഡ് പ്രോസസിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് കണക്കനുസരിച്ച് 88 വികസ്വര രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 66ാമതാണ്. ഇതിനുത്തരവാദിയാരെന്ന് കോണ്‍ഗ്രസ് വെളിപ്പെടുത്തണം.

കോണ്‍ഗ്രസ് എന്നല്ല ആര് എന്തു കൃതിമ രേഖ ചമച്ച് ഇടതുമുന്നണിക്കും സിപിഐ എംനുമെതിരെ പ്രചരിപ്പിച്ചാലും ബംഗാള്‍ ജനത അത് വിശ്വസിക്കില്ല. അവരുടെ അനുഭവങ്ങളാണ് അവരുടെ സ്ഥിതിവിവരകണക്കുകള്‍. ഇടതുമുന്നണി സര്‍ക്കാര്‍ ജനകീയ താത്പര്യത്തിനനുസരിച്ച് സമഗ്രമായ പുരോഗതി കൈവരിക്കുന്നതിനാലാണ് തുടര്‍ച്ചയായി ജനങ്ങള്‍ അവരെ അധികാരത്തിലേറ്റുന്നത്. പുറത്ത് തെറ്റിദ്ധാരണ പരത്താന്‍ ഇറക്കിയിരിക്കുന്ന കള്ളരേഖകള്‍ അവജ്ഞയോടെ തന്നെ വസ്തുത മനസ്സിലാക്കുന്ന ജനങ്ങള്‍ തള്ളിക്കളയും. ഇതേപോലുള്ള പല കള്ളക്കണക്കുകളും രേഖകളും മുമ്പും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയ്ക്കൊന്നും അതിന്റെ കടലാസ് വിലപോലും ലഭിച്ചിട്ടില്ല എന്നതാണ് സത്യം.

ഗോപി, കൊല്‍ക്കത്ത chintha

Thursday, April 16, 2009

ഒരു വോട്ടും പാഴാകരുത്

സംസ്ഥാനത്തെ ഇരുപതു ലോക്സഭാ മണ്ഡലങ്ങള്‍ പതിനഞ്ചാം ലോക്സഭയിലേക്കുള്ള പ്രതിനിധികളെ തെരഞ്ഞെടുക്കാനായി ഇന്ന് പോളിങ് ബൂത്തിലേക്കു നീങ്ങുകയാണ്. 20,508 പോളിങ് സ്റ്റേഷനില്‍ 2,18,65,324 വോട്ടര്‍മാര്‍ 217 സ്ഥാനാര്‍ഥികളുടെ വിധിയെഴുതും. അഞ്ചുഘട്ട തെരഞ്ഞെടുപ്പില്‍ ആദ്യത്തേത് എന്ന നിലയില്‍ താരതമ്യേന കുറഞ്ഞ പ്രചാരണ സമയമേ ലഭിച്ചുള്ളൂവെങ്കിലും ഇന്ന് രാജ്യം നേരിടുന്ന മുഖ്യരാഷ്ട്രീയ പ്രശ്നങ്ങളില്‍ ഊന്നിയുള്ള ചര്‍ച്ചകളാണ് തെരഞ്ഞെടുപ്പുരംഗത്തുണ്ടായത്. അത്തരം പ്രശ്നങ്ങളില്‍ കേരളത്തിന്റെ ചായ്‌വ് നിശ്ചയിക്കുന്നതുതന്നെയാകും ഈ തെരഞ്ഞെടുപ്പ്. ഇന്ത്യയെ വര്‍ഗീയതയുടെയോ സാമ്രാജ്യത്വ അടിമത്തത്തിന്റെയോ അഗാധ ഗര്‍ത്തങ്ങളിലേക്കു തള്ളിവിടാനുള്ള ബിജെപി-കോണ്‍ഗ്രസ് നയങ്ങള്‍ക്കെതിരെ ശക്തമായി 2004ല്‍ പ്രതികരിച്ച അതേ വികാരത്തോടെ അതിനേക്കാള്‍ ആവേശത്തോടെയുള്ള ജനങ്ങളുടെ മുന്നേറ്റമാണ് പ്രചാരണ നാളുകളില്‍ പ്രകടമായത്. ആ മുന്നേറ്റവും ആവേശവും തല്ലിക്കെടുത്താന്‍ യുഡിഎഫും അതിന്റെ ചട്ടുകങ്ങളായ ഏതാനും മാധ്യമങ്ങളും തുടര്‍ച്ചയായി നടത്തിയ അതിരുവിട്ട പ്രകടനങ്ങളും അവയ്ക്ക് സേവപിടിച്ച് രംഗത്തിറങ്ങിയ ഏതാനും അഞ്ചാംപത്തികളും ജനങ്ങള്‍ക്കിടയില്‍ അപഹാസ്യരായി നില്‍ക്കുകയാണ്. നുണക്കഥകളുടെയും അറപ്പുളവാക്കുന്ന അപവാദ കഥകളുടെയും കുറുക്കുവഴികളുടെയും ബലത്തില്‍ തെരഞ്ഞെടുപ്പുനേട്ടമുണ്ടാക്കാനുള്ള പാപ്പരായ യുഡിഎഫ് രാഷ്ട്രീയത്തിന് കേരളത്തിന്റെ മണ്ണില്‍ സ്ഥാനമില്ലെന്നു പ്രഖ്യാപിക്കാനുള്ള അസുലഭമായ അവസരമായാണ് കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും ഈ തെരഞ്ഞെടുപ്പിനെ കാണുന്നതെന്ന് എല്‍ഡിഎഫിന്റെ പ്രചാരണപരിപാടികളില്‍ അണിചേര്‍ന്ന ജനലക്ഷങ്ങള്‍ തെളിയിച്ചു.

കേരളത്തില്‍നിന്ന് ഇടതുപക്ഷം ജയിച്ചിട്ടെന്തുകാര്യം എന്ന പഴയപല്ലവി കോണ്‍ഗ്രസിന് ഒരിടത്തും ഉയര്‍ത്താനാകുന്നില്ല. ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍, കോണ്‍ഗ്രസിന്റെ പ്രസക്തി നഷ്ടപ്പെട്ടുകഴിഞ്ഞെന്നും ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണി അസ്തപ്രജ്ഞമായെന്നും ഇടതുപക്ഷം നേതൃത്വം നല്‍കുന്ന മൂന്നാം ശക്തിയിലാണ് രാജ്യത്തിന്റെ ഭാവി കുടികൊള്ളുന്നതെന്നുമുള്ള യാഥാര്‍ഥ്യമാണ് കേരളത്തിന്റെ വിധിയെഴുത്തിനെ സ്വാധീനിക്കുന്ന നിര്‍ണായക ഘടകം. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ വിധേയരാഷ്ട്രമായി; ഇസ്രയേലിന്റെ കൂട്ടുപ്രതിയായി ഇന്ത്യയെ അധഃപതിപ്പിക്കാനുള്ള യുപിഎ സര്‍ക്കാരിന്റെ നിരന്തരശ്രമം തുറന്നുകാട്ടുന്ന ഇടതുപക്ഷത്തിന്റെ പ്രചാരണങ്ങള്‍ക്ക് ജനങ്ങളില്‍നിന്ന് ആവേശകരമായ പ്രതികരണമാണുണ്ടായത്. എന്നാല്‍, അത്തരം വിഷയങ്ങളില്‍നിന്നും മാതൃകാപരമായ ജനക്ഷേമ നടപടികളിലൂടെ രാജ്യത്തിന് വഴികാട്ടുന്ന കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബദല്‍സമീപനത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍നിന്നും ഒളിച്ചോടാനുള്ള ആസൂത്രിത നീക്കത്തിലാണ് യുഡിഎഫ് അഭിരമിച്ചത്. ഞെക്കിപ്പഴുപ്പിച്ചതും നുണകളില്‍മുക്കിയതുമായ കുറെ പുറംപൂച്ചുവിഷയങ്ങള്‍ ജനങ്ങള്‍ക്കുമുന്നില്‍ എറിഞ്ഞുകൊടുത്ത്, അതാണ് തെരഞ്ഞെടുപ്പിന്റെ മര്‍മമെന്ന് സ്ഥാപിക്കാന്‍ സഹതാപാര്‍ഹമായി യുഡിഎഫും മാധ്യമഭൃത്യരും അധ്വാനിച്ചു. കാപട്യപൂര്‍ണവും മൂല്യരഹിതവുമായ അത്തരം രാഷ്ട്രീയ അഭ്യാസങ്ങള്‍ക്കുള്ള കേരളത്തിന്റെ ഉചിതമായ മറുപടികൂടിയാകും വ്യാഴാഴ്ചത്തെ വിധിയെഴുത്ത്.

അവസാനനിമിഷങ്ങളില്‍, സ്ഥാനാര്‍ഥികള്‍ക്കെതിരെയും നേതാക്കള്‍ക്കെതിരെയും എത്ര തരംതാണ നുണ എഴുന്നള്ളിക്കാനും പ്രകോപനങ്ങള്‍ സൃഷ്ടിക്കാനും യുഡിഎഫും സഹായികളും തയ്യാറാകുമെന്ന്, പ്രചാരണം അവസാനിക്കുന്ന വേളയില്‍ സംസ്ഥാനത്ത് അങ്ങോളമിങ്ങോളമുണ്ടായ സംഭവങ്ങള്‍ തെളിയിക്കുന്നു. കോട്ടയത്ത് എല്‍ഡിഎഫ്-ബിജെപി സംഘട്ടനം സൃഷ്ടിക്കാന്‍ യുഡിഎഫ് നേതാവ് കെ എം മാണിതന്നെ ഗൂഢാലോചന നടത്തിയതും കോഴിക്കോട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരായ അപവാദകഥകള്‍ അച്ചടിച്ച അശ്ളീലവാരികയുടെ നൂറുകണക്കിന് കോപ്പികള്‍ മുന്‍മന്ത്രികൂടിയായ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍നിന്ന് നാട്ടുകാര്‍ പിടികൂടിയതും നിസ്സാരമായി തള്ളിക്കളയേണ്ട അനുഭവങ്ങളല്ല. പണംകൊടുത്തും നുണപറഞ്ഞും അക്രമമുണ്ടാക്കിയും തെരഞ്ഞെടുപ്പുരംഗം അലങ്കോലമാക്കാനുള്ള പതിവുവഴിയില്‍തന്നെയാണ് യുഡിഎഫ് എന്ന് ഇതിലൂടെ വ്യക്തമാകുന്നു. അത്തരം കള്ളപ്രചാരണങ്ങള്‍ക്കും പ്രകോപനങ്ങള്‍ക്കും വശംവദരാകാതെ അതീവ ജാഗ്രതയോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കനുകൂലമായ മുഴുവന്‍ വോട്ടും പോള്‍ചെയ്യുമെന്ന്് ഉറപ്പുവരുത്താനുള്ള ഗൌരവമേറിയ കര്‍ത്തവ്യമാണ് മുന്നണി പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും ഇനിയുള്ള നിമിഷങ്ങളില്‍ നിര്‍വഹിക്കാനുള്ളത്.

എല്‍ഡിഎഫ് ഉജ്വലവിജയം ആവര്‍ത്തിക്കുമെന്നുറപ്പായ സാഹചര്യം തകര്‍ക്കാന്‍ ദുഷ്പ്രചാരണങ്ങളുടെയും അക്രമത്തിന്റെയും വഴിയില്‍ എതിരാളികള്‍ സഞ്ചരിച്ചതിന്റെ അനുഭവങ്ങള്‍ മനസ്സില്‍വച്ച് സംയമനത്തിന്റെയും പക്വതയുടെയും ജാഗ്രതയുടെയും നേരിയ അംശംപോലും കൈവിടാതെ, വോട്ടര്‍മാരെ ബൂത്തിലെത്തിക്കാനും സമാധാനപരമായ പോളിങ് ഉറപ്പാക്കാനും ഓരോ പ്രവര്‍ത്തകനും ഉയര്‍ന്ന ബോധം കാണിക്കേണ്ട ഘട്ടമാണിത്. എല്‍ഡിഎഫിന്റെ ശവപ്പെട്ടിയില്‍ ആണിയടിക്കാന്‍ നടക്കുന്നവര്‍ക്കും ഇടതുപക്ഷത്തിന് ശവമഞ്ചവും ആംബുലന്‍സും ഒരുക്കിനില്‍ക്കുന്നവര്‍ക്കും ചുട്ട മറുപടി നല്‍കാനാവുക എല്‍ഡിഎഫിന്റെ റെക്കോഡ് വിജയത്തിലൂടെയാണ്. അതിലേക്ക് ഓരോ വോട്ടും അമൂല്യമായ കൂട്ടിച്ചേര്‍ക്കലാണ്.

Tuesday, April 14, 2009

വോട്ട് ചെയ്യുമ്പോള്‍ ഓര്‍ക്കുവാന്‍


ഈ തെരഞ്ഞെടുപ്പുകാലത്ത് പലവിധ വിവാദങ്ങളിലായി മാധ്യമങ്ങള്‍ മുക്കിക്കളഞ്ഞ ചില സുപ്രധാന രാഷ്ട്രീയ വിഷയങ്ങള്‍ * സ്വയം ഓര്‍ക്കാനും ഉറപ്പുവരുത്താനും :

* കമ്പോളമല്ല, ഗവണ്‍മെന്റാണ് രാജ്യം ഭരിക്കേണ്ടതെന്ന് പ്രഖാപിക്കാന്‍.
* ഭീകരതയ്ക്ക് വിത്തുവിതയ്ക്കുന്ന വര്‍ഗ്ഗീയതയെ ചെറുക്കാന്‍.
* ഇന്ത്യന്‍ പൊതുമേഖലയെ ശക്തിപ്പെടുത്തി നിലനിര്‍ത്തുമെന്ന് പ്രഖ്യാപിക്കാന്‍.
* 60% ജനങ്ങള്‍ ഉപജീവനമാര്‍ഗ്ഗം തേടുന്ന കാര്‍ഷിക മേഖലയില്‍ ചെലവാക്കുന്ന തുകയുടെ പകുതി സര്‍ക്കാര്‍ സബ്സിഡിനല്‍കുമെന്ന് പ്രഖ്യാപിക്കാന്‍.
* വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, ജലം എന്നീ മേഖലകള്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തിലും ഉടമസ്ഥതയിലും സംരക്ഷിക്കാന്‍.
* പി.എഫ്. പലിശ നിരക്ക് 13% ആയി ഉയര്‍ത്തുകയും പി.എഫ് തുക സ്വകാര്യ കമ്പനികള്‍വഴി ഓഹരികമ്പോളത്തിന് കൈമാറാനുള്ള യു.പി.എ. സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിക്കുകയും ചെയ്യുമെന്ന് ഉറപ്പിക്കാന്‍.
* പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണബില്‍ , ബാങ്കിംഗ് ബില്‍ , ഇന്‍ഷൂറന്‍സ് വിദേശ നിക്ഷേപ പരിധി ഉയര്‍ത്താനുള്ള ബില്‍ , എന്നിവ പിന്‍വലിക്കാന്‍.
* സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍-സംസ്ഥാനസര്‍ക്കാര്‍ മേഖലകളിലും പൊതു മേഖലയിലും കഴിഞ്ഞ 15 വര്‍ഷമായി കാര്യമായി റിക്രൂട്ട്മെന്റ് നടക്കാത്തതുമൂലം ഒഴിഞ്ഞു കിടക്കുന്ന 50 ലക്ഷം വേക്കന്‍സികളില്‍ ഉടന്‍ നിയമനം നടത്തുമെന്ന് ഉറപ്പുവരുത്താന്‍.
* ഇന്ത്യയുടെ പരമാധികാരവും സ്വാതന്ത്ര്യവും സാമ്പത്തിക മുന്‍ഗണനകളും തകര്‍ക്കുന്ന അന്താരാഷ്ട്ര കരാറുകളില്‍ നിന്ന് പിന്മാറുമെന്നും പാര്‍ലമെന്റിന്റെ അനുമതിയില്ലാതെ അത്തരം കരാറുകളില്‍ ഇനി ഏര്‍പ്പെടില്ലന്നും ഉറപ്പുവരുത്താന്‍.
* തൊഴില്‍ സുരക്ഷ ഉറപ്പുവരുത്താനും, പണിമുടക്കാനും വിലപേശാനും തൊഴിലാളികള്‍ക്കുള്ള അവകാശം സംരക്ഷിക്കാനും അതിനുള്ള നിയമനിര്‍മ്മാണം നടത്തുമെന്നും പ്രഖ്യാപിക്കാന്‍.
* ഭൂപരിഷ്കരണം നടപ്പാക്കുവാനും സെസുകള്‍ക്കുവേണ്ടി അന്യായമായി കര്‍ഷകരുടെ ഭൂമി ഏറ്റെടുക്കില്ലെന്ന് ഉറപ്പുവരുത്താന്‍.
* കോര്‍പ്പറേറ്റ് നികുതി 50 ശതമാനമായി ഉയര്‍ത്താനും ഓഹരി കമ്പോളത്തിലെ ഇടപാടുകള്‍ക്ക് നികുതി ചുമത്താനുനുമുള്ള രാഷ്ട്രീയ ഇച്ഛാശക്തി കാട്ടാന്‍.
* സംസ്ഥാനങ്ങളില്‍ നിന്ന് പിരിച്ചെടുക്കുന്ന കേന്ദ്രനികുതി വരുമാനം അതത് സംസ്ഥാനങ്ങള്‍ക്കുതന്നെ നല്‍കുമെന്ന് ഉറപ്പുനല്‍കാന്‍.

ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യുക.

*കടപ്പാട്: PAG Bulletin പോസ്റ്റര്‍: പരാജിതന്‍

കെട്ടകാലത്തിന്റെ മുറിവുകള്‍

കേരളീയരുടെ ഓര്‍മശക്തിയെ പരിഹസിക്കുന്നവിധത്തിലാണ് മന്‍മോഹന്‍ സിങ് മുതല്‍ കുഞ്ഞാലിക്കുട്ടി വരെയുള്ളവരുടെ വാചകമേളകള്‍. എല്‍ഡിഎഫ് സര്‍ക്കാരിനെ ആക്ഷേപിക്കുന്നവര്‍ ഭൂതകാലം മറക്കാന്‍ ആഗ്രഹിക്കുന്നവരാണ്. പ്രബുദ്ധകേരളത്തിന് അപമാനം വരുത്തിയ നാള്‍വഴികളാണ് യുഡിഎഫ് സര്‍ക്കാരുകളുടേത്. വേട്ടയാടപ്പെട്ട ന്യൂനപക്ഷം, ചോരപ്പാട് ഉണങ്ങാത്ത ആരാധനാലയമുറ്റങ്ങള്‍. ഉരുട്ടിക്കൊലയ്ക്കും മൂന്നാംമുറയ്ക്കും സാക്ഷിയായ ലോക്കപ്പുകള്‍, ആനുകൂല്യങ്ങള്‍ കവര്‍ന്നെടുത്തിനെതിരെ കൈക്കുഞ്ഞുങ്ങളെയുമെടുത്ത് സമരമുഖത്തെത്തിയ ജീവനക്കാര്‍,ആലംബമില്ലാതായ വൃദ്ധരുടെയും അശരണരുടെയും വിലാപം, കെടുകാര്യസ്ഥതയുടെ പ്രതീകമായി പൂട്ടിയ ട്രഷറി, വികസനവും പുരോഗതിയുമില്ലാതെ കേരളം മുരടിച്ച നാളുകള്‍. എല്ലാം നമ്മുടെ കണ്‍മുന്നിലുണ്ട്. ഒന്നും ആരും മറന്നിട്ടില്ല, മറക്കുകയുമില്ല.

ശിവഗിരിക്കുന്നുകളില്‍ തെറിച്ച ചോര

ആന്റണി മുഖ്യമന്ത്രിയായിരിക്കെ കോടതിവിധി നടപ്പാക്കാന്‍ എന്ന പേരില്‍ എത്തിയ പൊലീസ് സന്നാഹം പുലര്‍ച്ചെ ശിവഗിരിക്കുന്നുകള്‍ വളഞ്ഞു. നൂറുകണക്കിന് പൊലീസുകാര്‍ മഠത്തിന്റെ പവിത്രമായ അന്തരീക്ഷത്തിലേക്ക് ഇരച്ചുകയറി. സന്യാസിമാരെ തല്ലിച്ചതച്ചു. കണ്ണീര്‍വാതകം പ്രയോഗിച്ചു. ശാരദാമഠത്തിന്റെ കണ്ണാടിച്ചില്ലുകള്‍ തകര്‍ത്തു. മഠത്തിനുചുറ്റും രക്തം തളംകെട്ടി. പ്രാര്‍ഥനാമന്ദിരത്തിനുമുന്നില്‍ മഹാത്മാഗാന്ധിയും ഗുരുദേവനും കൂടിക്കാഴ്ച നടത്തിയ മാവിന്‍ചുവട്ടില്‍ ലാത്തിയടിയേറ്റ് വൃദ്ധസന്യാസിയുടെ ചോര തെറിച്ചു. 150ല്‍പ്പരം പേര്‍ക്ക് പരിക്കേറ്റു.

ഒക്ടോബര്‍ 12

പ്രതിഷേധിച്ചവര്‍ക്ക് വെടി

ശിവഗിരി സംഭവത്തില്‍ പ്രതിഷേധിച്ചുള്ള ബന്ദാചരണത്തിനിടയില്‍ ആലപ്പുഴ കിടങ്ങറയില്‍ പൊലീസ് വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു.

2002 ജനുവരി-ഫെബ്രുവരി

ജീവനക്കാര്‍ക്ക് ഇരുട്ടടി

സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും അവകാശങ്ങളും ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കാന്‍ യുഡിഎഫ് ഉന്നതാധികാരസമിതി ശുപാര്‍ശ. സംസ്ഥാന സര്‍ക്കാര്‍ ഇത് അംഗീകരിച്ചു. ക്ഷാമബത്തയും ലീവ് സറണ്ടറും പെന്‍ഷന്‍ ആനുകൂല്യങ്ങളും ഉള്‍പ്പെടെ നിഷേധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതിനെതിരെ ജീവനക്കാര്‍ ഒന്നടങ്കം നടത്തിയ ഐതിഹാസികസമരത്തെ സര്‍ക്കാര്‍ മര്‍ക്കടമുഷ്ടികൊണ്ടാണ് നേരിട്ടത്. ഒന്നരമാസത്തോളം സംസ്ഥാനത്തെ ഓഫീസുകളും വിദ്യാലയങ്ങളും അടഞ്ഞുകിടന്നു. ജീവനക്കാര്‍ ഭീഷണികള്‍ വകവയ്ക്കാതെ ഉറച്ചുനിന്നതോടെയാണ് ആന്റണിസര്‍ക്കാര്‍ ഒത്തുതീര്‍പ്പിന് തയ്യാറായത്.

2004 ആഗസ്ത് 28

ദേവാലയാങ്കണത്തില്‍ വൈദികന്റെ അരുംകൊല

ഇരിങ്ങാലക്കുട തുരുത്തിപ്പറമ്പ് വരപ്രസാദമാത പള്ളി വികാരി ഫാ. ജോബ് ചിറ്റിലപ്പിള്ളി(71) പള്ളിമേടയില്‍ കുത്തേറ്റുമരിച്ചു. കേസ് അന്വേഷണം ഫലപ്രദമായി നടത്താനും പ്രതിയെ അറസ്റ്റുചെയ്യാനും അന്ന് യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായില്ല.

2004 സെപ്തംബര്‍ 25

ഒളവണ്ണയില്‍ ഒഴുകിയ കന്യാസ്ത്രീകളുടെ ചോര

ജീവകാരുണ്യപ്രവര്‍ത്തനത്തിന് ഒളവണ്ണയില്‍ പാവപ്പെട്ടവരുടെ കോളനിയിലെത്തിയ മദര്‍ തെരേസയുടെ മിഷണറീസ് ഓഫ് ചാരിറ്റിയിലെ കന്യാസ്ത്രീകളെയും ബ്രദര്‍മാരെയും മാരകായുധങ്ങളുമായി എത്തിയ ആര്‍എസ്എസ്-ബിജെപി സംഘം ആക്രമിച്ചു. നാല് കന്യാസ്ത്രീകള്‍ക്കും മൂന്ന് ബ്രദര്‍മാര്‍ക്കും ഗുരുതരമായി പരിക്കേറ്റു. കേരളത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവം ഉണ്ടായത്. എന്നാല്‍, പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ആന്റണിയുടെ പൊലീസ് തയ്യാറായില്ല.

ആഴ്ചകള്‍ കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റുചെയ്തില്ല. ക്രൈസ്തവര്‍ നാടുനീളെ പ്രതിഷേധധര്‍ണകളും റാലികളും നടത്തി.

2005 ഒക്ടോബര്‍ 17

നെയ്യാറ്റിന്‍കര ബിഷപ്ഹൌസില്‍ കോണ്‍ഗ്രസ് ആക്രമണം

കോണ്‍ഗ്രസ് നേതാവിന്റെ നേതൃത്വത്തില്‍ ഗുണ്ടാസംഘം നെയ്യാറ്റിന്‍കര ബിഷപ് ഹൌസ് ആക്രമിച്ച് തകര്‍ത്തു. കൊലക്കേസ് പ്രതിയും മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായിരുന്ന അഡ്വ. സജിന്‍ലാലിന്റെ നേതൃത്വത്തിലാണ് ആക്രമണം ഉണ്ടായത്. കൊലക്കേസില്‍ സാക്ഷിയായ ഫാ. ജെറാള്‍ഡ് മത്യാസിനെ വധിക്കാന്‍ ഉദ്ദേശിച്ചായിരുന്നു ആക്രമണം. പൊലീസ് കസ്റ്റഡിയിലെടുത്ത എട്ടംഗ ഗുണ്ടാസംഘത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ഇടപെട്ട് മോചിപ്പിച്ചു. വന്‍ പ്രതിഷേധം ഉയര്‍ന്നിട്ടും ബിഷപ് ഹൌസ് സന്ദര്‍ശിക്കാന്‍പോലും ഉമ്മന്‍ചാണ്ടി തയ്യാറായില്ല.

2005 ജൂലൈ 3

ആലുവ യാക്കോബായ പള്ളിയിലെ പൊലീസ് അതിക്രമം

ആലുവ സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ അതിക്രമിച്ചുകയറിയ പൊലീസ് വൈദികരും കന്യാസ്ത്രീകളും വൃദ്ധരുമടക്കം നൂറുകണക്കിന് വിശ്വാസികളെ തല്ലിച്ചതച്ചു. പരിക്കേറ്റ് ചോരയൊലിക്കുന്ന നിലയില്‍ പിടികൂടിയവരെയും പള്ളിയിലുണ്ടായിരുന്നവരെയും അറസ്റ്റ്ചെയ്ത് കളമശേരി എ ആര്‍ ക്യാമ്പിലേക്ക് കൊണ്ടുപോയി.

2003 ജനുവരി 14

സുവിശേഷകന്റെ കൈവെട്ടി മാറ്റി

കിളിമാനൂര്‍ പഴയകുന്നുമ്മേലില്‍ ആര്‍എസ്എസുകാര്‍ അമേരിക്കന്‍ സുവിശേഷകനെ ആക്രമിച്ച് കൈവെട്ടിമാറ്റി. അമേരിക്കയിലെ യൂണിവേഴ്സല്‍ ചര്‍ച്ച് സുവിശേഷകസംഘത്തിലെ ബിഷപ് ജോസഫ് കൂപ്പറി(67)നെയാണ് മാരകമായി പരിക്കേല്‍പ്പിച്ചത്.

ആദിവാസികള്‍ക്ക് നേരെയും വെടി

ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ മുത്തങ്ങയില്‍ ആദിവാസികള്‍ നടത്തിയ സമരം ആന്റണി സര്‍ക്കാരിന്റെ പിടിപ്പുകേടിനെ തുടര്‍ന്ന് വഷളായി. ആദിവാസികള്‍ക്ക് നേരെ വെടിവെപ്പ്. ജോഗി എന്ന ആദിവാസി കൊലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്ക്. അറസ്റ്റിലായ സി കെ ജാനുവിനെയും ഗീതാനന്ദനെയും പൊലീസ് ഭീകരമായി മര്‍ദ്ദിച്ചു. മുത്തങ്ങ സമരത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സിപിഐ എം നടത്തിയ സമരത്തെ സര്‍ക്കാര്‍ ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ചു.

തുമ്പ വെടിവപ്

തുമ്പ ഫാത്തിമതുറയില്‍ പൊലീസ് നടത്തിയ വെടിവെപ്പില്‍ മത്സ്യത്തൊഴിലാളിയായ വര്‍ഗീസ്(40) കൊല്ലപ്പെട്ടു. പ്രാദേശികപ്രശ്നം പരിഹരിക്കാന്‍ യഥാസമയം ഇടപെടാതിരുന്ന പൊലീസ് പിന്നീട് വഴിവിട്ട് പ്രതികരിക്കയായിരുന്നു.

ബിഎഡ് കോളേജിന് മെത്രാനില്‍നിന്ന് കോഴ

ബിഎഡ് കോളേജിന് അനുമതി ലഭ്യമാക്കാന്‍ മുസ്ളിംലീഗ് നേതാക്കള്‍ തന്നോട് കോഴ ചോദിച്ചതായി മാനന്തവാടി രൂപത മെത്രാന്‍ വെളിപ്പെടുത്തി. പണം ചോദിച്ച നേതാക്കളുടെ പേരും അദ്ദേഹം പുറത്തുവിട്ടു.

എസ്എസ്എല്‍സി ചോദ്യപേപ്പറും വിറ്റു

യുഡിഎഫ് ഭരണകാലത്ത് എസ്എസ്എല്‍സി പരീക്ഷയുടെ വിശ്വാസ്യത തന്നെ തകര്‍ക്കുന്ന സംഭവങ്ങളുണ്ടായി. ചോദ്യപേപ്പര്‍ വില്‍പ്പന ച്ചരക്കായി. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്താനും യഥാര്‍ഥപ്രതികളെ പിടികൂടാനും സര്‍ക്കാര്‍ തയ്യാറായില്ല.

മായാത്ത മുറിപ്പാടായി മാറാട്

കേരളത്തിന്റെ മതനിരപേക്ഷമനസ്സിനേറ്റ ആഴത്തിലുള്ള മുറിവാണ് മാറാട് കലാപം. ആദ്യകലാപത്തിനുശേഷം യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച വര്‍ഗീയപ്രീണന നയങ്ങള്‍ സ്ഥിതിഗതി രൂക്ഷമാക്കി. വന്‍തോതില്‍ ജീവനും സ്വത്തിനും നാശമുണ്ടായി. എന്നാല്‍, കലാപത്തിന്റെ ഇരകള്‍ക്ക് ആശ്വാസം നല്‍കുന്നതിലും ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടു. അന്വേഷണങ്ങള്‍ അട്ടിമറിച്ചു.

മന്ത്രിക്കും മന്ത്രി പുത്രനും ചാനല്‍ കളിക്കാന്‍ സഹ. ബാങ്ക് പണം

അരുതായ്മകള്‍ അരങ്ങേറിയ കാലമായിരുന്നു യുഡിഎഫ് ഭരണത്തില്‍ സഹകരണമേഖല. സാധാരണ ജനങ്ങളുമായി ഹൃദയബന്ധം പുലര്‍ത്തുന്ന സഹകരണമേഖലയെ ഇവര്‍ അഴിമതിയില്‍ മുക്കി. സഹകരണ സംഘങ്ങളില്‍ 2000 കോടിയുടെ അഴിമതിയും 400 കോടിയുടെ അവിഹിത വായ്പയും. മന്ത്രിയുടെയും മന്ത്രിപുത്രന്റെയും ചാനലിന് സംസ്ഥാനസഹകരണ ബാങ്കില്‍നിന്ന് വഴിവിട്ട് വായ്പ.

ട്രഷറി പൂട്ടല്‍

ശങ്കരനാരായണനും വക്കം പുരുഷോത്തമനും ധനമന്ത്രിമാരായിരുന്ന യുഡിഎഫ് ഭരണത്തില്‍ ട്രഷറിപൂട്ടല്‍ പതിവായിരുന്നു. പിടിപ്പുകെട്ട ധനമാനേജ്മെന്റ് സംസ്ഥാനത്തെ സാമ്പത്തികപ്രതിസന്ധി രൂക്ഷമാക്കി. കരാറുകാര്‍ക്ക് വന്‍കുടിശിക വരുത്തി. ക്ഷേമപെന്‍ഷനുകള്‍ നിലച്ചു.

Monday, April 13, 2009

ന്യൂനപക്ഷങ്ങളെ ചതിച്ചതാര്?

രാജ്യത്തെ ജനസംഖ്യയിലെ 18.4 ശതമാനം വരുന്ന ന്യൂനപക്ഷത്തെ ചതിച്ചതാരെന്ന ചോദ്യത്തിന് ഉത്തരം ഒന്നുമാത്രം- കോണ്‍ഗ്രസ്. സാമൂഹ്യവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നില്‍ക്കുന്ന ന്യൂനപക്ഷങ്ങളുടെ സമഗ്രക്ഷേമത്തിനായുള്ള നടപടികള്‍ സ്വീകരിക്കുന്നതുപോയിട്ട് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ നിയോഗിച്ച കമീഷനുകളുടെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍പോലും കോണ്‍ഗ്രസിന് കഴിഞ്ഞില്ല. ഫാസിസ്റ്റുകളുടെ അഴിഞ്ഞാട്ടത്തിന് മുസ്ളിം-ക്രൈസ്തവ ന്യൂനപക്ഷങ്ങളെ വിട്ടുകൊടുത്ത കോണ്‍ഗ്രസ് വംശഹത്യകളുടെ കാലത്ത് കൈയും കെട്ടി നോക്കിനില്‍ക്കുക മാത്രമായിരുന്നില്ല. കലാപകാരികള്‍ക്ക് സഹായം ചെയ്തുകൊടുത്തുവെന്നതിന് ഗുജറാത്തും ഒറീസയും തന്നെ സാക്ഷി.

മുസ്ളിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്സി വിഭാഗങ്ങളില്‍പ്പെട്ട ന്യൂനപക്ഷങ്ങളില്‍ ഏറ്റവും വലിയ വിഭാഗം 13.4 ശതമാനം വരുന്ന മുസ്ളിങ്ങളാണ്. വിദ്യാഭ്യാസത്തിന്റെയും തൊഴിലിന്റെയും അഭാവമാണ് മുസ്ളിം യുവാക്കളുടെ നിരാശയുടെ ഉറവിടം. ഒരു സംരക്ഷണവും ലഭിക്കാത്ത മുസ്ളിം സ്ത്രീകളാണ് ഏറ്റവും കൊടിയ ചൂഷണത്തിന് ഇരയാകുന്നതും. ന്യൂനപക്ഷങ്ങളുടെ ക്ഷേമം രാജ്യത്തിന്റെ ജനാധിപത്യപ്രക്രിയയുടെ സുഗമമായ പ്രവര്‍ത്തനത്തിന് നിര്‍ണായകമാണെന്ന് സിപിഐ എം കാണുന്നു. മുസ്ളിങ്ങള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങളെ ഹിന്ദു വര്‍ഗീയവാദികള്‍ നിരന്തരം ലക്ഷ്യംവയ്ക്കുമ്പോള്‍ ബിജെപിക്കും ഹിന്ദു വര്‍ഗീയവാദികള്‍ക്കുമെതിരെ പോരാടി ന്യൂനപക്ഷത്തെ സംരക്ഷിക്കുക എന്നത് സിപിഐ എമ്മിന്റെ ദേശീയനയത്തിന്റെ ആണിക്കല്ലായി മാറുന്നു.

ന്യൂനപക്ഷാവകാശങ്ങളോട് പുറംതിരിഞ്ഞുനിന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളുടെ സാമൂഹ്യ-സാമ്പത്തിക വികസനത്തിനുള്ള പൊതുമിനിമം പരിപാടിയിലെ നിര്‍ദേശങ്ങള്‍ പാടെ അവഗണിച്ചു. തീവ്രവാദ ആക്രമണങ്ങളുടെ പേരില്‍ ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ട ചെറുപ്പക്കാരെ അനധികൃതമായി അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുന്നത് യുപിഎ ഭരണത്തില്‍ പതിവായി മാറി. ഹൈദരാബാദ് സ്ഫോടനത്തിനും ബട്ല ഹൌസ് ഏറ്റുമുട്ടലിനും ശേഷം അനധികൃത കസ്റ്റഡിയില്‍ പീഡിപ്പിച്ചതിന് 21 മുസ്ളിം ചെറുപ്പക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കിയ സംഭവം യുപിഎ സര്‍ക്കാരിന്റെ ന്യൂനപക്ഷധ്വംസനത്തിന് തെളിവ്.

കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ നിയോഗിച്ച കമീഷനുകളുടെ ശുപാര്‍ശകള്‍ക്ക് പുല്ലുവില കല്‍പ്പിക്കാത്തതിന് തെളിവുകള്‍ ഏറെ.

രാജ്യത്തെ മുസ്ളിങ്ങള്‍ക്ക് ജോലികളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലുമുള്ള പ്രാതിനിധ്യം തുച്ഛമാണെന്ന് വെളിപ്പെടുത്തിയ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് മുസ്ളിങ്ങളെ പ്രീണിപ്പിക്കുകയാണെന്ന ബിജെപി വാദത്തിന് കഴമ്പില്ലെന്ന് തെളിയിക്കുന്നതായിരുന്നു. എന്നാല്‍, ഈ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതില്‍ കോണ്‍ഗ്രസ് ഒട്ടും ആത്മാര്‍ഥത കാട്ടിയില്ല. സച്ചാര്‍ റിപ്പോര്‍ട്ടിലെപ്രധാന ശുപാര്‍ശകളെല്ലാം അവഗണിക്കപ്പെട്ടു.

ദളിത് ക്രൈസ്തവര്‍ക്കും ദളിത് മുസ്ളിങ്ങള്‍ക്കും പട്ടികജാതിപദവി നല്‍കണമെന്ന് 2007ല്‍ ജസ്റ്റിസ് രംഗനാഥ് മിശ്ര കമീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. ദേശീയ ന്യൂനപക്ഷകമീഷനും ഈ ശുപാര്‍ശ മുന്നോട്ടുവച്ചു. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു നടപടിയും സ്വീകരിച്ചില്ല. ഒബിസി മുസ്ളിം പട്ടിക പുതുക്കണമെന്ന ആവശ്യവും ഇതുവരെ നടപ്പാക്കിയിട്ടില്ല. ഉറുദു ഭാഷയ്ക്ക് അംഗീകാരവും പരിഗണനയും നല്‍കുമെന്ന യുപിഎയുടെ പൊതുമിനിമംപരിപാടിയിലെ വാഗ്ദാനവും പാലിക്കപ്പെട്ടിട്ടില്ല. ബജറ്റിന്റെ 15 ശതമാനം ന്യൂനപക്ഷങ്ങള്‍ക്കായുള്ള ഉപപദ്ധതിക്കായി നീക്കിവയ്ക്കണമെന്ന ദേശീയ ന്യൂനപക്ഷകമീഷന്റെ നിര്‍ദേശവും കോണ്‍ഗ്രസ് സര്‍ക്കാര്‍ തള്ളി.

പതിനൊന്നാം പദ്ധതിയില്‍ ന്യൂനപക്ഷകാര്യ മന്ത്രാലയം ഏഴായിരം കോടിയാണ് വകയിരുത്തിയത്. ഇതില്‍ 2008-09ല്‍ അനുവദിച്ച 1013.83 കോടി രൂപയില്‍ 35ശതമാനവും ഇപ്പോഴും ഉപയോഗിക്കാതെ കിടക്കുന്നു. ന്യൂനപക്ഷങ്ങള്‍ കൂടുതലായി അധിവസിക്കുന്ന 37 ജില്ലകളില്‍ ബഹുമേഖലാ വികസനപദ്ധതികള്‍ക്ക് ചെലവിട്ടത് 5.29 കോടി മാത്രം.

Sunday, April 12, 2009

തെരഞ്ഞെടുപ്പവലോകനങ്ങളുടെ മാധ്യമശാസ്ത്രവും രാഷ്ട്രീയവും

രാജ്യം 15-ാം തെരഞ്ഞെടുപ്പിലേക്കുപോകുമ്പോള്‍ കേരളത്തിലെ പൊതുധാരാമാധ്യമങ്ങള്‍ പെരുമാറുന്ന രീതി ശ്രദ്ധേയമാണ്.

ഇത്തവണത്തെ തെരഞ്ഞെടുപ്പിന് ഒരു സവിശേഷതയുണ്ട്. പുന:സംഘടിപ്പിച്ച മണ്ഡലങ്ങളാണ് ഇത്തവണയുള്ളത്. കേരളത്തില്‍ പുന:സംഘടനയ്ക്കുമുമ്പും പിമ്പും 20 മണ്ഡലങ്ങളാണുള്ളത്. എന്നാല്‍ മണ്ഡലങ്ങളുടെ അതിരും ആള്‍ച്ചേരുവയും മാറി. സ്വാഭാവികമായും രാഷ്ട്രീയസ്വഭാവത്തിലും മാറ്റമുണ്ടാകാം. ഈ സാഹചര്യത്തില്‍ ഓരോ മണ്ഡലത്തിലെയും അവസാന രാഷ്ട്രീയബലാബലവും വോട്ടിംഗ് ഭൂതകാലം എന്ത് എന്ന് ജനങ്ങള്‍ക്ക് അറിയേണ്ടതുണ്ട്. അതു നല്കാന്‍ മാധ്യമങ്ങള്‍ക്ക് ബാധ്യതയുണ്ട്. ആ ചുമതല നിറവേറ്റുന്നതില്‍ നിന്ന് കേരളത്തിലെ പൊതുധാരാമാധ്യമങ്ങള്‍ കൂട്ടായിത്തന്നെ വിട്ടിനില്ക്കുകയാണ്. പകരം, ഒരു പഠനത്തിന്റെയും പിന്‍ബലമില്ലാതെ, ഒരു കണക്കുകൊണ്ടും സാധൂകരിക്കാതെ ഓരോ മണ്ഡലത്തിന്റെയും രാഷ്ട്രീയസ്വഭാവം 'വിധി'ക്കുന്നതിനും ഈ മാധ്യമങ്ങള്‍ 'ധൈര്യം' കാട്ടുന്നു. ആറുസീറ്റുവരെ ഇരുചേരികള്‍ക്കും ഉറപ്പാണെന്നും മറ്റ് 18 മണ്ഡലങ്ങളില്‍ ഫലം പ്രവചനാതീതമാണെന്നുമാണ് വിവിധ മാധ്യമങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നത്. മാധ്യമശാസ്ത്രത്തില്‍ പ്രചാരണം (ക്യാംപെയ്ന്‍) എന്നറിയപ്പെടുന്ന പ്രവണതയ്ക്കുതുല്യമാണ് കേരളത്തിലെ മാധ്യമങ്ങള്‍ ഈക്കാര്യത്തില്‍ പ്രദര്‍ശിപ്പിക്കുന്ന പ്രവണത.

ഈ സാഹചര്യത്തിലാണ് ഈ കുറിപ്പ്. കേരളത്തിലെ പുതുക്കിയ മണ്ഡലങ്ങളിലെ ബലാബലം ഏറ്റവും അവസാനത്തെ വോട്ടിംഗ് പ്രകാരം കണ്ടെത്തുകയാണ് ഇവിടെ ചെയ്യുന്നത്. 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പാണ് ഏറ്റവുമവസാനം കേരളത്തില്‍ നടന്ന സംസ്ഥാനവ്യാപകമായ രാഷ്ട്രീയ സമ്മതി നിര്‍ണ്ണയം. അതിലെ വോട്ടര്‍പ്പട്ടികയനുസരിച്ചാണ് ഇപ്പോഴും വോട്ടെടുപ്പ് നടക്കുന്നത്. ആ പട്ടികയില്‍ മരിച്ചുപോയവരുടെയും സ്ഥലത്തില്ലാത്തവരുടെയും പേരു നീക്കുക, സ്ഥലം മാറിയെത്തിയവരുടെ പേര് പുതിയ സ്ഥലത്തുകൂട്ടിച്ചേര്‍ക്കുക തുടങ്ങിയ കാലാനുസൃതമായ മാറ്റങ്ങള്‍ ഉണ്ടാകാമെന്നുമാത്രം. അതിനാല്‍ ഏറ്റഴുമവസാനത്തെ ബലാബലം നിര്‍ണ്ണയിക്കാന്‍ 2006 അടിസ്ഥാനവര്‍ഷമാക്കുന്നതിന് എല്ലാ ന്യായവുമുണ്ട്. 2006 ലെ തെരഞ്ഞെടുപ്പില്‍ ഓരോ ബൂത്തിലും പോള്‍ ചെയ്യതവോട്ടുകളുടെ കണക്കെടുത്ത് പുതുക്കിയ മണ്ഡലപരിധിയില്‍ ഓരോ ചേരിയുടെയും ബലാബലം കണ്ടെത്തുക എന്നരീതി ശാസ്ത്രമാണ് ഈ കുറിപ്പില്‍ പിന്തുടര്‍ന്നിട്ടുള്ളത്. ഒരു ജനകീയയത്നത്തിലൂടെയാണ് ഈ കണക്ക് സമാഹരിച്ചിട്ടുള്ളത്.

കണക്കനുസരിച്ച് കേരളത്തിലെ പുതിക്കിയ ലോക്സഭാ മണ്ഡലങ്ങളില്‍ 18-2 എന്നതോതില്‍ എല്‍ ഡി എഫിനാണ് മേല്‍ക്കൈയുള്ളത്. (പട്ടിക കാണുക).
2006 ലെ വോട്ടിംഗ്(വലിയ ചിത്രത്തിനു ക്ലിക്കു ചെയ്യുക)
കാസര്‍ഗോഡ് മണ്ഡലം എല്‍ ഡി എഫ് ഭൂരിപക്ഷം 91,000, കണ്ണൂര്‍ മണ്ഡലം എല്‍ ഡി എഫ് ഭൂരിപക്ഷം 84,000, വടകര മണ്ഡലം എല്‍ ഡി എഫ് ഭൂരിപക്ഷം 1,25,000, വയനാട് മണ്ഡലം എല്‍ ഡി എഫ് ഭൂരിപക്ഷം 39,000, കോഴിക്കോട് മണ്ഡലം എല്‍ ഡി എഫ് ഭൂരിപക്ഷം 1,00,000, മലപ്പുറം മണ്ഡലം എല്‍ ഡി എഫ് ഭൂരിപക്ഷം 48,000, പൊന്നാനി മണ്ഡലം യു ഡി എഫ് ഭൂരിപക്ഷം 54,000, പാലക്കാട് മണ്ഡലം എല്‍ ഡി എഫ് ഭൂരിപക്ഷം 86,000, ആലത്തൂര്‍ മണ്ഡലം എല്‍ ഡി എഫ് ഭൂരിപക്ഷം 69,,,, തൃശ്ശൂര്‍ മണ്ഡലം എല്‍ ഡി എഫ് ഭൂരിപക്ഷം 62000, ചാലക്കുടി മണ്ഡലം എല്‍ഡിഎഫ് ഭൂരിപക്ഷം 108,000, എറണാകുളം മണ്ഡലം എല്‍ ഡി എഫ് ഭൂരിപക്ഷം 75000, ഇടുക്കി മണ്ഡലം എല്‍ ഡി എഫ് ഭൂരിപക്ഷം 81,000, കോട്ടയം മണ്ഡലം എല്‍ ഡി എഫ് ഭൂരിപക്ഷം 38,000 ആലപ്പുഴ മണ്ഡലം എല്‍ ഡി എഫ് ഭൂരിപക്ഷം 25000 മാവേലിക്കര മണ്ഡലം എല്‍ ഡി എഫ് ഭൂരിപക്ഷം 40000, പത്തനംതിട്ട മണ്ഡലം എല്‍ ഡി എഫ് ഭൂരിപക്ഷം 36,000, കൊല്ലം മണ്ഡലം എല്‍ ഡി എഫ് ഭൂരിപക്ഷം 92,000, ആറ്റിങ്ങല്‍ മണ്ഡലം എല്‍ ഡി എഫ് ഭൂരിപക്ഷം 49000, തിരുവനന്തപുരം മണ്ഡലം എല്‍ ഡി എഫ് ഭൂരിപക്ഷം 3700.

വീണ്ടും പൊതുധാരമാധ്യമങ്ങളുടെ പ്രചാരണത്തിലേക്ക് കേരളത്തിലെ മണ്ഡലങ്ങളുടെ അലക്കും പിടിയും മാറിയിരിക്കെ അവയുടെ രാഷ്ട്രീയസ്വഭാവം നിര്‍ണ്ണയിച്ച് വായനക്കാരെയും മാധ്യമങ്ങള്‍ക്കു ബാധ്യതയുണ്ടായിരുന്നു. വസ്തുനിഷ്ഠമായും ശാസ്ത്രീയമായും അതു ചെയ്താല്‍ മുകളില്‍ കാണിച്ച നിഗമനമാണ് അവര്‍ ജനങ്ങള്‍ക്ക് നല്കേണ്ടിയിരുന്നത്. അതിനു തുനിയാതെ ഊഹാപോഹങ്ങളും കണ്‍മതിക്കണക്കുംവച്ച് കേരളത്തിലെ പുതുക്കിയ മണ്ഡലങ്ങളില്‍ ആര്‍ക്കാണുമേല്‍ക്കൈ എന്ന് ഗണിച്ചു പറയുന്ന മാധ്യമങ്ങളുടെ ശൈലി സ്വയം സംസാരിക്കുന്നു. അതോടൊപ്പം, കേരളത്തിലെ മത-ജാതി സമവാക്യങ്ങള്‍ മുതലുള്ള പ്രശ്നങ്ങള്‍ മുന്നോട്ടുവച്ച് എല്‍ ഡി എഫിനെതിരായ ഒരു തരംഗത്തിന്റെ നിര്‍മ്മിതിയിലേക്ക് നീങ്ങുകയുമാണ് കേരളത്തിലെ മാധ്യമങ്ങള്‍. കഴിഞ്ഞ രണ്ടാഴ്ച നമ്മുടെ മുഖ്യധാരാമാധ്യമങ്ങള്‍ നിരത്തിയ എക്സ്ക്ളുസീവുകളും ഫീച്ചറുകളും നോക്കുക. അവയത്രയും ഒരു ക്യാമ്പയിന്റെ ഭാഗമായിമാറുന്നുവെന്നും കാണാം. അതിന്റെ ഭാഗം തന്നെയാണ് മണ്ഡലങ്ങളുടെ ഭൂതകാല വോട്ടിംഗ് സ്വഭാവത്തിന്റെ തമസ്തരണവും.

2006 ലെ വോട്ടിംഗിലെ ബലാബലം അതേപോലെ ഈ മണ്ഡലങ്ങളില്‍ നിലനില്ക്കുമെന്ന് ആരും പറയില്ല. മൂന്നുകൊല്ലത്തെ രാഷ്ട്രീയ-സാമൂഹിക-പ്രാദേശിക സംഭവവികാസങ്ങള്‍ അതിനെ ബാധിക്കും. എങ്കില്‍പ്പോലും, ഈ ബലാബലത്തിന്റെ ഭൂതകാലവുമായാണ് കേരളത്തിലെ 20 പുതുക്കിയ മണ്ഡലങ്ങളില്‍ ജനവിധി നിര്‍ണ്ണയിക്കുന്ന എന്ന സത്യം ബാക്കിനില്ക്കും. തെരഞ്ഞെടുപ്പിനുശേഷമെങ്കിലും, താരതമ്യം നടത്താന്‍ വേണ്ടിയെങ്കിലും, കച്ചവടമാധ്യമങ്ങക്ക് ഈ കണക്കിലേക്കുമടങ്ങി വരേണ്ടി വരും. പക്ഷേ, തെരഞ്ഞെടുപ്പിനുമുമ്പുള്ള വേളയില്‍ ഈ കണക്കുകള്‍ തമസ്കരിക്കുന്നത് നമ്മുടെ മാധ്യമങ്ങള്‍ ആരുടെകൂടെ എന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുകയാണ്.

എന്‍ പി ചന്ദ്രശേഖരന്‍

സമഗ്രവികസനത്തിനായി വന്‍ നിക്ഷേപങ്ങള്‍

അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍വഴിയുള്ള 5000 കോടി രൂപ

സര്‍ക്കാര്‍ നേരിട്ട് ഏറ്റെടുക്കുന്ന പ്രധാനപ്പെട്ട നിര്‍മാണ പ്രവൃത്തികളെകള്‍ക്ക് പുറമെ ഇ.എം.എസ്. പാര്‍പ്പിട പദ്ധതി, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍, വ്യവസായം- ഐ.ടി.- ടൂറിസം പ്രോത്സാഹന ഏജന്‍സികള്‍, കെ.എഫ്.സി, റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍, ഭവനനിര്‍മ്മാണ ബോര്‍ഡ് പോലുള്ള അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ നേരിട്ടുള്ള മുതല്‍മുടക്കും ചേര്‍ത്ത് മറ്റൊരു 5000 കോടി രൂപയുടെ നിക്ഷപവുമുണ്ടാകും.

1. ഇ.എം.എസ്. സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി ഇന്ത്യയിലെ ഏറ്റവും വലിയ പാര്‍പ്പിട നിര്‍മാണ പ്രോജക്ടാണ്. 2000 കോടി രൂപയാണ് ഇതിന്റെ അടങ്കല്‍. സഹകരണ ബാങ്കുകളില്‍നിന്നാണ് ഇതിനാവശ്യമായ പണം വായ്പയെടുക്കുന്നത്. പത്തുവര്‍ഷംകൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള വാര്‍ഷിക ഗ്രാന്റില്‍നിന്ന് ഈ പണം തിരിച്ചടക്കണം. ഈ തിരിച്ചടവ് വാര്‍ഷിക ഗ്രാന്റിന്റെ 10 ശതമാനത്തില്‍ അധികരിക്കുവാന്‍ പാടില്ല. വായ്പയുടെ പലിശ സംസ്ഥാന ബജറ്റില്‍നിന്നാണ് നല്‍കുന്നത്. ഇതിലേക്കായി 100 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. രണ്ട് അഭ്യര്‍ത്ഥനകള്‍ കേന്ദ്ര സര്‍ക്കാരിനുമുന്നില്‍ നാം വെച്ചിട്ടുണ്ട്. ആദ്യത്തേത് ഐ.എ.വൈ സ്കീംവഴി കേരളത്തില്‍ ഭാവിയില്‍ ലഭിക്കേണ്ടുന്ന പണം തിരിച്ചടവിലേക്ക് ഉപയോഗിക്കാന്‍ അനുവദിക്കണം എന്നുള്ളതാണ്. രണ്ടാമത്തേത് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച, മുഖ്യമായും ഇടത്തരക്കാരെ ലക്ഷ്യമിട്ടുകൊണ്ടുള്ള താഴ്ന്ന പലിശക്കുള്ള പാര്‍പ്പിട വായ്പാ പദ്ധതിയില്‍ കേരളത്തിലെ സ്കീമിനെയും ഉള്‍പ്പെടുത്തണമെന്നാണ്.

വസ്തുനിഷ്ഠ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ മുന്‍ഗണനാക്രമത്തില്‍ ഗുണഭോക്താക്കളെ തീരുമാനിക്കുന്ന രീതി ജനകീയാസൂത്രണത്തിന്റെ സൃഷ്ടിയാണ്. ദൌര്‍ഭാഗ്യവശാല്‍ വലിയതോതില്‍ ഇതില്‍ ചോര്‍ച്ച വന്നിരിക്കുന്നു. ആശ്രിതത്വ രാഷ്ട്രീയത്തിന്റെ അതിപ്രസരം ഇല്ലാതാക്കുന്നതിനും അര്‍ഹതയുള്ളവര്‍ക്ക് വീട് ലഭിക്കുന്നു എന്നുറപ്പുവരുത്തുന്നതിനുമുള്ള കര്‍ശനമായ നിലപാട് എടുത്തിട്ടുണ്ട്.

ലക്ഷംവീട് പദ്ധതിപ്രകാരമുള്ള വീടുകള്‍ പുനരുദ്ധരിക്കുന്നതിന് എം.എന്‍.സ്മാരക പാര്‍പ്പിട പദ്ധതി നടപ്പിലാക്കും. ഭവനനിര്‍മ്മാണ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതിലേക്ക് സംസ്ഥാന വിഹിതമായി 15 കോടി രൂപ വകയിരുത്തുന്നു.

2. പാര്‍പ്പിട മേഖലയിലെ സംസ്ഥാന സര്‍ക്കാരിന്റെ മുഖ്യ ഏജന്‍സി ഹൌസിങ്ങ് ബോര്‍ഡാണ്. ഹൌസിങ് ബോര്‍ഡിന്റെ പ്രവര്‍ത്തനം സാമ്പത്തിക പ്രതിസന്ധിമൂലം ഏതാണ്ട് നിശ്ചലാവസ്ഥയിലേക്ക് നീങ്ങിയവേളയിലാണ് ഈ സര്‍ക്കാര്‍ അധികാരമേറ്റെടുത്തത്. ഹൌസിങ്ങ് ബോര്‍ഡിന്റെ പുനരുദ്ധാരണത്തിന് സമഗ്രമായ ഒരു പരിപാടി തയ്യാറാക്കിയിട്ടുണ്ട്. മറൈന്‍ ഡ്രൈവിലെ 17.9 ഏക്കര്‍ സ്ഥലവും ആക്കുളത്തെ 14.7 ഏക്കര്‍ സ്ഥലവും കോഴിക്കോട് മെഡിക്കല്‍ കോളേജ്, കലൂര്‍, മുളങ്കുന്നത്തുകാവ് എന്നിവിടങ്ങളിലെ 16 ഏക്കര്‍ സ്ഥലവും 15 പ്ളോട്ടുകളിലുള്ള 12 ഏക്കര്‍ സ്ഥലവും ഉപയോഗപ്പെടുത്തി പാര്‍പ്പിട-വാണിജ്യ സമുച്ചയങ്ങള്‍ പണിയുന്നതിനുള്ള സംയുക്ത സംരംഭങ്ങള്‍ക്കാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ഇത് 2060 കോടി രൂപയുടെ നിക്ഷേപത്തിന് തുടക്കംകുറിക്കുന്നതാണ്.

സപ്ളിമെന്ററി ഡിമാന്റ് ഫോര്‍ ഗ്രാന്റില്‍ 255 കോടി രൂപ ഹഡ്കോയ്ക്ക് നല്‍കുന്നതിനുവേണ്ടി വകയിരുത്തിയിട്ടുണ്ട്. ഈ വായ്പ സംയുക്ത സംരംഭങ്ങളുടെ മുന്‍കൂര്‍ പണത്തില്‍നിന്ന് സര്‍ക്കാരിന് തിരിച്ചുനല്‍കേണ്ടതാണ്. ഹഡ്കോ കുടിശ്ശിക തീരുന്നതോടെ ഹൌസിങ്ങ്ബോര്‍ഡ് വീണ്ടും വായ്പയ്ക്ക് അര്‍ഹമായിത്തീരും. പാക്കേജിന്റെ ഭാഗമായി ഹൌസിങ്ങ്ബോര്‍ഡിന് സര്‍ക്കാരിലുള്ള ബാധ്യതകള്‍ പലിശരഹിത വായ്പയായോ ഓഹരിമൂലധനമായോ മാറ്റുന്നതാണ്.

3. മത്സ്യമേഖലയിലെ പ്രധാനപ്പെട്ട മറ്റൊരു ഇടപെടലാണ് തീരദേശ വികസന കോര്‍പ്പറേഷന്‍. കോര്‍പ്പറേഷന് ഓഹരിമൂലധനമായി 15 കോടിരൂപ അനുവദിക്കുന്നു. കോര്‍പ്പറേഷന്‍ വായ്പയെടുത്ത് 10 ഫിഷിംഗ് ഹാര്‍ബറുകളുടെ നിര്‍മാണം ആരംഭിക്കും. ചെറുവത്തൂര്‍, ചേറ്റുവ, പരപ്പനങ്ങാടി, താനൂര്‍, വെള്ളയില്‍, മഞ്ചേശ്വരം, വര്‍ക്കല, വലിയതുറ, ചെല്ലാനം രണ്ടാംഘട്ടം, അര്‍ത്തുങ്കല്‍ രണ്ടാംഘട്ടം, എന്നിവയാണ് ഈ തുറമുഖങ്ങള്‍. അതുപോലെ 18 കോടി രൂപയുടെ പെരുമാതുറ പാലവും 28 കോടി രൂപയുടെ തിരൂര്‍പ്പുഴയിലെ നായര്‍ത്തോട് പാലവും തീരദേശ വികസന കോര്‍പ്പറേഷന്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നതാണ്. ഇവയുടെ നിര്‍മ്മാണത്തിന് 150കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇവയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് നല്‍കുന്നതാണ്.

4. മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ചെറുകിട-ഇടത്തരം വ്യവസായങ്ങളെ സംരക്ഷിക്കുന്നതിന്് 500 കോടി രൂപയുടെ വായ്പാപാക്കേജ് നടപ്പിലാക്കും. കെ.എഫ്.സി വഴിയായിരിക്കും ഇത് നടപ്പാക്കുക. കെ.എഫ്.സിക്ക് ഓഹരി വിഹിതമായി നല്‍കുന്നതിന് 2008-09ലെ സപ്ളിമെന്ററി ഡിമാന്റ്സ് ഗ്രാന്റില്‍ 130 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതോടെ ഈ സര്‍ക്കാര്‍ നിലവില്‍വരുമ്പോള്‍ 40 ശതമാനത്തിനു മുകളിലായിരുന്ന ഈ സ്ഥാപനത്തിന്റെ നിഷ്ക്രിയ ആസ്തികള്‍ 10 ശതമാനത്തില്‍താഴെയാകും. ഇതുമൂലം പലിശകുറഞ്ഞ കമ്പോള വായ്പയിലൂടെ പണം സമാഹരിച്ച് വായ്പ നല്‍കുന്നതിന് കെ.എഫ്.സിക്ക് കഴിയും. ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്കുള്ള സബ്സിഡികള്‍ കെ.എഫ്.സി വഴിയായിരിക്കും നല്‍കുക. ഇതോടെ കെ.എഫ്.സി സംസ്ഥാനത്തിലെ ഒരു നിര്‍ണായ വികസന ഏജന്‍സിയായി മാറും.

5. നൂതന ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് 100 കോടി രൂപയുടെ ഒരു വെഞ്ച്വര്‍ ഫണ്ട് സംസ്ഥാനത്ത് ആരംഭിക്കും. വിദേശ മലയാളികള്‍ക്കുപുറമെ കെ.എഫ്.സി, കെ.എസ്.എഫ്.ഇ, കെ.എസ്.ഐ.ഡി.സി, തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഫണ്ടില്‍ നിക്ഷേപിക്കാം. എഞ്ചിനീയറിംഗ് കോളേജുകള്‍, സര്‍വകലാശാലകള്‍, ഗവേഷണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഉണ്ടാകുന്ന നൂതന സാങ്കേതിക ആശയങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ യാഥാര്‍ഥ്യമാക്കുന്നതിനും ഒരു പുതിയ തലമുറ സംരംഭകരെ സൃഷ്ടിക്കുന്നതിനും ഇത് സഹായിക്കും. ഫണ്ടിന്റെ ഓഹരി മൂലധനത്തിലേക്ക് 10 കോടി രൂപ വകയിരുത്തുന്നു. ഏതെങ്കിലും ഒരു പൊതുമേഖലാ ബാങ്കായിരിക്കും ഫണ്ട് മാനേജ് ചെയ്യുന്നത്.

6. സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ വിപുലീകരണത്തിനും വൈവിധ്യവല്‍ക്കരണത്തിനുമായി 800 കോടി രൂപയുടെ നിക്ഷേപമാണ് ഉദ്ദേശിക്കുന്നത്. ഇത് ഉത്തേജക പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ 1300 കോടിരൂപയുടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സംയുക്തസംരംഭങ്ങള്‍, 2000 കോടി രൂപയുടെ കേന്ദ്ര പൊതുമേഖലാ നിക്ഷേപം എന്നിവ ഉത്തേജക പാക്കേജിന് പുറമെയാണ്.

രണ്ടുവര്‍ഷംകൊണ്ട് കേരളം നടപ്പാക്കുന്ന 10000 കോടി രൂപയുടെ ഉത്തേജകപാക്കേജ് സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ 5 ശതമാനം വരും. ഇന്ത്യാസര്‍ക്കാരിന്റെ 20000 കോടിയുടെ ഉത്തേജക പാക്കേജാകട്ടെ ദേശീയ വരുമാനത്തിന്റെ 0.5 ശതമാനത്തില്‍ താഴയേ വരികയുള്ളൂ.

പശ്ചാത്തല സൌകര്യ പാക്കേജുകളില്‍ ഒരുഭാഗം സ്വകാര്യ സംരംഭകരുമായി സംയുക്തമായിട്ടോ കൂടുതല്‍ സ്വകാര്യനിക്ഷേപം ഉറപ്പുവരുത്തുന്ന രീതിയിലോ ആണ് വിഭാവനം ചെയ്തിരിക്കുന്നത്. കെ.എസ്.ഐ.ഡി.സി, കിന്‍ഫ്ര, ഐ.ടി.ഇന്‍ഫ്രാസ്ട്രക്ടര്‍ കമ്പനി, ഹൌസിങ്ങ് ബോര്‍ഡ് എന്നിവയുമായി ബന്ധപ്പെട്ട് 10000 കോടിരൂപയുടെ സ്വകാര്യ നിക്ഷേപമാണ് ലക്ഷ്യമിടുന്നത്. ഇതില്‍ 5000 കോടി രൂപയുടേയെങ്കിലും പദ്ധതികള്‍ ഒരുവര്‍ഷത്തിനുള്ളില്‍ ആരംഭിക്കും.

2009-10ല്‍ 20000 കോടി രൂപയുടെ സ്വകാര്യ നിക്ഷേപ പദ്ധതികള്‍ക്ക് അനുമതി നല്‍കും.

ആസ്തി സംരക്ഷണ ഫണ്ട്

സര്‍ക്കാരിന്റെ ആസ്തികളില്‍ പലതും കാലാകാലങ്ങളില്‍ മെയിന്റനന്‍സ് നടത്താത്തിനാല്‍ ജീര്‍ണാവസ്ഥയിലാണ്. ആസ്തികള്‍ കാലാകാലങ്ങളില്‍ അപ്ഗ്രേഡ് ചെയ്യുന്നതിന് 130 കോടി രൂപയുടെ ഒരു നിധി സ്വരൂപിക്കും. ഫിനാന്‍സ് സെക്രട്ടറി അധ്യക്ഷനായുള്ള ഒരു സമിതിയായിരിക്കും ഇതിന് മേല്‍നോട്ടംവഹിക്കുക. സര്‍ക്കാര്‍ ഓഫീസുകള്‍, ഹോസ്റലുകള്‍, മെഡിക്കല്‍ കോളേജ് ആശുപത്രികള്‍, സര്‍ക്കാര്‍ കോളേജ് കെട്ടിടങ്ങള്‍ എന്നിവയ്ക്കായിരിക്കും 2009-10ല്‍ മുന്‍ഗണന നല്‍കുക.

ഐ.ടി.

ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയുടെ കുടക്കീഴില്‍ പത്ത് ഐ.ടി. പാര്‍ക്കുകളാണ് നാം തുടങ്ങാന്‍ ഉദ്ദേശിക്കുന്നത്. ടെക്നോപാര്‍ക്ക് മൂന്നാംഘട്ടം (100 ഏക്കര്‍), ടെക്നോസിറ്റി (450 ഏക്കര്‍), കൊല്ലം ടെക്നോപാര്‍ക്ക് (40 ഏക്കര്‍), ചേര്‍ത്തല ഇന്‍ഫോപാര്‍ക്ക് (65 ഏക്കര്‍), അമ്പലപ്പുഴ ഇന്‍ഫോപാര്‍ക്ക് (100 ഏക്കര്‍), കൊരട്ടി ഐ.ടി.പാര്‍ക്ക് (30 ഏക്കര്‍), കോഴിക്കോട് സൈബര്‍ പാര്‍ക്ക് (70 ഏക്കര്‍), കൊച്ചി ഇന്‍ഫോ പാര്‍ക്ക് (150 ഏക്കര്‍), തളിപ്പറമ്പ് ഐ.ടി.പാര്‍ക്ക് (30 ഏക്കര്‍), കാസര്‍ഗോഡ് ഐ.ടി പാര്‍ക്ക് (100 ഏക്കര്‍) എന്നിവയാണവ. ഇവിടെ പശ്ചാത്തല സൌകര്യങ്ങള്‍ ഒരുക്കുന്നതിന് മൊത്തം മുതല്‍മുടക്ക് 2115 കോടി രൂപയാണ്. ഇതില്‍ 385 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ റോഡ്, കുടിവെള്ളം, വൈദ്യുതി എന്നീ പശ്ചാത്തല സൌകര്യങ്ങള്‍ക്കുവേണ്ടി മുതല്‍മുടക്കും.

ടൂറിസം

ടൂറിസം മേഖലയ്ക്കുണ്ടായിരിക്കുന്ന തിരിച്ചടി താത്കാലികം മാത്രമാണ്. രണ്ടുവര്‍ഷത്തിനു ശേഷമുണ്ടാകുന്ന വളര്‍ച്ചാ സാധ്യതകളെ മുന്‍കൂട്ടിക്കണ്ട് പശ്ചാത്തല സൌകര്യമൊരുക്കുന്നതിന് പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. മലബാറില്‍ 27 ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നതാണ്. പാലക്കാട് ജില്ലയില്‍ മലമ്പുഴ, നെല്ലിയാമ്പതി, സൈലന്റ്വാലി, പറമ്പിക്കുളം മലപ്പുറം ജില്ലയില്‍ നിലമ്പൂര്‍, ബീയെം കായല്‍, പടിഞ്ഞാറേക്കര, തിരുനാവായ, കോട്ടയ്ക്കല്‍-കരിപ്പൂര്‍ കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍, കാപ്പാട്, തുഷാരഗിരി വയനാട് ജില്ലയില്‍ കുറവാ ദ്വീപ്, പൂക്കോട് തടാകം, ബാണാസുരസാഗര്‍, എടയ്ക്കല്‍, തിരുനെല്ലി കണ്ണൂര്‍ ജില്ലയില്‍ പയ്യാമ്പലം, മുഴപ്പിലങ്ങാട്, ധര്‍മ്മടം, മീന്‍കുന്ന്, പൈതല്‍മല കാസര്‍ഗോഡ് ജില്ലയിലെ ബേക്കല്‍, ചന്ദ്രഗിരി, റാണിപുരം, വലിയപറമ്പ എന്നിവയാണ് ഈ കേന്ദ്രങ്ങള്‍. ഈ കേന്ദ്രങ്ങളിലേക്കുള്ള റോഡുകള്‍ മാത്രമല്ല വൈദ്യുതി, കുടിവെള്ളം, ഖരമാലിന്യ സംസ്കരണ പ്രോജക്ടുകളും നടപ്പാക്കും. ഈ ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിന് പുതിയൊരു ബിസിനസ് മോഡല്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. സ്ഥലം സര്‍ക്കാര്‍ അക്വയര്‍ ചെയ്ത് ടൂറിസം സംരംഭകര്‍ക്ക് നല്‍കുന്നതിനുപകരം പ്രാദേശികമായി ഭൂ ഉടമകളെ ഓഹരി ഉടമസ്ഥരാക്കിക്കൊണ്ടുള്ള പ്രത്യേക കമ്പനികള്‍ രൂപീകരിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. ഇതിന് തയ്യാറുള്ള കേന്ദ്രങ്ങള്‍ക്കായിരിക്കും മുന്‍ഗണന നല്‍കുക. നാട്ടിക ബീച്ച് വികസനത്തിനുള്ള രൂപരേഖ തയാറായിവരുന്നു. ഇവയ്ക്കുപുറമെ കുമരകം, വര്‍ക്കല, ശബരിമല തുടങ്ങിയ കേന്ദ്രങ്ങളിലേക്ക് പശ്ചാത്തല സൌകര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയിട്ടുണ്ട്.

നൂതനവും ഭാവനാപൂര്‍ണവുമായ ടൂറിസം പദ്ധതിയാണ് മുസരിസ് പൈതൃക പ്രോജക്ട്. കൊടുങ്ങല്ലൂര്‍, ചേന്ദമംഗലം, ഗോതുരുത്ത്, പറവൂര്‍, പള്ളിപ്പുറം, അഴീക്കോട് തുടങ്ങിയ പ്രദേശങ്ങളിലെ ചരിത്ര സ്മാരകങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് കേരള ചരിത്രത്തിന്റെ പരിഛേദം സന്ദര്‍ശകര്‍ക്ക് പകര്‍ന്നുകൊടുക്കുകയാണ് ഈ പ്രോജക്ടിന്റെ ലക്ഷ്യം. ‘ചരിത്രത്തിലൂടെയുള്ള നടത്തം’ എന്നു വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം. ശ്രീ.ബെന്നി കുര്യാക്കോസിന്റെ നേതൃത്വത്തില്‍ ഒരു വിദഗ്ധ ടീം തയ്യാറാക്കിയ 90 കോടി രൂപയുടെ പ്രോജക്ട് കേരളത്തിന്റെ മെഗാപ്രോജക്ടായി ധനസഹായത്തിന് കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ചിരിക്കുകയാണ്.

ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും കണ്ടെത്തുന്ന പ്രാദേശിക ടൂറിസം വികസന സാധ്യതയെ അടിസ്ഥാനപ്പെടുത്തി ഒരു മാസ്റര്‍പ്ളാന്‍ തയ്യാറാക്കി കേന്ദ്രസര്‍ക്കാരിന്റെ ഗ്രാമീണ ടൂറിസം പദ്ധതിയില്‍നിന്ന് ധന സമാഹരണം നടത്താന്‍ ‘സപര്യ’ എന്ന ഒരു പുതിയ പദ്ധതി ആരംഭിക്കുന്നതാണ്.

ബയോടെക്നോളജി

ബയോടെക്നോളജിയാണ് ഭാവി സാമ്പത്തികക്കുതിപ്പിന്റെ ശാസ്ത്ര അടിത്തറ. ഈ മേഖലയില്‍ കെ.എസ്.ഐ.ഡി.സി തിരുവനന്തപുരത്ത് സ്ഥാപിക്കാന്‍പോകുന്ന ലൈഫ് സയന്‍സ് പാര്‍ക്കിന് 40 കോടി രൂപ ഓഹരിമൂലധനമായി സര്‍ക്കാര്‍ മുടക്കുന്നതാണ്. യൂണിവേഴ്സിറ്റികളിലെ ബയോടെക്നോളജി വിഭാഗം ശക്തിപ്പെടുത്തുന്നതിന് 10 കോടി രൂപ വകയിരുത്തുന്നു. രാജീവ്ഗാന്ധി ബയോടെക്നോളജി ഇന്‍സ്റിറ്റ്യൂട്ട് ദേശീയതലത്തില്‍ ഉന്നത സ്ഥാനംകൈവരിക്കേണ്ടത് കേരളത്തിന്റെ വികസനത്തിന് അത്യന്താപേക്ഷിതമാണ്. ഇതിനുള്ള എല്ലാ നിയമതടസ്സങ്ങളും നീക്കുന്നതാണ്.

ആയുര്‍വേദ മരുന്നുകളുടെ സ്റാന്‍ഡേഡൈസേഷനും ക്ളിനിക്കല്‍ ട്രയലുകള്‍ക്കും മോളിക്യൂളര്‍ ബയോളജിക്കുംവേണ്ടി ഇന്‍സ്റിറ്റ്യൂട്ട് ഫോര്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഡ്രഗ്സ് റിസര്‍ച്ച് എന്ന സ്ഥാപനം രൂപീകരിക്കുന്നതാണ്. ഇതിന്റെ പ്രാഥമികച്ചെലവുകള്‍ക്കായി 1 കോടി രൂപ വകയിരുത്തുന്നു.

പൊതുമേഖല

കേരളത്തിലേക്ക് സ്വകാര്യനിക്ഷേപം ആകര്‍ഷിക്കുന്നതിനുവേണ്ടി പശ്ചാത്തല സൌകര്യങ്ങള്‍ ശക്തിപ്പെടുത്തുകയും ആവശ്യമെങ്കില്‍ പശ്ചാത്തല സൌകര്യ നിര്‍മാണത്തില്‍പോലും സംസ്ഥാന താല്പര്യം സംരക്ഷിച്ചുകൊണ്ട് സ്വകാര്യ പങ്കാളിത്തം അനുവദിക്കുകയും ചെയ്യുക എന്ന കാഴ്ചപ്പാടിനെതിരെ ചില കോണുകളില്‍നിന്ന് വിമര്‍ശനം ഉയര്‍ന്നുവന്നിട്ടുണ്ട്. സ്വകാര്യവല്‍ക്കരണത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് ബജറ്റ് എന്നാണ് അവരുടെ ആക്ഷേപം. ഇവര്‍ കഥയറിയാതെ ആട്ടം കാണുകയാണ്. സ്വകാര്യ സംരംഭകരെ പ്രോത്സാഹിപ്പുക്കുക എന്നു പറഞ്ഞാല്‍ പൊതുമേഖലയെ സ്വകാര്യവല്‍ക്കരിക്കുകയല്ല. പൊതുമേഖലയെ ശക്തിപ്പെടുത്തിക്കൊണ്ടുതന്നെ സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. മൂന്നുവര്‍ഷംകൊണ്ട് കേരളത്തിലെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ മുഖഛായ മാറ്റുന്നതിന് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്.

വന്‍കിട വ്യവസായം

പൊതുമേഖലയുടെ വിജയകരമായ പുനഃസംഘടനയാണ് ഈ സര്‍ക്കാരിന്റെ പ്രധാന നേട്ടങ്ങളിലൊന്ന്. 2005-06ല്‍ 12 പൊതുമേഖലകളാണ് ലാഭകരമായി പ്രവര്‍ത്തിച്ചതെങ്കില്‍ 2008-09ല്‍ ഇവയുടെ എണ്ണം 32 ആയി ഉയരും. 70 കോടി രൂപ നഷ്ടമുണ്ടാക്കിയ സ്ഥാനത്ത് 100 കോടിയില്‍പ്പരം രൂപ ലാഭമുണ്ടാകാന്‍ പോവുകയാണ്. പൊതുമേഖലയുടെ വിപുലീകരണത്തിന് ഒരു ഊര്‍ജജിത പരിപാടി നടപ്പിലാക്കുകയാണ്. 883 കോടി രൂപയുടെ വിപുലീകരണ പരിപാടിക്കാണ് രൂപംനല്‍കിയിട്ടുള്ളത്. ബാങ്കുകളില്‍നിന്ന് വായ്പ എടുത്തുകൊണ്ടാണ് പുതിയ പ്രോജക്ടുകള്‍ നടപ്പാക്കുക. ഇതിലേക്ക് 180 കോടി രൂപയാണ് രണ്ടുവര്‍ഷംകൊണ്ട് സംസ്ഥാനസര്‍ക്കാര്‍ ലഭ്യമാക്കേണ്ടത്. 50 കോടി രൂപ പദ്ധതിയില്‍ വകയിരുത്തിയിട്ടുണ്ട്. 40 കോടി രൂപ മൃദുവായ്പയായി കെ.എഫ്.സിയില്‍നിന്ന് ലഭ്യമാക്കും. കിര്‍ഫ് ബോര്‍ഡിന് തിരിച്ചടവിനുള്ള പണം ലഭ്യമല്ലാത്ത വ്യവസായ സ്ഥാപനങ്ങള്‍ക്ക് കെ.എഫ്.സി. വഴി വായ്പ ലഭ്യമാക്കുന്നതാണ്.

വ്യവസായ വകുപ്പിന്റെ മുഖ്യ വികസന ഏജന്‍സികള്‍ കെ.എസ്.ഐ.ഡി.സിയും കിന്‍ഫ്രയും ഇന്‍കലുമാണ്. കെ.എസ്.ഐ.ഡി.സിയാണ് ചീമേനിയിലെ 8000 കോടി രൂപയുടെ സൂപ്പര്‍ തെര്‍മല്‍ സ്റേഷനു മുന്‍കൈ എടുത്തിട്ടുള്ളത്. തിരുവനന്തപുരത്തെ ലൈഫ് സയന്‍സ് പാര്‍ക്ക്, കൊച്ചിയിലെ ഇലക്ട്രോണിക് ഹാര്‍ഡ്വെയര്‍ പാര്‍ക്ക്, കൊച്ചിന്‍ റിഫൈനറിക്കടുത്ത് സ്ഥാപിക്കാന്‍പോകുന്ന പെട്രോകെമിക്കല്‍ വ്യവസായ പാര്‍ക്ക് എന്നിവയുടെ മൊത്തം നിക്ഷേപം 1550 കോടി രൂപ വരും.

കിന്‍ഫ്രയുടെ ആഭിമുഖ്യത്തില്‍ 7650 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതിനാണ് നടപടി സ്വീകരിച്ചിട്ടുള്ളത്. ഇപ്പോള്‍ 22 പാര്‍ക്കുകളുടെ നിര്‍മ്മാണം നടന്നുവരുന്നു. ഈ വര്‍ഷം മഞ്ചേശ്വരത്ത് മെഗാ വ്യവസായപാര്‍ക്കിനും രാമനാട്ടുകരയിലെ അഡ്വാന്‍സ്ഡ് ടെക്നോളജി പാര്‍ക്കിനും പന്തീരാങ്കാവിലെ ഫുട്വെയര്‍ ഇന്റസ്ട്രിയല്‍ പാര്‍ക്കിനും നീലേശ്വരത്തെ ഇലക്ട്രോണിക്സ് പാര്‍ക്കിനും തുടക്കം കുറിക്കും. കിന്‍ഫ്ര 360 കോടി രൂപയാണ് മുതല്‍മുടക്കുക. 810 കോടിയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നു.

ടെക്സ്ഫെഡിന്റെ പുനരുദ്ധാരണത്തിനുള്ള 120 കോടിരൂപയുടെ എന്‍.സി.ഡി.സി വായ്പ ഏര്‍പ്പാടു ചെയ്തിട്ടുണ്ട്. ടെക്സ്റൈല്‍ കോര്‍പ്പറേഷന് കീഴിലുള്ള 6 സ്പിന്നിംഗ് മില്ലുകള്‍ മാന്ദ്യം ആരംഭിച്ചതോടെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. ഇവയുടെ പുനരുദ്ധാരണത്തിന് ഒരു പാക്കേജ് നടപ്പാക്കുന്നതാണ്. പ്രവര്‍ത്തന മൂലധനത്തിനായി 50 കോടി രൂപയുടെ വായ്പ എടുക്കുന്നതിന് സര്‍ക്കാര്‍ ഗ്യാരണ്ടിനില്‍ക്കും. ഇതിനുള്ള മാര്‍ജിന്‍ മണിക്കുവേണ്ടിയും അറ്റകുറ്റപ്പണികള്‍ക്കുവേണ്ടിയും 25 കോടി രൂപ മൃദുവായ്പയായി നല്‍കുന്നതാണ്.

പാപ്പിനിശേരിയിലെ കേരള ക്ളേസ് ആന്റ് സിറാമിക്സ് തുടര്‍ച്ചയായി ലാഭത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനമാണ്. ഇതിന്റെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടി രൂപ മൃദുവായ്പ കെ.എഫ്.സിയില്‍നിന്ന് ലഭ്യമാക്കും.

റിഫൈനറീസ്, മറ്റ് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍, റെയില്‍വേ, പ്രതിരോധമന്ത്രാലയം തുടങ്ങിയവ വഴി 10000 കോടി രൂപയുടെ നിക്ഷേപത്തിനാണ് വഴിതുറന്നിട്ടുള്ളത്. ഇതില്‍ 2000 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ 2009-10ല്‍ ആരംഭിക്കും.

സംയുക്ത സംരംഭങ്ങള്‍

സംസ്ഥാന സര്‍ക്കാരിന് 26 ശതമാനം ഓഹരിയുള്ള സംയുക്ത സംരംഭമാണ് ഇന്‍കല്‍. ഇന്‍കല്‍ രൂപീകരണത്തോട് ഗള്‍ഫ് മലയാളികള്‍ വളരെ ആവേശത്തോടെയാണ് പ്രതികരിച്ചത്. ഈ വര്‍ഷം കമ്പനി പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കും. കോഴിക്കോട് മലബാര്‍ കണ്‍വന്‍ഷന്‍ സെന്റര്‍, അങ്കമാലി ഫിനാന്‍ഷ്യല്‍ ഹബ്, രാമനാട്ടുകര അന്തര്‍ദ്ദേശീയ വ്യവസായ പാര്‍ക്ക്, മലപ്പുറം വിദ്യാഭ്യാസ ഹബ് എന്നീ പ്രോജക്ടുകളാണ് ഇന്‍കല്‍ ഏറ്റെടുത്തിട്ടുള്ളത്. 1500 കോടി രൂപയാണ് ഇവയിലെ മൊത്തം മുതല്‍മുടക്ക്. മൂന്നുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 2600 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്.

ഇതിനുപുറമെ താഴെപ്പറയുന്ന പത്ത് പ്രോജക്ടുകള്‍ക്ക് പുതുതായി മുന്‍കൈ എടുക്കും. ഇടക്കൊച്ചിയിലെ സസ്റയിനബിള്‍ ഡെവലപ്മെന്റ് സോണ്‍, കൊരട്ടിയിലെ മെഡി സിറ്റി, അരൂര്‍-ഇടപ്പള്ളി എലിവേറ്റഡ് ബൈപ്പാസ്, കോഴിക്കോട്ടെ ഇക്കോ സൊല്യൂഷന്‍ പാര്‍ക്, ഹെലികോപ്റ്റര്‍ സര്‍വീസ് നെറ്റ്വര്‍ക്, കണ്ണൂരിലെ വിമാനത്താവളവുമായി ബന്ധപ്പെട്ട റോഡ് നെറ്റ്വര്‍ക്, കൊച്ചിയിലെ പത്മസരോവരം കോംപ്ളക്സ്, കണ്ണൂര്‍ ഹെല്‍ത്ത്കെയര്‍ വില്ലേജ്, കൈത്തറി ഗ്രാമം, കൊച്ചിയിലെ വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് നെറ്റ്വര്‍ക് എന്നിവയാണവ. ഇവ സംയുക്ത സംരംഭങ്ങളായിരിക്കും. പങ്കാളികളെ സ്വതന്ത്ര ബിഡ് വഴിയായിരിക്കും തെരഞ്ഞെടുക്കുക. മൊത്തം 9000 കോടി രൂപയാണ് ഈ പ്രോജക്ടുകളുടെ ഏകദേശ അടങ്കല്‍.

ഭക്ഷ്യ സ്വയംപര്യാപ്തത

ആഗോള മാന്ദ്യത്തിന്റെ പശ്ചാത്തലത്തിലും ധാന്യവില താരതമ്യേന ഉയര്‍ന്നുനില്‍ക്കുന്നു എന്നത് അത്യന്തം ആശങ്ക ഉയര്‍ത്തുന്നു. കേന്ദ്രസര്‍ക്കാരിന്റെ ആഗോളവല്‍ക്കരണ നയങ്ങള്‍ കേരളത്തിലെ പൊതുവിതരണ സമ്പ്രദായത്തെ തകര്‍ത്തു. ഭക്ഷ്യ ഉല്പാദനം പരമാവധി വര്‍ധിപ്പിക്കേണ്ടത് ഈ സാഹചര്യത്തില്‍ അതിപ്രധാനമാണ്. ഭക്ഷ്യസുരക്ഷാ പരിപാടിയുടെ ഒരുവര്‍ഷത്തെ പ്രവര്‍ത്തന നേട്ടങ്ങള്‍ ഏറെ ആത്മവിശ്വാസം പകരുന്നതാണ്. 2008-09ല്‍ 12926 ഹെക്ടര്‍ സ്ഥലത്ത് പുതുതായി കൃഷിയിറക്കി. നെല്ലിന്റെ ഉല്പാദനക്ഷമതയിലും വര്‍ധനയുണ്ടായി.

നെല്‍കൃഷി

1. കഴിഞ്ഞവര്‍ഷത്തില്‍നിന്നും വ്യത്യസ്തമായി ഭക്ഷ്യസുരക്ഷാപരിപാടി എന്ന ബജറ്റ് ഹെഡില്‍ 64കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഊന്നല്‍ നെല്‍കൃഷിക്കുതന്നെയാണ്. വിത്തുമുതല്‍ സംഭരണംവരെ എല്ലാ ഘട്ടങ്ങളെയും പരിഗണിച്ചിട്ടുള്ള ഒരു പാക്കേജാണ് തയ്യാറാക്കിയിട്ടുള്ളത്. തരിശുഭൂമി കൃഷിയോഗ്യമാക്കുന്നതിന് ദേശീയ തൊഴിലുറപ്പുപദ്ധതി, വിത്ത്, വളം, പമ്പിംഗ് തുടങ്ങിയവയ്ക്ക് സബ്സിഡികള്‍, വായ്പയ്ക്ക് പലിശ സബ്സിഡി, ക്രോപ് ഇന്‍ഷുറന്‍സ്, കേന്ദ്ര സര്‍ക്കാര്‍ നിരക്കിനേക്കാള്‍ 2 രൂപ അധികം നല്‍കിക്കൊണ്ടുള്ള സംഭരണം തുടങ്ങിയവ അടങ്ങുന്നതാണ് ഈ പാക്കേജ്. നെല്‍കൃഷിക്കുള്ള വകയിരുത്തല്‍ 2008-09ല്‍ 20 കോടി രൂപയായിരുന്നത് 2009-10ല്‍ 56 കോടി രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. ഇതിനുപുറമെ രാഷ്ട്രീയ കൃഷിവികാസ് യോജനയില്‍നിന്ന് 30 കോടി രൂപയെങ്കിലും അധികമായി ലഭിക്കും.

തൃശൂര്‍ കോള്‍, പൊന്നാനി കോള്‍, കോഴിക്കോട് മേപ്പയ്യൂര്‍, കണ്ണൂര്‍ കാട്ടാമ്പള്ളി, വയനാട് കബനി, എറണാകുളം പൊക്കാളി എന്നിവിടങ്ങളിലെ അടിസ്ഥാന സൌകര്യ വികസനത്തിന് 125 കോടി രൂപ ചെലവു വരുമെന്ന് കണക്കാക്കുന്നു. ഇവയ്ക്ക് ഭരണാനുമതി നല്‍കുന്നതിനായി 20 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഇത് 20000 ഹെക്ടര്‍ ഭൂമിയില്‍ അധികമായി നെല്‍കൃഷിക്ക് വഴിയൊരുക്കും.

ഡോ. ടി എം തോമസ് ഐസക്